x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

നിത്യപുരോഹിതനീശോമിശിഹാ ഹെബ്രായലേഖനത്തിൽ

Authored by : Dr. Andrews Mekkattukunnel On 03-Aug-2026

ആമുഖം (1,1-4) 

ഈശോമിശിഹാ: 
മഹിമയുടെ
വലത്തുഭാഗത്ത്
ഉപവിഷ്ടനായിരിക്കുന്ന
മഹാപുരോഹിതൻ
 

1.1 പൂർവകാലങ്ങളിൽ നമ്മുടെ പിതാക്കന്മാരോടു പല പ്രകാരത്തിലും പലവിധത്തിലും പ്രവാചകരിലൂടെ സംസാരിച്ച ദൈവം,

1.2 ഈ അവസാന നാളുകളിൽ, താൻ ആരെ സകലത്തിൻ്റെയും അവകാശിയായി നിയമിച്ചിരിക്കുന്നുവോ, ആരുമൂലം ലോകങ്ങളെ സൃഷ്ടിച്ചുവോ ആ തൻ്റെ പുത്രൻ മുഖേന നമ്മോടു സംസാരിച്ചിരിക്കുന്നു. 

1.3 അവൻ അവിടുത്തെ മഹത്ത്വത്തിന്റെ തേജസ്സും അവിടുത്തെ സത്തയുടെ പ്രതിരൂപവുമാണ്. തന്റെ വചനത്തിന്റെ ശക്തിയാൽ സകലതും താങ്ങിനിറുത്തുന്ന അവൻ, തന്നെക്കൊണ്ടുതന്നെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ശുദ്ധീകരണം നടത്തിയശേഷം ഉന്നതങ്ങളിൽ, മഹിമയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 

1.4 അവൻ അവകാശമാക്കിയ നാമം മാലാഖമാരുടേതിനേക്കാൾ ശ്രേഷ്‌ഠമായിരിക്കുന്നതിനാൽ അവനും അവരെക്കാൾ ശ്രേഷ്ഠനാണ്.

ദൈവത്തിന്റെ രക്ഷാകരപദ്ധതി മുഴുവന്റെയും സാരസംഗ്രഹം ഈ ആമുഖ വാചകങ്ങളിലുണ്ട്. മനുഷ്യചരിത്രത്തിൽ ദൈവം രക്ഷാകരമായി ഇടപെടുന്നത് തൻ്റെ 'സംസാരം' വഴിയാണ്. തന്റെ വാക്കുകളിലൂടെ അഥവാ വചനത്തിലൂടെയാണു ദൈവം സ്വയം വെളിപ്പെടുത്തുന്നത്. മനുഷ്യനോടു വ്യക്തിബന്ധത്തിലേർപ്പെടുന്നതിനുവേണ്ടി അവിടുന്നു സ്വയം വെളിപ്പെടുത്തുന്നു. പഴയനിയമ കാലത്ത് പ്രവാചകരിൽ ഈ ദൈവസ്വരം മുഴങ്ങി. മനുഷ്യനായവതരിച്ച പുത്രനിലാണു പുതിയനിയമകാലത്ത് അത് പൂർണമായി വെളിപ്പെട്ടത്. ദൈവപുത്രനായ ഈശോമിശിഹാ പിതാവായ ദൈവത്തിന്റെ വചനം (Logos - Word) തന്നെയാണ്. 

വചനമായ പുത്രനെ പിതാവായ ദൈവം സകലത്തിന്റെയും അവകാശിയായി നിയമിച്ചിരിക്കുന്നു. ഉത്ഥാനത്തിൽ അവിടുത്തേക്കു ലഭിച്ച മഹത്ത്വമാണ് ഇവിടെ വിവക്ഷിതം. ലോകസൃഷ്ട‌ി മുതലേ പിതാവിനോടൊപ്പമുണ്ടായിരുന്നവനാണ് അവിടുന്ന്. പിതാവിന്റെ മഹത്ത്വത്തിന്റെ തേജസ്സും സത്തയുടെ പ്രതിരൂപവുമായ (splendour of glory and imprint of substance) ഈ പുത്രൻ തന്റെ വചനത്തിന്റെ ശക്തിയാൽ സകലതും അസ്‌തിത്വത്തിൽ നിലനിറുത്തുന്നു. 

പുത്രൻ ഇപ്പോൾ സകലത്തിന്റെയും അവകാശിയായി നിയമിക്കപ്പെടാൻ കാരണം, അവിടുന്നു തന്നെക്കൊണ്ടുതന്നെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ശുദ്ധീകരണം നടത്തിയെന്നതാണ്. പുതിയ ഈ സ്ഥാനലബ്‌ധിയുടെ ഭാഗമായാണ് ഇപ്പോൾ മഹിമയുടെ വലത്തുഭാഗത്ത് അവിടുന്ന് ഉപവിഷ്ടനായിരിക്കുന്നത്. ദൈവത്തിന്റെ വചനമായ പുത്രൻ മാലാഖമാരുടേതിൽനിന്നു വളരെ വ്യത്യസ്ഥമായ ഒരു നാമമാണ് (a very different name) അവകാശമാക്കിയിരിക്കുന്നത്.

1. പുത്രനിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവം 

പതിമൂന്നദ്ധ്യായങ്ങളിലായി പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ മുഴുവൻ നാലു വാചകങ്ങളുള്ള ഈ ആമുഖത്തിലുണ്ട്. അബദ്ധപ്രബോധനങ്ങൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നോണം, പ്രാരംഭത്തിൽത്തന്നെ ക്രൈസ്‌തവവിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ് അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപദ്ധതി മുഴുവന്റെയും രത്നച്ചുരുക്കം ഇവിടെയുണ്ട്. ദൈവം തന്റെ പുത്രൻ മുഖേന നമ്മോടു സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. പല വാചകങ്ങളായി ഈ ആമുഖത്തെ നമ്മൾ പരിഭാഷപ്പെടുത്തുന്നുവെങ്കിലും മൂലഭാഷയിൽ 'സംസാരിച്ചിരിക്കുന്നു' എന്ന ഒരു പ്രധാനക്രിയ മാത്രമുള്ള ഒറ്റ വാചകമാണിത്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ പ്രവൃത്തിയുടെ പ്രാധാന്യം വ്യക്തമാക്കാനാണ് 'ദൈവത്തിന്റെ സംസാരത്തെ' കേന്ദ്രീകരിച്ച് ഈ വാചകം ക്രമീകരിച്ചിരിക്കുന്നത്. 

മനുഷ്യർക്കു സ്വയം വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അവരോടു സംസാരിക്കുന്നതു ദൈവത്തിൻ്റെ സ്വഭാവമാണ്. ദൈവം മനുഷ്യചരിത്രത്തിൽ ഇടപെടുന്നതും മനുഷ്യരുമായി ബന്ധത്തിലാകുന്നതും ഈ സംസാരം വഴിയാണ്. പണ്ടുകാലങ്ങളിൽ അവിടുന്ന് ഇതു നിർവഹിച്ചിരുന്നത് പ്രവാചകന്മാരിലൂടെയായിരുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിവിധ രീതികളിലാണ് അവിടുന്നു സംസാരിച്ചിരുന്നത്. എന്നാൽ, ഈ അവസാന നാളുകളിലാകട്ടെ, തന്റെതന്നെ പുത്രനിലൂടെ അവിടുന്നു നമ്മോടു സംസാരിക്കുന്നു. പൂർവകാലങ്ങളിൽ പ്രവാചകരിലൂടെ നല്‌കിയ വെളിപ്പെടുത്തലുകളുടെ പൂർത്തീകരണമാണു പുത്രനിൽ ദൈവം നിർവഹിച്ചത് എന്നു സാരം. മനുഷ്യവർഗത്തോടു പറയാനുണ്ടായിരുന്നതെല്ലാം മനുഷ്യനായവതരിച്ച തൻ്റെ പുത്രനിലൂടെ അവിടുന്നു വെളിപ്പെടുത്തി. 

ഈജിപ്തിലെ താപസനായ വിശുദ്ധ അന്തോനീസിന്റെ ജീവചരിത്രത്തിൽ അത്തനാസിയൂസ് രേഖപ്പെടുത്തുന്ന ഒരു സംഭവമുണ്ട്. അന്തോനീസിൻ്റെ കീർത്തി എമ്പാടും പ്രചരിച്ചപ്പോൾ ചക്രവർത്തിപോലും അദ്ദേഹത്തിന്റെ ഉപദേശം തേടിയെത്തി. ചക്രവർത്തിയുടെ കത്തുകളുമായി ദൂതന്മാരെത്തിയപ്പോൾ വിശുദ്ധൻ ഇപ്രകാരം പറഞ്ഞു: "ചക്രവർത്തി എഴുതുന്നു എന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. കാരണം, അയാൾ കേവലം ഒരു മനുഷ്യൻ മാത്രമാണ്. എന്നാൽ, ദൈവം മനുഷ്യർക്കായി നിയമം എഴുതി എന്നതിലും തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു എന്നതിലുമാണ് വിസ്മയിക്കാൻ വകയുള്ളത്' (Life of St. Anthony, 81).

2. പരസ്പ‌ര പൂരകങ്ങളായ പഴയനിയമവും പുതിയ നിയമവും 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ രണ്ടു ഘട്ടങ്ങളായ പഴയനിയമകാലവും (ഭൂതകാലം) പുതിയനിയമകാലവും (വർത്തമാനകാലം) തമ്മിലുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടാണു ഹെബ്രായലേഖനം ആരംഭിക്കുന്നത്. പ്രവാചകരിലൂടെ പലവിധത്തിൽ പണ്ടുകാലത്തു സംസാരിച്ച ദൈവം ഈ അവസാന നാളുകളിൽ തന്റെ പുത്രനിലൂടെ നമ്മോടു സംസാരിക്കുന്നു. പഴയനിയമഗ്രന്ഥങ്ങൾ മുഴുവനെയും സൂചിപ്പിക്കാനായി 'പ്രവാചകന്മാർ' എന്നാണ് ഉപയോഗിക്കുന്നത്. ഹെബ്രായലേഖനത്തിലുടനീളം പഴയനിയമ ഉദ്ധരണികൾ ധാരാളമുണ്ട്. ദൈവത്തിൻ്റെ സ്വയാവിഷ്‌ക്കാരത്തിന്റെ ഈ ആദ്യഘട്ടത്തിലെ സംഭവങ്ങളും വാഗ്‌ദാനങ്ങളും ഈശോയിൽ നിറവേറാനിരുന്നവയെ മുൻകൂട്ടി അറിയിച്ചു. എമ്മാവൂസ് ശിഷ്യന്മാർക്ക് ഉത്ഥിതനായ മിശിഹാ നല്‌കിയ പരിശീലനം പഴയ നിയമം മുഴുവനും മിശിഹാസംഭവത്തിൻ്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കാനായിരുന്നല്ലോ. 'മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും തന്നെപ്പറ്റി വിശുദ്ധഗ്രന്ഥങ്ങളിൽ എഴുതിയിരുന്നവ അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു' (ലൂക്കാ 24,27) എന്നാണ് വി. ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്നത്. ജറുസലേമിൽ സമ്മേളിച്ചിരുന്ന ശിഷ്യന്മാരോട് അവിടുന്ന് അരുളിച്ചെയ്‌തതും ഇതുതന്നെയായിരുന്നല്ലോ. 'മോശയുടെ നിയമത്തിലും പ്രവാചകരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നവ നിറവേറേണ്ടിയിരിക്കുന്നു. അനന്തരം വിശുദ്ധലിഖിതങ്ങൾ ഗ്രഹിക്കുവാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു' (ലൂക്കാ 24,44). ഉത്ഥിതനായ മിശിഹാ മനസ്സും ഹൃദയവും തുറന്നുനല്‌കിയതുകൊണ്ടാണ് മിശിഹാസംഭവത്തിൻ്റെ ചില സവിശേഷമാനങ്ങൾ പഴയനിയമത്തിലെ വെളിപാടിൻ്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ, മറ്റു ശ്ലീഹന്മാർക്കെന്നതുപോലെ, ഹെബ്രായലേഖകനും സാധിക്കുന്നത്. 

പഴയനിയമം മുഴുവനിലുമുള്ള ദൈവികസംസാരത്തിന്റെ (വെളിപാടിന്റെ) ചരിത്രമാണ് സംക്ഷിപ്തമായി ലേഖനാരംഭത്തിൽ സൂചിപ്പിക്കുന്നത്. ജറെമിയാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണിത്. 'നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ തുടർച്ചയായി എന്റെ ദാസന്മാരായ പ്രവാചകന്മാരെ അവരുടെ അടുക്കലേക്കു ഞാൻ അയച്ചു' (ജറെ 7,25). പൂർവകാലങ്ങളിൽ വചനത്തിന്റെ മദ്ധ്യവർത്തികൾ ദാസന്മാരായ പ്രവാചകർ ആയിരുന്നെങ്കിൽ ഇന്നത് ദൈവത്തിന്റെ പുത്രനാണ്. 

ദൈവത്തിന്റെ 'പുത്രൻ' (ഹെബ്രാ1,2b) എന്ന പ്രയോഗം ദാവീദിനു ദൈവം നല്കിയ വാഗ്ദ‌ാനത്തെ അനുസ്‌മരിപ്പിക്കുന്നു (2 സാമു 7,12-14). ദാവീദിനു ജനിക്കാനിരിക്കുന്ന പുത്രൻ ദൈവത്തിന്റെ പുത്രൻകൂടിയായിരിക്കും എന്ന് ദൈവം അറിയിച്ചിരുന്നല്ലോ. സങ്കീ 2,7 ലും ഇതേ ആശയം കാണാം. ആമുഖത്തിനു തൊട്ടുപിന്നാലെ ഈ രണ്ടു പഴയനിയമ ഭാഗങ്ങൾ ഉദ്ധരിക്കുന്നത് (ഹെബ്രാ 1,5) ഈ ബന്ധം വ്യക്തമാക്കാനാണ്. 

പുത്രൻ എല്ലാറ്റിന്റെയും അവകാശിയായി എന്നതാണ് മറ്റൊരു പ്രധാന പ്രതിപാദ്യവിഷയം. ദാവീദിൻ്റെ പുത്രന് (അഭിഷിക്തനായ പിൻഗാമിയ്ക്ക്) ജനതകളെ അവകാശമായും ഭൂമിയുടെ അതിരുകൾ അധീനതയിലും നല്‌കും എന്നുറപ്പു നല്‌കിയിട്ടുള്ളത് ഇവിടെ പൂർത്തിയാകുന്നു. അബ്രാഹത്തിൻ്റെ പുത്രനായിരിക്കും അവകാശി എന്നും ദൈവം വാഗ്ദാനം നല്‌കിയിട്ടുണ്ടല്ലോ (ഉല്പ 15,4). 

ഈ പുത്രന്റെ വരവിനെ 'അവസാന നാളുകൾ' ആയാണ് ഹെബ്രായലേഖകൻ അവതരിപ്പിക്കുന്നത്. മനുഷ്യാവതാരത്തോടെ സമാരംഭിക്കുന്ന യുഗാന്തമാണ് ഇവിടെ വിവക്ഷിതം. പ്രവാചകന്മാർ കർത്താവിന്റെ ഈ ദിനത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (സംഖ്യ 24,14; എസ 38,6; മിക്ക 4,1; ദാനി 2,28-45; 10,14). ദൈവപുത്രന്റെ മനുഷ്യാവതാരം യുഗാന്തത്തിന് ആരംഭംകുറിച്ചു. ലേഖനത്തിൽ പലയിടങ്ങളിലായി 'ഇന്ന്' എന്നുപയോഗിക്കുന്നതും രക്ഷയുടെ ഈ നാളുകളെ സൂചിപ്പിക്കാനാണ്. 

പഴയനിയമ പ്രവാചകരെയും മിശിഹായെയും താരതമ്യപ്പെടുത്തിക്കൊണ്ട് ക്രിസോസ്തോം ഇപ്രകാരം എഴുതുന്നു: "പ്രവാചകന്മാരാരും ദൈവത്തെ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ, ഏകജാതനായ മിശിഹാ ദൈവത്തെ കണ്ടു എന്നതിലാണ് മഹത്ത്വം അടങ്ങിയിരിക്കുന്നത്' (ഹെബ്രായലേഖനത്തെപ്പറ്റി, 1,1). പൂർവപിതാക്കന്മാരിലും പ്രവാചകന്മാരിലുംകൂടെ സംസാരിച്ചതും ഭാവിസംഭവങ്ങൾ മുൻ കുട്ടി പ്രഘോഷിച്ചതും മിശിഹാ തന്നെയാണ് എന്ന് ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ' മോശ പഴയ നിയമം നല്കി. എന്നാൽ മിശിഹാ, പ്രവാചകന്മാർ മുൻകൂട്ടി വാഗ്‌ദാനം ചെയ്തിരുന്ന, പുതിയനിയമം നല്‌കി. മോശ പലസ്‌തീന വാഗ്ദാനം ചെയ്ത‌പ്പോൾ, മിശിഹാ സ്വർഗരാജ്യം വാഗ്ദാനം ചെയ്ത‌ (തെയോഡൊറെറ്റ്)? പ്രവാചകന്മാരുടെ വചനങ്ങളിലും പ്രവൃത്തികളിലും മറഞ്ഞിരുന്ന വചനം ഈശോമിശിഹായിൽ മനുഷ്യരൂപമെടുത്ത് നമ്മോടു നേരിട്ടു സംസാരിച്ചിരിക്കുന്നു. 

പഴയനിയമത്തിലും പുതിയനിയമത്തിലും പ്രഘോഷിക്കപ്പെടുന്നതു പരിശുദ്ധ ത്രിത്വത്തിൽ സ്‌തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഏക ദൈവമാണ്. അതുകൊണ്ടാണ്, 'ഞാൻ വന്നിരിക്കുന്നത് നിയമത്തെ ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ്' (മത്താ 5,17) എന്നു കർത്താവ് അരുളിച്ചെയ്‌തത്. പഴയനിയമ തിരുലിഖിതം മുഴുവനിലൂടെയും വാഗ്‌ദാനം ചെയ്യപ്പെട്ട രക്ഷയാണ് മിശിഹാ സാധ്യമാക്കിയത്. 'വിശുദ്ധലിഖിതങ്ങൾ പരിശോധിക്കുവിൻ. അവയും എനിക്കു സാക്ഷ്യം നല്‌കുന്നു' (യോഹ 5,39) എന്നവിടുന്നുതന്നെ അരുളിച്ചെയ്‌തിട്ടുണ്ടല്ലോ. പരിശുദ്ധ റൂഹായിലൂടെയാണു നിയമവും പ്രവാചകന്മാരും സുവിശേഷകരും ശ്ലീഹന്മാരും ഇടയന്മാരും പ്രബോധകരും സംസാരിച്ചത് എന്നു ഡമാസ്കസിലെ ജോണും സാക്ഷ്യപ്പെടുത്തുന്നു (Orthodox Faith. 4.17). 

മനുഷ്യകുലത്തോടു പൊതുവായും ഇസ്രായേലിനോടു പ്രത്യേകിച്ചുമുള്ള ദൈവത്തിൻ്റെ വെളിപാട് എപ്രകാരം ഈശോ മിശിഹായിൽ പൂർത്തിയായി എന്നാണു ഹെബ്രായലേഖകൻ പ്രഖ്യാപിക്കുന്നത്. നാലു തരത്തിലുള്ള താരതമ്യങ്ങളിലൂടെയാണ് അദ്ദേഹം ഇതു സാധിക്കുന്നത്. 

  1. പണ്ടുകാലങ്ങളിൽ പ്രവാചകരിലൂടെ സംസാരിച്ച ദൈവം ഇന്ന് ഈശോമിശിഹായിലൂടെ സംസാരിക്കുന്നു. 
  2. ചരിത്രത്തിൽ നമ്മുടെ പിതാക്കന്മാരോടു സംസാരിച്ച ദൈവം ഇന്നു ക്രിസ്‌തീയസമൂഹമായ നമ്മോടു സംസാരിക്കുന്നു. 
  3. പ്രവാചകരിലൂടെ സംസാരിച്ച ദൈവം ഇന്ന് പുത്രനായ ഈശോമിശിഹായിലൂടെ സംസാരിക്കുന്നു. 
  4. പല വിധത്തിൽ സംസാരിച്ച ദൈവം നിർണായകമായ രീതിയിൽ ഈശോയിലൂടെ സംസാരിക്കുന്നു. 

ഇതുവരെ ദൈവം ചെയ്‌തതും പഴയനിയമത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതുമായ എല്ലാ പ്രവൃത്തികളുടെയും അർത്ഥം ഗ്രഹിക്കാനുള്ള താക്കോൽ മനുഷ്യനായവതരിച്ച ഈശോമിശിഹായാണ് അവിടുത്തെ വെളിപ്പെടുത്തലാണ്. പണ്ടുകാലങ്ങളിൽ മനുഷ്യചരിത്രത്തിൽ രക്ഷാകരമായി ഇടപെട്ട ദൈവം തന്നെയാണു തന്റെ പുത്രനിലൂടെ ഇന്നു നിർണായകമായ രീതിയിൽ നമ്മോടു സംസാരിക്കുന്നത്.

3.പുത്രനിലൂടെയുള്ള വെളിപാടിന്റെ അനന്യത 

പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നതിന് പുത്രനുള്ള ആധികാരികത വ്യക്തമാക്കുന്ന നിരവധി പ്രസ്‌താവനകൾ ആമുഖത്തിലുണ്ട്.

1. അവൻ അവിടുത്തെ മഹത്ത്വത്തിൻ്റെ തേജസ്സും അവിടുത്തെ സത്തയുടെ പ്രതിരൂപവുമാണ്.

2. അവൻ മൂലമാണു സകലവും സൃഷ്ടിക്കപ്പെട്ടത്

3. തന്റെ വചനത്തിന്റെ ശക്തിയാൽ സകലതും താങ്ങി നിറുത്തുന്നത് അവനാണ് 

4. തന്നെക്കൊണ്ടു തന്നെ അവൻ നമ്മുടെ പാപങ്ങൾക്കു വേണ്ടി ശുദ്ധീകരണം നടത്തി

5. സകലത്തിന്റെയും അവകാശിയായി നിയമിക്കപ്പെട്ടവനാണ് അവൻ

6. ഉന്നതങ്ങളിൽ മഹിമയുടെ വലത്തുഭാഗത്ത് അവൻ ഉപവിഷ്ടനായി

7. മാലാഖമാരുടെതിനേക്കാൾ ശ്രേഷ്‌ഠമായ നാമം അവൻ അവകാശമാക്കി. 

3.1. ദൈവമഹത്ത്വത്തിൻ്റെ തേജസ്സും സത്തയുടെ പ്രതിരൂപവും 

ആദിമുതലേ ദൈവത്തോടുകൂടെ ആയിരുന്ന, ദൈവം തന്നെയായിരുന്ന, വചനത്തിൻ്റെ പ്രത്യേകതയാണ്, അവൻ അവിടുത്തെ മഹത്ത്വത്തിന്റെ തേജസ്സും അവിടുത്തെ സത്തയുടെ പ്രതിച്ഛായയുമാണ് എന്ന പ്രസ്‌താവനയിൽ ലേഖനകർത്താവ് അവതരിപ്പിക്കുന്നത്. പുത്രനു ദൈവത്തെ വെളിപ്പെടുത്താനുള്ള ആധികാരികത പിതാവുമായുള്ള ഈ ബന്ധത്തിൽ നിന്നുളവാകുന്നതാണ്. “ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. പിതാവിൻ്റെ വക്ഷസ്സിലിരിക്കുന്ന ദൈവം തന്നെയായ ഏകജാതനാണ് അവനെ വെളിപ്പെടുത്തിയത്" (യോഹ 1,18). പിതാവായ ദൈവവുമായുള്ള അസ്തിത്വപരമായ ഈ ഐക്യമാണ് ആധികാരകമായി അവിടുത്തെ വെളിവാക്കാൻ പുത്രനെ പ്രാപ്തനാക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷാരംഭവുമായി ഹെബ്രായലേഖനത്തിൻ്റെ ആമുഖത്തിനുള്ള സാധർമ്യം മൊപ്‌സുവെസ്‌ത്യായിലെ തിയഡോർ ചൂണ്ടിക്കാണിക്കുന്നുണ്ട്. "ആദിയിൽ വചനമുണ്ടായിരുന്നു. ആ വചനം ദൈവത്തോടു കൂടെയായിരുന്നു. ദൈവമായിരുന്നു ആ വചനം. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സകലവും അവൻവഴി ഉണ്ടായി. ഉണ്ടായതൊന്നും അവനെക്കൂടാതെ ഉണ്ടായതല്ല" (യോഹ 1,1-3). ദൈവികസത്തയുടെ തനിപ്പകർപ്പാണ് മനുഷ്യനായ ദൈവപുത്രൻ. 

രണ്ടു കാര്യങ്ങളാണു ഹെബ്രായലേഖകൻ്റെ പ്രസ്‌താവനയിലുള്ളത്: പുത്രൻ ദൈവമഹത്ത്വത്തിൻ്റെ തേജസ്സാണ്, അവിടുന്ന് ദൈവികസത്തയുടെ പ്രതിച്ഛായുമാണ് (imprint of substance). 'ദൈവമഹത്ത്വം' ദൈവത്തെത്തന്നെയാണു സൂചിപ്പിക്കുന്നത്. ജ്ഞാനത്തെക്കുറിച്ചാണു പഴയനിയമത്തിൽ ഈ രണ്ടു വിശേഷണങ്ങൾ ഉപയോഗിച്ചു കാണുന്നത് (ജ്ഞാനം 7,25-26). മഹത്ത്വത്തിന്റെ തേജസ്സ് എന്നു പറഞ്ഞാൽ, ദൈവത്തിന്റെ തേജസ്സ് അഥവാ പ്രതിഫലനം എന്നാണർത്ഥം. ഈ മഹത്ത്വത്തിന്റെ തേജസ്സിനെ 'പ്രകാശത്തിൽനിന്നുള്ള പ്രകാശം' ആയാണ് ക്രിസോസ്തോം മനസ്സിലാക്കുന്നത് (ഹെബ്രായലേഖനം, 2.2). സ്വഭാവത്താലേ ദൈവമായ അവിടുന്ന്, ദൈവമായിരുന്നുകൊണ്ടുതന്നെ മനുഷ്യനായി (അലക്സാണ്ഡ്രിയായിലെ സിറിൾ). സൂര്യൻ്റെ ഉജ്ജ്വല തിളക്കം സൂര്യകിരണങ്ങളുടെ മഹനീയശോഭയിൽ പ്രകടമാകുന്നതുപോലെയാണു പിതാവായ ദൈവത്തിൻ്റെ മഹത്ത്വം സത്യപ്രകാശമായ പുത്രനിലൂടെ പ്രകാശിതമായത്. സൂര്യനില്ലാതെ സൂര്യകിരണമോ, സൂര്യകിരണമില്ലാതെ സൂര്യനോ ഇല്ലാത്തതുപോലെയാണ് അസ്തിത്വത്തിലും നിത്യതയിലും പിതാവും പുത്രനും തമ്മിലുള്ള ബന്ധം (നിസായിലെ ഗ്രിഗറി).  ആറാം നൂറ്റാണ്ടിൽ കലാബ്രിയായിൽ ജീവിച്ചിരുന്ന ആശ്രമസ്ഥാപകനായ കസോഡോറസിന്റെ അഭിപ്രായത്തിൽ, "സൂര്യൻ്റെ ഉജ്ജ്വല തിളക്കത്തോടു പുത്രനുള്ള സാമ്യമാണ് 'ദൈവമഹത്വത്തിൻ്റെ പ്രതിഫലനം' എന്ന ശ്ലീഹായുടെ പ്രയോഗം വ്യക്തമാക്കുന്നത്. സൂര്യനിലുള്ള ചൂട് പരിശുദ്ധറൂഹായ്ക്കു തുല്യമാണ്".  സൂര്യനും സൂര്യകിരണവും തമ്മിലുള്ളതുപോലെ അഭേദ്യമായ ഐക്യമാണ് അസ്‌തിത്വത്തിൽ പിതാവും പുത്രനും തമ്മിലുള്ളത്. വിളക്കും അതിൽനിന്നു പുറപ്പെടുന്ന പ്രകാശവുമായാണ് നീസായിലെ ഗ്രിഗറി ഈ ബന്ധത്തെ താരതമ്യപ്പെടുത്തുന്നത്.

സാരാംശത്തിലും സ്വഭാവത്തിലും പുത്രനു പിതാവുമായുള്ള തുല്യത വ്യക്തമാക്കാനാണ്, 'അവിടുന്നു ദൈവസത്തയുടെ പ്രതിച്ഛായയാണ്' എന്നു തുടർന്നു ഹെബ്രായലേഖകൻ രേഖപ്പെടുത്തുന്നത്. 'വചനം ദൈവത്തോടുകൂടെ ആയിരുന്നു' എന്നും 'വചനം ദൈവമായിരുന്നു' (യോഹ 1,1) എന്നും യോഹന്നാൻശ്ലീഹാ പറയുന്നതിനു സമാനമാണിത്. 'അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏക സത്തയുമാകുന്നു' എന്നു വിശ്വാസപ്രമാണത്തിൽ നമ്മൾ ഏറ്റുപറയുമ്പോൾ അർത്ഥമാക്കുന്നതും ഈ ദൈവികരഹസ്യം തന്നെയാണ്. 

3.2. സ്രഷ്‌ടാവും പരിപാലകനുമായ പുത്രൻ 

ദൈവം പ്രപഞ്ചസൃഷ്‌ടി നിർവഹിച്ചത് വചനമായ തന്റെ പുത്രനിലൂടെയാണ്. അവൻ മൂലമാണ് സകലവും സൃഷ്ട്‌ടിക്കപ്പെട്ടത് എന്നു കുറിക്കുമ്പോൾ യോഹന്നാൻ സുവിശേഷകനും ഹെബ്രായ ലേഖകനും ഉദ്ദേശിക്കുന്നത് അവനാണു സകലത്തിന്റെയും നാഥൻ എന്ന സത്യമാണ്. ആരിലൂടെ അവിടുന്നു ലോകങ്ങൾ സൃഷ്‌ടിച്ചുവോ എന്നു ശ്ലീഹാ പറയുന്നത് ആത്മീയവും ഭൗതികവുമായ ലോകങ്ങളെ ഉദ്ദേശിച്ചാണ് (മാർ അപ്രേം, ഹെബ്രായ ലേഖനത്തിനുള്ള വ്യാഖ്യാനം). പൗലോസ്ശ്ലീഹായ്ക്കു പറയാനുള്ളതും ഇതു തന്നെയാണ്: “അവൻ അദൃശ്യനായ ദൈവത്തിൻ്റെ സാദൃശ്യവും എല്ലാ സൃഷ്ട‌ികളുടെയും ആദ്യജാതനുമാണ്. അവനാലാണ്, സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിക്കപ്പെട്ടത്. സിംഹാസനങ്ങളോ ആധിപത്യങ്ങളോ പ്രഭുത്വങ്ങളോ അധികാരങ്ങളോ എന്തുതന്നെ ആയാലും എല്ലാം അവനാലും അവനിലും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു" (കൊളോ 1,15-16). മനുഷ്യനോടു ബന്ധപ്പെട്ടുള്ള ദൈവത്തിൻ്റെ ആദ്യപ്രവൃത്തി സൃഷ്ടികർമ്മമാണല്ലോ. ഇതിൽ പുത്രനും തുല്യപങ്കുണ്ട്. പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ പുത്രനുണ്ട് എന്നു സാരം. “നല്ലവനായ പിതാവിൻ്റെ ഏകവചനമാണ് ഈ പ്രപഞ്ചത്തെ ക്രമീകരിച്ചത്. നല്ല വചനമെന്ന നിലയിൽ അവൻ എല്ലാറ്റിനും ക്രമം നിശ്ചയിച്ചുനല്‌കി... ജ്ഞാനമായി അവൻ ദൈവത്തോടുകൂടെയുണ്ടായിരുന്നു" (അത്തനാസിയൂസ്). ജ്ഞാനത്തെക്കുറിച്ചു വിശുദ്ധ ഗ്രന്ഥകാരൻ ഇപ്രകാരം എഴുതുന്നു: "നിത്യതേജസ്സിന്റെ പ്രതിഫലനമാണവൾ. ദൈവത്തിൻ്റെ പ്രവർത്തനങ്ങളുടെ നിർമ്മല ദർപ്പണം; അവിടുത്തെ നന്മയുടെ പ്രതിരൂപം" (ജ്ഞാനം, 7,26). ദൈവത്തിന്റെ ഒരു ഗുണവിശേഷമായി പഴയ നിയമം അവതരിപ്പിച്ച ജ്ഞാനം പുതിയനിയമത്തിൽ പരിശുദ്ധ ത്രിത്വത്തിലെ ഒരു വ്യക്തിയായി, മാംസംധരിച്ച വചനമായ ഈശോ മിശിഹായായി വെളിപ്പെട്ടു. പ്രവാചകന്മാർ മിശിഹായെ ജ്ഞാനം എന്നാണു വിളിക്കുന്നത്. ലോകാരംഭംമുതലേ എല്ലാമറിയുന്ന അവിടുന്നാണ് എല്ലാ സൃഷ്ടികളുടെയും പ്രബോധകൻ (അലക്‌സാണ്ഡ്രിയായിലെ ക്ലെമെന്റ് ).

സൃഷ്ടികർമ്മത്തിൽ മാത്രമല്ല, സകലത്തിൻ്റെയും പരിപാലനത്തിലും പുത്രൻ പിതാവിനോടൊപ്പം പങ്കുചേരുന്നുണ്ട്. അവൻ തന്നെയാണു തന്റെ വചനത്തിന്റെ ശക്തിയാൽ സകലതും താങ്ങി നിറുത്തുന്നത്. “എല്ലാറ്റിലും മുമ്പുള്ളവനാണ് അവൻ; എല്ലാം അവനിൽ നിലനില്ക്കുന്നു" (കൊളോ 1,17). ക്രിസോസ്തോം എഴുതുന്നു: ഒന്നും ഛിന്നഭിന്നമായി പോകാതെ അവൻ എല്ലാറ്റിനെയും ഒന്നിപ്പിച്ചു നിറുത്തുന്നു. സൃഷ്ട‌ിക്കുന്നതിനേക്കാൾ ഒട്ടും ലഘുവായ ജോലിയല്ല, പ്രപഞ്ചം മുഴുവനെയും ഒന്നിപ്പിച്ചു നിറുത്തുക എന്നത് (ഹെബ്രായലേഖനം, 2.2). ലോഗോസ് തൻ്റെ വചനത്തിന്റെ ശക്തിയാൽ പ്രപഞ്ചം മുഴുവനെയും അസ്‌തിത്വത്തിൽ താങ്ങിനിറുത്തുന്നു (നിസായിലെ ഗ്രിഗറി). വചനമായ ദൈവം സർവതും സൃഷ്ട‌ിക്കുക മാത്രമല്ല, നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. 

3.3. രക്ഷകനായ പുത്രൻ 

ലേഖനത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യാനിരിക്കുന്ന വിഷയം മനുഷ്യനായവതരിച്ച മിശിഹാ തൻ്റെ സ്വയാർപ്പണംവഴി നേടിയ മനുഷ്യരക്ഷയാണ്. നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്നെക്കൊണ്ടുതന്നെ ശുദ്ധീകരണം നിർവഹിച്ചശേഷം അവൻ ദൈവിക സിംഹാസനത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. സൃഷ്ടിയിലാരംഭിച്ച്, മനുഷ്യാവതാരത്തിലൂടെ ലോകത്തിനു വെളിപ്പെട്ട്, സഹനമരണോത്ഥാനത്തിലൂടെ മനുഷ്യരക്ഷ സാധിച്ച ശേഷം പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്ന, ദൈവത്തിൻ്റെ വചനമാണ് ഈശോമിശിഹാ. ദൈവം സ്രഷ്‌ടാവും പരിപാലകനും രക്ഷിതാവുമാണ്. പുത്രനായ വചനത്തെ സംബന്ധിച്ചും ഈ മൂന്നു കാര്യങ്ങളും സത്യമാണ്. “ഏതു വചനത്താൽ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവോ അതേ വചനത്താൽ തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ പുതു സൃഷ്ടിയും നടന്നതെന്നു വ്യക്തമാക്കാൻ വേണ്ടിയാണ് സ്രഷ്‌ടാവായ ദൈവത്തെകുറിച്ച് ആദ്യം പ്രതിപാദിക്കുന്നത്. സകലത്തിന്റെയും സ്രഷ്‌ടാവിലൂടെതന്നെ സകലവും രക്ഷിക്കപ്പെടണമെന്നു ദൈവം നിശ്ചയിക്കുകയായിരുന്നു" (അത്തനാസിയൂസ്).'' മിശിഹായിൽ പൂർത്തിയായ രക്ഷണീയകർമ്മത്തെ പുതിയ സൃഷ്ടിയായി ആദിമസഭ അവതരിപ്പിക്കുന്നത് ഇതുകൊണ്ടാണ് (2 കോറി 5,16; ഗലാ 6,15; എഫേ 4,24). ഈശോമിശിഹായിൽ വിശ്വസിക്കുന്നവൻ ഒരു പുതിയ സൃഷ്ടിയാണ്; അവൻ പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നു. ആദ്യസൃഷ്‌ടി നിർവഹിച്ചവൻ തന്നെയാണ് ഈ പുതിയ സൃഷ്ടിക്കും പിന്നിൽ. പുതുതായി സൃഷ്‌ടിക്കപ്പെടുകയെന്നാൽ രക്ഷിക്കപ്പെടുക എന്നാണർത്ഥം. ഇപ്രകാരം സ്രഷ്‌ടാവ് പരിത്രാണകനാകുന്നു. 

3.4. മഹത്വീകൃതനായ പുത്രൻ 

മഹത്ത്വത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി എന്ന പ്രസ്താവന മിശിഹായ്ക്കു പിതാവിനോടുള്ള സമാനത വ്യക്തമാക്കുന്നു. 'മഹത്ത്വം' ദൈവത്തിനുള്ള പര്യായമാണ്. "മഹത്ത്വത്തിന്റെ തേജസ്സാണു വചനമായ മിശിഹാ' എന്ന് മുമ്പു പ്രസ്ത‌ാവിച്ചിരുന്നല്ലോ. ദൈവസന്നിധിയിൽ ഇരിക്കുക എന്നതു ദാവീദുവംശജരായ രാജാക്കന്മാരുടെ ആനുകൂല്യമായിരുന്നു (2 സാമു 7,18; എസ 44,3). താൻതന്നെയാണു മിശിഹാ എന്നു വ്യക്തമാക്കാൻ വേണ്ടി, ദൈവം മിശിഹായെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തും എന്നു പ്രഘോഷിക്കുന്ന 110-ാം സങ്കീർത്തനം ഈശോ പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട് (മത്താ 22,44; 26,63-65; യോഹ 5,17-18; 10,30-33). ശ്ലീഹന്മാരുടെ പ്രഘോഷണത്തിൻ്റെയും മുഖ്യവിഷയങ്ങളിലൊന്ന് മിശിഹായുടെ ഈ മഹത്ത്വീകരണമാണ് (നടപടി 2,33; റോമാ 8,34; 1 പത്രോ 3,22; വെളി 3,21; എഫേ 1,20). “മഹത്ത്വത്തിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി' എന്നു പറയുന്നതുവഴി, ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യം സ്വർഗത്തിലേക്കു പരിമിതപ്പെടുത്തുകയല്ല പൗലോസ്ശ്ലീഹായുടെ ലക്ഷ്യം; മറിച്ച്, ദൈവപുത്രനും സകലത്തിന്റെയും നാഥനുമായ അവിടുന്ന് പിതാവിന്റെതന്നെ സിംഹാനസത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു എന്നു നമുക്കു കാണിച്ചുതരികയാണ്" (ക്രിസോസ്തോം).  ഇതൊരു പുതിയ സ്ഥാനലബ്‌ധിയല്ല; അനാദിമുതലേ പുത്രനുണ്ടായിരുന്ന മഹത്ത്വമാണിത്. ക്രമേണ അവൻ നേടിയെടുത്തതല്ല ഈ സിംഹാസനം. അവന് അസ്തിത്വമുണ്ടായ അന്നുമുതൽ - നിത്യതയിൽ പിതാവിൽനിന്നു ജനിച്ചവനാണല്ലോ അവൻ - അവൻ പിതാവിനോടൊപ്പമിരിക്കുന്നു (ജറൂസലേമിലെ സിറിൽ). അവൻ ഉപവിഷ്ടനായി എന്നാണു പറഞ്ഞിരിക്കുന്നത്; അല്ലാതെ, അവനോട് ഇരിക്കാൻ ആജ്ഞാപിച്ചു എന്നല്ല (ക്രിസോസ്തോം, ഹെബ്രാ 2,2). പിതാവും പുത്രനും തമ്മിൽ മഹത്ത്വത്തിലുള്ള തുല്യതയാണു വീണ്ടും ഇവിടെ പ്രകടമാകുന്നത്. 

3.5. ദൂതന്മാരുടേതിനേക്കാൾ ശ്രേഷ്ഠമായ നാമം 

ഈശോ അവകാശമാക്കിയ, മാലാഖമാരുടേതിനേക്കാൾ ശ്രേഷ്‌ഠമായ നാമം, ദൈവപുത്രൻ എന്നതാണ്. മനുഷ്യനായ ഈശോയുടെ ഉയിർപ്പിലൂടെയും സ്വർഗാരോഹണത്തിലൂടെയുമാണ് ദൈവപുത്രത്വം സാർവത്രികമായി പ്രഖ്യാപിക്കപ്പെട്ടത്. ദൈവം എന്ന നിലയിൽ പുത്രൻ മാലാഖമാരുടെയും സ്രഷ്‌ടാവും നാഥനുമാണ്. മനുഷ്യനായപ്പോൾ അവൻ മരണവിധേയനായിരുന്നതുമൂലം മാലാഖമാരെക്കാൾ അല്‌പം താഴ്ത്തപ്പെട്ടു. അതുകൊണ്ടാണ്, ഉത്ഥാനത്തിനും സ്വർഗത്തിലേക്കുള്ള ആരോഹണത്തിനും ശേഷം മാലാഖമാരെക്കാൾ അവൻ ഉത്കൃഷ്‌ടനായത് (തെയഡോറെറ്റ്, ഹെബ്രാ 1). മിശിഹായ്ക്കു മാലാഖമാരെക്കാളുമുള്ള ശ്രേഷ്‌ഠത ഊന്നിപ്പറയുന്നത്, മാലാഖമാരിലൂടെ നല്‌കപ്പെട്ട മോശയുടെ നിയമത്തെക്കാൾ എത്രയോ ശ്രേഷ്‌ഠമാണ് മിശിഹായിലൂടെ നമുക്കു ലഭിച്ച രക്ഷ എന്നു കാണിക്കാനാണ്. പുത്രനിലൂടെ പ്രഖ്യാപിക്കപ്പെട്ട രക്ഷാവചനത്തെ അവഗണിക്കുകയോ പരിത്യജിക്കുകയോ ചെയ്യുന്നതിൽനിന്ന് വിശ്വാസ സമൂഹത്തെ കാത്തുസംരക്ഷിക്കുകയാണല്ലോ ഹെബ്രായലേഖനത്തിൻ്റെ ലക്ഷ്യം. ഹെബ്രാ 2,1-4 ൽ ഇതു വീണ്ടും പരാമർശ വിധേയമാകും.

4. ആമുഖത്തിന്റെ സന്ദേശം 

സൃഷ്ടികർമത്തിൽ ദൈവത്തിൻ്റെ പ്രതിനിധിയായി ജ്ഞാനം കാണപ്പെടുന്ന ചില ഭാഗങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ഈശോ ദൈവത്തിന്റെ ജ്ഞാനമാണ് എന്നു ലേഖകൻ തെളിയിക്കുന്നത്. 'ആരുമൂലം പ്രപഞ്ചത്തെ സൃഷ്‌ടിച്ചുവോ' (സുഭാ 8,30; സഭാപ്രസംഗകൻ 24; ജ്ഞാനം 7,22), 'ആര് ദൈവത്തിൻ്റെ മഹത്വത്തിൻ്റെ പ്രതിരൂപവും സത്തയുടെ പ്രതിച്ഛായയും ആയിരിക്കുന്നുവോ' (ജ്ഞാനം 7,26) 'ആര് ഈ സൃഷ്ട‌പ്രപഞ്ചത്തെ താങ്ങിനിറുത്തുന്നുവോ' തുടങ്ങിയ പ്രയോഗങ്ങൾ ജ്ഞാനത്തെക്കുറിച്ചു പരാമർശിക്കുന്ന പഴയനിയമഭാഗങ്ങൾ അനുസ്‌മരിപ്പിക്കുന്നവയാണ്. യോഹ 1,1-3; കൊളോ 1,15-20 തുടങ്ങിയ പുതിയനിയമഭാഗങ്ങളിൽ കാണുന്ന ചിന്തതന്നെയാണ് ഇവിടെ ഹെബ്രായലേഖനത്തിലും പ്രതിഫലിക്കുന്നത്. 

ദൈവപുത്രനു സൃഷ്ടപ്രപഞ്ചവുമായി രണ്ടു വിധത്തിലുള്ള ബന്ധമുണ്ടെന്നാണ് ആമുഖത്തിൽ ഹെബ്രായലേഖകൻ സൂചിപ്പിക്കുന്നത്. അവനിലൂടെയാണു ദൈവം എല്ലാം സൃഷ്‌ടിച്ചത്. തന്റെ വചനത്തിന്റെ ശക്തിയാൽ അവൻ എല്ലാം നിലനിർത്തുകയും ചെയ്യുന്നു. ഇതിനടിസ്ഥാനമായി ലേഖനകർത്താവ് എടുത്തുകാണിക്കുന്നത് ദൈവവുമായുള്ള അവന്റെ ബന്ധമാണ്. ആമുഖം മിശിഹായുടെ ദൈവപുത്രത്വം സ്ഥാപിക്കുന്നു. ഈ ഭൂമിയിൽ ആയിരുന്നപ്പോഴും അവിടുന്നു ദൈവപുത്രൻ തന്നെയായിരുന്നു. പക്ഷേ, ഉത്ഥാനത്തിൽ അവിടുന്നു മഹത്ത്വീകരിക്കപ്പെട്ടപ്പോൾ മാത്രമാണു മിശിഹായുടെ ദൈവത്വം പൂർണമായി ലോകത്തിനു വെളിവായത്. ഇതിന്റെയെല്ലാം പിന്നിൽ പിതാവായ ദൈവവത്തിന്റെ രക്ഷാകര പദ്ധതിയാണുള്ളത്.

ഈ ഭൂമിയിൽ ദൈവത്തിന്റെ വക്താക്കളായി വർത്തിച്ച പ്രവാചകന്മാരും മനുഷ്യനായവതരിച്ച പുത്രനും തമ്മിലാണു താരതമ്യം. ദൈവത്തിന്റെ പുത്രൻ പ്രവാചകഗണത്തിലല്ല ജനിച്ചത്. രാജാവായ ദാവീദിന്റെ വംശത്തിലാണ്. പണ്ടുകാലങ്ങളിൽ ചെയ്ത‌തുപോലെ താല്ക്കാലിക പ്രവാചകന്മാരിലൂടെയല്ല ദൈവം ഈ അവസാന നാളുകളിൽ സംസാരിക്കുന്നത്. മറിച്ച്, തൻ്റെ പുത്രനിലൂടെയാണ്. 'താൻ ആരെ സകലത്തിൻ്റെയും അവകാശിയായി നിയമിച്ചിരിക്കുന്നുവോ, ആരുമൂലം ലോകങ്ങളെ സൃഷ്‌ടിച്ചുവോ' എന്ന പ്രസ്താവം പുത്രനായ ദൈവത്തിൻ്റെ മനുഷ്യാവതാതരത്തിനു മുമ്പുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു. മനുഷ്യാവതാരാവസ്ഥയിൽ നിന്നു വ്യത്യസ്തമാണിത്. 'താൻ ആരെ സകലത്തിൻ്റെയും അവകാശിയായി നിയമിച്ചിരിക്കുന്നുവോ' എന്ന പ്രയോഗത്തിൽ രണ്ടാം സങ്കീർത്തനം ദ്യോതിപ്പിക്കപ്പെടുന്നുണ്ട്. രണ്ടാം സങ്കീർത്തനം ഇസ്രായേലിലെ രാജാവിൻ്റെ സ്ഥാനാരോഹണവേളയാണു സൂചിപ്പിക്കുന്നത്. ദാവീദിന്റെ പിൻഗാമിയെ ദൈവം തൻ്റെ പുത്രനായി പ്രഖ്യാപിക്കുന്നു എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെ പൊരുൾ. പുത്രനായതുകൊണ്ട് അവൻ അവകാശിയുമാണ്. മിശിഹായുടെ ഉത്ഥാനത്തെ അവിടുത്തെ രാജകീയ സ്ഥാനാരോഹണമായി കണ്ട ആദിമക്രൈസ്തവർ, അത് അവിടുത്തെ സ്വർഗീയാധിപത്യത്തിന്റെ ആരംഭമായും വ്യാഖ്യാനിച്ചു. രക്ഷാകരചരിത്രത്തിൽ ഈശോമിശിഹായ്ക്കുള്ള അതിപ്രധാനമായ സ്ഥാനം വ്യക്തമാക്കുന്നതോടൊപ്പം ലേഖനത്തിലെ സുപ്രധാന പ്രമേയങ്ങൾ ഈ ആമുഖത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മഹത്ത്വീകൃതനായ മിശിഹായുടെ മൂന്നു സവിശേഷതകളാണ് ലേഖനകർത്താവ് സൂചിപ്പിക്കുന്നത്. 1. അവസാന നാളുകളിൽ ദൈവം അയയ്ക്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന പ്രവാചകനാണ് അവൻ. അവനിലൂടെയാണ് ദൈവം ഇന്നു നമ്മോടു സംസാരിക്കുന്നത്. 2. സകലരുടെയും പാപങ്ങൾക്കു പരിഹാരം ചെയ്ത‌ത പുരോഹിതനാണ് അവിടുന്ന്. 3. മഹത്ത്വത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ദാവീദിൻ്റെ പുത്രനായ രാജാവാണ് അവൻ. ഇപ്രകാരം മിശിഹായെക്കുറിച്ചു പഴയ നിയമത്തിലുള്ള മൂന്നു മുഖ്യ വാഗ്ദാനങ്ങളുടെയും പൂർത്തീകരണമായാണ് ഹെബ്രായലേഖകൻ ഈശോയെ അവതരിപ്പിക്കുന്നത്. 

'സമയം പൂർത്തിയായി' (മർക്കോ 1,15) എന്നു സുവിശേഷാരംഭത്തിൽ ഈശോ പറയുന്നതിൻ്റെ അർത്ഥമാണിവിടെ വ്യക്തമാകുന്നത്. പഴയനിയമത്തിൽ സ്വയം വെളിപ്പെടുത്തിക്കൊണ്ടു സംസാരിച്ച ദൈവം ഇപ്പോൾ തൻ്റെ പുത്രനിലൂടെ അവസാനമായി സംസാരിക്കുന്നു. പുത്രനിലൂടെയുള്ള അവിടുത്തെ സംസാരം ഇന്നും അവിടുന്നു തുടർന്നുകൊണ്ടേയിരിക്കുന്നു (3,7; 4,12). 'നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചു' എന്ന പ്രയോഗത്തിലൂടെ ഒരു കുടുംബാന്തരീക്ഷം വെളിവാകുന്നുണ്ട്. ഈശോയിൽ വിശ്വസിക്കുന്നവരുടെ പുതിയ കുടുംബത്തിനു രൂപം നല്കാനാണല്ലോ അവിടുന്നു മനുഷ്യനായതുതന്നെ. മിശിഹാ പൂർത്തിയാക്കിയ പെസഹാരഹസ്യത്തിൻ്റെ പശ്ചാത്തലത്തിൽ പഴയനിയമത്തിലെ ചില ഭാഗങ്ങളുടെ പുനർവായന നിർവഹിക്കുകയാണ് ഹെബ്രായ ലേഖകൻ.

ഭാഗം ഒന്ന് (1,5-2,18) 

മിശിഹാ

പുരോഹിതനാകുന്നതെങ്ങനെ?

1. ദൈവപുത്രനായ മിശിഹാ (1,5-14) 

1,5 ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാൻ നിനക്കു ജൻമമേകി എന്നും ഞാൻ അവനു പിതാവും, അവൻ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്ത‌ിട്ടുള്ളത്? 

1,6 വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോൾ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതൻമാരെല്ലാം അവനെ ആരാധിക്കട്ടെ. 

1,7 അവിടുന്നു തൻ്റെ ദൂതൻമാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു ദൂതൻമാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു. 

1,8 എന്നാൽ, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനിൽക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ്. 

1,9 അങ്ങു നീതിയെ സ്നേഹിച്ചു; അനീതിയെ വെറുത്തു. അതിനാൽ, അങ്ങയുടെ സ്നേഹിതരെക്കാൾ അധികമായി സന്തോഷത്തിൻ്റെ തൈലംകൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.

 

1, 10 കർത്താവേ, ആദിയിൽ അങ്ങു ഭൂമിക്ക് അടിസ്‌ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്. 

1,11 അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനിൽക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും. 

1,12 മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാൽ, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്സരങ്ങൾ അവസാനിക്കുകയുമില്ല. 

1,13 നിന്റെ ശത്രുക്കളെ ഞാൻ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുക എന്ന് ഏതു ദൂതനോടാണ് എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്? 

1,14 രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്കു ശുശ്രൂഷചെയ്യാൻ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം? 

ഹെബ്രാ 1,5-14 ലെ വിഷയം ആമുഖത്തിൽ ലേഖകൻ അവതരിപ്പിച്ചതാണ് (1,4): ഉത്ഥിതനായ മിശിഹാ അവകാശമാക്കിയിരിക്കുന്ന 'ദൈവപുത്രൻ' എന്ന നാമം മാലാഖമാരുടേതിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാൾ ശ്രേഷ്‌ഠനാണ്. മിശിഹായുടെ ഉത്ഥാനത്തിലാണല്ലോ അവിടുത്തെ ദൈവപുത്രമഹത്ത്വം പൂർണമായി വെളിവാക്കപ്പെട്ടത്. പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്ന പുത്രൻ അവകാശമാക്കിയിരിക്കുന്ന നാമത്തിന്റെ ശ്രേഷ്‌ഠത വ്യക്തമാക്കാൻ പഴയനിയമത്തിൽനിന്നു സ്വീകരിക്കുന്ന രണ്ട് ഉദ്ധരണികളാണ് അഞ്ചാം വാചകത്തിലുള്ളത്. മിശിഹായുടെ പുത്രത്വത്തെക്കുറിച്ചുള്ളവയാണ് ഈ രണ്ട് ഉദ്ധരണികളും. 2 സാമു 7,14 ലെ ഉദ്ധരണി (ഞാൻ അവനു പിതാവായിരിക്കും. അവൻ എന്റെ പുത്രനുമായിരിക്കും) ഈ ഭൂമിയിൽ അവതരിച്ച ദാവീദിന്റെ പുത്രനായ മിശിഹായെക്കുറിച്ചുള്ളതാണ്. സങ്കീ 2,7 ൽ നിന്നുള്ള ഉദ്ധരണിയാകട്ടെ (നീ എൻ്റെ പുത്രനാകുന്നു. നിനക്ക് ഇന്നു ഞാൻ ജന്മം നല്കി), ഉത്ഥാനാനന്തരം സ്വർഗത്തിലേക്കു പ്രവേശിച്ച അവിടുത്തേക്കു ലഭിച്ച പുത്രമഹത്ത്വത്തെക്കുറിച്ചുള്ളതും. 

ഇസ്രായേൽ ജനത്തിലെ രാജാക്കന്മാരെ അഭിഷേകം ചെയ്തിരുന്നപ്പോൾ രാജപദവി സംബന്ധിച്ചു നടത്തിയിരുന്ന പ്രഖ്യാപനമാണ് രണ്ടാം സങ്കീർത്തനം (2 രാജാ 11,12). സ്ഥാനാരോഹണത്തോടുകൂടി രാജാവ് ദൈവപുത്രനാകുന്നു എന്നതായിരുന്നു പുരാതന ഇസ്രായേലിലെ ധാരണ. ദാവീദിനോട് സോളമനെ സംബന്ധിച്ചു ദൈവം അരുളിച്ചെയ്‌ത വാക്കുകളാണ് (2 സാമു 7,14) ഈ ധാരണയ്ക്കാധാരം. ദാവീദിൻ്റെ പിൻഗാമി ദൈവത്തിൻ്റെ പുത്രൻകൂടിയായിരിക്കും എന്നായിരുന്നല്ലോ ദൈവത്തിൻ്റെ വാഗ്ദ‌ാനം. രാജാക്കന്മാരെ അഭിഷേചിച്ചാണ് അധികാരത്തിലേറ്റിയിരുന്നത്. യഥാർത്ഥ അഭിഷിക്തൻ ഈശോമിശിഹായായതിനാൽ, ദൈവം തന്റെ പുത്രനായ മിശിഹായോടു സംസാരിക്കുന്നതായാണ് ഹെബ്രായലേഖകൻ സങ്കീ 2,7 വ്യാഖാനിക്കുന്നത്. അതുവഴി, ഈശോമിശിഹാ ദൈവത്തിൻ്റെ പുത്രനും മിശിഹായുമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഉത്ഥിതനായ മിശിഹായുടെ മഹത്ത്വീകരണത്തെയാണ് സ്ഥാനാരോഹണമായി കണക്കാക്കുന്നത് (നടപടി 13,33). സകലത്തിന്റെയും അധിപനായും (സങ്കീ 2,8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്നവനായും (സങ്കീ 110,1) ഈശോയെ അവതരിപ്പിക്കുകവഴി അവിടുന്നാണു യഹൂദർ പ്രതീക്ഷിച്ചിരുന്ന മിശിഹാ എന്നു ലേഖകൻ സമർത്ഥിക്കുന്നു. ഇസ്രായേൽ അവരുടെ രാജാക്കന്മാരിൽനിന്നു പ്രതീക്ഷിച്ചിരുന്നത് ഈശോമിശിഹാ പ്രദാനംചെയ്തു. 

1.1. ആരാധനയ്ക്ക് അർഹനായ ദൈവപുത്രൻ 

ദൈവത്തിൻ്റെ അധികാരത്തിൽ പങ്കുപറ്റുന്നവനാണു ദൈവപുത്രൻ. സൃഷ്ടികൾ ദൈവത്തിൻ്റെ അധികാരം അംഗീകരിക്കുന്നത് അവിടുത്തെ ആരാധിച്ചുകൊണ്ടാണ്. ഉത്ഥിതനായ മിശിഹായും ഈ ആരാധനയ്ക്ക് അർഹനാണ് എന്നാണിവിടെ വ്യക്തമാക്കുന്നത്. 

'തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോൾ' എന്ന പ്രയോഗം ഈശോയുടെ മനുഷ്യാവതാരത്തെയും അവിടുത്തെ ഉത്ഥാനത്തെയും സൂചിപ്പിക്കുന്നു. അവിടുന്ന് ഈ ലോകത്തിലേക്കു വന്നപ്പോഴും ഉത്ഥാനത്തിലൂടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴും ദൈവം മാലാഖമാരോട് ഇപ്രകാരം അരുളിച്ചെയ്‌തതായി ഹെബ്രായലേഖകൻ രേഖപ്പെടുത്തുന്നു: "ദൈവദൂതന്മാരെല്ലാവരും അവനെ ആരാധിക്കട്ടെ" (1,6). നിയമാ 32,43 ൻ്റെയും സങ്കി 97,7 ന്റെയും ഒരു സങ്കലനമാണിത്. പഴയനിയമത്തിൽ ഇതു പിതാവായ ദൈവത്തെ സംബന്ധിച്ചാണു പറഞ്ഞിരിക്കുന്നത്. ഇവിടെ അതു പുത്രനായ ഈശോയെക്കുറിച്ച് ഉപയോഗിക്കുകവഴി ഈശോയുടെ ദൈവത്വം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ദൈവമായ കർത്താവു മാത്രമാണ് ആരാധനയ്ക്ക് അർഹൻ എന്നതു ദൈവകല്‌പനയുടെ ഭാഗമാണ് (നിയമാ 4,19; 5,9; 6,13; മത്താ 4,10). 'സൃഷ്‌ടികളെ ആരാധിക്കരുത്' എന്ന കല്പന നിലനി‌ല്ക്കേ, മനുഷ്യനായവതിരിച്ച ഈശോയെ ആരാധിക്കാൻ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കുന്നതിൽനിന്ന്, മിശിഹാ സ്രഷ്‌ടാവായ ദൈവപുത്രനാണെന്ന് ഉറച്ചു വിശ്വസിക്കാം (അന്ധനായ ദിദിമോസ്, ഹെബ്രാ, 1.6). 

ദൈവപുത്രനെ ആരാധിക്കുകയാണു ദൂതന്മാരുടെ ദൗത്യമെന്നു കാണിക്കുന്നതിലൂടെ, അവർ എപ്രകാരം ദൈവപുത്രനെക്കാൾ താഴെയാണ് എന്നുകൂടി തെളിയിക്കുന്നു. ഈശോയുടെ ജനനവേളയിൽ അവിടുത്തെ ആരാധിക്കുന്ന സ്വർഗീയ സൈന്യവ്യൂഹത്തെ നമ്മൾ കാണുന്നുണ്ടല്ലോ (ലൂക്കാ 2,14). ദൂതന്മാരോടു ദൈവം പുത്രനെ ആരാധിക്കാൻ കല്പ്പിക്കുന്നത് അവനെ ലോകത്തിനു പരിചയപ്പെടുത്തുന്നതായികൂടി മനസ്സിലാക്കാം. മനുഷ്യാവതാരത്തിനുമുമ്പും അവൻ മാലാഖമാരുടെ ആരാധനാപാത്രമായിരുന്നു (തെയഡോറെറ്റ്, 1). ഈശോയുടെ മരുഭൂമി പരീക്ഷകൾക്കുശേഷം ദൂതന്മാർ അവിടുത്തെ ശുശ്രൂഷിക്കുന്നുണ്ട് (മർക്കോ 1,13). ഒലിവു മലയിൽ ഈശോ പ്രാർത്ഥിക്കുമ്പോൾ അവിടുത്തെ ശക്തിപ്പെടുത്താനായി സ്വർഗത്തിൽനിന്നൊരു ദൂതൻ പ്രത്യക്ഷപ്പെടുന്നുണ്ട് (ലൂക്കാ 22,43). മാലാഖമാരും മനുഷ്യരും മനുഷ്യനായവതരിച്ച മിശിഹായെ ആരാധിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണമെന്നതു ദൈവഹിതമാണ്. ഇതെക്കുറിച്ചാണു പൗലോസ്ശ്ലീഹാ എഴുതുന്നത്: “ഈശോയുടെ നാമം ശ്രവിക്കുമ്പോൾ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാവരും മുട്ടുമടക്കും” (ഫിലി 2,10). പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാലപിക്കുന്ന മാലാഖമാരുടെയും മനുഷ്യരുടെയും സ്‌തുതിയുടെ മഹത്ത്വത്താൽ സ്വർഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ഈ സ്വർഗീയ ആരാധനയിലാണു നമ്മൾ പങ്കുചേരുന്നത്. 

1.2. ദൈവശുശ്രൂഷകരായ മാലാഖമാർ 

ദൈവപുത്രനായ ഈശോയുമായി മാലാഖമാരെ താരതമ്യപ്പെടുത്താനായി അവരെക്കുറിച്ചുള്ള ഒരു സങ്കീർത്തനഭാഗം ലേഖകൻ തുടർന്ന് ഉദ്ധരിക്കുന്നു (1,7): അവിടുന്നു തൻ്റെ ദൂതന്മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു (സങ്കീ 104,4). കാറ്റിനോടും തീനാളത്തോടുമാണ് ദൂതന്മാരെ ഉപമിക്കുന്നത്. "ദൈവം മാലാഖമാരെ കാറ്റായി സൃഷ്ട്‌ടിച്ചു എന്ന പരാമർശം വ്യക്തമാക്കുന്നത് അവരുടെ ധൃതഗതിയിലുള്ള ശുശ്രൂഷയെയാണ്. അഗ്നിനാളങ്ങളുമായി ബന്ധിപ്പിക്കുന്നത് അവരുടെ ദൗത്യത്തിന്റെ ശക്തി വ്യക്തമാക്കാനും" (മൊപ്‌സുവെസ്‌ത്യായിലെ തെയഡോർ).' തോമസ് അക്വീനാസിന്റെ അഭിപ്രായത്തിൽ ഏതൊരു നല്ല ദൂതനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണിവ. മാലാഖമാർക്ക് ഇവ വളരെ അനുയോജ്യമാണ്. കാരണം, നിർമലദർപ്പണങ്ങളായ അവർക്കാണ് ദൈവിക സന്ദേശം പൂർണമായി സ്വീകരിക്കാൻ സാധിക്കുന്നത്. ഇതു കൈമാറാനും അവർ തന്നെയാണ് ഏറ്റവും മികച്ചവർ. വളരെ പെട്ടന്ന് സന്ദേശം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിക്കുന്നതും അവർക്കു തന്നെ. ദൈവികശുശ്രൂഷകർ എന്ന നിലയിൽ അവർ അഗ്നിജ്വാലകൾപോലെ കർമ്മോദ്യുക്തരും ഊർജ്ജസ്വലരുമാണ്. എന്നാൽ, അവരുടെ അസ്‌തിത്വം ദൈവത്തിൻ്റെ ശുശ്രൂഷകർ എന്ന നിലയിൽ മാത്രമാണ് എന്ന് ഈ സങ്കീർത്തനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനു വിധേയരായ മാലാഖമാർ ദൈവപുത്രന്റെയും ശുശ്രൂഷകരാണ്. ദൈവപുത്രൻ അവരെക്കാൾ ശ്രേഷ്ഠനാണെന്നു സാരം. 

 1.3. നിത്യരാജാവ് 

ദൈവപുത്രൻ്റെ രാജത്വത്തിൻ്റെ നിത്യത വ്യക്തമാക്കുവാനായി ലേഖകൻ തുടർന്ന് സങ്കീ 45,6-7 ഉദ്ധരിക്കുന്നു: "ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ്. അങ്ങു നീതിയെ സ്നേഹിച്ചു. അനീതിയെ വെറുത്തു. അതിനാൽ, അങ്ങയുടെ സ്നേഹിതരെക്കാൾ അധികമായി സന്തോഷത്തിൻ്റെ തൈലം കൊണ്ട് ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു" (1,8-9). വിശുദ്ധഗ്രന്ഥകാരൻ പിതാവായ ദൈവത്തിനുമാത്രം സാധാരണ നല്‌കാറുള്ള 'ദൈവമേ' എന്ന അഭിസംബോധന ഇവിടെ ഈശോയ്ക്കു നല്‌കുകവഴി അവൻ ദൈവമാണ് ദൈവപുത്രനാണ് എന്ന സത്യം ഒരിക്കൽകൂടി ഉറപ്പിക്കുന്നു. സിംഹാസനത്തെക്കുറിച്ചുള്ള പരാമർശം അവിടുത്ത രാജത്വത്തെ വിളിച്ചറിയിക്കുന്നതാണ്. ഒപ്പം ഈ രാജത്വത്തിൻ്റെ നിത്യതയെയും. ദൈവമെന്ന നിലയിൽ അവിടുന്നു നിത്യരാജാവാണ്. കൂടാതെ, മനുഷ്യാവതാരത്തിലും പീഡാസഹനങ്ങളിലുംകൂടെ അവൻ തന്റെ രാജത്വം ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്തു. അവന്റെ രാജ്യം എന്നേക്കും നിലനില്ക്കുന്നതാണ് എന്ന പ്രസ്താവന നാഥാൻ പ്രവാചകനിലൂടെ ദൈവം ദാവീദിനു നല്കിയ വാഗ്ദാനത്തെ അനുസ്‌മരിപ്പിക്കുന്നുണ്ട്. ഏതാനും വാചകങ്ങൾക്കുമുമ്പ് ഈ വാഗ്ദാനം ഉദ്ധരിച്ചതാണല്ലോ (1,5). ദാനിയേൽപ്രവാചകനും വരാനിരിക്കുന്നവൻ്റെ നിത്യരാജത്വത്തെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നു (ദാനി 7,27). ഉത്ഥാനശേഷം പിതാവിന്റെ വലത്തു ഭാഗത്തേക്ക് ഉയർത്തപ്പെട്ട മിശിഹായുടെ രാജ്യം നിത്യം നിലനില്ക്കുന്നതാണ്. അവന്റെ രാജ്യത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ്. രാജകീയാധികാരത്തിൻ്റെ ചിഹ്നമാണല്ലോ ചെങ്കോൽ. അവൻ നീതിയുടെ രാജാവായിരിക്കും എന്നു സൂചന. അടുത്ത വാചകം ഇതു സ്ഥിരീകരിക്കുന്നതാണ്: നീ നീതിയെ സ്നേഹിക്കുകയും ദുഷ്ട‌തയെ വെറുക്കുകയും ചെയ്‌തു. അവൻ സാധാരണ തൈലം കൊണ്ടല്ല അഭിഷേകം ചെയ്യപ്പെടുന്നത്. മറിച്ച്, ആനന്ദതൈലത്താലാണ്. അഭിഷേകത്തെക്കുറിച്ചുള്ള പരാമർശം ഈശോയുടെ രാജത്വത്തെയും തദ്വാരാ മിശിഹാത്വത്തെയും സൂചിപ്പിക്കുന്നതാണ്. ദൈവത്തിന്റെ വചനമായ പുത്രൻ പരിശുദ്ധ റൂഹായാൽ മനുഷ്യ ശരീരം സ്വീകരിച്ച സംഭവത്തെയാണ് അഭിഷേകമായി അവതരിപ്പിക്കുന്നത് (ഡമാസ്ക്കസിലെ ജോൺ).2 മിശിഹായുടെ അഥവാ ക്രിസ്തുവിന്റെ ഈ അഭിഷേകത്തിൽ (ആത്മീയകൃപയിൽ) പങ്കു ചേരുന്നവരാണ് 'മിശിഹാനുയായികൾ' അഥവാ ക്രിസ്ത്യാനികൾ (ബീഡ്).3 ദൈവത്തിൻ്റെ മിശിഹാ എന്ന നിലയിലുള്ള ഈശോയുടെ രാജ്യത്തിൻ്റെ അനന്തതയാണു ഇവിടുത്തെ വിഷയം. ദൈവത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ മിശിഹായ്ക്കായി ഉപയോഗിക്കുകവഴി അവിടുത്തെ അധികാരവും നിത്യതയും ദിവ്യത്വവും പ്രഘോഷിക്കുന്നു. ഇതൊന്നും മാലാഖമാർക്ക് അവകാശപ്പെടാനാവില്ലല്ലോ. 

 1.4. മാറ്റമില്ലാത്തവൻ 

വീണ്ടും, പുത്രൻ്റെ മാഹാത്മ്യം വ്യക്തമാക്കാനായി ലേഖന കർത്താവ് സങ്കീ 101,26-28 ഉദ്ധരിക്കുന്നു. “കർത്താവേ, ആദിയിൽ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്. അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്ക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും. മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രം പോലെ അവ മാറ്റപ്പെടും. എന്നാൽ, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്സരങ്ങൾ അവസാനിക്കുകയുമില്ല" (1,10-12). 

ഇതുപോലെ, ദൈവത്തിൻ്റെ മാറ്റമില്ലായ്‌മയെ വ്യക്തമാക്കുന്ന പല പഴയനിയമ ഭാഗങ്ങളുമുണ്ട് (സങ്കീ 119,88-90; ഏശ 40,8; 51,5-6; പ്രഭാ 43,26-32). ദൈവത്തിൻ്റെ മാറ്റമില്ലായ്‌മയെക്കുറിച്ചു സങ്കീർത്തകൻ പറയുന്ന കാര്യങ്ങൾ ഇവിടെ പുത്രനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. പിതാവായ ദൈവത്തിൻ്റെ സ്വഭാവത്തെക്കുറിച്ചു പഴയ നിയമം പറഞ്ഞിരിക്കുന്നത് സ്വഭാവത്തിലുള്ള ഐക്യംകൊണ്ട് പുത്രനെക്കുറിച്ചും വാസ്‌തവമാണ് (മൊപ്‌സുവെസ്ത്യായിലെ തെയഡോർ). സ്രഷ്ട‌ാവും സൃഷ്‌ടിയും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ടാണു ദൈവികമഹത്ത്വം പ്രകടമാക്കുന്നത്. സൃഷ്ടികർമ്മത്തിൽ പുത്രനുള്ള പങ്കിനെപ്പറ്റി ആമുഖത്തിൽ സൂചിപ്പിച്ചതാണല്ലോ (1,2). ആകാശവും ഭൂമിയും കടന്നുപോകും. പക്ഷേ, അവിടുന്നുമാത്രം നിലനില്ക്കും (ഏശ 51,6). സൃഷ്‌ടവസ്‌തുക്കൾക്ക് ആരംഭവും അവസാനവുമുണ്ട്; എന്നാൽ, സ്രഷ്‌ടാവ് അവയ്ക്ക് അതീതനാണ്; അതുകൊണ്ടു നിത്യനുമാണ്. ഇന്ന് അതിമനോഹരമായി കാണപ്പെടുന്ന വസ്ത്രവും പുതപ്പുമൊക്കെ നാളെ ജീർണിക്കും. പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും അവയ്ക്കു പുതു രൂപം ലഭിക്കും (വെളി 21,1; റോമാ 8,19; 2 പത്രോ 3,13). ആദ്യസൃഷ്ടി കർമ്മത്തിൽ മാത്രമല്ല, സകലത്തിൻ്റെ പൂർത്തീകരണത്തിലും പുത്രനു പിതാവിനോടൊപ്പം സ്ഥാനമുണ്ട് (as eschatological judge). 

1.5. പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്ന പുത്രൻ 

ഉന്നതത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന പുത്രനെക്കുറിച്ച് ആമുഖത്തിൽ പരാമർശിച്ചതിന്റെ (1,3) തുടർച്ചെയെന്നോണം 1,14 ൽ സങ്കീ 110,1 ഉദ്ധരിക്കുന്നു. "നിന്റെ ശത്രുക്കളെ ഞാൻ നിനക്കു പാദപീഠമാക്കുവോളം എൻ്റെ വലത്തു ഭാഗത്തിരിക്കുക." ഏതെങ്കിലും ദൂതനോട് അവിടുന്ന് എപ്പോഴെങ്കിലും ഇങ്ങനെ അരുളിച്ചെയ്‌തിട്ടുണ്ടോ? (1,13) എന്ന ചോദ്യം ദൈവപുത്രനു മാത്രമുള്ള ഈ മഹത്ത്വത്തിൻ്റെ അനന്യത വ്യക്തമാക്കാനാണ്. രാജാവിൻ്റെ സ്ഥാനാരോഹണവേളയിൽ ദൈവം അദ്ദേഹത്തോടു പറഞ്ഞ കാര്യം ഇവിടെ ഉത്ഥിതനും മഹത്ത്വീകൃതനുമായ മിശിഹായിൽ നിറവേറുന്നതായി ഹെബ്രായ ലേഖകൻ സമർത്ഥിക്കുന്നു. 

ദൈവികമഹത്വത്തിൻ്റെ വലത്തുഭാഗത്ത് ഈശോ ഉപവിഷ്ടനായ രംഗം ഫോസിയൂസ് വിവരിക്കുന്നതു മനോഹരമാണ്: അവൻ നമ്മുടെ സ്വഭാവത്തിൻ്റെ ആദ്യഫലം പിതാവിൻ്റെ സന്നിധിയിലേക്ക് ഉയർത്തി സമർപ്പിച്ചു. അതിൽ വിസ്‌മയംപൂണ്ട പിതാവ്, അതർപ്പിച്ചവനോടുള്ള ആദരവും ബലിവസ്‌തുവിൻ്റെ നൈർമല്ല്യം നിമിത്തം ഭവനം മുഴുവന്റെയും അധിപൻ എന്ന നിലയിൽ തന്നോട് ഏറ്റവും അടുത്ത സ്ഥാനം ചൂണ്ടിക്കാണിച്ചുകൊണ്ടും ബലിവസ്തു സമീപെ പ്രതിഷ്ഠിച്ചുകൊണ്ടും പറഞ്ഞു: എൻ്റെ വലത്തുഭാഗത്തിരിക്കുക. 

1.6. ശുശ്രൂഷകരായ ദൂതന്മാർ 

രക്ഷ പ്രാപിക്കാനിരിക്കുന്നവർക്കു ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം? (1,14) എന്ന ചോദ്യത്തോടെ ആദ്യഅദ്ധ്യായം അവസാനിപ്പിക്കുന്നു. ".അവിടുന്ന് ഉന്നതങ്ങളിൽ മഹിമയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവിടുന്ന് അവകാശമാക്കിയ നാമം ദൂതന്മാരുടേതിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ, അവിടുന്ന് അവരെക്കാൾ ഉത്കൃഷ്ടനാണ്” (1,3-4) എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ച വിഷയം സമാപിപ്പിക്കുമ്പോഴും അതേ കാര്യങ്ങൾതന്നെയാണ് അവതരിപ്പിക്കുന്നത് (1,13-14). പുത്രൻ പിതാവിൻ്റെ വലത്തുവശത്ത് ഇരിക്കുമ്പോൾ ദൂതന്മാർ മനുഷ്യരുടെ രക്ഷയ്ക്കായി ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെടുന്നു. ദൈവം നല്‌കുന്ന രക്ഷയ്ക്ക് അവകാശികൾ ദൈവജനമാണ്. രക്ഷകൻ ദൈവപുത്രനായ ഈശോമിശിഹായും. ഇപ്രകാരം പുത്രൻ രക്ഷിക്കുന്നവർക്കു ശുശ്രൂഷ ചെയ്യുക എന്നതാണു ദൂതന്മാരുടെ ദൗത്യം. ദൂതന്മാരെ വന്ദിക്കാനുള്ള പ്രലോഭനം വായനക്കാർക്ക് എവിടെ നിന്നെങ്കിലുമുണ്ടായാൽ (കൊളോ 2,18) അതിനെ അതിജീവിക്കണമെന്നുള്ള മുന്നറിയിപ്പും ഇവിടെയുണ്ട്. 

മനുഷ്യരായ നമ്മെക്കാൾ ഉപരിയായ മാലാഖമാരെ നമുക്കു ശുശ്രൂഷയ്ക്കായി നിയമിക്കുകവഴി ദൈവം എത്രയോ വലിയ ബഹുമതിയാണു നമുക്കു നല്‌കയിരിക്കുന്നത് എന്നു കാണാൻ ക്രിസോസ്തോം ക്ഷണിക്കുന്നു: "നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവത്തിനു ശുശ്രൂഷ ചെയ്യുക എന്നതാണു ദൂതന്മാരുടെ കടമ. ഈ ദൈവശുശ്രുഷയിൽ ഞങ്ങൾ അവരുടെ സഹശുശ്രൂഷകർ മാത്രമാണ്. മാലാഖമാരും മനുഷ്യരും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ദൈവശുശ്രുഷയുടെ കാര്യത്തിൽ ദൈവം തൻ്റെ സൃഷ്‌ടികൾക്കിടയിൽ വേർ തിരിവു വരുത്തുന്നില്ല. ' ക്രിസോസ്തോം പഴയനിയമത്തിലും പുതിയനിയമത്തിലുംനിന്ന് ഇതിനുള്ള ധാരാളം ഉദാഹരണങ്ങൾ നിരത്തുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തെയും മാർയൗസേപ്പിനെയും ഇടയന്മാരെയും രക്ഷകനെക്കുറിച്ചുള്ള സദ്‌വാർത്ത അറിയിക്കുന്നത് ദൂതന്മാരാണ്. ഉത്ഥാനവാർത്ത അറിയിച്ചുകൊണ്ട് കർത്താവിന്റെ കബറിടത്തിങ്കലും, "ഗലീലിയരേ, നിങ്ങൾ എന്തിനാണ് ആകാശത്തേക്കു നോക്കിനില്ക്കുന്നത്?" എന്നു ചോദിച്ചു കൊണ്ടു സ്വർഗാരോഹണവേളയിലും അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. പത്രോസിനെ ജയിലിൽനിന്നു വിമോചിപ്പിക്കുന്നതും പീലിപ്പോസുമായി സംഭാഷണത്തിലേർപ്പെടുന്നതും കൊർണേലിയൂസിനു പ്രത്യക്ഷപ്പെടുന്നതും, ശ്ലീഹന്മാരെ ജയിലറകളിൽനിന്നു പുറത്തു കൊണ്ടുവന്ന്, ദൈവാലയത്തിൽ ചെന്നുനിന്നു ജീവൻ്റെ വചനം ജനത്തോടു പ്രഘോഷിക്കാൻ കല്പ്പിക്കുന്നതും, പൗലോസ്ശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുന്നതുമെല്ലാം ദൈവികദൂതന്മാരാണല്ലോ. ദൈവം നമ്മുടെ രക്ഷയ്ക്കുവേണ്ടി എപ്രകാരം തൻ്റെ ദൂതന്മാരെ നിയോഗിക്കുന്നു എന്നതിനു വ്യക്തമായ തെളിവികളാണിവ. 

ഇപ്രകാരം ദൈവം അയയ്ക്കുന്ന ദൂതന്മാർക്കു നമ്മുടെ ആത്മാവിന്റെ വാതിൽ തുറന്നു നല്‌കണമെന്ന് ഒരിജൻ നിർദ്ദേശിക്കുന്നു: നമ്മുടെയുള്ളിൽ വസിച്ചുകൊണ്ട് അവർ അവരുടെ ഉപദേശംവഴി നമ്മെ വഴിനടത്തും." തിരഞ്ഞെടുക്കപ്പെട്ടവരെ ദുഷ്‌ട ശത്രുവിന്റെ കുടിലതന്ത്രങ്ങളിൽ നിന്നു കാത്തുസംരക്ഷിക്കാനും സ്വർഗീയ സമ്മാനത്തെക്കുറിച്ചുള്ള ചിന്തയാൽ അവരെ ഉയർത്താനുമായി ദൈവം മാലാഖമാരെ അയയ്ക്കുന്നു എന്നു ബീഡ് സാക്ഷ്യപ്പെടുത്തുന്നു. "ദൈവാലയത്തിലെ ദൈവശുശ്രൂഷകളിൽ അവർ സദാ സന്നിഹിതരാണ്. തിരുലിഖിതവായനകൾക്കും സങ്കീർത്തനാലാപങ്ങൾക്കും നമ്മുടെ ഹൃദയം തുറക്കുന്നത് അവരാണ്. 

