x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു വി.മർക്കോസിൻ്റെ സുവിശേഷ വ്യാഖ്യാനം

Authored by : Dr. Andrews Mekkattukunnel On 25-Jun-2026

പത്രോസ്ശ്ലീഹായും മർക്കോസും 

പുതിയനിയമ സമാഹാരത്തിലെ രണ്ടാമത്തെ ഗ്രന്ഥത്തിന്റെ കർത്താവ് വി. മർക്കോസ് ആണെന്നുള്ളത് തിരുസ്സഭയുടെ ആരംഭകാലം മുതലുള്ള പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടിൽ ഹിയെരാപോളിസിലെ മെത്രാനായിരുന്ന പപ്പിയാസാണ് (ക്രി. വ. 130) ഈ സുവിശേഷത്തിനു വി. മർക്കോസുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി സാക്ഷ്യപ്പെടുത്തുന്നത്. കേസറിയായിലെ എവുസേബിയസിൻ്റെ (ക്രി. വ. 260-340) സഭാചരിത്രത്തിൽ പപ്പിയാസിൻ്റെ ഈ സാക്ഷ്യത്തെക്കുറിച്ചു പറയുന്നുണ്ട് (എവുസേബിയസ്, തിരുസ്സഭാചരിത്രം, 3.39.15). ഈശോയെ അനുഗമിച്ചിരുന്ന ശിഷ്യരുടെ ഗണത്തിൽപ്പെട്ടവനല്ലായിരുന്നെങ്കിലും പത്രോസ് ശ്ലീഹായുടെ സഹപ്രവർത്തകനായിരുന്ന മർക്കോസ്, പത്രോസ് പ്രഘോഷിച്ച ഈശോമിശിഹായെക്കുറിച്ചുള്ള സുവിശേഷം റോമിലെ ക്രൈസ്തവ വിശ്വാസികൾക്കുവേണ്ടി എഴുതിയെന്നാണ് പപ്പിയാസ് പറയുന്നത്. 

വി. മർക്കോസിനെ സംബന്ധിച്ച് പപ്പിയാസ് നല്‌കുന്ന സാക്ഷ്യം സഭാചരിത്രകാരനായ എവുസേബിയസ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “പത്രോസിന്റെ വ്യാഖ്യാതാവ് (interpreter, hermeneutes) എന്ന നിലയിൽ മർക്കോസ്, മിശിഹാ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളിൽ തനിക്ക് മനസ്സിലാക്കാൻ സാധിച്ചവയെല്ലാം ക്രമമായിട്ടല്ലെങ്കിലും കൃത്യമായി രേഖപ്പെടുത്തി. അദ്ദേഹം കർത്താവിനെ ശ്രവിക്കുകയോ അനുഗമിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം പത്രോസിനെ അനുഗമിച്ചിരുന്നു. പത്രോസാകട്ടെ തൻ്റെ പ്രബോധനങ്ങൾ ശ്രോതാക്കളുടെ ആവശ്യാനുസരണമാണ് നടത്തിയിരുന്നത്. കർത്താവിന്റെ പ്രഭാഷണങ്ങളുടെ തുടർച്ചയായ വിവരണം നല്‌കാനുള്ള ഉദ്ദേശ്യമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് ഇങ്ങനെ ചില കാര്യങ്ങൾ താൻ അറിഞ്ഞ രീതിയിൽ എഴുതിയതുകൊണ്ട് മർക്കോസ് ഒരു തെറ്റും ചെയ്തിട്ടില്ല. കാരണം, താൻ കേട്ട കാര്യങ്ങളൊന്നും വിട്ടുപോകാതിരിക്കുന്നതിലും അവയിലൊന്നുപോലും വ്യാജമായി പ്രതിപാദിക്കാതിരിക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു" (തിരുസ്സഭാചരിത്രം, 3,39,15). വി. മർക്കോസ് പത്രോസ് ശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തെ അടിസ്ഥാനമാക്കി എഴുതിയതുകൊണ്ട് ഈ സുവിശേഷവിവരണത്തെ പത്രോസ് ശ്ലീഹായുടെ സുവിശേഷം എന്നും വിളിക്കാം. മിശിഹാസംഭവങ്ങളുടെ ദൃക്സാക്ഷി എന്നനിലയിൽ പത്രോസിൻ്റെ സുവിശേഷവിവരണത്തിന് പരമപ്രധാനമായ ആധികാരികത ഉണ്ട്. 

രണ്ടാം സുവിശേഷത്തെക്കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് സഭാപിതാക്കന്മാരായ ഇരണേവൂസ് (ക്രി. വ. 130-200), അലക്‌സാണ്ട്രിയായിലെ വി.ക്ളെമൻ്റ് (ക്രി. വ. 150-215), തെർത്തുല്യൻ (ക്രി. വ. 160-220), ഒരിജൻ (ക്രി. വ. 165-253), ജെറോം (ക്രി.വ. 342-419) തുടങ്ങിയവർക്കുമുള്ളത്. 

ആരാണ് ഈ മർക്കോസ്? ഈശോ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു ശ്ലീഹന്മാരുടെ കൂട്ടത്തിലോ അവിടുത്തെ അനുഗമിച്ചിരുന്ന വലിയ ശിഷ്യഗണത്തിലോ മർക്കോസിനെ നാം കാണുന്നില്ല. എന്നാൽ പത്രോസ് ശ്ലീഹായ്ക്കു പരിചയമുള്ള ഒരു മർക്കോസിൻ്റെ കുടുംബം ജറൂസലേമിൽ ഉണ്ടായിരുന്നതായി നടപടി പുസ്‌തകത്തിൽ നാം വായിക്കുന്നുണ്ട്. ജറുസലേമിലെ കാരാഗ്യഹത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുമ്പോൾ പത്രോസ്ശ്ലീഹാ മർക്കോസ് എന്ന അപരനാമമുള്ള യോഹന്നാന്റെ അമ്മയായ മറിയത്തിൻ്റെ ഭവനത്തിലേക്കാണ് പോയത് (നടപടി 12,12). ഈ മറിയത്തിന്റെ പുത്രനായ മർക്കോസ് ക്രി. വ. 42-ഓടുകൂടി ബർണബാസിന്റെയും പൗലോസിൻ്റെയും കൂടെ ജറൂസലേമിൽനിന്ന് അന്ത്യോക്യായിലേയ്ക്കു പോയി (നടപടി 12,25). ബർണബാസിൻ്റെ കൂടെ കുറെക്കാലം അദ്ദേഹം സൈപ്രസിലും ആയിരുന്നു (നടപടി 15,36-39). ഇത് ഏകദേശം ക്രി. വ. 50 നുശേഷമാണ്. തുടർന്ന് ക്രി. വ. 62-ഓടുകൂടി പൗലോസ്ശ്ലീഹാ റോമിലെത്തുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ മർക്കോസുമുണ്ട്. റോമിൽ വച്ച് പൗലോസ്ശ്ലീഹാ കൊളോസായിലെ സഭയ്‌ക്കെഴുതുമ്പോൾ മർക്കോസ് അദ്ദേഹത്തിന്റെ കൂടെയുണ്ട് എന്നു സൂചിപ്പിക്കുന്നുണ്ട് (കൊളോ 4,10). പൗലോസ് റോമിലെ തടവറയിൽനിന്ന് ഫിലമോനെഴുതുമ്പോഴും മർക്കോസ് അദ്ദേഹത്തോടൊപ്പമുണ്ട് (24). 2 തിമോ 4,11 -ൽ നിന്നു നാം മനസ്സിലാക്കുന്നതും ഇതു തന്നെയാണ്. ഈ മർക്കോസാണ് പിന്നീട് പത്രോസ്ശ്ലീഹായുടെ സന്തതസഹചാരിയാകുന്നത് (1 പത്രോ 5,13). 

ക്രി. വ. 65 നു മുമ്പ് റോമിൽ വച്ച് ആദ്യലേഖനമെഴുതുന്ന പത്രോസ് ശ്ലീഹാ തന്റെ കൂടെ ഒരു മർക്കോസുള്ളതായി സൂചിപ്പിക്കുന്നുണ്ട്. ലേഖനത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം ഇപ്രകാരം എഴുതുന്നു: “ബാബിലോണിലുള്ള തിരഞ്ഞെടുക്കപ്പെട്ട സഭയും എൻ്റെ പുത്രൻ മർക്കോസും നിങ്ങൾക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു" (1 പത്രോ 5,13). ജറൂസലേമിൽവച്ച് വി. പത്രോസിനു പരിചയമുണ്ടായിരുന്ന മർക്കോസ് തന്നെയാകണം ഇത്. 

റോമിലെ വിശ്വാസികൾ തങ്ങൾ ഒരിക്കൽ പത്രോസ് ശ്ലീഹായിൽ നിന്നു ശ്രവിച്ചതുകൊണ്ടും വാമൊഴിയായി ലഭിച്ചതുകൊണ്ടും മാത്രം തൃപ്തിപ്പെടാതെ, അപ്രകാരം ലഭിച്ച പ്രബോധനം ലിഖിതരൂപത്തിൽ നല്കണമെന്ന് പത്രോസിൻ്റെ അനുഗാമിയായ മർക്കോസിനോട് അപേക്ഷിക്കുന്ന സംഭവവും എവുസേബിയസ് മറ്റൊരിടത്തു വിവരിക്കുന്നുണ്ട് (തിരുസ്സഭാചരിത്രം, 2,15.1-2). പരിശുദ്ധാരൂപിയുടെ വെളിപ്പെടുത്തലാൽ ഇക്കാര്യം ഗ്രഹിച്ച പത്രോസ് അവരുടെ തീക്ഷ്‌ണതയിൽ സംപ്രീതനായി, ആ ഗ്രന്ഥം സഭാസമൂഹങ്ങളിൽ ഉപയോഗിക്കുവാൻ അനുവദിക്കുകയും ചെയ്തു. 

ഈ സംഭവത്തെക്കുറിച്ച് അലക്സാണ്ട്രിയായിലെ വി.ക്ലെമൻ്റ് വിവരിക്കുന്നതും എവുസേബിയസ് രേഖപ്പെടുത്തുന്നുണ്ട്: “പത്രോസ് റോമിൽ പരസ്യമായി വചനം പ്രസംഗിക്കുകയും അരൂപിയാൽ സുവിശേഷമറിയിക്കുകയും ചെയ്തുതു. പത്രോസിനെ ദീർഘനാൾ അനുഗമിച്ചിരുന്നവനും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഓർക്കുന്നവനുമായ മർക്കോസിനോട്, സന്നിഹിതരായിരുന്നവർ എല്ലാവരും കൂടി, അവ എഴുതുവാൻ ആവശ്യപ്പെട്ടു. അങ്ങനെ എഴുതിയ സുവിശേഷം, തന്നോട് അതെഴുതാൻ ആവശ്യപ്പെട്ടവർക്ക് അദ്ദേഹം കൊടുത്തു. ഇതേപ്പറ്റി അറിഞ്ഞ പത്രോസ് നേരിട്ട് തടഞ്ഞില്ല, പ്രോത്സാഹിപ്പിച്ചുമില്ല" (തിരുസ്സഭാചരിത്രം, 6,14,6-7). വി. മർക്കോസിന് വി. പത്രോസുമായും പുതിയനിയമം കാനനിലെ രണ്ടാം സുവിശേഷവുമായുമുള്ള ഈ ബന്ധത്തെക്കുറിച്ച് സഭാപിതാവായ വി.ജെറോമും സാക്ഷിക്കുന്നുണ്ട് (De Viris Illustribus, 8). 

2

സുവിശേഷകനായ വി. മർക്കോസ് 

രചനാലക്ഷ്യം 

നീറോ ചക്രവർത്തി ക്രിസ്‌ത്യനികളെ പീഡിപ്പിച്ചിരുന്നതിന്റെ ഭാഗമായാണല്ലോ പത്രോസ്‌ശ്ലീഹാ വധിക്കപ്പെട്ടത്. ക്രി. വ. 65-ഓടുകൂടിയാവണം അദ്ദേഹം രക്തസാക്ഷിയായത്‌. ഈ കാലഘട്ടത്തിൽ മതപീഡനത്തിനു വിധേയരായിരുന്ന റോമിലെ ക്രൈസ്‌തവവിശ്വാസികളെ ധൈര്യപ്പെടുത്തി വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിനും വേണ്ടിവന്നാൽ മിശിഹായിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കുവാൻ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് വി. മർക്കോസ് സുവിശേഷവിവരണമെഴുതിയത്. ആദ്യത്തെ ഈ സുവിശേഷരചന ക്രി. വ. 65 നും 70 നുമിടയ്ക്കാണ്. 

വി. മർക്കോസ് എഴുതുന്നത് മതപീഡനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തിനാണെന്ന് സുവിശേഷത്തിൽനിന്നു തന്നെ വ്യക്തമാണ്. ഉദാഹരണത്തിന്, “എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെയും എൻ്റെ സുവിശേഷത്തെയും പ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്ടമായാൽ എന്തു പ്രയോജനം? ഒരുവൻ സ്വന്തജീവനു പകരമായി എന്തു കൊടുക്കും? പാപം ചെയ്യുന്നതും വ്യഭിചരിക്കുന്നതുമായ ഈ തലമുറയിൽ എന്നെയും എന്റെ വചനങ്ങളെയും പറ്റി ലജ്ജിക്കുന്നവരെക്കുറിച്ച്, തന്റെ പിതാവിൻ്റെ മഹത്വത്തിൽ പരിശുദ്ധ ദൂതന്മാരോടുകൂടെ വരുമ്പോൾ മനുഷ്യപുത്രനും ലജ്ജിക്കും” (8,34 -38) തുടങ്ങിയ വചനങ്ങൾ മതപീഡനത്തിൻ്റെ പശ്ചാത്തലമാണ് പ്രതിഫലിപ്പിക്കുന്നത്. 

ക്രിസ്തുശിഷ്യത്വമെന്നത് മിശിഹായുടെ വഴിയിൽ അവിടുത്തെ അനുഗമിക്കലാണ് എന്നാണ് ഈശോ വ്യക്തമാക്കുന്നത്. പീഡാനുഭവ പ്രവചനത്തിലൂടെ തൻ്റെ പാത ഏതാണെന്ന് ഈശോ വെളിവാക്കിയിരുന്നു. “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും പ്രമാണികളാലും പ്രധാനാചാര്യന്മാരാലും നിയമജ്ഞരാലും തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും" (8,31). സഹനത്തിൻ്റെയും മരണത്തിൻ്റെയും വഴിയിലൂടെ ഉത്ഥാനത്തിന്റെയും നിത്യജീവന്റെയും മഹത്വത്തിലേയ്ക്ക് പ്രവേശിച്ചവനാണ് അവിടുന്ന്. ഈ വഴിയിലാണ് ക്രൈസ്‌തവർ അവിടുത്തെ അനുഗമിക്കേണ്ടത്. റോമിലെ ക്രൈസ്‌തവർ നേരിട്ടിരുന്ന പീഡനങ്ങളും സഹനങ്ങളും മരണവും സ്വർഗത്തിലെ നിത്യജീവനിലേയ്ക്കു പ്രവേശിക്കുന്നതിന്റെ പ്രാരംഭപടികളാണ് എന്നാണ് വി. മർക്കോസ് കാണിച്ചുകൊടുത്തത്. അവിടുത്തെ പാത പിന്തുടർന്ന് സഹിക്കുകയും മരിക്കുകയും ചെയ്താൽ അവിടുത്തേതുപോലുള്ള മഹത്വം ലഭിക്കുമെന്ന്, സഹിക്കുന്നവർക്ക് ഉറപ്പുകൊടുക്കുകയായിരുന്നു വി. മർക്കോസിന്റെ ലക്ഷ്യം.

"മർക്കോസ് റോമിലെ ജനതയ്ക്കായ്..." 

വി. മർക്കോസ് സുവിശേഷം എഴുതുന്നത് ഈശോയെ സംബന്ധിച്ചുള്ള അറമായ പാരമ്പര്യങ്ങളെ ആസ്‌പദമാക്കിയാണ്. വിവരണത്തിലെ സെമിറ്റിക് ശൈലിയിൽനിന്നു മനസ്സിലാകുന്നതു പോലെ, അദ്ദേഹം യഹൂദമതത്തിൽനിന്നു ക്രൈസ്‌തവവിശ്വാസം സ്വീകരിച്ച ഒരുവനായിരിക്കണം (നടപടി 12, 12). പൗലോസിൻ്റെയും ബർണബാസിന്റെയും സഹപ്രവർത്തകനെന്നനിലയിൽ അദ്ദേഹത്തിനു ഗ്രീക്കുഭാഷയും അറിയാമായിരുന്നു. അദ്ദേഹമെഴുതുന്നത് യഹൂദ ക്രൈസ്‌തവരെയല്ല, മറിച്ച് റോമിലെ വിജാതീയക്രൈസ്‌തവരെ ഉദ്ദേശിച്ചാണ് എന്നു വ്യക്തമാക്കുന്ന സംഗതികൾ പലതാണ്: 

  1. അറമായ പദങ്ങളുടെ ഗ്രീക്കു പരിഭാഷ നല്‌കുന്നു (3,17; 5,41; 15, 22.34) 
  2. ശുദ്ധീകരണം (7,3-4), പെസഹാ ആചരണം (14,12), സാബത്തിനുള്ള ഒരുക്കം (15,42) തുടങ്ങിയ യഹൂദാചാരങ്ങൾ വിശദീകരിക്കുന്നു. 
  3. പഴയനിയമവും പുതിയ നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രവചനങ്ങളുടെ പൂർത്തീകരണത്തെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നു. 
  4. ലത്തീൻ പദങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു (5,9; 12,14; 15,15,16.39). സാങ്കേതിക ഗ്രീക്കുപദങ്ങൾ ലത്തീൻ പദങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്നു (12,42; 15,16). ലത്തീൻ ഭാഷ സംസാരിക്കുന്ന റോമിലെ വിജാതീയ ക്രൈസ്‌തവർക്കുവേണ്ടിയാണ് വി.മർക്കോസ് സുവിശേഷമെഴുതുന്നത് എന്ന് ഇതിൽനിന്നു വ്യക്തമാണ്. 

മർക്കോസിന്റെ ശൈലി 

ചെറിയ ചെറിയ വാക്യങ്ങൾ ഉപയോഗിച്ചുള്ള ലളിത ശൈലിയാണ് മർക്കോസിന്റേത്. ആദ്യന്തം വിവരണരീതി ഒന്നുതന്നെയാണ്. ആദിമ ക്രൈസ്തവസമൂഹത്തിൽ ഈശോയെ സംബന്ധിച്ചു പ്രചാരത്തിലിരുന്ന വാചികപാരമ്പര്യങ്ങൾ അദ്ദേഹം സുവിശേഷ വിവരണത്തിലേയ്ക്ക് ഉൾച്ചേർക്കുകയായിരുന്നു. ആദിമസഭാപാരമ്പര്യത്തിൻ്റെ ഭാഗമായിരുന്ന ചില സമാഹാരങ്ങൾ (ഉദാഹരണത്തിന്, ഉപമകൾ, ഫരിസേയരുമായുള്ള ചർച്ചകൾ, ഗനേസറത്തു തടാകക്കരയിലുള്ള അത്ഭുതങ്ങൾ, പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനവും കർത്താവിൻ്റെ രൂപാന്തരീകരണവും, പീഡാനുഭവ വിവരണം തുടങ്ങിയവ) നെയ്‌തുചേർത്താണ് അദ്ദേഹം സുവിശേഷത്തിനു രൂപം നല്കിയത്. കഥാപാത്രങ്ങൾ, പ്രത്യേകിച്ച് ഈശോ, സംസാരിക്കുന്നതു കേൾക്കാൻ സഹായിക്കുന്ന സജീവവിവരണങ്ങളാണ് ഇതിലുള്ളത്. പത്രോസ് ശ്ലീഹായുടെ സ്വാധീനം കൊണ്ടാകണം, ദൃക്സാക്ഷിവിവരണങ്ങൾ സമ്യദ്ധമായുണ്ട് (1,29-32 = മത്താ 8, 14-16 4,38-39; 5,21-43 മത്താ 9, 18-26 = ലൂക്കാ 8,40-56). മർക്കോസിൻ്റെ സുവിശേഷത്തിൽ ഈശോയുടെ ജീവിതത്തിലെ സംഭവങ്ങളുടെ വിവരണങ്ങൾക്കാണു കൂടുതൽ പ്രാധാന്യം. വിവരണങ്ങൾക്കിടയിൽ പ്രബോധനങ്ങൾ നല്‌കുന്ന രീതിയാണ് മർക്കോസ് അവലംബിക്കുന്നത്. പ്രബോധനവും സന്ദേശവും വ്യക്തിയിൽനിന്നു വ്യത്യസ്ത‌മല്ല എന്നു കാണിക്കാനാണിത്. വ്യക്തിയിൽനിന്നു പ്രബോധനം മാറ്റിയാൽ അർത്ഥം ചോർന്നുപോകും. വേർതിരിക്കാനാവാത്തവിധം വ്യക്തിയും പ്രബോധനവും ബന്ധപ്പെട്ടിരിക്കുന്നു. ഈശോയുടെ അത്ഭുതങ്ങളും പ്രബോധനങ്ങളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന മനോഹര കൃതിയാണ് വി. മർക്കോസിൻ്റെ സുവിശേഷം. 

 3

സുവിശേഷഘടന

പത്രോസ്ശ്ലീഹായിൽനിന്നു കേട്ട ഈശോമിശിഹായെ സംബന്ധിക്കുന്ന കാര്യങ്ങൾ കൃത്യമായെഴുതുവാൻ വി.മർക്കോസ് പരിശ്രമിച്ചു എന്ന് പപ്പിയാസ് സാക്ഷ്യപ്പെടുത്തുന്നത് എവുസേബിയസ് രേഖപ്പെടുത്തുന്നുണ്ടല്ലോ (തിരുസ്സഭാചരിത്രം, 3,39,15). ഈശോയെക്കുറിച്ച് പത്രോസ്ശ്ലീഹാ എന്താണ് പ്രഘോഷിച്ചതെന്നറിയുവാൻ നടപടി പുസ്‌തകത്തിൽ വിവരിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളാണ് നമുക്കാശ്രയം. (നടപടി 2,14-36, 3,11-26, 4,1-22, 5,21-32; 10,34-48) പന്തക്കുസ്‌താദിനത്തിലെ പ്രഭാഷണത്തിൽ ദൈവവും മനുഷ്യനുമായ നസ്രായൻ ഈശോയുടെ സഹന മരണോത്ഥാനങ്ങളെക്കുറിച്ചാണ് വി. പത്രോസ് പ്രഘോഷിച്ചത് (നടപടി 2,22-36) ദൈവാലയ വാതില്ക്കൽ വച്ചു ജന്മനാ മുടന്തനായവനെ സുഖപ്പെടുത്തിയതിനുശേഷം ചെയ്‌ത പ്രഭാഷണത്തിൻ്റെയും പ്രമേയം ഇതുതന്നെയായിരുന്നു (നടപടി 3,11-26, 5,27-33).

കേസറിയായിലെ കൊർണേലിയുസിന്റെ ഭവനത്തിൽ പത്രോസ്ശ്ലീഹാ ചെയ്‌ത പ്രസംഗത്തിൻ്റെ പ്രസക്തഭാഗം ഇപ്രകാരമാണ്: " യോഹന്നാൻപ്രസംഗിച്ച മാമോദീസായ്ക്കുശേഷം ഗലീലേയായിൽ ആരംഭിച്ച് യൂദയം മൂഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിയാവുന്നതാണല്ലോ നസറായനായ ഈശോയെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേചിച്ചുവെന്നും ദൈവം തന്നോടുകൂടെയുണ്ടായിരുന്നതിനാൽ അവൻ എല്ലായിടത്തും ചുറ്റിനടന്ന്, പിശാചിനാൽ പീഡിതരായവരെയെല്ലാം സുഖപ്പെടുത്തിയെന്നും നിങ്ങൾക്കറിയാമല്ലോ യൂദയാ മുഴുവനിലും ജറൂസലേമിലും അവൻ പ്രവർത്തിച്ചവയ്ക്കെല്ലാം ഞങ്ങൾ സാക്ഷികളാണ് യഹൂദർ അവനെ മരത്തിൽ തൂക്കിക്കൊന്നു. എന്നാൽ മൂന്നാം ദിവസം ദൈവം അവനെ ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവൻ എല്ലാവർക്കുമല്ല, തനിക്കു സാക്ഷ്യം നല്കാൻ ദൈവം മുൻകൂട്ടി തിരഞ്ഞെടുത്തവരും, തൻ്റെ ഉത്ഥാനത്തിനുശേഷം തന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തവരുമായ ഞങ്ങൾക്കു മാത്രമാണ് പ്രത്യക്ഷനായത്" (നടപടി 10,37-41). ഈ പ്രസംഗത്തിൽ സൂചിപ്പിക്കപ്പെടുന്ന ഈശോയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മർക്കോസ് തൻ്റെ സുവിശേഷവിവരണത്തിനു ഘടന നിശ്ചയിച്ചത്. ഈ പ്രസംഗത്തിൻ്റ വെളിച്ചത്തിൽ ഈശോയുടെ ജീവിതത്തിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ കാണാം: 

  1. യോഹന്നാൻ പ്രസംഗിച്ച മാമോദീസായ്ക്കു ശേഷമാണ് ഈശോ പരസ്യജീവിതമാരംഭിച്ചത്. 
  2. പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷിക്തനായാണ് അവിടുന്നു പ്രവർത്തനമാരംഭിച്ചത്. 
  3. പരസ്യജീവിതത്തിൻ്റെ ആദ്യഭാഗം ഗലീലിയിലായിരുന്നു. 
  4. ദൈവം കൂടെയുണ്ടായിരുന്ന അവിടുന്ന് എല്ലാവരെയും സുഖപ്പെടുത്തി. 
  5. പരസ്യജീവിതം അവസാനിച്ചതു യൂദയായിലാണ്. 
  6. കുരിശുമരത്തിൽ അവിടുന്നു വധിക്കപ്പെട്ടു. 
  7. മരണശേഷം മൂന്നാം ദിവസം അവിടുന്ന് ഉയിർത്തെഴുന്നേറ്റു. 
  8. ഉത്ഥിതനായ കർത്താവ് തന്റെ ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെട്ടു. 

പത്രോസിന്റെ പ്രഘോഷണമനുസരിച്ച് ഈശോയുടെ ജീവിതത്തിനു രണ്ടു പ്രധാന ഭാഗങ്ങളുണ്ട്: ഒരുഭാഗം ഗലീലിയിലും രണ്ടാമത്തേത് യൂദയായിലും. ഭൂമിശാസ്ത്രപരമായി ഗലീലി വടക്കും യൂദയാ തെക്കുമാണ്. ഇതിനു രണ്ടിനും മദ്ധ്യേയാണ് സമരിയാ പ്രദേശം. സാധാരണ ഗലീലിയിൽനിന്ന് സമരിയാ കൂടിയാണ് യൂദയായിലേയ്ക്കു പോകുന്നത്. ഈശോയും ശിഷ്യന്മാരും ഈ വഴിതന്നെയാണ് സ്വീകരിച്ചത്. 

ഗലീലിയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് അവിടുന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അഭിഷിക്തനായി. അവിടുത്തെ മാമോദീസായാണ് ഇവിടെ വിവക്ഷിതം. അനുതാപം പ്രസംഗിച്ചിരുന്ന സ്നാപകയോഹന്നാനാണ് അവിടുത്തെ മാമോദീസാ മുക്കിയത്. ഗലീലിയിലെ അവിടുത്തെ പ്രവർത്തനങ്ങൾ മുഖ്യമായും ദൈവരാജ്യപ്രഘോഷണവും രോഗശാന്തിശുശ്രൂഷയും പിശാചുക്കളെ ബഹിഷ്ക്കരിക്കലുമായിരുന്നു. പിശാചിനും തിന്മയുടെ ശക്തികൾക്കുമെതിരെയുള്ള അവിടുത്തെ സന്ധിയില്ലാസമരമായിരുന്നു അത്. 

ഈശോയുടെ പരസ്യജീവിതത്തിന്റെ രണ്ടാം ഘട്ടം യൂദയായിലാണ്. ഗലീലിയിൽനിന്നു യൂദയായിലെത്താൻ നീണ്ട യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. യൂദയായിലെ ജറൂസലേമിലെത്തിയ അവിടുത്തെ യഹൂദർ കുരിശിലേറ്റി വധിച്ചു. അവിടുന്ന് മൂന്നാം ദിവസം മരിച്ചവരിൽ നിന്നുയിർത്തു. ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെടുകയും ചെയ്തു‌. വി.മർക്കോസ് തനിക്കു ലഭ്യമായിരുന്ന, ഈശോയെ സംബന്ധിച്ച വാചികവും ലിഖിതവുമായ പാരമ്പര്യങ്ങൾ ഈ ഘടനയിലേക്ക് ഉൾച്ചേർത്ത് സുവിശേഷവിവരണത്തിനു രൂപം നല്കി. ഈ ഘടനയുടെ വെളിച്ചത്തിൽ വി. മർക്കോസിന്റെ സുവിശേഷത്തെ ആറു ഭാഗങ്ങളായി തിരിക്കാം: 

  1. പരസ്യജീവിതത്തിനുള്ള ഒരുക്കം (1,1-13) 
  2. ഗലീലിയിലെ പരസ്യജീവിതം, പ്രവർത്തനങ്ങൾ (1,14-8,26) 
  3. യൂദയായിലേയ്ക്കുള്ള (ജറുസലേം) യാത്ര (8,27-10,52) 
  4. ജറുസലേമിലെ പ്രവർത്തനങ്ങൾ (11,1-13,37) 
  5. ഈശോയുടെ സഹനമരണോത്ഥാനങ്ങൾ (14,1-16,8) 
  6. ഉത്ഥിതന്റെ പ്രത്യക്ഷീകരണങ്ങൾ (16,9-20). 

ഈ ഘടനപ്രകാരം സുവിശേഷത്തെ ആറു ഭാഗങ്ങളായി തിരിച്ചാണ് തുടർന്നുവരുന്ന ഭാഗത്ത് വ്യാഖ്യാനിക്കുന്നത്. 

വി. മർക്കോസിന് ആദ്യന്തം ഒരു ലക്ഷ്യമേയുള്ളു: ദൈവപുത്രനും മിശിഹായുമായ ഈശോയുടെ ക്രമാനുഗതമായ സ്വയം വെളിപ്പെടുത്തൽ വർണ്ണിക്കുക (1,1). ഈശോയുടെ മിശിഹാത്വത്തിൻ്റെ രഹസ്യം വ്യക്തമാക്കാൻ സഹായിക്കുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്. സുവിശേഷത്തിന്റെ ആദ്യഭാഗത്ത് അവിടുത്തെ വ്യക്തിത്വം രഹസ്യാത്മകമായി നിലകൊള്ളുന്നു. വിവരണത്തിന്റെ ഹൃദയഭാഗത്തെ വി. പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനത്തിനു ശേഷം ഈ വെളിപ്പെടുത്തൽ വ്യക്തവും പരസ്യവുമാകുന്നു (8,29-30). മനുഷ്യപുത്രനായ ഈശോ സഹനമരണോത്ഥാനങ്ങളിലൂടെയാണ് ദൈവത്തിന്റെ അഭിഷിക്തൻ അഥവാ മിശിഹാ ആകുന്നത് എന്ന് തുടർന്നു വരുന്ന അദ്ധ്യായങ്ങളിൽ മർക്കോസ് വിവരിക്കുന്നു. ഈശോയുടെ സഹന മരണോത്ഥാനങ്ങൾ മനസ്സിലാക്കാതെ ആർക്കും അവിടുത്തെ ശരിയായി മനസ്സിലാക്കാനാവില്ല. ഇതു മനസ്സിലാക്കിയശേഷമേ അവിടുന്ന് മിശിഹായാണ് എന്ന സത്യം പരസ്യമായി പ്രഘോഷിക്കാനാവൂ (മർക്കോ 9,9). 

II

പരസ്യജീവിതത്തിനുള്ള ഒരുക്കം 

(1,1-13) 

സുവിശേഷത്തിലെ ആദ്യവാക്യം ഗ്രന്ഥത്തിന്റെ തലക്കെട്ടാണ് (1,1). ഈശോയുടെ പരസ്യജീവിതത്തിനുള്ള ഒരുക്കമായി മൂന്നു കാര്യങ്ങളാണ് വി. മർക്കോസ് വിവരിക്കുന്നത്: അവിടുത്തേയ്ക്കു വഴിയൊരുക്കാൻ വന്ന സ്‌നാപക യോഹന്നാന്റെ പ്രസംഗം (1,2-8), ഈശോയുടെ മാമോദീസാ (19-11), അവിടുന്നു മരുഭൂമിയിൽ നേരിട്ട പരീക്ഷകൾ (1,12-13). ഇവയെല്ലാം സംഭവിക്കുന്നത് യോർദ്ദാൻ നദിയുടെ സമീപ പ്രദേശങ്ങളിലാണ്. നസ്രായനായ ഈശോ ആരെന്നും അവിടുത്തെ അധികാരത്തിന് അടിസ്ഥാനമെന്തെന്നും ഇവിടെ വെളിവാകുന്നു.

ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ പ്രാരംഭം 

സുവിശേഷങ്ങളുടെ പ്രാരംഭത്തിൽ ഇന്നു കാണുന്ന തരത്തിലുള്ള തലക്കെട്ടുകൾ (ഉദാ: വി. മത്തായി അറിയിച്ച - എഴുതിയ - സുവിശേഷം) ആദ്യ കൈയെഴുത്തുപ്രതികളിൽ ഉണ്ടായിരുന്നില്ല. ആരാണ് എഴുതുന്നതെന്ന് വായനക്കാർക്ക് അറിയാമായിരുന്നതുകൊണ്ട് അക്കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ലായിരുന്നു. തിരുസ്സഭയുടെ ആരംഭത്തിൽ ഒരു സമൂഹത്തിൽ ഒരു സുവിശേഷമേ ഉണ്ടായിരുന്നുള്ളു. ഉദാഹരണത്തിന്, വി. മർക്കോസ് അറിയിച്ച സുവിശേഷം മാത്രമായിരുന്നു ആദ്യകാലത്തു റോമിലെ സഭയിൽ ഉണ്ടായിരുന്നത്. ക്രമേണ പല സുവിശേഷങ്ങൾ ഒരു സമൂഹത്തിൽ പ്രചാരത്തിൽ വന്നപ്പോൾ, ഒന്നു മറ്റൊന്നിൽ നിന്നു തിരിച്ചറിയുവാനായാണ് സുവിശേഷങ്ങളുടെ ആരംഭത്തിൽ ഗ്രന്ഥകർത്താക്കന്മാരുടെ പേരുകൾ കൂട്ടിച്ചേർക്കുന്ന രീതി ആരംഭിച്ചത്. രണ്ടാം നൂറ്റാണ്ടു മുതലുള്ള കൈയഴുത്തുപ്രതികളിൽ ഇതുണ്ട്. അപ്രകാരം 'വി.മർക്കോസ് അറിയിച്ച എഴുതിയ - സുവിശേഷം' എന്ന തലക്കെട്ട് ഗ്രന്ഥത്തിന്റെ തന്നെ ഭാഗമായി. അതുവരെ ഗ്രന്ഥത്തിന്റെ ശീർഷകമായി വർത്തിച്ചിരുന്നത് സുവിശേഷത്തിലെ ആദ്യവാക്യമായിരുന്നു. അതുകൊണ്ടുതന്നെ ഗ്രന്ഥത്തിന്റെ പ്രമേയം മുഴുവനും ഈ ആദ്യവാക്യത്തിലുണ്ട്.

“ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" എന്നാണു മർക്കോ 1,1 നമ്മൾ പരിഭാഷപ്പെടുത്താറ്. എന്നാൽ ഗ്രീക്കു മൂലമനുസരിച്ച് "ദൈവപുത്രനും മിശിഹായുമായ ഈശോയുടെ സുവിശേഷത്തിന്റെ ആരംഭം" എന്നും ഇതു പരിഭാഷപ്പെടുത്താം. ഇപ്രകാരം ചെയ്താൽ അർത്ഥം കൂടുതൽ വ്യക്തമാകും. ദൈവത്തിന്റെ ദൂതൻ നിർദ്ദേശിച്ചിരുന്നതനുസരിച്ച് നസ്രത്തിലെ മറിയത്തിൻ്റെ പുത്രനു നല്കപ്പെട്ട പേര് “ഈശോ” എന്നായിരുന്നു. ഈ പേരിനോടു ചേർത്ത് “മിശിഹാ" എന്നു കൂടി ഉപയോഗിച്ചുതുടങ്ങിയത് ആദിമസഭയാണ്. മനുഷ്യചരിത്രത്തിന്റെ ആരംഭം മുതൽ ദൈവം വാഗ്ദാനം ചെയ്തിരുന്ന രക്ഷകനായ മിശിഹായാണ് ഈശോയെന്ന വിശ്വാസമാണ് ഇതിലൂടെ തിരുസ്സഭ വ്യക്തമാക്കിയത്. തെളിവുകളുടെ സഹായത്തോടെ, നസ്രായനായ ഈശോയെക്കുറിച്ച് രണ്ടു കാര്യങ്ങൾ സ്ഥാപിക്കുവാനാണ് സുവിശേഷകൻ ശ്രമിക്കുന്നത്. 

  1. മറിയത്തിന്റെ പുത്രനായ ഈശോ ദൈവത്തിൻ്റെ പുത്രനാണ്. 
  2. അതേസമയംതന്നെ ദൈവം വാഗ്ദാനം ചെയ്‌തതും ഇസ്രായേൽ ജനം പ്രതീക്ഷയോടെ കാത്തിരുന്നതുമായ രക്ഷകനായ മിശിഹ കൂടിയാണ് ഈശോ. 

പതിനാറ് അദ്ധ്യായങ്ങളിലായി വി. മർക്കോസ് വിവരിക്കുന്ന പ്രധാനകാര്യം ഇതുതന്നെയാണ്. ഈ ലക്ഷ്യം വ്യക്തമാക്കുന്നതാണ് ഗ്രന്ഥത്തിന്റെ തലക്കെട്ടായി നില്ക്കുന്ന ആദ്യവാക്യം. സുവിശേഷത്തിന്റെ ഏതൊരു ഭാഗവും ഈ ലക്ഷ്യത്തിൻ്റെ വെളിച്ചത്തിൽ വേണം മനസ്സിലാക്കുവാൻ. സുവിശേഷകനായ മർക്കോസിൻ്റെയും അദ്ദേഹത്തിന്റെ സഭാസമൂഹത്തിൻ്റെയും വിശ്വാസപ്രഘോഷണം കൂടിയാണ് ഈ വാക്യം. 

സുവിശേഷം 

ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം എന്നാണ് വി. മർക്കോസ് എഴുതുന്നത്. താൻ വിവരിക്കുവാൻ തുടങ്ങുന്നത് “സുവിശേഷം" അഥവാ "സദ്വാർത്ത"യാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. “സുവിശേഷം" എന്ന പദം ഉപയോഗിക്കുന്നതിൽ മർക്കോസിനു പശ്ചാത്തലമായി നില്ക്കുന്നത് ഏശയ്യാ പ്രവാചകൻ്റെ വാക്കുകളാണ്. “സദ്വാർത്തയുമായി വരുന്ന ജറൂസലേമേ, നിർഭയം വിളിച്ചുപറയുക. യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ നിങ്ങളുടെ ദൈവം, ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്നു കരബലത്താൽ ഭരണം നടത്തുന്നു" (ഏശ 40,9). ഇക്കാര്യംതന്നെ ഏശയ്യാ ആവർത്തിച്ചു പറയുന്നുണ്ട്. “സദ്വാർത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് 'നിന്റെ ദൈവം ഭരിക്കുന്നു'വെന്നു പറയുകയും ചെയ്യുന്നവന്റെ പാദങ്ങൾ മലമുകളിൽ എത്ര മനോഹരമാണ്" (ഏശ 52,7). ഇസ്രായേലിന്റെ രാജാവായ ദൈവം തന്റെ ശക്തമായ കരങ്ങളാൽ അവരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു രക്ഷിച്ചതുപോലെ ബാബിലോണിലെ അടിമത്തത്തിൽ നിന്നു (ബി. സി. 587-538) വിമോചിപ്പിക്കുന്നവൻ വരുന്നു എന്ന സദ്വാർത്തയാണ് പ്രവാചകൻ അറിയിച്ചത്. 

ബാബിലോണിൽ നിന്നു വിമോചിതരായി സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ജനത്തോട്, വരാനിരിക്കുന്ന യഥാർത്ഥ വിമോചകനായ മിശിഹായെക്കുറിച്ച് പ്രവാചകൻ ഇപ്രകാരം അറിയിച്ചു: "ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. പീഡിതരെ 'സുവിശേഷം' അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുവാനും തടവുകാർക്ക് മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുവാനും കർത്താവിൻ്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോഷിക്കുവാനും വിലപിക്കുന്നവർക്കു സമാശ്വാസം നല്‌കുവാനും എന്നെ അഭിഷേചിച്ചിരിക്കുന്നു" (ഏശ 61,1-2). സുവിശേഷം അറിയിക്കുന്നവനായി ഏശയ്യാ പ്രവചിച്ച മിശിഹാ, ഈശോതന്നെയാണ് എന്ന വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് വി. മർക്കോസ് ഈശോയുടെ രക്ഷാകരപ്രവർത്തനങ്ങളുടെ വിവരണത്തിന് “സുവിശേഷം" എന്ന പേരു നല്‌കുന്നത്. പ്രവാചകനിലൂടെ ദൈവമറിയിച്ച രക്ഷയുടെ സുവിശേഷം ഈശോമിശിഹായിൽ നിറവേറി എന്നാണ് ഈ ശീർഷകത്തിലൂടെ സുവിശേഷകൻ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. 

മർക്കോ 1,1 രണ്ടു വിധത്തിൽ വ്യാഖ്യാനിക്കാം: 

  1. ഈശോ ദൈവപുത്രനും മിശിഹായുമാണ് എന്ന സുവിശേഷത്തിന്റ ആരംഭം. നസ്രായനായ ഈശോ ഒരേ സമയം ദൈവത്തിന്റ പുത്രനും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുമാണ് എന്നതാണ് പുതിയ നിയമത്തിലെ സുവിശേഷം. ഈ സദ്വാർത്തയാണ് താൻ തുടർന്നു വിവരിക്കുന്നതെന്ന് മർക്കോസ് ആദ്യംതന്നെ പ്രസ്താവിക്കുന്നു. 
  2. ദൈവപുത്രനും മിശിഹായുമായ ഈശോ പ്രഘോഷിച്ച സുവിശേഷത്തിന്റെ ആരംഭം. ഈശോ തൻ്റെ പരസ്യജീവിതം ആരംഭിക്കുന്നതു തന്നെ ദൈവരാജ്യത്തിൻ്റ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ്. ഈ സുവിശേഷപ്രഘോഷണത്തിൻ്റെ ചരിത്രമാണ് മർക്കോസിന്റെ ഗ്രന്ഥം മുഴുവനും സ്‌നാപകയോഹന്നാൻ്റെ പ്രത്യക്ഷപ്പെടലോടു കൂടിയാണ് ദൈവപുത്രനും മിശിഹായുമായി ഈശോ പരസ്യമായി ലോകത്തിനു സ്വയം വെളിപ്പെടുത്തുവാൻ ആരംഭിച്ചത്. അതുകൊണ്ടാണ് സ്നാപകയോഹന്നാനെക്കുറിച്ചു വിവരിച്ചുകൊണ്ട് മർക്കോസ് സുവിശേഷം ആരംഭിക്കുന്നത് (1, 2-8). 

ഈ രണ്ടു വ്യാഖ്യാനങ്ങളിൽ ആദ്യത്തേതാണ് വ്യാകരണശാസ്ത്രപ്രകാരം കൂടുതൽ സ്വീകാര്യം. കൂടാതെ, സുവിശേഷത്തിന്റെ പ്രധാന മുഹൂർത്തങ്ങളിലെല്ലാം ഈശോ ദൈവപുത്രനും മിശിഹായുമാണ് എന്നു സുവിശേഷകൻ ആവർത്തിക്കുന്നതും ഈ വ്യാഖ്യാനത്തെ പിൻതാങ്ങുന്നുണ്ട്. ആരംഭഭാഗത്ത് ഈശോയുടെ മാമോദീസായുടെ അവസരത്തിലും (1,11) ഗലീലിയായിലെ പ്രവർത്തനങ്ങളുടെ അവസാനത്തിലെ രൂപാന്തരീകരണവേളയിലും (9,7) പിതാവായ ദൈവം ഈശോയുടെ ദൈവപുത്രത്വം വെളിപ്പെടുത്തുന്നുണ്ട്. സുവിശേഷത്തിൻ്റെ ആദ്യഭാഗത്തു സൂചിപ്പിക്കപ്പെടുന്ന അശുദ്ധാത്മാക്കളും ഈശോ ദൈവപുത്രനാണെന്ന് ഏറ്റു പറയുന്നുണ്ട് (3,11;5,7). സുവിശേഷവിവരണത്തിൻ്റെ അവസാനഭാഗത്ത് ഈശോയുടെ വിചാരണയുടെ വേളയിലും ഈശോയുടെ ദൈവപുത്രത്വം പരസ്യമായി പ്രഘോഷിക്കപ്പെടുന്നുണ്ട് (14,61). ഈശോയുടെ കുരിശുമരണത്തിന്റെ അവസരത്തിൽ വിജാതീയനായ ശതാധിപൻ അവിടുത്തെ ദൈവപുത്രത്വം ഉച്ചത്തിൽ പ്രഘോഷിക്കുന്നതു കേൾക്കാം (15,39). 

സുവിശേഷത്തിൻ്റെ കേന്ദ്രഭാഗത്ത് ശിഷ്യപ്രമുഖനായ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിലൂടെ ഈശോ "മിശിഹാ"യാണെന്ന് സുവിശേഷകൻ സമർത്ഥിക്കുന്നു (8,28). യഹൂദസംഘത്തിനു മുമ്പിലെയും (14,61) പീലാത്തോസിനു മുമ്പിലെയും (15,2-15) വിചാരണ ഈശോയുടെ മിശിഹാത്വത്തെയും രാജത്വത്തെയും അടിസ്ഥാനമാക്കിയായിരുന്നു. ചുരുക്കത്തിൽ നസ്രായനായ ഈശോ ദൈവപുത്രനും മിശിഹായുമാണ് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് മർക്കോസ് സുവിശേഷ വിവരണം നല്കുന്നത്. 

 

മരുഭൂമിയിൽ 

വിളിച്ചുപറയുന്നവന്റെ ശബ്ദം  (1,2-8) 

ദൈവപുത്രനും മിശിഹായുമായ ഈശോയുടെ ജീവിതവും പ്രവർത്തനങ്ങളും സ്നാപകയോഹന്നാനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഈശോയെയും അവിടുത്തെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരണമായ സുവിശേഷം യോഹന്നാനെ അവതരിപ്പിച്ചു കൊണ്ട് വി. മർക്കോസ് ആരംഭിക്കുന്നത്. പഴയനിയമത്തിൽ നിന്നു മൂന്ന് പ്രവചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സുവിശേഷകൻ ഇതു ചെയ്യുന്നത്. 

പ്രവാചകന്മാർ മുൻകുട്ടി അറിയിച്ച ദൂതൻ 

ഈജിപ്തിലെ അടിമത്തത്തിൽ നിന്നു വിമോചിതരായ ഇസ്രായേൽജനത്തെ വാഗ്ദത്തഭൂമിയിലേയ്ക്കു നയിക്കുന്നതിനായി ദൈവം അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത‌ിരുന്ന ദൂതനെക്കുറിച്ചുള്ളതാണ് ആദ്യത്തെ പ്രവചനം. ദൈവം അരുളിച്ചെയ്‌തു: "ഇതാ, ഒരു ദൂതനെ നിനക്കുമുമ്പേ ഞാൻ അയയ്ക്കുന്നു. അവൻ നിൻ്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും. ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്കു നിന്നെ കൊണ്ടുവരികയും ചെയ്യും" (പുറ 23,20). മുമ്പേ അയയ്ക്കപ്പെടുന്നവനാണു യോഹന്നാൻ എന്നു വ്യംഗ്യം. ആർക്കു മുമ്പേയാണ് അദ്ദേഹം പോകുന്നത് എന്നാണ് രണ്ടാമത്തെ പ്രവചനം വ്യക്തമാക്കുന്നത്. കർത്താവിൻ്റെ മഹത്വപൂർണ്ണമായ ദിവസത്തെപ്പറ്റി മുൻകൂട്ടി അറിയിച്ചിരുന്ന മലാക്കി പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തു: “ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കുവാൻ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു" (മലാ 3,1). കർത്താവിനു മുമ്പേ വഴിയൊരുക്കാനാണ് അദ്ദേഹം അയയ്ക്കപ്പെടുന്നത്. ഏശയ്യാപ്രവാചകനിൽ നിന്നാണ് മൂന്നാമത്തെ ഉദ്ധരണിയെന്ന് മർക്കോസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ബാബിലോണിലെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനത്തെ വിമോചനത്തിൻ്റെ സദ്‌വാർത്ത അറിയിച്ച ഏശയ്യാ പറഞ്ഞു: “ഒരു സ്വരം ഉയരുന്നു: മരുഭൂമിയിൽ കർത്താവിനു വഴിയൊരുക്കുവിൻ. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിനു വിശാലവീഥി ഒരുക്കുവിൻ. താഴ്വരകൾ നികത്തപ്പെടും. മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങൾ നിരപ്പാകും" (ഏശ 40,3-4). മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട യോഹന്നാനെ അവതരിപ്പിക്കാനായി ഈ പ്രവചനത്തിൽ മർക്കോസ് അല്പം മാറ്റം വരുത്തുന്നുണ്ട്: "മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: കർത്താവിന്റെ വഴി ഒരുക്കുവിൻ" (1,3). വരാനിരുന്ന മിശിഹായ്ക്കു വഴി യൊരുക്കുവാൻ ദൈവം അയയ്ക്കുന്ന ദുതനെക്കുറിച്ചുള്ള ഈ പ്രവചനങ്ങളെല്ലാം യോഹന്നാനിൽ പൂർണ്ണമാക്കപ്പെടുന്നു എന്നാണ് മർക്കോസ് സൂചിപ്പിക്കുന്നത്. ദൈവമാണ് പ്രവാചകന്മാരിലൂടെ സംസാരിച്ചത്. മിശിഹായ്ക്കു വഴിയൊരുക്കുവാനുള്ളവനെക്കുറിച്ചുള്ള പ്രവചനങ്ങൾ യോഹന്നാനിൽ നിറവേറുന്നു എന്നത് രക്ഷകനായ മിശിഹായെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ ദൈവം ഉടൻ പൂർത്തീകരിക്കും എന്നുള്ളതിന്റെ ഉറപ്പുകൂടിയാണ്. 

ഈശോയ്ക്കു മുന്നോടിയായ യോഹന്നാൻ 

എല്ലാ അർത്ഥത്തിലും മിശിഹായ്ക്കു 'മുമ്പേ' പോയവനാണ് യോഹന്നാൻ. ഈശോ ജനിക്കുന്നതിന് ആറുമാസം മുമ്പു യോഹന്നാൻ ജനിച്ചു. അനുതപിച്ചു ദൈവത്തിലേയ്ക്കു തിരിയേണ്ടതിന്റെ ആവശ്യകത ഈശോയ്ക്കുമുമ്പേ യോഹന്നാൻ പ്രഘോഷിച്ചു. ഈശോ അറിയിച്ച ദൈവരാജ്യസുവിശേഷവും അനുതാപത്തിനുള്ള ക്ഷണം ഉൾക്കൊള്ളുന്നതായിരുന്നു (1,15). താൻ പ്രഘോഷിച്ച ആദർശത്തിനുവേണ്ടി ബന്ധനസ്ഥനാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തവനാണ് യോഹന്നാൻ (6,14-29). ഇവിടെയും യോഹന്നാൻ ഈശോയ്ക്കു മുമ്പേ പോവുകയായിരുന്നു. ഈശോയും ബന്ധനസ്ഥനാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്‌തല്ലോ. ഇപ്രകാരം യോഹന്നാൻ ജീവിതത്തിലും മരണത്തിലും ഈശോയ്ക്ക് യഥാർത്ഥ മുന്നോടിയായിരുന്നു. 

യോഹന്നാൻ മിശിഹായ്ക്കു മുമ്പേ പോയി വഴിയൊരുക്കുക മാത്രമല്ല, അവിടുത്തെ ലോകത്തിനു ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുക കൂടി ചെയ്‌തു. "ഇതാ, ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ ഈശോയെ തന്റെ ശിഷ്യന്മാർക്കു പരിചയപ്പെടുത്തി (യോഹ 1,29-37). അവൻ വളരുകയും താൻ കുറയുകയും ചെയ്യണമെന്ന ബോദ്ധ്യത്തോടെ തന്റെതന്നെ ശിഷ്യന്മാരെ ഈശോയുടെ പക്കലേയ്ക്ക് അദ്ദേഹം തിരിച്ചുവിട്ടു. (യോഹ 3,30) 

പ്രവാചകനായ യോഹന്നാൻ 

മിശിഹായുടെ മുന്നോടി എന്ന നിലയിൽ യോഹന്നാൻ എപ്രകാരം തന്റെ ദൗത്യം നിർവ്വഹിച്ചു എന്നാണ് മർക്കോസ് വർണ്ണിക്കുന്നത്. പാപമോചനത്തിനുള്ള അനുതാപത്തിൻ്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു കൊണ്ടാണ് അദ്ദേഹമതു പൂർത്തിയാക്കിയത്. ദുർമാർഗത്തിൽ നിന്നു പിന്തിരിയുവാനുള്ള ആഹ്വാനം പ്രവാചകന്മാർ ആവർത്തിച്ചു നല്കിയിരുന്നു (ജറെ 18,11; ഏശ 55,7; സഖ 1,4). അന്യദേവന്മാരിൽ നിന്ന് ഇസ്രായേലിന്റെ ഏകദൈവത്തിലേയ്ക്ക് തിരിച്ചുവരാനുള്ള ക്ഷണമായിരുന്നു പ്രവാചകന്മാരുടെ ആഹ്വാനത്തിന്റെ കാതൽ. വ്യക്തിയുടെ പൂർണ്ണമായ പരിവർത്തനം എന്നർത്ഥമുള്ള ഹീബ്രുപദമായ "ഷൂബ്" (shuv) ആണ് അനുതാപത്തെയും മാനസാന്തരത്തെയും സൂചിപ്പിക്കുവാൻ പഴയനിയമത്തിൽ ഉപയോഗിക്കുന്നത്; പുതിയനിയമത്തിൽ "മെറ്റാനോയിയ" (metanoia) എന്ന പദവും. യോഹന്നാൻ്റെ ആഹ്വാനവും ഇതുതന്നെയായിരുന്നു. പ്രവാചക പാതയാണ് യോഹന്നാൻ പിൻതുടർന്നത്. തിന്മയുടെയും പാപത്തിന്റെയും മാർഗത്തിൽനിന്ന് പിന്തിരിഞ്ഞ് ദൈവോന്മുഖമായി ജീവിക്കുവാനുള്ള ക്ഷണമായിരുന്നു അത്. 

സ്നാപകയോഹന്നാൻ്റെ വസ്ത്രധാരണരീതിയും ഭക്ഷണക്രമവുമൊക്കെ പഴയനിയമ പ്രവാചകരുടേതുപോലുള്ളതായിരുന്നു. ഒട്ടകരോമം കൊണ്ടുള്ള കുപ്പായവും തുകൽ കൊണ്ടുള്ള അരപ്പട്ടയും അദ്ദേഹം പ്രവാചകനാണ് എന്നതിൻ്റെ അടയാളങ്ങളാണ് (2 രാജാ 1,8; സഖ 13,4). മരുഭൂമിയിൽ താപസജീവിതം നയിച്ചിരുന്ന യോഹന്നാൻ്റെ ഭക്ഷണം കാട്ടുകിഴങ്ങുകളും കാട്ടുതേനുമായിരുന്നു. “ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടെ അവൻ കർത്താവിൻ്റെ മുമ്പേ പോകും" (ലൂക്കാ 1,17) എന്ന ദൈവികദൂതന്റെ വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു യോഹന്നാന്റെ ജീവിതശൈലി. യോഹന്നാനാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഏലിയാ എന്ന് ഈശോ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് (9,11-13). 

സ്നാനപ്പെടുത്തുന്ന യോഹന്നാൻ 

അനുതാപത്തിനുള്ള പാപമോചനം പ്രഘോഷിച്ച യോഹന്നാൻ, പഴയ ജീവിതരീതിയോടു വിട പറയുന്നതിൻ്റെ പ്രതീകമായി തൻ്റെ വചനം ശ്രവിച്ച ജനത്തെ ജോർദ്ദാൻ നദിയിൽ മുക്കി സ്‌നാനപ്പെടുത്തിയിരുന്നു. യഹൂദമതത്തിൽ ചേരുന്നവരും ഖുമ്റാൻ സമൂഹത്തിൽ പ്രവേശിക്കുന്നവരും ഇത്തരത്തിലുള്ള ഒരു കർമ്മത്തിനു (rite of initiation) വിധേയരാകേണ്ടതുണ്ടായിരുന്നു. യോഹന്നാൻ നല്‌കിയിരുന്ന സ്‌നാനം ഈശോ നല്കാനിരുന്ന സ്നാനത്തിൽ നിന്നു വ്യത്യസ്‌തമായിരുന്നു. ഇതേക്കുറിച്ച് യോഹന്നാൻ തന്നെ പറയുന്നു: "ഞാൻ നിങ്ങൾക്കു ജലംകൊണ്ടുള്ള സ്നാനം നല്‌കി. അവനോ പരിശുദ്ധാത്മാവിനാൽ നിങ്ങൾക്കു സ്‌നാനം നല്‌കും" (1,8). തന്നെക്കാൾ ശക്തനായവൻ തനിക്കു പിന്നാലെ വരുന്നു എന്ന് യോഹന്നാൻ പറയുന്നതിന്റെ അർത്ഥവും ഇതു തന്നെയാണ്. "അവൻ്റെ ചെരിപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല' എന്ന് ഏറ്റുപറയുന്നതിലൂടെ തന്റെ പിന്നാലെ വരുന്നവൻ്റെ മഹത്വം യോഹന്നാൻ വെളിപ്പെടുത്തി. തന്റെ ദൗത്യം ഒരു ഭൃത്യൻ്റേതു മാത്രമാണെന്നും യോഹന്നാൻ വ്യക്തമാക്കി. പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നുവെന്നതാണ് ഈശോ നല്കാനിരിക്കുന്ന സ്നാനത്തിൻ്റെ പ്രത്യേകത. ഈശോ സ്നാനം സ്വീകരിക്കുമ്പോൾ അവിടുത്തെമേൽ വന്നു വസിക്കുന്ന പരിശുദ്ധാത്മാവ് ഈ സത്യമാണ് ദ്യോതിപ്പിക്കുന്നത്. 

യഹൂദർ എപ്രകാരമാണ് യോഹന്നാന്റെ സന്ദേശത്തോടു പ്രതികരിച്ചതെന്നും മർക്കോസ് വിവരിക്കുന്നുണ്ട്. “യൂദയാ മുഴുവനിലെയും ജറുസലെമിലെയും ജനങ്ങൾ അവൻ്റെ അടുത്തെത്തി പാപങ്ങൾ ഏറ്റു പറഞ്ഞ് യോർദ്ദാൻ നദിയിൽവച്ചു സ്‌നാനം സ്വീകരിച്ചു" (1,5). മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിച്ചാൽ മാത്രമേ അനുതാപം യഥാർത്ഥമാകൂ എന്ന് യോഹന്നാൻ ജനങ്ങളെ പഠിപ്പിച്ചു. വസ്ത്രവും ഭക്ഷണവുമൊക്കെയുള്ളവർ ഇല്ലാത്തവരുമായി പങ്കുവച്ചുകൊണ്ടുവേണം അനുതാപം പ്രകടിപ്പിക്കാൻ (ലൂക്കാ 3,11-14). നീതിപൂർവകവും സത്യസന്ധവുമായി വർത്തിച്ചും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെട്ടു ജീവിച്ചു കൊണ്ട് ഒരുവന് അനുതാപത്തിൻ്റെ ഫലങ്ങൾ പുറപ്പെടുവിക്കാം. 

 

നീ എന്റെ പ്രിയ പുത്രൻ (1,9-11) 

ദൈവപുത്രനും മിശിഹായുമായ ഈശോയുടെ സുവിശേഷമാണ് താൻ രചിക്കുന്നതെന്ന് ആരംഭത്തിൽതന്നെ മർക്കോസ് സൂചിപ്പിച്ചു (1,1). പിതാവായ ദൈവംതന്നെ നേരിട്ട് ഈശോയുടെ ദൈവപുത്രത്വം വെളിപ്പെടുത്തുന്ന രണ്ടു രംഗങ്ങൾ മർക്കോസ് വിവരിക്കുന്നുണ്ട്. അതിൽ ആദ്യത്തേത് ഈശോ യോർദ്ദാൻ നദിയിൽവച്ച് യോഹന്നാനിൽ നിന്നു മാമോദീസാ സ്വീകരിക്കുന്ന അവസരമാണ്. 

ഗലീലിയായിലെ നസ്രത്തിൽ നിന്നാണ് ഈശോ മാമോദീസാ സ്വീകരിക്കാനെത്തിയത് (1,9). ഇസ്രായേൽ ചരിത്രത്തിൽ അധികമൊന്നും അറിയപ്പെടാത്ത പട്ടണമായിരുന്നു നസ്രത്ത്. അവിടെ നിന്നാണ് ഈശോ വരുന്നതെന്ന് രേഖപ്പെടുത്തുകവഴി മർക്കോസ് അവിടുത്തെ വിനീതമായ തുടക്കം സൂചിപ്പിക്കുന്നു. യോഹന്നാൻ പരികർമ്മം ചെയ്‌തിരുന്നത്‌ പാപമോചനത്തിനായുള്ള അനുതാപത്തിൻ്റെ മാമോദീസായാണ്. പാപരഹിതനായിരുന്ന അവിടുത്തേക്ക് ഈ സ്നാനത്തിൻ്റെ ആവശ്യമില്ലായിരുന്നു. എങ്കിലും പാപികളായ മനുഷ്യരോടുള്ള താദാത്മ്യപ്പെടലിന്റെ ഭാഗമായി പാപിയെപ്പോലെ കാണപ്പെടുന്നതിനും പാപമോചനത്തിനുള്ള ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനും അവിടുന്നു തയ്യാറായി. പാപികളെ രക്ഷിക്കാൻ ആഗതനായ അവിടുന്ന് പാപികളുടെ വേഷം ധരിച്ചു. മനുഷ്യവർഗത്തോടുള്ള അവിടുത്തെ താദാത്മ്യപ്പെടൽ പൂർത്തിയാകുന്നത് രണ്ടാമത്തെ മാമോദീസായായ (10,38) അവിടുത്തെ മരണത്തിലാണ് (15,37). 

മാമോദീസാ സ്വീകരിച്ചശേഷം നദിയിൽനിന്നു കയറുമ്പോൾ ഈശോയ്ക്കൊരു ദർശനമുണ്ടായി. രണ്ടു കാര്യങ്ങളാണ് അവിടുന്നു കണ്ടത്: പെട്ടെന്ന് ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നതും. ദൈവത്തിൻ്റെ വാസസ്ഥലമായ ആകാശം അഥവാ സ്വർഗം പിളർക്കപ്പെട്ടത് ദൈവരാജ്യപ്പിറവിയുടെ സൂചനയാണ്. ഈശോയുടെ മനുഷ്യാവതാരത്തോടെ സുസാദ്ധ്യവും സുഗമവുമായിത്തീർന്ന ദൈവ മനുഷ്യബന്ധത്തെ ദ്യോതിപ്പിക്കുന്നതാണിത്. 

തുറക്കപ്പെട്ട സ്വർഗത്തിൽനിന്ന് ദൈവത്തിൻ്റെ ആത്മാവ് പ്രാവ് പറന്നിറങ്ങുന്നതുപോലെ ഈശോയുടെമേൽ വന്നുവസിച്ചു. മിശിഹായുടെ ആഗമനത്തിൽ ദൈവത്തിൻ്റെ ആത്മാവ് സമ്യദ്ധമായി വർഷിക്കപ്പെടുമെന്ന പ്രവചനങ്ങളുടെ (ഏശ 24,18; 42,1; 63,10-14; 64,1; എസ് 1,1) പൂർത്തീകരണമാണ് ഈശോയുടെ മാമോദീസായുടെ വേളയിൽ സംഭവിക്കുന്നത്. ആത്മാവിനാൽ സ്‌നാനം നല്‌കാനുള്ളവൻ ആത്മാവിനാൽ നിറയുന്നു (മർക്കോ 1,8; യോഹ 1,32-34). ആദ്യസൃഷ്‌ടിയിൽ ജലോപരിതലത്തിൽ ചലിച്ചിരുന്ന അതേ ആത്മാവുതന്നെയാണ് (ഉത്പ 1,3) പുതിയ സൃഷ്ട‌ിയുടെ ആദ്യഫലമായ ഈശോയിൽ വന്നുവസിച്ചത്. ക്രൈസ്തവ പാരമ്പര്യത്തിൽ പരിശുദ്ധാത്മാവിനെ പ്രാവിൻ്റെ രൂപത്തിൽ ചിത്രീകരിക്കുന്നതിന്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനം ഈശോയുടെ മാമോദീസായുടെ ഈ രംഗമാണ്. 

ഈശോയുടെ മാമോദീസായുടെ അവസരത്തിൽ പരിശുദ്ധാത്മാവ് മാത്രമല്ല പ്രത്യക്ഷപ്പെട്ടത്. പിതാവായ ദൈവവും അവിടെ സന്നിഹിതനായി. സ്വർഗത്തിൽ നിന്നുണ്ടായ സ്വരം ആ സാന്നിധ്യമാണ് വിളിച്ചറിയിച്ചത്. അത് ഇപ്രകാരമായിരുന്നു: “നീ എൻ്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (1,11). ദൈവത്തിൻ്റെ ആത്മാവ് വന്നു വസിച്ച നസ്രായനായ ഈശോ തൻ്റെ പ്രീതിപാത്രമായ 'പ്രിയപുത്രനാണ്' എന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്. വരാനിരുന്ന മിശിഹായെക്കുറിച്ചു പഴയ നിയമത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്ന രണ്ടു വാക്യങ്ങൾ ഉപയോഗിച്ചാണ് ദൈവം ഈ വെളിപ്പെടുത്തൽ നടത്തുന്നത്. രണ്ടാം സങ്കീർത്തനത്തിൽ നിന്നും (സങ്കീ 2,7) ഏശയ്യാപ്രവാചകനിൽ നിന്നുമുള്ളതാണ് (ഏശ 42,1) ഈ ഉദ്ധരണികൾ. 

കർത്താവിന്റെ അഭിഷിക്തനെ(മിശിഹായെ)ക്കുറിച്ചുള്ളതാണ് രണ്ടാം സങ്കീർത്തനം. അഭിഷിക്തനായ രാജാവിനോട് ദൈവം അരുളിച്ചെയ്‌തതായി സങ്കീർത്തകൻ രേഖപ്പെടുത്തുന്നു: രേഖപ്പെടുത്തുന്നു "നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജന്മം നല്‌കി" (സങ്കീ 2,7). ഇതിലെ ആദ്യ ഭാഗമാണ് ദൈവികസ്വരത്തിൻ്റെയും ആദ്യഭാഗം. വരാനിരിക്കുന്ന അഭിഷിക്തൻ - രാജാവ് - ദൈവത്തിൻ്റെ പുത്രനായിരിക്കുമെന്നത് മിശിഹായെ സംബന്ധിച്ച് ദൈവം ദാവീദിനു നല്‌കിയിരുന്ന വാഗ്ദാനത്തിന്റെ ഭാഗമായിരുന്നു (2 സാമു 7,14). വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായാണ് ഈശോ എന്നാണ് മാമോദീസാവേളയിലെ ഈ ദൈവിക വെളിപ്പെടുത്തലിന്റെ അർത്ഥം. 

ഏശയ്യാപ്രവാചകനിൽനിന്നുള്ള ഉദ്ധരണി കർത്താവിന്റെ സഹന ദാസനെക്കുറിച്ചുള്ള ഭാഗത്തുനിന്നാണ്. വരാനിരുന്ന മിശിഹായുടെ പ്രതീകമായിരുന്നു ഈ സഹനദാസൻ. തൻ്റെ ഈ ദാസനെക്കുറിച്ച് കർത്താവ് അരുളിച്ചെയ്യുന്നതായി പ്രവാചകൻ രേഖപ്പെടുത്തുന്നു: “ഇതാ, ഞാൻ താങ്ങുന്ന എൻ്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എൻ്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നല്‌കി; അവൻ ജനതകൾക്കു നീതി പ്രദാനം ചെയ്യും" (ഏശ 42,1). നീതിമാനും നിഷ്‌കളങ്കനുമായ കർത്താവിന്റെ ദാസൻ ദൈവനിശ്ചയപ്രകാരം ജനത്തിനുവേണ്ടിയുള്ള തന്റെ സഹനത്തിലൂടെ പാപപരിഹാരബലിയായി സ്വയം അർപ്പിച്ചവനാണ് (ഏശ 53,10-12). മറ്റുള്ളവർക്കുവേണ്ടിയുള്ള സ്വയാർപ്പണത്തിലൂടെയാണ് അവൻ ദൈവത്തിൻ്റെ പ്രീതിപാത്രമായത്. "നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന സ്വർഗ്ഗീയപിതാവിൻ്റെ പ്രസ്‌താവന ഏശയ്യാപ്രവാചകനിലെ സഹനദാസനും ഈശോയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്. മറ്റുള്ളവർക്കുവേണ്ടി സഹനം സ്വയം ഏറ്റുവാങ്ങിയ ദൈവത്തിന്റെ ദാസനെപ്പോലെ ദൈവത്തിൻ്റെ പുത്രനായ ഈശോയും മനുഷ്യകുലത്തിനുവേണ്ടി സഹിക്കുകയും മരിക്കുകയും ചെയ്യും എന്നൊരു സൂചന കൂടി ഇവിടെയുണ്ട്. 

“പ്രിയപുത്രൻ" എന്നുള്ള വിശേഷണം അബ്രാഹത്തിന്റെ പ്രിയ പുത്രനായ ഇസഹാക്കിനെയും അനുസ്‌മരിപ്പിക്കുന്നതാണ് (ഉത്‌പ 22,12-16). അബ്രാഹം തന്റെ പ്രിയപുത്രനെ ബലികഴിക്കുവാൻ തയ്യാറായതുപോലെ പിതാവായ ദൈവം തൻ്റെ പ്രിയപുത്രനെ മനുഷ്യരായ നമുക്കുവേണ്ടി ബലിയായി സമർപ്പിക്കുവാൻ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു എന്നൊരു ധ്വനി ഈ വിശേഷണത്തിലുണ്ട്. മർക്കോ 12,1-12 ൽ വിവരിക്കപ്പെടുന്ന ഉപമയിൽ മുന്തിരിത്തോട്ടത്തിൻ്റെ ഉടമസ്ഥൻ തൻ്റെ മുന്തിരിയിൽ നിന്നു ഫലം ശേഖരിക്കുവാനായി കൃഷിക്കാരുടെ പക്കലേക്ക് അവസാനം അയയ്ക്കുന്നത് അദ്ദേഹത്തിൻ്റെ “പ്രിയപുത്രനെ"യാണ്. ആ പ്രിയ പുത്രന് തിരസ്കരണവും മരണവുമാണല്ലോ നേരിടേണ്ടിവന്നത്. ഉപമയിലെ പ്രിയപുത്രൻ ദൈവപുത്രനായ ഈശോമിശിഹാ തന്നെയാണ്. 

പാപികളായ മനുഷ്യരോട് താൻ പൂർണ്ണമായി താദാത്മ്യപ്പെട്ട മാമോദീസായുടെ അവസരത്തിൽ ഈശോ തൻ്റെ ദൈവപുത്രത്വം തീക്ഷ്‌ണമായി അനുഭവിച്ചു. തൻ്റെ പ്രസാദത്തിനു പാത്രീഭൂതനായ പുത്രനിൽ പിതാവായ ദൈവം പാപപങ്കിലമായ മനുഷ്യകുലത്തെ വ്യവസ്ഥാ രഹിതമായി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. 

മനുഷ്യചരിത്രത്തിൽ ആദ്യമായി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന രംഗം ഈശോയുടെ മാമോദീസായുടേതാണ്. മനുഷ്യനായവതരിച്ച ഈശോയുടെ ദൈവപുത്രത്വവും ജീവിത ദൗത്യവും വെളിപ്പെടുത്തപ്പെട്ടതോടൊപ്പം പരി. ത്രിത്വവും മനുഷ്യകുലത്തിനു വെളിവാക്കപ്പെട്ടു. ദൈവപുത്രനായ ഈശോമിശിഹായുടെയും പരി. ത്രിത്വത്തിൻ്റെയും പ്രത്യക്ഷീകരണത്തിൻ്റെ അവസരമായിരുന്നു ഈശോയുടെ മാമോദീസായുടേത്. അതുകൊണ്ടാണ് ആരാധനാക്രമവത്സരത്തിൽ ദൈവിക വെളിപ്പെടുത്തൽ അനുസ്‌മരിക്കുന്ന ദനഹാക്കാലത്തിന്റെ ആരംഭത്തിൽ ഈ സുവിശേഷഭാഗം കുർബാനമദ്ധ്യേ വായിക്കുന്നത്. 

ഈശോയുടെ മാമോദീസാവേളയിൽ സംഭവിച്ചതുതന്നെ ഓരോ ക്രൈസ്തവ മാമോദീസായിലും സംഭവിക്കുന്നു. സ്വർഗത്തിൽനിന്ന് പിതാവായ ദൈവം "ഇവൻ എൻ്റെ പ്രിയപുത്രനാകുന്നു/ പുത്രിയാകുന്നു" എന്നു സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. നാം ദൈവമക്കളായി ഭവിക്കുന്നു. പരിശുദ്ധാത്മാവ് നമ്മിൽ വന്നു വസിച്ച് നമ്മെ ദൈവത്തിൻ്റെ ആലയമാക്കി മാറ്റുന്നു. പരി. ത്രിത്വത്തിൻ്റെ ജീവനിലേക്ക് നാം ഉൾച്ചേർക്കപ്പെടുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വംകൂടി നമുക്കു ഭരമേല്പിക്കപ്പെടുന്നുണ്ട്. ഓരോരുത്തരുടെയും ജീവിതത്തിൽ നിർവ്വഹിക്കുവാനായി ദൈവം നമുക്ക് ഏല്‌പിച്ചുതരുന്ന ജീവിതാന്തസ്സിനടുത്ത കടമകളാണവ. വ്യക്തിപരവും സാമൂഹികവുമായ ജീവിതസാഹചര്യങ്ങളിൽ നാം നല്കേണ്ട ക്രൈസ്‌തവസാക്ഷ്യമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 

 

അവൻ 

വന്യമൃഗങ്ങളോടൊപ്പമായിരുന്നു (1,12-13) 

മാമോദീസായുടെ വേളയിൽ ഈശോയിൽ വന്നു വസിച്ച പരിശുദ്ധാത്മാവ് അവിടുത്തെ മരുഭൂമിയിലേക്ക് നയിച്ചു. ഇസ്രായേൽ ജനത്തിന് മരുഭൂമി വിവിധങ്ങളായ അനുഭവങ്ങളുടെ വേദിയാണ്. ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിമോചിതരായ ഇസ്രായേൽജനം ദീർഘകാലം മരുഭൂമിയിലൂടെ യാത്രചെയ്‌താണ് വാഗ്‌ദത്തഭൂമിയിൽ എത്തിച്ചേർന്നത്. അവർ ദൈവത്തിൻ്റെ പ്രത്യേക പരിപാലന അനുഭവിച്ചറിഞ്ഞ സ്ഥലമായിരുന്നു മരുഭൂമി; അവർ ദൈവത്തെ കണ്ടുമുട്ടിയ സ്ഥലം. ഒപ്പം അവരുടെ വിശ്വാസം പരീക്ഷിക്കപ്പെട്ട സ്ഥലവുമായിരുന്നു അത്. വിശ്വാസപരീക്ഷണങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്‌തതയിൽ അവർ പലപ്പോഴും പരാജയപ്പെട്ടു. ദൈവമക്കളായിരുന്ന ഇസ്രായേൽക്കാർ പരാജയപ്പെട്ടിടത്ത് ദൈവപുത്രനായ ഈശോ വിജയം വരിക്കുന്ന രംഗമാണ് ഈശോയ്ക്കുണ്ടായ മരുഭൂമിപരീക്ഷകളുടെ വിവരണത്തിലൂടെ വി. മർക്കോസ് വർണ്ണിക്കുന്നത്. 

ഈശോ നാല്‌പതു ദിവസം മരുഭൂമിയിൽ വസിച്ചു. മോശ ദൈവവുമായി ഉടമ്പടി ബന്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പായി നാല്‌പതു ദിവസം സിനായ് മലയിൽ അപ്പവും വെള്ളവും ഇല്ലാതെ ചെലവഴിച്ചു (പുറ 24,18; നിയമാ 9,9.18). ഏലിയാപ്രവാചകൻ നാല്‌പത് രാപ്പകലുകൾ മരുഭൂമിയിലൂടെ യാത്ര ചെയ്‌താണ് കർത്താവിൻ്റെ മലയായ ഹോറെബിലെത്തിയത് (1 രാജാ 19,1-8). 'നാല്‌പത്' എന്ന സംഖ്യ ദീർഘമായ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. ഈശോ നാല്‌പതു ദിവസം മരുഭൂമിയിൽ വസിച്ചു എന്നു രേഖപ്പെടുത്തുമ്പോൾ പരസ്യജീവിതാരംഭത്തിനുമുമ്പ് ദീർഘനാൾ അവിടുന്ന് മരുഭൂമിയിൽ ആയിരുന്നു എന്നാണ് സുവിശേഷകൻ ഉദ്ദേശിക്കുന്നത്. 

ഇക്കാലമത്രയും ഈശോ സാത്താനാൽ പരീക്ഷിക്കപ്പെടുകയായിരുന്നു. മാമോദീസായിൽ ഈശോ ദൈവപുത്രനാണെന്നു പ്രഖ്യാപിക്കപ്പെട്ടു. ഈ ദൈവപുത്രത്വം തെളിയിക്കപ്പെട്ട അവസരമാണ് പരീക്ഷണങ്ങളുടേത്. “അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു" എന്നാണ് ഈ അനുഭവത്തെക്കുറിച്ചു മർക്കോസ് നല്‌കുന്ന വിശദീകരണം. വന്യ മൃഗങ്ങൾ സാത്താൻ്റെ പ്രതികമാണ്. ദൈവത്തിനും ദൈവികപദ്ധതിക്കും എതിരു നില്ക്കുന്ന തിന്മയുടെ ശക്തികളെയാണ് സാത്താൻ പ്രതിനിധാനം ചെയ്യുന്നത്. ദൈവികമാർഗങ്ങളിൽ നിന്നകന്ന് മാനുഷികമായി മാത്രം ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഈശോയെ പ്രേരിപ്പിക്കുകയായിരുന്നു സാത്താൻ. മാമോദീസായോടുകൂടി ഈശോ സമാരംഭിച്ച രക്ഷാകര ദൗത്യത്തിൽനിന്ന് അവിടുത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു സാത്താന്റേത്. ദൈവികപദ്ധതിക്കു സ്വയം സമർപ്പിച്ചുകൊണ്ട് പാപികളായ മനുഷ്യരോടു താദാത്മ്യപ്പെടുവാനുള്ള സന്നദ്ധത മാമോദീസായുടെ അവസരത്തിൽ വ്യക്തമാക്കിയ ഈശോയെ ഇതിൽനിന്ന് അകറ്റാനാണ് ശ്രമിച്ചത്. ദൈവികശക്തിയാൽ ഈശോ തിന്മയുടെ ശക്തികളെ തോല്പിച്ചു. പിന്നീട് പരസ്യജീവിതകാലത്ത് ഈശോ പ്രവർത്തിച്ച ഭൂതോച്ചാടനങ്ങളുടെ മുന്നോടിയാണിത്. 

മതപീഡനം അനുഭവിച്ചിരുന്ന റോമായിലെ സഭയ്ക്കാണ് മർക്കോസ് എഴുതുന്നത്. നീറോ ചക്രവർത്തിയെപ്പോലുള്ള മതപീഡകരെക്കൂടി “വന്യമൃഗങ്ങൾ" എന്ന പ്രയോഗം സൂചിപ്പിക്കുന്നുണ്ട്. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽനിന്നു പിന്മാറാനുള്ള പ്രലോഭനമായിരുന്നു മത പീഡകർ നല്‌കിയിരുന്നത്. ഇങ്ങനെയുള്ള പരീക്ഷണഘട്ടങ്ങളിൽ ഈശോയെപ്പോലെ ദൈവഹിതത്തിനു സമർപ്പിച്ച് വിജയം വരിക്കാനുള്ള ആഹ്വാനമാണ് സുവിശേഷകൻ വിശ്വാസികൾക്കു നല്‌കുന്നത്. 

"ദൈവദൂതന്മാർ അവിടുത്തെ ശുശ്രൂഷിച്ചു" എന്നു രേഖപ്പെടുത്തി മർക്കോസ് പരീക്ഷണത്തെക്കുറിച്ചുള്ള വിവരണം അവസാനിപ്പിക്കുന്നു. തിന്മയുടെ ശക്തികൾക്കെതിരെ പോരാടുവാൻ ദൈവം നല്‌കുന്ന സംരക്ഷണയുടെ പ്രതീകങ്ങളാണ് ദൈവദൂതന്മാർ. സങ്കീർത്തകൻ പറയുന്നു: "നിൻ്റെ വഴികളിൽ നിന്നെ കാത്തുപാലിക്കുവാൻ അവിടുന്നു തൻ്റെ ദൂതന്മാരോടു കല്‌പിക്കും. നിൻ്റെ പാദം കല്ലിന്മേൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും" (സങ്കീ 91,11-13). തിന്മയുടെ ശക്തികളാകുന്ന വന്യമൃഗങ്ങളുടെമേൽ നന്മയുടെ പ്രതികങ്ങളായ ദൈവദൂതന്മാർക്കാണ് ആത്യന്തികവിജയം. 

മറ്റു രണ്ടു സമവീക്ഷണ സുവിശേഷകന്മാരും മർക്കോസിനെ അനുകരിച്ച് ഈശോയുടെ മാമോദീസായ്ക്കു ശേഷമുള്ള മരുഭൂമിപരീക്ഷയെക്കുറിച്ചു വിവരിക്കുന്നുണ്ട് (മത്താ 4,1-11; ലൂക്കാ 4,1-13). മത്തായിയുടെയും ലൂക്കായുടെയും വിവരണങ്ങൾ മർക്കോസിൻ്റേതിനെക്കാൾ വിപുലമാണ്. ഇവരുടെ വിവരണപ്രകാരം, ഈശോ നാല്‌പതു ദിവസം ഉപവസിച്ചതിനുശേഷം വിശന്ന് അവശനായിരിക്കുമ്പോഴാണ് പ്രലോഭകൻ അവിടുത്തെ സമീപിക്കുന്നത്. "നീ ദൈവപുത്രനെങ്കിൽ..." എന്ന വെല്ലുവിളിയോടെയാണ് സാത്താൻ അവിടുത്തെ പരീക്ഷിക്കുന്നത് (മത്താ 4,3.6). ഇവർ രണ്ടുപേരും മൂന്നു പ്രലോഭനങ്ങൾ വീതം രേഖപ്പെടുത്തുന്നുണ്ട്.

കല്ലുകൾ അപ്പമാക്കാനും, ദൈവാലയമുകളിൽ നിന്നു ചാടി ശക്തി പ്രകടിപ്പിക്കാനും, ഈ ലോകത്തിലെ അധികാരവും മഹത്വവും ലഭിക്കാനായി സാത്താനെ ആരാധിക്കാനുമുള്ളതായിരുന്നു ആ മൂന്നു പ്രലോഭനങ്ങൾ. മൂന്നിടത്തും ഈശോ നിയമാവർത്തനപുസ്‌തകത്തിൽ നിന്നുദ്ധരിച്ചുകൊണ്ട് സാത്താന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്നു (നിയമാ 8,3; 6,13; 6,16). ഇസ്രായേൽക്കാർക്ക് മരുഭൂമിയിൽവച്ചുണ്ടായ അനുഭവങ്ങളുടെ വിവരണമാണ് നിയമാവർത്തന പുസ്‌തകത്തിൻ്റെ ഉള്ളടക്കം. ദൈവമക്കളായ ഇസ്രായേൽക്കാർ മരുഭൂമി പരീക്ഷണങ്ങളിൽ പരാജയപ്പെട്ടെങ്കിൽ യഥാർത്ഥ ദൈവപുത്രനായ ഈശോ ദൈവവചനത്തിൻ്റെ ശക്തിയാൽ പരീക്ഷണങ്ങളിന്മേൽ വിജയം വരിക്കുന്നതാണ് നാമിവിടെ കാണുന്നത്. 

തിന്മയുടെയും പാപത്തിൻ്റെയും സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യനോടു താദാത്മ്യപ്പെടാൻ വേണ്ടിയാണ് ഈശോ പ്രലോഭനവിധേയനായത്. ഇതെക്കുറിച്ച് ഹെബ്രായലേഖകൻ ഇപ്രകാരം എഴുതുന്നു: “നമ്മുടെ ബലഹീനതകളിൽ നമ്മോടു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിൻ്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രാ 4,15-16). 

 

III 

ഗലീലിയൻ പ്രവർത്തനങ്ങൾ 

(1,14-8,26) 

ഈശോയുടെ പരസ്യജീവിതത്തിൻ്റെ ആദ്യഘട്ടമായ ഗലീലിയൻ പ്രവർത്തനങ്ങളിൽ മൂന്ന് ഉപവിഭാഗങ്ങൾ കാണാം: ഈശോയും യഹൂദരും (1.14-3,6), ഈശോയും സ്വന്തക്കാരും (3.7-6,6മ), ഈശോയും ശിഷ്യരും (6,60- 8,26). ഓരോ ഉപവിഭാഗത്തിനും പൊതുവായ ഘടനയുണ്ട്. ഓരോന്നും ആരംഭിക്കുന്നത് ഈശോയുടെ പ്രവർത്തനത്തിൻ ഒരു ചുരുക്ക വിവരണത്തോടെയാണ് (a transitional summary statement: 1,14-15; 3,7-b12; 6,6b). മൂന്നിലും തുടർന്നു വരുന്നത് ശിഷ്യത്വത്തെ സംബന്ധിക്കുന്ന വിവരണമാണ് (1,16-20; 3,13-19: 6,7-13). മനുഷ്യരുടെ ഭാഗത്തു നിന്നുള്ള എതിർപ്പിൻ്റെയോ തെറ്റിദ്ധാരണയുടെയോ സൂചനയോടു കൂടിയാണ് മൂന്നു ഭാഗങ്ങളും അവസാനിക്കുന്നത് (3,6; 6,1 -60: 8,11-22). 

സുവിശേഷത്തിൻ്റെ ഈ ഭാഗത്ത് ഈശോയുടെ മിശിഹാത്വത്തിന്റെ രഹസ്യാത്മകവും സാവകാശവുമായ വെളിപ്പെടുത്തലാണ് നാം കാണുന്നത്. ദൈവത്തിൻ്റെ അഭിഷിക്തനെന്ന നിലയിലുള്ള അവിടുത്തെ അധികാരം ശിഷ്യന്മാരെ വിളിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതിലും ആധികാരികമായി പഠിപ്പിക്കുന്നതിലും കൂടെ പ്രകടമാകുന്നു. ഈ വെളിപ്പെടുത്തലുകളോട് ജനം പലവിധത്തിലാണ് പ്രതികരിക്കുന്നത്. ഒരുകൂട്ടർ അത്ഭുതത്തോടും വിസ്‌മയത്തോടും കൂടെ അവിടുത്തെ സ്വീകരിച്ചപ്പോൾ മറ്റൊരു കൂട്ടർ അവിടുത്തെ തെറ്റിദ്ധരിക്കുകയും എതിർക്കുകയും ചെയ്തു. ഈ വിവരണങ്ങളിലെല്ലാം ഈശോയുടെ മിശിഹാത്വത്തെ സംബന്ധിച്ച് ഒരു രഹസ്യാത്മകത നിലനില്ക്കുന്നുണ്ട്.

ദൈവരാജ്യം സമീപിച്ചിരിക്കുന്നു (1,14-15) 

യോഹന്നാൻ ബന്ധനസ്ഥനായശേഷം ഈശോ ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവിടുന്നു പറഞ്ഞു: "സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ" (1,14-15). മിശിഹായ്ക്കു വഴിയൊരുക്കുവാൻ വന്ന സ്‌നാപകയോഹന്നാൻ്റെ ദൗത്യം പൂർത്തിയായപ്പോൾ ഈശോ തൻ്റെ ദൗത്യമാരംഭിച്ചു. പ്രഘോഷിച്ച സന്ദേശത്തെ പ്രതി തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തവനാണ് യോഹന്നാൻ. മിശിഹായ്ക്കു മുമ്പേ പോയവന് സംഭവിച്ചതു തന്നെയാണ് മിശിഹായ്ക്കും സംഭവിക്കാൻ പോകുന്നത് എന്നു സൂചിപ്പിക്കുവാനാണ് ഈശോ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് യോഹന്നാൻ ബന്ധനസ്ഥനായതിനു ശേഷമാണ് എന്നു പറയുന്നത്. 

ഈശോയുടെ ആദ്യകാലപ്രവർത്തനരംഗം ഗലീലിയായിരുന്നു. ഒട്ടുംതന്നെ ചരിത്രപ്രാധാന്യമില്ലാത്ത സ്ഥലമായിരുന്നു ഗലീലി. ഇവിടെ യഹൂദർക്കിടയിൽ വിജാതീയർ പാർത്തിരുന്നതുകൊണ്ട് ഈ സ്ഥലം "വിജാതീയരുടെ നാട്" എന്നാണ് അറിയപ്പെട്ടിരുന്നത് (മത്താ 4,15). ഇവിടമാണ് തന്റെ പ്രവർത്തനമണ്ഡലമായി ഈശോ തിരഞ്ഞെടുത്തത്. അവിടുത്തെ പരസ്യജീവിതത്തിൻ്റെ ഏറിയപങ്കും ഗലീലിയിലായിരുന്നു. പ്രത്യേകം വിളിക്കപ്പെട്ട പന്ത്രണ്ടു ശ്ലീഹന്മാരും ഗലീലിയാക്കാരായിരുന്നു. ഇവിടെ നിന്നുള്ള സ്ത്രീകളാണ് ഈശോയെ വിശ്വസ്‌തതയോടെ അവസാനംവരെ അനുഗമിച്ചത് (15,40-47). അവിടുന്ന് ഉത്ഥാനാനന്തരം ഗലീലിയിൽ ആദ്യം പ്രത്യക്ഷപ്പെടുമെന്നാണ് വാഗ്‌ദാനം ചെയ്തിരുന്നതും (14,28; 16,7). യഹൂദരുടെ രാഷ്ട്രീയ-മത കേന്ദ്രമായിരുന്ന ജറൂസലേമായിരുന്നില്ല ഈശോ തന്റെ സുവിശേഷപ്രഘോഷണത്തിന്റെ ആദ്യരംഗമായി തിരഞ്ഞെടുത്തത്. ഈശോയ്ക്കും അവിടുത്തെ സുവിശേഷത്തിനും വിജാതീയരോടുള്ള പ്രത്യേക ആഭിമുഖ്യം കൂടി വ്യക്തമാക്കുന്നതാണ് ഈശോയുടെ ഗലീലിയിലെ തുടക്കം. ജറൂസലേമും അവിടെനിന്നുള്ളവരും ആരംഭം മുതലേ ഈശോയെ തിരസ്‌കരിക്കുകയാണുണ്ടായത് (3,22; 7,1). ജറുസലേമിൽ വച്ചാണല്ലോ അവിടുത്തേക്ക് സഹനവും മരണവും അനുഭവിക്കേണ്ടിവന്നതും. ഗലീലിക്കാർ ഈശോയോടു ഭാവാത്മകമായി പ്രതികരിച്ചപ്പോൾ ജറൂസലേമിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. 

ഈശോ 'ദൈവത്തിൻ്റെ സുവിശേഷം' പ്രസംഗിച്ചുകൊണ്ടാണ് ഗലീലിയിലേക്കു വന്നത് (1,14). ഈശോയുടെ മനുഷ്യാവതാരവും ദൈവ രാജ്യസന്ദേശവും പിതാവായ ദൈവത്തിൻ്റെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമായിരുന്നു. മനുഷ്യനായി അവതരിച്ച ഈശോമിശിഹായിലൂടെ ദൈവം തന്റെ ജനത്തെ നവീനവും നിർണ്ണായകവുമായ രീതിയിൽ ഭരിക്കുവാൻ ആരംഭിച്ചിരിക്കുന്നു എന്നതാണ് സുവിശേഷം. ഇതുതന്നെയാണ് ദൈവരാജ്യത്തിൻ്റെ കാതലും. "സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ"-ഇതാണ് ഈശോയുടെ പ്രഘോഷണത്തിൻ്റെ സംഗ്രഹം. രണ്ട് പ്രസ്താവനകളും രണ്ട് ആഹ്വാനങ്ങളും ഇതിലുണ്ട്. 

പ്രസ്താവനകൾ:

1. സമയം പൂർത്തിയായി: സമയത്തെ സൂചിപ്പിക്കുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം "കായ്റോസ്" (kairos) ആണ്. ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലിനായി അവിടുന്നു പ്രത്യേകം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന സമയം എന്നാണ് ഈ പദത്തിനർത്ഥം. രക്ഷകനായ മിശിഹായെ കാത്തിരിക്കുന്നതിൻ്റെ ചരിത്രമാണ് പഴയനിയമം മുഴുവൻ വിവരിക്കുന്നത്. ദൈവം വാഗ്ദ‌ാനം ചെയ്‌തതും ജനം പ്രതീക്ഷിച്ചു കാത്തിരുന്നതുമായ ആ സമയം പൂർത്തിയായി എന്നാണ് ഈശോ അറിയിക്കുന്നത്. രക്ഷയുടെ സന്ദേശവുമായി മിശിഹാ ആഗതനായിരിക്കുന്നു എന്നു സൂചന.

2. ദൈവരാജ്യം സമീപിച്ചിരിക്കുന്നു: ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹാ ദാവീദിനെപ്പോലെ ശക്തനായ രാജാവായിരിക്കുമെന്നത് ഇസ്രായേലിന്റെ വിശ്വാസമായിരുന്നു (2 സാമു 7,12-17). ജനത്തിന്റെ സംരക്ഷകനും പരിപാലകനുമായ ദൈവമായ കർത്താവാണ് ഇസ്രായേലിന്റെ യഥാർത്ഥ രാജാവെങ്കിലും (പുറ 15,18; ഏശ 40,10) അവിടുന്ന് തന്റെ 'അഭിഷിക്ത'നിലൂടെ ഭരണം നടത്തുമെന്നായിരുന്നു പ്രതീക്ഷ. ഇപ്രകാരം ദൈവം ഭരണം നടത്തുന്ന സംവിധാനത്തെയാണ് ദൈവരാജ്യം എന്നതുകൊണ്ട് വിവക്ഷിച്ചിരുന്നത്. ദൈവരാജ്യം ജീവന്റെ രാജ്യമാണ്. 

ദൈവം ഭരണം നടത്തുന്നിടത്ത് ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിന്റെ ഫലമായി ജീവൻ്റെ സമൃദ്ധിയുണ്ടാകും. പിതാവായ ദൈവം തന്നിലൂടെ അവിടുത്തെ ജനത്തെ അവരുടെ സകലവിധ ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിച്ച് അവിടുത്തെ സംരക്ഷണയുടെ കീഴിൽ കൊണ്ടു വരാനും ജീവൻ നല്‌കാനും ആരംഭിച്ചിരിക്കുന്നു എന്നാണ് "ദൈവരാജ്യം സമീപിച്ചിരിക്കുന്നു" എന്നു പ്രഘോഷിച്ചപ്പോൾ ഈശോ അർത്ഥമാക്കിയത്. ഈശോയുടെ പരസ്യമായ പ്രത്യക്ഷപ്പെടലിൽ ദൈവികഭരണം ആരംഭിച്ചിട്ടേയുള്ളു എന്നാണ് "സമീപിച്ചിരിക്കുന്നു" എന്നു പറയുന്നതിൻ്റെ അർത്ഥം. ദൈവരാജ്യത്തിൻ്റെ പൂർണ്ണ വെളിപ്പെടുത്തൽ അവിടുത്തെ ഉത്ഥാനത്തിലാണ് സംഭവിക്കുന്നത്. 

ആഹ്വാനങ്ങൾ:

1. അനുതപിക്കുവിൻ: മനുഷ്യവ്യക്തിയുടെ ദൈവത്തിലേക്കുള്ള പൂർണമായ തിരിയലാണ് അനുതാപം. സ്‌നാപകയോഹന്നാൻ ആവശ്യപ്പെട്ടതുപോലെ (1,4) ദൈവത്തിലേയ്ക്കുള്ള വ്യക്തിപരമായ തിരിയലാണ് ഈശോയും പ്രഘോഷിച്ചത്. തിന്മ നിറഞ്ഞ പഴയ ജീവിതരീതികളിൽ നിന്നും മാറി ദൈവഹിതപ്രകാരം ജീവിക്കാനുള്ള ആഹ്വാനമായിരുന്നു അത്.

2. സുവിശേഷത്തിൽ വിശ്വസിക്കുവിൻ: നസ്രായനായ ഈശോ ദൈവപുത്രനും മിശിഹായുമാണെന്നതാണ് സുവിശേഷം (1,1). സുവിശേഷത്തിൽ വിശ്വസിക്കുകയെന്നാൽ അവിടുത്തെ ദൈവവും മിശിഹായുമായി അംഗീകരിക്കുക എന്നർത്ഥം. അവിടുത്തെ ദൈവപുത്രനും മിശിഹായുമായി സ്വീകരിക്കുന്നവർ അവിടുത്തെ പ്രബോധനമനുസരിച്ചു ജീവിക്കും. ഈശോയുടെ പ്രബോധനം മുഴുവന്റെയും സാരസംഗ്രഹം ഈ ആദ്യപ്രഘോഷണത്തിലുണ്ട്. 

 

ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം (1,16-20) 

ഈശോ പ്രഘോഷിച്ച ദൈവരാജ്യസന്ദേശത്തോട് എപ്രകാരമാണ് സാധാരണക്കാരായ മുക്കുവർ പ്രതികരിച്ചത് എന്നാണ് തുടർന്നുവരുന്ന വാക്യങ്ങളിൽ സുവിശേഷകൻ വിവരിക്കുന്നത് (1,16-20). അനുതപിക്കുന്നതിന്റെ ഭാഗമായി പഴയ ജീവിതത്തിൽ നിന്നു പിന്തിരിയുവാനും സുവിശേഷത്തിൽ വിശ്വസിക്കാനുമാണ് ഈശോ ആഹ്വാനം ചെയ്തത്. അവിടുത്തെ ക്ഷണപ്രകാരം പഴയ ജീവിതരീതിയുപേക്ഷിച്ച് സുവിശേഷമായ ഈശോയിൽ വിശ്വസിക്കുന്ന ആദ്യശിഷ്യരെയാണ് നാം ഇവിടെ കണ്ടു മുട്ടുന്നത്. 

ഈശോ ഗലീലിയാ കടൽത്തീരത്തുകൂടെ നടന്നുപോകുമ്പോളാണ് കടലിൽ വല വീശുന്ന ശെമയോനെയും സഹോദരൻ അന്ത്രയോസിനെയും വല നന്നാക്കിക്കൊണ്ടിരിക്കുന്ന സെബദീപുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയും കണ്ടുമുട്ടുന്നത്. ഗലിലീ "കടൽ" എന്നു വിശേഷിപ്പിക്കുന്നെങ്കിലും ഇതൊരു തടാകം മാത്രമാണ്. ഈ തടാകത്തിനടുത്തുതന്നെ താമസിച്ചിരുന്ന ഇവർ നാലുപേരും മീൻപിടിച്ച് ഉപജീവനം കഴിച്ചിരുന്നവരാണ്. സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഈശോയെയാണ് നാം ഇവിടെ കാണുന്നത്. ഈശോയാണ് ഇവിടെ മുൻകൈയെടുക്കുന്നത്. മനുഷ്യാവതാരത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. ദൈവം മനുഷ്യനെത്തേടി അവന്റെ ജീവിതസാഹചര്യത്തിലേക്ക് ഇറങ്ങിവന്നു. 

കണ്ടയുടനെതന്നെ അവിടുന്ന് അവരെ അധികാരപൂർവ്വം വിളിക്കുന്നു. മനുഷ്യജീവിതങ്ങളിന്മേൽ ഈശോയ്ക്കുള്ള ദൈവികമായ അധികാരം വെളിവാകുന്ന രംഗമാണിത്. പഴയനിയമത്തിൽ പ്രത്യേക ദൗത്യനിർവ്വഹണത്തിനായി ദൈവം ചിലരെ വിളിച്ച രീതിയിൽത്തന്നെയാണ് ഈശോ ശിഷ്യന്മാരെയും വിളിക്കുന്നത്. ഉദാഹരണത്തിന്, മോശയെയും (പുറ 3,1-10), ജറെമിയായെയും (ജറെ 1,4-10), എസക്കിയേലിനെയും (എസ 2,1-7) തന്റെ വക്താക്കളാകുവാൻ ദൈവം വിളിക്കുന്ന രംഗങ്ങൾക്കു സദ്യശമാണ് സുവിശേഷത്തിലെ ഈ രംഗവും. ലൂക്കായുടെയും യോഹന്നാന്റെയും സുവിശേഷങ്ങളിൽ നിന്നു വ്യത്യസ്‌തമായി മർക്കോസിന്റെ സുവിശേഷത്തിൽ, വിളിക്കപ്പെടുന്നതിനുമുമ്പ് ശിഷ്യന്മാർക്ക് ഈശോയെ പരിചയമുണ്ടായിരുന്നില്ല (ലൂക്കാ 4,31; 5,11; യോഹ 1,35-42).

“എന്നെ അനുഗമിക്കുവിൻ" എന്ന ആഹ്വാനത്തോടെയാണ് ഈശോ അവരെ വിളിക്കുന്നത്. മുമ്പേ പോകുന്നവനെ മാത്രമേ അനുഗമിക്കുവാൻ സാധിക്കുകയുള്ളു. തടാകക്കരയിലൂടെ നടന്നുനീങ്ങുന്ന ഈശോയാണ് “എന്നെ അനുഗമിക്കുവിൻ" എന്നുപറഞ്ഞ് അവരെ വിളിക്കുന്നത്. ഈശോയുടെ ശിഷ്യനാവുക എന്നാൽ അവിടുത്തെ അനുഗമിക്കുക എന്നർത്ഥം. പിതാവായ ദൈവത്തിൻ്റെ ഹിതത്തിനു സ്വയം സമർപ്പിച്ചുകൊണ്ട് സകല മനുഷ്യരുടെയും രക്ഷയ്ക്കായുള്ള ഒരു യാത്രയായിരുന്നു അവിടുത്തേത്. ഈ യാത്രയുടെ അന്ത്യം ജറുസലേമിലെ സഹനമരണോത്ഥാനങ്ങളിലുമായിരുന്നു. ഈ വഴിയേയാണ് ശിഷ്യൻ ഈശോയെ അനുഗമിക്കേണ്ടത്. 

