x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

പൗലോസ് ശ്ലീഹാ ജനതകൾക്കൊരു പ്രകാശഗോപുരം

Authored by : Dr. Andrews Mekkattukunnel On 19-Jan-2026

ആമുഖ പഠനങ്ങൾ 

പുതിയനിയമത്തിൻ്റെ രണ്ടാം പകുതിയിലും തിരുസ്സഭയുടെ ആദ്യകാല ചരിത്രത്തിലും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിയാണ് വി. പൗലോസ് ശ്ലീഹാ. വി.പൗലോസിനെക്കുറിച്ചറിയാനുള്ള പ്രഥമ ഉറവിടം അദ്ദേഹത്തിൻ്റെ തന്നെ ലേഖനങ്ങളാണ്. ആത്മകഥാപരമായ പല അംശങ്ങളും അവയിലുണ്ട്. എങ്കിലും പൗലോസിന്റെ പൂർണചിത്രം അവയിൽനിന്നുമാത്രം ലഭിക്കില്ല. വി. ലൂക്കായുടെ നടപടി പുസ്‌തകം ഇവിടെ നമ്മുടെ സഹായത്തിനെത്തുന്നു. പൗലോസിൻ്റെ ചരിത്രമെഴുതുകയല്ല ലൂക്കായുടെ ലക്ഷ്യമെങ്കിലും മിശിഹാ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൻ്റെ രണ്ടാം വാല്യമായ നടപടിയിൽ പൗലോസിനെക്കുറിച്ചുള്ള വളരെയേറെ കാര്യങ്ങളുണ്ട്. എപ്രകാരമാണ് ലൂക്കാ രക്ഷാകരചരിത്രത്തിൽ പൗലോസിനെ ഉൾച്ചേർക്കുന്നത് എന്നാണ് ആമുഖപഠനങ്ങളിൽ നമ്മൾ കാണുന്നത്. 

 

അദ്ധ്യായം 1 

പൗലോസും ലൂക്കായും 

നടപടിപുസ്തകത്തിൻ്റെ കർത്താവായ വി. ലൂക്കാ പൗലോസ് ശ്ലീഹായുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. പൗലോസ് ശ്ലീഹാതന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കൊളോസായിലെ സഭയ്ക്കുള്ള കത്തിൻ്റെ അവസാനഭാഗത്ത് അദ്ദേഹം ഇപ്രകാരം എഴുതുന്നു: "ഞങ്ങളുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കായും... നിങ്ങൾക്കു വന്ദനം പറയുന്നു" (കൊളോ 4,14). "പ്രിയപ്പെട്ട ലൂക്കാ' എന്ന വിശേഷണത്തിൽനിന്ന് അവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിൻ്റെ ഊഷ്‌മളതയെക്കുറിച്ച് ഊഹിക്കാനാവും. തിമോത്തേയോസിനുള്ള രണ്ടാം ലേഖനത്തിൽ “ലൂക്കാ മാത്രമേ എന്നോടുകൂടെയുള്ളു" (2 തിമോ 4,11) എന്ന് പൗലോസ്ശ്ലീഹാ എഴുതുന്നുണ്ട്. കാരണം, മറ്റുള്ളവർ ഉപേക്ഷിച്ചുപോയപ്പോഴും ലൂക്കാ വിശ്വസ്തനായി അദ്ദേഹത്തിന്റെ കൂടെ തുടർന്നു. കാരാഗൃഹത്തിൽനിന്ന് ഫിലമോനെഴുതുമ്പോൾ കൂടെയുള്ള ലൂക്കായുടെ അഭിവാദനങ്ങൾക്കൂടി വി. പൗലോസ് അറിയിക്കുന്നുണ്ട് (ഫില 24). കൂടാതെ, നടപടിപുസ്‌തകത്തിൽ പൗലോസിന്റെ പ്രേഷിതയാത്രകൾ വിവരിക്കുമ്പോൾ വി.ലൂക്കാ പലയിടത്തും പ്രഥമ പുരുഷസർവ്വനാമത്തിൻ്റെ ബഹുവചനം (ഞങ്ങൾ) ഉപയോഗിക്കുന്നതിൽ നിന്നും ഗ്രന്ഥകർത്താവ് പൗലോസിനോടൊപ്പമുണ്ട് എന്നു വ്യക്തമാണ് (നട 16,10-17; 20,5-15; 21,1-18; 27, 1-28,16). പൗലോസിന്റെ സന്തതസഹചാരിയായിരുന്നതുകൊണ്ട് ലൂക്കായ്ക്ക് പൗലോസിനെക്കുറിച്ചു തന്റെ തന്നെ ദൃക്സാക്ഷി അനുഭവത്തിൽനിന്നു വളരെയേറെ കാര്യങ്ങൾ വിവരിക്കാനാകുമായിരുന്നു. 

ശ്ലീഹന്മാരുടെ നടപടി അഥവാ അപ്പസ്തോലപ്രവർത്തനങ്ങൾ എന്നാണ് ലൂക്കായുടെ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൻ്റെ പേരെങ്കിലും നമ്മുടെ കർത്താവിൻ്റെ ശ്ലീഹന്മാർ എല്ലാവരുടെയും പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കപ്പെടുന്നില്ല. അവരുടെ പ്രതിനിധികളായ വി. പത്രോസിന്റെയും വി. പൗലോസിന്റെയും പ്രവർത്തനങ്ങൾ മാത്രമാണു മുഖ്യമായും പ്രതിപാദിക്കപ്പെടുന്നത്. സുവിശേഷത്തിൽ വിവരിക്കപ്പെടുന്ന മനുഷ്യനായവതരിച്ച ഈശോമിശിഹായുടെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും തുടർച്ചയായിവേണം നടപടി ഗ്രന്ഥത്തെ മനസ്‌സിലാക്കാൻ. ഉത്ഥിതനായ ഈശോമിശിഹാ തൻ്റെ സ്വർഗാരോഹണത്തിനുമുൻപ് ശ്ലീഹന്മാർക്കു നല്‌കിയ കല്‌പന - ജറുസലേമിലും യൂദയായിലും സമരിയായിലും ലോകത്തിൻ്റെ അതിർത്തികൾവരെയും അവിടുത്തേക്കു സാക്ഷ്യം വഹിക്കാനുള്ള കല്‌പന - അവർ എപ്രകാരം നിർവഹിക്കുന്നുവെന്നാണ് നടപടി പുസ്‌തകത്തിൽ വി. ലൂക്കാ വിവരിക്കുന്നത്. ജറുസലേമിലാരംഭിക്കുന്ന സുവിശേഷപ്രഘോഷണവും മിശിഹാസാക്ഷ്യവും റോമായിലെത്തുന്നതോടെ ലൂക്കാ തൻ്റെ വിവരണമവസാനിപ്പിക്കുന്നു. അന്നത്തെ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമായിൽ സുവിശേഷമെത്തുമ്പോൾ ലോകം മുഴുവൻ അത് എത്തിയതായാണ് വി. ലൂക്കാ മനസ്സിലാക്കുന്നത്. സുവിശേഷം യഹൂദരിലാരംഭിച്ച് എപ്രകാരം വിജാതീയരിലെത്തുന്നു എന്നതിൻ്റെ ചരിത്രവും ഈ ഗ്രന്ഥത്തിൽ കാണാം. ഈ സുവിശേഷപ്രഘോഷണ പ്രക്രിയയിൽ പൗലോസ്ശ്ലീഹായ്ക്കു ദൈവികപദ്ധതിപ്രകാരം വളരെ പ്രധാനപ്പെട്ട പങ്കു നിർവ്വഹിക്കാനുണ്ടായിരുന്നു. ശ്ലീഹന്മാർ ഓരോരുത്തരും സുവിശേഷ സന്ദേശവുമായി ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും പോയത് ഉത്ഥിതൻ്റെ ഈ കല്‌പനപ്രകാരം അവിടുത്തേക്കു സാക്ഷ്യം വഹിക്കാനായിരുന്നു. 

 

അദ്ധ്യായം 2 

ദൈവരാജ്യവും തിരുസ്സഭയും 

തന്റെ സഹനമരണോത്ഥാനങ്ങൾക്കു ശേഷം ഈശോ നാല്‌പതു ദിവസം ജീവിക്കുന്നവനായി ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. ഇക്കാലമത്രയും അവിടുന്നു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിച്ചു. പരസ്യജീവിതകാലത്തെ അവിടുത്തെ പ്രബോധനവുമായി ബന്ധപ്പെടുത്തിവേണം ഇതു മനസ്സിലാക്കാൻ. ഗലീലി മുതൽ ജറുസലേംവരെ അവിടുന്നു പ്രഘോഷിച്ചതു ദൈവരാജ്യത്തിന്റെ സുവിശേഷമായിരുന്നു. ദൈവഹിതം നടപ്പാകുന്ന സ്ഥലവും സംവിധാനവുമാണ് ദൈവരാജ്യം. ഒരു വ്യക്തി തന്നെ സംബന്ധിച്ചുള്ള ദൈവഹിതം വിവേചിച്ചറിഞ്ഞ് തദനുസൃതം ജീവിക്കുമ്പോൾ അവിടെ ദൈവരാജ്യം സംസ്ഥാപിതമാകും. ദൈവത്തിൻ്റെ ഏകജാതനായ ഈശോമിശിഹായാണ് പിതാവിൻ്റെ ഹിതം പൂർണമായി അറിയുന്ന വ്യക്തി. നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം വെളിപ്പെടുത്തുവാനാണ് അവിടുന്ന് മനുഷ്യനായതു തന്നെ. പിതൃഹിതമനുസരിച്ചു ജീവിക്കുകയും പ്രവർത്തിക്കുകയും സഹിക്കുകയും മരിക്കുകയും ചെയ്‌ത ഈശോയിലാണ് ഈ ഭൂമിയിൽ ദൈവരാജ്യം സമാരംഭിച്ചത്. താൻ വെളിപ്പെടുത്തുന്ന ദൈവഹിതമനുസരിച്ചു ജീവിക്കുവാൻ സകല മനുഷ്യരെയും ക്ഷണിക്കുക എന്നതായിരുന്നു അവിടുത്തെ മനുഷ്യാവതാരലക്ഷ്യം. ഈ ലക്ഷ്യപൂർത്തിക്കായാണ് അവിടുന്നു ശ്ലീഹന്മാരെയും ശിഷ്യന്മാരെയും പ്രത്യേകം വിളിച്ച് കൂടെക്കൊണ്ടുനടന്നു പരിശീലിപ്പിച്ചത്. ഈ പരിശീലിപ്പിക്കലിന്റെ തുടർച്ചയായി വേണം ഉത്ഥാനശേഷമുള്ള അവിടുത്തെ പ്രബോധനത്തെ മനസ്സിലാക്കാൻ. 

ഒരു ദിവസം ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ അവിടുന്ന് അവരോടു കല്പിച്ചു: "നിങ്ങൾ ജറുസലേംവിട്ടു പോകരുത്. എന്നിൽനിന്നു കേട്ട പിതാവിൻ്റെ വാഗ്ദാനം കാത്തിരിക്കുവിൻ... നിങ്ങൾ ഏറെത്താമസിക്കാതെ... പരിശുദ്ധാത്മാവിനാൽ സ്നാനം ഏല്ക്കും" (നട 1,4). പരിശുദ്ധറൂഹാ ഇറങ്ങി ആവസിച്ച മാമ്മോദീസായോടു കൂടിയാണല്ലോ ഈശോ തന്റെ പരസ്യജീവിതവും പ്രവർത്തനങ്ങളും ആരംഭിച്ചത്. പിതാവിന്റെ വാഗ്ദ‌ാനമായ പരിശുദ്ധ റൂഹായുടെ ആഗമനത്തോടെ ശിഷ്യന്മാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നവിടുന്നു സൂചിപ്പിക്കുകയായിരുന്നു. 

ഒന്നിച്ചുകൂടിയിരുന്ന അവസരത്തിൽ ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: "കർത്താവേ, അവിടുന്ന് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്കുന്നത് ഇപ്പോഴാണോ?" (നട 1,6). ദൈവരാജ്യത്തെക്കുറിച്ച് അവിടുന്നു വീണ്ടും പഠിപ്പിക്കുവാൻ ആരംഭിച്ചതുകൊണ്ടാണ് ഇപ്രകാരമൊരു ചിന്ത അവരിലുദിച്ചത്. പക്ഷേ, പരസ്യജീവിതകാലത്തെന്നതു പോലെ ശിഷ്യന്മാരുടെ ചിന്ത അപ്പോഴും ഭൗമിക രാജ്യത്തെക്കുറിച്ചു തന്നെയായിരുന്നു; ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തെക്കുറിച്ചായിരുന്നില്ല. 'രാജ്യം പുനഃസ്ഥാപിക്കുക' എന്ന പ്രയോഗംതന്നെ ഭൂതകാലത്തെ പ്രതാപൈശ്വര്യങ്ങൾ നിറഞ്ഞ യഹൂദരുടെ രാജ്യത്തെ അനുസ്മ‌രിച്ചുകൊണ്ടുള്ളതാണ്. ദാവീദിൻ്റെയും സോളമൻ്റെയും കാലത്തേതുപോലുള്ള രാജ്യം എപ്പോൾ പുനഃസ്ഥാപിച്ചു ലഭിക്കും എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാൽ ഈശോ ഉത്തരം നല്‌കിയത് ദൈവരാജ്യവുമായി ബന്ധപ്പെടുത്തിയാണ്. ദൈവരാജ്യം പൂർണമായി സ്ഥാപിക്കപ്പെടുന്ന സമയം പിതാവിനു മാത്രമേ അറിയൂ എന്നും അതെക്കുറിച്ചു ചിന്തിച്ചു സമയം പാഴാക്കരുതെന്നുമായിരുന്നു അവിടുത്തേക്കു പറയുവാനുണ്ടായിരുന്നത്. എന്നാൽ ദൈവരാജ്യസ്ഥാപനത്തിൽ ശിഷ്യന്മാർക്ക് ഒരു സുപ്രധാന പങ്കു നിർവ്വഹിക്കാനുണ്ടെന്ന് അവിടുന്നു കൂട്ടിച്ചേർത്തു. അതാണ് 8-ാം വാക്യത്തിൽ നമ്മൾ വായിക്കുന്നത്. "പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലേമിലും യുദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും." ശ്ലീഹന്മാർ ഈശോമിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതിലൂടെയാണ് ഭൂമിയിൽ ദൈവരാജ്യം സംസ്ഥാപിതമാകുന്നത്. ലോകത്തിന്റെ അതിർത്തികൾവരെയും ഈ സാക്ഷ്യം എത്തിക്കഴിയുമ്പോൾ ദൈവരാജ്യം പൂർണമാകും. 

ഉത്ഥിതനായ മിശിഹായുടെ കല്‌പനയനുസരിച്ച് ശ്ലീഹന്മാർ അവിടുത്തേക്കു സാക്ഷ്യം വഹിക്കുന്നതിൻ്റെ ചരിത്രമാണ് നടപടി പുസ്‌തകം വിവരിക്കുന്നത്. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവർ മിശിഹായ്ക്കു സാക്ഷ്യം നല്‌കിയതിൻ്റെ ഫലമായി രൂപം കൊണ്ടതാണ് ആദിമ ക്രൈസ്ത‌വസമൂഹങ്ങൾ. ശ്ലീഹന്മാർ തങ്ങളുടെ മിശിഹാനുഭവം പങ്കുവച്ചതു സ്വീകരിച്ചവർ സഭാസമൂഹങ്ങളായി. ഇപ്രകാരം രൂപംകൊണ്ട് സമൂഹങ്ങളിലൂടെ വളർന്നതു ദൈവരാജ്യമാണ്. ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ച് ജീവിക്കുന്നവരുടെ സമൂഹങ്ങളായിരുന്നു അവ. ജറുസലേമിലെ ക്രൈസ്‌തവസമൂഹത്തിന്റെ ജീവിതശൈലി വ്യക്തമാക്കുന്നതും അതു തന്നെയാണ് (നട 2,42). 

സാക്ഷ്യത്തിനുള്ള ഈ ദൗത്യമേല്‌പിച്ചശേഷം ശിഷ്യന്മാർ നോക്കി നിലക്കെ അവിടുന്നു സ്വർഗത്തിലേക്ക് ആരോഹണംചെയ്തു. ഒരു മേഘം അവരുടെ ദൃഷ്‌ടിയിൽനിന്നും അവിടുത്തെ മറച്ചു. വെള്ളവസ്ത്ര മണിഞ്ഞ രണ്ടു ദൈവദൂതന്മാർ അവർക്കു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: "അല്ലയോ ഗലീലിയരേ, നിങ്ങൾ ആകാശത്തേക്കു നോക്കിനില്ക്കുന്ന തെന്ത്? നിങ്ങളിൽനിന്നും സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ട ഈശോ സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തിരിച്ചുവരും” (നട 1,11). നിഷ്ക്രിയരായി ആകാശത്തു നോക്കി നിന്നാൽ പോരാ, ഏല്പിക്കപ്പെട്ട ദൗത്യം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് ദൂതർ അവരെ അനുസ്മരിപ്പിക്കുകയായിരുന്നു. മേഘങ്ങളിൽ സംവഹിക്കപ്പെട്ടവൻ മേഘങ്ങളിൽ തന്നെ തിരിച്ചുവരും എന്നായിരുന്നു അവരറിയിച്ചത്. “മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്ത്വത്തോടുംകൂടെ വാനമേഘങ്ങളിൽ വരുന്നത് അവർ കാണും" എന്ന് തന്റെ യുഗാന്തപ്രഭാഷണത്തിൽ ഈശോ അറിയിച്ചിരുന്നല്ലോ (ലൂക്കാ 21,27). എന്നുവരെ ശിഷ്യന്മാർ തങ്ങളുടെ ദൗത്യം തുടരണം എന്നുകൂടി ഇവിടെ ഈശോ സൂചിപ്പിക്കുന്നു. കർത്താവിന്റെ രണ്ടാമത്തെ ആഗമനംവരെയാണ് അവർ മിശിഹായ്ക്കു സാക്ഷ്യം വഹിക്കേണ്ടത്. 'എപ്പോഴാണ് രാജ്യം പുനഃസ്ഥാപിക്കപ്പെടുക' എന്ന അവരുടെ ചോദ്യത്തിന് പരോക്ഷമായ ഒരുത്തരം കൂടി പതിനൊന്നാം വാചകത്തിലുണ്ട്. മഹത്ത്വപൂർണമായ അവിടുത്തെ രണ്ടാമത്തെ ആഗമനത്തോടെ ദൈവരാജ്യം പൂർണമായി പുനഃസ്ഥാപിക്കപ്പെടും. 

വി. ലൂക്കാ തന്റെ ഗ്രന്ഥം അവസാനിപ്പിക്കുന്നത് റോമിൽ ദൈവരാജ്യത്തെക്കുറിച്ചു പ്രഘോഷിക്കുന്ന പൗലോസ്ശ്ലീഹായെ അവതരിപ്പിച്ചുകൊണ്ടാണ്. സീസറിൻ്റെ പക്കൽ ഉപരിവിചാരണയ്ക്കായി (നട 25,10-11) റോമിലെത്തിയ പൗലോസിനെക്കുറിച്ച് വി.ലൂക്കാ നല്‌കുന്ന അവസാന വിവരണം ഇപ്രകാരമാണ്: "അയാൾ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുകയും നമ്മുടെ കർത്താവായ ഈശോമിശിഹായെക്കുറിച്ചു പരസ്യമായും നിർവിഘ്‌നമായും പഠിപ്പിക്കുകയും ചെയ്തിരുന്നു” (നട 28,30). 

ചുരുക്കത്തിൽ മിശിഹായിൽ ആരംഭിച്ച ദൈവരാജ്യം ശ്ലീഹന്മാരുടെ പ്രഘോഷണവും സാക്ഷ്യം വഹിക്കലുംവഴി എപ്രകാരം ലോകത്തിന്റെ അതിർത്തികൾവരെ എത്തി എന്നാണ് നടപടി പുസ്‌തകത്തിൽ വി. ലൂക്കാ വിവരിക്കുന്നത്. നടപടി 1,8 ൽ മിശിഹാ നല്കിയ കല്പന ശ്ലീഹന്മാർ നിറവേറ്റുന്നതിൻ്റെ ചരിത്രമാണ് നടപടിപുസതകം. അഞ്ചു ഭാഗങ്ങൾ ഈ വിവരണത്തിനുണ്ട്. 

  1. ആമുഖം (1,1-11). ദൈവരാജ്യവും തിരുസ്സഭയും തമ്മിലുള്ള ബന്ധം നിർവചിക്കുന്നു. 
  2. പരിശുദ്ധാരൂപി വന്നു ദൈവരാജ്യം സ്ഥാപിക്കാനുള്ള സാക്ഷികളെ സജ്ജരാക്കുന്നു (നട 1,12-2,13). 
  3. ശ്ലീഹന്മാർ ജറുസലേമിൽ മിശിഹായ്ക്കു സാക്ഷ്യം വഹിക്കുകയും ദൈവരാജ്യമായ തിരുസ്സഭക്ക് അടിസ്ഥാനമിടുകയും ചെയ്യുന്നു (നട 2,14-8,3). 
  4. ശ്ലീഹന്മാരുടെ സാക്ഷ്യംവഴി യൂദയായിലും സമരിയായിലും ദൈവരാജ്യസന്ദേശം എത്തുന്നു (നട 8,4-40). 
  5. സുവിശേഷസാക്ഷ്യം ഭൂമിയുടെ അതിർത്തികൾവരെ (നട 9,1-28,21). തിരുസ്സഭ ലോകമെമ്പാടും വ്യാപിക്കുന്നു. 

ഈശോയുടെ കല്‌പനപ്രകാരം ശ്ലീഹന്മാർ അവിടുത്തേക്കു സാക്ഷ്യം വഹിച്ചതിന്റെയും ദൈവരാജ്യമായ തിരുസ്സഭ സ്ഥാപിച്ചതിന്റെയും അവസാനഘട്ടത്തിലാണ് പൗലോസിന്റെ പ്രവേശനം. ഭൂമിയുടെ അതിർത്തികൾവരെ മിശിഹായുടെ സുവിശേഷസന്ദേശമെത്തിയത് വിജാതീയരുടെ ശ്ലീഹായായ പൗലോസിലൂടെയാണ്. 

 

II 

പൗലോസിന്റെ ആദ്യകാലജീവിതം 

പൗലോസിൻ്റെ യഹൂദ-യവനപശ്ചാത്തലങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. പൗലോസ് എഴുതുന്നു: “എട്ടാംദിവസം പരിച്ഛേദനം സ്വീകരിച്ചവനാണു ഞാൻ. ഇസ്രായേൽ വംശത്തിലും ബെഞ്ചമിൻ ഗോത്രത്തിലും പെട്ടവൻ. ഹെബ്രായരുടെ പുത്രനായ ഹെബ്രായൻ. നിയമപ്രകാരം പ്രീശൻ. തീക്ഷ്‌ണതകൊണ്ടു സഭാ പീഡകൻ. നിയമദൃഷ്ട്യാ നീതിയുടെ കാര്യത്തിൽ കുറ്റമില്ലാത്തവനും” (ഫിലി 3,5-6). 

അദ്ധ്യായം 1 

തീക്ഷ്‌ണമതിയായ ഫരിസേയൻ 

ദൈവം തന്റെ വാഗ്‌ദാനപ്രകാരം ഇസ്രായേൽജനത്തിനു നല്കിയ കാനാൻദേശമായ പലസ്‌തീനയാണ് അവരുടെ സ്വന്തം നാടെങ്കിലും മിശിഹായ്ക്കു മുമ്പ് എട്ടാം നൂറ്റാണ്ടിലെ അസ്സീറിയൻ ആക്രമണം മുതൽ യഹൂദർ ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ വിജാതീയർക്കിടയിൽ ചിതറിപ്പാർക്കേണ്ട അവസ്ഥ സംജാതമായി (Diaspora Jews). അപ്രകാരം ഏഷ്യാമൈനറിലെ കിലിക്കിയാ പ്രദേശത്തെ താർസോസ് പട്ടണത്തിൽ ജീവിച്ചിരുന്ന ഒരു യഹൂദ കുടുംബത്തിലാണ് പൗലോസിന്റെ ജനനം (നട 21,39; 22,3). ആധുനിക ടർക്കിയിലാണ് ഈ പട്ടണം. അന്ത്യോക്യായ്ക്കു വടക്കും യൂഫ്രട്ടീസിനു പടിഞ്ഞാറുമായി അലക്സാണ്ട്രേറ്റാ ഉൾക്കടലിനു വടക്കുഭാഗത്തുള്ള കിലിക്ക്യായിലെ പുരാതന ഗ്രീക്കു പട്ടണമായിരുന്നു താർസോസ്. മിശിഹായ്ക്കു മുമ്പ് 64-ൽ പോംപൈകിലിക്യായെ ഒരു റോമൻ പ്രവിശ്യയായി മാറ്റിയപ്പോൾ താർസോസ് റോമൻ ഗവർണറുടെ ആസ്ഥാനമായി. മാർക്ക് ആൻ്റണിയുടെ കാലംമുതൽ താർസോസ് ഒരു നികുതിരഹിത പട്ടണമായിരുന്നു. ഈ താർസോസിലെ ഒരു യഹൂദപൗരനാണു താനെന്ന് പൗലോസ് എപ്പോഴും അഭിമാനിച്ചിരുന്നു (നട 21,39). ഏതു വർഷമാണു പൗലോസ് ജനിച്ചതെന്നു കൃത്യമായി നിർണയിക്കുക എളുപ്പമല്ല. ഈശോ ജനിച്ച് ഒരു ദശാബ്ദം തികയുന്നതിനുമുമ്പ് സാവൂൾ ഭൂജാതനായി എന്നാണു പൊതുവേയുള്ള നിഗമനം. അതുകൊണ്ടാണ് ആഗോളസഭ 2008-2009 പൗലോസിന്റെ ജനനത്തിൻ്റെ രണ്ടാം സഹസ്രാബ്ജൂബിലി വർഷമായി ആഘോഷിക്കുന്നത്. 

സാവൂളിന്റെ ബാല്യകാലത്ത് കിലിക്യാ അതിവിശാലമായ റോമാസാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്നു. റോമാസാമ്രാജ്യത്തിലുള്ള ആർക്കും റോമൻ പൗരത്വം നേടാനുള്ള അവസരം ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ സൃഷ്‌ടിച്ചിരുന്നു. അപ്രകാരമാണ് പൗലോസ് റോമൻ പൗരൻ കൂടിയായത് (നട 16,37-38; 22,25-29; 23,27; 25,812.21; 26,32; 27,24; 28,19). പൗലോസ് (ഗ്രീക്ക്: Paulos) അഥവാ പൗളുസ് (ലത്തീൻ: Paulus) എന്ന പേര് റോമൻ ബന്ധത്തിൽ ലഭിച്ചതാണ് (1 തെസ 1,1; 2,18; റോമ 1,1; 1 കോറി 1,1.12-13). സാവൂൾ എന്ന യഹൂദനാമത്തോടൊപ്പം ഈ ലത്തീൻ/ഗ്രീക്കു പേരും ബാല്യംമുതൽക്കേ അദ്ദേഹത്തിനുണ്ടായിരുന്നു. 

മെഡിറ്ററേനിയൻ പ്രദേശങ്ങളിലെയും ഏഷ്യമൈനറിലെയും വ്യാപാരികളുടെ സംഗമവേദിയായിരുന്ന താർസോസ് ഒരു വ്യവസായ-വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ വളർന്നതുകൊണ്ട് ബാല്യം മുതൽക്കേ വ്യത്യസ്‌തങ്ങളായ സംസ്ക്‌കാരങ്ങളും ജനങ്ങളുമായി ഇടപഴകുന്നതിന് സാവൂളിന് അവസരം ലഭിച്ചു. താർസോസിൽനിന്നുള്ള തുകൽ ഉല്പന്നങ്ങൾ പ്രസിദ്ധിയാർജ്ജിച്ചവയായിരുന്നു. തുകൽപ്പണി ചെയ്താണ് പൗലോസും കുടുംബവും ജീവിച്ചിരുന്നത് (നട 18,3). യവന അഥവാ ഗ്രീക്കുസംസ്ക്കാരത്തിൻ്റെ ഒരു കേന്ദ്രംകൂടിയായിരുന്നു താർസോസ്. ആതൻസിലും അലക്സാണ്ട്രിയായിലുമുള്ള പണ്ഡ‌ിതരോടു കിടപിടിക്കാൻ പോരുന്ന തത്ത്വശാസ്ത്രജ്ഞർ അവിടെയുണ്ടായിരുന്നു. ഇവിടെ ജീവിച്ചതുകൊണ്ട് സാവൂളിൽ യവനസംസ്ക്കാരത്തിന്റെ ശക്തമായ സ്വാധീനമുണ്ടായി. പൗലോസിന്റെ പ്രഭാഷണ ശൈലിയും വാദരീതികളും ഗ്രീക്കുസ്വാധീനം വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഈശോയുടെ പ്രഭാഷണങ്ങളിൽ ഗലീലിയിലെ കാർഷികമേഖലയിൽനിന്നുള്ള ബിംബങ്ങളാണ് നിഴലിക്കുന്നതെങ്കിൽ പൗലോസിന്റെ കത്തുകളിലുള്ളവ കൂടുതലും നാഗരിക സംസ്ക്കാരത്തിൽനിന്നുള്ളവയാണ്. ഭാവിയിൽ വിജാതീയരുടെ ഇടയിൽ പ്രത്യേകിച്ച് ഗ്രീക്കു പട്ടണങ്ങളിൽ മിശിഹായുടെ സുവിശേഷം ഫലപ്രദമായി പ്രഘോഷിക്കുന്നതിന് പൗലോസിൻ്റെ ബാല്യകാലപശ്ചാത്തലം അദ്ദേഹത്തെ ഒരുക്കി. ദൈവം അദ്ദേഹത്തെ വിളിച്ചതുതന്നെ വിജാതീയരെ സുവിശേഷമറിയിക്കാൻ വേണ്ടിയായിരുന്നല്ലോ (ഗലാ 1,16; 2,7-9). 