പ്രാർത്ഥനകളിൽ പ്രത്യേകിച്ച് പരിശുദ്ധ കുർബാന ആഘോഷത്തിൽ നമ്മെ സഹായിക്കുന്നതു മാലാഖമാരാണ്. കർത്താവിന്റെ ശരീരരക്തങ്ങളുടെ ദിവ്യരഹസ്യങ്ങൾ പുനരവതരിപ്പിക്കപ്പെടുന്നിടത്ത്, മിശിഹായുടെ ദിവ്യശരീരം നിക്ഷേപിക്കപ്പെട്ടതും ഉത്ഥാനത്തിനു സാക്ഷ്യംവഹിച്ചതുമായ കബറിടത്തിങ്കൽ ശ്രദ്ധാപൂർവം കാവലിരുന്ന സ്വർഗീയദൂതന്മാരുടെ വ്യൂഹംതന്നെ സന്നിഹിതമാണ് എന്നതിൽ സംശയം വേണ്ട. ഈ ദൂതന്മാരുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം, കർത്താവിൻ്റെ കബറിടത്തിങ്കൽ ദൂതന്മാരെ കണ്ട് നിലംമുട്ടെ കുമ്പിട്ട ഭക്തസ്ത്രീകൾക്കുണ്ടായ ആദരവോടും ദൈവഭയത്തോടുംകൂടി ദൈവാലയത്തിലെ സ്വർഗീയ ദൗത്യമായ ദൈവസ്‌തുതികളും പരിശുദ്ധ കുർബായർപ്പണവും നിർവഹിക്കുവാൻ നമ്മെ പ്രാപ്തരാക്കണം". 

ദൈവികരഹസ്യം ഗ്രഹിക്കുന്നതിനു മനുഷ്യബുദ്ധിയെ സഹായിക്കുന്നതും ദൂതന്മാരാണ് എന്നു നിനിവേയിലെ ഐസക് അഭിപ്രായപ്പെടുന്നു: “ദൈവിക ദർശനത്തിൻ്റെ പ്രകാശം വിശുദ്ധർക്കു ലഭിക്കുന്നത് മാലാഖമാരുടെ മാദ്ധ്യസ്ഥ്യം വഴിയാണ്."

2. രക്ഷയുടെ സുവിശേഷം 

അവഗണിക്കാതിരിക്കാൻ
ഉപദേശം (2,1-4) 

2,1 നാം കേട്ടിട്ടുള്ള കാര്യങ്ങളിൽനിന്ന് അകന്നുപോകാതിരിക്കാൻ അവയിൽ കൂടുതൽ ശ്രദ്‌ധിക്കുക ആവശ്യമാണ്. 

2,2 ദൂതൻമാർ പറഞ്ഞ വചനങ്ങൾ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്ക ശിക്‌ഷ ലഭിക്കുകയും ചെയ്തെങ്കിൽ 

2,3 ഇത്ര മഹത്തായ രക്‌ഷയെ അവഗണിക്കുന്ന നാം ശിക്‌ഷയിൽനിന്ന് എങ്ങനെ ഒഴിവാക്കപ്പെടും?  ആരംഭത്തിൽ കർത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവർ നമുക്ക് അതു സ്‌ഥിരീകരിച്ചുതന്നു. 

2,4 അടയാളങ്ങൾ, അദ്ഭുതങ്ങൾ, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികൾ എന്നിവകൊണ്ടും തൻ്റെ ഇഷ്ടത്തിനൊത്തു പരിശുദ്‌ധാത്‌മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്‌ഷ്യം നല്‌കിയിരിക്കുന്നു. 

മിശിഹായിലൂടെ വെളിവാക്കപ്പെട്ട രക്ഷയും മാലാഖമാരിലൂടെ നല്കപ്പെട്ട മോശയുടെ തോറായും തമ്മിലുള്ള താരതമ്യമാണ് 2,1-4ൽ. രക്ഷയുടെ ഈ ആരംഭം മോശയുടെ നിയമമാകുന്ന വചനത്തിനു സമാനമാണ്. ഈ വചനം മനുഷ്യനായവതരിച്ച ദൈവപുത്രൻ തന്നെയാണ്. അവിടുന്നാണ് പുതിയനിയമം. നിത്യജീവനിലേക്കുള്ള പുതിയ പുറപ്പാടിൽ ക്രൈസ്‌തവർക്കു മോശയുടെ നിയമത്തിൻ്റെ സ്ഥാനത്ത് പുതിയനിയമമായ മിശിഹായാണുള്ളത്. മോശയുടെ നിയമത്തിലുള്ള പ്രതീകാത്മകമായ ദൈവിക സാന്നിധ്യത്തിൻ്റെ പൂർത്തീകരണമാണല്ലോ മാംസം ധരിച്ച ദൈവം തന്നെയായ മിശിഹാ. 

മിശിഹായെക്കുറിച്ചുള്ള പ്രബോധനം അനുദിനജീവിത സാഹചര്യങ്ങളിൽ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ആഹ്വാനം ഈ ലേഖനത്തിൽ പല ഭാഗത്തുമുണ്ട്. ഏതൊരു നല്ല പ്രസംഗകനെയും പോലെ, വിശുദ്ധഗ്രന്ഥഭാഗങ്ങളുടെ പിൻബലത്തോടെ അവതരിപ്പിച്ച വിഷയങ്ങൾക്ക് ക്രിസ്‌തീയവിശ്വാസജീവിതത്തിലുള്ള പ്രസക്തി വ്യക്തമാക്കിക്കൊണ്ടാണു ഹെബ്രായ ലേഖകൻ മുന്നേറുന്നത് (2,1). ഇവിടെയും പഴയ നിയമത്തേയും ഈശോയുടെ രക്ഷാകരപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കിയുള്ള പുതിയ ദൈവശാസ്ത്ര ഉൾക്കാഴ്‌ചകളുമുണ്ട്. ഈ സമൂഹത്തിന്റെ ഭാഗമായി തന്നെയുംകൂടി ഉൾപ്പെടുത്തി സംസാരിക്കുന്നതിൽനിന്ന് ലേഖന കർത്താവും വായനക്കാരും തമ്മിലുള്ള ബന്ധം വ്യക്തമാണ്. മാത്രമല്ല, കേൾവിക്കാർക്കെന്നതുപോലതന്നെ തന്നെ സംബന്ധിച്ചും ഇപ്പറയുന്ന കാര്യങ്ങൾ പ്രസക്തമാണ് എന്ന് ലേഖന കർത്താവ് അംഗീകരിക്കുക കൂടിയാണ്. 'നമ്മൾ കേട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ചുശ്രദ്ധയുള്ളവരായിരിക്കാം' എന്നതുകൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത് ഈശോയിലുള്ള വിശ്വാസത്തിലേക്കു നയിച്ച ശ്ലൈഹികപ്രഘോഷണത്തിൻ്റെ ഭാഗമായി ശ്രവിച്ച കാര്യങ്ങളിൽനിന്ന് അകന്നുപോകാതിരിക്കാൻ ശ്രദ്ധിക്കാം എന്നാണ്. പശ്ചാത്തലത്തിൽ വായിക്കുമ്പോൾ ആദ്യ അദ്ധ്യായത്തിൽ പരാമർശിച്ച കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തം. 'നമ്മൾ തെറ്റിപ്പോകാതിരിക്കാൻ വേണ്ടി' എന്ന പ്രസ്‌താവനയിൽ സമൂഹം നേരിടുന്ന അപകടത്തെക്കുറിച്ചു സൂചനയുണ്ട്. സുരക്ഷിതമായി തുറമുഖത്തെത്താതെ പോകുന്ന കപ്പലിനെക്കുറിച്ചുള്ള ചിന്ത ഉണർത്തുന്നതാണ് മൂലഭാഷാപ്രയോഗം. തന്റെ ജനം ഒരിക്കൽ ആശ്ലേഷിച്ച സുവിശേഷത്തിൻ്റെ മാഹാത്മ്യം ഗ്രഹിക്കാതെ അവർ അതിൽനിന്ന് അകന്നു പോകുമോ എന്നതാണു ലേഖനകർത്താവിന്റെ ഭയം. ദൈവികപ്രബോധനങ്ങൾ തുടർച്ചയായി അവഗണിക്കുന്നത് അപകടകരമായ അവസ്ഥയാണല്ലോ.

ആദ്യ അദ്ധ്യായത്തിൽ സ്ഥാപിച്ച, ദൈവപുത്രനു മാലാഖമാരെക്കാളുമുള്ള ശ്രേഷ്ഠതയുടെ അടിസ്ഥാനത്തിലാണ് ഹെബ്രാ 2,2-3 ലെ ഉപദേശം. സീനായ് മലയിൽവച്ചു മോശയ്ക്കു നിയമം ലഭിച്ചത് മാലാഖാമാർ വഴിയാണ് എന്നതാണു യഹൂദപാരമ്പര്യം (നടപടി 7,53; ഗലാ 3,19). 10 മാലാഖമാരുടെ ഈ പ്രത്യേക ഭാഗ്യത്തെക്കുറിച്ചു ഡയോനീഷ്യസിൻ്റെ പേരിൽ അറിയപ്പെടുന്ന ആദിമസഭയിലെ എഴുത്തുകാരൻ പറയുന്നതിപ്രകാരമാണ്: ദൈവികസ്വഭാവത്തിൽ പങ്കുലഭിച്ച ആദ്യസൃഷ്ട‌ിയെന്ന നിലയിൽ മാലാഖമാർക്ക് ദൈവിക നിഗൂഢത ആധികാരികമായി വെളിപ്പെടുത്താനാവും. മനുഷ്യർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവികജ്ഞാനം അവർക്കു പ്രാപ്യമായതിനാലും അതു നമുക്കു വെളിപ്പെടുത്തി തരുന്നതിനാലുമാണ് ദൂതൻ അഥവാ സന്ദേശവാഹകൻ എന്നർത്ഥമുള്ള 'മാലാഖ' എന്ന പേരുതന്നെ അവർക്കു നല്‌കപ്പെട്ടിരിക്കുന്നത്. നിയമം നല്കപ്പെടുന്നതിനുമുമ്പും അതിനുശേഷവും നമ്മുടെ ശ്രേഷ്‌ഠരായ പിതാ മഹന്മാരെ ദൈവികമണ്‌ഡലത്തിലേക്ക് ഉയർത്തിയത് ദൂതന്മാരാണ്. പെരുമാറ്റച്ചട്ടങ്ങൾ നിർണയിച്ചുനല്കിയും, പാപത്തിലും അലഞ്ഞു തിരിയലിലുംനിന്നു സത്യത്തിൻ്റെ പാതയിലേക്കു പിന്തിരിപ്പിച്ചും, ദൈവിക കല്പ‌നകളും ദർശനങ്ങളും അതീന്ദ്രിയ രഹസ്യങ്ങളും ദൈവിക പ്രവചനങ്ങളും അറിയിച്ചും വിശദീകരിച്ചു കൊണ്ട് അവർ തങ്ങളുടെ ദൗത്യം നിറവേറ്റി." അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും അദ്ദേഹത്തിന്റെ മക്കൾക്കും ദൈവം തന്റെ ഹിതമറിയിച്ചതു മാലാഖമാർ വഴിയാണല്ലോ. പ്രവാചകന്മാർക്കു ദൈവിക സന്ദേശമെത്തിച്ചിരുന്നതും മാലാഖമാർ തന്നെയായിരുന്നു. 

ദൈവികദൂതന്മാർ അറിയിച്ച ദൈവികനിയമം ലംഘിച്ചവർക്കു തക്കതായ ശിക്ഷ ലഭിക്കുകയുണ്ടായി. കോറഹ്, ദാത്താൻ, അബീറാം (സംഖ്യ 16,1-35), മോശയുടെ സഹോദരിയായ മിറിയാം (സംഖ്യ 12,1-9), സാവൂൾരാജാവ് (1 സാമു 15,9-23) തുടങ്ങിയവരുടെ അനുഭവങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. മാലാഖമാരെക്കാൾ ശ്രേഷ്ഠനായ മിശിഹാവഴി നല്‌കപ്പെട്ട രക്ഷ നിരസിക്കുന്നവർക്ക് പഴയനിയമ ലംഘകർക്കു ലഭിച്ചതിലും വലുതായ ശിക്ഷയുണ്ടാകും എന്നു സാരം. ഇതെക്കുറിച്ച് അപ്രേം പിതാവ് നല്‌കുന്ന വിശദീകരണം ഇപ്രകാരമാണ്: പഴയനിയമ ജനതയെപ്പോലെ നമ്മൾ വഴി തെറ്റിപ്പോകാതിരിക്കാൻ വേണ്ടി പുത്രനിൽനിന്നു നമ്മൾ കേട്ടിട്ടുള്ളവയെക്കുറിച്ച് ഏറെ ശ്രദ്ധയുള്ളവരായിരിക്കണം. ദൂതൻ അറിയിച്ച ദൈവികസന്ദേശത്തിനു ചെവികൊടുക്കാതിരുന്ന സോദോംനിവാസികൾക്കു തക്ക ശിക്ഷ ലഭിച്ചു. അങ്ങനെയെങ്കിൽ, പുതുജീവനെ നമ്മൾ അവഗണിച്ചാൽ നാമെങ്ങനെ രക്ഷപ്പെടും? യഹൂദറബ്ബിമാർ അവലംബിച്ചിരുന്ന ഒരു വിശുദ്ധഗ്രന്ഥവ്യാഖ്യാനരീതിയാണ് ലേഖനകർത്താവ് ഇവിടെ സ്വീകരിക്കുന്നത്. ചെറിയ കാര്യത്തിൽ സംഭവിച്ചതിൽ കൂടുതൽ, വലിയ കാര്യത്തിൽ സംഭവിക്കും എന്ന സാമാന്യയുക്തിയാണ് ഇതിനടിസ്ഥാനം. മാലാഖമാർവഴി നല്‌കപ്പെട്ട പഴയനിയമം ലംഘിച്ചവർക്കു ശിക്ഷ ലഭിച്ചെങ്കിൽ, ദൈവപുത്രനായ മിശിഹാവഴി നല്‌കപ്പെട്ട പുതിയനിയമം അവഗണിച്ചാൽ അതിലും വലുതായ ശിക്ഷ ഉറപ്പാണ് എന്നു സാരം. ചുരുക്കത്തിൽ, മിശിഹായുടെയും അവിടുത്തെ സുവിശേഷസന്ദേശത്തിൻ്റെയും അതിശ്രേഷ്ഠമായ മാഹാത്മ്യം വ്യക്തമാക്കുകയാണു ലേഖന കർത്താവിന്റെ ലക്ഷ്യം. ഈ രീതിയിലുള്ള വാദഗതി ലേഖനത്തിൽ തുടർന്നു പലയിടങ്ങളിലും കാണാം (7,21-22; 9,13-14; 10,28-29; 12,25). 

മിശിഹാവഴി നല്‌കപ്പെട്ട രക്ഷയുടെ സ്വഭാവത്തെക്കുറിച്ചാണു തുടർന്നു പ്രതിപാദിക്കുന്നത് (2,4). ഇതെക്കുറിച്ചു മൊവെസ്ത്യായിലെ തെയഡോർ എഴുതുന്നു: പഴയഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വലിയ അന്തരം വ്യക്തമാക്കാനായി പൗലോസ്ശ്ലീഹാ, ആദ്യത്തേതിനെപ്പറ്റി 'വചനം' അഥവാ 'സന്ദേശം' എന്നു പറയുമ്പോൾ രണ്ടാമത്തേതിനെ 'മഹത്തായ രക്ഷ' എന്നാണു വിശേഷിപ്പിക്കുന്നത്. ആദ്യഉടമ്പടിയിൽ, ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കുമായിരുന്നു പ്രാമുഖ്യമെങ്കിൽ, രണ്ടാമത്തേതിൽ റൂഹായുടെ കൃപാവരത്തിനും പാപമോചനത്തിനും സ്വർഗരാജ്യ-നിത്യജീവനെക്കുറിച്ചുള്ള വാഗ്ദ‌ാനത്തിനുമാണു പ്രാധാന്യം. 'മഹത്തായ രക്ഷ' എന്ന പ്രയോഗംവഴി അദ്ദേഹം ഈ മാഹാത്മ്യമാണു വിളിച്ചറിയിക്കുന്നത്. നമ്മൾ പ്രാപിക്കാനിരിക്കുന്ന രക്ഷ ഈശോമിശിഹാ പ്രഘോഷിച്ച വചനവുമായി ബന്ധപ്പെട്ടതാണ്. പിതാവായ ദൈവം അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ട് ഈശോ പ്രസംഗിച്ച സുവിശേഷം സാക്ഷ്യപ്പെടുത്തി (നടപടി 2,22; യോഹ 3,2). മിശിഹാ പ്രദാനം ചെയ്‌ത രക്ഷയെക്കുറിച്ചു ക്രിസോസ്തോമിന്റെ വാക്കുകൾ ഇപ്രകാരമാണ്: യുദ്ധങ്ങളിൽ നിന്നല്ല മിശിഹാ നമ്മെ രക്ഷിക്കുന്നത്; അവിടുന്നു നമുക്കു നല്കുന്നത് ഈ ഭൂമിയോ ഭൂമിയിലെ നന്മകളോ അല്ല. മറിച്ച്, മരണത്തിന്റെ നിർമാർജനവും തിന്മയുടെ നാശവും സ്വർഗരാജ്യവും നിത്യജീവനുമാണ്.

ശ്ലീഹന്മാർ തങ്ങളുടെ പ്രഘോഷണത്തിലൂടെ പകർന്നു നല്കിയതു മിശിഹാ നല്‌കിയ രക്ഷയാണ്. ഈ പ്രഘോഷണത്തിന്റെ വാസ്ത‌വികത ദൈവം അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലുടെയും സാക്ഷ്യപ്പെടുത്തി (നടപടി 2,43,4,30,5, 12;14,3; 15, 12). പരിശുദ്ധ റൂഹാ തന്റെ ദാനങ്ങളിലുടെ ശ്ലൈഹികപ്രഘോഷണത്തെ സ്ഥിരീകരിക്കുകയും ചെയ്തു. മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയിൽ പരിശുദ്ധത്രിത്വത്തിലെ മൂന്നാളുകൾക്കുമുള്ള പങ്ക് ഇവിടെ വ്യക്തമാണ്.

3. മിശിഹാ മനുഷ്യരുടെ സഹോദരൻ (2,5-18) 

2,5 എന്തെന്നാൽ, നാം പരാമർശിക്കുന്ന വരാനിരിക്കുന്ന ലോകത്തെ ദൂതൻമാർക്കല്ല അവിടുന്ന് അധീനമാക്കിയത്. 

2,6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെ ഓർക്കാൻ അവൻ ആരാണ്? അങ്ങു ശ്രദ്‌ധിക്കാൻ മനുഷ്യപുത്രൻ ആരാണ്? 

2,7 ദൂതൻമാരെക്കാൾ അല്പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു. 

2,8 സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോൾ അവനു കീഴ്പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാൽ, എല്ലാം അവന് അധീനമായതായി നമ്മൾ കാണുന്നില്ല. 

2,9 അല്പസമയത്തേക്ക് ദുതൻമാരെക്കാൾ താഴ്ത്തപ്പെട്ടവനായ ഈശോയെ, മരണത്തിന് അധീനനായതുകൊണ്ട്, മഹത്ത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നമ്മൾ കാണുന്നു. കാരണം, അവൻ മരണം ആസ്വദിച്ചത് ദൈവകൃപയാൽ സകല മനുഷ്യർക്കുംവേണ്ടിയാണ്. 

2,10 ആർക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനിൽക്കുന്നുവോ, ആര് അനേകം പുത്രൻമാരെ മഹത്ത്വത്തിലേക്കു നയിക്കുന്നുവോ ആ രക്‌ഷയുടെ നാഥനെ അവിടുന്നു സഹനംവഴി പരിപൂർണനാക്കുക തികച്ചും ഉചിതമായിരുന്നു. 

2,11 വിശുദ്‌ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനിൽ നിന്നുതന്നെ. 

അക്കാരണത്താൽ, അവരെ 'സഹോദരർ' എന്നു വിളിക്കാൻ അവൻ ലജ്‌ജിച്ചില്ല. 

2,12 അവൻ പറയുന്നു: അങ്ങേ നാമം എന്റെ സഹോദരരെ ഞാൻ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാൻ സ്‌തുതിഗീതം ആലപിക്കും.

2,13 വീണ്ടും, ഞാൻ അവനിൽ വിശ്വാസം അർപ്പിക്കും എന്നും ഇതാ, ഞാനും എനിക്കു ദൈവം നൽകിയ മക്കളും എന്നും അവൻ പറയുന്നു. 

2,14 മക്കൾ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയിൽ ഭാഗഭാക്കായി. 

2,15 അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. 

2,16 എന്തെന്നാൽ, അവൻ സ്വന്തമായി എടുത്തത് ദൈവദൂതൻമാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്. 

2,17 ജനങ്ങളുടെ പാപങ്ങൾക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്‌തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. 

2,18 അവൻ പീഡസഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത‌തുകൊണ്ട് പരീക്‌ഷിക്കപ്പെടുന്നവരെ സഹായിക്കാൻ അവനു സാധിക്കുമല്ലോ. 

ഹ്രസ്വമായ ഉപദേശത്തിനുശേഷം (2,1-4), ഉത്ഥാനത്തിൽ മിശിഹായ്ക്കു ലഭിച്ചിരിക്കുന്ന നാമത്തെക്കുറിച്ചുള്ള വിശകലനം തുടരുന്നു. അവിടുത്തെ ഈ പുതിയ നാമത്തിൻ്റെ മാനുഷികവശമാണ് ഇവിടെ വിശദീകരിക്കുന്നത്. അവിടുന്നു പൂർണ മനുഷ്യനായതുകൊണ്ടുകൂടിയാണ് അവിടുത്തേക്കു ദൈവതിരുമുമ്പിൽ മനുഷ്യരെ പ്രതിനിധാനം ചെയ്‌തുകൊണ്ടു പുരോഹിതനാകാൻ സാധിക്കുന്നത്. ഇതും മാലാഖമാരിൽനിന്നുള്ള മറ്റൊരു വ്യത്യാസമാണ്. 

ദൈവപുത്രൻ മാലാഖമാരെക്കാൾ അല്‌പം താഴ്ന്നവനായത് മനുഷ്യാവതാരത്തിലാണ്. ഇപ്രകാരം സ്വയം താഴ്ത്തി മനുഷ്യനായതുകൊണ്ടാണ് അവിടുത്തേക്കു സഹിക്കാനായതും ഇന്നു മഹിമയും ബഹുമാനവുംകൊണ്ടുള്ള കിരീടമണിയാനായതും. ഉത്ഥാനത്തിൽ അവിടുത്തേക്കു ലഭിച്ച മഹത്ത്വമാണ് ഇവിടെ സൂചിതം. ആദിയിൽ ദൈവം മനുഷ്യവർഗത്തിനായി നിശ്ചയിച്ചിരുന്ന മഹിമയാണ്, മനുഷ്യരുടെ പ്രതിനിധിയായ ഈശോ പെസഹാരഹസ്യത്തിലൂടെ നേടിയത്. 

തെറ്റുചെയ്ത മനുഷ്യവർഗത്തിന് രക്ഷപ്രാപിക്കാൻ ആവശ്യമായിരുന്നത്, വ്യക്തിപരമായ രൂപാന്തരീകരണമായിരുന്നു. പക്ഷേ, സഹനത്തിലൂടെയുള്ള ഈ രൂപാന്തരീകരണത്തിനു വിധേയമാകാൻ മനുഷ്യർ തയ്യാറായിരുന്നില്ല. അതുകൊണ്ട് രക്ഷയുടെ നാഥനായ മിശിഹാ രക്ഷിക്കപ്പെടേണ്ടിയിരുന്ന മനുഷ്യപ്രകൃതി സ്വീകരിച്ച്, വേദനാജനകമായ രൂപാന്തരീകരണ പ്രക്രിയയ്ക്കു സ്വയം വിധേയനായി. സഹനത്തിലൂടെ മിശിഹാ മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നു (ലൂക്കാ 9,22; 17,25; 24,7.26). ഇപ്രകാരം സഹനത്തിലൂടെ നേടിയ വിശുദ്ധി പാപപങ്കിലമായ മനുഷ്യവർഗത്തിനു പകർന്നു നല്കാനായി മിശിഹാ അവരുടെ സഹോദരനായി നിത്യം തുടരുകയും ചെയ്യുന്നു. 

പാപത്തിൻ്റെ പരിണിതഫലവും ശിക്ഷയുമായ മരണം (ഉല്പ 3,3.19; റോമാ 5,12) മനുഷ്യനെ ജീവിതകാലം മുഴുവനും ദൈവത്തിൽ നിന്നുള്ള അകല്ചയുടെ ഭീതിയിൽ അടിമപ്പെടുത്തിയിരുന്നു. തന്റെ കുരിശുമരണത്തിലൂടെ മിശിഹാ സാത്താൻ്റെ ഈ അധികാരം തകർത്തു. മിശിഹായുടെ പാത പിൻതുടർന്ന് മരണം കൈവരിക്കുന്നവർക്ക് അത് ദൈവത്തിലേക്കുള്ള മാർഗമായി ഭവിക്കുന്നു. മരണം ഇനിമേൽ ഭയത്തിൻ്റെ ഒരനുഭവമല്ല; ദൈവവുമായി ഐക്യത്തിൽ നിത്യം ജീവിക്കുന്നതിനുള്ള ആരംഭമാണ് (ഫിലി 1,21). 

പെസഹാരഹസ്യത്തിൽ മിശിഹായുടെ രണ്ടു ഗുണങ്ങളാണ് വെളിവായത്: സഹോദരരായ മറ്റു മനുഷ്യരോടുള്ള അവിടുത്തെ കരുണയും പിതാവായ ദൈവത്തോടുള്ള വിശ്വസ്‌തതയും. മനുഷ്യരുടെ പാപങ്ങൾ നീക്കിക്കളയുന്നതിനു മിശിഹായെ പ്രാപ്തനാക്കിയ ഈ രണ്ടു ഗുണങ്ങളാണ് അവിടുത്തെ യഥാർത്ഥ പുരോഹിതനാക്കുന്നത്. സഹനത്തിലൂടെ മനുഷ്യവർഗത്തിനു സഹോദരനായ മിശിഹാ ഉത്ഥാനമഹത്ത്വത്തിലൂടെ ദൈവപുത്രനായി പ്രഖ്യാപിക്കപ്പെട്ടു. അവിടുന്നു പരീക്ഷിക്കപ്പെട്ടവനായതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കാനാവും. മഹത്ത്വത്തിലേക്കു നയിച്ച പീഡാസഹനത്തിലൂടെ അവിടുന്ന് മാംസരക്തങ്ങളുടെ മനുഷ്യപ്രകൃതിയുമായി സ്വർഗത്തിൽ പിതാവുമായുള്ള ഐക്യത്തിലേക്കു പ്രവേശിച്ചു. അവിടെ ആയിരിക്കുമ്പോഴും മനുഷ്യരായ നമ്മോടുള്ള ഐകദാർഢ്യം അവിടുന്നു സൂക്ഷിക്കുന്നുണ്ട്. ഇത് അവിടുത്തെ ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ഏക മദ്ധ്യസ്ഥനാക്കുന്നു. അഥവാ കാരുണ്യവാനും ദൈവിക കാര്യങ്ങളിൽ വിശ്വസ്‌തനുമായ പ്രധാന പുരോഹിതനാക്കുന്നു.

 3.1. താഴ്ത്തപ്പെട്ടതിലൂടെ ഉയർത്തപ്പെട്ട മിശിഹാ (2,5-9) 

വിശ്വാസിസമൂഹത്തിനു മിശിഹായിലുടെ കൈവന്ന രക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചു പരിചിന്തനം നടത്തിയശേഷം,മാലാഖമാരേക്കാൾ ഈശോയ്ക്കുള്ള ശ്രേഷ്‌ഠത വീണ്ടും ചർച്ചാ വിഷയമാക്കുന്നു (2,5-9). വിശുദ്ധഗ്രന്ഥ പാരമ്പര്യപ്രകാരം (നിയമാ 32,8; ദാനി 10,13-21; 12, 1) സൃഷ്ടപ്രപഞ്ചത്തെ ദൈവം മാലാഖമാരുടെ നിയന്ത്രണത്തിലാണ് ആക്കിയിരിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ലോകത്തിൻ്റെ നാഥനായി മിശിഹായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്‌തവവിശ്വാസമനുസരിച്ച്, വരാനിരിക്കുന്ന ലോകം (2,5) മിശിഹായുടെ മനുഷ്യാവതാര-സഹന-മരണോത്ഥാനങ്ങളിലൂടെ സമാരംഭിച്ചു. ഇതിൻ്റെ പൂർത്തീകരണമാകട്ടെ, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന മിശിഹായുടെ രണ്ടാമത്തെ ആഗമനത്തിലും (1,13; 1 110,1). 

ദൈവം സർവതും മനുഷ്യനായവതരിച്ച മിശിഹായുടെ അധീനതയിലാക്കി. മനുഷ്യൻ്റെ മാഹാത്മ്യം പ്രകീർത്തിക്കുന്ന സങ്കീ 8 ന്റെ സഹായത്തോടെയാണ് ഹെബ്രായലേഖകൻ ചർച്ച മുമ്പോട്ടു കൊണ്ടുപോകുന്നത്. “നീ മനുഷ്യനെ ഓർക്കുവാൻ അവൻ ആരാണ്? നീ മനുഷ്യപുത്രനെ സന്ദർശിക്കാൻ അവൻ എന്താണ്? നീ അവനെ ദൂതന്മാരെക്കാൾ അല്‌പം താഴ്ത്തി. മഹത്ത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. നിൻ്റെ കരവേലകൾക്കു മേൽ നീ അവനെ അധികാരിയാക്കി. എല്ലാം അവന്റെ പാദങ്ങൾക്കു കീഴിലാക്കി." സൃഷ്ട്‌ടിയുടെ മാഹാത്മ്യത്തെയും സൃഷ്ടപ്രപഞ്ചത്തിൽ മനുഷ്യനുള്ള മഹത്വത്തെയും പ്രകീർത്തിക്കുന്നതാണ് ഈ സങ്കീർത്തനം. ഇതു പുതിയനിയമത്തിൽ മറ്റു പല ഭാഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നതിൽനിന്ന് ആദിമസഭയിൽ ഇതിനു നല്കപ്പെട്ടിരുന്ന പ്രാധാന്യത്തെക്കുറിച്ചു നമുക്ക് അനുമാനിക്കാനാവും (1 കോറി 15,27; എഫേ 1,22; 1 പത്രോ 3,22). ദൈവത്തിനു മനുഷ്യവർഗത്തോടുള്ള കരുതലിനെയും സ്നേഹത്തെയും പ്രതി അവിടുത്തെ സ്തുതിക്കുന്ന സങ്കീർത്തകൻ, സൃഷ്ട‌പ്രപഞ്ചത്തിന്മേൽ ആധിപത്യം ലഭിച്ച മനുഷ്യൻ (ഉല്‌പ 1,26-28) മാലാഖമാരെക്കാൾ അല്പം മാത്രം താഴെയാണ് എന്നു സമർത്ഥിക്കുന്നു. ദൈവികഛായയിലും സാദൃശ്യത്തിലും സൃഷ്ട്‌ടിക്കപ്പെട്ട മനുഷ്യനെ മഹത്ത്വവും ബഹുമാനവുംകൊണ്ട് അവിടുന്നു മകുടമണിയിച്ചു. തൻ്റെ കരവേലകൾക്കു മേൽ അവനെ അധികാരിയാക്കുകയും ചെയ്‌തു. എല്ലാം അവന്റെ പാദങ്ങളുടെ കീഴിലാക്കി. സങ്കീർത്തനത്തിൽ മനുഷ്യനെക്കുറിച്ച് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നുവെങ്കിലും അവനു കീഴിലല്ലാത്ത ഒട്ടനവധി കാര്യങ്ങളുണ്ടെന്നതു നമ്മുടെ ദൈനംദിന ജീവിതാനുഭവമാണ്. രോഗവും മരണവുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. അതുകൊണ്ടു സങ്കീർത്തകൻ ഇവിടെ വിവക്ഷിക്കുന്ന 'മനുഷ്യപുത്രൻ' സാധാരണ മനുഷ്യനാവാൻ സാധ്യതയില്ല. 

വിശുദ്ധഗ്രന്ഥം മുഴുവൻ്റെയും വ്യാഖ്യാനത്തിനുള്ള താക്കോൽ മിശിഹായാണ് എന്ന തത്ത്വത്തിൻ്റെ അടിസ്ഥാനത്തിൽ 8-ാം സങ്കീർത്തനം മനുഷ്യനായവതരിച്ച മിശിഹായെക്കുറിച്ചാണു പ്രതിപാദിക്കുന്നതെന്നു സ്ഥാപിക്കുകയാണ് ഹെബ്രായലേഖകൻ തുടർന്നു ചെയ്യുന്നത്. പരിപൂർണമനുഷ്യൻ ഈശോമിശിഹായാണല്ലോ. ഈ സങ്കീർത്തനത്തിലെ 'മനുഷ്യപുത്രൻ' എന്ന പദപ്രയോഗമായിരിക്കണം ഈ വ്യാഖ്യാനത്തിനാലംബം. ആദത്തിന്റെ സന്തതികളോരോരുത്തരും മനുഷ്യപുത്രരാണെങ്കിലും, ഈശോ മാത്രമാണ് സ്വയം 'മനുഷ്യപുത്രൻ' ആയി അവതരിപ്പിക്കുന്നത് (മത്താ 11,18-19; 2 മർക്കോ 8,31; 9,30; 10,33; 14,21.41;യോഹ 3,14:8,28; 12,32-34). തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ വെളിവാക്കപ്പെട്ട വിനീത അനുസരണത്തിലൂടെ മഹത്ത്വവും ബഹുമാനവും അണിഞ്ഞിരിക്കുന്നവനും അവിടുന്നാണ് (ഫിലി 2,6-11; 1 പത്രോ 2,21-25). മരണം ഉൾപ്പെടെയുള്ള ശത്രുക്കൾ അവൻ്റെ പാദങ്ങൾക്കു കീഴിലായി (1 കോറി 15,22-28). ദൈവം സൃഷ്ടപ്രപഞ്ചം മുഴുവനെയും മനുഷ്യപുത്രനായ മിശിഹായുടെ ആധിപത്യത്തിൻ കീഴിലാക്കിയിരിക്കുന്നു എന്നാണ് ലേഖനകർത്താവിൻ്റെ വാദം (2,8-9). മിശിഹായുടെ ഈ സർവാധിപത്യം ഇപ്പോൾ മനുഷ്യരായ നമുക്കു ദൃശ്യമല്ലെങ്കിലും ദൈവരാജ്യത്തിൻ്റെ പരിപൂർത്തിയിൽ അതു വ്യക്തമാകും. വിശ്വാസദൃഷ്‌ടിയിൽ ഇപ്പോൾ നമുക്കു മനസ്സിലാകുന്നത് ഉത്ഥിതനായ മിശിഹായുടെ മഹത്ത്വീകൃതാവസ്ഥയാണ്. ഈ മഹത്ത്വീകരണം സാധ്യമായതാകട്ടെ, അവിടുന്നു മാലാഖമാരേക്കാൾ അല്പം താഴ്ത്തപ്പെട്ട മനുഷ്യാവതാരം വഴിയും. മിശിഹായുടെ ശൂന്യവത്കരണം നാമെല്ലാവരുടെയും മഹത്ത്വീകരണത്തിനു നിദാനമായി. മനുഷ്യവർഗത്തോടുള്ള സ്നേഹത്തെ പ്രതിയാണ് മാലാഖമാരാൽ സ്തുതിക്കപ്പെടുന്നവൻ അവരെക്കാളും സ്വയം താഴ്ത്തിയത്. ഇത് നമ്മൾ അവനോടുള്ള സ്നേഹത്തെപ്രതി എല്ലാം സഹിക്കുന്നതിനുവേണ്ടിയാണ് എന്നു ക്രിസോസ്തോം (4.3) വ്യാഖ്യാനിക്കുന്നു. ഇന്ന് അവിടുന്ന് മഹത്ത്വവും ബഹുമാനവും അണിഞ്ഞിരിക്കുന്നു. മാലാഖാമാരുൾപ്പെടെ എല്ലാ സൃഷ്ടികളും അവിടുത്തേക്കു വിധേയമാക്കപ്പെട്ടിരിക്കുന്നു. മനുഷ്യവർഗത്തിന്റെ സകല പാപങ്ങൾക്കുമുള്ള പരിഹാരമായ മിശിഹായുടെ കുരിശിലെ ബലി മനുഷ്യവർഗം മുഴുവൻ്റെയും രക്ഷയ്ക്കടിസ്ഥാനമായി ഭവിച്ചു (2,9). പക്ഷേ, ഇതിനെല്ലാം മുന്നോടിയായി ദൈവത്തിന്റെ ആദ്യജാതനായ ഈ മനുഷ്യപുത്രൻ മാലാഖാമാരെക്കാൾ സ്വയം അല്പം താഴ്ത്തി. 

3.2. പുത്രനു മനുഷ്യവർഗത്തോടുള്ള സഹാനുഭാവം (2,10-18) 

എന്തുകൊണ്ടു ദൈവപുത്രൻ ദൂതന്മാരെക്കാൾ അല്പ‌ം സ്വയം താഴ്ത്തി എന്നാണു തുടർന്നു വിശദീകരിക്കുന്നത്. സഹനംവഴി അവിടുന്നു പരിപൂർണനാക്കപ്പെടുവാൻ വേണ്ടിയായിരുന്നു അത്. ഹെബ്രായലേഖനത്തിലെ അടിസ്ഥാന പ്രസ്‌താവനകളിലൊന്നാണിത്. പരിപൂർണനാക്കപ്പെടുവാൻ തക്കവിധം ദൈവപുത്രനു പൂർണതയിൽ എന്തു കുറവാണുണ്ടായിരുന്നത്? ഏതർത്ഥത്തിലാണ് അവിടുത്തേക്ക് പരിപൂർണനാക്കപ്പെടുക ആവശ്യകമായിരുന്നത്? സഹനത്തിലൂടെ അവിടുന്നു പരിപൂർണനാക്കപ്പെടേണ്ടിയിരുന്നത് എന്തുകൊണ്ടാണ്? 

കുരിശിലെ സഹനംവഴി പരിപൂർണനാക്കപ്പെട്ട മിശിഹായെയാണ് ദൈവം രക്ഷയുടെ നായകനായി നിയമിച്ചത് (2,10-18). "രക്ഷയുടെ നാഥനെ അവിടുന്നു സഹനംവഴി പരിപൂർണനാക്കുകയുക്തമായിരുന്നു" എന്ന പ്രസ്‌താവന രക്ഷാകരപദ്ധതിയിൽ സഹിക്കുന്ന മിശിഹായുടെ സ്ഥാനം വ്യക്തമാക്കുന്നതാണ്. സഹിക്കുന്ന മിശിഹായെ മനസ്സിലാക്കാൻ മനുഷ്യബുദ്ധിയ്ക്കു വിഷമമാണെങ്കിലും, അതായിരുന്നു ദൈവത്തിൻ്റെ പദ്ധതി (1 കോറി 1,22-25). ദൈവം മൂലമാണ് എല്ലാം നിലനില്ക്കുന്നത് (നെഹ 9,6); അവിടുത്തേക്കു വേണ്ടിയാണ് എല്ലാം നിലകൊള്ളുന്നതും (1 കോറി 8,6). തന്റെ സൃഷ്ടി നശിച്ചുപോകുവാൻ അവിടുത്തേക്ക് അനുവദിക്കാനാവില്ല. താൻ സൃഷ്ട‌ിച്ച മനുഷ്യരിൽ അനേകരെ മഹത്ത്വത്തിലേക്കു നയിക്കുക എന്നത് ആരംഭം മുതല്ക്കേ അവിടുത്തെ പദ്ധതിയുടെ ഭാഗമായിരുന്നു. അതുകൊണ്ടാണു തന്റെ ആദ്യ ജാതനെ അനേകർക്കു നായകനായി അവിടുന്നു നിശ്ചയിച്ചത്. 'ആർകേഗോൺ' (archegon) എന്ന ഗ്രീക്കു പദത്തിന് 'നായകൻ', 'നാഥൻ' എന്നൊക്കെ അർത്ഥമുണ്ട്. ഹീബ്രു 12,2 ലും (നമ്മുടെ വിശ്വാസത്തിന്റെ നായകൻ) ഇതേ പദംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. നടപടി 3,15 ലും 5,31 ലും സമാനമായ പ്രയോഗം കാണാം. ഈശോ നമ്മുടെ രക്ഷയ്ക്കു കാരണഭൂതൻ മാത്രമല്ല, അധഃപതിച്ച മനുഷ്യാവസ്ഥയിൽനിന്നു ദൈവികമഹത്ത്വത്തിലേക്കുള്ള പാത വെട്ടിത്തുറന്നവൻ കൂടിയാണ്. രക്ഷയുടെ പാതയിൽ നമ്മൾ അനുഭവിക്കേണ്ട സഹനങ്ങളെല്ലാം നമുക്കു മുമ്പേ അവിടുന്ന് അനുഭവിച്ചു. 

രക്ഷയുടെ നായകനെ പരിപൂർണനാക്കുക ഉചിതമായിരുന്നു എന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്? മിശിഹാ 'പരിപൂർണനാക്കപ്പെട്ടു' എന്നത് ഈ ലേഖനത്തിൽ ആവർത്തിച്ചുകാണുന്ന പ്രയോഗമാണ് (2,10; 5,9; 7,28). വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കൾ മൂന്നു രീതിയിൽ ഇതു വിശദീകരിക്കാറുണ്ട്. 

  1. 'പരിപൂർണൻ' എന്ന് അർത്ഥംവരുന്ന ഗ്രീക്കു പദം (teleios) നാമവിശേഷണമായി ഉപയോഗിക്കുമ്പോൾ, ദൈവത്തിൻ്റെ മാർഗത്തിൽ ചരിക്കുന്ന കറയറ്റ നീതിമാനായ മനുഷ്യനെയോ (ഉദാഹരണത്തിന്, ഉല്പ 6,9 ലെ നോഹ) ദൈവത്തിനു ബലിയർപ്പിക്കാൻ യോഗ്യമായ ഊനമറ്റ ബലിമൃഗത്തെയോ ആണു സൂചിപ്പിക്കുന്നത്. മനുഷ്യനായവതരിച്ച മിശിഹാ പീഡാസഹനത്തിനു സ്വയം സമർപ്പിച്ചതുവഴി നീതിമാനായ പുരോഹിതനും, കുരിശുമരണംവഴി നമ്മുടെ പാപപരിഹാരം സാധിച്ചതുകൊണ്ട് ഏറ്റവും ശ്രേഷ്ഠമായ ബലിവസ്തുവുമായി ഭവിച്ചു (1 പത്രോ 1,19). കുരിശിലെ സഹനം വഴി പരിപൂർണനാക്കപ്പെട്ടവനാണ് അവിടുന്ന്. 
  2. സൃഷ്ടിയുടെ ആരംഭം മുതല്ക്കേ ഏതു മഹത്ത്വത്തിനായി മനുഷ്യപ്രകൃതി നിശ്ചയിക്കപ്പെട്ടിരുന്നുവോ (ആദിപാപംമൂലം നഷ്ടമായ) ആ മഹത്ത്വത്തിലേക്ക് മനുഷ്യനു പ്രവേശനം സാധ്യമാക്കുന്നതിനുവേണ്ടിയാണ് മിശിഹാ മനുഷ്യപ്രകൃതി ധരിച്ചതും തന്റെ ശരീരത്തിൽ സഹിച്ചതും. അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതു പോലെ, സഹനത്തിലൂടെ വേണമായിരുന്നു അവിടുത്തേക്കു മഹത്ത്വത്തിലേക്കു പ്രവേശിക്കുവാൻ (മർക്കോ 8,31; ലൂക്കാ 24,24). മനുഷ്യാവതരാത്തിൽ അവിടുന്നു സ്വീകരിച്ച മനുഷ്യപ്രകൃതിയാണ് അവിടുത്തെ സഹനത്തിലൂടെ പരിപൂർണമാക്കപ്പെട്ടത്. ഈ ആശയമാണു നമ്മുടെ കുർബാനയിൽ, മൂന്നാം ഗ്ഹാന്താ (പ്രണാമജപം) പ്രാർത്ഥനയിൽ പ്രതിഫലിക്കുന്നത്: "നിൻ്റെ ദൈവിക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്‌തു... ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിൻ്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്ത്വമണിയിക്കുകയും ചെയ്തു." 
  1. ഗ്രീക്കു പഴയനിയമത്തിൽ 'പരിപൂർണനാക്കപ്പെടുക' എന്ന ക്രിയ പുരോഹിതാഭിഷേകത്തെ സൂചിപ്പിക്കുന്നതാണ് (പുറ 29,9.29. 33.35; ലേവ്യ 8,33; 16,32; 21,10). കുരിശുമരണംവഴി മിശിഹാ മനുഷ്യ വർഗത്തെ രക്ഷയിലേക്കു നയിക്കുന്ന പുരോഹിതനായി ഭവിച്ചു എന്നു സാരം. പരിപൂർണനാക്കപ്പെട്ടതിലൂടെ തന്നിൽ വിശ്വസിക്കുന്നവരെ പരിപൂർണരാക്കുവാൻ (വിശുദ്ധീകരിക്കുവാൻ) അവിടുത്തേക്കു കഴിയും (10,4:11,40,12,23). പെസഹാരഹസ്യത്തിലൂടെയാണു മിശിഹാ ദൈവജനത്തെ വിശുദ്ധീകരിക്കുന്നത്. തനിക്കു വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒരു വിശുദ്ധ ജനത്തെ രൂപപ്പെടുത്തുക എന്നതു ദൈവിക പദ്ധതിയുടെ ഭാഗമാണ് (പുറ 19,6; ലേവ്യർ 11,45). കുരിശിലെ തൻ്റെ ഏകവും നിത്യവുമായ ബലിവഴിയാണ് ഈശോ ജനത്തെ വിശുദ്ധീകരിച്ചത് (10,10; 13,12). ജനത്തെ വിശുദ്ധീകരിക്കാനായി മിശിഹായ്ക്ക് അവരോട് താദാത്മ്യപ്പെടേണ്ടതുണ്ടായിരുന്നു. 

മനുഷ്യരക്ഷ സാധിക്കുന്നതിനുവേണ്ടി മിശിഹാ അവരിൽ ഒരുവനെപ്പോലെ ആകേണ്ടതുണ്ടായിരുന്നു. മനുഷ്യപ്രകൃതിയിൽ അവിടുന്നു പങ്കുചേർന്നതുതന്നെ ഈ ലക്ഷ്യത്തോടെയാണ്. പാപക്കറ ബാധിച്ചിരുന്ന മനുഷ്യപ്രകൃതി സ്വീകരിച്ച് അതിനെ വിശുദ്ധീകരിച്ചു പിതാവിനു സ്വീകാര്യമായ നിർമല ബലിവസ്തുവായി സമർപ്പിച്ചതുവഴി അവിടുന്നു യഥാർത്ഥ ബലിയർപ്പകനായി. "അവരും സത്യത്താൽ വിശുദ്ധീകൃതരാകേണ്ടതിന് അവർക്കു വേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു" (യോഹ 17,19) എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടല്ലോ. 

3.3. വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരുവനിൽ നിന്നുള്ളവരാകുന്നു 

വിശുദ്ധീകരിക്കുന്നവൻ മനുഷ്യനായവതരിച്ച ഈശോ മിശിഹായും വിശുദ്ധീകരിക്കപ്പെടുന്നവർ മനുഷ്യരായ നാമോരോരുത്തരുമാണ്. ഈശോയും നമ്മളും ആദത്തിൽനിന്നുള്ളവരാണ്; ആദം ദൈവത്തിൽനിന്നുള്ളവനും. ഈശോയ്ക്കും നമുക്കും പൊതുവായുള്ള മനുഷ്യപ്രകൃതി ദൈവസൃഷ്‌ടിയാണ്. അതു കൊണ്ടുതന്നെ ദൈവം നമ്മുടെ പൊതുപിതാവുമാണ്. ഈശോ-പുത്രനായിരിക്കുന്നതു സ്വഭാവത്താലെയും നമ്മൾ പുത്രരായിരിക്കുന്നതു കൃപമൂലവുമാണ്. സ്വഭാവത്താലെ അവിടുന്നു ദൈവപുതനായിരിക്കുന്നതുകൊണ്ടാണ് അവിടുത്തേക്കു നമ്മെ വിശുദ്ധീകരിക്കാൻ സാധിക്കുന്നത്. പിതാവിൻ്റെ ഏകജാതൻ എന്ന നിലയിൽ അവിടുത്തേക്കു തുല്യരായി ആരുമില്ല; അവിടുന്നു മനുഷ്യനായവരിച്ചതുകൊണ്ടാണ് ആദത്തിൻ്റെ മക്കളെല്ലാവരും അവിടുത്തെ സഹോദരരായത്. 

മനുഷ്യാവതാരത്തിലൂടെ ഈശോ മറ്റേതൊരു മനുഷ്യനെയും പോലെ ആദത്തിൻ്റെ മകനായതുകൊണ്ടു മറ്റു മനുഷ്യ 'സഹോദരർ' എന്നു വിളിക്കുവാൻ അവിടുന്നു ലജ്ജിക്കുന്നില്ല. അവിടുന്നു മനുഷ്യശരീരം ധരിച്ചപ്പോൾ തൻ്റെ സഹോദരന്മാരെയും കൂടി ധരിച്ചു (ക്രിസോസ്തോം, 4.5). ഏകജാതൻ എന്ന നിലയിൽ അവിടുത്തേക്കു സഹോദരന്മാരില്ല. ആദ്യജാതൻ എന്നനിലയിൽ അവിടുന്ന് ദൈവകൃപയിലൂടെയുള്ള പുത്രസ്വീകാര്യതവഴി വീണ്ടും-ജനിച്ച എല്ലാവരുടെയും സഹോദരനാണ് (ആഗസ്‌തീനോസ്).' മനുഷ്യരുടെ മാംസത്തിലും രക്തത്തിലും പങ്കുപറ്റുന്ന അവിടുത്തേക്ക് അവരുടെ പ്രധാന പുരോഹിതനാകാൻ മറ്റാരെയുംകാൾ യോഗ്യതയുണ്ട് (2,17). അവരിൽ ഒരുവൻ ആയതുകൊണ്ടും അവരുടെ അനുഭവങ്ങൾ അറിയാവുന്നതുകൊണ്ടും അവിടുത്തേക്ക് അവരെ സഹായിക്കാനാവും. സ്വന്ത രക്തവുമായി വിശുദ്ധ സ്ഥലത്തു പ്രവേശിച്ച മിശിഹാ നമ്മുടെ നിത്യമായ രക്ഷ സാധിച്ചു (9,12). 

വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുവാനായി പഴയനിയമത്തിൽനിന്നു മൂന്ന് ഉദ്ധരണികൾ ഉപയോഗിക്കുന്നു. സഹിക്കുന്ന നീതിമാന്റെ പ്രാർത്ഥനയായ 22-ാം സങ്കീർത്തനത്തിൽ നിന്നാണ് ആദ്യത്തേത്. നിഷ്കളങ്കനാണെങ്കിലും താൻ അനുഭവിക്കുന്ന അതിദാരുണമായ വേദനകളെണ്ണിപ്പറഞ്ഞ് കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകനെയാണു നാമിവിടെ കാണുന്നത്. "എൻ്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു?" എന്നാരംഭിക്കുന്ന ഈ സങ്കീർത്തമാണല്ലോ കുരിശിൽകിടന്നുകൊണ്ട് ഈശോ പ്രാർത്ഥിച്ചത് (മർക്കോ 15,34; മത്താ 27,46; യോഹ 19,24). അതുവഴി സങ്കീർത്തകൻ തന്നെക്കുറിച്ചാണു മുൻകൂട്ടി അറിയിച്ചിരുന്നത് എന്ന് ഈശോ പ്രഖ്യാപിക്കുകയായിരുന്നു. സങ്കീ 22,18 ലെ, "അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുത്തു; എൻ്റെ അങ്കിക്കായി അവർ നറുക്കിട്ടു" എന്ന പ്രവചനം ഈശോയുടെ കാര്യത്തിൽ നിറവേറുന്നുണ്ടല്ലോ (മത്താ 27,35). ഈ വിലാപസങ്കീർത്തനം അവസാനിക്കുന്നതു പ്രത്യാശാപൂരിതമായ ആനന്ദസ്‌തുതി ഗീതമായാണ്. ദൈവം നല്കാനിരിക്കുന്ന വിമോചനം മുൻകൂട്ടിക്കണ്ട് അതിൽ ആനന്ദിക്കുന്ന സങ്കീർത്തകൻ ഈ വിമോചന കഥ ജനമദ്ധ്യത്തിൽ പ്രഘോഷിക്കും എന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. സഹനദാസന്റെ സന്തോഷ പൂർവമായ ഈ ദൈവസ്‌തുതിയാണ് ഈശോയുടേതായി ഹെബ്രായലേഖകൻ അവതരിപ്പിക്കുന്നത്: "നിൻ്റെ നാമം എന്റെ സഹോദരരെ ഞാൻ അറിയിക്കും. സഭാമധ്യേ നിന്നെ ഞാൻ പ്രകീർത്തിക്കും" (സങ്കീ 22,23). മഹത്ത്വീകൃതനായ മിശിഹാ ദൈവത്തിൻ്റെ നാമം സഭാമധ്യേ, താൻ വിശുദ്ധീകരിച്ച സഹോദരരെ അറിയിച്ചുകൊണ്ട് അവർക്കു മുമ്പിൽ ദൈവത്തെ പ്രകീർത്തിക്കുന്നതായി ലേഖകൻ ചിത്രീകരിക്കുന്നു. ദൈവത്തിന്റെ നാമം 'അറിയിക്കുക'യെന്നാൽ, ദൈവത്തെ തന്നെ അറിയിക്കുക, അവിടുത്തെ കരുണയും ശക്തിയും അറിയിക്കുക എന്നൊക്കെയാണ് അർത്ഥം. “ലോകത്തിൽനിന്ന് നീ എനിക്കു തന്ന മനുഷ്യർക്കു ഞാൻ നിൻ്റെ നാമം വെളിപ്പെടുത്തി... നിനക്ക് എന്നോടുള്ള സ്നേഹം ഇവരിൽ ഉണ്ടാകാനും ഞാൻ ഇവരിൽ ആയിരിക്കാനും വേണ്ടി, ഞാൻ നിൻ്റെ നാമം ഇവരെ അറിയിച്ചു. ഇനി അറിയിക്കുകയും ചെയ്യും" (യോഹ 17,6.26) എന്നു തൻ്റെ പുരോഹിതപ്രാർത്ഥനയിൽ ഈശോ പറയുന്നുണ്ടല്ലോ. പരിശുദ്ധ കുർബാനയർപ്പിക്കാനായി ഒന്നിച്ചുകൂടുന്ന സഭയിൽ ഓരോ പ്രാവശ്യവും തന്റെ മഹാവിമോചനത്തിൻ്റെ ചരിത്രമാണ് ഉത്ഥിതനായ ഈശോമിശിഹാ തന്റെ സഹോദരരെ അറിയിച്ചുകൊണ്ടിരിക്കുന്നത്. വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകൾ ഇത്തരുണത്തിൽ സ്‌മരണീയമാണ്: മിശിഹായുടെ ശരീരം പ്രാർത്ഥിക്കുമ്പോൾ ശിരസ് ഒഴിവാക്കിക്കൊണ്ടല്ല പ്രാർത്ഥിക്കുന്നത്. ഈ ശരീരം മുഴുവൻ്റെയും രക്ഷകനായ ദൈവപുത്രൻ ഈശോമിശിഹാ നമുക്കുവേണ്ടിയും നമ്മിലും നമ്മൾവഴിയും പ്രാർത്ഥിക്കുന്നു. പുരോഹിതനെന്ന നിലയിൽ നമുക്കുവേണ്ടിയും നാമുൾപ്പെടുന്ന മൗതികശരീരത്തിൻ്റെ ശിരസ്സെന്ന നിലയിൽ നമ്മിലും ദൈവമെന്ന നിലയിൽ നമ്മിലൂടെയും മിശിഹാ പ്രാർത്ഥിക്കുന്നു. ആകയാൽ, നമ്മുടെ സ്വരം അവനിലും അവന്റെ ശബ്ദം നമ്മിലും നമ്മൾ തിരിച്ചറിയണം. 

ഏശയ്യാപ്രവാചകനിൽ നിന്നാണു തുടർന്നുള്ള രണ്ട് ഉദ്ധരണികൾ (2,13): “ഞാൻ അവനിൽ പ്രത്യാശയർപ്പിക്കും. ഇതാ ഞാനും എനിക്കു ദൈവം തന്ന മക്കളും" (ഏശ 8,17-18). ഇസ്രായേൽജനത്തിന്റെ അവിശ്വസ്തതയ്ക്കും വിജാതീയ ആക്രമണത്തെക്കുറിച്ചുള്ള ഭീതിക്കും മധ്യേ ദൈവത്തിൽ പ്രത്യാശ അർപ്പിച്ച പ്രവാചകൻ ഈശോയുടെ പ്രതീകമായിരുന്നു. തനിക്കു ഭരമേല്പ്പിക്കപ്പെട്ട ജനത്തെ 'മക്കൾ' എന്ന് ഏശയ്യാപ്രവാചകൻ വിശേഷിപ്പിച്ചതുപോലെ മിശിഹായും ചെയ്യുന്നു എന്നാണ് ഹെബ്രായലേഖകൻ സമർത്ഥിക്കുന്നത്. സുവിശേഷത്തിൽ പലയിടത്തും ഈശോ തൻ്റെ ശിഷ്യന്മാരെ 'മക്കളേ' എന്നു വിളിക്കുന്നുണ്ടല്ലോ (യോഹ 13,33; 21,5). പിതാവായ ദൈവത്തിലുള്ള മിശിഹായുടെ പ്രത്യാശ അവിടുത്തെ സഹോദരർക്ക് വിശ്വാസത്തിൽനിന്നു വഴുതിപ്പോകാതിരിക്കുവാൻ നല്ല മാതൃകയാണ്. 

മക്കൾ മാംസരക്തങ്ങളിൽ പങ്കാളികളാണ് (2,14). മാംസരക്തങ്ങൾ മനുഷ്യപ്രകൃതിയെ സൂചിപ്പിക്കുന്നു (മത്താ 16, 17; ഗലാ 1,16; എഫേ 6,12). മനുഷ്യാവതാരത്തിലൂടെ ഈശോ സഹനത്തിനും മരണത്തിനും വിധേയമായ നമ്മുടെ മനുഷ്യപ്രകൃതിയിൽ ഭാഗഭാക്കായി. അപ്രകാരം അവിടുന്നു നമ്മുടെ രക്തബന്ധുവായി. അവിടുന്നു നമ്മുടെ മാംസരക്തങ്ങളിൽ പങ്കുചേർന്നത് ഉത്ഥാനം വഴി മഹത്ത്വീകൃതനായ അവിടുത്തെ മാംസരക്തങ്ങളിൽ നമ്മെ പങ്കുചേർക്കുവാൻ വേണ്ടിയായിരുന്നു. ഇത് അവിടുന്നു സാധിച്ചത് തൻ്റെ മരണത്തിലൂടെയാണ്. ഇതെക്കുറിച്ചു ഹെബ്രായലേഖകൻ എഴുതുന്നു: അത് മരണത്തിന്മേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കാൻ വേണ്ടിയാണ് (2,15). മിശിഹാ മനുഷ്യശരീരമെടുത്തതു മരിക്കാൻ വേണ്ടിയായിരുന്നു എന്നു സാരം. അത്തനാസിയൂസിൻ്റെ വാക്കുകളിൽ: വചനം മനുഷ്യശരീരം സ്വീകരിച്ചത് സമാനമായ ശരീരങ്ങൾക്കുവേണ്ടി ബലിയായി സമർപ്പിക്കുവാൻ വേണ്ടിയാണ്. 

ഈശോ പാപമോചകമായ തൻ്റെ കുരിശിലെ ബലിവഴി മരണത്തിന്റെ അധികാരം കയ്യടക്കിയിരുന്ന സാത്താനെ നശിപ്പിച്ചു. സാത്താൻ മരണത്തിൻ്റെ അധികാരം കയ്യടക്കിയത് ആദിമാതാപിതാക്കളെ മരണത്തിലേക്കു നയിച്ച പാപത്തിനു പ്രേരിപ്പിച്ചതു വഴിയാണ് (ഉല്പ‌ 3; ജ്ഞാനം 2,24; എഫേ 2,1-3). ജീവിതകാലം മുഴുവൻ മരണഭീതിയോടുകൂടെ അടിമത്തത്തിൽ കഴിഞ്ഞിരുന്നവരെ അവിടുന്നു മോചിപ്പിക്കുകയും ചെയ്‌തു (2,15). ദൈവവുമായുള്ള ബന്ധത്തിന്റെ വിച്ഛേദനമാണ് മരണഭീതി സൂചിപ്പിക്കുന്നത് (ഏശ 38,18; സങ്കീ 115,17-18). പാപത്തിൻ്റെ ഫലമായാണല്ലോ മരണം കടന്നുവന്നത്. ഈശോ തൻ്റെ മരണത്താൽ മരണത്തെ കീഴടക്കുകയും, പാപവും മരണഭീതിയും ഇല്ലാതാക്കുകയും, സാത്താനെ പരാജയപ്പെടുത്തുകയും ചെയ്‌തു. അതായത്, ഈശോ തന്നെ അനുസരിക്കുന്നവർക്കെല്ലാം പിതാവായ ദൈവവുമായുള്ള നിത്യമായ ജീവിതത്തിന്റെ പാത തുറന്നുനല്‌കി. ലോകത്തിനെതിരെ സാത്താൻ ഉപയോഗിച്ചിരുന്ന ആയുധമായ മരണംതന്നെ ഉപയോഗിച്ച് മിശിഹാ അവനെ കീഴ്പ്പെടുത്തി (ക്രിസോസ്തോം, 4.6). 

മിശിഹാ നമ്മെ സ്വതന്ത്രരാക്കിയതു ശാരീരിക മരണത്തിൽ നിന്നല്ല; മറിച്ച്, ആത്മീയ മരണത്തിൽനിന്നാണ്; മരണത്തെക്കുറിച്ചുള്ള ഭയത്തിൽനിന്നാണ്. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉറപ്പുനല്കിക്കൊണ്ടാണു മരണഭീതിയിൽനിന്നു അവിടുന്നു നമ്മെ വിമുക്തരാക്കിയത്. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്ത്വവും ദൈവത്തിൽ നിന്നു വിച്ഛേദിക്കപ്പെടുമോ എന്ന ഭയവുമാണല്ലോ പലപ്പോഴും മരണഭീതിക്കു കാരണം. മിശിഹാ മരിച്ചവരിൽനിന്ന് ഉയിർത്തതു മൂലം മിശിഹായിൽ വിശ്വസിക്കുന്നവരുടെ ഉയിർപ്പും സുനിശ്ചിതമാണ്. മനുഷ്യാവതാരത്തെക്കുറിച്ചുള്ള സഖറിയാപുരോഹിതന്റെ കീർത്തനത്തിലും ഇതേ ആശയം നിഴലിക്കുന്നുണ്ട്: നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകത്താൽ, ഉയരത്തിൽനിന്നുള്ള ഉദയസൂര്യൻ നമ്മെ സന്ദർശിക്കുമ്പോൾ, അന്ധകാരത്തിലും മരണത്തിന്റെ നിഴലിലും കഴിയുന്നവർക്ക് പ്രകാശം ലഭിക്കും (ലൂക്കാ 1,78-79). ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കുന്നവർക്ക് പൗലോസ്ശ്ലീഹായെപ്പോലെ പറയാനാവും: "എനിക്കു ജീവിക്കുക മിശിഹായാണ്. മരണം നേട്ടവും" (ഫിലി 1,21). 

മനുഷ്യാവതാരത്തിൽ ഈശോ സ്വന്തമായി സ്വീകരിച്ചതു ദൂതന്മാരുടെ സാദൃശ്യമല്ല; മനുഷ്യരുടേതാണ് (2,16). കാരണം, അവിടുന്നു രക്ഷിക്കേണ്ടിയിരുന്നതു മനുഷ്യരെയാണ്. രക്ഷ പ്രാപിക്കാനിരിക്കുന്നവർക്കു ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെട്ട സേവകാത്മാക്കൾ മാത്രമാണ് ദൂതന്മാർ (1,14) എന്നു നേരത്തെ പ്രഖ്യാപിച്ചതാണല്ലോ. ദൈവം മനുഷ്യപ്രകൃതി സ്വീകരിച്ചതിൽ നിന്ന് ദൈവത്തിനു മനുഷ്യനോടുള്ള പ്രത്യേക പരിഗണന വ്യക്തമാണ്. ഏകജാതൻ തന്റെതന്നെ പ്രകൃതിയിലോ മാലാഖമാരുടെ പ്രകൃതിയിലോ അല്ലാതെ, അബ്രാഹത്തിൻ്റെ സന്തതിയുടെ മനുഷ്യപ്രകൃതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് നാശോന്മുഖമായിരുന്ന നമ്മുടെ മനുഷ്യവർഗം രക്ഷപ്രാപിച്ചത് (അലക്സാണ്ഡ്രിയായിലെ സിറിൾ). മനുഷ്യനു നഷ്‌ടമായ ദൈവികഛായ വീണ്ടു നല്കാനും അതുവഴി ദൈവത്തെ അറിയാൻ അവനെ പ്രാപ്തനാക്കാനും സാധിക്കുന്നത്, ദൈവികഛായയിലുള്ള പുനഃസൃഷ്ടി നിർവഹിക്കാൻ കഴിവുള്ള പിതാവായ ദൈവത്തിൻ്റെ പ്രതിച്ഛായയായ വചനമായ ദൈവത്തിനാണ്. അതുകൊണ്ടാണ് അവിടുന്നു മനുഷ്യനായത് (അത്തനാസിയൂസ്). മനുഷ്യാവതാരം മൂലമുണ്ടായ വിസ്മ‌യകരമായ അവസ്ഥയെക്കുറിച്ചു ക്രിസോസ്തോം ഇപ്രകാരം എഴുതുന്നു: ഉന്നതങ്ങളിൽ ആസനസ്ഥമായ നമ്മുടെ മനുഷ്യ പ്രകൃതി മാലാഖമാരാലും മുഖ്യദൂതന്മാരാലും ക്രോവേന്മാരാലും സാപ്പേന്മാരാലും ആരാധിക്കപ്പെടുന്നത് അതിശയകരമായ സംഗതിയാണ്. 

3.4. ഈശോ നിത്യപുരോഹിതൻ 

ഈശോയുടെ പൗരോഹിത്യത്തെക്കുറിച്ചുള്ള ചില സൂചനകൾ സുവിശേഷങ്ങളിൽ ചിലയിടങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും അവിടുന്നു പുരോഹിതനാണ് എന്ന വ്യക്തമായ പ്രതിപാദ്യം ഹെബ്രായലേഖനത്തിൻ്റെ മാത്രം സ്വന്തമാണ് (2,17; 3,1; 4,14-15; 5,5.10; 6,20; 7,26; 8,1.3; 9,1). മിശിഹായുടെ മരണത്തോടു ബന്ധപ്പെടുത്തി അവിടുത്തെ പൗരോഹിത്യത്തെക്കുറിച്ചും ബലിയർപ്പണത്തെക്കുറിച്ചും സുവിശേഷകന്മാർ പ്രതിപാദിക്കുന്നുണ്ട് (മർക്കോ 10,45; ലൂക്കാ 22,19-20; യോഹ 4,21-23). എങ്കിലും ഹെബ്രായ ലേഖകൻ മാത്രമാണ് ഈശോമിശിഹായെ പുരോഹിതൻ എന്നു വിളിക്കുന്നത്. അവിടുത്തെ പൗരോഹിത്യത്തിന്റെ വെളിച്ചത്തിലാണ് മനുഷ്യ രക്ഷാരഹസ്യം മുഴുവനെയും ഹെബ്രായ ലേഖകൻ വ്യാഖ്യാനിക്കുന്നത്. സഹനംവഴി പരിപൂർണനാക്കപ്പെട്ട രക്ഷയുടെ നാഥനാണ് (2,10) അവിടുന്ന് എന്ന പ്രസ്‌താവന നമ്മൾ കണ്ടതാണല്ലോ. പാപപരിഹാരദിനത്തിലെ പ്രധാനപുരോഹിതൻ്റെ ബലിയർപ്പണവുമായി ബന്ധപ്പെടുത്തി മിശിഹായുടെ പൗരോഹിത്യം വിശദമാക്കുന്നത് നമ്മൾ തുടർന്നു കാണും. 

ആദിമസഭയ്ക്കു മിശിഹായെയും അവിടുത്തെ മരണത്തെയും കുറിച്ചുണ്ടായിരുന്ന ധാരണയുടെ തുടർച്ചതന്നെയാണു ഹെബ്രായ ലേഖനത്തിലുമുള്ളത്. അന്ത്യത്താഴവേളയിലെ മിശിഹായുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ അവിടുത്തെ കുരിശിലെ ബലിയുടെ പുരോഹിതമാനം തിരുസഭമനസ്സിലാക്കിയിരുന്നു. അപ്പം ആശീർവദിച്ചു മുറിച്ചു ശിഷ്യന്മാർക്കു നല്കിക്കൊണ്ട്, 'ഇതു സ്വീകരിക്കുവിൻ. ഇത് എൻ്റെ ശരീരമാണ്' എന്നും കാസ നല്കിക്കൊണ്ട്, 'ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും പുതിയ ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്' (മർക്കോ 14,22-25) എന്നുമുള്ള പ്രസ്‌താവനകൾ ഈ രീതിയിലാണ് ആദിമ സഭ മനസ്സിലാക്കിയിരുന്നത് (1 കോറി 5,7; എഫേ 5,2). അവിടുന്നു തന്നെത്തന്നെ കുരിശിൽ ബലിയർപ്പിക്കുകയായിരുന്നു (യോഹ 101,8). വിശുദ്ധ ലൂക്കായാണ് ഈശോയെ പുരോഹിതനായി പരോക്ഷമായെമെങ്കിലും അവതരിപ്പിക്കുന്നത്. സുവിശേഷവിവരണത്തിലെ ആദ്യരംഗത്തിൽ ജനത്തെ ആശീർവദിക്കാനാവാത്ത സഖറിയാ പുരോഹിതനെ അവതരിപ്പിക്കുന്ന ലൂക്കാ, പഴയനിയമ പുരോഹിതരെപ്പോലെ, കൈകളുയർത്തി ആശീർവദിച്ചുകൊണ്ട് സ്വർഗത്തിലേക്കു പോകുന്ന മിശിഹായെ അവതരിപ്പിച്ചുകൊണ്ടാണ് വിവിരണം അവസാനിപ്പിക്കുന്നത് (ലൂക്കാ 1,6-25; 24,50-51). ഈ ആശീർവാദത്തിൻ്റെ പൗരോഹിത്യസ്വഭാവം ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

പഴയനിയമ ദൈവവചന വെളിച്ചത്തിൽ മിശിഹാരഹസ്യത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമത്തിൻ്റെ ഫലമാണ് ഹെബ്രായ ലേഖനത്തിൽ നമ്മൾ ദർശിക്കുന്നത്. ഉല്‌പ 14 ൽ പ്രത്യക്ഷപ്പെടുന്ന മെൽക്കിസേദെക്കിന്റെയും അദ്ദേഹത്തെ മിശിഹായുമായി ബന്ധപ്പെടുത്തി സങ്കീ 110,7 ൽ കാണുന്ന പരാമർശത്തിന്റെയും പശ്ചാത്തലത്തിൽ നസ്രായനായ ഈശോയ്ക്കു നല്കുന്ന വ്യാഖ്യാനമാണ് ഈ ലേഖനത്തിലുള്ളത്. കൂടാതെ, സത്യത്തിൻ്റെ പൂർണതയിലേക്കു തന്റെ സഭയെ നയിക്കുന്ന പരിശുദ്ധ റൂഹായുടെ (യോഹ 16,13) നിരന്തര പ്രവർത്തനത്തിൻ്റെ ഭാഗമായും ഈ ലേഖനത്തെ കാണാം. 

മിശിഹായുടെ പൗരോഹിത്യത്തെ ഇവിടെ അവതരിപ്പിക്കുന്നത് പഴയനിയമശൈലിയിൽ തന്നെയാണ്. ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി പരിഹാരബലി അർപ്പിക്കുക എന്നതാണു പഴയനിയമത്തിൽ പുരോഹിതൻ ധർമം (ലേവ്യർ 16,15). ആണ്ടിലൊരിക്കൽ പ്രധാനപുരോഹിതൻ പാപപരിഹാരദിനത്തിൽ ബലിമൃഗത്തിന്റെ രക്തവുമായി ജറുസലേം ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ച്, വാഗ്‌ദാനപേടകത്തെ ആവരണം ചെയ്തിരുന്ന കൃപാസനത്തിനുമീതെ ആ രക്തം തളിച്ചാണ് ജനത്തിന്റെ പാപങ്ങൾക്കു പരിഹാരമനുഷ്‌ഠിച്ചിരുന്നത്. ഈശോ ഇതെങ്ങനെ തന്റെ മരണത്തിലൂടെ പൂർത്തിയാക്കി എന്നാണ് ഒമ്പതാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. 

മോശയുടെ നിയമപ്രകാരം, ദൈവത്തെ സമീപിക്കാനായി പുരോഹിതൻ ജനത്തിൽനിന്നു വേർതിരിക്കപ്പെട്ടവനാകണമെങ്കിൽ (ലേവ്യർ 8-10), ഈശോയുടെ കാര്യത്തിൽ മറിച്ചായിരുന്നു. കാരുണ്യവാനും ദൈവികകാര്യങ്ങളിൽ വിശ്വസ്‌തനായ ഉന്നത പുരോഹിതനായി, ജനത്തിൻ്റെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ, അവിടുന്ന് സകലതിലും തൻ്റെ സഹോദരരോടു സദൃശനാവുക ആവശ്യകമായിരുന്നു (2,17). മനുഷ്യരുടെ സകല അനുഭവങ്ങളിലും (പാപമൊഴികെ) പരീക്ഷണങ്ങളിലും സഹനങ്ങളിലും പങ്കുപറ്റുന്ന പുരോഹിതനായിക്കൊണ്ടാണ് മിശിഹാ തൻ്റെ ദൗത്യം നിറവേറ്റിയത്. 

ഈ ഉന്നതപുരോഹിതൻ കാരുണ്യവാനും ദൈവിക കാര്യങ്ങളിൽ വിശ്വസ്തനുമാണ്. ദൈവിക കാര്യങ്ങളിൽ വിശ്വസ്തനായ ഒരു പുരോഹിതനെക്കുറിച്ചു ദൈവം പഴയനിയമത്തിൽ ഇപ്രകാരം വാഗ്ദാനം ചെയ്തിട്ടുണ്ട്: എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ ഞാൻ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച് അവൻ പ്രവർത്തിക്കും (1 സാമു 2,35). പുരോഹിതനു വിശ്വസ്തത കൂടിയേ തീരു എന്നതു പഴയനിയമ കാലത്തു തന്നെയുള്ള ചിന്തയാണ് (1 സാമു 2,34). ദൈവികകാര്യങ്ങളുടെ കാര്യസ്ഥനിൽനിന്നു വിശ്വസ്‌തത പ്രതീക്ഷിക്കുന്നു എന്ന് പുതിയ നിയമവും പഠിപ്പിക്കുന്നുണ്ടല്ലോ. പിതാവായ ദൈവത്തിന്റെ പദ്ധതിപ്രകാരം ജീവിക്കുന്ന ഒരു പുരോഹിതനായാണ് മിശിഹാ അവതീർണനായത്. വിശ്വസ്തനായ ഈ പുരോഹിതമിശിഹായെക്കുറിച്ചാണു ഹെബ്രാ 3,1-6 ൽ പ്രതിപാദിക്കുന്നത്. 

ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്ന ഈ പുതിയനിയമ പുരോഹിതൻ ദൈവത്തിൻ്റെ സ്വഭാവസവിശേഷത കരുണയോടുകൂടിയവനാണ്. കാരുണ്യവാനായാണ് പഴയനിയമം ദൈവത്തെ അവതരിപ്പിക്കുന്നത് (പുറ 34,6; സങ്കീ 25, 10; 57,4; 61,8). ഈശോ കാരുണ്യവാനായ നിത്യപുരോഹിതനാണ് എന്നതു ഹെബ്രായ ലേഖനത്തിലെ മുഖ്യ ആശയമാണ് (4,14-5,10). ഇതിനടിസ്ഥാനം മനുഷ്യവർഗത്തോടുള്ള അവിടുത്തെ ഏകീഭാവമാണ്. പൂർണ മനുഷ്യനും പൂർണദൈവവുമാകയാൽ ഈശോ ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഏക മദ്ധ്യസ്ഥനായി. ശ്രേഷ്‌ഠപുരോഹിതനായ മിശിഹാ, പാപംമൂലം മനുഷ്യവർഗത്തിനു നഷ്ടമായ ദൈവവുമായുള്ള സൗഹൃദവും ദൈവികജീവനും വീണ്ടുനല്കി. പാപമൊഴികെ അവിടുന്നു എല്ലാക്കാര്യങ്ങളിലും മറ്റേതൊരു മനുഷ്യവ്യക്തിയെയും പോലെയായിരുന്നു. 

ക്രിസോസ്തോമിൻ്റെ വാക്കുകളിൽ: മഹോന്നതനും ദൈവിക മഹത്വത്തിന്റെ പ്രതിഫലനവും ദൈവികസത്തയുടെ പ്രതിരൂപവും സർവലോകത്തിന്റെ്റെയും സ്രഷ്‌ടാവും പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനുമായിരിക്കുന്നവനുമായവൻ നമ്മിൽ ഒരുവനെപ്പോലെയാകാൻ തിരുമനസ്സായി. ഇതിനുവേണ്ടി അവിടുന്നു മാലാഖമാരെയും സ്വർഗീയശക്തികളെയുംവിട്ട് നമ്മുടെ പക്കലെത്തി. നമ്മുടെ മനുഷ്യപ്രകൃതി സ്വീകരിച്ച അവിടുന്ന് മരണത്തെ നശിപ്പിക്കുകയും സാത്താന്റെ ആധിപത്യം അവസാനിപ്പിച്ച് നമ്മെ അടിമത്തത്തിൽ നിന്നു വിമോചിപ്പിക്കുകയും ചെയ്‌തു... പിതാവിൻ്റെ പക്കൽ നമുക്കു വേണ്ടി ഉന്നതപുരോഹിതനടുത്ത ദൗത്യം നിർവഹിക്കാനും അവിടുന്നു തയ്യാറായി. ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ ഉന്നത പുരോഹിതനുമായി. ഇക്കാരണത്താലാണ് അവിടുന്ന് നമ്മുടെ മനുഷ്യപ്രകൃതി സ്വീകരിച്ചത്. മനുഷ്യ കുലത്തോടുള്ള അതിരറ്റ കാരുണ്യത്തിൻ്റെയും സ്നേഹത്തിന്റെയും പ്രകാശമനമാണിത്. മരണഭീതിയിൽ നിലത്തുവീണു മരണത്തോടു മല്ലടിച്ചു കഴിയുന്ന നമ്മെ കണ്ടു മനസ്സലിഞ്ഞ അവിടുത്തേക്ക് നമ്മുടെമേൽ അനുകമ്പ തോന്നി.  

മിശിഹാ പീഡയനുഭവിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതിനാൽ, പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ അവിടുത്തേക്കു കഴിയുന്നു (2,18). പരസ്യജീവിതാരംഭത്തിൽ മരുഭൂമിയിൽ വച്ച് അവിടുന്ന് സാത്താനാൽ പരീക്ഷിക്കപ്പെട്ടത് സുവിശേഷകന്മാർ വിവിരക്കുന്നുണ്ട് (മർക്കോ 1,12-13; മത്താ 4,1-11; ലൂക്കാ 4,1-12). യഹൂദപ്രമാണിമാരും ഫരിസേയരും പരസ്യജീവിതത്തിലുട നീളം അവിടുത്തെ പരീക്ഷിക്കുകയായിരുന്നു. കുരിശിൽ മരിക്കുമ്പോൾപോലും അവർ അവിടുത്തെ പരീക്ഷിക്കുന്നതു നമ്മൾ കാണുന്നുണ്ട് (മർക്കോ 15,29-32). അവിടുന്നു പീഡ സഹിച്ചത് മനുഷ്യരക്ഷയ്ക്കുവേണ്ടിയായിരുന്നു. അതോടൊപ്പം തന്നെ സഹനങ്ങളിൽ നമുക്കു ശക്തിപകരാനും നമുക്കു മാതൃകയാകാനും വേണ്ടി കുടിയായിരുന്നു അത്. ദൈവം തനിക്കു നല്‌കിയ മക്കളായ മറ്റു മനുഷ്യരോടു സ്വയം താദാത്മ്യപ്പെടുത്തുന്ന ഈശോ യഥാർത്ഥത്തിൽ മനുഷ്യവർഗം മുഴുവന്റെയും നായകനാണ്. പുരോഹിതനെന്ന നിലയിൽ അവിടുന്നു നമ്മെ നയിക്കുന്നത് ദൈവസന്നിധിയിലേക്കാണ് (7,19; 9,12.24). 

മിശിഹാ എന്തുകൊണ്ടു മനുഷ്യനായി എന്ന ചോദ്യമാണു 2,14-18 ൽ ചർച്ചചെയ്യുന്നത്. നമ്മുടെ മനുഷ്യത്വത്തിൽ പങ്കുചേരുക വഴി, നമ്മെ അടിമകളാക്കിവച്ചിരുന്ന സാത്താനിലും മരണഭയത്തിലും നിന്നു നമ്മെ വിമോചിപ്പിക്കാനായിരുന്നു അത്. മനുഷ്യ സാദൃശ്യം അവിടുന്നു സ്വീകരിച്ചത് അബ്രാഹത്തിൻ്റെ സന്തതികളെ രക്ഷിക്കാൻവേണ്ടിയായിരുന്നു. അബ്രാഹം ഇസ്രായേൽക്കാരുടെ മാത്രം പിതാവല്ലല്ലോ. ആർക്കെല്ലാം അനുഗ്രഹമാകാൻ വേണ്ടിയാണോ അബ്രാഹം വിളിക്കപ്പെട്ടത് (ഉല്‌പ 12,3) അവരുടെയെല്ലാം പിതാവുകൂടിയാണദ്ദേഹം. പരിപൂർണ മനുഷ്യനായതുകൊണ്ടു കൂടിയാണ് ഈശോയ്ക്ക് ദൈവിക കാര്യങ്ങളിൽ വിശ്വസ്തനും കാരുണ്യവാനുമായ പുരോഹിതനും ജനത്തിന്റെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്ന ബലിവസ്‌തുവും ആകാൻ സാധിച്ചത്. സഹനങ്ങളിലൂടെ പരീക്ഷിക്കപ്പെട്ടതുകൊണ്ടാണ് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ അവിടുത്തേക്കു സാധിക്കുന്നത്. മിശിഹായുടെ പൗരോഹിത്യത്തെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങൾ 5-10 അദ്ധ്യായങ്ങളിൽ വികസിപ്പിക്കും.