എന്തു ലക്ഷ്യത്തോടുകൂടിയാണ് ഈശോ അവരെ വിളിക്കുന്നത് എന്നും അവിടുന്നു വ്യക്തമാക്കി: "ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം". മുക്കുവർക്കു മനസ്സിലാകുന്ന ഭാഷയിൽ അവിടുന്ന് അവരോടു സംസാരിക്കുന്നു. മീൻ പിടിച്ചു കഴിഞ്ഞിരുന്ന അവരോട് മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നാണ് അവിടുന്നു പറയുന്നത്. ദൈവരാജ്യത്തിലേക്ക് മനുഷ്യരെ ശേഖരിക്കുക എന്നതാണ് അവർക്കു നല്കപ്പെട്ടിരുന്ന പുതിയ ദൗത്യം. എല്ലാത്തരം മത്സ്യങ്ങളെയും പിടിക്കാൻ കടലിൽ എറിയപ്പെട്ട വലയോട് അവിടുന്നു സ്വർഗരാജ്യത്തെ സാദൃശ്യപ്പെടുത്തുന്നുണ്ടല്ലോ (മത്താ 13,45-48). 

വിളിക്കപ്പെട്ടവർ എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിച്ചു. വലയും വഞ്ചിയും ഉപേക്ഷിച്ചപ്പോൾ ഇതുവരെ പരിചയിച്ച ജോലിയും നേടിയ പ്രാവീണ്യവും ജീവിതമാർഗം തന്നെയും അവർ കൈവെടിയുകയായിരുന്നു. സെബദീപുത്രന്മാർ തങ്ങളുടെ പിതാവിനെയും ജോലിക്കാരെയും വഞ്ചിയിൽ വിട്ടിട്ട് ഈശോയെ അനുഗമിക്കുമ്പോൾ കുടുംബവും സമൂഹവും നല്‌കുന്ന സുരക്ഷിതത്വം ഉപേക്ഷിക്കുകയാണു ചെയ്തത്. കർത്താവിന്റെ മനസ്സു മനസ്സിലാക്കിയുള്ള പ്രതികരണമാണിത്. കാരണം, അവിടുന്നുതന്നെ അരുളിച്ചെയ്‌തിട്ടുണ്ട്: "എന്റെയടുക്കൽ വരികയും അതേസമയം സ്വന്തം പിതാവിനോടും മാതാവിനോടും സഹോദരന്മാരോടും സഹോദരിമാരോടും ഭാര്യയോടും മക്കളോടും സ്വന്തം ജീവനോടുപോലും എന്നോടുള്ളതിനെക്കാൾ കൂടുതൽ സ്നേഹം കാണിക്കുകയും ചെയ്യുന്ന ആർക്കും എൻ്റെ ശിഷ്യനാവുക സാധ്യമല്ല" (മത്താ 10,37; ലൂക്കാ 14,26). ഈ ലോകബന്ധങ്ങളും മാനുഷിക സുരക്ഷിതത്വങ്ങളും ഉപേക്ഷിക്കുന്നവർക്ക് വലിയ പ്രതിഫലവും അവിടുന്നു വാഗ്ദാനം ചെയ്ത‌ിട്ടുണ്ട് (10,28-31). 

ഈശോയെ അനുഗമിക്കുന്നതിൽ തടസ്സമായേക്കാവുന്നതെല്ലാം ഉപേക്ഷിച്ചാൽ മാത്രമേ അവിടുത്തെ ശിഷ്യരാകാൻ സാധിക്കൂ. പ്രതീക്ഷിക്കാത്ത സമയത്തും സ്ഥലസാഹചര്യങ്ങളിലും അവിടുന്നു നമ്മെ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ വിളിക്കുകയും ചെയ്യും. ആ സ്വരം ശ്രവിക്കുവാനും എല്ലാം ഉപേക്ഷിച്ച് അവിടുത്തെ പിന്നാലെ ചെല്ലുവാനും തയ്യാറായാൽ നാമും ദൈവരാജ്യത്തിനവകാശികളാകും. 

എല്ലാവരും ശിഷ്യത്വത്തിലേക്കു വിളിക്കപ്പെട്ടവരാണെങ്കിലും എല്ലാവർക്കും ഒരേരീതിയിലുള്ള വിളി അല്ല ലഭിക്കുന്നത്. ശ്ലീഹന്മാർക്കു ലഭിച്ചതുപോലെ സമ്പൂർണ്ണ സമർപ്പണത്തിലേക്കുള്ള വിളി ലഭിക്കുന്നവർ ഇന്നുമുണ്ട്. അവർ എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിച്ച് സുവിശേഷത്തിനു സാക്ഷ്യം വഹിച്ചു ജീവിക്കേണ്ടവരാണ്. എന്നാൽ എല്ലാവർക്കും ഇത്തരത്തിലുള്ള വിളിയല്ല ലഭിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ജീവിച്ചുകൊണ്ട് അവിടുത്തേക്കു സാക്ഷ്യം നല്‌കാനുള്ള വിളിയ്ക്കും തുല്യപ്രാധാന്യമാണുള്ളത്. ഈ ലോകത്തിലാണെങ്കിലും ഈ ലോകത്തിന്റേതല്ലാതെ, ദൈവഹിതത്തിനും സുവിശേഷമൂല്യങ്ങൾക്കും പ്രഥമസ്ഥാനം നല്‌കിക്കൊണ്ടു ജീവിക്കുമ്പോൾ അവരും ഈശോയുടെ ആഹ്വാനത്തിന് ഉത്തരം നല്‌കുന്നവരാകും. 

 

10 

ഇതെന്ത്, അധികാരത്തോടെയുള്ള പ്രബോധനമോ? (1,21-28)

ഈശോ ഗലീലിയോ കടൽത്തീരത്തുനിന്ന് കഫർണാമിലെത്തി യഹൂദരുടെ സംഘത്തിൽ പഠിപ്പിച്ചു. വിളിയുടെ രംഗത്തിലേതെന്നതുപോലെ ഇവിടെയും അവിടുത്തെ ദൈവികമായ അധികാരമാണ് പ്രകടമായത്. ജനത്തെ പഠിപ്പിച്ചിരുന്ന നിയമജ്ഞരിൽ നിന്നു വ്യത്യസ്‌തനായി അധികാരമുള്ളവനെപ്പോലെ ഈശോ പഠിപ്പിച്ചതുകൊണ്ട് അവർ അവിടുത്തെ പ്രബോധനത്തിൽ വിസ്‌മയിച്ചു. 

അവിടുന്നു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സംഘത്തിലുണ്ടായിരുന്ന, അശുദ്ധാത്മാവു ബാധിച്ച ഒരുവൻ നിലവിളിച്ചു പറഞ്ഞു: "നസ്രായനായ ഈശോയേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിൻ്റെ പരിശുദ്ധൻ" (1,24). നസ്രായനായ ഈശോ പരിശുദ്ധനായ ദൈവത്തിൻ്റെ പുത്രനാണ് എന്നാണ് ആ പിശാചുബാധിതൻ ഏറ്റുപറഞ്ഞത്. പക്ഷേ ഈ ഏറ്റുപറച്ചിലുകൊണ്ടു മാത്രമായില്ല. ഈ അറിവ് യഥാർത്ഥമാണെങ്കിൽ അതിനനുസരിച്ചുള്ള ജീവിതത്തിലൂടെ അതു പ്രകടമാക്കപ്പെടണം. ഇതേക്കുറിച്ചാണ് യാക്കോബ് ശ്ലീഹാ ഇപ്രകാരം എഴുതുന്നത്: "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നതു നല്ല കാര്യം. പിശാചുക്കളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ” (യാക്കോ 2,19). പ്രവൃത്തിപഥത്തിലെത്താത്ത ഈ വിശ്വാസം നിർജ്ജീവമാണ് എന്നു പഠിപ്പിക്കാനാണ് യാക്കോബ് ശ്ലീഹാ ഇപ്രകാരം എഴുതുന്നത്. 

പിശാചിനും അവൻ്റെ കുടിലതന്ത്രങ്ങൾക്കും ഒരു ഭീഷണിയായാണ് ഈശോയുടെ പ്രബോധനത്തെ പിശാചുബാധിതൻ കാണുന്നത്. അതു കൊണ്ടാണവൻ ചോദിക്കുന്നത് “നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നിരിക്കുന്നത്?" എന്ന്. ഈ ചോദ്യം ഒരു പ്രസ്‌താവനയായും മനസ്സിലാക്കാം: ഈശോ പിശാചുക്കളെ നശിപ്പിക്കാനാണ് വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഈശോയുടെ ജീവിതം മുഴുവനും തിന്മയുടെ ശക്തികൾക്കെതിരെയുള്ള ഒരു പോരാട്ടമായിരുന്നു. പരസ്യജീവിതാരംഭത്തിലെ മരുഭൂമി പരീക്ഷ അതാണല്ലോ പ്രതീകാത്മകമായി അവതരിപ്പിച്ചത്. സാത്താന്റെ രാജ്യത്തിന്മേലും ശക്തികളുടെമേലുമുള്ള വിജയത്തിലൂടെയാണ് ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നത്. അധികാരപൂർവമാണ് ഈശോ പിശാചു ബാധിതനോട്, "ശബ്ദിക്കരുത്, അവനെ വിട്ടുപോകൂ" എന്നു കല്‌പിക്കുന്നത്. ഇതു കേട്ടയുടനെ അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് അലറിക്കൊണ്ട് വിട്ടുപോയി. തിന്മയുടെ ശക്തിയിന്മേൽ അവിടുന്നു വരിക്കുന്ന വിജയമാണ് ഉടനടിയുള്ള പ്രതികരണം വ്യക്തമാക്കുന്നത്. 

ഈ അത്ഭുതത്തിനു സാക്ഷികളാകുന്ന ജനക്കൂട്ടത്തിന്റെ പ്രതികരണം ശ്രദ്ധേയമാണ്. എല്ലാവരും വിസ്‌മയിച്ച് അന്യോന്യം ചോദിച്ചു: “ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവൻ അധികാരപൂർവം ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു" (1,27). ഈശോ പ്രവർത്തിച്ച ഈ അത്ഭുതത്തെ “പ്രബോധന"മായാണ് അവർ കണ്ടത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ധാരണ ശരിയായിരുന്നുതാനും. കാരണം, ഈശോ പ്രവർത്തിച്ച അത്ഭുതം അവിടുത്തെ പ്രബോധനത്തിൻ്റെ ഭാഗമാണ്. അവിടുന്നു പ്രഘോഷിച്ച കാര്യങ്ങൾ തന്നെയാണ് അത്ഭുതങ്ങളിലൂടെ സ്ഥിരീകരിച്ചതും. ദൈവരാജ്യം സമാഗതമായിരിക്കുന്നു എന്നതായിരുന്നല്ലോ അവിടുത്തെ പ്രബോധനവിഷയം. അവിടുന്നിൽ ദൈവരാജ്യം സന്നിഹിതമാണ് എന്നതിന്റെ ദൃശ്യ അടയാളമാണ് അവിടുന്നു പ്രവർത്തിച്ച ബാധയൊഴിപ്പിക്കൽ. 

ഈശോ പ്രവർത്തിച്ചതായി മർക്കോസ് രേഖപ്പെടുത്തുന്ന ആദ്യത്തെ അത്ഭുതം ഒരു ഭൂതോച്ചാടനമാണെന്ന വസ്‌തുത പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഇനിയുള്ള അവിടുത്തെ പ്രവർത്തനങ്ങൾ മുഴുവൻ സാത്താനും തിന്മയുടെ ശക്തികൾക്കുമെതിരെയുള്ള സന്ധിയില്ലാസമരമായിരിക്കുമെന്ന സൂചനയാണ് ഇതു നല്‌കുന്നത്. അവിടുന്നു സ്ഥാപിക്കാനാരംഭിച്ച ദൈവരാജ്യത്തിൽ തിന്മയുടെ യാതൊരുവിധ ശക്തികൾക്കും സ്ഥാനമില്ല. 

11 

ശിമയോന്റെ അമ്മായിയമ്മ പനി പിടിച്ചു കിടപ്പിലായിരുന്നു (1,29-33) 

ഈശോ തന്റെ പരസ്യജീവിതത്തിൻ്റെ ആദ്യദിവസം ഒരു പുരുഷനെ പിശാചുബാധയിൽ നിന്നു സ്വതന്ത്രനാക്കി സുഖപ്പെടുത്തിയതിനെത്തുടർന്ന് ഒരു സ്ത്രീക്ക് രോഗത്തിൽ നിന്നു സൗഖ്യം നല്‌കുന്നതാണ് മർക്കോസ് വിവരിക്കുന്നത് (1,29-33). ദൈവം ഭരണം നടത്തുന്നിടത്ത് രോഗത്തിന് സ്ഥാനമില്ലായെന്നുള്ള വസ്‌തുത ഇവിടെ വെളിവാക്കപ്പെടുന്നു. 

ദിവസത്തിന്റെ ആരംഭത്തിൽ ഈശോ വിളിച്ച ശിഷ്യന്മാരിൽ ഒരുവനായ ശെമയോൻ്റെ അമ്മായിയമ്മയ്ക്കാണ് ഈശോയിൽനിന്ന് രോഗശാന്തി ലഭിക്കുന്നതിനു ഭാഗ്യമുണ്ടായത്. സഹോദരന്മാരായ ശെമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലാണ് ആ സംഭവം നടന്നത്. സെബദീ പുത്രന്മാരായ യാക്കോബും യോഹന്നാനും അവരോടുകൂടെയുണ്ടായിരുന്നു. ശെമയോന്റെ അമ്മായിയമ്മ പനി പിടിച്ചു കിടപ്പിലാണെന്ന വിവരം അവർ ഈശോയെ അറിയിച്ചു. അവിടുന്ന് അവളുടെ അടുത്തുചെന്ന് കൈയ്ക്ക് പിടിച്ച് അവളെ എഴുന്നേല്‌പിച്ചു. ഈശോയുടെ പ്രത്യേക മാനുഷിക പരിഗണനയാണ് രോഗിണിയായ സ്ത്രീയെ കൈയ്ക്കു പിടിച്ച് എഴുന്നേല്‌പിക്കുന്നതിലൂടെ വെളിവാകുന്നത്. 

ഈശോ അവളുടെ കൈയ്ക്കു പിടിച്ച് എഴുന്നേല്‌പിച്ച ഉടനെതന്നെ അവളുടെ പനി വിട്ടുമാറുകയും അവൾ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. ഈശോ സൗഖ്യം നല്‌കുന്നത് സമൂഹത്തിലെ മറ്റുള്ള അംഗങ്ങൾക്കു ശുശ്രൂഷ ചെയ്യുവാൻ വേണ്ടിയാണ്. ഈശോമിശിഹായിൽ നിന്നു ലഭിക്കുന്ന രക്ഷാകരമായ ഓരോ ദാനവും നമ്മുടെ സഹോദരീസഹോദരന്മാർക്കു ശുശ്രൂഷ ചെയ്യുവാൻ നമ്മെയും പ്രാപ്‌തരാക്കേണ്ടതാണ്. 

മരിച്ചവരിൽ നിന്നുള്ള ഈശോയുടെ ഉത്ഥാനത്തെ വർണ്ണിക്കുവാൻ പുതിയ നിയമത്തിൽ ഉപയോഗിക്കപ്പെടുന്ന ക്രിയാപദം തന്നെയാണ് (egeiro: മർക്കോ 14,28; 16,6; നടപടി 3,15; 13,37; റോമ 6,4; 1 കൊറി 15,4) ഈശോയുടെ പ്രവൃത്തിയെ സൂചിപ്പിക്കുവാൻ മർക്കോസ് ഇവിടെയും ഉപയോഗിക്കുന്നത്. ഇതു പ്രതീകാത്മകമായ അർത്ഥത്തോടുകൂടിയാണ് എന്നാണ് വിശുദ്ധഗ്രന്ഥ വ്യാഖ്യാതാക്കളുടെ അഭിപ്രായം. തിന്മയുടെ പിടിയിൽ അമർന്നിരുന്ന മനുഷ്യകുലത്തെ ഈശോ കൈപിടിച്ച് ഉയർത്തുന്നതിന്റെ പ്രതീകമാണിത്. 

പരസ്യജീവിതത്തിൻ്റെ ആദ്യദിവസം ഈശോ നടത്തിയ നിരവധി ബാധയൊഴിപ്പിക്കലുകളിലും അവിടുന്നു നല്‌കിയ രോഗശാന്തികളിലും നിന്ന് ഓരോന്നു മാത്രമേ മർക്കോസ് വിശദമായി വിവരിക്കുന്നുള്ളു. മറ്റ് സംഭവങ്ങളെക്കുറിച്ച് പൊതുവായ വിവരണം നല്‌കി അദ്ദേഹം തൃപ്തിയടയുകയാണ്. “അന്നു വൈകുന്നേരം സൂര്യാസ്‌തമയത്തിൽ സകല രോഗികളെയും പിശാചുബാധിതരെയും ജനങ്ങൾ ഈശോയുടെ അടുക്കൽ കൊണ്ടുവന്നു. നഗരവാസികൾ മുഴുവൻ വാതില്ക്കൽ വന്നുകൂടി. വിവിധരോഗങ്ങൾ ബാധിച്ചിരുന്ന വളരെപ്പേരെ അവൻ സുഖപ്പെടുത്തുകയും അനേകം പിശാചുക്കളെ പുറത്താക്കുകയും ചെയ്‌തു" (1,32-33). ഈശോ പ്രഘോഷിച്ച ദൈവരാജ്യസുവിശേഷത്തിൻ്റെ പ്രകടമായ ഫലങ്ങളായിരുന്നു ഈ രോഗശാന്തികൾ. പ്രസംഗിച്ചുകൊണ്ടു മാത്രല്ല, മനുഷ്യരെ അവരുടെ സകല ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിച്ചു കൊണ്ടുകൂടിയാണ് ഈശോ ദൈവരാജ്യം സ്ഥാപിച്ചത്. വാക്കിലും പ്രവൃത്തിയിലും അവിടുന്നു ദൈവരാജ്യത്തിന്റെ സന്ദേശം പ്രഘോഷിക്കുകയായിരുന്നു. ഭൂമിയിലെ ദൈവരാജ്യമായ തിരുസ്സഭയിലെ അംഗങ്ങളായിരിക്കുന്ന നാമും സഹോദരരുടെ സമഗ്രമായ വിമോചനത്തിനുവേണ്ടി പ്രവർത്തിക്കണമെന്നുള്ള ഉത്തര വാദിത്വത്തിലേയ്ക്കാണ് ഇതു വിരൽ ചൂണ്ടുന്നത് (രണ്ടാം വത്തിക്കാൻ കൗൺസിൽ, തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖ, 5). 

 

12 

ഒന്നും സംസാരിക്കാൻ അവൻ അവരെ അനുവദിച്ചില്ല (1,34) 

വി. മർക്കോസിൻ്റെ സുവിശേഷത്തിൽ പലയിടത്ത് ആവർത്തിച്ചു കാണുന്ന ഒരു പ്രത്യേകത ഈശോ അവിടുത്തെ യഥാർത്ഥ സ്വഭാവം അഥവാ വ്യക്തിത്വം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു എന്നതാണ്. ഈ പ്രതിഭാസത്തെ “മിശിഹാരഹസ്യം" (messianic secret) എന്നാണ് സുവിശേഷപഠിതാക്കൾ വിശേഷിപ്പിക്കാറ്. താൻ ദൈവപുത്രനും മിശിഹായുമാണെന്നു ലോകത്തിനു വെളിപ്പെടുത്തുവാനായി അത്ഭുതങ്ങൾ പ്രവർത്തിച്ച അവിടുന്ന് എന്തുകൊണ്ടാണ് അതേസമയം തന്നെ മറഞ്ഞിരിക്കുവാനും ആഗ്രഹിച്ചത്? 

മർക്കോ 1,34 ൽ നമ്മൾ വായിക്കുന്നു: “താൻ ആരാണെന്നു പിശാചുക്കൾക്ക് അറിയാമായിരുന്നതിനാൽ ഒന്നും സംസാരിക്കുവാൻ അവൻ അവരെ അനുവദിച്ചില്ല." പിശാചുക്കൾക്ക് ഈശോ ആരാണ് എന്നറിയാമായിരുന്നുവെന്ന് കഫർണാമിലെ സിനഗോഗിൽവച്ച് തെളിഞ്ഞതാണ്. അവിടെ സംഘത്തിലുണ്ടായിരുന്ന അശുദ്ധാത്മാവു ബാധിച്ചവൻ അവിടുത്തെ "ദൈവത്തിന്റെ പരിശുദ്ധൻ" എന്നാണല്ലോ അഭിസംബോധന ചെയ്തത് (1,24). “ശബ്ദിക്കരുത്" എന്നു പറഞ്ഞ് ഈശോ അവനെ ശകാരിക്കുന്നതിൽ നിന്നുതന്നെ, വെളിപ്പെടുത്തപ്പെടാതിരിക്കാനുള്ള അവിടുത്തെ ആഗ്രഹം വ്യക്തമാണ്. താൻ ദൈവത്തിൻ്റെ പുത്രനാണെന്ന സത്യം പിശാചുബാധിതർക്ക് അറിയാമായിരുന്നത് അവർ വെളിപ്പെടുത്തുവാൻ ഈശോ ആഗ്രഹിച്ചില്ല എന്നു സാരം. വീണ്ടും, മർക്കോ 3,11-12 ൽ നാം ഇപ്രകാരം വായിക്കുന്നു: "അശുദ്ധാത്മാവു ബാധിച്ചിരുന്നവർ അവനെ കാണുമ്പോൾ അവന്റെ മുൻപിൽ വീണ്, 'നീ ദൈവപുത്രനാണ്' എന്നു വിളിച്ചുപറഞ്ഞിരുന്നു. അവനോ എന്നാൽ തന്നെ വെളിപ്പെടുത്തരുതെന്ന് അവരെ കർശനമായി വിലക്കി.” 

അശുദ്ധാത്മാവു ബാധിച്ചിരുന്നവരോടു മാത്രമല്ല, പലവിധ രോഗങ്ങളിൽനിന്നു വിമുക്തി ലഭിച്ചവരോടും തന്നെ പരസ്യപ്പെടുത്തരുതെന്ന് ഈശോ കല്പിക്കുന്നുണ്ട്. ഗലീലിയിൽവച്ച് സൗഖ്യം പ്രാപിച്ച കുഷ്ഠ രോഗിക്കും ഇപ്രകാരമൊരു കല്‌പന അവിടുന്നു നല്‌കി (1,43-44). സംഘ പ്രമാണിയായ ജായ്‌റോസിൻ്റെ പുത്രിയെ പുനർജ്ജീവിപ്പിച്ചശേഷവും ആ വിവരം ആരും അറിയരുതെന്ന് ഈശോ അവരോടു കല്‌പിക്കുന്നതായി വി.മർക്കോസ് രേഖപ്പെടുത്തുന്നു (5,43). ദശഗ്രാമങ്ങളുടെ അതിർത്തിയിലുള്ള ഗലീലിക്കടൽത്തീരത്തുവച്ച് ബധിരനും മൂകനുമായവനെ സുഖപ്പെടുത്തിയശേഷവും ആ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഈശോ ആവശ്യപ്പെടുന്നു (7,36). ബേത്‌സയ്‌ദായിലെ അന്ധനു കാഴ്ച്‌ച നല്കിയശേഷം ഗ്രാമത്തിൽ പ്രവേശിക്കപ്പോലും ചെയ്യരുത് എന്നു പറഞ്ഞാണ് ഈശോ അവനെ തിരികെ അയച്ചത് (8,26). 

എന്തുകൊണ്ടാണ് ഇപ്രകാരം വെളിപ്പെടുത്തപ്പെടുവാൻ ഈശോ ആഗ്രഹിക്കാതിരുന്നത് എന്നു ഗ്രഹിക്കുവാൻ സഹായിക്കുന്ന രണ്ടു സുവിശേഷഭാഗങ്ങളാണ് മർക്കോ 8,27-31 ഉം 9,2-13ഉം. 

  1. മർക്കോ 8,27-31 ൽ വിവരിക്കുന്ന സംഭവം നടക്കുന്നത് ഗലീലിക്കു വടക്കുകിഴക്കുള്ള കേസറിയാ ഫിലിപ്പി പ്രദേശത്താണ്. ഈശോയുടെ പരസ്യജീവിതത്തിൻ്റെ ആദ്യഭാഗം ഗലീലിയിൽ പൂർത്തിയാക്കിയശേഷം അതുവരെയുള്ള തന്റെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ തന്നെക്കുറിച്ച് ശിഷ്യന്മാർ എന്താണ് മനസ്സിലാക്കിയതെന്നറിയുവാൻ അവിടുന്ന് ആഗ്രഹിച്ചു. താൻ ആരാണെന്ന അവിടുത്തെ ചോദ്യത്തിന് മറുപടിയായി ശെമയോൻ പത്രോസ്, അവിടുന്നു മിശിഹായാണെന്ന് പ്രഖ്യാപിച്ചു (8,29). തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് ഈശോ അവരോടു നിഷ്കർഷിച്ചു എന്നാണ് വി.മർക്കോസ് സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് (8,30). തുടർന്നു വരുന്ന വാക്യം ഈ വിലക്കിനുള്ള കാരണത്തിലേയ്ക്കു വെളിച്ചം വീശുന്നതാണ്. "മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും പ്രമാണികളാലും പ്രധാനാചാര്യന്മാരാലും നിയമജ്ഞന്മാരാലും തിരസ്‌കരിക്കപ്പെട്ടു വധിക്കപ്പെടുകയും എന്നാൽ, മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന് അവൻ അവരെ പഠിപ്പിക്കുവാൻ തുടങ്ങി" (8,31). പത്രോസിന്റെ വിശ്വാസപ്രഖ്യാപനം ശരിയാണ്. പക്ഷെ, അതിന് വിശദീകരണം ആവശ്യമാണ്. ആദ്യ പീഡാനുഭവപ്രവചനത്തിലൂടെ ഈ വിശദീകരണമാണ് ഈശോ നൽകുന്നത്. താൻ ദൈവത്തിന്റെ അഭിഷിക്തൻ അഥവാ മിശിഹാ ആകുന്നത് സഹനത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണെന്ന് അവിടുന്നു വ്യക്തമാക്കുന്നു. ഇവ സംഭവിക്കുന്നതിനു മുമ്പ് ലഭിക്കുന്ന മിശിഹായെക്കുറിച്ചുള്ള ചിത്രം അപൂർണമാണ് എന്നാണ് ഇതിന്റെ ധ്വനി. പത്രോസിൻ്റേതുപോലുള്ള വിശ്വാസപ്രഖ്യാപനം അർത്ഥ പൂർണ്ണമാകുന്നത് അവിടുത്തെ സഹനമരണോത്ഥാനങ്ങൾക്കുശേഷം മാത്രമാണ്. 
  1. രണ്ടാമത്തെ രംഗം (9,2-13) ഈശോയുടെ രൂപാന്തരീകരണത്തിന്റേതാണ്. രൂപാന്തരീകരണമലയിൽവച്ച് പത്രോസും യാക്കോബും യോഹന്നാനും കണ്ട കാര്യങ്ങളെക്കുറിച്ച്, മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നുയിർക്കുന്നതുവരെ ആരോടും പറയരുതെന്ന് മലയിൽ നിന്നിറങ്ങിപ്പോരുമ്പോൾ ഈശോ അവരോടു കല്‌പിച്ചു (9,9). ജറുസലേമിൽ പൂർത്തിയാകാനിരുന്ന അവിടുത്തെ സഹനമരണോത്ഥാനങ്ങളിലൂടെ മാത്രമേ അവിടുത്തെ യഥാർത്ഥ മഹത്വം വ്യക്തമാകൂ എന്നവിടുന്നു പഠിപ്പിക്കുകയായിരുന്നു. ഈശോയുടെ യഥാർത്ഥ മഹത്വം ഗ്രഹിക്കാത്ത ജനം അവിടുത്തെ വെറുമൊരു ഭൗമിക വിമോചകൻ മാത്രമായി തെറ്റിദ്ധരിക്കാനിടയുണ്ടായിരുന്നതുകൊണ്ടാണ് തന്റെ സഹനമരണോത്ഥാനങ്ങൾക്കുശേഷം മാത്രമേ തന്നെ വെളിപ്പെടുത്താവൂ എന്നവിടുന്നു കല്‌പിച്ചത്. വെറുമൊരു അത്ഭുത പ്രവർത്തകനോ ഭൗതിക-രാഷ്ട്രീയ വിമോചകനോ മാത്രമായി ഈശോമിശിഹായെ കാണരുത് എന്നു സാരം. 

ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹായാണ് ഈശോയെങ്കിലും ജനം പ്രതീക്ഷിച്ച തരത്തിലുള്ള ഒരു രാഷ്ട്രീയ വിമോചകനായിരുന്നില്ല അവിടുന്ന്. മനുഷ്യകുലം മുഴുവൻ്റെയും സമഗ്രവിമോചകനാണ് അവിടുന്ന് എന്നത് പൂർണമായി വെളിവാക്കപ്പെട്ടത് സഹനമരണോത്ഥാനങ്ങളോടുകൂടിയാണ്. അതുകൊണ്ടാണ് അതിനുമുമ്പ് ദൈവപുത്രനും മിശിഹായുമായി അറിയപ്പെടുവാൻ അവിടുന്ന് ആഗ്രഹിക്കാതിരുന്നത്. 

 

13 

അതിരാവിലെ വിജനസ്ഥലത്തു പ്രാർത്ഥിക്കുന്ന ഈശോ (1,35) 

മനുഷ്യനായവതരിച്ച ഈശോമിശിഹാ പൂർണ്ണ ദൈവമായിരുന്നതു പോലെ പൂർണ്ണ മനുഷ്യനുമായിരുന്നു. അവിടുത്തെ മനുഷ്യത്വം ലോകത്തിനു വെളിപ്പെടുത്തപ്പെട്ട നിമിഷങ്ങളായിരുന്നു പ്രാർത്ഥനയുടേത്. പുത്രനെന്ന നിലയിൽ ഈശോ എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തിനു വിധേയനായിരുന്നു. ഈശോയുടെ ജീവിതം മുഴുവനും പിതാവുമായുള്ള നിരന്തര ബന്ധത്തിലായിരുന്നെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ പിത്യസന്നിധിയിൽ മാത്രം ആയിരിക്കുന്നതിനായി അവിടുന്ന് മറ്റുള്ളവരിൽനിന്നു മാറിനിന്നു. ഇപ്രകാരമുള്ള പ്രാർത്ഥനയുടെ മൂന്നു രംഗങ്ങൾ വി. മർക്കോസ് വിവരിക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് ഒന്നാമത്തെ അദ്ധ്യായത്തിൽ കാണുന്നത് (1,35). മർക്കോ 6,46; 14,32-42 ലുമാണ് മറ്റു രണ്ടു രംഗങ്ങൾ. ഈശോ നമ്മെ പ്രാർത്ഥിക്കുവാൻ ഉപദേശിക്കുക മാത്രമല്ല ചെയ്‌തത്; മാതൃകവഴി പഠിപ്പിക്കുകയും ചെയ്തു. 

ഈശോയുടെ പരസ്യജീവിതം തിരക്കുപിടിച്ചതായിരിക്കുമെന്ന് കഫർണാമിലെ ആദ്യദിവസം തെളിയിച്ചു. അതുകൊണ്ട് അടുത്ത ദിവസം ആരംഭിക്കുന്നതിനു മുമ്പേ അവിടുന്ന് നേരത്തെ ഉണർന്ന് വിജനപ്രദേശത്തു പോയി പിതാവിനോടുള്ള പ്രാർത്ഥനയിൽ ചെലവഴിച്ചു. “പ്രഭാതത്തിൽ എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിൽ എത്തുന്നു" എന്ന സങ്കീർത്തകന്റെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് ഈശോയുടെ ഈ പ്രവൃത്തി (സങ്കീ 88.13). തന്നെക്കുറിച്ചു പിതാവിനുള്ള പദ്ധതി എന്തെന്നു വിവേചിച്ചറിയുവാനും താതഹിതത്തിനു സ്വയം സമർപ്പിക്കുവാനുമുള്ള അവസരമായിരുന്നു ഈശോയെ സംബന്ധിച്ച് പ്രാർത്ഥനയുടെ നിമിഷങ്ങൾ. പിതാവിനോടുള്ള ഈശോയുടെ ബന്ധം അതിൻ്റെ ഊഷ്‌മളതയിൽ പ്രകടമാക്കപ്പെട്ട സന്ദർഭങ്ങളായിരുന്നു അവ. 

ഇതിനുമുമ്പ് ഈശോ വിജനപ്രദേശത്തു കാണപ്പെട്ടത് മരുഭൂമി പരീക്ഷണവേളയിലായിരുന്നു (മർക്കോ 1,12-13). “നീ എന്റെ പ്രിയപുത്രനാണ്" എന്ന പിതാവിൻ്റെ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നല്ലോ പരീക്ഷിക്കപ്പെടുന്നതിനായി അവിടുന്നു മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടത്. മർക്കോ 1,35-ലെ പ്രാർത്ഥനാവേളയിലും ഈ പിതൃപുത്ര ബന്ധം തന്നെയാണ് പ്രകടമാകുന്നത്. ഈയവസരത്തിലും ഈശോ ഒരു പരീക്ഷണം നേരിടുന്നുണ്ട്. ഇവിടെ പ്രലോഭകർ ശെമയോനും കൂടെയുണ്ടായിരുന്നവരുമാണ്. (8,33- ൽ അവിടുന്ന് പത്രോസിനെ "സാത്താൻ” എന്നു വിളിക്കുന്നുണ്ടല്ലോ.) 

പിതാവിനോടുള്ള ഐക്യത്തിൽ നിന്ന് - പിതാവിൻന്റെ ഹിതം നിറവേറ്റുന്നതിൽ നിന്ന് - അവിടുത്തെ പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു പത്രോസും കൂട്ടരും നടത്തിയത്. "എല്ലാവരും നിന്നെ അന്വേഷിക്കുന്നു" (1,37) എന്ന പ്രസ്താവനയിലൂടെ ജനക്കൂട്ടത്തിൻ്റെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ അവർ ഈശോയെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യ ദിവസം ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ട കഫർണാം നിവാസികളാണ് അവിടുത്തെ അന്വേഷിച്ചുവന്നത്. അവരുടെ പ്രതീക്ഷക്കനുസരിച്ചുള്ള ഒരു ഭൗതിക വിമോചകനാണ് ഈശോ എന്നു തെറ്റിദ്ധരിച്ചതു കൊണ്ടാകണം അവർ അവിടുത്തെ തേടിയെത്തിയത്. ഇതിനു സമാനമായൊരു രംഗം വി. യോഹന്നാൻ അറിയിച്ച സുവിശേഷത്തിലുണ്ട് (യോഹ 6,1-15). അപ്പം വർദ്ധിപ്പിക്കലിൽ ആകൃഷ്‌ടരായ ജനക്കൂട്ടം അവിടുത്തെ ബലമായി പിടിച്ചു കൊണ്ടുപോയി രാജാവാക്കാൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിയ ഈശോ ആ സന്ദർഭത്തിലും തനിയെ ഒരു മലയിലേക്കു പിൻമാറുകയാണുണ്ടായത്. 

പ്രാർത്ഥനയിൽ പിതാവിനോടുള്ള സംഭാഷണത്തിൽനിന്ന് ഈശോ എന്താണു നേടിയതെന്നു വ്യക്തമാക്കുന്നതാണ് അവിടുന്ന് ശിഷ്യന്മാരോട് അരുളിച്ചെയ്യുന്ന വചനങ്ങൾ: "അടുത്ത പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും നമുക്കു പോകാം. അവിടെയും ഞാൻ പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണല്ലോ ഞാൻ വന്നിരിക്കുന്നത്" (1,38). തൻ്റെ മനുഷ്യാവതാര ലക്ഷ്യത്തെക്കുറിച്ചുള്ള ബോദ്ധ്യമായിരുന്നു അവിടുന്നു പ്രാർത്ഥനയിലൂടെ ഉറപ്പിച്ചത്. ഏതെങ്കിലും ഒരു പ്രദേശത്തുമാത്രം ഒതുങ്ങിക്കൂടി അവരുടെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞുകൂടാനുള്ളതല്ല തൻ്റെ ജീവിതമെന്ന ബോദ്ധ്യം അവിടുത്തേക്കുണ്ടായിരുന്നു. ദൈവരാജ്യത്തിൻ്റെ സുവിശേഷം സകല ജനപദങ്ങളോടും പ്രഘോഷിക്കുവാനാണ് പിതാവ് തന്നെ ഈ ലോകത്തിലേക്ക് അയച്ചതെന്ന് അവിടുത്തേക്കറിയാമായിരുന്നു. ഈ ബോദ്ധ്യത്തിൽ ഉറയ്ക്കുന്നതിന് പ്രാർത്ഥന അവിടുത്തെ സഹായിച്ചു. 

പ്രാർത്ഥനയോടുകൂടി ദിവസം ആരംഭിക്കുന്ന ഈശോ നമുക്കു മാതൃകയാണ്. പ്രാർത്ഥനയ്ക്കു നാം തിരഞ്ഞെടുക്കുന്ന സ്ഥലവും സമയവും പ്രധാനപ്പെട്ടതാണ്. ദൈവാലയമാണ് പ്രാർത്ഥനയുടെ പ്രധാന സ്ഥലം (ഒരിജൻ, പ്രാർത്ഥന, 31,5). നമ്മുടെ ഭവനങ്ങളിൽ പ്രാർത്ഥനയ്ക്കായി പ്രത്യേക സ്ഥലം ഉണ്ടായിരിക്കുന്നത് ഉചിതമാണ്. നമ്മുടെ മുറിക്കുള്ളിലും നമുക്കു പ്രാർത്ഥിക്കുവാൻ സാധിക്കണം. പ്രഭാതത്തിലെ സമയമാണ് പ്രാർത്ഥനയ്ക്ക് ഏറ്റവും യോജിച്ചത്. റോമിലെ വി. ഹിപ്പോളിറ്റസ് (ക്രി.വ. 170 -235) തന്റെ ശ്ലൈഹികപാരമ്പര്യം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “വിശ്വാസികൾ ഉണരുമ്പോൾ തന്നെ, ജോലിക്കു പുറപ്പെടുംമുമ്പേ, കൈകൾ കഴുകിയശേഷം ദൈവത്തോടു പ്രാർത്ഥിക്കണം" (31,1; 35,1). ഈശോയുടെ മാതൃകയും പാരമ്പര്യവുമനുസരിച്ചാണ് നമ്മുടെ ദൈവാലയങ്ങളിൽ രാവിലെ സഭയുടെ ഔദ്യോഗിക പ്രഭാതപ്രാർത്ഥനയായ സപ്രായും പരി. കുർബാനയും അർപ്പിക്കപ്പെടുന്നത്. ഇവയിൽ സജീവമായി പങ്കെടുക്കുകയാണ് നമ്മെ സംബന്ധിച്ച് ഏറ്റവും കരണീയമായുള്ളത്. അതുവഴി ഓരോ പ്രഭാതത്തിലും അതതു ദിവസം എന്താണ് ദൈവം നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നു കണ്ടെത്താനും തദനുസൃതം ജീവിതം ക്രമീകരിക്കുവാനും നമുക്കു കഴിയും. ദൈവാനുഗ്രഹത്തോടെ ആരംഭിക്കുന്ന സംരംഭങ്ങൾ നിശ്ചയമായും വിജയിക്കും. 

സങ്കീർത്തകനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം: "കർത്താവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ! എൻ്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എൻ്റെ ദൈവമേ, എൻ്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. കർത്താവേ, പ്രഭാതത്തിൽ അങ്ങ് എൻ്റെ പ്രാർത്ഥന കേൾക്കുന്നു; പ്രഭാതബലി ഒരുക്കി ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു" (സങ്കീ 5,1-3). 

 

14 

അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ...(1,40-45) 

കഫർണാമിൽ തുടർന്നു തങ്ങാനുള്ള പ്രലോഭനം അതിജീവിച്ച ഈശോ ഗലീലിയിൽ ചുറ്റിസഞ്ചരിച്ച് യഹൂദസംഘങ്ങളിൽ (സിനഗോഗുകളിൽ) പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഒരു കുഷ്ഠരോഗി ഈശോയിൽ നിന്നു സൗഖ്യം പ്രാപിക്കുന്നതാണ് വി. മർക്കോസ് തുടർന്നു വിവരിക്കുന്നത് (1,40-45). ഈശോയിൽ ദൈവരാജ്യം സമാഗതമായിരിക്കുന്നുവെന്നതിൻ്റെ പ്രകടമായ തെളിവാണ് ഈ രോഗ ശാന്തി. 

യഹൂദസമൂഹം എപ്രകാരമാണ് കുഷ്‌ഠരോഗികളെ കണ്ടിരുന്നത് എന്നു മനസ്സിലാക്കുമ്പോളാണ് ഈ രോഗശാന്തിയുടെ പ്രാധാന്യം നാം ഗ്രഹിക്കുന്നത്. മനുഷ്യശരീരത്തിലെ ത്വക്കിനെ ബാധിക്കുന്ന ഈ രോഗം വണബാധിതമായ ശരീരഭാഗം അറ്റുപോകുന്നതിനുപോലും കാരണമാകാറുണ്ട്. യഹൂദരുടെയിടയിൽ ഒരു ത്വഗ്രോഗം കുഷ്ഠമാണോ എന്നു നിശ്ചയിച്ചിരുന്നത് പുരോഹിതരാണ് (ലേവ്യർ 13,1-46). ശരീരത്തിലുണ്ടാകുന്ന വെള്ളപ്പാണ്ട്, ചിരങ്ങ് തുടങ്ങിയ അസുഖങ്ങളും കുഷ്‌ഠമായാണ് അവർ കരുതിയിരുന്നത്. മറ്റു പല രോഗങ്ങളും പോലെ ഇതും പിശാചുബാധയുടെ ഫലമാണെന്നു കരുതപ്പെട്ടിരുന്നു. യഹൂദനിയമമനുസരിച്ച് കുഷ്ഠ രോഗികൾ അശുദ്ധരായിരുന്നു. അവരുടെ സമീപത്തു വരികയോ സ്‌പർശിക്കുകയോ ചെയ്യുന്നവരും അശുദ്ധരായാണ് പരിഗണിക്കപ്പെട്ടിരുന്നത്. മറ്റുള്ളവർ അശുദ്ധരാകുന്നതിനുള്ള അവസരം ഒഴിവാക്കാനെന്ന കാരണം പറഞ്ഞ് കുഷ്ഠരോഗികളെ സമൂഹത്തിനു വെളിയിൽ പാർപ്പിച്ചിരുന്നു. ഇവർക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവകാശമില്ലായിരുന്നു. ഒരുവൻ കുഷ്ഠരോഗവിമുക്തനായാൽ അവനെ ശുദ്ധനായി പ്രഖ്യാപിച്ചിരുന്നതും പുരോഹിതരാണ്. ശുദ്ധീകരണത്തിനു പ്രത്യേക കാഴ്‌ചകളും ബലികളും അർപ്പിക്കേണ്ടതുണ്ടായിരുന്നു (ലേവ്യർ 14,1-32), ഇപ്രകാരം കുഷ്ഠം നിമിത്തം ക്ലേശിച്ചിരുന്ന ഒരുവനാണ് ഈശോയെ സമീപിച്ചു രോഗശാന്തിക്കായി അപേക്ഷിക്കുന്നത്. ഈശോയുടെ പക്കലെത്തിയ രോഗികളെയെല്ലാം അവിടുന്നു സുഖപ്പെടുത്തുന്നു എന്നു കേട്ടറിഞ്ഞതു കൊണ്ടാകണം നേരിട്ടുവന്ന് തൻ്റെ ദുഃഖമറിയിക്കാൻ അവൻ ധൈര്യം കാണിക്കുന്നത്. 

ഈശോയുടെ ദൈവത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അവൻ മുട്ടുകുത്തിനിന്ന് യാചിക്കുന്നത്. അവിടുത്തെ ദൈവികമായ ശക്തിയിൽ അവനു പൂർണ്ണ വിശ്വാസമാണ്. അതുകൊണ്ടാണവൻ “അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും" എന്നു പറയുന്നത് (1,40). തന്റെ ദൈവികശക്തിയിൽ വിശ്വസിക്കുന്നവനെ താൻ സഹായിക്കും എന്നു വ്യക്തമാക്കുന്നതാണ് അവിടുത്തെ മനസ്സലിവ്. മർക്കോസ് ഇപ്രകാരം എഴുതുന്നു: "ഈശോ മനസ്സലിഞ്ഞ് കൈ നീട്ടി അയാളെ തൊട്ടുകൊണ്ട് അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക" (1,41). കുഷ്‌ഠരോഗിയെ സമീപിക്കുന്നതുപോലും അശുദ്ധിക്കു കാരണമാകും എന്നു കരുതിയിരുന്ന ഒരു സമൂഹത്തിലാണ് അവിടുന്ന് അവനെ സ്പ‌ർശിക്കുന്നത്. ഇത് അവിടുത്തെ മനസ്സലിവിൻ്റെ ഭാഗമായിരുന്നു, സൗഖ്യദായകമായിരുന്നു അവിടുത്തെ സ്‌പർശനവും വചനവും. ഉടനെ കുഷ്‌ഠം അയാളെ വിട്ടുമാറുകയും അയാൾ ശുദ്ധനാവുകയും ചെയ്തു. 

സൗഖ്യം പ്രാപിച്ചവനെ എത്രയും വേഗം സമൂഹത്തിലേക്ക് ഉൾച്ചേർക്കാനാണ് ഈശോ അവനെ പുരോഹിതന്റെ പക്കലേക്ക് ശുദ്ധീകരണത്തിനുള്ള കാഴ്‌ച സമർപ്പിക്കാനായി അയക്കുന്നത്. മോശയുടെ നിയമപ്രകാരം പുരോഹിതനാണല്ലോ കാഴ്‌ച സ്വീകരിച്ച് ബലിയർപ്പിച്ചശേഷം അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കേണ്ടിയിരുന്നത്. സാമൂഹികവും മതപരവുമായ ജീവിതത്തിൽനിന്ന് ഭ്രഷ്‌ട് കല്‌പിച്ച് അകറ്റിനിർത്തപ്പെട്ടിരുന്നവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവിടുന്നു കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്. കുഷ്ഠരോഗിക്കു ശാരീരിക സൗഖ്യം മാത്രമല്ല, സമൂഹത്തിന്റെ അംഗീകാരവും ആവശ്യമാണെന്ന് ഈശോയ്ക്കറിയാം. ശാരീരികവും മാനസികവുമായി വേദനിക്കുന്നവൻ്റെ ദുഃഖത്തിൽ മനസ്സലിയുവാനും കഴിവിനനുസരിച്ചു സഹായിക്കുവാനും തയ്യാറാകുന്നവർക്കേ ദൈവരാജ്യത്തിൻ്റെ യഥാർത്ഥ മക്കളാകുവാൻ സാധിക്കൂ. മനസ്സുണ്ടെങ്കിൽ നമുക്കും സമൂഹത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവും. 

 

15 

ഇവൻ ദൈവദൂഷണം പറയുന്നു (2,1-12) 

കഫർണാം ഈശോയ്ക്കു പ്രിയപ്പെട്ട പട്ടണമാണ്. പരസ്യജീവിതത്തിന്റെ ആദ്യദിവസം അവിടെയായിരുന്നല്ലോ അവിടുന്നു ചെലവഴിച്ചത്. കുറെ ദിവസങ്ങൾക്കുശേഷം അവിടുന്നു വീണ്ടും കഫർണാമിൽ തിരിച്ചെത്തി. അന്ത്രയോസിന്റെയും ശെമയോന്റെയും ഭവനം കേന്ദ്രീകരിച്ചായിരുന്നു അവിടുത്തെ പ്രവർത്തനം. 

അവിടുന്നു വീട്ടിലുണ്ടെന്നു കേട്ടപ്പോൾ വാതില്ക്കൽപോലും നില്ക്കാൻ ഇടയില്ലാത്തവിധം ജനങ്ങൾ അവിടെ തടിച്ചുകൂടി (2,2). തന്നെ ശവിക്കാനെത്തിയവരോടെല്ലാം അവിടുന്നു ദൈവരാജ്യത്തിന്റെ വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. രോഗികളെ സുഖപ്പെടുത്തൽ അവിടുത്തെ സുവിശേഷപ്രഘോഷണത്തിൻ്റെ മുഖ്യഘടകമായിരുന്നു. അവിടുന്നു നല്കിയിരുന്ന രോഗശാന്തികളെക്കുറിച്ചു കേട്ടിരുന്ന നാലുപേർ തളർവാതം ബാധിച്ചിരുന്ന തങ്ങളുടെ സുഹൃത്തിനെ കിടക്കയിൽ എടുത്തുകൊണ്ട് അവിടെ വന്നു. ജനക്കൂട്ടം നിമിത്തം ഈശോയുടെ സമീപത്തെത്തുവാൻ സാധിക്കാതിരുന്നതുകൊണ്ട് അവർ അവിടുന്ന് ഇരുന്നിരുന്ന സ്ഥലത്തിനു മുകളിലുള്ള മേല്ക്കൂര പൊളിച്ച് രോഗിയെ അവിടുത്തെ മുമ്പിലേക്കിറക്കി (2,3-4). തളർവാതരോഗിയുടെ സ്നേഹിതരുടെ അനിതരസാധാരണമായ വിശ്വാസവും നിശ്ചയദാർഢ്യവുമാണ് ഇവിടെ പ്രകാശിതമായത്. ഈശോയുടെ ദൈവികശക്തിയിൽ രോഗിക്കും ഇതേ വിശ്വാസം തന്നെയുണ്ടായിരുന്നുവെന്നനുമാനിക്കാം. 

അവരുടെ ആഴമായ വിശ്വാസം കണ്ട് ഈശോ ആ തളർവാതരോഗിയോട് അരുളിച്ചെയ്‌തു: "എൻ്റെ മകനേ, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (2,5). ദൈവപുത്രനെന്ന നിലയിൽ അവിടുത്തേക്കുള്ള അധികാരമാണ് ഇവിടെ വ്യക്തമാകുന്നത്. യഹൂദചിന്തപ്രകാരം പല രോഗങ്ങൾക്കും കാരണം പാപമാണ്. ഈ വിശ്വാസത്തിൽ ഈശോയും പങ്കുചേർന്നിരുന്നുവെന്നു തോന്നിക്കുന്നവയാണ് അവിടുത്തെ വാക്കുകൾ. ഒരുവന്റെ പാപങ്ങൾ മോചിക്കുന്നതും അവൻ്റെ രോഗം സുഖമാക്കുന്നതും വ്യത്യാസമില്ലാത്ത കാര്യങ്ങളായാണ് അവിടുന്നു കാണുന്നത് (2,9). രണ്ടും ദൈവത്തിന്റെ അധികാരപരിധിയിൽപ്പെടുന്ന കാര്യങ്ങളുമാണ് (സങ്കീ 41,5; 103,3). എന്നാൽ എല്ലാ രോഗങ്ങൾക്കും കാരണം പാപമാണെന്നു ചിന്തിക്കുന്നതു തെറ്റാണെന്നും അവിടുന്നു വേറൊരു സന്ദർഭത്തിൽ പഠിപ്പിക്കുന്നുണ്ട് (യോഹ 9,1-3). പാപത്തിൻ്റെ ബന്ധനത്തിൽ നിന്നുകൂടി വിമുക്തനാകുമ്പോഴാണ് ഒരുവൻ സമഗ്രവിമോചനം പ്രാപിക്കുന്നത്. അപ്പോൾ മാത്രമാണ് അവൻ ജീവൻ്റെ ഉറവിടമായ ദൈവവുമായി സമ്പൂർണ്ണ ഐക്യത്തിലാകുന്നത്. ദൈവരാജ്യസുവിശേഷത്തിൻ്റെ കാതൽ ഇതാണ്. 

പാപമോചനാധികാരം ദൈവത്തിനു മാത്രമുള്ളതാണ് എന്നതു യഹൂദരുടെയും അടിസ്ഥാനവിശ്വാസമാണ് (പുറ 34,7; 1 സാമു 43,25; 44,22; 2 സാമു 12,13). അതുകൊണ്ടാണ് "ഇയാൾ ദൈവദൂഷണം പറയുന്നതെന്ത്? ദൈവത്തിനല്ലാതെ മറ്റാർക്കാണു പാപം ക്ഷമിക്കുവാൻ കഴിയുക?" എന്ന് അവിടെയുണ്ടായിരുന്ന നിയമജ്ഞരും പ്രീശരും ചിന്തിച്ചത് (2,6). ദൈവികാധികാരം ലംഘിക്കുന്നതാണ് ദൈവദൂഷണം. പാപം മോചിക്കാനുള്ള ദൈവത്തിന്റെ അധികാരം അനധികൃതമായി അവകാശപ്പെട്ടുകൊണ്ട് ഈശോ ദൈവദൂഷണം പറയുന്നു എന്നായിരുന്നു അവരുടെ ആരോപണം. മറ്റൊരു ദൈവദൂഷണം ആരോപിച്ചാണല്ലോ അവർ അവിടുത്തെ വധിക്കാനിരിക്കുന്നതും (14,64). അവരുടെ അന്തർഗതംപോലും അവിടുന്നു മനസ്സിലാക്കുന്നു എന്നതിൽനിന്ന് അവിടുത്തെ ദൈവത്വം വ്യക്തമാണ്; കാരണം, ഹൃദയവികാരങ്ങൾ അറിയുന്നവൻ ദൈവം മാത്രമാണ് (1 സാമു 16,7; സങ്കീ 7,10; ജറെ 11,20). ദൈവത്തിനു മാത്രമുള്ള പാപമോചനാധികാരത്തിൽ തനിക്കും പങ്കുണ്ടെന്നു തെളിയിക്കുകവഴി തൻ്റെ ദൈവപുത്രത്വം ഈശോ വെളിവാക്കുകയായിരുന്നു. 

“എഴുന്നേറ്റു കിടക്കയുമെടുത്തു വീട്ടിലേക്കു പോവുക" എന്ന അവിടുത്തെ അധികാരപൂർവകമായ വാക്കുകൾ കേട്ടമാത്രയിൽ തളർവാതരോഗി എഴുന്നേറ്റു കിടക്കയുമെടുത്ത് എല്ലാവരും കാൺകെ പുറത്തേക്കു പോയി. 'നീ നിൻ്റെ രോഗത്തിൽ നിന്നു സൗഖ്യം പ്രാപിക്കുക' എന്നല്ല, 'കിടക്കയുമെടുത്തു വീട്ടിലേക്കു പോകുക' എന്നാണ് അവിടുന്നു പറഞ്ഞത്. ഇതുവരെ അവൻ അനുഭവിച്ചിരുന്ന അടിമത്തത്തിൻ്റെ പ്രതീകമാണ് ആ കിടക്ക. ഭൂതകാല ജീവിതത്തെയും അതിൽനിന്നു മിശിഹാ നല്‌കിയ വിമോചനത്തെയും അവനെ ഇനിയുള്ള കാലമത്രയും ഈ കിടക്ക അനുസ്മരിപ്പിക്കണം. അതുകൊണ്ടാണ് കിടക്കയുമെടുത്തു വീട്ടിലേയ്ക്കു പോകുക എന്ന് അവിടുന്ന് അവനോടു പറഞ്ഞത്. 

ഈ സംഭവം കണ്ടവരെല്ലാം അദ്ഭുതപ്പെടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്‌തു എന്നു സുവിശേഷകൻ എടുത്തു പറയുന്നു (2,12). മറ്റുള്ളവർക്കു ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നതു കാണുമ്പോൾ നമ്മുടെയും പ്രതികരണം ഇത്തരത്തിലുള്ളതായിരിക്കണം. ദൈവത്തിൽനിന്ന് പാപമോചനവും സൗഖ്യവും പ്രാപിക്കുന്ന നാമും ദൈവത്തെ സ്‌തുതിക്കുകയും നന്ദി പറയുകയും ചെയ്യണം. 

മർക്കോസിന്റെ സുവിശേഷത്തിൻ്റെ ആദ്യഭാഗത്ത് വിവരിക്കപ്പെടുന്ന അഞ്ചു സംഘർഷരംഗങ്ങളിൽ (Conflict scenes in Mark 2,1-3,6) ആദ്യത്തേതാണിത്. ഈശോയെ എതിർക്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രീശരും നിയമജ്ഞരും അവിടുത്തെ മനോഭാവത്തെയും പ്രവർത്തന രീതികളെയും വിമർശിക്കുന്ന രംഗങ്ങളാണിവ. ഈശോയുടെ പാപമോചനാധികാരത്തെ ചോദ്യം ചെയ്‌തുകൊണ്ടാരംഭിക്കുന്ന (2,1-12) ഇക്കൂട്ടർ അവിടുന്ന് ചുങ്കക്കാരോടൊപ്പം ഭക്ഷിക്കുന്നതും (2,13-17) അവിടുത്തെ ശിഷ്യർ ഉപവസിക്കാതിരിക്കുന്നതും (2,18-22) സാബത്തിനെ സംബന്ധിച്ചുള്ള യഹൂദാചാരങ്ങൾ പാലിക്കാതിരിക്കുന്നതും (2,23-3,6) നിയമലംഘനമായി കാണുകയും കുറ്റം വിധിക്കുകയും ചെയ്യുന്നു. അവരുടെ എതിർപ്പ് അവിടുത്തേക്കെതിരെയുള്ള ശത്രുതയായി വളർന്നുവരുന്നതാണ് ഈ രംഗങ്ങൾ വിവരിക്കുന്നത്. തുടർന്നുവരുന്ന അദ്ധ്യായങ്ങളിൽ ഈ ഭാഗങ്ങളാണ് നമ്മൾ വിശകലനം ചെയ്യുന്നത്. 

 

16 

ആരോഗ്യമുള്ളവർക്കല്ല... (2,13-17) 

ഈശോ ഗലീലിക്കടൽത്തീരത്തുകൂടെ പഠിപ്പിച്ചുകൊണ്ടു കടന്നു പോകുമ്പോൾ ഹല്‌പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്തിരുന്നു കരം പിരിക്കുന്നതു കണ്ടു (2,13-14). ആദ്യശിഷ്യന്മാരോടു പറഞ്ഞതുപോലെ, അവിടുന്ന് അവനോടും അരുളിച്ചെയ്‌തു: “എന്നെ അനുഗമിക്കുക." ആദ്യ ശിഷ്യന്മാർ പ്രതികരിച്ചതുപോലെ ലേവിയും അവിടുത്തെ അനുഗമിച്ചു. തന്റെ ശിഷ്യനായവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി ഈശോ തന്റെ ശിഷ്യന്മാരുമൊത്ത് അവൻ്റെ വീട്ടിൽ ഭക്ഷണത്തിനു പോയി. അവരോടൊപ്പം അനേകം ചുങ്കക്കാരും പാപികളും വിരുന്നിനിരുന്നു. ഒരു റബ്ബിയായി പരിഗണിക്കപ്പെട്ടിരുന്ന ഈശോ പാപികളും ചുങ്കക്കാരുമായി ഭക്ഷണമേശാ സൗഹൃദം പങ്കിട്ടത് ഫരിസേയർക്ക് ഉൾക്കൊള്ളാവുന്നതിലുപരിയായിരുന്നു. അവർ ശിഷ്യന്മാരോടു ചോദിച്ചു: "എന്തുകൊണ്ടാണ് അവൻ ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്?" (2,16). 

ഈശോയുടെ കാലത്തെ യഹൂദർ, പ്രത്യേകിച്ച് ഫരിസേയർ സമൂഹത്തിലെ ചില വ്യക്തികളെ പാപികളായി മുദ്രകുത്തി അവരുമായുള്ള സകലവിധ സമ്പർക്കവും ഒഴിവാക്കിയിരുന്നു. ദൈവപ്രമാണങ്ങൾ ലംഘിച്ചിരുന്നവരെ മാത്രമല്ല, നികുതി പിരിക്കുന്നവരെയും പാപികളുടെ ഗണത്തിൽപ്പെടുത്തിയിരുന്നു. റോമാക്കാർക്കുവേണ്ടി കരം പിരിച്ചിരുന്ന ചുങ്കക്കാർ പലസ്തീനായിൽ വിജാതീയ റോമൻ ആധിപത്യം തുടരുന്നതിന് സഹായിച്ചിരുന്നതുകൊണ്ടാണ് അവരെ പാപികളായി കരുതിയിരുന്നത്. കൂടാതെ, ഈ തൊഴിൽ സ്വഭാവത്താലെതന്നെ അധാർമ്മികതയ്ക്കും ദ്രവ്യാഗ്രഹത്തിനും വഴിയൊരുക്കുന്നു (ലൂക്കാ 19,1-10) എന്ന വസ്‌തുതയും ഇപ്രകാരമുള്ള ചിന്താരീതിക്കു പിന്നിലുണ്ടായിരുന്നു. 

യഹൂദമതാധികാരികൾ പാപികളും അയിത്തം കല്പിക്കപ്പെട്ടവരുമായി മാറ്റിനിർത്തിയിരുന്നവരുമായി സ്വതന്ത്രമായി ഇടപഴകിക്കൊണ്ട് ഈശോ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ ഇല്ലാതാക്കി. ഇതാണ് അവിടുത്തെ സുവിശേഷത്തിൻ്റെ പ്രത്യേകത. ചുങ്കക്കാരോടും പാപികളോടുമുള്ള പരിഗണനയുടെ ഭാഗമായി അവിടുന്ന് അവരോടൊത്തു ഭക്ഷണം കഴിച്ചു. മാമോദീസാവേളയിൽ ആരംഭിച്ച, പാപികളുമായുള്ള അവിടുത്തെ താദാത്മ്യപ്പെടലിൻ്റെ തുടർച്ചയായിരുന്നു ഇത്. 

പാപികളോടുള്ള സഹവർത്തിത്വം അവരെ അശുദ്ധരാക്കുകയില്ലേ എന്നതായിരുന്നു ഈ ചോദ്യത്തിൻ്റെ ധ്വനി. പാപികളുടെ സ്നേഹിതനായ ഗുരുവിൽനിന്ന് ശിഷ്യന്മാരെ അകറ്റുക എന്ന ലക്ഷ്യവും അവർക്കുണ്ടായിരുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

ചോദ്യം ശിഷ്യന്മാരോടായിരുന്നെങ്കിലും ഉത്തരം നല്‌കുന്നത് ഈശോയാണ്. ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടായിരുന്നു അവിടുന്നുത്തരമരുളിയത്. “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നിരിക്കുന്നത്" (2,17). പാപത്തെ രോഗമായും പാപിയെ രോഗിയായും ഈശോ കാണുന്നു. രോഗിക്കു വൈദ്യനെന്നതുപോലെയാണ് പാപികൾക്കു താനെന്ന് അവിടുന്നു വ്യക്തമാക്കുന്നു. ദൈവികാധികാരമുള്ള വൈദ്യനെന്ന നിലയിൽ അവിടുന്ന് ദൈവിക കാരുണ്യമാകുന്ന ഔഷധംകൊണ്ട് പാപികളെ സുഖപ്പെടുത്തുന്നു. 

ചുങ്കക്കാരോടും പാപികളോടുമൊപ്പം അവിടുന്നു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തതിൻ്റെ മാത്രമല്ല, ലേവിയെപ്പോലുള്ളവരെ ശിഷ്യഗണത്തിൽ സ്വീകരിച്ചതിൻ്റെയും ന്യായീകരണം ഈ ഉത്തരത്തിലുണ്ടായിരുന്നു. മിശിഹായെ അനുഗമിക്കാനുള്ള വിളി ലേവിയെപ്പോലെ സ്വീകരിച്ച് തന്നിൽ വിശ്വസിക്കുന്നവർക്കാണ് ഈശോ സൗഖ്യവും പാപമോചനവും ലഭിക്കുന്നത്. മർക്കോ 2,1-12-ൽ രോഗശാന്തി നല്‌കാനും പാപം മോചിക്കാനും അധികാരമുള്ളവനാണവിടുന്ന് എന്നു വ്യക്തമാക്കിയതാണ്. അനുതാപത്തിനുള്ള അവിടുത്തെ ആഹ്വാനം സ്വീകരിച്ച്, പഴയ ജീവിതരീതി ഉപേക്ഷിക്കുന്നവർക്ക് അവിടുന്നു നല്‌കുന്ന പാപമോചനത്തിൻ്റെ ആഹ്ളാദപൂർവകമായ ആഘോഷമാണ് ഒന്നിച്ചു ഭക്ഷിക്കുന്നതിലൂടെ പ്രകടമായത്. ഏശയ്യാപ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്ന യുഗാന്ത്യവിരുന്നിന്റെ (messianic banquet) ആരംഭം കൂടിയായിരുന്നു അത് (ഏശ 25,6-8; 55,1-7). 

മിശിഹായെയും അവിടുത്തെ പ്രവർത്തനരീതികളെയും തിരസ്‌രിച്ച പ്രീശരും നിയമജ്ഞരും സ്വയം നീതിമാന്മാരെന്നു കരുതിയിരുന്നവരാണ്. ഉള്ളും സത്തയും നഷ്‌ടപ്പെട്ട ബാഹ്യമായ ആചാരാനുഷ്‌ഠാനങ്ങളിൽ കുരുങ്ങിക്കഴിഞ്ഞിരുന്ന അവർക്ക് രക്ഷകനായ ഈശോ നല്‌കുന്ന സൗഖ്യവും പാപമോചനവും ആവശ്യമായിത്തോന്നിയില്ല. തങ്ങൾ ആരോഗ്യമുള്ളവരാണെന്നു ധരിച്ചിരുന്ന അവർ തങ്ങളുടെ ഹൃദയവാതിലുകൾ ഈശോയ്ക്കെതിരെ കൊട്ടിയടച്ചു. ഇവർക്കല്ല, പഴയ ജീവിതശൈലി പൂർണ്ണമായുപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുന്നവർക്കാണ് ഈശോ നല്‌കുന്ന രക്ഷയും സൗഖ്യവും പാപമോചനവും അനുഭവവേദ്യമാകുന്നത്. 

 

17 

പുതിയ വീഞ്ഞ്

പുതിയ തോൽക്കുടങ്ങളിൽ (2,18-22) 

ഉപവാസം യഹൂദമതജീവിതത്തിൻ്റെ ഭാഗമാണ്. ആഴ്ച്‌ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണം ഉപേക്ഷിക്കണമെന്നതായിരുന്നു ഉപവാസനിയമം. പ്രീശർ രണ്ടുപ്രാവശ്യം ഉപവസിച്ചിരുന്നു (ലൂക്കാ 18,12). സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരും ഈ പതിവ് പാലിച്ചുപോന്നു. മിശിഹായുടെ ആഗമനം ത്വരിതപ്പെടുത്തുക എന്നതായിരുന്നു ഈ ഉപവാസത്തിൻ്റെ ലക്ഷ്യം. ഈശോ മിശിഹായുടെ മനുഷ്യാവതാരത്തോടുകൂടി ഈ ലക്ഷ്യം സാധിതമായി. മിശിഹാ വന്നുകഴിഞ്ഞ് അവിടുത്തെ വരവിനായി ഉപവാസം അനുഷ്‌ഠിക്കുന്നതിന് അർത്ഥമില്ലായിരുന്നു. അതുകൊണ്ടാണ് ഈശോയും ശിഷ്യന്മാരും ഉപവസിക്കാതിരുന്നത്. ഇതിനെ സംബന്ധിച്ചുള്ള സംവാദമാണ് മർക്കോ 2,18-22-ൽ. 

ഈശോയുടെ ശിഷ്യർമാത്രം ഉപവസിക്കാതിരിക്കുന്നതിനെപ്പറ്റി ചിലർ അവിടുത്തോട് ആരാഞ്ഞപ്പോൾ അവിടുന്നരുളിച്ചെയ്‌തു: “മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കുവാൻ കഴിയുമോ? ഇല്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും. അപ്പോൾ അവർ ഉപവസിക്കും" (2,19-20). രക്ഷകനായ മിശിഹായുടെ കാലമായ യുഗാന്തത്തെക്കുറിച്ചുള്ള പഴയനിയമചിന്തയുടെ പശ്ചാത്തലത്തിലേ ഈ തിരുവചനങ്ങളുടെ അർത്ഥം ഗ്രഹിക്കാനാവൂ. അവസാനനാളുകളിൽ ദൈവം മിശിഹായിൽ തൻ്റെ ജനത്തെ മണവാട്ടിയായി സ്വീകരിക്കും എന്നതായിരുന്നു പ്രവാചകന്മാരുടെ പ്രബോധനവും ജനത്തിൻ്റെ വിശ്വാസവും (ഏശ 54,48; 61,10; 62,4-5). മിശിഹായും ദൈവജനവും തമ്മിലുള്ള ബന്ധം മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധം പോലെയായിരിക്കും എന്നായിരുന്നു വിശ്വാസം. ജനം പ്രതീക്ഷിച്ചിരുന്ന യുഗാന്തത്തിലെ മിശിഹായോടൊത്തുള്ള വിവാഹവിരുന്നിൻ്റെ കാലമാണ് ഈശോയുടെ ഈശോ കാലം (ഏശ 25,6-8; ജറെ 2,2.24-26; ഹോസ 2,19-20; ആമോസ് 4,13-15). ദീർഘ ദർശികളറിയിച്ചിരുന്ന മണവാളനായ മിശിഹാ താനാണെന്ന് ഈശോ സൂചിപ്പിക്കുന്നു. സ്‌നാപകയോഹന്നാനും ഈശോയെ മണവാളനായി അവതരിപ്പിക്കുന്നുണ്ട് (യോഹ 3,29). പത്തു കന്യകമാരുടെ ഉപമയിലെ മണവാളനും മിശിഹാ തന്നെയാണ് (മത്താ 25,1-13). ആദിമസഭയും അവിടുത്തെ മണവാളനായാണ് ചിത്രീകരിക്കുന്നത് (2 കൊറി 11,2; എഫേ 5,22-23; വെളി 19,7-8). ജനം ഉപവസിച്ചുകാത്തിരുന്ന മിശിഹാ താനാണെന്ന് നസ്രായനായ ഈശോ സൂചിപ്പിക്കുകയാണിവിടെ. 

മണവാളനായ മിശിഹാ കൂടെയുള്ളപ്പോൾ മണവറത്തോഴരായ ശിഷ്യന്മാർക്ക് ഉപവസിക്കാനാവില്ല. കാരണം, അതു വലിയ സന്തോഷത്തിന്റെയും ആഹ്ല‌ാദത്തിന്റെയും അവസരമാണ്. മിശിഹാ ശിഷ്യന്മാരിൽ നിന്നെടുക്കപ്പെടുന്ന കാലം വരുമെന്നും അപ്പോൾ അവർ ഉപവസിക്കു മെന്നുംകൂടി ഈശോ കൂട്ടിച്ചേർത്തു. മരണംവഴി മിശിഹാ ശാരീരികമായി അവരിൽനിന്നകറ്റപ്പെടുന്ന സമയത്തെപ്പറ്റിയും സഭയിൽ പിന്നീടുണ്ടാകു വാനിരുന്ന പുതിയ ഉപവാസക്രമത്തെക്കുറിച്ചുമായിരുന്നു അവിടുന്നു സൂചിപ്പിച്ചത്. 

ഈശോയുടെ പ്രതിരോധികളായിരുന്ന പ്രീശരും നിയമജ്ഞരും പ്രതിനിധാനം ചെയ്‌തിരുന്ന പഴയ സംവിധാനവും മിശിഹായുടെ വരവോടുകൂടി സംജാതമായ പുതിയ സംവിധാനവും തമ്മിലുള്ള വ്യത്യാസം രണ്ടു പഴഞ്ചൊല്ലുകളുടെ സഹായത്തോടെ അവിടുന്ന് വ്യക്തമാക്കുന്നു. "ആരും പഴയ വസ്ത്രത്തോടു പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ, അതിൻ്റെ വലിവു വർദ്ധിച്ച് പുതിയ കഷണം പഴയതിൽനിന്നു കീറിപ്പോകയും കീറൽ വലുതാകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്‌ക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ, വീഞ്ഞു കുടങ്ങൾ പൊട്ടിക്കുകയും വീഞ്ഞും കുടങ്ങളും നഷ്ടമാകയും ചെയ്യും. പുതുവീഞ്ഞ് പുതുകുടങ്ങളിലാണ് നിറയ്‌ക്കേണ്ടത്" (2,21-22). പഴയ വസ്ത്രവും പഴയ തോല്‌ല്ക്കുടവും പഴയനിയമത്തെയും അതിന്റെ ആചാരാനുഷ്‌ഠാനങ്ങളെയും സൂചിപ്പിക്കുന്നു. പുതിയ തുണിക്കഷണവും പുതിയ വീഞ്ഞും ഈശോ ആരംഭിച്ച ദൈവരാജ്യത്തിലെ സംവിധാനങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. പുതിയ വസ്ത്രം പഴയതിനോടും പുതിയ വീഞ്ഞ് പഴയ തോല്ക്കുടത്തോടും ചേരാത്തതുപോലെ, ഈശോയെയും ശിഷ്യന്മാരെയും സംബന്ധിച്ച് പഴയനിയമാചാരങ്ങൾക്കു പഴയ അർത്ഥത്തിൽ പ്രസക്തിയില്ല. ഈശോ പ്രഘോഷിച്ച ദൈവരാജ്യസന്ദേശമായ പുതുവീഞ്ഞിനനുസൃതമായി പുതിയ മനോഭാവങ്ങളും പെരുമാറ്റരീതികളുമാകുന്ന പുതിയ തോല്ക്കുടങ്ങൾ ഉണ്ടാകണം. 

 

18 

സാബത്തു മനുഷ്യനുവേണ്ടി (2,23-27) 

ആഴ്ചയിലെ അവസാനദിവസം ദൈവത്തിനു പ്രത്യേകം പ്രതിഷ്ഠിച്ച് സാബത്തായി ആചരിക്കണമെന്നത് ദൈവം ഇസ്രായേലുമായി ചെയ്ത സീനായ് ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് (പുറ 23, 12; 34,21). ദൈവം സൃഷ്‌ടികർമ്മം പൂർത്തിയാക്കിയശേഷം ഏഴാം ദിവസം തന്റെ പ്രവൃത്തിയിൽ നിന്നു വിരമിച്ച് അതിനെ വിശുദ്ധീകരിച്ചതിനെ അനുസരിച്ചായിരുന്നു ഇസ്രായേൽക്കാർ സാബത്താചരിച്ചിരുന്നത് (ഉത്പ 2,1-3; പുറ 20,8-11). അവർ ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നു വിമോചിതരായി വാഗ്ദത്തഭൂമിയിൽ വിശ്രമം പ്രാപിച്ചതിന്റെ ഓർമ്മയും ഇതിൽ ഉൾച്ചേർന്നിരുന്നു (നിയമ 5,15). സൃഷ്ടപ്രപഞ്ചം മുഴുവൻ പ്രത്യാശയോടെ കാത്തിരിക്കുന്ന അന്ത്യവിശ്രമത്തിൻ്റെ മുന്നോടിയുമാണിത്. സാധാരണ ദിവസങ്ങളിൽ ചെയ്യുന്ന ജോലികളിൽനിന്നു വിട്ടുനില്ക്കുക, സിനഗോഗു ശുശ്രൂഷകളിൽ പങ്കെടുക്കുക തുടങ്ങിയവയാണ് സാബത്താചരണത്തിന്റെ ഭാഗങ്ങൾ. സാബത്തുദിവസം നിഷിദ്ധമായ പ്രവൃത്തികളുടെ നീണ്ട പട്ടികയും യഹൂദർക്കുണ്ട് (പുറ 20,8-11; 23, 12; നിയമ, 5,12-15). 

ഈശോ തന്റെ പരസ്യജീവിതമാരംഭിച്ചത് ഒരു സാബത്തുദിവസമായിരുന്നല്ലോ (1,21). സാബത്തുദിവസം പഠിപ്പിക്കുകയും രോഗശാന്തി നല്‌കുകയും ചെയ്‌ത അവിടുന്ന് (1,27-28; 6,2) സാബത്തിന്റെ യഥാർത്ഥ അർത്ഥവും സാബത്തിനോട് അവിടുത്തേക്കുണ്ടായിരുന്ന ബന്ധവും ആധികാരികമായി വ്യക്തമാക്കി. ഒരു സാബത്തുദിവസം വിളവയലിലൂടെ കടന്നുപോയ ശിഷ്യന്മാർ വിശപ്പുമൂലം ധാന്യക്കതിരുകൾ പറിച്ച് കൈയിലിട്ടു തിരുമ്മി തിന്നുതുടങ്ങി (2,23). ഇതു കണ്ട പ്രീശർ അവരെ കുറ്റപ്പെടുത്തിക്കൊണ്ടു ചോദിച്ചു: "സാബത്തുദിവസം നിഷിദ്ധമായത് ഇവർ ചെയ്യുന്നതെന്ത്?" ധാന്യം കൊയ്യുന്നതും മെതിക്കുന്നതും സാബത്തുദിവസം വിലക്കപ്പെട്ട ജോലികളായിരുന്നു. ശിഷ്യന്മാരുടെ പ്രവൃത്തി ഈ പാരമ്പര്യത്തിന്റെ ലംഘനമായാണ് പ്രീശർ കണ്ടത്. 

പഴയനിയമത്തിലെ ദാവീദിൻ്റെ ജീവിതത്തിൽനിന്ന് ഒരു സംഭവം ഉദ്ധരിച്ചുകൊണ്ട് ഈശോ ശിഷ്യന്മാരുടെ പ്രവൃത്തിയെ ന്യായീകരിച്ചു. അവിടുന്നരുളിച്ചെയ്‌തു: "തനിക്കും കൂടെയുണ്ടായിരുന്നവർക്കും ഭക്ഷിക്കാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ദാവീദ് എന്തു ചെയ്തെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥർ പ്രധാനാചാര്യനായിരിക്കെ, ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കു മാത്രമല്ലാതെ മറ്റാർക്കും ഭക്ഷിച്ചുകൂടാത്ത, കർത്താവിന്റെ മേശയിലെ അപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്‌തില്ലേ?" (2,25-26). 1 സാമു 2,1-6 ലാണ് ഇവിടെ പരാമർശിക്കപ്പെടുന്ന സംഭവം കാണുന്നത്. എന്നാൽ അവിടെ വിവരിക്കപ്പെടുന്ന സംഭവം അബിയാഥറിൻ്റെ പിതാവായ അബി മലക്കിന്റെ കാലത്താണ് നടന്നത്. പുത്രൻ പിതാവിനെക്കാൾ പ്രശസ്തനായിരുന്നതുകൊണ്ടോ ദാവീദുരാജാവിന് അബിയാഥറുമായുണ്ടായിരുന്ന പ്രത്യേക ബന്ധം നിമിത്തമോ ആയിരിക്കാം ഈ പേരുമാറ്റം വന്നത് (1സാമു 22, 20-23; 23,6-11; 2 സാമു 20,25). 

ദൈവാലയത്തിൽ പൊൻമേശയിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടപ്പമാണ് “തിരുസ്സാന്നിദ്ധ്യത്തിൻ്റെ അപ്പം" അഥവാ "കാഴ്‌ചയപ്പം" എന്ന പേരിലറിയപ്പെട്ടിരുന്നത് (ലേവ്യർ 24,5-9). അഹറോനും അവൻ്റെ പുത്രന്മാർക്കും മാത്രമേ ഇതിൽനിന്നു ഭക്ഷിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. ഈ അപ്പമാണ് പ്രധാനാചാര്യൻ്റെ അനുവാദത്തോടെ ദാവീദും അനുചരന്മാരും എടുത്തു ഭക്ഷിച്ചത്. അടിസ്ഥാനാവശ്യമായ വിശപ്പു ശമിപ്പിക്കാനായി അവർ ഇതു ചെയ്ത‌തതുകൊണ്ട് പ്രസ്‌തുത പ്രവൃത്തി തെറ്റായി ഇസ്രായേൽക്കാർ പരിഗണിച്ചിരുന്നില്ല. ദാവീദും കൂട്ടരും ചെയ്‌തതു തെറ്റല്ലെങ്കിൽ ഈശോയുടെ ശിഷ്യന്മാർ ചെയ്‌തത് എങ്ങനെ തെറ്റാകും എന്നതാണ് ഈശോയുടെ ചോദ്യത്തിൻ്റെ ധ്വനി. സാബത്തിൻ്റെയും അധിനാഥനായ അവിടുന്ന് ദാവീദിനെക്കാൾ വലിയവനാണല്ലോ. 

ഈശോ കൂട്ടിച്ചേർത്തു: "സാബത്തു മനുഷ്യനു വേണ്ടിയാണ്. മനുഷ്യൻ സാബത്തിനു വേണ്ടിയല്ല” (2,27). സാബത്തും മറ്റു ദൈവിക നിയമങ്ങളും മനുഷ്യൻ്റെ നന്മയെ ഉദ്ദേശിച്ചുള്ളവയാണ്. സാബത്തിൽ ജോലി ചെയ്യരുതെന്നു ദൈവം നിർദ്ദേശിച്ചതു മനുഷ്യനു വിശ്രമം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു. ദൈവം ഉദ്ദേശിച്ച ഈ ലക്ഷ്യം മറന്നു കൊണ്ടുള്ള നിയമാനുഷ്‌ഠാനത്തിന് അർത്ഥമില്ല എന്നാണവിടുന്നു പഠിപ്പിക്കുന്നത്. 

 

19 

അവനിൽ കുറ്റമാരോപിക്കാൻ (3,1-6) 

യഹൂദർക്ക് ആരാധനയ്ക്കായി ജറൂസലേമിലെ ഏക ദൈവാലയമേ ഉണ്ടായിരുന്നുള്ളു. എന്നാൽ എല്ലാ യഹൂദപട്ടണങ്ങളിലും ഗ്രാമങ്ങളിലും തന്നെ സിനഗോഗുകൾ എന്നറിയപ്പെട്ടിരുന്ന സംഘങ്ങൾ ഉണ്ടായിരുന്നു. സാബത്തുദിവസങ്ങളിൽ ഈ സിനഗോഗുകളിലാണ് യഹൂദർ സമ്മേളിച്ചിരുന്നത്. വി. ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ഒന്നിച്ചു ദൈവത്തെ സ്തുതിക്കുന്നതിനുമുള്ള വേദികളാണ് ഈ സംഘങ്ങൾ. യഹൂദരുടെ വി. ഗ്രന്ഥങ്ങളും മതാചാരങ്ങളും വിജാതീയരുടെയിടയിൽ പ്രചരിക്കുന്നതിന് പലസ്തീനായ്ക്കു വെളിയിലുള്ള സിനഗോഗുകൾ ഏറെ സഹായിച്ചിട്ടുണ്ട്. മർക്കോസിൻ്റെ സുവിശേഷ വിവരണമനുസരിച്ച് ഈശോയുടെ പരസ്യജീവിതത്തിൻ്റെ മുഖ്യപങ്കും ഗലീലിയിലെ സംഘങ്ങളിലായിരുന്നു (1,21.23.39; 3,1; 6,2). ഭക്തനായ ഒരു യഹൂദനെന്ന നിലയിൽ എല്ലാ സാബത്തുകളിലും അവിടുന്നു സിനഗോഗിൽ പോവുകയും ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു (ലൂക്കാ 4,16-30). 

ഗലീലിയിലെ പ്രവർത്തനങ്ങൾക്കിടയിൽ ഒരു സാബത്തു ദിവസം ഈശോ വീണ്ടും കഫർണാമിലെ സംഘത്തിലെത്തി. അവിടെ കൈ ശോഷിച്ച ഒരുവനുണ്ടായിരുന്നു (3,1). പരസ്യജീവിതത്തിൻ്റെ ആദ്യദിവസം ഇതേ സംഘത്തിൽവച്ച് അശുദ്ധാത്മാവു ബാധിച്ച ഒരുവനെ അവിടുന്നു സുഖപ്പെടുത്തിയ സംഭവം പ്രീശരുടെ മനസ്സിലുണ്ടായിരുന്നു (1,21-28). അതു കൊണ്ടാണ് കൈ ശോഷിച്ചവനെ സാബത്തുദിവസം ഈശോ സുഖപ്പെടുത്തുമോ എന്നറിയാൻ അവർ നിരീക്ഷിച്ചുകൊണ്ടിരുന്നത്. സുഖപ്പെടുത്തുകയാണെങ്കിൽ ഈശോയിൽ സാബത്തുലംഘനത്തിൻ്റെ കുറ്റം ആരോപിക്കേണ്ടതിനായാണ് അവർ നോക്കിയിരുന്നത്. യഹൂദപാരമ്പര്യവും പ്രീശരുടെ വീക്ഷണവുമനുസരിച്ച് വൈദ്യവൃത്തിയും ജോലിയാകയാൽ മരണാപകടം ഉണ്ടെങ്കിൽ മാത്രമേ സാബത്തിൽ ചികിത്സിക്കാനോ സുഖപ്പെടുത്താനോ പാടുണ്ടായിരുന്നുള്ളു. കൈ ശോഷിച്ചവൻ മരണാപകടത്തിലായിരുന്നില്ലല്ലോ. അതുകൊണ്ടാണ് സാബത്തിൽ സുഖപ്പെടുത്തിയാൽ ഈശോയിൽ കുറ്റം ആരോപിക്കാമെന്നു പ്രീശർ വിചാരിച്ചത്. 

അവരുടെ ചിന്തഗ്രഹിച്ച അവിടുന്ന് കൈ ശോഷിച്ച മനുഷ്യനോട്, എഴുന്നേറ്റ് മദ്ധ്യത്തിൽ വന്നുനില്ക്കുവാൻ ആവശ്യപ്പെട്ടശേഷം അവരോടു ചോദിച്ചു: “സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു നിയമാനുസൃതം?" (3,4). അതേദിവസംതന്നെ സംഘത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് വിളവയലിലൂടെ കടന്നുപോന്നപ്പോൾ ശിഷ്യന്മാർ ചെയ്‌ത പ്രവൃത്തിയെ ഈശോ ന്യായീകരിച്ചത് പ്രീശന്മാർ മറന്നിട്ടില്ലായിരുന്നു (2,23-27). ജീവൻ രക്ഷിക്കുകയെന്നത് ഒരു നന്മപ്രവൃത്തിയാണെങ്കിൽ അതിനു സമാനമായ നന്മപ്രവൃത്തി ചെയ്യുന്നത് സാബത്തുലംഘനമല്ല എന്ന് അവിടുന്ന് പഠിപ്പിക്കുന്നു. ഈശോയുടെ മനോഭാവം ശരിക്കറിയാമായിരുന്ന പ്രീശർ മിണ്ടാതിരുന്നു. സാബത്തിൽ നന്മ ചെയ്യുന്നതു ദൈവഹിതത്തിനെതിരല്ല എന്ന ഈശോയുടെ പ്രബോധനം ഹൃദയകാഠിന്യം നിമിത്തം പ്രീശർക്കു സ്വീകരിക്കാനായില്ല. ഇത് ഈശോയെ കോപിഷ്ഠനാക്കി. 

സാബത്തിൽ നന്മ ചെയ്യുന്നതും ജീവൻ രക്ഷിക്കുന്നതും ദൈവേഷ്ടത്തിനനുസൃതമാണന്നു പഠിപ്പിക്കാനായി, ഈശോ കൈ ശോഷിച്ചവനോട് കൈ നീട്ടുവാൻ ആവശ്യപ്പെട്ടു. അയാൾ കൈനീട്ടിയ ഉടനെ അതു സുഖപ്പെട്ടു. സാബത്തിൽ എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതു മാത്രമായിരുന്നു പ്രീശരുടെ ചിന്ത. അവരെ സംബന്ധിച്ച് വിലക്കുകളുടെ പട്ടിക മാത്രമായിരുന്നു ദൈവപ്രമാണങ്ങൾ. ഈശോയാകട്ടെ നിയമങ്ങൾക്കു പിന്നിലെ ദൈവഹിതത്തിനു പ്രാധാന്യം നല്‌കി. മനുഷ്യൻ്റെ ആവശ്യമനുസരിച്ച് സാബത്തിൽ പോലും എന്തു നന്മ ചെയ്യാം എന്ന് അവിടുന്ന് അന്വേഷിച്ചു. സാബത്ത് ദൈവമഹത്വത്തിനും മനുഷ്യനന്മക്കുമുള്ളതാണല്ലോ. 

രണ്ടാമദ്ധ്യായത്തിൻ്റെ ആരംഭം മുതൽ മർക്കോസ് വിവരിച്ചുവന്ന പ്രീശരുടെ ശത്രുത ഈ സംഭവത്തോടുകൂടി അതിൻ്റെ ഉന്നതിയിലെത്തി. അവർ ഉടനെ പുറത്തുപോയി ഈശോയെ എങ്ങനെ നശിപ്പിക്കാമെന്ന് ഹേറോദേസ് കക്ഷികളുമായി ആലോചന നടത്തി (3,6). ഗലീലിയിലെ ഭരണാധികാരിയായിരുന്ന ഹേറോദേസ് അന്തിപ്പാസിൻ്റെ രാഷ്ട്രീയ നയങ്ങളെയും റോമൻ ആധിപത്യത്തെയും പിന്താങ്ങിയിരുന്നവരാണ് ഹേറോദേസ് പക്ഷക്കാർ. എന്നാൽ പ്രീശരുടെ നിലപാട് നേരെമറിച്ചാണ്. ഇപ്രകാരം വിപരീതമനോഭാവവും ചിന്താഗതിയും ഉള്ളവർ ഈശോയെ നശിപ്പിക്കാനായി ഒത്തുചേരുന്നതായി വി. മർക്കോസ് കാണിക്കുന്നു. യഹൂദമതനേതാക്കന്മാർ അസൂയ നിമിത്തമാണ് ഈശോയെ നശിപ്പിക്കാനായി രാഷ്ട്രീയാധികാരികളുമായി കൂടിയാലോചിക്കുന്നത്. പരസ്യജീവിതത്തിന്റെ അവസാനം ഈശോയെ വധിക്കാൻ, മതനേതാക്കളും രാഷ്ട്രീയ നേതാക്കന്മാരും ഒന്നിച്ചുചേരുന്നതും നാം കാണും (15,1-15). 

20

അവനെ ഒന്നു തൊടാൻ (3,7-12) 

ഗലീലിയിലും സമീപപ്രദേശങ്ങളിലുമുള്ള ഈശോയുടെ സുവിശേഷപ്രഘോഷണത്തെക്കുറിച്ചുള്ള വിവരണത്തിന്റെ രണ്ടാം ഭാഗം വി. മർക്കോസ് ആരംഭിക്കുന്നത് ഒരു ചുരുക്ക വിവരണത്തോടെയാണ് (3,7 -12: summary statement). മർക്കോ 6,6 വരെ തുടരുന്ന ഈ ഭാഗത്ത് പ്രധാനമായും ശിഷ്യന്മാരുടെ രൂപവത്കരണമാണ് വിവരിക്കപ്പെടുന്നത്. ഈ ശിഷ്യന്മാരാണ്, രക്തബന്ധത്തിൽപ്പെട്ടവരല്ല, ഈശോയുടെ യഥാർത്ഥ കുടുംബാംഗങ്ങളായി ഭവിക്കുന്നത്. 

ജനനേതാക്കന്മാരുടെ എതിർപ്പ് (3,6) ഈശോയുടെ ദൗത്യനിർവ്വഹണത്തിന്റെ കാര്യക്ഷമതയെ ഒട്ടും ബാധിച്ചില്ല. മത-രാഷ്ട്രീയ നേതാക്കന്മാർ അവിടുത്തേയ്‌ക്കെതിരായിരുന്നെങ്കിലും സാധാരണ ജനം അവിടുത്തോടൊപ്പമായിരുന്നു. ഈശോയുടെ അതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ നാനാദിക്കുകളിൽ നിന്നുള്ള ജനക്കൂട്ടം അവിടുത്തെ അനുഗമിച്ചു. യൂദയാ, ജറൂസലേം, ഇദൂമയാ, ജോർദ്ദാൻ്റെ മറുകര എന്നി വിടങ്ങളിൽ നിന്നുമാത്രമല്ല, വിജാതീയരുടെ നാടായ ടയിർ, സീദോൻ പ്രദേശങ്ങളിൽ നിന്നും ആൾക്കാർ ഗലീലി കടൽത്തീരത്ത് അവിടുത്തെപ്പക്കൽ വന്നുകൊണ്ടിരുന്നു. അവിടുന്ന് അനേകം രോഗികളെ സുഖപ്പെടുത്തിയിരുന്നതിനാൽ അവിടുത്തെ ഒന്നു തൊടാൻ ജനങ്ങൾ തിക്കിത്തിരക്കിയിരുന്നു എന്നാണ് സുവിശേഷകൻ എഴുതുന്നത് (3,10). അവിടുത്തെ വസ്ത്രത്തിന്മേലെങ്കിലും സ്‌പർശിച്ചാൽ സുഖം പ്രാപിക്കും എന്നുറച്ചു വിശ്വസിച്ചിരുന്നവരും ഉണ്ടായിരുന്നു. അതിനൊരുദാഹരണം മർക്കോ 5,25 -34 ലുണ്ട്. 

ഈശോ ജായ്റോസിൻ്റെ മരണാസന്നയായ മകളെ സുഖപ്പെടുത്താനായി ആദ്ദേഹത്തിൻ്റെ ഭവനത്തിലേക്കു പോകുമ്പോൾ വലിയൊരു ജനക്കൂട്ടം തിക്കിത്തിരക്കി അവിടുത്തെ അനുഗമിച്ചിരുന്നു. ഒരു രക്തസ്രാവക്കാരിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇങ്ങനെയുള്ളവരെ അശുദ്ധരായാണ് യഹൂദർ കണക്കാക്കിയിരുന്നത് (ലേവ്യർ 15,25). നിയമപ്രകാരം അശുദ്ധയായ തനിക്ക് സമൂഹത്തിൽ പ്രത്യക്ഷപ്പെടാൻപോലും അർഹതയില്ലെന്നറിയാമായിരുന്നിട്ടും ഈശോയിലുള്ള വിശ്വാസമാണ് അവിടുത്തെ സമീപിക്കുവാൻ ആ സ്ത്രീയെ പ്രേരിപ്പിക്കുന്നത്. പന്ത്രണ്ടു വർഷമായി പല വൈദ്യന്മാരും മാറിമാറി ചികിത്സിച്ചെങ്കിലും രോഗസ്ഥിതി കൂടുതൽ വഷളായെന്നും കൈവശമുണ്ടായിരുന്നതെല്ലാം തീർന്നുവെന്നുമല്ലാതെ അവൾക്ക് അതുകൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. ഈശോയെക്കുറിച്ചു കേട്ടറിയുക മാത്രം ചെയ്തിരുന്ന അവൾ, അവിടുത്തെ വസ്ത്രത്തിലെങ്കിലും സപർശിച്ചാൽ സുഖം പ്രാപിക്കും എന്ന വിശ്വാസത്തോടെ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി പിന്നിൽച്ചെന്ന് അവന്റെ വസ്ത്രത്തിൽ തൊട്ടു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾക്കനുഭവപ്പെടുകയും ചെയ്തു. 

എല്ലാമറിയുന്ന ദൈവപുത്രനായ ഈശോ, തന്നിൽനിന്നു ശക്തി പുറപ്പെട്ടുവെന്നും എന്താണു സംഭവിച്ചതെന്നും മനസ്സിലാക്കി ആൾക്കൂട്ടത്തിലേക്കു തിരിഞ്ഞു ചോദിച്ചു: "ആരാണ് എൻ്റെ വസ്ത്രത്തിന്മേൽ സ്പർശിച്ചത്?" (5,30). ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടയിൽ ഈശോയുടെ ഈ ചോദ്യം ശിഷ്യന്മാർക്ക് ഭോഷത്തമായിത്തോന്നി, അതവർ പ്രകടിപ്പിക്കുകയും ചെയ്തു. തനിക്ക് ഒളിഞ്ഞിരിക്കാൻ സാധ്യമല്ല എന്നു ഗ്രഹിച്ച സ്ത്രീ ഭയന്നു വിറച്ച് അവിടുത്തെ മുമ്പിൽ താണുവീണ് സത്യം തുറന്നു പറഞ്ഞു. ഈശോ എപ്രകാരം പ്രതികരിക്കുമെന്ന ഭയമാണ് അവൾക്കുണ്ടായിരുന്നത്. അവളുടെ സകല പ്രതീക്ഷകൾക്കുമപ്പുറത്തായിരുന്നു അവിടുത്തെ പ്രതികരണം. അവിടുന്ന് അവളോട് അരുളിച്ചെയ്തു: “എൻ്റെ മകളേ, നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തിൽ പൊയ്ക്കൊള്ളുക" (5,34). വളരെ സ്നേഹത്തോടെ “മകളേ" എന്നാണ് അവിടുന്ന് അവളെ വിളിക്കുന്നത്. വിശ്വാസം വഴി അവൾ ദൈവമകളായി. ശാരീരിക സൗഖ്യം മാത്രമല്ല, ആന്തരിക സമാധാനവും കൂടി അവൾക്കു ലഭിച്ചു. അവിടുത്തെ ദൈവികശക്തിയിൽ വിശ്വസിച്ചാൽ നാമും ഏതു രോഗത്തിൽനിന്നും രക്ഷപ്പെടും; യഥാർത്ഥ ശാന്തി നമുക്കു ലഭിക്കുകയും ചെയ്യും. വിശ്വാസത്തോടെ നാം അവിടുത്തെ പക്കലണയുമ്പോൾ അവിടന്നു നമുക്കു രക്ഷയും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യും. 

21 

തന്നോടുകൂടെ ആയിരിക്കാനും അയയ്ക്കാനും (3,13-19) 

ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് തന്നെ അനുഗമിക്കാനായി നാലു ശിഷ്യന്മാരെ വിളിച്ചുകൊണ്ടാണല്ലോ (1,16-20). രണ്ടാമത്തെ ദിവസം ലേവിയെയും അവിടുന്നു വിളിച്ചു (2,13-14). പലസ്തീനായുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ ഒരു ജനക്കൂട്ടവും അവിടുത്തെ അനുഗമിച്ചിരുന്നു (3,7-10). ഇപ്രകാരം തന്നെ അനുഗമിച്ചിരുന്നവരിൽനിന്ന് തനിക്കു പ്രിയപ്പെട്ട പന്ത്രണ്ടു പേരെ അവിടുന്നു ശ്ലീഹന്മാരായി തിരഞ്ഞെടുത്തു നിയമിച്ചു. ഈ നിയമനം വളരെ ആഘോഷമായ ഒരു ചടങ്ങായാണ് മർക്കോസ് അവതരിപ്പിക്കുന്നത്. 

ശ്ലീഹന്മാരെ നിയമിക്കുന്നതിനുള്ള ഒരുക്കമായി ഈശോ ഒരു മലയിൽ കയറി (മർക്കോ 3,13). ദൈവസാന്നിദ്ധ്യത്തിൻ്റെ സ്ഥലമാണല്ലോ മലമുകൾ (പുറ 19,20; 1 രാജാ 19,8), തനിക്കിഷ്‌ടപ്പെട്ടവരെ അവിടുത്തെ പക്കലേക്കു വിളിച്ചു. അവിടുത്തെ ഇഷ്ടം മാത്രമാണു ഈ വിളിക്കാധാരം; മാനുഷിക യോഗ്യതകളോ പരിഗണനകളോ ഒന്നുമല്ല. തൻ്റെ അടുത്തേക്കു വിളിച്ചാണ് അവിടുന്ന് അവരെ മാറ്റിനിർത്തിയത്. ഈ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു നിയമിക്കുന്നത് മുഖ്യമായും രണ്ടു ലക്ഷ്യങ്ങളോടെയാണ്.

1. തന്നോടുകൂടെ ആയിരിക്കാൻ. ഈശോയോടു കൂടെ ആയിരുന്നാൽ മാത്രമേ അവിടുത്തെ ദൈവത്വത്തിൻ്റെയും മിശിഹാത്വത്തിന്റെയും ആഴം ഗ്രഹിക്കാനാവൂ. കൂടെ ആയിരിക്കുന്നതിൻ്റെ തോതനുസരിച്ച് അവിടുത്തെക്കുറിച്ചുള്ള അറിവിൻ്റെയും അവിടുത്തോടുള്ള ബന്ധത്തിൻ്റെയും ആഴവും വർദ്ധിക്കും. എത്രമാത്രം ഈശോയോടുകൂടെ ജീവിക്കുന്നുവോ അത്രമാത്രം അവിടുത്തെ ദൗത്യത്തിലും പങ്കുചേരാം. ദൗത്യനിർവ്വഹണത്തിലെ വിജയപരാജയങ്ങൾ അവിടുത്തോടു കൂടെ ആയിരിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

2. അയയ്ക്കാൻ. രണ്ടു പ്രധാന ദൗത്യങ്ങളോടുകൂടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്: ദൈവികഭരണത്തിൻ്റെ സുവിശേഷം പ്രഘോഷിക്കുക, ദൈവിക അധികാരത്തോടെ പിശാചുക്കളെ ബഹിഷ്‌കരിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുക. ഈശോതന്നെയും പിതാവിനാൽ അയക്കപ്പെട്ടത് ഈ രണ്ടു കാര്യങ്ങൾക്കായിട്ടാണ് (1,14 -39; 2,17; 3,1-12). ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രഘോഷിക്കലും പിശാചുബാധിതരെയും രോഗികളെയും സുഖപ്പെടുത്തലുമായിരുന്നു ഈശോയുടെ ജീവിതം മുഴുവനും (1,14-34; 3,1-12). ഇതേ ദൗത്യത്തിൽ ത്തന്നെയാണ് ശ്ലീഹന്മാരെയും അവിടുന്നു പങ്കുചേർക്കുന്നത്. വാക്കുകളിലൂടെ പ്രഘോഷിക്കുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം സൗഖ്യദായകമായ പ്രവൃത്തികളിലൂടെ യാഥാർത്ഥ്യമാക്കാനുള്ള ദൗത്യമാണ് ഈശോ ശ്ലീഹന്മാർക്കു നല്കിയത്. 

ഈശോ പന്ത്രണ്ടുപേരെയാണ് ശ്ലീഹന്മാരായി നിയമിച്ചത്. യാക്കോബിന്റെ മക്കളായ പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും അവരിൽ നിന്നുത്ഭവിച്ച ഇസ്രായേൽജനം മുഴുവനെയും പ്രതിനിധാനം ചെയ്ത‌താണ് പന്ത്രണ്ടുപേരെ അവിടുന്നു തിരഞ്ഞെടുക്കുന്നത്. ഇസ്രായേൽ ജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്യാനായി പന്ത്രണ്ടു പേരെ തിരഞ്ഞെടുക്കുന്ന രീതി പഴയനിയമത്തിലുണ്ടായിരുന്നു (സംഖ്യ 1,1-19.44; 13,1-10; നിയമാ 1,19-28). 

സുവിശേഷ വിവരണത്തിൽ വിളിയുടെ ലക്ഷ്യം ക്രമാനുഗതമായാണ് വെളിപ്പെടുത്തപ്പെടുന്നത്. (3,13-19; 6,713). ശിഷ്യത്വത്തിന്റെ സ്ഥാപക ഉദ്ദേശ്യം മിശിഹായോടുകൂടെ ആയിരിക്കുക എന്നതാണ് (deep personal commitment to Jesus). ഈശോയിൽ വസിക്കുന്നവർക്കേ ഫലം പുറപ്പെടുവിക്കാനാവൂ (യോഹ 15,5). അവിടുത്തെ രക്ഷാകരദൗത്യം തുടരണമെങ്കിൽ ശിഷ്യൻ എപ്പോഴും അവിടുത്തോടുകൂടെ ആയിരിക്കണം. മിശിഹായുടെ ശിഷ്യസമൂഹമായ തിരുസ്സഭയും കർത്താവിനോടു ചേർന്നിരുന്നുകൊണ്ടുവേണം ഇന്നത്തെ ലോകത്തിൽ അവിടുത്തെ ദൗത്യം നിർവ്വഹിക്കുവാൻ. 

