We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekkattukunnel On 03-Sep-2026
നമ്മുടെ മാതൃഭാഷയായ മലയാളത്തിലെഴുതപ്പെട്ട വർത്തമാനപ്പുസ്‌തകം ഭാരതീയഭാഷകളിലെ ആദ്യസഞ്ചാരസാഹിത്യഗ്രന്ഥങ്ങളിലൊന്നാണ്. സഭയെയും സമുദായത്തെയും സ്വന്തം ജീവനേക്കാളധികം സ്നേഹിച്ച രണ്ടു സഭാപിതാക്കന്മാർ-കരിയാറ്റിൽ യൗസേപ്പ് മല്‌പാനും പാറേമ്മാക്കൽ തോമ്മാക്കത്തനാരും-നടത്തിയ സാഹസികവും ഐതിഹാസികവുമായ റോമായാത്രയുടെ വിവരണമാണിത്. സമകാലിക സഭാ-സാമൂഹികജീവിതത്തിന്റെ ദർപ്പണമായ ഈ സഞ്ചാരസാഹിത്യ കൃതി ക്രൈസ്തവവിശ്വാസത്തിൻ്റെ ആരംഭം മുതൽ ഇവിടെ നിലനിന്നിരുന്ന നസ്രാണിസഭയുടെ വളർച്ചയും അവരനുഭവിച്ച പീഡനത്തിന്റെ ദൈന്യസംഭവങ്ങളും വിഭജനത്തിൻ്റെ വേദനകളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം അവരെ നയിച്ചിരുന്നതു വേദപുസ്‌തകത്തിൽനിന്നുള്ള വെളിച്ചമായിരുന്നു.
ഭാരതനസ്രാണികളുടെ ആത്മാഭിമാനത്തെ തൊട്ടുണർത്താനും വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ജീവിതത്തിന് അവരെ പ്രോത്സാഹിപ്പിക്കാനുംവേണ്ടിയായിരുന്നു വർത്തമാനപ്പുസ്‌തകം എഴുതപ്പെട്ടത്. ഇന്നും പ്രസക്തി നഷ്‌ടപ്പെടാത്ത ഈ ലക്ഷ്യം മനസ്സിലാകണമെങ്കിൽ അന്നത്തെ നസ്രാണിസഭയുടെ ചരിത്രം കാണേണ്ടതുണ്ട്.
ഇന്ത്യയിലെ നസ്രാണിസഭയ്ക്കു ക്രൈസ്‌തവ പാരമ്പര്യത്തോളം പഴക്കമുണ്ട്. ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിലൊരുവനായ മാർത്തോമ്മാശ്ലീഹാ ഭാരതത്തിലെത്തി മിശിഹാമാർഗ്ഗം പ്രഘോഷിക്കുകയും തിരുസഭയ്ക്ക് അടിസ്ഥാനമിടുകയും ചെയ്‌തു. മാർത്തോമ്മാ ശ്ലീഹായുമായുള്ള ബന്ധംമൂലം ഇന്ത്യയിലെ ആദിമ ക്രൈസ്‌തവർ 'മാർത്തോമ്മാ നസ്രാണികൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. തോമ്മാ ശ്ലീഹായിലൂടെ നസ്രത്തുകാരനായ (നസ്രായനായ) ഈശോയുടെ അനുഗാമികളായവർ എന്നാണ് ഇതുകൊണ്ടുദ്ദേശിച്ചിരുന്നത്. 'നസ്രാണിമാപ്പിളമാർ' (Noble Nazarenes) എന്നും ഇവർ അറിയപ്പെട്ടിരുന്നു. സഭാപരവും സാമുദായികവുമായി തനതായൊരു ജീവിതശൈലി അവർക്കു സ്വന്തമായിരുന്നു.
മാർത്തോമ്മാശ്ലീഹായിൽനിന്നുതന്നെ ജന്മമെടുത്ത പേർഷ്യൻ സഭയുമായി ഭാരതനസ്രാണികൾക്ക് ആദ്യനൂറ്റാണ്ടുമുതലേ ബന്ധമുണ്ടായിരുന്നു. ഈശോമിശിഹാ സംസാരിച്ചിരുന്ന ഭാഷയായ സുറിയാനി (അറമായ)യിൽ അവിടെ രൂപമെടുത്ത ആരാധനക്രമത്തോട് ഭാരതനസ്രാണികൾക്ക് താൽപര്യം തോന്നിയതു തികച്ചും സ്വാഭാവികംമാത്രം. കച്ചവടത്തിനും മറ്റുമായി ഇവിടെ താമസമാക്കിയിരുന്ന യഹൂദരിൽ ചിലർ തോമ്മാശ്ലീഹായിൽനിന്നു മാമ്മോദീസാ സ്വീകരിച്ചതുകൊണ്ട് നസ്രാണിസഭയ്ക്ക് ആരംഭംമുതലേ അറമായ-സുറിയാനി ബന്ധമുണ്ടായിരുന്നു. തോമ്മാമാർഗ്ഗത്തിന്റെ ഭാഗമായി ഭാരത ക്രൈസ്തവർ കരുതിയ പൗരസ്ത്യസുറിയാനി ആരാധനക്രമം കാത്തു സൂക്ഷിക്കുന്നതിനുള്ള എളുപ്പവഴിയെന്നോണം കൽദായസഭയിൽനിന്നുള്ള മെത്രാന്മാരെ ഭാരതത്തിലേക്ക് അവർ സ്വാഗതം ചെയ്തിരുന്നു.
ദ്രാവിഡസംസ്കാരത്തിൻ്റെ ഭാഗമായി ഇവിടെ നിലനിന്നിരുന്ന മൺറം സംവിധാനത്തിൻ്റെ ശൈലിയനുകരിച്ച് സഭാഭരണത്തിൽ പള്ളി യോഗങ്ങൾ രൂപീകൃതമായി. സഭാപരവും സാമുദായികവുമായ വിഷയങ്ങൾ ഇടവകതലത്തിൽ ചർച്ചചെയ്‌തു തീരുമാനിച്ചിരുന്നത് ഈ പള്ളിയോഗങ്ങളിലായിരുന്നു. വിവിധ ഇടവകകളിലെ പള്ളിയോഗ പ്രതിനിധികൾ ചേർന്നുള്ള പൊതുയോഗങ്ങൾ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്‌തുപോന്നു. സഭയുടെ ഭൗതികവും സാമുദായികവുമായ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നത് 'ജാതിക്കുതലവൻ' എന്നറിയപ്പെട്ടിരുന്ന അർക്കദിയാക്കോൻ (Archdeacon) ആയിരുന്നു. ഇപ്രകാരം, 'വിശ്വാസത്തിൽ ക്രൈസ്‌തവവും ആരാധനയിൽ പൗരസ്‌ത്യവും ആചാരാനുഷ്‌ഠാനങ്ങളിൽ ഭാരതീയവുമായ' ഒരു സഭാജീവിതശൈലി പിന്തുടർന്നിരുന്ന സമൂഹമായി ആദ്യ പതിനാറ് നൂറ്റാണ്ടുകളിൽ നസ്രാണിസഭ വളർന്നുവന്നു.
പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗലിൽനിന്നുള്ള കച്ചവടക്കാരോടൊപ്പം പാശ്ചാത്യമിഷനറിമാർ ഇവിടെ എത്തിയതോടെ സ്ഥിതിഗതികൾക്കു മാറ്റം വന്നു. അവരുടെ പ്രേഷിതപ്രവർത്തനങ്ങളോടു നമ്മുടെ പൂർവ്വികർക്ക് ആദ്യം അനുഭാവമായിരുന്നു. ഗോവയിലും കൊച്ചിയിലും പുതുതായി രൂപതകൾ സ്ഥാപിച്ച് അവർ പ്രവർത്തനങ്ങൾ തുടർന്നു. മറ്റു ശ്ലൈഹികസഭാപാരമ്പര്യങ്ങൾ പരിചയമില്ലാതിരുന്ന മിഷനറിമാർ ലത്തീൻ റീത്തുമാത്രമാണ് ശരിയായത് എന്നു തെറ്റുദ്ധരിച്ചു. പലവിധേനയും നസ്രാണികളെ ലത്തീൻ റീത്തിനനുരൂപരാക്കാൻ ശ്രമിച്ചു. കുറെയൊക്കെ അവർ വിജയിക്കുകയും ചെയ്തു. ലത്തീൻ സഭാപാരമ്പര്യങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ സഭാപാരമ്പര്യങ്ങളോ, സുറിയാനിപൈതൃകമോ, സാമൂഹികാചാരങ്ങളോ ഉപേക്ഷിക്കാൻ നസ്രാണികൾ തയ്യാറായിരുന്നില്ല. പന്ത്രണ്ടു ശ്ലീഹന്മാർ പന്ത്രണ്ടു സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചുവെന്നും അവർ പന്ത്രണ്ടു 'നിയമങ്ങൾ' സ്ഥാപിച്ചുവെന്നും ഒന്നു മറ്റൊന്നിൽനിന്നും വ്യത്യസ്തമാണെങ്കിലും എല്ലാം തുല്യവും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടവയാണെന്നും ഇവിടുത്തെ നസ്രാണികൾക്ക് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. 'പത്രോസിൻ്റെ നിയമം' പോലെതന്നെ 'തോമ്മായുടെ നിയമ'വും സുപ്രധാനമാണെന്നവർ അഭിമാനിച്ചു. തന്മൂലം പോർട്ടുഗീസുകാർക്കു വഴങ്ങുവാൻ അവർ സന്നദ്ധരായില്ല.
പോർട്ടുഗീസുകാർ കീഴടക്കിയിരുന്ന രാജ്യങ്ങളിൽ പ്രേഷിത പ്രവർത്തനം നടത്തുന്നതിനുള്ള അനുവാദം റോമായിൽനിന്ന് അവർക്കു ലഭിച്ചിരുന്നു. ഭരണപരമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനും അവർക്കവകാശമുണ്ടായിരുന്നു. മെത്രാന്മാരുടെ നിയമനം, രൂപതകളുടെ സംരക്ഷണം, നിയന്ത്രണം എന്നിവയെല്ലാം അതിൽപ്പെടും. ഈ പ്രത്യേക പദവി 'പദ്രുവാദോ' എന്ന പേരിലറിയപ്പെടുന്നു.
പദ്രുവാദോ അധികാരത്തിന്റെ ഭാഗമായി 1599 ൽ 8-ാം ക്ലെമന്റ് പാപ്പാ അങ്കമാലി അതിരൂപതയെ ഗോവയുടെ സാമന്തരൂപതയാക്കി. അതോടെ ഒന്നാം നൂറ്റാണ്ടുമുതൽ ഇന്ത്യയിൽ നിലനിന്നതും പോർട്ടു ഗലിലെ സഭയേക്കാൾ പുരാതനവും ശ്ലൈഹികപാരമ്പര്യമുള്ളതുമായ മാർത്താമ്മാനസ്രാണിസഭ പ്രഭുവാദോഭരണത്തിൻ കീഴിലായി. നസ്രാണിസഭാപൈതൃകമോ, ഭാഷയോ, ആചാരങ്ങളോ, ചരിത്രമോ, പാരമ്പര്യങ്ങളോ അറിയില്ലാതിരുന്ന ഈശോസഭാപാതിരിമാർ നസ്രാണികളുടെമേൽ ഭരണമാരംഭിച്ചു. 1599 ജൂൺ 20 മുതൽ 26 വരെ നടന്ന 'ഉദയംപേരൂർ സൂനഹദോസി'ലൂടെ മാർത്തോമ്മാനസ്രാണികളുടെ സ്വന്തമായ വ്യക്തിത്വവും വിലയേറിയ പാരമ്പര്യങ്ങളും ശ്ലാഘനീയമായ ആചാരങ്ങളും പുരാതനമായ ആരാധനക്രമവുമെല്ലാം വികലമാക്കപ്പെട്ടു. പോർട്ടുഗീസ് അധികാരികളുടെ മേല്ക്കോയ്മയിൽ പൊറുതിമുട്ടിയ മാർത്തോമ്മാനസ്രാണികൾ 1653 ജനുവരി 3 ന് മട്ടാഞ്ചേരിയിൽ ഒന്നിച്ചുകൂടി ഈശോസഭക്കാരായ സാമ്പാളൂർ പാതിരിമാരെ മേലിൽ അനുസരിക്കയില്ലെന്നു സത്യംചെയ്തു. 'കൂനൻകുരിശുസത്യം' എന്നറിയപ്പെടുന്ന ഈ സംഭവം പോർട്ടുഗീസു മിഷനറിമാരായ ഈശോ സഭക്കാർക്കും അവരുടെ മെത്രാപ്പോലീത്താ (ഗാർസ്യാ)യ്ക്കും എതിരെ നടത്തിയ സ്വാതന്ത്യ്രപ്രഖ്യാപനമായിരുന്നു.
നസ്രാണിസഭയിലെ അസ്വസ്ഥതയുടെ വാർത്ത റോമായിലെത്തി. കാര്യങ്ങളുടെ സ്ഥിതിഗതികൾ അന്വേഷിക്കുവാൻ അവിടെനിന്നു കർമ്മലീത്താമിഷനറിമാർ നിയമിതരായി. അസ്വസ്ഥതയ്ക്കു കാരണം ഈശോസഭക്കാരോടുള്ള വിദ്വേഷമായതിനാൽ മറ്റൊരു സന്ന്യാസ സമൂഹത്തിൽനിന്നു മെത്രാന്മാർ വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അവർ റിപ്പോർട്ടു നല്കി. അതിൻ്റെ വെളിച്ചത്തിൽ പ്രൊപ്പഗാന്താ ഫീദെയുടെ നേതൃത്വത്തിൽ കർമ്മലീത്താക്കാരനായ ജോസഫ് സെബസ്റ്റ്യാനി വികാരി അപ്പസ്തോലിക്കായായി ഭാരതത്തിലേക്ക് അയയ്ക്കപ്പെട്ടു. ഈശോസഭക്കാരുടെ കീഴിലുള്ള പ്രഭുവാദോഭരണവും കർമ്മലീത്താക്കാരുടെ കീഴിലുള്ള പ്രൊപ്പഗാന്താഭരണവും മാർത്തോമ്മാനസ്രാണികളെ സംബന്ധിച്ച് ഒരുപോലെയായിരുന്നു. കാരണം രണ്ടു കൂട്ടരും നമ്മുടെ പാരമ്പര്യത്തിന് അന്യരായിരുന്നു.
ഒരേ സമയം ഇവിടെ നിലനിന്ന പ്രഭുവാദോ-പ്രൊപ്പഗാന്താ ഭരണങ്ങൾ ജനത്തെ വിവിധ ചേരികളിലാക്കി. സഭാപൈതൃകത്തെ കാറ്റിൽ പറത്തിയ ഇരുകൂട്ടരോടുമുള്ള പ്രതിഷേധമാണ് 1665-ൽ അന്ത്യോക്യായിൽനിന്നു വന്ന മാർ ഗ്രിഗോറിയോസ് എന്ന യാക്കോബായ മെത്രാനെ സ്വീകരിക്കാൻ വിശ്വാസികളിൽ ഒരുഗണത്തെ പ്രേരിപ്പിച്ചത്. ലത്തീൻ മെത്രാന്മാരിൽനിന്നു നസ്രാണികളെ രക്ഷിക്കുമെന്നു നസ്രാണികൾ കരുതിയ യാക്കോബായ മെത്രാന്മാരാകട്ടെ അവരുടെ പാരമ്പര്യങ്ങൾ ഇവിടെ പ്രചരിപ്പിച്ച് അധികാരമുറപ്പിക്കാൻ നീക്കങ്ങൾ നടത്തി. അവരോടുചേർന്നവർ പുത്തൻകൂറ്റുകാർ അഥവാ യാക്കോബായക്കാർ എന്നറിയപ്പെട്ടുപോരുന്നു. അവരിൽനിന്നു ഭിന്നിച്ച് 1772-ൽ തൊഴിയൂർ സഭയും 1876-ൽ മാർത്തോമ്മാസഭയും ഉണ്ടായി.
വികാരി അപ്പസ്തോലിക്കായായിരുന്ന ഫ്ളോറൻസ് മെത്രാൻ 1773 ജൂലൈ 26 ന് മരിച്ചപ്പോൾ പതിവനുസരിച്ചു അദ്ദേഹത്തിന്റെ മൃത സംസ്കാരശുശ്രൂഷകളിൽ സംബന്ധിക്കുവാൻ വരാപ്പുഴയിൽ എത്തിയ സുറിയാനിക്കാരെ വിദേശമിഷനറിമാർ അധിക്ഷേപിച്ചു പറഞ്ഞയച്ചു. അപമാനിക്കപ്പെട്ട സുറിയാനിക്കാർ അങ്കമാലി പള്ളിയിൽ സമ്മേളിക്കാൻ തീരുമാനിച്ചു. വരാപ്പുഴ സംഭവത്തെയും സമാനമായ മറ്റു സംഭവങ്ങളെയുംകുറിച്ച് ആലോചിച്ചു പരിഹാരനടപടികൾ സ്വീകരിക്കാൻ അനേകം സുറിയാനി ഇടവകകളിൽനിന്നും പ്രതിനിധികൾ അങ്കമാലിയിൽ സമ്മേളിച്ചു. തെറ്റുദ്ധാരണയുടെപേരിൽ, വിചാരണപോലു മില്ലാതെ രക്തസാക്ഷിമരണം വരിക്കേണ്ടിവന്ന പുത്തൻപറമ്പിൽ ചാക്കോക്കത്തനാ (ഇക്കാക്കോക്കത്തനാർ)രുടെ വിഷയവും ചർച്ചയ്ക്കുവന്നു. നാട്ടുകാർ സംഘടിച്ച് എതിർത്താൽ തങ്ങളുടെ നിലനില്പ്പ് അപകടത്തിലാകുമെന്നു മനസ്സിലാക്കിയ പാതിരിമാർ അനുരഞ്ജനത്തിനു ശ്രമിച്ചു. അവരിൽ ഏതാനുംപേർ അങ്കമാലിയിലെത്തി യോഗക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് എഴുതി ഒപ്പിട്ടു കൊടുത്തു.
കരിയാറ്റിയുടെ നേതൃത്വം
ഇപ്രകാരം സമ്മേളിച്ച അങ്കമാലിയോഗത്തിലാണ് അന്ന് ആലങ്ങാട്ടു സെമിനാരിയിൽ മല്‌പാനായിരുന്ന കരിയാറ്റി ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുന്നത്." മാർ ഫ്ളോറൻസിന്റെ പിൻഗാമിയായ ഫ്രാൻസിസ് സാലസ് എന്ന കർമ്മലീത്താ വൈദികൻ മെത്രാനായ ഉടനെ ഈശോസഭ ആശ്രമാധിപനെ ആ സ്ഥാനത്തുനിന്നു മാറ്റിയത് ആശ്രമവാസികളുടെ എതിർപ്പിനും വിരോധത്തിനും കാരണമായി. സാലസ് മെത്രാൻ രക്ഷപ്പെടാനായി കരിയാറ്റിയുടെ സഹായമാണ് തേടിയത്. സമുദായ പ്രമാണിയായിരുന്ന തച്ചിൽ മാത്തുത്തരകനുമായി ആലോചിച്ചശേഷം കരിയാറ്റി കുറെ സുറിയാനിപ്പള്ളിക്കാരുടെ അനുഭാവം നേടി മെത്രാനെ ആലങ്ങാട്ടു പള്ളിയിൽ താല്ക്കാലികമായി പാർപ്പിച്ചു.
പുനരൈക്യത്തിനുള്ള അപേക്ഷ
പുത്തൻകൂറ്റുകാരുടെ നേതാവും അകത്തോലിക്കാ മെത്രാനുമായിരുന്ന മാർത്തോമ്മാ ആറാമൻ കത്തോലിക്കാ സഭയിലേക്കു തിരികെ വരാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, തൻ്റെ അധികാരം നഷ്‌ടപ്പെടുമോ എന്നു ഭയപ്പെട്ടിരുന്ന സാലസ് മെത്രാൻ പുനരൈക്യശ്രമത്തെ അനുകൂലിച്ചില്ല. ഈയവസരത്തിലാണ് മാർത്തോമ്മാമെത്രാൻ കരിയാറ്റിയുടെ സഹായം തേടിയത്. സഭൈക്യത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്ന കരിയാറ്റി നിരണത്തുചെന്ന് മാർത്തോമ്മാമെത്രാൻ്റെ ആഗ്രഹസാദ്ധ്യത്തിനായി എന്തു സഹായവും ചെയ്യാമെന്നേറ്റു. തൻ്റെ അപേക്ഷയും വിശ്വാസപ്രഖ്യാപനവും എഴുതി ഒപ്പിട്ട് മെത്രാൻ കരിയാറ്റിയെ ഏല്‌പിച്ചു. സഭയുടെ ഉന്നതാധികാരികൾക്കു മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവൂ എന്നു മനസ്സിലാക്കിയ കരിയാറ്റി റോമായ്ക്കു യാത്രയാകാൻ തീരുമാനിച്ചു. മാർത്തോമ്മാനസ്രാണിസഭായോഗം അതംഗീകരിക്കുകയും ചെയ്തു.
നസ്രാണിസഭയിലുണ്ടായിരുന്ന ജാതിക്കുതലവൻ സ്ഥാനം പുനഃസ്ഥാപിക്കുക, സ്വന്തമായൊരു സെമിനാരി ആരംഭിക്കുക തുടങ്ങി മറ്റു പല ലക്ഷ്യങ്ങളും യാത്രയ്ക്കുണ്ടായിരുന്നു. ഈശോസഭക്കാർക്കും കർമ്മലീത്താക്കാർക്കുമെതിരെ ഭാരതനസ്രാണികൾക്കു ബോധിപ്പിക്കാനുണ്ടായിരുന്ന പരാതികൾ അധികാരികളുടെ പക്കൽ എത്തിക്കുക എന്ന ദൗത്യവും അക്കൂട്ടത്തിൽപ്പെടും. അതുകൊണ്ടാണ് നിവേദനങ്ങളുമായി പ്രഭുവാദോയുടെ തലസ്ഥാനമായ ലിസ്ബണിലേക്കും അവിടെനിന്നു റോമായിലെ പ്രൊപ്പഗാന്തയിലേക്കും പോയത്. ഈ യാത്രയെക്കുറിച്ചുള്ള വിവരണമാണ് വർത്തമാനപ്പുസ്തകം.
ചരിത്രപ്രേമികളെയും സഭാസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്ന ഒരക്ഷയഖനിയാണ് വർത്തമാനപ്പുസ്‌തകം. നസ്രാണിസഭാചരിത്രത്തിലെ സുപ്രധാനവും ധീരവുമായ സ്വാതന്ത്ര്യസമര ചരിത്രമാണ് ഇതിലെ ഉള്ളടക്കം. നസ്രാണിസഭ തരണം ചെയ്ത ക്ലേശങ്ങളുടെയും സഹനങ്ങളുടെയും മദ്ധ്യേ വിശ്വാസതീക്ഷ്‌ണതയ്ക്കു മാന്ദ്യം സംഭവിക്കാതിരുന്നത് വേദപുസ്‌തകമൂല്യങ്ങൾ അവരെ നയിച്ചിരുന്നതുകൊണ്ടാണ്.
ഗ്രന്ഥകർത്താവ്
വർത്തമാനപ്പുസ്‌തകത്തിൻ്റെ കർത്താവ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലുള്ള കടനാട് ഗ്രാമത്തിലെ പാറയാംമ്മാക്കൽ കുടുംബത്തിലാണ് ജനിച്ചത്. കുരുവിള-അന്നമ്മ ദമ്പതികളുടെ നാലാമത്തെ സന്താനമായ അദ്ദേഹത്തിന്റെ ജനനം 1736 സെപ്തംബർ 10 നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മീനച്ചിൽ ശങ്കരൻകർത്താവിന്റെ പക്കൽ മൂന്നുവർഷം സംസ്കൃതവും കാനാട്ട് ഐപ്പുകത്തനാരുടെ പക്കൽ മൂന്നുവർഷം സുറിയാനിയും പഠിച്ചശേഷം വൈദികപരിശീലനത്തിനായി ആലങ്ങാട്ട് സെമിനാരിയിൽ ചേർന്നു. അവിടെവച്ചു ലത്തീൻ, പോർട്ടുഗീസ് ഭാഷകളും വിശ്വാസരഹസ്യങ്ങളും പരിശീലിച്ച് 1761 ൽ വൈദികനായി. 1768 ൽ സ്വന്തം ഇടവകയായ കടനാട്ടിൽ വികാരിയായിരിക്കുമ്പോഴാണ് കരിയാറ്റിൽ യൗസേപ്പു മല്‌പാന്റെകൂടെ അദ്ദേഹത്തെ റോമായിലേക്ക് അയയ്ക്കാൻ മാർത്തോമ്മാനസ്രാണിസഭായോഗം തീരുമാനിച്ചത്.
യാത്രച്ചെലവിനുള്ള പണം പല പള്ളികളിൽനിന്നുമായി മുണ്ടു മുറി സാധനങ്ങൾ വിറ്റും പണയംവച്ചുമുണ്ടാക്കി. നസ്രാണികളുടെ നന്മയ്ക്ക് ഉതകുന്നതെന്തും ചെയ്‌തുകൊള്ളുവാൻ അവരെ മലങ്കര യോഗം അധികാരപ്പെടുത്തിയിരുന്നു. ജനങ്ങൾ പിരിവെടുത്ത് സാധിതമാക്കിയ യാത്രയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി നാട്ടുകാരെ ബോധിപ്പിക്കാൻ ബാധ്യതയുണ്ടെന്നുള്ള അവബോധമാണ് ഇപ്രകാരമൊരു വിവരണമെഴുതാൻ പാറേമ്മാക്കലിനെ പ്രേരിപ്പിച്ചത്. റോമായിലേക്കുള്ള യാത്രയിൽ അവരെ അനുഗമിക്കാൻ മുപ്പതോളം ആളുകൾ ഒരുങ്ങി.
ദൈവത്തിലാശ്രയിച്ചും കർത്താവിൻ്റെ അമ്മയായ മർത്ത് മറിയത്തോടും മാർതോമ്മാശ്ലീഹായോടും മാദ്ധ്യസ്ഥ്യം പ്രാർത്ഥിച്ചും അവർ നീണ്ടൂരിൽനിന്ന് 1778 ജൂണിൽ മദ്രാസിലേക്ക് യാത്രയായി. നിവേദനവുമായി പോകാൻ യൂറോപ്യൻ പാതിരിമാർ വിസമ്മതിച്ചേക്കുമെന്നു കരുതിയതുകൊണ്ടാകണം, കൊച്ചിയിൽ തുറമുഖമുണ്ടായിരുന്നെങ്കിലും മദ്രാസുവഴി യൂറോപ്പിലേക്കു പോകാൻ അവർ തീരുമാനിച്ചത്. ഇവരുടെ യാത്രയ്ക്ക് 5 ഘട്ടങ്ങൾ ഉണ്ടായിരുന്നു. 1) നീണ്ടൂർ നിന്ന് തോവാളവഴി മദ്രാസിലേക്ക്. 2) മദ്രാസ് മുതൽ ലിസ്ബൺവരെയുള്ള കപ്പൽ യാത്ര (1778 നവംബർ-1779 ജൂലൈ). 3) ലിസ്ബണിൽനിന്ന് റോമായിലേക്ക് (1779 ഒക്ടോബർ-1780 ജനുവരി). 4) റോമായിൽനിന്ന് ലിസ്ബണിലേക്ക് (1780 ജൂൺ-ഡിസംബർ). 5) ലിസ്ബണിൽനിന്ന് ഭാരതത്തിലേക്ക് (1785 ഏപ്രിൽ-1786 മെയ്).
ഉദയഗിരി, വീരപാണ്ഡ്യൻപട്ടണം, തൂത്തുക്കുടി, തരങ്ങൻപാടിവഴി മൈലാപ്പൂരെത്തിയ അവർ മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വ സ്ഥലം കണ്ടു വന്ദിച്ചു പരി. കുർബാനയർപ്പിച്ചു പ്രാർത്ഥിക്കുകയും മാർ തോമ്മാസ്ലീവാ വണങ്ങുകയും ചെയ്‌തശേഷമാണ് മദ്രാസിൽനിന്ന് പോർട്ടുഗലിന്റെ തലസ്ഥാനമായ ലിസ്‌ബണിലേക്ക് കപ്പൽ കയറിയത്. യാത്രച്ചെലവിനു ശേഖരിച്ചിരുന്ന പണം, ഒരുങ്ങിയിറങ്ങിയ എല്ലാവർക്കും തികയുകയില്ലായെന്നു ബോദ്ധ്യപ്പെട്ടതുകൊണ്ട് കരിയാറ്റിയെയും പാറേമ്മാക്കലിനെയുംമാത്രം അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. റോമായിലെ പ്രൊപ്പഗാന്താ സെമിനാരിയിൽ ചേർത്തു പഠിപ്പിക്കാനുണ്ടായിരുന്ന ചാക്കോ, മാത്തു എന്നീ രണ്ടു വൈദിക വിദ്യാർത്ഥികളെയും അവരോടൊപ്പം അയച്ചു. 1779 ജൂലൈ മാസത്തിൽ അവർ ലിസ്ബണിൽ കപ്പലിറങ്ങി.
ലിസ്ബണിലെ സംഭവങ്ങൾ
പോർട്ടുഗലിൻ്റെ തലസ്ഥാനവും കോളനി വാഴ്ചക്കാലത്തെ രാജകീയ ആസ്ഥാനവുമായിരുന്ന ലിസ്ബൺ പദ്രുവാദോ ഭരണത്തിന്റെയും ആസ്ഥാനമായിരുന്നു. ലിസ്ബണിൻ്റെ സഭാപരമായ ഈ പ്രാധാന്യം മൂലമാണു കരിയാറ്റിയും പാറേമ്മാക്കലും ആദ്യം അവിടേക്കു പോയത്. വികാരി അപ്പസ്തോലിക്കായിലൂടെ കേരള നസ്രാണികളെ റോമാ ഭരിച്ചിരുന്നെങ്കിലും, ഭാരതത്തിലെ മതഭരണം, കരാർ വഴി പോർട്ടുഗീസ്‌രാജ്യത്തിനു പാപ്പായിൽനിന്നു ലഭിച്ചിട്ടുള്ള താണെന്നറിയാമായിരുന്നതുകൊണ്ടാണ് അവർ പോർട്ടുഗീസ് രാജ്ഞിയുടെ പക്കലേക്കു യാത്രയായത്. കൂനൻകുരിശുസത്യത്തെത്തുടർന്ന് ഭാരതത്തിൽ തങ്ങൾക്കു പിന്തുണക്കാരില്ലെന്നു കരുതി, പോർട്ടുഗീസ് രാജ്ഞി ഇവിടുത്തെ സഭാഭരണകാര്യങ്ങളിൽ തൽപരയായിരുന്നില്ല. തങ്ങളെ തള്ളിപ്പറഞ്ഞ മാർത്തോമ്മാനസ്രാണികളോട് രാജ്ഞിക്കു പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നില്ല. എന്നാൽ, കർമ്മലീത്താക്കാരെ ഭാരതത്തിലെ സഭാഭരണത്തിൽനിന്നു നീക്കംചെയ്യാൻ പറ്റിയ മാർഗ്ഗം പോർട്ടുഗൽ രാജ്ഞിയെ അഭയം പ്രാപിക്കുകയാണെന്ന് നമ്മുടെ ആൾക്കാർക്കറിയാമായിരുന്നു. അതിനാലാണ് അവർ ആദ്യം ലിസ്ബണിലെത്തിയത്.
ലിസ്ബണിലെത്തിയ കരിയാറ്റിയും സംഘവും യോവാക്കിം ബോർജ്യാ എന്ന സന്ന്യാസ വൈദികൻവഴി പോർട്ടുഗലിലെ ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന പൊന്തെ ദലീമാ പ്രഭുവുമായി പരിചയത്തിലായി. രാജ്ഞിക്കു സമർപ്പിക്കാനായി തയ്യാറാക്കിയിരുന്ന നിവേദനം അദ്ദേഹത്തിൻ്റെ നിർദ്ദേശമനുസരിച്ച് കരിയാറ്റിമല്‌പാൻ ഒന്നുകൂടി പരിഷ്കരിച്ചെഴുതി. പ്രസ്‌തുത നിവേദനത്തിൽ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങൾ താഴെപ്പറയുന്നവയാണ്.
റോമായുടെ പ്രതികരണം
കേരളത്തിൽനിന്നുള്ള നിവേദകസംഘം ലിസ്ബണിൽ എത്തിയ വിവരം അറിഞ്ഞ റോമായിലെ പ്രൊപ്പഗാന്താ തിരുസംഘത്തിൻ്റെ തലവൻ ലിസ്ബണിലെ പേപ്പൽപ്രതിനിധിക്ക് ഇപ്രകാരം എഴുതി: "പോർത്തുഗലിലും ഇവിടെയും കാര്യങ്ങളറിയിക്കാൻ മലയാളക്കരയിൽനിന്ന് എൻ്റെ മക്കൾ വന്നിരിക്കുന്നുവെന്നും അവരെ താങ്കൾ നല്ലവണ്ണം സ്വീകരിച്ചുവെന്നും അറിഞ്ഞു സന്തോഷിക്കുന്നു. പോർത്തുഗലിൽ അവർക്കു വേണ്ടുന്ന സഹായമൊക്കെ ചെയ്‌തുകൊടുത്ത ശേഷം താമസിയാതെ അവരെ ഇങ്ങോട്ടയയ്ക്കണം.'' ഈ കത്ത് പേപ്പൽപ്രതിനിധി മല്‌പാനെ കാണിച്ചപ്പോൾ അദ്ദേഹത്തിനും തോമ്മാക്കത്തനാർക്കും ആദ്യം സന്തോഷം തോന്നിയെങ്കിലും തന്റെ ഹൃദയത്തിലുണ്ടായ അസ്വസ്ഥത പാറേമ്മാക്കൽ മറച്ചുവയ്ക്കുന്നില്ല. “പോർത്തുഗൽ രാജ്ഞിയുടെ പക്കൽ മലങ്കരക്കാര്യത്തിന് അപേക്ഷ കൊടുത്താൽ തനിക്കു തോന്നിയപോലെ എന്തെങ്കിലും ചെയ്യാൻ പ്രയാസമായിത്തീരുമെന്ന് പ്രൊപ്പഗാന്താ സെക്രട്ടറി മോൺസിഞ്ഞോർ ബോർജ്യായ്ക്കു മനസ്സിലായി. അതു വരാതിരിക്കാനാണ് ഞങ്ങളെ വേഗം റോമായിലേക്ക് അയയ്ക്കണമെന്നെഴുതിയത്. സൂക്ഷ്‌മബുദ്ധിയായ വർത്തമാനപ്പുസ്‌തക ഗ്രന്ഥകർത്താവിൻ്റെ നിരീക്ഷണം ശരിയാണെന്നു പിന്നീടു തെളിയുകയും ചെയ്തു.
പോർട്ടുഗൽ രാജ്ഞിക്കു നിവേദനം
പാറേമ്മാക്കലും കരിയാറ്റിയും രാജ്ഞിക്കു നിവേദനം സമർപ്പിക്കുന്നതിനായി കൊട്ടാരത്തിലെത്തി. ആദ്യം രാജ്ഞിയുടെ ആദ്ധ്യാത്മികോപദേഷ്ടാവായ മെത്രാപ്പോലീത്തായ്ക്ക് അപേക്ഷ നല്കി. രാജ്ഞി ഡോണാ മരിയായും ഭർത്താവുംകൂടെ അവർക്കനുവദിച്ച സന്ദർശനം മുക്കാൽ മണിക്കൂർ നീണ്ടുനിന്നു. രാജ്ഞി വിവരങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞു." ഇന്ത്യൻകാര്യങ്ങളുടെ മന്ത്രിയായ മാർട്ടിൻ ഡെമെൽ യഥാവസരം കാര്യങ്ങളുടെ തീരുമാനം അറിയിക്കുമെന്ന് മെത്രാപ്പോലീത്താ അവർക്കുറപ്പു നല്‌കുകയും ചെയ്തു. യാത്രയുടെ തുടർലക്ഷ്യം സാധിക്കാനായി റോമായിലേക്കു പോകാൻ അവർ ആലോചിച്ചു തുടങ്ങി.
പോർട്ടുഗലിൽനിന്നും റോമായിലേക്ക്
റോമായിലേക്കു പോകാനുള്ള കരിയാറ്റിയുടെയും മല്പാന്റെയും ആഗ്രഹത്തെ മാർട്ടിൻ ഡെ മെൽ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഭാരതീയർ പ്രൊപ്പഗാന്താ തിരുസംഘത്തിൻ്റെ സ്വാധീനത്തിലായാൽ പോർട്ടുഗീസുകാരുടെ അധികാരത്തിന് കുറവു സംഭവിച്ചേക്കുമോ എന്ന ഭയം മൂലമായിരുന്നിത്. മാർത്തോമ്മാമെത്രാന്റെയും പ്രൊപ്പ ഗാന്താകോളേജിൽ ചേർക്കാനുണ്ടായിരുന്ന വൈദികവിദ്യാർത്ഥികളുടെയും കാര്യം പറഞ്ഞാണ് യാത്രാനുമതി നേടിയത്. 1779 ഒക്ടോബർ 4 ന് ലിസ്ബണിൽനിന്നു പുറപ്പെട്ട യാത്രികർ മൂന്നു മാസത്തെ ക്ലേശകരമായ കപ്പൽ യാത്രയ്ക്കുശേഷം റോമായിലെത്തി.
പ്രൊപ്പഗാന്തായിലെ തിരസ്‌കരണം
പ്രൊപ്പഗാന്താകോളേജിൽ പഠിച്ചു വൈദികനായ ആളായിരുന്നതിനാൽ കരിയാറ്റിൽ യൗസേപ്പുമല്‌പാന് റോമായിലെ സംസ്കാരവും സാഹചര്യങ്ങളും സ്വാധീനകേന്ദ്രങ്ങളും നന്നായി അറിയാമായിരുന്നു. അവിടെയെത്തിയ ഉടനെ മാർപാപ്പയെ സന്ദർശിക്കാനുള്ള ഒരുക്കങ്ങളിൽ അവർ വ്യാപൃതരായി.
റോമായിൽ അവർ ആദ്യം സന്ദർശിച്ചത് പ്രൊപ്പഗാന്താസംഘത്തിന്റെ സെക്രട്ടറിയായിരുന്ന മോൺ ബോർജ്യായെ ആണ്. അദ്ദേഹം വൈദിക വിദ്യാർത്ഥികളെ രണ്ടുപേരെയും സ്വീകരിച്ചശേഷം വൈദികരെ പ്രൊപ്പഗാന്താസംഘത്തലവനായ കർദ്ദിനാൾ കസ്തേല്ലിയുടെ പക്കലേക്ക് അയച്ചു. എന്നാൽ അദ്ദേഹത്തിൻ്റെ ഇടപെടലിലും സംസാരത്തിലുംനിന്നു റോമിൽ കാറ്റു തങ്ങൾക്കനുകൂലമല്ലെന്ന് അവർക്കു മനസ്സിലായി. പാറേമ്മാക്കൽ വിവരിക്കുന്നു:
കേരളത്തിലെ മിഷനറിമാർ നൽകിയ തെറ്റായ വിവരങ്ങളാണ് കർദ്ദിനാളിന്റെ കോപത്തിനു കാരണം എന്നവർക്കു മനസ്സിലായി. അവർ പോർട്ടുഗീസ് രാജ്ഞിയെ ആശ്രയിക്കാൻ പോയതും കർദ്ദിനാളിനെ പ്രകോപിപ്പിച്ചിരുന്നു.
പോർട്ടുഗീസ് ഭവനത്തിൽ
തന്റെ മാതൃവിദ്യാലയമായിരുന്ന പ്രൊപ്പഗാന്തായിൽ താമസിക്കാൻ ഒരിടം ലഭിക്കാതെ പോകുമെന്ന് മല്‌പാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. രാത്രിയിൽ 'പാരം സങ്കടത്തോടും മനഃക്ലേശത്തോടും കൂടെ' മല്പാനും കത്തനാരും പുറത്തിറങ്ങി നടക്കുമ്പോൾ മല്‌പാന്റെ പ്രൊപ്പഗാന്താ വിദ്യാഭ്യാസകാലത്തെ പരിചയക്കാരനായ ഒരു വൈദികനെ കണ്ടു മുട്ടി. അദ്ദേഹം അവർക്ക് പോർട്ടുഗീസുകാരുടെ സ്ഥാപനമായ 'സാന്താ അന്തോണി'യിൽ താമസസൗകര്യമൊരുക്കി. പിറ്റേദിവസം തന്നെ മല്പാനും കത്തനാരും റോമായിലെ പോർട്ടുഗൽ രാജപ്രതിനിധിയെ സന്ദർശിച്ചു വിവരം ധരിപ്പിച്ചു. അവർക്കു പോർട്ടുഗൽ ഗവൺമെന്റിന്റെ ചെലവിൽ റോമായിൽ താമസിക്കുന്നതിനുള്ള ക്രമീകരണം രാജപ്രതിനിധി ഏർപ്പാടാക്കി. റോമായിൽ നേരിട്ട വിഷമസ്ഥിതി വ്യക്തമാക്കിയും സഹായം അഭ്യർത്ഥിച്ചുംകൊണ്ട് അവർ ലിസ്ബണിലേക്ക് എഴുതുകയും ചെയ്തു.
പ്രൊപ്പഗാന്താ ഫീദെയിൽ
'സാന്താ അന്തോണി' യിൽ താമസമാക്കി ഒരാഴ്‌ച കഴിഞ്ഞപ്പോൾ പ്രൊപ്പഗാന്താഭവനത്തിൽ താമസിക്കുവാനുള്ള കർദ്ദിനാൾ കസ്തെല്ലിയുടെ അനുവാദം ലഭിച്ചതനുസരിച്ച് അവർ അവിടേക്കു താമസം മാറ്റി. പ്രൊപ്പഗാന്താ അവരെ സ്വീകരിക്കാൻ തയ്യാറായത് ലോകാഭിപ്രായത്തെ ഭയപ്പെട്ടിട്ടാണെന്നാണ് തോമ്മാക്കത്തനാരുടെ നിരീക്ഷണം.' കരിയാറ്റിയും തോമ്മാക്കത്തനാരും ഒരുമിച്ചും വെവ്വേറെയും പല പ്രാവശ്യം മോൺ. ബോർജ്യായെ സന്ദർശിച്ചു കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.
മാർപാപ്പയ്ക്കുള്ള നിവേദനങ്ങൾ
പ്രൊപ്പഗാന്തായിൽനിന്നു കാര്യങ്ങൾക്കു തീരുമാനമുണ്ടാകില്ലെന്നു വ്യക്തമായപ്പോൾ മാർപാപ്പയ്ക്കു നേരിട്ടു നിവേദനം സമർപ്പിക്കാനായി (1) മാർത്തോമ്മാ മെത്രാൻ്റെ അപേക്ഷ (2) അതിന്റെ ലത്തീൻ ഭാഷാന്തരം (3) മലങ്കരപ്പള്ളിക്കാരുടെ കുറി (4) അതിന്റെ ലത്തീൻ ഭാഷാന്തരം (5) കരിയാറ്റി തയ്യാറാക്കിയ രണ്ട് അപേക്ഷകൾ എന്നിവ ഒരുക്കി. കരിയാറ്റി തൻ്റെ ഒന്നാമത്തെ അപേക്ഷയിൽ മാർത്തോമ്മാ മെത്രാൻ്റെ അപേക്ഷയുടെ പശ്ചാത്തലം വിശദീകരിക്കുകയും രണ്ടാമത്തേതിൽ കേരളത്തിലെ നസ്രാണിസഭയെ സംബന്ധിച്ച് താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
(1) ഉദയംപേരൂർ സൂനഹദോസുമൂലം സഭയിലുണ്ടായ അപഭ്രംശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും യൂറോപ്യൻ മിഷനറിമാരുടെ ദുർനയങ്ങൾമൂലം നഷ്ടമായ പുരാതന ക്രമങ്ങൾ വീണ്ടെടുക്കുന്നതിനും വേണ്ടി ഒരു പ്രാദേശിക സൂനഹദോസ് വിളിച്ചുകൂട്ടാൻ അനുവദിക്കണം. (2) പുതുതായി മാർഗ്ഗംകൂടുന്നവരെ നിന്ദിക്കരുതെന്നു നസ്രാണികളോടു മാർപാപ്പ കല്പ്പിക്കണം. (3) പഠിത്ത്വത്തിലും ഭക്തിമയിലും വളർന്നു നാട്ടിൽ മാർഗ്ഗമറിയിക്കാനുള്ള ഒരുക്കമെന്നോണം കേരളത്തിൽനിന്നു പത്തു യുവാക്കളെ വീതം പ്രൊപ്പഗാന്താകോളജിൽ പഠിപ്പിക്കാൻ ഏർപ്പാടു ചെയ്യണം. (4) മലങ്കരയിലെ സുവിശേഷവയലിന് ആവശ്യമായ രീതിയിൽ പരിശീലനം നല്‌കാനായി കേരളത്തിൽ സെമിനാരി സ്ഥാപിക്കുകയും നാട്ടുകാരായ വൈദികരെക്കൂടി നിയമിക്കുകയും വേണം. (5) ദൈവാരാധനാകർമ്മങ്ങൾക്കും വിശ്വാസപരിശീലനത്തിനും ആവശ്യമായത്ര സുറിയാനി പുസ്‌തകങ്ങൾ തന്നയയ്ക്കുകയോ കേരളത്തിൽ അച്ചടിക്കാൻ ഏർപ്പാടുകൾ ഉണ്ടാക്കുകയോ ചെയ്യണം. (6) തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാർക്ക്, അവർ “മുടക്കു ഒന്നുംകൂടാതെ മാർഗ്ഗമറിയിപ്പാൻ മനൊഗുണമായിട്ടു സമ്മതിക്കുന്നതിനെക്കൊണ്ടു” നന്ദിപ്രകാശിപ്പിച്ചുകൊണ്ട് പാപ്പാ ഓരോ കത്തയയ്ക്കണം. (7) മലങ്കരയുള്ള കർമ്മലീത്താ പാതിരിമാരോടു “മറ്റെതുമല്ലെങ്കിൽ തന്നിഷ്ടം കാട്ടാതെ ആചാരത്തോടുകൂടെയും തന്നിഷ്ടം കാട്ടാതെയും അടക്കത്തൊടും വെടിപ്പൊടുംകൂടെ വ്യാപരിക്കാനുള്ള തിന്നു" പ്രൊപ്പഗാന്താ സംഘത്തെക്കൊണ്ട് അനുശാസിപ്പിക്കണം.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ച
മോൺ. ബോർജ്യായാണവരെ പാപ്പായുടെ വസതിയിലേക്കു കൊണ്ടുപോയത്. മാർപാപ്പയെ കണ്ടയുടനെ പൂർവ്വാചാരമനുസരിച്ചു വണങ്ങിയശേഷം മാർത്തോമ്മാ മെത്രാൻ്റെ വിശ്വാസപ്രതിജ്ഞയും അപേക്ഷകളും അടങ്ങുന്ന പുസ്‌തകം മല്‌പാൻ പാപ്പായുടെ കയ്യിൽ കൊടുത്തുകൊണ്ട് ഈയർത്ഥത്തിൽ പറഞ്ഞു: "ഇരുപത്തിരണ്ടുമാസം ദീർഘിച്ച അതിക്ലേശകരമായ യാത്രയും കഴിച്ച് ഇവിടെ വന്നത് ഈ പുസ്തകത്തിലുള്ള മാർത്തോമ്മാ മെത്രാൻ്റെ വിശ്വാസസത്യവും മലങ്കരയിലെ എഴുപത്തിരണ്ടു പള്ളിക്കാരുടെ അപേക്ഷകളും പാപ്പായ്ക്കു സമർപ്പിക്കുവാനാണ്. ദൈവാനുഗ്രഹത്താൽ ഇപ്പോൾ അതു സാധിച്ചു. പാപ്പാ ഇവയൊക്കെ ശ്രദ്ധാപൂർവം വായിച്ചശേഷം ആവശ്യമായ കല്നപകൾ പ്രൊപ്പഗാന്താ തിരുസംഘത്തെ ഏല്‌പിക്കണം. തുടർന്ന് രണ്ട് ഓലകളിലായി എഴുതിയിരുന്ന മലങ്കരപ്പള്ളിക്കാരുടെ എഴുത്ത് പാറേമ്മാക്കലും മാർപാപ്പയ്ക്കു സമർപ്പിച്ചു. മാർപാപ്പ അതെല്ലാം സ്വീകരിച്ചതിനുശേഷം ഇന്ത്യയിലെ കാലാവസ്ഥ, രാജഭരണരീതി, ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞു.