ഭാഗം രണ്ട് (3, 1-4,16) 

ഉന്നതപുരോഹിതൻ്റെ

സവിശേഷതകൾ 

1. വിശ്വസ്ത പുരോഹിതൻ (3,1-6) 

3,1 സ്വർഗീയവിളിയിൽ പങ്കാളികളായ വിശുദ്‌ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹായും ശ്രേഷ്ഠപുരോഹിതനുമായ ഈശോയെപ്പറ്റി ചിന്തിക്കുവിൻ. 

3,2 മോശ ദൈവത്തിൻ്റെ ഭവനത്തിൽ വിശ്വസ്തനായിരുന്നതുപോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്‌തനായിരുന്നു. 

3,3 ഈശോ മോശയെക്കാൾ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവൻ വീടിനെക്കാൾ പ്രാധാന്യമർഹിക്കുന്നതുപോലെതന്നെ. 

3,4 ഓരോ വീടിനും നിർമാതാവുണ്ടല്ലോ. എന്നാൽ സകലത്തിൻ്റെയും നിർമാതാവ് ദൈവമാണ്. 

3,5 പറയപ്പെടാനിരുന്ന കാര്യങ്ങൾക്കു സാക്ഷ്യം നൽകുന്നതിനു ദൈവത്തിൻ്റെ ഭവനം മുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. 

3,6 മിശിഹായാകട്ടെ, അവിടുത്തെ ഭവനത്തിൽ പുത്രനെപ്പോലെയാണ്. ആത്‌മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനംവരെ നാം മുറുകെപ്പിടിക്കുമെങ്കിൽ നാം അവിടുത്തെ ഭവനമായിരിക്കും. 

2,17 ൽ അവതരിപ്പിച്ച പുരോഹിതനായ മിശിഹായെക്കുറിച്ചാണു തുടർന്നു പ്രതിപാദിക്കുന്നത്. ഇസ്രായേലിൻ്റെ മത-സാമൂഹിക ജീവിതത്തിൽ നെടുനായകത്വം വഹിച്ച മോശയുമായി താരതമ്യപ്പെടുത്തിയാണ് ഇതു നിർവഹിക്കുന്നത്. വിശ്വസ്‌തനും കാരുണ്യവാനുമായ പുരോഹിതനാണ് ഈശോമിശിഹാ. ഈ പുരോഹിതനെ സൂക്ഷിച്ചു വീക്ഷിക്കാനുള്ള ആഹ്വാനമാണ് ലേഖകൻ പുതിയ അദ്ധ്യായാരംഭത്തിൽ നല്‌കുന്നത്. 

രണ്ടാമദ്ധ്യായത്തിലെന്നതുപോലെ (2,1-4), ഒരാഹ്വാനവുമായാണ് മൂന്നാമദ്ധ്യായവും ആരംഭിക്കുന്നത്: "സ്വർഗീയവിളിയിൽ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹായും മഹാപുരോഹിതനുമായ ഈശോമിശിഹായെപ്പറ്റി ചിന്തിക്കുവിൻ" (3,1). ക്രിസ്‌തീയ അസ്‌തിത്വത്തെ 'സ്വർഗീയവിളി' എന്നാണു വിശേഷിപ്പിക്കുന്നത്. ഈ വിളി സ്വർഗത്തിൽനിന്ന് അതായത് ദൈവകൃപയിൽനിന്ന് ആയതിനാലും, സ്വർഗം ലക്ഷ്യംവച്ചുള്ളതായതിനാലുമാണ് ഈ വിശേഷണം. 'വിശുദ്ധ സഹോദരർ' എന്നു ക്രിസ്‌ത്യാനികളെ ഹെബ്രായലേഖകന അഭിസംബോധന ചെയ്യുന്നത്, അവർ മിശിഹായുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടവരായതു കൊണ്ടാണ്. മാമ്മോദീസായിലൂടെയാണ് വിശ്വാസികൾ ഈ വിശുദ്ധിയിൽ പങ്കുചേരുന്നത്.. ഈശോമിശിഹായിൽ വിശ്വസിക്കുന്ന എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം അനുസ്‌മരപ്പിക്കുന്നതാണ് ഈ സംബോധന. പൗലോസ് ശ്ലീഹായുടെ മിക്ക ലേഖനങ്ങളുടെയും പ്രാരംഭത്തിൽ ഈ അഭിസംബോധന കാണാം (റോമാ 1,7; 16,2; 1 കോറി 1,2; 2കോറി 1,1). വിശുദ്ധജനമാകാനുള്ള വിളിയാണു തങ്ങൾക്കുള്ളതെന്ന് ക്രൈസ്തവർക്ക് എന്നും ബോദ്ധ്യമുണ്ടായിരുന്നു. ഉദാഹരണത്തിനു വി. ജസ്റ്റിൻ ഇപ്രകാരം എഴുതുന്നു: നമ്മൾ വെറുമൊരു ജനമല്ല; നമ്മൾ വിശുദ്ധജനപദമാണ്... ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനം.' 

'വിശുദ്ധ സഹോദരർ' എന്നാണു ക്രിസ്ത്യാനികൾ വിശേഷിപ്പിക്കപ്പെടുന്നത്. മിശിഹായിലുള്ള വിശ്വാസമാണ് ക്രൈസ്തവരെ പരസ്പ‌രം ബന്ധിപ്പിക്കുകയും സഹോദരരാക്കുകയും ചെയ്തിരിക്കുന്നത്. തന്നിൽ വിശ്വസിക്കുന്നവരെ 'സഹോദർ' എന്നു വിളിക്കാൻ അവിടുന്നു ലജ്ജിക്കുന്നില്ല (2,11-12). മിശിഹായുടെ സഹോദരർ എന്നനിലയിൽ പരമപരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധിയിലും അവിടുത്തോടൊത്തുള്ള ജീവിതത്തിലും പങ്കുചേരാൻ വിളിക്കപ്പെട്ടവരാണു ക്രൈസ്‌തവർ. സ്വർഗീയ ഓർശെമിൽ നമുക്കുവേണ്ടി പുരോഹിതശുശ്രൂഷ നിർവഹിക്കുന്ന മിശിഹായിൽ ശ്രദ്ധ ഉറപ്പിക്കാനാണ് ആഹ്വാനം. സത്യവിശ്വാസത്തിൽനിന്നു മാറിപ്പോകാനുള്ള പ്രലോഭനമുണ്ടാകുന്നത് ഈ ശ്രദ്ധ പതറിപ്പോകുന്നതു മൂലമാണ്. മിശിഹാ നമുക്കുവേണ്ടി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ മനസ്സിലുണ്ടെങ്കിൽ നമുക്കു വഴി തെറ്റിപ്പോവുകയില്ല. 

ഈശോയെ 'ശ്ലീഹാ' എന്നു വിശേഷിപ്പിക്കുന്ന ഏക വിശുദ്ധ ഗ്രന്ഥരംഗം ഇതാണ്. 'അയയ്ക്കപ്പെട്ടവൻ' എന്നാണല്ലോ ശ്ലീഹാ (അപ്പ‌സ്തോലൻ) എന്ന വാക്കിൻ്റെ അർത്ഥം. പിതാവായ ദൈവം അയച്ച അവസാന വചനം ഈശോയാണ് (1,2). വിശുദ്ധ ജസ്റ്റിൻ ഇതെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: മിശിഹാ 'ശ്ലീഹാ' എന്നു വിളിക്കപ്പെടുന്നത്, പിതാവിനു നമ്മോടു പറയുവാനുള്ള കാര്യങ്ങൾ വെളിപ്പെടുത്താനും പ്രഘോഷിക്കാനുമായി അയയ്ക്കപ്പെട്ടിരിക്കുന്ന തുകൊണ്ടാണ്. “എന്നെ കേൾക്കുന്നവൻ എന്നെ അയച്ചവനെ കേൾക്കുന്നു" എന്ന അവിടുത്തെ വാക്കുകൾതന്നെ ഇതാണല്ലോ വ്യക്തമാക്കുന്നത്. 

യോഹന്നാന്റെ സുവിശേഷം 9-ാം അദ്ധ്യായത്തിൽ ജന്മനാ അന്ധനായിരുന്നവൻ്റെ കണ്ണിൽ ചേറുപൂശിയിട്ട് 'ശീലോഹാ' കുളത്തിൽ പോയി കഴുകാൻ ആവശ്യപ്പെടുന്നിടത്ത് (9,7) ഈ പദത്തിന്റെ അർത്ഥം 'അയയ്ക്കപ്പെട്ടവൻ' എന്നാണ് എന്നു സുവിശേഷകൻ പ്രത്യേകം എടുത്തുപറയുന്നുണ്ടല്ലോ. ഇവിടെ പരോക്ഷമായാണെങ്കിലും വിവക്ഷിക്കുന്നത് മിശിഹായെ തന്നെയാണ് എന്ന് ആദിമസഭാപിതാക്കന്മാരായ ഒരിജനും ഇരണേവൂസുമൊക്കെ അഭിപ്രായപ്പെടുന്നുണ്ട്. 

“നമ്മൾ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹാ' എന്നാണ് ഹെബ്രായ ലേഖകൻ ഈശോയെ വിശേഷിപ്പിച്ചിരിക്കുന്നത്. മാമ്മോദീസായുടെ വേളയിൽ നമ്മൾ ആരംഭിച്ച ഏറ്റുപറച്ചിലാണ് ഇവിടെ വിവക്ഷിതം. ഈശോ ദൈവപുത്രനും രക്ഷകനായ മിശിഹായുമാണ് എന്നു വിശ്വസിച്ച് ഏറ്റുപറയുന്നവരെ മാത്രമാണല്ലോ മാമ്മോദീസാ മുക്കിയിരുന്നത്. വിശ്വസിക്കാൻ ആരംഭിച്ചപ്പോൾ ഏറ്റുപറഞ്ഞ വിശ്വാസമാണ് പരീക്ഷണങ്ങളിൽ ക്രൈസ്തവർക്കു ശക്തി പകർന്നുനല്‌കുന്നത്. ഈ പരീക്ഷണങ്ങൾ തന്നെയും വിശ്വാസം ഏറ്റുപറയുന്നതിനുള്ള അവസരങ്ങൾ ആകുകയുവേണം. 

വചനമെന്ന നിലയിലുള്ള മിശിഹായുടെ ദൗത്യത്തെയും അവിടുത്തെ പൗരോഹിത്യത്തെയും ഒന്നിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈശോയെ ദൈവത്താൽ അയയ്ക്കപ്പെട്ട ശ്ലീഹായും പ്രധാനപുരോഹിതനുമായി അവതരിപ്പിക്കുകവഴി, അവിടുത്തെ നിയോഗിച്ചയച്ച ദൈവത്തോടുള്ള അവിടുത്തെ വിശ്വസ്‌തത വെളിവാക്കുന്നു. മോശയുമായി താരതമ്യപ്പെടുത്തിയാണ് ഈശോയുടെ വിശ്വസ്തത തെളിയിക്കുന്നത്. സീനായ് ഉടമ്പടിയുമായി ബന്ധപ്പെട്ടു മോശ പുരോഹിതധർമം നിർവഹിച്ചതിനെപ്പറ്റി ഹെബ്രായ ലേഖകൻ പിന്നീടു പ്രതിപാദിക്കും (9,19-20). ദൈവജനമായ ഇസ്രായേലിന്റെ ഭവനംമുഴവനിലും വിശ്വസ്‌തനായ ശുശ്രൂഷകൻ അഥവാ ദാസനായിരുന്നല്ലോ മോശ (സംഖ്യ 12,7-8). ഭവനം പണിയുന്നവന്റെ മഹത്വം ഭവനത്തെക്കാൾ വലുതായിരിക്കുന്നതുപോലെ, ഇസ്രായേൽ ജനത്തിൻ്റെ കാരണഭൂതനായ ദൈവത്തിന്റെ പുത്രനായ ഈശോയുടെ മഹത്ത്വം മോശയുടെതിനെക്കാൾ ശ്രേഷ്ഠമാണ്. ഭവനത്തിൽ വിശ്വസ്തനായിരുന്ന മോശ ഭവനത്തിന്റെ ഭാഗമായിരുന്നു. പുത്രനായ മിശിഹാ ഭവനനിർമാതാവായ ദൈവത്തോടൊപ്പം ഭവനത്തിനുമേൽ അധിപനാണ്. ഒരു വലിയ ഭവനത്തിൽ പുത്രൻ സേവകരെക്കാൾ പ്രാധാന്യമർഹിക്കുന്നവൻ ആയിരിക്കുന്നതുപോലെ, ദൈവപുത്രനായ ഈശോയും ദൈവ ജനമാകുന്ന ഭവനത്തിൽ മോശയെക്കാൾ ശ്രേഷ്‌ഠനാണ്. അരുളിച്ചെയ്യപ്പെടാനിരുന്നവയുടെ സാക്ഷ്യത്തിനായി മോശ ദൈവഭവനം മുഴുവനിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്‌തനായിരുന്നു (3,5). സീനായ് ഉടമ്പടിയുമായി ബന്ധപ്പെട്ടു മോശ നിർവഹിച്ച സാക്ഷ്യം മിശിഹായിൽ വെളിവാക്കപ്പെടാനിരുന്ന (അരുളിച്ചെയ്യപ്പെടാനിരുന്ന 1,2; 2,3) പുതിയ ഉടമ്പടിയ്ക്കുള്ള സാക്ഷ്യമായിരുന്നു. ദൈവ ദാസനായ മോശയുടേതിനെക്കാൾ മെച്ചപ്പെട്ടതാണ് പുത്രനായ ഈശോയുടെ വിശ്വസ്തത. 

മോശയെയും ഈശോയെയും സൂചിപ്പിക്കാൻ 'ദൈവദാസൻ' എന്ന ഒരേ പദം തന്നെയാണ് ഉപയോഗിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഗ്രീക്കുഭാഷയിൽ 'ദാസൻ' എന്നർത്ഥം വരുന്ന പദത്തിന് (pais) പുത്രൻ എന്നുകൂടി അർത്ഥമുണ്ട് (നടപടി 3,13.26). ഏശയ്യായുടെ പുസ്‌തകത്തില സഹനദാസൻ (ഏശ 42,19; 49,1-7; 50,4-11; 52,12-53, 13) സ്വയം ശൂന്യനാക്കിയ ദൈവപുത്രൻ്റെ പ്രതിരൂപമാണ്. (ഫിലി 2,7-8)

ഇന്നത്തെ ദൈവഭവനം പുത്രനായ ഈശോയിൽ വിശ്വസിക്കുന്ന പുതിയനിയമ ദൈവജനമായ തിരുസഭയാണ് (1 തിമോ 3,15; 1 പത്രോ 4,17; എഫേ 2,19). ആത്മധൈര്യത്തോടും അവിടുന്നിലുള്ള പ്രത്യാശയോടുംകൂടെ അന്ത്യംവരെ ഉറച്ചുനിന്നാൽ നമ്മൾ തന്നെയായിരിക്കും അവിടുത്തെ ഭവനം. ഈശോയിലുള്ള വിശ്വാസത്തിൽ നിന്നു വ്യതിചലിച്ചാൽ നമ്മൾ അവിടുത്തെ ഭവനമല്ലാതായിത്തീരുകയും ചെയ്യും. പഴയനിയമ ദൈവജനത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥത്തിൽ പറയപ്പെട്ടിരിക്കുന്നതൊക്കെയും ഈ പുതിയനിയമ ദൈവജനത്തെ സംബന്ധിച്ചും വാസ്‌തവമാണ്. ഈ ദൈവജനത്തിൻ്റെ ഭാഗമാകുന്നതിന് രണ്ടു വ്യവസ്ഥകളാണ് നിർദ്ദേശിക്കപ്പെടുന്നത്: ആത്മധൈര്യവും മിശിഹായിലുള്ള പ്രത്യാശയിലുള്ള അഭിമാനവും. ഈശോയെ നാഥനും രക്ഷകനുമായി പ്രഘോഷിക്കുന്നതിൽ ശ്ലീഹന്മാർ പ്രദർശിപ്പിച്ച നിർഭയത്വമാണ് (നടപടി 4,13.29.31) ആത്മധൈര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. മിശിഹായുടെ രക്തത്താൽ കഴുകിശുദ്ധരാക്കപ്പെട്ട നമുക്കു ദൈവികസിംഹാസനത്തെ സമീപിക്കുന്നതിലുള്ള ധൈര്യമാണത് (ഹെബ്രാ 4,16; 10,9). പ്രത്യാശയിലുള്ള അഭിമാനമാകട്ടെ, യുഗാന്ത്യത്തിൽ നമ്മൾ മിശിഹായിൽനിന്നു പ്രാപിക്കാനിരിക്കുന്ന രാജ്യമാണ് (10,25; 12,28). ഈ പ്രത്യാശയിൽ മുറുകെപ്പിടിക്കാനുള്ള ആഹ്വാനം ഈ ലേഖനത്തിലുടനീളമുണ്ട് (3,14; 6,11-18; 10,28). 

യഹൂദജനതയുടെ അനിഷേധ്യനേതാവും വിമോചകനും നിയമദാതാവുമായ മോശയുമായി ഈശോയെ താരതമ്യപ്പെടുത്തുന്നത് മിശിഹായുടെ പൗരോഹിത്യത്തിൻ്റെ ശ്രേഷ്‌ഠത വ്യക്തമാക്കാനാണ്. കാരണം, അഹറോൻവംശത്തിനു പൗരോഹിത്യശുശ്രൂഷ ഏല്പ്പിച്ചുകൊടുക്കുന്നതിനുമുമ്പ് ഇസ്രായേൽജനത്തിനിടയിൽ പുരോഹിതധർമ്മം നിർവഹിച്ചിരുന്നത് മോശയായിരുന്നു. പിന്നീട്, ഇസ്രായേലിൻ്റെ ആരാധനാജീവിതത്തിനടിസ്ഥാനമായ ലേവായ പൗരോഹിത്യത്തിന് ആരംഭം കുറിച്ചതും മോശയാണ്. യഹൂദർക്ക് മോശ നിയമം മുഴുവനെയും പ്രതിനിധാനം ചെയ്യുന്നവനാണ്. അതേ പാരമ്പര്യംതന്നെയാണു ക്രൈസ്‌തവരും പിൻതുടരുന്നത്. രൂപാന്തരീകരണമലയിലെ മോശയുടെ സാന്നിധ്യംതന്നെ വിളിച്ചറിയിക്കുന്നത് ഈ യാഥാർത്ഥ്യമാണ്. അവിടെ മോശ ഈശോയോടൊപ്പമാണു കാണപ്പെടുന്നത്. ഈശോയുടെ സുവിശേഷത്തിന്റെ ഭാഗമാണു മോശയും. തിരുസഭയിൽ മോശയും തൻ്റെ പ്രബോധനം തുടരുന്നുണ്ട് (അംബ്രോസ്). ഞായറാഴ്‌ചകളിലും തിരുനാൾദിനങ്ങളിലും പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ മോശയുടെ ഗ്രന്ഥങ്ങളിൽനിന്നു പരസ്യമായി വായിക്കുന്നത് മിശിഹാസംഭവവുമായി മോശയ്ക്കുള്ള ബന്ധം വ്യക്തമാക്കാനാണ്. 

2,10-18 ൽ വിശദീകരിച്ച, മിശിഹായ്ക്കു നമ്മോടുള്ള സഹാനുഭുതി, ഈശോയിൽ ദൃഷ്‌ടികളുറപ്പിച്ചു ജീവിക്കാൻ നമ്മെ സഹായിക്കണം എന്നാണ് 3,1-6 ൽ ഹെബ്രായലേഖകൻ നിർദ്ദേശിക്കുന്നത്. മോശയിലേക്കു പിന്തിരിഞ്ഞു നോക്കുകയല്ല വേണ്ടത്, മോശതന്നെയും ആരുടെ പ്രതിരൂപമായിരുന്നുവോ ആ മിശിഹായിലേക്കു നോക്കി അവിടുന്നു കാണിച്ചുതരുന്ന സ്വർഗത്തിലേക്കു യാത്ര ചെയ്യണം എന്നാണ് ഉപദേശം.

2. വിശ്വാസരാഹിത്യത്തിനെതിരെ മുന്നറിയിപ്പ് (3,7-4,14) 

2.1. ഇസ്രായേലിൻ്റെ മരുഭൂമി അനുഭവത്തിൽനിന്നു പഠിക്കാനുള്ള പാഠം (3,7-11) 

3,7 പരിശുദ്‌ധാത്‌മാവു പറയുന്നതുപോലെ, 

3,8 ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രവിക്കുമ്പോൾ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 

3,9 അവിടെ നിങ്ങളുടെ പിതാക്കൻമാർ നാൽപതു വർഷം എന്നെ പരീക്ഷിക്കുകയും എൻ്റെ പ്രവൃത്തികൾ കാണുകയും ചെയ്തു. 

3,10 അതിനാൽ, ആ തലമുറയോടു ഞാൻ കോപിച്ചു പറഞ്ഞു: അവർ സദാ തങ്ങളുടെ ഹൃദയത്തിൽ തെറ്റു ചെയ്യുന്നു. എൻ്റെ വഴികൾ അവർ മനസ്‌സിലാക്കിയിട്ടില്ല. 

3,11 എൻ്റെ ക്രോധത്തിൽ ഞാൻ ശപഥം ചെയ്‌തു പറഞ്ഞതുപോലെ, അവർ ഒരിക്കലും എൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. 

അനുകരിക്കേണ്ട നല്ല മാതൃകകളും ഒഴിവാക്കേണ്ട ദുർമാതൃകകളും ചൂണ്ടിക്കാണിക്കുക എന്നത് ഏതൊരു നല്ല പ്രസംഗകന്റെയും ശൈലിയാണ്. മിശിഹാ പ്രദർശിപ്പിച്ച വിശ്വസ്‌തത ക്രിസ്‌തീയ വിശ്വാസികളിലും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹെബ്രായ ലേഖകൻ ഈജിപ്‌തിൽനിന്നു പുറപ്പെട്ട ഇസ്രായേൽജനത്തിനു മരുഭൂമിയിൽവച്ചുണ്ടായ അനുഭവം ഓർമ്മിപ്പിക്കുന്നു. സംഖ്യ 14 ന്റെ അടിസ്ഥാനത്തിൽ സങ്കീ 95,7-11 ഉദ്ധരിച്ചുകൊണ്ടാണ് ഇതു നിർവഹിക്കുന്നത്. 'പരിശുദ്ധാരൂപി ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു' എന്ന ആമുഖവചനം, തിരുലിഖിതം മുഴുവന്റെയും മുഖ്യ കർത്താവ് പരിശുദ്ധ റൂഹായാണ് എന്ന സത്യം അനുസ്‌മരിപ്പിക്കുന്നു. ഇന്നു നിങ്ങൾ ദൈവത്തിൻ്റെ സ്വരം ശ്രവിച്ചാൽ എന്നാരംഭിക്കുന്ന ഉദ്ധരണി (3,7; സങ്കീ 95,7), ഇസ്രായേൽജനം നാല്‌പതു വർഷക്കാലം മരുഭൂമിയിൽ കാണിച്ച ഹൃദയകാഠിന്യം (പുറ 17,7; സംഖ്യ 20,2-5) ഈശോയെ അനുഗമിക്കുന്നവർക്ക് ഉണ്ടാകരുത് (3,8-9; സങ്കീ 95,8-9) എന്ന ഉപദേശത്തിലെത്തി നില്ക്കുന്നു. ഇസ്രയേൽ ദൈവത്തോടു ധിക്കരിച്ച സ്ഥലം ഹീബ്രുഭാഷയിൽ 'മാസാ' (പരീക്ഷണം) എന്നും 'മെരീബാ' (കലഹിക്കൽ) എന്നുമാണ് അറിയപ്പെടുന്നത്. ആ തലമുറയെപ്പറ്റി മടുപ്പുതോന്നിയ ദൈവം, അവർ തൻ്റെ വിശ്രമത്തിൽ പ്രവേശിക്കുകയില്ല എന്ന ശപഥം ചെയ്തു (3,10-11; സങ്കീ 95,10-11). വാഗ്ദത്തഭൂമിയിലെ സമാധാനപൂർണമായ വാസമാണ് 'വിശ്രമം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് (സംഖ്യ 20,12; നിയമാ 12,9). മിശിഹാ സാധിച്ച രക്ഷയെ പഴയനിയമത്തിലെ പുറപ്പാടുസംഭവവുമായി താരതമ്യപ്പെടുത്തുന്നതും ആദിമ സഭയിലുണ്ടായിരുന്നതുമായ ശൈലിയുടെ ഭാഗമായി വേണം മനസ്സിലാക്കാൻ (1 കോറി 10,1-11). സ്വർഗീയ ജറുസലേമിലേക്കു കടന്നുപോകുന്നതിൻ്റെ ഭാഗമായി ഈശോ പൂർത്തിയാക്കിയ അവിടുത്തെ സഹന-മരണോത്ഥാനങ്ങളെ പുറപ്പാട് ആയി ലൂക്കാ 9,31 ൽ അവതരിപ്പിക്കുന്നുണ്ട്. ക്രൈസ്‌തവർ ഇതേ പാതയിൽ മിശിഹായെ അനുഗമിക്കുന്നവരാണ്. ഈ യാത്രയിൽ മടുപ്പുതോന്നാനുള്ള സാധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പിൻ്റെ പ്രസക്തി. 

2.2. വിശ്വസ്തരായിരിക്കാൻ ആഹ്വാനം (3,12-19) 

3,12 എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തിൽനിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്‌ടഹൃദയംമൂലം അകന്നുപോകാതിരിക്കാൻ ശ്രദ്‌ധിക്കുവിൻ. 

3,13 ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങൾ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങൾ പരസ്പരം ഉപദേശിക്കുവിൻ; ഇതു നിങ്ങൾ പാപത്തിന്റെ വഞ്ചനയാൽ കഠിനഹൃദയരാകാതിരിക്കുവാനാണ്. 

3,14 എന്തെന്നാൽ, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ പങ്കുകാരാവുകയുള്ളു. 

3,15 ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങൾ അവന്റെ സ്വരം ശ്രവിക്കുമ്പോൾ എതിർപ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 

3,16 ദൈവത്തിന്റെ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിർപ്പു കാണിച്ചില്ലേ? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്നു പുറത്തുവന്നവരല്ലേ അവർ? 

3,17 അവരുമായല്ലേ അവർ നാൽപതു വത്‌സരംമല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം മരുഭൂമിയിൽ നിപതിച്ചത്? 

3,18 അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്? 

3,19 അങ്ങനെ, അവിശ്വാസം നിമിത്തമാണ് അവർക്കു പ്രവേശിക്കാൻ സാധിക്കാതെവന്നതെന്നു നാം കാണുന്നു. 

തന്നോടു മറുതലിച്ച പുറപ്പാടു തലമുറയോടു ദൈവത്തിനുണ്ടായ കോപം അനുസ്‌മരിപ്പിച്ചുകൊണ്ട്, വിശ്വാസരാഹിത്യവും ഹൃദയകാഠിന്യവുംവഴി ജീവനുള്ള ദൈവത്തിൽനിന്ന് അകന്നു പോകാതിരിക്കാൻ ഹെബ്രായലേഖകൻ തുടർന്ന് ആഹ്വാനം ചെയ്യുന്നു (3,12). ദൈവം ജീവിക്കുന്നവനായി സ്വയം വെളിപ്പെടുത്തുന്നത് തന്റെ പ്രവൃത്തികളിലൂടെയാണ് (ജറെ 10,10). അവിടുത്തെ ഏറ്റവും മഹനീയമായ പ്രവൃത്തി ഈശോമിശിഹായിൽ പൂർത്തിയാക്കിയതാണ്. ക്രൈസ്തവ വിശ്വാസത്തിൽനിന്ന് അകന്നുപോകുന്നതു ജീവനുള്ള ദൈവത്തിൽനിന്നു തന്നെയുള്ള അകൽച്ചയാണ്. ഓരോ ദിവസത്തെയും രക്ഷയുടെ 'ഇന്ന്' ആയി പരിഗണിച്ചു കൊണ്ട് (4,2-11 കാണുക) പരസ്‌പരം ഉപദേശിക്കുവാൻ വിശ്വാസികളെ ലേഖനകർത്താവ് ആഹ്വാനം ചെയ്യുന്നു (3,13). വിശ്വാസത്യാഗത്തിലേക്കു നയിച്ചേക്കാവുന്ന ഹൃദയകാഠിന്യം പാപത്തിന്റെ (സാത്താന്റെ) വഞ്ചനയുടെ ഫലമാണ്. എന്തെന്നാൽ, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കിൽ മാത്രമേ നമ്മൾ മിശിഹായുടെ പങ്കുകാരാവുകയുള്ളു (3,14). ഉത്ഥിതനായ മിശിഹായ്ക്കു സ്വർഗത്തിലുള്ള മഹത്വമാണ് ഇവിടെ വിവക്ഷിതം. ക്രിസ്ത്യാനി ആയപ്പോൾ ഉണ്ടായിരുന്ന വിശ്വാസത്തിൽ അവസാനംവരെ നിലനില്ക്കുമെങ്കിൽ അവിടുത്തെ സ്വർഗീയ മഹത്ത്വത്തിൽ നമുക്കും പങ്കുലഭിക്കും. ഇസ്രായേൽ ജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്രമം ഈ സ്വർഗീയ മഹത്വത്തിൻ്റെ മുന്നോടി മാത്രമായിരുന്നു. ആരംഭത്തിലെ ഉദ്ധരണി ഒന്നുകൂടി ആവർത്തിച്ചു കൊണ്ടാണ് ഈ ഭാഗം അവസാനിപ്പിക്കുന്നത് (3,15; സങ്കീ 95,7-8): ഇന്നു നിങ്ങൾ അവന്റെ സ്വരം കേൾക്കുമെങ്കിൽ, അവനെ പ്രകോപിപ്പിക്കുവാൻ തക്കവിധം നിങ്ങൾ കഠിന ഹൃദയരാകരുത്. ഇസ്രായേൽജനതയുടെ ചരിത്രത്തിലെ സംഭവം ഉപയോഗിച്ചു തന്റെ ശ്രോതാക്കളെ സങ്കീർത്തകൻ പ്രബോധിപ്പിച്ചതുപോലെ ഹെബ്രായലേഖകനും തൻ്റെ തലമുറയിൽപ്പെട്ടവരെ അതേ രീതിയിൽ പഠിപ്പിക്കുന്നു. സ്വർഗീയഓർശെമിലേക്കുള്ള തീർത്ഥാടനത്തിലായിരിക്കുന്ന ക്രൈസ്‌തവരെ സംബന്ധിച്ച് ഈ മുന്നറിയിപ്പ് ഏറെ പ്രസക്തമാണ്. ഇസ്രായേൽ ജനത്തിനുണ്ടായ അപകടം സംഭവിക്കാതിരിക്കാൻ ഇതു സഹായകവുമാണ്. 

ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു കേൾവിക്കാരുടെ ചിന്തയെ ഉണർത്തുന്ന ഈ ലേഖനത്തിലെ ശൈലിയും സവിശേഷ ശ്രദ്ധയർഹിക്കുന്നു (3,16-19). "ശ്രവിച്ചിട്ടും അവനെ പ്രകോപിപ്പിച്ചവർ ആരാണ്? അതു മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന എല്ലാവരുമല്ലേ?" ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റു രണ്ടു ചോദ്യങ്ങൾകൊണ്ടുതന്നെ തുടർന്നു നല്‌കുന്നു: "പാപം ചെയ്തതിനാൽ, മരുഭൂമിയിൽ മരിച്ചു വീണവരോടല്ലാതെ മറ്റാരോടാണ്, നാല്പതു വത്സരം അവൻ കോപിച്ചത്? അനുസരിക്കാതിരുന്നവരോടല്ലാതെ മറ്റാരോടാണ്, തൻ്റെ വിശ്രമത്തിൽ പ്രവേശിക്കുകയില്ലെന്ന് അവൻ ശപഥം ചെയ്തത്?". സംഖ്യ 14,1-3ലും നിയമാ 1,19-40 ലും വിവരിക്കുന്ന സംഭവമാണ് ഇവിടെ സൂചിപ്പിക്കുന്നത്. വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കാറായപ്പോൾ, കാനാൻകാരുമായി ഉണ്ടാകുമെന്ന് ഇസ്രായേൽക്കാർ ഭയപ്പെട്ട യുദ്ധത്തെക്കുറിച്ചുള്ള ഭീതിയിൽ, അവിടേക്കു പോകാൻ അവർ വിസമ്മതിച്ചതായിരുന്നു അവരുടെ പാപം. അതുവരെ അവരെ നയിച്ചുകൊണ്ടിരുന്ന ദൈവത്തിലുള്ള വിശ്വാസക്കുറവായി ഇതിനെ പരിഗണിച്ചതിനാൽ, കാലെബും ജോഷ്വായുമെഴികെ മറ്റെല്ലാവരും മരുഭൂമിയിൽനവച്ചു മരിക്കുമെന്നു ദൈവം അറിയിച്ചു. വിശ്വസിക്കാതിരുന്നവർക്കു വാഗ്ദത്തഭൂമിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല (3,19). അവരുടെ അവിശ്വാസമാണ് അനുസരണക്കേടിലേക്കു നയിച്ചതെന്നു സാരം (സംഖ്യ 14,22-23). വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന ഏതു സ്വാധീനത്തിനു വിധേയരാകുന്നതുവഴിയും ഒരുവൻ്റെ ഹൃദയം കഠിനമായേക്കാം. അത് അനുസരണക്കേടിലേക്കു നയിക്കുകയും ചെയ്തേക്കാം. ഇതിനു പരിഹാരമായി ഹെബ്രായലേഖകൻ നിർദ്ദേശിക്കുന്നത് പരസ്‌പരമുള്ള ഉപദേശവും പ്രോത്സാഹനവുമാണ്. 

2.3. ദൈവജനത്തിനുള്ള വിശ്രമം (4,1-11) 

4,1 അവിടുന്നു നൽകുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനിൽക്കുമ്പോൾത്തന്നെ, അതിൽ പ്രവേശിക്കാൻ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം. 

4,2 അവർക്കെന്നതുപോലെതന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാൽ, അവർകേട്ട വചനം അവർക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവർ അതു വിശ്വസിച്ചില്ല. 

4,3 എന്നാൽ, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾത്തന്നെ അവിടുത്തെ ജോലി പൂർത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എൻ്റെ ക്രോധത്തിൽ ഞാൻ ശപഥം ചെയ്തതുപോലെ, അവരൊരിക്കലും എൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. 

4,4 ഏഴാം ദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കുംശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു: 

4,5 അവർ ഒരിക്കലും എൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. 

4,6 എന്നാൽ, ചിലർ ഇനിയും പ്രവേശിക്കാനുണ്ട്. മുൻപു സുവിശേഷം ശ്രവിച്ചവരാകട്ടെ, അനുസരണക്കേടുമൂലം പ്രവേശിച്ചിട്ടുമില്ല. 

4,7 അതിനാൽ, അവിടുന്ന് ഒരു പ്രത്യേക ദിവസം അതായത്, ഇന്ന് നിശ്ചയിച്ചിരിക്കുന്നു. അവിടുന്നു മുൻപു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങൾ അവൻ്റെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 

4,8 ജോഷ്വ അവർക്കു വിശ്രമം കൊടുത്തിരുന്നെങ്കിൽ, പിന്നീട്, ദൈവം മറ്റൊരു ദിവസത്തെപ്പറ്റി പറയുമായിരുന്നില്ല. 

4,9 അതിനാൽ, ദൈവജനത്തിന് ഒരു സാബത്തുവിശ്രമം ലഭിക്കാനിരിക്കുന്നു. 

4,10 എന്തെന്നാൽ, ദൈവത്തിൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കുന്നവൻ അവിടുത്തെപ്പോലെ തൻ്റെ ജോലിയിൽനിന്നു വിരമിക്കുന്നു. 

4,11 അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിനു നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാൻ ഉത്‌സുകരായിരിക്കാം.

ഇസ്രായേൽജനത്തിൽ അധിക പങ്കിനും ദൈവം വാഗ്ദാനം ചെയ്ത വിശ്രമത്തിൽ (വാഗ്‌ദത്തഭൂമിയിൽ) പ്രവേശിക്കാൻ സാധിക്കാതെ പോയതുപോലെ (3,16-19) നമുക്കും സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ട് നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം എന്ന ഉപദേശത്തോടെയാണു നാലാമദ്ധ്യായം ആരംഭിക്കുന്നത്. ദൈവം നല്‌കുന്ന വിശ്രമത്തിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇന്നും നിലനില്ക്കുന്നു. തൻ്റെ ശ്രോതാക്കളിൽ ആർക്കെങ്കിലും ഈ വിശ്രമത്തിൽ പ്രവേശിക്കാൻ സാധിക്കാതെപോകുമോ എന്നാണു ലേഖന കർത്താവിന്റെ ആശങ്ക. കാരണം, ഇസ്രായേൽജനത്തിന്റെ അവസ്ഥ തന്നെയാണ് ഇന്നു നമുക്കുമുള്ളത്. അവർക്കു ലഭിച്ചതുപോലെ തന്നെയാണു നമുക്കും സദ്‌വാർത്ത അഥവാ സുവിശേഷം ലഭിച്ചിരിക്കുന്നത്. കാനാൻ ദേശത്ത് ഇസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്രമം, ക്രൈസ്‌തവനു സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന വിശ്രമത്തിൻ്റെ മുന്നോടിയായതുകൊണ്ട്, പഴയനിയമവാഗ്ദാനത്തെ പുതിയനിയമ ഭാഷയിൽ 'സുവിശേഷം' എന്നു വിശേഷിപ്പിക്കുന്നു. മിശിഹായുടെ സുവിശേഷത്തിൻ്റെ മുൻരൂപമായിരുന്നല്ലോ അവരോടും പ്രഘോഷിക്കപ്പെട്ടത്. ഈജിപ്‌തിലെ അടിമത്തത്തിൽനിന്ന് അവർക്കു ലഭിച്ച വിമോചനം മിശിഹായിൽ ലഭ്യമായ യഥാർത്ഥ വിമോചനത്തിൻ്റെ മുന്നോടിയുമായിരുന്നു. ഇസ്രായേലിനു ലഭിച്ച സുവിശേഷം അഥവാ വചനം അവർക്കുപകരിച്ചില്ല. കാരണം, അവർ അതു വിശ്വസിച്ചില്ല. വിശ്വാസത്തിൽ സ്വീകരിക്കപ്പെടുമ്പോൾ മാത്രമാണ് സുവിശേഷം സുവിശേഷമാകുന്നത്. വിശ്വസിക്കാതിരുന്ന അവർക്കു സംഭവിച്ച അപകടം നമുക്കുമുണ്ടാകാനിടയുണ്ട്. അവരുടെ അനുഭവത്തിൽനിന്നു നാമൊരു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന വിശ്രമത്തിൽ പ്രവേശിക്കണമെങ്കിൽ വിശ്വാസത്തിൽ നിന്നുദ്ഭൂതമാകുന്ന അനുസരണം നമ്മുടെ ജീവിതത്തിലുമുണ്ടാകണം. എന്താണ് ഈ വിശ്രമം? കാനാൻ ദേശത്തുള്ള വാസം മാത്രമല്ല അത്. സ്വർഗീയ ഓർശെമിലുള്ള ജീവിതമാണത്. ഈശോമിശിഹായിൽ വിശ്വസിക്കുന്ന ഏവർക്കും ഇതൊരു സാധ്യതയായി നിലകൊള്ളുന്നു. 

വിശ്രമത്തിന്റെ ആശയം വ്യക്തമാക്കാനായി ഉല്പ 2,2 ൽ നിന്നു ലേഖനകർത്താവ് ഉദ്ധരിക്കുന്നു. ഏഴാം ദിവസം ദൈവം തന്റെ സൃഷ്ടികർമ്മത്തിൽനിന്നു വിരമിച്ചു വിശ്രമിച്ചു. സൃഷ്ടിയെക്കുറിച്ചു തനിക്കുള്ള പദ്ധതിയാണു ദൈവം ഇതിലൂടെ വ്യക്തമാക്കിയത്. ഇസ്രായേൽജനവുമായി ദൈവം സ്ഥാപിക്കാനിരുന്ന ഉടമ്പടിയുടെ അടയാളമായാണ് ഏഴാം ദിവസത്തെ സാബത്തായി അവിടുന്നു വേർതിരിച്ചത് (പുറ 20,11; 31,16-17). എന്തെങ്കിലും കുറെ കാര്യങ്ങൾ ചെയ്തുകൂട്ടുന്നതിലല്ല ജീവിതത്തിൻ്റെ അർത്ഥം; മറിച്ച്, ദൈവത്തോടുള്ള കൂട്ടായ്‌മയിൽ കഴിയുന്നതിലാണ് എന്നു പഠിപ്പിക്കാൻവേണ്ടിയാണ് സാബത്ത് ആചരിക്കാൻ ദൈവം ഇസ്രായേൽ ജനത്തോടു കല്പ്പിച്ചത്. ലോകസ്ഥാപനംമുതൽ ദൈവം അനുഭവിക്കുന്ന ഈ വിശ്രമത്തിൻ്റെ നിഴൽ മാത്രമാണ് ഇസ്രായേൽജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ഈശോയിൽ വിശ്വസിക്കുന്ന ഏവർക്കും ഇന്ന് ദൈവത്തിൻ്റെ വിശ്രമത്തിൽ പങ്കുലഭിക്കുന്നു. ദൈവത്തോടൊത്തുള്ള നിത്യജീവിതമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്ന വിശ്രമം (ഹെബ്രാ 12,26-28). സാബത്തുവിശ്രമം വരുവാനിരിക്കുന്ന ലോകത്തിൽ ദൈവത്തോടൊത്തു നമുക്കു ലഭിക്കാനിരിക്കുന്ന നിത്യവിശ്രമത്തിൻ്റെ പ്രതിരൂപമാണ്. പുതിയ ഉടമ്പടിയുടെ മെച്ചപ്പെട്ട വാഗ്ദാനവും (8,6) സ്വർഗീയനഗരവും (11,16) സൂചിപ്പിക്കുന്നത് ഈ നിത്യവിശ്രമത്തെയാണ്. സ്ഥായിയായ വിശ്വാസത്തിലൂടെ ഈ ദൈവികവാഗ്ദാനത്തെ നമ്മൾ മുറുകെ പിടിക്കുന്നെങ്കിൽ മാത്രമേ നമ്മൾ ഈ വിശ്രമത്തിന് അർഹരാവുകയുള്ളു. 

മോശയ്ക്കു പിന്നാലെ ഇസ്രായേൽജനത്തെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ജോഷ്വായാണ് അവരെ വാഗ്ദത്ത ഭൂമിയായ കാനാനിൽ പ്രവേശിപ്പിച്ചത്. കാനാൻ ദേശത്തെ ജീവിതമായിരുന്നു യഥാർത്ഥ വിശ്രമമെങ്കിൽ, ദാവീദിലൂടെ മറ്റൊരു വിശ്രമത്തെക്കുറിച്ചു ദൈവം സംസാരിക്കുകയില്ലായിരുന്നു (സങ്കീ 95,8). കാരണം, ജോഷ്വാ ഇസ്രായേൽജനത്തെ വാഗ്ദ‌ത്തഭൂമിയിൽ പ്രവേശിച്ചതിനു രണ്ടു നൂറ്റാണ്ടുകൾക്കുശേഷമാണല്ലോ ദാവീദ് ജീവിച്ചത് (ജോഷ്വായുടെ കാലഘട്ടം ബി.സി. 1200; ദാവീദിന്റേത് ബി.സി. 1000). വാഗ്ദ‌ത്തഭൂമിയായ കാനാനിൽ പാർത്തിരുന്ന ജനത്തോട്, "ഇന്നു നിങ്ങൾ അവൻ്റെ സ്വരം കേൾക്കുമെങ്കിൽ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്" എന്ന് ആഹ്വാനം ചെയ്യുന്നതിലൂടെ, ജനത്തിന് ദൈവത്തോടൊത്തുള്ള സാബത്തുവിശ്രമം പ്രാപിക്കാനുള്ള സാധ്യത 'ഇന്നും' നിലനില്ക്കുന്നു എന്നു സങ്കീർത്തകനായ ദാവീദ് പഠിപ്പിക്കുന്നു. നിത്യവിശ്രമത്തിലേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്ന ദൈവകൃപയുടെ സമയമാണ് 'ഇന്ന്' (2 കോറി 6,2). നമ്മെ സംബന്ധിച്ചു വലിയ ഉത്തരവാദിത്വത്തിന്റെ സമയവും; വിവേകപൂർവം തീരുമാനമെടുക്കാനും പ്രവർത്തിക്കാനുള്ള സമയം. ജോഷ്വാ ഇസ്രായേൽജനത്തിനു നല്കിയ വിശ്രമം, ഈശോ സകല ജനങ്ങൾക്കും നല്‌കാനിരുന്ന നിത്യജീവനാകുന്ന വിശ്രമത്തിന്റെ മുന്നോടി മാത്രമായിരുന്നു. 'ജോഷ്വാ' എന്ന ഹീബ്രു നാമത്തിന്റെ അറമായ രൂപമാണ് 'ഈശോ' എന്ന വസ്തുതയും ശ്രദ്ധേയമാണ് പഴയനിയമ ജോഷ്വായ്ക്കു നല്കാൻ സാധിക്കാതിരുന്ന യഥാർത്ഥ വിശ്രമം പുതിയനിയമ ജോഷ്വായായ ഈശോ സകലർക്കും നല്‌കുന്നു. 

അനുസരണമില്ലാത്തവരെപ്പോലെ വീണുപോകാതിരിക്കാൻ, ആ വിശ്രമത്തിൽ പ്രവേശിക്കുന്നതിനു നമുക്ക് ഉത്സാഹിക്കാം (4,11) എന്ന് ഹെബ്രായലേഖകൻ തുടർന്ന് ആഹ്വാനം ചെയ്യുന്നു. ഇവിടെയെല്ലാം ദൈവജനത്തിൻ്റെ ഒറ്റക്കെട്ടായ പരിശ്രമത്തെക്കുറിച്ചാണു പരാമർശം. വ്യക്തിപരമായി മാത്രം ആസ്വദിക്കേണ്ട ഒരു യാഥാർത്ഥ്യമല്ല ഈ വിശ്രമം. ദൈവജനം ഒന്നാകെ പ്രാപിക്കേണ്ടതാണിത്. സമൂഹമായാണ് നമ്മൾ രക്ഷിക്കപ്പെടുന്നത്. 

വിശ്രമത്തിലേക്കു പ്രവേശിക്കുക എന്നാൽ സ്വർഗത്തിൽ ദൈവസന്നിധിയിലേക്കു പോവുക എന്നു മാത്രമല്ല അർത്ഥം. ഈ ലോകജീവിതത്തിലെ ക്ലേശങ്ങളിലും അദ്ധ്വനങ്ങളിലും സഹനങ്ങളിലുംനിന്നു മുക്തിനേടുക എന്നുകൂടി അതിനർത്ഥമുണ്ട്. വെളിപാടു ഗ്രന്ഥകാരൻ ഇതെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: ഇനിമേൽ കർത്താവിൽ മരിക്കുന്ന പരേതർ ഭാഗ്യവാന്മാർ... കാരണം, അദ്ധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കും (വെളി 14,13). പക്ഷേ, ഭാവിയിലെ സ്വർഗീയ ജീവിതത്തെക്കാളുപരിയായി, ഇപ്പോൾതന്നെ മാമ്മോദീസായിലൂടെ ദൈവികജീവനിൽ പങ്കുചേർന്നുകൊണ്ട് ഈ ഭൂമിയിലുള്ള വിശ്വാസജീവിതവും മിശിഹാ പ്രദാനംചെയ്യുന്ന വിശ്രമത്തിലുള്ള പങ്കുചേരലാണ്. 'ഇന്ന്' എന്നു പല പ്രാവശ്യം ആവർത്തിക്കുന്നത് ഈശോയിലുള്ള വിശ്വാസത്തിലൂടെ നമ്മൾ ഈ ഭൂമിയിൽ വച്ചുതന്നെ അനുഭവിക്കുന്ന വിശ്രമത്തെ സൂചിപ്പിക്കാനാണ്.

2.4. ഇരുതലവാൾ (4,12-13) 

4,12 ദൈവത്തിൻ്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഇരുതലവാളിനെക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. 

4,13 അവൻ്റെ മുൻപിൽ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കൺമുൻപിൽ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്

മുമ്പു പ്രതിപാദിച്ചവയുടെ പശ്ചാത്തലത്തിൽവേണം ദൈവ വചനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന 4,12-13 വ്യാഖ്യാനിക്കാൻ. "ദൈവത്തിന്റെ വചനം സജീവവും പ്രവർത്തനനിരതവുമാണ്. ' ദൈവം തന്നെത്തന്നെയും തൻ്റെ രക്ഷാകരപദ്ധതിയെയും വെളിപ്പെടുത്തുന്നതു ദൈവവചനത്തിലൂടെയാണ്. ഈ വെളിപ്പെടുത്തൽ അതിന്റെ ഏറ്റവും ശ്രേഷ്‌ഠമായ രൂപം പ്രാപിച്ചത് നസ്രായൻ ഈശോയിലായതിനാൽ, സജീവവും ഊർജ്ജസ്വലവുമായ ഈ ദൈവവചനം ഈശോമിശിഹാ തന്നെയാണ്. അവിടുത്തെ സന്നിധിയിൽനിന്ന് ഒരു സൃഷ്ട‌ിയും മറഞ്ഞിരിക്കുന്നില്ല. എല്ലാം അവന്റെ കൺമുമ്പിൽ അനാവൃതവും സ്‌പഷ്‌ടവുമായിരിക്കുന്നു. ഈ ജ്ഞാനം ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് (നടപടി 1,24; 15,8). നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ മുമ്പിലാണ്. രക്ഷാകരമായ ഈ വചനം തന്നെയാണു നീതിവിധി പ്രസ്താവിക്കുന്നതും. "ഇരുമുനവാളിനെക്കാൾ മൂർച്ചയേറിയ അത്, പ്രാണനെയും ആത്മാവിനെയും സന്ധിബന്ധങ്ങളെയും മജ്ജയെയും അസ്ഥികളെയും പിളർന്ന് അകത്തു കടക്കുന്നതും ഹൃദയത്തിന്റെ ആഗ്രഹങ്ങളെയും ആലോചനകളെയും വിവേചിക്കുന്നതുമാണ്"(4,12). യോഹന്നാൻ ശ്ലീഹായ്ക്കുണ്ടായ ദർശനത്തിൽ, ഉത്ഥിതനായ മിശിഹായുടെ വായിൽനിന്ന് മൂർച്ചയുള്ള ഒരു ഇരുതലവാൾ പുറത്തേക്കു വരുന്നതു കാണാം (വെളി 1,16). തിന്മയെ കീഴടക്കുന്ന അവിടുത്തെ സർവാതിശായിയായ വചനത്തെയാണത് സൂചിപ്പിക്കുന്നത് (വെളി 19,15). പന്തക്കുസ്‌താദിനത്തിൽ വചനമായ മിശിഹായെക്കുറിച്ചുള്ള പത്രോസ്ശ്ലീഹായുടെ പ്രഘോഷണഫലമായി ശ്രോതാക്കളുടെ ഹൃദയം നുറുങ്ങുന്നതിനെക്കുറിച്ചും നമ്മൾ വായിക്കുന്നുണ്ടല്ലോ (നടപടി 2,37). തൻ്റെ ജനത്തിന്റെ ഹൃദയം ദൈവമായ കർത്താവ് എന്നേക്കും പരിച്ഛേദിക്കും (നിയമാ 30,6) എന്ന വാഗ്ദാനം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായിരുന്നത്. കാരണം, യഥാർത്ഥ പരിച്ഛേദനം ഹൃദയത്തിൻ്റേതാണ് (റോമാ 2,28-29). 

ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെയും കരുണയുടെയും വെളിപാടായ ദൈവവചനത്തിനു (മിശിഹായ്ക്കു മുമ്പിൽ എല്ലാം അനാവൃതമാണ് (ലൂക്കാ 12,2). അവിടുത്തെ മുമ്പിൽനിന്ന് ഒന്നും ഒളിച്ചുവയ്ക്കാനാവില്ല. ഈ സത്യമാണ് ഹെബ്രാ 4,13 ൽ വ്യക്തമാക്കുന്നത്: അവൻ്റെ സന്നിധിയിൽനിന്നു മറഞ്ഞിരിക്കുന്ന സൃഷ്ടിയില്ല. എല്ലാം അവൻ്റെ കൺമുമ്പിൽ അനാവൃതവും സ്പഷ്ടവുമായിരിക്കുന്നു. അവനോടാണു നാം സമാധാനം പറയേണ്ടത്. സങ്കീ 139,1-2.7-8 ൽ വിവരിക്കപ്പെടുന്ന യാഥാർത്ഥ്യവും ഇതുതന്നെയാണ്. 

പ്രാണനെയും ആത്മാവിനെയും സന്ധിബന്ധങ്ങളെയും മജ്ജയെയും അസ്ഥികളെയും പിളർന്ന് അകത്തു കടക്കുന്നതും ഹൃദയത്തിൻ്റെ ആഗ്രഹങ്ങളെയും ആലോചനകളെയും വിവേചിക്കുന്നതുമായ ദൈവവചനത്തിൻ്റെ മുമ്പിലുള്ള നമ്മുടെ ആത്മീയാവസ്ഥ, ദൈവതിരുമുമ്പിൽ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്ന ഒരു പ്രധാനപുരോഹിതൻ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. അപ്രകാരമൊരു ഉന്നതപ്രധാനപുരോഹിതൻ ഈശോമിശിഹായിൽ നമുക്കുണ്ട് എന്ന ആശ്വാസവചനമാണ് ഹെബ്രായ ലേഖകൻ തുടർന്നു നല്‌കുന്നത്.

 3. കാരുണ്യവാനായ ഉന്നതപുരോഹിതൻ (4,14-16) 

4,14 സ്വർഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതൻ, ദൈവപുത്രനായ ഈശോ, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. 

4,15 നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. 

4,16 അതിനാൽ, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം. 

ഈശോമിശിഹായുടെ ദൈവപുത്രത്വം സ്ഥാപിച്ചുകൊണ്ടണല്ലോ ഹെബ്രായലേഖകൻ തൻ്റെ പ്രസംഗം ആരംഭിച്ചത്. ലേഖനത്തിന്റെ ഈ ഭാഗത്ത്, ഈ ദൈവപുത്രൻ ഉന്നത പ്രധാന പുരോഹതൻ കൂടിയാണ് എന്നു സ്ഥാപിക്കുന്നു. 2,16-3,1 ൽ പറഞ്ഞു വച്ച കാര്യത്തിന്റെ തുടർച്ചയാണിത്. നമ്മൾ കണക്കു ബോധിപ്പിക്കേണ്ടതു ദൈവവചനമായ ഈശോയുടെ സന്നിധിയിലാണ് എന്ന സ്ഥാപിച്ചശേഷം ആ വചനത്തിൻ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച പ്രതിപാദിക്കുകയാണിവിടെ. ദൈവപുത്രനും സ്വർഗത്തിലേക്കു പ്രവേശിച്ചവനുമായ ഈശോമിശിഹാ എന്ന മഹാപുരോഹിതന നമുക്കുണ്ട്. അതിനാൽ അവനിലുള്ള വിശ്വാസം മുറുകെ പിടിച്ച കൊണ്ട് അവനെ ഏറ്റുപറയുന്നതിൽ നമുക്ക് ഉറച്ചുനില്ക്കാം എന്ന ഉപദേശവും (4,14) ഒപ്പമുണ്ട്. 

ഈശോയാകുന്ന പ്രധാനപുരോഹിതനു 'മഹാ' എന്ന വിശേഷണം ചേർത്തുപയോഗിക്കുന്നത് അവിടുന്ന് യഹൂദ പ്രധന പുരോഹിതരെക്കാൾ ശ്രേഷ്‌ഠനാണ് എന്നു വ്യക്തമാക്കാനാണ്. ഇസ്രായേലിലെ പ്രധാനപുരോഹിതർ ഓർശ്ലൈെം ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്ത് ആണ്ടിലൊരിക്കൽ പ്രവേശിച്ചിരുന്നെങ്കിൽ, ഈശോമിശിഹാ ഉന്നതപുരോഹിതനെന്ന നിലയിൽ സ്വർഗത്തിലേക്കാണു പ്രവേശിച്ചിരിക്കുന്നത്. ഈശോയുടെ സ്വർഗപ്രവേശത്തെക്കുറിച്ച് ആമുഖത്തിൽ പരാമർശിച്ചതാണല്ലോ (1,2-3). 

ഈശോ ദൈവപുത്രനും മിശിഹായുമാണ് എന്ന പ്രത്യേക സൂചന അവിടുത്തെ പൗരോഹിത്യത്തിൻ്റെ മഹനീയത വ്യക്തമാക്കുന്നതാണ്. പരമപരിശുദ്ധനായ ദൈവത്തിനും പാപികളായ മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനാകാൻ ഈശോയെ യോഗ്യനാക്കുന്നത് ഒരേസമയം അവിടുന്നു ദൈവപുത്രനും മനുഷ്യപുത്രനു (മിശിഹാ) മാണ് എന്ന വസ്തുതുതയാണ്. അവിടുന്നു സ്വർഗത്തിലേക്കു പ്രവേശിച്ചതോടെ നമ്മുടെ മനുഷ്യപ്രകൃതിയാണ് ദൈവസന്നിധിയിലെത്തിയിരിക്കുന്നത്. അത് നമുക്കും സ്വർഗത്തിലേക്കുള്ള വഴി തുറന്നു തരാൻ വേണ്ടിയായിരുന്നു (ഹെബ്രാ 2,10). ഇപ്രകാരമുള്ള നമ്മുടെ മദ്ധ്യസ്ഥനായ ഉന്നതപുരോഹിതനായ ഈശോമിശിഹായെ ഏറ്റു പറയുന്നതിൽ ഉറച്ചുനില്ക്കാനാണ് ഹെബ്രായ ലേഖകന്റെ ആഹ്വാനം (4,14). ലേഖനത്തിൽ പലയിടത്തും ഇതിനു സമാനമായ ആഹ്വാനമുണ്ട് (3,6.14; 10,23.35). കാരണം, ക്രിസ്‌തീയ വിശ്വാസം ഒരു സ്വകാര്യസംഗതിയല്ല; പരസ്യമായ ഏറ്റുപറച്ചിൽ ഈശോയിലുള്ള വിശ്വാസത്തിന്റെ അവശ്യഘടകമാണ് (മത്താ 10,32-33; റോമാ 10,9-10). 

നമ്മുടെ ബലഹീനതകളിൽ നമ്മോടു സഹതപിക്കാൻ കഴിവില്ലാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത് എന്ന വസ്തുത നമുക്കു വലിയ ആശ്വാസം നല്‌കുന്നതാണ്. പാപമൊഴികെ എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് അവിടുന്ന്. അതുകൊണ്ട് നമ്മുടെ മാനുഷിക ബലഹീനതകൾ അവനു ശരിക്കു മനസ്സിലാകും. അതിനാൽ, വേണ്ടസമത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം എന്ന് ലേഖകൻ ആഹ്വാനം ചെയ്യുന്നു (4,16). ഈ ലേഖനത്തിൽ പ്രധാന പുരോഹിതനായ മിശിഹായുടെയും (1,8) പിതാവായ ദൈവത്തിൻ്റെയും സിംഹാസനത്തെക്കുറിച്ചു (8,1; 10,19-22; 12,2) സൂചനകളുണ്ട്. മഹത്ത്വീകൃതനായ മിശിഹായുടെ സ്വർഗത്തിലുള്ള സാന്നിധ്യമാണ് പിതാവിന്റെ പക്കലേക്കു നമുക്കു പ്രവേശനം സാധ്യമാക്കുന്നത്. സ്വർഗത്തിലേക്കു കരേറ്റപ്പെട്ട മിശിഹായുടെ ഭരണത്തെക്കുറിച്ചു ലേഖനത്തിലുടനീളം പരാമർശങ്ങളുണ്ട്. സങ്കീ 110,1 ൻ്റെ ആവർത്തിച്ചുള്ള ഉപയോഗംതന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. 

'സ്വർഗത്തിലേക്കു കയറിയ പ്രധാനപുരോഹിതൻ' എന്ന പ്രയോഗം (4,14) പാപപരിഹാരദിനത്തിൽ അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിച്ച് ജനത്തിൻ്റെ പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കുന്ന പഴയനിയമ പ്രധാന പുരോഹിതനെ അനുസ്‌മരിപ്പിക്കുന്നതാണ് (ലേവ്യർ 16). അതിവിശുദ്ധ സ്ഥലത്തേക്കുള്ള വിരി കടന്ന് പ്രധാന പുരോഹിതൻ പ്രവേശിച്ചതുപോലെയാണ് ഈശോ തന്റെ ഉത്ഥാന-മഹത്ത്വീകരണത്തിലൂടെ സ്വർഗത്തിലേക്കു കടന്നത്. യഹൂദ പ്രധാനപുരോഹിതൻ ദൈവസാന്നിധ്യത്തിന്റെ പ്രതീകം മാത്രമായിടത്തേക്കാണു പ്രവേശിച്ചതെങ്കിൽ, ഈശോമിശിഹാ കടന്നുപോയത് സത്യദൈവത്തിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണ്. അതുകൊണ്ടുതന്നെ, മറ്റാരെയുംകാൾ പ്രധാനപുരോഹിതൻ എന്ന പേരിനർഹൻ ഈശോമിശിഹായാണ്. അവനിലുള്ള വിശ്വാസത്തെ നമുക്കു മുറുകെ പിടിക്കാം എന്നു പറയുമ്പോൾ, നമ്മുടെ പാപപരിഹാരാർത്ഥമുള്ള അവിടുത്തെ മരണത്തിൻ്റെ പ്രാധാന്യം ഏറ്റുപറയാം എന്നു തന്നെയാണർത്ഥം.

ഭാഗം മൂന്ന് 

മിശിഹാ: പരിപൂർണ്ണ
പുരോഹിതൻ 

1. മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള ഉന്നത പുരോഹിതൻ (5,1-10) 

5,1 ജനങ്ങളിൽനിന്നു ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതൻ, ദൈവികകാര്യങ്ങൾക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അർപ്പിക്കാനാണ്. 

5,2 അവൻതന്നെ ബലഹീനനായതുകൊണ്ട്, അജ്‌ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാൻ അവനു കഴിയും. 

5,3 ഇക്കാരണത്താൽ, അവൻ ജനങ്ങളുടെ പാപങ്ങൾക്കു വേണ്ടിയെന്നപോലെ, സ്വന്തം പാപങ്ങൾക്കു വേണ്ടിയും ബലി സമർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. 

5,4 അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല. 

5,5 അതുപോലെതന്നെ, മിശിഹായും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എൻ്റെ പ്രിയപുത്രനാണ്. ഇന്നു ഞാൻ നിനക്കു ജന്മമേകി എന്ന് അവനോടു പറഞ്ഞവൻ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്. 

5,6 അവിടുന്ന് വീണ്ടും പറയുന്നു: മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്

5,7 തൻ്റെ ഐഹിക ജീവിതകാലത്ത് മിശിഹാ, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർഥനകളും യാചനകളും സമർപ്പിച്ചു. അവൻ്റെ ദൈവഭയംമൂലം അവൻ്റെ പ്രാർഥന കേട്ടു

5,8 പുത്രനായിരുന്നിട്ടും, തൻ്റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു. 

5,9 പരിപൂർണനാക്കപ്പെട്ടതുവഴി അവൻ തന്നെ അനുസരിക്കുന്നവർക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി. 

5,10 എന്തെന്നാൽ, മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം അവൻ പ്രധാനപുരോഹിതനായി ദൈവത്താൽ നിയോഗിക്കപ്പെട്ടു. 

പഴയനിയമത്തിൽ ദൈവാലയവും പൗരോഹിത്യവും ദൈവത്തിന്റെ മഹാദാനങ്ങളാണ് (പുറ 29,44-46; ലേവ്യർ 16,30), മനുഷ്യനു ദൈവത്തോടു ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങളായാണ് ദൈവം അവ ക്രമീകരിച്ചിരുന്നത്. പരിശുദ്ധനായ ദൈവത്തോടു ബന്ധപ്പെടുവാനുള്ളവനായതുകൊണ്ട് പുരോഹതൻ ഈ ലോകത്തിൽനിന്നു വേർതിരിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഈ വേർതിരിവു തന്നെയായിരുന്നു പൗരോഹിത്യ വിശുദ്ധിയുടെ മാനദണ്ഡമാനമായി പരിഗണിച്ചിരുന്നതും. പുരോഹിതവസ്ത്രവും ശുദ്ധീകരണങ്ങളും പുരോഹിതാഭിഷേകവുമെല്ലാം ഈ വേർതിരിക്കൽ വ്യക്തമാക്കുന്നവയാണ്. എന്നാൽ, ദൈവപുത്രനായ ഈശോയ്ക്കു പുരോഹിതനാകാനായി മനുഷ്യരിൽനിന്നു വേർതിരിക്കപ്പെടേണ്ടതില്ലായിരുന്നു. മറിച്ച്, അവരോട് പരിപൂർണമായി താദാത്മ്യപ്പെടുകയാണ് ആവശ്യമായിരുന്നത്. 

മഹാപുരോഹിതൻ്റെ മൂന്നു സവിശേഷതകളാണ് ഹെബ്രായ ലേഖകൻ എടുത്തുകാണിക്കുന്നത്. 

(1) പുരോഹിതൻ മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവനാണ്; ദൈവത്താൽ നിയമിതനാണ്. ആരും സ്വമേധയായുള്ള ആഗ്രഹത്താൽ പുരോഹിതനാവുകയല്ല; ദൈവം തിരഞ്ഞെടുക്കുകയാണ്. 

(2) അവൻ ജനത്തെ ദൈവതിരുമുമ്പിൽ പ്രതിനിധീകരിക്കേണ്ടവനാണ്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ പാലമായി വർത്തിക്കേണ്ടവനാണവൻ. 

(3) അവൻ പാപപരിഹാർത്ഥമുള്ള ബലികളും കാഴ്ചകളും ദൈവതിരുമുമ്പിൽ അർപ്പിച്ചുകൊണ്ടാണു തന്റെ ദൗത്യം നിർവഹിക്കുന്നത്. 

പുരാതന ഇസ്രായേലിൽ ലേവിഗോത്രത്തിൽപ്പെട്ടവർക്കു മാത്രമായിരുന്നു പ്രധാന പുരോഹതരാകുവാൻ യോഗ്യയുണ്ടായിരുന്നത്. ഈ മാനദണ്ഡമനുസരിച്ച്, യൂദാഗോത്രത്തിൽ ജനിച്ച ഈശോയ്ക്ക് പ്രധാന പുരോഹിതനാകാൻ സാധ്യമായിരുന്നില്ല (7,14). എന്നാൽ, എന്താണ് നസ്രായനായ ഈശോയെ പ്രധാന പുരോഹിതനാക്കിയ സ്വഭാവസവിശേഷതകൾ എന്നാണ് 5,1-10 ൽ (7,1-28 ലും) വ്യക്തമാക്കപ്പെടുന്നത്. ഈശോയുടെ വ്യത്യസ്ത‌മായ ഈ പൗരോഹിത്യത്തിനു ക്രിസ്‌തീയജീവിതത്തിലുള്ള അനന്തര ഫലങ്ങളാണ് 5,11-6,20 ലെ ഉപദേശങ്ങളിലുള്ളത്. 

ലേവിഗോത്രത്തിൽ ജനിച്ചവനല്ലെങ്കിലും ഈശോയ്ക്ക് പ്രധാന പുരോഹിതനുവേണ്ട മറ്റെല്ലാ യോഗ്യതകളുമുണ്ട്. ഒന്നാമതായി, പ്രധാന പുരോഹിതനാകാൻ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണ് അവിടുന്ന്. നീ എൻ്റെ പുത്രനാകുന്നു. ഇന്നു നിനക്കു ഞാൻ ജന്മം നല്‌കി എന്നും മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ് (5,5) എന്നുമുള്ള തിരുലിഖിതഭാഗങ്ങൾ ദൈവത്തിൻ്റെ തിരഞ്ഞെടുപ്പാണു വ്യക്തമാക്കുന്നത്. രണ്ടാമതായി, പുരോഹിതൻ ദൈവത്തിനും മനുഷ്യർക്കു മിടയിലുള്ള മദ്ധ്യസ്ഥനാണ് (5,1). ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഈശോയെക്കാൾ പരിപൂർണനായ ഒരു മദ്ധ്യസ്ഥനുണ്ടാവുക അസാദ്ധ്യമാണ്. മൂന്നാമതായി, ജനത്തിൻ്റെ പാപങ്ങൾക്കായി പരിഹാരമനുഷ്ഠിച്ചത് തൻ്റെ സഹന-മരണോത്ഥാനങ്ങളിലൂടെയാണ്. തന്നെ അനുസരിക്കുന്ന അഥവാ തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവൻ നിത്യരക്ഷയുടെ ഉറവിടമായത് ഇതുവഴിയാണ്. മറ്റു പ്രധാന പുരോഹിതന്മാർക്ക് പാപപരിഹാരദിനത്തിലെ ബലിയർപ്പണംവഴി ഒരു വർഷത്തെ പാപത്തിൽനിന്നു മാത്രമേ മോചനം നേടാനായിരുന്നുള്ളു. മെൽക്കിസെദേക്കിൻ്റെ ക്രമമനുസരിച്ചുള്ള മഹാപുരോഹിതനായി ദൈവത്താൽ നാമകരണം ചെയ്യപ്പെട്ട (5,9-10) ഈശോമിശിഹായ്ക്കു മാത്രമേ നമ്മെ പാപത്തിൽനിന്ന് എന്നന്നേക്കുമായി മോചിപ്പിച്ചു നിത്യരക്ഷ പ്രദാനം ചെയ്യുനാവുകയുള്ളു. 

സ്വയം ബലഹീനനായതുകൊണ്ടു പ്രധാനപുരോഹിതന് അജ്ഞരും വഴിതെറ്റിയവരുമായ മറ്റു മനുഷ്യരോടു സഹതപിക്കാനാവും (5,2-3). (കരുതിക്കൂട്ടി അല്ലാതെ (സംഖ്യ 15,30), ബലഹീനതയോ അജ്ഞതയോമൂലം തെറ്റിൽ വീഴുന്ന മനുഷ്യരെയാണ് അജ്ഞരും വഴിതെറ്റിയവരുമായി കാണുന്നത്.) പഴയനിയമ പുരോഹിതൻ മറ്റേതൊരു മനുഷ്യനെയുംപോലെ ബലഹീനനും പാപിയുമായതുകൊണ്ട് തന്റെതന്നെ പാപങ്ങൾക്കു വേണ്ടികൂടി പരിഹാരമനുഷ്ഠിക്കേണ്ടതുണ്ടായിരുന്നു (ലേവ്യർ 16,6). പാപലേശ മില്ലാതിരുന്ന ഈശോയ്ക്ക് ഇതിൻ്റെ ആവശ്യമില്ലായിരുന്നുവെങ്കിലും, മറ്റാരെയുംപോലെ അവിടുന്നു പരീക്ഷിക്കപ്പെട്ടു (മത്താ 4,1-11). ഇപ്രകാരം മനുഷ്യവർഗത്തോടു പരിപൂർണമായി താദാത്മ്യപ്പെട്ട അവിടുത്തേക്ക് നമ്മുടെ ബലഹീനതകളിൽ നമ്മോടു സഹതപിക്കാനാവും. ഈശോയുടെ കുരിശിലെ ബലിയും അതുവഴി അവിടുത്തേക്കു കൈവന്ന മഹത്ത്വവുംമൂലം ധൈര്യപൂർവം ദൈവത്തിന്റെ സിംഹാസനത്തെ നമുക്കു സമീപിക്കാം (4,16). പ്രധാന പുരോഹിതൻ എന്ന നിലയിൽ അവിടുന്നു സാധ്യമാക്കിയ പുതിയ ബന്ധത്തിന്റെ ബലത്തിലാണ് ദൈവികസിംഹാനത്തെ സമീപിക്കാൻ നമുക്കു ധൈര്യമുള്ളത്. മിശിഹായിലൂടെ ദൈവസാന്നിധ്യം നമുക്ക് ഇന്നു കൃപാവരത്തിൻ്റെ സിംഹാസനമായി ഭവിച്ചിരിക്കുന്നു. അവിടെനിന്നു നമുക്കു കരുണയും (ചെയ്‌തുപോയ തെറ്റുകൾക്കുള്ള പാപമോചനം) കൃപാവരവും (ഭാവിയിൽ തെറ്റിൽ വീഴാതിരിക്കാനുള്ള അനുഗ്രഹം) പ്രതീക്ഷിക്കാം. മിശിഹായാണ് ദൈവസന്നിധിയിലേക്കുള്ള ഈ പ്രവേശനം സുസാധ്യമാക്കിത്തീർത്തത്. നമുക്കു മനോധൈര്യം പകർന്നു തരുന്നതും അവിടുന്നു തന്നെ. 

ക്രൈസ്‌തവവിശ്വാസത്തിലെ വിപ്ലവകരമായ വസ്തുത ദൈവം മനുഷ്യനായി എന്നതാണ്. ഈശോയുടെ മനുഷ്യാവതാരത്തിനുമുമ്പ് ദൈവം മനുഷ്യനാവുക എന്നതും മനുഷ്യന്റെ സഹനങ്ങളിൽ പങ്കുചേരുക എന്നതും അചിന്തനീയമായ സംഗതികളായിരുന്നു. അവിടുന്നു നമ്മിലൊരുവനെപ്പോലെയായി. പാപമൊഴികെ മറ്റെല്ലാ മാനുഷിക അനുഭവങ്ങളിലും അവിടുന്നു പങ്കുപറ്റി. 

6.3. സഹനത്തിലൂടെ അനുസരണം അഭ്യസിച്ചവൻ (5,7-10) 

സകല മനുഷ്യരെയുംപോലെ പരീക്ഷിക്കപ്പെട്ടതുകൊണ്ട് ഈശോ ബലഹീനമായ മനുഷ്യവർഗത്തോടു പരിപൂർണമായി താദാത്മ്യപ്പെട്ടവനാണ് (5,7-8). സഹനംവഴി അനുസരണം അഭ്യസിച്ച അവിടുന്ന് (5,8; റോമാ 5,19; ഫിലി 2,8) സകല മനുഷ്യരുടെയും ജീവിതാനുഭവത്തിൽ പങ്കുചേരുകയായിരുന്നു. ഗത്സേമനിയിലെ പ്രാർത്ഥനാരംഗം (മത്താ 26,36-46) മാത്രമല്ല (ഏദൻതോട്ടത്തിലെ അനുസരണക്കേടിന് ഗത്സേമൻ തോട്ടത്തിലെ അനുസരണം പരിഹാരമായി), അവിടുത്തെ പീഡാസഹനം മുഴുവൻ അനുസ്‌മരിപ്പിക്കുന്നതാണ് 5,7-8 ലെ പരാമർശം. മിശിഹാ തന്റെ ഐഹിക ജീവിതകാലത്ത്, തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിവുള്ളവന്, വലിയ നിലവിളിയോടും കണ്ണീരോടുംകൂടെ പ്രാർത്ഥനയും യാചനയും സമർപ്പിച്ചു (മർക്കോ 14,36; 15,37). 'സമർപ്പിച്ചു' എന്ന പ്രയോഗം ഈശോയുടെ സഹനത്തിൻ്റെ പുരോഹിതമാനം വെളിവാക്കുന്നുണ്ട്. അവൻ്റെ പ്രാർത്ഥന ശ്രവിക്കപ്പെടുകയും ചെയ്തു. നല്ല പുത്രനായിരുന്നിട്ടും അനുഭവിച്ച ഭയവും സഹനവും വഴി അവൻ അനുസരണം അഭ്യസിച്ചു (5,7-8). വിലാപസങ്കീർത്തനങ്ങളിലെ പശ്ചാത്തലം അനുസ്‌മരിപ്പിക്കുന്നതാണ് ഈ വാചകങ്ങളിലെ പ്രയോഗങ്ങൾ (സങ്കീ 3,5,22). ദൈവം അവിടുത്തെ പ്രാർത്ഥന ശ്രവിച്ചതിന്റെ ഫലമായാണല്ലോ അവിടുത്തെ മരിച്ചവരിൽ നിന്നുയിർപ്പിച്ചു മഹത്ത്വീകരിച്ചത്. 

അഹറോനെപ്പോലെ ദൈവം വിളിച്ചവനല്ലാതെ (പുറ 28,1) ആരും ഈ ബഹുമതി സ്വയം ഏറ്റെടുക്കുന്നില്ല. ഈശോയും പ്രധാന പുരോഹിതനാകാൻ തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. "നീ എന്റെ പ്രിയ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജന്മമേകി" (സങ്കീ 2,7) എന്ന് അവനോടു പറഞ്ഞവനാണ് അവനെ മഹത്വപ്പെടുത്തിയത് (5,5). കൂടാതെ, "മെൽക്കിസെദേക്കിൻന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്" (സങ്കീ 110,4) എന്ന് സങ്കീർത്തകനിലൂടെ ദൈവം അറിയിച്ചിട്ടുണ്ടുതാനും. അഭിഷിക്തനായ രാജാവിനോട് ദൈവം അരുളിച്ചെയ്യുന്നതാണല്ലോ ഇത്. അതായത്, രാജാവ് പുരോഹിതൻ കൂടിയാണ് എന്നു സാരം. രാജാക്കന്മാരായിരുന്ന ദാവീദും സോളമനുമൊക്കെ ബലിയർപ്പിച്ചതും (2 സാമു 6,17-18; 24,25; 1 രാജാ 3,15; 8,62-64; 9,25) ഈ പശ്ചാത്തലത്തിൽവേണം മനസ്സിലാക്കാൻ. മെൽക്കിസെദേക്കിൻ്റെ പട്ടണമായ ജറുസലെമിൽ (Jerusalem) അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയെന്നോണം ഭരിച്ചിരുന്നതുകൊണ്ടാകണം യഹൂദരാജാക്കന്മാർക്ക് ഈ പുരോഹിതാവകാശം കൂടിയുണ്ടായിരുന്നത്. സങ്കീ 110,4 ലേത് മിശിഹായോടുള്ള പ്രഖ്യാപനമായായാണു ഹെബ്രായലേഖകൻ വ്യാഖ്യാനിക്കുന്നത്. രാജാക്കന്മാരുടെ സ്ഥാനാരോഹണവേളയിൽ ഉപയോഗിച്ചിരുന്ന ഈ സങ്കീർത്തനം മെസയാനിക സങ്കീർത്തനമാണല്ലോ. പഴയനിയമം മുഴുവനെയും മിശിഹാകേന്ദ്രീകൃതമായി വ്യാഖ്യാനിക്കാൻ ഉത്ഥതനായ മിശിഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നതുകൊണ്ട് (ലൂക്കാ 24,28.44-45) ഈ സങ്കീർത്തനങ്ങളും ഈശോമിശിഹായെക്കുറിച്ചുള്ളവയായി മനസ്സിലാക്കാം. പിതാവായ ദൈവമാണ് ഈശോയെ വിളിച്ച് പ്രധാന പുരോഹിതനായി നിയമിച്ചത് എന്നു സ്ഥാപിക്കാനാണ് ഈ രണ്ടു സങ്കീർത്തനങ്ങൾ (2 ഉം 110 ഉം) ഉദ്ധരിച്ചിരിക്കുന്നത്. മിശിഹായുടെ സഹന-മരണോത്ഥാനങ്ങളുടെ പുരോഹിതാർത്ഥം വ്യക്തമാക്കുന്നതാണ് ഈ ഭാഗം.

 2. വിശ്വസിക്കുന്ന കാര്യങ്ങളിൽ ആഴപ്പെടുവാൻ ആഹ്വാനം (5,11-6,12) 

5,11 ഇതേക്കുറിച്ച് ഇനിയും ധാരാളം ഞങ്ങൾക്കു പറയാനുണ്ട്. നിങ്ങൾ ഗ്രഹിക്കുന്നതിൽ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്. 

5,12 ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങൾപോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാൻ ഒരാൾ ആവശ്യമായിരിക്കുന്നു. നിങ്ങൾക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല. 

5,13 പാലു കുടിച്ചു ജീവിക്കുന്നവൻ നീതിയുടെ വചനം വിവേചിക്കാൻ വൈദഗ്‌ധ്യമില്ലാത്തവനാണ്. എന്തെന്നാൽ, അവൻ ശിശുവാണ്. 

5,14 കട്ടിയുള്ള ഭക്ഷണം പക്വത വന്നവർക്കുളളതാണ്. അവർ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താൽ നൻമതിൻമകളെ വിവേചിച്ചറിയാൻ കഴിവുള്ളവരാണ്. 

6,1 അതിനാൽ, മിശിഹായുടെ വചനത്തിൻ്റെ പ്രഥമ പാഠങ്ങൾ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, 

6,2 ജ്ഞാനസ്നാനത്തെ സംബന്‌ധിക്കുന്ന പ്രബോധനം, കൈവയ്പ്, മരിച്ചവരുടെ ഉയിർപ്പ്, നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്‌ഥാനം ഇടേണ്ടതില്ല. 

6,3 ദൈവം അനുവദിക്കുന്നെങ്കിൽ നമുക്കു മുന്നോട്ടു പോകാം.

6,4 ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ പങ്കുകാരാവുകയും ദൈവവചനത്തിൻ്റെ നൻമയും സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്‌ധാത്‌മാവിൽ

6,5 വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.

6,6 കാരണം, അവർ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു.

6,7 കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും, ആർക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നു.

6,8 ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്‌തമാണ്. അതിൻമേൽ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം.

6,9 പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു വെങ്കിലും ഉത്തമവും രക്‌ഷാകരവുമായ ഗുണങ്ങൾ നിങ്ങളിലുണ്ടെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്.

6,10 നിങ്ങളുടെ പ്രവൃത്തികളും, വിശുദ്‌ധർക്കു നിങ്ങൾ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്നേഹവും വിസ്മരിക്കാൻമാത്രം നീതിരഹിതനല്ലല്ലോ ദൈവം.

6,11 നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂർത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്സാഹം തന്നെ കാണിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

6,12 അങ്ങനെ, നിരുത്‌സാഹരാകാതെ വിശ്വാസവും ദീർഘക്ഷമയുംവഴി വാഗ്‌ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങൾ.