സാവൂളിന്റെ മാതാപിതാക്കൾ മോശയുടെ നിയമം അഥവാ തോറാ കൃത്യമായി പഠിക്കുന്നതിലും അനുഷ്ഠിക്കുന്നതിലും അതീവ ശ്രദ്ധ പ്രദർശിപ്പിച്ചിരുന്ന ഫരിസേയ വിഭാഗത്തിൽപ്പെട്ടവരായിരുന്നു (നട 23,6). ബെഞ്ചമിൻ ഗോത്രത്തിൽപ്പെട്ട സാവൂൾ (റോമ 11,1) ജനനത്തിന്റെ എട്ടാം ദിവസംതന്നെ പരിച്ഛേദനം സ്വീകരിച്ചു (ഫിലി 3,5). ബാല്യം മുതൽക്കേ അടിയുറച്ച ഒരു യഹൂദവിശ്വാസിയായി വളർന്നുവന്ന അദ്ദേഹം (നട 26,5; ഗലാ 1,14) പതിമൂന്നാം വയസ്സിൽ തോറാ പഠനത്തിനായി ജറുസലേമിൽ എത്തി. അവിടെ അദ്ദേഹം പ്രസിദ്ധ യഹൂദ പണ്ഡിതനായിരുന്ന ഹില്ലേലിന്റെ ശിഷ്യനായ ഗമാലിയേൽ റബ്ബിയിൽ നിന്നാണ് ശിക്ഷണം സ്വീകരിച്ചത് (നട 22,3). ഈ തോറാപഠന പശ്ചാത്തലമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പഴയനിയമ ബിംബങ്ങളും ആശയങ്ങളും ധാരാളമായുള്ളത്. മിശിഹായിൽ പൂർത്തിയായ രക്ഷാകര രഹസ്യത്തിൻ്റെ വെളിച്ചത്തിൽ പഴയനിയമ സംഭവങ്ങൾക്കു പുതിയ അർത്ഥം നല്കാൻ അദ്ദേഹത്തിനു സാധിച്ചു. ഇക്കാരണങ്ങളാൽ യഹൂദരോടു സുവിശേഷം പ്രസംഗിക്കാൻ തികച്ചും അനുയോജ്യനായ വ്യക്തി പൗലോസായിരുന്നു. ഗ്രീക്കു സംസ്ക്കാരത്തെക്കാളും യഹൂദമതവിശ്വാസവും ചിന്താഗതിയുമാണ് പൗലോസിന്റെ മതജീവിതത്തിലും ദൈവശാസ്ത്രത്തിലും വലിയ സ്വാധീനം ചെലുത്തിയത്. ഫരിസേയനായ പൗലോസിന് യഹൂദവിശ്വാസത്തെക്കുറിച്ചുണ്ടായിരുന്ന ബോദ്ധ്യങ്ങളാണ് ക്രിസ്‌ത്യാനികളെ പീഡിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ മനോഭാവത്തിന് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചത് ദമാസ്ക്കസ് അനുഭവത്തോടുകൂടിയായിരുന്നു. 

ഗലാത്തിയായിലെ സഭയ്ക്കുള്ള ലേഖനത്തിൽ പൗലോസ് തന്നെ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചു വിവരിക്കുന്നുണ്ട്. ഗലാ 1,13-14-ൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "മുമ്പ്, ഞാൻ യഹൂദമതത്തിൽ ആയിരുന്നപ്പോഴുള്ള എൻ്റെ ജീവിതത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ദൈവത്തിൻ്റെ സഭയെ ഞാൻ കഠിനമായി പീഡിപ്പിക്കുകയും അതിനെ നശിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്‌തിരുന്നു. മതാനുഷ്ഠാനകാര്യങ്ങളിൽ സമപ്രായക്കാരായ എൻ്റെ ജനങ്ങളിൽ പലരുടെയും മുൻപന്തിയിലായിരുന്നു ഞാൻ. എൻ്റെ പിതാക്കന്മാരുടെ ഉപദേശങ്ങളെപ്പറ്റി ഞാൻ അതീവ തീക്ഷ്‌ണമതിയുമായിരുന്നു. ഫിലിപ്പോയിലെ സഭയ്ക്കുള്ള ലേഖനത്തിലും തൻ്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ചു പൗലോസ് പരാമർശിക്കുന്നുണ്ട്. “എട്ടാംദിവസം പരിച്ഛേദനം സ്വീകരിച്ചവനാണു ഞാൻ. ഇസ്രായേൽ വംശത്തിലും ബെഞ്ചമിൻ ഗോത്രത്തിലും പെട്ടവൻ. ഹെബ്രായരുടെ പുത്രനായ ഹെബ്രായൻ. നിയമപ്രകാരം പ്രീശൻ. തീക്ഷ്‌ണതകൊണ്ടു സഭാപീഡകൻ. നിയമദൃഷ്‌ട്യാ നീതിയുടെ കാര്യത്തിൽ കുറ്റമില്ലാത്തവനും" (ഫിലി 3,5-6). യഹൂദനിയമങ്ങളെല്ലാം കുറ്റമറ്റവിധം പാലിച്ചിരുന്ന സാവൂൾ തീക്ഷ്‌ണമതിയായ ഒരു ഫരിസേയനായി വളർന്നുവന്നു. 

“ജനതകൾക്കു പ്രകാശമായി" നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് തങ്ങൾ എന്ന ബോദ്ധ്യം ബാബിലോണിയൻ വിപ്രവാസകാലം മുതൽ ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു (ഏശ 42,6). വിജാതീയരുടെ ഇടയിലുള്ള യഹൂദരുടെ വിപ്രവാസാസ്‌തിത്വം ജനതകളെ ഏകസത്യദൈവത്തിലുള്ള വിശ്വാസത്തിലേക്ക് ആനയിക്കുന്നതിനുള്ള ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു (റോമാ 2,17-20). സിനഗോഗുകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന യഹൂദമതപ്രചാരണം ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ (മത്താ 23,15). സാബത്താചരണം, ഭക്ഷണനിയമങ്ങൾ പാലിക്കൽ തുടങ്ങിയവയിലൂടെ യഹൂദമതത്തിലേക്കു പ്രവേശിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന വിജാതീയരെ "ദൈവഭയമുള്ളവർ” (God-fearers) എന്നാണു വിളിച്ചിരുന്നത്. യഹൂദവിശ്വാസം വിജാതീയരിൽ എത്തിക്കണമെന്നാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തിരുന്ന യഹൂദരിൽ ഒരുവനായി, കിലിക്യായിലെ താർസോസിലുള്ള പൗലോസിന്റെ ജനനവും ബാല്യവും പ്രാധാന്യമർഹിക്കുന്നതാണ്. ജനതകൾക്കു സുവിശേഷ വെളിച്ചമെത്തിക്കാനുള്ളവൻ വിജാതീയ പ്രേഷിതത്വത്തോട് ആഭിമുഖ്യമുള്ള സമൂഹത്തിൽതന്നെ വളർന്നു പരിശീലിപ്പിക്കപ്പെട്ടു. റോമൻ ഗ്രീക്കു സംസ്ക്കാരങ്ങളെ മിശിഹായുടെ സുവിശേഷത്താൽ പ്രശോഭിപ്പിക്കേണ്ടിയിരുന്ന പൗലോസ് ചെറുപ്പം മുതല്ക്കേ ആ സംസ്ക്‌കരാങ്ങളിൽ വളർന്നുവന്നതു ദൈവികപദ്ധതിയുടെ ഭാഗം തന്നെ. 

 

അദ്ധ്യായം 2 

സഭാപീഡകനായ പൗലോസ് 

ഏഴു ഡീക്കന്മാരിൽ പ്രധാനിയായിരുന്ന എസ്‌തപ്പാനോസിന്റെ രക്തസാക്ഷിത്വത്തോടനുബന്ധിച്ചാണ് സാവൂളിനെ ആദ്യമായി നമ്മൾ പുതിയനിയമത്തിൽ കണ്ടുമുട്ടുന്നത്. ദൈവകൃപയും ശക്തിയും കൊണ്ടു നിറഞ്ഞ് ജനത്തിനിടയിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച എസ്‌തപ്പാനോസിനോടു പ്രതിയോഗികൾ സംവാദത്തിലേർപ്പെട്ടുവെങ്കിലും അദ്ദേഹത്തിൻ്റെ വിജ്ഞാനത്തോടോ അവനിലുണ്ടായിരുന്ന അരൂപിയോടോ എതിർത്തുനില്ക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല (നട 6,19-10). വാദത്തിൽ തോല്പ്പിക്കാൻ സാധിക്കാതിരുന്നതുകൊണ്ട് കുത്സിതമാർഗങ്ങളിലൂടെ അദ്ദേഹത്തെ എതിർക്കാൻ അവർ പദ്ധതിയിട്ടു. എസ്‌തപ്പാനോസ് മോശയ്ക്കും ദൈവത്തിനുമെതിരെ സംസാരിക്കുന്നു എന്ന വ്യാജാരോപണം അവർ പ്രചരിപ്പിച്ചു. അദ്ദേഹത്തിനെതിരെ തിരിഞ്ഞ ജനവും പുരോഹിതന്മാരും നിയമജ്ഞരും ഒന്നിച്ച് അദ്ദേഹത്തെ പിടികൂടി സംഘത്തിനു മുമ്പിൽ ഹാജരാക്കി. അദ്ദേഹം മോശയുടെ നിയമത്തിനും വിശുദ്ധ സ്ഥലത്തിനു മെതിരെ സംസാരിക്കുന്നു എന്നതായിരുന്നു ആരോപണം. നസ്രായനായ ഈശോ ദൈവാലയം നശിപ്പിക്കും, മോശ നല്‌കിയ നിയമങ്ങൾ മാറ്റും എന്നൊക്കെ എസ്‌തപ്പാനോസ് പറഞ്ഞു എന്നും അവർ വ്യാജമൊഴി നല്‌കി (നട 6,13-14). ഇത്രമാത്രം ആരോപണവിധേയനായി സംഘസമക്ഷം നില്ക്കുമ്പോഴും അദ്ദേഹത്തിനു കുലുക്കമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ മുഖം ദൈവദൂതൻ്റേതുപോലെ ശോഭിച്ചിരുന്നു എന്നാണ് വി. ലൂക്കാ പ്രത്യേകം എടുത്തുപറയുന്നത്. 

വിശ്വാസത്താലും പരിശുദ്ധാരൂപിയാലും നിറഞ്ഞ അദ്ദേഹം സ്വർഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഈശോ നില്ക്കുന്നതു കാണുകയും അക്കാര്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഭൂമിയിൽ ഈശോയെപ്രതി വിചാരണ ചെയ്യപ്പെടുന്ന എസ്‌തപ്പാനോസിനുവേണ്ടി ദൈവതിരുമുമ്പിൽ വാദിക്കാനായിട്ടാണ് അവിടുന്നു നിന്നിരുന്നത്. കോടതിയിൽ വക്കീലന്മാർ നിന്നുകൊണ്ടാണല്ലോ വാദിക്കുന്നത്. മഹത്ത്വപൂർണനായ മിശിഹായെക്കുറിച്ചു പരാമർശിക്കുന്ന മറ്റു സന്ദർഭങ്ങളിലെല്ലാം അവിടുന്നു പിതാവിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. തനിക്കുവേണ്ടി പിതാവിന്റെ പക്കൽ വാദിക്കുന്ന നമ്മുടെ കർത്താവിനെ ദർശിച്ചതാണ് സന്തോഷത്തോടെ രക്തസാക്ഷിത്വം വരിക്കാൻ എസ്തപ്പാനോസിനെ പ്രാപ്തനാക്കിയത്. അദ്ദേഹത്തിൻ്റെ പ്രതിയോഗികൾ ഉച്ചത്തിൽ ആക്രോശിച്ച്, ചെവിപൊത്തിക്കൊണ്ട് അയാളുടെനേരെ പാഞ്ഞടുത്തു. അവർ അയാളെ പട്ടണത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു (നS 7,57). ആ സന്ദർഭത്തിലാണ് സാവൂൾ ആദ്യമായി പുതിയനിയമത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസ്‌തപ്പാനോസിനെതിരെ കള്ളസാക്ഷ്യം നല്കുകയും കല്ലെറിയുകയും ചെയ്‌തവരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചത് സാവൂൾ എന്ന യുവാവായിരുന്നു (നട 7,58). സാവൂൾ എസ്‌തപ്പാനോസിന്റെ വധത്തിനു കൂട്ടുനിന്നു എന്ന് തുടർന്ന് വി. ലൂക്കാ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും, എസ്‌തപ്പാനോസ് മരണത്തെ സ്വാഗതം ചെയ്ത രീതിയും ആ സമയത്ത് അദ്ദേഹത്തിൻ്റെ മുഖത്തു ദൃശ്യമായിരുന്ന തേജസ്സും സാവൂളിനെ അസ്വസ്ഥനാക്കിയിരുന്നു. 

എസ്ത‌പ്പാനോസിൻ്റെ രക്തസാക്ഷിത്വത്തെ തുടർന്ന് ജറുസലേം സഭ മുഴുവൻ പീഡനവിധേയയായി. സാവൂളായിരുന്നു ഇതിനു മുൻകൈ എടുത്തിരുന്നത്. അയാൾ വീടുകളിൽ കയറി സ്ത്രീപുരുഷന്മാരെ ബന്ധിച്ചു കാരാഗൃഹത്തിലടച്ചുകൊണ്ടു ദൈവത്തിൻ്റെ സഭയെ പീഡിപ്പിച്ചിരുന്നു (നട 8.3). ഈ കാലഘട്ടത്തെക്കുറിച്ചു പൗലോസ്ശ്ലീഹാ തന്നെ പറയുന്നതിപ്രകാരമാണ്. "ദൈവത്തിൻ്റെ സഭയെ ഞാൻ കഠിനമായി പീഡിപ്പിക്കുകയും അതിനെ നശിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു" (ഗലാ 1,13). നിയമപ്രകാരം പ്രീശനായ താൻ സഭയെ പീഡിപ്പിച്ചിരുന്നത് തീക്ഷ്‌ണതകൊണ്ടായിരുന്നു എന്നും പൗലോസ് ഏറ്റുപറയുന്നുണ്ട് (ഫിലി 3,6). ഈ സഭാപീഡനത്തിനിടയിലാണ് അദ്ദേഹത്തെ ദൈവം തൻ്റെ ശുശ്രൂഷയ്ക്കായി വിളിച്ചത് (നട 9,22). 

ഫരിസേയ തീക്ഷ്‌ണതയാണ് ക്രിസ്‌തുമതത്തെ പീഡിപ്പിക്കാൻ പൗലോസിനെ നിർബന്ധിച്ചത്. "ഹെബ്രായരുടെ പുത്രനായ ഹെബ്രായൻ. നിയമപ്രകാരം പ്രീശൻ. തീക്ഷ്‌ണതകൊണ്ടു സഭാപീഡകൻ. നിയമദൃഷ്ട്യാ, നീതിയുടെ കാര്യത്തിൽ കുറ്റമില്ലാത്തവനും" (ഫിലി 3,5-6) എന്നാണു പൗലോസ് സ്വയം വിശേഷിപ്പിക്കുന്നത്. ഒരു യഹൂദന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള അവകാശവാദങ്ങളായിരുന്നു ക്രിസ്‌ത്യാനികളുടേത്. ഉദാഹരണത്തിന്, പന്തക്കുസ്‌താദിനത്തിൽ പത്രോസ് ശ്ലീഹാ പ്രഘോഷിച്ചു: “നിങ്ങൾ ക്രൂശിച്ച ഈശോയെ ദൈവം കർത്താവും മിശിഹായുമായി നിശ്ചയിച്ചിരിക്കുന്നുവെന്ന് ഇസ്രായേൽ ഗോത്രം മുഴുവൻ അറിയട്ടെ" (നട 2,36). കുരിശിൽ മരിച്ചവനെ 'മിശിഹാ' എന്നു വിശേഷിപ്പിച്ചതായിരുന്നു യഹൂദർക്ക് അംഗീകരിക്കാൻ പറ്റാതിരുന്ന കാര്യം. കാരണം, തിരുവചനപ്രകാരം മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ് (നിയമാ 21,23). കുരിശുമരണത്തിനു വിധേയനായതുകൊണ്ട് നസ്രായനായ ഈശോയും ദൈവത്താൽ ശപിക്കപ്പെട്ടവനാണ് എന്നാണ് പൗലോസ് ഉൾപ്പെടെയുള്ള യഹൂദർ കരുതിയിരുന്നത്. ഇപ്രകാരം ദൈവത്താൽ ശപിക്കപ്പെട്ടവനെ മിശിഹായായി പ്രഘോഷിക്കുന്നതു ദൈവദൂഷണമായി പൗലോസിനെപ്പോലുള്ളവർ മനസ്സിലാക്കി. കൂടാതെ, ദാവീദിനെപ്പോലെ ശക്തനും മഹത്ത്വപൂർണനുമായ ഒരു രാഷ്ട്രീയ വിമോചകനായിരിക്കും മിശിഹാ എന്നതായിരുന്നു യഹൂദരുടെ പ്രതീക്ഷ. ഇതൊന്നും നസ്രായനെ സംബന്ധിച്ചു വാസ്തവമായിരുന്നില്ല താനും. അതുകൊണ്ടാണ് ക്രൂശിതനായ മിശിഹാ യഹൂദർക്ക് ഇടർച്ചയ്ക്കു കാരണമായത് (1 കോറി 1,23). അതുകൊണ്ടുതന്നെയാണ് ക്രിസ്ത്യാനികളെ നശിപ്പിക്കാൻ തീക്ഷ്‌ണയഹൂദനായ സാവൂൾ ഇറങ്ങിപുറപ്പെട്ടതും. 

ഈശോയെ 'കർത്താവ്' ആയി അവതരിപ്പിച്ചു എന്നതായിരുന്നു പൗലോസിനെപ്പോലുള്ള ഒരു ഫരിസേയനെ സംബന്ധിച്ച് ഒരിക്കലും ക്ഷമിക്കാനാവാത്ത ദൈവദൂഷണം. കാരണം, പഴയനിയമത്തിൽ ഏകസത്യദൈവത്തിനു മാത്രം നല്കിയിരുന്ന പേരാണ് 'കർത്താവ്' അഥവാ 'യാഹ്‌വേ' എന്നുള്ളത്. ഈശോയെ 'കർത്താവ്' എന്നു വിളിക്കുക വഴി അവിടുത്തെ ദൈവതുല്യനാക്കി എന്നതായിരുന്നു യഹൂദരെ സംബന്ധിച്ചു ക്രിസ്‌ത്യാനികൾ ചെയ്‌ത അപരാധം. ക്രിസ്ത്യാനികളെ എതിർക്കുന്നതിനു പൗലോസിനെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇതു തന്നെ. 

മൂന്നാമതൊരു കാരണം മോശയുടെ നിയമത്തോടു ക്രൈസ്തവർക്കുണ്ടായിരുന്നു എന്നു പറയപ്പെടുന്ന മനോഭാവമാണ്. മോശയുടെ നിയമത്തിനും വിശുദ്ധസ്ഥലത്തിനും എതിരായി സംസാരിക്കുന്നതിൽനിന്ന് എസ്‌തപ്പാനോസ് ഒരിക്കലും വിരമിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം (നട 6,13-14). ഇപ്രകാരമൊരു മനോഭാവം സമ്മതിച്ചുകൊടുക്കാൻ സാവൂളിനാകുമായിരുന്നില്ല. അതുകൊണ്ടാകണം എസ്‌തപ്പാനോസിന്റെ വധത്തെ അദ്ദേഹം അനുകൂലിച്ചത് (നട 7,58; 8,1). സാവൂൾ സഭയെ നശിപ്പിക്കാൻ ശ്രമിച്ചതും വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുപോയി തടവിലാക്കിയിരുന്നതും താൻ വിശ്വസിച്ചുപോന്ന യഹൂദവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും അതിനെതിരായ സകലതിനെയും നശിപ്പിക്കാനുമുള്ള ആഗ്രഹംമൂലമാണ്. ക്രിസ്ത്യാനികളെ നിർമാർജ്ജനം ചെയ്യാൻ ശ്രമിച്ചപ്പോൾ, തന്നെ സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്നു എന്ന ചിന്തയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിയമദൃഷ്ട്യാ കുറ്റമറ്റവൻ എന്നു സ്വയം വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. 

കർത്താവിന്റെ ശിഷ്യർക്കുനേരെ വധഭീഷണി ഉയർത്തിക്കൊണ്ടിരുന്ന സാവൂൾ ജറുസലേമിലെ ക്രൈസ്തവരെ മാത്രം പീഡിപ്പിച്ചതു കൊണ്ടു തൃപ്തനായില്ല. അദ്ദേഹം പലസ്‌തീനായ്ക്കു വെളിയിലുള്ള ക്രിസ്ത്യാനികളെയും ബന്ധനസ്ഥരാക്കാനുള്ള അധികാരപത്രം പ്രധാനപുരോഹിതരിൽനിന്ന് സമ്പാദിച്ചിരുന്നു. അതുമായാണ് സിറിയായുടെ തലസ്ഥാനമായിരുന്ന ദമാസ്കസിലേക്ക് അദ്ദേഹം പോയത്. ക്രിസ്തു‌മാർഗം സ്വീകരിച്ച ആരെ കണ്ടാലും ബന്ധിച്ചു ജറുസലേമിൽ കൊണ്ടുവരാനുള്ളതായിരുന്നു അദ്ദേഹത്തിനു ലഭിച്ച അധികാരം (നട 9,2). ദമാസ്ക്കസിലേക്കുള്ള യാത്രാമദ്ധ്യേയാണ് സഭാപീഡകനായിരുന്ന പൗലോസ് മിശിഹായുടെ തീക്ഷ്‌ണമതിയായ സാക്ഷിയായി പരിണമിച്ചത്. 

 

III 

സഭാ പീഡകൻ സഭാ ശുശ്രൂഷകനായപ്പോൾ 

പൗലോസിന്റെ ജീവിതത്തെ തകിടം മറിക്കുവാൻ തക്കവിധം ദമാസ്ക്കസിലേക്കുള്ള വഴിയിൽവച്ച് എന്താണു സംഭവിച്ചത് എന്നാണ് ഈ ഭാഗത്തു നമ്മൾ പരിശോധിക്കുന്നത്. ഉത്ഥിതനായ മിശിഹായെ ജീവിക്കുന്നവനായി കണ്ടുമുട്ടിയതു പൗലോസിന്റെ ജീവിതത്തിൽ നിർണായകമായി.

അദ്ധ്യായം 1 

ദമാസ്ക്കസിലേക്കുളള വഴിയിൽ 

ജറുസലേമിലെ വീടുകളിൽ കയറി സ്ത്രീപുരുഷന്മാരെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ടു ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതുകൊണ്ടുമാത്രം തൃപ്തനാകാതെ സമീപപ്രദേശങ്ങളിലുള്ള സഭാസമൂഹങ്ങളിലേക്കും പീഡനം വ്യാപിപ്പിക്കാൻ പൗലോസ് തീരുമാനിച്ചു. ദമാസ്ക്കസിൽ നസ്രായൻ്റെ അനുയായികൾ ഉണ്ടെന്നറിഞ്ഞ സാവൂൾ ജറുസലേമിലെ പ്രധാനാചാര്യനിൽ നിന്ന് അധികാരപത്രവും വാങ്ങി അവിടേക്കു പുറപ്പെട്ടു. ദമാസ്ക്കസിലുള്ള വിശ്വാസികളെ ബന്ധിച്ച് ജറുസലേമിൽ കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മാർഗമദ്ധ്യേയാണ് അത്ഭുതകരമായ ദൈവിക ഇടപെടൽ ഉണ്ടായതും സാവൂൾ മിശിഹായെ കണ്ടുമുട്ടിയതും അവിടുത്തെ ശുശ്രൂഷകനായി പരിണമിച്ചതും. 

ദമാസ്ക്കസ് പട്ടണത്തോട് അടുക്കാറായപ്പോൾ ഉത്ഥിതനായ കർത്താവ് സാവൂളിനു പ്രത്യക്ഷപ്പെട്ടു. സ്വർഗാരോഹണത്തിനുശേഷം ആദ്യമായാണ് കർത്താവ് ഇപ്രകാരം ഒരു വ്യക്തിക്കു പ്രത്യക്ഷപ്പെടുന്നത്. നടപടി പുസ്തകത്തിൽ മൂന്നു തവണ വി. ലൂക്കാ ഈ ദമാസ്ക്കസ് സംഭവം വിവരിക്കുന്നുണ്ട് (നട 9,1-19; 22,3-16; 26,4-18). ഇതിൽ ആദ്യത്തേത് ലൂക്കായുടെ തന്നെ വിവരണമാണെങ്കിൽ രണ്ടും മൂന്നും പൗലോസിന്റെ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹംതന്നെ നടത്തുന്ന പരാമർശങ്ങളാണ്. പൗലോസിൻ്റെ ലേഖനങ്ങളിൽ പലയിടങ്ങളിലും ദമാസ്ക്കസ് അനുഭവത്തെക്കുറിച്ചു പരാമർശമുണ്ട് (ഫിലി 3,7-12; ഗലാ 1,11-17; 1 കോറി 15,8.44-45; 2 കോറി 4,6). ഈ സംഭവം പൗലോസിന്റെ ജീവിതത്തിൽ എത്രമാത്രം നിർണായകമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ പരാമർശങ്ങളെല്ലാം. 

പഴയനിയമ പ്രവാചകരെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ വിവരണങ്ങളിലധികവും. ഉദാഹരണത്തിന്, ജനനത്തിനു മുമ്പുതന്നെ ദൈവം തങ്ങളെ മുൻകൂട്ടി നിശ്ചയിച്ചു മാറ്റിനിർത്തിയിരുന്നു എന്നത് പ്രവാചകരുടെ ബോദ്ധ്യമായിരുന്നു (ഏശയ്യാ 6; 49,1-6; ജറെ 1,4 -10). പൗലോസും തൻ്റെ വിളിയെ മനസ്സിലാക്കിയിരുന്നത് ഇതേ രീതിയിൽ തന്നെയാണ്. അദ്ദേഹം എഴുതുന്നു: "എൻ്റെ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ എന്നെ വേർതിരിച്ചുനിർത്തുകയും തൻ്റെ കൃപയാൽ എന്നെ വിളിക്കുകയും ചെയ്‌തവൻ, സ്വപുത്രനെ എനിക്കു വെളിപ്പെടുത്താൻ തിരുമനസ്സായി. വിജാതീയരോടു ദൈവപുത്രനെക്കുറിച്ചു പ്രസംഗിക്കാൻ വേണ്ടിയായിരുന്നു അത്" (ഗലാ 1,15-16). പിതാവായ ദൈവം തന്റെ പുത്രനായ ഈശോമിശിഹായെ പൗലോസിനു വെളിപ്പെടുത്തിയ അവസരമായിരുന്നു ദമാസ്ക്കസ് സംഭവം. 

ഉത്ഥിതനായ കർത്താവ് സാവൂളിനു പ്രത്യക്ഷപ്പെട്ടത് പ്രകാശ രൂപത്തിലാണ്. വി. ലൂക്കാ എഴുതുന്നു: "അയാൾ ദമാസ്ക്കസിനെ സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അയാളുടെമേൽ പതിച്ചു. ഉടൻതന്നെ അയാൾ നിലംപതിച്ചു" (നട 9,3). പൗലോസ് ഇതേക്കുറിച്ച് അനുസമരിക്കുന്നത് ഇപ്രകാരമാണ്: "ഞാൻ യാത്രചെയ്ത് ദമാസ്ക്കസിനു സമീപമെത്തിയപ്പോൾ, മദ്ധ്യാഹ്നത്തിൽ ആകാശത്തു നിന്ന് വലിയൊരു പ്രകാശം എൻ്റെമേൽ വീശി. ഞാൻ നിലത്തുവീണു" (നട 22,6). അഗ്രിപ്പാ രാജാവിൻ്റെ മുമ്പിൽ വച്ചും പൗലോസിന് ഓർക്കുവാനുണ്ടായിരുന്നത് ഇതുതന്നെയാണ്: “മദ്ധ്യാഹ്നത്തിൽ വഴിയിൽവച്ച് ആകാശത്തുനിന്നു സൂര്യനെ വെല്ലുന്ന ഒരു പ്രകാശം എന്നെയും സഹയാത്രികരെയും വലയം ചെയ്യുന്നതു ഞാൻ കണ്ടു” (നട 26,13). പൗലോസിന്റെമേൽ പതിച്ച ഈ പ്രകാശം അയാളെ അന്ധനാക്കി. കണ്ണുകൾ തുറന്നിരുന്നിട്ടും അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് വി. ലൂക്കാ അതേക്കുറിച്ചെഴുതുന്നത് (നട 9,8). കൂടെയുണ്ടായിരുന്നവർ കൈക്കുപിടിച്ചാണ് അദ്ദേഹത്തെ ദമാസ്ക്കസിൽ എത്തിച്ചത്. മൂന്നു ദിവസത്തേക്ക് അയാൾക്കു കാഴ്‌ച ഉണ്ടായിരുന്നില്ല എന്നും വി. ലൂക്കാ രേഖപ്പെടുത്തുന്നുണ്ട് (നട 9,9). പൗലോസ് അതെക്കുറിച്ച് ഇപ്രകാരം അനുസ്മരിക്കുന്നു: “ആ പ്രകാശത്തിന്റെ ഉജ്ജ്വലതയാൽ എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. കുടെയുണ്ടായിരുന്നവർ എന്നെ കൈയ്ക്കു പിടിച്ചു നടത്തി ദമാസ്ക്കസിൽ എത്തിച്ചു" (നട 22,11). പ്രകാശ രൂപത്തിലുള്ള നമ്മുടെ കർത്താവിൻ്റെ പ്രത്യക്ഷപ്പെടലും പൗലോസിനുണ്ടായ അന്ധതയും അദ്ദേഹത്തിനു ലഭിക്കാനിരുന്ന കാഴ്ചയ്ക്കുള്ള ഒരുക്കമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ദർശനത്തിൽ ഹനനിയായ്ക്കു പ്രത്യക്ഷപ്പെട്ട ദൈവത്തിൻ്റെ വാക്കുകളിൽനിന്നും ഇതു വ്യക്തമാണ്. "നീ എഴുന്നേറ്റു നേർവഴി എന്നറിയപ്പെടുന്ന തെരുവിൽ ചെന്ന് യൂദായുടെ വീട്ടിൽ താർസോസുകാരനായ സാവൂളിനെ അന്വേഷിക്കുക. ഇതാ, അയാൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഹനനിയാ എന്നു പേരുള്ള ഒരാൾ തനിക്കു കാഴ്ച്‌ച ലഭിക്കേണ്ടതിന് തന്റെമേൽ കൈവയ്ക്കുന്നതായി അയാൾക്കു ദർശനമുണ്ടായിരിക്കുന്നു" (നട 9,11 -12). ഹനനിയാ സാവൂളിൻ്റെമേൽ കൈകൾവച്ചു പ്രാർത്ഥിച്ചപ്പോൾ സാവൂളിന്റെ കണ്ണുകളിൽനിന്ന് ചെതുമ്പലുകൾപോലുള്ള ഒരു വസ്‌തു അടർന്നുവീഴുകയും അയാൾ കാഴ്‌ചയുള്ളവനാകയും ചെയ്തു (നട 9,17 -18). കാഴ്‌ച നഷ്ട്‌ടപ്പെടുന്നവൻ്റെ കണ്ണുകളിൽ ചെതുമ്പലുകൾ പോലെ എന്തോ ഉണ്ടാകും എന്നതു പണ്ടുകാലത്തേയുള്ള ചിന്തയാണ് (തോബി 2,10, 11,13). പൗലോസ് ഈ സംഭവത്തിനു നല്‌കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. “ഹനനിയാ എന്നെ സമീപിച്ചു പറഞ്ഞു: 'എന്റെ സഹോദരനായ സാവൂൾ, നിനക്കു കാഴ്‌ച ലഭിക്കട്ടെ.' അപ്പോൾതന്നെ എനിക്കു കാഴ്ച്‌ച വീണ്ടുകിട്ടി" (നട 22,13). സാവൂളിനു ലഭിച്ച ഈ കാഴ്ച്‌ച വെറും ബാഹ്യമായ കാഴ്ച്‌ച മാത്രമായിരുന്നില്ല, ഉൾക്കാഴ്‌ചയായിരുന്നു; മിശിഹാ രഹസ്യത്തിലേക്കുള്ള ഉൾക്കാഴ്‌ച. ദമാസ്ക്കസ് സംഭവത്തിലൂടെ സാവൂൾ ഈശോമിശിഹായെ വ്യക്തിപരമായി കണ്ടുമുട്ടുകയും അനുഭവിക്കുകയുമായിരുന്നു. ഇതിലൂടെ മിശിഹാരഹസ്യത്തിന്റെ ആഴങ്ങളിലേക്ക് സാവൂൾ പ്രവേശിച്ചു. 