ശ്ലീഹന്മാരുടെ പട്ടികയിലെ ആദ്യ പേരുകൾ ഈശോ തന്റെ പരസ്യ ജീവിതത്തിന്റെ ആദ്യദിവസം വിളിച്ച നാലു ശിഷ്യന്മാരുടേതാണ് (1,16-20). ശെമയോൻ, യാക്കോബ്, യോഹന്നാൻ, അന്ത്രയോസ് എന്നിവരാണവർ. ഇവർ നാലു പേരും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു രംഗം പരസ്യജീവിതത്തിന്റെ അവസാനഭാഗത്തുണ്ട് (13,3). ശിഷ്യന്മാർ യുഗാന്ത്യത്തെക്കുറിച്ച് ഈശോയോടു ചോദിക്കുന്നതാണാരംഗം. അന്ത്രയോസ് ഒഴികയുള്ള മൂന്നു പേർ ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കെല്ലാം സാക്ഷ്യം വഹിക്കാൻ അവിടുത്തോടൊപ്പമുണ്ടായിരുന്നു. ഉദാഹരണത്തിന്, സംഘപ്രമാണിയായ ജായ്റോസിൻ്റെ മകൾക്കു പുനർജീവൻ നല്‌കുന്ന അവസരത്തിലും (5,37) രൂപാന്തരീകരണവേളയിലും (9,2) ഗസേമനിയിലെ പ്രാർത്ഥനാവസരത്തിലും (14,33) അവർ ഈശോയോടൊത്തുണ്ടായിരുന്നു. 

നമ്മുടെ കർത്താവിൻ്റെ കൂടെ ആയിരുന്ന ശ്ലീഹന്മാരുടെ മിശിഹാനുഭവം അവർ നമുക്കു പങ്കുവച്ചുനല്‌കിയതുകൊണ്ടാണ് നമുക്കും അവിടുത്തെ അറിയാനും സ്നേഹിക്കാനും അവസരമുണ്ടായത്. അവരെപ്പോലെ മിശിഹായുടെ കൂടെ ആയിരിക്കാനും വാക്കിലും പ്രവൃത്തിയിലും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കാനുമുള്ള വിളിയാണ് ക്രൈസ്‌തവരായ നമുക്കും ലഭിച്ചിരിക്കുന്നത്. 

 

22 

ഈശോയും സ്വന്തക്കാരും (3,20-35) 

വി. യോഹന്നാൻ തൻ്റെ സുവിശേഷത്തിൻ്റെ ആമുഖത്തിൽ ഈശോയ്ക്കുണ്ടായ ജീവിതാനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്: "അവൻ സ്വന്തം ജനങ്ങളുടെ അടുക്കലേക്കു വന്നു എങ്കിലും സ്വകീയർ അവനെ സ്വീകരിച്ചില്ല" (യോഹ 1,11). ഈ യാഥാർത്ഥ്യം തന്നെയാണ് മർക്കോ 3,20-35-ൽ വിവരിക്കുന്നതും. ഈശോയുടെ സ്വന്തക്കാരും സ്വന്തം ജനമായ ഇസ്രായേലിലെ മതനേതാക്കളും എപ്രകാരമാണ് അവിടുത്തോടു പ്രതികരിച്ചതെന്നാണ് ഇവിടെ വർണ്ണിക്കപ്പെടുന്നത്. 

ഈശോയ്ക്കും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്തവിധം അത്ര വലിയ തിരക്കായിരുന്നു. കാരണം, ഈശോയുടെ പ്രബോധനം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി ജനക്കൂട്ടം എപ്പോഴും വന്നുപൊയ്ക്കെ‌ാണ്ടിരുന്നു. ശാരീരിക ഭക്ഷണത്തെക്കാൾ ദൈവഹിതമനുസരിച്ചുള്ള സുവിശേഷപ്രഘോഷണമാണ് ഈശോയ്ക്ക് പ്രധാനമെന്ന് മനസ്സിലാക്കാതിരുന്ന അവിടുത്തെ സ്വന്തക്കാർ, അവിടുത്തേക്കു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ചിന്തിച്ച് അവിടുത്തെ പിടിച്ചുകൊണ്ടുപോകാൻ വരുന്നു (3,20-21). 

ഈശോയുടെ അമ്മയും സഹോദരന്മാരും വെളിയിൽ വന്നുനിന്ന് അവിടുത്തെ തങ്ങളുടെ അടുക്കലേക്കു വിളിക്കാൻ ആളയച്ചു (3,31). മർക്കോസിനെ സംബന്ധിച്ച് ഈശോയുടെ സ്വന്തക്കാർ 'വെളിയിൽ നിൽക്കുന്നത്' അവരുടെ ആന്തരിക മനോഭാവത്തിൻ്റെ പ്രകാശനമാണ്. ഈശോയെയും അവിടുത്തെ പ്രവർത്തനങ്ങളെയും മനസ്സിലാക്കാതിരുന്നതിന്റെ പ്രതീകാത്മകമായ പ്രകടനമായിരുന്നു വെളിയിലുള്ള അവരുടെ നില്പ്. അവരിൽ നിന്നു തികച്ചും വ്യത്യസ്‌തരായി, വീട്ടിനുള്ളിൽ അവിടുത്തെ 'ചുറ്റു മിരുന്ന' ആൾക്കൂട്ടം ഈശോയെയും അവിടുത്തെ ദൗത്യത്തെയും ശരിക്കും മനസ്സിലാക്കിയവരായിരുന്നു. അതുകൊണ്ടാണ് സുവിശേഷകൻ 'വെളിയിൽ നിന്നിരുന്ന' സ്വന്തക്കാരെക്കുറിച്ചു പരാമർശിച്ചതിനുശേഷം തൊട്ടടുത്ത വാക്യത്തിൽ ഈശോയുടെ 'ചുറ്റുമിരുന്ന' ആളുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്: “അവനു ചുറ്റും വളരെയധികം ആളുകൾ ഇരിപ്പുണ്ടായിരുന്നു" (3,32). ഇവർ അവിടുത്തോടു ചേർന്നു നിന്ന് ദൈവവചനം ശ്രവിക്കുന്നവരാണ്. സ്വന്തക്കാർ അകത്തു പ്രവേശിച്ച് അവിടുത്തെ ശ്രവിച്ചില്ല എന്നു മാത്രമല്ല, അവിടുത്തേക്കു സുബോധം നഷ്‌ടപ്പെട്ടിരിക്കുന്നു എന്ന് പറയുകയും ചെയ്തിരുന്നു. 

തൻ്റെ അമ്മയും സഹോദരന്മാരും തന്നെ അന്വേഷിച്ചു പുറത്തു നില്ക്കുന്നു എന്നറിഞ്ഞപ്പോൾ ഈശോ ചോദിച്ചു: "ആരാണ് എന്റെ അമ്മയും സഹോദരന്മാരും?" (3,33). അനന്തരം അവിടുന്നു തനിക്കു ചുറ്റുമിരുന്ന ശ്ലീഹന്മാരെയും ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും നോക്കി അരുളിച്ചെയ്തു: “ഇതാ, എൻ്റെ അമ്മയും സഹോദരന്മാരും. എന്തെന്നാൽ, ദൈവഹിതം നിറവേറ്റുന്നവനാരോ അവനാണ് എൻ്റെ സഹോദരനും എന്റെ സഹോദരിയും എൻ്റെ അമ്മയും" (3,35). ഈശോയെ തെറ്റിദ്ധരിച്ച് പുറത്തു നിന്നിരുന്ന രക്തബന്ധുക്കളായിരുന്നില്ല, മറിച്ച്, അവിടുന്നു വെളിപ്പെടുത്തിയ ദൈവഹിതം ശ്രവിച്ച്, അതനുസരിച്ച് ജീവിക്കാനുറച്ച് അവിടുത്തോടു ചേർന്നുനിന്നിരുന്നവരാണ് യഥാർത്ഥത്തിൽ അവിടുത്തെ കുടുംബാംഗങ്ങൾ. രക്തബന്ധത്തിൻ്റെ അടിസ്ഥാനത്തിലുള്ളതല്ല ഈശോ രൂപം നൽകുന്ന പുതിയ കുടുംബം. സ്വന്തം സഹോദരങ്ങൾ പോലും ഈശോയിൽ വിശ്വസിച്ചിരുന്നില്ല എന്നതു മറ്റു സുവിശേഷകന്മാരും രേഖപ്പെടുത്തുന്ന യാഥാർത്ഥ്യമാണ് (യോഹ 7,5). എന്നാൽ, പരിശുദ്ധ അമ്മ അക്കൂട്ടത്തിൽപ്പെടാൻ സാധ്യതയില്ല. മറ്റു സുവിശേഷകന്മാരെല്ലാം പരിശുദ്ധകന്യകാമറിയത്തെ ഈശോയിൽ വിശ്വസിക്കുന്നവരുടെ മാതൃകയായാണ് അവതരിപ്പിക്കുന്നത് (മത്താ 2; ലൂക്കാ 1-2; യോഹ 19,25-27). 

മനുഷ്യനായവതരിച്ച ഈശോ മനുഷ്യരായ നമ്മെക്കുറിച്ചു പിതാവായ ദൈവത്തിനുള്ള ഹിതം വെളിപ്പെടുത്തി. തൻ്റെ പ്രഘോഷണംവഴി ആ ഹിതമനുസരിച്ചു ജീവിക്കുന്നവരുടെ ഒരു സമൂഹത്തിന് - ഒരു കുടുംബത്തിന് - അവിടുന്നു രൂപം നല്‌കുകയും ചെയ്‌തു. ദൈവപുത്രനായ ഈശോയുടെ കുടുംബാംഗങ്ങളാകുന്നതിന് ഒന്നേ ചെയ്യേണ്ടതുള്ളൂ: അവിടുത്തോടുകൂടെ ആയിരുന്ന് ദൈവഹിതം നിറവേറ്റി ജീവിക്കുക. 

 

23 

പരിശുദ്ധാത്മാവിനെതിരായ 

ദൂഷണം (3,22-30) 

സ്വന്തക്കാരിൽനിന്നും സ്വന്തം സമൂഹത്തിൽനിന്നും ശക്തമായ എതിർപ്പാണ് ഈശോയ്ക്കു നേരിടേണ്ടിയിരുന്നത്. എന്നാൽ, ജറുസലേമിൽ നിന്നുവന്ന നിയമജ്ഞരുടെ ആരോപണം 'അവിടുത്തേക്കു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു' എന്നു പറഞ്ഞിരുന്ന സ്വന്തക്കാരുടേതിനെക്കാൾ ഒരു പടികൂടി കടന്നതായിരുന്നു. അവർ പറഞ്ഞു: "ഇയാളെ ബേൽസൗൽ ബാധിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് ഇയാൾ പിശാചുക്കളെ പുറത്താക്കുന്നത്" (3,22). ഈശോയുടെ വ്യക്തിത്വത്തെയാണ് സ്വന്തക്കാർ ആക്രമിച്ചതെങ്കിൽ, അവിടുത്തെ ദൈവികാധികാരത്തെപ്പറ്റിയാണ് യഹൂദമതനേതൃത്വം ദൂഷണം പറഞ്ഞത്. ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനത്തിൽ ജറൂസലേമിൽവച്ചും ഇക്കൂട്ടർ അവിടുത്തെ അധികാരം ചോദ്യം ചെയ്യുന്നുണ്ട് (11,27-33). തങ്ങൾ വ്യാഖ്യാനിച്ചു നല്കിയിരുന്നതിൽ നിന്നു വ്യത്യസ്‌തമായി ഈശോ യഥാർത്ഥ ദൈവഹിതം വെളിപ്പെടുത്തിക്കൊടുത്തിരുന്നത് പ്രീശർക്കും നിയമജ്ഞർക്കും അംഗീകരിക്കാനായില്ല. അതുകൊണ്ടാണ് അവിടുത്തെ അധികാരം പിശാചിൽനിന്നുള്ളതാണ് എന്നു സ്ഥാപിക്കാൻ അവർ തത്രപ്പെട്ടത്. 

നിയമജ്ഞരുടെ ആരോപണത്തിന് ഈശോ മറുപടി നല്കിയത് ഉപമകളിലൂടെയായിരുന്നു (3,23-26). പിശാചിൻ്റെ തലവനെക്കൊണ്ടാണ് അവിടുന്നു പിശാചുക്കളെ പുറത്താക്കുന്നത് എന്ന ആരോപണം യുക്തിക്കു നിരക്കുന്നതല്ല എന്ന് ഈ ഉപമകളിലൂടെ അവിടുന്ന് കാണിക്കുന്നു. അന്തശ്ഛിദ്രമുള്ള രാജ്യവും ഭവനവും നശിക്കുമെന്നു മനസ്സിലാക്കാൻ അസാധാരണ ബുദ്ധിയുടെ ആവശ്യമില്ല. അതുപോലെ, സാത്താൻതന്നെ സാത്താനെതിരെ പ്രവർത്തിച്ചാൽ അവൻ്റെ നിലനില്‌പ് അപകടത്തിലാകുമെന്നതുകൊണ്ട് അവന്റെ സഹായം ഈശോയ്ക്ക് ലഭിക്കും എന്നു ചിന്തിക്കുന്നതുതന്നെ മൗഢ്യമാണെന്ന് അവിടുന്നു പഠിപ്പിക്കുന്നു. അതു കൊണ്ട് അവരുടെ ആരോപണത്തിൽ കഴമ്പില്ല എന്നു സാരം.

അശുദ്ധാത്മാവു ബാധിച്ചവരെ സുഖപ്പെടുത്തുമ്പോൾ എന്താണു താൻ ചെയ്യുന്നതെന്നു വ്യക്തമാക്കാനായി മറ്റൊരുപമ അവിടുന്ന് അരുളിച്ചെയ്തു (3,27). "ശക്തനായ ഒരുവൻ്റെ വീട്ടിൽ പ്രവേശിച്ചു വസ്‌തുവകകൾ കൊള്ളചെയ്യുക എളുപ്പമല്ല. എന്നാൽ, ആദ്യമേ ശക്തനെ ബന്ധിച്ചാൽ, പിന്നെ കവർച്ച ചെയ്യാം." ഇവിടെ ശക്തനായവൻ പിശാചാണ്. മനുഷ്യ കുലത്തെ പാപത്തിൻ്റെ പിടിയിൽ നിർത്തുകവഴി ഈ ശക്തിയാണല്ലോ അവൻ പ്രകടമാക്കിയത്. സാത്താൻ്റെ പിടിയിലായിരുന്ന മനുഷ്യവർഗമാകുന്ന ഈ ഭവനത്തെയായിരുന്നു ഈശോയ്ക്കു സ്വതന്ത്രമാക്കേണ്ടിയിരുന്നത്. ഇതു സാധിക്കണമെങ്കിൽ ശക്തനായവനെ, അതായത് സാത്താനെ ആദ്യമേതന്നെ ബന്ധിക്കേണ്ടതുണ്ടായിരുന്നു. ഈ ബന്ധിക്കലാണ് പിശാചിനെ ഒഴിപ്പിക്കലിലൂടെ അവിടുന്നു ചെയ്തത്‌ (1,21-28.29-31.32-34.40-45; 2,1-12; 3,1-6.7-12). കൂടുതൽ ശക്തനായവനു മാത്രമേ ശക്തനെ ബന്ധിക്കാനാവൂ. “കൂടുതൽ ശക്തനായവൻ" എന്നാണല്ലോ സ്‌നാപകയോഹന്നാൻ തന്റെ പിന്നാലെ വരാനിരുന്ന ഈശോയെ വിശേഷിപ്പിച്ചത് (1,7-8). വരാനിരിക്കുന്നവന്റെ ശക്തി എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് ഈശോയ്ക്ക് പരിശുദ്ധാത്മാവുമായുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ട് യോഹന്നാൻ സൂചിപ്പിക്കുകയും ചെയ്തു. 

തനിക്ക് അശുദ്ധാത്മാവ് ബാധിച്ചിരിക്കുന്നു, അഥവാ സാത്താനെ ഉപയോഗിച്ചാണു താൻ പിശാചുക്കളെ പുറത്താക്കുന്നത് എന്നു പറയുന്നത് എത്രയോ വലിയ പാപമാണെന്നും അവിടുന്ന് അവരെ ബോദ്ധ്യപ്പെടുത്തി. ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്ന താൻ പിശാചുക്കളുടെ തലവനെക്കൊണ്ടാണു അവയെ പുറത്താക്കുന്നതെന്നു പറയുന്നത് പരിശുദ്ധാത്മാവിനുതന്നെ എതിരെയുള്ള ദുഷണമാണെന്ന് ഈശോ പഠിപ്പിക്കുന്നു. ഈശോയുടെ ദൈവത്വം തിരസ്‌കരിക്കുന്നതിനു തുല്യമാണിത്. അവിടുത്തെ ദൈവത്വം നിരസിക്കുന്നവർ ഈശോയിലുള്ള വിശ്വാസംവഴി ലഭ്യമാകുന്ന പാപമോചനം പ്രാപിക്കുന്നതിനുള്ള സാധ്യത കൊട്ടിയടയ്ക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടാണ് ഈശോ ഇപ്രകാരം അരുളിച്ചെയ്‌തത്: "മനുഷ്യരുടെ സകല പാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോട് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. അവൻ നിത്യശിക്ഷയ്ക്ക് അർഹനാകുന്നു" (3,28-30). ഈശോയിൽ പ്രവർത്തനനിരതമായിരുന്ന പരിശുദ്ധാത്മാവിൻ്റെ സാന്നിദ്ധ്യം തള്ളിപ്പറഞ്ഞിരുന്നവർക്ക് അവിടുന്നു നല്‌കിയ അനുഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പാപമോചനം പ്രാപിക്കാനാവില്ല എന്നാണ് ഈ വാക്കുകളുടെ അർത്ഥം. അതാണല്ലൊ പ്രീശർക്കും നിയമജ്ഞർക്കും സംഭവിച്ച അപകടവും. 

ഈശോ പ്രവർത്തിച്ച ബാധയൊഴിപ്പിക്കലുകൾ അശുദ്ധാത്മാവിന്റെ ശക്തികളുടെമേൽ അവിടുന്നു നേടിയ ആത്യന്തിക വിജയത്തിന്റെ അടയാളങ്ങളായിരുന്നു. തിന്മയുടെ ശക്തികൾക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് അവിടുന്ന് ദൈവരാജ്യം സ്ഥാപിച്ചത്. ദൈവാത്മാവിന്റെ ശക്തിയാൽ പ്രവർത്തിക്കുന്ന ദൈവപുത്രനാണ് അവിടുന്ന് എന്നു വിശ്വസിച്ചാൽ അവിടുന്നു നല്‌കുന്ന പാപമോചനത്തിലും രക്ഷയിലും നമുക്കും പങ്കു ലഭിക്കും. 

 

24 

വിതക്കാരൻ 

വിതയ്ക്കാൻ പുറപ്പെട്ടു (4,1 20) 

വി. മർക്കോസിൻ്റെ വിവരണമനുസരിച്ച് ഗലീലി കടൽത്തീരമാണ് ഈശോയുടെ പ്രബോധനത്തിൻ്റെയും പ്രവർത്തനങ്ങളുടെയും മുഖ്യരംഗം (1,16.2,13.3,7). ദൈവരാജ്യത്തിൻ്റെ രഹസ്യം ഉപമകളിലൂടെ പഠിപ്പിക്കാനായി കടലിൽ കിടന്ന ഒരു വഞ്ചിയിൽ കയറിയിരിക്കുന്ന ഈശോയുടെ ചിത്രം നമ്മെ അനുസ്മരിപ്പിക്കുന്നത് അവിടുന്നു ഗിരിപ്രഭാഷണത്തിനായി മല മുകളിൽ കയറുന്ന രംഗമാണ് (മത്താ 5,1-2). പറയാൻ പോകുന്ന കാര്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ പശ്ചാത്തലം.

ആദ്യത്തെ ഉപമ ആരംഭിക്കുന്നതും അവസാനിക്കുന്നതും ശ്രദ്ധാപൂർവം ശ്രവിക്കാനുള്ള ആഹ്വാനത്തോടെയാണ്: "കേൾക്കുവിൻ! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ" (4,3.9). ശരിയായ കേൾവി അനുസരണം ആവശ്യപ്പെടുന്നു. ഇസ്രായേൽക്കാരുടെ സുപ്രധാന കല്‌പന ആരംഭിക്കുന്നതും ഇപ്രകാരമൊരു ആമുഖത്തോടെയാണ് (നിയമാ 6,1-9). ഈശോയുടെ ദൈവരാജ്യ പ്രബോധനത്തോട് ഭാവാത്മകമായി പ്രതികരിക്കാനുള്ള വെല്ലുവിളിയാണ് ഇവിടെ മുഴങ്ങുന്നത്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചുതുടങ്ങിയപ്പോൾതന്നെ മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ടു പ്രതികരിക്കാനുള്ള ആഹ്വാനവും അവിടുന്നു നല്കിയിരുന്നു (1,14-15). ഈശോയുടെ മനുഷ്യാവതാരത്തോടെ സമാഗതമായിരിക്കുന്ന ദൈവരാജ്യസന്ദേശത്തോടു മനുഷ്യനു സാധ്യമായ പ്രതികരണങ്ങളാണ് ഈ ഉപമ അവതരിപ്പിക്കുന്നത്. 

ഉപമയുടെ സംഗ്രഹമിതാണ്: ഒരു വിതക്കാരൻ വിതച്ച വിത്തുകളിൽ ചിലത് വഴിയരികിലും മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറമേലും വേറെ ചിലത് മുൾച്ചെടികൾക്കിടയിലും പിന്നെയും ചിലത് നല്ല മണ്ണിലും വീണു. അവസാന ഗണത്തിൽപ്പെട്ടതു മാത്രമേ ഫലം പുറപ്പെടുവിച്ചുള്ളു. ഈ ഉപമയുടെ അർത്ഥം ഗ്രഹിക്കണമെങ്കിൽ ആദ്യനൂറ്റാണ്ടിലെ പലസ്തീനായിലെ കൃഷിരീതി മനസ്സിലാക്കണം. ഇന്നു ചെയ്യുന്നതുപോലെ നിലം ഉഴുത് ഒരുക്കിയശേഷമായിരുന്നില്ല അവർ വിത്തു വിതച്ചിരുന്നത്. കൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഭൂമി മുഴുവനും ആദ്യം വിത്തു വിതയ്ക്കും. പിന്നീടു മാത്രമാണ് നിലം ഉഴുതിരുന്നത്. അതുകൊണ്ടാണ് ഉപമയിലെ വിത്തുകളിൽ ചിലത് വഴിയരികിലും പാറമേലും മുൾച്ചെടികൾക്കിടയിലും വീഴാനിടയാകുന്നത്. വഴിയരികിൽ വീണ വിത്ത് പക്ഷികൾ തിന്നുകളഞ്ഞു. മണ്ണധികമില്ലാത്ത പാറമേൽ വീണത് വേരിറങ്ങാൻ സാധ്യതയില്ലാതിരുന്നതുകൊണ്ട് വാടിപ്പോയി. മുൾച്ചെടികൾക്കിടയിൽ വീണവയെ മുൾച്ചെടികൾ ഞെരുക്കിക്കളഞ്ഞു. നല്ല നിലത്തു വീണ വിത്ത് മുളച്ചുവളർന്ന് ചിലതു മുപ്പതു മേനിയും ചിലത് അറുപതു മേനിയും ചിലതു നൂറുമേ നിയും വിളവു നല്കി. 

ഉപമയുടെ വിശദീകരണം ഈശോ തന്നെ നല്‌കുന്നതുകൊണ്ട് എളുപ്പമായി (4,13-20). ദൈവരാജ്യം പ്രഘോഷിക്കുന്ന ദൈവപുത്രനായ ഈശോമിശിഹായാണ് വിതക്കാരൻ. വിത്താകട്ടെ അവിടുന്നറിയിച്ച ദൈവരാജ്യത്തിന്റെ സുവിശേഷവചനവും. ഭൂമി മുഴുവനിലും വിത്തു വിതയ്ക്കുന്നത് തിരിച്ചുവ്യത്യാസമില്ലാതെ എല്ലാവർക്കും ദൈവരാജ്യത്തിന്റെ സന്ദേശം നല്കുന്നതിനെ സൂചിപ്പിക്കുന്നു. സ്വീകരിക്കുന്ന നിലത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചു പുറപ്പെടുവിക്കുന്ന ഫലത്തിനും വ്യത്യാസമുണ്ടാകുന്നതുപോലെ, സുവിശേഷസന്ദേശം ശ്രവിക്കുന്നവരുടെ മനോഭാവങ്ങൾക്കനുസരിച്ച് വിശ്വാസഫലത്തിലും വ്യത്യാസമുണ്ടാകും. 

ദൈവരാജ്യത്തിൻ്റെ സുവിശേഷത്തോടു ഭാവാത്മകമായി പ്രതികരിക്കുന്നതിലും വിശ്വാസത്തിൻ്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിലും നിന്നു ശ്രോതാക്കളെ പിന്തിരിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. തിന്മയുടെ ശക്തിയായ സാത്താൻ, സുവിശേഷത്തെ പ്രതിയുണ്ടാകുന്ന പീഡനങ്ങൾ, ലൗകികചിന്തകൾ, ധനാസക്തി, മറ്റു ദുരാശകൾ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. ഇത്തരത്തിലുള്ള കാരണങ്ങളാലാണ് ഈശോയോടും ദൈവ രാജ്യസന്ദേശത്തോടും പലരും നിഷേധാത്മകമായി പ്രതികരിക്കുന്നത് (2,1-3,6.20-35). 

നല്ല നിലത്തുവീണ വിത്ത് മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നതു പോലെ, തുറന്ന മനസ്സോടെ ഈശോയെയും അവിടുത്തെ സന്ദേശത്തെയും സ്വീകരിക്കുന്നവർ വിശ്വാസത്തിന്റെയും മാനസാന്തരത്തിൻ്റെയും ഫലങ്ങൾ പുറപ്പെടുവിക്കും. ആദ്യ ശിഷ്യന്മാരായ ശെമയോനും അന്ത്രയോസും യാക്കോബും യോഹന്നാനും (1,16-20) ചുങ്കക്കാരൻ ലേവിയും (2,13-17) മറ്റു ശ്ലീഹന്മാരും (3,13-19) കഫർണാമിലെ സംഘത്തിൽവച്ച് ശുദ്ധനാക്കപ്പെട്ട അശുദ്ധാത്മാവു ബാധിച്ചവനും (1,21-28) പത്രോസിൻ്റെ അമ്മായിയമ്മയും (1,29-31) ഈശോയിൽ നിന്നും സൗഖ്യം നേടിയ ജനക്കൂട്ടവും (1,32-34 3,7-12 4,1-2) കുഷ്ഠരോഗിയും (1,40-45) തളർവാതരോഗിയും (2,1-12) ഇപ്രകാരം ഈശോയോടും അവിടുത്തെ സുവിശേഷത്തോടും ഭാവാത്മകമായി പ്രതികരിക്കുകയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തവരാണ്. ഈ മാതൃകയാണ് നമ്മളും അനുകരിക്കേണ്ടത്. 

 

25 

ദൈവരാജ്യത്തിന്റെ രഹസ്യം 

നിങ്ങൾക്ക് (4,10-12) 

വിതക്കാരന്റെ ഉപമയ്ക്കും അതിൻ്റെ വിശദീകരണത്തിനും ഇടക്കുള്ള വചനങ്ങൾ (4,10-12) തെറ്റിദ്ധാരണ ജനിപ്പിക്കുന്നവയാണ്. ഉപമകളുടെ അർത്ഥവും ലക്ഷ്യവും വ്യക്തമാക്കുന്നവയാണ് ഈ വാക്യങ്ങൾ. ഈ വാക്യങ്ങൾ ആദ്യം വായിക്കുമ്പോൾ, ഈശോ പുറത്തുള്ളവരോട് ഉപമകളിലൂടെ ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ അരുളിച്ചെയ്‌തത്‌ അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ മനസ്സു തിരിഞ്ഞ് പാപമോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് എന്നു തോന്നിപ്പോകും. ഈശോയുടെ ജീവിതം മുഴുവനിലും നിന്നു വ്യക്തമാകുന്നതുപോലെ, അവിടുത്തെ പ്രബോധനലക്ഷ്യം അതായിരുന്നില്ല. മറിച്ച്, കേൾവിക്കാർ ദൈവരാജ്യസന്ദേശം നന്നായി ഗ്രഹിച്ച് മനസ്സു തിരിഞ്ഞ് പാപമോചനം പ്രാപിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് ഉപമകൾ അരുളിച്ചെയ്ത‌ത്. 

ഇതുവരെയുള്ള സുവിശേഷവിവരണത്തിൽ നിന്നു നാം മനസ്സിലാക്കുന്നതുപോലെ ഈശോയോടും അവിടുത്തെ രക്ഷാകര പ്രബോധനത്തോടും ജനം രണ്ടു തരത്തിലാണു പ്രതികരിച്ചത്. ഒരു കൂട്ടർ അവിടുത്തെ ദൈവപുത്രനും മിശിഹായുമായി അംഗീകരിക്കുകയും അവിടുത്തോടു ചേർന്നുനില്ക്കുകയും ചെയ്‌തപ്പോൾ, മറ്റൊരു കൂട്ടർ ബോധപൂർവം ഹൃദയ കാഠിന്യത്തോടെ അവിടുത്തെ എതിർത്തു. എല്ലാം ഉപേക്ഷിച്ച് ഈശോയെ അനുഗമിച്ചിരുന്ന ശിഷ്യന്മാരാണ് ആദ്യഗണത്തിൽപ്പെട്ടവർ. ഇക്കൂട്ടരാണ് ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ ഗ്രഹിക്കുവാൻ അനുഗ്രഹം ലഭിച്ചവർ. ഈശോയ്ക്കെതിരെ ഹൃദയവാതിലുകൾ കൊട്ടിയടച്ചവർക്ക് അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യസുവിശേഷത്തിൻ്റെ സന്ദേശം കീറാമുട്ടിയായി അവശേഷിച്ചു. ഈ അവസ്ഥ അവർ സ്വയം ക്ഷണിച്ചു വരുത്തിയതാണ്. ഈശോയുടെ വാക്കുകളുടെയും അത്ഭുതപ്രവൃത്തികളുടെയും അർത്ഥം ഗ്രഹിക്കുവാൻ സ്വയം മനസ്സാകാതിരുന്നതുകൊണ്ടാണ് അവയിലൂടെ വെളിവാക്കപ്പെട്ട ദൈവരാജ്യരഹസ്യം അവർക്കു ലഭിക്കാതെപോയത്. 

അവരുടെ ഹൃദയകാഠിന്യം നിമിത്തം ഈശോയുടെ പ്രബോധനങ്ങളുടെയും പ്രവൃത്തികളുടെയും ആന്തരാർത്ഥം ഗ്രഹിക്കുവാൻ അവർക്കു സാധിക്കാതെ പോയി. ഇക്കൂട്ടരാണ് 'പുറത്തുള്ളവർ.' 

ഈശോ അരുളിച്ചെയ്‌ത വിതക്കാരൻ്റെ ഉപമയിലെ ഫലം പുറപ്പെടുവിക്കാത്ത മണ്ണും നല്ല വിളവു നല്‌കിയ മണ്ണും തമ്മിലുള്ള അന്തരം തന്നെയാണ് മർക്കോ 4,10-12 ലെ 'പുറത്തുള്ളവരും അകത്തുള്ളവരും' തമ്മിലുമുള്ളത്. പന്ത്രണ്ടുപേരെയും കൂടെയുണ്ടായിരുന്നവരെയുംപോലെ ഈശോ അരുളിച്ചെയ്‌ത ഉപമകളുടെ അർത്ഥം ചോദിച്ചു മനസ്സിലാക്കാൻ 'പുറത്തുള്ളവർ' ശ്രമിച്ചില്ല. അതുകൊണ്ട് ദൈവരാജ്യത്തിന്റെ രഹസ്യം അവർക്കു ലഭിച്ചില്ല. 

12-ാം വാക്യത്തിൽ ഈശോ ഏശയ്യാ 6, 10, ഉദ്ധരിക്കുകയാണ്. ദൈവം തന്നെ അവിടുത്തെ പ്രവാചകനാകാനായി വിളിക്കുന്ന രംഗമാണ് ഏശയ്യാ ആറാമദ്ധ്യായത്തിൻ്റെ ആരംഭത്തിൽ വിവരിക്കുന്നത്. ദൈവം പ്രവാചകനെ അയക്കുമ്പോൾതന്നെ അദ്ദേഹത്തിൻ്റെ ദൗത്യനിർവ്വഹണത്തിന്റെ ഫലം കൂടി മുൻകൂട്ടി അറിയിച്ചു. എല്ലാമറിയുന്ന ദൈവത്തിന് ജനത്തിന്റെ പ്രതികരണവും അറിയാമായിരുന്നു. പ്രവാചകൻ്റെ പ്രബോധനത്തിൻ്റെ ഫലമായി ജനത്തിന്റെ ഹൃദയകാഠിന്യത്തിനു മാറ്റം വരാൻ പോകുന്നില്ല എന്നാണ് ഈ മുന്നറിയിപ്പിന്റെ അർത്ഥം. അല്ലാതെ ജനം ഗ്രഹിക്കാതിരിക്കുന്നതും ഹൃദയം കഠിന മാക്കുന്നതും രക്ഷ പ്രാപിക്കാതിരിക്കുന്നതും പ്രവാചകന്റെ പ്രസംഗത്തിന്റെ ഫലമല്ല. ഏശയ്യാപ്രവാചകനു സംഭവിച്ചതിനു സമാനമാണ് തനിക്കും സംഭവിക്കുന്നതെന്ന് പ്രവാചകനെതന്നെ ഉദ്ധരിച്ചുകൊണ്ട് ഈശോ വ്യക്തമാക്കുന്നു. 

 

26 

ഇല്ലാത്തവനിൽ നിന്ന് ഉള്ളതുകൂടി എടുക്കപ്പെടും (4,21-25) 

ദൈവപുത്രനായ തന്നെയും താനറിയിച്ച ദൈവരാജ്യത്തെയുംകുറിച്ചുള്ള രഹസ്യത്തെ ഒരു ദീപത്തോടാണ് ഈശോ ഉപമിക്കുന്നത്. കത്തിച്ച വിളക്ക് പറയുടെയോ കട്ടിലിൻ്റെയോ കീഴിൽ വയ്ക്കാതെ വിളക്കുകാലിൻ മേൽ വയ്ക്കുന്നതുപോലെ ഈശോയെയും ദൈവരാജ്യത്തെയുംകുറിച്ചുള്ള രഹസ്യമാകുന്ന വിളക്കും എല്ലാവരും കാണുവാനായി ഉയർത്തപ്പെടും എന്നവിടുന്നു മുൻകൂട്ടി അറിയിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: "വെളിപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായി ഒന്നും സംഭവിക്കുന്നില്ല" (4,22). ഈശോയെക്കുറിച്ചുള്ള രഹസ്യം (1,24-25.34 3,11-12) പൂർണമായി വെളിപ്പെടുത്തപ്പെടുന്ന സമയം വരും എന്നാണവിടന്ന് ഉറപ്പു നല്‌കുന്നത്. അവിടുത്തെ സഹനമരണോത്ഥാനങ്ങൾക്കു ശേഷമുള്ള കാര്യമാണ് ഈശോ സൂചിപ്പിക്കുന്നത്. അപ്പോഴാണല്ലോ അവിടുത്തെക്കുറിച്ചുള്ള പൂർണ്ണമായ ചിത്രം വെളിവാകുന്നത്. 

അവിടുന്നു കൂട്ടിച്ചേർത്തു: “നിങ്ങൾ കേൾക്കുന്നതെന്തെന്നു ശ്രദ്ധിക്കുവിൻ. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും. ഇതു കേൾക്കുന്ന നിങ്ങൾക്ക് അതിൽ കൂടുതൽ കിട്ടും. കാരണം, ഉള്ളവന് കൂടുതൽ നല്‌കും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുത്തുകളയും" (4,24-25). ഇവിടെ പ്രതിപാദിക്കപ്പെടുന്ന “അളക്കൽ" എന്ന രൂപകം ഈശോയെ കേൾക്കുന്നതിനെയും മനസ്സിലാക്കുന്നതിനെയും സൂചിപ്പിക്കുന്നു. ശിഷ്യന്മാർ അവിടുത്തെ ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഇപ്പോൾ കാണിക്കുന്ന താത്പര്യത്തിനനുസരിച്ച് അവർക്കു കൂടുതൽ വെളിപാടും ഉൾക്കാഴ്‌ചയും ലഭിക്കും. ഈശോയുടെ പരസ്യ ജീവിതകാലത്ത് അവിടുത്തെ ശ്രവിക്കാനും അനുഗമിക്കാനും കൂട്ടാക്കാതിരുന്നവർക്ക് രക്ഷ പ്രാപിക്കാൻ എളുപ്പമായിരിക്കുകയില്ല. ഈശോയുടെ മരണാവസരത്തിൽ വിജാതീയൻപോലും അവിടുത്തെ ദൈവപുത്രത്വം ഏറ്റുപറയുമ്പോൾ യഹൂദർ അവിടുത്തെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ഉത്ഥാനശേഷവും അവരുടെ ശത്രുത വളർന്നതേയുള്ളൂ. ഇതെക്കുറിച്ചാണ്, ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുക്കപ്പെടും എന്ന് ഈശോ അരുളിച്ചെയ്തത്. 

27 

ദൈവരാജ്യത്തെ എന്തിനോടാണ് ഉപമിക്കുക? (4,26-32) 

താൻ ഈ ഭൂമിയിൽ ആരംഭം കുറിച്ച ദൈവരാജ്യത്തിൻ്റെ സ്വഭാവവും വളർച്ചയും വ്യക്തമാക്കാൻ ഈശോ വിത്തിൻ്റെയും (4,26-29) കടുകുമണിയുടെയും (4,30-32) ഉപമകൾ സ്വീകരിക്കുന്നു. ദൈവരാജ്യത്തിന്റെ വളർച്ചയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് വിത്തിൻ്റെ ഉപമ. മുമ്പ് അരുളിച്ചെയ്ത വിതക്കാരന്റെ ഉപമയിൽ അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ സന്ദേശത്തെ ഒരു വിത്തിനോടാണല്ലോ അവിടുന്ന് സാദൃശ്യപ്പെടുത്തിയത് (4,1-20). മനുഷ്യഹൃദയങ്ങളിൽ വിതയ്ക്കപ്പെടുന്ന സുവിശേഷവചനമാകുന്ന വിത്ത് എപ്രകാരമാണ് തനിയെ മുളച്ചുവളർന്ന് ഫലം പുറപ്പെടുവിക്കുന്നത് എന്നാണ് വിത്തിന്റെ ഉപമ വ്യക്തമാക്കുന്നത്. ഈശോ അരുളിച്ചെയ്തു: “വയലിൽ വിത്തു വിതച്ച ഒരു മനുഷ്യനു സദൃശമാണു ദൈവരാജ്യം. അയാൾ രാത്രി ഉറങ്ങുകയും പകൽ ഉണർന്നിരിക്കുകയും ചെയ്യുന്നു. അയാൾ അറിയാതെതന്നെ വിത്തു മുളച്ചു വളർന്നുകൊണ്ടിരിക്കുന്നു. ആദ്യം മുളയും പിന്നെ കതിരും ഒടുവിൽ ധാന്യമണികളും ഉത്പാദിപ്പിച്ചുകൊണ്ട് ഭൂമി അയാൾക്കു വിളവു നല്‌കുന്നു. ധാന്യം വിളഞ്ഞുപാകമാകുമ്പോൾ കൊയ്ത്‌തുകാർ വന്നു കൊയ്യുന്നു" (4,26-29). വിത്തു വിതയ്ക്കുവാനും വളർച്ചക്കാവശ്യമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കാനുമേ കൃഷിക്കാരനു സാധിക്കൂ. അതിനുശേഷം അവൻ തന്റെ അനുദിനജീവിത വ്യാപാരങ്ങളിൽ മുഴുകും. വിത്തു മുളപ്പിക്കുന്നതും വളർത്തുന്നതും ഫലം ചൂടിക്കുന്നതും ദൈവമാണ് (ഉത്പ 1,11-12; 1 കൊറി 3,6-7). അതുപോലെതന്നെയാണ് ദൈവരാജ്യത്തിൻ്റെ കാര്യവും. ദൈവരാജ്യ സന്ദേശത്തിന്റെ വിത്തു വിതയ്ക്കുന്ന പ്രഘോഷകൻ (ഇവിടെ ഈശോ മിശിഹാ) ദൈവരാജ്യവ്യാപനത്തിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കുക മാത്രമേ ചെയ്യുന്നുള്ളു. നിഗൂഢവും മനുഷ്യബുദ്ധിക്കഗ്രാഹ്യവുമായ വിധത്തിൽ അതു വളർത്തുന്നതും പൂർണ്ണതയിലെത്തിക്കുന്നതും പിതാവായ ദൈവമാണ്.

വിത്തു പൊട്ടിമുളയ്ക്കുന്നതും വളരുന്നതും നമുക്കു നേരിട്ടു കാണാൻ സാധിക്കാത്തത്ര സാവധാനത്തിലാണ്. ഈശോയിൽ ആരംഭിച്ച ദൈവരാജ്യവും ഇതുപോലെ സാവധാനത്തിലായിരിക്കും വളരുന്നത് എന്നവിടുന്നു സൂചിപ്പിക്കുന്നു. അവിടുത്തേക്ക് തിരസ്‌കരണവും എതിർപ്പുമൊക്കെ നേരിടേണ്ടിവന്നെങ്കിലും അവിടുത്തെ രക്ഷാകരപ്രവർത്തനങ്ങൾക്കു പിന്നിൽ ദൈവമുള്ളതിനാൽ വിജയം സുനിശ്ചിതമാണ്. ദൈവ രാജ്യപ്രഘോഷണത്തിൻ്റെ പെട്ടെന്നുള്ള ഫലം കാണാതെ വരുമ്പോൾ നഷ്ടധൈര്യരാകാതെ, ദൈവം ഫലം പുറപ്പെടുവിച്ചുകൊള്ളുമെന്നുള്ള പ്രത്യാശയിൽ പ്രവർത്തിക്കണമെന്ന സന്ദേശമാണ് അവിടുന്ന് ഈ ഉപമയിലൂടെ തന്റെ ശിഷ്യർക്കു നല്‌കുന്നത്. ഇതുതന്നെയാണ് 4,1-9 ന്റെയും സന്ദേശം. 

വിത്തുകളിൽ ചെറുതാണ് കടുകുമണിയെങ്കിലും പലസ്തീനായിലെ കടുകുചെടി മറ്റു ചെടികളെക്കാൾ വലുതാകുന്നതാണ്. ചെടിയുടെ വലുപ്പംകൊണ്ടല്ല, വിത്തും ചെടിയും തമ്മിലുള്ള അന്തരം വ്യക്തമാക്കാൻ ഇതുപകരിക്കുന്നതുകൊണ്ടാണ് ഈ ഉപമ അവിടുന്ന് ഉപയോഗിക്കുന്നത്. ദൈവരാജ്യത്തിൻ്റെ വളരെ നിസ്സാരമായ തുടക്കവും അതിൻ്റെ അത്ഭുതാവഹമായ വളർച്ചയും താരതമ്യപ്പെടുത്തുകയാണ് ഈശോയുടെ ലക്ഷ്യം. 

കടുകുമണിപോലുള്ള ചെറിയ തുടക്കമാണ് ഈശോയുടെ പരസ്യ ജീവിതകാലത്ത് ദൈവരാജ്യത്തിനുണ്ടായിരുന്നത്. എന്നാൽ അവിടുത്തെ സഹനമരണോത്ഥാനങ്ങൾക്കുശേഷം അത്ഭുതകരമായ വളർച്ചയാണല്ലോ അതിനുണ്ടായത്, ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഈശോ അരുളിച്ചെയ്തു: "ദൈവരാജ്യത്തെ എന്തിനോടാണ് നാം തുലനം ചെയ്യുക? അതിനെ എന്തിനോടാണ് ഉപമിക്കുക? അതു കടുകുമണിക്കു സദൃശമാണ്. നിലത്തു വിതയ്ക്കുമ്പോൾ അതു ഭൂമിയിലെ എല്ലാ വിത്തുകളിലും ചെറുതാണ്. എന്നാൽ മുളച്ചു വളരുമ്പോൾ അതു സകല ചെടികളെക്കാളും വലുതായിത്തീരുന്നു. പക്ഷികൾക്ക് അതിൻ്റെ തണലിൽ വസിക്കാൻ തക്കവണ്ണം അതിനു വലിയ ശാഖകൾ ഉണ്ടാകുന്നു" (4,30-32). ഈശോയുടെ ജീവിതകാലത്ത് പലസ്‌തീനായ്ക്കു വെളിയിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ദൈവരാജ്യസുവിശേഷമാകുന്ന വിത്ത് വളർന്നു വലിയ ചെടിയായി പന്തലിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അഭയമരുളുന്നു. ഈശോ സാധിച്ച രക്ഷയുടെ ഫലങ്ങൾ ഇന്നു തിരുസ്സഭയിലാണല്ലോ ലഭ്യമായിരിക്കുന്നത്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ വ്യാപിച്ചു വളരുന്ന തിരുസ്സഭ എത്രയോ ജനങ്ങൾക്കാണ് അഭയസ്ഥാനവും ആശ്രയവുമാകുന്നത്.

ദാവീദിന്റെ പുനരുദ്ധരിക്കപ്പെട്ട രാജ്യത്തെയും (എസ് 17,23) ഫറവോയുടെ രാജ്യത്തെയും (എസ 31,5-6) നെബുക്കദ്‌നേസർ രാജാവിന്റെ രാജ്യത്തെയും (ദാനി 4,10-21) ആകാശത്തിലെ പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും സംരക്ഷണം നല്‌കുന്ന വൃക്ഷത്തോട് ഉപമിക്കുന്ന പഴയനിയമത്തിൻ്റെ ശൈലി പിന്തുടർന്നാണ് ഈശോയും ഈ ഉപമ അരുളിച്ചെയ്യുന്നത്. ഈ ഐഹികരാജ്യങ്ങളെക്കാളെല്ലാമുപരിയായി ലോകത്തിലുള്ള സകലജനങ്ങൾക്കും സംരക്ഷണവും രക്ഷയും പ്രദാനം ചെയ്യുന്ന രാജ്യമായി ദൈവരാജ്യം വളരും എന്ന അവിടുത്തെ വാഗ്ദാനം കൂടിയാണിത്. 

28 

നമുക്ക് അക്കരയ്ക്കു പോകാം (4,35-41) 

ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ അവസാനിപ്പിച്ചശേഷം ഈശോ ശിഷ്യന്മാരോട് അരുളിച്ചെയ്‌തു: "നമുക്കു മറുകരയ്ക്കു പോകാം" (4,35). ഗലീലിത്തടാകം കടന്ന് അക്കരെയുള്ള ഗരസേനരുടെ/ഗദറാക്കാരുടെ നാട്ടിലേക്കു പോകാം എന്നാണ് അവിടുന്നു പറഞ്ഞത് (5,1). എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കാനാണ് താൻ അയയ്ക്കപ്പെട്ടിരിക്കുന്നതെന്നുള്ള ബോധ്യമാണ് ഈശോയുടെ ഈ യാത്രയ്ക്കു പിന്നിൽ (1,38). ഏതു വഞ്ചിയിലിരുന്നാണോ അവിടുന്ന് അവരെ പഠിപ്പിച്ചത്, ആ വഞ്ചിയിൽത്തന്നെ ഈശോയും ശിഷ്യന്മാരും ജനക്കൂട്ടത്തെവിട്ട് മറുകരയ്ക്കു തിരിച്ചു. വേറെ വഞ്ചികളും കൂടെയുണ്ടായിരുന്നു. മർക്കോ 3,7 മുതൽ 4,41 വരെ സുവിശേഷവിവരണത്തിന്റെ കേന്ദ്രഭാഗത്ത് വഞ്ചിയുണ്ട്. വഞ്ചിയും വള്ളവുമൊക്കെ ആദ്യകാലം മുതൽക്കേ മറുകരയായ സ്വർഗം ലക്ഷ്യമാക്കി ഈ ഭൂമിയിലൂടെ യാത്ര ചെയ്യുന്ന തിരുസ്സഭയുടെ പ്രതീകമായി ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. 

വഞ്ചി തടാകത്തിൻ്റെ നടുക്കെത്തിയപ്പോൾ ഒരു വലിയ കൊടുങ്കാറ്റു വീശി. വഞ്ചിയിൽ വെള്ളം നിറയത്തക്കവണ്ണം തിരമാലകൾ അതിലേക്ക് അടിച്ചുകയറി. ക്ഷോഭിച്ചിളകിമറിയുന്ന തടാകം ഈ ലോകയാത്രക്കിടയിൽ തിരുസ്സഭയ്ക്കു നേരിടേണ്ടിവരുന്ന ക്ളേശങ്ങളുടെയും പീഡനങ്ങളുടെയും പ്രതീകമാണ്. ഇവയെ അതിജീവിച്ചുമാത്രമേ നമുക്ക് അക്കരെയുള്ള സ്വർഗത്തിലെത്തിച്ചേരാനൊക്കൂ. 

വഞ്ചി മുങ്ങാൻ പോകുന്ന കാര്യമറിയാത്തവനെപ്പോലെ ഈശോ വഞ്ചിയുടെ അമരത്ത് തലയണവച്ച് ഉറങ്ങുകയായിരുന്നു. ഈ ശാന്തമായ ഉറക്കംതന്നെയും പ്രകൃതിശക്തികളുടെമേൽ അവിടുത്തേക്കുള്ള അധികാരം വിളിച്ചോതുന്നതാണ്. ഈശോയെ മനസ്സിലാക്കിയിരുന്നവർ എന്നു കരുതപ്പെട്ടിരുന്ന ശിഷ്യന്മാരുടെ പ്രതികരണം ശ്രദ്ധേയമാണ്. ഈശോയെ വിളിച്ചുണർത്തി അവർ ചോദിക്കുകയാണ്: “ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നതു നീ കാണുന്നില്ലേ?" (4,38). അവർ മാത്രമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത് എന്നു തോന്നും ഈ ചോദ്യം കേട്ടാൽ. വഞ്ചിമുങ്ങിയാൽ അവരോടൊപ്പമുള്ള ഗുരുവും നശിക്കുമെന്നുള്ള കാര്യം അവർ ഓർമ്മിച്ചില്ല. നാശത്തിൻ്റെ വസ്ത്രത്തിൽനിന്നും അനേകരെ രക്ഷിച്ചവനാണ് കൂടെയുള്ളത് എന്ന സത്യം അവർ വിസ്മരിച്ചു. 

ഉറക്കത്തിൽ നിന്നുണർന്ന ഈശോ കാറ്റിനെ ശാസിക്കുകയും കടലിനോട് അടങ്ങി ശാന്തമാകാൻ ആജ്ഞാപിക്കുകയും ചെയ്‌തു. ഉടനെ കാറ്റു ശമിച്ചു, വലിയ ശാന്തത ഉണ്ടായി. ഇതിനുമുമ്പ് ഈശോ ഇപ്രകാരം ശാസിച്ചിട്ടുള്ളത് പിശാചിനെ മാത്രമാണ് (1,25). തിന്മയുടെ ശക്തികളുടെ വാസസ്ഥലമായാണ് കടലിനെ പഴയനിയമം ചിത്രീകരിക്കുന്നത് (സങ്കീ 74,12-14; 89,9-10). ഈ പശ്ചാത്തലത്തിലായിരിക്കണം പിശാചിനെ ബഹിഷ്കരിക്കുന്ന രീതിയിൽതന്നെ കടലിനെ അവിടുന്നു ശാസിക്കുന്നത്. സ്യഷ്ടപ്രപഞ്ചത്തിന്മേൽ സർവ്വാധികാരമുള്ള സ്രഷ്‌ടാവിനെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. പ്രകൃതിയുടെയും സൃഷ്ടവസ്‌തുക്കളുടെയും മേൽ അവിടുത്തേക്കുള്ള അധികാരം പ്രകടമാകുന്ന സന്ദർഭങ്ങൾ സുവിശേഷത്തിൽ ധാരാളമുണ്ട്. അപ്പം വർദ്ധിപ്പിക്കുന്നതും (6,35-44; 8,1-10) കടലിന്റെ മീതെ നടക്കുന്നതും (6,45-52) അത്തിമരത്തെ ശപിക്കുന്നതുമൊക്കെ (11,12-23) ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഇസ്രായേൽക്കാർ മോശയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്ന സംഭവം (പുറ 14,19-31) അനുസ്മരിപ്പിക്കുന്നതാണ് മർക്കോ 4,35-41-ലെ അത്ഭുതം. കാറ്റിനെയും കടലിനെയും നിയന്ത്രിക്കാൻ കഴിവുള്ളവൻ ദൈവം മാത്രമാണ് (ജോബ് 7,12; സങ്കീ 65,7; 89,8-10; 107,28-29). അവിടുത്തെ രക്ഷാകരമായ അധികാരത്തെയാണ് ഇത് പ്രകാശിപ്പിക്കുന്നത് (സങ്കീ 74,12-14). 

തന്റെ കൂടെ കൊണ്ടുനടന്ന് ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ പ്രത്യേകവിധം വിശദീകരിച്ചു നല്‌കി പരിശീലിപ്പിച്ച ശിഷ്യന്മാർ പോലും തന്നെ മനസ്സിലാക്കാത്തതിൽ ദുഃഖിച്ച് അവിടുന്ന് അവരോടു ചോദിക്കുകയാണ്: “നിങ്ങൾ എന്തിനു ഭയപ്പെടുന്നു? നിങ്ങൾക്കു വിശ്വാസമില്ലേ?" (4,40). ദൈവികാധികാരമുള്ള ദൈവപുത്രനും മിശിഹായുമാണ് താനെന്നു വിശ്വസിക്കാത്തതുകൊണ്ടല്ലേ അവർ ഭയപ്പെടുന്നത് എന്നാണവിടുത്തെ ചോദ്യത്തിന്റെ അർത്ഥം. ഈശോ ആരെന്നും അവിടുത്തെ പ്രവൃത്തിയുടെ രക്ഷാകരമായ പ്രധാന്യമെന്തെന്നും അവർ മനസ്സിലാക്കിയിരുന്നില്ല എന്നതിൻ്റെ തെളിവാണ് തുടർന്നുള്ള അവരുടെ പ്രതികരണം. അവർ വിസ്മയിച്ചു പരസ്പ‌രം പറഞ്ഞു: "ഇവൻ ആരാണ്? കാറ്റും കടലും ഇവനെ അനുസരിക്കുന്നല്ലോ!" (4,41). 

തിരുസ്സഭയാകുന്ന വഞ്ചിയിൽ സദാ സന്നിഹിതനായി അതിനെ സകലവിധ അപകടങ്ങളിൽനിന്നും രക്ഷിക്കുന്നത് ഉത്ഥാനം ചെയ്ത കർത്താവാണ്. ഏതു ജീവിതസാഹചര്യത്തിലും അവിടുന്നു നമ്മോടു കൂടെയുണ്ടെന്ന വസ്‌തുത നമുക്കു വിസ്മരിക്കാതിരിക്കാം. 

29 

എന്റെ പേര് ലെഗിയോൻ (5,1-20) 

ഗലീലിത്തടാകത്തിനു മറുകരെ വിജാതീയർ പാർത്തിരുന്ന ദശ ഗ്രാമങ്ങളിലൊന്നായ ഗെരസേനരുടെ നാടാണ് ഈശോയുടെയും ശിഷ്യന്മാരുടെയും അടുത്ത പ്രവർത്തനരംഗം. അവർ വഞ്ചിയിൽ നിന്നിറങ്ങിയപ്പോൾ അശുദ്ധാത്മാവു ബാധിച്ച ഒരുവൻ അവിടുത്തേക്കെതിരേ വന്നു. ശവകുടീരങ്ങൾക്കിടയിലായിരുന്നു അവൻ്റെ വാസം. എന്നു പറഞ്ഞാൽ, മനുഷ്യസമൂഹത്തിലല്ലായിരുന്നു അവൻ്റ ജീവിതം എന്നു സാരം. അശുദ്ധാത്മാക്കൾ ശവകുടീരങ്ങളിൽ വസിക്കുന്നു എന്നത് സാധാരണ മനുഷ്യന്റെ ചിന്തയായിരുന്നു. അശുദ്ധാത്മാവു ബാധിച്ച ആ മനുഷ്യനെ നിയന്ത്രിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. തന്നെ ബന്ധിച്ചിരുന്ന ചങ്ങലകൾ അയാൾ പൊട്ടിക്കുകയും വിലങ്ങുകൾ തകർക്കുകയും ചെയ്തിരുന്നു. രാപകൽ അലറുകയും കല്ലുകൾകൊണ്ട് സ്വയം മുറിവേല്‌പിക്കുകയും ചെയ്യുക അവന്റെ പതിവായിരുന്നു. ഇതിൽനിന്നും ആ മനുഷ്യന്റെ രോഗാവസ്ഥയുടെ ഗൗരവം ഊഹിക്കാനാവും. ദേശവാസികൾക്കെല്ലാം ഈ സംഭവമറിയാമായിരുന്നു. മറ്റാർക്കും ബന്ധിക്കാൻ കഴിയാതിരുന്ന ഇവനെയാണ് ഈശോ ബന്ധിച്ചത്. അവിടുത്തെ ദൈവികശക്തിയുടെ മാഹാത്മ്യം വെളിപ്പെടുത്തുന്നതാണ് ഈ വിവരണം. 

ഈശോയെ ദൂരെ കണ്ടയുടനെ അവൻ ഓടിച്ചെന്ന് അവിടുത്തെ ആരാധിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു: “അത്യുന്നത ദൈവത്തിൻ്റെ പുത്രനായ ഈശോയേ, നീ എന്തിന് എൻ്റെ കാര്യത്തിൽ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്നു ദൈവനാമത്തിൽ നിന്നോടു ഞാൻ അപേക്ഷിക്കുന്നു" (5,6-7). പിശാചുബാധിതൻ ഈശോയെ ദൈവപുത്രനായി ഏറ്റു പറയുന്നു. തന്റെ കാര്യത്തിലിടപെട്ടു തന്നെ പീഡിപ്പിക്കാതെ വെറുതെ വിടണമെന്നാണ് അവൻ്റെ അപേക്ഷ. അയാളെ വിട്ടുപോകാൻ ഈശോ അശുദ്ധാത്മാവിനോടു നേരത്തെ കല്‌പിച്ചിരുന്നതിന്റെ വെളിച്ചത്തിൽ വേണം അയാളുടെ അപേക്ഷ മനസ്സിലാക്കുവാൻ (5,8). തന്നെക്കാൾ ശക്തനാണ് ഈശോയെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതിൻ്റെ ഭാഗമാണ് അയാളുടെ ഈ അപേക്ഷ. ദൈവനാമത്തിലാണ് പിശാചുബാധിതൻ ഈ യാചന നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. നന്മയുടെയും തിന്മയുടെയും ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഇവിടെ നമുക്കു കാണാം. 

ഈശോ അവൻ്റെ പേരു ചോദിച്ചു. അവർ പലരാകയാൽ അവരുടെ പേര് "ലെഗിയോൻ" എന്നാണ് എന്നവൻ പറഞ്ഞു. “ലെഗിയോൻ" (Legion) ഒരു ലത്തീൻ പദമാണ്. 5000 മുതൽ 6000 വരെ അംഗങ്ങളുള്ള റോമൻ പട്ടാളത്തിന്റെ ഒരു ഗണത്തെയാണ് പൊതുവേ ലെഗിയോൻ എന്നു പറയാറ്. റോമാക്കാർ പലസ്‌തീനായിൽ ആധിപത്യം പുലർത്തി ഭരിച്ചിരുന്ന തിന്റെ പശ്ചാത്തലത്തിൽ ഈ പദത്തിൻ്റെ അർത്ഥം എളുപ്പത്തിൽ മനസ്സിലാകും. സാത്താൻ്റെ എത്ര ശക്തമായ സാന്നിദ്ധ്യമാണ് അവനിലുണ്ടായിരുന്നത് എന്നു വ്യക്തമാക്കുന്നതാണ് ലെഗിയോൻ എന്ന ഈ പേര്. 

പിശാച് അവിടുത്തെ കല്‌പനപ്രകാരം അവനെ വിട്ടുപോകാമെന്നു സമ്മതിക്കുന്നു. പക്ഷേ, ആ നാടുവിടാൻ കല്‌പിക്കരുതേ എന്ന് അവൻ കേണപേക്ഷിച്ചു. അവനിൽ നിന്നു പുറത്തായാലും മറ്റാരിലെങ്കിലും സങ്കേതം കണ്ടെത്താമെന്ന ചിന്തയായിരിക്കാം ഈ അപേക്ഷയുടെ പിന്നിൽ ഉണ്ടായിരുന്നത്. അവിടെത്തന്നെ മലഞ്ചെരുവിൽ മേഞ്ഞിരുന്ന പന്നിക്കൂട്ടത്തിലേക്ക് തങ്ങളെ അയച്ചാലും മതി എന്ന അവരുടെ യാചന വ്യക്തമാക്കുന്നത് അതാണ്. യഹൂദർക്ക് അശുദ്ധമൃഗമാണ് പന്നി (ലേവ്യ 11,7-7; നിയമാ 14,8; 1 മക്ക 1,47). അശുദ്ധാത്മാക്കൾക്കു ചേർന്ന വാസസ്ഥലമാണ് അശുദ്ധമ്യഗങ്ങളായ പന്നികൾ. ഈശോ അവരുടെ യാചന അനുവദിച്ചുകൊടുക്കുന്നത് ആശ്ചര്യകരമായി തോന്നിയേക്കാം. അശുദ്ധാത്മാവു ബാധിച്ചിരുന്നവൻ പൂർണ്ണമായി ശുദ്ധനാക്കപ്പെട്ടു എന്നതിൻ്റെ തെളിവായിട്ടാണ് ഈശോ ഇത് അനുവദിക്കുന്നത്. 

പന്നിക്കൂട്ടത്തിൽ അശുദ്ധാത്മാക്കൾ പ്രവേശിച്ചതോടെ രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം ചെങ്കുത്തായ പാറയിലൂടെ വിരണ്ടോടി കടലിൽ മുങ്ങിച്ചത്തു. ആ ദേശത്ത് തുടർന്നു തങ്ങാമെന്ന അവരുടെ പദ്ധതിയും അങ്ങനെ പൊളിഞ്ഞു. 

അശുദ്ധാത്മാവു ബാധിച്ചിരുന്ന മനുഷ്യവ്യക്തിയെ മാത്രമല്ല, സമൂഹത്തെ മുഴുവനും അവിടുന്നു ശുദ്ധീകരിക്കുന്നു. അതിൻ്റെ പ്രതീകാത്മകമായ അവതരണമായാണ് അശുദ്ധമൃഗങ്ങളായ പന്നികളെ അവിടുന്നു നശിപ്പിച്ചത്. പന്നിമേയ്‌പുകാർ ഓടിച്ചെന്ന് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും വിവരമറിയിച്ചു. എന്താണ് സംഭവിച്ചതെന്നു കാണാനായി ഓടിക്കൂടിയ ജനക്കൂട്ടം ലെഗിയോൻ ആവസിച്ചിരുന്ന മനുഷ്യൻ വസ്ത്രം ധരിച്ച് സ്വസ്ഥനായി ഇരിക്കുന്നതു കണ്ട് വിസ്‌മയിച്ചു. 

അവന്റെ മുമ്പത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോളാണ് ഈശോ അവനിൽ പ്രകടമാക്കിയ ശക്തി നമുക്കു മനസ്സിലാകുന്നത്. പക്ഷേ, വായനക്കാരനെ വിസ്‌മയിപ്പിക്കുന്നത് ജനക്കൂട്ടത്തിൻ്റെ പ്രതികരണമാണ് (5,17): തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അവർ അവിടുത്തോട് അഭ്യർത്ഥിച്ചു. ഇതുവരെ അവർ പരിചയിച്ചുവന്ന അശുദ്ധാത്മാവിന്റെയും അശുദ്ധമൃഗങ്ങളുടെയും സാന്നിദ്ധ്യം വെടിയാൻ അവർക്കിഷ്ടമല്ലായിരുന്നു എന്നു സൂചന. വലിയൊരു പന്നിക്കൂട്ടം നഷ്ടമായതും അവർക്കിഷ്ടമായില്ല. അവരെ സംബന്ധിച്ച് അവരിലൊരുവൻ്റെ മനുഷ്യോചിതമായ ജീവിതം തിരികെ ലഭിച്ചതിലും പ്രധാനപ്പെട്ടത് അവരുടെ പന്നിക്കൂട്ടത്തിൽ നിന്നുള്ള നേട്ടമായിരുന്നു!.

ഗെരസേനരാൽ തിരസ്കൃതനായ ഈശോ തിരികെ വഞ്ചിയിൽ കയറുമ്പോൾ സൗഖ്യം പ്രാപിച്ചവൻ അവിടുത്തോടു "കൂടെ ആയിരിക്കുവാൻ" അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഈശോയുടെ കൂടെ ആയിരിക്കുക എന്നാൽ അവിടുത്തെ ശിഷ്യനാവുക എന്നാണർത്ഥം. ശിഷ്യസമൂഹത്തിൽ ചേരാനുള്ള ആഗ്രഹമാണ് അവൻ പ്രകടിപ്പിച്ചത്. എന്നാൽ ഈശോ അവന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. കാരണം, അവിടുന്നു പ്രത്യേകം ഇഷ്‌ടപ്പെടുന്നവരെ മാത്രമാണ് കൂടെ ആയിരിക്കാൻ വിളിക്കുന്നത് (3,13-15). കൂടെ പോകാൻ അനുവദിക്കാതിരുന്നതിനു മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരുന്നു. അവിടുന്ന് അവനോട് അരുളിച്ചെയ്‌തു: “നീ വീട്ടിൽച്ചെന്ന് കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തെന്നും എങ്ങനെയെല്ലാം കരുണ കാണിച്ചെന്നും നിൻ്റെ സ്വന്തക്കാരോടു പറയുക" (5,19). സമൂഹത്തിൽ നിന്നൊറ്റപ്പെട്ട് ശവകുടീരങ്ങൾക്കിടയിൽ വസിച്ചിരുന്ന അവനെ സ്വന്തകുടുംബത്തിലേക്കും സമൂഹത്തിലേക്കും പുനഃപ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. വിജാതീയരായ സ്വന്തക്കാരുടെയിടയിൽ സുവിശേഷം പ്രഘോഷിക്കാനുള്ള ദൗത്യവുമേല്‌പിച്ചാണ് അവിടുന്ന് അവനെ അയയ്ക്കുന്നത്. ദൈവം അവിടുത്തെ പുത്രനായ ഈശോമിശിഹായിലൂടെ എപ്രകാരം അവനോടു കരുണ കാണിച്ചുവെന്നും തിന്മയുടെ ബന്ധനത്തിൽനിന്നു രക്ഷിച്ചുവെന്നും സ്വന്തക്കാരെ അറിയിക്കുക എന്നതായിരുന്നു അവൻ്റെ ദൗത്യം. അവൻ ദശഗ്രാമങ്ങളിൽ മുഴുവൻ ചുറ്റി നടന്ന് ഈശോ അവനുവേണ്ടി ചെയ്‌തതെല്ലാം പ്രഖ്യാപിക്കാൻ തുടങ്ങി. 

ഈശോമിശിഹായിലൂടെ നാമനുഭവിക്കുന്ന രക്ഷാകരമായ ദൈവികശക്തിയും കരുണയും നമ്മുടെ സഹോദരരോടു പ്രഘോഷിക്കുവാൻ നമുക്കും വലിയ ഉത്തരവാദിത്വമുണ്ട്. 

30 

ഭയപ്പെടേണ്ട, വിശ്വസിച്ചാൽ മാത്രം മതി (5,21-43) 

ഈശോ തന്റെ പരസ്യജീവിതകാലത്ത്, മൂന്നു വ്യക്തികളെ ഉയിർപ്പിക്കുന്ന സംഭവങ്ങൾ സുവിശേഷകന്മാർ രേഖപ്പെടുത്തുന്നുണ്ട്. നായിനിലെ വിധവയുടെ മകൻ (ലൂക്കാ 7,11-17), ജായ്‌റോസിൻ്റെ മകൾ (മർക്കോ 5,21-43), ലാസർ (യോഹ 11,1-44) എന്നിവരാണ് ഇപ്രകാരം ഉയിർപ്പിക്കപ്പെട്ടവർ. ജീവന്റെയും മരണത്തിൻ്റെയും നാഥനാണവിടുന്ന് എന്നു വെളിപ്പെടുത്തുന്നതാണ് ഈ സംഭവങ്ങൾ. ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ ദൈവരാജ്യത്തിൻ്റെ അടയാളങ്ങളാണ് (ഏശ 35,5-6; മത്താ 11,2-4). 

സംഘപ്രമാണിയായ ജായ്‌റോസിൻ്റെ മകളെ പുനർജ്ജീവിപ്പിക്കുന്ന സംഭവം വി. മർക്കോസ് വിവരിക്കുന്നതിനിടയിൽ രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തുന്ന കാര്യം കൂടി വർണ്ണിക്കുന്നുണ്ട് (5,25-34). ഇപ്രകാരം പരസ്പരബന്ധമുള്ള സംഭവങ്ങൾ ഇടകലർത്തി വിവരിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയാണ് (3,19-25). രണ്ടു സംഭവങ്ങൾക്കും പൊതുവായുള്ള സന്ദേശത്തിലേക്കു കൂടുതൽ വെളിച്ചം വീശുന്നതിനുള്ള മാർഗമാണിത്. ദൈവപുത്രനായ ഈശോമിശിഹായിലുള്ള വിശ്വാസംവഴി സമൂഹത്തിൽ അവഗണിക്കപ്പെട്ടിരുന്ന രണ്ടു സ്ത്രീകൾക്ക് ആരോഗ്യവും ജീവനും രക്ഷയും കൈവരുന്നതാണ് ഇവിടുത്തെ പൊതുപ്രമേയം. 

ഈശോ വഞ്ചിയിൽ വീണ്ടും ഗലീലിപ്രദേശത്തു തിരിച്ചെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവിടുത്തെ ചുറ്റും കൂടി. അപ്പോൾ ഒരു സിനഗോഗധികാരിയായ ജായ്‌റോസ് വന്ന് ഈശോയുടെ കാല്ക്ക‌ൽ വീണ് അപേക്ഷിച്ചു: “എന്റെ കൊച്ചുമകൾ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന് അവളുടെമേൽ കൈകൾ വയ്ക്കണമേ! എങ്കിൽ അവൾ രോഗം മാറി ജീവിക്കും" (5,23). എളിമപ്പെട്ടുകൊണ്ടുള്ള ഈ അപേക്ഷയിൽ അയാൾക്ക് ഈശോയുടെ ദൈവികശക്തിയിലുള്ള ഉറച്ച വിശ്വാസം പ്രകടമാണ്. ഈ വിശ്വാസം മനസ്സിലാക്കിയതുകൊണ്ടാകണം അവിടുന്ന് ഒരു വിശദീകരണവും ചോദിക്കാതെ അയാളുടെ ഭവനത്തിലേക്കു കൂടെ പോകുന്നത്. മാർഗമദ്ധ്യേ അയാളുടെ വീട്ടിൽനിന്ന് ചിലർ വന്ന് രോഗിയായിരുന്ന പെൺകുട്ടി മരിച്ചുപോയ വിവരമറിയിച്ചു. ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലല്ലോ എന്നും അവർ കൂട്ടിച്ചേർത്തു. ഇതു കേട്ട ഈശോ ജായ്റോസിനോട് അരുളിച്ചെയ്‌തു: "ഭയപ്പെടേണ്ട, വിശ്വസിച്ചാൽ മാത്രം മതി" (5,36). മകളുടെ മരണവാർത്ത കേട്ടു ഭയപ്പെടേണ്ട, മിശിഹായിലുള്ള വിശ്വാസം നഷ്‌ടപ്പെടാതിരുന്നാൽ മാത്രം മതി എന്നാണവിടുന്നു പറയുന്നത്. ദൈവപുത്രനായ ഈശോയിലുള്ള വിശ്വാസം എല്ലാ ഭയത്തെയും അകറ്റാൻ പര്യാപ്‌തമാണ്. "ഭയപ്പെടേണ്ട" എന്നുള്ള അവിടുത്തെ സാന്ത്വന വചനം വിഷമത്തിലിരിക്കുന്ന ആർക്കും എത്രയോ വലിയ ആശ്വാസമാണു നല്‌കുന്നത്. 

ജായ്റോസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ നിലവിളിക്കുകയും മുറവിളി കൂട്ടുകയും ചെയ്യുന്നവരെക്കണ്ട് ഈശോ അരുളിച്ചെയ്‌തു: “നിങ്ങൾ നിലവിളിക്കുന്നതും മുറവിളി കൂട്ടുന്നതും എന്തിന്? ബാലിക മരിച്ചിട്ടില്ല; ഉറങ്ങുകയാണ്" (5,39). അവൾ മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കിയിരുന്നതിനാൽ അവർ അവിടുത്തെ പരിഹസിച്ചു, ഈശോയാകട്ടെ മരണമാകുന്ന ഉറക്കത്തെത്തന്നെയാണ് ഉദ്ദേശിച്ചത്. ലാസറിൻ്റെ മരണത്തെയും ഉറക്കമായാണല്ലോ അവിടുന്നു കണ്ടത് (യോഹ 11,11-14). മരിക്കുന്നവർ കർത്താവിൽ നിദ്ര പ്രാപിക്കുകയാണ് എന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ അടിസ്ഥാനവും ഇതാണ്. 

ഈശോ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ജായ്റോസിനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും മാത്രം കൂട്ടിക്കൊണ്ട് ബാലികയെ കിടത്തിയിരുന്ന സ്ഥലത്തു പ്രവേശിച്ചു. മരിച്ച അവളെ സ്പർശിച്ചാൽ അശുദ്ധനാകുമോ എന്നൊന്നും ഭയപ്പെടാതെ (സംഖ്യ 19,11-13) അവളുടെ കൈക്കു പിടിച്ചുകൊണ്ട് അവിടുന്ന് അരുളിച്ചെയ്‌തു: "തീത്താകും" (5,41). "ബാലികേ എഴുന്നേല്ക്കുക" എന്നാണ് ഈ അറമായ വാക്യത്തിനർത്ഥം. പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ആ ബാലിക തത്ക്ഷണം എഴുന്നേറ്റു നടക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെയും രോഗങ്ങളുടെയും പ്രകൃതിശക്തികളുടെയുംമേൽ മാത്രമല്ല, മരണത്തിൻ്റെ മേലും തനിക്കധികാരമുണ്ടെന്ന് അവിടുന്ന് ഇതിലൂടെ തെളിയിക്കുകയായിരുന്നു. അവൾക്കു ഭക്ഷണം കൊടുക്കാൻ നിർദ്ദേശിച്ചത് അവൾ യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നു വ്യക്തമാക്കാനാണ്. മനുഷ്യൻ്റെ ശാരീരികാവശ്യങ്ങളിലുള്ള അവിടുത്തെ ശ്രദ്ധയും ഇവിടെ പ്രകടമാണ്. 

ജായ്റോസിൻ്റെ മകളെ ഉയിർപ്പിച്ചുകൊണ്ട്, താനാണ് മരിച്ചവരെ ഉയിർപ്പിക്കുന്നത് എന്ന് ഈശോ വെളിപ്പെടുത്തി. ഈശോയിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും (യോഹ 6,47). മരണമാകുന്ന ഉറക്കത്തിൽ നിന്ന് ജായ്‌റോസിൻ്റെ മകളെയും നായിനിലെ വിധവയുടെ മകനെയും ലാസറിനെയുമൊക്കെ ഉണർത്തിയതുപോലെ, മിശിഹായിൽ വിശ്വസിച്ചാൽ നമ്മെയും അവിടുന്ന് ഉയിർപ്പിക്കും. ഈ വിശ്വാസമുണ്ടങ്കിൽ മരണത്തെ ഭയപ്പെടാതെ ജീവിക്കാനും നമുക്കു സാധിക്കും. 

31 

ഇവന് ഇതെല്ലാം എവിടെനിന്ന്? (6,1-6) 

സ്വപട്ടണമായ നസ്രത്തിൽ തിരിച്ചെത്തിയ ഈശോ സാബത്തു ദിവസം സിനഗോഗിൽ പ്രവേശിച്ചു ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. ശിഷ്യന്മാർ അവിടുത്തോടൊപ്പമുണ്ടായിരുന്നു. കഫർണാമിലെ സിനഗോഗിലെപ്പോലെ (1,22) ഇവിടെയുണ്ടായിരുന്നവരും അവിടുത്തെ പ്രബോധനത്തിൽ വിസ്മയിച്ചു (6,2). ആശ്ചര്യപൂർവ്വം അവർ പറഞ്ഞു: "ഇവന് ഈ അറിവെല്ലാം എവിടെനിന്ന്? ഇവൻ്റെ ജ്ഞാനം ഏതു തരത്തിലുള്ളത്? എത്ര വലിയ കാര്യങ്ങളാണ് ഇവൻ്റെ കരങ്ങൾ വഴി സംഭവിക്കുന്നത്!" (6,2). ഈശോയുടെ അറിവും ജ്‌ഞാനവുമെല്ലാം ദൈവത്തിൽ നിന്നുള്ള താണെന്നും ദൈവപുത്രൻ എന്ന നിലയിലാണ് അവിടുന്നു വലിയ കാര്യങ്ങൾ ചെയ്യുന്നതെന്നും സ്വന്തം നാട്ടുകാർ മനസ്സിലാക്കേണ്ടതായിരുന്നു. പക്ഷേ, അവർ അതു ഗ്രഹിച്ചില്ല. 

അവർക്ക് ഈശോയെക്കുറിച്ചറിയാമായിരുന്ന കാര്യങ്ങൾ അവർ എണ്ണിയെണ്ണി പറയുന്നുണ്ട്. "ഇവൻ മറിയത്തിൻ്റെ മകനും യാക്കോബ്, യോസേ, യൂദാ, ശെമയോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലേ? ഇവൻ്റെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെയുണ്ടല്ലോ" (6,3). ഇങ്ങനെ അവർക്ക് ഈശോയിൽ ഇടർച്ചയുണ്ടായി എന്നാണ് വി. മർക്കോസ് എഴുതുന്നത്. അവിടുന്നു മറിയത്തിൽനിന്നു ജനിച്ച മരപ്പണിക്കാരനാണെങ്കിലും അതേസമയം ദൈവത്തിൻ്റെ പുത്രനുമാണ് എന്ന യാഥാർത്ഥ്യം (1,11) സൗകര്യപൂർവ്വം അവർ വിസ്മ‌രിച്ചു. അവിടുത്തെ സഹോദരീസഹോദരന്മാർ ദൈവഹിതം നിറവേറ്റുന്നവരും അവിടുത്തെ അനുഗമിക്കുന്നവരുമാണെന്ന് അവിടുന്നു പഠിപ്പിച്ച കാര്യം അവർ ഓർമ്മിച്ചില്ല (3,20 -35).

തങ്ങൾക്കറിയാമായിരുന്ന ഈ സാധാരണ തച്ചനിൽനിന്ന് ഇത വലിയ ജ്ഞാനവും പ്രവർത്തനങ്ങളും എങ്ങനെ വരുന്നു എന്നതായിരുന്നു അവരുടെ ഇടർച്ചക്കു കാരണം. സ്വന്തം നഗരത്തിലും സ്വന്തക്കാരുടെയിടയിലും സ്വഭവനത്തിലും മാത്രമാണ് പ്രവാചകൻ അവഗണിക്കപ്പെടുന്നത് (6,4) എന്ന് ഈശോ പറയുമ്പോൾ താൻ ദൈവവചനം പ്രഘോഷിക്കാൻ അയയ്ക്കപ്പെട്ട പ്രവാചകനാണ് എന്നവിടുന്നു പ്രഖ്യാപിക്കുകയായിരുന്നു. പ്രവാചകർക്കുണ്ടാകുന്ന അവഗണനയുടെയും തിരസ്ക‌രണത്തിന്റെയും ഭാഗമാണ് തനിക്കുണ്ടാകുന്ന അനുഭവമെന്നും അവിടുന്നു വ്യക്തമാക്കി. 

“ചില രോഗികളുടെമേൽ കൈവച്ചു സുഖപ്പെടുത്താനല്ലാതെ മറ്റ് അത്ഭുതമൊന്നും ചെയ്യാൻ അവിടെ അവിടുത്തേക്കു കഴിഞ്ഞില്ല. അവരുടെ വിശ്വാസക്കുറവിൽ അവിടുന്നു വിസ്‌മയിച്ചു" (6,5-6). ഇതുവരെ ചെയ്‌ത അത്ഭുതങ്ങളെല്ലാം വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു. ഇതെല്ലാം കണ്ടിട്ടും സ്വന്തക്കാർ വിശ്വസിക്കുന്നില്ലല്ലോ എന്നതാണ് അവിടുത്തെ വിസ്മയത്തിനു കാരണം. ഇങ്ങനെയൊക്കെ തിരസ്‌കരിക്കപ്പെട്ടെങ്കിലും അവിടുത്തെ കരുണാമസ്യണവും രക്ഷാകരവുമായ പ്രവർത്തനങ്ങളുടെ ഉറവ വറ്റിപ്പോയില്ല. ചില രോഗികളെ അവിടുന്നു കൈവച്ചു സുഖപ്പെടുത്തി. ഇതല്ലാതെ 'മറ്റ് അത്ഭുതമൊന്നും ചെയ്യാൻ അവിടുത്തേയ്ക്കു കഴിഞ്ഞില്ല' എന്നു പറയുമ്പോൾ അവിടുത്തേയ്ക്കു കഴിവില്ലായിരുന്നു എന്നല്ല, മറിച്ച് അവരുടെ അവിശ്വാസം നിമിത്തം അവിടുന്ന് മറ്റ് അത്ഭുതങ്ങൾ അവിടെ ചെയ്തില്ല എന്നു മാത്രമേ അർത്ഥമുള്ളു (മത്താ 13,58). 

ഈശോയുടെ ഗലീലിയിലെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിൽ അവിടുത്തെ ശ്രദ്ധ മുഴുവൻ ശിഷ്യന്മാരുടെ രൂപവത്കരണത്തിലായിരുന്നു. “കൂടെ” കൊണ്ടുനടന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷപ്രഘോഷണത്തിൽ അവിടുന്ന് അവർക്കു പരിശീലനം നല്‌കി. അതുവഴി ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരുടെ ഒരു പുതിയ കുടുംബം രൂപംകൊണ്ടു. ഗലീലിപ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൻ്റെ അവസാനത്തിലെന്നതു പോലെ (3,1-6) രണ്ടാം ഘട്ടത്തിൻ്റെ അന്ത്യത്തിലും ജനത്തിൻ്റെ ഹൃദയ കാഠിന്യവും ഈശോയെക്കുറിച്ചുള്ള തെറ്റിദ്ധാരണയുമാണ് വിവരിക്കപ്പെടുന്നത് (6,1-6). ശിഷ്യന്മാരുടെ രൂപവത്കരണത്തിൽ ഈ രംഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഗുരുവിനുണ്ടായ അനുഭവം തന്നെയാണ് ശിഷ്യർക്കുമുണ്ടാകാനിരിക്കുന്നത് എന്ന് ഇതിലൂടെ അവിടുന്നു പഠിപ്പിക്കുകയായിരുന്നു. ദൈവരാജ്യസുവിശേഷം പ്രഘോഷിക്കുമ്പോഴും നന്മ ചെയ്യുമ്പോഴും ഈശോയ്ക്കു നേരിട്ടതുപോലുള്ള തിരസ്‌കരണം നമുക്കുമുണ്ടാകും. അവിടുത്തെ അനുഗമിക്കുന്ന പാതയിൽ ഉറച്ചുനില്ക്കാനും നന്മയിൽ മുന്നേറാനും നാഥനും കർത്താവുമായ ഈശോ തന്നെ നമുക്കു മാതൃക. 

 

32 

അവൻ രണ്ടു പേരെ വീതം അയയ്ക്കാൻ തുടങ്ങി (6,7-13.30-32) 

ഈശോ ഇതുവരെയുള്ള തൻ്റെ പ്രവർത്തനങ്ങൾക്കെല്ലാം സാക്ഷികളായിരുന്ന പന്ത്രണ്ടു ശ്ലീഹന്മാരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാൻ തുടങ്ങി. അവിടുത്തെ പരസ്യജീവിതത്തിന്റെ ആരംഭംമുതൽ അവിടുത്തോടൊപ്പമുണ്ടായിരുന്നവരാണവർ (1,16-6,6). ദൈവപുത്രനെന്ന നിലയിൽ എപ്രകാരമാണ് ദൈവഹിതത്തിനു വിധേയനായി ജീവിക്കേണ്ടതെന്ന് “കൂടെക്കൊണ്ടു നടന്ന്" അവിടുന്ന് അവർക്കു കാണിച്ചുകൊടുത്തു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമുള്ള അവിടുത്തെ ദൈവരാജ്യപ്രഘോഷണത്തിന് അവർ സാക്ഷികളായി (3,13-19; 4,35-5,43). മനുഷ്യരെ അടിമപ്പെടുത്തിയിരുന്ന വിവിധ ബന്ധനങ്ങളിൽനിന്ന് - തിന്മയുടെ ശക്തികളിലും രോഗങ്ങളിലും നിന്ന് - അവരെ വിമോചിപ്പിച്ച സംഭവങ്ങളെല്ലാം അവർ നേരിട്ടു കണ്ടു. തൻ്റെ പ്രബോധനങ്ങളുടെയെല്ലാം വിശദമായ വ്യാഖ്യാനങ്ങൾ സ്വകാര്യമായി അവർക്കു നല്‌കിക്കൊണ്ട് അവിടുന്ന് അവരെ ഒരുക്കി (4,1-34). ഇപ്രകാരം പ്രത്യേകം പരിശീലിപ്പിച്ച പന്ത്രണ്ടു പേരെയാണ് തൻ്റെ ജീവിതകാലത്ത് അവിടുന്ന് തൻ്റെതന്നെ ദൗത്യവുമായി അയയ്ക്കുന്നത്. 

അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാൻ അധികാരം നല്കിയാണ് അവിടുന്ന് ശിഷ്യന്മാരെ അയച്ചത് (6,7). പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു നിയമിച്ചപ്പോൾ തന്നെ ഈ ലക്ഷ്യം വ്യക്തമാക്കിയിരുന്നതാണ് (3,13-15). ഇതുവരെ ഈ അധികാരം ഈശോയ്ക്കു മാത്രമുള്ളതായിരുന്നു (1,27; 5,1-20). മനുഷ്യരെ അടിമപ്പെടുത്തിയിരുന്ന തിന്മയുടെ ശക്തികൾക്കെതിരെ അവിടുന്നു നടത്തിയ പോരാട്ടത്തിൻ്റെ ഭാഗമായാണ് അവിടുന്ന് അശുദ്ധാത്മാക്കളെ ബഹിഷ്‌കരിച്ചത്. ഈശോ രണ്ടു പേരെ വീതം അയയ്ക്കുന്നത് സന്ദേശത്തിൻ്റെ സത്യാവസ്ഥ വ്യക്തമാക്കാനാണ്. ഒരു വസ്തുത സത്യമാണെന്നു തെളിയിക്കാൻ രണ്ടുപേരുടെയെങ്കിലും സാക്ഷ്യം ആവശ്യമാണെന്നത് യഹൂദനിയമമാണ് (നിയമാ 17,6: 19.15). ആദ്യശിഷ്യന്മാരെ രണ്ടുപേരുടെ ഗണങ്ങളായി വിളിക്കുന്നതിലും ഈ ലക്ഷ്യം കാണാം (1,16-20). 

ഈശോ ഇപ്രകാരം അരുളിച്ചെയ്‌താണ് അവരെ അയച്ചത്: “യാത്രയ്ക്ക് ഒരു വടിയല്ലാതെ സഞ്ചിയോ അപ്പമോ മടിശ്ശീലയിൽ പണമോ കരുതരുത്. ചെരിപ്പു ധരിക്കാം. എന്നാൽ രണ്ട് ഉടുപ്പുകൾ ധരിക്കരുത്" (6,8). ചെരിപ്പും വടിയും ഉപയോഗിക്കാനേ അനുവാദമുള്ളു. ഇത് പഴയ നിയമത്തിലെ പുറപ്പാടു സന്ദർഭം നമ്മെ അനുസ്‌മരിപ്പിക്കുന്നതാണ്. പെസഹാ ഭക്ഷിക്കേണ്ട രീതിയെക്കുറിച്ച് ഇപ്രകാരമായിരുന്നു കർത്താവിന്റെ നിർദ്ദേശം: "അരമുറുക്കി ചെരിപ്പുകളണിഞ്ഞ് വടി കൈയ്യിലേന്തി തിടുക്കത്തിൽ ഭക്ഷിക്കണം” (പുറ 12,11). യാത്ര പുറപ്പെടാനുള്ള ഒരുക്കമാണ് വടിയും ചെരിപ്പുമൊക്കെ സൂചിപ്പിക്കുന്നത്. ഈശോയും ശിഷ്യന്മാരെ ഒരു യാത്രയ്ക്ക് അയയ്ക്കുകയായിരുന്നു. പുതിയ പുറപ്പാടിൻ്റെ തുടക്കം. പഴയ പുറപ്പാട് ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നായിരുന്നെങ്കിൽ പുതിയത് തിന്മയുടെ ബന്ധനത്തിൽ നിന്നായിരുന്നു. ഇന്നത്തേതുപോലെ നല്ല വഴികളില്ലാതിരുന്ന കാലത്ത് മലമ്പ്രദേശത്തുകൂടെ യാത്ര ചെയ്യുവാൻ ചെരിപ്പും വടിയും അത്യന്താപേക്ഷിതമായിരുന്നു. 

'സഞ്ചിയോ അപ്പമോ പണമോ ഒന്നും കരുതരുത്' എന്നു കല്പിക്കുമ്പോൾ മാനുഷികമായവയിലൊന്നും ആശ്രയം വയ്ക്കാതെ, ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് സുവിശേഷസന്ദേശവുമായി യാത്ര ചെയ്യാൻ അവിടുന്നു നിർദ്ദേശിക്കുകയായിരുന്നു. നമുക്കാവശ്യമുള്ളവ എന്തെന്നു ദൈവത്തിനറിയാം. നാം അവിടുത്തെ രാജ്യം അന്വേഷിക്കുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോൾ ഇതെല്ലാം നമുക്കു ലഭിക്കും (മത്താ 6,25-34). 'രണ്ടുടുപ്പു പാടില്ല' എന്നു പറയുമ്പോൾ അവശ്യാവശ്യംകൊണ്ടു തൃപ്തിപ്പെടണമെന്നും അവിടുന്നു പഠിപ്പിക്കുകയായിരുന്നു. ശിഷ്യന്മാർ പ്രഘോഷിക്കുന്ന സുവിശേഷത്തിൻ്റെ വിശ്വസനീയതയ്ക്കടിസ്ഥാനം സ്വന്തം കഴിവിൽ ആശ്രയിക്കാതെ കർത്താവിൽ ശരണം വയ്ക്കുക എന്നതാണ്. ശക്തിക്കുറവിടം കർത്താവാണെന്ന ബോദ്ധ്യമുള്ളവർക്കേ ദൗത്യനിർവ്വഹണത്തിൽ വിജയിക്കാനാവൂ. ഈശോയുടെ ദൗത്യത്തിൽതന്നെയാണ് ശ്ലീഹന്മാരും പങ്കുചേരുന്നത്. ദൈവപിതാവ് പുത്രനെ അയച്ചതുപോലെ പുത്രൻ തന്റെ ശിഷ്യന്മാരെയും അയയ്ക്കുന്നു (യോഹ 20,21). ഈശോയോടൊത്തുള്ള വാസമാണ് അവിടുത്തെ ദൗത്യത്തിൽ പങ്കുചേരുന്നതിന് അവരെ യോഗ്യരാക്കിയത്. 

ഈശോ അവരോടു വീണ്ടും അരുളിച്ചെയ്‌തു: “നിങ്ങൾ ഏതെങ്കിലും വീട്ടിൽ താമസമാക്കിയാൽ, ആ സ്ഥലം വിട്ടുപോകുന്നതുവരെ അവിടെത്തന്നെ താമസിക്കുവിൻ, ഏതെങ്കിലും സ്ഥലത്തെ ആളുകൾ നിങ്ങളെ സ്വീകരിക്കാതിരിക്കയോ നിങ്ങളുടെ വാക്കു കേൾക്കാതിരിക്കയോ ചെയ്യുന്നെങ്കിൽ, നിങ്ങൾ അവിടം വിട്ടുപോകുമ്പോൾ അവർക്കെതിരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി കൂടി തട്ടിക്കളയുവിൻ (6,10-11). കൂടുതൽ സൗകര്യപ്രദമായ വാസസ്ഥലം തേടിയുള്ള നെട്ടോട്ടം സുവിശേഷമൂല്യത്തിനു യോജിച്ചതല്ല. പ്രഘോഷിക്കുന്ന സുവിശേഷം ജീവിക്കണമെന്നു സാരം. ഇതെക്കുറിച്ച് ആദ്യനൂറ്റാണ്ടിൽ രൂപംകൊണ്ട് ശ്ലീഹന്മാരുടെ പ്രബോധനമായ ഡിഡാക്കെയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "കർത്താവിനെപ്പോലെ പെരുമാറുന്നവൻ മാത്രമാണ് യഥാർത്ഥ പ്രവാചകൻ... സത്യം പഠിപ്പിക്കുകയും എന്നാൽ അതനുസരിച്ചു ജീവിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളപ്രവാചകനാണ്" (ഡിഡാക്കെ, 11,7). 

കാലിലെ പൊടി തട്ടിക്കളയുന്നത് അവരുമായി യാതൊരു ബന്ധവുമില്ലെന്നു കാണിക്കാനാണ്. രക്ഷാസന്ദേശം നിരസിക്കുന്നവരെ ദൈവം തന്നെ വിധിച്ചുകൊള്ളട്ടെ എന്നാണ് ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ അർത്ഥം. ദൂതനെ സ്വീകരിക്കാതിരിക്കുന്നത് ദൂതിനെയും ദൂതുകൊടുത്തുവിടുന്നവനെയും സ്വീകരിക്കാതിരിക്കുന്നതിനു തുല്യമാണല്ലോ. പിസീദിയായിലെ അന്ത്യോക്യായിൽ ദൈവവചനം പ്രഘോഷിച്ച പൗലോസിനെയും ബർണബായെയും അവിടെയുണ്ടായിരുന്ന യഹൂദർ തിരസ്ക‌രിച്ചപ്പോൾ അവർ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരെ തട്ടിക്കളഞ്ഞിട്ടാണ് യാത്ര തുടർന്നത് (നടപടി 13,44-51). 

ഈശോ കല്പിച്ചതുപോലെ, ശ്ലീഹന്മാർ പുറപ്പെട്ട് പശ്ചാത്തപിക്കണമെന്ന് ജനങ്ങളോടു പ്രസംഗിച്ചു (6,12-13). അനുതപിക്കാനുള്ള ആഹ്വാനമായിരുന്നല്ലോ ഈശോയുടെ പ്രഘോഷണവിഷയവും (1,14-15). അവിടുന്നു ചെയ്ത‌തതുപോലെ അവരും അനേകം പിശാചുക്കളെ പുറത്താക്കുകയും അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തുകയും ചെയ്തു. ഈശോ ഏല്‌പിച്ച ഈ ദൗത്യം ഇന്നത്തെ ലോകത്തിൽ തുടരുകയെന്നതാണ് ഓരോ ക്രിസ്‌തുശിഷ്യൻ്റെയും കടമ. 

ഈശോ അയച്ച ശിഷ്യന്മാർ മടങ്ങിവന്ന്, തങ്ങൾ അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ചതും രോഗികളെ സുഖപ്പെടുത്തിയതുമായ സംഭവങ്ങൾ അവിടുത്തെ അറിയിച്ചു. മിശിഹായുടെ ദൈവരാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിൽ അവർക്കു വലിയ വിജയമുണ്ടായി. തന്റെ പരസ്യജീവിതത്തിന്റെ ആദ്യദിവസത്തെ വിജയകരമായ പ്രവർത്തനങ്ങൾക്കുശേഷം പിറ്റെദിവസം അതിരാവിലെ ഈശോ വിജനപ്രദേശത്തു പോയി പ്രാർത്ഥിച്ചതുപോലെ (1,35) സന്തോഷിച്ചുമടങ്ങിവന്ന ശ്ലീഹന്മാരോട് അവിടുന്ന് അരുളിച്ചെയ്തു‌: "നമുക്കു തനിയേ ഒരു വിജനസ്ഥലത്തു പോയി വിശ്രമിക്കാം" (6,31). ഈശോ ഇപ്രകാരം നിർദ്ദേശിച്ചതിൻ്റെ കാരണം സുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്: അവർക്കു ഭക്ഷണം കഴിക്കാൻ പോലും അവസരം കിട്ടാത്തവണ്ണം അത്രയധികം ആളുകൾ വന്നും പോയുമിരുന്നു (6,32). 

ഈശോ നല്‌കിയ ദൈവികാധികാരമാണ് അവർക്കുണ്ടായ വിജയത്തിനടിസ്ഥാനമെന്നു ഗ്രഹിക്കാതെ, തങ്ങൾക്കുണ്ടായ വിജയത്തിൽ മതിമറന്ന് ശിഷ്യന്മാർ ജനക്കൂട്ടത്തിൻ്റെ കൈയ്യടിക്കു പിന്നാലെ പോകുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നു. ഈ അപകടത്തിൽ നിന്ന് അവരെ രക്ഷിക്കാനായിരുന്നു അവിടുന്ന് അവരെയും കൂട്ടി വിജനസ്ഥലത്തേയ്ക്കു പോയത്. വിജനപ്രദേശം ഈശോയെ സംബന്ധിച്ച് പിതാവായ ദൈവത്തോടു സംഭാഷണത്തിലേർപ്പെടുന്നതിനുള്ള സ്ഥലമാണ് (1,35). സുവിശേഷപ്രഘോഷണത്തിലുണ്ടായ വിജയത്തിനു ദൈവത്തിനു നന്ദി പറയുക എന്ന ലക്ഷ്യവും ഈ പിൻവാങ്ങലിനുണ്ടായിരുന്നു (ലൂക്കാ 10,17 -24). 

 

33 

അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കി (6,14-29) 

ഈശോ തന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ അയയ്ക്കുന്നതും (6,7-13). അവർ തിരിച്ചുവരുന്നതും (6,30-34) വിവരിക്കുന്നതിനിടയിലാണ് വി. മർക്കോസ് സ്നാപകയോഹന്നാൻ്റെ ശിരച്ഛേദം വർണ്ണിക്കുന്നത് (6,14-29). മർക്കോസിനു പ്രിയപ്പെട്ട “അടപ്രയോഗ"ത്തിനു(sandwich narrative)ഉദാഹരണമാണിത്. ശിഷ്യന്മാർകൂടെ ഇല്ലാത്തപ്പോൾ ഈശോ ചെയ്ത ഒരു കാര്യവും മാർക്കോസ് വിവരിക്കുന്നില്ല (excapt the Passion narrative). ഈശോയുടെ വാക്കുകൾക്കും പ്രവർത്തനങ്ങൾക്കുമെല്ലാം ശ്ലീഹന്മാർ ദ്യക്സാക്ഷികളായിരുന്നു എന്നു കാണിക്കാനാണിത്. 

ഈശോ പോകാനിരുന്ന സ്ഥലങ്ങളിലേക്കാകണം അവിടുന്നു തന്റെ ശ്ലീഹന്മാരെ അയച്ചത് (ലൂക്കാ 10,1). സ്‌നാപകയോഹന്നാൻ ചെയ്തതും മിശിഹായ്ക്കു വഴിയൊരുക്കുകയായിരുന്നല്ലോ. ദൗത്യനിർവ്വഹണത്തിൽ യോഹന്നാനു സംഭവിച്ച അന്ത്യം തന്നെയാണ് ശ്ലീഹന്മാർക്കും ഉണ്ടാകുവാൻ പോകുന്നത് എന്നു സൂചിപ്പിക്കാനാണ് വി. മർക്കോസ് ഈ സംഭവങ്ങൾ ഇപ്രകാരം ബന്ധപ്പെടുത്തി വിവരിക്കുന്നത്. 

അനുതപിക്കണമെന്നു ജനങ്ങളോടു പ്രസംഗിച്ചുകൊണ്ട്, പിശാചുക്കളെ ബഹിഷ്കരിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്ത ശ്ലീഹന്മാരുടെ സാക്ഷ്യത്തിലൂടെ ഈശോയുടെ പേരാണ് പ്രസിദ്ധമായത് (6,13-14). ഹേറോദേസ് രാജാവിൻ്റെ പുത്രനും ഗലീലിയുടെ ഭരണാധികാരിയുമായിരുന്ന ഹേറോദ് അന്തിപ്പാസും (ബി.സി. 4 മുതൽ എ.ഡി. 39 വരെ) ഇതെക്കുറിച്ചു കേട്ടു. താൻ ശിരച്ഛേദം ചെയ്‌ത സ്‌നാപകയോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതാണ് ഈശോയെന്ന് അദ്ദേഹം ചിന്തിച്ചു (6,14-16). വി. മർക്കോസ് ഈ സന്ദർഭമുപയോഗിച്ച് യോഹന്നാന്റെ രക്തസാക്ഷിത്വം ഒരു “ഫ്ളാഷ്ബായ്ക്കായി" അവതരിപ്പിക്കുന്നു (6,17-29). മിശാഹായ്ക്കു വഴിയൊരുക്കാൻ ദൈവത്താൽ പ്രത്യേകം അയയ്ക്കപ്പെട്ട സ്നാപകയോഹന്നാൻ പാപമോചനത്തിനുള്ള അനുതാപം പ്രസംഗിച്ചുകൊണ്ട് തൻ്റെ ദൗത്യം നിറവേറ്റി (1,4). അധർമ്മത്തിന്റെയും അനീതിയുടെയും മാർഗത്തിൽ നിന്നു പിൻതിരിഞ്ഞുകൊണ്ടാണ് അനുതപിക്കേണ്ടതെന്ന് വലുപ്പച്ചെറുപ്പവ്യത്യാസം നോക്കാതെ എല്ലാവരെയും അദ്ദേഹം ധൈര്യപൂർവം ഉപദേശിച്ചു. രാജാവായിരുന്ന ഹേറോദേസു പോലും അദ്ദേഹത്തിൻ്റെ വിമർശനത്തിൽ നിന്നൊഴിവായില്ല. സഹോദരൻ പീലിപ്പോസ് ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ ഭാര്യയായ ഹേറോദിയായെ വിവാഹം ചെയ്തതതു തെറ്റാണെന്ന് രാജാവിനെ ഓർമ്മിപ്പിച്ചതും അതിന്റെ ഭാഗമായിരുന്നു. ഇതിൻ്റെ പേരിലാണ് യോഹന്നാനു തന്റെ ജീവൻ നഷ്ടമായത്. 

