We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekkattukunnel On 09-Jul-2026
വെളിപ്പെടുത്തപ്പെട്ട മതമെന്നനിലയിൽ ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ്; അവിടുത്തെ സ്വയാവിഷ്കരണമാണ്. അനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്‌ടിയും അപൂർണനുമായ മനുഷ്യനോടു ബന്ധപ്പെടുന്ന പ്രക്രിയയാണു ദൈവാവിഷ്കരണം (Revelation). പരിമിതനായ മനുഷ്യനു സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവൃത്തികളെയോ പൂർണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ടു ദൈവം സ്വയം അവനു വെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്‌ടിയുടെ ആരംഭംമുതൽ ദൈവം മനുഷ്യനോടു സംവദിക്കുന്നുണ്ട്. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപദ്ധതിയുടെ വെളിപ്പെടുത്തലാണത്.
ദൈവം മനുഷ്യരോടു സംവദിക്കുന്നത് മനുഷ്യരുടെ ഭാഷയിലും അവർക്കു മനസ്സിലാകുന്ന രീതിയിലുമാണ്. മനുഷ്യന്റെ ഭാഷാസങ്കേതങ്ങളും ആശയവിനിമയരീതികളും ദൈവം അവലംബിക്കുന്നു. തിരഞ്ഞെടുത്ത വ്യക്തികളുടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദൈവം തൻ്റെ ഹിതമറിയിക്കുന്നു. മനുഷ്യൻ്റെ തലത്തിലേക്കുള്ള ദൈവത്തിന്റെ ഈ ഇറങ്ങി വരവിനെയാണു ദൈവികവെളിപാട് അഥവാ ദൈവാവിഷ്കരണം എന്നു വിളിക്കുന്നത്. നമുക്കു ദൈവത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നത് ദൈവത്തിൻ്റെ ഈ സ്വയംദാനം വഴി മാത്രമാണ്.
ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെ സൂചിപ്പിക്കാൻ പഴയനിയമഭാഷയായ ഹീബ്രുവിൽ ഉപയോഗിക്കുന്ന പദം 'ദാബാർ' ആണ്. ഗ്രീക്കുഭാഷയിൽ 'ലോഗോസ്' ആണു തത്തുല്യമായ പദം. 'ദാബാറി'ന് വചനം അഥവാ വാക്ക് എന്നുമാത്രമല്ല, പ്രവൃത്തി, സംഭവം എന്നീ അർത്ഥങ്ങൾ കൂടിയുണ്ട്. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചരിത്രത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നതിനെയാണു 'ദാബാർ യാഹ്‌വേ' സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ വാക്കുതന്നെ ഒരു പ്രവൃത്തിയാണ്. അഥവാ പ്രവൃത്തിയുടെ ഭാഗമാണ്. ദൈവത്തിൻ്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ദൈവികപദ്ധതിയാണ് ഇവ രണ്ടിനെയും ഒന്നിപ്പിക്കുന്നത്.
ദൈവഹിതത്തിൻ്റെ പ്രകാശനമാണു ദൈവവചനം. മനുഷ്യരക്ഷയാണല്ലോ ദൈവഹിതത്തിൻ്റെ കാതൽ. ദൈവവചനം ദൈവഹിതത്തിൻ്റെ കൂദാശയാണ് (എഫേ 1,9). ഒരു വാക്കുകൊണ്ടു ദൈവം ഉദ്ദേശിക്കുന്നത് അതിനാൽത്തന്നെ അവിടുന്നു പ്രദാനം ചെയ്യുന്നു അഥവാ പ്രവൃത്തിപഥത്തിലെത്തിക്കുന്നു. കർത്താവിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാതെ തിരികെ മടങ്ങുന്നില്ല എന്നു പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്‌തിട്ടുണ്ട്: “മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ അതു ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എൻ്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനവും അങ്ങനെ തന്നെ" (ഏശ 55,10-11). ദൈവവചനത്തിനു ദൈവികമായ ശക്തിയുണ്ട് (efficacious word). മനുഷ്യർ ദൈവികജീവനിൽ പങ്കുചേർന്ന് അവിടുത്തോടു കൂട്ടായ്‌മയിൽ പ്രവേശിക്കാൻ വേണ്ടിയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്.
തൻ്റെ വചനത്താൽ ദൈവം സൃഷ്‌ടിച്ച ഈ പ്രപഞ്ചമാണ് ദൈവാവിഷ്കാരത്തിൻ്റെ പ്രഥമവും പ്രധാനവുമായ വേദി. പ്രകൃതിയിലുള്ള ക്രമത്തിൻ്റെയും സ്വരലയത്തിൻ്റെയും പിന്നിലെ ശക്തി ദൈവത്തിന്റെ വചനമാണ് മനുഷ്യവർഗത്തോട് അവിടുത്തേക്കുള്ള കരുതലും സ്നേഹവുമാണ്. തുടർന്നു ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട പിതാക്കന്മാരിലൂടെയും പ്രവാചകരിലൂടെയുമാണു ദൈവം സ്വയം വെളിപ്പെടുത്തിയത്. നസ്രായനായ ഈശോയിൽ പിതാവായ ദൈവം തൻ്റെ സ്വയം വെളിപ്പെടുത്തൽ പൂർത്തിയാക്കി (ഹെബ്രാ 1,1-2). നസ്രായനിൽ പിതാവിൻ്റെ മുഖമാണു ലോകം ദർശിച്ചത്. അവിടുത്തെ മനോഭാവങ്ങളിൽ നിഴലിച്ചതു പിതാവിൻ്റെ മനോഭാവങ്ങളാണ്. ഈശോമിശിഹായുടെ വാക്കുകളും പ്രവൃത്തികളും പിതാവിൻ്റെ വാക്കുകളും പ്രവൃത്തികളുമായിരുന്നു. തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിന്റെ അഭീഷ്ടം അതിൻ്റെ പൂർണതയിൽ വെളിപ്പെടുത്തിയതുകൊണ്ടാണ് ഈശോമിശിഹായെ ദൈവത്തിൻ്റെ വചനം എന്നു സുവിശേഷകന്മാർ വിശേഷിപ്പിക്കുന്നത് (ലൂക്കാ 1,2; യോഹ 1,14).
ഈശോമിശിഹായിലുള്ള ദൈവത്തിൻ്റെ ഈ സമ്പൂർണ ആവിഷ്കാരത്തിനു ദൃക്‌സാക്ഷികളായ ശ്ലീഹന്മാർ അവരുടെ പ്രഘോഷണത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും മിശിഹാസംഭവം അനേകർക്കു കൈമാറി. ഈ കാലഘട്ടത്തിൽ ദൈവിക വെളിപാടിനെക്കുറിച്ചു ശാസ്ത്രീയമോ ക്രമീകൃതമോ ആയ ഒരു അവതരണം നമ്മൾ കാണില്ല. മിശിഹായെയും അവിടുത്തെ സുവിശേഷത്തെയുംകുറിച്ചു പ്രഘോഷിച്ചിരുന്ന ശ്ലീഹന്മാരായിരുന്നു ഈ കാലഘട്ടത്തിൽ ദൈവികവെളിപാടിൻ്റെ സംരക്ഷകരും കൈമാറ്റക്കാരും. ചരിത്രപുരുഷനായ ഈശോയെ നേരിട്ടു കാണാൻ സാധിക്കാതിരുന്നവർക്ക് അവിടുത്തെക്കുറിച്ച് അറിയാനുള്ള ഏകമാർഗം ശ്ലീഹന്മാരെ ശ്രവിക്കുക എന്നതായിരുന്നു. മിശിഹായെ നേരിട്ടനുഭവിച്ചറിഞ്ഞ അവർ തങ്ങൾക്കുണ്ടായ മിശിഹാനുഭവം വിശ്വാസികളുടെ സമൂഹങ്ങൾക്കു പകർന്നുനല്‌കി. പഴയനിയമ പശ്ചാത്തലത്തിൽ മിശിഹാസംഭവം മുഴുവൻ അവർ വ്യാഖ്യാനിക്കുകയും ചെയ്തു.
നസ്രായനായ ഈശോയെക്കുറിച്ചു ശ്ലീഹന്മാർ നല്‌കിയ പ്രഘോഷണം ശ്രവിക്കുകയും അവർ നല്‌കിയ സാക്ഷ്യം അനുഭവിക്കുകയും ചെയ്‌തവർ ഈശോയിൽ വിശ്വസിക്കാൻ മുമ്പോട്ടുവന്നു. ഇപ്രകാരം വിശ്വസിച്ചവരെ ശ്ലീഹന്മാർ മാമ്മോദീസാ മുക്കി മിശിഹാനുയായികളാക്കി. ജറുസലേമിലെ ആദിമക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതശൈലിയെപ്പറ്റി നടപടി പുസ്‌തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കൽ, പ്രാർത്ഥന എന്നിവയിൽ പങ്കുചേർന്നു" (നടപടി 2,42). വിശ്വാസസ്വീകരണത്തിലേക്കു നയിച്ച സുവിശേഷപ്രഘോഷണത്തിൻ്റെ (Kerygma) തുടർച്ചയായി ശ്ലീഹന്മാരുടെ പ്രബോധനത്തെ (Didache) കാണാം. ഈശോയെന്ന വ്യക്തിയെയും അവിടുത്തെ രക്ഷാകരപ്രവർത്തനങ്ങളെയും സഹനമരണോത്ഥാനങ്ങളെയുംകുറിച്ചാണു പ്രഘോഷണമെങ്കിൽ, ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പ്രബോധനത്തിൻ്റെ ഉള്ളടക്കം. ഈശോയുടെ പ്രബോധനങ്ങൾ തന്നെയാണു ശ്ലീഹന്മാരുടെ പ്രബോധനത്തിന്റെയും അടിസ്ഥാനം. അവരുടെ പ്രഘോഷണത്തിൻ്റെ ലിഖിത രൂപം സുവിശേഷങ്ങളിലും പ്രബോധനത്തിൻ്റേതു പുതിയനിയമ ലേഖനങ്ങളിലും കാണാം. അപ്പം മുറിക്കാനായി അവർ ഒന്നിച്ചു കൂടിയിരുന്നപ്പോഴാണു പ്രധാനമായും ശ്ലീഹന്മാർ പ്രബോധനങ്ങൾ നല്കിയിരുന്നത്. അവിടെയായിരുന്നു അവർ പരസ്‌പരമുള്ള കൂട്ടായ്മ അനുഭവിച്ചിരുന്നതും.
ലിഖിതരൂപം പ്രാപിച്ച ശ്ലൈഹികപ്രബോധനത്തെയും വാചികമായി സഭയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന മിശിഹാപാരമ്പര്യങ്ങളെയും പരസ്‌പരപൂരകങ്ങളായാണ് ആദിമസഭ പരിഗണിച്ചിരുന്നത്. ലിഖിത വിശുദ്ധഗ്രന്ഥങ്ങൾ മിശിഹാസംഭവം മുഴുവൻ ഉൾക്കൊള്ളുന്നില്ലെന്നു സുവിശേഷകനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (യോഹ 20,30; 21,25). എഴുതപ്പെട്ടവതന്നെയും സ്വീകരിക്കപ്പെട്ടിരുന്നതു സഭാജീവിതം മുഴുവൻ്റെയും പശ്ചാത്തലത്തിലായിരുന്നു. മിശിഹായെ നേരിട്ടറിഞ്ഞ ശ്ലീഹന്മാർ നല്‌കിയ പ്രബോധനങ്ങളും ജീവിതരീതികളും ആരാധനക്രമങ്ങളും പ്രാർത്ഥനാരീതികളുമെല്ലാം തിരുലിഖിതത്തോടു ചേർത്താണ് ആദിമസഭമനസ്സിലാക്കിയിരുന്നത്. ഇതെല്ലാംകൂടിച്ചേർന്നാണു വിശുദ്ധപാരമ്പര്യം (Sacred Tradition) രൂപംകൊണ്ടത്.
തങ്ങൾ സ്ഥാപിച്ച സഭകളിലെല്ലാം ശ്ലീഹന്മാർ ഉപവാസത്തിനും പ്രാർത്ഥനയ്ക്കുംശേഷം ശ്രേഷ്ഠന്മാരെ കൈവയ്‌പുവഴി നിയമിച്ചു (നടപടി 14,23). ശ്ലീഹന്മാരുടെ പിൻതുടർച്ചക്കാരായി വന്ന ഈ മേല്പോട്ടക്കാരാണു പിന്നീടു ദൈവികവെളിപാട് സഭയിൽ അഭംഗുരം കാത്തുസൂക്ഷിച്ചത്. ശ്ലൈഹികപിന്തുടർച്ചയിലൂടെയും സഭയിൽ കൈമാറ്റപ്പെടുന്ന ശ്ലൈഹികപ്രബോധനത്തിലൂടെയുമാണ് സത്യത്തിന്റെ പ്രഘോഷണം നമ്മുടെ പക്കലെത്തുന്നത്. തിരുലിഖിതം മാത്രമല്ല, ശ്ലീഹന്മാരുടെ പ്രബോധനം, ആരാധനക്രമങ്ങൾ, സഭാസംവിധാനങ്ങൾ, സഭാപാരമ്പര്യങ്ങൾ തുടങ്ങിയവയും ദൈവികവെളിപാടിന്റെ ഭാഗമായാണ് ആദിമസഭ കരുതിപ്പോന്നത്. സൃഷ്ടിയുടെ ആരംഭംമുതൽ ദൈവം മനുഷ്യനു നല്കുന്ന രക്ഷാകര സന്ദേശവും പരിത്രാണപദ്ധതിയും വിശുദ്ധലിഖിതത്തിലും വിശുദ്ധപാരമ്പര്യത്തിലുമായി തിരുസഭ നിലനിർത്തിപ്പോരുന്നു.
യഹൂദമതത്തിൻ്റെ പൂർത്തീകരണമായി രൂപംകൊണ്ട ക്രിസ്‌തുമതത്തിൻ്റെ ആദ്യകാല വിശുദ്ധഗ്രന്ഥം യഹൂദരുടെ തിരുലിഖിതം തന്നെയായിരുന്നു. പുതിയ മതത്തിൻ്റെ വിശുദ്ധഗ്രന്ഥങ്ങൾ (പുതിയ നിയമം) നിലവിൽ വന്നപ്പോൾ യഹൂദമതഗ്രന്ഥങ്ങൾ 'പഴയനിയമം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി, ആദിമസഭയിൽ ജന്മമെടുത്ത പുതിയനിയമഗ്രന്ഥങ്ങൾ പഴയനിയമത്തോടുചേർത്തു തുല്യമായും തുടർച്ചയായും പരിഗണിക്കപ്പെട്ടു പോന്നു. മാറിയ സാഹചര്യങ്ങൾക്കനുസരിച്ചു വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കേണ്ടത് ആദിമസഭയുടെ ആവശ്യമായിരുന്നു. പുതിയനിയമം തന്നെയും പഴയനിയമപശ്ചാത്തലത്തിൽ മിശിഹാസംഭവം വ്യാഖ്യാനിച്ചതിന്റെ ഫലമാണ്. സഭാസമൂഹത്തിൻ്റെ ജീവിതംമുഴുവനും വിശുദ്ധഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരുന്നു. തിരുസഭയിലെ പ്രബോധനം വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിൽ അധിഷ്‌ഠിതവുമായിരുന്നു. സമൂഹജീവിതത്തിലുണ്ടായ ചില പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചു ദൈവവചനം വ്യാഖ്യാനിച്ചതിൻ്റെ ഫലമായാണു സഭാസംവിധാനങ്ങളും ജീവിതക്രമങ്ങളും ആരാധനാരീതികളും രൂപപ്പെട്ടത്. ക്രൈസ്‌തവസംസ്‌കാരത്തിൻ്റെ തന്നെ അടിത്തറ വിശുദ്ധഗ്രന്ഥമാണ്.
തിരുസഭയുടെ സ്വഭാവം നിർണയിക്കുന്ന വിശ്വാസ നിക്ഷേപം (deposit of faith) നിർവചിക്കുന്നതിൻ്റെ ഭാഗമായാണ് ആദിമസഭ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു തുടങ്ങിയത്. തിരുവചനത്തിന്റെ സഹായത്തോടെ നടത്തിയ ചർച്ചകളുടെയും വാദങ്ങളുടെയും ഫലമായി ക്രമേണയാണു വിശ്വാസ സത്യങ്ങൾക്ക് ഇന്നുള്ള
നിയതരൂപം കൈവന്നത്. വിശ്വാസികളിൽ ചിലരുടേത് അബദ്ധ പ്രബോധനങ്ങളാണ് എന്നു സഭ സ്ഥാപിച്ചതും തിരുലിഖിതത്തിന്റെ സഹായത്തോടെയായിരുന്നു.
ക്രൈസ്തവവിശ്വാസം പഴയനിയമത്തിൻ്റെ പൂർത്തീകരണമായി ശ്ലീഹന്മാർ വ്യാഖ്യാനിച്ചു. ഇതിനടിസ്ഥാനം ഈശോയുടെ തന്നെ ശൈലിയാണ്. അവിടുന്ന് സങ്കീ 109,1 ഉം 117,22-23 ഉം തന്നിൽ നിറവേറുന്നതായി പ്രഖ്യാപിച്ചിരുന്നല്ലോ (മത്താ 22,41-46; 21,42-43). നസ്രായനായ ഈശോയാണു പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായെന്നു തിരിച്ചറിഞ്ഞ ശ്ലീഹന്മാർ മിശിഹായെക്കുറിച്ചുള്ള പ്രവചനങ്ങളായി യഹൂദർ കരുതിപ്പോന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ഈശോയിൽ പൂർത്തിയാതായി വ്യാഖ്യാനിച്ചു. നടപടിപ്പുസ്തകത്തിലെ പത്രോസ്ശ്ലീഹായുടെ പ്രസംഗങ്ങൾ ഇതിനു തെളിവാണ് (നടപടി 2-3).
പഴയനിയമത്തിൽ ജ്ഞാനത്തിനുള്ളതായി കാണപ്പെടുന്ന സവിശേഷതകളുള്ള ദൈവവചനമായാണ് യോഹന്നാൻ ശ്ലീഹാ മിശിഹായെ അവതരിപ്പിക്കുന്നത് (യോഹ 1,1-18). സംഖ്യ 21,9 ലെ പിച്ചളസർപ്പവും പുറ 12 ലെ പെസഹാക്കുഞ്ഞാടും മിശിഹായുടെ സഹനത്തിൻ്റെയും മരണത്തിൻ്റെയും പ്രതീകങ്ങളാണ് (യോഹ 3,14; 19,36)
മിശിഹാസംഭവത്തിൻ്റെ വെളിച്ചത്തിൽ പഴയനിയമത്തെ വ്യാഖ്യാനിക്കുന്ന പൗലോസ്‌ശ്ലീഹാ ജീവദാതാവായ റൂഹായ്ക്ക മാത്രം വെളിപ്പെടുത്താനാവുന്ന മറഞ്ഞിരിക്കുന്ന രഹസ്യം അവിടെ കാണുന്നു (റോമാ 16,25; 1കോറി 2,1). പഞ്ചഗ്രന്ഥത്തിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളിൽ മിശിഹാരഹസ്യം കാണുവാൻ പൗലോസ് ശ്ലീഹായ്ക്കു കഴിഞ്ഞു. അദ്ദേഹത്തെ സംബന്ധിച്ച് മിശിഹായുടെയും തിരുസഭയുടെയും രഹസ്യത്തിൻ്റെ വെളിച്ചത്തിൽ പഴയ നിയമസംഭവങ്ങൾ കൂടുതൽ വ്യക്തമാണ്. ആദം മിശിഹായുടെയും, ഇസ്രായേൽജനം ചെങ്കടൽ കടന്നത് മാമ്മോദീസായുടെയും, മരുഭൂമിയിലെ മന്നായും പാറയിൽനിന്നുള്ള ജലവും പരിശുദ്ധ കുർബാനയുടെയും പ്രതിരൂപങ്ങളായി (1 കോറി 10).
ദൃഷ്ടാന്തപരമായ അർത്ഥത്തെ സൂചിപ്പിക്കാൻ പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നത് പ്രതിരൂപം (Typos = form, figure, symbol or prefiguration: റോമാ 5,14; 1 കോറി 10,6) എന്ന പദമാണ്. ആത്മീയ (spiritual), മൗതിക (mystical), പ്രതിരൂപകാത്മക വ്യാഖ്യാനം (typological interpretation or typology) എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
ഈശോയുടെ ദൈവികത വെളിവാക്കാനായി നിയമാ 32,43; സങ്കീ 2,7; സങ്കീ 104,4 തുടങ്ങിയ പഴയനിയമഭാഗങ്ങൾ ഹെബ്രായലേഖകനും ഉപയോഗിക്കുന്നുണ്ട് (ഹെബ്രാ 1). മെൽക്കിസെദെക്ക് മിശിഹായുടെ പ്രതിരൂപമാണ് (ഹെബ്രാ 7,1). പഴയനിയമ ദൈവാലയ ബലികൾ മിശിഹായുടെ കുരിശിലെ ബലിയുടെയും (ഹെബ്രാ 9,9). നിയമം മുഴുവൻ മിശിഹായിലും തിരുസഭയിലും നിറവേറിയ യാഥാർത്ഥ്യങ്ങളുടെ നിഴലാണ് (ഹെബ്രാ 10,1). മോശയുടെ നിയമം മുഴുവൻ മിശിഹാസംഭവത്തിലേക്ക് ഉന്മുഖമാണ് എന്ന ബോദ്ധ്യമാണ് ഇപ്രകാരം മിശിഹാ കേന്ദ്രീകൃതമായി പഴയനിയമം മുഴുവനെയും വ്യാഖ്യാനിക്കാൻ ആദിമസഭയെ പ്രേരിപ്പിച്ചത്.
ശ്ലീഹന്മാർക്കുശേഷം തിരുസഭയുടെ പരിപാലകരും പ്രബോധകരുമായി വർത്തിച്ച സഭാപിതാക്കന്മാർ വിശുദ്ധഗ്രന്ഥത്തെയും വിശുദ്ധ പാരമ്പര്യത്തെയും മുറുകെ പിടിച്ചുകൊണ്ട് തെറ്റായ പ്രബോധനങ്ങൾക്കെതിരെ പോരാടുകയും വിശ്വാസികളെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്തു.
സഭാപിതാക്കന്മാരുടെ വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തെ സ്വാധീനിച്ചിരുന്നതു യഹൂദ-യവന വ്യാഖ്യാനശൈലികളാണ്. ഹലാക്കാ (halaka), ഹഗ്ഗാദാ (haggada) എന്നീ രണ്ടു രീതികളാണു തിരുലിഖിതവ്യാഖ്യാനത്തിനു യഹൂദർ അവലംബിച്ചിരുന്നത്. വിശുദ്ധഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ അനുദിനജീവിതം എപ്രകാരം ക്രമീകരിക്കാം എന്നതായിരുന്നു ഹലാക്കായുടെ ലക്ഷ്യം. ഹഗ്ഗാദയാകട്ടെ, സിനഗോഗിലെ ആരാധനയുടെ ഭാഗമായുള്ള പ്രസംഗത്തിൽ, വിശ്വാസികളെ ആത്മീയമായി പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ നല്‌കിയിരുന്ന വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ഉപദേശങ്ങളാണ്. ആദ്യകാലത്തു വാചികരൂപത്തിലായിരുന്ന വിശുദ്ധഗ്രന്ഥവ്യാഖ്യാനം ക്രമേണ ലിഖിതരൂപം പ്രാപിക്കുകയായിരുന്നു. വ്യാഖ്യാനിക്കേണ്ടിയിരുന്ന വിശുദ്ധ ഗ്രന്ഥഭാഗത്തെ അതുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങളുമായി ചേർത്താണു റബ്ബിമാർ വ്യാഖ്യാനിച്ചിരുന്നത്. പലപ്പോഴും ഇത് അക്ഷരാർത്ഥത്തിലുള്ള പദാനുപദവ്യാഖ്യാനമായിരുന്നു. ദൃഷ്‌ടാന്തരൂപവ്യാഖ്യാനവും (al-legorical interpretation) യഹൂദർക്ക് അപരിചിതമായിരുന്നില്ല. വിശുദ്ധഗ്രന്ഥത്തിൻ്റെ അറമായ പരിഭാഷയായ താർഗും വ്യാഖ്യാനത്തോടുകൂടിയ ഒരു പരാവർത്തനമായിരുന്നു. വ്യത്യസ്ത വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ യോജിപ്പിച്ചു നല്‌കിയിരുന്ന വ്യാഖ്യാനമാണ് മിദ്രാഷ് (മിശിഹായ്ക്കുശേഷം 4-5 നൂറ്റാണ്ടുകളിലെ മിദ്രാഷിമാണു നമുക്കു ലഭിച്ചിട്ടുള്ളത്). ഖുംറാൻ സമൂഹത്തിൻ്റെ വ്യാഖ്യാന ശൈലിയായ 'പെഷേർ' (pesher: വിശദീകരണം എന്നർത്ഥം) പ്രവാചക ഗ്രന്ഥങ്ങളെ സമകാലിക ചരിത്രസംഭവങ്ങളുമായി ബന്ധിപ്പിച്ചാണു വ്യാഖ്യാനിച്ചിരുന്നത്.
ഗ്രീക്കുകാരും താദൃശ വ്യാഖ്യാന സങ്കേതങ്ങൾ ഉപയോഗിച്ച് അവരുടെ കവികളുടെയും (ഹോമർ, വെർജിൽ) തത്ത്വ ശാസ്ത്രജ്ഞരുടെയും (പ്ലേറ്റോ, അരിസ്റ്റോട്ടിൽ) കൃതികൾ വിശദീകരിച്ചിരുന്നു. അക്ഷരാർത്ഥത്തോടൊപ്പം അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന അഥവാ അതിനുപരിയായ മറ്റൊരു അർത്ഥംകൂടി കണ്ടെത്താനുള്ള ശ്രമമായിരുന്നു അവരുടേത്. ദൃഷ്ടാന്തരൂപ വ്യാഖ്യാനം അതിനവരെ സഹായിച്ചു. യവനസംസ്ക്കാരത്തിൽ വളർന്നുവന്ന യഹൂദർ, പ്രത്യേകിച്ചും അലക്‌സാണ്ഡ്രിയായിലുണ്ടായിരുന്നവർ, ഈ ഗ്രീക്കുവ്യാഖ്യാന ശൈലി അവലംബിച്ചു. ഫിലോയും യൊസേഫുസുമൊക്കെ (Philo and Josephus) അവരിൽ ചിലർ മാത്രം. വിശുദ്ധഗ്രന്ഥവീക്ഷണവും വിശ്വാസതത്ത്വങ്ങളും ഗ്രീക്കുകാർക്കു സ്വീകാര്യമായി അവതരിപ്പിക്കുന്നതിന് ഈ ശൈലി ഏറെ സഹായകമായി. ആദിമസഭയിലെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തെയും ഈ ശൈലി വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ വിശദീകരിക്കാൻ വിഷമമായിരുന്ന പല തിരുലിഖിതഭാഗങ്ങളും ദൃഷ്‌ടാന്തരൂപമായ വ്യാഖ്യാനത്തിലൂടെ സുവ്യക്തമാക്കാൻ അതുവഴി സാധിച്ചു.
.1. യഹുദശൈലി ക്രൈസ്‌തവപാരമ്പര്യത്തിൽ
ആദിമക്രൈസ്തവർ യഹൂദരായിരുന്നതുകൊണ്ട്, യഹൂദരുടെ വിശുദ്ധഗ്രന്ഥവ്യാഖ്യാനശൈലി അവരുടേതുമായി. നിയമ-പ്രവാചകഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാൻ യഹൂദർ ഉപയോഗിച്ചിരുന്ന സാഹിത്യരൂപമായ 'ഹോമിലി' സഭാപിതാക്കന്മാരും ഉപയോഗിച്ചു (homilia, tractatus, sermo) പ്രതിരൂപവ്യാഖ്യാനശൈലിയാണ് പഴയനിയമത്തിൻ്റെ പൂർത്തീകരണമായി ഈശോമിശിഹായെ അവതരിപ്പിക്കുന്നതിന് അവർ അവലംബിച്ചിരുന്നത്.
സാക്ഷിത്വ വ്യാഖ്യാനശൈലി (ടെസ്റ്റിമോണിയ) യാണു മറ്റൊരു സാഹിത്യരൂപം. പഴയനിയമത്തിൻ്റെ പൂർത്തീകരണമാണ് ഈശോയെന്നും തിരുസഭയാണ് പുതിയ ഇസ്രായേലെന്നും സ്ഥാപിക്കാനായി സമാനസ്വഭാവമുള്ള പഴയനിയമഭാഗങ്ങൾ സമാഹരിച്ചവതരിപ്പിക്കുന്നതാണ് ഈ ശൈലി. പ്രബോധനത്തിനും അബദ്ധപ്രബോധകരെ നേരിടുന്നതിനും ഇതുപയോഗിച്ചിരുന്നു.
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിനുപയോഗിച്ചിരുന്ന മറ്റൊരു സാഹിത്യരൂപമാണ് ലേഖനങ്ങൾ. ധാർമികവും പ്രബോധനപരവുമായ ചർച്ചകൾ ലേഖനങ്ങളുടെ പ്രത്യേകതയാണ്. റോമിലെ വിശുദ്ധ ക്ലെമൻ്റ്, അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണായിലെ വിശുദ്ധ പോളിക്കാർപ്പ് തുടങ്ങിയവരുടെ ലേഖനങ്ങൾ പ്രസിദ്ധങ്ങളാണ്. ഈ വ്യാഖ്യാനരീതി പിന്നീട് വിശുദ്ധ ആഗസ്തീനോസും ജോൺ ക്രിസോസ്തോമും സ്വീകരിക്കുന്നതു നമ്മൾ കാണുന്നുണ്ട്.
ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും (apostolic period) രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി (sub-apostolic period) രൂപംകൊണ്ട് ക്രൈസ്‌തവ കൃതികളിലും പഴയനിയമ വ്യാഖ്യാനത്തിൽ യഹൂദശൈലി തന്നെയാണ് അനുവർത്തിച്ചു കാണുന്നത്. റോമിലെ വിശുദ്ധ ക്ലെമൻ്റിൻ്റെ കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ അക്ഷരാർത്ഥത്തിനാണു കൂടുതൽ പ്രാധാന്യം നല്‌കിയിരിക്കുന്നത്. ബർണബാസിൻ്റെ പേരിലുള്ള കൃതി (Pseudo Barnabas) മിദ്രാഷിക് ശൈലിയുപയോഗിച്ചു വിശുദ്ധഗ്രന്ഥം ആത്മീയമായി വ്യാഖ്യാനിക്കുന്നു.
ശത്രുക്കളുടെമേൽ വിജയം വരിക്കുന്ന പ്രബലനായ ഒരു രാജാവായി മിശിഹായെ യഹൂദർ കാത്തിരുന്നപ്പോൾ ക്രിസ്ത്യാനികൾക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത് കുരിശിൽ സഹിച്ച് മരിച്ചുയിർത്ത ഒരു മിശിഹായെയായിരുന്നു. ഏശയ്യാപ്രവാചകനിലെ സഹനദാസനെക്കുറിച്ചുള്ള പ്രവചനങ്ങൾ മിശിഹായിൽ പൂർത്തിയായതായി അവതരിപ്പിക്കുന്നത് ഇതിൻ്റെ ഭാഗമായാണ് (നടപടി 8,26-40; 0 53,7-8).
3.2. ജ്ഞാനവാദ വ്യാഖ്യാനത്തിനെതിരെ
വെളിപ്പെടുത്തപ്പെട്ടതും എന്നാൽ തങ്ങൾക്കുമാത്രം ലഭ്യമായതുമായ അറിവുവഴിയേ രക്ഷ പ്രാപിക്കാനാവൂ എന്നു കരുതിയിരുന്ന ഒരു ഗണമാണ് ജ്‌ഞാനവാദികൾ. ദ്വന്ദ്വവാദത്തിന്റെ (dual-ism) സഹായത്തോടെയാണ് ഇക്കൂട്ടർ തിന്മയെ വിശദീകരിച്ചിരുന്നത്. ഭൗതികലോകത്തെ തിന്മയായി കണ്ട ജ്ഞാനവാദികൾ പഴയനിയമത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു. പുതിയനിയമ ഗ്രന്ഥങ്ങളെ തങ്ങളുടെ വാദഗതികൾക്കു ഉപോദ്ബലകമായി ദൃഷ്ടാന്തരൂപത്തിലും വ്യാഖ്യാനിച്ചു. കപടജ്ഞാനത്തിന്റെ വൈരുദ്ധ്യങ്ങളിൽനിന്നും ഓടിയകലാനുള്ള പൗലോസ്ശ്ലീഹായുടെ ആഹ്വാനം (1 തിമോ 6,20) ഇക്കൂട്ടർക്കെതിരെയുള്ള മുന്നറിയിപ്പാണ്. ജ്ഞാനവാദം വിശ്വാസത്തിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കുമെന്നതു കൊണ്ടാണ് ഇത്തരമൊരാഹ്വാനം ശ്ലീഹാ നല്‌കുന്നത്. രണ്ടാം നൂറ്റാണ്ടോടുകൂടി ജ്ഞാനവാദത്തിനെതിരെ തങ്ങളുടെ വിശ്വാസ സത്യങ്ങൾ സ്ഥാപിക്കേണ്ടത് ക്രിസ്‌തുമതത്തിൻ്റെയും യഹൂദമതത്തിന്റെയും കടമയായിരുന്നു.
3.2.1. ജസ്റ്റിൻ
പഴയ-പുതിയ നിയമങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിൻ ജ്ഞാനവാദികളെ നേരിട്ടത്. മോശയുടെ നിയമം മിശിഹായുടെയും തിരുസഭയുടെയും പ്രതിരൂപം (typos) എന്ന നിലയിലാണ് പ്രാധാന്യമർഹിക്കുന്നത്. പഴയനിയമ സംഭവങ്ങളും പ്രവചനങ്ങളും മിശിഹായിലും തിരുസഭയിലും സംഭവിക്കാനിരുന്ന കാര്യങ്ങളുടെ മുൻരൂപങ്ങളായിരുന്നു. അവിടുത്തെ മനുഷ്യാവതാരത്തോടുകൂടി മാത്രമേ പഴയനിയമത്തിൻ്റെ അർത്ഥം പൂർണമായി വ്യക്തമായുള്ളു.
മിശിഹായിലാണു പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണം എന്നു ഗ്രഹിക്കാതിരുന്നതാണു യഹൂദരുടെ തെറ്റ്. ബർണബാസിന്റെ കൃതിയിലെ പ്രതിരൂപാത്മക വ്യാഖ്യാനശൈലിയാണു ജസ്റ്റിനും പിന്തുടർന്നത്. ഹവ്വായെ മറിയത്തിൻ്റെയും' ജോഷ്വായെ മിശിഹായുടെയും പ്രതിരൂപമായി ജസ്റ്റിൻ അവതരിപ്പിക്കുന്നു.
3.2.2. ഇരണേവൂസ്
ജ്ഞാനവാദികളുമായുള്ള സംവാദത്തിൽ ഇരണേവൂസ് പഴയനിയമവും പുതിയനിയമവും തമ്മിലുള്ള തുടർച്ച വ്യക്തമാക്കി. രണ്ടിന്റെയും പിന്നിലുള്ളത് ഏക ദൈവത്തിൻ്റെ പരിപാലനയാണ്. ദൈവം നിയമത്തിലൂടെ പഠിപ്പിച്ചതും പ്രവാചകരിലൂടെ പരിശീലിപ്പിച്ചതും മിശിഹായിൽ സാധ്യമാകാനിരുന്ന ദൈവൈക്യം ലക്ഷ്യം വച്ചായിരുന്നു." വയലിൽ മറഞ്ഞിരുന്ന നിധി (മത്താ 13,44) പോലെയായിരുന്നത്. മിശിഹായെ കണ്ടെത്തുവാൻ സാധിച്ചത് അവിടുത്തെ മനുഷ്യാവതാരത്തോടുകൂടി മാത്രമാണ്. ദൃഷ്ടാന്ത രൂപമുപയോഗിച്ച് പഴയനിയമത്തെ മിശിഹാ കേന്ദ്രീകൃതമായി വ്യാഖ്യാനിച്ചുകൊണ്ടു പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധം ഇരണേവുസ് വ്യക്തമാക്കി. ഈ ലക്ഷ്യസാദ്ധ്യത്തിനായി അക്ഷരാർത്ഥത്തിലും ദൃഷ്‌ടാന്തരൂപത്തിലുമുള്ള വ്യാഖ്യാനശൈലികൾ അദ്ദേഹം അവലംബിച്ചു. പഴയനിയമ ദൈവജനം തിരുസഭയെയും, തിരുസഭ സ്വർഗീയ ഓർശ്ലമിലെ സഭയെയും പ്രതിനിധാനം ചെയ്യുന്നു. വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിൽ കത്തോലിക്കാസഭ മാത്രമാണ് സത്യത്തിൻ്റെ ഉരകല്ല്; കാരണം, അവളാണ് ആധികാരിക ശ്ലൈഹിക പാരമ്പര്യത്തിന്റെ കലവറയും നിക്ഷേപാലയവും.
3.2.3. അന്ത്യോക്യായിലെ തെയോഫിലസ്
യഹൂദർക്കും ജ്ഞാനവാദികൾക്കും എതിരേയുള്ള വാദത്തിൽ അന്ത്യോക്യായിലെ തെയോഫിലസ് ദൃഷ്ടാന്തരൂപ ശൈലിയിൽ പഴയനിയമം മിശിഹാകേന്ദ്രീകൃതമായി വ്യാഖ്യാനിച്ചു വെങ്കിലും ജ്ഞാനവാദികളുടെ അതിരുകടന്ന ദൃഷ്‌ടാന്തരൂപ വ്യാഖ്യാനത്തെ എതിർക്കാനായി പലപ്പോഴും അക്ഷരാർത്ഥത്തിനും പ്രാധാന്യം നല്കി.
3.2.4. സാർദിസിലെ മെലിറ്റോ
ഏഷ്യാമൈനറിലെ ഒരു പട്ടണമായിരുന്ന സാർദിസിലെ മെത്രാനായിരുന്ന മെലിറ്റോ (+190) ഒരു വലിയ വേദപുസ്‌തക വ്യാഖ്യാതാവായിരുന്നു. യഹൂദ പെസഹായെക്കുറിച്ചു വിവരിക്കുന്ന പുറപ്പാട് പന്ത്രണ്ടാം അദ്ധ്യായം വ്യാഖ്യാനിച്ചുകൊണ്ട് ക്രിസ്തീയ പെസഹായായ ഉയിർപ്പുതിരുനാളിനെക്കുറിച്ചു സാർദിസിലെ മെലിറ്റോ ചെയ്‌ത പ്രസംഗം പ്രസിദ്ധമാണ്. പെസഹാക്കുഞ്ഞാടിനെ മിശിഹായുടെ പ്രതിരൂപമായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
3.3. അലക്സാൺഡ്രിയൻ കലാലയവും വിശുദ്ധഗ്രന്ഥവ്യാഖ്യാനവും
ജ്ഞാനവാദികളുടെ വ്യാഖ്യാനരീതിയെ എതിർക്കാനായി അലക്സാൺഡ്രിയായിലെ കത്തോലിക്കാ വിശുദ്ധഗ്രന്ഥ പണ്‌ഡിതർ ഫീലോയുടെ യവനശൈലി അവലംബിച്ചു. പരമ്പരാഗത പ്രതീകാത്മക വ്യാഖ്യാനത്തോടൊപ്പം പ്രപഞ്ച ശാസ്ത്രപരവും മനുഷ്യശാസ്ത്രപരവുമായ വ്യാഖ്യാനംകുടി (cos-mological and anthropological interpretation of the OT) ഉപയോഗിച്ചു. ദൃഷ്ടാന്തരൂപവ്യാഖ്യാനത്തിനും പ്രാധാന്യം നല്കി. ഈ കലാലയത്തിൻ്റെ സ്ഥാപകനായ പന്തേനൂസിനെക്കുറിച്ച് നമുക്ക് അധികമൊന്നുമറിയില്ല. ക്ലെമൻ്റും ഒരിജനുമാണ് അലക്സാൺഡ്രിയൻ കലാലയത്തിലെ പ്രമുഖർ.
3.3.1. ക്ലെമൻ്റ്
തിരുസഭാചരിത്രകാരനായ എവുസേബിയൂസിൻ്റെ സാക്ഷ്യ പ്രകാരം,' ക്ലെമൻ്റ് വിശുദ്ധഗ്രന്ഥം മുഴുവനുതന്നെയും ഹ്രസ്വവിശദീകരണങ്ങൾ നല്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ കൃതികളിലുമുള്ള സമൃദ്ധമായ വിശുദ്ധഗ്രന്ഥ ഉദ്ധരണികളും അദ്ദേഹത്തിന്റെ വ്യാഖ്യാനശൈലി വെളിവാക്കുന്നതാണ്. വിശുദ്ധഗ്രന്ഥം മുഴുവനെയും ദൈവിക വചനത്തിൻ്റെ യഥാർത്ഥ സ്വരമായാണ് (actual voice of the divine Logos) ക്ലെമൻ്റ് കാണുന്നത്. അതുകൊണ്ടു പഴയനിയമത്തെ മിശിഹാസംഭവത്തിന്റെ വെളിച്ചത്തിൽ വേണം വ്യാഖ്യാനിക്കാൻ." പ്രഥമദൃഷ്ട്യാ വ്യക്തമല്ലെങ്കിലും ഓരോ വചനത്തിനും കൃത്യമായ അർത്ഥമുണ്ട്.' അക്ഷരാർത്ഥത്തിന് ഉപരിയായതാണത്. ദൃഷ്‌ടാന്തരൂപ വ്യാഖ്യാനത്തിനാണു ക്ലെമന്റും പ്രാധാന്യം നല്‌കിയത്. സംഖ്യകളുടെ പ്രതീകാത്മകത, ഹീബ്രു നാമങ്ങളുടെ മൂലാർത്ഥം എന്നിവ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യാഖ്യാനം നിർവഹിച്ചു. മറ്റു വിശുദ്ധഗ്രന്ഥഭാഗങ്ങളുമായുള്ള ബന്ധത്തിൽവേണം ഏതു വചനവും വ്യാഖ്യാനിക്കാൻ.
ദൈവികവെളിപാടിൻ്റെ ക്രമാനുഗതമായ വളർച്ചയെക്കുറിച്ചും (Concept of progressive revelation) ക്ലെമൻ്റ് പ്രതിപാദിക്കുന്നുണ്ട്. ലോകാരംഭം മുതലേ രക്ഷകനുവേണ്ടിയുള്ള ഒരുക്കം നടന്നു. നിയമത്തിലും പ്രവാചകന്മാരിലുംകൂടെ മിശിഹായുടെ വരവ് മുൻകൂട്ടി അറിയിക്കപ്പെടുകയും ചെയ്തു. യോഹന്നാൻ മാംദാനയിൽ ഈ ഒരുക്കഘട്ടം അതിൻ്റെ പൂർണതയിലെത്തി."
3.3.2. ഒരിജൻ
മുൻഗാമികളെക്കാളധികമായി ഒരിജനുണ്ടായിരുന്ന തിരുലിഖിത പരിജ്ഞാനവും വിമർശനാത്മക ബുദ്ധിശക്തിയും വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തെ തനതായ ഒരു ശാസ്ത്രശാഖയായി വളർത്തുന്നതിനു സഹായിച്ചു. തുടർന്നുവന്ന വിശുദ്ധഗ്രന്ഥ വ്യാഖ്യാനശാസ്ത്രത്തെ ഒരിജൻ്റെ ശൈലി സാരമായി സ്വാധീനിക്കുകയും ചെയ്തു. വിശുദ്ധഗ്രന്ഥം മുഴുവനും പഠനവിധേയമാക്കി എന്നതാണ് ഒരിജൻ്റെ പ്രത്യേകത. കൂടാതെ, ഓരോ ഗ്രന്ഥത്തിന്റെയും സമഗ്രമായ വ്യാഖ്യാനവും നല്‌കി എന്നതും ഒരിജന്റെ സവിശേഷതയാണ്. ഉല്പ്‌പത്തിപുസ്‌തകത്തിലെ ആദ്യ അദ്ധ്യായങ്ങൾക്കു മാത്രമായി പന്ത്രണ്ടും യോഹന്നാൻ്റെ സുവിശേഷത്തിനു മുപ്പത്തിമൂന്നും പുസ്‌തകങ്ങൾ വ്യാഖ്യാന രൂപത്തിൽ നല്‌കി എന്നതിൽനിന്ന് ഒരിജൻ്റെ വൈഭവം പ്രകടമാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള വ്യാഖ്യാനഗ്രന്ഥങ്ങൾ ഒരിജൻതായുണ്ട്: പല വിശുദ്ധഗ്രന്ഥങ്ങളിൽനിന്നായി തിരഞ്ഞെടുത്ത ഭാഗങ്ങൾക്കുള്ള വിശദീകരണങ്ങളുടെ സമാഹാരം (Scholia), സഭാസമ്മേളനങ്ങളിൽ തുടർച്ചയായി നല്കിയിരുന്ന വിശുദ്ധഗ്രന്ഥ പ്രഭാഷണങ്ങൾ (Homi-lies), ആഴത്തിലുള്ള വിശുദ്ധഗ്രന്ഥാപഗ്രഥനങ്ങൾ (Commentar-ies).
ആറു സമാന്തരളങ്ങളിലായി പഴയനിയമത്തിന്റെ ഹീബ്രു-ഗ്രീക്കു പാഠങ്ങൾ ഒന്നിച്ച് അവതരിപ്പിച്ച ഹെക്സപ്ലാ (Hexapla) ആണ് ഒരിജൻ്റെ സംഭാവനകളിൽ ഏറ്റവും ശ്രദ്ധേയം. (1. ഹീബ്രു പാഠം ഹീബ്രുലിപിയിൽ, 2. ഹീബ്രുപാഠം ഗ്രീക്കു ലിപിയിൽ, 3. അക്വീലായുടെ ഗ്രീക്കു പരിഭാഷ, 4. സിമ്മാക്കൂസിന്റെ ഗ്രീക്കു പരിഭാഷ, 5. സപ്‌തതിപരിഭാഷ, 6. തെയഡോഷ്യസിന്റെ ഗ്രീക്കുപരിഭാഷ എന്നതാണ് ഹെക്‌സപ്ലായിലെ ക്രമം).
വിശുദ്ധഗ്രന്ഥത്തെ ഒരിജൻ കാണുന്നത്, പരിശുദ്ധ റൂഹായാൽ നിവേശിതമായ ഒരു ഗ്രന്ഥമായി മാത്രമല്ല, മിശിഹാ തന്നെയായ ദൈവിക വചനമായാണ് (Logos - the divine Word). മനുഷ്യാവതാരത്തിൽ ദൈവവചനം മനുഷ്യരൂപമെടുത്തതു പോലെയാണ് അതു ലിഖിതരൂപം പ്രാപിച്ചതും. വിശുദ്ധ ഗ്രന്ഥഭാഗത്തിൻ്റെ അക്ഷരാർത്ഥത്തെ മിശിഹായിലെ മനുഷ്യത്വത്തോടും ആത്മീയാർത്ഥത്തെ അവിടുത്തെ ദൈവത്വത്തോടുമാണു ഒരിജൻ താരതമ്യപ്പെടുത്തുന്നത്." തിരുലിഖിതത്തിന്റെ ആഴത്തിലുള്ള ആത്മീയാർത്ഥം ഗ്രഹിക്കുന്നതിനു നമ്മെ സഹായിക്കുന്നതു വിശുദ്ധഗ്രന്ഥകർത്താക്കളെ പ്രചോദിപ്പിച്ച അതേ പരിശുദ്ധറൂഹാ തന്നെയാണ്." അക്ഷരാർത്ഥം ആത്മീയാർത്ഥത്തിലേക്കുനയിക്കുന്നു. പൗലോസ് ശ്ലീഹാ മനുഷ്യവ്യക്തിയെ ശരീരം, ആത്മാവ്, അരൂപി എന്നിങ്ങനെ മൂന്നായി തിരിക്കുന്നതിനു സമാനമായി, ഒരിജൻ തിരുലിഖിതത്തിനു മൂന്ന് അർത്ഥതലങ്ങൾ നിർദ്ദേശിക്കുന്നു." അക്ഷരാർത്ഥം, ധാർമികാർത്ഥം, ആത്മീയാർത്ഥം. ഈ ത്രിവിധ അർത്ഥങ്ങളും പരസ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ചില വിശുദ്ധഗ്രന്ഥഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ മാത്രം വ്യാഖ്യാനിക്കാൻ എളുപ്പമല്ല. ഉദാഹരണത്തിന്, സാത്താൻ ലോകത്തിലെ രാജ്യങ്ങൾ കാണിക്കാനായി ഈശോയെ മലമുകളിലേക്കു നയിക്കുന്നത് (മത്താ 4,8) അക്ഷരാർത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. അക്ഷരാർത്ഥത്തിൽനിന്നു ആത്മീയാർത്ഥത്തിലേക്കു പോകണം. ഇവിടെയാണു ദൃഷ്‌ടാന്തരൂപവ്യാഖ്യാനത്തിന്റെ പ്രസക്തി. രക്ഷാകരചരിത്രത്തിലെ വസ്‌തുതകളെ സ്വർഗീയ യാഥാർത്ഥ്യങ്ങളുടെ പ്രതിരൂപങ്ങളായി കാണുന്ന വ്യാഖ്യാന രീതിയും (anagogical interpretation) ഇതിൻ്റെ ഭാഗമാണ്. വിശ്വാസിയുടെ ആത്മീയജീവിതവുമായി ബന്ധപ്പെടുത്തി വിശുദ്ധ ഗ്രന്ഥഭാഗത്തെ വ്യാഖ്യാനിക്കുന്നതിലൂടെയാണു ധാർമികാർത്ഥം കണ്ടെത്താനാവുന്നത്. ഉദാഹരണത്തിന്, സംഖ്യയുടെ പുസ്‌തകം 27-ാമദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന, ഇസ്രായേൽക്കാരുടെ മരുഭൂമിയാത്രയുടെ വിവിധ ഘട്ടങ്ങളെ, ദൈവസന്നിധിയിലേക്ക് ഉയരുന്ന മനുഷ്യാത്മാവിൻ്റെ വിവിധ ഘട്ടങ്ങളായാണ് ഒരിജൻ വ്യാഖ്യാനിക്കുന്നത്.
പഴയനിയമത്തെ പുതിയനിയമത്തിൻ്റെ പ്രതിരൂപമായും പുതിയനിയമത്തെ വരാനിരിക്കുന്ന സ്വർഗീയ യാഥാർത്ഥ്യങ്ങളുടെ മുന്നോടിയായും ഒരിജൻ വ്യാഖ്യാനിക്കുന്നു. വരാനിരുന്ന യാഥാർത്ഥ്യങ്ങളുടെ നിഴലായിരുന്ന പഴയനിയമത്തെ മിശിഹാ തൻ്റെ ആദ്യത്തെ വരവിൽ പൂർത്തീകരിച്ചു തിരുസഭയ്ക്കു രൂപം നല്കിയതുപോലെ, അവിടുത്തെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനത്തിൽ, തിരുസഭയെ സ്വർഗീയ മഹത്വത്തിലേക്ക് ആനയിച്ചുകൊണ്ടു രക്ഷാപദ്ധതി അവിടുന്നു പൂർത്തിയാക്കും. ഒരിജൻ്റെ വീക്ഷണപ്രകാരം, രക്ഷാകരചരിത്രത്തിൽ പഴയനിയമ പെസഹാ, മിശിഹായുടെ പെസഹാ, സ്വർഗീയ പെസഹാ എന്നിങ്ങനെ മൂന്നു പെസഹാകൾ - കടന്നുപോകലുകൾ - ഉണ്ട്.
മനുഷ്യനു പൂർണമായി ഗ്രഹിക്കാനാവാത്തവിധം അത്ര മാത്രം സമ്പന്നമാണു ദൈവവചനം. ഫലഭൂയിഷ്ടമായ മണ്ണും കൃഷിക്കാരന്റെ തീവ്രപരിചരണവുമുള്ളിടത്തു വിത്ത് സമൃദ്ധമായ ഫലം പുറപ്പെടുവിക്കുന്നതുപോലെ, വ്യാഖ്യാതാവിന്റെ കഴിവനുസരിച്ച് ദൈവവചനരഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. പൗരസ്ത്യ-പാശ്ചാത്യസഭകളിൽ ഒരിജൻ്റെ വ്യാഖ്യാനങ്ങൾക്കു വലിയ സ്വാധീനമുണ്ടായി.
3.3.3. എവുസേബിയൂസ്
കോൺസ്റ്റന്റയിൻ ചക്രവർത്തി ക്രിസ്‌തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി സ്വീകരിച്ചതോടെ തിരുസഭയിലേക്കു കടന്നുവന്ന പലർക്കും വിശ്വാസകാര്യങ്ങളെക്കുറിച്ചു വേണ്ടത്ര പ്രബോധനം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സുവിശേഷ പ്രസംഗങ്ങളും വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളും കൂടുതൽ ആവശ്യമായി വന്നു. ആരിയൻ പാഷണ്ഡതയും മനിക്കേയനിസവുമൊക്കെ അബദ്ധപ്രബോധനങ്ങളാണെന്നു തെളിയിക്കേണ്ടിയിരുന്നതും വിശുദ്ധഗ്രന്ഥത്തിൻ്റെ സഹായത്തോടെയാണ്.
തിരുസഭാചരിത്രകാരനായ എവുസേബിയൂസ് ഈ കാലഘട്ടത്തിന്റെ വക്താവാണ്. കേസറിയായിലെ അദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരത്തിൽ ഒരിജൻ്റെയും മറ്റും വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഏശയ്യാപ്രവാചകൻ്റെ ഗ്രന്ഥത്തിന് അദ്ദേഹം നല്കിയ വ്യാഖ്യാനം പ്രസിദ്ധമാണ് (Eclogue Propheticae). ഏശയ്യാ ഗ്രന്ഥത്തെ അതിൻ്റെ ചരിത്രപശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്നതോടൊപ്പം മിശിഹായിലുള്ള അതിൻ്റെ പൂർത്തീകരണവും വ്യക്തമാക്കുന്നു. എവുസേബിയൂസിൻ്റെ സങ്കീർത്തനഗ്രന്ഥ വ്യാഖ്യാനവും ഇതിനു സമാനമാണ്.
3.3.4. അന്ധനായ ദിദീമൂസ്
ഒരിജൻ്റെ സ്വാധീനം വ്യക്തമായി പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരനാണ് അന്ധനായ ദിദീമൂസ്. അദ്ദേഹം ഉല്പത്തി ഗ്രന്ഥത്തിന്റെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങൾക്കു നല്കുന്ന വ്യാഖ്യാനമാണ് ക്രിസ്‌തീയ നരവംശശാസ്ത്രത്തിന്റെ (Christian anthropology) അടിസ്ഥാനം. അലക്സാൺഡ്രിയൻ കലാലയത്തിലെ മറ്റു വ്യാഖ്യാതാക്കളെപോലെ ദിദീമൂസും, ദൈവികഛായയിൽ സൃഷ്ടിക്കപ്പെട്ട ആന്തരിക മനുഷ്യനെയും (ഉല്‌പ 1,26) ഭൂമിയിലെ പുഴിയിൽനിന്നു രൂപപ്പെടുത്തപ്പെട്ട മനുഷ്യനെയും (ഉല്പ 2,7) തമ്മിൽ വിവേചിക്കുന്നുണ്ട്. അക്ഷരാർത്ഥംകൊണ്ടുമാത്രം തൃപ്തിപ്പെടാത്ത, യഹൂദപേരുകളുടെ മൂലാർത്ഥം തേടുന്ന, അക്കങ്ങളുടെ സംഖ്യാബലം കണക്കാക്കുന്ന അലക്‌സാൺഡ്രിയൻ വ്യാഖ്യാനരീതിയുടെ പ്രത്യേകതകളെല്ലാം ദിദിമൂസിലും കാണാം.
3.3.5. അലക്സസാണ്ഡ്രിയായിലെ സിറിൾ
അലക്സാൺഡ്രിയായിലെ സിറിൾ ദൃഷ്‌ടാന്തരൂപരീതി ഉപയോഗിച്ചു പഴയനിയമത്തെ മിശിഹാകേന്ദ്രീകൃതമായി വ്യാഖ്യാനിക്കുന്നു (spiritual meaning). പഴയനിയമത്തിലെ ഓരോ വാചകവും ഇപ്രകാരം വ്യാഖ്യാനിക്കാമെന്നല്ല ഇതിനർത്ഥം. യോനാ പ്രവാചകൻ മിശിഹായുടെ പ്രതീകമായിരിക്കുന്നതു മൂന്നു ദിവസം ഭൂമിക്കുള്ളിൽ കഴിഞ്ഞ കാര്യത്തിൽ മാത്രമാണ്. അല്ലാതെ, ദൈവകല്പനയിൽനിന്ന് ഒളിച്ചോടിയതിലോ നിനിവേക്കാരോടു ദൈവം കരുണ കാണിച്ചതിലുണ്ടായ പ്രതിഷേധത്തിലോ അല്ല." ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളിലും യോഹന്നാൻ്റെ സുവിശേഷത്തിനുള്ള വ്യാഖ്യാനത്തിലും അക്ഷരാർത്ഥ വ്യാഖ്യാനത്തിലാണ് ഊന്നലെങ്കിലും ദൃഷ്ടാന്തരൂപ വ്യാഖ്യാനങ്ങളും കുറവല്ല. ഉദാഹരണത്തിന്, യുഗാന്തപ്രഭാഷണത്തിലെ (ലൂക്കാ 17,20-37), പുരമുകളിലിരിക്കുന്നവർ ഉന്നത സ്ഥാനീയരെ പ്രതിനിധാനം ചെയ്യുന്നു; കിടക്കയിലായിരിക്കുന്നവരാകട്ടെ, സുഖജീവിതം നയിക്കുന്ന അലസരെയും. സിക്കമൂർ മരത്തിൽനിന്നു മിശിഹായെ കാണുന്ന സക്കേവൂസ് (ലൂക്കാ 19,4) ലോകത്തിന്റെ ആകർഷണങ്ങളിൽനിന്നുയർന്ന് മിശിഹായുടെ പക്കലണയുന്നവരാണ്." അപ്പം വർദ്ധിപ്പിക്കൽ രംഗത്തിലെ അഞ്ചു ബാർലിയപ്പം (യോഹ 6,9), പഞ്ചഗ്രന്ഥത്തെ സൂചിപ്പിക്കുന്നു; പൂർണമായ പോഷണം നല്കാൻ അവയ്ക്കായില്ല. എന്നാൽ, ശ്ലൈഹിക പ്രഘോഷണത്തെ സൂചിപ്പിക്കുന്ന മത്സ്യങ്ങൾ കൂടിയാകുമ്പോൾ അതു സമ്പൂർണ പോഷണമാകും.
3.4. അന്ത്യോക്യൻ കലാലയവും ആദ്യകാല പിതാക്കന്മാരും
അലക്സാൺഡ്രിയൻ കലാലയത്തിൻ്റെ ദൃഷ്‌ടാന്തരൂപ വ്യാഖ്യാനത്തിനെതിരെ, അക്ഷരാർത്ഥ വ്യാഖ്യാനത്തിനു (literal interpretation) പ്രാധാന്യം നല്‌കിക്കൊണ്ടാണ് അന്ത്യോക്യൻ കലാലയം ഉയർന്നത്. സപ്തതിപരിഭാഷ പരിഷ്കരിച്ച അന്ത്യോക്യായിലെ ലൂസിയാൻ ആണ് ഇതിൻ്റെ സ്ഥാപകനായി പരിഗണിക്കപ്പെടുന്നത്. കേസറിയായിലെ എവുസേബിയൂസിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്ന അക്കാഷിയൂസ്, എമേസായിലെ എവുസേബിയൂസ്, ലാവോദിക്യായിലെ അപ്പോളിനാരിസ് തുടങ്ങിയവർ വിശുദ്ധഗ്രന്ഥത്തിൻ്റെ അക്ഷരാർത്ഥ വ്യാഖ്യാനത്തിനു പ്രാധാന്യം നല്കിയവരാണ്. താർസൂസിലെ ദിയദോറസ്, തെയോഫിലസ്, ജോൺ ക്രിസോതോം, മൊപ്‌സുവെസ്ത്യായിലെ തിയഡോർ, ജോൺ, തെയഡോറൈറ്റ് എന്നിവരും ഇക്കൂട്ടത്തിൽപ്പെടുന്നു.
3.4.1. അന്ത്യോക്യൻ വ്യാഖ്യാനം
മൊപ്‌വെസ്ത്യായിലെ തിയഡോർ പന്ത്രണ്ടു പ്രവാചകന്മാർക്കു നല്കുന്ന വ്യാഖ്യാനത്തിൽ പഴയനിയമ സംഭവങ്ങളെ പുതിയനിയമ സംഭവങ്ങളുടെ പ്രതിരൂപങ്ങളായാണ് (typological interpretation of the OT) കാണുന്നത്. ജോൺ ക്രിസോസ്തോം തന്റെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനങ്ങളിൽ ധാർമികോപദേശത്തിനു കൂടുതൽ ഊന്നൽ നല്‌കുന്നു. ഉദാഹരണത്തിന്, വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കിയുള്ള പ്രസംഗങ്ങൾ. തെയഡോറൈറ്റ് തൻ്റെ സങ്കീർത്തന വ്യാഖ്യാനത്തിൽ, ദാവീദ് മനുഷ്യാവതാരത്തെയും സഹന-മരണോത്ഥാനങ്ങളെയും കുറിച്ചു മുൻകൂട്ടി അറിയിച്ചിട്ടുണ്ട് എന്നു കാണിക്കുന്നുണ്ട്.
3.4.2. കപ്പദോച്ച്യൻ വ്യാഖ്യാനം
അന്ത്യോക്യൻ ചിന്താധാരയിൽ തന്നെയുള്ള മറ്റൊരു ഗണമാണ് കപ്പദോച്ച്യൻ പിതാക്കന്മാർ. ബേസിൽ, ഗ്രിഗറി നസ്യാൻസൻ, നീസായിലെ ഗ്രിഗറി എന്നിവരാണ് ഈ ഗണത്തിൽ പെടുന്നത്. ബേസിലിൻ്റെ കൃതികളിൽ മിക്കവയും മതാദ്ധ്യാപനപ്രസംഗങ്ങളാണ് (catechetical homilies). ഒരു മിസ്റ്റിക്കായ നീസായിലെ ഗ്രിഗറി സങ്കീർത്തനഗ്രന്ഥത്തെ അഞ്ചു ഭാഗങ്ങളായി തിരിച്ച് (1-40; 41-71; 72-88; 89-105; 106-150) അവ, പാപത്തിൽനിന്നു പിന്തിരിഞ്ഞു ദൈവിക ദർശനത്തിലേക്ക് ഉയരുന്ന മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതായി വ്യാഖ്യാനിക്കുന്നു (On the Titles of the Psalms). ഉത്തമഗീതത്തിനു ഗ്രിഗറി നല്‌കുന്ന ദൃഷ്ടാന്തരൂപ വ്യാഖ്യാനം ഒരിജന്റേതിനു സമാനമാണ്. പുറപ്പാട്-സംഖ്യ പുസ്‌തകങ്ങളുടെ വെളിച്ചത്തിൽ മോശയുടെ ജീവിതത്തിനു നല്‌കുന്ന വ്യാഖ്യാനം (The Life of Moses) ചരിത്രപരവും ദൃഷ്ടാന്തരൂപപരവുമാണ്. ചെങ്കടൽ കടക്കുന്നതു മാമ്മോദീസായുടെയും പുറ 15,27 ലെ പന്ത്രണ്ടരുവികളും എഴുപത് ഈന്തപ്പനകളും പന്ത്രണ്ടു ശ്ലീഹന്മാരുടെയും എഴുപതു ശിഷ്യന്മാരുടെയും പ്രതിരൂപങ്ങളായാണ് ഗ്രിഗറി വ്യാഖ്യാനിക്കുന്നത്.
