x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

ജീവനിലേക്കുള്ള വിശ്വാസവാതിൽ

Authored by : Dr. Andrews Mekkattukunnel On 10-Sep-2026

ഇതാ, നമുക്കായി
വിശ്വാസവാതിൽ
തുറന്നിരിക്കുന്നു
 

വിശ്വാസവർഷത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ശ്ലൈഹിക ലേഖനത്തിൽ "വിശ്വാസത്തിൻ്റെ വാതിൽ" എന്നു പേരിടാൻ മാർപാപ്പായ്ക്കു പ്രചോദനമേകിയത് ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിലെ ഒരു രംഗമാണ്. ഏഷ്യാമൈനറിലെ വിജാതീയരുടെയിടയിൽ സുവിശേഷമറിയിച്ചശേഷം അന്ത്യോക്യായിൽ തിരിച്ചെത്തിയ പൗലോസ്ശ്ലീഹായും ബർണബായും, തങ്ങളുടെ ആദ്യത്തെ പ്രേഷിതയാത്രയെക്കുറിച്ച് അന്ത്യോക്യായിലെ സഭാംഗങ്ങളോടു വിവരിക്കുന്ന സന്ദർഭത്തിലാണ് 'വിശ്വാസത്തിൻ്റെ വാതിൽ" എന്ന പ്രയോഗം നമ്മൾ കാണുന്നത്. ദൈവം തങ്ങളിലൂടെ ചെയ്‌തതും വിജാതീയർക്കു "വിശ്വാസത്തിൻ്റെ വാതിൽ" തുറന്നു കൊടുത്തതുമെല്ലാം അന്ത്യോക്യായിലെ സഭാംഗങ്ങളോട് അവർ വിവരിച്ചു (നടപടി 14,27) എന്നാണു വി. ലൂക്കാ എഴുതുന്നത്. ഭൂമിയുടെ അതിർത്തികൾവരെ ഉത്ഥിതനായ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനുള്ള ദൈവികകല്പ‌ന (നടപടി 1,8) നിറവേറ്റുന്നതിൻ്റെ ഭാഗമായാണ്, പൗലോസും ബർണബായും വിജാതീയദേശങ്ങളിലേക്ക് യാത്രയായത് (നടപടി 13,1-3). സെലൂക്യാ, സലാമിസ്, പംഫോസ്, പംഫീലിയാ, പെർഗാ, പിസീദിയായിലെ അന്ത്യോക്യാ, തുടങ്ങിയ പട്ടണങ്ങളിലെ യഹൂദസിനഗോഗുകളിൽ നമ്മുടെ കർത്താവിന്റെ വചനം അവർ പ്രഘോഷിച്ചു. പിതാക്കന്മാരോടു ദൈവം ചെയ്ത‌ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി മരിച്ചവരിൽ നിന്നുള്ള മിശിഹായുടെ ഉയിർപ്പിനെ പൗലോസ്ശ്ലീഹാ വ്യാഖ്യാനിച്ചു (നടപടി 13,32-33). ഉത്ഥിതനായ മിശിഹായിൽ ഏവർക്കും പാപമോചനം ലഭ്യമാണെന്നും അതു പ്രാപിക്കാനായി അവനിൽ വിശ്വസിക്കുക മാത്രമേ ആവശ്യമായുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഹൂദരിൽ കുറെപ്പേർ അവരുടെ പ്രഘോഷണത്തോടു താല്പര്യം പ്രദർശിപ്പിച്ചുവെങ്കിലും പൊതുവേ തിരസ്‌കരണമാണുണ്ടായത്. ഈയവസരത്തിലാണ് ശ്ലീഹന്മാർ വിജാതീയരുടെ പക്കലേക്കു തിരിഞ്ഞത്. വിജാതീയർ സുവിശേഷസന്ദേശം ശ്രവിച്ചു സന്തോഷിക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. നിത്യജീവനു നിയുക്തരായവരെല്ലാം വിശ്വാസം സ്വീകരിക്കുകയും ചെയ്തു (നടപടി 13,48). ഇപ്രകാരമാണ്, ദൈവം ശ്ലീഹന്മാരിലൂടെ വിജാതീയർക്കു വിശ്വാസത്തിൻ്റെ വാതിൽ തുറന്നുകൊടുത്തത്. ഇതു പിതാവായ ദൈവത്തിൻ്റെ രക്ഷാപദ്ധതിയുടെ ഭാഗമാണ്. മുൻകൈയെടുക്കുന്നതു ദൈവമാണ്. പൗലോസ് ഉൾപ്പെടെയുള്ള ശ്ലീഹന്മാർ തിരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾ മാത്രം (നടപടി 9,15). അവർ തങ്ങളുടെ മിശിഹാനുഭവം പങ്കുവച്ചതിലൂടെ എല്ലാവരെയും മിശിഹായോടുള്ള കൂട്ടായ്‌മയിലേക്കു ക്ഷണിച്ചുവെങ്കിലും വിശ്വാസത്തിലേക്ക് വ്യക്തികളെ നയിക്കുന്നതു ദൈവമാണ്. വിശ്വാസവാതിൽ തുറക്കുന്നത് ദൈവമാണ് എന്നു സാരം. 

രണ്ടാം പ്രേഷിതയാത്രയ്ക്കിടെ പൗലോസ്ശ്ലീഹാ ഫിലിപ്പോയിൽ സുവിശേഷം അറിയിച്ചതിൻ്റെ ഫലമായി നമ്മുടെ കർത്താവിൽ വിശ്വസിക്കുകയും കുടുംബസമേതം മാമ്മോദീസാ സ്വീകരിക്കുകയും ചെയ്‌ത ലിദിയായെക്കുറിച്ചുള്ള വി. ലൂക്കായുടെ സാക്ഷ്യം മേല്പറഞ്ഞ വസ്‌തുതയ്ക്കു ബലമേകുന്നതാണ്. “നമ്മുടെ കർത്താവ് അവളുടെ ഹൃദയം തുറന്നതിനാൽ, പൗലോസ് പറഞ്ഞത് അവൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു" (നടപടി 16.14). 

ശ്ലീഹന്മാരുടെ പ്രഘോഷണംവഴി വിശ്വാസവാതിൽ തുറക്കപ്പെട്ടത് ദൈവരാജ്യത്തിലേക്കാണ്. ഈ ഭൂമിയിൽ മനുഷ്യനായവതരിച്ച ഈശോയുടെ മുഖ്യപ്രബോധനവിഷയം ദൈവരാജ്യം അഥവാ സ്വർഗരാജ്യമായിരുന്നു. വിശ്വാസത്തിൽ നിലനില്ക്കണമെന്നും നിരവധി കഷ്ട‌പ്പാടുകളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശ്ലീഹന്മാർ വിശ്വാസികളെ ധൈര്യപ്പെടുത്തിയിരുന്നു (നടപടി 14,22). "വിശ്വാസത്തിന്റെ വാതിലിന് ദൈവരാജ്യവുമായുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്നവരാണു ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. മാമ്മോദീസാവഴി ഭൂമിയിലെ ദൈവരാജ്യമായ തിരുസഭയിലേക്കു പ്രവേശിച്ചതു കൊണ്ടുമാത്രം പൂർത്തിയാകുന്നതല്ല വിശ്വാസതീർത്ഥാടനം. നിരവധി കഷ്ടപ്പാടുകൾ സഹിച്ച് വിശ്വാസത്തിൽ നിലനിന്നാൽ മാത്രമേ സ്വർഗരാജ്യപ്രവേശം പൂർത്തിയാവൂ. 

2

ത്രിത്വത്തിന്റെ
കൂട്ടായ്മയിലേക്കു
തുറന്നിരിക്കുന്ന വാതിൽ

മാർപാപ്പാ വിശ്വാസത്തിൻ്റെ വാതിൽ ആരംഭിക്കുന്നതിപ്രകാരമാണ്: "ദൈവിക കൂട്ടായ്‌മയിലുള്ള ജീവിതത്തിലേക്കു നമ്മെ കൈപിടിച്ചു നടത്തുവാനും അവിടുത്തെ തിരുസഭയിൽ നമുക്കു പ്രവേശനം നല്‌കുവാനുംവേണ്ടി വിശ്വാസത്തിന്റെ വാതിൽ സദാ സമയവും നമുക്കായി തുറന്നു കിടക്കുന്നു." മനുഷ്യനു സ്വപ്‌നം കാണാൻപോലും സാധ്യമല്ലാത്ത ഒരു മഹാഭാഗ്യത്തിലേക്കാണ് ഈ വാതിൽ തുറന്നിരിക്കുന്നത്: ദൈവികകൂട്ടായ്‌മയിലുള്ള ജീവിതത്തിലേക്ക്. പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്‌മയിലേക്കാണ് മാമ്മോദീസാ വഴി മനുഷ്യർക്കു പ്രവേശനം സിദ്ധിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധറൂഹായുടെയും ജീവനിലേക്കു മാമ്മോദീസായിലൂടെ പ്രവേശിക്കുന്ന ഓരോ വ്യക്തിയും ദൈവികഐക്യത്തിൽ ജീവിക്കാനാണു വിളിക്കപ്പെടുന്നത്. ഇതു സാധ്യമാക്കിത്തീർത്തത് മനുഷ്യനായവതരിച്ച ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. പുത്രനായ ദൈവത്തിൻ്റെ മനുഷ്യാവതാരവും പീഡാസഹന-മരണോത്ഥാനങ്ങളുംവഴി പരിശുദ്ധ ത്രിത്വത്തിൻ്റെ ജീവനിലേക്കുള്ള വാതിൽ നമുക്കായി തുറക്കപ്പെട്ടു. ആദിമനുഷ്യൻ പറുദീസായിൽ അനുഭവിച്ച ദൈവികസഹവാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമാണ് നമുക്കു പ്രവേശനം സാധ്യമായിരിക്കുന്നത്. “ഇന്ന് നീ എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23,43) എന്നു നല്ലകള്ളനോടു കുരിശിൽ കിടന്നുകൊണ്ടു അവിടുന്ന് അരുളിച്ചെയ്തതിന്റെ അർത്ഥമിതാണ്. മിശിഹാ നമ്മെ രക്ഷിച്ചപ്പോൾ ദൈവിക ജീവനിലേക്കു നമുക്കു പ്രവേശനം നല്‌കുകയായിരുന്നു. ഈ പ്രവേശനം പൂർത്തിയാവുന്നത് ഈ ലോകത്തിൽനിന്നുള്ള നമ്മുടെ കടന്നുപോകലോടുകൂടിയാണ്. 

ക്രൈസ്തവ ജീവിതത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്ന് പരി. ത്രിത്വത്തിലുള്ള വിശ്വാസമാണ്. ഏകദൈവം; ഈ ഏകദൈവത്തിൽ മൂന്നാളുകൾ - ഇതാണു ത്രിത്വരഹസ്യം. ആരംഭവും അവസാനവുമില്ലാത്തവരാണു മൂന്നുപേരും. അറിവിലും ശക്തിയിലും മഹത്ത്വത്തിലും തുല്യർ. അതുകൊണ്ടുതന്നെ മനുഷ്യരുടെ ആരാധനയ്ക്ക് ഒരുപോലെ അർഹരും. എന്നാൽ മൂന്നു ദൈവങ്ങളില്ല; ദൈവം ഒരുവൻ മാത്രം. സത്തയിൽ ഏകത്വം; വ്യക്തിത്വത്തിൽ ത്രിത്വം. ഏക ദൈവികസത്തയിൽ പങ്കുചേരുന്ന മൂന്നു വ്യക്തികൾ. “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും" എന്നോ “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തു‌തി" എന്നോ പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ വിശ്വാസമാണു നമ്മൾ പ്രഘോഷിക്കുന്നത്. വിശ്വാസപ്രമാണത്തിലും ത്രിതൈക ദൈവത്തിലുള്ള വിശ്വാസം നമ്മൾ ദിവസവും ഏറ്റു പറയുന്നുണ്ടല്ലോ. 

മനുഷ്യനായവതരിച്ച ഈശോമിശിഹായാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കു വെളിപ്പെടുത്തിത്തന്നത്. അവിടുത്തെ മാമ്മോദീസാവേളയിൽ, ത്രിത്വത്തിലെ മൂന്നാളുകളും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. സ്വർഗം തുറന്നു സംസാരിച്ച പിതാവായ ദൈവം, നസ്രായനായ ഈശോ തൻ്റെ പ്രിയപുത്രനാണെന്നു പ്രഖ്യാപിച്ചു. പരിശുദ്ധറൂഹാ പ്രാവിൻ്റെ രൂപത്തിൽ ഈശോയുടെമേൽ ഇറങ്ങി വസിച്ചുകൊണ്ട് ത്രിത്വത്തിൻ്റെ കൂട്ടായ്‌മ ലോകത്തിനു വെളിപ്പെടുത്തി. 

പരസ്യജീവിതകാലത്ത് ഈശോ ത്രിത്വത്തിലെ മറ്റു രണ്ടാളുകളെക്കുറിച്ച് സൂചനകൾ നല്‌കിയിരുന്നു. ഞാനും പിതാവും ഒന്നാകുന്നു (യോഹ 10,30), പിതാവ് ഏല്‌പിച്ച ജോലികൾ മാത്രമാണു പുത്രൻ ചെയ്യുന്നത് (യോഹ 15, 19-21), പിതാവ് പുത്രനിലും പുത്രൻ പിതാവിലും വസിക്കുന്നു (യോഹ 10,38; 17,10-11), പിതാവ് പുത്രനെയും പുത്രൻ പിതാവിനെയും പൂർണ്ണമായി അറിയുന്നു (യോഹ 10,15), പിതാവ് പുത്രനെയും പുത്രൻ പിതാവിനെയും മഹത്ത്വപ്പെടുത്തുന്നു (യോഹ 12,28; 13,31; 17,1) തുടങ്ങിയ പ്രസ്‌താവനകൾ നസ്രായനായ ഈശോയും പിതാവായ ദൈവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ ലോകത്തിൽനിന്നുള്ള തന്റെ വേർപാടിനുശേഷം, എന്നും ശിഷ്യരോടൊത്തുവസിച്ച് (യോഹ 14,16) അവരെ സത്യത്തിൻ്റെ പൂർണതയിലേക്കു നയിക്കാനായി ഒരു 'സഹായകനെ' പരിശുദ്ധാത്മാവിനെ - അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് പന്തക്കുസ്‌താദിനത്തിൽ പരി. റൂഹാശ്ലീഹന്മാരുടെമേൽ വന്നപ്പോൾ കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ ദൈവപുത്രനും നാഥനുമായി പൂർണമായി വിശ്വസിക്കാനും ആ വിശ്വാസം ഉറക്കെ പ്രഘോഷിക്കാനും അവർക്കു ശക്തി ലഭിച്ചു. ഈശോയിൽ സംഭവിച്ചവ പഴയനിയമത്തിൽ ദൈവം നല്കിയിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി അവർ ഗ്രഹിച്ചു. പരിശുദ്ധ റൂഹായാണ് ഇതു മനസിലാക്കാനുള്ള പ്രകാശം പ്രദാനം ചെയ്തതെന്ന് അവർക്കു ബോധ്യമായി. ദൈവാരൂപി എന്നും കൂടെ വസിച്ചുകൊണ്ട് വിശ്വാസികളെ ശക്തിപ്പെടുത്തുന്നു. രക്ഷാകരചരിത്രത്തിലെ ഈ ദൈവാനുഭവത്തിൽനിന്നാണ് തിരുസഭ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെടുത്തിയത്. 

പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെയും പരസ്പര സഹവർത്തിത്വമാണ് (Mutual indwelling - Perichoresis) അവരുടെ ബന്ധത്തിന്റെ സവിശേഷത. പിതാവ് പുത്രനിലും പരിശുദ്ധാത്മാവിലും, പുത്രൻ പിതാവിലും പരിശുദ്ധാത്മാവിലും, പരിശുദ്ധ റൂഹാ പിതാവിലും പുത്രനിലും വസിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഈ ഐക്യത്തിലേക്കും കൂട്ടായ്‌മയിലേക്കുമാണ് മാമ്മോദീസാ ഉൾപ്പെടെയുള്ള പ്രാരംഭകൂദാശകളിലൂടെ വിശ്വാസികളായ നമ്മൾ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നത്. 

ത്രിതൈക ദൈവത്തിൻ്റെ ജീവനിലേക്കുള്ള പ്രവേശനം നാമിന്ന് അനുഭവിക്കുന്നത് തിരുസഭയിലുള്ള കൂട്ടായ്മാജീവിതത്തിലാണ്. കാരണം, ദൈവികജീവനിലേക്കു പ്രവേശനം നല്‌കുന്ന വാതിലിന്റെ താക്കോൽ തിരുസഭയെയാണു മിശിഹാ ഏല്‌പിച്ചിരിക്കുന്നത്. കൗദാശികമായി ദൈവൈക്യത്തിലുള്ള ജീവിതം വിശ്വാസിക്ക് അനുഭവവേദ്യമാകുന്നതു തിരുസഭയിലാണ്. അവിടെയാണ് സ്വർഗത്തിൽ പൂർണമാകാനിരിക്കുന്ന ദൈവികഐക്യത്തിന്റെ മുന്നാസ്വാദനം. സഭാംഗങ്ങൾക്കിടയിലുള്ള പരസ്‌രകൂട്ടായ്മയ്ക്ക് അടിസ്ഥാനം പരിശുദ്ധ ത്രിത്വത്തിലുള്ള കൂട്ടായ്മ തന്നെയാണ്. ആ മാതൃക അനുകരിക്കാനാണു വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നതും. ഇതെക്കുറിച്ചാണു വി. യോഹന്നാൻശ്ലീഹാ തന്റെ പ്രഥമ ലേഖനാരംഭത്തിൽ എഴുതുന്നത്: "...പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്നു. നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ‌ ഉണ്ടാകാനാണ്, ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോടു പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്‌മ പിതാവിനോടും അവന്റെ പുത്രനായ ഈശോമിശിഹായോടുമാണ്" (1 യോഹ 1,1-3). ശ്ലീഹന്മാർ തങ്ങളുടെ വിശ്വാസാനുഭവം പങ്കുവയ്ക്കുന്നതു സ്വീകരിക്കുന്നവർക്ക് അവരുമായുണ്ടാകുന്ന കൂട്ടായ്‌മയുടെ പേരാണ് തിരുസഭ എന്നത്. പന്തക്കുസ്‌താദിനത്തിൽ ഓർശെമിൽ രൂപംകൊണ്ട ആദിമ ക്രൈസ്തവസമൂഹത്തിൻ്റെ മുഖമുദ്രയും ശ്ലീഹന്മാരുമായുള്ള ഈ കൂട്ടായ്മ‌യായിരുന്നു (നടപടി 2,42). 

ക്രൈസ്തവാസ്തിത്വം ഈ രണ്ടു തലങ്ങളിൽ കാലുറപ്പിച്ചുള്ള ജീവിതമാണ്; സ്വർഗീയവും ഭൗമികവുമായ തലങ്ങളിൽ. വിശ്വാസിക്ക് ഒരേസമയം ഇരട്ട പൗരത്വമാണുള്ളത്: സ്വർഗത്തിലും തിരുസഭയിലും. ദൈവികഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന് ദൈവത്തോടൊത്തുള്ള സഹവാസത്തിൽ മാത്രമേ യഥാർത്ഥ സന്തോഷം കണ്ടെത്താനാവൂ. ദൈവത്തിനായുള്ള ദാഹം ഏതൊരു മനുഷ്യന്റെയും ഹൃദയതാളത്തിൻ്റെ ഭാഗമാണ്. ദൈവത്താൽ ദൈവത്തിനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ദൈവത്തോടു ചേർന്നു മാത്രമേ അർത്ഥപൂർണമായി അവനു ജീവിക്കാനാവൂ. ദൈവത്തിന്റെ സ്നേഹം അംഗീകരിച്ച് അവിടുത്തെ പരിപാലനയ്ക്കു സമർപ്പിക്കുന്നിടത്തോളം മാത്രമേ അവന്റെ അസ്ത‌ിത്വത്തിനർത്ഥമുണ്ടാകൂ. അതുകൊണ്ടാണ് വി. ആഗസ്‌തീനോസ് ഇപ്രകാരം എഴുതിയത്: "മഹോന്നതനായ കർത്താവേ, അങ്ങു ഞങ്ങളെ അങ്ങേക്കായി സൃഷ്‌ടിച്ചു; അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്‌തമായിരിക്കും" (Augustine, Confessions, 1,1,1; PL 32,65). ദൈവീകകൂട്ടായ്‌മയിലായിരിക്കുന്ന വ്യക്തി ദൈവത്തിൻ്റെതന്നെ ഛായയിൽ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മറ്റു മനുഷ്യരുമായും കൂട്ടായ്‌മയിൽ വർത്തിക്കും. പരസ്പരം സ്നേഹിച്ചും സഹായിച്ചും തങ്ങൾക്കുള്ളവ ഒന്നുമില്ലാത്തവരുമായി പങ്കുവച്ചും ജീവിച്ചിരുന്ന ആദിമക്രൈസ്‌തവസമൂഹം ഇതിന് ഉത്തമോദാഹരണമാണ് (നടപടി 2,42-47; 4,32-37). 

നമ്മുടെ കുർബാനയിൽ ദിവ്യരഹസ്യങ്ങൾ സ്വീകരിക്കുന്നതിനൊരുക്കമായി ദൈവജനം ഒന്നാകെ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്: "ഏകപിതാവു പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏകറൂഹാ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി, എന്നേക്കും ആമ്മേൻ.

 

സ്വയം
വെളിപ്പെടുത്തിക്കൊണ്ടു
വിശ്വാസവാതിൽ
തുറക്കുന്ന ദൈവം
 

ക്രിസ്‌തുമതത്തിന്റെയും ക്രൈസ്‌തവവിശ്വാസത്തിന്റെയും അടിസ്ഥാനം സ്വയം വെളിപ്പെടുത്തുന്ന ദൈവമാണ്. അവിടുത്തെ വെളിപ്പെടുത്തലുകളിലൂടെ അഥവാ സ്വയാവിഷ്‌കാരത്തിലൂടെയാണ് വിശ്വാസത്തിൻ്റെ വാതിൽ മനുഷ്യവർഗത്തിന് ആദ്യമായി തുറക്കപ്പെടുന്നത്. അനന്തനും അപ്രാപ്യനുമായ ദൈവം തന്റെ സൃഷ്ടിയും അപൂർണനുമായ മനുഷ്യനോടു സംവദിക്കുന്ന പ്രക്രിയയാണ് ദൈവാവിഷ്കരണം അഥവാ ദൈവികവെളിപാട്. പരിമിതനായ മനുഷ്യനു സ്വശക്തിയാൽ ദൈവത്തെയോ അവിടുത്തെ പ്രവൃത്തികളെയോ പൂർണമായി മനസ്സിലാക്കാനാവില്ല. അതുകൊണ്ട് ദൈവം സ്വയം അവനു വെളിപ്പെടുത്തിക്കൊടുക്കുന്നു. സൃഷ്ടിയുടെ ആരംഭംമുതൽ ദൈവം മനുഷ്യനോടു സംവദിക്കുന്നു. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ചുള്ള അവിടുത്തെ പദ്ധതിയുടെ വെളിപ്പെടുത്തലാണത്. ഈ വെളിപ്പെടുത്തലിലൂടെ അവിടുന്നു മനുഷ്യനുവേണ്ടി വിശ്വാസത്തിൻ്റെ വാതിൽ തുറന്നിടുകയാണ്. വിശ്വാസവാതിലിലൂടെ അകത്തു പ്രവേശിക്കാൻ മനുഷ്യനെ സഹായിക്കാൻ വേണ്ടിയാണ് അവിടുന്നു സ്വയം വെളിപ്പെടുത്തുന്നത്. 

ദൈവം തന്റെ മനസ്സ് വെളിവാക്കുന്നത് അവിടുത്തെ വചനത്തിലൂടെയാണ്. മനുഷ്യൻ്റെ തലത്തിലേക്ക് ഇറങ്ങിവരുന്നതിനു ദൈവം സ്വീകരിക്കുന്ന മാധ്യമമാണ് വചനം. പഴയനിയമ ഭാഷയായ ഹീബ്രുവിൽ വചനത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദം "ദാബാർ" (Dabar) ആണ്. ഇതിനു വചനം എന്നതു കൂടാതെ പ്രവൃത്തി, സംഭവം (Action, event) എന്നുകൂടി അർത്ഥമുണ്ട്. ദൈവത്തിന്റെ "വാക്കു" തന്നെ പ്രവൃത്തിയാണ്. അവിടുന്നു സംസാരിക്കുമ്പോൾ തന്നെ പ്രവൃത്തി സംഭവിക്കുന്നു (Performative speech). ഇപ്രകാരം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമുള്ള ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിനെയാണ് "ദാബാർ യാഹ്‌വെ" (Dabar Yahweh) സൂചിപ്പിക്കുന്നത്. 

ദൈവത്തിന്റെ വാക്കുകൾ അവിടുത്തെ പ്രവൃത്തികളെ വ്യക്തമാക്കുന്നു. പ്രവൃത്തികൾ അവിടുത്തെ വാക്കുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഉല്‌പത്തിപുസ്‌തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "ദൈവം അരുളിച്ചെയ്തു, വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു" (ഉല്പ‌ 1,3-4). ദൈവത്തിൻ്റെ വാക്ക് (“വെളിച്ചം ഉണ്ടാകട്ടെ") മാത്രമല്ല, ആ വാക്കുവഴി സംഭവിക്കുന്ന കാര്യങ്ങളും (വെളിച്ചം ഉണ്ടായ സംഭവം) ദൈവവചനത്തിൻ്റെ ഭാഗമാണ്. 

ദൈവഹിതത്തിൻ്റെ കൂദാശയാണ് ദൈവവചനം. ഒരു വാക്കുകൊണ്ട് ദൈവം ലക്ഷ്യവയ്ക്കുന്നത് അതിനാൽത്തന്നെ അവിടുന്നു പ്രവൃത്തിപഥത്തിലെത്തിക്കുന്നു. "ദൈവത്തിന്റെ വചനം ജീവദായകമാണ്" (നിയമാ 32,46-47) എന്ന പ്രസ്താവന വചനത്തിൻ്റെ ഈ കൗദാശികമാനമാണു പ്രകാശിതമാക്കുന്നത്. ദൈവത്തിന്റെ വചനം ഒരിക്കലും ഫലം പുറപ്പെടുവിക്കാതെ തിരികെ മടങ്ങുന്നില്ല എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്: "മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെയാണ്" (ഏശ 55,10-11). അവിടുത്തെ വചനത്തിൻ്റെ ഫലദായകത്വമാണ് ദൈവം ഇവിടെ പ്രവാചകനിലൂടെ വ്യക്തമാക്കുന്നത്. 

വചനത്തിലൂടെയും പ്രവൃത്തികളിലൂടെയും ദൈവം സ്വയം വെളിപ്പെടുത്തുന്നത്, മനുഷ്യന് ദൈവത്തിൻ്റെ ജീവനിലേക്കു പ്രവേശനം നല്കാൻ വേണ്ടിയാണ്. തൻ്റെ സഹവർത്തിത്വത്തിലേക്കു മനുഷ്യരെ ക്ഷണിക്കുകയും കൂട്ടിക്കൊണ്ടുപോവുകയുമാണ് ദൈവിക വെളിപാടിൻ്റെ ലക്ഷ്യം എന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ പഠിപ്പിക്കുന്നു (ദൈവാവിഷ്‌കരണം, 2). ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ട് മനുഷ്യന് അവിടുത്തെക്കുറിച്ചറിയാനും അവിടുത്തോടു സഹവാസത്തിലാകാനും സാധിക്കുന്നു. ചുരുക്കത്തിൽ, ദൈവികവെളിപാടിലൂടെ മനുഷ്യരായ നമുക്ക് ദൈവത്തിൻ്റെതന്നെ ആന്തരികജീവിതത്തിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവാവിഷ്കരണം അഥവാ ദൈവികവെളിപാടുതന്നെയാണ് വിശ്വാസത്തിലേക്കുള്ള പ്രഥമവും പ്രധാനവുമായ വാതിൽ. 

ദൈവത്തിന്റെ സ്വയാവിഷ്‌കാരത്തിനു വ്യത്യസ്തഘട്ടങ്ങളുണ്ട്. തന്റെ സൃഷ്‌ടിമുഴുവനിലൂടെയും സ്വയം വെളിപ്പെടുത്താനാരംഭിച്ച ദൈവം പൂർവപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതത്തിലൂടെ അതു തുടർന്നു. കാലത്തിന്റെ തികവിൽ പുത്രനായ ഈശോമിശിഹായിലൂടെ അതു പൂർത്തിയാക്കി. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ വെളിപ്പെടുത്തലിലൂടെ എപ്രകാരമാണ് ദൈവം വിശ്വാസത്തിലേക്കു വാതിൽ തുറന്നുതരുന്നത് എന്നാണു വിശുദ്ധഗ്രന്ഥം വിവരിക്കുന്നത്. 

ഈ ദൈവാവിഷ്‌കരണംവഴി അദൃശ്യനായ ദൈവം (കൊളോ 1,1,15; 1 തിമോ 1,17) അവിടുത്തെ സ്നേഹത്തിൻ്റെ പാരമ്യത്തിൽനിന്നു മനുഷ്യരോടു സ്നേഹിതരോടെന്നപോലെ സംസാരിക്കുകയും അവരുടെ മധ്യേ വസിക്കുകയും ചെയ്യുന്നു. തൻ്റെ സഹവർത്തിത്വത്തിലേക്കു മനുഷ്യരെ ക്ഷണിക്കുകയും കൊണ്ടുവരികയുമാണ് ഇതിൽ ദൈവത്തിൻ്റെ ഉദ്ദേശ്യം. ദൈവാവിഷ്‌കരണം ഉൾക്കൊള്ളുന്ന പദ്ധതിയും ഇതുതന്നെ. ഈ പദ്ധതിയുടെ പൂർത്തീകരണം സാധിക്കുന്നതു പരസ്‌പരം ആന്തരികമായി ബന്ധിതങ്ങളായ പ്രവൃത്തികളും വാക്കുകളും വഴിയാണ് (ദൈവാവിഷ്കരണം, 2).

വിശുദ്ധഗ്രന്ഥം 

വിശ്വാസത്തിന്റെ
വാതിൽ
 

ദൈവം സ്വയം വെളിപ്പെടുത്തുന്നതുവഴി മനുഷ്യർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നു നല്‌കുന്നതിൻ്റെ വിവരണമാണു വിശുദ്ധഗ്രന്ഥം. അവിടുത്തെ വെളിപ്പെടുത്തലുകളെ മൂന്നു ഗണങ്ങളിലായി മനസ്സിലാക്കാം: 1. തന്നെക്കുറിച്ചുതന്നെ 2. മനുഷ്യനെക്കുറിച്ച് 3. പ്രപഞ്ചത്തെക്കുറിച്ച്. ദൈവം നേരിട്ടല്ല, പ്രകൃതിയിലൂടെയും മനുഷ്യചരിത്രത്തിലൂടെയും തിരഞ്ഞെടുത്ത വ്യക്തികളിലൂടെയുമാണ് വെളിപ്പെടുത്തുന്നത്. താൻ വെളിപ്പെടുത്തുവാനുദ്ദേശിക്കുന്ന സത്യം മനുഷ്യർക്കു മനസ്സിലാകുന്നവിധത്തിൽ അവതരിപ്പിക്കുവാൻവേണ്ടി ചില വ്യക്തികളെ ദൈവം തിരഞ്ഞെടുക്കുന്നു. അവരാണു ദൈവികപ്രചോദനത്തിലും നിയന്ത്രണത്തിലും സഹമനുഷ്യർക്കു മനസ്സിലാകുന്ന രീതിയിൽ ദൈവിക വെളിപാട് അവതരിപ്പിക്കുന്നത്. വായിക്കുന്ന അഥവാ വായിച്ചു കേൾക്കുന്ന വ്യക്തികളുടെ ഭാഷാസങ്കേതങ്ങളും ശാസ്ത്രസങ്കല്‌പങ്ങളും സാഹിത്യ ശൈലികളും അവലംബിച്ചാണ് വിശുദ്ധഗ്രന്ഥകർത്താക്കൾ ദൈവികസത്യങ്ങൾ ആവിഷ്കരിക്കുന്നത്. ഈ വിവരണങ്ങളുടെ അർഥം ശരിക്കു മനസ്സിലാകണമെങ്കിൽ വിശുദ്ധഗ്രന്ഥം രചിക്കപ്പെട്ട കാലത്തെ മനുഷ്യൻ്റെ ശാസ്ത്രസങ്കല്‌പങ്ങളും ഭാഷാസാഹിത്യ ശൈലികളും ഗ്രഹിക്കണം, ഇന്നത്തെ നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും അളവുകോലുപയോഗിച്ച് നൂറ്റാണ്ടുകൾക്കു മുമ്പുരൂപപ്പെട്ട ബൈബിളിനെ സമീപിക്കുന്നതു ശരിയല്ല. 

വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ അഞ്ചുപുസ്‌തകങ്ങളുടെ കർത്താവ് മോശയാണ് എന്നതു യഹൂദരുടെയും (പുറ 17,4; നിയമാ 31,9; ജോഷ്വാ 8,32) ക്രൈസ്‌തവരുടെയും (യോഹ 5,45; നടപടി 3,22; റോമാ 4,19) വിശ്വാസമാണ്. പൂർവപിതാവായ അബ്രാഹത്തെ ദൈവം പ്രത്യേകവിധം തിരഞ്ഞെടുത്തു എന്നത് ഇസ്രായേൽ ജനത്തിനുണ്ടായിരുന്ന അടിസ്ഥാന ബോദ്ധ്യമായിരുന്നു. എവിടെ പോയാലും അവിടെയെല്ലാം അവരെ പരിപാലിച്ചു നയിക്കുമെന്നും ഒരു വലിയ ജനതയാക്കുമെന്നും ദൈവം അബ്രാഹത്തിനും അദ്ദേഹത്തിന്റെ പിൻതലമുറക്കാർക്കും വാഗ്‌ദാനം നല്‌കിയിരുന്നു എന്നുള്ളത് ജനത്തിനിടയിൽ കഥാരൂപത്തിൽ പ്രചരിച്ചിരുന്നു. ഈജിപ്തിൽനിന്നുള്ള വിമോചനത്തെ ഈ വാഗ്‌ദാനങ്ങളുടെ പൂർത്തീകരണമായാണ് മോശ ദർശിച്ചത്. അടിമത്തത്തിൽനിന്നു ജനത്തെ വിമോചിപ്പിച്ചതും, മരുഭൂമിയിലൂടെ നയിച്ചതും, സിനായ് മലയിൽ വച്ച് ദൈവവുമായുള്ള ഉടമ്പടിയുടെ മദ്ധ്യസ്ഥനായി വർത്തിച്ചതും, കാനാൻ ദേശത്തിൻ്റെ പടിവാതിൽവരെ എത്തിച്ചതുമെല്ലാം മോശയാണല്ലോ. ഇസ്രായേലിൻ്റെ വിമോചന ചരിത്രം രേഖപ്പെടുത്തിയ മോശ, അതിന് ആമുഖമായി പൂർവപിതാക്കന്മാരുടെ ചരിത്രം അവതരിപ്പിച്ചു. ഇസ്രായേൽ ചരിത്രത്തിൽ അനുഭവവേദ്യമായ ദൈവത്തിന്റെ രക്ഷാകരപ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ അബ്രാഹത്തിന്റെയും പ്രപഞ്ചത്തിൻ തന്നെയും ഉത്ഭവം തേടിയുള്ള മോശയുടെ അന്വേഷണമാണ് ഉല്‌പത്തിപ്പുസ്‌തകത്തിലെ ആദ്യ അദ്ധ്യായങ്ങളിൽ കാണുന്നത്. ദൈവം മനുഷ്യർക്കു കൈമാറാൻ ഉദ്ദേശിച്ചിരുന്ന സന്ദേശം മോശയ്ക്കു നല്കി. അതു തന്നെ കേൾക്കുന്നവർക്കു മനസ്സിലാകുന്ന രീതിയിൽ മോശ വിവരിച്ചു. ഈ വാചികപാരമ്പര്യങ്ങളാണ് ക്രമേണ ലിഖിതരൂപം പ്രാപിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ സ്ഥാനം പിടിച്ചത്. 

ചരിത്രത്തിലിടപെടുന്ന, തിരഞ്ഞെടുത്തു നയിക്കുന്ന, ഉടമ്പടി ബന്ധത്തിലേർപ്പെടുന്ന ദൈവത്തെ ഇസ്രായേൽജനത്തിനു പരിചിതമാണ്. പ്രപഞ്ചത്തിൻ്റെ ചരിത്രവും മനുഷ്യചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരിക്കുന്നത്. രണ്ടിന്റെയും അധിനാഥൻ ദൈവമാണ് എന്നതുതന്നെയാണ് ഈ ബന്ധത്തിനടിസ്ഥാനം. ചരിത്രനിയന്താവിൻ്റെ പ്രവർത്തനശൈലിയിൽ നിന്നാണ് ഇസ്രായേൽജനം പ്രപഞ്ചനാഥനായ സ്രഷ്‌ടാവിനെക്കുറിച്ചുള്ള അറിവിലേക്ക് എത്തിയത്. 

പഴയനിയമത്തിൽ മോശയുടെ ഗ്രന്ഥങ്ങൾക്കുശേഷം പ്രവാചകഗ്രന്ഥങ്ങളാണു പ്രാധാന്യമർഹിക്കുന്നത്. ദൈവത്തോട് ഉടമ്പടി വിശ്വസ്തതത പാലിക്കാനുള്ള ആഹ്വാനമാണ് പ്രവാചകരിൽ മുന്നിട്ടുനില്ക്കുന്നത്. ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു വാഗ്ദത്ത ഭൂമിയിലെത്തിച്ച ദൈവം പിന്നീടുണ്ടായ അടിമത്തങ്ങളിൽ നിന്നും പ്രത്യേകിച്ച് ബാബിലോണിയൻ അടിമത്തത്തിൽനിന്നും രക്ഷിക്കുന്നതിന്റെ ചരിത്രമാണ് പ്രവാചകഗ്രന്ഥങ്ങളിലുള്ളത്. ഈ വിമോചനങ്ങളെല്ലാം മിശിഹായിൽ സംഭവിക്കാനിരുന്ന യഥാർത്ഥവും ശാശ്വതവുമായ വിമോചനത്തിൻ്റെ മുന്നോടികൾ മാത്രമായിരുന്നു. 

ദൈവവചനം പ്രഘോഷിക്കപ്പെടുകയും തദനുസൃതം ദൈവകൃപയ്ക്കു കീഴിൽ പരിവർത്തന വിധേയമാകാൻ മനുഷ്യൻ തന്റെ ഹൃദയം സമർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശ്വാസത്തിന്റെ പടിവാതിൽ കടക്കുവാൻ അവനു സാധിക്കുകയുള്ളു (വിശ്വാസത്തിന്റെ വാതിൽ, 1). വിശ്വാസവാതിലിലൂടെ പ്രവേശിക്കുന്നതിനുള്ള രണ്ടു വ്യവസ്ഥകളാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്: ദൈവവചനപ്രഘോഷണവും മനുഷ്യഹൃദയത്തിന്റെ പ്രത്യുത്തരവും. മനുഷ്യരായ നമുക്കുവേണ്ടി വിശ്വാസവാതിൽ ആദ്യമായി തുറക്കപ്പെട്ടത് ദൈവം സ്വയം വെളിപ്പെടുത്തുവാൻ തിരുമനസ്സായ തോടുകൂടിയാണ്. സൃഷ്ട്‌ടിയുടെ ആരംഭംമുതൽ പഴയനിയമത്തിലുടനീളം ദൈവം തൻ്റെ ഈ വെളിപ്പെടുത്തൽ തുടർന്നുവെങ്കിലും മനുഷ്യനായവതരിച്ച ഈശോമിശിഹായിലാണ് അതു പൂർണമായത്. ദൈവത്തിൻ്റെ ജീവനിലേക്കു നമ്മെ പ്രവേശിപ്പിക്കുന്ന യഥാർത്ഥ വാതിൽ നസ്രായനായ ഈശോമിശിഹായാണ്. വാക്കിലും പ്രവൃത്തിയിലുംകൂടി അവിടുന്നു പ്രഘോഷിച്ച സുവിശേഷ സന്ദേശം നമുക്ക് ഈ വാതിൽ കാണിച്ചുതന്നു. 

സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു വിശ്വാസത്തിൽനിന്നു വരുന്ന അനുസരണം (റോമാ 16,26; 2 കോറി 10,5-6) മനുഷ്യൻ നല്കണം. ദൈവവചനത്തിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തിനുള്ള സമ്പൂർണമായ സമർപ്പണമാണ് വിശ്വാസത്തിന്റെ കാതൽ (ദൈവാവിഷ്കരണം, 5). ദൈവേഷ്‌ടപ്രകാരമുള്ള അനുദിനജീവിതമാണത്. 

തിരുസഭയിൽ വിശ്വസ്‌തതാപൂർവം കൈമാറപ്പെടുന്ന ദൈവവചനവും തന്റെ ശിഷ്യരുടെ ജീവനായി നല്‌കപ്പെട്ടിരിക്കുന്ന ജീവന്റെ അപ്പവും (യോഹ 6,51) ആഹരിക്കാനുള്ള താല്പര്യം നമ്മൾ കണ്ടെത്തേണ്ടതുണ്ട് (വിശ്വാസത്തിന്റെ വാതിൽ, 3).