വിശുദ്ധഗ്രന്ഥത്തിന്റെ പിൻബലത്തോടെ ചില ദൈവശാസ്ത്ര ദർശനങ്ങൾ അവതരിപ്പിക്കുന്നതിനിടയ്ക്ക് ഹെബ്രായലേഖകൻ, തന്റെ ശ്രോതാക്കളുടെ ആദ്ധ്യാത്മിക വളർച്ചയ്ക്കാവശ്യമായ ഉപദേശങ്ങൾ നല്കുകകൂടി ചെയ്യുന്നുണ്ട്. മിശിഹായുടെ പ്രധാന പൗരോഹിത്യത്തെക്കുറിച്ചുള്ള പ്രതിപാദനത്തിനിടയിൽ നല്കുന്ന, വിശ്വസിക്കുന്ന കാര്യങ്ങളിൽ ആഴപ്പെട്ട്, ആത്മീയ പക്വതയിലേക്കു വളരാനുള്ള ആഹ്വാനം (5,11-6,12) ഇത്തരത്തിലുള്ളതാണ്. പ്രധാന പുരോഹിതനായ മിശിഹായെക്കുറിച്ചു ചർച്ചചെയ്യുന്നതിനിടയിലാണ് ഈ ഉപദേശങ്ങൾ.

ക്രിസ്ത‌ീയ പക്വതയിലേക്കുള്ള വിളിയെക്കുറിച്ചുള്ള ഈ പ്രതിപാദനത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

1. വിശ്വാസത്തിൻ്റെ പ്രാഥമിക പാഠങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞത വെളിവാക്കുന്നു (5,11-14)

2. വിശ്വാസത്യാഗത്തിനെതിരെയുള്ള മുന്നറിയിപ്പ് (6,1-8)

3. പ്രോത്സാഹക വചനങ്ങൾ (6,9-12)

1.1. ആത്മീയ ശൈശവത്വം (5,11-14)

മിശിഹായുടെ പ്രധാന പൗരോഹിത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നതു മനസ്സിലാക്കുന്നതിന് ശ്രോതാക്കൾക്കുള്ള ശേഷിക്കുറവിനെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണാരംഭിക്കുന്നത് (5,11). “ഗ്രഹിക്കുന്നതിൽ നിങ്ങൾ പിന്നോക്കമായതുകൊണ്ട് വിശദീകരിക്കുക വിഷമമാണ്. ഇതുവരെയുള്ള പഠനകാലം പരിഗണിച്ചാൽ, നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടതായിരുന്നു." ക്രിസ്‌തീയ ജീവിതത്തിൽ അവർ കൈവരിക്കേണ്ടിയിരുന്ന വളർച്ചയെയാണുദ്ദേശിക്കുന്നത്. ശ്രോതാക്കളുടെ ഗ്രഹണശക്തി കുറയാൻ കാരണം, അത്മീയ പാപ്പരത്വമാണ്. അവരെ വിശ്വാസത്തിൻ്റെ പ്രാഥമിക പാഠങ്ങൾപോലും ഇനിയും പഠിപ്പിക്കേണ്ടതായിട്ടിരിക്കുന്നു. അവർ ഇന്നും ബാല്യദിശയിൽത്തന്നെ. പക്വത പ്രാപിച്ചവർക്കുള്ള കട്ടിയുള്ള ഭക്ഷണമല്ല, ശിശുക്കൾക്കുള്ള പാലാണു അവർക്കു വേണ്ടത്. വി. പൗലോശ്ലീഹാ കോറിന്തോസിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ ഇതേ ശൈലിതന്നെ അവലംബിക്കുന്നുണ്ട് (1 കോറി 3,1-3; 1 തെസ 2,7). ആദ്ധ്യാത്മികരംഗത്തുള്ള വളർച്ചയാണ് ഇവിടെ പരാമൃഷ്‌ഠം. നീതിയുടെ വചനം വിവേചിക്കാൻ വൈദഗ്‌ധ്യമില്ലാത്ത അവരെ നന്മതിന്മകളെ തിരിച്ചറിയാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യമാണ് ഹെബ്രായലേഖകനുള്ളത്. ബൗദ്ധികമായ അറിവു പകർന്നു നല്കിക്കൊണ്ട് ധാർമിക വളർച്ചയിലെത്തിക്കുവാനാണു ശ്രമം.

1.2. വിശ്വാസത്യാഗത്തിന്റെ അപകടം (6,1-8) 

ആറാമദ്ധ്യായം ആരംഭിക്കുന്നത് ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായാണ്. "അതിനാൽ, മിശിഹായുടെ പ്രബോധനങ്ങളുടെ പ്രാരംഭപാഠങ്ങൾ പിന്നിട്ട് നമുക്കു പക്വതയിലേക്കു വളരാം” (6,12). ക്രിസ്‌തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് വീണ്ടും ഒരടിസ്ഥാനമിടാനല്ല ശ്രമിക്കുന്നത് എന്നു പറഞ്ഞുകൊണ്ട്, ആറ് അടിസ്ഥാന കാര്യങ്ങൾ സൂചിപ്പിക്കുന്നു (6,10-2). നിർജ്ജീവ പ്രവൃത്തികളിൽനിന്നു തിരിച്ചുവരവായ പാപങ്ങളെക്കുറിച്ചുള്ള അനുതാപം, ദൈവത്തിലുള്ള വിശ്വാസം, മാമ്മോദീസായെയും കൈവയ്‌പു കൂദാശയെയും സംബന്ധിച്ചുള്ള പ്രബോധനം, മരിച്ചവരുടെ ഉയിർപ്പ്, നിത്യവിധി എന്നിവയാണവ. ഒരു വ്യക്തി ക്രിസ്ത്യാനി ആകുന്ന പ്രക്രിയയിലെ പ്രധാന ഘട്ടങ്ങളെല്ലാം ഇവിടെ കാണാം. അനുതാപം അഥവാ മാനസാന്തരം ആണല്ലോ ഒരുവൻ വിശ്വാസിയാകുന്നതിൻ്റെ ആരംഭം. അനുതപിക്കുക എന്നാൽ പൂർണമായി തിരിയുക എന്നാണർത്ഥം. തിരിയുന്നതു പഴയ ജീവിതശൈലിയിൽ നിന്നാണ്. ഇതുവരെ അനുഷ്ഠിച്ചുപോന്ന കാര്യങ്ങൾ ഫലശൂന്യങ്ങളായിരുന്നു എന്നാണ് 'നിർജ്ജീവ പ്രവൃത്തികൾ' എന്ന പ്രയോഗം ധ്വനിപ്പിക്കുന്നത്.

മരണത്തിലേക്കു നയിക്കുന്ന പ്രവൃത്തികൾ അഥവാ പാപം എന്ന അർത്ഥവും ഈ പദത്തിനുണ്ട്. നിഷ്‌ഫലങ്ങളായവയിൽനിന്നു തിരിയുന്നതു ജീവിക്കുന്ന ദൈവത്തിലേക്കാണ്. ഈ തിരിയലാണു വിശ്വാസം. ഈശോ തൻ്റെ പരസ്യജീവിതം ആരംഭിച്ചതുതന്നെ, 'അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ' (മർക്കോ 1,15) എന്ന ആഹ്വാനത്തോടയാണല്ലോ. സുവിശേഷത്തിൽ വിശ്വസിക്കുക യെന്നാൽ പിതാവായ ദൈവം തൻ്റെ പുത്രനിലൂടെ നമ്മെ രക്ഷിക്കുന്നു എന്ന സത്യം അംഗീകരിക്കുകയും അതനുസരിച്ചു ജീവിക്കുകയുമാണ്. ഇപ്രകാരം അനുതപിച്ചു ദൈവത്തിൽ വിശ്വസിക്കുന്നവരെയാണു മാമ്മോദീസാ മുക്കിയിരുന്നത്. അതോടനുബന്ധിച്ച് പരിശുദ്ധാരൂപിയെ പ്രദാനം ചെയ്യുന്നതിനായി കൈവയ്‌പു ശുശ്രൂഷയുമുണ്ടായിരുന്നു. ഇന്നത്തെ തൈലാഭിഷേക കൂദാശയാണത്. ഈ കൂദാശകൾ ഒന്നിച്ചു പോകുന്നവയാണ് എന്നു സൂചിതം. ഇപ്രകാരം, അനുതപിച്ച്, വിശ്വസിച്ചു പ്രാരംഭകൂദാശകൾ സ്വീകരിക്കുന്ന വ്യക്തിയുടെ പ്രത്യാശയ്ക്കടിസ്ഥാനം മരിച്ചവരുടെ ഉയിർപ്പിനെയും നിത്യവിധിയെയുംകുറിച്ചുള്ള ചിന്തയാണ്. മരണാനന്തരജീവിതത്തിലുള്ള പ്രത്യാശയാണ് വിശ്വാസാനുസൃതം ജീവിക്കാൻ ഒരുവനെ സഹായിക്കുന്നത്. 

ഇപ്രകാരമുള്ള ക്രിസ്‌തീയ വിശ്വാസം ഉപേക്ഷിച്ചുപോകുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ചാണ് 6,4-8 ൽ പ്രതിപാദിക്കുന്നത്. വിശ്വാസത്യാഗിക്ക് അനുതാപത്തിന് അവസരമില്ല എന്നു ഹെബ്രായലേഖകൻ സ്ഥാപിക്കുന്നു. ഒരിക്കൽ മാമ്മോദീസ സ്വീകരിക്കുകയും സ്വർഗീയദാനം രുചിച്ചറിയുകയും പരിശുദ്ധ റൂഹായിൽ പങ്കുകാരാവുകയും ദൈവത്തിൻ്റെ നല്ല വചനവും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്യുന്നവർ വീണു പോവുകയാണെങ്കിൽ, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക എളുപ്പമല്ല. 6,1-2 ൽ സൂചിപ്പിക്കപ്പെട്ട പ്രാരംഭകൂദാശകൾ ഇവിടെ അല്പംകൂടി വ്യക്തമായി അവതരിപ്പിക്കുന്നു. ആദിമ സഭയിൽ മാമ്മോദീസായെ 'പ്രകാശിപ്പിക്കലിന്റെ കൂദാശ' എന്നാണു വിശേഷിപ്പിച്ചിരുന്നത്.' അജ്ഞതയുടെയും പാപത്തിന്റെയും അന്ധകാരത്തിൽ കഴിയുന്നവർ ലോകത്തിൻ പ്രകാശമായ മിശിഹായിലേക്കു വരുന്നതാണല്ലോ വിശ്വാസം (റോമാ 1,21; എഫേ 4,17-18). വിശ്വാസി രുചിച്ചിരുന്ന സ്വർഗീയദാനം സ്വർഗീയ മന്നയായ പരിശുദ്ധ കുർബാനയാണ്. മാമ്മോദീസായോടൊപ്പംതന്ന പരിശുദ്ധാരൂപിയെ പ്രദാനം ചെയ്യുന്ന തൈലാഭിഷേക കൂദാശയും (മൂറോ നഭിഷേകം) നല്‌കിയിരുന്നു. തിരുസഭയിൽ ആരംഭകാലം മുതൽ ഈ മൂന്നു പ്രാരംഭകൂദാശകളും ഒരുമിച്ചു പരികർമം ചെയ്തിരുന്നു എന്നതിന് ഈ ലേഖനഭാഗം തെളിവാണ്. 

ഇപ്രകാരം തിരുസഭയിൽ അംഗങ്ങളായവരെ വിശ്വാസത്തിൽ വളർത്തുന്നതിനുവേണ്ടി ശ്ലീഹന്മാർ ദൈവവചനത്തിന്റെ വെളിച്ചത്തിൽ പ്രബോധനം നല്കിയിരുന്നു (നടപടി 2,42). 'ദൈവത്തിന്റെ നല്ല വചനം' എന്നതുകൊണ്ടുദ്ദേശിക്കുന്നത് മിശിഹായുടെ വാക്കുകളെ തന്നെയാണ്. പഴയനിയമത്തിൻ്റെ പശ്ചാത്തലത്തിലാണല്ലോ മിശിഹായുടെ പ്രബോധനം അവതരിപ്പിക്കപ്പെട്ടിരുന്നത്. വരാനിരിക്കുന്ന യുഗത്തിൻ്റെ ശക്തിപ്രകടമാക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ആദിമസഭയിൽ സുലഭമായിരുന്നു (മർക്കോ 16,20). ഇപ്രകാരം, രക്ഷയുടെ മാർഗത്തിൽ പൂർണമായി ഉൾച്ചേർക്കപ്പെട്ട ഒരുവൻ വിശ്വാസത്തിൽനിന്നകന്നു പോയാൽ, അവനെ അനുതാപത്തിലേക്കു തിരികെ കൊണ്ടുവരിക എളുപ്പമല്ല എന്നാണു ലേഖന കർത്താവിന്റെ അഭിപ്രായം. കാരണം, അവർ ഉപേക്ഷിക്കുന്നതു പാപമോചനത്തിനുള്ള ഏറ്റവും ശ്രേഷ്‌ഠമായ ഉറവിടത്തെയാണ്. ക്രിസ്തീയവിശ്വാസം ത്യജിക്കുന്നവൻ ദൈവപുത്രനെ വീണ്ടും കുരിശിലേറ്റുകയും അവമാനിക്കുകയും ചെയ്യുന്നു. പാപമോചനം സാധ്യമാക്കുന്ന മിശിഹായുടെ മരണത്തിൻ്റെ രക്ഷാഫലദായകത്വം തന്നെ നിരസിക്കുന്നവരുടെ പാപത്തിന് എവിടെനിന്നു മോചനം ലഭിക്കാനാണ്? വിശ്വാസത്യാഗത്തിൻ്റെ ഗൗരവം വിശ്വാസികളെ ധരിപ്പിക്കാനാണ് ഇത്ര കഠിനമായ ഭാഷയിൽ മുന്നറിയിപ്പു നല്‌കുന്നത്. 

കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ഉപകാരപ്രദമായ ചെടിയോ ഫലമോ പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന ഭൂമിയോടാണ് സത്യവിശ്വാസം ഉപേക്ഷിച്ചു പോകുന്നവരെ ഹെബ്രായലേഖകൻ സാദൃശ്യപ്പെടുത്തുന്നത്. ഞെരിഞ്ഞിലുകളും മുള്ളുകളും പുറപ്പെടുവിക്കുന്ന മോശം ഭൂമി ശാപഗ്രസ്തവും (ഉല്പ 3,17-18) പരിത്യക്തവുമായിരിക്കുന്നതുപോലെതന്നെ ഇക്കൂട്ടരും ഉപേക്ഷിക്കപ്പെടും. ഉറച്ച ഒരു തീരുമാനമെടുക്കാൻ ശ്രോതാക്കളെ ക്ഷണിക്കുകയാണ് ലേഖനകർത്താവ്. നല്ല ഫലങ്ങൾ പുറപ്പെടുവിച്ചു മിശിഹായിൽ ദൈവത്താൽ അനുഗൃഹീതരായിത്തീരണമോ, അല്ലെങ്കിൽ മുള്ളുകളും ഞെരിഞ്ഞിലുകളും പുറപ്പെടുവിച്ചു നിത്യ നരകാഗ്നിയ്ക്ക് അർഹരായിത്തീരണമോ എന്നതാണ് അവർ തീരുമാനിക്കേണ്ടത്. 

1.3. പ്രോത്സാഹകവചനങ്ങൾ (6,9-12) 

ശക്തമായ ഒരു മുന്നറിയിപ്പിലൂടെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയശേഷം ആശ്വാസത്തിൻ്റെയും പ്രതീക്ഷയുടേതുമായ വാക്കുകളുമായി അവരെ സമീപിക്കുന്നു. വെളിപാടുഗ്രന്ഥകാരൻ ഏഴു സഭകൾക്കുള്ള ലേഖനങ്ങളിലും സമാനമായ ശൈലി അവലംബിക്കുന്നതു കാണാം (വെളി 2-3). "പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങൾ നിങ്ങളിലുണ്ടെന്നു ഞങ്ങൾക്കു ബോദ്ധ്യമുണ്ട്. നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധർക്കു നിങ്ങൾ ചെയ്‌തും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തൻ്റെ നാമത്തോടു കാണിച്ച സ്നേഹവും വിശ്വസ്തതയും വിസ്മ‌രിക്കാൻ മാത്രം നീതിരഹിതനല്ലല്ലോ ദൈവം" (6,9-10). മിശിഹായിൽ വിശ്വസിക്കുന്നവരെ ആദിമസഭയിൽ 'വിശുദ്ധർ' എന്നാണു വിളിച്ചിരുന്നത് (13,24; 1 കോറി 1,1-2; 2 കോറി 1,1; എഫേ 1,1; ഫിലി 1,1; കൊളോ 1,1). ഇതുവരെയുള്ള വിശ്വാസജീവിതത്തിൽ അവർ പ്രദർശിപ്പിച്ച തീക്ഷ്‌ണതയും താല്പര്യവും വിശ്വാസത്തിൽ സഹോദരീസഹോദരന്മാരായിട്ടുള്ള വരെ സഹായിക്കുന്നതിനു കാണിച്ചിട്ടുള്ള സന്നദ്ധതയും നീതിമാനായ ദൈവം വിസ്‌മരിക്കുകയില്ല എന്ന് ഉറപ്പുനല്‌കുന്നു (10,33-34ൽ അവരുടെ മുൻകാല ജീവിതത്തിൽ ദൈവസ്നേഹത്തെപ്രതി നേരിടേണ്ടിവന്ന സഹനങ്ങളെക്കുറിച്ചു പരാമർശമുണ്ട്). അന്ത്യ വിധിദിവസത്തിൽ തക്കതായ പ്രതിഫലം ലഭിക്കുമെന്ന സൂചനയും ഇവിടെയുണ്ട്. സഹോദരർക്കു ചെയ്‌ത നന്മകൾ ദൈവനാമത്തോടുള്ള സ്നേഹത്തിൻ്റെയും വിശ്വസ്‌തതയുടെയും അടയാളമായി വ്യഖ്യാനിക്കുന്നു എന്നതു ശ്രദ്ധേയമാണ്. "എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്‌തന്നത്" (മത്താ 25,40) എന്ന വിടുന്ന് അരുളിച്ചെയ്യുമെന്ന് ഈശോ മുൻകൂട്ടി അറിയിച്ചിട്ടുണ്ടല്ലോ. ഓർശ്ലെമിലെ ആദിമക്രൈസ്‌തവർക്കിടയിൽ നിലനിന്നിരുന്ന പരസ്പര കൂട്ടായ്‌മയുടെയും പങ്കുവയ്ക്കലിൽ പ്രകടമായ സ്നേഹത്തിന്റെയും ചിത്രം വി. ലൂക്കായും വരച്ചുകാണിക്കുന്നുണ്ട് (നടപടി 2,42-47; 4,32-37). 

ഇതുവരെ കാണിച്ച ഉത്സാഹത്തിനു മാന്ദ്യം സംഭവിക്കരുത് എന്ന ഉപദേശമാണു തുടർന്നു നല്‌കുന്നത്. "നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂർത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്സാഹംതന്നെ കാണിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ, നിരുത്സാഹരാകാതെ വിശ്വാസവും ദീർഘക്ഷമയുംവഴി വാഗ്‌ദാനത്തിൻ്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങൾ" (6,11-12). ക്രിസ്തീയവിളിയിൽ ഉറച്ചുനില്ക്കുകയും അവസാനംവരെ വിശ്വാസം കാത്തുസൂക്ഷിക്കുയും ചെയ്യുന്നവരാണ് നിത്യരക്ഷയ്ക്ക് അർഹരാകുന്നത്. അതിലാണു ക്രിസ്തീയ പ്രത്യാശയുടെ പൂർത്തീകരണം. സ്വർഗത്തിൽ ദൂതന്മാരോടൊത്തു ദൈവസന്നിധിയിൽ ആയിരിക്കുന്ന നിത്യജീവിതമാണല്ലോ നമ്മൾ പ്രത്യാശിച്ചു കഴിയുന്നത്. ഇതു പ്രാപിക്കാനായി ഉത്സാഹപൂർവം വിശ്വാസജീവിതം നയിക്കണമെന്നാണ് ഉപദേശം. ഈ പാതയിൽ നമുക്കു മുമ്പേ നടന്നുപോയവരുടെ മാതൃക അനുകരിച്ചു ദൈവികവാഗ്ദ‌ാനം അവകാശപ്പെടുത്തണം എന്നു സാരം. പതിനൊന്നാം അധ്യായത്തിൽ വിശദമായി പ്രതിപാദിക്കാനിരിക്കുന്ന പ്രമേയം ഇതാണ്.

3. ദൈവത്തിൻ്റെ വാഗ്ദാനം (6,13-20) 

6,13 ദൈവം അബ്രാഹത്തിനു വാഗ്ദാനം നൽകിയപ്പോൾ, തന്നെക്കാൾ വലിയവനെക്കൊണ്ടു ശപഥം ചെയ്യാൻ ആരുമില്ലാതിരുന്നതിനാൽ, തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു

6,14 പറഞ്ഞു: നിശ്ചയമായും നിന്നെ ഞാൻ അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. 

6,15 അബ്രാഹം ദീർഘക്‌ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു. 

6,16 മനുഷ്യർ തങ്ങളെക്കാൾ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്. ശപഥമാണ് അവരുടെ എല്ലാ തർക്കങ്ങളും തീരുമാനിക്കുന്നതിൽ അവസാനവാക്ക്. 

6,17 ദൈവം തൻ തീരുമാനത്തിൻ്റെ അചഞ്ചലത വാഗ്ദാനത്തിൻ്റെ അവകാശികൾക്കു കൂടുതൽ വ്യക്തമാക്കിക്കൊടുക്കാൻ നിശ്ചയിച്ചപ്പോൾ ഒരു ശപഥത്താൽ ഈ തീരുമാനം ഉറപ്പിച്ചു. 

6,18 മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുൻപിൽ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനു യത്നിക്കുന്ന നമുക്കു വലിയ പ്രോത്‌സാഹനം ലഭിക്കുന്നു. 

6,19 ഈ പ്രത്യാശ നമ്മുടെ ആത്മാവിൻ്റെ സുരക്ഷിതവും സുസ്‌ഥിരവുമായ നങ്കൂരം പോലെയാണ്. 

6,20 നമ്മുടെ മുന്നോടിയായി ഈശോ മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായിക്കൊണ്ട്, ഏതു വിരിക്കുള്ളിൽ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക് ഈ പ്രത്യാശ കടന്നുചെല്ലുന്നു. 

വിശ്വാസവും ദീർഘക്ഷമയുംവഴി വാഗ്ദാനത്തിന് അവകാശികളായവരെപ്പറ്റി 6,12 ലുള്ള സൂചനയുടെ ചുവടു പിടിച്ച്, ദൈവിക വാഗ്ദാനങ്ങളുടെ വിശ്വസനീയതയെക്കുറിച്ചു തുടർന്നു പ്രതിപാദിക്കുന്നു. ഏഴാമദ്ധ്യായത്തിൽ, മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള ഒരു പുരോഹിതനെക്കുറിച്ചുള്ള ദൈവികവാഗ്ദനം (സങ്കീ 110,4) ചർച്ച ചെയ്യുന്നതിനുള്ള അടുത്ത ഒരുക്കമാണിത്. 

ക്രിസ്തീയ പ്രത്യാശയ്ക്ക് അടിസ്ഥാനം ദൈവത്തിന്റെ വാഗ്ദാനമാണ്. ഇതിന് ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണം ഉല്പ്പത്തി പുസ്‌തകത്തിൽ ഹെബ്രായലേഖകൻ കണ്ടെത്തുന്നു. താൻ അബ്രാഹത്തെയും അബ്രാഹത്തിലൂടെ ഭൂമിയിലെ സകല ജനതകളെയും അനുഗ്രഹിക്കുമെന്നു ദൈവം വാഗ്ദ‌ാനം ചെയ്തു (ഉല്പ 12,1-3). പീന്നീട്, തൻ്റെ ഏകപുത്രനെ ദൈവത്തിൻ്റെ ഇഷ്ടപ്രകാരം കാഴ്ചയർപ്പിക്കാനുള്ള അബ്രാഹത്തിന്റെ സന്നദ്ധതയിൽ സംപ്രീത നായ ദൈവം തന്റെ വാഗ്ദനത്തെ ഒരു ശപഥംകൊണ്ട് ഉറപ്പിച്ചു (ഉല്പ 22,16-17). പിതാവായ ദൈവം തൻ്റെ പുത്രനെ നമ്മുടെ രക്ഷയ്ക്കുവേണ്ടി ബലിയർപ്പിക്കാൻ സന്നദ്ധനാകുന്ന മഹാസ്നേഹത്തിന്റെ മുൻരൂപമായിരുന്നു ഈ സംഭവം. ദൈവം അരുളിച്ചെയ്തതായി നമ്മൾ ഇപ്രകാരം വായിക്കുന്നു: "നീ നിൻ്റെ ഏകപുത്രനെപ്പോലും എനിക്കു തരാൻ മടിക്കായ്‌കകൊണ്ട് ഞാൻ ശപഥം ചെയ്യുന്നു. ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾ പോലെയും ഞാൻ വർദ്ധിപ്പിക്കും" (ഉല്പ 22,16-17). ഈ വാഗ്‌ദാനത്തിൻ്റെ ഉള്ളടക്കവും ശപഥംചെയ്യുന്ന രീതിയുമാണു ലേഖകനെ സംബന്ധിച്ചു പ്രാധാന സംഗതി. "ദൈവം അബ്രാഹത്തോടു ശപഥം ചെയ്‌തപ്പോൾ, തന്നെക്കാൾ വലിയവനായി ആരും ഇല്ലാതിരുന്നതിനാൽ, സ്വന്തം നാമത്തിൽ ശപഥം ചെയ്തു" (6,13). സാധാരണ നിയമത്തിലെ രണ്ടു സംഗതികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതു വിശദീകരിക്കുന്നു. (1) തങ്ങളെക്കാൾ വലിയവരെക്കൊണ്ടാണു മനുഷ്യർ ശപഥം ചെയ്യുന്നത്. (2) എല്ലാ തർക്കങ്ങളിലും ശപഥം അന്തിമമായ തീർപ്പു കല്പിക്കുന്നു. ദൈവത്തിന്റെ വാഗ്ദാനം അതിൻ്റെ ഉള്ളടക്കത്തിന്റെ മാത്രമല്ല, അതിനോടനുബന്ധിച്ചു ദൈവം ചെയ്ത ശപഥത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രാധാന്യമർഹിക്കുന്നത് എന്നദ്ദേഹം സ്ഥാപിക്കുന്നു. ഇപ്രകാരം ശപഥത്തോടെ ദൈവം അബ്രാഹത്തോടു ചെയ്ത‌ വാഗ്ദാനം അചഞ്ചലമായതുകൊണ്ട് അതു വിശ്വസനീയമാണ്. അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനത്തിന്റെ അവകാശികൾ ശാരീരിക പിന്തുടർച്ചക്കാരായ യഹൂദരും ആത്മീയ പിന്തുടർച്ചക്കാരായ ക്രിസ്‌ത്യാനികളുമാണ്. അബ്രാഹത്തിന്റെ സന്തതികൾ എന്നറിയപ്പെടുന്നത് അവരാണല്ലോ (2,16; റോമാ 4,9-13; ഗലാ 6,3-29). ക്ഷമാപൂർവം കാത്തിരുന്ന അബ്രാഹം വാഗ്ദാനം നേടിയെടുത്തതുപോലെ (യോഹ 8,56: “നിങ്ങളുടെ പിതാവായ ദൈവം എൻ്റെ ദിനങ്ങൾ കാണാൻ ആഗ്രഹിച്ചു. അയാൾ അതു കാണുകയും സന്തോഷിക്കുകയും ചെയ്‌തു") നമുക്കും അതു പ്രാപിക്കാൻ സാധിക്കുമെന്നാണ് ലേഖകൻ പഠിപ്പിക്കുന്നത് (6,15). "അവനിൽ അഭയം പ്രാപിച്ചവരായ നമുക്കു വാഗ്ദ‌ാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കാൻ ഇവവഴി പ്രേരണ ലഭിക്കുന്നു" (6,18). 

 

ഈ പ്രത്യാശയാണ് നമ്മൾ അചഞ്ചലരായിരിക്കേണ്ടതിനു നമ്മെ പിടിച്ചുനിർത്തുന്ന നങ്കുരം (6,19). അബ്രാഹത്തിന്റേതിനു സമാനമായ വിശ്വാസതീർത്ഥാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമുക്കു കടലുംകാലാവസ്‌ഥയും പ്രതികൂലമായി വരുമ്പോൾ ഉറച്ചുനില്ക്കാൻ സഹായിക്കുന്ന നങ്കൂരം ദൈവിക വാഗ്‌ദാനത്തിലുള്ള പ്രത്യാശയാണ് (എഫേ 4,14). ഈ നങ്കൂരം ഉറപ്പിച്ചിരിക്കുന്നത് സ്വർഗത്തിലാണ്, സ്വർഗീയ ദൈവാലയത്തിലാണ്. അതുകൊണ്ടാണ് ഈ പ്രത്യാശ ദൈവാലയ തിരശ്ശീലക്കുള്ളിലെ അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നു എന്നു ലേഖകൻ പറയുന്നത്. കാരണം, "അവിടെയാണ് ഈശോ നമുക്കുവേണ്ടി നമുക്കുമുമ്പേ പ്രവേശിച്ചതും മെൽക്കിസെദേക്കിൻ്റെ ക്രമമനുസരിച്ച് മഹാപുരോഹിതനായി ഭവിച്ചതും" (6,20). പഴയനിയമ പ്രധാനപുരോഹിതൻ പാപപരിഹാരദിനത്തിൽ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചിരുന്നെങ്കിലും ജനത്തിന് അവിടേക്കു പ്രവേശനമില്ലായിരുന്നു. എന്നാൽ, മിശിഹാ നമുക്കുമുമ്പേ സ്വർഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നത് നമുക്കു വഴി തുറന്നുതരാൻ വേണ്ടിയാണ്. മിശിഹാ നമ്മുടെ രക്ഷയുടെ നായകനാണ് (ഹെബ്രാ 2,10) എന്നു പറയുന്നതും അതുകൊണ്ടാണ്. അവിടുന്നു നിത്യപുരോഹിതനായതു കൊണ്ട് നമുക്കുള്ള ഈ സാധ്യത എന്നന്നേക്കുമുള്ളതാണ്. ഇപ്രകാരം, 5,10 ൽ ചർച്ച ചെയ്യാനാരംഭിച്ച വിഷയം ഹെബ്രായ ലേഖകൻ ഇവിടെ ഉപസംഹരിക്കുന്നു. ഇനി, കട്ടിയായ ഭക്ഷണം (5,12) അവർക്കു നല്‌കാം; തുടർന്നു വരുന്ന അദ്ധ്യായങ്ങളിൽ ലേഖകൻ നിർവഹിക്കുന്നത് ഇതാണ്. 

ക്രൈസ്തവ അസ്തിത്വം ഒരേസമയം രക്ഷിക്കപ്പെട്ടതും രക്ഷിക്കപ്പെടേണ്ടതുമായ അവസ്ഥയാണ് ('already' and 'not yet'). നിത്യപുരോഹിതനായ ഈശോമിശിഹായുടെ ഏകബലിവഴി മനുഷ്യരെല്ലാവരും രക്ഷിക്കപ്പെട്ടിരിക്കുന്നു; നമുക്കെല്ലാവർക്കും ദൈവസന്നിധിയിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അതിനെക്കുറിച്ചു ഹെബ്രായലേഖകന് ഉറപ്പാണ് (4,16; 6,9.17-20; 10,23). എന്നാൽ, ഈ രക്ഷയ്ക്കു നമ്മൾ അർഹരല്ലാതായി തീരുമോ എന്ന ഭയം ലേഖനത്തിലുടനീളമുണ്ട് (2,3; 3,6.14; 6,4-8; 10,26-31). മിശിഹായിലുള്ള പ്രത്യാശ അവസാനംവരെ നമ്മൾ മുറുകെ പിടിക്കുമെങ്കിൽ നമുക്കു രക്ഷ ഉറപ്പാണ് (3,14; 1 കോറി 1,8; 1 തെസ 5,23-24).

4. പുതിയ ക്രമപ്രകാരമുള്ള ഉന്നത പുരോഹിതൻ (7,1-28) 

4.1. രാജാവും പുരോഹിതനുമായ മെൽക്കിസെദേക്ക് (7,1-10) 

7,1 രാജാക്കൻമാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോൾ, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെൽക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. 

7,2 സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നൽകി. അവൻ്റെ പേരിന്, ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ സമാധാനത്തിന്റെ - രാജാവെന്നുമാണ് അർഥം

7,3 അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങൾക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവൻ എന്നേക്കും പുരോഹിതനാണ്.

7,4 അവൻ എത്ര വലിയവൻ എന്നു കാണുവിൻ! പൂർവ പിതാവായ അബ്രാഹം യുദ്‌ധത്തിൽ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ

7,5 ലേവിയുടെ പുത്രൻമാരിൽ പൗരോഹിത്യം സ്വീകരിച്ചിരുന്നവർക്കു തങ്ങളുടെ സഹോദരരും അബ്രാഹത്തിന്റെ മക്കളുമായിരുന്ന ജനങ്ങളിൽ നിന്നുപോലും ദശാംശം വാങ്ങാൻ നിയമത്തിന്റെ അനുശാസനം ഉണ്ടായിരുന്നു. 

7,6 എന്നാൽ, അവരുടെ വംശാവലിയിൽപ്പെടാതിരുന്നിട്ടും മെൽക്കിസെദേക്ക് അബ്രാഹത്തിൽ നിന്നു ദശാംശം വാങ്ങുകയും വാഗ്ദാനം സ്വീകരിച്ചിരുന്ന അബ്രാഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. 

7,7 ചെറിയവൻ വലിയവനാൽ അനുഗ്രഹിക്കപ്പെടുന്നു, തർക്കമില്ല. 

7,8 ലേവ്യപുരോഹിതൻമാരുടെ കാര്യത്തിൽ മരണമുള്ള മനുഷ്യരാണ് ദശാംശം വാങ്ങുന്നത്. മെൽക്കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്ഷ്യമുള്ളവൻ വാങ്ങുന്നു. 

7,9 ദശാംശം വാങ്ങിയിരുന്ന ലേവിപോലും അബ്രാഹത്തിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്. 

7,10 എന്തെന്നാൽ, മെൽക്കിസെദേക്ക് അബാഹത്തെ കണ്ടുമുട്ടുമ്പോൾ ലേവി അബ്രാഹത്തിന്റെ അജാതസന്താനം ആയിരുന്നു. 

ഇവിടെ വീണ്ടും മിശിഹായുടെ പ്രധാന പൗരോഹിത്യത്തെക്കുറിച്ചു സംസാരിക്കാനാരംഭിക്കുന്നു. ഉല്പ 14,17-20 ലും സങ്കീ 110,4 ലും മാത്രം പ്രത്യക്ഷപ്പെടുന്ന മെൽക്കിസെദേക്കിനെ കേന്ദ്രീകരിച്ചാണ് മിശിഹായുടെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതയും നിത്യതയും വെളിവാക്കുന്നത്. അന്നു യഹൂദർക്കിടയിൽ നിലവിലിരുന്ന വിശുദ്ധഗ്രന്ഥ വ്യാഖ്യാന ശൈലിയാണ് ലേഖകൻ അവലംബിക്കുന്നത്. കൂടാതെ, മിശിഹായാണ് പഴയനിയമം മനസ്സിലാക്കുന്നതിനുള്ള താക്കോൽ എന്ന തത്ത്വവും ഇവിടെ അന്തർലീനമാണ്. സങ്കീ 110,1 തന്നെക്കുറിച്ചാണു പ്രതിപാദിക്കുന്നത് എന്ന് ഈശോ വ്യക്തമാക്കിയിട്ടുണ്ട് (മത്താ 22,42-45; 26,64; മർക്കോ 12,35-37; 14,63; ലൂക്കാ 20,41-44; 22,69;മർക്കോ 16,19; നടപടി 2,33-35; 5,31; റോമാ 8,34; എഫേ 1,20; കൊളോ 3,1; 1 പത്രോ 3,22). എന്നാൽ, ഹെബ്രായലേഖകൻ മാത്രമാണ് സങ്കീ 110,4 മിശിഹായുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നത്. 

മെൽക്കിസെദേക്ക് ഒരു രാജാവും പുരോഹിതനുമാണ്. ഉല്പ 14,18-20 ലും സങ്കീ 110,4 ലും മാത്രമാണ് ഇദ്ദേഹത്തെക്കുറിച്ചു പരാമർശമുള്ളത്. ഈശോമിശിഹായുടെ നിത്യപൗരോഹിത്യത്തിന്റെ മുന്നോടിയാണദ്ദേഹം. അഞ്ചാമദ്ധ്യായത്തിൽ ഈ വിഷയം അവതരിപ്പിച്ചെങ്കിലും വിശദമായ പ്രതിപാദ്യം പിന്നീടേക്കു മാറ്റിവയ്ക്കുകയാണുടണ്ടായത്. അതിനുള്ള ഒരുക്കമെന്നോണമാണ് 5,11-6,20 ലെ ദീർഘമായ ഉപദേശം. ദൈവത്തിൻ്റെ വലത്തു ഭാഗത്തേക്ക് ഉയർത്തപ്പെട്ട ഈശോയുടെ മിശിഹാത്വത്തെക്കുറിച്ചുള്ള പ്രവചനമായി സങ്കീ 110,1 ആദിമസഭ വ്യാഖ്യാനിച്ചിരുന്നു. ഈ മിശിഹാ മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള നിത്യപുരോഹിതനാണ് എന്ന സങ്കീ 110,4 ലെ പ്രസ്‌താവം വ്യാഖ്യാനിക്കുന്നത് ഹെബ്രായ ലേഖകൻ മാത്രമാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ഈശോ ദാവീദിൻ്റെ പുത്രനായ മിശിഹായാണെങ്കിൽ അവിടുന്നു നിത്യപുരോഹിതനുമാണ്. ആരാണ് ഈ മെൽക്കിസെദേക്ക്? എന്താണ് അവൻ്റെ ക്രമം? മിശിഹാ യൂദാഗോത്രത്തിൽ ദാവീദന്റെ വംശത്തിൽപ്പെട്ടവനായിരിക്കെ എങ്ങനെ അവന് ലേവിഗോത്രത്തിൽപ്പെട്ട പുരോഹിതൻ കൂടിയാകാൻ കഴിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള യാത്രയിലാണ് മിശിഹായുടെ പീഡാസഹനരഹസ്യം മുഴുവന്റെയും വ്യാഖ്യനത്തിനുതകുന്ന താക്കോൽ ഹെബ്രായ ലേഖകൻ കണ്ടെത്തിയത്. ലേഖനത്തിൽ പലപ്രാവശ്യം പരാമർശിച്ച് (5,6.10; 6,20.) മെൽക്കിസെദേക്കിൻ്റെ വിഷയം ഉല്പ 14,18-20 ന്റെ വെളിച്ചത്തിലാണു വിശദീകരിക്കുന്നത്.

ലേവായ പുരോഹിതരെക്കാൾ ശ്രേഷ്ഠനാണു മിശിഹാ എന്നു കാണിക്കാനാണ് 7,1-10 ൽ ലേഖകൻ ശ്രമിക്കുന്നത്. തന്റെ സഹോദര പുത്രൻ ലോത്തിനെയും കൂട്ടരെയും ശത്രുക്കളായ നാലു രാജാക്കന്മാരുടെ കരങ്ങളിൽനിന്നു വിമോചിപ്പിച്ചു മടങ്ങിയെത്തിയ അബ്രാമിനെ അനുഗ്രഹിക്കുന്ന സാലെമിലെ രാജാവാണ് മെൽക്കി സെദേക്ക്. വിശുദ്ധഗ്രന്ഥത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പുരോഹിതൻ ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്യുന്നത സത്യദൈവത്തിൻ്റെ പുരോഹിതനായ മെൽക്കിസെദേക്കാണ് (ഉല്പ 14,19). അബ്രാമാകട്ടെ യുദ്ധത്തിൽ തനിക്കു ലഭിച്ചതിന്റെയെല്ലാം ദശാംശം മെൽക്കിസെദേക്കിനു നല്‌കുകയും ചെയ്തു. ഹീബ്രുഭാഷയിൽ 'മൽക്കിസെദേക്ക്' എന്ന പേരിനർത്ഥം 'നീതിയുടെ രാജാവ്' എന്നാണ്. അദ്ദേഹത്തിന്റെ പട്ടണമായ 'സാലെം' സമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നീതിയുടെയും സമാധാനത്തിന്റെയും രാജാവ് എന്ന നിലയിൽ മെൽക്കിസെദേക്ക് മിശിഹായുടെ പ്രതിരൂപമാണ്; കാരണം, മിശിഹായ്ക്കുണ്ടാകുമെന്നു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഗുണങ്ങളാണ് ഇവ രണ്ടും (സങ്കീ 72,7; ഏശ 9,6; 32,1.17). മെൽക്കിസെദേക്ക് അബ്രാഹത്തിനു വിജയം നല്കിയ ദൈവത്തിനു കൃതജ്ഞതാപ്രകാശനമെന്നോണം അപ്പവും വീഞ്ഞും കാഴ്‌ചയർപ്പിക്കുകയും ചെയ്തു. 

ഉല്പ 14,17-20 ൽ മെൽക്കിസെദേക്കിൻ്റെ ആരംഭമോ അവസാനമോ വിവരിക്കുന്നില്ല. അദ്ദേഹത്തിൻ്റെ മാതാപിതാക്കന്മാരെക്കുറിച്ചും യാതൊരു സൂചനയുമില്ല. പ്രധാന കഥാപാത്രങ്ങളുടെയെല്ലാം വംശാവലി രേഖപ്പെടുത്തുന്ന ഉല്‌പ്പത്തിഗ്രന്ഥകാരൻ മെൽക്കി സെദേക്കിന്റെ മാതാപിതാക്കളെയോ വംശാവലിയെയോകുറിച്ചു നിശബ്ദത പാലിക്കുന്നത് അദ്ദേഹം മോശയുടെ നിയമപ്രകാരം ലേവ്യഗോത്രത്തിൽപ്പെട്ട പുരോഹിതനല്ല എന്നു വ്യക്തമാക്കാനാണ്. അദ്ദേഹത്തിന്റെ ജനനമരണത്തെക്കുറിച്ചു പരാമർശമൊന്നു മില്ലാത്തത്, പൗരോഹിത്യത്തിൻ്റെ നിത്യത സൂചിപ്പിക്കാനും. ഈ വിധത്തിൽ, മെൽക്കിസെദേക്ക്, ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനായ ദൈവപുത്രനു (ഹെബ്രാ 13,8) സമനാണ്. ഈശോയും മെൽക്കിസെദേക്കും തമ്മിലുള്ള ഈ സമാനതയുടെ അടിസ്ഥാനത്തിലാണ് ഈശോയുടെ പൗരോഹിത്യം മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ളതാണ് എന്നു പറയുന്നത്. ഹെബ്രായലേഖകൻ മെൽക്കിസെദേക്കിൽ ഈശോയുടെ മുൻരൂപം കാണുന്നു. യോഹന്നാൻ മാംദാനയെപ്പോലെ, തന്നെക്കാൾ വലിയവനെ മുൻകൂട്ടി അറിയിക്കുന്നവനാണ് മെൽക്കിസെദേക്കും. 

സങ്കീ 110,4 ലാണു മെൽക്കിസെദേക്കിനെക്കുറിച്ചു പഴയനിയമത്തിൽ വീണ്ടുമൊരു പരാമർശമുള്ളത് ('മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും ആചാര്യനാണ്'). ഇവിടെ മെൽക്കി സെദേക്കിന്റെ ക്രമപ്രകാരമുള്ള നിത്യപൗരോഹിത്യത്തെക്കുറിച്ചു പറയുന്നതുകൊണ്ട്, അദ്ദേഹം നിത്യം ജീവിക്കുന്നു എന്ന അനുമാനത്തിൽ ഹെബ്രായലേഖകനെത്തുന്നു.  ഇക്കാരണങ്ങളാൽ മെൽക്കി സെദേക്ക് ദൈവപുത്രനായ മിശിഹായെ മുൻകുട്ടി അവതരിപ്പിക്കുന്നു എന്നു ഹെബ്രായലേഖകൻ വാദിക്കുന്നു. മെൽക്കിസെദേക്കിന്റെയും മിശിഹായുടെയും പൗരോഹിത്യം ലേവായ പൗരോഹിത്യത്തെക്കാൾ ശ്രേഷ്‌ഠമാണ് എന്നതിലാണ് അദ്ദേഹത്തിന്റെ ഊന്നൽ. 

അബ്രാഹത്തെയും ലേവിയെയുംകാൾ മെൽക്കിസെദേക്കിനുള്ള ശ്രേഷ്ഠത വ്യക്തമാക്കുവാൻ രണ്ടു കാര്യങ്ങളാണു ഹെബ്രായലേഖകൻ അവതരിപ്പിക്കുന്നത് (7,4-10). (1) അബ്രാഹം മെൽക്കി സെദേക്കിനു ദശാംശം നല്കി. (2) മെൽക്കിസെദേക്ക് അബ്രാഹത്തെ അനുഗ്രഹിച്ചു. യഹൂദപാരമ്പര്യമനുസരിച്ച് മറ്റെല്ലാ ഗോത്രക്കാരും ലേവിഗോത്രത്തിലുള്ളവരുടെ സംരക്ഷണത്തിനായി അവർക്കു ദശാംശം നല്‌കുന്നു (സംഖ്യ 18,21-24). പുരോഹിതരാകട്ടെ, ലേവ്യരിൽനിന്ന് അവർക്കു ലഭിക്കുന്നതിൻന്റെ ദശാംശം സ്വീകരിക്കുന്നു (സംഖ്യ 18,25-28). ദശാംശം വാങ്ങിയിരുന്ന ലേവി പോലും അബ്രാഹത്തിലൂടെ മെൽക്കിസെദേക്കിനു ദശാംശം നല്കി എന്നാണ് ഹെബ്രായലേഖകൻ്റെ വാദം (7,9). യഹൂദപാരമ്പര്യപ്രകാരം ചെറിയവനാണ് വലിയവനാൽ അനുഗ്രഹിക്കപ്പെടുന്നത്. ജനിക്കുന്നതിനു മുമ്പേ മെൽക്കിസെദേക്കിൻ്റെ ശ്രേഷ്‌ഠത ലേവി പിതാവായ അബ്രാഹത്തിലൂടെ അംഗീകരിച്ചു എന്നു സാരം. മുന്നോടിയും നിഴലുമായ മെൽക്കിസെദേക്ക് അബ്രാഹത്തെയും ലേവിയെയുംകാൾ ശ്രേഷ്‌ഠനാണെങ്കിൽ മിശിഹാ അവരെക്കാൾ എത്രയോ അധികം ശ്രേഷ്‌ഠനാണ് എന്ന് ഹെബ്രായലേഖകൻ സമർത്ഥിക്കുന്നു. 

4.2, യുദാഗോത്രത്തിൽ നിന്നൊരു പുരോഹിതൻ (7,11-19) 

7,11 ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങൾക്കു നിയമം നൽകപ്പെട്ടത്. ആ പൗരോഹിത്യംവഴി പൂർണത പ്രാപിക്കാൻ കഴിയുമായിരുന്നെങ്കിൽ, അഹറോൻ്റെ ക്രമത്തിൽനിന്നു വ്യത്യസ്തമായി മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ ഉണ്ടാവുക ആവശ്യമായിരുന്നോ? 

7,12 പൗരോഹിത്യത്തിൽ വ്യത്യാസം വരുമ്പോൾ നിയമത്തിലും അവശ്യം മാറ്റം വരുന്നു. 

7,13 ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവൻ വേറൊരു വംശത്തിൽപ്പെട്ടവനാണ്. ആ വംശത്തിൽ നിന്നാകട്ടെ ആരും ബലിപീഠത്തിങ്കൽ ശുശ്രൂഷചെയ്തിട്ടുമില്ല. 

7,14 നമ്മുടെ കർത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്പ‌ഷ്ടമാണ്. ഈ വംശത്തിൻ്റെ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല. 

7,15 മെൽക്കിസെദേക്കിന്റെ സാദൃശ്യത്തിൽ മറ്റൊരു പുരോഹിതൻ പ്രത്യക്‌ഷനാകുന്നതിൽനിന്ന് ഇതു കൂടുതൽ വ്യക്‌തമാകുന്നു. 

7,16 ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്‌ഷയമായ ജീവൻ്റെ ശക്‌തി നിമിത്തമാണ് പുരോഹിതനായത്.

7,17 എന്തെന്നാൽ, നീ മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്. 

7,18 ആദ്യകൽപന അസാധുവാക്കപ്പെട്ടത് അതിൻ്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടാണ്. 

7, 19 നിയമം ഒന്നിനെയും പൂർണതയിലെത്തിച്ചിട്ടില്ല. അതിനെക്കാൾ ശ്രേഷ്‌ഠവും ദൈവത്തിലേക്കു നമ്മെ അടുപ്പിക്കുന്നതുമായ പ്രത്യാശ അതിന്റെ സ്ഥാനത്തു നിലവിൽവന്നു. 

തിരുലിഖിതം തന്നെയും ലേവായരുടേതിനെക്കാൾ മഹത്തരവും നിലനില്ക്കുന്നതുമായ ഒരു പൗരോഹിത്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഉദാഹരണത്തിന്, സങ്കീ 110,4: 'മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും ആചാര്യനാണ്' (7,17). ദൈവം ഈ വാഗ്ദാനം ശപഥംകൊണ്ടു സ്ഥിരീകരിച്ചു. “കർത്താവ് ശപഥം ചെയ്തു. അവിടുന്നു വ്യാജം പറയുകയില്ല" (7,21). ശപഥംകൊണ്ടു സ്ഥിരീകരിച്ച ദൈവികവാഗ്ദാനം മിശിഹായിൽ പൂർത്തീകരിക്കപ്പെട്ടു എന്നാണു ലേഖകൻ സമർത്ഥിക്കുന്നത്. മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പൗരോഹിത്യം മിശിഹായിൽ പൂർണത കണ്ടെത്തി. അവിടുത്തെ പൗരോഹിത്യം ലേവ്യപൗരോഹിത്യത്തെ അതിശയിക്കുന്നതാണ്. 7,11-28 ൽ മിശിഹായുടെ പൗരോഹിത്യം നിത്യമാണെന്നു തെളിയിക്കാനുള്ള ശ്രമമാണ്. 

ഉല്പ 14,17-20 ൽ വിവരിക്കപ്പെടുന്ന മെൽക്കിസെദേക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ മോശയുടെ നിയമങ്ങൾക്കും അതിന്റെ ഭാഗമായി രൂപംകൊണ്ട ലേവായ പൗരോഹിത്യത്തിനും മുമ്പാണ്. എന്നാൽ, ദാവീദിൻ്റെ കാലത്തെ സങ്കീ 110,4 അതിനു ശേഷമുണ്ടായതാണ്. ലേവ്യപൗരോഹിത്യംവഴി പൂർണത പ്രാപിക്കാൻ കഴിയുമായിരുന്നെങ്കിൽ അഹറോൻ്റെ ക്രമത്തിൽനിന്നു വ്യത്യസ്തമായി മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ ഉണ്ടാവുക ആവശ്യമായിരുന്നില്ല (7,11). എന്നാൽ, അപ്രകാരമൊരു പുരോഹിതനെക്കുറിച്ചു സങ്കീ 110,4 ൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതിൽനിന്ന്, ലേവ്യപൗരോഹിത്യത്തിൻന്റെ അപൂർണത വ്യക്തമാണ്. 

പൗരോഹിത്യാചാര്യത്വത്തിൽ മാറ്റമുണ്ടായതുപോലെ നിയമത്തിലും മാറ്റമുണ്ടായി (7,12). കാരണം, ലേവായ ആചാര്യത്വം വഴിയാണു ജനത്തിനു നിയമം നല്‌കപ്പെട്ടത് (7,11). ദൈവവുമായുള്ള ഐക്യത്തിനുള്ള മാർഗമായിരുന്നു ഇസ്രായേലിനു നല്‌കപ്പെട്ട നിയമം. ഈ ലക്ഷ്യം നിയമം സാധിച്ചതാകട്ടെ പൗരോഹിത്യത്തിലൂടെയും. പൗരോഹിത്യവിധികൾ നിശ്ചയിച്ചിരുന്നത് നിയമമാണ്. ഏതെങ്കിലും നിയമം എപ്പോഴെങ്കിലും ലംഘിക്കപ്പെട്ടാൽ അതിനു പരിഹാരം കണ്ടെത്തിയിരുന്നതു പൗരോഹിത്യവുമാണ്. പൗരോഹിത്യവും നിയമവും സീനായ്‌മലയിൽവച്ച് മോശയിലൂടെ ദൈവമാണു സ്ഥാപിച്ചത് (പുറ 20-31). നിയമവും പൗരോഹിത്യവും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധത്തിൻ്റെ പശ്ചാത്തലത്തിലാണ്, പൗരോഹിത്യത്തിൽ വ്യത്യാസം വരുമ്പോൾ നിയമത്തിലും അവശ്യം മാറ്റം വരുന്നു (7,12) എന്നു ഹെബ്രായ ലേഖകൻ പറയുന്നത്. ലേവായ പൗരോഹിത്യത്തിൻ്റെയും മൃഗബലികളുടെയുമെല്ലാം ലക്ഷ്യം മിശിഹായിലേക്കു വിരൽചൂണ്ടുകയായിരുന്നല്ലോ. മിശിഹായുടെ വരവോടുകൂടെ ഈ ലക്ഷ്യം സാധിച്ചിരിക്കുന്നതിനാൽ ഇനി പഴയനിയമ പൗരോഹിത്യത്തിനും ബലികൾക്കും പ്രസക്തിയില്ല. മിശിഹാ മെച്ചപ്പെട്ട പൗരോഹിത്യത്തെ മാത്രമല്ല, ശ്രേഷ്‌ഠമായ ഉടമ്പടിയെയും (തദ്വാരാ നിയമത്തെയും) പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നു ചുരുക്കം. 

യഹൂദ പശ്ചാത്തലത്തിൽ മിശിഹായെ പുരോഹിതൻ എന്നു വിളിക്കുന്നതിന് ഒരു തടസ്സമുണ്ടായിരുന്നു. കാരണം, അവിടുന്നു പുരോഹിതഗോത്രമായ ലേവിഗോത്രത്തിൽ പിറന്നവനല്ല. ദാവീദു രാജാവുവഴി യൂദാഗോത്രവുമായാണ് അവിടുത്തേക്കു ബന്ധമുള്ളത് (7,13-14; റോമാ 1,3). എങ്കിൽ, മിശിഹാ എപ്രകാരമാണു പുരോഹിതനാകുന്നത് എന്നു പ്രശ്‌നമുദിക്കുന്നു. മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴിയാണ് അവിടുത്തേക്ക് ഇതു സാധ്യമായത് (5,5-6). ശാരീരിക പിന്തുടർച്ചയെ സംബന്ധിക്കുന്ന നിയമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവൻ്റെ - ഉത്ഥാനത്തിന്റെ ശക്തിയാലാണ് അവിടുന്നു പുരോഹിതനായത് (7,16). നിത്യപുരോഹിതനെക്കുറിച്ചു സങ്കീ 110,4 ലുള്ള ദൈവികവാഗ്‌ദാനം അപ്രകാരം ഈശോയിൽ പൂർത്തിയായി. ദുർബലവും പ്രയോജനരഹിതവുമായിരുന്ന ലേവ്യപൗരോഹിത്യത്തിന് അവിടുന്നു അന്ത്യം കുറിച്ചു. കാരണം, ലേവ്യപൗരോഹിത്യത്തിനു സാധിക്കാതിരുന്ന രീതിയിൽ നമ്മെ ദൈവത്തോട് അടുപ്പിക്കുവാൻ അവിടുത്തേക്കു സാധിച്ചു (7,18). അവിടുന്ന് ഇത് സാധിച്ചത്, പാപങ്ങളിൽനിന്നു നമ്മെ മോചിപ്പിക്കുന്ന അവിടുത്തെ ബലിയുടെ ശക്തിയാലാണ്. മിശിഹാ പാപങ്ങളിൽനിന്നു മനുഷ്യവർഗത്തെ ശുദ്ധീകരിച്ച് ദൈവത്തോട് അടുപ്പിച്ചു. ദൈവത്തെ സമീപിക്കാനും അവിടുത്തോടൊത്തു നിത്യം ജീവിക്കാനുമുള്ള ഭാഗ്യത്തെ 'ശ്രേഷ്‌ഠമായ പ്രത്യാശ' എന്നാണു ഹെബ്രായലേഖകൻ വിശേഷിപ്പിക്കുന്നത് (7,19). കാരണം, ലേവ്യ പൗരോഹിത്യത്തിനു സാധിക്കാതിരുന്നതാണിത്. 

4.3. ശപഥത്തോടുകൂടിയ വാഗ്‌ദാനപ്രകാരമുളള പുരോഹിതൻ (7,20-28) 

7,20 അതും ശപഥത്തോടുകൂടെയാണ്. മുൻപു പുരോഹിതരായവർ ശപഥംകൂടാതെയാണ് തങ്ങളുടെ സ്ഥാനം ഏറ്റത്. 

7,21 ഇവനാകട്ടെ, കർത്താവു ശപഥം ചെയ്തിട്ടുണ്ട്, അവൻ മനസ്‌സു മാറ്റുകയില്ല, നീ എന്നേക്കും പുരോഹിതനാണ് എന്നു തന്നോടു പറഞ്ഞവൻ്റെ ശപഥത്തോടുകൂടെയാണ് പുരോഹിതനായത്

7,22 ഇതു മിശിഹായെ ശ്രേഷ്ഠമായ ഒരു ഉടമ്പടിക്ക് അച്ചാരമാക്കുന്നു. 

7,23 മുൻകാലങ്ങളിൽ അനേകം പുരോഹിതൻമാരുണ്ടായിരുന്നു. എന്നാൽ, ശുശ്രൂഷയിൽ തുടരാൻ മരണം അവരെ അനുവദിച്ചില്ല. 

7,24 ഈശോയാകട്ടെ എന്നേക്കും നിലനിൽക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.

7,25 തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. 

7,26 പരിശുദ്‌ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽനിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. 

7,27 അന്നത്തെ പ്രധാനപുരോഹിതൻമാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും അനുദിനം അവൻ ബലിയർപ്പിക്കേണ്ടതില്ല. അവൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കൽ ബലിയർപ്പിച്ചിരിക്കുന്നു. 

7,28 വാസ്തവത്തിൽ, നിയമം ബലഹീനരായ മനുഷ്യരെയാണ് പ്രധാന പുരോഹിതൻമാരായി നിയോഗിക്കുന്നത്. എന്നാൽ, നിയമത്തിനുശേഷം വന്ന ശപഥത്തിൻ്റെ വചനമാകട്ടെ എന്നേക്കും പരിപൂർണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു. 

മിശിഹായുടെ നിത്യപൗരോഹിത്യത്തിനടിസ്ഥാനം ദൈവത്തിന്റെ വാഗ്ദാനം മാത്രമല്ല, അവിടുത്തെ ശപഥംകൂടിയാണ് (7,20-22). ദൈവത്തിന്റെ വാഗ്‌ദാനത്തിൻ്റെയും ശപഥത്തിന്റെയും മാറ്റമില്ലായ്‌മയെക്കുറിച്ചു 6,13-20 ൽ സ്ഥാപിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചർച്ച മുമ്പോട്ടുകൊണ്ടുപോകുന്നത്. മിശിഹായുടെ പൗരോഹിത്യം ശ്രേഷ്‌ഠമായ ഒരു പുതിയനിയമവും പുതിയ പ്രത്യാശയും പ്രദാനംചെയ്യുന്നതുപോലെതന്നെ അത് ഒരു പുതിയ ഉടമ്പടിയുടെ അച്ചാരംകൂടിയാണ് (7,22). ഈ പൗരോഹിത്യം നിലനില്ക്കുന്നിടത്തോളംകാലം ഈ പുതിയ ഉടമ്പടിയും നിലനില്ക്കും. ലേവായ പുരോഹിതർ മരണമുള്ളവരായിരുന്നതുകൊണ്ട് അവരുടെ പൗരോഹിത്യം നിത്യമായിരുന്നില്ല (7,23). എന്നാൽ, ഉത്ഥിതനായ മിശിഹാ നിത്യം ജീവിക്കുന്നതുകൊണ്ട് അവിടുത്തെ പൗരോഹിത്യം നിത്യമാണ് (7,24). ഇതിൽ അധിഷ്ഠിതമായ പുതിയ ഉടമ്പടിയും നിത്യമാണ്. ഈ ഉടമ്പടിയുടെ പുരോഹിതനായ ഈശോമിശിഹാ തന്നെയാണ് ഇതിൻ്റെ നിത്യതയ്ക്ക് അച്ചാരം. അതുകൊണ്ട്, തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ അവിടുത്തേക്കു കഴിവുണ്ട് (7,25). കാരണം, എന്നേക്കും ജീവനോടെയിരിക്കുന്ന അവിടുന്ന് അവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു (7,25). ഈശോയുടെ കുരിശിലെ ബലി പൂർത്തിയായത് സ്വർഗത്തിലെ മഹത്വീകരണത്തോടുകൂടിയാണ്. ഈ ബലിതന്നെ നിത്യമായി സ്വർഗത്തിൽ സന്നിഹിതമാക്കുന്നതാണ് അവിടുത്തെ മാദ്ധ്യസ്ഥ്യം. 

മിശിഹായുടെ പൗരോഹിത്യത്തിന്റെ സ്വർഗീയ മാനമാണ് 7,26-28 ലെ പ്രതിപാദ്യവിഷയം. "പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽനിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു" (7,26). ഒരിക്കൽമാത്രമായി കുരിശിൽ അവിടുന്നു സ്വയമർപ്പിച്ച ബലി എന്നന്നേക്കുമായുള്ള നിത്യബലിയാണ് (7,27). മിശിഹാ തന്നെയാണ് ബലിയർപ്പകനായ പുരോഹിതനും അർപ്പിക്കപ്പെട്ട ബലിവസ്‌തുവും. അവിടുത്തെ ബലി നിത്യമാണ്. ഈശോയുടെ ഏകവും നിത്യവുമായ കുരിശിലെ പരിപൂർണബലിയുടെ പശ്ചാത്തലത്തിൽ മറ്റൊരു പുരോഹിതനോ ബലിയ്‌ക്കോ ഇനി പ്രസക്തിയില്ല. മിശിഹായുടെ ഈ ഏകവും നിത്യവുമായ പൗരോഹിത്യത്തിൽ പങ്കുപറ്റുന്നവർ മാത്രമാണു പുതിയനിയമ പുരോഹിതർ. 

മിശിഹായുടെ പൗരോഹിത്യത്തിൻ്റെ മൂന്നു സവിശേഷതകൾ എടുത്തുകാണിച്ചുകൊണ്ടാണ് ഈ ഭാഗം അവസാനിപ്പിക്കുന്നത് (7,28). 

  1. ലേവ്യപുരോഹിതരെ നിയമം നിയോഗിക്കുകയാണ് ചെയ്തിരുന്നത്. മിശിഹായാകട്ടെ, പുരോഹിതനായത് ദൈവത്തിന്റെ ശപഥം മൂലമാണ്.
  1. പഴയനിയമ പുരോഹിതർ ബലഹീനരായിരുന്നു. ഉത്ഥിതനായ മിശിഹാ പരിപൂർണനാക്കപ്പെട്ട ദൈവപുത്രനാണ്. 
  2. ലേവായ പുരോഹിതർ മോശയുടെ നിയമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, മിശിഹായുടെ പൗരോഹിത്യത്തോടു കൂടി പുതിയ ഉടമ്പടിയും പുതിയ നിയമവും നിലവിൽവന്നു. ഇക്കാരണങ്ങളാൽ മിശിഹാ ലേവായപുരോഹിതരെക്കാൾ ശ്രേഷ്ഠനാണ്.

ഭാഗം നാല് (8,1-10,39) 

മിശിഹാ: 

പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ 

1.ആദ്യഉടമ്പടിയുടെയും ബലികളുടെയും അപര്യാപ്‌തത (8,1-9,10) 

1.1. പുതിയനിയമ മദ്ധ്യസ്ഥനായ മിശിഹാ (8,1-6) 

8,1 ഇതുവരെ പ്രതിപാദിച്ചതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ മഹിമയുടെ സിംഹാസനത്തിന്റെ വലത്തു ഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ട്. 

8,2 അവൻ വിശുദ്‌ധവസ്‌തുക്കളുടെയും മനുഷ്യനിർമിതമല്ലാത്തതും കർത്താവിനാൽ സ്‌ഥാപിതവുമായ സത്യ കൂടാരത്തിന്റെയും ശുശ്രൂഷകനാണ്. 

8,3 പ്രധാനപുരോഹിതൻമാർ കാഴ്ചകളും ബലികളും സമർപ്പിക്കുവാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാൽ, സമർപ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. 

8,4 അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ, നിയമപ്രകാരം കാഴ്ച‌കളർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല.

8,5 സ്വർഗീയ വസ്‌തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ് അവർ ശുശ്രൂഷിക്കുന്നത്. മോശ കൂടാരം തീർക്കാൻ ഒരുങ്ങിയപ്പോൾ ദൈവം ഇപ്രകാരം അവനെ ഉപദേശിച്ചു: പർവതത്തിൽവച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം ചെയ്യാൻ ശ്രദ്‌ധിച്ചുകൊള്ളുക. 

8,6 ഇപ്പോഴാകട്ടെ, മിശിഹാ കൂടുതൽ ശ്രേഷ്ഠമായ വാഗ്ദാനങ്ങളിൽ അധിഷ്‌ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാൾ കൂടുതൽ ശ്രേഷ്‌ഠമായ ഒരു ശുശ്രൂഷകസ്ഥ‌ാനവും അവനു ലഭിച്ചിരിക്കുന്നു. 

ഹെബ്രായലേഖനം മുഴുവന്റെയും കേന്ദ്രഭാഗത്തേക്കു നമ്മൾ പ്രവേശിക്കുകയാണ് എട്ടാം അദ്ധ്യായത്തിൽ. മുൻ അദ്ധ്യായത്തിൽ പ്രതിപാദിച്ച കാര്യങ്ങളുടെ സംഗ്രഹത്തോടെയാണ് പുതിയ അദ്ധ്യായം ആരംഭിക്കുന്നത്. "ഇതുവരെ പ്രതിപാദിച്ചതിന്റെ അർത്ഥമിതാണ്. സ്വർഗത്തിൽ മഹിമയുടെ സിംഹാസനത്തിന്റെ വലത്തു ഭാഗതിരിക്കുന്ന ഒരു പ്രധാന പുരോഹിതൻ നമുക്കുണ്ട്" (8,1). മെൽക്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള ഉന്നത മഹാപുരോഹിതന്റെ സവിശേഷതകളാണല്ലോ ഏഴാമദ്ധ്യായത്തിൽ വിവരിച്ചത്. "നീ എൻ്റെ വലത്തുവശത്തിരിക്കുക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്‌തു" (സങ്കീ 110,1) എന്ന സങ്കീർത്തന ഭാഗത്തിന്റെ വെളിച്ചത്തിലാണ് വിശദീകരണം പുരോഗമിക്കുന്നത്. കൂടാതെ, മരിച്ചുയിർത്ത മിശിഹാ ദൈവത്തോടൊപ്പം മഹത്ത്വത്തിൽ ജീവിക്കുന്നു എന്നത് ആദിമകാലം മുതൽ തിരുസഭയുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. 10, 18 വരെ ഇക്കാര്യങ്ങളാണ് വിശദീകരിക്കപ്പെടുന്നത്. 

പുരോഹിതനെന്ന നിലയിൽ ഈശോമിശിഹാ ശുശ്രൂഷ ചെയ്യുന്നതു സ്വർഗീയ ശ്രീകോവിലിലാണ് (8,7-13; 9,15-22). തന്നിൽ വിശ്വസിക്കുന്നവരെ വിശുദ്ധീകരിക്കാൻ അനന്തശക്തിയുള്ള ഏകവും നിത്യവുമായ ബലി അവിടുന്ന് അവിടെ അർപ്പിച്ചുകൊണ്ടിരിക്കുന്നു (9,1-14; 10,1-18). മിശിഹാ ശുശ്രൂഷ ചെയ്യുന്ന 

വിശുദ്ധസ്ഥലം മനുഷ്യനിർമിതമല്ല; ദൈവസ്ഥാപിതമാണ്. മിശിഹായുടെ പൗരോഹിത്യത്തിന്റെയും ബലിയുടെയും സ്ഥലം സ്വർഗമാണ്. സ്വർഗത്തിലെ ഈ വിശുദ്ധസ്ഥലത്തിൻ്റെ മാതൃകയിൽ കൂടാരം നിർമിക്കാനാണ് ദൈവം മോശയ്ക്കു കല്‌പന നല്‌കിയത് (പുറ 25,40). ജറുസലേം ദൈവാലയം യഥാർത്ഥമായ ഈ സ്വർഗീയ ദൈവാലയത്തിന്റെ പ്രതിരൂപം മാത്രമാണെന്നു സാരം. സ്വർഗീയകാര്യങ്ങളുടെ പ്രതിരൂപവും നിഴലുമായതിനെയാണു ഭൂമിയിലെ പുരോഹിതന്മാർ ശുശ്രൂഷിക്കുന്നത് (8,5). മിശിഹാ ശുശ്രൂഷ ചെയ്യുന്ന വിശുദ്ധസ്ഥലമാണ് യഥാർത്ഥ ദൈവാലയം. ഭൂമിയിലെ ദൈവാലയങ്ങൾ അതിന്റെ സാദൃശ്യങ്ങൾ മാത്രമാണ്. 

സ്വർഗത്തിൽ ദൈവിക മഹത്വത്തിൻ്റെ വലത്തുഭാഗത്ത് അവിടുന്ന് ഉപവിഷ്ടനായിരിക്കുന്നു. 'വലത്തുഭാഗം' അത്യുന്നത മഹത്ത്വത്തെയും ദൈവിക അധികാരത്തെയും സൂചിപ്പിക്കുന്നു. ലേവായപുരോഹിതരിൽനിന്നു വ്യത്യസ്‌തനായി, ഈശോ സ്വർഗത്തിൽ ദൈവത്തിൻ്റെ സന്നിധിയിലാണ് തൻ്റെ പുരോഹിത ശുശ്രൂഷ നിർവഹിക്കുന്നത്. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന ഈ വിശുദ്ധ സ്ഥലം ദൈവത്താൽതന്നെ സ്ഥാപിതമായ സ്വർഗീയവും യഥാർത്ഥവുമായതാണ് (8,2). ഭൗമികദൈവാലയവും വിശുദ്ധ സ്ഥലവും മിശിഹായിലേക്കും സ്വർഗീയ യാഥാർത്ഥ്യങ്ങളിലേക്കുമാണു വിരൽ ചൂണ്ടിയിരുന്നത്. ഈശോ പുരോഹിതശുശ്രൂഷ ചെയ്യുന്നു എന്നതിനർത്ഥം അവിടുന്ന് ദൈവാരാധന (സംഖ്യ 8,22; 16,9) നടത്തുന്നു എന്നാണ്. ഈശോ നിത്യമായ സ്വർഗീയ ആരാധനയുടെ കാർമ്മികനാണ്. ഈ ആരാധനയിലാണ് ഭൂമിയിലെ സകല ആരാധകരും പങ്കുചേരുന്നത് (രണ്ടാം വത്തിക്കാൻ കൗൺസിൽ, ആരാധനക്രമം, 8). 

ബലികളും കാഴ്ച്‌ചകളും അർപ്പിച്ചുകൊണ്ടാണു പുരോഹിതൻ തന്റെ ശുശ്രൂഷ നിർവഹിക്കുന്നത് (5,1). അതുവഴിയാണ് അവൻ ജനത്തിൻ്റെ പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കുന്നതും മനുഷ്യ വർഗത്തെ ദൈവവുമായി അനുരഞ്ജിപ്പിക്കുന്നതും. യഥാർത്ഥ പുരോഹിതനാകാനായി അർപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകേണ്ടത് ഈശോയ്ക്ക് ആവശ്യമായിരുന്നു. തന്നെക്കാൾ കുറഞ്ഞതൊന്നുമല്ല, തന്നെത്തന്നെയാണ് അവിടുന്ന് അർപ്പിക്കുന്നത് (7,27). അതിനു വേണ്ടിയാണ് അവിടുന്നു നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ചതു തന്നെ. 

പഴയനിയമം അഞ്ചു തരത്തിലുള്ള ബലികളെക്കുറിച്ചു പ്രതിപാദിക്കുണ്ട് (ലേവ്യർ 1-7): ദഹനബലി, ധാന്യബലി, സമാധാന ബലി, ശുദ്ധീകരണബലി, പാപപരിഹാരബലി. മിശിഹായുടെ പെസഹാരഹസ്യത്തിൻ്റെ വ്യത്യസ്‌ത മാനങ്ങളാണ് ഇതിൽ ഓരോ ബലിയും സൂചിപ്പിക്കുന്നത്. Mary Healy, 152 ഇവയിൽ ആദ്യത്തെ മൂന്നെണ്ണം കർത്താവിനോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുവാൻ സ്വന്ത ഇഷ്‌ടപ്രകാരം മനുഷ്യൻ ചെയ്യുന്നവയാണ്. ദഹനബലിയിൽ ബലിമൃഗം അൾത്താരയിൽ ദഹിപ്പിക്കപ്പെടുന്ന തിന്റെ ധൂമം സ്വർഗത്തിലേക്ക് ഉയരുന്നു (ലേവ്യർ 1). ഒരുവൻ പൂർണമായി ദൈവത്തിനു സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണിത്. ഇസ്രായേൽ ദേശീയതലത്തിൽ എല്ലാദിവസവും രാവിലെയും വൈകിട്ടും ആട്ടിൻകുട്ടിയെ ദഹനബലിയായി അർപ്പിച്ചിരുന്നു. ഈശോയുടെ സമ്പൂർണ സമർപ്പണമായ കുരിശിലെ ബലി ഒരു ദഹനബലിയായി കണക്കാക്കാം. കാരണം, ഇതു പരമാവധി സ്നേഹത്തിന്റെ (യോഹ 13,1) ബലിയായിരുന്നു. 

ധാന്യബലിയിൽ, നേരിയ മാവിൽനിന്ന് ഒരുല‌്പവും അതിനുള്ള എണ്ണയും കുന്തുരുക്കവും എടുത്ത് സ്മരണാംശമായി ബലിപീഠത്തിൽ കർത്താവിനു പ്രീതികരമായ സൗരഭ്യമായി അർപ്പിക്കണം; ശേഷിക്കുന്നത് അഹറോനും പുത്രന്മാരും ഭക്ഷിക്കണം എന്നതായിരുന്നു കല്‌പന (ലേവ്യർ 2; 6,15-16). മിശിഹായുടെ കുരിശുമരണംവഴി അവിടുന്നു നമ്മുടെ ജീവന്റെ അപ്പമാകുന്നതിലൂടെ ധാന്യബലിയായി (യോഹ 6,35; 12,24). പരിശുദ്ധ കുർബാനയിൽ ഈ അപ്പത്തിൽ പങ്കുപറ്റുന്നതിലൂടെ നമ്മൾ ദൈവികജീവനിലാണ് പങ്കുചേരുന്നത് (13,10). 

ദൈവത്തിൽനിന്നു ലഭിച്ച ഏതെങ്കിലുമൊരു അനുഗ്രഹത്തിനുള്ള കൃതജ്ഞതാപ്രകാശനമായി അർപ്പിക്കുന്ന സമാധാനബലിയിൽ ആരാധനാസമൂഹം മാംസം ഭക്ഷിക്കാറുണ്ട്. കൃതജ്ഞതാഗീതങ്ങളോടെ ദൈവാലയത്തിനു സമീപെയുള്ള ഈ വിരുന്ന് ദൈവവുമായും പരസ്‌പരവുമുള്ള കൂട്ടായ്‌മയുടെ പ്രകാശനമായാണു കരുതപ്പെട്ടിരുന്നത്. വർഷംതോറും ആചരിച്ചിരുന്ന പെസഹാബലിയാണ് ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാധാനബലി. മിശിഹായുടെ പെസഹാരഹസ്യം എന്നും സന്നിഹിതമാക്കുന്ന പരിശുദ്ധ കുർബാനയാകുന്ന വിരുന്നാണ് ഇന്നത്തെ സമാധാനബലി (ലൂക്കാ 22,17-19). കർത്താവിൻ്റെ പെസഹാരഹസ്യത്തിൻ്റെ ആഘോഷത്തിന് കൃതജ്ഞതാബലി എന്നും പറയാറുണ്ടല്ലോ. 

അവശേഷിക്കുന്ന രണ്ടു ബലികൾ പാപപരിഹാരാർത്ഥമുള്ളവയാണ്. പാപപരിഹാരബലി (ലേവ്യ 4,1-5,13; 6,17-23) കല്പനകളിൽ ഏതെങ്കിലുമൊന്ന് അറിവില്ലായ്‌മമൂലം ആരെങ്കിലും ലംഘിച്ചാലുള്ള കുറ്റത്തിനു പരിഹാരമായാണ് ഈ ബലി. ബലിമൃഗത്തിന്റെ രക്തത്തിൽ കുറെ കർത്താവിൻ്റെ സന്നിധിയിൽ ശ്രീകോവിലിന്റെ തിരശ്ശീലയുടെ മുമ്പിൽ ഏഴു പ്രാവശ്യം തളിക്കുകയും ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടുകയും ബലിമൃഗത്തെ സമാഗമ കൂടാരത്തിനു വെളിയിൽ ദഹിപ്പിക്കുകയും ചെയ്‌തിരുന്നു. വർഷം തോറും ആചരിച്ചിരുന്ന പാപപരിഹാരദിനത്തിലെ ബലി (Yom Kip-pur) ഇസ്രായേൽജനത്തിൻ്റെ പൊതുവായുള്ള പാപപരിഹാര ബലിയാണ്. ഹെബ്രാ 13,11-12 അനുസരിച്ച് മിശിഹായുടെ പീഡാസഹനം ഇതിൻ്റെ പൂർത്തീകരണമാണ്. 

മോഷണം, വഞ്ചന തുടങ്ങി ഏതെങ്കിലുമൊന്നുവഴി സഹോദരനെതിരെ തെറ്റുചെയ്യുന്നതിനു പരിഹാരമായാണ് പ്രായശ്ചിത്ത ബലി അർപ്പിച്ചിരുന്നത്. ബലിയർപ്പിക്കാനുള്ള ഊനമറ്റ മട്ടാടിനെ സമർപ്പിക്കുന്നതോടൊപ്പം തെറ്റ് ഏറ്റുപറയുകയും ചെയ്തിരുന്നു. ഏശയ്യാപ്രവാചകനിലെ സഹനദാസൻ ദൈവഹിതപ്രകാരം സ്വയം പ്രായശ്ചിത്തബലിയായി (ഏശ 53,10) അർപ്പിക്കുന്നവനാണ്. ഈ പ്രവചനവും ഈശോയിൽ പൂർത്തിയായി. ദൈവത്തിനർഹർതപ്പെട്ട സ്നേഹം, വിശ്വസ്‌തത, അനുസരണം എന്നിവ ജനം നല്‌കാതിരുന്നതിനുള്ള പരിഹാരമായാണല്ലോ ഈശോ സ്വയം ബലിയായർപ്പിച്ചത്. 

ഭൂമിയിലായിരുന്നെങ്കിൽ മിശിഹാ പുരോഹിതനേ ആകുമായിരുന്നില്ല. കാരണം, നിയമമനുസരിച്ചു കാഴ്‌ചകളർപ്പിച്ചിരുന്ന ആചാര്യന്മാർ ഇവിടെയുണ്ടായിരുന്നു (8,4). മാത്രവുമല്ല, ലേവി ഗോത്രത്തിൽ ജനിക്കാത്തവനായതുകൊണ്ട് മോശയുടെ നിയമ പ്രകാരം പുരോഹിതാനാകാൻ അവിടുത്തേക്കു യോഗ്യതയുണ്ടായിരുന്നില്ല. എന്നാൽ, സ്വയം കുരിശിൽ ബലിയർപ്പിച്ചതുവഴി അവിടുന്നു പുരോഹിതനായി. ലേവായ പുരോഹിതരാകട്ടെ, സ്വർഗീയകാര്യങ്ങളുടെ പ്രതിരൂപവും നിഴലും മാത്രമായ ഭൗമിക കൂടാരത്തിൽ ഈ ഭൂമിയിലെ വസ്‌തുക്കളാണല്ലോ ബലിയർപ്പിക്കുന്നത്. "ഇപ്പോഴാകട്ടെ, അതിനെക്കാൾ ശ്രേഷ്‌ഠമായ ശുശ്രൂഷാ സ്ഥാനമാണ് ഈശോമിശിഹാ സ്വീകരിച്ചിരിക്കുന്നത്. കാരണം, മിശിഹാ മദ്ധ്യസ്ഥനായിരിക്കുന്ന ഉടമ്പടി പഴയിതിനെക്കാൾ ശ്രേഷ്ഠമാണ്. അതിൻ്റെ വാഗ്‌ദാനങ്ങളും ശ്രേഷ്‌ഠമാണ്" (8,6). ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള വിടവ് നികത്തുന്നതിന് ദൈവമനുഷ്യനായ ഈശോയെപ്പോലെ മറ്റൊരു മദ്ധ്യസ്ഥനില്ല. ഇപ്രകാരം, ഈശോ മദ്ധ്യസ്ഥനായ ശ്രേഷ്‌ഠമായ ഉടമ്പടിയെക്കുറിച്ചാണു തുടർന്നു പ്രതിപാദിക്കുന്നത്. ഈ ഉടമ്പടിയെക്കുറിച്ചുള്ള വാഗ്ദാനം ജറെമിയാ പ്രവാചകനിലൂടെ ദൈവം നല്‌കിയിട്ടുണ്ടല്ലോ. പഴയ നിയമ പൗരോഹിത്യം സീനായ് ഉടമ്പടിയുടെ ഘടകമായിരുന്നു; ഈശോയുടെ പൗരോഹിത്യമാകട്ടെ, പുതിയ ഉടമ്പടിയുടെയും. 

1.2 ഹൃദയത്തിലെഴുതിയ പുതിയ ഉടമ്പടി (8,7-13) 

8,7 ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമതൊന്നിന് അവസരമുണ്ടാകുമായിരുന്നില്ല. 

8,8 അവിടുന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ട് അരുളി ചെയ്തു‌: കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽ കുടുംബവും യൂദാക്കുടുംബവുമായി ഞാൻ ഒരു പുതിയ ഉടമ്പടി സ്‌ഥാപിക്കുന്ന ദിവസങ്ങൾ വരുന്നു. 