ഹേറോദിയായുടെ നിർബന്ധം നിമിത്തമാണ് ഹേറോദേസ് യോഹന്നാനെ കാരാഗൃഹത്തിലടച്ചതും വധിച്ചതും. യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് രാജാവിന് അവനെ ഭയമായിരുന്നു. അവൻ ദൈവത്തിൻ്റെ പ്രവാചകനാണെന്ന ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ട് അവന്റെ കുറ്റപ്പെടുത്തലുകൾ രാജാവിനെ അസ്വസ്ഥനാക്കി. പക്ഷേ, തെറ്റുതിരുത്താൻ അയാൾ തയ്യാറായില്ല. മാത്രമല്ല, പ്രവാചകനെ വാളിനിരയാക്കിക്കൊണ്ട് വലിയ തെറ്റിനുത്തരവാദിയാവുകയും ചെയ്‌തു. തിന്മ പ്രവർത്തിക്കുകയും പാപത്തിൻ്റെ വഴിയേ ചരിക്കുകയും ചെയ്യുന്നവരെ യോഹന്നാൻ്റേതുപോലുള്ള പ്രവാചകശബ്ദം എന്നും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. 

മിശിഹായ്ക്കുമുമ്പേ പോയ യോഹന്നാനു സംഭവിച്ചതുതന്നെയാണ് മിശിഹായ്ക്കും സംഭവിക്കാൻ പോകുന്നത് എന്നു വി. മർക്കോസ് വ്യംഗ്യമായി സൂചിപ്പിക്കുന്നു. മർക്കോ 6,16-29 ഉം 14,1-16,8 താരതമ്യപ്പെടുത്തുമ്പോൾ ഇതു വ്യക്തമാകും. നീതിമാന്മാരും വിശുദ്ധരും ആയിരുന്നെങ്കിലും പ്രഘോഷിച്ച സന്ദേശത്തെപ്രതി ജീവൻ ബലി കഴിക്കേണ്ടി വന്നവരാണ് രണ്ടുപേരും. ശ്ലീഹന്മാർക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാകാൻ പോകുന്നത് എന്നു വ്യക്തമാക്കാനാണ് അവരെ അയയ്ക്കുന്നതും അവർ തിരിച്ചുവരുന്നതുമായ രംഗങ്ങൾക്കിടയിൽ യോഹന്നാന്റെ രക്തസാക്ഷിത്വം മർക്കോസ് വിവരിക്കുന്നത്. ഏതൊരു ക്രൈസ്തവനും സുവിശേഷസന്ദേശത്തെപ്രതി ഇത്തരത്തിലുള്ള അന്ത്യം നേരിടാൻ തയ്യാറായിരിക്കണം എന്നൊരു സന്ദേശവും ഇവിടെയുണ്ട്. 

34 

നിങ്ങൾതന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ (6,33-44) 

ജനക്കൂട്ടത്തിന്റെ ബഹളത്തിൽനിന്നകന്ന് ഒരല്പ‌ം വിശ്രമിക്കാമെന്നു കരുതി ഈശോ ശിഷ്യരെയും കൂട്ടി വഞ്ചിയിൽ കയറി വിജന പ്രദേശത്തേക്കു പോയെങ്കിലും, അവർ അവിടെ എത്തുന്നതിനു മുമ്പുതന്നെ ജനങ്ങൾ കരമാർഗം ഓടി അവിടെയെത്തിയിരുന്നു (6,33-34). ദൈവരാജ്യത്തിന്റെ സുവിശേഷം ശ്രവിക്കുന്നതിന് അവർക്കുള്ള അതീവ തീക്ഷ്‌ണതയാണിവിടെ പ്രകടമാകുന്നത്. കരയ്ക്കിറങ്ങിയ ഈശോ അവിടെ കൂടിയിരുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ വിശ്രമത്തിൻ്റെ കാര്യമൊക്കെ മറന്നു. ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലുള്ള അവരുടെമേൽ അവിടുത്തേക്ക് അലിവു തോന്നി (6.34). ഈ അലിവിൻ്റെ ഫലമായി അവിടുന്ന് അവരെ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാൻ ആരംഭിച്ചു. 

“ഇടയനില്ലാത്ത ആടുകൾ" എന്ന പ്രയോഗം പഴയനിയമ ഇസ്രായേൽ ജനത്തിന്റെ പൊതുവായ അവസ്ഥയെ സൂചിപ്പിക്കുന്നതാണ് (സംഖ്യ 27, 17; 1 രാജാ 22, 17; 2 ദിന 18,16; ന്യായാ 11,19; എസ 34,5-8). ചിതറിക്കപ്പെട്ടിരുന്ന ജനത്തെ കരുണാപൂർവം ഒന്നിച്ചു ചേർക്കാൻ കഴിവുള്ള നേതാവിന്റെ അഭാവത്തെയാണ് ഈ അവസ്ഥ ദ്യോതിപ്പിക്കുന്നത്. ഇപ്രകാരമുള്ള ജനത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഇടയനാണ് മിശിഹാ (എസ് 34,23; ജറെ 23,4-6). പഴയനിയമത്തിലെ യാഹ്‌വേയുടെ സ്ഥാനത്താണ് മിശിഹാ അവരോധിക്കപ്പെടുന്നത് (സങ്കീ 23,1; 80,1). വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഇടയൻ എന്ന നിലയിൽ മിശിഹാ തൻ്റെ പ്രബോധനം കൊണ്ടും സമൃദ്ധമായ ഭക്ഷണം കൊണ്ടും ജനത്തെ പോഷിപ്പിക്കുന്നു (6,34-44). ആത്മീയ പോഷണത്തിനുള്ള ദൈവവചനം മാത്രമല്ല, ശാരീരിക ഭക്ഷണവും മനുഷ്യന് ആവശ്യമാണെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. 

നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഈശോയെ സമീപിച്ചു പറഞ്ഞു: "ഇതൊരു വിജനപ്രദേശമാണ്; സമയം വൈകിയിരിക്കുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചെന്ന് ഭക്ഷണം വാങ്ങാൻ ജനക്കൂട്ടത്തെ പറഞ്ഞയച്ചാലും! അവരുടെ കൈവശമൊന്നുമില്ല" (6,35-36). ജനത്തിന്റെ ശാരീരികാവശ്യങ്ങളെക്കുറിച്ച് ശിഷ്യന്മാരും ബോധവാന്മാരായിരുന്നു. പക്ഷേ ഈശോയുടെ മറുപടി അവരെ അക്ഷരാർത്ഥത്തിൽ കുഴയ്ക്കുന്നതായിരുന്നു. അവിടുന്നു പറഞ്ഞു: "നിങ്ങൾതന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ" (6,37). നല്ലയിടയൻ്റെ മനസ്സലിവാണ് നാമിവിടെയും കാണുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തിന് ഇരുന്നൂറു ദെനാറയ്ക്കുള്ള അപ്പം വാങ്ങിയാലും തികയുകയില്ലെന്ന് അവർ അവിടുത്തെ അറിയിച്ചു. (ഈശോയുടെ കാലത്ത് പലസ്തീനായിൽ ഒരു ദിവസത്തെ വേതനമായിരുന്നു ഒരു ദെനാറ.) അവിടുന്ന് അവരോടു ചോദിച്ചു: "നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?" (6,38). അവരുടെ പക്കൽ അഞ്ചപ്പവും രണ്ടു മത്സ്യവുമേ ഉണ്ടായിരുന്നുള്ളു. ജനത്തെ പച്ചപ്പുൽത്തകിടിയിൽ പന്തിപന്തിയായി ഇരുത്തിയ ശേഷം അവിടുന്ന് ആ അഞ്ചപ്പവും രണ്ടു മത്സ്യവുമെടുത്ത്, സ്വർഗത്തിലേക്കു നോക്കി പിതാവിനു സ്‌തുതിയർപ്പിച്ച്, മുറിച്ച് ജനത്തിനു വിളമ്പാനായി ശിഷ്യന്മാരെ ഏല്‌പിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും എണ്ണാതെ അയ്യായിരത്തോളം പുരുഷന്മാർ ഭക്ഷിച്ചു തൃപ്തരായശേഷം പന്ത്രണ്ടു കുട്ട നിറയെ അപ്പക്കഷണങ്ങളും മീൻനുറുക്കുകളും മിച്ചം വരികയും ചെയ്തു (6,38-44). 

യാഹ്‌വേ മരുഭൂമിയിൽവച്ച് ഇസ്രായേൽക്കാർക്ക് അദ്ഭുതകരമായി മന്നാ നല്കിയതുപോലെയാണ് വിജനപ്രദേശത്ത് ഈശോ ജനത്തിന് അപ്പം വർദ്ധിപ്പിച്ചു നല്‌കുന്നത് (പുറ 16,1-36; യോഹ 6,31-32.49-50). ജനത്തെ പച്ചപ്പുൽത്തകിടിയിൽ ഇരുത്തുന്നത്, സങ്കീ 23,1-5 ലെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു... എന്റെ ശത്രുക്കളുടെ മുമ്പിൽ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു." നൂറും അമ്പതും വീതമുള്ള പന്തികളായി ഇരുത്തുന്നത് പല പട്ടണങ്ങളിൽ നിന്നെത്തിയ, ചിതറിക്കഴിഞ്ഞിരുന്ന ജനത്തെ ക്രമവത്കൃതമായി ഒന്നിച്ചു ചേർക്കുന്നതിന്റെ സൂചനയാണ്. 

തന്റെ ശിഷ്യന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് ഈശോ ഈ അദ്ഭുതം പ്രവർത്തിച്ചത്. അവരെ “തനിയെ" ഒരു വിജനപ്രദേശത്തു കൊണ്ടുപോയാണല്ലോ അവിടുന്നിതു ചെയ്യുന്നത് (6,31-32).ഈശോയോടൊത്തു തനിയെ ആയിരുന്ന അവസരങ്ങളെല്ലാം ശിഷ്യന്മാരെ സംബന്ധിച്ച് പ്രത്യേക വെളിപ്പെടുത്തലുകളുടെ അവസരങ്ങളായിരുന്നു (4,10.34; 9,2.28; 13,3). വചനവും കൈവയ്പ്‌പും വഴിയാണ് ഈശോ മറ്റ് അത്ഭുതങ്ങൾ ചെയ്‌തതെങ്കിൽ, അപ്പം വർദ്ധിപ്പിക്കലിൽ അവിടുന്ന് ശിഷ്യന്മാരെകൂടി പങ്കാളികളാക്കി. താൻ ആരാണെന്ന് അവർ മനസ്സിലാക്കാൻവേണ്ടിയായിരുന്നു ഇത്. ഈശോയുടെ മിശിഹാത്വത്തിൻ്റെ ഒരു പ്രത്യേക മാനം ശിഷ്യന്മാർക്കു വെളിവാക്കപ്പെട്ട അവസരമായിരുന്നു അപ്പം വർദ്ധിപ്പിക്കലിൻ്റെത്. പക്ഷേ, അവർ അതു ഗ്രഹിച്ചില്ല എന്നതാണ് ദുഃഖകരമായ സത്യം (6,52; 8,17-21). 

ശിഷ്യന്മാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യവും ഈശോയ്ക്കുണ്ടായിരുന്നു. മാനുഷികമായിമാത്രം ചിന്തിച്ചിരുന്ന അവരെ ദൈവികമായി ചിന്തിക്കാൻ പരിശീലിപ്പിക്കുകയായിരുന്നു അവിടുന്ന്. നല്ലയിടയനായ ഈശോമിശിഹായുടെ ശിഷ്യന്മാരായ ഇടയന്മാർ എന്ന നിലയിൽ ജനത്തിന്റെ സമഗ്രമായ പോഷണത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് അവിടുന്ന് അവരെ ഓർമ്മിപ്പിക്കുകയായിരുന്നു. തങ്ങളുടെ അപര്യാപ്‌തതകളെക്കുറിച്ചും ഇല്ലായ്മ‌കളെക്കുറിച്ചും ആകുലപ്പെടാതെ, ഉള്ളത് കൂടെയുള്ള മിശിഹായുടെ കരങ്ങളിലർപ്പിച്ചാൽ, നിസ്സാരമായതുകൊണ്ട് അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കുമെന്ന് ശിഷ്യന്മാർക്ക് ഉറപ്പു നല്‌കുകയായിരുന്നു അവിടുത്തെ ലക്ഷ്യം. 

ഈശോ പ്രവർത്തിച്ചതായി നാലു സുവിശേഷകന്മാരും രേഖപ്പെടുത്തുന്ന ഏക അദ്ഭുതം അപ്പം വർദ്ധിപ്പിക്കലിൻ്റേതാണ് (മത്താ 14,13-21; 15,32-39; 2 6,30-44; 8,1-9; യോഹ 9,10-17; 6,5-13). അപ്പം വർദ്ധിപ്പിക്കലിന് ആദിമസഭയിലെ "അപ്പംമുറിക്കലു"മായുള്ള (ഇന്നത്തെ പരി. കുർബാനയർപ്പണം) സാമ്യമായിരിക്കണം ഇതിനു കാരണം. അന്ത്യത്താഴവേളയിൽ പരി. കുർബാന സ്ഥാപിക്കുമ്പോൾ അവിടുന്നു ചെയ്യുന്നതും (14,22) അപ്പം വർദ്ധിപ്പിക്കലിൽ ചെയ്യുന്നതുമായ കാര്യങ്ങൾ വിവരിക്കാൻ സുവിശേഷകൻ ഉപയോഗിക്കുന്ന ക്രിയാപദങ്ങൾ ഒന്നുതന്നെയാണ് എന്നതും ശ്രദ്ധയർഹിക്കുന്നു. മിച്ചം വന്ന അപ്പക്കഷണങ്ങൾ ശ്ലീഹന്മാർ പന്ത്രണ്ടു കുട്ട നിറയെ ശേഖരിച്ചുവച്ചിരിക്കുന്നത്, പരി. കുർബാനയെന്ന ദൈവികദാനം ശ്ലൈഹികസഭയിലൂടെ ലോകാവസാനത്തോളം ലഭ്യമാകാനിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ്. 

35 

ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ട (6,45-56) 

അപ്പം വർദ്ധിപ്പിച്ച് ഈശോ പ്രവർത്തിച്ച അദ്ഭുതത്തോട് ജനക്കൂട്ടം എപ്രകാരമാണ് പ്രതികരിച്ചതെന്നതിനെക്കുറിച്ച് വി. മർക്കോസ് നിശ്ശബദത പാലിക്കുകയാണ്. അവിടുന്നു ജനക്കൂട്ടത്തെ പിരിച്ചുവിട്ടശേഷം മലമുകളിലേക്കു പ്രാർത്ഥിക്കാൻ പോയി എന്നു മാത്രമേ വി. മർക്കോസ് രേഖപ്പെടുത്തുന്നുള്ളു (6,45). എന്നാൽ വി. യോഹന്നാൻ തന്റെ സുവിശേഷത്തിൽ അപ്പം വർദ്ധിപ്പിക്കലിനെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: “അവൻ പ്രവർത്തിച്ച ഈ അടയാളംകണ്ട ജനങ്ങൾ പറഞ്ഞു: ലോകത്തിലേക്കു വരാനിരിക്കുന്ന പ്രവാചകൻ ഇവൻ തന്നെ. തന്നെ ബലമായി പിടിച്ചു രാജാവാക്കാൻ അവർ ശ്രമിക്കുന്നുവെന്നു മനസ്സിലാക്കിയ ഈശോ തനിയേ ഒരു മലയിലേക്കു പോയി" (യോഹ 6,14-15). ഒരു ഭൗതിക മിശിഹായായി ജനം തന്നെ തെറ്റിദ്ധരിക്കാതിരിക്കാനാണ് അവിടുന്ന് അവരിൽ നിന്നു പിൻവാങ്ങുന്നത്. 

പരസ്യജീവിതത്തിൻ്റെ ആരംഭഭാഗത്തും ഇതിനു സമാനമായ ഒരു സാഹചര്യമുണ്ടായപ്പോൾ അവിടുന്ന് വിജനപ്രദേശത്തു പോയി പ്രാർത്ഥിക്കുകയാണുണ്ടായത് (1,28-39). ഈശോ ജനക്കൂട്ടത്തിൽ നിന്നകന്നത് പിതാവിനോടൊപ്പമായിരിക്കാൻ വേണ്ടിയായിരുന്നു. മനുഷ്യാവതാരലക്ഷ്യത്തിൽനിന്ന് തന്നെ അകറ്റിയേക്കാവുന്ന സാഹചര്യങ്ങളിൽ, സമ്മർദ്ദങ്ങളും സംഘഷരങ്ങളുമുണ്ടാകുമ്പോൾ ഏകാന്തതയിലേക്കു പിൻമാറി പിതൃഹിതത്തിനുള്ള സമർപ്പണം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതിനുള്ള അവസരമായിരുന്നു ഈശോയെ സംബന്ധിച്ച് പ്രാർത്ഥനയുടെ നിമിഷങ്ങൾ. 

മുമ്പൊരിക്കൽ മറുകരയ്ക്കു പോകാനായി ഈശോയും ശിഷ്യന്മാരും വഞ്ചിയിൽ യാത്ര ചെയ്‌തപ്പോൾ സംഭവിച്ചതിനു (4,35-41) സമാനമായ ഒരു സാഹചര്യം വീണ്ടുമുണ്ടായി (6,47-48). ഇപ്പോൾ ഈശോ അവരുടെ കൂടെയില്ലായിരുന്നു എന്നതാണു പ്രധാന വ്യത്യാസം. നടുക്കടലിലെത്തിയപ്പോൾ കാറ്റു പ്രതികൂലമായിരുന്നതിനാൽ വഞ്ചി തുഴയാൻ അവർ വളരെയേറെ ക്ളേശിക്കുന്നുവെന്ന് ഈശോ കണ്ടു. കടലിനു മീതെ നടന്ന് രാത്രിയുടെ നാലാം യാമത്തിൽ (രാവിലെ 3 നും 6 നുമിടയ്ക്ക്) അവരുടെ സമീപത്തെത്തിയ അവിടുന്ന് ഒന്നും കാണാത്തതുപോലെ അവരെ കടന്നുപോകാൻ ഭാവിച്ചു. അവിടുന്നു വെള്ളത്തിനു മീതെ നടക്കുന്നതുകണ്ട് അതൊരു ഭൂതമെന്നു കരുതി ശിഷ്യന്മാർ നില വിളിക്കാൻ തുടങ്ങി. മനസ്സിലാകാത്തതൊക്കെ ഭൂതവും പിശാചുമാണെന്നു ചിന്തിക്കുന്നവർ ഇന്നുമുണ്ടല്ലോ! 

എല്ലാവരും അവിടുത്തെക്കണ്ടു പരിഭ്രമിച്ചു നില്ക്കുമ്പോൾ ഈശോ അരുളിച്ചെയ്തു: "ധൈര്യമായിരിക്കുവിൻ; ഞാനാണ്; ഭയപ്പെടേണ്ട" (6,50). അവിടുന്ന് അവരോടൊപ്പം വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു. വെള്ളത്തിനു മീതെ നടക്കുന്നതും കാറ്റിനെയും കടലിനെയുമൊക്കെ നിയന്ത്രിക്കുന്നതും ദൈവം മാത്രമാണ് (ജോബ് 9,8; പ്രഭാ 24,5-6; സങ്കീ 77,19; ഏശ 43,16). ഇവിടെ വെള്ളത്തിനു മീതെ നടക്കുകയും കാറ്റിനെ ശമിപ്പിക്കുകയും ചെയ്‌തുകൊണ്ട് പ്രകൃതിശക്തികളുടെമേൽ തനിക്കുള്ള ദൈവികാധികാരം ഈശോ വ്യക്തമാക്കി. പഴയനിയമത്തിലെ ദൈവിക വെളിപ്പെടുത്തലിൻ്റെ ഭാഷതന്നെയാണ് ഈശോ ഉപയോഗിക്കുന്നതും "ധൈര്യമായിരിക്കുവിൻ; ഞാനാണ്; ഭയപ്പെടേണ്ട" (6,50). “ഞാനാണ്" (I AM, ego eimi: പുറ 3,14; 33,19-23) എന്നു പറഞ്ഞുകൊണ്ടാണല്ലോ യാഹ്വെ മോശയ്ക്കു സ്വയം വെളിപ്പെടുത്തിയത്. 

ശിഷ്യന്മാരുടെ പ്രതികരണം ആശ്ചര്യത്തിൻറേതായിരുന്നു. ആശ്ചര്യത്തിനുള്ള കാരണം സുവിശേഷകൻ രേഖപ്പെടുത്തുന്നതിപ്രകാരമാണ് (6,52): "ഹൃദയം മരവിച്ചിരുന്നതിനാൽ അപ്പം വർദ്ധിപ്പിച്ചതിന്റെ രഹസ്യം അവർ ഗ്രഹിച്ചില്ല." അപ്പം വർദ്ധിപ്പിക്കലിലൂടെ പ്രകടമായത് അവിടുത്തെ ദൈവികശക്തിയാണെന്നു മനസ്സിലാക്കിയിരുന്നെങ്കിൽ പ്രകൃതിശക്തികൾ അവിടുത്തെ അനുസരിക്കുന്നതും ഗ്രഹിക്കാൻ എളുപ്പമാകുമായിരുന്നു. പക്ഷേ, ഹൃദയകാഠിന്യം നിമിത്തം ശിഷ്യന്മാർക്കതിനായില്ല. പരി. കുർബാനയിലെ ഈശോയെ മനസ്സിലാക്കിയാലേ അനുദിനജീവിതത്തിലെ അവിടുത്തെ സാന്നിധ്യം നമുക്കും തിരിച്ചറിയാനാവൂ. 

36 

നിങ്ങൾക്ക് എന്നിൽനിന്നു ലഭിക്കേണ്ടതു 'കൊർബാൻ (7,1-13) 

ഫരിസേയരും നിയമജ്ഞരും ഈശോയിലും ശിഷ്യന്മാരിലും കുറ്റം ആരോപിക്കേണ്ടതിനായി അവരുടെ പിന്നാലെ കൂടിയിരുന്നു (2,1-3.6). ജറൂസലേമിൽ നിന്നു വന്ന നിയമജ്ഞരാണ് അവിടുന്നു ബേൽസൗലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുന്നത് എന്നാരോപിച്ചത് (3,20-30). ഏഴാമദ്ധ്യായത്തിൽ അവർ ഇരുകൂട്ടരും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നു. പൂർവ്വികരുടെ ആചാരങ്ങൾക്കു വിരുദ്ധമായി അവിടുത്തെ ശിഷ്യന്മാരിൽ ചിലർ പ്രവർത്തിക്കുന്നു എന്നതായിരുന്നു ഇക്കുറി അവരുടെ ആരോപണം. 

പൂർവ്വികരുടെ പാരമ്പര്യമനുസരിച്ച് യഹൂദർ കൈ ശ്രദ്ധാപൂർവ്വം കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുമ്പോൾ ദേഹശുദ്ധി വരുത്തിയശേഷമേ അവർ ഭക്ഷിച്ചിരുന്നുള്ളു. എന്നാൽ ഇതിനു വിപരീതമായി ഈശോയുടെ ശിഷ്യന്മാരിൽ ചിലർ കൈ കഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നതു കണ്ട പ്രീശരും നിയമജ്ഞരും, എന്തു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് ഈശോയോടു ചോദിച്ചു. അവരുടെ കാപട്യവും ദുരുദ്ദേശ്യവും മനസ്സിലാക്കിയ ഈശോ ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു. ഇവരുടെ ഹൃദയമോ എന്നിൽനിന്നു വളരെ അകലെയും. മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്, ഇവർ വ്യർത്ഥമായി എന്നെ ആരാധിക്കുന്നു" (7,6; ഏശ 29,13). പ്രവാചകന്റെ ഈ വചനങ്ങൾ പ്രീശരെയും നിയമജ്ഞരെയും ഉദ്ദേശിച്ചാണ് എന്നവിടുന്നു സമർത്ഥിക്കുന്നു. കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന ശിഷ്യന്മാരല്ല, പൂർവ്വികരുടെ മാമൂലുകളിൽ കടിച്ചുതൂങ്ങിക്കിടക്കുന്ന പ്രീശരാണ് യഥാർത്ഥത്തിൽ ദൈവകല്‌പനകൾ ലംഘിക്കുന്നത് എന്നവിടുന്നു വ്യക്തമാക്കുന്നു. പാരമ്പര്യങ്ങൾ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുകയാണ് വേണ്ടത്. എന്നാൽ പ്രീശരുടെ മാമൂലുകൾ അതിനു പകരിച്ചില്ല എന്നു മാത്രമല്ല, ദൈവത്തിൽ നിന്നകറ്റുകയും ചെയ്തു. 

മാനുഷിക പാരമ്പര്യങ്ങൾ പാലിക്കാൻ വേണ്ടി എപ്രകാരമാണ് അവർ ദൈവപ്രമാണങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് ഒരുദാഹരണ സഹിതം അവിടുന്ന് വ്യക്തമാക്കി. മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്നത് ദൈവകല്‌പനയാണ് (പുറ 20, 12; നിയമാ 5,16). ഇതു പാലിക്കാത്തവർക്ക് മരണശിക്ഷയാണ് മോശ നിശ്ചയിച്ചിരുന്നത് (പുറ 21,17; ലേവ്യർ 20,9). എന്നാൽ ഫരിസേയരുടെ വാചിക പാരമ്പര്യമനുസരിച്ച്, ഒരുവൻ മാതാപിതാക്കൾക്കു കൂടി അർഹതപ്പെട്ട തൻ്റെ സ്വത്ത് "കൊർബാൻ ആണ്” - അതായത്, ദൈവത്തിനു നേർന്നതാണ് - എന്നു പറഞ്ഞാൽ പിന്നെ അതിൽ നിന്നെടുത്ത് മാതാപിതാക്കളെ ശുശ്രൂഷിക്കാനായി ചെല വഴിക്കേണ്ടതില്ല. നേർച്ച നേർന്നാലും ഉടനെ അതു ദൈവാലയത്തിൽ സമർപ്പിക്കേണ്ടതില്ലാത്തതിനാൽ അവൻ്റെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. ഇങ്ങനെ ഒരു നേർച്ച നേർന്നുകഴിഞ്ഞാൽ അതിൽനിന്നു പിൻമാറാൻ പാരമ്പര്യനിയമം അനുവദിച്ചിരുന്നുമില്ല! ദൈവകല്പനകൾ പാലിക്കാൻ സഹായിക്കേണ്ടതിനു പകരം ഈ പാരമ്പര്യങ്ങൾ ദൈവപ്രമാണങ്ങളെ കൗശലപൂർവ്വം അവഗണിക്കുവാൻ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. 

പാരമ്പര്യങ്ങളും ആചാരങ്ങളും ദൈവഹിതനിർവ്വഹണത്തിനു സഹായിക്കുന്നിടത്തോളം മാത്രമേ അവയ്ക്കെന്തെങ്കിലും മൂല്യമുള്ളു. മനുഷ്യൻ്റെ നന്മയും സൗഭാഗ്യവുമാണ് ദൈവമാഗ്രഹിക്കുന്നത്. ദൈവ സ്നേഹത്തിനും സഹോദരസ്നേഹത്തിനും തടസ്സമായി നില്ക്കുന്ന ഒരു പാരമ്പര്യത്തിനും പ്രസക്തിയില്ല. 

37 

ഉള്ളിൽനിന്നു വരുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് (7,14-23) 

ഈശോയുടെ ശിഷ്യന്മാർ ശുദ്ധി പാലിക്കുന്നില്ല എന്ന ഫരിസേയരുടെയും നിയമജ്ഞരുടെയും ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ യഥാർത്ഥ ശുദ്ധി എന്തിലടങ്ങിയിരിക്കുന്നുവെന്ന് അവിടുന്നു പഠിപ്പിക്കുന്നു. ജനങ്ങളെ അടുത്തുവിളിച്ചാണ് അവിടുന്ന് ഈ പ്രബോധനം നല്കിയത് (7,14). എല്ലാവരെയും ഉദ്ദേശിച്ചുള്ള പ്രബോധനമാണിതെന്ന് ഇതിൽ നിന്നു വ്യക്തം. “നിങ്ങൾ എല്ലാവരും കേട്ടു മനസ്സിലാക്കുവിൻ" എന്ന മുഖവുരയോടെയാണ് അവിടുന്ന് ആരംഭിക്കുന്നത്. കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നവരുടെ ഗണത്തിൽ (4,10-12) പെടാതിരിക്കാനുള്ള മുന്നറിയിപ്പായിരുന്നു ഇത്. 

ഈശോ അരുളിച്ചെയ്‌തു: "പുറമേയുള്ള ഒന്നിനും ഉള്ളിലേക്കു കടന്നു മനുഷ്യനെ അശുദ്ധനാക്കുക സാധ്യമല്ല. ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്" (7,15). ഈശോയുടെ ശിഷ്യന്മാർ എന്തുകൊണ്ട് കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നു എന്ന ഫരിസേയരുടെയും മറ്റും ചോദ്യത്തിനുള്ള (7,5) ഉത്തരമാണിത്. ബാഹ്യമായ ഒന്നുമല്ല ഒരുവനെ ദൈവതിരുമുമ്പിൽ ശുദ്ധനോ അശുദ്ധനോ ആക്കുന്നതെന്ന് അവിടുന്ന് ആധികാരികമായി പഠിപ്പിക്കുകയായിരുന്നു. 

വിതക്കാരന്റെ ഉപമയുടെ കാര്യത്തിലെന്നപോലെ (4,10-20) ഇതും ഈശോ തന്റെ ശിഷ്യന്മാർക്കായി വിശദീകരിച്ചുനല്‌കുന്നുണ്ട് (7,17-23). മനുഷ്യൻ ഭക്ഷിക്കുന്ന എന്തും വയറ്റിൽ പ്രവേശിക്കുകയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു. പുറമേനിന്ന് ഉള്ളിൽ പ്രവേശിക്കുന്നതൊന്നും മനുഷ്യനെ അശുദ്ധനാക്കുന്നില്ല (7,18-19). ഈ പ്രസ്‌താവനയിലൂടെ എല്ലാ ഭക്ഷണപദാർത്ഥങ്ങളും ശുദ്ധമാണെന്ന് അവിടുന്നു പ്രഖ്യാപിച്ചു. യഹൂദ ഭക്ഷ്യനിയമങ്ങൾ പല പ്രശ്‌നങ്ങൾക്കും വഴി തെളിച്ചിരുന്ന ആദിമസഭയിൽ (നടപടി 10,9-15; 11,2-20; 15,7-29; റോമ 14,14-17; ഗലാ 2,11-17;കൊളോ 2,20-22) ഈശോയുടെ ഇത്തരത്തിലുള്ള പ്രസ്‌താവന വലിയ ആശ്വാസമായിരുന്നു. 

ഉള്ളിൽനിന്നു പുറത്തേക്കു വരുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത് എന്ന അവിടുത്തെ വചനത്തിൻ്റെ വിശദീകരണമാണ് മർക്കോ 7, 20-23 ൽ നാം കാണുന്നത്. ഉള്ളിൽനിന്ന്, മനുഷ്യഹൃദയത്തിൽനിന്ന്, പുറത്തുവരുന്ന ദുശ്ചിന്തകളാണ് ഒരുവനെ അശുദ്ധനാക്കുന്നത് എന്നവിടുന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഉള്ളിൽ ജന്മമെടുക്കുന്ന തിന്മകളുടെ ഒരു നീണ്ട പട്ടിക തന്നെ അവിടുന്നു നിരത്തുന്നുണ്ട്: വ്യഭിചാരം, വേശ്യാവൃത്തി, മോഷണം, കൊലപാതകം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, ഭോഷത്തം. താദൃശ പട്ടികകൾ റോമ 1,29-34; ഗലാ 5,19-21; 1 പത്രോ 4,3 ലും ഉണ്ട്. ഈ തിന്മകളെല്ലാം മനുഷ്യർ പരസ്പരമുള്ള ബന്ധത്തിൽ വന്നുഭവിക്കുന്നവയാണ് എന്നതു പ്രത്യേക ശ്രദ്ധയർഹിക്കുന്നു. സഹോദരസ്നേഹത്തിനെതിരായ ചിന്തകളും പ്രവത്തികളുമാണ് ദൈവതിരുമുമ്പിൽ ഒരുവനെ അശുദ്ധനാക്കുന്നത്. ഇവയുടെയെല്ലാം ഉറവിടം മനുഷ്യഹൃദയവുമാണ്. ഹൃദയകാഠിന്യമായിരുന്നല്ലോ പ്രീശരുടെ തിന്മ (7,6). ശിഷ്യരുടെ സ്ഥിതിയും ഇതിൽനിന്നു മെച്ചമായിരുന്നില്ല (6,52). 

ഹൃദയനൈർമ്മല്യമാണ് ശുദ്ധിയുടെ ഉരകല്ല്. ബാഹ്യമായ അനുഷ്‌ഠാനങ്ങൾക്ക് ഒരുവനെ ശുദ്ധനോ അശുദ്ധനോ ആക്കുവാൻ സാധിക്കുകയില്ല. ആന്തരികതയാണ് പ്രധാനം. ഉള്ള് ശുദ്ധവും നിർമ്മലവും ആയിരുന്നാൽ നമ്മുടെ ചിന്തകളും പ്രവൃത്തികളും പരിശുദ്ധവും പരിപാവനവും ആകും. ഹൃദയപരിഛേദനമെന്നതുകൊണ്ട് വി.പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുന്നതും ഇതുതന്നെയാണ്. സങ്കീർത്തകനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം: "ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്‌ടിക്കണമേ!" (സങ്കീ 51,10). 

38 

മക്കളുടെ അപ്പം നായ്ക്കൾക്ക് (7,24-30) 

ഈശോ ഗലീലി പ്രദേശത്തുനിന്ന് വിജാതീയരുടെ നാടായ ടയിർ പ്രദേശത്തേക്കു പോയി. വളരെപ്പെട്ടെന്ന് അവിടുത്തെക്കുറിച്ചുള്ള വാർത്ത സമീപപ്രദേശങ്ങളിലെല്ലാം പ്രചരിച്ചു. സിറിയായിൽ ജനിച്ച ഫിനീഷ്യൻ വംശജയായ ഒരു വിജാതീയസ്ത്രീ അവിടുത്തെക്കുറിച്ചു കേട്ടിട്ട്, അശുദ്ധാത്മാവു ബാധിച്ച തൻ്റെ പെൺകുട്ടിയുടെ കാര്യം അവിടുത്തെ സമിപിച്ചു കാൽക്കൽ വീണ് ഉണർത്തിച്ചു. തൻ്റെ മകളിൽനിന്ന് പിശാചിനെ പുറത്താക്കണമെന്നതായിരുന്നു അവളുടെ പ്രാർത്ഥന. അപേക്ഷയുടെ രീതിയിൽനിന്ന് അവളുടെ വിശ്വാസം വ്യക്തമാണ്. ഈശോ പലരെയും പിശാചുബാധയിൽനിന്നു രക്ഷപെടുത്തിയിട്ടുള്ള കാര്യം അവൾ കേട്ടിരുന്നിരിക്കണം. കാരണം, ടയിർ, സീദോൻ നിവാസികളും ഈശോയുടെ പക്കലെത്തി രോഗശാന്തി നേടിയിരുന്നല്ലോ (3,6). 

ഈശോയുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അവിടുന്നു പറഞ്ഞു: “ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്‌തരാകട്ടെ മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്കു കൊടുക്കുന്നത് ഉചിതമല്ല" (7,27). ഈശോ അവളുടെ അപേക്ഷ നിരസിക്കുകയാണ് എന്നു പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. അവിടുന്ന് ആ പാവം വിജാതീയ സ്ത്രീയെ നായയ്ക്കു തുല്യയാക്കിയല്ലോ എന്നോർക്കുമ്പോൾ നമുക്കും ബുദ്ധിമുട്ടു തോന്നാം. പക്ഷേ, അവിടുന്ന് ആ സ്ത്രീയെ ഒരു തരത്തിലും അപമാനിക്കുകയായിരുന്നില്ല. മറിച്ച്, അവരുടെ സമൂഹത്തിൽ പ്രചാരത്തിലിരുന്ന ഒരു പഴഞ്ചൊല്ല് ഉപയോഗിച്ച് അവൾക്കു മനസ്സിലാകുന്ന ഒരു യാഥാർത്ഥ്യം വ്യക്തമാക്കുക മാത്രമായിരുന്നു. ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽക്കാർ “ദൈവത്തിൻ്റെ മക്കൾ" എന്നാണറിയപ്പെട്ടിരുന്നത് (പുറ 4,22-23; നിയമാ 14,1; ഏശയ്യ 1,2; ജറെ 31,9; ഹോസ 11,1). യഹൂദർക്കു ദൈവം നല്കിയിരുന്ന വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായാണ് ഈശോമിശിഹാ വന്നതെന്നത് സുവിദിതമായ കാര്യമായിരുന്നു. സുവിശേഷം ആദ്യം പ്രഘോഷിക്കപ്പെട്ടത് യഹൂദരോടായിരുന്നു (നടപടി 3,2-6; 13,46; 15,1-29; റോമ 1,16; 2,9-10); മിശിഹാ വഴിയുള്ള അനുഗ്രഹങ്ങൾ ആദ്യം നല്കപ്പെട്ടതും യഹൂദർക്കായിരുന്നു. ദൈവികപദ്ധതിയിൽ യഹൂദർക്കുള്ള പ്രഥമ സ്ഥാനം ഒരു പഴഞ്ചൊല്ല് ഉപയോഗിച്ച് അവിടുന്നു വ്യക്തമാക്കിയെന്നു മാത്രം. ഒപ്പം അവളുടെ വിശ്വാസത്തിൻ്റെ ആഴം ലോകത്തിന്റെ മുമ്പിൽ വെളിപ്പെടുത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യവും അവിടുത്തേക്കുണ്ടായിരുന്നു. 

ഈശോ ഉദ്ദേശിച്ച അർത്ഥത്തിൽത്തന്നെ ആ സ്ത്രീ അവിടുന്നു പറഞ്ഞതിന്റെ അർത്ഥം ഗ്രഹിച്ചു എന്നു തെളിയിക്കുന്നതാണ് അവളുടെ പ്രതികരണം. ആ പഴഞ്ചൊല്ലിൻ്റെ തന്നെ ചുവടുപിടിച്ച് അവൾ പറഞ്ഞു: "കർത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കുകീഴെനിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളിൽ നിന്നു തിന്നുന്നുണ്ടല്ലോ" (7,28). അവൾക്ക് ഈശോയിലുണ്ടായിരുന്ന ആഴമായ വിശ്വാസം വെളിച്ചത്തു കൊണ്ടുവരുന്നതായിരുന്നു അവളുടെ ഈ വാക്കുകൾ. മോശയുടെ നിയമങ്ങളും യഹൂദപാരമ്പര്യങ്ങളും വള്ളിപുള്ളി മാറാതെ പാലിച്ചിരുന്ന ഫരിസേയരുടെയും നിയമജ്ഞരുടെയും അവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് വിജാതീയയായ അവളുടെ വിശ്വാസത്തിൻ്റെ മാറ്റു വർദ്ധിക്കുന്നത്. മിശിഹായിലൂടെ ലഭ്യമാകുന്ന രക്ഷാകരമായ ദാനങ്ങൾ മക്കളായ യഹൂദർക്കു നല്കിയ ശേഷമെങ്കിലും വിജാതീയർക്കും നല്കണമേയെന്നാണ് അവൾ അപേക്ഷിച്ചത്. 

ആ വിജാതീയസ്ത്രീയുടെ വിശ്വാസദാർഢ്യത്തിൽ സംപ്രീതനായി അവിടുന്നരുളിച്ചെയ്‌തു: "നീ പൊയ്‌ക്കൊള്ളുക; ഈ വാക്കുനിമിത്തം പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു" (7,29). വീട്ടിൽ ചെന്നപ്പോൾ മകൾ സുഖം പ്രാപിച്ചിരിക്കുന്നതായി അവൾ കാണുകയും ചെയ്തു‌. വിജാതീയയാണെന്ന കാരണത്താൽ അവൾക്കനുഗ്രഹം നിരസിക്കാൻ അവിടുന്നാഗ്രഹിച്ചിരുന്നില്ല. ഈശോ മിശിഹാ യഹൂദ-വിജാതീയ വ്യത്യാസമില്ലാതെ അവിടുന്നിൽ വിശ്വസിക്കുന്ന എല്ലാവരുടെയും രക്ഷകനാണ്. അവിടുത്തെ സമീപത്തുള്ളവർക്കു മാത്രമല്ല, "അകലങ്ങളിലായിരിക്കുന്നവർക്കും" അവിടുന്നു വിമോചകനാണ് (എഫേ 2,17-18). 

39 

ബധിരർക്കു കേൾവിയും ഊമർക്കു സംസാരശക്തിയും (7,31-37) 

ഈശോ ഗലീലിയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ടയിറിൽ നിന്ന് സീദോൻ കൂടി ഗലീലിയുടെ മറുകരെയുള്ള ദശഗ്രാമങ്ങളുടെ അതിർത്തിയിലെത്തി. വിജാതീയരുടെ നാടായിരുന്നു ദശഗ്രാമം. ഗെരസേനരുടെ നാട്ടിൽവച്ച് ഈശോ സുഖപ്പെടുത്തിയ പിശാചുബാധിതൻ ഈശോ തനിക്കു ചെയ്‌തതെല്ലാം ദശഗ്രാമങ്ങളിൽ പ്രഖ്യാപിച്ചിരുന്നതുകൊണ്ട് (5,20) ആ നാട്ടുകാർക്ക് അവിടുത്തെക്കുറിച്ച് അറിയാമായിരുന്നു. അതു കൊണ്ടാണ് ഈശോ വന്നു എന്നു കേട്ടപ്പോൾതന്നെ അവർ ഊമനും ബധിരനുമായ തങ്ങളുടെ സുഹൃത്തിനെ അവിടുത്തെ പക്കലെത്തിക്കുന്നത്. അയാളുടെമേൽ കൈ വയ്ക്കണമെന്നാണവർ അപേക്ഷിച്ചത്. അവിടുന്നു കൈ വച്ചിരുന്നവരെല്ലാം സൗഖ്യം പ്രാപിച്ചിരുന്നു എന്നും അവർ കേട്ടിരുന്നിരിക്കണം. 

ഈശോ ഊമനും ബധിരനുമായിരുന്നവനെ ജനക്കൂട്ടത്തിൽ നിന്നു മാറ്റിനിർത്തി രഹസ്യമായാണ് സുഖപ്പെടുത്തുന്നത് (7,33). അതിനുശേഷം അതു രഹസ്യമായിത്തന്നെ സൂക്ഷിക്കാൻ അവിടുന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്‌തു (7,36). വളരെ വ്യക്തിപരമായ സ്പർശനത്തിലൂടെയാണ് അവിടുന്ന് അവനെ സുഖപ്പെടുത്തിയത്: അവന്റെ ചെവികളിൽ വിരലിട്ടു, തുപ്പലെടുത്തു നാവിൽ തൊട്ടു. പിന്നീട് സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അറമായ ഭാഷയിൽ ഇപ്രകാരം അരുളിച്ചെയ്തു: “എഫ്‌ഫാത്താ” (7,34). "തുറക്കപ്പെടട്ടെ" എന്നാണ് ഈ പദത്തിനർത്ഥം. ഉടനെ തന്നെ അവൻ്റെ ചെവി തുറക്കപ്പെട്ടു; നാവു സ്വതന്ത്രമായി; അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി. ഒരു കൗദാശികമാനം ഇവിടെ ദർശിക്കാനാവും. ഏതൊരു കൂദാശയിലും കർത്താവിൻ്റെ ഈ രീതി അനുകരിച്ച്, സൂചിപ്പിക്കുന്ന അനുഗ്രഹത്തെ പ്രദാനം ചെയ്യുന്ന വാക്കുകളും പ്രവൃത്തികളും ഉണ്ടല്ലോ. 

സംസാരശക്തി ലഭിച്ചപ്പോൾ കർത്താവ് അവനു ചെയ്ത അനുഗ്രഹം അവൻ ദശഗ്രാമവാസികളോടെല്ലാം വിവരിച്ചു. കേട്ടവരെല്ലാം വിസ്മയാധീനരായി പറഞ്ഞു: "അവൻ എല്ലാം നന്നായി ചെയ്യുന്നു; ബധിരർക്കു കേൾവിയും ഊമർക്കു സംസാരശക്തിയും കൊടുക്കുന്നു" (7,37). രക്ഷകന്റെ വരവിനെക്കുറിച്ച് ഏശയ്യാ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നതാണ്. “അപ്പോൾ അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോൾ മുടന്തൻ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷത്തിൻ്റെ ഗാനം ഉതിർക്കും" (ഏശ 35,5-6). പ്രവാചകൻ അറിയിച്ചിരുന്നതുപോലെ മിശിഹാ ബധിരനും മൂകനുമായവനു സൗഖ്യം നല്‌കിക്കൊണ്ട് പുതുയുഗത്തിനു തുടക്കം കുറിച്ചു. ഇസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രക്ഷയുടെ ദാനങ്ങൾ വിജാതീയർക്കും ലഭിച്ചു. 

രക്ഷകൻ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഇസ്രായേൽ ജനത്തിലെ പ്രധാനികളായ പ്രീശരും നിയമജ്ഞരുമെല്ലാം ഈശോയെ എതിർത്തപ്പോൾ വിജാതീയർ എത്ര സന്തോഷത്തോടെയാണ് അവിടുത്തെ എതിരേല്ക്കുന്നത് എന്നതു ശ്രദ്ധേയമാണ്. വി. പൗലോസ് തൻ്റെ ആദ്യപ്രേഷിതയാത്രയ്ക്കിടയിൽ അന്ത്യോക്യായിൽ സുവിശേഷം പ്രഘോഷിക്കുമ്പോഴും ഇതിനു സമാനമായ ഒരു അനുഭവമുണ്ടായി (നടപടി 13,44-51). തദവസരത്തിൽ അദ്ദേഹം അവരോടു പറയുന്നതിങ്ങനെയാണ്: "ദൈവവചനം ആദ്യം നിങ്ങളോടാണു പ്രസംഗിക്കപ്പെടേണ്ടിയിരുന്നത്. നിങ്ങൾ അതു തള്ളിക്കളഞ്ഞ്, നിത്യജീവനു നിങ്ങളെത്തന്നെ അനർഹരാക്കിയതിനാൽ, ഞങ്ങൾ ഇതാ, വിജാതീയരുടെയടുക്കലേക്കു പോകുന്നു..." (നടപടി 13,46). 

40 

ശേഷിച്ച കഷണങ്ങൾ അവർ ഏഴു കുട്ട നിറയെ ശേഖരിച്ചു (8,1-10) 

വി. മർക്കോസിൻ്റെ സുവിശേഷത്തിൽ എട്ടാമദ്ധ്യായത്തിന്റെ ആരംഭത്തിൽ ഈശോ വിജാതീയരുടെ നാടായ ദശഗ്രാമങ്ങളിലാണ് (7,24.31-37). മൂന്നുദിവസങ്ങളായി അവിടുത്തെ അനുഗമിക്കുന്ന വിജാതീയരുടെ വലിയൊരു ജനക്കൂട്ടം അവരോടൊപ്പമുണ്ടായിരുന്നു. ഈ വിജാതീയർക്കുവേണ്ടിയാണ് അവിടുന്നു രണ്ടാമത് അദ്ഭുതകരമായി അപ്പം വർദ്ധിപ്പിക്കുന്നത്. ഗലീലി പ്രദേശത്തു വച്ച് ആദ്യം അപ്പം വർദ്ധിപ്പിച്ചത് (6,35-44) യഹൂദരെ ഉദ്ദേശിച്ചായിരുന്നല്ലോ. മിശിഹാ നല്‌കുന്ന അനുഗ്രഹങ്ങളിൽ, പ്രത്യേകിച്ച് അവിടുത്തോടൊന്നിച്ചുള്ള വിരുന്നിൽ, യഹൂദരോടൊപ്പം വിജാതീയർക്കും തുല്യസ്ഥാനമുണ്ടെന്ന് ഈ അദ്ഭുതം വ്യക്തമാക്കുന്നു. 

മൂന്നു ദിവസങ്ങളായി തന്നെ ശ്രവിക്കാനായി കൂടെയുണ്ടായിരുന്ന ജനക്കൂട്ടത്തോട് ഈശോയ്ക്ക് അനുകമ്പ തോന്നി. അവിടുന്ന് എത്ര മാത്രം മനുഷ്യനുമായിരുന്നു എന്നു കാണിക്കുന്നതാണ് ഈ മനസ്സലിവ്. പട്ടിണിയോടെ വീടുകളിലേക്കു പറഞ്ഞയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും എന്ന ഉത്കണ്ഠയായിരുന്നു അവിടുത്തേക്ക് (8,3). "ചിലർ ദൂരെനിന്നു വന്നവരാണ്" എന്ന അവിടുത്തെ പ്രസ്‌താവന ശ്രദ്ധേയമാണ്. വിജാതീയരെ സൂചിപ്പിക്കാൻ പുതിയനിയമത്തിൽ പലയിടത്തും ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് "വിദൂരസ്ഥരായവർ" എന്നുള്ളത് (നടപടി 2,39; 22,21; ) 2,13.17). 

അവിടുത്തെ ശിഷ്യന്മാർ അവിടുന്നു പറഞ്ഞതോ പ്രവർത്തിച്ചതോ ഒന്നും മനസ്സിലാക്കിയിരുന്നില്ല എന്നതിൻ്റെ തെളിവാണ് അവരുടെ പ്രതികരണം. ഏതാനും ദിവസങ്ങൾക്കു മുമ്പ് അവിടുന്ന് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്ത‌രാക്കിയ വിവരം മറന്നതുപോലെ അവർ ചോദിക്കുകയാണ്: “ഈ മരുഭൂമിയിൽ അപ്പം കൊടുത്ത് ഇവരെയെല്ലാം തൃപ്തരാക്കാൻ എങ്ങനെ കഴിയും?" (8,4). മുൻരംഗം അവരെ അനുസ്മ‌രിപ്പിക്കാനായി പഴയ ചോദ്യം തന്നെ അവിടുന്ന് അവരോട് ആവർത്തിച്ചു: "നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?" (6,38; 8,5). ഇപ്രാവശ്യം അവരുടെ പക്കൽ ഏഴ് അപ്പമുണ്ടായിരുന്നു. 

ജനക്കൂട്ടത്തോട് നിലത്തിരിക്കാൻ കല്‌പിച്ചശേഷം അവിടുന്ന് ആ ഏഴ് അപ്പവും എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്‌ത്, മുറിച്ച് വിളമ്പാൻ ശിഷ്യന്മാരെ ഏല്‌പിച്ചു. അവർ അതു ജനങ്ങൾക്കു വിളമ്പി. അവരുടെ കൈവശമുണ്ടായിരുന്ന കുറെ മത്സ്യവും ആശീർവദിച്ചശേഷം വിളമ്പാനായി ശിഷ്യന്മാരെ ഏല്പ്‌പിച്ചു. നാലായിരത്തോളമുണ്ടായിരുന്ന ആ ജനക്കൂട്ടം ഭക്ഷിച്ചു തൃപ്ത‌രായി. ദൈവരാജ്യത്തിൽ മിശിഹായോടൊത്തുള്ള വിരുന്നിന്റെ മുന്നാസ്വാദനമായിരുന്നിത്. ഇപ്രാവശ്യം മിച്ചം വന്നത് ഏഴു കുട്ട നിറയെ ശേഖരിക്കാനുണ്ടായിരുന്നു (8,8), മുമ്പിലത്തെ അവസരത്തിൽ പന്ത്രണ്ടു കുട്ട നിറയെ ശേഖരിച്ചത് ഇസ്രായേൽ ജനതയെ സൂചിപ്പിക്കുന്നതാണെന്നു നാം കണ്ടു. ഏഴ് പൂർണ്ണസംഖ്യയായതിനാൽ ഏഴ് അപ്പത്തിനും ഏഴു കുട്ടയ്ക്കും സാർവ്വത്രികമാനമുണ്ട്. ആദിമ ക്രൈസ്ത‌വ സമൂഹം വിജാതീയരിലേക്കു വ്യാപിച്ചപ്പോൾ ശ്ലീഹന്മാരെ സഹായിക്കാനായി ഏഴു ഡീക്കന്മാരെയാണല്ലോ നിയമിച്ചത് (നടപടി 6,1-7). 

ശിഷ്യന്മാരുടെ കൈവശമുണ്ടായിരുന്നതിൽ നിന്നാണ് ഈശോ ജനക്കൂട്ടത്തെ തീറ്റിപ്പോറ്റിയത്. ഇന്നും അവിടുന്നു ചോദിക്കുന്നത്, “നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്?" എന്നാണ്. നമുക്കുള്ളത് എത്ര നിസ്സാരമായാലും അത് കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കുമ്പോൾ ആയിരങ്ങൾക്കും പതിനായിരങ്ങൾക്കുമതു തികയും. നമുക്കുള്ളതു പങ്കുവയ്ക്കാൻ നാം തയ്യാറാകണമെന്നു മാത്രം. 

വർദ്ധിപ്പിച്ച അപ്പം വിതരണം ചെയ്‌തും ബാക്കിവന്നതു ശേഖരിച്ചതും ശ്ലീഹന്മാർതന്നെയാണ്. അവിടുത്തോടു കൂടെയായിരിക്കാൻ പ്രത്യേകം വിളിക്കപ്പെട്ട പന്ത്രണ്ടു ശ്ലീഹന്മാർക്കു ആദിമസഭയിലെ “അപ്പം മുറിക്കൽ ശുശ്രൂഷ "യിലുണ്ടായിരുന്ന സ്ഥാനമാണിതു സൂചിപ്പിക്കുന്നത്. അപ്പം വർദ്ധിപ്പിക്കലുകൾക്ക് പരി. കുർബാനയർപ്പണവുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കുന്നതാണ് റോമിലെ ഭൂഗർഭാലയങ്ങളിൽ ഇന്നും കാണുന്ന അപ്പം വർദ്ധിപ്പിക്കലിൻ്റെ ചിത്രീകരണങ്ങൾ. 

41

എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത് ? (8,10-13) 

ഓരോ പ്രാവശ്യവും അപ്പം വർദ്ധിപ്പിച്ചശേഷം ഉടനെതന്നെ ഈശോ ശിഷ്യന്മാരെയും കൂട്ടി വഞ്ചിയിൽ കയറി സ്ഥലം വിടുന്നതാണു നാം കാണുന്നത് (6,45; 8,10). ജനക്കൂട്ടം അവിടുത്തെ ഒരു ഭൗതികവിമോചകൻ മാത്രമായി തെറ്റിദ്ധരിക്കാനുള്ള അവസരം ഒഴിവാക്കാനാണ് അവിടുന്ന് ഇപ്രകാരം ചെയ്യുന്നത്. രണ്ടാമത്തെ സന്ദർഭത്തിൽ അവർ ദൽമാനൂതാ പ്രദേശത്തേയ്ക്കാണു പോയത്. ഇത് മാഗ്‌ദല പ്രദേശം തന്നെയാണ് എന്നാണു പണ്ഡിതമതം. വിജാതീയരിൽനിന്ന് ആഴമായ വിശ്വാസത്തിന്റെ പ്രതികരണങ്ങൾ കണ്ട മിശിഹാ സ്വജനത്തിൻ്റെ പക്കലെത്തുമ്പോൾ എതിർപ്പും അവിശ്വാസവുമാണ് അവിടെ അവിടുത്തെ കാത്തിരുന്നത്. 

ഈശോയുടെ ശിഷ്യന്മാർ പൂർവ്വികരുടെ പാരമ്പര്യം ലംഘിക്കുന്നു എന്ന ആരോപണവുമായെത്തി, സ്വന്തം കാപട്യം വെളിവാക്കപ്പെട്ടു ലജ്ജിതരായ പ്രീശരാണ് (7,1-13) ഇപ്രാവശ്യം ഈശോയോടു തർക്കിക്കാനെത്തിയത്. ഇക്കൂട്ടർ തന്നെയാണ് അവിടുത്തെ എപ്രകാരം നശിപ്പിക്കാമെന്ന് ഹേറോദേസ‌കക്ഷികളുമായി മുമ്പ് ആലോചന നടത്തിയത് (3,6). ഈശോയിൽ വിശ്വസിക്കാൻ വേണ്ടിയായിരുന്നില്ല അവർ അവിടുത്തെ സമീപിച്ചിരുന്നത്; മറിച്ച്, അവിടുത്തെ പരീക്ഷിക്കാനായിരുന്നു (1,13). ഇക്കുറി സ്വർഗത്തിൽനിന്ന് - ദൈവത്തിൽനിന്ന് - ഒരടയാളമാണവർ അവശ്യപ്പെട്ടത് (8,11). ദൈവം നല്‌കിയ അധികാരത്താലാണ് അവിടുന്ന് പ്രവർത്തിക്കുന്നത് എന്നതിന് ദൈവത്തിൻ്റെതന്നെ സ്ഥിരീകരണമാണ് അവർ ആവശ്യപ്പെട്ടത്. പിശാചിൻ്റെ അധികാരത്താലാണ് അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവർ നേരത്തെ ആരോപിച്ചതാണല്ലോ (3,20-30). അവിടുത്തെ ദൈവികാധികാരം ചോദ്യം ചെയ്യുന്ന ഇക്കൂട്ടർ ഇനിയും പ്രത്യക്ഷപ്പെടും (11,27-33). 

ഈശോ ഇതുവരെ പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ തന്നെയാണ് അവിടുന്നു ദൈവപുത്രനാണ് എന്നതിനു മതിയായ തെളിവ്. പാപം മോചിക്കാനും (2,1-12) പിശാചുക്കളെ ബഹിഷ്‌കരിക്കാനും (1,21 -28; 5,1-20; 7,24-30) രോഗികളെ സുഖപ്പെടുത്താനും (1,29-45; 2,1-12; 5,21 -43; 6,53-56; 7,31-37) ദൈവിക നിയമങ്ങൾ ആധികാരികമായി വ്യാഖ്യാനിക്കാനും (2,18-3,6) കാറ്റിനെയും കടലിനെയുമൊക്കെ നിയന്ത്രിക്കാനും (4,35-41; 6,45-52) അദ്ഭുതകരമായി അപ്പം വർദ്ധിപ്പിക്കാനും (6,35-44; 8,1 -10) ദൈവികാധികാരമില്ലാതെ ആർക്കു സാധിക്കും? അവിടുത്തെ പ്രബോധനം ആധികാരികമായിരുന്നു (1,22). ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തെങ്കിലും ഇവയുടെ അർത്ഥം ഗ്രഹിക്കാനുള്ള ഉൾക്കാഴ്‌ച പ്രീശർക്കില്ലാതെ പോയി. 

അവരുടെ ഈ ഹൃദയകാഠിന്യത്തിൽ അതീവ ദുഃഖിതനായി ആത്മാവിൽ അഗാധമായി നെടുവീർപ്പിട്ടുകൊണ്ട് ഈശോ അവരോടു ചോദിച്ചു: “എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്?" (8,12). ഇത്രയും അടയാളങ്ങൾ കണ്ടിട്ടും ഇനിയും അവർ എന്തേ അടയാളമനേഷിക്കുന്നു എന്നായിരുന്നു ആ ചോദ്യത്തിൻ്റെ അർത്ഥം. അവിടുന്നു കൂട്ടിച്ചേർത്തു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് ഒരടയാളവും നല്‌കപ്പെടുകയില്ല" ഇപ്പോൾ നല്‌കപ്പെടുന്ന രീതിയിലുള്ള അടയാളങ്ങളല്ലാതെ മറ്റൊന്നും അവർക്കു നല്‌കപ്പെടുകയില്ല എന്നു ധ്വനി. 

മരുഭൂമിയിൽ ദൈവം പ്രവർത്തിച്ച രക്ഷാകരമായ നിരവധി അദ്ഭുതങ്ങൾ കണ്ടിട്ടും വിശ്വസിക്കാതെ അവിടുത്തെ എതിർക്കുകയും പരിക്ഷിക്കുകയും ചെയ്‌ത ഇസ്രായേലിനെ സൂചിപ്പിക്കാനാണ് “ഈ തലമുറ” എന്ന പ്രയോഗം പഴയനിയമം ഉപയോഗിച്ചിരുന്നത് (നിയമാ 32,5-20; സങ്കീ 95,8-11). അവരുടേതിനു സമാനമായ മനോഭാവം പ്രീശർ പ്രകടിപ്പിച്ചതു കൊണ്ടാണ് അവരെക്കുറിച്ചും "ഈ തലമുറ" എന്ന് ഈശോ ഉപയോഗിക്കുന്നത്. 

പ്രീശരെപ്പോലെയാവാതെ, ഈശോയുടെ ആധികാരിക പ്രബോധനങ്ങളിലും അദ്ഭുതങ്ങളിലും നമുക്കു വിശ്വസിക്കാം. നമ്മുടെതന്നെയും ജീവിതത്തിൽ അനുദിനം അവിടുന്ന് പ്രവർത്തിക്കുന്ന നിരവധിയായ അദ്ഭുതങ്ങൾ ഏറ്റുപറഞ്ഞ് നമുക്ക് അവിടുത്തേയ്ക്കു നന്ദി പ്രകാശിപ്പിക്കാം. 

 

42 

വഞ്ചിയിൽ അവരുടെ കൈവശം ഒരപ്പമേ ഉണ്ടായിരുന്നുള്ളു (8,14-21) 

വഞ്ചിയിൽ കയറി ശിഷ്യന്മാരോടൊപ്പം മറുകരയ്ക്കു പോകുമ്പോൾ ഈശോ അവർക്കു മുന്നറിയിപ്പു നല്‌കി: "നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. പ്രീശരുടെയും ഹേറോദേസിൻ്റെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിൻ" (8,15). ഈശോയുടെ ആധികാരികത തെളിയിക്കാൻ സ്വർഗത്തിൽ നിന്ന് അടയാളം ആവശ്യപ്പെട്ട പ്രീശരുടെ ഹൃദയകാഠിന്യത്തിനെതിരെ ജാഗരൂകരായിരിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അവിടുത്തെ ദൈവികശക്തി തെളിയിക്കുന്ന അനേകം അടയാളങ്ങൾ കണ്ടിട്ടും വിശ്വസിക്കാതിരുന്ന അവരാണ് നേരത്തെ ഹേറോദേസ് പക്ഷക്കാരുമായി അവിടുത്തെ നശിപ്പിക്കാൻ ആലോചന നടത്തിയത് (3,6). ഹേറോദേസ് തന്നെയും ഈശോയെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയില്ല (6,14-16). കൂടാതെ, മിശിഹായ്ക്കു വഴിയൊരുക്കാൻ വന്ന സ്‌നാപകയോഹന്നാന്റെ ശിരസ്സു ഛേദിക്കുന്നതിനു കല്‌പന പുറപ്പെടുവിച്ചതും അയാളാണ് (6,17-29). ദൈവിക പദ്ധതിയോടു മറുതലിക്കുന്ന പ്രീശരുടെയും ഹേറോദേസിൻ്റെയും മനോഭാവത്തെയാണ് ഈശോ പുളിമാവിനോട് ഉപമിക്കുന്നത്. 

പുളിമാവിന്റെ സ്വാധീനശക്തി സുവിദിതമാണ് (മത്താ 13,31; 1 കൊറി 5,6-8). പഴയനിയമത്തിൽ പുളിപ്പു ചേർക്കാത്ത ധാന്യബലിയാണ് കർത്താവിനർപ്പിക്കേണ്ടിയിരുന്നത് (ലേവ്യർ 2,11). സത്യത്തെ അനുസരിക്കാതിരിക്കാനുള്ള പ്രേരണയെ വി. പൗലോസ് ശ്ലീഹായും പുളിമാവിനോടുപമിക്കുന്നുണ്ട് (ഗലാ 5,9). സത്യം തന്നെയായ മിശിഹായെ തിരസ്കരിക്കുകയും നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഫരിസേയരുടെയും ഹേറോദേസ് പക്ഷക്കാരുടെയും ലക്ഷ്യം. ഇക്കൂട്ടരുടെ സ്വാധീന വലയത്തിൽപ്പെടാതെ സൂക്ഷിക്കാനുള്ള മുന്നറിയിപ്പായിരുന്നു അവിടുന്നു ശിഷ്യന്മാർക്കു നല്‌കിയത്. പക്ഷേ, അവിടുന്ന് ഉദ്ദേശിച്ച കാര്യം അവർക്കു മനസ്സിലായില്ല എന്നതാണു ദുഃഖകരമായ സംഗതി. അവരുടെ ചിന്ത മാനുഷികം മാത്രമായിരുന്നു; ദൈവികമായിരുന്നില്ല. 

തങ്ങളുടെ കൈവശം അപ്പമില്ലാത്തതുകൊണ്ടാകാം ഈശോ പുളിമാവിനെ സൂക്ഷിക്കാൻ പറഞ്ഞതെന്നവർ തെറ്റിദ്ധരിച്ചു (8,16). അവർ അപ്പമെടുക്കാൻ മറന്നുപോയ കാര്യം സുവിശേഷകൻ ആരംഭത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ് (8,14). അവരുടെ തെറ്റിദ്ധാരണ മനസ്സിലാക്കിയ ഈശോ അവരുടെ ഭോഷത്തം അവർക്കു വ്യക്തമാക്കി കൊടുക്കുവാനായി, ഇതുവരെ അവർ ഈശോയിൽനിന്നു കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് കുറെ ചോദ്യങ്ങൾ ചോദിക്കുകയാണ്. "നിങ്ങളുടെ കൈവശം അപ്പമില്ല എന്നതിനെക്കുറിച്ച് എന്തിന് ആകുലരാകുന്നു? ഇത്രയുമായിട്ടും നിങ്ങൾ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? ഇപ്പോഴും നിങ്ങൾ കഠിനഹൃദയരോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? കാതുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ?" (8,17-18). ഈശോ പ്രവർത്തിച്ച അദ്ഭുതങ്ങൾ അവിടുത്തെ ദൈവികശക്തിയുടെ അടയാളങ്ങളായി ശിഷ്യന്മാർ ഗ്രഹിച്ചിരുന്നെങ്കിൽ അപ്പം എടുക്കാൻ മറന്നതിനെപ്പറ്റി അധികം ആകുലപ്പെടില്ലായിരുന്നു എന്നാണ് ഈ ചോദ്യങ്ങളുടെ അർത്ഥം. അതുകൊണ്ടു തന്നെയാണ് അപ്പം വർദ്ധിപ്പിച്ച രണ്ടു സന്ദർഭങ്ങളെക്കുറിച്ചും അവിടുന്ന് അവരെ ഓർമ്മിപ്പിക്കുന്നത് (8,19-21). എല്ലാം കൃത്യമായി അനുസ്‌മരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രതീകാത്മകമായ അർത്ഥം അവർ മനസ്സിലാക്കിയില്ല. ഇതു തന്നെയായിരുന്നു പ്രീശരുടെയും പ്രശ്‌നം. അവരെപ്പോലെ തൻ്റെ ശിഷ്യരും കഠിനഹൃദയരായി തുടരുന്നതിൽ വിഷമിച്ചാണ് അവിടുന്ന് ഇപ്രകാരം അവരോടു ചോദിക്കുന്നത്: "ഇത്രയുമായിട്ടും നിങ്ങൾ ഒന്നും മനസ്സിലാക്കുന്നില്ലേ?" (8,21). താൻ പ്രത്യേക പരിശീലനം നല്കി വളർത്തിക്കൊണ്ടുവന്ന ശിഷ്യന്മാർ പോലും വേണ്ട രീതിയിൽ തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്ന ദുഃഖമാണ് അവിടുത്തെ വാക്കുകളിൽ നിഴലിക്കുന്നത്. 

ശിഷ്യന്മാർ അപ്പമെടുക്കാൻ മറന്നുപോയ കാര്യം രേഖപ്പെടുത്തുന്നതിന്റെ കൂടെ സുവിശേഷകൻ മറ്റൊരു പ്രധാനകാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്: “വഞ്ചിയിൽ അവരുടെ കൈവശം ഒരപ്പമേ ഉണ്ടായിരുന്നുള്ളു" (8,14). ഈ അപ്പം രക്ഷകനായ മിശിഹാ തന്നെയാണ്. ദൈവം തന്റെ പുത്രനിലൂടെ ഭൂമിയിൽ ഭരണം നടത്തുന്നു എന്നതിന്റെ സൂചനയായിരുന്നു അപ്പം വർദ്ധിപ്പിക്കലുകൾ നല്‌കിയത്. പിതാവിനെക്കുറിച്ചും തന്നെ ക്കുറിച്ചുതന്നെയും ഈശോ നല്‌കിയ വെളിപ്പെടുത്തലുകളാണ് അപ്പം പ്രതീകാത്മകമായി അവതരിപ്പിച്ചത്. ദൈവരാജ്യത്തിൻ്റെ മൂർത്തരൂപവും ജീവന്റെ അപ്പവുമായ ഈശോമിശിഹാ അവരോടൊപ്പം വഞ്ചിയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അവർ ഒന്നും ഭയപ്പെടേണ്ട കാര്യമില്ലായിരുന്നു. 

43 

നടക്കുന്ന മരങ്ങൾ പോലെ ഞാൻ മനുഷ്യരെ കാണുന്നു (8,22-26) 

ഗലീലിതടാകത്തിൻ്റെ വടക്കുകിഴക്കു പ്രദേശത്തുള്ള ബേത്സയ്ദായിലെത്തിയ ഈശോയുടെ പക്കൽ ചിലർ ഒരു അന്ധനെ കൊണ്ടുവന്ന്, അയാളെ സ്പർശിക്കണമെന്ന് അപേക്ഷിച്ചു. പാരമ്പര്യപ്രകാരം ബേത്സയ്ദാ ശെമയോന്റെയും അന്ത്രയോസിൻ്റെയും പട്ടണമാണ് (യോഹ 1,44). ബേത്സയ്ദാ നിവാസികൾക്ക് ആ അന്ധനോടുണ്ടായിരുന്ന അനുകമ്പയും ഈശോയുടെ ദൈവികശക്തിയിലുള്ള വിശ്വാസവുമാണ് ഇവിടെ പ്രകടമായത്. മർക്കോസിൻ്റെ സുവിശേഷത്തിൽ മാത്രം കാണുന്നതാണ് ഈ അദ്ഭുതം. ഈശോയുടെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും അദ്ഭുതങ്ങൾ, സൂചിപ്പിക്കുന്ന സത്യം കാണാനുള്ള ഉൾക്കാഴ്‌ച ശിഷ്യന്മാർക്കു പടിപടിയായി നല്‌കുന്നതിൻ്റെ പ്രതീകാത്മകമായ അവതരണമാണ് ബേത്സയ്ദായിലെ അന്ധനു കാഴ്‌ച നല്‌കുന്നതിൽ നാം കാണുന്നത് (8,22-26). 

ഈശോ ആ അന്ധനെ പട്ടണത്തിൻ്റെ ബഹളത്തിൽനിന്നു പുറത്തുകൊണ്ടുപോയി അയാളുടെ കണ്ണുകളിൽ തുപ്പിയതിനുശേഷം അയാളുടെമേൽ കൈകൾ വച്ചുകൊണ്ട് ചോദിച്ചു: “നീ എന്തു കാണുന്നു?" (8,23). ഈശോ തൻ്റെ ശിഷ്യന്മാരെ ജനക്കൂട്ടത്തിൻ്റെ തിരക്കിൽനിന്നു മാറ്റി നിർത്തി അവർക്ക് ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ പ്രത്യേകമായി വിശദീകരിച്ചു നല്‌കിയതിനെ അനുസ്‌മരിപ്പിക്കുന്നതാണ് പുറത്തുകൊണ്ടു പോകൽ. "എന്തു കാണുന്നു" എന്ന ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു: “നടക്കുന്ന മരങ്ങൾപോലെ ഞാൻ മനുഷ്യരെ കാണുന്നു" (8,24). എന്തൊക്കെയോ അയാൾ കാണാൻ ആരംഭിച്ചെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല എന്നു സാരം. ഈ മനുഷ്യൻ ശിഷ്യന്മാരുടെ പ്രതീകമാണ്. എല്ലാം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും, അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങൾക്കെല്ലാം സാക്ഷികളായെങ്കിലും, ഈശോയെന്ന വ്യക്തിയെയോ അവിടുത്തെ പ്രവർത്തനങ്ങളെയോ പൂർണ്ണമായി മനസ്സിലാക്കാതിരുന്ന അവരുടെ അവസ്ഥയാണ്, നടക്കുന്ന മരങ്ങൾ പോലെ മനുഷ്യരെ കാണുന്ന 'അന്ധൻ' പ്രതിനിധാനം ചെയ്യുന്നത് (8,21,24). 

ഈശോ വീണ്ടും അയാളുടെ കണ്ണുകളുടെമേൽ കൈകൾ വച്ചപ്പോൾ ഉടൻതന്നെ അയാൾ സുഖം പ്രാപിക്കുകയും എല്ലാം വ്യക്തമായി കാണുകയും ചെയ്തു‌. തന്നെയും ദൈവരാജ്യത്തെയും കുറിച്ചുള്ള രഹസ്യങ്ങളിലേക്ക് ഈശോ ശിഷ്യന്മാരെ പടിപടിയായി കൈ പിടിച്ചു നടത്തിയതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. സൗഖ്യം പ്രാപിച്ചവനെ അവന്റെ ഭവനത്തിലേക്കു പറഞ്ഞയച്ചുകൊണ്ട് സമൂഹജീവിതത്തിലേക്ക് അവനെ പുനഃപ്രവേശിപ്പിച്ചു. മിശിഹാ വരുമ്പോൾ ബധിരർക്കും മൂകർക്കും സൗഖ്യം ലഭിക്കുന്നതോടൊപ്പം അന്ധർക്കു കാഴ്‌ച ലഭിക്കുമെന്നതും ഇസ്രായേലിന്റെ പ്രതീക്ഷയുടെ ഭാഗമായിരുന്നു (ഏശ 29, 18; 35,5-6). ഈ അത്ഭുതം വാസ്‌വത്തിൽ ഈശോ തൻ്റെ ശിഷ്യന്മാർക്ക് ഉൾക്കാഴ്‌ച നൽകുന്നതിന്റെ പ്രതീകമാണ്. അന്ധൻ്റെ കണ്ണ് തുറന്നതുപോലെ ശിഷ്യരുടെ ഉൾക്കണ്ണുകളും തുറക്കപ്പെടുന്നു; ഈശോ ആരാണെന്ന് അവർ കാണുന്നു. ശിഷ്യന്മാർക്കു ലഭിക്കുന്ന ഈ കാഴ്‌ചയുടെ പ്രതിഫലനമാണ് തുടർന്നു വരുന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിൽ കാണുന്നത് (8,27-30). 

വിശ്വാസികളായ നാമും ദൈവികരഹസ്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നു എന്നു കരുതുന്നവരാണ്. എന്നാൽ നമ്മുടെ കാഴ്‌യും ഭാഗികമാണോ എന്നു പരിശോധിക്കാം. ആയിരിക്കുന്ന രീതിയിൽ അവിടുത്തെ മനസ്സിലാക്കാനും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവർത്തനങ്ങൾ ശരിയായി കാണാനുമായി കണ്ണുകൾ തുറന്നു തരേണമേ എന്നു നമുക്കും പ്രാർത്ഥിക്കാം. 

 

IV 

ജറൂസലേമിലേയ്ക്കുള്ള യാത്ര 

(8,27-10,52) 

പലസ്തീനായുടെ വടക്കുഭാഗത്തുള്ള കേസറിയാ ഫിലിപ്പിയിൽ നിന്നും തെക്ക് ജറൂസലേമിലേയ്ക്ക് തൻ്റെ ശിഷ്യന്മാരുമൊത്ത് യാത്ര ചെയ്യുന്ന ഈശോയെയാണ് ഈ ഭാഗത്തു വി. മർക്കോസ് അവതരിപ്പിക്കുന്നത്. അവർ യാത്രയിലാണ്/വഴിയിലാണ് എന്ന സൂചന ഈ ഭാഗത്ത് ആവർത്തിച്ചു കാണാം (8,27; 9.30.33-34; 10.17.32. 46.52). എന്തിനാണ് താൻ ജറൂസലേമിലേയ്ക്കു പോകുന്നതെന്ന് മൂന്നു പീഡാനുഭവ പ്രവചനങ്ങളിലൂടെ അവിടുന്നു വ്യക്തമാക്കുന്നുണ്ട്. "ഇതാ നാം ജറുസലേമിലേക്കു കയറുന്നു. മനുഷ്യപുത്രൻ പ്രധാനാചാര്യന്മാരുടെയും നിയമജ്ഞരുടെയും കൈകളിൽ ഏല്‌പിക്കപ്പെടും..." (10,33). ജറൂസലേമിൽ സംഭവിക്കാനിരിക്കുന്ന സഹനമരണോത്ഥാനങ്ങളിലേയ്ക്കാണ് അവിടുന്നു നിശ്ചയദാർഢ്യത്തോടെ നടന്നുനീങ്ങുന്നത്. ഈ വഴിയിൽ അവിടുന്നു ശിഷ്യന്മാരെ കൂടെ നടത്തി പരിശീലിപ്പിക്കുകയും ചെയ്യുന്നു.

44 

ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത് ? (8,27-30) 

ഈശോയും ശിഷ്യന്മാരും ബേത്സയ്‌ദായിൽ നിന്ന് ഏകദേശം 25 മൈൽ വടക്കുള്ള കേസറിയാ ഫിലിപ്പിയിലേക്കു യാത്ര ചെയ്യുന്നതിനിടയ്ക്കാണ് അവിടുത്തെ പരസ്യജീവിതത്തിലെ മർമ്മപ്രധാനമായ ഒരു സംഭവം അരങ്ങേറിയത് (8,27-30). തൻ്റെ പരസ്യജീവിതത്തിന്റെ ആദ്യരംഗമായ ഗലീലിയായിലെയും സമീപപ്രദേശങ്ങളിലെയും പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ജറുസലേമിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ്, അതുവരെയുള്ള തന്റെ പ്രബോധനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ ജനക്കൂട്ടവും ശിഷ്യന്മാരും തന്നെക്കുറിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്നറിയുവാൻ ഈശോ ആഗ്രഹിച്ചു. അവിടുന്ന് അവരോടു ചോദിച്ചു: "ഞാൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?" (8,27). അവിടുന്ന് ഈ ചോദ്യത്തിലൂടെ തന്നെക്കുറിച്ചു പൊതുവെയുള്ള അഭിപ്രായം ആരായുകയായിരുന്നു. ശിഷ്യന്മാർ പറഞ്ഞു: "സ്‌നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു വേറെ ചിലരും പ്രവാചകരിൽ ഒരുവനെന്ന് വേറെ ചിലരും പറയുന്നു" (8,28). മിശിഹായ്ക്കു മുന്നോടിയായി വരാനിരിക്കുന്നവനാണ് (pre-messianic figure) അവിടുന്ന് എന്ന് അംഗീകരിക്കുന്നുവെങ്കിലും അവിടുന്ന് മിശിഹായാണെന്ന് ജനം ഗ്രഹിച്ചില്ല. മനുഷ്യരെ നടക്കുന്ന മരങ്ങൾ പോലെ കണ്ട അന്ധൻ്റെ സ്ഥിതിയ്ക്കു സദ്യശമാണ് അവരുടെ അവസ്ഥ. 

ജനത്തിനു തന്നെക്കുറിച്ചുള്ള അഭിപ്രായം കേട്ടിട്ടു തൃപ്തനാകാതെ, തൻ്റെ ശിഷ്യന്മാർ തന്നെക്കുറിച്ച് എന്താണു മനസ്സിലാക്കിയിരിക്കുന്നത് എന്നറിയുവാനായി അവിടുന്ന് അവരോടു ചോദിച്ചു: “എന്നാൽ, ഞാനാരാണെന്നാണു നിങ്ങൾ പറയുന്നത്?" (8,29). തികച്ചും വ്യക്തിപരമായ ഒരു ചോദ്യമായിരുന്നു ഇത്. പരസ്യജീവിതത്തിൻ്റെ ആദ്യദിവസം മുതൽ അവിടുത്തെ അനുഗമിക്കുന്ന ശിഷ്യരുടെ വക്താവ് എന്ന നിലയിൽ ശെമയോൻ പത്രോസ് മറുപടി നല്‌കി: "നീ മിശിഹാ ആകുന്നു" (8,29). അവസാനകാലത്ത് അയയ്ക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന അവിടുത്തെ “അഭിഷിക്തനാണ്" ഈശോ എന്നാണ് ശെമയോൻ ഏറ്റുപറഞ്ഞത്. ഈശോ ആരാണ് എന്നതിനെ സംബന്ധിച്ച് ഇതുവരെ "ബധിരരും അന്ധരും മൂകരുമായിരുന്ന" ശിഷ്യന്മാർ (7,31-37; 8,22-26) അവിടുത്തെ യഥാർത്ഥ വ്യക്തിത്വം മനസ്സിലാക്കിത്തുടങ്ങുന്നതിന്റെ അടയാളമാണ് പത്രോസിന്റെ ഈ പ്രഖ്യാപനം. 

ശെമയോന്റെ വിശ്വാസപ്രഖ്യാപനത്തോട് ഈശോ എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. “തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവിടുന്ന് അവരോടു നിഷ്‌കർഷിച്ചു" (8,30). ഈശോയുടെ മിശിഹാത്വം വെളിവാക്കപ്പെട്ട മുൻരംഗങ്ങളിലെല്ലാം ഇതുപോലെ അവിടുത്തെക്കുറിച്ചു രഹസ്യം പാലിക്കാൻ അവിടുന്നു നിർദ്ദേശിച്ചിരുന്നു (1,24 -25.34; 3,11-12; 5,35-43; 7,31-36). ഈശോ, മിശിഹായാണ് എന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനം നൂറുശതമാനവും ശരിയാണ്. പക്ഷേ, ഈശോ ഏതുതരത്തിലുള്ള മിശിഹായാണെന്ന് അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പീഡകൾ സഹിച്ച്, മരിച്ച്, ഉയിർത്തെഴുന്നേല്ക്കേണ്ട മിശിഹായാണ് ഈശോ എന്നു മനസ്സിലാക്കുവാൻ അവർ ഇനിയും സമയമെടുക്കും. അതുവരെ നിശ്ശബ്ദത പാലിക്കാനാണ് അവിടുത്തെ കല്പന. ഈശോയുടെ സഹനമരണോത്ഥാനങ്ങളുടെ വെളിച്ചത്തിൽ മാത്രമേ അർത്ഥപൂർണ്ണമായി അവിടുത്തെ മിശിഹായായി പ്രഘോഷിക്കാൻ സാധിക്കൂ എന്നു സാരം. ഉത്ഥിതനായ കർത്താവിന്റെ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് അവിടുത്തെ നമ്മുടെ രക്ഷകനും മിശിഹായായി ഏറ്റുപറയാം. 

45 

മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും... (8,31-33) 

നസ്രായനായ ഈശോ ദൈവത്തിൻ്റെ അഭിഷിക്തനാണ് എന്ന ശെമയോന്റെ പ്രഖ്യാപനം ഈശോയുടെ ജീവിതത്തിലും സുവിശേഷവിവരണത്തിലും ഒരു വഴിത്തിരിവായിരുന്നു. അവിടുത്തെ ജീവിതത്തിലാദ്യമായി തന്റെ സഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് അവിടുന്നു വ്യക്തമായി സംസാരിച്ചുതുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ് (8,31-33). ഈശോ “മിശിഹായാണ്" എന്ന പത്രോസിൻ്റെ പ്രഖ്യാപനത്തിന്റെ ആന്തരാർത്ഥം വെളിവാക്കാനാണ് അവിടുന്ന് ഇത് ചെയ്‌തത്. 

“മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും പ്രമാണികളാലും പ്രധാനാചാര്യന്മാരാലും നിയമജ്ഞരാലും തിരസ്‌കരിക്കപ്പെട്ടു വധിക്കപ്പെടുകയും എന്നാൽ, മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേല്ക്കുകയും ചേയ്യേണ്ടിയിരിക്കുന്നു എന്ന് അവിടുന്ന് അവരെ പഠിപ്പിക്കാൻ തുടങ്ങി" (8,31) എന്നാണ് വി. മർക്കോസ് എഴുതുന്നത്. സ്വയം വെളിപ്പെടുത്താനായി ഈശോ "മനുഷ്യപുത്രൻ" എന്ന സംജ്ഞ ഇതിനു മുമ്പും ഉപയോഗിച്ചിരുന്നു. ഭൂമിയിൽ പാപമോചനാധികാരമുള്ള (2,10), സാബത്തിന്റെ അധിപനായ (2,28), മനുഷ്യപുത്രൻ യഹൂദ നേതാക്കന്മാരാൽ വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്നത് ദൈവികപദ്ധതിയുടെ ഭാഗമാണ്. “അവിടുന്ന് ഇക്കാര്യം തുറന്നു പറഞ്ഞു" എന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്. 

ഈശോയുടെ ശത്രുക്കൾ അവിടുത്തെ നശിപ്പിക്കാനായി നടത്തിയിരുന്ന ആലോചനകൾ (2,20; 3,6.22; 6,14-29; 8,11) എവിടെയെത്തി നില്ക്കും എന്നിപ്പോൾ വ്യക്തമായിത്തുടങ്ങി. മനുഷ്യൻ്റെ ദുരാലോചനകൾപോലും ദൈവം തന്റെ രക്ഷാകരപദ്ധതിയിലുൾപ്പെടുത്തി രക്ഷാകരമാക്കുന്നതാണ് നാമിവിടെ കാണുന്നത്. 

സഹനത്തിന്റെറെയും മരണത്തിൻ്റെയും കാര്യം കേട്ടപ്പോൾ (ഉത്ഥാനത്തിന്റെ കാര്യം പറഞ്ഞതു കേട്ടുപോലും കാണില്ല!) ശെമയോൻ ആകെ ദുഃഖിതനായി. അദ്ദേഹം ഈശോയെ മാറ്റിനിർത്തി അവിടുത്തേക്ക് അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്നു പറയാൻ തുടങ്ങി. മിശിഹായെക്കുറിച്ചു ശെമയോനുണ്ടായിരുന്ന ചിന്ത എന്തെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം. ദാവീദിനെപ്പോലെ ശക്തനായ ഒരു രാജാവായി മിശിഹായെ കണ്ടിരുന്ന അദ്ദേഹത്തിന് മിശിഹാ സഹിക്കണം, മരിക്കണം എന്നു പറയുന്നതു മനസ്സിലാവില്ലായിരുന്നു. ഈശോ നേരത്തെതന്നെ പത്രോസിൻ്റെ ഈ ചിന്താഗതി മനസ്സിലാക്കിയിരുന്നതു കൊണ്ടാണ് തന്നെക്കുറിച്ചു നിശ്ശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടത് (8,30). 

ഇതു പത്രോസിൻ്റെ മനോഭാവം മാത്രമായിരുന്നില്ല എന്നറിയാമായിരുന്ന ഈശോ തിരിഞ്ഞ് ശിഷ്യന്മാരെ നോക്കി ശെമയോനെ ശകാരിച്ചു കൊണ്ടു പറഞ്ഞു: “സാത്താനേ, നീ എൻ്റെ പിന്നിൽ പോകൂ. നിൻ്റെ ചിന്ത മാനുഷികമാണ്, ദൈവികമല്ല" (8,33). ശിഷ്യപ്രമുഖനായ ശെമയോനെ ഈശോ “സാത്താൻ" എന്നാണ് വിളിക്കുന്നത്. ദൈവഹിതം നിറവേറ്റുന്നതിനു തടസ്സമായി നില്ക്കുന്ന ആരും, എന്തും തിന്മയുടെ ശക്തിയാണ്, സാത്താനാണ്. സഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മിശിഹായാകണമെന്നത് ഈശോയെ സംബന്ധിച്ച് ദൈവത്തിന്റെ പദ്ധതിയാണ്. ഇതു മനസ്സിലാക്കാതെ മാനുഷികമായി മാത്രം ചിന്തിച്ചു എന്നതാണ് ശെമയോൻ ചെയ്‌ത തെറ്റ്. പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോയ്ക്കു സാത്താനിൽ നിന്നുണ്ടായ പരീക്ഷണങ്ങളും ഇത്തരത്തിലുള്ളവയായിരുന്നു (1,12-13). 

ഈശോയുടെ പിന്നിൽ പോകാനാണ് ശെമയോനോട് അവിടുന്ന് ആവശ്യപ്പെട്ടത്. ശിഷ്യൻ ഗുരുവിൻ്റെ പിന്നാലെ പോകേണ്ടവനാണ്. അവിടുത്തെ അനുഗമിക്കാനാണല്ലോ ശിഷ്യന്മാർ വിളിക്കപ്പെട്ടത് (1,17). മുമ്പിൽ കയറിനിന്നു വഴി തടയാതെ പിന്നാലെ പോകുവാനുള്ള വിളിയാണ് ശിഷ്യന്റേത്. ഈശോയെ അനുഗമിക്കുക എന്നാൽ അവിടുത്തോടു കൂടെ ആയിരിക്കുക എന്നും അവിടുന്നു ചിന്തിക്കുന്നതുപോലെ ചിന്തിക്കുക എന്നും അർത്ഥം. 

46 

ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ (8,34) 

മിശിഹാ എന്ന നിലയിൽ താൻ നീങ്ങുന്നത് തിരസ്‌കരണത്തിന്റെയും സഹനത്തിന്റെയും മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും വഴിയേയാണ് എന്ന് വ്യക്തമാക്കിയ ഈശോ (8,31) തൻ്റെ ശിഷ്യരും ഇതേ പാതയിൽത്തന്നെയാണ് നീങ്ങുന്നതെന്ന് പഠിപ്പിക്കുന്നു (8,34-39). ഈശോയുടെ ശിഷ്യനാവുക എന്നാൽ രക്ഷയുടെ പാതയിൽ അവിടുത്തെ അനുഗമിക്കുക അവിടുത്തെ പിന്നാലെ പോവുക - എന്നാണ് അർത്ഥം (1,17; 2,14; 8,33). മുമ്പേ പോകുന്നവനെയാണല്ലോ അനുഗമിക്കാൻ സാധിക്കുക. അതു കൊണ്ടുതന്നെ ഈശോ പോകുന്ന വഴിയിൽ നിന്നു വ്യത്യസ്‌തമല്ല അവിടുത്തെ ശിഷ്യരുടേത്. 

ശിഷ്യന്മാരെ മാത്രമല്ല, ജനക്കൂട്ടത്തെയും തൻ്റെ പക്കലേക്കു വിളിച്ചാണ് ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ ഈശോ പ്രഖ്യാപിച്ചത് (8,34). പ്രത്യേക വിളി ലഭിച്ചവർക്കു മാത്രമല്ല, ഏതൊരു വിശ്വാസിക്കും താൻ പറയാൻ പോകുന്ന കാര്യങ്ങൾ ബാധകമാണ് എന്നു സൂചിതം. അവിടുന്ന് അരുളിച്ചെയ്തു‌: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എൻ്റെ പിന്നാലെ വരട്ടെ" (8,34). അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടതു മൂന്നു കാര്യങ്ങളാണ്: 1. തന്നെത്തന്നെ പരിത്യജിക്കണം, 2. സ്വന്തം കുരിശെടുക്കണം, 3. ഈശോയുടെ പിന്നാലെ പോകണം.

1. തന്നെത്തന്നെ പരിത്യജിക്കണം 

സ്വയം പരിത്യജിക്കുകയെന്നാൽ സ്വന്തം ഇഷ്ട്‌ടം വേണ്ടായെന്നുവച്ച് ദൈവത്തിൻ്റെ ഇഷ്‌ടത്തിനു സ്വയം സമർപ്പിക്കുക എന്നർത്ഥം. മാനുഷികമായിമാത്രം ചിന്തിക്കാതെ, ദൈവികമായി ചിന്തിക്കുക എന്നു സാരം. തന്നെത്തന്നെ പരിത്യജിക്കുന്ന വ്യക്തി സ്വതന്ത്രമനസ്സോടെ ദൈവഹിതത്തിനു സ്വയം കീഴ്വ‌ഴങ്ങുകയാണ് ചെയ്യുന്നത്. ഈശോ അവിടുത്തെ ജീവിതത്തിൽ ചെയ്‌തത്‌ അതാണല്ലോ. പിതാവിന്റെ ഹിതാനുസൃതമാണ് അവിടുന്നു സഹനമരണോത്ഥാനങ്ങളുടെ വഴിയേ പോകുന്നത്. ഈ മനോഭാവം അനുകരിക്കാനാണ് തന്നിൽ വിശ്വസിക്കുന്നവരെ അവിടുന്ന് ആഹ്വാനം ചെയ്യുന്നത്.

 2. സ്വന്തം കുരിശെടുക്കണം 

കുറ്റവാളികളെ കുരിശിൽ തറച്ചു കൊല്ലുക എന്നതു റോമൻ രീതിയായിരുന്നു. ബി.സി 63 മുതൽ പലസ്തീന റോമൻ ആധിപത്യത്തിലായിരുന്നതുകൊണ്ട് ആദ്യനൂറ്റാണ്ടിൽ ഈ രീതി പലസ്തീനായിലും നിലവിൽ വന്നു. താൻ തറയ്ക്കപ്പെടുവാനുള്ള കുരിശ് കുറ്റവാളിതന്നെ കൊലക്കളത്തിലേക്കു വഹിക്കണമായിരുന്നു. ഈ കാരണത്താലാണ് ഈശോ കുരിശും വഹിച്ചുകൊണ്ട് ഗാഗുൽത്തായിലേക്കു പോയത് (15,21). 

ക്രിസ്തുശിഷ്യർ എന്നതിൻ്റെ പേരിൽ വിശ്വാസികൾ കുറ്റവാളികളായി പരിഗണിക്കപ്പെടുകയും കുരിശുമരണത്തിനും രക്തസാക്ഷിത്വത്തിനു മൊക്കെ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കാൻ സാധിക്കണമെന്നാണ് അവിടുന്ന് വിവക്ഷിക്കുന്നത്. ദൈവഹിതമനുസരിച്ചു ജീവിക്കുമ്പോൾ നിശ്ചയമായും വന്നുഭവിക്കുന്ന തിരസ്കരണങ്ങളും സഹനങ്ങളും മരണവുമെല്ലാം ആലങ്കാരിക ഭാഷയിൽ കുരിശാണ്. ഓരോ മനുഷ്യവ്യക്തിയുടെയും ജീവിതത്തിൽ വേദനയുടെയും രോഗത്തിന്റെയും സഹനത്തിന്റെയും തിരസ്‌കരണത്തിന്റേതുമായ കുരിശുകൾ ധാരാളമുണ്ട്. ദൈവഹിതപ്രകാരം സംഭവിക്കുന്ന ഇത്തരം അനുഭവങ്ങൾ സമചിത്തതയോടെ സ്വീകരിക്കാനാണ് അവിടുന്ന് നമ്മെ ക്ഷണിക്കുന്നത്.

3. ഈശോയുടെ പിന്നാലെ പോകണം 

ക്രിസ്തു‌ശിഷ്യത്വം മിശിഹായെ അനുഗമിക്കലാണ്. അനുകരിക്കുക മാത്രമല്ലത്. അവിടുന്നു നടന്ന വഴിയേ, അവിടുത്തെ കാല്‌പാടുകൾ പിൻ ചെന്ന്, അവിടുന്ന് എത്തിച്ചേർന്നിടത്ത് എത്തിച്ചേരുക എന്നതാണ് ക്രൈസ്‌വന്റെ ധർമ്മം. സ്വയം നിഗ്രഹത്തിന്റെയും കുരിശെടുക്കലിൻ്റെയും പാത അവിടുത്തെ എത്തിച്ചത് ഉത്ഥാനത്തിൻ്റെ നിത്യജീവനിലാണ്. അവിടുത്തെ അനുഗമിക്കുന്ന ശിഷ്യരും ഉയിർപ്പിൻ്റെ ജീവനിൽ എത്തിച്ചേരും. ഈ പ്രത്യാശയാണ് കുരിശിൻ്റെ പാതയിൽ അവിടുത്തെ അനുഗമിക്കാൻ വിശ്വാസിക്കു ധൈര്യം നല്‌കുന്നത്. ക്രിസ്‌തുശിഷ്യരായ നമുക്കും അനുദിനജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിച്ച് മിശിഹായെ പിൻതുടർന്ന് നിത്യജീവൻ്റെ തുറമുഖത്തെത്തിച്ചേരാം. 

 

47 

സ്വന്തം ജീവൻ നഷ്ട്‌പ്പെടുത്തുന്നവൻ അതു രക്ഷിക്കുന്നു (8,35-39) 

സ്വയം നിഗ്രഹിച്ച് സ്വന്തം കുരിശുമെടുത്ത് ഈശോയുടെ പിന്നാലെ പോകുന്നവർ ഈ ലോകദൃഷ്‌ടിയിൽ അവരുടെ ഗുരുവിനെപ്പോലെതന്നെ ജീവൻ നഷ്ടപ്പെടുത്തുന്നവരാണ്. ഇപ്രകാരം ഈശോയെയും അവിടുത്തെ സുവിശേഷത്തെയുംപ്രതി ജീവൻ നഷ്‌ടപ്പെടുത്തുന്നവർ യഥാർത്ഥ ജീവൻ നേടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിലെ ഏതു നേട്ടത്തെക്കാളും ദൈവ തിരുമുമ്പിലുള്ള നിത്യജീവിതമാണ് സുപ്രധാനമെന്ന് ഈശോ വ്യക്തമായി പഠിപ്പിക്കുന്നു. 

അവിടുന്ന് അരുളിച്ചെയ്യുന്നു: "സ്വന്തജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവന് അതു നഷ്‌ടപ്പെടും. എന്നെയും എൻ്റെ സുവിശേഷത്തെയും പ്രതി സ്വന്തം ജീവൻ നഷ്ട‌പ്പെടുത്തുന്നവൻ അതു രക്ഷിക്കുന്നു. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ജീവൻ നഷ്‌ടമായാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ജീവനു പകരമായി എന്തു കൊടുക്കും?” (8,35-37). ഈശോയുടെ ശിഷ്യനാകാൻ ഇറങ്ങിത്തിരിച്ചാൽ സ്വന്തം ഇഷ്ടം നിഹനിക്കണമല്ലോയെന്നും കുരിശെടുക്കണമല്ലോയെന്നും വിചാരിച്ച് ആരെങ്കിലും ആ ശ്രമത്തിൽ നിന്നു പിൻതിരിഞ്ഞ് സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ യഥാർത്ഥത്തിൽ അതു നഷ്‌ടമാക്കുകയാണ് ചെയ്യുന്നത്. കാരണം, ഈ ലോകത്തിൽ കുറെക്കാലംകൂടി ജീവിക്കാൻ സാധിച്ചാലും നിത്യജീവൻ അവനു നഷ്ടമാകും. എന്നാൽ, മിശാഹായെ അനുഗമിക്കുന്നതിൻ്റെയും അവിടുത്തെ ദൈവരാജ്യസുവിശേഷം ജീവിക്കുന്നതിന്റെയും ഭാഗമായി ഒരുവനു രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും അതൊരു നഷ്ടമല്ല, മറിച്ച്, അവൻ അതിലൂടെ നിത്യജീവൻ നേടുകയാണ് ചെയ്യുന്നത് എന്ന് അവിടുന്ന് അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നു. 

ഈശോ തുടർന്നു: "പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറയിൽ എന്നെക്കുറിച്ചോ എൻ്റെ വചനത്തെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തൻ്റെ പിതാവിൻ്റെ മഹത്വത്തിൽ പരിശുദ്ധ ദൂതൻമാരോടുകൂടെ വരുമ്പോൾ ലജ്ജിക്കും" (8,38). "ഈ തലമുറ" എന്ന പ്രയോഗം 8,12-ൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ ഈശോയുടെ ആധികാരികതയ്ക്കു തെളിവായി സ്വർഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ട പ്രീശരെയാണ് "ഈ തലമുറ" എന്ന പ്രയോഗംകൊണ്ട് അവിടുന്നു വിവക്ഷിച്ചത്. അവരുടെ ഹൃദയകാഠിന്യവും വിശ്വസ്‌തതയില്ലായ്‌മയുമാണ് ഈശോയിൽ വിശ്വസിക്കുന്നതിനു തടസ്സമായി നിന്നത്. പ്രീശരെപ്പോലെ ഈശോയെയും സുവിശേഷത്തെയും എതിർക്കുന്ന ജനവിഭാഗത്തെത്തന്നെയാണ് “പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറ” എന്ന് 8,38-ൽ പറയുമ്പോഴും ഉദ്ദേശിക്കുന്നത്. ഇപ്രകാരം ഈശോയെ തിരസ്കരിക്കുന്നവരുടെ മുമ്പിൽ മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചു പ്രഘോഷിക്കാനും സാക്ഷ്യം നല്‌കാനും മടിക്കുന്നവരെപ്പറ്റി, ലോകാന്ത്യത്തിലെ തൻ്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിൽ സാക്ഷ്യം നല്‌കാൻ മിശിഹായും മടിക്കും എന്നു ധ്വനി. ഒരുവനെ തനിക്കറിയാം, അവൻ തൻ്റെകൂടെ നില്ക്കുന്നവനാണ് എന്നുള്ള പരസ്യപ്രഖ്യാപനമാണ് അവിടുത്തെ സാക്ഷ്യപ്പെടുത്തലിൻ്റെ അന്തഃസത്ത. മിശിഹായുടെ ഈ സാക്ഷ്യമുണ്ടെങ്കിലേ ഒരുവൻ നിത്യജീവന് അർഹനാകൂ. 

വി. മർക്കോസ് മതപീഡനത്തിനു വിധേയരായിരുന്ന റോമിലെ വിശ്വാസികൾക്ക് എഴുതുന്ന പശ്ചാത്തലത്തിൽ ഈ വചനങ്ങളുടെ അർത്ഥം കൂടുതൽ വ്യക്തമാകും. ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചിരുന്നവരെയാണ് “പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ തലമുറ" എന്നതുകൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്നത്. മതപീഡകരുടെമുമ്പിൽ മിശിഹായെക്കുറിച്ചു ലജ്ജിക്കാതെ, ധൈര്യപൂർവ്വം സാക്ഷ്യം നല്കുന്നവരെക്കുറിച്ച് അഭിമാനത്തോടെ സ്വർഗീയപിതാവിൻ്റെ സന്നിധിയിൽ മിശിഹായും സാക്ഷ്യം നല്‌കും. 

"രക്തസാക്ഷികൾ മിശിഹായുടെ കൃപയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചുകൊണ്ട് ഈ ലോകത്തിൻ്റെ പീഡനങ്ങളെ അവഗണിച്ചു. ഒരുമണിക്കൂർ സമയംകൊണ്ട് അവർ തങ്ങൾക്കുവേണ്ടി നിത്യജീവിതം വിലയ്ക്കു വാങ്ങുകയും ചെയ്‌തു" (പോളിക്കാർപ്പിൻ്റെ രക്തസാക്ഷിത്വം, 2,3). 