വെള്ളക്കാരുടെ തടസ്സവാദങ്ങൾ
നാളുകളേറെ കഴിഞ്ഞിട്ടും മറുപടിയൊന്നും അവർക്കു ലഭിച്ചില്ല. മാർപാപ്പയെ കണ്ടതിനുശേഷവും തീർപ്പുകളൊന്നും ഉണ്ടാകാത്തതിനാൽ തങ്ങളുടെ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മല്‌പാനും കത്തനാരും കൂടെ അന്തോനെല്ലി കർദ്ദിനാളിനെ സമീപിച്ചു. മാർത്തോമ്മാമെത്രാന്റെ വിശ്വാസത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും മലങ്കരയോഗക്കാരുടേതായി മല്പാൻ സമർപ്പിച്ച നിവേദനത്തിൻ്റെ വാസ്‌തവികതയെക്കുറിച്ചും അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കൊച്ചിമെത്രാന് പാപ്പായുടെ കല്പനപോയിട്ടുണ്ട് എന്നായിരുന്നു കർദ്ദിനാളിൽനിന്നവർക്കു ലഭിച്ച മറുപടി. റോമായിൽനിന്നു പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകാൻ സാധ്യതയില്ല എന്നു മനസ്സിലാക്കിയ അവർ ലിസ്ബണിലേക്കു മടങ്ങാൻ തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അനുവദിച്ചത്ര മതപരമായ പുസ്‌തകങ്ങൾ വാങ്ങി ശേഖരിച്ചശേഷം അവർ യാത്രതിരിക്കുകയും ചെയ്തു.
വീണ്ടും പോർട്ടുഗൽരാജ്ഞിയുടെ മുമ്പിൽ
ലിസ്ബണിലെത്തിയ മല്‌പാനും കത്തനാരും ലക്ഷ്യസാദ്ധ്യത്തിനായി കയത്താനോസ് പാതിരിയുടെ സഹായം തേടി. എന്നാൽ മാസങ്ങൾ പലതു കഴിഞ്ഞിട്ടും ഫലമൊന്നും കാണാതെ വന്നപ്പോൾ അവർ ഇപ്രകാരം തീരുമാനിച്ചു: "മലങ്കരയോഗത്തിൻ്റെ മുമ്പിൽ കുറ്റമില്ലാത്തവരായിരിക്കാൻവേണ്ടി സ്വന്തംകാര്യം നോക്കണം. കയത്താനോസിനെ കൂടാതെ അവനവൻ്റെ കഴിവുപോലെ വന്ന കാര്യങ്ങൾക്കുവേണ്ടി സ്വന്തം നിലയിൽ പ്രയത്നിക്കണം. ഇത്തവണ കാര്യം ഫലിച്ചില്ലെങ്കിൽ വല്ലവിധവും ഭിക്ഷ യാചിച്ചിട്ടെങ്കിലും തുർക്കികളുടെ രാജ്യത്തെ കൽദായ പാത്രിയർക്കാ മാർ യൗസേപ്പ് ഇരിക്കുന്ന ന്യൂപെർക്കിം എന്ന സ്ഥലത്തു ചെന്നു വല്ല മെത്രാന്മാരെയും നമ്മുടെ നാട്ടിലേക്കു കൊണ്ടു പോയിട്ടെങ്കിലും ഈ പരദേശികളുടെ ദാസ്യത്തിൽനിന്നു രക്ഷ പ്രാപിക്കണം.
ഇപ്രകാരം ആലോചിച്ചിരിക്കെ ഒരു ദിവസം രാജ്ഞിയുടെ കല്പന കരിയാറ്റിക്കു ലഭിച്ചു. അതിപ്രകാരമായിരുന്നു: “താങ്കളുടെ പുണ്യ ജീവിതവും വിജ്ഞാനവും പ്രശംസനീയമായ ഗുണവിശേഷങ്ങളും കണ്ടറിഞ്ഞ് താങ്കളെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തായായി നാമനിർദ്ദേശംചെയ്യാൻ രാജ്ഞി തിരുമനസ്സുകൊണ്ടു പ്രസാദിച്ചിരിക്കുന്നു. "
കരിയാറ്റിയുടെ മെത്രാഭിഷേകം
കരിയാറ്റി മല്പാൻ, ലിസ്ബണിലെ പേപ്പൽ പ്രതിനിധിയുടെ പക്കൽച്ചെന്ന് മെത്രാൻ സ്ഥാനാരോഹണത്തിനാവശ്യമായ പരിശോധനകളെല്ലാം കഴിപ്പിച്ചു. യഥാകാലം കരിയാറ്റിയുടെ തെരഞ്ഞെടുപ്പിന് റോമായിൽനിന്നു മാർപാപ്പയുടെ അംഗീകാരവും വന്നു. മെത്രാഭിഷേകത്തിന്റെ ചെലവിനായി രാജ്ഞി വലിയൊരു തുക (4000 ക്രൂസാഡോ) അനുവദിക്കുകയും ചെയ്തു. കരിയാറ്റിലാൻ താമസിച്ചിരുന്ന ബനഡിറ്റൈൻ ആശ്രമത്തിലെ അദ്ധ്യക്ഷനും മറ്റു വൈദികരും മെത്രാഭിഷേകത്തിന്റെ ചുമതലകൾ ഏറ്റെടുത്തു. 1783 ഫെബ്രുവരി 17-ാം തീയതി പ്രസ്‌തുത ആശ്രമത്തിൽവച്ച് അദ്ദേഹം കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തായായി അഭിഷേചിക്കപ്പെട്ടു.
ലിസ്ബണിലെ വിഷമതകൾ
കരിയാറ്റി മെത്രാപ്പോലീത്തായും പാറേമ്മാക്കലും തങ്ങളുടെ കാര്യങ്ങൾക്കായി പോർട്ടുഗലിലെ ആഭ്യന്തരമന്ത്രി പൊന്തെ ദെലീമ പ്രഭുവിനെ ആശ്രയിച്ചത് ഇന്ത്യൻകാര്യങ്ങളുടെ മന്ത്രിയായിരുന്ന മാർട്ടിൻ ഡെ മെല്ലിന് ഇഷ്‌ടമായില്ല. അതുകൊണ്ട് തുടർന്നുള്ള കാര്യങ്ങളിൽ അയാൾ താല്‌പര്യമെടുത്തില്ല. കരിയാറ്റിമല്‌പാനെ മെത്രാപ്പോലീത്തായാക്കിയതിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നു. കരിയാറ്റി മെത്രാപ്പോലീത്താ മറ്റു മെത്രാൻമാരെ വാഴിച്ചാൽ പോർട്ടുഗലിന്റെ 'പദ്രോവാദോ' അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു സ്വതന്ത്ര സഭാ ഭരണസംവിധാനം ഭാരതത്തിലുണ്ടാവില്ലേ എന്നതായിരുന്നു അവരുടെ ഭയം.
മാർത്തോമ്മാമെത്രാൻ്റെ സഭാപുനരൈക്യത്തിനുള്ള ശ്രമങ്ങൾ കരിയാറ്റി മെത്രാപ്പോലീത്താ തുടർന്നുകൊണ്ടേയിരുന്നു. അത്ഭുതമെന്നോണം മാർത്തോമ്മാ മെത്രാനെ സോപാധികം സഭയിലേക്കു സ്വീകരിക്കാൻ കരിയാറ്റി മെത്രാപ്പോലീത്തായെ അധികാരപ്പെടുത്തുന്ന ഒരു തീരുമാനം റോമായിൽനിന്നു താമസിയാതെ വരികയും ചെയ്തു.
മാർ കരിയാറ്റിയുടെ ആകസ്‌മികമായ നിര്യാണം
വളരെയേറെ തടസ്സങ്ങൾക്കുശേഷം നാട്ടിലേക്കു തിരികെപോകാനുള്ള അനുമതി അവർക്കു ലഭിച്ചു. യാത്രച്ചെലവിനുള്ള തുക രാജ്ഞി അനുവദിച്ചു. 1785 ഏപ്രിൽ 20 നു മടക്കയാത്ര ആരംഭിച്ചു.
1786 മാർച്ച് 18 ന് കപ്പൽ സിലോൺ ദ്വീപിന് സമീപമെത്തി. തുടർന്നുള്ള യാത്രയെക്കുറിച്ച് വർത്തമാനപ്പുസ്‌തകം ഒന്നും പറയുന്നില്ല. കപ്പൽ 1786 മെയ് ആരംഭത്തിൽ ഗോവായിലെത്തി. ഗോവ മെത്രാപ്പോലീത്തായുടെ സഹകരണത്തോടുകൂടിവേണം മാർത്താമ്മാ മെത്രാനെ കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കാൻ എന്നു റോമായിൽനിന്നു നിർദ്ദേശിച്ചിരുന്നതുകൊണ്ട് അക്കാര്യങ്ങളെക്കുറിച്ചാലോ ചിക്കാനാണ് അവർ ഗോവയിലേക്കു പോയത്. എന്നാൽ അവിടെവച്ച് സെപ്റ്റംബർ ഒമ്പതിന് സംശയാസ്‌പദമായ സാഹചര്യത്തിൽ മാർ കരിയാറ്റി ദിവംഗതനായി. നസ്രാണികളെ സംബന്ധിച്ച് അപരിഹാര്യമായ ഒരു നഷ്ടമായിരുന്നു അത്. കരിയാറ്റിയുടെ അകാലനിര്യാണം ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ഐക്യസാദ്ധ്യതയ്ക്കു വലിയ മങ്ങലേല്പിച്ചു.
രോഷാകുലരായ ജനത്തെ അനുനയിപ്പിക്കാനായി പോർട്ടുഗീസുകാർ പാറേമ്മാക്കൽ തോമ്മാക്കത്തനാരെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു. പോർട്ടുഗീസുഭാഷയിൽ "ഗോവർണദോർ" എന്നദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തെ മെത്രാനാക്കണമെന്നുള്ള നസ്രാണിസമുദായത്തിന്റെ നിരന്തരമായ അഭ്യർത്ഥന യാഥാർത്ഥ്യമായില്ല. മെത്രാൻ സ്ഥാനം ലഭിക്കാതിരുന്നതിനാൽ, കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടാൻ ആഗ്രഹിച്ചിരുന്ന പുത്തൻകൂർ സഭാധ്യക്ഷനെ സ്വീകരിക്കാനുള്ള അധികാരം പാറേമ്മാക്കലിന് ഇല്ലാതെയുംപോയി.
രാഷ്ട്രീയ കാരണങ്ങളാൽ ആസ്ഥാനങ്ങൾ മാറിമാറിയാണ് അഡ്മിനിസ്ട്രേറ്റർ ഭരണം നടത്തിയത്. ആദ്യം അങ്കമാലിയിലും ടിപ്പുവിന്റെ ആക്രമണത്തെ തുടർന്ന് വൈക്കത്തിനടുത്തുള്ള വടയാറിലും ഒടുവിൽ രാമപുരത്തും താമസിച്ച് അദ്ദേഹം സഭാനേതൃത്വശുശ്രൂഷ നിർവ്വഹിച്ചു. കൊല്ലക്കാലം മാതൃസഭയ്ക്കു പ്രഗത്ഭമായ നേതൃത്വം നൽകിയശേഷം 1799 മാർച്ച് 20 ന് അദ്ദേഹം നിര്യാതനായി. തുടർന്ന് മാർത്തോമ്മാനസ്രാണികൾ വരാപ്പുഴ കേന്ദ്രമാക്കി ഭരിച്ചിരുന്ന (പ്രൊപ്പഗാന്താ) വികാരി അപ്പസ്തോലിക്കാമാരുടെ കീഴിലായി.
പാറേമ്മാക്കൽ സ്വന്തവസതിയിൽ വർത്തമാന പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചിരുന്നു. മരണശേഷം അവ ബന്ധുക്കളുടെ കൈവശമായി. തുടർന്ന് പല പകർപ്പുകളും ഈ വിശിഷ്ടഗ്രന്ഥത്തിനുണ്ടായി. മാർത്തോമ്മാനസ്രാണികളുടെയിടയിൽ വർത്തമാനപ്പുസ്തകം വളരെ വേഗത്തിൽ പ്രചരിച്ചു. ആരംഭകാലം മുതല്ക്കേ വർത്തമാനപ്പുസ്‌തകത്തിനു നസ്രാണികളുടെ മതജീവിതത്തിൽ നിർണ്ണായകമായ സ്വാധീന മുണ്ടായിരുന്നു. സഭാജീവിതത്തിലും ഭരണസംവിധാനങ്ങളിലും ഇതിൻ്റെ അലയടികൾ ദൃശ്യമായി.
പുസ്തകം നിരോധിക്കപ്പെടുന്നു
1855 മുതൽ 1868 വരെ വരാപ്പുഴയുടെ വികാരി അപ്പസ്തോലിക്കായായിരുന്ന മോൺ. ബർണർദീന്റെ നേതൃത്വത്തിൽ 1862 ൽ കൊല്ലം, മംഗലാപുരം, വരാപ്പുഴ എന്നിവിടങ്ങളിലെ കർമ്മലീത്താ വികാരി അപ്പസ്തോലിക്കാമാരുടെ ഒരു സിനഡ് വരാപ്പുഴയിൽ നടന്നു. സിനഡിലെ പിതാക്കന്മാർ വർത്തമാനപ്പുസ്‌തകം നിരോധിച്ചു. നിരോധന ഉത്തരവടങ്ങിയ റിപ്പോർട്ട് പിതാക്കന്മാർ റോമിലേക്ക് അയച്ചുകൊടുത്തു. അതിപ്രകാരമായിരുന്നു:
ഇതിനു മറുപടിയായി പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ പ്രീഫെക്ട്, മോൺ. ബർണർദീന് ഇപ്രകാരമെഴുതി: “പാറേമ്മാക്കലിയെന്റ ഗ്രന്ഥത്തെക്കുറിച്ചും അതു സഭയിൽ വരുത്തിക്കൊണ്ടിരിക്കുന്ന നിരാശാജനകമായ ഫലങ്ങളെക്കുറിച്ചും താങ്കൾ എഴുതിയത് ഞാനിപ്പോൾ ഓർമ്മിക്കുന്നു. തന്മൂലം അപകടകരമായ സ്ഥിതിവിശേഷങ്ങളുള്ളതിനാൽ താങ്കളുടെ വികാരിയാത്തിൽ അതു നിരോധിക്കുന്നത് ശരിയായ നടപടിയാണ്. അതിൽ യാതൊരു സംശയത്തിനും അവകാശമില്ല. പരിശുദ്ധ സിംഹാസനം ഇതിനെ നിരോധിക്കണം എന്നുണ്ടെങ്കിൽ പുസ്‌തകത്തിന്റെ ഒരു കോപ്പിയും അതിൻ്റെ വിവർത്തനവും റോമിലേക്ക് അയച്ചുതരിക."
നിരോധനം അസാധു!
തന്റെ ഭരണസീമയിൽപ്പെട്ട സഭാതനയർ രചിക്കുന്നതും പ്രസിദ്ധീകരിക്കുന്നതുമായ പുസ്‌തകങ്ങളിൽ വിശ്വാസത്തിനും സന്മാർഗ്ഗത്തിനും വിരുദ്ധമായി എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാൻ മോൺ. ബർണർദീന് അവകാശമുണ്ടായിരുന്നു. എന്നാൽ, അന്നത്തെ സഭാനിയമപ്രകാരം, പുസ്‌തകങ്ങൾ ഇൻഡക്സിലാക്കാനും നിരോധിക്കാനും പരിശുദ്ധ സിംഹാസനത്തിനും അതിനായി പ്രത്യേകം നിയോഗിക്കപ്പെടുന്ന തിരുസംഘത്തിനും മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. പ്രൊപ്പഗാന്തായുടെ തലവനും ഇക്കാര്യത്തിൽ പ്രത്യേക അധികാരമൊന്നുമില്ലായിരുന്നു. റോമായിലേക്ക് പുസ്‌തകവും വിവർത്തനവും അയച്ചുകൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതുതന്നെ അതിനാലാണ്. നിയമപരമായി തനിക്കില്ലാത്ത അധികാരമാണ് മോൺ. ബർണർദീൻ ഉപയോഗിച്ചത്. റോമായിൽനിന്ന് പുസ്‌തകം നിരോധിച്ചിട്ടുമില്ല. ആയതിനാൽ ബർണർദീൻ്റെ നിരോധനത്തിനു സാധുതയില്ല.
ആരോപണങ്ങളുടെ അവാസ്‌തവികത
വർത്തമാനപ്പുസ്‌തകത്തിൻ്റെ ഗ്രന്ഥകാരനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാം.
'മിഷനറിമാരെ അപമാനിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടതാണ്' ഈ ഗ്രന്ഥം എന്നതാണ് മുഖ്യാരോപണം. ഇതിനു തെളിവുകളൊന്നും ഹാജരാക്കാൻ അവർക്കുണ്ടായിരുന്നില്ല. പാറേമ്മാക്കൽ തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഗ്രന്ഥത്തിൽ വ്യക്തമായി അവതരിപ്പിക്കുന്നുണ്ടുതാനും. സഭയുടെ ഉപരിനന്മ മാത്രമേ അദ്ദേഹത്തിനു ലക്ഷ്യമായുണ്ടായിരുന്നുള്ളു. നസ്രാണികൾക്ക് സ്വന്തമായി മെത്രാന്മാരുണ്ടാകണം, സഭയിൽ ഐക്യം സംജാതമാകണം എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ. തങ്ങൾക്കെതിരായ ആരോപണങ്ങളെ യുക്തി ഭദ്രമായി ഖണ്ഡിക്കാൻ അദ്ദേഹം ബഹുസാമർത്ഥ്യം കാട്ടുന്നുണ്ടെന്നുള്ളതു വാസ്തവമാണ്.
മാർപാപ്പയെ ബഹുമാനിക്കുന്നില്ല എന്നു വർത്തമാനപ്പുസ്‌തകത്തിൽ കാണുന്ന ആരോപണം മലബാറുകാർക്കെതിരെ മിഷനറിമാർ പലപ്പോഴും അടിസ്ഥാനരഹിതമായി ഉന്നയിച്ചിട്ടുള്ളതാണ്. ഉദയംപേരൂർ സൂനഹദോസ് നടത്തിയ മെനേസിസ് മെത്രാപ്പോലീത്തായും ഇത്തരം ആരോപണം ഉയർത്തിയിരുന്നല്ലോ. യഥാർത്ഥത്തിൽ വർത്ത മാനപ്പുസ്‌തകം മാർപാപ്പയോടും പേപ്പൽ അധികാരികളോടും വലിയ ആദരവും ബഹുമാനവും പുലർത്തുന്നുണ്ട്. യാത്രാവേളയിലുടനീളം കരിയാറ്റിയും പാറേമ്മാക്കലും അതു പ്രകടിപ്പിക്കുന്നുമുണ്ട്. വളരെയേറെ പണം ചെലവഴിച്ചും ജീവൻ പണയംവച്ചുകൊണ്ടുപോലും ക്ലേശകരമായ യാത്ര അവർ നടത്തിയത് റോമായിലുള്ള പാപ്പായെ കാണുന്നതിനായിരുന്നു; അദ്ദേഹത്തിൽ വിശ്വാസം ഉള്ളതുകൊണ്ടായിരുന്നു. പാപ്പായെ കാണുമ്പോൾ കരിയാറ്റിയും പാറേമ്മാക്കലും പെരുമാറുന്ന രീതിതന്നെ ഇതു തെളിയിക്കുന്നു. എത്ര വിനയത്തോടെയാണ് അവർ അവിടെ വ്യാപരിക്കുന്നത്. എത്ര സ്നേഹത്തോടെയാണ് പാപ്പാ അവരെ സ്വീകരിക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതും. യാത്രയുടെ മുഴുവൻ ഉദ്ദേശ്യം, പാപ്പായെ സന്ദർശിച്ച് മാർത്തോമ്മാ നസ്രാണികളുടെ വിധേയത്വം അറിയിച്ച് നസ്രാണിപൈതൃകം വീണ്ടെടുക്കുന്നതിനും സഭൈക്യം സാധിതമാക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു.
ഗ്രന്ഥത്തിൽ പലയിടങ്ങളിൽ പേപ്പൽ അധികാരികളോടുള്ള ബഹുമാനക്കുറവ് കാണുന്നുണ്ടെങ്കിൽ അതിൻ്റെ കാരണങ്ങളും ഗ്രന്ഥകാരൻ അതതവസരങ്ങളിൽ നല്‌കുന്നുണ്ട്. അതിന്റെ യുക്തിഭദ്രത ആർക്കും ചോദ്യം ചെയ്യാനാവില്ല.
പ്രൊപ്പഗാന്താതിരുസംഘത്തിനും മറ്റു തിരുസംഘങ്ങൾക്കു മെതിരെ തോമ്മാക്കത്തനാർ എഴുതി എന്നതാണ് മറ്റൊരു ആരോപണം. മറ്റു തിരുസംഘങ്ങളെക്കുറിച്ചു വർത്തമാനപ്പുസ്‌കത്തിൽ പരാമർശമേയില്ലാത്തതിനാൽ ഈ ആരോപണത്തിൻ്റെ വാസ്തവികത ഊഹിക്കാമല്ലോ. പ്രൊപ്പഗാന്തയുടെ മിഷനറി പ്രവർത്തനങ്ങളെ ഗ്രന്ഥകാരൻ ശ്ലാഘിക്കുന്നുണ്ട്. പതിനൊന്നു വർഷക്കാലം പ്രൊപ്പഗാന്താ കോളേജിൽ പഠിച്ചയാളാണ് കരിയാറ്റി. അവർ കൊണ്ടുചെന്ന രണ്ടു സെമിനാരിക്കാരെ പ്രൊപ്പഗാന്താ അധികാരികൾ സ്വീകരിക്കുന്നുണ്ട്. അവർ സമർപ്പിച്ച നിവേദനത്തിൽ പത്തു വിദ്യാർത്ഥികളെക്കൂടി സ്വീകരിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ഇതിലെല്ലാം പ്രൊപ്പഗാന്താ തിരുസംഘത്തോട് അവർക്കുണ്ടായിരുന്ന ആദരവ് പ്രതിഫലിക്കുന്നുണ്ട്. തിരുസംഘത്തെ പ്രശംസിക്കുന്ന അവർ അതിൻ്റെ ചൈതന്യത്തിനു വിരുദ്ധമായി പ്രവർത്തിച്ച കാർഡിനൽ കസ്തെല്ലി, മോൺ. ബോർജ്യാ തുടങ്ങിയവർക്കെതിരെ പ്രതികരിക്കുന്നുണ്ട് എന്നതു വാസ്‌തവമാണ്. ഓഫീസിനെയോ അധികാരത്തെയോ കുറ്റപ്പെടുത്താതെ വ്യക്തികളുടെ പെരുമാറ്റത്തെ വിമർശിക്കാനുള്ള സഭാസ്നേഹവും ആർജ്ജവവുമാണ് പാറേമ്മാക്കൽ ഇവിടെയൊക്കെ പ്രദർശിപ്പിക്കുന്നത്.
സഭാധികാരികൾക്കെതിരായ നിഷേധത്തിനും വിപ്ലവത്തിനും സുറിയാനിക്കാരെ വർത്തമാനപ്പുസ്‌തകം പ്രേരിപ്പിക്കുന്നു എന്നതാണ് വലിയ ആരോപണം. കർമ്മലീത്താ മിഷനറിമാരെയാണ് സഭാധികാരികൾ എന്നതുകൊണ്ട് അവർ വിവക്ഷിച്ചത്. അവരുടെ ക്രൂരമനസ്ഥിതിയും സങ്കുചിത ചിന്താഗതികളും വർത്തമാനപ്പുസ്‌തകം വെളിച്ചത്തു കൊണ്ടുവരുന്നു എന്നതു നേരാണ്. മലബാർ നസ്രാണികളുടെ ഐക്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധയില്ലാതെ അധികാരസ്ഥാനത്തിരുന്ന ലത്തീൻ മിഷനറിമാരെ വർത്തമാനപ്പുസ്തകം വിമർശിക്കുന്നുമുണ്ട്. അധികാരികൾ എന്നു വിളിക്കപ്പെടുന്നവർ നമ്മുടെ സഭാസമൂഹത്തോടു ചെയ്തിരുന്നതെന്താണെന്ന് പ്രൊപ്പഗാന്താതിരുസംഘത്തിന്റെ 1774 ലെ ഒരു രേഖ വെളിവാക്കുന്നുണ്ട്.
ഇപ്രകാരം ക്രൂരമായി പ്രവർത്തിച്ചിരുന്നവരെക്കുറിച്ചു പോലും വർത്തമാനപ്പുസ്തകം എത്രയോ മിതവും സൗമ്യവുമായ ഭാഷയിലാണ് സംസാരിക്കുന്നത്! യൂറോപ്യൻ കർമ്മലീത്താ മിഷനറിമാരുടെ പ്രവൃത്തിദോഷങ്ങളുടെ വളരെ ചെറിയ സൂചനകൾ മാത്രമേ വർത്തമാന പുസ്തകം നല്‌കുന്നുള്ളൂ.
മുൻവിധികൾ, സംശയം, ഭയം എന്നിവയായിരുന്നു വർത്തമാന പുസ്‌തകത്തിന്റെ നിരോധനത്തിനു പിന്നിൽ എന്നു വ്യക്തമാണ്. സുറിയാനിക്കാർ ലത്തീൻകാർക്കെതിരെ ഒന്നിച്ച് ആസൂത്രിതമായി എന്തെങ്കിലും നീക്കങ്ങൾ നടത്തുമോ എന്ന ശങ്കയും അവർക്കുണ്ടായിരുന്നു. തങ്ങളുടെ നിലനിൽപ്പിൽമാത്രം താല്‌പരരായിരുന്ന അവർ നസ്രാണികളെ ഒന്നിപ്പിക്കുന്നതിനു സാധ്യതയുള്ള ഒരു കാര്യവും അനുവദിക്കാൻ തയ്യാറായിരുന്നില്ല. അസത്യപ്രേരിതമായ മുൻവിധികളോടെയുള്ള ബർണർദീൻ്റെ ഈ നിരോധനം അസാധുവാണെന്നത് സുവിദിതമാണ്. വർത്തമാനപ്പുസ്‌തകത്തിൻ്റെ കോപ്പികൾ നശിപ്പിക്കാനുള്ള സംഘടിത നീക്കം തുടർച്ചയായി ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടേയിരുന്നു. അടിച്ചമർത്തിയ ലത്തീൻ ഭരണത്തിനിടയിലും വർത്തമാനപ്പുസ്‌തകത്തിൻ്റെ കുറെ കയ്യെഴുത്തുപ്രതികൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടുപോന്നു.
വർത്തമാനപ്പുസ്‌തകത്തിന്റെ അതിജീവനം
മലങ്കരയിലെ സുറിയാനിക്കാരുടെ മെത്രാനായി 1886 ൽ പ്രൊപ്പഗാന്താ നിയമിച്ച മോൺ. മർസലൈൻ ഏഴുപുന്ന പാറായിൽ ഉറുമീസ് തരകന്റെ പക്കലുണ്ടായിരുന്ന വർത്തമാനപ്പുസ്‌തകത്തിൻ്റെ മൂലപ്രതി വായിച്ചതിനുശേഷം 'കേരളത്തിലെ സത്യമതത്തിൻ്റെ ചരിത്രം' (The History of the true Religion in Kerala) എന്ന പേരിൽ ഒരു ഗ്രന്ഥമെഴുതി. തിരികെ നല്‌കിയ കയ്യെഴുത്തുപ്രതിയിൽ 13-ാം പദ (അധ്യായം) ത്തിന്റെ അവസാന ഭാഗം മുതൽ 17-ാം പദത്തിന്റെ ആദ്യ ഭാഗംവരെയുള്ള പേജുകൾ നഷ്‌ടപ്പെട്ടിരുന്നു. വർത്തമാനപ്പുസ്തകത്തിന്റെ മൂലകയ്യെഴുത്തുപ്രതിയുടെ ഭാഗികമായ നാശത്തിന് ഇത് കാരണമായി.
കയ്യെഴുത്തുപ്രതികൾ വെളിച്ചത്തിലേക്ക്
1896 ൽ സുറിയാനിക്കത്തോലിക്കർക്കായി, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി കേന്ദ്രമാക്കി, മൂന്നു തദ്ദേശീയ വികാരി അപ്പസ്തോലിക്കാമാർ നിയമിതരായി. വിജാതീയടിമത്തത്തിൽനിന്നു സ്വതന്ത്രരായതോടെ വർത്തമാനപ്പുസ്‌തകത്തിൻ്റെ പുരാതന കയ്യെഴുത്തുപ്രതികൾ സമൂഹമദ്ധ്യേ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി. കുമ്പളം വികാരി പറപ്പള്ളിൽ വേഴപ്പറമ്പിൽ യൗസേപ്പുകത്തനാർ 1898 ൽ മൂലഗ്രന്ഥത്തിൽനിന്നും വർത്തമാനപ്പുസ്‌തകം പകർത്തി. 1902 ൽ ചെത്തിപ്പുഴയിലെ സി.എം.ഐ. സന്ന്യാസവൈദികർ മൂലഗ്രന്ഥത്തിൽനിന്നും മറ്റൊരു കോപ്പിയെടുത്തു. കുര്യാളശേരിൽ തോമ്മാക്കത്തനാരാണ് (പിന്നീട് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത) കയ്യെഴുത്തുപ്രതികളിൽ കാണപ്പെടുന്ന ലത്തീൻ, ഇറ്റാലിയൻ പ്രയോഗങ്ങൾ മൂലഗ്രന്ഥത്തിൽ നിന്നും പകർത്തിയെഴുതിയത്. 1903 ൽ അതിരമ്പുഴയിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ സഹോദരപൗത്രനായ പാറേമ്മാക്കൽ മത്തായി കത്തനാർ വർത്തമാനപ്പുസ്‌തകത്തിൻ്റെ മറ്റൊരു കയ്യെഴുത്തു പ്രതിയുണ്ടാക്കി.
വർത്തമാനപ്പുസ്തകത്തിൻ്റെ നാലു കൈയെഴുത്തുപ്രതികളാണ് ഇന്നു നമ്മുടെ അറിവിലുള്ളത്. (1) എഴുപുന്ന പാറായിൽ ഉറുമീസു തരകന്റെ കൈവശമിരുന്ന മൂലപ്രതി, (2) കുമ്പളം വികാരിയായിരുന്ന വേഴപ്പറമ്പിൽ യൗസേപ്പു കത്തനാർ 1898 ൽ പകർത്തിയത്, (3) 1902-ൽ ചെത്തിപ്പുഴ കർമ്മലീത്താ വൈദികർ പകർത്തിയെടുത്തത് (4) 1903-ൽ പാറേമ്മാക്കൽ മത്തായി കത്തനാർ എഴുതിയെടുത്ത പകർപ്പ്. ഇവയ്ക്കു പുറമേ വരാപ്പുഴ അരമനയിൽ ഒരു കൈയ്യെഴുത്തുപ്രതിയുണ്ടെന്നു പറയപ്പെടുന്നു.
ഇവയിൽ ഉറുമീസ് തരകൻ്റെ കൈവശമുണ്ടായിരുന്ന കൈയ്യെഴുത്തുപ്രതിയിൽ മാത്രം “പകർപ്പ്" എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇതിലെ മുഖവുരയുടെ അവസാനം "ഇതു മിശിഹാ പിറന്നിട്ടു 1785 -ാം കാലം കന്നിമാസം 1-ാം തീയതി (1785 സെപ്‌തംബർ 1) പാറേമ്മാക്കൽ തൊമ്മൻ കത്തനാരു എഴുത്ത" എന്നു കാണുന്നു. തുടർന്ന് 'തോമ്മാ കശീശാ' എന്നു സുറിയാനിയിൽ എഴുതി ഒപ്പിട്ടിരിക്കുന്നു. സുറിയാനിയിൽ ഒപ്പിട്ടിരിക്കുന്നയാളും ഗ്രന്ഥം എഴുതിയ ആളും ഒന്നുതന്നെയാണെന്ന് അക്ഷരങ്ങളുടെ വടിവിലും മഷിയുടെ നിറത്തിലുംനിന്നു മനസ്സിലാക്കാം. ആശയവും വാക്യഘടനയും ശരിപ്പെടുത്താനായി ഈ കയ്യെഴുത്തുപ്രതിയിൽ വാക്കുകളും വാക്യങ്ങൾതന്നെയും വെട്ടിത്തിരുത്തിയിട്ടുണ്ട്, മേലെഴുത്തും മാർജിനിൽ എഴുത്തും കാണുന്നുണ്ട്. പകർത്തുന്നവർ ഇത്രമാത്രം തിരുത്തേണ്ടി വരികയില്ലല്ലോ. ഈ പ്രതിയിൽ ചില അക്ഷരങ്ങൾ തമിഴ് അക്ഷരമാലയിലെ വടിവിലാണ് എഴുതിയിട്ടുള്ളത്; മറ്റു കൈയ്യെഴുത്തുപ്രതികളിൽ ആധുനിക മലയാള അക്ഷരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്."
വേഴപ്പറമ്പിലച്ചന്റെ കൈവശമുണ്ടായിരുന്ന കയ്യെഴുത്തുപ്രതിയും തരകന്റെ പക്കലുണ്ടായിരുന്ന കയ്യെഴുത്തുപ്രതിയും തമ്മിൽ വലിയ അന്തരമില്ല. തരകൻ്റെ പ്രതിയിൽ വിട്ടുപോയിട്ടുള്ളവ വേഴപ്പറമ്പിൽ അച്ചന്റെ പ്രതിയിൽ ചേർത്തിട്ടുണ്ട്. തരകന്റെ പ്രതിയിൽ വിട്ടുപോയിട്ടുള്ളതോ ആരോ കീറിയെടുത്തിട്ടുള്ളതോ ആയ ഭാഗങ്ങൾ വേഴപ്പറമ്പിലച്ചന്റെ പ്രതിയിലുമില്ല. തരകൻ്റെ പ്രതികളിൽ കാണുന്ന ഇറ്റാലിയൻ, പോർട്ടുഗീസ്, ലത്തീൻ പദങ്ങളെല്ലാം അതിലുള്ള തെറ്റുകളോടു കൂടിത്തന്നെ ഇതരപ്രതികളിലും കാണുന്നു.
ഉറുമീസ് തരകന്റെ പിതാമഹനു പാറേമ്മാക്കൽ കുടുംബവുമായിയുണ്ടായിരുന്ന ബന്ധവും കരിയാറ്റി മല്‌പാനെയും തോമ്മാക്കത്തനാരെയും റോമായിലേക്കയയ്ക്കാൻ ചെലവാക്കിയ തുകയുടെ വലിപ്പവും പരിഗണിക്കുമ്പോൾ പാറേമ്മാക്കലിൻ്റെ ഗ്രന്ഥം തരകന്റെ കുടുംബത്തിൽ കാണപ്പെട്ടതിൽ വിസ്‌മയത്തിനു വകയില്ല. ഈ സംഗതികളെല്ലാം പരിഗണിക്കുമ്പോൾ തരകന്റെ കൈവശമുണ്ടായിരുന്നതാണ് മൂലപ്രതിയെന്നു സംശയലേശമെന്യേ അനുമാനിക്കാം..
അച്ചടിക്കപ്പെട്ട പ്രതികൾ
പാറേമ്മാക്കൽ മത്തായിക്കത്തനാരുടെ പക്കലുണ്ടായിരുന്ന (1903) പകർപ്പിന്റെ അവസാനം "ഇതു ഗോവർണദോരച്ചന്റെ സ്വന്തം കൈപ്പട പുസ്തകത്തിൽനിന്നും പകർത്തിയതാണ്" എന്നു പ്രസ്താവിച്ചിരിക്കുന്നു. ആ പ്രതി ഉപയോഗിച്ചാണ് പ്ലാത്തോട്ടത്തിൽ ലൂക്കാ മത്തായി 1936 ൽ അതിരമ്പുഴ സെൻ്റ് മേരീസ് പ്രസ്സിൽനിന്നും വർത്തമാനപ്പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. ഉറുമീസ് തരകന്റെ മൂലപ്രതിയെ ആധാരമാക്കിയാണ് 1977 ൽ തേവരയിൽനിന്നും ജനതാ സർവ്വീസ് വർത്തമാനപ്പുസ്‌തകം പ്രസിദ്ധീകരിച്ചത്. 1989 ൽ കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠം (OIRSI) ഇതു പുനഃപ്രസിദ്ധീകരിച്ചു. വർത്തമാനപ്പുസ്‌തകത്തിൻ്റെ ആധുനികഭാഷാന്തരം പ്രഫ. മാത്യു ഉലകംതറ നിർവ്വഹിച്ചതു 1983 ൽ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1994 ൽ ഇടമറ്റത്തുനിന്നു ഇതു പുനപ്രസിദ്ധീകരിക്കപ്പെട്ടു. വർത്തമാനപ്പുസ്‌തകത്തിൻ്റെ ചെത്തിപ്പുഴ, അതിരമ്പുഴ കയ്യെഴുത്തുപ്രതികളെ ആധാരമാക്കി പൊടിപാറ പ്ലാസിഡച്ചൻ ഈ വിശ്രുത ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയിലേക്കു വിവർത്തനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഓറിയാന്താലിയ ക്രിസ്ത്യാനാ അനലെക്‌താ സീരീസിൽ 190-ാം നമ്പറിൽ 1971 ലാണ് ഇതു പ്രസിദ്ധീകൃതമായത്. വർത്തമാനപ്പുസ്‌തകത്തിൻ്റെ ദീർഘമായ ഈ ചരിത്രം തന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
ഭാരതത്തിലെ മാർത്തോമ്മാനസ്രാണികളുടെ സഭാജീവിതത്തിൽ വിശുദ്ധഗ്രന്ഥത്തിന് എന്നും പരമപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. വേദപുസ്‌തകാധിഷ്ഠിതമായ ആദ്ധ്യാത്മികത നയിച്ചിരുന്നവരായിരുന്നു നസ്രാണികൾ. വേദപുസ്‌തകദർശനത്തിൽ അടിസ്ഥാനപ്പെടുത്തിയ ഒരു സഭാജീവിത ശൈലിയായിരുന്നു അവരുടേത്. അതാണ് അവരുടെ ദൈവാരാധനയിലും ആദ്ധ്യാത്മികതയിലും സഭാഭരണസംവിധാനങ്ങളിലും പ്രകടമായിരുന്നത്.
നസ്രാണികളുടെ ബൈബിൾആഭിമുഖ്യം ഏറ്റവും സ്‌പഷ്ടമായി പ്രകടമാക്കുന്ന ആധികാരിക ചരിത്ര ഗ്രന്ഥം വർത്തമാനപ്പുസ്‌തകമാണ്. നസ്രാണിസമൂഹത്തിനു വിശ്വാസബോദ്ധ്യവും ധൈര്യവും നല്‌കുന്നതിനുവേണ്ടി നിർല്ലോഭമായി ബൈബിൾ ഭാഗങ്ങൾ ഗ്രന്ഥകാരനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഉദ്ധരിക്കുന്നു. ഗ്രന്ഥകാരനും സമൂഹവും ബൈബിളിൽ ആഴമേറിയ അവഗാഹമുള്ളവരാണെന്ന് ഇതിലെ വിപുലമായ ബൈബിൾ പരാമർശങ്ങൾ സൂചിപ്പിക്കുന്നു.
വർത്തമാനപ്പുസ്‌തകത്തിലുപയോഗിച്ചിരുന്ന വിശുദ്ധഗ്രന്ഥവാക്യങ്ങളുടെയും സൂചനകളുടെയും ഉറവിടങ്ങൾ തേടിയുള്ള യാത്രയാണ് ഈ അദ്ധ്യായം. ബൈബിൾ വിജ്ഞാനീയത്തിൻ്റെ അക്ഷയഖനിയായ വർത്തമാനപ്പുസ്തകം മുഴുവനിലും ആരുടെയും ചിന്താമണ്ഡലത്തെ മഥിക്കത്തക്കവിധം സങ്കീർണ്ണമായ ബൈബിൾ ഉദ്ധരണികൾ, പരാമർശങ്ങൾ, കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവ നിറഞ്ഞുനിൽക്കുന്നു. വി. ഗ്രന്ഥത്തിൽ നോക്കി പകർത്തിയെഴുതിയതല്ലാത്തതിനാൽ ഉദ്ധരണികൾക്ക് ഇന്നത്തെ ഉദ്ധരണികൾക്കുള്ളതുപോലുള്ള കൃത്യത കാണില്ല. പാറേമ്മാക്കൽ വർത്തമാനപ്പുസ്‌തകത്തിൽ ഉപയോഗിച്ചിരിക്കുന്ന വേദപുസ്തക ഉദ്ധരണികളാണ് തുടർന്നു നൽകുന്നത്.
വർത്തമാനപ്പുസ്‌തകം ബൈബിൾ ഉറവിടങ്ങൾ
18. എന്നാൽ ദുഷ്ടടനായ ആഹാവ് എന്ന ഇസ്രായെലിന്റെ രാജാവിൻ്റെ തറവാട്ടിന്നു ഹരം വരുത്തുവാൻ ഉടയതമ്പുരാൻ തിരുമനസ്സായ നെരത്തുനിവ്യാന്മാരുടെ മക്കളിൽ ഒരുത്തനെ രഹസ്യത്തിൽ ഏലിശനിവ്യാ വിളിച്ച് നാംമ്സിയായുടെ മകനായ യൊസാപ്പത്തിന്റെ മകൻ യെഹൂ എന്ന പടത്തലവനെ ഇസ്രായെലിന്റെ രാജാവായിട്ടു പൂശുവാനായിട്ടു പറഞ്ഞയച്ചാറെ ഇവൻ പടപുരുഷാരത്തോടുകൂടെ ഏഹു എന്നവൻ ഇരിക്കുന്നിടത്തു ചെന്നു അവനെ വെറെ വിളിച്ച് ഒരു മുറിയിൽ കിടത്തി വാതിലും അടച്ചു ഇസ്രായെലിന്റെ രാജാവു അവൻ അതെ ആകുന്നു എന്നും ദുഷ്ട ആഹാവിന്റെ തറവാടു ഒക്കെയും ഹരം വരുത്തുവാൻ അത്രെ ഉടയതമ്പുരാന്റെ കല്പന ആകുന്നു എന്നും അവനൊടു പറഞ്ഞെച്ചു വാതിലും തുറന്നു ഓടിപൊകയും ചെയ്തു. അതിന്റെ ശെഷം ഏഹു എന്നവൻ തന്റെ പടപുരുഷാരം ഇരിക്കുന്ന എടത്തു ചെന്നപ്പോൾ ആ ഭ്രാന്തൻ ഇത്ര രഹസ്യമായിട്ടു പറഞ്ഞതു എന്തൊരു വസ്തു ആകുന്നു എന്നു തന്റെ കീഴുള്ള പടപുരുഷാരം ചോദി ഏലീശാ പ്രവാചകൻ നിവ്യൻമാരുടെ ഗണത്തിൽ ഒരുവനെ വിളിച്ചു പറഞ്ഞു. അരമുറുക്കി ഒരു പാത്രം തൈലമെടുത്ത് റാമേസ്‌ഗെല ആദിലേക്കു പോവുക. അവിടെയെത്തിയ മ്‌ശിയുടെ പുത്രനായ യാഹൊയെ അന്വേഷിക്കുക. അവന്റെ തലയിൽ തൈലം ഒഴിച്ചുകൊണ്ട് പറയുക.... ഇസ്രായേലിന്റെ രാജാവായി ഞാൻ നിന്നെ അഭിഷേകം ചെയ്തിരിക്കന്നു (2 രാജാ. 9:1-3). അവൻ എഴുന്നേറ്റു പോയി ഇപ്രകാരം ചെയ്‌തു (2 രാജാ. 9:6). അവൻ പറഞ്ഞു: നീ നിന്റെ യജമാനനായ ആഹാബിൻ്റെ ഭവനത്തെ നശിപ്പിക്കണം (2 രാജാ. 9:7). യാഹൊ തന്റെ.... സേവകരുടെ അടുത്തുവന്നപ്പോൾ അവർ ചോദിച്ചു. 'എന്താണ് വിശേഷം? ആ ഭ്രാന്തൻ എന്തിനാണ് നിന്റെ അടുത്തു വന്നത്? അവനും അവന്റെ സംസാരരീതിയും നിങ്ങൾക്കു പരിചിതമാണല്ലോ...' ഇസ്രായേലിന്റെ രാജാവായി നിന്നെ ഞാൻ അഭിഷേകം ചെയ്യുന്നു എന്നു കർത്താവ് അരുൾചെയ്യുന്നു എന്ന് അവൻ എന്നോടു പറഞ്ഞു. അവർ തിടുക്കത്തിൽ തങ്ങളുടെ മേലങ്കി പടിയിൽ വിരിച്ചിട്ട് കാഹളം മുഴക്കി വിളംബരം ചെയ്തു. യാഹൊച്ചതിനു ഈ മാനുഷൻ ആരെന്നും തന്റെ വചനങ്ങൾ എങ്ങിനെ ആയിരിക്കുന്നു എന്നും നിങ്ങൾ നല്ലവണ്ണം അറിഞ്ഞല്ലൊ ഇരിക്കുന്നു എന്നു ഏഹു ഉത്തരിച്ചാറെ അവൻ പറഞ്ഞതു ഭോഷ്ക്കതെ ആകുന്നതു. എന്നാലും നീ ഞങ്ങളൊടു പറഞ്ഞാലും എന്നു പടപുരുഷാരം പറയുകയും ഏഹുവും ഇസ്രായെലിന്റെ രാജാവായിട്ടു നിന്നെ ഞാൻ പൂശി ഇരിക്കുന്നു എന്നു കർത്താവു അരുളിച്ചെയ്‌തിരിക്കുന്നു എന്നു എന്നൊടു പറഞ്ഞുപൊയി എന്നിങ്ങനെ ഫലിതമായി അവരൊടു പറഞ്ഞു കെൾപ്പിക്കയും ചെയ്‌താറെ ആയതുകെട്ട ഉടൻ പടയാളികളുടെ ഹൃദയത്തിൽ ഉടയ തമ്പുരാൻ എരുവു തൊന്നിച്ചതിനാൽ പടയാളികൾ ഓരോരുത്തൻ ഒട്ടും താമസിയാതെ തങ്ങൾ തങ്ങളുടെ കുപ്പായം നിലത്തു വച്ചു ഒരു സിംഹാസനംപോലെ ഉണ്ടാക്കി ആയതിന്മേൽ ഏഹു വെകരെറ്റി ഇരുത്തി തങ്ങളുടെ രാജാവായിട്ടു കൈക്കൊൾകയും ഉടൻതന്നെ യെഹു പുറപ്പെട്ടു ദുഷ്ട ആഹാവിന്റെ തറവാടു ഒക്കയും ഹരം വരുത്തുകയും ചെയ്തു.