സൃഷ്ടിയിൽ
തുറന്നിട്ടിരിക്കുന്ന
വിശ്വാസവാതിൽ
 

വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത് സൃഷ്ടിയുടെ വിവരണത്തോടെയാണ് (ഉല്പ‌ 1,1-2,4). ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്‌പ 1,1). "ആദിയിൽ" എന്ന പ്രയോഗം സ്രഷ്ടാവായ ദൈവത്തിന് ആരംഭമില്ലെന്നു സൂചിപ്പിക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും ഉണ്ടാകുന്നതിനു മുമ്പേ ദൈവം ഉണ്ട്. അവിടുന്നാണ് ഈ പ്രപഞ്ചത്തിലുള്ള സകലതിന്റെയും സ്രഷ്ടാവ്. ശൂന്യതയിൽനിന്നാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത് എന്നു വ്യക്തമാക്കാനാണ് രൂപരഹിതവും അന്ധകാരപൂർണവുമായ അവസ്ഥ വർണിക്കുന്നത് (ഉല്‌പ 1,2). "ഉണ്ടാകട്ടെ" എന്ന ദൈവത്തിന്റെ വചനത്താലാണ് എല്ലാം സൃഷ്ട്‌ടിക്കപ്പെട്ടത്. അവിടുത്തെ ദൈവികമായ അധികാരത്തിന്റെ ശക്തിയാണ് ഇവിടെ പ്രകടമാകുന്നത്. അവിടുന്നു സൃഷ്‌ടിച്ചതെല്ലാം നല്ലതെന്നു ദൈവം കണ്ടു (ഉല്പ 1,4.10.12.18.21.25.30). നല്ലതായല്ലാതെ അവിടുന്ന് ഒന്നും സൃഷ്ടിച്ചിട്ടില്ല. ദൈവം നല്‌കിയിരിക്കുന്നതിലും മെച്ചമായ ക്രമം ഈ പ്രപഞ്ചത്തിനു നല്‌കാൻ മനുഷ്യനാവില്ല. 

ഈ പ്രപഞ്ചത്തിലെ സകലത്തിൻ്റെയും കാരണഭൂതൻ എന്ന നിലയിലാണ് അവിടുന്ന് പിതാവ് എന്നറിയപ്പെടുന്നത് (ഉല്പ 1-2). സൃഷ്ടിയുടെ മകുടമായ മനുഷ്യൻ്റെയും സ്രഷ്‌ടാവ് ദൈവമാണ്. ദൈവികഛായയിലും സാദൃശ്യത്തിലും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മനുഷ്യനെ സംബന്ധിച്ചു ദൈവത്തിന്റെ പിതൃത്വത്തിന് ആഴമേറിയ അർത്ഥമുണ്ട്. മക്കൾക്കു മാതാപിതാക്കളുടെ ഛായയും സാദൃശ്യവുമാണല്ലോ ലഭിക്കുന്നത്. ദൈവം തന്റെ സ്വന്തം ഛായയിൽ മനുഷ്യവർഗ്ഗത്തെ സൃഷ്‌ടിച്ചു (ഉല്‌പ 1,27) എന്നുപറയുമ്പോൾ ഈ പിതൃത്വമാണ് വെളിപ്പെടുത്തുന്നത്.

പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവം അതുകൊണ്ടു തൻ്റെ പ്രവർത്തനം അവസാനിപ്പിച്ചില്ല. തന്റെ സൃഷ്ട‌ികളെയെല്ലാം അനുനിമിഷം പരിപാലിച്ചുകൊണ്ടിരിക്കുന്നതും അവിടുന്നാണ്. പ്രപഞ്ചത്തിനും അതിലെ ജീവജാലങ്ങൾക്കും ഒരു ക്രമം നല്കിയിരിക്കുന്നത് അവിടുന്നാണ്. അവിടുത്തെ പരിപാലനയുടെ കരം പിൻവലിച്ചാൽ എല്ലാം നിലംപതിക്കും. 

തന്റെതന്നെ ഛായയിൽ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരോട് ദൈവത്തിനു പ്രത്യേക താൽപര്യവും പരിഗണനയുമുണ്ട്. അതുകൊണ്ടാണ് അവിടുന്ന് അവനോടു സംസാരിക്കുന്നതും തന്റെ ഹിതം അവനെ അറിയിക്കുന്നതും. അവൻ ചരിക്കേണ്ടതും ചരിക്കരുതാത്തതുമായ വഴികൾ അവനു കാണിച്ചുകൊടുക്കുന്നതും അതു കൊണ്ടുതന്നെ. ഏദൻതോട്ടവും അതിലെ സംവിധാനങ്ങളും ഈ പരിഗണനയുടെ പ്രകടനമാണ്. ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചു പാപം ചെയ്യുമ്പോൾ അവിടുന്നു മനുഷ്യനെ ശിക്ഷിക്കുന്നു (ഉല്പ 3). നന്മയ്ക്കു പ്രതിഫലവും തിന്മയ്ക്കു ശിക്ഷയും നല്‌കുന്ന നീതിമാനാണ് അവിടുന്ന്. പാപത്തിനു ശിക്ഷ നല്കുന്നെങ്കിലും പാപിയെ വെറുക്കുന്നവനല്ല നമ്മുടെ ദൈവം. പാപിയുടെ നാശമല്ല, മാനസാന്തരമാണ് ദൈവശിക്ഷയുടെ ലക്ഷ്യം. അതു കൊണ്ടാണ് അനുതപിക്കുന്ന പാപിക്ക് അവിടുന്നു രക്ഷ വാഗ്ദാനം ചെയ്യുന്നത്. 

ഏശയ്യാപ്രവാചകനിലൂടെ അവിടുന്നു പ്രഖ്യാപിക്കുന്നു: "ഞാനാണു കർത്താവ്. ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് ആകാശം സൃഷ്ടിച്ച കർത്താവ് അരുളിച്ചെയ്യുന്നു. അവിടുന്നാണു ദൈവം. അവിടുന്നു ഭൂമിയെ രൂപപ്പെടുത്തി, സ്ഥാപിച്ചു. വ്യർത്ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന് അതു സൃഷ്ടിച്ചു" (ഏശ 45,18). ദൈവത്തിൻ്റെ അനന്തമഹത്ത്വമാണ് ദൃശ്യവും അദൃശ്യവുമായ സകല സൃഷ്ടിജാലങ്ങളും വിളിച്ചോതുന്നത്. വി. പൗലോസ്ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നു: "ദൈവത്തിൻ്റെ അദൃശ്യഗുണങ്ങൾ അവന്റെ നിത്യശക്തിയും ദൈവത്വവും ഒഴികഴിവു പറയാൻ വയ്യാത്തവിധം അവൻ്റെ സൃഷ്ട്‌ടവസ്‌തുക്കൾ ലോകസ്ഥാപനം മുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു" (റോമാ 1,20). ഇതേക്കുറിച്ചു സങ്കീർത്തകൻ ഇപ്രകാരം ആശ്ചര്യപ്പെടുന്നു: “കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം. അങ്ങയുടെ മഹത്ത്വം ആകാശങ്ങൾക്കുമീതെ പ്രകീർത്തിക്കപ്പെടുന്നു" (സങ്കീ 8,1). ഈ സൃഷ്‌ടവസ്‌തുക്കളിലൂടെ തന്നെക്കുറിച്ചുള്ള സ്ഥായിയായ സാക്ഷ്യം ദൈവം മനുഷ്യനു നല്കുന്നുണ്ട് (ദൈവാവിഷ്കരണം, 3). 

പൗരസ്ത്യസുറിയാനിപിതാവായ മാർ അപ്രേം സൃഷ്ടപ്രപഞ്ചത്തെ തിരുലിഖിതത്തിനു സമാനമായാണ് കാണുന്നത്. രണ്ടും ഒരുപോലെ ദൈവത്തിൻ്റെ അസ്‌തിത്വത്തിനും നന്മയ്ക്കും സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ, "സ്വാഭാവികലോകത്തിന്റെ സൃഷ്ടിയെപ്പറ്റി തൻ്റെ ഗ്രന്ഥത്തിൽ മോശ വിവരിക്കുന്നത്, പ്രകൃതിയും തിരുലിഖിതവും സ്രഷ്‌ടാവിനു സാക്ഷ്യം വഹിക്കാനായാണ്. പ്രകൃതി മനുഷ്യൻ്റെ ഉപയോഗത്താലും തിരുലിഖിതം വായനയാലും. എല്ലായിടത്തും എത്തുന്ന സാക്ഷികളാണവ. സ്രഷ്‌ടാവിനെ ദുഷിക്കുന്ന അവിശ്വാസികളെ നിശബ്ദരാക്കിക്കൊണ്ട് അവ എല്ലായിടത്തും എല്ലാനേരവും സന്നിഹിതമാണ്" (പറുദീസാഗീതങ്ങൾ, 5,2). മറ്റൊരവസരത്തിൽ അപ്രേം പിതാവ് ഇപ്രകാരം എഴുതുന്നു: “നീ എവിടെ നോക്കിയാലും അവൻ്റെ പ്രതീകങ്ങൾ കാണാം. നീ വായിക്കുമ്പോൾ അവൻ്റെ മുൻകുറികൾ കണ്ടെത്തും. കാരണം, എല്ലാ സൃഷ്ട‌ികളും അവൻവഴി സൃഷ്‌ടിക്കപ്പെട്ടു. തന്റെ അവകാശങ്ങളിന്മേൽ അവൻ തൻ്റെ പ്രതീകങ്ങൾ വരച്ചിരിക്കുന്നു. അവൻ ലോകത്തെ സൃഷ്‌ടിച്ചപ്പോൾ അവയെ നോക്കുകയും തൻ്റെ ഛായകളാൽ അലങ്കരിക്കുകയും ചെയ്‌തു. അവൻ്റെ പ്രതീകങ്ങളുടെ അരുവികൾ തുറക്കപ്പെട്ടു. അവൻ്റെ പ്രതീകങ്ങൾ ഒഴുകി അവന്റെ അവയ വങ്ങളുടെമേൽ വർഷിക്കപ്പെട്ടു" (കന്യാത്വഗീതങ്ങൾ, 20,12). ചുരുക്കത്തിൽ, സൃഷ്ടപ്രപഞ്ചം മുഴുവൻ സ്രഷ്‌ടാവായ ദൈവത്തിലുള്ള വിശ്വാസത്തിലേക്കു നമുക്കു പ്രവേശനമരുളുന്ന വാതിലാണ്. 

ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണദിവസങ്ങളിലെ സീറോമലബാർ സപ്രാനമസ്‌കാരത്തിൻ്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "കർത്താവേ, സൃഷ്ട്‌ടികളെല്ലാം ആനന്ദപൂർവം അങ്ങയെ സ്‌തുതിച്ചാരാധിക്കുന്നു. എന്തു കൊണ്ടെന്നാൽ, അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്‌ടിച്ചു. അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്‌ടികൾക്കു കാരണഭൂതനും, ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കർത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും, ആമ്മേൻ."

പൂർവപിതാക്കന്മാരിലൂടെ
വിശ്വാസവാതിൽ
തുറക്കുന്ന ദൈവം 

സൃഷ്ടപ്രപഞ്ചത്തിലൂടെ സ്വയം വെളിപ്പെടുത്തുന്നതുവഴി ദൈവം നമ്മെ വിശ്വാസത്തിലേക്കു മാടിവിളിക്കുകയാണെന്നു നമ്മൾ കണ്ടല്ലോ. താൻ സൃഷ്‌ടിച്ച മനുഷ്യകുലത്തിൽനിന്ന് ഒരു വ്യക്തിയെ - അബ്രാഹത്തെ - തിരഞ്ഞെടുത്ത് അനുഗ്രഹിച്ച്, ഒരു വലിയ ജനതയാക്കുമെന്നു വാഗ്ദാനം ചെയ്യുന്ന ദൈവത്തെയാണ് ഉല്പത്തി 12 മുതലുള്ള അദ്ധ്യായങ്ങളിൽ നമ്മൾ കാണുന്നത്. അബ്രാഹത്തിൻ്റെ മാത്രമല്ല, അദ്ദേഹത്തിൻ്റെ പുത്രനായ ഇസഹാക്കിന്റെയും പൗത്രനായ യാക്കോബിന്റെയും അദ്ദേഹത്തിന്റെ മക്കൾ പന്ത്രണ്ടുപേരുടെയും ജീവിതത്തിലിടപെട്ടു നയിച്ചു പരിപാലിക്കുന്ന ദൈവമാണവിടുന്ന്. ദൈവികമായ ഈ ഇടപെടലിലൂടെയും അവിടുന്നു സ്വയം വെളിപ്പെടുത്തുകയായിരുന്നു. അവിടുത്തെ ഓരോ വെളിപ്പെടുത്തലും നമ്മെ സംബന്ധിച്ചു വിശ്വാസത്തിലേക്കുള്ള വാതായനമാണ്. 

ദൈവം അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ജീവിതത്തിൽ ഇടപെടുന്നതും, നയിച്ചു പരിപാലിക്കുന്നതും വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ പ്രവർത്തനശൈലിയെപ്പറ്റി നമുക്കു ബോദ്ധ്യമുണ്ടാകാൻ വേണ്ടിയാണ്; അവരെ അനുഗ്രഹിച്ചു വഴിനടത്തിയ ദൈവം അതേ രീതിയിൽത്തന്നെ നമ്മെയും ഇന്നു പരിപാലിക്കുന്നു എന്ന ബോദ്ധ്യം ഉണ്ടാകാൻ. അബ്രാഹത്തിൻ്റെ കാര്യംതന്നെ പരിഗണിക്കാം (ഉല്പ 12,1-3). നോഹിൻ്റെ അനേക സന്തതിപരമ്പരയിൽ നിന്ന്, താൻ കാണിക്കുന്ന ദേശത്തേക്കു പോകുവാനായി ദൈവം അബ്രാഹത്തെ വിളിച്ചതുപോലെയാണ് ഇന്ന് അനേകായിരങ്ങളിൽ നിന്നു നമ്മെയും ക്രൈസ്ത‌വവിശ്വാസത്തിലേക്ക് അവിടുന്നു വിളിച്ചിരിക്കുന്നത്. അബ്രാഹത്തെപ്പോലെ ദൈവകരങ്ങളിലേക്കു സ്വയംവിട്ടുകൊടുത്ത് ഇറങ്ങിത്തിരിക്കാൻ തയ്യാറായാൽ അദ്ദേഹം അനുഗ്രഹിക്കപ്പെട്ടതുപോലെ നാമും സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട അബ്രാഹം സകല മനുഷ്യർക്കും അനുഗ്രഹമായി ഭവിച്ചതുപോലെ (ഉല്പ‌ 12,3), ദൈവഹിതത്തിനു സമർപ്പിക്കുന്ന നമ്മിലൂടെയും നമുക്കു ചുറ്റുമുള്ള ലോകം അനുഗ്രഹിക്കപ്പെടും. അബ്രാഹത്തിൻ്റെ വിശ്വാസതീക്ഷ്‌ണതയും ദൈവാശ്രയത്വവും നമുക്കുണ്ടാകണമെന്നു മാത്രം. 

ദൈവത്തിന്റെ വാക്കുകേട്ടു പുറപ്പെട്ടു കാനാൻ ദേശത്തെത്തിയ അബ്രാഹത്തിനു ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു (ഉല്പ‌ 12,6-9). ഷെക്കെമിൽ മൊറെയുടെ ഓക്കുമരത്തിനു സമീപം പ്രത്യക്ഷപ്പെട്ട് ആ ദേശം അദ്ദേഹത്തിന് അവകാശമായി നല്‌കുമെന്നു വാഗ്ദ‌ാനം ചെയ്ത ദൈവത്തിന് അബ്രാഹം ഒരു ബലിപീഠം പണിയുന്നതു നമ്മൾ കാണുന്നുണ്ട് (ഉല്പ‌ 12,7). അതുപോലെതന്നെ, ബഥേലിനു കിഴക്കുള്ള ആയിക്കു പടിഞ്ഞാറും അബ്രാഹം ദൈവത്തിനു ബലിപീഠം പണിത് കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു (ഉല്പ 12,8-9). ഹെബ്രോണിലുള്ള മാല്മയുടെ ഓക്കുമരങ്ങൾക്കു സമീപവും അബ്രാഹം ഇതുതന്നെ ആവർത്തിക്കുന്നുണ്ട് (ഉല്പ 13,18). വിശ്വാസജീവിതത്തിൽ നമുക്കുണ്ടാകേണ്ട അടിസ്ഥാനപരമായ ദൈവോന്മുഖതയാണിവിടെ വെളിവാകുന്നത്. ദൈവത്തോടാണോ ഇസഹാക്കിനോടാണോ കൂടുതൽ സ്നേഹം എന്നു ദൈവം പരീക്ഷിച്ചപ്പോൾ ദൈവത്തിൻ്റെ പക്ഷത്തുനിന്നുകൊണ്ട് അബ്രാഹം വിശ്വാസത്താൽ ഇസഹാക്കിനെ ബലിപീഠത്തിൽ അർപ്പിച്ചു (ഉല്പ‌ 22; ഹെബ്രാ 11,17). അപ്രകാരം അദ്ദേഹം വിശ്വാസികളുടെ പിതാവായി. വിശ്വാസിയുടെ ജീവിതം ബലിപീഠകേന്ദ്രീകൃതമായിരിക്കണം, ബലിയർപ്പണവുമായി ബന്ധപ്പെട്ടായിരിക്കണം എന്ന് അബ്രാഹത്തിൻ്റെ മാതൃക നമ്മെ പഠിപ്പിക്കുന്നു. 

അബ്രാഹത്തിനു നല്‌കിയ വാഗ്‌ദാനം ഇസഹാക്കിനോടും യാക്കോബിനോടും ദൈവം ആവർത്തിക്കുന്നുണ്ട്. കൂടെ ഉണ്ടായിരുന്നുകൊണ്ട് അനുഗ്രഹിക്കുമെന്ന് ദൈവം ഇസഹാക്കിന് ഉറപ്പു കൊടുത്തു (ഉല്പ 26,3.24). ദൈവം ഹാരാനിൽവച്ചു യാക്കോബിനു പ്രത്യക്ഷപ്പെട്ടപ്പോഴും നല്‌കിയത് ഇതേ വാഗ്ദാനം തന്നെയാണ് (ഉല്പ 28,13-15). കർത്താവിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ യാക്കോബിന്റെ പ്രതികരണം ശ്രദ്ധേയമാണ്: "ഈ സ്ഥലം എത്ര ഭയാനകമാണ്; ഇതു ദൈവത്തിൻ്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വർഗത്തിന്റെ കവാടമാണിവിടം" (ഉല്‌പ 28,17). അതിരാവിലെ ഉണർന്ന യാക്കോബ് തന്റെ തലയ്ക്കുകീഴെ വച്ചിരുന്ന കല്ലെടുത്തു തൂണായി കുത്തിനിർത്തി അതിന്മേൽ എണ്ണയൊഴിച്ചു ദൈവത്ത ആരാധിക്കുന്ന രംഗവും നമ്മൾ കാണുന്നുണ്ട് (ഉല്പ 28,18). പരിശുദ്ധ കുർബാനയിൽ, അബ്രാഹത്തിൻ്റെയും ഇസഹാക്കിന്റെയും യാക്കോബിൻ്റെയും ദൈവത്തിൻ്റെ സന്നിധിയിലേക്ക് വിചാരങ്ങൾ ഉയർത്തുമ്പോൾ, ഈ പൂർവപിതാക്കന്മാരോടൊപ്പം നമ്മളും സ്വർഗത്തിൻ്റെ കവാടമാണു കടക്കുന്നത്. 

സർവലോകരക്ഷകനായ മിശിഹായുടെയും അവിടുത്തെ രാജ്യത്തിന്റെയും ആഗമനത്തെ ഉദ്ദർശനംചെയ്‌ത് അറിയിക്കുക, അതിനു കളമൊരുക്കുക; ഇതായിരുന്നു പഴയഉടമ്പടികൊണ്ടു മുഖ്യമായി ഉദ്ദേശിച്ചത് (ലൂക്കാ 24,44; യോഹ 5,39; 1 പത്രോ 1,10). അതിലെ വിവിധ പ്രതിരൂപങ്ങൾ മിശിഹാ വരുന്നതിന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കാൻ വേണ്ടിയാണ് (1 കോറി 10,11). പഴയഉടമ്പടിയിലെ പുസ്തകങ്ങൾ മിശിഹാ സമാരംഭിച്ച രക്ഷയുടെ കാലത്തിനുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ പരിതഃസ്ഥിതിക്കനുരൂപമായി അവർക്കു ദൈവത്തെയും മനുഷ്യരെയുംകുറിച്ചുള്ള ജ്ഞാനം നല്കിയിരുന്നു (ദൈവാവിഷ്കരണം, 15).

മോശയിലൂടെ
തുറക്കപ്പെടുന്ന
വിശ്വാസവാതിൽ
 

അബ്രാഹത്തിൻ്റെ പൗത്രനായ യാക്കോബിൻ്റെ പന്ത്രണ്ടു മക്കളും അവരുടെ സന്തതിപരമ്പരയുമാണ് ഇസ്രായേൽജനം. ഈജിപ്‌തിൽ അടിമകളാക്കപ്പെട്ട അവർ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി, മരുഭൂമിയിലൂടെ ദീർഘകാലം യാത്രചെയ്‌ത്, സീനായ്‌മലയിലെ ഉടമ്പടിയിലൂടെ ദൈവത്തിന്റെ ജനമായി, വാഗ്ദത്തഭൂമിയിലെത്തുന്ന സംഭവങ്ങളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള വിശദീകരണമാണ് പുറപ്പാടു പുസ്‌തകം. മോശയെ വിളിക്കാനായി, മുൾപ്പടർപ്പിൻ്റെ മധ്യത്തിൽ ജ്വലിച്ചുയരുന്ന അഗ്നിയിൽ പ്രത്യക്ഷപ്പെട്ട ദൈവം, “പിതാക്കന്മാരുടെ ദൈവമായ കർത്താവ്, അബ്രാഹത്തിൻ്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" എന്നാണു സ്വയം വെളിപ്പെടുത്തുന്നത് (പുറ 3,15-16). "ഞാൻ ഞാൻ തന്നെ" (പുറ 3:14) എന്നു. വെളിപ്പെടുത്തുമ്പോൾ ചരിത്രത്തിലുടനീളം പ്രവർത്തനനിരതൻ ആയിരിക്കുന്നവൻ, സ്വയം ഭൂവായവൻ, നിത്യം നിലനില്ക്കുന്നവൻ ആണ് താൻ എന്നവിടുന്നു വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ ആരാധിക്കാൻവേണ്ടി, അവിടുത്തേക്കു ബലിയർപ്പിക്കാൻവേണ്ടി ജനത്തെ സ്വതന്ത്രരാക്കണം എന്നായിരുന്നു അവിടുന്നു മോശയോട് ആവശ്യപ്പെട്ടത് (പുറ 3,18.23). ദൈവം പ്രത്യേകവിധം ഇടപെട്ട് ഈജിപ്തുകാരുടെ ആദ്യജാതരെ സംഹരിച്ചപ്പോൾ, ഇസ്രായേൽ ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. ഇതിൻ്റെ അനുസ്‌മരണമായാണ് തലമുറതോറും ഇസ്രായേൽക്കാർ പെസഹാ ആചരിക്കുന്നത് (പുറ 12,1-14). പെസഹാ എന്ന വാക്കിൻ്റെ അർത്ഥം തന്നെ “കടന്നു പോകൽ" എന്നാണല്ലോ. 

അത്ഭുതകരമായി ചെങ്കടൽ കടന്ന് (പുറ 14,1-9), പകൽ മേഘസ്തംഭത്തിന്റെയും രാത്രി അഗ്നിസ്‌തംഭത്തിന്റെയും സഹായത്താൽ യാത്രചെയ്‌ത്‌ (പുറ 13,21-22) മന്നായും കാടപ്പക്ഷിയും ഭക്ഷിച്ച് (പുറ 16) പാറയിൽനിന്നുള്ള ജലവും പാനംചെയ്ത് (പുറ 17,1-7) സീനായ് മരുഭൂമിയിലെത്തിയ ഇസ്രായേൽക്കാരോടു മോശയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്‌തു: "നിങ്ങൾ എന്റെ വാക്കു കേൾക്കുകയും എൻ്റെ ഉടമ്പടി പാലിക്കുകയും ചെയ്‌താൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും. കാരണം, ഭൂമി മുഴുവൻ എൻ്റേതാണ്. നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും" (പുറ 19,5-6). ഉടമ്പടി വ്യവസ്ഥകളായി ഇസ്രായേൽ പാലിക്കണമെന്നു ദൈവം നിർദ്ദേശിച്ച അവിടുത്തെ വാക്കുകളാണ് പത്തു കല്പനകൾ (പുറ 20,1-17). ഈ പത്തു പ്രമാണങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തജനമായി തീരുന്നതിനുള്ള വാതിൽ അവിടുന്നു തുറന്നു നല്കുകയായിരുന്നു. ഈ വാതിലിൻ്റെ താക്കോൽ അവിടുന്നേല്പിച്ചതു മോശയെയാണ്. ഈ ഉടമ്പടി വ്യവസ്ഥകൾ ഇസ്രായേൽ ജനത്തിനായി വ്യാഖ്യാനിച്ചും വിശദീകരിച്ചും നല്‌കിയ മോശ അവരുടെ മുമ്പിൽ വിശ്വാസവാതിൽ തുറന്നിടുകയായിരുന്നു. 

പത്തു പ്രമാണങ്ങൾ രണ്ടു കല്‌പലകകളിലായാണല്ലോ എഴുതപ്പെട്ടത്. മോശ സംവഹിക്കുന്ന ഈ രണ്ടു കല്‌പലകകളെ വാതിലിന്റെ രണ്ടു പാളികളായി കണക്കാക്കാനാവും. ഇവയിൽ ആദ്യപലകയിലെ മൂന്നു കല്‌പനകൾ ദൈവവുമായുള്ള ബന്ധത്തെയും രണ്ടാമത്തേതിലെ ഏഴെണ്ണം മനുഷ്യർ പരസ്പ‌രമുള്ള ബന്ധത്തെയും സംബന്ധിക്കുന്നവയാണ്. നിയമത്തിലെ പരമപ്രധാനമായ കല്‌പനയായി ദൈവസ്നേഹത്തെയും പരസ്നേഹത്തെയും ഈശോമിശിഹാ അവതരിപ്പിച്ചപ്പോൾ (മത്താ 22,34-40) ഈ ഘടനതന്നെയാണു പിന്തുടർന്നത്. "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ നിയമത്തിന് ഒരു വള്ളിപുള്ളി മാറ്റം വരുകയില്ല" (മത്താ 5,18) എന്നു പഠിപ്പിച്ച "പുതിയനിയമ മോശ'യായ അവിടുന്ന് സഹോദരബന്ധത്തെക്കുറിച്ചുള്ള പ്രമാണങ്ങൾക്കു പുതിയ വ്യാഖ്യാനം നല്‌കുന്നതും ഗിരിപ്രഭാഷണത്തിൽ നമ്മൾ കാണുന്നുണ്ട് (മത്താ 5,21-48). യഹൂദനിയമജ്ഞരുടെയും പ്രീശരുടെയും രീതിയിൽനിന്നു വ്യത്യസ്തമായി വേണം ധർമ്മദാനവും പ്രാർത്ഥനയും ഉപവാസവുമൊക്കെ അനുഷ്‌ഠിക്കാൻ എന്നു പഠിപ്പിച്ചപ്പോൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള വാതിൽ അവിടുന്നു മലർക്കെ തുറന്നിടുകയായിരുന്നു (മത്താ 5,20; 6,1-18). സ്വർഗത്തിൽ പ്രവേശിക്കുന്നതിനുള്ള മാർഗം മോശയുടെ വാക്കു കേൾക്കുകയാണ് എന്ന് ഈശോ അരുളിച്ചെയ്‌ത ഉപമയിലെ അബ്രാഹത്തിൻ്റെ വാക്കുകളിൽനിന്നു വ്യക്തമാണല്ലോ (ലൂക്കാ 16,29). മോശ തുറന്നുതന്നതും പ്രമാണപ്പലകകളാൽ നിർമ്മിതവുമായ വിശ്വാസവാതിലിൻ്റെ പ്രസക്തി പുതിയ നിയമകാലഘട്ടമായ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ പത്തുകല്‌പനകൾ തന്നെയാണല്ലോ ക്രൈസ്‌തവധാർമികതയുടെയും അടിസ്ഥാനം. 

പരി. പിതാവ് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പാ നസ്രത്തിലെ ഈശോ എന്ന ഗ്രന്ഥത്തിൽ മനുഷ്യനായവതരിച്ച ഈശോയെ പഴയനിയമമോശയുമായി താരതമ്യപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. പിതാവുമായുള്ള അവിടുത്തെ ബന്ധം വ്യക്തമാക്കാനാണിത്. മാർപാപ്പായുടെ അഭിപ്രായത്തിൽ ഈശോ മിശിഹാ പുതിയനിയമമോശയാണ്. കർത്താവായ ദൈവം "മുഖത്തോടു മുഖമറിഞ്ഞ" മോശയെപ്പോലെ മറ്റൊരു പ്രവാചകനും ഇസ്രായേലിൽ ഉണ്ടായിട്ടില്ല എന്നാണു നിയമാവർത്തനപുസ്തകം സാക്ഷ്യപ്പെടുത്തുന്നത് (34,10). ദൈവവുമായുണ്ടായിരുന്ന ഈ അടുത്ത ബന്ധമാണ് പഴയനിയമവെളിപാടിന്റെയും സീനായ് ഉടമ്പടിയുടെയും മദ്ധ്യസ്ഥനാകാൻ മോശയെ പ്രാപ്‌തനാക്കിയത്. എങ്കിലും മോശയ്ക്കു പരിമിതികളുണ്ടായിരുന്നു. ദൈവത്തിന്റെ മുഖം ദർശിക്കാൻ അദ്ദേഹത്തിനായില്ല (നിയമ 33,23). അവിടുത്തെ മേഘത്തിനുള്ളിൽ പ്രവേശിച്ച് ഒരു സ്നേഹിതനോടെന്നപോലെ അവിടുത്തോടു സംസാരിച്ചവനാണെങ്കിലും മോശയുടെ ദൈവിക ജ്ഞാനം അപൂർണ്ണമായിരുന്നു. ഈ അപൂർണ്ണതയുടെ പശ്ചാത്തലത്തിൽവേണം തന്നേക്കാൾ ശ്രേഷ്ഠനായ 'മറ്റൊരു പ്രവാചകനെ' ക്കുറിച്ചുള്ള മോശയുടെ പ്രവചനം മനസിലാക്കാൻ (നിയമ 18,15). 

വി. യോഹന്നാൻ അറിയിച്ച സുവിശേഷത്തിൻ്റെ ആമുഖത്തിൽ ഈശോയും മോശയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കപ്പെടുന്നുണ്ട്: ".... നിയമം മോശവഴി നല്‌കപ്പെട്ടു. കൃപയും സത്യവുമാകട്ടെ ഈശോമിശിഹാവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1,18). പത്തുകല്പ‌നകൾ അഥവാ തോറാ മോശവഴി നല്കപ്പെട്ടുവെങ്കിൽ, ദൈവികവെളിപാടിൻ്റെ പൂർണതയായ സത്യവും കൃപയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ ഈശോമിശിഹായിലൂടെ നല്കപ്പെടുന്നു.

വിശ്വാസവാതിൽ
തുറക്കുന്ന പ്രവാചകന്മാർ 

ദൈവത്തിനുവേണ്ടി സംസാരിക്കാനും ദൈവഹിതം ജനത്തെ അറിയിക്കാനുമായി ദൈവംതന്നെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന വ്യക്തികളാണ് പ്രവാചകന്മാർ. ദൈവത്തിന്റെ ഈ വക്താക്കളിലൂടെ ദൈവാരൂപിതന്നെ സംസാരിക്കുന്നു എന്നതായിരുന്നു ഇസ്രായേലിലെ വിശ്വാസം (1 സാമു 10, 10;1രാജാ 22,24). ദൈവ മനുഷ്യരായ ഇവരെ ദീർഘദർശികൾ എന്നും വിളിച്ചിരുന്നു (1 സാമു 9,9). "പൂർവകാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരോടു പല പ്രകാരത്തിലും പലവിധത്തിലും പ്രവാചകരിലൂടെ സംസാരിച്ചു..." (ഹെബ്രാ 1,1-2). ദൈവഹിതം അറിയിക്കുകവഴി ദൈവത്തിന്റെ ഹൃദയത്തിലേക്കുള്ള വാതിലാണു പ്രവാചകർ തുറന്നു നല്കിയത്. 

ദൈവത്തോടുള്ള വിശ്വസ്‌തതയിൽനിന്ന് ഇസ്രായേൽജനം അകന്നുപോയപ്പോഴാണ് പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടത്. ഉടമ്പടി വ്യവസ്ഥകൾക്കനുസരിച്ച് ദൈവത്തോടും സഹോദരരോടുമുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനമാണ് അവർക്കു നല്കാനുണ്ടായിരുന്നത്. ജറെമിയാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു: "അവിശ്വസ്‌തരായ മക്കളേ, തിരിച്ചുവരുവിൻ; ഞാൻ നിങ്ങളുടെ അവിശ്വസ്‌തത പരിഹരിക്കാം" (ജറെ 3,22). പുതിയൊരു ഉടമ്പടിയെക്കുറിച്ചും പ്രവാചകനിലൂടെ ദൈവം അറിയിക്കുന്നുണ്ട്: "ഇസ്രായേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാൻ അവരെ കൈയ്ക്കുപിടിച്ച് ഈജിപ്‌തിൽനിന്നു കൊണ്ടുവന്ന നാളിൽ അവരുടെ പിതാക്കന്മാരോടു ചെയ്‌ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാൻ അവരുടെ കർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചു. കർത്താവ് അരുളിച്ചെയ്യുന്നു: ആ ദിവസം വരുമ്പോൾ ഞാൻ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും:

ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും" (ജറെ 31,31-33). നസ്രായനായ ഈശോമിശിഹായിൽ പൂർത്തിയായ ഉടമ്പടിയെക്കുറിച്ചായിരുന്നു ഈ പ്രവചനം. അന്ത്യത്താഴവേളയിൽ, "ഇതു പാപമോചനത്തിനായി അനേകർക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്' (മത്താ 26,28) എന്നരുളിച്ചെയ്‌തത്, തന്റെ കുരിശുമരണത്തിലൂടെ പുതിയഉടമ്പടി മുദ്രവയ്ക്കപ്പെടുന്നു എന്നു വ്യക്തമാക്കാനാണ്. 

മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ വാതിൽ തുറന്നു തരുന്നതും പ്രവാചകന്മാരാണ്. "കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്നു വിളിക്കപ്പെടും" (ഏശ 7, 14) എന്ന പ്രവചനം ഈശോയുടെ ജനനത്തിൽ പൂർത്തിയായി എന്നു വി. മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ടല്ലോ (മത്താ 1,22-23). "അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിൻ്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു" (ഏശ 9,2) എന്ന പ്രവാചകവചനമാണ് ഈശോയുടെ മനുഷ്യാവതാരത്തിൽ നിറവേറിയത്. "ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും" (ഏശ 11,1) എന്നതു ദാവീദിന്റെ പുത്രനായ ഈശോമിശിഹായെക്കുറിച്ചായിരുന്നല്ലോ. സഹനദാസനായ മിശിഹായുടെ മരണം വഴിയാണ് രക്ഷയുടെ ഭവനത്തിലേക്കു നമുക്കു പ്രവേശനം ലഭിക്കുന്നത് എന്നും പ്രവാചകൻ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്: "അവൻ തന്റെ ജീവനെ മരണത്തിന് ഏല്പ‌ിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി; അതിക്രമങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചു" (ഏശ 53,12). 

മിശിഹായുടെ ഭരണകാലത്തു പറുദീസായിലെ അവസ്ഥ പുനഃസ്ഥാപിക്കപ്പെടും എന്നു പ്രവചിച്ചത് ഏശയ്യായാണ്. “ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്മാവ് അവന്റെമേൽ ആവസിക്കും... ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചുമേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനുമുകളിൽ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയിൽ കയ്യിടും" (ഏശ 11,1-8). “നിന്റെ സൂര്യൻ അസ്തമിക്കുകയില്ല; നിൻ്റെ ചന്ദ്രൻ മായുകയുമില്ല; കർത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും" (ഏശ 60,20). ഈശോയുടെ പുൽക്കൂട്ടിലെ ജനനം ഈ പ്രവചനങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്. ഈ പ്രവചനങ്ങൾ കുരിശിൽ പൂർത്തിയായി എന്ന് അനുതപിച്ച കള്ളനോടുള്ള ഈശോയുടെ വാക്കുകളിൽനിന്നു സ്പഷ്ടമാണ്: "ഇന്നു നീ എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23,43). 

പുതിയനിയമത്തിൻ്റെ വാതിൽ നമുക്കു തുറന്നുതരുന്ന പ്രവാചകൻ യോഹന്നാൻ മാംദാനയാണ്. മിശിഹായിലേക്കു നയിക്കുന്ന വഴിയൊരുക്കി, രക്ഷയുടെ കവാടത്തിങ്കൽ മനുഷ്യവർഗത്തെ എത്തിക്കുന്നു യോഹന്നാൻ. തൻ്റെ ശിഷ്യന്മാർക്ക് മിശിഹായെ ചൂണ്ടി കാണിച്ചുകൊണ്ട്, "ഇതാ ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹ 1,29) എന്നു പറയുമ്പോൾ ഈ ദൗത്യമാണു മാംദാന നിർവഹിക്കുന്നത്. ദൈവപുത്രനായ നസ്രായനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സാക്ഷ്യമാണ് അന്ത്രയോസിനെയും സ്നേഹിതനെയും മിശിഹാനുഭവത്തിന്റെ വാതിൽ കടക്കാൻ പ്രചോദിപ്പിച്ചത്. മിശിഹായാകുന്ന വാതിലിലേക്കുള്ള ചൂണ്ടുപലകകളായി പ്രവാചകസാക്ഷ്യങ്ങൾ ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടാണ് പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ മോശയുടെ നിയമഗ്രന്ഥത്തിൽ നിന്നെന്ന പോലെ പ്രവാചകഗ്രന്ഥങ്ങളിൽ നിന്നും നമ്മൾ വായിക്കുന്നത്.

മനുഷ്യാവതാരത്തിലൂടെ
ദൈവികജീവനിലേക്കു
തുറന്ന വാതിൽ 

"പൂർവകാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരോടു പല പ്രകാരത്തിലും പലവിധത്തിലും പ്രവാചകരിലൂടെ സംസാരിച്ചു. ഈ അവസാനനാളുകളിലാകട്ടെ, തൻ്റെ പുത്രനിലൂടെ ദൈവം നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1,1-2). ദൈവത്തിന്റെ വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചത് (യോഹ 1,14) നമുക്കു പിതാവായ ദൈവത്തിങ്കലേക്കുള്ള വാതിൽ തുറന്നു നല്കുന്നതിനുവേണ്ടിയായിരുന്നു. ഇതവിടുന്നു സാധിച്ചത് നമുക്കു മനസ്സിലാകുന്ന രീതിയിൽ നമ്മുടെതന്നെ ഭാഷയിലും രീതിയിലും ദൈവത്തെ നമുക്കു വെളിപ്പെടുത്തിത്തന്നുകൊണ്ടാണ്. ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പായുടെ വാക്കുകളിൽ, "പിതാവായ ദൈവത്തിന്റെ മുഖം നമുക്കു കാണിച്ചുതന്നു" എന്നതിലാണ് ഈശോ നല്‌കിയ വെളിപാടിൻ്റെ മാഹാത്മ്യം (നസ്രായനായ ഈശോ 1, 44). നസ്രായനായ ഈശോ പിതാവിൻ്റെ ഏകജാതനാണ് എന്നു വിശ്വസിക്കുകയാണ് അവിടുന്നു തുറന്നുതരുന്ന വാതിലിലൂടെ പിതാവിങ്കലേക്കു പ്രവേശിക്കാനുള്ള ഏകമാർഗം. വിശ്വാസപ്രമാണത്തിൽ, "ദൈവത്തിൻ്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുമ്പു പിതാവിൽനിന്നു ജനിച്ചവനും എന്നാൽ സൃഷ്‌ടിക്കപ്പെടാത്തവനും ഏകകർത്താവുമായ ഈശോമിശിഹായിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്നേറ്റു പറയുമ്പോൾ ഈശോയാകുന്ന വാതിലിലൂടെ നമ്മൾ അകത്തു പ്രവേശിക്കുകയാണ്. 

"ദൈവത്തിന്റെ സാദൃശ്യത്തിലായിരുന്നിട്ടും, തനിക്കു ദൈവത്തോടുള്ള തുല്യത മാറ്റിവയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമായി അവൻ പരിഗണിച്ചില്ല. അവൻ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ, മനുഷ്യരുടെ സാദ്യശ്യത്തിലാവുകയും ചെയ്‌തു" (ഫിലി 2,6-7). സത്തയിൽ പിതാവിനോടു സമനെങ്കിലും പരിമിതനായ മനുഷ്യൻ്റെ രൂപത്തിലാവാൻ അവിടുത്തേക്കു മടിയില്ലായിരുന്നു. ത്രിത്വത്തിലെ രണ്ടാമത്തെ ആളിൻ്റെ അതിശ്രേഷ്‌ഠമായ ശൂന്യവത്ക്കരണമാണ് മനുഷ്യാവതാരം. “സമയം പൂർത്തിയായപ്പോൾ ദൈവം തൻ്റെ പുത്രനെ അയയ്ക്കുകയും, അവൻ സ്ത്രീയിൽനിന്നു ജനിച്ചു നിയമത്തിനു വിധേയനാവുകയും ചെയ്‌തു. അതു നിയമത്തിൻകീഴിൽ കഴിയുന്നവരെ വീണ്ടെടുക്കുവാനും നമുക്കു ദത്തുപുത്രസ്ഥാനം നേടിത്തരാനും വേണ്ടിയായിരുന്നു" (ഗലാ 4,4-5). 

മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടി ദൈവപുത്രൻ മനുഷ്യനായി പിറന്നു. ഇസ്രായേൽജനത്തെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു രക്ഷിച്ച യാഹ്‌വെ (പുറ 14,3-4) സമയത്തിന്റെ പൂർത്തിയിൽ മനുഷ്യവർഗം മുഴുവനെയും രക്ഷിക്കുന്നതിനായി തന്റെ പുത്രനെ അയച്ചു. ദാവീദിൻ്റെ പട്ടണത്തിൽ ജനിച്ച ശിശുവിനെ നമുക്കുള്ള രക്ഷകനായാണ് ദൈവദൂതൻ അവതരിപ്പിച്ചത് (ലൂക്കാ 2,11). ഉണ്ണിമിശിഹായെ കരങ്ങളിലെടുത്ത ശിമയോൻ ദീർഘദർശി, സകല ജനതകൾക്കുമായി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ താൻ കണ്ടു എന്നുദ്ഘോഷിച്ചു (ലൂക്കാ 2,31). ഈശോ മാത്രമാണ് ഏക രക്ഷകനെന്നു പന്തക്കുസ്‌തായ്ക്കുശേഷം ശ്ലീഹന്മാരും പ്രഘോഷിച്ചു (നടപടി 4,12). 

ഈശോ നല്‌കുന്ന രക്ഷ പാപത്തിൻ്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനമാണ്. അവിടുത്തെ പേരുതന്നെ അതു വ്യക്തമാക്കുന്നുണ്ട്. ദൂതൻ യൗസേപ്പിനോടു പറഞ്ഞു: "നീ അവന് ഈശോ എന്നു പേരു നല്‌കണം. കാരണം, അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും" (മത്താ 1,21). "ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്" (യോഹ 1,29) എന്നു യോഹന്നാൻ മാംദാന ഈശോയെ വിശേഷിപ്പിക്കുന്നതിൻ് അർത്ഥവുമിതാണ്. മനുഷ്യൻ്റെ അനുസരണക്കേടും അവിശ്വസ്തതയുംമൂലം തകർന്ന ദൈവ-മനുഷ്യബന്ധത്തെ പുനഃസ്ഥാപിച്ചുകൊണ്ടാണ് ഈശോമിശിഹാ രക്ഷ സാധിച്ചത്. മനുഷ്യവർഗത്തോടു പരിപൂർണ താദാത്മ്യം പ്രാപിച്ച ദൈവപുത്രൻ കുരിശുമരണംവരെയുള്ള തന്റെ അനുസരണവും വിശ്വസ്‌തതയുംവഴി സകല മനുഷ്യരുടെയും പ്രതിനിധി എന്ന നിലയിൽ പരിഹാരമനുഷ്‌ഠിച്ചു. ദൈവികമായ തന്റെ യോഗ്യതകളാൽ മനുഷ്യൻ്റെ പാപംകഴുകി, ദൈവവുമായി അവനെ രമ്യപ്പെടുത്തി; അവൻ്റെ രക്ഷ സാധിച്ചു. ഇതാണു മനുഷ്യാവതാരരഹസ്യത്തിലൂടെ സംഭവിച്ചത്. 

മനുഷ്യാവതാരംവഴി നമുക്കുണ്ടായ നേട്ടത്തെപ്പറ്റി പരിശുദ്ധ കുർബാനയിലെ മൂന്നാം ഗ്ഹാന്ത വ്യക്തമാക്കുന്നുണ്ട്: “നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു." ദൈവം നമ്മിലൊരുവനെപ്പോലെയായതിലൂടെ നമ്മുടെ മനുഷ്യ പ്രകൃതി വിശുദ്ധീകരിക്കപ്പെടുകയായിരുന്നു അഥവാ ദൈവീകരിക്കപ്പെടുകയായിരുന്നു; നമുക്കു ദൈവികജീവനിൽ പങ്കുലഭിക്കുകയായിരുന്നു. "മനുഷ്യനെ ദൈവമാക്കാൻ ദൈവം മനുഷ്യനായി" എന്നു സഭാപിതാവായ ഇരണേവൂസും, "മനുഷ്യൻ ദൈവമാകേണ്ടതിന് വചനം മാംസമായി" എന്നു സഭാപിതാവായ അത്തനേഷ്യസും പറയുമ്പോൾ ഈ സത്യമാണു പ്രഘോഷിക്കുന്നത്. ദൈവപുത്രൻ മനുഷ്യപുത്രനായത്, മനുഷ്യപുത്രർ ദൈവപുത്രരാകേണ്ടതിനാണ് എന്നു വി. ആഗസ്തീനോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

മനുഷ്യാവതാരംവഴി നമുക്കു ദൈവികജീവനിൽ പങ്കുനല്കിയപ്പോൾ സൃഷ്ട‌ിയിൽ ആരംഭിച്ച രക്ഷാപദ്ധതി ദൈവം പൂർത്തിയാക്കുകയായിരുന്നു. തൻ്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ട‌ിച്ചപ്പോൾതന്നെ ഈ സാധ്യത അവിടുന്നു മനുഷ്യനിൽ നിക്ഷേപിച്ചിരുന്നു. ദൈവപുത്രൻ മനുഷ്യസ്വഭാവം സ്വീകരിച്ചതുവഴി ഈ സാധ്യതയാണ് പൂവണിഞ്ഞത്. മുകളിൽ സൂചിപ്പിച്ച ഗ്ഹാന്ത പ്രാർത്ഥനയുടെ സമാപനത്തിലും ഇതേ ആശയമുണ്ട്: "ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിൻ്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്ത്വമണിയിക്കുകയും ചെയ്തു‌." ഈശോമിശിഹാ സാധിച്ചിരിക്കുന്ന രക്ഷ ദൈവികീകരണസാധ്യത - സ്വതന്ത്രമനസ്സോടെ വ്യക്തിപരമായ മാനസാന്തരത്തിലൂടെ നാം സ്വീകരിക്കുകയും പൂർണമനസ്സോടെ അതിനോടു സഹകരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമുക്കു സ്വന്തമാകൂ. ദൈവിക കൃപാവരത്തോടു നമ്മൾ സഹകരിക്കുമ്പോൾ അവിടുത്തെ ജീവനിൽ നമുക്കും പങ്കു ലഭിക്കും. മനുഷ്യനായവതരിച്ച ദൈവപുത്രനുമായി കൂട്ടായ്മയിലാകുന്നതു വഴിയാണ് നമുക്കു ദൈവപുത്രരാകാൻ കഴിയുന്നത്.

10 

പിതാവിന്റെ
സത്തയിലേക്കു
തുറക്കുന്ന വാതിൽ 

മനുഷ്യനായവതരിച്ച ദൈവപുത്രൻ - വചനം - സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും പിതാവിനോടുകൂടെ ഏകസത്തയുമാകുന്നു. സൂര്യനും സൂര്യപ്രകാശവും തമ്മിലുള്ള ബന്ധത്തോട് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെ ഉപമിക്കാം. ഇതെക്കുറിച്ചു യോഹന്നാൻശ്ലീഹാ എഴുതുന്നു: "ആദിയിൽ വചനമുണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു" (യോഹ 1,1). അതുകൊണ്ടു നിത്യവചനമായ ഈശോയ്ക്ക്, “ഞാനും പിതാവും ഒന്നാണ്" (യോഹ 10,30) എന്നവകാശപ്പെടുവാൻ സാധിക്കുമായിരുന്നു. അവിടുന്നു പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ സത്തയുടെ പ്രതിരൂപവുമാണ് (ഹെബ്രാ 1,3). മനുഷ്യാവതാരത്തിനുമുമ്പ്, വചനമായ ദൈവം പിതാവിനോടുകൂടെ സൃഷ്‌ടികർമത്തിൽ സഹകാരിയാണ്. പിതാവും പുത്രനും തമ്മിലുള്ള സത്താപരമായ ഐക്യത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഗ്രീക്കുപ്രയോഗമാണ് ഹോമോ ഊസിയോസ്. മിശിഹാവർഷം 325 ലെ നിഖ്യാസൂനഹദോസിന്റെ മുഖ്യവിഷയം ഇതായിരുന്നു. ജനിച്ചവനെങ്കിലും അവിടുന്നു സൃഷ്ട‌ിയല്ല; സ്രഷ്‌ടാവായ പിതാവിനോടൊപ്പം അവിടുന്നു നിത്യനാണ്. അതുകൊണ്ടുതന്നെ അവിടുന്ന് ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്റെയും കേന്ദ്രമാണ്. 

ദൈവം മോശയ്ക്കു സ്വയം വെളിപ്പെടുത്താനുപയോഗിച്ച ഭാഷതന്നെ ഈശോയും ഉപയോഗിക്കുന്നതിൽനിന്ന് അവിടുത്തേക്കു പിതാവിനോടുള്ള ബന്ധം വ്യക്തമാണ്. യഹൂദർക്കു സ്വയം വെളിപ്പെടുത്തിയ ഈശോ അരുളിച്ചെയ്‌തു: “ഞാൻ ഞാൻതന്നെ എന്നു നിങ്ങൾ വിശ്വസിക്കുകയില്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും" (യോഹ 8,24). സത്തയിൽ പിതാവിനോടു സമനായതുകൊണ്ടാണ് ഇപ്രകാരം പറയുവാൻ അവിടുത്തേക്കു സാധിച്ചത്. ഈശോ തുടർന്നു: "നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ 'ഞാൻ ആകുന്നു' എന്നും ഞാൻ സ്വമേധയാ ഒന്നും ചെയ്യുന്നില്ലെന്നും എൻ്റെ പിതാവ് എന്നെ പഠിപ്പിച്ച കാര്യങ്ങൾ മാത്രമേ ഞാൻ പറയുന്നുള്ളൂ എന്നും നിങ്ങൾ മനസിലാക്കും" (യോഹ 8,28). പിതാവുമായുള്ള പുത്രന്റെ ഐക്യം പൂർണമായി വെളിവായതു കുരിശിലാണ്. സ്നേഹംതന്നെയായ പിതാവിൻ്റെ സ്നേഹത്തിൻ്റെ പാരമ്യത്തിലേക്ക് കുരിശിൽ പുത്രൻ ഉയർത്തപ്പെട്ടു. കുരിശിൽ മാത്രമേ പുത്രനും പിതാവുമായുള്ള ഐക്യം ലോകത്തിനു മനസിലാകൂ. കുരിശിൻ മരിച്ച പുത്രനിൽ മനുഷ്യവർഗ്ഗം പിതാവിനെ കാണുകയായിരുന്നു. പിതാവിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായാണല്ലോ പുത്രൻ മനുഷ്യനായവതരിച്ചതും മരിച്ചുയിർത്തതും. 

പിതാവുമായി സത്തയിൽ ഒന്നായിരിക്കുന്നതുകൊണ്ട് (യോഹ 1,18) പുത്രനായ ഈശോയ്ക്ക് പിതാവിനെ ലോകത്തിനു നല്കാൻ സാധിക്കും. ഇത് അവിടുത്തെ സ്വയംദാനം തന്നെയാണ്. നമുക്കു ദൈവത്തെ തരുന്നതുവഴി ജീവനാണ് അവിടുന്നു പകർന്നു നല്കുന്നത്. കുരിശിലാണ് ഈ മഹാദാനം അതിന്റെ പാരമ്യതയിലെത്തിയത്. അസ്‌തിത്വത്തിലും പരസ്‌പരജ്ഞാനത്തിലുമുള്ള ഐക്യമാണ് പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. പുത്രസഹജസംഭാഷണമായ തൻ്റെ പ്രാർത്ഥനയിൽ ഈശോ ഇപ്രകാരം ഉദ്ഘോഷിച്ചു: "പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല; പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്താൻ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല" (മത്താ 11,27). പുത്രൻ നമുക്കു പ്രദാനം ചെയ്യുന്ന പിതാവിനെക്കുറിച്ചുള്ള അവിടുത്തെ അറിവിലുള്ള പങ്കുചേരലാണ് യഥാർത്ഥജ്ഞാനം. ആർക്കു വെളിപ്പെടുത്തണമെന്നു പിതാവ് ആഗ്രഹിക്കുന്നുവോ അവർക്കു മാത്രമേ പുത്രൻ പിതാവിനെ വെളിപ്പെടുത്തുന്നുള്ളൂ (മത്താ 11,25). പിതാവിൻ്റെ ഹിതമാകട്ടെ, ഈ ലോകത്തിലെ ജ്ഞാനികളിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു സ്വയം വെളിപ്പെടുത്തണമെന്നായിരുന്നു. പിതാവിന്റെയും പുത്രന്റെയും ഹിതങ്ങൾ ഇവിടെ ഒന്നിക്കുന്നു. ഗത്സേമനിയിലെ പ്രാർത്ഥനയിൽ ദൈവികമനസുകളുടെ ഈ ഐക്യം അല്പംകൂടി പ്രകടമാണ്: "എൻ്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകന്നു പോകട്ടെ. എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്‌ടം നിറവേറട്ടെ" (മത്താ 26,39). ദൈവപുത്രനായ ഈശോമിശിഹായെപ്പോലെ നമ്മുടെ ഹിതം പിതാവിന്റെ ഹിതത്തോട് അനുരൂപപ്പെടുത്തുമ്പോൾ നമ്മളും യഥാർത്ഥത്തിൽ ദൈവപുത്രരായിത്തീരും. 

പിതാവായ ദൈവവുമായുള്ള ഐക്യബന്ധത്തിൽ മാത്രമേ ഈശോമിശിഹാ എന്ന വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കാനാവൂ. പിതാവായ ദൈവവുമായുള്ള ഈ ഐക്യബന്ധത്തിന്റെ വെളിച്ചത്തിലുള്ളതാണ് അവിടുന്നു പ്രദാനം ചെയ്യുന്ന വെളിപാട്. പിതാവിൽ കണ്ടതും പിതാവിൽനിന്നു കേട്ടതും വെളിപ്പെടുത്തുവാൻ അവിടുത്തേക്കു സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ മോശയുടേതിനെക്കാൾ ശ്രേഷ്‌ഠമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാകാൻ പുതിയനിയമ മോശയായ ഈശോയ്ക്കു സാധിച്ചു (ഹെബ്രാ 9,11-24). 

മനുഷ്യനായവതരിച്ച ഈശോയുടെ പ്രവർത്തനങ്ങളുടെയും പ്രബോധനങ്ങളുടെയുമെല്ലാം ഉറവിടം പിതാവുമായുള്ള ഈ ബന്ധമാണ്. “എന്നെ കാണുന്നവൻ എൻ്റെ പിതാവിനെ കാണുന്നു" (യോഹ 14,9) എന്നുപറയുവാൻ അവിടുത്തേക്കു സാധിച്ചതും അതുകൊണ്ടാണ്. മനുഷ്യസാധാരണമല്ലാത്ത 'അധികാര'ത്തോടെയാണ് ഈശോ പഠിപ്പിക്കുന്നത് എന്നതും ഈ ദൈവികത്വത്തിന്റെ പ്രതിഫലനമായിരുന്നു. പുത്രനായ ഈശോമിശിഹായിൽ വിശ്വസിക്കുന്നവരും പുത്രനു പിതാവുമായുള്ള ഈ ബന്ധത്തിലേക്കാണ് ഉൾച്ചേർക്കപ്പെടുന്നത്. അതുകൊണ്ടാണ് ദൈവത്തെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്നു വിളിച്ചപേക്ഷിക്കാൻ അവിടുന്നു നമ്മെ പഠിപ്പിച്ചത്. 

കർത്താവായ ദൈവമേ, സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേക്കു ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സദൃശനും അങ്ങയിൽ നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു (സീറോമലബാർ കുർബാനക്രമം, മൂന്നാം ഗ്ഹാന്ത).

11 

ഞാനാകുന്നു വാതിൽ 

ഈശോയെ ദൈവപുത്രനായി സ്വീകരിക്കുന്നവർ, അവിടുന്നിൽ വിശ്വസിക്കുന്നവർ, ദൈവികഭവനത്തിലേക്കു പ്രവേശിക്കുന്നു. "വന്നു കാണാനുള്ള" (യോഹ 1,38-39) അവിടുത്തെ ക്ഷണം സ്വീകരിച്ച് അവിടുത്തോടുകൂടെ വസിക്കുന്നവർ ദൈവമക്കളായി ഭവിക്കുന്നു (യോഹ 1,12). മക്കൾ വസിക്കുന്നതു പിതൃഭവനത്തിലാണല്ലോ. ഈ ഭവനത്തിലേക്കുള്ള വാതിൽ മനുഷ്യനായവതരിച്ച നസ്രായൻ ഈശോമിശിഹായാണ്. ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുന്നവർക്കു ദൈവികജീവനിൽ പങ്കുലഭിക്കും. 

യോഹന്നാൻ 10,9-10 ൽ നമ്മൾ ഇപ്രകാരം വായിക്കുന്നു "വാതിൽ ഞാനാകുന്നു. എന്നിലൂടെ അകത്തു കടക്കുന്നവൻ ജീവിക്കും. അയാൾ അകത്തുവരികയും പുറത്തുപോവുകയും മേച്ചിൽ സ്ഥലം കണ്ടെത്തുകയും ചെയ്യും. കള്ളൻ വരുന്നതു മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. എന്നാൽ, ഞാൻ വന്നിരിക്കുന്നത്, അവർക്കു ജീവൻ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്." ആടുകളെ രക്ഷയിലേക്കു നയിക്കുന്ന വാതിൽ ഈശോമിശിഹായാണ്. നസ്രായനിലൂടെ പ്രവേശിക്കുന്നവർ മാത്രമേ രക്ഷ പ്രാപിക്കുന്നുള്ളൂ. കാരണം, അവിടുന്നു വന്നിരിക്കുന്നതുതന്നെ ആടുകൾക്കു ജീവൻ നല്‌കാൻവേണ്ടിയാണ്. "വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും എൻ്റെ പിതാവിന്റെയടുക്കലേക്കു വരുന്നില്ല" (യോഹ 14,6) എന്നു പറയുമ്പോഴും അവിടുന്ന് ഉദ്ദേശിച്ചത് ഇതുതന്നെയാണ്. വെളിപാടു ഗ്രന്ഥകാരൻ മിശിഹായെ അവതരിപ്പിക്കുന്നത്, മറ്റാർക്കും അടയ്ക്കാനാവാത്തവിധം തുറക്കുന്നവനും, മറ്റാർക്കും തുറക്കാനാവാത്ത വിധം അടയ്ക്കുന്നവനുമായ താക്കോൽക്കാരൻ ആയാണ് (വെളി 3,7). രക്ഷയുടെ കവാടത്തെക്കുറിച്ചു സൂചനയുള്ള സങ്കീ 118,19-20 വ്യാഖ്യാനിച്ചുകൊണ്ട്, പത്രോസ്-പൗലോസ് ശ്ലീഹന്മാരോടു ബന്ധമുണ്ടായിരുന്നവനും റോമിലെ നാലാമത്തെ മെത്രാനുമായിരുന്ന വി. ക്ളെമെൻ്റ് ഇപ്രകാരം എഴുതുന്നു: "ഇതാകുന്നു ജീവനിലേക്കു തുറക്കപ്പെട്ടിരിക്കുന്ന നീതിയുടെ കവാടം ഇതാകുന്നു കർത്താവിന്റെ വാതിൽ... തുറക്കപ്പെട്ടിരിക്കുന്ന അനേക വാതിലുകളിൽ, നീതിയിലുള്ളതാണു മിശിഹായുടേത്. ഈ വാതിലിലൂടെ പ്രവേശിക്കുകയും ക്രമരഹിതമായി ഒന്നും പ്രവർത്തിക്കാതെ, വിശുദ്ധിയിലും നീതിയിലും തങ്ങളുടെ കടമ നിർവഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ" (ക്ളെമെന്റ്റ്, കോറിന്തോസുകാർക്കുള്ള ലേഖനം, 48,2-4). 

ദൈവികരഹസ്യങ്ങൾ ഭരമേല്‌പിക്കപ്പെട്ടിരിക്കുന്ന മഹാപുരോഹിതനായ ഈശോമിശിഹായാണ് പിതാവിലേക്കുള്ള വാതിൽ എന്നു ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ വി. ഇഗ്നേഷ്യസ് രേഖപ്പെടുത്തുന്നുണ്ട്: "അവിടുന്നാണു പിതാവിലേക്കുള്ള വാതിൽ അതിലൂടെ അബ്രാഹം, ഇസഹാക്ക്, പ്രവാചകന്മാർ, ശ്ലീഹന്മാർ എന്നിവരും സഭയും പ്രവേശിക്കുന്നു. ഇവരെല്ലാം ദൈവത്തിന്റെ ഐക്യത്തിലേക്കു പ്രവേശിച്ചു" (ഫിലാഡെൽഫിയാക്കാർക്കുള്ള ലേഖനം, 9,1). 

രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെർമാസിന്റെ ഇടയൻ വാതിലിനു നല്കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: എല്ലാ സൃഷ്ടികൾക്കുംമുമ്പേ ജനിച്ച ദൈവപുത്രനായ അവിടുന്നു യുഗങ്ങളുടെ അവസാനത്തിൽ സ്വയം വെളിപ്പെടുത്തിയതിനാൽ വാതിൽ പുതിയതാണ്. രക്ഷ പ്രാപിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവർ ഈ വാതിലിലൂടെയാണു ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. ഈ വാതിലിലൂടെ വഹിക്കപ്പെട്ട കല്ലുകൾ ഗോപുരനിർമ്മാണത്തിന് ഉപയുക്തമായി... ദൈവപുത്രൻ്റെ നാമം സ്വീകരിക്കാത്തവരാരും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല. കോട്ടയാൽ ചുറ്റപ്പെട്ടതും ഒരേയൊരു വാതിൽ മാത്രമുള്ളതുമായ പട്ടണത്തിൽ കയറണമെങ്കിൽ, വാതിലിലൂടെ കയറാതിരുന്നാൽ അകത്തു കടക്കാൻ സാധിക്കുമോ?... അതുപോലെ തന്റെ പുത്രൻ്റെ നാമത്തിലൂടെയല്ലാതെ, ആർക്കും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല... ദൈവപുത്രനാണു വാതിൽ. കർത്താവിലേക്കുള്ള ഏകവാതിൽ അവിടുന്നാണ്. അതിനാൽ തന്റെ പുത്രനിലൂടെ മാത്രമേ മനുഷ്യർ കർത്താവിങ്കലേക്കു പോകുന്നുള്ളു (ഹെർമാസിൻ്റെ ഇടയൻ, ഒൻപതാം ഉപമ, 12,1-6).

മിശിഹായാകുന്ന വാതിലിലൂടെ അകത്തു പ്രവേശിക്കുന്നവർ ജീവൻ പ്രാപിക്കും. സ്വർഗം തുറന്നിറങ്ങിവന്ന് ലോകത്തിനു ജീവൻ നല്കുന്ന യഥാർത്ഥ അപ്പം അവിടുന്നാണല്ലോ (യോഹ 6,32-33). തന്നിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ നല്കിക്കൊണ്ടാണ് അവിടുന്ന് അപ്പമായി ഭവിക്കുന്നത് (യോഹ 6,36-40.48-59). ദൈവപുത്രൻ സ്വർഗവാതിൽ തുറന്നത് നമുക്കു സ്വർഗത്തിലേക്കു പ്രവേശനം നല്കുന്നതിനുവേണ്ടിയാണ്. ഇതെപ്പറ്റിയാണ് “നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹം" എന്നു പരിശുദ്ധ കുർബാനയിൽ നമ്മൾ ഏറ്റുപറയുന്നത്: "നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു‌..." പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആൾ മനുഷ്യനായവതരിച്ചത് ദൈവികജീവനിലേക്ക് അഥവാ രക്ഷയിലേക്കുള്ള വാതിൽ നമുക്കായി തുറന്നു നല്‌കുന്നതിനുവേണ്ടിയാണ്. ഈ മഹാ ദാനത്തെപ്രതിയുള്ള കൃതജ്ഞതാസ്തോത്രമാണ് പരിശുദ്ധ കുർബാന. 

ജീവൻ അവകാശപ്പെടുത്തുവാനുള്ള മാർഗം അന്വേഷിച്ചു വന്നവനോട് ഈശോ അരുളിച്ചെയ്‌തു: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുക. കാരണം, പലരും അകത്തു കടക്കാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിലടച്ചു കഴിഞ്ഞാൽ, നിങ്ങൾ പുറത്തുനിന്നു വാതിലിൽ മുട്ടിക്കൊണ്ടു പറയും, കർത്താവേ, ഞങ്ങൾക്കു വാതിൽ തുറന്നു തരണമേ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, അയാൾ നിങ്ങളോടു പറയും, നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല. അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്നകന്നു പോകുവിൻ" (ലൂക്കാ 13,22-27). ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നാൽ ധർമം പ്രവർത്തിക്കുക എന്നാണെന്ന് ഈ സന്ദർഭത്തിൽനിന്നു വ്യക്തമാണ്.

12 

ദൈവരാജ്യത്തിലേക്കു
തുറക്കുന്ന വിശ്വാസവാതിൽ 

ഈശോമിശിഹായുടെ സുവിശേഷസന്ദേശം ദൈവരാജ്യവുമായി ബന്ധപ്പെട്ടതായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “സമയം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (മർക്കോ 1,15). ദൈവരാജ്യത്തിൻ്റെ സുവിശേഷം ഈശോ ജീവിതത്തിലുടനീളം പ്രഘോഷിച്ചു. ഗിരിപ്രഭാഷണം മുഴുവൻ സ്വർഗരാജ്യപ്രവേശനത്തിനുള്ള വ്യവസ്ഥകളാണ്. ഉദാഹരണത്തിന്, അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നീതിനിഷ്ഠ നിയമജ്ഞരുടേതിനെയും ഫരിസേയരുടേതിനെയുംകാൾ ഉത്കൃഷ്‌ടമല്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു" (മത്താ 5,20). നിയമത്തിൻ്റെ അന്തഃസത്ത മറന്നുകൊണ്ടുള്ള ബാഹ്യാനുഷ്‌ഠാനത്തിനു ഫലമില്ലെന്നും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള ധർമദാനവും ഉപവാസവും പ്രാർത്ഥനയുമൊക്കെ ഫലശൂന്യമാണെന്നും അവിടുന്നു പഠിപ്പിക്കുന്നു. 

അവിടുന്നു വീണ്ടും തുടരുന്നു: "എൻ്റെ കർത്താവേ, എന്റെ കർത്താവേ എന്ന് എന്നെ വിളിക്കുന്നവനല്ല, എൻ്റെ സ്വർഗീയപിതാവിന്റെ ഇഷ്ട‌ം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്" (മത്താ 7,21). ഇവിടെയും പ്രവേശനത്തെക്കുറിച്ചാണു പ്രതിപാദിക്കുന്നത്. സ്വർഗരാജ്യത്തിലേക്കുള്ള വാതിൽ കടക്കാനുള്ള മാർഗം പിതാവായ ദൈവത്തിന്റെ ഇഷ്‌ടം നിറവേറ്റുക എന്നതു മാത്രമാണ്. ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ട എന്നല്ല ഈശോ വിവക്ഷിക്കുന്നത്; മറിച്ച്, സ്വർഗീയപിതാവിൻ്റെ ഇഷ്ടം നിറവേറ്റിക്കൊണ്ടുള്ള പ്രാർത്ഥനയ്‌ക്കേ ഫലമുണ്ടാകൂ എന്നാണ്. ഇപ്രകാരം, സുവിശേഷവചനപ്രഘോഷണത്തിലൂടെ ഈശോ സ്വർഗരാജ്യത്തിന്റെ വാതിൽ നമുക്കായി തുറന്നുതന്നു. തന്റെ ഈ ദൗത്യം ലോകാവസാനംവരെ തുടർന്നുകൊണ്ടുപോകാനാണ് അവിടുന്നു തന്റെ ശ്ലീഹന്മാരെ നിയമിച്ചത് (മർക്കോ 16,15; മത്താ 28,16-20).

പ്രഘോഷിക്കപ്പെടുന്ന വചനത്തോടു മനുഷ്യൻ പ്രതികരിക്കണമെന്നും ഈശോ ആഗ്രഹിച്ചു. അവിടുന്നു കൂട്ടിച്ചേർത്തു: "നിങ്ങൾ പശ്ചാത്തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ" (മർക്കോ 1,15). പശ്ചാത്തപിക്കുക അഥവാ അനുതപിക്കുക എന്നതിനർത്ഥം പഴയ ജീവിതശൈലിയിൽനിന്നു പൂർണമായി തിരിയുക എന്നാണ്.

തിരിയേണ്ടത് എവിടേയ്ക്കാണ് എന്നും അവിടുന്നു വ്യക്തമാക്കുന്നുണ്ട്: സുവിശേഷത്തിലുള്ള വിശ്വാസത്തിലേക്ക്. സുവിശേഷമാകട്ടെ, മനുഷ്യനായവതരിച്ച ഈശോമിശിഹാ ദൈവപുത്രനും വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ മിശിഹായുമാണ് എന്നതാണ് (മർക്കോ 1,1). സുവിശേഷത്തിൽ വിശ്വസിക്കുക എന്നാൽ, നസ്രായനായ ഈശോയെ ദൈവപുത്രനും മിശിഹായുമായി അംഗീകരിക്കുക എന്നർത്ഥം. ഈ വിശ്വാസം ദൈവകൃപയ്ക്കുള്ള ഒരു സമർപ്പണമാണ്. ആ സമർപ്പണം ജീവിതത്തിൽ പരിവർത്തനം വരുത്തും. അതായത്, ഈശോയെ ദൈവപുത്രനായി അംഗീകരിക്കുന്നവരുടെ ജീവിതം അവിടുത്തെ പ്രബോധനങ്ങൾക്കനുസരിച്ചുള്ളതായിരിക്കും. വിശ്വാസിയുടെ മനോഭാവം മിശിഹായുടെ മനോഭാവം തന്നെയായിരിക്കും (ഫിലി 2,5). 

പശ്ചാത്തപിക്കുക എന്നാൽ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക എന്നുമർത്ഥമുണ്ട്. ഈശോ അരുളിച്ചെയ്യുന്നു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ. എന്തെന്നാൽ, നാശത്തിലേക്കുള്ള വഴി വീതിയുള്ളതും വഴി വിശാലവുമാകുന്നു. അതിലൂടെ പോകുന്നവർ വളരെ. എന്നാൽ, ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാകുന്നു. അതു കണ്ടെത്തുന്നവർ ചുരുക്കം" (മത്താ 7,13-14). ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴി സഹനത്തിന്റേതാണ്. തങ്ങളുടെ സഹനജീവിതംവഴി മിശിഹായുടെ സുവിശേഷത്തിനു വ്യാഖ്യാനം നല്കിയവരാണു രക്തസാക്ഷികളും വിശുദ്ധരും. ഉദാഹരണത്തിന്, മുപ്പത്തിയാറുവർഷംമാത്രം ദീർഘിച്ച ജീവിതത്തിൽ അധികപങ്കും രോഗശയ്യയിൽ കഴിയേണ്ടിവന്ന വിശുദ്ധ അൽഫോൻസാമ്മ സഹനത്തെ പരാതികൂടാതെ സ്വീകരിച്ചുകൊണ്ട് ഇടുങ്ങിയ വാതിലിലൂടെ ജീവനിലേക്കു പ്രവേശിച്ചു. 

ബനഡിക്റ്റ് മാർപാപ്പായുടെ വാക്കുകളിൽ വിശ്വസിക്കുക എന്നാൽ സ്വതന്ത്രമനസ്സോടെ ദൈവത്തിനു പൂർണമായി വിട്ടുകൊടുക്കലാണ്; സമർപ്പിക്കലാണ്. അവിടുത്തോടൊപ്പം നില്ക്കാൻ തീരുമാനിക്കലാണ് (വിശ്വാസത്തിന്റെ വാതിൽ, 10).

13 

പെസഹാരഹസ്യമാകുന്ന
വാതിൽ
 

മിശിഹാസംഭവത്തിൻ്റെ കേന്ദ്രം ഈശോയുടെ സഹന മരണോത്ഥാനങ്ങളാണ്. വിശ്വാസപ്രമാണത്തിൽ അതു നമ്മൾ ഇപ്രകാരം ഏറ്റുപറയുന്നു: "പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിക്കുകയും സ്ലീവായിൽ തറയ്ക്കപ്പെട്ടു മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു." 

യൂദയായിൽ റോമൻ ഗവർണറായിരുന്ന പന്തിയോസ് പീലാത്തോസിൻ്റെ കാലത്താണ് ഈശോ കുരിശിലേറ്റപ്പെട്ടതും മരിച്ചതും ഉയിർത്തതും. പെസഹാരഹസ്യത്തിന്റെ ചരിത്രപരത വ്യക്തമാക്കാൻ വേണ്ടിയാണ് പീലാത്തോസിൻ്റെ നാമം സൂചിപ്പിക്കുന്നത്. ഉത്ഥിതനായ കർത്താവ് രക്ഷയുടെ സുവിശേഷവുമായി ശ്ലീഹന്മാരെ ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അയച്ചപ്പോൾ ഇപ്രകാരം അരുളിച്ചെയ്‌തു: "ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. മിശിഹാ പീഡ സഹിക്കുകയും മരണശേഷം മൂന്നാംദിവസം ഉയിർക്കുകയും ചെയ്യും. ജറൂസലേംമുതൽ സർവജനതകളോടും അവന്റെ നാമത്തിൽ പാപമോചനത്തിനുള്ള അനുതാപം പ്രസംഗിക്കപ്പെടും. നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ്" (ലൂക്കാ 24,46-48). പന്തക്കുസ്താദിനത്തിലും തുടർന്നുള്ള അവസരങ്ങളിലും ശ്ലീഹന്മാർക്കു പ്രഘോഷിക്കുവാനുണ്ടായിരുന്നത് നസ്രായനായ ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും കുറിച്ചായിരുന്നു. ഈ പെസഹാരഹസ്യത്തിനാണു ശ്ലീഹന്മാർ സാക്ഷ്യം വഹിച്ചത്. ഈ സംഭവങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മറിച്ച്, ദൈവം പഴയനിയമത്തിൽ മുൻകൂട്ടി അറിയിച്ചിരുന്ന തിൻ്റെ പൂർത്തീകരണം മാത്രമായിരുന്നു എന്നു ശ്ലീഹന്മാർ പ്രഘോഷിച്ചു. വിശ്വസിക്കുന്നവർക്കാണ് അവിടുത്തെ നാമത്തിൽ പാപമോചനം അഥവാ രക്ഷ ലഭിക്കുന്നത്. 

മരണസമയത്തു കുത്തി തുറക്കപ്പെട്ട മിശിഹായുടെ തിരുവിലാവ് നമ്മെ സംബന്ധിച്ചു വിശ്വാസവാതിലാണ്. തുറക്കപ്പെട്ട പാർശ്വത്തിൽനിന്നു പുറപ്പെട്ട ജലവും രക്തവും മാമ്മോദീസായെയും പരിശുദ്ധ കുർബാനയെയുമാണു സൂചിപ്പിക്കുന്നത് (യോഹ 19,34-36). ഈ കൂദാശകളുടെ സ്വീകരണത്തോടെയാണല്ലോ ഒരുവൻ വിശ്വാസവാതിൽ കടക്കുന്നതും ദൈവികജീവനിലേക്കു പ്രവേശിക്കുന്നതും. 

മിശിഹായെ സംസ്ക്‌കരിച്ചിരുന്നതും മൂന്നാംദിവസം ശൂന്യമായി കാണപ്പെട്ടതുമായ കല്ലറ മറ്റൊരു സുപ്രധാന വിശ്വാസവാതിലാണ് (യോഹ 20,1-10). അവിടുത്തെ ശരീരം പൊതിഞ്ഞിരുന്ന കച്ചയും ശിരസ്സിൽ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും തുറക്കപ്പെട്ട കല്ലറയ്ക്കുള്ളിൽ കണ്ടാണ് ശ്ലീഹന്മാർ വിശ്വസിച്ചത്. ക്രൂശിതരൂപമില്ലാത്ത സ്ലീവാ ശൂന്യമായ കല്ലറയുടെ പ്രതീകമാണ്; മിശിഹായുടെ ഉത്ഥാനത്തിന്റെ അടയാളമാണ്. 

ദൈവപുത്രനായ ഈശോ തൻ്റെ സഹനമരണോത്ഥാനങ്ങളിലൂടെയാണ് മിശിഹാ ആയത്. അവിടുന്ന് മിശിഹായാണ് എന്നു പത്രോസ്ശ്ലീഹാ ഏറ്റുപറഞ്ഞ അവസരത്തിലാണ്, തന്റെ പീഡാസഹനത്തെയും മരണത്തെയും ഉയിർപ്പിനെയുംകുറിച്ച് ഈശോ ആദ്യമായി മുൻകൂട്ടി അറിയിച്ചത് (മർക്കോ 8,29-31) എന്നത് ഈ ബന്ധം വ്യക്തമാക്കുന്നുണ്ട്. ഈശോമിശിഹായിൽ വിശ്വസിക്കുകയെന്നാൽ, അവിടുന്നു നമുക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു‌ എന്ന സത്യം ഹൃദയത്തിൽ സ്വീകരിക്കലാണ്. ഈ വിശ്വാസത്തിൻ്റെ പ്രായോഗികമാനവും ഈശോ വ്യക്തമാക്കുന്നുണ്ട്: "ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച്, സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മർക്കോ 8,34). ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേരുകയെന്നാൽ, ദൈവഹിതപ്രകാരം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വേദനകളും സഹനങ്ങളും പരാതികൂടാതെ സ്വീകരിക്കുക എന്നാണർത്ഥം. ജീവിത കടമകൾ നിറവേറ്റുന്നതിലുണ്ടാകുന്ന ബദ്ധപ്പാടുകളും ബുദ്ധിമുട്ടുകളും ദൈവഹിതത്തിനു വിധേയരായി സ്വീകരിക്കുമ്പോൾ നാമും അവിടുത്തോടൊപ്പം ഉത്ഥാനത്തിൻ്റെ മഹത്വത്തിലേക്കു പ്രവേശിക്കുകയാണ്; ദൈവികജീവനിൽ പങ്കുലഭിക്കുകയാണ്. 

മിശിഹായുടെ പെസഹാരഹസ്യത്തിലൂടെ, ആദം അഥവാ മനുഷ്യവർഗം നഷ്പ്പെട്ട പറുദീസായിലേക്കു പുനഃപ്രവേശിച്ചു എന്നാണു പൗരസ്ത‌്യസഭാപിതാവായ മാർ അപ്രേം പ്രസ്താവിക്കുന്നത്. അവനു നഷ്ടപ്പെട്ട മഹത്വത്തിൻ്റെ വസ്ത്രം വീണ്ടു നല്കിയാണ് അവനെ പ്രവേശിപ്പിക്കുന്നത്. ഈ പെസഹാരഹസ്യത്തിൽ നിന്നു പുറപ്പെടുന്ന ജീവദായകമായ ദിവ്യരഹസ്യങ്ങൾ പ്രത്യേകിച്ചും മാമ്മോദീസായും പരിശുദ്ധ കുർബാനയും വഴിയാണ് മനുഷ്യവർഗത്തിനു പ്രവേശനം സാധ്യമാകുന്നത്. ഈ ദിവ്യരഹസ്യങ്ങൾ പുതിയ പറുദീസായിലേക്കുള്ള വാതിൽ തുറന്നു നല്കുന്നു. പുതുജീവനിലേക്കും മഹത്വത്തിലേക്കും ആനയിക്കുന്നു. അവിടെ പ്രവേശിക്കുന്ന വിശ്വാസിക്ക്, ജീവൻ്റെ വൃക്ഷമായ സ്ലീവായിൽ നിന്നുള്ള ഫലമായ മിശിഹായുടെ ശരീരം ഭക്ഷണമായി ലഭിക്കുന്നു (വിശ്വാസഗീതങ്ങൾ, 18,14). 

ഈ പെസഹാ രഹസ്യത്തിൻ്റെ ആഘോഷമാണ് പരിശുദ്ധ കുർബാനയും മറ്റുകൂദാശകളും. കുർബാനയിലെ അനാഫൊറായിൽ എത്രയോ പ്രാവശ്യമാണു ദിവ്യരഹസ്യങ്ങൾ അനുസ്മരിക്കുന്നത്. അമൂല്യമായ ശരീരരക്തങ്ങളുടെ ദിവ്യരഹസ്യങ്ങൾ യോഗ്യതാ പൂർവം പരികർമം ചെയ്യാനുള്ള അനുഗ്രഹത്തിനായി ആരംഭത്തിൽ പ്രാർത്ഥിക്കുന്നുണ്ട്. റൂഹാക്ഷണപ്രാർത്ഥനയ്ക്കുമുമ്പ്, നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിൻ്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്‌മരിക്കുകയും സ്‌തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു." 

കുർബാന മിശിഹായുടെ പെസഹായുടെ അനുസ്‌മരണമാണ്. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗദാശിക സമർപ്പണവുമാണ് (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, 1362).