3.5. പാശ്ചാത്യദേശത്ത്
പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ വികസിച്ചുവന്ന വ്യാഖ്യനരീതികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇന്നത്തെ യൂറോപ്യൻ ഭൂഖണ്‌ഡത്തിലെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും ചില പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പടിഞ്ഞാറൻ റോമാസാമ്രാജ്യം. രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ആഫ്രിക്കയിൽ വിശുദ്ധഗ്രന്ഥത്തിൻ്റെ ലത്തീൻ പരിഭാഷയുണ്ടായി. ഈ കാലഘട്ടത്തിൽതന്നെ രൂപംകൊണ്ട് തെർത്തുല്യന്റെ പല കൃതികളിലും അദ്ദേഹത്തിന്റെ അഗാധമായ വിശുദ്ധ ഗ്രന്ഥജ്ഞാനം പ്രകടമാണ്. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഹിപ്പോളിറ്റസിനോടുകൂടിയാണ് ഇവിടെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനങ്ങൾ ആരംഭിച്ചത്. റോമാസഭയിലെ മഹാ പണ്ഡിതനായിരുന്ന ഹിപ്പോളിറ്റസിൻ്റേതെന്നു കരുതപ്പെടുന്ന 'വിശുദ്ധ പെസഹായിൽ' (In Sanctum Pascha) എന്ന കൃതി പ്രസിദ്ധമാണ്. പഴയനിയമ പെസഹായുടെ പശ്ചാത്തലത്തിലുള്ള മിശിഹാ രഹസ്യത്തിന്റെ വ്യാഖ്യാനമാണിത്.
നൊവേഷ്യൻ, സിപ്രിയാൻ, പെറ്റോയിലെ വിക്ടോറിനസ്, ഓട്ടനിലെ റെറ്റീഷ്യസ് തുടങ്ങിയവരാണു മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും നാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമായി കാണുന്ന വിശുദ്ധഗ്രന്ഥ വ്യാഖ്യാതാക്കൾ. സങ്കീർത്തനങ്ങൾക്കു പൊതുവായ ആമുഖവും ഒന്നും രണ്ടും സങ്കീർത്തനങ്ങൾക്കുള്ള മിശിഹാകേന്ദ്രീകൃതമായവ്യാഖ്യാനവും ലഭ്യമാണ്.
നാലാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ആരിയൻ പാഷണ്‌ഡതയുടെ പശ്ചാത്തലത്തിൽ ഹിലരിയും വിക്ടോറിനസ് മാരിയൂസും, അംബ്രോസും ആഗസ്തീനോസും അംബ്രോസി യാസ്റ്ററും, ജെറോമും വിശുദ്ധഗ്രന്ഥത്തിന് ഈടുറ്റ വ്യാഖ്യാനങ്ങൾ നല്‌കി. ഇവരിൽ പലരിലും ഒരിജൻ്റെ സ്വാധീനം വളരെ പ്രകടമാണ്. അംബ്രോസ് തൻ്റെ മതാദ്ധ്യാപന പ്രസംഗങ്ങളിൽ ദൃഷ്ടാന്തരൂപ വ്യാഖ്യാനംവഴി ധാർമികോപദേശങ്ങൾ നല്‌കുന്നുണ്ട്. അക്ഷരാർത്ഥത്തിനും ധാർമികാർത്ഥത്തിനും ആത്മീയാർത്ഥത്തിനും പ്രാധാന്യം നല്കിക്കൊണ്ടാണ് അംബ്രോസ് ഇതു നിർവഹിച്ചത്. ലൂക്കായുടെ സുവിശേഷത്തിന് അദ്ദേഹം നല്‌കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. ജെറോമും റൂഫീനസും ഒരിജൻ്റെ പ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ലത്തീൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയതു പാശ്ചാത്യദേശത്ത് ആ ശൈലിക്കു പ്രചാരം നേടിക്കൊടുത്തു. മാരിയൂസ് വിക്ടോറിനസ്, എക്ലാനനിലെ ജൂലിയൻ, എൽവിരയിലെ ഗ്രിഗറി, വെറോണയിലെ സെനോ, ക്രൊമാത്തിയൂസ് തുടങ്ങിയവരാണ് പാശ്ചാത്യദേശത്തെ നാലും അഞ്ചും നൂറ്റാണ്ടുകളിലെ ശ്രദ്ധേയരായ വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കൾ.
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്‌തകം ആഫ്രിക്കൻ ടിക്കോണിയസിന്റേതാണ് (Tyconius, Liber Regularum). മിശിഹായെ സൂചിപ്പിക്കുന്നു തിരുലിഖിതഭാഗങ്ങൾ തിരുസഭയെയും കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നദ്ദേഹം പഠിപ്പിച്ചു. വെളിപാടുപുസ്‌തകത്തിന് അദ്ദേഹം നല്‌കുന്ന വ്യാഖ്യാനം മിശിഹായും തിരുസഭയും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുദ്ദേശിച്ചുള്ളതാണ്. യോഹന്നാൻ പരാമർശിക്കുന്ന യുഗാന്തം അവസാന നാളുകളെ മാത്രമല്ല, സഭയുടെ ജീവിതകാലം മുഴുവനെയും സൂചിപ്പിക്കുന്നുണ്ട്. തുടർന്നുവന്ന വെളിപാടു വ്യാഖ്യാതാക്കളെയെല്ലാംതന്നെ ഇദ്ദേഹം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് പാശ്ചാത്യദേശത്ത് വിശുദ്ധഗ്രന്ഥ വ്യാഖ്യാനരംഗത്തു ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ ജെറോം, ആഗസ്‌തിനോസ് എന്നീ പിതാക്കാന്മാരിൽ ഈ സ്വാധീനം ഏറെ പ്രകടമാണ്.
3.5.1. ജെറോം
ഒരിജന്റെ വ്യാഖ്യാനശൈലി ജെറോമിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഒരിജൻ്റെ ഹെക്‌സപ്ലായുമായുള്ള പരിചയമാണ് ഹീബ്രുഭാഷയിൽനിന്നു പഴയനിയമ വിശുദ്ധഗ്രന്ഥം ലത്തീനിലേക്ക് പരിഭാഷപ്പെടുത്താൻ ജെറോമിനെ പ്രേരിപ്പിച്ചത് (വുൾഗാത്ത മിശിഹാവർഷം 398-405). പ്രവാചകഗ്രന്ഥങ്ങൾക്കു നല്‌കിയ വ്യാഖ്യാനങ്ങൾ ഭാഷാശാസ്ത്രപരവും ചരിത്രപരവും ആത്മീയവുമായ വീക്ഷണങ്ങളിലുള്ളവയാണ്. ദൃഷ്ടാന്തരൂപ വ്യാഖ്യാനത്തിൽ സിറിളിന്റെ നിലപാടിനോടു സദൃശമാണ് ജെറോമിന്റേത്.
3.5.2. ആഗസ്തീനോസ്
ആഗസ്തീനോസ് മിലാനിലെ വിശുദ്ധ അംബ്രോസിന്റെ സ്വാധീനത്തിൽ ദൃഷ്‌ടാന്തരൂപവ്യാഖ്യാനത്തിന് ആദ്യകാലത്തു പ്രാധാന്യം നല്കി. അജപാലനമേഖലയിൽ എല്ലാവർക്കും ആത്മീയ പോഷണം പ്രദാനംചെയ്യുക എന്നതായിരുന്നു ആഗസ്തീനോസിന്റെ വ്യാഖ്യാനലക്ഷ്യം. ഉല്പ്‌പത്തിപുസ്‌തകത്തിലെ ആദ്യ അദ്ധ്യായങ്ങൾക്ക് അദ്ദേഹം നല്‌കുന്ന വ്യാഖ്യാനം.'' ശ്രദ്ധേയമാണ്. സഭയിൽ വായിക്കപ്പെടുന്ന തിരുലിഖിതഭാഗം വിശ്വാസികളെ പ്രബോധിപ്പിക്കാനും ക്രൈസ്‌തവസമർപ്പണത്തിനു പ്രോത്സാഹിപ്പിക്കാനുമായിരിക്കണം. ഏതൊരു വിശുദ്ധ ഗ്രന്ഥഭാഗത്തിനും ഒന്നിലധികം അർത്ഥങ്ങളുണ്ടാകാം എന്ന് ഒരിജനെപ്പോലെ ആഗസ്തീനോസും കരുതുന്നു.
3.6. സുറിയാനിസഭാപിതാക്കന്മാർ
ഗ്രീക്കു തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെടാത്ത ഒരു ദൈവശാസ്ത്രശാഖ സുറിയാനി പാരമ്പര്യത്തിൽ വളരുന്നുണ്ടായിരുന്നു. സുറിയാനി പൈതൃകം അതിൻ്റെ ദൈവശാസ്ത്രപരമായ സവിശേഷതകൊണ്ട് ഗ്രീക്ക്-ലത്തീൻ പാരമ്പര്യങ്ങൾക്കൊപ്പം ആദ്യകാലസഭയുടെ മൂന്നാമത്തെ സുപ്രധാന ഘടകമായി ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. അഫ്രഹാത്ത്, അപ്രേം, നർസായി, സെറുഗിലെ യാക്കോബ് തുടങ്ങിയവരാണു സുറിയാനി ലോകത്തെ മുഖ്യ ദൈവശാസ്ത്രജ്ഞർ. ഗ്രീക്കു-റോമൻ ദൈവ ശാസ്ത്രചിന്തയുടെ സ്വാധീനം സുറിയാനി പാരമ്പര്യത്തിന്മേലുണ്ടായിരുന്നു. ക്രമേണ പൗരസ്ത്യസുറിയാനി എന്നും പാശ്ചാത്യ ഗ്രീക്കു സുറിയാനിയെന്നും രണ്ടു ശാഖകളുമുണ്ടായി.
3.6.1. മാർ അപ്രേം
നാലാം നൂറ്റാണ്ടിൽ നിസിബിസ്-എദേസാ പ്രദേശത്തു പ്രവർത്തിച്ചിരുന്ന പ്രസിദ്ധനായ വിശുദ്ധഗ്രന്ഥ വ്യാഖ്യാതാവാണു മാർ അപ്രേം. അക്ഷരാർത്ഥ വ്യാഖ്യാനത്തിനു പ്രാധാന്യം നല്കുമ്പോഴും അദ്ദേഹം പ്രതീകാർത്ഥവും വ്യക്തമാക്കിയിരുന്നു. ഉല്പത്തി, പുറപ്പാടു ഗ്രന്ഥങ്ങൾ, സുവിശേഷസമാഹാരമായ ദിയാതെസറോൺ, പൗലോസ്‌ശ്ലീഹായുടെ ലേഖനങ്ങൾ തുടങ്ങിയ വിശുദ്ധഗ്രന്ഥ ഭാഗങ്ങൾക്ക് അദ്ദേഹം നല്‌കിയ വ്യാഖ്യാനങ്ങൾ പ്രചുരപ്രചാരം നേടി. ഉല്പ 22,13 ലെ കുഞ്ഞാടിനെ മിശിഹായുടെയും മാറായിലെ കയ്പ്പാർന്ന ജലം മധുരിതമാക്കിയ മോശയുടെ വടി (പുറ 15,22) സ്ലീവായുടെയും പ്രതിരൂപമായി അപ്രേം പിതാവ് കാണുന്നു.
പ്രപഞ്ചത്തെക്കുറിച്ച് അപ്രേമിനുള്ള കൗദാശികദർശനം മനുഷ്യനിലുള്ള ദൈവികതയിലൂന്നിയതാണ്. മനുഷ്യൻ ദൈവിക സാദൃശ്യത്തിലും ഛായയിലും സൃഷ്‌ടിക്കപ്പെട്ടവനാണ്. പ്രകൃതിയിലെ പ്രതീകങ്ങളിലധിഷ്‌ഠിതമാണു പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രവീക്ഷണം. ഈ വീക്ഷണപ്രകാരം, ദൈവികതയുടെ പൂർണമായ വെളിപ്പെടുത്തലല്ല, ദൈവികവെളിപാടിന്റെ ലക്ഷ്യം. ദൈവത്തിന്റെയും ദൈവികയാഥാർത്ഥ്യങ്ങളുടെയും ചില മാനങ്ങൾ മാത്രം, അതും മനുഷ്യമനസ്സിന് ഉൾക്കൊള്ളാൻ സാധിക്കുന്നതും മനുഷ്യരക്ഷയ്ക്ക് ആവശ്യമായിരിക്കുന്നതും മാത്രമാണു ദൈവം മനുഷ്യനു വെളിപ്പെടുത്തുന്നത്. കാരണം, പരിമിതമായ മനുഷ്യ ബുദ്ധിയ്ക്ക് അപ്രാപ്യമാംവിധം അത്ര ഉപരിയാണ് ദൈവം. അവിടുത്തെ കാരുണ്യാതിരേകം ഒന്നുകൊണ്ടുമാത്രമാണ് അവിടുന്നു സ്വയം വെളിപ്പെടുത്തുന്നത്. ദൈവത്തെക്കുറിച്ചു വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ തിരുലിഖിതത്തിലെ പ്രതീകാത്മകഭാഷ വെളിവാക്കുന്നുണ്ട്. പക്ഷേ, രഹസ്യം രഹസ്യമായിത്തന്നെ തുടരും. മനുഷ്യൻ്റെ ബൗദ്ധികാന്വേഷണത്തിനു പരിമിതിയുണ്ടെന്നു സാരം. ചരിത്രത്തിലെ വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം എപ്രകാരമാണു രഹസ്യാത്മകമായ രീതിയിൽ സ്വയം സന്നിഹിതനാക്കുന്നതെന്നു തിരുലിഖിതത്തിലെ പ്രതീകാത്മക ഭാഷയും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നു.
3.6.2. നിസിബിസിലെ യാക്കോബ്
ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിൽ ക്രമാനുഗതമായ മൂന്നു പടികൾ യാക്കോബ് കാണുന്നു: നിയമത്തിന്റെ പാത (പഴയനിയമകാലം), മിശിഹായുടെ മാർഗം (മിശിഹായുടെ രക്ഷാകരപ്രവർത്തനങ്ങൾ), ശ്ലൈഹികതയുടെ വഴി (മിശിഹായിൽ പൂർത്തിയായ രക്ഷാരഹസ്യത്തിൻ്റെ പ്രഘോഷണം). തിരുസഭയിലും കൂദാശകളിലും കൂടെയാണ് രക്ഷാകരപദ്ധതി പൂർത്തിയാകുന്നത്.
യാക്കോബിന്റെ അഭിപ്രായത്തിൽ, തിരുലിഖിതം മുഴുവന്റെയും അടിസ്ഥാനം രക്ഷയെക്കുറിച്ചുള്ള പ്രബോധനമാണ്. പഴയ-പുതിയനിയമങ്ങളിലെ വ്യത്യസ്‌ത സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഈ പ്രബോധനമാണ്. കൊച്ചുകുഞ്ഞുങ്ങൾക്കു നല്കപ്പെടുന്ന പാലുപോലെയാണു മോശയുടെ നിയമം. മിശിഹായിൽ നല്‌കപ്പെടാനിരുന്ന ഖരഭക്ഷണം സ്വീകരിക്കാൻ മനുഷ്യരെ പ്രാപ്തരാക്കാനുദ്ദേശിച്ചുള്ളതായിരുന്നു പഴയനിയമം.
സൃഷ്ടിയിലും മനുഷ്യാവതാരത്തിലും ഉത്ഥാനത്തിലും പ്രകാശിതമാകുന്ന ദൈവപരിപാലനയാണു ദൈവത്തിന്റെ രക്ഷാകരപദ്ധതി മുഴുവന്റെയും അടിസ്ഥാനം. രക്ഷപ്രാപിക്കാനായി തിരുലിഖിതത്തിലെ പ്രബോധനം പ്രാവർത്തികമാക്കണം. ദൈവവചനത്തിലൂടെ ക്ഷണിക്കുന്ന ദൈവത്തോടു സ്നേഹത്തിൽ പ്രതികരിക്കുമ്പോഴാണു രക്ഷ സാധ്യമാകുന്നത്.
ദൈവാരൂപിയാണ് തിരുലിഖിതങ്ങളിലെ രഹസ്യാത്മകമാനം ഗ്രഹിക്കുവാൻ മനുഷ്യമനസ്സിനെ പ്രകാശിപ്പിക്കുന്നത്. തങ്ങളുടേതായ രീതിയിൽ മിശിഹാരഹസ്യത്തിനു സാക്ഷ്യം വഹിക്കാൻ പഴയനിയമ പ്രവാചകന്മാരെയും നീതിമാന്മാരെയും പുതിയനിയമത്തിലെ ശ്ലീഹന്മാരെയും പ്രകാശിപ്പിച്ച അതേ റൂഹാതന്നെയാണ് അവരിലൂടെ നല്‌കപ്പെടുന്ന ദിവ്യപ്രബോധനം ഗ്രഹിക്കുവാൻ ഇന്നു നമ്മെയും പ്രകാശിപ്പിക്കുന്നത്. മിശിഹായാണു രണ്ട് ഉടമ്പടികളുടെയും മദ്ധ്യസ്ഥനും ശിരസ്സും.
3.6.3. സുറിയാനി വ്യാഖ്യാനത്തിൻ്റെ സവിശേഷതകൾ
ഭൗതികലോകത്തിന് അപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ പ്രതീകങ്ങൾ ഉപയോഗിച്ചു വ്യക്തമാക്കുന്നത് തത്ത്വശാസ്ത്രത്തിലും സാധാരണജീവിതത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള രീതിയാണ്. മതപരമായ അനുഭവങ്ങളെ സംബന്ധിച്ച് ഇതു കൂടുതൽ വാസ്തതവമാണ്. സുറിയാനി ദൈവശാസ്ത്രജ്ഞരുടെ വീക്ഷണത്തിൽ, പ്രതീകങ്ങൾ യാഥാർത്ഥ്യത്തെ സൂചിപ്പിക്കുക മാത്രമല്ല, സന്നിഹിതമാക്കുകയും ചെയ്യുന്നുണ്ട്. സന്നിഹിതമാക്കുന്നതിലാണ് പ്രതീകം അടയാളത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നത്. സൃഷ്ടപ്രപഞ്ചത്തിൻ്റെ കൗദാശിക മാനം ഊന്നിപ്പറയുമ്പോഴും സ്രഷ്‌ടാവിനു സൃഷ്ടവസ്‌തുക്കളിൽ നിന്നുള്ള വ്യതിരക്തത സുറിയാനിസഭാപിതാക്കന്മാർ എടുത്തു കാണിക്കുന്നുണ്ട്. സൃഷ്ടിയിലുള്ള ദൈവാംശമാണ് സൃഷ്ടപ്രപഞ്ചം മുഴുവനെയും ദൈവത്തിൻ്റെ പ്രതീകമാക്കുന്നത്. സൃഷ്ടിയിലും പരിപാലനത്തിലുമുള്ള ദൈവികാധികാരത്തിൽ മനുഷ്യർക്കു പങ്കു നല്കപ്പെട്ടിരിക്കുന്നു. സൃഷ്‌ടിയിലുള്ള ദൈവികപദ്ധതി മനസ്സിലാക്കിയാൽ മാത്രമേ ഈ അധികാരങ്ങൾ വിനിയോഗിക്കാൻ സാധിക്കൂ. ദൈവികരഹസ്യങ്ങളിലും പ്രകൃതിയിലെ പ്രതീകങ്ങളിലും രഹസ്യങ്ങളിലും കൂടിയാണ് ഈ ദൈവികപദ്ധതി തിരിച്ചറിയാൻ മനുഷ്യനു സാധിക്കുന്നത്. പ്രകൃതിയിലെയും തിരുലിഖിതത്തിലെയും പ്രതീകങ്ങൾ രക്ഷാകരചരിത്രത്തിലെ ദൈവിക സാന്നിധ്യം വെളിവാക്കുന്നു.
മറഞ്ഞിരിക്കുന്ന രഹസ്യം വെളിച്ചത്തുകൊണ്ടു വരികയാണ് തിരുലിഖിതവ്യാഖ്യാനലക്ഷ്യം. കടലിൽ മുത്തു തേടുന്നതുപോലെയാണിത്. ജീവൻ്റെ വചനം വിലകൊടുക്കാതെ ലഭിക്കുന്നു. കർത്താവിൻ്റെ കൃപകൊണ്ടേ വ്യാഖ്യാനം ശരിയാവൂ. ഇതൊരു കൗദാശികപ്രവൃത്തിയാണ്.
വിശുദ്ധഗ്രന്ഥഭാഗങ്ങൾക്കു രണ്ട് അർത്ഥങ്ങളുണ്ട്: അക്ഷരാർത്ഥവും ആത്മീയാർത്ഥവും. ആത്മീയാർത്ഥത്തിലേക്കു നയിക്കുന്നിടത്തോളം മാത്രമേ അക്ഷരാർത്ഥത്തിനു പ്രസക്തിയുള്ളൂ. മിശിഹായിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ചിരുന്നതുപോലെ, രണ്ടർത്ഥങ്ങളും യോജിച്ചിരിക്കുന്നു. ആത്മീയാർത്ഥം രക്ഷകനായ മിശിഹായുടെ രഹസ്യത്തിൽ കേന്ദ്രീകൃതമാണ്.
പഴയനിയമത്തിലെ പ്രതീകങ്ങൾ മിശിഹായുടെ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും പ്രകാശം വീശുന്നു. മിശിഹായാകട്ടെ, പഴയനിയമത്തിലെയും പുതിയനിയമത്തിലെയും അവിടുത്തെ പ്രതീകങ്ങളെ പ്രകാശിപ്പിക്കുന്നു. ചുരുക്കത്തിൽ, മിശിഹായാണു രക്ഷാകരപദ്ധതി മുഴുവൻ്റെയും താക്കോൽ എന്നതാണു സുറിയാനി ചിന്തയുടെ മുഖമുദ്ര.
വിശ്വാസംവഴിയാണു നീതീകരണം അഥവാ രക്ഷ എന്നു വിശ്വസിച്ച മാർട്ടിൻ ലൂഥർ (1483-1546) വി. ഗ്രന്ഥം മാത്രമാണ് വിശ്വാസത്തിന്റെ ഏകഉറവിടം (sola scriptura) എന്നു വാദിച്ചു. ശ്ലീഹന്മാരുടെ പ്രബോധനത്തിൻ്റെ ഇടമുറിയാതുള്ള പിൻതുടർച്ചയും, ആരാധനക്രമം, ശിക്ഷണരീതികൾ, ജീവിതശൈലി തുടങ്ങിയവയിൽ അധിഷ്‌ഠിതമായ വിശുദ്ധപാരമ്പര്യങ്ങളും അവഗണിക്കപ്പെട്ടു. വിശ്വാസവും രക്ഷയുമൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളായി. വ്യക്തിപരമായ വിശ്വാസസമർപ്പണംവഴി രക്ഷ പ്രാപിക്കാം എന്ന സ്വന്തം ആശയത്തെ ലൂഥർ മുറുകെപിടിച്ചു. സഭാപാരമ്പര്യത്തിന്റെ ഭാഗമായാണു വിശുദ്ധഗ്രന്ഥങ്ങൾ രൂപംകൊണ്ടതെന്നും സഭയാണ് അതിൻ്റെ സംരക്ഷകയും വ്യാഖ്യാതാവും എന്നുമുള്ള സത്യങ്ങൾ വിസ്‌മരിക്കപ്പെട്ടു. ഇതു മനുഷ്യകേന്ദ്രീകൃതം മാത്രമായ തത്ത്വശാസ്ത്രവീക്ഷണത്തിൻ്റെയും മനുഷ്യബുദ്ധിക്കും യുക്തിക്കുംമാത്രം പ്രാധാന്യം നല്‌കുന്ന ചിന്താരീതിയുടെയും ഫലമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ത്രെന്തോസ് സൂനഹദോസ് (1545-1563) സമ്മേളിച്ചത്.
ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമായ രക്ഷാകര സത്യം മുഴുവൻ്റെയും ഏകഉറവിടമായി ഈശോമിശിഹാ പ്രഘോഷിച്ചതും പ്രഘോഷിക്കാനായി ശ്ലീഹന്മാരെ ഭരമേല്പ്പിച്ചതുമായ സുവിശേഷത്തെയാണ് ത്രെന്തോസ് സൂനഹദോസ് അവതരിപ്പിച്ചത്. ഈ രക്ഷാകരസുവിശേഷം വി. ലിഖിതത്തിലും ശ്ലീഹന്മാർ മിശിഹായിൽനിന്നു സ്വീകരിച്ചതും മറ്റുള്ളവർക്കു കൈമാറിയതുമായ അലിഖിത പാരമ്പര്യത്തിലുമാണ് അടങ്ങിയിരിക്കുന്നതെന്നും തെന്തോസ് പഠിപ്പിച്ചു. വി. ഗ്രന്ഥങ്ങളിലില്ലാത്ത ദൈവികസത്യങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും ആകെത്തുകയെയാണ് അലിഖിതപാരമ്പര്യങ്ങൾ എന്നതുകൊണ്ടു ത്രെന്തോസ് വിവക്ഷിച്ചത്. വി. ഗ്രന്ഥത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള താദൃശ പരാമർശങ്ങൾ അവയെ വെളിപാടിൻ്റെ രണ്ടു വ്യത്യസ്ത ഉറവിടങ്ങളായി കണക്കാക്കുന്നതിന് ഇടയാക്കി. വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾക്കു വി. ലിഖിതം, വി. പാരമ്പര്യം എന്നീ രണ്ടു സമാഹാരങ്ങളുണ്ടെന്നു വന്നു. ഇത് ദ്വിവിധ-ഉറവിട സിദ്ധാന്തം (two-source theory: partim partim) എന്നാണ് അറിയപ്പെടുന്നത്. ദൈവികവെളിപാടിൻ്റെ ഒരു ഭാഗം തിരുലിഖിതത്തിലും മറുഭാഗം പാരമ്പര്യത്തിലുമാണെന്നും തന്മൂലം ഓരോന്നും അതിൽത്തന്നെ അപൂർണമാണെന്നും ഈ സിദ്ധാന്തക്കാർ വിശ്വസിച്ചുപോന്നു. ദൈവാവിഷ്കരണം ഓരോന്നിലും പൂർണമായുണ്ട് എന്നു വിശ്വസിക്കുന്ന മറ്റൊരു ഗണം പണ്ഡിതന്മാരും ഉണ്ടായിരുന്നു. ഇവരിൽ നിന്നെല്ലാം വ്യത്യസ്‌തമായി, വേറൊരു കൂട്ടർ വിശുദ്ധലിഖിതത്തിലെ ദൈവാവിഷ്കരണം അപൂർണമാണെന്നും പാരമ്പര്യത്തിലാണതു പൂർണമാകുന്നതെന്നും കരുതി.
വിശുദ്ധ ലിഖിതവും വിശുദ്ധ പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണകൾ വളരെ സങ്കീർണമായിരുന്ന ഒരു കാലഘട്ടത്തിലാണു രണ്ടാം വത്തിക്കാൻ സൂനഹദോസ് സമ്മേളിച്ചത്. 19-ാം നൂറ്റാണ്ടുമുതൽ തിരുസഭ ദൈവവചനത്തെക്കുറിച്ചു നല്‌കിയിരുന്ന പ്രബോധനങ്ങളുടെ തുടർച്ചയാണു വത്തിക്കാൻ കൗൺസിലിൽ പ്രതിഫലിച്ചത്. കൗൺസിൽ ദർശനം ശരിക്കു മനസ്സിലാക്കാൻ മുമ്പുള്ള പ്രബോധനചരിത്രം അറിഞ്ഞിരിക്കുക ആവശ്യമാണ്.
5.1. പ്രോവിദെന്തീസ്സിമുസ് ദേവൂസ്
ബൈബിൾ പഠനത്തെ സംബന്ധിച്ചുള്ള പ്രഥമ ചാക്രിക ലേഖനം ലെയോ പതിമൂന്നാമൻ മാർപാപ്പാ 1893ൽ പുറപ്പെടുവിച്ച പ്രോവിദെന്തീസ്സിമുസ് ദേവൂസ് ("സർവപരിപാലകനായ ദൈവം') ആണ്. ഇതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. 1678 മുതൽ റിച്ചാർഡ് സൈമൺ (1638-1712) എന്ന ഫ്രഞ്ച് ഒററ്റോറിയൻ വൈദികൻ ബൈബിളിന്റെ ചരിത്രവിമർശനാത്മകകൃതികൾ പ്രസിദ്ധീകരിച്ചു തുടങ്ങി. പക്ഷേ, അവ കത്തോലിക്കാവൃത്തങ്ങളിൽ സ്വീകരിക്കപ്പെട്ടില്ല. പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ ബൈബിളിനെ സംബന്ധിച്ചു നിശബ്ദതയുടെ കാലമായിരുന്നു. 1885 മുതൽ 1887 വരെയുള്ള കാലത്ത് റോമിലെ ഗ്രിഗോറിയൻ യുണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന റുഡോൾഫ് കൊർണേലി എന്ന ഈശോസഭാ വൈദികൻ നാലു വാല്യങ്ങളിലായി പഴയനിയമത്തെയും പുതിയ നിയമത്തെയും സംബന്ധിച്ച ചരിത്രാത്മകവും നിരൂപണാത്മകവുമായ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചു. ഇതു മുമ്പോട്ടു വച്ച വ്യാഖ്യാനശൈലി ലെയോ മാർപാപ്പായുടെ ശ്രദ്ധയിൽ പെട്ടു. ഈ രീതിയിലുള്ള ബൈബിൾ പഠനം സഭയിൽ വിവേകപൂർവം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലെയോ മാർപാപ്പാ ഒരു ചാക്രികലേഖനമെഴുതി. അതിൽ മാർപാപ്പാ ഊന്നിപ്പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ശരിയായ വിശുദ്ധഗ്രന്ഥപാഠം കണ്ടെത്തിയ ശേഷം അതവതരിപ്പിക്കുന്ന വാച്യാർത്ഥം അന്വേഷിക്കണം. ഈ യഥാർത്ഥ അർത്ഥത്തിൽ ഊന്നിനിന്നുകൊണ്ടു വിശ്വാസജീവിതത്തെയും സന്മാർഗജീവിതത്തെയും സഹായിക്കുന്ന മറ്റർത്ഥങ്ങളും കണ്ടെത്തണം. വിശുദ്ധലിഖിതങ്ങളെ ദൈവം ഭരമേല്പ്പിച്ച തിരുസഭയാണ് അതിൻ്റെ ആധികാരിക വ്യാഖ്യാതാവ്. അതുകൊണ്ടു സഭ നിർണയിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾക്കോ സഭാപിതാക്കന്മാർ ഐക്യകണ്ഠേന ഉറപ്പിച്ചിട്ടുള്ള അർത്ഥങ്ങൾക്കോ എതിരായി ബൈബിൾ വ്യാഖ്യാനിക്കാൻ പാടില്ല. ദൈവശാസ്ത്രത്തിന്റെ ആത്മാവായി വർത്തിക്കേണ്ടതു ദൈവവചനപഠനമാണ്.
സ്വതന്ത്ര ബൈബിൾ വ്യാഖ്യാനം (liberal exegesis) സഭയുടെ വിശ്വാസത്തിനെതിരെ വെല്ലുവിളികളുയർത്തിയ ഒരു സന്ദർഭത്തിലാണ് ഈ പ്രബോധനം പുറത്തിറങ്ങിയത്. ഇത്തരം സ്വതന്ത്ര വ്യാഖ്യാതാക്കളുടെ ചില ആരോപണങ്ങൾ ശാസ്ത്രത്തിന്റെ നേട്ടങ്ങളിലധിഷ്ഠിതമായ നിഗമനങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ട് സഭാവിശ്വാസത്തെ ആക്രമിക്കാൻ മുതിർന്നവരിൽനിന്നു സഭയെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ രേഖയ്ക്കുണ്ടായിരുന്നു. ബൈബിൾവ്യാഖ്യാനത്തിൽ ശാസ്ത്രീയ രീതികൾ അവലംബിക്കുന്നതു നിരുത്സാഹപ്പെടുത്തുകയല്ല സഭ ചെയത്; മറിച്ച്, ശാസ്ത്രീയ മാർഗങ്ങൾതന്നെയുപയോഗിച്ചുകൊണ്ട് ബൈബിൾ ശരിയായി വ്യാഖ്യാനിക്കാനും അതുവഴി പ്രതിയോഗികളെ അവരുടെതന്നെ പാളയത്തിൽ തോല്പ്പിക്കാനും ആഹ്വാനം ചെയ്യുകയാണുണ്ടായത്. പുരാതന പൗരസ്ത്യഭാഷകൾ പഠിച്ചും ശാസ്ത്രീയ നിരൂപണകല പരിശീലിച്ചു കൊണ്ട് സ്വതന്ത്രവ്യാഖ്യാതാക്കളുടെ ആക്രമണത്തെ ചെറുക്കാൻ മാർപാപ്പാ ഉദ്‌ബോധിപ്പിച്ചു.
ശാസ്ത്രീയ സമീപനത്തെ സഭ ഭയപ്പെട്ടില്ല. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ചില അഭിപ്രായങ്ങൾ ശാസ്ത്രത്തിൻ്റെ പേരുപറഞ്ഞു പ്രചരിപ്പിച്ചിരുന്നതിനെയാണു സഭ സംശയദൃഷ്‌ടിയോടെ വീക്ഷിച്ചത്. ബൈബിൾപഠനത്തിൽ ശാസ്ത്രീയ സമീപനത്തെ സഭപ്രോത്സാഹിപ്പിക്കുകകൂടി ചെയ്തു.
ശാസ്ത്രീയനിരൂപണകലയെ (scientific criticism) പ്രോത്സാഹിപ്പിച്ചപ്പോഴും പ്രൊട്ടസ്റ്റൻ്റുപാളയത്തിൽ ചെന്നു പെടാതിരിക്കാനായി അതു കരുതലോടെ ഉപയോഗിക്കണമെന്നു മാർപാപ്പാ മുന്നറിയിപ്പു നല്കി. കാരണം, പ്രോട്ടസ്റ്റൻ്റു പണ്‌ഡിതരെ സ്വാധീനിച്ചിരുന്നത് ഐന്ദ്രിയജ്ഞാനയുക്തിവാദവും (empiric rationalism) ദൈവികവെളിപാടിനെയും പ്രകൃത്യതീതമായ ദൈവിക ഇടപെടലുകളെയും നിഷേധിക്കുന്ന ദേവസങ്കല്‌പവും (deism) ഹെഗലിന്റെ തത്വശാസ്ത്രവും (Hegelianism) ആയിരുന്നു. ഇതു ബൈബിൾ ചിന്തയോടു ചേർന്നുപോവുകയില്ലല്ലോ.
വിശുദ്ധഗ്രന്ഥകർത്താക്കൾക്കു മനുഷ്യരക്ഷയെ സംബന്ധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചും പഠിപ്പിക്കാൻ ഉദ്ദേശ്യമില്ലാതിരുന്നതുകൊണ്ടു ഭൗതികശാസ്ത്രത്തിൻ്റെ കണ്ടുപിടുത്തങ്ങളുമായി ബൈബിളിലെ വിവരണങ്ങളെ പൊരുത്തപ്പെടുത്താനുള്ള ശ്രമം ആവശ്യമില്ലെന്നും മാർപാപ്പാ പഠിപ്പിച്ചു. ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച കണ്ടുപിടുത്തങ്ങളുമായി ബൈബിളിലെ സൃഷ്ടിയുടെ വിവരണത്തെ പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നതു ശരിയല്ല; കാരണം, പ്രപഞ്ചവസ്‌തുക്കളുടെ ഘടനാപരമായ രൂപീകരണത്തെക്കുറിച്ചു പഠിപ്പിക്കുക വിശുദ്ധഗ്രന്ഥകർത്താക്കളുടെ ഉദ്ദേശ്യമായിരുന്നില്ല.
തിരുലിഖിതം മുഴുവൻ്റെയും ദൈവനിവേശിത സ്വഭാവത്തെപ്പറ്റിയും വ്യക്തമായ പ്രബോധനം നല്‌കപ്പെട്ടു. വിശ്വാസത്തെയും സന്മാർഗത്തെയും സംബന്ധിച്ച കാര്യങ്ങളിൽ മാത്രമല്ല, വിശുദ്ധഗ്രന്ഥം മുഴുവനും ദൈവനിവേശിതമാണ് (2 തിമോ 3,16) എന്നും പഠിപ്പിച്ചു.
തിരുലിഖിതത്തിൻ്റെ ചരിത്രമൂല്യം, ആധികാരികത, പുരാതനത്വം, സമഗ്രത തുടങ്ങിയവയ്ക്കെതിരെ ഉയർന്നുവന്ന വെല്ലുവിളികളെ ബൈബിൾ ഭാഷകളായ ഹീബ്രു, അറമായ, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ബൈബിൾ ഭാഷകളിലുള്ള വൈദഗ്‌ധ്യവും അവഗാഹവും പൗരസ്ത്യ സംസ്ക്‌കാരങ്ങളെക്കുറിച്ചുള്ള അറിവുംകൊണ്ടു നേരിടുവാൻ വിശുദ്ധഗ്രന്ഥപഠിതാക്കൾക്കു സാധിച്ചു. 1892 ൽ ലെയോ മാർപാപ്പാ അംഗീകാരം നല്‌കിയ ജറൂസലേമിലെ ഉന്നത ബൈബിൾപഠനകേന്ദ്ര (Ecole Biblique de Jerusalem) ത്തിന് അംഗീകാരം നല്‌കി. അവിടെനിന്നും ഫാദർ മരി-ജോസഫ് ലഗ്രാഞ്ചിന്റെ നേതൃത്വത്തിൽ റിവ്യൂ ബിബ്ലിക് (Revue Biblique) എന്ന പേരിൽ ആരംഭിച്ച മാസിക വിശുദ്ധഗ്രന്ഥത്തെ ചരിത്ര-വിമർശനരീതി (historical critical method) ഉപയോഗിച്ച് അവതരിപ്പിച്ചു. പ്രൊട്ടസ്റ്റൻ്റ് പണ്ഡിതർ ഈ വ്യാഖ്യാനരീതി സ്വീകരിച്ചിരുന്നത് യുക്തിവാദത്തിൻ്റെയും അജ്ഞേയവാദത്തിന്റെയും സ്വാധീനത്തിലായിരുന്നെങ്കിൽ, അതൊഴിവാക്കിക്കൊണ്ട് ഈ സമീപനരീതിയുടെ നല്ല വശങ്ങൾ ബൈബിൾപഠനത്തിനുപയോഗിച്ചു എന്നതായിരുന്നു ലഗ്രാഞ്ചിൻ്റെ നേട്ടം. കത്തോലിക്കാ ബൈബിൾ പഠനത്തിന് അതുവഴി പുതിയൊരു പന്ഥാവ് തുറന്നുകിട്ടി.
5.2. പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ്റെ തുടക്കം
ലെയോ 13-ാമൻ പാപ്പാ 1902 ൽ ബൈബിൾ പണ്ഡിതന്മാർ ഉപദേശകരായുള്ള, കർദ്ദിനാളന്മാരുടെ ഒരു കമ്മീഷനു (Pontifical Biblical Commission) രൂപം നല്‌കി. കത്തോലിക്കാ ബൈബിൾ പണ്ഡിതരിൽത്തന്നെ ചിലർ അജ്ഞേയവാദത്തിനും (skepticism) ആധുനികതാവാദം (modernism) പോലുള്ള പാഷണ്ഡതകൾക്കും അടിമപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ ഔദ്യോഗിക പ്രബോധനത്തിൻ്റെ ഭാഗമായി ഈ കമ്മീഷൻ സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ, ഈ കമ്മീഷൻ്റെ പ്രഖ്യാപനങ്ങൾ പലതും യാഥാസ്ഥിതികവും ശരിയായ ശാസ്ത്രീയഗവേഷണത്തെ പ്രോത്സാഹിപ്പിക്കാത്തവയുമായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇതേ കമ്മീഷൻ 1964 ഏപ്രിൽ 24 ന് സുവിശേഷങ്ങളുടെ ചരിത്രപരതയെക്കുറിച്ച് പുറപ്പെടുവിച്ച രേഖ.' ശാസ്ത്രീയ നിരൂപണാത്മക പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഈ രേഖയെക്കുറിച്ചു പിന്നീടു പ്രതിപാദിക്കുന്നതാണ് (81-).
5.3. സ്‌പിരീത്തൂസ് പാരക്ലീത്തൂസ്
ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ 1920 സെപ്റ്റംബർ 15ന് പുറപ്പെടുവിച്ച സ്‌പിരീത്തൂസ് പാരക്ലീത്തൂസ് ('ആശ്വാസപ്രദനായ ദൈവാരൂപി') എന്ന ചാക്രികലേഖനം ആധുനിക ഗവേഷണരീതികൾ ഉപയോഗിച്ചുള്ള ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. വാച്യാർത്ഥത്തിനു പ്രാധാന്യം നല്കപ്പെട്ടു. അത്മീയ ഉത്ക്കർഷത്തിനും വിശ്വാസസംരക്ഷണത്തിനും വിശ്വസ്തതാപൂർവം വചനം പ്രഘോഷിക്കുന്നതിനും വേണ്ടിയാവണം വിശുദ്ധഗ്രന്ഥം പഠിക്കുന്നത് എന്നും മാർപാപ്പാ കുട്ടിച്ചേർത്തു. ആദിമസഭ ദർശിച്ച ഏറ്റവും പ്രസിദ്ധ ബൈബിൾ പണ്‌ഡിതനായ വി. ജെറോമിന്റെ മരണത്തിൻ്റെ 1500-ാം വാർഷികത്തിനാണ് ഈ ചാക്രികലേഖനം പുറത്തിറങ്ങിയത്.
5.4. ഡിവീനോ അഫ്ളാന്തേ സ്‌പിരിത്തു
പ്രോവിദെന്തീസ്സിമുസ് ദേവുസ് പുറത്തിറങ്ങിയതിന്റെ അമ്പതാം വർഷം, വി. ജറോമിൻ്റെ തിരുനാളിൽ, പന്ത്രണ്ടാം പിയൂസ് മാർപാപ്പാ പുതിയൊരു ചാക്രികലേഖനം - ഡിവീനോ അഫ്ളാന്തേ സ്പിരിത്തു - ("ദിവ്യാത്മാവിനാൽ ചലിപ്പിക്കപ്പെട്ട്") പുറപ്പെടുവിച്ചു. ബൈബിൾ ഗവേഷണത്തിൽ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കാനാണല്ലോ പ്രോവിദെന്തീസ്സിമുസ് ദേവൂസ് നിർദ്ദേശിച്ചത്. എന്നാൽ, വിശുദ്ധഗ്രന്ഥം ശാസ്ത്രീയമായി പഠിക്കുന്നതിന് സഭയ്ക്കുള്ളിൽനിന്നുതന്നെ എതിർപ്പുണ്ടായി. സഭയെയും ആത്മാക്കളുടെ രക്ഷയെയും സംബന്ധിച്ച് അപകടകരമായ നീക്കമായാണ് ചിലർ ശാസ്ത്രീയസമീപനത്തെ വീക്ഷിച്ചത്. സഭതൻ്റെ ഔദ്യോഗിക പ്രബോധനാധികാരമുപയോഗിച്ച് ശാസ്ത്രീയ പഠനത്തെ വിലക്കണമെന്നുപോലും ഇക്കൂട്ടർ ശഠിച്ചു. ശാസ്ത്രീയ രീതികളെ തീർത്തും പരിഗണിക്കാതുള്ള ഒരുതരം ആത്മീയ വ്യാഖ്യാനം മാത്രമേ ബൈബിൾ പഠനത്തിൽ കരണീയമായുള്ളൂ എന്ന ചിന്തയായിരുന്നു ഇവർക്കുണ്ടായിരുന്നത്.
എന്നാൽ, ഈ രണ്ടു സമീപനങ്ങളെയും വ്യത്യസ്‌ത ധ്രുവങ്ങളിലായി കാണാതെ, ഇവ തമ്മിലുണ്ടാകേണ്ട പരസ്‌പരഐക്യത്തിലേക്കാണ് പന്ത്രണ്ടാം പിയൂസ് മാർപാപ്പാ തൻ്റെ പ്രബോധനത്തിലൂടെ ശ്രദ്ധതിരിച്ചത്. ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തുന്ന വാച്യാർത്ഥത്തിന്റെ ദൈവശാസ്ത്ര പ്രാധാന്യം ഊന്നിപ്പറഞ്ഞതോടൊപ്പം, ആധികാരികത തെളിയിക്കപ്പെടുന്ന ആത്മീയാർത്ഥത്തെ വിശുദ്ധഗ്രന്ഥത്തിന്റെ യഥാർത്ഥ അർത്ഥമായി അംഗീകരിക്കുകയും ചെയ്‌തു. ആത്മീയാർത്ഥത്തിന്റെ ആധികാരികത തെളിയിക്കുന്നതിനു ശാസ്ത്രീയരീതികൾ അവലംബിക്കണം. ശാസ്ത്രീയാടിസ്ഥാനമില്ലാത്ത വെറും വ്യക്തിപരമായ തോന്നലുകളാകരുത് ആത്മീയാർത്ഥമായി പ്രചരിപ്പിക്കുന്നത്. മറിച്ച്, ദൈവനിവേശിത തിരുലിഖിതത്തിനു ദൈവം തന്നെ ഉദ്ദേശിച്ചു നല്‌കുന്ന അർത്ഥമായിരിക്കണം അത്.
കത്തോലിക്കാസഭയിലെ ബൈബിൾ വ്യാഖ്യാനരംഗത്തു നിർണായകമായ വളർച്ചയ്ക്ക് ഇതു വഴിയൊരുക്കി. വിശുദ്ധഗ്രന്ഥ കർത്താക്കളുടെ മനസ്സു വായിക്കാനായി മൂലഭാഷകളിലേക്കു തിരിയേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടു. ഇതിലൂടെ പാഠഭാഗ നിരൂപണത്തിനു (textual criticism) മാർപാപ്പാ പ്രോത്സാഹനം നല്‌കുകയായിരുന്നു. മൂലഭാഷയിലെ പാഠഭാഗം നിശ്ചയിച്ചശേഷം അതിൻ്റെ വാച്യാർത്ഥം കണ്ടെത്താൻ ശ്രമിക്കണം. പാഠഭാഗത്തിൻ്റെ ചരിത്രപരവും (historico-critical) പുരാവസ്‌തു ഗവേഷണപരവും (archaelogical) ഭാഷാശാസ്ത്ര പരവും (philological) ആയ അർത്ഥം മാത്രമല്ല വാച്യാർത്ഥത്തിന്റെ പരിധിയിൽ വരുന്നത്. ദൈവശാസ്ത്രപരമായ അർത്ഥവും അതിന്റെ ഭാഗമാണ്. മാർപാപ്പായുടെ ഈ പ്രോത്സാഹനത്തിന്റെ ഫലമായാണ് വചനാധിഷ്‌ഠിത ദൈവശാസ്ത്രത്തിൽ (Biblical theology) തുടർന്നു വലിയ പുരോഗതിയുണ്ടായത്. പാഠഭാഗത്തിന്റെ ആത്മീയ അർത്ഥത്തിനും പ്രാധാന്യം നല്‌കപ്പെട്ടു. അതായത്, പഴയനിയമത്തിൽ ദൈവം പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങൾ, പുതിയനിയമത്തിൽ വരാനിരുന്നവയുടെ ആത്മീയപതിപ്പായി ഉദ്ദേശിക്കുകയും ആക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ആത്മീയാർത്ഥം. ആദിമസഭാ പിതാക്കന്മാരുടെ വ്യാഖ്യാനം ഈ ആത്മീയാർത്ഥത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ളതായിരുന്നു.
ഗ്രന്ഥകാരൻ ഉദ്ദേശിച്ചതെന്തെന്നു കണ്ടുപിടിക്കാനായി വ്യാകരണ, ഭാഷാശാസ്ത്ര അപഗ്രഥനമോ സന്ദർഭാവലോകനമോ മാത്രംപോരാ, ചരിത്രത്തിൻ്റെയും പുരാവസ്‌തുഗവേഷണത്തിന്റെയും മറ്റു ശാസ്ത്രങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകാരൻ കാലഘട്ടത്തിലേക്കു പോകണം. അദ്ദേഹം ഉപയോഗിച്ച സാഹിത്യരൂപങ്ങൾ കണ്ടെത്തണം. അക്കാലത്തെ മറ്റു സാഹിത്യകൃതികളിൽ കാണുന്ന സാഹിത്യരൂപങ്ങൾ തന്നെയാകണം വിശുദ്ധഗ്രന്ഥകാരന്മാരും ഉപയോഗിച്ചത്. അതുകൊണ്ട്, സമകാലിക സംസ്കാരങ്ങൾ, ഭാഷകൾ, സാഹിത്യകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് ശാസ്ത്രീയമായ ബൈബിൾപഠനത്തിന് അത്യന്താപേക്ഷിതമാണ്.
ഡിവീനോ അഫ്ളാന്തേ സ്‌പിരിത്തു പുറത്തുവന്ന് അഞ്ചു വർഷങ്ങൾക്കുള്ളിലായിരുന്നു ഖുറാൻരേഖകളുടെ കണ്ടുപിടിത്തം. പല പഴയനിയമഗ്രന്ഥങ്ങളുടെയും കയ്യെഴുത്തുപ്രതികൾക്കു പുറമെ, ഖുംറാൻ സമൂഹത്തിൻ്റെ ജീവിതശൈലി വ്യക്തമാക്കുന്ന നിരവധിരേഖകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പഴയനിയമ ചരിത്രത്തിന്റെ അവസാനഘട്ടത്തിലേക്കും പുതിയനിയമത്തിന്റെ ആരംഭഘട്ടത്തിലേക്കും വെളിച്ചം വീശുന്നവയാണ് ഈ രേഖകൾ. ഭൂഗർഭഗവേഷണഫലമായുണ്ടായിട്ടുള്ള മറ്റു പല കണ്ടുപിടുത്തങ്ങളും വിശുദ്ധഗ്രന്ഥപഠനത്തെ വളരെയേറെ മുമ്പോട്ടു നയിച്ചിട്ടുണ്ട്.
5.4.1 മനുഷ്യാവതാരരഹസ്യവും ബൈബിൾവ്യാഖ്യാനവും
തിരുലിഖിതത്തിനു മനുഷ്യാവതാരരഹസ്യവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ഡിവീനോ അഫ്ളാന്തേ സ്‌പിരിത്തു സമർത്ഥിച്ചു. ഇതേകാര്യം രണ്ടാം വത്തിക്കാൻ കൗൺസിലും ആവർത്തിക്കുന്നുണ്ട് (ദെയി വെർബും, 13). പരിശുദ്ധറുഹായുടെ പ്രചോദനത്തിൽ ദൈവവചനം ലിഖിതരൂപം പ്രാപിച്ച പ്രക്രിയയാണ് മനുഷ്യാവതാരത്തിൻ്റെ ആദ്യപടിയെന്നു പറയാം. എഴുതപ്പെട്ട ഈ വചനങ്ങളാണ് ദൈവ-മനുഷ്യബന്ധത്തിനുള്ള ശാശ്വതാടിസ്ഥാനം. ദൈവം മനുഷ്യനോടു സംവദിക്കുന്നതും മനുഷ്യൻ ദൈവവുമായി സംസർഗത്തിലാകുന്നതും ഈ ലിഖിതവചനം വഴിയാണ്. സമയത്തിന്റെ പൂർത്തിയിൽ ദൈവവചനം മനുഷ്യരൂപമെടുത്തപ്പോൾ (യോഹ 1,14), അതു ദൈവികപദ്ധതിയുടെ പൂർത്തീകരണമായി തിരിച്ചറിയാൻ മനുഷ്യനു സാധിച്ചത് ലിഖിതവചനത്തിൻ്റെ പ്രവാചക സ്വഭാവംമൂലമായിരുന്നു. മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ സ്വർഗീയമഹത്വീകരണത്തിനു ശേഷവും നമുക്കു മദ്ധ്യേയുള്ള അവിടുത്തെ ശാശ്വത സാന്നിദ്ധ്യത്തെക്കുറിച്ചു നമുക്കുറപ്പു ലഭിക്കുന്നത് ലിഖിതവചനം വഴിയാണ്. വിശ്വസിക്കുന്ന മനുഷ്യനു പിതാവും പുത്രനും പരിശുദ്ധറൂഹായുമായ ദൈവവുമായി സംസർഗത്തിലാകാൻ പഴയഉടമ്പടി ഗ്രന്ഥങ്ങൾ പോലെ തന്നെ പുതിയഉടമ്പടിഗ്രന്ഥങ്ങളും സഹായകമാണ്. സഹിച്ചു മരിച്ചുയിർത്ത മിശിഹായിൽനിന്ന് ഉത്ഭവിക്കുന്നതും തിരുസഭയിലെ കൂദാശകളിൽ എന്നും നിലനില്ക്കുന്നതുമായ ആത്മീയ ജീവനുമായി ദൈവനിവേശിതതിരുലിഖിതം അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ചുരുക്കത്തിൽ, മനുഷ്യാവതാരരഹസ്യമാണ് വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിൽ നമുക്കു മാർഗദർശനമേകേണ്ടത്. മനുഷ്യനായവ തരിച്ച ദൈവപുത്രൻ്റെ അസ്‌തിത്വം പലസ്തീനായിലെ ഏതാനും ചില സ്ഥല-കാലപരിഗണനകൾകൊണ്ടുമാത്രം നിർവചിക്കപ്പെടേണ്ടതല്ല; പഴയനിയമജനതയുടെ ചരിത്രത്തിൽ അവരുടെ സകല വിജയപരാജയങ്ങളുടെയും, സമാധാനത്തിനും ദൈവികഭരണത്തിനുംവേണ്ടിയുള്ള ദാഹത്തിൻ്റെയും ചരിത്രത്തിൽ - വേരുകളുള്ള യാഥാർത്ഥ്യം കൂടിയാണത്. മനുഷ്യനായവതരിച്ച വചനത്തെ പഴയനിയമ-പുതിയനിയമ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതു പോലെ, ലിഖിതരൂപം പ്രാപിച്ച വചനത്തെ അതിൻ്റെ മാനുഷികവശങ്ങളിൽ കൂടിവേണം സമീപിക്കാൻ. അതായത്, ഭാഷയുടെ സാഹചര്യങ്ങൾകൂടി കണക്കിലെടുക്കണമെന്നു സാരം. വിശ്വാസമുള്ളവർ നസ്രായനായ ഈശോയിൽ ദൈവത്തെ കണ്ടതുപോലെ, ലിഖിത വചനത്തിൽ ദൈവത്തിന്റെ സ്വരം കേൾക്കാൻ നമുക്കു സാധിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും പിൻബലത്തോടെ വ്യാഖ്യാനപ്രക്രിയയിൽ ഏർപ്പെടുന്നവർക്കുമാത്രമേ ഇതു സാധിക്കൂ. അതുണ്ടെങ്കിൽ, തന്നിൽനിന്നു പുറത്തുകടന്ന് വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുവാനുള്ള ദൈവികക്ഷണം ശ്രവിക്കാനാവും. ഇതെക്കുറിച്ചു പ്രൊവിദെന്തീസ്സിമൂസ് ദേവുസും' ഡിവീനോ അഫ്ളാന്തേ സ്‌പിരിത്തുവും" സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധറൂഹായോടു തുറവി തിരുസഭയോടു വിശ്വസ്തതയുമുള്ളവർക്കേ തിരുലിഖിതം ശരിയായി വ്യാഖ്യാനിക്കാനാവൂ. സഭാംഗങ്ങളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കാനും ഉപവിയുടെ ജീവിതം നയിക്കാനും വേണ്ടിയാണ് ദൈവവചനം വിശ്വാസികളുടെ സമൂഹത്തെ ഭരമേല്പ്പിച്ചിരിക്കുന്നത്.
11.5. സുവിശേഷങ്ങളുടെ ചരിത്രപരതയെക്കുറിച്ച് ബിബ്ലിക്കൽ കമ്മീഷൻ (1964)
ബൈബിൾ പഠനത്തിൽ ശാസ്ത്രീയരീതികൾ അവലം ബിക്കുന്നതിനോട് ബിബ്ലിക്കൽ കമ്മീഷന് ആദ്യമൊക്കെ നിഷേധാത്മകമായ നിലപാടായിരുന്നുവെങ്കിലും (ഈ എതിർപ്പിന്റെ ഭാഗമായാണല്ലോ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർമാരായിരുന്ന ഫാദർ ലിയോണെയും ഫാദർ സെർവിക്കിനെയും 1962ൽ അദ്ധ്യാപകവൃത്തിയിൽനിന്നു നീക്കം ചെയ്തത്. പോൾ ആറാമൻ മാർപാപ്പാ സ്ഥാനമേറ്റയുടനെ ഇവരെ തിരിച്ചെടുത്തതിൽ നിന്ന് മനോഭാവത്തിലുണ്ടായ മാറ്റം വ്യക്തമായിത്തുടങ്ങിയിരുന്നു), 1964 ഏപ്രിൽ 24 ന് സുവിശേഷങ്ങളിലെ ചരിത്രപരതയെക്കുറിച്ചു പുറപ്പെടുവിച്ച രേഖ' വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിനു പുതിയ രീതികൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. സുവിശേഷരൂപീകരണത്തിൽ പാരമ്പര്യത്തിൻ്റെ വിവിധ ഘട്ടങ്ങളുണ്ടെന്നും അതുകൊണ്ട് സുവിശേഷവിവരണത്തെ ആധുനികരീതിയിലുള്ള ഒരു സമയബന്ധിത ജീവചരിത്രമായി കാണരുതെന്നും ഈ രേഖ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിൽ ശാസ്ത്രീയമായ നിരൂപണാത്മകപഠനത്തിനു പിന്തുണ നല്‌കുന്നതായിരുന്നു ഈ രേഖ. ഭാവാത്മകമായ ഈ സമീപനങ്ങളുടെ ഉച്ചസ്ഥിതി രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ദൈവാവിഷ്‌കരണം എന്ന പ്രമാണരേഖയിലാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം ബിബ്ലിക്കൽ കമ്മീഷൻ ബൈബിൾ സംബന്ധമായി നിരവധി നിർണായക രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: വിശുദ്ധഗ്രന്ഥവും മിശിഹാശാസ്ത്രവും, സഭയിലെ ഐക്യവും വൈവിധ്യവും, വിശുദ്ധഗ്രന്ഥവ്യഖ്യാനം സഭയിൽ, യഹൂദജനതയും അവരുടെ വിശുദ്ധഗ്രന്ഥവും ക്രൈസ്‌തവ ബൈബിളിൽ," വിശുദ്ധഗ്രന്ഥവും ധാർമികതയും: ക്രൈസ്തവ ജീവിതശൈലിയുടെ വിശുദ്ധഗ്രന്ഥവേരുകൾ.
സൂനഹദോസ് പ്രമാണരേഖയുടെ സവിശേഷത മനസ്സിലാകണമെങ്കിൽ ഈ രേഖയുടെ രൂപീകരണത്തിനു മുമ്പുണ്ടായ ചർച്ചകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ നാലാമത്തെ കരടു രേഖയാണ് സൂനഹദോസ് അംഗീകരിച്ചു പാസ്സാക്കിയത്. ആദ്യത്തെ മൂന്നു കരടുരേഖകളിൽ പ്രതിഫലിച്ച ചിന്ത എന്തെന്നു കാണാം.
1.1. ഒന്നാമത്തെ കരടുരേഖ
ആദ്യകരടുരേഖ സമർപ്പിക്കപ്പെട്ടത് 1962 നവംബർ 14 നാണ്. തെന്തോസ് സൂനഹദോസിൻ്റെ ദൈവാവിഷ്‌കരണത്തെകുറിച്ചുള്ള ചിന്ത തന്നെയാണ് ഇതിലും പ്രതിഫലിച്ചത്. ദൈവാവിഷ്കൃത സത്യങ്ങളിൽ ചിലത് തിരുലിഖിതങ്ങളിലും മറ്റു ചിലത് പാരമ്പര്യങ്ങളിലുമാണ് എന്നതായിരുന്നു ധ്വനി.
'വെളിപാടിന്റെ ഉറവിടങ്ങൾ' എന്ന പേരിലുള്ള ഈ കരടു രേഖയ്ക്കു അഞ്ച് അദ്ധ്യായങ്ങളാണുണ്ടായിരുന്നത്. 'വെളിപാടിന്റെ ദ്വിവിധ ഉറവിടങ്ങൾ' എന്ന അദ്ധ്യായത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഈശോയും അവിടുന്നു തിരഞ്ഞെടുത്ത ശിഷ്യന്മാരും പ്രഘോഷിച്ച സുവിശേഷമാണ്. ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരിലൂടെ ഈ സുവിശേഷം എപ്രകാരം കൈമാറപ്പെടുന്നു എന്നതായിരുന്നു തുടർന്നു വിവരിച്ചത്. ഈ സുവിശേഷം അഥവാ വെളിപാട് വിശുദ്ധലിഖിതം, വിശുദ്ധ പാരമ്പര്യം എന്നീ രണ്ടു സ്രോതസ്സുകളിൽ ഉൾക്കൊണ്ടിരിക്കുന്നു എന്നും, വിശുദ്ധലിഖിതം ശരിയായും പൂർണമായും ഗ്രഹിക്കുന്നതിനു പാരമ്പര്യം അത്യാവശ്യമാണെന്നും ഇത് ഊന്നിപ്പറഞ്ഞു. പാരമ്പര്യത്തിന്റെ അടിസ്ഥാനസ്വഭാവം നിർവചിക്കണമെന്നല്ലാതെ വെളിപാട് എന്താണെന്നു നിർവചിക്കണമെന്ന് ഈ കരടുരേഖയ്ക്കു ലക്ഷ്യമില്ലായിരുന്നു. വെളിപാടിനെ വെറുമൊരു തത്ത്വമോ പ്രബോധനമോ മാത്രമായി ഒതുക്കി എന്നതും ഈ കരടുരേഖയുടെ പോരായ്‌മയായിരുന്നു.
ദൈവനിവേശനത്തെപ്പറ്റി ചർച്ചചെയ്‌ത രണ്ടാമദ്ധ്യായത്തിൽ മധ്യകാലതത്ത്വചിന്തയാണ് പ്രബലമായിരുന്നത്. എഴുതിക്കൊണ്ടിരുന്ന സമയത്ത് ഗ്രന്ഥകർത്താക്കളിൽ അത്ഭുതകരമായ ദൈവികപ്രവർത്തനം ഉണ്ടായി എന്നാണ് ദൈവനിവേശനം എന്നതുകൊണ്ട് അവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്. വിശ്വാസികളുടെ സമൂഹത്തിലെ ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തനങ്ങളും വാചിക പാരമ്പര്യത്തിലെ ദൈവികഇടപെടലുകളും നിവേശനത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടില്ല.