ആയതിന്റെ സമ്മാനമായിട്ടു നാലു കരിന്തലയൊളം ഇസ്രായെലിന്റെ രാജിതം തന്റെ തറവാട്ടിൽതന്നെ ദൈവം കൊടുക്കയും ചെയ്തു (406-407). രാജാവായിരിക്കുന്നു (2 രാജാ 9:11-13). യാഹൊ ആഹാബു ഗൃഹത്തിൽ ശേഷിച്ചിരുന്ന എല്ലാവരെയും അവന്റെ ഉറ്റ സ്നേഹിതരെയും പുരോഹിതന്മാരെയും ഒന്നൊഴിയാതെ കൊന്നൊടുക്കി (2 രാജാ 10:11). കർത്താവ് യാഹൊവിനോട് പറഞ്ഞു. നീ എന്റെ ഇംഗിതമനുസരിച്ച് ആഹാബിന്റെ ഭവനത്തോടു വർത്തിച്ചതിനാൽ നിൻ്റെ പുത്രന്മാർ നാലു തലമുറവരെ ഇസ്രായേലിന്റെ സിംഹാസനത്തിൽ വാഴും(2 രാജാ 10:30).
104, അതെന്തെന്നാൽ മാർ പൌലൊസു പറയുന്നതുപൊലെ അരൂപിക്കടുത്ത വസ്‌തുക്കളിൽ തങ്ങളെ തുണക്കുന്ന ജനങ്ങൾക്ക് ശരീരത്തിനടുത്തതു ചിറ്റാഴ്‌മ ചെയ്യുന്നതു വലിയ കാര്യമല്ല എന്നു അറിഞ്ഞു കൊണ്ടു അവർക്ക് ദിഷ്ടതി ആയ വസ്‌തുക്കളിൽ തുണക്കുന്നതുകൊണ്ടു ഒരു ദാരിദ്ര്യവും പഞ്ഞവും വർദ്ധിക്ക അല്ല (417). ഞങ്ങൾ നിങ്ങളുടെയിടയിൽ ആത്മീയ നന്മകൾ വിതച്ചെങ്കിൽ നിങ്ങളിൽനിന്നു ഭൗതികഫലങ്ങൾ കൊയ്യുന്നത് അധികപ്പറ്റാണോ? (1 കൊറി 9:11).
105. ത്രാെണൊസിന്ന് ചിറ്റാഴ‌്മ ചെയ്യുന്നവൻ ത്രാെണൊസിൽ നിന്നും വ്യാപിക്കപ്പെടുന്നതും മദ്ബഹായിൽ വെലചെയ്യുന്നവൻ മദബഹായിൽ നിന്നും യാവന കൈക്കൊള്ളുന്നതും ദൈവകല്പന ആകുന്നു (427). ദൈവാലയ ജോലിക്കാർക്കുള്ള ഭക്ഷണം ദൈവാലയത്തിൽനിന്നാണെന്നും ബലിപീഠത്തിലെ ശുശ്രൂഷകർ ബലിവസ്‌തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ (1 കൊറി. 9:13)
106. നമ്മുടെ കർത്താവിൻ്റെ ശ്ലീഹന്മാരും പഴെ കാലങ്ങളിൽ ഉണ്ടായ ശു. മെത്രാൻമാരും ലൊകരുടെ കാഴ്ച കൈക്കൊള്ളുവാനും ആയതുകൊണ്ടു ജീവിപ്പാനും മര്യാദി ആയിരുന്നപൊലെ... (428).സുവിശേഷപ്രഘോഷകർ സുവിശേഷം കൊണ്ട് ഉപജീവനം കഴിക്കണമെന്ന് കർത്താവ് കല്പ്പിച്ചിരിക്കുന്നു (1 കൊറി 9:14)
107. തമ്മിൽ തമ്മിൽ തികയപ്പെട്ട ഉപവിയൊടും കൂടെ ഏകശരീരത്തിന്റെ സന്ധുക്കൾ അത്ര ആകുന്നു എന്നു വിചാരിച്ചു നടപ്പാനും... (239)നാമെല്ലാവരും-യൂദരാകട്ടെ, വിജാതീയരാകട്ടെ, അടിമകളാകട്ടെ, സ്വതന്ത്രരാകട്ടെ-ഓരേ ആത്മാവിൽ ഏകശരീരമായി മാമ്മോദീസാ സ്വീകരിക്കുകയും എല്ലാവരും ഓരേ ആത്മാവിനെ പാനം ചെയ്യുകയും ചെയ്തിരിക്കുന്നു (1 കൊറി 12:13).
108. ഉടയതമ്പുരാന്റെ അറ്റമില്ലാത്ത മനോഗുണത്താലെ (35).ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ് (1 കൊറി 15:10
109. ഇനിയും തന്റെ്റെ അളവില്ലാത്ത കരുണയാൽ നമ്മുടെ ജനങ്ങളുടെ അമളിയും ഞെരുക്കവും തീർത്തു രക്ഷിപ്പാനുള്ളതിനും മനസ്സൊക്കൊയോടും കൂടി മുട്ടിപ്പാലെ തന്നൊടു അപേക്ഷിക്കാൻ കടമായിരിക്കുന്നു (380). പ്രാർത്ഥനയിൽ സ്ഥിരതയോടെയും ഉണർവോടെയും വർത്തിക്കുവിൻ.... സ്തോത്രം ചെയ്യുവിൻ (കൊളോ 4:2).
110. ശൂ ഏവൻഗെലിയെൻ വഴിയായിട്ടു കർത്താവ് പഠിപ്പിച്ചിരിക്കുന്നതു.... (430). കർത്താവായ ഈശോമിശിഹാ തൻ്റെ സുവിശേഷത്തിലൂടെ പഠിപ്പിച്ചവ (2 തെസാ 1:8).
111. അതെന്തെന്നാൽ മാനുഷൻ്റെ ഹൃദയത്തിൽ ഉള്ളതു ഈ മാനുഷൻ അല്ലാതെ മറ്റു ആർക്കും അറിഞ്ഞുകൂടാ എന്നു മാർ പൌലൊസു പറയുകയും നാമെല്ലാവരും ഇതു പരീക്ഷിച്ച് അറിഞ്ഞു... (428). അവരുടെ ഉള്ളിൽ എന്താണെന്നോ, ഏതുകാര്യമാണ് അവർ പറഞ്ഞു സ്ഥാപിക്കുന്നതെന്നോ അവർക്കുതന്നെ അറിഞ്ഞുകൂടാ (1 തിമോ 1:7).
112. തന്റെ മാണിക്കമായ ചൊരയാലെയും കുരിശുമരണത്താലെയും ആയതു ഒപ്പു കുത്തുകയും ചെയ്തു (219). മിശിഹാ വളരെപ്പേരുടെ പാപങ്ങൾ ഉന്മൂലനം ചെയ്യുന്നതിന് ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു. (എബ്രാ 9:28). ഈശോയുടെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുവാൻ നമുക്ക് മനോധൈര്യമുണ്ട്. എന്തെന്നാൽ തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു (എബ്രാ 10:19-20).
123. നമ്മുടെ ലോകരെ പിടിച്ചു തകർത്ത പൊളിച്ച ചോരയും കുടിച്ച ചൊരയുടെ ഉഗ്രവും മത്തും കൊണ്ടു ഉല്ലസിച്ച മദിച്ച ബോധവും കെട്ടു രസിച്ചും മദിച്ചും ഇരുന്ന എത്രയും ക്രൂരപ്പെട്ട വ്യാഘ്റം തന്റെ തലയെ തകർക്കുവാൻ തക്ക എത്രയും മൂർച്ചയുള്ള ഒരു ചവളം തന്റെ തലയുടെ നടുവെ തറക്കപ്പെട്ടു എന്നു കണ്ടപ്പോൾ പാരം പരിഭ്രമിച്ചു (385). കടലിൽനിന്നും കയറി വരുന്ന ഒരു ഭീകരമൃഗത്തെ ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലകളും (വെളി 13:1).
വർത്തമാനപ്പുസ്തകം എത്രമാത്രം വേദപുസ്‌തകത്തിൽ മുങ്ങിക്കുളിച്ചാണു നില്ക്കുന്നതെന്നു മുകളിൽ കണ്ട വിശുദ്ധഗ്രന്ഥ ഉദ്ധരണികൾ വിളിച്ചറിയിക്കുന്നുണ്ട്. പഴയനിയമവും പുതിയനിയമവും ഒരു പോലെ അവസരോചിതമായി ഉപയോഗിക്കാൻ സമർത്ഥനാണു പാറേമ്മാക്കൽ. പഴയനിയമത്തിലെ മസ്മോറേ അഥവാ സങ്കീർത്തനഗ്രന്ഥത്തിന്റെ സ്വാധീനമാണ് ഏറ്റവും കൂടുതലുള്ളത്. പുതിയനിയമത്തിലെ സുവിശേഷരംഗങ്ങളും മൂല്യങ്ങളും ഗ്രന്ഥകാരൻ്റെ മനസ്സിലോടിയെത്തുന്നതു തികച്ചും സ്വാഭാവികമാണല്ലോ. വി. മത്തായി അറിയിച്ച സുവിശേഷമാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.
വേദപുസ്തകജ്ഞാനത്തിൽ ഗ്രന്ഥകാരൻ്റെ നൈപുണ്യം
വി. ഗ്രന്ഥത്തിൽ അതിനിപുണനായ വ്യക്തിയാണ് വർത്തമാന പുസ്‌തകത്തിന്റെ ഗ്രന്ഥകർത്താവ്. പഴയനിയമവും പുതിയനിയമവും ഒരുപോലെ സന്ദർഭമനുസരിച്ച് അദ്ദേഹം ഉദ്ധരിക്കുകയും സാഹചര്യ ങ്ങൾക്കനുസൃതമായി ഉചിതമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അനർഗ്ഗളമായ ഈ വ്യാഖ്യാനശൈലി തികച്ചും സ്വാഭാവികതയുള്ളതും നൈസർഗ്ഗികവുമാണ്. ഓരോ സന്ദർഭത്തിനും ഏറ്റവും അനുയോജ്യമായ വി. ഗ്രന്ഥഭാഗമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. ആ സന്ദർഭത്തിൽ ഉദ്ധരിച്ചിരിക്കുന്നതിനേക്കാൾ അനുയോജ്യമായ ഒരു ഭാഗം വി. ഗ്രന്ഥത്തിൽ നമുക്കു കണ്ടെത്തുക എളുപ്പമല്ല. വി. ഗ്രന്ഥത്തിലെ സൂചനകളും ഉദ്ധരണികളും സമകാലിക സഭാജീവിതസംഭവങ്ങളുമായി ബന്ധപ്പെടുത്തുന്നതിലാണ് അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പ്രകടമാകുന്നത്.
സഭാപിതാക്കന്മാരുടെ ആഖ്യാനശൈലി
പലതരത്തിലും സഭാപിതാക്കന്മാരുടേതിനു സമാനമാണ് പാറേമ്മാക്കലിന്റെ വിശുദ്ധഗ്രന്ഥ ആഖ്യാനശൈലി. ദൈവവചനകേന്ദ്രീകതമായ ദൈവശാസ്ത്രചിന്തയുടെ ഉടമയാണദ്ദേഹം. വിശുദ്ധഗ്രന്ഥത്തിൽ അനാവരണം ചെയ്യപ്പെടുന്ന ചിന്താഗതികളും ആദ്ധ്യാത്മിക ദർശനങ്ങളും സാംസ്ക്‌കാരിക പൈതൃകവുമാണ് വർത്തമാനപ്പുസ്തകത്തിലും നിഴലിക്കുന്നത്. ദൈവശാസ്ത്രമെന്നത് വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും വ്യക്തി-സമൂഹജീവിതങ്ങളുടെയും ഒന്നിച്ചൊഴുകലും വളർച്ചയുമാണെന്ന കാഴ്‌ചപ്പാടാണ് പിതാക്കന്മാരുടെ ചിന്തയുടെ സവിശേഷത. പാറേമ്മാക്കലിന്റെ കാഴ്‌ചപ്പാടും മറ്റൊന്നല്ല എന്നതിനു മികച്ച തെളിവാണ് വർത്തമാനപ്പുസ്തകം.
മാർ അപ്രേമിൻ്റെ വിശുദ്ധഗ്രന്ഥവ്യാഖ്യാനശൈലിയെക്കുറിച്ചു സുറിയാനി പണ്‌ഡിതനായ കൂനമ്മാക്കൽ തോമ്മാക്കത്തനാർ എഴുതുന്നതു പാറേമ്മാക്കലിനെ സംബന്ധിച്ചും വാസ്തവമാണ്. "സെമിറ്റിക് ശൈലിയിൽ അദ്ദേഹം വേദഗ്രന്ഥം വ്യാഖ്യാനിച്ചുപോകുമ്പോൾ ബൈബിൾലോകം എവിടെ അവസാനിക്കുന്നു, അപ്രേമിന്റെ ലോകം എവിടെ ആരംഭിക്കുന്നു എന്നു തിരിച്ചറിയാനാവാത്ത വിധമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനശൈലി." കൂനമ്മാക്കൽ തുടരുന്നു: “തന്റെ വേദ ശാസ്ത്രചിന്തകളും വി. ഗ്രന്ഥവാക്യങ്ങളും വേർതിരിക്കാനാവാത്ത വിധം പിരിച്ചുകെട്ടി ഒന്നാക്കുന്ന ശൈലിയാണത്." വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ വേദശാസ്ത്രകാഴ്‌ചപ്പാടുകളിലൂടെയാണ് അവരിരുവരും ജീവിതയാഥാർത്ഥ്യങ്ങളെ നോക്കികാണുന്നത്. "വിശുദ്ധഗ്രന്ഥത്തിലേക്കു സദാ ഓടിക്കയറുന്ന" സഭാപിതാക്കന്മാരുടെ ശൈലിതന്നെയാണ് വർത്തമാനപ്പുസ്‌തകം മുഴുവനിലും പാറേമ്മാക്കൽ അവലംബിച്ചിരിക്കുന്നതും.
ഉദ്ധരണികൾ പ്ശീത്താബൈബിളിൽനിന്ന്
സുറിയാനിസഭയുടെ വേദപുസ്‌തകമായ പ്‌ശീത്താ'യാണ് വർത്ത മാനപ്പുസ്‌തകത്തിൽ പാറേമ്മാക്കൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ കാണുന്ന ബാവാ, ഈശോ, മ്ശിഹാ, റൂഹാ, ശ്ലീഹാ, മാമ്മോദീസാ, ക്യന്താപ്പെരുന്നാൾ (ഉയിർപ്പുതിരുനാൾ), റൂശ്‌മ (സ്ലീവാ അടയാളത്തിലുള്ള ആശീർവാദം), ഒപുശ്‌മ (ലേപനകൂദാശ), കൂദാശ, നിവ്യാ (പ്രവാചകൻ), മർത്ത് (വിശുദ്ധ), കന്തീശങ്ങൾ (വിശുദ്ധർ), സഹദാ (രക്ത സാക്ഷി), കൗറാ (കബറടക്കം), മെസെൻ (ഈജിപ്ത‌്) തുടങ്ങിയ അറമായ-സുറിയാനി പദങ്ങൾതന്നെ ഇതിനു മതിയായ തെളിവാണ്. യേശു, ക്രിസ്തു, അപ്പോസ്തോലൻ, തുടങ്ങിയ ഗ്രീക്ക്-ആംഗ്ലേയ സ്വാധീനമുള്ള മലയാളപദങ്ങൾ ഇതിൽ കാണില്ല. ബൈബിളിലെ വി. ഗ്രന്ഥങ്ങളുടെ പേരുകളെല്ലാം പ്ശീത്താ ബൈബിളിലേതാണ്. ഉദാഹരണത്തിന്, ബ്രീസാ (സൃഷ്ടി, ഉല്‌പത്തി), തെന്ന്യൻനമോസ (നിയമാവർത്തനം), ഹക്‌മസ റബ്‌സ (വിജ്ഞാനഗ്രന്ഥം), മസ്മോറേ (സങ്കീർത്തനങ്ങൾ), പ്രക്സെന്ന (ശ്ലീഹന്മാരുടെ നടപടി). വാക്യരീതികളുടെ താരതമ്യത്തിലും വർത്തമാനപ്പുസ്‌തക ഉദ്ധരണികൾ സുറിയാനിയോടു കൂടുതൽ ബന്ധം പുലർത്തുന്നു. സുറിയാനി പൈതൃകത്തോടുള്ള പൊതുവായ ആദരവിൻ്റെ ഭാഗമായി ഇതിനെ കണക്കക്കാം. അനുദിനം വി. ഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന ഒരാൾക്കു മാത്രമേ ഇപ്രകാരം അവസരത്തിനനുസൃതമായി അനായാസം വി. ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കാൻ സാധിക്കൂ.
സങ്കീർത്തനഗ്രന്ഥത്തിൻ്റെ പ്രാമുഖ്യം
സങ്കീർത്തനഗ്രന്ഥത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രാവശ്യം വർത്തമാനപ്പുസ്‌തകഗ്രന്ഥകാരൻ ഉദ്ധരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഈശോയുടെ പ്രാർത്ഥനാഗ്രന്ഥമായിരുന്ന മസ്മോറേയ്ക്കു പൗരസ്ത‌്യ സുറിയാനി സഭയുടെ യാമപ്രാർത്ഥനകളിൽ വലിയ പ്രാധാന്യമുണ്ട്. അല്‌മായരുൾപ്പെടെയുള്ളവർ ദിവസവും യാമ പ്രാർത്ഥന ചൊല്ലിയിരുന്ന പൗരാണികസഭയിലെ അംഗമായ പാറേമ്മാക്കലിന്റെ രചനകളിൽ ശക്തമായ മസ്മോറേബന്ധം പ്രതിഫലിക്കുന്നതു സ്വാഭാവികംമാത്രം. ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യാശ കൈവിടാതെ, അപകടങ്ങളിൽ ദൈവത്തിലാശ്രയിക്കുകയും, ദുഃഖങ്ങളിൽ വിലപിക്കുകയും വിജയങ്ങളിൽ അവിടുത്തെ സ്തുതിക്കുകയും, എല്ലാം ദൈവഹിതത്തിനനുസൃതം നീങ്ങാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന സങ്കീർത്തകൻ്റെ സ്ഥാനത്താണ് കരിയാറ്റിയും പാറേമ്മാക്കലും വർത്തമാനപ്പുസ്‌തകത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ ആരാധനാധിഷ്‌ഠിത ആദ്ധ്യാത്മികതയാണ് മസ്മോറേ ഗ്രന്ഥത്തിലെ ദൈവഭക്തൻ്റെ പ്രാർത്ഥനകൾ ഉദ്ധരിക്കുന്നതിലൂടെ വെളിപ്പെടുന്നത്.
രക്ഷാകരചരിത്രത്തിൻ്റെ നൈരന്തര്യം
വി. ഗ്രന്ഥസ്വാധീനത്തിൽ നിന്നുരുത്തിരിയുന്ന വചനാധിഷ്ഠിതമായ ഒരു ആദ്ധ്യാത്മികതയാണ് വർത്തമാനപ്പുസ്തകത്തിൽ പ്രകാശിതമാകുന്നത്. സ്വന്തം ജീവിതത്തിൽ നേരിടുന്നതും അനുഭവിക്കുന്നതുമെല്ലാം വി. ഗ്രന്ഥത്തിൻ്റെ വെളിച്ചത്തിൽ കാണുന്നതിനു ഗ്രന്ഥകാരനു സാധിക്കുന്നു. വി. ഗ്രന്ഥത്തിൻ്റെ തണലിൽ വളരുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്കു മാത്രമേ ജീവിതസംഭവങ്ങളുടെ മധ്യേ ദൈവവചനത്തിലേക്കു തിരിയാൻ കഴിയൂ. ഏതു ജീവിതസാഹചര്യത്തിലും വി. ഗ്രന്ഥത്തിലൂടെയുള്ള ഒരു അന്വേഷണവും തീർത്ഥാടനവും ഈ ഗ്രന്ഥത്തിൽ പ്രകടമാണ്. വി. ഗ്രന്ഥത്തിലെന്നതുപോലെ ജീവിതം രക്ഷാകരസംഭവത്തിൻ്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുകയാനിവിടെയും. വചനസംഭവങ്ങളുടെ ആവർത്തനമോ (repetition) ലളിത ചത്കരണമോ (simplification) അല്ല ഇവിടെ സംഭവിക്കുന്നത്. വർത്ത മാനപ്പുസ്തകത്തിൽനിന്നു വായനക്കാരനു ലഭിക്കുന്ന ബോദ്ധ്യമിതാണ്: നമ്മൾ രക്ഷാകരചരിത്രത്തിൻ്റെ ഭാഗമാണ്. രക്ഷാകരചരിത്രം നമ്മുടെ ജീവിതത്തിലൂടെ തുടരുന്നു. മിശിഹായിൽ പൂർണ്ണമായെങ്കിലും രക്ഷാകരചരിത്രം നമ്മിലൂടെ അന്ത്യഘട്ടത്തിലേക്കു നീങ്ങുന്നു. നമുക്കു മുമ്പേ കടന്നുപോയവർ നമുക്കു മാതൃകകളാണ്.
താൻ മുറുകെപ്പിടിക്കുന്ന ഏതെങ്കിലും ആശയമോ, വാദഗതിയോ സമർത്ഥിക്കുന്നതിനുവേണ്ടി വി. ഗ്രന്ഥം ഉദ്ധരിക്കുന്ന രീതിയല്ല പാറേമ്മാക്കലിന്റേത്. മറിച്ച്, രക്ഷാകരചരിത്രത്തിലെ സംഭവങ്ങൾക്കു സമാനമായി സഭയുടെ ജീവിതത്തിലെ സംഭവങ്ങളെ മനസ്സിലാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ബൈബിളിലെ സംഭവങ്ങളും വ്യക്തികളും പ്രമേയങ്ങളും തനിക്കു ചുറ്റും ഇന്നും അരങ്ങേറുന്നതായി അദ്ദേഹം കാണുന്നു. സഭയുടെ ജീവിതാനുഭവങ്ങളിലൂടെ അവ ഇന്നും സജീവമാണ്. വി. ഗ്രന്ഥത്തിലെ അനുഭവങ്ങളെ സ്വന്തം അനുഭവങ്ങളായി ഗ്രന്ഥകാരൻ കാണുന്നു. അവയുമായി ഗ്രന്ഥകാരൻ താദാത്മ്യപ്പെടുന്നു. രക്ഷാകരചരിത്രത്തിൽ സംഭവിച്ചതെല്ലാം നമ്മുടെ ചരിത്രത്തിലും പ്രതിഫലിക്കുന്നുണ്ട് എന്ന ബോദ്ധ്യം വി.ഗ്രന്ഥത്തെ നമ്മുടെ പാദങ്ങൾക്കു വിളക്കും വഴികളിൽ പ്രകാശവുമായി സ്വീകരിക്കാൻ സഹായിക്കുന്നു.
ജീവിതവ്യാഖ്യാനത്തിനുള്ള സുവർണ്ണ മാനദണ്ഡം
സ്വന്തം ജീവിതാനുഭവങ്ങളെ വി.ഗ്രന്ഥത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാണാനും അവയിൽനിന്നും പ്രചോദനം സ്വീകരിക്കാനുമാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. തിരുലിഖിതങ്ങളുടെ വെളിച്ചത്തിൽ മാത്രമേ സ്വന്തം ജീവിതാനുഭവങ്ങളെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാധിക്കു എന്നദ്ദേഹം വിശ്വസിക്കുന്നു. പരാജയ ഭീതിക്കിടയിലും ദൈവത്തിൻ്റെ മഹത്ത്വത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി അദ്ധ്വാനിക്കുവാൻ നമുക്കു കടമയുണ്ട് എന്നനുസ്മരിപ്പിക്കുന്നതാണ് വർത്തമാനപ്പുസ്‌തകവിവരണങ്ങൾ. ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവുമായി വി. ഗ്രന്ഥം എപ്രകാരം ഉപയോഗിക്കാം എന്നതിന് ഉത്തമ മാതൃകയാണിത്.
വി. ഗ്രന്ഥത്തിന്റെ പശ്ചാത്തലത്തിലാണ് കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും ജീവിതം വർത്തമാനപ്പുസ്‌തകത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്. ഏതു ജീവിതസംഭവത്തെയും വി. ഗ്രന്ഥത്തിന്റെ പ്രകാശത്തിൽ അവർ കാണുന്നു. അപരിചിതവും അപകടകരവുമായ സാഹചര്യങ്ങളിലൊന്നും അവർ ചഞ്ചലചിത്തരാകുന്നില്ല. പരാജയങ്ങളും ക്ലേശങ്ങളും അവരെ നിരാശരാക്കുന്നില്ല. തിരുലിഖിതങ്ങൾ അവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. ദാരുണമായ ക്ലേശങ്ങളിലും ക്രൂരമായ പീഡനങ്ങളിലും സാഹസികമായ ഞെരുക്കങ്ങളിലും തുടർച്ചയായ പരാജയങ്ങളിലും അവരുടെ വിശ്വാസം ക്ഷയിക്കുന്നില്ല. വർണ്ണ നാതീതമായ വേദനകളിലും പ്രയാസങ്ങളിലും അവർ വി. ഗ്രന്ഥത്തിലേക്കു തിരിയുന്നു. നമ്മുടെ കർത്താവീശോമിശിഹായും അവിടുത്തെ ശ്ലീഹന്മാരും അവർക്കു മുമ്പുണ്ടായിരുന്ന മൂശയും പ്രവാചകന്മാരും ഏലിയായും ദാവീദും സങ്കീർത്തകനും മറ്റു വി. ഗ്രന്ഥകഥാപാത്രങ്ങളും എപ്രകാരമാണ് സമാനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചതെന്നു മനസ്സിലാക്കുന്നു. അവർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദൃഢ ചിത്തരാകുകയും ചെയ്തു. സ്വർണ്ണം അഗ്നിയിൽ ശോധന ചെയ്യപ്പെടുന്നതുപോലെ സഹനത്തിൻ്റെ തീച്ചൂളയിലൂടെ കടന്നുപോയ അവർ സർവ്വോപരി പ്രശോഭിതരായി. ക്ലേശങ്ങളും വേദനകളും പരാജയങ്ങളും കൂടിക്കൂടി വന്നപ്പോൾ അവരുടെ വിശ്വാസം കൂടുതൽ കരുത്താർജ്ജിക്കുകയും അവരുടെ പ്രതീക്ഷ പൂർവ്വാധികം വർദ്ധമാനമാവുകയും ചെയ്തു. ഇപ്രകാരമുള്ള ഉറച്ച ആത്മീയസമാശ്വാസം പ്രാപിച്ചിരുന്നതുകൊണ്ടാണ് പാറേമ്മാക്കൽ വർത്തമാനപ്പുസ്‌തകത്തിൽ ഇങ്ങനെ കുറിച്ചുവച്ചത്.
വേദപുസ്‌തകശൈലിയിലുള്ള രചനാരീതി
പാറേമ്മാക്കൽ ചില ജീവിതസംഭവങ്ങൾ വിവരിക്കുന്നതു വി. ഗ്രന്ഥ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. ലിസ്ബണിൽനിന്നുള്ള മടക്കയാത്രതന്നെ ഉദാഹരണം.
അപ്പൊഴൊ മെൽപറഞ്ഞവണ്ണം ലിസ്ബൊ ആയിൽനിന്നും പുറപ്പെട്ടതിന്റെശേഷം നല്ല കാറ്റൊടും തക്കത്തൊടും കൂടെ വരുന്ന മദ്ധ്യ മിഥുനമാസം 13-ാം നു മാർ അന്തൊനീസു പുണ്യവാളന്റെ പെരുനാൾ ദിവസത്തിൽ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിഞ്ഞശേഷം കപ്പലിൽ അപ്പൊൾ കാത്തിരുന്ന മാൽവിക്കാരൻ കാറ്റിന്റെ ഓരം സുക്ഷിക്കാതെ പാകൾ ഏറ്റം പിടിക്കകൊണ്ടു കപ്പൽ ഒരു ഭാഗത്തൊട്ടു ഏറ്റം ചാഞ്ഞു ഓളങ്ങൾ കപ്പലിൽ കടക്കയും ഇങ്ങിനെ പൊടുക്കനെ ഒരു കലക്കം കപ്പലിൽ ആയി വരികയും ചെയ്തതിന്റെ ശെഷം കപ്പലിൻ്റെ കൂടാരത്തിന്നു കപ്പിത്താൻ ഈ മാൽവിക്കാരൻ ഇരിക്കുന്ന കപ്പലിൻ്റെ കൂടാരത്തിന്നു അരികെ ചെന്നു അവനെ കുറ്റപ്പെടുത്തി തിരകൾ ചുരുക്കുവാൻ കല്‌പിക്കയും അയതു ചുരുക്കിയ ഉടൻ കലക്കം അടങ്ങുകയും ചെയ്തു.
ഇതിന്റെ ശേഷം നല്ല കാറ്റൊടും സന്തൊഷത്തൊടും കൂടി കപ്പലിൽ ഒരു ദീനവും കെടും കൂടാതെ ലിസ്ബൊആയിൽ നിന്നും ഒളിച്ചു കപ്പലിൽ കരറിയെ ഒരു വാലിഭക്കാരണ്യ ആരും മരിക്കാതെയും നല്ല കാറ്റൊടും തക്കത്തൊടുംകൂടെ വരുന്ന മദ്ധ്യ മിഥുനമാസം 23-നു മാർ യൊഹന്നാൻ മാമ്മദാനായുടം പിറവിത്തിരുനാൾക്കു തലെ ദിവസം അമെരിക്ക എന്ന ഭൂമിയുടെ കെട്ടിലുള്ള ബയ്യാ എന്ന നഗരിക്കു വന്നു അടുത്ത സമയത്തിൽ നിനച്ചറിയാത്തവണ്ണം പാതിരാ നെരത്തു ഒരു പെരുംകാറ്റു പൊടുന്നനെ ഉണ്ടായി. ആ പെരുംകാറ്റു ഹെതുവാൽ കപ്പിത്താന്നു കുറെ പ്രയാസം കാൺകകൊണ്ടു കപ്പലിൻ്റെ പാകൾ ചുരുക്കുവാനായി കപ്പലിലുള്ള വെലക്കാറരിൽ പലരും പാമരത്തിന്മേൽ കരെറിയപ്പൊൾ പാമരത്തിൻ്റെ മുകളിൽ നില്ക്കുന്ന വെലക്കാരൻ അവിടെനിന്നും കാലുതെറ്റി അവൻ്റെ താഴെ നില്ക്കുന്നവൻ്റെ മെൽ വീഴുകയും ഇങ്ങിനെ അവർ രണ്ടുപെരും കൂടെ കടലിൽ വീഴുകയും പിന്നെ അവരെ കാണാൻ കൂടിയതും ഇല്ലാ. ആയതു ഉണ്ടായതിന്റെ ശേഷവും കാറ്റിനും മഴക്കും ഒരു പതം കൂടാതെ ഏറ്റം ഏറ്റം കൊടുത കൂരമായി വരുന്നതു കണ്ടതിനാംപക്കം ഈ കാറ്റു ഞങ്ങൾക്കു സഹായമായ കാറ്റായിരുന്നു എങ്കിലും പാരം ഓരാത്തതായിരിക്കകൊണ്ടും ഭൂമി കരയൊടടുത്ത സമയമാകകൊണ്ടും ആ കരയുടെ പ്രകൃതി സൂക്ഷിച്ചാൽ കപ്പൽ ചെന്നു കരയൊടു മുട്ടി വെളിക്കു പൊകുവാൻ എളുപ്പം ഉണ്ടെന്നു കാൺകകൊണ്ടും കപ്പലിൽ ഉള്ള ജനങ്ങൾ എല്ലാവർക്കും ഉണ്ടായ പരിഭ്രമവും വെദനയും എന്തു പറയാവതു.
നാടകീയമായ ഈ സംഭവവിവരണങ്ങൾ ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിന്റെ അവസാന ഭാഗത്തുകാണുന്ന പൗലോസ്ശ്ലീഹായുടെ സാഹസികമായ പ്രേഷിതയാത്രാവിവരണങ്ങൾക്കു സമാനമാണ്. റോമായിലേക്കുള്ള കപ്പൽയാത്രയിൽ കൊടുങ്കാറ്റിലും കപ്പൽനാശത്തിലുംപെട്ടു പലനാൾ ഭക്ഷണമില്ലാതെ അദ്രിയാക്കടലിലൂടെ ഒഴുകി നീങ്ങിയ പൗലോസ്ശ്ലീഹായുടെ അനുഭവം വിവരിക്കുന്ന ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകത്തിന്റെ (നട 27:1-44) സ്വാധീനം പാറേമ്മാക്കലിന്റെ ഈ വിവരണത്തിൽ ദൃശ്യമാണ്.
നസ്രാണി സമൂഹത്തിൻ്റെ വേദപുസ്‌തകജ്ഞാനം
ഗ്രന്ഥകർത്താവു മാത്രമല്ല, നസ്രാണി സമൂഹംമുഴുവനും വി. ഗ്രന്ഥജ്ഞാനത്തിൽ ഒട്ടും പിന്നിലായിരുന്നില്ല എന്നാണ് വർത്തമാന പുസ്തകത്തിലെ വിവരണങ്ങൾ തെളിയിക്കുന്നത്. സമൂഹത്തിനറിയാൻ കഴിയാത്തവ വിവരിച്ചു പറയുന്ന രീതിയിലല്ല. മറിച്ച്, അറിയുന്നവ സംക്ഷിപ്തമായി സൂചിപ്പിച്ചു കടന്നുപോകുന്ന രീതിയാണ് മിക്ക സന്ദർഭങ്ങളിലും പാറേമ്മാക്കൽ സ്വീകരിച്ചിരിക്കുന്നത്. നസ്രാണികൾ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി എഴുതപ്പെട്ട ചരിത്രഗ്രന്ഥത്തിൽ അവർക്കജ്ഞാതമായ വി. ഗ്രന്ഥസൂചനകൾ ഉപയോഗിക്കുമെന്നു ചിന്തിക്കുന്നതു യുക്തിയല്ലല്ലോ. നസ്രാണികൾക്കു പരിചിതമായ വി. ഗ്രന്ഥവചനങ്ങളുടെ വെളിച്ചത്തിൽ സഭാചരിത്രം വ്യാഖ്യാനിക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. പുതിയനിയമത്തോടൊപ്പംതന്നെ പഴയ നിയമവും മനസ്സിലാക്കിയിരുന്ന സമൂഹമായിരുന്നു നസ്രാണികളുടേത്. അവരുടെ ആദ്ധ്യാത്മികത തികച്ചും വി. ഗ്രന്ഥാധിഷ്ഠിതമായിരുന്നു.
ഉദാഹരണത്തിന്, നസ്രാണികൾ ലത്തീൻകാരുടെ കീഴിലനുഭവിച്ച യാതനകളെ അദ്ദേഹം ഇസ്രായേൽക്കാർ മെസ്രേനിൽ അനുഭവിച്ച അടിമത്തവുമായാണ് താരതമ്യപ്പെടുത്തുന്നത്." പുത്തൻകൂറ്റുകാർ പുനരൈക്യത്തിനായി ശ്രമിച്ചപ്പോൾ മിഷനറിമാർ അതിനെ എതിർത്തു. ഗോലിയാത്തിനെ നിഗ്രഹിച്ച ദാവീദിനെ അസൂയമൂത്തു കൊല്ലാൻ ശ്രമിച്ച ഓലിനോടാണ് ഇത്തരക്കാരെ പാറേമ്മാക്കൽ ഉപമിക്കുന്നത്.
കരിയാറ്റിക്കും പാറേമ്മാക്കലിനും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഇസ്രയേലിനെതിരെ സംസാരിച്ചതുകൊണ്ട് അന്ധരാക്കപ്പെട്ട സിറിയാക്കാരുടെ ഗതി വരുമെന്നോർപ്പിക്കുന്നു. ഇവർക്കെതിരെ പോർട്ടുഗലിലേക്കും റോമായിലേക്കും എഴുതിയവർക്ക് എസ്തേറിന്റെ പുസ്‌തകത്തിൽ പറയുന്ന ഹാമാന്റെ അനുഭവമാണ് ഉണ്ടാവുക എന്ന മുന്നറിയിപ്പു നൽകുന്നു. മാർത്തോമ്മാ നസ്രാണികളെ കബളിപ്പിച്ചവർക്ക് ഇസ്രായേൽ രാജകുടുംബത്തെ കൊന്ന 'അത്താല്യ' എന്ന ദുഷ്‌ട സ്ത്രീയുടെ ദൈന്യാവസ്ഥയാണുണ്ടാവുക എന്ന വിധിപ്രസ്‌താവന നടത്തുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരൻ. നസ്രാണികൾക്കെതിരെ പ്രവർത്തിച്ച ദുഷ്ടരായ മനുഷ്യർ ദുഷ്ടനായ ആഹാബും കുടുംബവും സംഹരിക്കപ്പെട്ടത് ഓർമ്മിക്കണം. ഇതുപോലുള്ള വേദപുസ്‌തകാധിഷ്ഠിത മുന്നറിയിപ്പുകളും പ്രതീക്ഷകളുമെല്ലാം ഈ ഗ്രന്ഥത്തിൽ ധാരാളമുണ്ട്.
ഉപസംഹാരം
വർത്തമാനപ്പുസ്‌തക ഗ്രന്ഥകർത്താവ് തൻ്റെ രചനാസ്രോതസായി ഉപയോഗിക്കുന്നത് വേദപുസ്‌തകമാണ്. അവയെ സഭാപിതാക്കന്മാരുടെ പഠനങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കുവാൻ പ്രത്യേക ചാതുര്യം പാറേമ്മാക്കൽ പ്രദർശിപ്പിക്കുന്നുണ്ട്. ദൈവിക വെളിപാടിന്റെ ഉറവിടത്തോടടുത്തു നിൽക്കുന്ന പൗരാണികവും വി. ഗ്രന്ഥാധിഷ്‌ഠിതവുമായ ഒരു ആദ്ധ്യാത്മികതയാണു നസ്രാണികൾക്കുണ്ടായിരുന്നതെന്നു വർത്തമാനപ്പുസ്‌തകം സാക്ഷിക്കുന്നു. അത്തരം ആത്മീയതയിലേക്കു തൻ്റെ വായനക്കാരും വളരണമെന്നതാണു വർത്തമാനപ്പുസ്‌തകകാരൻ്റെ ആഗ്രഹവും.
വർത്തമാനപ്പുസ്തക ഗ്രന്ഥകാരനായ പാറേമ്മാക്കൽ പഴയനിയമ ഇസ്രായേലിന്റെ തുടർച്ചയായാണ് നസ്രാണിസഭയെ കാണുന്നത്. തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം സമൃദ്ധമായി ഉദ്ധരിക്കുന്ന പഴയനിയമ സംഭവങ്ങളും വചനങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. ഇസ്രായേലാണു പഴയനിയമത്തിലെ ദൈവജനം. തൻ്റെ അതിരറ്റ കരുണയാലും സ്നേഹത്താലും ദൈവം തിരഞ്ഞെടുത്ത ജനമാണത്. പുറജാതികളുടെയും അവിശ്വാസികളുടെയുമിടയിൽ ദൈവവിശ്വാസം പുലർത്താനും അവർക്ക് ഒരടയാളമായിരിക്കാനുംവേണ്ടിയാണു ദൈവം അവരെ തിരഞ്ഞെടുത്തതും അടിമത്തത്തിന്റെ ഭവനത്തിൽനിന്നു വിമോചിപ്പിച്ചതും. ഈജിപ്തിലെ ക്രൂരവും കിരാതവുമായ മർദ്ദനങ്ങളിലും വേദനകളിലും നിന്നവരെ അവൻ മോചിപ്പിച്ചത് മൂശയിലുടെയാണ്. ബാബിലോണിലെ അടിമത്തം രണ്ടാമതൊരു പുറപ്പാടുസംഭവത്തിനു വഴിയൊരുക്കി. രക്ഷാകരചരിത്രത്തിന്റെ ഭാഗമായ അടിമത്തവും വിമോചനവും നസ്രാണിസഭയുടെ ചരിത്രത്തിലും ആവർത്തിക്കപ്പെടുന്നതായി വർത്തമാനപ്പുസ്തകകാരൻ ദർശിക്കുന്നു.
നസ്രാണിസഭ: തിരഞ്ഞെടുക്കപ്പെട്ട ജനം
ദൈവത്താൽ പ്രത്യേകവിധം തിരഞ്ഞെടുക്കപ്പെട്ട അവന്റെ സ്വന്തജനമായാണ് ഇസ്രായേൽ സമൂഹത്തെ വി. ഗ്രന്ഥം ചിത്രീകരിക്കുന്നത്. ഇതുപോലെ ദൈവത്തിൻ്റെ പ്രത്യേക തിരഞ്ഞെടുപ്പിനും പരിപാലനത്തിനും പാത്രീഭൂതരാണു തങ്ങളുമെന്നു മാർത്തോമ്മാ നസ്രാണികൾക്കുള്ള അവബോധം വർത്തമാനപ്പുസ്‌തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്.
കരിയാറ്റിയുടെയും പാറേമ്മാക്കലിൻ്റെയും ദുരിതപൂർണ്ണമായ റോമായാത്ര ഇസ്രായേൽക്കാരുടെ കാനാൻദേശത്തേക്കുള്ള യാത്രയ്ക്കു സമാനമായിരുന്നു. പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായപ്പോൾ അവർ ദൈവത്തിൽ ആശ്രയിച്ചു. പകൽ മേഘത്തൂണും രാത്രി അഗ്നി സംഭവുമെന്നപോലെ അവരുടെ ഓരോ ജീവിതാനുഭവത്തിലും ദൈവിക പരിപാലനം അവർ ദർശിച്ചു.' അതുപോലെ പ്രതിസന്ധികളെ തരണം ചെയ്യേണ്ടിവന്ന ഘട്ടങ്ങളിലൊക്കെയും അതു ദൈവിക ഇടപെടലാണെന്നു പാറേമ്മാക്കൽ പ്രസ്‌താവിക്കുന്നുണ്ട്. നിരവധി ഉദാഹരണങ്ങൾ വർത്തമാനപ്പുസ്‌തകത്തിൽ കാണാനാവും.
കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തായെ നിയമിച്ചുകിട്ടുന്നതിനുള്ള അപേക്ഷ ലിസ്ബണിലെ രാജ്ഞിക്കു സമർപ്പിക്കുന്നതിനെ കയത്താനോസു പാതിരി നിരുത്സാഹപ്പെടുത്തിയപ്പോൾ, എന്തു ചെയ്യണമെന്നറിയാതിരുന്ന കരിയാറ്റിക്കും പാറേമ്മാക്കലിനും മനസ്സിനു ധൈര്യം പകർന്നു നല്കിയ ജർന്മാൻ എന്നയാളിനെപ്പറ്റി പാറേമ്മാക്കൽ എഴുതുന്നതിപ്രകാരമാണ്: “തൻ്റെ മനൊഗുണത്തിന്നും കരുണക്കും അളവില്ലാത്ത ഉടെതമ്പുരാൻ മനക്ലെശവും സംശയവും ഉള്ള നെരത്തു ബുദ്ധിയും വിചാരവും ഇല്ലാത്ത അറിവില്ലാത്ത ആളുകളെങ്കിലും സ്നെഹവും വെണ്ടികയും ഉള്ളവരുടെ വിചാരവും ബുദ്ധിചൊല്ലും എത്ര പൊരുമെന്നും നല്ലവണ്ണം നമുക്കു കാട്ടിത്തരികയും ചെയ്‌തു.
പ്രൊപ്പഗാന്താദ്ധ്യക്ഷനായ കർദ്ദിനാൾ കസ്തെല്ലി രാത്രിയിൽ നിർദയം അവരെ പുറത്തിറക്കിവിട്ടപ്പോൾ സഹായത്തിനെത്തിയ "തമ്പുരാനെ പെടിയും ശെഷമുള്ളവരുടെ മെൽ ഉപവിയും ഉള്ള പീലിപ്പൊസ വ്യാജൊളി''യെ ദൈവപരിപാലനയുടെ ഭാഗമായാണ് അവർ കണ്ടത്. കരിയാറ്റി മെത്രാപ്പോലീത്തായായി നാമനിർദ്ദേശം ചെയ്യപ്പട്ട ശേഷം അഭിഷേകകർമ്മച്ചെലവിനുവേണ്ടി രാജ്ഞിക്കു സമർപ്പിച്ച അപേക്ഷയ്ക്കു മറുപടി കിട്ടിയപ്പോൾ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: "തൻ്റെ വലിയ മനഗുണത്തെ എല്ലായ്‌പഴും എല്ലാ അമളികളിൽനിന്നും ഞങ്ങളെ രക്ഷിച്ചുകൊണ്ടുപോരുന്ന ഉടയതമ്പുരാന്റെയും തമ്പുരാൻ പുത്രൻ്റെ അമ്മ മർത്ത്‌മറിയം ഉമ്മായൊടു വളരെ വളരെ നന്ദി കാട്ടിക്കൊണ്ടു വീട്ടിൽ പൊരികയും ചെയ്തു.