48 

ശക്തിയോടെ വരുന്ന ദൈവരാജ്യം (9,1) 

വ്യത്യസ്‌തങ്ങളായ വ്യഖ്യാനങ്ങൾക്കു വിധേയമായിട്ടുള്ള ഒരു സുവിശേഷഭാഗമാണ് മർക്കോ 9,1: "അവൻ അവരോടു പറഞ്ഞു: ദൈവ രാജ്യം ശക്തിയോടെ സമാഗതമാകുന്നതുവരെ മരിക്കുകയില്ലാത്ത ചിലർ ഇവിടെ നില്ക്കുന്നവരിലുണ്ടെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു." ഈശോയെ ശ്രവിച്ചുകൊണ്ടിരുന്നവരിൽ ചിലർക്കെങ്കിലും കാണുവാൻ ഭാഗ്യം ലഭിക്കുമെന്ന് ഈശോ ഉറപ്പു നല്‌കിയ ആ മഹാസംഭവം എന്താണ്? 'ദൈവരാജ്യം ശക്തിയോടെ സമാഗതമാകുക' എന്നതുകൊണ്ട് എന്താണ് അവിടുന്നു വിവക്ഷിച്ചത്? പ്രധാനമായും മൂന്നു തരത്തിലുള്ള വ്യഖ്യാനങ്ങളാണ് പ്രാരംഭകാലം മുതൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്: 

“ശക്തിയോടെ സമാഗതമാകുന്ന ദൈവരാജ്യം" എന്നതുകൊണ്ട് യുഗാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്ന തൻ്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തെയാണ് ഈശോ ഉദ്ദേശിക്കുന്നത് എന്നതാണ് ഒരു വ്യാഖ്യാനം. ദൈവരാജ്യത്തെക്കുറിച്ചു പരാമർശിക്കുന്നതിനു തൊട്ടുമുമ്പ് തൻ്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് അവിടുന്നു പ്രതിപാദിക്കുന്നു (8,38) എന്നതാണ് ഈ വ്യാഖ്യാനത്തിനടിസ്ഥാനം. പക്ഷേ ഈശോ ഉദ്ദേശിക്കുന്നത് ഇതാകാൻ സാധ്യതയില്ല; കാരണം, അവിടുത്തെ ശ്രവിച്ചു കൊണ്ടിരുന്ന ആരും അവിടുത്തെ രണ്ടാമത്തെ ആഗമനം കാണാനായി ജീവിച്ചിരിപ്പില്ലല്ലോ. അവിടുത്തെ സമകാലികരെല്ലാം എത്രയോ പണ്ടേ മരിച്ചുകഴിഞ്ഞിരിക്കുന്നു! രണ്ടാമത്തെ വരവിന് ഇനിയും എത്ര കാലം കൂടി കാത്തിരിക്കണമെന്നും ആർക്കും അറിയില്ല. 

ഈശോയുടെ രൂപാന്തരീകരണത്തെയാണ് "ശക്തിയോടെ സമാഗതമാകുന്ന ദൈവരാജ്യം" എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്നാണ് രണ്ടാമത്തെ വ്യാഖ്യാനം. ശക്തിയോടെ സമാഗതമാകുന്ന ദൈവരാജ്യത്തെക്കുറിച്ചു പരാമർശിച്ചയുടനെ വി. മർക്കോസ് വിവരിക്കുന്നത് അവിടുത്തെ രൂപാന്തരീകരണമാണല്ലോ (9,1-13). അതുകൊണ്ട്, രൂപാന്തരീകരണവേളയിൽ ദൈവരാജ്യം ശക്തിയോടെ സമാഗതമായി എന്നു ചിന്തിക്കുന്നവരാണ് ഈ രണ്ടാമത്തെ കൂട്ടർ. മർക്കോ 9,1-ൽ ഈശോയെ ശ്രവിച്ചു കൊണ്ടിരുന്നവരിൽപ്പെട്ട മൂന്നു പേരാണ് അവിടുത്തെ രൂപാന്തരീകരണത്തിനു സാക്ഷികളായതും. പക്ഷേ, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്നവരിൽ കുറെപ്പേരെങ്കിലും ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതിനു മുമ്പ് മരിച്ചുപോകുമെന്നൊരു സൂചന ഈശോയുടെ പ്രസ്‌താവനയിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അപ്രകാരം സംഭവിക്കുമെന്നു വിചാരിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഈ വ്യാഖ്യാനവും സ്വീകാര്യമല്ല. 

തന്റെ ഉത്ഥാനത്തെയാണ് "ശക്തിയോടെ സമാഗതമാകുന്ന ദൈവരാജ്യം" എന്നതുകൊണ്ട് ഈശോ ഉദ്ദേശിച്ചത് എന്നതാണ് മൂന്നാമത്തെ വ്യാഖ്യാനം. ദൈവഹിതം നിറവേറ്റപ്പെടുന്ന അവസ്ഥയെന്ന നിലയിൽ ഈശോയുടെ സഹനമരണോത്ഥാനങ്ങളിലാണ് ദൈവരാജ്യം ഏറ്റവും ശക്തിയോടെ സമാഗതമായത്. അവിടുത്തെ ജീവിതത്തിലെ ഈ സംഭവങ്ങൾക്ക് പരസ്യജീവിതകാലത്ത് അവിടുത്തെ ശ്രവിച്ചിരുന്ന പലരും സാക്ഷികളുമായല്ലൊ. 

വ്യാകരണശാസ്ത്രപ്രകാരവും ഈ വ്യാഖ്യാനമാണ് കൂടുതൽ സ്വീകാര്യം. ഗ്രീക്കുമൂലത്തോടു വിശ്വസ്ത‌മായാണെങ്കിൽ മർക്കോ 9,1 ഇപ്രകാരം പരിഭാഷപ്പെടുത്തണം: "ദൈവരാജ്യം ശക്തിയോടെ വന്നു കഴിഞ്ഞതായി കാണുന്നതിനു മുമ്പ് മരിക്കുകയില്ലാത്ത ചിലർ ഇവിടെ നില്ക്കുന്നവരിലുണ്ട്." സംഭവിക്കുന്ന സമയത്തു കാണുമെന്നല്ല, സംഭവിച്ചതിനുശേഷം സംഭവിച്ചിരിക്കുന്നു എന്നു കാണുമെന്നാണ് അവിടുന്നരുളിച്ചെയ്തത്. ഈശോ ഉത്ഥിതനാകുന്നത് ആരും കണ്ടില്ല. ഉത്ഥിതനെ കണ്ടവർ ധാരാളവും. ദൈവം ഭരണം നടത്തുന്നു എന്നതിന്റെ തെളിവായ ഈശോയുടെ ഉത്ഥാനത്തിന് അവിടുത്തെ ശ്രവിച്ചിരുന്ന ശിഷ്യരിൽ പലരും സാക്ഷികളാകും എന്നാണവിടുന്നു മുൻകൂട്ടി അറിയിച്ചത്. 

49 

ഇവന്റെ വാക്കു ശ്രവിക്കുവിൻ (9,2-13) 

ഈശോയുടെ രൂപാന്തരീഭാവം വളരെയേറെ പ്രത്യേകതകളോടു കൂടെയാണ് വി. മർക്കോസ് അവതരിപ്പിക്കുന്നത്. തൻ്റെ സുവിശേഷവിവരണത്തിൽ വളരെ ചുരുക്കമായിമാത്രം സമയസൂചന നല്‌കുന്ന അദ്ദേഹം രൂപാന്തരീകരണ വിവരണം ആരംഭിക്കുന്നത് "ആറു ദിവസം കഴിഞ്ഞ്" എന്ന സമയസൂചനയോടെയാണ് (9,2). ഈശോ 'മിശിഹായാണ്' എന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനും അതിനെ തുടർന്ന് തൻ്റെ സഹനമരണോത്ഥാനങ്ങളെക്കുറിച്ച് അവിടുന്നു നടത്തിയ ആദ്യപ്രവചനത്തിനും ശേഷം ആറു ദിവസം കഴിഞ്ഞ് രൂപാന്തരീകരണം സംഭവിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്. വിവരിക്കാൻ പോകുന്ന രൂപാന്തരീകരണത്തിന് ഈശോയുടെ മിശിഹാത്വവും അവിടുത്തെ സഹനമരണോത്ഥാനങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുകയാണ് ഈ സമയസൂചനയുടെ ലക്ഷ്യം. മരിച്ചവരിൽനിന്ന് ഉയിർക്കാനിരിക്കുന്ന ദൈവപുത്രനും മിശിഹായുമായ ഈശോയുടെ ഉത്ഥാനമഹത്വത്തിൻ്റെ മുന്നോടിയായിരുന്നു അവിടുത്തെ രൂപാന്തരീകരണം. 

പഴയനിയമത്തിൽ മോശയ്ക്കുണ്ടായ ഒരു ദൈവിക വെളിപാടുമായി ഈശോയുടെ രൂപാന്തരീകരണത്തിനുള്ള സാധർമ്യം ശ്രദ്ധേയമാണ് (പുറ 24,12-18). ഉടമ്പടി ഉറപ്പിക്കുന്നതിനായി സീനായ് മലമുകളിലേയ്ക്കു കയറിപ്പോയ മോശയ്ക്ക് ആറുദിവസത്തിനു ശേഷമാണ് ദൈവിക വെളിപാടുണ്ടായത്. രണ്ടിടത്തുമുള്ള മേഘത്തിൻ്റെ സാന്നിദ്ധ്യവും അതിൽ നിന്നുള്ള ദൈവികസ്വരവും ദൈവികസാന്നിദ്ധ്യത്തിൻ്റെ പ്രത്യക്ഷ അടയാളങ്ങളാണ്. കൂടാരനിർമ്മാണത്തെക്കുറിച്ചുള്ള പരാമർശവും രണ്ടു സന്ദർഭങ്ങളിലുമുണ്ട് (9,4; പുറ 25,1-9). 

ഈശോ കേപ്പായേയും യാക്കോബിനെയും യോഹന്നാനെയും മാത്രം ജനക്കൂട്ടത്തിൽനിന്നും ശിഷ്യസമൂഹത്തിൽനിന്നും വേർതിരിച്ച് മലമുകളിലേക്കു കൊണ്ടുപോകുന്നത് ഇവർക്ക് തന്നെക്കുറിച്ച് പ്രത്യേക വെളിപാട് നല്കുവാനാണ്. ഈശോയുടെ പരസ്യജീവിതത്തിലെ പല പ്രധാന മുഹൂർത്തങ്ങൾക്കും ഇവർ മൂവരും സാക്ഷികളാണ് (5,37; 13,3; 14,33). ആദിമസഭാനേതൃത്വത്തിലും ഇവർ മൂവർക്കും പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ശിഷ്യസമൂഹത്തിൻ്റെ നേതാവെന്ന നിലയിൽ പത്രോസ് ശ്ലീഹായും ജറൂസലേമിലെ മാത്യസഭയുടെ തലവൻ എന്നനിലയിൽ യാക്കോബും ഏറെനാൾ ജീവിച്ചിരുന്ന ശ്ലീഹാ എന്ന നിലയിൽ യോഹന്നാനും പ്രാധാന്യമർഹിക്കുന്നു. 

മലമുകളിൽവച്ചാണ് ഈശോ രൂപാന്തരപ്പെട്ടത്. മലമുകൾ പഴയ നിയമത്തിൽ ദൈവികവെളിപ്പെടുത്തലിൻ്റെ വേദിയാണ് (പുറ 24,12- 18; 1 രാജാ 19,8-13). താബോർ മലയിൽ വച്ച് അവിടുന്നു രൂപാന്തരപ്പെട്ടു എന്നാണ് പാരമ്പര്യമെങ്കിലും സുവിശേഷകൻ മലയുടെ പേരു നല്കുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച് സ്ഥലത്തിൻ്റെ കൃത്യതയല്ല, മറിച്ച്, വിവരിക്കപ്പെടുന്ന സംഭവമാണ് പ്രാധാന്യമർഹിക്കുന്നത്. 

മലമുകളിൽ ശിഷ്യന്മാരുടെ മുമ്പിൽവച്ച് ഈശോയ്ക്കുണ്ടായ രൂപ മാറ്റം വി. മർക്കോസ് വിവരിക്കുന്നത് ഇപ്രകാരമാണ്: "അവന്റെ വസ്ത്രങ്ങൾ ഭൂമിയിലെ ഒരു അലക്കുകാരനും നല്‌കാൻ കഴിയാത്ത വെണ്മപൂണ്ട് വെട്ടിത്തിളങ്ങി" (9,3). ശുഭ്രവസ്ത്രം സ്വർഗീയദൂതന്മാരുടെ വേഷമാണ്. ഈശോയുടെ ഉത്ഥാനവാർത്ത അറിയിച്ച ദൂതൻ പ്രത്യക്ഷപ്പെട്ടത് വെള്ള വസ്ത്രധാരിയായാണ് (16,5). സ്വർഗീയമഹത്വത്തിൻ്റെ പ്രതീകം കൂടിയാണ് ശുഭ്രവസ്ത്രം (വെളി 3,4-5.18; 4,4; 6,11; 7,9-13). ഉത്ഥാനത്തിൽ ഈശോയ്ക്കു സംഭവിക്കാനിരുന്ന മഹത്വീകരണത്തിൻ്റെ മുന്നോടിയായിരുന്നു അവിടുത്തെ രൂപാന്തരീകരണം. ഈശോ അല്‌പം മുമ്പു പ്രവചിച്ച തന്റെ സഹനമരണോത്ഥാനങ്ങളുടെ (8,31) പരിസമാപ്‌തി എന്തായിരിക്കുമെന്ന് ശിഷ്യന്മാർക്കു മനസ്സിലാക്കികൊടുക്കുവാനാണ് അവിടുന്ന് തന്റെ ദൈവികമഹത്വത്തിൻ്റെ ഒരു ഹ്രസ്വദർശനം ശിഷ്യന്മാർക്കു നല്കിയത്. അവിടുത്തെ അനുഗമിക്കുന്ന ശിഷ്യന്മാരുടെ പാതയും ഇതുതന്നെയാണെന്ന് അവിടുന്നു വ്യക്തമാക്കിയിരുന്നല്ലോ (8,34). സ്വയം നിഗ്രഹത്തിന്റെയും കുരിശിന്റെയും വഴിയേ അവിടുത്തെ അനുഗമിക്കുന്നവർക്കും ഇതേ സ്വർഗീയമഹത്വം തന്നെ ലഭിക്കുമെന്നു വ്യംഗ്യം. 

സ്വർഗീയ മഹത്വത്തിൽ കാണപ്പെട്ട ഈശോയോട്, സ്വർഗത്തിൽ വസിക്കുന്ന ഏലിയായും മോശയും പ്രത്യക്ഷപ്പെട്ടു സംസാരിക്കുന്നതായും ശിഷ്യന്മാർ കണ്ടു. ജീവിതാന്ത്യത്തിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകനാണ് ഏലിയാ (2 രാജാ 2,1-11). സഹനമരണോത്ഥാനങ്ങളുടെ അന്ത്യത്തിൽ ഈശോ പ്രവേശിക്കാനിരുന്ന സ്വർഗീയമഹത്വം പ്രാപിച്ചു കഴിഞ്ഞവരായിരുന്നു അവർ ഇരുവരും. കൂടാതെ, മോശയും ഏലിയായും പഴയനിയമം മുഴുവനെയും പ്രതിനിധാനം ചെയ്യുന്നു. നിയമഗ്രന്ഥത്തിന്റെ (തോറോ - പഞ്ചഗ്രന്ഥം) കർത്താവ് മോശയാണ് എന്നാണ് യഹൂദപാരമ്പര്യം. രൂപാന്തരീകരണ മലമുകളിലെ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം നിയമഗ്രന്ഥത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നതാണ്. ആദ്യപ്രവാചകനായ ഏലിയാ പ്രവാചകഗണത്തിൻ്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും മുഴുവൻ പ്രതിനിധിയാണ്. പഴയനിയമം മുഴുവനെയും സൂചിപ്പിക്കാനായി "നിയമവും പ്രവാചകന്മാരും" എന്ന് പൊതുവേ ഉപയോഗിക്കാറുണ്ട് (മത്താ 5,17; 7,12; 22,40; ലൂക്കാ 24,27). പഴയനിയമം മുഴുവൻ ഈശോയിലേക്കു വിരൽ ചൂണ്ടുന്നു എന്നാണ് ഇവർ ഇരുവരുടെയും സാന്നിദ്ധ്യങ്ങൾ വിളിച്ചറിയിക്കുന്നത്. 

ഈശോയുടെ ദൈവികമഹത്വവും ഏലിയായുടെയും മോശയുടെയും സാന്നിധ്യവും പത്രോസിന് ഇഷ്‌ടമായി. അതുകൊണ്ടാണദ്ദേഹം ഇപ്രകാരം പറഞ്ഞത്: "ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാകുന്നു. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്" (9,5). ദൈവികമഹത്വത്തിൻ്റെ സ്വർഗീയാനു ഭൂതിയിൽ ലയിച്ചിരിക്കാൻ പത്രോസ് ആഗ്രഹിച്ചു. സഹനവും മരണവും കൂടാതെ തന്നെ ഉത്ഥാനത്തിൻ്റെ മഹത്വം കരഗതമായി എന്നായിരുന്നു പത്രോസിന്റെ വിചാരം. അതുകൊണ്ടുതന്നെയാണ് "താൻ പറയുന്നതെന്തെന്ന് അയാൾക്കറിഞ്ഞുകൂടായിരുന്നു" എന്നു സുവിശേഷകൻ കൂട്ടിച്ചേർക്കുന്നത്. 

മഹത്വത്തിൽ പ്രത്യക്ഷപ്പെട്ട ഈശോയെ കണ്ട ശിഷ്യന്മാർ അത്യധികം ഭയവിഹ്വലരായി (9.6). ദൈവികമഹത്വത്തിനു മുമ്പിൽ നില്ക്കുന്ന മനുഷ്യനു തന്റെറെ അയോഗ്യതയെക്കുറിച്ചുള്ള ബോദ്ധ്യത്തിൽ നിന്നുളവാകുന്ന സ്വാഭാവിക പ്രതീകമാണ് ഈ ഭയം (reverential awe; പുറ 15,16; യൂദിത്ത് 15,2; ലൂക്കാ 2,9; മത്താ 28,4). 

“അപ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിച്ചു” (9,7) എന്ന പ്രസ്താവന സമാഗമകൂടാരത്തെക്കുറിച്ച് പഴയനിയമത്തിലുള്ള ഒരു രംഗമാണ് നമ്മെ അനുസ്‌മരിപ്പിക്കുന്നത്. മൂന്നു കൂടാരങ്ങളെക്കുറിച്ചുള്ള പത്രോസിന്റെ പരാമർശത്തിനു പിന്നാലെയാണ് മേഘത്തെക്കുറിച്ചു വിവരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. പുറപ്പാടു പുസ്‌തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "അപ്പോൾ ഒരു മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു. കർത്താവിൻ്റെ മഹത്വം കൂടാരത്തിൽ നിറഞ്ഞുനിന്നു" (പുറ 40,34). ദൈവികസാന്നിദ്ധ്യത്തിൻ്റെയും മഹത്വത്തിന്റെയും പ്രതീകമായാണ് മേഘം കണക്കാക്കപ്പെട്ടിരുന്നത് (പുറ 16,10; 19,9-18; 24,15-16; 33,9). യാഹ്‌വെ ഇസ്രായേൽജനത്തെ മരുഭൂമിയാത്രയിൽ പകൽസമയത്തു വഴി നടത്തിയിരുന്നത് മേഘസ്‌തംഭത്തിലിരുന്നായിരുന്നല്ലോ (പുറ 13,21-22; 40,34-38). രൂപാന്തരീകരണവേളയിലെ മേഘവും ഈ ദൈവികസാന്നിദ്ധ്യമാണ് വിളിച്ചറിയിക്കുന്നത്. 

ഈ മേഘത്തിൽനിന്ന് ഒരു സ്വരവുമുണ്ടായി: “ഇവൻ എന്റെ പ്രിയ പുത്രനാകുന്നു, ഇവൻ്റെ വാക്കു ശ്രവിക്കുവിൻ" (9,7). മാമോദീസായുടെ അവസരത്തിലും ഇത്തരത്തിലുള്ള ഒരു വെളിപാടുണ്ടായതാണ് (1,11). ഇക്കുറി ദൈവികസ്വരം ശിഷ്യന്മാരെ ഉദ്ദേശിച്ചായിരുന്നു. പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനത്തെയും ഈശോയുടെ പീഡാനുഭവ പ്രവചനത്തെയും സ്ഥിരീകരിക്കുന്നതായിരുന്നു ഈ സ്വരം. മഹത്വത്തിൽ പ്രത്യക്ഷപ്പെട്ട ഈശോ ദൈവപുത്രനാണ് എന്നതായിരുന്നു ദൈവിക സ്വരത്തിന്റെ സാരം. ശിഷ്യന്മാരെ സംബന്ധിച്ച് ഈ വെളിപാട് വലിയൊരു ഉത്തരവാദിത്വം കൂടി ഉൾക്കൊള്ളുന്നതായിരുന്നു: "ഇവൻ്റെ വാക്കു കേൾക്കുവിൻ.” ഈശോയുടെ വാക്ക് ശ്രവിക്കുകയെന്നാൽ അവിടുത്തെ സ്വാഗതം ചെയ്യുക, സ്വീകരിക്കുക, അനുസരിക്കുക എന്നൊക്കെയാണ് അർത്ഥം. ദൈവപുത്രനായ, ദൈവം തന്നെയായ, ഈശോമിശിഹായെ ശ്രവിക്കുക എന്നതു ശിഷ്യന്മാരുടെ കടമയാണ്. ഈ സന്ദർഭത്തിൽ അവർ ശ്രവിക്കേണ്ടിയിരുന്ന ഗുരുവചനം അവിടുത്തെ പീഡാസഹനത്തെക്കുറിച്ചുള്ളതായിരുന്നു (8,31). മഹത്വത്തിൻ്റെ മലമുകളിൽനിന്ന് സഹനത്തിൻ്റെയും മരണത്തിൻ്റേതുമായ താഴ്വരയിലേക്കിറങ്ങാനുള്ള ആഹ്വാനമായിരുന്നു അത്. ശിഷ്യന്മാരെ വിശ്വാസത്തിലുറപ്പിക്കാനും 8,31 ലെ പ്രബോധനം സ്വീകരിക്കാൻ പ്രാപ്‌തരാക്കാനുംവേണ്ടിയുള്ളതായിരുന്നു ഈശോയുടെ രൂപാന്തരീകരണം. 

50 

എല്ലാം ക്രമപ്പെടുത്താൻ ഏലിയാ ആദ്യം വരും (9,11-13) 

രൂപാന്തരീകരണമലയിൽവച്ച് ഏലിയാ പ്രവാചകനെ കണ്ടതുകൊണ്ടാകണം താഴ്വാരത്തെത്തിയ ഉടനെ ശിഷ്യന്മാർ പ്രവാചകനായ ഏലിയായെ സംബന്ധിച്ചുള്ള യഹൂദവിശ്വാസത്തിൻ്റെ വിശദീകണം ഈശോയോട് ചോദിക്കുന്നത്. മിശിഹാ പ്രത്യക്ഷപ്പെടുന്ന കർത്താവിന്റെ ദിവസത്തിനുമുമ്പ് പ്രവാചകനായ ഏലിയാ വരുമെന്നത് യഹൂദരുടെ വിശ്വാസമായിരുന്നു. ദൈവത്തിന്റെ തന്നെ വാഗ്ദാനമാണ് ഈ വിശ്വാസത്തിന് അടിസ്ഥാനം. അവിടുന്നരുളിച്ചെയ്‌തിട്ടുണ്ട്: “കർത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ ഏലിയായെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാൻ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവൻ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും" (മലാക്കി 4,5). ഈ വാഗ്ദാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ശിഷ്യന്മാർ ഈശോയോടു സംശയമുന്നയിക്കുന്നത്. ശിഷ്യന്മാരുടെ ചോദ്യം ഇതായിരുന്നു: "ഏലിയാ ആദ്യം വരുക ആവശ്യകമാണെന്നു നിയമജ്ഞർ പറയാൻ കാരണമെന്ത്?" (9,11). 

മരിക്കാതെ സ്വർഗീയ മഹത്വത്തിലേക്ക് ആരോഹണം ചെയ്ത ഏലിയായുടെ (2 രാജാ 2,11) കാര്യം അനുസ്‌മരിപ്പിക്കുക വഴി മിശിഹായ്ക്കും സഹിക്കാതെയും മരിക്കാതെയും മഹത്വത്തിൽ പ്രവേശിച്ചുകൂടേ എന്നൊരു ധ്വനി അവരുടെ ചോദ്യത്തിലുണ്ട്. മിശിഹായായ ഈശോ സഹിക്കുകയും മരിക്കുകയും ചെയ്യണമെന്ന സത്യം അംഗീകരിക്കാൻ ശിഷ്യന്മാർക്ക് ആരംഭം മുതല്‌ക്കേ വിഷമമായിരുന്നു (8,32). ഈശോ മറുപടിയായി അരുളിച്ചെയ്‌തു: "ശരിയാണ്, എല്ലാം ക്രമപ്പെടുത്തുവാൻ ഏലിയാ ആദ്യം വരും" (9,12). മിശിഹായുടെ മുന്നോടിയെക്കുറിച്ചുള്ള യഹുദ വിശ്വാസത്തെ ശരിവയ്ക്കുന്ന ഈശോ അദ്ദേഹത്തിൻ്റെ ദൗത്യത്തിലേക്കുകൂടി വെളിച്ചം വീശുന്നു. എല്ലാം ക്രമപ്പെടുത്തുവാനാണ് അദ്ദേഹം വരുന്നത്. മിശിഹായ്ക്കു മുന്നോടിയായി വരുന്ന ഏലിയാ അനുരഞ്ജനത്തിന്റെ മാർഗത്തിലൂടെയായിരിക്കും അവിടുത്തേയ്ക്കു വഴിയൊരുക്കുന്നത് എന്ന് മലാക്കിയുടെ പ്രവചനത്തിൽ സൂചനയുണ്ടായിരുന്നു. മക്കളുടെ ഹൃദയം പിതാക്കന്മാരിലേയ്ക്കും പിതാക്കന്മാരുടെ ഹൃദയം മക്കളിലേയ്ക്കും തിരിക്കുന്നതിലൂടെ തൻ്റെ ദൗത്യം നിർവ്വഹിക്കുമെന്നായിരുന്നല്ലോ മലാക്കി പ്രവചിച്ചത് (മലാക്കി 4,5). 

ഈശോ കൂട്ടിച്ചേർത്തു: "എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാ വന്നുകഴിഞ്ഞു. അയാളെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അയാളോടു ചെയ്‌തു" (9,13). സ്നാപകയോഹന്നാനെയാണ് ഈശോ ഉദ്ദേശിച്ചതെന്നതിനു സംശയമില്ല. സുവിശേഷകൻ യോഹന്നാനെ ഏലിയാ പ്രവാചകൻ്റെ വേഷവിധാനത്തിൽതന്നെ അവതരിപ്പിക്കുന്നതും (1,6) ഇതുകൊണ്ടുതന്നെയാണ്. രാജാവായ ഹേറോദേസിൽനിന്ന് യോഹന്നാന് സഹിക്കേണ്ടിവന്ന രക്തസാക്ഷിത്വത്തെയാണ് 'തങ്ങൾക്കിഷ്ടമുള്ളതെല്ലാം അവർ അയാളോടു ചെയ്‌തു' എന്ന് ഈശോ പറയുമ്പോൾ ഉദ്ദേശിക്കുന്നത് (6,17-34). എഴുതപ്പെട്ടതുപോലെയാണ് ഇതെല്ലാം സംഭവിച്ചതെന്നു വ്യക്തമാക്കുക വഴി യോഹന്നാൻ്റെ മരണം ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു എന്നുകൂടി അവിടുന്നു സ്ഥാപിക്കുന്നു. 

മിശിഹായ്ക്കു വഴിയൊരുക്കുവാൻ വന്ന "ഏലിയാ"യായ യോഹന്നാനു സംഭവിച്ചതുതന്നെയായിരിക്കും തനിക്കും സംഭവിക്കുകയെന്ന് അവിടുന്നു വെളിപ്പെടുത്തുന്നു: “എന്നാൽ മനുഷ്യപുത്രനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവൻ വളരെ പീഡ സഹിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യും" (9,12). ഈശോ തൻ്റെ പീഡാനുഭവത്തെക്കുറിച്ചു നടത്തിയ ആദ്യ പ്രവചനത്തിൻ്റെ തുടർച്ചയായാണ് ഇതു മനസ്സിലാക്കേണ്ടത് (8,31). മരിക്കാതെ മഹത്വത്തിലേക്കു പ്രവേശിച്ച ഏലിയായെപ്പോലെയല്ല, സഹനത്തിലൂടെ മഹത്വം പ്രാപിച്ച യോഹന്നാനെപ്പോലെയാണ് അവിടുന്ന്. 

51 

വിശ്വസിക്കുന്നവന് എല്ലാം സാധ്യം (9,14–29) 

ഈശോ രൂപാന്തരീകരണമലയിൽ നിന്ന് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ശിഷ്യരുമൊത്ത് മറ്റു ശിഷ്യന്മാരുടെ പക്കലെത്തിയപ്പോൾ നിയമജ്ഞർ അവരുമായി തർക്കിക്കുന്നതാണു കണ്ടത് (9,14-29). തർക്കത്തിന്റെ കാരണമന്വേഷിച്ച അവിടുത്തോട് ജനക്കൂട്ടത്തിൽ നിന്നൊരാൾ ഇപ്രകാരം മറുപടി പറഞ്ഞു: "ഗുരോ, മൂകാത്മാവു ബാധിച്ച എന്റെ മകനെ നിന്റെ അടുക്കലേക്കു ഞാൻ കൊണ്ടുവന്നു... അതിനെ ബഹിഷ്കരിക്കുവാൻ നിൻ്റെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ, അവർക്കു കഴിഞ്ഞില്ല" (9,17-18: ചുഴലിദീനത്തെയാണ് പിശാചുബാധ എന്ന് ഇവിടെ വിശേഷിപ്പിക്കുന്നത്). ദുഷ്‌ടാത്മാക്കളെ പുറത്താക്കാനുള്ള അധികാരം ഈശോ ശിഷ്യന്മാർക്കു നേരത്തെ നല്‌കിയിട്ടുള്ളതാണ് (3,15; 6,7). പിശാചുക്കളെ പുറത്താക്കുന്നതിൽ അവർ വിജയിച്ചിരുന്നതുമാണ് (6, 1-13). ഇപ്പോൾ പിന്നെ എന്തു സംഭവിച്ചു? 

മൂകാത്മാവു ബാധിച്ചവൻ്റെ പിതാവിൻ്റെയും നിയമജ്ഞരുടെയും ജനക്കൂട്ടത്തിന്റെയും ശിഷ്യന്മാരുടെ തന്നെയും വിശ്വാസക്കുറവു മൂലമാണ് ശിഷ്യന്മാർക്കതിനു സാധിക്കാതെ പോയതെന്ന് ഈശോയുടെ വാക്കുകൾ വ്യക്തമാക്കുന്നു: "അല്ലയോ, വിശ്വാസമില്ലാത്ത തലമുറയേ, ഞാൻ എത്ര നാൾകൂടി നിങ്ങളോടൊന്നിച്ചുണ്ടായിരിക്കും? എത്ര നാൾ കൂടി ഞാൻ നിങ്ങളോടു പ്രസംഗിക്കും?" (9,19). ഈശോയിൽ വിശ്വസിക്കാതിരിക്കുകയും അവിടുത്തെ എതിർക്കുകയും ചെയ്തിരുന്നവരെ “തലമുറ” എന്ന് ഈശോ വിശേഷിപ്പിക്കുന്നത് ഇതിനു മുമ്പും നാം കണ്ടതാണ് (8,12.38). “വിശ്വാസമില്ലാത്ത തലമുറയേ" എന്നാണല്ലൊ അവിടുന്ന് അഭിസംബോധന ചെയ്യുന്നത്. പത്രോസ്ശ്ലീഹാ പന്തക്കുസ്ത‌ാ ദിനത്തിൽ 'ദുഷിച്ച തലമുറ'യിൽനിന്ന് തങ്ങളെത്തന്നെ രക്ഷിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തതപ്പോൾ (നടപടി 2,40) ഉദ്ദേശിച്ചതും വിശ്വാസമില്ലാത്ത വരിൽ നിന്ന് ഓടി അകലണമെന്നാണ്. ശിഷ്യന്മാർ ഉൾപ്പടെയുള്ളവരുടെ ഹൃദയകാഠിന്യവും വിശ്വാസരാഹിത്യവുമാണ് ഈശോയുടെ മനസ്സു മടുപ്പിക്കുന്നത്. ശിഷ്യന്മാരുടെ ഹൃദയമരവിപ്പിനെ ഇതിനു മുമ്പും പലപ്രാവശ്യം ഈശോ കുറ്റപ്പെടുത്തിയിട്ടുള്ളതാണ് (4,40; 6,50-52; 8,17-21). മൂകാത്മാവു ബാധിച്ച ബാലൻ ഈ ശിഷ്യന്മാരുടെതന്നെ പ്രതീകമല്ലേ? 

“എന്തെങ്കിലും ചെയ്യാൻ നിനക്കു കഴിയുമെങ്കിൽ ഞങ്ങളുടെമേൽ കരുണ തോന്നി ഞങ്ങളെ സഹായിക്കണമേ" (9,22) എന്ന, ബാലന്റെ പിതാവിന്റെ അപേക്ഷയിലും ഈ വിശ്വാസക്കുറവു നിഴലിക്കുന്നുണ്ട്. ഇതു മനസ്സിലാക്കിയ അവിടുന്ന് അരുളിച്ചെയ്‌തു: "വിശ്വസിക്കുന്നവന് എല്ലാം സാധ്യമാണ്” (9,23). അവരുടെ പരാജയത്തിൻ്റെ കാരണം ഇവിടെ തെളിയുന്നുണ്ട്. സീറോ-ഫിനീഷ്യൻ സ്ത്രീയിൽ നിന്നെന്നപോലെ (7,24-30) ഈ ബാലൻ്റെ പിതാവിൽ നിന്നും ഈശോയുടെ ദൈവികശക്തിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം അവിടുന്നു പ്രതീക്ഷിച്ചു. അതു മനസ്സിലാക്കിയിട്ടെന്നോണം അയാൾ കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞു: “ഞാൻ വിശ്വസിക്കുന്നു. എൻ്റെ വിശ്വാസക്കുറവു പരിഹരിക്കണമേ" (9,24), സുഖപ്പെടുത്താനുള്ള അവിടുത്തെ ശക്തിയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതോടൊപ്പം തന്റെ വിശ്വാസത്തിനെന്തെങ്കിലും കുറവുണ്ടെങ്കിൽ അതു പരിഹരിക്കണമേ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. ഈശോയിൽ വിശ്വസിക്കുന്നതിൽ തനിക്കു വന്നുപോയ കുറവ് ബാലനെ സുഖപ്പെടുത്തുന്നതിനു തടസ്സമാകരുതേ എന്നാണ് ഈ യാചനയുടെ അർത്ഥം. അവിടുന്ന് ഈ പ്രാർത്ഥന ശ്രവിക്കുകയും കുട്ടിയെ സുഖപ്പെടുത്തുകയും ചെയ്തു. 

വീട്ടിലെത്തിയ ശിഷ്യന്മാർ എന്തുകൊണ്ടാണ് തങ്ങൾക്ക് മൂകനും ബധിരനുമായ അശുദ്ധാത്മാവിനെ പുറത്താക്കാൻ സാധിക്കാതെ പോയതെന്നു ചോദിച്ചപ്പോൾ ഈശോ മറുപടി നല്‌കി: “പ്രാർത്ഥന കൊണ്ടല്ലാതെ, (ചില കൈയെഴുത്തു പ്രതികളിൽ 'ഉപവാസവും' എന്നുകൂടി കാണാം) മറ്റൊന്നുകൊണ്ടും ഈ വർഗത്തെ പുറത്താക്കാൻ സാധിക്കുകയില്ല” (9,29). വിശ്വാസത്തോടെയുള്ള ബാലൻ്റെ പിതാവിൻ്റെ പ്രാർത്ഥനയുടെ ഫലമായാണല്ലോ ബാലനു സൗഖ്യം ലഭിച്ചത്. വിശ്വാസത്തിലടിയുറച്ച പ്രാർത്ഥനയുടെ ശക്തിയിൽ ശിഷ്യരായ നമുക്കും അത്ഭുതങ്ങൾ പ്രവർത്തിക്കാനാവും എന്നാണവിടുന്ന് ഈ സംഭവത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. 

52 

ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ... 

(9,30-37) 

കേസറിയാ ഫിലിപ്പി പ്രദേശത്തുനിന്ന് (8,27) ഗലീലിയിലൂടെ ജറുസലേം ലക്ഷ്യമാക്കി കടന്നുപോകുന്ന ഈശോയെയും ശിഷ്യന്മാരെയുമാണ് നാം തുടർന്നു കാണുന്നത് (9,30). പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം മുതൽ ഇതുവരെ വിവരിക്കപ്പെട്ട കാര്യങ്ങൾ കേസറിയാ ഫിലിപ്പി പ്രദേശത്താണു സംഭവിച്ചതെങ്കിൽ അവിടുത്തെ രൂപാന്തരീകരണം ഹെർമോൻ മലയിൽ വച്ചായിരുന്നിരിക്കണം. നസ്രായനായ ഈശോ ദൈവത്തിന്റെ അഭിഷിക്തനാണ്/മിശിഹായാണ് എന്ന പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനത്തിന്റെ ഭാഗമായി തന്റെ സഹനമരണോത്ഥാനങ്ങളെക്കുറിച്ച് ഈശോ ചെയ്‌ത പ്രവചനത്തിന്റെ വിശദീകരണമാണ് ഇതുവരെ വി. മർക്കോസ് വിവരിച്ച സംഭവങ്ങൾ. താൻ സഹിച്ചു മരിച്ച് ഉത്ഥാനത്തിൻ്റെ മഹത്വത്തിലേക്കു പ്രവേശിക്കേണ്ടതിന്റെ ആവശ്യകത രണ്ടാം പ്രാവശ്യവും ശിഷ്യന്മാരെ ഈശോ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണ് തുടർന്ന് വി. മർക്കോസ് വിവരിക്കുന്നത് (9,31). ഈശോ നടന്ന വഴിയേ അവിടുത്തെ അനുഗമിക്കേണ്ടവരാണ് ശിഷ്യർ. ഈ സത്യത്തിൻ്റെ മുമ്പിൽ ബധിരരും മൂകരുമായി നില്ക്കുന്ന ശിഷ്യരുടെ ചിത്രവും വി. മർക്കോസ് വരച്ചുകാണിക്കുന്നു (9,32-37). 

ശിഷ്യരുമൊത്ത് ജറൂസലേമിലേക്കു പോകുമ്പോൾ വഴിയിൽ വച്ചാണ് ഈശോ അവരോട് ദൈവികപദ്ധതിപ്രകാരം താൻ സഹിക്കുകയും മരിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത രണ്ടാം തവണ അറിയിച്ചത്. അവിടുന്നു ജറൂസലേമിലേക്കു യാത്ര ചെയ്‌തതു തന്നെക്കുറിച്ചുള്ള ഈ ദൈവികപദ്ധതി നിറവേറ്റാനായിരുന്നല്ലോ. നിത്യജീവന്റെ മഹത്വത്തിലേക്കുള്ള വഴി സഹനത്തിൻ്റെയും മരണത്തിന്റെയുമാണെന്ന് അവിടുന്ന് ആവർത്തിച്ചു പഠിപ്പിക്കുന്നു. 

മുമ്പെന്നതുപോലെ (8,32-33; 9,10-11) ഇക്കുറിയും ശിഷ്യന്മാർ ഈശോ പറഞ്ഞതിൻ്റെ അർത്ഥം ഗ്രഹിക്കുന്നില്ല (9,32). തൻ്റെ പുത്രനെ ശ്രവിക്കുവാൻ രൂപാന്തരീകരണവേളയിൽ പിതാവായ ദൈവം നല്കിയ കല്പന (9,7) പാലിക്കുന്നതിൽ അവർ പരാജയപ്പെടുകയാണ്. മറ്റു പല കാര്യങ്ങളെക്കുറിച്ചും അവിടുത്തോടു സംശയം ചോദിച്ചിരുന്ന അവർക്ക് ഇതെക്കുറിച്ചു ചോദിക്കാൻ ഭയമായിരുന്നു എന്നു പറയുന്നതിൽനിന്ന് അവരുടെ പരാജയത്തിന്റെ തീവ്രത ഗ്രഹിക്കാനാകും. 

ക്രിസ്‌തുശിഷ്യൻ്റെ പാത ഗുരുവിൻ്റേതുപോലെ തന്നെ സ്വയം ശൂന്യവത്ക്കരണത്തിന്റേതാണെന്നു മനസ്സിലാക്കാതിരുന്നതിന്റെ പ്രത്യാഘാതമാണ് അവരുടെ മനോഭാവത്തിൽ നിഴലിച്ചത്. തങ്ങളിൽ വലിയവൻ ആരാണ് എന്നതായിരുന്നു അവരുടെ മുഖ്യചർച്ചാവിഷയം. "ജറൂസലേമിലേക്കുള്ള വഴിയിൽ" വച്ചാണ് അവരിതു ചർച്ച ചെയ്യുന്നതെന്നത് അവരുടെ തെറ്റിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രിസ്‌തുമാർഗം - ജറൂസലേമിലേക്കുള്ള വഴി സ്വയം ഇല്ലാതാകലിൻ്റേതാണ്. ഈ മാർഗത്തിൽ ചരിക്കുന്നവരായ ക്രൈസ്‌തവർ സ്ഥാനമാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതുപോലും ക്രൈസ്‌തവാസ്‌തിത്വത്തിനു നിരക്കാത്തതാണ്. 

ഈശോ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ച് അരുളിച്ചെയ്തു: “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരിലും അവസാനത്തവനും എല്ലാവരുടെയും ദാസനുമായിരിക്കണം" (9,35). ഇരുന്നുകൊണ്ട് പഠിപ്പിക്കുന്നത് തന്റെ പ്രബോധനത്തിൻ്റെ ആധികാരികത വ്യക്തമാക്കാനാണ്. അവിടുത്തെ ശിഷ്യന്മാരുടെയിടയിൽ പ്രധാന സ്ഥാനത്തിനവകാശമുള്ളവർ പ്രത്യേകം വിളിക്കപ്പെട്ട ഈ പന്ത്രണ്ടു പേരാണല്ലോ. അതുകൊണ്ടാണ് അവരെ അടുത്തു വിളിച്ച് അവിടുന്നു പഠിപ്പിക്കുന്നത്. ഈ ലോകത്തിന്റെ ചിന്തയ്ക്കു കടകവിരുദ്ധമാണ് ഈശോയുടെ പ്രബോധനം. ശിഷ്യന്മാരുടെ മനോഭാവത്തിൽ നിഴലിച്ചിരുന്ന മാനുഷികചിന്ത തകിടം മറിക്കാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഒന്നാമൻ അവസാനത്തവനും എല്ലാവരുടെയും ദാസനുമാകണം. ഒന്നാമൻ ഏറ്റവും മുമ്പിൽ കയറി നില്ക്കുന്നവനും എല്ലാവരാലും ശുശ്രൂഷിക്കപ്പെടുന്നവനുമാണ് എന്നു ചിന്തിച്ചിരുന്ന ഒരു സമൂഹത്തോടാണ് ഈശോ ഇപ്രകാരം അരുളിച്ചെയ്യുന്നത്. ആരെയും മാറ്റിനിർത്താതെ എല്ലാവരുടെയും ശുശ്രൂഷകരാകാനാണ് അവിടുന്നു നമ്മോട് ആവശ്യപ്പെടുന്നത്. 

എല്ലാവരുടെയും ദാസരാവുക എന്നു പറഞ്ഞാൽ സമൂഹത്തിൽ ഏറ്റവും അവഗണിക്കപ്പെട്ടിരിക്കുന്നവരെപ്പോലും പരിഗണിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നർത്ഥം. ഇതു വ്യക്തമാക്കാനാണ് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മദ്ധ്യേ നിർത്തിയത് (9,36). തങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടു നടന്നിരുന്ന ശിഷ്യരുടെ ശ്രദ്ധ അവരിൽനിന്നകറ്റി സമൂഹത്തിൽ ഏറ്റവും നിസ്സാരരായി കരുതപ്പെട്ടിരുന്നവരിലേക്കു തിരിക്കാനാണ് അവിടുന്ന് ഇപ്രകാരം പ്രവർത്തിച്ചത്. കൂടാതെ, ശിശുക്കൾക്കിടയിൽ അധികാരത്തെയും സ്ഥാനമാനങ്ങളെയും സംബന്ധിച്ച് അത്യാർത്തിയോ തർക്കമോ ഇല്ലല്ലോ. തുടർന്ന് അവിടുന്ന് ആ ശിശുവിനെ തന്റെ്റെ കരങ്ങളിലെടുത്തു ലാളിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: “ഇതുപോലുള്ള ഒരു ശിശുവിനെ എൻ്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണു സ്വീകരിക്കുന്നത്" (9,37). ചെറിയവരിൽ ചെറിയവനെ എപ്രകാരമാണ് സ്വീകരിക്കേണ്ടതെന്നു കാണിക്കാനാണ് ശിശുവിനെ അവിടുന്നു കരങ്ങളിലെടുക്കുന്നത്. സമൂഹത്തിൽ ഏറ്റവും നിസ്സാരരായവരുമായി സ്വയം താദാത്മ്യപ്പെടുന്ന ഈശോയെയാണ് നാം ഇവിടെ കാണുന്നത്. 

അവിടുത്തെ നാമത്തിൽ അഥവാ അവിടുത്തെപ്രതി ശിശുക്കളെപ്പോലുള്ളവരെ സ്വീകരിക്കുന്നവർ തന്നെയാണ് സ്വീകരിക്കുന്നതെന്ന് അവിടുന്നു പ്രഖ്യാപിക്കുന്നു. ഈശോയെ സ്വീകരിക്കുന്നവർ അവിടുത്തെ അയച്ച പിതാവിനെയാണു സ്വീകരിക്കുന്നത്. മർക്കോ 9,41 ന്റെ അർത്ഥവും ഇതുതന്നെയാണ്. ഇപ്രകാരം ഏറ്റവും നിസ്സാരരായവരെ സ്വീകരിക്കുന്നവർക്ക് മഹോന്നതനായ ദൈവത്തെത്തന്നെ സ്വീകരിക്കാൻ ഭാഗ്യം ലഭിക്കുന്നു. അന്ത്യവിധിയുടെ അവസരത്തിൽ വെളിവാകാനിരിക്കുന്ന യാഥാർത്ഥ്യവും ഇതാണല്ലോ. അപ്പോൾ അവിടുന്നു പറയും: "എളിയവരായ എന്റെ ഈ സഹോദരരിൽ ഒരുവനുവേണ്ടി നിങ്ങൾ അവ ചെയ്തപ്പോഴെല്ലാം എനിക്കുവേണ്ടിത്തന്നെയാണ് നിങ്ങൾ ചെയ്‌തത്" (മത്താ 25,40). 

53 

നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലനാണ് (9,38-41) 

മർക്കോ 9,38-41 മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംഭവവിവരണം പഴയനിയമത്തിൽ സംഖ്യയുടെ പുസ്‌തകത്തിലുണ്ട് (സംഖ്യ 11,16 -30). മോശയോടൊപ്പം ജനത്തിന്റെ ചുമതല വഹിക്കാനായി എഴുപതു പേരെ ദൈവം നിയമിക്കുന്നതാണ് രംഗം. ദൈവത്തിൻ്റെ നിർദ്ദേശപ്രകാരം മോശ ജനത്തിലെ ശ്രേഷ്‌ഠന്മാരിലും പ്രമാണികളിലും നിന്ന് എഴുപതുപേരെ തിരഞ്ഞെടുത്ത് സമാഗമകൂടാരത്തിൻ്റെ മുമ്പിൽ നിർത്തി. മേഘത്തിൽ ഇറങ്ങിവന്ന കർത്താവ് മോശയിലുണ്ടായിരുന്ന ചൈതന്യത്തിൽ ഒരു ഭാഗം ആ എഴുപതു നേതാക്കന്മാരുടെമേൽ പകർന്നു. ഉടനെ അവർ പ്രവചിക്കുകയും ചെയ്തു. പുറത്തു വരാതെ കൂടാരത്തിനുള്ളിൽത്തന്നെ കഴിഞ്ഞിരുന്ന എല്ദാദ്, മെദാദ് എന്നീ രണ്ടു പേർക്കും ഈ ചൈതന്യത്തിന്റെ പങ്കു ലഭിച്ചു. പാളയത്തിനുള്ളിൽ വച്ചുതന്നെ അവർ പ്രവചിക്കുകയും ചെയ്. ഈ വാർത്തയറിഞ്ഞ ജോഷ്വാ അവർ മറ്റുള്ളവരുടെ കൂടെ വരാതിരുന്നതു കൊണ്ട് അവരെ വിലക്കുവാൻ മോശയോട് ആവശ്യപ്പെട്ടു. മോശ മറുപടിയായി പറഞ്ഞു: "എന്നെപ്രതി നീ അസൂയപ്പെടുന്നുവോ? കർത്താവിന്റെ ജനം മുഴുവൻ പ്രവാചകന്മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവർക്കു നല്‌കുകയും ചെയ്‌തിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു" (സംഖ്യ 11,29). ജോഷ്വായുടെ സങ്കുചിത മനോഭാവത്തെ മോശ ഇതിലൂടെ നിശിതമായി വിമർശിക്കുകയായിരുന്നു. ഇതിനു സമാനമായ ഒരു സംഭവമാണ് വി. മർക്കോസ് 9,38-41 -ൽ വിവരിക്കുന്നത്.

ഈശോയുടെ ശിഷ്യഗണത്തിൽപ്പെടാത്ത ഒരുവൻ അവിടുത്തെ നാമത്തിൽ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ശിഷ്യന്മാർ ഇതു കാണാനിടയായി. ഈശോ തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരായ തങ്ങൾക്കുമാത്രം നല്‌കിയിരിക്കുന്ന പ്രത്യേക അധികാരമാണ് പിശാചുക്കളെ ബഹിഷ്കരിക്കാനുള്ളത് എന്നവർ ചിന്തിച്ചു. അതുകൊണ്ട് അവർ അവനെ വിലക്കുകയും ചെയ്‌തു. അധികാരം ലഭിച്ചിരുന്നെങ്കിലും വിശ്വാസക്കുറവുമൂലം പിശാചുബാധിതനെ സുഖപ്പെടുത്താൻ സാധിക്കാതെപോയ ശിഷ്യന്മാരാണ് (9,14-29) ഇതു ചെയ്യുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. 

പിന്നീട് ശിഷ്യന്മാരെ പ്രതിനിധാനം ചെയ്‌ത്‌ യോഹന്നാൻ ഈ വിവരം ഈശോയെ അറിയിച്ചപ്പോൾ അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “അയാളെ വിലക്കേണ്ട. എൻ്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്നവന് ഉടനെ എന്നെ ദുഷിച്ചു പറയാൻ സാധിക്കുകയില്ല. ആകയാൽ നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലിയാകുന്നു” (9,40). തന്നെ അനുഗമിക്കുന്നവരുടെ കൂട്ടത്തിലില്ലായെങ്കിലും തൻ്റെ നാമത്തിൽ നന്മ ചെയ്യുന്നവനെ തടയേണ്ടതില്ലായിരുന്നു എന്ന് ഈശോ അവരെ ഓർമ്മിപ്പിക്കുന്നു. അവൻ അവിടുത്തെ നാമം ഉപയോഗിച്ചിരുന്നു എന്നതുതന്നെ അവന് അവിടുത്തെ ശക്തിയിലുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമായിരുന്നല്ലോ. ഇങ്ങനെയുള്ള ഒരുവന് മിശിഹായെക്കുറിച്ചു ദൂഷണം പറയാനോ എതിർത്തു സംസാരിക്കാനോ സാധിക്കില്ല. ഇപ്രകാരം അവിടുത്തേയ്ക്കും അവിടുത്തെ സന്ദേശത്തിനും എതിരല്ലാത്തവൻ ശിഷ്യഗണത്തിൽ ചേർന്നില്ലെങ്കിലും അവർക്കനുകൂലിയാണ്. 

സഹിഷ്ണു‌തയുടെ ഒരു വലിയ പാഠം ഈശോ അവരെ പഠിപ്പിക്കുകയായിരുന്നു. സങ്കുചിത മനോഭാവം നീക്കി നന്മ എവിടെ കണ്ടാലും അത് അംഗീകരിക്കാൻ ഈശോയുടെ ശിഷ്യർ തയ്യാറാകണം. വി. പത്രോസ് ശ്ലീഹായും ഇതുതന്നെ നമ്മെ അനുസ്‌മരിപ്പിക്കുന്നു: "ഏതു ജനതയിൽ പ്പെട്ടവനായാലും, അവനെ ഭയപ്പെടുകയും അവൻ്റെ സന്നിധിയിൽ നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവൻ അവൻ്റെ സന്നിധിയിൽ സ്വീകാര്യനാണ്” (നടപടി 10,35). നമ്മുടേതിൽനിന്നു വ്യത്യസ്‌തമായ ആശയങ്ങളും വിശ്വാസസംഹിതകളും വച്ചുപുലർത്തുന്നവരെയും വിശാലമനസ്‌കതയോടെ അംഗീകരിക്കുവാനും ആദരിക്കുവാനും ക്രൈസ്‌തവരായ നമുക്കു കടമയുണ്ട്. മറ്റു മതസ്‌ഥരുമായി സഹകരിച്ചുകൊണ്ട് സമൂഹത്തിൽ നടമാടുന്ന അനീതിയുടെയും അധാർമ്മികതയുടേതുമായ പിശാചുക്കൾക്കെതിരെ പൊരുതുവാൻ നമുക്കു സാധിക്കണം. 

54 

ചെറിയവരിൽ ഒരുവന് 

ഇടർച്ച നല്കുന്നതിൽ ഭേദം... (9,42-50) 

ഈശോയിൽ വിശ്വസിക്കുകയും അവിടുത്തെ അനുഗമിക്കുകയും ചെയ്യുന്നവർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളാണ് മർക്കോ 9,33-50ൽ വിവരിക്കപ്പെടുന്നത്. വിശ്വസികളുടെ സമൂഹത്തിലെ നേതാക്കന്മാർ എല്ലാവരുടെയും ശുശ്രൂഷകരായിരിക്കണമെന്നു പഠിപ്പിക്കാനായി ശിശുവിന്റെ മാതൃക ശിഷ്യന്മാർക്കു നല്‌കുകയും (9,33-37) സഭാക്കൂട്ടായ്മയ്ക്കു വെളിയിലുള്ളവരോടും സഹിഷ്‌ണുത പ്രദർശിപ്പിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തശേഷമാണ് (9,38-41) സഭാസമൂഹത്തിൽ പാലിക്കപ്പെടേണ്ട മനോഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് (9,42-50). 

എല്ലാവരുടെയും ശുശ്രൂഷകർ എന്ന നിലയിൽ സഭാസമൂഹത്തിലെ മറ്റംഗങ്ങൾക്ക് നല്ല മാതൃക നല്‌കാനുള്ള വിശ്വാസികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് അവിടുന്നു തൻ്റെ ശിഷ്യരെ അനുസ്‌മരിപ്പിക്കുന്നു: “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച നല്‌കുന്നതിൽ ഭേദം കഴുത്തിൽ ഒരു വലിയ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്” (9,42). ഈശോയിൽ വിശ്വസിക്കുന്നവരിൽ ആർക്കും ഉതപ്പിനു കാരണമാകരുത്, അഥവാ തെറ്റുചെയ്യാൻ പ്രേരിപ്പിക്കരുത് എന്നാണ് അവിടുന്ന് നിഷ്‌കർഷിക്കുന്നത്. ഇക്കാര്യത്തിൽ വലുപ്പച്ചെറുപ്പ വ്യത്യാസമില്ല. സമൂഹത്തിലെ ഏറ്റവും ചെറിയവനു നല്‌കപ്പെടുന്ന ഇടർച്ചപോലും വലിയ ശിക്ഷയ്ക്കർഹമാണ്. നിസ്സാരരായ ശിശുക്കളോടു സ്വയം താദാത്മ്യപ്പെടുത്തിയപ്പോഴും (9,37) അവരുടെ മഹത്വം ഉയർത്തി കാണിക്കുകയായിരുന്നു. ധനിക-ദരിദ്രവ്യത്യാസം കാണിക്കരുതെന്ന് വി. യാക്കോബ് ശ്ലീഹാ ഉപദേശിക്കുമ്പോഴും ഇതു തന്നെയാണ് ഉദ്ദേശിക്കുന്നത് (യാക്കോ 2,1-13). 

എല്ലാവർക്കും ശുശ്രൂഷ ചെയ്യുകയാണ് ഓരോ ക്രൈസ്‌തവന്റെയും ധർമ്മം. രക്ഷാകേന്ദ്രമായ ഈശോമിശിഹായിലേക്ക് എല്ലാവരെയും നയിച്ചു കൊണ്ടാണ് ഈ ഉത്തരവാദിത്വം നാം നിർവ്വഹിക്കേണ്ടത്. അവിശ്വാസികളെപ്പോലും സത്യദൈവമായ ഈശോയിലുള്ള വിശ്വാസത്തിലേക്ക് ആനയിക്കുവാൻ പോരുന്ന രീതിയിൽ ജീവിക്കുവാൻ ക്രിസ്‌തുശിഷ്യനു കടമയുണ്ട്. മർക്കോ 9,50 - ൽ കാണുന്ന ഉപ്പിനെക്കുറിച്ചുള്ള അവിടുത്തെ പ്രസ്താവനയും ഈ അർത്ഥത്തിലുള്ളതാണ്: "നിങ്ങളിൽ ഉപ്പുണ്ടായിരിക്കട്ടെ, നിങ്ങൾ എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവിൻ." ഗിരി പ്രഭാഷണത്തിലും അവിടുന്ന് ഇതുതന്നെ പഠിപ്പിക്കുന്നുണ്ട് (മത്താ 5,13-16). ഉറ കൂട്ടാൻ സഹായിക്കുന്ന ഉപ്പിൻ്റെ സ്ഥാനമാണ് ക്രൈസ്‌തവന് ഈ ലോകത്തിലുള്ളത്. എളിയവരോടുള്ള പരിഗണനയും പുറമെയുള്ളവരോടുള്ള സഹിഷ്‌ണുതയുമാണ് സമൂഹത്തിൽ സമാധാനത്തിൻ്റെ ഉറ കൂട്ടാൻ ഒരുവനെ സഹായിക്കുന്നത്. 

ഈശോയിലുള്ള വിശ്വാസത്തിലേക്കു മറ്റുള്ളവരെ നയിക്കേണ്ടവർ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഉപ്പിൻ്റെ ഉറ കെട്ടുപോകും. ഇപ്രകാരം ഉപ്പിൻ്റെ ഉറ കെട്ടുപോകുമ്പോൾ സഭാസമൂഹത്തിൽ ദുർമാതൃകയ്ക്കും ഉതപ്പിനും ഇടയാകുന്നു. ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകുവാൻ ഒരു കാരണവശാലും അനുവദിക്കരുത് എന്നവിടുന്ന് ഉദ്ബോധിപ്പിക്കുന്നു. ഏറ്റവും ചെറിയവർക്കുപോലും തെറ്റു ചെയ്യാൻ പ്രേരണ നല്‌കുന്നതിലും ഭേദം ഒരിക്കലും പൊങ്ങി വരാത്ത രീതിയിൽ കടലിൽ താഴ്ത്തപ്പെടുന്നതാണ്. കാരണം, ഇടർച്ച നല്‌കുന്നതുവഴി ഒരുവൻ നിത്യശിക്ഷയ്ക്കർഹനായി ഭവിക്കുന്നു. അതുകൊണ്ടാണ് ഉതപ്പിനു കാരണമാകുന്ന ശരീരഭാഗം ഛേദിച്ചുകളയുന്നതാണ് തീനരകത്തിൽ നിപതിക്കുന്നതിനെക്കാൾ നല്ലത് എന്ന് ഈശോ ഉപദേശിക്കുന്നത്. 

“ആകയാൽ ഈ ചെറിയവരിൽ ആരെയും നിസ്സാരരായി കരുതാതിരിക്കാൻ ശ്രദ്ധിക്കുവിൻ" (മത്താ 18,10). 

55 

ദൈവം യോജിപ്പിച്ചത്... 

(10,1-12) 

തന്റെ പരസ്യജീവിതത്തിൻ്റെ ആദ്യഭാഗം ഗലീലിയിൽ പൂർത്തിയാക്കിയശേഷം ഈശോ ജറൂസലേം ലക്ഷ്യമാക്കി യാത്ര തിരിച്ചു. തനിക്കു ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെ പതിവുപോലെ പഠിപ്പിച്ചുകൊണ്ടാണ് അവിടുന്നു യാത്ര തുടർന്നത് (10,1). ഇവിടെയും പ്രീശർ അവിടുത്തെ വെറുതെ വിട്ടില്ല. അവിടുത്തെ വാക്കിൽ കുടുക്കാനായി ചോദ്യങ്ങളുമായി അവരും അടുത്തുകൂടി. മുമ്പെന്നതുപോലെ, വിശുദ്ധ ഗ്രന്ഥത്തിൽ വെളിവാക്കപ്പെട്ടിരിക്കുന്ന ദൈവഹിതം വ്യക്തമാക്കിക്കൊണ്ട് അവരുടെ പദ്ധതി അവിടുന്നു തകർക്കുകയും ചെയ്തു. 

പ്രീശന്റെ ചോദ്യം ഇതായിരുന്നു: "ഒരുവൻ ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ?" (10,2). ഈ ചോദ്യത്തിൽതന്നെ പുരുഷമേധാവിത്വത്തിന്റെ ധ്വനിയുണ്ട്. പുരുഷൻ്റെ അവകാശത്തെക്കുറിച്ചാണു ചോദ്യം. സാധാരണ റബ്ബിമാർ ചെയ്യാറുള്ളതുപോലെ ഈശോയും തോറായിൽനിന്നു തന്നെ ഉത്തരം കണ്ടെത്താൻ അവരെ ക്ഷണിക്കുന്നു. മോശ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അവിടുന്ന് ആരാഞ്ഞു. ഏതോ പ്രത്യേക സാഹചര്യത്തിൽ മോശ നല്കിയ ഒരു അനുവാദം ഉദ്ധരിച്ചുകൊണ്ടാണ് അവർ ഉത്തരം പറഞ്ഞത്: "മോചനപത്രം എഴുതിക്കൊടുത്തു ഭാര്യയെ ഉപേക്ഷിക്കാൻ മോശ ഞങ്ങളെ അനുവദിച്ചിട്ടുണ്ട്" (10,4). നിയമാവർത്തനം 24,1-ലെ അനുവാദമാണ് അവർ ഇവിടെ പരാമർശിക്കുന്നത്. ഇപ്രകാരമൊരു അനുവാദം നല്‌കാൻ മോശയെ പ്രരിപ്പിച്ചത് അവരുടെ ഹൃദയകാഠിന്യമാണെന്ന് ഈശോ വ്യക്തമാക്കുന്നു (10,5). ഏതെങ്കിലും കാരണത്താൽ ഒരുവനു തൻ്റെ ഭാര്യയെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ മോചനപത്രമെഴുതിക്കൊടുത്തശേഷം മാത്രമേ ഉപേക്ഷിക്കാവു എന്നു നിഷ്‌കർഷിക്കുക വഴി അവൻ്റെ തീരുമാനം പുനഃപരിശോധിക്കാനും അതുവഴി അതിൽനിന്നു പിന്തിരിയാനും അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് മോശ ചെയ്‌തത്‌. മോചനപത്രം തയ്യാറാക്കി ഭാര്യയുടെ കൈയിൽ നേരിട്ടു നല്‌കണമെന്നായിരുന്നു നിബന്ധന. ഇതിലെ പ്രായോഗികവും വ്യക്തിപരവുമായ ബുദ്ധിമുട്ടോർക്കുമ്പോൾ തീരുമാനത്തിൽനിന്നു പിന്തിരിയാനുള്ള സകല പ്രേരണയുമുണ്ടാകും. ഇതുതന്നെയായിരുന്നു മോശ ഉദ്ദേശിച്ചതും. കൂടാതെ, മോശ ഇതു കല്‌പിക്കുകയായിരുന്നില്ല; മറിച്ച്, അനുവദിച്ചുകൊടുക്കുക മാത്രമായിരുന്നു. വിവാഹബന്ധത്തെ സംബന്ധിച്ച് പൊതുവായ ദൈവകല്‌പന വേറെ ഉണ്ടായിരുന്നു എന്നത് ഇതിൽ നിന്നു വ്യക്തമാണ്. അതിലേക്കാണ് ഈശോ തുടർന്നു ശ്രദ്ധ തിരിക്കുന്നത്. 

ദൈവം മനുഷ്യനെ സൃഷ്‌ടിക്കുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യം അനുസ്മ‌രിപ്പിച്ചുകൊണ്ട് അവിടുന്ന് അരുളിച്ചെയ്‌തു: “ആദിമുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്‌ടിച്ചു. അക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരും. അവർ ഇരുവരും ഒരു ശരീരമായി ഭവിക്കും. പിന്നീട് അവർ രണ്ടല്ല, ഒരു ശരീരമാകുന്നു. ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ" (10,6-9). ഉത്പത്തി 1,27; 2,24; 5,2 എന്നീ ഭാഗങ്ങളുടെ വെളിച്ചത്തിലാണ് ഈശോ ഈ പ്രബോധനം നല്‌കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തെ സംബന്ധിച്ച് ദൈവത്തിനുള്ള പദ്ധതി അവിടുന്നു വ്യക്തമാക്കുകയായിരുന്നു. രണ്ടു കൂട്ടർക്കും തൻ്റെ ഛായയിലും സാദൃശ്യത്തിലും ഒരുപോലെ പങ്കുനല്കി സൃഷ്ട്‌ടിച്ചതിലൂടെ ദൈവം അവരുടെ തുല്യത ഉറപ്പുവരുത്തി. ദൈവമാണ് വിവാഹബന്ധത്തിൽ അവരെ ഒന്നിപ്പിക്കുന്നത്. ഇപ്രകാരം ഒറ്റശരീരമായിത്തീരുന്ന അവർക്കു പിരിയാൻ അവകാശമില്ല; അവരെ പിരിക്കാനും ആർക്കും അധികാരമില്ല. അവിടുന്ന് വിവാഹബന്ധത്തിന്റെ പവിത്രതയും അഭേദ്യതയും ഇവിടെ അരക്കിട്ടുറപ്പിക്കുന്നു. ഭാര്യയെയോ ഭർത്താവിനെയോ ഉപേക്ഷിച്ചു വേറൊരാളെ വിവാഹം ചെയ്യുന്ന വ്യക്തി വ്യഭിചാരമെന്ന വലിയ തിന്മയാണ് ചെയ്യുന്നതെന്നും അവിടുന്നു കൂട്ടിച്ചേർത്തു (10,11-12; 6,17-29 കാണുക). 

ഒരേ വർഗത്തിൽപ്പെട്ടവർ തമ്മിലുള്ള അസന്മാർഗിക ബന്ധത്തെപ്പോലും വിവാഹമായി പരിഗണിക്കണമെന്നു മുറവിളി കൂട്ടുന്ന ഇന്നത്തെ ലോകത്തിൽ, വിവാഹമോചനങ്ങളുടെ എണ്ണം അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയുടെ ഈ പ്രബോധനത്തിന്റെ പ്രസക്തിയേറുകയാണ്. 

56 

ശിശുക്കൾ 

എന്റെ അടുത്തു വരട്ടെ (10,13-16) 

വിവാഹബന്ധത്തെക്കുറിച്ചുള്ള സംവാദത്തിനുശേഷം (10,1-12) കുഞ്ഞുങ്ങളെക്കുറിച്ചാണ് ഈശോയുടെ പ്രബോധനം (10,13-16). അവിടുത്തെ അനുഗമിക്കുന്നവരുടെ സമൂഹത്തിൽ ചെറിയവർക്കു നല്‌കേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള അവിടുത്തെ പ്രബോധനത്തോടു ബന്ധപ്പെടുത്തി വേണം ഇതു മനസ്സിലാക്കാൻ. ശിശുക്കൾ ദൈവസ്ഥാനത്താണു നില്ക്കുന്നതെന്ന് അവിടുന്നു വ്യക്തമാക്കിയിട്ടുണ്ടല്ലോ (9,37). ചെറിയവരോടു പരിഗണനയുള്ളവരായിരിക്കണമെന്നും അവിടുന്നു തന്റെ ശിഷ്യന്മാരോട് കല്പിച്ചിട്ടുണ്ട് (9,42). ഇതിൻ്റെയെല്ലാം തുടർച്ചയെന്നോണമാണ് ശിശുക്കളെക്കുറിച്ചുള്ള പുതിയ പ്രബോധനം. 

പുരോഹിതരുടെ ആശീർവ്വാദം ലഭിക്കുന്നതിനായി നാം കുഞ്ഞുങ്ങളെ അവരുടെ പക്കൽ കൊണ്ടുപോകാറുള്ളതുപോലെ, യഹൂദരും ശിശുക്കളെ റബ്ബിമാരുടെയും പുരോഹിതന്മാരുടെയും അരികെ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. പരി. കന്യകാമറിയവും യൗസേപ്പ് പിതാവും ശിശുവായ ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കാൻ കൊണ്ടുചെന്നപ്പോൾ ശിമയോൻ ദീർഘദർശി ശിശുവിനെ അനുഗ്രഹിക്കുന്ന രംഗം വി. ലൂക്കാ വിവരിക്കുന്നുണ്ട് (ലൂക്കാ 2,28). 

ഈശോയും ശിഷ്യന്മാരും ജറൂസലേമിലേക്കു പോകുമ്പോൾ ചിലർ ശിശുക്കളെ അവിടുത്തെപ്പക്കൽ കൊണ്ടുവരുന്നത് അവിടുന്ന് അവരെ തൊട്ടനുഗ്രഹിക്കുന്നതിനു വേണ്ടിയാണ് (10,13). എന്നാൽ ശിഷ്യന്മാർ അവരെ തടയുകയാണുണ്ടായത്. നിസ്സാരരായ ശിശുക്കൾ ഈശോയുടെ വിലയേറിയ സമയം എന്തിനു പാഴാക്കാൻ അനുവദിക്കണം എന്നതായിരുന്നു അവരുടെ ചിന്ത. ശിശുക്കളെ സ്വീകരിക്കുന്നവർ ദൈവത്തെത്തന്നെയാണ് സ്വീകരിക്കുന്നത് എന്നവിടുന്നു പഠിപ്പിച്ചത് (9,37) അവർ ഇതിനോടകം മറന്നിരുന്നു! ചെറിയവരെപ്പോലും ഈശോയിൽനിന്ന് അകറ്റുന്നവർക്ക് വലിയ ശിക്ഷയുണ്ടാകുമെന്ന കാര്യവും (9,42) വിസ്‌മരിച്ചതുകൊണ്ടാണ് ശിശുക്കളെ ഈശോയുടെ പക്കലെത്തിക്കുന്നതിന് അവർ തടസ്സം സൃഷ്ടിച്ചത്. താൻ പറഞ്ഞതൊന്നും അവർ ഗ്രഹിക്കാതിരുന്നതുകൊണ്ടാണ് ഈശോ അവരോടു കോപിക്കുന്നത്. 

അവിടുന്ന് അരുളിച്ചെയ്‌തു: "ശിശുക്കൾ എൻ്റെ അടുക്കൽ വരട്ടെ. അവരെ തടയരുത്. ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു" (10,14). ശിശുക്കളോടുള്ള ശിഷ്യന്മാരുടെ മനോഭാവം തിരുത്തിയ അവിടുന്ന് ശിശുക്കളെ തന്റെ കരങ്ങളിലെടുക്കുകയും അവരുടെമേൽ കൈകൾവച്ച് അനുഗ്രഹിക്കുകയും ചെയ്‌തു (10,16). ദൈവികമനുഷ്യരുടെ അനുഗ്രഹം മനുഷ്യർക്കു വലിയ നന്മയായി ഭവിക്കുമെങ്കിൽ ദൈവം തന്നെയായ ഈശോയുടെ ആശീർവ്വാദം എത്രയധികം നന്മയ്ക്ക് ആ കുഞ്ഞുങ്ങളെ അർഹരാക്കിയില്ല! എത്രയോ വലിയ ഭാഗ്യമാണ് ആ ശിശുക്കൾക്കു ലഭിച്ചത്. ഈ അവസരം ഉപയോഗിച്ച് ഈശോ ദൈവരാജ്യപ്രവേശനത്തെ സംബന്ധിച്ച് രണ്ട് വെളിപ്പെടുത്തലുകൾ കൂടി നടത്തി: 

  1. ദൈവരാജ്യം ശിശുക്കളെപ്പോലുള്ളവരുടേതാകുന്നു. ഈശോ ഈ ഭൂമിയിൽ സമാരംഭിച്ച ദൈവരാജ്യത്തിൽ സമൂഹത്തിലെ ചെറിയവർക്കും നിസ്സാരർക്കുമുള്ള പ്രത്യേക സ്ഥാനമാണ് അവിടുന്നു വെളിവാക്കുന്നത്. ആത്മാവിൽ ദരിദ്രർക്കും നീതിക്കുവേണ്ടി പീഡ സഹിക്കുന്നവർക്കും സ്വർഗരാജ്യം അവകാശപ്പെട്ടതാണ് എന്നു പറഞ്ഞപ്പോൾ (മത്താ 5,1-10) അവിടുന്ന് ഉദ്ദേശിച്ചതും ഇതുതന്നെയാണ്. 
  2. ശിശുക്കളെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല. എല്ലാക്കാര്യങ്ങളിലും മാതാപിതാക്കന്മാരെ ആശ്രയിക്കുന്ന ശിശുക്കളുടെ സ്വഭാവം സുവിദിതമാണല്ലോ. ശിശു മനോഭാവത്തോടെ ദൈവത്തിൽ ആശ്രയിക്കുന്നവരാണ് ദൈവരാജ്യത്തിനർഹർ. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും ഹൃദയനൈർമ്മല്യവും തുറവിയും ലാളിത്യവും വിശ്വാസവും ഉള്ളവർക്കേ ദൈവ രാജ്യമെന്ന ദാനം സ്വീകരിക്കാനാവൂ, ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്നൊരു മുന്നറിയിപ്പുകൂടി ഇവിടെയുണ്ട്. സഭയിൽ ആദിമകാലം മുതൽ ശിശുമാമോദീസാ നല്‌കുന്നതിന് ഈ സുവിശേഷഭാഗം പിൻബലമാണ്. 

 

57 

അയാൾ അതുകേട്ട് ദുഃഖിച്ചു വിഷാദത്തോടെ പോയി (10,17-31) 

ദൈവരാജ്യമായിരുന്നു ഈശോയുടെ പ്രബോധനത്തിന്റെ മുഖ്യപ്രമേയം. ദൈവത്തിൻ്റെ ഹിതം ഭരണം നടത്തുന്ന സ്ഥലവും സംവിധാനവുമാണ് ദൈവരാജ്യമെന്നതുകൊണ്ടുദ്ദേശിക്കുന്നത്. ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരുടെ ഒരു സമൂഹത്തിനു രൂപം നല്‌കുകയായിരുന്നല്ലോ അവിടുത്തെ ലക്ഷ്യം. ഈശോ പിതാവിൻ്റെ ഇഷ്‌ടത്തിനു സ്വയം സമർപ്പിച്ചുകൊണ്ട് ദൈവരാജ്യത്തിന്റെ കാതൽ നിർവ്വചിച്ചു. അവിടുന്നു വെളിപ്പെടുത്തിയ താതഹിതത്തിനനുസൃതമായി ജീവിക്കുവാൻ ശ്ലീഹന്മാരെ പരിശീലിപ്പിച്ചുകൊണ്ട് ഈ ഭൂമിയിൽ അവിടുന്നു ദൈവരാജ്യത്തിനു തുടക്കം കുറിച്ചു. ദൈവരാജ്യം പൂർണ്ണമാകുന്നത് കർത്താവിൻ്റെ രണ്ടാമത്തെ വരവോടുകൂടിയാണ്. അപ്പോഴാണ് അവിടുന്നിൽ വിശ്വസിക്കുന്നവർ നിത്യ ജീവനിലേക്കു പ്രവേശിക്കുന്നത്. ഈ നിത്യജീവനിൽ പ്രവേശിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചായിരുന്നു ഇതുവരെ അവിടുന്നു സംസാരിച്ചത് (9,43 -47; 10,13-16). ഈ പശ്ചാത്തലത്തിലാണ് നിത്യജീവൻ അവകാശമാക്കാനുള്ള മാർഗത്തെക്കുറിച്ചുള്ള ധനികൻ്റെ ചോദ്യവും ഈശോയുടെ ഉത്തരവും മനസ്സിലാക്കേണ്ടത് (10,17-31). 

ജറൂസലേമിലേക്കുള്ള വഴിയിൽ ഈശോയും ശിഷ്യന്മാരും മുന്നേറുമ്പോൾ ഒരാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, നിത്യജീവൻ അവകാശമാക്കുവാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നു. 'വഴിയിലൂടെ പോകുമ്പോൾ' എന്ന പ്രയോഗം ശ്രദ്ധേയമാണ്. ക്രിസ്‌തുശിഷ്യത്വം ഈശോയെ അനുഗമിക്കലാണല്ലോ. സഹനത്തിന്റെയും മരണത്തിന്റെയും വഴിയേ നിത്യജീവൻ്റെ ഉത്ഥാനം ലക്ഷ്യം വച്ചാണ് അവിടുന്നു ജറൂസലേമിലേക്കു യാത്ര ചെയ്‌തത്. ഈ വഴി നിത്യജീവനിൽ എത്തുന്നതാണ്. ഈ വഴിയിൽ ചരിക്കുന്നവർക്കുണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് ചോദ്യം. 

'നല്ലവനായ ഗുരോ' എന്ന് ഈശോയെ അഭിസംബോധന ചെയ്ത അയാളോട് “നീ എന്തിന് എന്നെ 'നല്ലവൻ' എന്നു വിളിക്കുന്നു" എന്ന് അവിടുന്നു ചോദിച്ചു (10,18). നല്ലവനായി (the perfect Good) ഏകദൈവം മാത്രമേയുള്ളൂ എന്ന് അവിടുന്നു കൂട്ടിച്ചേർത്തത്, അവൻ്റെ സംബോധന ശരിയാണെന്നും ഏകദൈവത്തിൻ്റെ പ്രിയപുത്രൻ എന്ന നിലയിൽ താൻ ഈ സംബോധനയ്ക്കർഹനാണെന്നും അവനു മനസ്സിലാക്കിക്കൊടുക്കാനാണ്. 

സീനായ് മലയിൽവച്ച് മോശ വഴി ദൈവം നല്‌കിയ പത്തു കല്പനകൾ ഉദ്ധരിച്ചുകൊണ്ടാണ് നിത്യജീവൻ അവകാശപ്പെടുത്തുവാനുള്ള വഴി ഈശോ ചൂണ്ടിക്കാണിച്ചത് (10.19-20): "വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കൊല്ലരുത്, കള്ളസാക്ഷ്യം നല്‌കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (പുറ 20,12-16; നിയമാ 5,16-20). സഹോദരരോടുള്ള ബന്ധത്തെ ബാധിക്കുന്ന പ്രമാണങ്ങൾ മാത്രമേ അവിടുന്ന് ഉദ്ധരിക്കുന്നുള്ളു എന്നതു പ്രത്യേക ശ്രദ്ധയർഹിക്കുന്നു. നീതി നിഷ്ഠവും സമാധാനപൂർണ്ണവും സ്നേഹപൂർവ്വകവുമായ സമൂഹജീവിതത്തിലൂടെ മാത്രമേ നിത്യജീവനിൽ പ്രവേശിക്കാൻ സാധിക്കൂ എന്ന വിടുന്ന് പഠിപ്പിക്കുകയായിരുന്നു. 

ഈ കല്പനകളെല്ലാം ചെറുപ്പം മുതലേ അനുസരിക്കുന്നുണ്ടെന്ന് അയാൾ പറഞ്ഞപ്പോൾ 'ഈശോ അയാളെ സ്നേഹപൂർവ്വം നോക്കി' എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്. അവിടുത്തെക്കുറിച്ച് ഇപ്രകാരമൊരു പ്രസ്‌താവന സുവിശേഷങ്ങളിൽ മറ്റൊരിടത്തും നാം കാണുന്നില്ല. ദൈവികപ്രമാണങ്ങൾ പാലിക്കുന്നവരിലുള്ള ദൈവിക സംപ്രീതിയാണ് ഈശോയിൽ പ്രകടമായത്. ഇതുവരെ തന്നെ പരീക്ഷിക്കാനായി മാത്രം ചോദ്യങ്ങൾ ചോദിച്ചിരുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്ഷ്യമല്ലല്ലോ ഇവനുള്ളത് എന്ന ചിന്തയും ഈ സ്നേഹകടാക്ഷത്തിന്റെ പിന്നിലുണ്ടാകണം. 

അവന്റെ ഉദ്ദേശ്യശുദ്ധിയിൽ സംപ്രീതനായ അവിടുന്ന് അവനോട് അരുളിച്ചെയ്തു: "നിനക്ക് ഒരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നീട് വന്ന് എന്നെ അനുഗമിക്കുക" (10,21). സമ്പത്തിനോടും സ്വത്തുവകകളോടുമുള്ള അവൻ്റെ അടിമത്തം നിത്യജീവൻ പ്രാപിക്കുന്നതിനു തടസ്സമായി നില്ക്കുന്നു എന്നു മനസ്സിലാക്കിയ അവിടുന്ന് അവനു നേർവഴി കാണിച്ചുകൊടുക്കുകയാണ്. ഉള്ളതെല്ലാം വില്ക്കാൻ കല്പിക്കുമ്പോൾ ആദ്യ ശിഷ്യന്മാർ ചെയ്‌തതുപോലെ (1,16-20) എല്ലാം ഉപേക്ഷിക്കാനാണ് അവിടുന്ന് ആവശ്യപ്പെട്ടത്. നമുക്കുള്ളത് ഉപേക്ഷിക്കാൻ നാം തയ്യാറാകുമ്പോൾ ആവശ്യമുള്ളവന് അതുകൊണ്ട് ഉപകാരമുണ്ടാകും. ദരിദ്രരെ സഹായിക്കുന്നതിലൂടെ നാം സ്വർഗത്തിൽ നിക്ഷേപം കൂട്ടിവയ്ക്കുകയും ചെയ്യും. സ്വർഗത്തിലെ ഈ നിക്ഷേപം നമ്മെക്കുറിച്ചു ദൈവത്തെ അനുസ്മ‌രിപ്പിച്ചുകൊണ്ടിരിക്കും (നടപടി 10,4). ദാനധർമ്മത്തിന്റെ പ്രാധാന്യത്തിലേക്കാണ് അവിടുന്നു വിരൽ ചൂണ്ടുന്നത്. 

ഉള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുത്താൽ മാത്രം പോരാ, ഈശോയെ അനുഗമിക്കുക കൂടി വേണം (1,16-20; 2,14). ഇതാണു നിത്യജീവൻ അവകാശമാക്കാനുള്ള വഴി ജറൂസലേമിലേക്കുള്ള മാർഗമദ്ധ്യേയാണ് അയാൾ ഈശോയോട് ഈ ചോദ്യം ചോദിക്കുന്നതെന്നു നാം കണ്ടു. സഹനത്തിന്റേതും മരണത്തിൻ്റേതുമായ വഴിയിലൂടെ അവിടുത്തോടൊപ്പം ജറൂസലേമിലേക്കു യാത്ര ചെയ്‌താൽ ഉത്ഥാനം പ്രതിനിധാനം ചെയ്യുന്ന നിത്യജീവൻ ലഭിക്കുമെന്നാണ് അവിടുന്ന് ഉറപ്പുനല്‌കുന്നത്. 

തനിക്കുണ്ടായിരുന്ന ധാരാളമായ സമ്പത്തിനോടു വിടപറയാൻ മനസ്സില്ലാതിരുന്നതിനാൽ ആ മനുഷ്യൻ ദുഃഖിച്ചു വിഷാദത്തോടെ മടങ്ങിപ്പോയി (10,22). ഇതു കണ്ട ഈശോ ശിഷ്യരോടായി അരുളിച്ചെയ്തു: “സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്‌കരം!" (10,24). സമ്പത്തിലാശ്രയിക്കുന്നവർക്ക് ദൈവം അവരുടെ സമ്പത്തുതന്നെയാണ്. സ്വയം പര്യാപ്‌തരെന്ന് കരുതുന്ന അവർ ദൈവത്തിലേക്കോ സഹോദരരിലേക്കോ തുറവി ഇല്ലാത്തവരാകുന്നു. ദൈവസ്നേഹവും പരസ്നേഹവും ഇല്ലാത്തവർക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കുക എളുപ്പമല്ല. ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നും അവിടുന്നു കൂട്ടിച്ചേർത്തു. ഇങ്ങനെയെങ്കിൽ ആരു രക്ഷപ്പെടും എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന്, മനുഷ്യർക്ക് അസാധ്യമെങ്കിലും ദൈവത്തിന് എല്ലാം സാധ്യമാണ് എന്നവിടുന്ന് ആശ്വസിപ്പിച്ചു (10,26-27 ഉത്പ 18,14; ജോബ് 42,2). 

 

58 

എന്നെപ്രതിയും 

സുവിശേഷത്തെപ്രതിയും... (10,28-31) 

ഭൗതികമായുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുത്താൽ മാത്രമേ ഒരുവന് അവിടുത്തെ ശിഷ്യനാകാനും ദൈവരാജ്യത്തിനും നിത്യജീവനും അർഹനാകാനും സാധിക്കൂ എന്ന ഈശോയുടെ പ്രസ്‌താവന കേട്ട് ധനികനായ മനുഷ്യൻ വിഷാദിച്ചു മടങ്ങിപ്പോയപ്പോൾ ശിഷ്യന്മാരുടെ പ്രതിനിധി എന്ന നിലയിൽ ശെമയോൻ കേപ്പാ അവിടുത്തോടു പറഞ്ഞു: “ഇതാ, ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു" (10,28). ധനികൻ നിത്യജീവന്റെ പാതയുപേക്ഷിച്ചുപോയെങ്കിലും ഞങ്ങൾ (വിശ്വസ്‌തരായി) എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിക്കുന്നുണ്ട് എന്നു പറഞ്ഞ് അവിടുത്തെ ആശ്വസിപ്പിക്കുകയായിരുന്നോ അവരുടെ ലക്ഷ്യം? അഥവാ, എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിക്കുന്ന ഞങ്ങൾക്കുള്ള പ്രതിഫലം നല്‌കാൻ വിസ്മരിക്കേണ്ട എന്ന ധ്വനിയാണോ ഇതിലുള്ളത്? 

തന്നെ അനുഗമിക്കാനുള്ള ഈശോയുടെ വിളി ശ്രവിച്ചയുടനെ തങ്ങൾക്കറിയാമായിരുന്ന ഏക തൊഴിലും ജീവസന്ധാരണമാർഗമായിരുന്ന വഞ്ചിയും വലയും സാമൂഹിക സുരക്ഷിതത്വം നല്‌കിയിരുന്ന കുടുംബ ബന്ധങ്ങളുമെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവരാണ് അവിടുത്തെ ശിഷ്യന്മാർ (1,16-20; 2,14). ഇപ്രകാരം ദൈവരാജ്യത്തിൽ പ്രവേശിക്കുവാനും നിത്യജീവൻ അവകാശപ്പെടുത്തുവാനും ആവശ്യമായ വ്യവസ്ഥകൾ പാലിച്ചവരാണവർ. ഇക്കൂട്ടർക്കുള്ള പ്രതിഫലം എന്തെന്നു വ്യക്തമാക്കിക്കൊണ്ട് അവിടുന്ന് അരുളിച്ചെയ്‌തു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും എൻ്റെ സുവിശേഷത്തെപ്രതിയും വീടിനെയോ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവിനെയോ മാതാവിനെയോ ഭാര്യയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കുന്നവർക്ക് ഇപ്പോൾ ഇക്കാലത്തുതന്നെ നൂറുമടങ്ങു ലഭിക്കും... അവയോടൊപ്പം പീഡനങ്ങളും വരാനിരിക്കുന്ന കാലത്തു നിത്യജീവനും" (10,29-30). ഈശോയെ അനുഗമിക്കാനായി വീടും ബന്ധങ്ങളും പരിത്യജിക്കുന്നവർ സഭയാകുന്ന വലിയ കുടുംബത്തിലെ അംഗങ്ങളാകുകയാണ് ചെയ്യുന്നത്. ഈശോയെ അനുഗമിക്കുന്നവർ അവിടുത്തെ കുടുംബാംഗങ്ങളായി ഭവിക്കുന്നു എന്ന വിടുന്നു വ്യക്തമാക്കിയിട്ടുണ്ട് (3,31-35). പിതാവായ ദൈവത്തിൻ്റെ മക്കളും ദൈവികഭവനത്തിലെ അംഗങ്ങളുമായിത്തീരുന്ന അവർക്ക് യഥാർത്ഥത്തിൽ ഒന്നും നഷ്ടമാകുന്നില്ലെന്നു മാത്രമല്ല, അനേകമടങ്ങു തിരികെ ലഭിക്കുകയും ചെയ്യും.

ഇവയോടൊപ്പം രണ്ടു കാര്യങ്ങൾകൂടി അവിടുന്നു വാഗ്ദാനം ചെയ്യുന്നുണ്ട്: പീഡനങ്ങളും നിത്യജീവനും. ഗുരുവായ തനിക്കു തിരസ്കരണവും നിന്ദനവും ഏല്‌ക്കേണ്ടിവന്നതുപോലെ തന്നെ അനുഗമിക്കുന്നവർക്കും അതേ അനുഭവം തന്നെയുണ്ടാകുമെന്ന് അവിടുന്ന് മുന്നറിയിപ്പു നല്കുന്നു. മതപീഡനത്തിനു വിധേയരായിരുന്ന റോമിലെ വിശ്വാസികൾക്കാണല്ലോ വി. മർക്കോസ് തൻ്റെ സുവിശേഷമെഴുതിയത്. നാഥൻ തന്നെ മുൻകൂട്ടി അറിയിച്ചിരുന്നതാണ് തങ്ങൾ നേരിടുന്ന സഹനങ്ങൾ എന്ന വസ്തുത അവർക്കു കൂടുതൽ ശക്തി പകർന്നിരുന്നു. ഈ തിരസ്‌കരണത്തിന്റെയും സഹനത്തിന്റെയും അവസാനം സ്വർഗരാജ്യത്തിലുള്ള നിത്യജീവിതമാണ് വിശ്വാസികളെ കാത്തിരിക്കുന്നത് എന്ന ബോദ്ധ്യം സന്തോഷത്തോടെ പീഡനങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കി. 

സ്വർഗരാജ്യത്തിലെ സംവിധാനത്തെക്കുറിച്ചും ഈശോ നമുക്കറിവു തന്നിട്ടുണ്ട്: "മുമ്പന്മാർ പലരും പിൻപന്മാരും, പിൻപന്മാർ പലരും മുമ്പന്മാരുമാകും" (10,31). ഈ ലോകത്തിലെ മാനുഷിക മാനദണ്ഡങ്ങളായിരിക്കില്ല സ്വർഗത്തിലേത്. ഇവിടെ പ്രധാനപ്പെട്ടവരായി കാണപ്പെടുന്നവർ അവിടെ അങ്ങനെ ആയിരിക്കണമെന്നില്ല. ഈ ഭൂമിയിലെ ജീവിതത്തിൽ മിശിഹായെപ്രതി സഹനവും തിരസ്‌കരണവും ഏറ്റുവാങ്ങി 'പിൻപന്മാർ' ആകേണ്ടിവരുന്നവർക്ക് സ്വർഗരാജ്യത്തിൽ തക്കതായ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പ് അവിടുന്നു നല്കുന്നു. 

59 

അനേകർക്കുവേണ്ടി സ്വജീവൻ മോചനദ്രവ്യമായി (10,32-45) 

ജറൂസലേമിലേക്കുള്ള യാത്രാമദ്ധ്യേ, ജറുസലേമിൽവച്ചു തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈശോ ശിഷ്യന്മാരെ പല പ്രാവശ്യം അനുസ്‌മരിപ്പിച്ചിരുന്നു. കേട്ട കാര്യങ്ങളുടെ പൊരുൾ അവർ പലപ്പോഴും ഗ്രഹിച്ചില്ലെങ്കിലും അവിടുന്നു തൻ്റെ ശ്രമം ഉപേക്ഷിച്ചില്ല. മൂന്നാം പ്രാവശ്യവും തന്റെ പീഡാസഹനത്തെക്കുറിച്ച് അവിടുന്നു പ്രവചിക്കുന്ന ഭാഗമാണ് മർക്കോ 10,32-34. സഹനത്തിന്റെതും മരണത്തിന്റേതുമായ തന്റെ വഴിക്ക് ശിഷ്യന്മാരുടെ ജീവിതത്തിലുള്ള പ്രസക്തി എന്തെന്നാണ് തുടർന്നുള്ള വാക്യങ്ങളിൽ വിവരിക്കപ്പെടുന്നത് (35-45). 

ശിഷ്യരുമൊന്നിച്ചു ജറുസലേമിലേക്കു പോയപ്പോൾ ഈശോ മുമ്പേ നടന്നിരുന്നു എന്നു സുവിശേഷകൻ എടുത്തു പറയുന്നുണ്ട് (10,35). ലക്ഷ്യത്തിലെത്താനുള്ള അവിടുത്തെ നിശ്ചയദാർഢ്യത്തിൻ്റെ പ്രകടനമായിരുന്നു ഇത്. കാര്യങ്ങളുടെ അർത്ഥം ശരിക്കു മനസ്സിലാക്കാതിരുന്ന ശിഷ്യന്മാർ അത്ഭുതപ്പെട്ടും ഭയപ്പെട്ടുമാണ് അവിടുത്തെ പിന്നാലെ പോയിരുന്നത്. എപ്പോഴും തന്നോടു കൂടെയായിരിക്കാനും തൻ്റെ ദൗത്യമേല്പ്‌പിച്ച് അയയ്ക്കാനും വേണ്ടി പ്രത്യേകവിധം തിരഞ്ഞെടുത്തു പരിശീലിപ്പിച്ച പന്ത്രണ്ടു ശ്ലീഹന്മാരെയും അടുത്തു വിളിച്ച് അവരോട് അരുളിച്ചെയ്തു: “ഇതാ, നാം ജറൂസലേമിലേക്കു കയറുന്നു. മനുഷ്യപുത്രൻ പ്രധാനാചാര്യന്മാരുടെയും നിയമജ്ഞരുടെയും കൈകളിൽ ഏല്‌പിക്കപ്പെടും. അവർ അവനെ മരണത്തിനു വിധിച്ചു വിജാതീയരുടെ കൈകളിൽ ഏല്‌പിക്കും. അവർ അവന്റെമേൽ തുപ്പുകയും അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേല്ക്കും" (10,33-34). ഇതിലും വ്യക്തമായും വിശദമായും തന്റെ അന്ത്യത്തെക്കുറിച്ച് അവിടുത്തേക്കു പറയാൻ സാധിക്കുമായിരുന്നില്ല. ഈശോയുടെ ഈ പ്രവചനത്തിലെ ക്രമമനുസരിച്ചാണ് വി. മർക്കോസ് ഇനിയുള്ള അവിടുത്തെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്നത്. ഉദാഹരണത്തിന്, ജറുസലേമിലേക്കുള്ള പ്രവേശനവും അവിടെയുള്ള പ്രവർത്തനങ്ങളും 11 മുതൽ 13 വരെയുള്ള അദ്ധ്യായങ്ങളിലും, പ്രധാനാചാര്യന്മാരുടെയും നിയമജ്ഞന്മാരുടെയും കൈകളിൽ ഏല്‌പിക്കപ്പെടുന്നത് 14,1-11.43-50 ലും മരണത്തിനു വിധിക്കുന്നത് 14,53-72 ലും വിജാതീയരായ റോമാക്കാരുടെ കൈകളിൽ ഏല്‌പിക്കപ്പെടുന്നത് 15,1-15 ലും അവർ അവിടുത്തെമേൽ തുപ്പുകയും പരിഹസിക്കുകയും ചെയ്യുന്നത് 15,16-20 ലും വധിക്കുന്നത് 15,21-41 ലും മൂന്നാം ദിവസം ഉയിർത്തെഴുന്നേ ല്ക്കുന്നത് 16,1-8 ലും വി. മർക്കോസ് വർണ്ണിക്കുന്നു. ഈശോയുടെ പ്രവചനം അക്ഷരംപ്രതി നിറവേറുന്നതാണ് നാമിവിടെ കാണുന്നത്. 

സഹനത്തിന്റെതും മരണത്തിൻ്റേതുമായ ഈശോയുടെ വഴിയേ തന്നെയാണ് തങ്ങളും ചരിക്കേണ്ടതെന്നു മനസ്സിലാക്കാതിരുന്ന ശിഷ്യന്മാരുടെ ചിന്ത സ്ഥാനമാനങ്ങളെയും അധികാരത്തെയും കുറിച്ചായിരുന്നു! ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹായാണ് ഈശോയെന്ന് അവർക്കറിയാമായിരുന്നു (8,29). മഹാനായ ദാവീദു രാജാവിൻ്റെ പട്ടണമായ ജറുസലേമിലേക്ക് അവിടുന്നു കയറിപ്പോകുന്നത് ഇസ്രായേലിന്റെ രാജ്യം പുനഃസ്ഥാപിക്കാനാണ് എന്നവർ ചിന്തിച്ചു. അതുകൊണ്ടാണ് "മഹത്വത്തിന്റെ ഇടത്തും വലത്തുമുള്ള സ്ഥാനങ്ങൾ തങ്ങൾക്കു നല്കണേ' എന്ന അഭ്യർത്ഥനയുമായി സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും അവിടുത്തെ സമീപിക്കുന്നത് (10,35-37). 

ശ്ലീഹന്മാരുടെ മുഴുവൻ്റെയും മനോഭാവം ഇതായിരുന്നുവെന്ന് മറ്റു പത്തുപേർക്കും ഇവരോടു തോന്നിയ അമർഷത്തിൽനിന്നും മനസ്സിലാക്കാം (10.41). വെറും ഒരു ഭൗതിക മിശിഹാ മാത്രമായാണ് അവർ ഈശോയെ കണ്ടിരുന്നത്. ശ്ലീഹന്മാരുടെ ചിന്തയും ചോദ്യവും മാനുഷികമായിരുന്നെങ്കിലും അതിനു മറ്റൊരു ആഴമായ അർത്ഥതലമുണ്ടായിരുന്നു. അറിയാതെ തന്നെ തങ്ങളുടെ രക്തസാക്ഷിത്വം അവർ ചോദിച്ചുവാങ്ങുകയായിരുന്നു. ഈശോയ്ക്കുണ്ടാകുവാനിരുന്ന ഉത്ഥാനമഹത്വം സഹനത്തിന്റെയും മരണത്തിന്റെയും ഫലമായിരുന്നു. ഈ മഹത്വത്തിൽ പങ്കുചോദിക്കുകവഴി അറിയാതെ തന്നെ അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കു ചോദിക്കുകയായിരുന്നു. അതുകൊണ്ടാണവിടുന്ന് ഇപ്രകാരം ചോദിച്ചത്: "നിങ്ങൾ ആവശ്യപ്പെടുന്നത് എന്തെന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കേണ്ട പാനപാത്രം കുടിക്കാനോ ഞാൻ മുങ്ങേണ്ട മാമോദീസാ മൂങ്ങാനോ നിങ്ങൾക്കു കഴിയുമോ?" (10,38). അവിടുന്നു കുടിക്കാനിരുന്ന പാനപാത്രം സഹനത്തിന്റെ കാസയായിരുന്നു (14,36); അവിടുന്നു മുങ്ങാനിരുന്ന മാമോദീസാ മരണത്തിൻ്റേതുമായിരുന്നു (ലൂക്കാ 12,50). തന്റെ സഹനത്തിലും മരണത്തിലും പങ്കുചേരാൻ ശിഷ്യർക്കു കഴിയുമോ എന്നായിരുന്നു അവിടുത്തെ ചോദ്യം. ഈ ആന്തരാർത്ഥം ഗ്രഹിക്കാതെ തങ്ങൾക്കു സാധിക്കും എന്നവർ മറുപടി നല്‌കി (10,39). അവിടുത്തെ പാനപാത്രത്തിലും മാമോദീസായിലും അവർ പങ്കുചേരുമെന്ന് അവിടുന്ന് അറിയിച്ചപ്പോൾ സഹനത്തിലും മരണത്തിലും കൂടെ എപ്രകാരം അവർ തന്നോടു താദാത്മ്യപ്പെടുമെന്ന് അവിടുന്നു മുൻകൂട്ടി അറിയിക്കുകയായിരുന്നു. ഇപ്രകാരം അവർ അവിടുത്തെ പൂർണ്ണമായി അനുഗമിക്കുന്നവരാകുമെങ്കിലും അവിടുത്തെ മഹത്വത്തിൽ ഇടത്തും വലത്തുമുള്ള സ്ഥാനത്തെക്കുറിച്ച് അവിടുന്ന് ഉറപ്പു നല്‌കുന്നില്ല. "അത് പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാകുന്നു" (10,40). മുമ്പന്മാർ പിൻപന്മാരും, പിൻപന്മാർ മുമ്പന്മാരും ആകുന്നതിൻ്റെ പിന്നിലെ തത്ത്വം തന്നെയാണ് ഇവിടെയും അടിസ്ഥാനം. 

ഈയവസരം ഉപയോഗിച്ചുകൊണ്ട്, ഈശോയിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിലെ അധികാരത്തിൻ്റെ സ്വഭാവം എന്തായിരിക്കണമെന്ന് അവിടുന്നു പഠിപ്പിക്കുന്നു: "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമാകണം. കാരണം, മനുഷ്യപുത്രൻപോലും വന്നിരിക്കുന്നത് സേവിക്കപ്പെടാനല്ല, സേവിക്കാനാണ്; അതേ, അനേകർക്കുവേണ്ടി സ്വജീവൻ മോചനദ്രവ്യമായി നല്കാനാണ്“ (10,43-45). വിജാതീയരുടേതിൽനിന്നു വ്യത്യസ്‌തമായ രീതിയാണിത്. വിനീതമായ ശുശ്രൂഷയിലൂടെയാണ് ക്രിസ്‌തുവിശ്വാസി അധികാരം വിനിയോഗിക്കേണ്ടത്. മനുഷ്യരെല്ലാവർക്കുംവേണ്ടി സ്വന്തം ജീവൻ മോചനദ്രവ്യമായി (ഏശ 53,10-12) സമർപ്പിച്ച മിശിഹായാണ് ഇക്കാര്യത്തിൽ ക്രൈസ്തവർക്കു മാതൃക. 

 

60 

ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ (10,46-52) 

വി. മർക്കോസ് തൻ്റെ സുവിശേഷവിവരണത്തിൻ്റെ കേന്ദ്രഭാഗത്താണ് ശിഷ്യത്വത്തെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം അവതരിപ്പിക്കുന്നത് (8,27-10,52). ഈശോയുടെ ജറൂസലേമിലേക്കുള്ള യാത്രയുമായി ബന്ധപ്പെടുത്തിയാണ് സുവിശേഷകൻ ഇത് വിവരിക്കുന്നത്. ജറൂസലേമിൽ തനിക്കു സംഭവിക്കാനിരിക്കുന്ന സഹനമരണോത്ഥാനങ്ങളെക്കുറിച്ച് ശിഷ്യന്മാരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് തന്നെ അനുഗമിക്കുന്ന ശിഷ്യന്മാരുടെ പാതയും ഇതുതന്നെയാണ് എന്നവിടുന്നു പഠിപ്പിച്ചു. ഈശോയുടെ മിശിഹാത്വത്തിൻ്റെ സ്വഭാവത്തിലേക്കും ശിഷ്യത്വത്തിൻ്റെ വ്യവസ്‌ഥകളിലേക്കുമുള്ള ഉൾക്കാഴ്‌ച പടിപടിയായാണ് അവിടുന്നു തൻ്റെ ശിഷ്യന്മാർക്കു നല്കിയത്. അവിടുന്നു തൻ്റെ ശിഷ്യന്മാർക്കു നല്കിയ ഉൾക്കാഴ്ചയെ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് സുവിശേഷത്തിന്റെ കേന്ദ്രഭാഗത്തിന്റെ രണ്ടറ്റത്തും ഈശോ അന്ധർക്കു കാഴ്ചനല്കുന്ന സംഭവങ്ങൾ വി. മർക്കോസ് വിവരിക്കുന്നത്. ഇതിൽ രണ്ടാമത്തെ വിവരണമാണ് 10,46-53 -ൽ കാണുന്നത്. 

