We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
ഒരാളെ നശിപ്പിക്കാൻ ഉപയോഗിച്ച ഉപകരണം എന്തിനാണ് ഓർമ്മയിൽ സൂക്ഷിക്കേണ്ടിവരുന്നത് ? ഒന്നുകിൽ അത് വൈരാഗ്യം , വിദ്വേഷം എന്നിവ ജനിപ്പിക്കും . അല്ലെങ്കിൽ അത് മരണത്തിന്റെ ഉദ്യേശ്യലക്ഷ്യങ്ങളെ ദ്യോതിപ്പിക്കും . കുരിശിനെ സംബന്ധിച്ച് യേശുവിന്റെ വചനങ്ങളിൽ വിശ്വസിക്കുന്നവർ രണ്ടാമത്തെ വശമാണ് കാണുക . അതനുസരിച്ച് കുരിശ് യേശുവിന് മനുഷ്യരോടുള്ള സമർപ്പണത്തിന്റെ സ്നേഹത്തിന്റെ അടയാളമായി മാറുന്നു . റോമൻ ഭരണകാലത്ത് രാജ്യദ്രോഹികളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്നതാണ് കുരിശുമരം . ഇതു ചരിത്രസത്യമാണ് . യേശുവിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളും ഏതാണ്ട് രാജ്യദ്രോഹപരമായിരുന്നു . അതിനാൽ യേശു കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു . ഇത് ചരിത്ര യാഥാർത്യമാണ് , എന്നാൽ ഈ ചരിത്ര യാഥാർത്ഥ്യത്തിന്റെ ചുവടു പിടിച്ച് ദൈവികമായൊരു സത്യം വിശ്വാസതലത്തിൽ നിലനില്ക്കുന്നുണ്ട് , യേശു ഭൂമിയിൽ ജീവിച്ച് മുപ്പതാം വയസ്സിൽ യഹുദ റിബൽ ആയിത്തീർന്ന് , പന്തിയോസ് പിലാത്തോസിന്റെ കാലത്ത് മറ്റുള്ളവരാൽ ചതിക്കപ്പെട്ട് മരണം വരിച്ചവൻ മാത്രമല്ല , യേശുവിന്റെ ജീവിതം അതിനപ്പുറത്തേക്കുകൂടി പടർന്നു കയറുന്നതാണ് . വിശ്വാസിക്ക് യേശു ദൈവപുത്രനാണ് . മനുഷ്യനായിത്തീർന്ന ദൈവപുത്രന്റെ മരണമാണ് കുരിശിൽ അരങ്ങറിയത് . ഇവിടെയാണ് യേശുവിന്റെ മരണത്തിനും മരണത്തിന്റെ രീതികൾക്കും പ്രസക്തിയുണ്ടാകുന്നത് . ദാരുണവും ഭീകരവുമായ മരണം യേശു ഏറ്റെടുത്തു . അത് ചരിതഗതിയിൽ കുരിശിലൂടെ നിറവേറുകയാണ് ചെയ്തത് . അവഹേളനപാത്രമായ കുരിശ് യേശുവിന്റെ മരണം മുതൽ മഹത്വത്തിന്റെ ഭാഗമായിത്തീർന്നു . മനുഷ്യന്റെ ഹീനമായ അവസ്ഥയിൽനിന്നും , ദൈന്യതയിൽനിന്നും അവനെ കരകയറ്റാൻ കുരിശാണ് യേശു തെരഞ്ഞെടുത്തതെന്ന് അവന്റെ മരണസമയം മുതൽ ഇന്നുവരെ ജനം വിശ്വസിക്കുന്നു . അതുകൊണ്ടാണ് കുരിശിന്റെ ഭോഷത്തത്തെക്കുറിച്ച് വിശുദ്ധ പൗലോസ് സംസാരിച്ചത് . കുരിശ് ഭോഷത്തത്തിന്റെ അടയാളമായിക്കാണുമ്പോഴും അതു രക്ഷയുടെ വഴിയുമാണ് . കുരിശിലൂടെയാണ് യേശു വിജയം വരിച്ചത് . കൊളോസോസുകാർക്കുള്ള ലേഖനത്തിൽ പറയുന്നു : “ ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധീകരിച്ചു . കുരിശിലൂടെ അവൻ അവയുടെയെല്ലാംമേൽ വിജയം നേടി” ( കൊളോ 2:15 ) . പൗലോസപ്പസ്തോലൻ കൊറിന്ത്യർക്കുള്ള ലേഖനത്തിൽ പറയുന്നു: "നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ് . രക്ഷയിലൂടെ ചരിക്കുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തിയാണ്".