പ്രകാശം, അന്ധത, കാഴ്‌ച തുടങ്ങിയ ബിംബങ്ങൾക്ക് സാവുളിനെ വിളിക്കുന്നതിനു പിന്നിലുള്ള ദൈവിക ലക്ഷ്യവുമായും ബന്ധമുണ്ട്. ഭാവിയിൽ പൗലോസ് നിർവഹിക്കാനിരുന്ന ദൗത്യത്തെ ഇതു ദ്യോതിപ്പിക്കുന്നു. വിജാതീയരുടെ കണ്ണുകൾ തുറക്കാനും വിശ്വാസവെളിച്ചത്തിലേക്ക് അവരെ നയിക്കാനുമാണ് ദൈവം സാവൂളിനെ വിളിച്ചത്. തനിക്കു പ്രത്യക്ഷപ്പെട്ട കർത്താവ് അരുളിച്ചെയ്‌തതായി പൗലോസ് പറയുന്നു: “ഞാൻ നിനക്കു പ്രത്യക്ഷനായിരിക്കുന്നത്, നീ കണ്ടതും കാണാനിരിക്കുന്നതുമായ കാര്യങ്ങളുടെ ശുശ്രൂഷകനും സാക്ഷിയുമായി നിന്നെ നിയമിക്കാനാണ്... വിജാതീയരുടെ കണ്ണുകൾ തുറക്കാനും അങ്ങനെ അവർ വിശ്വാസംവഴി ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താനിൽനിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിച്ച് വിശുദ്ധീകരിക്കപ്പെട്ടവരുടെയിടയിൽ സ്ഥാനം നേടാനും ഞാൻ അവരുടെയടുക്കലേക്കു നിന്നെ അയയ്ക്കും" (നട 26,18). മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും കുറിച്ചു പൗലോസിനു ലഭിച്ച വിശ്വാസവെളിച്ചം വിജാതീയർക്കും എത്തിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നല്ലോ അദ്ദേഹത്തെ ദൈവം വിളിച്ചത്. ഇതേക്കുറിച്ച് പൗലോസിനു സദാ ബോദ്ധ്യമുണ്ടായിരുന്നു. ഭൂമിയുടെ അതിർത്തികൾവരെ രക്ഷ വ്യാപിപ്പിക്കേണ്ടതിന്, വിജാതീയർക്കു വെളിച്ചമായി തന്നെ കർത്താവു സ്ഥാപിച്ചിരിക്കുന്നു എന്നു പൗലോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (നട13,47). 

കോറിന്തോസിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ പൗലോസ്ശ്ലീഹാ ദമാസ്ക്കസ് അനുഭവത്തെക്കുറിച്ചു പരാമർശിക്കുന്നത് ഇപ്രകാരമാണ്: "വിശുദ്ധലിഖിതങ്ങളിൽ പറയുന്നതുപോലെ, മിശിഹാ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. വിശുദ്ധ ലിഖിതങ്ങളിൽ പറയുന്നതുപോലെ, അവൻ സംസ്ക്കരിക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തു. അവൻ കേപ്പായ്ക്കും പിന്നെ പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. അതിനു ശേഷം, ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്ക് അവൻ പ്രത്യക്ഷനായി. അവരിൽ മിക്കവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലരൊക്കെ മരിച്ചുപോയി. പിന്നീടു യാക്കോബിനും മറ്റെല്ലാ ശിഷ്യന്മാർക്കും അവൻ പ്രത്യക്ഷനായി. അവസാനമായി, അകാലജാതന് എന്നതുപോലെ എനിക്കും അവൻ പ്രത്യക്ഷനായി. ശ്ലീഹന്മാരിൽ ഏറ്റവും എളിയവനാണു ഞാൻ. ദൈവത്തിൻ്റെ സഭയെ പീഡിപ്പിച്ചതിനാൽ, ശ്ലീഹാ എന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല. ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എനിക്ക് അവൻ നല്കിയ കൃപ വ്യർത്ഥമായില്ല. മറിച്ച്, അവരെല്ലാവരെയുംകാൾ കൂടുതലായി ഞാൻ ഞാനല്ല, എന്നിലുള്ള ദൈവകൃപ - അധ്വാനിച്ചു" (1 കോറി 15,3-11). ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണ് തൻ്റെ വിളിക്കും തിരഞ്ഞെടുപ്പിനും തനിക്കു ലഭിച്ച വെളിപാടിനും എല്ലാം അടിസ്ഥാനം എന്നു പൗലോസിനു മനസ്സിലായി. ഉത്ഥിതന്റെ കൃപയാലുള്ള ഈ പ്രത്യക്ഷീകരണമാണ് പൗലോസിന്റെ ശ്ലീഹാസ്ഥാനത്തിനടിസ്ഥാനം (1 കോറി 9,1-2). യഹൂദരുടെ രാജാവായ നസ്രായനായ ഈശോ മഹത്ത്വപൂർണനായ മിശിഹാ ആയി ഭവിച്ചിരിക്കുന്നു എന്നു തിരിച്ചറിയാനുള്ള ക്ഷണമായിരുന്നു സാവൂളിനെ സംബന്ധിച്ച് ഈ പ്രത്യക്ഷീകരണം. തനിക്കു സാക്ഷിയാക്കാൻ പൗലോസിനെ വിളിക്കാൻ വേണ്ടിയായിരുന്നു മിശിഹാ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടത്. പ്രതീക്ഷയ്ക്കു തീർത്തും വകയില്ലാതിരിക്കെയാണ് തനിക്ക് ഈ ഭാഗ്യം സിദ്ധിച്ചത് എന്നുദ്ദേശിച്ചാണ് 'അകാലജാതൻ' എന്നു പൗലോസ് സ്വയം വിശേഷിപ്പിക്കുന്നത്. 

ശ്ലീഹന്മാരിൽ ഏറ്റവും നിസ്സാരൻ എന്നു കരുതിയിരുന്ന പൗലോസ് ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചിരുന്നതിനാൽ ശ്ലീഹാ എന്നു വിളിക്കപ്പെടുവാൻ പോലും യോഗ്യനല്ല എന്നു വിചാരിക്കുന്നവനാണ് (1 കോറി 15,9). “താൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ് (1 കോറി 15,10) എന്ന ഉറച്ച ബോദ്ധ്യം പൗലോസിനുണ്ടായിരുന്നു. വെളിപാടുകളുടെ സമൃദ്ധിയിൽ അഹങ്കരിക്കാതിരിക്കാനായി പൗലോസിന്റെ ശരീരത്തിന് നല്‌കപ്പെട്ടിരുന്ന മുള്ള് നീക്കി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഉത്തരവും ദൈവകൃപയുടെ പര്യാപ്തത വ്യക്തമാക്കുന്നതായിരുന്നു: “നിനക്ക് എന്റെ കൃപ മതി. ബലഹീനതയിലാണ് എൻ്റെ ശക്തി പൂർണമാകുന്നത്” (2 കോറി 12,8). മറ്റൊരവസരത്തിൽ പൗലോസ് എഴുതുന്നു: "എനിക്കു ശക്തി നല്‌കുകയും എന്നെ വിശ്വസ്‌തനായി പരിഗണിക്കുകയും തന്റെ ശുശ്രൂഷയ്ക്ക് എന്നെ നിയമിക്കുകയും ചെയ്‌ത നമ്മുടെ കർത്താവായ ഈശോ മിശിഹായ്ക്കു ഞാൻ കൃതജ്ഞതയർപ്പിക്കുന്നു. ഞാനാകട്ടെ, മുമ്പു ദൂഷകനും പീഡകനും നിന്ദകനുമായിരുന്നു. എങ്കിലും, അവിശ്വാസിയായിരിക്കെ, അറിവില്ലാതെ അവ ചെയ്ത‌തിനാൽ എനിക്കു കരുണ ലഭിച്ചു. ഇപ്പോൾ നമ്മുടെ കർത്താവിൻ്റെ കൃപയും ഈശോമിശിഹായിലുള്ള എന്റെ വിശ്വാസവും വർദ്ധിച്ചിരിക്കുന്നു" (1 തിമോ 1,12-14). ഇതുതന്നെയാണ് എഫേസോസിലെ സഭാംഗങ്ങളോടും ശ്ലീഹായ്ക്കു പറയുവാനുള്ളത്: “ദൈവശക്തിയുടെ പ്രവർത്തനംമൂലം എനിക്കു ലഭിച്ച കൃപാവരത്താൽ ഞാൻ ഈ സുവിശേഷത്തിൻ്റെ ശുശ്രൂഷകനായി. വിശുദ്ധരിൽ ഏറ്റവും നിസ്സാരനായ എനിക്ക് മിശിഹായുടെ അനന്തമായ സമ്പത്തിനെക്കുറിച്ചു വിജാതീയരോടു പ്രസംഗിക്കാൻ കൃപ ലഭിച്ചു" (3,7-8) 

ഓരോ ക്രൈസ്തവൻ്റെയും വിളി ഈ സത്യം തന്നെയാണു വിളിച്ചോതുന്നത് എന്നും പൗലോസ് വ്യക്തമാക്കുന്നുണ്ട്. “എന്റെ സഹോദരരേ, നിങ്ങളുടെ വിളിയെപ്പറ്റി ചിന്തിക്കുവിൻ. ലൗകിക മാനദണ്ഡമനുസരിച്ച്, നിങ്ങളിൽ വിജ്ഞാനികൾ അധികമില്ല; ശക്തർ അധികമില്ല; കുലീനരും അധികമില്ല. എന്നാൽ, വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ട്‌ടിയിൽ ഭോഷന്മാരായിരുന്നവരെ ദൈവം തിരഞ്ഞെടുത്തു. ശക്തരെ ലജ്ജിപ്പിക്കുവാൻ ലോകത്തിലെ താഴ്ന്ന കുടുംബക്കാരെയും നിന്ദിക്കപ്പെട്ടവരെയും ഒന്നുമില്ലാത്തവരെയും അവൻ തിരഞ്ഞെടുത്തു. ഇത് ഒരു മനുഷ്യനും അവൻ്റെ സന്നിധിയിൽ അഹങ്കരിക്കാതിരിക്കാൻ വേണ്ടിയത്രേ. ദൈവകൃപയാലാണ് നിങ്ങൾ ഈശോമിശിഹായിൽ ആയിരിക്കുന്നത്" (1 കോറി 1,26-30). പൗലോസ് റോമായിലെ സഭാംഗങ്ങൾക്കെഴുതുന്നു: "ഇക്കാലത്തും കൃപയാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ശിഷ്ടഭാഗമുണ്ട്. ഇത് കൃപയാലാണെങ്കിൽ, പ്രവൃത്തികളിൽ അധിഷ്ഠിതമല്ല; അല്ലാത്തപക്ഷം, കൃപ കൃപയായിരിക്കുകയില്ല. പ്രവൃത്തികളാലാണെങ്കിൽ, കൃപയിൽ അധിഷ്‌ഠിതമല്ല. അല്ലാത്തപക്ഷം, കൃപ കൃപയല്ലല്ലോ" (റോമ 11,6). 

 

അദ്ധ്യായം 2 

വഴിയിൽവച്ചൊരു വഴിത്തിരിവ് 

ദമാസ്ക്കസിനുള്ള വഴിയിൽവച്ച് ഉത്ഥിതനായ കർത്താവിനെ കണ്ടുമുട്ടിയത് സാവൂളിനെ സംബന്ധിച്ച് വലിയ ഒരു വഴിത്തിരിവായിരുന്നു. അന്നുവരെ അദ്ദേഹം വച്ചുപുലർത്തിയിരുന്ന യഹൂദ-ഫരിസേയ ചിന്താഗതിയും മിശിഹായെക്കുറിച്ചുള്ള ധാരണകളും തിരുത്തിക്കുറിക്കുന്നതായിരുന്നു ആ അനുഭവം. മരിച്ചവരിൽ നിന്നുയിർത്ത് സ്വർഗത്തിലായിരിക്കുന്ന ഈശോമിശിഹാ നല്‌കിയ വെളിച്ചത്തിൽ രക്ഷാകരചരിത്രം മുഴുവനെയും വ്യത്യസ്‌തമായ വീക്ഷണകോണിലൂടെ നോക്കി കാണാൻ പൗലോസ് പഠിച്ചു. പൗലോസിൻ്റെ ദൈവശാസ്ത്രം മുഴുവന്റേയും അടിസ്ഥാനമായി വർത്തിക്കുന്നത് ദമാസ്ക്കസ് അനുഭവമാണെന്നതിനു സംശയമില്ല. 

ക്രൂശിക്കപ്പെട്ട നസ്രായൻ ഈശോയെ വ്യക്തിപരമായി കണ്ടുമുട്ടുന്ന അനുഭവമാണ് സാവൂളിനുണ്ടായത്. ഈശോ മരിച്ചവരിൽ നിന്നുയിർത്തു എന്ന സത്യം അദ്ദേഹത്തിനു ബോദ്ധ്യമായി. മരിച്ചവർക്ക് ഉയിർപ്പുണ്ട് എന്നു പിന്നീടു ധൈര്യപൂർവ്വം പ്രഘോഷിക്കാൻ പൗലോസിനു സാധിച്ചത് ഈ ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ്. സാവൂൾ ദമാസ്ക്കസിനെ സമീപിച്ചപ്പോൾ ആകാശത്തുനിന്ന് അയാളുടെമേൽ പതിച്ച വെളിച്ചത്തിൽനിന്ന്, "സാവൂൾ, സാവുൾ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?" (നട 9,3) എന്നൊരു ചോദ്യവുമുണ്ടായി. ആരാണ് എന്ന സാവൂളിൻ്റെ ചോദ്യത്തിനു മറുപടിയായി ഈശോ സ്വയം വെളിപ്പെടുത്തി: "നീ പീഡിപ്പിക്കുന്ന നസ്രായനായ ഈശോയാണു ഞാൻ." ഉത്ഥിതനായ കർത്താവ് തന്നിൽ വിശ്വസിക്കുന്നവരുടെ സമൂഹമായ സഭയോടു സ്വയം താദാത്മ്യപ്പെടുത്തുകയായിരുന്നു ഇവിടെ. സഭാംഗങ്ങളെ പീഡിപ്പിച്ചവൻ മിശിഹായെത്തന്നെയാണു പീഡിപ്പിക്കുന്നതെന്നു വ്യക്തമാക്കുകവഴി താനും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടുന്നു വെളിവാക്കി. സഭ മിശിഹായുടെ ശരീരവും സഭാംഗങ്ങളോരോരുത്തരും അതിലെ അവയവങ്ങളുമാണ് (1 കോറി 12,12-27) എന്ന ബോദ്ധ്യം ദമാസ്ക്കസ് അനുഭവത്തിൽ നിന്നു പൗലോസിനു ലഭിച്ചതാകണം. 

ഈശോ തനിക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പൗലോസ് പിന്നീട് പരാമർശിക്കുമ്പോൾ ദൈവത്തിൻ്റെ മഹത്ത്വം തനിക്കു പ്രത്യക്ഷമായി എന്നാണു പറയുന്നത്. മഹത്ത്വം എന്ന പ്രയോഗം ദൈവികസത്ത മുഴുവനെയും അതായത്, അവിടുത്തെ പ്രതാപത്തെയും ശക്തിയെയും വിശുദ്ധിയെയും സൂചിപ്പിക്കുന്നതാണ്. പഴയനിയമത്തിൽ ദൈവത്തിന്റെ മുഖം ദർശിക്കുക എന്നാൽ അവിടുത്തെ മഹത്ത്വം കാണുക എന്നാണ് അർത്ഥം (പുറ 33,18-23). ആകാശത്തുനിന്നു വന്ന വെളിച്ചത്തിൽ അദൃശ്യനായ ദൈവത്തെ സാവൂൾ കണ്ടുമുട്ടി. അതുകൊണ്ട് പിന്നീട് ഉത്ഥിതനായ മിശിഹായെ കർത്താവ് എന്നു വിളിക്കാൻ പൗലോസിനു വിഷമമുണ്ടായില്ല. 

ഉത്ഥാനത്തിലൂടെ രൂപാന്തരപ്പെട്ട ഈശോയെയാണ് ദമാസ്ക്കസ് മാർഗമദ്ധ്യേ സാവൂൾ കണ്ടുമുട്ടിയത്. പൗലോസിന്റെതന്നെ ഭാഷയുപയോഗിച്ചാൽ, ആത്മീയശരീരത്തോടെയാണ് ഈശോ അദ്ദേഹത്തിനു പ്രത്യക്ഷനായത് (1 കോറി 15,44). ദൈവാരൂപിയാൽ രൂപാന്തരപ്പെട്ട അവിടുത്തേക്ക് റൂഹായെ വർഷിക്കാൻ സാധിക്കുമായിരുന്നു. അപ്രകാരം, ഉത്ഥിതനായ കർത്താവ് ജീവദാതാവായ ആത്മാവായി (1 കോറി 15,45). ദമാസ്ക്കസ് അനുഭവത്തിന്റെ ഭാഗമായി പൗലോസ് തന്നെയും ഉത്ഥിതനായ കർത്താവു നല്‌കുന്ന അരൂപിയെ പ്രാപിച്ചവനാണ് (നട 9,17). ഇതേ മിശിഹായിൽനിന്നുതന്നെയാണ് അദ്ദേഹത്തിനു പാപമോചനവും സിദ്ധിച്ചത് (നട 22,16). പരിശുദ്ധറൂഹായാകുന്ന ദാനവും പാപമോചനവും പ്രദാനം ചെയ്യുന്ന നസ്രായൻ ഈശോയെ പഴയനിയമത്തിൽ ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹായായി അംഗികരിക്കാൻ പൗലോസിന് എളുപ്പമായിരുന്നു. 

തനിക്കു പ്രത്യക്ഷപ്പെട്ട മിശിഹായോടു പൗലോസ് ചോദിച്ചു: 'എന്റെ കർത്താവേ, ഞാൻ എന്തു ചെയ്യണം?' (നട 22,10). കർത്താവായ മിശിഹായ്ക്കു വിശ്വാസത്തിൽ സ്വയം സമർപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഇതിനെ കണക്കാക്കാം. ഈ വിശ്വാസത്തിനുള്ള പ്രതിഫലമെന്നോണമാണ് അദ്ദേഹത്തിനു പാപമോചനവും പരിശുദ്ധ റൂഹായാകുന്ന ദാനവും രക്ഷയും ദൈവപുത്രത്വവും ലഭിച്ചത്. ചുരുക്കത്തിൽ പൗലോസ് ഇതുവഴി നീതീകരിക്കപ്പെടുകയായിരുന്നു. നിയമാനുഷ്ഠാനം വഴിയുള്ള പ്രവൃത്തികളുടെ ഫലമായല്ല, മറിച്ച് കൃപയാലാണ്, ദൈവത്തിൻ്റെ ദാനമായാണ് പൗലോസ് നീതീകരിക്കപ്പെട്ടത്. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപ എന്ന് പിന്നീട് എപ്പോഴും പൗലോസ് പ്രസംഗിച്ചിരുന്നത് ഈ നീതീകരണത്തെ ഉദ്ദേശിച്ചാണ്. 

രക്ഷ നിയമാനുഷ്‌ഠാനം വഴിയല്ലെങ്കിൽ നിയമത്തിനു വെളിയിലുള്ള വിജാതീയർക്കും അതിനർഹതയുണ്ട് എന്നു പൗലോസ് മനസ്സിലാക്കി. അതുകൊണ്ടാണ് കൃപയുടെ സുവിശേഷത്തെക്കുറിച്ച് യഹൂദരോടും വിജാതീയരോടും ഒരുപോലെ അദ്ദേഹം പ്രഘോഷിച്ചത്. പൗലോസ് മുഖ്യമായും വിജാതീയരുടെ ഇടയിലായിരുന്നു സുവിശേഷ മറിയിച്ചത്. വിജാതീയരുടെ ശ്ലീഹാ എന്നറിയപ്പെടുന്നതിൽ അദ്ദേഹം സന്തോഷിക്കുകയും ചെയ്തിരുന്നു (ഗലാ 1,16; റോമ 11,13). 

ഉത്ഥിതനെ കണ്ടുമുട്ടുന്നതിനു മുമ്പുവരെ കുരിശിൽ മരിച്ചവനെ ശപിക്കപ്പെട്ടവനായി പരിഗണിച്ചിരുന്നെങ്കിൽ കണ്ടുമുട്ടലോടുകൂടി ഈശോയുടെ കുരിശുമരണത്തിൻ്റെ അർത്ഥം പൗലോസിനു മനസ്സിലായി. മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതിയിൽ ഈശോയുടെ കുരിശുമരണത്തിനുള്ള പ്രാധാന്യം പൗലോസ് ഗ്രഹിച്ചു. പാപമറിയാത്തവൻ കുരിശിലേറിയത് മനുഷ്യകുലത്തിൻ്റെ പാപത്തിനുവേണ്ടിയാണെന്നു പൗലോസ് തിരിച്ചറിഞ്ഞു. യഹൂദ-വിജാതീയ വ്യത്യാസമില്ലാതെ എല്ലാവരും പാപം ചെയ്‌തു ദൈവകോപത്തിനർഹരായിരുന്നു. ഈ പാപപങ്കിലമായ മനുഷ്യകുലത്തോടു പൂർണമായി താദാത്മ്യപ്പെട്ടുകൊണ്ട് കുരിശിൽ മരിച്ച ഈശോ മനുഷ്യകുലത്തിന്റെ ശാപം തന്റെ ചുമലിലേറ്റുവാങ്ങി. മിശിഹാ നമുക്കുവേണ്ടി ശാപമേറ്റുകൊണ്ട്, നിയമത്തിൻ്റെ ശാപത്തിൽ നിന്നു നമ്മെ രക്ഷിച്ചു. മരത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നുവല്ലോ. അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം ഈശോമിശിഹാവഴി വിജാതീയർക്കും ലഭിക്കാനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസംവഴി നാം പ്രാപിക്കാനും വേണ്ടിയാണ് ഇപ്രകാരം സംഭവിച്ചത് (ഗലാ 3,13-14). ദൈവശാപത്തിന്റെ അടയാളമായി കരുതിയിരുന്ന കുരിശിൽ ദൈവിക കാരുണ്യത്തിന്റെയും കൃപയുടെയും സ്നേഹത്തിൻ്റെയും അത്യുദാരമായ പ്രകാശനം പൗലോസ് ദർശിച്ചു. “നമ്മുടെ കർത്താവ് ഈശോമിശിഹായുടെ കുരിശിലല്ലാതെ മറ്റൊന്നിലും പ്രശംസിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ" (ഗലാ 6,14) എന്നു പറയുവാൻ തക്കവിധം അത്രമാത്രം അദ്ദേഹം കുരിശിനെ സ്നേഹിച്ചു. "കുരിശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തമാകുന്നു. രക്ഷിക്കപ്പെടുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയാകുന്നു... ഞങ്ങളാകട്ടെ, യഹൂദർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിതനായ മിശിഹായെ പ്രസംഗിക്കുന്നു" (1 കോറി 1,18-23) എന്നു ധൈര്യപൂർവം പ്രഘോഷിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. “എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്‌ത ദൈവപുത്രനിലുള്ള വിശ്വാസം മൂലമാണ് ഈ ശരീരത്തിൽ ഞാൻ ഇപ്പോൾ ജീവിക്കുന്നത്" (ഗലാ 2,20) എന്നു പറയുമ്പോൾ തനിക്കുവേണ്ടിയാണ് ഈശോ കുരിശിൽ മരിച്ച തെന്ന് പൗലോസ് ഏറ്റുപറയുകയായിരുന്നു. 

 

അദ്ധ്യായം 3 

സുവിശേഷശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പാത്രം 

ദമാസ്ക്കസിലുണ്ടായിരുന്ന ക്രിസ്തുശിഷ്യനായ ഹനനിയാവഴി പൗലോസിനെ സ്വീകരിക്കാനാണ് കർത്താവ് തീരുമാനിച്ചിരുന്നത്. ഇക്കാര്യം ഹനനിയായെ അറിയിച്ചപ്പോൾ അദ്ദേഹം ആദ്യം വിസമ്മതിക്കുകയാണുണ്ടായത്. കാരണം, ജറുസലേമിൽ വിശ്വാസികൾക്കെതിരെ സാവൂൾ നടത്തിയിരുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നു. ദമാസ്ക്കസ് കേന്ദ്രമാക്കിയുള്ള സാവൂളിൻ്റെ പീഡനപദ്ധതിയെക്കുറിച്ചും ഹനനിയായ്ക്ക് അറിവുണ്ടായിരുന്നു. പക്ഷേ, ഹനനിയായെ ധൈര്യപ്പെടുത്തിക്കൊണ്ടു കർത്താവരുളിച്ചെയ്തു: “നീ പോകുക, അയാൾ വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽക്കാരുടെയും മുൻപിൽ എൻ്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ്” (നടപടി 9,15). കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം ബന്ധനസ്ഥരാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനെ അവിടുത്തെ നാമം പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി കർത്താവു രൂപാന്തരപ്പെടുത്തുന്നു. ക്രിസ്ത്യാനി ക്രിസ്‌തുവിൻ്റെ നാമം വഹിക്കുന്നവനാണ്. ക്രിസ്ത്യാനി ആയിത്തീരുന്ന സാവൂൾ എപ്രകാരം മിശിഹായ്ക്കു സാക്ഷ്യം നല്‌കും എന്നതിനെക്കുറിച്ചാണ് അവിടുന്നു മുൻകൂട്ടി അറിയിച്ചത്. പ്രവാചകരായ ഏശയ്യാ (ഏശ 6,9), ജറെമിയാ (ജറെ 1,9-10), എസക്കിയേൽ (എസ 2,3-4) തുടങ്ങിയവരുടെ വിളിയുമായി സാവൂളിന്റെ വിളിക്കും വളരെ സാമ്യമുണ്ട്. വിജാതീയരെ മാത്രമല്ല, രാജാക്കന്മാരെയും ഇസ്രായേൽക്കാരെയും സുവിശേഷമറിയിക്കാനുള്ള വിളിയായിരുന്നു സാവൂളിനു ലഭിച്ചത്. സൈപ്രസിലെയും പിസീദിയായിലെ അന്ത്യോക്യായിലെയും ഇക്കോണിയത്തിലെയും സിനഗോഗുകളിലും (നട 13,5.15-41 14,1) അഗ്രിപ്പാ രാജാവിൻ്റെ മുമ്പിലും (നട 25,23-26, 29) വിജാതീയരോടും (നട 14,8-20; 15,3) മിശിഹായെക്കുറിച്ചു പ്രഘോഷിക്കുന്ന പൗലോസിനെ നടപടി പുസ്‌തകത്തിൽ നമ്മൾ കാണുന്നുണ്ട്. 

ജനപദങ്ങളോടു മിശിഹായെക്കുറിച്ചു പ്രഘോഷിക്കുന്നത്, വിജാതീയരെ സുവിശേഷമറിയിക്കുന്നത് തന്റെ ജീവിതനിയോഗമായി പൗലോസ് തിരിച്ചറിഞ്ഞു. “ഈശോമിശിഹായുടെ ദാസനും വിളിക്കപ്പെട്ടവനും ശ്ലീഹായും ദൈവത്തിൻ്റെ സുവിശേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടവനുമാണ്" (റോമ 1,1) താൻ എന്നു പൗലോസിന് എന്നും ബോദ്ധ്യമുണ്ടായിരുന്നു. "ദൈവത്തിനുവേണ്ടി ജീവിക്കാനായി, നിയമം വഴിതന്നെ ഞാൻ നിയമത്തിനു മരിച്ചിരിക്കുന്നു. അതിനാൽ, ഇനി ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ 2,19). "ഞാൻ സുവിശേഷം പ്രസംഗിക്കുന്നു എന്നതിൽ എനിക്ക് അഭിമാനംകൊള്ളാൻ ഒന്നുമില്ല. എൻ്റെ കടമയാണത്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം!" (1 കോറി 9,16-17). ദൈവത്തിന്റെ സുവിശേഷത്തിനുള്ള പുരോഹിതശുശ്രൂഷയായാണ് തന്റെ ജീവിതത്തെ പൗലോസ് വീക്ഷിക്കുന്നത് (റോമ 15,16). വിജാതീയരുടെ ഇടയിലുള്ള ശുശ്രൂഷവഴി അവരുടെ ബലി ദൈവത്തിനു സ്വീകാര്യവും പരിശുദ്ധറൂഹായാൽ പവിത്രീകൃതവും ആകുവാൻ വേണ്ടിയാണ് സുവിശേഷത്തിനു പുരോഹിതശുശ്രൂഷ ചെയ്യുന്നത് എന്നാണു പൗലോസ് പറയുന്നത്. 