ഗലീലിയിൽനിന്നു യാത്രതിരിച്ച ഈശോയും ശിഷ്യന്മാരും യൂദയാ പ്രദേശത്തെ ജറീക്കോയിലെത്തി. ആ പട്ടണത്തിൽനിന്ന് 15 മൈൽ യാത്ര ചെയ്താലേ ജറുസലേമിലെത്തൂ. ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം വാഗ്ദത്തഭൂമിയിലേക്കു പ്രവേശിച്ചത് ജറീക്കോയിലൂടെയായിരുന്നല്ലോ (ജോഷ്വാ 5-6). ജോഷ്വാ എന്ന പേരിൻ്റെയും ഈശോ എന്ന പേരിന്റെയും മൂലം ഒന്നുതന്നെയാണ്. പുതിയനിയമ ജോഷ്വായായ ഈശോ പുതിയ ദൈവജനമായ ശിഷ്യന്മാരെ വാഗ്‌ദത്തഭൂമിയായ ജറൂസലേമിലേക്ക് ജറീക്കോയിലൂടെ പ്രവേശിപ്പിക്കുന്നു. 

ജറീക്കോ പട്ടണവാതില്ക്കൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധൻ ഉണ്ടായിരുന്നു. അവൻ്റെ പേര് ബർതിമേയൂസ് എന്നായിരുന്നു. “ബർ" എന്ന പദത്തിനർത്ഥം “പുത്രൻ" എന്നാണ്. "ബർതിമേയൂസ്" എന്നാൽ “തിമേയൂസിന്റെ പുത്രൻ" എന്നർത്ഥം. ശിഷ്യന്മാരുടെയും വലിയൊരു ജനക്കൂട്ടത്തിന്റെയും അകമ്പടിയോടെ ഈശോ ജറീക്കോയിലൂടെ ജറൂസലേമിലേയ്ക്കു പോകുന്നു എന്നറിഞ്ഞ ബർതിമേയൂസ് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: "ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ!" (10,47). ശാരീരിക കാഴ്‌ച ഇല്ലായിരുന്നെങ്കിലും ആന്തരിക കാഴ്‌ച അവനുണ്ടായിരുന്നു എന്ന തിന്റെ തെളിവാണ് അവൻ്റെ ഈ അപേക്ഷ. ഈശോ ദാവീദിന്റെ പുത്രനാണ് - മിശിഹായാണ് - എന്നുള്ള ഉൾക്കാഴ്ച‌ അവനുണ്ടായിരുന്നു. ഈശോയെക്കുറിച്ചു ദൃക്‌സാക്ഷികൾ പറഞ്ഞുകേട്ടറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാകണം അവൻ ഈ ബോദ്ധ്യത്തിലെത്തിയത്. പലവിധ രോഗികൾക്കും സൗഖ്യം നല്കിയ അവിടുത്തേക്ക് തന്നെയും സുഖപ്പെടുത്താനാകും എന്നവൻ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസമാണ് അവൻ ഉറക്കെ പ്രഘോഷിച്ചത്. മിണ്ടാതിരിക്കാൻ പറഞ്ഞ് പലരും അവനെ ശകാരിച്ചെങ്കിലും അവൻ കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുകയാണുണ്ടായത്.  

വലിയ ജനക്കൂട്ടത്തിനിടയിൽ നിന്നാണെങ്കിലും ഈശോ അവന്റെ നിലവിളി കേട്ടു. അവനെ തൻ്റെ പക്കലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതു കേട്ടപാടേ അവൻ തൻ്റെ പുറങ്കുപ്പായം ഊരി ദൂരെയെറിഞ്ഞ് അവിടുത്തെ സ്വരം കേട്ട സ്ഥലത്തേക്ക് ഓടി. യാചകവേഷമാണവൻ വലിച്ചെറിഞ്ഞത്. ഈശോ വിളിക്കുന്നു എന്നറിഞ്ഞപ്പോൾ മാർഗമദ്ധ്യേ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ അയാൾ ഓടുകയായിരുന്നു. തന്റെ പക്കലെത്തിയ അയാളോട് തന്നിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് അവിടുന്നു ചോദിച്ചു. "ഗുരോ, എനിക്കു കാഴ്ച‌ കിട്ടണം” എന്നയാൾ വിളിച്ചുപറഞ്ഞു. ഈശോ അയാളോട് അരുളിച്ചെയ്‌ “പൊയ്ക്കൊള്ളുക. നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (10,51-52). അവന്റെ വിശ്വാസംമൂലം അവനു ലഭിച്ച കാഴ്‌ച രക്ഷയുടെ പ്രതീകമാണെന്ന് അവിടുത്തെ വാക്കുകളിൽനിന്നു വ്യക്തമാണ്. കാഴ്‌ച ലഭിച്ചയുടനെ അവൻ ജറൂസലേമിലേക്കുള്ള വഴിയിൽ ഈശോയെ അനുഗമിച്ചു; ശിഷ്യഗണത്തിൽ അംഗമായി. 

ബർതിമേയൂസിൻ്റെ കഥ ഒരു ശിഷ്യത്വവിവരണമാണ്. ദാവീദിന്റെ പുത്രനായ മിശിഹാവരുമ്പോൾ അന്ധർക്ക് കാഴ്‌ച ലഭിക്കുമെന്നുള്ള വസ്തുത സിനഗോഗു ശുശ്രൂഷയ്ക്കിടയിൽ അദ്ദേഹം വായിച്ചുകേണ്ടിട്ടുണ്ടാവണം (ഏശ 35,5-6). "ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ" എന്ന് ആവർത്തിച്ചു വിളിച്ചുപറയുന്നതിൽ മിശിഹായിലുള്ള അവന്റെ വിശ്വാസം പ്രകടമാണ്. തന്റെ ഏക സമ്പാദ്യമായിരുന്ന പുറംകുപ്പായം വലിച്ചെറിയുന്നത് എല്ലാം ഉപേക്ഷിച്ച് അവിടുത്തോടുകൂടെ ആയിരിക്കാനുള്ള സന്നദ്ധതയാണ് വെളിവാക്കുന്നത്. സൗഖ്യം ലഭിച്ചുകഴിയുമ്പോൾ അവൻ ഈശോയെ അനുഗമിച്ച് അവിടുത്തെ ശിഷ്യഗണത്തിൽ ചേരുന്നു. തന്നെ അനുഗമിക്കുവാൻ ഈശോ ധനികന് നല്‌കിയ (10,21) ആഹ്വാനത്തോട് ഭാവാത്മകമായി പ്രതികരിച്ചത് ബർതിമേയൂസാണ്. 

 

V

ജറൂസലേമിലെ പ്രവർത്തനങ്ങൾ 

(11,1-13,37) 

രാജകീയമായി ജറൂസലേമിൽ പ്രവേശിക്കുന്ന ഈശോ അധികാരപൂർവ്വം ദൈവാലയത്തിൽ പഠിപ്പിക്കുന്നതും പ്രവർത്തിക്കുന്നതും യഹൂദ മതനേതാക്കളുമായുള്ള ശത്രുത വർദ്ധിക്കുന്നതിനിടയാക്കുന്നു. ഈ ശത്രുത മൂർച്ഛിച്ചാണ് അവിടുത്തെ കുരിശുമരണത്തിലെത്തിക്കുന്നത്. ഈശോ ദൈവാലയം ശുദ്ധീകരിക്കുന്നതും അത്തിമരത്തെ ശപിക്കുന്നതും പരസ്‌പരം ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്രായേലിനും അതിൻ്റെ മതസംവിധാനങ്ങൾക്കും വന്നുഭവിക്കാനിരുന്ന നാശമാണ് ഈ രണ്ടു സംഭവങ്ങളും പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്. യഹൂദരുടെ ഉന്നാധികാര സമിതിയായ സാൻഹെദ്രിൻ സംഘക്കാർ അവിടുത്തെ അധികാരത്തെ ചോദ്യം ചെയ്യുന്നതും വാക്കിൽ കുടുക്കാൻ ശ്രമിക്കുന്നതും അവരുടെ ശത്രുതാ മനോഭാവത്തിൻ്റെ തെളിവാണ്. ഇപ്രകാരം ഇസ്രായേൽ ദൈവത്തിൻ്റെ അഭിഷിക്തനെ നിരസിക്കുന്നതുകൊണ്ടാണ് ജറൂസലേം നശിപ്പിക്കപ്പെടുന്നത്. ഈ നാശം മുൻകൂട്ടി അറിയിക്കുന്ന സന്ദർഭത്തിലാണ് യുഗാന്തത്തെക്കുറിച്ചുള്ള പ്രഭാഷണം ഈശോ നല്കുന്നത്.

61 

കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ (11,1-11) 

ഈശോ തന്റെ ശിഷ്യന്മാരോടൊത്തു നടത്തിയ ദീർഘിച്ച യാത്രയുടെ അവസാനം ആഘോഷപൂർവ്വമാണ് ജറൂസലേമിലേക്കു പ്രവേശിച്ചത്. അവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സ്വഭാവവും പ്രാധാന്യവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു ഈ രാജകീയ പ്രവേശം. ബേത്പ്പഗേയും ബേഥനിയായും ഒലിവുമലയുടെ പ്രദേശത്താണ്. ഈ മലയിൽനിന്ന് കിദ്രോൻ താഴ്വര കടന്നാൽ ജറൂസലേം ദൈവാലയത്തിന്റെ കിഴക്കേഭാഗത്തെത്താം. ഈ വഴിയേ ആയിരുന്നിരിക്കണം അവിടുന്നു രാജകീയമായി ജറൂസലേം പട്ടണത്തിലേക്കു പ്രവേശിച്ചത്. 

സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പൂർണ്ണമായി അവിടുത്തെ നിയന്ത്രണത്തിലാണെന്നു വ്യക്തമാക്കുന്നതാണ് പട്ടണപ്രവേശത്തിനായി അവിടുന്നു ചെയ്യുന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ. അവിടുന്നു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞു: "നേരെ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. നിങ്ങൾ അവിടെ പ്രവേശിക്കുമ്പോൾത്തന്നെ, ആരും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരെങ്കിലും ചോദിച്ചാൽ, ഞങ്ങളുടെ കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്; ഉടനെതന്നെ ഇതിനെ ഇവിടെ എത്തിക്കുന്നതാണ് എന്നു പറയുവിൻ" (11,2-3). ഈശോ മുൻകൂട്ടി പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു എന്നത് അവിടുത്തെ ദൈവത്വം വെളിവാക്കുന്നുണ്ട് (11,4-6). ആരും അതുവരെ സവാരി ചെയ്യാത്ത മൃഗമായിരുന്നു അത് എന്നത് വ്യക്തമാക്കുന്നത് ദൈവിക പദ്ധതിയിൽ അതിനു നിർവ്വഹിക്കാനുണ്ടായിരുന്ന വിശുദ്ധവും അദ്വിതീയവുമായ പങ്കിനെയാണ്. ദൈവശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന മ്യഗങ്ങൾ ഊനമറ്റതും മറ്റു കാര്യങ്ങൾക്കൊന്നും ഉപയോഗിക്കാത്തതും ആയിരിക്കണമെന്ന് ദൈവംതന്നെ നിർദ്ദേശിച്ചിട്ടുണ്ട് (സംഖ്യ 19,2; നിയമ 21,3; 1 സാമു 6,7). "കർത്താവിന് ഇതിനെ ആവശ്യമുണ്ട്" എന്നു പറയാനാണ് അവിടുന്ന് നിർദ്ദേശിച്ചത്. ജീവജാലങ്ങളുടെയും പ്രപഞ്ചം മുഴുവന്റെയും കർത്താവായ ദൈവവും താനും വ്യത്യസ്‌തരല്ല എന്നാണിതിന്റെയർത്ഥം. 

ശിഷ്യന്മാർ കഴുതക്കുട്ടിയെ ഈശോയുടെ പക്കൽകൊണ്ടുവന്ന്, തങ്ങളുടെ വസ്ത്രങ്ങൾ അതിൻ്റെ പുറത്തു വിരിച്ചു. അവിടുന്ന് അതിന്മേലിരുന്ന് ജറുസലേമിലേക്കു നീങ്ങി. 'വരാനിരിക്കുന്ന രാജാവായ മിശിഹാ വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തു കയറി വരും' എന്ന സഖറിയാ പ്രവാചകന്റെ വാക്കുകൾ നിറവേറാനായിരുന്നു ഇത് (സഖ 9,9). ചിലർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റു ചിലർ മരച്ചില്ലകൾ വഴിയിൽ വിതറി. രാജാക്കന്മാരുടെ എഴുന്നള്ളത്തിനാണ് സാധാരണ ഇപ്രകാരം വീഥികൾ അലങ്കരിച്ചിരുന്നത് (2 രാജാ 9,13; 1 മക്ക 13,51). രാജാവായാണ് അവിടുന്നു പട്ടണത്തിലേക്കു പ്രവേശിക്കുന്നത് എന്നതിൻ്റെ സൂചന ഇവിടെയുണ്ട്. അവിടുത്തെ മുമ്പിലും പിമ്പിലും നടന്നിരുന്നവർ ഇപ്രകാരം വിളിച്ചുപറഞ്ഞു: "ഹോസാന! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! നമ്മുടെ പിതാവായ ദാവീദിൻ്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളിൽ ഹോസാന!" (11,10). "ഹോസാന" എന്ന പദത്തിനർത്ഥം "ഞങ്ങളെ രക്ഷിക്കണമേ" എന്നാണ്. വിശുദ്ധനഗരിയിലേക്ക് വന്നിരുന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്‌തു ജറൂസലേം നിവാസികൾ ആലപിച്ചിരുന്ന സങ്കീർത്തനത്തിലെ ഒരു വാക്യമാണ് "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" എന്നത് (സങ്കീ 118,26). ഇതുപയോഗിച്ചാണ് ജനം മിശിഹായെ സ്വാഗതം ചെയ്യുന്നത്. ദൈവം ദാവീദിനു നല്കിയിരുന്ന മിശിഹായെക്കുറിച്ചുള്ള വാഗ്‌ദാനം (2സാമു 7,12 -16) ജറുസലേമിലേക്കുള്ള ഈശോയുടെ പ്രവേശനത്തോടുകൂടി പൂർത്തിയാകാൻ ആരംഭിക്കുന്നു എന്നാണ് “നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം" എന്ന പ്രഘോഷണത്തിന്റെ ധ്വനി. പക്ഷേ, ദാവീദിൻ്റേതുപോലുള്ള ഒരു ഭൗതികരാജ്യമല്ല, മറിച്ച്, ദൈവഹിതത്തിനും ദൈവികമനോഭാവങ്ങൾക്കും മുൻഗണന നല്‌കുന്ന ദൈവരാജ്യമാണ് ഈശോയുടേത്. 

62 

അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു (11,12-14) 

ആഘോഷമായി ജറുസലേമിൽ പ്രവേശിച്ച ഈശോ ആദ്യമേ പോയത് ദൈവാലയത്തിലേക്കായിരുന്നു. ചുറ്റുംനടന്ന് എല്ലാം നോക്കിക്കണ്ടു കഴിഞ്ഞപ്പോഴേക്കും സന്ധ്യയായതിനാൽ അവിടുന്നു പന്ത്രണ്ടു പേരുമൊത്ത് ബേഥനിയായിലേക്കു പോയി (11,11). അവിടുന്ന് ദൈവാലയത്തിനുള്ളിൽ ചുറ്റിനടന്ന് എന്തോ അന്വേഷിച്ച പ്രതീതിയാണു നമുക്കുണ്ടാകുന്നത്. അവിടെ എന്തോ ചെയ്യാൻ അവിടുത്തേക്കു പദ്ധതിയുണ്ടായിരുന്നെന്നും നേരം വൈകിയതുകൊണ്ട് അതു ചെയ്യാതെ ശിഷ്യരോടൊപ്പം വെളിയിലേയ്ക്ക പോവുകയായിരുന്നെന്നും നമുക്കു തോന്നും. അവിടുന്ന് എന്താണ് ദൈവാലയത്തിനുള്ളിൽ അന്വേഷിച്ചതെന്നതിനെക്കുറിച്ചും എന്താണ് ചെയ്യുവാൻ ഉദ്ദേശിച്ചതെന്നതിനെക്കുറിച്ചും നമുക്കു സൂചന നല്‌കുന്നതാണ് തുടർന്നു വിവരിക്കപ്പെടുന്ന അത്തിമരത്തിൻ്റെ സംഭവം (11,12-14). 

ദൈവാലയത്തിൽനിന്നും ബേഥനിയായിലേക്കാണ് അവിടുന്നു പോയത്. അവിടെയായിരുന്നു ഈശോയുടെ സ്നേഹിതരായ ലാസറിന്റെയും മർത്താ, മറിയം സഹോദരിമാരുടെയും ഭവനം. ആ രാത്രി ഈശോ ശിഷ്യന്മാരുമൊത്ത് അവരുടെ ഭവനത്തിൽ ചെലവഴിച്ചിരിക്കാനാണ് സാധ്യത. പിറ്റെ ദിവസം ബേഥനിയായിൽ നിന്നു വരുമ്പോൾ അവിടുത്തേക്കു വിശക്കുന്നുണ്ടായിരുന്നു. അകലെ ഇലക്കൊഴുപ്പുള്ള ഒരു അത്തിമരം കണ്ട്, അത്തിപ്പഴം വിളയുന്ന കാലമായില്ലായിരുന്നെങ്കിലും, അതിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്നു കരുതി അടുത്തുപോയി നോക്കി. കാരണം, ഇല തളിർക്കുന്നതിനുമുമ്പേ അത്തിമരത്തിൽ ഫലമുണ്ടാകാറുണ്ട്. പഴുക്കുന്നതിനുമുമ്പേ ഈ ഫലം ഭക്ഷ്യയോഗ്യവുമാണ്. സാധാരണ കൊഴുത്ത ഇലകൾ സമൃദ്ധമായ ഫലങ്ങളുടെ സൂചനയാണ് നല്‌കുന്നത്. പക്ഷേ, ആ അത്തിമരത്തിൽ ഇലകളല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. 

അത്തിമരത്തിലെ കൊഴുത്ത ഇലകൾക്കനുസരിച്ചുള്ള ഫലങ്ങൾ കാണാതിരുന്നതുകൊണ്ട് ഈശോ അതിന്മേലുള്ള വിധി പ്രഖ്യാപിച്ചു: "ഇനി ആരും ഒരിക്കലും നിൻ്റെ ഫലം ഭക്ഷിക്കാതിരിക്കട്ടെ" (11,14). ഈശോയ്ക്കും ശിഷ്യന്മാർക്കും ഉണ്ടായതുപോലെ ഇനിയാർക്കും ഈ വൃക്ഷത്തിൽനിന്നു കബളിപ്പിക്കപ്പെടുന്ന അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു ഇതിൻ്റെയർത്ഥം. ഇതിനുമുമ്പ് ഈശോ ഇപ്രകാരം കോപിച്ചു സംസാരിച്ചോ പ്രവർത്തിച്ചോ കണ്ടിട്ടില്ലാത്തതിനാൽ ഇതുകേട്ട ശിഷ്യന്മാർ അതേക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു. "അവൻ്റെ ശിഷ്യന്മാർ അതു കേട്ടു" എന്ന് എഴുതുമ്പോൾ വി. മർക്കോസ് ഉദ്ദേശിക്കുന്നതിതാണ്. 

ഫലം പ്രതീക്ഷിക്കുകയും അതന്വേഷിച്ചുചെന്നിട്ടു കാണാതിരിക്കുകയും ചെയ്യുന്നത്, പഴയനിയമത്തിൽ ഇസ്രായേൽജനം ദൈവം പ്രതീക്ഷിക്കുന്ന രീതിയിൽ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാതിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത് (മിക്ക 7,1-2; ജറെ 8,13). ഇപ്രകാരം ദൈവം പ്രതീക്ഷിക്കുന്ന തരത്തിൽ ഫലം പുറപ്പെടുവിക്കാതിരിക്കുന്നവർക്ക് സ്നാപകയോഹന്നാൻ ശിക്ഷയുടെ ഭീഷണി നല്‌കുന്നത് പുതിയനിയമത്തിലും നാം കാണുന്നുണ്ട് (മത്താ 3,8-10, ലൂക്കാ 3,8-10). ദൈവിക മുന്നറിയിപ്പിന്റെയും ആസന്നമായ നീതിവിധിയുടെയും ഗൗരവം ജനത്തിനു മനസ്സിലാക്കിക്കൊടുക്കുവാൻ പ്രവാചകന്മാർ പ്രതീകാത്മകമായ കാര്യങ്ങൾ ചെയ്യുന്നതു പഴയനിയമത്തിൽ പലയിടത്തുമുണ്ട്. ഈജിപ്ത‌ിനും എത്യോപ്യായ്ക്കും അടയാളവും മുന്നറിയിപ്പുമായി ഏശയ്യാ മൂന്നു വർഷക്കാലം നഗ്നനും നിഷ്‌പാദുകനുമായി നടന്നതും (ഏശ 20,1-6), ഇസ്രായേൽ ജനത്തിന്മേൽ വരാനിരിക്കുന്ന ദൈവികശിക്ഷയുടെ അടയാളമായി ജറെമിയാ മൺകലം ഉടച്ചതും (ജറെ 19,1-13) ഉദാഹരണങ്ങളിൽ ചിലതുമാത്രം. ഇതുപോലെ പ്രതീകാത്മകമായാണ് ഈശോ അത്തിമരത്തെ ശപിക്കുന്നതും. കൂടാതെ, ഇസ്രായേൽ ജനത്തെ അത്തിമരത്തോടും മുന്തിരിച്ചെടിയോടും ഉപമിക്കുന്നതും പഴയനിയമപ്രവാചകന്മാരുടെ ശൈലിയായിരുന്നു (ജറെ 8,13 29,17; ഹോസ 9,10; ജോയേൽ 1,7; മിക്ക 7,1). 

ഇലക്കൊഴുപ്പുള്ള, എന്നാൽ ഫലമൊന്നുമില്ലാത്ത അത്തിമരം, ബാഹ്യാനുഷ്‌ഠാനങ്ങളിൽമാത്രം ശ്രദ്ധപതിപ്പിച്ചിരുന്ന, അതേസമയം ആന്തരികത പൂർണ്ണമായും നഷ്‌ടമായിരുന്ന ഇസ്രായേൽ ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. "ആരും ഇനിയൊരിക്കലും നിന്നിൽനിന്നു പഴം തിന്നാതിരിക്കട്ടെ" (11,14) എന്ന ഈശോയുടെ പ്രസ്‌താവന ഇസ്രായേൽ ജനത്തിനു സമീപഭാവിയിൽ സംഭവിക്കാനിരുന്ന നാശത്തെയാണ് സൂചിപ്പിക്കുന്നത്. ഈശോ തലേദിവസം ചുറ്റിനടന്നു ദൈവാലയം പരിശോധിച്ചതും (11,11) പിറ്റെദിവസം അത്തിമരത്തിൽ ഫലം അന്വേഷിച്ചതും സമാനകാര്യങ്ങളാണ് (11,13). അത്തിമരത്തിൽ നിന്നുണ്ടായതുപോലുള്ള അനുഭവം മതജീവിതത്തിന്റെ കേന്ദ്രമായിരുന്ന ദൈവാലയത്തിൽ നിന്നുമുണ്ടായി എന്നൊരു സൂചന 11,11 -ൽ വി. മർക്കോസ് നല്കിയിരുന്നു. നേരം വൈകിയിരുന്നതുകൊണ്ടാണ് അന്നു പ്രതികരിക്കാതെ അവിടുന്നു പുറത്തുപോയത്. അതുകൊണ്ടു തന്നെയാണ് പിറ്റെദിവസം അത്തിമരത്തിന്റെ സംഭവത്തിനുശേഷം അവിടുന്ന് നേരെ ദൈവാലയത്തിലേക്കു പോകുന്നത്.

ഈശോ ശപിച്ച അത്തിമരം ഉണങ്ങിപ്പോയതായി വി. മർക്കോസ് വിവരിക്കുന്നത് 11,20 ലാണ്. അവിടുന്നു ചെയ്‌ത അത്ഭുതങ്ങളുടെയെല്ലാം ഫലം ഉടനടി വിവരിച്ചിരുന്ന അദ്ദേഹം എന്തുകൊണ്ടാണ് അത്തിമരത്തിന്റെ സംഭവം വിവരിക്കുന്നതിനിടയിൽ ദൈവാലയത്തിൽ അവിടുന്നു ചെയ്ത കാര്യങ്ങൾ വർണ്ണിക്കുന്നത്? രണ്ടു സംഭവങ്ങൾ ഇടകലർത്തി വിവരിക്കുന്ന ശൈലി വി. മർക്കോസിനുണ്ട് എന്നു നാം മുമ്പു കണ്ടതാണ്. ഇപ്രകാരം വർണ്ണിക്കപ്പെടുന്ന സംഭവങ്ങൾ പരസ്‌പരം ബന്ധപ്പെടുത്തി വേണം വ്യാഖ്യാനിക്കുവാൻ. ആയതിനാൽ ദൈവാലയത്തിൽ അവിടുന്നു ചെയ്യുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ മാത്രമേ അത്തിമരത്തെ ശപിക്കുന്ന സംഭവം നമുക്കു പൂർണ്ണമായി മനസ്സിലാവുകയുള്ളു.

 63

എന്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർത്ഥനാലയം (11,15-19)

ഇസ്രായേൽക്കാരുടെ മതജീവിതത്തിന്റെ കേന്ദ്രമായിരുന്നു അവർക്കു ജറുസലേമിലുണ്ടായിരുന്ന ഏകദൈവാലയം. പ്രായപൂർത്തിയായ ഏതൊരു യഹൂദനും വർഷത്തിലൊരിക്കലെങ്കിലും പ്രധാനപ്പെട്ട തിരുനാളുകളിൽ ഏതെങ്കിലും ഒന്നിന് ജറുസലേമിലേക്കു തീർത്ഥാടനം നടത്തണമെന്നുണ്ടായിരുന്നു. കൂടാരത്തിരുനാൾ, പെസഹാത്തിരുനാൾ, പന്തക്കുസ്താത്തിരുനാൾ എന്നിവയാണ് യഹൂദരുടെ മൂന്നു പ്രധാന തിരുനാളുകൾ. ഓരോ യഹൂദനും വർഷം തോറും അര ഷെക്കൽ (യഹൂദനാണയം) ദൈവാലയ നികുതിയായി നൽകണമായിരുന്നു. പലസ്‌തീനായ വെളിയിൽ പാർത്തിരുന്ന യഹൂദർ അവർ കൊണ്ടുവന്നിരുന്ന വിജാതീയ നാണയം മാറ്റി യഹൂദ നാണയത്തിൽ തന്നെ വേണമായിരുന്നു കരംകെട്ടാൻ. അതുകൊണ്ടാണ് ദൈവാലയത്തോടു ചേർന്ന് നാണയമാറ്റക്കാർ സ്ഥാനം പിടിച്ചിരുന്നത്. ദൈവാലയത്തിൽ ബലിമൃഗങ്ങളെ കാഴ്‌ച സമർപ്പിക്കുന്ന രീതിയും തീർത്ഥാടകർക്കുണ്ടായിരുന്നു. വിവിധ ശുദ്ധീകരണ കർമ്മങ്ങൾക്കായി പ്രാവുകളെയാണ് സമർപ്പിച്ചിരുന്നത് (ലേവ്യ 12,6, 14, 22, 15,14; ലൂക്കാ 2,22-24). അകലെനിന്നു വരുന്നവർക്ക് കാഴ്‌ചമൃഗങ്ങളെ സംലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ദൈവാലയത്തോടു ചേർന്നുണ്ടായിരുന്നു. ദൈവാലയത്തിന്റെ ഈ പ്രാധാന്യംകൊണ്ട് ജറൂസലേം യഹൂദജനതയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രമായി പരിണമിച്ചു. അവരുടെ അഭിമാനത്തിന്റെ പ്രതീകം കൂടിയായിരുന്നു ജറൂസലേം ദൈവാലയം.

ദൈവാലയത്തിൽ പ്രവേശിച്ച ഈശോ അവിടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്നവരെ പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്പനക്കാരുടെ ഇരിപ്പിടങ്ങളും അവിടുന്നു തട്ടിമറിച്ചിട്ടു. ദൈവാലയത്തിലൂടെ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകുവാൻ അവിടുന്ന് ആരെയും അനുവദിച്ചില്ല. ഈശോയുടെ അസാധാരണമായ ഈ പ്രവർത്തനരീതിയ്ക്കു പല വിശദീകരണങ്ങളും നല്കപ്പെടുന്നുണ്ട്. ക്രയവിക്രയത്തിൽ അവർ കാണിച്ചിരുന്ന അനീതിയും കള്ളത്തരവും ആയിരിക്കാം ഇപ്രകാരം പ്രതികരിക്കാൻ അവിടുത്തെ പ്രേരിപ്പിച്ചത്. കാരണം, അവർ ദൈവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കി എന്നതായിരുന്നല്ലോ അവർക്കെതിരെ അവിടുത്തേക്കുണ്ടായിരുന്ന ആരോപണം (11,17; ജറെ 7,11). നാണയമാറ്റത്തിലും ബലിമൃഗങ്ങളുടെ വില്പനയിലും തീർത്ഥാടകരിൽനിന്നു കൊള്ള ലാഭം എടുത്തിരുന്നവർക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നത്. ഈശോ ഈ ശുദ്ധീകരണപ്രക്രിയയിലൂടെ ദൈവാലയസംവിധാനത്തിനു സംഭവിച്ച അധഃപതനത്തിൽനിന്ന് അതിനെ വിമുക്തമാക്കുകയായിരുന്നു.

എന്നാൽ ദൈവാലയത്തിലൂടെ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകുവാൻ പോലും അവിടുന്ന് ആരെയും അനുവദിക്കാതിരുന്നതിൽനിന്നു മറ്റെന്തോ അർത്ഥംകൂടി ഈ പ്രവൃത്തിക്കുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു ദൈവാലയത്തിലെ കർമ്മങ്ങൾ അവിടുന്നു നിശ്ചലമാക്കുകയായിരുന്നു. ദൈവാലയവും ദൈവാലയശുശ്രൂഷകളും ദൈവമനുഷ്യ ബന്ധം സുദൃഢമാക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നല്ലോ. മനുഷ്യർ ദൈവത്തിന്റെ സാന്നിദ്ധ്യം പ്രത്യേകവിധം അനുഭവിച്ചിരുന്നത് അവിടെയായി രുന്നു. അത് ദൈവമനുഷ്യസമാഗമത്തിന്റെ വേദിയുമായിരുന്നു. ദൈവപുത്രനായ ഈശോ മനുഷ്യനായതോടുകൂടി ദൈവാലയത്തിന് അതിന്റെ പ്രസക്തി നഷ്ടമായി. കാരണം, ഈശോയെന്ന വ്യക്തിയിലുണ്ടായിരുന്നതുപോലെ ദൈവസാന്നിധ്യം മറ്റൊരിടത്തും ഉണ്ടായിട്ടില്ല. അവിടുത്തെ വരവോടുകൂടി മനുഷ്യനു ദൈവത്തെ കണ്ടുമുട്ടുന്നതിനുള്ള സുപ്രധാന വേദി അവിടുത്തെ ശരീരം തന്നെയായി. ഇതുവരെ ദൈവാലയം അനുഷ്ഠിച്ചിരുന്ന ധർമ്മങ്ങൾ ഇനി അവിടുന്നായിരിക്കും നിർവ്വഹിക്കുക. ഈശോ തന്നെയും തൻ്റെ ശരീരത്തെ ദൈവാലയമെന്നു വിശേഷിപ്പിക്കുന്നുണ്ട് (യോഹ 2,19-22).

ഈശോ ദൈവാലയം ശുദ്ധീകരിക്കുകയും ദൈവാലയകർമ്മങ്ങൾ നിശ്ചലമാക്കുകയും ചെയ്‌തശേഷം അവിടെ അധികാരപൂർവ്വം പഠിപ്പിക്കുന്നതിൽനിന്ന് അവിടുന്ന് ദൈവാലയത്തിൻ്റെ സ്ഥാനം ഏറ്റെടുക്കുന്നു എന്നു വ്യക്തമാകുന്നുമുണ്ട്. പഠിപ്പിക്കുന്നതിനിടയിൽ അവിടുന്ന് അരുളിച്ചെയ്തു: “എന്റെ ഭവനം സകല ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയമെന്ന് അറിയപ്പെടും എന്ന് എഴുതിയിട്ടില്ലേ?" (11, 17). ദൈവാലയത്തെക്കുറിച്ചുള്ള ദൈവഹിതം വ്യക്തമാക്കുന്ന ഏശയ്യാ 56,7 ആണ് ഈശോ ഇവിടെ ഉദ്ധരിക്കുന്നത്. ദൈവത്തിൻ്റെ രക്ഷാപദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേലിനോടൊപ്പം വിജാതീയർക്കുകൂടിയുള്ള പങ്കിനെക്കുറിച്ചു പ്രതിപാദിക്കുന്നിടത്താണ് നാമിതു കാണുന്നത് (ഏശ 56,1-8). ദൈവികപദ്ധതിയിൽ ദൈവാലയത്തിനു വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഈ ദൈവാലയം സകലജനങ്ങൾക്കും വേണ്ടിയുള്ള പ്രാർഥനാലയമായിരിക്കണം എന്നതാണ് ദൈവികപദ്ധതി. എന്നാൽ ഈശോ കണ്ട ദൈവാലയത്തിൽ വിജാതീയരുടെ പ്രാർത്ഥനയെ സഹായിക്കുന്ന സംവിധാനമായിരുന്നില്ല ഉണ്ടായിരുന്നത്. വിജാതീയർക്കായി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലം ദൈവാരാധനയിൽ പങ്കെടുക്കുവാൻ അവരെ സഹായിക്കുന്നതായിരുന്നില്ല. മാത്രവുമല്ല, ആ സ്ഥലം കച്ചവടത്തിനായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. ഇപ്രകാരം ദൈവിക ലക്ഷ്യത്തിനു വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് അവിടുന്ന് ദൈവാലയം ശുദ്ധീകരിക്കുന്നത്. 

സകല ജനതകൾക്കും വേണ്ടിയുള്ള പ്രാർഥനയുടെ ഭവനമായി നിശ്ചയിക്കപ്പെട്ടിരുന്ന ദൈവാലയത്തെ യഹൂദനേതാക്കൾ "കള്ളന്മാരുടെ ഗുഹയാക്കി" എന്നാണ് ഈശോ ആരോപിക്കുന്നത് (11,17). അവരുടെ ഈ പ്രവൃത്തിയെ സൂചിപ്പിക്കുവാൻ ജറെമിയാ പ്രവാചകന്റെ വാക്കുകൾ അവിടുന്നു കടമെടുക്കുന്നു (ജറെ 7,11). പ്രവാചകന്റെ, ദൈവാലയത്തിനെതിരെയുള്ള പ്രഭാഷണത്തിൻ്റെ ഭാഗമാണിത് (ജറെ 7,1-15). ഈ പ്രഭാഷണം അവസാനിക്കുന്നത് ദൈവാലയത്തിൻ്റെ നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പോടെയാണ്. ഈശോയുടെ ദൈവാലയത്തിലെ പ്രവൃത്തികളും അതിന്റെ വിശദീകരണവുമെല്ലാം ദൈവാലയത്തിൻ്റെ നാശത്തിലേയ്ക്കു വിരൽ ചൂണ്ടുന്നു. 

യഹൂദനേതൃത്വം ഈശോയോടു സ്വീകരിച്ച മനോഭാവത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ദൈവാലയത്തിൽ ദൃശ്യമായത്. ദൈവാലയം ശുദ്ധീകരിച്ചതിലൂടെ ഈശോയെയും അവിടുത്തെ പ്രബോധനങ്ങളെയും നിരാകരിച്ച യഹൂദജനതയ്ക്ക് വരാനിരിക്കുന്ന നാശത്തെ അവിടുന്നു പ്രതീകാത്മകമായി മുൻകൂട്ടി അറിയിക്കുകയായിരുന്നു. ദൈവാലയത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം തങ്ങൾക്കും തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്നു മനസ്സിലാക്കിയ പ്രധാനാചാര്യന്മാരും നിയമജ്ഞരും അവിടുത്തെ നശിപ്പിക്കാൻ വഴികൾ ആലോചിച്ചു (11,18). ക്രമേണ ഈ വൈരം വർദ്ധിക്കുകയും അവിടുത്തെ പിടികൂടാനുള്ള ആലോചന മുറുകുകയും ചെയ്തു (12,12; 14,1). അങ്ങനെ അവിടുത്തെ പിടികൂടി പ്രധാനാചാര്യൻ്റെ മുമ്പിൽ വിചാരണയ്ക്കായി കൊണ്ടുവരുമ്പോൾ അവിടുത്തേയ്ക്കെ‌തിരെ കള്ളസാക്ഷികൾ ഉന്നയിക്കുന്ന ആരോപണത്തിന്റെ ഉള്ളടക്കവും ദൈവാലയം സംബന്ധിച്ചുള്ളതാണ്: "കരങ്ങൾ കൊണ്ടു നിർമ്മിതമായ ഈ ദൈവാലയം തകർത്ത്, കരങ്ങൾ കൊണ്ടു നിർമ്മിത മല്ലാത്ത മറ്റൊന്നു മൂന്നു ദിവസംകൊണ്ടു ഞാൻ പണിയും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടിട്ടുണ്ട്" (14,58). ഇങ്ങനെയൊരു പ്രസ്‌താവന ഈശോ നടത്തിയതായി സുവിശേഷകരാരും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ദൈവാലയ ശുദ്ധീകരണവേളയിൽ അവിടുന്നു പറഞ്ഞതായി യോഹന്നാൻ എഴുതുന്ന വാക്യങ്ങളിൽ ഒരു ദൈവാലയത്തെക്കുറിച്ചു പരാമർശമുണ്ട്. ഈശോയുടെ അധികാരത്തെ ചോദ്യം ചെയ്‌തവരോട് അവിടുന്ന് അരുളിച്ചെയ്‌തു: "ഈ ദൈവാലയം നിങ്ങൾ തകർക്കുവിൻ. മൂന്നു ദിവസങ്ങൾകൊണ്ടു ഞാനതു പുനരുദ്ധരിക്കാം" (യോഹ 2,19). അവിടുത്തെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റിയാണ് അവിടുന്നിതു പറഞ്ഞതെന്ന് യോഹന്നാൻ തന്നെ വിശദീകരിക്കുന്നുണ്ട് (യോഹ 2,21-22). യഹൂദർ നശിപ്പിച്ച അവിടുത്തെ ശരീരമാകുന്ന ദൈവാലയം ഉത്ഥാനത്തോടുകൂടി അവിടുന്നു പുനരുദ്ധരിച്ചു. 

ചുരുക്കത്തിൽ ഈശോയുടെ മരണത്തോടുകൂടിയാണ് സകല മനുഷ്യർക്കും പ്രാർഥനയ്ക്കുള്ള ദൈവാലയമായി അവിടുത്തെ ശരീരം രൂപാന്തരപ്പെട്ടത്. വിജാതീയനായ ശതാധിപൻ ഈശോയുടെ മരണവേളയിൽ, “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു" (15,39) എന്നു പ്രഖ്യാപിക്കുമ്പോൾ ഈശോയാകുന്ന ദൈവാലയത്തിൽ ദൈവത്ത കണ്ടുമുട്ടുന്ന വിജാതീയരുടെ പ്രതിനിധിയായി വർത്തിക്കുകയായിരുന്നു. 

64 

നിങ്ങൾ പ്രാർത്ഥിക്കാൻ നില്ക്കുമ്പോൾ (11,20-26) 

ഫലം പുറപ്പെടുവിക്കാതിരുന്ന അത്തിമരത്തോട് "ആരും ഇനിയൊരിക്കലും നിന്നിൽനിന്നു പഴം തിന്നാതിരിക്കട്ടെ" (11,14) എന്ന് ഈശോ പറഞ്ഞ വാക്കുകൾ കേട്ടിരുന്ന ശിഷ്യന്മാർ, പിറ്റെദിവസം ആ അത്തിമരം സമൂലം ഉണങ്ങിപ്പോയിരിക്കുന്നതായി കണ്ടപ്പോൾ, അവിടുത്തെ വാക്കുകൾ ഓർത്തു. ശിഷ്യപ്രതിനിധി എന്ന നിലയിൽ പത്രോസ് അക്കാര്യം അവിടുത്തെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തു (11,20-21). ഈശോയുടെ ഈ പ്രവൃത്തിയുടെ അർത്ഥമെന്തെന്നും ഇതിൽനിന്നു തങ്ങൾ പഠിക്കേണ്ട പാഠമെന്തെന്നും ആയിരുന്നു അവർക്കറിയേണ്ടിയിരുന്നത്. 

ഈശോ ശിഷ്യന്മാരോടെല്ലാവരോടുമായി അരുളിച്ചെയ്‌തു: “നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ മലയോട് 'ഇവിടെനിന്നുമാറി, കടലിൽ വീഴുക' എന്നു പറയുകയും, താൻ പറയുന്നത് അതുപോലെ സംഭവിക്കുമെന്ന് സംശയലേശമെന്യേ വിശ്വസിക്കുകയും ചെയ്‌താൽ, അവന് അതു സാധിച്ചുകിട്ടും" (11,22-23). വിശ്വാസത്തെ സംബന്ധിച്ചു തന്റെ ശിഷ്യരെ ഒരു പാഠം പഠിപ്പിക്കാനാണ് അവിടുന്ന് അത്തിമരത്തോട് അപ്രകാരം പ്രവർത്തിച്ചതെന്ന് ഈ വാക്യങ്ങളിൽ നിന്നു നാം അനുമാനിക്കേണ്ടിയിരിക്കുന്നു. പിതാവായ ദൈവത്തിലുള്ള വിശ്വാസമാണ് ഇതു ചെയ്യുവാൻ അവിടുത്തെ ശക്തനാക്കിയത് എന്നൊരു സൂചനയും ഈ വാക്യത്തിലുണ്ട്. വിശ്വാസത്തോടെയുള്ള പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുവാൻ അവിടുന്ന് ഈ അവസരം ഉപയോഗിക്കുന്നു (11,23). 'സത്യമായി ഞാൻ നിങ്ങളോടു പറയുന്നു' എന്ന ആമുഖം, പറയാൻ പോകുന്ന കാര്യത്തിന്റെ പ്രാധാന്യവും ഉറപ്പും വ്യക്തമാക്കുന്നതാണ്. ദൈവത്തിൽ അടിയുറച്ച വിശ്വാസമുള്ളവർക്ക് മാനുഷികമായി അസാദ്ധ്യമെന്നു തോന്നുന്ന കാര്യങ്ങൾ അഥവാ 'മലപോലെയുള്ള പ്രശ്‌നങ്ങൾ' പോലും പരിഹരിക്കാൻ സാധിക്കും. നമ്മെ അലട്ടുന്ന ജീവിതപ്രശ്‌നങ്ങൾ എത്ര വലിയവയാണെങ്കിലും ദൈവത്തിലുള്ള വിശ്വാസത്തോടെയുള്ള പ്രാർത്ഥനകൊണ്ടു പരിഹരിക്കാനാവാത്തവ ഒന്നുമില്ലായെന്നാണ് അവിടുന്നു പഠിപ്പിക്കുന്നത്. 

വിശ്വാസത്തോടെ നാം ദൈവത്തോടു യാചിക്കുന്ന കാര്യങ്ങൾ ലഭിച്ചു കഴിഞ്ഞു എന്ന ബോദ്ധ്യത്തോടെ പ്രാർത്ഥിക്കാം എന്നും അവിടുന്ന് ഉറപ്പു തരുന്നുണ്ട് (11,24). സുവിശേഷവിവരണത്തിലെ ജായ്‌റോസിന്റെയും രക്തസ്രാവക്കാരിയുടെയും (5,21-43) സീറോഫിനീഷ്യൻ സ്ത്രീയുടെയും (7,24 -30) ജറീക്കോയിലെ കുരുടൻ്റെയും വിശ്വാസത്തോടെയുള്ള പ്രാർത്ഥന ഫലമണിയുന്നതു നാം കണ്ടതാണ്. തളർവാതരോഗിക്കുവേണ്ടിയും (2,1 -12) ബധിരനും മൂകനുമായവനുവേണ്ടിയും (7,31-37) ബേത്‌സയ്‌ദായിലെ അന്ധനുവേണ്ടിയും മറ്റുള്ളവർ പ്രകടിപ്പിച്ച വിശ്വാസവും അത്ഭുതങ്ങൾ പ്രവർത്തിച്ചു. ഇതുപോലുള്ള വിശ്വാസമാണ് തൻ്റെ ശിഷ്യർക്കുണ്ടാകണമെന്ന് ഈശോ ആഗ്രഹിക്കുന്നത്. 

ഫലപ്രാപ്തിയുള്ള പ്രാർത്ഥനയുടെ വ്യവസ്‌ഥയായി ദൈവത്തിലുള്ള വിശ്വാസം അവതരിപ്പിച്ച ഈശോ രണ്ടാമതൊരു വ്യവസ്‌ഥകൂടി മുമ്പോട്ടു വയ്ക്കുന്നുണ്ട്: “നിങ്ങൾ പ്രാർത്ഥിക്കാൻ നില്ക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും വല്ല വിരോധവുമുണ്ടെങ്കിൽ അതു ക്ഷമിക്കണം. ഇതു നിങ്ങളുടെ സ്വർഗീയ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കേണ്ടതിനത്രേ" (11,25), ഗിരിപ്രഭാഷണത്തിലും ഈശോ ഇതിനു സമാനമായ പ്രബോധനം നല്കുന്നുണ്ട്: “നീ ബലിപീഠത്തിൽ കാഴ്‌ചയർപ്പിക്കുമ്പോൾ, നിൻ്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് ഓർമ്മിക്കുന്ന പക്ഷം കാഴ്ചവസ്‌തു അവിടെ വച്ചിട്ട്, പോയി ആദ്യം സഹോദരനുമായി രമ്യപ്പെടുക; പിന്നെ വന്നു ബലിയർപ്പിക്കുക" (മത്താ 5,23-24; 6,14-15). സ്വർഗീയ പിതാവു നമ്മുടെ തെറ്റുകൾ നമ്മോടു ക്ഷമിക്കണമെങ്കിൽ നമ്മളും നമ്മുടെ സഹോദരരോടു ഹൃദയപൂർവ്വം ക്ഷമിക്കണമെന്ന് അവിടുന്ന് ഓർമ്മിപ്പിക്കുന്നുണ്ട് (11,25). കർതൃപ്രാർത്ഥനയിൽ അവിടുന്ന് അടിവരയിട്ടു പറയുന്ന കാര്യവും ഇതു തന്നെയാണല്ലോ (മത്താ 6,9-15; 18,35). വ്യവസ്‌ഥയില്ലാത്ത ദൈവിക കാരുണ്യത്തിന് അവിടുന്നു വയ്ക്കുന്ന വ്യവസ്ഥയാണ് സഹോദരരോടു രമ്യപ്പെടണമെന്നത്. 

65 

എന്ത് അധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? 

(11,27-33) 

ജറൂസലേമിലെത്തിയ ഈശോയുടെ പ്രവർത്തന-പ്രബോധന മണ്ഡലം ദൈവാലയമായിരുന്നു. അവിടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്നവരെ അവിടുന്ന് അധികാരപൂർവ്വമാണ് പുറത്താക്കിയത് (11,15-16). ദൈവാലയം സകല ജനങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയമാണ് എന്ന് ആധികാരികമായി അവിടുന്നു പഠിപ്പിക്കുകയും ചെയ്തു (11,17). ഇതൊന്നും ഇഷ്ട്‌ടപ്പെടാതിരുന്ന പ്രധാനാചാര്യന്മാരും നിയമജ്ഞരും പ്രമാണികളും അവിടുത്തെ നശിപ്പിക്കാൻ മാർഗം അന്വേഷിച്ചിരുന്ന വിവരം വി. മർക്കോസ് നമ്മെ അറിയിച്ചിരുന്നതാണ് (11,18). ഇക്കൂട്ടർ അവിടുത്തെ അധികാരത്തെ ചോദ്യം ചെയ്യുന്ന രംഗമാണ് സുവിശേഷകൻ തുടർന്നു വിവരിക്കുന്നത് (11,27-33). 

ഈശോ ജറൂസലേമിലെത്തിയശേഷം മൂന്നാം ദിവസവും തന്റെ ശിഷ്യരോടൊപ്പം ദൈവാലയത്തിലെത്തി. അതിനുള്ളിലൂടെ നടന്നുകൊണ്ട് അതിന്മേലുള്ള അധികാരം അവിടുന്നു വ്യക്തമാക്കി (11,27). ഇതുവരെ ദൈവാലയത്തിൻ്റെ നിയന്ത്രണം പ്രധാനാചാര്യന്മാരുടെയും നിയമജ്ഞരുടെയും പ്രമാണിമാരുടെയും കൈകളിലായിരുന്നു. ദൈവാലയത്തിലെ ഈശോയുടെ സാന്നിദ്ധ്യവും പ്രവർത്തനങ്ങളും ഇഷ്ടപ്പെടാതിരുന്ന ഇക്കൂട്ടർ അവിടുത്തെ സമീപിച്ചു ചോദിച്ചു: "എന്ത് അധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? ഇവ ചെയ്യാൻ ആരാണ് അധികാരപ്പെടുത്തിയത്?" (11,28). യഹൂദ നേതാക്കളോ സാൻഹൈദ്രിൻ സംഘമോ അധികാരപ്പെടുത്തിയ വ്യക്തിയായിരുന്നില്ലല്ലോ ഈശോ. അതുകൊണ്ട് അവിടുന്നു ചെയ്തതൊന്നും ചെയ്യാൻ അവിടുത്തേക്ക് അധികാരം ഇല്ല എന്നു സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതേ മനോഭാവത്തോടെ തന്നെ അവിടുത്തെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിലും ഇക്കൂട്ടർ അവിടുത്തെ എതിർക്കുന്നതു നാം കണ്ടതാണ് (2,1-3,6). 

യഹൂദ റബ്ബിമാർ സാധാരണ ചെയ്‌തിരുന്നതുപോലെ ഈശോയും ഒരു മറുചോദ്യം ചോദിച്ചുകൊണ്ടാണ് തന്റെ എതിരാളികളെ നേരിടുന്നത്. ഈ ചോദ്യത്തിനുത്തരം നല്കിയാലേ അവരുടെ ചോദ്യത്തിനുത്തരം താനും നല്‌കുകയുള്ളൂ എന്നവിടുന്നു വ്യക്തമാക്കി. ചോദ്യമിതായിരുന്നു: "യോഹന്നാൻ്റെ മാമോദീസാ എവിടെ നിന്ന്? സ്വർഗത്തിൽ നിന്നോ? മനുഷ്യരിൽ നിന്നോ?" (11,30). അനുതാപത്തിന്റെ മാമോദീസാ പ്രസംഗിച്ചുകൊണ്ട് മിശിഹായുടെ മുൻപേ പോയി അവിടുത്തേക്കു വഴി യൊരുക്കുവാൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനായിരുന്നല്ലോ യോഹന്നാൻ. സ്നാപകയോഹന്നാനെ അംഗീകരിക്കുന്നവർക്ക് മിശിഹായെയും അംഗീകരിക്കാതിരിക്കാൻ വയ്യാ. കാരണം, യോഹന്നാൻ ചൂണ്ടിക്കാണിച്ചിരുന്നത് മിശിഹായെയാണ്. ഈശോ ദൈവപുത്രനും മിശിഹായുമാണ് എന്ന് സുവിശേഷത്തിൻ്റെ ആരംഭമായി വി. മർക്കോസ് അവതരിപ്പിക്കുന്നതും സ്നാപകയോഹന്നാനെയാണല്ലോ (1,1-8). പരിശുദ്ധാത്മാവിനാൽ സ്നാനം നല്കാനിരിക്കുന്ന തന്നെക്കാൾ വലിയവനെക്കുറിച്ചാണ് യോഹന്നാൻ പ്രസംഗിച്ചുകൊണ്ടിരുന്നത്. ഈ യോഹന്നാനിൽ നിന്ന് ഈശോ മാമോദീസാ സ്വീകരിക്കുന്ന വേളയിലാണ് അവിടുന്നു ദൈവപുത്രനാണെന്ന സത്യം ആദ്യമായി ലോകത്തിനു പരസ്യമായി വെളിപ്പെടുത്തപ്പെട്ടത് (1,9 -11). ഇപ്രകാരം യോഹന്നാനെയും അദ്ദേഹത്തിൻ്റെ മാമോദീസായെയും മനസ്സിലാക്കുന്നവർ നിശ്ചയമായും ഈശോയുടെ അധികാരം എവിടെ നിന്നാണെന്നും ഗ്രഹിക്കും. അതുകൊണ്ടാണ് തൻ്റെ അധികാരത്തെക്കുറിച്ചു ചോദിച്ചവരോട് ഈശോ യോഹന്നാൻ്റെ സ്‌നാനത്തെക്കുറിച്ചുള്ള ചോദ്യം ചോദിക്കുന്നത്. 

യോഹന്നാന്റെ അധികാരം ദൈവത്തിൽ നിന്നാണെന്നോ മനുഷ്യരിൽ നിന്നാണെന്നോ എന്തു പറഞ്ഞാലും തങ്ങൾ കുടുങ്ങിയതുതന്നെ എന്നു മനസ്സിലാക്കിയ യഹൂദമതനേതാക്കൾ "ഞങ്ങൾക്കറിഞ്ഞുകൂടാ" എന്നുത്തരം നല്‌കി (11,33). കാരണം, ദൈവത്തിൽ നിന്നാണെന്നു പറഞ്ഞാൽ എന്തുകൊണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചില്ല എന്നവിടുന്നു ചോദിക്കുമെന്നവർക്കറിയാമായിരുന്നു. യോഹന്നാൻ ഒരു യഥാർത്ഥ പ്രവാചകനാണെന്ന് ജനം കരുതിയിരുന്നതുകൊണ്ട് മനുഷ്യരിൽനിന്ന് എന്നു പറയാനും അവർക്കു ഭയമായിരുന്നു. യോഹന്നാനിൽ പ്രവർത്തിച്ചിരുന്ന ദൈവികാധികാരത്തെ തിരിച്ചറിയാൻ കഴിയാതിരുന്നവർക്ക് ഈശോയുടെ അധികാരവും മനസ്സിലാവില്ല എന്നു പറഞ്ഞ് അവിടുന്ന് അവരെ നിശ്ശബ്ദരാക്കി. 

66 

പണിക്കാർ ഉപേക്ഷിച്ച കല്ല് (12,1-12) 

എന്തധികാരത്താലാണ് ജറൂസലേം ദൈവാലയത്തിൽ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന പ്രധാനാചാര്യന്മാരുടെയും നിയമജ്ഞരുടെയും പ്രമാണിമാരുടെയും ചോദ്യത്തിന് ഈശോ പ്രഥമ ദൃഷ്ട്യാ ഉത്തരം നിരസിച്ചെങ്കിലും (11,27-33) പരോക്ഷമായി അവർക്കു സംസാരിക്കുന്ന രീതിയാണല്ലോ അവിടുന്ന് അവലംബിച്ചിരുന്നത് (4,11-12). ഈ ഉപമ ഈശോയ്ക്കെതിരെയുള്ള അവരുടെ വിരോധത്തിന്റെയും എതിർപ്പിന്റെയും അന്ധതയും ബധിരതയും വർദ്ധിപ്പിക്കുന്നതിനു കാരണമാകുകയും ചെയ്യും. 

ഉപമ ഇതാണ്: "ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച്, അതിനു ചുറ്റും വേലി കെട്ടി, അതിൽ മുന്തിരിച്ചക്കു സ്ഥാപിക്കുകയും കാവൽഗോപുരം നിർമ്മിക്കുകയും ചെയ്‌തു. പിന്നീട് അതു കൃഷിക്കാർക്ക് പാട്ടത്തിന് ഏല്പ‌ിച്ചിട്ട്, ദൂരദേശത്തേക്കു പോയി" (12,1). വളരെ ശ്രദ്ധയോടെയാണ് മുന്തിരിത്തോട്ടത്തിനു വേണ്ട സംരക്ഷണം ഉടമസ്ഥൻ ഉറപ്പുവരുത്തിയത്. ഫലം പുറപ്പെടുവിക്കാനാവശ്യമായ സാഹചര്യങ്ങളൊക്കെ അദ്ദേഹം ക്രമീകരിച്ചു. പാട്ടത്തിനേറ്റ കൃഷിക്കാർ തനിക്കുള്ള ഓഹരി - പാട്ടം - സമയാസമയങ്ങളിൽ നല്‌കുമെന്ന പ്രതീക്ഷയിൽ അയാൾ ദൂരദേശത്തേക്കു യാത്രയായി. ഏശയ്യാ 5,1-7 ൽ വർണ്ണിക്കപ്പെടുന്ന കർത്താവിൻ്റെ മുന്തിരിത്തോപ്പിനെ അനുസ്‌മരിപ്പിക്കുന്നതാണ് ഈ ഉപമ. പ്രവാചകൻ ഇപ്രകാരം വ്യാഖ്യാനിക്കുന്നു: "സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ഭവനമാണ്. യൂദാജനമാണ്, അവിടുന്ന് ആനന്ദം കൊള്ളുന്ന കൃഷി" (ഏശ 5,7). തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽജനത്തെ മുന്തിരിച്ചെടിയോട് ഉപമിക്കുന്ന മറ്റു പല വി. ഗ്രന്ഥഭാഗങ്ങളുമുണ്ട് (സങ്കീ 80,9-16; ജറെ 2,21; ഹോസ 10,1). ഇസ്രായേൽ ജനത്തെ നേർവഴിക്കു നയിച്ച് ദൈവം പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിക്കാൻ സഹായിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരുന്ന നേതാക്കന്മാരാണ് പാട്ടക്കാരായ കൃഷിക്കാർ. 

വിളവെടുപ്പുകാലത്ത് മുന്തിരിപ്പഴങ്ങളിൽനിന്നു തനിക്കു വരാനുള്ള ഓഹരി വാങ്ങാൻ ഉടമസ്ഥൻ ഒരു ഭൃത്യനെ അയച്ചു. അവർ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്‌തു. രണ്ടാമത് അയയ്ക്കപ്പെട്ടവനെ അവർ കല്ലെറിയുകയും മുറിവേല്പ‌ിക്കുകയും അപമാനിച്ചു വിടുകയും ചെയ്‌തു. മൂന്നാമത് അയയ്ക്കപ്പെട്ടവനെ അവർ കൊന്നുകളഞ്ഞു. ഭൃത്യന്മാർക്കെല്ലാം തിരസ്‌കരണത്തിന്റെയും അപമാനത്തിന്റെയും അനുഭവമാണുണ്ടായത്. പ്രവാചകന്മാരെ ദൈവത്തിന്റെ 'ഭൃത്യന്മാർ' അഥവാ ദാസന്മാർ ആയിട്ടാണ് പഴയനിയമം അവതരിപ്പിക്കുന്നത് (ജറെ 7,25-26; 26,4-6; ആമോസ് 3,7; സഖ 1,6). സ്നാപകയോഹന്നാൻ ഉൾപ്പെടെയുള്ള ദൈവത്തിൻ്റെ ദാസന്മാരായ പ്രവാചകന്മാരോട് ഇസ്രായേൽ നേതാക്കന്മാർ എപ്രകാരമാണ് പെരുമാറിയത് എന്നതിൻ്റെ പ്രതീകാത്മകമായ അവതരണമാണ് നാമിവിടെ കാണുന്നത്. ദിനവൃത്താന്തത്തിന്റെ പുസ്‌തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “പിതാക്കന്മാരുടെ ദൈവമായ കർത്താവ് തൻ്റെ ജനത്തോടും വാസസ്ഥലത്തോടും കരുണ തോന്നി അവരുടെ അടുത്തേക്കു തുടർച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. എന്നാൽ അവർ ദൈവത്തിൻ്റെ ദൂതന്മാരെ പരിഹസിക്കുകയും അവിടുത്തെ വാക്കുകൾ പുച്ഛിച്ചു തള്ളുകയും പ്രവാചകന്മാരെ അവഹേളിക്കുകയും ചെയ്‌തുകൊണ്ടിരുന്നു" (2 ദിന 36, 15-16; 1 രാജാ 18,13; നെഹെ 9,26). 

പാട്ടക്കാരായ കൃഷിക്കാർ തൻ്റെ ഭൃത്യന്മാരെ വകവയ്ക്കാതിരുന്നതുകൊണ്ട് മുന്തിരിത്തോട്ടത്തിൻ്റെ ഉടമസ്ഥൻ തൻ്റെ 'ഏക പ്രിയ പുത്രനെ' അവരുടെ പക്കലേക്കയച്ചു. അവനെയെങ്കിലും അവർ ഭയപ്പെട്ടേക്കും എന്നായിരുന്നു അയാളുടെ ചിന്ത. പക്ഷേ, അവർ അവനെ പിടിച്ചുകൊന്ന് മുന്തിരിത്തോട്ടത്തിനു പുറത്തെറിഞ്ഞുകളഞ്ഞു (12,6-7). ഉടമസ്ഥൻ മരിച്ചുപോയെന്നും പുത്രനെ കൊന്നാൽ മുന്തിരിത്തോട്ടത്തിന്റെ അവകാശം തങ്ങളുടേതാകുമെന്നും അവർ വിചാരിച്ചുകാണണം. ഉപമയിലെ ഈ പ്രിയപുത്രൻ ദൈവത്തിൻ്റെ പ്രിയപുത്രനായ ഈശോമിശിഹായാണ് (1,11; 9,6). എന്തധികാരത്താലാണ് അവിടുന്ന് പ്രവർത്തിച്ചിരുന്നത് എന്ന മത നേതാക്കളുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ഇത്. യഹുദ നേതാക്കന്മാരിൽനിന്ന് ഈശോ നേരിടാനിരുന്ന തിരസ്‌കരണവും നിന്ദനവും ദാരുണമരണവുമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇതിനുമുമ്പ് മൂന്നു പ്രാവശ്യം തൻ്റെ പീഡാനുഭവത്തെക്കുറിച്ച് അവിടുന്നു മുൻകൂട്ടി അറിയിച്ചതിനു സമാനമാണിത്. ആദ്യപ്രവചനത്തിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു: “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും പ്രമാണികളാലും പ്രധാനാചാര്യന്മാരാലും നിയമജ്ഞരാലും തിരസ്കരിക്കപ്പെട്ടു വധിക്കപ്പെടുകയും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു" (8,31). ഇവിടെ പരാമർശിക്കപ്പെടുന്ന യഹുദ നേതൃത്വത്തോടു തന്നെയാണ് (11,27) ഈശോ ഈ ഉപമ അരുളിച്ചെയ്യുന്നതെന്ന കാര്യവും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. തന്നെ പിടികൂടുവാനുള്ള അവരുടെ ശ്രമം അവിടുത്തേക്കറിയാമെന്ന് ഈശോ ബുദ്ധിപൂർവ്വം അവരെ അറിയിക്കുകയായിരുന്നു. “മുന്തിരിത്തോട്ടത്തിൻ്റെ ഉടമസ്ഥൻ ആ കൃഷിക്കാരെ ഇല്ലായ്‌മ ചെയ്യുകയും മുന്തിരത്തോട്ടം വേറെ ആളുകളെ ഏല്പ‌ിക്കുകയും ചെയ്യും" (12,9) എന്നു പറയുമ്പോൾ യഹൂദനേതൃത്വത്തിനും ജനതയ്ക്കും സംഭവിക്കാൻ പോകുന്ന നാശം മുൻകൂട്ടി അറിയിക്കുകയായിരുന്നു. അവർക്കിതുവരെ ഉണ്ടായിരുന്ന ആനുകൂല്യം ഇനി മുതൽ വിജാതീയർക്കായിരിക്കുകയും ചെയ്യും. ചുരുക്കത്തിൽ, രക്ഷാകര ചരിത്രം മുഴുവൻ സമ്യക്കായി ഈ ഉപമയിൽ സംഗ്രഹിച്ചിട്ടുണ്ട്.

സങ്കീർത്തനത്തിൽ നിന്നുദ്ധരിച്ചുകൊണ്ട് അവിടുന്നു കൂട്ടിച്ചേർത്തു: “പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായി; ഇതു കർത്താവിന്റെ പ്രവൃത്തിയാണ്; നമ്മുടെ ദൃഷ്‌ടികളിൽ വിസ്‌മയകരവും" (12,11, സങ്കി 118,21-22; നടപടി 4,11). ഉപയോഗശൂന്യമെന്നു കരുതി യഹൂദനേതാക്കന്മാർ ഉപേക്ഷിച്ച കല്ല് ഈശോമിശിഹായാണ്. എന്നാൽ ദൈവം അവിടുത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച് മഹത്വമണിയിക്കുക വഴി പുതിയ ദൈവഭവനം മുഴുവന്റെയും മൂലക്കല്ലാക്കി മാറ്റും എന്നായിരുന്നു അവിടുന്ന് പ്രഖ്യാപിച്ചത്. പുതിയ ഇസ്രായേലായ ശിഷ്യസമൂഹത്തിന്റെ തിരുസ്സഭയുടെ - മൂലക്കല്ലാണവിടുന്ന്. അവിടുത്തെ മരണത്തോടുകൂടിയാണല്ലോ തിരുസ്സഭ ജന്മമെടുത്തത്. 

67 

സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ? (12,13-17) 

ജറൂസലേം ദൈവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഈശോയെ വാക്കിൽ കുടുക്കാനായി യഹൂദമതനേതാക്കന്മാർ ചില പ്രീശരെയും ഹേറോദേസ് പക്ഷക്കാരെയും അവിടുത്തെ പക്കൽ അയയ്ക്കുന്നതും ഈശോ അവരെ വാക്കിൽ കുടുക്കുന്നതുമാണ് വി. മർക്കോസ് തുടർന്നു വിവരിക്കുന്നത് (12,13-17). ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഗലീലിയിൽവച്ചുതന്നെ ഹേറോദേസ് പക്ഷക്കാരും പ്രീശരും ചേർന്ന് അവിടുത്തെ നശിപ്പിക്കാൻ ആലോചന നടത്തിയിരുന്നതാണ് (3,6). മതനേതാക്കളും രാഷ്ട്രീയനേതാക്കളും ഈശോയ്ക്കെതിരെ പൂർണ്ണമായി തിരിയുന്നതാണ് നാമിവിടെ കാണുന്നത്. 

സാൻഹെദ്രിൻ സംഘമയച്ച പ്രീശരും ഹേറോദേസ് പക്ഷക്കാരും തികച്ചും പ്രായോഗികമായ ഒരു വിഷയം ഉന്നയിച്ചുകൊണ്ടാണ് ഈശോയെ വാക്കിൽ കുടുക്കാൻ ശ്രമിക്കുന്നത്. റോമൻ ചക്രവർത്തിയായ സീസറിന് നികുതി കൊടുക്കണമോ വേണ്ടയോ എന്നതായിരുന്നു അവരുടെ സംശയം (12,15). വലിയ ഒരു മുഖസ്‌തുതിയോടെയാണ് അവർ അവിടുത്തെ സമീപിച്ചത്. അവരുടെ ലക്ഷ്യം ശുദ്ധമല്ലായിരുന്നെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു. അവിടുന്ന് സത്യസന്ധനും നിർഭയനും നിഷ്പക്ഷനും ദൈവത്തിൻ്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണ് എന്നാണവർ പറഞ്ഞത്. അവിടുന്ന് ഇതെല്ലാം ആയിരുന്നല്ലോ. 

ക്രിസ്തുവിനു മുമ്പ് 63 മുതൽ പലസ്തീനാ, റോമാക്കാരുടെ അധീനതയിലായിരുന്നു. ക്രിസ്‌തുവർഷം 6 മുതൽ റോമൻ നികുതി സമ്പ്രദായം യഹൂദരുടെമേലും ചുമത്തി. ദൈവജനം എന്നഭിമാനിച്ചിരുന്ന യഹൂദരെ സംബന്ധിച്ച് ഇതൊരു വലിയ അപമാനമായിരുന്നു. തീവ്രവാദികൾ അതിനെ എതിർത്തുമിരുന്നു (നടപടി 5,37). ഈ പശ്ചാത്തലത്തിലാണ് അവരുടെ ചോദ്യം: "സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസ്യതമാണോ അല്ലയോ?" (12,14). ഏതുത്തരം നല്‌കിയാലും അവിടുത്തെ കുടുക്കാമെന്നായിരുന്നു അവരുടെ ചിന്ത. കാരണം, സീസറിനു നികുതി കൊടുക്കണമെന്നു പറഞ്ഞാൽ സ്വന്തം ജനത്തെ സ്നേഹിക്കാത്തവൻ എന്നു മുദ്രകുത്തപ്പെടും. കരം കൊടുക്കേണ്ട എന്നു പറഞ്ഞാൽ, ചക്രവർത്തിയുടെ ശത്രുവാകും. 

അവരുടെ കാപട്യം മനസ്സിലാക്കിയ ഈശോ ഒരു നാണയം ആവശ്യപ്പെട്ടു. അവർ റോമൻ നാണയമായ 'ദെനാറിയുസ്' അവിടുത്തെ കാണിച്ചു. അവിടുന്ന് അവരോടു ചോദിച്ചു: “ഈ രൂപവും ലിഖിതവും ആരുടേതാണ്?" (12,16). 'സീസറിൻ്റേത്' എന്നവർ മറുപടി നല്കി. അപ്പോൾ ഈശോ അരുളിച്ചെയ്‌തു: "സീസറിൻ്റേതു സീസറിനും ദൈവത്തിൻ്റേതു ദൈവത്തിനും കൊടുക്കുവിൻ" (12,17). മതജീവിതവും രാഷ്ട്രീയജീവിതവും തമ്മിലുള്ള ബന്ധമാണ് അവിടുന്നു വ്യക്തമാക്കുന്നത്. രാഷ്ട്രീയ കടമകൾ ദൈവികാധികാരത്തിനു വിരുദ്ധമാകാത്തിടത്തോളം, പാലിക്കണം എന്നു തന്നെയാണ് അവിടുത്തെ പ്രബോധനം. മനുഷ്യൻ ദൈവികഛായയും സാദൃശ്യവും സംവഹിക്കുന്നവനാകയാൽ (ഉത്പ 1,26-27) അവൻ പൂർണ്ണമായി ദൈവത്തിൻ്റേതാണ്. അവൻ്റെ സമ്പൂർണ്ണ വിധേയത്വം ദൈവത്തോടായിരിക്കണം. 

ക്രൈസ്തവർ രാഷ്ട്രത്തിൻ്റെ നിയമങ്ങൾ പാലിക്കണം എന്ന സഭയുടെ പ്രബോധനം ഈശോയുടെ ഈ വാക്യത്തെ ആസ്‌പദമാക്കിയുള്ളതാണ്. "ഓരോരുത്തർക്കും അർഹമായതു കൊടുക്കുക. തലവരി കൊടുക്കേണ്ടവനു തലവരി; നികുതി കൊടുക്കേണ്ടവനു നികുതി; ആദരം കൊടുക്കേണ്ടവന് ആദരം; ബഹുമാനം കൊടുക്കേണ്ടവനു ബഹുമാനം" (റോമാ 13,1-7). തീത്തോസിനെ പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു: "ഭരണാധിപന്മാരോടും അധികാരികളോടും വിധേയത്വവും അനുസരണവുമുള്ള വരായിരിക്കാനും സത്പ്രവൃത്തികൾ ചെയ്യുന്നതിനു സന്നദ്ധരായിരിക്കാനും എല്ലാവരെയും നീ അനുസ്‌മരിപ്പിക്കുക" (തീത്തൂസ് 3,1). വി. പത്രോസ് ശ്ലീഹായുടെ ഉപദേശവും ഇതിനു സമാനമാണ്: “ദൈവത്തെ പ്രതി എല്ലാ അധികാരികൾക്കും നിങ്ങൾ വിധേയരായിരിക്കുവിൻ” (1 പത്രോ 2,13-17). ഉത്തമപൗരന്മാരായി ജീവിക്കുകയാണ് ക്രൈസ്ത‌വ ധർമ്മം. 

68 

അവൻ മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ് (12,18-27) 

യഹൂദസമൂഹത്തിലെ പുരോഹിതരുടെയിടയിലെ ഒരു യാഥാസ്ഥിതിക വിഭാഗമായിരുന്നു സദ്ദൂക്കായർ. പ്രീശരെപ്പോലെ ഇവരും നിയമത്തിന്റെ ബഹ്യാനുഷ്‌ഠാനത്തിന് അമിതപ്രാധാന്യം കല്‌പിച്ചിരുന്നു. പ്രീശരിൽനിന്ന് ഇവർക്കുണ്ടായിരുന്ന വ്യത്യാസം ഇവർ ലിഖിത നിയമത്തെ മാത്രമേ അംഗീകരിച്ചിരുന്നുള്ളു എന്നതാണ്. വാചിക പാരമ്പര്യങ്ങൾ അവർ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മരിച്ചവരുടെ ഉയിർപ്പിലോ മാലാഖമാരുടെ അസ്‌തിത്വത്തിലോ അവർക്കു വിശ്വാസമില്ലായിരുന്നു. ഈശോയെ എതിർത്തിരുന്ന പ്രീശരുടെയും പ്രധാനാചാര്യന്മാരുടെയും ജനപ്രമാണികളുടെയും ഗണത്തിൽ സദ്ദുക്കായരും ചേരുന്നതാണ് വി. മർക്കോസ് 12,18-27 ൽ വിവരിക്കുന്നത്. 

ഈ ലോകജീവിതത്തിൻ്റെ തുടർച്ചയായാണ് ഫരിസേയർ അഥവാ പ്രീശർ മരണശേഷമുള്ള ജീവിതത്തെ കണ്ടിരുന്നത്. എന്നാൽ ദൈവത്തോടൊപ്പമുള്ള സ്വർഗീയവാസമായാണ് ഈശോ പുനരുത്ഥാനത്തെ അവതരിപ്പിച്ചത്. അവിടുത്തെ ഈ പ്രബോധനത്തെ ഖണ്‌ഡിക്കാനാണ് പുനരുത്ഥാനത്തിൽ വിശ്വാസമില്ലാതിരുന്ന സദൂക്കായർ ഒരുമ്പെടുന്നത്. ഉത്ഥാനജീവിതം സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല എന്നു സ്ഥാപിക്കാനാണ് അവരുടെ ശ്രമം. 

യഹൂദരുടെയിടയിൽ "ഭർതൃസഹോദരധർമ്മം" എന്നൊന്നുണ്ടായിരുന്നു. സഹോദരന്മാരിൽ ഒരുവൻ മക്കളില്ലാതെ മരിച്ചാൽ ജീവിച്ചിരിക്കുന്ന സഹോദരൻ വിധവയെ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി മക്കളെ ജനിപ്പിക്കണം എന്നതായിരുന്നു ഈ ധർമ്മത്തിൻ്റെ കാതൽ (നിയമാ 25,5-10). പരേതനായ സഹോദരൻ്റെ നാമം ഇസ്രായേലിൽ നിന്നു മാഞ്ഞു പോകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത് (ഉത്പ 39,6-11; റൂത്ത് 4,10). മോശ നല്കിയിരുന്ന ഈ നിയമം ഉദ്ധരിച്ചുകൊണ്ടാണ് സദ്ദൂക്കായർ ഈശോയെ പരീക്ഷിക്കാനെത്തുന്നത്. 

അവർ ഉന്നയിച്ച പ്രശ്‌നമിതാണ്: "ഒരിടത്ത് ഏഴു സഹോദരന്മാർ ജീവിച്ചിരുന്നു, ഒന്നാമൻ വിവാഹിതനായി മക്കളില്ലാതെ മരിച്ചു. രണ്ടാമൻ ആ സ്ത്രീയെ വിവാഹം ചെയ്‌കയും മക്കളില്ലാതെ മരിക്കയും ചെയ്തു. മൂന്നാമനും അതുതന്നെ സംഭവിച്ചു. അങ്ങനെ ഏഴു പേരും അവളെ വിവാഹം ചെയ്യുകയും മക്കളില്ലാതെ മരിക്കയും ചെയ്തു‌. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? ഏഴുപേരും അവളെ പരിഗ്രഹിച്ചല്ലോ" (12,20-23). പഴയനിയമത്തിലെ തോബിത്തിൻ്റെ പുത്രനായ തോബിയാസിൻ്റെ ഭാര്യയായ സാറായ്ക്കുണ്ടായ അവസ്ഥയെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ഈ വിവരണം (തോബിത്ത് 3,7-9). നിയമപരമായി ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായിരുന്ന ഈ സ്ത്രീ മരണാനന്തര ജീവിതമുണ്ടെങ്കിൽ വലിയ വിഷമസന്ധിയിൽ ആയിരിക്കുമെന്ന് പരിഹാസസ്വരത്തിൽ അവർ അറിയിക്കുകയാണ്. അതുകൊണ്ട് മരണാനന്തര ജീവിതം അസംഭാവ്യമാണെന്നാണ് അവരുടെ വാദം. 

സദ്ദൂക്കായരുടെ വാദത്തിലെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ അവരെ തോല്‌പിക്കുന്നു. അവിടുന്ന് അരുളിച്ചെയ്‌തു: "വിശുദ്ധ ലിഖിതങ്ങളും ദൈവത്തിൻ്റെ ശക്തിയും ഗ്രഹിക്കാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്?" (12,24). മോശയുടെ നിയമത്തിനു വലിയ പ്രാധാന്യം നല്‌കുകയും അതിൽ നിന്നുദ്ധരിച്ചുകൊണ്ട് ആരംഭിക്കുകയും ചെയ്ത അവർക്ക് മോശയിലൂടെ ദൈവം നല്‌കിയിരിക്കുന്ന അടിസ്ഥാന വെളിപാടുപോലും അറിയില്ല എന്നവിടുന്നു സ്ഥാപിക്കുന്നു. കാരണം, മോശയോട് മുൾപ്പടർപ്പിൽനിന്ന് ദൈവം അരുളിച്ചെയ്‌തു: “ഞാൻ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിൻ്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു" (12,26; പുറ 3,6). ഇതിൻ്റെ അർത്ഥം അവിടുന്നു മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാണെന്നാണ്. യാഹ്‌വേ മോശയോടു സംസാരിക്കുന്നതിനു വളരെ മുമ്പേ മരിച്ചു മൺമറഞ്ഞ പൂർവ്വ പിതാക്കന്മാരുടെ ദൈവമായാണ് അവിടുന്നു സ്വയം പരിചയപ്പെടുത്തുന്നത്. മരിച്ചവരുടെ ദൈവമായി സ്വയം അവതരിപ്പിക്കില്ലല്ലോ. അതുകൊണ്ടവർ ദൈവസന്നിധിയിൽ ജീവിക്കുന്നുണ്ടാകണം. ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത വാഗ്‌ദാനമാണ് മരിച്ചവരുടെ ഉത്ഥാനത്തിനടിസ്ഥാനം. ഈ ജീവിതത്തിൽ മാത്രമല്ല, മരണാനന്തരജീവിതത്തിലും അവിടുന്ന് അവരുടെ ദൈവമാണ്. സദ്ദൂക്കായരുടെയും വിശ്വാസത്തിനടിസ്ഥാനമായ തോറായിൽ നിന്നുതന്നെ മരിച്ചവർക്ക് ഉയിർപ്പുണ്ടെന്ന് അവിടുന്നു തെളിയിക്കുന്നു. 

ദൈവത്തിന്റെ ശക്തിയെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതു കൊണ്ടുകൂടിയാണ് അവർക്കു പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ സാധിക്കാതെ പോയത്. പുതുജീവൻ പ്രദാനം ചെയ്യാൻ അപരിമേയമായ കഴിവുള്ളവനാണ് അവിടുന്ന്. ഉത്ഥാനജീവിതം ഈ ലോകജീവിതത്തിന്റെ തുടർച്ച മാത്രമാണെന്ന ഫരിസേയ ചിന്താഗതി വച്ചുപുലർത്തിയതു കൊണ്ടാണ് ദൈവികശക്തി അവർക്കു മനസ്സിലാകാതിരുന്നത്. മരിച്ചവരിൽ നിന്നുയിർക്കുകയെന്നാൽ, സ്വർഗീയതലത്തിൽ പങ്കുചേർക്കപ്പെടുക എന്നാണർത്ഥം. അവിടെ വിവാഹമില്ല. മരിച്ചുപോകുന്ന ആളിൻ്റെ പേരു നിലനിർത്താൻ വേണ്ടിയാണല്ലോ വിവാഹം നടത്തുന്നത്. മരണശേഷം ഉയിർക്കുന്നവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കുന്നതിനാൽ വിവാഹത്തിന്റെ ആവശ്യകതയേ ഉദിക്കുന്നില്ല. 

യുക്തിപരമായ ഒരു സമീപനംകൊണ്ടുമാത്രം ദൈവത്തിന്റെ അനന്തമായ ശക്തി നമുക്കു മനസ്സിലാക്കാനാവില്ല. ബുദ്ധിയുപയോഗിച്ചു തെളിയിക്കാൻ സാധിക്കുന്നതുകൊണ്ടല്ല, ക്രൈസ്‌തവരായ നാം മരിച്ചവരുടെ ഉത്ഥാനത്തിൽ വിശ്വസിക്കുന്നത്. മറിച്ച്, മരണത്തെ നശിപ്പിച്ച് പുതുജീവൻ നല്‌കാനുള്ള ദൈവത്തിൻ്റെ ശക്തിയിലുള്ള ബോദ്ധ്യം കൊണ്ടാണ്. ഉത്ഥാനജീവിതം ഈ ലോകജീവിതത്തിന്റെ തുടർച്ചയല്ല. മരണത്തോടെ ശരീരം മണ്ണായിത്തീരുമ്പോൾ ശരീരത്തിന്റെ വ്യാപാരങ്ങളും അതോടെ അവസാനിക്കും. ഉത്ഥാനത്തോടെ നാം സ്വർഗീയാസ്തിത്വത്തിലേക്ക് രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. അവിടെ നാം മാലാഖമാരെപ്പോലെയായിരിക്കും. 

69 

ദൈവരാജ്യത്തിൽ നിന്ന് 

അകലെയല്ലാത്ത നിയമജ്ഞൻ (12,28-34) 

ഇതുവരെ സുവിശേഷത്തിൽ പ്രത്യക്ഷപ്പെട്ട നിയമജ്ഞരിൽ നിന്നു തികച്ചും വ്യത്യസ്‌തനായ ഒരുവനെയാണ് നാം മർക്കോ 12,28-34-ൽ കാണുന്നത്. മറ്റുള്ളവർ അവിടുത്തെ പരീക്ഷിക്കാനും വാക്കിൽ കുടുക്കാനുമാണ് വന്നിരുന്നതെങ്കിൽ (11,18-28) ഇയാൾ ഈശോയുടെ പ്രബോധനത്തിൽ ആകൃഷ്‌ടനായാണ് അവിടുത്തെ സമീപിക്കുന്നത്. മുഖവുര കൂടാതെയുള്ള അയാളുടെ ചോദ്യത്തിൻ്റെ ശൈലിയിൽ നിന്ന് ഇത് നമുക്ക് അനുമാനിക്കാം. ആത്മാർത്ഥമായ ഒരന്വേഷണത്തിൻ്റെ ഭാഗമായിരുന്നു അയാളുടെ ചോദ്യം: "കല്‌പനകളിൽ ഏറ്റവും പ്രധാനമായത് ഏതാണ്" (12,28). ദൈവഹിതം അതിൻ്റെ പൂർണ്ണതയിൽ വ്യക്തമാക്കുന്ന പ്രമാണം ഏതാണ് എന്നാണ് ഈ നിയമജ്ഞനറിയേണ്ടിയിരുന്നത്. 

ഓരോ യഹൂദനും ദിവസവും രാവിലെയും വൈകുന്നേരവും ചൊല്ലിയിരുന്ന "ഷെമാ ഇസ്രായേൽ" (Shema Israel) എന്നാരംഭിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തുനിന്ന് ഉദ്ധരിച്ചുകൊണ്ടാണ് ഈശോ അയാൾക്കുത്തരം നല്കിയത് (നിയമാ 6,4-6). അവിടുന്ന് അരുളിച്ചെയ്‌തു: “ഇസ്രായേലേ, കേട്ടാലും! നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവാകുന്നു. നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക. ഇതാണ് ഒന്നാമത്തെ കല്പ്‌പന" (12,30). ഹൃദയവും ആത്മാവും മനസ്സും ശക്തിയുമെല്ലാം സൂചിപ്പിക്കുന്നത് സമ്പൂർണ്ണമനുഷ്യനെയാണ്. ദൈവം അനന്യനും സർവ്വജ്ഞനുമായതുകൊണ്ട് മനുഷ്യൻ്റെ അവിഭക്ത ഹൃദയത്തോടെയുള്ള സ്നേഹത്തിനും ബഹുമാനത്തിനും അവിടുന്ന് അർഹനാണ്. ഏറ്റവും പ്രധാനപ്പെട്ട കല്പ്‌പന ഏതെന്നു ചോദിച്ചവനോട് ദൈവസ്നേഹമാണ് ഒന്നാമത്തെ കല്പ്‌പന എന്നാണവിടുന്നു പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഒരു കല്പനയല്ല എന്നൊരു ധ്വനി ഇതിലുണ്ട്. ദൈവസ്നേഹം പോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു പ്രമാണം കൂടിയുണ്ട്. അവിടുന്ന് ഉടനെ അതു കൂട്ടിച്ചേർത്തു: "ഇതിനു സദൃശമാണ് രണ്ടാമത്തെ കല്പന: നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" (12,31). ലേവ്യർ 19,18-ൽ നിന്നെടുത്തതാണ് ഈ കല്‌പന. ഒരുപോലെ പ്രധാനപ്പെട്ട രണ്ടു കല്പനകൾ ഉണ്ടെന്ന് അവിടുന്നു പഠിപ്പിക്കുകയായിരുന്നു. ഇവയെക്കാൾ വലിയ കല്പ‌ന വേറെയില്ലതാനും. ദൈവസ്നേഹവും സഹോദരസ്നേഹവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണിവിടെ വ്യക്തമാകുന്നത്. ഇതെക്കുറിച്ചു വി. യോഹന്നാൻ ശ്ലീഹാ എഴുതുന്നു: "ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തൻ്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ നുണയനാണ്. കാണുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും?" (1 യോഹ 4,20). സഹോദരനെ സ്നേഹിച്ചുകൊണ്ടു മാത്രമേ നമുക്കു ദൈവത്തെ സ്നേഹിക്കാനാവൂ. 

ഈശോയുടെ പ്രബോധനത്തോടു നിയമജ്ഞനു പൂർണ്ണയോജിപ്പായിരുന്നു (12,32-33). അവിടുന്നു നല്‌കിയ ഉത്തരം ആവർത്തിച്ചുകൊണ്ട് അയാൾ അതു വ്യക്തമാക്കുകയും ചെയ്തു‌. ദൈവത്തെയും സഹോദരരെയും സ്നേഹിക്കുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ് എന്നുമയാൾ കൂട്ടിച്ചേർത്തു. ഈശോ ദൈവാലയം ശുദ്ധീകരിക്കുകയും ബലിയർപ്പണ സംവിധാനത്തെ നിശ്ചലമാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ വേണം ഇതു മനസ്സിലാക്കാൻ. അയാളുടെ പ്രതികരണത്തിൽ സംപ്രീതനായ ഈശോ അയാളോട് അരുളിച്ചെയ്തു: “നീ ദൈവരാജ്യത്തിൽനിന്ന് ഏറെ അകലെയല്ല" (12,34). തൻ്റെ സാന്നിദ്ധ്യവും പ്രബോധനവും പ്രവർത്തനങ്ങളും വഴി സമാരംഭിച്ച ദൈവരാജ്യത്തിൽ അംഗമാകുന്നതിനു വേണ്ട മനോഭാവങ്ങൾ അയാൾക്കുണ്ട് എന്ന് ഈശോ പ്രഖ്യാപിക്കുന്നു. ദൈവരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ കല്പനകളെക്കുറിച്ചുള്ള അറിവുകൊണ്ടു മാത്രമായില്ല. ഈശോ മിശിഹാ ദൈവത്തിൻ്റെ പുത്രനാണെന്ന് വിശ്വസിക്കേണ്ടതുകൂടിയുണ്ടായിരുന്നു. എപ്രകാരമാണ് ഈശോ ദൈവപുത്രനായിരിക്കുന്നത് എന്നാണ് തുടർന്നുവരുന്ന ഭാഗത്തു വിവരിക്കുന്നത്. 

70 

മിശിഹാ ദാവീദിന്റെ പുത്രനോ? (12,35-40) 

“മിശിഹാ" എന്ന അറമായ-സുറിയാനി പദത്തിനർത്ഥം “അഭിഷിക്തൻ" എന്നാണ്. ഇതിൻ്റെ ഹീബ്രു "മഷിയാഖ്" (Mashiach) എന്നും ഗ്രീക്ക് 'ക്രിസ്തോസ്" (Christos) എന്നുമാണ്. ഇതിൽ നിന്നാണ് ഇംഗ്ലീഷിലെ ക്രൈസ്റ്റും (Christ) അതിൻ്റെ മലയാളീകരിച്ച രൂപമായ ക്രിസ്തുവും വന്നത്. ഈശോ സംസാരിച്ചിരുന്ന അറമായ ഭാഷയിലെ പദമായ "മിശിഹാ" യാണ് നാം ആദിമകാലംമുതൽ ഉപയോഗിച്ചുവരുന്നത്. ദൈവം ഇസ്രായേൽ ജനതയുടെ ആരംഭംമുതൽ പല സന്ദർഭങ്ങളിലായി വാഗ്ദ‌ാനം ചെയ്തി രുന്നതും അന്ത്യനാളുകളിൽ ദൈവത്തിൻ്റെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുമെന്നു ജനം പ്രതീക്ഷയോടെ കാത്തിരുന്നതുമായ രക്ഷകനാണ് മിശിഹാ. ഈശോയുടെ കാലത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ ജനങ്ങൾക്കിടയിലെ പല വിഭാഗക്കാരും മിശിഹായെ പ്രതീക്ഷിച്ചിരുന്നു. അങ്ങനെയുള്ള പ്രതീക്ഷകൾ പ്രധാനമായും മൂന്നു തരത്തിലായിരുന്നു: 1. ദാവീദിനെപ്പോലെ ശക്തനായ ഒരു രാജാവ്, 2. അഹറോനെപ്പോലെയുള്ള ഒരു പുരോഹിതൻ, 3. മോശയെപ്പോലുള്ള ഒരു പ്രവാചകൻ. സുവിശേഷത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തികൾ എല്ലാവരുംതന്നെ ഇതിൽ ആദ്യത്തെ പ്രതീക്ഷ വച്ചുപുലർത്തുന്നവരായിരുന്നു. കാരണം, ഈശോയുടെ കാലത്തു യഹൂദസമൂഹത്തിൽ പ്രബലമായിരുന്ന ചിന്താഗതി ഇതായിരുന്നു. വി. ലിഖിതപണ്‌ഡിതരായ നിയമജ്ഞർ ഈ ആശയത്തിന്റെ വക്താക്കളായിരുന്നു. ദൈവം ദാവീദിനു നല്‌കിയ വാഗ്ദ‌ാനമായിരുന്നു ഈ പ്രതീക്ഷയ്ക്കടിസ്ഥാനം (2 സാമു 7,2-17; ഏശ 11,1-5). ദാവീദിൻ്റെ വംശത്തിൽ പിറന്നതുകൊണ്ട് ഈശോമിശിഹാ ദാവീദിൻ്റെ പുത്രൻ എന്നറിയപ്പെടുമെങ്കിലും അവിടുന്ന് ദാവീദിനെക്കാൾ വലിയവനാണ് എന്നാണ് മർക്കോ 12,35-37 ൽ ഈശോ വ്യക്തമാക്കുന്നത്. 

ഈശോ ജറൂസലേം ദൈവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മിശിഹാ ദാവീദിൻ്റെ പുത്രനാണെന്ന നിയമജ്ഞരുടെ ചിന്ത ശരിയല്ലെന്നു സ്ഥാപിക്കുന്നത് (12,35). ദാവീദുതന്നെ പരിശുദ്ധാത്മാവിനാൽ പ്രേരിതനായി മിശിഹായെക്കുറിച്ചു പറഞ്ഞിരിക്കുന്ന സങ്കീർത്തന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അവിടുന്നിതു ചെയ്യുന്നത് (12,36), മിശിഹായെക്കുറിച്ചുള്ള സങ്കീർത്തനമാണ് 110 എന്നതു പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന കാര്യമാണ്. ദൈവനിവേശിത വചനത്തിന്റെ ഭാഗമായ സങ്കീർത്തനങ്ങളുടെ കർത്താവ് ദാവീദാണ്. അദ്ദേഹം പരിശുദ്ധാത്മാവിനാൽ പ്രേരിതനായി മിശിഹായുടെ സ്ഥാനാരോഹണം വിവരിക്കുമ്പോൾ ഇപ്രകാരം എഴുതുന്നുണ്ട്: "കർത്താവ് എൻ്റെ കർത്താവിനോട് അരുളിച്ചെയ്തു: 'ഞാൻ നിന്റെ ശത്രുക്കളെ നിൻ്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക" (സങ്കീ 110,1). ദൈവമായ കർത്താവ് മിശിഹായോടു പറയുന്ന വാക്യമാണ് ദാവീദു രേഖപ്പെടുത്തുന്നത്. ദാവീദിന്റെ ഈ വിവരണത്തിൻ്റെ പിൻബലത്തോടെയാണ് താൻ ദാവീദിനെക്കാൾ ശ്രേഷ്‌ഠനാണെന്ന് ഈശോ തെളിയിക്കുന്നത്. 

സങ്കീ 110,1 ൽ ദാവീദ് മിശിഹായെ "എൻ്റെ കർത്താവ്" എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരു പിതാവും സ്വന്ത പുത്രനെ “കർത്താവ്" എന്നു വിളിക്കില്ലല്ലോ (12,37). സങ്കീർത്തനത്തിൽ ദാവീദ് മിശിഹായെ എൻ്റെ കർത്താവ് എന്നു വിളിക്കുന്നതുകൊണ്ട് മിശിഹാ ദാവീദിന്റെ പുത്രൻ എന്നതിനെക്കാൾ ശ്രേഷ്ഠനാണ് എന്നു സൂചിപ്പിക്കുകയാണ് ഈശോയുടെ ഈ ചോദ്യത്തിൻ്റെ ലക്ഷ്യം. (Haggadic antinomy question) താൻ ദാവീന്റെ പുത്രനാണെന്ന വസ്തു‌ത അവിടുന്ന് നിഷേധിക്കുന്നില്ല. മിശിഹാ എപ്രകാരമാണ് ഒരേ സമയം ദാവീദിൻ്റെ പുത്രനും ദാവീദിൻ്റെ പുത്രനെന്നതിനെക്കാൾ ഉന്നതനുമായിരിക്കുന്നത് എന്ന് ഈശോ വ്യക്തമാക്കുന്നു. ജനം പ്രതീക്ഷിച്ചിരുന്ന രീതിയിൽ ദാവീദിനെ പോലെ ഒരു രാഷ്ട്രീയ വിമോചകനല്ല മിശിഹാ എന്ന് അവിടുന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ് (8,31; 9,31; 10,31-34). 

ഈ ചോദ്യത്തിലൂടെ ദാവീദിൻ്റെ പുത്രനായ താൻ അതേസമയം തന്നെ ദൈവത്തിൻ്റെയും പുത്രനാണ് എന്ന സത്യം ഉറപ്പിക്കുകയാണ് അവിടുന്ന്. സുവിശേഷാരംഭത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ (1,1) ഈശോ ദൈവപുത്രനും മിശിഹായുമാണെന്നു തെളിയിക്കുകയാണല്ലോ വി. മർക്കോസിൻ്റെ ഉദ്ദേശ്യം. ഈ ലക്ഷ്യം സാധിക്കുന്നതിന് ഈ വിവരണം സഹായകമാണ്. 

71 

നിയമജ്ഞരെ സൂക്ഷിക്കുവിൻ (12,38-40) 

ദൈവരാജ്യത്തിൽ പ്രവേശിക്കുവാനാവശ്യമായ സാഹചര്യങ്ങളുണ്ടായിട്ടും അതുപയോഗിക്കാതിരിക്കുന്ന നിയമജ്ഞനെക്കുറിച്ചും (12,28 -34) മിശിഹായെക്കുറിച്ചുള്ള അവരുടെ ചിന്തയുടെ അപൂർണ്ണതയെക്കുറിച്ചും (12,37-37) പരാമർശിച്ചശേഷം അവരുടെ പൊതുവായ പ്രവർത്തനരീതികളെ ഈശോ വിമർശിക്കുന്ന രംഗമാണ് വി. മർക്കോസ് വിവരിക്കുന്നത് (12,38-40). ശിഷ്യന്മാർക്കുള്ള ഉപദേശമെന്ന രീതിയിലാണ് ഈശോ തന്റെ വിമർശനമവതരിപ്പിക്കുന്നത്. 

"നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ" എന്ന മുന്നറിയിപ്പോടെയാണ് ഈശോ തൻ്റെ വിമർശനം ആരംഭിക്കുന്നത് (12,38). 8,15 ൽ പ്രീശരുടെയും ഹേറോദേസിൻ്റെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവാൻ നല്കിയ നിർദ്ദേശത്തിനു സമാനമാണിത്. രക്ഷയിലേയ്ക്കുള്ള വഴി അറിയാമായിരുന്നിട്ടും അതു പ്രാപിക്കാതിരുന്നവരെപ്പോലെ ആകരുത് എന്നാണ് സൂചന. ദൈവരാജ്യപ്രവേശനത്തിനാവശ്യമായ വ്യവസ്ഥയാണ് ഈശോ തുടർന്ന് അവതരിപ്പിക്കുന്നത്. മലയിലെ പ്രസംഗത്തിൽ ഇതിനു സമാനമായ ഒരുപദേശം അവിടുന്നു നല്‌കുന്നുണ്ട്: "നിങ്ങളുടെ നീതിനിഷ്ഠ നിയമജ്ഞരുടെതിനേയും പ്രീശരുടെതിനേയുംകാൾ ഉത്കൃഷ്‌ടമല്ലെങ്കിൽ നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു" (മത്താ 5,20). അവിടുത്തെ അനുഗമിക്കുന്നവർ ഇക്കൂട്ടരെ അനുകരിക്കരുത് എന്നു പഠിപ്പിക്കാനായിരുന്നിത്. മോശയുടെ പ്രതിപുരുഷന്മാർ എന്ന നിലയിൽ അവർ പറയുന്നത് നല്ലതാണെങ്കിലും പഠിപ്പിക്കുന്നതുപോലെ പ്രവർത്തിക്കാത്ത അവരെ അനുകരിക്കരുതെന്നാണ് വ്യംഗ്യം (മത്താ 23,1-3). 

നീണ്ട മേലങ്കികൾ ധരിച്ചു നടക്കുന്ന നിയമജ്ഞർ പൊതുസ്ഥലങ്ങളിൽ വന്ദനവും സംഘങ്ങളിൽ പ്രധാനമായ ഇരിപ്പിടങ്ങളും വിരുന്നുകളിൽ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു (12,39). മറ്റുള്ളവരിൽ നിന്നു സ്തു‌തിയും പുകഴ്‌ചയും ലഭിക്കണമെന്ന സ്വാർത്ഥലക്ഷ്യമാണിതിന്റെയൊക്കെ പിന്നിൽ. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി കപടമായി പ്രവർത്തിക്കുന്ന ഇവരുടെ സ്വഭാവത്തിൽനിന്നു തികച്ചും വ്യത്യസ്‌തമായ പ്രവർത്തനരീതിയായിരുന്നു ഈശോയുടേത്. തൻ്റെ ശിഷ്യന്മാരിൽ നിന്ന് അവിടുന്നാവശ്യപ്പെട്ടതും അവിടുത്തേതു പോലുള്ള സ്വഭാവമാണ് (10,45). എല്ലാവരുടെയും ശുശ്രൂഷകനാകാൻ ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് ചെയ്തത് അതായിരുന്നു (9,33-37; 10,35-45). തൻ്റെ ശിഷ്യർക്കു ശിശുതുല്യമായ മനോഭാവം ഉണ്ടാകണമെന്നാവശ്യപ്പെട്ടപ്പോൾ അവിടുന്ന് ഉദ്ദേശിച്ചതും ഇതുതന്നെയാണ്. 

അവിടുന്ന് തുടർന്നു: "അവർ ദീർഘനേരം പ്രാർത്ഥിക്കുന്നതിലൂടെ വിധവകളെ വഞ്ചിച്ച് അവരുടെ സമ്പത്തു ചൂഷണം ചെയ്യുന്നു. അവർ കഠിനമായ ശിക്ഷ അനുഭവിക്കും" (12,40). ദീർഘനേരം പ്രാർത്ഥിക്കുന്നതായി കപടമായി കാണിച്ചിരുന്ന അവർ യഥാർത്ഥത്തിൽ ദൈവത്തോടുള്ള ഭക്തിയല്ല അതിലൂടെ പ്രകടിപ്പിച്ചിരുന്നത്. ദീർഘപ്രാർത്ഥനകൊണ്ട് ഭക്തരെന്ന മതിപ്പ് വരുത്തി ദൈവാലയത്തിനു വഴിപാടുകൾ കൊടുക്കുവാൻ നിർദ്ധനരായ വിധവകളെ പ്രേരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വിധവകളോടും അനാഥരോടും പ്രത്യേക പരിഗണനയോടെ പെരുമാറണമെന്നു പണ്ടുമുതൽക്കേ ദൈവം ആവശ്യപ്പെട്ടിരുന്നതിന് എതിരായാണ് അവർ പ്രവർത്തിച്ചത് (പുറ 22,22-24; നിയമാ 24,17; 27,19; ഏശ 1,16-17; 10,1-2; ജറെ 7,26; 22,3; സഖ 7, 10; മലാക്കി 3,5; സങ്കീ 146,9). അന്യർക്കു നീതി നടത്തിക്കൊടുക്കാനുള്ള കടമ അധികാരസ്ഥാനത്തായിരുന്ന നിയമജ്ഞർക്കും പ്രീശർക്കുമുള്ളതായിരുന്നു. പക്ഷേ, അവർ അതു ചെയിരുന്നില്ല. അഥവാ ചെയ്‌തിരുന്നെങ്കിൽ തന്നെയും അതിന്റെ പേരിൽ വിധവകളെ ചൂഷണം ചെയ്ത‌ിരുന്നു എന്നു വേണം ഈശോയുടെ വിമർശനത്തിൽനിന്ന് അനുമാനിക്കാൻ. നീതിയെക്കുറിച്ചുള്ള ദൈവവചനം പഠിപ്പിച്ചിരുന്ന അവർതന്നെ നീതിരഹിതമായി വർത്തിച്ചതുകൊണ്ടാണ് അവിടുന്ന് അവരെ നിശിതമായി വിമർശിക്കുന്നത്. ഇക്കാരണത്താൽതന്നെ അവർക്കു ലഭിക്കാനിരിക്കുന്ന ശിക്ഷയും അതികഠിനമായിരിക്കും. 