കരിയാറ്റിമല്പാൻ മെത്രാപ്പോലീത്തായായി നിയമിതനായപ്പോൾ പാറേമ്മാക്കൽ എഴുതി: “നമ്മുടെ പള്ളികളുടെ നെരെ ഉടയതമ്പുരാന്റെ പ്രത്യെകമുള്ള കടാക്ഷവും രക്ഷയുടെ അടയാളവും പ്രസിദ്ധമായി.'' “നമ്മുടെ ജാതിയുടേയും പള്ളിയുടേയും നേരെയുള്ള തമ്പുരാന്റെ പ്രത്യേക മനഗുണ"മായാണ് കരിയാറ്റിയുടെ മെത്രാൻസ്ഥാനത്തെ പാറേമ്മാക്കൽ കാണുന്നത്. "ഈ മനഗുണത്തിന് അവനോടു നന്ദി കാട്ടുവാൻ നമ്മുടെ ജാതി ഒക്കെയും കടമായിരിക്കുന്നു" എന്നും പാറേമ്മാക്കൽ കുട്ടിച്ചേർക്കുന്നു.
മാർത്തോമ്മാ ആറാമൻ മെത്രാനെ കത്തോലിക്കാകൂട്ടായ്മയിലേക്കു സ്വീകരിക്കാൻ കരിയാറ്റിക്ക് അധികാരം നൽകുന്ന മാർപാപ്പയുടെ കത്തു പോർട്ടുഗലിൽവച്ചു ലഭിച്ചപ്പോൾ അവർ ആത്യധികം സന്തോഷിച്ചു. തങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം പൂവണിയുന്നതിലുള്ള ആനന്ദം അവർ പങ്കുവയ്ക്കുന്നതു ദൈവപരിപാലനത്തിന്റെ പരി പ്രേക്ഷ്യത്തിലാണ്: "നമ്മുടെ കാര്യത്തിനു പ്രത്യേകമുള്ള തമ്പുരാൻ സഹായമത്രേ ഇവിടെ നാം സൂക്ഷിക്കേണ്ടത്."
ലിസ്ബണിൽനിന്നും തിരിച്ചുള്ള കപ്പൽ യാത്രയിൽ മരണം മുന്നിൽ കാണുന്ന രംഗം പാറേമ്മാക്കൽ തൻ്റെ ഗ്രന്ഥത്തിന്റെ എഴുപത്തേഴാം പാദത്തിൽ വിവരിക്കുന്നു. 1785 ജൂൺ 23-ാം തീയതിയായിരുന്നു ആ സംഭവം. കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ കപ്പൽ കരയിലിടിച്ചു തകരുമെന്നും ജീവൻ നഷ്ട്‌ടപ്പെടുമെന്നും ഏവരും തീർച്ചപ്പെടുത്തിയ നിമിഷങ്ങളായിരുന്നവ. മെത്രാപ്പോലീത്താ കപ്പലിന്റെ മുകൾത്തട്ടിലിരുന്നു ദൈവത്തോടു പ്രാർത്ഥിച്ചു; കടലിനെ ആശീർവദിച്ചു. പഴയ നിയമ ഇസ്രായേലിനെ അപകടങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷിച്ച ദൈവം മരണകരമായ കപ്പലപകടത്തിൽനിന്ന് അതേ രീതിയിൽതന്നെ പുതിയ ഇസ്രായേലിനെയും രക്ഷപെടുത്തുന്നതായാണു വിവരിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പിനുള്ള പ്രതിനന്ദിയെന്നോണം ഇസ്രേയേലിനെപ്പോലെ ദൈവത്തിന് ആരാധനയർപ്പിക്കുവാൻ നസ്രാണികൾ എന്നും ഉത്സുകരായിരുന്നു. ഓരോ നേട്ടവും ദൈവകൃപയാലാണെന്നു മനസ്സിലാക്കി അവർ അവന് നിരന്തരം കൃതജ്ഞതയർപ്പിച്ചിരുന്നു. ദൈവ കല്പനയോടുള്ള വിധേയത്വത്തിൽ ജീവിക്കാനാണ് അവർ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ദൈവസഹായത്തിന് അവർക്കൊരിക്കലും കുറവുണ്ടായതുമില്ല. ഏതു പ്രവൃത്തിയും ദൈവമഹത്ത്വത്തിനായാണ് അവർ ചെയ്‌തത്. സകലത്തിൻ്റെയും അതിനാഥനായ ഉടയതമ്പുരാന്റെ തിരുമുമ്പിലാണു തങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവർക്കറിയാമായിരുന്നു. അതിനാൽത്തന്നെ ഏതു ജീവിതപ്രവ്യത്തിയും ദൈവശുശ്രൂഷയായി അവർ കരുതുകയും ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേലിൻ്റെ ജീവിതത്തിലുണ്ടായ സഹനങ്ങളും ദൈവപരിപാലനയും വിജയങ്ങളും പരാജയങ്ങളുമെല്ലാം നസ്രാണിസഭയിലും ആവർത്തിക്കുന്നതായി പാറേമ്മാക്കൽ വിവിരിക്കുന്നു.
ദൈവജനം അടിമത്തത്തിൽ
ഇസ്രായേൽ ജനത്തിനു മെസ്രേൻദേശത്ത് അനുഭവിക്കേണ്ടിവന്ന അടിമത്താവസ്ഥയാണ് മാർത്തോമ്മാനസ്രാണികൾക്കു വിദേശീയ മിഷനറിമാരുടെകീഴിൽ സ്വന്തദേശത്തുതന്നെ ഉണ്ടായിരിക്കുന്നത് എന്നു ഗ്രന്ഥത്തിൻ്റെ മുഖവുരയിൽതന്നെ പാറേമ്മാക്കൽ പ്രസ്താവിക്കുന്നുണ്ട്.
വിദേശഭരണം മാർത്തോമ്മാ നസ്രാണികൾക്ക് അടിമത്തംതന്നെയായിരുന്നു. അതുവഴി ദൈവരാധന, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം തുടങ്ങിയ മേഖലകളിൽ സംഭവിച്ച വിനാശങ്ങൾ വർത്തമാനപ്പുസ്‌തകം സവിസ്‌തരം വിവരിക്കുന്നുണ്ട്. ജാതിയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും പരിശ്രമിച്ച സമുദായ നേതാക്കളും പട്ടക്കാരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ചരിത്രവും അവിടെയുണ്ട്. എല്ലാ ജീവിതസംഭവങ്ങളും വി. ഗ്രന്ഥാടിസ്ഥാനത്തിൽ കാണാൻ ശ്രമിക്കുന്ന പാറേമ്മാക്കൽ ഈ പീഡനങ്ങളെ മെസ്രേനിൽ ഇസ്രായേൽസമൂഹം അനുഭവിച്ച സഹനങ്ങളോടാണു താരതമ്യപ്പെടുത്തുന്നത്.
ഇസ്രായേൽക്കാർക്കു മെസ്രേനിൽ വിജാതീയ ജനതയുടെയിടയിൽ കഴിയേണ്ടിവന്നെങ്കിലും ദൈവകാരുണ്യംമൂലം ആരംഭകാലത്ത് അവർക്കു നാനാമുഖമായ അഭിവൃദ്ധിയുണ്ടായി. ഇസ്രായേൽക്കാർ മെസ്രേൻകാരെ അടിമപ്പെടുത്തുമോ എന്ന ഭയമാണു പിന്നീട് അവർക്കെതിരെ തിരിയുന്നതിനു മെസ്രേൻകാരെ പ്രേരിപ്പിച്ചത്. ഇപ്രകാരം തന്നെയായിരുന്നു പോർട്ടുഗീസുകാരുമായുള്ള നസ്രാണികളുടെ ബന്ധവും. ആദ്യമൊക്കെ വിശ്വാസകാര്യങ്ങളിൽ പരസ്പര സഹകരണമുണ്ടായിരുന്നു. നസ്രാണികൾ വിദേശികളെ സഹോദരങ്ങളായി സ്വീകരിക്കുകയും സ്വന്തമായി കരുതുകയും ചെയ്തു. പക്ഷേ, വിരുന്നിനു വന്നവർ ആധിപത്യം സ്ഥാപിച്ച് അധികാരമേൽക്കോയ്മ നടത്തിയപ്പോൾ സ്നേഹവും കരുണയും, വിദ്വേഷത്തിനും പകയ്ക്കും വഴി മാറി.
മാർത്തോമ്മാനസ്രാണികൾ അനുഭവിച്ച മതപരമായ അടിമത്തത്തെക്കുറിച്ചു വർത്തമാനപ്പുസ്‌തകം ഏറെ പ്രതിപാദിക്കുന്നുണ്ട്. ക്രൈസ്തവവിശ്വാസം സ്വീകരിച്ചനാൾമുതൽ പതിനാറ് നൂറ്റാണ്ടുകാലം സ്വാതന്ത്ര്യത്തിൽ ജീവിച്ചുവളർന്നവർ ലത്തീൻ മിഷനറിമാരുടെ കീഴിൽ അനുഭവിക്കേണ്ടിവന്ന മതപരമായ അടിമത്തം, മെസ്രേനിൽ ഇസ്രായേലിനുണ്ടായ ഞെരുക്കത്തിനു സമാനമാണ്.
മലങ്കര ഇടവകയുടെ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ പ്ലോരൻസിയൂസിൻ്റെ മൃതസംസ്‌കാരത്തിൽ (മിശിഹാവർഷം 1773) സംബന്ധിക്കുന്നതിനു ചെന്ന സുറിയാനിക്കാർ അധിക്ഷേപിക്കപ്പെട്ടത് അവർക്കു വലിയ മനോവേദനയുളവാക്കി. മുമ്പൊരിക്കലും ഇങ്ങനെയുള്ള നിന്ദാവചനങ്ങൾ അവർക്കു കേൾക്കേണ്ടിവന്നിട്ടില്ല.
ഈ മാനസിക പീഡനത്തെക്കാൾ ക്രൂരമായിരുന്നു അവർക്കേക്കേണ്ടിവന്ന ശാരീരികപീഡനങ്ങൾ. പൊന്നുകൊണ്ടുള്ള അരുളിക്കാ മോഷണംപോയതിൻ്റെ പേരിൽ ചാക്കോക്കത്തനാരെ മുറിയിൽ പട്ടിണിക്കിട്ടു കഠിനദേഹോപദ്രവങ്ങളേല്‌പിച്ചു കൊന്ന സംഭവം നമ്മൾ നേരത്തെ കണ്ടതാണല്ലോ. തങ്ങളുടെ വികാരിയെ സാക്ഷിമൊഴി വിസ്താരം കൂടാതെ പിടിച്ചുകെട്ടി കൊണ്ടുപോകാൻ സാലെസു പാതിരി ഭടസന്നാഹത്തോടെ ചെന്നപ്പോൾ ഇടപ്പള്ളി പള്ളിക്കാർ അതു തടയുന്നതിനും കത്തനാരെ രക്ഷിക്കുന്നതിനും കഴിവുള്ളതെല്ലാം ചെയ്തു. ഇതു മെത്രാനും പാതിരിമാർക്കും കൂടുതൽ വിരോധത്തിനു കാരണമായി. അതിനാൽ ഇടപ്പള്ളി പള്ളിയുടെ താക്കോൽ പള്ളി യോഗക്കാരിൽനിന്നു വാങ്ങി പുതുക്രിസ്ത്യാനികൾക്കു കൊടുക്കാൻ പാതിരിമാർ ശ്രമിച്ചു. യോഗക്കാർ ഭയപ്പെട്ടു പള്ളി പൂട്ടി താക്കോൽ ഇടപ്പള്ളി രാജാവിൻ്റെ പക്കലേല്‌പിച്ചു. ഇതിൽ കുപിതരായ മെത്രാൻ ഇടപ്പള്ളി പള്ളിക്കു മുടക്കു (ഭ്രഷ്ട്ട്) കൽപിച്ചു. ഇങ്ങനെ കുറെനാൾ പള്ളി പൂട്ടിക്കിടന്നു. ഇടവകക്കാർക്ക് ഇതു വീണ്ടും വലിയ മനോവേദനയ്ക്കു കാരണമായി. തങ്ങൾ വല്ല തെറ്റും ചെയ്‌തിട്ടുണ്ടെങ്കിൽ പ്രായശ്ചിത്തം ചെയ്യാമെന്നും പള്ളിമുടക്കു പിൻവലിക്കണമെന്നുള്ള ഇടപ്പള്ളി പള്ളിക്കാരുടെ അപേക്ഷ മെത്രാൻ സ്വീകരിച്ചതുമില്ല.
ദൈവവചനമുദ്ധരിച്ചുകൊണ്ടാണ് പാറേമ്മാക്കൽ ഇവിടെയും നസ്രാണികളുടെ നിലപാടു ന്യായീകരിക്കുന്നത്. ഇടപ്പള്ളി പള്ളിക്കാരുടെ പ്രവൃത്തിയിൽ കുറ്റകരമായി ഒന്നുമുണ്ടായിരുന്നില്ല. ദൈവകല്പനയ്ക്കും സ്വാഭാവികനീതിക്കും യോജിച്ച പ്രവൃത്തിയായിരുന്നത്. എന്തെന്നാൽ സ്വന്തം പിതാക്കന്മാരും ഗുരുജനങ്ങളും ഞെരുക്കമനുഭവിക്കുമ്പോൾ അവരെ സഹായിക്കണമെന്നു ദൈവംതന്നെ കൽപിച്ചിട്ടുണ്ടല്ലോ (റോമാ 12:13). മാനുഷികനീതിയും അതുതന്നെയാണ്. തങ്ങളുടെ ഇടയനായ പട്ടക്കാരനെ അന്യായമായി പിടിച്ചു മർദ്ദിക്കുമെന്നു കണ്ടപ്പോൾ അതിനെ തടയാൻവേണ്ടി യത്നിച്ചതും തങ്ങളുടെ പൂർവ്വികന്മാർ പണിയിച്ച പള്ളിയുടെ താക്കോൽ പിടിച്ചുപറിക്കാൻ വന്നപ്പോൾ എതിർത്തുനിൽക്കാൻ ശക്തിയില്ലാത്തതുകൊണ്ടു രാജസ്ഥാനത്തു കൊണ്ടുപോയി ഏൽപിച്ചതും നിർദോഷമായ സംഗതികളാണ്. ഒരാൾ മറ്റൊരാളോട് അന്യായം പ്രവർത്തിക്കുമ്പോൾ ന്യായം നടത്തിക്കിട്ടുവാനായി പരാതിക്കാരൻ അഭയം തേടേണ്ടതു രാജാക്കന്മാരുടെ പക്കലാണ്. നീതിയുടെ കാവൽക്കാരായിട്ടാണ് രാജാക്കന്മാരെ ദൈവം നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ മാർപൗലോസു പറയുന്നതുപോലെ പാപ്പായായാലും മെത്രാനായാലും ഈ അധികാരത്തിനു വഴങ്ങേണ്ടതാകുന്നു. അതുകൊണ്ട് മെത്രാനും പാതിരിമാരും ഇടപ്പള്ളിക്കാരോട് പ്രവർത്തിച്ച അന്യായത്തിൽനിന്നു രക്ഷനേടുവാൻ അവർ രാജസ്ഥാനത്ത് അഭയം തേടുകയും താക്കോൽ അവിടെ ഏൽപിക്കുകയും ചെയ്തതതിൽ ആർക്കും ഒരാക്ഷേപവും പറയാനില്ല. എല്ലാവരും അത് അനുസരിക്കേണ്ടതുമായിരുന്നു. എന്നാൽ ഇങ്ങനെ കേവലം ന്യായമായിട്ടുള്ള കാര്യങ്ങളിൽപ്പോലും മനുഷ്യർ ചിലപ്പോൾ സ്വാർത്ഥതയും അവിവേകവും നിമിത്തവും മറ്റുചിലപ്പോൾ ലോകപ്രശംസ കൊതിച്ചും അഹങ്കാരംകൊണ്ടും അന്യായത്തിനു മുതിരുന്നു. പാറേമ്മാക്കലിന്റെ്റെ വിശദീകരണത്തിൽ ന്യായമുണ്ട് എന്നതിനു സംശയമില്ല. ഇവിടെയും നസ്രാണിസഭയുടെ മക്കൾ അനുഭവിച്ച സഭാപരമായ അടിമത്തത്തെ ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ വിശദീകരിക്കാനാണ് പാറേമ്മാക്കൽ ശ്രമിക്കുന്നത്.
നസ്രാണികൾക്കു മൂശയെപ്പോലൊരു വിമോചകൻ
അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽക്കാരെ രക്ഷിക്കുവാനാണ് ദൈവം മൂശയെ വിളിച്ചയച്ചത്. "ഇസ്രായേൽ മക്കളുടെ നിലവിളി എന്റെയടുക്കൽ എത്തിയിരിക്കുന്നു. മെസ്രേൻകാർ അവരെ എപ്രകാരം മർദ്ദിക്കുന്നുവെന്ന് ഞാൻ കണ്ടു. ആകയാൽ വരൂ, ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കാം. നീ എൻ്റെ ജനമായ ഇസ്രായേൽ മക്കളെ മെസ്രേനിൽനിന്നു പുറത്തുകൊണ്ടുവരണം" (പുറ 3:9-10). ഇതു മൂശയ്ക്കു ലഭിച്ച സവിശേഷമായ ദൈവവിളിയാണ്. മൂശയുടെ ഈ വിമോചകനേതൃത്വം പുറപ്പാടുസംഭവത്തിൽമാത്രം ഒതുങ്ങിയില്ല. മെസ്രേനിലെ അടിമത്തത്തിൽനിന്നു വിമോചിപ്പിച്ച ഇസ്രായേൽജനത്തെ സീനായ്‌മലയിലെത്തിച്ച് ഉടമ്പടിയ്ക്കു നേതൃത്വം നല്കി വാഗ്ദാനനാട്ടിലേക്ക് ആനയിക്കുക എന്നതും അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ ഭാഗമായിരുന്നു. അടിമത്തത്തിൻ്റെ ദൈന്യാവസ്ഥയിൽനിന്ന് മൂശ ഇസ്രായേൽജനത്തെ കാനാൻ ദേശത്തേക്കു നയിച്ചതുപോലെ നസ്രാണിസഭയെ വൈദേശികാധിപത്യത്തിൽനിന്നു സ്വതന്ത്രനാക്കേണ്ടവനാണു മെത്രാൻ അഥവാ ജാതിക്കുതലവൻ.
ദൈവം അയച്ച വിമോചകനായ മൂശയെ നശിപ്പിക്കാൻ ഫറവോ ശ്രമിച്ചതിനോടാണു ജാതിക്കു തലവനെ മിഷനറിമാർ എതിർത്തതിനെ താരതമ്യപ്പെടുത്തുന്നത്. മലങ്കരക്കാർക്ക് ഒരു വിമോചകനുണ്ടാവുന്നത് അവരെ അടിമകളാക്കി ഭരിച്ചുവന്നവർക്കു സഹിക്കാവുന്നതായിരുന്നില്ല. അതിനാൽ അവർ എന്നും 'ജാതിക്കുതലവൻ' എന്ന ആശയത്തെ എതിർത്തിരുന്നു. നസ്രാണികളിൽനിന്നു പുതിയ ജാതിക്കു തലവനുണ്ടായാൽ തങ്ങളുടെ വാഴ്‌ച അവസാനിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നു.
ജാതിക്കു തലവനാണ് സമുദായത്തെ കൂട്ടിയിണക്കുന്ന കണ്ണി. ഐക്യത്തിനു പ്രേരണയും അദ്ദേഹമാണ്. നസ്രാണികളുടെ പ്രാചീന യശസ്സിനു കാരണം ജാതിക്കു തലവൻ്റെ നേതൃത്വമായിരുന്നു. ചരിത്രത്തിൽ സംഭവിച്ച പാളിച്ചകൾ ജാതിക്കു തലവൻ്റെ അഭാവംമൂലമാണ്. ഉദാഹരണത്തിന്, അങ്കമാലിയിലെ യോഗം, ലക്ഷ്യത്തിലെത്താതെ പോയതിന്റെ പ്രധാനകാരണം ജാതിക്കുതലവൻ ഇല്ലാതിരുന്നതുകൊണ്ടാണെന്നു പാറേമ്മാക്കൽ നിരീക്ഷിക്കുന്നു." യോഗം ആരംഭിക്കുന്നതുവരെ സ്വീകരിച്ച നടപടികൾ പൂർവ്വികന്മാരുടെ ചുവടടികളെ പിന്തുടർന്നും സമുദായത്തിൻ്റെ അന്തസ്സിനു ചേർന്നവിധവും ആയിരുന്നു. എന്നാൽ യോഗം ആരംഭിച്ച ശേഷമുണ്ടായ വാദപ്രതിവാദരീതി പ്രാചീന ശ്രേയസ്സിനു ചേർന്നതായിരുന്നില്ല. ഏതൊരു രാജ്യത്തുമുണ്ടാകുന്ന ഛിദ്രം ആ രാജ്യത്തിൻ്റെ നാശത്തിൻ്റെ സൂചനയാണെന്നും ഏതൊരു വീട്ടിലുമുണ്ടാകുന്ന കലാപം ആ വീടിൻ്റെ അധഃപതനത്തിന്റെ ആരംഭമാണെന്നും കർത്താവ് അരുളിച്ചെയ്‌തിട്ടുണ്ടല്ലോ (മർക്കോ 3:25). അപ്രകാരംതന്നെ ഐകമത്യത്തിലും യോജിപ്പിലും മുന്നോട്ടു നീങ്ങേണ്ട ഒരു സമുദായത്തിൽ ഛിദ്രമുണ്ടായാൽ അതു ശക്തിക്ഷയത്തിന്റെ പ്രകടമായ സൂചനയായിരിക്കുമെന്നു പറയേണ്ടതില്ല എന്നാണു പാറേമ്മാക്കലിൻ്റെ വിലയിരുത്തൽ.
ഭാരതസഭയിൽ സ്വസമൂഹത്തിൽനിന്നുതന്നെയുള്ള ജാതിക്കുതലവൻ ഇല്ലാത്തതാണു പുനരൈക്യം സാധിക്കാതിരുന്നതിന്റെ കാരണമെന്നു പാറേമ്മാക്കൽ സമർത്ഥിക്കുന്നു. "മലങ്കരയിലെ ഞങ്ങളുടെ സഹോദരന്മാരായ പുത്തൻകൂറ്റുകാർ എന്തുകൊണ്ട് ഞങ്ങളോട് ഒരുമപ്പെടാതെ മാറി നിൽക്കുന്നു? തിരുസ്സഭയ്ക്കും സത്യവിശ്വാസത്തിനും എതിരായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിട്ടാണോ? അല്ലേ അല്ല. അന്യനിറത്തിലും ക്രമത്തിലും വന്നു ഞങ്ങളുടെ കാരണവന്മാരുടെ ആചാരമര്യാദകളെയും ആരാധനക്രമങ്ങളെയും നശിപ്പിക്കുവാൻ ശ്രമിച്ച നിനക്കു കീഴ്വഴങ്ങുകയില്ലെന്നുള്ള അവരുടെ പ്രതിജ്ഞകൊണ്ടു മാത്രമാണ്. സ്വന്തം ജാതിയിൽനിന്നു തലവനുണ്ടായാൽ സഭാമക്കൾ അദ്ദേഹത്തിനു കീഴിൽ ഒരുമിക്കും എന്ന പ്രതീക്ഷയാണ് പാറേമ്മാക്കലിനുള്ളത്.
നമുക്കു തലവനുണ്ടായിരുന്ന കാലത്തു നമ്മുടെ പള്ളിയോടോ, പട്ടക്കാരനോടോ, അൽമായനോടോ ആരെങ്കിലും ഒരു ധിക്കാരം പ്രവർത്തിച്ചാൽ അതിനു സമാധാനം ചോദിക്കാതെയിരുന്നിട്ടില്ല. എന്നാൽ തലവനില്ലാത്ത കാലത്തു നമ്മുടെ പള്ളിയോടും പട്ടക്കാരോടും വലിയ ഉപദ്രവങ്ങൾ ചെയ്യുക മാത്രമല്ല അവരിൽ ചിലരെ കുറ്റമെന്തെന്നു വെളിപ്പെടുത്താതെ വടുകരെ കൊണ്ടു തല്ലിക്കയും കൊല്ലിക്കയുംകൂടി ചെയ്തിട്ടും അതിനു സമാധാനം ചോദിക്കാൻ കഴിയാതെ പോയി. ഇതെല്ലാം ആലോചിക്കുമ്പോൾ ഈ തലവനില്ലാത്ത സമുദായത്തിലെ കാര്യത്തിന്റെ പരമാർത്ഥസ്ഥിതി ഗ്രഹിക്കാൻ വിഷമമില്ലല്ലോ. നസ്രാണിസഭയുടെ ചരിത്രം ഉദ്ധരിച്ചു സമുദായബോധം ജനിപ്പിച്ചതിനുശേഷം തലവനുണ്ടാകേണ്ടതിന്റെ ആവശ്യകത പാറേമ്മാക്കൽ ഊന്നിപ്പറയുന്നു.
ജനതയെ വിമോചിപ്പിക്കുന്നവൻ സ്വന്തം ജാതിയിൽനിന്നുംതന്നെയാണ് വരേണ്ടത്. മെസ്രേനിൽ അടിമകളായിരുന്ന ഇസ്രയേൽമക്കളെ രക്ഷിക്കാൻ അവരുടെ ജാതിയിൽനിന്നുതന്നെ മൂശയെ ദൈവം യാത്രയാക്കി. മറ്റൊരു ജാതിക്കാരനെയും അതിനു നിയോഗിച്ചില്ല. വേദമറിയിക്കാൻ വന്ന മിഷനറിമാർ നസ്രാണികൾ പരിശുദ്ധമായി കരുതിയിരുന്ന ആരാധനാപരവും ആദ്ധ്യാത്മികവുമായ പൈതൃകത്തെ നശിപ്പിച്ചു. അവരെ പല തട്ടുകളാക്കി ഭിന്നിപ്പിച്ചു. ശത്രുക്കൾ നമ്മുടെ ഇടയിൽതന്നെയാണ്. പുരുഷൻ്റെ ശത്രുക്കൾ അവൻ്റെ സന്തതികൾതന്നെ. സമൂഹത്തിൽനിന്നുതന്നെ അതിൻ്റെ തലവനും ആത്മീയപിതാവുമുണ്ടായിവന്നെങ്കിലേ ഈ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാകയുള്ളൂ എന്നറിഞ്ഞ്, ദൈവം പണ്ട്, ഇസ്രയേൽജനതയ്ക്ക് അവരുടെയിടയിൽനിന്നുതന്നെ മൂശ എന്നൊരു നേതാവിനെ നല്കി അവരെ മോചിപ്പിച്ചതുപോലെ, നമ്മുടെ ജാതിയിലും വംശത്തിലും പിറന്ന ആലങ്ങാട്ടുകരയിൽ പ്രശസ്തതമായ കരിയാറ്റി തറവാട്ടിലെ മാർ യൗസേപ്പെന്നദേഹത്തെ നമ്മുടെ സമുദായത്തിന്റെ നേതാവും ആത്മീയപിതാവുമായി നിയോഗിച്ചുതന്നു.
കരിയാറ്റി മല്പാൻ, മെത്രാപ്പോലീത്താസ്ഥാനത്തേക്കുയർത്തപ്പെട്ടപ്പോൾ അതു വിമോചനത്തിൻ്റെ ദൈവസ്വരമായി പാറേമ്മാക്കൽ തിരിച്ചറിയുന്നു.
നമ്മുടെയിടയിൽനിന്നു തന്നെയുള്ളവനും സുകൃതസമ്പന്നനുമായ കരിയാറ്റിക്കു മെത്രാൻസ്ഥാനം ലഭിച്ചതോടെ മലബാർസഭയുടെ പ്രശ്നങ്ങൾക്കൊക്കെയും പരിഹാരമുണ്ടാകും എന്നു പാറേമ്മാക്കൽ ധരിച്ചെങ്കിലും ദൈവികപദ്ധതി മറ്റൊന്നായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
നിവ്യേന്മാർ - നസ്രാണിസഭയുടെ വഴികാട്ടികൾ
പഴയനിയമത്തിലെ നിവ്യേന്മാരുടെ ജീവിതസംഭവങ്ങൾ അവതരിപ്പിച്ചുകൊണ്ടുമാണ് പാറേമ്മാക്കൽ തൻ്റെ വാദഗതികൾ സ്ഥാപിക്കുന്നത്. ദയ്യാനേ (ന്യായാധിപന്മാർ), ശ്‌മുയേൽ (സാമുവൽ) 1, 2 ഗ്രന്ഥങ്ങൾ, മൽക്കേ (രാജാക്കന്മാർ) 1, 2 ഗ്രന്ഥങ്ങൾ തുടങ്ങിയ പഴയനിയമത്തിലെ ആദ്യകാല പ്രവാചകഗ്രന്ഥങ്ങളിൽനിന്നാണ് പാറേമ്മാക്കൽ കുടുതലായി ഉദ്ധരിക്കുന്നത്. ഏശായാ, ദാനിയേൽ തുടങ്ങിയ ലിഖിത പ്രവാചകന്മാരുടെ ജീവിതസംഭവങ്ങളും ഇവിടെ പ്രതിപാദ്യവിഷയമാകുന്നുണ്ട്. വാക്കുകളേക്കാൾ പ്രവൃത്തികളിലൂടെ സംസാരിക്കുന്ന നിവ്യേന്മാരെയാണ് പാറേമ്മാക്കൽ നസ്രാണിചരിത്രത്തെ വ്യാഖ്യാനിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കാം.
ഫ്രാൻസിസ് സാലെസ് മെത്രാൻ മലങ്കര ഇടവക വികാരി അപ്പസ്തോലിക്കയായി വന്നതിനുശേഷം വിദേശമെത്രാനും വിദേശപാതിരിമാരും തമ്മിൽ കലഹമുണ്ടായി. മെത്രാൻ കൊള്ളരുതാത്തവനാണെന്നും അദ്ദേഹം തങ്ങൾക്കു സ്വീകാര്യനല്ലെന്നും പാതിരിമാർ പറഞ്ഞുപരത്തി. സാലെസ്മെത്രാൻ ജർമ്മൻകാരനും പാതിരിമാരിൽ പ്രമുഖരെല്ലാം ഇറ്റലിക്കാരും ആയിരുന്നതിനാലായിരുന്നു ഇത്. മെത്രാനും പാതിരിമാരും തമ്മിലുള്ള കലഹം നസ്രാണികളുടെ നന്മയ്ക്കുപകരിച്ചു. അവർ ഒരുമിച്ച് അടിച്ചമർത്തൽ തുടർന്നാൽ നസ്രാണികൾ വലഞ്ഞുപോകുമെന്ന് ഉടയതമ്പുരാൻ ഗ്രഹിച്ചതുകൊണ്ടാണിത് അനുവദിച്ചതെന്നു പാറേമ്മാക്കൽ സ്ഥാപിക്കുന്നു.
ഇസ്രായേൽജനത്തോടു യുദ്ധത്തിനു പുറപ്പെട്ട മെദിയാനക്കാർ പാളയത്തിൽ പട തുടങ്ങിയതുമൂലം ഇസ്രായേൽക്കാർ രക്ഷപ്പെട്ടതിനു സമാനമാണിത്. ഗിദയോൻ്റെ കീഴിൽ മുന്നൂറുപേർ മാത്രമാണു യുദ്ധം ചെയ്യാനുണ്ടായിരുന്നത്. എന്നാൽ മെദിയാൻകാർ പരസ്‌പരം വെട്ടിനശിച്ചതുകൊണ്ട് ഇസ്രായേൽക്കാർക്കു വിജയിക്കാനായി (നിയമാ 7:15-16, 8:28). അതുപോലെ മലങ്കര നസ്രാണികൾക്കുപദ്രവം വരാതെ മെത്രാനും പാതിരിമാരും തമ്മിൽ പടവെട്ടി നശിക്കട്ടെ എന്ന് അനന്ത ബോധജ്ഞാനിയായ ദൈവം നിശ്ചയിച്ചു.
ക്രിസ്‌തീയചൈതന്യമനുസരിച്ചുള്ള പ്രതീക്ഷാനിർഭരമായ ഒരു സഹനദർശനം പാറേമ്മാക്കൽ അവതരിപ്പിക്കുന്നുണ്ട്. നസ്രാണിസഭയുടെ പീഡനം മുഴുവൻ ദൈവപരിപാലനത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹം കാണുന്നു. ദൈവഹിതമനുസരിച്ച് സത്യത്തിനുവേണ്ടി നില കൊള്ളുന്നവൻ പീഡിപ്പിക്കപ്പെടും എന്നതു വാസ്‌തവമാണ്. പേർഷ്യൻ രാജാവായ ദാരിയൂസ്, ദാനിയേൽ പ്രവാചകനെ സിംഹക്കൂട്ടിലടച്ച (ദാനി 6:7-16) സംഭവം ഉദ്ധരിച്ചുകൊണ്ടാണ് പാറേമ്മാക്കൽ ഇതു സ്ഥാപിക്കുന്നത്.
മിഷനറിമാർ ദേഹോപദ്രവം ഏല്പിക്കുമെന്ന ഭയംമൂലം ഇടപ്പള്ളി രാജാവിന്റെ പക്കൽ അഭയം തേടിയ ചാക്കോക്കത്തനാരുടെ നടപടിയെ പാറേമ്മാക്കൽ ന്യായീകരിക്കുന്നത് പ്രവാചകാനുഭവം ഉദ്ധരിച്ചുകൊണ്ടാണ്. പ്രാണഭയംമൂലം സാവൂളിൻ്റെ മുമ്പിൽനിന്നോടിയൊളിച്ച ദാവീദിനോടാണ് (1 സാമു 18:28-23:14)25 ചാക്കോക്കത്തനാരെ പാറേമ്മാക്കൽ ഉപമിക്കുന്നത്.
സമുദായത്തിൻ്റെ ഭാവി നന്മയെക്കുറിച്ച് ആലോചിക്കുവാൻ വിളിച്ചുചേർത്ത യോഗത്തിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോഴും പാറേമ്മാക്കൽ പ്രതീക്ഷ കൈവിടാതെ നിവ്യേന്മാരുടെയും രാജാക്കന്മാരുടെയും ജീവിതത്തിലേക്കാണു നോക്കുന്നത്. ദൗത്യനിർവ്വഹണത്തിൽ നേരിടുന്ന സഹനങ്ങൾ രാജാക്കന്മാരും പ്രവാചകൻമാരും നേരിട്ടതുപോലെ അഭിമുഖീകരിക്കാനാണ് പാറേമ്മാക്കലിന്റെ ആഹ്വാനം. ഇതാ ഒരു ഉദാഹരണം.
സാവൂൾ രാജാവിൻ്റെ ദുഷ്‌ടകർമ്മങ്ങൾമൂലം ദൈവം അദ്ദേഹത്തെ സിംഹാസനഭ്രഷ്ടനാക്കി. പകരം സാമുവേൽ പ്രവാചകൻ്റെ കൈകളാൽ ദാവീദുരാജാവിനെ അഭിഷേകം ചെയ്‌തു. എങ്കിലും ദാവീദിന് രാജസ്ഥാനം ഉറപ്പിക്കുന്നതിനു എത്രയോ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു (1 സാമു 15:11-16:12). അതുപോലെ കാനാൻ ദേശത്തു പ്രവേശിക്കാൻ അബ്രാഹത്തിൻ്റെ സന്തതികൾ എത്രമാത്രം ക്ലേശങ്ങൾ അനുഭവിച്ചു. ഇതുപോലെ നസ്രാണിസമുദായത്തിൻ്റെ ക്ലേശങ്ങൾ താൽക്കാലികമാണെന്നും ദൈവം രക്ഷിക്കുമെന്നും പ്രവാചകനായ പാറേമ്മാക്കൽ പ്രത്യാശിക്കുന്നു.
പ്രവാചകഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് നസ്രാണികളെക്കുറിച്ച് മിഷനറിമാർ നൽകിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ പാറേമ്മാക്കൽ ഖണ്ഡിക്കുന്നത്. ഉദാഹരണത്തിന്, കുലമഹിമയുള്ള വരാരും കരിയാറ്റിയെ മെത്രാനായി സ്വീകരിക്കുകയില്ല എന്ന മിഷനറിമാരുടെ ആരോപണത്തെ ദൈവദൂഷണമായി കാണുന്ന പാറേമ്മാക്കൽ അവർക്കിതിനു തക്ക ശിക്ഷ ലഭിക്കും എന്നു പഴയനിയമ ചരിത്രത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്നു.
പണ്ട് ഏശയ്യാപ്രവാചകനിലൂടെ അസ്സീറിയൻ രാജാവായ സെന്ന ഹരീമിനോടു ദൈവം അരുളിച്ചെയ്‌ത വാക്കുകൾ പ്രസക്തമാണ്. തന്റെ പടത്തലവൻ റമ്പുക്കാശാക്കായെക്കൊണ്ടു ദൈവദൂഷണം പറയിച്ച സെന്നഹരിം രാജാവിനോട് ഏശായാപ്രവാചകൻവഴി ദൈവം അരുളിച്ചെയ്‌തതിങ്ങനെയാണ്. ഈ വണ്ണം നീ ആരെ നിന്ദിച്ചു? ആരെ നീ ദൂഷണം പറഞ്ഞു. ആർക്കെതിരായി നീ സ്വരമുയർത്തി? മുകളിലേക്കു നീ ദൃഷ്ടിപൊക്കി. നിൻ്റെ ഇരിപ്പും പുറപ്പാടും നിന്റെ പ്രവേശനവും വഴിയും നിന്റെ അരിശവുമെല്ലാം ഞാൻ മുമ്പേതന്നെ അറിഞ്ഞിരിക്കുന്നു. എനിക്കെതിരെ നീ ധിക്കാരം പറഞ്ഞു. നിന്റെ അഹങ്കാരം എന്റെ കാതിലെത്തി. അതിനാൽ നിൻ്റെ മൂക്കിൽ വളയമിട്ട് നിന്റെ വായിൽ കട്ടിയാണിയും കയറ്റി നീ വന്ന വഴിയേതന്നെ ഞാൻ നിന്നെ തിരിച്ചയയ്ക്കും. ദൈവത്തിൻ്റെ ഇപ്രകാരമുള്ള ശാപവചസ്സുകൾ കേൾക്കാതിരിക്കണമെങ്കിൽ ഈ പറഞ്ഞുപോയ പാപത്തെക്കുറിച്ച് പശ്ചാത്തപിച്ചുകൊള്ളണം (ഏശ 37:21-29) എന്നാണ് പാറേമ്മാക്കൽ മുന്നറിയിപ്പു നല്കുന്നത്.
പ്രവാചകഗ്രന്ഥങ്ങളിൽനിന്നു വേറെയും ദീർഘമായ പരാമർശങ്ങൾ നിവ്യേന്മാരുടെ ഗ്രന്ഥവുമായി ബന്ധപ്പെടുത്തി പാറേമ്മാക്കൽ നടത്തുന്നുണ്ട്. ശ്മ്‌മൂവേൽ പ്രവാചകൻ്റെ ഗ്രന്ഥത്തിൽ നിന്ന് (1 സാമു 17 മുതൽ 19 വരെ അധ്യായങ്ങൾ) ദാവീദും ശാവോലും തമ്മിലുള്ള ബന്ധം, അഹിതേപ്പാലിൻ്റെ ചൊല്ലിൽനിന്നും രക്ഷിക്കണേ എന്ന ദാവീദിന്റെ പ്രാർത്ഥന (2 സാമു 15, 16 അദ്ധ്യായങ്ങൾ), ദുഷ്ടനായ ആഹാവിന്റെ വംശത്തെ നിഹനിച്ച് യാഹൊവിൻ്റെ തലമുറയെ അനുഗ്രഹിച്ച ഏലിശാ പ്രവാചകൻ്റെ കാലത്തു നടന്ന സംഭവങ്ങൾ (2രാജാ 9, 10 അധ്യായങ്ങൾ) തുടങ്ങിയവയെല്ലാം നമ്മെ പഴയനിയമ ലോകത്തേക്കു നയിക്കുന്നു. നിവന്മാരുടെ ജീവിതസംഭവങ്ങൾ ഉദ്ധരിച്ചു കൊണ്ട് ജനത്തിനു പ്രത്യാശയും ഏതിരാളികൾക്കു മറുപടിയും നൽകുകയാണ് പാറേമ്മാക്കൽ.
പഴയനിയമത്തിലെ ദൈവജനദർശനത്തിനടിസ്ഥാനം ഇസ്രായേൽ ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണെന്ന കേന്ദ്ര വസ്തുതയാണ്. ദൈവത്തിൻ്റെ സ്വന്തം ജനതയായതിനാൽ അവർ അധികമായി അവിടുത്തെ അനുഗ്രഹങ്ങൾക്ക് അവകാശികളായതുപോലെ, ഈശോമിശിഹായുടെ ശ്ലീഹായായ മാർത്തോമ്മായിൽനിന്നു വിശ്വാസം സ്വീകരിച്ച നസ്രാണികൾ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സമൂഹം എന്ന നിലയിൽ അവിടുത്തെ സവിശേഷമായ അനുഗ്രഹങ്ങൾക്കു പാത്രീഭൂതരായി. മെസ്രേനിൽ ഇസ്രായേൽ പീഡിപ്പിക്കപ്പെട്ടതു പോലെയാണു നസ്രാണികൾക്കു വിദേശഭരണത്തിൽ സഹിക്കേണ്ടി വന്നത്. ജനത്തിൻ്റെ രോദനം കേട്ട ദൈവം മൂശയെ വിമോചകനായി നിയോഗിച്ച് അവരെ സ്വതന്ത്രരാക്കിയതുപോലെ പീഡനത്തിൽ വീർപ്പു മുട്ടിയ നസ്രാണിജനതയെ രക്ഷിക്കാൻ മാർ കരിയാറ്റിയെ ജാതിക്കുതലവനായി ദൈവം നിയോഗിക്കുന്നു. ഈയർത്ഥത്തിൽ 'നസ്രാണിമൂശ' യാണ് കരിയാറ്റി. മൂശയുടെ കാലത്തിനുശേഷം പ്രവാചകന്മാർ ജനത്തെ നയിച്ചതുപോലെ വി. ഗ്രന്ഥത്തിലെ പ്രവാചകഗണം തങ്ങളുടെ വചനങ്ങളും പ്രവർത്തനങ്ങളുംവഴി നസ്രാണികൾക്കു വെളിച്ചം കാട്ടുന്നു. പ്രവാചകരുടെ ജീവിതാനുഭവങ്ങളാണു നസ്രാണികൾക്കു മാതൃക.
പുതിയനിയമത്തിലെ ദൈവജനമായ തിരുസഭയുടെ തനിപ്പകർപ്പാണു വർത്തമാനപ്പുസ്‌തകത്തിലെ നസ്രാണിസഭ. ശ്ലീഹന്മാരുടെ കാലത്തെ തിരുസഭയെ ഭാരതപശ്ചാത്തലത്തിൽ കാണുന്ന പ്രതീതിയാണ് ഈ ഗ്രന്ഥം വായിക്കുമ്പോൾ നമുക്കുണ്ടാകുന്നത്. സഭ മിശിഹായുടെ മൗതിക ശരീരം, ഈശോയിൽ ദൈവപുത്രരായവരുടെ കുടുംബക്കൂട്ടായ്‌മ, അവിടുത്തെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട സമൂഹം, അജഗണം തുടങ്ങിയ പുതിയനിയമദർശനങ്ങൾ വർത്തമാനപ്പുസ്തകത്തിൽ ഉടനീളമുണ്ട്.
മിശിഹായുടെ മൗതികശരീരം
നസ്രായനായ ഈശോമിശിഹായിൽ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവർ അവന്റെ ശരീരത്തിന്റെ ഭാഗമായിത്തീരുന്നു എന്ന പൗലോസ് ശ്ലീഹായുടെ ദൈവശാസ്ത്രചിന്ത പാറേമ്മാക്കലിനെ ശക്തമായി സ്വാധീനിച്ചിരുന്നു. നസ്രാണികൾ "ഏകശരീരത്തിൻ്റെ സന്ധുക്കൾ അത്രെ ആകുന്നു" എന്ന പ്രയോഗം ഈ ചിന്തയാണു പ്രതിഫലിപ്പിക്കുന്നത്. "ശരീരം ഒന്നാണെങ്കിലും അതിൽ പല അവയവങ്ങൾ ഉണ്ട്; അവയവങ്ങൾ പലതെങ്കിലും അവയെല്ലാം ചേർന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് മ്ശിഹായും. നാമെല്ലാവരും-യുദരാകട്ടെ, വിജാതീയരാകട്ടെ, അടിമകളാകട്ടെ, സ്വതന്ത്രരാകട്ടെ-ഒരേ ആത്മാവിൽ ഏകശരീരമായി മാമ്മോദീസാ സ്വീകരിക്കുകയും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്യുകയും ചെയ്തിരിക്കുന്നു. ശരീരം ഒറ്റ അവയവമല്ല, പലതു ചേർന്നതാണ്... അവയവങ്ങൾ പലതുണ്ടെങ്കിലും ശരീരം ഒന്നുതന്നെയാണ്... നിങ്ങൾ മശിഹായുടെ ശരീരവും നിങ്ങളുടെ നിയുക്തസ്ഥാനത്തെ അവയവങ്ങളുമാകുന്നു" (1 കോറി 12:12-27) എന്നു പൗലോസ്ശ്ലീഹാ കോറിന്തോസിലെ സഭാംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നുണ്ടല്ലോ. "ഒരു ചോരയും ഒരു മാംസവും ആയ മലങ്കരയുള്ള ജനങ്ങൾ" എന്നെഴുതുമ്പോഴും ഇതേ കാര്യംതന്നെയാണു പാറേമ്മാക്കൽ ഉദ്ദേശിക്കുന്നത്. മിശിഹായുടെ ശരീരരക്തങ്ങളിൽ പങ്കുപറ്റുന്നതുവഴിയാണു വിശ്വാസികൾ പരസ്പരം രക്തബന്ധമുള്ളവരായി ഭവിക്കുന്നത്. രക്തബന്ധത്തേക്കാൾ ദൃഢമായ ബന്ധം വേറെയില്ലല്ലോ.