മിശിഹായ്ക്കു സാക്ഷ്യം നല്‌കുന്നതിൻ്റെ പേരിൽ പൗലോസിനു നേരിടാനിരിക്കുന്ന സഹനങ്ങളെക്കുറിച്ചും വിളിയുടെ സന്ദർഭത്തിൽതന്നെ കർത്താവു മുൻകൂട്ടി അറിയിച്ചു. അവിടുന്നു പൗലോസിനെക്കുറിച്ചു ഹനനിയായോടു പറഞ്ഞു: "എൻ്റെ നാമത്തെപ്രതി അവൻ എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചുകൊടുക്കും" (നട 9,16). മിശിഹായുടെ അനുയായി ആവുക എന്നാൽ അവിടുത്തെ സഹനത്തിൽ പങ്കുപറ്റുക എന്നാണർത്ഥം. കാരണം, അവിടുത്തെ അനുഗമിക്കുന്നവർ അവിടുന്നു പോയ വഴിയെതന്നെ പോകേണ്ടവരാണ്. അവിടുന്നു പോയത് കുരിശിൻ്റെയും സഹനത്തിന്റെയും വഴിയേയാണ്. ഇതല്ലാതെ ക്രിസ്‌തുശിഷ്യനു വേറെ വഴിയില്ല. മിശിഹായുടെ സഹനത്തിലുള്ള പങ്കാളിത്തമാണ് ഒരുവനെ യഥാർത്ഥ ക്രിസ്ത്യാനിയാക്കുന്നത്. “എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ” (മർക്കോ 8,34) എന്നാണല്ലോ അവിടുന്നുതന്നെ അരുളിച്ചെയ്തിട്ടുള്ളത്. വിശ്വാസികൾക്കു സഹനത്തിനു കാരണമായിരുന്നവൻ മിശിഹായെപ്രതി സഹിക്കേണ്ടിവരുമെന്ന് അവിടുന്നു മുൻകൂട്ടി അറിയിക്കുകയായിരുന്നു. പൗലോസിൻ്റെ പ്രേഷിതയാത്രകൾക്കിടയിൽ അദ്ദേഹത്തിനു നേരിടേണ്ടിവന്ന സഹനങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും മിശിഹായുടെ പ്രവചനം നിറവേറി. 

 അദ്ധ്യായം 4 

പൗലോസിന്റെ ആദ്യകാല സുവിശേഷ പ്രഘോഷണം 

പുതിയ മനുഷ്യനായിതീർന്ന പൗലോസിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾ ദമാസ്ക്കസിലും ജറുസലേമിലുമായിരുന്നു. ഉയിർത്തെഴുന്നേറ്റ മിശിഹായെ കണ്ടുമുട്ടിയശേഷം താൻ നേരെ അറേബ്യായിലേക്കു പോയി എന്നാണ് പൗലോസ് സാക്ഷ്യപ്പെടുത്തുന്നത് (ഗലാ 1,17). എന്നാൽ വി. ലൂക്കാ ഇതെക്കുറിച്ചു മൗനം പാലിക്കുകയാണ്. ഏക ദേശം മൂന്നു വർഷക്കാലം അദ്ദേഹം തനിക്കുണ്ടായ മിശിഹാനുഭവത്തെക്കുറിച്ചു ധ്യാനിച്ച് അതിൽ ആഴപ്പെട്ടും ഭാവിദൗത്യനിർവഹണത്തിനാവശ്യമായ ശക്തി സംഭരിച്ചും ചിലവഴിച്ചു. ദമാസ്ക്കസിൽ തിരിച്ചെത്തിയ പൗലോസ് സധൈര്യം ഈശോ തന്നെയാണു ദൈവപുത്രൻ എന്നു യഹൂദസംഘങ്ങളിൽ പ്രസംഗിച്ചുതുടങ്ങി. കേട്ടവരിലെല്ലാം വിസ്‌മയമുളവായി. ജറുസലേമിൽ ഈ നാമം വിളിച്ചപേക്ഷിച്ചിരുന്നവരെയെല്ലാം പീഡിപ്പിച്ചിരുന്നത് ഇയാളല്ലേ? ഇവിടെയുള്ളവരെയും പീഡിപ്പിക്കാനല്ലേ അയാൾ ഇവിടെയും എത്തിയത് തുടങ്ങിയ ചോദ്യങ്ങൾ ജനം ചോദിച്ചു. സാവൂളാകട്ടെ പൂർവാധികം ശക്തിപ്രാപിക്കുകയും ഈശോ തന്നെയാണ് മിശിഹാ എന്നു സമർത്ഥിച്ചുകൊണ്ട് ദമാസ്ക്കസിലെ യഹൂദരെ നിശബ്ദരാക്കുകയും ചെയ്‌തു. പരാജിതരായ യഹൂദർ പൗലോസിനെ വധിക്കാൻ പദ്ധതിയിട്ടു. പട്ടണകവാടത്തിൽ അദ്ദേഹത്തെ പിടികൂടാൻ അവസരം കാത്തിരിക്കുന്ന യഹൂദരുണ്ടെന്നറിഞ്ഞ് ശിഷ്യന്മാർ പൗലോസിനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ പുറത്തിറക്കിവിട്ടു (നട 9,25).

ദമാസ്ക്കസിൽനിന്നു പുറപ്പെട്ട പൗലോസ് ജറുസലേമിലേക്കാണു പോയത് (ഗലാ 1,18; നട 9,26-31). ജറുസലേമിലെ മാതൃസഭയുമായും ശ്ലീഹന്മാരുമായും ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. സഭാനേതൃത്വത്തോടു ചേർന്ന് സുവിശേഷ ശുശ്രൂഷ നിർവഹിക്കാനുള്ള പൗലോസിൻ്റെ ആഗ്രഹമാണിവിടെ വെളിവായത്. തിരുസ്സഭയോടു ചേർന്ന് ശ്ലൈഹികാധികാരികൾക്കു വിധേയരായി എപ്രകാരമാണ് സുവിശേഷപ്രഘോഷകർ വർത്തിക്കേണ്ടത് എന്നതിന് ഉത്തമ മാതൃകയാണ് പൗലോസിൻ്റെ ഈ യാത്ര. 

പക്ഷേ, ജറുസലേമിലുണ്ടായിരുന്ന ശിഷ്യന്മാർക്ക് സാവൂൾ ഇത്ര വേഗത്തിൽ മാനസാന്തരപ്പെട്ടു എന്നു വിശ്വസിക്കാൻ വിഷമമായിരുന്നു. അവിടെ പൗലോസിൻ്റെ രക്ഷയ്ക്കെക്കെത്തിയത് ബർണബാ ആയിരുന്നു. നടപടി പുസ്തകം നാലാമദ്ധ്യായത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ജോസഫ് എന്നു പേരുണ്ടായിരുന്ന സൈപ്രസുകാരനായ ലേവായനാണ് ഈ ബർണബാ. ശ്ലീഹന്മാർ ഇദ്ദേഹത്തെ ആശ്വാസത്തിന്റെ പുത്രൻ എന്നർത്ഥമുള്ള ബർണബാസ് എന്നു വിളിച്ചിരുന്നു. തൻ്റെ വയൽ വിറ്റു കിട്ടിയ പണം ശ്ലീഹന്മാരെ ഏല്‌പിച്ച അദ്ദേഹത്തിനു ജറുസലേം സഭയിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമുണ്ടായിരുന്നു എന്നതിനു സംശയമില്ല. സാവൂളിന് ആശ്വാസവുമായാണ് അദ്ദേഹം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ദമാസ്ക്കസ് മാർഗമദ്ധ്യേ പൗലോസിനുണ്ടായ ദർശനത്തെ കുറിച്ചും ദമാസ്ക്കസിൽ അദ്ദേഹം ഈശോമിശിഹായാണെന്നു പരസ്യമായി പ്രസംഗിച്ചതിനെക്കുറിച്ചും ബർണബാ ജറുസലേം സഭാംഗങ്ങളെ വിവരിച്ചു കേൾപ്പിച്ചു. അതോടെ അവരുടെ ഭയം മാറി. പൗലോസാകട്ടെ സ്വതന്ത്രമായി ജറുസലേമിൽ ചുറ്റിസഞ്ചരിക്കാനും ഈശോയുടെ നാമത്തിൽ പരസ്യമായി പ്രസംഗിക്കാനും ആരംഭിച്ചു. ഗ്രീക്കു സംസാരിച്ചിരുന്നവരോടും അയാൾ വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. പതിനഞ്ചോളം ദിവസങ്ങൾ പൗലോസ് ജറുസലേമിൽ ചിലവഴിച്ചു (ഗലാ 1,19). എന്നാൽ അവിടെയും പൗലോസിനു ഭീഷണികളെ നേരിടേണ്ടിവന്നു. ദമാസ്ക്കസിലെന്നതുപോലെ ഇവിടെയും യഹൂദർ പൗലോസിനെ വധിക്കാൻ പദ്ധതിയിട്ടു. ഈ വിവരമറിഞ്ഞ ശിഷ്യന്മാർ അയാളെ കേസറിയായിലേക്കു കൊണ്ടുപോവുകയും അവിടെനിന്ന് താർസോസിലേക്ക് അയയ്ക്കുകയും ചെയ്‌തു (നട 9,30). 

IV 

സുവിശേഷ സന്ദേശം വിജാതീയരുടെ പക്കലേക്ക് 

ലോകത്തിന്റെ അതിർത്തികൾവരെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാൻ പൗലോസിനെ വിളിച്ച് ഒരുക്കിയ ദൈവം മറ്റു വഴികളിലൂടെയും ഇതിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരുന്നു. ശ്ലീഹന്മാരുടെ തലവനായ പത്രോസിലൂടെ തന്നെയാണ് സുവിശേഷം ആദ്യമായി വിജാതീയരിലെത്തിയത്. വിജാതീയരുടെ ഇടയിലുള്ള പ്രേഷിത പ്രവർത്തനം മുഴുവന്റേതുമാണ്. ശ്ലൈഹിക ഗണം മുഴുവന്റേതുമാണ്.

അദ്ധ്യായം 1 

പശ്ചാത്തലമൊരുക്കുന്ന പത്രോസ് ശ്ലീഹാ 

യഹൂദമതത്തിൽ ചേരുന്നതിന് ആഗ്രഹിച്ചിരുന്ന വിജാതീയർക്ക് അതിനുള്ള അവസരമുണ്ടായിരുന്നു. യഹൂദമതാചാരങ്ങൾ പരിശീലിച്ചും സിനഗോഗുശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടും ഇതിനായി ഒരുങ്ങിയിരുന്ന ധാരാളം വിജാതീയരുണ്ടായിരുന്നു. ഇപ്രകാരം യഹൂദ മതം സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്നവരിൽ ഒരുവനാണ് കേസറിയായിൽ വസിച്ചിരുന്ന, റോമൻ സൈന്യവിഭാഗത്തിൽ ശതാധിപനായിരുന്ന കൊർണേലിയൂസ്. അദ്ദേഹത്തിൻ്റെ ജീവിതശൈലിതന്നെ അതു വെളിവാക്കുന്നുണ്ട്. അയാളും കുടുംബവും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു. ഔദാര്യപൂർവ്വം ജനങ്ങൾക്കു ധർമ്മദാനം ചെയ്യുകയും ദൈവത്തോടു നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തിരുന്ന (നട 10,2) സദ്ഗുണസമ്പന്നനായ ഇദ്ദേഹത്തെ യഹൂദജനത മുഴുവൻ ആദരിച്ചിരുന്നു (നട 10,22). 

ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർത്ഥനാവേളയിൽ (നട 10,30) ദൈവദൂതൻ അയാൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “നിന്റെ കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് നിന്റെ പ്രാർത്ഥനകളും ധർമ്മദാനവും ദൈവ സന്നിധിയിൽ എത്തിയിരിക്കുന്നു" (നട 10,4). പ്രാർത്ഥനകളുടെയും ധർമ്മ ദാനത്തിന്റെയും ഫലസിദ്ധിയെക്കുറിച്ച് ഇതിലും വ്യക്തമായ തെളിവ് എന്തിരിക്കുന്നു. ഭൂമിയിൽ ദാനം ചെയ്യുന്നത് സ്വർഗത്തിൽ ദൈവസന്നിധിയിൽ നിക്ഷേപിക്കുന്നതിനു തുല്യമാണ്. "ചിതലും പുഴുവും നശിപ്പിക്കുന്നതും കള്ളന്മാർ കവർച്ച ചെയ്യുന്നതുമായ ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപങ്ങൾ ശേഖരിച്ചുവയ്ക്കരുത്. പ്രത്യുത, ചിതലോ പുഴുവോ നശിപ്പിക്കാത്തതും കള്ളന്മാർ കവർച്ച ചെയ്യാത്തതുമായ സ്വർഗത്തിൽ നിക്ഷേപങ്ങൾ ശേഖരിക്കുവിൻ" (മത്താ 6,19-20) എന്ന നമ്മുടെ കർത്താവിന്റെ വാക്കുകളുടെ അർത്ഥം ഇവിടെ വ്യക്തമാകുന്നു. മറ്റൊരവസരത്തിൽ അവിടുന്നു പറഞ്ഞു: "അനീതിയുടെ ഈ സമ്പത്തുകൊണ്ട് നിങ്ങൾ സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ. അതു തീരുമ്പോൾ, അവർ നിങ്ങളെ നിത്യവസതികളിൽ സ്വീകരിക്കും" (ലൂക്കാ 16,9). ദൈവദാനമായ സമ്പത്ത് എപ്രകാരം ശരിയായി വിനിയോഗിക്കാം എന്ന് അവിടുന്നു പഠിപ്പിക്കുകയായിരുന്നു. 

ദൂതൻ കൊർണേലിയൂസിനോടു തുടർന്നു പറഞ്ഞു: “ഇപ്പോൾ യോപ്പാപട്ടണത്തിലേക്ക് ആളയച്ച് കേപ്പാ എന്നറിയപ്പെടുന്ന ശെമയോനെ വരുത്തുക. അയാൾ കടലോരത്തു താമസിക്കുന്ന തോല്പ്പണിക്കാരനായ ശെമയോൻ്റെ വീട്ടിലുണ്ട്” (നട 10,5-6). ദൂതൻ നിർദ്ദേശിച്ച തനുസരിച്ച് കൊർണേലിയൂസ് പ്രവർത്തിച്ചു. “അയാൾ രണ്ടു ഭൃത്യന്മാരെയും ദൈവഭയമുള്ള ഒരു വിശ്വസ്‌തസേവകനെയും യോപ്പായിലേക്ക് അയച്ചു" (10,8). 

പിറ്റേന്ന് മദ്ധ്യാഹ്നത്തോടെ അവർ പട്ടണത്തോടടുത്തപ്പോൾ പത്രോസ് ശ്ലീഹാ പ്രാർത്ഥനയ്ക്കായി മട്ടുപ്പാവിലായിരുന്നു. അപ്പോൾ അദ്ദേഹത്തിനു കലശലായ വിശപ്പു തോന്നി. ഭക്ഷണം തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിനു ദിവ്യാനുഭൂതിയുണ്ടായി. സ്വർഗം തുറന്നിരിക്കുന്നതായും വലിയ വിരിപോലുള്ള ഒരു പാത്രം നാലു മൂലയ്ക്കും പിടിച്ച് ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറക്കുന്നതായും അയാൾ കണ്ടു. ഭൂമിയിലെ എല്ലാത്തരം നാല്ക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും അതിലുണ്ടായിരുന്നു. "എഴുന്നേറ്റ് അവയെ കൊന്നു ഭക്ഷിക്കുക" എന്നൊരു സ്വരവും പത്രോസ് കേട്ടു. അയാൾ ഇപ്രകാരം പ്രതിവചിച്ചു: " കർത്താവേ, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല" (നട 10,14). "ദൈവം ശുദ്ധമാക്കിയതിനെ അശുദ്ധമെന്നു കരുതരുത്" എന്നായിരുന്നു ലഭിച്ച മറുപടി. ഇപ്രകാരം മൂന്നുപ്രാവശ്യം ആവർത്തിച്ചശേഷം ആ പാത്രം ആകാശത്തേക്ക് എടുക്കപ്പെട്ടു. ഈ ദർശനത്തിന്റെ അർത്ഥമെന്ത് എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് കൊർണേലിയൂസ് അയച്ച ആളുകൾ പത്രോസ്ശ്ലീഹായെ അന്വേഷിച്ച് അവിടെ എത്തിയത്. അപ്പോൾ ദൈവാരൂപി അദ്ദേഹത്തോടു പറഞ്ഞു: “നീ എഴുന്നേറ്റ് താഴേക്കിറങ്ങി, സന്ദേഹിക്കാതെ അവരോടൊപ്പം പോവുക. കാരണം, അവരെ അയച്ചിരിക്കുന്നതു ഞാനാണ്” (നട 10,20). റൂഹാ നിർദേശിച്ചതനുസരിച്ച് പത്രോസ്‌ശ്ലീഹാ അവരോടൊപ്പം അടുത്തദിവസം യാത്രയായി. 

കൊർണേലിയൂസ് ഈ സമയം തൻ്റെ ചാർച്ചക്കാരെയും സുഹ്യത്തുക്കളെയും വിളിച്ചുകൂട്ടി പത്രോസിനെ കാത്തിരിക്കുകയായിരുന്നു. ശ്ലീഹായെ കണ്ടപ്പോൾ അയാൾ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ കുമ്പിട്ട് വണങ്ങി. അയാളെ പിടിച്ചെഴുന്നേല്‌പിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “എഴുന്നേല്ക്കൂ. ഞാനും ഒരു മനുഷ്യൻ തന്നെ" (നട 10,26). വിശുദ്ധരോടുള്ള നമ്മുടെ വണക്കം എപ്രകാരമായിരിക്കണമെന്നു ശ്ലീഹായുടെ ഈ വാക്കുകളിൽനിന്നു വ്യക്തമാണ്. വിശുദ്ധരും നമ്മെപ്പോലെ മനുഷ്യരാണെന്നും ദൈവത്തിനുമാത്രം അർഹമായ ആരാധന അവർക്കർപ്പിക്കാൻ പാടില്ലെന്നും സൂചിതം. 

സാധാരണഗതിയിൽ യഹൂദർക്ക് വിജാതീയരുമായി സമ്പർക്കമില്ലെങ്കിലും തനിക്കുണ്ടായ ദർശനത്തിൻ്റെ വെളിച്ചത്തിലാണ് താൻ വന്നിരിക്കുന്നത് എന്ന് ആദ്യമേതന്നെ പത്രോസ് ശ്ലീഹാ പറഞ്ഞു. തുടർന്ന് തന്നെ ക്ഷണിച്ചുവരുത്തിയതിൻ്റെ കാരണം അദ്ദേഹം അന്വേഷിച്ചറിഞ്ഞ ശേഷം പ്രാർത്ഥനാവേളയിൽ തനിക്കുണ്ടായ അനുഭവം കൊർണേലിയൂസ് വിവരിച്ചു. ദൂതൻ നിർദേശിച്ചതനുസരിച്ചാണ് ആളയച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു. കർത്താവ് പത്രോസിനോടു കല്പിച്ചിട്ടുള്ളതെല്ലാം കേൾക്കാൻ അവർ കാത്തിരിക്കുന്നു എന്നും അയാൾ അറിയിച്ചു. ഈ അവസരം ഉപയോഗിച്ച് മിശിഹായെക്കുറിച്ച് വളരെ മനോഹരമായൊരു പ്രസംഗം പത്രോസ്ശ്ലീഹാ നടത്തി. 

ദൈവം പക്ഷപാതം കാട്ടുന്നില്ലെന്നു സത്യമായും താൻ മനസ്സിലാക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പത്രോസ് തൻ്റെ പ്രഘോഷണം ആരംഭിച്ചത്. ഏതു ജനതയിൽപ്പെട്ടവനായാലും അവിടുത്തെ ഭയപ്പെടുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവൻ അവിടുത്തെ സന്നിധിയിൽ സ്വീകാര്യനാണ് (നട 10,35). ദൈവസന്നിധിയിൽ സ്വീകാര്യരാകുന്നതിനു രണ്ടു വ്യവസ്ഥകളാണ് ഇവിടെ തെളിയുന്നത്: ദൈവത്തെ ഭയപ്പെടുക, നീതി പ്രവർത്തിക്കുക. ദൈവത്തെ ഭയപ്പെടുന്നവർ (God fearer) എന്നറിയപ്പെട്ടിരുന്നത് കൊർണേലിയൂസിനെപ്പോലെ ഏകസത്യ ദൈവത്തിൽ വിശ്വസിക്കാൻ ആരംഭിച്ചവരാണ്. ഈ വിശ്വാസത്തിനനുസ്യതമായി നീതിയുടെ നന്മയുടെ ജീവിതം നയിക്കുന്നവർ ദൈവത്തിനു പ്രിയപ്പെട്ടവരാണ്. ദൈവപുത്രനായ നസ്രായൻ ഈശോയിൽ വിശ്വസിക്കുന്നതിനുള്ള ഏറ്റവും അടുത്ത ഒരുക്കവും ഇതുതന്നെയാണ്. അതു കൊണ്ടാണ് തൊട്ടടുത്ത വാചകത്തിൽ പത്രോസ് ഇപ്രകാരം കൂട്ടിച്ചേർത്തത്: “അവിടുന്ന്, സകലത്തിൻ്റെയും കർത്താവായ ഈശോമിശിഹായിലൂടെ തൻ്റെ വചനം അഥവാ സമാധാനത്തിന്റെ സന്ദേശം ഇസ്രയേൽക്കാർക്കു നല്‌കി" (നട 10,36). ഏകദൈവത്തിലുള്ള വിശ്വാസം നിശ്ചയമായും ഈശോമിശിഹായിലേക്കു നയിക്കും. മനുഷ്യനായവതരിച്ച ഈശോമിശിഹായിലൂടെ ദൈവം നല്‌കിയ സമാധാനത്തിൻ്റെ സുവിശേഷത്തിനുള്ള ഒരുക്കയും രശ്മികൾ. 

പത്രോസ് ശ്ലീഹായുടെ ഏറ്റവും സമഗ്രമായ സുവിശേഷ പ്രഘോഷണം കൊർണേലിയൂസിൻ്റെ ഭവനത്തിൽവച്ചുള്ളതാണ്. മിശിഹായ്ക്കു വഴിയൊരുക്കുവാൻ വന്ന യോഹന്നാൻ മാംദാനയുടെ പ്രത്യക്ഷപ്പെടലോടെയാണല്ലോ ഈശോയുടെ പരസ്യജീവിതം ആരംഭിച്ചത്. ഗലീലിയിൽ ആരംഭിച്ച് യൂദയായിലെ ജറുസലേമിൽ പൂർത്തിയാകുന്ന മിശിഹാസംഭവമാണ് പ്രഘോഷണവിഷയം. അതിപ്രകാരമായിരുന്നു: "നസ്രായനായ ഈശോയെ പരിശുദ്ധറൂഹായാലും ശക്തിയാലും ദൈവം അഭിഷേചിച്ചുവെന്നും, ദൈവം തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ, അവൻ എല്ലായിടത്തും ചുറ്റിനടന്ന്, പിശാചിനാൽ പീഡിതരായവരെയെല്ലാം സുഖപ്പെടുത്തിയെന്നും നിങ്ങൾക്കറിയാമല്ലോ. യൂദയാ മുഴുവനിലും ജറുസലേമിലും അവൻ പ്രവർത്തിച്ചവയ്ക്കെല്ലാം ഞങ്ങൾ സാക്ഷികളാണ്. യഹൂദർ അവനെ ഒരു മരത്തിൽ തൂക്കിക്കൊന്നു. എന്നാൽ മൂന്നാം ദിവസം ദൈവം അവനെ ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്‌തു. അവൻ എല്ലാവർക്കുമല്ല, തനിക്കു സാക്ഷ്യം നല്കാൻ ദൈവം മുൻകൂട്ടി തിരഞ്ഞെടുത്തവരും തൻ്റെ ഉത്ഥാനത്തിനുശേഷം തന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരുമായ ഞങ്ങൾക്കു മാത്രമാണു പ്രത്യക്ഷനായത്. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി ദൈവം നിയമിച്ചിരിക്കുന്നത് അവനെത്തന്നെയാണെന്നു ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യപ്പെടുത്താനും അവൻ ഞങ്ങളോടു കല്‌പിച്ചിരിക്കുന്നു. അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു" (നട 10,38-43). ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഓരോന്നായി എണ്ണിയെണ്ണി നിരത്തുകയാണ് പത്രോസ്ശ്ലീഹാ. മിശിഹാസംഭവം മുഴുവന്റെയും ഒരു കരടുരേഖ ഈ പ്രസംഗത്തിലുണ്ട്. പത്രോസ് ശ്ലീഹായുടെ പ്രഘോഷണത്തെ ആസ്‌പദമാക്കി സുവിശേഷമെഴുതിയ വി. മർക്കോസ് ഈ ഘടനതന്നെയാണു തൻ്റെ വിവരണത്തിലും അവലംബിക്കുന്നത്. 

ഈശോയെക്കുറിച്ചുള്ള ഈ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ പത്രോസ് ശ്ലീഹായെ ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാരൂപി ആവസിച്ചു. പരിശുദ്ധറൂഹായെ ലഭിച്ച വിജാതീയർ പല ഭാഷകളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതു കണ്ട് പത്രോസിനോടൊപ്പമുണ്ടായിരുന്നവർ ആശ്ചര്യപ്പെട്ടു. അപ്പോൾ പത്രോസ് ശ്ലീഹാ ചോദിച്ചു: "നമ്മെപ്പോലെ തന്നെ പരിശുദ്ധാരൂപിയെ സ്വീകരിച്ച ഇവർക്ക് മാമ്മോദീസാ ജലം നിഷേധിക്കാൻ ആർക്കെങ്കിലും കഴിയുമോ?" (നട 10,47). നമ്മുടെ കർത്താവീശോമിശിഹായുടെ നാമത്തിൽ അവർ മാമ്മോദീസാ സ്വീകരിച്ചു. 

മൂന്നു സന്ദർഭങ്ങളിൽ പരിശുദ്ധാരൂപി വർഷിക്കപ്പെടുന്നതു നമ്മൾ നടപടി പുസ്തകത്തിൽ കാണുന്നുണ്ട്. പന്തക്കുസ്‌താദിനത്തിൽ ശ്ലീഹന്മാരും പരിശുദ്ധ അമ്മയുമാണ് ആദ്യം പരിശുദ്ധറൂഹായാൽ നിറഞ്ഞത്. അന്നേദിവസം പത്രോസ്ശ്ലീഹായുടെ സുവിശേഷപ്രഘോഷണം ശ്രവിച്ച് ഈശോമിശിഹായുടെ നാമത്തിൽ മാമ്മോദീസാ സ്വീകരിച്ചവർക്കും പരിശുദ്ധറൂഹായെ ലഭിച്ചു. സമരിയായിൽ മാമ്മോദീസായ്ക്കുശേഷം ശ്ലീഹന്മാരുടെ കൈവയ്‌പുവഴി പരിശുദ്ധാരൂപി വർഷിക്കപ്പെട്ടു. കൊർണേലിയൂസിന്റെ ഭവനത്തിൽ പത്രോസ്ശ്ലീഹാ മിശിഹായെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ (അവർ മാമ്മോദീസാ സ്വീകരിക്കുന്നതിനുമുമ്പ്) റൂഹാ അവരുടെമേൽ വന്നുവസിച്ചു. പരിശുദ്ധാരൂപിയുടെ ആഗമനത്തിനു നിയതമായ ഒരു രീതി നമ്മൾ കാണുന്നില്ല. ചിലപ്പോൾ മാമ്മോദീസായോടുകൂടെയും മറ്റുചിലപ്പോൾ മാമ്മോദീസായ്ക്കുശേഷവും വേറെ ചിലപ്പോൾ മാമ്മോദീസായ്ക്കു മുമ്പു പോലും റൂഹാവർഷിക്കപ്പെടുന്നു. മൂന്നവസരത്തിലും മിശിഹായെക്കുറിച്ചുള്ള പ്രഘോഷണവുമായി ബന്ധപ്പെട്ടാണ് അരൂപി വർഷിക്കപ്പെടുന്നത് എന്നതു പ്രത്യേകം ശ്രദ്ധേയമായ സംഗതിയാണ്. 

പത്രോസ്ശ്ലീഹാ ജറുസലേമിൽ തിരിച്ചെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന യഹൂദ ക്രൈസ്‌തവർ അപരിച്ഛേദിതരോടൊപ്പം ഭക്ഷിച്ചതിനെച്ചൊല്ലി അദ്ദേഹത്തെ കുറ്റപ്പെടുത്തി (നട 11,3). യോപ്പായിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്കുണ്ടായ ദർശനം മുതലുള്ള സംഭവങ്ങൾ ഓരോന്നായി പത്രോസ് ‌ശ്ലീഹാ അവരോടു വിവരിച്ചു. സുവിശേഷം ശ്രവിച്ച വിജാതീയരുടെമേലും പരിശുദ്ധറൂഹാ വർഷിക്കപ്പെട്ട സംഭവം എപ്രകാരമാണ് അവർക്കു മാമ്മോദീസാ നല്‌കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു ശ്രവിച്ച ജറുസലേം സഭയിലെ അംഗങ്ങൾ, ഈ സംഭവങ്ങളുടെ പിന്നിലുള്ള ദൈവികപദ്ധതി ദർശിക്കുകയും ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും നല്‌കിയ ദൈവത്തെ സ്‌തുതിക്കുകയും ചെയ്തു (നട 11,18). ഇപ്രകാരം വിജാതീയർക്കും ഈശോമിശിഹായുടെ സുവിശേഷത്തിൽ പങ്കുകാരാകാം എന്ന വസ്‌തുത ദൈവികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടു. വിജാതീയരുടെ ഇടയിലുള്ള പൗലോസ്ശ്ലീഹായുടെ പ്രേഷിത പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും അടുത്ത ഒരുക്കമായിരുന്നു ഇത്. 