പഴയനിയമത്തെക്കുറിച്ചു പരാമർശിക്കുന്ന മൂന്നാമദ്ധ്യായം അതിനെ പുതിയനിയമ ഉടമ്പടിക്കും സുവിശേഷത്തിനുമുള്ള ഒരുക്കമായി മാത്രമേ കണ്ടിരുന്നുള്ളു. പഴയനിയമം വിശുദ്ധഗ്രന്ഥത്തിന്റെ ഭാഗമാണെന്നും ഓരോ ഗ്രന്ഥത്തിനും അതതിന്റേതായ മൂല്യമുണ്ടെന്നുമുള്ള സത്യം അംഗീകരിക്കപ്പെടാതെപോയി. നാലാമദ്ധ്യായത്തിലെ പ്രമേയം സുവിശേഷങ്ങളുടെ ചരിത്രപരതയായിരുന്നു. ആധുനിക ഗവേഷണരീതികളെയോ പഠനത്തെയോ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല പൊതുസമീപനം. 'വിശുദ്ധഗ്രന്ഥം സഭയിൽ' എന്ന അഞ്ചാമദ്ധ്യായത്തിൽ വുൾഗാത്ത മാത്രമാണ് ആധികാരിക പരിഭാഷയെന്നും വിശുദ്ധഗ്രന്ഥ വ്യാഖ്യാതാക്കളുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും കടമ സഭയുടെ പ്രബോധനാധികാരത്തെ പിന്താങ്ങുകയാണെന്നും ശഠിച്ചു.
ഇക്കാരണങ്ങളാൽ ഈ കരടുരേഖ രൂക്ഷമായ വിമർശനത്തിനു വിധേയമായി. സൂനഹദോസിൽ പങ്കെടുത്ത പിതാക്കന്മാരിലധികംപേരും ഇതിൽ മാറ്റംവരുത്തണമെന്ന അഭിപ്രായക്കാരായിരുന്നു. ജോൺ 23-ാം മാർപാപ്പാ ഇടപെടുകയും ഭൂരിപക്ഷത്തിനു സ്വീകാര്യമായ ഒരു കരടുരേഖ തയ്യാറാക്കാൻവേണ്ടി ഒരു പ്രത്യേക കമ്മീഷനെ നിയമിക്കുകയും ചെയ്തു.
1.2. രണ്ടാമത്തെ കരടുരേഖ
മാർപാപ്പാ നേരിട്ടു നിയമിച്ച ഏഴു കർദ്ദിനാളന്മാരും ദൈവശാസ്ത്രകമ്മീഷനിലെ പത്തംഗങ്ങളും ക്രിസ്തീയ ഐക്യത്തിനായുള്ള സെക്രട്ടറിയേറ്റിലെ പത്തുപേരും ചേർന്ന കമ്മീഷൻ 'ദൈവാവിഷ്കരണത്തെപ്പറ്റി' എന്നപേരിൽ ഒരു പുതിയ കരടുരേഖ തയ്യാറാക്കി. വെളിപാടിനെ ഒരു പ്രബോധനം (doctrine) മാത്രമായി കാണുന്ന രീതി ഇതിലും തുടർന്നു. ഉദാഹരണത്തിന്, ഈശോയുടെ അത്ഭുതപ്രവൃത്തികളെ വെളിപാടായല്ല, വെളിപാടിന്റെ വെറും അടയാളങ്ങൾ മാത്രമായാണ് അവതരിപ്പിച്ചത്. ദൈവത്തിന്റെ രക്ഷാദായകമായ വെളിപ്പെടുത്തൽ സൃഷ്ട്ടിയുടെ ആരംഭം മുതൽ ദൃശ്യമായിരുന്നു എന്ന ആമുഖപ്രസ്‌താവന ശ്രദ്ധേയമായ ഒരു പുതുമയായിരുന്നു.
വിശുദ്ധലിഖിതവും വിശുദ്ധപാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ആദ്യഅദ്ധ്യായത്തിൽ ത്രെന്തോസ് സൂനഹദോസിനെ ഉദ്ധരിച്ചുകൊണ്ട് രക്ഷാകരസത്യത്തിന്റെയും ക്രൈസ്തവജീവിതനിയമത്തിൻ്റെയും ഏക ഉറവിടം സുവിശേഷമാണെന്നു സ്ഥാപിച്ചു. വെളിപാടിൻ്റെ കൈമാറ്റത്തിൽ വിശുദ്ധലിഖിതത്തിനുള്ള പ്രാധാന്യം ഈ അദ്ധ്യായം എടുത്തുകാണിക്കുന്നു. ലിഖിതവും അലിഖിതവുമായ ദൈവവചനത്തിൽ നിന്നും സഭ രക്ഷാകരസത്യം ഗ്രഹിക്കുന്നു എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. വിശുദ്ധലിഖിതത്തെയും പാരമ്പര്യത്തെയും വിശ്വാസികൾ ഒരേ ആദരവോടും സ്നേഹത്തോടുംകൂടെയാണു സ്വീകരിക്കുന്നതെന്നു പറഞ്ഞപ്പോഴും മുമ്പു പ്രബലമായിരുന്ന ദ്വിവിധ-ഉറവിട സിദ്ധാന്തം സഭയുടെ ഔദ്യോഗികപ്രബോധനമായി ഉയർത്തിക്കാണിച്ചില്ല എന്നത് ഈ കരടുരേഖയുടെ മേന്മയായിരുന്നു.
രണ്ടാമദ്ധ്യായം പ്രധാനമായും വിശദീകരിച്ചത് ദൈവനിവേശനം എന്താണ് എന്നാണ്. തിരുലിഖിതത്തിൻ്റെ യഥാർത്ഥഗ്രന്ഥ കർത്താവ് ദൈവമാണെന്നും മാനുഷികഗ്രന്ഥകർത്താക്കൾ ദൈവകരങ്ങളിലെ സ്വതന്ത്രഉപകരണങ്ങളാണെന്നും ഈ അദ്ധ്യായം സമർത്ഥിച്ചു.
മൂന്നാമദ്ധ്യായം പ്രതിപാദിച്ചത് പഴയനിയമത്തെക്കുറിച്ചാണ്. മനുഷ്യചരിത്രത്തിൽ വാക്കുകളിലും പ്രവൃത്തികളിലും കൂടിയുള്ള ദൈവാവിഷ്കരണമാണ് പഴയനിയമം എന്ന ചിന്തയിൽ നിർണായകമായ വളർച്ച ദർശിക്കാനാവും. മനുഷ്യകുലത്തിന്റെ രക്ഷയെക്കുറിച്ചു സൃഷ്ട്‌ടിയുടെ ആരംഭം മുതൽ ദൈവം ശ്രദ്ധാലുവാണ് എന്നാവർത്തിച്ചു പറയുന്നു. പുതിയനിയമത്തെക്കുറിച്ചുള്ള നാലാമദ്ധ്യായത്തിൽ സുവിശേഷങ്ങളുടെ ചരിത്രപരത അരക്കിട്ടുറപ്പിച്ചു. സുവിശേഷവിവരണങ്ങൾ പ്രഘോഷണരൂപത്തിലാണ് (kerygma) എന്ന നിലപാട് ഈ കരടുരേഖയുടെ പുതുമയാണ്. സഭയിലുള്ള ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തനമാണ് ദൈവവചനം എന്നതാണ് 'ബൈബിൾ സഭയിൽ' എന്ന അഞ്ചാമദ്ധ്യായത്തിന്റെ മുഖ്യപ്രമേയം. വിശുദ്ധലിഖിതങ്ങളിൽ ദൈവം തൻ്റെ മക്കളെ സന്ദർശിക്കുകയും അവരോടു സംവദിക്കുകയും ചെയ്യുന്നു. ഇതു സഭാജീവിതത്തിന് ഒരുത്തമ മാർഗദർശിയാണ്. അതിനാൽ ഏതൊരു ക്രൈസ്‌തവവിശ്വാസിയുടെയും ആദ്ധ്യാത്മികജീവിതത്തിനും വളർച്ചയ്ക്കും വിശുദ്ധലിഖിതം അത്യന്താപേക്ഷിതമാണെന്ന് ഈ കരടുരേഖ നിർദ്ദേശിച്ചു. എങ്കിലും വെളിപാടിനെക്കുറിച്ചുള്ള പ്രതിപാദ്യം സമ്പൂർണമല്ലാത്തതിനാൽ മറ്റൊരു കരടുരേഖയ്ക്കുള്ള ആവശ്യം ഉയർന്നുവന്നു.
1.3. മൂന്നാമത്തെ കരടുരേഖ
മുൻ കരടുരേഖയുടെ ആമുഖം പരിഷ്‌കരിച്ച് വെളിപാടിനെക്കുറിച്ചുള്ള ഒരു പുതിയ അദ്ധ്യായമായി കൂട്ടിച്ചേർത്താണ് മൂന്നാമത്തേതു തയ്യാറാക്കിയത്. ദൈവത്തിൻ്റെ സ്വയാവിഷ്കാരമായതുകൊണ്ട് വെളിപാടു ദൈവകേന്ദ്രീകൃതമാണെന്നും വെറുമൊരു പ്രബോധനത്തിൻ്റെ സംവേദനം മാത്രമല്ല അതെന്നും വ്യക്തമാക്കി. മനുഷ്യനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദൈവം ചരിത്രത്തിലിടപെടുന്നതിനാൽ അതു ചരിത്രപരവുമാണ്. ദൈവത്തിന്റെ രക്ഷാകരമായ ഈ ഇടപെടൽ വചനമായ മിശിഹായിൽ സമ്പൂർണമായി വെളിവായി. ഈ സത്യത്തെ മാനുഷികബുദ്ധിയിൽ പൂർണമായി ഗ്രഹിക്കാനാവില്ല. മിശിഹായിൽ വെളിവായ ദൈവാവിഷ് കൃതസത്യം പരിശുദ്ധ ത്രിത്വവുമായുള്ള വ്യക്ത്യന്തരബന്ധത്തിലേക്കു മനുഷ്യരെ നയിക്കുന്നതിനുള്ളതാണ്. ദൈവികവെളിപാടിന്റെ പാരമ്യം ഈശോ ആകയാൽ അവിടുത്തെ വാക്കുകൾ മാത്രമല്ല, പ്രവർത്തനങ്ങളും ജീവിതം മുഴുവനും ദൈവാവിഷ്കരണത്തിന്റെ ഭാഗമാണ്.
'ദൈവികവെളിപാടിൻ്റെ കൈമാറൽ' എന്ന രണ്ടാമദ്ധ്യായത്തിൽ ചരിത്രത്തിലുള്ള ദൈവത്തിന്റെ സ്വയാവിഷ്കരണവും വിശ്വാസിസമൂഹത്തിലുള്ള അതിൻ്റെ കൈമാറലും തമ്മിൽ വ്യത്യാസമുണ്ടെന്നു സൂചിപ്പിക്കുന്നു. സഭയിൽ വെളിപാടു കൈമാറുന്നതിന്റെ രണ്ടു രൂപങ്ങളായ വിശുദ്ധലിഖിതവും വിശുദ്ധപാരമ്പര്യവും അന്തഃസത്തയിൽ സമാനമാണെങ്കിലും ഉള്ളടക്കം എപ്രകാരമാണെന്നു വിവരിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നാലാമത്തെ കരടുരേഖ രൂപപ്പെടുത്തിയത്. അതാണു സൂനഹദോസ് ചർച്ചയ്ക്കു വിധേയമാക്കിയത്. സൂനഹദോസ് ചർച്ചകളുടെ ഫലമായാണ് ദൈവാവിഷ്കരണത്തെക്കുറിച്ചുള്ള 'ദെയി വെർബും' എന്ന രേഖ രൂപംകൊണ്ടത്.
കാലത്തിനനുസൃതമായി സഭയെ നവീകരിക്കുന്നതിനും സുസജ്ജമാക്കുന്നതിനുമായി സമ്മേളിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ് വേദപുസ്‌തകത്തിനു വലിയ പ്രാധാന്യം നല്കി. സൂനഹദോസിന്റെ പതിനാറു പ്രമാണരേഖകളിലും ഇതു പ്രകടമാണ്. ദൈവവചനത്തെപ്പറ്റി മാത്രം പ്രതിപാദിക്കുന്ന ഒരു പ്രമാണരേഖയും (1965 നവംബർ 15 ന്) സൂനഹദോസ് പുറത്തിറക്കി. അതാണ് 'ദെയി വെർബും' അഥവാ 'ദൈവാവിഷ്‌കരണം'. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള സഭയുടെ കാഴ്‌ചപ്പാടുകൾ ഇവിടെ സമഗ്രമായി അവതരിപ്പിക്കപ്പെടുന്നു. ഈ രേഖയുടെ ഉള്ളടക്കം ചുരുക്കി തുടർന്നു പ്രതിപാദിക്കുന്നു.
ആമുഖം (1)
ആദരവോടുകൂടി ദൈവവചനം ശ്രവിച്ചും വിശ്വാസത്തോടുകൂടി അതു പ്രഘോഷിച്ചുകൊണ്ട് ദൈവികവെളിപാടിനെയും അതിന്റെ കൈമാറ്റത്തെയുംകുറിച്ചു അവികലമായ പ്രബോധനം നല്കാനാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിക്കുന്നത് എന്ന് ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നു. ഇതിനുമുമ്പു നടന്ന തെന്തോസ്, ഒന്നാം വത്തിക്കാൻ എന്നീ സൂനഹദോസുകളുടെ ചുവടുപിടിച്ച്, ദൈവികവെളിപാടു സംബന്ധിച്ചു മുമ്പുണ്ടായിട്ടുള്ള പ്രബോധനങ്ങളെ, ഉറവിടങ്ങളിലേക്കു മടങ്ങിച്ചെന്നു വികസിപ്പിക്കാനും അടിസ്ഥാനപരമായി നവീകരിക്കാനുമാണ് ഈ സൂനഹദോസ് ലക്ഷ്യംവച്ചത്. കൗൺസിലിൻ്റെ അജപാലനപരമായ ഊന്നൽ വ്യക്തമാക്കാൻ വി. ആഗസ്‌തീനോസിനെ ഉദ്ധരിച്ചുകൊണ്ടാണ് ആരംഭിക്കുന്നതുതന്നെ: "സമസ്‌തലോകവും രക്ഷയുടെ സന്ദേശം ശ്രവിക്കട്ടെ. ശ്രവണം വിശ്വാസത്തിലേക്കും വിശ്വാസം പ്രത്യാശയിലേക്കും പ്രത്യാശ സ്നേഹത്തിലേക്കും നയിക്കട്ടെ" (De Catehizandis rudibus, c.4,8).
2.1. അദ്ധ്യായം ഒന്ന്: ദൈവികരക്ഷാപദ്ധതിയുടെ വെളിപാട് (2-6)
ദൈവികവെളിപാട് എന്താണ് എന്നു നിർവചിക്കുന്ന ഒന്നാ മദ്ധ്യായമാണ് ഈ പ്രമാണരേഖയുടെ പ്രധാനഭാഗം. ഈ അദ്ധ്യായത്തിൽ താഴെ പറയുന്ന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്:
വെളിപാടിന്റെ സ്വഭാവവും ലക്ഷ്യവും (2)
സൃഷ്ടിയിലൂടെയും ചരിത്രത്തിലൂടെയും
വെളിപ്പെടുത്തുന്ന ദൈവം (3)
വെളിപാടിന്റെ പൂർണത മിശിഹായിൽ (4)
വിശ്വാസം: വെളിപാടിനുള്ള മനുഷ്യൻ്റെ പ്രത്യുത്തരം (5)
വെളിപാട് ചുരുക്കത്തിൽ (6)
2.1.1. വെളിപാടിൻ്റെ സ്വഭാവവും ലക്ഷ്യവും (2)
വെളിപാടിന്റെ ഉള്ളടക്കത്തെക്കാൾ അതിൻ്റെ പ്രവൃത്തിക്കു പ്രാധാന്യം നല്‌കുന്ന ഒന്നാം വത്തിക്കാൻ കൗൺസിലിന്റെ ശൈലി ഇവിടെയും തുടരുന്നു. എന്നാൽ, പ്രസ്‌താവനകളുടെ രൂപത്തിൽ പ്രബോധനം നല്‌കിയിരുന്ന, മധ്യകാല തത്ത്വചിന്താശൈലിയിൽനിന്നു വ്യത്യസ്‌തമായി വ്യക്തിപരവും അനുഭവപരവുമായ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ദൈവം തന്നെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്ന ചില സത്യങ്ങളെക്കുറിച്ചുള്ള പ്രസ്‌താവനകൾ എന്നതിലുപരി സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ സ്വയംപ്രകാശനമായാണ് ദൈവാവിഷ്കരണത്തെ രണ്ടാം വത്തിക്കാൻ സൂനഹദോസ് കാണുന്നത്. ദൈവം രക്ഷ അനാവൃതമാക്കുകയോ പ്രഖ്യാപിക്കുകയോ മാത്രമല്ല ചെയ്യുന്നത്; മറിച്ച്, പകർന്നു നല്‌കുകയാണ്.
ദൈവത്തിനു മനുഷ്യരെക്കുറിച്ചുള്ള രക്ഷാകരപദ്ധതിയുടെ ഭാഗമായി വെളിപാടിനെ അവതരിപ്പിക്കുന്നു. മനുഷ്യചരിത്രത്തിന്റെ ഭാഗമായാണ് ഇതവതരിപ്പിക്കപ്പെടുന്നത്. സ്വയം വെളിപ്പെടുത്തുവാൻ തിരുമനസ്സായ ദൈവത്തിന്റെ ഔദാര്യമാണ് വെളിപാടിന് അടിസ്ഥാനം. സൗജന്യദാനവും കൃപയുമായ വെളിപാട് ദൈവത്തിന്റെ അനന്തമായ നന്മയുടെയും ജ്ഞാനത്തിന്റെയും ബഹിർ സ്ഫുരണമാണ്. ഇപ്രകാരം സംവദിക്കുന്നതിലൂടെ മറഞ്ഞിരിക്കുന്ന ചില ദൈവികസത്യങ്ങളെക്കുറിച്ചു മനുഷ്യർക്ക് അറിവു നല്‌കുക മാത്രമല്ല, എല്ലാവർക്കും രക്ഷ പ്രാപ്യമാക്കുകയാണ് ചെയ്യുന്നത്. രക്ഷ മനുഷ്യൻ്റെ കഴിവിന് അതീതമാകയാൽ ദൈവത്തിന്റെ പ്രത്യേക ഇടപെടൽവഴി മാത്രമേ അതു സാധ്യമാകൂ. ദൈവം വെളിപ്പെടുത്തുന്നത് അവിടുത്തെത്തന്നെയാണ്; എല്ലാവരുടെയും രക്ഷയാണ് അവിടുത്തെ അഭീഷ്ടം.
"താൻ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയെ സംബന്ധിച്ച രഹസ്യം അവൻ നമുക്കു വെളിപ്പെടുത്തി" (എഫേ 1,9) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഉപയോഗിച്ചുകൊണ്ട്, ഈശോമിശിഹായിലും പരിശുദ്ധ റൂഹായിലുംകൂടി പൂർത്തിയാകുന്ന രക്ഷാപദ്ധതി (എഫേ 1,3-14) മുഴുവനുമാണ് വെളിപാടുകൊണ്ട് അർത്ഥമാക്കുന്നത് എന്നു സൂനഹദോസ് വ്യക്തമാക്കുന്നു. ഈ ദൈവികപദ്ധതിയാകട്ടെ, എല്ലാ മനുഷ്യർക്കും പിതാവായ ദൈവത്തിൻ്റെ സന്നിധിയിലേക്ക് പ്രവേശനം സാധ്യമാകണമെന്നതും ഈശോമിശിഹായിലും പരിശുദ്ധറൂഹായിലുംകൂടെ ദൈവികസ്വഭാവത്തിൽ പങ്കു ലഭിക്കണമെന്നതുമാണ്. എഫേ 2,18; 2 പത്രോ 1,4 തുടങ്ങിയ വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ കാണുന്ന മനുഷ്യരക്ഷയെ സംബന്ധിച്ച ആശയമാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. പരിശുദ്ധത്രിത്വം മുഴുവന്റെയും പ്രവൃത്തിയാണ് ദൈവികവെളിപാട്. ചുരുക്കത്തിൽ താനുമായി മനുഷ്യർക്കു കൂട്ടായ്മ്‌മ ഉണ്ടാകുന്നതിനുവേണ്ടിയാണു ദൈവം സ്വയം വെളിപ്പെടുത്തുന്നത്.
വിശുദ്ധഗ്രന്ഥത്തിൽനിന്നുള്ള രംഗങ്ങളുപയോഗിച്ച് വെളിപാടിന്റെ സ്വഭാവത്തെ സംബന്ധിച്ച പുതിയ കാഴ്‌ചപ്പാടു സൂനഹദോസ് വ്യക്തമാക്കുന്നു. ദൈവം മോശയോടു സംസാരിച്ചതുപോലെയും (പുറ 33,11) ഈശോ തൻ്റെ ശിഷ്യന്മാരോടു സംവദിച്ചതു പോലെയും (യോഹ 15,14-15) സ്നേഹിതരോടെന്നപോലെ മനുഷ്യ വർഗം മുഴുവനോടും ദൈവം സൗഹാർദ്ദപരമായ സംഭാഷണം നടത്തുന്നതാണ് ദൈവികവെളിപാട്. "ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയിൽ വസിക്കുകയും" (ബാറൂക്ക് 3,37) ചെയ്യുന്ന ജ്ഞാനത്തിനു സമാനമാണത്. ദൈവികസഹവാസത്തിലേക്കും കൂട്ടായ്മയിലേക്കും മനുഷ്യനെ ക്ഷണിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
വ്യക്തികൾ തമ്മിലുള്ള ഏതൊരു ആശയവിനിമയത്തിലുമെന്നതുപോലെ, ദൈവത്തിൻ്റെ സ്വയാവിഷ്‌കരണപദ്ധതിയിലും വാക്കുകൾക്കും പ്രവൃത്തികൾക്കും സ്ഥാനമുണ്ട്. ഇസ്രായേൽ ചരിത്രത്തിൽ ദൈവം നേരിട്ടോ മോശ, ജോഷ്വാ, പ്രവാചകർ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ടവർ മുഖേനയോ അരുളിച്ചെയ്ത വാക്കുകളും ചെയ്‌ത പ്രവൃത്തികളും ചേർന്നാണു ദൈവാവിഷ്കരണം രൂപപ്പെടുന്നത്. ഈ വാക്കുകൾക്കും പ്രവൃത്തികൾക്കുമിടയിൽ ഗാഢമായ ഐക്യവും പരസ്‌പരാശ്രയത്വവുമുണ്ട്. ദൈവികശക്തിയുടെ പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുന്നു; വാക്കുകളാകട്ടെ അവിടുത്തെ പ്രവൃത്തികൾ ഉൾക്കൊള്ളുന്ന രഹസ്യം വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പുതിയനിയമത്തിൽ ഈശോയുടെയും ശ്ലീഹന്മാരുടെയും വാക്കുകളെയും പ്രവൃത്തികളെയും സംബന്ധിച്ച് ഇത് കൂടുതൽ അന്വർത്ഥമാണ്. ദൈവരാജ്യത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകളുടെ വാസ്തവികത സ്ഥിരീകരിക്കുന്നവയാണ് അവിടുത്തെ അത്ഭുത പ്രവൃത്തികൾ. അവിടുത്തെ പ്രബോധനങ്ങൾ പലപ്പോഴും അവിടുത്തെ പ്രവൃത്തികളുടെ അർത്ഥം വ്യക്തമാക്കുന്നവയുമാണ്. ശ്ലീഹന്മാരുടെ പ്രഘോഷണവും പ്രബോധനവുമില്ലായിരുന്നെങ്കിൽ എപ്രകാരം ഈശോയുടെ ഉത്ഥാനരഹസ്യം നമ്മൾ അറിയുമായിരുന്നു? ചരിത്രത്തിലുള്ള ദൈവത്തിൻ്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും സംയോജനത്തിലാണ് ദൈവാവിഷ്കരണം സംഭവിക്കുന്നത്. മറ്റു വാക്കുകളിൽ, ദൈവത്തിന്റെ വാഗ്ദാനങ്ങളും (വാക്കുകൾ) അവയുടെ പൂർത്തീകരണവും (പ്രവൃത്തികൾ) തമ്മിലുള്ള ബന്ധമാണത്.
ഒരു കൂദാശയിൽ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിനുസമാനമാണ് ദൈവാവിഷ്‌കരണത്തിലും അവ തമ്മിലുള്ള ബന്ധം. ഉച്ചരിക്കപ്പെടുന്ന വാക്കുകളും അനുഷ്ഠിക്കപ്പെടുന്ന പ്രവൃത്തികളും ഒരുമിച്ച് ഒരു കൂദാശ യാഥാർത്ഥ്യമാക്കുന്നതു പോലെ, ദൈവത്തിൻ്റെ വാക്കുകളും പ്രവൃത്തികളും ഒന്നിച്ചു വെളിപാടു യാഥാർത്ഥ്യമാക്കുന്നു. ദൈവത്തിൻ്റെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള ബന്ധം ഈശോയുടെ മനുഷ്യാവതാരത്തിലാണ് പൂർണതയിലെത്തിയത്. ദൈവത്തിൻ്റെ വചനം മാംസം ശരീരം സ്വീകരിച്ചതാണല്ലോ മനുഷ്യാവതാരം. അതുകൊണ്ടാണ് ഈശോമിശിഹാ ഒരേസമയം ദൈവത്തിന്റെ വചനവും കൂദാശയും വെളിപാടിൻ്റെ പൂർണതയുമായിരിക്കുന്നത്. വെളിപാടു മുഴുവന്റെയും സംഗ്രഹവും മദ്ധ്യസ്ഥനുമായിരിക്കുന്ന ഈശോയിലാണ് ദൈവത്തെയും മനുഷ്യരക്ഷയെയുംകുറിച്ചുള്ള ദൈവാവിഷ്കരണം അതിൻ്റെ പൂർണതയിൽ പ്രശോഭിക്കുന്നത്.
വെളിപാടിന്റെ പ്രവൃത്തിക്ക് ഊന്നൽ നല്‌കുമ്പോഴും അതിൻ്റെ ഉള്ളടക്കത്തിൻ്റെ പ്രാധാന്യം സൂനഹദോസ് കുറയ്ക്കുന്നില്ല. വെളിപാട് രക്ഷാകരമായ അറിവിൻ്റെ വാഗ്‌ദാനമാണ്. അതു ദൈവികവ്യക്തിയുടെയും സത്യത്തിൻ്റെയും വെളിപാടാണ്. ഇവ രണ്ടും മിശിഹായിൽ താദാത്മ്യപ്പെട്ടിരിക്കുന്നു. വാക്കിന്റെയും പ്രവൃത്തിയുടെയും പൂർണഐക്യം മനുഷ്യനായ ദൈവപുത്രനിലുണ്ട്. തന്നെത്തന്നെ സന്നിഹിതനാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന അവിടുത്തെ പ്രവൃത്തികൾ മുഴുവൻ വെളിപാടാണ് (യോഹ 14,9).
2.1.2. സൃഷ്ടിയിലൂടെയും ചരിത്രത്തിലൂടെയും വെളിപ്പെടുത്തുന്ന ദൈവം (3)
ദൈവം സ്വയം വെളിപ്പെടുത്താനാരംഭിച്ചതിൻ്റെ ആദ്യ പടി സൃഷ്ടികർമ്മമായിരുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലവും അവിടുന്നു സൃഷ്‌ടിച്ചത് തൻ്റെ വചനത്താലാണ്. വി. യോഹന്നാൻ ഇതെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: "ആദിയിൽ വചനമുണ്ടായിരുന്നു; ആ വചനം ദൈവത്തോടുകൂടെയായിരുന്നു; ദൈവമായിരുന്നു ആ വചനം. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻവഴി ഉണ്ടായി; ഉണ്ടായതൊന്നും അവനെ കൂടാതെ ഉണ്ടായതല്ല" (യോഹ 1,1-3). “ഉണ്ടാകട്ടെ" എന്ന ദൈവിക വചനമാണല്ലോ സൃഷ്‌ടി മുഴുവൻ്റെയും നിദാനം (ഉല്പ 1). ദൈവത്തിന്റെ വചനത്താൽ സൃഷ്‌ടിക്കപ്പെട്ട, അവിടുത്തെ വചനത്താൽത്തന്നെ അസ്തിത്വത്തിൽ നിലനിർത്തപ്പെടുന്ന പ്രപഞ്ചവും അതിലുള്ള സകലവും സ്രഷ്‌ടാവായ ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തിന്റെ നിത്യസ്മമാരകമാണ്. തൻ്റെ സൃഷ്‌ടിയിലൂടെ ദൈവം ഇപ്രകാരം സ്വയംവെളിപ്പെടുത്തുന്നതിനെയാണ് സ്വാഭാവിക വെളിപാട് (natural revelation) എന്നു പറയുന്നത്. പ്രപഞ്ചത്തിലുള്ള ക്രമവും താളവുമെല്ലാം ഈ വചനത്തിൻ്റെ സാന്നിദ്ധ്യംകൊണ്ടുള്ളതാണ്.
സൃഷ്ടിയിൽ ആരംഭിച്ച സ്വയം വെളിപ്പെടുത്തൽ സൃഷ്ടിയുടെ മകുടമായ മനുഷ്യനിലൂടെ ദൈവം തുടർന്നു. അവനെ സൃഷ്ടിക്കുന്നതിലുള്ള ദൈവത്തിൻ്റെ പ്രത്യേക ശ്രദ്ധയും പരിഗണനയും അവനെ ഏദൻതോട്ടത്തിലാക്കി; അവനോടു സംവദിക്കുന്നതിനു പ്രകടിപ്പിച്ച താല്‌പര്യവും ഈ വെളിപാടിന്റെ ഭാഗമാണ്. തന്റെ വാക്ക് അനുസരിക്കാതെ തെറ്റു ചെയ്‌തു തന്നിൽനിന്നകന്നു പോയപ്പോൾ ഒരു രക്ഷകനെ വാഗ്ദാനം ചെയ്‌തുകൊണ്ട് (ഉല്പ 3,15) ദൈവം തൻ്റെ വെളിപ്പെടുത്തൽ തുടർന്നു. ഏതു കാലഘട്ടത്തിലും ദൈവഹിതമനുസരിച്ചു നന്മചെയ്‌തുകൊണ്ടു ജീവിക്കുന്ന സകലർക്കും അവിടുന്നു നിത്യജീവൻ അഥവാ രക്ഷ പ്രദാനം ചെയ്യുന്നതിലൂടെയും സ്വയം വെളിപ്പെടുത്തുകയായിരുന്നു (റോമാ 2,6-7). നീതിമാനായ നോഹിൻ്റെ കാര്യത്തിൽ നമ്മൾ ഇതാണു കാണുന്നത് (ഉല്പ 9). നോഹിൻ്റെ സന്തതിപരമ്പരയിൽപ്പെട്ട അബ്രാഹത്തെ തിരഞ്ഞെടുത്ത് വലിയ ജനതയാക്കിയതിലും ഈ ദൈവിക വെളിപാടുതന്നെയാണു പ്രകടമാകുന്നത് (ഉല്‌പ 12,1-3). പൂർവപിതാക്കന്മാരുടെ കാലശേഷം ദൈവാവിഷ്ക്കരണം തുടർന്നതു മോശയിലൂടെയും പ്രവാചകരിലൂടെയുമായിരുന്നു. സജീവനായ സത്യദൈവം സകലരെയും പരിപാലിക്കുന്ന പിതാവും നീതിയുള്ള ന്യായാധിപനുമാണെന്നു ജനത്തെ പഠിപ്പിച്ചതു മോശയും പ്രവാചകരുമായിരുന്നു. ഇവരിലൂടെയെല്ലാം വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ പ്രതീക്ഷയോടെ കാത്തിരിക്കാൻ പരിശീലിപ്പിച്ചുകൊണ്ട് തന്റെ വെളിപാടു ദൈവം തുടർന്നു. സുവിശേഷത്തിനുള്ള പാത പടിപടിയായി ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെല്ലാം.
2.1.3. വെളിപാടിൻ്റെ പൂർണത മിശിഹായിൽ (4)
"പൂർവകാലങ്ങളിൽ നമ്മുടെ പിതാക്കന്മാരോടു പല പ്രകാരത്തിലും പല വിധത്തിലും പ്രവാചകന്മാരിലൂടെ സംസാരിച്ച ദൈവം ഈ അവസാനനാളുകളിൽ തൻ്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1,1-2) എന്ന വചനം ഉദ്ധരിച്ചുകൊണ്ടാണ് ദൈവികവെളിപാടിൻ്റെ അവസാനഘട്ടത്തെക്കുറിച്ചു സൂനഹദോസ് പഠിപ്പിക്കുന്നത്. മനുഷ്യരുടെ കൂടെവസിച്ചുകൊണ്ട് ദൈവത്തെ മനുഷ്യർക്ക് അനുഭവവേദ്യമാക്കി അവരെ പ്രകാശിപ്പിക്കാൻ വേണ്ടിയാണ് നിത്യവചനമായ പുത്രനെ പിതാവ് ഭൂമിയിലേക്ക് അയച്ചത്. ദൈവത്തിൻ്റെ വചനം സംസാരിച്ചുകൊണ്ട് (യോഹ 3,34) പിതാവ് ഭരമേല്പ്പിച്ച രക്ഷാകരദൗത്യം ഈശോ പൂർത്തിയാക്കി (യോഹ 5,36, 17,4). പിതാവായ ദൈവത്തെത്തന്നെ മനുഷ്യർക്കു വെളിപ്പെടുത്തിക്കൊണ്ട് ഈശോ ദൈവികവെളിപാട് പൂർത്തീകരിക്കുകയും പൂർണതയിൽ എത്തിക്കുകയും ചെയ്തു. മനുഷ്യർക്കിടയിലുള്ള സാന്നിധ്യവും സ്വയം വെളിപ്പെടുത്തുന്ന പ്രവൃത്തികളും വഴിയാണ് അവിടുന്ന് ഇതു സാധിച്ചത്. അവിടുത്തെ വാക്കുകളും പ്രവൃത്തികളും, അത്ഭുതങ്ങളും അടയാളങ്ങളും, സഹനമരണോത്ഥാനങ്ങളും പരിശുദ്ധറൂഹായെ അയച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ദൈവം നമ്മുടെ കൂടെയുണ്ടെന്നും അവിടുന്നു നമ്മെ പാപത്തിന്റെയും മരണത്തിൻ്റെയും അന്ധകാരത്തിൽനിന്നും വിമോചിപ്പിച്ച് നിത്യജീവനിലേക്ക് ഉയർത്തുവാൻ ആഗ്രഹിക്കുന്നു എന്നും മനുഷ്യനായവതരിച്ച ഈശോമിശിഹാ വ്യക്തമാക്കി.
ഈശോമിശിഹായിലുള്ള ഈ വെളിപാടിനെ നവീനവും അന്തിമവുമായ ഉടമ്പടി എന്നാണു സൂനഹദോസ് വിശേഷിപ്പിക്കുന്നത്. പുത്രനായ ദൈവത്തിൻ്റെ ആഗമനത്തോടുകൂടി വെളിപാടു പൂർത്തിയായി. ഈശോ വെളിപ്പെടുത്തിയതിനോട് ഇനി എന്തെങ്കിലും കൂട്ടിച്ചേർക്കാനില്ല. അവിടുത്തെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെ ഒരു പുതിയ പൊതുവെളിപാടും ഉണ്ടാവുകയില്ലെന്ന് സൂനഹദോസ് പഠിപ്പിക്കുന്നു. ഈശോ വെളിപ്പെടുത്തിയ സനാതനസത്യങ്ങൾ (അടിസ്ഥാനവെളിപാട്) ആദിമസഭയിൽ ശ്ലീഹന്മാരിലൂടെയും തുടർന്ന് തിരുസഭാധികാരികളിലൂടെയും ലോകാവസാനംവരെ പരിശുദ്ധറൂഹാ സ്ഥലകാലാനുസൃതമായി വ്യാഖ്യാനിച്ചുനല്കുന്നു. ഈശോയിലുള്ള ഈ അടിസ്ഥാന വെളിപാടു വിശദീകരിക്കുന്നിടത്തോളം മാത്രമേ ഏതുകാലത്തുമുള്ള വ്യക്തിപരമായ വെളിപാടുകൾക്കു പ്രസക്തിയുള്ളു.
2.1.4. വിശ്വാസം: വെളിപാടിനുള്ള മനുഷ്യൻ്റെ പ്രത്യുത്തരം (5)
സ്വയം വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനിൽനിന്ന് വിശ്വാസത്തിന്റെ അനുസരണം പ്രതീക്ഷിക്കുന്നു (റോമാ 13,26). വിശ്വസിക്കുന്ന മനുഷ്യൻ തൻ്റെ ബുദ്ധിയും മനസ്സുമെല്ലാം ദൈവത്തിനു വിധേയപ്പെടുത്തി പൂർണമായി അവിടുത്തേക്കു സമർപ്പിക്കുന്നു. ദൈവത്തിന്റെ റൂഹാ പ്രദാനം ചെയ്യുന്ന കൃപയാണ് വെളിപാടു സത്യം സ്വീകരിക്കാനും വിശ്വാസത്തിൽ ദൈവത്തിനു സ്വയം സമർപ്പിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത്. ഇതേ റൂഹാ തന്റെ ദാനങ്ങളാൽ ഈ വിശ്വാസത്തെ നിരന്തരം പൂർണതയിലെത്തിക്കുന്നു. അതുവഴി വെളിപാടിൻ്റെ രഹസ്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ അവൻ പ്രാപ്‌തനാക്കപ്പെടുകയും ചെയ്യുന്നു.
2.1.5. വെളിപാട് ചുരുക്കത്തിൽ (6)
ദൈവികവെളിപാടിനെക്കുറിച്ച് ഇതുവരെ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി സംഗ്രഹിച്ച് അവതരിപ്പിക്കുകയാണ് ഇവിടെ. ദൈവം തന്നെത്തന്നെയും മനുഷ്യരക്ഷയെ സംബന്ധിച്ചു തനിക്കുള്ള പദ്ധതിയെയും വെളിവാക്കുകയും സംവേദിക്കുകയും ചെയ്യുന്നതാണു വെളിപാട്. മനുഷ്യബുദ്ധിയ്ക്കുഗ്രാഹ്യമായ ദൈവികനന്മകൾ മനുഷ്യനുമായി പങ്കുവയ്ക്കുന്നതിനാണ് ദൈവം ഇപ്രകാരം സ്വയം വെളിപ്പെടുത്തുന്നത്. മനുഷ്യന് അവൻ്റെ സ്വാഭാവിക ബുദ്ധിയുപയോഗിച്ച് സകലത്തിൻ്റെയും ആദിയും അന്ത്യവുമായ ദൈവത്തെക്കുറിച്ചു വ്യക്തമായി അറിയാൻ സാധിക്കും എന്ന വസ്തുത ഈ സൂനഹദോസ് ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, ദൈവിക വെളിപാടിലൂടെയാണ് അവിടുത്തെയും രക്ഷാപദ്ധതിയെയും കുറിച്ചു സുവ്യക്തമായും തെറ്റുകൂടാതെയും മനുഷ്യനു മനസ്സിലാക്കാനാവുന്നത്.
2.2. അദ്ധ്യായം രണ്ട്: ദൈവികവെളിപാടിൻ്റെ കൈമാറൽ (7-10)
രക്ഷാകരമായ ദൈവികവെളിപാട് എല്ലാക്കാലത്തും എല്ലാ സ്ഥലങ്ങളിലുമുള്ള സകല മനുഷ്യരിലും എത്തണമെന്നതു ദൈവ നിശ്ചയമാണ്. ഈ ലക്ഷ്യത്തോടെയാണ് ഈശോമിശിഹാ ശ്ലീഹന്മാരെ തിരഞ്ഞെടുത്തു പരിശീലിപ്പിച്ചതും പ്രഘോഷണ ദൗത്യവുമായി അയച്ചതും. അവരുടെ പ്രഘോഷണഫലമായി രൂപംകൊണ്ട സഭയിലെ സജീവമായ പാരമ്പര്യത്തിലൂടെയും സഭയിൽ രൂപമെടുത്ത തിരുലിഖിതത്തിലൂടെയും സഭയിലെ പ്രബോധനാധികാരത്തിലൂടെയുമാണ് ഈ കൈമാറൽ സംഭവിക്കുന്നത്. ഈ അദ്ധ്യായത്തിലെ വിഷയങ്ങൾ താഴെപ്പറയുന്നവയാണ്:
ശ്ലീഹന്മാർവഴി സംരക്ഷിക്കപ്പെടുകയും കൈമാറപ്പെടുകയും ചെയ്യുന്ന വെളിപാട് (7)
തിരുസഭാപാരമ്പര്യം (8)
തിരുലിഖിതവും വിശുദ്ധപാരമ്പര്യവും (9)
തിരുലിഖിതവും വിശുദ്ധപാരമ്പര്യവും തിരുസഭയിൽ (10)
2.2.1. ശ്ലീഹന്മാരാൽ സംരക്ഷിക്കപ്പെടുകയും കൈമാറപ്പെടുകയും ചെയ്യുന്ന വെളിപാട് (7)
സകല ജനപദങ്ങളുടെയും രക്ഷയെപ്രതി ദൈവം വെളിപ്പെടുത്തിയ രഹസ്യങ്ങൾ അതിൻ്റെ പൂർണതയിൽ ലോകാന്ത്യത്തോളം നിലനില്ക്കുന്നതിനും എല്ലാ മനുഷ്യരിലും എത്തുന്നതിനുംവേണ്ട ക്രമീകരണം അവിടുന്നുതന്നെ ചെയ്തു. ദൈവാവിഷ്കാരത്തിൻ്റെ പൂർത്തീകരണമായ മിശിഹാകർത്താവ് താൻ തിരഞ്ഞെടുത്തു പരിശീലിപ്പിച്ച ശ്ലീഹന്മാരെയാണ് ഇതിനു നിശ്ചയിച്ചത്. പ്രവാചകന്മാർ മുൻകുട്ടി അറിയിച്ചതും മിശിഹായിൽ നിറവേറിയതുമായ രക്ഷാസുവിശേഷത്തിനു ലോകത്തിൻ്റെ അതിർത്തികൾ വരെ സാക്ഷികളാകാൻ ഉത്ഥിതനായ കർത്താവ് ശ്ലീഹന്മാരെ നിയോഗിച്ചു (മത്താ 28,19-20; മർക്കോ 16,15; നടപടി 1,8).
പരിശുദ്ധാരൂപിയാൽ ശക്തരാക്കപ്പെട്ട ശ്ലീഹന്മാർ തങ്ങളുടെ മിശിഹാനുഭവം - മിശിഹായോടുള്ള ബന്ധത്തിൽ, അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും സമ്പർക്കത്തിലും നിന്ന് അവർ സ്വീകരിച്ച കാര്യങ്ങൾ - കണ്ടുമുട്ടിയവർക്കെല്ലാം കൈമാറിക്കൊടുത്തു. ഈ സുവിശേഷപ്രഘോഷണത്തിൻ്റെ ഒരു ഭാഗമാണ് പരിശുദ്ധറുഹായുടെ പ്രേരണയിൽ രൂപംകൊണ്ട തിരുലിഖിതങ്ങളിൽ നമുക്കു ലഭ്യമായിരിക്കുന്നത്. രക്ഷാകരസത്യം കൈമാറ്റം ചെയ്യപ്പെട്ടത് ഈ തിരുലിഖിതങ്ങളിലൂടെ മാത്രമല്ല; ശ്ലീഹന്മാർ തിരുസഭയിൽ സമാരംഭിച്ച സകല ആചാരങ്ങളിലും കർമങ്ങളിലും പ്രവർത്തനരീതികളിലുമെല്ലാം കൂടിയാണ്. ഇവയിലൂടെയെല്ലാം കൈമാറപ്പെട്ടത് രക്ഷാസുവിശേഷത്തിൻ്റെ വചനം തന്നെയാണ്. ശ്ലീഹന്മാർ അവർക്കു പിൻഗാമികളെ നിയമിച്ചത് ഈ സുവിശേഷം വരും തലമുറകൾക്കു അഭംഗുരം കൈമാറാൻവേണ്ടിയാണ്. മിശിഹായിൽനിന്നു തങ്ങൾക്കു ലഭിച്ച പ്രബോധനാധികാരംകൂടി നല്കിയാണ് ശ്ലീഹന്മാർ മൂപ്പന്മാരെ സഭകളിൽ നിയമിച്ചാക്കിയത്.
2.2.2. തിരുസഭാപാരമ്പര്യം (8)
ഈശോമിശിഹായെക്കുറിച്ചു ശ്ലീഹന്മാർ നല്‌കിയ പ്രബോധനം ലോകാവസാനംവരെ അഭംഗുരം സംരക്ഷിച്ചു കൈമാറ്റപ്പെടേണ്ടതുണ്ട്. തങ്ങളുടെ വാചികപ്രഘോഷണത്തിലൂടെയോ ലിഖിതരൂപത്തിലൂടെയോ പകർന്നു നല്കിയിട്ടുള്ള പാരമ്പര്യങ്ങൾ കുറവുകൂടാതെ സംരക്ഷിക്കണമെന്ന് ശ്ലീഹന്മാർ ആദിമസഭയെ ഉദ്ബോധിപ്പിക്കുന്നത് അതുകൊണ്ടാണ് (2 തെസ 2,15). ശ്ലീഹന്മാർ കൈമാറി തന്നതും ജനം സ്വീകരിച്ചതുമായ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കാൻ സഭാംഗങ്ങൾക്കു കടമയുണ്ട് (യൂദാ 3). വിശ്വാസത്തിലും പരിശുദ്ധിയിലും ജീവിക്കാനാവശ്യമായ എല്ലാകാര്യങ്ങളും ദൈവജനത്തിനു ശ്ലീഹന്മാർ കൈമാറിനല്കിയിട്ടുണ്ട്. തിരുസഭ എന്തായിരിക്കുന്നുവോ, എന്തു വിശ്വസിക്കുന്നുവോ അതെല്ലാം അവളുടെ വിശ്വാസപ്രമാണങ്ങളിലും ആരാധനാജീവിതത്തിലും കൂടി എല്ലാ തലമുറകൾക്കുമായി കൈമാറി നല്‌കുന്നുണ്ട്.
തിരുസഭയിൽ ശ്ലീഹന്മാർ കൈമാറിനല്‌കിയിട്ടുള്ള പാരമ്പര്യം വളർന്നുകൊണ്ടാണിരിക്കുന്നത്. ഇതു പരിശുദ്ധറൂഹായുടെ പ്രവൃത്തിയാണ്. തിരുസഭാപാരമ്പര്യത്തിലൂടെ തലമുറകൾക്കു കൈമാറുന്ന ലിഖിതവും അലിഖിതവുമായ ആചാരാനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചയിൽ വളർച്ചയുണ്ടാകുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ (ലൂക്കാ 2,19.51) ഇക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിക്കുകയും പഠിക്കുകയും ചെയ്യുന്ന വിശ്വാസികളിലൂടെയാണിതു സാധ്യമാകുന്നത്. അവർ അനുഭവിക്കുന്ന ആത്മീയയാഥാർത്ഥ്യങ്ങൾ അതിനവരെ പ്രാപ്തരാക്കുന്നു. കൂടാതെ, സത്യപ്രബോധനത്തിൻ്റെ കാവല്ക്കാരായി നിയമിതരായിരിക്കുന്ന ശ്ലൈഹികപിന്തുടർച്ചക്കാരുടെ പ്രബോധനവും ഈ വളർച്ചയെ സഹായിക്കുന്നു. അപ്രകാരം, കാലം പുരോഗമിക്കുംന്തോറും പരിശുദ്ധറൂഹായുടെ സഹായത്താൽ തിരുസഭസത്യത്തിന്റെ പൂർണതയിലേക്കു വളർന്നുകൊണ്ടിരിക്കുന്നു.
തിരുസഭയുടെ ജീവിതത്തിലും പ്രവർത്തനങ്ങളിലും, വിശ്വാസത്തിലും പ്രാർത്ഥനകളിലുംകൂടി എപ്രകാരമാണ് ഈ വിശുദ്ധപാരമ്പര്യം നിലനിന്നുപോരുന്നത് എന്നതിനു സഭാപിതാക്കന്മാർ സാക്ഷ്യം വഹിക്കുന്നുണ്ട്. ഏതൊക്കെയാണു ദൈവനിവേശിതതിരുലിഖിതങ്ങൾ എന്നുവ്യക്തമാക്കിത്തരുന്നതു തിരുസഭയുടെ പാരമ്പര്യമാണ്. തിരുലിഖിതംതന്നെയും നിരന്തരം യാഥാർത്ഥ്യമാക്കപ്പെടുന്നതു തിരുസഭയിൽ പ്രത്യേകിച്ചും അവളുടെ ആരാധനാജീവിതത്തിലാണല്ലോ അനാദികാലംമുതലേ സംസാരിച്ചുകൊണ്ടിരുന്ന ദൈവം ഇന്ന് തൻ്റെ പുത്രൻ്റെ മണവാട്ടിയോട് അതു തുടരുന്നു. സുവിശേഷത്തിൻ്റെ സജീവശബ്ദം സഭയിലും ലോകത്തിലും മുഴക്കുന്ന പരിശുദ്ധറുഹാ സത്യത്തിന്റെ പൂർണതയിലേക്കു വിശ്വാസികളെ നയിക്കുകയും മിശിഹായുടെ വചനം അതിന്റെ സമ്പൂർണതയിൽ അവരിൽ കുടികൊള്ളുന്നതിന് ഇടയാക്കുകയും ചെയ്യുന്നു (കൊളോ 3,16).
2.2.3. തിരുലിഖിതവും വിശുദ്ധപാരമ്പര്യവും (9)
വേർതിരിക്കാനാവാത്തവിധം പരസ്‌പരബന്ധിതങ്ങളായ രണ്ടു യാഥാർത്ഥ്യങ്ങളാണ് തിരുലിഖിതവും വിശുദ്ധപാരമ്പര്യവും. അവ പരസ്പരം സംവദിക്കുന്നുണ്ട്. ഒരേ ദൈവിക ഉറവയിൽ നിന്നുത്ഭവിക്കുന്ന ഈ രണ്ട് അരുവികളുംകൂടി ഒരേയൊരു യാഥാർത്ഥ്യമാണു വെളിവാക്കുന്നത്. രണ്ടിനും ഒരേ ലക്ഷ്യമാണുള്ളതുതാനും. ദൈവത്തിൻ്റെ വചനം പരിശുദ്ധറുഹായുടെ നിവേശനത്താൽ എഴുതപ്പെട്ടതാണല്ലോ തിരുലിഖിതം. മിശിഹായും പരിശുദ്ധറുഹായും ചേർന്നു ശ്ലീഹന്മാരെ ഭരമേല്പ്പിച്ച ദൈവവചനത്തിൻ്റെ ആകെത്തുകയാണ് വിശുദ്ധപാരമ്പര്യം കൈമാറുന്നത്. ശ്ലീഹന്മാർ അവരുടെ പിൻഗാമികളെയാണ് ഇതു ഭരമേല്പ്പിച്ചിരിക്കുന്നത്. പരിശുദ്ധറൂഹായാൽ പ്രശോഭിതരാകുന്ന അവർ വിശ്വസ്‌തതയോടെ ഇതു സംരക്ഷിക്കുകയും അവരുടെ പ്രബോധനംവഴി ലോകംമുഴുവൻ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വെളിപ്പെടുത്തപ്പെട്ട സത്യത്തെക്കുറിച്ചുള്ള അറിവു പൂർണമാകണമെങ്കിൽ തിരുലിഖിതം മാത്രംപോരാ, തിരുസഭയിലെ വിശുദ്ധ പാരമ്പര്യവും വേണം.
2.2.4. തിരുലിഖിതവും വിശുദ്ധപാരമ്പര്യവും തിരുസഭയിൽ (10)
വിശുദ്ധപാരമ്പര്യവും തിരുലിഖിതവും ചേരുന്ന ദൈവവചനത്തിൻ്റെ ഏകനിക്ഷേപം തിരുസഭയെയാണ് ഭരമേല്പ്പിച്ചിരിക്കുന്നത്. ഇതിനോടു വിശ്വസ്‌തത പുലർത്തുന്ന ദൈവജനം സഭാധികാരികളുടെ നേതൃത്വത്തിൽ ശ്ലീഹന്മാരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പംമുറിക്കലിലും സഭയുടെ പ്രാർത്ഥനയിലും പങ്കു ചേരുന്നു (നടപടി 2,42). കൈമാറപ്പെടുന്ന വിശ്വാസം ഇപ്രകാരം സംരക്ഷിക്കുന്നതിലും ജീവിക്കുന്നതിലും പ്രഘോഷിക്കുന്നതിലും മെത്രാന്മാരും വിശ്വാസികളേവരും തമ്മിൽ വലിയ ഐക്യമുണ്ട്.
ദൈവവചനം, അതു വിശുദ്ധപാരമ്പര്യത്തിലായാലും തിരുലിഖിതത്തിലായാലും, ഏല്പ്പിക്കപ്പെട്ടിരിക്കുന്നത് തിരുസഭയുടെ പ്രബോധനാധികാരത്തിനു മാത്രമാണ്. തിരുസഭ ഇതു സംരക്ഷിക്കുന്നതും കൈമാറുന്നതും ഈശോമിശിഹായുടെ തിരുനാമത്തിലാണ്. ഈ പ്രബോധനാധികാരം ദൈവവചനത്തിനു മേലല്ല; മറിച്ച്, അവൾ അതിൻ്റെ ശുശ്രൂഷക മാത്രമാണ്. തനിക്കു കൈമാറി ലഭിച്ചതു മാത്രമേ അവൾ പകർന്നു നല്‌കുന്നുള്ളു. മിശിഹായുടെ കല്പനയാലും പരിശുദ്ധ റൂഹായുടെ സഹായത്താലും ഭക്തി പൂർവം അവൾ ഈ വചനത്തിനു ചെവികൊടുക്കുകയും, സമർപ്പണ ബുദ്ധിയോടെ സംരക്ഷിക്കുകയും വിശ്വസ്‌തതയോടെ വിശദീകരിക്കുകയും ചെയ്യുന്നു. ദൈവത്തിൻ്റെ സവിശേഷ പരിപാലനയിൽ വിശുദ്ധപാരമ്പര്യവും തിരുലിഖിതവും പ്രബോധനാധികാരവും ഒന്നു മറ്റൊന്നിനെ കൂടാതെ നിലനില്ക്കാനാവാത്തവിധം പരസ്പ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്. പരിശുദ്ധറൂഹായുടെ പ്രവർത്തനത്തിൻകീഴിൽ അവ ഒന്നുചേർന്ന് ആത്മാക്കളുടെ രക്ഷയ്ക്കായി യത്നിക്കുന്നു.
ഈ ഭൂമിയിൽ വിശ്വാസതീർത്ഥാടനത്തിലായിരിക്കുന്ന തിരുസഭയ്ക്ക് സർവനന്മകളുടെയും ദാതാവായ ദൈവത്തെ, യുഗാന്ത്യത്തിൽ മുഖാമുഖം കണ്ടുമുട്ടുന്നതുവരെ, കാണുന്നതിനും ധ്യാനിക്കുന്നതിനും സഹായകമാകുന്ന മുഖക്കണ്ണാടിയാണ് വിശുദ്ധപാരമ്പര്യവും തിരുലിഖിതവും.
2.3. അദ്ധ്യായം മൂന്ന്: തിരുലിഖിതം: ദൈവനിവേശനവും വ്യാഖ്യാനവും (11-13)
ദൈവാവിഷ്ക്കരണത്തിൻ്റെ അവിഭാജ്യഘടകമായ തിരുലിഖിതത്തിന്റെ ഉത്ഭവവും വ്യാഖ്യാനവുമാണ് മൂന്നാം അദ്ധ്യായത്തിലെ പ്രമേയം. ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ താഴെപ്പറയുന്നവയാണ്:
വിശുദ്ധഗ്രന്ഥത്തിൻ്റെ ദൈവനിവേശനം (11)
തിരുലിഖിതത്തിൻ്റെ വ്യാഖ്യാനം (12)
മനുഷ്യഭാഷയിലുള്ള ദൈവവചനം (13)
2.3.1. വിശുദ്ധഗ്രന്ഥത്തിൻ്റെ ദൈവനിവേശനം (11)
ദൈവാവിഷ്കരണത്തിൻ്റെ ആധികാരികരേഖയാണ് വിശുദ്ധഗ്രന്ഥം. ഇതു ദൈവനിവേശിതമാണ് (യോഹ 20,31; 2 തിമോ 3,16; 2 പത്രോ 1,19-21; 3,15-16). അതായത് പരിശുദ്ധ റൂഹായുടെ പ്രേരണയാലാണ് അവ എഴുതപ്പെട്ടത്. അതുകൊണ്ട് തിരുസഭ പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള സകല ഗ്രന്ഥങ്ങളെയും അവ ആയിരിക്കുന്ന രൂപത്തിൽ അവയുടെ സമ്പൂർണതയിൽ വിശുദ്ധവും കാനോനികവുമായി അംഗീകരിക്കുന്നു. ദൈവമാണ് അവയുടെ കർത്താവ്; അവിടുന്നാണ് അവയെ തിരുസഭയ്ക്കു ഭരമേല്പ്പിച്ചത്. ദൈവം ഇതു നിർവഹിച്ചത് അവിടുന്നു നിശ്ചയിച്ച മാനുഷിക ഗ്രന്ഥകർത്താക്കളിലൂടെയാണ്. ദൈവകരങ്ങളിൽ വർത്തിക്കുമ്പോഴും അവർ തങ്ങളുടെ മാനുഷിക കഴിവുകളും സിദ്ധികളും പൂർണമായി വിനിയോഗിച്ച യഥാർത്ഥ ഗ്രന്ഥകർത്താക്കളാണ്. ദൈവം ആഗ്രഹിച്ച കാര്യങ്ങൾ മുഴുവൻ, അവമാത്രം, വിശുദ്ധ ഗ്രന്ഥകർത്താക്കൾ രേഖപ്പെടുത്തി.
വിശുദ്ധ ഗ്രന്ഥകർത്താക്കൾ പ്രസ്‌താവിക്കുന്നവയെല്ലാം പരിശുദ്ധറൂഹായുടെ പ്രസ്‌താവനകളാണ്. മനുഷ്യരക്ഷയ്ക്കായി തിരുലിഖിതത്തിൽ രേഖപ്പെടുത്തപ്പെടണമെന്നു ദൈവം ആഗ്രഹിച്ച സത്യങ്ങൾ വിശ്വസനീയമായ രീതിയിലും അവികലമായും, തെറ്റുകൂടാതെയും കുറവുകൂടാതെയും, വിശുദ്ധഗ്രന്ഥത്തിലൂടെ കൈമാറപ്പെടുന്നു. "അതിനാൽ, ആത്മാവിനാൽ എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവത്തിൻ്റെ മനുഷ്യൻ പൂർണനാവുകയും എല്ലാ സത്കൃത്യങ്ങളും ചെയ്യാൻ കഴിവുള്ളവനാകയും ചെയ്യുന്നു" (2 തിമോ 3,16-17).
തിരുലിഖിതത്തിൻ്റെ സത്യം, വെളിപാടിൻ്റെ സത്യമാണ്; വെളിപാടിന്റെ പാരമ്യവും കേന്ദ്രബിന്ദുവും മനുഷ്യനായവതരിച്ച ഈശോമിശിഹായാണ്, മിശിഹാസംഭവമാണ്; മിശിഹായിൽ പൂർത്തിയായ വെളിപാടുമായി ബന്ധപ്പെടുത്തി മാത്രമേ വിശുദ്ധഗ്രന്ഥത്തിന്റെ സത്യം മനസ്സിലാക്കാനാവൂ.
2.3.2. തിരുലിഖിതത്തിൻ്റെ വ്യാഖ്യാനം (12)
വിശുദ്ധഗ്രന്ഥത്തിൻ്റെ ശരിയായ വ്യാഖ്യാനത്തിനുള്ള തത്വങ്ങളാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്. രക്ഷാകരസത്യം സകല മനുഷ്യരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദൈവത്തിന്റെ വാക്കുകൾ മനുഷ്യഭാഷയിൽ രേഖപ്പെടുത്തപ്പെട്ടതാണു തിരുലിഖിതം. ദൈവികവെളിപാടിൻ്റെ അനുഭവം വായനക്കാരിൽ ഉണർത്തുവാൻ ഈ ലിഖിതവചനത്തിൻ്റെ വ്യാഖ്യാനം ആവശ്യമാണ്. ദൈവം നമ്മോടു പറയുവാനുദ്ദേശിച്ചത് എന്താണെന്നു മനസ്സിലാകണമെങ്കിൽ വിശുദ്ധഗ്രന്ഥകർത്താക്കളുടെ മനസ്സിലുണ്ടായിരുന്നത് എന്തെന്നു ഗ്രഹിക്കണം. ഇതിന് അവർ ഉപയോഗിച്ചിട്ടുള്ള സാഹിത്യരൂപങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലകാലസംസ്ക്കാരങ്ങളുടെ വ്യത്യാസമനുസരിച്ച് ഗ്രന്ഥകാരൻ പല തരത്തിലുള്ള സാഹിത്യരൂപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഗ്രന്ഥകാരൻ്റെ കാലത്തെ കാഴ്ചയുടെയും സംവേദനത്തിൻ്റെയും വിവരണത്തിന്റെയുമൊക്കെ രീതികൾ മനസ്സിലാക്കിയാലേ അദ്ദേഹം വിവരിക്കുന്ന കാര്യങ്ങളുടെ അർത്ഥം വ്യക്തമാകൂ.
യഥാർത്ഥ ഗ്രന്ഥകർത്താവ് ദൈവമാണ് എന്ന സത്യം തിരുലിഖിതവ്യാഖ്യാനത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. തിരുസഭയിലെ വിശുദ്ധപാരമ്പര്യവും വിശ്വാസസാധർമ്യവും (analogy of faith) കണക്കിലെടുത്തുകൊണ്ട് തിരുലിഖിതം മുഴുവന്റെയും ഐക്യത്തിനു പ്രാധാന്യം കല്പിച്ചുവേണം വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കാൻ. ഇത്തരത്തിലുള്ള പഠനങ്ങൾ സഭയുടെ ഔദ്യോഗിക പ്രബോധനത്തെ സഹായിക്കുകയും ചെയ്യും.
2.3.3. മനുഷ്യഭാഷയിലുള്ള ദൈവവചനം (13)
ദൈവം തന്റെ അനന്തജ്ഞാനത്തിലും കരുണാപൂർവമായ സ്നേഹത്തിലും എത്രമാത്രം കരുതലോടെയാണു മനുഷ്യരോട് ഇടപെടുന്നത് എന്നതിനു തിരുലിഖിതം സജീവസാക്ഷ്യം വഹിക്കുന്നു. മനുഷ്യരൂപമെടുത്ത ദൈവവചനത്തിന് മനുഷ്യപ്രകൃതിയുടെ പ്രത്യേകതകൾ ഉണ്ടായിരുന്നതുപോലെ, മനുഷ്യഭാഷയിൽ പ്രകടിപ്പിക്കപ്പെടുന്ന ദൈവവചനത്തിനു മനുഷ്യഭാഷയുടെ സകല പ്രത്യേകതകളുമുണ്ട്.