അർത്ഥരഹിതമായ മതാനുഷ്‌ഠാനങ്ങളുടെ ശുഷ്‌കതയാണ് ഈശോ ഇവിടെ തുറന്നു കാണിക്കുന്നത്. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ അവഗണിച്ചുകൊണ്ടുള്ള ആദ്ധ്യാത്മികത യഥാർത്ഥ ആദ്ധ്യാത്മികതയേയല്ല. 

72 

തനിക്കുണ്ടായിരുന്നതെല്ലാം നിക്ഷേപിച്ച വിധവ (12,41-44) 

നന്മയുടെ ഉറവ വറ്റിപ്പോയിരുന്ന ഔദ്യോഗിക മതകർമ്മങ്ങളെയും (11,11-19) കപടനാട്യക്കാരായ മതാധികാരികളെയും (12,38-40) തള്ളിപ്പറഞ്ഞ ഈശോ സാധാരണ ജനത്തിൻ്റെ ആത്മാർത്ഥതയെ പുകഴ്ത്തുന്ന രംഗമാണ് മർക്കോ 12,41-44 ൽ വിവരിക്കപ്പെടുന്നത്. വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്ന നിയമജ്ഞരെക്കുറിച്ചുള്ള വിമർശനത്തിനു തൊട്ടു പിന്നാലെയാണ് ഇതെന്നതു പ്രത്യേക ശ്രദ്ധയർഹിക്കുന്നു. 

തിരുക്കർമ്മങ്ങളുടെ സുഗമമായ നടത്തിപ്പിനുള്ള മാർഗമെന്ന നിലയിലാണ് ദൈവാലയ നേർച്ചകൾ സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവ ദൈവത്തിനുള്ള കാഴ്‌ചയായി പരിഗണിക്കപ്പെട്ടു. ദൈവാലയ ഭണ്ഡാരത്തിൽ നാണയങ്ങൾ നിക്ഷേപിക്കുന്നവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഈശോ വൻതുകകൾ നിക്ഷേപിച്ചിരുന്ന വലിയ ധനികരെ കണ്ടു. എന്നാൽ അവിടുത്തെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് ഒരു ദരിദ്രവിധവയുടെ കാണിക്കയിലായിരുന്നു. വില കുറഞ്ഞ രണ്ടു ചെറിയ നാണയത്തുട്ടുകൾ മാത്രമാണ് അവൾ നിക്ഷേപിച്ചത്. ധനികർ സമർപ്പിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ അവളുടേത് ഒന്നുമല്ലായിരുന്നു. എങ്കിലും ഈശോ തന്റെ ശിഷ്യന്മാരെ അടുത്തു വിളിച്ച് അരുളിച്ചെയ്‌തു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഭണ്ഡാരത്തിൽ നിക്ഷേപിച്ച മറ്റെല്ലാവരെയുംകാൾ കൂടുതൽ ഈ ദരിദ്രവിധവ നിക്ഷേപിച്ചിരിക്കുന്നു. കാരണം, അവരെല്ലാവരും തങ്ങളുടെ സമ്യദ്ധിയിൽനിന്നു സംഭാവന ചെയ്‌തു. ഇവൾ തന്റെ ദാരിദ്ര്യത്തിൽ നിന്നു തനിക്കുണ്ടായിരുന്നതെല്ലാം, തൻ്റെ സമ്പത്തു മുഴുവൻ നിക്ഷേപിച്ചിരിക്കുന്നു" (12,44). "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു" എന്ന ആമുഖം പറയാൻ പോകുന്ന കാര്യത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നു. 

മറ്റുള്ളവർ തങ്ങൾക്കു മിച്ചമുണ്ടായിരുന്നതിൽ നിന്നു ദൈവാലയത്തിൽ സമർപ്പിച്ചപ്പോൾ ഈ ദരിദ്രവിധവ തനിക്കുണ്ടായിരുന്നതു മുഴുവൻ, ഒട്ടും തനിക്കായി നീക്കിവയ്ക്കാതെ, കാഴ്‌ചയർപ്പിച്ചു. അവളുടെ സമർപ്പണം സമ്പൂർണ്ണമായിരുന്നു. ദൈവം പരിപാലിച്ചുകൊള്ളുമെന്ന ഉറച്ച വിശ്വാസമായിരുന്നു ഇപ്രകാരം പൂർണ്ണമായി സമർപ്പിക്കാൻ അവളെ ശക്തയാക്കിയത്. ദൈവരാജ്യപ്രവേശനത്തിനാവശ്യമായ മനോഭാവവും ഇതുത ന്നെയാണ്. സമ്പന്നർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ ദുഷ്‌കരമാണ് (10,23-25) എന്ന അവിടുത്തെ വചനത്തിൻ്റെ സാധുത തെളിയിക്കുന്ന സംഭവം കൂടിയാണിത്. 

സ്വന്തമായി ഒന്നുമില്ലാതിരുന്ന ആ വിധവയ്ക്ക് ദൈവപരിപാലനയിൽ പൂർണ്ണമായി ആശ്രയിക്കാൻ എളുപ്പമായിരുന്നു. ദൈവം മാത്രമാണ് ആശ്രയം എന്നറിയാവുന്നവരുടെ സമർപ്പണം സമ്പൂർണ്ണമായിരിക്കും. ദൈവത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ അവർക്കെളുപ്പമാണ്. ഭൗതികവസ്തുക്കളോടുള്ള നിസ്സംഗത നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കും. ഈ വിധവയുടെ സമർപ്പണം നമ്മുടെ മുമ്പിലുയർത്തുന്ന വെല്ലുവിളിയുമിതാണ്. ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കുന്ന തിന്റെ പ്രകടനമായിരുന്നു അവളുടെ ഈ സമർപ്പണം. ഇതിന്റെയെല്ലാം അടിസ്ഥാനം അവൾക്കു ദൈവത്തിലുണ്ടായിരുന്ന വിശ്വാസമായിരുന്നു. മിശിഹാ തന്റെ ശിഷ്യന്മാരിൽനിന്നു പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള വിശ്വാസമാണ്. 

73 

കല്ലിന്മേൽ കല്ലു ശേഷിക്കാതെ (13,1-2) 

വി. മർക്കോസിന്റെ്റെ സുവിശേഷത്തിൽ ഈശോയുടെ രണ്ടു നീണ്ട പ്രഭാഷണങ്ങളാണുള്ളത്: നാലാമദ്ധ്യായത്തിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകളും പതിമൂന്നാമദ്ധ്യായത്തിലെ യുഗാന്ത്യപ്രഭാഷണവും. ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പരസ്യജീവിത മാരംഭിച്ച ഈശോ (1,14-15) ഈ ദൈവരാജ്യത്തിൻ്റെ സ്വഭാവം വ്യക്തമാക്കാനാണ് ആദ്യത്തെ പ്രഭാഷണം നടത്തിയതെങ്കിൽ പരസ്യജീവിതത്തിലെ അവസാന പ്രഭാഷണം ദൈവരാജ്യത്തിൻ്റെ പരിസമാപ്തി വ്യക്തമാക്കാനായിരുന്നു. വെളിപാടു പുസ്‌തകത്തിലെ സാഹിത്യരൂപ ശൈലിയിലാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഭാവിസംഭവങ്ങളെ അഭിമുഖീകരിക്കാനായി ഈശോ തൻ്റെ ശിഷ്യന്മാരെ ഒരുക്കുന്ന അന്ത്യപ്രഭാഷണമായും ഇതിനെ കണക്കാക്കാം. 

ദൈവാലയത്തിനുള്ളിലെ പ്രബോധനം അവസാനിപ്പിച്ചശേഷം പുറത്തുവന്നപ്പോൾ ശിഷ്യന്മാരിൽ ഒരാൾ ഈശോയോടു പറഞ്ഞു: "ഗുരോ നോക്കൂ, എത്ര വലിയ കല്ലുകൾ! എത്ര വിസ്‌മയകരമായ സൗധങ്ങൾ!” (13,1). ദൈവാലയത്തിൻ്റെ മനോഹാരിതയിൽ ആകൃഷ്‌ടനായ ശിഷ്യനാണ് അവിടുത്തെ ശ്രദ്ധ അതിലേക്കു തിരിക്കുന്നത്, ഈശോ അയാളോടു പറഞ്ഞു: “ഈ മഹാസൗധങ്ങൾ നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഇവിടെ കല്ലിന്മേൽ കല്ലുശേഷിക്കാതെ ഇതെല്ലാം തകർക്കപ്പെടും" (13,2). ജറുസലേമിൽ പ്രവേശിച്ച നാൾമുതൽ ഈശോ ദൈവാലയത്തിൽ ചെയ്തതും പഠിപ്പിച്ചതുമായ കാര്യങ്ങളുടെ പരിസമാപ്‌തിയായിരുന്നു അവിടുത്തെ ഈ വാക്കുകൾ. സകല ജനതകൾക്കും പ്രാർത്ഥനാലയമായിരിക്കേണ്ട ദൈവാലയത്തെ കള്ളന്മാരുടെ ഗുഹയാക്കിയവരെ പുറത്താക്കിയതിന്റെയും (11,17) ദൈവത്തെയും സഹോദരരെയും സ്നേഹിക്കുന്നത് എല്ലാ യാഗങ്ങളെക്കാളും ശ്രേഷ്ഠമാണെന്ന നിയമജ്ഞൻ്റെ അഭിപ്രായത്തെ അംഗീകരിച്ചതിന്റെയും (12,28-34) തുടർച്ചയായിവേണം ഈ പ്രവചനത്തെ വീക്ഷിക്കാൻ. അത്തിമരത്തെ ശപിച്ചതും (11,12-21) ദൈവാലയത്തെ ശുദ്ധീകരിച്ചതുമൊക്കെ ഈ പ്രവചനത്തിൻ്റെ മുന്നോടിയായി കണക്കാക്കാം. 

“കല്ലിന്മേൽ കല്ലുശേഷിക്കാതെ എല്ലാം തകർക്കപ്പെടും" എന്ന വാക്കുകൾ ദൈവാലയത്തിൻ്റെ പരിപൂർണ്ണനാശത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവാലയം പണിയാൻ ഉപയോഗിച്ചിരുന്ന കല്ലുകളുടെ മനോഹാരിത ചൂണ്ടിക്കാണിച്ചുകൊണ്ടാണല്ലോ ശിഷ്യന്മാർ അവിടുത്തെ ശ്രദ്ധ ക്ഷണിച്ചത്. ഈ കല്ലുകളിൽ ഒന്നുപോലും ശേഷിക്കാതെ ദൈവാലയം മുഴുവൻ നശിപ്പിക്കപ്പെടും എന്നായിരുന്നു അവിടുത്തെ പ്രവചനം. ബാഹ്യമോടിയുള്ള ദൈവാലയത്തെക്കാൾ യഥാർത്ഥ ദൈവാലയമായ ഈശോയും അവിടുത്തെ പ്രബോധനവുമാണ് പ്രധാനപ്പെട്ടതെന്ന് അവിടുന്നു സൂചിപ്പിക്കുന്നു. പുതിയ ദൈവികഭവനത്തിൻ്റെ മൂലക്കല്ലായ (12,10-12) ഈശോ മിശിഹായെ തിരസ്‌കരിച്ചതുകൊണ്ടാണ് ദൈവാലയത്തിനു നാശം വന്നു ഭവിച്ചത്. ക്രിസ്തുവർഷം 70 ൽ ദൈവാലയം നശിപ്പിക്കപ്പെട്ടപ്പോൾ ഈശോയുടെ ഈ പ്രവചനം പൂർത്തിയാകുകയും ചെയ്തു. 

യാഹ്‌വേ ദൈവാലയം ഉപേക്ഷിച്ചാൽ നാശമാണതിന്റെ ഫലമെന്ന് പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ദൈവാലയത്തിൽ ആരാധിക്കാൻ വന്നവരോട് ജറെമിയാ പ്രവാചകൻ ഉദ്ഘോഷിച്ചു: “കർത്താവിന്റെ ആലയം, കർത്താവിൻ്റെ ആലയം, കർത്താവിൻ്റെ ആലയം എന്ന പൊള്ളവാക്കുകളിൽ ആശ്രയിക്കരുത്. നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തിയാൽ, അയൽക്കാരനോടു യഥാർത്ഥ നീതി പുലർത്തിയാൽ, പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്കരക്തം ചിന്താതെയുമിരുന്നാൽ, നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകേ പോകാതിരുന്നാൽ, ഇവിടെ, നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ദേശത്ത് എന്നേക്കും വസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും" (ജറെ 7,4-7). വീണ്ടും വീണ്ടും ദൈവം സംസാരിച്ചതു ജനം കേൾക്കാതിരുന്നതുകൊണ്ട് അവർ ആശ്രയം വയ്ക്കുന്ന ദൈവാലയം നശിപ്പിക്കപ്പെടുമെന്നും പ്രവാചകരറിയിച്ചു (എസ 9-11; മിക്ക 3,12). രക്ഷകനായ മിശിഹായെ ശ്രവിക്കാതിരുന്നതാണ് ദൈവാലയത്തിന്റെ യഥാർത്ഥ നാശത്തിനു കാരണമായത്. 

74 

ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ 

(13,3-8) 

ജറുസലേം ദൈവാലയത്തിൽനിന്നു പുറത്തുവന്ന ഈശോ ആ ദൈവാലയത്തിൻ്റെ നാശത്തെക്കുറിച്ചു പ്രവചിച്ചതു നാം കണ്ടു(13,1-2). അതിനുശേഷം അവിടുന്ന് ശിഷ്യന്മാരുമൊത്ത് ഒലിവുമലയിൽ ദൈവാലയത്തിനഭിമുഖമായി ഇരിക്കുമ്പോൾ, ആദ്യം വിളിക്കപ്പെട്ട ശിഷ്യന്മാരായ കേപ്പായും യാക്കോബും യോഹന്നാനും അന്ത്രയോസും അവിടുത്തെ പ്രവചനത്തെക്കുറിച്ച് (1,16-20) അവിടുത്തോട് അപേക്ഷിച്ചു: “ഇത് എപ്പോൾ സംഭവിക്കുമെന്നും സംഭവിക്കുന്നതിനു മുമ്പുള്ള അടയാളങ്ങൾ എന്താണെന്നും ഞങ്ങളോടു പറഞ്ഞാലും" (13,4). രണ്ടു കാര്യങ്ങളാണ് അവർക്ക് അറിയേണ്ടിയിരുന്നത്: ദൈവാലയം എപ്പോഴാണ് നശിപ്പിക്കപ്പെടുന്നത്, അതിനു മുമ്പുള്ള അടയാളങ്ങൾ എന്തെല്ലാമാണ്? ഈ ചോദ്യങ്ങൾക്ക് ഈശോ നല്‌കുന്ന ഉത്തരമാണ് മർക്കോ 13,5-37 ലെ യുഗാന്ത്യ പ്രഭാഷണം. വി. മർക്കോസിൻ്റെ സുവിശേഷത്തിലെ ഏറ്റവും ദൈർഘ്യമുള്ള പ്രഭാഷണമാണിത്. വെളിപാടു പുസ്‌തകത്തിന്റെ ശൈലിയാണ് ഈ അദ്ധ്യായത്തിനുള്ളത്. മർക്കോസിൻ്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗമായും ഇതിനെ കണക്കാക്കാം. തന്റെ ശാരിരികമായ അസാന്നിദ്ധ്യത്തിലും അവിടുത്തെ ശിഷ്യന്മാർ എപ്രകാരമാണ് വർത്തിക്കേണ്ടത് എന്നതിനുള്ള നിർദ്ദേശങ്ങളാണ് ഇതിലെ പ്രമേയം. 

ജറൂസലേം ദൈവാലയത്തിൻ്റെ നാശത്തെക്കുറിച്ചായിരുന്നു ശിഷ്യന്മാരുടെ ചോദ്യമെങ്കിലും അതിനെക്കുറിച്ചു വ്യക്തമായ സൂചനകളൊന്നും ഈശോ തന്റെ പ്രഭാഷണത്തിൽ നല്‌കുന്നില്ല. മറിച്ച്, ലോകാവസാനത്തിലെ മിശിഹായുടെ രണ്ടാമത്തെ വരവിനെക്കുറിച്ചും അതിനു മുമ്പുണ്ടാകാനിരിക്കുന്ന കെടുതികളെക്കുറിച്ചുമാണ് അവിടുന്നു ശിഷ്യന്മാരെ പഠിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഈശോ ദൈവാലയനാശത്തെക്കുറിച്ചു ചോദിച്ച ശിഷ്യന്മാരുടെ ശ്രദ്ധ യുഗാന്ത്യത്തിലേക്കു തിരിക്കുന്നത്? 

മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷ ആദിമ സഭയിൽ ശക്തമായിരുന്നു (hope in the imminent Parousia). മിശിഹാ മഹത്വപൂർണ്ണനായി ഉടൻ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസം 1 തെസ 4,13-18; 5,1-2; 2 തെസ 2,1-12 തുടങ്ങിയ പുതിയനിയമ ഭാഗങ്ങളിൽ വ്യക്തമായി കാണാം. ആദിമസഭയുടെ ഈ പശ്ചാത്തലത്തിലാണ് അന്ത്യത്തെ സംബന്ധിച്ച് ആരാലും വഞ്ചിതരാകാതിരിക്കാനുള്ള ഈശോയുടെ ആഹ്വാനം ഉദ്ധരിച്ചുകൊണ്ട് വി. മർക്കോസ് അവിടുത്തെ പ്രഭാഷണ വിവരണമാരംഭിക്കുന്നത്: "ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാൻ സുക്ഷിച്ചുകൊള്ളുവിൻ. 'ഞാനാണ് അവൻ' എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഞ്ചിക്കും" (13,5), മിശിഹായുടെ ശക്തിയും അധികാരവും അവകാശപ്പെട്ടുകൊണ്ട് പല വ്യാജ മിശിഹാമാരും പ്രത്യക്ഷപ്പെടുമെന്നും ലോകാന്ത്യത്തെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളുമായി പലരെയും വഴി പിഴപ്പിക്കാൻ ശ്രമിക്കുമെന്നുമാണ് അവിടുന്ന് അറിയിക്കുന്നത്. ലോകാവസാനത്തെക്കുറിച്ചുള്ള കിംവദന്തികളുമായി പ്രത്യക്ഷപ്പെടുന്നവർ ഇന്നും ധാരാളമുണ്ടല്ലോ. മൂന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ തന്നെയും എത്രയോ 'സിദ്ധന്മാർ' യുഗാന്ത്യത്തിൻ്റെ കൃത്യ തീയതികളുമായി ദുർബലാത്മാക്കളെ ഭീഷണിപ്പെടുത്തി! ഇക്കൂട്ടർക്കെതിരെ ജാഗ്രതയുള്ളവരായിരിക്കാനാണ് അവിടുന്നു തൻ്റെ ശിഷ്യന്മാരെ ഉപദേശിക്കുന്നത്. 

ഈശോമിശിഹായിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ച് യുദ്ധ വാർത്തകളോ വിപ്ലവങ്ങളെക്കുറിച്ചുള്ള കിംവദന്തികളോ ഭൂകമ്പങ്ങളോ ക്ഷാമങ്ങളോ കലഹങ്ങളോ ഒന്നും പരിഭ്രമത്തിനു കാരണമാകരുത് എന്നു കൂടി അവിടുന്നു വ്യക്തമാക്കി (13,7-8). ഇതൊന്നും യുഗാന്ത്യത്തിന്റെ അടയാളങ്ങളല്ല. ഇതുപോലുള്ള അവസരങ്ങളിൽ വിശ്വാസത്തിൽ ഉറച്ചുനിന്ന് ജീവിതം നയിക്കുകയെന്നതാണ് ക്രൈസ്‌തവോചിതമായ മനോഭാവം. മിശിഹായുടെ വഴി സഹനത്തിൻ്റെയും മരണത്തിൻ്റെയുമായിരുന്നതുപോലെ, അവിടുത്തെ അനുഗമിക്കുന്നവരുടെയും പാതയിൽ പരീക്ഷണങ്ങളും പീഡനങ്ങളും ദുരിതങ്ങളുമുണ്ടാകുമെന്ന് അവിടുന്നു മുൻകൂട്ടി അറിയിച്ചിരിക്കുന്നു. വി. മർക്കോസ് അഭിസംബോധന ചെയ്തിരുന്ന റോമിലെ ക്രൈസ്‌തവസമൂഹവും ഇത്തരത്തിലുള്ള മതപീഡനത്തിന്റെ അനുഭവത്തിലൂടെയാണല്ലോ കടന്നുപൊയ്ക്കൊണ്ടിരുന്നത്. 

75 

സുവിശേഷം എല്ലാ ജനങ്ങളെയും അറിയിക്കേണ്ടിയിരിക്കുന്നു (13,9-13) 

തന്നിലുള്ള വിശ്വാസത്തിന്റെ പേരിൽ തൻ്റെ ശിഷ്യന്മാർക്ക് നേരിടേണ്ടിവരുന്ന സഹനങ്ങളും പീഡനങ്ങളും എപ്രകാരം സ്വീകരിക്കണമെന്ന് ഈശോ പഠിപ്പിക്കുന്ന ഭാഗമാണ് മർക്കോ 13,9-13. പീഡനങ്ങളും സഹനങ്ങളും പോലും എപ്രകാരം മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതിനുള്ള അവസരമായി പരിണമിക്കുന്നുവെന്നും അവിടുന്ന് ഇവിടെ വ്യക്തമാക്കുന്നു. 

ജാഗരൂകത പാലിക്കാനുള്ള ആഹ്വാനത്തോടെയാണ് അവിടുന്നാരംഭിക്കുന്നത് (13,9). ക്രൈസ്‌തവർ എപ്പോഴും ഒരുങ്ങിയിരിക്കണം. കാരണം, ഏതു സമയത്താണ് അവർ അധികാരികൾക്ക് ഏല്‌പിച്ചുകൊടുക്കപ്പെടുന്നതെന്നും വിചാരണ ചെയ്യപ്പെടുന്നതെന്നും അറിഞ്ഞുകൂടാ. ഈശോയിലുള്ള വിശ്വാസത്തെപ്രതി സാൻഹൈദ്രിൻ സംഘങ്ങളിൽവച്ച് പ്രഹരിക്കപ്പെടുകയും വിജാതീയ ഭരണാധികാരികളുടെ മുമ്പിൽ വിചാരണയ്ക്കായി നിർത്തപ്പെടുകയും ചെയ്യുമ്പോൾ യഥാർത്ഥത്തിൽ അവർക്ക് മിശിഹായ്ക്കുവേണ്ടി സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കുകയാണ്. എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കണമെന്ന ദൈവികപദ്ധതി ഇപ്രകാരം പൂർത്തിയാവുകയുമാണ്. വിചാരണ ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഈശോയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവർ അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. ഈ സാക്ഷ്യംവഹിക്കൽ തന്നെയും ഈശോയെയും അവിടുത്തെ സുവിശേഷത്തെയും പ്രഘോഷിക്കലുമാണ് (13,10). 

പീഡനങ്ങളിലും പരീക്ഷണങ്ങളിലും പരിശുദ്ധാത്മാവിന്റെ സഹായവും അവിടുന്നു നമുക്കു വാഗ്ദാനം ചെയ്തിട്ടുണ്ട് : "അവർ നിങ്ങളെ കയ്യേല്പിക്കാനായി കൊണ്ടുപോകുമ്പോൾ എന്തു പറയണമെന്നു മുൻ കൂട്ടി ചിന്തിച്ച് ആകുലരാകേണ്ട. ആ സമയത്തു നിങ്ങൾക്കു തോന്നിച്ചു തരുന്നത് നിങ്ങൾ പറയുവിൻ. കാരണം, അപ്പോൾ നിങ്ങളല്ല, പരിശുദ്ധാത്മാവാണ് സംസാരിക്കുന്നത്" (13,11). ഈശോയിൽ വിശ്വസിക്കുകയും അവിടുത്തെ പ്രബോധനമനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ നിശ്ചയമായും പീഡിപ്പിക്കപ്പെടും എന്നറിയിച്ചശേഷം, അതോർത്തു വിഷമിക്കേണ്ടതില്ല എന്നവർക്കു ധൈര്യം നല്‌കുന്നു. കാരണം, ക്രൈസ്തവർ തനിച്ചല്ല; അവരെ സഹായിക്കാനായി പരിശുദ്ധാത്മാവ് എപ്പോഴും അവരോടൊപ്പമുണ്ട്. മിശിഹായ്ക്കു ധൈര്യപൂർവ്വം സാക്ഷ്യം നല്കാൻ വിശ്വാസികളെ ശക്തരാക്കിക്കൊണ്ടാണ് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നത്. എതിരാളികളുടെ മുമ്പിൽ നാം പറയേണ്ട കാര്യങ്ങൾ പോലും ദൈവത്തിന്റെ ആത്മാവ് നമ്മെക്കൊണ്ടു പറയിക്കും. വിശ്വാസത്തിന്റെ പേരിലുണ്ടാകാനിരിക്കുന്ന പീഡനങ്ങളെയോർത്തു ക്രൈസ്തവർ ആകുലരാകേണ്ടതില്ല എന്നു ചുരുക്കം. 

ഈശോമിശിഹായിൽ വിശ്വസിക്കുന്നതിന്റെ പേരിൽ സ്വന്തക്കാരിൽ നിന്നും ബന്ധുക്കളിൽനിന്നും ഏല്‌ക്കേണ്ടിവരുന്ന സഹനത്തെക്കുറിച്ചും അവിടുന്നു മുന്നറിയിപ്പു നല്‌കുന്നുണ്ട്: “സഹോദരൻ സഹോദരനെയും പിതാവു പുത്രനെയും മരണത്തിന് ഏല്‌പിക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ വഴക്കുകൂടി അവരെ കൊല്ലും. എന്റെ നാമം നിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും. എന്നാൽ, അവസാനംവരെ സഹിച്ചുനില്ക്കുന്നവൻ രക്ഷ പ്രാപിക്കും" (13,12-13). ഒരു വിജാതീയ കൂടുംബത്തിൽനിന്ന് ഒരു വ്യക്തി ഈശോയുടെ ശിഷ്യനാകുമ്പോൾ സ്വാഭാവികമായും മറ്റു കുടുംബാംഗങ്ങൾ അയാളെ കുടുംബത്തിൽനിന്നു പുറത്താക്കും. അവരിൽനിന്ന് അയാൾക്ക് പീഡനവും മരണംതന്നെയും ഏല്ക്കേണ്ടിവരും. മറ്റൊരവസരത്തിൽ ഈശോ പറഞ്ഞ വാക്കുകളുടെ അർത്ഥവും ഈ പശ്ചാത്തലത്തിലേ മനസ്സിലാവൂ. അവിടുന്ന് അരുളിച്ചെയ്തു: "ഞാൻ വന്നതു ഭൂമിയിൽ സമാധാനം സ്ഥാപിക്കാനാണെന്നു നിങ്ങൾ വിചാരിക്കരുത്. സമാധാനമല്ല, വാൾ സ്ഥാപിക്കാനാണ് ഞാൻ വന്നത്. മകനെ അപ്പനെതിരെയും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരെയും ഭിന്നിപ്പിക്കാനാണ് ഞാൻ വന്നത്. അങ്ങനെ ഒരുവന്റെ ശത്രുക്കൾ അവൻ്റെ വീട്ടിലുള്ളവർ തന്നെ ആയിരിക്കും" (മത്താ 10,34-35). ഈശോയിലുള്ള വിശ്വാസത്തെപ്രതി ഇപ്രകാരം സഹനമേല്ക്കേണ്ടിവരുന്നവർ സ്വജീവൻ രക്ഷിക്കുകയാണ്. 

76 

വിനാശത്തിന്റെ അശുദ്ധലക്ഷണം (13,14-23) 

ജറൂസലേം ദൈവാലയത്തിൻ്റെ നാശത്തെക്കുറിച്ച് ഈശോ പ്രവചിച്ച പശ്ചാത്തലത്തിലാണ് ആ സംഭവത്തിൻ്റെ സമയത്തെക്കുറിച്ചും അടയാളങ്ങളെക്കുറിച്ചും അവിടുത്തെ ശിഷ്യന്മാർ അവിടുത്തോട് ചോദിച്ചത് (13,1-4). അവരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മർക്കോ 13,14-23 ൽ. 

നില്ക്കരുതാത്തിടത്തു നില്ക്കുന്ന അശുദ്ധിയുടെയും നാശത്തിന്റെയും അടയാളമാണ് ദൈവാലയനാശത്തിൻ്റ സൂചനയായി ഈശോ നല്‌കുന്നത് (13,14). പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്‌തകത്തിൽ ഒരു വിനാശത്തിന്റെ അശുദ്ധ ലക്ഷണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട് (ദാനി 9,27; 11,31, 12, 11). സെലൂക്ക്യസ് (ഗ്രീക്ക്) രാജാവായിരുന്ന അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ യവനാചാരങ്ങൾ യഹൂദരുടെമേൽ അടിച്ചേല്പിക്കുന്നതിന്റെ ഭാഗമായി ക്രിസ്‌തുവിനുമുമ്പ് 167/8 ൽ, ജറൂസലേം ദൈവാലയത്തിലെ ധൂപപീഠത്തിൽ ഒരു വിജാതീയ ബലിപീഠവും സേവുസ് ദേവന്റെ പ്രതിമയും സ്ഥാപിച്ചു (1 മക്ക 1,54-59). പരിശുദ്ധമല്ലാത്തതൊന്നും പ്രവേശിച്ചിട്ടില്ലാത്ത ദൈവാലയത്തിലെ ഈ വിജാതീയ ബലിപീഠം “വിനാശത്തിന്റ ശ്ലേച്ഛത" എന്നാണ് അറിയപ്പെട്ടത്. "വായനക്കാരൻ ഗ്രഹിച്ചുകൊള്ളട്ടെ" എന്ന പ്രസ്‌താവനയിലൂടെ, പഴയനിയമം വായിക്കുന്നവർ ഈ പഴയനിയമ സംഭവം അനുസ്‌മരിച്ചുകൊള്ളട്ടെ എന്നാണ് സുവിശേഷകൻ അർത്ഥമാക്കിയത്. ഇതിനു സമാനമായ എന്തോ വീണ്ടും ജറൂസലേം ദൈവാലയത്തിൽ സംഭവിക്കാൻ പോകുന്നു എന്നായിരുന്നു ഈശോയുടെ വാക്കുകളുടെ അർത്ഥം. ക്രിസ്‌തുവർഷം 40 ൽ റോമൻ ചക്രവർത്തി കലുഗുള സ്വന്തം പ്രതിമ ജറൂസലേം ദൈവാലയത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചതിനെയാകാം ഈശോ ഇവിടെ ഉദ്ദേശിക്കുന്നത്. ഇതിനോടനുബന്ധിച്ചായിരിക്കണം ജറൂസലേം ദൈവാലയത്തിൻ്റെ നാശം ആരംഭിക്കുന്നത്. 

വിനാശത്തിന്റെ അശുദ്ധലക്ഷണം ദൈവാലയത്തിൽ കാണപ്പെടുമ്പോൾ യൂദയായിലുള്ളവർ മലയിലേക്ക് ഓടിപ്പോകട്ടെ എന്ന ആഹ്വാനവും ഈശോ നല്‌കുന്നുണ്ട് (13,14). യൂദയാ പ്രദേശത്താണല്ലോ ജറുസലേമും ദൈവാലയവും. ആ പ്രദേശംതന്നെ വിട്ടുപൊയ്ക്കൊള്ളാനാണ് ആഹ്വാനം. ജോലിസ്ഥലത്തായിരിക്കുന്നവർക്ക് - അതു പുരമുകളിലായാലും വയലിലായാലും - സ്ഥലം വിട്ടുപോകുന്നതിനുമുമ്പ് എന്തെങ്കിലും വീട്ടിൽ പോയി എടുക്കാൻ സമയമുണ്ടായിരിക്കുകയില്ല (13,15 -16). കാരണം, അത്രയും വേഗത്തിൽ പലായനം ആരംഭിക്കണം. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും കുഞ്ഞിനെയും കൊണ്ട് ഓടാൻ വിഷമമാണല്ലോ (13,17). ശീതകാലത്തെ യാത്ര അതീവ ക്ലേശകരമായിരിക്കും. അതുകൊണ്ട് ആ സമയത്ത് അതു സംഭവിക്കാതിരിക്കാനായി പ്രാർത്ഥിക്കാൻ അവിടുന്നു തൻ്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു (13,18). യാതനകളുടെ ആധിക്യം നിമിത്തമാണ് ഇത്ര പെട്ടെന്നു പലായനം ചെയ്യേണ്ടി വരുന്നത് (13,19-20). കാരണം, ലോകാരംഭം മുതൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ദുരിതങ്ങളാണ് അപ്പോൾ ഉണ്ടാകാനിരിക്കുന്നത്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടവരെ ഉദ്ദേശിച്ച് ദൈവം ആ ദിനങ്ങൾ ചുരുക്കും. ഇത് വിശ്വാസികളെ സംബന്ധിച്ച് വലിയ ആശ്വാസത്തിനു നിദാനമാണ്. 

ക്ലേശങ്ങളുടെയും ദുരിതങ്ങളുടെയും കാലത്ത് നിരവധി വ്യാജ പ്രവാചകന്മാരും മിശിഹാമാരും പ്രത്യക്ഷപ്പെടും. ചെപ്പടിവിദ്യകൾ കാണിച്ച് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരക്കാരെ സൂക്ഷിച്ചുകൊള്ളണമെന്ന ഉപദേശവുമായാണല്ലോ അവിടുന്നു തന്റെ പ്രഭാഷണമാരംഭിച്ചതുതന്നെ (13,5-6). 'മിശിഹാ രണ്ടാമതും വന്നുകഴിഞ്ഞു; അവിടുന്ന് അവിടെയുണ്ട്, അല്ലെങ്കിൽ ഇവിടെയുണ്ട്' എന്നു പറഞ്ഞു പ്രത്യക്ഷപ്പെടുന്ന വ്യാജപ്രവാചകന്മാർക്കെതിരെ മുൻകരുതലുള്ളവരായിരിക്കണം എന്നാണവിടുന്നു തന്റെ ശിഷ്യന്മാരെ ഓർമ്മിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം ആദിമസഭയിൽ നിലനിന്നിരുന്നതായി വി. യോഹന്നാൻ തൻ്റെ ആദ്യലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട് (1 യോഹ 2,18-29). 

77 

മനുഷ്യപുത്രന്റെ ആഗമനം (13,24-27) 

യുഗാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്നത് എന്തെന്ന് ശിഷ്യന്മാർക്കു വിശദീകരിച്ചു നല്‌കുന്ന രംഗമാണ് മർക്കോ 13,24-27 ൽ. യുഗാന്ത്യത്തിനു മുമ്പുണ്ടാകാനിരിക്കുന്ന യുദ്ധം, ഭൂകമ്പം, മതപീഡനം തുടങ്ങിയ യാതനകളോട് എപ്രകാരമാണ് പ്രതികരിക്കേണ്ടതെന്ന് തൻ്റെ ശിഷ്യന്മാരെ പഠിപ്പിച്ചശേഷമാണ് (13,5-23) ഈശോ ലോകാവസാനത്തിൻ്റെ ലക്ഷണങ്ങൾ അവർക്കു വ്യക്തമാക്കി കൊടുക്കുന്നത്. 13-ാം അദ്ധ്യായത്തിലെ പ്രഭാഷണത്തിൻ്റെതന്നെ കേന്ദ്രഭാഗമാണിത്. മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടാനിരിക്കുന്ന മനുഷ്യപുത്രൻ്റെ സാന്നിദ്ധ്യമായിരിക്കും യുഗാന്ത്യത്തിന്റെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയ്ക്കായാണ് അവിടുന്നു വീണ്ടും വരുന്നത്. 

മനുഷ്യപുത്രന്റെ ആഗമനത്തിൻ്റെ ഭാഗമായി പ്രപഞ്ചശക്തികൾ ആദ്യം തകരും. "സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശിക്കുകയില്ല; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശശക്തികൾക്ക് ഇളക്കം തട്ടും" (13,24-25). വരാനിരുന്ന കർത്താവിൻ്റെ ദിനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ച പ്രവാചകന്മാരായ ഏശയ്യായും (13,10; 34,4) എസക്കിയേലും (32,7 -8)ജോയേലുമൊക്കെ (2,10; 3,15; 4,15) ഇതേ ഭാഷയുപയോഗിച്ചാണ് ആ ദിനത്തെ വർണ്ണിച്ചിരിക്കുന്നത്. മിശിഹായുടെ രണ്ടാമത്തെ ആഗമനത്തിൽ സൃഷ്ടിയിലാരംഭിച്ച ദൈവത്തിൻ്റെ രക്ഷാകരപദ്ധതി (ഉത്പ 1,1-19) അതിന്റെ പൂർണ്ണതയിലെത്തും. സൃഷ്ടപ്രപഞ്ചം മുഴുവൻ സ്രഷ്ട‌ാവിന്റെ ഈ രക്ഷാകരദിനം കാത്തിരിക്കുകയാണ് (1 കോറി 15,24-28). 

സ്വർഗീയ മഹത്വവും അധികാരവുമുള്ളവനായാണ് മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടാനിരിക്കുന്നത് (13,26). പാപത്തിന്മേലും (2,10) സാബത്തിന്മേലും (2,28) മനുഷ്യപുത്രനെന്ന നിലയിൽ ഈശോയ്ക്കുള്ള അധികാരം അവിടുന്നു തെളിയിച്ചതാണ്. മേഘങ്ങളിലാണ് അവിടുന്ന് ആഗതനാകുന്നത്. പഴയനിയമത്തിൽ മേഘം ദൈവസാന്നിദ്ധ്യത്തിൻ്റെ അടയാളമാണ്. മരുഭൂമിയാത്രയിൽ ഇസ്രായേൽ ജനത്തിന് മേഘസ്‌തംഭത്തിലൂടെയാണല്ലൊ ദൈവം വഴി കാട്ടിയത് (പുറ 13,21-22). ദൈവം സീനായ് മലമുകളിൽ മോശയ്ക്കു പ്രത്യക്ഷപ്പെട്ടതും മേഘത്തിലായിരുന്നു (പുറ 19). രൂപാന്തരീകരണവേളയിൽ മേഘത്തിൽ നിന്നാണ് ദൈവപിതാവിന്റെ സ്വരമുണ്ടായത് (9.6). യുഗാന്ത്യത്തിൽ വരാനിരിക്കുന്ന മനുഷ്യപുത്രനും ഇതേ ദൈവികമഹത്വത്തിലാണ് പങ്കുചേരുന്നത് എന്നാണ് മേഘത്തിന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നത്. 

വാനമേഘങ്ങളിൽ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുന്ന മനുഷ്യ പുത്രൻ തന്റെ ദൂതന്മാരെ അയച്ച്, ഭൂമിയുടെ അതിർത്തിമുതൽ ആകാശത്തിന്റെ അതിർത്തിവരെ നാലു ദിക്കുകളിലും നിന്ന് തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ വിളിച്ചുകൂട്ടും (13,27). ചിതറിക്കിടക്കുന്ന ദൈവജനത്തെ അവസാനനാളുകളിൽ ദൈവം ഒരുമിച്ചുകൂട്ടുമെന്നത് ഇസ്രായേൽ ജനത്തിന്റെ പ്രതീക്ഷയുടെ ഭാഗമായിരുന്നു (നിയമാ 30,3-4; ഏശ 11, 12; ജറെ 23,3; എസ് 11,17). തന്നിൽ വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള സകലരെയും മനുഷ്യപുത്രൻ ഒരുമിച്ചുകൂട്ടും. 

ഇതെക്കുറിച്ചു വി. പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നു: “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടുതുലനം ചെയ്ത‌ാൽ, ഇപ്പോഴുള്ള ക്ളേശങ്ങൾ നിസ്സാരമെന്നു ഞാൻ കരുതുന്നു. ദൈവമക്കളുടെ വെളിപ്പെടലിനായി സൃഷ്‌ടപ്രപഞ്ചം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൃഷ്ടലോകം വ്യർത്ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു... ഈ സൃഷ്ടലോകം തന്നെ ജീർണ്ണതയുടെ അടിമത്തത്തിൽനിന്നു മോചനം നേടുകയും ദൈവ മക്കളുടെ മഹത്വപൂർണ്ണമായ സ്വാതന്ത്യം പ്രാപിക്കുകയും ചെയ്യും. എന്തെന്നാൽ, സൃഷ്‌ടലോകം ഇന്നോളം തീവ്രവേദന അനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നുവെന്നു നാം അറിയുന്നു" (റോമാ 8,18-25). ലോകാവസാനത്തിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രനായ മിശിഹാ തന്നിൽ വിശ്വസിക്കുന്നവരെ മുഴുവനും തന്നിൽ ഏകോപിപ്പിച്ച് പിതാവായ ദൈവത്തിനു സമർപ്പിക്കും. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത്, ഇവ സംഭവിക്കുന്നതിനുമുമ്പ് സുവിശേഷം എല്ലാ ജനതകളോടും പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് (13,10). സകലരെയും സുവിശേഷം അറിയിക്കുവാനുതകുംവിധം ജീവിക്കുക എന്നതാണ് നമ്മുടെ ധർമ്മം. 

78 

പിതാവല്ലാതെ ആരും അറിയാത്ത ദിവസവും മണിക്കൂറും (13,28-37) 

പലസ്തീനായിൽ സാധാരണമായ ഒരു വൃക്ഷമാണ് അത്തി. ശീതകാലത്ത് അതിൻ്റെ ഇലകൾ പൂർണ്ണമായി കൊഴിയും. വേനൽക്കാലം ആരംഭിക്കുമ്പോഴേയ്ക്കും വീണ്ടും അതിൽ പുതിയ ഇലകൾ വന്നുതുടങ്ങും. അത്തിമരത്തിൻ്റെ ശാഖകൾ ഇളതായി ഇലകൾ തളിർക്കുമ്പോൾ വേനൽക്കാലം അടുത്തുവെന്ന് ഏതൊരു പലസ്തീനാക്കാരനും മനസ്സിലാക്കും. അതുപോലെതന്നെ, യുഗാന്ത്യത്തിനു മുമ്പു സംഭവിക്കുമെന്ന് ഈശോ പറഞ്ഞ കാര്യങ്ങൾ നിറവേറുന്നതായി കാണുമ്പോൾ അന്ത്യം അടുത്തിരിക്കുന്നു എന്നറിഞ്ഞുകൊള്ളുവാൻ ഈശോ തൻ്റെ ശിഷ്യന്മാർക്കു നിർദ്ദേശം നല്‌കുന്നതാണ് മർക്കോ 13,28-30 ൽ കാണുന്നത്. 

മിശിഹായുടെ മഹത്വപൂർണ്ണമായ രണ്ടാമത്തെ വരവ് ഉടൻ സംഭവിക്കുമെന്ന് ആദിമക്രൈസ്‌തവർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിനടിസ്ഥാനം യുഗാന്ത്യപ്രഭാഷണവേളയിലെ ഈശോയുടെതന്നെ വാക്കുകളാണ്. അവിടുന്ന് അരുളിച്ചെയ്‌തു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോകുകയില്ല" (13,30). മതമർദ്ദനത്തിനു വിധേയരായിരുന്ന വിശ്വാസികളെ സംബന്ധിച്ച് ഈ വിശ്വാസം വലിയൊരാശ്വാസവുമായിരുന്നു. ആകാശവും ഭൂമിയും കടന്നുപോയാലും തൻ്റെ വചനങ്ങൾ നിറവേറാതിരിക്കില്ല എന്നും അവിടുന്നു കൂട്ടിച്ചേർത്തു (13,31). 

താൻ മഹത്വപൂർണ്ണനായി രണ്ടാമതും വരുമെന്ന് അരുളിച്ചെയ്ത അവിടുന്ന് അതിൻ്റെ സമയത്തെക്കുറിച്ചു പരിപൂർണ്ണ നിശ്ശബ്‌ദത പാലിച്ചു. അവിടുന്നു പറഞ്ഞു: "ആ ദിവസമോ മണിക്കൂറോ പിതാവല്ലാതെ ആരും, സ്വർഗീയദൂതരോ പുത്രൻതന്നെയോ അറിയുന്നില്ല" (13,32). രക്ഷാകര പദ്ധതി മുഴുവൻ്റെമേലും പിതാവായ ദൈവത്തിനുള്ള പരമാധികാരമാണ് ഇവിടെ വെളിവാകുന്നത്. അവിടുത്തെ പുനരാഗമനത്തിന്റെ കൃത്യസമയം അറിയില്ലാത്തതുകൊണ്ട് എപ്പോഴും ഒരുങ്ങിയിരിക്കുവാൻ നമുക്കു കടമയുണ്ട്. “സദാ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ" എന്നാണ് അവിടുന്ന് ഉപദേശിക്കുന്നത് (13,33). 

ശിഷ്യരായ നമ്മെ കാര്യസ്ഥന്മാരായ ഭൃത്യന്മാരോടാണ് അവിടുന്നുപമിക്കുന്നത് (13,34-36). നമ്മെ തൻ്റെ ഭവനത്തിൻ്റെ മേല്നോട്ടവും ഓരോരോ ഉത്തരവാദിത്വങ്ങളും ഏല്പിച്ചശേഷം അവിടുന്നു പിതാവിന്റെ പക്കലേയ്ക്കു യാത്ര പോയിരിക്കുകയാണ്. അപ്രതീക്ഷിതമായി ഏതു സമയത്ത് യജമാനനായ അവിടുന്നു തിരിച്ചു വന്നാലും നമ്മെ ഒരുക്കമുള്ളവരായി കാണാനിടയാകണം. "ജാഗരൂകരായിരിക്കുവിൻ" എന്ന കല്പനയോടെയാണ് അവിടുന്നു തന്റെ യുഗാന്ത്യപ്രഭാഷണം അവസാനിപ്പിക്കുന്നതിന്റെ അർത്ഥമതാണ് (13,37). കാര്യസ്ഥർക്കു വിശ്വസ്തത കൂടിയേ തീരൂ. അവിടുന്നു നമ്മെ ഭരമേല്‌പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായും ഭംഗിയായും നിർവ്വഹിച്ചുകൊണ്ടുവേണം നാം ഒരുങ്ങിയിരിക്കാൻ. ഏതു സമയത്തും കാര്യസ്‌ഥതയുടെ കണക്കു ബോധിപ്പിക്കുവാൻ തക്കവിധം കരുതലോടെ വേണം ക്രൈസ്‌തവർ ഈ ലോകത്തിൽ ജീവിക്കാൻ എന്നു സാരം. 

VI 

ഈശോയുടെ സഹനമരണോത്ഥാനങ്ങൾ 

(14,1-16,8) 

യഹൂദർ പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിച്ചിരുന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാളിനോടനുബന്ധിച്ച് പന്ത്രണ്ടു പേരിലൊരുവനായ യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാൻ സമ്മതിക്കുന്നതോടെ യഹൂദമതനേതാക്കൾ അവിടുത്തെ വധിക്കാൻ തയ്യാറാക്കിയിരുന്ന പദ്ധതി വിജയിക്കുന്നതാണ് ഈ ഭാഗത്തു വി. മർക്കോസ് വിവരിക്കുന്നത്. ബേഥനിയായിലെ തൈലാഭിഷേകവും അന്ത്യത്താഴവും അവിടുത്തെ മരണത്തിൻ്റെ ഏറ്റവുമടുത്ത സൂചനകളായിരുന്നു. ഗതസേമനിയിലെ പ്രാർത്ഥനയിൽ അവിടുത്തെ മനുഷ്യത്വം പൂർണ്ണമായി വെളിവാകുന്നു. സാൻഹെട്രിൻ സംഘത്തിനു മുമ്പിൽ വച്ച് ഈശോ തന്റെ മിശിഹാത്വം പരസ്യമായി പ്രഘോഷിക്കുന്ന സമയത്താണ് പത്രോസ് അവിടുത്തെ അറിയുക പോലുമില്ലെന്നു പറയുന്നത്! ശിഷ്യത്വത്തിൻ്റെ അതിദയനീയമായ പരാജയമാണ് സുവിശേഷകൻ ഈ ഭാഗത്ത് ഊന്നൽ നല്‌കി അവതരിപ്പിക്കുന്ന ഒരു പ്രധാന പ്രമേയം. അവിടുത്തെ മരണവേളയിൽ ഒരു വിജാതീയനായ ശതാധിപനാണ് അവിടുത്തെ ദൈവപുത്രത്വം ഏറ്റുപറയുന്നത്.

79 

ഈശോയെ വധിക്കാൻ 

ഗൂഢാലോചന(14,1-2.10-11) 

ഈശോയുടെ പരസ്യജീവിതത്തിൻ്റെ ആരംഭംമുതൽ അവിടുത്തെ നശിപ്പിക്കാനുള്ള പദ്ധതിയുമായി (3,6) അവിടുത്തെ പിന്നാലെ നടന്നിരുന്ന പ്രീശരും നിയമജ്ഞരും പ്രധാനാചാര്യന്മാരും അവിടുത്തെ പിടികൂടി വധിക്കാൻ ആലോചിക്കുന്നതാണ് മർക്കോ 14,1-2ൽ വിവരിക്കപ്പെടുന്നത്. ഈശോ ദൈവാലയത്തെ ശുദ്ധീകരിച്ചതും ദൈവാലയാധികൃതരെ വിമർശിച്ചതും (11,15-17) ഇഷ്ട‌പ്പെടാതിരുന്ന യഹൂദനേതാക്കൾ അവിടുത്തെ നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു (11,18). ദുഷ്‌ടരായ കൃഷിക്കാരുടെ ഉപമ അവിടുന്ന് അരുളിച്ചെയ്‌തത്‌ തങ്ങളെ ഉദ്ദേശിച്ചാണ് എന്നു മനസ്സിലാക്കിയ അവർ അവിടുത്തെ പിടികൂടാൻ അവസരം പാർത്തിരിക്കുകയായിരുന്നു (12,1-12). ഇതിന്റെയെല്ലാം പരിസമാപ്‌തിയാണ് ഈശോയ്ക്കെതിരെയുള്ള ഗൂഢാലോചനയിൽ നാം കാണുന്നത്. 

യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ പെസഹായുടെ പശ്ചാത്തലത്തിലാണ് മതനേതാക്കന്മാർ അവിടുത്തെ പിടികൂടാൻ തീരുമാനിച്ചത്. ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നുള്ള തങ്ങളുടെ വിമോചനം വർഷം തോറും അനുസ്‌മരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്ന അവസരമായിരുന്നു പെസഹാത്തിരുനാൾ. യഹൂദകലണ്ടർ പ്രകാരമുള്ള നീസാൻ മാസം 15 -ാം തീയതിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. “പെസഹാ" എന്ന വാക്കിന്റെ അർത്ഥം “കടന്നുപോകൽ" എന്നാണല്ലോ. സംഹാരദൂതൻ ഇസ്രായേൽ ഭവനങ്ങളെ ശിക്ഷിക്കാതെ കടന്നുപോയതും ഇസ്രായേൽക്കാർ അപകടരഹിതരായി ചെങ്കടൽ കടന്നുപോന്നതും അനുസ്മരിച്ചു കൊണ്ട് നീസാൻ മാസം 14-ാം തീയതി ഉച്ചകഴിഞ്ഞ് ദൈവാലയപരിസരത്തുവച്ച് പെസഹാക്കുഞ്ഞാടിനെ കൊന്നിരുന്നു. സൂര്യാസ്തമയത്തിനുശേഷമാണ് കൂടുംബാംഗങ്ങൾ ഒന്നിച്ച് പെസഹാഭക്ഷണം പങ്കിട്ടിരുന്നത് (പുറ 12,1-14; സംഖ്യ 9,2-114).

പെസഹാത്തിരുനാളിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന മറ്റൊരു തിരുനാളാണ് പുളിപ്പില്ലാത്ത അപ്പത്തിന്റേത് (പുറ 12,15-20; 23,15; 34,18). ഇതു പ്രധാനമായും വിളവെടുപ്പു തിരുനാളായിരുന്നു. നീസാൻ മാസം 15 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. ക്രമേണ ഈ തിരുനാളും പെസഹാത്തിരുനാളിനോടു ചേർത്ത് ആഘോഷിച്ചുതുടങ്ങി (ലേവ്യ 23,5-6; സംഖ്യ 28,16-17). ഭക്തരായ അനേകം യഹൂദർ ഒരാഴ്‌ച നീണ്ടുനിന്ന ഈ തിരുനാളുകളിൽ പങ്കെടുക്കാനായി ജറൂസലേമിൽ എത്തിയിരുന്നു. ഈജിപ്തിൽ നിന്നുള്ള വിമോചനം അനുസ്മരിച്ചിരുന്നതോടൊപ്പം മിശിഹായിലൂടെ ലഭിക്കാനിരിക്കുന്ന ഭാവിരക്ഷയിൽ കണ്ണുനട്ടുകൊണ്ടുകൂടിയായിരുന്നു യഹൂദർ ഈ തിരുനാളുകൾ ആഘോഷിച്ചിരുന്നത്. ഇവയ്ക്കു രണ്ടു ദിവസം മുമ്പാണ് പ്രധാനാചാര്യന്മാരും നിയമജ്ഞരും ഈശോയെ പിടികൂടാൻ ആലോചിച്ചത്. അവിടുത്തെ അധികാരത്തെ വെല്ലുവിളിച്ചും (11,27-33) വാക്കിൽ കുടുക്കാൻ ശ്രമിച്ചും (12,13) പരാജിതരായ പ്രധാനാചാര്യന്മാരും നിയമജ്ഞരും ചതിവിൽ അവിടുത്തെ പിടിക്കാനാണ് ആലോചിക്കുന്നത്. അവർ ഉപയോഗിക്കുന്ന ചതിവിന്റെ മാർഗം അവരുടെ ദുഷ്‌ടതയുടെ കാഠിന്യം വ്യക്തമാക്കുന്നതോടൊപ്പം ഈശോയുടെ നിഷ്കളങ്കത തെളിയിക്കുകകൂടി ചെയ്യുന്നുണ്ട്. 

എപ്പോഴും തന്റെ “കൂടെയായിരിക്കാൻ" വേണ്ടി ഈശോ തിരഞ്ഞടുത്തു പരിശീലിപ്പിച്ച പന്ത്രണ്ടു പേരിലൊരുവനായ യൂദാസാണ് (3,14) ഈശോയെ ചതിവിൽ പിടികൂടാൻ ആഗ്രഹിച്ചിരുന്ന പ്രധാനാചാര്യന്മാരോടും നിയമജ്ഞരോടും (14,1-2) ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്തത് (14,10-11). യൂദാസിൻ്റെ ഈ പ്രവൃത്തിയുടെ ഹീനത അജ്ഞാതയായ സ്ത്രീയുടെ തൈലാഭിഷേകത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമാകുന്നു. ചതിവിൽ ഈശോയെ പിടിക്കാനിരുന്ന മത നേതാക്കൾക്ക് അവിടുത്തെ ഒറ്റിക്കൊടുക്കാനുള്ള യൂദാസിൻ്റെ സന്നദ്ധത വലിയ സന്തോഷത്തിനു കാരണമായി (14,11). ഇതിനു പ്രതിഫലമായി പണം കൊടുക്കാമെന്ന് അവർ വാഗ്ദ‌ാനം ചെയ്യുകയും ചെയ്‌തു. തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് കർത്താവിൻ്റെ ശിരസ്സിൽ പൂശാനായി തൈലം വാങ്ങിയ സ്ത്രീയെവിടെ? ഒരല്‌പം പണത്തിനുവേണ്ടി ഗുരുവിനെ ഒറ്റിക്കൊടുക്കുന്ന ശിഷ്യനെവിടെ? 

80 

സംസ്കാരത്തിനൊരുക്കമായുള്ള തൈലാഭിഷേകം (14,3-9) 

ഈശോയ്ക്ക് ഏറെ ഇഷ്‌ടപ്പെട്ട ഗ്രാമമായിരുന്നു ബേഥനിയാ. ജറുസലേമിലെത്തിയ ദിവസം വൈകിട്ട് ഈശോ തൻ്റെ ശിഷ്യരുമൊത്ത് ബേഥനിയായിലേയ്ക്കാണല്ലൊ പിൻവാങ്ങിയത് (11,11). അവിടെയായിരുന്നു അവിടുത്തെ സുഹൃത്തായ ലാസറിന്റെയും അദ്ദേഹത്തിൻ്റെ സഹോദരിമാരായ മർത്തായുടെയും മറിയത്തിൻ്റെയും ഭവനം (ലൂക്കാ 10,38-41; യോഹ 11). അവിടെ ഈശോയ്ക്കു വേറെയും സ്നേഹിതർ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്ന സംഭവമാണ് മർക്കോ 14,3-9 ൽ വിവരിക്കുന്നത്. ജറൂസലേമിൽ അവിടുത്തേക്കു ലഭിക്കാതിരുന്ന സ്വീകരണം ബേഥനിയായിൽ കിട്ടി. 

ഇപ്രാവശ്യം ഈശോ കുഷ്‌ഠരോഗിയായ ശിമയോൻ വിട്ടിലാണ് കാണപ്പെട്ടത്. സമൂഹത്തിൽനിന്നു ഭ്രഷ്‌ടു കല്‌പിക്കപ്പെട്ടവരായിരുന്നു കുഷ്ഠരോഗികൾ. പൊതുവേദികളിലോ ആരാധനാസ്ഥലത്തോ പ്രത്യക്ഷപ്പെടുന്നതിനു പോലും അവർക്കർക്കവകാശമില്ലായിരുന്നു (1,40-44). 'രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം' എന്നറിഞ്ഞിരുന്ന ഈശോ (2,17) ഇപ്രകാരമുള്ള ഒരു കുഷ്‌ഠരോഗിയുടെ ഭവനത്തിലേയ്ക്കാണ് ബേഥനിയായിലെത്തിയശേഷം പോയത്. ജറുസലേമിൽ ഈശോയ്ക്കെതിരായ ആലോചന തകൃതിയായി നടക്കുമ്പോഴും അവിടുന്ന് കുഷ്‌ഠരോഗിയായ ശിമയോന്റെ വീട്ടിൽ സമൂഹത്തിൽ നിന്നു പുറന്തള്ളപ്പെട്ടവരുമൊന്നിച്ച് ഭക്ഷണമേശാസൗഹൃദം പങ്കിടുന്നു. 

അതിഥിയുടെ ശിരസ്സിൽ തൈലം പൂശി സ്വീകരിച്ച് ഭക്ഷണത്തിനിരുത്തുക എന്നത് യഹൂദ ആതിഥ്യമര്യാദയുടെ ഭാഗമാണ് (സങ്കീ 23,5; 133,2; 141,5; ലൂക്കാ 7,46). കുഷ്‌ഠരോഗിയായ ശിമയോന്റെ ഭവനത്തിൽ വിരുന്നിനിരുന്ന ഈശോയുടെ ശിരസ്സിൽ തൈലം പൂശിയത് അജ്ഞാതയായ ഒരു സ്ത്രീയാണ്. വി. യോഹന്നാൻ്റെ വിവരണമനുസരിച്ച് ഈ സ്ത്രീ മർത്തായുടെ സഹോദരിയായ മറിയമാണ് (യോഹ 12,3). മർക്കോസിനെ സംബന്ധിച്ച് ആരാണിതു ചെയ്ത‌ത്‌ എന്നതിലുപരി ആ പ്രവൃത്തിയും അതെക്കുറിച്ചുള്ള ഈശോയുടെ പ്രസ്‌താവനയുമാണ് പ്രാധാന്യ മർഹിക്കുന്നത്. എന്തു ലക്ഷ്യത്തോടെയാണ് അവളിതു ചെയ്‌തതെന്നും വി. മർക്കോസ് സൂചിപ്പിക്കുന്നില്ല. വി. ലൂക്കായുടെ സുവിശേഷത്തിൽ കാണുന്നതുപോലെ, ഈശോയോടുള്ള സ്നേഹത്തിൻ്റെയോ നന്ദിയുടെയോ പ്രകടനമായാകാം അവളതു ചെയ്‌തത് (ലൂക്കാ 7,47). 

വിലയേറിയ മേല്ത്തരം ശുദ്ധനാർദ്ദീൻ സുഗന്ധതൈലമാണ് അവൾ അവിടുത്തെ ശിരസ്സിൽ പൂശിയത്. മുന്നൂറിലേറെ ദെനാറയ്ക്കുള്ള സുഗന്ധതൈലമായിരുന്നു അതെന്നാണ് കണ്ടുനിന്നവർ വിലയിരുത്തിയത്. ഈശോയുടെ കാലത്ത് പലസ്‌തീനായിലെ ഒരു ദിവസത്തെ പണിക്കൂലി ഒരു ദെനാറയായിരുന്നു. ഈ പ്രവൃത്തിയിൽ അമർഷം തോന്നിയ ചിലർ അവിടെയുണ്ടായിരുന്നു. അവർ ഇപ്രകാരം ചിന്തിച്ചു: 'ഇത് ഇങ്ങനെ പാഴാക്കിക്കളയുന്നതെന്തിന്? ഇതു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?' (14,5). അവർക്കു സഹായിക്കാനായി ദരിദ്രർ എപ്പോഴും അവരുടെ കൂടെയുണ്ടാകുമെന്നും എന്നാൽ കുറച്ചു സമയംകൂടി മാത്രമേ താൻ അവരോടൊപ്പമുണ്ടാവുകയുള്ളുവെന്നും അതുകൊണ്ട് അവളുടെ പ്രവൃത്തിക്ക് ന്യായീകരണമുണ്ടെന്നും ഈശോ വ്യക്തമാക്കി (14.6). മാത്രമല്ല. അവൾ തനിക്കായി ഒരു മനോഹരകൃത്യമാണ് ചെയ്ത‌ിരിക്കുന്നത് എന്നു കൂടി അവിടുന്നു പ്രസ്‌താവിച്ചു: "എൻ്റെ ശവസംസ്‌കാരത്തിനായി അവൾ ഇതാ, മുൻകൂട്ടിത്തന്നെ എൻ്റെ ശിരസ്സിൽ തൈലം പൂശിയിരിക്കുന്നു" (14,8) ഈശോയുടെ "മിശിഹാത്വം" പരോക്ഷമായെങ്കിലും സൂചിപ്പിക്കുന്നതാണ് ഈ അഭിഷേകം. ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നിടത്തെല്ലാം അവൾ ചെയ്ത‌ കാര്യവും അവളുടെ ഓർമ്മയ്ക്കായി പ്രസ്ത‌ാവിക്കപ്പെടുമെന്നും അവിടുന്നു പ്രവചിച്ചു (14.9). 

81 

നിനക്കു ഞങ്ങൾ എവിടെ പെസഹാ ഒരുക്കണം? (14,12-16) 

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ദൈവം ഇസ്രായേൽ ജനത്തെ വിമോചിപ്പിച്ച സംഭവം അനുസ്‌മരിച്ചുകൊണ്ട് അറക്കപ്പെട്ട കുഞ്ഞാടിന്റെ മാംസം ഭക്ഷിച്ചിരുന്ന യഹൂദതിരുനാളാണ് പെസഹാ. 'പെസഹാ' എന്ന വാക്കിന്റെ അർത്ഥം 'കടന്നുപോകൽ' എന്നാണ്. ഈജിപ്‌തുകാരുടെ ആദ്യജാതരെ സംഹരിച്ച ദൈവദൂതൻ ഈജിപ്‌തിലുണ്ടായിരുന്ന ഇസ്രായേല്ക്കാരുടെ ഭവനങ്ങളെ ഉപദ്രവിക്കാതെ 'കടന്നുപോയ' തിനെയാണ് മുഖ്യമായും ഈ തിരുനാളിൽ ഓർമ്മിച്ചിരുന്നത് (പുറ 12,1-28). ദൈവസഹായത്താൽ ഇസ്രായേൽക്കാർ അത്ഭുതകരമായി ചെങ്കടൽ 'കടന്ന'തിനെയും അനുസ്‌മരിച്ചിരുന്നു (പുറ 14,1-31). ഈ കടന്നുപോകലുകളായിരുന്നു ഈജിപ്തിൽ നിന്നുള്ള ഇസ്രായേല്ക്കാരുടെ വിമോചനത്തിന്റെ പ്രധാന നിമിഷങ്ങൾ. ഈ വിമോചനമായിരുന്നു അവരുടെ അസ്‌തിത്വത്തിനടിസ്ഥാനവും. 

യഹൂദരുടെ തിരുനാളുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പെസഹാ. ഓരോ യഹൂദകുടുംബവും നീസാൻ മാസം 14-ാം തീയതിയാണ് ഇത് ആഘോഷിച്ചിരുന്നത്. ഈജിപ്‌തിൽ നിന്നു പുറപ്പെട്ടപ്പോൾ മാവു പുളിപ്പിക്കാൻ സാവകാശമില്ലാതിരുന്നതുകൊണ്ട് പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ഓരോ പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണമെന്നു നിയമമുണ്ടായിരുന്നു (പുറ 12,15-20). അതു കൊണ്ടാണ് ഈ തിരുനാൾ പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ എന്നറിയപ്പെട്ടിരുന്നത് (14.1). 

ജറൂസലേമിലേയ്ക്കു തീർത്ഥാടനം പോയിരുന്നവർ കൂട്ടം ചേർന്ന് ഈ തിരുനാൾ ആഘോഷിച്ചിരുന്നു. ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനം പെസഹാക്കാലത്ത് അവിടുന്ന് തന്റെ ശിഷ്യന്മാരുമൊത്ത് ജറൂസലേമിലായിരുന്നതുകൊണ്ട് അവിടെവച്ചാണ് തിരുനാൾ ആഘോഷിച്ചത്. ഈശോയുടെ വചനങ്ങൾ പാലിക്കുകവഴി അവിടുത്തെ 'കുടുംബാംഗങ്ങളായി' ഭവിച്ച ശിഷ്യന്മാർ (3,31-35) പെസഹാവിരുന്ന് എവിടെ ഒരുക്കണമെന്ന് അവിടുത്തോടു ചോദിച്ചു (14,12). ഇതിനുത്തരമായി ഈശോ പറഞ്ഞു: നഗരത്തിൽ പ്രവേശിക്കുമ്പോൾ ജലപാത്രവും വഹിച്ചു കൊണ്ടു വരുന്നതായി കാണുന്ന മനുഷ്യനെ അനുഗമിക്കുവിൻ. അയാൾ പ്രവേശിക്കുന്ന ഭവനത്തിലെ ഗൃഹനാഥൻ സജ്ജീകരിച്ച മാളികമുറി കാണിച്ചുതരും. അവിടെ ഒരുക്കുവിൻ. ഈശോ പറഞ്ഞതുപോലെ അവർ എല്ലാം കാണുകയും പെസഹാ ഒരുക്കുകയും ചെയ്‌തു (14,13-16). സാധാരണയായി സ്ത്രീകൾമാത്രം വെള്ളം കൊണ്ടുവരുന്ന രീതി നിലവിലിരുന്ന നാട്ടിൽ ജലപാത്രവും കൊണ്ടുവരുന്ന പുരുഷനെ തിരിച്ചറിയാൻ എളുപ്പമായിരുന്നു. 

ജറുസലേം പ്രവേശനവേളയിലും ഇപ്രകാരം ഒരുക്കങ്ങൾ ചെയ്യുന്നതിനായി ഈശോ ശിഷ്യന്മാരെ അയയ്ക്കുകയും അവിടുന്നു പറഞ്ഞു വിട്ടതുപോലെ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട് (11,1-6). അവിടുത്തെ ദൈവികഭാവമാണ് ഇവിടെ വെളിപ്പെടുന്നത്. ശത്രുക്കൾ കുത്സിതമാർഗങ്ങളുപയോഗിച്ച് അവിടുത്തെ പിടികൂടുകയായിരുന്നെങ്കിലും തന്നെ സംബന്ധിച്ചുള്ള ദൈവികപദ്ധതിയെക്കുറിച്ച് അവിടുത്തേയ്ക്ക മുൻജ്ഞാനവും അതിന്മേൽ നിയന്ത്രണവും ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന രംഗങ്ങളാണിവ. 

ഗുരുശിഷ്യബന്ധമാണ് ഈശോയും ശിഷ്യന്മാരും തമ്മിലുള്ളത് എന്ന് അവിടുന്നുതന്നെ വെളിവാക്കുന്ന അവസരം കൂടിയായിരുന്നു അവസാന പെസഹായുടേത്. "എൻ്റെ ശിഷ്യന്മാരോടൊപ്പം എനിക്കു പെസഹാ ഭക്ഷിക്കാനുള്ള വിരുന്നുശാല എവിടെയാകുന്നുവെന്ന് ഞങ്ങളുടെ ഗുരു ചോദിക്കുന്നു" എന്നു പറയാനാണ് അവിടുന്നു ശിഷ്യന്മാരോടു നിർദ്ദേശിച്ചു വിട്ടത് (14,14). പലരും അവിടുത്തെ "ഗുരോ" എന്നഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും (4,38; 5,35; 9, 17.38; 10, 17.20.35; 12, 14.19.32; 13,1) ഇപ്പോൾ ആദ്യമായാണ് ഈശോ സ്വയം "ഗുരു" എന്നു വിശേഷിപ്പിക്കുന്നത്. നിയമജ്ഞരിൽ നിന്നു വ്യത്യസ്‌തനായി ദൈവികാധികാരത്തോടെ പുതിയ പ്രബോധനം നല്കിയ ഗുരുവാണവിടുന്ന് (1,21-28). പന്ത്രണ്ടുപേരെയും “എൻ്റെ ശിഷ്യന്മാർ" എന്നു വിശേഷിപ്പിക്കുകവഴി അവരോട് അവിടുന്ന് പുലർത്തുവാൻ ആഗ്രഹിച്ചിരുന്ന ബന്ധത്തിൻ്റെ സ്വഭാവവും വ്യക്തമാണ്. 

82 

ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ 

(14,17-21) 

നീസാൻ മാസം 14-ാം തീയതി വൈകുന്നേരമാണ് യഹൂദർ പെസഹാ ആഘോഷിച്ചിരുന്നത്. മുൻകൂട്ടി ക്രമീകരിച്ച മാളികമുറിയിൽ ഈശോ തന്റെ ശിഷ്യരുമൊത്ത് പെസഹാ ആഘോഷിക്കാനെത്തി. തന്റെ കൂടെയായിരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ശിഷ്യന്മാരുടെ കൂടെയാണ് അവിടുന്നു തന്റെ അവസാന പെസഹാ ഭക്ഷിക്കുന്നത്. 

അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ആധികാരികമായ ഒരു പ്രവചനം കൂടി നടത്തി: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും" (14,18). യൂദാസ് തന്നെ ഒറ്റിക്കൊടുക്കുവാൻ പ്രധാനാചാര്യന്മാർക്ക് വാക്കു കൊടുത്തിട്ടുണ്ടെന്ന യാഥാർത്ഥ്യം (14,10-11) അവിടുത്തേയ്ക്കറിയാമായിരുന്നതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറഞ്ഞത്. ഒന്നിച്ചു ഭക്ഷണം കഴിക്കുന്നത് ആഴമേറിയ സൗഹൃദത്തിൻ്റെ അടയാളമാണല്ലോ. തന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന പന്ത്രണ്ടു പേരിൽ ഒരുവനാണ് തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നത് എന്ന വസ്‌തുത അവിടുത്തെ ഏറെ വേദനിപ്പിച്ചു എന്ന് ഈ വാക്യത്തിൽ നിന്നു വ്യക്തമാണ്. സങ്കീർത്തനങ്ങളിൽ കാണപ്പെടുന്ന 'സഹിക്കുന്ന നീതിമാൻ' ഈശോയുടെ പ്രതിരൂപമാണ് എന്നും വെളിവാകുന്നു. സങ്കീ 41,9-ൽ നാം ഇപ്രകാരം വായിക്കുന്നു: “ഞാൻ വിശ്വസിച്ചവനും എൻ്റെ ഭക്ഷണത്തിൽ പങ്കുചേർന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എനിക്കെതിരായി കുതികാലുയർത്തിയിരിക്കുന്നു." (സങ്കീ 55,12-14). ഉത്തമസ്നേഹിതന്മാർ പോലും ഉപേക്ഷിക്കുമ്പോഴും ദൈവം തന്നെ നീതീകരിക്കുമെന്ന പ്രത്യാശയാണ് സഹിക്കുവാൻ നീതിമാനെ ശക്തനാക്കുന്നത് (സങ്കീ 41,10-12). 

ഈശോയുടെ ഈ വാക്കുകൾ കേട്ടു ദുഃഖിച്ച ശ്ലീഹന്മാർ ഓരോരുത്തരായി, "അതു ഞാനല്ലല്ലോ" എന്നു പറഞ്ഞുതുടങ്ങി (14,19). അവിടുന്ന് അവരോട് അരുളിച്ചെയ്‌തു: "എന്നോടൊപ്പം ഈ പാത്രത്തിൽ കൈ മുക്കുന്ന പന്ത്രണ്ടുപേരിൽ ഒരാൾതന്നെ. തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, മനുഷ്യപുത്രൻ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു" (14,20-21). ഒറ്റുകാരൻ മേശയ്ക്കരികിൽതന്നെയുണ്ട് എന്നവിടുന്നു വ്യക്തമാക്കുകയായിരുന്നു. യൂദാസാണിതു ചെയ്യാനിരിക്കുന്നതെന്നറിഞ്ഞിട്ടും അവൻ്റെ പേരു പറയാതെയാണവിടുന്നു സംസാരിക്കുന്നത്. 

“തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു" എന്നവിടുന്നു പറയുന്നത് തനിക്കു സംഭവിക്കാനിരിക്കുന്നവ ദൈവികപദ്ധതിയുടെ ഭാഗമാണെന്നു കാണിക്കാനാണ്. ഈശോ സഹിക്കുകയും മരിക്കുകയും ചെയ്യുന്നത് ദൈവഹിതപ്രകാരമാണെങ്കിലും അവിടുത്തെ ഒറ്റിക്കൊടുക്കുന്നവന് അവൻ്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവില്ല. അതുകൊണ്ടാണവിടുന്ന് ഇപ്രകാരം കൂട്ടിച്ചേർത്തത്: “എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു." ഇതു ശാപവാക്കുകളല്ല; മറിച്ച് ശിഷ്യനെക്കുറിച്ചുള്ള അവിടുത്തെ ദുഃഖം അണപൊട്ടിയൊഴുകിയതാണ്. മനസ്സുതിരിയാൻ ഒരവസരം കൂടി ബോധപൂർവ്വം അവിടുന്ന് അവനു നല്‌കുകയായിരുന്നു. 

83 

അനേകർക്കു വേണ്ടി ചിന്തപ്പെടുന്ന രക്തം (14,22-25) 

സുവിശേഷകൻ പെസഹാ ഭക്ഷണത്തിനുള്ള ഒരുക്കത്തെക്കുറിച്ച് വിശദമായി വിവരിച്ചെങ്കിലും (14,12-16) പെസഹാ ഭക്ഷണത്തിൻ്റെ ആചാരങ്ങളെയോ ക്രമങ്ങളെയോ കുറിച്ച് ഒന്നും സൂചിപ്പിക്കുന്നില്ല. വി. മർക്കോസിന്റെ ശ്രദ്ധ മുഴുവൻ പെസഹാവിരുന്നിൻ്റെ വേളയിൽ അവിടുന്നു സ്ഥാപിച്ച പരി. കുർബാനയിലാണ്. ഈ വിവരണത്തിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കുന്നതിന് പെസഹാ ഭക്ഷണത്തിന്റെ ഘടന അറിഞ്ഞിരിക്കേണ്ടതുണ്ട്. 

പെസഹാവിരുന്നിന് ആഘോഷമായ ചില ക്രമങ്ങളുണ്ടായിരുന്നു. ഓരോരുത്തരും യഥാസ്ഥാനത്തിരുന്നു കഴിയുമ്പോൾ കുടുംബനാഥൻ, തിരുനാൾ ആഘോഷിക്കാൻ അവസരം നല്‌കിയതിനെയും ആഘോഷത്തിന്റെ മുഖ്യഘടകമായ വീഞ്ഞു നല്‌കിയതിനെയും പ്രതി ദൈവത്തെ വാഴ്ത്തുന്നു; തുടർന്ന് എല്ലാവരും വീഞ്ഞു പാനം ചെയ്യുന്നു. പച്ചിലയും കയ്പ്‌പുള്ള സസ്യങ്ങളും പഴച്ചാറും ചേർത്തുള്ള ഭക്ഷണം വിളമ്പിയശേഷം രണ്ടാമത്തെ പാനപാത്രം നിറയ്ക്കുന്നു. ഈ സമയത്ത് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഈ തിരുനാളിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും ചോദിക്കുന്നു. കുടുംബനാഥൻ തങ്ങളുടെ പൂർവ്വികർ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു വിമോചിതരായതിന്റെ ചരിത്രം വിവരിക്കുന്നു (പുറ 12: Passover haggadah). തുടർന്ന് ഹല്ലേൽ സങ്കീർത്തനങ്ങളുടെ ആദ്യഭാഗം (സങ്കീ 113-114) ആലപിച്ചുകൊണ്ട് നേരത്തെ ഒരുക്കിയ രണ്ടാമത്തെ പാനപാത്രത്തിൽ നിന്നു കുടിക്കുന്നു. പെസഹാക്കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള സസ്യങ്ങളും പഴച്ചാറും ഉൾക്കൊള്ളുന്ന മുഖ്യഭക്ഷണമാണ് തുടർന്നുവരുന്നത്. കുടുംബനാഥൻ പുളിപ്പില്ലാത്ത അപ്പം കൈകളിലെടുത്ത് ദൈവത്തെ വാഴ്ത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു: "കർത്താവേ, ഞങ്ങളുടെ ദൈവമേ, ലോകരാജാവേ, ഭൂമിയിൽ നിന്ന് അപ്പം പുറപ്പെടുവിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാകട്ടെ." ഇതു പറഞ്ഞുകൊണ്ട് അയാൾ അപ്പം മുറിക്കുകയും എല്ലാവർക്കുമായി വിതരണം ചെയ്യുകയും ചെയ്യുന്നു. കയ്‌പുള്ള സസ്യങ്ങളും പഴച്ചാറും ചേർത്ത് എല്ലാവരും അതു ഭക്ഷിക്കുന്നു. അതിനുശേഷം കുഞ്ഞാടിന്റെ മാംസം വറുത്തത് കഴിക്കുന്നു. ഭക്ഷണം കഴിയുമ്പോൾ കുടുംബനാഥൻ മൂന്നാമത്തെ പാനപാത്രത്തിന്മേൽ കൃതജ്ഞതാപ്രകാശനത്തിന്റെ പ്രാർത്ഥന ചൊല്ലിക്കൊണ്ട് അതു കൈമാറുന്നു. ഈ സമയത്ത് ഹല്ലേൽ സങ്കീർത്തനങ്ങളുടെ രണ്ടാം ഭാഗം ആലപിക്കുന്നു. പെസഹാ വിരുന്നിന്റെ സമാപ്‌തി കുറിച്ചുകൊണ്ട് നാലാമത്തെ പാനപാത്രവും ഓരോരുത്തരും കൈമാറി പാനം ചെയ്യുന്നു. 

ഏതൊരു കുടുംബനാഥനും ചെയ്‌തിരുന്നതുപോലെ, ഈശോയും പുളിപ്പില്ലാത്ത അപ്പമെടുത്ത്, ദൈവത്തെ വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാർക്കു നല്കി. ഈ അപ്പത്തിന് ഒരു പുതിയ വ്യാഖ്യാനം നല്കിക്കൊണ്ടാണ് അവിടുന്ന് അതു വിതരണം ചെയ്തത്: “വാങ്ങിക്കൊള്ളുവിൻ. ഇത് എന്റെ ശരീരമാകുന്നു” (14,22). വിതരണം ചെയ്‌ത അപ്പത്തിൽ താൻ യഥാർത്ഥത്തിൽ സന്നിഹിതനാണ് എന്നാണവിടുന്നു പ്രഖ്യാപിച്ചത്. അപ്പത്തിന്റെ രൂപത്തിൽ സ്വന്തം ശരീരം നല്‌കുമ്പോഴാണ് അവിടുന്നു പ്രവർത്തിച്ച അപ്പം വർദ്ധിപ്പിക്കലുകളുടെ അർത്ഥം വ്യക്തമാകുന്നത് (6,30-44; 8,1-9). 

പെസഹാ വിരുന്നിലെ മൂന്നാമത്തെ പാനപാത്രം കൈമാറുന്ന അവസരത്തിലാണ് "ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു" എന്ന് അവിടുന്ന് അരുളിച്ചെയ്‌തത്‌ (14,24). "ഉടമ്പടിയുടെ രക്തം" എന്ന പ്രയോഗം പുറ 24,8 ലെ സീനായ് ഉടമ്പടി അനുസ്മരിപ്പിക്കുന്നതാണ്. ബലിമൃഗത്തിൻ്റെ രക്തം ജനത്തിന്മേൽ തളിച്ചു കൊണ്ടാണ് മോശ ഉടമ്പടി ഉറപ്പിച്ചത്. അതുപോലെ, ഈശോയുടെ ആസന്നമായ കുരിശിലെ ബലിയിൽ ചിന്തപ്പെടുന്ന രക്തം ദൈവം മനുഷ്യനുമായി ചെയ്യുന്ന പുതിയ ഉടമ്പടി ഉറപ്പിക്കുന്നതിൻ്റെ ഭാഗമാണ്. ഈ പുതിയ ഉടമ്പടിയെക്കുറിച്ച് ജറെമിയാ പ്രവാചകനിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. “ഇസ്രായേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു..." (ജറെ 31,31; 32,37-41). പഴയ ഉടമ്പടിയുടെ ഫലമായി ഇസ്രായേൽ ജനം രൂപം കൊണ്ടതുപോലെ, പുതിയ ഉടമ്പടിയുടെ ഫലമായി രൂപമെടുത്ത പുതിയ ദൈവജനമാണ് തിരുസ്സഭ. ഈശോയുടെ ശരീരരക്തങ്ങളിലുള്ള പങ്കുചേരലാണ് നമ്മെ ഈ ജനത്തിന്റെ ഭാഗമാകുന്നതിനു യോഗ്യരാക്കുന്നത്. സഹനത്തിന്റെ ഈ പാനപാത്രത്തിൽ പങ്കുചേരുക വഴി (10,35-40) അവിടുത്തെ സഹനത്തിലും മരണത്തിലും തന്നെയാണു നാം ഭാഗഭാക്കുകളാകുന്നത്. അവിടുത്തെപ്പോലെ സഹനവും മരണവും സ്വീകരിക്കാൻ ഇതു നമ്മെ ശക്തരാക്കുകയും ചെയ്യും (13,9-13; 14,23). 

അനേകരുടെ പാപമോചനവും രക്ഷയും ലക്ഷ്യം വച്ചായിരുന്നു അവിടുന്നു തൻ്റെ രക്തം ചിന്തിയത്. പുരോഹിതർ ബലിമൃഗങ്ങളുടെ രക്തം ബലിപീഠത്തിൽ തളിച്ചുകൊണ്ടാണല്ലൊ ജനത്തിൻ്റെ പാപത്തിനു പരിഹാരമനുഷ്‌ഠിച്ചിരുന്നത് (ലേവ്യർ 4,7.18.25.30.34). ഈശോയുടെ രക്തവും അനേകരുടെ പാപമോചനത്തിനു വേണ്ടിയുള്ളതാണ്. എല്ലാവരെയും സൂചിപ്പിക്കാൻ സെമിറ്റിക് ഭാഷകളിൽ 'അനേകർ' എന്ന പദം ഉപയോഗിക്കാറുണ്ട്. ജറെമിയാ പ്രവാചകനിലൂടെ ദൈവമറിയിച്ച പുതിയ ഉടമ്പടിയുടെ ലക്ഷ്യവും പാപമോചനമായിരുന്നു: "അവരുടെ അകൃത്യത്തിനു ഞാൻ മാപ്പു നല്‌കും. അവരുടെ പാപം മനസ്സിൽ വയ്ക്കുകയില്ല" (ജറെ 31,34). അനേകർക്കുവേണ്ടി സ്വജീവൻ മോചനദ്രവ്യമായി നല്‌കാനാണ് അവിടുന്നു മനുഷ്യനായവതരിച്ചത് എന്ന ഈശോയുടെ വാക്കുകൾ ഇപ്രകാരം നിവൃത്തിയായി (10,45). 

ദൈവരാജ്യത്തിൽ ഇതു വീണ്ടും കുടിക്കുന്ന ദിവസംവരെ മുന്തിരിച്ചാറിൽനിന്ന് കുടിക്കുകയില്ല എന്നു പറഞ്ഞാണ് അവിടുന്ന് വിരുന്ന് അവസാനിപ്പിച്ചത് (14,25). തൻ്റെ ലോകജീവിതം അവസാനിക്കാൻ പോകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. എങ്കിലും അവിടുത്തെ മരണത്തോടെ അവരുടെ ഭക്ഷണമേശാസൗഹൃദം അവസാനിക്കില്ല. ഉത്ഥാനാനന്തരം അവിടുന്നു വീണ്ടും തൻ്റെ ശിഷ്യരുമൊത്ത് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യും. അതിൻ്റെ പരിപൂർത്തി ദൈവരാജ്യത്തിലെ വിരുന്നിലുമായിരിക്കും (ഏശ 25,6). ഓരാ പരിശുദ്ധ കുർബാനയർപ്പണവും ഈശോയുടെ സഹനമരണോത്ഥാനങ്ങളുടെ അനുസ്‌മരണവും സ്വർഗരാജ്യത്തിലെ ഭാവിവിരുന്നിൻ്റെ മുന്നോടിയുമാണല്ലോ. 

 

84 

കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനുമുമ്പ് (14,26-31) 

ഹല്ലേൽ സങ്കീർത്തനങ്ങളുടെ രണ്ടാം ഭാഗം (സങ്കീ 115-118) ആലപിച്ചുകൊണ്ടാണ് യഹൂദർ പെസഹാ വിരുന്ന് അവസാനിപ്പിച്ചിരുന്നത്. ഈ രീതിയനുസരിച്ച് സ്തോത്രഗീതം ആലപിച്ചശേഷം ഈശോയും ശിഷ്യന്മാരും ഒലിവുമലയിലേയ്ക്കു പോയി (14,26). പോകുംവഴി അവിടുന്ന് ശിഷ്യന്മാരുടെ ഇടർച്ചയും പത്രോസിൻ്റെ ഗുരുനിഷേധവും പ്രവചിക്കുന്ന രംഗമാണ് മർക്കോ 14,26-31 ൽ. ഇവിടെയും, സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഈശോയ്ക്കുണ്ടായിരുന്ന മുൻജ്ഞാനമാണ് വെളിവാകുന്നത്. 

കൂടെയായിരിക്കാൻ വിളിക്കപ്പെട്ട പന്ത്രണ്ടു പേരിൽ ഒരുവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് അത്താഴവേളയിൽ പ്രവചിച്ചതിന്റെ പിന്നാലെ എല്ലാവരും തന്നെ ഉപേക്ഷിച്ചുപോകുമെന്ന സത്യം അവിടുന്നു മുൻകൂട്ടി അറിയിക്കുന്നു (14,27). സഖറിയാ പ്രവാചകനിൽ നിന്ന് ഉദ്ധരിച്ചുകൊണ്ടാണ് അവിടുന്നു തൻ്റെ പ്രസ്‌താവന സാധൂകരിക്കുന്നത് (സഖ 13.7). ഇടയൻ വധിക്കപ്പെടുമ്പോൾ ആടുകൾ ചിതറിക്കപ്പെടും എന്ന് സഖറിയാ പ്രവാചകൻ പറഞ്ഞുവച്ചിരുന്നു. ശിഷ്യന്മാരെല്ലാവർക്കും തന്നിൽ ഇടർച്ചയുണ്ടാകും എന്ന് ഈശോ പ്രവചിക്കുന്നു. ഈശോയുടെ ശിഷ്യന്മാർ അവിടുന്ന് മുമ്പ് അരുളിച്ചെയ്‌ത വിതക്കാരൻ്റെ ഉപമയിലെ പാറപ്പുറത്തു വീണ വിത്തിനു സദ്യശരായി ഭവിക്കും എന്നു സൂചന. വചനം നിമിത്തം ക്ലേശമോ പീഡനമോ ഉണ്ടാകുമ്പോൾ വേരില്ലാത്തതിനാൽ ഉണങ്ങിപ്പോകുന്ന ചെടി പോലെയാണവർ (4,17). ഈശോയിലുള്ള അവരുടെ വിശ്വാസത്തിന്റെ ആഴമില്ലായ്‌മ ഇവിടെ വെളിപ്പെടുന്നു. ശത്രുക്കൾ ഈശോയെ ബന്ധിക്കുമ്പോൾ ശിഷ്യന്മാർ അവിടുത്തെ വിട്ട് ഓടിപ്പോകുന്നു (14,50). ഈശോ തന്റെ പീഡാസഹനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചപ്പോഴെല്ലാം ശിഷ്യർക്കത് ഇടർച്ചയ്ക്കു കാരണമായിരുന്നു (8,31-33; 9,9-10; 10,32-34). ആരംഭം മുതല്ക്കേ ഈശോയെ മനസ്സിലാക്കുന്നതിലുള്ള ശിഷ്യരുടെ പരാജയത്തിന്റെ പൂർത്തീകരണമായി ഈ അവസാന ഉപേക്ഷിക്കലിനെ കണക്കാക്കാം. 

ഇടയൻ വധിക്കപ്പെടുന്നതും ആടുകൾ ചിതറിക്കപ്പെടുന്നതുമായ അവസ്ഥ കുറച്ചു സമയത്തേയ്‌ക്കേ ഉണ്ടാവുകയുള്ളു. വധിക്കപ്പെടുന്ന ഇടയനായ ഈശോ ഉയിർത്തുകഴിയുമ്പോൾ ശിഷ്യർക്കു മുമ്പേ ഗലീലിയിലേയ്ക്കു പോകും (14,28). അവിടെനിന്നാണല്ലോ അവിടുന്നു തന്റെ രക്ഷാകരയാത്ര ആരംഭിച്ചത്. തകരുന്ന ഗുരുശിഷ്യബന്ധം ഗലീലിയിൽ വച്ചു പുനഃസ്ഥാപിക്കപ്പെടും. ഉത്ഥാനാനന്തരം അവിടുന്ന് ഈ വാഗ്ദാനം നിറവേറ്റുകതന്നെ ചെയ്യും (16,7). അവിടെ നിന്നുവേണം ശിഷ്യർ ഗുരുവിന്റെ പാത പിൻതുടർന്ന് ജറുസലേമിലേയ്ക്ക് സഹനമരണോത്ഥാനങ്ങളിലേയ്ക്ക് - യാത്ര ചെയ്യാൻ.  

എല്ലാവരും അവിടുത്തെ ഉപേക്ഷിക്കുമെന്ന പ്രവചനം അംഗീകരിക്കാൻ പത്രോസിനു വിഷമമായിരുന്നു. ആരെല്ലാം ഉപേക്ഷിച്ചാലും താൻ അവിടുത്തെ ഉപേക്ഷിക്കുകയില്ലെന്ന് അദ്ദേഹം വീരവാദം മുഴക്കി (14,29). അസന്ദിഗ്ദ്ധമായ ഭാഷയിൽ ഈശോ പത്രോസിനോടു പറഞ്ഞു: “സത്യമായി ഞാൻ നിന്നോടു പറയുന്നു, ഇന്ന്, രാത്രി കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനുമുമ്പ്, മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിച്ചു പറയും" (14,30). പുലർകാലത്താണല്ലോ കോഴി കൂകുന്നത്. നേരം പുലരുന്നതിനു മുമ്പ് പത്രോസ് അവിടുത്തെ തള്ളിപ്പറഞ്ഞിരിക്കും എന്നാണവിടുന്ന് ഉദ്ദേശിച്ചത്. “നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും, എൻ്റെ കർത്താവേ, നിന്നെ ഞാൻ നിഷേധിച്ചു പറയുകയില്ല" (14,31) എന്ന് പത്രോസും കൂട്ടരും തറപ്പിച്ചു പറഞ്ഞു. പക്ഷേ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശിഷ്യന്മാരെല്ലാവരും അവിടുത്തെ ഉപേക്ഷിച്ചുപോകും (14,50); പത്രോസ് അവിടുത്തെ തള്ളിപ്പറയുകയും ചെയ്യും (14,66-72). ശിഷ്യനെന്ന നിലയിൽ ഈശോയോടൊപ്പം സഹിക്കുകയും മരിക്കുകയും ചെയ്യേണ്ടവനാണു താനെന്ന് പത്രോസ് മനസ്സിലാക്കാതിരുന്നതുകൊണ്ടാണ് ഗുരുവിനെ നിഷേധിച്ചു പറയാനിടയായത് (8,32-33; 9,5-8; 10,28-31). 

85 

ഈ പാനപാത്രം 

എന്നിൽ നിന്നകറ്റേണമേ... (14,32-42) 

സുവിശേഷവിവരണത്തിൽ ഇതുവരെ കാണാത്ത ഈശോയുടെ ഒരു ചിത്രമാണ് മർക്കോസ് 14,32-42 ൽ അവതരിപ്പിക്കുന്നത്. മരണമെന്ന യാഥാർത്ഥ്യത്തെ മുഖാമുഖം കണ്ടപ്പോൾ പൂർണ്ണ മനുഷ്യനെന്ന നിലയിൽ അവിടുന്നനുഭവിച്ച അസ്വസ്ഥതയും തീവ്രവേദനയും ദുഃഖവുമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഇതിനുമുമ്പ് പലപ്രാവശ്യം തന്റെ പീഡാ സഹനത്തെയും മരണത്തെയും കുറിച്ചു വ്യക്തമായി അവിടുന്നു സംസാരിച്ചിട്ടുണ്ടെങ്കിലും (8,31, 9,31; 10,33-34) അപ്പോഴൊന്നും അവിടുന്ന് ഇത്രയും വികാരാധീനനായി കാണപ്പെട്ടിട്ടില്ല. 

പെസഹാഭക്ഷണത്തിനുശേഷം ഈശോ തൻ്റെ ശിഷ്യരുമൊത്ത് ഒലിവുമലയിലേയ്ക്കു പോകുന്ന വഴി, അവരെല്ലാവരും തന്നെ ഉപേക്ഷിക്കുന്ന കാര്യം അവിടുന്ന് മുൻകൂട്ടി അറിയിച്ചു (14,26-31). ഒലിവുമലയിൽ ഗത്മനി എന്ന സ്ഥലത്തേയ്ക്കാണ് അവിടുന്നു പോയത്. അവിടെയെത്തിയപ്പോൾ അവിടുന്ന് ശിഷ്യന്മാരോട് അരുളിച്ചെയ്‌തു: "ഞാൻ പോയി പ്രാർത്ഥിക്കട്ടെ. നിങ്ങൾ ഇവിടെ ഇരിക്കുവിൻ" (14,32). പ്രാർത്ഥനയിൽ തനിച്ചു പിതാവിനോടൊപ്പമായിരിക്കാനായിരുന്നു ഈശോയ്ക്കിഷ്ടം. പരസ്യജീവിതത്തിൻ്റെ ആരംഭംമുതൽ അതു വ്യക്തമായിരുന്നു (1,35-39; 6,42 -52). 

ഈശോയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം അവിടുത്തോടൊപ്പമുണ്ടായിരുന്ന മൂന്നു ശിഷ്യന്മാരുണ്ട്; പത്രോസും യാക്കോബും യോഹന്നാനും. അവിടുന്നു ജായ്‌റോസിൻ്റെ മകളെ ഉയിർപ്പിക്കുന്നതിനും (5,37-43) രൂപാന്തരപ്പെടുന്നതിനും (9,2-8) സാക്ഷികളായത് അവർ മാത്രമാണ്. ഇവർ മൂന്നുപേരോടും അന്ത്രയോസിനോടും ആണ് അവിടുത്തെ ഉത്ഥാനത്തിനും രണ്ടാമത്തെ വരവിനുമിടയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത് (13,3-37). ആദിമസഭയിൽ ഇവരുടെ സാക്ഷ്യത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നല്ലോ. ഇവരിൽ ഒരുവനായ പത്രോസ് പ്രഘോഷിച്ചിരുന്ന ഈശോയുടെ ജീവിതത്തിലെ സംഭവങ്ങളാണ് വി. മർക്കോസ് രേഖപ്പെടുത്തുന്നത്. 

അത്യധികം അസ്വസ്ഥനും ആകുലചിത്തനുമായി കാണപ്പെട്ട അവിടുന്ന് മൂവരോടുമായി അരുളിച്ചെയ്‌തു: "ഞാൻ മരണവേദനയ്ക്കൊത്ത ദുഃഖം അനുഭവിക്കുന്നു. നിങ്ങൾ ഇവിടെ ഉണർന്നിരിക്കുവിൻ" (14,34). കാരണമില്ലാതെ സഹിക്കുന്ന നീതിമാൻ്റെ പ്രാർത്ഥനയിലെ വിലാപമാണ് ഇവിടെ പ്രതിധ്വനിക്കുന്നത് (സങ്കീ 42,5; 43,5). അവിടുന്നു പ്രാർത്ഥിക്കുമ്പോൾ ശിഷ്യന്മാർ ഉണർന്നിരിക്കണമെന്നാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. അവിടുത്തെ വേദനയിൽ പങ്കുചേരാനുള്ള ക്ഷണമായിരുന്നിത്. കൂടാതെ, സദാ സമയവും ജാഗ്രതയോടെയിരിക്കാൻ അവിടുന്നു ശിഷ്യരെ ഉപദേശിച്ചിരുന്നല്ലോ (13,32-37). 

ഈശോ ആ മൂന്നു ശിഷ്യന്മാരെയും വിട്ട് അല്‌പം മുൻപോട്ടു പോയി, നിലത്തു വീണു പ്രാർത്ഥിച്ചു: "ആബാ, എൻ്റെ പിതാവേ, അങ്ങേയ്ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽ നിന്നകറ്റണമേ! എങ്കിലും എന്റെ ഇഷ്ടമല്ല, നിൻ്റെ ഇഷ്‌ടം നിറവേറട്ടെ" (14,36). അവിടുന്ന് നിലത്തു വീണാണ് പ്രാർത്ഥിച്ചത്. ഇതിനു മുമ്പുള്ള പ്രാർത്ഥനാരംഗങ്ങളിലൊന്നും ഇപ്രകാരം നിലത്തുവീണ് അവിടുന്നു പ്രാർത്ഥിക്കുന്നതായി നാം കാണുന്നില്ല. ഈ രംഗത്തിൻ്റെ തീവ്രതയാണ് ഇതു വ്യക്തമാക്കുന്നത്. 

“ആബാ” എന്നു വിളിച്ചുകൊണ്ടാണ് അവിടുന്നു പ്രാർത്ഥന ആരംഭിക്കുന്നത്. പലസ്‌തീനായിൽ കുഞ്ഞുങ്ങൾ അവരുടെ പിതാക്കന്മാരെ സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്നത് ഈ പദമുപയോഗിച്ചാണ്. മാമോദീസായുടെയും രൂപാന്തരീകരണത്തിൻ്റെയും അവസരങ്ങളിൽ ഈശോ അവിടുത്തെ പുത്രനാണെന്ന് ദൈവംതന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ (1,11; 9,7). ഈ പിതൃപുത്രബന്ധം ആഴത്തിൽ അനുഭവപ്പെട്ടിരുന്ന നിമിഷങ്ങളായിരുന്നു ഈശോയെ സംബന്ധിച്ച് പ്രാർത്ഥനയുടേത്. പിതാവിന്റെ മഹത്തായ ശക്തിയുടെ ഏറ്റുപറച്ചിലാണ്, "അങ്ങേയ്ക്ക് എല്ലാം സാധ്യമാണ്" എന്നു പറയുന്നതിൽ. "ദൈവത്തിന് എല്ലാം സാധ്യമാണ്” എന്നു പറഞ്ഞുകൊണ്ട് (10,27) ദൈവത്തിൻ്റെ അനന്തശക്തിയിൽ വിശ്വാസമർപ്പിക്കാൻ അവിടുന്നു തൻ്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്‌തിരുന്നു. ഈ വിശ്വാസം തന്നെയാണ് അവിടുന്നു ഇവിടെ പ്രകടിപ്പിക്കുന്നതും. ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടുകൂടിയുള്ള പ്രാർത്ഥന തീർച്ചയായും ശ്രവിക്കപ്പെടും (11,23-24) എന്ന ഉത്തമബോദ്ധ്യത്തോടു കൂടിയാണ് അവിടുന്നു പ്രാർത്ഥിക്കുന്നത്. 

ഈശോയുടെ പ്രാർത്ഥനയ്ക്കു രണ്ടു ഭാഗങ്ങളുണ്ട്: “ഈ പാനപാത്രം എന്നിൽ നിന്നകറ്റണമേ! എങ്കിലും എൻ്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ട്‌ടം നിറവേറട്ടെ" (14,36). അവിടുത്തേയ്ക്കു സംഭവിക്കാനിരുന്ന സഹനവും മരണവുമാണ് 'പാനപാത്രം' സൂചിപ്പിക്കുന്നത്. ഈയർത്ഥത്തിൽ തന്നെ ഇതിനുമുമ്പും അവിടുന്ന് 'പാനപാത്ര'ത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട് (10,38-39). ഏതാനും മണിക്കുറുകൾക്കു മുമ്പ് അന്ത്യത്താഴവേളയിൽ “അനേകർക്കു വേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ രക്തമാണ്" എന്നു പറഞ്ഞുകൊണ്ട് പെസഹാ പാനപാത്രം ശിഷ്യന്മാർക്കു നല്കിയപ്പോഴും (14,23-24) അവരെ കൗദാശികമായി തൻ്റെ സഹനത്തിലും മരണത്തിലും പങ്കുചേർക്കുകയായിരുന്നു. “ഈ പാനപാത്രം എന്നിൽ നിന്നകറ്റണമേ" എന്നു പ്രാർത്ഥിക്കുമ്പോൾ അസഹനീയ വേദനയിലും ക്രൂരമരണത്തിലും നിന്ന് തന്നെ ഒഴിവാക്കണമേ എന്നായിരുന്നു അപേക്ഷിച്ചത്. ഈശോയിലെ യഥാർത്ഥ മനുഷ്യത്വമാണ് ഇവിടെ വെളിച്ചത്തു വരുന്നത്. അവിടുത്തെ സഹനം എത്രമാത്രം യഥാർത്ഥമായിരുന്നുവെന്നും വെളിവാകുന്നു.

ഈശോയുടെ പ്രാർത്ഥന അതുകൊണ്ടവസാനിച്ചില്ല എന്നതാണ് അതിന്റെ പ്രത്യേകത. അവിടുന്നു കൂട്ടിച്ചേർത്തു: “എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ട‌ം നിറവേറട്ടെ." ഇവിടെയാണ് അവിടുത്തെ ദൈവികത പ്രകടമാകുന്നത്. സ്വന്തം ഹിതം പിതാവിൻ്റെ ഹിതത്തിനു വിധേയമാക്കുന്നതാണ് നാമിവിടെ കാണുന്നത്. മാനുഷികമായി മാത്രം ചിന്തിക്കാതെ 'ദൈവികമായിക്കൂടി ചിന്തിക്കുവാൻ' പത്രോസിനോട് ആവശ്യപ്പെട്ടത് (8,33) ഇവിടെ അനുവർത്തിച്ചു കാണിക്കുകയായിരുന്നു. അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ 'സ്വയം നിഗ്രഹിക്കണം' എന്നാണല്ലോ അവിടുന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നത് (8,34). എപ്രകാരമാണ് സ്വയം നിഗ്രഹിക്കേണ്ടത് എന്നാണവിടുന്ന് അനുസരണയുള്ള പുത്രനായി ഇപ്പോൾ കാണിച്ചുതരുന്നത്. നമ്മുടെ ആശകളും ആഗ്രഹങ്ങളും യാചനയായി ദൈവത്തിനർപ്പിക്കുമ്പോൾ, 'എൻ്റെ ഇഷ്ടമല്ല, നിന്റേത്' എന്നുകൂടി കൂട്ടിച്ചേർക്കാൻ മറക്കരുത് എന്നവിടുന്നു പഠിപ്പിക്കുന്നു. 