(1 കൊറി 1:18) . ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ പറയുന്നു : “ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മഭാവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ . ” ( ഗലാ 6:14 ) . “ കുരിശുവഴിയാണ് യേശു അനുരജ്ഞനം സാധിച്ചതെന്ന് എഫേസോസ് 2 : 16 - ൽ പറയുന്നു . കൊളോസോസ് 1:20 വീണ്ടും ഈ അനുരജ്ഞനത്തിന്റെ ആശയം തന്നെ പഠനവിഷയമാക്കുന്നുണ്ട് , കുരിശിനെ ബഹുമാനിക്കുന്നതും വണങ്ങുന്നതും അതു രക്ഷയുടെ അടയാളമായി നിലകൊള്ളുന്നു എന്നതിനാലാണ് . യേശു തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച് , അപമാനം വകവയ്ക്കാതെ കുരിശു ക്ഷമയോടെ സ്വീകരിച്ചുവെന്നു ഹെബ്രായർക്കുള്ള ലേഖനം പറയുന്നു ( ഹൈബാ 12 : 2 ) . - “ ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു ” ( ഗലാ 2:20 ) എന്ന് വിശുദ്ധ പൗലോസ് പറയുന്നുണ്ട് . ഇവിടെ ക്രിസ്തുവിന്റെ സഹനത്തിൽ പങ്കുചേരുന്നു എന്നാണ് ആ വാക്യം അർത്ഥമാക്കുന്നത് . അതിനായി ഉപയോഗിച്ചിരിക്കുന്ന പദം “ ക്രൂശിതനായിരിക്കുന്നു ” എന്നാണ്. ചരിത്രത്തിലൂടെ വന്നുചേർന്ന കുരിശിനെ തള്ളിക്കളയുകയല്ല പൗലോസ് ചെയ്തത് . പൗലോസ് പറയുന്നു , നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മഭാവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ ( ഗലാ 6:14 ) . പൗലോസ് കുരിശിനെ തള്ളി പറയുന്നില്ല . യേശുവിന്റെ മരണത്തിന് ഏതാണ്ട് മുപ്പതു വർഷത്തിനുള്ളിൽ എഴുതുന്ന പൗലോസ് ആദ്യക്രൈസ്തവസമൂഹത്തിന്റെ ചിന്തയാണ് പങ്കുവയ്ക്കുന്നതെന്ന് വ്യക്തം . ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ പൗലോസ് വ്യക്തമാക്കുന്നു , മരണംവരെ അതെ കുരിശുമരണംവരെ അനുസരണമുള്ളവനായി യേശു തന്നെത്തന്നെ താഴ്ത്തി ( ഫിലി . 2 : 8 ) . ക്രൈസ്തവവിശ്വാസി കുരിശിനെ വണങ്ങുന്നതും അടയാളമായി കാണുന്നതും ക്രിസ്തുവിനെപ്പോലെ എളിമയുടെയും വിനയത്തിന്റെയും സഹനത്തിന്റെയും മാതൃകയായിത്തീരാനുള്ള ആഗ്രഹം മൂലമാണ് . യേശുവിനെ തറച്ചുകൊന്ന കുരിശ് ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നത് അത് റോമാക്കാരുടെ കഴുമരമായതിനാലല്ല , അതിൽ യേശുക്രിസ്തു ഉള്ളതുകൊണ്ടാണ് . ക്രിസ്തുവില്ലാത്ത , ക്രിസ്തുവിനോടുബന്ധമില്ലാത്ത കുരിശല്ല ക്രൂശിതരൂപമാണ് കത്തോലിക്കാ വിശ്വാസിയുടെ വണക്കത്തിനാധാരം . മാത്രമല്ല , കുരിശുമാത്രം വന്ദിക്കപ്പെടുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് ഉത്ഥിതനെ അനുസ്മരിക്കുന്നതുകൊണ്ടാണ് .