14 

പരിശുദ്ധറൂഹാ
തുറക്കുന്ന വാതിൽ 

ദൈവം മനുഷ്യനായതു പരിശുദ്ധറൂഹായുടെ പ്രവർത്തനത്താലാണ്. കന്യകാമറിയത്തിൽനിന്ന് ഈശോ ജനിക്കുന്നതു പരിശുദ്ധാത്മാവിനാലാണ്. ഗബ്രിയേൽദൂതൻ മറിയത്തോട് പറഞ്ഞു: “പരിശുദ്ധാത്മാവു നിൻ്റെമേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും" (ലൂക്കാ 1,30-35). മറിയത്തിൻ്റെ പുത്രൻ 'ദൈവ പുത്രനായത് പരിശുദ്ധാത്മാവിൽനിന്നു ജനിച്ചതുകൊണ്ടാണ്. ഇതേ റൂഹാ തന്നെയാണ് പുത്രൻ്റെ ദൈവികജീവനിൽ വിശ്വാസികളെ പങ്കുചേർക്കുന്നതും. മാമ്മോദീസായിൽ നമ്മിലേക്കു വർഷിക്കപ്പെടുന്ന പരിശുദ്ധ റൂഹായാണ് ദൈവപുത്രത്വം യാഥാർത്ഥ്യമാക്കുന്നത്. ദൈവത്തെ 'ആബാ', 'പിതാവേ' എന്നുവിളിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് ഈ ആത്മാവാണ് (റോമാ 8,9-11; ഗലാ 4,6-7). ഉയിർത്തെഴുന്നേറ്റ കർത്താവ് തന്നിൽ വിശ്വസിക്കുന്നവരായ നമുക്കു നല്കുന്ന ഏറ്റവും മഹനീയദാനം പരിശുദ്ധാത്മാവാണ്. ഈ ആത്മാവിനാൽ നയിക്കപ്പെടുന്നുവെങ്കിൽ, ഈശോയെപ്പോലെ നമുക്കും അനുദിനജീവിതത്തിലുണ്ടാകുന്ന സാത്താന്റെ തിന്മയുടെ ശക്തിയുടെ - പ്രലോഭനങ്ങളെ എതിർത്തു വിജയംവരിക്കാനാവും. 

“കർത്താവിന്റെ ആത്മാവ് എൻ്റെമേലുണ്ട്" (ലൂക്കാ 4,18) എന്ന് അരുളിച്ചെയ്തുകൊണ്ടാണ് ഈശോ തൻ്റെ പരസ്യജീവിതം ആരംഭിച്ചതുതന്നെ. ഈ ആത്മാവിൻ്റെ ശക്തിയാലാണ് അവിടുന്ന് അശുദ്ധാത്മാക്കളെ പുറത്താക്കിയതും രോഗികളെ സുഖപ്പെടുത്തിയതും ആധികാരികമായി ദൈവഹിതം പഠിപ്പിച്ചതും. ദൈവാത്മാവിലായിരുന്നു അവിടുത്തെ പ്രവർത്തനങ്ങളെല്ലാം. നമ്മിൽ വസിക്കുന്ന ആത്മാവിനാൽ നയിക്കപ്പെടുന്നുവെങ്കിൽ നമുക്കും ഈശോയെപ്പോലെ നന്മചെയ്തു‌കൊണ്ടു ജീവിക്കാനാവും. 

ഈശോയുടെ വിടവാങ്ങൽ പ്രസംഗത്തിലെ പ്രധാന പ്രമേയം പരിശുദ്ധാത്മാവായിരുന്നു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നു വെങ്കിൽ എന്റെ കല്‌പനകൾ പാലിക്കുവിൻ. ഞാൻ എന്റെ പിതാവിനോടു പ്രാർത്ഥിക്കും; സദാ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുന്നതിനുവേണ്ടി വേറൊരു സഹായകനെ അവൻ നിങ്ങൾക്കു തരും” (യോഹ 14,16). ഈശോമിശിഹായാണ് നമ്മുടെ ഏറ്റവും വലിയ സഹായകൻ (1 യോഹ 2,1). അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെക്കുറിച്ച് 'വേറൊരു സഹായകൻ' എന്നു പറഞ്ഞിരിക്കുന്നത്. ഈ സഹായകനാണ് മിശിഹായ്ക്കു സാക്ഷ്യംനല്‌കി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് (യോഹ 15,26-27). ഈശോ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് സത്യത്തിന്റെ അറിവിലുള്ള പൂർണതയിലേക്കു നമ്മെ നയിക്കുന്നതും പരിശുദ്ധാത്മാവാണ് (യോഹ 14,25-26). പരിശുദ്ധാരൂപിയുടെ നിവേശനത്താൽ എഴുതപ്പെട്ട ദൈവവചനം ശരിക്കു മനസിലാക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാരൂപിതന്നെയാണ്. 

തനിക്കു സാക്ഷ്യം വഹിക്കാനായി തൻ്റെ ശിഷ്യന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചപ്പോൾ, അവരെ ശക്തിപ്പെടുത്താനായി “ഉന്നതങ്ങളിൽ നിന്നുള്ള ശക്തി"യായ പരിശുദ്ധാത്മാവിനെ ഈശോ വാഗ്‌ദാനം ചെയ്‌തു (ലൂക്കാ 24, 44-49). ദൈവത്തിന്റെ വലതുഭാഗത്തേക്കു പ്രവേശിച്ച അവിടുന്ന് തൻ്റെ വാഗ്ദാനം നിറവേറ്റി; പന്തക്കുസ്‌താദിനത്തിൽ ശ്ലീഹന്മാരുടെമേൽ പരിശുദ്ധാത്മാവിനെ വർഷിച്ചു (നടപടി 2,1-34). ഈശോയിൽ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവർക്കെല്ലാം ഈ പരിശുദ്ധാത്മദാനം ലഭിക്കുന്നു (നടപടി 2,38-39). മിശിഹായുമായി കൂട്ടായ്‌മയിലാവുക എന്നു പറഞ്ഞാൽ അവിടുത്തെ റൂഹായാൽ നിറയുക എന്നാണർത്ഥം. ദൈവരാജ്യത്തിലാകുന്നവൻ ദൈവാരൂപിയുടെ രാജ്യത്തിലാണ്. സൃഷ്ടിയിൽ അവനിലേക്കു ദൈവം നിശ്വസിച്ച ജീവശ്വാസം - ദൈവികറൂഹാ -(ഉല്പ 2,7) നല്‌കുന്ന ദൈവികജീവനിലുള്ള പങ്കുചേരലിന്റെ പൂർണതയാണ് മിശിഹായിലുള്ള വിശ്വാസംവഴി ലഭിക്കുന്നത്. 

പരിശുദ്ധാത്മാവ് പുറപ്പെടുന്നതു പിതാവായ ദൈവത്തിൽ നിന്നാണ്. പിതാവാണ് പരിശുദ്ധത്രിത്വത്തിലെ ഐക്യത്തിനുറവിടം. പുത്രനായ ഈശോമിശിഹാ വഴിയാണ് പിതാവ് റൂഹായെ നമുക്കു നല്കുന്നത്. 381 ലെ കോൺസ്റ്റാൻ്റിനോപ്പിൾ സൂനഹദോസിൽ പാസ്സാക്കിയ വിശ്വാസപ്രമാണത്തിൽ, "പിതാവിൽനിന്നുപുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നായിരുന്നു പ്രയോഗം. ആറാം നൂറ്റാണ്ടിൽ മാത്രമാണ് "പുത്രനിൽനിന്നും" (Filioque) എന്നു കൂട്ടിച്ചേർത്തു തുടങ്ങിയത്. പതിനൊന്നാം നൂറ്റാണ്ടോടുകൂടി റോമൻ ആരാധനക്രമത്തിലും ഇതു സ്ഥാനംപിടിച്ചു. പൗരസ്ത്യസഭകളെല്ലാം അതിപുരാതനവും വിശുദ്ധഗ്രന്ഥാധിഷ്‌ഠിതവുമായ കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണമാണു പിന്തുടരുന്നത്. "പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു" എന്നാണു പൗരസ്ത്യ സുറിയാനി പാരമ്പര്യം ഏറ്റുപറയുന്നത്. 

പരിശുദ്ധാത്മാവ് മിശിഹായുടെ അഭിഷേകമായതിനാൽ ശരീരത്തിന്റെ ശിരസ്സായ മിശിഹാ തൻ്റെ അവയവങ്ങളിൽ ആത്മാവിനെ വർഷിക്കുന്നു. അവരെ പരിപോഷിപ്പിക്കാനും സുഖപ്പെടുത്താനും, അവരുടെ പരസ്‌പരപ്രവർത്തനങ്ങളെ ക്രമീകരിക്കാനും, അവർക്കു ജീവൻ നല്കാനും, സാക്ഷ്യം വഹിക്കാൻ അവരെ അയയ്ക്കാനും, പിതാവിനുള്ള തൻ്റെ ആത്മദാനത്തോടും ലോകംമുഴുവനും വേണ്ടിയുള്ള തൻ്റെ മദ്ധ്യസ്ഥതയോടും അവരെ കൂട്ടുചേർക്കാനും വേണ്ടിയാണത്. സഭയിലെ കൂദാശകൾവഴി തന്റെ വിശുദ്ധവും വിശുദ്ധീകരിക്കുന്നതുമായ ആത്മാവിനെ മിശിഹാ തന്റെ ശരീരത്തിലെ അവയവങ്ങളിലേക്കു പകർന്നു കൊടുക്കുന്നു (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, 739).

15 

ശ്ലീഹന്മാർ 

പന്ത്രണ്ടു കവാടങ്ങൾ 

രക്ഷയുടെ വാതിലായ ഈശോമിശിഹാ തന്റെ പരസ്യജീവിത കാലത്തുതന്നെ ഈ വാതിലിലൂടെ അകത്തു പ്രവേശിക്കുവാൻ പലർക്കും അവകാശം നല്‌കി. അവരിൽ മുഖ്യർ പന്ത്രണ്ടു ശ്ലീഹന്മാരാണ്. തന്നോടുകൂടെ ആയിരിക്കാൻവേണ്ടി (മർക്കോ 3,13-15) പ്രത്യേകവിധം തിരഞ്ഞെടുക്കുകയും കൂടെ പാർപ്പിക്കുകയും (യോഹ 1,39) ചെയ്‌ത ശ്ലീഹന്മാർ അവിടുത്തെ ദൈവരാജ്യപ്രഘോഷണത്തിനും നന്മനിറഞ്ഞ ജീവിതത്തിനും ദൃക്സാക്ഷികളായി. നസ്രായനായ ഈശോയെ ദൈവപുത്രനും മിശിഹായുമായി സ്വീകരിച്ച് അവിടുത്തെ അനുഗമിക്കാനായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ച അവർക്ക് ഈശോ പ്രത്യേക പരിശീലനവും പ്രബോധനവും നല്കിയിരുന്നു. തൻ്റെ ദൗത്യത്തിൽ അവർക്കു ഭാവിയിൽ പങ്കുനല്‌കുന്നതിനുള്ള ഒരുക്കമായി പരസ്യജീവിതകാലത്തുതന്നെ അവിടുത്തെ അധികാരംനല്‌കി അവരെ സുവിശേഷം പ്രഘോഷിക്കാനും രോഗശാന്തി നല്‌കാനുമായി അയച്ചു. അവിടുത്തെ പരസ്യജീവിതത്തിനു മാത്രമല്ല, സഹനമരണോത്ഥാനങ്ങൾക്കും സാക്ഷികളാണ് ശ്ലീഹന്മാർ. ഉത്ഥിതനായ ഈശോയെ നേരിട്ടു കണ്ടതോടുകൂടിയാണ് അവരുടെ വിശ്വാസം ഉറച്ചത്. 

പരസ്യജീവിതകാലത്തു തനിക്കു ദൃക്‌സാക്ഷികളായിരുന്ന ശ്ലീഹന്മാരെ ഉത്ഥിതനായ കർത്താവ് സാക്ഷികളായി നിയമിച്ചു. അവിടുത്തെ സഹനമരണോത്ഥാനങ്ങൾക്കും അതുവഴി മനുഷ്യ വർഗത്തിനു ലഭ്യമായിരിക്കുന്ന പാപമോചനമാകുന്ന രക്ഷയ്ക്കുമായിരുന്നു അവർ സാക്ഷ്യം വഹിക്കേണ്ടിയിരുന്നത് (ലൂക്കാ 24,46-49). സ്വശക്തിയാലായിരുന്നില്ല, മറിച്ച്, ഉന്നതത്തിൽനിന്നുള്ള ശക്തിയായ പരിശുദ്ധറൂഹായാലാണ് അവർ ഈ

ദൗത്യം നിർവഹിച്ചത്. രക്ഷയുടെ പ്രഭവസ്ഥാനമായ ഓർശ്ശെമിൽ ആരംഭിച്ച് യൂദയായിലും സമരിയായിലും ലോകത്തിന്റെ അതിർത്തികൾവരെയും മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനാണ് അവർ നിയോഗിക്കപ്പെട്ടത്. ഓർശെമിലും യൂദയായിലും ശ്ലീഹന്മാരായ പത്രോസും യോഹന്നാനും വിജാതീയർക്കിടയിൽ പൗലോസ്ശ്ലീഹായും മിശിഹായെക്കുറിച്ചു പ്രഘോഷിക്കുകയും ക്രൈസ്‌തവജീവിതസാക്ഷ്യം നല്‌കുകയും ചെയ്ത‌പ്പോൾ വിശ്വാസത്തിൻ്റെ വാതിൽ അവർക്കായി തുറന്നിടുകയായിരുന്നു. അതുതന്നെയാണ് മാർതോമാശ്ലീഹാ ഭാരതത്തിലും ചെയ്തത്‌. ശ്ലീഹാ തുറന്നു നല്‌കിയ വിശ്വാസവാതിലിലൂടെ ഈശോയിലുള്ള ജീവിതത്തിലേക്കും തിരുസഭാകൂട്ടായ്മയിലേക്കും പ്രവേശിച്ച നമ്മുടെ പൂർവികർ ആ വാതിൽ പിൻതലമുറക്കാർക്കു വേണ്ടിയും തുറന്നു സൂക്ഷിച്ചു. അതുകൊണ്ടാണ് നാമിന്ന് രക്ഷയുടെ ഭവനമായ തിരുസഭയിലായിരിക്കുന്നത്. 

ഇപ്രകാരം വിശ്വാസവാതിൽ തുറന്നുനല്‌കിയ ശ്ലീഹന്മാർ ഓരോരുത്തരും തങ്ങൾക്കുണ്ടായിരുന്ന മിശിഹാനുഭവത്തിന്റെ ബലത്തിൽ ഓരോ വാതിലായി ഭവിക്കുകയായിരുന്നു. വചനമായ മിശിഹായുടെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായ ശ്ലീഹന്മാരിലൂടെ (ലൂക്കാ 1.1-2) മാത്രമേ ഒരുവന് അവിടുന്നു നല്കുന്ന രക്ഷയിൽ പങ്കുചേരാനാവൂ. ശ്ലീഹന്മാരുമായുള്ള കൂട്ടായ്‌മയിലൂടെയാണ് ഒരുവൻ ത്രിതൈ്വക ദൈവവുമായുള്ള കൂട്ടായ്‌മയിലേക്കു കടന്നു വരുന്നത്. ശ്ലീഹന്മാർ വിശ്വാസത്തിൻ്റെ വാതിൽ നമുക്കു തുറന്നു നല്കുന്നതു മിശിഹായെക്കുറിച്ചു പ്രഘോഷിച്ചുകൊണ്ടാണ്. ചരിത്രപുരുഷനായ ഈശോയെ നേരിട്ടു കാണാൻ സാധിക്കാതിരുന്നവർക്ക് അവിടുത്തെക്കുറിച്ച് അറിയാനുള്ള ഏക മാർഗം ശ്ലീഹന്മാരുടെ പ്രഘോഷണം മാത്രമായിരുന്നു. മിശിഹായെ നേരിട്ടനുഭവിച്ചറിഞ്ഞ അവർ തങ്ങൾക്കുണ്ടായ മിശിഹാനുഭവം വിശ്വാസികളുടെ സമൂഹങ്ങളോടു പ്രഘോഷിച്ചു. ഇതെക്കുറിച്ചു യോഹന്നാൻ ശ്ലീഹാ എഴുതുന്നു: "ആദിമുതലുള്ളവനും ഞങ്ങൾ കേൾക്കുകയും സ്വന്തം കണ്ണുകൾകൊണ്ടു നോക്കിക്കാണുകയും സ്വന്തം കൈകൾകൊണ്ടു സ്പ‌ർശിച്ചറിയുകയും ചെയ്തവനായ ജീവൻ്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്. ജീവൻ പ്രത്യക്ഷനായി. ഞങ്ങൾ അതു കണ്ടു. അതിനു ഞങ്ങൾ സാക്ഷ്യം നല്‌കുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു പ്രത്യക്ഷപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്നു. നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്‌മ ഉണ്ടാകാനാണ് ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോടു പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്‌മ പിതാവിനോടും അവന്റെ പുത്രനായ ഈശോമിശിഹായോടുമാണ് (1 യോഹ 1,1-3). ത്രിതൈക ദൈവവുമായുള്ള കൂട്ടായ്‌മയിലേക്കു തങ്ങളുടെ ശ്രോതാക്കളെ കൈപിടിച്ചു പ്രവേശിപ്പിക്കുന്നതിനാണ് ശ്ലീഹന്മാർ മിശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഘോഷിക്കുന്നത്. അവരുടെ ദൃക്സാക്ഷി അനുഭവമാണ് പ്രഘോഷണത്തിനു ബലം നല്‌കുന്നത്. ഈശോയുടെ പരസ്യജീവിതകാലം മുഴുവൻ അവിടുത്തോടുകൂടെ വസിക്കുകയും അവിടുന്നു പഠിപ്പിച്ചവ കേൾക്കുകയും പ്രവർത്തിച്ചവ കാണുകയും ചെയ്‌ത അവരെയാണ് ഉത്ഥിതനായ മിശിഹാ തന്റെ സ്വർഗാരോഹണത്തിനുമുമ്പ് തനിക്കു സാക്ഷികളായി നിയമിച്ചത്. 

മിശിഹായെക്കുറിച്ചുള്ള ശ്ലീഹന്മാരുടെ പ്രഘോഷണത്തിന് കെരിഗ്മാ (Kerygma) എന്നാണു പൊതുവേ പറയാറ്. നസ്രായനായ ഈശോ ആരാണെന്നും അവിടുന്ന് എന്താണു ചെയ്‌തതെന്നുമുള്ള പ്രഘോഷണമാണു കെരിഗ്മായുടെ ഉള്ളടക്കം. അവിടുന്നു ദൈവപുത്രനും പഴയനിയമത്തിൽ പിതാവായ ദൈവം വാഗ്ദാനം ചെയ്തിരുന്ന രക്ഷകനായ മിശിഹായുമാണ് എന്നതാണ് അവിടുത്തെക്കുറിച്ചു ശ്ലീഹന്മാർക്കു പറയുവാനുണ്ടായിരുന്നത്. അവിടുന്നു ദൈവരാജ്യത്തിൻ്റെ സുവിശേഷം അറിയിച്ചുകൊണ്ടും നന്മ ചെയ്തു‌കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും അവസാനം തന്റെ സഹനവും കുരിശുമരണവും ഉത്ഥാനവുംവഴി മനുഷ്യവർഗം മുഴുവന്റെയും രക്ഷ സാധിച്ചുവെന്നുമുള്ളതാണ് ശ്ലീഹന്മാരുടെ പ്രഘോഷണവിഷയം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, വാതിലായ മിശിഹായെ അവതരിപ്പിക്കലാണ് ശ്ലൈഹിക പ്രഘോഷണം. ഏതാണ്, എവിടെയാണ് വാതിൽ എന്നറിയാതെ അകത്തു പ്രവേശിക്കാനാവില്ലല്ലോ. ശ്ലീഹന്മാർ മിശിഹായെ പ്രഘോഷിച്ചിടങ്ങളിലെല്ലാം അവർ വിശ്വാസവാതിൽ സ്ഥാപിക്കുകയായിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് വിശുദ്ധ ഗ്രന്ഥത്തിലെ അവസാന പുസ്തകമായ വെളിപാടിൽ യോഹന്നാൻശ്ലീഹാ ദർശനത്തിലെ നഗരത്തിന്റെ പന്ത്രണ്ടു വാതായനങ്ങളുടെ പൊരുൾ വ്യക്തമാകുന്നത്. കുഞ്ഞാടിൻ്റെ മണവാട്ടിയായ സ്വർഗീയ ഓർശ്ലൈമിന് ചുറ്റും ഉന്നതമായ ഒരു മതിലുള്ളതായാണ് കാണപ്പെട്ടത്. നാലു ദിക്കുകളിലുമായി അതിനു പന്ത്രണ്ടു കവാടങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ടു ദൂതന്മാർ നിന്നിരുന്ന ആ കവാടങ്ങളിൽ ഇസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രനാമങ്ങൾ എഴുതിയിരുന്നു. കുഞ്ഞാടിന്റെ പന്ത്രണ്ടു ശ്ലീഹന്മാരുടെ പേരുകൾ എഴുതിയ പന്ത്രണ്ട് അടിസ്ഥാനങ്ങൾ ആ നഗരത്തിൻ്റെ മതിലിനുണ്ടായിരുന്നു (വെളി 21,9-14). പന്ത്രണ്ടു കവാടങ്ങളും നിർമ്മിച്ചിരുന്നത് ഓരോതരം പവിഴ മുത്തുകൾകൊണ്ടായിരുന്നു (വെളി 21,19-21). സർവാധിപനും കർത്താവുമായ കുഞ്ഞാടായിരുന്നു അവിടുത്തെ ദൈവാലയം. ദൈവമഹത്വം അതിനെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് സൂര്യനോ ചന്ദ്രനോ അവിടെ ആവശ്യമില്ലായിരുന്നു. കുഞ്ഞാട് അതിന്റെ വിളക്കുമായിരുന്നു. രക്ഷിക്കപ്പെട്ട ജനതകൾ അതിൻ്റെ വെളിച്ചത്തിൽ നടക്കും... അവിടെ രാത്രിയില്ലാത്തതിനാൽ അതിന്റെ കവാടങ്ങൾ അടയ്ക്കാറില്ല (വെളി 21,22-27). ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ജീവജലത്തിന്റെ ഇരുകരകളിലുമായി പന്ത്രണ്ടുതരം ഫലങ്ങൾ കായ്ക്കുന്നതും എല്ലാ മാസവും ഫലങ്ങൾ നല്‌കുന്നതുമായ ജീവന്റെ വൃക്ഷമുണ്ട്. അതിൻ്റെ ഇലകൾ ജനങ്ങളുടെ രോഗശാന്തിക്ക് ഉതകുന്നവയായിരുന്നു. 

കുഞ്ഞാടിന്റെ മണവാട്ടിയായ തിരുസഭയെ സ്വർഗീയ ഓർശ്ലൈത്തെ-ഒരു നഗരത്തോടാണല്ലോ ഉപമിച്ചിരിക്കുന്നത്. ഈ നഗരത്തിൻ്റെ അടിസ്ഥാനങ്ങളും കവാടങ്ങളുമാണ് പന്ത്രണ്ടു ശ്ലീഹന്മാർ. ഈ വാതായനങ്ങളിലൂടെ മാത്രമേ രക്ഷയുടെ ഭവനമായ തിരുസഭയിലും അതുവഴി സ്വർഗീയ ഓർശ്ലൈമിലും പ്രവേശിക്കാനാവൂ. ഒരിക്കലും അടയ്ക്കാത്ത കവാടങ്ങളാണവ. വർഷംമുഴുവനിലും പന്ത്രണ്ടുതരം ഫലങ്ങൾ കായ്ക്കുന്ന ജീവന്റെ വൃക്ഷത്തോടും ശ്ലീഹന്മാരെ ഉപമിക്കുന്നുണ്ട്. ആ വൃക്ഷത്തിന്റെ ഇലകൾപോലും രോഗശാന്തിക്കുപകരിക്കുന്നവയാണ്. ആ ജീവന്റെ വൃക്ഷത്തിന്മേൽ അധികാരം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിൽ പ്രവേശിക്കാനും ചെയ്യേണ്ടതെന്തെന്നും ദൂതൻ വ്യക്തമാക്കി: കുഞ്ഞാടിൻ്റെ കല്‌പനകൾ പാലിക്കുക (വെളി 22,14). 

സ്വർഗീയഓർശ്ശെമിൻ്റെ അടിസ്ഥാനങ്ങളും കവാടങ്ങളുമാണ് പന്ത്രണ്ടു ശ്ലീഹന്മാർ. ഈ വാതായനങ്ങളിലൂടെ മാത്രമേ രക്ഷയുടെ ഭവനമായ തിരുസഭയിലും അതുവഴി സ്വർഗീയ ഓർശ്ലൈമിലും പ്രവേശിക്കാനാവൂ.

16 

സഭാപിതാക്കന്മാർ
ഉപവാതിലുകൾ 

ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ വാതിൽ നമുക്കു തുറന്നുതരുന്നതിൽ ശ്ലീഹന്മാർ കഴിഞ്ഞാൽ അടുത്ത സ്ഥാനം സഭാപിതാക്കന്മാർക്കാണ്. മനുഷ്യനായവതരിച്ച ദൈവ വചനത്തെ ശ്രവിക്കുകയും സ്‌പർശിക്കുകയും അടുത്തനുഭവിക്കുകയും ചെയ്ത സഭാപിതാക്കന്മാരെപ്പറ്റിയുള്ള ദൈവശാസ്ത്ര പഠനശാഖയാണ് പട്രോളജി. ആദിമനൂറ്റാണ്ടിലെ ക്രൈസ്തവ സാഹിത്യകാരന്മാർ, കൃതികൾ തുടങ്ങിയവ ഈ ശാസ്ത്രത്തിന്റെ പരിധിയിൽപ്പെടും. ശ്ലീഹന്മാരെപ്പോലെതന്നെ, മിശിഹായിൽ പൂർത്തിയായ രക്ഷാ സന്ദേശം അവികലമായി മനസ്സിലാക്കുകയും സ്വന്തമാക്കുകയും കലർപ്പില്ലാതെ കൈമാറി നല്‌കുകയും ചെയ്തവരാണ് ആദിമ സഭാപിതാക്കന്മാർ. 

സുവിശേഷപ്രഘോഷണത്തിലൂടെ വിശ്വാസികൾക്കു മിശിഹായിൽ ജന്മം നല്കിയ ശ്ലീഹന്മാരെയും അവരുടെ പിൻഗാമികളെയും “പിതാക്കന്മാർ" എന്നു വിളിക്കാറുണ്ട് (1 കോറി 4,15). ഗുരുക്കന്മാരും പിതാക്കന്മാർ എന്നു പൊതുവേ അറിയപ്പെടാറുണ്ടല്ലോ. അതുകൊണ്ടാണ് സത്യപ്രബോധനം നല്‌കുന്ന മെത്രാന്മാരെ “പിതാക്കന്മാർ" എന്ന് അഭിസംബോധന ചെയ്യുന്നത്. ശ്ലീഹന്മാരുടെ കാലം മുതൽ എട്ടാംനൂറ്റാണ്ട് ഉൾപ്പെടെയുള്ള കാലഘട്ടമാണു സഭാ പിതാക്കന്മാരുടെ കാലം. പൗരസ്ത്യസഭയിൽ ഡമാസ്ക്കസിലെ യോഹന്നാൻ (ജോൺ ഡമഷീൻ +749) വരെയുള്ളവരെയും പാശ്ചാത്യസഭയിൽ സെവിലിലെ ഇസിദോർ (+636) വരെയുള്ള വരെയുമാണ് സഭാപിതാക്കന്മാരായി പരിഗണിക്കാറുള്ളത്. 

ചില പ്രത്യേക സവിശേഷതകളുള്ളവരെയാണു സഭാപിതാക്കന്മാരായി സഭ അംഗീകരിക്കുന്നത്: 1. രക്ഷാസന്ദേശം അവികലമായും പൂർണമായും ഗ്രഹിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും കളങ്കരഹിതമായി പകർന്നുനല്‌കുകയും ചെയ്തിരിക്കണം. സത്യവിശ്വാസത്തിൻ്റെ വക്താക്കളും സത്യസഭയോടു വിശ്വസ്തതയുള്ളവരുമായിരിക്കണം. 2. ജീവിത വിശുദ്ധിയുള്ളവരായിരിക്കണം. സഭയുടെ നഭോമണ്‌ഡലത്തിൽ ശോഭിക്കുന്ന നക്ഷത്രങ്ങളാണവർ. 3. പിൽക്കാല സഭയുടെ അംഗീകാരം സുപ്രധാനമാണ്. 4. പൗരാണികത്വമാണു മറ്റൊരു മാനദണ്ഡം. എട്ടാം നൂറ്റാണ്ടിനുശേഷമുള്ള വരെ സഭാപിതാക്കന്മാരുടെ ഗണത്തിൽ പെടുത്താറില്ല. ഒമ്പതാം നൂറ്റാണ്ടു മുതലുള്ളവരെ സഭാമല്‌പാൻമാർ എന്നാണു വിളിക്കാറ്. 

വിശ്വാസസമർത്ഥകനായ അഫ്രാത്തസ് (+345), ദൈവശാസ്ത്രജ്ഞനും കവിയുമായ മാർ അപ്രേം (+373), ദിവ്യരഹസ്യങ്ങളുടെ വ്യാഖ്യാതാവായ നർസായി (+500) തുടങ്ങിയവരാണ് പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരിൽ പ്രമുഖർ. മഹാനായ വി. ബേസിൽ (379), വി. ഗ്രിഗറി നസ്യാൻസൻ (390), വി. ജോൺ ക്രിസോസ്തോം (407), വി. അത്തനാസ്യോസ് (373) എന്നിവരാണ് പൗരസ്ത്യഗ്രീക്കു സഭയിലെ നെടുംതൂണുകൾ. വി. അംബ്രോസ് (397), വി. ജറോം (420), വി. ആഗസ്‌തീനോസ് (430), മഹാനായ വി. ഗ്രിഗറി (604) എന്നിവരാണു പാശ്ചാത്യ ലത്തീൻ സഭയിലെ പ്രധാന സഭാപിതാക്കന്മാർ. 

മിശിഹാ മൂലക്കല്ലും ശ്ലീഹന്മാർ അടിസ്ഥാനവുമായുള്ള സഭാസൗധത്തിൻ്റെ ബലമുള്ള തൂണുകളാണ് സഭാപിതാക്കന്മാർ. മിശിഹാസംഭവത്തോടും ശ്ലീഹന്മാരുടെ കാലഘട്ടത്തോടുമുള്ള സാമീപ്യമാണ് മിശിഹാരഹസ്യങ്ങളും വിശ്വാസസത്യങ്ങളും ശരിയായി വ്യാഖ്യാനിച്ചു നല്‌കാൻ സഭാപിതാക്കന്മാരെ പ്രാപ്തരാക്കിയത്. മിശിഹായുടെ മനസ്സു വായിക്കുകയും തിരുസഭയുടെ ഹ്യദയത്തോട് അടുത്തുനില്ക്കുകയും ചെയ്തുകൊണ്ടു വിശ്വാസരഹസ്യങ്ങൾ വ്യാഖ്യാനിച്ചു നല്‌കിയ സഭാപിതാക്കന്മാർ നമ്മെ സംബന്ധിച്ച് വിശ്വാസവാതിലുകൾ തന്നെയാണ്. അവരുടെ ജീവിതത്തിലൂടെയും പ്രബോധനങ്ങളിലൂടെയും മിശിഹാനുഭവത്തിലേക്കും അവിടുന്നു പ്രദാനം ചെയ്യുന്ന രക്ഷയിലേക്കും നമുക്കും പ്രവേശിക്കാനാവും. തിരുസഭയിലെ ആരാധനക്രമം, ദൈവ ശാസ്ത്രം, ആദ്ധ്യാത്മികത, കാനൻനിയമം തുടങ്ങിയവയെല്ലാം ഉത്ഭവിക്കുന്ന മുഖ്യ ഉറവിടങ്ങളാണ് സഭാപിതാക്കന്മാർ. 

പ്രഥമ വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കൾ സഭാപിതാക്കന്മാരാണ്. ബൈബിൾ വിജ്ഞാനീയത്തിൻ്റെ മഹാസമുദ്രമാണവരുടെ കൃതികൾ. മിശിഹാകേന്ദ്രീകൃതമായി വിശുദ്ധഗ്രന്ഥം മുഴുവനെയും വ്യാഖ്യാനിക്കുന്ന രീതിയായിരുന്നു അവരുടേത്. പഴയനിയമ വ്യക്തികളിലും സംഭവങ്ങളിലും മിശിഹായെയും അവിടുത്തെ ജീവിതത്തിലെ രക്ഷാകരസംഭവങ്ങളെയും കാണാൻ അവർക്കു കഴിഞ്ഞു. അനുദിന ക്രിസ്‌തീയജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചതിനാൽ അവർക്കു സാർവത്രികവും ശാശ്വതവുമായ അംഗീകാരവും ലഭിച്ചു. മിശിഹാരഹസ്യത്തിലാണ് മനുഷ്യരഹസ്യം പ്രകാശിതമാകുന്നതും അർത്ഥസംപുഷ്‌ടമാകുന്നതുമെന്നു സഭാ പിതാക്കന്മാർ പഠിപ്പിച്ചു. 

ഉദാഹരണത്തിന്, പാശ്ചാത്യസഭാപിതാക്കന്മാരിൽ അഗ്രഗണ്യനായ വിശുദ്ധ ആഗസ്‌തീനോസിനെപ്പറ്റി ബനഡിക്റ്റ് പതിനാറാമൻ പാപ്പാ ഇപ്രകാരം എഴുതുന്നു: "തൻ്റെ ഹൃദയം ദൈവത്തിൽ വിശ്രമം കണ്ടെത്തുന്നതുവരെ വിശ്വാസത്തിന്റെ സൗന്ദര്യം തേടിയുള്ള നിരന്തരമായ ഒരന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിശ്വാസസത്യവും വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന അദ്ദേഹത്തിൻ്റെ കൃതികൾ പകരംവയ്ക്കാനില്ലാത്തത്ര സമ്പന്നമായ ഒരു പൈതൃകമായി നിലകൊള്ളുന്നു. അവ ഇന്നും ദൈവാന്വേഷണത്തിലായിരിക്കുന്ന അനേകരെ വിശ്വാസ വാതിലിലേക്കുള്ള പാത കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു" (വിശ്വാസത്തിൻ്റെ വാതിൽ, 7). 

ദൈവവചനപഠനത്തിനു സഭാപിതാക്കന്മാർ മാർഗദർശികളാകണം എന്നു വത്തിക്കാൻ സൂനഹദോസ് പിതാക്കന്മാർ നിർദ്ദേശിക്കുന്നുണ്ട്. മനുഷ്യാവതാരംചെയ്‌ത വചനത്തിൻ്റെ മണവാട്ടിയും പരിശുദ്ധാത്മാവിനാൽ പ്രബോധിതയുമായ തിരുസഭ വി. ലിഖിതത്തെപ്പറ്റി കൂടുതൽ അഗാധമായ ജ്ഞാനം നേടാൻ ശ്രമിക്കുന്നതിൽ എന്നും ഉത്സുകയാണ്. തദ്വാരാ തൻ്റെ മക്കളെ ദൈവിക വചസുകൾകൊണ്ട് നിരന്തരം പരിപോഷിപ്പിക്കുവാൻ അവൾ ആഗ്രഹിക്കുന്നു. ഇതേ കാരണത്താൽതന്നെയാണ് പാശ്ചാത്യരും പൗരസ്ത്യരുമായ വി. പിതാക്കന്മാരുടെ കൃതികളെയും പൂജ്യമായ ആരാധനക്രമത്തെയും പഠിച്ചറിയുവാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് (ദൈവാവിഷ്കരണം,24).

17 

തിരുസഭയാകുന്ന വാതിൽ 

ഈശോമിശിഹായുടെ നാമത്തിൽ അറിയപ്പെടുകയും 'സഭ' എന്ന അഭിധാനം അവകാശപ്പെടുകയും ചെയ്യുന്ന അനേകം വിഭാഗങ്ങൾ ഇന്നു നമുക്കു ചുറ്റുമുണ്ട്. ഇതിൽ ഏതാണു മിശിഹായുടെ സഭ എന്ന ചോദ്യം പലർക്കും ചിന്താക്കുഴപ്പത്തിനു കാരണമാണ്. സത്യസഭയെ തിരിച്ചറിയാൻ നാല് അടയാളങ്ങളാണുള്ളത്: സഭഏകവും പരിശുദ്ധവും സാർവത്രികവും ശ്ലൈഹികവുമാണ്.

1. സഭ ഏകമാണ് 

സഭയിൽ അംഗമാകുന്നതിനുള്ള വ്യവസ്ഥ ഈശോമിശിഹായിലുള്ള വിശ്വാസമാണല്ലോ. ഈ വിശ്വാസം ഒന്നേയുള്ളു. ഈശോയെ ദൈവപുത്രനും പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ മിശിഹായുമായി അംഗീകരിക്കുന്നതാണ് ഈ വിശ്വാസത്തിന്റെ കാതൽ. ഈ സത്യമാണ് ശ്ലീഹന്മാരെല്ലാവരും പ്രഘോഷിച്ചത്. ഇതു വിശ്വസിക്കുന്നവരുടെ സമൂഹമാണു തിരുസഭ. ഈ അടിസ്ഥാനവിശ്വാസത്തിൽ വൈവിധ്യം ഉണ്ടാകാനാവില്ല. വിശ്വസിക്കുന്നവർ പലരെങ്കിലും മിശിഹായിൽ അവരെല്ലാവരും ഏക ശരീരമാണ് (റോമാ 12,5; ഗലാ 3,28) എന്നു പൗലോസ്ശ്ലീഹാ പഠിപ്പിക്കുമ്പോൾ ഉദ്ദേശിക്കുന്നത് ഈ ഐക്യമാണ്. ഏക വിശ്വാസത്തിൽ പങ്കുചേരുന്നവർ പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിലുള്ള ഏക മാമ്മോദീസായാണ് മുങ്ങുന്നത്. വിശ്വാസത്തിലുള്ള ഐക്യമാണ് മാമ്മോദീസായിലുള്ള ഐക്യത്തിനടിസ്ഥാനം (1 കൊറി 1,10-17). മാമ്മോദീസായിൽ വിശ്വാസികൾക്കു ലഭിക്കുന്ന ദൈവത്തിന്റെ അരൂപിയും ഒന്നാണ്. വിശ്വസിക്കുന്നവർ ഒരിടയന്റെ കീഴിൽ ഒരജഗണമായിത്തീരണം എന്നതാണ് ഈശോയുടെ ആഗ്രഹം ( 10,16). 

ഐക്യം ഐകരൂപ്യമല്ല. വിശ്വാസവും മാമ്മോദീസായുമൊക്കെ ആഘോഷിക്കുന്ന രീതിയിലും ജീവിക്കുന്ന ശൈലിയിലും സഭകൾ തമ്മിൽ വ്യത്യാസമുണ്ട്. അതു ശ്ലീഹന്മാരുടെ മിശിഹാനുഭവത്തിന്റെയും അതു സ്വീകരിക്കുന്ന സമൂഹത്തിൻ്റെ സാംസ്കാരിക പശ്ചാത്തലത്തിൻ്റെയും വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിലാണ്. ശ്ലീഹന്മാരുടെ പ്രബോധനത്തിനു വിരുദ്ധമായി പഠിപ്പിച്ചുകൊണ്ട് സഭയ്ക്കുള്ളിൽ പിളർപ്പുണ്ടാക്കുന്ന പാഷണ്‌ഡികൾ അഥവാ അബദ്ധപ്രബോധകർ സഭയുടെ ഐക്യത്തിനെതിരെ പ്രവർത്തിക്കുന്നവരാണ്. അതുപോലെതന്നെ, സഭാംഗങ്ങളിൽ കുറെപ്പേരെ വേർപിരിച്ച് അവരുടെ നേതാവാകാൻ ശ്രമിക്കുന്ന ശീശ്മക്കാരും ഐക്യത്തിനെതിരെയാണു പ്രവർത്തിക്കുന്നത്. സഭാചരിത്രത്തിൽ എല്ലാകാലത്തും ഇത്തരം പാഷണ്‌ഡികളും ശീശ്‌മക്കാരും ഉണ്ടായിട്ടുണ്ട്. പലപ്പോഴും അബദ്ധ പ്രബോധനങ്ങളിൽ ആരംഭിച്ച് ശീശ്മയിലേക്കു വഴുതിവീഴുകയാണ് പതിവ് (72 മുതൽ 77 വരെയുള്ള പേജുകൾ കാണുക).

2. സഭ പരിശുദ്ധമാണ് 

പിതാവായ ദൈവം ഈശോമിശിഹായിലൂടെ തനിക്കായി വിളിച്ചുകൂട്ടിയവരുടെ സമൂഹമാണല്ലോ തിരുസഭ. ഇപ്രകാരം ദൈവത്തിനുവേണ്ടി പ്രത്യേകം വേർതിരിച്ചു മാറ്റിവയ്ക്കപ്പെട്ടത് എന്നയർത്ഥത്തിൽ സഭ പരിശുദ്ധയാണ്. ഈശോ തൻ്റെ മണവാട്ടിയായ തിരുസഭയെ സ്വന്തരക്തത്താൽ കഴുകി വിശുദ്ധയാക്കി(എഫേ 5,26). ദൈവത്തിന്റെ അരൂപി അവളിൽ നിരന്തരം വസിച്ചുകൊണ്ട് അവളെ വിശുദ്ധയായി പരിപാലിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്റെ പ്രമാണം പാലിച്ചുകൊണ്ടാണു സഭ വിശുദ്ധിയിൽ വളരുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണെങ്കിലും സഭാംഗങ്ങളെല്ലാവരും വിശുദ്ധി പ്രാപിച്ചുകഴിഞ്ഞിട്ടില്ല. ഈ ലോകത്തിലായിരിക്കുന്നിടത്തോളംകാലം പാപമാലിന്യമേശാനുള്ള സാധ്യതയേറെയാണ്. ഈ മാലിന്യങ്ങൾ കഴുകി സഭാംഗങ്ങളെ വിശുദ്ധീകരിക്കുന്നതിനുള്ള ഉപാധികളാണ് തിരുസഭയിലെ കൂദാശകൾ. മനുഷ്യകുലത്തിന്റെ പാപത്തിനു പരിഹാരം ചെയ്യാൻ ആഗതനായ മിശിഹായുടെ പാത പിന്തുടർന്ന് പാപികളെ മാറോടണയ്ക്കുന്ന സഭ ഒരേസമയം പരിശുദ്ധയും നിരന്തരം ശുദ്ധീകരിക്കപ്പെടുന്നവളുമാണ്. (തിരുസഭ, 8). “അതുകൊണ്ട് തിരുസഭയിൽ എല്ലാവരും-ഭരിക്കുന്നവരും ഭരണീയരും-വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു" (തിരുസഭ, 39).