8,9 ആ ഉടമ്പടി, അവരുടെ പിതാക്കൻമാരെ ഈജിപ്തിൽ നിന്നു പുറത്തുകൊണ്ടുവരാൻ അവരെ കൈപിടിച്ചു നടത്തിയ ആ ദിവസം അവരുമായി ചെയ്ത ഉടമ്പടി പോലെ ആയിരിക്കുകയില്ല. എന്തെന്നാൽ,

8,10 കർത്താവ് അരുളിച്ചെയ്യുന്നു: അവർ എന്റെ ഉടമ്പടിയിൽ ഉറച്ചുനിന്നില്ല. അതുകൊണ്ട് ഞാനും അവരെ ശ്രദ്‌ധിച്ചില്ല. കർത്താവ് അരുളിച്ചെയ്യുന്നു: ആ ദിവസങ്ങൾക്കുശേഷം ഇസ്രായേൽ ഭവനവുമായി ഞാൻ ചെയ്യുന്ന ഉടമ്പടി ഇതാണ്: എൻ്റെ നിയമങ്ങൾ അവരുടെ മനസ്‌സിൽ ഞാൻ സ്ഥഥാപിക്കും. അവരുടെ ഹൃദയത്തിൽ ഞാൻ അവ ആലേഖനം ചെയ്യും. 

ഞാൻ അവർക്കു ദൈവമായിരിക്കും, അവർ എനിക്കു ജനവും. 

8,11 ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കർത്താവിനെ അറിയുക എന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാൽ, അവരിലെ ഏറ്റവും ചെറിയവൻ മുതൽ ഏറ്റവും വലിയവൻവരെ എല്ലാവരും എന്നെ അറിയും. 

8,12 അവരുടെ അനീതികളുടെ നേർക്കു ഞാൻ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങൾ ഞാൻ ഒരിക്കലും ഓർക്കുകയുമില്ല. 

8,13 പുതിയ ഒരു ഉടമ്പടിയെപ്പറ്റി പറയുന്നതുകൊണ്ട് ആദ്യത്തേതിനെ അവിടുന്നു കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമാകട്ടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 

മിശിഹാ മദ്ധ്യസ്ഥനായിരിക്കുന്ന ശ്രേഷ്‌ഠമായ ഒരു പുതിയ ഉടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചശേഷം, എന്തുകൊണ്ടാണ് ഇപ്രകാരം ഒരു പുതിയ ഉടമ്പടി ആവശ്യമായി വന്നത് എന്നു ഹെബ്രായ ലേഖകൻ വ്യക്തമാക്കുന്നു. ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നില്ല എന്നതാണ് അതിനു കാരണം. അതിന്റെ നിയമങ്ങൾ പാലിക്കാൻ ജനത്തെ പ്രാപ്‌തരാക്കാൻ പഴയ ഉടമ്പടിയ്ക്കു സാധിച്ചില്ല. ആദ്യത്തേതിൻ്റെ ന്യൂനതയെക്കുറിച്ചും പുതിയതിന്റെ മേന്മയെപ്പറ്റിയും ജറെമിയാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളത് ഉദ്ധരിച്ചുകൊണ്ടാണ് ലേഖനകർത്താവ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ബാബിലോണിയക്കാർ ജറുസലേം ദൈവാലയവും പട്ടണവും കീഴടക്കി നശിപ്പിക്കുമെന്നു മുൻകൂട്ടി കണ്ട ജറെമിയാ, വിപ്രവാസാനന്തരം സംഭവിക്കാനിരിക്കുന്ന പുനരുദ്ധാരണത്തെയും ദൈവവുമായുണ്ടാകാൻ പോകുന്ന നവീനമായ ബന്ധത്തെയുംകുറിച്ചു കൂടി ജനത്തെ അറിയിച്ച പ്രത്യാശയുടെ പ്രവാചകനാണ്. ഈ പ്രത്യാശയുടെ ഭാഗമായി ജറെമിയാ പ്രവചിച്ച പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ഭാഗം ഉദ്ധരിച്ചുകൊണ്ടു ലേഖകൻ മുമ്പോട്ടു പോകുന്നു. പുതിയനിയമത്തിലെ ഏറ്റവും ദൈർഘ്യമേറിയ പഴയ നിയമ ഉദ്ധരണിയാണിത് (8,8-12; ജറെ 31,31-34). 

ഹെബ്രാ 7,22 ൽ ഈശോ ജാമ്യക്കാരനായിരിക്കുന്ന ശ്രേഷ്ഠമായ ഒരുടമ്പടിയെക്കുറിച്ചു സൂചിപ്പിച്ചിരുന്നല്ലോ. സങ്കീ 110,4 പ്രകാരം ഒരു പുതിയ പൗരോഹിത്യം ആവിർഭവിക്കുന്നതിനാൽ ഒരു പുതിയ നിയമവും പുതിയ ഉടമ്പടിയും ആവശ്യമായി വരുന്നു. ജറെമിയാ പ്രവാചകനിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിരുന്നതാണ് ഈ പുതിയ ഉടമ്പടി. ഈശോയുടെ പൗരോഹിത്യം എന്താണു നിർവഹിക്കുന്നത് എന്നു വ്യക്തമാക്കാനാണു ജറെമിയായിൽനിന്നു ലേഖകൻ ഉദ്ധരിക്കുന്നത്. മിശിഹായുടെ രക്ഷാകര പ്രവൃത്തികൾ മുഴുവന്റെയും സംഗ്രഹം 'പുതിയ ഉടമ്പടി' എന്ന പ്രയോഗത്തിലുണ്ട്. ഇതിന്റെ ലത്തീൻ പരിഭാഷയിൽ നിന്നാണ് (novum testamentum) പുതിയ ഉടമ്പടി ഗ്രന്ഥങ്ങളുടെ സമാഹാരത്തെ സൂചിപ്പിക്കുന്ന പുതിയ നിയമം (New Testament) എന്ന പദം തന്നെ ഉണ്ടായത്. 

ഇസ്രായേലിന്റെ വലിയ അധഃപതനത്തിൻ്റെ കാലഘട്ടത്തിലാണു ജറെമിയായുടെ പ്രവചനം. പ്രവാചകന്മാരുടെ നിരന്തരമായ മുന്നറിയിപ്പുകളുണ്ടായിരുന്നിട്ടും ഇസ്രായേൽജനം തങ്ങളുടെ അവിശ്വസ്ത‌തയിൽനിന്നും വിഗ്രഹാരാധനയിൽനിന്നും പിന്തിരിയാതിരുന്നതുമൂലം വിജാതീയരായ ബാബിലോണിയാക്കാർ ബി. സി. 583 ൽ അവരെ ആക്രമിക്കുകയും ജറുസലേം ദൈവാലയം നശിപ്പിക്കുകയും നഗരം കൊള്ളയടിക്കുകയും ചെയ്തു‌. രാജാവിനെയും ജനങ്ങളെയും അവർ അടിമകളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി. അബ്രാഹത്തിനും മറ്റു പൂർവപിതാക്കന്മാർക്കും ദൈവം നല്കിയിരുന്ന വാഗ്‌ദാനങ്ങൾ ഫലശൂന്യങ്ങളായെന്നു തോന്നിയിരുന്ന നാളുകളിലാണു ജറെമിയാ പ്രവാചകനു ദൈവം വെളിപാടു നല്‌കിയത്. തൻ്റെ ഉടമ്പടി വിജയിപ്പിക്കാനായി ജനത്തിന്റെ ഹൃദയം ഉളളിൽനിന്ന് പരിവർത്തനപ്പെടുത്താൻ ദൈവം തീരുമാനിക്കുന്നു. ഉടമ്പടി വ്യവസ്ഥകളോടു വിശ്വസ്തത പാലിക്കാൻ മനുഷ്യരെ പ്രാപ്‌തരാക്കാൻവേണ്ടിയാണു മനുഷ്യ ഹൃദയങ്ങളിൽ പുതിയ ഉടമ്പടി രേഖപ്പെടുത്തുന്നത്. അന്ത്യത്താഴ വേളയിൽ ഈശോ, പാനപാത്രമെടുത്ത്, ഈ പാനപാത്രം എന്റെ രക്തംകൊണ്ടുള്ള പുതിയ ഉടമ്പടിയാകുന്നു (1 കോറി 11,25) എന്നു പറഞ്ഞപ്പോൾ ഈ പ്രവചനം പൂർത്തിയായി. ഉടനെ സംഭവിക്കാനിരുന്ന അവിടുത്തെ സഹനമരണോത്ഥാനങ്ങളിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും പുതിയനിയമം ദൈവജനത്തിന്റെ ഹൃദയത്തിൽ രേഖപ്പെടുത്തപ്പെടുകയും പുതിയതും നിത്യവുമായ ഉടമ്പടി സ്ഥാപിക്കപ്പെടുകയും ചെയ്യും എന്നവിടുന്ന് അറിയിക്കുകയായിരുന്നു. പരിശുദ്ധ കുർബാനയിലൂടെ ഈ പുതിയ ഉടമ്പടിയാണു നിരന്തരം ദൈവജനത്തിനു സന്നിഹിതമാക്കപ്പെടുന്നത്. 

പുതിയ ഉടമ്പടിയുടെ പുതുമയിലാണു ഹെബ്രായലേഖകന്റെ ശ്രദ്ധ (8,13). പുതിയനിയമം ജനത്തിൻ്റെ ഹൃദയത്തിലെഴുതും, എല്ലാവർക്കും ദൈവം അഭിഗമ്യനാകും, ജനത്തിൻ്റെ പാപം ദൈവം ഓർക്കുകയില്ല തുടങ്ങിയവയിലാണു പുതിയഉടമ്പടിയുടെ 'പുതുമ' അടങ്ങിയിരിക്കുന്നത്. പഴയഉടമ്പടിയുടെ പ്രസക്തി നഷ്ടമായി. കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായതാകട്ടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 

പഴയ ഉടമ്പടി പാലിക്കാൻ ജനം പ്രാപ്‌തരല്ലായിരുന്നു എന്നതാണു പ്രശ്‌നം. മനുഷ്യഹൃദയത്തിൽനിന്നു പാപത്തെ പുറത്താക്കാൻ ആ ഉടമ്പടിയ്ക്കായില്ല. അതുകൊണ്ടുതന്നെ ഉടമ്പടി വിഭാവനം ചെയ്‌തിരുന്ന ദൈവ-മനുഷ്യ ഐക്യം സാധിതവുമായിരുന്നില്ല. 'പുതിയഉടമ്പടി സ്ഥാപിക്കുന്ന ദിവസങ്ങൾ വരുന്നു' എന്നതുകൊണ്ടുദ്ദേശിക്കുന്നത് തൻ്റെ പദ്ധതി പൂർത്തിയാക്കാനായി ദൈവം മനുഷ്യചരിത്രത്തിലിടപെടുന്ന ദിവസങ്ങൾ വരുന്നു എന്നാണ്. 'ഈ അവസാന നാളുകൾ' (1,2) എന്നു പ്രാരംഭത്തിൽ സൂചിപ്പിക്കപ്പെട്ട ദിനങ്ങൾ തന്നെയാണവ. ഇസ്രായേൽ ഭവനത്തോടും യൂദാഭവനത്തോടും ഒന്നിച്ചാണ് ഉടമ്പടി ഉണ്ടാക്കുന്നത്. ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഭിന്നിച്ചു കഴിഞ്ഞിരുന്ന രണ്ടു രാജ്യങ്ങളുടെ ഐക്യവും ഈ ഉടമ്പടിയുടെ ലക്ഷ്യമാണ്. ചിതറിപ്പോയ ജനത്തെ മാത്രമല്ല, സകല ജനതകളെയും ഒന്നിപ്പിക്കാനുള്ള പദ്ധതിയാണത് (യോഹ 11, 52; എഫേ 2,14). 

ജനം ആവർത്തിച്ചാവർത്തിച്ചു ലംഘിച്ച പഴയഉടമ്പടി പോലെയായിരിക്കില്ല പുതിയത്. ഈജിപ്ത‌ിൽനിന്നുള്ള വിമോചനത്തിന്റെ ഭാഗമായാണല്ലോ പഴയ ഉടമ്പടി സ്ഥാപിതമായത്. മിശിഹായുടെ രക്തത്താൽ മനുഷ്യകുലം പാപത്തിൽനിന്നു വിമോചിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണു പുതിയ ഉടമ്പടി സ്ഥാപിതമായത്. ഉടമ്പടിയിൽ ഉറച്ചുനില്ക്കാതിരുന്ന ജനത്തെ അല്‌പസമയത്തേക്കു ദൈവം ഉപേക്ഷിച്ചെങ്കിലും, 'മഹാകരുണയോടെ നിന്നെ ഞാൻ തിരിച്ചു വിളിക്കും' (ഏശ 54,6-7) എന്ന് കർത്താവ് അരുളിച്ചെയ്യുന്നു. 

പുതിയ ഉടമ്പടിയുടെ നിയമം ദൈവം മനുഷ്യമനസ്സിൽ സ്ഥാപിക്കും, അവ മനുഷ്യഹൃദയങ്ങളിൽ എഴുതും (8,10). ദൈവത്തെ സ്നേഹിക്കാനും അവിടുന്നിൽ വിശ്വസിക്കാനും അവിടുത്തെ അനുസരിക്കാനും പ്രാപ്‌തരാക്കുന്നതു ദൈവം തന്നെയായിരിക്കും. പഴയനിയമം നീതിമത്ക്കരണം ആവശ്യപ്പെട്ടിരുന്നെങ്കിലും അതു സാധ്യമാക്കാൻ അതിനു കഴിഞ്ഞില്ല. ജനം തൻ്റെ പ്രമാണങ്ങളനുസരിച്ചാൽ, 'ഞാൻ അവരുടെ ദൈവവും അവർ എൻ്റെ ജനവുമായിരിക്കും' (8,10) എന്നതാണ് ഉടമ്പടിയുടെ കാതലായി അവിടുന്ന് എടുത്തുകാണിച്ചത്. സീനായ്‌മലയിൽ ദൈവം അരുളിച്ചെയ്ത ഈ വാക്കുകൾ (പുറ 6,7) പഴയനിയമത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. തങ്ങളുടെ അവിശ്വസ്‌തതയിലൂടെ ജനം നഷ്ടമാക്കിയ ദൈവവുമായുള്ള ആ ബന്ധം തൻ്റെ തിരുക്കുമാരൻ്റെ രക്തത്തിൽ മുദ്രവച്ച പുതിയ ഉടമ്പടിവഴി ദൈവം എന്നന്നേക്കുമായി പുനഃസ്ഥാപിക്കുന്നു. അതുവഴി ആരും ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ലാത്ത തരത്തിൽ എല്ലാവർക്കും ദൈവവുമായി വ്യക്തിപരമായ ബന്ധമുണ്ടാകുന്നു. അപ്രകാരം പഴയ ഉടമ്പടി ലക്ഷ്യംവച്ചതു പുതിയ ഉടമ്പടി സാധ്യമാക്കി. 

പഴയനിയമത്തിൽ ദൈവം മഹാകരുണയുടെ ദൈവമായി സ്വയം വെളിപ്പെടുത്തുന്നുണ്ട് (പുറ 34,6). ഈ ദൈവിക കരുണ നമുക്ക് പൂർണമായി അനുഭവവേദ്യമായത് മിശിഹായുടെ ബലിയാൽ നമ്മുടെ പാപങ്ങളെല്ലാം നീക്കംചെയ്യപ്പെട്ടതിലൂടെയാണ്. ഇനിമേൽ നമ്മുടെ പാപങ്ങൾ അവിടുന്ന് ഓർക്കുകയില്ല എന്നതിലാണ് ഈ കരുണയുടെ കാതൽ. 

1.3. ഭൗമിക ദൈവാലയത്തിലെ അപൂർണമായ ശുശ്രൂഷാ വിധികൾ (9,1-10) 

9,1 ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്‌ധസ്‌ഥലവും ഉണ്ടായിരുന്നു. 

9,2 ദീപപീഠവും മേശയും കാഴ്‌ചയപ്പവും സജ്‌ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്‌ധസ്‌ഥലമെന്നു വിളിക്കപ്പെടുന്നു. 

9,3 രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്‌ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു. 

9,4 അതിൽ സ്വർണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞ വാഗ്‌ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വർണകലശവും അഹറോൻ്റെ തളിർത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതിൽ സൂക്‌ഷിച്ചിരുന്നു. 

9,5 പേടകത്തിനു മീതെ കൃപാസനത്തിൻമേൽ നിഴൽ വീഴ്ത്തിയിരുന്ന മഹത്വത്തിൻ്റെ കെരൂബുകൾ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോൾ വിവരിച്ചു പറയാനാവില്ല. 

9,6 ഇവയെല്ലാം സജ്‌ജീകരിച്ചതിനുശേഷം, പുരോഹിതന്മാർ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തിൽ പ്രവേശിച്ചു ശുശ്രൂഷ നിർവഹിച്ചിരുന്നു.

9,7 രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതൻ മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകൾക്കു വേണ്ടിയും അർപ്പിക്കാനുള്ള രക്‌തവുമായി ആണ്ടിലൊരിക്കൽ പ്രവേശിക്കുന്നു. 

9.8 ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനിൽക്കുന്നിടത്തോളം കാലം ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്‌ധാത്‌മാവ് ഇതിനാൽ വ്യക്തമാക്കുന്നു. 

9,9 അർപ്പിക്കുന്നവൻ്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത കാഴ്‌ചകളും ബലികളുമാണ് ഇപ്രകാരം സമർപ്പിക്കപ്പെടുന്നത്. 

9,10 നവീകരണകാലം വരെ നിലവിലിരുന്ന ഭക്‌ഷണ പാനീയങ്ങൾ, വിവിധ ക്ഷാളനങ്ങൾ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. 

വിശുദ്ധ സ്ഥലത്തിന്റെയും ആരാധാനാവിധികളുടെയും അപര്യാപ്‌തയെക്കുറിച്ചാണു യഥാക്രമം എട്ടും ഒമ്പതും അദ്ധ്യായങ്ങളിലെ ചർച്ച. ദൈവത്തിൻ്റെ പേര് ഈ ഭാഗത്തു പരാമർശിക്കാത്തത് പഴയനിയമ ആരാധനാ സംവിധാനത്തിന്റെ അപൂർണത വ്യക്തമാക്കാനാണ്. (253) അർപ്പിക്കുന്നവൻ്റെ അന്തഃക്കരണത്തെ വിശുദ്ധീകരിക്കാൻ ആദ്യ ഉടമ്പടിയിലെ ആരാധാനാസംവിധാനത്തിനു കഴിഞ്ഞില്ല. കാരണം, അവയ്ക്കു ശാരീരിക നിയമങ്ങളോടു മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു. അവയ്ക്കു മനുഷ്യന്റെ ഹൃദയ പരിവർത്തനം സാധിക്കാനായില്ല. നവീകരണകാലംവരെ മാത്രമേ അവയ്ക്കു പ്രസക്തിയുണ്ടായിരുന്നുള്ളു. കൂടാതെ, ഭക്ഷണ പാനീയങ്ങൾ, പല വിവിധ ക്ഷാളനങ്ങൾ തുടങ്ങിയ ശാരീരിക നിയമങ്ങൾ ഇസ്രായേൽജനത്തെ മറ്റു ജനതകളിൽനിന്നു വേർതിരിക്കുന്നതിനു മാത്രമേ ഉപകരിച്ചിരുന്നുള്ളുതാനും. ഈ വേർതിരിവിനെക്കുറിച്ചു പൗലോസ്‌ശ്ലീഹാ പരാമർശിക്കുന്നുണ്ട് (എഫേ 1,14). മിശിഹായുടെ മരണം വേർതിരിവിൻ്റെ ഈ മതിലാണു തകർത്തത് (ഗലാ 3,28).

ദൈവത്തിൻ്റെ മനസ്സു മാറ്റാൻ വേണ്ടിയാകരുതു ബലിയർപ്പണം (പ്രഭാ 35,11); മറിച്ച്, അർപ്പിക്കുന്നവരിലാണു മാറ്റം വരേണ്ടത്. മനുഷ്യന് ആന്തരികമായ രൂപാന്തരീകരണം സംഭവിക്കണം. ഇതു പരിശുദ്ധാരൂപിക്കു മാത്രം സാധിക്കുന്ന കാര്യമാണ്. നവീകരണ കാലത്തു സംഭവിക്കുന്നത് ഇതാണ്. മിശിഹായുടെ ലിറ്റർജി (8,2.6) ആന്തരിക പരിവർത്തനം വരുത്താൻ പോരുന്നതാണ്. 

മിശിഹാ പൗരോഹിത്യശുശ്രൂഷ ചെയ്യുന്ന സ്ഥലം സ്വർഗത്തിലാണെന്നു സ്ഥാപിച്ചശേഷം, പുറ 25-26 ൽ വർണിക്കപ്പെടുന്ന ഭൗമികദൈവാലയം സ്വർഗീയമായതിൻ്റെ നിഴൽ മാത്രമാണെന്നു വാദിക്കുന്നു. ജറുസലേം ദൈവാലയത്തിൽ പാപപരിഹാരദിനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കർമ്മവിധികൾ വിശദമായി ചർച്ച ചെയ്യുന്നത്, മിശിഹായുടെ പരിപൂർണബലിയെക്കുറിച്ചു പ്രതിപാദിക്കാനുള്ള ഒരുക്കമായാണ്. 

മനുഷ്യപാപത്തിനു ദൈവം കണ്ടെത്തിയ പരിഹാരത്തെക്കുറിച്ചാണ് ഈ ഭാഗത്തു പ്രതിപാദ്യം. കടം ഇളവുചെയ്‌തു എന്നു വെറുമൊരു പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല അത്; ഹൃദയത്തെ വിശുദ്ധീകരിക്കാനും പാപം തുടച്ചുനീക്കാനും അറ്റു പോയ ദൈവമനുഷ്യബന്ധം പുനഃസ്ഥാപിക്കാനും ശക്തിയുള്ള ഒരു ബലിയർപ്പണത്തിലൂടെയാണതു പൂർത്തിയാക്കിയത്. ഇസ്രായേലിന്റെ ബലിയർപ്പണ സംവിധാനങ്ങൾ എപ്രകാരമാണ് ഈശോ മിശിഹായുടെ ഏകവും നിത്യവുമായ ബലിയുടെ മുന്നോടിയായിരുന്നത് എന്നാണ് ഒമ്പതാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. പാപത്തിൻ്റെ ഗൗരവത്തെക്കുറിച്ചും അതിനു പരിഹാരമായി ദൈവം നിർദ്ദേശിച്ചിരുന്ന പ്രതിവിധികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നവയായിരുന്നു ഈ സംവിധാനങ്ങൾ. എങ്കിലും, ഈ പഴയ നിയമ ബലികൾക്ക് മനുഷ്യപാപങ്ങൾക്കു തക്കതായ പരിഹാരം ചെയ്യുവാൻ സാധിച്ചിരുന്നില്ല (9.1-10). എന്നാൽ, മിശിഹായുടെ രക്തം എപ്രകാരം മനുഷ്യവർഗം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമാകുന്നുവെന്നും (9,11-14) ഉടമ്പടി എപ്രകാരം നവീകരിക്കപ്പെട്ടുവെന്നും പൂർത്തീകരിക്കപ്പെട്ടുവെന്നും (9,15-22) ഇതെപ്രകാരമാണ് സ്വർഗീയ ശ്രീകോവിലിൽ പൂർത്തിയായത് (9,23-28) എന്നുമാണ് ഈ അദ്ധ്യായത്തിൽ വിവരിക്കുന്നത്. 

8,1-6 ൽ അവതരിപ്പിച്ച വിഷയം വീണ്ടും ചർച്ചയ്ക്കെടുക്കകയാണിവിടെ. ജറെമിയാ പ്രവാചകൻ മുൻകൂട്ടി അറിയിച്ച പുതിയ ഉടമ്പടി എപ്രകാരമാണ് ഒരു പുതിയ ആരാധനാവിധി ആവശ്യമാക്കിയിരിക്കുന്നത് എന്ന് എട്ടാമദ്ധ്യായത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. മിശിഹായുടെ ബലിയുമായി താരതമ്യപ്പെടുത്തുവാനായി പഴയ നിയമ ബലിസംവിധാനങ്ങൾ ചർച്ച ചെയ്യുന്നു. ഇവിടെ പരാമർശ വിധേയമാകുന്നതു മരുഭൂമി യാത്രയ്ക്കിടയിൽ ദൈവാരാധനയ്ക്കും ബലിയർപ്പണത്തിനുമായി നിശ്ചയിക്കപ്പെട്ടിരുന്ന സമാഗമകൂടാരമാണ്. ദൈവാരാധനയെ സംബന്ധിച്ച ദൈവിക നിർദ്ദേശങ്ങൾ സമാഗമകൂടാരവുമായി ബന്ധപ്പെട്ട പുറപ്പാടു പുസ്തകത്തിലെ ഭാഗങ്ങളിലാണ് വിവരിച്ചിരിക്കുന്നത് (പുറ 25-40). സമാഗമകൂടാരത്തിൻ്റെ ഘടനതന്നെയും അതിൻ്റെ അപൂർണതയിലേക്കും കൂടുതൽ മെച്ചപ്പെട്ട മറ്റൊരു സംവിധാനത്തിലേക്കും വിരൽചൂണ്ടുന്നതായിരുന്നു. 

ആദ്യ ഉടമ്പടിപ്രകാരമുള്ള ഭൗമികവിശുദ്ധസ്ഥലത്തെയും അതിലെ ശുശ്രൂഷാവിധികളെയുംകുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് ഒമ്പതാം അധ്യായം ആരംഭിക്കുന്നത്. ദൈവാലയത്തിനു നല്കിയിരിക്കുന്ന 'ഭൗമിക' എന്ന വിശേഷണം അർത്ഥപൂർണമാണ്. ദൈവാലയത്തെ സൃഷ്ടപ്രപഞ്ചത്തിൻ്റെ ചെറിയൊരു പതിപ്പായാണ് ഇസ്രായേൽജനത കണ്ടിരുന്നത്. പ്രപഞ്ചംതന്നെയും ഒരു ദൈവാലയമാണ് എന്ന ചിന്തയും അവർക്കുണ്ടായിരുന്നു. ഈ പ്രപഞ്ചത്തിലെ സകല സൃഷ്‌ടജാലങ്ങളും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു എന്ന ചിന്തയും അതിൻ്റെ ഭാഗമായിരുന്നു. 

ആദ്യ ഉടമ്പടിയനുസരിച്ചുള്ള മനുഷ്യനിർമ്മിതമായ ആദ്യ കൂടാരത്തിന്റെ കേന്ദ്രഭാഗത്തെ രണ്ടായി തിരിച്ചിരുന്നു: വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും. രണ്ടിൻ്റെയും പ്രവേശനകവാടത്തിങ്കൽ വേർതിരിക്കുന്ന വിരി ഉണ്ടായിരുന്നു (പുറ 26,33.36). ഈ വിരികൾക്കുള്ളിൽ പ്രവേശിക്കുന്നതിനു പുരോഹിതർക്കു മാത്രമേ അവകാശമുണ്ടായിരുന്നുള്ളു; അതിവിശുദ്ധ സ്ഥലത്തേക്ക് ആണ്ടിലൊരിക്കൽ മാത്രം പ്രധാനപുരോഹിതനും. ദൈവമനുഷ്യസമാഗമത്തിനുള്ള വേദിയായാവുക എന്നതായിരുന്നു ദൈവാലയത്തിന്റെ ലക്ഷ്യമെങ്കിലും ദൈവവും മനുഷ്യനും തമ്മിലുള്ള അനന്തരം വ്യക്തമാക്കുന്നവയായിരുന്നു ദൈവാലയ സംവിധാനങ്ങൾ. 

ആദ്യവിരിക്കുള്ളിൽ വിശുദ്ധ സ്ഥലത്ത് പീഠവിളക്കും (പുറ 27,21) മേശയും കാഴ്‌ചയപ്പവും (ലേവ്യർ 24,8) ഉണ്ടായിരുന്നു. ദിവസംതോറും രാവിലെയും വൈകുന്നേരവുമുള്ള ബലികളും ധൂപകാഴ്ചകളും അർപ്പിച്ചിരുന്നത് ഈ വിശുദ്ധ സ്ഥലത്തായിരുന്നു (പുറ 30,7). രണ്ടാം വിരിക്കുള്ളിലായിരുന്നു അതിവിശുദ്ധസ്ഥലം. അവിടെ സ്വർണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നു കൊണ്ടു പൊതിഞ്ഞ വാഗ്ദാനപേടകവും ഉണ്ടായിരുന്നു. ഈ വാഗ്ദാനപേടകത്തിൽ മന്നായും (പുറ 16,32-34) അഹറോന്റെ തളിർത്ത വടിയും (സംഖ്യ 17) ഉടമ്പടി ഫലകങ്ങളും (നിയമാ 10,5) സൂക്ഷിച്ചിരുന്നു. 

വാഗ്ദാനപേടകത്തിൻ്റെ മേൽഭാഗത്ത് രണ്ടു ക്രോവേന്മാർ/കെരൂബുകൾ വിരിച്ച ചിറകുകളുമായി പരസ്‌പരം നോക്കിക്കൊണ്ടു നിന്നിരുന്നു (പുറ 25,17-22). ഈ കെരൂബുകൾക്കുമീതെയാണ് ദൈവികമഹത്ത്വത്തിൻ്റെ ദൃശ്യ അടയാളമായ മേഘത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടിരുന്നത് (പുറ 40,34-35; ലേവ്യർ 16,2). മഹത്ത്വത്തിന്റെ ദൂതന്മാർ എന്നു വിളിക്കപ്പെട്ടിരുന്ന ഈ കെരൂബുകളുടെ മുകളിൽ ദൈവം സിംഹാസനസ്ഥനാകുന്നു എന്നതായിരുന്നു വിശ്വാസം (2 രാജാ 19,15). "കൃപാസനം' എന്നാണ് പേടകത്തിൻ്റെ ഈ മേൽഭാഗം അറിയപ്പെട്ടിരുന്നത്. "കൃപാസനത്തിനു മുകളിൽനിന്ന്, സാക്ഷ്യ പേടകത്തിനു മീതെയുള്ള കെരൂബുകളുടെ നടുവിൽനിന്നു ഞാൻ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എന്റെ കല്പനകളെല്ലാം ഞാൻ നിന്നെ അറിയിക്കും" (പുറ 25,22) എന്നും കർത്താവ് അരുളിച്ചെയ്‌തിട്ടുണ്ട്. ഇവിടെയാണ്, പ്രധാനാചാര്യൻ ആണ്ടിലൊരിക്കൽ പാപപരിഹാരദിനത്തിൽ തനിക്കുവേണ്ടിയും ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയുമുള്ള രക്തം തളിച്ചിരുന്നത് (ലേവ്യർ 16,1-15; റോമാ 3,26). മുൻ വർഷത്തെ (അജ്ഞത മൂലമുണ്ടാകുന്ന) പാപങ്ങൾ മുഴുവനും അതുവഴി ശുദ്ധീകരികരിക്കപ്പെടുന്നു എന്നായിരുന്നു വിശ്വാസം. ജീവൻ രക്തത്തിലായതിനാലാണ് (ലേവ്യർ 17,11,14) അതിനു പാപമോചനശക്തിയുള്ളത്. രക്തത്തിനുള്ള ഈ ദൈവികമാനം കൊണ്ടാണ് അതു തളിക്കപ്പെടുമ്പോൾ പാപമോചനവും ദൈവവുമായുള്ള ബന്ധത്തിൻ്റെ പുനരുദ്ധാരണവും സാധ്യമായിരുന്നത്. 

യഹൂദകലണ്ടറനുസരിച്ചു പുതുവർഷാരംഭത്തിൽ തന്നെയാണ് പാപപരിഹാരദിനം ആഘോഷിക്കുന്നത്. അന്നേദിവസം ഇസ്രായേൽജനം മുഴുവൻ ഉപവസിച്ചു പ്രാർത്ഥിച്ചിരുന്നു (ലേവ്യർ 16). പ്രധാനപുരോഹിതൻ തന്റെയും തൻ്റെ കുടുംബത്തിന്റെയും പാരപരിഹാരത്തിനായി ഒരു കാളക്കുട്ടിയെ ബലയർപ്പിച്ചിരുന്നു. ജനത്തിന്റെ പാപങ്ങൾക്കു പരിഹാരബലിയായി ഒരു കോലാടിനെയാണു ബലിയർപ്പിച്ചിരുന്നത്. കാളക്കുട്ടിയുടെയും കോലാടിന്റെയും രക്തവും ധൂപവുമായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചിരുന്ന പ്രധാനപുരോഹിതൻ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും ഈ രക്തം തളിച്ചിരുന്നു. ബലിപീഠത്തിന്റെ കൊമ്പുകളിൽ ഈ രക്തത്തിൽ കുറെ പുരട്ടുകയും ചെയ്‌തിരുന്നു. 

പാപപരിഹാരദിനത്തിലെ കർമ്മങ്ങൾ എത്ര പ്രധാനപ്പെട്ടവയെന്നു തോന്നിയാലും മിശിഹായുടെ പരിപൂർണ ബലിയോടു താരതമ്യപ്പെടുത്തുമ്പോൾ അവയുടെ നിസ്സാരത വ്യക്തമാകും. അർപ്പിക്കുന്നവൻ്റെ അന്തഃക്കരണത്തെ പാപക്കറകളിൽനിന്നു വിശുദ്ധീകരിക്കാൻ അവയ്ക്കു കഴിവില്ലായിരുന്നു. ഈ അന്തക്കരണത്തിലാണല്ലോ നമ്മുടെ പ്രവൃത്തികളുടെ നന്മയും തിന്മയും വേർതിരിക്കപ്പെടുന്നത് (റോമാ 2,15; 3,23). മഹാപുരോഹിതനായ മിശിഹാ വെളിപ്പെടുത്തുന്ന, ശ്രീകോവിലിലേക്കുള്ള യഥാർത്ഥ പാതയുടെ മുന്നോടിയായി, പരിശുദ്ധറൂഹാ പഴയഉടമ്പടിയുടെ ഈ ശുശ്രൂഷാ വിധികളെ ഉപയോഗപ്പെടുത്തി എന്നു ലേഖകൻ സമർത്ഥിക്കുന്നു (9,8). മിശിഹായുടെ സഹന-മരണോത്ഥാനങ്ങളിലൂടെ പ്രോദ്ഘാടനം ചെയ്യപ്പെട്ട നവീകരണകാലം (10,19-20) വരെയുള്ള ശാരീരിക നിയമങ്ങൾ മാത്രമായിരുന്നു അവ. ഭക്ഷണപാനീയങ്ങൾ, പലവിധ ക്ഷാളനങ്ങൾ തുടങ്ങി (ലേവ്യർ 10,9; 11,1-47), പുരോഹിതഗണത്തിനു മാത്രം പ്രാപ്യമായിരുന്ന അവ സ്വഭാവത്താലേ അപൂർണങ്ങളായിരുന്നു. ദൈവാരാധനയുടെ ലക്ഷ്യമായ ദൈവൈക്യം അഥവാ ദൈവസന്നിധിയിലേക്കുള്ള പ്രവേശം അതുവഴി സാധിച്ചിരുന്നില്ല. മിശിഹായുടെ ബലിയിൽ പൂർത്തിയാകാനിരുന്ന അന്തഃക്കരണത്തിന്റെ വിശുദ്ധീകരണത്തെ സൂചിപ്പിക്കുന്ന മുന്നോടികൾ മാത്രമായിരുന്നു അവ. 

ഹെബ്രായലേഖകൻ്റെ സമാഗമ കൂടാരത്തിലെ വിശുദ്ധവും അതിവിശുദ്ധവുമായ സ്ഥലങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം സഭാപിതാക്കന്മാർ ദൈവവചനത്തിനു നല്‌കിയിരുന്ന മൂന്നുവിധ അർത്ഥങ്ങൾക്കു സമാനമാണ്. വിശുദ്ധസ്ഥലം പഴയ ഉടമ്പടിയെയും അതിന്റെ ബലിയർപ്പണസംവിധാനത്തെയും സൂചിപ്പിക്കുമ്പോൾ അതിവിശുദ്ധസ്ഥലം പുതിയ ഉടമ്പടിയെയും മിശിഹായുടെ ഏകവും നിത്യവുമായ ബലിയെയും സൂചിപ്പിക്കുന്നു. വിശുദ്ധ സ്ഥലം ശാരീരിക ശുദ്ധിയിൽ ശ്രദ്ധിച്ചിരുന്ന പഴയനിയമ സംവിധാനങ്ങളായ ക്ഷാളനങ്ങളെയും ഭക്ഷണപാനീയങ്ങളെയും പ്രതിനിധീകരിക്കുമ്പോൾ അതിവിശുദ്ധസ്ഥലം മിശിഹാ സാദ്ധ്യമാക്കുന്നതും അന്തഃക്കരണത്തെ വിശുദ്ധീകരിക്കുന്നതുമായ പുതിയനിയമ ക്ഷാളനത്തെയും ഭക്ഷണപാനീയങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. വീണ്ടും, അതിവിശുദ്ധസ്ഥലം സ്വർഗത്തെയും സ്വർഗീയാരാധനയെയും സൂചിപ്പിക്കുമ്പോൾ, വിശുദ്ധസ്ഥലം അവയുടെ പ്രതീകമായ ഭൗമിക ദൈവാലയത്തെ സൂചിപ്പിക്കുന്നു.

2. പുതിയ ഉടമ്പടിയിലുള്ള മിശിഹായുടെ ബലി (9,11-28) 

2.1. മിശിഹായുടെ രക്തത്തിൻ്റെ ഫലദായകത്വം (9,11-14) 

9,11 എന്നാൽ, വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി മിശിഹാ പ്രത്യക്‌ഷപ്പെട്ടു. കൂടുതൽ മഹനീയവും പൂർണവും മനുഷ്യനിർമിതമല്ലാത്തതും സൃഷ്ട്‌ടവസ്തുക്കളിൽ പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലിൽ അവൻ പ്രവേശിച്ചു. 

9,12 അവൻ അവിടെ പ്രവേശിച്ചു നിത്യരക്‌ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്ത‌ത്തിലൂടെയല്ല. സ്വന്തം രക്‌തത്തിലൂടെയാണ്. 

9,13 കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിൻ്റെ ഭസ്മം വിതറുന്നതും അശുദ്‌ധരെ ശാരീരികമായി ശുദ്‌ധീകരിക്കുന്നു. 

9,14 എങ്കിൽ, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ച മിശിഹായുടെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെ നിർജീവ പ്രവൃത്തികളിൽ നിന്ന് എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല! 

പാപപരിഹാരദിനത്തിലെ ബലിയർപ്പണവുമായി ബന്ധപ്പെടുത്തിയാണ് ഹെബ്രായലേഖകൻ മിശിഹായുടെ പെസഹാരഹസ്യത്തിന്റെ അർത്ഥം വ്യക്തമാക്കുന്നത്. ദൈവാലയത്തിലെ അതി വിശുദ്ധ സ്ഥലത്തു പ്രധാന പുരോഹിതൻ മൃഗരക്തം തളിച്ചിരുന്നതാണ് പാപപരിഹാരദിനത്തിലെ മുഖ്യകർമം. ജീവന്റെ അടയാള ശുദ്ധീകരണത്തിൻ്റെ മാധ്യമം എന്നീ നിലകളിൽ രക്തം ജനംമുഴുവന്റെയും ഭൂതകാല പാപങ്ങൾ നീക്കിക്കളയുന്നു എന്നായിരുന്നു വിശ്വാസം. പുതിയ വർഷത്തിൽ ദൈവതിരുമുമ്പിൽ ഒരു നവീകൃത ജീവിതത്തിനുള്ള ഒരുക്കമായും ഇതിനെ കണ്ടിരുന്നു. ഹെബ്രായ ലേഖകനെ സംബന്ധിച്ച് കുരിശിൽ മരിച്ച മിശിഹായാണ് പരിപൂർണനായ പുരോഹിതനും പരിപൂർണ ബലിവസ്‌തുവും. വർഷം തോറും ചിന്തപ്പെട്ടിരുന്ന കോലാടുകളുടെയും കാളക്കുട്ടികളുടെയും രക്തത്തിനു സാധിക്കാതിരുന്നത് ഒരിക്കൽമാത്രം ചിന്തിയ അവിടുത്തെ രക്തത്തിനു സാധിച്ചു. 

വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതനായി മിശിഹാ, കൂടുതൽ മഹനീയവും പൂർണവും മനുഷ്യനിർമിതമല്ലാത്തതുമായ കൂടാരത്തിലൂടെ എന്നന്നേക്കുമായി ശ്രീകോവിലിൽ പ്രവേശിച്ച് സ്വന്ത രക്തത്തിലൂടെ നമ്മുടെ അന്തഃകരണത്തെ വിശുദ്ധീകരിച്ചു നിത്യമായ രക്ഷ സാധിച്ചു. സ്വജീവൻ ബലിയായി അർപ്പിച്ചതിലൂടെയാണ് അവിടുത്തേക്കു സ്വർഗീയ ശ്രീകോവിലിലേക്കു പ്രവേശിക്കാനായത്. ഭൂമിയിൽ ആരംഭിച്ച ബലി പൂർത്തിയായത് അവിടുത്തെ സ്വർഗപ്രവേശത്തോടുകൂടെയാണ്. അവിടുന്നു സ്വർഗത്തിലേക്കു പ്രവേശിച്ചതാകട്ടെ മനുഷ്യനിർമ്മിതമല്ലാത്ത കൂടാരത്തിലൂടെയും. എന്താണ് മനുഷ്യനിർമ്മിതമല്ലാത്ത കൂടാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അത് ഉത്ഥിതനായ മിശിഹായുടെ ശരീരമല്ലാതെ മറ്റൊന്നുമല്ല. കാരണം, അവിടുന്നു തന്നെ പുനരുദ്ധരിക്കാനിരിക്കുന്ന ദൈവാലയമായ തൻ്റെ ശരീരത്തെക്കുറിച്ച് അരുളിച്ചെയ്‌തിട്ടുണ്ടല്ലോ (യോഹ 2,19-20). ഈ പുനരുദ്ധാരണം സംഭവിച്ചത് മിശിഹായുടെ ഉത്ഥാനത്തിലാണ്. ഉത്ഥിതനായ മിശിഹായുടെ ഇന്നത്തെ ശരീരം (മൗതികശരീരം) തിരുസഭയാണ്. ഈ ശരീരത്തിലാണ്, വിശ്വാസിസമൂഹത്തിലാണ്, അവിടുന്ന് ഇന്നും തന്റെ ബലിയർപ്പണം തുടർന്നുകൊണ്ടിരിക്കുന്നത്. 

പ്രധാന പുരോഹിതൻ പാപപരിഹാരദിനത്തിൽ അതി വിശുദ്ധ സ്ഥലത്ത് രക്തം തളിക്കാൻ പ്രവേശിച്ചതിനോടാണ് മിശിഹായുടെ സ്വർഗപ്രവേശത്തെ ഹെബ്രായലേഖകൻ ഉപമിക്കുന്നത്. ദൈവപുത്രൻ എന്ന നിലയിൽ അവിടുന്ന് എന്നും പിതാവിനോടൊപ്പം സ്വർഗത്തിലാണെങ്കിലും മനുഷ്യനായ അവിടുത്തേക്ക് സ്വർഗത്തിലേക്കു പ്രവേശിക്കേണ്ടതുണ്ടായിരുന്നു. ഇത് അവിടുന്നു സാധിച്ചത് തന്റെ്റെ കുരിശിലെ ബലിവഴിയാണ്. തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ അവിടുന്നു സ്വർഗത്തിലേക്ക് ദൈവസന്നിധിയിലേക്കു പ്രവേശിക്കുകയായിരുന്നു. 

കോലാടുകളുടെയും കാളക്കുട്ടികളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിൻ്റെ ഭസ്‌മം വിതറുന്നതും' അശുദ്ധരെ ശാരീരികമായി ശുദ്ധീകരിച്ചിരുന്നു എന്നാണ് യഹൂദവിശ്വാസം. എങ്കിൽ, നിർമ്മലനായി നിത്യാത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ച മിശിഹായുടെ രക്തം നമ്മുടെ അന്തഃകരണത്തെ എത്രയോ അധികമായി വിശുദ്ധീകരിക്കുകയില്ലാ എന്നാണു ലേഖകൻ ചോദിക്കുന്നത് (9,14; 1 യോഹ 1,7; വെളി 1,5). ശാരീരിക ന്യൂനതകളില്ലാത്ത മൃഗത്തെയായിരുന്നു ബലിയർപ്പിക്കേണ്ടിയിരുന്നത് (ലേവ്യർ 1,3.10; 3,1.6.9). പുതിയ നിയമത്തിലെ ബലിവസ്തു വായ മിശിഹായാകട്ടെ പാപലേശമേശാത്ത നിർമ്മലനായ കുഞ്ഞാടാണ് (4,15; 2 കോറി 5,21). ബലിമൃഗങ്ങൾക്ക് ക്രിയാത്മകമായ യാതൊരു പങ്കും ബലിയിലില്ലായിരുന്നു. എന്നാൽ, ഈശോയാകട്ടെ സ്വയം ബലിയർപ്പിക്കുകയായിരുന്നു. ഇസഹാക്കിനോടും (ഉല്പ 22) ഏശയ്യാ പ്രവാചകനിലെ സഹനദാസനോടും (ഏശ 53,10) ഈശോയ്ക്കു സാമ്യമുണ്ട്. 

നിത്യാത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു എന്നു പറഞ്ഞിരിക്കുന്നതിന് ആൽബർട്ട് വനാ നല്‌കുന്ന വിശദീകരണം ആകർഷകമാണ്.? അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈശോയുടെ കുരിശിലെ ബലിയിൽ ആവസിച്ച റൂഹാ, പഴയ നിയമത്തിൽ, ബലിപീഠത്തിൽ സൂക്ഷിച്ചിരുന്ന അഗ്നിക്കു സമാനമാണ്. ഈ അഗ്നിയാണല്ലോ ബലിവസ്‌തുക്കളെ ദഹിപ്പിച്ച് ദൈവത്തിനു സ്വീകാര്യമാക്കിയിരുന്നത്. പൗരോഹിത്യം സ്ഥാപിക്കപ്പെട്ട സമയത്ത് ദൈവംതന്നെയാണ് ഈ അഗ്നി ആദ്യം ജ്വലിപ്പിച്ചത് (ലേവ്യർ 9,24; 2 ദിന 7,21). ഈ അഗ്നി അണഞ്ഞുപോകാതെ സൂക്ഷിക്കേണ്ടത് പുരോഹിതരുടെ കടമയായിരുന്നു (ലേവ്യർ 6,5-6). കുരിശിലെ സഹനവേളയിൽ മിശിഹായുടെ മനുഷ്യഹൃദയത്തെ ജ്വലിപ്പിച്ച്, ദൈവത്തിനു സ്വീകാര്യമായ ബലിയായി സ്വയമർപ്പിക്കാൻ അവിടുത്തെ സഹായിച്ചതു പരിശുദ്ധ റൂഹായാണ്. 

മിശിഹായുടെ രക്തം നിർജ്ജീവ പ്രവൃത്തികളിൽനിന്നു നമ്മെ വിശുദ്ധീകരിക്കുന്നത് ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ വേണ്ടിയാണ്. സ്വർഗത്തിൽ പ്രവേശിച്ച പ്രധാന പുരോഹിതനായ മിശിഹായുടെ രക്തം നമ്മെ പാപങ്ങളിൽനിന്നു മോചിപ്പിച്ച് ദൈവവുമായി ശരിയായ ബന്ധത്തിലാക്കി. പാപഭാരത്തിലും കുറ്റബോധത്തിലും നിന്നുള്ള വിമോചനം ആനന്ദത്തോടെ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. യോഹന്നാൻ മാംദാനയുടെ പിതാവായ സഖറിയായും ഇതെക്കുറിച്ചു തൻ്റെ കീർത്തനത്തിൽ പരാമർശിക്കുന്നുണ്ട്. ദൈവം ദാവീദിൻ്റെ ഭവനത്തിൽ നമുക്കായി ഒരു രക്ഷകനെ ഉയർത്തിയത്, ശത്രുക്കളുടെ കരങ്ങളിൽനിന്നു നമ്മൾ വിമോചിതരായി, നിർഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻവേണ്ടിയാണ് (ലൂക്കാ 1,68-75) എന്നാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. ഈശോയിൽ വിശ്വസിച്ചു മാമ്മോദീസാ മുങ്ങുന്നവർക്ക് അവിടുത്തെ പൗരോഹിത്യത്തിൽ പങ്കു ലഭിക്കുന്നു എന്നതിൻ്റെ അർത്ഥവും ഇതാണ്. നമ്മുടെ ശരീരങ്ങളെ പരിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി സമർപ്പിക്കുവാനുള്ള പൗലോസ്ശ്ലീഹായുടെ ആഹ്വാനവും (റോമാ 12,1) ഈ വെളിച്ചത്തിലാണ് കാണേണ്ടത്. ചുരുക്കത്തിൽ, ക്രൈസ്തവ അസ്തിത്വംതന്നെ ദൈവാരാധനയുടേതാണ്. 

മനുഷ്യന്റെ അന്തഃക്കരണത്തെ വിശുദ്ധീകരിക്കാനുള്ള ശക്തി മിശിഹായുടെ ബലിയ്ക്കുള്ളതുകൊണ്ടാണ് അവിടുത്തേക്ക് പുതിയ ഉടമ്പടി ഉറപ്പിക്കാനായത്. മിശിഹാ തൻ്റെ മരണംവഴി പഴയ ഉടമ്പടിയുടെ ലംഘനംമൂലം ഇസ്രായേൽജനത്തിനുമേൽ പതിച്ചിരുന്ന ശിക്ഷാവിധി (നിയമാ 28,15-68) നിർമാർജനം ചെയ്തു. ഒപ്പം, പഴയ ഉടമ്പടിയോടു വിശ്വസ്‌തരായി ജീവിച്ച പൂർവപിതാക്കന്മാർക്ക് മിശിഹായുടെ മരണത്തിൻ്റെ രക്ഷാകരഫലം ലഭ്യമാക്കുകയും ചെയ്തു. പാപകടങ്ങൾ ഇപ്രകാരം നീക്കം ചെയ്യപ്പെട്ടതോടെ വിളിക്കപ്പെട്ടവർ ദൈവിക വാഗ്‌ദാനത്തിന് അർഹരായി. 

2.2. മിശിഹായുടെ രക്തത്താൽ നവീകരിക്കപ്പെട്ട പുതിയ ഉടമ്പടി (9,15-23) 

9,15 വിളിക്കപ്പെട്ടവർ വാഗ്‌ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവൻ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവർക്ക് അവൻ സ്വന്തം മരണത്താൽ രക്‌ഷയായിത്തീർന്നു. 

9,16 മരണപത്രത്തിൻ്റെ കാര്യത്തിൽ, അത് എഴുതിയവൻ്റെ മരണം സ്‌ഥിരീകരിക്കപ്പെടണം. 

9,17 മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവൻ ജീവിച്ചിരിക്കെ അതിന് ഒരു സാധുതയുമില്ലല്ലോ. 

9,18 അതിനാൽ, രക്‌തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്. 

9,19 മോശ നിയമത്തിലെ ഓരോ കൽപനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോൾ അവൻ പശുക്കിടാക്കളുടെയും ആടുകളുടെയും രക്‌തം ജലത്തിൽ കലർത്തി ചെമന്ന ആട്ടിൻരോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്‌തകത്തിൻമേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു പറഞ്ഞു: 

9,20 ഇതുദൈവം നിങ്ങളോടു കൽപിച്ചിരിക്കുന്ന ഉടമ്പടിയുടെ രക്തമാണ്. 

9,21 അപ്രകാരം തന്നെ കൂടാരത്തിൻമേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിൻമേലും ആ രക്തം അവൻ തളിച്ചു. 

9,22 നിയമപ്രകാരം മിക്ക വസ്‌തുക്കളും രക്‌തത്താലാണ് ശുദ്‌ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല. 

9,23 സ്വർഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്‌ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വർഗീയ കാര്യങ്ങളാകട്ടെ കൂടുതൽ ശ്രേഷ്‌ഠമായ ബലികളാലും

ജറെമിയാ പ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്ന പുതിയ ഉടമ്പടിയുടെ ഉദ്ഘാടനം മിശിഹായുടെ രക്തം ചിന്തലിലൂടെ സംഭവിച്ചു. ആദ്യ ഉടമ്പടിയുടെ ലംഘനംമൂലമുണ്ടായ അപരാധങ്ങൾ നീക്കം ചെയ്യപ്പെടേണ്ടത് ആവശ്യമായിരുന്നു. മിശിഹാ സ്വന്ത രക്തം ചിന്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. പുതിയ ഉടമ്പടിയെപ്പറ്റി മുൻകൂട്ടി അറിയിച്ചപ്പോൾ, ദൈവം ഇനി ഒരിക്കലും ജനത്തിന്റെ പാപങ്ങൾ ഓർക്കുകയില്ല എന്നു ജറെമിയാ പ്രവാചകൻ പറഞ്ഞതിന്റെ അർത്ഥം ഈ വെളിച്ചത്തിൽവേണം മനസ്സിലാക്കാൻ. മിശിഹാ തന്റെ കുരിശുമരണംവഴി പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി (9,15). ഈ പുതിയ ഉടമ്പടിയെ അവിടുത്തെ മരണപത്രത്തോടാണു ഹെബ്രായലേഖകൻ ഉപമിക്കുന്നത് (9,16-17). ഗ്രീക്കുഭാഷയിലെ 'ദിയാതേക്കെ' (diatheke) എന്ന പദത്തിന് 'ഉടമ്പടി' എന്നും 'മരണപത്രം' എന്നും അർത്ഥമുണ്ട്. മരണപത്രം മരണശേഷം മാത്രം സാധൂകരിക്കപ്പെടുന്നു എന്നതു പുതിയ ഉടമ്പടിയുടെ കാര്യത്തിലും വാസ്‌തവമാണ്. സീനായ് ഉടമ്പടി ഉറപ്പിച്ചത്, ബലിമൃഗത്തിൻ്റെ രക്തത്തിൽ പകുതി ബലിപീഠത്തിന്മേലും' മറ്റേ പകുതി ജനങ്ങളുടെമേലും തളിച്ചുകൊണ്ടാണ് (പുറ 24,3-8). "ഇതു ദൈവം നിങ്ങൾക്കു കല്‌പിച്ചു തന്ന ഉടമ്പടിയുടെ രക്തമാണ്" (പുറ 24,8) എന്നു പറഞ്ഞുകൊണ്ടാണ് മോശ പഴയ ഉടമ്പടി ഉറപ്പിച്ചത്. പുതിയ ഉടമ്പടിയാകട്ടെ, കുരിശിൽ ചിന്തിയ മിശിഹായുടെ രക്തംകൊണ്ടാണ് ഉറപ്പിക്കപ്പെട്ടത് (9,18-19). ശുദ്ധികരണവും പാപമോചനവും സാധിച്ചിരുന്നതും രക്തബലിയിലൂടെയാണ്. രക്തം ചിന്താതെ പാപമോചനമില്ല (ലേവ്യർ 17,11) എന്നതു യഹൂദവിശ്വാസത്തിൻ്റെ ഭാഗമാണ്. ഈ പശ്ചാത്തലത്തിൽ വേണം അന്ത്യത്താഴവേളയിലെ ഈശോയുടെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കുവാൻ. അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അവിടുന്ന് അരുളിച്ചെയ്‌തു: "ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എൻ്റെ രക്തംകൊണ്ടുള്ള പുതിയ ഉടമ്പടിയാണ്" (ലൂക്കാ 22,20; മർക്കോ 14,24; മത്താ 26,28). പുതിയ ഉടമ്പടി ഉറപ്പിക്കുന്നതിനായി അവിടുന്നു തൻ്റെ രക്തം ചിന്തിയത് കുരിശിലാണല്ലോ. 'നിങ്ങൾക്കുവേണ്ടി', 'അനേകർക്കുവേണ്ടി' തുടങ്ങിയ അന്ത്യത്താഴവേളയിലെ അവിടുത്തെ പ്രയോഗങ്ങൾ അവിടുന്നു നമ്മുടെ പാപങ്ങൾക്കു പരിഹാരമായി കുരിശിൽ സഹിക്കാനിരിക്കുന്നു എന്നു മുൻകൂട്ടി അറിയിക്കുകയായിരുന്നു. 

പാപം, മനുഷ്യനെ ജീവൻ്റെ ഉറവിടമായ ദൈവത്തിൽനിന്ന് അകറ്റുന്നതുകൊണ്ട്, മരണത്തിൽ കലാശിക്കുന്നു (ഉല്പ 2,17). മനുഷ്യഹൃദയത്തിൽ പാപം മാരകമായ മുറിവേല്പ്പിക്കുന്നതുകൊണ്ടാണ് പാപപരിഹാരം ആവശ്യമായി വരുന്നത്. ഈ പരിഹാരം മനുഷ്യവർഗത്തിനുവേണ്ടി മിശിഹാ സ്വയം ഏറ്റെടുക്കുകയായിരുന്നു. അവിടുത്തെ സ്വയാർപ്പണത്തിനു മാത്രമേ അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കാനും മനുഷ്യരായ നമ്മെ ദൈവത്തോട് അരഞ്ജിപ്പിക്കാനും സാധിക്കുമായിരുന്നുള്ളു. ഏശയ്യാ പ്രവാചകനിലെ സഹന ദാസൻ ഇതാണു മുൻകൂട്ടി അറിയിച്ചത്: "നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്പ്പിക്കപ്പെട്ടു. അവൻ്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവൻ്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു" (ഏശ 53,5). "ഇത് അനേകരുടെ പാപങ്ങളുടെ മോചനത്തിനായി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എൻ്റെ രക്തമാകുന്നു" (മത്താ 26,28) എന്ന് അവിടുന്ന് അരുളിച്ചെയ്‌തതിന്റെ പൊരുൾ ഇതാണ്. പഴയനിയമത്തിലെ സകല രക്തബലികളും ദൈവത്തിന്റെ സ്വയം ദാന സ്നേഹമായ മിശിഹായുടെ ബലിയുടെ അടയാളങ്ങളായിരുന്നു. 

മിശിഹായുടെ മരണം പാപം മോചിക്കുകയും പുതിയ ഉടമ്പടിയ്ക്കടിസ്ഥാനമിടുകയും മാത്രമല്ല ചെയ്തത്; വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന നിത്യാവകാശം നമുക്കു നേടിത്തരികയും ചെയ്തു (9,15; 11,13). 'നിത്യരക്ഷ' (9,12), 'നിത്യ ഉടമ്പടിയുടെ രക്ഷ' (13,20) എന്നൊക്കെ എഴുതുമ്പോൾ ലേഖകൻ ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. കുരിശിലെ തൻ്റെ ബലിയിലൂടെ മിശിഹാ ദൈവ പിതാവിന്റെ നിത്യതയിലേക്കു പ്രവേശിച്ചിരിക്കുന്നതുകൊണ്ട്, മിശിഹായിൽ വിശ്വസിക്കുന്നവർക്കെല്ലാം അവിടുന്ന് നിത്യജീവൻ അവകാശമായി നല്‌കി (5,9). മിശിഹാ പാപത്തിൻ്റെ അടിമത്തത്തിൽ നിന്നു വിമോചിപ്പിച്ച് മരണഭയത്തിൽനിന്നു രക്ഷിച്ച്, നമുക്കു നിത്യാവകാശം നേടിത്തന്നു. അബ്രാഹത്തിൻ്റെ സന്തതികൾക്കു ദൈവം കാനാൻ ദേശമാണ് അവകാശമായി വാഗ്‌ദാനം ചെയ്തിരുന്നത്. ഈ അവകാശം ദൈവത്തിൻ്റെ നിത്യവിശ്രമത്തിലുള്ള പങ്കുചേരലാണ് (4,1-11; 11,9-16). ഈശോയിൽ വിശ്വസിക്കുന്നവർ ഈ വിശ്രമത്തിൽ പ്രവേശിച്ചുകൊണ്ടേയിരിക്കുന്നു. ചുരുക്കത്തിൽ, മിശിഹായുടെ മരണം ഒരേസമയം നമ്മെ ദൈവവുമായി ബന്ധത്തിലാക്കുന്ന ഉടമ്പടിയും നമുക്കു നിത്യാവകാശത്തിലേക്കു പ്രവേശനം നല്കുന്ന മരണപത്രവുമാണ്. 

2.3. എന്നന്നേക്കുമുള്ള ഏകബലി (9,24-28) 

9,24 മനുഷ്യനിർമിതവും സാക്‌ഷാൽ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്‌ധസ്‌ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ നില്ക്കാൻ സ്വർഗത്തിലേക്കുതന്നെയാണ് ഈശോ പ്രവേശിച്ചത്. 

9,25 അത്, പ്രധാനപുരോഹിതൻ തന്റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്‌ധ സ്‌ഥലത്തേക്ക് ആണ്ടു തോറും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമർപ്പിക്കാനായിരുന്നില്ല. 

9,26 ആയിരുന്നെങ്കിൽ ലോകാരംഭംമുതൽ പലപ്രാവശ്യം അവൻ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂർണതയിൽ തന്നെത്തന്നെ ബലിയർപ്പിച്ചു കൊണ്ട് പാപത്തെനശിപ്പിക്കാൻ ഇപ്പോൾ ഇതാ, അവൻ ഒരിക്കൽ മാത്രം പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. 

9,27 മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം;

9,28 അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മിശിഹായും വളരെപ്പേരുടെ പാപങ്ങൾ ഉൻമൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു. അവൻ വീണ്ടും വരും- പാപപരിഹാരാർഥമല്ല, തന്നെ ആകാംക്‌ഷാപൂർവം കാത്തിരിക്കുന്നവരുടെ രക്ഷ്യ്ക്കുവേണ്ടി. 

സ്വർഗീയ ശ്രീകോവിലിൽ സ്വന്ത രക്തവുമായി പ്രവേശിച്ച മിശിഹാ എന്നന്നേക്കുമായി പാപത്തിനു പരിഹാരം ചെയ്തു. എന്നാൽ, മിശിഹായുടെ ഈ പ്രവൃത്തി വെറുമൊരു ഭൂതകാല സംഭവം മാത്രമല്ല. മഹാ പുരോഹിതനായ മിശിഹാ സ്വർഗത്തിൽ തൻ്റെ പൗരോഹിത്യധർമം തുടർന്നുകൊണ്ടിരിക്കുന്നു. നമ്മെ പ്രതിനിധാനം ചെയ്‌തുകൊണ്ട് അവിടുന്നു ദൈവസന്നിധിയിലാണ് (9,24). നിത്യപുരോഹിതനായ ഈശോ നമുക്കുവേണ്ടി ദൈവസന്നിധിയിൽ നില്ക്കുന്നത്, പ്രധാനപുരോഹിതൻ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ പേരുകൾ രേഖപ്പെടുത്തിയ ഉരസ്ത്രാണം ധരിച്ച് അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചിരുന്നതിനു സമാനമാണ് (പുറ 28,29). പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്ന അവിടുന്ന് നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു (റോമാ 8,34; 1 യോഹ 2,1). 

കൂടാതെ, പ്രധാന പുരോഹിതനായ മിശിഹാ അന്ത്യവിധിക്കായി രണ്ടാമതു പ്രത്യക്ഷപ്പെടുമ്പോഴും തൻ്റെ പൗരോഹിത്യ ധർമ്മമാണു നിർവഹിക്കാനിരിക്കുന്നത് (9,28). മിശിഹാ കുരിശിലെ തൻ്റെ ബലിവഴി സകലരുടെയും പാപങ്ങൾക്കു പരിഹാരം ചെയ്തു കഴിഞ്ഞിരിക്കുന്നതിനാൽ (ഏശ 53, 12), രണ്ടാമത്തെ വരവിൽ അവിടുത്തെ ദൗത്യം, തന്നെ കാത്തിരിക്കുന്നവർക്കു രക്ഷ നല്‌കുക എന്നതാണ്. അപ്രകാരം, മിശിഹായുടെ പൗരോഹിത്യത്തിൽ മൂന്നു ഘട്ടങ്ങളുണ്ട്: മനുഷ്യശിരീരത്തിലർപ്പിച്ച കുരിശിലെ പാപപരിഹാര ബലി, വർത്തമാനകാലത്ത് സ്വർഗത്തിൽ നമുക്കുവേണ്ടിയുള്ള മാദ്ധ്യസ്ഥ്യം, ഭാവിയിലുള്ള അന്ത്യ വിമോചനം.

3. മിശിഹായുടെ സമർപ്പണത്തിന്റെ ഫലദായകത്വം (10,1-18) 

3.1. നിയമത്തിന്റെ അപര്യാപ്‌തത (10,1-3) 

10,1 നിയമം വരാനിരിക്കുന്ന നൻമകളുടെ നിഴൽ മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാൽ ആണ്ടുതോറും ഒരേ ബലിതന്നെ അർപ്പിക്കപ്പെടുന്നെങ്കിലും അവയിൽ സംബന്‌ധിക്കുന്നവരെ പൂർണരാക്കാൻ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; 

10,2 അവയ്ക്കു കഴിഞ്ഞിരുന്നെങ്കിൽ, ബലിയർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ? ആരാധകർ ഒരിക്കൽ ശുദ്‌ധീകരിക്കപ്പെട്ടിരുന്നെങ്കിൽ, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവർക്കുണ്ടാകുമായിരുന്നില്ല. 

10,3 എന്നാൽ, ഈ ബലികൾമൂലം അവർ ആണ്ടുതോറും തങ്ങളുടെ പാപങ്ങൾ ഓർക്കുന്നു

പഴയ ഉടമ്പടിയും നിയമവും അതിൻപ്രകാരമുള്ള ബലിയർപ്പണങ്ങളും വരാനിരുന്ന നന്മകളുടെ തനിരൂപമല്ല, നിഴൽ മാത്രമാണ് എന്ന ആമുഖപ്രസ്‌താവന പ്രതിപാദിക്കാൻ പോകുന്ന വിഷയം മുഴുവൻ അവതരിപ്പിക്കുന്നുണ്ട്. ലേവ്യർ 16,34 ലെ നിർദ്ദേശപ്രകാരം, ആണ്ടുതോറും പാപപരിഹാരദിനത്തിൽ (9,7 ലും 9,25 ലും കണ്ടതു പോലെ) അർപ്പിക്കപ്പെട്ടിരുന്ന ബലികൾക്ക് സമർപ്പിക്കുന്നവരെ പരിപൂർണരാക്കാൻ കഴിവില്ലായിരുന്നു. അതുകൊണ്ടാണല്ലോ വർഷം തോറും അത് ആവർത്തിക്കേണ്ടിയിരുന്നത് (എന്നന്നേക്കുമുള്ള നിയമം എന്നാണ് ഇതെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ലേവ്യ 16,29. 31.34). ജനത്തിൻ്റെ പാപത്തെക്കുറിച്ച് ആണ്ടുതോറും അവരെ അനുസ്മരിപ്പിക്കാൻ മാത്രമേ അത് ഉപകരിച്ചിരുന്നുള്ളു. 7,19 ൽ സൂചിപ്പിച്ചതുപോല, നിയമത്തിന് ഒന്നിനെയും പൂർണതിലെത്തിക്കാൻ സാധിച്ചിട്ടില്ല. ഏഴാമദ്ധ്യായത്തിൽ പഴയനിയമ പൗരോഹിത്യത്തെക്കുറിച്ചായിരുന്നു പരാമർശമെങ്കിൽ, ഇവിടെ ദൈവസന്നിധിയിലേക്കു മനുഷ്യനു പ്രവേശനം സാദ്ധ്യമാക്കുന്നതിനുള്ള ബലികളെക്കുറിച്ചാണ് പ്രതിപാദ്യം. ആരാധകൻ്റെ മനസ്സാക്ഷിയെ പൂർണമാക്കാൻ കഴിവില്ലാതിരുന്ന പഴയനിയമ ബലികളെയും കാഴ്‌ചകളെയുംകുറിച്ച് 9,9 ൽ പ്രതിപാദിച്ചിരുന്നതാണല്ലോ. 

ഈ അപര്യാപ്ത‌തതയാണ് മിശിഹായുടെ ഏകബലി പരിഹരിച്ചത്. ഈ ബലിമൂലം, പൗലോസ്ശ്ലീഹാ പറയുന്നതുപോലെ, ഇനിമേൽ നമ്മൾ പാപത്തിൻ്റെ നിയമത്തിൻ കീഴല്ല, മറിച്ച് കൃപയുടെ കീഴാണ് (റോമാ 6,14). ഈശോമിശിഹായിലുള്ള പരിശുദ്ധറൂഹായുടെ നിയമം പാപത്തിൻ്റെയും മരണത്തിൻ്റെയും നിയമത്തിൽ നിന്നു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു (റോമാ 8,2). കാരണം, ദൈവത്തിൽനിന്നു ജനിച്ചവനു പാപം ചെയ്യാനാവില്ല (1 യോഹ 3,9). 

മോശയുടെ നിയമത്തിൻകീഴിൽ അർപ്പിക്കപ്പെട്ടിരുന്ന ബലികൾക്ക് അവ സമർപ്പിച്ചിരുന്നവരെ പൂർണരാക്കുവാൻ ഒരിക്കലും സാധിച്ചിരുന്നില്ല. കാരണം, മിശിഹായിൽ വരാനിരുന്ന നന്മകളുടെ നിഴൽ മാത്രമായിരുന്നു നിയമത്തിലുണ്ടായിരുന്നത്; തനിരൂപമായിരുന്നില്ല (10,1; 8,5; 9,23-24). ദൈവസന്നിധിയിൽ പുത്രസഹജമായ സ്വാതന്ത്യ്രത്തോടെ പ്രവേശിക്കാനും വ്യാപരിക്കാനും പ്രാപ്തരാക്കുന്ന പരിപൂർണതയാണു ബലികൾ ലക്ഷ്യം വയ്ക്കുന്നത്. പഴയനിയമ ബലികൾക്ക് ഇതു സാധിച്ചിരുന്നില്ല. ആണ്ടുതോറും അവ ആവർത്തിക്കേണ്ടിയിരുന്നതുതന്നെ, പാപത്തെ പൂർണമായി ശുദ്ധീകരിക്കാൻ അവയ്ക്കു കഴിവില്ലാതിരുന്നതു കൊണ്ടാണല്ലോ. അവ അവരെ പരിപൂർണരാക്കിയിരുന്നെങ്കിൽ, ശുദ്ധീകൃതമായ അവരുടെ മനഃസാക്ഷി പാപഭാരത്താൽ അസ്വസ്ഥമാകുകയില്ലായിരുന്നു (10,2). പഴയനിയമ പാപപരിഹാരബലി വർഷംതോറും പാപങ്ങൾ അനുസ്‌മരിക്കാൻ മാത്രമേ അവരെ സഹായിച്ചിരുന്നുള്ളു. അവരെ മാത്രമല്ല, ദൈവത്തെയും ജനത്തിന്റെ പാപത്തെക്കുറിച്ച് അനുസ്‌മരിപ്പിച്ചിരുന്ന അവസരമായിരുന്നത് (10,3). ജറെമിയാ പ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്ന പുതിയ ഉടമ്പടിപ്രകാരം ദൈവം ജനത്തിൻ്റെ പാപം ഇനി ഒരിക്കലും അനുസ്‌മരിക്കുകയില്ല എന്നുറപ്പു നല്കിയിരുന്നല്ലോ. ആ ഉടമ്പടി മിശിഹായുടെ ബലിയിൽ ഉറപ്പിക്കപ്പെട്ടതോടെ, പാപം കഴുകിക്കളയുന്ന ഈശോയുടെ സ്നേഹപൂർവമായ സ്വയം ദാനത്തെക്കുറിച്ചു മാത്രമേ ഇനി ദൈവം ഓർക്കുകയുള്ളു. കാരണം, കാളകളുടെയോ കോലാടുകളുടെയോ രക്തത്തിനു പാപം നീക്കിക്കളയാൻ സാധിക്കുകയില്ല (10,4). പഴയനിയമ ബലിയർപ്പണങ്ങളുടെ അപൂർണതയെക്കുറിച്ച് 4,1-11 ലും 7,11-19 ലും വിശദമായി പ്രതിപാദിച്ചിരുന്നതാണല്ലോ. മിശിഹായിൽ സംഭവിക്കാനിരുന്ന പൂർണമായ ബലിയെ സൂചിപ്പിക്കുന്നവയാണ് അവയെല്ലാം. 

3.2.പഴയനിയമ ബലികളുടെ അപൂർണതയും മിശിഹായുടെ ഏകബലിയുടെ പൂർണതയും (10,4-10) 

10,4 കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങൾ നീക്കിക്കളയാൻ സാധിക്കുകയില്ല. 

10,5 ഇതിനാൽ, അവൻ ലോകത്തിലേക്കു പ്രവേശിച്ചപ്പോൾ ഇങ്ങനെ അരുളിച്ചെയ്‌തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാൽ, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; 

10,6 ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. 

10,7 അപ്പോൾ, പുസ്‌തകത്തിൻ്റെ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാൻ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു. 

10,8 നിയമപ്രകാരം അർപ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ച്‌ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്‌ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോൾത്തന്നെ 

10,9 ഇങ്ങനെ കൂട്ടിച്ചേർത്തു: അവിടുത്തെ ഹിതം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്‌ഥാപിക്കാനായി ഒന്നാമത്തേത് അവൻ നീക്കിക്കളയുന്നു. 

10,10 ആ ഹിതമനുസരിച്ച് ഈശോമിശിഹായുടെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി 

നമ്മൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 

സങ്കീ 40,7-9 (സപ്തതി ഭാഷ്യം) ഉദ്ധരിച്ചുകൊണ്ട് പഴയനിയമ ബലികളുടെയും കാഴ്ച്‌ചകളുടെയും അപര്യാപ്‌തത വ്യക്തമാക്കുന്നു (ഏശ 1,11; ജറെ 6,20; ആമോസ് 5,22; സങ്കീ 51,13; 52,18-21). നിയമം അനുസരിച്ചാണു ബലികൾ അർപ്പിച്ചിരുന്നതെങ്കിലും അവയ്ക്കു ദൈവം നിശ്ചയിച്ചിരുന്ന കാലം കഴിഞ്ഞതുകൊണ്ട് ഇനിമേൽ അവയക്ക് അവിടുത്തെ പ്രീതിപ്പെടുത്താനാവില്ല എന്നാണു സൂചന. ദൈവഹിതം നിറവേറ്റുന്ന ഒരു വ്യക്തിക്കു മാത്രമേ ദൈവത്തെ പൂർണമായി പ്രീതിപ്പെടുത്താനാവൂ. സ്വന്തശരീരം ബലിയായർപ്പിച്ച മിശിഹായുടെ അനുസരണം പഴയനിയമ ബലികളെക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് അതുകൊണ്ടാണ്. മിശിഹായുടെ പെസഹാരഹസ്യത്തിനു മാത്രമേ പഴയനിയമ ബലികളുടെ അപര്യാപ്തതയ്ക്ക ശാശ്വതമായ പരിഹാരം നല്‌കാനായുള്ളു. മിശിഹാ സ്വന്തശരീരത്തിന്റെ ഏക സമർപ്പണംവഴി മനുഷ്യവർഗം മുഴുവന്റെയും വിശുദ്ധീകരണം സാധിച്ചിരിക്കുന്നു. പഴയനിയമ ബലികളുടെ സ്ഥാനത്ത് ഇന്ന് മിശിഹായുടെ ഏകബലിയാണുള്ളത് (replacement of the old sacrificial system). 

മോശയുടെ നിയമപ്രകാരം അർപ്പിക്കപ്പെട്ടിരുന്ന നിരവധിയായ ബലികളെ അതിശയിക്കുന്നതാണ് മിശിഹായുടെ പരിപൂർണ ബലി. മിശിഹായുടെ മനുഷ്യാവതാരത്തെ സങ്കീ 40,7-9 ന്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിച്ച് അവിടുത്തെ പൗരോഹിത്യത്തിന്റെയും കുരിശിലെ ബലിയുടെയും മാഹാത്മ്യം വ്യക്തമാക്കുന്നു. മിശിഹാ സംസാരിക്കുന്നതായി ലേഖകൻ എഴുതുന്നു: “ബലികളിലും കാഴ്‌ചകളിലും നീ സംപ്രീതനായില്ല. എന്നാൽ, നീ എനിക്ക് ഒരു ശരീരം ഒരുക്കിയിരിക്കുന്നു. പാപങ്ങൾക്കുവേണ്ടിയുള്ള ദഹനബലികൾ നീ ആവശ്യപ്പെട്ടില്ല." ദാവീദിന്റേതായി കരുതപ്പെടുന്ന ഈ സങ്കീർത്തന വാചകം, പിതാവിൻ്റെ രക്ഷാകര പദ്ധതി പൂർത്തിയാക്കാനായി മനുഷ്യനായി അവതരിക്കുമ്പോൾ ദാവീദിൻ്റെ പുത്രനായ മിശിഹായുടെ മനസ്സിലുണ്ടായിരുന്നു എന്നാണ് ഹെബ്രായലേഖകൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാപപരിഹാരാർത്ഥമുള്ള ബലികളും കാഴ്‌ചകളും ആവശ്യമില്ല എന്നല്ല സങ്കീർത്തകനിലൂടെ ദൈവം പറയുന്നത്; മറിച്ച്, ഉടമ്പടി വിശ്വസ്തതയുടെ ഭാഗമെന്നോണം സ്നേഹവും അനുസരണവുമുള്ള ഹൃദയത്തോടെ വേണം അവ അർപ്പിക്കാൻ എന്നാണ്. ബലി എന്തു സൂചിപ്പിക്കുന്നുവോ അതാണു പ്രധാനപ്പെട്ടത്. മനുഷ്യന്റെ ഹൃദയത്തിന്റെയും മനസ്സിൻ്റെയും ദൈവഹിതത്തോടുള്ള സമ്പൂർണ സമർപ്പണമാണത്. സ്വന്ത ശരീരത്തിൻ്റെ ബോധപൂർവക ചായ സമർപ്പണത്തിലൂടെയുള്ള മിശിഹായുടെ കുരിശിലെ ബലി പഴയനിയമ മൃഗബലിയുടെ പ്രസക്തി ഇല്ലാതാക്കി. അവിടുത്തെ പരിപൂർണബലിക്കു മാത്രമേ ജനത്തിൻ്റെ പാപം നിർമാർജ്ജനം ചെയ്യാനാവൂ. ആ ബലി അർപ്പിക്കപ്പെട്ടതാകട്ടെ പിതാവായ ദൈവത്തിന്റെ ഹിതത്തോടുള്ള പുത്രൻ്റെ പരിപൂർണ വിശ്വസ്ത‌തയിലാണ്. "ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (10,7) എന്ന സങ്കീർത്തന വാക്യം രണ്ടു പ്രാവശ്യം ഉദ്ധരിക്കുന്നത് (10,7.10) അവിടുത്തെ അനുസരണത്തിന്റെ പ്രാധാന്യവും അതുവഴി അവിടുത്തെ ബലിയുടെ പൂർണതയും വ്യക്തമാക്കാനാണ്. 

രണ്ടാമത്തേതു സ്ഥാപിക്കാൻ ഒന്നാമത്തേത് അവിടുന്നു നീക്കിക്കളഞ്ഞു (10,10). കാലഹരണപ്പെട്ട ഒന്നാമത്തെ ഉടമ്പടിയുടെ ബലിയർപ്പണ സംവിധാനങ്ങളെ അവിടുന്നു പുറംതള്ളിയത്, പുതിയ ഉടമ്പടിയിലെ ഏകവും നിത്യവുമായ ബലിയ്ക്കുവേണ്ടിയായിരുന്നു. അവിടുത്തെ ശരീരത്തിൻ്റെ ഏക സമർപ്പണംകൊണ്ട് നമ്മൾ വിശുദ്ധീകൃതരായിരിക്കുന്നു. ശരീരത്തിലുള്ള സ്വയം സമർപ്പണംവഴി സ്വീകരിച്ച മനുഷ്യപ്രകൃതിയെ മുഴുവൻ ഉള്ളിൽ നിന്നു അവിടുന്നു രൂപാന്തരപ്പെടുത്തുകയായിരുന്നു. നിർണായകമായ രീതിയിൽ മനുഷ്യവർഗത്തെ ദൈവവുമായി രമ്യപ്പെടുത്തിക്കൊണ്ട് ദൈവത്തിൻ്റെ വിശുദ്ധിയിൽ മനുഷ്യർക്കു പങ്കു നേടിത്തന്നു. ഇപ്രകാരം മിശിഹായുടെ ബലിവഴി നമ്മൾ വിശുദ്ധീകൃതരായെങ്കിലും നമ്മൾ വിശുദ്ധീകരിക്കപ്പെട്ടുകൊണ്ടു കൂടിയിരിക്കുന്നു (10,14) എന്നതും പ്രധാനപ്പെട്ട സംഗതിയാണ്. മിശിഹാ സാധിച്ച രക്ഷ ഓരോ വ്യക്തിയും സ്വന്തമാക്കുകയും ജീവിക്കുകയും ചെയ്യണം (12,10.14). മാമ്മോദീസായിലൂടെ മിശിഹായുടെ ഈ ബലി വഴി വിശുദ്ധീകൃതരാകുന്നവർ, ശരീരത്തിൽ ഈ ലോകത്തിൽ ജീവിക്കുന്നവരായതുകൊണ്ട് പാപമാലിന്യമേശാൻ സാധ്യതയുണ്ട്. കൂദാശകൾ തിരുസഭയിലുള്ളത് ഈ അവസ്ഥയിൽ വിശ്വാസികൾക്കു സഹായമായാണ്. കൂദാശകളിൽ പ്രത്യേകിച്ചു പാപമോചന കൂദാശയിൽ ഈ വിശുദ്ധീകരണ പ്രക്രിയ മിശിഹാ തുടർന്നു കൊണ്ടിരിക്കുന്നു. 

3.3. നിരന്തര ശുശ്രൂഷ ചെയ്യുന്ന പഴയനിയമ പുരോഹിതരും ഉപവിഷ്ടനായ നിത്യപുരോഹിതനും (10,11-14) 

10,11 പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. 

10,12 എന്നാൽ, അവനാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചു കഴിഞ്ഞപ്പോൾ, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 

10,13 ശത്രുക്കളെ തൻ്റെ പാദപീഠമാക്കുവോളം അവൻ കാത്തിരിക്കുന്നു. 

10,14 വിശുദ്‌ധീകരിക്കപ്പെട്ടവരെ അവൻ ഏകബലിസമർപ്പണംവഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു. 