 

അദ്ധ്യായം 2 

അന്ത്യോക്യൻ സഭയുടെ പ്രേഷിതാഭിമുഖ്യം 

എസ്‌തപ്പാനോസിൻ്റെ രക്തസാക്ഷിത്വത്തോടനുബന്ധിച്ചുണ്ടായ മതപീഡനത്തെത്തുടർന്ന് ചിതറിപ്പോയ വിശ്വാസികൾ ഫിനീഷ്യ, സൈപ്രസ്, അന്ത്യോക്യാ എന്നിവിടങ്ങളിലെ യഹൂദരോടു മാത്രമേ സുവിശേഷം പ്രഘോഷിച്ചിരുന്നുള്ളു. എന്നാൽ സൈപ്രസുകാരും കിറേനേക്കാരുമായ ചിലർ അന്ത്യോക്യായിൽ ചെന്നപ്പോൾ നമ്മുടെ കർത്താവായ ഈശോയെക്കുറിച്ച് അവിടെയുണ്ടായിരുന്ന ഗ്രീക്കുകാരോടു പ്രസംഗിച്ചു. വളരെപ്പേർ ഈശോയിൽ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ചു. ഈ വാർത്ത ജറുസലേം സഭയിലെത്തിയപ്പോൾ അവർ ബർണബായെ അന്ത്യോക്യായിലേക്ക് അയച്ചു. വിജാതീയരിൽ പ്രവർത്തിക്കുന്ന ദൈവത്തിൻ്റെ കൃപകണ്ട് അയാൾ സന്തോഷിച്ചു. വിശ്വാസവും പരിശുദ്ധാരൂപിയും നിറഞ്ഞ അദ്ദേഹം നമ്മുടെ കർത്താവിനോടു പരിപൂർണ വിശ്വസ്‌തരായിരിക്കുവാൻ അന്ത്യോക്യൻ സഭാംഗങ്ങളെ ഉപദേശിച്ചു. 

അതിനുശേഷം ബർണബാ, പരിശുദ്ധറൂഹായാൽ പ്രേരിതനായാ വണം, പൗലോസിനെ അന്വേഷിച്ച് താർസോസിലെത്തി. അദ്ദേഹത്തെയുംകൂട്ടി അന്ത്യോക്യായിൽ തിരിച്ചെത്തി. അവർ ഒന്നിച്ച് ആ വർഷം മുഴുവൻ അവിടെ താമസിച്ചു സഭായോഗങ്ങളിൽ പങ്കെടുത്തു വിശ്വാസികളെ ഉപദേശിച്ചുപോന്നു. നസ്രായനായ ഈശോയിൽ വിശ്വസിക്കുന്നവർ ആദ്യമായി 'ക്രിസ്‌ത്യാനികൾ' എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യായിൽ വച്ചാണ് (നട 11,26). അതിനുമുമ്പ് വിശ്വാസികൾ അറിയപ്പെട്ടിരുന്നത് മാർഗവാസികൾ/മാർഗത്തിൽ ചരിക്കുന്നവർ എന്ന പേരിലാണ് (നട 9,2). ആദിമ നൂറ്റാണ്ടുമുതൽ ഭാരതത്തിലെ വിശ്വാസികൾക്ക് ഈ പേരുണ്ടായിരുന്നല്ലോ. 

ആയിടെ ജറുസലേമിൽനിന്ന് അന്ത്യോക്യായിലെത്തിയ അഗാബോസ് എന്നു പേരുള്ള ഒരാൾ ആത്മാവിനാൽ പ്രേരിതനായി ലോകമാസകലം വലിയൊരു ക്ഷാമമുണ്ടാകുമെന്നു പ്രവചിച്ചു. ക്ലാവുദിയൂസ് സീസറിന്റെ കാലത്തുണ്ടായ ക്ഷാമനേരത്ത് യൂദയായിലെ സഹോദരരെ സഹായിക്കാനായി തീരുമാനിക്കുകയും ആ സഹായം പൗലോസും ബർണബായുംവഴി എത്തിച്ചുകൊടുക്കുകയും ചെയ്തു (നട 11,27-30). അന്ത്യോക്യൻ ക്രിസ്ത്യാനികളുടെ ഉദാരമനസ്ഥിതിയും സഹായസന്നദ്ധതയും ജറുസലേമിലെ സഭാംഗങ്ങളെ സഹായിക്കുന്നതിൽ നിന്നും വ്യക്തമായിരുന്നു. ദുരിതമനുഭവിക്കുന്നവരോടുള്ള പരിഗണന ആദിമസഭയുടെ പ്രത്യേകതയായിരുന്നു. സുവിശേഷസന്ദേശം എത്തിച്ചു നല്‌കിയ മാതൃസഭയോടുള്ള കൃതജ്ഞതയുടെ പ്രകാശനം കൂടിയായിരുന്നു ഇത് (റോമാ 15,26-27). 

അന്ത്യോക്യൻ സഭ ഏല്‌പിച്ച ദുരിതാശ്വാസം ജറുസലേമിലെ സഭയ്ക്ക് എത്തിച്ചുകൊടുത്തശേഷം മർക്കോസ് എന്ന അപരനാമമുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടാണ് പൗലോസും ബർണബായും അന്ത്യോക്യായിലേക്കു മടങ്ങിയത് (നട 12,25). ഈ മർക്കോസിനു ജറുസലേമിലുണ്ടായിരുന്ന ഭവനവുമായി പത്രോസ്ശ്ലീഹായ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നു. രാത്രിയിൽ കാരാഗൃഹത്തിൽനിന്ന് അത്ഭുതകരമായി രക്ഷിക്കപ്പെട്ട പത്രോസ്ശ്ലീഹാ ആദ്യമേ പോയത് ഈ ഭവനത്തിലേയ്ക്കായിരുന്നു (നട 12,12). പിന്നീട് പത്രോസ്ശ്ലീഹായുടെ സഹപ്രവർത്തകനും വ്യാഖ്യാതാവുമായി വർത്തിച്ചതും ഈ മർക്കോസു തന്നെയാണ്. ആദ്യമെഴുതപ്പെട്ട സുവിശേഷത്തിൻ്റെ കർത്താവും ഇദ്ദേഹമാണല്ലോ.

അന്ത്യോക്യായിലെ സഭ വളർന്നതിൻ്റെ ഭാഗമായി അവിടെ ധാരാളം പ്രവാചകരും പ്രബോധകരുമുണ്ടായി. സാവൂൾ, ബർണബാ, നീഗർ എന്നറിയപ്പെട്ടിരുന്ന ശെമയോൻ, കിറിനേക്കാരനായ ലൂസിയോസ്, ഹേറോദേസ് ഉപരാജാവിൻ്റെ പരിരക്ഷകൻ്റെ പുത്രൻ മനായേൽ തുടങ്ങിയവരായിരുന്നു അവരിൽ പ്രമുഖർ. മറ്റു സഭകളിലും ഇതുപോലെ പ്രവാചകരും പ്രബോധകരും ഉണ്ടായിരുന്നതിനു തെളിവുകളുണ്ട് (1 കോറി 12,28-29; എഫേ 4,11). ദൈവഹിതം തിരിച്ചറിഞ്ഞ് അതു പ്രാവർത്തികമാക്കി ദൈവോന്മുഖമായ ജീവിതം എപ്രകാരം നയിക്കാം എന്നു പഠിപ്പിക്കാനായി ദൈവത്താൽ പ്രത്യേകം നിയോഗിക്കപ്പെട്ടവരാണ് ഈ പ്രബോധകർ. 

അവർ ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുമ്പോൾ പരിശുദ്ധാരൂപി അവരോട് അരുളിച്ചെയ്‌തു: "സാവൂളിനെയും ബർണബായെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി നിയോഗിക്കുവിൻ" (നട 13,2). ഒന്നുരണ്ടു കാര്യങ്ങൾ ഇവിടെ വ്യക്തമാകുന്നു. സാവൂളിനെയും ബർണബായെയും ദൈവം വിളിച്ചതു പ്രത്യേക ലക്ഷ്യത്തോടെയാണ്. സാവൂളിനെ ദമാസ്ക്കസ് റോഡിൽ വച്ചു വിളിക്കുമ്പോൾതന്നെ ഇതു വെളിപ്പെടുത്തിയിരുന്നതാണ്. കർത്താവ് സാവൂളിനെപ്പറ്റി ഹനനിയായോടു പറഞ്ഞ വാക്കുകളിൽതന്നെ അതു വ്യക്തമായിരുന്നു: “അയാൾ വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്ക്കാരുടെയും അടുക്കലേക്ക് എന്റെ നാമം വഹിക്കാൻ നിയുക്തനായ വ്യക്തിയാണ്” (നട 9,15). പൗലോസ് ഈ ദൈവികവചനം പൂർത്തിയാക്കുവാൻ ആരംഭിക്കുകയായിരുന്നു. രണ്ടാമത്തെ കാര്യം, പരിശുദ്ധാരൂപിയാണ് മിശിഹായുടെ സാക്ഷികളുടെ ഓരോ ചുവടുവയ്‌പും നിയന്ത്രിക്കുന്നത് എന്നതാണ്. കർത്താവിൻ്റെ റൂഹായാണ് അന്ത്യോക്യായിലെ സഭാംഗങ്ങളോട് അവരെ ദൈവം നിശ്ചയിച്ചിരിക്കുന്ന ദൗത്യനിർവ്വഹണത്തിനായി മാറ്റി നിർത്താൻ ആവശ്യപ്പെടുന്നത്. നട 1,8 ൽതന്നെ പരിശുദ്ധറൂഹായുമായി ബന്ധപ്പെട്ടാണല്ലോ ശ്ലീഹന്മാരുടെ സാക്ഷ്യം അവതരിപ്പിക്കപ്പെടുന്നത്. 

അന്ത്യോക്യൻസഭ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ട് സാവൂളിന്റെയും ബർണബായുടെയുംമേൽ കൈവയ്‌പു നടത്തി അവരെ യാത്രയാക്കി (നട 13,3). പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പിൻ ബലത്തോടെയാണ് കൈവയ്‌പു നടത്തിയത്. അവരെ ഏല്പിക്കാനിരുന്ന ഉത്തരവാദിത്വനിർവ്വഹണത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകാനായുള്ള ഒരു തിരുക്കർമ്മമായിരുന്നു കൈവയ്‌പ് (നട 6,6). പരിശുദ്ധാരൂപിയോടു ചേർന്നുനിന്നാണ് അന്ത്യോക്യൻ സഭ സാവൂളിനെയും ബർണബായെയും സുവിശേഷപ്രഘോഷണത്തിന് അയയ്ക്കുന്നത്. തിരുസ്സഭയിൽ ശ്ലീഹന്മാരുടെ പിൻഗാമികളിലൂടെ കൈമാറപ്പെടുന്ന ഈ വിശുദ്ധപാരമ്പര്യം ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ അവശ്യ ഘടകമാണ്. 

 

പൗലോസിന്റെ ആദ്യ പ്രേഷിതയാത്ര 

വി. പൗലോസിൻ്റെ ആദ്യപ്രേഷിതയാത്ര (നട 13,1-14,28) മിശിഹാ വർഷം 46-നും 48-നുമിടയ്ക്കായിരിക്കണം. അന്ത്യോക്യായിൽനിന്നാരംഭിച്ച് സെലൂക്യാവഴി ടർക്കിയിലുള്ള സൈപ്രസിലെ സലാമിസ് കടന്ന് പാഫോസ്, പെർഗേ, പിസീദിയയിലെ അന്ത്യോക്യ, ഇക്കോണിയം, ലിസ്ത്ര, ദെർബേ എന്നീ സ്ഥലങ്ങളിലൂടെ യാത്രചെയ്‌ത്‌ അന്ത്യോക്യായിൽ തിരിച്ചെത്തി. 

 

അദ്ധ്യായം 1 

സൈപ്രസ് ഈശോയിൽ വിശ്വസിക്കുന്നു 

മർക്കോസ് എന്നറിയപ്പെട്ടിരുന്ന യോഹന്നാനെയും കൂട്ടി പൗലോസും ബർണബായും സൈപ്രസിലെ സിനഗോഗുകൾ സന്ദർശിക്കുകയും അവിടെ കൂടിയിരുന്ന യഹൂദരോട് മിശിഹായെക്കുറിച്ചു പ്രഘോഷിക്കുകയും ചെയ്‌തു. പരിശുദ്ധാരൂപിയാൽ അയയ്ക്കപ്പെട്ട അവർ (നട 13,4) സിറിയായിൽ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള തുറമുഖമായ സെലൂക്യായിലേക്കാണ് പോയത്. സൈപ്രസ് ദ്വീപിലേക്ക് കടക്കുന്നതിനുള്ള എളുപ്പവഴി അതായിരുന്നു. സൈപ്രസിന്റെ കിഴക്കേ തീരത്തുള്ള തുറമുഖപട്ടണമായ സലാമീസിലാണ് അവർ ആദ്യം എത്തിച്ചേർന്നത്. അവിടെയുണ്ടായിരുന്ന യഹൂദരുടെ സിനഗോഗു തിരഞ്ഞുപിടിച്ച് അവർ നമ്മുടെ കർത്താവിൻ്റെ വചനം പ്രസംഗിച്ചു. അപരിചിതമായ പ്രദേശത്തെത്തിയ പൗലോസും കൂട്ടരും യഹൂദരെ തിരഞ്ഞുപിടിച്ചതു തികച്ചും സ്വാഭാവികം മാത്രമാണ്. അവർക്കു പ്രഘോഷിക്കാനുണ്ടായിരുന്ന മിശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന സമൂഹമായിരുന്നല്ലോ ലോകമെമ്പാടുമുള്ള യഹൂദർ. തങ്ങൾ പ്രഘോഷിക്കുന്ന സുവിശേഷം മനസ്സിലാക്കാനും അംഗീകരിക്കാനും ഏറ്റവും എളുപ്പം യഹൂദർക്കാണ് എന്ന് പൗലോസിനും കൂട്ടുകാർക്കുമറിയാമായിരുന്നു. അതുകൊണ്ടാണ് യഹൂദസംഘം അവർ തേടിപ്പിടിച്ചത്. 

സൈപ്രസ്പട്ടണം മുഴുവൻ ചുറ്റിസഞ്ചരിച്ച പൗലോസും ബർണബായും യോഹന്നാൻ എന്ന മർക്കോസും സലാമീസ് പട്ടണത്തിൽ നിന്ന് 175 കി.മീ. അകലെയുള്ള പാംഫോസ് പട്ടണത്തിലെത്തി. സൈപ്രസിന്റെ ദേശാധിപതിയായിരുന്ന സേർജിയൂസ് പൗളൂസ് ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് പൗലോസ്‌ശ്ലീഹായെയും കൂട്ടരെയും വിളിച്ചു വരുത്തി. എന്നാൽ അദ്ദേഹത്തിൻ്റെ സദസ്യനായിരുന്ന ബർ-യേശു (യേശുപുത്രൻ എന്നാണ് ഈ പദത്തിനർത്ഥം) എന്നു പേരുള്ള ഒരു യഹൂദവ്യാജപ്രവാചകൻ വിശ്വാസസ്വീകരണത്തിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ എതിർത്തു. എന്നാൽ പൗലോസ്ശ്ലീഹാ പരിശുദ്ധാരൂപിയാൽ നിറഞ്ഞവനായി അയാളെ ഉറ്റു നോക്കിക്കൊണ്ടു ചോദിച്ചു: "സർവ്വവഞ്ചനയും കാപട്യവും നിറഞ്ഞവനേ, സാത്താന്റെ സന്താനമേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ വക്രമാക്കുന്നതിൽനിന്നു നീ വിരമിക്കുകയില്ലേ?" (നട 13,10). കർത്താവിൻ്റെ നേർവഴി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിശ്വാസത്തിന്റെ വഴിതന്നെയാണ്. കർത്താവിലേക്കു നയിക്കുന്ന വഴിയാണല്ലോ ക്രൈസ്‌തവവിശ്വാസത്തിൻറേത്. സേർജിയൂസ് പൗളൂസ് ഈശോയിലുള്ള വിശ്വാസത്തിലേക്കു വരുന്നതിനുള്ള മാർഗമാണല്ലോ ബർ-യേശു അടച്ചുകളയാൻ ശ്രമിച്ചത്. 

ബർ-യേശുവിൻ്റെ ഈ പ്രവൃത്തിക്കു തക്കതായ ശിക്ഷ ലഭിക്കും എന്നുകൂടി പൗലോസ്ശ്ലീഹാ കൂട്ടിച്ചേർത്തു. അദ്ദേഹം തുടർന്നു: “കണ്ടാലും, കർത്താവിൻ്റെ കരം നിനക്കെതിരെ ഉയർന്നിരിക്കുന്നു. നീ അന്ധനായിത്തീരും. കുറെക്കാലത്തേക്കു നീ സൂര്യനെ കാണുകയില്ല" (നട 13,11). ഹനനിയാ ശപ്പീറാമാർക്കു സംഭവിച്ചതിനു സമാനമായത് അവനും സംഭവിക്കാൻ പോകുന്നു എന്നായിരുന്നു പൗലോസ്ശ്ലീഹായുടെ വാക്കിനർത്ഥം (നട 5,1-11). ഉടനെതന്നെ അയാളുടെ കണ്ണുകൾക്കു കാഴ്ച നഷ്ട‌പ്പെട്ടു. തന്നെ കൈ പിടിച്ചു നടത്താൻ ആളെ തേടി അയാൾ തപ്പിനടന്നു. ദമാസ്ക്കസ് വഴിയിൽവച്ചു സാവൂളിനും ഇങ്ങനെ ഒരനുഭവം ഉണ്ടായിരുന്നല്ലോ (നട 9,8). 

സംഭവിച്ചതുകണ്ട ദേശാധിപതി 'വിസ്‌മയിക്കുകയും കർത്താവിനെക്കുറിച്ചുള്ള പ്രബോധനത്തിൽ വിശ്വസിക്കുകയും ചെയ്തു. ബർ-യേശുവിനു സംഭവിച്ചത് കർത്താവിനെക്കുറിച്ചുള്ള പ്രബോധനത്തിന്റെ ഒരടയാളമായി കാണാനും അതു നല്‌കുന്ന പാഠം ഉൾക്കൊള്ളുവാനും സേർജിയൂസിനു കഴിഞ്ഞു. അതുകൊണ്ടാണ് ഈശോയിൽ വിശ്വസിക്കുവാൻ അയാൾ തയ്യാറായത്. പൗലോസ്ശ്ലീഹായുടെ ആദ്യപ്രേഷിതയാത്രയിലെ ആദ്യഫലമാണ് സേർജിയൂസ്. പാംഫോസിലെ ഈ സുവിശേഷപ്രഘോഷണത്തിനുശേഷം പൗലോസും ബർണബായും പാംഫീലിയായിലെ പേർഗാ പട്ടണത്തിലേക്കു പോയി. 

ഇതുവരെ അവരോടൊപ്പമുണ്ടായിരുന്ന മർക്കോസ് അവരെവിട്ട് ജറുസലേമിൽ തൻ്റെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങി (നട 12,12). യാത്രക്കിടയ്ക്കുവച്ച് തങ്ങളെ പിരിഞ്ഞുപോയതുകൊണ്ട് രണ്ടാമത്തെ പ്രേഷിതയാത്രയിൽ മർക്കോസിനെ കൂട്ടാൻ പൗലോസ്ശ്ലീഹാ മടിക്കുന്നതു പിന്നീടു നമ്മൾ കാണും (നട 15,37-39). 

 

അദ്ധ്യായം 2 

പിസീദിയായിലെ അന്ത്യോക്യായിൽ മിശിഹായ്ക്കു സാക്ഷ്യം 

പാഫോസിലെ പേർഗായിൽനിന്ന് പൗലോസ്‌ശ്ലീഹായും ബർണബായും പിസീദിയായിലെ അന്ത്യോക്യായിലേക്കാണു പോയത്. ഏതു പുതിയ സ്ഥലത്തെത്തുമ്പോഴും അവിടെയുള്ള യഹൂദരെ കണ്ടെത്തുകയായിരുന്നല്ലോ ശ്ലീഹന്മാരുടെ രീതി. അന്ത്യോക്യായിലും അവർ അതു തുടർന്നു. സാബത്തുദിവസം സിനഗോഗിലാണ് യഹൂദരെ കണ്ടുകിട്ടാൻ എളുപ്പം. അതുകൊണ്ട് അടുത്ത സാബത്തിൽ സംഘത്തിൽ അവരും പങ്കുചേർന്നു. പൗലോസ്‌ശ്ലീഹായുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ സുവിശേഷപ്രഘോഷണം ഈ സിനഗോഗിൽ വച്ചുള്ളതായിരുന്നു. 

സാബത്തുദിവസത്തെ സിനഗോഗുശുശ്രൂഷയിൽ മുഖ്യമായും “ഇസ്രായേലേ, ശ്രവിച്ചാലും" എന്നാരംഭിക്കുന്ന (നിയ 6,4-9) ഷേമായും 18 ആശീർവ്വാദമുൾപ്പെടെയുള്ള പ്രാർത്ഥനകളും തോറായിലും പ്രവാചകന്മാരിൽനിന്നുമുള്ള വായനകളും സങ്കീർത്തനാലാപവും പുരോഹിതാശീർവ്വാദവുമാണുള്ളത്. തിരുലിഖിതവായനയ്ക്കുശേഷം സിനഗോഗ് അധികാരികൾ ആളയച്ച് പൗലോസിനോടും ബർണബായോടും പറഞ്ഞു: “സഹോദരരേ, ജനങ്ങൾക്കു നല്‌കാൻ നിങ്ങൾക്ക് എന്തെങ്കിലും സന്ദേശമുണ്ടെങ്കിൽ സംസാരിക്കാം" (നട 13,15). യഹൂദ വിശുദ്ധ ഗ്രന്ഥങ്ങളുടെ പൂർത്തീകരണമായ മിശിഹായെക്കുറിച്ചുള്ള പൗലോസിന്റെ പ്രസംഗത്തെക്കുറിച്ചു മുമ്പു കേട്ടിട്ടുള്ളതുകൊണ്ടാകണം പൗലോസിനെയും കൂട്ടരെയും ക്ഷണിക്കാൻ അദ്ദേഹം പ്രേരിതനായത്. പൂർവ്വകാലങ്ങളിൽ ദൈവം നല്കിയിരുന്ന വാഗ്‌ദാനങ്ങൾ ഈശോയിൽ നിറവേറിയതിനെക്കുറിച്ചു പ്രസംഗിച്ചുകൊണ്ട് പിസീദിയൻ അന്ത്യോക്യായിലെ യഹൂദരെ ഉപദേശിച്ചും ധൈര്യപ്പെടുത്തിയും കൊണ്ട് പൗലോസ്‌ശ്ലീഹാ ദീർഘനേരം സംസാരിച്ചു. 

രണ്ടു ഗണം ആൾക്കാരെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പൗലോസ്ശ്ലീഹാ ആരംഭിച്ചത്: ഇസ്രായേൽ മക്കളെയും ദൈവഭയമുള്ളവരെയും. അദ്ദേഹത്തെ ശ്രവിച്ചിരുന്നവരിൽ യഹൂദർ മാത്രമല്ല, കൊർണേലിയൂസിനെപ്പോലെ യഹൂദമതം സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന 'ദൈവഭയമുള്ള' വിജാതീയരും ഉണ്ടായിരുന്നു. പൂർവ്വപിതാക്കന്മാരെ തിരഞ്ഞെടുത്ത് ഒരു മഹാജനതയാക്കിയ സംഭവത്തെക്കുറിച്ചു പരാമർശിക്കുമ്പോൾ ഈ ജനത്തിൻ്റെ ദൈവം എന്നു പറയുന്നത് ശ്രോതാക്കളുടെ വ്യത്യാസം പരിഗണിച്ചാണ്. പൗലോസിന്റെ പ്രഭാഷണത്തിൽ മൂന്നു വ്യക്തമായ ഭാഗങ്ങളുണ്ട് (നട 13,16-25; 13,26-37; 13,38-41). 

രക്ഷാകരചരിത്രം എപ്രകാരം ഈശോമിശിഹായിലേക്കു നയിക്കുന്നു എന്നാണ് ആദ്യഭാഗം വ്യക്തമാക്കുന്നത് (നട 13,16-25). ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പാണ് ദൈവജനത്തിന്റെ രൂപീകരണത്തിനു ഹേതുവായത് (പുറ 6,6-7; നിയമാ 4,37; 10, 15; ജറെ 31,33). പുറപ്പാടു സംഭവത്തെക്കുറിച്ചു പറയുന്നത്, ദൈവം തന്റെ ശക്തമായ കരത്താൽ അവരെ പുറത്തുകൊണ്ടുവന്നു എന്നാണ്. സമാനമായ ചിന്ത പുറ 6,1-8; 12,51; നിയമാ 4,34; 5,15; 9,26 തുടങ്ങിയ വിശുദ്ധഗ്രന്ഥഭാഗങ്ങളിലും കാണാം. മരുഭൂമിയാത്രയ്ക്കിടയിൽ സ്വന്തകരങ്ങളിലെന്നപോലെ അവിടുന്ന് അവരെ സംരക്ഷിച്ചു (പുറ 16,35; നിയമ 1,31). കാനാൻ ദേശത്തുണ്ടായിരുന്ന ഏഴു ജനതകളെ നശിപ്പിച്ചിട്ടാണ് ഇസ്രായേൽക്കാർക്ക് ആ ഭൂമി അവകാശമായി അവിടുന്നു നല്‌കിയത് (നിയമ 7,1). സാമുവൽ പ്രവാചകന്റെ കാലംവരെ ന്യായാധിപന്മാരിലൂടെയായിരുന്നു ദൈവം ജനത്തെ നയിച്ചിരുന്നത്. ജനത്തിൻ്റെ ആഗ്രഹപ്രകാരം സാമുവൽ സാവൂളിനെ രാജാവായി വാഴിച്ചു. നാല്‌പതുസംവത്സരങ്ങൾക്കുശേഷം ദൈവം തൻ്റെ ഹൃദയത്തിനിണങ്ങിയ ദാവീദിനെ രാജാവാക്കി. ഈ ദാവീദിനാണ് മിശിഹായെ സംബന്ധിച്ചുള്ള വാഗ്ദാനം അവിടുന്നു നല്കിയിരുന്നത് (2 സാമു 7,12-16). നസ്രായനായ ഈശോയെ രക്ഷകനായി നല്കിയതിലൂടെ തന്റെ ഈ വാഗ്‌ദാനമാണ് ദൈവം പൂർത്തിയാക്കിയത്. ഈ രക്ഷകനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ മാംദാനയെക്കുറിച്ചും പൗലോസ്ശ്ലീഹാ വ്യക്തമായി പരാമർശിച്ചു. 

മിശിഹാസംഭവമാണ് രണ്ടാം ഭാഗത്തിലെ പ്രമേയം (നട 13,26-37). ദാവീദിന്റെ പുത്രനായ ഈശോയാണ് ദൈവം വാഗ്ദ‌ാനം ചെയ്തിരുന്ന രക്ഷകൻ എന്ന് ആദ്യഭാഗത്തു സൂചിപ്പിച്ചല്ലോ (നട 13,23). ഈ മിശിഹാ സാധിതമാക്കിയ രക്ഷയുടെ സന്ദേശത്തിനു ശ്ലീഹന്മാർ എപ്രകാരം സാക്ഷികളായിരിക്കുന്നു എന്നാണ് പൗലോസ് തുടർന്നു വ്യക്തമാക്കിയത്. മിശിഹാസംഭവത്തെ ദൈവവചനത്തിൻ്റെ ചരിത്രപ്രവേശമായാണ് പൗലോസ് അവതരിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ പക്കലേക്കാണ് രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നത്" (നട 13,26). രക്ഷയുടെ വചനം എന്നതുകൊണ്ട് ഇവിടെ രണ്ടു പരസ്പരബന്ധിതങ്ങളായ കാര്യങ്ങൾ സൂചിപ്പിക്കപ്പെടുന്നുണ്ട്: പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരവും ശ്ലീഹന്മാരുടെ പ്രഘോഷണവും. രണ്ടും ഏക ദൈവവചനത്തിൻ്റെ വെളിപാടാണ്. ദൈവിക വെളിപാടിന്റെ രണ്ടു ഘട്ടങ്ങളാണ് അവ.' മനുഷ്യനായവതരിച്ച ഈശോമിശിഹായിൽ വെളിവാക്കപ്പെട്ടത് ദൈവഹിതത്തിന്റെ പ്രകാശനമായ ദൈവവചനമായിരുന്നു. ഈശോയിൽ വെളിവാക്കപ്പെട്ട ദൈവവചനത്തിൻ്റെ തുടർച്ചയാണല്ലോ ശ്ലീഹന്മാരുടെ പ്രഘോഷണം. 

മനുഷ്യനായവതരിച്ച രക്ഷയുടെ വചനമായ ഈശോമിശിഹായെ ജറുസലേം നിവാസികളും യഹൂദപ്രമാണികളും തിരിച്ചറിയാതെ കുരിശുമരണത്തിനു ശിക്ഷിച്ചു. അവർ വായിച്ചിരുന്ന തിരുലിഖിതങ്ങളുടെ അർത്ഥം ഗ്രഹിക്കാതിരുന്നതുകൊണ്ടാണ് അപ്രകാരം ചെയ്തത്. ഈശോയുടെ കാലത്തു ജീവിച്ചിരുന്നവരുടെ അജ്ഞത ദൈവം പൊറുക്കും എന്ന് പത്രോസ്ശ്ലീഹാ വ്യക്തമാക്കിയിട്ടുള്ളതാണ് (നട 3,17). തിരുലിഖിതങ്ങളുടെ പൂർത്തീകരണത്തിന് ഇതാവശ്യമായിരുന്നു. ഉത്ഥിതനായ ഈശോതന്നെയും തനിക്കു സംഭവിച്ചതെല്ലാം പഴയനിയമം മുഴുവന്റെയും പൂർത്തീകരണമാണെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലോ (ലൂക്കാ 24,27.44). വധശിക്ഷയ്ക്കർഹമായ കുറ്റമൊന്നും ഈശോയിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല എന്ന വസ്‌തുത അടിവരയിട്ട് പൗലോസ് അവതരിപ്പിക്കുന്നുണ്ട് (ലൂക്കാ 23,4.14-15.22). കുരിശുമരണത്തെയും സംസ്ക്‌കാരത്തെയുംപറ്റി അദ്ദേഹം പരാമർശിച്ചു. എന്നാൽ ദൈവം അവിടുത്തെ മരണശേഷം ഉയിർപ്പിച്ചു. ഗലീലിയാ മുതൽ ജറുസലേംവരെ തന്നെ അനുഗമിച്ചവർക്ക് ഉത്ഥാനശേഷം അവിടുന്നു പല പ്രാവശ്യം പ്രത്യക്ഷപ്പെടുകയും ചെയ്തു. അവരാണ് മിശിഹായ്ക്കു ജീവിക്കുന്ന സാക്ഷികൾ (1 കോറി 9,1; 15,1-11). പൗലോസ് ശ്ലീഹായ്ക്കു മിശിഹായെക്കുറിച്ചു പ്രസംഗിക്കുന്നതിനുള്ള ആധികാരികത ഇവിടെ വ്യക്തമാക്കപ്പെടുന്നു. ഉത്ഥിതനായ കർത്താവിന്റെ പ്രത്യേകദർശനം ലഭിച്ചവനാണല്ലോ അദ്ദേഹം. 