3. സഭ ശ്ലൈഹികമാണ് 

ശ്ലീഹന്മാരാണ് തിരുസഭയുടെ അടിത്തറ. പത്രോസ് ശ്ലീഹായോട് ഈശോ പറഞ്ഞു: "നീ കേപ്പായാകുന്നു. ഈ കേപ്പാമേൽ എന്റെ സഭ ഞാൻ പണിയും. പാതാളവാതിലുകൾ അതിനെതിരെ ബലപ്പെടുകയില്ല. സ്വർഗരാജ്യത്തിൻ്റെ താക്കോൽ നിനക്കു ഞാൻ തരും" (മത്താ 16,18-19). പത്രോസ്ശ്ലീഹാ പന്ത്രണ്ടുശ്ലീഹന്മാരുടെയും പ്രതിനിധിയായാണ് ഈശോ "സജീവനായ ദൈവത്തിന്റെ പുത്രനായ മിശിഹായാണ്" എന്നേറ്റുപറഞ്ഞത്. അദ്ദേഹത്തോട് ഈശോ അരുളിച്ചെയ്‌തത്‌ ശ്ലീഹന്മാർ എല്ലാവരെ സംബന്ധിച്ചും വാസ്തവമാണ്. അവരുടെ വിശ്വാസമാകുന്ന പാറമേലാണ് തിരുസഭയാകുന്ന ഭവനം പണിയപ്പെട്ടിരിക്കുന്നത്. മിശിഹാസംഭവത്തിനു ദൃക്സാക്ഷികളായ അവർ തങ്ങളുടെ മിശിഹാനുഭവം പങ്കുവച്ചതിന്റെ ഫലമായാണ് വിവിധ സ്ഥലങ്ങളിൽ തിരുസഭ ജന്മമെടുത്തത്. ശ്ലീഹന്മാരാകുന്ന വാതിലിലൂടെ മാത്രമേ മിശിഹാനുഭവത്തിലേക്കും ത്രിതൈക കൂട്ടായ്‌മയിലേക്കും നമുക്കു പ്രവേശിക്കാനാവൂ (1 യോഹ 1,3). സഭ ശ്ലൈഹികമാണ് എന്നതിന്റെ അർത്ഥമിതാണ്. ശ്ലൈഹികപിന്തുടർച്ചയുള്ള സഭയാണ് മിശിഹായുടെ സഭ. ശ്ലീഹന്മാരുടെ കൈവയ്‌പുവഴി ശ്ലൈഹികശുശ്രൂഷ തുടരുന്നതു തിരുസഭയിൽ മാത്രമാണ്. പത്രോസിന്റെ പിൻഗാമിയായ മാർപ്പാപ്പായും മറ്റു ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരുമാണ് മിശിഹായുമായി നമ്മെ ബന്ധിപ്പിക്കുന്ന കണ്ണികൾ.

4. സഭ സാർവത്രികമാണ് 

ലോകം മുഴുവൻ്റെയും രക്ഷകനായാണ് ദൈവപുത്രൻ മനുഷ്യനായവതരിച്ചത്. അവിടുത്തെ ജനനവേളയിൽ ദൈവദൂതൻ അതു വ്യക്തമാക്കി: "ഇതാ, സർവലോകത്തിനുംവേണ്ടിയുള്ള ഒരു മഹാസന്തോഷത്തിൻ്റെ സന്ദേശം നിങ്ങളെ ഞാൻ അറിയിക്കുന്നു. ദാവീദിൻ്റെ നഗരത്തിൽ ഇന്നു നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ മിശിഹാ, പിറന്നിരിക്കുന്നു" (ലൂക്കാ 2,10-11). ഈശോ തന്റെ പരസ്യജീവിതകാലത്ത് സകലർക്കും-യഹൂദ വിജാതീയ വ്യത്യാസമില്ലാതെ-രക്ഷ നല്‌കി. തൻ്റെ സഹനവും മരണവും എല്ലാവർക്കുംവേണ്ടിയാണ് എന്ന് അന്ത്യത്താഴവേളയിൽ അവിടുന്നു വ്യക്തമാക്കി (ലൂക്കാ 22,19-21). ഏകരക്ഷകനായ അവിടുന്ന് തന്റെ കുരിശുമരണത്തിലൂടെ മനുഷ്യവർഗം മുഴുവനെയും ദൈവവുമായി രഞ്ജിപ്പിച്ചു. ഉത്ഥാനശേഷം ശ്ലീഹന്മാരെ സുവിശേഷപ്രഘോഷ ദൗത്യവുമായി അയച്ചപ്പോൾ, ഇപ്രകാരം കല്‌പിച്ചു: “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവർക്കു മാമ്മോദീസാ നല്കുവിൻ. ഞാൻ നിങ്ങളോടു കല്‌പിച്ചവയെല്ലാം പാലിക്കാൻ അവരെ പഠിപ്പിക്കുവിൻ. ഇതാ, ഞാൻ ലോകാവസാനം വരെ നിങ്ങളോടുകൂടെയുണ്ട്" (മത്താ 28,19-20). എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നതാണു ദൈവഹിതം. എല്ലാവരെയും ഉൾക്കൊള്ളുന്ന സഭയുടെ ഈ സ്വഭാവമാണ് സഭ സാർവത്രികമാണ് അഥവാ കാതോലികമാണ് എന്നു പറയുന്നതുകൊണ്ടുദ്ദേശിക്കുന്നത്.

18 

തിരുസഭ ദൈവജനം 

മിശിഹായുടെ മൗതികശരീരമാണു തിരുസഭ; സഭാംഗങ്ങൾ ഈ ശരീരത്തിലെ അവയവങ്ങളും (1 കോറി 12,12-31). മിസ്റ്റിച്ചി കോർപൊരിസ് (1943) എന്ന ചാക്രികലേഖനംവഴി പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ, സഭയുടെ ദൃശ്യഘടനയുടെ പിന്നിലുള്ള മിശിഹായുടെ സാന്നിധ്യത്തെക്കുറിച്ചു വ്യക്തമായ പ്രബോധനം നല്കി. ലോകാരംഭംമുതൽ മിശിഹായുടെ രണ്ടാമത്തെ ആഗമനംവരെ ദൈവാരൂപിയുടെ പ്രവർത്തനം അവിടുത്തെ ശരീരമായ തിരുസഭയിൽ തുടരുന്നു. സഭാംഗങ്ങളുടെ വ്യക്തിത്വത്തിനോ സ്വാതന്ത്യത്തിനോ അതു ഭംഗം വരുത്തുന്നില്ല. ഒരു ശരീരത്തിലെ വിവിധ അവയവങ്ങൾ എന്ന നിലയിൽ സഭാംഗങ്ങളെല്ലാവരും ഒരേ ആദ്ധ്യാത്മിക ജീവനിലാണു പങ്കുചേരുന്നത്. 

മൗതികശരീരത്തിൻ്റെ അംഗങ്ങൾ പുതിയനിയമ ദൈവജനത്തിന്റെ ഭാഗമാകുന്നു. പഴയനിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിൻ്റെ സ്ഥാനത്താണു തിരുസഭ. പഴയനിയമ ഇസ്രായേൽ ദൈവത്തിൻ്റെ സമൂഹം എന്നർത്ഥമുള്ള "കഹാൽ യാഹ്‌വെ" എന്നാണറിയപ്പെട്ടിരുന്നത്. പുതിയനിയമത്തിൽ വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം അഥവാ "എക്ലേസിയാ" എന്നു വിശ്വാസികളുടെ സമൂഹം അറിയപ്പെടുന്നു (തിരുസഭ, 9-10). ഇസ്രായേൽ ദൈവത്തിന്റെ ജനമായത് സീനായ് ഉടമ്പടിയിലൂടെയാണ്. അതുപോലെ, മിശിഹായുടെ രക്തത്തിലുള്ള പുതിയ ഉടമ്പടിയിലൂടെയാണു പുതിയനിയമദൈവജനം രൂപംകൊള്ളുന്നത്. പരിശുദ്ധ കുർബാനയിലാണല്ലോ അവിടുത്തെ തിരുരക്തം നമുക്കു ലഭിക്കുന്നത്. അതുകൊണ്ടു വിശുദ്ധ കുർബാനയാണ് ദൈവജനത്തെ രൂപീകരിക്കുന്നത്. ആരാധനാസമൂഹം മുഴുവനെയും ഉദ്ദേശിച്ച് "ജനം” എന്നു കുർബാനയിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, “അങ്ങയുടെ കാരുണ്യത്തെ പ്രത്യാശാപൂർവം കാത്തിരിക്കുന്ന ഈ ജനത്തിനുവേണ്ടിയും... ഈ കുർബാന അങ്ങു സ്വീകരിക്കണമേ." ഇവിടെ "ജന"ത്തിനു പകരം “സമൂഹം" എന്നോ മറ്റോ ഉപയോഗിക്കുന്നത് ദൈവജനം എന്ന ആശയത്തിനു ശോഷണം വരുത്തും. 

മിശിഹായുടെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന് പുരോഹിതസ്വഭാവംകൂടിയുണ്ട്. പത്രോസ്ശ്ലീഹായുടെ വാക്കുകളിൽ, നമ്മൾ “തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിൻ്റെ സ്വന്തം ജനവുമാണ്" (1 പത്രോസ് 2,9). ഈ പൊതുപൗരോഹിത്യം പരി. കുർബാനയർപ്പണത്തിൽ പങ്കുചേരുന്നതിനും കൂദാശകൾ സ്വീകരിക്കുന്നതിനും ജീവിതസാക്ഷ്യംവഴി ശരീരങ്ങളെ സജീവബലിയായി അർപ്പിക്കുന്നതിനും വിശ്വാസികൾ പ്രാപ്ത്‌തരാകുന്നു. (തിരുസഭ, 10). 

ഞങ്ങൾ വിശ്വസിക്കുന്നു 

സർവശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു: ഇതാണ് നമ്മുടെ വിശ്വാസപ്രമാണത്തിന്റെ ആരംഭം. "ഞങ്ങൾ വിശ്വസിക്കുന്നു" എന്നാണു നമ്മൾ ഏറ്റുപറയുന്നത്. വിശ്വാസം സഭയുടെ പ്രവൃത്തിയാണ്. ഞാൻ വിശ്വസിക്കുന്നതു തനിച്ചല്ല. എന്നെ വിശ്വാസത്തിലേക്ക് ആനയിക്കുന്ന, വിശ്വാസത്തിൽ വളർത്തുന്ന, കൂടെയായിരുന്നുകൊണ്ടു വിശ്വാസത്തിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു സമൂഹമുണ്ട്. അതാണു തിരുസഭ. ആ സഭയുടെ വിശ്വാസത്തിലാണ് മാമ്മോദീസായിലൂടെ ഞാൻ പങ്കുചേരുന്നത്. വിശ്വാസപാഠങ്ങൾ എനിക്കു പറഞ്ഞുതരുന്നതു തിരുസഭയാണ്. വിശ്വാസം ഒരു വ്യക്തിയെ ആനയിക്കുന്നതു തിരുസഭയിലെ കൂട്ടായ്‌മയിലേക്കാണ്. ഈ കൂട്ടായ്മയിൽനിന്നു വേറിട്ട ഒരു അസ്‌തിത്വം ക്രൈസ്‌തവനില്ല. "ഞങ്ങൾ വിശ്വസിക്കുന്നു" എന്നു പറയുന്നതിൻ്റെ അർത്ഥമിതാണ്. 

എന്നാൽ, അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിൽ "ഞാൻ വിശ്വസിക്കുന്നു" എന്നാണു കാണുന്നത്. റോമാസഭയിൽ മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തിയുടെ ഉപയോഗത്തിനായി രൂപപ്പെടുത്തിയിരുന്നതാണ് അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം. ആദിമസഭയിൽ മാമ്മോദീസാ മുങ്ങിയിരുന്നവരിൽ അധികവും പ്രായപൂർത്തിയായവർ ആയിരുന്നല്ലോ. അവരുടെ വ്യക്തിപരമായ വിശ്വാസപ്രഖ്യാപനത്തിനുശേഷം മാത്രമേ സഭയിലേക്കു സ്വീകരിച്ചിരുന്നുള്ളു. തിരുസഭയിൽ അംഗമായശേഷം വിശ്വാസിയുടെ അസ്തിത്വം സഭാസമൂഹത്തോടൊത്തു മാത്രമാണ്.

19 

തിരുസഭ

സഭകളുടെ കൂട്ടായ്‌മ 

തിരുസഭയുടെ അടിസ്ഥാന സ്വഭാവം വ്യക്തമാക്കുന്നതാണ് യോഹന്നാനുണ്ടായ ദർശനത്തിലെ സ്വർഗീയ ഓർശ്ലെമിന്റെ ചിത്രം. പന്ത്രണ്ടു കവാടങ്ങൾ പന്ത്രണ്ടു ശ്ലീഹന്മാരുടെ പാരമ്പര്യത്തിലുള്ള വ്യക്തിസഭകളെയാണു പ്രതിനിധാനം ചെയ്യുന്നത്. തിരുസഭ 23 വ്യക്തിസഭകളുടെ - 22 പൗരസ്ത്യസഭകളുടെയും ഒരു പാശ്ചാത്യസഭയുടെയും (ലത്തീൻസഭ) - കൂട്ടായ്‌മയാണ്. ഈ 23 വ്യക്തിസഭകൾ പരിശുദ്ധകത്തോലിക്കാസഭയാകുന്ന ഭവനത്തിന്റെ 23 വാതിലുകളാണ്. ഓരോ വ്യക്തിസഭയുടെയും സഭാപാരമ്പര്യങ്ങൾ പൂർണമായും കുറവുകൂടാതെയും സംരക്ഷിക്കണമെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ ഉദ്ബോധിപ്പിക്കുമ്പോൾ വിവക്ഷിക്കുന്നതിതാണ് (പൗരസ്ത്യസഭകൾ, 2). പ്രത്യേകിച്ചു പൗരസ്ത്യ സഭകൾ തങ്ങളുടെ ആരാധനക്രമ പൈതൃകങ്ങളും ജീവിത ശൈലിയും അഭംഗുരം കാത്തുപാലിക്കണമെന്നു കൗൺസിൽ നിർദ്ദേശിക്കുന്നതിൻ്റെയും അർത്ഥമിതാണ് (പൗരസ്‌ത്യസഭകൾ, 6). 

ശ്ലീഹന്മാർ എത്തിയ സ്ഥലങ്ങളിലെല്ലാം അതാതു സംസാരത്തിനും ജനതകളുടെ ജീവിതരീതിക്കുമനുസരിച്ച് ഈശോമിശിഹായെ പ്രഘോഷിച്ചുകൊണ്ടു സ്ഥാപിച്ച വിശ്വാസ വാതിലുകൾ തമ്മിൽ പരസ്പരബന്ധമുണ്ട്. ഒരൊറ്റ ഭവനത്തിലേക്കു പ്രവേശിക്കുന്നതിനുള്ള വ്യത്യസ്‌ത വാതിലുകളാണവ. ഒരു ദൈവാലയത്തിന്റെ ഏതു വാതിലിലൂടെ പ്രവേശിച്ചാലും ദൈവിക ഭവനത്തിലേക്കു കടക്കുന്നതുപോലെ, ഏതു ശ്ലീഹാ സ്ഥാപിച്ച വാതിലിലൂടെയാണെങ്കിലും വിശ്വാസികൾ പ്രവേശിക്കുന്നത് ഏക മിശിഹായിലേക്കാണ്. ഓരോ ശ്ലീഹായുടെയും മിശിഹാനുഭവത്തിന്റെയും പ്രഘോഷിച്ച സ്ഥലത്തെ സാംസ്‌കാരിക പശ്ചാത്തലത്തിന്റെയും വ്യാത്യാസം മൂലം രൂപംകൊണ്ട വിശ്വാസവാതിലുകൾക്കും പ്രത്യേകതകളുണ്ട്. മിശിഹായിലുള്ള ജീവനിലേക്കു നയിക്കുന്ന വാതിലുകളാകുന്ന എല്ലാ വ്യക്തിസഭകൾക്കും തുല്യ പ്രാധാന്യമാണുള്ളത് (പൗരസ്‌ത്യ സഭകൾ, 3). 

വ്യക്തിസഭകളിലൂടെയാണ് തിരുസഭയുടെ വിശ്വാസവും പ്രബോധനങ്ങളും ജീവിതരീതികളും ആരാധനക്രമവും പാലിക്കപ്പെടുന്നത്. ദൈവം മിശിഹായിൽ സ്വയം വെളിപ്പെടുത്തിക്കൊണ്ട് നമുക്കു പ്രദാനംചെയ്ത്‌ രക്ഷ വിശുദ്ധലിഖിതത്തിലെന്നതുപോലെ തിരുസഭയുടെ പാരമ്പര്യത്തിലൂടെയുമാണ് കൈമാറ്റപ്പെടുന്നത്. "ഓരോ വ്യക്തിസഭയുടെയും വിശ്വാസജീവിതശൈലിയാണു തിരുസഭയുടെ വിശുദ്ധപാരമ്പര്യം രൂപപ്പെടുത്തുന്നത്. ഈ പാരമ്പര്യമാകട്ടെ സാർവത്രികസഭയുടെ ദൈവാവിഷ്കൃതവും അവിഭാജ്യവുമായ പിതൃസ്വത്തിൻ്റെ ഒരു ഭാഗമാണ്..." (പൗരസ്ത്യ സഭകൾ, 1). അതുകൊണ്ടുതന്നെ സുവിശേഷപ്രഘോഷണത്തിന് എല്ലാ സഭകൾക്കും ഒരേ അവകാശങ്ങളും ഉത്തരവാദിത്വവുമാണുള്ളത് (പൗരസ്ത്യസഭകൾ, 3). മിശിഹായുടെ മൗതികശരീരത്തിലെ ജീവൽഘടകങ്ങളാണ് വ്യത്യസ്‌തസഭകൾ. "റീത്തിൻ്റെ ന്യായത്താൽ ഒന്നു മറ്റൊന്നിൻ്റെ മുമ്പിലല്ല" (പൗരസ്ത‌്യസഭകൾ, 3). 

വിശുദ്ധലിഖിതം, വിശ്വാസം, സന്മാർഗം, ഹയരാർക്കി, കൂദാശകൾ എന്നിവ സഭകളെ പരസ്‌പരം ബന്ധിപ്പിക്കുന്നു. ഈ ഐക്യം ബാഹ്യമായ ഐകരൂപ്യം ആവശ്യപ്പെടുന്നില്ല. വിശുദ്ധ ലിഖിതത്തിന്റെ വ്യാഖ്യാനത്തിലും വിശ്വാസത്തിന്റെ ആഘോഷത്തിലും സാന്മാർഗികജീവിതത്തിൻ്റെ പ്രായോഗികതലങ്ങളിലും ദൈവികാധികാരത്തെക്കുറിച്ചുള്ള ധാരണയിലും കൂദാശകളുടെ പരികർമ്മത്തിലുമെല്ലാം സ്ഥലകാലങ്ങൾക്കനുസരിച്ചു കിഴക്കും പടിഞ്ഞാറും തമ്മിൽ വ്യാത്യാസമുണ്ട്. "ഈ വിവിധത്വം സഭയുടെ ഐക്യത്തെ തകർക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്"(പൗരസ്ത്യസഭകൾ, 2). ഇപ്രകാരം വൈവിധ്യമാർന്ന ദൈവശാസ്ത്രാവതരണങ്ങളെ പരസ്‌പരപൂരകങ്ങളായി കണക്കാക്കണം എന്നാണു സഭയുടെ മനസ്സ്. "പൗരസ്ത്യസഭകളുടെ സാക്ഷാത്തായ ദൈവശാസ്ത്രപാരമ്പര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്യുമ്പോൾ അവ വേദപുസ്‌തകത്തിൽ ആഴത്തിൽ വേരോടുകയും ആരാധനക്രമജീവിതത്തിലൂടെ പോഷിപ്പിക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത നാം അംഗീകരിക്കേണ്ടതായിട്ടുണ്ട്” (സഭൈക്യം, 17).

20 

നാശത്തിലേക്കുള്ള
വാതിൽ 

വിശ്വാസമേഖലയിൽ ഇന്നു തിരുസഭ നേരിടുന്ന ഒരു വലിയ പ്രശ്ന‌ം സെക്റ്റുകളുടെ അതിപ്രസരമാണ്. ജീവനിലേക്കുള്ള വാതിലിലൂടെ ഒരിക്കൽ പ്രവേശിച്ചവരാണ് നാശത്തിന്റെ വാതിലിൽ ചെന്നവസാനിക്കുന്നത് എന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അടിയുറച്ച വിശ്വാസബോദ്ധ്യമുണ്ടെന്നു കരുതപ്പെടുന്ന വ്യക്തികളും കുടുംബങ്ങളും സത്യവിശ്വാസം ഉപേക്ഷിച്ച് അവിടെ യുമിവിടെയുമൊക്കെ പൊട്ടിമുളയ്ക്കുന്ന വിഘടിത സഭാഗ്രൂപ്പുകളിലേക്ക് ആകൃഷ്‌ടരാകുന്നു എന്നത് ആശ്ചര്യകരമാണ്. ഇന്നത്തെ മാത്രം ഒരു പ്രശ്ന‌മല്ല ഇതെന്നുള്ളതാണ് ആശ്വാസം. ആദിമസഭയിലും അബദ്ധപ്രബോധകർ വിശ്വാസികളെ വഴിതെറ്റിച്ച സാഹചര്യം ഉണ്ടായിരുന്നു എന്നു വി. പൗലോസ്ശ്ലീഹായുടെ വാക്കുകളിൽനിന്നു വ്യക്തമാണ്: “അന്ത്യനാളുകളിൽ ചിലർ വിശ്വാസത്തിൽ നിന്നു വ്യതിചലിച്ച്, വഞ്ചകരുടെയും പൈശാചിക ഉപദേശങ്ങളുടെയും പിന്നാലെ പോകുമെന്ന് ആത്മാവ് സ്‌പഷ്ടമായി പറയുന്നു. മനസാക്ഷിയില്ലാത്ത അസത്യവാദികളുടെ കാപട്യങ്ങൾ വഴിയാണ് ഇതു സംഭവിക്കുക" (2 തിമോ 4,1-2). കാപട്യവും വഞ്ചനയും നിറഞ്ഞ, മനഃസാക്ഷി മരവിച്ച അസത്യവാദികളുടെ പൈശാചികോപദേശങ്ങളാണ് വിശ്വാസഭ്രംശത്തിന്റെ കാരണം. അന്നെന്നതുപോലെ ഇന്നും ഇതു വാസ്‌തവമാണ്. ഉപരിപ്ലവമായ വിശ്വാസംമാത്രമുള്ള ചിലർ കരിസ്‌മാറ്റിക് നവീകരണത്തിലുടെയും മറ്റും വചനപ്രഘോഷണരംഗത്തു പ്രവേശിക്കുമ്പോൾ, ദൈവവചനത്തിന്റെ ശക്തിയാലും ശ്രോതാക്കളുടെ വിശ്വാസതീവ്രതയാലും സംഭവിക്കുന്ന ചില അത്ഭുതങ്ങൾ തങ്ങളുടെ സാമർത്ഥ്യംമൂലമാണെന്നു തെറ്റിദ്ധരിക്കുന്നു. സ്വന്തം പേരിനും പെരുമയ്ക്കുംവേണ്ടി ഇക്കൂട്ടർ ആത്മീയതയെ വാണിജ്യവത്ക്കരിക്കുന്നു. ഒപ്പം ഇവർക്കുണ്ടാകുന്ന സാമ്പത്തിക നേട്ടം മനഃസാക്ഷിയെ മരവിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ വളർച്ചയ്ക്കാവശ്യമായ അനുയായികളെ ഇക്കൂട്ടർ വിളിച്ചുകൂട്ടുന്നു. ഇപ്രകാരം മനഃസാക്ഷിയെ തിരസ്‌കരിച്ചു കൊണ്ട് വിശ്വാസം നശിപ്പിച്ച ഹ്യൂമനേയോസിനെയും അലക്സാണ്ടറെയുംകുറിച്ചു പൗലോസ്ശ്ലീഹാ പരാമർശിക്കുന്നുണ്ട് (1 തിമോ 1,18-20). ക്രേത്തായിലെ സഭാനേതൃത്വം തീത്തോസിനെ ഏല്‌പിച്ചു കൊണ്ട് പൗലോസ്ശ്ലീഹാ എഴുതുന്നതും ശ്രദ്ധേയമാണ്: “എന്തെന്നാൽ വിധേയത്വമില്ലാത്തവരും അർത്ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകൾ അവിടെയുണ്ട്. അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു. നീചമായ ലാഭത്തെ ഉന്നംവച്ചു കൊണ്ട് പഠിപ്പിക്കാൻ പാടില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നതു മുഖേന കുടുംബങ്ങളെ ഒന്നാകെ അവർ തകിടം മറിക്കും" (തിത്തോ 1,10-11). കേൾവിക്കിമ്പമുള്ളവയിൽ ആവേശം കൊള്ളുന്നവർ തങ്ങളുടെ അഭിരുചിക്കു ചേർന്നവരുടെ പിന്നാലെ പോകും (2 തിമോ 4,3-4) എന്നും ശ്ലീഹാ മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്. വിശ്വാസികളെ നാശത്തിലേക്കു നയിക്കുന്ന അബദ്ധപ്രബോധനങ്ങളെയും പ്രസ്ഥാനങ്ങളെയുംകുറിച്ചു നമ്മൾ ജാഗരൂകരാകേണ്ടതുണ്ട്. 

1.എമ്പറർ എമ്മാനുവൽ ട്രസ്റ്റ് 

ഇരിങ്ങാലക്കുട രൂപതയിൽ മുരിയാട് പ്രവർത്തിക്കുന്ന സീയോൻ ധ്യാനകേന്ദ്രമാണ് എമ്പറർ എമ്മാനുവൽ ട്രസ്റ്റിന്റെ കേന്ദ്രം. പൊന്നാറ ജോസിൻ്റെ നേതൃത്വത്തിലുള്ള ഇവർ വിശുദ്ധ ഗ്രന്ഥം ദുരുപയോഗിച്ച് അബദ്ധവും യുക്തിക്കു നിരക്കാത്തതുമായ പ്രബോധനങ്ങളാൽ അനേക വിശ്വാസികളെ ഇതിനോടകം വഴി തെറ്റിച്ചുകഴിഞ്ഞു. അവർ പഠിപ്പിക്കുന്നതനുസരിച്ച്, ഏശ 7,14 ൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന എമ്മാനുവൽ ജനിക്കാൻ പോകുന്നതേയുള്ളു. കാരണം, ഈശോയെ ആരും ഒരിക്കലും എമ്മാനുവൽ എന്നു വിളിച്ചിട്ടില്ല. ഉടൻ ജനിക്കാനിരിക്കുന്ന ചക്രവർത്തിയായ എമ്മാനുവലിൽ വിശ്വസിക്കുന്നവർ മാത്രമേ രക്ഷപെടുകയുള്ളു. ഇവർ പറയുന്നതു ശരിയാണെന്നു ധരിച്ച്, കുഞ്ഞുങ്ങളുടെ പഠനവും നിർത്തി, സ്വന്തം വീടും പുരയിടങ്ങളും വിറ്റ് എല്ലാം ഈ ട്രസ്റ്റിനെ ഏല്പ്പിച്ച്, അവർ ഒരുക്കിയിരിക്കുന്ന പേടകത്തിനുള്ളിൽ അഭയം തേടുന്ന ഭോഷന്മാർ ഈ കേരളക്കരയിലുണ്ട് എന്നതു നമ്മുടെ നാടിന് അപമാനമാണ്.

2. സ്‌പിരിറ്റ് ഇൻ ജീസസ് 

പരി. കന്യകാമറിയത്തോടും പരി. കുർബാനയോടുമുള്ള ഭക്തിയുടെ മറവിൽ വളരെ തന്ത്രപൂർവമാണ് സ്‌പിരിറ്റ് ഇൻ ജീസസുകാർ വിശ്വാസികളെ വഴിതെറ്റിക്കുന്നത്. സൗജന്യമായി ഇവർ വിതരണംചെയ്യുന്ന “ഇതാ, നിൻ്റെ അമ്മ" എന്ന പേരിലുള്ള പ്രസിദ്ധീകരണത്തിലൂടെ ഇവർ കത്തോലിക്കാവിശ്വാസികളെ വലയിലാക്കുന്നു. തിരുസഭാധികാരികളെയും പ്രബോധനങ്ങളെയും നിഷേധിച്ചും വിമർശിച്ചുംകൊണ്ട് അപ്രകാരം ചെയ്യാൻ വിശ്വാസികളെ ഇവർ പ്രേരിപ്പിക്കുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചു ചിലർക്കുള്ള അജ്ഞത മുതലെടുക്കുകയാണ് ഇവരുടെ മറ്റൊരു തന്ത്രം. മരണസമയത്ത് തനതുവിധി ഇല്ലായെന്നും, മരിച്ചവരുടെ ആത്മാക്കൾ അലഞ്ഞുനടക്കുകയാണെന്നും ഈ ആത്മാക്കളെ തങ്ങളുടെ പ്രസംഗംവഴി മാനസാന്തരപ്പെടുത്താനാവും എന്നുമാണ് ഇവരുടെ വാദം. രക്ഷപ്പെടാതെ അലഞ്ഞുനടക്കുന്ന പ്രേതാത്മാക്കൾ ജീവിച്ചിരിക്കുന്നവർക്ക് മാനസികവും ശാരീരികവുമായ രോഗങ്ങൾക്കും അനർത്ഥങ്ങൾക്കും കാരണമാകുന്നു എന്നു പഠിപ്പിച്ചു കൊണ്ട് ദുർബലവിശ്വാസികളെ ഇവർ തങ്ങളുടെ കെണിയിലാക്കുന്നു. നിലവിളക്ക് ഉപയോഗിക്കുക, പൊട്ടുകുത്തുക തുടങ്ങിയ ഭാരതീയാചാരങ്ങൾ തിന്മയിൽനിന്നാണ് എന്നു പറഞ്ഞു ജനത്തിനിടയിൽ അനാവശ്യ ഭീതി ഇക്കൂട്ടർ വളർത്തുന്നു. ജീസസിന്റെ ആത്മാവ് ഇക്കാര്യങ്ങളെല്ലാം ഇവർക്കു നേരിട്ടു വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നാണ് ടോം സഖറിയായുടെയും കൂട്ടരുടെയും അവകാശവാദം. 

ഓരോരുത്തരുടെയും മരണസമയത്തു തനതുവിധി നടക്കുന്നു വെന്നും സ്വർഗം, നരകം, ശുദ്ധീകരണം എന്നിവയിൽ ഏതെങ്കിലുമൊരു അവസ്ഥയിലേക്ക് ആത്മാവ് കടന്നുപോകുന്നു എന്നുമാണു വിശുദ്ധഗ്രന്ഥത്തിന്റെയും വിശുദ്ധപാരമ്പര്യത്തിന്റെയും പിൻബലത്തോടെ കത്തോലിക്കാസഭ എന്നും പഠിപ്പിക്കുന്നത്. ദൈവത്തിൽ നിന്ന് എന്നന്നേക്കുമുള്ള വേർപാടിൻ്റെ അവസ്ഥയായ നരകത്തിൽ ചെന്നുപെടാതിരിക്കാനായി ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാൻ വിശ്വാസികളായ നമുക്ക് ഉത്തരവാദിത്വമുണ്ട്. നരകശിക്ഷയിൽനിന്ന് ആർക്കും ആരെയും മോചിപ്പിക്കാനാവില്ല. രോഗങ്ങളെയും അസ്വസ്‌തതകളെയും പരേതാത്മാക്കളുമായി ബന്ധിപ്പിക്കാതെ, ശാസ്ത്രീയ പരിഹാരം തേടുകയാണു വേണ്ടത്.

3. മുല്ലക്കരയുടെ ആത്മാഭിഷേകസഭ

രക്ഷ പ്രാപിക്കാൻ ബൈബിൾ മാത്രംമതി എന്ന പെന്തക്കോ സ‌ചിന്തയാണ് മുല്ലക്കര ദേവസ്യായെ നയിക്കുന്നത്. ബൈബിൾ പ്രകാരം മനുഷ്യവർഗത്തിൻ്റെ പാപപരിഹാരാർത്ഥം എന്നന്നേക്കുമുള്ള ബലി അർപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇനി പുരോഹിതബലി വിശുദ്ധ കുർബാന - ആവശ്യമില്ല. കുർബാനയിലും കൂദാശകളിലും ദൈവം സന്നിഹിതനല്ല; അവ പാപമോചകവുമല്ല. കാരണം, “ഇതെന്റെ ശരീരമാണ്", "ഇതെൻ്റെ രക്തമാണ്", "ഞാൻ ജീവന്റെ അപ്പമാണ്" തുടങ്ങിയ ഈശോയുടെ പ്രസ്‌താവനകളെ “ഞാൻ മുന്തിരിച്ചെടിയാണ്", "ഞാൻ നല്ല ഇടയനാണ്" എന്ന പ്രസ്‌താവനകൾപോലെ പ്രതീകാത്മകമായി മാത്രമേ മനസ്സിലാക്കേണ്ടതുള്ളു. പരിശുദ്ധകന്യകാമറിയത്തെയും വിശുദ്ധരെയും വണങ്ങരുത്. ഇങ്ങനെ പോകുന്നു ദേവസ്യായുടെ പ്രബോധനങ്ങൾ. 

വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നവരാണു രക്ഷ പ്രാപിക്കുന്നത് എന്ന തിരുലിഖിതഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ച് പാസ്റ്റർ ദിനകരനിൽനിന്നു മുല്ലക്കര രണ്ടാം സ്‌നാനമേറ്റു. തന്റെ ആത്മാഭിഷേകസഭയിൽ ചേരുന്നവരെയെല്ലാം വീണ്ടും സ്നാനത്തിനു വിധേയരാക്കുകയും ചെയ്യുന്നു. 

വിശുദ്ധഗ്രന്ഥം രൂപംകൊണ്ടതു വിശുദ്ധപാരമ്പര്യത്തിലാണ് എന്നും ഈ അലിഖിത പാരമ്പര്യത്തിൻ്റെ വെളിച്ചത്തിൽ മാത്രമേ ലിഖിതവചനത്തിനർത്ഥമുള്ളു എന്നുമുള്ള സത്യം മുല്ലക്കര ബോധപൂർവം വിസ്മ‌രിക്കുന്നു. തിരുസഭയിലെ കൂദാശകളും പ്രത്യേകിച്ചു പരിശുദ്ധ കുർബാനയും പൗരോഹിത്യവും മിശിഹായാൽ സ്ഥാപിതമാണ് എന്ന വസ്‌തുതയും ഇയാൾ അറിയില്ലെന്നു നടിക്കുന്നു. ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്ന മാമ്മോദീസാ ആവർത്തിക്കാൻ പാടില്ല എന്ന സത്യം ഇയാൾക്കറിഞ്ഞുകൂടേ? കത്തോലിക്കാസഭയെ എങ്ങനെയെങ്കിലും നശിപ്പിക്കുക എന്നതു മാത്രമാണ് ഇയാളുടെ പദ്ധതി. കൺകെട്ടുവിദ്യകളെ രോഗശാന്തികളായി അവതരിപ്പിച്ച് എത്രനാളത്തേക്ക് വികാരജീവികളെ കബിളിപ്പിക്കാനാവും?

4. നവയുഗപ്രസ്ഥാനങ്ങൾ 

മന്ത്രവാദം, ജ്യോതിഷം, ഓജോബോർഡ്‌പ്ലേ, സാത്താൻ സേവ, ബ്ലാക്‌മാസ്‌, പുനർജന്മവിശ്വാസം തുടങ്ങിയവയെ കേന്ദ്രീകരിച്ചാണു നവയുഗപ്രസ്ഥാനങ്ങൾ വളരുന്നത്. വ്യക്തികൾക്കു ദൈവത്വം കല്‌പിച്ച് സർവസ്വാതന്ത്ര്യം നല്‌കുന്ന ഇത്തരം പ്രസ്ഥാനക്കാർ വാഗ്ദാനം ചെയ്യുന്ന വൈകാരികാനുഭൂതിയാണ് പലരെയും ആകർഷിക്കുന്നത്. മരിച്ചവരുടെ ആത്മാക്കളെ വിളിച്ചു വരുത്തിയും, ദിവ്യത്വം കല്‌പിച്ചിരിക്കുന്ന ചില കല്ലുകളും വസ്തുക്കളും ഉപയോഗിച്ചും, ഭാവികാര്യങ്ങൾ അറിയാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനും സാധിക്കുമെന്ന് ഇക്കൂട്ടർ അവകാശപ്പെടുന്നു. ഉറച്ച വിശ്വാസബോധ്യമില്ലാത്തവരാണ് ഇത്തരം കെണികളിൽ ചെന്നുപതിക്കുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംവഴി പിശാചിനെ പൂജിച്ച് കാര്യംനേടാൻ ശ്രമിക്കുന്നവർ പിശാചിന്റെ തന്നെ അടമകളായി അവസാനിക്കും. ദൈവപരിപാലനയ്ക്കു സ്വയം വിട്ടുകൊടുത്തുകൊണ്ടു ജീവിക്കാനാണു വിശ്വാസി അറിഞ്ഞിരിക്കേണ്ടത്.

5. പെന്തക്കോസ്തുവിഭാഗങ്ങൾ 

കാഞ്ഞിരപ്പള്ളിക്കാരൻ ജോസ് ആനത്താനം രൂപംനല്കിയ കവനന്റ്റ് പീപിൾ അഥവാ ഉടമ്പടിയുടെ ജനത മധ്യതിരുവിതാം കൂറിൽ മുളച്ച ഒരു പെന്തക്കോസ്തു പ്രസ്ഥാനമാണ്. പരിധികളില്ലാത്ത സ്വാതന്ത്ര്യവും വൈകാരികാനുഭൂതിയും വാഗ്ദാനം ചെയ്യുന്ന ഈ പ്രസ്ഥാനക്കാർ, അപ്പർ റൂം, സോളമൻസ് പോർട്ടികോ, കോർണർ സ്റ്റോൺ, ജീസസ് ക്രിസ്‌ത്യൻ കമ്യൂണിറ്റി, പവർ ഫെലോഷിപ്, ബേഥേൽ കമ്യൂണിറ്റി തുടങ്ങി വ്യത്യസ്‌ത പേരുകളിലാണ് വിവിധ സ്ഥലങ്ങളിൽ പ്രചരിച്ചിരിക്കുന്നത്. പരിശുദ്ധ കുർബാനയിലോ കുമ്പസാരത്തിലോ വിശ്വാസമില്ലാത്ത ഇക്കൂട്ടർ പുഴയിലോ തോട്ടിലോ മുങ്ങിയുള്ള സ്‌നാനം ആവർത്തിക്കുന്നുണ്ട്. പല പുരാതന കത്തോലിക്കാ കുടുംബങ്ങളുമാണ് ഇവരോടു ചേരുന്നത് എന്നതാണു ശോചനീയമായ അവസ്ഥ. 

കോട്ടയത്തു നടക്കുന്ന "സ്വർഗീയവിരുന്ന്" മറ്റൊരു പെന്തക്കോസ്തു പ്രസ്ഥാനമാണ്. ഇവരുടെ കൂടെക്കൂടിയാൽ പിന്നെ സാമ്പത്തികക്ലേശമോ രോഗമോ ഉണ്ടാവില്ല എന്ന വാഗ്ദാനം അനേകം ദരിദ്രരെ ആകർഷിക്കുന്നു. പരിശുദ്ധ കുർബാനയെ അനുകരിച്ച് അപ്പവും വീഞ്ഞും ഉപയോഗിച്ചു നടത്തുന്ന വിരുന്നുശുശ്രൂഷ ഇവരുടെ പ്രത്യേകതയാണ്. ഏതാനും വർഷങ്ങൾ കൊണ്ട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് അനേകം ഏക്കർ ഭൂമി സ്വന്തമാക്കാൻ തങ്കു ബ്രദറിനു സാധിച്ചു എന്നതാണ് ഈ പ്രസ്ഥാനംകൊണ്ടുണ്ടായ നേട്ടം. ഈ സംഘടിതചൂഷണത്തിനാണ് തങ്ങൾ രയാകുന്നതെന്ന് അവിടെയെത്തി തങ്ങൾക്കുള്ളതെല്ലാം സ്തോത്രകാഴ്‌ചയായി സമർപ്പിക്കുന്ന ദുർബല വിശ്വാസികൾ എന്നു തിരിച്ചറിയുമോ ആവോ? 

കത്തോലിക്കാസഭയിലെ പരിശുദ്ധകുർബാനയും കൂദാശകളും തള്ളിക്കളയുന്ന മറ്റൊരു വിഭാഗമാണ് യഹോവാസാക്ഷികൾ. ലോകാവസാനം ഉടൻ സംഭവിക്കും, ഭൗമികപറുദീസാ ഈ ഭൂമിയിൽ സ്ഥാപിക്കപ്പെടും; യഹോവാസാക്ഷികളായി സ്‌നാനമേറ്റവർ മാത്രം രക്ഷപെടും. വിവാഹം ഒരു കരാർ മാത്രമായി കരുതിയാൽ മതി; രാജ്യസ്നേഹം പാടില്ല. ഇതൊക്കെയാണ് ഇവരുടെ അബദ്ധപ്രബോധനങ്ങൾ. രോഗികളെ സന്ദർശിച്ചു പ്രാർത്ഥനാശുശ്രൂഷകൾ നടത്തി അവരെയും ആശ്രിതരെയും കൂട്ടത്തിൽ ചേർക്കുക എന്നത് ഇവരുടെ ഒരു തന്ത്രമാണ്. 