അനുദിനം ദൈവാലയത്തിൽ അർപ്പിക്കപ്പെട്ടിരുന്ന ബലികളുമായി മിശിഹായുടെ ഏകവും നിത്യവുമായ ബലിയെ താരതമ്യപ്പെടുത്തുകയാണിവിടെ. മിശിഹാ തൻ്റെതന്നെ ഏക സമർപ്പണത്തിലൂടെ തന്നിൽ വിശ്വസിക്കുന്നവരെ വിശുദ്ധീകരിച്ചു പരിപൂർണരാക്കിയശേഷം പിതാവിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു. ഇരിക്കുന്ന ഈ അവസ്ഥ അവിടുത്തെ പൗരോഹിത്യത്തിന്റെ നിത്യതയെ (made them perfect in perpetuity) സൂചിപ്പിക്കുന്നു. വിശുദ്ധീകരിക്കപ്പെടുന്നവരെ (already but not yet) തന്റെ ഏക സമർപ്പണംവഴി എന്നന്നേക്കുമായി പരിപൂർണരാക്കി. 9,14 ലും 10,10 ലും പരാമർശിച്ച കാര്യമാണിത്. 2,10; 5,9; 7,28 എന്നിവിടങ്ങളിൽ 'പരിപൂർണനാക്കുക' എന്ന ക്രിയ മിശിഹായെ ഉദ്ദേശിച്ചാണ് ഉപയോഗിച്ചത്. സഹനത്തിലൂടെ പരിപൂർണനാക്കപ്പെട്ടതുവഴിയാണ് മനുഷ്യനായവതരിച്ച മിശിഹാ പുരോഹിതനായത്. തന്റെ പീഡാസഹനംവഴി നേടിയ ഈ പരിപൂർണത അവിടുന്നു തന്റെ സഹോദരീസഹോദരന്മാർക്കും കൈമാറുന്നു. വിശ്വാസികളായ നമുക്കു ലഭിക്കുന്ന ഈ പൗരോഹിത്യ പരിപൂർണതയാണ് അതിവിശുദ്ധസ്ഥലത്തേക്ക് ഏതു സമയത്തും പ്രവേശിക്കാനുള്ള ആത്മധൈര്യം നമുക്കു നല്‌കുന്നത് (10,19). 

 

സംഖ്യ 28,3-8 ൽ പ്രതിപാദിക്കുന്ന, അനുദിനം രാവിലെയും വൈകുന്നേരവുമുള്ള ബലിയർപ്പണത്തെക്കുറിച്ചാണ് 10,11 ൽ സൂചിപ്പിക്കുന്നത്. ഈ ബലിയർപ്പണത്തിൽ ഊനമറ്റ ഒരാട്ടിൻകുട്ടിയോടൊപ്പം വീഞ്ഞും ധാന്യവും സമർപ്പിച്ചിരുന്നു. ഇതു വ്യംഗമായി പരിശുദ്ധ കുർബാനയെ സൂചിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടാണ് ഈശോ (യോഹ 1,29). പാപം നീക്കിയ അവിടുത്തെ ബലിയുടെ സ്‌മാരകമാണല്ലോ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ അവിടുന്നു നമുക്കു നല്കിയിരിക്കുന്നത് (ലൂക്കാ 22,19-20). 

ഈശോ ബലിയർപ്പിച്ചശേഷം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി; പഴയനിയമ പുരോഹിതരാകട്ടെ ദൈവസന്നിധിയിൽ നിന്നുകൊണ്ടാണു ശുശ്രൂഷ നിർവഹിച്ചിരുന്നത്. മിശിഹാ ഉപവിഷ്ടനായിരിക്കുന്നത് അവിടുത്തെ ജോലി പൂർത്തിയായി എന്നു സൂചിപ്പിക്കാനവേണ്ടികൂടിയാണ്. പഴയനിയമ പൗരോഹിത്യത്തിനും മിശിഹാ അന്ത്യം കുറിച്ചു. മോശയുടെ നിയമത്തിൻകീഴിൽ, നിരവധി പുരോഹിതർ പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചുകൊണ്ടിരുന്നു (10,11). കുരിശിലെ തൻ്റെ മരണത്തിൽ മഹാ പുരോഹിതനായ മിശിഹാ പാപപരിഹാരത്തിനുള്ള ഏക ബലി അർപ്പിച്ചു. അതിൻ്റെ ഫലമായി പിതാവിൻ്റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെടുകയും ചെയ്‌തു. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന (10,12) മിശിഹായുടെ സ്ഥാനം നിരന്തരം ബലിയർപ്പിക്കാനായി നില്ക്കുന്ന പഴയനിയമ പുരോഹിതരോടു താരതമ്യപ്പെടുത്തി മനസ്സിലാക്കേണ്ടതാണ്. 

തന്റെ ഏകബലിവഴി മിശിഹാ വിശുദ്ധീകരിക്കപ്പെടുന്നവരെ എന്നേക്കുമായി പരിപൂർണരാക്കി (10,14). മിശിഹാ തന്നെയും തന്റെ സഹനത്തിലൂടെ പരിപൂർണനാക്കപ്പെട്ടു എന്നത് ഹെബ്രായലേഖകൻ ആവർത്തിച്ചു പറഞ്ഞ കാര്യമാണ് (2,10; 5,9; 7,28). ഈ സഹനബലിക്ക് തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിലുള്ള ഫലത്തെക്കുറിച്ചാണ് 10,14 ൽ പ്രതിപാദിക്കുന്നത്. സഹനത്തിലൂടെ പരിപൂർണനാക്കപ്പെട്ട അവിടുന്ന് തൻ്റെ പരിപൂർണത തന്നിൽ വിശ്വസിക്കുന്നവർക്കും പകർന്നു നല്‌കുന്നു. അവരും പരിപൂർണരാക്കപ്പെടുന്നു. അതായത്, അവരും വിശുദ്ധരും ദൈവത്തിനു സ്വീകാര്യരുമായി രൂപാന്തരപ്പെടുത്തപ്പെടുന്നു; ദൈവികജിവനിൽ അവർക്കും പങ്കു ലഭിക്കുന്നു; അവരും പുതിയ ഉടമ്പടിയിലെ പുരോഹിതരാകുന്നു. 10,19 ൽ, മിശിഹായുടെ രക്തത്താൽ വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ നമുക്ക് ആത്മധൈര്യമുണ്ട് എന്നു പറയുന്നതിന്റെയും അർത്ഥമിതാണ്. സജീവനായ ദൈവത്തിന്റെ സന്നിധിയിൽ സ്വാതന്ത്യത്തോടെ വ്യാപരിക്കാൻ മിശിഹായുടെ പീഡാസഹനം നമ്മെ യോഗ്യരാക്കി. 

ഇതെക്കുറിച്ച് 9,14 ൽ പരാമർശിക്കപ്പെട്ടിരുന്നു: നിർജ്ജീവ പ്രവൃത്തികളിൽനിന്നു നമ്മുടെ ബോധത്തെ വിശുദ്ധീകരിച്ചത് ജീവനുള്ള ദൈവത്തിനു ശുശ്രൂഷ ചെയ്യാൻ വേണ്ടിയാണ്. അതുവഴി അവിടുന്നിൽ വിശ്വസിക്കുന്നവരായ നമുക്ക് പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശനവും അവിടുത്തെ പൗരോഹിത്യത്തിൽ പങ്കും ലഭിച്ചിരിക്കുന്നു. ഇപ്രകാരം പുരോഹിതരായി ഭവിച്ച ക്രൈസ്‌തവൻ്റെ ജീവിതം മുഴുവൻ ദൈവത്തിനു പ്രീതികരമായ സ്തോത്രബലിയായി പരിണമിക്കുന്നു (12,28-29; 13,15-16).

3.4. ഹൃദയത്തിലെഴുതപ്പെടുന്ന പുതിയനിയമവും പാപപരിഹാരവും (10,15-18) 

10, 15 പരിശുദ്‌ധാത്‌മാവുതന്നെ നമുക്കു സാക്ഷ്യം നൽകുന്നു: 

10,16 ആ ദിവസങ്ങൾക്കുശേഷം അവരുമായി ഞാൻ ഏർപ്പെടുന്ന ഉടമ്പടി ഇതാണ് എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങൾക്കു ഞാൻ നല്‌കും. അവരുടെ മനസ്‌സുകളിൽ അവ ഞാൻ ആലേഖനം ചെയ്യും. 

10,11 അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓർമ്മിക്കുകയില്ല. 

10,18 പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ. 

പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ജറെമിയാ പ്രവാചകന്റെ വാക്കുകളിൽനിന്ന് രണ്ടു പ്രധാന കാര്യങ്ങൾ എടുത്തുകാണിക്കുന്നു: ഹൃദയത്തിലെഴുതപ്പെട്ട നിയമവും പാപമോചനവും. മുമ്പു പ്രതിപാദിച്ച വിശുദ്ധീകരണവും പരിപൂർണതയുമായി ഇവയ്ക്കു വലിയ ബന്ധമുണ്ട്. പാപത്തിനുള്ള ശാശ്വതമായ പരിഹാരം മിശിഹാ ചെയ്തതുകൊണ്ട് ഇനി മറ്റു പരിഹാരബലിയുടെ ആവശ്യമില്ല. 

ഇതു സ്ഥാപിക്കാനായി, ജറെമിയാ പ്രവാചകൻ മുൻകൂട്ടി അറിയിച്ച പുതിയ ഉടമ്പടിയുടെ സുപ്രധാന ഭാഗം ഒരിക്കൽകൂടി (8,8-12 കാണുക) ഉദ്ധരിക്കുന്നു: "എൻ്റെ നിയമം അവരുടെ ബോധങ്ങളിൽ ഞാൻ സ്ഥാപിക്കും. അവരുടെ ഹൃദയങ്ങളിൽ ഞാൻ അത് എഴുതും" (10,16; ജറെ 31,33). പഴയനിയമ പുരോഹിതർ അർപ്പിച്ചിരുന്ന ബലികൾ ഫലശൂന്യങ്ങളായിരുന്നപ്പോൾ, പുതിയ ഉടമ്പടിയുടെ പുരോഹിതനായ മിശിഹായുടെ ഏകബലി പാപങ്ങൾക്കു മോചനം നേടിത്തരുന്നു. ഹൃദയത്തിലും മനസ്സിലുമൊക്കെ ആലേഖനം ചെയ്യപ്പെടുന്ന പുതിയ ഉടമ്പടിയുടെ ചൈതന്യമാണ്, "ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" എന്ന വാചകത്തിൽ നിഴലിക്കുന്നത്. ഇനിമുതൽ, ദൈവത്തിന്റെ നിയമം സ്നേഹത്തിന്റെ പ്രമാണം - പുറമെനിന്ന് അടിച്ചേല്പ്പിക്കപ്പെടുന്ന ഒന്നായിരിക്കില്ല; ഹ്യദയത്തിലും മനസ്സിലും ആയിരിക്കും അത് ആലേഖനം ചെയ്യപ്പെടുന്നത്. അതായത്, ദൈവത്തിന്റെ മാർഗങ്ങൾ മനസ്സിലാക്കാനുള്ള ഒരു നവീനശക്തി വിശ്വാസിക്കു നല്കപ്പെടും; പുത്രസഹജമായ സ്നേഹത്തോടും വിശ്വസ്‌തതയോടും അനുസരണത്തോടുംകൂടെ ദൈവത്തോടു പ്രതികരിക്കാൻ അവർ പ്രാപ്തരാക്കപ്പെടുകയും ചെയ്യും. 

മിശിഹായുടെ പരിപൂർണബലി പാപങ്ങൾക്കെല്ലാം പരിഹാരം ചെയ്തിരിക്കയാൽ, ഇനി മറ്റൊരു ബലിയുടെ ആവശ്യമില്ല (10,18). മിശിഹായുടെ ബലിയുടെ നിഴലായ പഴയനിയമ ബലിയർപ്പണ സംവിധാനം പൂർണമായി കാലഹരണപ്പെട്ടു. ഇനിമുതൽ, പാപപരിഹാരം മിശിഹായുടെ ഏക ബലിയിലൂടെ മാത്രമാണ്. ഇതുപേക്ഷിച്ചു പഴയനിയമ മൃഗബലികളിലേക്കു തിരികെ പോകുന്നതു ദൈവത്തോടുതന്നെയുള്ള ധിക്കാരമായിരിക്കും. ഹെബ്രായ ലേഖനം ഇപ്രകാരമൊരു പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത് എന്നു ലേഖനത്തിൽ പലയിടത്തു സൂചനയുണ്ടല്ലോ (2,1-3; 3,12). കൃപാവരത്തിൽ നിന്നുള്ള അധഃപതനമായാണു പൗലോസ്ശ്ലീഹാ ഇതിനെ കാണുന്നത് (ഗലാ 5,4). 

മിശിഹായുടെ ബലി മനുഷ്യവർഗത്തിൻ്റെ പാപത്തിനുള്ള പരിഹാരം ചെയ്‌തുകഴിഞ്ഞു (7,279,12.26 10,10.12.14.18). ദൈവ സന്നിധിയിലേക്കുള്ള പ്രവേശനവും സാധ്യമാക്കിത്തീർത്തു. ഇതു സ്വന്തമാക്കുക എന്നതാണു നമ്മുടെ ഉത്തരവാദിത്വം. നമുക്ക് ഇന്ന് ഇതു സാധ്യമാകുന്നത്. മിശിഹായുടെ ഏകവും നിത്യവുമായ ബലി സന്നിഹിതമാക്കുന്ന പരിശുദ്ധ കുർബാനയിലൂടെയാണ്. ദൈവിക സിംഹാനത്തിങ്കലേക്കു നമുക്കു പ്രവേശനം എളുപ്പമാകുന്നതും നിത്യമായ ഈ ബലിയിലൂടെയാണ്.

4. പ്രധാന പുരോഹിതനായ മിശിഹായുമായുള്ള ഐക്യത്തിനാഹ്വാനം (10,19-39) 

4.1.ദൈവസന്നിധിയിൽ പ്രവേശിക്കാൻ ധൈര്യം (10,19-39) 

മിശിഹായുടെ ബലിയെയും പൗരോഹിത്യത്തെയുംകുറിച്ചു വിശദമായി പ്രതിപാദിച്ചശേഷം അവയ്ക്കു വിശ്വാസികളുടെ ജീവിതത്തിലുള്ള പ്രാധാന്യമാണു തുടർന്നു വ്യക്തമാക്കുന്നത്. 5,11-6,20 ലുള്ള ഉപദേശത്തിനു സമാനമാണ് ഈ ഭാഗം. ഇരുഭാഗങ്ങളിലെയും മുന്നറിയിപ്പുകളിലും (6,4-8;10,26-31) അഭിനന്ദനവചനങ്ങളിലും (6,9-12;10,32-35) ഈ സാമ്യം വളരെ പ്രകടമാണ്. ഇവിടെ മൂന്നു ഉപവിഭാഗങ്ങൾ ഉണ്ട്. 10,19-25. 26-31. 32-35. ആദ്യം, വിശ്വാസികളുടെ പത്യേക സാഹചര്യവും അതിനനുസൃതമായ മനോഭാവങ്ങളും വിശദീകരിക്കുന്നു. തുടർന്ന്, പാപത്തിനെതിരെയുള്ള കർശന താക്കീതാണ്. വിശ്വസിക്കാൻ ആരംഭിച്ച നാളുകളിലെ അവരുടെ ഉദാരമനസ്സ് അനുസ്‌മരിച്ചുകൊണ്ടു പ്രോത്സാഹിപ്പിക്കുന്നു മൂന്നാം ഭാഗത്ത്. 

5,11-6,12 ലെ ശൈലിയിൽ ഇവിടെയും മൂന്നു ഭാഗങ്ങളുണ്ട്. ആഹ്വാനവും (10,19-25) മുന്നറിയിപ്പും (10,26-31) പ്രോത്സാഹനവും (10,32-39). അടുത്ത അദ്ധ്യായത്തിനുള്ള ഒരുക്കമെന്ന നിലയിൽ വിശ്വാസത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്. 

സ്വന്തരക്തം ചിന്തിക്കൊണ്ട് അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിച്ച (9,12) മിശിഹായുടെ രക്തത്തിൽ തന്നെയാണ് അവിടുന്നിൽ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ച് അവിടുത്തോട് ഐക്യപ്പെടുന്നവർക്കും അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാൻ ആത്മ ധൈര്യം കൈവരുന്നത് (എഫേ 3,12). അവിടുന്നു നമ്മുടെ പ്രവേശനം സാദ്ധ്യമാക്കുക മാത്രമല്ല, മാർഗദർശിയായി വർത്തിക്കുകയും ചെയ്യുന്നു. പഴയനിയമ ശ്രേഷ്‌ഠപുരോഹിതരെക്കാളും മഹത്തായ ഭാഗ്യമാണു മിശിഹായിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്നത്. ആണ്ടിലൊരിക്കൽ മാത്രമല്ല ഈ പ്രവേശനം. പുതിയ ഉടമ്പടിയുടേതായ മിശിഹായുടെ രക്തത്താൽ (10,29) വിശുദ്ധീകരിക്കപ്പെട്ടവർക്ക് അവിടുത്തെ പൗരോഹിത്യത്തിൻ്റെ പൂർണതയിൽ പങ്കു ലഭിക്കുന്നു (10,24). 

അതിവിശുദ്ധസ്ഥലത്തേക്കു മിശിഹാ പ്രവേശിച്ച സജീവവും നവീനവുമായ പാത, മഹത്തരവും പൂർണവുമായ കൂടാരമായ (9,11-12) അവിടുത്തെ മഹത്വീകൃത മനുഷ്യപ്രകൃതി തന്നെയാണ്. 'നമുക്ക് അടുത്തു ചെല്ലാം' എന്നാണു ക്രിസ്‌ത്യാനികളെ ലേഖന കർത്താവ് ആഹ്വാനം ചെയ്യുന്നത് (10,22). 4,16 ലും 7,25 ലും സമാനമായ ആഹ്വാനം നമ്മൾ ശ്രവിച്ചതാണ്. പരിശുദ്ധ കുർബാന അർപ്പണത്തിൽ സന്നിഹിതനായിരിക്കുന്ന നിത്യപുരോഹിതനായ ഈശോമിശിഹായെ സമീപിക്കാനാണ് ഇവിടെ ആഹ്വാനം. അവിടുത്തെ ശരീരത്തെയും രക്തത്തെയുംകുറിച്ചുള്ള പരാമർശങ്ങളും ഈ പശ്ചാത്തലത്തിൽ വേണം വ്യാഖ്യാനിക്കാൻ. 

സമീപിക്കുന്നവർക്കുണ്ടാകേണ്ട മനോഭാവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യം ഈ ലക്ഷ്യത്തോടെയുള്ളതാണ്. ഇവ മൂന്നും ദൈവവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നവയാണ്. വിശ്വസിക്കുന്നതു ഹൃദയം കൊണ്ടാകയാൽ (റോമാ 10,9-10) വിശ്വാസനിറവിൽ സത്യമായ ഹൃദയത്തോടെ അവിടുത്തെ സമീപിക്കാം എന്നാണു ഹെബ്രായ ലേഖകൻ ആഹ്വാനം ചെയ്യുന്നത്. ഹൃദയം സത്യമുള്ളതാകുന്നത് മാമ്മോദീസായിൽ തളിച്ചു ശുദ്ധിവരുത്തലിലൂടെയാണ്. ദുഷ്‌ടമനസ്സാക്ഷിയിൽ നിന്നാണു മാമ്മോദീസായിലൂടെ ഹൃദയം തളിച്ചു ശുദ്ധീകരിക്കപ്പെട്ടത്. അതു വിശ്വാസത്തിനു മുദ്രവച്ചതോടൊപ്പം പ്രത്യാശയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തു. പരീക്ഷണങ്ങളിൽ അടിപതറാതെ ദൈവികവാഗ്ദാനങ്ങളിൽ ആശ്രയിച്ചു മുന്നേറാൻ ശക്തി നല്‌കുന്നത് ഈ പ്രത്യാശയാണ്. വിശ്വാസം സ്നേഹത്തിലൂടെയാണല്ലോ കർമനിരതമാകുന്നത് (ഗലാ 5,6). അതുകൊണ്ടാണു ഹെബ്രായ ലേഖകൻ സ്നേഹിക്കാനും സത്പ്രവൃത്തികൾ ചെയ്യാനും എങ്ങനെ അന്യോന്യം പ്രോത്സാഹിപ്പിക്കാം എന്നു നമുക്കു ചിന്തിക്കാം (10,24) എന്നു പറയുന്നത്. ഇവിടെയാണു വിശ്വാസികൾ ഒന്നിച്ചുകൂടുന്നതിന്റെ പ്രാധാന്യം. നടപടി 20,7 ൽ കാണുന്നതുപോലെ, കർത്താവിന്റെ ദിവസമായ ഞായറാഴ്‌ചകളിൽ അപ്പം മുറിക്കലിനായി വിശ്വാസ സമൂഹം ഒന്നിച്ചുകൂടുന്നതാണ് പരമാർശിക്കപ്പെടുന്നത്. ആ 'ദിനം' അടുത്തു വരുന്നു എന്നതാണു സമ്മേളിക്കൽ മുടക്കാതിരിക്കാനുള്ള ഉത്തേജനം. മിശിഹാ മുൻകൂട്ടി അറിയിച്ചിരുന്ന ഓർശ്ലമിന്റെ നാശദിനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ലേഖനം മിശിഹാവർഷം 70 നു മുമ്പ് എഴുതപ്പെട്ടതാകണം. 

വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലേക്കുള്ള ആഹ്വാനം ഇതുവരെ ലേഖനത്തിൽ എല്ലാ ഉപദേശങ്ങളുടെയും സംഗ്രഹമാണെന്നു പറയാം. 3,7-4,14 ൽ വിശ്വാസരാഹിത്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു നമ്മൾ ശ്രവിച്ചതാണല്ലോ. 4,15-16 ലായിരുന്നു പ്രത്യാശയ്ക്കുള്ള ആഹ്വാനം; 6,11-20 ൽ പ്രത്യാശയെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കുരമായാണ് നിർവചിച്ചത്. 6,10ൽ ശുശ്രൂഷയിൽ പ്രകാശിതമാകുന്ന സ്നേഹത്തെക്കുറിച്ചും പാരമർശിച്ചതാണ്. 

കൂടാതെ, തുടർന്നുവരുന്ന അദ്ധ്യായങ്ങളിൽ പ്രതിപാദിക്കാൻ പോകുന്ന വിഷയങ്ങളുടെ അവതരണവും ഇവിടെയുണ്ട്. 11-ാം അദ്ധ്യായം പൂർവികരുടെ വിശ്വാസത്തെപ്പറ്റിയുള്ള സ്തു‌തിഗീതമാണ്. 12,1-13 ൽ പ്രത്യാശയോടെ ജീവിക്കാനുള്ള ആഹ്വാനമുണ്ട്. 12,14-13,18 സ്നേഹത്തിൻ്റെ ദ്വിവിധ മാനങ്ങൾ അവതരിപ്പിക്കുന്നു. എല്ലാ മനുഷ്യരോടും സമാധാനത്തിൽ വർത്തിച്ചുകൊണ്ടു സഹോദരസ്നേഹത്തിൽ നിലനില്ക്കാനും (12,14; 13,1) വിശുദ്ധി പ്രാപിച്ചു കൊണ്ട് ദൈവൈക്യത്തിൽ ജീവിക്കാനും (12,14) ഉപദേശിക്കുന്നു. 

4.2. വിശ്വാസികളുടെ സൗഭാഗ്യാവസ്ഥ (10,19-25) 

10,19 ആയതിനാൽ, എൻ്റെ സഹോദരരേ, ഈശോയുടെ രക്ത‌ംമൂലം അതിവിശുദ്‌ധസ്ഥലത്തേക്കു പ്രവേശിക്കാൻ നമുക്ക് ആത്മധൈര്യമുണ്ട്.

10,20 എന്തെന്നാൽ, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു

10,21 ദൈവഭവനത്തിന്റെ മേൽനോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്. 

10,22 അതിനാൽ, വിശ്വാസത്തിന്റെ പൂർണതയിൽ ആത്മാർത്ഥ ഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്ടമനഃസാക്‌ഷിയിൽനിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്‌ധജലത്താൽ തളിക്കപ്പെടുകയും ചെയ്യാം. 

10,23 നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവൻ വിശ്വസ്തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതിൽ നമ്മൾ സ്‌ഥിരതയുള്ളവരായിരിക്കണം. 

10,24 സ്നേഹത്തോടെ ജീവിക്കുന്നതിനും നന്മപ്രവൃത്തികൾ ചെയ്യുന്നതിനും പരസ്‌പരം പ്രോത്സാഹിപ്പിക്കാൻ എങ്ങനെ കഴിയുമെന്നു നമുക്കു പര്യാലോചിക്കാം. 

10,25 ചിലർ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങൾ നമ്മൾ ഉപേക്ഷിക്കരുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുകയാൽ നിങ്ങൾ പരസ്പ്‌പരം കൂടുതൽ കൂടുതൽ ഉത്തേജിപ്പിക്കുകയും വേണം. 

ആദ്യഭാഗത്ത് വിശ്വാസികളുടെ മൂന്ന് ആനുകൂല്യങ്ങൾ വർണിക്കുന്നു: 

  1. അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കാനുള്ള ആത്മധൈര്യം 
  2. അതിനുള്ള മാർഗം 
  3. നയിക്കാൻ ഒരു മഹാപുരോഹിതൻ

രണ്ടാം ഭാഗത്ത് മൂന്നു ഉപദേശങ്ങളാണുള്ളത്: 

1. വിശ്വാസത്തിന്റെ പൂർണതയിൽ അടുത്തുചെല്ലാം 
2. സ്ഥിരതയോടെ പ്രത്യാശ ഏറ്റുപറയാം
3. സ്നേഹപൂർവം നന്മപ്രവൃത്തികൾ ചെയ്തുജീവിക്കുന്നതിനു ശ്രമിക്കാം 

നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താൽ തളിക്കപ്പെടുകയും ചെയ്യാം എന്ന ആഹ്വാനം മാമ്മോദീസായെയാണു സൂചിപ്പിക്കുന്നത്. 'തളിക്കപ്പെടുക' എന്ന പ്രയോഗം സീനായ് ഉടമ്പടിയെ അനുസ്‌മരിപ്പിക്കുന്നതാണ് (പുറ 24,8). 9,19ൽ ഇതെക്കുറിച്ചു ലേഖകൻ പരാമർശിച്ചതാണ്. ഒരു പുതിയ ഉടമ്പടിയെക്കുറിച്ച് എസക്കിയേൽ പ്രവാചകൻ മുൻകൂട്ടി അറിയിച്ചപ്പോൾ തളിക്കപ്പെടലിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു (എസ് 36,25: ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും). മാമ്മോദീസായാണ് പ്രവാചകൻ മുൻകുട്ടി അറിയിച്ച പുതിയ ഉടമ്പടി എന്നു സാരം. 

പുതിയ ഉടമ്പടിയുടെ ഭാഗമായ ശുദ്ധജലംകൊണ്ടുള്ള തളിക്കലിനോടൊപ്പം ഒരു പുതിയ ഹൃദയത്തെയും പുതിയ ചൈതന്യത്തെയും കുറിച്ചുകൂടി എസക്കിയേൽ പ്രവചിച്ചിരുന്നു (എസ 35,26). ഹെബ്രായലേഖകനും ശുദ്ധജലംകൊണ്ടുള്ള തളിക്കലിനോടൊപ്പം ആത്മാർത്ഥഹൃദയത്തെയും ദുഷ്ടമനഃസാക്ഷിയിൽനിന്നുള്ള ശുദ്ധമാക്കലിനെയുംകുറിച്ചു പ്രതിപാദിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. 

'ആ ദിനം അടുത്തുവരുന്നു' എന്ന പ്രസ്‌താവന 'കർത്താവിന്റെ ദിന'ത്തെക്കുറിച്ചുള്ള പ്രവാചക വചനങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു (ജോയേൽ 1,15; ഏശ 13,6; എസ 7,3; 30,3). കർത്താവിന്റെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനം പ്രത്യാശാപൂർവം കാത്തിരുന്ന സമൂഹത്തിനാണ് ഈ ലേഖനം എഴുതപ്പെട്ടതെന്നു വ്യക്തം. സഭായോഗങ്ങൾ ഉപേക്‌ഷിക്കുന്നതു തെറ്റാണ് എന്നും പകരം പരസ്പ‌രം കൂടുതൽ കൂടുതൽ ഉത്തേജിപ്പിക്കുകയാണ് ആവശ്യമെന്നും വ്യക്തമാക്കുന്നു. 

മാമ്മോദീസായ്ക്കു ദൈവികപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുമായുള്ള ബന്ധവും ഇവിടെ വെളിവാക്കപ്പെടുന്നുണ്ട്. ദൈവികപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെക്കുറിച്ച് ഒരുമിച്ചു പ്രതിപാദിക്കുന്നത് പൊതുവേ പൗലോസ്‌ശ്ലീഹായുടെ ശൈലിയാണ് (1 തെസ 1,3; 5,8; 1 13,13; 0 1,4-5). 

ഈശോയുടെ സഹന-മരണോത്ഥാനങ്ങളിലൂടെ സംഭവിച്ച രക്ഷയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ദൈവശാസ്ത്രാടിസ്ഥാമിടുന്നു (10,19-21). ഇത് 4,14-16 ൽ ചെയ്‌തതിനു സമാനമാണ്. മിശിഹായുടെ രക്തംമൂലം നമുക്ക് സ്വർഗീയ ശ്രീകോവിലിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. അവിടെയാണല്ലോ മഹാപുരോഹിതനായ മിശിഹാ നമുക്കുവേണ്ടി ദൈവസന്നിധിയിൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നത്. മിശിഹാ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു (10,20). തന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെയാണ് അവിടുന്ന് ഇതു ചെയ്ത‌ത്‌. അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുണ്ടായിരുന്ന വിരിക്കു സമാനമായാണ് അവിടുത്തെ ശരീരത്തെ കാണുന്നത്. 2,14 5,7 9,13 മിശിഹായുടെ മരണനേരത്ത് ദൈവാലയത്തിലെ തിരശ്ശീല രണ്ടായി കീറിയത് (മർക്കോ 15,38) ഇതോടു ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതാണ്. 

മിശിഹായുടെ രക്തത്താൽ ശുദ്ധരാക്കപ്പെട്ട നമുക്കു സ്വർഗീയ ദൈവസന്നിധിയിലേക്ക് ഏതുസമയത്തും പ്രവേശിക്കാൻ അവകാശം സിദ്ധിച്ചിരിക്കുന്നു (9,14.24). ഈ പ്രവേശനം സാദ്ധ്യമാക്കിയത് മിശിഹായുടെ സഹന-മരണോത്ഥാനങ്ങളിലൂടെ തുറന്നുതന്ന പാതയിലൂടെയാണ്. അവിടുത്തെ പീഡാസഹനത്തിലൂടെ പരിപൂർണമാക്കപ്പെട്ട അവിടുത്തെ മനുഷ്യപ്രകൃതിയിലൂടെയാണു മനുഷ്യവർഗം മുഴുവനെയും അതിവിശുദ്ധ സ്ഥലത്തേക്ക് അവിടുന്നു പ്രവേശിപ്പിക്കുന്നത്. തൻ്റെ ഉത്ഥിതശരീരമാകുന്ന തിരശ്ശീലയിലൂടെ അവിടുന്നു നമുക്കു സജീവവും നവീനവുമായ വഴി തുറന്നു തന്നിരിക്കുന്നു (10,20). അതു സജീവമായ വഴിയാണ്; കാരണം, അവിടുന്നു ഉത്ഥാനത്തിലൂടെ നിത്യം ജീവിക്കുന്നവനാണ്. അതു നവീനമാണ്; കാരണം, ഇതിനുമുമ്പ് ആരും ഇതുപോലെ പിതൃസന്നിധിയിലേക്കു പ്രവേശിച്ചിട്ടില്ല. പ്രധാനപുരോഹിതൻ തിരശ്ശീലയ്ക്കുള്ളിലൂടെ അതിവിശുദ്‌ധ സ്ഥലത്തു പ്രവേശിച്ചതുപോലെ, വിശ്വാസികൾ മിശിഹായുടെ ശരീരമാകുന്ന തിരശ്ശീലയിലൂടെ ദൈവസന്നിധിയിൽ പ്രവേശിക്കുന്നു. മിശിഹായുടെ ശരീരത്തെ ദൈവാലയത്തിലെ തിരശ്ശീലയോട് ഉപമിക്കുന്നു. തിരശ്ശീലയ്ക്കുള്ളിൽ ദൈവസാന്നിദ്ധ്യമുണ്ടായിരുന്നതുപോലെ, ഈശോയുടെ മനുഷ്യശരീരത്തിലും ദൈവം പൂർണമായി സന്നിഹിതനായിരുന്നു. ഈശോയിലെ ദൈവികത ഏറ്റവും കൂടുതൽ മറയ്ക്കപ്പെട്ടത് കുരിശിലായിരുന്നല്ലോ. അവിടുന്നു കുരിശിൽ മരിക്കുന്ന സമയത്ത് ദൈവാലയത്തിലെ തിരശ്ശീല മുകൾമുതൽ അടിവരെ രണ്ടായി കീറിയത് (മത്താ 27,51) ദൈവിക രഹസ്യം പൂർണമായി വെളിപ്പെട്ടതിന്റെയും ദൈവസന്നിധിയിലേക്കു നമുക്കുള്ള പാത തുറന്നതിന്റെയും സൂചനയാണ്. സഹിച്ചുമരിച്ചുയിർത്ത് പിതാവിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മിശിഹായിലൂടെയാണ് നമുക്കു ദൈവസന്നിധിയിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നത്. 10,19-20 വാക്യങ്ങളിൽ മിശിഹായുടെ രക്തത്തെയും ശരീരത്തെയുംകുറിച്ചുള്ള പരാമർശം പരിശുദ്ധ കുർബാനയെ ദ്യോതിപ്പിക്കുന്നതാണ്. ക്രൈസ്‌തവ സമൂഹത്തിന്റെ ആരാധനയിൽ സജീവമായി പങ്കെടുക്കാനുള്ള ആഹ്വാനമാണ് ഈ ഭാഗം മുഴുവനും. ഈ ആരാധനയുടെ ഏറ്റവും ശ്രേഷ്ഠമായ രൂപം പരിശുദ്ധ കുർബാനയർപ്പണമാണല്ലോ. ഇതിനോടു ചേർന്നുതന്നെ മാമ്മോദീസായെക്കുറിച്ചും സൂചനയുണ്ട് (10,22). 

പുത്രസ്വാതന്ത്യ്രത്തോടെ ദൈവഭവനത്തിൻ്റെ മേൽനോട്ടക്കാരനായിരിക്കുന്ന പ്രധാനാചാര്യനെ 3,6 ൽ ലേഖനകർത്താവു നമുക്കു പരിചയപ്പെടുത്തിയതാണ്. ദൈവപുത്രനും നമ്മുടെ സഹോദരനുമായ മിശിഹായ്ക്കു മാത്രമാണു നമ്മെ ദൈവവുമായി ബന്ധത്തിലാക്കുന്ന പുരോഹിതനാകാൻ സാധിക്കുന്നത്. അവിടുന്നു പ്രധാനാചാര്യനായിരിക്കുന്ന ദൈവഭവനം ദൈവജനത്തിന്റെ സമൂഹമായിരിക്കുന്ന തിരുസഭയാണ്.

ദൈവഭവനത്തിലെ പ്രധാനാചാര്യനെക്കുറിച്ച് ഒന്നുകൂടി നമ്മെ അനുസ്മരിപ്പിക്കുന്നത് ആത്മധൈര്യത്തോടെ അവിടുത്തെ സമീപിക്കാൻ ആഹ്വാനം ചെയ്യുന്നതിനുവേണ്ടിയാണ്. ഈ ആത്മ ധൈര്യത്തിനടിസ്ഥാനം ക്രൈസ്‌തവവിശ്വാസം സ്വീകരിച്ചപ്പോൾ നമുക്കു ലഭിച്ച അനുഗ്രഹങ്ങളാണ്. ദുഷ്‌ടമനസ്സാക്ഷിയിൽ നിന്നു തളിച്ചു ശുദ്ധീകരിക്കപ്പെട്ട ഹൃദയവും വിശുദ്ധജലത്താൽ കഴുകപ്പെട്ട ശരീരവുമാണവ. രണ്ട് അടിസ്ഥാന കൂദാശകളായ മാമ്മോദീസായെയും (നടപടി 22,16; എഫേ 5,26; തീത്തൂസ് 3,5: വിശുദ്ധജലത്താലുള്ള കഴുകൽ) പരിശുദ്ധ കുർബാനയെയുമാണ് (ശുദ്ധീകരിക്കുന്ന രക്തം) അവ സൂചിപ്പിക്കുന്നത്. ഇവ ആദിമ സഭയിൽ ഒന്നിച്ചു പരികർമം ചെയ്‌തിരുന്ന കൂദാശകളാണല്ലോ. പഴയനിയമത്തിൽ, പുരോഹിതരെ അഭിഷേകം ചെയ്തിരുന്നത്, ജലത്താൽ കഴുകിശുദ്ധീകരിച്ചും രക്തം തളിച്ചുമായിരുന്നു (പുറ 29,4.21). ഇതേ പ്രയോഗംതന്നെ ക്രൈസ്‌തവ വിശ്വാസിയെക്കുറിച്ചും ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തിനു സ്വീകാര്യമായ ബലിയർപ്പിക്കാൻ പ്രാപ്തരാക്കുന്ന (13,15-16) വിശ്വാസിയുടെ പൗരോഹിത്യത്തെ സൂചിപ്പിക്കാനാണ്. വിശ്വാസത്തിൻ്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്ന മഹാചാര്യന്റെ പക്കലണയാൻ നമുക്കു ധൈര്യം നല്‌കുന്നത് ഈ കൂദാശകളാണ്. പഴയ ഉടമ്പടിപ്രകാരം വിശുദ്ധ സ്ഥലത്തു പ്രവേശിക്കാൻ സാധാരണ വിശ്വാസിക്ക് അവകാശമില്ലായിരുന്നു (സംഖ്യ 3.10). മിശിഹായിലുള്ള വിശ്വാസത്തിലൂടെ, അവിടുത്തെ ശരീരത്തിലും രക്തത്തിലും പങ്കുചേരുന്നതിലൂടെ ദൈവസന്നിധിയിൽ പ്രവേശിക്കാനുള്ള ആത്മധൈര്യമാണു ക്രൈസ്‌തവനു ലഭിച്ചിരിക്കുന്നത്. 

നമ്മോടു വാഗ്ദാനം ചെയ്‌തവൻ വിശ്വസ്‌തനാകയാൽ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതിൽ അചഞ്ചലരായിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട് (10.23). ദൈവം നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നതു സ്വർഗരാജ്യത്തുള്ള വിശ്രമമാണല്ലോ. ക്രൈസ്തവജീവിതത്തിലെ പ്രത്യാശ ഈ വിശ്രമം പ്രാപിക്കാമെന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും ഈ പ്രത്യാശ ഏറ്റുപറയുന്നതിൽ സ്ഥിരതയുള്ളവരായിരിക്കാനാണ് ക്ഷണം.

സ്നേഹിക്കാനും സത്പ്രവൃത്തികൾ ചെയ്യാനും എങ്ങനെ പരസ്‌പരം പ്രോത്സാഹിപ്പിക്കാം എന്നു നമുക്കു ചിന്തിക്കാം (10,24). വിശ്വാസജീവിതത്തിൻ്റെ പ്രായോഗികമാനത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഏറ്റുപറയുന്ന വിശ്വാസത്തിൻ്റെ മാറ്റുരച്ചറിയുന്നത് അനുദിനജീവിതത്തിലാണ്. പരസ്‌പരം സ്നേഹിക്കുന്നതിലൂടെയും സഹായിക്കുന്നതിലൂടെയുമാണ് വിശ്വാസം പ്രാവർത്തികമാക്കേണ്ടത്. 

ഇവിടെ മൂന്ന് ആഹ്വാനങ്ങൾ ദൈവികപുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയെ അവതരിപ്പിക്കുന്നു. വിശ്വാസത്തിൽ ദൈവത്തെ സമീപിക്കാനുള്ള 10,22 ലെ ആഹ്വാനം മിശിഹായുടെ കുരിശിലെ ബലി പാപപരിഹാരം സാധിച്ചിരിക്കുന്നു എന്ന ബോദ്ധ്യത്തിൽനിന്നുരുത്തിരിയുന്നതാണ്. മാമ്മോദീസായിൽ അനുഭവവേദ്യമാകുന്നത് ഈ യാഥാർത്ഥ്യമാണല്ലോ. ക്രിസ്തീയ പ്രത്യാശയിൽ നിലനില്ക്കാനുള്ള 10,23 ലെ ആഹ്വാനം ദൈവത്തിനു തന്റെ വാഗ്ദാനങ്ങളോടുള്ള വിശ്വസ്‌തതയിൽ അധിഷ്ഠിതമാണ്. സഹവിശ്വാസികളുമായി സ്നേഹത്തിൽ വർത്തിക്കാനുള്ള ആഹ്വാനം (10,24-25) വിധിദിവസം മുമ്പിൽ കണ്ടുകൊണ്ട് പരസ്പരം സ്നേഹിക്കുവാനും നന്മപ്രവൃത്തികൾ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന സ്ഥലമായിരിക്കണം തിരുസഭ എന്ന ആശയത്തിൽ ഊന്നിനില്ക്കുന്നതാണ്. ഒന്നിച്ചുകൂടുന്നതിൽ ചിലർ മുടക്കം വരുത്തുന്നു എന്ന പരാമർശം (10,25) ലേഖനം എഴുതുന്നതിനുള്ള സന്ദർഭത്തിലേക്കു വെളിച്ചം വീശുന്നുണ്ട്. വിശ്വാസം ആഘോഷിക്കാനായി ഒന്നിച്ചുകൂടുന്ന ആരാധനയുടെ സന്ദർഭങ്ങളിൽ മുടക്കം വരുത്തരുത് എന്നാണ് ഉപദേശം (2,1-3; 3,12; 4,1-11; 6,4-8). ആദിമ സഭയിൽ വിശ്വാസികൾ ഒന്നിച്ചു കൂടിയിരുന്നത് അപ്പം മുറിക്കലിനു വേണ്ടിയായിരുന്നല്ലോ (നടപടി 2,42-47; 20,7). ഒന്നിച്ചുചേർന്നുള്ള ഞായറാഴ്‌ച ആചരണത്തിലും പരിശുദ്ധ കുർബാന അർപ്പണത്തിലുംനിന്നു വിട്ടുമാറിനില്ക്കുന്നത് വിശ്വാസത്തിൽ മന്ദീഭവിക്കുന്ന തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. കർത്താവിൻ്റെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനത്തിൻ്റെ ദിവസം അടുത്തുവരുന്നതു കൊണ്ട് ഒന്നിച്ചുകൂടി പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും വേണം. പ്രവാചക വചസ്സുകൾ അനുസ്മരിപ്പിക്കുന്നതാണ് ഈ ആഹ്വാനം: ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കിൽ അതിനായി കാത്തിരിക്കുക. അതു തീർച്ചയായും വരും. അതു താമസിക്കുകയില്ല. ഹൃദയപരമാർത്ഥതയില്ലാത്തവൻ പരാജയപ്പെടും. എന്തെന്നാൽ, നീതിമാൻ തന്റെ വിശ്വസ്‌തതമൂലം ജീവിക്കും (ഹബക്കൂക്ക് 2,3-4). വി. പൗലോസ് ശ്ലീഹായും ഇതിനു സമാനമായ ഉപദേശം നല്കുന്നുണ്ട് (റോമാ 1,17; ഗലാ 3,11). 

പാപപരിഹാരദിനത്തിൽ പ്രധാനപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുന്ന കാര്യം 9,7.25 ൽ പരാമർശിച്ചതാണ്. 9,11-12 ൽ അതു മിശിഹായുമായി ബന്ധപ്പെടുത്തിയതുമാണ്. 10,20 ൽ വിരിയിലൂടെ ഈശോ ഒരു പുതിയ പാത തുറക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം 10,19-21 വായിക്കാൻ. 

10,22-14 ൽ ദൈവിക പുണ്യങ്ങളായ വിശ്വാസവും പ്രത്യാശയും സ്നേഹവും ഒന്നിച്ച് അവതരിപ്പിക്കുന്നതുപോല, പൗലോസ് ശ്ലീഹായും 1 തെസ 1,3 ലും 5,8 ലും 1 കോറി 13,13 ലും കൊളോ 1,4-5 ലും ചെയ്യുന്നുണ്ട്. 

10,22 ൽ സീനായ് ഉടമ്പടിയെ അനുസ്‌മരിപ്പിക്കും വിധമാണ് മാമ്മോദീസായെക്കുറിച്ചു പരാമർശിക്കുന്നത്. പുറ 24,8 ൽ മോശ ജനങ്ങളുടെമേൽ രക്തം തളിച്ചതിനെക്കുറിച്ചു പ്രതിപാദിച്ചതാണല്ലോ (9,19). പുതിയ ഉടമ്പടിയെക്കുറിച്ചുള്ള എസക്കിയേൽ പ്രവാചകന്റെ വാക്കുകളിലും തളിക്കലിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരാക്കപ്പെടും. സകല വിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ഞാൻ നിർമലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നല്‌കും. ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽനിന്നു ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‌കും. എൻ്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എൻ്റെ കല്‌പനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും...നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും (എസ് 36,25-28). ക്രൈസ്‌തവമാമ്മോദീസാ പുതിയ ഉടമ്പടിയിലേക്കു നയിക്കുന്നു. 

മിശിഹായുടെ രക്തം ഉടമ്പടിയുടെ രക്തമാണ് (10,29). എല്ലാ വേർതിരിവുകളും നിർമ്മാർജനം ചെയ്യുവാൻ കഴിവുള്ള രക്തം. ഈ രക്തം അതിവിശുദ്ധ സ്ഥലത്തേക്കുള്ള നമ്മുടെ പ്രവേശനം സുസാദ്ധ്യമാക്കി. പഴയനിയമത്തിൽ നിഷിദ്ധമായിരുന്നതാണ് ഈ പ്രവേശനം (സംഖ്യ 3,10; ലേവ്യർ 16,2). 

'സമീപിക്കാം' എന്ന ആഹ്വാനം 4,16 ലും 7,25 ലും കണ്ടതാണ്. ആരാധനയോടു ബന്ധപ്പെടുത്തിയാണ് ഈ ക്രിയ ഉപയോഗച്ചിരിക്കുന്നത്. രക്തത്തെയും ശരീരത്തെയുംകുറിച്ചുള്ള പ്രതിപാദ്യവും ഈ പശ്ചാത്തലത്തിൽവേണം കാണാൻ. 

4.3. വിശ്വാസത്യാഗത്തെക്കുറിച്ചു മുന്നറിയിപ്പ് (10,26-31) 

10,26 സത്യത്തെ സംബന്‌ധിച്ചു പൂർണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂർവം നമ്മൾ പാപത്തിൽ തുടർന്നാൽ, പാപങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടാൻ പിന്നൊരു ബലി അവശേഷിക്കുന്നില്ല. 

10,27 മറിച്ച്, ഭയാനകമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കു. 

10,28 മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യൻ ദയ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തിൽ മരിക്കുന്നു. 

10,29 ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും, തന്നെ ശുദ്‌ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?

10,30 പ്രതികാരം എൻ്റേതാണ്. ഞാൻ പകരംവീട്ടും എന്നും കർത്താവു തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. 

10,31 ജീവിക്കുന്ന ദൈവത്തിന്റെ കൈയിൽചെന്നു വീഴുക വളരെ ഭയാനകമാണ്. 

10,26-31 ൽ 6,4-8 ലേതിനു സമാനമായ ഗൗരവമായ ഒരു മുന്നറിയിപ്പാണ്. തുടക്കത്തിലും അവസാനത്തിലും 'ഭയാനകമായ' ഒരവസ്ഥ വർണിക്കപ്പെടുന്നു. മനഃപൂർവം പാപത്തിൽ തുടരുന്ന ക്രൈസ്‌തവരുടെ അവസ്ഥയാണു ഭയാനകമായിരിക്കുന്നത്. സത്യത്തെ സംബന്‌ധിച്ചു ലഭിച്ച പൂർണമായ അറിവ് ഈ പാപാവസ്ഥയിൽനിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതായിരുന്നു. ഇപ്രകാരമുള്ള പാപങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടാൻ പിന്നൊരു ബലി അവശേഷിക്കുന്നില്ല എന്നു മാത്രമല്ല, ഭയാനകമായ ന്യായവിധി അവരെ കാത്തിരിക്കുന്നുണ്ടുതാനും. “ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധം" (27-ാം വാക്യം) എന്ന പ്രയോഗം ഏശ 26,11 അനുസ്‌മരിപ്പിക്കുന്നതാണ്. കുറ്റക്കാരുടെമേൽ വിധി പ്രസ്താവിക്കുക എന്നതിനെക്കാൾ ഇത്തരമൊരവസ്ഥയിൽ വിശ്വാസികളാരും ചെന്നു പെടാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. സത്യത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം (ക്രിസ്‌തീയ വെളിപാട്) ലഭിച്ചശേഷവും പാപത്തിൽ തുടരുന്നതാണു ഗൗരവതരം. തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ നിസ്സാരമായി കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്യുന്നവരെ (10,29) സംബന്ധിച്ചു മറ്റു രക്ഷാമാർഗമൊന്നുമില്ല. കാരണം, മിശിഹായുടെ ബലിയോടെ പഴയനിയമ ബലിസംവിധാനത്തെിന്റെ മുഴുവൻ പ്രസക്തി നഷ്‌ടപ്പെട്ടു. 

മോശയുടെ നിയമം ലംഘിക്കുന്നവർക്കുള്ള മരണശിക്ഷയെക്കുറിച്ചു സംഖ്യ 35,30 ലും നിയമാ 17,6 ലും പ്രതിപാദിക്കുന്നുണ്ട്. മോശയുടെ നിയമം (പഴയനിയമം) ലംഘിച്ചവർക്കു മരണശിക്ഷ ലഭിച്ചിരുന്നെങ്കിൽ, ദൈവപുത്രനെ പുച്‌ഛിച്ചു തള്ളുകയും നമ്മെ ശുദ്‌ധീകരിക്കുന്ന പുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്യുന്നവർക്കു ലഭിക്കാനിരിക്കുന്ന ശിക്ഷ അതിലേറെ എത്രയോ ഭയാനകമായിരിക്കും എന്നു സ്ഥാപിക്കാനാണ് നിയമാ 32 ലെ മോശയുടെ കീർത്തനത്തിൽനിന്നുള്ള രണ്ട് ഉദ്ധരണികൾ നല്‌കുന്നത്: “പ്രതികാരം എൻ്റേതാണ്. ഞാൻ പകരംവീട്ടും" (നിയമാ 32,35) റോമാ 12,19. “കർത്താവു തന്റെ ജനത്തെ വിധിക്കും" (നിയമാ 32,36; സങ്കീ 134,14 ലും 1 പത്രോ 4,17-18). 

വിശ്വാസത്യാഗത്തിൻ്റെ ഗൗരവത്തെക്കുറിച്ചാണ് 10,26-31ൽ പ്രതിപാദിക്കുന്നത്. മിശിഹായിൽ വിശ്വസിക്കാൻ ആരംഭിക്കുകയും മാമ്മോദീസാ സ്വീകരിക്കുകയും ചെയ്‌തിട്ട് മിശിഹായെ തള്ളിപ്പറയുന്നവരെ രക്ഷിക്കാൻ പറ്റിയ ബലി വേറെ ഇല്ലായെന്നു ലേഖകൻ സ്ഥാപിക്കുന്നു. കാരണം, സകല പാപങ്ങൾക്കും പരിഹാരമായുള്ള മിശിഹായുടെ ബലിയിലുള്ള വിശ്വാസമാണ് ഇത്തരക്കാർ ഉപേക്ഷിക്കുന്നത്. നമ്മുടെ രക്ഷയ്ക്കായി ദൈവം തന്നെ നിശ്ചയിച്ചിരിക്കുന്ന മാർഗം ഉപേക്ഷിക്കുന്നവനു രക്ഷ പ്രാപിക്കാൻ മറ്റു മാർഗമൊന്നുമില്ല. പഴയനിയമ ബലികൾ പണ്ടേ കാലഹരണപ്പെട്ടിരുന്നല്ലോ. മിശിഹായുടെ ബലി ഉപേക്ഷിക്കുന്ന ഇക്കൂട്ടരെ സംബന്ധിച്ച് ഇനി ശിക്ഷാവിധി മാത്രമേ പ്രതീക്ഷിക്കാനുള്ളു. 

വിശ്വാസത്യാഗമെന്ന തിന്മയുടെ ഗൗരവം വ്യക്തമാക്കാനായി പഴയനിയമ വെളിച്ചത്തിൽ മറ്റൊരു വാദം ഹെബ്രായ ലേഖകൻ കൊണ്ടുവരുന്നു. വിഗ്രഹാരാധന നടത്തുന്ന ഇസ്രായേൽക്കാരെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധിക്കണമെന്നു മോശയുടെ നിയമം നിഷ്കർഷിക്കുന്നുണ്ട് (ലേവ്യർ 17,6). അങ്ങനെയെങ്കിൽ, ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ വിശുദ്ധീകരിച്ച ആ ഉടമ്പടിയുടെ രക്തത്തെ മറ്റേതു മനുഷ്യൻ്റെയും രക്തമെന്നതുപോലെ കരുതി നിസ്സാരമാക്കുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്യുന്നവനുള്ള ശിക്ഷ എത്രയോ കഠിനമായിരിക്കും (10,29). നിയമാവർത്തനം 32,35-36 ഉദ്ധരിച്ചു കൊണ്ട് ദൈവം നല്‌കാനിരിക്കുന്ന ശിക്ഷാവിധിയുടെ കാഠിന്യം വ്യക്തമാക്കുന്നു: “പ്രതികാരം എൻ്റേതാണ്. ഞാൻ പകരം വീട്ടും എന്നും കർത്താവ് തൻ്റെ ജനത്തെ വിധിക്കുമെന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിൻ്റെ കൈയിൽ ചെന്നു വീഴുക വളരെ ഭയാനകമാണ്" (10,30-31).

ദൈവപുത്രനെ ചവിട്ടി മെതിക്കുന്നതുപോലെയാണിത്. അതിശ്രേഷ്ഠമായ ആദരവിന് അർഹനായ ദൈവപുത്രനെ അവജ്ഞയോടെ വീക്ഷിക്കുന്നതും രക്ഷയ്ക്കു നിദാനമായ പുതിയ ഉടമ്പടിയുടെ രക്തത്തെ പുച്ഛിച്ചുതള്ളുന്നതും കൃപയുടെ അരൂപിയെ നിന്ദിക്കുന്നതും എത്രയോ ഭീതിജനകമായ ശിക്ഷയാണു ക്ഷണിച്ചു വരുത്തുന്നത്! 

ഇതിനു മുമ്പും ലേഖകൻ ഇതേ ശൈലിയിൽത്തന്നെ വിശ്വാസത്യാഗത്തിന്റെറെ ഗൗരവത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട് (6,4-8). 

4.4. പൂർവകാലങ്ങളിലെ ഔദാര്യം അനുസ്‌മരിക്കുന്നു (10,32-35) 

10,32 നിങ്ങൾ പ്രബുദ്‌ധരാക്കപ്പെട്ടതിനുശേഷം, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതിനിന്ന ആ കഴിഞ്ഞകാലങ്ങൾ ഓർക്കുവിൻ. 

10,33 ചിലപ്പോഴെല്ലാം നിങ്ങൾ വേദനയ്ക്കും അധിക്ഷേപത്തിനും പരസ്യമായി വിഷയമാക്കപ്പെടുകയും മറ്റു ചിലപ്പോൾ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്തു. 

10,34 തടങ്കലിലായിരുന്നപ്പോൾ നിങ്ങൾ വേദനകൾ പങ്കിട്ടു. സ്വത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങൾ സഹിച്ചു. എന്തെന്നാൽ, കൂടുതൽ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങൾക്കുണ്ടെന്നു നിങ്ങൾ അറിഞ്ഞിരുന്നു. 

10,35 നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിച്ചുകളയരുത്. അതിനു വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു. 

വിശ്വാസത്യാഗത്തിനെതിരെയുള്ള മുന്നറിയിപ്പു നലകിയ ശേഷം പൂർവകാലങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന അവരുടെ ഔദാര്യ പൂർവമായ പെരുമാറ്റം അനുസ്‌മരിപ്പിക്കുന്നു. വ്യക്തിജീവിതത്തിലുണ്ടായ സഹനങ്ങൾ സന്തോഷപൂർവം സ്വാഗതം ചെയ്തതിലും,സഹക്രിസ്ത്യാനികൾക്കു നേരിട്ട സഹനങ്ങളിൽ അവരോടു താദാത്മ്യപ്പെട്ടതിലും കൂടിയാണ് അവർ ഔദാര്യം പ്രകടമാക്കിയത്. മാമ്മോദീസായിൽ സംഭവിച്ച 'പ്രകാശിപ്പിക്കലി'ന്റെ ഫലമായാണ് ഈ ഔദാര്യമനോഭാവത്തെ അവതരിപ്പിക്കുന്നത്. മാമ്മോദീസായിലെ പ്രകാശിപ്പിക്കലിനെപ്പറ്റി ഇതിനുമുമ്പ് 6,4-5 ലാണു പ്രതിപാദിച്ചത്. അവിടെ മാമ്മോദീസായിൽ ലഭിച്ച ദാനങ്ങളെക്കുറിച്ചു പരാമർശിച്ചത് അതിൽനിന്നു വീണുപോകുന്നവരുടെ ദുർഭഗാവസ്ഥ വ്യക്തമാക്കാനായിരുന്നു. 

സമൂഹജീവിതത്തിൽ ഇന്നവർക്കുണ്ടായിരിക്കേണ്ട മനോഭാവം വ്യക്തമാക്കിക്കൊണ്ടാണ് അവസാനിപ്പിക്കുന്നത്. 35-ാം വാക്യത്തിലെ 'ആത്മധൈര്യം നശിപ്പിക്കരുത്' എന്ന ഉപദേശം 19-ാം വാക്യത്തിൽ ആത്മധൈര്യത്തോടെ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള പരാമർശത്തോടു ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാൻ. പാപപരിഹാരദിനത്തിൽ മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചിരുന്നതിനെ അനുസ്മരിച്ചു കൊണ്ട്, തന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ മിശിഹാ നമുക്കു ജീവന്റെ പുതുവഴി തുറന്നുതന്നതിനെക്കുറിച്ചാണ് അവിടെ ഓർമ്മിപ്പിച്ചത്. 

6,9-12 ലേതുപോലെ തന്നെ ഇവിടെയും മുന്നറിയിപ്പിനു പിന്നാലെ ആശ്വാസത്തിൻ്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകളോടെയാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത് (10,32-39). മിശിഹായിലുള്ള വിശ്വാസത്തിലേക്കു കടന്നുവന്ന നാളുകളിലെ കൃപനിറഞ്ഞ ദിനങ്ങളെ അനുസ്‌മരിക്കാൻ ആഹ്വാനം ചെയ്യുന്നു. പുതിയനിയമ ലേഖനങ്ങളിലെ പൊതു ശൈലിയാണിത് (ഗലാ 3,1-4; 1 തെസ 1,5-6; വെളി 2,4-5; 3,3). വിശ്വസിക്കാൻ തുടങ്ങിയ സംഭവത്തെ വിശേഷിപ്പിക്കുന്നത് 'പ്രകാശിപ്പിക്കപ്പെട്ട നാളുകൾ' എന്നാണ്. സുവിശേഷസത്യത്താൽ മിശിഹാ മനുഷ്യമനസ്സിനെ പ്രകാശിപ്പിക്കുന്നതാണല്ലോ മാമ്മോദീസായിൽ ആരംഭിക്കുന്ന വിശ്വാസജീവിതം. ലോകത്തിൻ്റെ പ്രകാശമായ മിശിഹായിൽ (6,4; യോഹ 8,12; 9,5) വിശ്വസിക്കുന്നതുവഴി ഈ ലോകത്തിൽ പ്രകാശമായി വർത്തിക്കാനുള്ള (മത്താ 5,13-16) വിളിയാണു ക്രിസ്‌തു ശിഷ്യന്റേത്. ലേഖനത്തിൽ മുമ്പും ഇതേ ശൈലിയിൽ മാമ്മോദീസായെക്കുറിച്ചു പരാമർശിച്ചിരുന്നു (6,4; യോഹ 1,9; ഏഫേ 5,14). 

ക്രിസ്ത്യാനികളായതോടെ വിശ്വാസത്തിൻ്റെ പേരിൽ സഹിക്കേണ്ടിവന്ന കഷ്‌ടപ്പാടുകൾ അനുസ്മരിക്കാനും ആത്മധൈര്യം കാത്തുസൂക്ഷിക്കാനും ഹെബ്രായലേഖകൻ ആഹ്വാനം ചെയ്യുന്നു. ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്‌തവവിശ്വാസം സ്വീകരിക്കുന്നവർ സമൂഹത്തിൽനിന്നു പുറത്താക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു (നടപടി 8,2; 13,50; 16,22-24). പരസ്യമായ നിന്ദനത്തിനും പീഡനത്തിനും അവർ വിഷയമായി; സ്വത്തുക്കൾ അപഹരിക്കപ്പെട്ടു. ഗിരിപ്രഭാഷണത്തിൽ ഈശോ ഇതെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിരുന്നതാണ് (മത്താ 5,10-12). തനിക്കു നേരിടേണ്ടി വന്ന അപമാനങ്ങളും (1 കോറി 4,9) പീഡനങ്ങളും (2 കോറി 11,24) പൗലോസ്ശ്ലീഹാ വിവരിക്കുന്നുണ്ടല്ലോ. സഹനങ്ങളുടെ ഈ വലിയ പോരാട്ടത്തെക്കുറിച്ച് അവരെ അനുസ്‌മരിപ്പിക്കുന്നത് ഇനിയും ക്ഷമ ആവശ്യമായതിനാലാണ് (10,36). 

മാത്രമല്ല, സ്വന്തസുരക്ഷിതത്വം വകവയ്ക്കാതെ, ഇപ്രകാരം സഹിക്കേണ്ടിവന്നവരോടു ചേർന്നുനിന്നവരുമാണ് ആദിമക്രൈസ്തവർ. കാരണം, കാരഗൃഹത്തിലടക്കപ്പെട്ടിരുന്നവരുടെ വേദന അവർ പങ്കിട്ടു. വിശ്വാസത്തിൻ്റെ പേരിൽ പത്രോസ്ശ്ലീഹായും (നടപടി 4,3; 5,18; 12,4) പൗലോസ്‌ശ്ലീഹായും (ഫിലി 2,25-30; ഫില 1,13) തടവിലാക്കപ്പെട്ടവരാണല്ലോ. ഇക്കൂട്ടരുടെ വേദനയിലാണ് ആദിമക്രൈസ്തവർ പങ്കുചേർന്നത്. മിശിഹായുടെ മൗതികശരീരത്തിലെ ഒരംഗം വേദനിക്കുമ്പോൾ മറ്റംഗങ്ങൾ കൂടെ വേദനിക്കണമെന്നു പൗലോസ്ശ്ലീഹാ ഉപദേശിക്കുന്നുണ്ടല്ലോ (1 കോറി 12,26). അവരുടെ വസ്തുവകകൾ അന്യായമായി അപഹരിക്കപ്പെട്ടപ്പോൾ, സന്തോഷപൂർവം സഹിക്കാൻ അവർക്കു സാധിച്ചത്, അതിലും ശ്രേഷ്ഠവും ശാശ്വതവുമായ ആത്മീയസമ്പത്തു സ്വർഗത്തിലുണ്ടെന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്. 

വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്ന നിങ്ങളുടെ ആത്മധൈര്യം നിങ്ങൾ നശിപ്പിക്കരുത്. ദൈവത്തിൻ്റെ അഭീഷ്ടം നിറവേറ്റാനും വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കാനും നിങ്ങൾക്കു ക്ഷമ ആവശ്യകമാണ് (10,33-36). ആത്മധൈര്യം നശിപ്പിക്കുന്നതിനുള്ള പ്രവണത തൻ്റെ ശ്രോതാക്കൾക്കിടയിൽ ഉള്ളതുകൊണ്ടാണ് (2,1; 4,1; 10,25) ഇപ്രകാരം ഉപദേശിക്കുന്നത്. കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കുന്നതിനുള്ള ധൈര്യമാണ് (4,16) ഇവിടെ ഉദ്ദേശിക്കുന്നത്. ഈ ആത്മധൈര്യത്തിനു ദൈവം വലിയ പ്രതിഫലമാണു വാഗ്ദാനം ചെയ്ത‌ിരിക്കുന്നത്. ദൈവത്തിന്റെ ഇഷ്ട‌ം നിറവേറ്റിക്കൊണ്ടുമാത്രമേ ഇതു പ്രാപിക്കാനാവൂ. 4,3 ൽ പരാമർശിക്കപ്പെട്ട ദൈവം നല്‌കുന്ന വിശ്രമമാണ് ഇവിടെയും സൂചിതം.

4.5. വിശ്വാസത്തിൽ നിലനില്ക്കാൻ ആഹ്വാനം (10,36-39) 

10,36 ദൈവത്തിന്റെ ഇഷ്ട‌ം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്കു സഹനശക്തി ആവശ്യമായിരിക്കുന്നു. 

10,37 ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവൻ വരുകതന്നെ ചെയ്യും. അവൻ താമസിക്കുകയില്ല. 

10,38 എന്റെ നീതിമാൻ വിശ്വാസംമൂലം ജീവിക്കും. അവൻ പിൻമാറുന്നെങ്കിൽ എന്റെ ആത്മാവ് അവനിൽ പ്രസാദിക്കുകയില്ല. 

10,39 പിൻമാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മ‌മരക്‌ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നമ്മൾ. 

“നിങ്ങൾക്കു സഹനശക്തി ആവശ്യമുണ്ട്" (വാക്യം 36) എന്ന പ്രസ്താവന ഒരർത്ഥത്തിൽ ക്ഷമയുള്ളവരായിരിക്കാനുള്ള ആഹ്വാനമാണ്. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ വാഗ്ദാനം പ്രാപിക്കാനാണ് സഹനശക്തി ആവശ്യമായിരിക്കുന്നത്. പിതാവിൻ്റെ ഹിതം പരിപൂർണമായി നിറവേറ്റിയ ഈശോ മിശിഹായാണ് ക്രിസ്‌ത്യാനിയ്ക്കു സഹനത്തിൽ മാതൃക (10,7.9).

അവസാനംവരെ സഹിച്ചുനില്ക്കുന്നവൻ രക്ഷപെടുമെന്ന് അവിടുന്നുതന്നെ അരുളിച്ചെയ്‌തിട്ടുണ്ടല്ലോ (മത്താ 10,22). അവിടുത്തോടൊപ്പം സഹിക്കുന്നവർ അവിടുത്തോടൊപ്പം ഭരണം നടത്തും (2 തിമോ 2,12). പിൻമാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്‌മരക്‌ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നമ്മൾ എന്നെഴുതുമ്പോൾ വിശ്വാസത്തിൽ ഉറച്ചുനില്ക്കാനാണ് ഉപദേശം. വിശ്വാസവും സഹനശക്തിയും ഒന്നിച്ചുപോകുന്നു. ഇതു രണ്ടു മുണ്ടെങ്കിലേ നിത്യജീവൻ പ്രാപിക്കാനാവൂ. 

സ്വർഗത്തിൽ ലഭിക്കാനിരിക്കുന്ന ശ്രേഷ്‌ഠവും ശാശ്വതവുമായ പ്രതിഫലം ലഭിക്കാനായി ക്ഷമാപൂർവം കാത്തിരിക്കാൻ ആഹ്വാനം ചെയ്തശേഷം മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചു സൂചിപ്പിക്കുന്നു (10,37-39). വരാനിരിക്കുന്നവനെക്കുറിച്ചുള്ള ഉദ്ധരണി ഏശ 26,20ൽ നിന്നും വിശ്വാസംമൂലം ജീവിക്കുന്ന നീതിമാനെക്കുറിച്ചുള്ള ഉദ്ധരണി ഹബക്കുക്ക് 2,4 ൽ നിന്നുമാണ്. പ്രവാചകന്മാർ കാത്തിരുന്നത് മിശിഹായുടെ മനുഷ്യാവതാരമായിരുന്നെങ്കിൽ ക്രൈസ്തവരായ നമ്മൾ പ്രതീക്ഷിച്ചിരിക്കുന്നത് അവിടുത്തെ രണ്ടാമത്തെ ആഗമനമാണ്. എൻ്റെ നീതിമാൻ വിശ്വാസംമൂലം ജീവിക്കും. അവൻ പിന്മാറുന്നെങ്കിൽ എൻ്റെ ആത്മാവ് അവനിൽ പ്രസാദിക്കുകയില്ല (10,38; ഹബ 2,4). ദൈവത്തിൽ വിശ്വസിക്കുകയും ദൈവത്തോടു വിശ്വസ്‌തനായി വർത്തിക്കുകയും ചെയ്യുന്നവനാണു നീതിമാൻ. ഈ വിശ്വാസത്തിൽ ഉറച്ചുനില്ക്കുന്നവനാണ് ജീവൻ ലഭിക്കാനിരിക്കുന്നത്. ഈ വിശ്വാസത്തിൽനിന്നു പിന്മാറുന്നവനിൽ ദൈവം സംപ്രീതനാവുകയില്ല. പിന്മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നമ്മൾ (10,39) എന്ന പ്രോത്സാഹന വാക്കുകളോടെയാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്. വിശ്വസിച്ച് ആത്മരക്ഷ പ്രാപിക്കുന്നവരെക്കുറിച്ചുള്ള സൂചന അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിക്കാൻ പോകുന്ന വിശ്വാസ മാതൃകകൾക്കുള്ള ആമുഖമാണ്. 

അടുത്ത ഭാഗത്തു പ്രതിപാദിക്കാനുള്ള രണ്ടു പ്രമേയങ്ങളാണിവിടെ അവതരിപ്പിക്കുന്നത്: സഹനശക്തിയും വിശ്വാസവും. വിശ്വാസത്തെക്കുറിച്ചു പതിനൊന്നാം അദ്ധ്യായത്തിലും സഹന ശക്തി അഥവാ ക്ഷമയെക്കുറിച്ചു പന്ത്രണ്ടാം അദ്ധ്യായത്തിലും ദീർഘമായി ചർച്ചചെയ്യും. ഹബക്കുക്കിൽ നിന്നുള്ള ഉദ്ധരണി (ഹബ 2,3-4) ഈ രണ്ടു പ്രമേയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ സഹായിക്കുന്നു (10,37-38): “ഇനി വളരെക്കുറച്ചു സമയമേയുള്ളൂ" (ഏശ 26,20), “വരാനിരിക്കുന്നവൻ വരുകതന്നെ ചെയ്യും”, “അവൻ താമസിക്കുകയില്ല". മിശിഹായുടെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനത്തിൽ നിത്യജീവന് അർഹരാകുവാൻ സഹനശക്തിയോടെ വിശ്വാസത്തിൽ ഉറച്ചുനില്ക്കാനാണ് ആഹ്വാനം.

ഭാഗം അഞ്ച് (11,1-12,13) 

വിശ്വസിച്ച
പൂർവപിതാക്കന്മാർ
പ്രത്യാശവച്ചിരുന്ന
പരിപൂർണത

 പൂർവപിതാക്കന്മാരുടെ വിശ്വാസപരീക്ഷണങ്ങളും വിജയങ്ങളും 

(11,1-40) 

1.1. പൂർവപിതാക്കാന്മാരുടെ വിശ്വാസപരീക്ഷണങ്ങൾ 

(11,1-7) 

11,1 വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിച്ചു കഴിഞ്ഞാൽ എന്നതുപോലുള്ള ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.

11,2 ഇതുമൂലമാണ് പൂർവികൻമാർ ദൈവിക അംഗീകാരത്തിന് അർഹരായത്.

11,3 ദൈവത്തിൻ്റെ വചനത്താൽ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയിൽ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നമ്മൾ അറിയുന്നു.

11,4 വിശ്വാസംമൂലം ആബേൽ കായേന്റേതിനെക്കാൾ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമർപ്പിച്ചു. അതിനാൽ, അവൻ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവൻ സമർപ്പിച്ച കാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‌കി. അവൻ മരിച്ചെങ്കിലും തൻ്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. 

11,5 വിശ്വാസംമൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവൻ കാണപ്പെട്ടുമില്ല. 

11,6 അപ്രകാരം എടുക്കപ്പെടുന്നതിനു മുൻപ് താൻ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം. 

11,7 വിശ്വാസം മൂലമാണു നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പുകൊടുത്തപ്പോൾ, തൻ്റെ വീട്ടുകാരുടെ രക്ഷയ്ക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമിച്ചത്. ഇതുമൂലം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തിൽ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്തു. 

വിശ്വാസത്തിനു നിർവചനം നല്‌കിയശേഷം സൃഷ്‌ടിയുടെ ആരംഭംമുതലുള്ള പൂർവികരുടെ വിശ്വാസത്തെക്കുറിച്ചു സവിസ്‌തരം പ്രതിപാദിക്കുന്നു. ഈ അദ്ധ്യായത്തിലെ 18 വാചകങ്ങൾ ആരംഭിക്കുന്നത് 'വിശ്വാസംമൂലം' എന്ന പ്രയോഗത്തോടെയാണ്. ഇതുകൂടാതെ, 'വിശ്വാസമില്ലാതെ' (11,6), 'വിശ്വാസമനുസരിച്ച്' (11,7.13), 'വിശ്വാസംവഴിയായി' (11,33.39) തുടങ്ങിയ പ്രയോഗങ്ങളും കാണാം. ഈ അദ്ധ്യായത്തിന് നാലു ഉപവിഭാഗങ്ങളുണ്ട്: 

  1. വിശ്വാസ നിർവചനവും ആദ്യകാല ഉദാഹരണങ്ങളും(1-7) 
  2. അബ്രാഹത്തിൻ്റെയും പൂർവപിതാക്കാന്മാരുടെയും വിശ്വാസം 
  3. മോശയുടെ വിശ്വാസം (23-31) 
  4. തുടർകാലചരിത്രം. പഴയനിയമശൈലിയിൽ വിശ്വാസത്തെ പ്രത്യാശയുമായി ബന്ധപ്പെടുത്തി നിർവചിക്കുന്നു (32-40: ഏശ 7,9; 28,16). 

പഴയനിയമ ജനത്തിൻ്റെ വിശ്വാസരാഹിത്യത്തിനും (3,12.19) അനുസരണക്കേടിനും (4,6.11) എതിരെ ലേഖനത്തിന്റെ ആദ്യ ഭാഗത്തു മുന്നറിയിപ്പു നല്‌കിയതാണല്ലോ (3,7-4,11). ആ ജനതയുടെ വിശ്വാസചരിത്രത്തിൻ്റെ മറുപുറമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ശ്രോതാക്കൾക്കു പ്രചോദനമാകുന്നതിനുവേണ്ടിയാണ് ഹെബ്രായ ലേഖകൻ ഈ വിവരണം നല്കുന്നത്. 

വിശ്വാസത്തെ അതിൻ്റെ ഫലങ്ങളിലൂടെയാണു നിർവചിക്കുന്നത്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നവ ഇപ്പോൾതന്നെ യാഥാർത്ഥ്യമായാൽ എന്നതുപോലുള്ള ഉറപ്പാണു (hupostasis) വിശ്വാസം. അതുതന്നെയാണു നമ്മൾ പ്രത്യാശിക്കുന്നതും. കാണപ്പെടാത്തവയെക്കുറിച്ച് അറിയുന്നതിനുള്ള മാർഗം അഥവാ തെളിവുമാണത് (elenches). വിശ്വാസത്തിൻ്റെ ഫലങ്ങളുടെ രണ്ടു മാനങ്ങളാണു വ്യക്തമാകുന്നത്. ഇതിൽ ഏതെങ്കിലുമൊന്നു തെളിയിക്കുന്നതാണ് വിവരിക്കപ്പെടുന്ന ഉദാഹരണങ്ങളിലോരോന്നും. 

ഉല്പ്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലുള്ള സൃഷ്ടിയെക്കുറിച്ചുള്ള വെളിപാടിൽനിന്നു നമുക്കറിയാൻ കഴിയുന്ന കാര്യങ്ങൾ വിവരിച്ചുകൊണ്ടാണ് അദ്ധ്യായം ആരംഭിക്കുന്നത്. സൃഷ്ടിയിലുള്ള വിശ്വാസമാണത്; ഒപ്പം, സ്രഷ്‌ടാവിലുള്ളതും. 

വിശുദ്ധഗ്രന്ഥവിവരണത്തിൻ്റെ ക്രമത്തിൽ തന്നെയാണു ഹെബ്രായലേഖകനും മുന്നേറുന്നത്. ഉല്പ്പത്തി 1-11 ലെ ചരിത്രാതീത ചരിത്രത്തിൽനിന്നുള്ള സംഭവങ്ങളും വ്യക്തികളുമാണ് ആദ്യ ഭാഗത്തു പരാമർശിക്കപ്പെടുന്നത് (11,3-7). ബൈബിളിന്റെ ആദ്യ അദ്ധ്യായത്തിൽ വർണിക്കപ്പെടുന്നതുപോലെ, ദൈവം സൃഷ്ടി കർമം നിർവഹിച്ചത് തൻ്റെ ശക്തിയുള്ള വചനത്താലാണ് എന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയിൽ നിന്നുണ്ടായി എന്നും നാമറിയുന്നതു വിശ്വാസംമൂലമാണ് (11,3). ലേഖനാരംഭത്തിൽ തന്റെ വചനമായ പുത്രനിലൂടെ ദൈവം ലോകം സൃഷ്‌ടിച്ചതിനെക്കുറിച്ചു പരാമർശിച്ചതാണ്: "അവനിലൂടെയാണ് ദൈവം ലോകത്തെ സൃഷ്ടിച്ചത്" (1,2; സങ്കീ 33,6; ജ്ഞാനം 9,1). സ്രഷ്‌ടാവായ ദൈവത്തിലുള്ള വിശ്വാസമാണ് സകല വിശ്വാസത്തിന്റെയും അടിസ്ഥാനം. ശൂന്യവും രൂപരഹിതവുമായിരുന്നിടത്ത് ക്രമം (cosmos out of chaos) നല്‌കി എന്നതാണു സൃഷ്‌ടി. എല്ലാം ക്രമമായി ദൈവം സജ്ജീകരിച്ചു: ആകാശവും ഭൂമിയും, കരയും കടലും, രാവും പകലും, സ്ഥലവും സമയവും അവിടുത്തെ സൃഷ്ടിയാണ്. 

വിശ്വാസം യുക്തിയ്ക്കതീതമാണ്; അതിനെതിരല്ല, ഉപരിയാണ്. ഇന്ദ്രിയങ്ങൾക്കു ഗോചരമല്ലാത്തതു ഗ്രഹിക്കുന്നതാണു വിശ്വാസം. ദൈവിക വെളിപാടാണ് ഇതിന്നാധാരം. ദൈവത്തിന്റെ വിശ്വസനീയതയിൽ അധിഷ്‌ഠിതമായതുകൊണ്ട് വിശ്വാസം വഴിയുള്ള അറിവ് യഥാർത്ഥമാണ്. യുക്തിയും ശാസ്ത്രവുംവഴി ലഭിക്കുന്ന അറിവിനെ മെച്ചപ്പെട്ട തലത്തിലേക്ക് ഉയർത്തുന്നത് വിശ്വാസമാണ്. വിശ്വാസത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ കാണപ്പെടാത്തവയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. 

കായേന്റേതിനേക്കാൾ ഉത്കൃഷ്‌ടമായ ബലിയർപ്പിക്കാൻ ആബേലിനെ പ്രേരിപ്പിച്ചത് വിശ്വാസമാണ്. മുമ്പു പ്രതിപാദിക്കപ്പെട്ട മിശിഹായുടെ ബലിയുടെ മുന്നോടിയായിരുന്നല്ലോ ആബേലിന്റെ ബലി. ആബേൽ ഉയിർത്തെഴുന്നേറ്റില്ലെങ്കിലും അവന്റെ രക്തം ഭൂമിയിൽനിന്ന് ദൈവത്തോടു കരഞ്ഞപേക്ഷിക്കുന്നുണ്ട് (ഉല്പ 4,11). അത് ആബേലിൻ്റെ വിശ്വാസത്തിൻ്റെ തുടർച്ചയാണ്. അപ്രകാരം, ആബേൽ വിശ്വാസംവഴി മരണശേഷവും സംസാരിച്ചു കൊണ്ടിരിക്കുന്നു. ആബേലിൻ്റെ രക്തത്തിനു മിശിഹായുടെ രക്തവുമായുള്ള ബന്ധം ഇവിടെ പരോക്ഷമായി സൂചിപ്പിക്കപ്പെടുന്നതേയുള്ളുവെങ്കിലും പിന്നീട് വ്യക്തമായി പ്രതിപാദിക്കപ്പെടും (12,24). കായേന്റെ ബലിയിൽ എന്നതിനേക്കാൾ ആബേലിൻ്റെ ബലിയിൽ ദൈവം പ്രസാദിച്ചത് (ഉല്പ 4,1-7) അവൻ്റെ വിശ്വാസം മൂലമാണ്. ആബേൽ തന്റെ വിശ്വാസം പ്രകടിപ്പിച്ചത് ഏറ്റവും മെച്ചപ്പെട്ടവ ദൈവത്തിനു സമർപ്പിച്ച മനോഭാവത്തിലൂടെയാണ്. അവൻ മരിച്ചെങ്കിലും വിശ്വാസത്തിലൂടെ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവന പ്രത്യേകം ശ്രദ്ധേയമാണ്. ആബേലിന്റെ പ്രവൃത്തിയുടെ സാക്ഷ്യമൂല്യമാണ് ഇവിടെ സൂചിതം. ഈശോ തന്നെയും ആബേലിനെ നീതിമാൻ എന്നു വിശേഷിപ്പിക്കുന്നുണ്ടല്ലോ (മത്താ 23,35). മണ്ണിൽനിന്ന് കർത്താവിനെ വളിച്ചു കരഞ്ഞ ആബേലിന്റെ രക്തത്തോട് (ഉല്പ‌ 4,10) ഹെബ്രായലേഖകൻ മിശിഹായുടെ രക്തത്തെ താരതമ്യപ്പെടുത്തുന്നുണ്ട് (12,24). ആബേൽ ഇന്നും സംസാരിക്കുന്നു എന്നു പറയുന്നതിൽനിന്ന് അവൻ ഇന്നും ജീവിക്കുന്നു എന്നു വ്യക്തം. മിശിഹായുടെ ഉയിർപ്പിന്റെ മുൻ രൂപമായി ആബേലിനെ കണക്കാക്കാം. 