ദൈവം ദാവീദിനു നല്‌കിയിരുന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമായാണ് പൗലോസ് മരിച്ചവരിൽനിന്നുള്ള മിശിഹായുടെ ഉത്ഥാനം അവതരിപ്പിക്കുന്നത്. നാഥാൻ പ്രവാചകനിലൂടെ ദൈവം നല്കിയ വാഗ്ദാനത്തിൽ ദാവീദിൻ്റെ പുത്രനെ ഉയർത്തും (anasteso, raising up) എന്നു സൂചനയുണ്ടായിരുന്നു (2 സാമു 7,12). പിതാവായ ദൈവം തന്റെ പുത്രനെ മരിച്ചവരിൽ നിന്ന് ഉയർത്തുന്നതിനെപ്പറ്റിയാണ് പ്രവാചകൻ അറിയിച്ചിരുന്നത് എന്നു പൗലോസ് വ്യാഖ്യാനിച്ചു. സങ്കീർത്തനങ്ങളിൽനിന്ന് ഉദ്ധരിച്ചുകൊണ്ടാണ് പൗലോസ് തൻ്റെ വ്യാഖ്യാനം സ്ഥിരീകരിച്ചത്. 

രണ്ടാം സങ്കീർത്തനമാണ് ആദ്യം ഉദ്ധരിക്കുന്നത്: “നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജന്മം നല്‌കി" (നട 13,34; സങ്കീ 2,7). രാജകീയ സങ്കീർത്തനങ്ങളിലൊന്നായ രണ്ടാം സങ്കീർത്തനം ദാവീദിൻ സിംഹാസനത്തിൽ ആരൂഢനാകുന്ന രാജാവിന്റെ സ്ഥാനാരോഹണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ടതാണ്. കർത്താവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള പ്രവചനമായി പൗലോസ് ഇതിനെ വ്യാഖ്യാനിക്കുന്നു. ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന ഏതൊരു രാജാവും സ്ഥാനാരോഹണത്തോടെ പുതുതായി ജനിപ്പിക്കപ്പെടുന്നു എന്നായിരുന്നു പുരാതന ചിന്ത. പുത്രനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച് വലത്തുഭാഗത്തേക്ക് ഉയർത്തിയതിലൂടെ ദൈവം ഈശോയ്ക്ക് പുതുജന്മം നല്‌കുകയായിരുന്നു എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ദൈവം ദാവീദിനു നല്കിയിരുന്ന മറ്റൊരു വാഗ്ദാനം സങ്കീ 16,10 -ൽ ഉണ്ട്. “അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല. അങ്ങയുടെ പരിശുദ്ധൻ ജീർണിക്കുവാൻ അനുവദിക്കുകയുമില്ല." ദാവീദിനു വാഗ്ദാനം ചെയ്ത‌ിരുന്ന അനുഗ്രഹങ്ങൾ ഇസ്രായേൽക്കാർക്കു മുഴുവനുമായി നല്കും (ഏശ 55,3) എന്ന ദൈവീകവാക്ക് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈശോയെ ദൈവം ഉയിർപ്പിച്ചത് (നട 13,34). ദാവീദിനെക്കുറിച്ചായിരുന്നില്ല ഈ വാഗ്ദാനം എന്നതു സുവ്യക്തമായ കാര്യമാണ്. കാരണം, അദ്ദേഹം മരിച്ചു മണ്ണടിഞ്ഞല്ലോ. ദാവീദ് മിശിഹായെക്കുറിച്ചു പ്രവചിക്കുകയായിരുന്നു എന്നാണു വി. പൗലോസ് സമർത്ഥിക്കുന്നത്. 

ഈയവസരത്തിൽ ദാവീദിനെക്കുറിച്ചു പൗലോസ് നല്‌കുന്ന ഹ്രസ്വമായ ഒരു വിശേഷണം സവിശേഷ ശ്രദ്ധയർഹിക്കുന്നുണ്ട്. "തന്റെ തലമുറയിൽ ദൈവഹിതം നിറവേറ്റിയവൻ" എന്നതാണ് അത് (നട 13,36). ഒരു മനുഷ്യവ്യക്തിക്കു നല്‌കാവുന്ന ഏറ്റവും ശ്രേഷ്‌ഠമായ വിശേഷണമാണിത്. നമ്മുടെ തലമുറയിൽ ദൈവഹിതം നിറവേറ്റിയവർ എന്നു നമ്മെക്കുറിച്ചും മറ്റുള്ളവർ പറയാൻ ഇടയായാൽ ജീവിതം ധന്യമായി. 

ദൈവം ഉയിർപ്പിച്ച ഈശോ ഇന്നും ജീവിക്കുന്നു. അവിടുന്നു ജീവിക്കുന്നത് തന്നിൽ വിശ്വസിക്കുന്നവർക്കെല്ലാം പാപമോചനം നല്കാനാണ് (നട 13,38). പഴയനിയമത്തിൽ പാപമോചനത്തെ നീതീകരണവുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കിയിരുന്നത്. ദൈവം നീതീകരിക്കുന്നു എന്നു പറഞ്ഞാൽ അവിടുന്നു പാപമോചനം നല്കുന്നു എന്നാണർത്ഥം. ബലഹീനരും പാപികളുമായ മനുഷ്യരുടെ കുറവുകൾ ക്ഷമിച്ച് കുറ്റവിമുക്തരായി പ്രഖ്യാപിക്കുന്നതാണല്ലോ നീതീകരണം. ഇതുതന്നെ പാപമോചനവും. നീതീകരണം അഥവാ പാപമോചനം പ്രാപിക്കാൻ വേണ്ടിയായിരുന്നു ഇസ്രായേൽജനം മോശ അനുശാസിച്ചിരുന്ന നിയമങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിച്ചിരുന്നത്. ഇനി ഈ നിയമാനുഷ്‌ഠാനംവഴി നീതീകരണമോ പാപമോചനമോ പ്രാപിക്കാൻ സാധ്യമല്ല എന്നാണു പൗലോസ് പഠിപ്പിക്കുന്നത്. പുത്രൻ തമ്പുരാൻ്റെ മനുഷ്യാവതാരത്തിനുശേഷം നീതീകരണത്തിന് ഒരു മാർഗമേയുള്ളു: ഈശോമിശിഹായിൽ വിശ്വസിക്കുക (നട 15,39). ഹബക്കുക്ക് പ്രവാചകനിൽ നിന്നുദ്ധരിച്ചുകൊണ്ടാണ് പൗലോസ്ശ്ലീഹാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. “പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തിതാൻ ചെയ്യും" (ഹബ 1,5) എന്ന ദൈവികപ്രവചനം മിശിഹായുടെ ഉയിർപ്പിനെപ്പറ്റിയായിരുന്നു എന്നാണ് പൗലോസിന്റെ വാദം (നട 13,41). 

സിനഗോഗിലുണ്ടായിരുന്നവർക്കു പൗലോസിന്റെ പ്രസംഗം ഇഷ്ടമായി. പലരും അദ്ദേഹത്തിൻ്റെ വാക്കുകൾ സ്വീകരിച്ച് ഈശോയിൽ വിശ്വസിച്ചു. പല യഹൂദരും യഹൂദമതത്തിൽ പുതുതായി ചേർന്ന ദൈവഭക്തരും പൗലോസിനെയും കൂട്ടരെയും അനുഗമിച്ചു (നട 13,43) എന്നു പറയുമ്പോൾ വി. ലൂക്കാ ഉദ്ദേശിക്കുന്നത് ഇതാണ്. അടുത്ത സാബത്തിലും ഇക്കാര്യങ്ങൾ തങ്ങളോടു വിശദമായി സംസാരിക്കണമെന്ന് അവർ ശ്ലീഹന്മാരോട് അപേക്ഷിക്കുകയും ചെയ്തു. ശ്ലീഹന്മാർ അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനില്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

നഗരവാസികൾ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പൗലോസും കൂട്ടരും അടുത്ത സാബത്തിലും ഈശോയെക്കുറിച്ചു സംസാരിക്കാൻ എത്തി. നഗരം മുഴുവനുംതന്നെ ദൈവവചനം ശ്രവിക്കാൻ ഒരുമിച്ചുകൂടി. ജനം തങ്ങളെ വിട്ട് ശ്ലീഹന്മാരുടെ പിന്നാലെ പോകുന്നതിൽ അസഹിഷ്ണുക്കളായ യഹൂദർ പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിർക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്‌തു. അപ്പോൾ പൗലോസും ബർണബായും അവരോടു സധൈര്യം പറഞ്ഞു: "ദൈവവചനം ആദ്യം നിങ്ങളോടാണു പ്രസംഗിക്കപ്പെടേണ്ടിയിരുന്നത്. നിങ്ങൾ അതു തള്ളിക്കളഞ്ഞ്, നിത്യജീവനു നിങ്ങളെത്തന്നെ അനർഹരാക്കിയതിനാൽ, ഞങ്ങൾ ഇതാ വിജാതീയരുടെയടുക്കലേക്കു പോകുന്നു" (നട 13,46). ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ യഹൂദജനതയ്ക്കുള്ള പ്രഥമ സ്ഥാനത്തെക്കുറിച്ചാണ് ആദ്യം പൗലോസ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണല്ലോ യഹൂദർ. ഈശോയുടെ ജീവിതവും പ്രവർത്തനങ്ങളും മുഖ്യമായും യഹൂദർക്കിടയിൽ ആയിരുന്നു. ശ്ലീഹന്മാരെ ഈശോ അയച്ചതും ആദ്യം യഹൂദരോടു പ്രസംഗിക്കാനായിരുന്നു. ശ്ലീഹന്മാർ പോയിടത്തെല്ലാം യഹൂദരെ അന്വേഷിച്ചു കണ്ടുപിടിച്ച് അവരോടാണ് ആദ്യം സുവിശേഷം പ്രഘോഷിച്ചത്. ഭാരതത്തിലെത്തിയ തോമാശ്ലീഹായും ഇവിടെയുണ്ടായിരുന്ന യഹൂദരോടാണ് ആദ്യം ഈശോമിശിഹായെക്കുറിച്ചു പ്രസംഗിച്ചത്. യഹൂദർ വിശ്വസിച്ചിരുന്ന വിശുദ്ധഗ്രന്ഥങ്ങളുടെ പൂർത്തീകരണമായ മിശിഹായെക്കുറിച്ചായിരുന്നല്ലോ അവർക്കു പ്രഘോഷിക്കുവാനുണ്ടായിരുന്നത്. ഇതു മനസ്സിലാക്കാൻ ഏറ്റവും എളുപ്പം യഹൂദർക്കുതന്നെയായിരുന്നു. യഹൂദർ എവിടെ ആയിരുന്നാലും അവരുടെ വിശുദ്ധഗ്രന്ഥ ഭാഷയായ ഹീബ്രു/ അറമായ പഠിച്ചിരുന്നതുകൊണ്ടും ശ്ലീഹന്മാർക്ക് അവരോടു പ്രഘോഷിക്കാൻ എളുപ്പമായിരുന്നു. പ്രാദേശികഭാഷകൾ വശമായിരുന്ന ഈ യഹൂദ ക്രൈസ്‌തവരിലൂടെ സുവിശേഷ പ്രഘോഷണം തുടരാനും ഇതു സഹായകമായി. 

ദൈവവചനം സ്വീകരിക്കുകയും ഈശോയിൽ വിശ്വസിക്കുകയും ചെയ്ത‌ യഹൂദർ എല്ലായിടങ്ങളിലും ഉണ്ടായിരുന്നെങ്കിലും അവരുടെ പൊതുവായ പ്രതികരണം തിരസ്ക്കരണത്തിൻ്റേതായിരുന്നു. പ്രതികൂലമായ പ്രതികരണത്തിലൊന്നും നിരാശരാകാതെ പുതിയ സമൂഹങ്ങളെ തേടിപ്പോകുന്ന ശ്ലീഹന്മാരെയാണു നമ്മൾ തുടർന്നു കാണുന്നത്. യഹൂദരല്ലാത്തവരുടെ പക്കലേക്കു സുവിശേഷസന്ദേശവുമായി അവർ പോയി. ലോകത്തിൻ്റെ അതിർത്തികൾവരെ സുവിശേഷമെത്തണമെന്ന ദൈവികപദ്ധതി അപ്രകാരം പൂർത്തിയാവുകയായിരുന്നു. ഏശയ്യാ പ്രവാചകനിൽനിന്നുദ്ധരിച്ചുകൊണ്ടാണ് ഇതു ശ്ലീഹന്മാർ തെളിയിച്ചത്. “ഭൂമിയുടെ അതിർത്തികൾവരെ രക്ഷയ്ക്ക് ആയിരിക്കേണ്ടതിന്, വിജാതീയർക്കു വെളിച്ചമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു" (ഏശ 42,6; നട 13,47). പൗലോസും കൂട്ടരും എപ്രകാരം അവരുടെ വിളി മനസ്സിലാക്കിയിരുന്നു എന്ന് ഇതിൽനിന്നു വ്യക്തമാണ്. ഇതു ശ്രവിച്ച വിജാതീയരെല്ലാം സന്തോഷിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തി. കർത്താവിന്റെ വചനം നാട്ടിലെങ്ങും പ്രചരിച്ചുവെന്നും നിത്യജീവനു നിയുക്തരായവരെല്ലാം വിശ്വാസം സ്വീകരിച്ചു എന്നുമാണ് വി. ലൂക്കാ രേഖപ്പെടുത്തുന്നത് (നട 13,48). വിശ്വാസം ദൈവത്തിൻ്റെ ദാനമാണെന്ന സത്യം ഇതു വഴി അനുസ്മരിപ്പിക്കപ്പെടുന്നുണ്ട്. ദൈവം നിശ്ചയിച്ചിരിക്കുന്നവരാണ് വിശ്വസിച്ചു രക്ഷപ്പെടുന്നത്. 

സഭയുടെ വളർച്ചയിൽ അസൂയപൂണ്ട യഹൂദർ നഗരത്തിലെ പ്രമാണികളെയും ദൈവഭയമുള്ളവരായിരുന്ന ഭക്തസ്ത്രീകളെയും സംഘടിപ്പിച്ച് പൗലോസിനും ബർണബായ്ക്കുമെതിരെ തിരിച്ചു. അങ്ങനെ അവരെ തങ്ങളുടെ നാട്ടിൽനിന്നു പുറത്താക്കി. ദൈവരാജ്യപ്രഘോഷണത്തിനായി ശ്ലീഹന്മാരെ അയച്ചപ്പോൾ ഈശോ നല്കിയ നിർദ്ദേശമനുസരിച്ച് (ലൂക്കാ 9,5) അവർ തങ്ങളുടെ കാലിലെ പൊടികൂടി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി (നട 13,51). പരാജയത്തിൽ മനസ്സുമടുക്കാതെ തങ്ങളുടെ ദൗത്യം തുടരുന്ന ശ്ലീഹന്മാർ എല്ലാക്കാലങ്ങളിലുമുള്ള സുവിശേഷ പ്രഘോഷകർക്കു മാതൃകയാണ്. അവർ സന്തോഷഭരിതരും പരിശുദ്ധറൂഹാ നിറഞ്ഞവരുമായാണ് കാണപ്പെട്ടത്. കർതൃശുശ്രൂഷയിൽ ആനന്ദം കണ്ടെത്തിയ ശിഷ്യരാണവർ. 

 

അദ്ധ്യായം 3 

പൗലോസ് ഇക്കോണിയത്തിലും ലിസ്ത്രായിലും 

ഇക്കോണിയത്തിലും വ്യത്യസ്‌തമായ അനുഭവമായിരുന്നില്ല പൗലോസിനെയും ബർണബായെയും കാത്തിരുന്നത്. യഹൂദസിനഗോഗുകളിൽ പ്രസംഗിച്ചിരുന്ന അവരെ ശ്രവിച്ച പലരും ഈശോമിശിഹായിൽ വിശ്വസിച്ചു. എന്നാൽ വിശ്വസിക്കാതിരുന്നവർ അവിടെയും പ്രശ്നങ്ങളുണ്ടാക്കി. അവർ വിജാതീയരെ ശ്ലീഹന്മാർക്കെതിരെ ഇളക്കിവിട്ടു. എങ്കിലും ഇതൊന്നും വകവയ്ക്കാതെ ധൈര്യപൂർവ്വം അവർ കർത്താവിനെപ്പറ്റി പ്രസംഗിച്ചുപോന്നു. അടയാളങ്ങളും അത്ഭുതങ്ങളും വഴി കർത്താവ് തന്റെ കൃപയുടെ വചനത്തെ സ്ഥിരീകരിച്ചുകൊണ്ടുമിരുന്നു (നട 14,3). എതിരായി തിരിഞ്ഞവർ തങ്ങളെ അപമാനിക്കാനും കല്ലെറിയാനും തീരുമാനിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയ പൗലോസും ബർണബായും അവിടെനിന്ന് ലിക്കവോണിയായിലെ പട്ടണങ്ങളായ ലിസ്ത്രായിലേക്കും ദെർബായിലേക്കും പോയി അവിടെ സുവിശേഷം പ്രസംഗിച്ചു (നട 14,5-7). 

ലിസ്ത്രായിൽ പൗലോസിനെ ശ്രവിക്കാനെത്തിയവരിൽ ജന്മനാ മുടന്തനായ ഒരുവനുണ്ടായിരുന്നു. സൗഖ്യം പ്രാപിക്കാൻതക്ക വിശ്വാസം അവനുണ്ടെന്നു മനസ്സിലാക്കിയ പൗലോസ്, അവനോടു പറഞ്ഞു: "എഴുന്നേറ്റു നിൻ്റെ കാലിൽ നിവർന്നു നില്ക്കുക" (നട 14,10). അവൻ ചാടിയെഴുന്നേറ്റു നടന്നു. ഈ അത്ഭുതം കണ്ട ജനക്കൂട്ടം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെയടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു" (നട 14,11). അവരുടെ ദേവന്മാരുടെ പേരുകൾ അവർ അവർക്കു നല്കി. പട്ടണത്തിനു വെളിയിലെ ക്ഷേത്രത്തിലെ പുരോഹിതൻ പൂമാല്യങ്ങളും കാളകളുമായി അവർക്കു ബലിയർപ്പിക്കാനായി ജനത്തോടൊപ്പം വന്നു. ഇതറിഞ്ഞ ബർണബായും പൗലോസും തങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുകീറിക്കൊണ്ട് ജനമദ്ധ്യത്തിലേക്ക് ഓടിച്ചെന്നു വിളിച്ചുപറഞ്ഞു: “ഹേ, മനുഷ്യരേ, നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്. ഞങ്ങളും നിങ്ങളെപ്പോലെ മനുഷ്യരാണ്. വ്യർത്ഥമായ ഇത്തരം കാര്യങ്ങൾ ഉപേക്ഷിച്ച്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ട്‌ടിച്ച സജീവനായ ദൈവത്തിലേക്കു തിരിയണമെന്ന സദ്‌വാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു" (നട 14,14-15). വിഗ്രഹാരാധനയിലും വ്യർത്ഥാചാരങ്ങളിലും മുഴുകി കഴിഞ്ഞിരുന്ന ആ ജനത്തെ സകലത്തിന്റെയും സ്രഷ്‌ടാവായ സത്യദൈവത്തിലേക്ക് ആനയിക്കാൻ അവർ ശ്രമിച്ചു. മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നവർ അപ്രധാനരാണെന്നും അവർ ആർക്കു സാക്ഷ്യം വഹിക്കാനായി അയയ്ക്കപ്പെടുന്നുവോ ആ ദൈവത്തിനു മാത്രമാണു പ്രാധാന്യമെന്നും പൗലോസ് വ്യക്തമാക്കുകയായിരുന്നു. 

വിജാതീയരോടു പൗലോസ് നടത്തുന്ന ആദ്യത്തെ പ്രസംഗമാണിത്. അതുകൊണ്ട് പഴയനിയമത്തിലെയോ ഇസ്രായേൽ ചരിത്രത്തിലെയോ ദൈവിക ഇടപെടലിനെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടല്ല പൗലോസ് ആരംഭിച്ചത്. മറിച്ച് എല്ലാ മനുഷ്യരുടെയും ജീവിതത്തിലും പ്രകൃതിയിൽ തന്നെയും മനുഷ്യനന്മയ്ക്കായി ഇടപെടുന്ന ദൈവത്തെ അവതരിപ്പിച്ചുകൊണ്ടാണ്. മനുഷ്യനാവശ്യമായതൊക്കെ മഴയും വെയിലും, ഫലമൂലാദികളും ആഹാരപദാർത്ഥങ്ങളും - നല്കി പരിപാലിക്കുന്നതു സ്രഷ്‌ടാവായ ഈ ദൈവമാണ് (നട 14,16-17). ഇപ്രകാരം മനുഷ്യന് ആനന്ദം നല്‌കി ഈ ലോകജീവിതം ജീവിതയോഗ്യമാക്കിത്തീർക്കുന്നത് ദൈവമാണ്. ഈ ദൈവത്തെ അംഗീകരിക്കാനും അവിടുന്നിലേക്കു തിരിയാനുമാണ് പൗലോസ് അവരെ ആഹ്വാനം ചെയ്തത്. പിതാവായ ദൈവം തൻ്റെ പുത്രനിലൂടെ പൂർണമായി വെളിപ്പെടുത്തുന്നതിനുമുമ്പ് സൃഷ്ടപ്രപഞ്ചത്തിലൂടെ സ്വയം വെളിപ്പെടുത്തുകയായിരുന്നല്ലോ. മിശിഹായുടെ വരവിനു മുമ്പുള്ള തലമുറകൾക്ക് ഈ അടിസ്ഥാനപരമായ വിശ്വാസം ഉണ്ടായാൽ മതിയായിരുന്നു. എന്നാൽ ഈശോമിശിഹായുടെ മനുഷ്യാവതാരത്തോടുകൂടി സ്ഥിതിഗതികൾ മാറി. മറ്റു മതസ്ഥരോടു സുവിശേഷം പ്രഘോഷിക്കുമ്പോൾ നമ്മൾ എവിടെ എങ്ങനെ തുടങ്ങണം, എങ്ങനെ തുടരണം എന്നതിനു പറ്റിയ ഉദാഹരണമാണ് ഈ സംഭവം. 

അവിടെയും അവർക്കു സ്വൈര്യമായി പ്രവർത്തിക്കാൻ സാധിച്ചില്ല. ഇക്കോണിയത്തിൽ നിന്നും അന്ത്യോക്യായിൽനിന്നും വന്ന യഹൂദർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചെന്നു കരുതി അവർ അദ്ദേഹത്തെ പട്ടണത്തിനു വെളിയിലേക്കു വലിച്ചുകൊണ്ടു പോയി. എന്നാൽ ശിഷ്യന്മാർ ചുറ്റുംകൂടിയപ്പോൾ പൗലോസ് എഴുന്നേറ്റ് പട്ടണത്തിൽ പ്രവേശിച്ചു. പിറ്റെദിവസം ബർണബായുമൊന്നിച്ച് ദെർബ പട്ടണത്തിലേക്കു പോയി (നട 14,19-20). ആ നഗരവാസികളോടു സുവിശേഷം പ്രസംഗിക്കുകയും അനേകരെ ശിഷ്യഗണത്തിൽ ചേർക്കുകയും ചെയ്തു. 

പൗലോസ്ശ്ലീഹാ തൻ്റെ ഒന്നാമത്തെ പ്രേഷിതയാത്ര അവസാനിപ്പിച്ചത് താൻ സുവിശേഷം പ്രഘോഷിച്ച സ്ഥലങ്ങളെല്ലാം ഒരിക്കൽകൂടി സന്ദർശിച്ചുകൊണ്ടാണ്. ബർണബായുമൊത്ത് ലിസ്ത്രാ, ഇക്കോണിയം, പിസീദിയായിലെ അന്ത്യോക്യാ, പംഫീലിയാ, പെർഗാ, അത്താലിയാ വഴി അദ്ദേഹം സിറിയായിലെ അന്ത്യോക്യായിൽ തിരിച്ചെത്തി. പോയവഴിക്കെല്ലാം വിശ്വാസത്തിൽ ഉറച്ചുനില്ക്കാനും വിശ്വാസത്തെപ്രതി സഹിക്കേണ്ടിവരുന്ന ക്ലേശങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കാനും സഭാംഗങ്ങളെ ധൈര്യപ്പെടുത്തിക്കൊണ്ടാണ് അവർ യാത്ര ചെയ്തത്. കഷ്ട‌പ്പാടുകളിലൂടെ മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കൂ എന്ന് അവർ വിശ്വാസികളെ ഉപദേശിച്ചിരുന്നു (നട 14,22). ദൈവരാജ്യപ്രവേശം എന്നതുകൊണ്ട് ഉദ്ദേശിച്ചത് രക്ഷ പ്രാപിക്കലാണ്. സഹനങ്ങളിലൂടെയല്ലാതെ രക്ഷ പ്രാപിക്കുവാൻ സാധിക്കുകയില്ല എന്നു നമ്മുടെ കർത്താവുതന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ (ലൂക്കാ 18,25; യോഹ 3,5; മർക്കോ 9,47; 10,23-25). വിജാതീയരുടെയിടയിൽ സുവിശേഷ പ്രഘോഷണത്തിനായി തങ്ങളെ അയച്ച അന്ത്യോക്യായിലെ സഭാംഗങ്ങൾക്ക് അവർ ദൈവം തങ്ങളിലൂടെ ചെയ്‌തതും വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നു നല്കിയതുമായ കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചുകൊടുത്തു (നട 14,27). 

അജപാലനസന്ദർശനത്തിൻ്റെ പ്രഥമ മാതൃകയാണ് പൗലോസ് ശ്ലീഹായുടെ ജീവിതത്തിൽ നമ്മൾ കാണുന്നത്. സുവിശേഷപ്രഘോഷണംവഴി വിശ്വാസികൾക്കു ജന്മം നല്‌കുക മാത്രമല്ല (1 കോറി 4,15), അവരുടെ വിശ്വാസജീവിത വളർച്ചയിൽ ശ്രദ്ധിക്കുവാനും സഭാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട് എന്നനുസ്‌മരിപ്പിക്കുന്നതാണ് ഈ സംഭവം. രൂപതാദ്ധ്യക്ഷന്മാരുടെ ഇടവകസന്ദർശനങ്ങളും ഇടവകയിൽ ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന വൈദികരുടെ ഭവനസന്ദർശനങ്ങളും ശ്ലീഹന്മാരുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ളതാണ്. മിശിഹാനുയായികളെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനും വിശ്വാസാനുസൃതജീവിതം നയിക്കുന്നതിനു മാർഗനിർദ്ദേശങ്ങൾ നല്‌കുന്നതിനും ഇത്തരം സന്ദർശനങ്ങൾ സഹായകമാകും. 

താൻ സ്ഥാപിച്ച സഭകളിലെല്ലാം ഉപവാസത്തിനും പ്രാർത്ഥനയ്ക്കുംശേഷം പൗലോസ്ശ്ലീഹാ ശ്രേഷ്ഠന്മാരെ നിയമിക്കുന്ന രംഗം നടപടി 14,23 ലുണ്ട്. സഭയിലെ ശുശ്രൂഷാ സംവിധാനത്തിൻ്റെ ആരംഭമാണു നാമിവിടെ ദർശിക്കുന്നത്. പുതുതായി രൂപംകൊണ്ട സഭാസമൂഹങ്ങൾക്ക് നേതൃത്വം നല്‌കുന്നതിനും ശുശ്രൂഷ ചെയ്യുന്നതിനുമായാണ് ശ്രേഷ്ഠന്മാരെ നിയമിച്ചിരുന്നത്.

തങ്ങൾ നിയമിച്ച ശ്രേഷ്‌ഠന്മാരെ നമ്മുടെ കർത്താവിനു ഭരമേല്പിച്ചിട്ടാണ് ശ്ലീഹന്മാർ മുമ്പോട്ടു പോയത് (നട 14,23). 1തെസ 5,12 -ൽ പരാമർശിക്കപ്പെടുന്ന നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരും ഫിലി 1,1 -ലെ മേലദ്ധ്യക്ഷന്മാരും ശുശ്രൂഷ കരുമൊക്കെ ഇപ്രകാരം നിയമിക്കപ്പെട്ട ശ്രേഷ്‌ഠന്മാരിൽപ്പെട്ടവരാണ്. ക്രേത്തേയിൽ പട്ടണംതോറും ശ്രേഷ്ഠന്മാരെ നിയമിക്കാനുള്ള നിർദേശം പൗലോസ്ശ്ലീഹാ തീത്തോസിനു നല്‌കുന്നത് നമ്മൾ കാണുന്നുണ്ട് (തീത്തോ 1,5). തിമോത്തേയോസിനുള്ള ലേഖനത്തിലും സഭയിലെ ശ്രേഷ്ഠന്മാരെക്കുറിച്ചുള്ള പരാമർശമുണ്ട് (1 തിമോ 5,17.19). ശ്ലീഹന്മാർ തുടക്കംകുറിച്ച ഈ സംവിധാനമാണ് ഇന്നും തിരുസ്സഭയിൽ തുടർന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ പിൻഗാമികളായാണ് ശ്ലീഹന്മാർ ഓരോ സഭയിലും ശ്രേഷ്ഠന്മാരെ നിയമിച്ചിരുന്നത്. അവരുടെ സ്ഥാനത്താണ് സഭയിലെ ഇന്നത്തെ മെത്രാന്മാർ. 