പെന്തക്കോസ്തുപ്രസ്ഥാനങ്ങളെല്ലാം സ്വതന്ത്രഗ്രൂപ്പുകളാണ്. വൈകാരികാനുഭൂതിമാത്രം ലക്ഷ്യംവയ്ക്കുന്ന ഇവർ കൈകൊട്ട്, ഉച്ചത്തിലുള്ള പ്രസംഗം, പാട്ടുകൾ, ഇളകിമറിഞ്ഞുള്ള സ്‌തുതിപ്പ്, ഭാഷാവരത്തോടെയുള്ള പ്രാർത്ഥനകൾ എന്നിവക്ക് അമിത പ്രാധാന്യം നല്കുന്നു. പെന്തക്കോസ്‌താനുഭവത്തെ “അഭിഷേകം” എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. മാമ്മോദീസാ (1 യോഹ 2,20-27), പുരോഹിതപട്ടം തുടങ്ങിയ കൂദാശകളിലൂടെ ലഭിക്കുന്ന തല്ലാതെ മറ്റൊരഭിഷേകം തിരുസഭയിലില്ല. 

നാശത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഇക്കുട്ടരെല്ലാംതന്നെ കരിസ്‌മാറ്റിക് പ്രസ്ഥാനത്തിലൂടെ വളർന്നു സ്വന്തപ്രസ്ഥാനങ്ങളിലേക്കു കുടിയേറിയവരാണെന്ന വസ്തു‌ത നമ്മെ ജാഗരൂകരാക്കേണ്ടതാണ്. കുടുംബപ്രാർത്ഥനയും ഇടവകയിലെ ഞായറാഴ്‌ച ആചരണവും കൂദാശാജീവിതവും ഇല്ലാത്തവരാണ് നാശത്തിന്റെ വഴിയിലേക്ക് ആകർഷിക്കപ്പെടുന്നത്. ഈ രംഗങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധിക്കാം. സത്യവിശ്വാസത്തിൽനിന്നു നമ്മെ വ്യതിചലിപ്പിച്ചേക്കാവുന്ന പ്രലോഭനങ്ങളെക്കുറിച്ചു നമുക്കു ജാഗ്രതയുള്ള വരായിരിക്കാം. താല്‌കാലിക ലാഭത്തിനുവേണ്ടി അമൂല്യ നിധിയായ വിശ്വാസം ഉപേക്ഷിക്കാതിരിക്കാൻ നമ്മുടെ സഹോദരരെ നമുക്കു ശക്തിപ്പെടുത്താം.

21 

പ്രബോധനത്തിലൂടെ
വാതിൽ തുറക്കുന്ന
ശ്ലീഹന്മാർ 

ശ്ലീഹന്മാർ പ്രഘോഷിച്ചത് ഈശോയെന്ന വ്യക്തിയെക്കുറിച്ചായിരുന്നു. അവരുടെ പ്രബോധനവിഷയമാകട്ടെ ഈശോയുടെ പ്രബോധനവും. ഓരോ സമൂഹത്തിന്റെയും ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ശ്ലീഹന്മാർ ഈശോയുടെ പ്രബോധനങ്ങൾ വ്യാഖ്യാനിച്ചു നല്‌കി. ഇപ്രകാരം, മലയിലെ പ്രസംഗത്തിലും മറ്റും കാണുന്ന രീതിയിലുള്ള പ്രബോധന സമാഹാരങ്ങൾ ക്രമേണ രൂപം പ്രാപിച്ചു. ദൈവശാസ്ത്രത്തിൻ്റെ ആരംഭം ശ്ലീഹന്മാരുടെ ഈ വ്യാഖ്യാനത്തിലാണ്. പുതുതായി രൂപംകൊണ്ട സഭകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും സംശയ നിവാരണങ്ങളും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമെല്ലാം ശ്ലീഹന്മാർ നല്കിപ്പോന്നു. തങ്ങൾ സ്ഥാപിച്ച സഭസമൂഹങ്ങളിൽനിന്ന് അകലെ ആയിരുന്നപ്പോൾ അവർ ലേഖനങ്ങളിലൂടെ ഈ പ്രബോധനം തുടർന്നു. ഇപ്രകാരം ഓരോ പ്രാദേശിക സഭയ്ക്കുംവേണ്ടി പൗലോസ്ശ്ലീഹാ എഴുതി അയച്ച 13 കത്തുകൾ പുതിയ നിയമത്തിലുണ്ടല്ലോ. ശ്ലീഹന്മാരുടെ തലവനായിരുന്ന പത്രോസ്ശ്ലീഹായും ഈശോയുടെ മാറോടടുത്തിരുന്ന യോഹന്നാൻ ശ്ലീഹായും ജറൂസലേംസഭയുടെ അദ്ധ്യക്ഷനായിരുന്ന യാക്കോബ് ശ്ലീഹായും യൂദാശ്ലീഹായുമൊക്കെ വിവിധ സഭകളെ ഉദ്ദേശിച്ചെഴുതിയ ലേഖനങ്ങളാണ് ഏഴു കാതോലിക അഥവാ സാർവത്രിക ലേഖനങ്ങൾ. ഈശോയുടെ പ്രബോധനങ്ങളുടെ പ്രഥമവും ആധികാരികവുമായ വ്യാഖ്യാനങ്ങൾ ഈ പുതിയനിയമലേഖനങ്ങളാണ്; കാരണം, അവ ദൈവനിവേശിതങ്ങൾ കൂടിയാണ്. 

ശ്ലീഹന്മാരുടെയും സഭാപിതാക്കന്മാരുടെയും പാതയാണു സഭയുടെ ആരംഭകാലം മുതലുള്ള മാർപ്പാപ്പാമാരും മെത്രാന്മാരും പിന്തുടർന്നുപോരുന്നത്. ശ്ലീഹന്മാർ കൈമാറിത്തന്ന വിശ്വാസം കുറവു കൂടാതെയും കുറ്റംകൂടാതെയും കാത്തുസൂക്ഷിക്കുകയും സ്ഥലകാലങ്ങൾക്കനുസൃതം വിശ്വാസികൾക്കു വ്യാഖ്യാനിച്ചു നല്കുകയും ചെയ്യുന്നവരാണ് ശ്ലീഹന്മാരുടെ പിൻഗാമികളായ ഇവർ. സഭയുടെ പ്രബോധനാധികാരം അഥവാ മജിസ്റ്റേരിയും പ്രകടമാകുന്ന രംഗങ്ങൾ മുഖ്യമായും താഴെ പറയുന്നവയാണ്.

I. സാർവത്രിക സൂനഹദോസുകൾ 

വിശ്വാസത്തിൻ്റെ ഉള്ളടക്കം കാലാനുസൃതമായി നിർവചിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമായാണ് സാർവത്രിക സൂനഹദോസുകൾ സമ്മേളിക്കുന്നത്. ക്രൈസ്‌തവ വിശ്വാസസത്യങ്ങളുടെ പാവനനിക്ഷേപം കാര്യക്ഷമമായി സംരക്ഷിക്കുകയും ഫലപ്രദമായി പഠിപ്പിക്കുകയും ചെയ്യുക എന്നതാണു സാർവത്രിക സൂനഹദോസുകളുടെ ലക്ഷ്യം. 

ശ്ലീഹന്മാരുടെ നടപടി പുസ്‌തകത്തിൽ വിവരിക്കുന്ന ജറൂസലേം സൂനഹദോസാണ് തിരുസഭയുടെ ചരിത്രത്തിലെ ആദ്യ സൂനഹദോസ് (നടപടി 15). വിജാതീയർ ഈശോയിൽ വിശ്വസിച്ചു തിരുസഭയിൽ അംഗങ്ങളാകുമ്പോൾ പരിച്ഛേദനം സ്വീകരിക്കണമോ വേണ്ടയോ എന്നു ചർച്ചചെയ്തു തീരുമാനിക്കാനായിരുന്നു അത്. ക്രിസ്ത്യാനി ആകുന്നതിനു യഹൂദാചാരങ്ങൾ പാലിക്കേണ്ടതില്ല എന്ന തീരുമാനമാണ് ശ്ലീഹന്മാർ എല്ലാവരുംകൂടി സ്വീകരിച്ചത്. 

അലക്സാണ്ട്രിയായിലെ ആരിയൂസ് (256-336) എന്ന പുരോഹിതൻ, മനുഷ്യനായവതരിച്ച ദൈവപുത്രൻ ദൈവമല്ലെന്നും ഒരു സൃഷ്ടി മാത്രമാണെന്നും തെറ്റായി പഠിപ്പിച്ചപ്പോൾ (ഇതാണ് ആരിയനിസം എന്ന പാഷണ്ഡ‌ത), 325 ൽ നിഖ്യായിൽ സൂനഹദോസ് സമ്മേളിച്ചു. ദൈവപുത്രനു പിതാവിനോടു സത്തയിലുള്ള സമത്വം പ്രഖ്യാപിക്കപ്പെട്ടു. ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവനാണ് ഈ പുത്രൻ. വേദപാരംഗതനായ അത്തനാസിയൂസും പൗരസ്ത്യ സുറിയാനിസഭാപിതാവായ മാർ അപ്രേമും ഈ സൂനഹദോസിൽ സംബന്ധിച്ചു. 381 ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ (ഇന്നത്തെ ടർക്കിയിൽ) കൂടിയ സാർവത്രിക സൂനഹദോസ് ത്രിത്വത്തിലെ മൂന്നാമാളായ പരിശുദ്ധറുഹാ പിതാവിൽനിന്നു പുറപ്പെടുന്നു, എന്നാൽ സൃഷ്ടിക്കപ്പെട്ടവനല്ല എന്നു പ്രഖ്യാപിച്ചു. പരിശുദ്ധറൂഹാ മാലാഖമാരെപ്പോലെ ഒരുയർന്ന സൃഷ്ടി മാത്രമാണെന്ന മാസിഡോണിയസിൻ്റെ അബദ്ധപ്രബോധനം ഈ കൗൺസിൽ തള്ളിക്കളഞ്ഞു. ഗ്രിഗറി നസിയാൻസൺ, ജറുസലേമിലെ വിശുദ്ധ സിറിൾ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. ഈ രണ്ടു സാർവത്രിക സൂനഹദോസുകളിൽനിന്നു രൂപംകൊണ്ടതാണ് ഇന്നു നമ്മൾ ഉപയോഗിക്കുന്ന നിഖ്യാ-കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്രമാണം. എല്ലാ പാശ്ചാത്യ-പൗരസ്‌ത്യസഭകൾക്കും പൊതുവായിട്ടുള്ളതാണിത് (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, 195). നാളിതുവരെ തിരുസഭയിൽ ഇരുപത്തിയൊന്ന് എക്യുമെനിക്കൽ സൂനഹദോസുകളാണുണ്ടായിട്ടുള്ളത്. അതിൽ ഏറ്റവും അവസാനത്തേതാണ് 1962-65 ൽ സമ്മേളിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ്. ഇതാരംഭിച്ചതിൻ്റെ സുവർണജൂബിലിയോടനുബന്ധിച്ചാണല്ലോ ബനഡ്ക്റ്റ് പതിനാറാമൻ മാർപാപ്പാ വിശ്വാസവർഷം പ്രഖ്യാപിച്ചിരിക്കുന്നത്. 

 II. മാർപാപ്പാമാരുടെ പ്രബോധനങ്ങൾ 

മാർപാപ്പാമാരുടെ പ്രബോധനങ്ങൾ മുഖ്യമായും നാലു ഗണത്തിൽപ്പെട്ടവയാണ്. 

  1. ചാക്രികലേഖനങ്ങൾ (Encyclicals) 

ആഗോള കത്തോലിക്കാസഭയുടെ പരമാധികാരി എന്ന നിലയിൽ സാർവത്രികസഭയെ അഭിസംബോധന ചെയ്‌തുകൊണ്ട് പുറപ്പെടുവിക്കുന്ന അജപാലനപരമായ ഔദ്യോഗിക എഴുത്താണ് ചാക്രികലേഖനം. ജോൺപോൾ രണ്ടാമൻ മാർപാപ്പായുടേതായി പതിനാലു ചാക്രികലേഖനങ്ങളുണ്ട്. ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ ഇതുവരെ മൂന്നു ചാക്രികലേഖനങ്ങളാണു പുറപ്പെടുവിച്ചിട്ടുള്ളത്. ദൈവം സ്നേഹമാകുന്നു (Deus Caritas Est), പ്രത്യാശയിൽ രക്ഷ (Spe Salvi), സത്യത്തിൽ സ്നേഹം (Caritas in veritate) എന്നിവയാണ് അവ. 

  1. ശ്ലൈഹിക പ്രബോധനങ്ങൾ (Apostolic Exhortations) 

പ്രാധാന്യത്തിൽ ചാക്രികലേഖനങ്ങൾക്കു ശേഷം വരുന്ന രണ്ടാമത്തെ ഗണം ശ്ലൈഹിക പ്രബോധനങ്ങളാണ്. റോമിൽ വച്ചു നടക്കുന്ന മെത്രാന്മാരുടെ സിനഡിനുശേഷം മാർപാപ്പാ ഔദ്യോഗികമായി നല്‌കുന്ന പ്രബോധനമാണിത് (Post Synodal Apostolic Exhortations). ബനഡ്‌കിറ്റ് മാർപാപ്പാ ഇതുവരെ സാക്രമെന്തും കാരിത്താത്തിസ് (2007), വെർബും ദോമിനി (2010) എന്നീ രണ്ടു ശ്ലൈഹിക പ്രബോധനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

  1. ശ്ലൈഹിക പ്രമാണരേഖകൾ (Apostolic Constitutions) 

വിശ്വാസ സംക്ഷേപം (1992) എന്ന ശ്ലൈഹികപ്രമാണരേഖയിലൂടെയാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (Catechism of the Catholic Church) ജോൺ പോൾ രണ്ടാമൻ മാർപാപ്പാ 1992 ൽ പ്രസിദ്ധപ്പെടുത്തിയത്. കത്തോലിക്കാസഭയുമായി പൂർണ ഐക്യത്തിലാവുന്ന ആംഗ്ലിക്കൻ സഭാവിഭാഗത്തെക്കുറിച്ചു 2009 ൽ ബനഡിക്‌ട് പതിനാറാമൻ മാർപാപ്പാ പുറപ്പെടുവിച്ച പ്രമാണരേഖ (Anglicanorum Coetibus) സുപ്രധാനമാണ്. 

  1. ശ്ലൈഹികലേഖനങ്ങൾ (Apostolic Letters) 

നവസുവിശേഷവത്ക്കരണത്തിനായി പൊന്തിഫിക്കൽ കൗൺസിൽ സ്ഥാപിച്ചുകൊണ്ടുള്ള എഴുത്ത് (2010), വിശ്വാസവർഷം പ്രഖ്യാപിച്ചുകൊണ്ടു ഒക്ടോബർ 11, 2011 ൽ പുറപ്പെടുവിച്ച പോർതാ ഫിദൈ (Motu Proprio: Porta Fidei) എന്നിവയാണ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പായുടെ ശ്ലൈഹികലേഖനങ്ങളിൽ പ്രധാനപ്പെട്ടവ. 

III. ഇടയലേഖനങ്ങൾ 

സീറോമലബാർസഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് സഭയ്ക്കു മുഴുവനുമായി പുറപ്പെടുവിക്കുന്ന ഇടയ ലേഖനങ്ങളും ഈ ശ്ലൈഹികപ്രബോധനത്തിൻ്റെതന്നെ ഭാഗമാണ്. ഓരോ മെത്രാനും തനിക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന്റെ വിശ്വാസവളർച്ചയെ സഹായിക്കാനായി ഇടയലേഖനങ്ങൾ നല്കാറുണ്ടല്ലോ. അവയും ശ്ലൈഹികപ്രബോധനത്തിന്റെ തുടർച്ചയാണ്. വിശ്വാസികളായ നമ്മെ സംബന്ധിച്ച് ഇന്നു വിശ്വാസവാതിൽ തുറന്നു ലഭിക്കുന്ന അവസരങ്ങളാണിവ.

22

കൂട്ടായ്മയുടെ
ജീവിതമാകുന്ന വാതിൽ

 

ജറൂസലേമിൽവച്ചു പന്തക്കുസ്താദിനത്തിൽ പത്രോസ് ശ്ലീഹായുടെ പ്രഘോഷണം ശ്രവിച്ച മൂവായിരത്തോളം വരുന്ന യഹൂദർ ഈശോയിൽ വിശ്വസിക്കുകയും മാമ്മോദീസാ മുങ്ങുകയും ചെയ്തു. അവർ ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ താല്‌പര്യപൂർവം പങ്കുചേർന്നു (നട പടി 2,42). ഓർശ്ലെമിലെ ആദിമക്രൈസ്‌തവസമൂഹത്തിന്റെ ഈ ചിത്രത്തിൽനിന്നു വ്യത്യസ്‌തമായിരുന്നില്ല മറ്റു ശ്ലീഹന്മാരുടെ പ്രഘോഷണഫലമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ട് സഭാസമൂഹങ്ങളുടെയും. എവിടെയായിരുന്നാലും മിശിഹായുടെ സഭയെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളാണവ. ഈ നാലു ഘടകങ്ങൾ ഒന്നു ചേരുന്നതാണു വിശുദ്ധ പാരമ്പര്യം.

ആദ്യ ക്രിസ്തീയസമൂഹത്തിൻ്റെ മുഖമുദ്ര അവർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്‌മയാണ്. വിശ്വാസം സ്വീകരിച്ച് ഒരു സമൂഹമായി ഭവിച്ച അവർ, എല്ലാ വസ്‌തുക്കളും പൊതുവായി അനുഭവിച്ചു. അവർ സമ്പാദ്യങ്ങൾ വിറ്റ് ഓരോരുത്തരുടെയും ആവശ്യമനുസരിച്ചു വീതിച്ചു കൊടുത്തു (നടപടി 2,43-45). വി. ലൂക്കാ തുടരുന്നു: “വിശ്വാസികളുടെ സമൂഹം ഒരേ ആത്മാവും ഒരേ മനസ്സുമായി വ്യാപരിച്ചു. അവരിൽ ആരും തൻ്റെ സമ്പാദ്യം തൻ്റേതുമാത്രമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു... അവരുടെയിടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരുമുണ്ടായിരുന്നില്ല" (നടപടി 4,32-37).

വിശ്വാസികൾക്കിടയിലുണ്ടായിരുന്ന ഈ കൂട്ടായ്‌മയ്ക്കടിസ്ഥാനം പരിശുദ്ധ ത്രിത്വവുമായി അവർക്കു മാമ്മോദീസാവഴി ഉണ്ടായ കൂട്ടായ്മയാണ്. ശ്ലീഹന്മാരുടെ പ്രഘോഷണം സ്വീകരിച്ച് ഈശോയിൽ വിശ്വസിക്കാൻ ആരംഭിച്ചവരാണല്ലോ മാമ്മോദീസാമുങ്ങിയത്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ മാമ്മോദീസാ മുങ്ങുന്നയാൾ പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിലേക്കാണ് ഉൾച്ചേർക്കപ്പെടുന്നത്. ഏകദൈവത്തിലെ മൂന്നു വ്യക്തികൾക്കിടയിലുള്ള ഐക്യത്തിലേക്കാണ് വിശ്വാസി പ്രവേശിക്കുന്നത്. ഈ ദൈവികകൂട്ടായ്മ‌യിൽ പങ്കുപറ്റുന്നവർ സഹ മനുഷ്യരോടും കൂട്ടായ്മയിൽ വർത്തിക്കും. അതാണ് ജറൂസലേമിലെ ആദിമക്രൈസ്‌തവ സമൂഹത്തിൽ പ്രകടമായത്. ത്രിതൈക ദൈവവുമായി ആത്മീയതലത്തിലുണ്ടാകുന്ന ഐക്യം ഈ ലോക ജീവിതത്തിലേക്കുകൂടി വ്യാപിക്കുമ്പോഴാണ് കൂട്ടായ്മയുടെ ജീവിതം ഉടലെടുക്കുന്നത്.

പരിശുദ്ധ കുർബാനയിൽ ആഘോഷിച്ചിരുന്ന വിശ്വാസത്തിന്റെ പ്രായോഗിക മാനമാണു കൂട്ടായ്മ‌യുടെ ജീവിതത്തിൽ പ്രതിഫലിച്ചത്. ഒരേ അപ്പത്തിൽ പങ്കുപറ്റുകയും ഒരേ കാസയിൽ നിന്നു പാനം ചെയ്യുകയും ചെയ്യുന്നവർ ഒരേ ഹൃദയവും ഒരേ മനസ്സുമായി ജീവിക്കുക എന്നതു തികച്ചും യുക്തമാണ്. യഥാർത്ഥത്തിൽ, ദിവസത്തിൽ ഇരുപത്തിമൂന്നു മണിക്കൂറും ജീവിക്കുന്ന കൂട്ടായ്മ‌യുടെ കൗദാശികമായ ആഘോഷമാകണം പരിശുദ്ധ കുർബാനയുടെ മണിക്കൂറിലേത്. അതുപോലെതന്നെ, വിശ്വാസാഘോഷമായ പരിശുദ്ധകുർബാനയിൽനിന്നു ശക്തി സംഭരിച്ചു കൊണ്ടുവേണം അനുദിനജീവിതസാഹചര്യങ്ങളിൽ കൂട്ടായ്മയുടെ ജീവിതത്തിനിറങ്ങാൻ. ആഴ്‌ചമുഴുവനിലും കുടുംബത്തിലും ഇടവക സമൂഹത്തിലും ജോലിസ്ഥലത്തും ജീവിക്കുന്ന കൂട്ടായ്‌മയാകണം ഞായറാഴ്ച‌ ഇടവക ദൈവാലയത്തിലെ പരിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ പ്രകടമാകേണ്ടത്.

സാങ്കേതികവിദ്യ സമ്മാനിക്കുന്ന സുഖസൗകര്യങ്ങളുടെ കുത്തൊഴുക്കിൽ എല്ലാ പ്രശ്‌നങ്ങൾക്കുമുത്തരം ശാസ്ത്രത്തിനു നല്കാനാകുമെന്ന തെറ്റായ ധാരണയിൽ ജീവിക്കുന്ന ആധുനിക മനുഷ്യന്, സത്യത്തിൽ അധിഷ്ഠിതമായ സ്നേഹത്തിൻ്റെ മാർഗം നിർദ്ദേശിക്കുന്ന ബനഡിക്‌ട് പതിനാറാമൻ മാർപാപ്പാ പഠിപ്പിക്കുന്ന സൗജന്യദാനത്തിൻ്റെ തത്വം ഈ കൂട്ടായ്‌മയുടെ പ്രായോഗിക മാനത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ സൗജന്യദാനത്തിന്റെ പ്രകാശനമാണ് ക്രിസ്‌തീയ സാഹോദര്യം. മനുഷ്യൻ്റെ അടിസ്ഥാന ഭാവമായ പരസ്‌പരബന്ധം അതിൻ്റെ പൂർണതയിൽ ജീവിക്കുമ്പോൾ മാത്രമേ യഥാർത്ഥ സഹോദരസ്നേഹമുണ്ടാകൂ (സത്യത്തിൽ സ്നേഹം, 34).

23 

പ്രാർത്ഥനയാകുന്ന

വിശ്വാസവാതിൽ 

ഓർശ്ലെമിലെ ആദിമക്രൈസ്‌തവസമൂഹം അടിസ്ഥാനപരമായി ഒരു ആരാധനാസമൂഹം കൂടിയായിരുന്നു. മിശിഹായിലുള്ള തങ്ങളുടെ പുതിയ ജീവിതത്തിൻ്റെ ആഘോഷമായിരുന്നു അവരുടെ ദൈവാരാധന. പ്രാർത്ഥനയ്ക്കായി ദിവസംതോറും താല്പ‌ര്യപൂർവം അവർ ദൈവാലയത്തിൽ ഒന്നിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ചെയ്‌തിരുന്നു (നടപടി 2,42-47) എന്നാണു വി. ലൂക്കാ രേഖപ്പെടുത്തുന്നത്. മിശിഹായിൽ കൈവന്ന രക്ഷയെപ്രതി അവർ പിതാവായ ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. സ്വപുത്രനിൽ ദൈവം നമ്മുടെ പക്കലേക്കിറങ്ങിവന്ന് നമ്മെ പിതാവുമായി അനുരഞ്ജിപ്പിച്ചതിന്റെ അനുസ്‌മരണവും ആഘോഷവും വഴി യഥാർത്ഥത്തിൽ അവർ മിശിഹാരഹസ്യമെന്ന ചരിത്രസംഭവത്തെ സ്പർശിക്കുകയായിരുന്നു. 

ആദിമക്രൈസ്‌തവസമൂഹം പ്രാർത്ഥനയിൽ യഹൂദശൈലി തന്നെയാണു പിന്തുടർന്നത്. അതുകൊണ്ടാണവർ ഓർശ്ലെം ദൈവാലയത്തിൽ ഒന്നിച്ചു കൂടുന്നതിൽ മുടക്കം വരുത്താതിരുന്നത്. പന്തക്കുസ്ത‌ാദിനത്തിൽ ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് പ്രാർത്ഥിക്കുവാനായി ശെമയോൻ കേപ്പായും യോഹന്നാനുംകൂടി ദൈവാലയിത്തിലേക്കു പോകുംവഴിയാണല്ലോ ജന്മനാ മുടന്തനായിരുന്നവന് ഈശോയുടെ നാമത്തിൽ സൗഖ്യം നല്‌കുന്നത് (നടപടി 3,1-10). മൂന്നാം മണിക്കൂറിലും (നടപടി 2,1-15) ആറാം മണിക്കൂറിലും (നടപടി 10,9) പാതിരാവിലും (നടപടി 16,25) അവർ പ്രാർത്ഥിച്ചിരുന്നു. ശ്ലീഹന്മാർ മിശിഹായെപ്രതി കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോൾ അവർക്കുവേണ്ടി വിശ്വാസിസമൂഹം തീക്ഷ്‌ണതാപൂർവം പ്രാർത്ഥിക്കുന്നതും നമ്മൾ കാണുന്നുണ്ട് (നടപടി 4,24-31; 12,612). കൃതജ്ഞതനിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്തു‌തികളും ആത്മീയഗീതങ്ങളും ആലപിക്കണമെന്നു പൗലോസ്ശ്ലീഹാ ആദിമസഭയെ ഉദ്ബോധിപ്പിച്ചിരുന്നു (കൊളോ 3,16). അതുപോലെതന്നെ, സഹനത്തിലും സന്തോഷത്തിലും രോഗത്തിലുമെല്ലാം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യാക്കോ ബ്ശ്ലീഹായും അനുസ്‌മരിപ്പിക്കുന്നുണ്ട് (യാക്കോ 5,13). പിതാവിനോടുള്ള പ്രാർത്ഥന ജീവിതശൈലിയാക്കിയിരുന്ന ഈശോയുടെ മാത്യകയും അവിടുത്തെ പ്രബോധനവുമാണ് നിരന്തരം പ്രാർത്ഥിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത് (മത്താ 14,23; 26,36-44; ലൂക്കാ 5,16; 6,12; 9,18; 11,1-4; 17,9-12).ഈ പശ്ചാത്തലത്തിലാണ് ദിവസത്തിൽ പല പ്രാവശ്യം പ്രാർത്ഥിക്കുന്ന രീതി തിരുസഭയിൽ ഉടലെടുത്തത്. 

കർത്താവ് മരിച്ചവരിൽനിന്നുയിർത്ത ആഴ്‌ചയുടെ ആദ്യ ദിവസമായ ഞായർ പ്രാർത്ഥനയുടെയും അപ്പംമുറിക്കലിന്റെയും ദിനമായിരുന്നു (നടപടി 20,7; 1 കോറി 16,2). ഈശോ കുരിശിൽ മരിച്ച ദിവസമായ വെള്ളിയും അവിടുത്തെ ഒറ്റിക്കൊടുക്കുവാൻ യൂദാസ് കരാർചെയ്‌ത ദിവസമായ ബുധനും ഉപവാസത്തിന്റെയും പ്രത്യേക പ്രാർത്ഥനകളുടെയും ദിനങ്ങളുമായി. 

ദിവസവും ആഴ്ച്‌ചയും മാത്രമല്ല, ക്രമേണ വർഷംമുഴുവനും മിശിഹാ രഹസ്യവുമായി ബന്ധപ്പെടുത്തി തിരുസഭ ആഘോഷിച്ചു തുടങ്ങി. കോൺസ്റ്റൻ്റയിൻചക്രവർത്തിയുടെ കാലത്ത് ഈശോയുടെ പിറവിത്തിരുനാൾ ആചരിക്കാനാരംഭിച്ചു. നമ്മുടെ കർത്താവിന്റെ ദനഹായും അവിടുത്തെ ജീവിതത്തിലെ മറ്റു പ്രധാന സംഭവങ്ങളും അനുസ്മരിച്ചുകൊണ്ടാരംഭിച്ച ദൈവസ്‌തുതിയാണ് ആരാധനാ വത്സരത്തിന്റെ രൂപീകരണത്തിലെത്തിച്ചത്. മംഗലവാർത്തക്കാലം, ദനഹാക്കാലം, നോമ്പുകാലം, ഉയിർപ്പുകാലം, ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ-സ്ലീവാക്കാലം, മൂശെക്കാലം, പള്ളിക്കൂദാശക്കാലം എന്നിങ്ങനെ ഒമ്പതു ഘട്ടങ്ങളായാണ് പൗരസ്ത്യസഭകൾ ആരാധനാവത്സരത്തെ ക്രമീകരിച്ചിരിക്കുന്നത്. മിശിഹായുടെ മനുഷ്യാവതാരം മുതൽ അവിടുത്തെ രണ്ടാമത്തെ ആഗമനംവരെയുള്ള രക്ഷാകരസംഭവങ്ങളെയാണു വിവിധ കാലങ്ങളിലായി അനുസ്‌മരിക്കുന്നത്. 

മാർതോമാ നസ്രാണികൾ സന്ധ്യയ്ക്കും (റംശാ) രാവിലെയും (സപ്രാ) യാമപ്രാർത്ഥനയ്ക്കായി ഇടവകദൈവാലയത്തിൽ ഒന്നിച്ചു കൂടുന്ന പാരമ്പര്യമുണ്ടായിരുന്നു. മെത്രാന്മാരും സന്ന്യാസികളും ദിവസത്തിൽ ഏഴുനേരവും പ്രാർത്ഥിച്ചിരുന്നു. യാമപ്രാർത്ഥനയ്ക്ക് ഘടനയിൽ യഹൂദരുടെ സിനഗോഗുപ്രാർത്ഥനയോടു വളരെ സാമ്യമുണ്ട്. ആരാധനാദിവസം സന്ധ്യമുതൽ സന്ധ്യവരെയാണ്. 

ആരാധനാചൈതന്യത്തിന്റെ പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയും വത്തിക്കാൻ സൂനഹദോസ് പിതാക്കന്മാർ ആവശ്യപ്പെടുന്നുണ്ട് (ആരാധനക്രമം, 10). സഭയുടെ ആദ്ധ്യാത്മികജീവിതത്തിൽ പരിശുദ്ധ കുർബാനയോടും മറ്റു കൂദാശകളോടുമൊപ്പം യാമപ്രാർത്ഥനകൾക്കുള്ള സ്ഥാനത്തെക്കുറിച്ചു വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഭക്താനുഷ്ഠാനങ്ങൾ ആരാധനാചൈതന്യത്തിനു ചേരുന്നതായിരിക്കണം. ഇപ്രകാരമുള്ള ബലിഷ്‌ഠമായ ഒരു ആദ്ധ്യാത്മികാടിത്തറ ഉണ്ടെങ്കിൽ മറ്റു സഭാവിരുദ്ധഗ്രൂപ്പുകളിലേക്ക് വിശ്വാസികൾ പോവുകയില്ല. 

രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ആരാധനക്രമത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിലെ ഒരദ്ധ്യായംമുഴുവൻ യാമപ്രാർത്ഥനയ്ക്കായി നീക്കിവച്ചിരിക്കുന്നു എന്നത് ഇതിനു സഭ നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യാവതാരത്തോടെ സ്വർഗത്തിലെ സ്തോത്രഗീതം ഭൂമിയിലും ആരംഭിച്ചു. മാലാഖമാരുടെ ഗീതം അതാണു വെളിവാക്കിയത് (ലൂക്കാ 2,14). പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്ന നിത്യപുരോഹിതനായ മിശിഹാ തിരുസഭവഴി തന്റെ പുരോഹിതധർമം തുടർന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗമാണു യാമപ്രാർത്ഥനകൾ എന്നാണു സൂനഹദോസ് പിതാക്കന്മാർ പഠിപ്പിക്കുന്നത് (ആരാധനക്രമം, 83). വിശ്വാസികൾ യാമപ്രാർത്ഥനയിലൂടെ കർത്താവിനെ ഇടവിടാതെ സ്‌തുതിക്കുകയും സർവലോകത്തിന്റെയും രക്ഷയ്ക്കായി മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു.

24 

പരിശുദ്ധ
കുർബാനയാകുന്ന
വിശ്വാസവാതിൽ 

പ്രാർത്ഥനയുടെയും ആരാധനയുടെയും കാര്യത്തിൽ ക്രൈസ്ത‌വസമൂഹത്തെ യഹൂദരിൽനിന്നു വേർതിരിച്ചിരുന്നത് അപ്പംമുറിക്കൽ എന്നറിയപ്പെട്ടിരുന്ന പരിശുദ്ധ കുർബാനയർപ്പണമായിരുന്നു. ഞായറാഴ്‌ചകളിലായിരുന്നു പ്രധാനമായും അപ്പംമുറിക്കാനായി വിശ്വാസികൾ ഒന്നിച്ചുചേർന്നിരുന്നത് (നടപടി 20,7). നസ്രായനായ ഈശോയുമായി ബന്ധപ്പെട്ട ഒരാരാധനയും ജറുസലേം ദൈവാലയത്തിൽ നടത്താൻ യഹൂദർ അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് വിശ്വാസികൾ ആരുടെയെങ്കിലും ഭവനത്തിൽ സമ്മേളിച്ച് അപ്പം മുറിക്കുക പതിവാക്കി. ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട പിതാവായ ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയുടെ ആഘോഷമായിരുന്നു അത്. ഈ രക്ഷാകരപദ്ധതിയുടെ അന്തഃസത്ത മിശിഹാരഹസ്യമാണ്. പ്രാർത്ഥനകളിലൂടെയും അടയാളങ്ങളും പ്രതീകങ്ങളുമാകുന്ന അനുഷ്‌ഠാനങ്ങളിലൂടെയുമാണ് അപ്പം മുറിക്കലിൽ ഈ രഹസ്യം പുനഃരവതരിപ്പിക്കപ്പെടുന്നത്. 

മിശിഹാരഹസ്യത്തിൻ്റെ ഈ അനുസ്‌മരണത്തിന് "അപ്പം മുറിക്കൽ" എന്നു പേരിടാൻ കാരണം, അന്ത്യത്താഴവേളയിൽ ഈശോ നല്കിയ കല്‌പനയാണ്. പന്ത്രണ്ടു ശ്ലീഹന്മാരോടുമൊപ്പം പെസഹാ ഭക്ഷണത്തിനിരിക്കുമ്പോൾ, അവിടുന്ന് അപ്പം എടുത്തു കൃതജ്ഞതാസ്തോത്രം ചെയ്‌ത്‌, മുറിച്ച്, അവർക്കു നല്കിക്കൊണ്ട് അരുളിച്ചെയ്തു: "ഇതു നിങ്ങൾക്കായി നല്‌കപ്പെടുന്ന എന്റെ ശരീരമാകുന്നു. ഇത് എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" (ലൂക്കാ 22,19). ലോകത്തിനു ജീവൻ നല്കാനായി സ്വർഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പം ഈശോയാണ് (യോഹ 6,32-35). അവിടുന്ന് അരുളിച്ചെയ്യുന്നു: "ഞാൻ നല്കാനിരിക്കുന്ന അപ്പം, ലോകത്തിൻ്റെ ജീവനു വേണ്ടി ഞാൻ നല്‌കുന്ന എന്റെ ശരീരമാകുന്നു" (യോഹ 6,51). ഈശോ തന്റെ ശരീരം നമുക്കായി നല്‌കിയത് കുരിശിലാണ്. മനുഷ്യാവതാരത്തിൽ ആരംഭിച്ച "നമുക്കായുള്ള നല്‌കലിന്റെ" മകുടംമാത്രമായിരുന്നു കുരിശിലേത്. പരസ്യജീവിതകാലത്തെ ദൈവരാജ്യപ്രഘോഷണത്തിലൂടെയും സൗഖ്യദായകശുശ്രൂഷകളിലൂടെയും തന്റെ സ്വയംദാനം അവിടുന്നു തുടരുകയായിരുന്നു. നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള മിശിഹായുടെ ഈ സ്വയംദാനം മുഴുവന്റെയും പ്രതീകമായി അപ്പം മാറി. മിശിഹാരഹസ്യം മുഴുവന്റെയും ആഘോഷത്തിന് "അപ്പംമുറിക്കൽ" എന്നു പേരും ലഭിച്ചു. പരിശുദ്ധ കുർബാനയർപ്പണത്തിൽ മിശിഹായുടെ മനുഷ്യാവതാരം മുതൽ അവിടുത്ത മഹത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെയുള്ള രക്ഷാകരരഹസ്യങ്ങളാണല്ലോ നമ്മൾ അനുസ്‌മരിക്കകയും അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്യുന്നത്. 

ആദിമക്രൈസ്‌തവർ "ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു" (നടപടി 2,46) എന്ന പ്രസ്‌താവന സവിശേഷ ശ്രദ്ധയർഹിക്കുന്നു. അപ്പംമുറിക്കൽവേളകൾ ഭക്ഷണപദാർത്ഥങ്ങൾ ഒന്നിച്ചനുഭവിക്കുന്നതിന്റെകൂടി അവസരങ്ങളായിരുന്നു. അവർ തമ്മിൽത്തമ്മിലുണ്ടായിരുന്ന പരസ്പര‌സ്നേഹത്തിൻ്റെയും ഒരുമയുടെയും പ്രകാശനമായിരുന്നു ഇത്തരത്തിലുള്ള സ്നേഹവിരുന്നുകൾ അഥവാ അഗാപ്പേകൾ. കൊറിന്തോസിലെ സഭാസമൂഹത്തിലെ ഈ സ്നേഹവിരുന്നിൽ ക്രമേണ തെറ്റായ പ്രവണതകൾ കടന്നുകൂടിയപ്പോൾ, പൗലോസ്ശ്ലീഹാ അതു തിരുത്തുന്നതു നമ്മൾ കാണുന്നുണ്ട്: "നിങ്ങൾ സമ്മേളിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നിപ്പുകളുണ്ടെന്നു ഞാൻ കേൾക്കുന്നു... ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തല്‌ഫലമായി ഒരുവൻ വിശന്നും അപരൻ കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു. എന്ത്! തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അതോ, നിങ്ങൾ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നുമില്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ?" (1 കോറി 11,17-22). അപ്പം മുറിക്കലിനെപ്പറ്റി തുടർന്നുവരുന്ന വാചകങ്ങളിലാണ് പൗലോസ്ശ്ലീഹാ വിവരിക്കുന്നത് (11,23-34). “നിങ്ങൾ ഈ അപ്പത്തിൽനിന്നു ഭക്ഷിക്കുകയും ഈ പാനപാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം നമ്മുടെ കർത്താവിൻ്റെ മരണമാണ്, അവിടുത്തെ ആഗമനംവരെ, അനുസ്മരിക്കുന്നത്" (11,26) എന്നും ശ്ലീഹാ കൂട്ടിച്ചേർക്കുന്നുണ്ട്.

25 

കൂദാശകൾ 

ദൈവികജീവനിലേക്കുള്ള
വാതിലുകൾ 

ദൈവികയാഥാർത്ഥ്യങ്ങളുടെ അനുഭവത്തിലേക്കു മനുഷ്യനെ ആനയിക്കുന്ന തിരുക്കർമ്മങ്ങളാണ് കൂദാശകൾ. സ്ഥലകാല പരിമിതികളിൽ ജീവിക്കുന്ന മനുഷ്യനു ദൈവിക മേഖലയിലേക്കു പ്രവേശനം സാധ്യമാക്കുന്ന വാതിലുകളാണവ. ദൈവികമായി നല്‌കപ്പെട്ടതും മാനുഷികമായി രൂപപ്പെട്ടതുമായ കൂദാശകളെ "ദിവ്യരഹസ്യങ്ങൾ" എന്നാണു പൗരസ്ത്യസഭകൾ വിശേഷിപ്പിക്കുന്നത്. പ്രാർത്ഥനകൾ, അടയാളങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവയിലൂടെയാണു മിശിഹായിൽ വെളിപ്പെടുത്തപ്പെട്ട രക്ഷാകരരഹസ്യങ്ങളിലേക്കു നമുക്കു പ്രവേശനം സാധ്യമാകുന്നത്. 