വിശ്വാസംമൂലം പഴയനിയമ വ്യക്തികൾ മുൻകൂട്ടി അനുഭവിച്ചത് മിശിഹാരഹസ്യത്തിൻ്റെ ഏതെങ്കിലുമൊരു മാനമാണ്. വിശ്വാസത്താൽ എടുക്കപ്പെട്ട ഹേനോക്കിൻ്റെ ചരിത്രം മരണത്തെ കീഴടക്കിയ മിശിഹായുടെ സ്വർഗാരോഹണവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടതാണ്. ഹെനോക്ക് മരണം കാണാതെ സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടത് വിശ്വാസം മൂലമാണ് (11,5; ഉല്പ 5,24). ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ചതിനുള്ള പ്രതിഫലമെന്നോണമാണ് ഹെനോക്ക് എടുക്കപ്പെട്ടത് (പ്രഭാ 49,14). ഇതിനടിസ്ഥാനം വിശ്വാസമായിരുന്നു. എന്തെന്നാൽ, “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല. കാരണം, ദൈവത്തെ സമീപിക്കുന്നവൻ, ദൈവമുണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്നു പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം"(11,6). ദൈവാസ്തിത്വം അംഗീകരിക്കുന്നതു മാത്രമല്ല, അവിടുന്നു മനുഷ്യരുടെ കാര്യത്തിൽ തത്പരനാണെന്നും തന്നെ അന്വേഷിക്കുന്നവരെ അവിടുന്നു കൈവിടുകയില്ല എന്നുള്ള ഉറച്ച ബോധ്യം കൂടിയാണു വിശ്വാസം. ഈ ബോദ്ധ്യത്തിൽ നിന്നാണ് സ്രഷ്‌ടാവായ ദൈവത്തിൽ പൂർണമായി ആശ്രയിച്ചു ജീവിക്കാൻ നമുക്കു സാധിക്കുന്നത്. മിശിഹായുടെ സ്വർഗാരോഹണത്തിന്റെ മുൻരൂപം ഹേനോക്കിൽ കാണാം. 

നോഹയാണു വിശ്വാസത്തിൻ്റെ ഉദാത്ത മാതൃക (ഉല്‌പ 6,8-22). അതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ജലപ്രളയത്തെക്കുറിച്ചുള്ള ദൈവത്തിൻ്റെ വാക്കുകളിൽ ഉറച്ചു വിശ്വസിച്ച നോഹ, അതിന്റെ അടിസ്ഥാനത്തിൽ പെട്ടകം നിർമ്മിച്ചത് അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ്റെയും രക്ഷയ്ക്കു കാരണമായി ഭവിച്ചു. വിശ്വാസം അനുസരണത്തിലൂടെയാണു വെളിവായത്. ഉല്‌പത്തിപ്പുസ്ത‌കം നോഹയെ നീതിമാൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത് (ഉല്പ 6,9). ഈ നീതിമത്കരണം വിശ്വാസം മൂലമായിരുന്നു എന്നു ഹെബ്രായലേഖകൻ വിശദീകരിക്കുന്നു. വിശ്വാസത്തിൽ നിന്നുരുത്തിരിഞ്ഞ മോശയുടെ പ്രവൃത്തി വഴിപിഴച്ച സമകാലിക തലമുറയ്ക്കെതിരെയുള്ള സാക്ഷ്യമായിരുന്നു (2 പത്രോ 2,5). ഒപ്പം, നോഹ തന്റെ വിശ്വാസംമൂലം അബ്രാഹത്തിനു കൈവന്ന നീതിമത്കരണത്തിൻ്റെ മുന്നോടിയാവുകയും ചെയ്തു. 

ഇവിടെ പ്രതിപാദിക്കപ്പെടുന്ന മൂന്നുദാഹരണങ്ങളിൽ പൗരോഹിത്യ മാദ്ധ്യസ്ഥ്യത്തിൻ്റെ മൂന്നു മാനങ്ങൾ ദർശിക്കാം. പൗരോഹിത്യത്തിന്റെ ആരോഹണ (ആബേലിൻ്റെ ബലി), അവരോഹണ (നോഹയുടെ സംഭവം: മനുഷ്യകുടുംബത്തിനു ലഭിക്കുന്ന രക്ഷാകരമായ കൃപ) സ്വഭാവങ്ങൾ ഇവിടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. മദ്ധ്യഭാഗത്തു വിവരിക്കുന്ന ഹേനോക്കിൻ്റെ ചരിത്രം ദൈവസന്നിധിയിലേക്കു പ്രവേശനം സാദ്ധ്യമാക്കുന്ന പൗരോഹിത്യത്തിന്റെ കേന്ദ്രാശയവും വ്യക്തമാക്കുന്നു. 

1.2. അബ്രാഹത്തിന്റെയും പൂർവപിതാക്കന്മാരുടെയും വിശ്വാസം (11,8-22) 

11,8 വിശ്വാസംമൂലം അബ്രാഹം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ അനുസരിച്ചു. എവിടേക്കാണു പോണ്ടേതെന്നറിയാതെ തന്നെയാണ് അവൻ പുറപ്പെട്ടത്.  

11,9 വിശ്വാസത്തോടെ അവൻ വാഗ്ദ‌ത്തഭൂമിയിൽ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്ദാനത്തിന്റെ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത് അവൻ കൂടാരങ്ങളിൽ താമസിച്ചു. 

11, 10 ദൈവം സംവിധാനം ചെയ്തതും നിർമിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവൻ പ്രതീക്ഷിച്ചിരുന്നു. 

11,11 തന്നോടു വാഗ്ദാനം ചെയ്തവൻ വിശ്വസ്തനാണെന്നു വിചാരിച്ചതുകൊണ്ട്, പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗർഭധാരണത്തിനുവേണ്ട ശക്തിപ്രാപിച്ചു. 

11,12 അതിനാൽ, ഒരുവനിൽനിന്ന് അതും മൃതപ്രായനായ ഒരുവനിൽനിന്ന്- ആകാശത്തിലെ നക്‌ഷത്രജാലങ്ങൾപോലെയും കടലോരത്തെ സംഖ്യാതീതമായ മണൽത്തരികൾപോലെയും വളരെപ്പേർ ജനിച്ചു. 

11,13 ഇവരെല്ലാം വിശ്വാസത്തോടെയാണ് മരിച്ചത്. അവർ വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന് അവയെക്കണ്ട് അഭിവാദനം ചെയ്യുകയും തങ്ങൾ ഭൂമിയിൽ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറയുകയും ചെയ്തു. 

11,14. ഇപ്രകാരം പറയുന്നവർ തങ്ങൾ പിത്യദേശത്തെയാണ് അന്വേഷിക്കുന്നതെന്നു വ്യക്‌തമാക്കുന്നു. 

11,15 തങ്ങൾ വിട്ടുപോന്ന സ്‌ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു.

11,16 ഇപ്പോഴാകട്ടെ, അവർ അതിനെക്കാൾ ശ്രേഷ്‌ഠവും സ്വർഗീയവുമായതിനെ ലക്‌ഷ്യം വയ്ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. 

11,17 വിശ്വാസം മൂലമാണ്, പരീക്‌ഷിക്കപ്പെട്ടപ്പോൾ അബ്രാഹം ഇസഹാക്കിനെ സമർപ്പിച്ചത്

11,18 ഇസഹാക്കിലൂടെ നിന്റെ സന്തതി വിളിക്കപ്പെടും എന്ന വാഗ്ദാനം സ്വീകരിച്ചിരുന്നിട്ടും, അവൻ തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ ഒരുങ്ങി. 

11,19 മരിച്ചവരിൽനിന്നു മനുഷ്യരെ ഉയിർപ്പിക്കാൻപോലും ദൈവത്തിനു കഴിയുമെന്ന് അവൻ വിചാരിച്ചു. അതുകൊണ്ട്, ആലങ്കാരികമായി പറഞ്ഞാൽ ഇസഹാക്കിനെ അവനു തിരിച്ചുകിട്ടി. 

11,20 വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താൽ ഇസഹാക്ക് യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിച്ചു. 

11,21 ആസന്ന മരണനായ യാക്കോബ് തൻ്റെ വടി ഊന്നിനിന്ന് ആരാധിച്ചുകൊണ്ട്, ജോസഫിൻ്റെ മക്കളെ ഓരോരുത്തരെയും വിശ്വാസത്തോടെ അനുഗ്രഹിച്ചു. 

11,22 ജോസഫ് മരിക്കുമ്പോൾ, വിശ്വാസംമൂലം ഇസ്രായേൽമക്കളുടെ പുറപ്പാടിനെ മനസ്സിൽ കണ്ടുകൊണ്ട് തന്റെ അസ്ഥികൾ എന്തുചെയ്യണമെന്നു നിർദേശങ്ങൾ കൊടുത്തു. 

എല്ലാം ഉപേക്ഷിച്ചു പുറപ്പെടാൻ ദൈവം കല്പ്പിച്ചപ്പോൾ വിശദീകരണങ്ങളോ ഉറപ്പോ ഒന്നും ചോദിക്കാതെ അനുസരിക്കാൻ തയ്യാറായതിലാണ് അബ്രാഹത്തിൻ്റെ വിശ്വാസം പ്രകാശിതമായത്. കാനാൻ ദേശത്തെത്തിയിട്ടും അതല്ല യഥാർത്ഥ വാഗ്‌ദത്തഭൂമിയെന്ന് അദ്ദേഹത്തിനു ബോദ്ധ്യമുണ്ടായിരുന്നു. താൻ ഒരു പരദേശിയും അതിഥിയുമാണ് (ഉല്പ 23,4) എന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ഏക പുത്രനെ ബലികഴിക്കാനുള്ള അബ്രാഹത്തിന്റെ സന്നദ്ധതയിൽ യഥാർത്ഥ ബലിയർപ്പണം തന്നെയാണു ഹെബ്രായ ലേഖകൻ കാണുന്നത്. അബ്രാഹത്തിൻ്റെ വിശ്വാസത്തിന്റെ ആഴം തെളിയിച്ച സംഭവമായിരുന്നത്. 

പൂർവപിതാവായ അബ്രാഹത്തിൻ്റെ വിശ്വാസ മാതൃകയാണ് സവിസ്തരം പ്രതിപാദിക്കപ്പെടുന്നത് (11,8-22; ഉല്പ 12,1-4; 15,16.18; 26,3; 35,12). ദൈവം വിളിച്ചപ്പോൾ എവിടേയ്ക്കാണു പോകേണ്ടിയിരുന്നത് എന്നറിയാതിരുന്നിട്ടും തന്നെ വിളിച്ചവനിലുള്ള വിശ്വാസം മൂലം അബ്രാഹം ഇറങ്ങിപ്പുറപ്പെട്ടു (ഉല്‌പ 12,1-4). ദൈവത്തിൽ പൂർണമായി ആശ്രയിച്ചു മുമ്പോട്ടു പോകാൻ വേണ്ടിയായിരുന്നു എവിടേക്ക് എന്നു വ്യക്തമാക്കാതിരുന്നത്. തനിക്ക് അവകാശമായി ലഭിച്ച വാഗ്ദത്ത ഭൂമിയിൽ വിശ്വാസംമൂലം അദ്ദേഹം പരദേശിയെപ്പോലെ വസിച്ചു (11,9). കാരണം, യഥാർത്ഥവും നിലനില്ക്കുന്നതുമായ വാസസ്ഥലമായ സ്വർഗീയ നഗരത്തിൻ്റെ പ്രതിരൂപം മാത്രമാണു കാനാൻദേശം എന്ന് അദ്ദേഹത്തിനറിയാമായിരുന്നു (ഉല്പ 23,4). ദൈവംതന്നെ ശില്പ്‌പിയും നിർമ്മാതാവും അടിസ്ഥാനവുമായിരിക്കുന്ന ഒരു പട്ടണത്തെയാണ് അയാൾ പ്രതീക്ഷിച്ചിരുന്നത് (11,10). ഈ വിധത്തിൽ, ക്രീസ്‌തീയ വിശ്വാസത്തിൻ്റെ മുന്നോടിയായിരുന്നു അബ്രാഹം (13,14). 

പ്രായം കഴിഞ്ഞിട്ടും ഭാര്യ വന്ധ്യയായിരുന്നിട്ടും തങ്ങൾക്കൊരു കുഞ്ഞു ജനിക്കുമെന്നും അവൻവഴി തങ്ങളുടെ സന്തതി പരമ്പര ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടലോരത്തെ മണൽത്തരികൾ പോലെയും ആയിരിക്കുമെന്നുമുള്ള ദൈവിക വാഗ്ദാനം അംഗീകരിക്കാൻ അബ്രാഹത്തിനും സാറായ്ക്കും സാധിച്ചത് വിശ്വാസംമൂലം മാത്രമാണ് (11,10-12; ഉല്പ 17,15-22; 18,1-15). തന്നോടു വാഗ്ദാനം ചെയ്തവൻ വിശ്വസ്തനാണെന്ന ബോദ്ധ്യമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. 

വിശ്വാസത്തോടെ ജീവിക്കുകയും മരിക്കുകയും ചെയ്തവരാണെങ്കിലും ഈ പൂർവപിതാക്കന്മാർക്കാർക്കും ദൈവത്തോടൊത്തുള്ള ജീവിതത്തിൻ്റെ പൂർണത ഈ ലോകത്തിലെ അവരുടെ ജീവിതകാലത്ത് അനുഭവിക്കാനായില്ല. അതു സാധ്യമാക്കിത്തീർത്തത് ഈശോയുടെ സഹന-മരണോത്ഥാനങ്ങളാണല്ലോ. തങ്ങൾക്കു വാഗ്ദാനംചെയ്യപ്പെട്ടിരുന്നത് അവർക്കു പ്രാപിക്കാനായില്ലെങ്കിലും, വിദൂരത്തുനിന്നു കാണുകയും അതിൽ സന്തോഷിക്കുകയും ചെയ്തു. പിതാവായ അബ്രാഹം മിശിഹായുടെ ദിനങ്ങൾ കാണാൻ ആഗ്രഹിച്ചതുപോലെ കാണുകയും അതിൽ സന്തോഷിക്കുയും ചെയ്തു എന്ന് ഈശോ തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ (യോഹ 8,56). തങ്ങൾ ഭൂമിയിൽ അന്യരും പരദേശികളുമാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട് തങ്ങൾ ലക്ഷ്യംവയ്ക്കുന്നതു പിത്യദേശത്തെയാണ് എന്ന് അവർ വ്യക്തമാക്കി (11,14). ഈ പിതൃദേശം അവരുടെ പിതാക്കന്മാർ ഉപേക്ഷിച്ചുപോന്ന നാടല്ല. അതായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നതെങ്കിൽ അവർക്കു തിരികെ പോകാൻ അവസരമുണ്ടായിരുന്നു. പക്ഷേ, അവർ മടങ്ങിപ്പോയില്ല. അവർ കാത്തിരുന്നത് ദൈവം അവർക്കായി ഒരുക്കിയിരുന്ന സ്വർഗീയ നഗരമാണ്. പഴയ ഉടമ്പടിപ്രകാരമുള്ള ആചാരാനുഷ്‌ഠാനങ്ങളിലേക്കു മടങ്ങിപ്പോകാൻ വെമ്പൽകൊണ്ടിരുന്ന ഒരു സമൂഹത്തിനാണല്ലോ ഈ ലേഖനം എഴുതപ്പെട്ടത്. പഴയതിലേക്കു മടങ്ങാതെ, മിശിഹാ പ്രവേശിച്ചിരിക്കുന്ന സ്വർഗം പ്രതീക്ഷിച്ചു കഴിയാൻ പൂർവപിതാക്കളുടെ മാതൃക സഹായിക്കട്ടെ എന്നാണ് ലേഖനകർത്താവ് ആഗ്രഹിക്കുന്നത്. 

ഇപ്രകാരം സ്വർഗീയമായതിനെ ആഗ്രഹിച്ചു ജീവിച്ച പൂർവ പിതാക്കന്മാരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം മടിച്ചില്ല (11,16). മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട് മോശയ്ക്കു വെളിപ്പെടുത്തുമ്പോൾ ദൈവം പിതാക്കന്മാരുടെ ദൈവമായാണല്ലോ സ്വയം പരിചയപ്പെടുത്തുന്നത്: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രാഹത്തിൻ്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (പുറ 3,6). ഈശോ തന്നെ വ്യാഖ്യാനിക്കുന്നതുപോലെ (മർക്കോ 12,26-27), ദൈവത്തിൻ്റെ ഈ പരിചയപ്പെടുത്തൽ, അവർ ഇന്നും ജീവിക്കുന്നുവെന്നും കാത്തിരുന്ന അവരുടെ വിശ്വാസം നിഷ്‌ഫലമായിപ്പോയില്ല എന്നും വ്യക്തമാക്കുന്നു. പൂർവപിതാക്കന്മാർ വിശ്വാസപൂർവം പ്രത്യാശിച്ചു കാത്തിരുന്ന കാര്യങ്ങൾ നിറവേറിയത് മിശിഹായുടെ മനുഷ്യാവതാര-സഹന-മരണോത്ഥാനങ്ങളിലൂടെയാണ്. 

ഇസഹാക്കിലൂടെ തൻ്റെ സന്തതിപരമ്പര അറിയപ്പെടും എന്ന ദൈവിക വാഗ്ദാനം നിലനിലക്കെത്തന്നെ ഈ ഏക പുത്രനെ ദൈവത്തിനു ബലിയർപ്പിക്കാൻ അബ്രാഹത്തിനു മടിയില്ലാതിരുന്നത് വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് (ഉല്‌പ 22,1-19). കാരണം, മരിച്ചവരിൽനിന്നു മനുഷ്യരെ ഉയിർപ്പിക്കാൻപോലും ദൈവത്തിനു കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു (11,17-19). ഇസഹാക്കിനെ ബലിയർപ്പിക്കാൻ സന്നദ്ധനായതിലൂടെയാണ് അബ്രാഹത്തിന്റെ വിശ്വാസം പ്രവൃത്തിപഥത്തിലെത്തിയത് എന്നും അദ്ദേഹം നീതി മത്കരിക്കപ്പെട്ടത് എന്നും യാക്കോബ്‌ ശ്ലീഹാ പ്രസ്താവിക്കുന്നുണ്ട്(യാക്കോ 2,21-23). ഇസഹാക്കിനെ തിരിച്ചുനല്കിയത് ഒരു അടയാളമായാണ് എന്നു ഹെബ്രായലേഖകൻ സമർത്ഥിക്കുന്നു. ഇസഹാക്ക് മരിച്ചവരിൽനിന്നുള്ള മിശിഹായുടെ ഉത്ഥാനത്തിന്റെ പ്രതിരൂപമാണ് എന്നു സാരം. 

ദൈവിക വാഗ്ദാനം പ്രാപിക്കാനിരിക്കുന്ന ഭാവി തലമുറകളെക്കുറിച്ചുള്ള പ്രത്യാശയാണ് മരണശയ്യയിൽവച്ച് യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിക്കാൻ ഇസഹാക്കിനെ പ്രേരിപ്പിച്ചത്. ആസന്ന മരണനായ യാക്കോബ് യൗസേപ്പിന്റെ മക്കളെ അനുഗ്രഹിച്ചതും ഇതേ പ്രതീക്ഷിയിലാണ്. “വടിയിൽ ഊന്നിനിന്ന് ആരാധിച്ചുകൊണ്ട് അനുഗ്രഹിച്ചു" (11,21; ഉല്പ‌ 47,31) എന്ന പ്രസ്താവന വിശ്വാസജീവിതത്തിൻ്റെ തീർത്ഥാടക സ്വഭാവം വ്യക്തമാക്കുന്നതാണ്. ദൈവം തന്റെ വാഗ്‌ദാനങ്ങൾക്കനുസരണം വരുംതലമുറകളോടു കാരുണ്യം കാണിക്കുമെന്നും കാനാൻ ദേശത്ത് എത്തിക്കുമെന്നുമുള്ള വിശ്വാസമാണ് ഈ സന്ദർഭങ്ങളിലെല്ലാം പ്രകാശിതമായത്. മരണം സമീപിച്ചപ്പോൾ, യൗസേപ്പ് വിശ്വാസംമൂലം ഇസ്രായേൽക്കാരുടെ പുറപ്പാടിനെക്കുറിച്ചു സൂചിപ്പിക്കുകയും തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ചു നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു (11,20-22; ഉല 50,24-25). നൂറ്റാണ്ടുകൾക്കുശേഷം ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ മോശ യൗസേപ്പിന്റെ അസ്ഥികൂടെക്കൊണ്ടുപോവുകയും (പുറ 13,19) ജോഷ്വാ അതു വാഗ്ദത്ത ഭൂമിയിൽ സംസ്ക്‌കരിക്കുകയും ചെയ്‌തു (ജോഷ്വാ 24,32). വാഗ്ദാനംചെയ്യപ്പെട്ട ഭൂമിയിൽ ഇസ്രായേൽജനം അനുഭവിക്കുന്ന വിശ്രമം മിശിഹാനുയായികൾക്കു ലഭിക്കാനിരിക്കുന്ന സ്വർഗ സൗഭാഗ്യത്തിന്റെ മുന്നോടിയായിരുന്നു എന്നു ലേഖനത്തിന്റെ ആദ്യ ഭാഗത്ത് വ്യക്തമാക്കിയതാണല്ലോ (4,1-11). 

1.3. മോശയുടെ വിശ്വാസം (11,23-31) 

11,23 മോശ ജനിച്ചപ്പോൾ, വിശ്വാസംമൂലം മാതാപിതാക്കൻമാർ അവനെ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു. എന്തെന്നാൽ, കുട്ടി സുന്ദരനാണെന്ന് അവർ കണ്ടു. രാജകല്പനയെ അവർ ഭയപ്പെട്ടില്ല. 

11,24 മോശ വളർന്നുവന്നപ്പോൾ, ഫറവോയുടെ മകളുടെ മകൻ എന്നു വിളിക്കപ്പെടുന്നത് വിശ്വാസംമൂലം അവൻ നിഷേധിച്ചു. 

11,25 പാപത്തിൻ്റെ നൈമിഷികസുഖങ്ങൾ ആസ്വദിക്കുന്നതിനെക്കാൾ ദൈവജനത്തിൻ്റെ കഷ്ടപ്പാടുകളിൽ പങ്കുചേരുന്നതിനാണ് അവൻ ഇഷ്ടപ്പെട്ടത്. 

11,26 മിശിഹായെപ്രതി സഹിക്കുന്ന നിന്ദനങ്ങൾ ഈജിപ്തിലെ നിധികളെക്കാൾ വിലയേറിയ സമ്പത്തായി അവൻ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവൻ ദൃഷ്ടിപതിച്ചത്. 

11,27 രാജകോപം ഭയപ്പെടാതെ, വിശ്വാസത്താൽ അവൻ ഈജിപ്തു‌ വിട്ടു. അദൃശ്യനായവനെ ദർശിച്ചാലെന്നപോലെ അവൻ സഹിച്ചുനിന്നു. 

11,28 ആദ്യജാതൻമാരെ കൊല്ലുന്നവൻ അവരെ സ്പർശിക്കാതിരുന്നതിനു വിശ്വാസത്തിൽ അവൻ പെസഹ ആചരിക്കുകയും രക്‌തംതളിക്കുകയും ചെയ്തു.

11,29 വിശ്വാസത്താൽ അവർ വരണ്ട ഭൂമിയിലൂടെ എന്നവിധം ചെങ്കടൽ കടന്നു. എന്നാൽ, ഈജിപ്തു‌കാർ അപ്രകാരം ചെയ്യാൻ ശ്രമിച്ചപ്പോൾ കടൽ അവരെ വിഴുങ്ങിക്കളഞ്ഞു. 

11,30 വിശ്വാസത്തോടെ ഇസ്രായേൽ ജനം ജറീക്കോയുടെ കോട്ടകൾക്ക് ഏഴു ദിവസം വലത്തുവച്ചപ്പോൾ അവ ഇടിഞ്ഞു വീണു. 

11,31 വേശ്യയായ റാഹാബ് വിശ്വാസം നിമിത്തം ചാരൻമാരെ സമാധാനത്തിൽ സ്വീകരിച്ചതുകൊണ്ട് അവൾ അവിശ്വാസികളോടൊപ്പം നശിച്ചില്ല. 

പൂർവപിതാക്കന്മാർക്കുണ്ടായിരുന്ന വിശ്വാസം തന്നെയാണു മോശയിലും പുറപ്പാടുതലമുറയിലും കാണുന്നത്. ദൈവഭവനം മുഴുവനിലും ഒരു ഭ്യത്യനെപ്പോലെ വിശ്വസ്തനായിരുന്ന മോശയെപ്പറ്റി (3,5) ലേഖനാരംഭത്തിൽ പ്രതിപാദിച്ചതാണല്ലോ. ഹെബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെ വധിക്കണമെന്ന ഫറവോയുടെ കല്പനയുണ്ടായിട്ടുപോലും (പുറ 2,1-10), മോശയെ അവന്റെ മാതാപിതാക്കൾ ഒളിച്ചുവച്ചത് വിശ്വാസംമൂലമാണ് (11,23). ദൈവതിരുമുമ്പിൽ സുന്ദരനാണെന്നു കണ്ടതുകൊണ്ടാണ് (നടപടി 7,20), അതായത്‌, ദൈവികപദ്ധതിയിൽ പ്രത്യേക ദൗത്യമുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടാണ്, മാതാപിതാക്കൾ ശിശുവിനെ ഒളിച്ചുവച്ചത്. 

ഫറവോയുടെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ത്യജിച്ച് വേദനിക്കുന്ന തൻ്റെ സ്വന്തം ജനത്തോടു താദാത്മ്യപ്പെടാൻ പുരുഷ പ്രായമെത്തിയ മോശയെ പ്രാപ്തനാക്കിയത് വിശ്വാസമാണ് (11,24-27; പുറ 2,11-15). വളർച്ചയെത്തിയ മോശ ഫറവോയുടെ കൊട്ടാരത്തിലെ വിഗ്രഹാരാധനയുടെ പാപത്തിൽ പങ്കുചേരാൻ മനസ്സില്ലാതെ ജനത്തോടു താദാത്മ്യപ്പെടാൻ തയ്യാറായി. മോശയുടെ ഈ താദാത്മ്യപ്പെടൽ മനുഷ്യാവതാരത്തിലെ ദൈവത്തിന്റെ താദാത്മ്യപ്പെടലിൻ്റെ മുന്നോടിയായിരുന്നു. ദൈവജനത്തോടൊത്തു പീഡസഹിക്കാനുള്ള മോശയുടെ നിശ്ചയത്തെ, മിശിഹായ്ക്കു വേണ്ടിയുള്ള നിന്ദ ഏല്ക്കലായാണ് ഹെബ്രായലേഖകൻ അവതരിപ്പിക്കുന്നത്. മിശിഹായുടെ സഹനത്തിൻ്റെ മുന്നോടിയായിരുന്നു മോശയുടെ സഹനം. പ്രതിഫലമായ സമ്മാനത്തിലായിരുന്നു അയാളുടെ ദൃഷ്‌ടി. വിശ്വാസംമൂലം രാജകോപം ഭയപ്പെടാതെ അയാൾ ഈജിപ്‌തു വിട്ടുപോകയും അദൃശ്യനായ ദൈവത്തെ കണ്ടുകൊണ്ടിരുന്നാലെന്നപോലെ ഉറച്ചുനില്ക്കുകയും ചെയ്തു (11,27). ആദ്യജാതരെ സംഹരിക്കുന്നവൻ തങ്ങളെ സമീപിക്കാതിരിക്കാൻ പെസഹാക്കുഞ്ഞാടിൻ്റെ രക്തം തങ്ങളുടെ ഭവനങ്ങളുടെ കട്ടിളപ്പടിയിൽ തളിക്കാൻ ഈജിപ്‌തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽക്കാർക്കു മോശ നിർദ്ദേശം നല്‌കിയതും വിശ്വാസംമൂലമായിരുന്നു (11,28; പുറ 12,21-23). ഇതു ഇസ്രായേലിലെ ആദ്യജാതരെ സംഹാര ദൂതനിൽനിന്നു സംരക്ഷിക്കുമെന്നതിന്, ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസമല്ലാതെ മറ്റൊരു ഉറപ്പും അദ്ദേഹത്തിനില്ലായിരുന്നു. സ്വന്തരക്തം നമുക്കുവേണ്ടി ചിന്തിയ മിശിഹയാണല്ലോ യഥാർത്ഥ പെസഹാകുഞ്ഞാട് (യോഹ 1,29.36; 1 കോറി 5,7; 1 പത്രോ 1,19). പുറപ്പാടു സംഭവത്തിലും മരുഭൂമിയാത്രയിലും കാണപ്പെടാത്തവനെങ്കിലും ദൈവം ഉണ്ടെന്നും അവിടുന്നു തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നുമുള്ള ബോദ്ധ്യമാണ് മോശയെ നയിച്ചിരുന്നത്. 

തീരുമാനിച്ച് ഇറങ്ങിത്തിരിച്ചു. കാരണം, ഈജിപ്തിലെ നിധികളെക്കാൾ മിശിഹായെപ്രതി സഹിക്കുന്ന നിന്ദനങ്ങൾക്കു വിലയുണ്ടെന്ന് അവൻ മനസ്സിലാക്കി. അനേക സഹോദരരെ രക്ഷിക്കുന്നതിനായി ക്ലേശങ്ങൾ സഹിക്കാനിരുന്ന മിശിഹായെപ്പോലെ (2,10) മോശയും സഹനങ്ങളെ സ്വീകരിച്ചു. പുറപ്പാടിനുള്ള ഒരുക്കമായി പല പ്രാവശ്യം ഫറവോയുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനോ ധൈര്യപൂർവം ജനത്തിനുവേണ്ടി വാദിക്കാനോ മോശയ്ക്കു ഭയമുണ്ടായിരുന്നില്ല (പുറ 5,1; 7,10; 8,4-8; 10,24-29). വിശ്വാസമായിരുന്നു ഈ ധൈര്യത്തിനടിസ്ഥാനം. "അദൃശ്യനായവനെ ദർശിച്ചാലെന്ന പോലെ അവൻ സഹിച്ചുനിന്നു" (11,27) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. വിശ്വാസത്തിനു ഹെബ്രായലേഖകൻ നല്‌കുന്ന നിർവചനത്തോടു (11,1) ചേർത്തു വായിക്കേണ്ടതാണിത്.

11,28-31 ൽ പുറപ്പാടുചരിത്രമാണു ഹ്രസ്വമായി വിവരിക്കുന്നത്. പുറപ്പാടുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങൾ ആരംഭത്തിലും (പെസഹാ ആചരണവും ചെങ്കടൽ കടന്നതും) മറ്റു രണ്ടു സംഭവങ്ങൾ (ജറീക്കോയുടെ പതനവും റാഹാബ് രക്ഷയ്ക്ക് അർഹയായ സംഭവവും) ആവസാന ഭാഗത്തും വർണിക്കുന്നു. മരുഭൂമിയാത്രയെക്കുറിച്ചു 3,7-4,11 ൽ പ്രതിപാദിച്ചതാണല്ലോ. പെസഹാ ആചരണത്തെക്കുറിച്ചു ദൈവം നല്‌കിയ നിർദ്ദേശങ്ങൾ മോശയാണല്ലോ ഇസ്രായേൽജനത്തിനു കൈമാറിയത് (പുറ 12,2-28). ഇസ്രായേൽക്കാർ ചെയ്യണമെന്നു മോശ നിർദ്ദേശിച്ച കാര്യങ്ങൾ അവരോടൊപ്പം മോശയും ചെയ്തു‌ എന്ന ഹെബ്രായ ലേഖകൻ്റെ നിഗമനം (11,28) തികച്ചും ശരിയാണ്. വീടിൻ്റെ കട്ടിളക്കാലുകളിലും മേല്പടിയിലും തളിച്ച ആട്ടിൻകുട്ടിയുടെ രക്തം കണ്ടാണ് കർത്താവ് ഇസ്രായേൽക്കാരുടെ ആദ്യജാതന്മാരെ സംഹരിക്കാതെ കടന്നു പോയത് (പുറ 12,7-23). 9,14 ൽ വിവരിക്കപ്പെട്ട മിശിഹായുടെ രക്തത്തിൻ്റെ രക്ഷാദായകത്വത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ഈ പരാമർശം. 

ചെങ്കടലിലൂടെ ഇസ്രായേൽജനം സുരക്ഷിതരായി കടന്നത് ('പെസഹാ' ഈ കടന്നുപോകലിനെകൂടി വിവിക്ഷിക്കുന്നുണ്ട്) മോശയും ഇസ്രായേൽജനവും ദൈവത്തിന്റെ വചനത്തിൽ വിശ്വസിച്ചതുകൊണ്ടും തദനുസൃതം പ്രവർത്തിച്ചതുകൊണ്ടുമാണ് (പുറ 14,1-4.24-31). വിശ്വസിച്ച ദൈവജനത്തിനു ചെങ്കടൽ വരണ്ട ഭൂമിയായി പരിണമിച്ചപ്പോൾ, ഈജിപ്‌തുകാരെ കടൽ വിഴുങ്ങി (പുറ 15,4). വിശ്വാസമാണ് ഇസ്രായേലിൻ്റെ രക്ഷയ്ക്കടിസ്ഥാനമായി ഭവിച്ചത്. തന്നിൽ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവം ഉപയോഗിക്കുന്ന പദാർത്ഥംതന്നെ ദുഷ്‌ടനെ ശിക്ഷിക്കുന്നതിനായും അവിടുന്ന് വിനിയോഗിക്കും (ജ്ഞാനം 16,24). 

ചെങ്കടൽ കടന്നസംഭവം പരാമർശിച്ചയുടനെ തന്നെ ലേഖകൻ ജറീക്കോ കീഴടക്കിയ സംഭവത്തിലേക്ക് എടുത്തു ചാടുന്നു (11,30). ദീർഘിച്ച മരുഭൂമിയാത്രയെക്കുറിച്ചോ യോർദ്ദാൻ നദി കടന്നതിനെയോ കുറിച്ചു പരാമർശമൊന്നുമില്ല. വിശ്വാസത്തോടെ ഏഴു ദിവസം വലംവച്ചപ്പോൾ ജറീക്കോയുടെ കോട്ടകൾ നിലംപതിച്ചു. ദൈവം നല്കിയ നിർദ്ദേശങ്ങൾക്കുസരിച്ചു (ജോഷ്വാ 6,2-5.20) പ്രവർത്തിക്കാനുള്ള വിശ്വാസം ഇസ്രായേൽജനത്തിനുണ്ടായിരുന്നതുകൊണ്ടാണ് അവർക്കു വിജയിക്കാനായത്. ജറീക്കോ സംഭവവുമായി ബന്ധപ്പെട്ടതാണല്ലോ റാഹാബിന്റെയും കുടുംബത്തിന്റെയും ചരിത്രം. പട്ടണം നിരീക്ഷിക്കുന്നതിനായി ജോഷ്വാ അയച്ചവർക്ക് അഭയം നല്‌കി പുരമുകളിൽ ഒളിപ്പിച്ചത് അവളാണ് (ജോഷ്വാ 2,1-7). പട്ടണവും അതിലുള്ള സകലവും അഗ്നിയ്ക്കിരയാക്കപ്പെട്ടപ്പോൾ റാഹാബും കുടുംബവും സംരക്ഷിക്കപ്പെട്ടു (ജോഷ്വാ 6,25). ഹെബ്രായലേഖകൻ്റെ അഭിപ്രായത്തിൽ ഇസ്രായേൽ ജനത്തിന്റെ ദൈവമായ കർത്താവിൽ റാഹാബിനുണ്ടായിരുന്ന വിശ്വാസമാണ് (ജോഷ്വാ 2,9-11) അപ്രകാരം ഇസ്രായേൽചാരന്മാർക്ക് അഭയം നല്‌കാൻ അവളെ പ്രചോദിപ്പിച്ചത്. ഇസ്രായേൽക്കാർക്കെതിരെ പട്ടണവാതിൽ കൊട്ടിയടച്ച 'അവിശ്വാസികളായ' ജറീക്കോ നിവാസികൾ നിശിപ്പിക്കപ്പെടുകയും ചെയ്തു. 

1.4. വിശ്വാസപരീക്ഷണങ്ങളും വിജയവും (11,32-40) 

11,32 കൂടുതലായി എന്താണു ഞാൻ പറയേണ്ടത്? ഗിദയോൻ, ബാറക്, സാംസൺ, ജഫ്‌താ, ദാവീദ്, സാമുവൽ ഇവരെക്കുറിച്ചും പ്രവാചകൻമാരെക്കുറിച്ചും പ്രതിപാദിക്കാൻ സമയംപോരാ. 

11,33 അവർ വിശ്വാസത്തിലൂടെ രാജ്യങ്ങൾ പിടിച്ചടക്കി; നീതി നടപ്പാക്കി; വാഗ്‌ദാനങ്ങൾ സ്വീകരിച്ചു; സിംഹങ്ങളുടെ വായകൾ പൂട്ടി; 

11,34 അഗ്നിയുടെ ശക്തി കെടുത്തി; വാളിൻ്റ വായ്ത്തലയിൽനിന്നു രക്ഷപെട്ടു; ബലഹീനതയിൽനിന്നു ശക്‌തിയാർജിച്ചു; യുദ്‌ധത്തിൽ ശക്തൻമാരായി; വിദേശസേനകളെ കീഴ്പ്പെടുത്തി. 

11,35 സ്ത്രീകൾക്കു തങ്ങളുടെ മരിച്ചുപോയവരെ പുനരുജ്ജീവനത്തിലൂടെ തിരിച്ചുകിട്ടി. ചിലർ മരണം വരെ പ്രഹരിക്കപ്പെട്ടു. മെച്ചപ്പെട്ട പുനരുത്‌ഥാനം പ്രാപിക്കാൻവേണ്ടി പീഡയിൽനിന്നു രക്‌ഷപെടാൻ അവർ കൂട്ടാക്കിയില്ല. 

11,36 ചിലർ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. 

11,37 ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലർ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലർ വാളുകൊണ്ടു വധിക്കപ്പെട്ടു. ചിലർ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്‌സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞുനടന്നു. 

11,38 അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവർ അലഞ്ഞുതിരിഞ്ഞു. 

11,39 വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. 

11,40 കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു. 

സമയക്കുറവുമൂലം ഇസ്രായേൽചരിത്രത്തിലെ മറ്റു വിശ്വാസ സാക്ഷികളെക്കുറിച്ചു വിശദമായി പ്രതിപാദിക്കാനാവില്ല എന്ന ആമുഖത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. വാഗ്ദത്തഭൂമിയിലെ വാസത്തിനിടയിൽ വിശ്വാസസൈര്യം പ്രദർശിപ്പിച്ച ചില പ്രമുഖ വ്യക്തികളുടെ പേരുകൾ സൂചിപ്പിക്കുക മാത്രം ചെയ്ത ശേഷം അവരെക്കുറിച്ചു പൊതുവായ ചില കാര്യങ്ങൾ എടുത്തു പറയുന്നു. മൂന്നു ജോഡികളായാണ് പേരുകൾ അവതരിപ്പിക്കുന്നത്. ഗിദയോൻ, ബാറാക്ക്, സാംസൺ ജഫ്താ, ദാവീദ്, സാമുവൽ. വിശുദ്ധഗ്രന്ഥത്തിലെ ക്രമത്തിലല്ല ഇവരെക്കുറിച്ചു പരാമർശിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ബാറാക്കിന്റെ വിവരണശേഷമാണ് ഗിദയോൻ്റെ കാര്യം ന്യായാധിപന്മാരുടെ പുസ്‌തകത്തിൽ കാണുന്നത് (ന്യായാ 4-5;6-8). അതുപോലെ തന്നെ, ജഫ്തായ്ക്കുശേഷമാണു സാംസൻ്റെ കാര്യം കാണുന്നത് (ന്യായാ 11-12; 13-16). സാമുവലിനുശേഷമാണല്ലോ ദാവീദിന്റെ ചരിത്രം പഴയനിയമത്തിൽ വിവരിക്കപ്പെടുന്നത് (1 സാമു 1-16). 

ഇവരെക്കുറിച്ചു പൊതുവായി ഹെബ്രായലേഖകനു പറയാനുള്ള പ്രധാനകാര്യം, വിശ്വാസംമൂലം അവർ രാജ്യങ്ങൾ ജയിച്ചടക്കി എന്നതാണ് (11,33). ചരിത്രം ഇതിനു സാക്ഷ്യംവഹിക്കുന്നുണ്ടു താനും. ബറാക്ക് ഹസോറിലുള്ളവരെയും (ന്യായാ 4,14-16) ഗിദയോൻ മിദിയനാൻകാരെയും (ന്യായാ 7) ജഫ്‌താ അമോന്യരെയും (ന്യായാ 11,29-33) ദാവീദു ഫില്‌സ‌്യരെയും (2 രാജാ 5,17-25) കീഴടക്കിയല്ലോ. കർത്താവു നിർദ്ദേശിച്ചതനുസരിച്ചു പ്രവർത്തിച്ചതു മൂലമാണ് അവർക്കു വിജയം വരിക്കാനായത് (ന്യായാ 7,2.4.7; 2 രാജാ 5,25). അവർ നീതി പ്രവർത്തിച്ചു എന്നു പറയുന്നത് ദാവീദിനെ ഉദ്ദേശിച്ചാകണം (2 സാമു 8,15). 'അവർ വാഗ്ദാനം പ്രാപിക്കുകയും ചെയ്തു‌' എന്ന 11,33 ലെ പ്രസ്‌താവന 11,39 ലെ 'ആരും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല' എന്ന പ്രസ്‌താവനയുമായി എപ്രകാരം ചേർന്നുപോകും എന്നു ചിലർ സംശയിച്ചേക്കാം. 33-ാം വാക്യത്തിലെ വാഗ്ദാനം കൊണ്ടുദ്ദേശിക്കുന്നത്, ഗിദയോനും മറ്റും ദൈവം നല്കിയ താല്ക്കാലിക (ന്യായാ 7,7.22) വാഗ്ദാനങ്ങളെയാണ്; എന്നാൽ 39-ാം വാക്യത്തിലെ വാഗ്‌ദാനം നിത്യരക്ഷയെ (ദൈവിക വിശ്രമത്തിൽ പ്രവേശിക്കുന്നതിനെ) സംബന്ധിച്ചുള്ളതാണ്. സിംഹങ്ങളുടെ വായ് പൂട്ടിയത് (11,33) സാംസണും (ന്യായാ 14,6) ദാവീദുമാണ് (1 സാമു 17,34). 'അഗ്നിയുടെ ശക്തി കെടുത്തിയത്' (11,34) ദാനിയേൽ പ്രവാചകൻ വിവരിക്കുന്ന, തീച്ചൂളയിലെറിയപ്പെട്ടപ്പോൾപോലും വലിയ വിശ്വാസതീക്ഷ്ണത കാണിച്ച മൂന്നു യുവാക്കളാണ് (ദാനി 3,17). വാളിന്റെ വായ്ത്തലയിൽനിന്നു രക്ഷപ്പെട്ടവരിൽ ദാവീദും (1 സാമു 17) ഏലിയാ പ്രവാചകനും (1 രാജാ 19,2-3) ഏലീഷായും (2 രാജാ 6,31) പെടും. രോഗങ്ങളിൽനിന്നു രക്ഷപ്രാപിച്ചവർ, ഏശയ്യപ്രവാചകൻ സുഖപ്പെടുത്തിയ ഹെസക്കിയായും (ഏശ 38) ഏലീഷാ സുഖപ്പെടുത്തിയ നാമാനും (2 രാജാ 5) ആണ്. യുദ്ധത്തിൽ ശക്തരാവുകയും ശത്രു പാളയങ്ങളെ തകർക്കുകയും ചെയ്‌തതാകട്ടെ (11,34) യൂദാ മക്കബേയൂസും (1 മക്ക 3,19; 4,8-14). 

11,35 ൽ പരാമർശിക്കുന്നത് മരിച്ചുപോയ തങ്ങളുടെ മക്കളെ വിശ്വാസംമൂലം തിരികെ ലഭിച്ച സ്ത്രീകളെക്കുറിച്ചാണ്. ഏലിയാ ഏലീഷാ പ്രവാചകന്മാരാണല്ലോ ഈ അത്ഭുതങ്ങൾ പ്രവർത്തിച്ചത് (1 രാജാ 17,17-24; 2 രാജാ 4,18-37). ഈ സ്ത്രീകളുടെ വിശ്വാസത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥകർത്താവ് സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (2 രാജാ 4,20-30). പീഡകളിൽ മരിച്ചവർ ഉയിർപ്പിലുള്ള പ്രത്യാശമൂലം അവർക്കു നേരിടേണ്ടിവന്ന പീഡനങ്ങളിൽ നിന്നു വിമോചിതരാകാൻ ആഗ്രഹിച്ചില്ല (11,35). കാരണം, മരണത്തിലൂടെ അവർ പ്രവേശിക്കുന്നതു നിത്യജീവനിലേക്കാണ് എന്നവർ വിശ്വിസിച്ചിരുന്നു. അന്തിയോക്കസ് എപ്പിഫാനസിന്റെ മതപീഡനകാലത്ത്, വിശ്വാസം ത്യജിക്കുന്നതിനെക്കാൾ മരിക്കാൻ സന്നദ്ധരായ യഹൂദ രക്തസാക്ഷികളെയാണ് (2 മക്ക 7,2.9.11-14) ഇവിടെ ഉദ്ദേശിക്കുന്നത്. മറ്റു ചിലർ, പരിഹാസവും ചമ്മട്ടിയടിയും സഹിച്ചു. ചിലർ ബന്ധനങ്ങൾക്കും തടവുകാർക്കും ഏല്പ്പിക്കപ്പെട്ടു. ചിലർ കല്ലെറിയപ്പെട്ടു. ചിലർ അറുത്തുമുറിക്കപ്പെട്ടു. ചിലർ വാളിനിരയായി. ചിലർ കുഞ്ഞാടുകളുടെയും കോലാടുകളുടെയും തോല് ധരിച്ച് അനാഥരും പീഡിതരും ക്ലേശിതരുമായി അലഞ്ഞുതിരിഞ്ഞു. അവരെ ഉൾക്കൊള്ളാൻ ലോകം യോഗ്യമായിരുന്നില്ല... (11,36-38). ഏലിയായും (1 രാജാ 19,3-14) ജറെമിയായും (ജറെ 37) തടവിലാക്കപ്പെട്ടവരാണ്. ഏലിയാ പ്രവാചകൻ്റെ മേലങ്കി ആടിന്റെ രോമംകൊണ്ടുള്ളതായിരുന്നു. ഏശയ്യാപ്രവാചകൻ അറുത്തുമുറിക്കപ്പെട്ടാണു വധിക്കപ്പെട്ടത് എന്നാണു യഹൂദപാരമ്പര്യം (ഏശയ്യായുടെ സ്വർഗാരോഹണം 5,1-14). ധീരശാലികളായ വിശ്വാസികളുടെ മാഹാത്മ്യം വ്യക്തമാക്കുന്നതാണ്, 'അവരെ ഉൾക്കൊള്ളാൻ ലോകം യോഗ്യമായിരുന്നില്ല' (11,37) എന്ന ഹെബ്രായലേഖകൻ്റെ പ്രസ്താവന. 

ഇത്രമാത്രം ശ്രേഷ്ഠമായ രീതിയിൽ വിശ്വാസപരീക്ഷകളെ അതിജീവിച്ചു വിജയം വരിച്ചവരായിരുന്നു പഴയനിയമത്തിലെ വിശ്വാസികളെങ്കിലും, ദൈവം വാഗ്ദാനം ചെയ്‌തിരിക്കുന്ന നിത്യ വിശ്രമത്തിൽ പ്രവേശിക്കാനായി അവർ മിശിഹായുടെ ആഗമനം കാത്തിരിക്കേണ്ടിയിരുന്നു. "വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദ‌ാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്‌ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു" (11,39-40). പഴയനിയമ വിശ്വാസികളെക്കാൾ പുതിയനിയമ ക്രൈസ്‌തവരായ നമുക്കുള്ള ഭാഗ്യത്തെപ്പറ്റിയാണ് ഇവിടെ ഹെബ്രായലേഖകൻ തൻ്റെ ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്താനാഗ്രഹിക്കുന്നത്. തീക്ഷ്‌ണവിശ്വാസികളായ പൂർവപിതാക്കന്മാർപോലും ക്രൈസ്‌തവർക്കു ശേഷവും ക്രൈസ്‌തവരോടുകൂടിയുമാണ് മിശിഹാ തുറന്നു നല്‌കിയ അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നത് (10,19). ഇവരെയും തൻ്റെ പെസഹാരഹസ്യങ്ങളിലൂടെ പരിപൂർണരാക്കിയതു നിത്യപുരോഹിതനായ മിശിഹായാണ് (10,14). ജീവന്റെ പുതുവഴി തുറന്നു തന്നതും അവിടുന്നാണ് (10,20). 

തങ്ങൾ സുരക്ഷിതരായി കരകയറുമെന്നും ഈജിപ്തു‌കാർ രക്ഷപ്പെടുകയില്ലെന്നുമുള്ള വിശ്വാസമാണ് ചാവുകടലിൽ ഇറങ്ങാൻ ഇസ്രായേൽക്കാരെ പ്രേരിപ്പിച്ചത് (11,29; പുറ 14,22-29). ജലത്തിലൂടെ മരണത്തിൽനിന്നു ജീവനിലേക്കു വിശ്വാസികളെ നയിക്കുന്ന മാമ്മോദീസായെന്ന കൂദാശയുടെ പ്രതിരൂപം ആ സംഭവത്തിൽ ആദിമസഭ കണ്ടിരുന്നു (1 കോറി 10,2). ഏഴു ദിവസം വലംവയ്ക്കുമ്പോൾ ജറീക്കോയുടെ കോട്ടകൾ നിലംപതിക്കും എന്നു ജോഷ്വായ്ക്കു വിശ്വാസത്തിൻ്റെ ഉറപ്പുണ്ടായിരുന്നു (11,30; ജോഷ്വാ 6,12-21). സൈന്യബലം കൊണ്ടല്ല, വാഗ്ദ‌ാനപേടകം വഹിച്ചുകൊണ്ടുള്ള ഭക്തിപൂർവകമായ പ്രദക്ഷിണംവഴിയാണ് അവർ വിജയം വരിച്ചത്. വേശ്യയായ റാഹാബ് വിശ്വാസംമൂലം ചാരന്മാരെ,സമാധാനത്തിൽ സ്വീകരിച്ച് ഇസ്രായേൽജനത്തിൻ്റെ പക്ഷംചേർന്നതുകൊണ്ട് അവൾ അവിശ്വാസികളോടൊപ്പം നശിച്ചില്ല (11,31; ജോഷ്വാ 2,1-21; 6,22-25). ഇസ്രായേലിൻ്റെ ദൈവത്തെ സത്യദൈവമായി അംഗീകരിച്ചതായിരുന്നു റാഹാബിൻ്റെ മേന്മ (ജോഷ്വാ 2,9-11). ഇവൾ മിശിഹായുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നുമുണ്ടല്ലോ (മത്താ 1,5). മിശിഹായിൽ യഹൂദർക്കൊപ്പം വിജാതീയരും ഒന്നിച്ചുകൂട്ടപ്പെടുന്നതിന്റെ നാന്ദിയാണിത്. വേശ്യയായിരുന്ന അവൾ മിശിഹായാൽ രക്ഷിക്കപ്പെടാനിരുന്ന സകല പരസ്യപാപികളുടെയും പ്രതീകമാണ് (മത്താ 21,31). പ്രവൃത്തികളിലൂടെ വിശ്വാസം തെളിയിച്ചവരുടെ ഗണത്തിൽ യാക്കോബ് ശ്ലീഹായും റാഹാബിനെ ഉൾപ്പെടുത്തിയിട്ടുണ്ട് (യാക്കോ 2,25). 

തുടർന്നുള്ള ഇസ്രായേൽ ചരിത്രം ചുരുക്കമായി പ്രതിപാദിച്ചു കൊണ്ട് (11,32-38) വിശ്വാസം അത്ഭുതം പ്രവർത്തിച്ച നിരവധി സന്ദർഭങ്ങൾ ഓർമ്മിപ്പിക്കുന്നു. വാഗ്ദത്തഭൂമിയിൽ പ്രവേശിച്ചതിനു ശേഷമുള്ള കാലഘട്ടത്തിലെ നാലു ന്യായാധിപന്മാരെക്കുറിച്ചാണ് ആദ്യം പരാമർശിക്കുന്നത്. വെറും മുന്നൂറു പേരെക്കൊണ്ടു മിദിയാൻകാരെ തോല്പ്‌പിച്ച ഗിദയോനും (ന്യായാ 6-8), പ്രവാചികയായ ദെബോറായുടെ നിർദ്ദേശപ്രകാരം കാനാൻകാരുമായി യുദ്ധം ചെയ്ത ബാറക്കും (ന്യായാ 4-5), ദൈവം നല്‌കിയ അതിസ്വാഭാവിക ശക്തികൊണ്ട് ഫലിസ്ത്യരെ തുരത്തിയ സാംസണും (ന്യായാ 13-16), അമോന്യരെ നിലംപതിപ്പിച്ച ജഫ്‌തായും (ന്യായാ 11) വിശ്വാസത്തിന്റെ ഉത്തമ മാതൃകകളാണ്. 

തുടർന്ന് ദാവീദിനെക്കുറിച്ചു പ്രതിപാദിക്കുന്നു. ഇസ്രായേൽ ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും ജറുസലേം നഗരം പണിയുകയും മിശിഹാ പിറക്കുവാനിരുന്ന രാജവംശത്തിന് അടിസ്ഥാനമിടുകയും ചെയ്തത് ദാവീദാണ്. ദാവീദിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ സാവൂളിനെയും അഭിഷേചിച്ചത് പ്രവാചകനും അവസാന ന്യായാധിപനുമായിരുന്ന സാമുവേലാണ്. ഇവരെല്ലാം വിശ്വാസം വഴി രാജ്യങ്ങൾ കീഴടക്കിയവരും നീതിയിൽ വ്യാപരിച്ചവരുമാണ്. അവർ രോഗങ്ങളിൽനിന്നു സുഖം പ്രാപിക്കുകയും യുദ്ധത്തിൽ ശക്തരാവുകയും ശത്രുപാളയങ്ങളെ തകർക്കുകയും ചെയ്തു. സാമുവലിനുശേഷം വന്ന പ്രവാചകന്മാരെല്ലാവരും ദൈവത്തോടുള്ള വിശ്വസ്തതയിൽ ജീവിക്കാൻ ജനത്തെ ആഹ്വാനം ചെയ്തവരാണ്. വിശ്വാസംമൂലം വാഗ്ദ‌ാനങ്ങൾ പ്രാപിച്ചവരാണവർ. സിംഹങ്ങളുടെ വായ് പൂട്ടുകയും അഗ്നിയുടെ ശക്തി കെടുത്തുകയും ചെയ്തവർ ദാനിയേലും മൂന്നു യുവാക്കളുമാണ് (ദാനി 3,13-27; 6,17-23). ശത്രുക്കളുടെ വാളിൻ്റെ വായ്ത്തലയിൽനിന്നു രക്ഷപ്പെട്ടവരിൽ പ്രവാചകരായ ഏലിയായും ഏലീഷായും (1 രാജാ 19,2-3; 2 രാജാ 1,9-12; 6,18) ദാവീദും (1 സാമു 18,11; 19,10; 2 സാമു 15,14) ജറെമിയായും (ജറെ 26,23-24) ഉൾപ്പെടുന്നു. ഏലിയായും ഏലീഷായുമാണല്ലോ സ്ത്രീകൾക്ക് അവരുടെ മക്കളെ ഉയിർപ്പിച്ചു നല്‌കിയത് (1 രാജാ 17,17-24; 2 രാജാ 4,32-37). മിശിഹാ നല്കാനിരുന്ന, ഇതിലും ശ്രേഷ്‌ഠമായ, ഉത്ഥാനത്തിൻ്റെ മുൻരൂപങ്ങൾ മാത്രമായിരുന്നു അവ. പ്രവാചകന്മാരാൽ ഉയിർപ്പിക്കപ്പെട്ടവർ വീണ്ടും മരിച്ചു; എന്നാൽ മിശിഹായിൽ ഉയിർക്കുന്നവർ ദൈവിക ജീവനിൽ പങ്കുപറ്റി നിത്യം ജീവിക്കും? 

വിശ്വാസത്തിന്റെ പേരിൽ സഹിക്കേണ്ടിയും മരിക്കേണ്ടിയും വന്നവരെക്കുറിച്ചാണു തുടർന്നു പ്രതിപാദിക്കുന്നത് (11,35-36). ആരുടെയും പേരെടുത്തു പറയാതെ, പൊതുവിൽ ചിലർ എന്ന പ്രയോഗത്തിലൂടെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. സഹനത്തിനു മുമ്പിലാണ് ഇവരുടെ വിശ്വാസം അതിന്റെ പൂർണതയിൽ പ്രകടമായത്. തങ്ങൾക്കു ശ്രേഷ്‌ഠമായ ഉയിർപ്പു ലഭിക്കാൻവേണ്ടി, അവർ ഈ ലോകത്തിൽ അവർക്കു നേരിട്ട പീഡനങ്ങളിൽനിന്നു മോചിതരാകാൻ ആഗ്രഹിച്ചില്ല. അവരിൽ ചിലർ പീഡകളിൽ മരിച്ചു. മറ്റു ചിലർ പരിഹാസവും ചമ്മട്ടിയടിയും സഹിച്ചു. ചിലർ ബന്ധനങ്ങൾക്കും തടവുകൾക്കും ഏല്പ്പിക്കപ്പെട്ടു. ചിലർ കല്ലെറിയപ്പെട്ടു. ചിലർ അറുത്തുമുറിക്കപ്പെട്ടു. ചിലർ വാളിന് ഇരയായി. ചിലർ കുഞ്ഞാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ച് അനാഥരും പീഡിതരും ക്ലേശിതരുമായി അലഞ്ഞുനടന്നു. അവരെ ഉൾക്കൊള്ളാൻ ലോകം യോഗ്യമായിരുന്നില്ല. അവർ വനത്തിലും മലകളിലും ഗുഹകളിലും ഭൂമിയുടെ വിള്ളലുകളിലും പാർത്തിരുന്നു (11,35-37). യവനവത്ക്കരണത്തിൻ്റെ കാലത്ത് സത്യ ദൈവത്തിലുള്ള വിശ്വസത്തിന്റെ പേരിൽ സഹനങ്ങളേറ്റവരെയാണ് ഇവിടെ സൂചിപ്പിക്കുന്നത് (1 മക്ക 1,60-63; 7,34; 2 മക്ക 6,18-31; 7,1-42). 

അമ്മയുടെയും ഏഴു മക്കളുടെയും വിശ്വാസസ്ഥര്യം വിസ്മയകരമാണ്. യഹൂദർക്കു നിഷിദ്ധമായിരുന്ന പന്നിമാംസം ഭക്ഷിക്കാൻ നിർബന്ധിച്ച രാജാവിനോട് രണ്ടാമത്തെ മകൻ ഇപ്രകാരം പറഞ്ഞു: “ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തിൽനിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാൽ, പ്രപഞ്ചത്തിൻ്റെ അധിപൻ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിർപ്പിക്കും" (2 മക്ക 7,9). മക്കൾക്കു ശക്തി പകർന്ന ആ മാതാവിൻ്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയം: മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്‌ത ലോകസ്രഷ്‌ടാവ്, തൻ്റെ നിയമത്തെപ്രതി നിങ്ങൾ നിങ്ങളെ ത്തന്നെ വിസ്‌മരിക്കുന്നതിനാൽ, കരുണാപൂർവം നിങ്ങൾക്കു ജീവനും ശ്വാസവും വീണ്ടും നല്‌കും (2 മക്ക 7,22-23). ദൈവ വിശ്വാസത്തെപ്രതി ഈ ലോകത്തിൽ തനിക്കു മകനെ നഷ്ടമായാലും പുനരുത്ഥാനത്തിൽ അവനെ തിരികെ ലഭിക്കുമെന്ന് ഈ മാതാവിന് ഉറപ്പായിരുന്നു. ഈ രക്തസാക്ഷികളെല്ലാവരും അവഹേളിക്കപ്പെടുകുയം പീഡിപ്പിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്ത മിശിഹായുടെ പ്രതിരൂപങ്ങളായിരുന്നു. 

കല്ലെറിയപ്പെട്ടവരിൽ പുരോഹിതനായ സഖറിയായും (2 ദിന 24,20-22; ലൂക്കാ 11,51) ആദിമസഭയിലെ ആദ്യരക്തസാക്ഷിയായ എസ്ത‌പ്പാനോസും (നടപടി 7,58-60) ഉൾപ്പെടും. യഹൂദ പാരമ്പര്യമനുസരിച്ച്, ഏശയ്യാ പ്രവാചകൻ അറുത്തു മുറിക്കപ്പെട്ടാണ് രക്തസാക്ഷിയായത്. വാളിനിരയായ പ്രവാചകരും ജനങ്ങളും നിരവധിയാണ് (1 രാജാ 19,10.14; ജറെ 2,30). രോമക്കുപ്പായും ധരിച്ച് മലകളിലും ഗുഹകളിലും അലഞ്ഞുനടന്നിരുന്നവരിൽ ഏലിയാ പ്രവാചകൻ മുഖ്യനാണ് (2 രാജാ 1,8). ഇവരെ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ ഉള്ള ശേഷി ലോകത്തിനില്ലായിരുന്നു. 

ഇവരെല്ലാവരും വിശ്വാസംമൂലം ദൈവതിരുമുമ്പിൽ സ്വീകാര്യരായിരുന്നെങ്കിലും, ആരും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. ശ്രേഷ്ഠപുരോഹിതനായ മിശിഹായുടെ ഏകവും നിത്യവുമായ ബലിവഴി പൂർത്തീകരിക്കപ്പെടുന്നതാണ് വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നത്. ഇതു കാണാനോ അനുഭവിക്കാനോ അവർക്കായില്ല. കാരണം, കൂടുതൽ ശ്രേഷ്‌ഠമായതു നമുക്കുവേണ്ടി ദൈവം മുൻകൂട്ടി കണ്ടിരിക്കുന്നതിനാൽ, നമ്മെക്കൂടാതെ അവർ പരിപൂർണരാവുക സാധ്യമല്ലായിരുന്നു (11,39-40). അതായത്, നിഴലിന്റെ കാലത്തു ജീവിച്ചിരുന്ന പഴയ ഉടമ്പടിജനവും (10,1) പൂർണരാക്കപ്പെടുന്നത് മിശിഹായുടെ ഏകബലിയാലാണ് (10,14). വിദുരത്തുനിന്നു മാത്രം അവർ കണ്ട രഹസ്യങ്ങൾ നമ്മൾ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. നാം തന്നെയും ഇതു പൂർണമായി പ്രാപിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാൽ, അവരുടെ മാതൃക നമുക്കും പ്രചോദനാത്മകമാണ്. പാപമോചനവും ദൈവത്തോടൊത്തുള്ള നിത്യജീവിതവുമാണ് ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നത്. ഇത്‌ അവർക്കു ലഭ്യമായത് ഈശോയുടെ സഹന-മരണോത്ഥാനങ്ങളോടുകൂടി മാത്രമാണ്. വിശ്വാസത്തിൽ മഹാരഥന്മാരായ ഈ പഴയനിയമ നേതാക്കളെക്കാൾ ഈശോ നല്‌കുന്ന രക്ഷയിൽ ജീവിതകാലത്തു തന്നെ പങ്കു പറ്റുന്ന നമ്മൾ കൂടുതൽ ശ്രേഷ്‌ഠരും ഭാഗ്യവാന്മാരുമാണ് എന്നു ഹെബ്രായലേഖകൻ സമർത്ഥിക്കുന്നു.

2. സഹനങ്ങളിലും പരീക്ഷണങ്ങളിലും മിശിഹായെ അനുകരിക്കാൻ ആഹ്വാനം (12,1-13) 

പതിനൊന്നാം അദ്ധ്യായത്തിൽ പറഞ്ഞവസാനിപ്പിച്ചിടത്താണ് അടുത്ത അദ്ധ്യായം ആരംഭിക്കുന്നത്. “നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നു കണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു" (11,40) എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ അദ്ധ്യായം അവസാനിപ്പിച്ചത്. പന്ത്രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്, “നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാൽ, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീർക്കാം" (12,1) എന്ന ആഹ്വാനത്തോടെയാണ്. രണ്ടാം വാക്യത്തിലും ആഹ്വാനത്തിൻ്റെ ഈ ശൈലി തുടരുന്നുണ്ട്. നമ്മുടെ വിശ്വാസത്തിൻ്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ ഈശോയെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ... കുരിശിലെ പീഡകൾ സഹിച്ചു മഹത്ത്വം പ്രാപിച്ച ഈശോമിശിഹായാണു വിശ്വാസത്തിൻ്റെ ഈ ഓട്ടത്തിൽ നമുക്കു മാതൃക. 

2.1. ഈശോയെപ്പോലെ സഹിക്കാൻ (12,1-3) 

12,1 നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാൽ, നമ്മെ വിഷമിപ്പിക്കുന്ന സർവഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീർക്കാം. 

12,2 നമ്മുടെ വിശ്വാസത്തിൻ്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ ഈശോയെ മുന്നിൽ കണ്ടുകൊണ്ടുവേണം നമ്മൾ ഓടാൻ; അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. 

12,3 ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ, തന്നെ എതിർത്ത പാപികളിൽനിന്ന് എത്രമാത്രം സഹിച്ചെന്നു ചിന്തിക്കുവിൻ. 

പൂർവപിതാക്കന്മാരുടെ വിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ തന്റെ ശ്രോതാക്കൾക്കു ചില ആഹ്വാനങ്ങൾ നല്‌കുകയാണ് ഹെബ്രായലേഖകൻ. അനുകരിക്കാനുള്ള ആഹ്വാനം മുൻവിവരണത്തിൽത്തന്നെ അന്തർലീനമായിരുന്നു. അനുകരിക്കപ്പെടേണ്ട നല്ല മാതൃകകൾ മാത്രമല്ല ഇവർ; ശ്രോതാക്കൾകൂടി പങ്കെടുക്കുന്ന വിശ്വാസ-ഓട്ടമത്സരത്തിലെ സാക്ഷികളാണിവർ. നമ്മുടെ പ്രകടനം വിലയിരുത്താൻ പ്രാപ്‌തിയുള്ളവരാണിവർ. വിശ്വാസികൾ അനുകരിക്കേണ്ട യഥാർത്ഥ മാതൃക ഈശോമിശിഹായാണ്. ക്ഷമാ പൂർവമായ സഹനത്തിൻ്റെ മാതൃകയായാണ് ഈശോ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അപമാനം വകവയ്ക്കാതെ കുരിശു ക്ഷമയോടെ സ്വീകരിച്ചവനാണവിടുന്ന്. ക്ഷമാപൂർവം സഹിച്ചുകൊണ്ട് അവിടുത്തെ അനുകരിക്കാനാണ് ആഹ്വാനം. 10,36 ൽ സൂചിപ്പിച്ച വിഷയം ഇവിടെ ചർച്ചാവിഷയമാക്കുന്നു. 

ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാവക 'ഭാരങ്ങളും ഒഴിവാക്കണം'. വസ്ത്രം ഉരിഞ്ഞുമാറ്റുക എന്നർത്ഥമുള്ള ക്രിയയാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. വളരെ കുറച്ചു വസ്ത്രത്തോടു കൂടിയാണല്ലോ കായികാഭ്യാസികൾ രംഗത്തിറങ്ങുന്നത്. ക്രിസ്തീയ മാമ്മോദീസായുടെ പശ്ചാത്തലത്തിൽ ഈ പ്രയോഗത്തിനു ആഴമായ ധാർമികാർത്ഥമുണ്ട്. പത്രോസ് ശ്ലീഹായുടെ ഉപദേശത്തിൽ നിന്നിതു വ്യക്തമാണ്. അതിനാൽ, സർവദുഷ്‌ടതയും സർവവഞ്ചനയും പക്ഷപാതവും അസൂയയും പരദൂഷണവും ഉപേക്ഷിക്കുവിൻ (1 പത്രോ 2,1). യാക്കോബ് ശ്ലീഹാ ആവശ്യപ്പെടുന്നതും ഇതേ കാര്യം തന്നെയാണ്: “അതിനാൽ, എല്ലാ അശുദ്ധിയും ദുഷ്ടതയും ഉപേക്ഷിച്ച് നിങ്ങളുടെ രക്ഷയ്ക്ക് ഉതകുന്നതും നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നതുമായ വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ" (യാക്കോ 2,21). ചുരുക്കത്തിൽ, പാപകരമായ എല്ലാ മലിനവസ്ത്രങ്ങളും ഉരിഞ്ഞു മാറ്റുന്നതിനെ ഈ പ്രയോഗം സൂചിപ്പിക്കുന്നു (റോമാ 13, 12; എഫേ 4,22-25; കൊളോ 3,8). മാമ്മോദീസാവഴി വിശ്വാസത്തിൽ മിശിഹായോടു ചേരുന്നതിൻ്റെ അവശ്യ വ്യവസ്ഥയാണിത്. സർവഭാരവും നമ്മെ ഒട്ടിനില്ക്കുന്ന പാപവും നമുക്കു നീക്കിക്കളയാം എന്നു പറയുന്നതിൽനിന്ന് ഈ ഭാരവും പാപവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. വിശ്വാസി സമൂഹത്തിൻ്റെ ഭാഗമായി ഹെബ്രായലേഖകൻ തന്നെത്തന്നെയും പരിഗണിക്കുന്നു എന്നതും ശ്രദ്ധേയമായ സംഗതിയാണ്. 

ഈശോ നമുക്കു മുമ്പേ ഓടിയെത്തിയ സ്ഥലം ലക്ഷ്യം വച്ചാണു നമ്മളും ഓടുന്നത് (6,20). ഈ ഓട്ടത്തിൽ നമ്മൾ ദൃഷ്ട‌ികളുറപ്പിക്കേണ്ട മിശിഹായ്ക്കു ലേഖനകർത്താവ് നല്കുന്ന രണ്ടു വിശേഷണങ്ങൾ ശ്രദ്ധയർഹിക്കുന്നുണ്ട്: 'വിശ്വാസത്തിന്റെ പ്രാരംഭകൻ', 'അതിനു പൂർണത നല്‌കുന്നവൻ', വിശ്വാസത്തിന്റെ ആരംഭവും അന്ത്യവും മിശിഹായിൽ തന്നെയാണ്. വിശ്വാസത്തിന്റെ പാത തുറന്നു തരുന്നത് അവിടുന്നാണ്; അതു പരിപൂർണതയിലെത്തിക്കുന്നതും അവിടുന്നുതന്നെ. സ്വർഗീയ പിതാവിലുള്ള ആശ്രയത്വവും അവിടുത്തോടുള്ള തുറവിയും ആദരവും വിശ്വസ്‌തതയുമെല്ലാം ഈശോയുടെ വിശ്വാസത്തിൻ്റെ പ്രകാശനങ്ങളായിരുന്നു. ഈ വിശ്വാസം അതിൻ്റെ പൂർണതയിൽ പ്രകാശിതമായതു കുരിശിലെ അവിടുത്തെ മരണത്തിലായിരുന്നല്ലോ. അതുവഴിയാണ് ദൈവ സന്നിധിയിലേക്കു നമുക്കു പ്രവേശനം സാദ്ധ്യമാക്കുന്ന വിശ്വാസ വാതിൽ അവിടുന്നു നമുക്കായി തുറന്നു നല്‌കിയത് (10,19-21). 

അവിടുന്നു തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അപമാനം വകവയ്ക്കാതെ കുരിശു ക്ഷമയോടെ സ്വീകരിച്ചതു കൊണ്ട് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവരോധിക്കപ്പെട്ടു (12,3). മരണത്തിൻ്റെ പീഡയനുഭവിച്ചതുകൊണ്ടാണു മഹത്ത്വവും ബഹുമാനവും സിദ്ധിച്ചത് എന്ന് ആരംഭത്തിൽ തന്നെ ലേഖനകർത്താവ് വ്യക്തമാക്കിയതാണല്ലോ (2,9). ഇതിനായി മിശിഹാ ഉപേക്ഷിച്ച സന്തോഷം മനുഷ്യാവതാരത്തിനു മുമ്പുണ്ടായിരുന്ന മഹത്ത്വമാണ്. പൗലോസ്ശ്ലീഹായും ഇതെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (ഫിലി 2,6-8). 

മിശിഹായുടെ സഹനത്തെക്കുറിച്ചു ധ്യാനിക്കാൻ ആവശ്യപ്പെടുന്നത്, നമുക്കു മടുപ്പു തോന്നാതിരിക്കാനും നമ്മുടെ വിശ്വാസ-ഓട്ടത്തിൽ മനസ്സു തളർന്നു പോകാതിരിക്കാനുമാണ് (12.3). 

2.2. ദൈവത്തിൽനിന്നുള്ള ശിക്ഷണം (12,4-6) 

12,4 പാപത്തിനെതിരായുള്ള സമരത്തിൽ നിങ്ങൾക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല. 

12,5 നിങ്ങളെ 'പുത്രന്മാർ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങൾ മറന്നുപോയോ? എൻ്റെ മകനേ, കർത്താവിൻ്റെ ശിക്ഷണത്തെ നീ നിസ്‌സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്‌ടധൈര്യനാകയുമരുത്. 

12,6 താൻ സ്നേഹിക്കുന്നവന് കർത്താവു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. 

ക്രിസ്ത്യാനിയുടേത് ഓട്ടക്കളത്തിലെ മത്സരമല്ലായെന്നും പാപത്തിനെതിരെയുള്ള ആത്മീയ സമരമാണെന്നും ലേഖകൻ വ്യക്തമാക്കുന്നു (12,4). വിശ്വാസത്തിന്റേ പേരിൽ തന്റെ ശ്രോതാക്കൾക്കു രക്തസാക്ഷിത്വം വരിക്കേണ്ടിവന്നിട്ടില്ല എന്ന വസ്തുത അനുസ്മരിപ്പിക്കുന്നത്, ഇതുവരെ പ്രദർശിപ്പിച്ച ധൈര്യത്തിനു കുറവു വരുത്തരുത് എന്നു സൂചിപ്പിക്കാനാണ്. പഴയനിയമത്തിലെ ദൈവവചനം തൻ്റെ ശ്രോതാക്കളെ അഭിസംബോധന ചെയ്ത കൊണ്ടുള്ളതാണെന്നു ലേഖകൻ സമർത്ഥിക്കുന്നു. 5,8 ൽ ചർച്ച ചെയ്ത ദൈവികശിക്ഷണത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ചു കൂടുതൽ വ്യക്തമാക്കാനാണ് ഇവിടെ സുഭാഷിതങ്ങളിൽനിന്ന് ഉദ്ധരിക്കുന്നത് (സുഭാ 3,11-12). മക്കളെയെന്നപോലെയാണു കർത്താവ് തന്റെ ജനത്തെ ശിക്ഷിക്കുന്നതെന്നും അതു മനസ്സിലാക്കി സഹനത്തെ സ്വീകരിക്കണമെന്നും സാരം (നിയമാ 8,5; ജ്‌ഞാനം 11,10). ശിക്ഷണത്തെ സൂചിപ്പിക്കുന്ന ഗ്രീക്കുപദം (paideia) പുത്രൻ എന്നർത്ഥമുള്ള ഗ്രീക്കുപദത്തിൽ (pais) നിന്നാണുത്ഭവിക്കുന്നത്. കർത്താവ് ശാസിക്കുമ്പോൾ നഷ്ടധൈര്യരാകാതിരിക്കാൻ വേണ്ടിയാണു ശിക്ഷണത്തെ ഈ രീതിയിൽ അവതരിപ്പിക്കുന്നത്. പിതൃസ്നേഹത്തിന്റെ പ്രകാശനമായി ശിക്ഷണത്തെ സ്വീകരിക്കുമ്പോൾ വിഷമമുണ്ടാവുകയില്ല. അർത്ഥരഹിതമായതല്ല മനുഷ്യസഹനം. സഹനങ്ങളല്ല, സഹനമില്ലായ്‌മയാണ് ഒരുവനെ ദുഃഖിപ്പിക്കേണ്ടത്; കാരണം, അതു ദൈവത്തോടു പുത്രസഹജമായ ബന്ധമില്ലായ്‌മയുടെ സൂചനയാണ്. 

2.3. സഹനം ശിക്ഷണത്തിൻ്റെ ഭാഗം (12,7-11) 

12,7 ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവിന്റെ ശിക്‌ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? 

12,8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കും ലഭിക്കാതിരുന്നാൽ നിങ്ങൾ മക്കളല്ല, ജാരസന്താനങ്ങളാണ്. 

12,9 ഇതിനും പുറമേ, നമ്മെ തിരുത്തുന്നതിന് നമുക്കു ഭൗമിക പിതാക്കന്മാരുണ്ടായിരുന്നു. നമ്മൾ അവരെ ബഹുമാനിക്കുകയും ചെയ്‌തു. അങ്ങനെയെങ്കിൽ, നാം 'ആത്മാക്കളുടെ പിതാവിനു' വിധേയരായി ജീവിക്കേണ്ടതല്ലേ? 

12,10 ഭൗമിക പിതാക്കന്മാർ തങ്ങളുടെ ഇഷ്‌ടമനുസരിച്ചു കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാൽ, ദൈവം നമ്മെ പരിശീലിപ്പിക്കുന്നതു നമ്മുടെ നന്മയ്ക്കും തന്റെ പരിശുദ്ധിയിൽ നമ്മൾ പങ്കുകാരാകുന്നതിനും വേണ്ടിയാണ്. 

12,11 എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാൾ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാൽ, അതിൽ പരിശീലിപ്പിക്കപ്പെട്ടവർക്കു കാലാന്തരത്തിൽ നീതിയുടെ സമാധാനപൂർവകമായ ഫലം ലഭിക്കുന്നു. 

ആദ്യഭാഗത്ത് അവതരിപ്പിച്ച സഹനത്തെയും (12,1-3) രണ്ടാം ഭാഗത്തവതരിപ്പിച്ച ശിക്ഷണത്തെയും (12,4-6) ബന്ധിപ്പിച്ചാണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്: ശിക്‌ഷണത്തിനുവേണ്ടിയാണു നമ്മൾ സഹിക്കേണ്ടത്. ശിക്ഷണം ലഭിക്കാതിരുന്നാൽ നമ്മൾ മക്കളല്ല. ശിക്ഷണത്തിലൂടെയാണു ദൈവം മക്കളെ പരിശീലിപ്പിക്കുന്നത്. ആത്മാക്കളുടെ പിതാവായ ദൈവം നല്‌കുന്ന ശിക്ഷണം ആത്മീയജീവിതത്തിനുള്ളതാണ്. ശാരീരിക പിതാക്കന്മാർ നല്കുന്ന ശിക്ഷണത്തോടെന്നതിനെക്കാൾ കൂടുതൽ ശ്രദ്ധ ദൈവം നല്‌കുന്ന ശിക്ഷണത്തിനുണ്ടാകേണ്ടതിന്റെ ആവശ്യകത വ്യക്തമാണല്ലോ. നമ്മെ തന്റെ പരിശുദ്ധിയിൽ പങ്കുകാരാക്കുന്നതിനു വേണ്ടിയാണ് ദൈവം ശിക്ഷണം നല്‌കുന്നത്. നമ്മെ ശുദ്ധീകരിച്ച് രൂപാന്തരപ്പെടുത്തി ദൈവിക പരിശുദ്ധിയിൽ പങ്കുകാരാക്കുന്ന തിന്റെ ഭാഗമാണു ദൈവം നമുക്കു നല്‌കുന്ന ശിക്ഷണം. 

എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാൾ വേദനാജനകമായി തത്കാലത്തേക്കു തോന്നും (12,11). യാക്കോബ് ശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്: "എൻ്റെ സഹോദരരേ, വിവിധ പരീക്ഷകൾ ഉണ്ടാകുമ്പോൾ, നിങ്ങൾ അധികമായി സന്തോഷിക്കുവിൻ. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങളുടെ ക്ഷമ വർദ്ധിക്കുമെന്നു നിങ്ങൾക്ക് അറിയാമല്ലോ" (യാക്കോ 1,2-3). ശരിയായ ശിക്ഷണം സമാധാനപൂർവകമായ ഫലം പുറപ്പെടുവിക്കുന്നു. സാമൂഹികബന്ധങ്ങളിൽ ഇതു പ്രകടമാകുകയും ചെയ്യും. ചിന്തയെയും പ്രവൃത്തിയെയും നേരായ മാർഗത്തിലൂടെ നയിച്ച് ഒരുവനെ നീതിമാനാക്കാൻ ശിക്ഷണം സഹായിക്കും. 

5.4. ഉപദേശം (12,12-13) 

12,12 അതിനാൽ, തളർന്ന കൈകളെയും ബലമില്ലാത്ത കാൽമുട്ടുകളെയും ശക്‌തിപ്പെടുത്തുവിൻ. 

12,13 മുടന്തുള്ള പാദങ്ങൾ സന്‌ധിവിട്ട് ഇടറിപ്പോകാതെ സുഖപ്പെടാൻ തക്കവിധം അവയ്ക്ക് നേർവഴി ഒരുക്കുവിൻ. 

അദ്ധ്യായാരംഭത്തിൽ പരാമർശിച്ച ഓട്ടപ്പന്തയത്തിന്റെ ശൈലി തന്നെയാണ് ഇവിടെയുമുള്ളത്. മത്സരാർത്ഥികളുടെ കാലുകൾ ഇടറുകയോ കൈകൾ തളരുകയോ ചെയ്യാൻ പാടില്ലല്ലോ. ഏശയ്യാ പ്രവാചകനും ഇതിനു സമാനമായ ഉപദേശം നല്‌കുന്നുണ്ട്: ദുർബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാൽമുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിൻ... ധൈര്യം അവലംബിക്കുവിൻ (ഏശ 35,2). പ്രവാചകൻ ഈ ഉപദേശം നല്‌കുന്നതും ഹെബ്രായ ലേഖനത്തിലേതിനു സമാനമായ സന്ദർഭത്തിലാണ്. രണ്ടിടത്തും പ്രത്യാശയോടെ, ക്ഷമാപൂർവം രക്ഷയുടെ ദിനം കാത്തിരിക്കാനാണു ക്ഷണം.

മുടന്തുള്ള പാദങ്ങൾ സന്‌ധിവിട്ട് ഇടറിപ്പോകാതെ സുഖപ്പെടാൻ തക്കവിധം അവയ്ക്ക് നേർവഴി ഒരുക്കുവിൻ എന്ന ആഹ്വാനത്തിൽ സുഭാ 4,26 ൻ്റെ സ്വാധീനം പ്രകടമാണ്. ലേഖനത്തിലെ അടുത്തതും അവസാനത്തേതുമായ ഭാഗത്തിൻ്റെ (12,14-13,18) വിഷയമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. മുടന്തുള്ള പാദങ്ങൾ കേടുപറ്റാതെ സുഖം പ്രാപിക്കാത്തക്കവിധം നേർവഴി ഒരുക്കാനാണ് ആഹ്വാനം. സമൂഹത്തിലെ ഓരോ അംഗത്തിനുമുള്ളതാണ് ഈ ക്ഷണം. ബലഹീനരായ മറ്റംഗങ്ങളെ സുഖപ്പെടുത്താനുള്ള ദൗത്യം എല്ലാവർക്കുമുണ്ട്.