 

അദ്ധ്യായം 4 

ജറുസലേം സമ്മേളനവും പൗലോസും 

യൂദയായിൽനിന്നു ചില യഹൂദക്രൈസ്‌തവർ അന്ത്യോക്യായിൽ ചെന്ന് ചില പ്രശ്‌നങ്ങളുണ്ടാക്കിയതും അതു പരിഹരിക്കാനായി പൗലോസും ബർണബായുംകൂടി ജറുസലേമിലെത്തി സഭാസമ്മേളനത്തിൽവച്ച് അതു പരിഹരിക്കുന്നതുമാണ് നടപടി 15 -ലെ പ്രതിപാദ്യം. 

തിരുസ്സഭയിലെ ആദ്യാംഗങ്ങൾ ജറുസലേമിലും യൂദയായിലുമുണ്ടായിരുന്ന യഹൂദരായിരുന്നല്ലോ. അതുകൊണ്ടുതന്നെ ആദിമക്രൈസ്തവർ യഹൂദാചാരങ്ങൾ പാലിച്ചിരുന്നവരുമായിരുന്നു. അവരുടെ ചിന്തയനുസരിച്ച് ഒരുവൻ ക്രൈസ്‌തവനാകുന്നതിനുള്ള അവശ്യവ്യവസ്ഥ യഹൂദനായിരിക്കുക എന്നതായിരുന്നു. ഈ മനോഭാവത്തിന്റെ ഭാഗമായി നിയമമനുസരിച്ചുള്ള പരിച്ഛേദനം സ്വീകരിക്കാതെ ആർക്കും രക്ഷ പ്രാപിക്കാനാവില്ല എന്ന് ചില യഹൂദക്രൈസ്‌തവർ അന്ത്യോക്യായിലെത്തി പഠിപ്പിച്ചു (നട 15,1). പൗലോസോ ബർണബായോ ഈ വാദം അംഗീകരിച്ചിരുന്നില്ല. അന്ത്യോക്യൻ സഭയിൽ ഇതെച്ചൊല്ലി തർക്കമുണ്ടായപ്പോൾ, പരിഹാരത്തിനായി മാതൃസഭയായ ജറുസലേമിലെത്തി ശ്ലീഹന്മാരും ശ്രേഷ്‌ഠന്മാരുമായി ചർച്ചചെയ്‌തു കാര്യങ്ങൾ തീരുമാനിക്കാൻ പൗലോസിനെയും ബർണബായെയും മറ്റു ചിലരെയും സഭ നിയമിച്ചയച്ചു (നട 15,2). ജറുസലേമിലേക്കു പോകുംവഴി അവർ വിജാതീയരുടെ മാനസാന്തരവാർത്ത അറിയിച്ച് സഹോദരരെ ആഹ്‌ളാദിപ്പിച്ചുകൊണ്ടിരുന്നു. ജറുസലേമിൽ അവർക്കു ഹൃദ്യമായ വരവേല്പ്പാണു ലഭിച്ചത്. ശ്ലീഹന്മാരും ശ്രേഷ്‌ഠന്മാരും സഭ മുഴുവനും അവരെ സന്തോഷത്തോടെ സ്വാഗതം ചെയ്‌തു. ദൈവം തങ്ങളിലൂടെ വിജാതീയരുടെ ഇടയിൽ ചെയ്‌ത കാര്യങ്ങൾ അവർ വിവരിച്ചു. എന്നാൽ, വിജാതീയരെ സഭയിലേക്കു സ്വീകരിക്കുന്നതു സംബന്ധിച്ച്, ഫരിസേയ വിഭാഗത്തിൽനിന്നു വിശ്വാസം സ്വീകരിച്ചിരുന്ന ചിലർ രണ്ടു നിർദ്ദേശങ്ങൾ മുമ്പോട്ടു വച്ചു: വിജാതീയർ ക്രിസ്‌ത്യാനികളാകുമ്പോൾ പരിച്ഛേദനം നടത്തണം, മോശയുടെ നിയമങ്ങൾ പാലിക്കുകയും വേണം (നട 15,5). ശ്ലീഹന്മാർക്ക് ഇതിൽനിന്നു തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. 

സഭയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സാധാരണ എന്താണു ചെയ്യുന്നത് എന്നതിനുള്ള ഒരു ഉദാഹരണം നടപടി പുസ്ത‌കം ആറാം അദ്ധ്യായത്തിലുണ്ട്. അതുപോലെ, വിജാതീയരെ സംബന്ധിച്ചുള്ള കാര്യം ചർച്ച ചെയ്യാൻവേണ്ടി ശ്ലീഹന്മാരും ശ്രേഷ്ഠന്മാരും ജറുസലേമിൽ സമ്മേളിച്ചു. ഓരോരുത്തരും അവരവർക്കു പറയാനുണ്ടായിരുന്നതൊക്കെ വിവരിച്ചു. അവസാനം പത്രോസ്ശ്ലീഹാ സംസാരിക്കാനായി എഴുന്നേറ്റു. വിജാതീയനായ കൊർണേലിയൂസിൻ്റെ ഭവനത്തിൽ താൻ മിശിഹായെ പ്രഘോഷിച്ചതും അവനും കുടുംബവും ഈശോയിൽ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ചതുമായ സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു. ആരംഭംമുതൽക്കേ ഉണ്ടായിരുന്ന ദൈവികപദ്ധതിയുടെ ഭാഗമായാണ് പത്രോസ് ഇത് അവതരിപ്പിച്ചത് (നട 15,7-9). പത്രോസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധറൂഹായെ ശ്രോതാക്കളുടെമേൽ വർഷിച്ചുകൊണ്ടാണല്ലോ ദൈവം തൻ്റെ തിരഞ്ഞെടുപ്പു വെളിവാക്കിയത്. യഹൂദരും വിജാതീയരും തമ്മിൽ വ്യത്യാസമില്ലെന്ന് അതിലൂടെ അവിടുന്നു വ്യക്തമാക്കി. കൊർണേലിയൂസും കുടുംബവും യഹൂദമതത്തിൽ ചേരാനാഗ്രഹിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നെങ്കിലും അതു പൂർത്തിയാകുന്നതിനു മുമ്പുതന്നെയാണല്ലോ പരിശുദ്ധാരൂപി നല്കപ്പെട്ടത്. ഈശോയിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദാനമാണ് പരിശുദ്ധറൂഹാ. യഹൂദപരിച്ഛേദനം സ്വീകരിക്കാതെതന്നെ പരിശുദ്ധറൂഹായെ ലഭിച്ചതിലൂടെ രക്ഷ പ്രാപിക്കാൻ പരിച്ഛേദനമോ യഹൂദനിയമങ്ങളോ അത്യാവശ്യമല്ല എന്നു ദൈവം വെളിവാക്കുകയായിരുന്നു. യഹൂദർ തന്നെയും ദുർവ്വഹനുകമായി കണ്ടിരുന്ന യഹൂദനിയമങ്ങൾ വിജാതീയരുടെമേൽ കെട്ടിവച്ച് അവരെ ഭാരപ്പെടുത്തുന്നത് ദൈവത്തെ പരീക്ഷിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു പത്രോസ്ശ്ലീഹായുടെ വാദം (നട 15,10). 

തുടർന്ന് പൗലോസും ബർണബായും അവർവഴി വിജാതീയരുടെയിടയിൽ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങൾ വിവരിച്ചു. മറ്റുള്ളവർ അതു ശ്രദ്ധിച്ചുകൊണ്ടിരുന്നു (നട 15,13). അവരുടെ വിവരണം കഴിഞ്ഞപ്പോൾ ജറുസലേം സഭയുടെ തലവനായിരുന്ന യാക്കോബാണ് സംസാരിച്ചത്. പത്രോസ് ശ്ലീഹാ വിവരിച്ച അനുഭവം പഴയനിയമത്തിന്റെ പിൻബലത്തോടെ സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി ആമോസ് പ്രവാചകനിൽനിന്ന് അദ്ദേഹം ഉദ്ധരിച്ച വിശുദ്ധ ഗ്രന്ഥഭാഗമിതാണ്: "അന്നു ദാവീദിൻ്റെ വീണുപോയ കൂടാരത്തെ ഞാൻ ഉയർത്തും. കേടുപാടുകൾ തീർത്ത് വീണ്ടും അതിനെ പഴയ കാലത്തെന്നപോലെ പണിതുയർത്തും, അപ്പോൾ ഏദോമിൽ അവശേഷിക്കുന്നവരെയും എന്റെ നാമത്തിൽ അറിയപ്പെട്ടിരുന്ന ജനതകളെയും അവർ കൈവശമാക്കും. ഇതു ചെയ്യുന്ന കർത്താവാണ് അരുളിച്ചെയ്യുന്നത്" (ആമോസ് 9,11-12). പുനഃസ്ഥാപിക്കപ്പെടുന്ന ദൈവജനത്തിൽ വിജാതീയരും ഉൾച്ചേർക്കപ്പെടും എന്ന പ്രവാചകൻ്റെ വാഗ്‌ദാനത്തിന്റെ നിറവേറലാണ് വിജാതീയരുടെ മാനസാന്തരത്തിൽ സംഭവിക്കുന്നത് എന്നാണ് യാക്കോബ് ശ്ലീഹാ വ്യാഖ്യാനിച്ചത്. പത്രോസ്ശ്ലീഹായുടെ അഭിപ്രായത്തെ ഇപ്രകാരം യാക്കോബ് പിൻതാങ്ങി. പ്രവാചക വചനത്തിന്റെ പിൻബലത്തോടെ അദ്ദേഹം തുടർന്നു: "അതിനാൽ വിജാതീയരിൽ നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ അസഹ്യപ്പെടുത്തരുതെന്ന് ഞാൻ പറയുന്നു" (നട 15,19). യഹൂദാചാരങ്ങൾ പാലിക്കാൻ വിജാതീയ ക്രൈസ്തവരെ നിർബന്ധിക്കരുതെന്നായിരുന്നു തീരുമാനം. 

പുതുതായി ക്രിസ്‌തീയ വിശ്വാസം സ്വീകരിക്കുന്ന വിജാതീയർ പരിച്ഛേദനം സ്വീകരിക്കണമെന്നു വാദിച്ചിരുന്ന യഹൂദക്രൈസ്‌തവരെ തൃപ്തിപ്പെടുത്താനെന്നോണം യാക്കോബ് ചില കാര്യങ്ങൾ അംഗീകരിച്ചുകൊടുത്തു. ഇസ്രായേൽക്കാർക്കിടയിൽ ജീവിക്കുന്ന വിജാതീയർ പാലിക്കണമെന്നു ലേവ്യരുടെ പുസ്‌തകം 17-18 അദ്ധ്യായങ്ങളിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന നിയമങ്ങളായിരുന്നു അവ (ലേവ്യ 17,8). നാലു കാര്യങ്ങൾ വിജാതീയ ക്രൈസ്‌തവർ വർജ്ജിക്കണമെന്നായിരുന്നു തീരുമാനം. 1. വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ബലിവസ്‌തുക്കൾ (ലേവ്യ 17,7-9), 2. വ്യഭിചാരം, 3. കർമ്മവിധിപ്രകാരമല്ലാതെ ശ്വാസം മുട്ടിച്ചുകൊല്ലപ്പെട്ട മൃഗങ്ങളുടെ മാംസം (ലേവ്യ 17,15), 4. മൃഗങ്ങളുടെ രക്തം ചേർത്തുണ്ടാക്കിയ ഭക്ഷണം (ലേവ്യ 17,10-11). 

പഴയനിയമത്തിൽ വ്യഭിചാരത്തിന് വിഗ്രഹാരാധന എന്ന അർത്ഥം കൂടിയുണ്ടെങ്കിലും (സംഖ്യ 14,33; ഹോസി 6,10; ജറെ 3,2) ഇവിടെ വ്യഭിചാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലേവ്യ 18,6-18 ൽ നിഷിദ്ധമായി അവതരിപ്പിച്ചിരിക്കുന്ന വിവിധതരം വിവാഹബന്ധങ്ങളെയാണ്. അടുത്ത ചാർച്ചക്കാരുമായുള്ള വിവാഹബന്ധം പാടില്ല എന്നാണല്ലോ ലേവ്യരുടെ പുസ്ത‌കം നിഷ്‌കർഷിക്കുന്നത്. ഈ നിയമം എന്നും ലോകമെമ്പാടുമുള്ള ക്രൈസ്ത‌വസഭകളുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണ്. വിജാതീയർക്ക് ഇതൊരു പുതിയ കാര്യമായിരിക്കില്ല എന്നു വ്യക്തമാക്കാൻ വേണ്ടി, സാബത്തുകളിൽ എല്ലാ പട്ടണങ്ങളിലെയും സംഘങ്ങളിൽ മോശയുടെ നിയമം (പഞ്ചഗ്രന്ഥം) വായിക്കപ്പെടുന്നുണ്ടല്ലോ എന്നുകൂടി യാക്കോബ് ശ്ലീഹാ കൂട്ടിച്ചേർത്തു (നട 15,21). തിരുലിഖിതം വായിച്ചു കേട്ടിട്ടുള്ള വിജാതീയർക്ക് ഈ നിർദ്ദേശങ്ങൾ അപരിചിതമായിരിക്കയില്ല എന്നു സൂചിതം. 

ജറുസലേം സഭാനേതൃത്വം സമ്മേളനത്തിലെടുത്ത തീരുമാനങ്ങൾ അന്ത്യോക്യായിലെ സഭയെ അറിയിക്കാനായി യൂദായെയും സീലാസിനെയും തിരഞ്ഞെടുത്ത് പൗലോസിനോടും ബർണബായോടുംകൂടെ അയച്ചു (നട 15,22). പരിച്ഛേദനവാദികൾ അനാവശ്യമായി അന്ത്യോക്യൻ സഭയിൽ സൃഷ്‌ടിച്ച അസ്വസ്ഥത നേരിട്ടു സംസാരിച്ചു പരിഹരിക്കുന്നതിനാണ് അവരെ അയയ്ക്കുന്നത് എന്നു കത്തിൽ സൂചിപ്പിച്ചിരുന്നു. ക്രിസ്‌തീയവിശ്വാസിയാകാൻ പരിച്ഛേദനം സ്വീകരിക്കുകയോ മോശയുടെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യേണ്ടതില്ലെന്ന ആശ്വാസവചനം എത്തിച്ചുകൊടുക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. എങ്കിലും ഏതൊരു വിശ്വാസിയും പാലിക്കണമെന്നു സഭ തീരുമാനിച്ച കാര്യങ്ങളായിരുന്നു കത്തിൻ്റെ മുഖ്യപ്രമേയം (നട 15,29). ഈ തീരുമാനങ്ങൾ സഭാനേതൃത്വത്തിൻ്റെ മാത്രമല്ല, പരിശുദ്ധാരൂപിയുടേതുകൂടിയാണ് എന്ന പ്രസ്‌താവന (നട 15,28) ഏറെ ശ്രദ്ധേയമാണ്. അത്യാവശ്യ കാര്യങ്ങൾക്കുപുറമേ ഒരു ഭാരവും മനുഷ്യരുടെമേൽ ചുമത്തേണ്ടതില്ലെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി എന്നാണ് ജറുസലേമിലെ ശ്ലീഹന്മാരും ശ്രേഷ്‌ഠന്മാരും സഭ മുഴുവനും ചേർന്നെഴുതിയത്. പരി. റൂഹായാൽ അഭിഷിക്തരായ ശ്ലീഹന്മാരാലും അവരുടെ പിൻഗാമികളാലും നയിക്കപ്പെടുന്ന തിരുസ്സഭയിൽ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങൾക്കു ദൈവികമാനമുള്ളത് അതു കൊണ്ടാണ്. 

എഴുത്തു വായിച്ച അന്ത്യോക്യായിലെ സഭാസമൂഹത്തിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ടായി (നട 15,30). പ്രത്യേകം നിയോഗിച്ചയയ്ക്കപ്പെട്ട യൂദായും സീലായും അവരുടെകൂടെ താമസിച്ച് പ്രോത്സാഹജനകമായ വചനങ്ങളാൽ അവരെ വിശ്വാസത്തിൽ സ്ഥിരീകരിച്ചു. പൗലോസും ബർണബായും ദൈവവചനം പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്‌തുപോന്നു (നട 15,35). 

 

VI 

പൗലോസിന്റെ 

രണ്ടാം പ്രേഷിതയാത്ര 

ജറുസലേമിലെ മാത്യസഭയുടെ ഔദ്യോഗിക അംഗീകാരത്തോടുകൂടി വിജാതീയരെ സഭയിലേക്കു സ്വീകരിക്കാം എന്ന അവസ്ഥയായി. പൗലോസിൻ്റെ പ്രേഷിതയാത്രകളിൽ സുപ്രധാനമായ രണ്ടാം യാത്രയുടെ കാലഘട്ടം മിശിഹാവർഷം 50-52 ആണ്. കോറിന്തോസ് കേന്ദ്രമാക്കിയുള്ള ഈ യാത്രയ്ക്കിടയിലാണ് യൂറോപ്പിനെ അദ്ദേഹം സുവിശേഷമറിയിച്ചത്. സീലായായിരുന്നു പൗലോസിൻ്റെ കൂട്ടിനുണ്ടായിരുന്നത്. തിമോത്തിയോസിനെയും നടപടി ഗ്രന്ഥകാരനായ ലൂക്കായെയും കൂടെക്കാണാം (നട 15,36 -18,22). 

 

അദ്ധ്യായം 1 

സുവിശേഷം യൂറോപ്പിൽ 

രണ്ടാം പ്രേഷിതയാത്രയുടെ ആരംഭത്തിൽ ആദ്യയാത്രയിൽ സുവിശേഷമറിയിച്ച സ്ഥലങ്ങളിലെ സഭാസമൂഹങ്ങളെ വിശ്വാസത്തിൽ ഉറപ്പിക്കാൻവേണ്ടി അവരെ സന്ദർശിക്കാൻ പൗലോസും ബർണബായും കൂടി തീരുമാനിച്ചു. ഈ യാത്രയിൽ തൻ്റെ ബന്ധുവായ മർക്കോസിനെ (കൊളോ 4,10) കൂടെകൊണ്ടുപോകുവാൻ ബർണബാ ആഗ്രഹിച്ചു. എന്നാൽ, ആദ്യ പ്രേഷിതയാത്രയ്ക്കിടയിൽ തങ്ങളെ ഉപേക്ഷിച്ചു പോയ മർക്കോസിനെ തുടർന്നും കൂടെകൊണ്ടുപോകാൻ പൗലോസിന് ഇഷ്ടമായിരുന്നില്ല (നട 13,13; 15,38). ഇക്കാരണത്താൽ ഇതുവരെ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന പൗലോസും ബർണബായും വേർപിരിഞ്ഞു. മർക്കോസിനെയുംകൂട്ടി ബർണബാ സൈപ്രസിലേക്കു കപ്പൽ കയറി. പൗലോസാകട്ടെ, ഒരു പുതിയ സഹപ്രവർത്തകനെ കണ്ടെത്തി. ജറുസലേംസഭ തങ്ങളുടെ പ്രതിനിധികളായി അന്ത്യോക്യായിലേക്കയച്ച രണ്ടുപേരിൽ ഒരുവനായിരുന്ന സീലായെയാണ് പൗലോസ് കൂടെ കൊണ്ടുപോയത് (നട 15,22.27). 

ഈയവസരത്തിലുണ്ടായ അഭിപ്രായഭിന്നത തികച്ചും വ്യക്തിപരമായതായിരുന്നു. ഇതുവരെ മാതൃകാപരമായിരുന്ന സംഘാതമായ പ്രവർത്തനത്തിനാണ് ഇതുമൂലം ഭംഗം വന്നത്. ഇത്ര വിശുദ്ധനായ പൗലോസിന്റെ ജീവിതത്തിലുമുണ്ടായിരുന്ന മാനുഷികചിന്തയാണ് ഇവിടെ വെളിവാകുന്നത്. അതു മറച്ചുവയ്ക്കാനൊന്നും ലൂക്കാ ശ്രമിക്കുന്നില്ല എന്നതിൽനിന്ന് വിവരണത്തിനു പിന്നിലെ സത്യസന്ധത നമുക്കു ഗ്രഹിക്കാനാകും. വ്യക്തിപരമായ അഭിപ്രായഭിന്നതമൂലം അവർ പിരിയാനിടയായെങ്കിലും ദൈവം അതും നന്മയ്ക്കായി പരിണമിപ്പിച്ചു. അതുകൊണ്ട് സുവിശേഷ പ്രഘോഷണത്തിന് രണ്ടു സംഘങ്ങൾ ഉണ്ടായി. സൈപ്രസിലേക്കു യാത്ര തിരിക്കുന്ന ബർണബായെക്കുറിച്ചു പിന്നീട് നമ്മൾ ഒന്നും കേൾക്കുന്നില്ലെങ്കിലും ജീവിതകാലം മുഴുവൻ അദ്ദേഹവും സുവിശേഷപ്രഘോഷണം തുടർന്നു എന്നുവേണം അനുമാനിക്കാൻ. പൗലോസിന് തൻ്റെ മിഷനറിയാത്രയിൽ പുതിയൊരു സഹ പ്രവർത്തകനെ ലഭിക്കുകയും ചെയ്‌തു. സഭാംഗങ്ങളായ സഹോദരന്മാർ ഈ മിഷനറിമാരെ ദൈവകൃപയ്ക്ക ഭരമേല്‌പിച്ച് അയച്ചു (നട 15,40). യാത്രയിലെ വിജയം (നട 16,5) ഇവരുടേതല്ല, ദൈവത്തിന്റേതാണ് എന്ന സത്യം അനുസ്‌മരിപ്പിക്കുന്നതാണ് ഈ സൂചന. 

അവർ ആദ്യം ദെർബേയിലും പിന്നീട് ലിസ്ത്രായിലും എത്തിച്ചേർന്നു. ലിസ്റ്റായിൽവച്ചാണ് പൗലോസ് ആദ്യമായി തിമോത്തേയോസിനെ കണ്ടുമുട്ടുന്നത്. വിശ്വാസിനിയായ ഒരു യഹൂദസ്ത്രീക്ക് ഒരു വിജാതീയനിലുണ്ടായ പുത്രനായിരുന്നു തിമോത്തേയോസ്. ലിസ്ത്രായിലും ഇക്കോണിയോത്തിലുമുള്ള വിശ്വാസികൾക്ക് വളരെയേറെ മതിപ്പുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ തൻ്റെ പ്രേഷിതശുശ്രൂഷയിൽ പങ്കാളിയാക്കാൻ പൗലോസ് ആഗ്രഹിച്ചു. ഈ തിമോത്തേയോസിനു പൗലോസ് എഴുതുന്ന രണ്ടു ലേഖനങ്ങൾ പുതിയനിയമത്തിലുണ്ടല്ലോ. 

ഈ സന്ദർഭത്തിലെ പൗലോസിൻ്റെ ഒരു പ്രവൃത്തി നമുക്കു മനസ്സിലാക്കാൻ വിഷമമുള്ളതാണ്. തിമോത്തേയോസിനെ അദ്ദേഹം പരിച്ഛേദനവിധേയനാക്കുന്നതാണ് ആ സംഭവം. അദ്ദേഹത്തിന്റെ പിതാവ് വിജാതീയനായിരുന്ന വിവരം ആ ദേശവാസികൾക്കെല്ലാം അറിവുള്ള കാര്യമായിരുന്നതുകൊണ്ടാണ് പൗലോസിതു ചെയ്തത് എന്നാണു ലൂക്കാ നല്കുന്ന വിശദീകരണം (നട 16,3). പക്ഷേ, വിശ്വാസം സ്വീകരിക്കുന്ന വിജാതീയർ പരിച്ഛേദനം സ്വീകരിക്കുകയോ മോശയുടെ നിയമങ്ങൾ പാലിക്കുകയോ ചെയ്യേണ്ടതില്ല എന്ന തീരുമാനമെടുത്തിട്ട് അധിക നാളുകളാകുന്നതിനു മുമ്പാണ് പൗലോസിത് ചെയ്യുന്നത് എന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്ന വസ്‌തുത. തൊട്ടുപിന്നാലെ പോയ സ്ഥലങ്ങളിലെല്ലാം അവർക്ക് അറിയിക്കാനുണ്ടായിരുന്നതും ജറുസലേം സമ്മേളനത്തിലെ തീരുമാനങ്ങളായിരുന്നു (നട 16,4). പിന്നെ എന്തുകൊണ്ട് പൗലോസ് തിമോത്തേയോസിനെ പരിച്ഛേദനത്തിനു വിധേയനാക്കി എന്നതാണു പ്രശ്നം. 

നടപടി പുസ്തകത്തിൻ്റെ പ്രസിദ്ധ വ്യാഖ്യാതാവായ ജോസഫ് ഫിറ്റ്സ്മെയറുടെ അഭിപ്രായത്തിൽ പൗലോസ്ശ്ലീഹായുടെ ഈ പ്രവ്യത്തിക്കുള്ള വിശദീകരണം അദ്ദേഹം കോറിന്തോസുകാർക്കെഴുതുന്ന ഒന്നാം ലേഖനത്തിലുണ്ട്. “എല്ലാറ്റിലുംനിന്നു ഞാൻ സ്വതന്ത്രനായതിനാൽ, വളരെപ്പേരെ നേടേണ്ടതിന് ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി. യഹൂദരെ നേടേണ്ടതിന് യഹൂദരുടെയിടയിൽ ഞാൻ യഹൂദനെപ്പോലെയായി. നിയമത്തിൻകീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിൻകീഴുള്ളവനെപ്പോലെയായി. നിയമത്തിന് അധീനരല്ലാത്തവരെ നേടേണ്ടതിന്, അവർക്കു ഞാൻ നിയമത്തിന് അധീനനല്ലാത്തവനെപ്പോലെയായി" (1 കോറി 9,19-22). വിശ്വാസികളാകുന്ന വിജാതീയർ പരിച്ഛേദനം സ്വീകരിക്കണമെന്ന വാദഗതിക്കാരായിരുന്നല്ലോ യഹൂദക്രൈസ്‌തവരിൽ ഒരുവിഭാഗം. അവരെ വിഷമിപ്പിക്കാതിരിക്കുന്നതിനു വേണ്ടിയാണ് പൗലോസ് ഇങ്ങനെയൊരു പ്രവൃത്തിക്കു മുതിരുന്നത്. മിശിഹായുടെ സുവിശേഷത്തിന് യാതൊരു പ്രതിബന്ധവും ഉണ്ടാകരുത് (1 കോറി 9,12) എന്നതായിരുന്നു പൗലോസിന്റെ മുഖ്യശ്രദ്ധ. പൗലോസിന്റെ ആ മനോഭാവത്തിൻ്റെ ഫലമായി സുവിശേഷം പ്രചരിക്കുന്നതും സഭ വളരുന്നതുമാണ് തുടർന്നു നമ്മൾ കാണുന്നത്. വി. ലൂക്കാ ഇപ്രകാരം എഴുതുന്നു: "അങ്ങനെ സഭകൾ വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെട്ടും അംഗസംഖ്യയിൽ അനുദിനം വർദ്ധിച്ചും വന്നു" (നട 16,5). 

പൗലോസ്ശ്ലീഹാ സീലായും തിമോത്തേയോസുമൊത്ത് തെക്കൻ ഗലാത്തിയായിലെ സ്ഥലങ്ങളായ ഇക്കോണിയം, ദെർബേ, ലിസ്ത്ര തുടങ്ങിയ പ്രദേശങ്ങൾവിട്ട് ഫ്രീജിയ കടന്ന് വടക്കുഭാഗത്തുള്ള മീസിയായിൽ എത്തി. അവിടെനിന്നും വീണ്ടും വടക്കോട്ടുപോയി ബിഥീനിയായിലെത്തണമെന്ന് ആഗ്രഹിച്ചെങ്കിലും പരിശുദ്ധാരൂപി അനുവദിക്കാതിരുന്നതുമൂലം വടക്കുപടിഞ്ഞാറൻ ഏഷ്യാ മൈനറിലുള്ള ത്രോവാസിലെത്തി. അവിടെയായിരിക്കുമ്പോഴാണ് ഗ്രീസിലെ മാസിഡോണിയായിൽ സുവിശേഷം പ്രഘോഷിക്കാൻ താൻ ക്ഷണിക്കപ്പെടുന്നു എന്ന ദർശനം പൗലോസിനുണ്ടായത് (നട 16,9). ദർശനപ്രകാരം അവർ മാസിഡോണിയായിലേക്കു പോയി. ഉന്നതങ്ങളിൽനിന്നുള്ള ദൈവിക സ്വരത്തിനു ചെവികൊടുത്തു പ്രവർത്തിക്കുന്ന പൗലോസ്ശ്ലീഹാ എല്ലാക്കാലങ്ങളിലുമുള്ള പ്രേഷിതർക്കു മാതൃകയാണ്. ഇപ്രകാരം, യൂറോപ്പിന്റെ സുവിശേഷവത്ക്കരണം മനുഷ്യരുടെ മാത്രം പ്രവൃത്തിയിൽ നിന്നുള്ളതല്ല, മറിച്ച്, ദൈവാത്മാവിൻ്റെ നിർദ്ദേശത്തിലും നിയന്ത്രണത്തിലുമുള്ളതായിരുന്നു എന്നു വ്യക്തമാകുന്നു. 