“കൂദാശ” എന്ന സുറിയാനി പദത്തിനർത്ഥം "വിശുദ്ധീകരിക്കുന്നത്" എന്നാണ്. വിശുദ്ധീകരണത്തിന് ഒരു ലംബമാനവും തിരശ്ചീനമാനവുമുണ്ട്: ഒരേ സമയം ദൈവത്തെ മഹത്വപ്പെടുത്തുന്നതും (നിന്റെ നാമം പരിശുദ്ധമാക്കപ്പെടണം) മനുഷ്യനെ വിശുദ്ധീ കരിക്കുന്നതുമാണു കൂദാശ. കൂദാശയിൽ ഉപയോഗിക്കുന്ന സൃഷ്ടവസ്തു‌ക്കൾ അവയുടെ സ്വാഭാവികപ്രകൃതിയും സവിശേഷതകളും നിലനിർത്തുന്നതോടൊപ്പം ദൈവികയാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുകയും ദൈവികകൃപാവരം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 

സുറിയാനി പാരമ്പര്യത്തിൽ കൂദാശകൾ "റാസേ" എന്നാണറിയപ്പെടുന്നത്. "ദിവ്യരഹസ്യങ്ങൾ" എന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്താം. മിശിഹായുടെ മനുഷ്യാവതാര പെസഹാ രഹസ്യങ്ങളാണ് ഇതുവഴി വിവക്ഷിക്കപ്പെടുന്നത്. സൃഷ്ടപ്രപഞ്ചം മുഴുവനിലും മിശിഹായുടെ പ്രതീകങ്ങൾ നിറഞ്ഞുനില്ക്കുന്നതു കൊണ്ട് പ്രകൃതിതന്നെ ഒരു റാസയാണ് എന്നാണു പൗരസ്ത്യ സഭാപിതാവായ മാർ അപ്രേമിൻ്റെ അഭിപ്രായം. ദൈവത്തിന്റെ വചനം മനുഷ്യരൂപം സ്വീകരിച്ചപ്പോൾ അവിടുന്നു പിതാവിന്റെ റാസയായി മാറുകയായിരുന്നു. ഈ ലോകത്തിൽ തന്റെ തുടർച്ചയായി അവിടുന്നു സ്ഥാപിച്ച തിരുസഭ അടിസ്ഥാന റാസയാണ്. സഭയാകുന്ന ശരീരത്തിൻ്റെ ശിരസ് മിശിഹാതന്നെയാണല്ലോ (എഫേ 1,22). ഈ തിരുസഭയിലെ അംഗങ്ങൾക്കു മിശിഹാ രക്ഷ പകർന്നു നല്കുന്ന വിശുദ്ധമായ സംവിധാനമാണ് കൂദാശകൾ അഥവാ ദിവ്യരഹസ്യങ്ങൾ. ഇതുവഴി വിശ്വാസികൾ മിശിഹായുടെ രക്ഷാകരപ്രവർത്തനങ്ങളുടെ ഫലത്തിൽ പങ്കുചേരുന്നു. ശരിയായ സഹകരണംവഴി മാത്രമേ ഈ പങ്കാളിത്തം സാധ്യമാകൂ. ഇതിനു വിശ്വാസികൾക്കു തുടർപരിശീലനം ലഭിക്കേണ്ടതുണ്ട്. തിരുസഭയിലെ ദിവ്യരഹസ്യങ്ങളിലൂടെ വിശ്വാസി പുതിയൊരു അസ്തിത്വത്തിലേക്കു - അക്ഷയവും അനശ്വരവുമായ സ്വർഗീയജീവിതത്തിലേക്ക് - പ്രവേശിക്കുകയാണ്. മിശിഹായുടെ മനുഷ്യാവതാരവും പെസഹാരഹസ്യവുംവഴി ഉദ്ഘാടനം ചെയ്യപ്പെട്ട സ്വർഗീയ മഹത്വലത്തിന്റെ ലോകമാണിത്. 

ക്രൈസ്ത‌വജീവിതത്തിനടിസ്ഥാനമിടുന്ന മാമ്മോദീസാ, കൃപാവരപൂർണതയുടെ കൂദാശ (തൈലാഭിഷേകം), വി. കുർബാന എന്നീ ആദ്യത്തെ മൂന്നുദിവ്യരഹസ്യങ്ങൾ അറിയപ്പെടുന്നതുതന്നെ “പ്രവേശകകുദാശകൾ" എന്നാണ് (sacraments of initiation). ഈ പ്രാരംഭകൂദാശകളിലൂടെ ദൈവീകഭവനമായ തിരുസഭയിൽ പ്രവേശിക്കുന്നവർക്കു മാത്രമേ മറ്റു കൂദാശകൾ സ്വീകരിക്കാൻ അവകാശമുള്ളു. അനുരഞ്ജന കൂദാശയിലൂടെ പാപമോചനത്തിൻ്റെ മരുന്നിന് വിശ്വാസി അർഹനാകുന്നു; വിവാഹമെന്ന കൂദാശവഴി മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായി വധുവരന്മാർ മാറുന്നു. രോഗീലേപന കൂദാശ വിശ്വാസിയുടെ സഹനത്തെ രക്ഷാകരവും സന്തോഷകരവുമാക്കി മാറ്റുന്നു. 

തിരുസഭയിലെ അടിസ്ഥാനകൂദാശ പൗരോഹിത്യമാണ്. കാരണം, പുരോഹിതരുണ്ടെങ്കിലേ ദിവ്യരഹസ്യങ്ങളുടെ പരികർമം സാധ്യമാകൂ. പത്രോസാകുന്ന പാറമേൽ സഭ സ്ഥാപിക്കുകയും സ്വർഗത്തിന്റെ താക്കോൽ ഭരമേല്‌പിക്കുകയും ചെയ്ത‌പ്പോൾ മിശിഹാ പൗരോഹിത്യത്തിന് അടിത്തറയിടുകയായിരുന്നു (മത്താ16,18-19). രക്ഷാകരരഹസ്യങ്ങളുടെ നിക്ഷേപാലയത്തിന്റെ താക്കോൽ ലഭിച്ചിരിക്കുന്ന ശ്ലീഹന്മാർക്കും അവരുടെ കൈവയ്പ് വഴി മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുചേരുന്നവർക്കും മാത്രമേ കൂദാശാപരികർമത്തിലൂടെ വാതിൽ തുറന്നു നല്കാൻ സാധിക്കുകയുള്ളു. 

കൂദാശ പരിശുദ്ധ ത്രിത്വത്തിൻ്റെ പ്രവൃത്തിയാണ് എന്നു കാണിക്കാനാണ് പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തിൽ റൂശ്‌മചെയ്തുകൊണ്ട് കൂദാശകളെല്ലാം പൂർത്തിയാക്കുന്നത്. കൂദാശകളിലൂടെ ലഭിക്കുന്ന കൃപാവരത്തിന്റെ ഉറവിടം പിതാവായ ദൈവമാണ്; പുത്രനായ ദൈവത്തിന്റെ രക്ഷാകരപ്രവൃത്തികളുടെ തുടർച്ചയാണവ; പരിശുദ്ധ റൂഹായുടെ പ്രവർത്തനമാണ് കൂദാശകളെ വിശുദ്ധീകരണോപാധികളാക്കുന്നത്. ബലിപീഠത്തെ പവിത്രമാക്കുന്നതും മാമ്മോദീസാജലത്തെയും തൈലത്തെയും ജീവദായകമാക്കുന്നതും അപ്പത്തെയും വീഞ്ഞിനെയും മിശിഹായുടെ തിരുശരീരവും തിരുരക്തവുമാക്കുന്നതും പരിശുദ്ധറൂഹായാണ്. ഇവയിലുള്ള പങ്കാളിത്തംവഴിയാണു വിശ്വാസിക്കു ദൈവികജീവനിലേക്കു പ്രവേശനം സിദ്ധിക്കുന്നത്. 

മിശിഹായുടെ രക്ഷാകരപ്രവൃത്തികൾ നമുക്കായി സന്നിഹിതമാക്കുകയും രക്ഷ സംലഭ്യമാക്കുകയും ചെയ്യുന്ന കൂദാശകളാകുന്ന വാതിലിലൂടെ വിശ്വാസികൾ തീക്ഷ്‌ണതാപൂർവം പ്രവേശിക്കണമെന്നാണു സൂനഹദോസ് പിതാക്കന്മാർ പഠിപ്പിക്കുന്നത് (ആരാധനക്രമം, 59).

26 

മാമ്മോദീസായാകുന്ന
വാതിൽ 

മനുഷ്യനായവതരിച്ച ഈശോയിൽ നല്‌കപ്പെട്ടിരിക്കുന്ന രക്ഷയിലേക്കുള്ള വാതിലുകളാണ് തിരുസഭയിലെ കൂദാശകൾ. കുരിശിൽ നമുക്കായി രക്ഷയുടെ വാതിൽ തുറക്കപ്പെട്ടു എന്നതിന്റെ അടയാളമാണ് തുറക്കപ്പെട്ട അവിടുത്തെ തിരുവിലാവ് (യോഹ 19,33-35). അവിടെനിന്നു പുറപ്പെട്ട രക്തവും ജലവും തിരുസഭയിലെ രണ്ട് മൗലികകൂദാശകളെയാണു സൂചിപ്പിക്കുന്നത് എന്നു പൗരസ്ത്യസഭാപിതാവായ മാർ അപ്രേം പഠിപ്പിക്കുന്നുണ്ട്. ദൈവിക ജീവനിലേക്കും രക്ഷയിലേക്കും നമുക്കു പ്രവേശനമരുളുന്ന വാതിലുകളാണവ. 

മാമ്മോദീസായാകുന്ന വാതിലിലൂടെ ഒരു പുതിയ അസ്തിത്വത്തിലേക്കാണു വിശ്വാസി പ്രവേശിക്കുന്നത്. പന്തക്കുസ്താദിനത്തിൽ പത്രോസ്ശ്ലീഹായുടെ പ്രഘോഷണം ശ്രവിച്ച ജനം അനുതപിച്ച് എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. ശെമയോന്റെ മറുപടി ഇപ്രകാരമായിരുന്നു: “പരിശുദ്ധാത്മാവാകുന്ന ദാനം ലഭിക്കേണ്ടതിനായി പശ്ചാത്തപിക്കുകയും പാപമോചനത്തിനായി ഓരോരുത്തരും കർത്താവായ ഈശോയുടെ നാമത്തിൽ മാമ്മോദീസാ സ്വീകരിക്കുകയും ചെയ്യുവിൻ" (നടപടി 2,38). രണ്ടു കാര്യങ്ങളാണ് പത്രോസ്ശ്ലീഹാ ആവശ്യപ്പെടുന്നത്: പശ്ചാത്തപിക്കുക, മാമ്മോദീസാ മുങ്ങുക. പശ്ചാത്താപം അഥവാ അനുതാപം പഴയജീവിത രീതിയിൽനിന്ന് ഈശോയിലേക്കുള്ള പൂർണമായ തിരിയലാണ്. ഈശോയിലേക്കു തിരിഞ്ഞാൽ മാത്രംപോരാ, അവിടുന്നിൽ വിശ്വസിക്കുകകൂടി വേണം. ഈ വിശ്വാസമാണ് അവിടുത്തെ നാമത്തിൽ മാമ്മോദീസാ മുങ്ങുന്നതിലൂടെ പ്രകടമാക്കുന്നത്. നാമം വ്യക്തിയെ സൂചിപ്പിക്കുന്നു. ഈശോയുടെ നാമത്തിൽ മുങ്ങുന്നവൻ അവിടുത്തെ ജീവനിലേക്കാണു പ്രവേശിക്കുന്നത്. 

ശ്ലീഹായുടെ വചനപ്രകാരം മാമ്മോദീസായുടെ ഫലങ്ങൾ രണ്ടാണ്: പാപമോചനവും പരിശുദ്ധാത്മാവും. ജന്മപാപവും കർമ്മപാപം ഉണ്ടെങ്കിൽ അതും മോചിക്കുന്ന കൂദാശയാണ് മാമ്മോദീസാ. പൗലോശ്ലീഹായുടെ വാക്കുകളിൽ, “ഒരു മനുഷ്യന്റെ പാപംനിമിത്തം അനേകർ മരിച്ചെങ്കിൽ, ഈശോമിശിഹായെന്ന ഏകമനുഷ്യൻമൂലം ദൈവത്തിന്റെ കൃപാവരവും അവൻ്റെ ദാനവും വളരെപ്പേർക്ക് എത്രയോ അധികമായി ലഭിച്ചിരിക്കുന്നു" (റോമാ 5,15). പാപം മായ്ച്ചുകളഞ്ഞ്, നമ്മെ ജീവിപ്പിക്കുന്ന ഈ കൃപാവരം മാമ്മോദീസായിലാണു നമുക്കു കൈവരുന്നത് എന്നും പൗലോസ് ശ്ലീഹാ തുടർന്നു പഠിപ്പിക്കുന്നു: "ഈശോമിശിഹാ തൻ്റെ പിതാവിൻ്റെ മഹത്വത്തിലൂടെ മരണശേഷം ഉയിർത്തതുപോലെ, നാമും പുതിയ ജീവിതത്തിൽ വ്യാപരിക്കേണ്ടതിന്, മാമ്മോദീസാവഴി നാം അവനോടൊത്തു മരിച്ചു സംസ്‌കരിക്കപ്പെട്ടിരിക്കുന്നു" (റോമാ 6,4). 

മാമ്മോദീസായിൽ ലഭിക്കുന്ന പാപമോചനം പരിശുദ്ധാത്മാവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈശോ നല്കുന്ന മാമ്മോദീസാ പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നതാണ് (ലൂക്കാ 3,16). പന്തക്കുസ്‌താദിനത്തിൽ ശ്ലീഹന്മാർ സ്വീകരിക്കാനിരുന്ന മാമ്മോദീസായെപ്പറ്റി അവിടുന്നു മുൻകൂട്ടി അറിയിച്ചു: “ഏറെ ദിവസം കഴിയുംമുമ്പ് നിങ്ങൾ പരിശുദ്ധാത്മാവിനാൽ മാമ്മോദീസാ സ്വീകരിക്കും" (നടപടി 1,5). യോഹന്നാന്റെ വിവരണമനുസരിച്ച് പരിശുദ്ധാരൂപിയെ നല്‌കിക്കൊണ്ടാണ് ഉത്ഥിതനായ മിശിഹാ ശ്ലീഹന്മാർക്കു പാപമോചനാധികാരം നല്കിയത് (യോഹ 20,23). ഇപ്രകാരം ഉന്നതത്തിൽനിന്നു ശക്തി ധരിച്ച ശ്ലീഹന്മാരാണ് രക്ഷയുടെയും പാപമോചനത്തിന്റെയും വാതിൽ ഈശോയിൽ വിശ്വസിക്കുന്നവർക്കായി തുറന്നുനല്‌കിയത്. ദൈവാരൂപി നമ്മിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ചു പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നു: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈവത്തെ ആബാ, ആബൂൻ: പിതാവേ, ഞങ്ങളുടെ പിതാവേ എന്നു വിളിക്കാൻ നമ്മെ മക്കളാക്കുന്ന ആത്മാവിനെയാണു നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്." (റോമാ 8,15). പാപം മോചിക്കപ്പെടുന്ന - രക്ഷിക്കപ്പെടുന്ന അവസ്ഥ ദൈവമക്കളുടെ സ്വാതന്ത്യ്രത്തിലേക്കുള്ള പ്രവേശനമാണ്. "പാപമോചനത്തിനുള്ള ഏക മാമ്മോദീസായിലും വിശ്വസിക്കുന്നു" എന്നു നമ്മൾ വിശ്വാസപ്രമാണത്തിൽ  ഏറ്റുപറയുമ്പോൾ നമ്മുടെ ഈ പുതുജന്മമാണനുസ്‌മരിക്കുന്നത്.

വിശ്വാസവാതിലിലൂടെ അകത്തു പ്രവേശിക്കുകയെന്നാൽ ജീവിതകാലം മുഴവൻ നീണ്ടുനില്ക്കുന്ന ഒരു യാത്ര ആരംഭിക്കലാണ് (വിശ്വാസത്തിൻ്റെ വാതിൽ, 1). മാമ്മോദീസായിലാണ് ഈ യാത്ര തുടങ്ങുന്നത്. പ്രഘോഷിക്കപ്പെട്ട സുവിശേഷവചനം സ്വീകരിക്കുകയും ജീവിതപരിവർത്തനത്തിനു തയ്യാറാവുകയും ചെയ്യുന്ന വരെയാണു മാമ്മോദീസാ മുക്കുന്നത്. സ്നേഹം തന്നെയായ ഏകദൈവത്തിൽ (1 യോഹ 4,8) വിശ്വസിക്കാൻ ആരംഭിക്കുന്നവർ ഈശോയുടെ (പരിശുദ്ധ ത്രിത്വത്തിൻ്റെ) നാമത്തിൽ മാമ്മോദീസാ മുങ്ങുന്നു. ഇതോടെ ഒരു പുതിയ യാത്ര വിശ്വാസജീവിതയാത്ര ആരംഭിക്കുകയായി. ഈ പുതിയ ജീവിതത്തെക്കുറിച്ചു പൗലോസ് ശ്ലീഹാ ഇപ്രകാരം പഠിപ്പിക്കുന്നു: "ഈശോമിശിഹാ തന്റെ പിതാവിന്റെ മഹത്വത്തിലൂടെ മരണശേഷം ഉയിർത്തതുപോലെ, നാമും പുതിയ ജീവിതത്തിൽ വ്യാപരിക്കേണ്ടതിന് മാമ്മോദീസാ വഴി നാം അവനോടൊത്തു മരിച്ചു സംസ്‌കരിക്കപ്പെട്ടിരിക്കുന്നു" (റോമാ 6,4). മാമ്മോദീസായിൽ നമ്മിലേക്കു വർഷിക്കപ്പെടുന്ന പരിശുദ്ധറൂഹായാണ് നമ്മെ ദൈവമക്കളാക്കുന്നത്. ദൈവത്തിൻ്റെ അരൂപിയിലുള്ള ജീവിതമായ ആദ്ധ്യാത്മിക ജീവിതത്തിലേക്കുള്ള വാതിലാണ് മാമ്മോദീസാ. 

മാമ്മോദീസാ മുങ്ങി, പരിശുദ്ധറുഹായാൽ അഭിഷേചിതരാകുന്നവർ മിശിഹായുടെ പരസ്യജീവിതത്തിൽ അവിടുത്തോടൊപ്പം ചേരുകയാണ്. ഈശോയുടെ ശിഷ്യനാവുക എന്നാൽ അവിടുത്തെ അനുഗമിക്കുക എന്നാണല്ലോ. അവിടുന്നു പോയ വഴി ഇടുങ്ങിയതായിരുന്നു; അവിടുത്തേക്ക് എല്ലായിടത്തും തിരസ്‌കരണമാണുണ്ടായത്. ഈ തിരസ്‌കരണത്തിൻ്റെ അത്യുച്ചി കാൽവരിയിലുമായിരുന്നു. എല്ലാവരാലും പരിത്യക്തനായി കുരിശിൽ മരിച്ച അവിടുത്തെ ജീവിതം കല്ലറയിൽ അവസാനിച്ചില്ല; മരിച്ചവരിൽനിന്നവിടുന്ന് ഉയിർത്തെഴുന്നേറ്റു. അവിടുത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക്, അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുചേരുന്നവർക്ക്, അവിടുത്തെ ഉയിർപ്പിലും പങ്കുലഭിക്കും. ഈശോയെപ്പോലെതന്നെ അവിടുത്തെ അനുഗമിക്കുന്നവരും മരണത്തിലൂടെ നിത്യജീവനിലേക്കു പ്രവേശിക്കും. ഇത് ഈശോയുടെതന്നെ ഉത്ഥാനത്തിന്റെ ഫലമാണ്. സ്വർഗത്തിൻ്റെ വാതിൽ കടക്കുന്നതോടെയാണ് ഒരുവന്റെ വിശ്വാസജീവിതയാത്ര പൂർത്തിയാവുന്നത്.

27 

വിശുദ്ധരുടെ
കൂട്ടായ്‌മയിലേക്കുളള
വാതിൽ 

മാമ്മോദീസാവഴി ഈശോയിൽ വിശ്വസിക്കുന്ന വ്യക്തി വിശുദ്ധരുടെ കൂട്ടായ്‌മയിലേക്കാണു വീണ്ടും ജനിക്കുന്നത്. മാമ്മോദീസായിൽ ദൈവികജീവനിൽ പങ്കുപറ്റുന്നവർ ദൈവമക്കളും സ്വർഗരാജ്യത്തിനവകാശികളുമായിതീരുന്നു. പരിശുദ്ധനായ ദൈവത്തിന്റെ മക്കൾ വിശുദ്ധരും വിശുദ്ധരാകേണ്ടവരുമാണ്. അതുകൊണ്ടാണ് പൗലോസ്ശ്ലീഹാ ലേഖനാരംഭത്തിൽ കൊറിന്തോസിലെയും എഫേസോസിലെയും കൊളോസായിലും സഭാംഗങ്ങളെ “വിശുദ്ധർ" എന്ന് അഭിസംബോധന ചെയ്യുന്നത് (1 കൊറി 1,2; എഫേ 1,1; ഫിലി 1,1; കൊളോ 1,1). 

ഒരേ ആദ്ധ്യാത്മിക നന്മയിലുള്ള പങ്കുചേരലാണ് സഭാംഗങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നത്. “പുണ്യവാന്മാരുടെ ഐക്യം" എന്നതുകൊണ്ടുദ്ദേശിക്കുന്നത്, മിശിഹാ പ്രദാനം ചെയ്യുന്ന ആത്മീയനന്മകളിൽ പങ്കുപറ്റുന്നവരുടെ കൂട്ടായ്‌മയെയാണ്. ഇതു രണ്ടു തരത്തിലുണ്ടാകാം: വിശുദ്ധ വസ്‌തുക്കളിലുള്ള ഐക്യവും വിശുദ്ധരായ വ്യക്തികളുടെ ഇടയിലുള്ള ഐക്യവും. ഇതു രണ്ടും വ്യക്തമാക്കുന്നതാണ്, കുർബാനയിലെ ദൈവൈക്യശുശ്രൂഷയിൽ, “വിശുദ്ധ കുർബാന വിശുദ്ധജനത്തിനുള്ളതാകുന്നു" എന്ന കാർമികന്റെ പ്രസ്താവന. മിശിഹായുടെ ശരീരത്തിലും രക്തത്തിലുമുള്ള പങ്കു ചേരൽ ദൈവജനത്തിനിടയിൽ വിശുദ്ധിയുടെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുന്നു. 

തിരുസഭയിലെ അംഗങ്ങൾ മൂന്ന് അവസ്ഥകളിലാണ്: 1. ഭൂമിയിലെ സമരസഭയിൽ, 2. ശുദ്ധീകരണ സ്ഥലമാകുന്ന സഹനസഭയിൽ, 3. സ്വർഗത്തിലെ വിജയസഭയിൽ. ഈ ഭൂമിയിൽ വിശ്വാസ തീർത്ഥാടനം ചെയ്യുന്നവരും മരണശേഷം ശുദ്ധീകരണത്തിനു വിധേയരായി ദൈവദർശനം കാത്തുകഴിയുന്നവരും സ്വർഗത്തിൽ ദൈവമഹത്വം അനുഭവിക്കുന്നവരും തമ്മിലുള്ള കൂട്ടായ്മയാണ് പുണ്യവാന്മാരുടെ ഐക്യം. തങ്ങളുടെ ജീവിതകാലം മുഴുവൻ ദൈവഹിതത്തിനു വിധേയരായി ജീവിച്ച് വിശ്വാസം സംരക്ഷിച്ചു സ്വർഗഭാഗ്യത്തിനർഹരായവരാണ് വിജയസഭയിലെ അംഗങ്ങൾ. ഇവർക്ക് സമരസഭയിലും സഹനസഭയിലുമുള്ളവരെ ദൈവസന്നിധിയിലുള്ള തങ്ങളുടെ മാദ്ധ്യസ്ഥ്യംവഴി സഹായിക്കാൻ സാധിക്കും. ഈ ഭൂമിയിലെ വിശ്വാസതീർത്ഥാടനത്തിലായിരിക്കുന്നവർക്ക് സ്വർഗത്തിലെത്തിയവർ മാതൃകയും സഹായവുമാണ്. വിശുദ്ധരെ നമ്മൾ വണങ്ങുന്നത് അതുകൊണ്ടാണ്. ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരെ സഹായിക്കാൻ സ്വർഗത്തിലെ വിശുദ്ധർക്കും ഈ ഭൂമിയിലായിരിക്കുന്ന നമുക്കും സാധിക്കും. മരണശേഷം സ്വന്തമായി എന്തെങ്കിലും നന്മ ചെയ്‌ത്‌ സ്വയം യോഗ്യത നേടാൻ ആർക്കുമാവില്ല. നമ്മുടെ പ്രാർത്ഥനകളാലും നന്മപ്രവൃത്തികളാലും ശുദ്ധീകരണസ്ഥലത്തിലെ സഹോദരരെ നമുക്കു സഹായിക്കാനാവും (2 മക്ക 12,45). അവർക്കു നമ്മെയും സഹായിക്കാനാവും. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനയുടെ പ്രസക്തിയിതാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 958). 

പുണ്യവാന്മാരുടെ ഐക്യം ഏറ്റവും സ്‌പഷ്ടമാകുന്ന വേദി പരിശുദ്ധ കുർബാനയർപ്പണത്തിൻ്റേതാണ്. അവിടെ ഈ ഭൂമിയിലെ വിശ്വാസികൾ മാത്രമല്ല, സ്വർഗവാസികളായ മാലാഖമാരും വിശുദ്ധരും ഉത്ഥാനമഹത്വം പ്രതീക്ഷിച്ചു ശുദ്ധീകരണസ്ഥലത്തു കഴിയുന്ന മരിച്ചവരും ഒന്നിച്ചാണ് മിശിഹായിൽ നമുക്കു നല്‌കപ്പെട്ട രക്ഷയെപ്രതി പിതാവായ ദൈവത്തെ സ്‌തുതിക്കുന്നതും ആരാധിക്കുന്നതും കൃതജ്ഞതയർപ്പിക്കുന്നതുമൊക്കെ. വിശുദ്ധ കുർബാനയിലെ ഒരുക്കശുശ്രൂഷയിൽ, ദൈവമാതാവായ കന്യാകാമറിയത്തിന്റെയും ശ്ലീഹന്മാരുടെയും നീതിമാന്മാരുടെയും രക്തസാക്ഷികളുടെയും പ്രത്യേകിച്ചു നമ്മുടെ പിതാവായ മാർതോമ്മാശ്ലീഹായുടെയും സ്മരണയോടൊപ്പം ഉത്ഥാനം പ്രതീക്ഷിച്ചു നിദ്രചെയ്യുന്ന സകല മരിച്ചവരെയും നമ്മൾ അനുസ്‌മരിക്കുന്നുണ്ടല്ലോ. “സ്വർഗ രാജ്യത്തിൽ സകല വിശുദ്ധരുമൊന്നിച്ചു സ്‌തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ" എന്നു അനുരഞ്ജനശുശ്രൂഷയുടെ അവസാനം കാർമികൻ പ്രാർത്ഥിക്കുന്നുണ്ട്. ആവർത്തിച്ചു കാണുന്ന ഇത്തരത്തിലുള്ള പ്രാർത്ഥനകൾ പുണ്യവാന്മാരുടെ ഐക്യമാണു വിളിച്ചോതുന്നത്.

28 

പുനരുത്ഥാന
ജീവിതത്തിലേക്കുളള
വാതിൽ 

തൻ്റെ മനുഷ്യാവതാരംവഴി മിശിഹാ നമുക്കു നല്കിയ രക്ഷ നിത്യജീവനിലേക്കു തുറന്നിരിക്കുന്ന വാതിലാണ്. നമ്മുടെ ക്രൈസ്തവാസ്തിത്വം ഈ ഭൂമിയിലെ ജീവിതംകൊണ്ടവസാനിക്കുന്നില്ല. മാമ്മോദീസായിൽ നമ്മൾ പങ്കുപറ്റാനാരംഭിക്കുന്ന ദൈവികജീവൻ പൂർണമാകുന്നത് നമ്മുടെ മരണത്തോടുകൂടിയാണ്. യഹൂദരിൽ ഒരു ചെറിയ ഗണമൊഴികെ (സദ്ദൂക്കായർ: മർക്കോ 12,18-27) മറ്റെല്ലാവരുംതന്നെ. പ്രത്യേകിച്ചു ഫരിസേയർ, മരിച്ചവരിൽനിന്നുള്ള ഉയിർപ്പിൽ വിശ്വിസിച്ചിരുന്നവരാണ്. മക്കബായരുടെകാലം മുതലേ ഇസ്രായേൽക്കാർക്കിടയിൽ ഉത്ഥാനത്തിലുള്ള പ്രതീക്ഷ പ്രകടമായിരുന്നു (2 മക്ക 12, 38-45). ലോകാവസാനത്തിൽ മരിച്ചവർ ഉയിർക്കു മെന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ലാസറിന്റെ മരണവേളയിലെ മർത്തായുടെ പ്രതികരണം അതാണു വ്യക്തമാക്കുന്നത്: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്ന് എനിക്കറിയാം" (യോഹ 11,24). സ്ഥലകാലങ്ങളിലേക്കുള്ള ശരീരപദാർത്ഥത്തിൻ്റെ തിരിച്ചുവരവായാണ് അവർ പുനരുത്ഥാനത്തെ വീക്ഷിച്ചിരുന്നത്. മരിച്ചവരിൽ നിന്നുയിർക്കുന്നവർ സ്വർഗത്തിലെ ദൂതരെപ്പോലെയായിരിക്കും (മർക്കോ 12,25) എന്നു പഠിപ്പിച്ചുകൊണ്ട് ഈശോ ഫരിസേയ ചിന്താഗതി തിരുത്തുന്നുണ്ട്. 

ഈശോ മരണശേഷം ഉയിർത്തു എന്ന സത്യമാണ് ക്രൈസ്തവവിശ്വാസിയുടെ ഉയിർപ്പിനടിസ്ഥാനം. പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു: “മരിച്ചവരുടെ ആദ്യഫലമായി മിശിഹാ മരണശേഷം ഉയിർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടായതുപോലെ, മനുഷ്യൻ മൂലം മരിച്ചവരുടെ ഉയിർപ്പുമുണ്ടാകുന്നു. ആദംമൂലം എല്ലാവരും മരിക്കുന്നതുപോലെ, മിശിഹായിൽ എല്ലാവരും ജീവിക്കും"(1 കൊറി 15,20). മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ മിശിഹായും ഉയിർത്തിട്ടില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് മരിച്ചവരുടെ ഉത്ഥാനത്തെ പൗലോസ് ശ്ലീഹാ ശക്തിയുക്തം സ്ഥാപിക്കുന്നു. മിശിഹായെ ഉയിർപ്പിച്ച ദൈവം അവിടുത്തോടുകൂടി മരിച്ച നമ്മെയും ഉയിർപ്പിക്കും. മാമ്മോദീസാൽ നാം ആരംഭിക്കുന്ന ദൈവികജീവനിലുള്ള പങ്കു ചേരലിന്റെ സ്വാഭാവിക വളർച്ചയാണ് ഇപ്രകാരം നിത്യജീവിതത്തിലെത്തുന്നത്. 

"ശരീരങ്ങളുടെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുന്നു" എന്നു നമ്മൾ വിശ്വാസപ്രമാണത്തിൽ പ്രഖ്യാപിക്കുന്നുണ്ടല്ലോ. ശരീരത്തെ സൂചിപ്പിക്കുവാൻ പൗലോസ്‌ശ്ലീഹാ ഉപയോഗിക്കുന്ന ഗ്രീക്കുപദം "സോമ" (owμa) ആണ്; ജഡം എന്നർത്ഥമുള്ള “സാർക്സ്" (sap) അല്ല. ഏതുതരം ശരീരത്തോടെയാണു നമ്മൾ ഉയിർക്കുന്നത് എന്നതു സ്വാഭാവിക സംശയം മാത്രമാണ്. പ്രകൃതിയിൽനിന്നുള്ള ഉദാഹരണമുപയോഗിച്ചാണു പൗലോസ്ശ്ലീഹാ ഇതിനുത്തരം നല്‌കുന്നത് (1 കൊറി 15,30-58). മണ്ണിൽവീണ് അഴിയുന്ന വിത്തിൽനിന്നു പൊട്ടിമുളയ്ക്കുന്ന ചെടിയോടാണ് ഉത്ഥിത ശരീരത്തെ ശ്ലീഹാ ഉപമിക്കുന്നത്. വിത്തിനു സംഭവിക്കുന്ന രൂപാന്തരം തന്നെയാണു മരണശേഷം വിശ്വാസിയുടെ ശരീരത്തിനുമുണ്ടാകുന്നത്. ഓരോതരം വിത്തിനും അതിൻ്റെ പ്രകൃതിയനുസരിച്ചുള്ള ശരീരമാണു ദൈവം നല്‌കുന്നത്. മാമ്മോദീസായിൽ പരിശുദ്ധറൂഹായുടെ ആവാസകേന്ദ്രമായിത്തീർന്ന ശരീരത്തിന് ആത്മീയ രൂപം കൈവരും. സ്വർഗത്തിൽ നിന്നുള്ളവൻ എങ്ങനെയോ, അങ്ങനെതന്നെ സ്വർഗീയരും. നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കും. 

രക്ഷാകരമായ ക്രൈസ്‌തവപ്രത്യാശ ഇതാണ്: ഈശോ മരിച്ചവരിൽനിന്നുയിർത്തതുപോലെ, ഈശോയിൽ മരിച്ചവരെയും ദൈവം അവനോടുകൂടെ ഉയിർപ്പിക്കും... നാം എപ്പോഴും നമ്മുടെ കർത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും (1 തെസ 4,13-18). നിത്യായുസിൻ്റെ - നിത്യജീവൻ അർത്ഥമിതാണ്. നമ്മൾ മാത്രമല്ല, ഈ സൃഷ്ടപ്രപഞ്ചം മുഴുവൻ ഇന്നോളം തീവ്രവേദന അനുഭവിക്കുകയും നെടുവീർപ്പിടുകയും പുത്രസ്വീകാര്യത്തെ പാർത്തിരിക്കുകയും ചെയ്യുന്നു (റോമാ 8,18-25) എന്നും പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്.

29 

രണ്ടാം വത്തിക്കാൻ
സൂനഹദോസ്
 

ആധുനികസഭയുടെ വസന്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടിയിട്ട് ഈ ഒക്ടോബർമാസത്തിൽ അമ്പതുവർഷം പൂർത്തിയാവുകയാണ്. 1962 ഒക്ടോബർ 11 ന് ആരംഭിച്ച് 1965 ഡിസംബർ 8നു സമാപിച്ച ഈ സൂനഹദോസിൽ ഭാരതത്തിൽനിന്നുള്ള 82 പേരുൾപ്പെടെ 2625 പേർ പങ്കെടുത്തു. ജോൺപോൾ രണ്ടാമൻ മാർപാപ്പായുടെ വാക്കുകളിൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ നമുക്കായി കൈമാറിത്തന്നിരിക്കുന്ന രേഖകളുടെ മൂല്യത്തിനോ ശോഭയ്ക്കോ ഇതുവരെ മങ്ങലേറ്റിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ സഭയുടെമേൽ ദൈവം ചൊരിഞ്ഞ മഹത്തായ കൃപയാണ് ഈ സൂനഹദോസ്. തിരുസഭയിലെ പ്രബോധനാധികാരത്തിൻ്റെ ഭാഗമായി വിശുദ്ധ പാരമ്പര്യം നമുക്കു നല്‌കുന്ന ഇതിലെ രേഖകൾ ശരിയായി പഠിക്കുകയും ഹൃദയത്തോടു ചേർത്തു ജീവിക്കുകയും ചെയ്യണം (പുതിയ സഹസ്രാബ്‌ദം ഉദിക്കുമ്പോൾ, 57) എന്നദ്ദേഹം കത്തോലിക്കാ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. ഈ കൗൺസിലിൽ സംബന്ധിച്ച ജോസഫ് റാറ്റ്സിംഗർ ബനഡിക്ട് പതിനാറാമൻ മാർപാപ്പായായി പത്രോസിൻ്റെ സിംഹാസനത്തിൽ ആരൂഢനായി ഏതാനും മാസങ്ങൾ തികയുംമുമ്പ് ഇപ്രകാരം പറഞ്ഞു: “ശരിയായ വ്യാഖ്യാനരീതികളുപയോഗിച്ചു നമ്മൾ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിക്കുകയും അതിൽനിന്നു ചൈതന്യമുൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്‌താൽ, സഭാനവീകരണത്തിന് ഏറ്റവും അനുയോജ്യമായ ഉപാധിയായിരിക്കുമത്" (AAS 98, 2006, 52). ഈ വിശ്വാസവർഷത്തിൽ വിശ്വാസികളേവരും കൗൺസിൽ രേഖകൾ ധ്യാനവിഷയമാക്കണം എന്നതാണു മാർപാപ്പായുടെ ആഗ്രഹം. 

1962 ഒക്ടോബർ 11-ാം തീയതി, സൂനഹദോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 23-ാം യോഹന്നാൻ മാർപാപ്പാ ഇപ്രകാരം പ്രഖ്യാപിച്ചു: "ഈ സൂനഹദോസിൽനിന്നു ചൈതന്യമുൾക്കൊണ്ടു കൊണ്ട്, സഭ ആദ്ധ്യാത്മികസമ്പത്തിൽ അഭിവൃദ്ധി പ്രാപിച്ച് നവചൈതന്യത്താൽ പ്രശോഭിതയാകുമെന്ന് നമുക്ക് ഉറപ്പാണ്. കാലാനുസൃതമായ പരിഷ്ക്കാരങ്ങൾ വഴിയും പരസ്‌പരസഹകരണം സുസാദ്ധ്യമാക്കുക വഴിയും സഭയ്ക്ക് വ്യക്തികളെയും കുടുംബങ്ങളെയും ജനസമൂഹങ്ങളെയും ദൈവിക കാര്യങ്ങളിൽ ശ്രദ്ധയുള്ളവരാക്കുവാൻ കഴിയും." തന്റെ ഉദ്ഘാടനസന്ദേശത്തിൻ്റെ അവസാനം വി. ആഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ടു മാർപാപ്പാ ഇപ്രകാരം പറഞ്ഞു: "രക്ഷയുടെ സദ്‌വാർത്ത എല്ലാ മനുഷ്യരും സ്വീകരിക്കാൻ ഉതകും വിധം സഭയുടെ ശക്തിയെല്ലാം ഒരുമിച്ചുകൂട്ടുക. മനുഷ്യകുലം മുഴുവന്റെയും ഐക്യത്തിന് കളമൊരുക്കുക. ഇത് അടിസ്ഥാനപരമായ ആവശ്യമാണ്. ഇപ്രകാരം ഭൗമികനഗരം സ്വർഗീയനഗരത്തിന് സദ്യശ്യമാകും. അവിടെ സത്യം ഭരിക്കുന്നു. ഉപവിയാണവിടുത്തെ നിയമം. അതിൻ്റെ അതിർത്തികൾ അനന്തവും." ചുരുക്കത്തിൽ, കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് സഭയെ അധുനാതനീകരിക്കുക എന്നതായിരുന്നു രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ലക്ഷ്യം.

ആരാധനക്രമത്തിൽ അധിഷ്‌ഠിതമായ ഒരു ആരാധനാ ദൈവശാസ്ത്രവും വിവിധ സഭകളുടെ ശ്ലൈഹികപാരമ്പര്യത്തിലധിഷ്ഠിതമായ ഒരു സഭാത്മകദൈവശാസ്ത്രവും ത്രിത്വത്തിലധിഷ്ഠിതമായ ഒരു കൂട്ടായ്‌മയുടെ ദൈവശാസ്ത്രവുമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ സവിശേഷസംഭാവനകൾ. വിശുദ്ധ ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രശൈലിയാണ് ഇവിടെ ഉരുത്തിരിഞ്ഞത്. 

പതിനാറു പ്രമാണരേഖകൾ ഈ സൂനഹദോസിൻ്റെ സംഭാവനയായുണ്ട്. പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിൽ അവയെ കോൺസ്റ്റിറ്റ്യൂഷൻ, ഡിക്രി, ഡിക്ലറേഷൻ (പ്രഖ്യാപനം) എന്നു മൂന്നായി തിരിച്ചിരിക്കുന്നു: 4 കോൺസ്റ്റിറ്റ്യൂഷനുകൾ, 9 ഡിക്രികൾ, 3 ഡിക്ലറേഷൻ (പ്രഖ്യാപനങ്ങൾ). സഭയുടെ അടിസ്ഥാനപരമായ താത്വിക പ്രബോധനങ്ങളാണ് കോൺസ്റ്റിറ്റ്യൂഷനിലുള്ളത്. ലത്തീൻ മൂലത്തിലെ ആദ്യത്തെ വാക്കുകളാണ് രേഖകൾക്കു ശീർഷകമായി ഉപയോഗിക്കുന്നത്. ശീർഷകത്തിൻ്റെ മലയാളപരിഭാഷ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

കോൺസ്റ്റിറ്റ്യൂഷനുകൾ 

1. തിരുസഭ (Lumen Gentium: LG) 1964 നവംബർ 21: ജനതകളുടെ പ്രകാശം എന്ന പേരിലറിയപ്പെടുന്ന സഭയെക്കുറിച്ചുള്ള ഈ പ്രമാണരേഖയാണ് കൗൺസിലിൻ്റെ ഏറ്റവും മികച്ച നേട്ടം. ഉറവിടങ്ങളിലേക്കു മടങ്ങിച്ചെന്ന്, സഭയുടെ ആദിമകാലത്തെ ആത്മബോധം കണ്ടെത്തുന്നതിൻ്റെ ഭാഗമായി, സഭ മിശിഹായുടെ മൗതികശരീരമാണ്, ദൈവത്തിൻ്റെ ജനമാണ്, തീർത്ഥാടക സമൂഹമാണ്, സഭാംഗങ്ങളെല്ലാവരും ഒരുപോലെ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു, പൊതുപൗരോഹിത്യത്തിൽ പങ്കുപറ്റുന്നു തുടങ്ങിയ സത്യങ്ങൾ വിശദീകരിക്കുന്നു. 