ഭാഗം ആറ് 

വിശുദ്ധവും
സമാധാനപൂർവവുമായ
ജീവിതം
നയിക്കാനാഹ്വാനം (12,14-13,25)

1. വിശുദ്ധീകരണം തേടി (12,14-29) 

12,13 ൽ സൂചിപ്പിച്ച നേർവഴി എന്താണെന്നു 12,14 ൽ വ്യക്തമാക്കുന്നു: എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിൻ. വിശുദ്‌ധികൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല. വിശുദ്ധി പ്രാപിച്ചു ദൈവവുമായും എല്ലാ മനുഷ്യരുമായും സമാധാന ബന്ധത്തിലാവാൻ സഹായിക്കുന്നതാണു നേർവഴി. സ്നേഹപ്രമാണത്തിൻ്റെ ഇരുവശങ്ങൾ തന്നെയാണ് ഇവിടെയും തെളിയുന്നത്: ദൈവസ്നേഹവും സഹോദരസ്നേഹവും (മത്താ 22,37-39). 

പൂർവപിതാക്കന്മാരുടെ വിശ്വാസത്തെയും സഹനത്തിൽ പ്രദർശിപ്പിക്കേണ്ട പ്രത്യാശയെയുംകുറിച്ചു പ്രതിപാദിച്ചശേഷം സ്നേഹത്തെക്കുറിച്ചു ചർച്ചചെയ്യുന്നു. 10,19-24 ൽ ഈ മൂന്നു ദൈവികപുണ്യങ്ങളെയും മിശിഹായുടെ ഏകവും നിത്യവുമായ ബലിയുമായും പൗരോഹിത്യവുമായും ബന്ധപ്പെടുത്തി സൂചിപ്പിച്ചതാണ്. 

'എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്ധിക്കു വേണ്ടി പരിശ്രമിക്കുവിൻ' എന്ന ആഹ്വാനത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. സമാധാനം അന്വേഷിക്കാനും അതിനെ പിന്തുടരാനുമുള്ള ആഹ്വാനം പഴയനിയമത്തിലുള്ളതാണ് (സങ്കീ33,5). പുതിയനിയമത്തിലും പലയിടങ്ങളിലും ഇതാവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട് (റോമാ 12,18; 14,19; 2 തിമോ 2.22). ഹെബ്രായ ലേഖകൻ പിന്നീട് ഈ വിഷയം വിശദമായി ചർച്ചചെയ്യും (13,1-4.16-17). 

പരമപരിശുദ്ധനായ ദൈവത്തെ (12,10) സമീപിക്കാൻ വിശുദ്ധി ആവശ്യമാണ്. പഴയനിയമ ബലികൾ ബാഹ്യമായ വിശുദ്ധി പ്രാപിക്കുന്നതിനു മാത്രമേ ഉതകിയിരുന്നുള്ളു എന്ന് നേരത്തെ പ്രസ്താവിച്ചതാണല്ലോ (9,13). മിശിഹായുടെ രക്തത്താൽ സാധ്യമാകുന്ന അന്തഃകരണത്തിൻ്റെ വിശുദ്ധീകരണമാണ് (9,14) ലേഖകൻ ഉദ്ദേശിക്കുന്നത്. മനുഷ്യപ്രകൃതിയുടെ പരിപൂർണമായ വിശുദ്ധീകരണവും ദൈവവുമായുള്ള സമ്പൂർണ ഐക്യവും (അതാണല്ലോ വിശുദ്ധി) വിശ്വാസികളായ നമുക്കു സാധ്യമാക്കുന്നതു മിശിഹായുടെ രക്തമാണ്. തൻ്റെ ജനത്തെ സ്വന്തരക്തംകൊണ്ടു വിശുദ്ധീകരിക്കാനാണു മിശിഹാ പീഡ സഹിച്ചതെന്നു തുടർന്നു ലേഖകൻ പ്രസവിക്കും (13,12). ഇപ്രകാരം മിശിഹാ സാധിച്ച രക്ഷ അവിടുന്നിൽ വിശ്വസിക്കുകവഴി സ്വന്തമാക്കുന്നവർക്കാണു കൂദാശകളുടെ സ്വീകരണത്തിലൂടെ വിശുദ്ധി പ്രാപിക്കാനാവുന്നത്. ദൈവം അനുവദിക്കുന്ന സഹനങ്ങളിലെ ശിക്ഷണം സ്നേഹത്തോടെ സ്വീകരിച്ചും (12,10) പരീക്ഷണങ്ങളെ അതിജീവിച്ചും (12,15-16) ദൈവികയാഥാർത്ഥ്യങ്ങളുമായുള്ള ബന്ധംവഴിയും (12,22-24) വിശുദ്ധിയിൽ വളരാനാവും. 

ദൈവത്തോടു ബന്ധത്തിലാകുന്നതിന്, അവിടുത്തെ ദർശിക്കുന്നതിന്, വിശുദ്ധി അത്യന്താപേക്ഷിതമാണ്. ദൈവത്തെ മുഖാമുഖം കണ്ടു എന്നു പ്രഖ്യാപിച്ച യാക്കോബും (ഉല്‌പ 32,3) അവിടുത്തെ കാണാനാഗ്രഹിച്ച മോശയും (പുറ 33,20-23; സംഖ്യ 12,8) ഇസ്രായേൽജനം മുഴുവനും (നിയമ 5,24) ദൈവികദർശനത്തിനുള്ള മനുഷ്യൻ്റെ അദമ്യമായ ആഗ്രഹമാണു വ്യക്തമാക്കുന്നത്. ഹൃദയ ശുദ്ധിയുള്ളവർക്കാണു ദൈവത്തെ കാണാനാവുന്നത് എന്ന് ഈശോതന്നെ പഠിപ്പിച്ചിട്ടുണ്ട് (മത്താ 5,8). യഥാർത്ഥത്തിൽ മനുഷ്യനായവതരിച്ച ഈശോമിശിഹായെ കാണുന്നവർ ദൈവത്തെയാണു കാണുന്നത് (യോഹ 14,8-9;12,45). കാരണം, അവിടുന്നാണ് അദൃശ്യനായ ദൈവത്തിൻ്റെ പ്രതിഛായ അഥവാ 'ഐക്കൺ' (1,3; കൊളോ 1,15; 2 കോറി 4,4). അവിടുത്തെ ധ്യാനിക്കുന്നവർ ദൈവത്തിന്റെ മുഖമാണു കാണുന്നത്. മഹത്ത്വപൂർണനായി അവിടുന്നു വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ നമ്മൾ അവിടുത്തെ മുഖാമുഖം കാണും (9,28; 1 3,2). 

1.1. മുന്നറിയിപ്പുകൾ (12,14-17) 

12,14 എല്ലാവരോടും സമാധാനത്തിൽ വർത്തിച്ച് വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിൻ. വിശുദ്‌ധി കൂടാതെ ആർക്കും കർത്താവിനെ ദർശിക്കാൻ സാധിക്കുകയില്ല. 

12,15 ദൈവകൃപ ആർക്കും നഷ്ട‌പ്പെടാതിരിക്കാൻ ശ്രദ്‌ധിക്കുവിൻ. വിദ്വേഷത്തിൻ്റെ വേരു വളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സുക്ഷിക്കുവിൻ. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു. 

12,16 ഒരു നേരത്തെ ഭക്‌ഷണത്തിനുവേണ്ടി തൻ്റെ കടിഞ്ഞൂൽപുത്രസ്‌ഥാനം വിറ്റ ഏസാവിനെപ്പോലെ ആരും അസന്മാർഗിയോ അധാർമികനോ ആകരുത്. 

12,17 പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല. 

വിശുദ്ധി പ്രാപിക്കാൻ രണ്ടു മാർഗങ്ങളാണു നിർദ്ദേശിക്കുന്നത്: തിന്മയുമായുള്ള സകല ബന്ധവും ഉപേക്ഷിക്കുക (12,14-17), നന്മ തന്നെയായ ദൈവവുമായി ബന്ധത്തിലാവുക (12,18-24). സമൂഹാംഗങ്ങളിൽ ആരും ദൈവത്തിൻ്റെ കൃപയില്ലാത്തവരായി കാണപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ (12,15) എന്ന ആഹ്വാനം സമൂഹത്തിലെ മറ്റംഗങ്ങളെക്കുറിച്ച് ഓരോരുത്തർക്കു മുണ്ടായിരിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചാണു സൂചിപ്പിക്കുന്നത്. നേതാക്കന്മാർക്കുള്ള ഉത്തരവാദിത്വത്തെപ്പറ്റി പിന്നീടു പ്രതിപാദിക്കും (13,7.17). "ദൈവത്തിൻ്റെ കൃപയില്ലാത്തവരാകുക" എന്നാൽ ഏസാവിനെപ്പോലെ കടിഞ്ഞൂൽ പുത്രാവകാശം നഷ്ടമാക്കുക എന്നാണർത്ഥം. 

1.2. സ്വർഗീയജറുസേലമും പുതിയനിയമ മദ്ധ്യസ്ഥനായ ഈശോയും (12,18-24) 

12, 18 സ്പർശിക്കാവുന്ന വസ്‌തുവിനെയോ എരിയുന്ന അഗ്‌നിയെയോ അന്‌ധകാരത്തെയോ കാർമേഘത്തെയോ ചുഴലിക്കാറ്റിനെയോ 

12,19 കാഹളധ്വനിയെയോ 'ഇനി അരുതേ' എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്

12,20 മലയെ സമീപിക്കുന്നത് ഒരു മൃഗമാണെങ്കിൽപ്പോലും അതിനെ കല്ലെറിയണം എന്ന കൽപന അവർക്കു ദുസ്‌സഹമായിരുന്നു. 

12,21 'ഞാൻ ഭയംകൊണ്ടു വിറയ്ക്കുന്നു' എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്ച‌. 

12,22 സീയോൻമലയിലേക്കും ജീവിക്കുന്ന ദൈവത്തിൻ്റെ നഗരമായ സ്വർഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങൾ വന്നിരിക്കുന്നത്. 

12,23 സ്വർഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപൻ്റെ മുമ്പിലേക്കും പരിപൂർണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും. 

12,24 പുതിയ ഉടമ്പടിയുടെ മധ്യസ്ഥ‌ഥനായ ഈശോയുടെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങൾ വന്നിരിക്കുന്നത്.

ഇവിടെ രണ്ടു ഭാഗങ്ങൾ വ്യക്തമാണ്:18-21; 22-24. ആദ്യഭാഗത്ത് (12,18-21) അന്ധകാരത്തിൻ്റെയും ഭയത്തിന്റെയും അന്തരീക്ഷമാണുള്ളത്. സീനായ്മലയിൽ മോശയ്ക്കുണ്ടായ ദൈവികദർശനത്തിന്റെ രംഗമാണു സൂചിപ്പിക്കുന്നത് (പുറ 19,11-13). മോശയെപ്പോലും ഭയപ്പെടുത്തുന്ന രംഗമായിരുന്നത്. പഴയനിയമത്തിലെ കേന്ദ്രസംഭവമായി കരുതപ്പെടുന്ന സീനായ് സംഭവത്തെക്കാൾ എത്രയോ ശ്രേഷ്‌ഠമായാണു ക്രിസ്‌തീയാനുഭവത്തെ ഹെബ്രായലേഖകൻ വിവരിക്കുന്നത്. ദൈവം സീനായ്‌മലയിൽ ഇറങ്ങിവരുമെന്നതു കൊണ്ടാണ് ആരും, മൃഗംപോലും, അതിനെ സ്‌പർശിക്കരുത് എന്ന കല്പനയുണ്ടായത്. 

ദൈവസ്വരശ്രവണത്തിൽ അവർ ചെവി പൊത്തുവാൻ തക്കവിധം, ദൈവമായ കർത്താവിൻ്റെ സ്വരം ഇനിയും ഞങ്ങൾ ശ്രവിച്ചാൽ ഞങ്ങൾ മരിച്ചുപോകും (നിയമാ 5,25) എന്ന് ഇസ്രായേൽക്കാരെക്കൊണ്ടു പറയിക്കത്തക്കവിധം അത്ര പ്രതാപ പൂർണമായിരുന്നു ദൈവത്തിന്റെ ശബ്ദം. 

രണ്ടാം ഭാഗത്ത് (12,22-24) വളരെ ശാന്തമായ അന്തരീക്ഷമാണുള്ളത്. ദൈവവും ഈശോമിശിഹായും മാലാഖമാരും സ്വർഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതരുമെല്ലാമുള്ള രംഗം. പുതിയ ഉടമ്പടിയെക്കുറിച്ചും സൂചനയുണ്ട്. വിശ്വാസവും മാമ്മോദീസായും വഴി മിശിഹായുമായി ക്രൈസ്‌തവർക്കുണ്ടായിരിക്കുന്ന ബന്ധം മഹത്തായ ഒരു ആത്മീയ ലോകത്തേക്കാണു പ്രവേശിപ്പിച്ചിരിക്കുന്നത്. സീയോൻമല, സ്വർഗീയജറുസലേം എന്നൊക്കെയാണ് ഇതിനെ ഹെബ്രായലേഖകൻ വിശേഷിപ്പിക്കുന്നത്. സീയോൻ (2 സാമു 5,7) ജറുസലേം ദൈവാലയം നിലകൊള്ളുന്ന പട്ടണമാണ് (1 മക്ക 4,36-38). യഥാർത്ഥ ദൈവാലയമായ ഈശോ മിശിഹായുടെ മുന്നോടി മാത്രമായിരുന്നു ജറുസലേം ദൈവാലയവും സീനായ് മലയും. ജീവനുള്ള ദൈവത്തിൻ്റെ നഗരമായ (ഗലാ 4,25-26; വെളി 3,12; 21,2.10) സ്വർഗീയ ജറുസലേമിനെക്കുറിച്ചു 11,10-16 ൽ സൂചിപ്പിച്ചതാണ്. മിശിഹാരഹസ്യത്തിലാണ് സകല വിശ്വാസികളെയും സ്വീകരിക്കുന്ന ഈ പട്ടണം ഒരുക്കപ്പെട്ടത് (യോഹ 14,2).

സ്വർഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതരുടെ സഭ ഭൂമിയിലെ ശിഷ്യസമൂഹമാണ്. ഹൈബ്രായലേഖകൻ 2,12 ലും 3,1 ലും ഇതെക്കുറിച്ചു സൂചനകൾ നല്‌കിയിട്ടുണ്ട്. നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ (ലൂക്കാ 10,20) എന്ന് ഈശോ തന്നെ തൻ്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടുണ്ടല്ലോ. ആദ്യജാതൻ ഈശോമിശിഹായാണ് (1,6). ആദ്യജാതനിൽ വിശ്വസിക്കുന്നവർക്ക് അവനിൽ പങ്കുള്ളതുകൊണ്ട് (3,14) അവർക്കും ആദ്യജാതന്റെ അവകാശത്തിൽ പങ്കുണ്ട്. 12,16ൽ ഏസാവിന്റെ കടിഞ്ഞൂൽ പുത്രാവകാശത്തെപ്പറ്റി പരാമർശിച്ചതിന്റെ കാരണം ഈ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമാകുന്നുണ്ട്. ക്രിസ്ത്യാനികൾക്ക് കടിഞ്ഞൂൽ പുത്രാവകാശമുണ്ട്; അതു കൈമോശം വരാതിരിക്കാൻ അവർ ശ്രദ്ധിക്കണം. 

ദൈവത്തിന്റെ പ്രത്യേക ഇടപെടൽമൂലം ഈജിപ്‌തിൽവച്ച് അത്ഭുതകരമായി രക്ഷപെട്ട ആദ്യജാതർ ദൈവത്തിന്റേതാണ്. അവർ ദൈവശുശ്രൂഷയ്ക്കായി വേർതിരിക്കപ്പെട്ടവരാണ് എന്നതു യഹൂദബോദ്ധ്യമാണ് (പുറ 34,19-20). ലേവ്യരുടെ ആവിർഭാവംവരെ ആദ്യജാതർ ഈ ദൈവശുശ്രൂഷ തുടരുകയും ചെയ്തു (സംഖ്യ 3,40-45). ആദ്യജാതനായ ഈശോമിശിഹായുടെ രക്തംമൂലം ക്രിസ്ത്യാനികൾ സജീവനായ ദൈവത്തിനു ശുശ്രൂഷ (ആരാധന) സമർപ്പിക്കാൻ യോഗ്യരായിരിക്കുന്നു (9,14; 10,18-24). മാമ്മോദീസാ മുങ്ങിയ സകല ക്രൈസ്‌തവരും ഈ ആദ്യജാതരിൽപ്പെടും; അതു കൊണ്ടുതന്നെ സത്യാരാധനയിൽ അവർക്കു സ്ഥാനമുണ്ട്. 

ദൈവനിർമിതമായ പട്ടണത്തെ മാത്രമല്ല, ദൈവത്തെ തന്നെയാണു ക്രിസ്ത്യാനികൾ സമീപിച്ചിരിക്കുന്നത്. അതാണവരുടെ മഹത്ത്വത്തിനു നിദാനം. ന്യായാധിപനായ ദൈവത്തെക്കുറിച്ചുള്ള പരാമർശം (12,23) 10,30-31 ലുള്ളതിനു സമാനമാണ്. 12,25 ലും ഇതേ ആശയം തന്നെയുണ്ട്. 

പരിപൂർണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മ‌ാക്കൾ (12,23) ഈശോയിലുള്ള വിശ്വാസംവഴി അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനുള്ള അവകാശം ഈ ലോകത്തിൽവച്ചുതന്നെ സിദ്ധിച്ചവരാണ് (10,19). മിശിഹായെപ്പോലെ, സഹനത്തിലൂടെ അനുസരണം അഭ്യസിക്കുകയും (5,8) മരണംവരെ പാപത്തിനെതിരെ പോരാടുകയും (12,4) ചെയ്യുന്നതുവഴിയാണ് വിശ്വാസികൾ ഈ അവകാശം പ്രാപിക്കുന്നത്. മരണശേഷമേ ഇവർ പൂർണമായി ദൈവസന്നിധിയിലേക്കു സ്വീകരിക്കപ്പെടുകയുള്ളു. 

പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ ഈശോയുടെ സവിധത്തിലേക്കും ആബേലിൻ്റെ രക്തത്തെക്കാൾ ശ്രേഷ്‌ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്‌തത്തിലേക്കുമാണു നിങ്ങൾ വന്നിരിക്കുന്നത് (12,24). പ്രവാചകൻ മുൻകൂട്ടി അറിയിച്ച പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ് ഈശോ (ജറെ 31,31). ഇതു സീനായ് ഉടമ്പടിയിൽനിന്നു വ്യത്യസ്‌തമാണ്. തളിക്കപ്പെട്ട അവിടുത്തെ രക്തം ആബേലിൻ്റെ രക്തത്തെക്കാൾ നന്നായി സംസാരിക്കുന്നതാണ് (11,4; ഉല്പ 4,10). ക്രൈസ്‌തവൻ്റെ സവിശേഷ അവകാശത്തെക്കുറിച്ചു പ്രതിപാദിച്ചതോടൊപ്പം ഉത്തരവാദിത്ത്വത്തെക്കുറിച്ചുകൂടി ലേഖകൻ ഇവിടെ സൂചിപ്പിക്കുന്നു. 

1.3. സംസാരിച്ചവനിൽനിന്ന് ഒഴിഞ്ഞുമാറരുത് (12,25-29) 

12,25 സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാൻ ശ്രദ്‌ധിക്കുവിൻ. ഭൂമിയിൽ തങ്ങൾക്കു മുന്നറിയിപ്പു നല്കിയവനെ നിരസിച്ചവർ രക്‌ഷപെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്നു നമ്മോടു സംസാരിച്ചവനെ നമ്മൾ തിരസ്ക‌രിച്ചാൽ രക്ഷ്‌പെടുക കൂടുതൽ പ്രയാസമാണ്. 

12,26 അന്ന് അവൻ്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാൽ, ഇനിയും ഒരിക്കൽക്കൂടി ഞാൻ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോൾ അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. 

12,27. 'ഇനിയും ഒരിക്കൽക്കൂടി' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഇളക്കപ്പെട്ടവ - സൃഷ്ടിക്കപ്പെട്ടവ നീക്കം ചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാൻ പാടില്ലാത്തവ നിലനില്ക്കാൻ വേണ്ടിയാണ് ഇത്.

12,28 സുസ്‌ഥിരമായ ഒരു രാജ്യം ലഭിച്ചതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമർപ്പിക്കാം. 

12,29 കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്ന‌ിയാണ്. 

ക്രൈസ്തവന്റെ അവസ്ഥയെ പഴയനിയമ ഇസ്രായേലിന്റെതുമായി താരതമ്യപ്പെടുത്തി ഉപദേശങ്ങൾ നല്‌കുന്നതു ഹെബ്രായ ലേഖകന്റെ ശൈലിയാണ് (2,1-4; 10,11-19; 12,9-10). ഇതേ ശൈലി തന്നെയാണ് 12,25-26 ലും കാണുന്നത്. 'ഭൂമിയിൽ മുന്നറിയിപ്പു നല്കിയവനെയും' (പഴയനിയമം) 'സ്വർഗത്തിൽനിന്നു നമ്മോടു സംസാരിച്ചവനെയും' ഇവിടെ താരതമ്യപ്പെടുത്തുന്നു. ഭൂമിയിൽ മുന്നറിയിപ്പു നല്കിയതു മോശയാണ് (3,124,11). മോശയെ നിരസിച്ചവർക്കു ശിക്ഷ ലഭിച്ചതിനു ചരിത്രം സാക്ഷിയാണ്. സ്വർഗത്തിൽനിന്നു സംസാരിക്കുന്ന ഈശോമിശിഹായെ തിരസ്കരിക്കുന്നവരെ അതിലും ഭീകരമായ ശിക്ഷ കാത്തിരിക്കുന്നു എന്നു സ്ഥാപിക്കുകയാണു ലേഖകന്റെ ലക്ഷ്യം. 

ദൈവപുത്രനായ ഈശോമിശിഹായെ സ്വീകരിക്കാതെയും അനുസരിക്കാതെയുമിരിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ചു സൂചിപ്പിക്കാനാണു പ്രവാചകനായ ഹഗ്ഗായിയുടെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് (ഹഗ്ഗാ 2,6.21) യുഗാന്തത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് (12,26). അന്ന് അവൻ്റെ സ്വരം ഭൂമിയെ ഇളക്കി. എന്നാൽ, ഇനിയും ഒരിക്കൽക്കൂടി ഞാൻ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന് ഇപ്പോൾ അവൻ വാഗ്ദ‌ാനം ചെയ്തിരിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്‌ടാവായ ദൈവവും മഹത്ത്വീകൃതനായ പുത്രനും വ്യത്യസ്‌തരല്ല എന്നു ലേഖനാരംഭത്തിൽ വ്യക്തമാക്കപ്പെട്ടതാണല്ലോ (1,10-12). സീനായ്‌മലയിൽ പ്രതിധ്വനിച്ചതും അവിടുത്തെ വചനംതന്നെയാണ്. പെസഹാരഹസ്യത്തിലൂടെ മിശിഹാ പുതിയൊരു സൃഷ്ടിക്കു തുടക്കം കുറിച്ചു; അക്ഷയമായ നവീനസൃഷ്ടിയ്ക്ക് (1 പത്രോ 1,4; 1 കോറി 15,42.50). ഇളക്കപ്പെടാനാവാത്തവ സൂചിപ്പിക്കുന്നത് പുതിയയും നിത്യം നിലനില്ക്കുന്നതുമായ ഈ സൃഷ്‌ടിയെയാണ്. ഇളക്കമില്ലാത്ത ഈ രാജ്യം പ്രാപിച്ചുകഴിഞ്ഞവരാണു ക്രിസ്‌ത്യാനികളായ നാമെല്ലാവരും. ഈ അനുഗ്രഹത്തിനു ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം എന്നാണു തുടർന്നുളള ഉപദേശത്തിന്റെ പൊരുൾ. ദൈവത്തിനു പ്രീതികരമായ ആരാധന ഇതാണ് (സങ്കീ 49,13-23). ഈ കൃതജ്ഞതയോട് വിനയവും ദൈവഭയവും ചേരുമ്പോൾ ദൈവത്തോടു മനുഷ്യനുണ്ടാകേണ്ട പ്രതികരണം പൂർണമാകും.

2. ദൈവത്തിനു പ്രീതികരമായ വിശ്വാസജീവിതം (13,1-19) 

'ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമർപ്പിക്കാം' എന്ന ആഹ്വാനത്തോടെയാണല്ലോ 12-ാം ആദ്ധ്യായം അവസാനിച്ചത്. 'സഹോദരസ്നേഹം നിലനില്ക്കട്ടെ' എന്നു പറഞ്ഞുകൊണ്ടാണു പുതിയ അദ്ധ്യായം ആരംഭിക്കുന്നത്. ദൈവത്തിനു പ്രീതികരമായ ആരാധന ഏതു വിധത്തിലുള്ളതാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ പുതിയ അദ്ധ്യായം. സഹോദരരെ സ്നേഹിച്ചുകൊണ്ടു മാത്രമേ ദൈവത്തിനു സ്വീകാര്യമായ ആരാധന സമർപ്പിക്കാനാവൂ എന്നു ചുരുക്കം. 13,15-16 ൽ ഇതു കുറെക്കൂടി വ്യക്തമാക്കും. ദൈവസ്നേഹവും പരസ്നേഹവും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് ഈശോതന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ (മത്താ 22,37-40; 1 യോഹ 4,21). ഈശോയുടെ ബലിതന്നെയും സഹോദരരോടുള്ള സമ്പൂർണ ഐക്യദാർഢ്യത്തിൻ്റെ പ്രകാശനമായിരുന്നല്ലോ (2,17; 4,15). 6,10 ലും ദൈവത്തോടുള്ള സ്നേഹവും സഹോദരർക്കു ചെയ്യുന്ന ശുശ്രൂഷയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചു പ്രതിപാദിച്ചതാണ്. 

സഹോദരസ്നേഹം പഴയനിയമത്തിലും പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഇസ്രായേൽക്കാരെ സംബന്ധിച്ച് തങ്ങളുടെ ജനത്തിൽപ്പെട്ടവരെല്ലാം സഹോദരരാണ് (ലേവ്യ 19,17-18). പുതിയനിയമത്തിലാകട്ടെ, ഈശോമിശിഹായിൽ വിശ്വസിച്ചു മാമ്മോദീസാ മുങ്ങുന്ന എല്ലാവരും പരസ്‌പരം സഹോദരീ സഹോദരന്മാരാണ് (ഗലാ 3,26-28; നടപടി 15,23). അതുകൊണ്ടു തന്നെപരസ്പ‌രം സ്നേഹിക്കാൻ വിശ്വാസികൾ കടപ്പെട്ടവരുമാണ് (1 പത്രോ 1,22). 

തന്റെ ശ്രോതാക്കൾക്കിടയിൽ അത്തരം സഹോദരസ്നേഹം നിലനില്ക്കുന്നുണ്ട് എന്ന് ഹെബ്രായലേഖകന് അറിയാം എന്നതിനു സൂചനകൾ അദ്ദേഹം നല്‌കിയിട്ടുണ്ട് (10,33-34). ഈ ശൈലി തുടരുവാൻ മാത്രമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 

2.1. സഹോദരസ്നേഹത്തിൽ പ്രകാശിതമാകുന്ന വിശ്വാസം (13,1-6) 

13,1 സഹോദരസ്നേഹം നിങ്ങളിൽ നിലനില്ക്കട്ടെ. 

13,2 ആതിഥ്യമര്യാദ മറക്കരുത്. അതുവഴി, ദൈവദൂതൻമാരെ അറിയാതെ സത്കരിച്ചവരുണ്ട്. 

13,3 നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ അവരെ ഓർമ്മിക്കുവിൻ. നിങ്ങൾക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണന കാണിക്കുവിൻ. 

13,4 എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസൻമാർഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. 

13,5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിൽനിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ. ഞാൻ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ. 

13,6 അതിനാൽ നമുക്ക് ആത്മ‌ധൈര്യത്തോടെ പറയാം: കർത്താവാണ് എന്റെ സഹായകൻ; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?

പരസ്‌പരസ്നേഹത്തിൽ വളരുന്നതിനായി നാലു കാര്യങ്ങളാണു ഹെബ്രായലേഖകൻ നിർദ്ദേശിക്കുന്നത്. അതിഥിസത്ക്കാരം, കാരുണ്യപ്രവൃത്തികൾ, ദാമ്പത്യവിശുദ്ധി, അത്യാഗ്രഹം ഒഴിവാക്കൽ. ഓരോന്നിനോടും ചേർത്ത് അതിൻ്റെ ദൈവശാസ്ത്രാടിസ്ഥാനവും ലേഖകൻ വ്യക്തമാക്കുന്നുണ്ട്. 

1). അതിഥിസത്ക്കാരം. ആദിമസഭയിൽ പ്രേഷിതയാത്ര ചെയ്തിരുന്ന ശ്ലീഹന്മാർക്കും കൂടെയുള്ളവർക്കും സംരക്ഷണം നല്കിയിരുന്നതു സഭാസമൂഹങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിൽ വേണം, 'അഥിതികളോട് ഉണ്ടായിരിക്കേണ്ട സ്നേഹം നിങ്ങൾ മറന്നുകളയരുത്' എന്ന ഉപദേശം മനസ്സിലാക്കാൻ. അതുവഴി ദൂതന്മാരെ അറിയാതെ സ്വകരിക്കാൻ ചിലർ യോഗ്യരായിട്ടുണ്ട്. അതിഥിസത്ക്കാരത്തെ സംബന്ധിച്ചു പഴയനിയമത്തിലുള്ള ഉദാഹരണങ്ങളിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ടാണു പ്രതിപാദനം തുടരുന്നത്. ഉത്തമോദാഹരണം അബ്രാഹത്തിൻ്റെ ജീവിതത്തിലേതുതന്നെ (ഉല്‌പ 18,2-8). ഓക്കുമരച്ചുവട്ടിൽവച്ച് അതിഥികളെ സ്വീകരിക്കാനായും പിന്നീട് അവർക്കു ഭക്ഷണമൊരുക്കാനായും വലിയ താല്‌പര്യം കാണിക്കുന്ന അബ്രാഹത്തിൻ്റെ ചിത്രം എത്രയോ ഹൃദയഹാരിയാണ്. അതുവഴി അബ്രാഹം സ്വീകരിച്ചു സത്ക്കരിച്ചത് ദൈവത്തെ തന്നെയാണല്ലോ (ഉല്‌പ 18,13). ഗിദയോനും (ന്യായാ 6,19) മനോവായും (ന്യായാ 13,15-21) തോബിത്തും (തോബിത് 5,4) അതിഥികളെ സത്ക്കരിച്ചതിലൂടെ ദൈവത്തെ സ്വീകരിച്ചവരാണ്. പത്രോസ്‌ശ്ലീഹായും (1 പത്രോ 4,9) പൗലോസ് ശ്ലീഹായും (1 തിമോ 3,2; തീത്തൂസ് 1,8) അതിഥികളെ സത്ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പരദേശിയെ സ്വീകരിക്കുമ്പോൾ ഈശോമിശിഹായെ തന്നെയാണു സ്വീകരിക്കുന്നത് (മത്താ 25,35.40) എന്ന ബോദ്ധ്യമാണ് അതിഥി സൽക്കാരത്തിന് ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നത്. 

2). കാരുണ്യപ്രവൃത്തികൾ. 'നിങ്ങളും തടവിൽ ആയിരുന്നാൽ എന്നപോലെ തടവുകാരെ അനുസ്‌മരിക്കുവിൻ' (13,3) എന്ന ആഹ്വാനം വിശ്വാസികൾക്കിടയിലുള്ള പരസ്‌പര ബന്ധത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിശ്വാസത്തെപ്രതിതടവിലാക്കപ്പെട്ടിരുന്ന ശ്ലീഹന്മാരെയും സഹവിശ്വാസികളെയും കുറിച്ചു പരിഗണനയുള്ളവരായിരിക്കാനാണ് ആഹ്വാനം. ഹെബ്രായ ലേഖകന്റെ ശ്രോതാക്കൾക്ക് നേരത്തെതന്നെ ബന്ധനത്തിൽ കഴിഞ്ഞിരുന്നവരെക്കുറിച്ചു പരിഗണന ഉണ്ടായിരുന്നതാണ് (10,34). അവരിൽ ഒരാൾ ആയിരുന്നാൽ എന്നതുപോലെ, തടവിൽ കഴിയുന്നവരെ പരിഗണിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. "നിങ്ങളും പീഡിപ്പിക്കപ്പെടാമെന്നുള്ളതിനാൽ, പീഡയനുഭവിക്കുന്നവരെ അനുസ്മ‌രിക്കുവിൻ" കാരാഗൃഹവാസികളെ സന്ദർശിക്കുമ്പോൾ മിശിഹായെ തന്നെയാണു സന്ദർശിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്ത‌ിട്ടുണ്ടല്ലോ (മത്താ 25,35-36). മിശിഹായിലുള്ള വിശ്വാസത്തിന്റെ പേരിൽ പല രാജ്യങ്ങളിലും കാരാഗൃഹത്തിലടയ്ക്കപ്പെടുന്നവർ ഇന്നും കുറവല്ല. പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണന കാണിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് വിശ്വാസികളെല്ലാവരും ഒരു ശരീരത്തിലാണ് എന്ന വസ്‌തുതയാണ്. ശരീരത്തിലെ ഒരവയവം സഹിക്കുമ്പോൾ മറ്റെല്ലാ അവയവങ്ങളും കൂടെ സഹിക്കുമല്ലോ (1 കോറി 12,26). 

3). ദാമ്പത്യവിശുദ്ധി. വിവാഹം സകലതിലും മാന്യമാണ്. വിവാഹശയ്യ നിർമ്മലവുമാണ്. എന്നാൽ, അസന്മാർഗികളെയും വ്യഭിചാരികളെയും ദൈവം ശിക്ഷിക്കും (13,4, 1 കൊറി 5,13; എഫേ 5,5). വിവാഹത്തിൻ്റെ മാന്യതയെക്കുറിച്ചു പറയുന്നതു രണ്ടു കാരണങ്ങളാലാണ്: 1. ആത്മീയജീവിതത്തിനു വിവാഹജീവിതം തടസ്സമാണെന്നു പഠിപ്പിച്ചിരുന്ന ജ്ഞാനവാദികളെ തിരുത്തുക; 2. ആധുനിക കാലത്തെന്നതുപോലെ, ആദിമസഭയിലും നിലനിന്നിരുന്ന വിവാഹേതര ലൈംഗിക ബന്ധപ്രവണതകൾക്കെതിരെ മുന്നറിയിപ്പു നല്‌കുക. ഭാര്യാഭർതൃബന്ധത്തെ മിശിഹായ്ക്ക തിരുസഭയോടുള്ള സ്നേഹത്തോടു പൗലോസ്‌ശ്ലീഹാ ഉപമിക്കുന്നതിൽനിന്ന് (എഫേ 5,31-32; 1 കോറി 7,7; 1 തിമോ 4,3-5) ഈ ബന്ധത്തിന്റെ പവിത്രത വ്യക്തമാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള ലൈംഗികബന്ധം വിശുദ്ധമായതിനാൽ അതു മലിനപ്പെടാൻ അനുവദിക്കരുത് എന്നുപദേശിക്കുന്നു. അസന്മാർഗികളെയും വ്യഭിചാരികളെയും ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്കുന്നുണ്ട്. വിവാഹജീവിതത്തിനു പുറത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നവരെയാണ് 'അസന്മാർഗികൾ' എന്നു വിളിക്കുന്നത്. വിവാഹഉടമ്പടി ലംഘിച്ച് ഇതര വർഗത്തിൽപ്പെട്ടവരുമായി ലൈംഗിക ബന്ധം പുലർത്തുന്നവരാണ് 'വ്യഭിചാരികൾ'. 

4). അത്യാർത്തി ഒഴിവാക്കൽ. ധനാസക്തിയ്ക്കെതിരെ പഴയനിയമം ആവർത്തിച്ചു മുന്നറിയിപ്പു നല്‌കുന്നുണ്ട്. പണത്തെ പിന്തുടരുന്നവനു മാർഗഭ്രംശം സംഭവിക്കും (പ്രഭാ 31,5) പണലാഭത്തിനുവേണ്ടി പാപം ചെയ്‌തിട്ടുള്ളവർ ഏറെയുണ്ട് (പ്രഭാ 27,1). സ്വർണം കുട്ടിവയ്ക്കുന്നതിനേക്കാൾ ശ്രേഷ്‌ഠം ദാനം ചെയ്യുന്നതാണ് (തോബിത് 12,8) ധനമോഹമാണു സകലവിധ തിന്മകളുടെയും മൂലം എന്നതു പുതിയനിയമത്തിൽ പൊതുവേ കാണുന്ന പ്രബോധനമാണ് (1 തിമോ 6,10). 'അധാർമിക സമ്പത്ത്' എന്നു ധനത്തെ വിശേഷിപ്പിക്കുകവഴി (ലൂക്കാ 16,9.11) പണത്തിന്റെ സ്വഭാവം ഈശോ വ്യക്തമാക്കിയിട്ടുണ്ട്. ഈശോയുടെ ശിഷ്യന് ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കാനാവില്ല. ദരിദ്രരാണു ദൈവതിരുമുമ്പിൽ ഭാഗ്യവാന്മാർ (ലൂക്കാ 6,20). ധനത്തിൽ ആശ്രയിക്കരുത് എന്നുപദേശിക്കുന്നത് ദൈവത്തിൽ ആശ്രയം വയ്ക്കാൻ വേണ്ടിയാണ്. മോശയിലൂടെ ദൈവം നല്‌കിയ വാഗ്ദാനം അനുസ്‌മരിപ്പിച്ചുകൊണ്ടാണ് ദൈവത്തിൽ ആശ്രയം വയ്ക്കാൻ ഉത്തേജിപ്പിക്കുന്നത്: "ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല; ഞാൻ നിന്നെ വിട്ടുകളയുകയുമില്ല" (നിയമാ 31,6). ഇസ്രായേൽജനത്തിനു ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന ഒരു സങ്കീർത്തന ഭാഗം കുടി ഉദ്ധരിക്കുന്നു: “കർത്താവാണ് എന്റെ സഹായകൻ; മനുഷ്യന് എന്നോട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഞാൻ ഭയപ്പെടുന്നില്ല" (സങ്കീ 118,6). ദൈവത്തിൻ്റെ മഹാവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന സങ്കീർത്തകനെയാണ് ലേഖകൻ ഉദ്ധരിക്കുന്നത്. ദൈവമാണ് രക്ഷകൻ എന്ന വിശ്വാസബോദ്ധ്യമാണ് ക്രൈസ്ത‌വനു ഏതു പ്രതിസന്ധിഘട്ടത്തിലും ശക്തിനല്കി മുമ്പോട്ടു നയിക്കുന്നത്.

3. ക്രൈസ്തവവനായിരിക്കുക എന്നാൽ (13,7-19) 

13,7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കൻമാരെ ഓർക്കുവിൻ. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ. 

13,8 ഈശോമിശിഹാ ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ്. 

13,9 വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങൾ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല കൃപാവരത്താൽ ഹ്യദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തിൽ ശ്രദ്‌ധ വച്ചവർക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 

13,10 നമുക്കൊരു ബലിപീഠമുണ്ട്. കൂടാരത്തിൽ ശുശ്രൂഷചെയ്യുന്നവർക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ അവകാശമില്ല. 

13,11 കാരണം, പ്രധാന പുരോഹിതൻ പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന രക്തം എടുത്ത മൃഗങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെടുന്നതു പാളയത്തിനു പുറത്തുവച്ചാണ്. 

13, 12 സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്‌ധീകരിക്കാൻ മിശിഹായും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു; 

13,13 അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട് നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെ അടുത്തേക്കു പോകാം. 

13,14 എന്തെന്നാൽ, ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നമ്മൾ അന്വേഷിക്കുന്നത്.

13,15 അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തു‌തിയുടെ ബലി അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങൾ അർപ്പിക്കാം. 

13,16 നന്മ ചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ്. 

13,17 നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവർക്കു വിധേയരായിരിക്കുകയും ചെയ്യുവിൻ. കണക്കേല്പിക്കാൻ കടപ്പെട്ട മനുഷ്യരെപ്പോലെ അവർ നിങ്ങളുടെ ആത്മ്‌മാക്കളുടെ മേൽനോട്ടം വഹിക്കുന്നു. അങ്ങനെ അവർ സന്തോഷപൂർവം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കിൽ അതു നിങ്ങൾക്കു പ്രയോജനരഹിതമായിരിക്കും. 

13,18 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. എല്ലാകാര്യത്തിലും മാന്യമായി പെരുമാറുന്നതിന് ആഗ്രഹിക്കുന്ന ഒരു നല്ല മനസ്‌സാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. 

13,19 ഞാൻ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങൾ ഏറെ ശുഷ്കാന്തിയോടെ പ്രാർഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു. 

ക്രൈസ്തവനായിരിക്കുന്നതിൻ്റെ അടിസ്ഥാന തത്ത്വങ്ങളാണ് ഈ ഭാഗത്തു വിവരിക്കുന്നത്. വിശ്വാസത്തിൽ നേതാക്കന്മാരായുള്ളവരെ - ആദ്യകാലനേതാക്കന്മാരെയും സമകാലികരെയും അനുസ്മരിക്കാനും അവർക്കു വിധേയരായിരിക്കാനും ഉപദേശിക്കുന്നു. 

നിങ്ങളോടു ദൈവവചനം പ്രഘോഷിച്ച 'നായകരെ അനുസ‌രിക്കുവിൻ' എന്നാണ് ആഹ്വാനം (13,7). “നിങ്ങളുടെ നായകൻ ശുശ്രൂഷകനെപ്പോലെ ആയിരിക്കണം" (ലൂക്കാ 22,26) എന്ന് ഈശോ കല്പ്പിച്ചിട്ടുണ്ട്. സുവിശേഷം പ്രഘോഷിച്ചുകൊണ്ടാണ് അവർ നായകരായി ഭവിച്ചത്. വിശ്വാസം ജനിക്കാനും സഭാസമൂഹം ജന്മമെടുക്കാനും ഇടയായത് അതുമൂലമാണല്ലോ. "അവരുടെ ജീവിതവ്യാപാരങ്ങളുടെ പരിണാമം പരിഗണിച്ച്. അവരുടെ വിശ്വാസം അനുകരിക്കുവിൻ" (13.7) എന്നു പറയുമ്പോൾ. വിശ്വാസനായകന്മാരുടെ ജീവിതവിജയം കണക്കിലെടുത്ത് അവരുടെ വിശ്വാസജീവിതപാത പിന്തുടരുവാനാണ് ആഹ്വാനം. മഹത്വീകൃതനായ ഈശോമിശിഹായെക്കുറിച്ചാണ് 'അവൻ ഇന്നലെയും ഇന്നും എന്നും ഒരാൾതന്നെയാണ്' (13.8) എന്നു പറയുന്നത്. മാറ്റമില്ലാത്ത നിത്യപുരോഹിതനാണ് അവിടുന്ന് (6.20: 7,16-17). "തിരുസഭയിലെ നായകന്മാർ പ്രഘോഷിക്കുന്ന ഈ സുവിശേഷത്തിൽനിന്നു വിഭിന്നവും അന്യവുമായ പ്രബോധനങ്ങൾമൂലം വഴിതെറ്റിപ്പോകരുത്" (13,9) എന്നുപദേശിക്കുന്നു. ഇത്തരം അബദ്ധപ്രബോധനങ്ങൾ ആദിമസഭയിലും ധാരാളമായുണ്ടായിരുന്നുവെന്നു തെളിവുകളുണ്ട് (ഗലാ 1.6; 2 കോറി 11,4 കൊളോ 2.22; 1 തിമോ 4,1; 2 പത്രോ 2,1; 2 യോഹ 7.9-10). 

ഭക്ഷണത്താലല്ല കൃപാവരത്താൽ ഹൃദയത്തെ ശക്‌തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തിൽ ശ്രദ്‌ധ വച്ചവർക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല (13.9). ഭക്ഷണപാനീയങ്ങളെക്കുറിച്ച് 9.10 ൽ സൂചിപ്പിച്ചതാണല്ലോ. ആരാധകൻ്റെ മനഃസാക്ഷിയെ പൂർണമാക്കുവാൻ കഴിവില്ലാതിരുന്ന കാഴ്‌ചകളെയും ബലികളെയും കുറിച്ചാണ് അവിടെ പ്രതിപാദിച്ചത്. മിശിഹായുടെ ബലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അവ തീർത്തും പ്രയോജനരഹിതങ്ങളാണ്. മിശിഹായുടെ ഈ ബലിയാണ് വിശ്വാസികളെ അനുഷ്‌ഠാന വിധികളിൽ മാത്രം അധിഷ്‌ഠിതമായിരുന്ന ഒരു മതജീവിതത്തിൽ നിന്ന് സ്വയംദാനത്തിലധിഷ്‌ഠിതമായ സ്നേഹത്തിന്റെ മതജീവിതത്തിലേക്കു നയിക്കുന്നത് (412). മലിനമായതൊന്നും തൊടുകപോലും ചെയ്യരുത് എന്ന യഹൂദനിയമം അവരുടെ മതാനുഷ്‌ഠാനത്തിന്റെ ഭാഗമായിരുന്നു (നടപടി 10,14;ഗലാ 2,11-14; 1 കോറി 8,1-13; 10,14-31; റോമാ 14; കൊളോ 2,16-23; 1 തിമോ 4,3-5). എന്നാൽ, ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല. ഭക്ഷിക്കുന്നതു കൊണ്ട് നമുക്ക് വർദ്ധനവോ, ഭക്ഷിക്കാത്തതുകൊണ്ട് നമുക്കു കുറവോ സംഭവിക്കുന്നില്ല (1 കോറി 8,8) എന്ന വാദത്തെയും ഹെബ്രായലേഖകൻ ഖണ്‌ഡിക്കുന്നു. മനുഷ്യഹൃദയത്തെ ആത്മീയമായി ശക്തിപ്പെടുത്താൻ ഭക്ഷണത്തിനാകും എന്നതാണ് അദ്ദേഹത്തിൻ്റെ വാദം. 

കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് അതിൽ നിന്നു ഭക്ഷിക്കാനവകാശമില്ല (13,10). ക്രൈസ്‌തവരായ നമ്മെ സംബന്ധിച്ച് ഈ നിയമം ബാധകമല്ല; കാരണം, നമുക്ക് ഒരു ബലിപീഠമുണ്ട്; അതിൽനിന്നു ഭക്ഷിക്കാൻ നമുക്ക് അവകാശവുമുണ്ട്. ഏതാണ് കൈസ്തവർക്കുള്ള ഈ ബലിപീഠം? മിശിഹാ സ്വയം ബലിയർപ്പിച്ച കുരിശാണ് അത്. പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ബലിപീഠത്തെയാണ് ഹെബ്രായലേഖകൻ ഇവിടെ ഉദ്ദേശിക്കുന്നത്. ദിവ്യകാരുണ്യം കുരിശിൽനിന്നു വരുന്ന ദാനമാണ് എന്നു വ്യക്തമാക്കാനാണ്, 'വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാകുന്നു' (മത്താ 26,26) എന്ന് ഈശോ അന്ത്യത്താഴവേളയിൽ അരുളിച്ചെയ്തത്. പാപപരിഹാരാർത്ഥം കർത്താവിൻ്റെ സന്നിധിയിൽ ബലിപീഠത്തിൽ അർപ്പിക്കാനായി രക്തമെടുത്ത ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കരുത് (ലേവ്യർ 6,23) എന്ന പഴയനിയമ കല്‌പനയാണ് അന്ത്യത്താഴവേളയിലെ അവിടുത്തെ വാക്കുകൾ അസാധുവാക്കുന്നത്. മനുഷ്യൻ്റെ നിത്യരക്ഷ സാധിക്കാനായി സ്വന്തം രക്തവുമായി വിശുദ്ധ സ്ഥലത്തു പ്രവേശിച്ചു ബലിയർപ്പിച്ച ഈശോയുടെ (9,12.28) ശരീരമാണു നമുക്കു ഭക്ഷിക്കാനായി അവിടുന്നു നല്‌കുന്നത്. ദൈവികജീവനിൽ നമുക്കു പങ്കുണ്ടാകണമെങ്കിൽ അവിടുത്തെ ശരീരം നമ്മൾ ഭക്ഷിക്കുക തന്നെ വേണം (യോഹ 6,53). 

പാപപരിഹാരദിനത്തിലെ ബലിക്കുള്ള രക്തത്തിനായി കൊല്ലുന്ന ബലിമൃഗത്തെ പാളയത്തിനു വെളിയിൽ കൊണ്ടുപോയി ദഹിപ്പിക്കണം എന്നായിരുന്നു കല്പ‌ന (ലേവ്യർ 16,27). ജനത്തെ സ്വന്തം രക്തംകൊണ്ടു പാപങ്ങളിൽനിന്നു വിശുദ്ധീകരിക്കുന്നതിനായി ബലിയർപ്പിച്ച ഈശോ പാളയത്തിനു വെളിയിൽ പീഡ സഹിച്ചു (13, 12) എന്നു രേഖപ്പെടുത്തുമ്പോൾ പഴയനിയമ പാപ പരിഹാരബലിയെ ഈശോ എപ്രകാരം പൂർത്തിയാക്കി എന്നു കാണിക്കുകയാണ്. മരണത്തിനു വിധിക്കപ്പെട്ടിരുന്നവർ വിശുദ്ധ നഗരത്തിനു വെളിയിലാണ് വധിക്കപ്പെട്ടിരുന്നത് (നടപടി 7,58; മത്താ 21,39). ഇപ്രകാരം വിശുദ്ധനഗരത്തിനു വെളിയിൽ കുരിശിൽ മരിച്ചു നമ്മുടെ രക്ഷ സാധിച്ച ഈശോയാണു സ്വന്തശരീരം നമുക്കു ഭക്ഷിക്കാനായി നല്‌കിയിരിക്കുന്നത്. ഈ ഭക്ഷണം അവിടുന്നിൽ വിശ്വസിക്കുന്നവരുടെ അവകാശമാണ്. 'കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് നമ്മുടെ ബലിപീഠത്തിൽ നിന്നു ഭക്ഷിക്കാൻ അവകാശമില്ല' (13,10) എന്നു പറയുമ്പോൾ, ഈശോയിൽ വിശ്വസിക്കാത്ത, ഇന്നും പഴയനിയമ ബലിയർപ്പണത്തിൽ ജീവിക്കുന്നവർക്ക്, ഈശോ നല്‌കുന്ന ആത്മീയ ഭക്ഷണത്തിൽ പങ്കില്ല എന്നാണ് അർത്ഥം. 

മിശിഹായുടെ ബലി അനുദിനജീവിതത്തിൽ പകർത്തേണ്ടവരാണു ക്രിസ്ത്യാനികൾ. അവനുവേണ്ടി അപമാനം സഹിച്ചുകൊണ്ട് നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെ അടുത്തേക്കു പോകാം (13,13). അപമാനം വകവയ്ക്കാതെ കുരിശിലെ പീഡകൾ അവിടുന്നു സഹിച്ചത് (12,2) ഓർമിച്ചുകൊണ്ട് അവിടുത്തെ പക്കലേക്കു നമ്മൾ പോകണം. 'അനുഗമിക്കുക' എന്ന അർത്ഥത്തിലാണ് ഇവിടെ ക്രിയ ഉപയോഗിച്ചിരിക്കുന്നത്. നമുക്കുവേണ്ടി മുമ്പേ പോയി (6,20) ജീവൻ്റെ പുതുവഴി തുറന്നു തന്ന (10,20) മിശിഹായുടെ പക്കലേക്കു പോവുക എന്നാൽ കുരിശെടുത്ത് അവിടുത്തെ അനുഗമിക്കുക എന്നാണർത്ഥം (മത്താ 4,20.22; 8,22; 9,9; 10,38; 16,24). മിശിഹായെപ്രതി വിമർശിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്‌ത്യാനികൾ അവിടുത്തെപ്രതി അപമാനം വഹിച്ചകൊണ്ടു പാളയത്തിനു വെളിയിൽ അവിടുത്തെ പക്കലേക്കു പോവുകയാണ്. ശിഷ്യരെ സംബന്ധിച്ച് ഇതു വലിയ ആനന്ദത്തിനു കാരണവുമാണ് (മത്താ 5,11-12; നടപടി 5,40-42; 1 4,13-14).

മിശിഹായെപ്രതി അപമാനം സഹിക്കുന്നതു ഭാവിജീവിതത്തിലുള്ള പ്രത്യാശമൂലമാണ് എന്നു സൂചിപ്പിക്കുന്നതാണു തുടർന്നു വരുന്ന വാചകം: എന്തെന്നാൽ, ഇവിടെ നമുക്കു നില നിൽക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നമ്മൾ അന്വേഷിക്കുന്നത് (13,14). വരാനിരിക്കുന്നതിനെ പ്രതീക്ഷിച്ചിരിക്കുന്നവരാണു ക്രൈസ്തവർ. 11,13-16 ൽ വിവരിക്കപ്പെട്ട പൂർവപിതാക്കന്മാരെ പോലെയാണവർ. തന്നിൽ വിശ്വാസമർപ്പിക്കുന്നവർക്കുവേണ്ടി ദൈവം തയ്യാറാക്കിയിരിക്കുന്ന സ്വർഗീയമായ പട്ടണത്തെ കാത്തിരുന്ന അവരെപ്പോലെ, ക്രൈസ്‌തവരും വരാനിരിക്കുന്ന പട്ടണത്തെ കാത്തിരിക്കുന്നു. മിശിഹായുടെ പെസഹാരഹസ്യംവഴി നിർമ്മിക്കപ്പെട്ടതാണ് ജീവനുള്ള ദൈവത്തിൻ്റെ പട്ടണമായ സ്വർഗീയ ഓർശ്ലൈം. വിശ്വാസികൾ സമീപിച്ചിരിക്കുന്നത് ഈ പട്ടണത്തെയാണ് (12,22). വരാനിരിക്കുന്ന യുഗത്തിൻ്റെ ശക്തി വിശ്വാസംവഴി രുചിച്ചറിഞ്ഞവരാണു ക്രൈസ്‌തവർ (6,5). അതുകൊണ്ടാണ് ഈ ലോകമായകളിൽ മയങ്ങി ജീവിക്കാതെ, പാളയത്തിനു വെളിയിൽ അവിടുത്തെ പക്കലേക്കു പോകുവാൻ ക്രിസ്ത‌്യാനിക്കു സാധിക്കുന്നത്. 

ഭാവി ജീവിതത്തിൽ കണ്ണുനട്ടു ജീവിക്കുന്നവരായതുകൊണ്ട് അലസജീവിതം നയിക്കാം എന്നർത്ഥമില്ല. വളരെ ഔദാര്യപൂർവമായ ജീവിതം നയിക്കാനുള്ള ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ട്. രണ്ടു വിധത്തിലുള്ള ആരാധനകളാൽ പ്രശോഭിതമാകണം ക്രൈസ്തവജീവിതം. അതാണു ഹെബ്രായലേഖകൻ തുടർന്നു വിശദീകരിക്കുന്നത്: അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്‌തുതിയുടെ ബലി അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരങ്ങളുടെ ഫലങ്ങൾ - അർപ്പിക്കാം. നന്മചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ് (13,15-16). രണ്ടു തരം ബലികളെക്കുറിച്ചാണു പ്രതിപാദ്യം: സ്‌തുതിയുടെ ബലിയും, നന്മചെയ്തും പങ്കുവച്ചുകൊണ്ടുമുള്ള ബലിയും. ദൈവാരാധനയുടെ ലംബവും (ദൈവസ്തു‌തി) തിരശ്ചീനവുമായ (പരസ്നേഹ പ്രവൃത്തികൾ) മാനങ്ങളാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. വേർപെടുത്താനാവാത്തവിധമുള്ള ബന്ധമാണ് ഈ രണ്ടു മാനങ്ങൾ തമ്മിലുള്ളത്. സഹോദർക്കു ചെയ്യുന്ന ശുശ്രൂഷ ദൈവാരാധനയുടെ അരൂപിയിലാണു ചെയ്യുന്നത്. 

അവനിലൂടെ നമുക്ക് എല്ലായ്പ്‌പോഴും ദൈവത്തിനു ബലിയർപ്പിക്കാം എന്നാണ് ആഹ്വാനം. മിശിഹായുടെ പൗരോഹിത്യ മാദ്ധ്യസ്ഥ്യത്തിലൂടെ മാത്രമാണു ക്രൈസ്‌തവ ആരാധയ്ക്കു വിലയുണ്ടാകുന്നത്. പഴയനിയമ മാദ്ധ്യസ്ഥ്യശ്രമങ്ങൾ പരാജയപ്പെട്ടിടത്ത്, മിശിഹാ തന്റെ സ്വയസമർപ്പണത്തിലൂടെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി. അവൻവഴി ദൈവത്തെ സമീപിക്കുന്നവരെ എന്നേക്കും രക്ഷിക്കാൻ അവനു കഴിവുണ്ട് (7,25). മിശിഹായുടെ ശരീരത്തിലും രക്തത്തിലും പങ്കുചേർന്നുകൊണ്ടാണു ക്രൈസ്തവൻ ദൈവവുമായി ഒന്നായിത്തീരുന്നത്. ഇത് ഇന്നു സാധിക്കുന്നതു പരിശുദ്ധ കുർബായയർപ്പണവേളയിലാണ്. 

എല്ലായ്പ്പോഴും സ്‌തുതിയുടെ ബലികളർപ്പിക്കുക എന്നതിന് എന്നും എപ്പോഴും അവിടുത്തോടു 'നന്ദിയുള്ളവരായിരിക്കുക' എന്നാണർത്ഥം കൂടിയുണ്ട് (1 തെസ 5,18; എഫേ 5,20). പഴയനിയമത്തിലും സ്തുതിയുടെ ബലി കൃതജ്ഞതാപ്രകാശനത്തിന്റേതായിരുന്നു (സങ്കീ 107,19-22). ദൈവം ആഗ്രഹിക്കുന്നത് ബലി മൃഗങ്ങളെയല്ല, കൃതജ്ഞത നിറഞ്ഞ ഹൃദയമാണ് (സങ്കീ 50,13). 

സ്തോത്രബലിയിൽ അഥവാ സ്‌തുതിയുടെ ബലിയിൽ ദൈവാലയാരാധനയുടെ ഭാഗമായ രക്തബലിയും രക്തരഹിത ബലിയും ഉൾക്കൊള്ളുന്നുണ്ട്. അപ്പം സമർപ്പിക്കലും അതു ഭക്ഷിക്കലുമാണ് രക്തരഹിത ബലിയുടെ മുഖ്യഘടകം. സ്തോത്രഗീതങ്ങളും ഇതിന്റെ ഭാഗമാണ്. ദൈവത്തിൻ്റെ രക്ഷാകരമായ ഇടപെടൽ ഏറ്റുപറയുന്ന ഒരു പരസ്യ സാക്ഷ്യമാണിത്. ഭൂതകാലത്തു ദൈവം ചെയ്തതോ ഭാവിയിൽ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതോ ആയ രക്ഷാകര ഇടപെടലാകാം ഇത്. ഭാവി സംഭവമാകുമ്പോൾ വിശ്വാസത്തിന്റെ ശോഭ വർദ്ധിക്കുന്നു. 

പഴയനിയമ ആരാധാനാവിധികളുടെയും ബലിയർപ്പണങ്ങളുടെയും സ്ഥാനത്താണ് മിശിഹായുടെ ഏകവും നിത്യവുമായ ബലി (7,27; 9,12; 10,10). മിശിഹായുടെ ഈ ബലിയോടുചേർത്ത് സ്വന്തജീവിതം ദൈവത്തിന് ഉയർത്തി സമർപ്പിക്കാനാണ് ക്രിസ്ത്യാനി വളിക്കപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ രണ്ടു മാനങ്ങളാണ് 13,15-16 ൽ വ്യക്തമാക്കപ്പെടുന്നത്. മിശിഹായുടെ ബലിയ്ക്കുണ്ടായിരുന്ന മാനങ്ങൾ തന്നെയാണിവയും. അവിടുത്തെ ബലി ദൈവമഹത്ത്വത്തിനും സഹോദരരെ രക്ഷിക്കാനുമായിരുന്നല്ലോ. ക്രിസ്ത്യാനിയും അവന്റെ ജീവിതത്തിൽ ദൈവത്തിനു കൃതജ്ഞതയർപ്പിച്ചും സഹോദരരെ ശുശ്രൂഷിച്ചും വേണം ആരാധന നിർവഹിക്കാൻ. 

'സ്തു‌തിയുടെ ബലി'യെ 'ദൈവത്തിൻ്റെ നാമം ഏറ്റുപറയുന്ന അധരങ്ങളുടെ ബലി' എന്നുകൂടി ഹെബ്രായലേഖകൻ വിശേഷിപ്പിക്കുന്നു. “കർത്താവ് നല്ലവനാണ്; അവിടുത്തെ സ്നേഹം അനന്തമാണ്" (സങ്കീ 118,1.29) എന്നു നന്ദിപൂർവം പ്രഘോഷിച്ചു കൊണ്ട് ദൈവനാമത്തെ ഏറ്റുപറയുന്നതാണ് ഈ ബലിയുടെ സാരം. യഹൂദക്രൈസ്‌തവരുടെ യഥാർത്ഥ ആരാധന പഴയനിയമ ബലികളല്ല. അത് അവിടുത്തെ നാമം ഏറ്റുപറയുന്ന അധരങ്ങളുടെ ബലിയായ സ്തോത്രബലിയാണ്. മിശിഹായുടെ കുരിശുമരണത്തെ പരിപൂർണ ബലിയായി അവതരിപ്പിക്കുന്ന ലേഖനത്തിലെ മറ്റു ഭാഗങ്ങളോടു ചേർത്തുവേണം സ്തോത്രബലി എന്ന ആശയം മനസ്സിലാക്കാൻ. ക്രൈസ്‌തവർക്കുള്ള സ്‌തുതിയുടെ ബലിയായ പരിശുദ്ധ കുർബാന അർപ്പണത്തെയാണ് 13,7-17 ൽ സൂചിപ്പിക്കുന്നത് എന്നു ഫാ. ജെയിംസ് സ്വറ്റ്നാം സ്ഥാപിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ യഹൂദ സ്തോത്രബലി (തോദാ) യിലെ മൂന്നു പ്രധാന ഘടകങ്ങളും ഇവിടെയുമുണ്ട്: അപ്പം ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള സൂചന (9-10 വാക്യങ്ങൾ), രക്തബലി (മിശിഹായുടെ പീഡാസഹനം) യെക്കുറിച്ചുള്ള പരാമർശം (11-13 വാക്യങ്ങൾ), ഇതോടനുബന്ധിച്ചുള്ള സ്‌തുതികളും പ്രാർത്ഥനകളും (15-16 വാക്യങ്ങൾ).  

മിശിഹായിൽ ദൈവം നമ്മോടു പ്രദർശിപ്പിക്കുന്ന സ്നേഹത്തിനുള്ള നന്ദിയാണ് ക്രൈസ്‌തവാരാധനയുടെ കാതൽ. അവിടുത്തെ പെസഹാരഹസ്യങ്ങളിലൂടെയാണല്ലോ ഈ സ്നേഹം പ്രകാശിതമായത്. ഈ ദിവ്യരഹസ്യങ്ങളുടെ ആഘോഷമായ പരിശുദ്ധ കുർബാനയാണ് ഏറ്റവും ശ്രേഷ്‌ഠമായ കൃതജ്ഞതാ പ്രകാശനം. സീറോ-മലബാർസഭയിൽ ഉപയോഗത്തിലിരിക്കുന്ന രണ്ടാമത്തെ കൂദാശക്രമമായ മാർ തെയദോറിൻ്റെ അനാഫൊറായിലെ നാലാം പ്രണാമജപത്തിൻ്റെ അവസാനഭാഗത്ത്, റൂഹാക്ഷണത്തിനുമുമ്പുള്ള പ്രാർത്ഥനയിൽ ഈ ആശയം പ്രകടമായി കാണാം: “കർത്താവേ, ആരാധ്യനായ ദൈവമേ, ഞങ്ങളുടെ അധരങ്ങളുടെ ഫലമായ ഈ സ്തോത്രബലി കാരുണ്യപൂർവം സ്വീകരിച്ചു ഞങ്ങളിൽ പ്രസാദിക്കണമേ." 

ക്രൈസ്തവന്റെ ജീവിതംതന്നെയും ഒരു നന്ദിപ്രകാശനമാണ്. പൗലോസ്ശ്ലീഹായുടെ വാക്കുകളിൽ: കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്‌തുതികളും ആത്മിയ ഗീതങ്ങളും ആലപിക്കുവിൻ. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നിങ്ങൾ ചെയ്യുന്നതെല്ലാം നമ്മുടെ കർത്താവായ ഈശോമിശിഹാ യുടെ നാമത്തിൽ അവൻവഴി പിതാവായ ദൈവത്തിനു സ്തോത്രം അർപ്പിച്ചുകൊണ്ടു ചെയ്യുവിൻ (കൊളോ 3,17). 

ക്രിസ്തീയാരാധനയുടെ മറുവശമാണ് ദരിദ്രരോടുള്ള കാരുണ്യമനോഭാവം (13,16). ഈ വശം എളുപ്പം വിസ്‌മരിക്കാനിടയുള്ളതു കൊണ്ടാകണം, പാവപ്പെട്ടവരോടു കരുണ പ്രദർശിപ്പിക്കാനും പങ്കുവയ്ക്കാനും മറക്കരുത് എന്നുപദേശിക്കുന്നത്. ദൈവാരാധന പ്രാർത്ഥകളിലും ചില മതാനുഷ്‌ഠാനങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകരുത് എന്നു ചുരുക്കം. ഹതഭാഗ്യരും ആവശ്യത്തിലിരിക്കുന്ന വരുമായ സഹോദരങ്ങളോടുള്ള കരുതലിലാണ് യഥാർത്ഥ ഭക്തി അടങ്ങിയിരിക്കുന്നത്. ദൈവതിരുമുമ്പിൽ സ്വീകാര്യമായ ബലി ഇപ്രകാരമുള്ളതാണ്. പഴയനിയമവും ഇതേ ആശയം ഉൾക്കൊള്ളുന്നുണ്ട് (പ്രഭാ 35,2). 

ആവർത്തിച്ചുള്ള ബലിയർപ്പണങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് ഈശോമിശിഹാ തൻ്റെ ഏകവും നിത്യവുമായ ബലിയർപ്പിച്ചത്. പക്ഷേ, ഈ ബലിയിലും അവിടുത്തെ പൗരോഹിത്യത്തിലും വിശ്വാസികൾക്കു പങ്കുചേരാൻ സാധിക്കും എന്നതാണ് പുതിയ നിയമത്തിൻ്റെ സവിശേഷത. അവിടുത്തെ പെസഹാരഹസ്യങ്ങളുടെ ആഘോഷവും അനുസ്‌മരണവും അനുഷ്‌ഠാനവുമായ പരിശുദ്ധ കുർബാനയിലൂടെ മാത്രമല്ല, ദൈവത്തോടും സഹോദരരോടുമുള്ള കൂട്ടായ്‌മയിൽ ചെയ്യുന്ന ഓരോ ജീവകാരുണ്യപ്രവൃത്തിയിലൂടെയും ഈ പൗരോഹിത്യത്തിൽ നമ്മൾ പങ്കുചേരുകയാണ്. 

ക്രിസ്ത്യാനിയുടെ കൂട്ടായ്‌മ തിരുസഭയുടെ കുട്ടായ്മയിലാണ്. ആരാധനയ്ക്ക് തിരുസഭാകൂട്ടായ്‌മയോടുള്ള ബന്ധം വ്യക്തമാക്കാൻ വേണ്ടിയാണ് യഥാർത്ഥ ആരാധനയെക്കുറിച്ചു പ്രതിപാദിച്ചതിനു തൊട്ടുപിന്നാലെ ആദ്ധ്യാത്മികാധികാരികളെ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയുന്നത് (13,17). 13,7 ൽ ഈ നേതാക്കന്മാരെക്കുറിച്ചു പരാമർശിച്ചതാണ്. വിശ്വാസത്തിന്റെ ശ്ലീഹായും മഹാപുരോഹിതനുമായ മിശിഹായെ അനുകരിച്ച് (3,1-6) നമ്മോടു ദൈവവചനം പ്രഘോഷിച്ച നായകന്മാർക്ക് ഭവനത്തിന്മേൽ മിശിഹായ്ക്കുള്ള അധികാരത്തിൽ പങ്കുണ്ട്. അതുകൊണ്ടാണ് അവരെ ശ്രവിക്കാനും അനുസരിക്കാനും ഉപദേശിക്കുന്നത്. വിശ്വസ്‌തനും കാരുണ്യവാനുമായ മഹാപുരോഹിതന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്ന ഈ നേതാക്കന്മാർ ജനത്തിന്റെ കാര്യത്തിൽ ജാഗ്രതയോടെ വർത്തിക്കുന്നു. 

മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുപറ്റുന്നവർ തങ്ങൾക്കു ഭരമേല്പ്പിക്കപ്പെട്ട ജനത്തെക്കുറിച്ചു കർത്താവിന്റെ മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടവരാണ്. നമ്മൾ അവർക്കു വിധേയരായിക്കൊണ്ട് അവരുടെ ജോലി ലഘൂകരിക്കാനും അവർക്കതിൽ ആനന്ദം കണ്ടെത്താൻ സഹായിക്കാനുമാണ് ആഹ്വാനം. 

'ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ' എന്നഭ്യർത്ഥിക്കുന്ന ലേഖനകർത്താവ് തങ്കളുടെ മനഃസാക്ഷിയുടെ നൈർമ്മല്യത്തെക്കുറിച്ച് ആത്മധൈര്യത്തോടെ പ്രതിപാദിക്കുന്നതു ശ്രദ്ധേയമാണ് (13,18). താൻ വേഗം അവരുടെയുടക്കൽ എത്താനുള്ള അനുകൂല സാഹചര്യത്തിനുവേണ്ടികൂടി പ്രാർത്ഥിക്കണമെന്ന് അനുസ്മരിപ്പിക്കുന്നു.

 4. സമാപനാശീർവാദവും ദൈവസ്‌തുതിയും (13,20-21) 

13,20 ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കർത്താവായ ഈശോയെ, മരിച്ചവരിൽ നിന്നുയിർപ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താൽ എല്ലാ നന്മകളുംകൊണ്ടു നിങ്ങളെ സജ്ജരാക്കട്ടെ! 

13,21 അങ്ങനെ, ഈശോമിശിഹായിലൂടെ നമ്മിൽ പ്രവർത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാൻ നിങ്ങളെ സഹായിക്കട്ടെ. അവിടുത്തേക്ക് എന്നും എന്നേക്കും സ്തുതിയുണ്ടായിരിക്കട്ടെ. ആമേൻ. 

ദൈവത്തിന്റെ ആശീർവാദം തൻ്റെ ശ്രോതാക്കൾക്ക് ആശംസിക്കുന്ന ലേഖനകർത്താവ് ഇതുവരെ പ്രതിപാദിച്ച കാര്യങ്ങൾ സംഗ്രഹിക്കുകയും ഉപദേശങ്ങൾ അനുസ്‌മരിക്കുകയും ചെയ്യുന്നുണ്ട്. 'സമാധാനത്തിൻ്റെ ദൈവം' എന്ന പ്രയോഗം പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും ധാരാളം കാണുന്നതാണ് (2 തെസ 3,16; റോമാ 16,20; 2 കോറി 13, 11; ഫിലി 4,9). ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചതും അവനെ മരണത്തിനു വിട്ടുകൊടുത്തതും സമാധാനം സ്ഥാപിക്കാൻ വേണ്ടിയായിരുന്നതുകൊണ്ടാണ് അവിടുത്തെ 'സമാധാനത്തിൻ്റെ ദൈവം' എന്നു വിശേഷിപ്പിക്കുന്നത്. 

ഈശോമിശിഹായുടെ ഉത്ഥാനത്തെക്കുറിച്ച് ഇവിടെ മാത്രമാണു ലേഖനത്തിൽ പരാമർശമുള്ളത്. പിതാവായ ദൈവത്തിന്റെ പ്രവൃത്തിയായാണ് മിശിഹായുടെ ഉത്ഥാനത്തെ അവതരിപ്പിക്കുന്നത്. വലിയ ഇടയനായ ഈശോയുടെ ഉത്ഥാനം അജഗണം മുഴുവനെയും സംബന്ധിച്ചു നിർണായകമാണ്. 'മഹാപുരോഹിതൻ' എന്നതിന്റെ പര്യായമായാണ് 'മഹാ ഇടയൻ' എന്നുപയോഗിച്ചിരിക്കുന്നത്. ആടുകൾക്കു മുമ്പേപോയി (6,20) ജീവനിലേക്കുള്ള പുതിയ പാത തുറക്കുന്നവനാണ് (10,20) ഈ മഹാ ഇടയൻ. 

നിത്യഉടമ്പടിയുടെ രക്തത്താലാണ് മിശിഹായുടെ ഉത്ഥാനം സാധ്യമായത് എന്നുകൂടി ലേഖകൻ സൂചിപ്പിക്കുന്നു (13,20). ഏകവും നിത്യവുമായ തൻ്റെ ബലിയിലൂടെയാണ് മിശിഹായുടെ രക്തം ഉടമ്പടിയുടെ രക്തമായത്. മരണത്തിന്മേൽ വിജയംവരിച്ച മിശിഹായുടെ കുരിശുമരണം ദൈവവുമായും സഹോദരരുമായുമുള്ള ഉടമ്പടിയ്ക്കടിസ്ഥാനമായി. ഭാവിയിൽ തന്റെ ജനവുമായി ദൈവം സ്ഥാപിക്കുമെന്നു പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ച നിത്യ ഉടമ്പടിയാണത് (ഏശ 55,3; 61,8; ജറെ 32,40; എസ 16,60; 37,26). ഈ വാഗ്ദാനം യാഥാർത്ഥ്യമാക്കിയതു മിശിഹായുടെ രക്തമാണ്. 

മിശിഹായുടെ ഉത്ഥാനംവഴി രക്ഷാകരപദ്ധതി പൂർത്തിയാക്കിയ ദൈവം 'അവിടുത്തെ അഭീഷ്‌ടം നിറവേറ്റാനായി സർവപ്രവത്തികളിലും നമ്മെ സജ്ജരാക്കട്ടെ' എന്നാണു ഹെബ്രായലേഖകന്റെ ആശംസ. 'അവിടുത്തെ ദൃഷ്‌ടിയിൽ പ്രീതികരമായത് ഈശോ മിശിഹാവഴി നമ്മിൽ പ്രവർത്തിക്കുകയും ചെയ്യട്ടെ' എന്നുകൂടി ലേഖകൻ കൂട്ടിച്ചേർക്കുന്നുണ്ട്. ദൈവത്തിൻ്റെ ഇഷ്‌ടം നിറവേറ്റുന്നതിനെക്കുറിച്ചു 10,36 ൽ സൂചിപ്പിച്ചിരുന്നതാണ്. ദൈവഹിതം നിറവേറ്റാനും നമുക്ക് അവിടുത്തെ സഹായം ആവശ്യമാണ്. അതുകൊണ്ടാണു ദൈവം നമ്മെ 'സജ്ജരാക്കട്ടെ' എന്നു ലേഖനകർത്താവ് ആശംസിക്കുന്നത്. ഈശോമിശിഹാവഴി അവിടുന്നു തന്നെ നമ്മിൽ പ്രവർത്തിക്കട്ടെ എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നതും അതുകൊണ്ടാണ്. 

പുതിയ ഉടമ്പടിയുടെ സവിശേഷത പ്രവാചകനിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. ഉടമ്പടി വ്യവസ്ഥയായ നിയമം ജനത്തിന്റെ ഹൃദയത്തിൽ എഴുതും എന്നതായിരുന്നു അത് (ജറെ 31,31-33). മിശിഹായിലൂടെ ദൈവം തന്റെ വാഗ്ദാനം പൂർത്തിയാക്കുകയും ചെയ്‌തു. 'അവിടുത്തേക്കു സ്‌തുതിയുണ്ടായിരിക്കട്ടെ' എന്നു പറയുമ്പോൾ പിതാവായ ദൈവത്തെയും പുത്രനായ ഈശോയെയും ലേഖനകർത്താവ് ഉദ്ദേശിക്കുന്നുണ്ടാവാം.

5.അനുബന്ധം (13,22-25) 

13,22 എന്റെ സഹോദരരേ, ഞാൻ നിങ്ങൾക്കു ചുരുക്കമായി എഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങൾ ക്‌ഷമയോടെ സ്വീകരിക്കണമെന്നു ഞാൻ നിങ്ങളോടഭ്യർഥിക്കുന്നു. 

13,23 നമ്മുടെ സഹോദരൻ തിമോത്തേയോസ് മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങൾ അറിഞ്ഞാലും. അവൻ വേഗം വന്നാൽ അവനോടൊപ്പം ഞാൻ നിങ്ങളെ കണ്ടുകൊള്ളാം. 

13,24 നിങ്ങളുടെ നേതാക്കൻമാർക്കും എല്ലാ വിശുദ്ധർക്കും വന്ദനം പറയുവിൻ. ഇറ്റലിയിൽനിന്നു വന്നവർ നിങ്ങൾക്കു വന്ദനം പറയുന്നു. 

13,25 ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. 

ലേഖനം മുഴുവനെയും ലേഖനകർത്താവു തന്നെ എപ്രകാരം വീക്ഷിക്കുന്നു എന്ന് 13,22 ൽ നിന്നു വ്യക്തമാണ്: “എന്റെ സഹോദരരേ, ആശ്വാസദായകമായ ഈ വചനം ക്ഷമയോടെ നിങ്ങൾ കേൾക്കണമെന്നു ഞാൻ ആഭ്യർത്ഥിക്കുന്നു." തന്നിൽ വിശ്വസിക്കുന്നവരെ 'സഹോദർ' എന്നു വിളിക്കാൻ മിശിഹാ ലജ്ജിക്കാത്തതു പോലെ (2,11) ലേഖനകർത്താവും തൻ്റെ സഹവിശ്വാസികളെ 'എൻ്റെ സഹോദരരേ' എന്ന് അഭിസംബോധന ചെയ്യുന്നു. തന്റെ ലേഖനത്തെ ആശ്വാസദായക വചനം എന്നാണു വിശേഷിപ്പിക്കുന്നത്. ലേഖനംമുഴുവന്റെയും ലക്ഷ്യം വിശ്വാസികൾക്ക് ആശ്വാസം പകർന്നു നല്‌കുക എന്നതാണ്. ഇതു ക്ഷമയോടെ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നത്, കേൾവിക്ക് അത്ര സുഖകരമല്ലാത്ത പല കാര്യങ്ങളും ഇതിൽ പ്രതിപാദിക്കേണ്ടി വന്നതുകൊണ്ടാണ്. ഹൃസ്വമായേ പ്രതിപാദിച്ചിട്ടുള്ളു എന്നൊരു ആശ്വാസവാക്കുകൂടി ചേർക്കുന്നുണ്ട്. വിശദമായി പല കാര്യങ്ങളും പറയാനുണ്ടെന്നു ലേഖനത്തിൽ പലയിടത്തും സൂചിപ്പിക്കുന്നുണ്ടല്ലോ (5,11 6,3 9,5 11,32).

പൗലോസ്ശ്ലീഹായായിരിക്കാം ഈ ലേഖനത്തിന്റെ കർത്താവ് എന്നതിനു സൂചനയാണ് 23-ാം വാക്യം. നമ്മുടെ സഹോദരനായ തിമോത്തേയോസ് മോചിതനായ വിവരം നിങ്ങളെ അറിയിക്കുന്നു. അയാൾ വന്നെത്തിയാൽ, അയാളോടുകൂടെ വന്ന്, ഞാൻ നിങ്ങളെ കണ്ടുകൊള്ളാം. പൗലോസ്ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ കൂടെയുണ്ടായിരുന്ന, അദ്ദേഹത്തിൻ്റെ പല ലേഖനങ്ങളിലും പരാമർശിക്കപ്പെടുന്ന തിമോത്തേയോസ് (നടപടി 16,1-3; 17,14-15; 18,5; 19,22; 20,4; 1 1 4,17 16,10 2,19; 1 3,2.6) ലേഖനം സ്വീകരിക്കുന്ന സമൂഹത്തിനും പരിചിതമായതുകൊണ്ടാണല്ലോ അദ്ദേഹത്തിൻ്റെ വിമോചന വാർത്ത അറിയിക്കുന്നത്. എല്ലാ നേതാക്കന്മാർക്കും സഹവിശ്വാസികൾക്കും വന്ദനം അർപ്പിക്കുന്നതും ഇറ്റലിയിൽ നിന്നുള്ളവരുടെ ആശംസ നേരുന്നതും വിശ്വാസികൾ എവിടെ ആയിരുന്നാലും ഒരു ശരീരത്തിലെ അഗംങ്ങളാണ് എന്ന ബോദ്ധ്യംമൂലമാണ്. തിരുസഭാംഗങ്ങളെ വിശുദ്ധർ എന്ന് അഭിസംബോധന ചെയ്യുന്ന രീതി പൗലോസിൻ്റെ മറ്റു ലേഖനങ്ങളിലും കാണാം. മിശിഹായുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടവരാണല്ലോ ക്രൈസ്തവർ. 

കൃപ നിങ്ങൾ ഏവരോടുംകൂടെ ഉണ്ടായിരിക്കട്ടെ എന്ന അവസാനാശംസ ലേഖകൻ ഇതുവരെ മിശിഹായുടെ പുരോഹിത ബലിയെക്കുറിച്ചു പ്രതിപാദിച്ച കാര്യങ്ങളുടെയെല്ലാം സംഗ്രഹമാണ്. മിശിഹായുടെ കുരിശിലെ പരിഹാരബലിവഴി (2,6) കൃപയുടെ സിംഹാസനത്തിൽനിന്ന് നിർഗ്ഗളിക്കുന്ന (4,16) ദൈവിക ജീവന്റെ ദാനമാണ്. വരാനിരിക്കുന്ന നഗരം ലക്ഷ്യമാക്കിയുള്ള നമ്മുടെ തീർത്ഥാടനത്തിൽ നമ്മെ ശക്തിപ്പെടുന്നതിനുവേണ്ടിയുള്ള ദൈവികദാനമാണത് (13,9-14).

 

മഹിമയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന മഹാപുരോഹിതൻ അവൻ അവിടുത്തെ മഹത്ത്വത്തിന്റെ തേജസ്സും അവിടുത്തെ സത്തയുടെ പ്രതിരൂപവുമാണ്. പുത്രനിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message