കുരിശിൽ മരിച്ച് , ഉത്ഥാനം ചെയ്തവനായ യേശുക്രിസ്തുവിനെ ബഹുമാനിക്കുകയും ആദരിക്കുകയും , അനുകരിക്കുകയും ചെയ്യുന്നതിനാലാണ് കത്തോലിക്കാ വിശ്വാസി കുരിശിനെ പൂജ്യമായിക്കരുതുന്നത് . അടയാളങ്ങളും , പ്രതീകങ്ങളും , പ്രതിമകളും നിഷേധിക്കുന്നവർ കുരിശിനെയും നിഷേധിക്കുന്നുണ്ടെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല . പ്രതിമകളെയും വിഗ്രഹങ്ങളെയും കുറിച്ചാണല്ലോ ആരംഭംമുതൽ പ്രദിപാദിച്ചുകൊണ്ടിരുന്നത് . ഏതാനും കാര്യങ്ങൾകൂടി ഇതുസംബന്ധമായി അറിയുന്നത് നല്ലതാണ് . യഹൂദരല്ലാതിരുന്ന ജനം വിഗ്രഹങ്ങളെ പൂജിക്കുകയും കൊത്തുപണികൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു . ജറുസലെമിൽ ദേവാലയവും , ദേവാലയത്തിൽ ബലിയർപ്പണവും , പ്രാർത്ഥനക്കായി സിനഗോഗുകളും യഹൂദർക്കും ഉണ്ടായിരുന്നു . പുതിയനിയമത്തിന്റെ ആരംഭത്തോടെ പഴയതെല്ലാം കടന്നു പോയി . പുതിയ ആകാശവും പുതിയ ഭൂമിയും നവീകൃതമായൊരു ജനതയും ഉണ്ടായി . ദൈവോന്മുഖരായി ജീവിക്കാൻ ക്ഷണിക്കപ്പെട്ടവരാണ് ഈ ജനത . എന്നാൽ നടപടി 17 : 29 - ൽ പറയുന്ന മനുഷ്യന്റെ ഭാവനയും ശില്പ വിദ്യയും ചേർന്ന് സ്വർണ്ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്നു വിചാരിക്കരുത് എന്ന വചനത്തിന് വിരുദ്ധമായാണ് കത്തോലിക്കാ സമൂഹം പ്രവർത്തിക്കുന്നത് എന്നു ചിലർ വിമർശിക്കാറുണ്ട് . ഒരു യഥാർത്ഥ കത്തോലിക്കൻ അപ്രകാരം ചെയ്യില്ല . കാരണം ദൈവത്തിന്റെ സ്വരൂപം അവൻ ഉണ്ടാക്കുന്നില്ല . അവനുമുന്നേ കടന്നുപോയ പിതാമഹന്മാരുടെ ഓർമ്മയ്ക്കായി ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട് . ഇത് ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് എന്നു പറയുന്നത് അറിവില്ലായ്മയാണ് . പ്രതിമകളോ പ്രതീകങ്ങളോ ഇല്ലാതെ പ്രാർത്ഥിക്കാൻ കഴിയുമെങ്കിൽ വളരെ നല്ലത് . എന്നാൽ വിശ്വാസത്തിന്റെ തലത്തിൽ വളരാൻ ബാഹ്യപ്രവർത്തനങ്ങളോ അനുഷ്ഠാനങ്ങളോ ഉപകാരപ്പെടുമെങ്കിൽ അതു ചെയ്യുന്നതിൽ ഒരപാകതയുമില്ല . കെട്ടിടങ്ങളിലും , പള്ളിയിലും ,പ്രതിമകളിലും ദൈവം വസിക്കുന്നു എന്നു കത്തോലിക്കർ പറഞ്ഞു പഠിപ്പിക്കുന്നു എന്നു ചിലർ പ്രചരിപ്പിക്കുന്നുണ്ട് . ഈ ചിന്തയും ശരിയല്ല . ദൈവം മനുഷ്യനിർമ്മിതമായ ആലയങ്ങളിൽ വസിക്കുന്നു എന്ന് കത്തോലിക്കർ പറയുന്നതായി പ്രചാരണം നടത്തുന്നത് മറ്റു സമൂഹങ്ങളാണ് . വിശുദ്ധ കുർബാന , ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിദ്ധ്യം , എന്നിവയിൽ വിശ്വാസമില്ലാത്ത മറ്റു സമൂഹങ്ങൾക്ക് ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമായി ദൈവാലയത്തെ കാണാൻ സാധിക്കുകയില്ല . സഭയുടെ കൂദാശകളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഗ്രൂപ്പുകൾക്ക് അതിൽനിന്നുളവാകുന്ന ആത്മീയ നന്മകളെക്കുറിച്ചും മനസിലാക്കാൻ പ്രയാസമായിരിക്കും .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206