കൂടപ്പുറപ്പുകൾ നമ്മൾ
ഒരേ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങൾ തമ്മിൽത്തമ്മിൽ ഒരു ബന്ധം ദൈവം നിശ്ചയിച്ചിട്ടുണ്ട്. "ദൈവം ശരീരത്തെ കൂട്ടിച്ചേർത്തപ്പോൾ, ശരീരത്തിൽ ഭിന്നതയുണ്ടാകാതെ എല്ലാ അവയവങ്ങളും പരസ്പരം ഒന്നുപോലെ ശ്രദ്ധയോടുകൂടെയിരിക്കേണ്ടതിന്, ചെറിയ അവയവത്തിനു കൂടുതൽ മാന്യത നല്കിയിരിക്കുന്നു" (1 കോറി 12:24 -25). മിശിഹായുടെ മൗതികശരീരമായ തിരുസഭയിലും അംഗങ്ങൾക്കു പരസ്പരവും മിശിഹായോടും ജീവാത്മക ബന്ധമുണ്ട്. മുന്തിരിവള്ളിയുടെയും ശാഖകളുടെയും ഉപമ (യോഹ 15:1-17) ഈശോ അരുളിച്ചെയ്തതും ഈ സത്യം വ്യക്തമാക്കാൻവേണ്ടിയായിരുന്നു. പുതുതായി വിശ്വാസം സ്വീകരിച്ചു മാർഗ്ഗം കൂടുന്നവരെ "ഈശോമിശിഹായിൽ തങ്ങളുടെ കൂടപ്പുറപ്പുകൾ" ആയാണു നസ്രാണികൾ കരുതിയിരുന്നത്. “കൂടപ്പുറപ്പിനടുത്ത ഉപവി", "കൂടപ്പുറപ്പുകളുടെ സ്നേഹം പ്രമാണിക്കുന്ന നമ്മുടെ മാർഗ്ഗം"", "കൂടപ്പുറപ്പുകളുടെ അരൂപി" , “കൂടപ്പുറപ്പുകളുടെ ഉപകാരം"? തുടങ്ങിയ പ്രയോഗങ്ങളും ഈ ദർശനം തന്നെയാണു വെളിവാക്കുന്നത്.
ഒരപ്പൻ്റെ മക്കൾ
കൂടപ്പുറപ്പുകൾ അഥവാ സഹോദരർ എന്ന ആശയം ഒരു പൊതു പിതാവിലേക്കു നയിക്കുന്നു. ഈശോയിൽ വിശ്വസിക്കുകവഴി ഒരു വൻ സ്വർഗ്ഗീയപിതാവിൻ്റെ പുത്രനായി ഭവിക്കുകയാണല്ലോ. പാറേമ്മാക്കലിന്റെ വാക്കുകളിലും പ്രസ്‌പഷ്ടമാണ്: "ശുദ്ധ വിശ്വാസം കൈക്കൊള്ളുന്നവർ ഒക്കയും ഈ ശുദ്ധ വിശ്വാസത്തിൽ ഒരപ്പന്റെ മക്കൾ അത്രെ ആകുന്നു"." ഒരപ്പൻ മക്കളായതുകൊണ്ടാണു നമ്മൾ പരസ്പരം സഹോദരതുല്യം സ്നേഹിക്കേണ്ടത്. ഇതു മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കിയവരായിരുന്നു നമ്മുടെ പൂർവ്വികർ എന്നു വർത്തമാനപ്പുസ്‌തകം സാക്ഷിക്കുന്നു: “നസ്രാണികൾക്കടുത്ത ഒരിമ്പാടൊടും ഐകമത്യത്തൊടുംകൂടെ ഒരു പിണക്കവും അയർച്ചയും കൂടാതെ തങ്ങളുടെ ആത്മത്തിനും ശരീരത്തിനും ജാതി ഒക്കക്കും ഉപകാരമായ വസ്‌തുക്കൾ ശ്രമിച്ചുവരിക അത്രെ ചെയ്തിരുന്നതു". പരസ്പരം ജ്യേഷ്‌ഠാനുജന്മാരായി കാണാൻ സാധിച്ചിരുന്നതും അതു കൊണ്ടുതന്നെയാണ്. അങ്കമാലിയിൽ സമ്മേളിക്കാനുള്ള കുറി “തങ്ങളുടെ ജഷ്ഠനനുജന്മാരു എഴുതി"യതായാണ് മലങ്കരയുള്ള വിശ്വാസികൾ സ്വീകരിച്ചത്. ആ സമ്മേളനത്തിൽ അരങ്ങേറിയ സംഭവങ്ങൾ “ജെഷ്‌ഠൻ അനുജന്മാരുടെ ഒരുമ്പാടിനു" ചേർന്നതല്ലായിരുന്നു എന്നാണു പാറേമ്മാക്കലിൻ്റെ വിലയിരുത്തൽ. കത്തോലിക്കാ വിശ്വാസത്തിൽ നിന്നു മാറിപ്പോയവരെപ്പോലും സഹോദരീസഹോദരന്മാരായാണ് മാർത്തോമ്മാനസ്രാണികൾ പരിഗണിച്ചിരുന്നത്. “മലങ്കരെയുള്ള നമ്മുടെ ജെഷ്‌ഠാനുജന്മാരായ പുത്തൻകൂറ്റുകാർ എന്നാണ് അവരെക്കുറിച്ചു പരാമർശിക്കുമ്പോൾ പാറേമ്മാക്കൽ പറയുന്നത്.
കൂടപ്പുറപ്പുകൾക്കടുത്ത ജീവിതം നയിക്കുന്നതിൽ ഓറെശ്ലമിലെ ആദിമക്രൈസ്തവസമൂഹമായിരുന്നു ഭാരതനസ്രാണികൾക്കു മാതൃക. ഈശോമിശിഹായിലുള്ള വിശ്വാസംവഴി ഏക സമൂഹമായി, ഒരേ ആത്മാവും ഒരേ മനസ്സുമായി (നട 2:43-44,4:32) ജീവിച്ച അവരെപ്പോലെ ഏകമനസ്സോടും ഒരുമയോടുംകൂടെയാണു മാർത്തോമ്മാനസ്രാണികൾ ജീവിച്ചിരുന്നത്.
തിരുരക്തത്താൽ രക്ഷിക്കപ്പെട്ട സമൂഹം
സഭ രക്ഷിക്കപ്പെട്ടവരുടെ സമൂഹമാണ് (Community of the saved). ഈശോമിശിഹാ കുരിശിൽ ചിന്തിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ട സമൂഹമാണു തിരുസഭ എന്ന വിശുദ്ധഗ്രന്ഥദർശനം വർത്തമാനപ്പുസ്തകത്തിലുമുണ്ട്. “തന്റെ മാണിക്കമായ ചൊരയാലെയും കുരിശു മരണത്താലെയും ആയതു ഒപ്പു കുത്തുകയും ചെയ്ത ശുദ്ധമാന മാർഗ്ഗം" എന്ന പരാമർശത്തിൽ വെളിവാകുന്നത് ഇതാണ്. എഫേസോസിലെ സഭാശ്രേഷ്ഠരോടു പൗലോസ്‌ശ്ലീഹാ പറഞ്ഞു: "അതു കൊണ്ടു നിങ്ങളെയും അജഗണം മുഴുവനെയും നിങ്ങൾ സൂക്ഷിച്ചു കൊള്ളുക. മിശിഹാ സ്വന്തം രക്തംകൊണ്ടു നേടിയ അവന്റെ സഭയെ മേയിക്കാൻ റൂഹാദ്‌ക്കൂദശാ നിങ്ങളെ അദ്ധ്യക്ഷന്മാരായി സ്ഥാപിച്ചിരിക്കുന്നു. എന്തെന്നാൽ ഞാൻ പോയശേഷം അജഗണത്തിൻമേൽ ദയതോന്നാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിലേക്കു വരുമെന്നു ഞാൻ അറിയുന്നു... അതുകൊണ്ടു നിങ്ങൾ ജാഗരൂകരായിരിക്കുക" (നട 20:28-31). മെത്രാൻ ഇടയനാണെന്നും വിശ്വാസ സമൂഹത്തിലെ മറ്റംഗങ്ങൾ അജഗണമാണെന്നുമുള്ള ദർശനം പണ്ടേ നസ്രാണികൾക്കുണ്ടായിരുന്നു. "ദെയ്‌വപ്രമാണത്താൽ ഇടവകമേൽ മുഷ്ക്കരത്വം (അധികാരം) കൈക്കൊണ്ടിരിക്കുന്ന ആളാണ് മലങ്കര ഇടവകയുടെ പ്രത്യെകമുള്ള ഇടയൻ" എന്നും, “മലങ്കര ഇടവകയിലുള്ള ആളുകളൊക്കയും ദെയ്‌വപ്രമാണത്താലും വർഗ്ഗന്യായത്താലും അയാൾക്കു വഴങ്ങുവാനും തങ്ങളുടെ പ്രത്യെകമുള്ള ഇടയനെപ്പൊലെ സമ്മതിക്കാനും കടമയായിരിക്കുന്നു" എന്നും പാറേമ്മാക്കൽ സൂചിപ്പിക്കുന്നുണ്ട്.
ദൈവപരിപാലനത്തിൽ ആശ്രയിച്ച സമൂഹം
വിശ്വാസത്തിന്റെ പ്രതിഫലനമാണല്ലോ ദൈവാശ്രയം. യാത്രയിലുടനീളം നസ്രാണികളുടെ നിവേദകസംഘം ദൈവത്തിലാശ്രയിച്ചിരുന്നു. അവരുടെ ജീവശ്വാസത്തിലുൾച്ചേർന്നിരുന്നതാണു ദൈവാഭിമുഖ്യവും ദൈവാശ്രയബോധവും. 'ഉടയതമ്പുരാൻ്റെ അറ്റമില്ലാത്ത മനഗുണ' ത്താൽ എന്നതു വർത്തമാനപ്പുസ്‌തകഗ്രന്ഥകാരന്റെ ഒരു സ്ഥിരം പ്രയോഗമാണ്. വിദേശികളാണു സഭയെ ഭരിക്കുന്നതെങ്കിലും പ്രതികൂലസാഹചര്യങ്ങൾ ഏറെയുണ്ടെങ്കിലും 'ഉടയതമ്പുരാന്റെ മനോഗുണംകൊണ്ടു ശക്തി ഒക്കെയും കെട്ടു പോയതുമില്ല. സഭ ദൈവത്തിന്റേതാകയാൽ അതു നശിച്ചുപോകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാനുള്ള കരുത്തു ദൈവം അതിനു നൽകും. ഇതാണു കരിയാറ്റിയെയും പാറേമ്മാക്കലിനെയും നയിച്ചിരുന്ന ബോദ്ധ്യം.
മൈലാപ്പൂരെത്തി മാർത്തോമ്മാശ്ലീഹായുടെ കബറിടം സന്ദർശിച്ച് നസ്രാണിസഭയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചശേഷംമാത്രമാണ് അവർ യാത്ര തിരിച്ചത്.'' വല്ല വിഘ്നങ്ങളുമുണ്ടായേക്കുമോയെന്ന ഭയം അവർക്കുണ്ടായിരുന്നു. "അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ സർവ്വശക്തനോടു വേണ്ടുവോളം ഞങ്ങൾ പ്രാർത്ഥിച്ചു" എന്നു പാറേമ്മാക്കൽ കുറിച്ചു. കപ്പലിൽ യാത്ര പുറപ്പെടുന്ന ദിവസമായ 1778 സെപ്തംബർ 6-ാം തീയതി എല്ലാവരുംകൂടി തരങ്ങൻപാടി കോട്ടയ്ക്കു പുറത്തുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ അൾത്താരയിങ്കൽ ചെന്നു പരിശുദ്ധമാതാവിനോടു പ്രാർത്ഥിച്ചു. കപ്പലിൽ കയറിയ ദിവസംമുതൽ നിവേദകസംഘത്തിൻ്റെ ഏറ്റവും വലിയ പ്രാർത്ഥനാ വിഷയം കൊടുങ്ങല്ലൂർ രൂപതയായിരുന്നു. "കൊടുങ്ങല്ലൂർ രൂപതയ്ക്ക വേണ്ടി ഞാൻ പ്രത്യേകം ഓരോ ദിവസവും ദൈവത്തോട് അപേക്ഷിച്ചിരുന്നു." ലിസ്ബണിൽവച്ച് മേല്‌പട്ടക്കാരനായി കരിയാറ്റിയെ ലഭിച്ചപ്പോൾ എത്ര വലിയ സന്തോഷമാണ് അവർക്കുണ്ടായത്. മേല്പട്ട സ്ഥാനം ലഭിച്ചതിനുശേഷമുള്ള പ്രാർത്ഥന മാർത്തോമ്മാ ആറാമൻ്റെ പുനരൈക്യം സാധിതമാകാൻവേണ്ടിയായിരുന്നു.
റോമാനഗരി കണ്ട ഉടനെ അതിൻ്റെ കവാടം കടക്കുന്നതിനുമുമ്പേ "ഞങ്ങളുടെ കാര്യങ്ങളെല്ലാം ശുഭമായി കലാശിക്കുന്നതിനുള്ള ദൈവാനുഗ്രഹം നേടിത്തരുവാൻ മാർ കേപ്പായോടും മാർ പൗലോസിനോടും പ്രത്യേകം അപേക്ഷിക്കണമെന്നും വഴിക്ക് ആപത്തൊന്നും കൂടാതെ സസുഖം എത്തിച്ചേരുവാൻ സഹായിച്ചതിനു പരിശുദ്ധ ഈശോയുടെ മാതാവിനോടു നന്ദിപറയണമെന്നും മല്‌പാൻ ഞങ്ങളോടു പറഞ്ഞു " എന്നും പാറേമ്മാക്കൽ രേഖപ്പെടുത്തുന്നുണ്ട്.
മെത്രാപ്പോലീത്താസ്ഥാനത്തെക്കുറിച്ച് പാറേമ്മാക്കൽ എഴുതുന്നു: “നമ്മുടെ കാരണവന്മാരിൽ പലരും കാണാനാഗ്രഹിച്ചിരുന്ന കാര്യം നമ്മുടെ കണ്ണുകൾകൊണ്ടു കാണുവാൻ അനന്തകാരുണികനായ ദൈവം ഇടവരുത്തി. അതിനുനാമെല്ലാം അവനെ പ്രത്യേകമായി സ്തുതിച്ചു കൊണ്ടാടണം. മേലിലും നമ്മുടെ ജനങ്ങളുടെ ദാസ്യവും ഞെരുക്കവും തീർത്തു രക്ഷിക്കണമെന്നു നിരന്തരം അപേക്ഷിക്കുകയും വേണം. എല്ലാ വിഘ്‌നങ്ങളിൽനിന്നും രക്ഷിച്ച ഉടയതമ്പുരാനോട് അവർ നന്ദി പറഞ്ഞു. ദൈവത്തിൻ്റെ പ്രത്യേകാനുഗ്രഹം നിമിത്തമാണ് മാർത്തോമ്മാമെത്രാൻ്റെ കാര്യത്തിൽ ശുഭമായ തീരുമാനമുണ്ടായതെന്നു ഗ്രഹിച്ച് അവർ അവനോട് എപ്പോഴും നന്ദി പ്രദർശിപ്പിക്കുകയും ചെയ്തുപോന്നു.
ദൈവാശ്രയബോധത്തിൽ സമൂഹം വളരണമെന്ന് ആഗ്രഹിച്ചതു കൊണ്ട് പാറേമ്മാക്കൽ വർത്തമാനപ്പുസ്‌തകത്തിൻ്റെ അവസാനപുറങ്ങളിൽ കഥാശേഷം ഇങ്ങനെ എഴുതി: "നിങ്ങളുടെ പ്രാർത്ഥനയുടെയും പരിത്യാഗങ്ങളുടെയും ഫലമായി ഞങ്ങളിരുവരും സുഖമായിരിക്കുന്നു. ഞങ്ങൾക്കുവേണ്ടി ഉടയതമ്പുരാനോടും ഈശോയുടെ മാതാവിനോടും തുടർന്നു പ്രാർത്ഥിക്കുന്നതിൽ ഉപേക്ഷ വരുത്തരുതെന്ന് എല്ലാവരെയും സ്നേഹപൂർവ്വം ഞാൻ അനുസ്‌മരിപ്പിക്കുന്നു.'' പരാജയങ്ങൾ ഉണ്ടായപ്പോഴും അവർ പതറിയില്ല; അപ്പോൾ അവർ കൂടുതൽ ദൈവത്തിലാശ്രയിച്ചു.
ദൈവാരാധകരുടെ സമൂഹം
അടിസ്ഥാനപരമായി ആരാധകരുടെ സമൂഹമാണല്ലോ തിരുസഭ. വിളിച്ചുകൂട്ടപ്പെട്ടവരുടെ ഗണം ('എക്ളേസിയ') എന്ന നിലയിൽ ആരാധനയ്ക്കായി ഒരുമിച്ചു കൂടിയിരുന്ന ആദിമസഭ പരി. കുർബാനയർപ്പണത്തിലാണ് സഭയായി ഭവിച്ചിരുന്നത്. ദൈവാരാധനയിൽനിന്ന് വിശിഷ്യ പരിശുദ്ധ കുർബാനയിൽനിന്ന് ഒരു ഉറവയിൽ നിന്നെന്നപോലെ നമ്മിലേക്കൊഴുകുന്ന പ്രസാദവരം (SC 9) സമൃദ്ധമായി പാനം ചെയ്തിരുന്ന സഭാശാസ്ത്രജ്ഞരായിരുന്നു കരിയാറ്റിയും പാറേമ്മാക്കലും. തങ്ങൾ എവിടെയായിരുന്നാലും പരിശുദ്ധ കുർബാനയർപ്പണത്തിനായിരുന്നു അവർ പ്രഥമസ്ഥാനം നല്‌കിയിരുന്നത്. ഏതാണ്ട് അമ്പതോളം തവണ പരി.കുർബാനയർപ്പണത്തെ സംബന്ധിച്ച് പാറേമ്മാക്കൽ പരാമർശിക്കുന്നുണ്ട്. അതിനുവേണ്ടി എത്ര ക്ലേശങ്ങൾ സഹിക്കാനും അവർ സന്നദ്ധരായിരുന്നു. യാത്രാവേളയിൽ എവിടെയായാലും ദൈവാലയം അവർ തെരഞ്ഞു കണ്ടുപിടിച്ചു. അതിനുവേണ്ടി എത്ര ദൂരം നടക്കാനും എന്തുമാത്രം അപമാനം സഹിക്കാനും അവർക്കു മടിയില്ലായിരുന്നു. എവിടെയും തങ്ങളുടെ സ്വന്തം റീത്തിൽ പരി. കുർബാന അർപ്പിക്കാൻ അവർ ദത്തശ്രദ്ധരുമായിരുന്നു.
എല്ലാ ജീവിതാനുഭവങ്ങളെയും ദൈവാനുഭവമായി കാണാൻ അവർക്കു ശക്തി നല്കിയത് വിശ്വാസത്തോടെയുള്ള പരിശുദ്ധ കുർബാനയർപ്പണവും പ്രാർത്ഥനയുമാണ്. ദൈവത്തിൻ്റെ മഹത്ത്വവും ദൈവജനത്തിന്റെ്റെ നന്മയും പ്രതീക്ഷിച്ചാണ് അവർ ഇറങ്ങിത്തിരിച്ചത്. അതിനാൽ ദൈവം കൂടെയുണ്ടെന്നും, അവരെ നയിക്കുമെന്നും, വേണ്ട സമയത്ത് ശക്തിപ്പെടുത്തുമെന്നും, ഒരിക്കലും കൈവിടില്ലെന്നും ദൃഢമായി അവർ വിശ്വസിച്ചിരുന്നു. സാഹചര്യങ്ങളെല്ലാം പ്രതികൂലമായപ്പോഴും ദൈവമായിരുന്നു അവരുടെ ഏക പ്രതീക്ഷ.
മിശിഹായുടെ സഹനത്തിൽ പങ്കുചേരുന്ന സമൂഹം
വിദേശമിഷനറിമാരുടെകാലം മാർത്തോമ്മാനസ്രാണികളെ സംബന്ധിച്ചു വലിയ സഹനത്തിൻ്റെ കാലഘട്ടമായിരുന്നു. യാത്രയുടെ പ്രാരംഭഘട്ടത്തിൽ അവർക്കനുഭവിക്കേണ്ടിവന്ന ക്ലേശങ്ങൾ പതിനേഴുമുതലുള്ള അദ്ധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്. മൈലാപ്പൂരെത്താറായപ്പോൾ യാത്രയിൽനിന്നു പിന്തിരിപ്പാൻ ശ്രമിച്ചവരുമുണ്ടായി. മുമ്പോട്ടുപോകാൻ ശക്തി ദൈവവചനത്തിൽനിന്നാണവർക്കു ലഭിച്ചത്. “രായുടെ പെടിയിൽനിന്നും ഇരുട്ടിൽ നടക്കുന്ന വചനത്തിൽ നിന്നും ഉച്ചയിൽ ഊതുന്ന കാറ്റിൽനിന്നും ഭയപ്പെടെണ്ടാ എന്ന മസ്മൊറായിൽ ചൊല്ലിയിരിക്കുന്നപൊലെ പട്ടാങ്ങയുടെയും നെറിവിന്റെയും ശത്രുക്കളാകുന്ന ആളുകൾ പാത്തും പതുങ്ങിയും നടന്നു പൊറു പൊറുക്കുന്ന വസ്തുക്കളിന്മേൽ ഒരു ഭയവും വെണ്ടാ എന്നുള്ളൊരു അടയാളമായിട്ടത്രെ ഇതു തമ്പുരാൻ കാട്ടി എന്നും തൻ്റെ തിരുനാമം ചൊല്ലി നടക്കുന്ന ആളുകളുടെ തണുപ്പിനും രക്ഷക്കും മാർ ആഗസ്തീനോസു പറയുന്നപിലെ തിന്മയിൽനിന്നു തന്നെയും നന്മ വരുത്തുവാൻ തന്റെ സർവ്വവല്ലഭത്തിന്നു വശമുണ്ടെന്നും നിശ്ചയിച്ചു.
റോമായിൽ നല്‌കാനായി മിഷനറിമാർ ഏല്‌പിച്ച കത്തുകൾ, അവതങ്ങൾക്കെതിരെയുള്ളവയാണന്നറിഞ്ഞുകൊണ്ടുതന്നെ കൊണ്ടു പോയി കൊടുക്കേണ്ടിവരുമ്പോൾ അവർ അനുഭവിച്ച മനോവേദന ഊഹിക്കാവുന്നതേയുള്ളൂ. "വിശ്വാസത്തിന്നു ഭംഗം വരുത്താതെ ഇരിപ്പാനായി അവർ ഈ ത്യാഗം ബോധപൂർവം ഏറ്റെടുക്കുകയായിരുന്നു. യാത്രയ്ക്കിടയിലുണ്ടായ രോഗങ്ങളും ലിസ്ബണിലും റോമായിലും അനുഭവിച്ച തിരസ്ക്കരണങ്ങളുമെല്ലാം സമചിത്തതയോടെ സ്വീകരിച്ചപ്പോൾ അവർ മിശിഹായുടെ സഹനത്തിൽ പങ്കുചേർന്നു യാഥാർത്ഥ മിശിഹാനുയായികളായി ഭവിക്കുകയായിരുന്നു. ഈ സഹനങ്ങളുടെയെല്ലാം ഉച്ചകോടിയായിരുന്നു ഗോവായിൽവച്ചു സംഭവിച്ച മല്പാന്റെ രക്തസാക്ഷിതുല്യമായ ആകസ്‌മിക നിര്യാണം.
സഹനങ്ങളുടെ നടുവിൽ സഭാതനയർ എങ്ങനെ പ്രതികരിക്കണമെന്ന് കരിയാറ്റിയും പാറേമ്മാക്കലും കാണിച്ചുതരുന്നുണ്ട്. വേദ പുസ്തകമാണ് അവർക്കതിൽ പ്രചോദനം. പൈശാചിക പരീക്ഷണങ്ങളെ ക്ഷമയോടെ സഹിച്ചു മുന്നോട്ടുപോകണമെന്ന് ശ്ലീഹന്മാരുടെയും പുണ്യവാന്മാരുടെയും മാതൃക ചൂണ്ടിക്കാട്ടി പാറേമ്മാക്കൽ നിർദ്ദേശിക്കുന്നു.
ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായ മാർത്തോമ്മാശ്ലീഹായാൽ അടിസ്ഥാനമിടപ്പെട്ട ഭാരതനസ്രാണിസഭയുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ സഭാജീവിതശൈലിയാണ് 'മാർത്തോമ്മാമാർഗ്ഗം' എന്നറിയപ്പെടുന്നത്. മാർത്തോമ്മാശ്ലീഹാ കൈമാറി നൽകിയ ദൈവ വചനമാണ് ഇതിന് അടിത്തറ. തോമ്മാശ്ലീഹായിൽനിന്നു ലഭിച്ച വിശ്വാസപൈതൃകത്തിന്റെ ആകെത്തുകയാണ് മാർത്താമ്മാമാർഗ്ഗം.
വർത്തമാനപ്പുസ്‌തകത്തിലെ ഒരു പൊതു പ്രമേയമാണ് മാർഗ്ഗം. പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന ദൈവശാസ്ത്രപദങ്ങളിലൊന്ന് മാർഗ്ഗമാണ്. മാർഗ്ഗത്തെ ഈശോമിശിഹാ, വചനം, വിശ്വാസം, കൂട്ടായ്മ, ക്രൈസ്‌തവജീവിതം എന്നൊക്കെ മൊഴിമാറ്റം ചെയ്യാം.
മാർഗ്ഗം-നസ്രായനായ ഈശോമിശിഹാ
നസ്രായനായ ഈശോമിശിഹായാണു മാർഗ്ഗം (യോഹ 14:6); നിത്യജീവനിലേക്കു നയിക്കുന്ന, സത്യംതന്നെയായ പിതാവിലേക്കാനയിക്കുന്ന യഥാർത്ഥമാർഗ്ഗം. നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ചോദ്യമാണ് ഈ മഹാവെളിപ്പെടുത്തലിന് ഇടയാക്കിയത് എന്നതു യാദൃശ്ചികമല്ല. ഈശോ അറിയിച്ച സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം മാർഗ്ഗമാണ്. തന്നെ അനുഗമിക്കാനുള്ള അവിടുത്തെ ആഹ്വാനത്തിന്റെ (മത്താ 4:19) വെളിച്ചത്തിലാണ് ഈ വെളിപാടിന്റെ പൂർണാർത്ഥം നമുക്കു വ്യക്തമാകുന്നത്. മിശിഹാശിഷ്യത്വം അവനെ അനുഗമിക്കലാണല്ലോ. ഈ ലോകത്തിൽനിന്ന് അവൻ പിതാവിൻ്റെ പക്കലേക്കു കടന്നുപോയത് തൻ്റെ സഹനമരണോത്ഥാനങ്ങളിലൂടെയാണ്. ഇതേ മാർഗ്ഗം തന്നെയാണു ശിഷ്യനും സ്വീകരിക്കേണ്ടത്. അഥവാ ഇതേ മാർഗ്ഗത്തിലാണ് അവനും ചരിക്കേണ്ടത്. ഈശോയിൽ വിശ്വസിക്കുകയെന്നാൽ അവൻ്റെ സഹനമരണോത്ഥാനങ്ങളിൽ പങ്കു ചേർന്നു നിത്യജീവനിലേക്കു യാത്രതിരിക്കുക എന്നാണല്ലോ അർത്ഥം. വിശ്വാസതീർത്ഥാടനം മാർഗ്ഗമായ മിശിഹായിൽ ചരിക്കലാണ്.
മാർഗ്ഗവാസികൾ
മാർഗ്ഗമായ ഈശോയിൽ വിശ്വസിക്കുകയും അവൻ പഠിപ്പിച്ച മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവരാണു മാർഗ്ഗവാസികൾ. ക്രിസ്തീയവിശ്വാസത്തെ 'മാർഗ്ഗം' എന്നു വിശേഷിപ്പിക്കുന്ന രീതി അതിപുരാതനമാണ്. വിശ്വാസികൾ അന്ത്യോക്യായിൽവച്ചു “ക്രിസ്‌ത്യാനികൾ” എന്നു വിളിക്കപ്പെടുന്നതിനു മുമ്പുള്ള (മിശിഹാവർഷം 64; നട 11:26) കാലഘട്ടത്തിൽ നസ്രായനിൽ വിശ്വസിക്കുന്നവരെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന പദമാണിത് (നട 9:2). ആദിമ ക്രൈസ്‌തവ സമൂഹത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരിക വിവരണമായ ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകത്തിൽ ക്രിസ്‌തീയസമൂഹങ്ങളെയും ക്രിസ്തീയ ജീവിതശൈലിയെയും “മാർഗ്ഗം" എന്നാണ് വിശേഷിപ്പിരിക്കുന്നത് (നട 9:2, 19:9, 19:23, 22:4, 24:14, 22:22). മാർഗ്ഗത്തിൽ ചരിച്ചിരുന്നവരെ സാവൂൾ പീഡിപ്പിച്ചു (നട 9:2) എന്നു പറയുമ്പോൾ മിശിഹായിൽ വിശ്വസിക്കുന്നവരെ നശിപ്പിക്കാൻ ശ്രമിച്ചു എന്നാണർത്ഥം.
മാർഗ്ഗത്തിൽ വസിക്കുന്നവരുടെ മുഖമുദ്രയാണു ദൈവഭയം. നല്ലവനും ദൈവഭയമുള്ളവനുമാണു യഥാർത്ഥ ക്രിസ്ത്യാനി.' ഭക്തിമയും തമ്പുരാനെപ്പേടിയും പുണ്യപ്രവൃത്തികളും നിറഞ്ഞിരിക്കുന്നവനാണു വിശ്വാസി. 'തമ്പുരാനെപ്പേടി' (Fear of God) എന്ന പ്രയോഗം ദൈവത്തോടുള്ള ഭയബഹുമാനത്തെയും ദൈവികകാര്യങ്ങളോടുള്ള ആദരവിനെയും സൂചിപ്പിക്കുന്നു. ഭക്തിയും ദൈവഭയവും ദാനധർമ്മവും യഥാർത്ഥവിശ്വാസിയുടെ ലക്ഷണങ്ങളായി വർത്തമാനപ്പുസ്‌തകം 29-ാം അദ്ധ്യായം എടുത്തുകാട്ടുന്നു. ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകം 10-ാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന, ഭക്തിയും ദൈവഭയവും ദാന ധർമ്മശീലവുമുള്ളവനായ കൊർണേലിയൂസിനു സമാനരാണവർ.
നസ്രാണി അന്നും ഇന്നും "മാർഗ്ഗവാസി" എന്നാണ് അറിയപ്പെടുന്നത്. മാർത്തോമ്മാനസ്രാണികൾക്കിടയിൽ പ്രചാരത്തിലിരുന്ന ഈ പ്രയോഗം വിശുദ്ധഗ്രന്ഥാധിഷ്ഠിതവും സഭയുടെ പൗരാണികതയിലേക്കു വിരൽ ചൂണ്ടുന്നതുമാണ്. മാർഗ്ഗവാസിയുടെ ദൈവശാസ്ത്രം വേദപുസ്തകത്തിൽനിന്നുള്ളതാണ്. നസ്രാണികളുടെ ആരാധനക്രമത്തിലും ആദ്ധ്യാത്മികതയിലും ദൈവശാസ്ത്രത്തിലും ശിക്ഷണക്രമത്തിലുമെല്ലാം പ്രതിഫലിക്കുന്ന ഈ മാർഗ്ഗത്തിൽ ദൈവവചനത്തിന്റെ സ്വാധീനം പ്രസ്‌പഷ്ടമാണ്.
“മാർഗ്ഗത്തിന്റെ വർദ്ധനവിന്നു വെണ്ടുന്ന" കാര്യങ്ങൾക്കായാണു കരിയാറ്റിയും പാറേമ്മാക്കലും റോമായിലേക്കു യാത്രയായത്. തങ്ങളുടെ ശുദ്ധനിക്ഷേപമാകുന്ന മാർഗ്ഗത്തെ ശുദ്ധമാനക്രമങ്ങളോടും ഭക്തിയുമുള്ള മര്യാദകളോടുംകൂടി പാലിക്കാനാണ് അവർ പരിശ്രമിച്ചത്. "നീയും നിന്റെ ജാതി ഒക്കയും മാർഗ്ഗം എന്നും ഈശോമിശിഹാ എന്നും ഉള്ള കെൾവികെൾക്കുന്നതിനു മുമ്പിൽ മലങ്കര വിശ്വാസികളും പട്ടക്കാരും മെത്രാന്മാരും ഉണ്ടായിരുന്നു"' എന്ന പ്രസ്താവനയിൽ, രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പു നസ്രാണി സ്വീകരിച്ച സത്യവിശ്വാസത്തെയാണു മാർഗ്ഗം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. “ശു. വിശ്വാസത്തിന്മേൽ ഒരു അറെപ്പും നിന്ദയും കൂടാതെ ബഹുമാനപ്പെട്ടവരും പ്രധാനികളും പാവപ്പെട്ടവരും എല്ലാവരും ആകമാനമായിട്ടു ശു. വിശ്വാസം കൈക്കൊള്ളുകയും ഈ ശു. വിശ്വാസത്തിൽ ഒരപ്പന്റെ മക്കൾ അത്രെ ആകുന്നു എന്ന അറിഞ്ഞു നസ്രാണികൾക്കടുത്ത ഒരു മ്പാടൊടും ഐകമത്യത്തോടുംകൂടെ ഒരു പിണക്കവും അയർച്ചയും കൂടാതെ തങ്ങളുടെ ആത്മത്തിനും ശരീരത്തിനും ജാതി ഒക്കക്കും ഉപകാരമായ വസ്‌തുക്കൾ ശ്രമിച്ചുവരിക"യും ചെയ്തിരുന്ന ജീവിത ശൈലിയാണു മാർഗ്ഗം.' ദൈവപിതാവിൻ്റെ പിതൃത്വത്തിലും ഈശോ മിശിഹായുടെ സാഹോദര്യത്തിലും കൂട്ടായ്‌മയിലും അധിഷ്‌ഠിതമായ നസ്രാണിജീവിതശൈലിയാണു മാർത്തോമ്മാമാർഗ്ഗം.
ഉപവി-മാർഗ്ഗത്തിന്റെ തികവ്
മാർഗ്ഗം പൂർണ്ണമാകുന്നതു സ്നേഹത്തിലാണ്. “കൂടപ്പുറപ്പുകളുടെ സ്നെഹം പ്രമാണിക്കുന്ന നമ്മുടെ മാർഗ്ഗം' എന്നാണു പാറേമ്മാക്കൽ എഴുതുന്നത്. സഹോദരസ്നേഹമാണ് മാർഗ്ഗത്തിന്റെ കാതൽ. “നസ്രാണിമാർഗ്ഗത്തിൻ്റെ തികച്ചിലാകുന്ന ഉപവി""യിലാണു തോറായും നിവ്യന്മാരും അടങ്ങിയിരിക്കുന്നത് (മത്താ 22:40) എന്നു മിശിഹാ കർത്താവിനെ ഉദ്ധരിച്ചുകൊണ്ടു പാറേമ്മാക്കൽ സമർത്ഥിക്കുന്നു. തന്റെ വാദത്തിനു ബലമേകാനായി "ശുദ്ധമാന പുസ്തകത്തിൽ"നിന്നു വേറെയും ഉദ്ധരണികൾ അദ്ദേഹം കണ്ടെത്തുന്നുണ്ട്. "വരത്തരെ സ്നെഹിക്കുന്നവർ നിങ്ങൾ ആകുവിൻ എന്ന റൊമാക്കാറരുടെ പക്കലുള്ള കുറിയിലും, വരത്തരുടെ സ്നെഹം നിങ്ങൾ മറക്കണ്ട എന്നു എവറായക്കാറരുടെ പക്കലുള്ള കുറിയിലും" കാണുന്നതു പാറേമ്മാക്കൽ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. റോമാ 12:9, ഹെബ്രാ 13:1-2 എന്നീ വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഇവിടെ പരാമൃഷ്ടം.
മാർഗ്ഗം ഉപവിയായതിനാലാണു പുതുതായി വിശ്വാസം സ്വീകരിച്ചു മാർഗ്ഗം കൂടിയവരോടു യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കരുതെന്നു പാറേമ്മാക്കൽ നിർദ്ദേശിക്കുന്നത്.' ഈശോമിശിഹായിൽ തങ്ങളുടെ “കൂടപ്പുറപ്പുകൾ" എന്നപോലെ അവരോടു പെരുമാറാൻ എല്ലാവർക്കും കഴിയണം. ഈശോയിൽ വിശ്വസിക്കുന്നവർ പരസ്പരം സഹോദരന്മാരാണ് (മത്താ 23:8) എന്ന് അവിടുന്നു പഠിപ്പിച്ചിട്ടുണ്ടല്ലോ. “തമ്മിൽ തമ്മിൽ തികയപ്പെട്ട ഉപവിയൊടുംകൂടെ ഏകശരീരത്തിൻ്റെ സന്ധുക്കൾ അത്രെ ആകുന്നു എന്നു വിചാരിച്ചു നടപ്പാനും ഭെദാഭേദം കൂടാതെ പെരുമാറുവാനും... നിരാസവും നിഷേധവും അവരോടു കാട്ടാതെയും ആകന്നപോലെ കരുണയോടുകൂടെ അവരെ കൈകക്കൊണ്ട ഈശോമിശിഹായിൽ തങ്ങളുടെ കൂടപ്പുറപ്പുകൾ എന്നപോലെ അവരൊടു പെരുമാറാനും" കഴിഞ്ഞാൽ മാത്രമേ മാർഗ്ഗമനുസരിച്ചുള്ള ജീവിതമാകൂ എന്നും പാറേമ്മാക്കൽ ഓർമിപ്പിക്കുന്നു. പൗലോസ്ശ്ലീഹായുടെ വാക്കുകളാണ് ഈ പ്രബോധനത്തിനു പിന്നിൽ. “ശരീരം ഒന്നാണെങ്കിലും അതിൽ അവയവങ്ങൾ പലതുണ്ട്. അവയവങ്ങൾ പലതെങ്കിലും അവയെല്ലാംചേർന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെ തന്നെയാണു മിശിഹായിൽ നാമെല്ലാവരും" (1 കോറി 12:12). "പലരെങ്കിലും നാം മിശിഹായിൽ ഏകശരീരമാകുന്നു. പരസ്പരം ബന്ധംപുലർത്തുന്ന അവയവങ്ങളുമാകുന്നു" (റോമ 12:5). കർത്താവായ ഈശോമിശിഹായിൽ മഹത്ത്വപൂർണമായ വിശ്വാസമുള്ള നിങ്ങൾ പക്ഷപാതം കാട്ടരുത് (യാക്കോ 2:1-4) എന്നു യാക്കോബ് ശ്ലീഹായും നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ.
മാർഗ്ഗവും ലോകബഹുമാനവും
മാർഗ്ഗജീവിതം “അതിനാൽതന്നെ എത്രയും പ്രകാശവും മഹിമയുമുള്ളതാകയാൽ ലോകബഹുമാനങ്ങൾക്ക് അതിൽ പ്രസക്തിയില്ല." ഈ മാർഗ്ഗം കല്‌പിച്ചുതന്ന മാറൻ ഈശോമിശിഹായും തന്റെ ശ്ലീഹന്മാരും ഇങ്ങനെയുള്ള ബഹുമാനമൊന്നും ആഗ്രഹിച്ചില്ല. എന്നു മാത്രമല്ല, ഇത്തരം ബഹുമാനങ്ങൾ തങ്ങൾക്കു ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെന്നറിഞ്ഞപ്പോൾ ആ സാഹചര്യത്തിൽനിന്ന് ഓടിയ കലാൻ ശ്രദ്ധിച്ചുമിരുന്നു. ഉദാഹരണത്തിന്, അപ്പം വർദ്ധിപ്പിക്കലിനു സാക്ഷികളായ ജനം അവനെ ബലമായി പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുവെന്നു മനസ്സിലാക്കിയ ഈശോ തനിയേ ഒരു മലയിലേക്കു പോയ രംഗം (യോഹ 6:1-15) പാറേമ്മാക്കൽ പരാമർശിക്കുന്നു. ശ്ലീഹന്മാർ ഈശോകർത്താവിനെപ്രതി ഏറിയ തല്ലുകളും വിലങ്ങുകളും ഞെരുക്കങ്ങളും മരണവും കൈക്കൊണ്ട രംഗങ്ങളും (നട 4:1-22, 5:17 -42; 2 കോറി 11:16-33) അദ്ദേഹം അനുസ്‌മരിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ കാണിക്കുന്നതിനുവേണ്ടി തങ്ങളുടെ നെറ്റിപ്പട്ടങ്ങളുടെ വീതിയും കുപ്പായത്തൊങ്ങലുകളുടെ നീളവും കൂട്ടുന്ന, വിരുന്നുശാലകളിൽ മുഖ്യസ്ഥാനവും സംഘങ്ങളിൽ മികച്ച ഇരിപ്പിടവും ഇഷ്‌ടപ്പെടുന്ന, തെരുവീഥികളിൽ അഭിവാദനവും മനുഷ്യരിൽനിന്നു 'ഗുരോ' എന്ന സംബോധനയും ആഗ്രഹിക്കുന്ന പ്രീശരെപ്പോലെയാകരുത് തന്റെ ശിഷ്യന്മാർ (മത്താ 23:1-12) എന്ന ഈശോയുടെ പ്രബോധനത്തിന്റെ അർത്ഥം ശരിക്കും നമ്മുടെ പൂർവ്വികർ മനസ്സിലാക്കിയിരുന്നു എന്നതിനു മതിയായ തെളിവാണിത്.
നമ്മുടെ മാർഗ്ഗത്തിന് ഇപ്രകാരമുള്ള ലോകബഹുമാനങ്ങൾ ആവശ്യമില്ലെന്നു മാത്രമല്ല, "ആത്മഹൃദയവും ദെയ്പെടിയും" കുറവുള്ളവർക്ക് ഇത്തരം സ്ഥാനമാനങ്ങൾ ലഭിച്ചാൽ "ആദിത്യന്റെ വെളിവിനെ ഗ്രഹണം മറക്കുന്നതുപൊലെ നമ്മുടെ മാർഗ്ഗത്തിൻ്റെ കാതലായ വസ്തുക്കളായ എളിമയും പതവും കൂടപ്പുറപ്പുകളെ ഉള്ള ഉപവിയും മറച്ച ലൊകസ്‌തുതിയും ബഹുമാനങ്ങളും നിഷെധവും അഹമ്മതിയും കാട്ടുവാനുള്ള സംഗതി വരുത്തുകയും ചെയ്യും" എന്നുകൂടി വർത്തമാനഗ്രന്ഥകാരൻ മുന്നറിയിപ്പു നല്കുന്നു.
മാർഗ്ഗം-കൂട്ടായ്മാജീവിതം
മിശിഹായിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൻ്റെ ജീവിതശൈലിയാണു മാർഗ്ഗം. സുവിശേഷാനുസൃതമായ ക്രൈസ്‌തവജീവിതം മുഴുവനെയും സൂചിപ്പിക്കാൻ പാറേമ്മാക്കൽ 'മാർഗ്ഗം' എന്ന പദമുപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ: “നല്ല ഒരിമ്പാടൊടും നിരപ്പൊടും ഐക്യമത്യത്തോടുംകൂടെ ഒരു നിരുപണയാലെയും ഒരു വായാലെയും ഒരു ക്രമത്താലെയും ഒരു വിശ്വാസത്താലെയും ഉടയ തമ്പുരാനെ തുതിച്ചും ജാതിയുടെ ഒരുമ്പാടും ഗുണവും ശ്രമിച്ചു” വരുന്നതുമായ കൂട്ടായ്‌മയുടെ ജീവിതമാണ് മാർഗ്ഗം. ഓർഫ്ലെമിലെ ആദിമക്രൈസ്തവസമൂഹത്തിന്റെ ജീവിതശൈലിയിൽനിന്നു വ്യത്യസമായിരുന്നില്ല നസ്രാണികളുടേതും. "വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായിത്തീർന്നു. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു" (നട 2:44). "വിശ്വസിച്ചവരുടെ സമൂഹത്തിന് ഒരേ ആത്മാവും ഒരേ മനസ്സും ആയിരുന്നു" (നട 4:31).
ഇടയനോടുള്ള പ്രതിബദ്ധത അഥവാ മെത്രാൻസ്ഥാനത്തോടുള്ള ആദരവ്, ''കാരണവന്മാരോടും ഗുരുക്കന്മാരോടുമുള്ള ബഹുമാനം, രാജാക്കന്മാരോടുള്ള കൂറ്, ജാതിയുടെ ഗുണത്തിലും നന്മയിലുമുള്ള താൽപര്യം,' തുടങ്ങിയവയെല്ലാം കൂട്ടായ്‌മാജീവിതത്തിന്റെ വ്യത്യസ്തമാനങ്ങളാണ്. വിശ്വാസികളുടെ ദാനധർമ്മവും ഉപവിപ്രവൃത്തികളുമെല്ലാം ഈ കൂട്ടായ്‌മയുടെ വിവിധ ഭാവങ്ങളുമാണ്.
ജാതിയുടെ ഗുണത്തിനും ഉപകാരത്തിനുംവേണ്ടിയുള്ള ജീവിതം മാർഗ്ഗത്തിൻ്റെ ഭാഗമാണ്. എളിമയും പതവും കൂടെപ്പുറപ്പുകളോടുള്ള ഉപവിയുമാണു മാർഗ്ഗവാസികളുടെ പ്രത്യേകത. പാറേമ്മാക്കലിന്റെ ആദ്ധ്യാത്മികതയും ദൈവാഭിമുഖ്യവും ക്രൈസ്‌തവ ഉപവിയിലേക്കു വിരൽചൂണ്ടുന്നു. "ഉടയതമ്പുരാൻ്റെ സ്‌തുതിക്കും കൂടപ്പുറപ്പുകളുടെ ഉപകാരത്തിനു"മാണു തങ്ങളുടെ ജീവിതമെന്നു മനസ്സിലാക്കിയിരുന്നവരായിരുന്നു കരിയാറ്റിയും പാറേമ്മാക്കലും.
മാർഗ്ഗം-സഭയോടൊത്തുള്ള ജീവിതം
മാർഗ്ഗം മാതൃസഭയോടൊത്തുള്ള വിശ്വാസിയുടെ ജീവിതത്തെ സൂചിപ്പിക്കുന്ന പദംകൂടിയാണ്. നമ്മുടെ ജീവിതം "തമ്പുരാന്റെ ന്യായത്തിനും ഈശോമിശിഹായുടെ മാർഗ്ഗ"ത്തിനും തക്കവണ്ണമാകണം."ഉടയതമ്പുരാൻ്റെ സ്‌തുതിപ്പിനും പള്ളികളുടെ ഉപകാരത്തിനും" വേണ്ടിയുള്ള ജീവിതമാണല്ലോ വിശ്വാസജീവിതം. ഉടയതമ്പുരാനെ പ്രതിയും മലങ്കരപ്പള്ളികളുടെ ഗുണത്തിനുംവേണ്ടിയും എത്ര വലിയ കഷ്ടപ്പാടുകൾ ഏറ്റെടുക്കാനും പാറേമ്മാക്കലും കരിയാറ്റിയും തയ്യാറായി. “തമ്പുരാന്റെ സ്‌തുതി, ജാതിയുടെ ഗുണം, ഏവൻഗെലിയൊന്റെ പഠിത്തം, പള്ളിയുടെ വഴക്കം" എന്നിവയുമൊക്കെയാണു ക്രൈസ്തവജീവിതത്തിൻ്റെ തന്നെ പര്യായമായ മാർഗ്ഗംകൊണ്ടു പാറേമ്മാക്കൽ ഉദ്ദേശിക്കുന്നത്. 'ഈശോമാർഗ്ഗം' എന്ന വേദപുസ്‌തകദർശനം അനിതരസാധാരണമായ രചനാപാടവത്തോടെ വർത്തമാനപ്പുസ്തകഗ്രന്ഥകാരൻ സഭാജീവിതത്തിലേക്കു പകർത്തിയിരിക്കുന്നു.