2.4. അദ്ധ്യായം നാല്: പഴയനിയമം (15-16)
മനുഷ്യവർഗം മുഴുവൻ്റെയും രക്ഷയ്ക്കുവേണ്ടിയുള്ള ഒരുക്കമെന്നനിലയിൽ ദൈവം ഒരു ജനതയെ തിരഞ്ഞെടുക്കുകയും രക്ഷകനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ അവരെ ഏല്പിക്കുകയും ചെയ്തു. അബ്രാഹത്തോടും (ഉല്പ 15,18), മോശയിലൂടെ ഇസ്രായേൽജനം മുഴുവനോടും (പുറ 24,8) ചെയ്‌ത ഉടമ്പടിയിലൂടെ അവരെ തന്റെ സ്വന്തമാക്കുകയും വാക്കുകളിലും പ്രവൃത്തികളിലും കൂടി സജീവനായ ഏകദൈവമായി അവർക്കു സ്വയം വെളിപ്പെടുത്തുകയും ചെയ്തുതു. ഇസ്രായേൽ ദൈവത്തിന്റെ വഴികൾ അറിയുന്നതിനുവേണ്ടിയായിരുന്നു ഇത്. കൂടാതെ, പ്രവാചകരിലൂടെ അവരുടെ പക്കലെത്തിയ ദൈവികസ്വരത്തിനു ചെവികൊടുക്കുന്നതിലൂടെ അവർക്ക് ഈ വഴിയെക്കുറിച്ചു വ്യക്തമായ അറിവു ലഭിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടായിരുന്നു. അവിടുത്തെ വഴികൾ ജനതകൾക്കിടയിൽ കൂടുതൽ പ്രചരിക്കുന്നതിനു വേണ്ടികൂടിയായിരുന്നു ഇത് (സങ്കീ 21,28-29; 95,1-3; ഏശ 2,1-4; ജറെ 3,17). ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ സാക്ഷ്യമായ പഴയനിയമം ദൈവവചനമാണ്. അതുകൊണ്ടുതന്നെ ദൈവനിവേശനത്തിൽ എഴുതപ്പെട്ട പഴയനിയമത്തിനു ശാശ്വതമായ മൂല്യമുണ്ട്. പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ടാണ് സൂനഹദോസ് പിതാക്കന്മാർ പഴയനിയമത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത്. "മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമ്മുടെ ഉദ്ബോധനത്തിനുവേണ്ടിയുള്ളതാണ്. അതു ദീർഘക്ഷമയാലും വിശുദ്ധലിഖിതങ്ങളിൽനിന്നുള്ള ആശ്വാസത്താലും നമ്മിൽ പ്രത്യാശ ഉളവാക്കാനത്രേ" (റോമാ 15,4).
മിശിഹായുടെ വരവിനുള്ള ഒരുക്കമെന്ന നിലയിലാണു പഴയനിയമത്തിനു പ്രാധാന്യം (ലൂക്കാ 24,44; യോഹ 5,39; 1 കോറി 10,11; 1 പത്രോ 1,10). ഈശോമിശിഹായിലുള്ള പൂർണവും അന്തിമവുമായ വെളിപ്പെടുത്തലിന് ഒരുക്കമായി ദൈവം വാക്കുകളിലും പ്രവൃത്തികളിലും കൂടി സ്വയം വെളിപ്പെടുത്തുകയും മിശിഹായെ സ്വീകരിക്കാനായി ഒരു ജനതയെ ഒരുക്കുകയും ചെയ്യുന്നതാണു പഴയനിയമത്തിൽ നമ്മൾ കാണുന്നത്. ദൈവത്തെയും മനുഷ്യനെയുംകുറിച്ചു രക്ഷാകരമായ ജ്ഞാനം അവയിൽനിന്നു ലഭ്യമാണ്. മിശിഹായുടെയും അവിടുത്തെ രാജ്യത്തിന്റെയും പ്രതീകങ്ങളാൽ സമ്പന്നമാണ് പഴയനിയമം മുഴുവൻ. പഴയനിയമവെളിപാടു പൂർണമല്ലെങ്കിലും സത്യദൈവിക പ്രബോധനം അതുൾക്കൊള്ളുന്നുണ്ട്. ക്രൈസ്തവരും ആദരവോടെ ഇതു സ്വീകരിക്കേണ്ടത് ഇതുകൊണ്ടാണ്. അമൂല്യമായ ഒരു പ്രാർത്ഥനാസഞ്ചയം കൂടിയായ പഴയ നിയമത്തിൽ നമ്മുടെ രക്ഷയുടെ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്.
പഴയനിയമവും പുതിയനിയമവും ഒന്നുചേർന്നാണു വി. ഗ്രന്ഥത്തിനു രൂപംനല്‌കുന്നത്. രണ്ടിന്റെയും നിവേശകനും കർത്താവും ദൈവം തന്നെയാണ്. പുതിയനിയമം പഴയനിയമത്തിൽ മറഞ്ഞിരിക്കുന്നതും പഴയനിയമം പുതിയനിയമത്തിൽ പ്രകാശിതമാകുന്നതും ദൈവത്തിൻ്റെ വിവേകപൂർവമായ തീരുമാനം അനുസരിച്ചാണ്. മിശിഹായുടെ രക്തത്തിലുള്ള പുതിയ ഉടമ്പടിയോടെ പുതിയനിയമം നിലവിൽ വന്നെങ്കിലും (ലൂക്കാ 22,20; 1 കോറി 11,25), ഈ മിശിഹാരഹസ്യത്തിലേക്കു വെളിച്ചം വീശുകയും അതിനെ വിശദീകരിക്കുകയും ചെയ്യുന്ന പഴയനിയമ ഗ്രന്ഥങ്ങൾക്കുള്ള പ്രാധാന്യം നഷ്ടമായിട്ടില്ല.
2.5. അദ്ധായം അഞ്ച്: പുതിയനിയമം (17-20)
വിശ്വസിക്കുന്ന ഏതൊരുവനെ സംബന്ധിച്ചും രക്ഷയുടെ ദൈവികശക്തിയായ അവിടുത്തെ വചനം (റോമാ 1,16) പുതിയനിയമത്തിലാണ് സവിശേഷമാംവിധം വെളിവാകുന്നത്.
സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതി പൂർണമായി വെളിപ്പെടുന്നതു പുതിയനിയമത്തിലാണ്. സമയത്തിന്റെ പൂർത്തിയിൽ (ഗലാ 4,4) മാംസം ധരിച്ച ദൈവവചനം കൃപയും സത്യവും നിറഞ്ഞതായി നമ്മുടെ ഇടയിൽ വസിച്ചു (യോഹ 1,14). പിതാവായ ദൈവത്തെ എല്ലാവർക്കുമായി വെളിപ്പെടുത്തിയ അവിടുന്ന് ദൈവരാജ്യത്തിന് ഈ ഭൂമിയിൽ ആരംഭം കുറിച്ചു. തന്റെ പീഡാസഹനം, മരണം, ഉത്ഥാനം, പരിശുദ്ധ റൂഹായെ അയയ്ക്കൽ എന്നിവയിലൂടെ അവിടുന്ന് രക്ഷാപദ്ധതി പൂർത്തിയാക്കുകയും ചെയ്തു. ജീവനുള്ള വചനത്തിന്റെ ഉറവയായ അവിടുന്ന് ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടതോടുകൂടി സകലരേയും തന്നിലേക്ക് ആകർഷിക്കുന്നു (യോഹ 6,68; 10,32). പരിശുദ്ധാരൂപി ശ്ലീഹന്മാർക്കു വെളിപ്പെടുത്തിയ ഈ രഹസ്യം മുൻതലമുറക്കാർക്കു വെളിപ്പെടുത്തപ്പെട്ടിരുന്നില്ല (എഫേ 3,4-6). അത് അവർ തങ്ങളുടെ സുവിശേഷപ്രഘോഷണംവഴി കർത്താവും മിശിഹായുമായ ഈശോയിലുള്ള വിശ്വാസം ജനപദങ്ങളിൽ ഉണർത്തുന്നതിനും തദ്വാരാ തിരുസഭയ്ക്കു ജന്മം നല്‌കുന്നതിനും വേണ്ടിയായിരുന്നു. പുതിയനിയമഗ്രന്ഥങ്ങൾ മുഴുവൻ ഈ രഹസ്യങ്ങൾക്കുള്ള ശാശ്വത സാക്ഷ്യമാണ്.
2.5.1. സുവിശേഷങ്ങൾ (18)
മനുഷ്യനായി അവതരിച്ച വചനത്തിന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും സംബന്ധിച്ചുള്ള സുപ്രധാന സാക്ഷ്യമെന്ന നിലയിൽ പുതിയനിയമത്തിലെ സുവിശേഷങ്ങൾക്കു വലിയ പ്രമുഖ്യമുണ്ട്. ശ്ലീഹന്മാരുടെ പ്രഘോഷണത്തിൽനിന്ന് ഉദ്ഭവമെടുത്ത നാലു സുവിശേഷങ്ങളാണു നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ. കാരണം, അവിടെയാണു മനുഷ്യരക്ഷയ്ക്കുവേണ്ടി മിശിഹാ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തവ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സുവിശേഷങ്ങൾക്കു പുതിയനിയമഗ്രന്ഥങ്ങളിൽ ഉന്നതവും സവിശേഷവുമായ സ്ഥാനമുണ്ട്.
2.5.2. സുവിശേഷങ്ങളുടെ ചരിത്രപരത (19-20)
ദൈവപുത്രനായ ഈശോമിശിഹാ ഈ ഭൂമിയിലെ തന്റെ വാസത്തിനിടയിൽ മനുഷ്യൻ്റെ നിത്യരക്ഷയ്ക്കായി പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങൾ വിശ്വസ്‌തതയോടെ സുവിശേഷങ്ങൾ നമുക്കു കൈമാറിത്തരുന്നു. വാചികമായോ രേഖാശകലങ്ങളായോ സഭയിൽ കൈമാറപ്പെട്ടിരുന്ന ശ്ലൈഹികപ്രഘോഷണത്തിലും പ്രബോധനത്തിലുംനിന്ന് സുവിശേഷകർത്താക്കൾ ഓരോരോ സമൂഹത്തിൻ്റെ ആവശ്യാനുസാരം തിരഞ്ഞെടുത്ത കാര്യങ്ങളാണു സുവിശേഷങ്ങളിലുള്ളത്. അവർ തങ്ങളുടെതന്നെ ഓർമ്മയെ ആശ്രയിച്ചാണെങ്കിലും, മിശിഹാസംഭവത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായവരുടെ ഓർമ്മക്കുറിപ്പുകളെ ആശ്രയിച്ചാണെങ്കിലും, മിശിഹായെക്കുറിച്ചു സത്യസന്ധമായ അറിവുപകർന്നു നല്‌കണമെന്ന നിർബന്ധം ഇക്കാര്യങ്ങളിലെല്ലാം അവർക്കുണ്ടായിരുന്നു. കാരണം, പ്രഘോഷിക്കപ്പെട്ട വചനത്തിന്റെ വാസ്തവികതയെക്കുറിച്ചു വിശ്വാസികൾക്കു ബോദ്ധ്യം നല്‌കുക എന്നതായിരുന്നു സുവിശേഷരചനയ്ക്കു പിന്നിലുണ്ടായിരുന്ന ഏകലക്ഷ്യം (ലൂക്കാ 1,1-4).
2.5.3. ലേഖനങ്ങൾ (21)
വിവിധ സഭാസമൂഹങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ചു വി. പൗലോസും മറ്റു ശ്ലീഹന്മാരും മിശിഹാസംഭവത്തെയും സുവിശേഷമൂല്യങ്ങളെയും പരിശുദ്ധാരൂപിയുടെ നിവേശനത്തിൽ വ്യാഖ്യാനിച്ചു നല്കിയതാണു പുതിയനിയമത്തിലെ ലേഖനങ്ങൾ. ദൈവികപദ്ധതിയനുസരിച്ചു രൂപംകൊണ്ട് ഈ ലേഖനങ്ങൾ മിശിഹാരഹസ്യവും അതിൻ്റെ രക്ഷണീയമൂല്യവും ആഴമായി വിശദീകരിക്കുന്നു. തന്റെ വാഗ്ദാനപ്രകാരം (മത്താ 28,20) മിശിഹായും സകല സത്യത്തിലേക്കും നയിക്കുന്ന പരിശുദ്ധറൂഹായും (യോഹ 16,13) അവരോടൊത്തുണ്ടായിരുന്നതുകൊണ്ടാണ് അവർക്കിതു സാധിച്ചത്.
2.6. അദ്ധ്യായം ആറ്: വിശുദ്ധഗ്രന്ഥം - തിരുസഭയുടെ ജീവിതത്തിന്റെ പരമോന്നത നിയമം (21-26)
പരിശുദ്ധ കുർബാനയോടു പ്രദർശിപ്പിക്കുന്ന ആദരം തന്നെയാണു തിരുലിഖിതത്തോടും തിരുസഭ പ്രദർശിപ്പിക്കുന്നത് എന്നാണു കൗൺസിൽ പിതാക്കന്മാർ പ്രസ്‌താവിക്കുന്നത്. ദൈവ വചനത്തിന്റെയും മിശിഹായുടെ ശരീരത്തിൻ്റെയും മേശകളിൽ നിന്നു ജീവന്റെ അപ്പം സ്വീകരിക്കുകയും വിശ്വാസികൾക്കു വിതരണം ചെയ്യുകയും ചെയ്യുന്ന തിരുസഭ തിരുലിഖിതത്തെ വിശുദ്ധ പാരമ്പര്യത്തോടൊപ്പം അവളുടെ വിശ്വാസത്തിൻ നിയമമായി കരുതുന്നു. പരിശുദ്ധകുർബാന ഈ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. ദൈവപ്രേരണയിൽ, എന്നന്നേക്കുമായി ഒരിക്കൽ മാത്രം എഴുതപ്പെട്ട വി. ഗ്രന്ഥം പ്രവാചകന്മാരുടെയും ശ്ലീഹന്മാരുടെയും വാക്കുകളിലൂടെ മുഴക്കുന്നതു പരിശുദ്ധറൂഹായുടെതന്നെ വാക്കുകളാണ്. അതുകൊണ്ട് സഭയുടെ പ്രബോധനം മുഴുവൻ തിരുലിഖിതത്താൽ പരിപോഷിപ്പിക്കപ്പെടുകയും നയിക്കപ്പെടുകയും വേണം. കാരണം, തിരുലിഖിതത്തിലൂടെ സ്വർഗസ്ഥനായ പിതാവ് തൻ്റെ മക്കളെ സന്ദർശിക്കുകയും വലിയ സ്നേഹത്തോടെ അവരോടു സംസാരിക്കുകയും ചെയ്യുന്നു. തിരുലിഖിതം തിരുസഭയ്ക്ക് ശക്തികേന്ദ്രവും സഭാതനയർക്കു വിശ്വാസകോട്ടയും അത്മാവിനു ഭോജ്യവും ആത്മീയജീവിതത്തിനു സ്രോതസ്സുമായി വർത്തിക്കുന്നു. ആയതിനാൽ, "ദൈവത്തിൻ്റെ വചനം സജീവവും പ്രവർത്തന നിരതവുമാണ്" (ഹെബ്രാ 4,12) എന്ന തിരുവചനം തികച്ചും വാസ്‌തവമാണ്. അതു നമ്മെ വളർത്താനും സകല വിശുദ്ധരുടെയുമിടയിൽ അവകാശം നല്‌കാനും പോരുന്ന കൃപയുടെ വചനമാണ് (നടപടി 20,32; 1 തെസ 2,13).
2.6.1. വിശുദ്ധഗ്രന്ഥ പരിഭാഷകൾ (21-22)
ക്രൈസ്തവ വിശ്വാസികളേവർക്കും തിരുലിഖിതം ലഭ്യമാക്കണമെന്നു കൗൺസിൽ നിർദ്ദേശിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യത്യസ്ത പരിഭാഷകളെ വലിയ ആദരവോടുകൂടിയാണ് തിരുസഭപരിഗണിക്കുന്നത്. ഹീബ്രു പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സപ്‌തതിയും പൗരസ്ത്യ, ലത്തീൻ പരിഭാഷകളും ഒരു പോലെ പ്രാധാന്യമർഹിക്കുന്നവയാണ്. ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ കാര്യം എടുത്തുപറയുന്നുണ്ടെങ്കിലും അതിനു മുമ്പുതന്നെ പൗരസ്ത്യ പരിഭാഷകളെ - പ്ശീത്തായെ കുറിച്ചു പരാമർശിക്കുന്നതു ശ്രദ്ധേയമാണ്. ദൈവവചനം എല്ലാക്കാലത്തും ഒരുപോലെ ലഭ്യമാകേണ്ടതുള്ളതുകൊണ്ട് മൂലപരിഭാഷകളിൽനിന്ന് വിവിധ ഭാഷകളിലേക്ക് തർജ്ജമകൾ ഉണ്ടാകണം എന്നും സൂനഹദോസ് നിഷ്‌ക്കർഷിക്കുന്നു. വിവിധ ക്രൈസ്തവ സഭാസമൂഹങ്ങൾ ഒന്നിച്ചുചേർന്ന് എക്യുമെനിക്കൽ ബൈബിൾ തർജ്ജമകൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
2.6.2. ബൈബിൾ പണ്ഡിതരുടെ ഉത്തരവാദിത്വം (23)
അവതരിച്ച വചനത്തിൻ്റെ മണവാട്ടിയായ തിരുസഭ തന്റെ മക്കൾക്ക് ആവശ്യകമായ തിരുവചനപോഷണം നല്‌കുന്നതിനായി പരിശുദ്ധറുഹായുടെ സഹായത്താൽ തിരുവചനത്തിന്റെ ആന്തരാർത്ഥം ഗ്രഹിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതേ ലക്ഷ്യത്തോടെയാണ് പൗരസ്ത്യവും പാശ്ചാത്യവുമായ സഭാപിതാക്കന്മാരെക്കുറിച്ചും ആരാധനക്രമങ്ങളെകുറിച്ചുമുള്ള പഠനം തിരുസഭ പ്രോത്സാഹിപ്പിക്കുന്നത്. കത്തോലിക്കാബൈബിൾപണ്‌ഡിതരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും സൂനഹദോസ് അനുസ്‌മരിപ്പിക്കുന്നുണ്ട്. തിരുസഭയുടെ പ്രബോധനാധികാരത്തോടു ചേർന്നുനിന്നുകൊണ്ട് അനുയോജ്യമായ രീതികളുപയോഗിച്ചു തിരുലിഖിതങ്ങളെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അവർക്കാകണം. അതുവഴി ദൈവജനത്തിന്റെ ബുദ്ധിയെ പ്രകാശിപ്പിച്ച്, മനസ്സിനെ ശക്തിപ്പെടുത്തി, ദൈവസ്നേഹത്താൽ ഹൃദയങ്ങളെ ജ്വലിപ്പിച്ച് അവർക്ക് ആത്മീയ പോഷണം പ്രദാനംചെയ്യാൻ അവർക്കു സാധിക്കും. തിരുസഭയുടെ മനസ്സു തിരിച്ചറിഞ്ഞ് വിശുദ്ധഗ്രന്ഥപഠനം തുടരുവാൻ ബൈബിൾ പണ്ഡിതരെ കൗൺസിൽ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ദൈവവചനത്തെ സംബന്ധിച്ച് ആഴമായ ഉൾക്കാഴ്‌ചയിലേക്ക് അനുദിനം വളരണമെന്ന് വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കളെയും ദൈവശാസ്ത്ര വിദ്യാർത്ഥികളെയും സൂനഹദോസ് ഉദ്ബോധിപ്പിക്കുന്നു.
2.6.3. ദൈവവചനം ദൈവശാസ്ത്രത്തിൻ്റെ ആത്മാവ് (24)
ദൈവശാസ്ത്രത്തിൻ്റെ പ്രഥമവും നിത്യവുമായ അടിസ്ഥാനം തിരുവചനവും വിശുദ്ധപാരമ്പര്യവുമാണ്. മിശിഹാരഹസ്യത്തിൽ ആവിഷ്കൃതമായ സകലസത്യങ്ങളും വിശ്വാസത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുന്ന ദൈവശാസ്ത്രം, ദൈവവചനത്താൽ ഉറപ്പിക്കപ്പെടുകയും നിരന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്നു. അജപാലനപരമായ പ്രബോധനം, വിശ്വാസപരിശീലനം, മറ്റു ക്രിസ്തീയോപദേശങ്ങൾ, പ്രത്യേകിച്ചു പരിശുദ്ധകുർബാന മദ്ധ്യേയുള്ള സുവിശേഷപ്രസംഗം, തുടങ്ങിയ വചനശുശ്രൂഷകളെല്ലാം പോഷണം സ്വീകരിക്കുന്നതും വിശുദ്ധിയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ദൈവവചനത്തിൽ നിന്നാണ്.
നിവേശിത ദൈവവചനത്തിൻ്റെ പഠനമാണ് ദൈവശാസ്ത്രത്തിന്റെ ആത്മാവ് എന്ന ആശയം ലെയോ പതിമൂന്നാമൻ മാർപാപ്പായുടേതാണ്. ദൈവവചനപഠനം ഒരിക്കലും അവസാനിക്കുന്നതല്ല. ഓരോ കാലഘട്ടത്തിനും അതതിൻ്റേതായ രീതികളുണ്ടാകും വിശുദ്ധഗ്രന്ഥ പഠനത്തിന്.
ചരിത്ര-വിമർശനരീതിയ്ക്കു പല നല്ല വശങ്ങളുമുണ്ടെങ്കിലും അതിൽ അപകടങ്ങളും പതിയിരിപ്പുണ്ട്. തിരുലിഖിതത്തിന്റെ ചരിത്രം തേടിയുള്ള യാത്രയിൽ ദൈവികവശം അവഗണിച്ചുകൊണ്ട് മാനുഷികമാനത്തിനു മാത്രം പ്രാധാന്യം നല്കുന്നതിനുള്ള സാധ്യത ഏറെയാണ്. സത്യം ഗ്രഹിക്കുന്നതിനു സഹായിക്കുന്ന ഏതു രീതിയും ദൈവശാസ്ത്രത്തിന് അവലംബിക്കാം. പക്ഷേ, വിശ്വാസം കൈവിട്ടുകൊണ്ടാകരുത്.
2.6.4. തിരുലിഖിതപാരായണം (25)
ദൈവവചനശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാവരും പ്രത്യേകിച്ചു പുരോഹിതരും ഡീക്കന്മാരും വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ശുഷ്‌കാന്തിയോടെയുള്ള പാരായണത്താലും ശ്രദ്ധാപൂർവമായ പഠനത്താലും തിരുലിഖിതവുമായി ഗാഢബന്ധം പുലർത്തേണ്ടതുണ്ട്. ദൈവവചനം ആന്തരികമായി ശ്രവിക്കാത്ത പൊള്ളയായ പ്രഭാഷകർ ആകാതിരിക്കേണ്ടതിനാണ് ഇത്. എല്ലാ ക്രൈസ്‌തവവിശ്വാസികളും പ്രത്യേകിച്ചു സന്യസ്തരും കൂടെക്കൂടെയുള്ള തിരുലിഖിത വായനയിലൂടെ ഈശോമിശിഹായെക്കുറിച്ചുള്ള വിശിഷ്‌ടജ്ഞാനം (ഫിലി 3,8) സമ്പാദിക്കണം. കാരണം, തിരുലിഖിതത്തെക്കുറിച്ചുള്ള അജ്ഞത മിശിഹായെക്കുറിച്ചുള്ള അജ്ഞത തന്നെയാണ് (ജെറോം). ദൈവവചനം നിറഞ്ഞു നില്ക്കുന്ന ആരാധനക്രമത്തിലൂടെയോ ആത്മീയവായനയിലൂടെയോ തിരുസഭാധികാരികളുടെ അംഗീകാരമുള്ള വചനപ്രഘോഷണങ്ങളിലൂടെയോ വിശ്വാസികൾ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കണം. വിശുദ്ധഗ്രന്ഥപാരായണത്തോടൊപ്പം പ്രാർത്ഥനയും ആവശ്യമാണ്; കാരണം, അവിടെയാണു ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണം നടക്കുന്നത്. പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവവുമായി സംസാരിക്കുന്നു; തിരുലിഖിതം വായിക്കുമ്പോൾ നമ്മൾ ദൈവത്തെ ശ്രവിക്കുന്നു.
ശ്ലൈഹികപ്രബോധനം സിദ്ധിച്ചിരിക്കുന്ന മെത്രാന്മാർ വിശുദ്ധഗ്രന്ഥത്തിന്റെ ശരിയായ ഉപയോഗത്തെപ്പറ്റി വിശ്വാസികളെ ഉദ്ബോധിപ്പിക്കണം. സഭാസന്താനങ്ങൾ തിരുലിഖിതവുമായി സുപരിചിതരാകാനും സുവിശേഷചൈതന്യത്താൽ നിറയാനും ഉപകരിക്കുംവിധം വിശദീകരണങ്ങളോടുകൂടിയ വിശുദ്ധഗ്രന്ഥപരി ഭാഷകൾ ലഭ്യമാക്കണം. അക്രൈസ്‌തവർക്കുപോലും ഉപയോഗിക്കാവുന്ന ബൈബിൾ പരിഭാഷകളുമുണ്ടാകണം.
ഉപസംഹാരം (26)
ഇപ്രകാരം, തിരുലിഖിതത്തിൻ്റെ വായനയും പഠനവുംവഴി ദൈവവചനം വേഗം പ്രചരിക്കുകയും മഹത്വപ്പെടുകയും ചെയ്യട്ടെ (2 തെസ 3,1) എന്നതാണ് സൂനഹദോസ് പിതാക്കന്മാരുടെ പ്രാർത്ഥന. തിരുസഭയെ ഭരമേല്പ്പിച്ചിരിക്കുന്ന ദൈവിക വെളിപാടിന്റെ നിധി എല്ലാവരുടെയും ഹൃദയങ്ങളെ നിറയ്ക്കട്ടെ. പരിശുദ്ധ കുർബാനയിലുള്ള ഭാഗഭാഗിത്വംവഴിയെന്നതുപോലെ, നിത്യം നിലനില്ക്കുന്ന ദൈവവചനത്തോടുള്ള വർദ്ധിച്ച ആദരവു വഴിയും സഭാത്മകജീവിതത്തിൽ ഒരു പുതിയ ഉണർവു നമുക്കു പ്രത്യാശിക്കാം എന്ന ആശംസയോടെയാണു 'ദെയി വെർബും' എന്ന രേഖ അവസാനിക്കുന്നത്.
ബൈബിൾ പഠനവും വ്യാഖ്യാനവും സംബന്ധിച്ചു സഭയുടെ സമകാലിക നിലപാട് വ്യക്തമാക്കുന്നതാണ് 1993 സെപ്റ്റംബർ 21 ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച തിരുസഭയിലെ വേദപുസ്‌തകവ്യാഖ്യാനം എന്ന രേഖ. ദൈവാവിഷ്കരണം എന്ന പ്രബോധനരേഖയ്ക്കുശേഷം വിശുദ്ധഗ്രന്ഥ പഠനരംഗത്തുണ്ടായിട്ടുള്ള സമീപനങ്ങളെയെല്ലാം വിലയിരുത്തുന്ന ഈ രേഖയ്ക്ക് കർദ്ദിനാൾ റാറ്റ്സിംഗർ ആണ് ആമുഖം എഴുതിയിരിക്കുന്നത്. ബൈബിൾ വ്യാഖ്യാനരംഗത്തു നിലവിലിരിക്കുന്ന സമീപനരീതികളെ ഒന്നാംഭാഗത്ത് വിലയിരുത്തുന്നു. പാഠഭാഗത്തിന്റെ അർത്ഥം ഗ്രഹിക്കാൻ ചരിത്രപരവും വിമർശനാത്മകവുമായ അപഗ്രഥനരീതി സഹായകരമാണെന്നു രേഖ സമ്മതിക്കുന്നു. പക്ഷേ, മറ്റേതൊരു പുരാതനകൃതിയുംപോലെമാത്രം ബൈബിളിനെ കരുതരുതെന്നു മുന്നറിയിപ്പു നല്‌കുക കൂടിചെയ്യുന്നുണ്ട്. പാഠഭാഗത്തിലെ അവതരണരീതിയും സാഹിത്യസവിശേഷതകളും മനസ്സിലാക്കാൻ സഹായിക്കുന്ന സാഹിത്യാപഗ്രഥന രീതികൾ (rhetorical analysis, narrative analysis, semiotic analysis) വിമർശനബുദ്ധിയോടെ ഉപയോഗിക്കുവാൻ കത്തോലിക്കാ ബൈബിൾപണ്ഡിതരെ രേഖ ആഹ്വാനം ചെയ്യുന്നു. യഹൂദർ പൊതുവേ സ്വീകരിക്കുന്ന വ്യാഖ്യാനരീതിയും കാനോനിക സമീപനവും (canonical approach) പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. വിശുദ്ധഗ്രന്ഥവിവരണങ്ങളുടെ ചരിത്രവും പശ്ചാത്തലവും സംബന്ധിച്ചു മാനവികശാസ്ത്രങ്ങൾക്കു (human sciences, anthro-pology, psychology, social sciences etc.) നല്‌കാൻ സാധിക്കുന്ന സംഭാവനകളും പരിഗണിക്കണം. വിമോചന ദൈവശാസ്ത്രം, സ്ത്രീവിമോചനപ്രസ്ഥാനം തുടങ്ങിയ സന്ദർഭാധിഷ്‌ഠിതസമീപനങ്ങളുടെ (contextual approaches) ഏകപക്ഷീയ കാഴ്ചപ്പാടിന്റെ അപകടത്തെപ്പറ്റിയും മൗലികവാദപരമായ സമീപനത്തിന്റെ (fun-damentalist approach) കെണിയെക്കുറിച്ചും മുന്നറിയിപ്പു നല്കപ്പെടുന്നുമുണ്ട്. ഒരു പുരാതന സാഹിത്യകൃതി എന്ന നിലയിൽ വിശുദ്ധഗ്രന്ഥത്തെ സമീപിക്കുമ്പോൾ, അതു മനുഷ്യഭാഷയിൽ എഴുതപ്പെട്ട ദൈവവചനമാണെന്നു വിസ്മരിക്കരുതെന്നു രേഖ പ്രത്യേകം അനുസ്മരിപ്പിക്കുന്നു.
രണ്ടാം ഭാഗത്ത് ഒരു ബൈബിൾ പാഠഭാഗത്തിനുണ്ടാകാവുന്ന വിവിധ അർത്ഥസാധ്യതകളെപ്പറ്റി വിശദീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥകാരൻ ആദ്യവായനക്കാർക്കു കൈമാറാൻ ആഗ്രഹിച്ച സന്ദേശം കണ്ടെത്തുന്നതുകൊണ്ടുമാത്രം തൃപ്തിപ്പെടാതെ ഇന്നത്തെ വായനക്കാർക്കു നല്‌കുന്ന സന്ദേശംകൂടി മനസ്സിലാക്കാൻ ചരിത്രനിരൂപണവും സാഹിത്യനിരൂപണവും സഹായിക്കണം. അതായത്, ഒരു പാഠഭാഗത്തിന് ഒന്നിലധികം അർത്ഥങ്ങളുണ്ടാകാം എന്നു സാരം. ഈ രേഖയിലൂടെ ബിബ്ലിക്കൽ കമ്മീഷൻ വിശുദ്ധഗ്രന്ഥഭാഗത്തിൻ്റെ നാല് അർത്ഥങ്ങളാണ് ചർച്ചചെയ്യുന്നത്: വാചിക അർത്ഥം, ആത്മീയ അർത്ഥം, പ്രതീകാത്മക അർത്ഥം, പൂർണ അർത്ഥം.
1.1. വാച്യാർത്ഥം
ഗ്രന്ഥകാരൻ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന അർത്ഥമാണ് വാച്യാർത്ഥം. തിരുലിഖിതം ദൈവനിവേശിതമായതുകൊണ്ട് ഈ അർത്ഥം മുഖ്യഗ്രന്ഥകർത്താവായ ദൈവം ഉദ്ദേശിക്കുന്ന അർത്ഥം കൂടിയായിരിക്കും. സാഹിത്യശൈലി പരിഗണിച്ചുവേണം വാചിക അർത്ഥം മനസ്സിലാക്കാൻ. ഉദാഹരണത്തിന്, “നിങ്ങളുടെ അരകൾ കെട്ടപ്പെട്ടിരിക്കട്ടെ" (ലൂക്കാ 12,35) എന്ന ആലങ്കാരികപ്രയോഗം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടതല്ല; മറിച്ച്, "ഒരുങ്ങിയിരിക്കുക" എന്നയർത്ഥമാണ് സന്ദർഭത്തിൽ ഇതിനുള്ളത്. ഒരു പാഠഭാഗം അതിന്റെ ചരിത്രപരവും സാഹിത്യപരവുമായ സന്ദർഭത്തിൽ വിശകലനംചെയ്‌തു മാത്രമേ വാച്യാർത്ഥം കണ്ടുപിടിക്കാൻ സാധിക്കൂ. സാഹിത്യരൂപങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. സാഹിത്യ രൂപമനുസരിച്ച് അർത്ഥത്തിനു വ്യത്യാസം വരാം. ചില വിവരണങ്ങൾക്കു പ്രതീകാത്മകമായ അർത്ഥമായിരിക്കാമുള്ളത്. മാനുഷിക ഗ്രന്ഥകർത്താവുതന്നെ ഒരു പാഠഭാഗത്തിന് ഒന്നിലേറെ അർത്ഥം വിവക്ഷിക്കാം. ഉദാഹരണത്തിന്, യോഹ 11,50 ഒരേസമയം രാഷ്ട്രീയ തന്ത്രത്തെയും ദൈവികവെളിപ്പെടുത്തലിനെയും സൂചിപ്പിക്കുന്നുണ്ട്. ഇവ രണ്ടും സന്ദർഭത്തിൽനിന്നു വ്യക്തമാകുന്ന വാച്യാർത്ഥങ്ങളാണ്.
രക്ഷാകരസംഭവങ്ങളും ഈശോമിശിഹാ എന്ന വ്യക്തിയിലുള്ള അവയുടെ പൂർത്തീകരണവുമാണ് ആകമാന മനുഷ്യചരിത്രത്തിന് അർത്ഥം നല്‌കുന്നത്. സഭാസമൂഹത്തിൽ ജീവിക്കുന്ന വിശ്വാസത്തിൻ്റെയും പ്രവർത്തിക്കുന്ന പരിശുദ്ധഹായുടെയും വെളിച്ചത്തിൽ മാത്രമേ വിശുദ്ധഗ്രന്ഥത്തിൻ്റെ ശരിയായ വ്യാഖ്യാനം നല്കാനാവൂ.
ചരിത്രസന്ദർഭത്തിലുള്ള അർത്ഥത്തോടൊപ്പം ഭാവിയിൽ ലഭിക്കാനിരിക്കുന്ന അർത്ഥംകൂടി ഒരു പാഠഭാഗത്തിനുണ്ടാകാം. മിശിഹായെക്കുറിച്ചുള്ള സങ്കീർത്തനങ്ങൾ അത്തരത്തിലുള്ളവയാണ്. രണ്ടാം സങ്കീർത്തനം മിശിഹായെ ഉദ്ദേശിച്ചുള്ളതാണ് (നടപടി 13,33). പുനർവായന പാഠഭാഗത്തിനു പുതിയ അർത്ഥം നല്‌കും. പുറപ്പാടുസംഭവത്തിലെ ചില രംഗങ്ങൾ ബാബിലോണിയൻ വിപ്രവാസത്തിൽ കഴിഞ്ഞിരുന്ന ജനത്തെ ആശ്വസിപ്പിക്കാൻ ഉപയോഗിക്കുന്നതു നമ്മൾ കാണുന്നുണ്ട് (പുറ 15,1-18; ഏശ 42,10-13; 43,16-17).
1.2. ആത്മീയാർത്ഥം
മിശിഹാരഹസ്യമാണ് വിശുദ്ധഗ്രന്ഥം മുഴുവനും വ്യാഖ്യാനിക്കാനുള്ള താക്കോൽ. ഒരിജൻ്റെ അഭിപ്രായത്തിൽ, മിശിഹായുടെ പെസഹാരഹസ്യം പഴയനിയമത്തിനു നല്‌കുന്ന പുതിയ അർത്ഥമാണ് ആത്മീയാർത്ഥം. പഴയനിയമഗ്രന്ഥങ്ങളിൽ വിവരിക്കപ്പെടുന്ന സംഭവങ്ങൾക്ക് ഈശോയുടെ സഹനമരണോത്ഥാനങ്ങളുടെ വെളിച്ചത്തിലും പരിശുദ്ധറൂഹായിലുള്ള പുതിയ ജീവിതത്തിന്റെ പശ്ചാത്തലത്തിലും കൈവരുന്ന വ്യക്തതയാണ് ആത്മീയ അർത്ഥത്തിന് അടിസ്ഥാനം. പഴയനിയമത്തിന്റെ മിശിഹാ കേന്ദ്രീകൃതമായ അർത്ഥമാണത്. ഈയർത്ഥത്തിൽ പുതിയനിയമം പഴയനിയമത്തിൻ്റെ പൂർത്തീകരണമാണ്.
തിരുലിഖിതത്തിൻ്റെ വാച്യാർത്ഥം തന്നെയും ആത്മീയ അർത്ഥമായി വരാം. കാരണം, ദൈവജനത്തിൻ്റെ വിശ്വാസജീവിതത്തെ പോഷിപ്പിക്കുന്നതിനായി ദൈവം ഉദ്ദേശിക്കുകയും ദൈവ നിവേശിതരായ ഗ്രന്ഥകർത്താക്കൾ രേഖപ്പെടുത്തുകയും ചെയ്ത അർത്ഥമാണല്ലോ വാച്യാർത്ഥം. ഇപ്രകാരം, യഹൂദജനതയുടെ ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുന്നതിനായി രൂപംകൊണ്ട പഴയനിയമത്തിൻ്റെയും, മിശിഹായുടെ പെസഹാരഹസ്യത്തെയും അതിൽനിന്നുത്ഭവിക്കുന്ന പുതുജീവിതത്തെയും സംബന്ധിച്ച കാര്യങ്ങൾ വിവരിക്കുന്ന പുതിയനിയമത്തിൻ്റെയും വാച്യാർത്ഥം ആത്മീയ അർത്ഥം തന്നെയാണ്. ഈശോ അരുളിച്ചെയ്ത് ഉപമയിലെ അബ്രാഹത്തിൻ്റെ വാക്കുകൾ ഇവിടെ ഈ വാദത്തിനു ബലമേകുന്നു. അബ്രാഹം പറഞ്ഞു: "അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് അവർ കേൾക്കട്ടെ... അവർ മോശയെയും പ്രവാചകന്മാരെയും ശ്രവിക്കുകയില്ലെങ്കിൽ, മരിച്ചവരിൽ ഒരാൾ ഉയിർത്തു ചെന്നാലും അവർ അയാളെ വിശ്വസിക്കുകയില്ല" (ലൂക്കാ 16,29- 31). പഴയനിയമ പ്രവാചകരെ സ്വീകരിക്കാത്തവർക്കു മരിച്ചവരിൽനിന്നുയിർത്ത ഈശോമിശിഹായെയും വിശ്വസിക്കാൻ വിഷമമായിരിക്കും എന്നാണ് അബ്രാഹത്തിന്റെ വാക്കുകളുടെ ധ്വനി.
1.3. പ്രതീകാത്മക അർത്ഥം
വിശുദ്ധഗ്രന്ഥത്തിലെ വ്യക്തികൾ, സ്ഥലങ്ങൾ, സംഭവങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്കാണു പ്രതീകാത്മക അർത്ഥം കല്പിക്കാറ്. ഉദാഹരണത്തിനു മത്സ്യത്തിൻ്റെ ഉദരത്തിലെ യോനാ പ്രവാചകൻ (യോനാ 2,1), മരിച്ചടക്കപ്പെട്ട മിശിഹായുടെ പ്രതീകമാണ് (മത്താ 12,40). മരുഭൂമിയിൽ മോശ ഉയർത്തിയ സർപ്പം (സംഖ്യ 21,9) സ്ലീവായിൽ ഉയർത്തപ്പെട്ട മിശിഹായുടെ പ്രതീകമാണ് (യോഹ 3,14). ആദം മിശിഹായുടെയും (റോമാ 5,14) ജല പ്രളയം മാമ്മോദീസായുടെയും (1 പത്രോ 3,20-21) പ്രതീകങ്ങളാണ്.
1.4. പൂർണാർത്ഥം
ദൈവം ഉദ്ദേശിച്ചതെങ്കിലും മാനുഷിക ഗ്രന്ഥകാരൻ വ്യക്തമായി പ്രകാശിപ്പിക്കാത്ത അർത്ഥത്തെയാണു പൂർണാർത്ഥം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഏശ 7,14 നു സുവിശേഷകനായ മത്തായിശ്ലീഹാ വ്യാഖ്യാനിക്കുമ്പോൾ പ്രവാചകവചനത്തിൻ്റെ പൂർണാർത്ഥമാണു കാണിച്ചുതരുന്നത് (മത്താ 1,23). ഹീബ്രുഭാഷയിൽ പ്രവാചകൻ ഉപയോഗിച്ച പദത്തെ (അൽമാ) 'യുവതി' എന്നോ 'കന്യക' എന്നോ പരിഭാഷപ്പെടുത്താം. എന്നാൽ, പ്രവാചകൻ ഉദ്ദേശിച്ചതു കന്യക എന്ന അർത്ഥമാണെന്നു ഗ്രീക്കു പരിഭാഷയായ സപ്‌തതിയിലൂടെ ദൈവം വെളിവാക്കി. ഗ്രീക്കിലെ 'പർതേനോസ്' എന്ന പദത്തിന് 'കന്യക' എന്ന അർത്ഥം മാത്രമേയുള്ളു. കന്യകയായ മറിയത്തിൽനിന്നുള്ള ഈശോയുടെ ജനനം ദൈവം പ്രവാചകനിലൂടെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നു സാരം.
തിരുസഭയുടെ പ്രബോധനാധികാരത്തിനും ഈ പൂർണാർത്ഥം വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കും. ഉദാഹരണത്തിന്, പരിശുദ്ധത്രിത്വമെന്ന രഹസ്യം വിശുദ്ധഗ്രന്ഥത്തിലുണ്ടെങ്കിലും ആദിമസഭാപിതാക്കന്മാരും സൂനഹദോസുകളുമാണ് പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്നു വ്യക്തികളുള്ള ഏക ദൈവമാണു നമ്മുടേതെന്നു വ്യക്തമാക്കിയത്. റോമാ 5,12- 21 ൽ ആദത്തിൻ്റെ പാപംമൂലം മനുഷ്യവർഗത്തിനുണ്ടായ അനന്തരഫലങ്ങളെക്കുറിച്ചു പൗലോസ്ശ്ലീഹാ പറയുന്ന കാര്യങ്ങൾ വ്യാഖ്യാനിച്ചുതന്നതു ത്രെന്തോസ് സൂനഹദോസാണ്.
മാർഗരേഖയുടെ മൂന്നാംഭാഗത്ത്, കത്തോലിക്കാ ബൈബിൾപണ്ഡിതൻ എല്ലാ ആധുനിക അപഗ്രഥനരീതികളും വിമർശനാത്മകമായി ഉപയോഗപ്പെടുത്തണം എന്നു നിർദ്ദേശിക്കുന്നു. സഭയുടെ വിശ്വാസപാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള താവണം ഈ ഗവേഷണപഠനം. സഭാപിതാക്കന്മാർ ചെയ്തിരുന്നതുപോലെ, പഴയനിയമവും പുതിയനിയമവും തമ്മിൽ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും സാധിക്കണം. തിരുലിഖിതത്തിലെ ഗ്രന്ഥങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ ഇത് ഉപകരിക്കും.
തിരുലിഖിതത്തിനുള്ളിൽത്തന്നെ ആശയങ്ങളുടെ വികാസം കണ്ടെത്താനാവും. ഉദാഹരണത്തിന്, അബ്രാഹത്തിൻ്റെ പുത്രനു നല്കുമെന്നു ദൈവം വാഗ്ദാനം ചെയ്‌ത ഭൂമി (ഉല്പ 15,7.18) പുറപ്പാടിന്റെ കാലത്ത്, വിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടു (പുറ 15,17). വിശ്വാസമുള്ളവർക്കായി ഒരുക്കപ്പെട്ടിരിക്കുന്ന ദൈവത്തിൻ്റെ വിശ്രമത്തിലുള്ള പങ്കുചേരലാണത് (സങ്കീ 95,8- 11; 132,7-8; ഹെബ്രാ 3,7-4,11). അതുതന്നെയും ആത്യന്തികമായി, നിത്യാവകാശമായ സ്വർഗീയ വിശുദ്ധസ്ഥലത്തേക്കുള്ള പ്രവേശനമാണ് (ഹെബ്രാ 6,12-20; 9,15).
1.5. വിശുദ്ധഗ്രന്ഥത്തിൻ്റെ പുനർവായന
വെളിപ്പെടുത്തപ്പെട്ട വിശ്വാസത്തിൻ്റെ പ്രകാശനമെന്ന നിലയിൽ വിശുദ്ധഗ്രന്ഥം പുതിയ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുമ്പോൾ നിരന്തരം നവമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. ഓരോ കാലഘട്ടത്തിൻ്റെയും തനതായ പ്രശ്നങ്ങൾക്ക് ഉത്തരം നല്കാനായുള്ള വിശുദ്ധഗ്രന്ഥത്തിന്റെ പുനർവായനയിൽ ക്രിയാത്മകതയ്ക്കു വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഒരേ പാഠഭാഗത്തിനു വ്യത്യസ്‌തങ്ങളായ അർത്ഥങ്ങളുണ്ടാകാം.
ഏതു സമൂഹത്തിലാണോ വിശുദ്ധഗ്രന്ഥം രൂപംകൊണ്ടത്, ആ സമൂഹത്തിൻ്റെ വിശ്വാസപാരമ്പര്യം (faith tradition) ഗ്രന്ഥരൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതായത്, സഭാസമൂഹത്തിൻ്റെ ആരാധനാജീവിതം, സാമൂഹ്യവ്യവസ്ഥിതി, ബൗദ്ധികാന്തരീക്ഷം, സാംസ്‌കാരികപശ്ചാത്തലം, ചരിത്രത്തിലെ ഗതിവിഗതികൾ തുടങ്ങിയവയെല്ലാം വിശുദ്ധഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതുപോലെതന്നെ, ഇന്നു ദൈവവചനം വ്യാഖ്യാനിക്കുന്നവർ വിശ്വാസസമൂഹത്തിൻ്റെ അനുദിനജീവിതത്തിലും വിശ്വാസപരിശീലനത്തിലും പങ്കുചേർന്നുകൊണ്ടു വേണം തങ്ങളുടെ ദൗത്യം നിർവഹിക്കാൻ. എങ്കിൽ മാത്രമേ, ഇന്നത്തെ മനുഷ്യന്റെ ഭാഷയിലും അവൻ്റെ ജീവിതസാഹചര്യത്തിനനുസരിച്ചും ലിഖിതവചനത്തിൻ്റെ അർത്ഥം വിശദീകരിച്ചുനല്കാൻ സാധിക്കുകയുള്ളു. ദൈവവചനത്തെ സമകാലിക സന്ദർഭത്തിൽ വ്യാഖ്യാനിക്കുന്നത് (actualization), മിശിഹായിൽ വെളിവാക്കപ്പെട്ട രക്ഷാകരമായ ദൈവികഹിതത്തോടു ബന്ധപ്പെടുത്തിവേണം.
ബൈബിൾപഠനവും വ്യാഖ്യാനവും സഭാജീവിതത്തിൽ എപ്രകാരം ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന നിർദ്ദേശത്തോടെയാണ് രേഖ സമാപിക്കുന്നത്. ആരാധനക്രമത്തിലും യാമ പ്രാർത്ഥനകളിലും വചനപ്രഘോഷണത്തിലും സഭൈക്യ സംരംഭങ്ങളിലും ദൈവവചനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ വചനപഠനം ഫലപ്രദമാവുകയുള്ളു.
പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ 2002 ൽ പുറപ്പെടുവിച്ച, 'യഹൂദജനതയും അവരുടെ തിരുലിഖിതവും ക്രൈസ്തവ ബൈബിളിൽ' എന്ന രേഖ യഹൂദവിശ്വാസത്തോടു ക്രൈസ്തവരിൽ ആദരവും സ്നേഹവും ഉളവാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
പുതിയനിയമമാണു പഴയനിയമത്തിൻ്റെ ആധികാരികതയ്ക്കു തെളിവ് എന്നു വ്യക്തമാക്കുന്നതാണ് രേഖയുടെ ആദ്യഭാഗം. പഴയഉടമ്പടിയുടെ തുടർച്ചയെന്നോണം പുതിയനിയമത്തിൽ കാണുന്ന പ്രമേയങ്ങൾ ഈ ഭാഗത്തു ചർച്ചചെയ്യുന്നു. തുടർന്ന്, പുതിയനിയമം യഹൂദജനതയെ കാണുന്ന വിധത്തെപ്പറ്റിയാണു പ്രതിപാദിക്കുന്നത്. ഇസ്രായേൽജനത്തോടു ദൈവം ചെയ്ത ഉടമ്പടിയും വാഗ്ദാനവും കാലഹരണപ്പെട്ടിട്ടില്ല. പൗലോസ്ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്, “തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം പൂർവ പിതാക്കന്മാർ നിമിത്തം അവർ പ്രിയപ്പെട്ടവരാകുന്നു" (റോമാ 11,29) എന്നു സ്ഥാപിക്കുന്നു. കാരണം, "ദൈവം തൻ്റെ ദാനവും വിളിയും പിൻവലിക്കുന്നില്ല" (റോമാ 11,30). വേദപുസ്‌തകത്തിന്റെ ഭാഗികം മാത്രമായ വായനയാണ് യഹൂദ വിരോധത്തിലേക്കു നയിക്കുന്നത്. പഴയനിയമത്തിൻ്റെ വളർച്ചയും പൂർണതയുമാണു പുതിയനിയമം. മിശിഹാസംഭവുമായി ബന്ധപ്പെടുത്തി വായിക്കുമ്പോഴാണ് പഴയ നിയമത്തിൻ്റെ അർത്ഥം പൂർണമായി വ്യക്തമാകുന്നത്.
ദൈവവചനസംബന്ധിയായി ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ 2010 സെപ്റ്റംബർ 30 നു പുറപ്പെടുവിച്ച ശ്ലൈഹികപ്രബോധനമാണ് വെർബും ദോമിനി. 2008 ഒക്ടോബർ 5 മുതൽ 26 വരെ റോമിൽ നടന്ന മെത്രാന്മാരുടെ പന്ത്രണ്ടാമതു സിനഡിന്റെ വിഷയം ദൈവവചനം സഭയുടെ ജീവിതത്തിലും ദൗത്യത്തിലും എന്നതായിരുന്നു. ഈ സിനഡിലെ ചർച്ചകളുടെ ഫലം ആഗോളസഭയിലെ അംഗങ്ങൾക്കു ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് മാർപാപ്പാ ഈ പ്രബോധനരേഖ പുറപ്പെടുവിച്ചത്. സഭാനവീകരണത്തിന് ആവശ്യമായ ഊർജ്ജം കർത്താവിൻ്റെ വചനത്തിൽ വീണ്ടും കണ്ടെത്തുക എന്നതാണു ലക്ഷ്യമെന്ന് ആരംഭത്തിൽ മാർപാപ്പാ വ്യക്തമാക്കുന്നുണ്ട്. മെത്രാന്മാരുടെ പതിനൊന്നാമതു സിനഡിൻ്റെ വിഷയമായിരുന്ന പരിശുദ്ധ കുർബാനയോടു ദൈവവചനത്തിനുള്ള ബന്ധം വ്യക്തമാക്കുക എന്നതും പ്രസ്തുത രേഖയുടെ ലക്ഷ്യമായിരുന്നു (വെർബും ദോമിനി, 3). വത്തിക്കാൻ സൂനഹദോസിലെ ദൈവവചനപ്രബോധനത്തിൻ്റെ (ദെയി വെർബും) തുടർച്ചയാണ് ഈ രേഖ എന്നു കണക്കാക്കുന്നതിൽ തെറ്റില്ല. ദെയി വെർബുമിന്റെ അവസാനഭാഗത്തു സൂചിപ്പിക്കപ്പെടുന്ന 1 പത്രോ 1,25 ഉദ്ധരിച്ചുകൊണ്ടാണ് വെർബും ദോമിനി ആരംഭിക്കുന്നത് എന്ന വസ്തുത ഈ ബന്ധം സുതരാം വ്യക്തമാക്കുന്നുണ്ട്. ഏശയ്യാ പ്രവാചകനിൽനിന്നു (ഏശ 40,8) പ്രചോദനമുൾക്കൊണ്ടുകൊണ്ട് വിശുദ്ധ പത്രോസ്ശ്ലീഹാ എഴുതുന്നു: "ദൈവത്തിൻ്റെ വചനം എന്നും നിലനില്ക്കുന്നു; ഇതു നിങ്ങളോടു പ്രഘോഷിക്കപ്പെട്ട സുവിശേഷമാണ്." നിത്യം നിലനില്ക്കുന്ന ദൈവവചനം മാംസം ധരിച്ചു അഥവാ മനുഷ്യനായി എന്നതാണല്ലോ സുവിശേഷം (യോഹ 1,14). നസ്രായനായ ഈശോമിശിഹായിൽ പ്രകാശിതമായ ദൈവവചനം കേൾക്കുകയും കാണുകയും സൂക്ഷിച്ചുവീക്ഷിക്കുകയും സ്പർശിക്കുകയും ചെയ്‌ത ശ്ലീഹന്മാരാണ് അതെക്കുറിച്ച് ഉറപ്പുള്ള സാക്ഷ്യം നമുക്കു നല്‌കിയിരിക്കുന്നത് (1 യോഹ 1,1-4). പ്രഘോഷിക്കപ്പെട്ട ഈ വചനത്തിലൂടെ ദൈവത്തോടും സഹവിശ്വാസികളോടും കൂട്ടായ്‌മയിൽ വസിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും ഈ വചനം പ്രഘോഷിക്കുവാനുള്ള കടമയെക്കുറിച്ചും മാർപാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട് (വെർബും ദോമിനി, 2). ദൈവത്തിൻ്റെ ജീവനിൽ പങ്കുപറ്റിക്കൊണ്ടുള്ള ജീവിതസാക്ഷ്യംവഴി വലിയ സന്തോഷം ലോകത്തിലെങ്ങും പ്രസരിപ്പിക്കാനാവും എന്നതാണു മാർപാപ്പായുടെ പ്രതീക്ഷ. ഒരു തരം മതനിസ്സംഗതയുടെ ഭാഗമായി അനുദിനജീവിതത്തിൽ ദൈവത്തിനും ദൈവികകാര്യങ്ങൾക്കും തീർത്തും പ്രാധാന്യം നല്കാത്ത ഇന്നത്തെ സമൂഹത്തിൽ, പത്രോസ്ശ്ലീഹായെപ്പോല, “കർത്താവേ, അങ്ങയുടെ പക്കൽമാത്രമാണു നിത്യജീവൻ്റെ വചസ്സുകളുള്ളത്" (യോഹ 6,38) എന്നേറ്റുപറയുവാൻ വിശ്വാസികളായ നമുക്കുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. നമുക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായുണ്ടാകുവാനുംവേണ്ടി (യോഹ 10,10) തന്റെ വചനത്തിലൂടെ നമ്മോടു സംവദിക്കുന്ന ദൈവത്തെ കണ്ടെത്തുവാൻ ആധുനിക മനുഷ്യനെ സഹായിക്കുക എന്നതാണു സഭയുടെ ഇന്നത്തെ സർവപ്രധാനമായ ചുമതല.
ദൈവവചനവുമായുള്ള നമ്മുടെ വ്യക്തിബന്ധം ശക്തിപ്പെടുത്താൻ, ആരാധനക്രമത്തിലും മതബോധനത്തിലുമുള്ള വചനവ്യാഖ്യാനംവഴിയും ശാസ്ത്രീയഗവേഷണംവഴിയും ഇന്നും ജീവിക്കുന്ന യാഥാർത്ഥ്യമായി ദൈവവചനത്തെ അവതരിപ്പിക്കുവാൻ, ഈ രേഖ സഹായിക്കട്ടെ എന്നതാണു മാർപാപ്പായുടെ ആശംസ: യോഹന്നാൻ ശ്ലീഹായെപ്പോലെ, തിരുസഭയിലെ കൂദാശകളുടെ ഉറവിടമായ ഈശോയുടെ വക്ഷസ്സിൽ ചാരിക്കിടന്നുകൊണ്ട് ദൈവവചനത്തിനു ചെവികൊടുക്കുവാൻ നമുക്കു സാധിക്കട്ടെ(വെർബും ദോമിനി, 5).
ഈ ശ്ലൈഹികപ്രബോധനത്തിനു മൂന്നു ഭാഗങ്ങളുണ്ട്. 1. ദൈവവചനം 2. ദൈവവചനം തിരുസഭയിൽ 3. ദൈവവചനം ലോകത്തിന്. ആദ്യഭാഗത്തിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട് : സംസാരിക്കുന്ന ദൈവം, ഈ ദൈവത്തോടുള്ള നമ്മുടെ പ്രത്യുത്തരം, തിരുലിഖിതത്തിനു തിരുസഭയിലുള്ള വ്യാഖ്യാനം. രണ്ടാംഭാഗത്തിന്, ദൈവവചനവും തിരുസഭയും, ആരാധനക്രമം ദൈവവചനപ്രഘോഷണവേദി, ദൈവവചനം സഭയുടെ ജീവിതത്തിൽ എന്നീ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. മൂന്നാം ഭാഗത്ത്, സഭയുടെ ദൈവവചനം ലോകത്തോടു പ്രഘോഷിക്കുക, ദൈവ വചനവും ലോകത്തിലുള്ള ജീവിതവും, ദൈവവചനവും സംസ്കാരവും, ദൈവവചനവും മതാന്തരസംവാദവും എന്നീ നാല് ഉപവിഭാഗങ്ങളുണ്ട്.
3.1. ദൈവവചനം
3.1.1. സംസാരിക്കുന്ന ദൈവം (6)
സ്വയം മുൻകൈയെടുത്തു മനുഷ്യരോടു സംവദിക്കുന്ന ഒരു ദൈവമാണു ബൈബിളിലെ വെളിപാടിൻ്റെ ദൈവം. അദൃശ്യനായ ദൈവം തന്റെ സ്നേഹത്തിൻ്റെ പൂർണതയിൽ, തന്നോടുള്ള കൂട്ടായ്യിലേക്കു സ്ത്രീപുരുഷന്മാരെ ക്ഷണിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി അവരോട് സ്നേഹിതരോടെന്നപോലെ സംസാരിക്കുകയും അവരുടെയിടയിൽ ജീവിക്കുകയും ചെയ്യുന്നു (ദേയി വെർബും 2). വചനത്തിലൂടെയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. ഉല്പ്പത്തിപുസ്‌തകത്തിൽ വിവരിക്കപ്പെടുന്ന സൃഷ്ടിയ്ക്കും മുമ്പേ അനാദിയിൽ പിതാവിനോടൊപ്പമുള്ള വചനമാണ് മനുഷ്യ രൂപമെടുത്തതും നമ്മുടെയിടയിൽ വസിച്ചതും (യോഹ 1,1.14). ഈ വചനം നിത്യവചനമാണ്; അനാദിമുതലേ അവിടുന്നു ദൈവമാണ്. വചനമില്ലാത്ത ഒരവസ്ഥ ദൈവത്തിനില്ലായിരുന്നു.
ദൈവികാസ്തിത്വത്തിൻ്റെ ഹൃദയം കൂട്ടായ്‌മയാണ്. ദൈവം സ്നേഹമാണ് (1 യോഹ 4,16) എന്നു പ്രസ്‌താവിക്കുമ്പോൾ വി. യോഹന്നാൻ വിശദീകരിക്കാനുദ്ദേശിക്കുന്നത് ഈ സത്യമാണ്. ദൈവത്തെക്കുറിച്ചുള്ള ഈ ചിത്രമാണ് യഥാർത്ഥത്തിൽ മനുഷ്യന്റെ ചിത്രവും ഭാഗധേയവും നിർണയിക്കുന്നത് (ദൈവം സ്നേഹമാകുന്നു, 1). അനന്തസ്നേഹത്തിൻ്റെ രഹസ്യമായാണു ദൈവം സ്വയം വെളിപ്പെടുത്തുന്നത്. മൂന്നു ദൈവികവ്യക്തികളുടെ പരസ്പരഭാഷണം ആയി ദൈവം വെളിപ്പെടുത്തുന്നത്, നമ്മെ ഈ കൂട്ടായ്മയിലേക്കു ക്ഷണിക്കുവാനാണ്. സ്നേഹം തന്നെയായ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമുക്ക് ഈ ക്ഷണം മനസ്സിലാക്കുവാൻ എളുപ്പമാണ്.
3.1.2. ദൈവവചനം ഒരു സിംഫണി (7)
ദൈവം സ്വയം വെളിപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്ന ഒറ്റവാക്കാണു ദൈവവചനം. എങ്കിലും പല രീതിയിൽ അതുഗ്രഹിക്കാനാവും. പരസ്പരചേർച്ചയുള്ള വിവിധ അർത്ഥങ്ങൾ അതിനുണ്ട്. അതൊരു സ്വരലയമാണ് (symphony); ബഹുസ്വരത്തിലുള്ള ഒരു ഗീതത്തിനു സമാനമാണത് (a polyphonic hymn). ദൈവവചനത്തെപ്പറ്റി സാധർമ്യരീതിയിലേ (analogically) നമുക്കു സംസാരിക്കാൻ സാധിക്കൂ.
പ്രഥമവും പ്രധാനവുമായി വചനം സൂചിപ്പിക്കുന്നത്, യുഗങ്ങൾക്കുമുമ്പേ പിതാവിൽനിന്നു ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും, അനാദിമുതലേ പിതാവിനോടുകൂടെ, അവിടുത്തെ സത്തയിൽ ഒന്നായിരിക്കുന്നവനുമായ ഏകപുത്രനാണ്. ഈ വചനമാണ് കന്യകാമറിയത്തിൽനിന്നു മനുഷ്യനായി നമ്മുടെയിടയിൽ വസിച്ചത് (യോഹ 1,14). മാംസം ധരിക്കുകവഴി അവിടുന്നു മനുഷ്യസത്തയിലും പങ്കുകാരനായി. ചുരുക്കത്തിൽ മിശിഹാ സംഭവമാണ് ദൈവികവെളിപാടിൻ്റെ കേന്ദ്രബിന്ദു.