തങ്ങളുടെ ഗുരുവും നാഥനുമായ കർത്താവ് മരണതുല്യമായ വേദനയിൽ പ്രാർത്ഥിക്കുമ്പോഴും അവിടുത്തെ പ്രിയശിഷ്യന്മാർ ഉറങ്ങുകയായിരുന്നു! ഉണർന്നിരിക്കാൻ ഗുരു അവരോട് ആവശ്യപ്പെട്ടിരുന്നതാണ് (14,32-34). അതുകൊണ്ടാണ് അവിടുന്ന് ദുഃഖത്തോടെ ചോദിക്കുന്നത്. "ശെമയോനേ, നീ ഉറങ്ങുകയാണോ? ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിനക്കു കഴിഞ്ഞില്ലേ?" (14,37). ഈശോ തൻ്റെ പീഡാസഹനത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ച മൂന്നു പ്രാവശ്യവും അതു തെറ്റിദ്ധരിച്ചവരാണ് ഈ മൂന്നു ശിഷ്യന്മാർ (8,33; 9,38; 10,35-41). രൂപാന്തരീകരണവേളയിലെ അവരുടെ പ്രതികരണവും ഇതിനു സമാനമായിരുന്നു (9,2-8). പ്രാർത്ഥനയ്ക്കിടയിൽ മൂന്നു പ്രാവശ്യം അവിടുന്നു വന്നു നോക്കിയപ്പോഴും അവർ ഉറങ്ങുകയായിരുന്നു. ദുസ്സഹമായ വേദന സഹിക്കുമ്പോഴും അവിടുത്തെ ചിന്ത തന്റെ ശിഷ്യന്മാരെക്കുറിച്ചായിരുന്നു. അവിടുന്ന് അവർക്കു മാർഗനിർദ്ദേശം നല്കി: “നിങ്ങൾ പ്രലോഭനത്തിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ. ആത്മാവ് സന്നദ്ധവും ഒരുക്കമുള്ളതുമാണ്. എന്നാൽ, ശരീരം ബലഹീനമത്രേ" (14,38). താൻ ബന്ധനസ്ഥനാകുമ്പോഴും വധിക്കപ്പെടുമ്പോഴും ശിഷ്യന്മാർക്കുണ്ടാകാനിരിക്കുന്ന പ്രലോഭനം അവിടുത്തേയ്ക്കറിയാമായിരുന്നു. തന്നെ നിഷേധിക്കാനും ഉപേക്ഷിച്ചുപോകാനുമുള്ള പ്രലോഭനത്തെ അതിജീവിക്കാനുള്ള ശക്തിയ്ക്കായി പ്രാർത്ഥിക്കാനാണ് അവിടുന്ന് അവരെ ഉപദേശിക്കുന്നത്. ആത്മാവ് സന്നദ്ധവും ഒരുക്കമുള്ളതുമാണെന്ന്, 'നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും നിന്നെ നിഷേധിച്ചു പറയുകയില്ല' എന്ന പത്രോസിൻ്റെ പ്രഖ്യാപനത്തിൽ നിന്നു വ്യക്തമാണ്. എന്നാൽ, പത്രോസും കൂട്ടരും ഒരു മണിക്കൂർപോലും ഗുരുവിനോടൊപ്പം ഉണർന്നിരിക്കാൻ സാധിക്കാതെ ഉറങ്ങിയതിൽ നിന്ന് 'ശരീരം ബലഹീനമാണെന്നും' വെളിവായി. ശരീരത്തിൻ്റെ ബലഹീനതയെ അതി ജീവിക്കാൻ പ്രാർത്ഥിച്ചു ശക്തി നേടണമെന്നാണ് ഈശോ നിർദ്ദേശിക്കുന്നത്. 

86 

ഞാൻ ആരെ ചുംബിക്കുന്നുവോ അവൻതന്നെ (14,43-52) 

ഗെത്സെമനിലെ പ്രാർത്ഥന അവസാനിപ്പിച്ച ഈശോ ശിഷ്യന്മാരുടെ അടുക്കലെത്തി പറഞ്ഞു: "സമയം സമാഗതമായി. ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈകളിലേയ്ക്ക് ഏല്‌പിക്കപ്പെടാൻ പോകുന്നു. എഴുന്നേല്ക്കുവിൻ. നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു" (14,42). പ്രാർത്ഥനയിലൂടെ തൻ്റെ ഹിതം പിതാവിന്റെ ഹിതത്തിനു വിധേയമാക്കിയതുകൊണ്ടാണ് 'സമയം പൂർത്തിയായി' എന്നു പറയാൻ അവിടുത്തേയ്ക്കു സാധിച്ചത്. അവിടുന്നു തന്റെ പരസ്യജീവിതം ആരംഭിച്ചതും സമയത്തെക്കുറിച്ച് സമാനമായ പ്രസ്‌താവനയോടെയായിരുന്നല്ലോ (1,15). മൂന്നു പ്രാവശ്യം മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ, മനുഷ്യപുത്രനായ താൻ ഇതാ മരണത്തിനേല്‌പിക്കപ്പെടാൻ പോകുന്നു എന്നായിരുന്നു അവിടുന്നു പറഞ്ഞത്. ഒറ്റിക്കൊടുക്കാനിരുന്നവന്റെ സാന്നിദ്ധ്യം അവിടുത്തേയ്ക്കു വ്യക്തമായറിയാമായിരുന്നു. 

അവിടുന്ന് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പന്ത്രണ്ടു പേരിലൊരുവനായ യൂദാസ് ഒരു സംഘം ആളുകളുമായി അവരുടെ അടുത്തെത്തി. ഈശോയെ വധിക്കാൻ ആലോചന നടത്തിയിരുന്ന പ്രധാനാചാര്യന്മാരും നിയമജ്ഞരും പ്രമാണികളും ഉൾപ്പെടുന്ന സാൻഹെദ്രിൻ സംഘത്തിന്റെ ആൾക്കാരായിരുന്നു അവർ (8,31; 10,33; 11, 18.27). അവരുടെ കൈവശം വടികളും വാളുകളുമുണ്ടായിരുന്നു. യൂദാസ് അവർക്കു വേണ്ട നിർദ്ദേശങ്ങൾ നല്‌കിയാണ് കൊണ്ടുവന്നിരുന്നത്. ശിഷ്യന്മാരുടെ ഇടയിൽനിന്ന് അവർക്ക് ഈശോയെ തിരിച്ചറിയാനായി അവിടുത്തെ ചുംബിച്ചു കാണിച്ചുകൊടുക്കാമെന്നായിരുന്നു അവൻ സമ്മതിച്ചിരുന്നത്. 

ഈശോയുടെ പക്കലെത്തിയ യൂദാസ്, "ഗുരോ" എന്നു വിളിച്ചു കൊണ്ട് അവിടുത്തെ ചുംബിച്ചു (14,45). കൂടെ വന്നിരുന്നവർ അവിടുത്തെ പിടിച്ചു ബന്ധിച്ചു. അവിടത്തോടു കൂടെയായിരിക്കാൻ വിളിക്കപ്പെട്ടവൻ ശത്രുഗണത്തിൻ്റെ നേതാവായി. 'ഗുരു' എന്ന ദിവ്യപദവും നിർമ്മല സ്നേഹത്തിന്റെ പ്രതീകമായ ചുംബനവും യൂദാസ് ദുരുപയോഗിക്കുകയായിരുന്നു. അങ്ങനെ ഈശോയെ ചതിവിൽ പിടികൂടാനുള്ള യഹൂദ നേതാക്കന്മാരുടെ പദ്ധതി നിറവേറി (14,1). അവിടുത്തെ അടുത്തു നിന്നിരുന്നവരിൽ ഒരുവൻ വാളൂരി പ്രധാനാചാര്യന്റെ ഭൃത്യനെ വെട്ടി, അവൻ്റെ ചെവി ഛേദിച്ചു (14,47). വി. യോഹന്നാൻ ഇവർ ഇരുവരുടെയും പേരു നല്‌കുന്നുണ്ട്: പത്രോസാണ് പ്രധാനാചാര്യന്റെ ഭൃത്യനായ മാൽക്കൂസിൻ്റെ ചെവി ഛേദിച്ചത് (യോഹ 18,10). വി. ലൂക്കായുടെ വിവരണമനുസരിച്ച് ഈശോ അയാളുടെ ചെവി തൊട്ടു സുഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 22,51). ഈശോയുടെ സഹനത്തിൻ്റെയും മരണത്തിന്റെയും അർത്ഥം തെല്ലും ഗ്രഹിക്കാതിരുന്നതുകൊണ്ടാണ് പത്രോസ് പ്രതിരോധിക്കാൻ ശ്രമിച്ചത്. ദൈവികപദ്ധതിപ്രകാരം അവിടുത്തേയ്ക്കു സഹിക്കുകയും മരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അതു പ്രതിരോധിക്കാൻ ആർക്കും സാധ്യമല്ല. 

തന്നെ ബന്ധിക്കാൻ വന്നവരോട് ഈശോ ചോദിച്ചു: "ഒരു കവർച്ചക്കാരനെതിരെ എന്നതുപോലെ വാളുകളും വടികളുമായിട്ടാണോ നിങ്ങൾ എന്നെ ബന്ധിക്കാൻ വന്നിരിക്കുന്നത്? ദൈവാലയത്തിൽ പഠിപ്പിച്ചു കൊണ്ട് എല്ലാ ദിവസവും ഞാൻ നിങ്ങളോടുകൂടെ ആയിരുന്നുവല്ലോ. എങ്കിലും നിങ്ങൾ എന്നെ ബന്ധിച്ചില്ല. എന്നാൽ തിരുവെഴുത്തുകൾ നിറവേറേണ്ടതിന് ഇതു സംഭവിച്ചിരിക്കുന്നു" (14,48-49). വലിയ സന്നാഹത്തോടുകൂടെ തന്നെ അറസ്റ്റുചെയ്യാൻ വന്നതിനെതിരെയാണ് അവിടുന്നു പ്രതികരിക്കുന്നത്. ഒരു കവർച്ചക്കാരനെപ്പോലെ തന്നെ കരുതുന്നതിലാണ് അവിടുത്തേയ്ക്കു പ്രതിഷേധം. ഇരുട്ടിൽ ഒളിച്ചുവന്നു ബന്ധിക്കേണ്ട ഒരു കവർച്ചക്കാരനല്ല താനെന്നും, പ്രത്യുത, ദിവസംതോറും ദൈവാലയത്തിൽ പരസ്യമായി പഠിപ്പിച്ചിരുന്ന ഗുരുവാണെന്നും അവിടുന്നു വ്യക്തമാക്കുന്നു. താൻ പരസ്യമായി പഠിപ്പിച്ചിരുന്ന കാര്യങ്ങളൊന്നും തന്നെ ഒരു കവർച്ചക്കാരനായി പരിഗണിക്കുന്നതിന് കാരണമാകുന്നവയായിരുന്നില്ല എന്നൊരു ധ്വനിയും ഈ പ്രതിഷേധത്തിലുണ്ട്. 

എങ്കിലും ഇതെല്ലാം ദൈവഹിതത്തിന്റെ ഭാഗമായി അവിടുന്ന് സ്വീകരിക്കുന്നു (14,49). സാൻഹൈദ്രിൻ സംഘത്തിന്റെ ആയുധബലം കൊണ്ടോ താൻ ഒരു കവർച്ചക്കാരനായതുകൊണ്ടോ ഒന്നുമല്ല, മറിച്ച് തിരുലിഖിതത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്ന ദൈവഹിതം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് താൻ ബന്ധനസ്ഥനാകാൻ പോകുന്നത് എന്നവിടുന്നു സൂചിപ്പിക്കുകയായിരുന്നു. ഈശോ ഇവിടെ ഉദ്ദേശിക്കുന്ന തിരുലിഖിതം ഒരല്പ‌ം മുമ്പ് അവിടുന്നുദ്ധരിച്ച സഖറിയാ പ്രവാചകനിലെ വാക്യമാകണം: “ഞാൻ ഇടയനെ അടിക്കും; അവൻ്റെ ആടുകൾ ചിതറും" (14,27; സഖ 13,7). തിരുവെഴുത്തുകൾ നിറവേറ്റേണ്ടതിന് ഇതു സംഭവിച്ചിരിക്കുന്നു എന്ന് ഈശോ പറഞ്ഞുതീരും മുമ്പേ അവിടുത്തെ ശിഷ്യന്മാർ അവിടുത്തെ വിട്ട് ഓടിപ്പോയി (14,50). ശിഷ്യത്വത്തിൻ്റെ നിഷേധമാണ് നാമിവിടെ കാണുന്നത്. അനുഗമിക്കാൻ വിളിക്കപ്പെട്ടപ്പോൾ എല്ലാമുപേക്ഷിച്ച് ഈശോയോടു കൂടെ കൂടിയവരാണ് (1,16-20; 10,28) ഇപ്പോൾ അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോകുന്നത്. ഇതു സംഭവിക്കുമെന്ന് അവിടുന്നു മുൻകൂട്ടി അറിയിച്ചിരുന്നതാണല്ലോ (14,27-31). പീഡാസഹനത്തിന്റെ നിമിഷങ്ങളിൽ അവിടുന്നു തികച്ചും ഏകാകിയും തിരസ്‌കൃതനുമാണ്. 

എല്ലാവരാലും അവിടുന്നു പരിപൂർണ്ണമായി പരിത്യജിക്കപ്പെട്ടു എന്നു കാണിക്കുന്നതാണ് പുതച്ചിരുന്ന ഉടുതുണിപോലും ഉപേക്ഷിച്ച് ഓടിപ്പോകുന്ന യുവാവിൻ്റെ ചിത്രം (14,51-52). ഈ അജ്ഞാത യുവാവ് അവിടുത്തെ 'അനുഗമിക്കുക'യായിരുന്നു. പ്രത്യേകവിധം തിരഞ്ഞെടുക്കപ്പെട്ട ശ്ലീഹന്മാർ പോലും അവിടുത്തെ വിട്ട് ഓടിപ്പോയപ്പോൾ ഇയാളെങ്കിലും ഈശോയുടെ സഹനത്തിൽ അവിടുത്തോടു കൂടെയുണ്ടല്ലോ എന്ന് വായനക്കാരൻ ആശ്വസിച്ചുപോകും. പക്ഷേ, ആ പ്രതീക്ഷയും അസ്ഥാനത്താണ്. അവർ ഈശോയെ പിടികൂടിയതുപോലെ അവനെയും പിടികൂടിയപ്പോൾ അവനും ഉടുതുണി പോലും ഉപേക്ഷിച്ച് ഓടിപ്പോയി! ഈ യുവാവ് സുവിശേഷകനായ മർക്കോസ് തന്നെയാണ് എന്നൊരു പാരമ്പര്യമുണ്ട്. 

87 

അയാൾ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു (14,53-54.66-72) 

ഈശോയെ പിടികൂടിയവർ അവിടുത്തെ പ്രധാനാചാര്യനായ കയ്യാപ്പായുടെ പക്കലേയ്ക്കാണ് കൊണ്ടുപോയത് (14,53). സാൻഹെദ്രിൻ സംഘത്തിന്റെ തലവനായ ഇദ്ദേഹത്തിന്റെ ഭൃത്യന്റെ ചെവിയാണ് ഒരല്പ‌ം മുമ്പ് ഛേദിക്കപ്പെട്ടത് (14,47). ഈശോയെ ബന്ധിക്കുവാൻ ആളയച്ചിരുന്ന സാൻഹെദ്രിൻ അംഗങ്ങളായ എല്ലാ പ്രധാനാചാര്യന്മാരും നിയമജ്ഞരും പ്രമാണികളും കയ്യാപ്പായുടെ ഭവനത്തിൽ സമ്മേളിച്ചിരുന്നു (14,43). സാൻഹൈദ്രിനാണ് യഹൂദരുടെ നീതിന്യായക്കോടതി. അവർ നേരത്തെ ആലോചിച്ചുറപ്പിച്ചിരുന്നതുപോലെ (11,18; 12,12; 41,1), അവിടുത്തെ എപ്രകാരം നശിപ്പിക്കാമെന്നായിരുന്നു അവരുടെ ചിന്ത. 

ശിഷ്യരെല്ലാം ഈശോ ഉപേക്ഷിച്ചുപോയെങ്കിലും പത്രോസ് മാത്രം പ്രധാനാചാര്യന്റെ നടുമുറ്റംവരെ അല്പം അകലെയായി അവിടുത്തെ അനുഗമിച്ചിരുന്നു (14,54). ഈശോയോടുകൂടെയായിരിക്കാൻ വിളിക്കപ്പെട്ടവനാണ് അല്പാല്പമായി ഗുരുവിൽ നിന്നകന്നു തുടങ്ങിയത്. ഗുരുവിനോടു ചേർന്നിരിക്കുമ്പോഴുള്ള ചൂട് നഷ്‌ടപ്പെടുമ്പോൾ മറ്റെവിടെയെങ്കിലും ചൂട് തേടിപ്പോവുക സ്വാഭാവികമാണ്. അതുകൊണ്ടായിരിക്കാം ഗുരു വിചാരണയ്ക്കായി നിർത്തപ്പെട്ടപ്പോഴും പത്രോസും പരിചാരകരോടൊപ്പം തീ കായാൻ പോയത് (14,54). ഈശോയെ അന്യായമായി വധശിക്ഷയ്ക്കു വിധിക്കുകയും നീചമായി അവഹേളിക്കുകയും ചെയ്‌തപ്പോഴാണ് പ്രിയ ശിഷ്യൻ സ്വന്തം സുഖം തേടിപ്പോകുന്നത് എന്നതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. 

ഈശോയിൽ നിന്നകന്നിരിക്കുമ്പോൾ തിന്മയ്ക്കുള്ള സാധ്യതയേറുന്നു. മുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനോട് പ്രധാനാചാര്യന്റെ ഒരു ഭൃത്യ പറഞ്ഞു: "നീ നസ്രായനായ ഈശോയുടെ കൂടെ ഉണ്ടായിരുന്നുവല്ലോ" (14,67). ഈശോയുടെ 'കൂടെ ഉണ്ടായിരിക്കുക' എന്നാൽ അവിടുത്തെ ശിഷ്യനാകുക എന്നാണല്ലോ അർത്ഥം. അവൾ പറഞ്ഞതു മനസ്സിലായില്ല എന്നു പറഞ്ഞ് അയാൾ അതു നിഷേധിച്ചു. 

അവിടെ നിന്നു രക്ഷപെടാനെന്നോണം പുറത്ത് പടിവാതില്ക്കലേയ്ക്കു പോയപ്പോൾ കോഴി കൂവി. പത്രോസിനെ ചൂണ്ടിക്കൊണ്ട് ആ പരിചാരിക ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: "ഇയാൾ അവരിൽ ഒരുവനാണ്" (14,69). താൻ ഈശോയുടെ ശിഷ്യനല്ലെന്ന് പത്രോസ് തറപ്പിച്ചു പറഞ്ഞു. കൂടെ മരിക്കേണ്ടിവന്നാലും നിഷേധിക്കുകയില്ലായെന്നു പറഞ്ഞ പത്രോസാണ് ഒരു സ്ത്രീയുടെ മുമ്പിൽ, അതും ഒരു പരിചാരികയുടെ മുമ്പിൽ, ഗുരുവിനെ തള്ളിപ്പറയുന്നത്. 

അല്പ‌ം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ പത്രോസിനോടു പറഞ്ഞു: “തീർച്ചയായും നീ അവരിൽ ഒരുവനാണ്. നീ ഒരു ഗലീലേയൻ ആണെന്ന് നിന്റെ സംസാരം തെളിയിക്കുന്നു" (14,70). ഗലീലിയിൽ നിന്നു ള്ളവരാണല്ലോ ഈശോയും അവിടുത്തെ ശിഷ്യന്മാരും. യൂദയായിലും ഗലീലിയിലും ഒരേ ഭാഷയായിരുന്നെങ്കിലും സംസാരരീതിയിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ടായിരുന്നു; തെക്കൻ കേരളത്തിലെ മലയാളം വടക്കൻ കേരളത്തിലേതിൽ നിന്നു വ്യത്യസ്‌തമായിരിക്കുന്നതുപോലെ. പത്രോസിന്റെ സംസാരരീതി തന്നെ അയാൾ ഗലീലിക്കാരനാണെന്നു തെളിയിക്കുന്നു എന്നാണവർ പറഞ്ഞത്. ഇതു കേട്ടപ്പോൾ പത്രോസ് ശപഥം ചെയ് പറഞ്ഞു: "നിങ്ങൾ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയില്ല" (14,71). ഗുരുവിനെ അറിയുക പോലുമില്ലായെന്നു പറയാൻ തക്കവിധം അത്രമാത്രം അയാൾ അധഃപതിച്ചു. തന്നെയും പിടികൂടുമോ എന്നുള്ള ഭയം നിമിത്തമാകണം അയാൾ ഇങ്ങനെ പറഞ്ഞത്. 

മൂന്നാം പ്രാവശ്യവും പത്രോസ് ഈശോയെ നിഷേധിച്ചു പറഞ്ഞപ്പോൾ കോഴി രണ്ടാം പ്രാവശ്യവും കൂവി. കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പ് താൻ അവിടുത്തെ മൂന്നു തവണ തള്ളിപ്പറയുമെന്ന് ഈശോ പ്രവചിച്ചിരുന്ന കാര്യം ഓർത്ത് പത്രോസ് ഉള്ളുരുകിക്കരഞ്ഞു (14,30-31.72). ദയനീയമായി പരാജയപ്പെട്ടെങ്കിലും തെറ്റിനെപ്പറ്റി പശ്ചാത്തപിച്ചതുകൊണ്ട് അയാൾ രക്ഷിക്കപ്പെടുമെന്നു നമുക്കറിയാം. മാനുഷിക ദൗർബല്യത്താൽ വല്ല പരാജയവും സംഭവിച്ചാൽ പത്രോസിന്റെ മാതൃക നമുക്കും അനുകരണീയം. 

 

88 

മൂന്നു ദിവസം കൊണ്ടു ദൈവാലയം പണിയുന്നവൻ (14,55-59) 

ശിമയോൻ പത്രോസ് ഗുരുവായ ഈശോയെ നിഷേധിച്ചുപറയുമ്പോൾ സാൻഹെദ്രിൻ സംഘം മുഴുവൻ അവിടുത്തെ മരണശിക്ഷയ്ക്കു വിധിക്കാൻ ആവശ്യകമായ തെളിവുകൾ അന്വേഷിക്കുകയായിരുന്നു (14,55). പല കള്ളസാക്ഷികളെയും അവർ ഹാജരാക്കിയെങ്കിലും അവരുടെ മൊഴികൾക്കു തമ്മിൽ പൊരുത്തമുണ്ടായിരുന്നില്ല. 'കള്ളസാക്ഷ്യം നല്‌കരുത്' എന്ന ദൈവകല്പനയുടെ (പുറ 20,16; നിയമ 5,20) പ്രകടമായ ലംഘനമായിരുന്നു ഇത്. കള്ളസാക്ഷികൾ കൊണ്ടുവന്ന അവസാനത്തെ ആരോപണം ഇതായിരുന്നു: "കരങ്ങൾകൊണ്ടു നിർമ്മിതമായ ഈ ദൈവാലയം തകർത്ത്, കരങ്ങൾകൊണ്ടു നിർമ്മിതമല്ലാത്ത മറ്റൊന്നു മൂന്നു ദിവസംകൊണ്ട് ഞാൻ പണിയും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടിട്ടുണ്ട്" (14,58). ഇത്തരമൊരവകാശവാദം ഈശോ ഒരിക്കലും ഉന്നയിച്ചിട്ടില്ല. അതു കൊണ്ടുതന്നെ അവരുടേത് വ്യാജാരോപണമാണ്. അന്യായമായി കുറ്റം ആരോപിക്കപ്പെടുന്ന ഈശോ പഴയനിയമത്തിലെ 'സഹിക്കുന്ന നീതിമാന്റെ' സ്ഥാനത്താണ് (സങ്കീ 27, 12; 35,11-12). നീതിമാൻ്റെ സഹനത്തിനു ദൈവം നീതീകരണം നല്കുമെന്നും വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (വിജ്ഞാ Mo 2.12-20; 5,1-5). 

അവിടുന്നു ദൈവാലയം നശിപ്പിക്കുമെന്നു പറഞ്ഞിട്ടില്ല; മറിച്ച്, സകല ജനതകൾക്കും പ്രാർത്ഥനാലയമാകാൻ കഴിയാതിരുന്ന ദൈവാലയം കല്ലിന്മേൽ കല്ലുശേഷിക്കാതെ നശിപ്പിക്കപ്പെടുമെന്നു പ്രവചിക്കുക മാത്രമേ അവിടുന്നു ചെയ്തിട്ടുള്ളു (13,1-2). ഈ പ്രവചനത്തെ വളച്ചൊടിച്ചാണ് കള്ളസാക്ഷികൾ ഈശോയ്ക്കെതിരെ നിരന്നത്. ജറൂസലേം ദൈവാലയം വെറും മാനുഷികകരങ്ങൾ കൊണ്ടു നിർമ്മിതമാണെന്നു കാണിച്ച് ഈശോ അതിനെ അവമതിച്ചു എന്നൊരു ധ്വനി കൂടി അവരുടെ ആരോപണത്തിലുണ്ട്. യഥാർത്ഥത്തിൽ വെറും മാനുഷികമായ ചിന്താഗതിയനുസരിച്ചാണ് ജറൂസലേം ദൈവാലയത്തിലെ കാര്യങ്ങൾ നടന്നിരുന്നത് എന്ന്, അതു ശുദ്ധീകരിക്കുക വഴി ഈശോ വ്യക്തമാക്കിയതാണ് (11,15-19). 

 

കരങ്ങൾ കൊണ്ടു നിർമ്മിതമല്ലാത്ത ഒരു ദൈവാലയം മൂന്നു ദിവസം കൊണ്ട് നിർമ്മിക്കുമെന്ന് ഈശോ അവകാശപ്പെട്ടുവെന്ന് കള്ളസാക്ഷികൾ പറഞ്ഞതിലൂടെ അവിടുന്ന് അധികാരഗർവ്വ് കാണിച്ചു എന്നായിരുന്നു അവരുടെ ആരോപണം. മരിച്ചവരിൽനിന്നു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റുകൊണ്ട്, മനുഷ്യനിർമ്മിതമല്ലാത്ത ദൈവാലയം മൂന്നു ദിവസങ്ങൾ കൊണ്ട് നിർമ്മിക്കാൻ കഴിവുള്ളവനാണ് താനെന്ന് അവിടുന്ന് തെളിയിച്ചു. ഇതിനുമുമ്പ് 'മൂന്നു ദിവസ'ത്തെക്കുറിച്ച് അവിടുന്നു പരാമർശിച്ചിരുന്നത് തന്റെ ഉത്ഥാനത്തെക്കുറിച്ചു സംസാരിച്ചപ്പോൾ മാത്രമാണ് (8,31; 9,31; 10,34). ഉത്ഥാനത്തിലൂടെ അവിടുത്തെ ശരീരം പുതിയ ദൈവാലയമായി ഭവിക്കുകയായിരുന്നു. ദൈവസാന്നിദ്ധ്യത്തിൻ്റെ സ്ഥലമാണു ദൈവാലയമെങ്കിൽ രൂപാന്തരപ്പെട്ട അവിടുത്തെ ശരീരം തന്നെയാണ് യഥാർത്ഥ ദൈവാലയം. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇക്കാര്യം അല്‌പം കൂടി വ്യക്തമാണ് (യോഹ 2,19-22). 'ഈ ദൈവാലയം നിങ്ങൾ തകർക്കുവിൻ. മൂന്നു ദിവസംകൊണ്ടു ഞാനതു പുനരുദ്ധരിക്കാം' എന്നവിടുന്നു പറഞ്ഞത് തന്റെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റിയാണെന്നു യോഹന്നാൻ വിശദീകരിക്കുന്നുണ്ട്. 

ഈശോയുടെ സഹനമരണോത്ഥാനങ്ങളോടുകൂടി രൂപപ്പെട്ട, മനുഷ്യകരങ്ങൾ കൊണ്ടു നിർമ്മിതമല്ലാത്ത, മറ്റൊരു ദൈവാലയം വിശ്വാസികളുടെ സമൂഹമായ തിരുസ്സഭയാണ്. ഈ പുതിയ ദൈവാലയത്തിന്റെ മൂലക്കല്ല് പണിക്കാരാൽ ഉപേക്ഷിക്കപ്പെട്ട ഈശോമിശിഹാതന്നെയാണ് (12,1-12). എല്ലാ ജനതകൾക്കുംവേണ്ടിയുള്ള പ്രാർത്ഥനാലയമെന്ന നിലയിൽ (11,17) ഈ പുതിയ ദൈവാലയം യഥാർത്ഥ ആരാധന നിർവ്വഹിക്കും; പരസ്പ‌രം ക്ഷമിച്ചുകൊണ്ട് വിശ്വാസത്തോടെ പ്രാർത്ഥിക്കും (11,20-26). 

89 

നീ അനുഗൃഹീതന്റെ പുത്രനായ മിശിഹാ ആകുന്നുവോ? (14,60-65) 

യഹൂദന്യായാധിപസംഘത്തിൻ്റെ മുമ്പിലെ ഈശോയുടെ വിചാരണയുടെ പ്രധാന മുഹൂർത്തം പ്രധാനാചാര്യൻ്റെ ചോദ്യത്തിലും അതിന് ഈശോ നല്കുന്ന ഉത്തരത്തിലുമാണ് (14,61-62). കള്ളസാക്ഷികൾ കൊണ്ടു വന്ന വ്യാജസാക്ഷ്യങ്ങൾ തമ്മിൽ പൊരുത്തപ്പെടാതിരുന്നതുകൊണ്ട് പ്രധാനാചാര്യൻതന്നെ എണീറ്റുനിന്നു ചോദിച്ചു: “നിനക്ക് ഉത്തരമൊന്നും പറയാനില്ലേ? ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ നീ കേൾക്കുന്നില്ലേ?" (60). നിഷ്കളങ്കനെങ്കിലും ശത്രുക്കളുടെ വ്യാജാരോപണങ്ങൾ നിശ്ശബ്ദനായി സഹിക്കുന്ന ദൈവത്തിൻ്റെ സഹനദാസനെയാണ് ഈശോയിൽ നാം കണ്ടുമുട്ടുന്നത് (ഏശ 53,7). 

ഈശോ മറുപടിയൊന്നും പറയാതിരുന്നതിൽ ക്ഷുഭിതനായ പ്രധാനാചാര്യൻ ചോദിച്ചു: “നീ അനുഗൃഹീതൻ്റെ പുത്രനായ മിശിഹാ ആകുന്നുവോ?" (14,61). സുവിശേഷത്തിലെ പ്രാരംഭവാക്യം നമ്മെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചോദ്യം (1,1). ഈശോയുടെ മാമോദീസായുടെയും രൂപാന്തരീകരണത്തിൻ്റെയും വേളയിൽ പിതാവായ ദൈവം വെളിപ്പെടുത്തിയതും (1,11, 9,7) പിശാചുബാധിതർ ഏറ്റുപറഞ്ഞതുമായ (3,11; 5,7) അവിടുത്തെ ദൈവപുത്രത്വവും പത്രോസ് പ്രഖ്യാപിച്ച മിശിഹാത്വവും (8,29) ഉറപ്പിച്ചു പറയാനുള്ള അവസരമായിരുന്നു അത്. താൻ ദൈവപുത്രനും മിശിഹായുമാണെന്ന് സമ്മതിച്ചാൽ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും ധൈര്യ പൂർവ്വം അവിടുന്നു പറഞ്ഞു: "അതേ, ഞാൻ ആകുന്നു. മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്തിരിക്കുന്നതും വാനമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും" (14,62). ദൈവം മോശയ്ക്കു സ്വയം വെളിപ്പെടുത്തിയത് 'ഞാൻ ആകുന്നു' (പുറ 3,14) എന്നു പറഞ്ഞുകൊണ്ടാണ്. താൻ ദൈവ പുത്രനാണെന്ന് ഈശോ വ്യക്തമാക്കുന്നു. ആദ്യമായാണ് ഈശോ തന്റെ ദൈവപുത്രത്വവും മിശിഹാത്വവും പരസ്യമായി സമ്മതിക്കുന്നത്. ഇതു സമ്മതിക്കുന്നതിൻ്റെ പേരിൽ മരണം വരിക്കേണ്ടിവരുമെങ്കിലും മഹത്വ പൂർണ്ണമായ ഉത്ഥാനം തന്നെ കാത്തിരിക്കുന്നു എന്ന സൂചന മനുഷ്യപുത്രനെക്കുറിച്ചുള്ള ഈശോയുടെ ഈ പ്രസ്‌താവനയിലുണ്ട്. അവിടുന്നു മനുഷ്യപുത്രൻ്റെ സഹനത്തെയും മരണത്തെയും കുറിച്ചു പ്രവചിച്ചപ്പോഴെല്ലാം മരിച്ചവരിൽ നിന്നുള്ള ഉത്ഥാനത്തെയും കുറിച്ചു മുൻകൂട്ടി അറിയിച്ചിരുന്നല്ലോ (8,31; 9,9.12.31; 10,33.45; 14,21.41). തന്നെ മരണത്തിനു വിധിക്കുന്നവരുടെമേൽ അവിടുന്നു വരിക്കുന്ന ആത്യന്തിക വിജയമാണ് ഉത്ഥാന ശേഷം 'ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനാകുന്ന'തിലൂടെ വെളിവാക്കപ്പെടുന്നത് (12,36; സങ്കീ 110,1). മഹത്വപൂർണ്ണനായ മിശിഹാ അവസാന നാളുകളിൽ വാനമേഘങ്ങളിൽ വരുന്നതിനെക്കുറിച്ച് അവിടുത്തെ യുഗാന്ത്യ്രപ്രഭാഷണത്തിൽ ഈശോ സൂചിപ്പിച്ചിരുന്നതാണ് (13,26; ദാനി 7,13-14). തന്നെ വിധിക്കുന്നവരെ വിധിക്കാനായി അവിടുന്നു വീണ്ടും വരും എന്നു സൂചന. 

താൻ ദൈവപുത്രനും മിശിഹായുമാണ് എന്ന ഈശോയുടെ പ്രസ്താവന പ്രധാനാചാര്യൻ 'ദൈവദൂഷണ'മായാണ് കണ്ടത്. ഈ 'ദൈവദൂഷണം' കേട്ടതിലുള്ള രോഷവും അമർഷവും മൂലമാണ് അദ്ദേഹം തന്റെ വസ്ത്രങ്ങൾ കീറുന്നത് (14,63; 2 രാജാ 18,37-19,4). ഈശോയുടെ ഈ പ്രഖ്യാപനത്തിൻ്റെ മാത്രം വെളിച്ചത്തിൽ അവിടുന്നു മരണശിക്ഷയ്ക്കർഹനാണെന്നു ജനത്തെക്കൊണ്ടു സമ്മതിപ്പിക്കാനായി പ്രധാനാചാര്യൻ ഇപ്രകാരം ചോദിച്ചു: "ഇനി നമുക്കു സാക്ഷികൾ എന്തിന്? ഇവൻ്റെ അധരങ്ങളിൽ നിന്നു വന്ന ദൈവദൂഷണം നിങ്ങൾ കേട്ടല്ലോ. നിങ്ങളുടെ അഭിപ്രായമെന്ത്?” (14,63). പ്രധാനാചാര്യൻ്റെ ഈ അഭിപ്രായത്തോടു യോജിച്ച സാൻഹെദ്രിൻ സംഘം മുഴുവൻ, അവിടുന്ന് വധശിക്ഷയ്ക്ക് അർഹനാണന്നു വിധിച്ചു (14,64). മനുഷ്യപുത്രൻ പ്രധാനാചാര്യന്മാരുടെയും നിയമജ്ഞരുടെയും കൈകളിൽ ഏല്‌പിക്കപ്പെടുമെന്നും അവർ അവനെ മരണ ശിക്ഷയ്ക്കു വിധിക്കുമെന്നുമുള്ള അവിടുത്തെ പ്രവചനം ഇപ്രകാരം നിവൃത്തിയായി (10,33). 

അവിടെ കൂടിനിന്നിരുന്നവർ അവിടുത്തെ പുച്ഛിക്കാനും പരിഹസിക്കാനും തുടങ്ങി (14,65). ഇതു ചെയ്‌തതു സാൻഹെദ്രിനിലെ അംഗങ്ങളാകാം; അല്ലെങ്കിൽ അവർ ഈശോയെ ബന്ധിക്കാൻ നിയോഗിച്ച സംഘത്തിലെ ആൾക്കാരാകാം. ചിലർ അവിടുത്തേമേൽ തുപ്പി; മറ്റുചിലർ അവിടുത്തെ മുഖം മൂടിക്കെട്ടിയശേഷം 'നീ പ്രവചിക്കുക' എന്നു പറഞ്ഞ് അവിടുത്തെ അടിച്ചു. അവരുടെ കൂടെയുണ്ടായിരുന്ന കാവൽക്കാരും അവിടുത്തെ കവിൾത്തടത്തിൽ അടിച്ചു. ദൈവപുത്രനും മിശിഹായുമാണെങ്കിൽ ആരാണ് അടിച്ചതെന്നു പ്രവചിക്കുക എന്നതായിരുന്നു അവരുയർത്തിയ വെല്ലുവിളി. ഇപ്രകാരമെല്ലാം സംഭവിക്കാനിരിക്കുന്നുവെന്ന് അവിടുന്നു പ്രവചിച്ചിരുന്നതാണല്ലോ (10,34). അവർ അവിടുത്തെ മുഖം മൂടിക്കെട്ടി അന്ധനാക്കാൻ ശ്രമിച്ചെങ്കിലും യഥാർത്ഥത്തിൽ അന്ധരായി ഭവിച്ചത് അവർ തന്നെയായിരുന്നു; സത്യത്തിൽ ദൈവപുത്രനും മിശിഹായുമായവനാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നതെന്നു ഗ്രഹിക്കാനുള്ള കാഴ്ച അവർക്കില്ലാതെ പോയിരുന്നു! 

90 

നീ യഹൂദന്മാരുടെ രാജാവാണോ? 

(15,1-20) 

ക്രിസ്തുവിനു മുമ്പ് 63 മുതൽ പലസ്‌തീനാ റോമൻ ഭരണത്തിൻ കീഴായിരുന്നു. ക്രി. മു. 37 മുതൽ റോമാക്കാർ ഹേറോദേസിനെ (Herod the Great) പലസ്തീനായുടെ രാജാവായി നിയമിച്ചു. ക്രി.മു. 4-ൽ അദ്ദേഹം മരിച്ചപ്പോൾ രാജ്യം അദ്ദേഹത്തിൻ്റെ മൂന്നു മക്കൾക്കായി വിഭജിച്ചു നല്‌കപ്പെട്ടു. യൂദയായിൽ അർക്കലാവുസും (ക്രി. മു 4-ക്രി. വ. 6) ഗലീലിയിൽ ഹേറോദ് അന്തിപ്പാസും (ക്രി. മു. 4 - ക്രി. വ. 39) ഗലീലിയുടെ കിഴക്കും വടക്കു കിഴക്കൻ പ്രദേശത്തും ഫിലിപ്പും (ക്രി. മു. 4 - (ക്രി. വ. 34) ഭരണം നടത്തി. ക്രി.വ. 6-ൽ അർക്കലാവുസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോൾ യൂദയാ ഒരു റോമൻ പ്രവിശ്യയാക്കി മാറ്റുകയും റോമാക്കാർ അവിടെ നേരിട്ടു ഭരണമാരംഭിക്കുകയും ചെയ്‌തു. ഈശോയുടെ പരസ്യജീവിത കാലത്ത് പന്തിയോസ് പീലാത്തോസ് (ക്രി. വ. 26-36) ആയിരുന്നു യൂദയായിലെ റോമൻ ഭരണാധികാരി. അതുകൊണ്ടാണ് യഹൂദമതനേതാക്കൾ ഈശോയെ രാഷ്ട്രീയ വിചാരണയ്ക്കായി പീലാത്തോസിന്റെ പക്കലേയ്ക്കു കൊണ്ടുപോയത്. തങ്ങൾ പ്രഖ്യാപിച്ച വിധി റോമൻ അധികാരിയെക്കൊണ്ട് അംഗീകരിപ്പിക്കാനും നടപ്പാക്കിക്കാനുമാണ് അവർ ഈശോയെ അദ്ദേഹത്തിന്റെ പക്കലെത്തിക്കുന്നത്. കാരണം, ആരെയും വധശിക്ഷയ്ക്കു വിധിക്കുവാൻ അവർക്കധികാരമില്ലായിരുന്നു (യോഹ 18,31). ഈശോയുടെ കാര്യത്തിൽ അദ്ദേഹമെടുക്കുന്ന തീരുമാനം വളരെ നിർണ്ണായകമായിരുന്നു. 

കോഴി കൂകിയതു രേഖപ്പെടുത്തുകവഴി പുലർകാലമായി എന്ന് സുവിശേഷകൻ അറിയിച്ചിരുന്നു (14,66-72). അതിരാവിലെതന്നെ പ്രധാനാചാര്യന്മാർ പ്രമാണികളോടും നിയമജ്ഞരോടും സംഘം മുഴുവനോടും ആലോചിച്ചശേഷം ഈശോയെ ബന്ധിച്ചുകൊണ്ടുപോയി പീലാത്തോസിനെ ഏല്പിച്ചു (15,1). യഹൂദ മതനേതൃത്വം അവിടുത്തെ മരണശിക്ഷയ്ക്കു വിധിച്ചശേഷം വിജാതീയരുടെ കൈകളിൽ ഏല്‌പിക്കും എന്ന ഈശോയുടെ പ്രവചനവും ഇപ്രകാരം പൂർത്തിയായി (10,34). സാൻഹെദ്രിൻ സംഘം ഈശോയുടെ മിശിഹാത്വത്തെയും ദൈവപുത്രത്വത്തെയും കുറിച്ചാണ് അവിടുത്തെ വിചാരണ ചെയ്‌തതെങ്കിൽ പീലാത്തോസിന റിയേണ്ടിയിരുന്നത് അവിടുത്തെ രാജത്വത്തെപ്പറ്റിയായിരുന്നു. യഹൂദ പാരമ്പര്യത്തിൽ ഇതു രണ്ടും പരസ്‌പരം ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ദാവീദിൻ്റെ പുത്രനായ മിശിഹാ യാക്കോബിൻ്റെ ഭവനത്തിന്മേൽ എന്നേയ്ക്കും ഭരണം നടത്തുന്നവൻ ആയിരിക്കും എന്നായിരുന്നല്ലോ പ്രവചനം (2 സാമു 7,12-17). പീലാത്തോസ് ചോദിച്ചു: “നീ യഹൂദരുടെ രാജാവാണോ?" (15,2). 'നീ മിശിഹായാണോ' എന്നു ചോദിക്കുന്നതിനു തുല്യമാണിത്. ഈശോയ്ക്കെതിരെയുണ്ടായിരുന്ന ആരോപണം എപ്രകാരം രാഷ്ട്രീയ വത്കരിച്ചാണ് യഹൂദർ പീലാത്തോസിൻ്റെ മുമ്പിൽ അവതരിപ്പിച്ചതെന്ന് പീലാത്തോസിൻ്റെ ചോദ്യത്തിൽ നിന്നു വ്യക്തമാണ്. 

സാൻഹെദ്രിൻ സംഘത്തിനു നല്‌കിയതുപോലുള്ള ഒരുത്തരം (“ഞാൻ ആകുന്നു" 14,62) ഈശോ പീലാത്തോസിനു നല്‌കുന്നില്ല. 'താൻ രാജാവാണ്' എന്നു പറയുന്നതിലെ രാഷ്ട്രീയധ്വനി ഒഴിവാക്കാനാകണം, “നീ അതു പറഞ്ഞുകഴിഞ്ഞല്ലോ" എന്ന് ഈശോ മറുപടി നല്കിയത്. താൻ യഹൂദരുടെ രാജാവല്ല എന്നവിടുന്നു പറഞ്ഞതുമില്ല. യഥാർത്ഥത്തിൽ സഹിച്ചു മരിച്ചുയിർക്കുന്ന മനുഷ്യപുത്രൻ എന്ന നിലയിൽ അവിടുന്നു യഹൂദരുടെ രാജാവുതന്നെയാണ്. 

പ്രധാനാചാര്യന്മാർ ഈശോയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അതിനെക്കുറിച്ചും പീലാത്തോസ് ചോദിച്ചെങ്കിലും അവിടുന്നു നിശ്ശബ്ദനായിരുന്നതേയുള്ളു (15,3-5). ദൈവഹിതത്തിനു സ്വയം സമർപ്പിച്ച് നിശ്ശബ്ദനായിരിക്കുന്ന സഹനദാസനെയാണ് ഇവിടെ കണ്ടുമുട്ടുന്നത് (ഏശ 53,7). 

മതാധികാരികൾ ഈശോയ്ക്കെതിരെ തീരുമാനമെടുത്തെങ്കിലും അവിടുത്തെ രക്ഷിക്കുന്നതിന് ജനങ്ങൾക്ക് ഒരവസരം കൂടിയുണ്ടായിരുന്നു. എല്ലാ തിരുനാളുകളിലും ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുന്ന രീതി റോമൻ ഭരണാധികാരികൾക്കുണ്ടായിരുന്നു. തങ്ങളുടെ അസൂയ നിമിത്തമാണ് പ്രധാനാചാര്യന്മാർ ഈശോയെ ഏല്പിച്ചുകൊടുത്തത് എന്നറിയാമായിരുന്ന പീലാത്തോസ് ജനങ്ങളോടു ചോദിച്ചു: "ഞാൻ യഹൂദന്മാരുടെ രാജാവിനെ മോചിപ്പിക്കുന്നതു നിങ്ങൾക്കിഷ്ടമാണോ?" (15,9). എന്നാൽ പ്രധാനാചാര്യന്മാരുടെ പ്രേരണ നിമിത്തം കൊലപാതകത്തിൻ്റെ പേരിൽ തടവറയിലായിരുന്ന ബർത്തബ്ബായെ മോചിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടത്. 

“യഹൂദന്മാരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഈ മനുഷ്യനെ ഞാൻ എന്തു ചെയ്യണം?" എന്ന പീലാത്തോസിൻ്റെ ചോദ്യത്തിനു മറുപടിയായി അവർ വിളിച്ചു പറഞ്ഞു: "അവനെ ക്രൂശിക്കുക" (15,12-13). ക്രൂശിക്കപ്പെടുവാൻ അർഹമായ ദ്രോഹമൊന്നും ഈശോയിൽ കാണുന്നില്ലെന്ന് പീലാത്തോസ് പറഞ്ഞെങ്കിലും ജനം "അവനെ ക്രൂശിക്കുക" എന്നാവർത്തിച്ചുകൊണ്ടിരുന്നു (15,14). ഏതാനും ദിവസങ്ങൾക്കുമുമ്പ് അവിടുത്തേയ്ക്ക് 'ഓശാന' പാടിയവരാണിവർ (11,9)! പീലാത്തോസ് ജനത്തെ പ്രീതിപ്പെടുത്തുവാനായി ബർഅബ്ബായെ മോചിപ്പിക്കുകയും ഈശോയെ ചമ്മട്ടികൊണ്ട് അടിച്ചതിനുശേഷം ക്രൂശിക്കാനായി അവർക്ക് ഏല്‌പിച്ചു കൊടുക്കുകയും ചെയ്തു (15, 15). തങ്ങളുടെ അധികാരത്തിന് ഭീഷണി യായേക്കുമോ എന്നു ഭയന്ന് ഈശോയെ വധശിക്ഷയ്ക്കു വിധിച്ച പ്രധാനാചാര്യന്മാരുടെ ഉത്തരവാദിത്വം നിസ്സാരമല്ലെങ്കിലും ജനത്തിൻ്റെ സമ്മർദ്ദത്തിനു വഴങ്ങി ക്രൂശിക്കാനായി ഈശോയെ ഏല്‌പിച്ചുകൊടുക്കുന്ന പീലാത്തോസിൻ്റെ തിന്മയും കുറ്റകരം തന്നെ. കുറ്റവാളിയായ ബർഅബ്ബായെ സ്വതന്ത്രനാക്കിയിട്ടാണ് നിഷ്കളങ്കനായ ഈശോയെ അയാൾ ശിക്ഷിച്ചത്! യഹൂദരുടെ രാജാവാണ് എന്നതിൻ്റെ പേരിലാണ് ഈശോ ക്രൂശുമരണത്തിനു വിധിക്കപ്പെട്ടത്. പീലാത്തോസുതന്നെ മൂന്നു പ്രാവശ്യം അവിടുത്തെ, യഹൂദന്മാരുടെ രാജാവ് എന്നു വിശേഷിപ്പിക്കുന്നുണ്ട് (15,2.9.12); ഒപ്പം അവിടുത്തെ നിഷ്കളങ്കത ഏറ്റുപറയുകയും ചെയ്തു. 

തുടർന്ന് പടയാളികളുടെ വക അവഹേളനമായിരുന്നു (15,16-20). റോമൻ ഭരണാധികാരിയുടെ കൊട്ടാരത്തിൻ്റെ ഉൾത്തളമായ പ്രത്തോറിയത്തിൽ സമ്മേളിച്ച വിജാതീയരായ പടയാളികൾ അവിടുത്തെ ചെങ്കുപ്പായം ധരിപ്പിക്കുകയും മുൾക്കിരീടം അണിയിക്കുകയും മുട്ടുകുത്തി വന്ദിക്കുകയും 'യഹൂദന്മാരുടെ രാജാവേ, വാഴ്‌ക' എന്നു പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. 

91 

ദുഷ്ട‌ന്മാരോടുകൂടെ അവൻ എണ്ണപ്പെട്ടു (15,21-32) 

ക്രൂശുമരണത്തിനു വിധിക്കപ്പെടുന്നവർ അവരവരുടെ കുരിശുമായി വധസ്ഥലത്തേയ്ക്കു പോകണമെന്നതായിരുന്നു രീതി. കുരിശും വഹിച്ചു കൊണ്ട് ഗാഗുൽത്തായിലേയ്ക്കു പോയ ഈശോയുടെ കൂടെ അവിടുത്തെ ശിഷ്യന്മാരാരും ഉണ്ടായിരുന്നില്ല. അവിടുത്തെ സഹായിക്കാനെത്തുന്നത് വഴിപോക്കനായ കിറിനേക്കാരൻ ശെമയോനാണ്. ആദിമസഭയിൽ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു അലക്‌സാണ്ടറും റൂഫസും. അവരുടെ പിതാവായിരുന്നു ഈ ശെമയോൻ എന്നു വി. മർക്കോസ് എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. 

വയലിൽ നിന്നു തിരിച്ചുവരികയായിരുന്ന ശെമയോൻ ഈശോയുടെ കുരിശു ചുമക്കുവാൻ നിർബന്ധിക്കപ്പെടുകയാണുണ്ടായത്. എങ്കിലും ഒരു ക്രിസ്തുശിഷ്യൻ അനുഷ്‌ഠിക്കേണ്ട കാര്യമാണ് അയാൾ ചെയ്ത‌ത്. “എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എൻ്റെ പിന്നാലെ വരട്ടെ" എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടല്ലോ (8,34). കൂടെയായിരിക്കാൻ വിളിക്കപ്പെട്ട, കൂടെ മരിക്കാൻ തയ്യാറാണെന്നു വാക്കുകൊടുത്ത ശെമയോൻ പത്രോസ് അവിടുത്തെ ഉപേക്ഷിച്ച സ്ഥാനത്താണ് ഈ ശെമയോൻ സഹായത്തിനെത്തുന്നത്. 

ജറുസലേം പട്ടണത്തിനു വെളിയിലാണ് ഗാഗുൽത്താ. ഈ പേരി നർത്ഥം 'തലയോട്ടിയുടെ സ്ഥലം' എന്നാണ്; ഈ സ്ഥലത്തിന് ഒരു കുന്നിന്റെ രൂപമുള്ളതുകൊണ്ടാകാം ഈ പേരു വന്നത്. ഇവിടേയ്ക്കാണ് അവർ ഈശോയെ ക്രൂശിക്കാനായി കൊണ്ടുപോയത്. അവിടുത്തെ വേദന കുറയ്ക്കാൻ വേണ്ടിയെന്നോണം അവർ അവിടുത്തേയ്ക്കു മീറ കലർത്തിയ വീഞ്ഞ് നല്‌കി (15,23; സുഭാ 31,6-7). പക്ഷേ, അവിടുന്നതു കുടിച്ചില്ല. ദൈവരാജ്യത്തിലെത്തുന്നതുവരെ മുന്തിരിയുടെ ഫലത്തിൽ നിന്നു പാനം ചെയ്യുകയില്ലെന്ന് അവിടുന്നരുളിച്ചെയ്‌തിട്ടുണ്ടായിരുന്നല്ലോ (14,25). ദൈവം നിശ്ചയിച്ചിരിക്കുന്ന സഹനത്തിന്റെയും മരണത്തിന്റെയും പാനപാത്രം ബോധപൂർവ്വം പാനം ചെയ്യാൻ വേണ്ടിയാണ് അവിടുന്നതു നിരസിച്ചത്. വി. മർക്കോസ് ഈശോയുടെ ക്രൂശിക്കൽ വിവരിക്കുന്നത് വളരെ ചുരുങ്ങിയ വാക്കുകളിലാണ്: "അനന്തരം അവർ അവനെ ക്രൂശിച്ചു.... ഒമ്പതു മണിക്കാണ് അവർ അവനെ ക്രൂശിച്ചത്" (15,24-25), വർണ്ണിക്കാൻ ആരും ഇഷ്‌ടപ്പെടാത്ത തരത്തിൽ അത്ര ക്രൂരവും കിരാതവുമായിരുന്നു ക്രൂശിക്കൽ കർമ്മം. പിന്നീട് അവർ അവൻ്റെ വസ്ത്രങ്ങൾ വിഭജിക്കുകയും നറുക്കിട്ട് ഓരോരുത്തർക്കുമുള്ളത് എടുക്കുകയും ചെയ്തു. അങ്ങനെ, “അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു" എന്ന സങ്കീർത്തനവചനം പൂർത്തിയായി (സങ്കീ 22,18). 'സഹിക്കുന്ന നീതിമാൻ' എന്ന നിലയിൽ, സ്വന്തം വസ്ത്രം പോലുമില്ലാതെ, സമ്പൂർണ്ണ പരിത്യക്തനായാണ് അവിടുന്നു മരിക്കുന്നത്. 

ക്രൂശിക്കപ്പെടുന്ന ആളിൻ്റെ കുറ്റപത്രം പ്രദർശിപ്പിക്കുക റോമൻ നടപടിക്രമത്തിൻ്റെ ഭാഗമാണ്. അതുകൊണ്ടാണ് 'യഹൂദന്മാരുടെ രാജാവ്' എന്നെഴുതിയ ഒരു കുറ്റപത്രം കുരിശിൽ അവിടുത്തെ തലയ്ക്കുമുകളിൽ സ്ഥാപിക്കപ്പെട്ടത് (15,26). രണ്ടു കവർച്ചക്കാരുടെ മദ്ധ്യേയാണ് അവർ അവിടുത്തെ ക്രൂശിച്ചത്. 'അവൻ പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു' എന്ന തിരുവെഴുത്ത് പൂർത്തിയാകാനായിരുന്നു ഇത് (ഏശ 53,12). 

ആ വഴി കടന്നുപോയവർ അവിടുത്തെ പരിഹസിച്ചു ദുഷിച്ചു കൊണ്ടു പറഞ്ഞു: "ദൈവാലയം നശിപ്പിച്ചിട്ട് അതു മൂന്നു ദിവസംകൊണ്ട് പണിതുയർത്തുന്നവനേ, നീ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽ നിന്നിറങ്ങിവരിക” (15,30; സങ്കീ 22,7). കുരിശിൽ നിന്നിറങ്ങിവന്നുകൊണ്ടല്ല, മറിച്ച് കുരിശിൽ സ്വജീവൻ വെടിഞ്ഞുകൊണ്ടാണ് അവിടുന്നു അതു രക്ഷിക്കാൻ പോകുന്നത് (8,35). പ്രധാനാചാര്യന്മാരും നിയമജ്ഞരും ഇതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു (15,31-32). കുരിശിൽ നിന്നിറങ്ങിവന്നാൽ അതു കണ്ട് വിശ്വസിക്കാം എന്ന് അവർ കളിയാക്കി. അവിടുത്തോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ പരിഹസിച്ചു. ഈ അപമാനത്തിലൂടെയും സഹനത്തിലൂടെയും അവിടുന്നു രക്ഷകനായ രാജാവായി. 

92 

സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു (15,33-41) 

ഈശോ രാവിലെ ഒമ്പതു മുതൽ മൂന്നു മണിക്കൂർ നേരത്തോളം കുരിശിൽ കിടന്നുകൊണ്ട് വഴിപോക്കരുടെ അവഹേളനവും യഹൂദനേതാക്കന്മാരുടെയും കവർച്ചക്കാരുടെയും നിന്ദനവും സഹിച്ചു. പന്ത്രണ്ടു മണിമുതൽ മൂന്നുമണിവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ആമോസ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത‌ിരുന്നതു പൂർത്തിയാകാനായിരുന്നു ഇത്. 'കർത്താവിൻ്റെ ദിന'ത്തെക്കുറിച്ച് പ്രവാചകൻ ഇപ്രകാരം എഴുതുന്നു: "ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: അന്നു മദ്ധ്യാഹ്നത്തിൽ സൂര്യൻ അസ്‌തമിക്കും; നട്ടുച്ചയ്ക്കു ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും" (ആമോസ് 8,9). അന്ത്യദിനത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൽ ഈശോയും സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: “ആ ദിവസങ്ങളിൽ, ആ ഞെരുക്കങ്ങൾക്കുശേഷം സൂര്യൻ ഇരുണ്ടുപോകും" (13,24). അവിടുത്തെ മരണത്തോടുകൂടി അന്ത്യദിനങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നാണു സൂചന. 

മൂന്നു മണിക്ക് ഈശോ 'സഹിക്കുന്ന നീതിമാൻ്റെ' പ്രാർത്ഥനയായ 23-ാം സങ്കീർത്തനത്തിൽ നിന്നും അറമായ ഭാഷയിൽ ഉദ്ധരിച്ചുകൊണ്ടു പ്രാർത്ഥിച്ചു: "ഏലി, ഏലി, ല്‌മാ ശബക്ത്താനി" (15,34). "എൻ്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" എന്നാണ് ഇതിന്റെ അർത്ഥം. ഗത്സേമനിലെ പ്രാർത്ഥനയ്ക്കു സദൃശമാണിതും (14,36). ഇതൊരു നിരാശതയുടെ നിലവിളിയല്ല; മറിച്ച്, ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്ന, 'സഹിക്കുന്ന നീതിമാൻ്റെ' പ്രതീക്ഷയോടെയുള്ള പ്രാർത്ഥനയാണ്. ഈ സങ്കീർത്തനം അവസാനിക്കുന്നതും പ്രത്യാശയുടെയും രക്ഷയുടെയും വാക്യങ്ങളോടെയാണ് (സങ്കീ 23,22-31). “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ" എന്നുള്ള സംബോധനയിൽത്തന്നെയും ഈ പ്രത്യാശ നിഴലിക്കുന്നുണ്ട്. അവിടെ നിന്നിരുന്ന, അറമായ ഭാഷ അറിയിയാൻ സാധ്യതയില്ലാതിരുന്ന പടയാളികൾ ഇതു കേട്ടിട്ട്, ഈശോ ഏലിയായെ വിളിക്കുകയാണ് എന്നു പറഞ്ഞു (15,35). "അവനെ താഴെയിറക്കാൻ ഏലിയാ വരുമോ എന്നു നമുക്കു കാണാം" എന്നു മറ്റുചിലരും പറഞ്ഞു (15,37), കുരിശിലെ സഹനത്തിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കാൻ വേണ്ടി ഒരാൾ ഓടിച്ചെന്ന് നീർപ്പഞ്ഞി വിനാഗിരിയിൽ മുക്കി ഒരു ഞാങ്ങണയുടെ അറ്റത്തുവച്ച് അവിടുത്തേയ്ക്കു കുടിക്കാൻ കൊടുത്തു (15,36). “ദാഹത്തിന് അവർ എനിക്കു വിനാഗിരി തന്നു" എന്ന സങ്കീർത്തനഭാഗം ഇപ്രകാരം നിറവേറി (സങ്കീ 69,22). 'സഹിക്കുന്ന നീതിമാനാ'ണവിടുന്ന് എന്നു തെളിയിക്കുന്നതാണ് ഈ ചിത്രം. 

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടാണ് ഈശോ ജീവൻ വെടിഞ്ഞത്. അപ്പോൾ ദൈവാലയത്തിലെ വിരിമുകൾമുതൽ താഴെവരെ രണ്ടായി കീറിപ്പോയി (15,38). സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയാണ് നാമിവിടെ കാണുന്നത്. 'മനുഷ്യകരങ്ങളാൽ നിർമ്മിതമായ' ജറൂസലേം ദൈവാലയവും അതിലെ ആരാധനാസംവിധാനവും നിർത്തലാക്കപ്പെടുന്നതിന്റെ പ്രതീകാത്മകമായ അവതരണമാണിത്. ദൈവാലയത്തിന്റെ നാശം അവിടുന്നു മുൻകൂട്ടി അറിയിച്ചിരുന്നല്ലോ (11,12-22; 13,2; 14,58). യഹൂദ-വിജാതീയ വ്യത്യാസത്തോടുകൂടിയുള്ള ദൈവാലയ സംവിധാനമാണ് ഇല്ലാതാകുന്നത്. പകരം ഈശോയിൽ 'മനുഷ്യകരങ്ങളാൽ നിർമ്മിതമല്ലാത്ത' (15,38) പുതിയ ദൈവാലയം സ്ഥാപിതമായി. ഈശോയുടെ മരണത്തിലൂടെ വിജാതീയ-യഹൂദ വ്യത്യാസമില്ലാതെ, എല്ലാ ദൈവമക്കൾക്കും ദൈവസന്നിധിയിലേയ്ക്കു പ്രവേശനം ലഭിച്ചു (11,17). വി. മർക്കോസിന്റെ വീക്ഷണപ്രകാരം, ഈശോയുടെ മരണത്തോടുകൂടി പഴയ ദൈവാലയത്തിന്റെ പ്രസക്തി നഷ്‌ടമായി; പുതിയ ദൈവാലയം നിലവിൽ വന്നു. വിജാതീയനായ ശതാധിപൻ്റെ "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു" എന്ന പ്രഖ്യാപനം ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. 

ഈശോയുടെ കുരിശുമരണത്തിൻ്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയ ആദ്യമനുഷ്യവ്യക്തി വിജാതീയനായ ശതാധിപനാണ്. അദ്ദേഹം ഇതു മനസ്സിലാക്കുക മാത്രമല്ല, ഉറക്കെ പ്രഘോഷിക്കുക കൂടി ചെയ്‌തു"സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” (15,39). തൻ്റെ നിലവിളിക്ക് ദൈവത്തിൽനിന്ന് പെട്ടെന്നു മറുപടി ലഭിക്കാതിരുന്നിട്ടും (15,34) സ്വശിഷ്യരാൽ ഉപേക്ഷിക്കപ്പെട്ടിട്ടും (14,32-52.66-72) മത-രാഷ്ട്രീയ നേതൃത്വങ്ങളാൽ മരണത്തിനു വിധിക്കപ്പെട്ടിട്ടും (14,53-65; 15,1-15) പ്രധാനാചാര്യന്മാരാലും പടയാളികളാലും അവഹേളിക്കപ്പെട്ടിട്ടും (15,16-32), ദൈവത്തിലുള്ള വിശ്വാസത്തിനു തെല്ലും ഭംഗം വരുത്താതെ ഈശോ മരിക്കുന്നതു ദർശിച്ച ശതാധിപനാണ് ഈ പ്രഖ്യാപനം നടത്തുന്നത്. നീതിമാനും നിഷ്‌കളങ്കനുമായിരുന്നിട്ടും ഇപ്രകാരം സഹിച്ചു മരിച്ചതിലൂടെയാണ് അവിടുന്നു നീതീകരിക്കപ്പെട്ടത് എന്ന് ഗ്രഹിച്ചതുകൊണ്ടാണ് അയാൾക്ക് ഇപ്രകാരം പ്രഖ്യാപിക്കാൻ സാധിച്ചത്. മരിക്കുന്ന നിമിഷത്തിലാണ് മനുഷ്യപുത്രൻ പൂർണ്ണമായി വെളിപ്പെടുത്തപ്പെട്ടത്. ഇതു മനസ്സിലാക്കുന്ന വിജാതീയനായ ശതാധിപൻ ഒരു വലിയ വിശ്വാസപ്രഖ്യാപനം നടത്തുകയായിരുന്നു. ഈശോയുടെ ദൈവപുത്രത്വം ഏറ്റുപറഞ്ഞ് വിശ്വാസികളുടെ സമൂഹത്തിലെ ആദ്യാംഗമായിത്തീർന്ന ഈ ശതാധിപൻ ഈശോയുടെ മരണത്തിൽ സമുദ്ഘാടനം ചെയ്യപ്പെട്ട പുതിയ ദൈവാലയത്തിൽ ആദ്യം പ്രവേശിക്കുന്ന വ്യക്തിയാണ്. 

വി. മർക്കോസിന്റെ സുവിശേഷവിവരണത്തിൻ്റെ പ്രധാന മൂഹൂർത്തങ്ങളിലൊന്നാണ് ശതാധിപൻ്റെ വിശ്വാസപ്രഖ്യാപനം. നസ്രായനായ ഈശോ ആരാണ് എന്നവതരിപ്പിക്കുകയാണ് വി. മർക്കോസിന്റെ ലക്ഷ്യം. സുവിശേഷത്തിലെ ആദ്യവാക്യം വ്യക്തമാക്കുന്നതുപോലെ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് അവിടുത്തെക്കുറിച്ചു പറയാനുള്ളത്. അവിടുന്നു ദൈവപുത്രനാണ്, ഒപ്പം വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായും (1,1). പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിലും (8,29) സാൻഹൈദ്രിൻ സംഘത്തിൻ്റെ മുമ്പാകെയുള്ള വിചാരണവേളയിലുമാണ് (14,61-62) അവിടുത്തെ മിശിഹാത്വം പരസ്യമായി പ്രഘോഷിക്കപ്പെട്ടത്. അവിടുന്ന് ദൈവപുത്രനാണെന്ന വസ്തുത അവിടുത്തെ മാമോദീസായുടെയും രൂപാന്തരീകരണത്തിന്റെയും അവസരത്തിൽ പിതാവായ ദൈവംതന്നെ വെളിപ്പെടുത്തുന്നുണ്ട് (1,11; 9,7; 3,11; 5,7). ഈ സത്യംതന്നെയാണ് അവിടുത്തെ മരണവേളയിൽ ശതാധിപൻ പ്രഖ്യാപിക്കുന്നതും (15,39). ആദ്യം പിതാവായ ദൈവവും പിന്നീട് ശിഷ്യനായ പത്രോസും അവസാനമായി വിജാതീയ ശതാധിപനും ഈശോ ആരെന്നു വെളിപ്പെടുത്തുന്നു. ഇതോടെ മർക്കോസിന്റെ സുവിശേഷവിവരണം അതിൻ്റെ ലക്ഷ്യത്തിലെത്തി. 

93 

ദൂരെ കുറെ സ്ത്രീകളും ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു (15,40-41.47) 

സുവിശേഷവിവരണത്തിൽ ഇതുവരെ പരാമർശിക്കപ്പെടാതിരുന്ന കഥാപാത്രങ്ങളാണ് ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകൾ. ഈശോ പ്രത്യേകം വിളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌ത ശിഷ്യന്മാരായിരുന്നു ഇതുവരെ വിവരണങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ ഈശോ ബന്ധിക്കപ്പെടുകയും വിചാരണചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്‌തപ്പോൾ ഈ ശിഷ്യന്മാർ അവിടുത്തെ ഉപേക്ഷിച്ചുപോയി. കുരിശു വഹിക്കുവാൻ അവിടുത്തെ സഹായിച്ചത് അവിടുത്തെ അതുവരെ കണ്ടിട്ടു പോലുമില്ലാതിരുന്ന കിറേനേക്കാരൻ ശെമയോനാണ് (15,21). അവിടുത്തെ മരണത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഏകവ്യക്തി വിജാതീയനായ ശതാധിപനും (15,39). ഈശോയുടെ കുരിശുമരണത്തിനും സംസ്‌കാരത്തിനും ഉത്ഥാനത്തിനും സാക്ഷികളാകുന്നത് അവിടുത്തെ അനുഗമിച്ചിരുന്ന സ്ത്രീകൾ മാത്രമാണ് (15,40-41.47; 16,1-8). ഈ സംഭവങ്ങളുടെ ദൃക്‌സാക്ഷികൾ എന്നനിലയിൽ ഇവർക്ക് ആദിമസഭയിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. 

ഈശോയുടെ കുരിശുമരണത്തെപ്പറ്റി വർണ്ണിക്കുമ്പോൾ വി. മർക്കോസ് ഇപ്രകാരം എഴുതുന്നു: “ദൂരെ കുറെ സ്ത്രീകളും ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു" (15,40). ഈശോയുടെ പരസ്യജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽ ഗലീലിയിൽ അവിടുത്തെ ശുശ്രൂഷിക്കുകയും ജറുസലേമിലേയ്ക്കുള്ള യാത്രയിൽ അവിടുത്തെ 'അനുഗമിക്കുകയും' ചെയ്‌തവരായിരുന്നു അവർ. മഗ്ദലക്കാരി മറിയവും ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അമ്മയായ മറിയവും സലോമിയും ആയിരുന്നു അവരിൽ മുഖ്യർ. ഈ മൂന്നു സ്ത്രീകളുടെ സാന്നിദ്ധ്യം പ്രത്യേകാവസരങ്ങളിൽ ഈശോയോടൊപ്പമുണ്ടായിരുന്ന മൂന്നു പ്രമുഖശിഷ്യന്മാരെ - പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും - അനുസ്‌മരിപ്പിക്കുന്നതാണ് (1,16 -20.29; 3,16-17; 5,37; 9,2; 13,3). ഈശോയുടെ പരസ്യജീവിതം മുഴുവന്റെയും ദൃക്സാക്ഷികളാണ് ഈ സ്ത്രീകൾ. അവിടുത്തെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌ത ഇവരാണ് വിശ്വസ്‌തതാപൂർവ്വം അവിടുത്തെ മരണനിമിഷത്തിലും 'കൂടെ' നില്ക്കുന്നത്. മരണത്തിനു മാത്രമല്ല, അവിടുത്തെ സംസ്കാരത്തിനും (15,47) ഉത്ഥാനത്തിനും ഇവർ തന്നെയാണ് സാക്ഷികൾ (16,1-8). മറ്റു ശിഷ്യന്മാരെല്ലാവരും ഉപേക്ഷിച്ചുപോകുമ്പോഴും പരിപൂർണ്ണ വിശ്വസ്തതയോടെ അവിടുത്തോടുകൂടെ നിൽക്കുവാൻ ഇവരെങ്കിലും ഉണ്ടല്ലോ എന്ന ചിന്ത വായനക്കാർക്ക് ആശ്വാസം നല്‌കുന്നു. പക്ഷേ, അവസാന നിമിഷത്തിൽ ഇവരും പരാജയപ്പെടും (16,8). 

94 

അയാൾ കല്ലറ വാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു (15,42-46) 

ഈശോ മരിച്ചത് സാബത്തിനുമുമ്പുള്ള ദിവസമായ വെള്ളിയാഴ്ച‌യായിരുന്നു (15,42). ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണല്ലോ അവിടുന്നു മരിച്ചത് (15,33-34). യഹൂദ കണക്കനുസരിച്ച് വൈകുന്നേരത്തോടെ പുതിയ ദിവസം ആരംഭിക്കും. സാബത്തുദിവസം ജോലികളൊന്നും ചെയ്യുവാൻ പാടില്ലാതിരുന്നതുകൊണ്ട് അന്നുതന്നെ ഈശോയുടെ ശരീരം സംസ്കരിക്കേണ്ടതുണ്ടായിരുന്നു. അതു നിർവ്വഹിക്കേണ്ടിയിരുന്ന അവിടുത്തെ ശിഷ്യന്മാർ അവിടുത്തെ ഉപേക്ഷിച്ചുപോയിരുന്നു. തികച്ചും അപ്രതീക്ഷിതനായ ഒരു വ്യക്തി അവിടുത്തെ സംസ്‌കരിക്കാൻ സ്വയമേ മുമ്പോട്ടു വരുന്നതാണ് മർക്കോ 15,42-46-ൽ കാണുന്നത്. 

ഈശോയെ മരണശിക്ഷയ്ക്കുവിധിച്ച സാൻഹെദ്രിൻ സംഘത്തിലെ അംഗമായിരുന്നെങ്കിലും (14,55.64:15,1) ഈശോയെക്കുറിച്ചു വ്യത്യസ്തതമായ അഭിപ്രായമുള്ള ആളായിരുന്നു അരിമത്തിയാക്കാരൻ യൗസേപ്പ് (15,43). അദ്ദേഹം 'ദൈവരാജ്യം പ്രതീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു' എന്നാണ് വി. മർക്കോസ് രേഖപ്പെടുത്തുന്നത്. ഇസ്രായേലിൻ്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്ന ശെമയോൻ ദീർഘദർശിയെയും (ലൂക്കാ 2,25) ജറുസലേമിന്റെ രക്ഷ പ്രതീക്ഷിച്ചിരുന്ന ഹന്നാപ്രവാചികയെയും പോലുള്ള (ലൂക്കാ 2,38) ഒരുവനായിരുന്നു ജോസഫ് എന്നു വേണം അനുമാനിക്കാൻ. ദൈവത്തിൻ്റെ അഭിഷിക്തനായ മിശിഹായുടെ വരവുമായി ബന്ധപ്പെടുത്തിയാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ ഭക്തരായ യഹൂദർ പുലർത്തിയിരുന്നത്. ഈശോയാണ് വരാനിരുന്ന മിശിഹാ എന്നു ബോദ്ധ്യമായതുകൊണ്ടാകണം അദ്ദേഹം അവിടുത്തെ സംസ്കരിക്കാൻ മുൻകൈയെടുത്തത്. അദ്ദേഹം 'ധൈര്യത്തോടെ' പീലാത്തോസിന്റെ പക്കൽ ചെന്ന് ഈശോയുടെ ശരീരം ആവശ്യപ്പെട്ടു. ശിഷ്യർ ഭീരുക്കളായി ഓടിപ്പോയിടത്താണ് ഇയാൾ ധൈര്യപൂർവ്വം മുൻപോട്ടുവരുന്നത്. സാൻ ഹെദ്രിൻസംഘം കുറ്റവാളിയായി വിധിച്ചവനെ സംസ്ക‌രിക്കുന്ന വ്യക്തിയെ തീർച്ചയായും സംഘം അവമതിക്കും എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഇതു വകവയ്ക്കാതെയാണ് ധൈര്യപൂർവ്വം അദ്ദേഹം ഈശോയെ സംസ്കരിക്കാൻ തയ്യാറായത്. 

കുരിശിൽ തറയ്ക്കപ്പെടുന്നവർ ദിവസങ്ങളോളം അവിടെ കിടന്നു സഹിച്ചതിനുശേഷമാണ് മരിച്ചിരുന്നത്. അതുകൊണ്ടാണ് ഈശോ മരിച്ചു കഴിഞ്ഞു എന്നു കേട്ടപ്പോൾ പീലാത്തോസ് ആശ്ചര്യപ്പെട്ടത്. അദ്ദേഹം വധശിക്ഷയ്ക്കു മേൽനോട്ടം വഹിച്ച ശതാധിപനെ വിളിച്ചുവരുത്തി അവിടുന്നു മരിച്ചുകഴിഞ്ഞെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് ശരീരം വിട്ടുകൊടുക്കാൻ ഉത്തരവായത് (15,44-45). ജീവിതകാലത്ത് നിരവധി അത്ഭുതങ്ങൾ ചെയ്‌ത അവിടുന്ന് അത്ഭുതകരമായി കുരിശിൽനിന്നു രക്ഷപ്പെടുമെന്നു കരുതിയിരുന്നതുകൊണ്ടാവാം പീലാത്തോസ് ഉറപ്പുവരുത്താൻ ആഗ്രഹിച്ചത്. ഈശോ മരിച്ചു എന്നുള്ള ശതാധിപന്റെ സാക്ഷ്യം ഈശോയുടെ ഉത്ഥാനത്തിൻ്റെ വാസ്‌തവികത ഉറപ്പിക്കുന്നതാണ്. അരിമത്തിയാക്കാരൻ ഈശോയുടെ ശരീരം കുരിശിൽനിന്നു താഴെയിറക്കി, പുതുതായി വാങ്ങിയ കച്ചയിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ സംസ്ക്‌കരിച്ചു (15,46). സ്‌നാപകയോഹന്നാനെ സംസ്കരിച്ച അദ്ദേഹത്തിന്റെ ശിഷ്യന്മാരെപ്പോലെയാണ് (6,29) ഇയാൾ പ്രവർത്തിക്കുന്നത്. മാന്യമായ സംസ്ക്‌കാരം അദ്ദേഹം ഈശോയ്ക്കു നല്‌കി. പാറയിൽ വെട്ടിയുണ്ടാക്കിയ ഗുഹയിലാണ് അവിടുത്തെ സംസ്‌കരിച്ചത്. ഈ ഗുഹാ മുഖത്ത് വലിയൊരു കല്ല് ഉരുട്ടിവച്ചാണ് അദ്ദേഹം സംസ്ക‌ാരകർമ്മം പൂർത്തിയാക്കിയത്. 

മഗ്ദലക്കാരി മറിയവും യോസേയുടെ അമ്മയായ മറിയവും ഈശോയെ സംസ്കരിച്ച സ്ഥലം കണ്ടു (15,47). അവിടുത്തെ മരണത്തിനു സാക്ഷ്യം വഹിച്ചവർ തന്നെയാണ് (15,40-41) സംസ്‌കാരത്തിനും സാക്ഷികളാകുന്നത്. ഇവർ തന്നെയാണ് അവിടുത്തെ ഉത്ഥാനവാർത്ത ആദ്യമായി സ്വീകരിക്കുന്നതിനു യോഗ്യരാകുന്നതും (16,1-8).

95 

അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അവൻ ഇവിടെയില്ല (16,1-8) 

മൃതശരീരം സംസ്ക്‌കരിക്കുന്നതിനുമുമ്പ് സുഗന്ധതൈലം പൂശുന്ന രീതി എല്ലാ സംസ്ക്‌കാരങ്ങളിലുമുണ്ട്. യഹൂദ സംസ്‌കാരവും ഇതിനൊരപവാദമല്ല. ഈശോയുടെ ശരീരം സാബത്താരംഭിക്കുന്നതിനുമുമ്പ് തിടുക്കത്തിൽ സംസ്ക്കരിക്കേണ്ടിയിരുന്നതുകൊണ്ട് സുഗന്ധലേപനത്തിനുള്ള സമയമില്ലായിരുന്നു. ഈശോ ജീവിച്ചിരിക്കുമ്പോൾ തന്നെ ബേഥനിയായിൽ കുഷ്ഠരോഗിയായ ശെമയോൻ്റെ ഭവനത്തിൽവച്ച് ഒരു സ്ത്രീ പ്രതീകാത്മകമായി ഈ കർമ്മം നിർവ്വഹിച്ചിരുന്നല്ലോ (14,3-9). എങ്കിലും ഗലീലി മുതൽ അവിടുത്തെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്ന വിശ്വസ്തശിഷ്യകളെ സംബന്ധിച്ച് മൃതശരീരം പൂശണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. അതു നിർവ്വഹിക്കുവാനായി കല്ലറയിങ്കലെത്തുമ്പോൾ അവർക്കു ലഭിക്കുന്ന മഹത്തായ സന്തോഷത്തിന്റെ വാർത്തയാണ് മർക്കോ 16,1-8 ൽ വിവരിക്കുന്നത്. 

ഈശോയെ സംസ്കരിച്ചതിനു സാക്ഷ്യം വഹിച്ചശേഷം മഗ്‌ദലക്കാരി മറിയവും യാക്കോബിൻ്റെ അമ്മ മറിയവും സലോമിയും അവിടുത്തെ ശരീരം പൂശുന്നതിനുള്ള സുഗന്ധദ്രവ്യങ്ങൾ വാങ്ങി. സാബത്തിൽ കല്ലറയിങ്കൽ പോകാനോ ലേപനം ചെയ്യാനോ പാടില്ലാതിരുന്നതുകൊണ്ട്, അവർ പിറ്റേദിവസം - അതായത് അവിടുത്തെ മരണത്തിനു മൂന്നാം ദിവസമായ ഞായറാഴ്ച്‌ച - അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ കല്ലറയിങ്കലേയ്ക്കു പോയി (16,1-2). മരിച്ചു മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർക്കമെന്നായിരുന്നല്ലോ അവിടുന്നു പ്രവചിച്ചിരുന്നത് (8,31; 9,31; 10,34). സൂര്യൻ ഇരുണ്ട് ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ച പശ്ചാത്തലത്തിലാണ് ഈശോയുടെ മരണം വിവരിക്കപ്പെടുന്നതെങ്കിൽ (15,33) ഉദയസൂര്യനുമായി ബന്ധപ്പെടുത്തിയാണ് അവിടുത്തെ ഉയിർപ്പ് വിവരിക്കപ്പെടുവാൻ പോകുന്നത്. 

ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് ശരീരം പൂശുന്നതിനുവേണ്ടി ആര് കല്ലറവാതിൽക്കൽ നിന്നു കല്ലു മാറ്റിത്തരും എന്നതായിരുന്നു പോകും വഴി ആ സ്ത്രീകളുടെ ആകുലത (16,3). കാരണം, അവർക്കു തനിച്ച് ഉരുട്ടി മാറ്റാൻ സാധിക്കാത്ത തരത്തിൽ അത്ര വലുതായിരുന്നു ആ കല്ലെന്ന് അവർ കണ്ടതാണ് (15,47). അവർ കല്ലറയിങ്കലെത്തി നോക്കിയപ്പോൾ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു. അവർ അകത്തു കടന്നപ്പോൾ കണ്ട കാഴ്ച അതിലും പരിഭ്രമജനകമായിരുന്നു: വലത്തുവശത്തായി ശുഭവസ്ത്രധാരിയായ ഒരു യുവാവ് ഇരിക്കുന്നു! അയാൾ അവരോടു പറഞ്ഞു: “നിങ്ങൾ ഭയപ്പെടേണ്ടാ. ക്രൂശിതനായ നസറായൻ ഈശോയെ നിങ്ങളന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. അവൻ ഇവിടെയില്ല. ഇതാ, അവനെ വച്ച സ്ഥലം!" (16,6). ദൈവികദൂതനാണ് യുവാവിന്റെ രൂപത്തിൽ അവർക്കു പ്രത്യക്ഷപ്പെട്ടത്. ഈശോ തന്നെക്കുറിച്ചു ചെയ്തിരുന്ന പ്രവചനങ്ങൾ (8,31; 9,31; 10,34) പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് സ്ഥിരീകരിക്കുകയാണ് ദൈവികദൂതൻ ചെയ്യുന്നത്. അവിടുന്നു മരിച്ചവരുടെ ഇടമായ കല്ലറയിലില്ല. ശൂന്യമായ കല്ലറയാണ് ഈശോയുടെ ഉത്ഥാനത്തിന്റെ ആദ്യതെളിവ്. ഉത്ഥിതനായ കർത്താവ് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതാണ് അവിടുന്ന് ഉയിർത്തു എന്നതിൻ്റെ മറ്റൊരു പ്രധാന തെളിവ്. 

ദൈവികദൂതൻ സ്ത്രീകളെ ഒരു ദൗത്യം കൂടി ഭരമേല്പിച്ചു: “നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടു പറയുവിൻ: അവൻ നിങ്ങൾക്കുമുമ്പേ ഗലീലിയിൽ ആയിരിക്കും. അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ നിങ്ങൾ അവനെ കാണും" (16,7). നമ്മുടെ കർത്താവിന്റെ ഉയിർപ്പിന്റെ സന്ദേശം അവിടുത്തെ ശിഷ്യന്മാരെ അറിയിക്കാനുള്ള ഭാഗ്യമാണവർക്കു ലഭിച്ചത്. തന്നെ തള്ളിപ്പറയുകയും ഉപേക്ഷിച്ചുപോവുകയും ചെയ്ത ശിഷ്യന്മാരെ ഗലീലിയിൽവച്ച് ആരംഭിച്ച ബന്ധത്തിലേയ്ക്കു തിരികെ കൊണ്ടുവരുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രകാരമാണിത് (14,28). ഗലീലിയിലാണ് ഈശോ ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രഘോഷിക്കുവാൻ ആരംഭിച്ചത് (1,14-15). ആദ്യശിഷ്യരെ വിളിച്ചതും അവിടെ വച്ചായിരുന്നു (1,16-20). ചിതറിപ്പോയ ശിഷ്യന്മാരെ അവിടുന്ന് അവിടെവച്ച് ഒന്നിച്ചു കൂട്ടുകയും നയിക്കുകയും ചെയ്യും. ഗലീലി ഒരു പ്രതീകം കൂടിയാണ്. 'വിജാതീയരുടെ നാട്' എന്നാണ് ഗലീലി അറിയപ്പെട്ടിരുന്നത് (മത്താ 4,15-16). 'ഗലീലിയിലേയ്ക്കു മടങ്ങുക' എന്നാൽ വിജാതീയരിലേയ്ക്കു സുവിശേഷ സന്ദേശം എത്തിക്കുക എന്നുകൂടി അർത്ഥമുണ്ട്. ഉത്ഥാനം ചെയ്തത ഈശോ ശിഷ്യർക്കുമുമ്പേ ഗലീലിയിലേയ്ക്കു പോകുന്നത് വിജാതീയരോടുള്ള സുവിശേഷപ്രഘോഷണത്തിന് ശിഷ്യന്മാർക്കു വഴികാട്ടി ആകാനാണ്. 

ഇതുവരെ ഈ ശിഷ്യകളെക്കുറിച്ചുണ്ടായിരുന്ന സകല അഭിപ്രായവും നശിപ്പിക്കുന്ന തരത്തിലായിരുന്നു ദൈവദൂതൻ്റെ സന്ദേശത്തോടുള്ള അവരുടെ പ്രതികരണം. "ഇതുകേട്ട് അവർ കല്ലറയിങ്കൽനിന്ന് ഓടിപ്പോയി. ഭയവും വിറയലും അവരെ ബാധിച്ചിരുന്നു. ഭയം നിമിത്തം അവർ ആരോടും ഒന്നും പറഞ്ഞില്ല" (16,8). പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവിടുത്തെ ഉപേക്ഷിച്ചുപോയെങ്കിലും ഗലീലിയൻ സ്ത്രീകളെങ്കിലും വിശ്വസ്‌തരായിരുന്നല്ലോ എന്നൊരാശ്വാസമായിരുന്നു ഇതുവരെ വായനക്കാർക്ക്. പക്ഷേ, ശിഷ്യത്വം പൂർണ്ണമായി പരാജയപ്പെടുന്നതിന്റെ പ്രതീകം കൂടിയാണ് അവരുടെ ഓടിപ്പോക്ക്. ഉത്ഥാനസന്ദേശം ശ്രവിച്ച അവർ കല്ലറയിങ്കൽ നിന്നോടിപ്പോകുന്നതുകാണുമ്പോൾ, അതു ദൂതൻ നിർദ്ദേശിച്ചതിൻപ്രകാരം ശിഷ്യന്മാരുടെ പക്കലേയ്ക്കായിരിക്കുമല്ലോ എന്നു കരുതി നമുക്കു സന്തോഷമായിരുന്നു. എന്നാൽ, 'ഭയവും വിറയലും അവരെ ബാധിച്ചിരുന്നു' എന്നും 'ഭയം നിമിത്തം അവർ ആരോടും ഒന്നും പറഞ്ഞില്ല' എന്നുമുള്ള പ്രസ്‌താവന നമ്മെ നിരാശപ്പെടുത്തുന്നതാണ്. 

ശിഷ്യരെല്ലാവരും പരിപൂർണ്ണമായി പരാജയപ്പെടുന്നതായി വി. മർക്കോസ് അവതരിപ്പിക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. അവിടുത്തെ ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും ഉപേക്ഷിച്ചോടിപ്പോവുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരെപ്പോലെയോ ഭീരുക്കളായി വർത്തിച്ച ഈ സ്ത്രീകളെപ്പോലെയോ ആകാതെ, ഏതു പ്രതിസന്ധിഘട്ടത്തിലും ചഞ്ചലചിത്തരാകാതെ ദൈവപുത്രനും മിശിഹായുമായ നസ്രായൻ ഈശോയുടെ കൂടെ ആയിരിക്കാനും അനുഗമിക്കാനും ധൈര്യപൂർവ്വം അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കാനും വായനക്കാരെ പ്രേരിപ്പിക്കുക എന്നതാണ് സുവിശേഷകന്റെ ലക്ഷ്യം. 

VII 

ഉത്ഥിതന്റെ പ്രത്യക്ഷീകരണങ്ങൾ 

(16,9-20) 

വി. മർക്കോസിൻ്റെ സുവിശേഷത്തിൻ്റെ ആദ്യകാല കൈയെഴുത്തുപ്രതികളിൽ (Vaticanus, Sinaiticus) പതിനാറാമദ്ധ്യായത്തിലെ എട്ടാം വാക്യം വരെയേയുള്ളു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലോ അനുബന്ധമായി ചേർക്കപ്പെട്ടതാണ് മർക്കോ 16,9-20. എങ്കിലും തിരുസ്സഭ ഇത് ദൈവനിവേശിതമായി സ്വീകരിക്കുകയും സുവിശേഷത്തിൻ്റെ ഭാഗമായി കരുതുകയും ചെയ്യുന്നു. മറ്റു മൂന്നു സുവിശേഷങ്ങളുടെയും അവസാനഭാഗത്തു കാണപ്പെടുന്ന പ്രത്യക്ഷീകരണ വിവരണങ്ങളുടെ ഒരു സംഗ്രഹമാണിതെന്നു പറയാം. ഉദാഹരണത്തിന്, 16,9-11 ലെ കാര്യങ്ങൾ യോഹന്നാനും (20.11 .18) ലൂക്കായും (24,9-11) വിശദമായി വിവരിക്കുന്നുണ്ട്. ലൂക്കാ 24.13-35 ലെ എമ്മാവൂസ് സംഭവമാണ് 16,12-13 ൽ പരാമർശിക്കപ്പെടുന്നത്. 16,14-18 ൽ വിവരിക്കപ്പെടുന്ന കാര്യങ്ങൾ മത്താ 28,16-20; ലൂക്കാ 24,36-43; യോഹ 20,19-29 എന്നിവിടങ്ങളിൽ കാണാം. ഈശോയുടെ സ്വർഗാരോഹണ വിവരണം (16.19-20) ലൂക്കാ 24,50-51 ലും നടപടി 1,9-11 യിലുമുണ്ട്.

96 

ഉത്ഥിതൻ പ്രത്യക്ഷപ്പെടുന്നു (16,9-20) 

മരിച്ചവരിൽ നിന്നുയിർത്ത ഈശോ, ഞായറാഴ്‌ച അതിരാവിലെ മഗ്ദലക്കാരി മറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഈ മറിയത്തിൽ നിന്നാണ് അവിടുന്നു ഏഴു പിശാചുക്കളെ പുറത്താക്കിയത്; അതായത്, അതിശക്തമായ പിശാചുബാധയിൽ നിന്നു രക്ഷിച്ചത് (ലൂക്കാ 8,2). അവിടുത്തെ കുരിശുമരണത്തിനും സംസ്‌കാരത്തിനും ശൂന്യമായ കല്ലറയ്ക്കും സാക്ഷികളായ സ്ത്രീകളിൽ ഈ മറിയവുമുണ്ടായിരുന്നു (14,40-41.47; 16,1). ഉത്ഥാനം ചെയ്ത കർത്താവ് ഒരു സ്ത്രീയ്ക്കാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത് എന്ന വസ്‌തുത പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഉത്ഥാനവാർത്ത ആദ്യം ശ്രവിക്കാൻ ഭാഗ്യമുണ്ടായതും ശൂന്യമായ കല്ലറ കണ്ട് ബോദ്ധ്യപ്പെടാൻ അവസരം ലഭിച്ചതും സ്ത്രീകൾക്കാണല്ലോ (16,1-8). ദൈവിക പദ്ധതിയിൽ സ്ത്രീകൾക്കുള്ള പ്രത്യേക സ്ഥാനമാണ് ഇതു വ്യക്തമാക്കുന്നത്. 

ഉത്ഥാനം ചെയ്ത‌‌ കർത്താവിനെ താൻ കണ്ട കാര്യം മറിയം ഈശോയുടെ ശിഷ്യന്മാരെ അറിയിച്ചു. അവിടുത്തെ കുടെയുണ്ടായിരുന്നവർ എന്നാണ് വി. മർക്കോസ് ശിഷ്യന്മാരെ വിശേഷിപ്പിക്കുന്നത്. 'കൂടെയായിരിക്കാൻ' വിളിക്കപ്പെട്ടവരും (3,14) പരസ്യജീവിതം മുഴുവൻ അവിടുത്തെ കൂടെയായിരുന്നവരുമാണല്ലോ ശിഷ്യന്മാർ. സംഭവിച്ചതെല്ലാമോർത്ത് അവർ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കയായിരുന്നു. മരണശേഷം ഉയിർക്കുമെന്ന ഈശോയുടെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ടാണ് അവർ വിലപിച്ചിരുന്നത്. മരിച്ച, തങ്ങളുടെ ഗുരു ജീവിച്ചിരിക്കുന്നെന്നും മറിയത്തിനു പ്രത്യക്ഷപ്പെട്ടുവെന്നും സ്ത്രീകൾ അറിയിച്ച വാർത്ത ശിഷ്യന്മാർ വിശ്വസിച്ചില്ല (16,9-11). 

ജറൂസലേം പട്ടണത്തിൽനിന്നു പുറത്തുള്ള ഒരു ഗ്രാമത്തിലേയ്ക്കു പോകുകയായിരുന്ന രണ്ടു ശിഷ്യന്മാർക്ക് കർത്താവ് വേറൊരു രൂപത്തിൽ പ്രത്യക്ഷപ്പെട്ടു (16,12-13). എമ്മാവൂസിലേയ്ക്കു പോയ രണ്ടു ശിഷ്യന്മാർക്കുണ്ടായ അനുഭവമായിരിക്കണം ഇവിടെ ഉദ്ദേശിക്കുന്നത് (ലൂക്കാ 24,13-35). ജറുസലേം വിട്ട് തങ്ങളുടെ ഗ്രാമത്തിലേയ്ക്കു പോകുമ്പോൾ രക്ഷയുടെ പ്രഭവസ്ഥാനം വിട്ട് പഴയ ജീവിതാവസ്ഥയിലേയ്ക്കാണ് പോകുന്നത്. അവിടെയും അവരെ ഉപേക്ഷിക്കാതെ കർത്താവ് പിന്തുടരുകയാണ്. ഉത്ഥിതനെ കണ്ടുമുട്ടിയ അവരുടെ സാക്ഷ്യവും സ്വീകരിക്കാൻ മറ്റു ശിഷ്യന്മാർ കൂട്ടാക്കിയില്ല. 

മൂന്നാമതു കർത്താവു പ്രത്യക്ഷപ്പെട്ടത് പതിനൊന്നു ശിഷ്യന്മാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അവസരത്തിലാണ് (16,14-18). ഈശോയുടെ കൂടെ അവർ പലപ്രാവശ്യം ഭക്ഷണം കഴിച്ചിട്ടുള്ളതാണ് (2,18-20; 6,30-44; 8,1-10; 14,3-9.22-25). മരിച്ചവരിൽ നിന്നുയിർത്ത തന്നെ കണ്ടവരെ വിശ്വസിക്കാതിരുന്നതുനിമിത്തം, വിശ്വാസക്കുറവിൻ്റെയും ഹൃദയകാഠിന്യത്തിന്റെയും പേരിൽ അവിടുന്ന് അവരെ കുറ്റപ്പെടുത്തി (16,14). ഈശോയുടെ ഉത്ഥാനത്തെക്കുറിച്ചുള്ള ശ്ലീഹന്മാരുടെ വിശ്വസനീയ സാക്ഷ്യങ്ങളായ സുവിശേഷ വിവരണങ്ങൾ വിശ്വസിക്കാനുള്ള നമ്മുടെ കടമയിലേയ്ക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. 

ഉത്ഥിതനായ കർത്താവ് തൻ്റെ ശിഷ്യന്മാരെ ഒരു ദൗത്യം ഭരമേല്പിച്ചു: “നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്‌ടികളോടും എന്റെ സുവിശേഷം പ്രസംഗിക്കുവിൻ" (16,15). ഈശോ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തത് ഈ ലക്ഷ്യം മുമ്പിൽ കണ്ടുകൊണ്ടായിരുന്നു (3,14-15). അവിടുത്തെ ജീവിതകാലത്തുതന്നെ സുവിശേഷം പ്രഘോഷിക്കാനായി അവരെ അയച്ചുതുടങ്ങിയതാണ് (6,7-13). മനുഷ്യപുത്രന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ വരവിനുമുമ്പ് എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു എന്നും അവിടുന്ന് വ്യക്തമാക്കിയിരുന്നു (13,10). ഇതിന്റെയെല്ലാം പൂർത്തീകരണമെന്നോണമാണ് ഉത്ഥാനശേഷം അവിടുന്ന് ശ്ലീഹന്മാരെ ഔദ്യോഗികമായി സുവിശേഷം പ്രസംഗിക്കാൻ അയയ്ക്കുന്നത്. നസ്രായനായ ഈശോയുടെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് അവർ പ്രഘോഷിക്കേണ്ടത്. ലോകമെങ്ങുമുള്ള സർവ്വസൃഷ്ടി ജാലങ്ങളെയും സൂവിശേഷമറിയിക്കണമെന്നും അവിടുന്നു നിർദ്ദേശിച്ചു. 

ഈശോമിശിഹായെക്കുറിച്ചുള്ള സുവിശേഷത്തിൽ വിശ്വസിച്ച്, അതിന്റെ ബാഹ്യപ്രകടനമായി മാമോദീസാ സ്വീകരിക്കുന്നവർക്കാണ് രക്ഷ: “വിശ്വസിച്ചു മാമോദീസാ സ്വീകരിക്കുന്നവൻ രക്ഷപ്രാപിക്കും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും" (16, 16). പ്രഘോഷിക്കപ്പെട്ട സുവിശേഷം തിരസ്കരിക്കുന്നവർക്ക് ശിക്ഷാവിധിയുണ്ടാകും. 

തൻ്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ചില അടയാളങ്ങളെക്കുറിച്ചും ഉത്ഥിതൻ ഉറപ്പുനല്‌കി: "വിശ്വസിക്കുന്നവർക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. അവർ എൻ്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കും; പുതിയ ഭാഷകൾ സംസാരിക്കും" (16, 17). പിശാചുക്കളെ പുറത്താക്കുക - തിന്മയുടെ ശക്തിയിൽനിന്ന് മനുഷ്യരെ വിമുക്തമാക്കുക ഈശോയുടെ സുവിശേഷപ്രഘോഷണത്തിൻ്റെ മുഖ്യഘടകമായിരുന്നു. തന്റെ ഈ ദൗത്യം തുടർന്നുകൊണ്ടു പോകുവാനാണ് അവിടുന്നു ശ്ലീഹന്മാരെ തിരഞ്ഞെടുത്തതും അയച്ചതും (3,15, 6,13). വ്യത്യസ്‌ത ജനതകളിലും സംസ്ക‌ാരങ്ങളിലും സുവിശേഷം പ്രസംഗിക്കപ്പെടണമെങ്കിൽ ശിഷ്യന്മാർ വിവിധ ഭാഷകൾ സംസാരിക്കണം. ഭാഷാവരം അവിടുന്നു ശിഷ്യന്മാർക്കു നല്കിയത് പന്തക്കുസ്‌താദിനത്തിൽ വെളിവായി (നടപടി 2,1-11).

തിന്മയുടെ ശക്തികളിൽ നിന്നുള്ള സംരക്ഷണവും ഉത്ഥിതനായ കർത്താവ് ശിഷ്യർക്കു വാഗ്‌ദാനം ചെയ്‌തു: "അവർ സർപ്പങ്ങളെ കൈകളിലെടുക്കും; മാരകമായ വിഷം കുടിച്ചാലും ഉപദ്രവമൊന്നും ഉണ്ടാകുകയില്ല; അവർ രോഗികളുടെമേൽ കൈവച്ചാൽ രോഗികൾ സുഖം പ്രാപിക്കും" (16,18). സുവിശേഷപ്രഘോഷണത്തിനിടയിൽ നേരിടേണ്ടിവരുന്ന ശത്രുക്കളൊന്നും ശിഷ്യന്മാരെ ഉപദ്രവിക്കുകയില്ല. ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ മറ്റൊരു പ്രധാനമാനം രോഗശാന്തികളായിരുന്നു. ഈ ദൗത്യത്തിലും അവിടുന്ന് അവർക്കു പങ്കു നല്‌കി. രോഗികളുടെമേൽ കൈവച്ച് അവരെ സുഖപ്പെടുത്താനുള്ള അധികാരം സഭയ്ക്ക മിശിഹായിൽനിന്നും ലഭിച്ചു (യാക്കോ 5,13-16). അവിടുത്തെ കല്പ‌നയനുസരിച്ച് ശിഷ്യന്മാർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് പിതാവിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് അവരെ ശക്തിപ്പെടുത്തുകയും അത്ഭുതങ്ങളിലൂടെ അവരുടെ പ്രഘോഷണത്തെ സ്ഥിരീകരിക്കുകയും ചെയ്‌തു (16,19-20). ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണമാണ് മിശിഹായിലുള്ള വിശ്വാസം അനേകരിൽ ജനിപ്പിക്കുന്നതിന് ഇടയാക്കിയത്. വചനപ്രഘോഷണത്തിന്റെ ഫലമായി രൂപംകൊള്ളുന്ന തിരുസ്സഭയുടെ ദൗത്യവും ശ്ലീഹന്മാരുടെത് തന്നെയാണ്. നസ്രായനായ ഈശോ സത്യമായും ദൈവപുത്രനും മിശിഹായുമാണ് എന്ന് സകല ജനതകളോടും പ്രഘോഷിക്കുവാനുള്ള ദൗത്യം ക്രൈസ്‌തവരായ നമുക്ക് ഓരോരുത്തർക്കും ഉണ്ട്.

 

പത്രോസ്സീഹായും മർക്കോസും പുതിയനിയമ സമാഹാരത്തിലെ രണ്ടാമത്തെ ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ് ഈ മർക്കോസ്? സുവിശേഷകനായ വി. മർക്കോസ് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message