2. ദൈവാവിഷ്കരണം (Dei Verbum: DV) 1965 നവംബർ 18: ദൈവികവെളിപാടിനെയും അതിൻ്റെ കൈമാറ്റത്തെയുംകുറിച്ചു പ്രതിപാദിക്കുന്ന ഈ രേഖ, വിശുദ്ധഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും സഭയുടെ പ്രബോധനാധികാരവും തമ്മിലുള്ള ബന്ധം പ്രസ്‌പഷ്ടമാക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥത്തിന്റെ ദൈവനിവേശനം, ആധികാരിക വ്യാഖ്യാനം, പാരായണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഇപ്രകാരം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനുള്ള സമ്പൂർണ സമർപ്പണമാണ് വിശ്വാസം എന്നും നിർവചിക്കുന്നു.

3. ആരാധനക്രമം (Sacrosanctum Concilium: SC) 1963 ഡിസംബർ 4: സഭാജീവിതത്തിൻ്റെയും ദൗത്യത്തിൻ്റെയും ഉറവിടവും ഉച്ചകോടിയുമായി ആരാധനക്രമത്തെയും അതിന്റെ കേന്ദ്രമായ പരിശുദ്ധ കുർബാനയെയും അവതരിപ്പിക്കുന്നു. ആരാധനക്രമ നവീകരണത്തിൽ പുനരുദ്ധാരണവും ആധുനീകരണവുമുണ്ടാകണം. യാമപ്രാർത്ഥനകൾ, ദൈവാലയഗീതങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇവിടെ ചർച്ചചെയ്യുന്നു.

4. സഭ ആധുനികലോകത്തിൽ (Gaudium et Spes: GS) 1965 ഡിസംബർ 7: “സന്തോഷവും പ്രത്യാശയും" എന്നാരംഭിക്കുന്ന ഈ പ്രമാണരേഖ, സ്വർഗോന്മുഖമായി വിശ്വാസയാത്രചെയ്യുന്ന തീർത്ഥാടകസമൂഹമായ തിരുസഭ ലോകത്തിൻ്റെ പ്രശ്‌നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. വിവാഹ-കുടുംബബന്ധത്തിൻ്റെ ഭദ്രത, സാമൂഹിക നീതി, നിരീശ്വരത്വം, യുദ്ധം തുടങ്ങിയ വിഷയങ്ങളോടു സുവിശേഷാത്മകമായ സമീപനം വേണം എന്നു പഠിപ്പിക്കുന്നു. 

 ഡിക്രികൾ 

  1. പൗരസ്ത്യ സഭകൾ (Orientalium Ecclesiarum: OE) 1964 നവംബർ 21: തുല്യ പ്രാധാന്യവും സ്ഥാനവുമുള്ള വിവിധ വ്യക്തിസഭകളുടെ കൂട്ടായ്‌മയാണ് തിരുസഭ
  2. വൈദികർ (Presbyterorum Ordinis: PO) 1965 ഡിസംബർ 7: ദൈവവചനപ്രഘോഷണവും കൂദാശകളുടെ പരികർമവും വൈദികരുടെ മുഖ്യദൗത്യം. പരിശുദ്ധ കുർബാന മിശിഹാ രഹസ്യം - കേന്ദ്രമാക്കി ക്രിസ്‌തീയസമൂഹം കെട്ടിപ്പടുക്കണം 
  3. മെത്രാന്മാർ (Christus Dominus: CD) 1965 ഒക്ടോബർ 25: ദൈവികമായി നല്‌കപ്പെടുന്ന ശ്ലൈഹികാധികാരം മാർപാപ്പായോടും മറ്റു മെത്രാന്മാരോടും ചേർന്നു ദൈവജനത്തിന്റെ പരിപോഷണത്തിനായി യത്നിക്കണം. 
  4. സന്ന്യാസജീവിതം (Perfectae Caritatis: PC) 1965 ഒക്ടോബർ 28: പരസ്യമായും സ്വതന്ത്രമായുമെടുക്കുന്ന വ്രതത്രയങ്ങളിൽ അധിഷ്ഠിതമായ സമർപ്പിതജീവിതംവഴി സുവിശേഷത്തിനു സാക്ഷ്യം നല്‌കുക. 
  5. സാമൂഹ്യമാദ്ധ്യമങ്ങൾ (Inter Mirifica: IM) 1963 ഡിസംബർ 4: ധാർമികമൂല്യങ്ങളിലും തത്ത്വങ്ങളിലും അധിഷ്‌ഠിതമായി വേണം സാമൂഹ്യസമ്പർക്ക മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ. 
  6. വൈദികപരിശീലനം (Optatam Totius:OT) 1965 ഒക്ടോബർ 28: മിശിഹാരഹസ്യത്തിൽ കേന്ദ്രീകൃതമായ ബൗദ്ധികവും ആദ്ധ്യാത്മികവും അജപാലനപരവുമായ പരിശീലനംവഴി ഭാവി ശുശ്രൂഷയ്ക്ക് ഒരുക്കുന്ന സെമിനാരി സംവിധാനമുണ്ടാകണം. 
  7. അല്‌മായപ്രേഷിതത്വം (Apostolicam Actuositatem: AA) 1965 നവംബർ 18: സ്വഭാവത്താലേ പ്രേഷിതയായ സഭയിലെ ഓരോ അംഗവും സ്വന്തജീവിതമണ്‌ഡലത്തിൽ സുവിശേഷമൂല്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണം. കുടുംബം, വിദ്യാലയം, രാഷ്ട്രീയസാമുദായികരംഗങ്ങൾ എന്നീ മേഖലകൾ വേദികളാണ്.

 

  1. സഭൈക്യം(Unitatis Redintegratio: UR) 1964 നവംബർ 21: ഡയലോഗിലൂടെ കത്തോലിക്കാസഭയ്ക്കു പുറമെയുള്ള ക്രിസ്തീയസഭാവിഭാഗങ്ങളുമായി സംവദിക്കാനും പരസ്പരബന്ധത്തിലാകാനും തിരുസഭയ്ക്കു കഴിയണം. 
  2. പ്രേഷിതപ്രവർത്തനം (Ad Gentes: AD) 1965 ഡിസംബർ 7: സഭയ്ക്കു സുവിശേഷം പ്രഘോഷിക്കാതിരിക്കാനാവില്ല. മാമ്മോദീസാ മുങ്ങിയ എല്ലാവർക്കും ഈ ദൗത്യമുണ്ട്. 

പ്രഖ്യാപനങ്ങൾ 

  1. വിദ്യാഭ്യാസം (Gravissimum Educationis: GE) 1968 ഒക്ടോബർ 28: ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. മെച്ചപ്പെട്ട ലോകനിർമിതിയ്ക്കായി ധാർമികവും മതപരവുമായ വിദ്യാഭ്യാസം നല്കണം. 
  2. അക്രൈസ്തവമതങ്ങൾ (Nostra Aetate: NA) 1965 ഡിസംബർ 28: യഹൂദ, ഹിന്ദു, ബുദ്ധ, മുസ്ലീംമതങ്ങളിലെ ആദ്ധ്യാത്മികവും സാസ്ക്‌കാരികവുമായ മൂല്യങ്ങളെ ആദരിച്ചംഗീകരിക്കുന്നു. സർവമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിൻ്റെ രശ്മികൾ ഇവയിലുണ്ട്. 
  3. മതസ്വാതന്ത്ര്യം (Dignitatis Humanae: DH) 1965 ഡിസംബർ 7: മതസ്വാതന്ത്ര്യം മനുഷ്യൻ്റെ ജന്മാവകാശമാണ്. അതംഗീകരിക്കാൻ രാഷ്ട്രങ്ങൾക്കു കടമയുണ്ട്. 

പാശ്ചാത്യദൈവശാസ്ത്രത്തിൻ്റെ അടിസ്ഥാനമായിരുന്ന സ്കൊളാസ്റ്റിക് ചിന്താഗതി മാത്രമല്ല, മറ്റു പല ചിന്താരീതികളും ശൈലികളും ദൈവശാസ്ത്രത്തിനുണ്ട് എന്ന പുനർകണ്ടെത്തൽ ഈ സൂനഹദോസിൻ്റെ മുഖ്യനേട്ടങ്ങളിലൊന്നാണ്. തിരുസഭവ്യക്തിസഭകളുടെ കൂട്ടായ്‌മയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം എന്നു പറയാം. ഈ പശ്ചാത്തലത്തിലാണ് എക്യുമെനിക്കൽ മനോഭാവത്തിൻ്റെ ആവശ്യകത വ്യക്തമായത്. സഭാ ചരിത്രത്തിനു സഭാശാസ്ത്രവുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവന്നതും ഈ സൂനഹദോസാണ്. ഉറവിടങ്ങളിലധിഷ്ഠിതമായിവേണം ദൈവശാസ്ത്രം വികസിപ്പിക്കാനെന്നും അതിന്റെ അജപാലനോന്മുഖത നഷ്‌ടപ്പെടരുതെന്നും ഈ സൂനഹദോസ് പഠിപ്പിച്ചു. ആധുനികലോകത്തോടു സംവദിക്കാനായി എന്നതും ഈ കൗൺസിലിൻ്റെ വിജയമാണ്. മറ്റു ക്രൈസ്‌തവസഭാവിഭാഗങ്ങളോടു മാത്രമല്ല, ഇതര മതവിഭാഗങ്ങളോടുമുള്ള ബന്ധത്തിൽ വളരു വാനും ഈ സൂനഹദോസ് സഹായിച്ചു. 

തിരുസഭ എന്ന വിഷയത്തിന് ഈ സൂനഹദോസിൽ ലഭിച്ച പ്രാധാന്യം ആദ്യത്തെ കോൺസ്റ്റിറ്റ്യൂഷനിൽനിന്നുതന്നെ വ്യക്തമാണ്. കൂടാതെ, എക്യുമെനിസം, പൗരസ്ത്യസഭകൾ, സഭ ആധുനിക ലോകത്തിൽ തുടങ്ങിയ രേഖകളും തിരുസഭയെ സംബന്ധിച്ചുള്ളവയാണ്. സഭയെക്കുറിച്ചുള്ള വ്യക്തമായ ദൈവശാസ്ത്രദർശനം ഇവിടെയുണ്ട്. സഭയെക്കുറിച്ചുതന്നെയുള്ള പഠനമാണ് സഭാവിജ്ഞാനീയം എന്നു വ്യക്തമാക്കിയത് രണ്ടാം വത്തിക്കാൻ സൂനഹദോസാണ്. സഭയുടെ അടിസ്ഥാനം പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ത്രിതൈക ദൈവത്തിൻ്റെ രഹസ്യത്തിൽ ആകയാൽ സഭയും ഒരു ദിവ്യരഹസ്യമാണ്. പരിശുദ്ധത്രിത്വത്തിലെ കൂട്ടായ്മ തന്നെയാണ് സഭയുടെ കൂട്ടായ്‌മയ്ക്കും അടിസ്ഥാനം (തിരുസഭ, 4:7). മിശിഹായുടെ മൗതികശരീരമായ തിരുസഭ ലോകത്തിലുള്ള അവിടുത്തെ തുടർസാന്നിദ്ധ്യമാണ്. പരിശുദ്ധറുഹായുടെ സാന്നിദ്ധ്യവും പ്രവർത്തനവുമാണ് സഭയുടെ ജീവനടിസ്ഥാനം. സഭയുടെ സകല പ്രവർത്തനങ്ങളും എപ്രകാരം പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരിക്കുന്നുവെന്നും സൂനഹദോസ് വ്യക്തമാക്കുന്നുണ്ട് (ആരാധനക്രമം, 10; സഭൈക്യം, 15). ശ്ലീഹന്മാർ വഴി മിശിഹാ നമുക്കു പ്രദാനംചെയ്യുന്ന രക്ഷയെപ്രതി പരിശുദ്ധറൂഹായാൽ ഒന്നിച്ചുചേർക്കപ്പെടുന്ന ഓരോ വ്യക്തിസഭയും പിതാവായ ദൈവത്തിനു കൃതജ്ഞതാസ്തോത്രമർപ്പിക്കുന്നതാണല്ലോ പരിശുദ്ധ കുർബാന. പരിശുദ്ധറൂഹായും പരിശുദ്ധ കുർബാനയുമാണ് വ്യത്യസ്‌തങ്ങളായ ശ്ലൈഹികസഭകളെ ഒരൊറ്റ കൂട്ടായ്‌മയാക്കുന്നത്. 

ഒരു വിശ്വാസവും ഒരു മാമ്മോദീസായും ഒരു ഭരണക്രമവുമുള്ള (പൗരസ്ത്യസഭകൾ, 2) വിവിധ വ്യക്തിസഭകളിലാണ് സാർവത്രിക സഭ നിലകൊള്ളുന്നത്. അതുകൊണ്ടാണ് വ്യക്തിസഭകളുടെ ശ്ലൈഹികപൈതൃകവും ആരാധനക്രമങ്ങളും ആദ്ധ്യാത്മികജീവിത ശൈലിയും ദൈവശാസ്ത്രകാഴ്‌ചപ്പാടുകളും ഭരണസംവിധാനങ്ങളും അഭംഗുരം കാത്തുസംരക്ഷിക്കണമെന്നു പിതാക്കന്മാർ പഠിപ്പിക്കുന്നത്. വൈവിധ്യം സഭയുടെ ഐക്യത്തെ തകർക്കുകയല്ല; പ്രത്യുത, പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത് (പൗരസ്ത്യസഭകൾ, 2). തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്‌മയാണ് എന്ന അവബോധം ഈ സൂനഹദോസിൽ നിന്നുണ്ടായ കോപ്പർനിക്കൻ വിപ്ലവം എന്നാണു ദൈവശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറ്. 

സുവിശേഷത്തിൻ്റെ കലർപ്പില്ലാത്ത പ്രഘോഷണവും വിശ്വാസത്തിൽ അതിനു മനുഷ്യൻ നല്‌കുന്ന പ്രത്യുത്തരവുമാണ് സഭയുടെ അസ്തിത്വത്തിനു നിദാനം. സുവിശേഷപ്രഘോഷണ മിശിഹായുടെ ദൃക്സാക്ഷികളായ ശ്ലീഹന്മാരുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവരെയാണല്ലോ ഔദ്യോഗിക സാക്ഷികളായി ഉത്ഥിതൻ നിയമിച്ചത്. ശ്ലീഹന്മാരുടെ ഈ മിശിഹാനുഭവമാണ് ഓരോ വ്യക്തിസഭയുടെയും അടിസ്ഥാനം. ശ്ലൈഹിക പൈതൃകത്തോടു സഭയ്ക്കുള്ള ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഐക്യമാണ് സഭയുടെ വ്യക്തിത്വത്തിനു നിദാനം. ഇപ്രകാരമുള്ള വ്യത്യസ്‌ത വ്യക്തിസഭകളിലാണ് മിശിഹായുടെ ഏക സഭയുടെ സാർവത്രികമാനം വെളിപ്പെടുന്നത്. ചുരുക്കത്തിൽ, ദൈവികവും മാനുഷികവുമായ, ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളോടെ സാർവത്രിക രക്ഷയുടെ അടയാളമായി ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കൂദാശയാണ് തിരുസഭ എന്നതാണു വത്തിക്കാൻ സൂനഹദോസിന്റെ പ്രബോധനം.

30 

കത്തോലിക്കാസഭയുടെ
മതബോധനഗ്രന്ഥം
 

മിശിഹാ സഭയെ ഭരമേല്പ‌ിച്ച വിശ്വാസനിക്ഷേപം ലോകമെമ്പാടുമുള്ള ക്രൈസ്‌തവർക്കും സന്മനസ്സുള്ള ഏവർക്കും സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഇരുപതാം വാർഷികത്തിൽ (1985) നടന്ന മെത്രാന്മാരുടെ സിനഡ് കത്തോലിക്കാ വിശ്വാസസത്യങ്ങളും ധാർമികനിയമങ്ങളും വിശദീകരിച്ചുകൊണ്ടുള്ള ഒരു മതബോധനഗ്രന്ഥം പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ആ സൂനഹദോസിൽ സംബന്ധിച്ച കരോൾ വോയ്‌റ്റിവ, പിന്നീട് മാർപാപ്പാ എന്ന നിലയിൽ, ഇതു തയ്യാറാക്കുന്നതിന് കാർഡിനൽ ജോസഫ് റാറ്റ്സിംഗറിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷനെ നിയമിച്ചു. സാർവത്രികസഭയിലെ എല്ലാ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ അവർ തയ്യാറാക്കിയ മതബോധനഗ്രന്ഥത്തെ ജോൺപോൾ രണ്ടാമൻ മാർപാപ്പാ വിശേഷിപ്പിച്ചത് "വിശ്വാസത്തിൻ്റെ സിംഫണി" എന്നാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ആരംഭിച്ച സഭാനവീകരണത്തിന്റെയും ആധുനീകരണത്തിൻ്റെയും തുടർച്ചയായി 1992 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തെ കാണാം. ഇതിൻ്റെ ഇരുപതാം വാർഷികത്തിന്റെയും കൂടി അവസരത്തിലാണ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ വിശ്വാസവർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഗ്രന്ഥവും വിശ്വാസികൾ ഈ വർഷം പ്രത്യേക പഠനവിഷയമാക്കണമെന്നു മാർപാപ്പാ നിർദ്ദേശിക്കുന്നുമുണ്ട് (വിശ്വാസത്തിൻ്റെ വാതിൽ, 11-12). 

വിശുദ്ധഗ്രന്ഥത്തിൻ്റെയും തിരുസഭയുടെ വിശുദ്ധ പാരമ്പര്യത്തിന്റെയും സഭയുടെ പ്രബോധനാധികാരത്തിൻ്റെയും സഭാപിതാക്കന്മാരുടെയും വിശുദ്ധരുടെയും ആദ്ധ്യാത്മികപൈതൃകത്തിന്റെയും വെളിച്ചത്തിൽ ക്രിസ്‌തീയവിശ്വാസരഹസ്യം വ്യക്തമായി പഠിപ്പിക്കുവാനും അതുവഴി ദൈവജനത്തിന്റെ വിശ്വാസജീവിതം ശക്തിപ്പെടുത്താനും വേണ്ടിയാണ് ഈ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി തിരുസഭ വിശ്വസിച്ചു പോരുന്ന സത്യങ്ങൾ ആധുനിക ലോകത്തിൻ്റെ സാഹചര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിച്ചു നല്‌കുകയാണതിൻ്റെ ലക്ഷ്യം. വിശ്വാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഇവിടെ ലഭ്യമാണ്. രണ്ടായിരം വർഷത്തെ ചരിത്രത്തിൽ സഭ സ്വീകരിച്ച്, സംരക്ഷിച്ചു കൈമാറിയ പ്രബോധനസമ്പത്ത് ഇതിലുണ്ട്. നാലു ഭാഗങ്ങളിലായാണ് വിഷയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിനും രണ്ട് ഉപവിഭാഗങ്ങൾ വീതമുണ്ട്.

1. വിശ്വാസപ്രഖ്യാപനം 

ഒന്നാം ഭാഗത്തിൻ്റെ രണ്ട് ഉപവിഭാഗങ്ങൾ: 1. ഞാൻ വിശ്വസിക്കുന്നു ഞങ്ങൾ വിശ്വസിക്കുന്നു, 2. വിശ്വാസപ്രമാണങ്ങൾ. ആദ്യഭാഗത്ത്, സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയും വിശ്വാസത്തിലൂടെ പ്രത്യുത്തരിക്കുന്ന മനുഷ്യനെയുംകുറിച്ചാണു പ്രതിപാദിക്കുന്നത്. പൂർവകാലങ്ങളിൽ പല വിധത്തിലും പല വ്യക്തികളിലൂടെയും സ്വയം വെളിപ്പെടുത്തിയ ദൈവം എപ്രകാരമാണ് ഈ അവസാനനാളുകളിൽ തൻ്റെ പുത്രനിലൂടെ പൂർണമായി വെളിപ്പെടുത്തുന്നത് എന്നു വ്യക്തമാക്കുന്നു. ഈ ദൈവികവെളിപാട് കൈ മാറുന്നതിൽ ശ്ലീഹന്മാർക്കുള്ള പങ്ക്, വിശുദ്ധപാരമ്പര്യത്തിന്റെ രൂപീകരണം, തിരുലിഖിതത്തിൻ്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തശേഷം വിശ്വാസത്തിലുള്ള മനുഷ്യന്റെ പ്രതികരണത്തെക്കുറിച്ചും വിവരിക്കുന്നു. വിശ്വാസം ഒരേ സമയം വ്യക്തിപരവും സഭാത്മകവുമാണ്. വ്യക്തിപരമായി മിശിഹായെ നാഥനും രക്ഷകനുമായി സ്വീകരിക്കുന്ന ആൾ സഭാസമൂഹത്തിന്റെ വിശ്വാസത്തിലാണു പങ്കുചേരുന്നത്. 

വിശ്വാസപ്രമാണത്തിലെ ഓരോ വാക്യവുമെടുത്തു വിശകലനം ചെയ്യുകയാണ് അടുത്ത ഉപവിഭാഗത്തിൽ. സ്രഷ്ടാവായ ദൈവത്തെക്കുറിച്ചു വിവരിക്കുമ്പോൾ മനുഷ്യസൃഷ്ടിയുടെ മാഹാത്മ്യവും വ്യക്തമാക്കുന്നുണ്ട്. മിശിഹായുടെ മനുഷ്യാവതാര രഹസ്യമാണ് തുടർന്നു വ്യാഖ്യാനിക്കുന്നത്. പരിശുദ്ധറൂഹായിലുള്ള വിശ്വാസം, പരിശുദ്ധാരൂപിയുടെ ഭവനവും മിശിഹായുടെ മൗതികശരീരവും ദൈവജനവുമായ തിരുസഭ, സഭാമാതാവായ പരിശുദ്ധ കന്യകാമറിയം, പുണ്യവാന്മാരുടെ ഐക്യം, ശരീരങ്ങളുടെ ഉയിർപ്പ്, നിത്യജീവൻ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു കൊണ്ടവസാനിപ്പിക്കുന്നു.

2. ക്രിസ്തീയ രഹസ്യത്തിൻ്റെ ആഘോഷം - ആരാധനാക്രമം 

രണ്ടു ഭാഗങ്ങളിലായാണ് ആരാധനക്രമത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. ആദ്യഭാഗത്ത് പരിശുദ്ധത്രിത്വത്തിന്റെ പ്രവർത്തനമായ സഭയുടെ ആരാധനക്രമം, കൂദാശകളിൽ സന്നിഹിതമാകുന്ന പെസഹാരഹസ്യം, ആരാധനാവിധികൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്നു. രണ്ടാം ഭാഗത്താകട്ടെ, സഭയിലെ വിവിധ കൂദാശകളെപ്പറ്റി വിവരിക്കുന്നു. ക്രൈസ്‌തവസാക്ഷ്യത്തിനാവശ്യമായ കൃപ പ്രദാനംചെയ്യുന്നതു കൂദാശകളാണ്. കൂദാശാനുകരണങ്ങൾ അഥവാ കൂദാശാകല്‌പങ്ങൾ ചർച്ച ചെയ്‌തുകൊണ്ടാണ് ഈ ഭാഗം അവസാനിപ്പിക്കുന്നത്.

3. മിശിഹായിലുള്ള ജീവിതം 

ആദ്യഭാഗത്ത്, ദൈവാരൂപിയിൽ ജീവിക്കുവാനുള്ള മനുഷ്യന്റെ വിളി, അവന്റെ സ്വാതന്ത്ര്യം, മനഃസാക്ഷി, നന്മയും തിന്മയും, മനുഷ്യൻ ഒരു സാമൂഹ്യജീവി, സാമൂഹ്യനീതി, ധാർമികനിയമങ്ങൾ, കൃപയും നീതീകരണവും തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്ത്, പത്തു പ്രമാണങ്ങൾ ഓരോന്നും വിശദമായി വ്യാഖ്യാനിക്കുന്നു.

4. ക്രിസ്ത‌ീയ പ്രാർത്ഥന 

ക്രിസ്തീയ ജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം, പ്രാർത്ഥനയുടെ നിയമം എപ്രകാരം വിശ്വാസത്തിന്റെ നിയമമായിരിക്കുന്നു (Lex orandi, lex credendi), വിവിധ പ്രാർത്ഥനാരീതികൾ തുടങ്ങിയ വിഷയങ്ങൾ ആദ്യഭാഗത്തു ചർച്ചചെയ്തശേഷം, ഈശോ പഠിപ്പിച്ച പ്രാർത്ഥന വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. 

തങ്ങളുടെ സംരക്ഷണത്തിനേല്‌പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിന്റെ ആദ്ധ്യാത്മികവളർച്ചയ്ക്ക് ആവശ്യമായതെല്ലാം നല്‌കുവാൻ തിരുസഭ എന്നും ഉത്സുകയാണ്. വിശ്വാസ സത്യങ്ങൾ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു വ്യാഖ്യാനിച്ചു നല്കുവാനും തിരുസഭഎല്ലാകാലത്തും അതീവ ശ്രദ്ധാലുവാണ്. ബനഡിക്റ്റ് മാർപാപ്പാ വിശ്വാസവർഷം പ്രഖ്യാപിച്ചിരിക്കുന്നതും ഈ അജപാലന ഔത്സുക്യത്തിന്റെ ഭാഗമായാണ്.

31 

നവസുവിശേഷവത്ക്കരണം
ഒരു പുതിയ
വാതിൽ
 

ദൈവവിചാരത്തിനു ഗ്രഹണം സംഭവിച്ച (an eclipse of the sense of God) ഒരു കാലഘട്ടത്തിലാണു നാമിന്നു ജീവിക്കുന്നത് എന്നു ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ ആകുലതയോടെ പലപ്പോഴും ആവർത്തിക്കാറുണ്ട്. ദൈവവിചാരം മനുഷ്യനു കുറഞ്ഞുപോകുന്നു. ആധുനികസമൂഹം ദൈവത്തെ ഒഴിവാക്കി ജീവിക്കാനിഷ്‌ടപ്പെടുന്നു. ദൈവികചിന്ത തെറ്റായ മാർഗത്തിൽ ചരിക്കുന്നവരിൽ അസ്വസ്‌തത സൃഷ്‌ടിക്കും. മനഃസാക്ഷിയിലൂടെ മുഴങ്ങുന്ന ദൈവികസ്വരം അവരെ കുറ്റപ്പെടുത്തുന്നതു കേൾക്കാതിരിക്കാനായി ബോധപൂർവം അവർ ചെവിയടച്ചുകളയുന്നു. ദൈവവിശ്വാസത്തിനും സനാതനമൂല്യങ്ങൾക്കുമെതിരെ സംസാരിക്കുകയും എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ബുദ്ധിജീവികളായി അവതരിപ്പിക്കുന്ന ഒരു തെറ്റായ പ്രവണത വളർന്നുവരുന്നു. കലാസാംസ്ക്കാരിക, സമ്പർക്കമാധ്യമ മേഖലകളിൽ ദൈവവിശ്വാസത്തെയും ധാർമികജീവിതത്തെയും തരംതാഴ്ത്തികാണിക്കുന്ന പ്രകടനങ്ങൾ ഏറുന്നു. കേവലസത്യങ്ങൾ ഉണ്ടോ എന്നുപോലും സംശയം ജനിപ്പിക്കുന്നതാണു പലരുടെയും പ്രവർത്തനരീതി. എല്ലാം ആപേക്ഷികമായി കാണുകയും വിലിയിരുത്തകയും ചെയ്യുന്ന ഒരു സംസ്ക്കാരം ശക്തി പ്രാപിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ക്രൈസ്തവവിശ്വാസത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നു. സുവിശേഷമൂല്യങ്ങൾ കൂടുതൽ വിശ്വസനീയമായി ജീവിക്കുന്നതിനും ഫലപ്രദമായി കൈമാറുന്നതിനും ആവശ്യമായ രീതികളും മാർഗങ്ങളും അവലംബിക്കുന്നതിനുള്ള പരിശ്രമങ്ങളെയാണു നവസുവിശേഷവത്ക്കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. 

വിശ്വാസവാതിലിലൂടെ അകത്തു പ്രവേശിച്ചവർക്കുള്ള വലിയ ഉത്തരവാദിത്വത്തെക്കുറിച്ചും ബനഡിക്റ്റ് മാർപാപ്പാ അനുസ്മരിപ്പിക്കുന്നു: “സഭയുടെ നവീകരണം സാധിക്കുന്നത് വിശ്വാസികളുടെ ജീവിതസാക്ഷ്യംകൊണ്ടാണ്; തങ്ങളുടെ ഈ ലോകത്തിലെ അസ്തിത്വത്തിലൂടെ മിശിഹാ നല്കിയിരിക്കുന്ന സത്യത്തിന്റെ വചനം ചുറ്റും പ്രസരിപ്പിക്കുവാനാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്" (വിശ്വാസത്തിൻ്റെ വാതിൽ, 6). വിശ്വാസത്തിന്റെ പുതിയ ജീവിതം മനുഷ്യന്റെ അസ്‌തിത്വം മുഴുവനെയും ഉത്ഥാനരഹസ്യത്തിനനുസൃതമായി രൂപാന്തരപ്പെടുത്തും. ചിന്തയും മനോഭാവങ്ങളും സ്വഭാവം തന്നെയും ശുദ്ധീകരിക്കപ്പെടുകയും പരിവർത്തിതമാവുകയും ചെയ്യും. “സ്നേഹത്തിലൂടെ കർമനിരതമായ വിശ്വാസമാണു പ്രധാനം" (ഗലാ 5,6) എന്ന പൗലോസ്ശ്ലീഹായുടെ സൂക്തം ജീവിതത്തിനു പുതിയൊരു ദിശാബോധം നല്കും. 

നാമനുഭവിക്കുന്ന രക്ഷയും സന്തോഷവും മറ്റുള്ളവരെ അറിയിക്കുവാൻ മിശിഹായുടെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു (2 കോറി 5,14). സർവജനതകളോടും സുവിശേഷം പ്രഘോഷിക്കുവാൻ ശ്ലീഹന്മാരെ അയച്ച മിശിഹാ ഇന്ന് നമ്മെയും ലോകത്തിന്റെ തെരുവീഥികളിലേക്ക് അയയ്ക്കുന്നുണ്ട്. നവസുവിശേഷവത്ക്കരണത്തിനു ശക്തമായ ഒരു സമർപ്പണം ആവശ്യമാണെന്നു മാർപാപ്പാ ഓർമിപ്പിക്കുന്നു: "വിശ്വസിക്കുന്നതിൻ്റെ സന്തോഷവും വിശ്വാസം പകർന്നു നല്കുന്നതിൻ്റെ അത്യുത്സാഹവും വീണ്ടും കണ്ടെത്തുവാൻ ഇതാവശ്യമാണ്" (വിശ്വാസത്തിൻ്റെ വാതിൽ, 7). അനുദിനം അനുഭവിച്ചറിയുന്ന മിശിഹായുടെ സ്നേഹം സന്തോഷപൂർവം കൈമാറുമ്പോൾ വിശ്വാസത്തിൽ നമ്മൾ വളരുകയാണ്. “വിശ്വാസികൾ വിശ്വസിക്കുന്നതുവഴി സ്വയം ശക്തിപ്പെടുത്തുകയാണ്" എന്ന വി. ആഗസ്തീനോസിൻ്റെ പ്രസ്‌താവന മാർപാപ്പാ ഉദ്ധരിക്കുന്നുമുണ്ട്. 

നവീകരിക്കപ്പെട്ട ബോധ്യത്തോടും പ്രത്യാശയോടും ആത്മധൈര്യത്തോടുംകൂടെ വിശ്വാസം ഏറ്റുപറയേണ്ടതും ആവശ്യമാണ് (വിശ്വാസത്തിൻ്റെ വാതിൽ, 8). വിശ്വാസത്തെക്കുറിച്ചും സുവിശേഷ മൂല്യങ്ങളെക്കുറിച്ചും സംസാരിക്കേണ്ട അവസരങ്ങളിൽ മൗനം പാലിക്കുന്നതു കൃത്യവിലോപമാണ്. ജോലിസ്ഥലത്തും വിശ്രമവേളകളിലും കുടുംബത്തിലും സമൂഹത്തിലും വിശ്വാസം നമ്മെ നയിക്കണം. "ഞാൻ സുവിശേഷം പ്രസംഗിക്കുന്നു എന്നതിൽ അഭിമാനിക്കാനൊന്നുമില്ല; അതെൻ്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ഹാ കഷ്‌ടം"! (1 കോറി 9,16). 

വിശ്വാസത്തിൻ്റെ ആഘോഷമായ പരിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തം വിശ്വാസപ്രഘോഷണത്തിനുള്ള മുഖ്യവേദിയായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു. ആരാധനയുടെ ക്രമത്തോടുള്ള വിശ്വസ്‌തതയും ഒരു വിശ്വാസസാക്ഷ്യമാണ്. 

വിശ്വസനീയമായ ജീവിതസാക്ഷ്യമാണു പരമപ്രധാനം. ഉപവിപ്രവൃത്തികളിലൂടെ മാത്രമേ ജീവിതസാക്ഷ്യം ശക്തിപ്പെടുത്താനാവൂ (വിശ്വാസത്തിൻ്റെ വാതിൽ, 14). സമൂഹത്തിൽ ദുരിത മനുഭവിക്കുന്നവരിലും പാർശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരിലും ഉത്ഥിതനായ മിശിഹായുടെ മുഖം തിരിച്ചറിഞ്ഞ് അവരോടു സഹാനുഭൂതിയോടെ വർത്തിക്കുമ്പോഴാണ് വിശ്വാസം യഥാർത്ഥമാകുന്നത്. യാക്കോബ് ശ്ലീഹാ ഈ സത്യം വ്യക്തമായി പഠിപ്പിക്കുന്നു: "എൻ്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാൻ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികൾകൂടാതെയുള്ള വിശ്വാസം അതിൽത്തന്നെ നിർജ്ജീവമാണ്" (യാക്കോ 2, 14-17). അന്ത്യവിധിയുടെ മാനദണ്ഡ‌ം ദരിദ്രരോടുള്ള അനുകമ്പയാണല്ലോ (മത്താ 25,40). 

വിശ്വാസജീവിതസാക്ഷ്യം നല്‌കുന്നതിൽ പരമപ്രധാനമായ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. മുലപ്പാലിനൊപ്പം അമ്മ പകർന്നു നല്‌കുന്ന വിശ്വാസപാഠങ്ങൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. ഇടവകയിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതമാതൃകവഴി പ്രവൃത്തിപഥത്തിലാക്കി കാണിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. പ്രഗത്ഭരായ പ്രബോധകരെക്കാൾ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നത് വിശ്വസനീയരായ അദ്ധ്യാപകരാണ്. ചുരുക്കത്തിൽ, ഏറ്റുപറയുകയും ആഘോഷിക്കുകയും ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ ഉള്ളടക്കം വീണ്ടും കണ്ടെത്തി ധ്യാനവിഷയമാക്കുവാനും അതിൽ ആഴപ്പെടുവാനും ഈ വിശ്വാസ വർഷം ഓരോ വിശ്വാസിയേയും സഹായിക്കണം (വിശ്വാസത്തിന്റെ വാതിൽ, 9).

32 

പരിശുദ്ധ കന്യകാമറിയം
സ്വർഗത്തിന്റെ
വാതിൽ
 

നമുക്കു മുമ്പേ നടന്നു വിശ്വാസവാതിലിലൂടെ ജീവനിലേക്കു പ്രവേശിച്ചവർ വിശ്വാസതീർത്ഥാടനത്തിൽ നമുക്കു സജീവ മാതൃകകളാണ്. പരിശുദ്ധ കന്യകാമറിയമാണ് ഇവരിൽ പ്രഥമ സ്ഥാനത്ത്. “കർത്താവ് അരുളിച്ചെയ്‌തവ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി" എന്നാണ് ഏലീശ്വാപുണ്യവതി മറിയത്തെ വിശേഷിപ്പിച്ചത് (ലൂക്കാ 1,45). ദൈവികകൃപയോടുള്ള സമ്പൂർണമായ സഹകരണവും ദൈവഹിതത്തോടുള്ള പരിപൂർണ സമർപ്പണവുംവഴി ദൈവപുത്രൻ്റെ അമ്മയായവളാണു മറിയം. ഗബ്രിയേൽ ദൂതനിലൂടെ ദൈവം അറിയിച്ച വചനത്തിനു മനസ്സും ഹൃദയവും മാത്രമല്ല, ഉദരവും തുറന്നുനല്‌കിയവൾ. കർത്താവിൻ്റെ ദാസിയായി സ്വയം സമർപ്പിച്ചതുകൊണ്ട് ദൈവവചനം അവളിൽ മനുഷ്യരൂപമെടുത്തു. തൻ്റെ ഉദരഫലമായ മിശിഹായുടെ അനുഗ്രഹത്താൽ മറിയം അനുഗൃഹീതയായി (ലൂക്കാ 1,42). ദൂതനിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവികപദ്ധതിയോടു സഹകരിക്കുകവഴി ത്രിതൈക ദൈവത്തിന്റെ കൂട്ടായ്‌മയിലേക്കു പ്രവേശിച്ച ആദ്യമനുഷ്യവ്യക്തി അവളാണ്. പിതാവായ ദൈവത്തിൻ്റെ പ്രത്യേക കൃപയ്ക്കു പാത്രീഭൂതയായ പ്രിയപുത്രിയും പുത്രനായ ദൈവത്തിൻ്റെ മാതാവും പരിശുദ്ധറൂഹായുടെ സംപൂജ്യാലയവും അവൾതന്നെ. 

ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലും പരസ്യജീവിതത്തിലും മറ്റാരെയുംകാൾ അടുത്തു സഹകരിച്ച പരിശുദ്ധ കന്യകാമറിയം തൻ്റെ വിശ്വാസത്തിൻ്റെ തീർത്ഥ യാത്രയിൽ മുന്നേറുകയും പുത്രനുമായുള്ള ഐക്യം കുരിശുവരെ വിശ്വസ്തതാപൂർവം തുടരുകയും ചെയ്‌തു (തിരുസഭ, 58). തന്റെ പുത്രന്റെ യോഗ്യതയാൽ പ്രത്യേകവും അത്യുത്കൃഷ്ടവുമായ രീതിയിൽ അവൾ വീണ്ടെടുക്കപ്പെട്ടു (തിരുസഭ, 53). ആദത്തിന്റെ സന്തതി എന്ന നിലയിൽ രക്ഷിക്കപ്പെടേണ്ടവളുമായിരുന്നല്ലോ മറിയം. മാതൃസഹജമായ വികാരങ്ങളെ തൻ്റെ പുത്രന്റെ ബലിയോടു ചേർത്തു സമർപ്പിച്ച്, ആ ബലിയുടെ ഫലമായി ജനിക്കാനിരുന്ന എല്ലാ വിശ്വാസികളുടെയും മാതാവായി (യോഹ 19, 26-27). മിശിഹായുടെ സ്വർഗാരോഹണശേഷം ശ്ലീഹന്മാരുടെയും ശിഷ്യന്മാരുടെയും സമൂഹത്തെ ചേർത്തുനിർത്തിയതും പരിശുദ്ധറൂഹായെ സ്വീകരിക്കാൻ ഒരുക്കിയതും പരിശുദ്ധ അമ്മയാണ് (നടപടി 1,14). ഈ ലോകവാസത്തിൻ്റെ അവസാനത്തിൽ ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേക്ക് അവൾ എടുക്കപ്പെട്ടു. 

വിശ്വാസത്തിൻ്റെ കേന്ദ്രസത്യങ്ങളെല്ലാം തന്നിൽ യോജിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധ മറിയം (തിരുസഭ, 65) വിശ്വാസത്തിലും ഉപവിയിലും മിശിഹായോടുള്ള പൂർണമായ യോജിപ്പിലും സഭ മുഴുവന്റെയും മാതൃകയാണ് (വി. അംബ്രോസ്). സൂനഹദോസ് പിതാക്കന്മാരുടെ അഭിപ്രായത്തിൽ, അപകടങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതയാത്ര കഴിക്കുന്ന സ്വപുത്രൻ്റെ സഹോദരന്മാർ സൗഭാഗ്യകരമായ പിതൃരാജ്യത്തിൽ എത്തുന്നതുവരെ അവൾ മാതൃസഹജമായ വാത്സല്യത്തോടെ അവരുടെ സംരക്ഷണം നിർവഹിക്കുകയും ചെയ്യുന്നു (തിരുസഭ, 62). ചുരുക്കത്തിൽ, ഭൂമുഖത്തു തീർത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിൻ്റെയും അടയാളവുമാണു മറിയം (തിരുസഭ, 68). 

വിശ്വാസതീർത്ഥാടനത്തിൻ്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചു നമുക്കുള്ള അച്ചാരമാണ് പരിശുദ്ധ കന്യകാമറിയവും മറ്റു വിശുദ്ധരും, നമുക്കു മുമ്പേപോയ അവർ നമുക്കു മാതൃകയും പ്രചോദനവും നല്കുന്നതോടൊപ്പം നമ്മളും സ്വർഗീയമഹത്വത്തിൽ എത്തിച്ചേരാനായി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു. 

"വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1,45) എന്നു പ്രകീർത്തിക്കപ്പെട്ട പരിശുദ്ധകന്യകാമറിയത്തിന് കൃപയുടെ ഈ വർഷം ഭരമേല്പ്പിക്കാം എന്ന ആശംസയോടെയാണു ബനഡിക്റ്റ് മാർപാപ്പാ വിശ്വാസത്തിന്റെ വാതിൽ ഉപസംഹരിക്കുന്നത്. സഭയിൽ ജീവിക്കുന്ന ഈശോമിശിഹായോടുള്ള ബന്ധം ആഴപ്പെടുത്തിക്കൊണ്ട് വിശ്വസനീയരായ സാക്ഷികളായി മാറുന്നതിനും അതുവഴി ജീവനിലേക്കു നയിക്കുന്ന വിശ്വാസവാതിലുകളാകുന്നതിനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.

 

ദൈവഹിതത്തിൻ്റെ കൂദാശയാണ് ദൈവവചനം വിശ്വാസത്തിൻ്റെ വാതിൽ ദൈവത്തിന്റെ വചനം ജീവദായകമാണ് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message