ദൈവവചനമാകുന്ന സ്വരലയത്തിലെ മറ്റൊരു പ്രധാന സ്വരം സൃഷ്ടപ്രപഞ്ചമാണ് (liber naturae). വേറൊരു സ്വരം രക്ഷാകര ചരിത്രത്തിലെ പ്രവാചകരിലൂടെ ദൈവം സംസാരിച്ചതാണ്. ഇതിന്റെയെല്ലാം പൂർത്തീകരണം ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലും മരണത്തിലും ഉയിർപ്പിലുമാണ്. നസ്രായനായ ഈശോയിൽ പൂർണമായി വെളിവാക്കപ്പെട്ട ഈ വചനത്തെക്കുറിച്ചാണു ശ്ലീഹന്മാർ പ്രഘോഷിച്ചത്. ഇതു മിശിഹായുടെ കല്പനയനുസരിച്ചാണ് (മർക്കോ 16,15). ഇപ്രകാരം കൈമാറ്റപ്പെട്ട ദൈവവചനമാണു വിശുദ്ധപാരമ്പര്യത്തിനടിസ്ഥാനം. ഇതിൽ നിന്നാണ് ദൈവവചനം ലിഖിതരൂപം പ്രാപിച്ചത്.
3.1.3. ക്രിസ്തുമതം - ദൈവവചനത്തിന്റെ മതം (7)
മാംസം ധരിച്ച വചനമായ ഈശോമിശിഹായെക്കുറിച്ചുള്ള ശ്ലീഹന്മാരുടെ പ്രഘോഷണ ഫലമായാണല്ലോ തിരുസഭ ജന്മമെടുത്തത്. ക്രിസ്തുമതം എഴുതപ്പെട്ട മൂകമായ വാക്കിൻ്റെ മതമല്ല, മറിച്ച് മനുഷ്യാവതാരംചെയ്ത സജീവനായ ദൈവവചനത്തിൻ്റെ മതമാണ്. തിരുസഭയിൽ നിലനില്ക്കുന്ന ശ്ലൈഹിക പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ് വിശുദ്ധഗ്രന്ഥം പ്രഘോഷിക്കപ്പെടേണ്ടതും ശ്രവിക്കപ്പെടേണ്ടതും വായിക്കപ്പെടേണ്ടതും. ദൈവാവിഷ്കരണം നമ്പർ 10 ഉദ്ധരിച്ചുകൊണ്ട്, വിശുദ്ധഗ്രന്ഥത്തെ തിരുസഭയുടെ വിശുദ്ധപാരമ്പര്യത്തിൽനിന്ന് അടർത്തിമാറ്റാനാവില്ല എന്നു മാർപാപ്പാ പഠിപ്പിക്കുന്നു.
3.1.4. വചനത്തിൻ്റെ ക്രിസ്‌തുവിജ്ഞാനീയം (11)
സ്ത്രീയിൽനിന്നു ജാതനായ ഈശോമിശിഹായാണ് ദൈവം മനുഷ്യവർഗത്തോടു സംസാരിക്കുന്ന അവസാനവാക്ക്. അനന്യവും സവിശേഷവുമായ ഈ വ്യക്തിയുമായുള്ള കണ്ടുമുട്ടലിന്റെ ഫലമാണ് ക്രൈസ്‌തവനായിരിക്കുക എന്നത്. ഈ കണ്ടുമുട്ടൽ ജീവിതത്തിന് ഒരു പുതിയ ചക്രവാളവും നിർണായകമായ ദിശാ ബോധവും നല്‌കുന്നതാണ് (ദൈവം സ്നേഹമാകുന്നു, 1). ഈ കണ്ടുമുട്ടൽ നിരന്തരം നവീകരിക്കുന്നതിനും ഈ അവബോധം പുതുക്കുന്നതിനും മുൻകൈയെടുക്കുന്നതു ദൈവമാണ്. മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ച വചനത്തിൽ നമ്മൾ ദർശിച്ചതു കൃപയും സത്യവും നിറഞ്ഞതും പിതാവിൻ്റെ ഏകജാതന്റേതുമായ മഹത്വമാണ് (യോഹ 1,14).
ദൈവം തന്റെ വചനം ചെറുതാക്കി; അവിടുന്ന് അതു സംഗ്രഹിച്ചു (ഏശ 10,23; റോമാ 9,28). കാലത്തിൻ്റെ തികവിൽ മിശിഹായിൽ വചനം സംഗ്രഹിക്കപ്പെടാനിരുന്നതിനെപ്പറ്റിയാണു പ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്നത്. അനാദികാലം മുതലേയുള്ള വചനം പുൽക്കൂട്ടിൽ കിടക്കാനാവുംവിധം ചെറുതായി, ഒരു ശിശുവായി. മനുഷ്യാവതാരത്തോടുകൂടി വചനത്തിനു സ്വരം മാത്രമല്ല, മുഖവുണ്ടായി. അത് നസ്രായനായ ഈശോയുടെ മുഖമാണ് (12). പിതാവിന്റെ വാക്ക് അനുസരിക്കുകയും ഹിതം നിറവേറ്റുകയും ചെയ്യുന്ന പുത്രൻ (യോഹ 8,55) പിതാവിൽനിന്നു കേട്ട കാര്യങ്ങളാണു നമ്മെ അറിയിക്കുന്നത് (യോഹ 12,50; 17,8).
വചനമെന്ന നിലയിലുള്ള ഈശോയുടെ ദൗത്യം പൂർത്തിയായത് ഉത്ഥാനത്തോളമെത്തുന്ന അവിടുത്തെ പെസഹാരഹസ്യത്തിലാണ്. കുരിശിലെ വചനം (1 കോറി 1,18) നിശബ്ദമാണ്; മരണകരമായ നിശബ്ദത. മനുഷ്യരായ നമ്മോടു പറയാനുള്ളതു മുഴുവൻ കുരിശിൽ പൂർത്തിയായ രഹസ്യത്തിൽ അവിടുന്നു പറഞ്ഞു കഴിഞ്ഞു. ഈ മഹാരഹസ്യത്തിൽ നിത്യനൂതനവും എന്നും നിലനില്ക്കുന്നതുമായ ഉടമ്പടിയുടെ വചനമായി ഈശോ സ്വയം വെളിപ്പെടുത്തുന്നു. അന്ത്യത്താഴവേളയിൽ അവിടുന്നു മുദ്രവച്ചത് ഈ ഉടമ്പടിയാണ് (മർക്കോ 14,24).
3.1.5. സിംഫണിയിലെ മുഖ്യഗീതം (Solo) (13)
ദൈവത്തിന്റെ സ്വയാവിഷ്കാരത്തെ പരിശുദ്ധ പിതാവ് ഒരു സിംഫണിയോട്, സ്വരലയത്തോട്, ഉപമിക്കുന്നു. സൃഷ്ടപ്രപഞ്ചത്തിലും മനുഷ്യചരിത്രത്തിൽ പൊതുവായും ഇസ്രായേൽചരിത്രത്തിൽ പ്രത്യേകിച്ചും വെളിവാകുന്ന ദൈവത്തിൻ്റെ ഈ സ്വയാവിഷ്കാരം ഒരു സ്വരലയത്തിനു സമാനമാണ്. ഏതൊരു സിംഫണിയിലുമെന്നപോലെ, ഈ സ്വരലയത്തിലും ഒരു 'സോളോ' ഉണ്ട്. ഒരു സംഗീതോപകരണം അഥവാ ഒരു ഗായകൻ തനിയെ കൈകാര്യം ചെയ്യേണ്ട കാര്യമാണ് 'സോളോ'. സിംഫണി മുഴുവന്റെയും അർത്ഥം ഈ 'സോളോ'യെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവാവിഷ്കരണത്തിൽ, ഈ 'സോളോ' യുടെ സ്ഥാനമാണ് മനുഷ്യനായവ തരിച്ച ദൈവപുത്രനുള്ളത്. ഈശോയിൽ സ്വർഗവും ഭൂമിയും, സ്രഷ്ടാവും സൃഷ്ടപ്രപഞ്ചവും, അരൂപിയും മാംസവും ഒന്നിക്കുന്നു. പ്രപഞ്ചത്തിൻ്റെയും ചരിത്രത്തിൻ്റെയും കേന്ദ്രബിന്ദു അവിടുന്നാണ്. ഇവയ്ക്ക് അർത്ഥം നല്‌കുന്നവനും അവിടുന്നു തന്നെ. പിതാവായ ദൈവം മനുഷ്യവർഗത്തിനു നല്‌കിയ നിർണായകവും ആത്യന്തികവുമായ വചനം ഈശോമിശിഹായെന്ന വ്യക്തിയാണ് എന്നതാണ് ക്രിസ്തുമതത്തിൻ്റെ അനന്യത. കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വാക്കുകളിൽ, ദൈവത്തിനു നമ്മോടു പറയാനുണ്ടായിരുന്നതെല്ലാം അവിടുന്ന് മാംസം ധരിച്ച വചനമായ ഈശോയിൽ സംഗ്രഹിച്ചു. കൂടുതലായി ദൈവത്തിനു പറയാനൊന്നുമില്ല. മിശിഹായുടെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെ ഒരു പൊതുവെളിപാടും ഉണ്ടാകില്ല (തിമോ 6,14; തീത്തൂസ് 2,13). മിശിഹായിൽ നല്‌കപ്പെട്ട വെളിപാടിനനുസരിച്ചു കൂടുതൽ സജീവവും മെച്ചവുമായി ജീവിക്കാൻ സഹായിക്കുന്നിടത്തോളം മാത്രമേ സ്വകാര്യവെളിപാടുകൾക്കു പ്രസക്തിയുള്ളു. മിശിഹായിലേക്കും അവിടുന്നു നല്‌കിയ വെളിപാടിലേക്കും നയിക്കുന്നതു മാത്രമാണു സത്യമായ സ്വകാര്യവെളിപാട്. പരിശുദ്ധാരൂപിയിൽ നിന്നുള്ള വെളിപാടാണെങ്കിൽ അതു മിശിഹാ വെളിപ്പെടുത്തിയ സത്യം ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതായിരിക്കും.
3.1.6. ദൈവവചനവും പരിശുദ്ധറൂഹായും (15-16)
പരിശുദ്ധാരൂപിയിൽനിന്നു വേർപെട്ടു ദൈവികവെളിപാടിനെപ്പറ്റി ആധികാരികമായ ഒരറിവും സാധ്യമല്ല. ഈ അരൂപിയുടെ പ്രവർത്തനംവഴിയാണ് ദൈവവചനം മനുഷ്യരുടെ ഭാഷയിൽ ആവിഷ്കരിക്കപ്പെടുന്നത്. സൃഷ്‌ടികർമ്മത്തിൽ സന്നിഹിതനായിരുന്ന, പ്രവാചകന്മാരിലൂടെ സംസാരിച്ച, അരൂപിതന്നെയാണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഉദരത്തിൽ വചനം മാംസമാകാൻ കാരണമായത്. ഈശോയെ നയിച്ച അതേ റൂഹാതന്നെ ശ്ലീഹന്മാരെ സുവിശേഷപ്രഘോഷണത്തിലും പുതിയനിയമഗ്രന്ഥകർത്താക്കളെ വിശുദ്ധ ഗ്രന്ഥരചനയിലും പ്രചോദിപ്പിച്ചു.
സത്യത്തിന്റെ ഈ അരൂപി (യോഹ 4,16) ഫലപ്രദമായി നമ്മെ സഹായിക്കുന്നുവെങ്കിൽ മാത്രമേ കർത്താവിൻ്റെ വചനത്തിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കുവാൻ നമുക്കു സാധിക്കുകയുള്ളു. "ദൈവാരൂപിയിൽ പങ്കുപറ്റാത്തവൻ സഭാമാതാവിന്റെ മടിത്തട്ടിൽ നിന്നു ജീവൻ്റെ ഭോജനം സ്വീകരിക്കുന്നില്ല; മിശിഹായുടെ ശരീരത്തിൽനിന്ന് ഒഴുകുന്ന ഏറ്റവും പരിശുദ്ധമായ ഉറവയിൽനിന്ന് അവർ ഒന്നും സ്വീകരിക്കുന്നില്ല"' എന്ന വിശുദ്ധ ഇരണേവൂസിന്റെ വാക്കുകൾ ഈ സത്യമാണു വെളിവാക്കുന്നത്. മിശിഹായുടെ ഭൗതികശരീരത്തിൽ നിന്നെന്നതുപോലെ, ദിവ്യകാരുണ്യ ശരീരത്തിലും തിരുലിഖിതമെന്ന ശരീരത്തിലും നിന്നു ദൈവവചനം നമുക്കു ലഭിക്കുന്നു. ഈ മൂന്നു ശരീരങ്ങളും പരിശുദ്ധറൂഹായാലാണു രൂപമെടുക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
വിശുദ്ധഗ്രന്ഥകർത്താക്കളെ പ്രചോദിപ്പിച്ച അതേ പരിശുദ്ധറുഹാതന്നെയാണു തിരുലിഖിതങ്ങളുടെ വ്യാഖ്യാനത്തിലും സഹായിക്കുന്നത് എന്നു വിശുദ്ധരായ ജോൺ ക്രിസോസ്തോം, ജെറോം, ഗ്രിഗറി തുടങ്ങിയ പിതാക്കന്മാർ പഠിപ്പിക്കുന്നതു പരിശുദ്ധപിതാവ് ഉദ്ധരിക്കുന്നുണ്ട്.
ദൈവവചനപ്രഘോഷണത്തിനും വിശദീകരണത്തിനും ശ്രവണത്തിനുമുള്ള സുപ്രധാനവേദി ആരാധനക്രമമാണെന്നു മാർപാപ്പാ വ്യക്തമാക്കുന്നുണ്ട്. പരിശുദ്ധാരൂപിയുടെ പ്രവർത്തനത്തിനായി നമ്മുടെ ഹൃദയം തുറന്നുകൊടുക്കുക എന്നതാണ് വചനത്തിന്റെ അർത്ഥം മനസ്സിലാക്കുവാനുള്ള മാർഗം.
3.1.7. വിശുദ്ധലിഖിതങ്ങളും വിശുദ്ധ പാരമ്പര്യവും (17-18)
തന്റെ ഏകജാതനെ നല്‌കുവാൻ തക്കവിധം ലോകത്തെ സ്നേഹിച്ച ദൈവം (യോഹ 3,16), ഈ പുത്രനിലൂടെ വെളിപ്പെടുത്തിയ ദൈവവചനത്തെ നിർണായകമായ രീതിയിൽ സഭയെ ഏല്പ്പിച്ചു. ലോകത്തിൻ്റെ അതിർത്തികൾവരെ, അതായത് എല്ലാക്കാലത്തും എല്ലാദേശത്തും, രക്ഷയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിനാണ് അവിടുന്നു ശ്ലീഹന്മാരെ നിയോഗിച്ചത്. വചനമായ ഈശോയുമായി തങ്ങൾക്കുണ്ടായ അനുഭവം ശ്ലീഹന്മാർ വിശ്വസ്‌തതയോടെ ജനങ്ങൾക്കു കൈമാറി. തങ്ങളുടെ ജീവിതസാക്ഷ്യങ്ങളാലും പ്രബോധനങ്ങളാലും അവർ സുവിശേഷം വ്യാഖ്യാനിച്ചു നല്‌കി. ഇതിനവരെ ശക്തിപ്പെടുത്തിയതു പരിശുദ്ധ റൂഹായാണ്. ഇപ്രകാരം, മിശിഹായുടെ സുവിശേഷവചനം ശ്ലീഹന്മാരുടെയും സഭാംഗങ്ങളുടെയും ജീവിതത്തിലൂടെ കൈമാറപ്പെട്ടപ്പോൾ വിശുദ്ധപാരമ്പര്യം ജന്മമെടുത്തു.
ശ്ലീഹന്മാരിൽ ആരംഭിക്കുന്ന ഈ വിശുദ്ധപാരമ്പര്യം സജീവവും ക്രിയാത്മകവുമായതുകൊണ്ട് പരിശുദ്ധാരൂപിയുടെ സഹായത്തോടെ അതു സഭയിൽ പുരോഗമിക്കുന്നു. അതായത്, ഇതിന്റെ ആന്തരികാർത്ഥത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ച വർദ്ധിക്കുന്നു. സഭയിലെ ദൈവാനുഭവത്തിൽനിന്നു ലഭിക്കുന്ന സത്യത്തിന്റെ പ്രഭാവം ഈ ദൈവചനത്തെക്കുറിച്ചുള്ള അറിവിലുള്ള വളർച്ചയെ സഹായിക്കും. ശ്ലൈഹികപിൻഗാമികളുടെ പ്രബോധനത്തിലൂടെയും ഉൾക്കാഴ്ച്‌ച വികസിക്കുന്നുണ്ട്. തിരുസഭയിലെ സജീവമായ വിശുദ്ധപാരമ്പര്യമാണ് കാലത്തിൻ്റെ പുരോഗതിയ്ക്കനുസരിച്ചു ദൈവവചനം വ്യാഖ്യാനിക്കാൻ സഹായിക്കുന്നത്. ദൈവാവിഷ്കരണം, നമ്പർ 8 ൽ പറഞ്ഞിരിക്കുന്ന കാര്യംതന്നെയാണിത്: "വിശുദ്ധ ലിഖിതങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും അവ സഭയിൽ നിരന്തരം ഫലപ്രദമാക്കുന്നതിനും ഇടയാക്കുന്നത് പാരമ്പര്യമാണ്.' ഏതെല്ലാം ഗ്രന്ഥങ്ങളാണു തിരുലിഖിതത്തിൽപ്പെടുന്നതെന്നും അവ എപ്രകാരം ദൈവവചനമായിരിക്കുന്നു എന്നെല്ലാം നമുക്കുറപ്പു ലഭിക്കുന്നതു തിരുസഭയുടെ വിശുദ്ധ പാരമ്പര്യത്തിൽനിന്നാണല്ലോ. പരിശുദ്ധറുഹായാൽ രൂപംകൊണ്ട് തിരുലിഖിതങ്ങൾ സവിശേഷമായ വിധത്തിൽ ദൈവവചനം ഉൾക്കൊള്ളുന്നുണ്ടെങ്കിലും ദൈവവചനം ലിഖിതവചനത്തിനു മുമ്പേ നിലവിലുണ്ട്; വിശുദ്ധ ലിഖിതത്തെക്കാൾ വിപുലവുമാണ്. തിരുസഭയുടെ സജീവ പാരമ്പര്യവുമായി ബന്ധപ്പെടുത്തി തിരുലിഖിതങ്ങളെ സമീപിക്കാൻ വിശ്വാസികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാർപാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്.
മാംസമായ വചനവും ഗ്രന്ഥമായ വചനവും തമ്മിലുള്ള സാധർമ്യം സഭാപിതാക്കന്മാർ എടുത്തുകാണിക്കുന്നത് മാർപാപ്പാ ഉദ്ധരിക്കുന്നുണ്ട്. "നമുക്കു ലഭിച്ചിട്ടുള്ള വിശുദ്ധഗ്രന്ഥം പുത്രന്റെ ശരീരമാണ്" എന്നാണു വിശുദ്ധ അംബ്രോസ് പറയുന്നത്. പരമ പിതാവിന്റെ വചനം മനുഷ്യരെപ്പോലെ ദുർബലമായ മാംസം ധരിച്ചപ്പോൾ അവിടുന്നു മനുഷ്യനെപ്പോലെ ആയിത്തീർന്നു. അതുപോലെയാണു ദൈവത്തിൻ്റെ വാക്കുകൾ മനുഷ്യന്റെ ഭാഷയിലാകുമ്പോഴും സംഭവിക്കുന്നത് (ദൈവാവിഷ്കരണം, 13).
3.1.8. ദൈവനിവേശനം (19)
പരിശുദ്ധാരൂപിയുടെ ശക്തിയാൽ കന്യകാമറിയത്തിന്റെ ഉദരത്തിൽ വചനം മാംസം ധരിച്ചതിനോടാണ്, തിരുസഭയുടെ ഉദരത്തിൽ ദൈവവചനം ലിഖിതരൂപം പ്രാപിച്ചതിനെ മാർപാപ്പാ ഉപമിക്കുന്നത്. പരിശുദ്ധറൂഹായുടെ സൃഷ്‌ടിയാണു വിശുദ്ധഗ്രന്ഥം. എഴുതപ്പെട്ട അരൂപിയാൽത്തന്നെ വേണം അതു വ്യാഖ്യാനിക്കപ്പെടാനും. ചരിത്രത്തിലെ കർത്താവിൻ്റെ സാന്നിധ്യം വിശുദ്ധഗ്രന്ഥത്തിൽ നമ്മൾ തിരിച്ചറിയണം.
ലിഖിതവചനത്തിൻ്റെ സത്യത്തിനടിസ്ഥാനം ദൈവനിവേശനം അഥവാ പ്രചോദനമാണ്. ദൈവികപ്രചോദനത്താൽ എഴുതപ്പെട്ടതുകൊണ്ട് അവയിൽ സത്യമേയുള്ളു. നമ്മുടെ രക്ഷയ്ക്കായി വിശുദ്ധലിഖിതത്തിൽ ഉൾപ്പെടുത്തണമെന്നു ദൈവം ആഗ്രഹിച്ച സത്യം തെറ്റുകൂടാതെ തിരുലിഖിതങ്ങൾ പഠിപ്പിക്കുന്നു. അതുകൊണ്ടാണ്, "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്, അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പ്രാപ്‌തനാക്കപ്പെടുകയും ചെയ്യുന്നു" (2 തിമോ 3,15-16) എന്നു വിശുദ്ധ പൗലോസ്ശ്ലീഹാ പ്രസ്‌താവിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിൻ്റെ സഭാത്മകവ്യാഖ്യാനത്തിൽ ഈ രണ്ട് ആശയങ്ങളും സുപ്രധാനങ്ങളാണ് എന്നു ബനഡിക്‌ട് പാപ്പാ ഓർമ്മിപ്പിക്കുന്നു.
3.1.9. പിതാവ് വചനത്തിൻ്റെ ഉറവിടം (20)
പിതാവായ ദൈവത്തിൻ്റെ ഒറ്റ ശ്വാസത്താൽ എല്ലാമുണ്ടായി (സങ്കീ 33,6); മിശിഹായിലൂടെ പ്രകാശിതമായതും അവിടുത്തെ മഹത്വംതന്നെ (2 കോറി 4,5). പിതാവിൻ്റെ ഹിതം പൂർത്തിയാക്കാനായി മാംസം ധരിച്ച വചനമായ പുത്രനിൽ പിതാവായ ദൈവം സൃഷ്ടിയിലും പ്രവാചകരിലും മനുഷ്യചരിത്രം മുഴുവനിലുംകൂടി തുടർന്നുപോന്ന തൻ്റെ സ്വയാവിഷ്‌കാരം പൂർണതയിലെത്തിക്കുകയായിരുന്നു. സ്വയം വെളിപ്പെടുത്തലിൻ്റെ ഈ പ്രക്രിയ അതിന്റെ പൂർണതയിലെത്തുന്നത് സകല സത്യങ്ങളിലേക്കും നമ്മെ നയിക്കുന്ന പരിശുദ്ധറൂഹായിലാണ് (യോഹ 14,16; 16,13). മിശിഹായിലാണ് ദൈവത്തിൻ്റെ എല്ലാ വാഗ്‌ദാനങ്ങളും “ആമേൻ" കണ്ടെത്തുന്നത് (2 കോറി 1,20).
3.1.10. നിശബ്ദതയിലൂടെ സംസാരിക്കുന്ന ദൈവം (21)
ദൈവത്തിനു നിശബ്ദതയിലൂടെയും സംസാരിക്കാൻ സാധിക്കുമെന്നു തെളിയിച്ച സന്ദർഭം കുരിശാണ്. ദൈവം ഇത്രയും വാചാലനായ മറ്റൊരു അവസരവുമില്ല. മനുഷ്യരൂപമെടുത്ത വചനമായ ദൈവപുത്രൻ്റെ ഈലോകയാത്രയിൽ ദൈവത്തിന്റെ ഈ നിശബ്ദത - ദൈവം അടുത്തെങ്ങുമില്ലായെന്ന തോന്നൽ - വളരെ നിർണായകമായ ഒന്നാണ്. "എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ പരിത്യജിച്ചു?" (മർക്കോ 15,34) എന്നു കുരിശുമരത്തിൽ കിടന്നുകൊണ്ടു വിലപിക്കുന്ന പുത്രന് "പിതാവേ, നിന്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു" (ലൂക്കാ 23,46) എന്നു പറഞ്ഞുകൊണ്ടു അവസാന ശ്വാസംവരെ അനുസരണമുള്ളവനായിരിക്കാൻ സാധിച്ചു. ദൈവത്തിൻ്റെ മൗനം ഈശോയ്ക്ക് എത്രമാത്രം വേദനാജനകമായിരുന്നു എന്ന് അവിടുത്തെ വാക്കുകളിൽനിന്നു വ്യക്തമാണ്. മരണത്തിൻ്റെ അന്ധകാരത്തിലും പിതാവിനെ വിളിക്കുവാനും അവിടുത്ത കരങ്ങളിൽ പൂർണമായി സമർപ്പിക്കുവാനും അവിടുത്തേക്കു സാധിച്ചു. ദൈവം നിശബ്ദനായിരിക്കുന്നു എന്നനുഭവപ്പെടുന്ന വേളകളിൽ വിശ്വാസി എപ്രകാരം പ്രതികരിക്കണമെന്ന് ഈശോയുടെ മാതൃക നമ്മെ പഠിപ്പിക്കുന്നു. അന്ധകാരത്തിൻ്റെ നിമിഷങ്ങളിലും മൗനത്തിൻ്റെ മഹാരഹസ്യത്തിലൂടെ ദൈവം സംസാരിക്കുന്നുണ്ട്. അവിടുന്നു നേരത്തെ ഉച്ചരിച്ച വാക്കുകളുടെ തുടർച്ചയായിവേണം അവിടുത്തെ മൗനത്തെയും കാണാൻ. അപ്രകാരം, ക്രൈസ്‌തവ വെളിപാടിൻ്റെ ചാലകശക്തിയിൽ ദൈവവചനത്തിൻ്റെ സുപ്രധാനമായ ഒരു ആവിഷ്കാരമായി അവിടുത്തെ നിശബ്ദത കാണപ്പെടുന്നു.
3.1.11. ദൈവത്തോടുള്ള മനുഷ്യൻ്റെ പ്രത്യുത്തരം (22)
ദൈവം തന്റെ വചനത്തിലൂടെ മനുഷ്യരെ കണ്ടുമുട്ടുന്നു, അവരോടു സംസാരിക്കുന്നു, അവരുമായി സംവാദത്തിലേർപ്പെടുന്നു. ഈ ദൈവികസംഭാഷണത്തിൻ്റെ ആവിഷ്‌കാരമാണ് ഉടമ്പടിയെന്ന ദിവ്യരഹസ്യം. ദൈവം സൃഷ്‌ടിക്കുന്ന ഈ പാലത്തിലൂടെ മനുഷ്യന് തന്നോടുള്ള അകലം അവിടുന്നു ഇല്ലാതാക്കുന്നു. അതാണു തന്റെ വചനത്തിലൂടെ ദൈവം നിർവഹിക്കുന്നത്. സ്വതന്ത്രമായ ഒരു പ്രതികരണത്തിലൂടെ തന്നോടു സംഭാഷണത്തിലേർപ്പെടുവാനും ഉടമ്പടി ബന്ധത്തിൽ പ്രവേശിക്കുവാനും തന്റെ വചനത്തിലൂടെ ദൈവം നമ്മെ ക്ഷണിക്കുന്നു. അവിടുത്തെ വചനത്താൽ സൃഷ്ടിക്കപ്പെടുകയും അതേ വചനത്താൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന നമുക്ക് നമ്മെത്തന്നെ പൂർണമായി മനസ്സിലാക്കാൻ സാധിക്കണമെങ്കിൽ ദൈവവുമായുള്ള സംവാദത്തിനു ഹൃദയം തുറന്നു നല്കണം. മനുഷ്യൻ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതു തന്നെ ഈ ദൈവിക ബന്ധത്തിലേക്കു പ്രവേശിക്കുവാനാണ്. ഇതു നമുക്കു സാധിക്കുന്നത് മനുഷ്യനായവതരിച്ച ദൈവപുത്രനിലൂടെ മാത്രമാണ്. ഈ പുത്രനോട് അനുരൂപപ്പെടുന്നതിലൂടെ നമ്മൾ രൂപാന്തരം പ്രാപിക്കും. ഏകപുത്രനിൽ നമ്മൾ ദത്തുപുത്രരാകും. നമ്മെ ദൈവികജീവനിലുള്ള കൂട്ടായ്‌മയിലേക്കു കൂട്ടിക്കൊണ്ടുപോകാനായി അവിടുന്നു വിശ്വാസത്തിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു എന്ന് ബനഡിക്റ്റ് മാർപാപ്പാ പറയുന്നതിൻ്റെ അർത്ഥം ഇതാണ് (വിശ്വാസത്തിൻ്റെ വാതിൽ, 1).
3.1.12. നമ്മെ ശ്രവിക്കുകയും ചോദ്യങ്ങൾക്കുത്തരം നല്‌കുകയും ചെയ്യുന്ന ദൈവം (23-24)
നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളുടെ ആഴത്തിലുള്ള ചോദ്യങ്ങളോടും ആഗ്രഹങ്ങളോടും പ്രതികരിക്കുന്നതു യഥാർത്ഥത്തിൽ ദൈവം മാത്രമാണ്. അവിടുന്നു നമ്മുടെ ജീവിതത്തിനും പ്രശ്‌നങ്ങൾക്കും വെളിയിലല്ല. ദൈവത്തിൻ്റെ സാന്നിധ്യം മനുഷ്യസ്വാതന്ത്ര്യത്തിനു ഭീഷണിയാണ് എന്നു ഭയപ്പെടുന്നവരുടെ തെറ്റായ ധാരണ ദൈവം നമ്മുടെ പ്രശ്‌നങ്ങളിൽ തല്‌പരനല്ല എന്നാണ്. നമ്മുടെ നന്മയ്ക്കുവേണ്ടിയും സമഗ്രമായ രക്ഷയ്ക്കു വേണ്ടിയുമാണ് ദൈവം ചരിത്രത്തിലിടപെടുന്നതും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും എന്നു ലിഖിതവചനം സാക്ഷ്യപ്പെടുത്തുന്നു. നമുക്കു ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ് താൻ വന്നിരിക്കുന്നത് എന്ന് അവിടുന്നുതന്നെ അരുളിച്ചെയ്‌തിട്ടുണ്ടല്ലോ (യോഹ 10, 10). ദൈവവചനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അജപാലനപരമായ ദൗത്യത്തെപ്പറ്റി പരിശുദ്ധ പിതാവ് എഴുതുന്നു: "നമ്മുടെ പ്രശ്‌നങ്ങളോടുള്ള തുറന്ന സമീപനമായും, ചോദ്യങ്ങൾക്കുള്ള മറുപടിയായും, നമ്മുടെ മൂല്യബോധത്തെ കൂടുതൽ വിശാലമാക്കുകയും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരികയും ചെയ്യുന്ന യാഥാർത്ഥ്യമായും ദൈവവചനത്തെ അവതരിപ്പിക്കണം". നമ്മുടെ ആവശ്യങ്ങൾ ദൈവം അറിയുന്നുണ്ടെന്നും സഹായത്തിനുവേണ്ടിയുള്ള നമ്മുടെ അർത്ഥനകൾ അവിടുന്നു ശ്രവിക്കുന്നുണ്ടെന്നും അജപാലകൻ വ്യക്തമാക്കി കൊടുക്കണം.
നമ്മോടു സംസാരിക്കുകയും നമ്മെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവം, എപ്രകാരമാണു നമ്മൾ അവിടുത്തോടു സംഭാഷണത്തിൽ ഏർപ്പെടേണ്ടതെന്നും തൻ്റെ വചനത്തിലൂടെ നമുക്കു കാണിച്ചുതരുന്നുണ്ട്. ദൈവത്തോടു നമുക്കു സംസാരിക്കാനുള്ള വചനങ്ങളായാണ് സങ്കീർത്തനങ്ങളെ മാർപാപ്പാ വിശേഷിപ്പിക്കുന്നത്. നമ്മുടെ ജീവിതം അവിടുത്തെ തിരുമുമ്പിൽ വയ്ക്കാനും അതുവഴി നമ്മുടെ ജീവിതത്തെത്തന്നെ ദൈവത്തിങ്കലേക്കുള്ള ഒരു പാതയാക്കി മാറ്റാനും അതു നമ്മെ സഹായിക്കും. മനുഷ്യൻ്റെ സകലവികാരങ്ങളും സങ്കീർത്തനങ്ങളിൽ ദൈവതിരുമുമ്പിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സന്തോഷവും വേദനയും, അസ്വസ്‌ഥതകളും പ്രതീക്ഷകളും, ഭയവും അന്ധാളിപ്പും, എല്ലാം സങ്കീർത്തനങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, മോശയുടെ വിജയഗീതവും (പുറ 15) മധ്യസ്ഥപ്രാർത്ഥനയും (പുറ 33,12-16) ജറെമിയായുടെ വിലാപവും (ജറെ 20,7-18) പ്രാർത്ഥനയ്ക്കു മാതൃകയായി പരിശുദ്ധ പിതാവു ചൂണ്ടിക്കാണിക്കുന്നുണ്ട്. സീറോമലബാർസഭയുടെ യാമപ്രാർത്ഥനയിൽ സിംഹഭാഗവും സങ്കീർത്തനങ്ങളാണല്ലോ. ആണ്ടുവട്ടത്തിൽ പലപ്രാവശ്യം സങ്കീർത്തനങ്ങൾ മുഴുവൻ ആലപിച്ചു പ്രാർത്ഥിക്കുന്ന രീതിയിലാണ് യാമപ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, മാർപാപ്പാ നിർദ്ദേശിക്കുന്ന കാര്യം - വിശുദ്ധഗ്രന്ഥത്തിലെ മറ്റു ഗീതങ്ങൾ സങ്കീർത്തനങ്ങളോടു ചേർത്ത് ഉപയോഗിക്കുന്ന രീതി നമ്മുടെ യാമപ്രാർത്ഥനകളിൽ പണ്ടുമുതല്‌ക്കേ ഉണ്ടെന്നുള്ളതു നമ്മുടെ പാരമ്പര്യത്തിൻ്റെ ശ്രേഷ്‌ഠത പ്രകടമാക്കുന്നതാണ്. മോശയുടെ കീർത്തനങ്ങളോടൊപ്പം (പുറ 15; നിയമാ 32) ഏശയ്യായുടെ സ്തുതിപ്പും (ഏശ 42,10-17) നമ്മുടെ പ്രാർത്ഥനയുടെ ഭാഗമാണ്. ഇപ്രകാരം ദൈവത്തിൻ്റെ വചനംതന്നെ നമുക്കു ദൈവത്തോടുള്ള വചനവുമാകുന്നു. ഇവിടെ ദൈവവചനത്തിൻ്റെ പരസ്‌പരഭാഷണമാണ് പ്രകടമാകുന്നത്. നമ്മോടു സംവദിക്കുകയും നമ്മെ ശ്രവിക്കുകയും ചെയ്യുന്ന ദൈവം നാം അവിടുത്തോട് എപ്രകാരമാണു പ്രതികരിക്കേണ്ടത് എന്നും തന്റെ വചനത്തിലൂടെ കാണിച്ചു തരുന്നു.
3.1.13. ദൈവവചനവും വിശ്വാസവും (25-26)
സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോട് മനുഷ്യരായ നമ്മുടെ പ്രതികരണം വിശ്വാസത്തിലുള്ള അനുസരണമാകണം (റോമാ 16,26; 1,5; 2 കോറി 10,5-6). ദൈവാവിഷ്‌കരണം, നമ്പർ 5 ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ തുടരുന്നു: ദൈവം നല്‌കുന്ന വെളിപാടു പൂർണ മനസ്സോടെ സ്വീകരിച്ചുകൊണ്ടും വെളിപ്പെടുത്തുന്ന ദൈവത്തിന് ബുദ്ധിയും മനസ്സും പൂർണമായി വിധേയമാക്കിക്കൊണ്ടും സ്വതന്ത്രമായി ദൈവത്തിന് ഏല്പ്പിച്ചുകൊടുക്കുന്ന പ്രക്രിയയാണ് വിശ്വാസം. ദൈവവചനം ഗ്രഹിക്കുന്നതിനു നമ്മെ ശക്തരാക്കുന്ന പരിശുദ്ധാരൂപിക്കു സ്വയം തുറന്നു നല്‌കിയാലേ ദൈവികവെളിപാടു സ്വീകരിക്കാൻ സാധിക്കൂ. ദൈവവചനം പ്രഘോഷിക്കപ്പെടുന്നതു വഴിയാണല്ലോ വിശ്വാസം ജനിക്കുന്നത്. "വിശ്വാസം കേൾവിയിൽനിന്നും, കേൾവി മിശിഹായെക്കുറിച്ചുള്ള പ്രസംഗത്തിൽനിന്നുമാണ്" (റോമാ 10,17). സുവിശേഷപ്രഘോഷണംവഴി വെളിപ്പെടുത്തപ്പെടുന്ന സത്യം ഹൃദയപൂർവം അംഗീകരിക്കുകയും മിശിഹായ്ക്ക് സ്വതന്ത്രമായി ഏല്പിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ വിശ്വാസം ഉടലെടുക്കുന്നു. ദൈവവചനവും മിശിഹായെ കണ്ടുമുട്ടുന്നതിൽ നിന്നുത്ഭവിക്കുന്ന വിശ്വാസവും തമ്മിലുള്ള ബന്ധം രക്ഷാകര ചരിത്രത്തിലുടനീളം വെളിവാകുന്നുണ്ട്. ഈശോയെന്ന വ്യക്തിയുമായുള്ള കണ്ടുമുട്ടലാണു വിശ്വാസജീവിതം (25). ഈശോമിശിഹാ ഇന്നു തിരുസഭയിൽ സന്നിഹിതനായിരിക്കുന്നതുകൊണ്ട്. നമ്മുടെ വിശ്വാസം ഒരേ സമയം വ്യക്തിപരവും സഭാത്മകവുമാണ്.
മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ ദൈവവുമായി സംഭാഷണത്തിലേർപ്പെടാൻ വേണ്ടിയാണെങ്കിലും, ഇതിൽനിന്നൊഴിഞ്ഞുമാറാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട് എന്ന ദുരന്തസാധ്യതയും തിരുലിഖിതം വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ വചനത്തിനു ചെവികൊടുക്കാതിരിക്കുന്നതിനും ഉടമ്പടി ലംഘിക്കുന്നതിനുമുള്ള സ്വാതന്ത്യം മനുഷ്യനുണ്ട്. ഇതാണു പാപം. തന്നോടു കൂട്ടായ്‌മയിലായിരിക്കാനുള്ള ദൈവത്തിൻ്റെ ക്ഷണം അവഗണിച്ച്, ഹൃദയവാതിൽ ദൈവത്തിനെതിരെ അടച്ചുകളയുന്നതാണു പാപം. ദൈവവചനം ശ്രവിക്കാൻ വിസമ്മതിക്കുന്നതും അനുസരിക്കാതിരിക്കുന്നതുമാണ് അടിസ്ഥാനപരമായി പാപം എന്നു വിശുദ്ധഗ്രന്ഥം കാണിച്ചുതരുന്നു. കുരിശുമരണംവരെ അനുസരിച്ചതുവഴി ഈശോ മിശിഹാ (ഫിലി 2,8) പാപത്തിൻ്റെ ഈ മുഖംമൂടിയാണ് എടുത്തു മാറ്റിയത്. സമ്പൂർണമായ അവിടുത്തെ അനുസരണത്തിലാണു പുതിയ ഉടമ്പടി സ്ഥാപിതമായത്. അതുവഴി നമുക്കു ദൈവവുമായി അനുരഞ്ജിതരാകാനും മിശിഹായിൽ പുതിയ ജീവിതം ആരംഭിക്കാനുമുള്ള സാധ്യത തുറന്നുകിട്ടി. കർത്താവിൻ്റെ വചനം ശ്രവിക്കാൻ വിസമ്മതിക്കുന്നതാണു പാപമെന്നും ദൈവവചനമായ ഈശോമിശിഹായിൽ രക്ഷയിലേക്കു നയിക്കുന്ന പാപമോചനം ലഭ്യമാണെന്നും വിശ്വാസികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപാപ്പാ പഠിപ്പിക്കുന്നുണ്ട്.
3.1.14. വചനത്തിന്റെ അമ്മ (27-28)
ദൈവവചനവും വിശ്വാസവും തമ്മിലുള്ള പരസ്പരബന്ധം അതിന്റെ പൂർണതയിലെത്തിയതു പരിശുദ്ധ കന്യകാമറിയത്തിലാണ്. ദൂതൻ അറിയിച്ച വചനത്തിലൂടെ വെളിവാക്കപ്പെട്ട തന്റെ ദൗത്യം വിശ്വാസപൂർവം ഏറ്റെടുത്ത മറിയം മനുഷ്യവർഗത്തിനു വേണ്ടി ദൈവവിളിക്കുത്തരം നല്‌കുകയായിരുന്നു. ദൈവവചനത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ തൻ്റെ പൂർണമായ ഛായ കണ്ടെത്തുന്നതു പരിശുദ്ധകന്യകാമറിയത്തിൻ്റെ അനുസരണത്തോടു കൂടിയ വിശ്വാസത്തിലാണ്. മംഗളവാർത്തമുതൽ പന്തക്കുസ്താവരെയും ജീവിതത്തിലുടനീളവും ദൈവഹിതത്തോടു പൂർണതുറവിയുള്ളവളായി മറിയം കാണപ്പെടുന്നു. ദൈവകൃപയ്ക്കു പ്രത്യേകമാംവിധം പാത്രീഭൂതയായ അവൾ വ്യവസ്ഥയില്ലാതെ ദൈവവചനത്തിനു സമ്മതം നല്‌കി (ലൂക്കാ 1,28-38). അനാദിയായ ദൈവത്തിൻ്റെ സമയത്തിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്, മറിയത്തിൻ്റെ സ്വാതന്ത്യ്രത്തോടെയുള്ള സമ്മതവും നിർണായകമായ സഹകരണവുമാണ്. ദൈവവചനത്തിനു സദാ ചെവികൊടുത്തിരുന്ന അവൾ ദൈവഹിതത്തിനനുസരിച്ചു തന്റെ ജീവിതം ക്രമീകരിച്ചു. തൻ്റെ പുത്രന്റെ ജീവിതത്തിലെ സംഭവങ്ങളെല്ലാം ഹൃദയത്തിൽ നിധിപോലെ സൂക്ഷിച്ചു ധ്യാനിച്ചു (ലൂക്കാ 2,19.51). ദൈവവചനത്തിൻ്റെ ശ്രദ്ധാപൂർവമായ ശ്രവണത്തിനും ആന്തരികമായ സ്വാംശീകരണത്തിനും മറിയം തിരുസഭയ്ക്കു മാതൃകയാണ്. സജീവമായ ഈ ശ്രവണത്തിൽ വചനം ഒരു ജീവിതശൈലിയായി.
മറിയത്തിനു ദൈവവചനവുമായുണ്ടായിരുന്ന അടുപ്പം ഏറ്റവും പ്രകടമാകുന്നത് അവളുടെ സ്തോത്രഗീതത്തിലാണ്. മനോഹരമായ ഈ വിശ്വാസഗീതം വിശുദ്ധഗ്രന്ഥത്തിൽനിന്നുള്ള നൂലുകളാൽ നെയ്യപ്പെട്ടതാണ്. അവൾ ചിന്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ദൈവവചനമുപയോഗിച്ചാണ്. ദൈവവചനം അവളുടെ വാക്കുകളാകുന്നു; അവളുടെ വിചാരങ്ങൾ ദൈവത്തിന്റെ തന്നെ വിചാരങ്ങളാകുന്നു; അവളുടെ മനസ്സും ദൈവതിരുമനസ്സും ഒന്നായിത്തീരുന്നു. ദൈവവചനത്താൽ പൂരിതയായ മറിയത്തിനു വചനത്തിന്റെ അമ്മയാകുവാൻ എളുപ്പമായിരുന്നു (ദൈവം സ്നേഹമാകുന്നു, 41). വിശ്വാസംവഴി ദൈവം എപ്രകാരമാണു മനുഷ്യനെ രൂപാന്തരപ്പെടുത്തുന്നത് എന്നു മറിയത്തിൻ്റെ ജീവിതത്തിൽനിന്നു വ്യക്തമാണ്. പ്രാർത്ഥനാപൂർവം ദൈവവചനം ശ്രവിക്കുന്നതിലും അതേല്പ്പിക്കുന്ന ദൗത്യം ഔദാര്യപൂർവം നിർവഹിക്കുന്നതിലും പരിശുദ്ധകന്യകാമറിയം സഭയുടെ മാതൃകയും പ്രതിരൂപവുമാണ്. ഒരോ ക്രൈസ്തതവവിശ്വാസിയും ദൈവവചനത്തെ ആന്തരികമായി ഗർഭംധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശുദ്ധ അംബ്രോസിനെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പാ സ്ഥാപിക്കുന്നു. പരിശുദ്ധകന്യകാമറിയത്തിൽ സംഭവിച്ചത് അനുദിനമുള്ള ദൈവവചനശ്രവണംവഴിയും കൂദാശകളിലുള്ള പങ്കാളിത്തം വഴിയും ഓരോ വിശ്വാസിയിലും സംഭവിക്കാം.
3.1.15. വിശുദ്ധലിഖിതവ്യാഖ്യാനം തിരുസഭയിൽ (29-30)
സഭയുടെ വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രമേ വിശുദ്ധഗ്രന്ഥത്തെ ആധികാരികമായി വ്യാഖ്യാനിക്കാൻ സാധിക്കൂ എന്നത് ദൈവവചനവും വിശ്വാസവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഈശോമിശിഹായിലുള്ള വിശ്വാസമാണു വിശുദ്ധ ലിഖിതത്തിലേക്കുള്ള വാതിൽ (വി. ബൊനവെഞ്ചർ). ഈ വിശ്വാസം ഇന്നു നിലനില്ക്കുന്നത് തിരുസഭയിലാണ്. അതുകൊണ്ട് തിരുസഭയാണ് വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിനുള്ള പ്രാഥമികവേദി. വിശുദ്ധഗ്രന്ഥങ്ങൾ രൂപം പ്രാപിച്ചതുതന്നെ തിരുസഭയിലെ വിശ്വാസ പാരമ്പര്യങ്ങളുടെ സജീവപശ്ചാത്തലത്തിലാണല്ലോ. വിശ്വാസീസമൂഹത്തിന്റെ ആരാധനാപരവും ബാഹ്യവും, ബൗദ്ധികവും സാംസ്കാരികവുമായ ജീവിതത്തിൽ പങ്കുകാരായിക്കൊണ്ടാണ് വിശുദ്ധഗ്രന്ഥ കർത്താക്കൾ രചന നിർവഹിച്ചത്. ഇതുപോലെ തന്നെ, വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കളും വിശ്വാസികളുടെ സമൂഹത്തിന്റെ ജീവിതത്തിൽ പൂർണമായി പങ്കുചേർന്നുകൊണ്ടു വേണം തങ്ങളുടെ ദൗത്യം നിർവഹിക്കാൻ. ബൈബിൾ തിരുസഭയുടെ ഗ്രന്ഥമാണ്. തിരുസഭയുടെ വിശ്വാസമാണ് തിരുലിഖിതത്തെ ദൈവവചനമായി തിരിച്ചറിയുന്നത്. ഇതെക്കുറിച്ചാണു വി. ആഗസ്‌തീനോസ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "കത്തോലിക്കാസഭയുടെ അധികാരം എന്നോടു പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ സുവിശേഷത്തിൽ വിശ്വസിക്കുമായിരുന്നില്ല".' തിരുലിഖിതം തിരുസഭയുടെ ഗ്രന്ഥമാണ്; സഭയുടെ ജീവിതത്തിൽ തിരുലിഖിതത്തിനുള്ള മേല്പ്പറഞ്ഞ അസ്‌തിത്വപരമായ ബന്ധമാണ് ശരിയായ വ്യാഖ്യാനത്തിനു നിദാനം.
പരിശുദ്ധാരൂപിയുടെ പ്രചോദനത്താൽ വിശുദ്ധഗ്രന്ഥകർത്താക്കൾ ദൈവജനത്തിനുവേണ്ടി രചിച്ചതാണു ബൈബിൾ. അതിനാൽ ദൈവജനത്തോടുള്ള കൂട്ടായ്‌മയിൽ മാത്രമേ ദൈവം പകർന്നു നല്കാനാഗ്രഹിക്കുന്ന സത്യത്തിലേക്കെത്തിച്ചേരാനാവൂ. വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അജ്‌ഞത മിശിഹായെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണെന്നു പഠിപ്പിച്ച വി. ജെറോമിന്റെ അഭിപ്രായത്തിൽ, തിരുലിഖിത വ്യാഖ്യാനത്തിലുള്ള ഈ സഭാത്മകമാനം പുറമെനിന്ന് അടിച്ചേല്പിക്കപ്പെടുന്നതല്ല; തീർത്ഥാടകസമൂഹമായ ദൈവജനത്തിൻ്റെ സ്വരം ഈ ജനത്തിന്റെ വിശ്വാസപശ്ചാത്തലത്തിൽമാത്രമേ മനസ്സിലാക്കാനാവൂ. വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികമായ ഏതു വ്യാഖ്യാനവും കത്തോലിക്കാസഭയുടെ പരമ്പരാഗത വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകണം. വിശ്വാസത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം അതെത്ര ആകർഷകമായി തോന്നിയേക്കാമെങ്കിലും അപൂർണമാണ്. സഭാപരമായ യഥാർത്ഥ അനുഭവത്തിന്റെ തീവ്രത വിശുദ്ധഗ്രന്ഥങ്ങളെ സംബന്ധിച്ച് വിശ്വാസത്തിലധിഷ്ഠിതമായ യഥാർത്ഥ അറിവിലേക്കു നയിക്കും. അതുപോലെതന്നെ, വിശ്വാസ പൂർവമായ വിശുദ്ധഗ്രന്ഥപാരായണം സഭാപരമായ ജീവിതത്തിന്റെ വളർച്ചയ്ക്കും സഹായിക്കും. ദൈവവചനം അതു വായിക്കുന്നവരോടൊപ്പം വളരുന്നു എന്ന മഹാനായ വിശുദ്ധ ഗ്രിഗറിയുടെ പ്രസ്‌താവന ഈ സത്യമാണു വ്യക്തമാക്കുന്നത്. ദൈവവചനശ്രവണം, സഭയിലെ വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മ തുടങ്ങി വയ്ക്കുകയും വളർത്തുകയും ചെയ്യുന്നു.
3.1.16. തിരുലിഖിതവ്യാഖ്യാനവും ദൈവശാസ്ത്രവും (31-36)
ദൈവാവിഷ്‌കരണം, നമ്പർ 24 ഉദ്ധരിച്ചുകൊണ്ട്, വിശുദ്ധ ഗ്രന്ഥ പഠനമായിരിക്കണം ദൈവശാസ്ത്രത്തിൻ്റെ ആത്മാവ് എന്നു മാർപാപ്പാ പഠിപ്പിക്കുന്നു. ചരിത്രപരവും വിമർശനാത്മകവുമായ ഗവേഷണവും വിശ്വാസാധിഷ്‌ഠിതമായ വിശുദ്ധഗ്രന്ഥ വ്യാഖ്യാനവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുവാനാണിത്. പുതിയ അപഗ്രഥനരീതികൾ ഉപയോഗിച്ച് തിരുലിഖിതങ്ങളെ കത്തോലിക്കാ കാഴ്‌ചപ്പാടിലൂടെ മനസ്സിലാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ബൈബിളിൽ വിവരിക്കപ്പെടുന്ന രക്ഷാകരചരിത്രം ഒരു യഥാർത്ഥ ചരിത്രമാകയാൽ വിശുദ്ധഗ്രന്ഥപഠനത്തിൽ ചരിത്രഗവേഷണ രീതികൾ അവലംബിക്കേണ്ടതുണ്ട്. വിശുദ്ധഗ്രന്ഥത്തിലെ വാക്കുകളിലൂടെ ദൈവം നമ്മുടെ പക്കലെത്തുന്നതിനാൽ പാഠഭാഗങ്ങളുടെ വാച്യാർത്ഥം ഗ്രഹിക്കുന്നതു പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. അക്ഷരാർത്ഥം മനസ്സിലാക്കുന്നതിന് മൂലഭാഷ, പാഠഭാഗത്തിന്റെ ഘടന, ആവിഷ്കരണരീതി എന്നിവ സഹായിക്കും.
ദൈവവചനം, ലിഖിതരൂപത്തിലായാലും പാരമ്പര്യത്തിന്റെ രൂപത്തിലായാലും, ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ചുമതല തിരുസഭയുടെ പ്രബോധനാധികാരത്തിനാണ് (ദൈവാവിഷ്കരണം, 10). അതുകൊണ്ട് കാലാകാലങ്ങളിൽ തിരുസഭ ചരിത്രപരമായ അപഗ്രഥനത്തിലെ പുതിയ രീതികളോടുള്ള കത്തോലിക്കാ സമീപനം വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രീയമായ വിമർശനത്തെ സഭ സ്വാഗതം ചെയ്യുന്നു; പക്ഷേ, ശാസ്ത്രീയ അടിസ്ഥാനമുണ്ടെന്ന വ്യാജേന പ്രചരിപ്പിക്കുന്ന മുൻവിധിയോടുകൂടിയ അഭിപ്രായങ്ങളെ സഭ തള്ളിക്കളയുന്നു. യുക്തിവാദത്തിൻ്റെ കടന്നാക്രമണങ്ങളിൽ നിന്നു വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തെ രക്ഷിക്കുക ആവശ്യമാണ്. ഒപ്പം, ശാസ്ത്രീയമായ ഏതു സമീപനരീതിയെയും തള്ളിക്കളയുന്നവരെയും സൂക്ഷിക്കണം. ശാസ്ത്രീയവും ആത്മീയവുമായ വ്യാഖ്യാനങ്ങൾ ഒന്നിച്ചുപോകണം. വചനഭാഗങ്ങളുടെ വാച്യാർത്ഥവും ആത്മീയാർത്ഥവും പരസ്‌പരപുരകങ്ങളാണ്. ഗ്രന്ഥത്തിന്റെ ഉറവിടങ്ങൾ, ചരിത്രപരമായ സന്ദർഭം, സാഹിത്യരൂപം, ഘടന തുടങ്ങിയവയുടെ പഠനംകൊണ്ടവസാനിപ്പിക്കാതെ, വിശുദ്ധഗ്രന്ഥഭാഗത്തിന്റെ അർത്ഥം ദൈവവചനമായി ഇന്നത്തെ കാലഘട്ടത്തിനു വിശദീകരിച്ചു നല്‌കുവാൻ തിരുലിഖിതവ്യാഖ്യാതാക്കൾക്കു കടമയുണ്ട്. ഗ്രന്ഥകർത്താവ് ഉദ്ദേശിച്ച കാര്യങ്ങൾ ഗ്രഹിക്കുവാൻ ശാസ്ത്രീയരീതികൾ സഹായിക്കും. എന്നാൽ, വിശുദ്ധഗ്രന്ഥത്തിന്റെ യഥാർത്ഥകർത്താവായ പരിശുദ്ധറൂഹാ ഉദ്ദേശിച്ചത് റൂഹായുടെ സഹായത്താൽമാത്രമേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു.
ദൈവാവിഷ്കരണം, നമ്പർ 12 ൻ്റെ വെളിച്ചത്തിൽ, വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിൽ നമ്മൾ പാലിക്കേണ്ട മൂന്നു പ്രായോഗിക നിർദ്ദേശങ്ങൾ പരിശുദ്ധപിതാവ് മുമ്പോട്ടു വയ്ക്കുന്നു: 1. വിശുദ്ധ ലിഖിതങ്ങളെ ഒന്നായി കണ്ടുകൊണ്ട്, അവയുടെ ഐക്യത്തിൽ ശ്രദ്ധപതിപ്പിച്ചുകൊണ്ടുവേണം ഏതു ഭാഗവും വ്യാഖ്യാനിക്കാൻ (canonical exegesis). 2. സഭ മുഴുവന്റെയും സജീവപാരമ്പര്യം കണക്കിലെടുത്തുകൊണ്ടുവേണം വ്യാഖ്യാനിക്കുവാൻ. 3. വിശ്വാസത്തിന്റെ സാധർമ്യത്തോട് (analogy of faith) ആദരവു വ്യാഖ്യാനത്തിൽ പുലർത്തണം.
വിശുദ്ധലിഖിതങ്ങളെ വിശ്വാസവുമായി ബന്ധപ്പെടുത്തിയാണു വ്യാഖ്യാനിക്കേണ്ടത്. ചരിത്രത്തിലിടപെടുന്ന ദൈവത്തെ തിരിച്ചറിയാൻ ചരിത്രവിമർശനം സഹായിക്കണം. ദൃശ്യവസ്തുക്കളെ മാത്രം ആധാരമാക്കിയുള്ള മതനിരപേക്ഷമായ ഒരു വ്യാഖ്യാനത്തിലേക്കു വഴുതിവീഴാതിരിക്കാൻ ശ്രദ്ധിക്കണം. ദൈവത്തിനു മനുഷ്യചരിത്രത്തിൽ പ്രവേശിക്കുവാനും ചരിത്രത്തിൽ സന്നിഹിതനാകുവാനും സാധിക്കും എന്നതിനു തെളിവാണ് വിശുദ്ധഗ്രന്ഥസംഭവങ്ങൾ. തിരുലിഖിതത്തിന്റെ ഈ ആത്മീയവശം അവഗണിച്ചുകൊണ്ടുള്ള ചരിത്രപരമോ സാഹിത്യപരമോ ആയ പഠനങ്ങളും വ്യാഖ്യാനങ്ങളും സഭാശുശ്രൂഷയ്ക്കായി പരിശീലനം നേടുന്നവരുടെ ബൗദ്ധികരൂപീകരണത്തിൽ അസ്ഥിരതയും ചിന്താക്കുഴപ്പവും സൃഷ്ടിക്കുമെന്നും മാർപാപ്പാ മുന്നറിയിപ്പു നല്കുന്നുണ്ട്. അവരുടെ വചനപ്രഘോഷണത്തിൽ വ്യക്തതയില്ലാതെ പോകാനും ഇതിടയാക്കും. ചുരുക്കത്തിൽ വിശുദ്ധഗ്രന്ഥവ്യാഖ്യാനം ദൈവശാസ്ത്രമാകണം; വിശുദ്ധഗ്രന്ഥം ദൈവശാസ്ത്രത്തിന്റെ ആത്മാവാകണം; ദൈവശാസ്ത്രം തിരുലിഖിതത്തിൽ അധിഷ്ഠിതമാകണം.
ഏതെങ്കിലും ഒരു പഠനസമ്പ്രദായം മാത്രം അവലംബിച്ചുകൊണ്ട് വിശുദ്ധഗ്രന്ഥത്തിലെ സത്യം കണ്ടെത്താനുള്ള ശ്രമം അപകടകരമാണ്. സമഗ്രമായ വ്യാഖ്യാനമാണാവശ്യം. ഏതൊരു വ്യാഖ്യാനരീതിയ്ക്കും അതിൻ്റേതായ ദാർശനികപശ്ചാത്തലം ഉണ്ടായിരിക്കും. ഈ പശ്ചാത്തലം വിലയിരുത്തിയശേഷം മാത്രമേ ഈ രീതി വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിനുപയോഗിക്കാവു (വിശ്വാസവും യുക്തിയും, 55). ദൈവത്തിനു നമ്മുടെ ജീവിതത്തിൽ പ്രവേശിക്കുവാനും മനുഷ്യനെപ്പോലെ നമ്മോടു സംസാരിക്കുവാനും കഴിയും. ഈ സാധ്യത തള്ളിക്കളയാനുള്ള ശ്രമം യുക്തി ചിന്തയുടെ ഭാഗത്തു നിന്നുണ്ടാകാം. തന്റെ അന്വേഷണമേഖലയ്ക്കു പുറത്തുള്ളതൊന്നും അംഗീകരിക്കാൻ യുക്തിവാദിക്കു സമ്മതമില്ലാത്തതുകൊണ്ടാണിത്. ബൈബിളിലെ ചരിത്രപരമായ ഘടകങ്ങൾ അന്വേഷണവിധേയമാക്കുമ്പോൾ, തന്റെ അന്വേഷണ പരിധിക്കു വെളിയിലുള്ള യാഥാർത്ഥ്യങ്ങളുമുണ്ട് എന്നംഗീകരിക്കുന്ന ഒരു തുറന്ന യുക്തി ചിന്തയാണാവശ്യം. തുറന്ന മനസ്സോടെ സത്യം അന്വേഷിക്കുകയും, ജീവിതത്തിൻ്റെയും ചരിത്രത്തിന്റെയും ആത്യന്തിക അർത്ഥം തേടുകയും ചെയ്യുന്ന വ്യക്തിയ്ക്ക് അവതരിച്ച വചനത്തിന്റെ മതം യുക്തിസഹംതന്നെയാണ്.
3.1.17. വാച്യാർത്ഥവും ആത്മീയാർത്ഥവും (37)
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിൽ സഭാപിതാക്കന്മാരെയാണു മാതൃകകളായി പരിശുദ്ധപിതാവ് അവതരിപ്പിക്കുന്നത്. വിശുദ്ധഗ്രന്ഥം മുഴുവനെയും ഒന്നായിക്കണ്ടുകൊണ്ടുള്ള പഠനത്തിൽ അധിഷ്ഠിതമായ സഭാപിതാക്കന്മാരുടെ തിരുലിഖിതവ്യാഖ്യാനത്തിന് ഇന്നും മൂല്യമുണ്ട്. അടിസ്ഥാനപരമായി, സഭാപിതാക്കന്മാർ വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കളാണ്. പരിശുദ്ധാരൂപി നയിക്കുന്നതനുസരിച്ചു ചരിത്രത്തിലൂടെ യാത്രചെയ്യാനും വിശുദ്ധഗ്രന്ഥങ്ങളെ വിശ്വാസത്തോടുകൂടെ സമീപിക്കുവാനും അവരുടെ ജീവിതരീതി വിശ്വാസികൾക്കു മാതൃകയാണ്. സഭയോടുള്ള കൂട്ടായ്‌മയിൽ എപ്രകാരം വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കാം എന്നതിനും മാതൃകകളാണു സഭാ പിതാക്കന്മാർ.
ആധുനിക വ്യാഖ്യാതാക്കൾക്കു ലഭ്യമായിരിക്കുന്ന ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ സഹായങ്ങളുടെ അഭാവത്തിൽപ്പോലും ദൈവവചനത്തിൻ്റെ വിവിധതലങ്ങളിലുള്ള അർത്ഥം കണ്ടെത്തുന്നതിന് അവർക്കു സാധിച്ചു. അക്ഷരാർത്ഥത്തിൽ ആരംഭിച്ച്, ആത്മീയാർത്ഥത്തിൽ എത്തിനില്ക്കുന്നതാണ് അവരുടെ വ്യാഖ്യാനശൈലി. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരുടെ വ്യാഖ്യാനം എന്നതാണു പരമപ്രധാനമായ പ്രത്യേകത. വിശ്വാസത്തിൻ്റെ ഉള്ളടക്കം, സദാചാര ജീവിതം, യുഗാന്തം സംബന്ധിച്ച പ്രതീക്ഷകൾ എന്നീ മൂന്നു മേഖലകളെ സ്പർശിക്കുന്നതാണ് ആത്മീയാർത്ഥം.