രക്ഷിക്കപ്പെട്ട വിശ്വാസികളുടെ സമൂഹമായ സഭ ഈശോമിശിഹായാകുന്ന മൂലക്കല്ലിലും ശ്ലീഹന്മാരാകുന്ന അടിത്തറമേലുമാണ് പണിതുയർത്തപ്പെട്ടിരിക്കുന്നത് (എഫേ 2:20). നസ്രാണികളെ സംബന്ധിച്ചിടത്തോളം ഈ അടിത്തറ മാർത്തോമ്മാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തിലും അറമായ സുറിയാനി വേരുകളിലും അധിഷ്‌ഠിതമാണ്. ഈ ശ്ലൈഹികാടിസ്ഥാനത്തെക്കുറിച്ചു പാറേമ്മാക്കലിനു തികഞ്ഞ അവബോധമുണ്ടായിരുന്നു.
കരിയാറ്റിയെയും പാറേമ്മാക്കലിനെയും സദാനയിച്ചിരുന്നത് മാർത്തോമ്മാശ്ലീഹായോടുള്ള ഭക്തിയാണ്. മാർത്തോമ്മാശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ ഈശോയിലുള്ള വിശ്വാസമാണവർക്കു ശക്തി പകർന്നിരുന്നത്. മൈലാപ്പൂരിലുള്ള തോമ്മാശ്ലീഹായുടെ കബറിടത്തോടുള്ള വലിയ ആദരവും ബന്ധവും നസ്രാണിപാരമ്പര്യത്തിന്റെ ഭാഗമാണ്. അവർ നോമ്പുനോറ്റും ഉപവാസമെടുത്തും തോമ്മാശ്ലീഹായുടെ കബറിടം സന്ദർശിച്ചിരുന്നു. അവിടെനിന്നുള്ള മണ്ണു കലർത്തിയ ജലം കൂദാശ ചെയ്യപ്പെട്ടതായി പരിഗണിച്ചു നസ്രാണികൾ ഉപയോഗിച്ചിരുന്ന കാര്യങ്ങളൊക്കെ പാറേമ്മാക്കൽ ആദരവോടും സൂക്ഷ്‌മതയോടും കൂടെയാണു വിവരിക്കുന്നത്. മാർത്തോമ്മാശ്ലീഹായോടുള്ള നസ്രാണികളുടെ പരമ്പരാഗത ഭക്തി ഉദാഹരിക്കുന്നതാണ് കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും മൈലാപ്പൂർ തീർത്ഥാടനവും പ്രാർത്ഥനയും. രണ്ടു ദിവസം മൈലാപ്പൂരിൽ താമസിച്ച് അവിടെ മാർത്തോമ്മാശ്ലീഹായുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു.
മിശിഹായുടെ ശിഷ്യനായ മാർത്തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തിൻ്റെ ഫലമാണ് ഭാരതത്തിലെ നസ്രാണിസഭ. കേപ്പാ റോമായിൽ സുവിശേഷം പ്രസംഗിക്കുകയും വധിക്കപ്പെടുകയും ചെയ്തുവെന്ന് യൂറോപ്പിലുള്ള ആളുകൾ വിശ്വസിക്കുന്നതുപോലെയാണ് തോമ്മായുടെ ഇന്ത്യയിലെ പ്രേഷിതത്വവും മൈലാപ്പൂരിലെ രക്തസാക്ഷിത്വ മകുടവും.
മാർത്തോമ്മാശ്ലീഹായാണ് തങ്ങളുടെ സഭ സ്ഥാപിച്ചതെന്ന് പാറേമ്മാക്കൽ പല പ്രാവശ്യം അഭിമാനത്തോടുകൂടി വർത്തമാനപ്പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ട്. "ജാതിയുടെ മുമ്പിലത്തെ മാർഗ്ഗമറിയിച്ചവനും അടിസ്ഥാനമിട്ടവനുമായ മാർത്തോമ്മാശ്ലീഹായുടെ യോഗ്യങ്ങൾ കൊണ്ടും" എന്ന വർത്തമാനപ്പുസ്‌തകത്തിന്റെ ആദ്യവാക്യം അവരുടെ സഭാജീവിതത്തിൽ തോമ്മാശ്ലീഹായ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. “നമ്മുടെ മലങ്കര ഇടവകയിൽ മാർത്തോമ്മാശ്ലീഹാ വന്നു ദൈവപുത്രൻ്റെ സുവിശേഷം അറിയിച്ചതിനുശേഷം ഉടയതമ്പുരാന്റെ കൃപകൊണ്ട് ആയിരത്തിൽച്ചിൽവാനം ആണ്ടുകൾ പിന്നിട്ടു. “മലങ്കര ഇടവകയിൽ മാർത്തോമ്മാശ്ലീഹാ വന്നു സുവിശേഷമറിയിച്ച നാൾതൊട്ടു വളരെക്കാലം നമ്മുടെ ജാതിയിലും ക്രമത്തിലുംപെട്ട ആളുകൾതന്നെയാണ് ഇടവകയുടെ മെത്രാപ്പോലീത്തന്മാരായി നമ്മെ ഭരിച്ചിരുന്നത്" തുടങ്ങിയ പ്രയോഗങ്ങൾ വർത്തമാനപ്പുസ്തകത്തിൽ സാധാരണമാണ്.
മാർത്തോമ്മാശ്ലീഹാ കേരളത്തിൽ വന്നതുമുതലുള്ള മലങ്കരസഭയുടെ ചരിത്രം ലിസ്ബണിൽ പാർക്കുന്ന കാലത്തു പറുങ്കിഭാഷയിൽ മല്പാൻ സംക്ഷിപ്‌തമായി എഴുതി. അതിൻ്റെ ലക്ഷ്യം അദ്ദേഹം വിഷ്കോന്തിയോടു വ്യക്തമാക്കി: "ഈ അപേക്ഷകൾ വ്യക്തമായും സൂക്ഷ്മമായും ഗ്രഹിക്കുന്നതിന് മലങ്കര ഇടവകയിലെ സഭാചരിത്രം അറിയുന്നതു നന്നായിരിക്കും. മാർത്തോമ്മാശ്ലീഹാ അവിടെവന്നു മിശിഹാമാർഗ്ഗം സ്ഥാപിച്ചശേഷമുള്ള ചരിത്രം മുഴുവൻ ഞാൻ പറുങ്കി ഭാഷയിൽ എഴുതിയിട്ടുണ്ട്. തോമ്മാശ്ലീഹായുടെ മിശിഹാനുഭവത്തിൽ പങ്കുചേരുന്നവരായ തങ്ങൾ ശ്ലീഹായിലൂടെ മിശിഹായോട് അടുത്തു നില്ക്കുന്നു എന്ന ബോധ്യമാണ് അവർക്കുണ്ടായിരുന്നത്.
ജീവിതത്തിലുടനീളം മാർത്തോമ്മാശ്ലീഹായുടെ മാദ്ധ്യസ്ഥ്യം തേടുന്നത് മാർത്തോമ്മാക്രിസ്ത്യാനികളുടെ വിശ്വാസപൈതൃകത്തിന്റെ ഭാഗമാണ്. നമ്മുടെ കർത്താവിൻ്റെ അമ്മ കഴിഞ്ഞാൽ മാർത്തോമ്മാശ്ലീഹായെയാണ് അവർ അനുസ്‌മരിച്ചിരുന്നത്. പോർട്ടുഗീസ് രാജ്ഞിയെ കാണുന്നതിനുമുമ്പ് പാറേമ്മാക്കലും കരിയാറ്റിയും പ്രാർത്ഥിച്ചതിനെക്കുറിച്ചു വർത്തമാനപ്പുസ്‌തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “...ഞങ്ങൾ എല്ലായ്പ്‌പോഴും ചെയ്‌തുവരുന്ന മര്യാദപൊലെ മാർത്തോമ്മാശ്ലീഹായൊടു... നമസ്‌കരിച്ചുകൊണ്ട്, "വീണ്ടും ചെന്നതിൻ്റെശേഷം അവിടെ പള്ളിയിൽ കുമ്പിട്ടു മര്യാദിപോലെ മർത്തമറിയം ഉമ്മയൊടും മാർത്തോമ്മാശ്ലീഹായൊടും അപെക്ഷിച്ചതിന്റെ ശെഷം...'' രണ്ടിടത്തുംകാണുന്ന 'മര്യാദപോലെ' എന്ന പ്രയോഗം അവർ പതിവായി തോമ്മാശ്ലീഹായോട് പ്രാർത്ഥിച്ചിരുന്നു എന്നു ധ്വനിപ്പിക്കുന്നു. ഇനിയും മറ്റനേകം ഉദാഹരണങ്ങൾ വർത്തമാനപ്പുസ്‌തകത്തിലുണ്ട്.
അറമായ-സുറിയാനി പൈതൃകം
ദൈവപുത്രനായ ഈശോ സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ അറമായ ആണ്. അത് പിന്നീട് സുറിയാനി എന്നറിയപ്പെട്ടു തുടങ്ങി. മാർത്തോമ്മാശ്ലീഹായിൽനിന്നും നസ്രാണികൾക്കു ലഭിച്ച വിശ്വാസപൈതൃകത്തിൽ സുറിയാനിപൈതൃകവും ഉൾച്ചേർന്നിരിക്കുന്നു. സുറിയാനി പൈതൃകത്തിലുള്ള അഭിമാനം വർത്തമാനപ്പുസ്തകത്തിൽ വളരെ പ്രകടമാണ്.
“മാർത്തോമ്മാശ്ലീഹാ ഞങ്ങളുടെ നാട്ടിൽ സുവിശേഷമറിയിച്ച കാലം മുതൽ ഇന്നുവരെ മുടക്കം കൂടാതെ സുറിയാനിയിലാണ് ഞങ്ങളുടെ പള്ളികളിൽ ആരാധനക്രമങ്ങൾ നടത്തിവരുന്നത്... ഏറെ ഞെരുക്കവും സങ്കടങ്ങളും ഞങ്ങളുടെ സമൂഹം അനുഭവിച്ചുപോന്നുവെങ്കിലും ഉടയതമ്പുരാൻ്റെ കൃപകൊണ്ട് ഞങ്ങളുടെ കാരണവന്മാർ നിക്ഷേപംപോലെ ഞങ്ങൾക്കു കൈപകർന്നുതന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവുപോലും ഇല്ലായ്‌മ ചെയകൊണ്ടാണ് മേല്പറഞ്ഞ മലയാളത്തിലെഴുതിയ പടുവഞ്ചനകൾ പഠിപ്പിച്ച് മലങ്കര ക്രിസ്ത്യാനികളെ ഓരോ ഭാഷയും ശബ്ദശുദ്ധിയും വിശുദ്ധഗ്രന്ഥ പരിചയവും ഇല്ലാത്ത മൂഢന്മാരാക്കിത്തീർത്ത് നീ അവരെ നിന്റെ ദൃഷ്ടിയിൽ കൊണ്ടുവരുന്നത്." എത്ര ആദരവോടും എന്നാൽ ആത്മാഭിമാനബോധത്തോടുംകൂടെയാണ് സുറിയാനിപൈതൃകത്തെ അധിക്ഷേപിക്കുന്നവരെ പാറേമ്മാക്കൽ നേരിടുന്നത്!
നമ്മുടെ വിശ്വാസത്തിൻ്റെയും സഭാപൈതൃകത്തിന്റെയും വലിയ പ്രകടനമാണ് ദൈവാരാധന. അതു സുറിയാനിയിലാണ് നമ്മുടെ പൂർവ്വികർ അനുഷ്‌ഠിച്ചിരുന്നത്. അത് ദൈവികവെളിപാടിന്റെ മാധ്യമമായിരുന്നതിനാൽ അവർ അതിനെ ബഹുമാനിക്കുകയും വേദഭാഷയായി കരുതുകയും ചെയ്‌തു. ഭക്തിദ്യോതകമായ സുറിയാനി കുർബാനയിൽ നസ്രാണികൾ മാത്രമല്ല, ലത്തീൻ റീത്തുകാരായ ഇതര ഇന്ത്യാക്കാരും യൂറോപ്യൻമാർപോലും ആകൃഷ്‌ടരാകുന്ന രംഗങ്ങൾ വർത്തമാനപ്പുസ്തകം വിശദീകരിക്കുന്നുണ്ട്.
റോമായാത്ര ആരംഭിക്കുന്നതിനുമുമ്പ് തരങ്ങൻപാടിയിൽവച്ച് കാനാട്ടിൽ മാത്തൻ കത്തനാരിൽനിന്ന് സുറിയാനിഭാഷയിൽ ആശീർവാദം വാങ്ങിയ രംഗം നമ്മൾ കാണുന്നുണ്ട്. ഉദയഗിരിയിൽവെച്ച് "ചാക്കോ കത്തനാരുടെ പ്രധാന കാർമികത്വത്തിൽ റാസയാരംഭിച്ചപ്പോൾ ആ നാട്ടിലാരും സുറിയാനിക്രമത്തിലുള്ള ഇത്തരമൊരു സമൂഹബലി കണ്ടിട്ടില്ലാതിരുന്നതിനാൽ പാതിരിമാരും കപ്പിത്താന്റെ ഭാര്യയും കുടുംബാംഗങ്ങളും മറ്റു പലരും പള്ളിയിലെത്തി വളരെ ശ്രദ്ധയോടും ഭക്തിയോടുംകൂടി റാസ കാണുകയുണ്ടായി.
"വീരപാണ്ഡ്യൻ പട്ടണത്തിലെ വികാരി ഞങ്ങളെ വേണ്ടവിധത്തിൽ സ്വീകരിക്കാതിരുന്നത് അവിടെയുള്ള വിശ്വാസികൾക്ക് ഇഷ്ടമായില്ല. പിറ്റേദിവസം കുർബാന ചൊല്ലാതെ അതിരാവിലെതന്നെ ഞങ്ങൾ സ്ഥലം വിടാനൊരുങ്ങിയപ്പോൾ വിശ്വാസികൾ ഓടിക്കൂടി ക്ഷമായാചനം ചെയ്‌തു. ഈ പള്ളി ഞങ്ങളുടെയാണ്. പാതിരിയുടെ വിവരക്കേടുകൊണ്ടാണ് ഞങ്ങളുടെ പട്ടക്കാരായ നിങ്ങളെ വേണ്ട പോലെ സ്വീകരിക്കാഞ്ഞത്. ഞങ്ങൾ അതിനു കുറ്റക്കാരല്ലല്ലോ. ഞങ്ങളാൽ കഴിയുന്നതെല്ലാം നിങ്ങൾക്കു ചെയ്തുതരാൻ ഒരുക്കമാണ്. നിങ്ങളുടെ കുർബാന കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. കുർബാന ചൊല്ലാതെ പോകരുത് എന്നെല്ലാം അവർ വിനയപൂർവ്വം പറഞ്ഞു. അവിടെ കുർബാന ചൊല്ലുകയും ചെയ്തു. ചിന്നപട്ടണത്തു പള്ളിയിൽ അവർ കുർബാന ചൊല്ലാൻ തുടങ്ങിയപ്പോൾ സുറിയാനിക്രമത്തിലുള്ള കുർബാന കണ്ടിട്ടില്ലാതിരുന്ന അവിടെയുണ്ടായിരുന്ന അർമേനിയക്കാരും മറ്റുമായ നിരവധിപേർ പള്ളി നിറയെ തടിച്ചുകൂടി.
പോർട്ടുഗലിൽ വച്ച് മല്‌പാനും പാറേമ്മാക്കലും സുറിയാനി ക്രമത്തിൽ കുർബാന ചൊല്ലുന്നുണ്ടെന്നു കേട്ട ലിസ്ബണിലെ നുൺഷ്യോ ഒരു ദിവസം അദ്ദേഹത്തിന്റെ വസതിയിൽ കുർബാന ചൊല്ലണമെന്ന് അവരോടു കല്പിച്ചു. " അനന്തരം പോർട്ടുഗലിലെ പള്ളിയിൽ കുർബാന ചൊല്ലുവാൻ അനുവാദവും ലഭിച്ചു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സുറിയാനി കുർബാന കണ്ട് അവിടെയുണ്ടായിരുന്ന ജനങ്ങളെല്ലാം ആശ്ചര്യം പൂണ്ടു. ശുശ്രൂഷകൻ നീട്ടിപ്പാടിക്കൊണ്ടു കുർബാനയ്ക്കു കൂടുന്നത് അവരിൽ കൗതുകമുണർത്തി. കുർബാന പകുതിയായപ്പോൾ രാജ്ഞിയും രാജാവും, മക്കൾ മൂന്നുപേരും, രാജ്ഞിയുടെ രണ്ട് അനുജത്തിമാരും മറ്റു കുടുംബാംഗങ്ങളും കുർബാന കാണാൻ വന്നു. വളരെ ഭക്തിയോടുകൂടി മുട്ടിന്മേൽ നിന്നു തന്നെ അവർ കുർബാന കണ്ടു.
ബയ്യായിൽ വച്ച്, "സുറിയാനി റീത്ത് ഉപേക്ഷിച്ച് തൽക്കാലം ലത്തീൻ റീത്ത് സ്വീകരിച്ചാൽ കുറെക്കൂടെ യൂറോപ്പിൽ നിങ്ങൾ സ്വീകാര്യരാകും" എന്നു മെത്രാപ്പോലീത്താ പറഞ്ഞപ്പോൾ പാറേമ്മാക്കലും കരിയാറ്റിയും സുറിയാനി റീത്ത് അവരെ സംബന്ധിച്ച് എന്തുകൊണ്ടാണു സുപ്രധാനമായിരിക്കുന്നത് എന്നു വളരെ വിശദമായി പറഞ്ഞുകൊടുത്തു.
സഭയുടെ പൊതുനന്മ ലക്ഷ്യംവച്ച് ഉപകാരമുള്ള സുറിയാനി പുസ്‌തകങ്ങൾ അന്വേഷിച്ചിറങ്ങിയ ഈ സഭാസ്നേഹികൾ മാർ അപ്രേം മല്‌പാൻ്റെ ചില പുസ്‌തകങ്ങളുടെ അച്ചടിച്ച പല പതിപ്പുകൾ മാർപാപ്പയുടെ ഗ്രന്ഥശാലയിലുണ്ടെന്നു മനസ്സിലാക്കി. അവർ ഒരു അപേക്ഷയുണ്ടാക്കി, മാർപാപ്പയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന കർദ്ദിനാളിന്റെ കൈയിൽ കൊടുത്തു. തങ്ങളുടെ പള്ളികളെല്ലാം കൽദായ സുറിയാനി ക്രമത്തിലുള്ളതാകയാൽ ഈ പുസ്‌തകങ്ങൾ തങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും, ഞങ്ങളുടെ നാട്ടിൽ ഈ പുസ്‌തകങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അപേക്ഷിക്കുന്നതെന്നും, ഇക്കാര്യത്തിൽ മാർപാപ്പയോട് അദ്ദേഹം ശുപാർശ ചെയ്യണമെന്നും ഇവർ കർദ്ദിനാളിനോടു പറഞ്ഞു. അപേക്ഷ അനുവദിക്കാൻ മാർപാപ്പയ്ക്കു മനസ്സില്ലെന്നായിരുന്നു അവർക്കു ലഭിച്ച മറുപടി.
ഇപ്രകാരം അപമാനിതരായെങ്കിലും സുറിയാനിസ്നേഹം അവർ ഉപേക്ഷിച്ചില്ല. സെമിനാരിക്കാരുടെയും വൈദികരുടെയും ഉപയോഗത്തിനായി കൽദായഭാഷയിലുള്ള വിശുദ്ധഗ്രന്ഥങ്ങളും നമസ്‌കാരപുസ്തകങ്ങളും കൊടുത്തയയ്ക്കണമെന്നും, അല്ലെങ്കിൽ നാട്ടിൽ അവ അച്ചടിക്കുവാൻ ആവശ്യമായ ടൈപ്പുകൾ എങ്കിലും അനുവദിച്ചുനല്കണമെന്നും അവർ ആവശ്യപ്പെട്ടു.
വർത്തമാനപ്പുസ്തകത്തിൽ അന്യത്ര കാണുന്ന മറ്റൊരു അപേക്ഷ ഇപ്രകാരണ്: "ലിസ്ബണിലെ അധികാരികളുടെ പക്കലും സമാനമായ അഭ്യർത്ഥന കരിയാറ്റിയും പാറേമ്മാക്കലും നടത്തുന്നുണ്ട്: “സുറിയാനിപെച്ചിലും കൽദായപെച്ചിലും ഉള്ള അച്ചടികൾ പ്രത്തുക്കാലിലും ഗൊവയിലും ആയതുകൊണ്ടു ഒരു ഉപകാരം ഇല്ലാഴിക കൊണ്ടും മലയാളത്തിൽ കൽദായസുറിയാനിക്രമം ആകകൊണ്ടും മലങ്കരക്കു അയച്ചാൽ വലിയ മനഗുണവും അവിടെയുള്ള പുസ്‌തകങ്ങൾ ഒക്കയും കയ്യെഴുത്തു ആയിരിക്കുന്നതിനാൽ വളരെ പിഴകളും പിണക്കങ്ങളും ഉണ്ടായിരിക്കുന്നതിനെക്കൊണ്ടും അവിടെയുള്ള ജനങ്ങൾക്കു വളരെ ഉപകാരവും ആയിരിക്കുമെന്നും...'' നമ്മുടെ കർത്താവു സംസാരിച്ചതും ദൈവിക വെളിപാടിൻ്റെ മാധ്യമവും നസ്രാണികളുടെ പരമ്പരാഗത ദൈവാരാധനയുടെ ഭാഷയുമായ സുറിയാനിയോടുള്ള സ്നേഹമാണ് ഇവിടെയെല്ലാം നമ്മൾ കാണുന്നത്.
കരിയാറ്റി മെത്രാപ്പോലീത്തായായശേഷം സുറിയാനിയിൽതന്നെ തിരുക്കർമ്മങ്ങൾ അനുഷ്‌ഠിക്കാൻ ആഗ്രഹിച്ചിരുന്നു. മെഷ്‌കീത്താപ്പാ തിരിയുടെ മരുമകന് പട്ടം കൊടുത്തതും എമ്പ്രല്ലാ ദൈവാലയത്തിൽ മൂറോനഭിഷേകം നല്‌കിയതും സുറിയാനി ക്രമത്തിലാണ്. ഇതറിഞ്ഞ ശത്രുക്കൾ അദ്ദേഹത്തിനെതിരെ ദുഷ്‌പ്രചരണങ്ങളുമായി രംഗത്തെത്തി. മെത്രാപ്പോലീത്തായ്ക്ക് സഭയുടെ കാനോൻ നിയമങ്ങൾ അറിഞ്ഞുകൂടാ, സുറിയാനിക്കാരൻ ലത്തീൻകാരനു പട്ടം കൊടുക്കുന്നത് കാനോനകൾക്കും കീഴ്വഴക്കത്തിനും വിരുദ്ധമാണ് തുടങ്ങിയവയായിരുന്നു വിമർശനങ്ങൾ. മലങ്കരയിലുള്ള സുറിയാനിക്കാർക്ക് മിഷനറിമാർ ലത്തീൻ ക്രമത്തിൽ പട്ടം നല്‌കാറുണ്ടല്ലോ എന്നതായിരുന്നു പാറേമ്മാക്കലിന്റെ മറുചോദ്യം.
ചുരുക്കത്തിൽ, ഈശോമിശിഹായാൽ സ്ഥാപിക്കപ്പെട്ടതും ശ്ലീഹന്മാരാൽ അടിസ്ഥാനമിടപ്പെട്ടതുമായ പുതിയനിയമദൈവജനത്തിന്റെ ഭാഗമാണ് നസ്രാണിസഭ എന്ന ബോധ്യം മാർത്തോമ്മാനസ്രാണികൾക്കുണ്ടായിരുന്നു. ഈശോയുടെയും മാർത്തോമ്മാശ്ലീഹായുടെയും സാംസ്കാരിക പശ്ചാത്തലമായ അറമായ-സുറിയാനി വേരുകളിൽനിന്നാണ് അതിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. മാർപാപ്പയ്ക്കു കൊടുത്ത അപേക്ഷയിൽ കരിയാറ്റിയും പാറേമ്മാക്കലും നസ്രാണികളെ വിശേഷിപ്പിക്കുന്നത് “കൽദായ സുറിയാനി ക്രമത്തിലുള്ള എഴുപത്തിരണ്ട് പള്ളികളിലെ വിശ്വാസികൾ" എന്നാണ്. മലങ്കര സുറിയാനിക്കാരുടെ ആരാധനക്രമം കൽദായസുറിയാനി ആരാധനക്രമംതന്നെയാണ് എന്നതിനെക്കുറിച്ച് അവർക്കെന്നും അഭിമാനമായിരുന്നു. ഈ ക്രമം മാറ്റി മറിക്കുവാനുള്ള ഏതു ശ്രമത്തെയും പാറേമ്മാക്കൽ നഖശിഖാന്തം എതിർത്തിരുന്നു.
ഈശോമിശിഹായാൽ സ്ഥാപിതമായ തിരുസഭയുടെ നേതൃത്വം ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരിലും അവരുടെ കൈവയ്‌പു സ്വീകരിച്ച പട്ടക്കാരിലുമാണ്. ആദിമസഭയിലെ ശുശ്രൂഷാസം വിധാനത്തിന്റെ മനോഹരചിത്രീകരണം നടപടി പുസ്തകം 6-ാം അദ്ധ്യായത്തിലുണ്ട്. സഭാനേതൃത്വത്തിന്റെ മുഖ്യ ദൗത്യമെന്തെന്നു ശ്ലീഹന്മാരുടെ വാക്കുകൾ വെളിവാക്കുന്നു: "ഞങ്ങൾ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച്, ഭക്ഷണവിതരണത്തിൽ വ്യാപൃതരാകുന്നത് ശരിയല്ല. അതിനാൽ, സഹോദരരേ, ആദരണീയരും ദൈവാത്മാവും വിജ്ഞാനമുള്ളവരുമായ ഏഴുപേരെ നിങ്ങളുടെ ഇടയിൽനിന്നു തിരഞ്ഞെടുക്കുവിൻ. ഞങ്ങൾ അവരെ ഈ ജോലിക്കായി നിയമിക്കാം. ഞങ്ങൾ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം ശ്രദ്ധിച്ചുകൊള്ളാം" (നട 6:2-4). ഈശോമിശിഹാ വിഭാവനംചെയ്ത ശുശ്രൂഷാസംവിധാനം ഇതായിരുന്നു. ഇതിന്റെ മാതൃകയിലുള്ള ഒരു ശൈലിയാണ് ഭാരത നസ്രാണിസഭയിലും ആദിമകാലംമുതൽ നിലനിന്നു പോന്നത്. ഇതിനു മതിയായ തെളിവുകൾ വർത്തമാനപ്പുസ്തകത്തിലുണ്ട്. ഭൗതിക കാര്യങ്ങളുടെ നടത്തിപ്പ് അത്മായരെ ഭരമേല്‌പിച്ചിട്ട് വിശ്വാസികളുടെ ആദ്ധ്യാത്മികവളർച്ചയിൽ ശ്രദ്ധിച്ചിരുന്ന സഭാനേതൃത്വമാണ് നമുക്കുണ്ടായിരുന്നത്.
മെത്രാൻ-ശ്ലീഹന്മാരുടെ പിൻഗാമി
റൂഹാദ്‌ക്കുദ്‌ശായിൽ നിയമിക്കപ്പെടുന്നവരും അജഗണങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നവരുമായ മെത്രാൻമാരെയും (നട 1:20,20:28; ഫിലി 1:1) അർക്കദിയാക്കോൻമാരെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യമാണു നസ്രാണികൾക്കുണ്ടായിരുന്നത്. അധികാരം ദൈവികമാണെന്ന വി. പൗലോസിൻ്റെ ദർശനം (റോമാ 13:1-7) പാറേമ്മാക്കലിൻ്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ദൈവപ്രമാണത്താൽ സഭയുടെമേൽ അധികാരിയായിരിക്കുന്ന മെത്രാനെ അനുസരിക്കാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തായെക്കുറിച്ചു പരാമർശിക്കുമ്പോൾ പാറേമ്മാക്കൽ എഴുതുന്നു: “മലങ്കര ഇടവകമേൽ പ്രത്യെകമുള്ള ഇടയനും ദെയ്വപ്രമാണത്താൽ ഈ ഇടവകമേൽ മുഷ്ക്കരത്വം കൈക്കൊണ്ടിരിക്കുന്ന ആളും കൊടുങ്ങല്ലൂർ മെത്രാപ്പോലീത്താആയിരിക്കുകയും മലങ്കര ഇടവകയിലുള്ള ആളുകളൊക്കെയും ദെയ്‌വപ്രമാണത്താലും വർഗ്ഗന്യായത്താലും അയാൾക്കു വഴങ്ങുവാനും തങ്ങളുടെ പ്രത്യെകമുള്ള ഇടയനെപ്പോലെ സമ്മതിപ്പാനും കടമയായിരിക്കുകയും ചെയ്യുന്നതിനെക്കൊണ്ടു..." അധികാരിയെ ദൈവമാണു നിശ്ചയിക്കുന്നത്. കരിയാറ്റി മെത്രാപ്പോലീത്തായുടെ അധികാരത്തെപ്പറ്റി: “നമ്മുടെ മാർഗ്ഗത്തിന്നും നസ്രാണികളുടെ രക്ഷക്കും ദിഷ്ട്‌ടതി ആയ വസ്‌തുക്കൾ ഒക്കെക്കും അടച്ചു അരൂപിക്കടുത്ത മുഷ്‌ക്കരത്വം ഉടയതമ്പുരാൻതന്നെ നമ്മുടെ മെത്രാപ്പോലീത്താക്കു കൊടുത്തിരിക്കുന്നു."' ഇപ്രകാരം ദൈവത്താൽ നിയോഗിക്കപ്പെടുന്നവരെ സ്വീകരിക്കാൻ അജഗണത്തിനു കടമയുണ്ട്. ഇവരെ നിരാകരിക്കുന്നവർ "കരിയാട്ടിയെ മെത്രാനായിട്ടു കല്പിച്ച മിശിഹായെയും തൻ്റെ ബാവായെയും അത്രെ കൈക്കൊള്ളാത്തതു.'' ഇതു സ്ഥാപിക്കാനായി പാറേമ്മാക്കൽ സുവിശേഷത്തിൽനിന്നുദ്ധരിക്കുന്നു: “നിങ്ങളെ കൈക്കാള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. എന്നെ കൈക്കൊള്ളുന്നവൻ എന്നെ യാത്രയാക്കിയ പിതാവിനെ കൈക്കൊള്ളുന്നു" (മത്താ 10:40). ഇതു നസ്രാണികളുടെ പൊതു ബോധ്യമാണ്. അതെന്തെന്നാൽ "ഞങ്ങളുടെ കാരണവന്മാരെയും ന്യായമായ വെദമൊഴികളെയും... ഒരുനാളും ഉപേക്ഷിക്കുകയും നിന്ദിക്കുകയും ചെയ്യാറില്ല." പണ്ടു പല നൂറ്റാണ്ടുകളും മലങ്കരമെത്രാപ്പോലീത്താമാരെയും അർക്കദിയാക്കോന്മാരെയും തങ്ങളുടെ ചെലവിൽ മഹാ പ്രതാപത്തോടും ബഹുമാനത്തോടുകൂടി മലങ്കരക്കാർ സംരക്ഷിച്ചു പോന്നിരുന്നു. പിൽക്കാലങ്ങളിൽ ഓഹരിപ്പിരിവെടുത്തു ബാഗ്ദാദിലിരിക്കുന്ന പാത്രിയർക്കീസുമാർക്കുകൂടെ അയച്ചുകൊടുത്തിരുന്ന ഒരു സമുദായമാണിത്.' പൗരസ്ത‌്യസുറിയാനിസഭയിൽ നിന്നു വന്ന് തങ്ങൾക്ക് ആത്മീയനേതൃത്വം നൽകിയ മെത്രാന്മാരെ നസ്രാണികൾ തങ്ങളുടെ സ്വന്തം വംശത്തിൽനിന്നുള്ള വരെന്നപോലെ കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്നു. ഭാഷാപരവും സാംസ്കാരികവും ആരാധനാപരവുമായ ബന്ധമായിരുന്നു അതിനു നിദാനം.
ഏതൊരു സമൂഹത്തിനും ആ സമൂഹത്തിൽനിന്നുതന്നെയുള്ള ഒരു തലവനുണ്ടാകണം. സമൂഹത്തിൻ്റെ വളർച്ചയ്ക്കും നിലനിൽപിനും ഇതാവശ്യമാണ്. ഇസ്രായേലിലെ മൂശയുടെ നേതൃത്വംപോലെയാണിത്. ദൈവത്തിൻ്റെ രക്ഷാകരഹിതം സഭാനേതൃത്വത്തിലൂടെയാണ് വെളിപ്പെടുന്നത്. അങ്കമാലിയിലെ യോഗം ഫലപ്രദമാകാതെ പോയത് തലവൻ ഇല്ലാതിരുന്നതുകൊണ്ടാണ് എന്നു പാറേമ്മാക്കൽ വിലയിരുത്തുന്നു: സ്വന്തം ജാതിയിൽനിന്നുള്ള നേതാവാണ് വളർച്ചയ്ക്കും മുന്നേറ്റത്തിനും ഒരു സമൂഹത്തെ സജ്ജമാക്കുന്നത്. സമൂഹത്തിന്റെ സമുദായബോധവും അനന്യതയും വ്യക്തിത്വവും സംരക്ഷിക്കുവാൻ സ്വജാതിനേതൃത്വം ആവശ്യമാണ്.
കരിയാറ്റിക്ക് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്താസ്ഥാനം ലഭിച്ചു എന്നു കേട്ടപ്പോൾ പാറേമ്മാക്കൽ അതിരറ്റു സന്തോഷിച്ചു. ദൈവം തങ്ങളുടെ സമുദായത്തിനും സഭയ്ക്കും നൽകിയ വലിയ കാരുണ്യമാണിതെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. മെത്രാനാണ് സഭാവിശ്വാസത്തിന്റെ സംരക്ഷകനെന്നും ശ്ലൈഹികതയുടെയും കാതോലികതയുടെയും അടിസ്ഥാനമെന്നും പാറേമ്മാക്കൽ ഗ്രഹിച്ചിരുന്നു. പീഡനത്തിൽ കഴിഞ്ഞിരുന്ന സമൂഹത്തിനു ദൈവം കനിഞ്ഞു നൽകിയ സംരക്ഷണമാണ് മെത്രാൻസ്ഥാനമെന്ന് അദ്ദേഹം വിശ്വസിച്ചു.
കരിയാറ്റിയെ മെത്രാപ്പോലീത്തായായി നിയോഗിച്ചതിനെതിരെ മിഷനറിമാർ ഉന്നയിച്ച ആരോപണങ്ങൾക്കു പാറേമ്മാക്കൽ തക്കതായ മറുപടി നൽകുന്നുണ്ട്." ഒരു പ്രാദേശിക സഭാസമൂഹത്തിൽ മെത്രാൻ സ്ഥാനത്തിന്റെ പ്രാധാന്യമാണു പാറേമ്മാക്കൽ ഇവിടെ വ്യക്തമാക്കുന്നത്. ഇസ്രായേൽജനത്തിൻ്റെ പീഡാനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിമോചകനായാണു ദൈവം മൂശയെ നല്‌കിയത്. അതുപോലെ കരിയാറ്റിയെ ഞെരുക്കമനുഭവിക്കുന്ന മലബാറിലെ നസ്രാണികളുടെ ദാരുണമായ സഹനങ്ങളിൽ ആശ്വാസദായകനായി ദൈവം നിയോഗിച്ചതാണ്. പാറേമ്മാക്കലിൻ്റെ ദൈവശാസ്ത്രദർശനമിതാണ്: ജനങ്ങളെ അറിയുന്ന ആ സമുദായത്തിൽനിന്നുള്ള ഒരു പ്രാദേശിക നേതാവിനു മാത്രമേ പീഡനമനുഭവിക്കുന്ന സഭയെ രക്ഷിക്കാനാകൂ.
ജാതിക്കു തലവൻ-അർക്കദിയാക്കോൻ
മാർത്തോമ്മാനസ്രാണികളുടെ ജാതിക്കു തലവനാണ് അർക്കദിയാക്കോൻ. ശ്ലീഹൻമാരുടെ പിൻഗാമികളായ മെത്രാൻമാർ ആദ്ധ്യാത്മിക ശുശ്രൂഷകൾ നിർവ്വഹിച്ചിരുന്നപ്പോൾ ഭൗതികഭരണം നടത്തിയിരുന്നതു തിരഞ്ഞെടുക്കപ്പെട്ട ആർച്ചുഡീക്കൻ അഥവാ അർക്കദിയാക്കോനായിരുന്നു. അർക്കദിയാക്കോൻ ഇല്ലാത്ത ദൈന്യാവസ്ഥ വർത്തമാനപ്പുസ്തകം ചിത്രീകരിക്കുന്നുണ്ട്. അങ്കമാലി യോഗത്തിലാണ് ഇതു കൂടുതൽ പ്രകടമായത്.
ഈ പശ്ചാത്തലത്തിലാണു പോർച്ചുഗൽ രാജ്ഞിക്കു സമർപ്പിച്ച അപേക്ഷയിൽ അർക്കദിയാക്കോൻസ്ഥാനം പുനഃസ്ഥാപിച്ചു ലഭിക്കണമെന്ന ആവശ്യംകൂടി കരിയാറ്റിയും പാറേമാക്കലും ഉന്നയിച്ചത്. ഇക്കാര്യം നാട്ടിൽവെച്ചു നമുക്കു സ്വയം തീരുമാനിക്കാവുന്നതായിരുന്നു. എന്നാൽ, ഇവിടെ നേതൃത്വത്തിലുണ്ടായിരുന്ന യൂറോപ്യന്മാരെല്ലാം നമ്മുടെ ജാതിയുടെ ഐക്യത്തിനും നന്മയ്ക്കും ഉതകുന്ന ഇക്കാര്യത്തിന് എതിരായിരുന്നു. രാജ്ഞിയുടെ ഒരു കല്‌പനയുണ്ടെങ്കിൽ അതിനെളുപ്പമാണെന്നു കരുതിയതുകൊണ്ടാകം അപേക്ഷയിൽ ഇക്കാര്യം ഉൾപ്പെടുത്തിയത്.
പൗരോഹിത്യശുശ്രൂഷ
പൗരോഹിത്യത്തെ സംബന്ധിച്ചു “ശുദ്ധമാന എവൻഗെലിയൊന്റെ പഠിത്വം" പാറേമ്മാക്കൽ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്." "ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എൻ്റെ നുകം വഹിച്ചുകൊണ്ടു നിങ്ങൾ എന്നിൽനിന്നു പഠിക്കുവിൻ" (മത്താ 11:29) എന്ന നമ്മുടെ കർത്താവിൻ്റെ വചനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. നസ്രായനായ ഈശോയെപ്പോലെ “മനസിൽ എളിമപ്പെട്ടവനും അടക്കമുള്ളവനും" ആയിരിക്കണം പുരോഹിതൻ. എഫേസോസിലെ സഭാശ്രേഷ്ഠന്മാരോടു പൗലോസ്ശ്ലീഹാ നടത്തിയ വിടവാങ്ങൽ പ്രസംഗമാണു (നട 20:17-35) പാറേമ്മാക്കൽ തുടർന്നുപയോഗിക്കുന്നത്. ശ്ലീഹാ ഏഷ്യയിൽ പ്രവേശിച്ച നാൾമുതൽ എളിമയോടും കണ്ണീരോടും നിരവധിയായ ക്ലേശങ്ങളോടുംകൂടെയാണു തമ്പുരാൻ തിരുവചനം അറിയിച്ചത്. ശ്ലീഹായുടേതായി പാറേമ്മാക്കൽ രേഖപ്പെടുത്തുന്ന ഉപദേശം: ഏറിയ ക്ഷമയാലെയും ഞെരുക്കങ്ങളാലെയും ബുദ്ധിമുട്ടുകളാലെയും തമ്പുരാൻ്റെ ചിറ്റാഴക്കാറരായി നമ്മെത്തന്നെ കാണണം. എഫേസോസിലെ സഭയ്ക്കെക്കെഴുതിയ വചനങ്ങളാകണം പാറേമ്മാക്കലിൻ്റെ മനസ്സിലുണ്ടായിരുന്നത്. അവിടെ നമ്മൾ ഇപ്രകാരം വായിക്കുന്നു: "തികഞ്ഞ വിനയം, സൗമ്യത, ക്ഷമ ഇവയോടുകൂടെ സ്നേഹത്തിൽ പരസ്‌പരം സഹിഷ്‌ണുത പ്രദർശിപ്പിക്കുവിൻ" (എഫേ 4:2). 2 കോറി 11:23-33 ലെ പൗലോസ്ശ്ലീഹായുടെ വാക്കുകളും അദ്ദേഹം അനുസ്‌മരിക്കുന്നുണ്ടാകണം. പാറേമ്മാക്കൽ തുടരുന്നു: "തമ്പുരാൻ്റെ തിരുവചനം അറിയിപ്പാനായിട്ടു പുറപ്പെടുന്ന ആളുകളുടെ പ്രവർത്തി എളിമയും ക്ഷമയും പതവും ആയിരിക്കയും ഇങ്ങനെ ശെഷമുള്ളവരും തങ്ങളുടെ നല്ല പ്രവർത്തികൾ കണ്ട ആകാശത്തിലുള്ള ബാവാതമ്പുരാനെ സ്‌തുതിപ്പാൻ സംഗതി വരുകയും ചെയ്യുന്നതു ശുദ്ധമാന ഏവൻഗെലിയൊൻ്റെ വഴിയാണ്. ഗിരിപ്രഭാഷണത്തിലെ കർത്താവിൻ്റെ പ്രബോധനമാണ് (മത്താ 5:16) ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം. പൗരോഹിത്യത്തിൻ്റെ സ്വഭാവത്തെയും ദൗത്യത്തെയും ലക്ഷ്യത്തെയുംപ്പറ്റി നസ്രാണികൾക്കുണ്ടായിരുന്ന ബോധ്യമാണ് ഇവിടെ പ്രകാശിതമാകുന്നത്.
സെമിനാരിപരിശീലനം
വൈദികപരിശീലനത്തെക്കുറിച്ചു വർത്തമാനപ്പുസ്‌തകം വ്യക്തമായ കാഴ്ച്‌ചപ്പാട് നല്‌കുന്നുണ്ട്. അങ്കമാലിയിൽ സമ്മേളിച്ച നസ്രാണി സഭായോഗം പാതിരിമാരോട് ആവശ്യപ്പെട്ട ഒരു പ്രധാനകാര്യം സെമിനാരി സംബന്ധമായിരുന്നു. "റൊമായിൽനിന്നു മാർപാപ്പ മലങ്കര കല്പിച്ച സിമ്നനാരി വരാപ്പുഴെ ആക്കാതെ ആലങ്ങാട്ടുതന്നെ ആയിരിക്കണ”മെന്നായിരുന്നു. സെമിനാരിയെ 'പഠിത്തവീട്' ആയാണ് പാറേമ്മാക്കൽ കാണുന്നത്. “നമ്മുടെ ഇടയിലുള്ള കലക്കമൊക്കെയുടെയും മാതാവ് അറിവില്ലായ്‌മയാകയാൽ... ഒരു പഠിത്തവീട് പണിചെയ്യുക ആവശ്യമാണെന്നായിരുന്നു പോർട്ടുഗൽ രാജ്ഞിക്കു നൽകിയ നിവേദനത്തിലെ അഞ്ചാമത്തെ അപേക്ഷ. നസ്രാണിജാതിയുടെ ചിറ്റാഴക്കാരെ ജാതിക്കുചേർന്നവിധം യോഗ്യമാകുംവണ്ണം വളർത്തുവാൻ സെമിനാരി പുത്തനായി പണിയിച്ചുതരാൻ തിരുമനസ്സാകണമെന്നാണ് നിവേദകർ ആവശ്യപ്പെട്ടത്. മാർപാപ്പയ്ക്കുള്ള നിവേദനത്തിലും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. "ജാതിയുടെ ഇടത്ത വലിയ ഒരുമ്പാട് ഉണ്ടാക്കുവാനും മാർഗ്ഗമില്ലാത്തവർ ശുദ്ധമാന മാർഗ്ഗത്തിലേക്കു തിരിയുവാനും മലങ്കരയിലെ സുവിശേഷവയൽ അതിവിശാലമാണ്. അതിനു മേലറയപ്പെട്ട വേലക്കാരുടെ എണ്ണം മതിയാവുകയില്ല. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാനാണു സെമിനാരി വേണമെന്നാവശ്യപ്പെട്ടത്. “ഏറ്റം സൗഖ്യത്തിനു കാറ്റും വെള്ളവും നല്ല സ്വസ്ഥതയുള്ള ഒരിടം തിരഞ്ഞെടുത്ത് അവിടെ സിമ്‌നാരി പണിചെയ്തത്... ഇത്രപ്പൊഴും പകർത്തിവരുന്ന പകർച്ചകളൊക്കെയും നീക്കുവാൻ എത്രയും വേണ്ടിയിരിക്കുന്ന കാര്യമത്രെയാകുന്നു" എന്നാണ് പാറേമ്മാക്കലിന്റെ നിരീക്ഷണം.
നസ്രാണിജാതിയുടെ ഒരുമ്പാടും നന്മയുമാണു സെമിനാരിപരിശീലനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സുറിയാനിസഭയുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനു മാർത്തോമ്മാനസ്രാണികൾക്കായി ഒരു സെമിനാരി എന്ന ആശയം 225 വർഷങ്ങൾക്കുമുമ്പേ വർത്തമാനപുസ്തകഗ്രന്ഥകാരൻ മുന്നോട്ടുവച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്. അന്നു നിലവിലിരിക്കുന്ന സഭാജീവിതത്തിലെ പോരായ്‌മകൾ പരിഹരിക്കാൻ സെമിനാരി ആവശ്യമാണെന്നതു പാറേമ്മാക്കലിന്റെ ദീർഘ വീക്ഷണമായിരുന്നു.
നസ്രാണികളുടെ സെമിനാരിയിൽ സുറിയാനിപരിശീലനത്തിനു പരമ പ്രാധാന്യം നൽകണമെന്ന ആശയവും കരിയാറ്റിയ്ക്കും പാറേമ്മാക്കലിനുമുണ്ടായിരുന്നു. അതുകൊണ്ടാണു സെമിനാരിയിൽ സുറിയാനി പഠിപ്പിക്കാൻ രണ്ടു വൈദികരെ നിയമിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നത്. "ഇതുമെന്യേ ഈ സിമ്നാരിക്കാരുടെയും ആ ഇടവകയിലുള്ള മറ്റു പട്ടക്കാരരുടേയും പെരുമാറ്റത്തിനെ കൽദായ പെർഷലുള്ള ശുദ്ധമാനപ്പുസ്‌തകങ്ങളും നമസ്‌കാര പുസ്‌തകങ്ങളും" ആവശ്യമാണെന്നു മാർപാപ്പയ്ക്കുള്ള നിവേദനത്തിൽ അവർ എടുത്തുപറഞ്ഞു.