തിരുലിഖിതങ്ങളിലൂടെ ദൈവം ഉദ്ദേശിക്കുന്ന കാര്യങ്ങളോടു വിശ്വസ്തത പുലർത്തിക്കൊണ്ട്, അവയിൽനിന്നു വിശ്വാസ സത്യങ്ങൾ ആവിഷ്കരിക്കുവാനും ഇന്നിൻ്റെ മനുഷ്യൻ്റെ വിശ്വാസ അനുഭവത്തോട് അവയുടെ പശ്ചാത്തലത്തിൽ സംവദിക്കുവാനും സഭാപിതാക്കന്മാർ നമുക്കു പ്രചോദനമേകുന്നു. സജീവമായ ദൈവ വചനം ഇന്ന്, ഇവിടെ, ഇപ്പോൾ നമ്മോടു സംസാരിക്കുന്നുണ്ട് എന്ന തിരിച്ചറിയലാണ് ആത്മീയാർത്ഥം കണ്ടെത്തുന്നതിനുള്ള ഉപാധി. മിശിഹായുടെ പെസഹാരഹസ്യത്തിൻ്റെയും അതിൽനിന്നുത്ഭവിക്കുന്ന പുതിയ ജീവിതത്തിൻ്റെയും പശ്ചാത്തലത്തിൽ, പരിശുദ്ധ റൂഹായുടെ സ്വാധീനത്തിൽ വായിക്കുമ്പോൾ ലഭിക്കുന്നതാണ് ആത്മീയാർത്ഥം. തിരുസഭയിൽ നിലനില്ക്കുന്നത് പെസഹാരഹസ്യത്തിൽനിന്ന് ഉയിർകൊണ്ട് പുതിയജീവിതത്തിന്റെ സാഹചര്യമാണ്. അതുകൊണ്ട് എക്കാലവും സഭാജീവിതത്തിൽ തിരുലിഖിതത്തിൻ്റെ ആത്മീയാർത്ഥം കണ്ടെത്താനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്. അരൂപിയിലുള്ള ജീവിതത്തിന്റെ പുതിയ പശ്ചാത്തലത്തിൽ തിരുലിഖിതങ്ങൾ ഒരു പുനർവായനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.
3.1.18. വാച്യാർത്ഥത്തിനപ്പുറം പോകേണ്ടതിന്റെ ആവശ്യകത
(38-39)
ദൈവത്തിന്റെ വചനത്തെ, ഗ്രന്ഥഭാഗത്തെ ലിഖിതവചനത്തോട് ഒരിക്കലും താദാത്മ്യപ്പെടുത്താനാവില്ല. പരിശുദ്ധാരൂപിയാൽ നയിക്കപ്പെടുന്ന തിരുസഭയുടെ ജീവിതത്തിൽ സജീവമായി പങ്കുചേർന്നുകൊണ്ടുമാത്രമേ ആധികാരികമായി ലിഖിതവചനത്തിലെ ദൈവവചനം കണ്ടെത്താനാവൂ. ഓരോ വിശുദ്ധഗ്രന്ഥ ഭാഗവും തിരുലിഖിതം മുഴുവനോടും ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചാൽ മാത്രമേ അർത്ഥം പൂർണമായി വ്യക്തമാകൂ (ദൈവാവിഷ്കരണം, 12). വിശുദ്ധരായ അംബ്രോസും ആഗസ്തീനോസുമൊക്കെ വാച്യാർത്ഥത്തിനപ്പുറം പോവുകയും വിശുദ്ധഗ്രന്ഥം മുഴുവന്റെയും സമഗ്രതയിൽ ഓരോ പാഠഭാഗത്തിന്റെയും അർത്ഥം കണ്ടെത്തുകയും ചെയ്തവരാണ്.
3.1.19. ബൈബിളിൻ്റെ ഏകത്വം (39)
നമ്മുടെ ജീവിതത്തെ വെല്ലുവിളിക്കുകയും മാനസാന്തരത്തിലേക്കു നമ്മെ നിരന്തരം ക്ഷണിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ വചനത്തിലാണ് വിശുദ്ധഗ്രന്ഥത്തിൻ്റെ ഐക്യം സ്ഥിതി ചെയ്യുന്നത്. മിശിഹായിലേക്കു നയിക്കുന്ന പാതയായാണ് പഴയനിയമത്തെ ഹ്യൂവിലെ വിശുദ്ധ വിക്‌ടർ കാണുന്നത്: “എല്ലാ വിശുദ്ധലിഖിതങ്ങളുംകൂടി ഒറ്റഗ്രന്ഥമാണ്; ആ ഗ്രന്ഥം മിശിഹായാണ്; മിശിഹായെപ്പറ്റി സംസാരിക്കുന്ന ഏകഗ്രന്ഥം. ഇതിന്റെ പൂർത്തീകരണവും മിശിഹായിൽത്തന്നെ". 'വിശുദ്ധലിഖിതങ്ങൾ' എന്നു പൊതുവായി ബൈബിളിനെപ്പറ്റി പറയുന്നെങ്കിലും അവയെല്ലാംകൂടി ദൈവം നമ്മോട് അരുളിച്ചെയ്യുന്ന ഒറ്റവാക്കായാണ് കരുതപ്പെടുന്നത്. ദൈവത്തിൻ്റെ ഈ ഏക 'വചന'വുമായി ബന്ധപ്പെടുത്തി തിരുലിഖിതങ്ങൾക്കെല്ലാം ഐക്യം നല്‌കുന്നതു മിശിഹായെന്ന വ്യക്തിയാണ്. വിശുദ്ധഗ്രന്ഥത്തിലുള്ള ഈ ആന്തരിക ഐക്യമാണ് വിശ്വാസാധിഷ്‌ഠിതമായ വ്യാഖ്യാനത്തിനടിസ്ഥാനം.
3.1.20. പഴയനിയമവും പുതിയനിയമവും (40)
പുതിയനിയമം പഴയനിയമത്തെ ദൈവവചനമായി അംഗീകരിക്കുന്നുണ്ട്. പഴയനിയമഭാഷയും ശൈലിയും ഉപയോഗിച്ചു കൊണ്ടും പഴയനിയമപാഠഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടും ഈ ബന്ധം പുതിയനിയമം പ്രകടമാക്കുന്നു. ക്രിസ്‌തുമതത്തിന്റെ വേരുകൾ പഴയനിയമത്തിലാണ്; ഇതു നിരന്തരമായി പരിപോഷിപ്പിക്കപ്പെടുന്നതും ഈ വേരുകൾവഴിയാണ്. പുതിയനിയമത്തിൽ വിവരിക്കപ്പെടുന്ന മിശിഹാരഹസ്യങ്ങളിൽ പഴയനിയമം പൂർത്തിയാവുകയായിരുന്നു. പരസ്‌പരബന്ധിതങ്ങളെങ്കിലും വ്യത്യസ്‌തങ്ങളായ മൂന്നുമാനങ്ങൾ ഇതിലുണ്ട് : 1. പുതിയനിയമം പഴയനിയമ വെളിപാടിന്റെ തുടർച്ചയാണ് (continuity). 2. എങ്കിലും രണ്ടും രണ്ടാണ് (discontinuity). 3. പുതിയനിയമം പഴയനിയമത്തിന്റെ പൂർത്തീകരണമാണ് (fulfilment and transcendence). മിശിഹായുടെ ബലിയും പഴയനിയമബലിയും തമ്മിൽ ഉദ്ദേശ്യം സംബന്ധിച്ച് ഒരു നൈരന്തര്യമുണ്ട്. വളരെയേറെ പഴയനിയമ പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് പുതിയനിയമബലി സംഭവിച്ചതെങ്കിലും അതു പഴയതിൽനിന്നു വളരെ വ്യത്യസ്‌തമായ രീതിയിലാണു സംഭവിച്ചത്. സർവവിധത്തിലും പഴയതിനെ അതിശയിക്കുന്നതാണു മിശിഹായുടെ ഏകവും നിത്യവുമായ ബലി.
പഴയനിയമവും പുതിയനിയമവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ തിരുസഭയുടെ പ്രാരംഭകാലംമുതല്ക്കേ പ്രതിരൂപ വ്യാഖ്യാനരീതിയാണ് ഉപയോഗിച്ചുവരുന്നത്. പഴയതിലും പുതിയതിലും പ്രകടമാകുന്നത് ഒരേ ദൈവികപദ്ധതിയാണ് എന്നു വ്യക്തമാക്കുവാൻ ഈ രീതി സഹായകമാണ്. ഇതനുസരിച്ച്, പഴയനിയമത്തിലെ ദൈവത്തിൻ്റെ പ്രവർത്തനങ്ങളിൽ, കാലത്തിന്റെ തികവിൽ മനുഷ്യനായവതരിച്ച ദൈവപുത്രൻ നിർവഹിച്ച എല്ലാ പ്രവർത്തനങ്ങളുടെയും മുൻകൂർ സൂചന കാണുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 128). മിശിഹാസംഭവത്തിൻ്റെ വെളിച്ചത്തിലാണ് പഴയനിയമത്തിൻ്റെ അർത്ഥം പൂർണമായി വ്യക്തമാകുന്നതെങ്കിലും വെളിപാടെന്നനിലയിൽ പഴയനിയമത്തിന് അതിന്റേതായ മൂല്യമുണ്ട്. അതുകൊണ്ട് പഴയനിയമത്തിൻ്റെ വെളിച്ചത്തിൽ വേണം 'പുതിയനിയമം വായിക്കാൻ എന്നു മാർപാപ്പാ നിർദ്ദേശിക്കുന്നു (41). പുതിയനിയമം പഴയതിൽ ഒളിഞ്ഞുകിടക്കുന്നു; പഴയനിയമം പുതിയതിൽ വെളിച്ചത്തുവരുന്നു' എന്ന വിശുദ്ധ ആഗസ്തീനോസിൻ്റെ പ്രസ്‌താവനയും പരിശുദ്ധ പിതാവ് ഉദ്ധരിക്കുന്നുണ്ട്.
3.1.21. ബൈബിളിലെ ഇരുളടഞ്ഞ ഭാഗങ്ങൾ (42)
പഴയനിയമത്തിൽ ചിലയിടങ്ങളിൽ വിവരിക്കപ്പെടുന്ന അക്രമവും അസന്മാർഗികതയുമൊക്കെ എപ്രകാരം വിശദീകരിക്കും എന്നൊരു പ്രശ്‌നമുദിക്കാം. ഒരു ജനതയുടെ ചരിത്രത്തിലൂടെ പടിപടിയായാണു ദൈവം സ്വയം വെളിപ്പെടുത്തിയത് എന്നു നമ്മൾ വിസ്മരിക്കരുത്. ആ ജനതയുടെ വിദൂരമായ കാലഘട്ടങ്ങളിലെ സാംസ്കാരികവും ധാർമികവുമായ തലങ്ങൾക്കനുയോജ്യമായ രീതിയിലാണ് വെളിപാട് ഉണ്ടായിട്ടുള്ളത്. ചതി, ക്രൂരകൃത്യങ്ങൾ, കൂട്ടക്കൊല തുടങ്ങിയവയുടെ അസന്മാർഗികതയെ തുറന്നു തള്ളിപ്പറയാതെ, പഴയനിയമം അവയെ വിവരിക്കുന്നുണ്ട്. ഇത് ആധുനിക കാലത്തെ അനുവാചകരിൽ സംഭ്രമം സൃഷ്‌ടിച്ചേക്കാം. നമ്മുടെ കാലഘട്ടത്തിലും ഇരുണ്ടസംഭവങ്ങൾ അരങ്ങേറുന്നുണ്ടല്ലോ. അനീതിയ്ക്കും അക്രമത്തിനുമെതിരെ പഴയനിയമ പ്രവാചകന്മാർ ശക്തിയുക്തം സംസാരിച്ചിട്ടുണ്ടെന്ന വസ്‌തുത നമ്മൾ വിസ്മരിക്കരുതുതാനും. മിശിഹായുടെ സുവിശേഷത്തിനുവേണ്ടി ദൈവം തന്റെ ജനത്തെ ഒരുക്കുന്നതിൻ്റെ ഭാഗമായിരുന്നു ഇതെല്ലാം. ഇത്തരം ഇരുണ്ട വിശുദ്ധഗ്രന്ഥഭാഗങ്ങളെ ചരിത്രത്തിന്റെയും സാഹിത്യത്തിൻ്റെയും പശ്ചാത്തലത്തിൽ ക്രൈസ്‌തവകാഴ്ചപ്പാടിൽ വിശദീകരിക്കാൻ നമ്മൾ പഠിക്കണം. മിശിഹായുടെ സുവിശേഷവും സ്നേഹത്തിൻ്റെ പുതിയ കല്‌പനയും അവിടുത്തെ പെസഹാരഹസ്യങ്ങളുമാണ് ക്രൈസ്‌തവകാഴ്‌ചപ്പാട് നിർണയിക്കുന്നത്. ചുരുക്കത്തിൽ, മിശിഹാരഹസ്യത്തിൻ്റെ വെളിച്ചത്തിൽ വേണം ഈ ഇരുണ്ടഭാഗങ്ങൾ വിശദീകരിക്കാൻ.
3.1.22. വിശുദ്ധഗ്രന്ഥവും ക്രൈസ്‌തവരും യഹൂദരും (43)
പഴയനിയമത്തോടും യഹൂദജനതയോടും ക്രൈസ്തവർ ആദരവോടും സ്നേഹത്തോടും മതിപ്പോടും കൂടിയാണ് ഇടപെടുന്നത്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പു സംബന്ധിച്ച് അവർ സ്നേഹഭാജനങ്ങളാണ്; കാരണം, ദൈവത്തിൻ്റെ ദാനങ്ങളും വിളിയും പിൻവലിക്കപ്പെടാവുന്നവയല്ല (റോമാ 11,28-29). "നമ്മുടെ പിതാവായ അബ്രാഹത്തിന്റെ വിശ്വാസത്തിൽ നമ്മുടെ പ്രിയപ്പെട്ട സഹോദരന്മാർ" എന്നു യഹൂദരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
യഹൂദ-ക്രൈസ്‌തവബന്ധം വ്യക്തമാക്കുവാൻ പൗലോസ് ശ്ലീഹാ ഉപയോഗിക്കുന്നത് ഒലിവുചെടിയുടെ ഉപമയാണ് (റോമാ 11,17-24). ഉടമ്പടിയുടെ ജനമായ നല്ല ഒലിവുചെടിയിൽ കാട്ടൊലിവായ വിജാതീയസഭ ഒട്ടിച്ചുചേർക്കപ്പെടുന്നു. രണ്ടു ജനതകളെയും പരിപോഷിപ്പിക്കുന്നത് ഒരേ ആത്മീയ വേരുകളാണ്. യഹൂദരുമായുള്ള സംവാദങ്ങൾ സഭ താല്‌പര്യപൂർവം പരിഗണിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിലും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള യത്നങ്ങളിലും കൂട്ടായ പ്രവർത്തനങ്ങളുമുണ്ട്.
3.1.23. മൗലികവാദപരമായ (fundamentalist) വിശുദ്ധഗ്രന്ഥവ്യാഖ്യാനം (44)
അക്ഷരാർത്ഥത്തിൽമാത്രമൂന്നിയ മൗലികമായ വിശുദ്ധ ലിഖിതവ്യാഖ്യാനം അതിൻ്റെ വാച്യാർത്ഥത്തെയും ആത്മീയാർത്ഥത്തെയും ഒറ്റിക്കൊടുക്കുന്നു. വെളിപാടിൻ്റെ ചരിത്രപരമായ സ്വഭാവം പരിഗണിക്കാത്തതാണ് ഇത്തരം വ്യാഖ്യാനത്തിന്റെ പ്രശ്നം. ഇക്കൂട്ടർക്കു മനുഷ്യാവതാരത്തിൻ്റെ പോലും യഥാർത്ഥ അർത്ഥം ഗ്രഹിക്കാനാവാതെ പോകുന്നു. പരിശുദ്ധാരൂപി ഓരോ വാക്കും പറഞ്ഞുകൊടുത്ത് ഗ്രന്ഥകാരന്മാരെക്കൊണ്ട് എഴുതിച്ചതാണെന്നിവർ കരുതുന്നു. രൂപീകരണകാലഘട്ടത്തിലെ ഭാഷയും ആവിഷ്കരണരീതികളും സ്വീകരിച്ചാണു ദൈവവചനം ഇന്നത്തെ രൂപം പ്രാപിച്ചതെന്ന സത്യം ഇവർ സൗകര്യപൂർവം വിസ്മരിക്കുകയും ചെയ്യുന്നു.
3.1,24. വിശുദ്ധലിഖിതവ്യാഖ്യാതാക്കളും ദൈവശാസ്ത്രജ്ഞരും അജപാലകരും (45)
ദൈവാവിഷ്‌കരണം, നമ്പർ 23 ഉദ്ധരിച്ചുകൊണ്ട്, വിശുദ്ധ ലിഖിത വ്യാഖ്യാതാക്കൾ, ദൈവശാസ്ത്രജ്ഞർ, അജപാലകർ എന്നിവരുടെ സഹകരിച്ചുള്ള പ്രവർത്തനമുണ്ടാകേണ്ടതിന്റെ ആവശ്യകത മാർപാപ്പാ ഊന്നിപ്പറയുന്നുണ്ട്. സഭയുടെ പ്രബോധനാധികാരത്തിൻ്റെ മേലനോട്ടത്തിലുള്ള ഇക്കൂട്ടരുടെ ഒന്നിച്ചു ചേരലുകളും ചർച്ചകളും ദൈവവചനശുശ്രൂഷ കൂടുതൽ കാര്യക്ഷമമാക്കും. നിത്യരക്ഷയ്ക്കു വേണ്ടി കർത്താവു നല്കുന്ന സന്ദേശം തിരുലിഖിതത്തിൽ തിരിച്ചറിയാൻ ഈ അജപാലന സമീപനം സഹായിക്കും. "ദൈവജനത്തിനു വിശുദ്ധലിഖിതമെന്ന പോഷകാഹാരം ഫലപ്രദമായി ലഭ്യമാക്കുന്നതിന്, ദൈവവചന ശുശ്രൂഷകരെ പരമാവധി ശക്തരാക്കാൻ കഴിയുന്ന രീതിയിൽ, അനുയോജ്യമായ സാങ്കേതികരീതികൾ സ്വീകരിച്ച്, അവർ കൂട്ടായി വിശുദ്ധഗ്രന്ഥഭാഗങ്ങൾ പരിശോധിക്കുകയും വിശദീകരിക്കുകയും ചെയ്യണം. ഈ പോഷകാഹാരം മനസ്സിനു വെളിച്ചം പകരുന്നു, ഇച്ഛാശക്തിക്കു ബലം നല്‌കുന്നു, ജനങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ജ്വലിപ്പിക്കുന്നു" (ദൈവാവിഷ്‌കരണം, 23).
3.1.25. തിരുലിഖിതവും സഭൈക്യവും (46)
സഭൈക്യസംവാദത്തിൽ വിശുദ്ധഗ്രന്ഥപഠനത്തിനുള്ള പ്രാധാന്യം മാർപാപ്പാ എടുത്തുകാണിക്കുന്നുണ്ട്. മിശിഹായിൽ വിശ്വസിക്കുന്നവർ ഒന്നിച്ചു ദൈവവചനം വായിക്കുന്നതും പഠിക്കുന്നതും വിചിന്തനം ചെയ്യുന്നതും പരസ്‌പരമുള്ള കൂട്ടായ്മ വളർത്തുവാൻ സഹായിക്കും. ദൈവത്തിൻ്റെ വചനം സ്നേഹത്തിന്റെയും സത്യത്തിൻ്റെയും സംവാദത്തിലേക്കു നയിക്കുന്നതാണ്. സഭൈക്യം, നമ്പർ 21 ലും ഇതേകാര്യം തന്നെ പ്രതിപാദിക്കുന്നുണ്ട്. "ദിവ്യരക്ഷകൻ എല്ലാവർക്കും നല്‌കാൻ ആഗ്രഹിക്കുന്ന ആ ഐക്യം നേടുന്നതിന് എക്യുമെനിക്കൽ സംവാദത്തിൽത്തന്നെ, വിശുദ്ധലിഖിതങ്ങൾ ദൈവത്തിൻ്റെ ശക്തമായ കരങ്ങളിൽ വിലപ്പെട്ട ഒരു ഉപകരണമാണ്."
നിലവിലുള്ള പാരമ്പര്യങ്ങളുടെ വൈവിധ്യം മാനിച്ചുകൊണ്ടുതന്നെ സഭൈക്യത്തിനായുള്ള പഠനവും ചർച്ചയും ദൈവവചന ശുശ്രൂഷയും പ്രോത്സാഹിപ്പിക്കണമെന്നാണു മാർപാപ്പാ ആഗ്രഹിക്കുന്നത്. ഇത്തരം എക്യുമെനിക്കൽ വചനശുശ്രൂഷകൾ ഞായറാഴ്‌ചകളിലും കടമുള്ള ദിവസങ്ങളിലുമുള്ള പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നതിനു പകരമാവില്ല എന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കുന്നുണ്ട്. തിരുലിഖിതത്തിന്റെ ആധികാരിക വ്യാഖ്യാനം തിരുസഭയിലാണു നടക്കേണ്ടതെന്നും അതിൽ സഭയുടെ പ്രബോധനാധികാരത്തിനു നിർണായകമായ പങ്കുണ്ടെന്നുമുള്ള കാര്യം വിസ്‌മരിക്കരുതെന്നു മാർപാപ്പാ അനുസ്മരിപ്പിക്കുന്നുമുണ്ട് (ദൈവാവിഷ്കരണം, 10). പൊതുവായ ബൈബിൾ വിവർത്തനം എപ്രകാരം സഭൈക്യത്തെ സഹായിക്കുമെന്നും ബനഡിക്‌ട് മാർപാപ്പാ വ്യക്തമാക്കുന്നുണ്ട്.
3.1.26. തിരുലിഖിതം ദൈവശാസ്ത്രപഠനത്തിൽ (47)
വിശ്വാസവുമായി ബന്ധപ്പെടുത്തി വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കാൻ ഭാവിവൈദികരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധപിതാവു ചൂണ്ടിക്കാണിക്കുന്നു. ദൈവശാസ്ത്രത്തിന്റെ യഥാർത്ഥ ആത്മാവ് തിരുലിഖിതങ്ങളുടെ പഠനമാണെന്ന വസ്തുതയും ദൈവവചനം ഇന്നും ലോകത്തോടും തിരുസഭയോടും ഓരോ വ്യക്തിയോടും സംസാരിക്കുന്നുണ്ടെന്ന സത്യവും വൈദികവിദ്യാർത്ഥികൾക്കു ബോധ്യപ്പെടുത്തിക്കൊടുക്കണം.
മൂലഭാഷകൾ പഠിക്കുവാനും വ്യാഖ്യാനരീതികൾ പരിശീലിക്കുവാനും അവർക്കവസരമുണ്ടാവണം. ജീവിതത്തിൽ പകർത്തുന്നതിലൂടെ മാത്രമേ ദൈവവചനത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാനാവൂ എന്നും അവർക്കു ബോധ്യപ്പെടണം.
ദൈവവചനം, അത് എഴുതപ്പെട്ടതായാലും പാരമ്പര്യത്തിലൂടെ കൈമാറപ്പെട്ടതായാലും സഭാപരമായ അരൂപിയിൽ വേണം പഠിക്കാൻ. സഭയുടെ പ്രബോധനാധികാരം കാലാകാലങ്ങളിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ കണക്കിലെടുത്തുകൊണ്ടുകൂടി വേണം പഠനം നടത്തുവാൻ. എന്നാൽ, പ്രബോധനാധികാരം ദൈവവചനത്തിനു കീഴാണ് (ദൈവാവിഷ്‌കരണം, 10). വിശുദ്ധ പാരമ്പര്യവും വിശുദ്ധലിഖിതവും സഭയുടെ പ്രബോധനാധികാരവും പരസ്പ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്. രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ പ്രബോധനങ്ങൾക്കനുസരിച്ച്, ആഗോള സഭയോടുള്ള കൂട്ടായ്‌മയിൽ ദൈവവചന പഠനം നടത്തുമ്പോൾ മാത്രമേ അതു ദൈവശാസ്ത്രത്തിൻ്റെ ആത്മാവാവുകയുള്ളു.
3.1.27. വിശുദ്ധർ - ജീവിക്കുന്ന തിരുലിഖിതവ്യാഖ്യാനങ്ങൾ (48)
ദൈവവചനം യഥാർത്ഥത്തിൽ ജീവിതത്തിൽ പകർത്തിയ വിശുദ്ധരാണ് വിശുദ്ധഗ്രന്ഥത്തിൻ്റെ ജീവിക്കുന്ന വ്യാഖ്യാനങ്ങൾ എന്നു മാർപാപ്പാ പഠിപ്പിക്കുന്നു. ദൈവവചനം ശ്രവിച്ചും വായിച്ചും നിരന്തരം ധ്യാനിച്ചും അതുവഴി സ്വജീവിതത്തെ വചനത്താൽ രൂപപ്പെടാൻ അനുവദിച്ചു കൊണ്ടാണു വിശുദ്ധർ ദൈവവചനത്തിന്റെ വ്യാഖ്യാതാക്കളായി ഭവിക്കുന്നത്. വിശുദ്ധഗ്രന്ഥകർത്താക്കളെ പ്രചോദിപ്പിച്ച പരിശുദ്ധറൂഹാ തന്നെയാണ് തങ്ങളുടെ ജീവിതം സുവിശേഷത്തിനായി സമർപ്പിക്കാനായി വിശുദ്ധരെ പ്രേരിപ്പിക്കുന്നതും. വ്യത്യസ്‌തരായ വിശുദ്ധരെ എപ്രകാരമാണു മിശിഹായുടെ സുവിശേഷം രൂപപ്പെടുത്തിയത് എന്നു വിവരിച്ച ശേഷം മാർപാപ്പാ എഴുതുന്നു: "ഓരോ വിശുദ്ധനും ഓരോ വിശുദ്ധയും ദൈവവചനത്തിൽനിന്നു പുറപ്പെടുന്ന പ്രകാശത്തിന്റെ ഒരു രശ്മിയാണ്." ജീവിതംകൊണ്ടു സുവിശേഷത്തിനു വ്യാഖ്യാനം രചിച്ച വിശുദ്ധരുടെ കൂട്ടത്തിൽ കോൽക്കത്തയിലെ മദർ തെരേസായെയും മാർപാപ്പാ അനുസ്‌മരിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. ദൈവവചനത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി മെത്രാന്മാരുടെ സിനഡു റോമിൽ സമ്മേളിച്ച അവസരത്തിൽ (2008 ഒക്ടോബർ 12) നാമകരണം ചെയ്യപ്പെട്ട നാലുവിശുദ്ധരുടെ കാര്യം മാർപാപ്പാ എടുത്തുപറയുന്നുണ്ട്. നമ്മുടെ വിശുദ്ധ അൽഫോൻസാമ്മ ഈ നാലുപേരിൽ ഒരാളാണ് എന്നതു നമുക്കു അഭിമാനത്തിനു വക നല്കുന്നുണ്ട്. മിശിഹായുടെ സുവിശേഷം കാലാകാലം ഫലം പുറപ്പെടുവിക്കുന്നു എന്നതിനു തെളിവായി വിശുദ്ധരുടെ ജീവിതസാക്ഷ്യത്തെ പരിശുദ്ധപിതാവ് എടുത്തുകാണിക്കുന്നു. അവരുടെ മാതൃകയിൽ നിന്നു പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ സജീവവും ഫലപ്രദവുമായ തിരുലിഖിതവ്യാഖ്യാനത്തിന്റെ പാതയിൽത്തന്നെയാണു നമ്മളും എന്നു മാർപാപ്പാ സമർത്ഥിക്കുന്നു.
3.2. ദൈവവചനം തിരുസഭയിൽ
3.2.1. വചനം സ്വീകരിക്കുന്ന തിരുസഭ (50)
കർത്താവ് തൻ്റെ വചനം അരുളിച്ചെയ്യുന്നത്, ആ വചനത്താൽത്തന്നെ സൃഷ്ട്‌ടിക്കപ്പെട്ട മനുഷ്യൻ അതു സ്വീകരിക്കുന്നതിനുവേണ്ടിയാണ്. പക്ഷേ, യോഹന്നാൻ സുവിശേഷകൻ രേഖപ്പെടുത്തുന്നതുപോലെ, സ്വജനം അവിടുത്തെ സ്വീകരിച്ചില്ല (യോഹ 1,11). യോഹന്നാൻ്റെ ഭാഷയിൽ വിശ്വസിക്കുന്നതിൻ്റെ പര്യായമാണ് സ്വീകരിക്കുക എന്നത്. സ്വീകരിച്ചില്ല എന്നതിനർത്ഥം അവിടുത്തെ സ്വരം ശ്രവിച്ചില്ല, അവിടുത്തെ വചനവുമായി അനുരൂപപ്പെട്ടില്ല എന്നെല്ലാമാണ്. മാംസം ധരിച്ച വചനമായ ഈശോമിശിഹായെ കണ്ടുമുട്ടുന്നവരിൽ അതിനാൽത്തന്നെ രൂപാന്തരീകരണം ആരംഭിക്കും. തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നല്‌കി (യോഹ 1,12). വചനം സ്വീകരിക്കുകയെന്നാൽ, മിശിഹായാൽ രൂപപ്പെടുന്നതിനു സ്വയം വിട്ടുകൊടുക്കുക എന്നും അതുവഴി പരിശുദ്ധറൂഹായുടെ ശക്തിയാൽ, പിതാവിന്റെ ഏകജാതനായ മിശിഹായോട് അനുരൂപപ്പെടുക എന്നുമാണ് അർത്ഥം.
വചനം സ്വീകരിക്കുന്നവർ വിശ്വാസാനുസൃതം ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു നവസൃഷ്‌ടി ആരംഭിക്കുകയാണ്; ഒരു പുതിയജനം ആവിർഭവിക്കുകയാണ്. ദൈവത്തിൽനിന്നു ജനിക്കുന്ന ഇവർ ഏകപുത്രനിലൂടെ പുത്രരായിത്തീരുകയും ദൈവിക ജീവനിൽ പങ്കുപറ്റുകയും ചെയ്യുന്നു. "വചനത്താൽ സൃഷ്ടിക്കപ്പെട്ട നാം വചനത്താൽത്തന്നെ പുനഃസൃഷ്‌ടിക്കപ്പെടുന്നു" എന്നാണു വി. ആഗസ്തീനോസ് അഭിപ്രായപ്പെടുന്നത്. ഈ പുനഃസൃഷ്ടിയെക്കുറിച്ചു യാക്കോബ് ശ്ലീഹാ എഴുതുന്നു: "തൻ്റെ സൃഷ്‌ടികളിൽ നാം ആദ്യഫലങ്ങളായിരിക്കാൻ അവൻ നിശ്ചയിക്കുകയും സത്യ വചനത്താൽ നമ്മെ ജനിപ്പിക്കുകയും ചെയ്‌തു" (യാക്കോ 1,18). പത്രോസ്ശ്ലീഹായും ഇതേകാര്യംതന്നെ പ്രഖ്യാപിക്കുന്നു: "നിങ്ങൾ പുനർജന്മം പ്രാപിച്ചതു നശ്വരമായ ബീജംവഴിയല്ല, അനശ്വരവും സജീവവും നിത്യവുമായ ദൈവവചനം വഴിയാണ്" (1 പത്രോ 1,23). മാംസംധരിച്ച വചനമായ ഈശോമിശിഹായിൽ വിശ്വസിക്കുന്നവർ പ്രവേശിക്കുന്ന പുതിയ ജീവിതത്തെക്കുറിച്ചാണു ശ്ലീഹന്മാർ രണ്ടു പേരും പ്രതിപാദിക്കുന്നത്. ഇപ്രകാരം വിശ്വസിക്കുന്നവരുടെ സമൂഹമാണല്ലോ തിരുസഭ. ഈ വീക്ഷണപ്രകാരം, മനുഷ്യരുടെയിടയിൽ കൂടാരമടിച്ച ദൈവവചനത്തെ സ്വീകരിക്കുന്നതിലൂടെ ജന്മമെടുക്കുന്ന യാഥാർത്ഥ്യമാണു തിരുസഭ. പഴയനിയമകാലഘട്ടത്തിലെ വിശുദ്ധകൂടാരത്തോടാണു (പുറ 26,1) തിരുസഭയെ മാർപാപ്പാ ഉപമിക്കുന്നത്.
3.2.2. സഭയിലുള്ള മിശിഹായുടെ നിരന്തര സാന്നിധ്യം (51)
ദൈവാവിഷ്‌കരണം, നമ്പർ 8 ൻ്റെ അടിസ്ഥാനത്തിൽ പിതാവിന്റെ വചനമായ മിശിഹായും തിരുസഭയും തമ്മിലുള്ള ബന്ധം മാർപാപ്പാ വ്യക്തമാക്കുന്നു. തൻ്റെ പ്രിയപുത്രന്റെ മണവാട്ടിയായ തിരുസഭയോടു പിതാവായ ദൈവം ഇടവിടാതെ സംസാരിച്ചുകൊണ്ടാണിരിക്കുന്നത്. സദാ ശ്രവിക്കുവാൻ തയ്യാറുള്ള വധുവാണു തിരുസഭ. "ദൈവവചനം ഭക്തിസമന്വിതം ശ്രവിക്കുകയും വിശ്വാസപൂർവം പ്രഖ്യാപിക്കുകയും ചെയ്യുന്ന" കൂട്ടായ്മ എന്നാണു സഭ സ്വയം വിശേഷിപ്പിക്കുന്നത് (ദൈവാവിഷ്കരണം, 1). സുവിശേഷത്തിൽനിന്നു ജീവൻ ഉൾക്കൊള്ളുന്ന അവൾ തന്റെ യാത്രയുടെ ദിശ കണ്ടെത്തുന്നതും സുവിശേഷത്തിൽനിന്നു തന്നെയാണ്. വചനം ശ്രവിക്കാൻ സന്നദ്ധതയുള്ള വർക്കു മാത്രമേ യഥാർത്ഥ സന്ദേശവാഹകരാകാൻ സാധിക്കൂ.
3.2.3. ആരാധനക്രമത്തിൽ ദൈവവചനത്തിനുള്ള സവിശേഷസ്ഥാനം (52)
നമ്മുടെ അനുദിനജീവിതത്തിൽ ദൈവം നമ്മോടു സംസാരിക്കുന്നത് ആരാധനക്രമത്തിലൂടെയാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആരാധനക്രമം എന്ന പ്രമാണരേഖ, 24 ഉദ്ധരിച്ചുകൊണ്ട്, ആരാധനക്രമത്തിൽ വിശുദ്ധഗ്രന്ഥത്തിനുള്ള പ്രാധാന്യം മാർപാപ്പാ എടുത്തുകാണിക്കുന്നു. വായനകളും വ്യാഖ്യാനങ്ങളും സങ്കീർത്തനാലാപങ്ങളും കൂടാതെ, പ്രാർത്ഥനകളും ആരാധനക്രമ പ്രവൃത്തികളും അടയാളങ്ങളുമെല്ലാം അവയുടെ പ്രചോദനവും അർത്ഥവും സ്വീകരിക്കുന്നതു വിശുദ്ധഗ്രന്ഥത്തിൽനിന്നാണ്. മിശിഹാ തന്റെ വചനത്തിൽ സന്നിഹിതനാണ്; കാരണം, തിരുസഭയിൽ വിശുദ്ധഗ്രന്ഥം പരസ്യമായി വായിക്കപ്പെടുമ്പോൾ മിശിഹാതന്നെയാണു സംസാരിക്കുന്നത് (ആരാധനക്രമം, 7). ആരാധന ക്രമത്തിൽ പ്രഘോഷിക്കപ്പെടുമ്പോഴാണ് ദൈവവചനം സജീവവും ഫലദായകവുമാകുന്നത്. സഹായകനായ പരിശുദ്ധാരൂപിയുടെ ആന്തരികമായ പ്രവർത്തനംവഴി ആരാധനക്രമത്തിൽ വായിക്കപ്പെടുന്ന ദൈവവചനം ആരാധനാസമൂഹം മുഴുവന്റെയും ഓരോ വിശ്വാസിയുടെയും ജീവിതത്തിൻ്റെ നിയമമായി ഭവിക്കുന്നു.
ആരാധനക്രമത്തിലെ ഓരോ പ്രവൃത്തിയുടെയും അർത്ഥവും മൂല്യവും ഗ്രഹിച്ചാൽമാത്രമേ അവിടെ പ്രഘോഷിക്കപ്പെടുന്ന വചനത്തിന്റെ അർത്ഥം പൂർണമായി വ്യക്തമാകൂ. വിശ്വാസാധിഷ്ഠിതമായ ദൈവവചനവ്യാഖ്യാനത്തിൽ എപ്പോഴും ആരാധനക്രമത്തിലേക്കു പരാമർശമുണ്ടാകും. നസ്രത്തിലെ സിനഗോഗുശുശ്രൂഷയ്ക്കിടയിലാണല്ലോ ഈശോ ദൈവവചനം വായിച്ചുവ്യാഖ്യാനിച്ചത് (ലൂക്കാ 4,16-21). ആരാധനാവത്സരത്തിനനുസരിച്ച് വിശുദ്ധ ലിഖിതം പ്രഘോഷിക്കുകയും ശ്രവിക്കുകയും ചെയ്യുന്നതു തിരുസഭയുടെ പരമ്പരാഗതമായ ശൈലിയാണ്. പരിശുദ്ധ കുർബാനയർപ്പണത്തിലും യാമപ്രാർത്ഥനയിലും ആരാധനക്രമത്തിലെ ഓരോ കാലത്തിനനുക്രമമായി ദൈവവചനം അവതരിപ്പിക്കപ്പെടുന്നു. പെസഹാരഹസ്യമാണ് കേന്ദ്രസ്ഥാനത്ത്; അതിനു ചുറ്റും രക്ഷാകരചരിത്രം മുഴുവനും കൗദാശികമായി സന്നിഹിതമാകുന്നു. "ഇപ്രകാരം രക്ഷണീയരഹസ്യങ്ങൾ അനുസ്മരിച്ചുകൊണ്ട് തിരുസഭ തന്റെ നാഥന്റെ ശക്തിയുടെയും യോഗ്യതയുടെയും അനർഘനിക്ഷേപങ്ങൾ വിശ്വാസികൾക്കു തുറന്നു കൊടുക്കുന്നു. അങ്ങനെ ഒരർത്ഥത്തിൽ ഇവയെല്ലാം എല്ലാ സമയത്തും അവതരിപ്പിക്കപ്പെടുകയും വിശ്വാസികൾ ഈ രഹസ്യങ്ങൾ ഗ്രഹിച്ച് രക്ഷാകരമായ പ്രസാദവരത്താൽ പൂരിതരാവുകയും ചെയ്യുന്നു" (ആരാധനക്രമം, 102 ). വിശ്വാസത്തിൻ്റെ മൗലികരഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഓരോ ആരാധനാവത്സരത്തിലും അനാവരണം ചെയ്യപ്പെടുന്ന ദൈവവചനത്തിൻ്റെ ആഴമായ അർത്ഥം ഗ്രഹിക്കുന്നത് വിശുദ്ധലിഖിതത്തോടുള്ള ശരിയായ സമീപനത്തിൻ്റെ അടിസ്ഥാനമാണ്.
3.2.4. തിരുലിഖിതവും കൂദാശകളും (53)
സഭയുടെ അജപാലനപ്രവർത്തനങ്ങളിലും ദൈവശാസ്ത്ര വിചിന്തനങ്ങളിലും ദൈവവചനവും കൂദാശയും തമ്മിലുള്ള ബന്ധം പ്രാധാന്യമർഹിക്കുന്നു. സഭയുടെ കൂദാശകളിലെല്ലാം വചനശുശ്രൂഷ നിർണായകഘടകമാണ്. വചനവും കൂദാശാപരമായ കർമ്മവും തമ്മിലുള്ള ഐക്യം രക്ഷാകരചരിത്രത്തിലുള്ള ദൈവത്തിന്റെ കൗദാശികമായ പ്രവർത്തനമാണ്. രക്ഷാകരചരിത്രത്തിലെന്ന പോലെ കൂദാശകളിലും ദൈവം പറയുന്നതും ചെയ്യുന്നതും തമ്മിൽ അന്തരമില്ല. ദൈവവചനത്തിൻ്റെ ഈ പ്രവർത്തനസ്വഭാവം ആരാധനക്രമത്തിൽ കണ്ടെത്താൻ സാധിച്ചാൽ രക്ഷാകരചരിത്രത്തിലും വ്യക്തിജീവിതത്തിലും അവിടുത്തെ പ്രവർത്തനം മനസ്സിലാക്കാൻ വിഷമമുണ്ടാവില്ല.
3.2.5. ദൈവവചനവും പരിശുദ്ധകുർബാനയും (54)
വചനവും കൂദാശയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും കൂടുതൽ ആഴം കൈവരുന്നത് പരിശുദ്ധകുർബാനയിലാണ്. ലൂക്കായുടെ സുവിശേഷം 24-ാം അദ്ധ്യായത്തിലും യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായത്തിലും ഇതു വളരെ പ്രകടമാണ്. (ആരാധനക്രമം, 48,51; ദൈവാവിഷ്‌കരണം, 21,26). സഭാപാരമ്പര്യത്തിൽ തിരുലിഖിതംതന്നെയും മിശിഹായുടെ ശരീരമായാണ് പരിഗണിക്കപ്പെടുന്നത്. വിശുദ്ധ ജെറോമിൻ്റെ അഭിപ്രായത്തിൽ, പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ മാത്രമല്ല, തിരുലിഖിതം വായിക്കുമ്പോഴും നമ്മൾ മിശിഹായുടെ ശരീരവും രക്തവുംകൊണ്ട് പരിപോഷിപ്പിക്കപ്പെടുകയാണ് (56 കാണുക).
വചനവും പരിശുദ്ധകുർബാനയും അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവവചനംതന്നെയാണു പരിശുദ്ധകുർബാനയിൽ മിശിഹായുടെ ശരീരമാകുന്നത്. പരിശുദ്ധകുർബാന തിരുലിഖിതം ശരിയായി ഗ്രഹിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു; തിരുലിഖിതം പരിശുദ്ധകുർബാന എന്ന രഹസ്യത്തെ പ്രകാശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. നാഥൻ്റെ മാതൃകയനുസരിച്ച് തിരുസഭ തിരുലിഖിതം വായിക്കാനായി ഒന്നിച്ചുകൂടിയിരുന്ന അവസരങ്ങളിൽ അപ്പം മുറിച്ച് പെസഹാരഹസ്യം ആഘോഷിച്ചിരുന്നു.
3.2.6. ദൈവവചനത്തിന്റെ കൗദാശികമാനം (56)
വെളിപാടിന്റെ കൗദാശികവശത്തെക്കുറിച്ചു ജോൺ പോൾ രണ്ടാമൻ മാർപാപ്പാ വിശ്വാസവും യുക്തിയും, നമ്പർ 13 ൽ പ്രതിപാദിക്കുന്നുണ്ട്. വചനം മാംസം ധരിച്ച മനുഷ്യാവതാരത്തിലാണ് ഈ കൗദാശികമാനം ഏറ്റവും പ്രകടമായത്. വചന ശുശ്രൂഷയിൽ മിശിഹാതന്നെയാണു സന്നിഹിതനാകുന്നതും നമ്മോടു സംസാരിക്കുന്നതും (ആരാധനക്രമം, 7). പരസ്പര ബന്ധിതങ്ങളായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണല്ലോ ദൈവികവെളിപാടു സംഭവിക്കുന്നത്.
3.2.7. പ്രഘോഷണഗ്രന്ഥം (57)
മിശിഹാരഹസ്യവുമായി ബന്ധപ്പെട്ട പഴയനിയമത്തിലെയും പുതിയനിയമത്തിലെയും വായനകൾ ഒന്നിച്ചവതരിപ്പിക്കുന്നതുവഴി ദൈവികപദ്ധതിയുടെ ഐക്യം വ്യക്തമാകുന്നു (ആരാധനക്രമം, 107-108).
3.2.8. സുവിശേഷപ്രസംഗം (59-60)
മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുചേരുന്നവർ വചനം പ്രഘോഷിക്കുവാൻ കടപ്പെട്ടവരാണ്. ദൈവജനം വചനം ആഴത്തിൽ ഗ്രഹിക്കുന്നതിനും ജീവിതത്തിൽ പകർത്തുന്നതിനും സഹായിക്കുന്ന രീതിയിൽ അത് ആരാധനക്രമത്തിൻ്റെ ഭാഗമായി വിശദീകരിച്ചു നല്കേണ്ടതുണ്ട്. ദൈവം നമ്മുടെ അനുദിനജീവിതത്തിലും പ്രവർത്തനങ്ങളിലും സന്നിഹിതനായി നമ്മോടു സംസാരിക്കുന്നുവെന്നു വ്യക്തമാക്കുംവിധം വേണം സുവിശേഷം വ്യാഖ്യാനിക്കാൻ. ആഘോഷിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും സുവിശേഷാനുസൃതം ജീവിതം ക്രമീകരിക്കുന്നതിനും സാക്ഷ്യജീവിതം നയിക്കുന്നതിനും വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതിനും വിശ്വാസികളെ സഹായിക്കും വിധം വേണമിത്. സുവിശേഷസന്ദേശത്തിൽ നിന്നു മാറി, പ്രഘോഷകനിലേക്കോ മറ്റ് ഉപരിപ്ലവവിഷയങ്ങളിലേക്കോ ശ്രദ്ധതിരിക്കുന്നതാകരുത് സുവിശേഷപ്രഘോഷണം. മിശിഹായെ അവതരിപ്പിക്കുക എന്നതായിരിക്കണം ഏകലക്ഷ്യം. തിരുവചനവുമായുള്ള നിരന്തരപരിചയംകൊണ്ടും തീവ്രമായ പ്രാർത്ഥനയും ധ്യാനവുംകൊണ്ടും മാത്രമേ ഈ ബന്ധം സാധ്യമാവുകയുള്ളു. തിരുവചനം എന്നോടു വ്യക്തിപരമായി എന്താണു പറയുന്നത്, ഇതിന്റെ വെളിച്ചത്തിൽ ആരാധനാസമൂഹത്തിന് ഞാൻ എന്തു സന്ദേശമാണു പകർന്നു നല്‌കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ധ്യാനപൂർവം ചിന്തിച്ചാൽ മാത്രമേ, ആവേശത്തോടെ വചനം പ്രഘോഷിക്കാൻ സാധിക്കുകയുള്ളു. പ്രഘോഷകൻ തന്നെയായിരിക്കണം പ്രഥമ ശ്രോതാവ്. വിശുദ്ധ ആഗസ്‌തീനോസിന്റെ വാക്കുകളിൽ: "ആന്തരികമായി ദൈവവചനം ശ്രവിക്കാതെ ബാഹ്യമായി അതു പ്രഘോഷിക്കുന്നവൻ ഫലശൂന്യനാണ്." ചുരുക്കത്തിൽ പ്രഘോഷിക്കപ്പെടുന്ന വചനം ആരാധനസമൂഹം മുഴുവന്റെയും ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുവാൻ തക്കവിധം അതു വ്യാഖ്യാനിച്ചുനല്‌കപ്പെടണം. പ്രഘോഷകന്റെ തന്നെ ജീവിതമാകണം ഏറ്റവും ശക്തമായ വിശ്വസനീയമായ വ്യാഖ്യാനം. പ്രഘോഷിക്കുന്നതും ജീവിച്ചുകാണിക്കുന്നതും തമ്മിൽ വൈരുദ്ധ്യമുണ്ടാകരുത്. വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിവേണം സുവിശേഷപ്രഘോഷണം നടത്താൻ.
3.2.9. അനുരഞ്ജനകൂദാശയിലും രോഗീലേപനകൂദാശയിലും ദൈവവചനത്തിനുള്ള പ്രാധാന്യം (61)
ദൈവവചനമാണ് ഒരുവനെ തൻ്റെ പാപങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതും അനുതാപത്തിലേക്കു ക്ഷണിക്കുന്നതും ദൈവികകരുണയിലുള്ള പ്രത്യാശ പകർന്നു നല്കുന്നതും. കുമ്പസാരത്തിനൊരുങ്ങുന്നതുതന്നെ ഒരു വിശുദ്ധഗ്രന്ഥഭാഗം വായിച്ചാ കണം; മനസ്താപം പ്രകടിപ്പിക്കുന്നത് ഈ തിരുലിഖിതവചനങ്ങൾ ഉപയോഗിച്ചായാൽ നന്ന്; ചില പ്രത്യേക സാഹചര്യങ്ങളിൽ പൊതുവായി വിശുദ്ധഗ്രന്ഥം വായിച്ച് സമൂഹത്തെ മുഴുവൻ അനുരഞ്ജന കൂദാശയ്ക്ക് ഒരുക്കുന്നത് അഭികാമ്യമാണ്.
രോഗീലേപനകൂദാശയിൽ, ദൈവവചനത്തിൻ്റെ സൗഖ്യദായകശക്തിയാണു പ്രകടമാകുന്നത്. അതു വ്യക്തിപരമായ അനുതാപത്തിലേക്കു നയിക്കുകയും ചെയ്യും. ദൈവം പ്രദാനംചെയ്യുന്ന നിരവധി സൗഖ്യങ്ങളുടെയും ആശ്വാസത്തിൻ്റെയും എത്രയെത്ര സംഭവങ്ങളാണു വിശുദ്ധലിഖിതം വിവരിക്കുന്നത്. മാംസംധരിച്ച വചനമായ മിശിഹാതന്നെയും രോഗികളോടു പ്രദർശിപ്പിച്ചിരുന്ന പരിഗണനയും കരുതലും സ്നേഹവും സുവിശേഷങ്ങൾ വിവരിക്കുന്നുണ്ടല്ലോ. ഇടവകകളിലും ആശുപത്രികളിലും പൊതുരോഗീലേപനശുശ്രൂഷകൾ ക്രമീകരിക്കാവുന്നതാണ്. രോഗവും സഹനവുമൊക്കെ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ സ്വീകരിക്കുവാനും മിശിഹായുടെ രക്ഷാകരസഹനത്തിൽ പങ്കുചേരുന്നതിനുള്ള അവസരമാണെന്നു മനസ്സിലാക്കാനും സഹായിക്കുന്ന തരത്തിൽ ദൈവവചനം വ്യാഖ്യാനിച്ചു നല്‌കുകയും വേണം.
3.2.10. ദൈവവചനവും യാമപ്രാർത്ഥനയും (62)
തിരുലിഖിതവും തിരുസഭയുടെ സജീവപാരമ്പര്യവുമായി വിശ്വാസികളെ ബന്ധിപ്പിക്കുന്ന യാമപ്രാർത്ഥനകൾ ദൈവവചനം ശ്രവിക്കുന്നതിനുള്ള സവിശേഷവേദിയാണ്. തിരുസഭ അവളുടെ ശിരസ്സായ മിശിഹായുടെ പൗരോഹിത്യശുശ്രൂഷ ഇടവിടാതെ നിർവഹിച്ചുകൊണ്ടു പിതാവായ ദൈവത്തിനു സ്തോത്രബലി അർപ്പിക്കുന്നതിന്റെ ഭാഗമാണ് യാമപ്രാർത്ഥന. മണവാളനോടു സംസാരിക്കുന്ന മണവാട്ടിയുടെ സ്വരമാണിത്. മിശിഹായുടെ മൗതിക ശരീരം ശിരസ്സിനോടുചേർന്ന് പിതാവായ ദൈവത്തിനു സമർപ്പി ക്കുന്ന ആരാധനാസ്‌തുതിയാണിത്. യാമപ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ മിശിഹായുടെ മണവാട്ടിയുടെ ദൗത്യം നിർവഹിച്ചു കൊണ്ട് മാതാവായ തിരുസഭയുടെ നാമത്തിൽ പിതാവായ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നില്ക്കുകയാണ് (ആരാധനക്രമം, 85). സഭയുടെ ഈ പൊതുപ്രാർത്ഥന ദൈവവചനശ്രവണത്തിന്റെയും സങ്കീർത്തനാലാപത്തിൻ്റെയും താളത്തിലുള്ള ദൈവസ്തുതികളിലൂടെ ദിവസംമുഴുവനെയും വിശുദ്ധീകരിക്കുകയാണ്. സമർപ്പിതസമൂഹങ്ങൾ യാമപ്രാർത്ഥനയുടെ കാര്യത്തിൽ സഭമുഴുവനും മാതൃകയായിരിക്കേണ്ടതാണ്. സപ്രായും റംശായും ദൈവജനം മുഴുവൻ്റെയും ഇടയിൽ പ്രചരിപ്പിച്ചാൽ അതുവഴി അവർക്കു ദൈവവചനവുമായി കൂടുതൽ പരിചയമുണ്ടാകാൻ സഹായിക്കും. ഞായറാഴ്‌ചകളുടെയും തിരുനാളുകളുടെയും തലേദിവസം ആഘോഷമായി റംശാപ്രാർത്ഥന ഇടവകദൈവാലയത്തിൽ ചൊല്ലുന്നത് അഭികാമ്യമാണ്.
3.2.11 വചനശുശ്രൂഷ-കൂദാശകളിലും ആശീർവാദപ്രാർത്ഥനകളിലും (63-69)
പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാനായി, മുൻദിവസങ്ങളിലെ കുടുംബകൂട്ടായ്‌മ യോഗങ്ങളിൽ ചർച്ചയ്ക്കും പ്രാർത്ഥനയ്ക്കുമായി ഞായറാഴ്‌ചത്തെ വിശുദ്ധഗ്രന്ഥ വായനകൾ സ്വീകരിക്കുന്നതു നല്ലതാണ്. ജനത്തിനിടയിൽ പ്രചരിച്ചിട്ടുള്ള ഭക്താനുഷ്‌ഠാനങ്ങളിലും വചനവ്യാഖ്യാനത്തിനു പ്രാധാന്യം നല്കണം. തിരുക്കർമ്മങ്ങളുടെ ആരംഭത്തിലും സുവിശേഷവായനയ്ക്കുമുമ്പും ആഘോഷമായി സുവിശേഷഗ്രന്ഥം പ്രദക്ഷിണമായി സംവഹിക്കണം; വചനശുശ്രൂഷയിലെ പരമ പ്രധാനമായ നിമിഷം സുവിശേഷവായനയുടേതാണെന്നു ഗ്രഹിക്കാൻ ഇതു വിശ്വാസികളെ സഹായിക്കും.
വചനപ്രഘോഷണത്തിനായി പ്രത്യേകവേദി- ബേമ്മാ- ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപാപ്പാ പ്രസ്താവിക്കുന്നുണ്ട്. ബൈബിളിൽനിന്നല്ലാതെ മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് ആരാധനക്രമത്തിൽ വായിച്ചുകൂടാ എന്നും പരിശുദ്ധപിതാവ് നിഷ്കർഷിക്കുന്നുണ്ട്.
3.2.12. തിരുലിഖിതവും ദൈവാലയസംഗീതവും (70)
ദൈവാലയത്തിലുപയോഗിക്കുന്ന സംഗീതം, ദൈവവചനത്തിൻ്റെ മനോഹാരിത വ്യക്തമാക്കുന്ന രീതിയിൽ വിശുദ്ധഗ്രന്ഥ പ്രേരിതമായിരിക്കണം; ഓരോ സഭയുടെയും പരമ്പരാഗതസംഗീത ശൈലി പിന്തുടരുകയും വേണം.
3.2.13. ദൈവവചനം സഭാജീവിതത്തിൽ (72-73)
ദൈവജനത്തിലെ ഓരോ അംഗത്തിൻ്റെ ഭാഗത്തുനിന്നും ദൈവവചനത്തോടുള്ള വർദ്ധിച്ച സ്നേഹത്തിൻ്റെ ഒരു നവവസന്തം തിരുസഭ പ്രതീക്ഷിക്കുന്നുണ്ട്. വചനത്തിൽ നമുക്കായി സ്വയം നല്കുന്ന ഈശോമിശിഹായോടുള്ള വ്യക്തിപരമായ ബന്ധം ആഴപ്പെടുത്തുന്നതിനും സ്നേഹത്തിലും ആത്മീയതയിലും വളരുന്നതിനും ഇതു സഹായിക്കും.
വഴിതെറ്റിയ വിശുദ്ധഗ്രന്ഥവ്യാഖ്യാനവുമായി വിശ്വാസികളെ സത്യവിശ്വാസത്തിൽനിന്നകറ്റുന്ന വിഘടിതസമൂഹങ്ങളുടെ (sects) അതിപ്രസരത്തിനുള്ള കാരണം മാർപാപ്പാ കണ്ടെത്തുന്നത് അജപാലന ശുശ്രൂഷയിലുള്ള ശ്രദ്ധക്കുറവിലാണ്. സഭയുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലും വിശുദ്ധപാരമ്പര്യത്തോടു ചേർത്തും തിരുലിഖിതം വ്യാഖ്യാനിച്ചു നല്‌കാത്തതുമൂലമുണ്ടാകുന്ന അറിവില്ലായ്‌മയാണു ഈ വ്യാജപ്രബോധകർ മുതലെടുക്കുന്നത്. ഇക്കാര്യത്തിൽ അജപാലകർക്കു ശരിയായ പഠനം ലഭിക്കേണ്ടതുണ്ട്.
3.2.14. വിശ്വാസപരിശീലനവും വിശുദ്ധഗ്രന്ഥവും (74)
വിശ്വാസതീർത്ഥാടനത്തിൻ്റെ വിവിധഘട്ടങ്ങളിൽ വിശ്വാസിയെ അനുഗമിക്കേണ്ടതാണു മതബോധനം അഥവാ വിശ്വാസ പരിശീലനം. ഇതു വിശുദ്ധഗ്രന്ഥാധിഷ്‌ഠിതമായിരിക്കണം. എമ്മാവൂസ് വഴിയിൽ വച്ചുണ്ടായ വിശുദ്ധഗ്രന്ഥവ്യാഖ്യാനമാണു മാർപാപ്പാ മാതൃകയായി എടുത്തു കാണിക്കുന്നത്. നഷ്ടപ്പെട്ടുപോയ പ്രത്യാശ വീണ്ടെടുക്കുന്നതിന് അതു ശിഷ്യർക്കു സഹായമായി. അതവരെ ഉത്ഥിതൻ്റെ തീക്ഷ്‌ണതയുള്ള സാക്ഷികളാക്കി മാറ്റുകയും ചെയ്തു.
3.2.15. വിശുദ്ധഗ്രന്ഥപഠനകേന്ദ്രങ്ങൾ (75-76)
മിഷനറിമാർക്കും അത്മായർക്കും വിശുദ്ധഗ്രന്ഥം പഠിക്കാനും ജീവിക്കാനും പ്രഘോഷിക്കാനും അവസരം നല്‌കുന്ന പരിശീലനകേന്ദ്രങ്ങൾ ഉണ്ടാകണം. നമ്മുടെ പൊതുസമ്മേളനങ്ങളിലും ദൈവവചനത്തിനു പ്രധാനസ്ഥാനം നല്കണം.
3.2.16. ദൈവവചനവും ദൈവവിളിയും (77-83)
വിശുദ്ധിയിലേക്കു നിരന്തരം ക്ഷണിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനും ദൈവവിളി തിരിച്ചറിയുന്നതിനും വചനവുമായുള്ള ബന്ധം സഹായിക്കും. നല്ല ഇടയന്മാരുടെ രൂപീകരണത്തിൽ ദൈവവചനത്തിനു വലിയ സ്ഥാനമുണ്ട്.
മെത്രാന്മാരും പുരോഹിതരും വചനശുശ്രൂഷകരായ മശംശാനമാരും ദൈവരാജ്യത്തിൻ്റെ സുവിശേഷപ്രഘോഷണത്തിലൂടെ ദൈവജനത്തെ വിശ്വാസത്തിന്റെ അനുസരണത്തിലേക്കും ദൈവികരഹസ്യത്തെക്കുറിച്ചുള്ള അറിവിലേക്കും കൂട്ടായ്മയിലേക്കും ആനയിക്കേണ്ടവരാണ്. പുരോഹിതനുതന്നെ ആദ്യം വചനവുമായി ബന്ധമുണ്ടാകണം. പ്രാർത്ഥനാപൂർവം ദൈവവചനത്തെ സമീപിക്കാൻ, മിശിഹായുടെ മനോഭാവമുണ്ടാവാൻ, ജീവിതത്തിലൂടെ സുവിശേഷം പ്രതിഫലിപ്പിക്കാൻ ഇതു സഹായിക്കും. ദൈവശാസ്ത്രപഠനവും ആത്മീയവായനയും ഇതു ലക്ഷ്യംവച്ചുള്ളതാകണം. സമർപ്പിതരുടെ ജീവിതത്തിൽ, ദൈവവചനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമുണ്ടാകണം.
3.2.17. സുവിശേഷപ്രഘോഷണത്തിൽ അത്മായരുടെ ഉത്തരവാദിത്വം (84-85)
മാമ്മോദീസായിലൂടെ പരിശുദ്ധാരൂപിയിലുള്ള വിശുദ്ധ ജീവിതത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളേവരും തങ്ങളുടെ ഉത്തമക്രൈസ്‌തവജീവിതസാക്ഷ്യത്തിലൂടെ മിശിഹായുടെ സുവിശേഷം പ്രചരിപ്പിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ലോകത്തിൽ വ്യാപാരിക്കുന്നവർക്ക് ജീവിതത്തിൻ്റെ അടിസ്ഥാനതലങ്ങളിൽ സുവിശേഷമെത്തിക്കുവാൻ എളുപ്പമാണ്. കുടുംബത്തിലും സമൂഹത്തിലും ജോലിസ്ഥലത്തും പൊതുവേദികളിലും വിദ്യാഭ്യാസരംഗത്തും ദൈവഹിതാനുസൃതമുള്ള ജീവിതം നയിക്കുവാൻ വിശുദ്ധഗ്രന്ഥവായന സഹായിക്കും.
വിവാഹവും കുടുംബജീവിതവും പ്രത്യേകവിധം പരാമർശിക്കപ്പെടുന്നുണ്ട്. ദൈവത്താൽ സ്ഥാപിതമായ വിവാഹബന്ധം (ഉല്പ 2,24) മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു (എഫേ 5,31-32). ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വസ്‌തതയുടെയും സ്നേഹത്തിന്റെയുമെല്ലാം അടിസ്ഥാനം ദൈവവചനത്തിലാണ്.
മക്കളോടുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വവും പരാമർശിക്കപ്പെടുന്നുണ്ട്. ഐക്യത്തിൻ്റെയും പരസ്‌പര വിശ്വസ്തതയുടെയും ജീവിതം വഴി കുഞ്ഞുങ്ങൾക്കു സുവിശേഷമൂല്യങ്ങൾ പകർന്നുനല്കാനും വിശുദ്ധഗ്രന്ഥവുമായി പരിചയപ്പെടുത്താനും മാതാപിതാക്കൾക്കു കഴിയണം. കുടുംബപ്രാർത്ഥനയിലും കൂട്ടായ്മകളിലും ദൈവവചനം ശ്രവിക്കാനും ധ്യാനിക്കാനും അവസരമുണ്ടാകണം. കുടുംബത്തിലും വിവാഹജീവിതത്തിലുമുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം വിശുദ്ധഗ്രന്ഥത്തിലുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സ്ത്രീകൾ നിർവഹിക്കുന്ന വലിയ പങ്കിനെ മാർപാപ്പാ ശ്ലാഘിക്കുന്നുമുണ്ട്.