മെത്രന്റെ കൈവയ്‌പുവഴിയാണു പൗരോഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന വിശ്വാസം വർത്തമാനപ്പുസ്‌തകത്തിലുണ്ട്. 'പട്ടാങ്ങയായ കൈവയ്പ്‌പിൻ്റെ' ബലത്തിലാണ് ഒരുവൻ ശുശ്രൂഷാപൗരോഹിത്യത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. മെത്രാനു കീഴ്വഴങ്ങാൻ പുരോഹിതർക്കും വിശ്വാസികൾക്കും കടമയുണ്ട്. സഭയുടെ ശിക്ഷണക്രമത്തിന്റെ ഭാഗമാണിതെന്നാണു പാറേമ്മാക്കലിന്റെ അഭിപ്രായം. വിദേശിയായ മെത്രാനെപ്പോലും അനുസരിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നതിന്റെ കാരണമിതാണ്. "വിശ്വാസക്കരാറു നല്ല ഇരിപ്പൊടും ചൊല്ലുവിളിയോടുംകൂടെ തങ്ങളുടെ ഇടവകയുടെ യജമാനനാകുന്ന മെത്രാനുകീഴ്വഴങ്ങി ജീവിക്കണം. മെത്രാനെ അനുസരിക്കാനും സഭയുടെ ദർശനമനുസരിച്ചുജീവിക്കാനും ജനത്തെ പരിശീലിപ്പിക്കേണ്ടതു പുരോഹിതരാണ്. "തമ്പുരാൻ്റെ പള്ളിയുടെ നിരുപ്പിന്നും ഇടവകയുടെ തലവവൻമാരാകുന്ന മെത്രാന്മാരുടെ ചൊല്ലുവിളിക്കും ജനങ്ങളെ പഠിപ്പിച്ചു നടക്കേണ്ടുന്ന ആളുകളാണ് പുരോഹിതർ.
അല്‌മായ പങ്കാളിത്തവും സഭായോഗവും
നസ്രാണിസഭയുടെ ഭരണസംവിധാനങ്ങളിൽ അല്‌മായർക്കുണ്ടായിരുന്ന വളരെ പ്രധാനപ്പെട്ട പങ്ക് വി. ഗ്രന്ഥാധിഷ്ഠിതവും ഈശോയുടെ പ്രബോധങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതുമാണ്. നസ്രാണികൾക്കിടയിൽ സജീവമായിരുന്ന അല്‌മായ ദൈവശാസ്ത്രമാണു വർത്തമാനപ്പുസ്‌തകത്തിൽ പ്രതിഫലിക്കുന്നത്. അല്മായരും വൈദികരും ഒന്നുചേർന്ന് ഒരു ആദർശസഭാസമൂഹത്തിനു രൂപം നല്കി. സഭാസംബന്ധമായി വളരെ ഗൗരവമേറിയ പൊതുവിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴെല്ലാം പൊതുയോഗം വിളിച്ചു കൂട്ടപ്പെട്ടിരുന്നു. ഉദാഹരണത്തിന്, നസ്രാണികൾ പരസ്യമായി അപമാനിക്കപ്പെട്ട സാഹചര്യത്തിലാണല്ലോ അങ്കമാലിയിൽ യോഗം കൂടിയത്. ഇതു സഭയുടെ പതിവായിരുന്നു എന്നാണു ചരിത്രകാരനായ പാറേമ്മാക്കൽ സാക്ഷ്യപ്പെടുത്തുന്നത്.
മാർത്തോമ്മ നസ്രാണിസഭയിൽ ദൈവവചനത്തിനുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണു യോഗത്തിൻ്റെ പൊതുക്രമങ്ങൾ. സഭയിലെ ചർച്ചകളെയും സംവാദങ്ങളെയും നേരായ ദിശയിൽ നയിക്കാൻ നമ്മുടെ പൂർവ്വികർ ദൈവചനമാണ് ഉപയോഗിച്ചിരുന്നത്. യോഗത്തിനിടയിലും 'മിശിഹായുടെ ഭംഗപ്പാടും ധ്യാനവും എഴുതപ്പെട്ട പുസ്തകവും' അവർ ഉപയോഗിച്ചുപോന്നു." വചനധ്യാനം യോഗക്രമത്തിന്റെ ഭാഗമായിരുന്നു. "മിശിഹായുടെ ഭംഗപ്പാടും... മറ്റും വായിക്കുകയും... ജനങ്ങളൊക്കയും പള്ളിയുടെയും ജാതിയുടെയും കാര്യത്തിന്നല്ലാ, പിന്നെയൊ ധ്യാനനമസ്‌കാരത്തിന്നു കൂടിയിരിക്കുന്ന ജനങ്ങൾ എന്നപൊലെ വായനകെട്ടു ധ്യാനിക്കയും ചെയ്തുവരുന്നു."തീരുമാനങ്ങളെടുക്കുന്നതിനുമുമ്പു ദൈവഹിതമറിയാൻ വചനധ്യാനത്തെയും പ്രാർത്ഥനയെയുമാണു നമ്മുടെ പൂർവ്വികർ ആശ്രയിച്ചിരുന്നത്. പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ പൊരുൾപെടാർത്ത വചനവ്യാഖ്യാനം അഥവാ സുവിശേഷപ്രസംഗത്തോടുകൂടിയാണ് അങ്കമാലിയോഗം സമാപിച്ചത്. യോഗം സമാപിക്കുന്നത് വിരുന്നോടുകൂടിയാണ് എന്ന വസ്‌തുതയും ശ്രദ്ധയർഹിക്കുന്നതാണ്. സമൂഹവിരുന്ന് ആദിമസഭയിലെ പങ്കുവയ്ക്കലിൻ്റെയും സാഹോദര്യത്തിന്റെയും അടയാളമായിരുന്നല്ലോ (നട 2:46).
വേദപ്രചാരണത്തിന് അയോഗ്യരെന്നു യോഗത്തിനു ബോധ്യമായ ഒമ്പതു പാതിരിമാരെ മലങ്കരയിടവകയിലെ മിഷൻ പ്രവർത്തനത്തിൽ നിന്നു നിരോധിച്ചുകൊണ്ട് ഒരു പടിയോല (വിളംബരം) എഴുതി പ്രസിദ്ധപ്പെടുത്തിയതിൽനിന്ന് സഭായോഗത്തിന്റെ സ്വാധീനശക്തി പ്രകടമാണ്.
മലബാർസഭായോഗമാണു പാറേമ്മാക്കലിനെയും കരിയാറ്റിയെയും മാർത്തോമ്മാമെത്രാൻ്റെ പുനരൈക്യത്തിനായി റോമായിലേക്ക് അയയ്ക്കുന്നത്. പള്ളികളിലുണ്ടായിരുന്ന മുണ്ടുമുറി സാധനങ്ങൾ വില്ക്കുകകൂടി ചെയ്തിട്ടാണു യാത്രയ്ക്കുള്ള പണം യോഗം ശേഖരിച്ചത്. മലങ്കരസഭയുടെ നന്മയ്ക്ക് ഉതകുന്നതെന്തും ചെയ്യാൻ മലങ്കരസഭായോഗം അവരെ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു. വർത്തമാനപ്പുസ്‌തകത്തിൻ്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന എഴുപത്തിരണ്ടാമദ്ധ്യായത്തിൽ, യോഗത്തിനെതിരെ യൂറോപ്യർ ഉയർത്തിയ ആരോപണങ്ങൾക്കു പാറേമ്മാക്കൽ തക്കതായ മറുപടി നല്‌കുന്നുണ്ട്.
മലങ്കരയിലെ കാര്യങ്ങളെ സംബന്ധിച്ചു പൂർണ്ണമായ ഉത്തരവാദിത്വം യോഗത്തിനുണ്ടെന്നു വർത്തമാനപ്പുസ്‌തകത്തിൽ പലയാവർത്തി വ്യക്തമാക്കപ്പെടുന്നുണ്ട്. യോഗം നല്‌കിയ അധികാരമുപയോഗിച്ചാണ് മലങ്കരപ്പള്ളികൾക്ക് ഏറ്റവും ആവശ്യമായിരിക്കുന്ന ആറു കാര്യങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തി രാജ്ഞിയുടെ മുമ്പിൽ അവർ നിവേദനം സമർപ്പിച്ചത്.
റോമായിലെ അധികാരികൾ തങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ അണപൊട്ടിയൊഴുകിയ മലാന്റെ രോഷത്തിൽ തങ്ങൾ യോഗത്താൽ അയയ്ക്കപ്പെട്ടവരാണെന്ന വസ്തുത പ്രസ്ഷടമാക്കുന്നുണ്ട്: "ഞങ്ങൾ വളരെ കഷ്‌ടപ്പെട്ട് മലയാളത്തിൽ നിന്ന് ഇത്രത്തോളം വന്ന് അഞ്ചര മാസം ഇവിടെ പാർത്ത് നിങ്ങളോരോരുത്തരുടെയും വീടുകളിൽ മാറി മാറി നടന്ന് പരമാർത്ഥമെല്ലാം ബോധിപ്പിച്ചിട്ടും അതു വിശ്വസിക്കണമെന്നു നിങ്ങൾക്കു തോന്നിയില്ലല്ലോ. ഞങ്ങൾ പറയുന്നതും നിങ്ങൾ വിശ്വസിച്ചുപോയാൽ ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ നിങ്ങൾ തെറ്റുകാരായിത്തീരുകയില്ല. കാരണം, ഞങ്ങൾ രണ്ടു പാവപ്പെട്ട വൈദികരാണെങ്കിലും ഞങ്ങൾ പറയുന്ന കാര്യങ്ങളൊന്നും ഞങ്ങളുടെ സ്വന്തം നിലയിൽ പറയുന്നതല്ല. മലങ്കരയിലെ എഴുപത്തിരണ്ടു പള്ളികളുടെ നാമത്തിലാണു ഞങ്ങൾ പറയുന്നത്. നിങ്ങൾ അതു വിശ്വസിച്ചാൽ അതു വ്യാജമാണെങ്കിൽപ്പോലും രണ്ടുമൂന്നു സാക്ഷികളിന്മേൽ വചനമൊക്കെ നിറുത്തിക്കൊള്ളണമെന്നു വേദപുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.
തങ്ങൾ സമർപ്പിച്ച മലങ്കരയോഗത്തിൻ്റെ അഭ്യർത്ഥന നിരസിച്ചവർതന്നെ ഒരു പാതിരി കൊടുത്തുവിട്ട കത്തിനു മറുപടിയും സമ്മാനങ്ങളും അവരുടെതന്നെ കൈവശം കൊടുത്തുവിട്ടപ്പോൾ അവർക്കു വേദനയുണ്ടായി. "മലങ്കരയിലെ പള്ളിക്കാർക്കൂടി സമർപ്പിച്ച നിവേദനത്തിനു മറുപടിയില്ല. അതിനെക്കുറിച്ചു സങ്കടം പറഞ്ഞുകൊണ്ടു വീണ്ടും എഴുതിയിട്ടും ഒരുത്തരം തരണമെന്നു തോന്നിയില്ല. എന്നാൽ, രണ്ടു കുപ്പായക്കാർക്കുവേണ്ടി ഒരു പാതിരി എഴുതി അയച്ച അപേക്ഷ സ്വീകരിച്ച് അവർക്കു സ്ഥാനചിഹ്നവും മാർപാപ്പയുടെ അനുഗ്രഹപത്രവും വാങ്ങി അയച്ചു കൊടുക്കുവാൻ എന്തുത്സാഹം!... നമ്മുടെ യോഗത്തിനു നിലയും വിലയുമില്ലാഞ്ഞിട്ടാണ് അവരുടെ നിവേദനത്തിനു മറുപടി തരാഞ്ഞതെന്ന്. രണ്ടു വ്യക്തികൾക്കു മാർപാപ്പ എഴുതിയതെങ്കിൽ മലങ്കരയുള്ള പള്ളികൾക്ക് എഴുത്തയയ്ക്കുന്നതു കൂടുതൽ ന്യായമാണല്ലോ.
യോഗത്തിന്റെ അവകാശങ്ങളെ നിക്ഷേധിച്ചവർക്കു ചുട്ടമറുപടി കൊടുക്കാൻ പാറേമ്മാക്കൽ മടിക്കുന്നില്ല. "ഞങ്ങളുടെ പള്ളികൾ നീയും നിന്റെ കാരണവന്മാരും പണീച്ചതും അല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളിക്കാരെയും ആരും നിനക്കു വിറ്റിട്ടും ഇല്ല. ഞങ്ങളുടെ യൊഗത്തിന്നു നിന്നെ കൈക്കൊള്ളുവാൻ മനസ്സുണ്ടെങ്കിൽ കൈക്കൊള്ളു. കൈക്കൊള്ളുവാൻ മനസ്സില്ലാ എങ്കിൽ ബലം ചെയ്ത നിന്നെ കൈക്കൊള്ളിപ്പാൻ നിന്നാൽ സാദ്ധ്യമല്ലെന്നു കണ്ട് അഹമ്മതി ആയ വചനങ്ങൾ ഇനി ആരോടും പറഞ്ഞു എന്നു വരാതിരിക്കട്ടെ.
മലബാർ സഭായോഗം ഉപരിപഠനത്തിനു പ്രൊപ്പഗാന്തയിലേക്ക് അയച്ച വൈദികാർത്ഥികളെ സ്വീകരിക്കാൻ പ്രൊപ്പഗാന്തായിലെ കർദ്ദിനാൾ വിസമ്മതിച്ചതിനോടുള്ള പാറേമ്മാക്കലിൻ്റെ പ്രതികരണം നസ്രാണിസഭായോഗത്തിൻ്റെ ആധികാരികതയും പ്രാധാന്യവും വെളിപ്പെടുത്തുന്ന മറ്റൊരു പ്രധാന സന്ദർഭമാണ്: “ഇക്കരയിൽനിന്നു വിദ്യാർത്ഥികളെ റോമിലേയ്ക്കയ്ക്കാൻ യോഗത്തിനു കാര്യമല്ല, മെത്രാനു മാത്രമെ കാര്യമുള്ളൂ, യോഗക്കാരയച്ചാൽ സ്വീകരിക്കാൻ ബാദ്ധ്യതയില്ല എന്നൊക്കെ പറഞ്ഞതു ശ്രദ്ധിക്കുക. നമ്മുടെ യോഗം ഐക്യവും അടിസ്ഥാനവുമില്ലാത്തതാണെന്നും മലയാളത്തുകാരെ ബഹുമാനിച്ചാൽ അവർ അനുസരിക്കാതാകുമെന്നും മററും നമ്മുടെ യോഗത്തെക്കുറിച്ചു പാതിരിമാർ റോമിൽ ധരിപ്പിച്ചിരുന്നതാണ് കർദ്ദിനാളിൽനിന്നു വെളിയിലേക്കു വന്നത്. നമ്മുടെ യോഗം ഐകമത്യവും അടിസ്ഥാനവുമുള്ളതാണെന്ന് കർദ്ദിനാൾ ധരിച്ചിരുന്നുവെങ്കിൽ യോഗമറിയാതെ മെത്രാൻ അയയ്ക്കുന്ന വിദ്യാർത്ഥികളെ മലയാളക്കരയിലേക്കു പഠിപ്പിച്ചയച്ചാൽ അവരെ നമ്മുടെ യോഗം സ്വീകരിച്ചില്ലെങ്കിൽ നമ്മോട് ഒരു ബലവും പ്രയോഗിക്കാൻ പ്രൊപ്പഗാന്തായ്ക്കു സാധിക്കുകയില്ലെന്ന് കർദ്ദിനാൾ ചിന്തിക്കുമായിരുന്നു. ഇങ്ങനെയുള്ള വാക്കുകൾ പറയാൻ അദ്ദേഹം ധൈര്യപ്പെടുകയുമില്ലായിരുന്നു. മാത്രമല്ല, രണ്ടു വിദ്യാർത്ഥികളെ അയയ്ക്കാൻ യോഗം സന്നദ്ധമായതിൽ സന്തോഷിക്കുകയും ചെയ്യുമായിരുന്നു." അനുദിന സഭാജീവിതത്തിൽ നസ്രാണികളുടെ പള്ളിയോഗത്തിനുണ്ടായിരുന്ന വലിയ സ്ഥാനം ഇവിടെ വ്യക്തമാണ്.
ചുരുക്കത്തിൽ, വർത്തമാനപ്പുസ്‌തകത്തിലെ സഭാനേതൃത്വദർശനം പ്രധാനമായും മെത്രാൻ, ആർച്ചുഡീക്കൻ, പുരോഹിതൻ, യോഗം എന്നീ ശുശ്രൂഷാപദവികളെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്ലീഹന്മാരുടെ പിൻഗാമികളെന്ന നിലയിൽ കൈവയ്‌പുശുശ്രൂഷ സ്വീകരിച്ച മേൽപ്പട്ടക്കാർ ബഹുമാനത്തിനും ആദരവിനും അർഹരാണ്. സഭയുടെ ആത്മീയകാര്യങ്ങൾ മെത്രാൻ ശ്രദ്ധിക്കുമ്പോൾ ഭൗതികകാര്യങ്ങളുടെ നിർവ്വഹണത്തിന് ആർച്ചുഡീക്കനുണ്ടായിരുന്നു. സഭ ദൈവജനമാകയാൽ അവിടെ വലിയവനും ചെറിയവനുമില്ല. ഉടയവനും അടിയാനും ഇല്ല. യജമാനനും ദാസനും ഇല്ല. സമത്വമാർന്ന ഈ ദൈവജനദർശനം വർത്തമാനപ്പുസ്‌തകം ശരിയായി പ്രതിഫലിപ്പിക്കുന്നുണ്ട്.
കരിയാറ്റിയും പാറേമ്മാക്കലും വിശുദ്ധരായ സഭാശാസ്ത്രജ്ഞർ മാത്രമായിരുന്നില്ല, തീക്ഷ്ണ മതികളായ സഭൈക്യപ്രവർത്തകർ (ecumenists) കൂടിയായിരുന്നു. "നമ്മെപ്പോലെ അവരും ഒന്നാകണമേ" (യോഹ 17:11) എന്ന ഈശോയുടെ പ്രാർത്ഥനയുടെ ചൈതന്യം ശരിക്കും ഉൾക്കൊണ്ടവരായിരുന്നു അവർ. ഐക്യം സഭയുടെ അടിസ്ഥാനപരവും അസ്തിത്വപരവുമായ സ്വഭാവത്തിന്റെ ഭാഗമാണെന്നവർക്കു ബോദ്ധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ്, 16-ാം നൂറ്റാണ്ടുവരെ അവിഭക്തമായി നിലനിന്നുപോന്ന സഭാപാരമ്പര്യങ്ങൾക്കു വലിയ പ്രാധാന്യം നല്‌കി വർത്തമാനപ്പുസ്‌തകത്തിൽ പാറേമ്മാക്കൽ അവതരിപ്പിക്കുന്നത്.
സഭയിൽ അനൈക്യമുണ്ടാക്കിയവരെ 'പിശാചുക്കൾ' (ചൈത്താൻ) എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഭിന്നതയും അനൈക്യവും പിശാചിന്റെ പ്രവർത്തനങ്ങളാണല്ലോ. ഭാരതമാകുന്ന വയലിൽ മാർത്തോമ്മാശ്ലീഹാ വിതച്ച ശുദ്ധമാനവിശ്വാസമാകുന്ന നല്ലവിത്തിനിടയിൽ ഇടത്തൂടിൻ്റെ കളകൾ വിതച്ചതു ചൈത്താനാണ്. മത്താ 13:24-30.34-41 ൽ ഈശോ അരുളിച്ചെയ്‌ത കളകളുടെ ഉപമയും അതിന്റെ വിശദീകരണവുമുണ്ടല്ലോ. അവിടെ തൻ്റെ വയലിൽ നല്ല വിത്തു വിതച്ച ഒരുവനോടാണ് അവിടുന്നു സ്വർഗരാജ്യത്തെ താരതമ്യപ്പെടുത്തുന്നത്. 'മലങ്കര ഇടവകയിലുള്ള എത്രയും വിരവും വിസ്താരവുമുള്ള ഏവൻഗെലിക്കടുത്ത പറമ്പിൽ? ഈശോയുടെ ശിഷ്യനായ മാർത്തോമ്മാശ്ലീഹാ വിതച്ച നല്ല വിത്തിനിടയിലാണ് ഇടത്തൂടിന്റെ കളകൾ വിതയ്ക്കപ്പെട്ടത്. കള വിതച്ച ശത്രു പിശാചാണ് (മത്താ 13,37) എന്നു കർത്താവു വ്യക്തമാക്കിയിട്ടുള്ളതിൻ്റെ വെളിച്ചത്തിലാണ് പാറേമ്മാക്കൽ തന്റെ നിഗമനത്തിലെത്തുന്നത്.
ഭിന്നിച്ചുനിന്ന മാർത്തോമ്മാ നസ്രാണികളുടെ ഐക്യം പുനഃസ്ഥാപിക്കുകയായിരുന്നു പാറേമ്മാക്കലിൻ്റെയും കരിയാറ്റിയുടെയും റോമാ യാത്രയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. മാർത്തോമ്മാ ആറാമനെയും പുത്തൻകുറ്റുകാരെയും കത്തോലിക്കാകൂട്ടായ്‌മയിലേക്ക് സ്വീകരിക്കാൻ അനുകൂലമായ സാഹചര്യമൊരുക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശ്യം. നസ്രാണികളെ ഭരിച്ചിരുന്ന ഈശോസഭാംഗമായ സാലെസ് മെത്രാൻ്റെ എതിർപ്പു വകവയ്ക്കാതെയാണ് അവർ ഇറങ്ങി പുറപ്പെട്ടത്. ഇടത്തൂട്ടുകാരനായതിനാൽ മാർത്തോമ്മാ മെത്രാനെ വിശ്വസിക്കാൻ നിവൃത്തിയില്ലെന്നും സത്യവിശ്വാസം സ്വീകരിച്ചതായി അഭിനയിച്ചശേഷം വീണ്ടും ഇടത്തൂട്ടിലേക്കു തിരിച്ചുപോകുമെന്നുമുള്ള സാലെസ് മെത്രാൻ്റെ വാദം "നമ്മുടെ മാർഗ്ഗത്തിന്നും ശുദ്ധമാന എവൻഗെലിയൊന്നും ഒട്ടും ചെരാത്ത എത്രയും വലിയൊരു തിന്മയായ ഭൊഷ്ക്കത്രെ”' എന്നാണ് പാറേമ്മാക്കൽ അഭിപ്രായപ്പെടുന്നത്. പുനരൈക്യപ്പെടാനാഗ്രഹിക്കുന്ന വ്യക്തിയെ സ്വീകരിക്കാതിരിക്കുന്നതു പാപമാണെന്നുപോലും അദ്ദേഹം കരുതുന്നു. വർത്തമാനപ്പുസ്തകത്തിലെ സഭൈക്യദർശനം എത്രയോ നവീനവും പ്രായോഗികവുമാണ്!
സഭയുടെ ഏകത്വം
ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും പ്രഘോഷിക്കുന്നവരാണ് കത്തോലിക്കർ. കർത്താവ് ഒരുവൻ മാത്രം. അവൻ സ്ഥാപിച്ച സഭയും ഒന്നുമാത്രം. ഈ ദർശനമാണ് ഇടത്തൂട്ടുകാരെ “വലത്തുട്ടി”ലേക്കു സ്വീകരിക്കാൻ കരിയാറ്റിയെയും പാറേമ്മാക്കലിനെയും പ്രചോദിപ്പിച്ചത്. വി. ഗ്രന്ഥത്തിലെ ബിംബങ്ങളും ദർശനങ്ങളും ഉപയോഗിച്ചുകൊണ്ടാണ് പാറേമ്മാക്കൽ ഇതു സമർത്ഥിക്കുന്നത്. നസ്രാണിസഭയിലുണ്ടായ അസ്വസ്ഥത പരിഹരിക്കാനായി മാർപാപ്പയാൽ മദ്ധ്യസ്ഥനായി നിയമിതനായ വാരാപ്പുഴ മെത്രാന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതുന്നു: "അജഗണങ്ങളുടെ അറിവില്ലായ്‌മകൊണ്ടോ ഇടയന്റെ പരിചയക്കുറവുകൊണ്ടോ, മെത്രാപ്പോലീത്തയും കീഴിലുള്ള ജനങ്ങളുമായി കലഹവുമുണ്ടായാൽ ശമിപ്പിച്ച് അവരെ രമ്യപ്പെടുത്തേണ്ട ചുമതല മാത്രമാണ് മദ്ധ്യസ്ഥനുണ്ടായിരുന്നത്. കലഹങ്ങൾനിമിത്തം സത്യവിശ്വാസത്തിൻ്റെ നല്ല മേച്ചിൽപ്പുറമുപേക്ഷിച്ച് അബദ്ധവിശ്വാസങ്ങളുടെ കൊടുങ്കാറ്റിലകപ്പെട്ടവരെ മദ്ധ്യസ്ഥൻ സഹായിക്കണം. മലങ്കരയിലെ അബദ്ധവിശ്വാസങ്ങളുടെ (ഇടത്തുട്ട്) സ്വാധീനശക്തി തീരുന്നതുവരെ അവരെ ഇങ്ങനെ സംരക്ഷിക്കാനാണ് മാർപാപ്പ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. മിശിഹാ സ്വന്തം രക്തംകൊണ്ടുനേടിയ അജഗണമായ സഭയുടെമേൽ സഭയിലെ ശ്രേഷ്ഠന്മാർക്കു ശ്രദ്ധയുണ്ടാകണമെന്നു പൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ (നട 20: 17-35). ആട്ടിൻപറ്റത്തോടു ദയ തോന്നാത്ത ക്രൂരരായ ചെന്നായ്ക്കളുടെ ആക്രമണം ഉണ്ടാകുമെന്നും ശ്ലീഹാ മുന്നറിയിപ്പു നല്‌കിയിട്ടുണ്ട്. സഭയിലുണ്ടായ ഭിന്നിപ്പു വിശദീകരിക്കാനും വിശുദ്ധഗ്രന്ഥഭാഷതന്നെ പാറേമ്മാക്കൽ ഉപയോഗിക്കുന്നതു ശ്രദ്ധേയമാണ്.
നസ്രാണികളുടെ ഇടയിൽ അനൈക്യം വളർത്തി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ശൈലിയാണ് വിദേശമിഷനറിമാർ സ്വീകരിച്ചത്. "ഒരുത്തന്റെ കൈയിട്ട് മറ്റവനെ അടിപ്പിക്കയും അവൻ്റെ കൈപിടിച്ച് ഇവനെ അടിപ്പിക്കുകയും ചെയ്‌തുകൊണ്ടേ ഇവിടെ വാഴാൻ കഴിയൂ” എന്ന് അവർ ഗ്രഹിച്ചിരുന്നു. ഇന്നാട്ടിലെ നസ്രാണികളുടെ വിലയും നിലയും പരിശോധിക്കുമ്പോൾ അവർ ഒരുമിച്ചുനിന്നാൽ മറ്റാർക്കും അവരെ ഭരിക്കാൻ സാധിക്കില്ല. അവരെ തമ്മിൽ കടിപിടികൂട്ടിച്ചാൽ അവരെന്നും അധിനിവേശക്കാരുടെ കാൽക്കീഴിൽ കിടന്നുകൊള്ളും എന്നായിരുന്നു മിഷനറിമാരുടെ ചിന്ത.
നസ്രാണികളുടെ ഇടയിൽ കലഹമുണ്ടാക്കാൻ കാത്തിരിക്കുന്നവരുടെ അന്ത്യം എന്തായിരിക്കും എന്ന് വി. ഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് പാറേമ്മാക്കൽ വ്യക്തമാക്കുന്നു.
ഉടയതമ്പുരാൻ മനഗുണം ചെയ്‌ത ഞങ്ങളുടെ ജാതിയുടെ കണ്ണു തുറക്കുമ്പോൾ പണ്ടൊരിക്കൽ അത്തല്യാ എന്ന ദുഷ്ടസ്ത്രീക്കു അനുഭവിച്ചപൊലെ നിനക്കും വന്നു സംഭവിപ്പാൻ പൊരും. അതെന്തെന്നാൽ ഈ ദുഷ്‌ടസ്ത്രീ തൻ്റെ മകനായ ഒക്കൊസ്യാ എന്ന യൂദായുടെ രാജാവു മരിച്ചു എന്നു കെട്ടപ്പൊൾ തൻ്റെ മകനൊടു ദുഷ്ടത പരഹസ്യമായി കാട്ടി രാജതറവാട്ടിലുള്ള ആളുകളെ ഒക്കയും കൊന്നു രാജിതം തനിക്കു ഒതുക്കുകയും ചെയ്തു. എന്നാലും തൻ്റെ തിരുമനസ്സിനു ഒത്തവണ്ണം ജീവിച്ച ദാവീദിനെ പ്രതി യൂദായുടെ തറവാട്ടിലുള്ള ഉടയതമ്പുരാൻ്റെ മനഗുണം ഇത്ര നെരവും കെട്ടുപൊയതും ഇല്ല.
അതെന്തെന്നാൽ മെൽപറഞ്ഞ ദുഷ്ടസ്ത്രീ രാജമക്കളെ ഒക്കയും കൊല്ലുന്ന നെരത്തിൽ ഒക്കാസ്യായുടെ പെങ്ങളായ യൊറാം എന്ന രാജാവിന്റെ മകൾ യൊസബായ ഒക്കൊസിയായുടെ മകൻ യൊആക്കീമിനെ കട്ടു എടുത്തു തമ്പുരാൻ്റെ പള്ളിയിൽ വലിയ മെൽപട്ടക്കാരൻ ആയ യൊയാദായുടെ പക്കൽ കയ്യാളിക്കയും യൊയാദായും ഒളിച്ചു പള്ളിയിൽ തന്നെ ആരും അറിയാതെ ഈ രാജകുമാരനെ വളർക്കയും ചെയ്‌തു. ഇങ്ങനെ ആറണ്ടുകാലം കഴിഞ്ഞതിന്റെ ശേഷം പടത്തലവനെയും പുരുഷാരത്തെയും യൊയാദ എന്ന മെൽപട്ടക്കാരൻ പള്ളിയിൽ വരുത്തി ഇങ്ങിനെ രാജമകൻ ജീവിച്ചിരിക്കുന്ന പ്രകാരം അവരെ കെൾപ്പിച്ച ഉടൻ എത്രയും പാരം പ്രസാദത്തൊടും സന്തൊഷത്തോടും കൂടി യൊയാദിനെ സമ്മതിക്കയും അത്തല്യാ എന്ന ദുഷ്ടസ്ത്രീയെ പിടിച്ചുകൊല്ലുകയും ചെയ്തു.
ഇതേ അനുഭവമാണ് നസ്രാണികളെ തമ്മിൽ തല്ലിക്കുന്നവർക്ക് ഉണ്ടാകാനിരിക്കുന്നത്. ജാതിയുടെ കണ്ണുതുറക്കപ്പെടുമ്പോൾ മേൽപ്പറഞ്ഞ ദുഷ്ടസ്ത്രീക്കുണ്ടായ അനുഭവം, നസ്രാണിജനതയുടെ സ്ഥാനമാനങ്ങളെല്ലാം നിശ്ശേഷം നശിപ്പിച്ച് പള്ളിയുടെ പൂർവ്വാചാരക്രമങ്ങളെല്ലാം അട്ടിമറിച്ച് നസ്രാണികളെ അടിമകളാക്കാൻ ശ്രമിക്കുന്ന വിദേശമിഷനറിമാർക്കുണ്ടാകുമെന്ന് പാറേമ്മാക്കൽ മുന്നറിയിപ്പു നല്കുന്നു.
മാർത്തോമ്മാ മെത്രാൻ്റെ പുനരൈക്യത്തിനായുള്ള പാറേമ്മാക്കലിന്റെയും കരിയാറ്റിയുടെയും ശ്രമങ്ങൾക്കു റോമായിൽ തിരസ്ക്‌കരണമാണുണ്ടായത്. പ്രൊപ്പഗാന്തായും പദ്രുവാദോയും തമ്മിലുള്ള അധികാര വടംവലിമൂലമാണ് ഇതു സംഭവിച്ചത്. ഈ സ്ഥിതിയെ ഗ്രന്ഥകാരൻ താരതമ്യപ്പെടുത്തുന്നത് ദാവീദിനും സാവൂളിനുമിടയിലുണ്ടായിരുന്ന അവസ്ഥയോടാണ്. “പണ്ടൊരിക്കൽ ദാവീദ് എന്ന പയ്യൻ ഗൊലിയാത്ത് എന്ന മല്ലനെ കൊന്ന് ഇസ്രായേലിന്റെ അഭിമാനം രക്ഷിച്ചപ്പോൾ ഇസ്രായേൽ സ്ത്രീകൾ വാദ്യമേളങ്ങളോടുകൂടി ജയാരവം മുഴക്കിക്കൊണ്ടു കൂട്ടം കൂട്ടമായി പുറപ്പെട്ട് 'സാവൂൾ ആയിരം പേരെക്കൊന്നു, ദാവീദ് പതിനായിരം പെരെക്കൊന്നു' എന്നു വിളിച്ചുപറയുന്നതു കേട്ടു. സാവൂൾരാജാവ് ദാവീദിൻ്റെ വീരകൃത്യത്തെ അഭിനന്ദിക്കേണ്ടതിനു പകരം തൻ്റെ കാലശേഷം രാജ്യഭരണം തൻ്റെ അനന്തരാവകാശികൾക്കു ലഭിക്കാതെ ദാവീദിൽ ചെന്നു ചേരുമെന്ന ഭയം കൊണ്ട് അത്യന്തം കൃതഘ്നനായി ദാവീദിനെ കൊല്ലാനുള്ള ശ്രമം ആജീവനാന്തം തുടർന്നുപോന്നുവെന്നു ചരിത്രമുണ്ടല്ലോ." തങ്ങൾ മലങ്കരയിലെ ഛിദ്രം അവസാനിപ്പിച്ചാൽ അവരുടെ ഭരണം നസ്രാണികൾക്കിടയിൽ നിലനിൽക്കില്ലെന്ന ഭയംകൊണ്ട് പ്രൊപ്പഗാന്തായിലെ കർദ്ദിനാൾമാർ കാര്യത്തിനു മറുപടിയൊന്നും പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത് എന്നു പാറേമ്മാക്കൽ കൂട്ടിച്ചേർക്കുന്നു.
നസ്രാണികളുടെ ഐക്യത്തിനുവേണ്ടിയായിരുന്നു കരിയാറ്റിയുടെയും പാറേമ്മാക്കലിൻ്റെയും പരിശ്രമങ്ങൾ. സമുദായത്തിന്റെ നന്മ മാത്രം ആഗ്രഹിച്ച അവർ വിദേശമിഷനറിമാർമൂലം ജാതിയിലുണ്ടായ അനൈക്യവും ഞെരുക്കവും കണ്ടു ദുഃഖിച്ചു. എങ്കിലും അവർ പ്രതീക്ഷ കൈവിട്ടില്ല. ഉടയതമ്പുരാൻ ജനങ്ങളുടെ ഹൃദയങ്ങളെ ഇളക്കുവാൻ കൃപയുണ്ടാകുമ്പോൾ എല്ലാം അനുകൂലമായി സംഭവിക്കുമെന്നും ജനത കരുത്താർജ്ജിക്കുമെന്നും അവർ പ്രത്യാശിച്ചു.
മാർപാപ്പയുടെ പ്രഥമസ്ഥാനം
ശ്ലീഹന്മാരുടെ സംഘത്തലവനായ കേപ്പായ്ക്ക് സഭയിലെ ഐക്യം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കാനുണ്ട് (നട 1:15, 2:14, 5:1 -29; 1 കോറി 1:12, 9:5, 15:5; ഗലാ 1:8). ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ റോമിലെ വി. ക്ലെമൻ്റ് കോറിന്തിലെ സഭയ്ക്കെഴുതിയ ലേഖനത്തിലും പത്രോസിൻ്റെ പിന്തുടർച്ചയായി റോമാസിംഹാസനത്തിൽ വാഴുന്ന മാർപാപ്പയെ കൂട്ടായ്‌മയുടെ കണ്ണിയും സമാധാനസ്ഥാപകനുമായി അവതരിപ്പിക്കുന്നുണ്ട്. വർത്തമാനപ്പുസ്‌തകത്തിലും ഇതേ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. റോമായെ കേന്ദ്രീകരിച്ചാണ് സഭകളുടെ കൂട്ടായ്മയെങ്കിലും (Centre of communion) റോമായല്ല ഈ കൂട്ടായ്മയുടെ ഉറവിടം (Author of communion) എന്നവർക്കു തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. ദൈവം അടിസ്ഥാനവും ഉറവിടവുമായിരിക്കുന്ന കൂട്ടായ്മയുടെ ഊർജ്ജകേന്ദ്രമാകുക എന്നതുമാത്രമാണു റോമായുടെ ദൗത്യം എന്ന സത്യം' മനസ്സിലാക്കിയിരുന്നതുകൊണ്ടാണ് റോമായിലേക്ക് പുനരൈക്യത്തിനുള്ള അപേക്ഷയുമായി അവർ പോയത്.
റോമായിലെ മാർപാപ്പയോട് പാറേമ്മാക്കലും കരിയാറ്റിയും പുലർത്തിയ പ്രത്യേക ബഹുമാനവും ആദരവും മാതൃകാപരമാണ്. റോമാസഭയുമായുള്ള കൂട്ടായ്‌മയ്ക്കു മാർത്തോമ്മാ നസ്രാണികൾ നൽകുന്ന പ്രാധാന്യമാണ് ഇവരുടെ വാക്കുകളിലും ചെയ്‌തികളിലും പ്രകടമാകുന്നത്. സഭയുടെ ദൃശ്യതലവനാണ് പത്രോസിന്റെ പിൻഗാമിയായ റോമാമാർപാപ്പ എന്നതാണ് വർത്തമാനപ്പുസ്‌തക ഗ്രന്ഥകാരൻ്റെ ദർശനം: "ശുദ്ധമാനമാതാവായ പള്ളിയുടെ തലവൻ റോമായിലെ മാർപാപ്പയുമായുള്ള കൂട്ടായ്‌മയിലാണ് സത്യവിശ്വാസത്തിന്റെ ബലം. രക്ഷപെടാൻ മനസ്സുള്ളവൻ ഒക്കെയും ഈ വിശ്വാസത്തിൽ കൂടിയേ മതിയാവൂ. “നമ്മുടെ മാർഗ്ഗത്തിൻ്റെ തലപ്പെട്ട ദേഹമിരിക്കുന്ന ശാസ്ത്രവും അറിവും നിറഞ്ഞ റോമാ," 'ഭൂമിയിൽ കർത്താവിന്റെ വികാരി', 'തമ്പുരാൻ്റെ പള്ളി ഒക്കെയുടെയും തലവൻ', നമ്മുടെ വേദത്തിന്റെ തലയും ശാസ്ത്രത്തിൻ്റെ മുഴുപ്പുമാകുന്ന റോമാ തുടങ്ങിയ പ്രയോഗങ്ങൾ റോമാ മാർപാപ്പയെ ഉദ്ദേശിച്ചുള്ളവയാണ്. തമ്പുരാൻ പള്ളിയുടെ കാണപ്പെട്ട തലവനായ മാർപാപ്പയുടെ മുമ്പാകെ സങ്കടങ്ങൾ ബോധിപ്പിച്ചാൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലങ്കരക്കാർ റോമായിലേക്കു നിവേദകസംഘത്തെ അയച്ചത്.
നിവേദനം മുഴുവൻ നിറഞ്ഞുനില്ക്കുന്നതു റോമാമാർപാപ്പയോടുള്ള ആദരവിൻ്റെ സ്വരമാണ്. വളരെ ക്ലേശം സഹിച്ചാണു റോമായിലെത്തി അവർ പരിശുദ്ധ പിതാവിനു നിവേദനം സമർപ്പിച്ചത്. അദ്ദേഹം വിനീതവും തീക്ഷ്‌ണവുമായ അപേക്ഷ സ്വീകരിക്കുമെന്ന കാര്യത്തിൽ അവർക്കു സംശയമുണ്ടായിരുന്നില്ല. പക്ഷേ, നിർഭാഗ്യവശാൽ അനുകൂലമായ മറുപടിയൊന്നും റോമായിൽനിന്നുണ്ടായില്ല.
വ്യക്തിസഭകളുടെ തനിമ
സഭയിലെ ഐക്യം ഐകരൂപ്യമല്ല. സഭയിലെ വൈവിധ്യം സഭയുടെ സാർവത്രിക സ്വഭാവത്തിൻ്റെതന്നെ ഭാഗമാണ്. സഭയിലെ ഐക്യത്തിൻ്റെ ഊഷ്‌മളതയും പ്രാധാന്യവും പ്രകാശിതമാകുന്നത് സഭയുടെ വൈവിധ്യത്തിലാണ്. കരിയാറ്റിയും പാറേമ്മാക്കലും ഈ യാഥാർത്ഥ്യം ശരിക്കു മനസ്സിലാക്കിയിരുന്നു. അതിനാലാണ് നസ്രാണിസഭയുടെ വ്യക്തിത്വവും തനിമയും വീണ്ടെടുക്കണമെന്ന് അവർ ആഗ്രഹിച്ചത്. വ്യക്തിസഭകളുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടാതെ സഭയിൽ കാതോലികത പുലരുകയില്ല. ഓരോ സഭയുടെയും ശരിയായ സഭാപാരമ്പര്യങ്ങൾ തിരുസഭയുടെ ഐക്യത്തിനാവശ്യമാണ്. വൈവിധ്യം ഐക്യത്തെ കൂടുതൽ പ്രകാശമാനമാക്കുകയാണ് ചെയ്യുന്നത്.
16-ാം നൂറ്റാണ്ടുവരെ ഭാരതീയവും പൗരസ്ത്യവുമായ സ്വഭാവ സവിശേഷതകളോടെ വളർന്ന നസ്രാണിസഭ റോമാസഭയുമായി എന്നും കൂട്ടായ്മയിലായിരുന്നു. നസ്രാണിസഭയുടെ തനിമയെക്കുറിച്ചു പാറേമ്മാക്കൽ എഴുതുന്നു.
ഞങ്ങൾ സുറിയാനിക്കാർ ആകുന്നതും മാർതൊമ്മാശ്ലീഹാ ഞങ്ങളുടെ ഇടത്തുമാർഗ്ഗം എന്ന ശു. നിക്ഷെപം ഞങ്ങൾക്കു തന്ന കാലംതൊട്ടു ഇന്നെയാളം ഒരു മുടക്കം കൂടാതെ സുറിയാനി ക്രമത്തിൽ ഞങ്ങളുടെ പള്ളിക്കടുത്ത ക്രമങ്ങളും ക്രിയകളും കഴിച്ചു വരുന്നതും നിൻ്റെ കാരണവൻമാർ കണ്ടു ഞങ്ങളുടെ പള്ളികളുടെ ഈ പഴെക്രമം മാറ്റുവാൻ ആകുന്നതു ശ്രമിച്ചുനൊക്കി യാറെ സാധിക്കില്ല എന്നു കണ്ടു വെച്ചെച്ചാറെ ഈ കാര്യത്തിൻമേൽ ഇന്ന നിൻ്റെ ശ്രമം എന്താകുന്നു...
പരിപൂർണ്ണ പൗരസ്‌ത്യസഭയായി തുടരുന്നത് സാർവത്രിക സഭയുമായുള്ള ഐക്യത്തിനു തടസ്സമല്ലെന്നു മാത്രമല്ല, അതാണ് ഇന്ന് ഐക്യത്തിനുള്ള ഏകവഴി എന്നദ്ദേഹം വ്യക്തമാക്കുന്നു. സഭാപരമായ വൈവിധ്യം സഭയുടെ സാർവത്രികതയുടെ തെളിവാണ്. വർത്തമാനപ്പുസ്തക ഗ്രന്ഥകാരൻ സഭയുടെ തനിമയ്ക്കുവേണ്ടി വാദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
റീത്തുകളുടെ തുല്യത
പുതിയനിയമത്തിൽ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികളുടെ സമൂഹത്തെ സഭകൾ എന്നു വിളിക്കുന്നുണ്ട്. ഉദാഹരണത്തിന് ഓർഗ്മെമിലെ സഭ (നട 11:22-12:15), അന്ത്യോക്യായിലെ സഭ (നട 11:26, 13:1, 14:27), കേസറിയായിലെ സഭ (നട 11:26), എഫേസോസിലെ സഭ (നട 20:17). ഇവയെല്ലാം ദൈവത്തിൻ്റെ സഭകളാണ് (1 കൊറി 1:2, 11:22, ഗലാ 1:13). ഒരേ സഭയുടെ വിവിധ ഭാഗങ്ങളല്ല. ഓരോ സ്ഥലത്തെ സഭയും അതിൽത്തന്നെ പൂർണ്ണമാണ്. ശ്ലീഹന്മാരുടെ പാരമ്പര്യത്തിലുള്ള ഓരോ സഭയിലും ദൈവികരഹസ്യം പൂർണ്ണമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഭാരതത്തിലെ മാർത്തോമ്മാശ്ലീഹായുടെ സഭയും പുതിയനിയമത്തിലെ മറ്റേതൊരു സഭയുംപോലെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന ചിന്ത വർത്തമാനപ്പുസ്‌തകത്തിലുടനീളമുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെ സഭകളുടെ കൂട്ടായ്മയായാണ് നിർവ്വചിക്കുന്നത്. കത്തോലിക്കാ കൂട്ടായ്മയിൽ എല്ലാ വ്യക്തിസഭകൾക്കും തുല്യ പ്രാധാന്യവും അവകാശവും കടമകളുമാണുള്ളത്." എല്ലാ സഭകളുടെയും വ്യത്യസ്‌തമായ സഭാപൈതൃകം സാർവ്വത്രികസഭയുടെ മുഴുവൻ്റെയും പൊതുസ്വത്താണ്. ആധുനിക സഭാശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് സഭകളുടെ തുല്യത. കൗൺസിലിനു നൂറ്റാണ്ടുകൾമുമ്പേ നമ്മുടെ പൂർവ്വികർക്ക് ഈ സഭാദർശനമുണ്ടായിരുന്നു എന്നതിന് ഏറെ തെളിവുകൾ വർത്തമാനപ്പുസ്‌തകത്തിലുണ്ട്.