3.2.18. വിശുദ്ധഗ്രന്ഥത്തിൻ്റെ ആത്മീയവായന (86-87)
ഓരോ വിശ്വാസിയുടെയും ആത്മീയജീവിതത്തിൽ തിരുലിഖിതത്തോടുള്ള ആഭിമുഖ്യം പ്രധാനപ്പെട്ടകാര്യമാണ്. ദൈവാവിഷ്കരണം, നമ്പർ 25 ഉദ്ധരിച്ചുകൊണ്ട് പ്രാർത്ഥനയിൽ വിശുദ്ധഗ്രന്ഥത്തിനുണ്ടായിരിക്കേണ്ട സ്ഥാനത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നുണ്ട്. ദൈവവുമായുള്ള പരസ്‌പരഭാഷണമായ പ്രാർത്ഥനയിൽ ദൈവം നമ്മോടു സംസാരിക്കുന്നതു തിരുലിഖിതത്തിലൂടെയാണ്. ഒരിജന്റെ അഭിപ്രായത്തിൽ വിശുദ്ധഗ്രന്ഥം ശരിക്കു മനസ്സിലാകണമെങ്കിൽ പ്രാർത്ഥനയിൽ ദൈവവുമായി അടുപ്പമുണ്ടാകണം. ഈ സന്ദർഭത്തിലും പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ സജീവമായി പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറയുന്നുണ്ട്. ആരാധനാസമൂഹത്തിൽവേണം ദൈവവചനം സ്വീകരിക്കപ്പെടാൻ.
ദൈവവചനത്തിൻ്റെ നിധി വിശ്വാസികൾക്കു തുറന്നു നല്‌കുന്നതിലൂടെ മിശിഹായെ കണ്ടുമുട്ടുന്നതിന് തിരുലിഖിതത്തിന്റെ ആത്മീയവായന പ്രധാനമാണ്. അഞ്ചു ഘട്ടങ്ങളായാണ് ആത്മീയവായന (lectio divina) പുരോഗമിക്കുന്നത്:
3.2.19. മാതൃഭക്തി (88)
വിശ്വാസിയുടെ വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും പരിശുദ്ധ കന്യാകമറിയത്തോടുള്ള ഭക്തി പരമപ്രധാനമാണ്. വിശുദ്ധഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ മിശിഹാരഹസ്യങ്ങളെ പരിശുദ്ധ അമ്മയോടൊത്തു ധ്യാനിക്കുന്നതാണല്ലോ കൊന്ത നമസ്കാരം. മിശിഹായുടെ മനുഷ്യാവതാര രഹസ്യം അനുസ്മരിക്കുന്ന ത്രികാലജപം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ചൊല്ലുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പൗരസ്ത‌്യസഭകളിലെ പ്രത്യേക മരിയൻവണക്കത്തെയും ശ്ലാഘിക്കുന്നുണ്ട്.
3.2.20. വിശുദ്ധനാട് അഞ്ചാം സുവിശേഷം (89)
രക്ഷാകര രഹസ്യം അരങ്ങേറിയ നാടിനും പ്രാധാന്യമുണ്ട്. അവിടെനിന്നാണല്ലോ ദൈവവചനം ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കു പ്രചരിച്ചത്. രക്ഷകനായ മിശിഹാ ജനിച്ചു വളർന്ന് നമുക്കു വേണ്ടി ജീവനർപ്പിച്ച സ്ഥലങ്ങൾ നമ്മെ സംബന്ധിച്ച് അഞ്ചാം സുവിശേഷമാണ്. ഭൗമികഓർശ്ലെമിലേക്കുള്ള ആദര പൂർവമായ തീർത്ഥാടനം ഈ ഭൂമിയിലെ വിശ്വാസതീർത്ഥാടനത്തിന്റെ ലക്ഷ്യ സ്ഥാനമായ സ്വർഗീയഓർശ്ലെമിനെക്കുറിച്ചുള്ള പ്രതീക്ഷ ഉജ്ജ്വലിപ്പിക്കും.
3.3.1. സഭയുടെ ദൗത്യം: ലോകത്തോടു വചനം പ്രഘോഷിക്കുക (90-95)
ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവായ ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നതു മനുഷ്യനായവതരിച്ച ഈശോ മിശിഹായാണ്. നസ്രായനായ ഈശോ പിതാവിൻ്റെ വ്യാഖ്യാതാവാണ് (exegete of the Father). പിതാവിൻ്റെ ഏകജാതൻ നല്കുന്ന വെളിപാടു സ്വീകരിക്കുന്നവരെല്ലാം അവിടുത്തെ സാക്ഷികളായി ഭവിക്കുന്നു. രക്ഷയുടെ വചനം എല്ലാ മനുഷ്യരെയും ഉദ്ദേശിച്ചുള്ളതാകയാൽ ജീവിതംകൊണ്ടു മിശിഹായ്ക്കു സാക്ഷ്യം നല്കാനും പ്രത്യാശയുടെ വചനം എല്ലാവരോടും പ്രഘോഷിക്കാനുമുള്ള കടമ എല്ലാ വിശ്വാസികൾക്കുമുണ്ട്. അതുകൊണ്ടാണു പൗലോസ്ശ്ലീഹാ പറയുന്നത്: “സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്കു ഹാ കഷ്ടം" (1 കോറി 9,16) എന്ന്. സ്വഭാവത്താലെ സഭ പ്രേഷിതയാണ് എന്നു പറയുന്നതും അതുകൊണ്ടാണ്. ഈശോമിശിഹായിൽ വിശ്വസിക്കുകയും മാമ്മോദീസാവഴി കൗദാശികമായി അവിടുത്തെ ശരീരത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്ന എല്ലാവർക്കും മെത്രാന്മാർ, പുരോഹിതന്മാർ, മ്ശംശാനമാർ, അല്മായർ എന്ന വ്യത്യാസമില്ലാതെ- തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസൃതം മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനുള്ള കടമയുണ്ട്. സഭാംഗങ്ങൾക്കിടയിൽ പ്രേഷിതാവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപാപ്പാ എടുത്തു പറയുന്നുണ്ട്. സകല മനുഷ്യർക്കും സുവിശേഷം ശ്രവിക്കാനും രക്ഷപ്രാപിക്കാനും അവകാശമുണ്ട്. പ്രഘോഷിക്കപ്പെടേണ്ട വചനം ദൈവരാജ്യത്തിന്റെ സുവിശേഷമാണ്. കാരണം, സുവിശേഷമായ ഈശോ ദൈവരാജ്യമാണ്.
3.3.2. നവസുവിശേഷവത്ക്കരണത്തിൻ്റെ ആവശ്യകത (96,122)
മാമ്മോദീസാ സ്വീകരിച്ചവരെങ്കിലും വേണ്ടവിധത്തിൽ സുവിശേഷവത്കരിക്കപ്പെടാത്ത അനേകർ സഭയ്ക്കുള്ളിലുണ്ട് എന്ന ബോദ്ധ്യമാണ് സുവിശേഷം നവമായി പ്രഘോഷിക്കേണ്ട തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുവാൻ മാർപാപ്പായെ പ്രേരിപ്പിക്കുന്നത്. 2012 ഒക്ടോബറിൽ റോമിൽ നടന്ന മെത്രാന്മാരുടെ പതിമൂന്നാമതു സാധാരണ സിനഡിൻ്റെ വിഷയം നവസുവിശേഷവത്കരണം: വിശ്വാസകൈമാറ്റത്തിന് എന്നതായിരുന്നല്ലോ. ഒരിക്കൽ വിശ്വാസത്തിൽ സമ്പന്നമായിരുന്ന സംസ്കാരങ്ങൾക്കുപോലും ഭൗതികചിന്താഗതിയുടെ സ്വാധീനഫലമായി അവരുടെ ക്രൈസ്‌തവവേരുകൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിലായിരുന്നിത്. സാസ്‌കാരിക-സാമൂഹിക-സമ്പർക്ക മാദ്ധ്യമരംഗങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു സുവിശേഷം പുതിയ രീതികളിലും ഭാവങ്ങളിലും അവതരിപ്പിക്കേണ്ടതുണ്ട്.
3.3.3. ദൈവവചനവും ക്രൈസ്‌തവസാക്ഷ്യവും (97-98)
ക്രൈസ്തവജീവിതസാക്ഷ്യത്തിലാണ് വചനപ്രഘോഷണത്തിന്റെ വിശ്വസനീയത. ഈശോയുടെ സുവിശേഷം ജീവിതയോഗ്യവും ജീവദായകവുമാണ് എന്നു ജീവിതംകൊണ്ടു സക്ഷ്യപ്പെടുത്തുവാൻ വിശ്വാസിക്കു സാധിക്കണം. വളർന്നുവരുന്ന തലമുറയെ ദൈവവചനവുമായി പരിചയപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം മുതിർന്ന തലമുറയ്ക്കുണ്ട്. ജീവിതസാക്ഷ്യം പോലെ അതിനുപയുക്തമായ മാർഗം വേറെയില്ല. ജീവിതത്തിനർത്ഥവും ദിശാബോധവും അന്വേഷിക്കുന്ന യുവജനങ്ങൾക്ക്, അവരുടെ കൂടെ നടന്നു സാക്ഷ്യം നല്കുന്നവരെയാണ് കൂടുതൽ വിശ്വാസം (104). സ്വജീവൻപോലുമർപ്പിച്ചു മിശിഹായ്ക്കു സാക്ഷികളായ വിശുദ്ധരും രക്തസാക്ഷികളും വിശ്വാസതീർത്ഥാടനത്തിൽ നമുക്കു മുമ്പേ പോയവരാണ്.
3,3,4, ദൈവവചനം ഭൗതികജീവിതസാഹചര്യങ്ങളിൽ (99-105)
ദരിദ്രരിൽ ഈശോയെ കണ്ടുകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്യുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് ദൈവവചനമാണ്. അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനംതന്നെ (മത്താ 25,35-36) ദരിദ്രരോടു പക്ഷംചേരാൻ പ്രേരിപ്പിക്കുന്നതാണ്. കാരണം, വിധിയുടെ മാനദണ്ഡം പാവപ്പെട്ടവരോടുള്ള പരിഗണനയാണല്ലോ. ശ്രവിക്കുന്ന വചനം ഉപവിപ്രവൃത്തികളിൽ പ്രതിഫലിക്കണം.
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ദൈവവചനം നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ മണ്‌ഡലങ്ങളിൽ ഇടപെടുവാനും സുവിശേഷമൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുവാനും ക്രൈസ്‌തവനു സാധിക്കണം. ഓരോ വ്യക്തിയുടെയും മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുവാനും ലോകജനതകൾക്കിടയിലുള്ള സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുവാനും പ്രചോദനം നല്‌കുന്നതു ദൈവവചനമാണ്.
പ്രവാസികളായി നമ്മുടെയിടയിൽ ജീവിക്കുന്നവർക്കും സുവിശേഷവചനം ശ്രവിക്കുവാൻ അവകാശമുണ്ട്. ആരുടെയും മേൽ നിർബന്ധപൂർവം കെട്ടിയേല്പിക്കുകയല്ല, സ്നേഹപൂർവം നിർദ്ദേശിക്കുവാൻ നമുക്കു സാധിക്കണം. അതുപോലെതന്നെ, പ്രവാസികളായിക്കഴിയുന്ന ക്രിസ്ത്യാനികൾക്ക് അജപാനശുശ്രൂഷ ദൈവവചനരംഗത്തും ലഭിക്കുവാൻ അവസരമുണ്ടാകണം. ഒപ്പം, പ്രവാസാസ്തിത്വം സുവിശേഷപ്രഘോഷണത്തിനുള്ള ഒരവസരം കൂടിയാണ്. ഉദാഹരണത്തിന്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പാർക്കുന്ന മാർത്തോമാ നസ്രാണികളുടെ ജീവിതസാക്ഷ്യം ഈശോമിശിഹായുടെ സുവിശേഷത്തിലേക്കു അനേകരെ ആകർഷിക്കുവാൻ ഇടയാകണം.
3.3.5. സഹനനിമിഷങ്ങളിൽ നിശബ്ദമായി സംസാരിക്കുന്ന വചനം (106)
സഹനത്തിന്റെ അവസരങ്ങളിലാണ് ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് മനുഷ്യമനസ്സിൽ ചോദ്യമുയരുന്നത്. രഹസ്യാത്മകമാംവിധം രോഗവും സഹനവുമൊക്കെ ദൈവത്തിന്റെ സ്നേഹ പദ്ധതിയുടെ ഭാഗമാണെന്നു ഗ്രഹിക്കാൻ ദൈവവചനം സഹായിക്കും. അവിടുന്നുതന്നെയാണല്ലോ യഥാർത്ഥവൈദ്യൻ. കുരിശുമരണത്തിലെ സഹനംവരെ ഏറ്റെടുത്ത മിശിഹാ സഹിക്കുന്ന വ്യക്തിയോടടുത്തുണ്ട്. മിശിഹായുടെ രക്ഷാകരസഹനത്തിൽ പങ്കുകാരാകുന്നതിനുള്ള അവസരമാണു രോഗിക്കു ലഭിക്കുന്നത് (2 കോറി 4,8-14).
3.3.6. ദരിദ്രർ സുവിശേഷപ്രഘോഷകർ (107)
പൂർണമായി സ്വയം ദൈവത്തിൽ സമർപ്പിക്കുന്നവരാണു യഥാർത്ഥ ദരിദ്രർ. ഇപ്രകാരമുള്ളവരാണ് ഈശോയുടെ ദൃഷ്ടിയിൽ ഭാഗ്യവാന്മാർ; കാരണം, സ്വർഗരാജ്യം അവർക്കുള്ളതാണ് (മത്താ 5,3). സ്വർഗരാജ്യത്തെപ്രതി സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന ദാരിദ്ര്യത്തിനും പ്രസക്തിയുണ്ടാകുന്നത് ഇതുമൂലമാണ്. ഇപ്രകാരമുള്ള ദരിദ്രജീവിതവും സുവിശേഷപ്രഘോഷണം തന്നെയാണ്.
3.3.7. പ്രപഞ്ചസംരക്ഷണവും ദൈവവചനവും (108)
പ്രകൃതിയും അതിലുള്ള സകലവും ദൈവത്തിന്റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ (യോഹ 1,2). സൃഷ്ടവസ്തുക്കളെ പുതിയ കണ്ണുകളിലൂടെ നോക്കിക്കാണുവാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാൻവേണ്ടികൂടിയാണല്ലോ ദൈവം മനുഷ്യനെ ഭരമേല്പ്പിച്ചിരിക്കുന്നത് (ഉല്‌പ 2, 15). ദൈവദാനമായ പ്രപഞ്ചത്തെ ചൂഷണം ചെയ്യാനോ നശിപ്പിക്കാനോ മനുഷ്യന് അവകാശമില്ല.
3.3.8. ദൈവവചനവും മനുഷ്യസംസ്‌കാരവും (109-114)
ഓരോ സംസ്കാരത്തിന്റെയും ഭാഷയും പ്രയോഗങ്ങളും അവതരണരീതികളുമൊക്കെ സ്വീകരിച്ചുകൊണ്ടാണ് ദൈവം മനുഷ്യനു സ്വയം വെളിപ്പെടുത്തുന്നത്. ലിഖിതവചനത്തിൽ സംസ്കാരത്തിന്റെ പ്രതിഫലനം ദർശിക്കാനാവും. വീണ്ടും, ഏതു സംസ്കാരത്തിൽ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ അവിടെ സുവിശേഷം വേരോടുന്നതിൻ്റെ ഫലമായി അടിസ്ഥാനധാർമിക മൂല്യ ബോദ്ധ്യങ്ങളും കലാരൂപങ്ങളും ജീവിതശൈലികളും രൂപം കൊള്ളും. മനുഷ്യനന്മയ്ക്കുപകരിക്കുന്ന സംസ്‌കാരങ്ങളെല്ലാം ദൈവത്തോടു തുറവുള്ളതായിരിക്കും. ബൈബിളിലെ മാനുഷികവും ധൈഷണികവുമായ മൂല്യങ്ങൾ ഏതു സംസ്കാരത്തെയും ആകർഷിക്കും. സംസ്‌കാരങ്ങൾ സുവിശേഷമൂല്യങ്ങളോട് അനുരൂപപ്പെടണം. കാരണം, എല്ലാ തലമുറകൾക്കുമായാണ് ദൈവം അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. മിശിഹായുടെ സുവിഷേം എല്ലാവരോടും പ്രഘോഷിക്കണമെന്നും അവിടുന്നു കല്പന നല്കിയിട്ടുമുണ്ടല്ലോ (മത്താ 28,16-20).
സഭ നടത്തുന്ന വിദ്യാലയങ്ങളിൽ ബൈബിളുമായി പരിചയത്തിലാകുന്നതിനു വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകണം. വിശുദ്ധഗ്രന്ഥാധിഷ്‌ഠിതമായ മതബോധനം നല്‌കുവാൻ അദ്ധ്യാപകർ ശ്രദ്ധിക്കണമെന്നും മാർപാപ്പാ നിർദ്ദേശിക്കുന്നുണ്ട്.
കലാസാഹിത്യമണ്‌ഡലങ്ങളിൽ ബൈബിളിനു പ്രത്യേക സ്വാധീനമുണ്ടായിട്ടുണ്ട്. കല, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെല്ലാം വിശുദ്ധഗ്രന്ഥസ്വാധീനം ദർശിക്കാനാവും. പൗരസ്ത്യസഭകളിൽ ജന്മമെടുത്ത ഐക്കണുകൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. അദൃശ്യവും നിത്യവുമായ യാഥാർത്ഥ്യങ്ങളെ സമയത്തിലും കാലത്തിലും സന്നിഹിതമാക്കാൻ ഐക്കണുകൾക്കുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്.
സാമൂഹ്യസമ്പർക്കമാധ്യമങ്ങൾ കാര്യക്ഷമമായി സുവിശേഷപ്രഘോഷണത്തിനായി വിനിയോഗിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് പോലുള്ള ആധുനിക സമ്പർക്കമാധ്യമ മേഖലകളിൽ സുവിശേഷ സാന്നിധ്യമുണ്ടാകണം. മിശിഹായുടെ മുഖം കംപ്യൂട്ടർസ്ക്രീനുകളിൽ തെളിയണം; അവിടുത്തെ സ്വരം എവിടെയും മുഴങ്ങി കേൾക്കണം.
3.3.9. ദൈവവചനവും സാംസ്‌കാരികാനുരൂപണവും (114-116)
ഓരോ മനുഷ്യസമൂഹത്തോടും അതതിന്റെ സംസ്കാരങ്ങളിൽ സംവദിക്കാനുള്ള ശേഷി ദൈവവചനത്തിനുണ്ട്. വിശുദ്ധഗ്രന്ഥംതന്നെയാണ് അതിനു വ്യക്തമായ സാക്ഷ്യം. ബൈബിളിൽ ആദ്യന്തം ഈ സാർവത്രിക തുറവ് ദൃശ്യമാണ്. അബ്രാഹത്തിനു ദൈവം നല്കിയ വാഗ്ദാനം സകല മനുഷ്യരെയും ഉദ്ദേശിച്ചുള്ളതായിരുന്നു (ഉല്പ 12,3; 22,18). ഉത്ഥിതനായ മിശിഹാ രക്ഷയുടെ സുവിശേഷം സകലജനപദങ്ങളോടും പ്രഘോഷിക്കാനാണ് തൻ്റെ ശ്ലീഹന്മാരെ അയച്ചത് (മത്താ 28,16-20). ഉപരിപ്ലവമായ ചില കടമെടുക്കലുകളോ ബാഹ്യാനുകരണങ്ങളോ അല്ല യഥാർത്ഥ സാംസ്‌കാരികാനുരൂപണത്തിൻ്റെ അന്തഃസത്ത. മിശിഹായുടെ സുവിശേഷത്തിൻ്റെ തനിമയ്ക്കു യാതൊരു കോട്ടവും വരുത്തുന്ന തരത്തിലായിരിക്കരുത് അനുരൂപണം. അവിടുത്തെ മനുഷ്യാവതാരം തന്നെയാണു സാസ്‌കാരികാനുരൂപണത്തിന് ഏറ്റവും ഉത്തമമായ മാതൃക. ഒരു പുതിയ സംസ്‌കാരത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം ഉടലെടുക്കുമ്പോൾ, ആ സംസ്‌കാരത്തിന്റെ തനതായ പാരമ്പര്യങ്ങളിൽനിന്ന്ക്രൈസ്‌തവജീവിതശൈലികളും വിശ്വാസാഘോഷരീതികളും ചിന്താധാരകളും ഉയിർകൊള്ളും. സുവിശേഷം ആ സംസ്കാരത്തിൻ്റെ പുളിമാവായി ഭവിക്കും. ഓരോ സംസ്കാരത്തിലുമുള്ള നന്മയുടെ അംശം സുവിശേഷമൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഉല്‌കൃഷ്‌ടമാക്കുന്നതിനുള്ള വേദിയാകണം അനുരൂപണം. സാംസ്‌കാരികപരിമിതികളെ അതിശയിക്കുന്നതിനു ദൈവവചനത്തിനു സവിശേഷശക്തിയുണ്ട്. ആദ്യനൂറ്റാണ്ടിൽത്തന്നെ ഭാരതസംസ്ക്‌കാരത്തിൽ ഇഴുകിച്ചേർന്ന മാർത്തോമാ നസ്രാണിപാരമ്പര്യം ഇതിനുത്തമോദാഹരണമാണ്.
വിശുദ്ധഗ്രന്ഥപരിഭാഷയിലാണ് ഈ സാംസ്കാരികസ്വാധീനം കൂടുതൽ പ്രകടമാകുന്നത്. കാരണം, ഓരോ ഭാഷയ്ക്കും അതതിന്റേതായ ചിന്താരീതിയും ജീവിതശൈലിയും വ്യക്തമാക്കുന്ന സാംസ്‌കാരിക പശ്ചാത്തലവും പ്രയോഗരീതികളും പ്രതീകങ്ങളുടെ ഉപയോഗങ്ങളുമുണ്ട്. മലയാളഭാഷയിൽ നിരവധി ബൈബിൾ പരിഭാഷകളുണ്ടായിട്ടുണ്ട് എന്നതു ശ്ലാഘനീയമായ സംഗതിയാണ്.
3.3.10. ദൈവവചനം മതാന്തരസംവാദത്തിൽ (117-120)
സന്മനസ്സുള്ള സകല മനുഷ്യരുമായും പ്രത്യേകിച്ചു മതപാരമ്പര്യങ്ങളുമായി സംവാദത്തിലേർപ്പെടുന്നത് ദൈവവചനപ്രഘോഷണത്തിനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ്. സാർവത്രിക സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനു ദൈവവചനം സഹായിക്കും. ഏകദൈവത്തിൽ വിശ്വസിക്കുന്ന യഹൂദരും മുസ്ലീമുങ്ങളുമായുള്ള സംവാദം താരതമ്യേന എളുപ്പമാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാൻ ഇടയാകരുത്. ഹിന്ദുമതത്തിൽ വിശുദ്ധ വ്യക്തികളോടും സ്ഥലങ്ങളോടുമുള്ള ആദരവ്, തപസ്സിനും ഉപവാസത്തിനും പ്രായശ്ചിത്തത്തിനുമുള്ള പ്രാധാന്യം, ജീവനോടുള്ള ബഹുമാനം, ലളിതജീവിതശൈലി, നിശബ്ദതയ്ക്കും ധ്യാനത്തിനും നല്‌കപ്പെടുന്ന ഊന്നൽ തുടങ്ങിയ മുല്യങ്ങൾ സുവിശേഷമൂല്യങ്ങളോടു ചേർന്നുപോകുന്നവയാണ്. മുസ്ലിം സഹോദരങ്ങൾ അബ്രാഹത്തെ നോക്കിക്കൊണ്ട്, പ്രാർത്ഥനയിലൂടെയും ദാനധർമത്തിലൂടെയും ഉപവാസത്തിലൂടെയും ദൈവത്തെ ആരാധിക്കുന്നവരാണ്. ബൈബിളിലെ പല വ്യക്തികളും പ്രതീകങ്ങളും പ്രമേയങ്ങളും ഖുറാനിലുമുണ്ടല്ലോ. പരസ്പരം കൂടുതൽ അടുത്തറിയുവാനും ബഹുമാനിക്കുവാനും സഹായിക്കുന്ന പരസ്‌പരഭാഷണങ്ങൾ മുസ്ലിം സഹോദരങ്ങളുമായി നടത്തണണമെന്നും മാർപാപ്പാ വിശ്വാസികളെ ഉപദേശിക്കുന്നുണ്ട്. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും കൺഫ്യൂഷ്യനിസത്തിലുമുള്ള ദൈവവിശ്വാസം, പ്രാർത്ഥന, ധ്യാനം, ജീവനോടും കുടുംബബന്ധങ്ങളോടുമുള്ള ആദരവ് തുടങ്ങിയ ധാർമിക മൂല്യങ്ങൾ ശ്രദ്ധേയമാണ്. അവനവൻ്റെ മതവിശ്വാസം ജീവിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയുണ്ടാകണം.
സമാപനം (121-124)
വിശ്വാസികൾക്കു ദൈവവചനവുമായുള്ള ബന്ധം ആഴപ്പെടുത്തുക എന്നതാണ് ഈ രേഖയുടെ ലക്ഷ്യം എന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പാ ഊന്നിപ്പറയുന്നു. കാരണം, സഭയിൽ പ്രഘോഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്ന ദൈവവചനമാണ് യഥാർത്ഥ ക്രൈസ്തവാദ്ധ്യാത്മികതയുടെ അന്തർധാര. തിരുസഭയുടെ വിശുദ്ധപാരമ്പര്യത്തിലും തിരുലിഖിതത്തിലും കൂടിയാണല്ലോ നമുക്ക് ദൈവവചനം കൈമാറി ലഭിക്കുന്നത്.
മിശിഹായുടെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനം പ്രത്യാശയോടെ കാത്തിരിക്കുമ്പോഴും അവിടുത്തെ സുവിശേഷം സകല ജനപദങ്ങളോടും പ്രഘോഷിക്കുവാൻ തിരുസഭ അതീവ ശ്രദ്ധാലുവാണ്. ഭൗതികവാദത്തിൻ്റെ സ്വാധീനത്തിൽപ്പെട്ട് ഒരുതരം മതനിസ്സംഗതയിൽ കഴിയുന്ന നാമമാത്ര വിശ്വാസികളോടു മിശിഹായുടെ സുവിശേഷം നവമായി പ്രഘോഷിക്കുവാനുള്ള പരിശ്രമങ്ങളും സഭയിൽ സജീവമാണ്.
ദൈവവചനത്തോടുള്ള തുറവിനനുസൃതമായി നമ്മുടെ ജീവിതത്തിൽ പന്തക്കുസ്‌താനുഭവം നവീകരിക്കപ്പെടും. സുവിശേഷത്തിനു സാക്ഷ്യം നല്‌കാൻ ദൈവാരൂപി നമ്മെ ശക്തരാക്കും. വിശുദ്ധയോഹന്നാൻശ്ലീഹാ എഴുതുന്നതുപോലെ, ദൈവവചന പ്രഘോഷണം കൂട്ടായ്‌മ സൃഷ്‌ടിക്കുകയും നമ്മുടെ സന്തോഷം പൂർണമാക്കുകയും ചെയ്യുന്നു. തിരുലിഖിതം വ്യക്തമാക്കാന്നതു പോലെ ആനന്ദം പരിശുദ്ധാരൂപിയുടെ ദാനമാണ് (ഗലാ 5,22) ദൈവത്തോടും സഹമനുഷ്യരോടുമുള്ള കൂട്ടായ്‌മയിൽ മാത്രമേ അതനുഭവിക്കാനാവൂ. ദൈവത്തിൻ്റെ വചനമാണ് യഥാർത്ഥ ആനന്ദത്തിന്റെ ഉറവിടം.
വിശ്വാസത്തോടെ ദൈവവചനം ഉദരത്തിൽ സ്വീകരിച്ചു ലോകത്തിനു പ്രദാനം ചെയ്ത പരിശുദ്ധകന്യകാമറിയമാണ് യഥാർത്ഥ ഭാഗ്യവതി. "കർത്താവരുളിച്ചെയ്‌തവ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1,45) എന്ന് ഏലീശ്വാപുണ്യവതി ഉദ്ഘോഷിച്ചത് അതുകൊണ്ടാണ്. ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താൽ നമുക്കും മറിയത്തിന്റെ ഭാഗ്യം ലഭിക്കും എന്നും കർത്താവ് ഉറപ്പുനല്കിയിട്ടുണ്ടല്ലോ (ലൂക്കാ 8,21; 11,28). നമ്മുടെ വാതില്ക്കൽ മുട്ടുന്ന (വെളി 3,20) അവിടുത്തെ സ്വരം ശ്രവിച്ച് അകത്തേക്കു പ്രവേശനം നല്‌കിയാൽ നാമും അനുഗൃഹീതരാകും. സഭയോടുചേർന്നു നമുക്കും പ്രാർത്ഥിക്കാം: “കർത്താവായ ഈശോയെ വേഗം വരണമേ" (വെളി 22,17.20)
1
വേദപുസ്‌തകവും
ജോൺ പോൾ രണ്ടാമൻ മാർപാപ്പായും
ഭാഗ്യസ്മരണാർഹനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ ആദ്യ പൊതുപ്രസംഗംതന്നെ വിശുദ്ധഗ്രന്ഥലോകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു. വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിലുള്ള ബസിലിക്കായുടെ അങ്കണത്തിൽ തടിച്ചുകൂടിയ ജനാവലിയോട് അദ്ദേഹം ഉച്ചസ്വരത്തിൽ ഉദ്ഘോഷിച്ചു: "നിങ്ങൾ ഭയപ്പെടേണ്ട". ശിമയോൻ കേപ്പായെ ഈശോ വിളിക്കുന്ന സുവിശേഷരംഗം ജോൺ പോൾ മാർപാപ്പായെ ഏറെ സ്വാധീനിച്ചിട്ടുണ്ടാകണം. അത്ഭുതകരമായ മീൻപിടുത്തത്തെപ്പറ്റി ആശ്ചര്യപ്പെട്ടുനിന്ന ശിമയോനോട് ഈശോ അരുളിച്ചെയ്തു: “നീ ഭയപ്പെടേണ്ട. ഇതുമുതൽ നിത്യജീവനുവേണ്ടി നീ മനുഷ്യരെ പിടിക്കും” (ലൂക്കാ 5,10). വിശുദ്ധ പത്രോസ് ശ്ലീഹായുടെ പിൻഗാമി എന്ന നിലയിൽ ഇതേ ദൗത്യം തുടരേണ്ടവനാണു താനെന്ന ബോദ്ധ്യം ജോൺ പോൾ മാർപാപ്പായ്ക്കുണ്ടായിരുന്നു. ഈശോയുടെ ജീവിതത്തിലെ മറ്റൊരു രംഗംകൂടി നമ്മെ അനുസ്മരിപ്പിക്കുന്നതാണ് മാർപാപ്പായുടെ ആദ്യവാക്കുകൾ. ഗലീലീത്തടാകത്തിൽ കാറ്റു പ്രതികൂലമായിരുന്നതിനാൽ തുഴയാൻ ക്ലേശിച്ചിരുന്ന ശിഷ്യന്മാർ, അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈശോയെ കണ്ടു പരിഭ്രാന്തരായി. അവരോട് ഈശോ പറഞ്ഞു: "ധൈര്യമായിരിക്കുവിൻ. ഞാനാകുന്നു. ഭയപ്പെടേണ്ട" (മർക്കോ 6,50). അവിടുന്നു ശിഷ്യന്മാരുടെ വഞ്ചിയിൽ കയറിയതോടെ കാറ്റ് ശമിച്ചു. തിരുസ്സഭയാകുന്ന വഞ്ചി മുന്നോട്ടുപോകുവാൻ ക്ലേശിച്ചിരുന്ന ഒരു കാലഘട്ടത്തിൽ മിശിഹായുടെ പ്രതിപുരുഷനായി ദൈവത്താൽ അയയ്ക്കപ്പെട്ട വ്യക്തിയാണ് കരോൾ വോയ്‌റ്റീവ. “ഭയപ്പെടേണ്ട” എന്ന ആഹ്വാനത്തോടെ തിരുസ്സഭാംഗങ്ങളെ അഭിവാദനം ചെയ്ത അദ്ദേഹം വഞ്ചിയുടെ അമരത്തിരുന്നുകൊണ്ട് അതിനെ സ്വർഗ്ഗീയ തുറമുഖത്തേയ്ക്കു നയിക്കുകയായിരുന്നു. ലോകത്തോടു മുഴുവൻ ജോൺ പോൾ മാർപാപ്പായ്ക്ക് പറയുവാനുണ്ടായിരുന്നത് “ഭയപ്പെടേണ്ട" എന്നു മാത്രമായിരുന്നു. എന്തുകൊണ്ടാണ് ഭയപ്പെടാനില്ലാത്തതെന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള ജീവിതവും പ്രവർത്തനങ്ങളും പ്രബോധനങ്ങളുമെല്ലാം.
എന്നും ജോൺ പോൾ മാർപാപ്പായുടെ പ്രബോധനം വി. ഗ്രന്ഥത്തിന്റെ വിശദീകരണം തന്നെയായിരുന്നു. തിരുലിഖിതങ്ങളിലെ ദൈവഹിതം ഇന്നിൻ്റെ മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിച്ചു നൽകുകയാണ് അദ്ദേഹം ചെയ്തത്. മാർപാപ്പാമാരുടെ ചരിത്രത്തിൽ ഇത്രയേറെ പൊതു പ്രഭാഷണം നടത്തിയ മറ്റൊരാൾ ഇല്ല. അദ്ദേഹത്തിൻ്റെ എല്ലാ പ്രസംഗങ്ങളും വിശുദ്ധ ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരാശയത്തിന്റെ ആധുനിക വ്യാഖ്യാനമായിരുന്നു. ഈലോകജീവിതത്തിൻ്റെ അവസാന നാളുകളിൽ ഒരിക്കൽ (2004 ജൂലൈ 18) അദ്ദേഹം പറഞ്ഞു: "ദൈവവചനത്തിന് ചെവികൊടുക്കുന്നതാണ് നമ്മുടെ ജീവിതത്തിലെ പരമപ്രദാനമായ സംഗതി". ദൈവവചനത്തോട് ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്കുണ്ടായിരുന്ന ആഭിമുഖ്യം വെളിവാക്കുന്നതാണ് ഈ വാചകം.
4.1.1. ദൈവവചന വ്യാഖ്യാനം സഭയിൽ
പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ്റെ പേരിൽ 1993 ൽ പുറപ്പെടുവിച്ച "ദൈവവചന വ്യാഖ്യാനം സഭയിൽ" എന്ന പ്രമാണരേഖയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഇപ്രകാരം എഴുതി: ശ്രോതാക്കൾക്കു ഗ്രഹിക്കാനാവുംവിധം വിശുദ്ധ ഗ്രന്ഥ സന്ദേശം നവമായി ആധുനികഭാഷയിൽ അവതരിപ്പിക്കേണ്ടതുണ്ട്. മൂലത്തോടു വിശ്വസ്തതപുലർത്തിക്കൊണ്ടുവേണം ഇപ്രകാരം വിവർത്തനം ചെയ്യാൻ. എന്നാൽ ഒരു കാലഘട്ടത്തിന്റെ പ്രത്യേക ചിന്താരീതിയോട് താദാത്മ്യപ്പെടുത്താൻവേണ്ടി പാഠഭാഗത്തെ വളച്ചൊടിക്കരുത്. മനുഷ്യരുടെ വാക്കുകളിൽ അവതരിപ്പിക്കപ്പെടുമ്പോഴും ദൈവവചനത്തിൻ്റെ മഹത്ത്വം നഷ്‌ടപ്പെടാതെ സൂക്ഷിക്കണം. എന്നാൽ, ഓരോ ജനതയുടെയും സമൂഹത്തിന്റെയും സംസ്കാരത്തിനനുസൃതമായി ദൈവികസന്ദേശം അവതരിപ്പിക്കപ്പെടേണ്ടതുണ്ട് (Inculturation) ദൈവനിരാസത്തിൻ്റെയും മതനിരപേക്ഷതയുടെയും സ്പർശമേൽക്കാത്ത സമൂഹങ്ങൾക്കേ ബൈബിളിലെ ദൈവസ്വരം അനായാസം തിരിച്ചറിയാൻ സാധിക്കു. വി. ഗ്രന്ഥ സന്ദേശത്തിന്റെ സാർവ്വത്രിക പ്രസക്തിയും രക്ഷാകരശക്തിയും വ്യക്തമാക്കുംവിധം ദൈവവചനം അവതരിപ്പിക്കപ്പെടേണ്ടതുണ്ട് (നമ്പർ 15).
വി. ഗ്രന്ഥവ്യാഖ്യാനത്തെ സംബന്ധിച്ച് സഭയ്ക്കുള്ള പ്രബോധനം മുഴുവൻ വളരെ ലളിതമായ ഈ വാക്യങ്ങളിലുണ്ട്. പ്രഥമവും പ്രധാനവുമായ ലക്ഷ്യം ദൈവത്തിന് മനുഷ്യനോടു സംവദിക്കാനുള്ളത് അവർക്കു മനസ്സിലാകുന്ന ഭാഷയിലും രീതിയിലും അവതരിപ്പിക്കപ്പെടണം എന്നതാണ്. ദൈവികസന്ദേശം ആധുനിക മനുഷ്യന് എത്തിക്കുക എന്നതാണ് മുഖ്യം. മൂലകൃതിയോടുള്ള വിശ്വസതയാണ് ദൈവത്തിനു പറയാനുള്ളത് കേൾക്കാനുള്ള ഏക മാർഗം. വി. ഗ്രന്ഥഭാഷകളും രചനാപശ്ചാത്തലങ്ങളും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മാർപാപ്പാ വിരൽ ചൂണ്ടുന്നത്. ഓരോ ഭാഷയിലും സംസ്കാരത്തിലും ദൈവവചനം മാംസം ധരിക്കുമ്പോൾ അതിൻ്റെ ദൈവികത നഷ്ടമാകാതെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം നിഷ്‌കർഷിക്കുന്നു. ബൈബിളിലെ ദൈവികസ്വരം കേൾക്കാനായി ദൈവവിചാരമുള്ള സമൂഹങ്ങൾക്ക് രൂപം നല്കേണ്ടതിന്റെ ആവശ്യകതയും മാർപാപ്പാ ഊന്നിപ്പറയുന്നുണ്ട്.
4.1.2. സമർപ്പിതജീവിതം
സഭാജീവിതത്തിൽ സമർപ്പിതരുടെ പങ്ക് എടുത്തുകാണിക്കുന്ന ഈ ശ്ലൈഹീകാഹ്വാനത്തിൽ, വി. ഗ്രന്ഥത്തെക്കുറിച്ചു ജോൺ പോൾ മാർപാപ്പാ ഇപ്രകാരം എഴുതി: എല്ലാ ക്രൈസ്‌തവ ആദ്ധ്യാത്മികതയുടെയും പ്രഥമ ഉറവിടം ദൈവവചനമാണ്. ജീവിക്കുന്ന ദൈവത്തോടും അവിടുത്തെ രക്ഷാകരഹിതത്തോടും വ്യക്തിപരമായ ബന്ധത്തിലേർപ്പെടാനുള്ള മുഖ്യമാർഗ്ഗം ദൈവവചനമാണ്. അതു കൊണ്ടാണ് സന്യാസഭവനങ്ങളിലും ആശ്രമങ്ങളിലും ബൈബിളിൻ്റെ വിശുദ്ധഗ്രന്ഥപാരായണ (Lectio Divina) ത്തിന് എന്നും വലിയ പ്രാധാന്യം നല്കിപോരുന്നത്. അതുവഴി ദൈവവചനം അനുദിനജീവിത ബന്ധിയാക്കിത്തീർക്കാനും റൂഹായുടെ ദാനമായ ജ്ഞാനത്തിന്റെ വെളിച്ചം ജീവിതത്തിൽ പ്രതിഫലിപ്പിക്കാനും സമർപ്പിതർ ശക്തരാക്കപ്പെടും. വിശുദ്ധഗ്രന്ഥം മുഴുവൻ പ്രബോധനത്തിനും ആത്മീയ ജീവിതത്തിലുള്ള വളർച്ചയ്ക്കും ഉപകരിക്കുമെങ്കിലും (2 തിമോ 3,16), പുതിയനിയമ ഗ്രന്ഥങ്ങൾ-പ്രത്യേകിച്ചും സുവിശേഷങ്ങളാണ് തിരുലിഖിതത്തിൻ്റെ ഹൃദയം എന്നുപറയാം. അതുകൊണ്ട് ഈശോയുടെ വചനങ്ങളും മാതൃകകളും രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷങ്ങളുടെ പാരായണത്തിനും ധ്യാനത്തിനും സമർപ്പിതർ വലിയ പ്രാധാന്യം നൽകണം. ദൈവവചനം വായിക്കുന്നവർ നമ്മോടു സംസാരിക്കാൻ ദൈവത്തെ അനുവദിക്കുകയാണു ചെയ്യുന്നത് (നമ്പർ 94).
ഏതൊരു സമർപ്പിതസമൂഹത്തിന്റെയും ആദ്ധ്യാത്‌മികതയ്ക്കടിസ്ഥാനം ദൈവവചനമായിരിക്കണമെന്ന കേവലസത്യമാണ് മാർപാപ്പാ ഇവിടെ വ്യക്തമാക്കുന്നത്. ഏതെങ്കിലും വിശുദ്ധന്റെ പ്രബോധനമല്ല സമർപ്പിതരുടെ ആദ്ധ്യാത്മികതയ്ക്കടിസ്ഥാനമായിരിക്കേണ്ടത്. ദൈവവചനാനുസൃതം ജീവിതം ക്രമീകരിക്കുന്നതിൽ വിശുദ്ധരെ നമുക്ക് അനുകരിക്കാം. പക്ഷേ, ആദ്ധ്യാത്മികത വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായിരിക്കണം. ദൈവവചനത്തിലും അതിലൂടെ വെളിവാക്കപ്പെടുന്ന ദൈവഹിതത്തിലുമായിരിക്കണം ആത്മീയ ജീവിതാടിത്തറ. അതുകൊണ്ടാണു തിരുലിഖിതത്തിന്റെ വിശുദ്ധ പാരായണത്തിനു തിരുസ്സഭ എന്നും വലിയ പ്രാധാന്യം നൽകുന്നത്. മനുഷ്യവർഗ്ഗത്തോട് സംവാദിക്കുന്ന ദൈവത്തെയാണ് ദൈവ വചനത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്. തിരുലിഖിതം വായിക്കുമ്പോൾ നമ്മൾ ദൈവത്തെ കേൾക്കുകയാണ്. അതുകൊണ്ടാണ് ആരാധന ക്രമത്തിലെ പരസ്യവായനയ്ക്ക് വലിയ പ്രാധാന്യമുള്ളത്. പരിശുദ്ധ കുർബാനയിലും മറ്റു കൂദാശകളിലും സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിലും കാർമ്മികൻ സുവിശേഷം വായിക്കുകയും വിശ്വാസികൾ അതു ഗ്രഹിക്കുകയുമാണ്. അല്ലാതെ, ഓരോരുത്തരും സ്വന്തമായി വായിക്കുകയല്ല വേണ്ടത്.
4.1.3. കർത്താവിന്റെ ദിനം
കർത്താവിന്റെ ദിവസമായ ഞായറാഴ്‌ചയാചരണത്തെക്കുറിച്ചുള്ള ഈ ശ്ലൈഹിക പ്രബോധനത്തിൽ ദൈവവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. ജോൺ പോൾ മാർപാപ്പാ എഴുതുന്നു: ഞായറാഴ്‌ചത്തെ പരിശുദ്ധ കുർബാനാഘോഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, അവിടെ ദൈവവചനം എപ്രകാരം ഫലപ്രദമായി പ്രഘോഷിക്കപ്പെടുന്നുവെന്നും അതുവഴി ദൈവജനത്തിന് ദൈവവചനത്തോടുള്ള സ്നേഹത്തിൽ എപ്രകാരം വളരാൻ സാധിക്കുന്നു എന്നും അവലോകനം ചെയ്യേണ്ടതുണ്ട്. പരസ്പ്‌പര ഇഴയടുപ്പമുള്ള രണ്ടു കാര്യങ്ങളാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത്. ദൈവവചനത്തിൻ്റെ ആഘോഷവും അതിന്റെ സ്വാംശീകരണവും. ദൈവവചനശുശ്രൂഷ ആഘോഷ പൂർവ്വമാക്കണം. ഇപ്പോൾ മാതൃഭാഷയിൽ ബൈബിൾ വായിക്കാൻ സാധിക്കുന്നതുകൊണ്ട് പാരായണത്തിലും ആലാപനത്തിലും ദൈവവചനത്തിൻ്റെ പവിത്രത ഏറെ പ്രകടമാക്കാൻ സാധിക്കും (നമ്പർ 40).
വായിക്കപ്പെടുന്ന വചനം വിശ്വാസികൾ വ്യക്തിപരമായി സ്വാംശീകരിക്കുന്നതിനായി ക്രമീകരണങ്ങളുണ്ടാക്കേണ്ടതുണ്ട്. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് പൊതുവായും ഞായറാഴ്‌ചകളിലും തിരുനാൾദിനങ്ങളിലും ആരാധനയിൽ വായിക്കപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് പ്രത്യേകമായും അറിവുനൽകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കണം. വിശുദ്ധ ഗ്രന്ഥവുമായി നിരന്തര ബന്ധമുള്ളവർക്കു മാത്രമേ ആരാധനക്രമവചനശുശ്രൂഷയിൽനിന്നും ഫലമെടുക്കാനാവൂ. ഞായറാഴ്‌ച വായിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ ഇടവകാംഗങ്ങൾ നേരത്തെ ഒന്നിച്ചുകൂടി ധ്യാനപൂർവ്വം വായിക്കാനും ചിന്തിക്കാനുമുള്ള അവസരമുണ്ടാകണം. പരിശുദ്ധ കുർബാനയിലെ പങ്കാളിത്തം സജീവമാക്കാൻ ഇത് സഹായിക്കും. തിരുവചനഭാഗങ്ങൾ പ്രാർത്ഥനാപൂർവ്വം പഠിച്ച് ദൈവികസന്ദേശം ദൈവജനത്തിന്റെ ജീവിതബന്ധിയായി അവതരിപ്പിക്കാൻ വചനശുശ്രൂഷകർക്ക് കടമയുണ്ട്.
പരിശുദ്ധ കുർബാനയിലെ വചനപ്രഘോഷണം ദൈവവും മനുഷ്യരും തമ്മിലുള്ള സംഭാഷണവേദിയാകണം. ദൈവത്തിന്റെ രക്ഷാകരമായ പ്രവർത്തനങ്ങൾ വർണിക്കാനും ഉടമ്പടി ആവശ്യപ്പെടുന്ന വ്യവസ്ഥകൾ ഊന്നിപറയാനുമുള്ള അവസരമാകണമത്. ഇതുശ്രവിക്കുന്ന ദൈവജനം തങ്ങളുടെ സ്‌തുതികളാലും കൃതജ്ഞതാസ്തോത്രങ്ങളാലും ദൈവത്തിൻ്റെ സ്നേഹസംഭാഷത്തോടു പ്രത്യുത്തരിക്കാൻ പ്രാപ്‌തരാക്കപ്പെടണം. നിരന്തര മാനസാന്തരത്തിലൂടെ ഈ വചനത്തോടുള്ള വിശ്വസ്‌തത പ്രദർശിപ്പിക്കുവാൻ ദൈവജനം സജ്ജമാക്കപ്പെടുകയും വേണം (നമ്പർ 41).
ദൈവവചനശുശ്രൂഷ ആഘോഷമായി നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മാർപാപ്പാ വിരൽ ചൂണ്ടുന്നത്. പ്രദക്ഷിണമായി, കത്തിച്ച തിരികളുടെയും ധൂപത്തിൻ്റെയും അകമ്പടിയോടെ ബലിപീഠത്തിൽനിന്നും ബേമയിലേക്കു സുവിശേഷഗ്രന്ഥം കൊണ്ടു വരുന്നതുതന്നെ സുവിശേഷവചനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കും. മറ്റേതൊരു പുസ്‌തകവും വായിക്കുന്നതുപോലെ ആകരുത് വിശുദ്ധ ഗ്രന്ഥം വായിക്കുന്നത്. എല്ലാ മതങ്ങൾക്കും തിരുലിഖിത പാരായണത്തിനു പ്രത്യേക രീതിയുണ്ട്. വെറും പാരായണമല്ല. ആലപിക്കുകയാണ് കൂടുതൽ ഉചിതമായിട്ടുള്ളത്.
ഇപ്രകാരം പ്രഘോഷിക്കപ്പെടുന്ന ദൈവവചനം ഫലപ്രദമായി സ്വാംശീകരിക്കപ്പെടണം. സംസാരിക്കുന്ന ദൈവത്തെ ആരാധകർക്കു ശ്രവിക്കാൻ സാധിക്കണം. ശ്രവിച്ചാൽ മാത്രം പോരാ, പ്രത്യുത്തരിക്കാനും സഹായിക്കണം. വചനവ്യാഖ്യാനത്തിന്റെ ലക്ഷ്യമിതാണ്. ചരിത്രത്തിലുള്ള ദൈവത്തിൻ്റെ രക്ഷാകരമായ ഇടപെടലുകൾ വിശദീകരിച്ചു ലഭിക്കുമ്പോൾ നമ്മെ ദൈവജനമാക്കിത്തീർക്കുന്ന ഉടമ്പടിയുടെ വ്യവസ്ഥകൾ പാലിക്കുവാൻ വിശ്വാസികൾ പ്രാപ്‌തരാകും. നമ്മോടു സംസാരിക്കുന്ന, നമുക്കു സ്വയം വെളിപ്പെടുത്തുന്ന, നമ്മെ സ്വന്തജനമാക്കി പരിപാലിക്കുന്ന ദൈവത്തോടു നമുക്കുള്ള നന്ദിയും സ്നേഹവും ആരാധനയും പ്രത്യുത്തരരൂപത്തിൽ ആരാധനാസമൂഹം സമർപ്പിക്കുകയും വേണം. വചനസ്വാംശീകരണം പൂർത്തിയാകുന്നത് അതിനനുസൃതം ജീവിത്തിൽ മാറ്റം വരുത്തുമ്പോഴാണ്.
4.1.4. സഭ ഏഷ്യയിൽ
'സഭ ഏഷ്യയിൽ' എന്ന ശ്ലൈഹികപ്രബോധനത്തിൽ, സഭയിലെ പ്രേഷിതപ്രഘോഷണം, പ്രബോധനം, വിശ്വാസപരിശീലനം, ആദ്ധ്യാത്മികജീവിതം എന്നിവയുടെയെല്ലാം അടിസ്ഥാനം ദൈവവചനമായിരിക്കണം എന്നു സിനഡുപിതാക്കന്മാർ ഊന്നിപ്പറഞ്ഞകാര്യം മാർപാപ്പ എടുത്തുപറയുന്നുണ്ട്. മാർപാപ്പ ഉദ്ബോധിപ്പിക്കുന്നു: എല്ലാ പ്രാദേശിക ഭാഷകളിലേക്കും ബൈബിൾ വിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കപ്പെടണം. വിശ്വാസജീവിതത്തിനും വചനപ്രഘോഷണത്തിനും ജനത്തിനു പരിശീലനം നല്‌കുന്നത് വിശുദ്ധഗ്രന്ഥാധിഷ്ഠിതമായായിരിക്കണം. ജീവിതത്തിലെ സങ്കീർണങ്ങളായ പ്രശ്‌നങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താൻ സഹായിക്കുന്ന തരത്തിൽ അജപാലനോന്മുഖമായ ബൈബിൾ കോഴ്‌സുകൾ സംഘടിപ്പിക്കപ്പെടണം. വൈദികരുടെയും സമർപ്പിതരുടെയും പരിശീലനപദ്ധതിയിൽ ഇത്തരത്തിലുള്ള വിശുദ്ധഗ്രന്ഥ പഠനത്തിനു പ്രാധാന്യം കല്പിക്കണം. വിശുദ്ധഗ്രന്ഥത്തിലും സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളിലും അധിഷ്‌ഠിതമായിവേണം വൈദിക വിദ്യാർത്ഥികൾ സഭയുടെ ദൈവശാസ്ത്രപരവും തത്ത്വശാസ്ത്രപരവുമായ പൈതൃകത്തിൽ അവഗാഹം നേടാൻ. മറ്റു മതസ്ഥർക്കിടയിൽപ്പോലും വിശുദ്ധഗ്രന്ഥം പ്രചരിപ്പിക്കപ്പെടണം. കാരണം, ലോകം മുഴുവനെയുംകുറിച്ചു ദൈവത്തിനുള്ള പദ്ധതി. പരിശുദ്ധ റൂഹാ വെളിപ്പെടുത്തുന്നതു തിരുലിഖിതത്തിലൂടെയാണ്... ഏഷ്യൻ സമൂഹത്തിൻ്റെ സാംസ്‌കാരിക പശ്ചാത്തലത്തിനുസൃതമായി സുവിശേഷം അവതരിപ്പിക്കപ്പെടണം (നമ്പർ 22).
എല്ലാ ഭാഷകളിലും സംസ്‌കാരങ്ങളിലും ദൈവവചനത്തിന്റെ സ്വാധീനമുണ്ടാകണം എന്നാണ് മാർപാപ്പ വിഭാവനം ചെയ്യുന്നത്. ഓരോ ജനതയ്ക്കും തങ്ങളുടെ മാത്യഭാഷയിൽ ദൈവത്തിൻ്റെ സന്ദേശം ശ്രവിക്കുവാൻ അവസരമുണ്ടാകണം. ഭാരത സംസ്കാരത്തിനു ചേർന്നവിധം ഭാരതത്തിൽ വചനം വ്യാഖ്യാനിക്കപ്പെടണം. ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ അനുദിന ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും വെല്ലുവിളികളെ സ്വീകരിക്കാനും ജനം പ്രാപ്തരാക്കപ്പെടണം.
വൈദിക-സന്യസ്‌ത പരിശീലനത്തിൽ ദൈവവചനത്തിനുണ്ടായിരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും ജോൺ പോൾ മാർപാപ്പായ്ക്കു വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്രവിഷയങ്ങൾ വിശുദ്ധഗ്രന്ഥാധിഷ്‌ഠിതമായി വേണം കൈകാര്യം ചെയ്യപ്പെടാൻ. ഈശോമിശിഹായുടെ കാലഘട്ടത്തോട് അടുത്തു നില്ക്കുന്ന ആദിമസഭാപിതാക്കന്മാർ ദൈവവചനം വ്യാഖ്യാനിച്ച് ഇപ്രകാരം ദൈവശാസ്ത്രത്തിന് അടിത്തറ പാകിയെന്നതും വൈദികവിദ്യാർത്ഥികൾ മനസ്സിലാക്കണം. ഉറവിടങ്ങളിലേക്ക് മടങ്ങണമെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ ആവശ്യപ്പെട്ടപ്പോൾ വിവക്ഷിച്ചതും ഇതുതന്നെയായിരുന്നു.
സകല മനുഷ്യരും ദൈവമക്കളാണെന്നും എല്ലാവരും രക്ഷിക്കപ്പെടണമെന്നതാണ് ദൈവഹിതമെന്നും വിശ്വസിച്ചിരുന്നതുകൊണ്ടാണ് അന്യമതസ്ഥർക്കും ദൈവവചനം ലഭ്യമാക്കണമെന്നും വിശുദ്ധ മാർപാപ്പ പഠിപ്പിക്കുന്നത്. ദൈവവചനത്തിന്മേൽ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്.
4.1.5. പുതിയ സഹസ്രാബ്ദം ഉദിക്കുമ്പോൾ
മൂന്നാം സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കുന്ന സഭയ്ക്ക് നല്കിയ മാർഗനിർദ്ദേശങ്ങളിലും ദൈവവചനത്തിൻ്റെ പരമപ്രധാനസ്ഥാനം ജോൺപോൾ മാർപാപ്പ അടിവരയിട്ടവതരിപ്പിക്കുന്നുണ്ട്. മാർപാപ്പായുടെ ആശയങ്ങൾ ഇപ്രകാരം സംഗ്രഹിക്കാം: ദൈവവചനശ്രവണവുമായി ബന്ധപ്പെട്ടല്ലാതെ പ്രാർത്ഥനയെയും വിശുദ്ധിയെയുംകുറിച്ച് ചിന്തിക്കാൻപോലും ആവില്ല... ദൈവവചനം ശ്രവിക്കുകയെന്നത് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന പ്രക്രിയയാവണം. വിശുദ്ധഗ്രന്ഥപരായണം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും അതിനു ദിശാബോധം പ്രദാനം ചെയ്യുകയും ചെയ്യും (നമ്പർ 39).
അദ്ദേഹം തുടരുന്നു. ഒരു നവ സുവിശേഷവത്കരണത്തിനു കാലമായിരിക്കുന്നു. സുവിശേഷപ്രഘോഷണത്തിന്റെ പ്രാരംഭദശയിലെ ആവേശം നമ്മിൽ ഉജ്ജ്വലിപ്പിക്കുവാനാണിത്. പന്തക്കുസ്തായോടുകൂടി ശ്ലീഹന്മാർക്ക് സുവിശേഷം പ്രഘോഷിക്കാൻ ലഭിച്ച ആ തീക്ഷ്‌ണത നമ്മുടേതുമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. "സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ഹാ കഷ്ടം” (1 കോറി 9,16) എന്നു പറഞ്ഞ പൗലോസ്ശ്ലീഹായുടെ പ്രേഷിതൗത്സുക്യം നമുക്കുണ്ടാകണം... നവസുവിശേഷവത്കരണം സഭയിലെ ഓരോ അംഗത്തിനും പുതിയൊരു പ്രേഷിതാഭിമുഖ്യം നല്‌കും. ദൈവവചനത്തിലെ ഓരോ അംഗവും സമൂഹവും ഓരോ ദിവസത്തെയും ജീവിതസാഹചര്യത്തിലാണു സുവിശേഷത്തിനു സാക്ഷ്യം വഹിക്കേണ്ടത്.
ജോൺ പോൾ മാർപാപ്പായിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ 2012 ലെ മെത്രാന്മാരുടെ സിനഡിനു വിഷയമായി നവസുവിശേഷവത്കരണം സ്വീകരിച്ചത്. മാറിവരുന്ന സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക പശ്ചാത്തലത്തിൽ മിശിഹായുടെ സുവിശേഷം എപ്രകാരം നവമായി അവതരിപ്പിക്കാം എന്നതായിരുന്നു ഈ സിനഡിന്റെ ചർച്ചാ വിഷയം. ജോൺപോൾ മാർപാപ്പ വിഭാവനം ചെയ്തതുപോലെ തന്നെ അനുദിന ജീവിതസാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങൾക്കനുസരിച്ച് ഒരു വിശ്വാസസമൂഹത്തിന് രൂപംകൊടുക്കുകയായിരുന്നു ലക്ഷ്യം.
4.1.6. ആട്ടിൻപറ്റത്തിൻ്റെ ഇടയന്മാർ
2001 ലെ സിനഡിൽ മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് നടന്ന ചർച്ചയുടെ ഫലങ്ങളാണ് “ആട്ടിൻപറ്റത്തിൻ്റെ ഇടയന്മാർ" എന്ന ശ്ലൈഹിക പ്രബോധനത്തിൻ്റെ ഉള്ളടക്കം. ഈ രേഖയിലും വിശുദ്ധഗ്രന്ഥത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജോൺ പോൾ മാർപാപ്പ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ആദ്ധ്യാത്മിക ജീവിതത്തിൽ അഭിവൃദ്ധിപ്പെടുന്നതിനുള്ള പ്രധാന മാർഗ്ഗം ദൈവവചന പാരായണവും ധ്യാനവുമാണ്. ദൈവവചനം വിശ്വാസികൾക്കു കൈമാറേണ്ട മെത്രാൻ മറ്റെതൊരു സഭാംഗത്തെയും പോലെ ആദ്യം ഈ വചനത്തിൻ്റെ ശ്രോതാവാകണം. ഒരമ്മയുടെ ഉദരത്തിൽ എന്ന പോലെ പരിപോഷിപ്പിക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമായി അദ്ദേഹം വചനത്തിനുള്ളിൽ ജീവിക്കണം. പ്രത്യാശയുടെ വിശ്വസനീയനായ ശുശ്രൂഷകനാകേണ്ട അദ്ദേഹം സകല പ്രത്യാശയുടെയും ഉറവിടമായ തിരുലിഖിതത്തിൽനിന്നും ശക്തി സംഭരിക്കണം. അജപാലകരുടെ വ്യക്തിപരമായ ജീവിതത്തിലും സമൂഹത്തിലുള്ള അവരുടെ ശുശ്രൂഷയിലും തിരുലിഖിതത്തിന്റെ വിശുദ്ധ പാരായണവും ധ്യാനവും പ്രധാനപ്പെട്ട സംഗതികളാണ് (നമ്പർ 15).
ദൈവവചനത്തെ മാർപാപ്പ ഇവിടെ അമ്മയുടെ ഉദരത്തോടാണ് താരതമ്യപ്പെടുത്തുന്നത്. വചനശുശ്രൂഷകൻ ദൈവവചനമാകുന്ന ഉദരത്തിൽ രൂപപ്പെടേണ്ടവനാണ്. ദൈവത്തിൻ്റെ വചനമാണ് അവന് സംരക്ഷണം നൽകുന്നത്. ദൈവവചനത്തിനു മുമ്പിൽ സഭാംഗങ്ങളെല്ലാവരും ഒരുപോലയാണ്. വചനത്തിൻ്റെ ശ്രോതാവും അതു ജീവിക്കുന്നവനുമാകാതെ ആർക്കും വിശ്വസ്‌തനായ വചനശുശ്രൂഷകനാകാൻ സാധ്യമല്ല എന്നാണ് മാർപാപ്പ അനുസ്‌മരിപ്പിക്കുന്നത്.
തിരുസഭയാകുന്ന ഭവനത്തിലെ പീഠത്തിലുയർത്തപ്പെട്ട വിളക്കായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പ. ഈ ദീപത്തിലെ എണ്ണ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നു സംഭരിക്കുന്നതായിരുന്നു. തിരുവചനത്തിന്റെ നിരന്തര ഉപാസകനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം മുഴുവനും വചനാനുസൃതമായിരുന്നു. ഈ വചനവെളിച്ചമാണ് അദ്ദേഹം ലോകം മുഴുവനിലും വിതറിയത്. ആ വിളക്ക് അണഞ്ഞെങ്കിലും പ്രകാശം ഇന്നും അനേകായിരങ്ങൾക്കു വഴി കാണിക്കുന്നു. ലോകാവസാനത്തോളം അത് തുടരുകയും ചെയ്യും.