യൂറോപ്യൻ മിഷനറിമാർ മലബാർ റീത്തിനെ കണ്ടത് അവരുടേതിനേക്കാൾ താണതും കാതോലികമല്ലാത്തതുമായ ഒരു ക്രിസ്തീയതയായിട്ടാണ്. മലബാറിലെ ഉയർന്ന കുടുംബാംഗങ്ങൾ കരിയാറ്റിയെ മെത്രാപ്പോലീത്തയായി അംഗീകരിക്കില്ലെന്നു കൊച്ചിയിലെ മെത്രാനും ലത്തീൻ മിഷനറിമാരും കരിയാറ്റിക്കെതിരെ ഉയർത്തിയ ആരോപണത്തിനു പാറേമ്മാക്കൽ നല്‌കുന്ന മറുപടിയിൽ, ലത്തീൻസഭയും മലബാറിലെ നസ്രാണിസഭയും തുല്യമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.
തങ്ങൾ ജനിച്ചുവളർന്ന റീത്ത് തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അതു മാറ്റാനാവില്ലെന്നും ഇവർക്കു ബോധ്യമുണ്ടായിരുന്നു. അമേരിക്കാഭൂഖണ്‌ഡത്തിലെ (ബ്രസീൽ) ബയ്യായിൽവച്ച് അവിടുത്തെ മെത്രാപ്പോലീത്ത മല്‌പാനോടു പറഞ്ഞു: "നിങ്ങളുടെ ഈ കുർബാന ക്രമം യൂറോപ്പിലെങ്ങും നടപ്പില്ലാത്തതാണ്. ഈ ക്രമവുമായി നിങ്ങൾ അവിടെച്ചെന്നാൽ നിങ്ങളെ ആരും സ്വീകരിക്കുമെന്നു തോന്നുന്നില്ല. ഈ ക്രമം മാറ്റാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ ഞാൻ അനുവാദം തരാം. ലത്തീൻ കുർബാനക്രമം അഭ്യസിപ്പിക്കാൻ ഒരു വൈദികനെയും നിയമിച്ചുതരാം." ഇതുകേട്ട് മല്‌പാൻ പറഞ്ഞു: “ഞങ്ങളോട് അങ്ങ് പ്രദർശിപ്പിക്കുന്ന സ്നേഹത്തിനും, ഞങ്ങൾക്ക് ചെയതന്ന ഉപകാരത്തിനും ഞങ്ങൾ അങ്ങയോട് അത്യധികം കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കുർബാനക്രമം മാറ്റുക പ്രയാസമാണ്. കാരണം, ഞങ്ങളുടെ നാട്ടിൽ ഇതാണ് നിലവിലിരിക്കുന്നത്. ഞങ്ങൾ ജനിച്ചുവളർന്ന സമു ദായത്തിന്റെ ക്രമമാണത്. സുറിയാനിറീത്തും കുർബാനക്രമവും ലത്തീൻ റീത്തിന് ഒട്ടും പിറകിലല്ല എന്നു ബോദ്ധ്യമുണ്ടായിരുന്നതു കൊണ്ടാണിപ്രകാരം പ്രതികരിക്കാൻ അവർക്കായത്.
ഇതിനു സമാനമായ ഒരു രംഗം പുസ്‌തകത്തിന്റെ അവസാന ഭാഗത്തുമുണ്ട്. കരിയാറ്റി മെത്രാപ്പോലീത്തായായി നിയമിതനായശേഷം നാട്ടിലേക്കു മടങ്ങുന്നതിനുമുമ്പ് ലിസ്ബണിൽ പേപ്പൽ പ്രതിനിധിയുമായുള്ള സംഭാഷണമാണു സന്ദർഭം. കൊടുങ്ങല്ലൂരിന്റെ പുതിയ മെത്രാപ്പോലീത്തായ്ക്ക് മലങ്കരസഭയിലുള്ള സ്ഥാനമഹിമ വ്യക്തമാക്കുന്നതായിരുന്നു അത്. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്താ ഗോവാ മെത്രാപ്പോലീത്തായ്ക്കു കീഴിലാണോ എന്ന പേപ്പൽ പ്രതിനിധിയുടെ ചോദ്യത്തിനു മറുപടിയായി പാറേമ്മാക്കൽ പറഞ്ഞു: “(കരിയാറ്റി) ഗോവാ മെത്രാപ്പോലീത്തായുടെ കീഴിലുള്ള മെത്രാനല്ല. ഗോവയിൽ മെത്രാപ്പോലീത്താ ഉണ്ടാകുന്നതിനുമുമ്പുതന്നെ അങ്കമാലി മെത്രാപ്പോലീത്താ ഉണ്ടായിരുന്നു. അങ്കമാലി മെത്രാപ്പോലീത്തായുടെ കീഴിൽ സെക്കാ തോറെ എന്ന തുരുത്തിലും മാൻസീനാ എന്ന തുരുത്തിലും
ഓരോ മെത്രാന്മാർ ഉണ്ടായിരുന്നുവെന്നും പഴയ ചരിത്രങ്ങളിൽ വായിച്ചിട്ടുണ്ട്... ഗോവാ പ്രദേശത്തിനു ഗോവാമെത്രാപ്പോലീത്താ എന്ന പോലെ മലങ്കരപ്രദേശത്തിന് അധികാരത്തോടും സ്ഥാനത്തോടുംകൂടി നമ്മുടെ മെത്രാപ്പോലീത്തായും ആയിരിക്കുന്നു". പിന്നീട് കരിയാറ്റിയും ഇതേ അഭിപ്രായംതന്നെ അറിയിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്താ ഗോവാമെത്രാപ്പോലീത്തായുടെ കീഴിലാണെന്നു കേട്ടിട്ടില്ല എന്നായിരുന്നു കരിയാറ്റിക്കു പറയുവാനുണ്ടായിരുന്നത്. "ഗോവാ മെത്രാപ്പോലീത്തായ്ക്ക് ഇന്ത്യയിലുള്ള പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടോ" എന്ന ചോദ്യത്തിന്, "ഗോവാ മെത്രാപ്പോലീത്തായെ എന്റെ മെത്രാപ്പോലീത്തായായി അംഗീകരിച്ചിട്ടില്ല" എന്നായിരുന്നു മറുപടി.
പാറേമ്മാക്കലും കരിയാറ്റിയും ആദരവോടെയാണ് മറ്റു റീത്തുകളെക്കുറിച്ച് സംസാരിക്കുന്നത്. അർമേനിയൻ റീത്തിൽപ്പെട്ട പാതിരിമാർ ഒസ്തറിയായിൽ വച്ച് ബലിയർപ്പിക്കുന്ന രംഗം അവർ ബഹുമാന പുരസ്സരം വിവരിക്കുന്നുണ്ട്. യാക്കോബായ കുർബാന അർപ്പണരീതി അവർ വിവരിക്കുന്നതും വലിയ ആദരവോടുകൂടിയാണ്. ലത്തീൻ മിഷനറിമാരുടെ കൊള്ളരുതായ്‌മകൾ അവരിൽ നീരസ്സം ജനിപ്പിച്ചിട്ടുണ്ടെങ്കിലും ലത്തീൻ റീത്തിനെക്കുറിച്ചും പത്രോസിൻ്റെ നിയമത്തെക്കുറിച്ചും അവർക്കു വളരെയേറെ മതിപ്പുണ്ടായിരുന്നു.
ചുരുക്കത്തിൽ, സഭകളുടെ തുല്യത പ്രഘോഷിക്കുന്ന ആദ്യത്തെ നസ്രാണി സഭാശാസ്ത്രജ്ഞരായി കരിയാറ്റിയെയും പാറേമ്മാക്കലിനെയും കണക്കാക്കാം. കത്തോലിക്കാ കൂട്ടായ്‌മയിലെ എല്ലാസഭകൾക്കും തുല്യ ശ്രേഷ്‌ഠതയും സ്ഥാനവുമാണുള്ളത് എന്ന അടിസ്ഥാനദർശനം ബലികഴിക്കാതെ വേണം സഭൈക്യം സാധിക്കേണ്ടതെന്ന് അവർക്കു നന്നായറിയാമായിരുന്നു. റോമായിലെ മാർപാപ്പയുടെ പ്രഥമസ്ഥാനം അംഗീകരിക്കുന്നതോടൊപ്പം വ്യക്തിസഭകളുടെ തനിമ നഷ്ടമാകരുത് എന്നും അവർക്കു നിർബന്ധമുണ്ടായിരുന്നു. ഐക്യം എന്നത് ഐകരൂപ്യമല്ല എന്നും വ്യക്തിസഭകളുടെ തുല്യതയും തനിമയും സംരക്ഷിക്കപ്പെടണമെന്നും വത്തിക്കാൻ കൗൺസിലിനു നൂറ്റാണ്ടുകൾക്കുമുമ്പേ അവർ മനസ്സിലാക്കിയിരുന്നു എന്നത് അവരെ അനന്യരാക്കുന്നു.
സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാനദൗത്യം മിശിഹായെ ലോകത്തിന്റെ അതിർത്തികൾവരെ പ്രഘോഷിക്കുക എന്നതാണ്. "അങ്ങു മാത്രമാണ് യഥാർത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ" എന്നു പരിശുദ്ധ കുർബാനയിൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ ഈ ദൗത്യമാണനു സ്മരിക്കുന്നത്. മുഖ്യമായും മൂന്നു തലങ്ങളിലായാണ് സഭ ഈ ദൗത്യം നിറവേറ്റുന്നത്: സുവിശേഷ പ്രഘോഷണം, അജപാലനശുശ്രൂഷ, ജീവിതസാക്ഷ്യം.
സുവിശേഷപ്രഘോഷണം
ഉത്ഥിതനായ മിശിഹാ തനിക്കു ലോകമെങ്ങും സാക്ഷ്യം വഹിക്കാൻ ശ്ലീഹന്മാരെ നിയോഗിച്ചു. "റൂഹാദക്കുദ്‌ശാ നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ഓറെശ്ശെത്തും യൂദാ മുഴുവനിലും ശ്രമായരുടെ സ്ഥലത്തും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികളാവുകയും ചെയ്യും" (നട 1:8). യോഹന്നാൻ മാംദാനയുടെ ആഗമനംമുതൽ മിശിഹായുടെ സ്വർഗ്ഗാരോഹണംവരെയുള്ള മിശിഹാസംഭവങ്ങൾക്ക് ശ്ലീഹന്മാർ സാക്ഷികളാകുന്നത് ആദിമസഭയുടെ ചരിത്രത്തിൽ നമ്മൾ കാണുന്നുണ്ട് (നട 1:22, 2:32). വി. പൗലോസ് വിജാതീയർക്കിടയിൽ മിശിഹായുടെ സാക്ഷിയായി (നട 22:15, 26:16). ശ്ലീഹന്മാരുടെ സാക്ഷ്യം വഴിയാണ് സുവിശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഘോഷിക്കപ്പെട്ടത് (2 തിമോ 1:10; 1 കൊറി 1:6).
ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായ തോമ്മാ ശ്ലീഹായാണ് തങ്ങളുടെ പൂർവ്വികരോട് സുവിശേഷമറിയിച്ചത് എന്ന തിന്റെ പേരിൽ അഭിമാനിച്ചിരുന്നവരാണ് കരിയാറ്റിയും പാറേമ്മാക്കലും. "ഞങ്ങൾ മാർതൊമ്മാശ്ലീഹായുടെ നസ്രാണികൾ” എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണല്ലോ ലിസ്ബണിൽവച്ച് "മലങ്കരരാജ്യത്തു മാർ തൊമ്മാശ്ലീഹാ വന്നു മാർഗ്ഗ മറിയിച്ച നാൾ തുടങ്ങി"യുള്ള ചരിത്രം പറുങ്കിഭാഷയിൽ എഴുതിയുണ്ടാക്കിയത്.
തങ്ങളുടെ പൂർവികരോടു സുവിശേഷമറിയിച്ച തോമ്മാശ്ലീഹായോട് അതീവ ഭക്തിയുണ്ടായിരുന്ന നസ്രാണികൾ സുവിശേഷശുശ്രൂഷകർ ആരായിരുന്നാലും അവരെ വലിയ ഔദാര്യത്തോടെ സ്വാഗതം ചെയ്തുപോന്നു. പോർട്ടുഗീസു മിഷനറിമാരോടും അവർക്കുണ്ടായിരുന്ന മനോഭാവം അതായിരുന്നു. ദൈവവചനം പ്രഘോഷിക്കാനായി ഇവിടെയെത്തിയ വിദേശമിഷനറിമാരെ ദൈവദൂതരെപ്പോലെയാണ് മലങ്കരമക്കൾ സ്വീകരിച്ചത്." "ഞങ്ങളുടെ ഗുരുവായി വെദത്തിലുള്ള ജ്ഞാനങ്ങൾ നമ്മെ പഠിപ്പിക്കാൻ വന്നവരോടു ഉടയതമ്പുരാനെപ്രതി ബഹുമാനങ്ങൾ ഒക്കെയും ഞങ്ങൾ കാട്ടി വന്നു.” മിഷനറിയെ ഗുരുവായും വേദജ്ഞാനം പഠിപ്പിക്കുന്നവനായും കാണുന്ന മഹനീയദർശനമാണ് മാർത്തോമ്മാനസ്രാണികൾക്കുണ്ടായിരുന്നത്.
മിശിഹായുടെ ഏവൻഗെലിയൊൻ അറിയിക്കലും ആത്മാക്കളെ തിരിക്കലും ഒന്നിച്ചു പോകുന്ന കാര്യങ്ങളായാണ് പാറേമ്മാക്കൽ അവതരിപ്പിക്കുന്നത്." ഈശോതന്നെയും ദൈവരാജ്യത്തിൻ്റെ സുവിശേഷം അനുതാപത്തിനുള്ള ആഹ്വാനത്തോടുകൂടിയാണല്ലോ അവതരിപ്പിച്ചത് (മർക്കോ 1:14-15). ആത്മാക്കളെ തിരിക്കുന്നതു മാർഗ്ഗമായ മിശിഹായിലേക്കാണ്. അതുകൊണ്ടാണ് സുവിശേഷപ്രഘോഷകരെ 'മാർഗ്ഗമറിയിക്കുന്നവർ' എന്നു വിശേഷിപ്പിക്കുന്നത്. “മാർഗ്ഗമറിയിക്കുന്ന പാതിരിമാർ മറ്റെതുമല്ലെങ്കിൽ ആചാരത്തോടുകൂടെയും തന്നിഷ്ടം കാട്ടാതെയും അടക്കത്തൊടും വെടിപ്പൊടുംകൂടെ" വ്യാപരിക്കണമെന്നു കരിയാറ്റിക്കും പാറേമ്മാക്കലിനും നിർബന്ധമുണ്ട്.
അജപാലന ശുശ്രൂഷ
ഇടയൻ-അജഗണ പ്രതീകം അജപാലനശുശ്രൂഷയുമായി ബന്ധപ്പെടുത്തി വർത്തമാനപ്പുസ്‌തകത്തിൽ പാറേമ്മാക്കൽ പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.' അജപാലനത്തെക്കുറിച്ചു ശരിയായ ഒരു ദർശനം വർത്തമാനപ്പുസ്തകം നല്‌കുന്നുണ്ട്. അജപാലകർ എപ്രകാരമാകരുത് എന്നു കാണിക്കാൻ വിദേശമിഷനറിമാരുടെ ജീവിതം ഉദാഹരിക്കുന്നു. മാതൃകാ അജപാലകരായ കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും പരിശുദ്ധ ജീവിതം എല്ലാ കാലത്തുമുള്ള അജപാലകർക്കു മാതൃകയാണ്.
അജപാലനശുശ്രൂഷയുടെ കാതൽ ദൈവജനത്തോടുള്ള പ്രതിബദ്ധതയും അവർക്കുള്ള സമർപ്പണവുമാണ്. സമുദായ നന്മയ്ക്കു വേണ്ടി റോമായിലേക്കു പോകാൻ കപ്പലിൽ യാത്രാസൗകര്യം തരപ്പെടുത്താൻ മല്‌പാൻ കൊടുക്കുന്ന അപേക്ഷയിൽനിന്നും ഇതു വെളിവാകുന്നുണ്ട്. താൻ യൂറോപ്പിനു പോകുന്നത് അവിടെയെന്തെങ്കിലും സേവനം ചെയ്യാനല്ല, മറിച്ച് തൻ്റെ സമുദായത്തിൻ്റെ നന്മയ്ക്കുവേണ്ടിയാണെന്നും, ഒരു ബഹുമാനവും തനിക്കുവേണ്ടെന്നും, കപ്പലിന്റെ വല്ല മൂലയിലും ഒരിടം കിട്ടിയാൽ മതിയെന്നും നാട്ടിൽ ചെല്ലുമ്പോൾ കപ്പലുടമകൾക്കു കുറ്റമുണ്ടാകാതെ താൻ നോക്കിക്കൊള്ളാമെന്നുമുള്ള വിനീത മറുപടിയിൽ ഒരു യഥാർത്ഥ അജപാലകൻ്റെ മനസ്സാണു വെളിവാകുന്നത്. "അഥവാ ഞങ്ങളെ കൊണ്ടുപോകില്ലെന്നു നിങ്ങൾ നിർബന്ധം പിടിച്ചാൽ കാൽനടയായിട്ടെങ്കിലും ഞാൻ നിങ്ങളുടെ നാട്ടിലേക്കു വരാൻ നിശ്ചയിച്ചിരിക്കുകയാണ്. അന്നു ഞാനവിടെ സങ്കടം ബോധിപ്പിക്കുകയും ചെയ്യും"' എന്നാണു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സ്വന്തം അജഗണങ്ങളുടെ പൊതുനന്മയിൽ ഉത്സുകനായ തീക്ഷ്‌ണമതിയായ ഒരു അജപാലകനെയാണ് കരിയാറ്റിയിൽ നാം കാണുന്നത്. പത്രോസ് ശ്ലീഹാ ഇടയന്മാർക്കു നല്‌കുന്ന ഉപദേശമാണു നമ്മുടെ മനസ്സിലോടിയെത്തുന്നത്: "നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന, ദൈവത്തിന്റെ അജഗണത്തെ മേയിക്കുകയും ആദ്ധ്യാത്മികമായി അന്വേഷിക്കുകയും ചെയ്യുവിൻ. അതു നിർബന്ധംകൊണ്ടല്ല, സന്മനസ്സാലെയും നിന്ദ്യമായ ലാഭേച്ഛയോടെയല്ലാതെ പൂർണഹൃദയത്തോടെയും ആയിരിക്കണം. അത്, അജഗണത്തിന്മേൽ അധികാരം പ്രയോഗിക്കുന്നവരാകാതെ, അവർക്കു നല്ല മാതൃകകളായിക്കൊണ്ടാവണം" (1പത്രോ 5: 2-3).
സ്വാർത്ഥ താല്‌പര്യങ്ങളല്ല, തങ്ങൾക്ക് ഏല്‌പിക്കപ്പെട്ടിരുന്ന അജഗണത്തിന്റെ പൊതുനന്മയെക്കുറിച്ചുള്ള ചിന്തയാണ് ഇവരെ നയിച്ചിരുന്നത്. "മലങ്കരെയുള്ള നമ്മുടെ പള്ളികൾക്കും ജാതിക്കാർക്കും മൊത്തത്തിൽ ആവശ്യമായ കാര്യങ്ങളല്ലാതെ ആരുടെയെങ്കിലും പ്രത്യേക താത്പര്യങ്ങളെ മുൻനിർത്തി ഒന്നുംതന്നെ ഞങ്ങൾ അപേക്ഷിച്ചിട്ടില്ലെന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. “രണ്ടു കൂട്ടരും-കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയുടെ കീഴിൽ കഴിയുന്നവരും കാര്യാർത്ഥം വരാപ്പുഴയ്ക്കു കീഴ്വഴങ്ങിയവരും-ഒരുമിച്ചുകൂടി. രണ്ടു കൂട്ടരുംകൂടി പണവും പിരിച്ച് രണ്ടു പക്ഷത്തുമുള്ള ആളുകളെയും തിരഞ്ഞെടുത്ത് മലങ്കര ഇടവകയുടെ പൊതുഗുണത്തിനുവേണ്ടി പ്രയത്നിക്കാൻ ഞങ്ങളെ യൂറോപ്പിലേക്കു പറഞ്ഞയച്ചു. രണ്ടു വിഭാഗത്തിലും ഉൾപ്പെട്ട പള്ളികളുടെ ഗുണത്തിനുവേണ്ടി പ്രയത്നിക്കാൻ സ്വന്തം മനസ്സാക്ഷിയുടെ മുമ്പിലും ദൈവതിരുമുമ്പിലും ഞങ്ങൾ കടപ്പെട്ടവരാണ്. കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും ധീരതയും ആർജ്ജവവും മാതൃകാ അജപാലകരുടേതാണ്.
ജീവിതസാക്ഷ്യം
സുവിശേഷപ്രഘോഷകരുടെ ജീവിതസാക്ഷ്യത്തിനാണു പ്രാധാന്യമെന്നു വ്യക്തമായ ബോദ്ധ്യമുള്ളവരായിരുന്നു കരിയാറ്റിയും പാറേമ്മാക്കലും. "തമ്പുരാൻ്റെ തിരുവചനം അറിയിപ്പാനായിട്ടു പുറപ്പെടുന്ന ആളുകളുടെ പ്രവർത്തി എളിമയും ക്ഷമയും പതവും ആയിരിക്കയും ഇങ്ങനെ ശെഷമുള്ളവരും തങ്ങളുടെ നല്ല പ്രവർത്തികൾ കണ്ട ആകാശത്തിലുള്ള ബാവാതമ്പുരാനെ സ്‌തുതിപ്പാൻ സംഗതി വരികയും ചെയ്യുന്നതു ശുദ്ധമാന ഏവൻഗെലിയോൻ്റെ വഴിയിൽ ഒരു തെല്ലു പോലും പരിചയമുള്ള ആളുകൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദൈവവചനപ്രേഷിതരായി പുറപ്പെടുന്നവർ എളിമയും ക്ഷമയും ശാന്തതയും ഉള്ളവരായിരിക്കണം എന്നവർക്കറിയാമായിരുന്നു. “നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് മറ്റുള്ളവർ സ്വർഗീയപിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്താ 5:16) എന്ന നമ്മുടെ കർത്താവിൻ്റെ ആഹ്വാനത്തിലാണ് സുവിശേഷപ്രഘോഷണത്തിന്റെ അടിസ്ഥാനം എന്നവർക്കു ബോദ്ധ്യമായിരുന്നു എന്നു വ്യക്തം.
സുവിശേഷപ്രഘോഷണത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്ന സന്ന്യാസവൈദികർ തങ്ങൾ വാഗ്ദാനംചെയ്ത് വ്രതങ്ങളും നിഷ്ഠകളും മറന്നു പ്രവർത്തിക്കുന്നവരാകരുതെന്നും പാറേമ്മാക്കലിനു നിർബന്ധമുണ്ടായിരുന്നു. ഈശോ ശ്ലീഹന്മാരെ അയച്ചപ്പോൾ ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനുമാണല്ലോ നിയോഗിച്ചത് (ലൂക്കാ 9:1-6). മിഷനറിമാർ ഇറങ്ങിത്തിരിക്കുന്നത് ആത്മാക്കളെ നേർവഴി തിരിക്കാനും മിശിഹായുടെ സുവിശേഷമറിയിക്കാനുമായിട്ടല്ലാതെ, സമ്പത്തു വാരിക്കൂട്ടാനോ മറ്റെന്തെങ്കിലും കാര്യലാഭത്തിനുവേണ്ടിയോ ആകരുത്. “ഈശോമിശിഹായുടെ കാര്യം അന്വേഷിപ്പാൻ" ആയിരിക്കണം മിഷനറിയുടെ ശ്രദ്ധ. ജനത്തിന് ഉണ്ടായേക്കാവുന്ന ഉതപ്പ് ഒഴിവാക്കാനായി സന്ന്യാസവൈദികരെ വേണ്ടായെന്നു പറയുവാൻപോലുമുള്ള ധൈര്യം നമ്മുടെ ജനം കാണിച്ചിരുന്നു.
മിഷനറിമാർക്ക്, സുവിശേഷകല്‌പനകൾ പാലിക്കാതെ ജനങ്ങളുടെ പ്രത്യാശയെ വഞ്ചിക്കുന്നവർക്ക്, ഫലം പുറപ്പെടുവിക്കാത്ത വൃക്ഷത്തിനു സംഭവിക്കുമെന്ന് ഉപമയിലൂടെ ഈശോ സൂചിപ്പിച്ച അവസ്ഥ (ലൂക്കാ 13:6-9) വന്നുഭവിക്കുമെന്ന് പാറേമ്മാക്കൽ മുന്നറിയിപ്പു നല്‌കുന്നുണ്ട്. ഫലം കായ്ക്കാതെ നില്ക്കുന്ന ഉപദ്രവകാരികളായ ഉണക്കമരങ്ങൾ വെട്ടി പുറത്തെറിയപ്പെടും എന്നു യോഹന്നാൻ മാംദാനയും വ്യക്തമാക്കിയിട്ടുണ്ടല്ലോ (ലൂക്കാ 3:9).
ജീവിതസാക്ഷ്യമാണ് പ്രേഷിതൻ്റെ ബലം. കരിയാറ്റി ഇവിടെയും മാതൃകയാണ്. ലിസ്ബണിൽനിന്നും ഗോവായിലേക്കുള്ള മടക്കയാത്രയിൽ കപ്പൽ തുറമുഖത്തുനിന്നു പുറത്തു കടന്നപ്പോൾ ഗോവൻ പാതിരിമാർ ഒരാവലാതിയുമായി കരിയാറ്റി മെത്രാപ്പോലീത്തായുടെ പക്കൽ ചെന്നു. കപ്പലിൽ അവർക്കുവേണ്ടി നിശ്ചയിച്ചിരുന്ന സ്ഥലം കപ്പലിന്റെ താഴത്തെ തട്ടിലായിരുന്നതുകൊണ്ടും അത് രോഗികൾക്കു കിടക്കാൻ ഒരുക്കിയിരുന്ന മുറിയുടെ അടുത്തായിരുന്നതുകൊണ്ടും അവിടെ താമസിക്കുക വളരെ പ്രയാസമാണെന്നും കപ്പലിൻ്റെ കൂടാരത്തിൽ മെത്രാപ്പോലീത്തായ്ക്കായി ഒരുക്കിയിരുന്ന മുറിയിൽ അവരെക്കൂടി താമസിപ്പിക്കണമെന്നുമായിരുന്നു അവരുടെ അപേക്ഷ. "ഞങ്ങൾക്കു വളരെ ഞെരുക്കമുണ്ടാക്കുന്ന കാര്യമായിരുന്നു അത്. എങ്കിലും ആ പാതിരിയോടുള്ള സ്നേഹംകൊണ്ടും, ദൈവത്തെ പ്രതി അവർക്കു നന്മ ചെയ്യാനുള്ള മനസ്സുകൊണ്ടും മെത്രാപ്പോലീത്താ സമ്മതിച്ചു. അവരും ഞങ്ങളുടെകൂടെ താമസമാക്കി എന്നു മാത്രമല്ല, ഞങ്ങളുടെ വസ്തുക്കൾ കൊണ്ടു സ്വന്തമെന്നപോലെ പെരുമാറുവാനും അനുവദിച്ചു. അവരുടെ നേരെ മെത്രാപ്പോലീത്തായ്ക്കുള്ള സ്നേഹവും കാരുണ്യവും കാണുകയാലും, മെത്രാപ്പോലീത്തായ്ക്ക് ഇഷ്ടമാകുമെന്നു തോന്നുകയാലും അവർക്കുകൂടി ഞങ്ങളുടെ മേശയിൽ ഭക്ഷണം നൽകുവാൻ കപ്പിത്താൻ ഏർപ്പാടുചെയ്‌തു. പ്രൊപ്പഗാന്തയിൽ വിദ്യാർത്ഥികളോടു യാത്രപറയുമ്പോൾ, സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്നതെല്ലാം-10 പൊൻകാശിന്റെ വക - റെക്‌ടറെ ഏൽപിച്ചിട്ടു മടങ്ങുന്ന രംഗം ആരുടെ മനസ്സാണ് അലിയിപ്പിക്കാത്തത്.
കരിയാറ്റിയുടെയും പാറേമ്മാക്കലിൻ്റെയും ഔദാര്യപൂർണ്ണമായ സ്വയം സമർപ്പണവും ആത്മപരിത്യാഗവും ജീവിതസാക്ഷ്യവും വ്യക്തമാക്കുന്നതാണ് വർത്തമാനപ്പുസ്‌തകത്തിലെ ഓരോ സംഭവവും. നസ്രാണികളുടെ ആദ്ധ്യാത്മികജീവിതശൈലിതന്നെയാണ് അവരിലൂടെ പ്രകടമായത്.
ചുരുക്കത്തിൽ, സഭയുടെ ദൗത്യം കർത്താവു ഭരമേൽപ്പിച്ചതും അവന്റെതന്നെ ദൗത്യത്തിൻ്റെ തുടർച്ചയുമാണ്. മിശിഹായെ പ്രഘോഷിച്ച് സഭാസമൂഹങ്ങൾക്കു രൂപം നൽകുകയും ഇപ്രകാരം രൂപപ്പെട്ട സഭാസമൂഹങ്ങളിൽ ഫലപ്രദവും കാര്യക്ഷമവുമായ അജപാലനശുശ്രൂഷ നൽകുകയും ചെയ്യുക എന്നതാണ് ഈ ദൗത്യം. ഈ ദൗത്യ നിർവ്വഹണത്തിൽ ദൈവജനത്തിന്റെ ജീവിതസാക്ഷ്യം പ്രസക്തമാകുന്നു. നസ്രാണി ആദ്ധ്യാത്മികതയുടെ പ്രതിരൂപങ്ങളായ കരിയാറ്റിയും പാറേമ്മാക്കലുമാണ് സഭയുടെ സുവിശേഷദൗത്യനിർവഹണത്തിനുള്ള ഉത്തമ മാതൃകകൾ.
ഉപസംഹാരം
വർത്തമാനപ്പുസ്‌തകത്തിലെ വേദപുസ്തക സ്വാധീനം തേടിയുള്ള ഒരു യാത്രയായിരുന്നിത്. അച്ചടിച്ച വിശുദ്ധഗ്രന്ഥം ഇന്നത്തേതുപോലെ സംലഭ്യമല്ലായിരുന്നെങ്കിലും നസ്രാണിസമൂഹത്തിനു മുഴുവൻ തിരുലിഖിതം ചിരപരിചിതമായിരുന്നു എന്നതിനു തെളിവാണ് ഈ യാത്രാവിവരണഗ്രന്ഥത്തിലെ ഓരോ താളും. ഇസ്രായേൽജനത്തിന്റെയും നസ്രായൻ ഈശോയുടെയും ചരിത്രത്തിലെ ഓരോ സംഭവവും പാറേമ്മാക്കലിനും കരിയാറ്റിക്കും മാത്രമല്ല, സഭാസമൂഹം മുഴുവനും മനഃപാഠമായിരുന്നതുകൊണ്ടാണ് ഗ്രന്ഥത്തിൽ അവ പരാമർശിക്കാൻ സാധിക്കുന്നത്. പ്രധാന സംഭവങ്ങളുടെ സംക്ഷിപ്തവിവരണമോ, പരാമർശമോ മാത്രമാണ് വർത്തമാനപ്പുസ്‌തകത്തിൽ കുടുതലായി നമ്മൾ കാണുന്നത്. തികച്ചും വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ഒരു വിശ്വാസജീവിതമായിരുന്നു നമ്മുടെ പൂർവികർ നയിച്ചിരുന്നത് എന്നതിനു മതിയായ തെളിവാണ് ഈ ചരിത്രഗ്രന്ഥം.
ദൈവവചനം വലിയ നിക്ഷേപംപോലെ പരമ്പരാഗതമായി നമ്മുടെ പൂർവികർ നമുക്കു കൈമാറി തന്നിട്ടുണ്ട് എന്ന് അഭിമാനത്തോടെയാണ് പാറേമ്മാക്കൽ അനുസ്മരിക്കുന്നത്: "ഏറെ ഞെരുക്കവും സങ്കടവും ഞങ്ങളുടെ ജാതിക്കു ഒക്കക്കും ഉണ്ടായിട്ടും ഉടയതമ്പുരാൻ്റെ മനഗുണംകൊണ്ടു ഇത്രപ്പൊഴും നമ്മുടെ കാരണവന്മാരു നിക്ഷേപംപൊലെ നമുക്കു കയ്യാളിച്ചിരിക്കുന്ന ശുദ്ധപുസകങ്ങളുടെ അറിവ്" എന്നാണ് ഇതെക്കുറിച്ചു പാറേമ്മാക്കൽ രേഖപ്പെടുത്തുന്നത്. "കയ്യാളിച്ചിരിക്കുന്ന" എന്ന പ്രയോഗം വാമൊഴിയായുള്ള കൈമാറലിനെയാണു സൂചിപ്പിക്കുന്നത്. വിശുദ്ധഗ്രന്ഥ-ദൈവ ശാസ്ത്രലോകത്ത് പാരമ്പര്യത്തെ കുറിക്കാൻ ഈ പദമാണുപയോഗിക്കാറ് (ലൂക്കാ 1:1-2). ഇസ്രായേൽജനതയുടെയും ആദിമസഭയുടെയും ജീവിതത്തിൽ വാമൊഴിയായാണ് വിശ്വാസപാരമ്പര്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ഇപ്രകാരം വാചികമായി തലമുറയിൽനിന്നു തലമുറയിലേക്കു പകർന്നു നല്‌കപ്പെട്ടിരുന്ന വിശ്വാസ ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് വിശുദ്ധഗ്രന്ഥത്തിൽ ലിഖിതരൂപം പ്രാപിച്ചിട്ടുള്ളത് എന്നു നമുക്കറിയാം. പുരാതന സംസ്കാരങ്ങളിലെല്ലാം ചരിത്രവും വിശ്വാസരഹസ്യങ്ങളും ഇപ്രകാരം വാമൊഴിയായാണ് നിലനിന്നുപോന്നത്. ഇതേ ശൈലിതന്നെ നമ്മുടെ പൂർവികരും അനുവർത്തിച്ചുപോന്നു എന്നതിനു തെളിവാണു വർത്തമാനപ്പുസ്‌തകം.
ശുദ്ധപുസ്തകങ്ങളുടെ അറിവിനെ "നിക്ഷേപം" എന്നാണു പാറേമ്മാക്കൽ വിശേഷിപ്പിക്കുന്നത്. മാർത്താമ്മാശ്ലീഹാ ഇവിടെ അറിയിച്ച മാർഗ്ഗത്തെയും നിക്ഷേപം എന്നാണു വിളിക്കുന്നത്' എന്നതു ശ്രദ്ധേയമായ സംഗതിയാണ്. ദൈവവചനവും മാർഗ്ഗവും തമ്മിലുള്ള അഭേദ ബന്ധമാണിവിടെ വ്യക്തമാക്കപ്പെടുന്നത്. ദൈവവചനാനുസൃതമായ ജീവിതശൈലിയാണല്ലോ മിശിഹാമാർഗ്ഗം. മാർത്തോമ്മാമാർഗ്ഗം തന്നെയായിരുന്നു നസ്രാണികളെ സംബന്ധിച്ചു വിശുദ്ധഗ്രന്ഥം. വേദപുസ്തകം അനുസരിച്ചുള്ള ജീവിതവും മാർഗ്ഗത്തിലുള്ള ജീവിതവും അവർക്കു രണ്ടായിരുന്നില്ല.
മാർഗ്ഗത്തിന്റെ മര്യാദയ്ക്ക് ജീവിച്ചിരുന്ന കരിയാറ്റിയും പാറേമ്മാക്കലും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപോദ്ബലകമായി സ്വീകരിച്ചിരുന്നത് വേദപുസ്‌തകമായിരുന്നു. ലിസ്ബണിലെ രാജ്ഞിയുടെ പക്കൽപോയതും അപേക്ഷ കൊടുത്തതും ഇഷ്‌ടപ്പെടാതിരുന്ന പ്രൊപ്പഗാന്തായിലെ കർദ്ദിനാളിനോട് കരിയാറ്റി, "കെസറിൻ്തു കെസറിനും തമ്പുരാന്റെ തമ്പുരാന്നും കൊടുക്കണമെന്നു ശുദ്ധമാന പുസ്തകത്തിൽ ചൊല്ലിയിരിക്കുന്നതുപോലെ നടന്നുവരുന്ന മര്യാദയ്ക്കു തക്ക വണ്ണം"? മാത്രമേ പ്രവർത്തിച്ചുള്ളൂ എന്നു പറഞ്ഞ് സ്വന്തം നിലപാട് വ്യക്തമാക്കി. അപ്പോൾ കർദ്ദിനാൾ, "ശുദ്ധമാന പുസ്‌തകത്തിന്റെ സാക്ഷിയും പറഞ്ഞു നമ്മെ പഠിപ്പിക്കാൻ മല്‌പനായി പുറപ്പെട്ടിരിക്കുന്നു" എന്നു പറഞ്ഞു കരിയാറ്റിയെ കുറ്റപ്പെടുത്തുന്നതു കാണാം.
മിഷനറിമാർ ഇവിടെ തുടങ്ങിവച്ച സെമിനാരിപരിശീലനം മാർത്തോമ്മാനസ്രാണി വൈദികർക്കുണ്ടായിരുന്ന ഈ വിശുദ്ധഗ്രന്ഥ പരിചയം നശിപ്പിക്കുന്നതിനു കാരണമായി എന്നു പാറേമ്മാക്കൽ സൂചിപ്പിക്കുന്നുണ്ട്. മലങ്കരക്കാരോടുള്ള സഹതാപംമൂലം അവരുടെ അജ്ഞതയും അന്ധതയും നീക്കാനാണ് റോമായിൽനിന്ന് ഒരു സെമിനാരി ഇവിടെ നേടിയെടുത്തതെന്ന് കാണുന്നവർക്കു തോന്നിയേക്കാമെങ്കിലും, യൂറോപ്യൻ മിഷനറിമാർക്കു ദാസ്യവേല ചെയ്യാൻ ആൾക്കാരെ വാർത്തെടുക്കുക എന്നതു മാത്രമായിരുന്നതിൻ്റെ പിന്നിലെ ലക്ഷ്യമെന്നദ്ദേഹം തെളിയിക്കുന്നു. സുവിശേഷത്തിൽനിന്നുദ്ധരിച്ചുകൊണ്ടാണ് ഇതും അദ്ദേഹം സ്ഥാപിക്കുന്നത്: "വ്യാജപ്രവാചകന്മാരും കള്ളമിശിഹാമാരും ആരാണെന്ന് അവരുടെ പ്രവൃത്തി കണ്ടു ഗ്രഹിച്ചുകൊള്ളണമെന്നു വിശുദ്ധഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നിന്റെ ഉള്ളിലെ വിചാരമെന്തായിരുന്നെന്നു നിൻ്റെ പ്രവൃത്തി നിരീക്ഷിക്കുന്ന ബുദ്ധിമാന്മാർ മനസ്സിലാക്കിക്കൊള്ളും." "കുഞ്ഞാടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. അകമേ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാകുന്നു. ഫലംകൊണ്ട് അവരെ നിങ്ങൾ തിരിച്ചറിയുവിൻ" (മത്താ 7:15-16) എന്നു നമ്മുടെ കർത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
വിദേശ മിഷനറിമാരുടെ മേല്‌ക്കോയ നിമിത്തം നസ്രാണി സഭയ്ക്കു കൈമോശംവന്ന വ്യക്തിത്വം പുനഃസ്ഥാപിച്ചു കിട്ടുന്നതിനും വിമോചനം സാധ്യമാക്കുന്നതിനുമായിരുന്നു കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും യൂറോപ്പുയാത്ര. ദൈവാരാധന, സഭാജീവിതം, സഭാപാരമ്പര്യങ്ങൾ, സഭയുടെ ഐക്യം, സഭാഭരണം തുടങ്ങിയവയെക്കുറിച്ച് വിശുദ്ധഗ്രന്ഥാധിഷ്‌ഠിതമായി നസ്രാണികൾക്കുണ്ടായിരുന്ന വ്യക്തമായ ബോദ്ധ്യങ്ങൾ വീണ്ടെടുക്കാൻ വിശ്വാസികളെ സഹായിക്കുക എന്നതായിരുന്നു ഗ്രന്ഥരചനാലക്ഷ്യം. അവർ ഇരുവരും തങ്ങളുടെ മാതൃസഭയുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ജീവൻപോലും ത്യജിക്കാൻ സന്നദ്ധരായിരുന്നു. കാരണം വിശ്വാസം അവർക്കു ജീവനെക്കാൾ പ്രധാനമായിരുന്നു. അതുകൊണ്ടാണ്, സത്യവിശ്വാസത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മാർത്തോമ്മാ മെത്രാനോട്, “ഇനി ഒരിക്കൽ അങ്ങെപ്രതി എൻ്റെ ആയുസു തമ്പുരാന്നു പൂജിച്ചു റൊമ്മായിലൊളം വീണ്ടും ചെന്നിട്ടും കാര്യം സാധിപ്പാനുള്ളതിന്നു ആകുന്നതു പ്രയത്നം ചെയ്യുന്നുണ്ടെന്നു” കരിയാറ്റി പറഞ്ഞത്. ഈ വിശ്വാസ തീക്ഷ്‌ണതയും കൂടപ്പുറപ്പുസ്നേഹവുകൊണ്ടാണ്, അപകടം നിറഞ്ഞതും തിരിച്ചുവരുമെന്നുയാതൊരു ഉറപ്പുമില്ലാത്തതുമായ ദീർഘമായ കപ്പൽ യാത്രയ്ക്ക് ഇരുവരും തയ്യാറായത്. ഒരു ദിശയിലേക്കു മാത്രമുള്ളയാത്രയ്ക്ക് ഒരു വർഷത്തിലേറെ കപ്പലിൽ കഴിയേണ്ടിവന്നു എന്നു ചിന്തിക്കുമ്പോൾ യാത്ര എത്രയോ ദുരിതപൂർണ്ണമായിരുന്നു എന്ന് ഊഹിക്കാം. എട്ടോളം വർഷങ്ങൾ ദീർഘിച്ച ഈ യൂറോപ്യൻ യാത്ര മാതൃസഭയോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമായിരുന്നു. കരിയാറ്റിക്ക് അക്ഷരാർത്ഥത്തിൽ 'തന്റെ ആയുസ് തമ്പുരാന്നു പൂജിക്കേണ്ടിയും വന്നല്ലോ. പാറേമ്മാക്കലിന്റെ ജീവിതം തന്നെയും രക്തസാക്ഷിത്വത്തിനു തുല്യമായിരുന്നു. ഇതിനെല്ലാം അവരിരുവർക്കും ശക്തിയും പ്രചോദനവും ലഭിച്ചത് വേദപുസ്തകത്തിൽനിന്നാണ്.
ദൈവശാസ്ത്രജ്ഞർ അഥവാ സഭാശാസ്ത്രജ്ഞർ ദാർശനികരോ എഴുത്തുകാരോ ആയാൽ പോരാ. മറിച്ച്, സഭയെ അറിയുന്നവരും സ്നേഹിക്കുന്നവരുമാകണം. അവരൊരിക്കലും യാതൊന്നിനോടും പ്രതിബദ്ധതയില്ലാത്ത നിസ്സംഗരായ നിരീക്ഷകരായിക്കൂടാൻ പാടില്ല. അവരുടെ ബൗദ്ധികോല്‌പന്നങ്ങളും രചനകളും അവരുടെ പ്രതിബദ്ധതയുടെയും സമർപ്പണത്തിൻ്റെയും ഫലമായിരിക്കണം എന്നു ബോദ്ധ്യമുണ്ടായിരുന്ന വലിയ സഭാശാസ്ത്രജ്ഞരും (ecclesiologists) സഭൈക്യപ്രവർത്തകരു (ecumenists)മായിരുന്നു കരിയാറ്റിയും പാറേമ്മാക്കലും. അടിസ്ഥാനതത്ത്വങ്ങളെ ബലികഴിക്കുന്ന അനുരഞ്ജകരായിരുന്നില്ല അവർ; മറിച്ച്, ബോദ്ധ്യമുള്ള തത്ത്വങ്ങൾക്കുവേണ്ടി ധൈര്യപൂർവ്വം നിലകൊണ്ട് യഥാർത്ഥ ദൈവശാസ്ത്രജ്ഞരായിരുന്നു. അവർ ആധികാരികതയോടെ സഭയെക്കുറിച്ചു പഠിപ്പിച്ചു. അവർ തീക്ഷ്‌ണതയിൽ ജ്വലിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. സഭയുടെ പ്രശ്നങ്ങളിൽ അവർ കേവലം നിരീക്ഷകരായിരുന്നില്ല; മറിച്ച്... മിശിഹായുടെ മൗതികശരീരത്തിലെ പ്രതിബദ്ധതയുള്ള അവയവങ്ങളായിരുന്നു. അവർ സഭയുടെ നന്മയ്ക്കുവേണ്ടി ജീവിച്ച യഥാർത്ഥ സഭൈക്യ പ്രവർത്തകരായിരുന്നു. ഇവിടെയെല്ലാം അവർക്കു വഴിവെളിച്ചം ലഭിച്ചതു വേദപുസ്‌തകത്തിൽനിന്നായിരുന്നു.
വിശുദ്ധഗ്രന്ഥം എപ്രകാരം ജീവിതബന്ധിയായി വ്യാഖ്യാനിക്കണമെന്നും എപ്രകാരം വചനാനുസൃതമായ വിശ്വാസജീവിതം നയിക്കണമെന്നും വർത്തമാനപ്പുസ്‌തകം വ്യക്തമായി പഠിപ്പിക്കുന്നു. കുറെ വചനങ്ങൾ മനഃപാഠമാക്കുന്നതിൽ മാത്രം ഒതുങ്ങി നില്‌ല്ക്കേണ്ടതല്ല വിശുദ്ധഗ്രന്ഥജ്ഞാനം. പഠിക്കുന്ന വചനം അനുദിനജീവിതത്തെ സ്വാധീനിക്കുമ്പോൾ മാത്രമേ വചനവിത്ത് നമ്മുടെ ജീവിതത്തിൽ നൂറു മേനി ഫലം പുറപ്പെടുവിക്കൂ. അപ്പോൾ മാത്രമേ, വചനത്താൽ ദീപ്തമായ നമ്മുടെ സത്പ്രവൃത്തികൾ കണ്ട് മറ്റുള്ളവർ സ്വർഗ്ഗീയ പിതാവിനെ മഹത്ത്വപ്പെടുത്താൻ അവസരമുണ്ടാകൂ. ഒരു നവസുവിശേഷ വത്കരണത്തിനാരംഭം കുറിച്ചിരിക്കുന്ന നമുക്ക് നമ്മുടെ സഭയിലെ പിതാക്കന്മാരായ കരിയാറ്റിയുടെയും പാറേമ്മാക്കലിന്റെയും വേദപുസ്‌തകാധിഷ്ഠിതമായ വിശ്വാസതീക്ഷ്‌ണതയും മൂല്യബോധവും അനുദിനജീവിതത്തിൽ പ്രചോദനവും ശക്തിയും പകരട്ടെ.
വർത്തമാനപ്പുസ്‌തകം നസ്രാണിസഭ 'നസ്രാണിമാപ്പിളമാർ' Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