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ സംബന്ധിച്ച ദൈവശാസ്ത്രവിദഗ്‌ധനായ ജോസഫ് റാറ്റ്സിംഗർക്ക് ദേയി വെർബുമിന്റെ രൂപീകരണത്തിലുള്ള സുപ്രധാന പങ്ക് എല്ലാവർക്കും അറിവുള്ളതാണ്. വിശ്വാസതിരുസംഘത്തിൻ്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ 1993 ലെ ബൈബിൾ വ്യാഖ്യാനത്തെ സംബന്ധിച്ചുള്ള പ്രബോധനത്തിലും അദ്ദേഹത്തിൻ്റെ മനസ്സാണു പ്രതിഫലിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ ദൈവശാസ്ത്രരംഗത്തു നിറഞ്ഞു നിന്ന കാർഡിനൽ റാറ്റ്സിംഗർ 2005 ഏപ്രിലിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ നല്‌കിയ പ്രബോധനങ്ങളെല്ലാം വിശുദ്ധഗ്രന്ഥ വ്യാഖ്യാനങ്ങൾ തന്നെയായിരുന്നു.
പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള തൻ്റെ ദൗത്യത്തെക്കുറിച്ചു ബനഡിക്‌ട് മാർപാപ്പാ ഇപ്രകാരം പറഞ്ഞു: “ബൈബിളിൽ സംസാരിക്കുന്ന ദൈവത്തിലേക്ക് സ്ത്രീപുരുഷന്മാരെ നയിക്കുക എന്നതാണ് തിരുസഭയുടെയും പത്രോസിന്റെ പിൻഗാമിയുടെയും ഇന്നത്തെ പരമവും അടിസ്ഥാനപരവുമായ ഉത്തരവാദിത്വം."' ശ്ലൈഹികപിന്തുടർച്ചയെ മാർപാപ്പാ കാണുന്നത്. ശ്ലീഹന്മാരിലൂടെ കൈമാറ്റപ്പെടുന്ന ദൈവവചനത്തോടുള്ള സമർപ്പണമായാണ്.' അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, തിരുസഭയെ ദൈവവചനത്തിൻ്റെ സജീവസാന്നിധ്യമാക്കി മാറ്റുന്നതു ശ്ലീഹന്മാരുടെ പിൻഗാമികളാണ്.
'തന്റെ ആത്മീയയാത്രയുടെ പരിസമാപ്‌തി' എന്നു ബനഡിക്ട‌് മാർപാപ്പാതന്നെ വിശേഷിപ്പിക്കുന്നതും 2003 ൽ ആരംഭിച്ച് മാർപാപ്പായായശേഷം പൂർത്തീകരിച്ചതുമായ (യഥാക്രമം 2007, 2011, 2012) നസ്രായനായ ഈശോ എന്ന മൂന്നു വാല്യങ്ങളുള്ള സുവിശേഷവ്യാഖ്യാനം വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തെക്കുറിച്ചുള്ള ബനഡിക്ട് പാപ്പായുടെ ദർശന-ബോദ്ധ്യങ്ങളുടെ വ്യക്തമായ തെളിവാണ്. വേദപുസ്‌തകവ്യാഖ്യാനത്തിന് ആധുനിക ചരിത്ര-സാഹിത്യ-വിമർശന രീതികളൊക്കെ അവലംബിക്കുമ്പോഴും അവയുടെ പരിമിതികളെക്കുറിച്ചു തികച്ചും ബോധവാനാണദ്ദേഹം.
4.2.1. ചരിത്ര-വിമർശന വ്യാഖ്യാനരീതി
ബൈബിൾവ്യാഖ്യാനരംഗത്ത് ഇരുപതാം നൂറ്റാണ്ടിൽ പ്രചാരത്തിലായ ഒരു സമീപനരീതിയാണ് ചരിത്ര-വിമർശനം (his-torical critical method). ചരിത്രത്തിൻ്റെയും ശാസ്ത്രത്തിന്റെയും സാഹിത്യനിരൂപണങ്ങളുടെയും വെളിച്ചത്തിൽ വിശുദ്ധഗ്രന്ഥകാരന്മാരുടെ കാലഘട്ടം, അവരെ സ്വാധീനിച്ച സാഹിത്യരൂപങ്ങൾ, എഴുതപ്പെട്ട പശ്ചാത്തലം, സംസ്കാരം, ചിന്ത, ഭാഷണം, ആഖ്യാനം എന്നിവ കണക്കിലെടുത്തുകൊണ്ട് തിരുലിഖിതത്തിന്റെ മൗലികാർത്ഥം നിശ്ചയിക്കുന്ന ശാസ്ത്രിയ പഠനരീതിയാണ് ചരിത്ര-വിമർശനവ്യാഖ്യാനം. ദൈവം സ്വയം വെളിപ്പെടുത്തുന്നതു മനുഷ്യചരിത്രത്തിലായതിനാൽ, പ്രത്യേകിച്ച് വചനം മാംസം ധരിച്ചു ചരിത്രത്തിൽ അവതരിച്ചതിനാൽ, ദൈവിക വെളിപാടിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കാൻ അതു നമുക്കു കൈമാറി കിട്ടുന്ന ചരിത്രസന്ദർഭങ്ങളും സാഹിത്യരൂപങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്. ദൈവവവചനം ലിഖിതരൂപം പ്രാപിച്ച പശ്ചാത്തലം, രചയിതാവിന്റെയും അനുവാചകരുടെയും ചരിത്രസന്ദർഭം, ഗ്രന്ഥകർത്താവു പ്രയോജനപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ള ഉറവിടങ്ങളും സാഹിത്യരൂപങ്ങളും എന്നിവയുടെ പഠനത്തിലൂടെയാണ് ഈ സമീപനരീതി മുന്നേറുന്നത്.
എന്നാൽ ചരിത്ര-വിമർശനരീതി തിരുലിഖിതത്തിന്റെ വ്യാഖ്യാന സാദ്ധ്യതകളെ പൂർണമാക്കുന്നില്ല. ചരിത്രത്തെ ഒരു പഴയസംഭവം മാത്രമായും ദൈവവചനത്തെ മനുഷ്യവചനം മാത്രമായും കാണുന്നു എന്നതാണ് ഈ രീതിയുടെ പോരായ്മ. സാധാരണ ജീവിതത്തിൽ സംഭവിക്കുന്നതിൽനിന്നു വ്യത്യസ്തമായതൊന്നും ഈ രീതി അംഗീകരിക്കില്ല. ഉദാഹരണത്തിന്, ഈ രീതിപ്രകാരം പിതാവായ ദൈവവുമായുള്ള ഈശോയുടെ ബന്ധം മറ്റേതൊരു മനുഷ്യനുമുണ്ടാകാവുന്ന പ്രത്യേക ദൈവാനുഭവം പോലെയേയുള്ളു; അതവിടുത്തെ ദൈവപുത്രത്വത്തിൻ്റെ പ്രകാശനമല്ല. പഞ്ചേന്ദ്രിയങ്ങൾക്കു വിധേയമല്ലാത്തതൊന്നും യാഥാർത്ഥ്യമല്ല; പരീക്ഷണശാലയിൽ തെളിയക്കപ്പെടാനാവാത്തവ യെല്ലാം അശാസ്ത്രീയമാണ്. ശാസ്ത്രീയമല്ലാത്തതൊന്നും ശരിയുമല്ല. ശാസ്ത്രീയമായി മാത്രമാണ് ഇക്കൂട്ടർ പാഠഭാഗത്തെ സമീപിക്കുന്നത്. തിരുലിഖിതങ്ങൾ അവ രൂപംകൊണ്ട് സമൂഹങ്ങളുടെ അനുദിനജീവിതത്തിൻ്റെയും ആരാധനയുടെയും പശ്ചാത്തലത്തിൽ നിന്നു വേർപെടുത്തി പഠിക്കുന്ന, മാർട്ടിൻ ഡിബേലിയൂസ്, റുഡോൾഫ് ബുൾട്ടുമാൻ തുടങ്ങിയവർ ഈശോയുടെ പ്രബോധനങ്ങളും ആദിമസഭയുടെ പഠിപ്പിക്കലുകളും പാരമ്പര്യങ്ങളും തമ്മിൽ ബന്ധമില്ലെന്നു കരുതുന്നവരാണ്. ഇവർ സഭയുടെ വിശ്വാസ-ധാർമികപ്രബോധനങ്ങളിലും ആരാധനാവിധികളിലും കാണപ്പെടുന്ന തിരുലിഖിതഭാഗങ്ങളെ, വ്യാഖ്യാനത്തിനു സഹായമായി കരുതുന്നതിനു പകരം, തടസമായി കാണുന്നു.
വിശ്വാസത്തെയും യുക്തിയെയും അനാവശ്യമായി വേർപെടുത്തി കാണുന്നതാണു ചരിത്ര-വിമർശനരീതിയുടെ ന്യൂനത. മനുഷ്യചരിത്രത്തിൽ ദൈവത്തിന് ഇടപെടാൻ കഴിയും എന്ന് ഇക്കൂട്ടർ കരുതുന്നില്ല. ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ അവർക്ക് അംഗീകരിക്കാനാവില്ല. അവിടുത്തെ ജീവിതത്തിൽ തികച്ചും മാനുഷികവും സ്വാഭാവികവുമായതിന് ഉപരിയായി സംഭവിക്കുന്നവയ്ക്കൊക്കെ വിശദീകരണം ആവശ്യമാണ് എന്നാണിവരുടെ വാദം. തിരുസഭയുടെ പശ്ചാത്തലത്തിൽനിന്നു അടർത്തിമാറ്റി തിരുലിഖിതം വ്യാഖ്യാനിക്കുന്നതും വിശ്വാസത്തെയും യുക്തിയെയും വ്യത്യസ്‌ത ധ്രുവങ്ങളിലായി കാണുന്നതും ചരിത്ര-വിമർശനരീതിയുടെ ഫലദായകത്വത്തെ പരിമിതപ്പെടുത്തുന്നു. അവരെ സംബന്ധിച്ചു വിശുദ്ധഗ്രന്ഥമില്ല; ബൈബിൾ എന്ന സാഹിത്യഗ്രന്ഥമേയുള്ളു. ചരിത്ര-വിമർശനരീതി വ്യാഖ്യാനിക്കേണ്ട തിരുലിഖിതഭാഗത്തെ ഇതര ഭാഗങ്ങളിൽനിന്നും തിരുസഭയുടെ ആരാധനക്രമപശ്ചാത്തലത്തിൽ നിന്നും വിച്ഛേദിച്ചു വിശകലനം നടത്തുന്നതുകൊണ്ട് പൂർണാർത്ഥത്തിലെത്തുന്നില്ല. ഇപ്രകാരം ദൈവശാസ്ത്ര-തത്വശാസ്ത്ര മുൻവിധികളോടെയുള്ള വ്യാഖ്യാനം അപകടകരമാണ്. അതുകൊണ്ടു ചരിത്ര-വിമർശന രീതിക്കപ്പുറം പോകേണ്ടതുണ്ട് എന്നു ബനഡിക്‌ട് പാപ്പാ പഠിപ്പിക്കുന്നു.
4.2.2. കാനോനിക്കൽ വ്യാഖ്യാനം
എതെങ്കിലുമൊരു വ്യാഖ്യാനരീതി മാത്രം പോരാ ബൈബിൾ വ്യാഖ്യാനത്തിന് എന്നതാണു ബനഡിക്‌ട് പാപ്പായുടെ നിലപാട്. വിശുദ്ധഗ്രന്ഥത്തെ മുഴുവനും അതിൻ്റെ ഒരുമയിൽ വായിക്കുന്ന കാനോനിക്കൽ (canonical criticism) രീതിയോടാണു പാപ്പായ്ക്കു കൂടുതൽ താല്‌പര്യം. ചരിത്രത്തിൽ വെളിപ്പെടുത്തിയ ദൈവത്തിനു മനുഷ്യൻ നല്‌കിയ പ്രത്യുത്തരമാണു വിശ്വാസം. വിശുദ്ധഗ്രന്ഥ കർത്താക്കൾ ദൈവജനത്തിൻ്റെ ഭാഗമാണെന്നും ഈ സമൂഹത്തിന്റെ വിശ്വാസജീവിതപശ്ചാത്തലത്തിലാണ് തിരുലിഖിതം രൂപംപ്രാപിച്ചതെന്നുമുള്ള അടിസ്ഥാന പ്രമാണത്തിലാണ് കാനോനിക്കൽ വ്യാഖ്യാനരീതി പ്രവർത്തിക്കുന്നത്. തിരുസഭയുടെ ജീവിതത്തിലും ആരാധനയിലും തിരുലിഖിതങ്ങൾക്കുണ്ടായിരുന്ന അർത്ഥം മനസ്സിലാക്കാതിരുന്നാൽ, വ്യാഖ്യാനങ്ങൾ നിർജീവമായിരിക്കും.
സഭയുടെ ആരാധനക്രമപ്രാർത്ഥനകൾ, സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ, വിശുദ്ധരുടെ കൃതികൾ തുടങ്ങിയ ഉറവിടങ്ങളെ ആശ്രയിച്ചുള്ള ഈ വ്യാഖ്യാനരീതി തിരുസഭയുടെ സജീവ പാരമ്പര്യത്തിലടിയുറച്ചതാണ്. മാർപാപ്പാ എന്ന നിലയിൽ ബനഡിക്ട് പിതാവു നടത്തിയ എല്ലാ പ്രഭാഷണങ്ങളിലും ഇത്തരത്തിലുള്ള തിരുവചനവ്യാഖ്യാനമാണു നമ്മൾ ശ്രവിച്ചത്.
4.2.3. വിശുദ്ധഗ്രന്ഥദൈവശാസ്ത്രം
പഴയനിയമവും പുതിയനിയമവും തമ്മിലും തിരുലിഖിതവും ആരാധനക്രമവും തമ്മിലും വിശ്വാസവും യുക്തിയും തമ്മിലും തിരുലിഖിത വ്യാഖ്യാനവും സഭയുടെ ഔദ്യോഗികപ്രബോധനവും തമ്മിലുള്ള ഐക്യവും തുടർച്ചയും വ്യക്തമാക്കുന്നതാണ് ബനഡിക്ട‌് മാർപാപ്പായുടെ വിശുദ്ധഗ്രന്ഥദൈവശാസ്ത്രം (bibli-cal theology).
വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിൽ മൂന്നു ഘടകങ്ങൾ പ്രാധാന്യ മർഹിക്കുന്നു: ശ്ലീഹന്മാരുടെ മിശിഹാനുഭവവും പ്രബോധനങ്ങളും വിശ്വസ്തതാപൂർവം കൈമാറുന്ന സംവിധാനമായ ശ്ലൈഹിക പിന്തുടർച്ച (apostolic succession), ദൈവിനിവേശിത വചനമെന്നു തിരുസഭ നിർണയിച്ചു നല്‌കിയിരിക്കുന്ന വിശുദ്ധഗ്രന്ഥകാനൻ (canon of the Bible), ശ്ലീഹന്മാരുടെ സാക്ഷ്യത്തിനനുസൃതമുള്ള ദൈവവചന വ്യാഖ്യാനം ഉറപ്പുവരുത്തുന്ന വിശ്വാസ നിയമം (rule of faith or 'regula fidei'). ഈ മുന്നു സംവിധാനങ്ങൾ പഴയനിയമ ഇസ്രായേൽജനവും മിശിഹായുടെ തിരുസഭയും തമ്മിലുള്ള തുടർച്ച വ്യക്തമാക്കുന്നു. ഇസ്രായേൽജനത്തോടു ദൈവം സംസാരിച്ചതിൻ്റെ തുടർച്ചയാണ് മിശിഹായുടെ സുവിശേഷം. യഹൂദജനത കാത്തിരുന്ന മിശിഹായാണല്ലോ നസ്രായനായ ഈശോ. പഴയനിയമ തോറായുടെ പൂർത്തീകരണമാണു മിശിഹായുടെ സുവിശേഷം. പരിശുദ്ധ കുർബാനയുടെ മുന്നോടിയാണു പഴയനിയമ പെസഹാ.
4.2.4. വചനത്തിൽ നിന്നുദിക്കുന്ന തിരുസഭ
ബനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ വീക്ഷണത്തിൽ തിരുസഭ അസ്‌തിത്വം സ്വീകരിക്കുന്നതും ജീവിക്കുന്നതും ചരിക്കുന്നതും ദൈവവചനവുമായി ബന്ധപ്പെട്ടാണ്. ഈ വചനത്താലാണ് ആദിയിൽ സർവതും സൃഷ്ടിക്കപ്പെട്ടത്; ഈ വചനത്താലാണ് നസ്രായനായ ഈശോയിൽ ദൈവത്തിന്റെ മുഖം വെളിവാക്കപ്പെട്ടത്; ഈ വചനത്താൽതന്നെയാണ് ദൈവത്തിന്റെ പുതിയ ഉടമ്പടി വിശുദ്ധഗ്രന്ഥത്തിൽ സാക്ഷ്യപ്പെടുത്തപ്പെട്ടതും.
ദൈവവചനത്താലും ഈ വചനത്തോടുള്ള കൗദാശിക പ്രതികരണങ്ങളാലും രൂപംകൊണ്ട മിശിഹായുടെ ശരീരത്തിൽ സജീവനായ ദൈവവുമായി കൂട്ടായ്‌മയിൽ ജീവിക്കുന്നവരുടെ സമൂഹമാണു തിരുസഭ. വചനകേന്ദ്രീകൃതമായ ഒരു സഭാ വിജ്ഞാനീയമാണു (Word-centred ecclesiology) ബനഡിക്ട് പാപ്പായുടേത്. സഭ ജന്മമെടുക്കുന്നതു വചനത്തിൽനിന്നാണ്; വളരുന്നതു വചനത്തിൻ്റെ ശക്തിയാലാണ്. അതേസമയംതന്നെ, ഈ വചനത്തിൻ്റെ വ്യാഖ്യാനം ദൈവം ഭരമേല്പ്പിച്ചിരിക്കുന്നതു തിരുസഭയെയാണ്. ഈ വചനം കേൾപ്പിച്ച് സകല മനുഷ്യരെയും ദൈവിക ഐക്യത്തിലേക്കു നയിക്കുക എന്നതാണു തിരുസഭയുടെ ദൗത്യം. ഇവിടെയാണു പൗരോഹിത്യശുശ്രൂഷയുടെ പ്രസക്തിയും പ്രാധാന്യവും. വെളിപ്പെടുത്തപ്പെട്ട വചനം കൂദാശയാകുന്നത് പൗരോഹിത്യശുശ്രൂഷയിലൂടെയാണ്. തിരുസഭയുടെ സജീവ ശബ്ദത്തിൽനിന്നു തിരുലിഖിതം വേർപെടുത്തി വ്യാഖ്യാനിക്കാവില്ല. ആധികാരിക വ്യാഖ്യാനം തിരുസഭയുടെ മാത്രം അവകാശമാണ്.
4.2.5. വിശ്വാസാധിഷ്‌ഠിത വ്യാഖ്യാനം
തിരുസഭയുടെ വിശ്വാസമാണു വിശുദ്ധഗ്രന്ഥത്തിനു ശാശ്വതമായ പ്രസക്തിയും പുസ്‌തകങ്ങൾ തമ്മിലുള്ള ഐക്യവും ദൈവികവെളിപാട് എന്ന നിലയിലുള്ള പ്രാധാന്യവും നല്കുന്നത് വിശ്വാസത്തോടെ വിശുദ്ധഗ്രന്ഥത്തെ സമീപിക്കുന്നവർക്കു മാത്രമേ (hermeneutics of faith) ഇന്നും മനുഷ്യഭാഷയിൽ നമ്മോടു സംസാരിക്കുന്ന ദൈവപിതാവിൻ്റെ സ്വരം ശ്രവിക്കാനാവൂ. ചരിത്രത്തിൽ ജീവിക്കുന്ന തിരുസഭയിലൂടെയാണ് ദൈവവചനം നമ്മുടെ പക്കലെത്തുന്നത്. ദൈവജനമായ തിരുസഭയുടെ ജീവിതാനുഭവത്തിലൂടെ നമ്മോടു സംസാരിക്കുന്ന ദൈവവുമായുള്ള സ്നേഹസംഭാഷണമാണ് വിശുദ്ധഗ്രന്ഥപാരായണം.
വിശ്വാസവും യുക്തിയും തമ്മിൽ ആദിമസഭയിൽ നില നിന്നിരുന്ന ഐക്യം അംഗീകരിക്കാൻ മാർട്ടിൻ ലൂഥറിനെ പോലുള്ള പണ്ഡിതർക്കു സാധിച്ചില്ല. വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്ന ദൈവം യുക്തിരഹിതനായി പ്രവർത്തിക്കുന്നവനല്ല; അവിടുത്തെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന യുക്തി നമുക്കു പ്രദാനം ചെയ്യുന്നവനാണ്. ആദിയിലുണ്ടായിരുന്ന ലോഗോസ് (Logos) വചനത്തെ മാത്രമല്ല, യുക്തിയെയും സൂചിപ്പിക്കുന്നുണ്ട്. ഈ യുക്തി സൃഷ്ടിപരവും സംവേദനക്ഷമവുമാണ്. മനുഷ്യബുദ്ധി സ്വാഭാവികമായും കാണപ്പെടുന്നവയ്ക്കുപരിയായ ദൈവത്തിലേക്കു നമ്മെ നയിക്കും. ഈ ലോകത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയും ദൈവികവെളിപാടിൻ്റെ സത്യവും തേടിയുള്ള ബനഡിക്ട‌് മാർപാപ്പായുടെ അന്വേഷണത്തിൽ വിശ്വാസവും യുക്തിയും തമ്മിലുള്ള ആഴമായ ഏകസ്വരത കാണാം.
വിശ്വാസവെളിച്ചത്തിൽ മാത്രമേ വിശുദ്ധഗ്രന്ഥത്തിലെ ആന്തരിക ഐക്യം വ്യക്തമാകൂ. തിരുസഭയുടെ ജീവിതത്തിൽ നിന്നു വേർപെട്ടുനിന്നുകൊണ്ടുള്ള തിരുലിഖിതവ്യാഖ്യാനം ഊഹാപോഹങ്ങളിൽ മാത്രമേ എത്തിക്കുകയുള്ളു.' വിശ്വാസമില്ലാതെയുള്ള ബൈബിൾ വ്യാഖ്യാനത്തിൽ മനുഷ്യചരിത്രത്തിൽ ഇടപെടുന്ന ദൈവത്തിനു സ്ഥാനമുണ്ടാവില്ല. വിവരണങ്ങളിലെ ദൈവികഘടകങ്ങളുടെ ചരിത്രപരത പലപ്പോഴും സംശയിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യും. ദൈവിക പ്രവർത്തനങ്ങളുടെ സാധ്യത അംഗീകരിക്കാതെയുള്ള ബൈബിൾ പഠനം ഒരിക്കലും ദൈവശാസ്ത്രത്തിൻ്റെ ആത്മാവാവില്ല. തിരുസഭയിലും തിരുസഭയോടു ചേർന്നുമുള്ള വിശുദ്ധഗ്രന്ഥവ്യാഖ്യാനമല്ലെങ്കിൽ ദൈവശാസ്ത്രത്തിന് അടിസ്ഥാനമുണ്ടാവില്ല.
4.2.6. വിശുദ്ധ പാരമ്പര്യം
തിരുലിഖിതങ്ങൾ രൂപംകൊണ്ടതും കൈമാറപ്പെടുന്നതും തിരുസഭയിലെ പ്രഘോഷണത്തിൻ്റെയും പ്രബോധനത്തിന്റെയും ആരാധനയുടെയും ഭാഗമായായതിനാൽ, അതിൻ്റെ ആധികാരിക വ്യാഖ്യാനവും തിരുസഭയുടെ മടിത്തട്ടിൽ തന്നെ ആരംഭിക്കണം. യഥാർത്ഥത്തിൽ തിരുലിഖിതത്തിലൂടെ തന്നോടു സംസാരിക്കുന്ന ദൈവത്തിനു തിരുസഭ നല്‌കുന്ന മറുപടിയാണ് വിശുദ്ധഗ്രന്ഥ വ്യാഖ്യാനം. കാലാകാലങ്ങളിലുണ്ടായിട്ടുള്ള ഈ മറുപടിയുടെ ഭാഗമാണ് സഭയുടെ പ്രബോധനപരവും കൗദാശികവും ആരാധനാപരവും ആത്മീയവുമായ സകല പാരമ്പര്യങ്ങളും.
തിരുസഭ ദൈവവചനത്തിന്റെ സജീവസ്വരമാണ് (viva voce). കാരണം, ഈ വചനം നല്‌കപ്പെട്ടിരിക്കുന്നത് അവൾക്കാണ്; അവളാണ് ചരിത്രത്തിൽ ഈ വചനവുമായുള്ള കണ്ടുമുട്ടലിന്റെ സാക്ഷി. ഈ വിധത്തിൽ, മനുഷ്യവർഗത്തെ സംബന്ധിച്ചു തിരുസഭഓർമ്മയുടെ നിക്ഷേപാലയമാണ്. ദൈവം മനുഷ്യചരിത്രത്തിൽ രക്ഷാകരമായി ഇടപെട്ടതിൻ്റെ, പ്രത്യേകിച്ച് മിശിഹാരഹസ്യത്തിന്റെ ഓർമയ്ക്കാണു തിരുസഭ സാക്ഷ്യം വഹിക്കുന്നത്. ഈ പശ്ചാത്തലത്തിൽവേണം വിശുദ്ധ പാരമ്പര്യത്തെ മനസിലാക്കാൻ. തന്നെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള വചനം തിരുസഭശ്രവിക്കുകയും ആ വചനം ആവശ്യപ്പെടുന്ന പ്രത്യുത്തരം തന്റെ പ്രഘോഷണത്തിലും പ്രബോധനത്തിലും ആരാധനക്രമങ്ങളിലും കൂടി പ്രകാശിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ആകെത്തുകയാണു വിശുദ്ധ പാരമ്പര്യം.' തിരുസഭയിൽ സദാ സന്നിഹിതനായിരിക്കുന്ന മിശിഹായും അവിടുത്തെ പരിശുദ്ധ റൂഹായുമാണ് വിശുദ്ധ പാരമ്പര്യത്തിനടിസ്ഥാനം. ദൈവവചനത്തിനു നല്‌കപ്പെടുന്ന വ്യാഖ്യാനത്തിലധിഷ്‌ഠിതമാണിത്. ഉറവിടവുമായി നമ്മെ ബന്ധിപ്പിക്കുന്ന ജീവജലത്തിൻ്റെ നദിയാണ് പാരമ്പര്യം; ഈ നദിയിൽ ഉറവിടം തന്നെ സന്നിഹിതമാണ്; നിത്യതയുടെ കവാടങ്ങൾവരെ നമ്മെ എത്തിക്കുന്ന മഹാനദിയാണിത്.
4.2.7. വിശ്വാസ പ്രഖ്യാപനം
ദൈവവചനം ശ്രവിക്കപ്പെടാനുള്ളതാണ്. സംസാരിക്കുന്ന ശബ്ദവുമായി കൂട്ടായ്‌മയിലാകാനുള്ള ക്ഷണമാണു വചനശ്രോതാവിനു ലഭിക്കുന്നത്. ശ്രവിച്ച വചനത്തിലെ സത്യത്തോടുള്ള സമ്മതം മൂളലാണ് വിശ്വാസപ്രഖ്യാപനം. ' വിശ്വാസത്തിന്റെ ഈ ഏറ്റുപറച്ചിൽ മാമ്മോദീസായിലും പരിശുദ്ധ കുർബാനയിലും എത്തിനില്ക്കും. ഇസ്രായേൽജനത പ്രതീക്ഷയോടെ കാത്തിരുന്ന മിശിഹായാണ് നസ്രായനായ ഈശോ എന്ന് ഏറ്റുപറഞ്ഞുകൊണ്ടു മാമ്മോദീസാ മുങ്ങുന്ന വ്യക്തി ഇസ്രായേൽജനതയുടെ കുടുംബത്തിന്റെ ഭാഗമായിത്തീരുകയാണ്.
തിരുസഭയുടെ ആരംഭംമുതൽ ദൈവവചനം ആരാധനക്രമത്തോടും വിശ്വാസപ്രഖ്യാപനത്തോടും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരുന്നത്. ആദിമസഭാസമൂഹങ്ങളിലെ ആരാധനാ കൂട്ടായ്മകളിൽ പരസ്യമായി വായിച്ചിരുന്ന ശ്ലൈഹികലിഖിതങ്ങളാണല്ലോ ക്രമേണ പുതിയനിയമ കാനനിൽ ഇടം കണ്ടെത്തിയത്.
തിരുസഭയിലെ വചനം ആരാധനയിലേക്കും വണക്കത്തിലേക്കുമുള്ള ഒരു ക്ഷണമാണ്. പരിശുദ്ധ കുർബാനയിൽ മിശിഹായുമായി കണ്ടുമുട്ടുന്നതിനുള്ള ക്ഷണമാണത്. സഭയെ ബനഡിക്ട് മാർപാപ്പാ ആരാധയായാണ് നിർവചിക്കുന്നതുതന്നെ.
സുവിശേഷവചനം പ്രഘോഷിക്കാനാണല്ലോ ഉത്ഥിതനായ മിശിഹാ ശ്ലീഹന്മാരെ നിയമിച്ചയച്ചത്. പ്രഘോഷിക്കപ്പെടുന്ന വചനം മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു. അതു മിശിഹായിലുള്ള വിശ്വാസത്തിലേക്കും തിരുസഭയിലെ കൂദാശകളിലേക്കും നയിക്കും. തത്ഫലമായി വിശ്വാസി മിശിഹായുമായി കൂട്ടായ്മയിലാവുകയും ദൈവിക കുടുംബത്തിലെ അംഗമാവുകയും ചെയ്യും. സുവിശേഷവചനം പ്രഘോഷിക്കുവാൻ അയയ്ക്കപ്പെട്ട ശ്ലീഹന്മാരോടു തന്നെയാണല്ലോ "ഇതെൻ്റെ ഓർമയക്കായി ചെയ്യുവിൻ" (ലൂക്കാ 22,19) എന്നവിടുന്നു കല്‌പിച്ചതും. വചനപ്രഘോഷണത്തിലൂടെയും വചനത്തെ സന്നിഹിതമാക്കുന്ന കൂദാശകളിലൂടെയുമാണ് തിരുസഭ എല്ലാകാലത്തും തൻ്റെ ദൗത്യം നിറവേറ്റുന്നത്.
4.2.8. ദൈവവചനവും ദൈവശാസ്ത്രവും
ദൈവം മനുഷ്യചരിത്രത്തിൽ ചെയ്‌തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളെക്കുറിച്ചുള്ള പരിചിന്തനമാണു ദൈവ ശാസ്ത്രം. ദൈവത്തിൻ്റെ നിർണായകമായ ഇടപെടൽ ഈശോ മിശിഹായിൽ ആയിരുന്നല്ലോ. അതുകൊണ്ടു ദൈവശാസ്ത്രം അവശ്യാവശ്യം മിശിഹാശാസ്ത്രമാണ്. മിശിഹായുടെ സഹനമരണോത്ഥാനങ്ങളാണു തിരുലിഖിതം വ്യാഖ്യാനിക്കുന്നതിനുള്ള താക്കോൽ (Christological hermeneutics). ശ്ലീഹന്മാരുടെ പ്രബോധനങ്ങളും ആദിമസഭയുടെ പ്രാർത്ഥനകളുമായി ബന്ധപ്പെട്ടിരിക്കുന്ന സഭയുടെ വിശ്വാസത്തിന്റെ സജീവ കൈമാറ്റം കൂടിയാണത്. ഈ കൈമാറ്റം ഒരു സാമൂഹിക പ്രക്രിയയാണ്; ഏതെങ്കിലും ചില വ്യക്തികളുടെ മാത്രം പ്രവൃത്തിയല്ല. വിശ്വാസ സമൂഹത്തിലാണ് തിരുലിഖിതം വായിക്കപ്പെടുന്നത്. കാരണം, ദൈവജനത്തിനാണു ദൈവവചനം നല്‌കപ്പെട്ടത്. ദൈവജനമായ തിരുസഭയിലാണ് വചനം എന്നും സന്നിഹിതമായിരിക്കുന്നത്. സഭയുടെ വിശ്വാസമാണു വിശുദ്ധഗ്രന്ഥത്തിന് ഐക്യവും തുടർച്ചയും നല്കുന്നത്.
വെള്ളത്തിലിറങ്ങാതെ നീന്താനാവാത്തതുപോലെ, വിശ്വാസ ജീവിതം നയിക്കാതെ ആർക്കും ദൈവശാസ്ത്രം ഫലപ്രദമായി ചെയ്യാനാവില്ല.' ഒരു വിശ്വാസജീവിതമില്ലാതെ, മിശിഹായുടെ ശിഷ്യനാവാതെ ദൈവശാസ്ത്രജ്ഞനാവുക സാധ്യമല്ല. വിശ്വാസത്തോടെ തിരുലിഖിതത്തെ സമീപിക്കുമ്പോൾ മനുഷ്യഭാഷയിൽ നമ്മോടു സംസാരിക്കുന്ന ദൈവത്തിൻ്റെ സ്വരം നമുക്കു ശ്രവിക്കാനാവും. സജീവനായ ദൈവത്തെ കണ്ടുമുട്ടാനുമാവും. ആരാധനാ മനോഭാവത്തോടെ വേണം തിരുലിഖിതത്തെ സമീപിക്കാൻ.
യുക്തിയോടു വിശ്വാസം കലരുമ്പോൾ, സൃഷ്ടപ്രപഞ്ചം സ്രഷ്ടാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന, അവിടുത്തെ ഭാഷ പ്രകാശിപ്പിക്കുന്ന മാധ്യമങ്ങളായി പരിണമിക്കും. സൃഷ്ടിയിലൂടെ സ്രഷ്ടാവ് സ്വയം വെളിപ്പെടുത്തപ്പെടാനനുവദിക്കും. തിരുലിഖിതത്തിലെ ദൈവസ്വരം മുഴക്കുക എന്നതാണു ദൈവശാസ്ത്രജ്ഞന്റെ ദൗത്യം.
4.2.9. മിശിഹാകേന്ദ്രീകൃതവ്യാഖ്യാനം
വിവിധ കാലങ്ങളിലും വിവിധ വ്യക്തികളാലും എഴുതപ്പെട്ട ഈ വ്യത്യസ്‌ത ഗ്രന്ഥങ്ങളെ ഒന്നിപ്പിച്ചു നിറുത്തുന്നതു മിശിഹാ സംഭവമാണ്; മിശിഹാരഹസ്യത്തിൽനിന്നുയിർകൊണ്ട തിരുസഭയാണ്. രക്ഷാകരചരിത്രത്തിൻ്റെ പൂർത്തീകരണവും തിരുലിഖിത വ്യാഖ്യാനത്തിനുള്ള താക്കോലും ഈശേമിശിഹായാണ്.
ദൈവത്തിന്റെ റൂഹാ വിശുദ്ധഗ്രന്ഥം മുഴുവന്റെയും കർത്താവായിരിക്കുന്നതുകൊണ്ട് അവിടെ വിവരിക്കപ്പെടുന്ന സംഭവങ്ങൾക്കു അവയുടെ ചരിത്രത്തിലുപരിയായ ഒരർത്ഥം കൂടിയുണ്ട് (a surplus meaning). ചരിത്രത്തിനുപരിയായ ഈ ആത്മീയാർത്ഥം വിശുദ്ധഗ്രന്ഥത്തിലെ അക്ഷരങ്ങൾ സൂചിപ്പിക്കുന്ന ചരിത്രസംഭവത്തിനുപരിയായി ദൈവത്തിൻ്റെ പ്രവർത്തനങ്ങൾ ദർശിക്കുന്നു. ഇസ്രായേൽ ചരിത്രത്തിലെ ദൈവിക ഇടപെടലുകളും പ്രവർത്തനങ്ങളും മിശിഹാസംഭവത്തിൻ്റെ വെളിച്ചത്തിൽ കാണുന്നു. വി. ബൊനവെഞ്ചറിൻ്റെ വാക്കുകൾ പലപ്പോഴും ബനഡിക്ട് മാർപാപ്പാ ഉപയോഗിക്കാറുണ്ട്: "തിരുലിഖിതത്തിൻ്റെ യഥാർത്ഥ അർത്ഥം അക്ഷരങ്ങൾക്കുപരിയാണ്."
ആത്മീയാർത്ഥം തിരുസഭയുടെ വിശ്വാസനിയമം, വിശ്വാസ പ്രമാണം, ആരാധനക്രമം എന്നിവയുമായി ബന്ധപ്പെടുത്തിയാണു കണ്ടെത്താനാവുന്നത്. വിശുദ്ധ ആഗസ്‌തീനോസിനെ ഉദ്ധരിച്ചു കൊണ്ട് ബനഡിക്‌ട് മാർപാപ്പാ പറയുന്നു: "പുതിയനിയമം പഴയ നിയമത്തിൽ ഒളിഞ്ഞിരിക്കുന്നു; പഴയതാകട്ടെ പുതിയതിൽ വ്യക്തമാക്കപ്പെടുന്നു."
തിരുസഭയുടെ ആരാധനക്രമമാണ് വിശുദ്ധഗ്രന്ഥപൈതൃകത്തിൻ്റെ യഥാർത്ഥ വ്യാഖ്യാനം. പുതിയനിയമം മുഴുവനും ആരാധനയെക്കുറിച്ചാണ്. തിരുസഭയിലെ ആരാധനാപശ്ചാത്തലത്തിലാണ് പുതിയനിയമ ഗ്രന്ഥങ്ങൾ രൂപമെടുത്തത്. ഈ സജീവ പശ്ചാത്തലത്തിൽനിന്നു മാറ്റിനിറുത്തി ഈ ഗ്രന്ഥങ്ങളെ മനസ്സിലാക്കാൻ എളുപ്പമല്ല.
4.2.10. തിരുസഭ - ഉടമ്പടിജനം
തിരുലിഖിതം മുഴുവനെയും ഒന്നിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി ബനഡിക്‌ട് മാർപാപ്പാ കാണുന്നത് 'ഉടമ്പടി' ആണ്. മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ പ്രകാശനമെന്നോണം രണ്ടു ഘട്ടങ്ങളിലായാണു ദൈവം തന്റെ ജനവുമായി ഉടമ്പടിയിൽ ഏർപ്പെട്ടത്." സകല മനുഷ്യരെയും സ്നേഹകൂട്ടായ്മയിൽ ഒരൊറ്റ കുടുംബമായി രൂപപ്പെടുത്താനുള്ള ദൈവത്തിന്റെ ആഗ്രഹമാണ് ഉടമ്പടിയിൽ പ്രതിഫലിക്കുന്നത്. അവർണനീയമായ ഈ സ്നേഹപദ്ധതിയെക്കുറിച്ചാണു വിശുദ്ധഗ്രന്ഥം മുഴുവൻ പ്രതിപാദിക്കുന്നത്.
വിശുദ്ധഗ്രന്ഥം മുഴുവനെയും വ്യാഖ്യാനിക്കാൻ സഹായിക്കുന്ന മറ്റൊരു താക്കോലാണ് ഈ ഉടമ്പടി. ദൈവം തന്റെ ജനവുമായി ഏർപ്പെടുന്ന ഉടമ്പടികളുടെ ഒരു നിരതന്നെ തിരുലിഖിതത്തിലുണ്ട്: നോഹ, അബ്രാഹം, മോശ, ഇസ്രായേൽജനം, ദാവീദ് തുടങ്ങിയവരുമായി ദൈവം ഉടമ്പടി സ്ഥാപിക്കുന്നുണ്ട്. ഈ ഉടമ്പടികളെല്ലാം മിശിഹായിൽ ഉറപ്പിക്കാനിരുന്ന പുതിയ ഉടമ്പടിയുടെ മുന്നോടിയായിരുന്നു. പിതാവായ ദൈവം തന്റെ പുത്രനായ ഈശോമിശിഹായിൽ മനുഷ്യവർഗത്തെ ഒന്നാകെ ഒരു കുടുംബമായി രൂപപ്പെടുത്തുന്നതാണു തിരുസഭ എന്നാണു ബനഡിക്ട് മാർപാപ്പായുടെ പ്രബോധനം. (ദൈവം സ്നേഹമാകുന്നു, 19.25) സാധാരണ ഉടമ്പടികൾ പോലെ ഇതൊരു ഉഭയ കക്ഷിബന്ധമല്ല, മറിച്ച് ദൈവസ്നേഹത്തിൻ്റെ ഭാവാത്മകമായ പ്രവൃത്തിയാണ്, അവിടുത്തെ ദാനമാണ്. ദൈവവും ജനവും തമ്മിൽ രക്തബന്ധമാണിതുവഴി ഉണ്ടാകുന്നത്. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ ദൈവവുമായി ബന്ധത്തിലാകുന്നതിനു വേണ്ടിയാണ്.
പഴയനിയമദൈവജനത്തിൻ്റെ വിശ്വാസതീർത്ഥാടനം ഉടമ്പടികളുടെ ഒരു നീണ്ട ചരിത്രമാണ്. അബ്രാഹത്തിലാരംഭിച്ച്, അദ്ദേഹത്തിൻ്റെ പുത്രന്മാരിലൂടെ തുടർന്ന ദൈവവുമായുള്ള ഉടമ്പടിബന്ധം, സീനായ്‌മലയിൽ മോശയുടെ മദ്ധ്യസ്ഥതയിൽ ഉറപ്പിക്കപ്പെട്ടു. ഇതോടെ പത്തുകല്‌പനകൾ പാലിക്കണം എന്ന വ്യവസ്ഥയോടെ ദൈവം ഇസ്രായേലിനെ സ്വന്തജനമായി സ്വീകരിച്ചു. നിത്യനായ ഒരു രാജാവിനെയും രാജ്യത്തെയും വാഗ്ദാനം ചെയ്‌തുകൊണ്ട് ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലാണ് പഴയനിയമ ഉടമ്പടികളുടെ അവസാനഘട്ടം. ദൈവരാജ്യം പ്രഘോഷിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട ഈശോമിശിഹായിലാണ് ഈ ഉടമ്പടി വാഗ്ദാനം പൂർത്തിയായത്.
അബ്രാഹത്തോടുള്ള ഉടമ്പടി ഒരു ദൈവിക കുടുംബത്തെ വിഭാവനം ചെയ്യുന്നുണ്ട്. സീനായ് ഉടമ്പടിയിലും നവീകരിക്കപ്പെട്ടത് ദൈവിക കുടുംബത്തെക്കുറിച്ചുള്ള ദൈവികസ്വപ്നമാണ്. ദാവീദിനുള്ള വാഗ്ദാനത്തിൽ ഇതു വീണ്ടും ഉറപ്പിക്കപ്പെട്ടു. ഈശോമിശിഹായിൽ അതു പൂർത്തിയായി. ഈശോ സാധിച്ച രക്ഷയുടെ ശാശ്വതീകരണത്തിനാണല്ലോ യുഗാന്തം ലക്ഷ്യംവച്ചു തീർത്ഥാടനം ചെയ്യുന്ന തിരുസഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സഭയാകട്ടെ തൻ്റെ കൂദാശകളിലും ആരാധനയിലും കൂടെ ഈ ഉടമ്പടി ബന്ധം ചരിത്രത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. ഈ ഉടമ്പടിയിൽ ആരാധനയും നിയമവും ധാർമികതയുമെല്ലാം പരസ്പ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ഉടമ്പടിരൂപത്തിലെ ദൈവികദാനത്തോടുള്ള മനുഷ്യൻ്റെ പ്രത്യുത്തരമാണ് ആരാധന.
സുവിശേഷം നല്‌കുന്ന ആനന്ദത്തിൻ്റെ മഹാപ്രവാഹത്തിലേക്കു പ്രവേശിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പായുടെ ശ്ലൈഹികാഹ്വാനമാണ് 'സുവിശേഷത്തിൻ്റെ ആനന്ദം' (Joy of the Gospel). മിശിഹാ നല്‌കുന്ന സന്തോഷം അവിടുന്നിൽ വിശ്വസിക്കുന്നവർ സ്വാഭാവികമായി മറ്റുള്ളവരിലേക്കു പ്രസരിപ്പിക്കണം എന്നാണ് ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹം. സുവിശേഷത്തിൻ്റെ ആനന്ദത്തിൽ സുവിശേഷപ്രഘോഷണദൗത്യം ഗൗരവമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സവിസ്‌തരം പാപ്പാ പ്രതിപാദിക്കുന്നുണ്ട്. തന്റെ ജനത്തോടുള്ള ഒരു അജപാലകന്റെ സാമീപ്യവും അവരോട് ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവും വിലയിരുത്താനുള്ള ഉരകല്ലാണ് സുവിശേഷ പ്രസംഗം (നമ്പർ 135). ദൈവവചനവുമായുള്ള ആശ്വാസദായകമായ ഒരു അഭിമുഖീകരണം, നവീകരണത്തിൻ്റെയും വളർച്ചയുടെയും നിരന്തര ഉറവിടം എന്നൊക്കെയാണു പാപ്പാ ഇതിനെ വിശേഷിപ്പിക്കുന്നത്.
4.3.1. ആരാധനക്രമപശ്ചാത്തലം
ആരാധനക്രമത്തിലെ പ്രത്യേകിച്ചും പരിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷപ്രഘോഷണം, ദൈവവും അവിടുത്തെ ജനവുമായുള്ള ഒരു സംഭാഷണമാണ്, രക്ഷയുടെ മഹാകൃത്യങ്ങൾ പ്രഘോഷിക്കപ്പെടുകയും ഉടമ്പടിയുടെ വ്യവസ്ഥകൾ അറിയിക്കപ്പെടുകയും ചെയ്യുന്ന സംഭാഷണം (137). “കൗദാശിക ഐക്യത്തിലേക്കു നയിക്കുന്ന, ദൈവവും അവിടുത്തെ ജനവും തമ്മിലുള്ള സംഭാഷണത്തിലെ പരമമായ നിമിഷം എന്ന നിലയിൽ, അത് പ്രബോധനത്തിൻ്റെ എല്ലാ രൂപങ്ങളെയും അതിശയിക്കുന്നു. കർത്താവ് ഒരിക്കൽ തൻ്റെ ജനവുമായി സ്ഥാപിച്ചുകഴിഞ്ഞ സംഭാഷണം ഒരിക്കൽകൂടി എറ്റെടുക്കുകയാണ് സുവിശേഷപ്രസംഗം.”
ആരാധനക്രമത്തിൻ്റെ പശ്ചാത്തലത്തിൽ പ്രസംഗം നടക്കുമ്പോൾ അതു പിതാവിനു നല്‌കുന്ന സമർപ്പണത്തിന്റെ ഭാഗവും തിരുക്കർമ്മവേളയിൽ മിശിഹാ ചൊരിയുന്ന കൃപയുടെ ഒരു മദ്ധ്യസ്ഥതയുമാണ് (138). പ്രസംഗകൻ്റെയും വിശ്വാസസമൂഹത്തിന്റെയും ജീവിതത്തിൽ പരിവർത്തനം ഉളവാക്കുന്ന രീതിയിൽ മിശിഹായുമായുള്ള സഹവാസത്തിലേക്കു നയിക്കണം സുവിശേഷ പ്രഘോഷണം എന്നാണു ഫ്രാൻസിസ് പാപ്പാ വിവക്ഷിക്കുന്നത്. മിശിഹായാണ്, പ്രസംഗകനല്ല ശ്രദ്ധാകേന്ദ്രമായിരിക്കേണ്ടത്.
തന്റെ ജനത്തോടു സംസാരിക്കുന്നതിൽ ദൈവത്തിനുള്ള സന്തോഷം ശ്രോതാക്കൾക്കു പകർന്നു നല്‌കാൻ പ്രസംഗകനു സാധിക്കണം (141). സുവിശേഷപ്രസംഗത്തിൻ്റെ സമയത്തു വിശ്വാസികളുടെ ഹൃദയം നിശബ്ദമാവുകയും ദൈവത്തെ സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു (143).
4.3.2. സുവിശേഷപ്രസംഗത്തിനുള്ള ഒരുക്കം
പ്രസംഗിക്കാനുള്ള ഒരുക്കത്തെക്കുറിച്ചു ദീർഘമായി ഫ്രാൻസിസ് മാർപാപ്പാ പ്രതിപാദിക്കുന്നുണ്ട് (145-175).
4.3.3. അങ്ങേക്കു സ്‌തുതി (Laudato Si')
"അങ്ങേക്കു സ്തുതി" എന്ന ചാക്രികലേഖനത്തിന്റെ രണ്ടാമദ്ധ്യായത്തിൽ ദൈവവചനവും പ്രപഞ്ചവുമായുള്ള ബന്ധം ഫ്രാൻസിസ് മാർപാപ്പാ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. പ്രപഞ്ചവും അതിലെ ഓരോ സൃഷ്‌ടിയും ദൈവവചനത്തിൽ നിന്നാണു രൂപമെടുത്തത്. അതിനാൽ ഈ ഭൂമി ദൈവത്തിന്റേതാണ്. അതിലെ ഓരോ സൃഷ്‌ടിയും പിതാവിൻ്റെ ആർദ്രതയ്ക്കു വിഷയമാണ്. ദൈവം രചിച്ച അമൂല്യമായ ഒരു ഗ്രന്ഥമായി പ്രപഞ്ചത്തെ കാണാം. അങ്ങനെ അതു വിശുദ്ധലിഖിതത്തോടൊപ്പം ദൈവത്തെ വെളിപ്പെടുത്തുന്നു. മനുഷ്യാവതാരം ചെയ്ത വചനം ഈ പ്രപഞ്ചവുമായി നേരിട്ട് ഇടപഴകിക്കൊണ്ട് അതിന്റെ മൂല്യം വെളിവാക്കി. ഇത്തരത്തിൽ ഫ്രാൻസിസ് മാർപാപ്പാ വചനവ്യാഖ്യാനത്തിൽ തന്റെ മുൻഗാമികളുടെ ശൈലി പിന്തുടരുന്നതായി കാണാം. ദൈവവചനത്തെക്കുറിച്ചുള്ള സഭയുടെ കാഴ്‌ചപ്പാടിൻ്റെ നൈരന്തര്യവും തുടർച്ചയും നമുക്കിവിടെ ദർശിക്കാം. ദൈവികവെളിപാട് യഥാവിധി കൈമാറുന്നതിൻ്റെ കൂടുതൽ ഉദാഹരണങ്ങൾ അദ്ദേഹത്തിൽനിന്ന് വരുംനാളുകളിൽ ഇനിയും നമുക്കു പ്രതീക്ഷിക്കാം.
രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ദൈവവചനത്തെക്കുറിച്ചുള്ള പ്രമാണരേഖ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. ഇതിനോടകം സഭാജീവിതത്തിലാകമാനം വലിയ സ്വാധീനം ചെലുത്തുവാൻ ഈ രേഖയ്ക്കു സാധിച്ചിട്ടുണ്ട്. ദൈവവചനത്തോടു വിശ്വാസികൾക്കുള്ള സമീപനത്തിൽ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. ബൈബിളിനോടു വലിയ ആദരവും ആഭിമുഖ്യവും ദൈവജനത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ സ്വരം ശ്രവിക്കാനുള്ള അവസരങ്ങളായി പ്രാർത്ഥനാവേളകളെ മാറ്റിയതിൽ ഈ രേഖ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദൈവശാസ്ത്ര, ആദ്ധ്യാത്മിക, അജപാലന, സഭൈക്യമേഖലകളിലെല്ലാം വലിയ പ്രചോദനം ഈ രേഖ നല്കുന്നുണ്ട്. ചുരുക്കത്തിൽ, ക്രിസ്തീയ ജീവിതത്തിനു പുതിയ ഉണർവും ഉത്തേജനവും മാർഗദർശനവും നല്കുന്നതിൽ ഈ രേഖ വളരെയേറെ വിജയിച്ചിട്ടുണ്ട് എന്നു നിസ്സംശയം പറയാം. ദൈവം നല്‌കുന്ന സന്ദേശവും ഗ്രന്ഥകാരന്റെ ഉദ്ദേശ്യവും കണ്ടെത്താനായി ശാസ്ത്രീയ വിശകലന-വ്യാഖ്യാന രീതികൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ബൈബിൾ വ്യാഖ്യാനരംഗത്ത് അത്ഭുതകരമായ വളർച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷമുണ്ടായി. ബൈബിൾ -ദൈവശാസ്ത്രപരമായ ഗ്രന്ഥങ്ങൾ, വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങൾ, ബൈബിൾ നിഘണ്ടുക്കൾ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ദൈവശാസ്ത്രപഠനരംഗത്തും ഈ രേഖ സമൂലമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ മേഖലയിലെ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ, പഴയനിയമ-പുതിയനിയമ കാഴ്‌ചപ്പാടുകളോടൊപ്പം സഭയുടെ അജപാലന-ആരാധനക്രമ പാരമ്പര്യവും പരാമർശിക്കപ്പെടുന്നുണ്ട്.
ആരാധനക്രമത്തിൽ പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിൽ ദൈവവചനശുശ്രൂഷയ്ക്കു നല്‌കപ്പെടുന്ന വലിയ പ്രാധാന്യം തന്നെ ശ്രദ്ധയർഹിക്കുന്ന മറ്റൊരു മാറ്റം. പുനരുദ്ധരിച്ച കുർബാനക്രമമനുസരിച്ച് ബേമ്മ അഥവാ വചനവേദിയിലാണല്ലോ വചനശുശ്രൂഷ നടത്തുന്നത്. പഴയനിയമവായനക്കും പുതിയനിയമവായനയ്ക്കും പ്രത്യേകപീഠങ്ങൾ സ്ഥാപിക്കുന്നതും ബലിപീഠത്തിൽ നിന്നു സുവിശേഷഗ്രന്ഥം ആഘോഷപൂർവം പ്രദക്ഷിണമായി ബേമ്മയിലേക്കുകൊണ്ടുവരുന്നതും ദൈവവചനത്തിൻ്റെ പ്രാധാന്യം ആരാധകരുടെ മനസ്സിലുറപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. കുർബാനമധ്യേയുള്ള വചനവ്യാഖ്യാനം സൂക്ഷ്‌മതയോടും ശ്രദ്ധയോടുംകൂടി നിർവഹിക്കപ്പെടുന്നുമുണ്ട്.
വത്തിക്കാൻ സൂനഹദോസിനുശേഷം മലയാളത്തിൽ പല ബൈബിൾ പരിഭാഷകളുമുണ്ടായി. എന്നാൽ, സൂനഹദോസിനു വളരെ മുമ്പേ കേരളക്കരയിൽ ബൈബിൾ പരിഭാഷകളുണ്ടായിരുന്നു. പ്രൊട്ടസ്റ്റൻ്റ് മിഷനറിമാരാണ് ഈ രംഗത്ത് ആദ്യം പ്രവർത്തിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ ഭാഗിക വിവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 1841 ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽനിന്ന് ബെഞ്ചമിൻ ബെയ്ലിയുടെ നേതൃത്വത്തിൽ ബൈബിളിൻ്റെ ആദ്യസമ്പൂർണ പരിഭാഷ മലയാളത്തിൽ പ്രസിദ്ധീകൃതമായി. ഇന്ന് വലിയ പ്രചാരമുള്ള സത്യവേദപുസ്‌തകം 1910 ലാണു പ്രസിദ്ധീകരിക്കപ്പെട്ടത്.
കത്തോലിക്കർക്കിടയിൽ ആദ്യപരിഭാഷ നിർവഹിച്ചത് ക.നി.മൂ.സ. മാണിക്കത്തനാരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പ്ശീത്തായിൽനിന്നു പഞ്ചഗ്രന്ഥവും സങ്കീർത്തനങ്ങളും പുതിയനിയമവും അദ്ദേഹം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഫാ. മാത്യു വടക്കേലിൻ്റെ നേതൃത്വത്തിൽ പഴയനിയമം മുഴുവൻ പരിഭാഷപ്പെടുത്തിയത് 1930-39 കാലഘട്ടത്തിൽ എസ്. എച്ച്. ലീഗ് പ്രസിദ്ധീകരിച്ചു. 1963 ൽ ഫാ. തോമസ് മൂത്തേടൻ വുൾഗാത്തയിൽനിന്നുള്ള ഒരു സമ്പൂർണ ബൈബിൾ പരിഭാഷ നിർവഹിച്ചു.
വത്തിക്കാൻ സൂനഹദോസിനുശേഷമുണ്ടായ പരിഭാഷകൾ താഴെ പറയുന്നവയാണ്. 1977 ൽ പി.ഒ.സി. പാലാരിവട്ടത്തുനിന്നു ഗ്രീക്കു മൂലത്തിലധിഷ്ഠിതമായ മറ്റൊരു പുതിയനിയമപരിഭാഷ പുറത്തിറക്കി. കർമ്മലീത്താവൈദികർ മാണിക്കത്തനാരുടെ പുതിയനിയമപരിഭാഷ പരിഷ്കരിച്ചു മാന്നാനത്തുനിന്നു 1978 ൽ പ്രസിദ്ധീകരിച്ചു. പഴയനിയമംകൂടി ഉൾപ്പെടുത്തി പി.ഒ.സി. 1981 ൽ പുറത്തിറക്കിയ സമ്പൂർണബൈബിളാണ് ഇന്നു കൂടുതൽ പ്രചാരത്തിലിരിക്കുന്നത്. 1986 ൽ വടവാതൂർ സെമിനാരിയിൽ നിന്നും ബഹുമാനപ്പെട്ട തോമസ് കയ്യാലപ്പറമ്പിലച്ചൻ പ്ശീത്തായിൽ നിന്നു മറ്റൊരു പുതിയനിയമപരിഭാഷ പ്രസിദ്ധീകരിക്കുകയുണ്ടായി. 2000-ാമാണ്ടിൽ ഫാ. മാത്യു ഉപ്പാണി സി.എം.ഐ. സമ്പൂർണബൈബിൾ പ്ശീത്തായിൽനിന്നു പരിഭാഷപ്പെടുത്തി. പരിഷ്ക്കരിച്ച പി.ഒ.സി.പരിഭാഷയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സീറോമലബാർ സഭയിലെ പ്രഘോഷണഗ്രന്ഥങ്ങൾക്കു രൂപം നല്കിയിരിക്കുന്നത്.
ഇന്നു കേരളത്തിൽ മലയാള ബൈബിളില്ലാത്ത കത്തോലിക്കാ ഭവനമില്ല. സന്ധ്യാപ്രാർത്ഥയുടെ ഭാഗമായി വിശുദ്ധ ഗ്രന്ഥത്തിൽ നിന്നൊരുഭാഗം വായിക്കുന്ന രീതിയും പല കുടുംബങ്ങളിലും ആരംഭിച്ചിട്ടുണ്ട്. യാത്രയിലും മറ്റും പുതിയനിയമമെങ്കിലും കൂടെ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്ന ശീലവും വളർന്നുവരുന്നുണ്ട്.
കേരളത്തിലെ മിക്ക രൂപതാകേന്ദ്രങ്ങളോടു ചേർന്നും ബൈബിൾവിഭാഗം (Bible Apostolate) കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ബൈബിൾ ക്ലാസ്സുകളും സെമിനാറുകളും ചർച്ചകളും ക്വിസുകളും ബൈബിൾ പഠനത്തിലുള്ള വർദ്ധിച്ച താല്പര്യം വിളിച്ചോതുന്നുണ്ട്. ബൈബിൾഭാഷ്യം പോലുള്ള പ്രസിദ്ധീകരണങ്ങളും ഈ രംഗത്തു വലിയ ശുശ്രൂഷയാണു നിർവഹിക്കുന്നത്.
'ദേയി വെർബും' പോലതന്നെ ശ്രദ്ധേയമായ മറ്റൊരു രേഖയാണ് 'വെർബും ദോമിനി'. ഒരർത്ഥത്തിൽ ആദ്യത്തേതിന്റെ തുടർച്ചയും വികാസവുമായി രണ്ടാമത്തേതിനെ കാണാം. 'ദേയി വെർബും' എന്ന പ്രമാണരേഖ അവസാനിപ്പിക്കുന്ന വിശുദ്ധഗ്രന്ഥ ഉദ്ധരണി തന്നെയാണു 'വെർബും ദോമിനി' എന്ന ശ്ലൈഹിക ഉപദേശത്തിന്റെ ആരംഭത്തിലുള്ളത് (1 പത്രോ 1,25). സൂനഹദോസ് പിതാക്കന്മാർ പറഞ്ഞുവച്ച പ്രതീക്ഷ സഭയിൽ നിറവേറുന്നു എന്നതിന്റെ സൂചനയാണിത്; തിരുസഭയുടെ വചനോന്മുഖമായ വളർച്ചയുടെ തെളിവും.
ദൈവവചനത്തിനു സഭാജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി വളരെ ചുരുക്കമായി മാത്രമേ 'ദേയി വെർബു'മിൽ പ്രതിപാദിച്ചിരുന്നുള്ളു (ആറാമദ്ധ്യായം മാത്രം). എന്നാൽ, 'വെർബും ദോമിനി'യുടെ സിംഹഭാഗവും സഭാജീവിതത്തിലും ദൗത്യത്തിലും ദൈവവചനത്തിനുള്ള പ്രസക്തിയെക്കുറിച്ചാണ് (രണ്ടും മൂന്നും ഭാഗങ്ങൾ). വിശുദ്ധഗ്രന്ഥങ്ങളെക്കുറിച്ച് എന്നതിലധികമായി ദൈവവചനത്തെപ്പറ്റിയാണ് ഈ ശ്ലൈഹിക പ്രബോധനം. സൃഷ്ടികളിലും ലോകമതങ്ങളിലുമൊക്കെ പ്രതിഫലിക്കുന്ന ഈ വചനത്തിന്റെ മനുഷ്യചരിത്രത്തിലുള്ള നിർണായകമായ പ്രകാശനമാണ് നസ്രായനായ ഈശോയിലും മിശിഹാകേന്ദ്രീകൃതമായ വിശുദ്ധഗ്രന്ഥവ്യാഖ്യാനത്തിലുംകൂടെ ലഭിക്കുന്നത്.
ചരിത്രവിമർശനരീതികൾ ഉപയോഗിച്ചുകൊണ്ടുള്ള ബൈബിൾ വ്യാഖ്യാനത്തോടൊപ്പം വിശ്വാസപരമായ വ്യാഖ്യാനം എപ്രകാരം ഒന്നിപ്പിച്ചുകൊണ്ടുപോകാം എന്നതിൻ്റെ ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ് ബനഡിക്‌ട് മാർപാപ്പായുടെ 'നസ്രായനായ ഈശോ' എന്ന ഗ്രന്ഥം.
ഭക്തിയോടെയുള്ള ദൈവവചനശ്രവണവും വിശ്വസ്തതയോടെയുള്ള വ്യാഖ്യാനവും തീക്ഷ്‌ണതയോടെയുള്ള പ്രഘോഷണവും പരിശുദ്ധത്രിത്വത്തോടുള്ള കൂട്ടായ്‌മയിൽ നമ്മെ വളർത്തട്ടെ. ഇതുവഴി വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളരുവാനും ദൈവികജീവനിൽ പങ്കുചേരുവാനും നമുക്കിടയാകട്ടെ.
എന്താണു ദൈവാവിഷ്കരണം? ലോഗോസ്' പഴയനിയമം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