 

അദ്ധ്യായം 2 

പൗലോസ് ഫിലിപ്പോയിൽ 

മാസിഡോണിയായിലെ ഒരു മുഖ്യനഗരവും കുടിയേറ്റപ്രദേശവുമായിരുന്ന ഫിലിപ്പോയിലാണ് ആദ്യം പൗലോസ് എത്തിയത് (നട 16,11--40). ത്രോവാസിൽവച്ചു ദർശനമുണ്ടായയുടനെ അവിടെനിന്ന് അവർ കപ്പൽ കയറി സിമാത്രാക്കേയിലേക്കും അവിടെനിന്ന് നെയാപ്പോളീസ്‌ വഴി ഫിലിപ്പോയിലേക്കും പോവുകയായിരുന്നു (നട 16,10). ഇവിടെ നമ്മൾ ശ്രദ്ധിക്കുന്ന ഒരു പ്രത്യേക കാര്യം, പൗലോസിന്റെ കൂടെ ഇപ്പോൾ സീലായും തിമോത്തേയോസും മാത്രമല്ല, നടപടി ഗ്രന്ഥ കർത്താവായ ലൂക്കായുമുണ്ട് എന്നതാണ്. പത്താം വാക്യത്തിലെ 'ഞങ്ങൾ' എന്ന പ്രയോഗം ഇതാണു സൂചിപ്പിക്കുന്നത്. പൗലോസിനു പ്രിയപ്പെട്ട സഹപ്രവർത്തകനായിരുന്നു ലൂക്കാ എന്നു ശ്ലീഹായുടെ തന്നെ ലേഖനങ്ങളിൽനിന്നു നമ്മൾ മനസ്സിലാക്കുന്നുണ്ടല്ലോ (കൊളോ 4,14; 2 തിമോ 4,11; ഫിലി 23). പൗലോസ്‌ശ്ലീഹായുമായുള്ള ഈ ബന്ധമാണ് സുവിശേഷവും നടപടിയും എഴുതുന്നതിനു ലൂക്കായ്ക്ക് ആധികാരികത നല്കിയതും. പൗലോസിൻ്റെ പ്രേഷിതയാത്രയിൽ സന്തത സഹചാരിയായിരിക്കുന്ന ലൂക്കായെയാണ് ഇനിയുള്ള വിവരണങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നത്. 

പൗലോസും കൂട്ടരും കുറച്ചുനാൾ ഫിലിപ്പോയിൽ താമസിച്ചു. അവിടെയുണ്ടായിരുന്ന യഹൂദരായിരുന്നു അവരുടെ ലക്ഷ്യം. അതു കൊണ്ട് ഒരു സാബത്തുദിവസം നഗരകവാടത്തിനു പുറത്ത് നദീതീരത്തുള്ള ഒരു പ്രാർത്ഥനാവേദിയിലേക്ക് അവർ പോയി (നട 16,13). അവിടെവച്ച്, തെയോത്തീറാ നഗരത്തിൽനിന്നുള്ളവളും പട്ടുവില്പനക്കാരിയും ദൈവഭയമുള്ളവളുമായിരുന്ന ലിദിയാ എന്ന സ്ത്രീയെ അവർ പരിചയപ്പെട്ടു (നട 16,14). പത്താമദ്ധ്യായത്തിൽ കണ്ട കൊർണേലിയൂസിനെപ്പോലെ യഹൂദമതത്തിൽ ചേരാനാഗ്രഹിച്ച് ഒരുക്കങ്ങൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു അവൾ. 'ദൈവഭയമുള്ളവൾ' എന്ന വിശേഷണം അതാണു സൂചിപ്പിക്കുന്നത്. ഈ ഒരുക്കത്തിന്റെ ഭാഗമായാണ് അവൾ പ്രാർത്ഥനാവേദിയിൽ എത്തിയതും. നമ്മുടെ കർത്താവ് അവളുടെ ഹൃദയം തുറന്നതിനാൽ, പൗലോസ് പറഞ്ഞത് അവൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു (നട 16,14) എന്നാണ് വി. ലൂക്കാ രേഖപ്പെടുത്തുന്നത്. സുവിശേഷസന്ദേശത്തിൽ ആകൃഷ്‌ടയായ അവളും കുടുംബവും മാമ്മോദീസാ സ്വീകരിച്ചു. ഈശോമിശിഹായെക്കുറിച്ചും അവിടുത്തെ സുവിശേഷത്തെക്കുറിച്ചും കൂടുതൽ അറിയാനായി പൗലോസിനെയും കൂട്ടരെയും തങ്ങളുടെ ഭവനത്തിലേക്ക് അവർ നിർബന്ധിച്ചു ക്ഷണിക്കുകയും ചെയ്തു (നട 16,15). 

പൗലോസും കൂട്ടുകാരും തങ്ങളുടെ പതിവനുസരിച്ച് ഫിലിപ്പോയിലെ പ്രാർത്ഥനാവേദിയിലേക്ക് ഒരുദിവസം പോകുമ്പോൾ ആത്മാവു ബാധിച്ചവളും ഭാവിഫലം പറയുന്നതുവഴി യജമാനന്മാർക്കു വലിയ ആദായം ഉണ്ടാക്കിക്കൊടുത്തിരുന്നവളുമായ ഒരു ബാലികയെ കണ്ടു മുട്ടി (നട 16,16-18). പൗലോസിനെയും കൂട്ടരെയും കണ്ടപ്പോൾ അവൾ വിളിച്ചു പറഞ്ഞു: “ഇവർ അത്യുന്നത ദൈവത്തിൻ്റെ ദാസന്മാരാണ്. ഇവർ രക്ഷാമാർഗം നിങ്ങളെ അറിയിക്കുന്നു" (നട 16,17). പല ദിവസങ്ങൾ ഇവൾ ഇതാവർത്തിച്ചുകൊണ്ടിരുന്നത് അസഹ്യമായി തീർന്നപ്പോൾ, പൗലോസ് ആ ആത്മാവിൽനിന്നും ആ ബാലികയെ സ്വതന്ത്രയാക്കി. യവന-റോമൻ സംസ്ക്‌കാരങ്ങളിലുണ്ടായിരുന്ന വിജാതീയ ആചാരങ്ങളുടെമേൽ ക്രിസ്തുതുമതം വരിച്ച വിജയം വിളിച്ചറിയിക്കുന്നതാണ് ഈ സംഭവം. ശ്ലീഹന്മാർ പ്രഘോഷിക്കുന്ന ഈശോമിശിഹായിലാണ് യഥാർത്ഥ രക്ഷ എന്നാണല്ലോ ആത്മാവു ബാധിച്ച ബാലിക വിളിച്ചു പറഞ്ഞത്. 

ഈശോയുടെ നാമത്തിൽ സംഭവിച്ച ഈ അത്ഭുതവും മതപീഡനത്തിൽ കലാശിച്ചു. വരുമാനമാർഗം നഷ്ടമായ യജമാനന്മാർ പൗലോസിനെയും സീലായെയും പിടികൂടി അധികാരികളുടെ മുമ്പിൽ ഹാജരാക്കി കുറ്റമാരോപിച്ചു. അവർ പറഞ്ഞു: “യഹൂദരായ ഇവർ നമ്മുടെ നഗരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നു. റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ അനുഷ്‌ഠിക്കാനോ പാടില്ലാത്ത ആചാരങ്ങൾ ഇവർ പ്രസംഗിക്കുന്നു" (നട 16,21). ഇതുകേട്ടു ജനക്കൂട്ടം ഇളകിവശായപ്പോൾ, വസ്ത്രം ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാൻ ന്യായാധിപന്മാർ കല്പിച്ചു. വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടയ്ക്കുകയും ശക്തമായ കാവലേർപ്പെടുത്തുകയും ചെയ്തു. 

പ്രാർത്ഥിക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്തുകൊണ്ടാണ് പൗലോസും സീലായും കാരാഗൃഹത്തിൽ കഴിഞ്ഞത്. അർദ്ധ രാത്രിയായപ്പോൾ, ഒരു ഭൂകമ്പമുണ്ടാവുകയും കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്‌തു. അവരുടെ വിലങ്ങുകൾ തനിയെ അഴിഞ്ഞുവീണു. ഉറക്കമുണർന്ന കാവൽക്കാർ വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട്, തടവുകാർ രക്ഷപ്പെട്ടിരിക്കുമെന്നു കരുതി, വാളൂരി ആത്മഹത്യയ്ക്കു ശ്രമിച്ചു. അപ്പോൾ, പൗലോസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “സാഹസമൊന്നും ചെയ്യരുത്. ഞങ്ങൾ ഇവിടെത്തന്നെയുണ്ട്". ഭയന്നു വിറച്ച് ഒരു വിളക്കുമായി അകത്തു പ്രവേശിച്ച കാവൽക്കാരൻ, അവരുടെ കാല്ക്കൽ വീണ്, താൻ രക്ഷ പ്രാപിക്കാൻ എന്തു ചെയ്യണമെന്ന് അവരോടു ചോദിച്ചു. അവർ പറഞ്ഞു: “കർത്താവായ ഈശോമിശിഹായിൽ വിശ്വസിക്കുക. അപ്പോൾ നീയും കുടുംബവും രക്ഷ പ്രാപിക്കും" (നട 16,31). പിന്നീട് അവർ അയാളോടും കുടുംബാംഗങ്ങളോടും കർത്താവിൻ്റെ വചനം പ്രസംഗിക്കുകയും അവർക്കു മാമ്മോദീസാ നല്‌കുകയും ചെയ്‌തു. ആമം വച്ചിരുന്നതു മൂലം പൗലോസിൻ്റെയും സീലായുടെയും കാലുകളിലുണ്ടായിരുന്ന മുറിവുകൾ അയാൾ വച്ചുകെട്ടി. ദൈവവിശ്വാസം ലഭിച്ചതിൽ അയാളും കുടുംബവും അത്യധികം ആഹ്ലാദിക്കുകയും ചെയ്‌തു (നട 16,34). ശ്ലീഹന്മാർ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അതുവഴി ദൈവവചനം വളരുന്നതാണ് നമ്മൾ കാണുന്നത്.  

പ്രഭാതമായപ്പോൾ, ന്യായാധിപന്മാർ ഭടന്മാരെ അയച്ച്, പൗലോസിനെയും കൂട്ടരെയും വിട്ടയയ്ക്കാൻ കല്‌പിച്ചു. പൗലോസ് പറഞ്ഞു: “റോമാക്കാരായ ഞങ്ങളെ കുറ്റക്കാരല്ലാതിരിക്കെ, പരസ്യമായി പ്രഹരിക്കുകയും കാരാഗൃഹത്തിലടയ്ക്കുകയും ചെയ്‌തതിനുശേഷം ഇപ്പോൾ രഹസ്യമായി പറഞ്ഞയയ്ക്കുന്നോ? അതു സാധ്യമല്ല. അവർതന്നെ വന്നു ഞങ്ങളെ പറഞ്ഞയയ്ക്കട്ടെ" (നട 16,37). അവർ റോമാക്കാരാണെന്നു കേട്ടപ്പോൾ ന്യായാധിപന്മാർക്കു ഭയമായി. അവർ ചെന്ന്, തങ്ങളുടെ പട്ടണം വിട്ടുപോകണമെന്ന് അവരോട് അപേക്ഷിച്ചു. 

കാരാഗൃഹത്തിൽനിന്നു പുറത്തുവന്ന പൗലോസും സീലായും ലിദിയായുടെ ഭവനം സന്ദർശിച്ച് സഹോദരരെ കണ്ട് അവർക്കു വിശ്വാസസംബന്ധമായ ഉപദേശങ്ങൾ നല്കിയശേഷം അവിടം വിട്ടുപോയി (നട 16,40). ആദിമ ക്രൈസ്‌തവസമൂഹങ്ങൾ സമ്മേളിച്ചിരുന്നത് വിശ്വാസികളുടെ ഭവനങ്ങളിലായിരുന്നു. ജറുസലേമിൽ അപ്പംമുറിക്കൽ ശുശ്രൂഷ പോലും ഭവനങ്ങളിൽ വച്ചായിരുന്നു (നട 2,42-47), ലിദിയായുടെ ഭവനം സന്ദർശിച്ചു എന്നു പറയുമ്പോൾ അവിടെയുണ്ടായിരുന്ന സഭാംഗങ്ങളെ സന്ദർശിച്ചു എന്നു തന്നെയാണർത്ഥമാക്കുന്നത്. 

ഫിലിപ്പോയിൽ വച്ച് പീഡയും അപമാനവും സഹിക്കേണ്ടി വന്നതിനെപ്പറ്റി പൗലോസ് പിന്നീട് തൻ്റെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട് (1 തെസ 2,1). കുറച്ചുകാലം മാത്രമേ പൗലോസ് ഫിലിപ്പോയിൽ ചിലവഴിച്ചുള്ളുവെങ്കിലും, അവർക്കുള്ള ലേഖനത്തിൽനിന്നു മനസ്സിലാകുന്നതുപോലെ, അവിടുത്തെ സഭ വളരെ വേഗത്തിൽ സ്വയം പര്യാപ്തമായി. 

 

അദ്ധ്യായം 3 

തെസലോനിക്കായിലും ബെറോയായിലും സാക്ഷ്യം 

മാസിഡോണിയായിലെ ഫിലിപ്പോയിൽ സുവിശേഷം അറിയിച്ചശേഷം പൗലോസ്ശ്ലീഹാ സീലായെയും തിമോത്തേയോസിനെയും കൂട്ടി പടിഞ്ഞാറോട്ടു യാത്രചെയ്തു. ലൂക്കായെ ഫിലിപ്പോയിൽ വിട്ടിട്ടാണ് അവർ പോയത്. മാസിഡോണിയായിലെ അതിപ്രസിദ്ധ നഗരമായ ആംഫിപോളിസും അപ്പോളോനിയായും കടന്ന്, അവർ തലസ്ഥാനനഗരിയായ തെസലോനിക്കായിലെത്തി. ഫിലിപ്പോയ്ക്ക് നൂറു മൈൽ പടിഞ്ഞാറാണ്. ഇന്നു സാലോനിക്ക എന്നറിയപ്പെടുന്ന തെസലോനിക്കാ. തുടർച്ചയായി മൂന്നു സാബത്തുകളിൽ സിനഗോഗിലെത്തി, മിശിഹാ സഹിക്കുകയും മരിക്കുകയും ഉയിർക്കുകയും ചെയ്യേണ്ടിയിരു ന്നതിന്റെ ആവശ്യകത തിരുലിഖിതങ്ങളുടെ വെളിച്ചത്തിൽ സമർത്ഥിച്ചു. നസ്രായനായ ഈശോയാണ് മിശിഹായെന്നും സധൈര്യം പ്രഘോഷിച്ചു (നട 17,4). അവർക്ക് കുറെ യഹൂദരെയും ദൈവഭയമുള്ള കുറെയേറെ ഗ്രീക്കുകാരെയും കുലീനസ്ത്രീകളെയും വിശ്വാസത്തിലേക്കു നേടാനായി. പക്ഷേ, അവരുടെ വിജയത്തിൽ അസൂയാലുക്കളായിത്തീർന്ന ചില യഹൂദർ കുറെ ദുഷ്ട‌മനുഷ്യരെ സംഘടിപ്പിച്ച് നഗരത്തെ പ്രക്ഷബ്ധമാക്കി അവർക്കെതിരെ തിരിച്ചു. 

ജാസൻ എന്നയാളിൻ്റെ ഭവനത്തിലായിരുന്നു പൗലോസും കൂട്ടരും താമസിച്ചിരുന്നത്. അതുകൊണ്ട് ശ്ലീഹന്മാർക്കെതിരെ തിരിഞ്ഞവർ അവരെ ബന്ധിച്ച് ജനക്കൂട്ടത്തിലേക്കു കൊണ്ടുവരാനായി അദ്ദേഹത്തിന്റെ വീടു വളഞ്ഞു. എന്നാൽ, അവരെ അവിടെ കാണായ്കയാൽ ജാസനെയും സഹോദരരിൽ ചിലരെയും അവർ ന്യായാധിപന്മാർക്കു മുമ്പിൽ ഹാജരാക്കി. മുഖ്യമായും മൂന്ന് ആരോപണങ്ങളാണ് അവർക്കു ന്നയിക്കാനുണ്ടായിരുന്നത്. 1. അവർ ലോകമെങ്ങും കുഴപ്പം സൃഷ്ട‌ിക്കുന്നു. 2. സീസറിൻ്റെ കല്‌പനകൾ ലംഘിക്കുന്നു. 3. ഈശോ എന്ന വേറൊരു രാജാവുണ്ട് എന്നവകാശപ്പെടുന്നു (നട 17,6). ഇതു കേട്ട ന്യായാധിപൻന്മാരും ജനങ്ങളും അസ്വസ്ഥരായി. എങ്കിലും അവർ ജാസനെയും സഹോദരരെയും ജാമ്യത്തിൽ വിട്ടയച്ചു. 

ആർക്കും ഭാരമാകാതിരിക്കാൻ തെസലോനിക്കായിൽ ചിലവഴിച്ച കാലം മുഴുവൻ രാവും പകലും കൈവേല ചെയ്ത‌ത് കഷ്‌ടപ്പെട്ട് അദ്ധ്വാനിച്ചാണ് ജീവിച്ചിരുന്നത് എന്നു പൗലോസ് പിന്നീട് അനുസ്മരിക്കുന്നുണ്ട് (1 തെസ 2,9). ഏറെ കഷ്‌ടപ്പാടുകൾ സഹക്കേണ്ടിവന്നിട്ടും പരിശുദ്ധ റൂഹായാൽ പ്രചോദിതമായ ആനന്ദത്തോടെ സുവിശേഷവചനം സ്വീകരിച്ച അവർ മാസിഡോണിയായിലും അക്കായിയായിലുമുള്ള വിശ്വാസികൾക്കു മാതൃകയായി ഭവിച്ചു (1 തെസ 1,7). പൗലോസ് ഏറ്റവും ആദ്യം ലേഖനമെഴുതിയത് തെസലോനിക്കായിലെ സഭയ്ക്കാണ്. 

പൗലോസും സീലായും പിന്നീട് പോയത് ബെറോയാ പട്ടണത്തിലേക്കാണ്. അവിടെ യഹൂദരുടെ സംഘങ്ങളിൽ ദൈവവചനം പ്രഘോഷിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന യഹൂദർ തെസലോനിക്കാക്കാരെക്കാൾ കുലീനരായിരുന്നു എന്നാണ് വി. ലൂക്കാ രേഖപ്പെടുത്തുന്നത് (നട 17,11). അവർ സുവിശേഷസന്ദേശം സന്തോഷപൂർവ്വം സ്വീകരിക്കുകയും കേട്ടവ ശരിയാണോ എന്നറിയാൻ വിശുദ്ധലിഖിതങ്ങൾ പരിശോധിക്കുകയും ചെയ്‌തിരുന്നു. അവരിൽ പലരും വിശ്വാസം സ്വീകരിച്ചു. യഹൂദർ മാത്രമല്ല, ഗ്രീക്കുകാരായ നിരവധി സ്ത്രീപുരുഷന്മാരും ശ്ലീഹന്മാരോടു ചേർന്നു. ഈ വിവരമറിഞ്ഞ തെസലോനിക്കാക്കാർ ബെറോയായിലുമെത്തി അവിടുത്തെ ജനങ്ങളെ ശ്ലീഹന്മാർക്കെതിരെ ഇളക്കി. ഉടൻതന്നെ സഹോദരർ പൗലോസിനെ കടൽമാർഗം ആഥൻസിലേക്കു യാത്രയാക്കി. സീലായും തിമോത്തേയോസും ബെറോയായിൽത്തന്നെ താമസിച്ചു. എങ്കിലും എത്രയും വേഗം തന്റെയടുക്കൽ എത്തിച്ചേരണമെന്ന് പൗലോസ് കത്തുമുഖേന അവരെ അറിയിച്ചു. 

അദ്ധ്യായം 4 

പൗലോസ് ആഥൻസിൽ 

പുരാതന ഗ്രീസിലെ ഏറ്റവും പ്രസിദ്ധമായ പട്ടണം ആഥൻസായിരുന്നു. മിശിഹായ്ക്കുമുമ്പ് ആറും അഞ്ചും നൂറ്റാണ്ടുകളിൽ കലാ സാഹിത്യ തത്ത്വശാസ്ത്ര രാഷ്ട്രീയ ചരിത്ര മണ്ഡലങ്ങളിലെല്ലാം ആഥൻസ് ഭുവനപ്രസിദ്ധമായിരുന്നു. ആ മഹാപട്ടണത്തിലാണ് പൗലോസ് തൻ്റെ അതിപ്രസിദ്ധമായ സുവിശേഷപ്രഘോഷണം നടത്തിയത്. ആഥൻസുകാരുടെ മതാത്മകതയും ജിജ്ഞാസയുമായി ബന്ധപ്പെടുത്തിയാണ് പൗലോസ് സുവിശേഷം അവതരിപ്പിക്കുന്നത്. നട 14, 15-17 - ൽ അവലംബിച്ചിരുന്ന രീതി തന്നെയാണ് ഇവിടെയും വികസിപ്പിച്ച് അവതരിപ്പിക്കുന്നത്. 

ആഥൻസു പട്ടണത്തിലൂടെ ചുറ്റിനടക്കുമ്പോൾ എല്ലായിടത്തും ദേവന്മാരുടെ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നത് അദ്ദേഹം കണ്ടു. അത് അദ്ദേഹത്തെ ഒട്ടൊക്കെ അസ്വസ്ഥനാക്കുകയും ചെയ്തു. പുതിയ തെന്തെങ്കിലും പറയുവാനോ കേൾക്കുവാനോ അല്ലാതെ മറ്റൊന്നിനും അവർക്കു താല്‌പര്യമുണ്ടായിരുന്നില്ല എന്നാണു വി. ലൂക്കാ ആഥൻസുകാരെയും അവിടെയുണ്ടായിരുന്ന വിജാതീയരെയുംകുറിച്ചു സാക്ഷ്യ പ്പെടുത്തുന്നത് (നട 17,21). ഈശോയുടെ ഉത്ഥാനത്തെക്കുറിച്ചുള്ള പൗലോസിന്റെ പ്രസംഗം പുതുമയുള്ളതായി തോന്നിയതുകൊണ്ട് ആഥൻസുകാർ കൗതുകപൂർവം കേട്ടു. അവർ പൗലോസിനെ അരയോപ്പഗോസ് എന്ന പൊതുവേദിയിലേക്ക് ആനയിച്ചിട്ട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു. 

പൗലോസ് അവരുടെ പശ്ചാത്തലത്തിൽനിന്നുതന്നെ തന്റെ പ്രസംഗം ആരംഭിച്ചു. പട്ടണത്തിലെ വിഗ്രഹങ്ങൾ വിളിച്ചറിയിക്കുന്ന അവരുടെ ദേവഭക്തിയെ പുകഴ്ത്തിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. അവരുടെ ദേവന്മാരുടെ ആലയത്തിനുള്ളിൽ 'അജ്ഞാതദേവന്' എന്നെഴുതിയ ഒരു ബലിപീഠം അദ്ദേഹം കണ്ടിരുന്നു. അവർ അറിയാതെതന്നെ ആരാധിച്ചിരുന്ന ആ ദേവൻ സകലത്തിൻ്റെയും സ്രഷ്‌ടാവായ ദൈവമാണെന്നു പൗലോസ് സമർത്ഥിച്ചു. തനിക്കു വസിക്കാൻ മനുഷ്യ നിർമ്മിതമായ ആലയങ്ങൾ ആവശ്യമില്ലാത്ത സകലത്തിന്റെയും നാഥനായ അവിടുന്ന് മനുഷ്യർക്ക് ആയുസ്സും ജീവനും പ്രദാനം ചെയ്യുന്നു. അവിടുന്ന് സകല ജനപദങ്ങൾക്കും അസ്‌തിത്വം നല്‌കുകയും അവരുടെ വാസത്തിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നത് എല്ലാവരും ദൈവത്തെ അന്വേഷിക്കാനും സൃഷ്ട‌വസ്‌തുക്കളിൽ അവിടുത്തെ കണ്ടെത്തുവാനുമാണ് (നട 17,27). കാരണം, അവിടുന്ന് നമ്മിലാരിൽ നിന്നും ഒട്ടും അകലെയല്ല. നാം നിലനില്ക്കുന്നതും ജീവിക്കുന്നതും ചരിക്കുന്നതുമെല്ലാം ഈ ദൈവത്തിലാണ്. നാം അവിടുത്തെ സന്താനങ്ങളാണെന്ന് അവരുടെതന്നെ ചില കവികൾ പറഞ്ഞിട്ടുണ്ടല്ലോ എന്ന് പൗലോസ് അവരെ അനുസ്‌മരിപ്പിച്ചു. അറാറ്റസ് എന്ന ഗ്രീക്ക് എഴുത്തകാരനെയാണ് പൗലോസ് ഉദ്ദേശിച്ചത്. 

മനുഷ്യഭാവനയും ശില്‌പകലയും രൂപപ്പെടുത്തുന്ന സ്വർണ്ണമോ വെള്ളിയോ കല്ലോ കൊണ്ടുള്ള വിഗ്രഹങ്ങൾ പോലെയാണു ദൈവരൂപമെന്നു ചിന്തിക്കരുതെന്നും പൗലോസ് അവരെ ഉപദേശിച്ചു. ഇതുവരെ ആഥൻസുകാർ ഈ സത്യമറിയാതിരുന്നതുകൊണ്ട് അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുക്കുകയില്ല. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നും പൗലോസ് കൂട്ടിച്ചേർത്തു (നട 17,30). കാരണം, താൻ നിയോഗിച്ച ഒരു മനുഷ്യൻവഴി ലോകത്തെ നീതിപൂർവ്വം വിധിക്കാൻ ദൈവം ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. മരണശേഷം അവിടുത്തെ ഉയിർപ്പിച്ചുകൊണ്ട് തന്നിലുള്ള വിശ്വാസത്തിലേക്കു ദൈവം സകലരെയും കൊണ്ടുവന്നിരിക്കുന്നു (നട 17,31). ആമുഖം കൂടാതെ (17,22-23) നാലു ഭാഗങ്ങൾ ഈ പ്രസംഗത്തിൽ കാണാം. 

 1. അജ്ഞാതദേവനും പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവായ ദൈവവും തമ്മിലുള്ള അന്തരം (17,24-25).

 2. മനുഷ്യനെ സൃഷ്‌ടിച്ച ഈ ദൈവത്തിൻ്റെ സാമീപ്യം (17,26-27).

 3. മനുഷ്യവർഗവുമായി ഈ ദൈവത്തിനുള്ള ബന്ധം (17,28-29).

 4. ഉത്ഥിതനായ ഈശോവഴി ദൈവം നടത്താനിരിക്കുന്ന ന്യായവിധി (17,30-31). 

മരിച്ചവരുടെ ഉയിർപ്പിനെപ്പറ്റി കേട്ടപ്പോൾ ചിലർ പരിഹസിച്ചു. എന്നാൽ മറ്റുചിലർ വിശ്വസിക്കുകയും പൗലോസിനെ അനുഗമിക്കുകയും ചെയ്തു. വിശ്വാസം സ്വീകരിച്ചവരിൽ ന്യായാധിപനായ ദിയൊനോസിയോസും ദാമറീസ് എന്ന സ്ത്രീയും മറ്റു ചിലരുമുൾപ്പെട്ടിരുന്നു. വേറെ ചിലർ പറഞ്ഞു: "ഞങ്ങൾ ഇതെപ്പറ്റി പിന്നീടൊരിക്കൽ കേട്ടുകൊള്ളാം." ഈ പ്രതികരണത്തിൽ നിരാശനായ പൗലോസ് ആഥൻസുവിട്ട് കോറിന്തോസിലേക്കു പോയി. 

 

അദ്ധ്യായം 5 

പൗലോസ് കോറിന്തോസിൽ 

ആഥൻസിൽനിന്നു കോറിന്തോസിലെത്തിയ പൗലോസ് പോന്തോസുകാരനായ അക്വീലാ എന്ന യഹൂദനെ അവിടെ കണ്ടുമുട്ടി. മിശിഹാവർഷം 49 -ഓടുകൂടി റോമിൽനിന്ന് ചക്രവർത്തി ക്ലാവുദിയൂസ് റോമിൽനിന്ന് യഹൂദരെയെല്ലാം പുറത്താക്കിയതിനെത്തുടർന്ന് യഹൂദ ക്രൈസ്തവർക്കും നാടുവിടേണ്ടിവന്നു. അപ്രകാരമാണ് അക്വീലാ തന്റെ ഭാര്യയായ പ്രിഷില്ലായുമൊത്ത് കോറിന്തോസിലെത്തിയത്. പൗലോസിനെപ്പോലെ അവരും തോൽപ്പണി (കൂടാരപ്പണി)ക്കാരായിരുന്നതുകൊണ്ട് അദ്ദേഹം അവരോടൊത്താണു താമസിച്ചത്. പൗലോസ് അവിടെ പാർക്കുമ്പോൾ മാസിഡോണിയായിലെ തെസലോനിക്കായിൽനിന്ന് സീലായും തിമോത്തേയോസും പൗലോസിൻ്റെ പക്കലെത്തി. 

പൗലോസ് തനിക്കു പതിവായിരുന്നതുപോലെ സാബത്തുകളിൽ സിനഗോഗുകളിൽ സംസാരിച്ച്, നസ്രായനായ ഈശോയാണ് മിശിഹാ എന്ന് യഹൂദരെയും വിജാതീയരെയും ബോദ്ധ്യപ്പെടുത്തിയിരുന്നു. മുൻരംഗങ്ങളിലെന്നപോലെ, ഇവിടെയും തിരസ്ക്കരണമാണ് പൗലോസിനു നേരിടേണ്ടിവന്നത്. യഹൂദർ അദ്ദേഹത്തെ എതിർക്കുകയും ദുഷിച്ചുപറയുകയും ചെയ്‌തപ്പോൾ പൗലോസ് വിജാതീയരിലേക്കു തിരിഞ്ഞു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷപ്പെട്ട് പൗലോസിനെ ധൈര്യപ്പെടുത്തിക്കൊണ്ട് അരുളിച്ചെയ്‌തു: "ഭയപ്പെടേണ്ട. നിശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാൽ, ഞാൻ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ഉപദ്രവിക്കുകയില്ല. കാരണം, ഈ നഗരത്തിൽ എനിക്കു വളരെയാളുകളുണ്ട്" (നട 18,9-10). കർത്താവിൻ്റെ ഈ ആശ്വാസവചനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു തുടർന്നുണ്ടായ അനുഭവങ്ങൾ. 

പൗലോസ് അവിടംവിട്ട് സംഘാലയത്തിനടുത്തുണ്ടായിരുന്ന തീത്തോസിന്റെ ഭവനത്തിലേക്കു പോയി. അയാൾ ദൈവഭയമുള്ള വ്യക്തിയായിരുന്നു. സംഘപ്രമാണിയായ ക്രിസ്പോസും കുടുംബം മുഴുവനും നമ്മുടെ കർത്താവിൽ വിശ്വസിച്ചു. കോറിന്തോാസുകാരിൽ പലരും ഈ പാത പിന്തുടർന്ന് വിശ്വസിച്ചു മാമ്മോദീസാ സ്വീകരിച്ചു. ഒന്നര വർഷത്തോളം അവിടെ താമസിച്ചുകൊണ്ട് പൗലോസ് അവരോടു ദൈവവചനം പ്രസംഗിച്ചു. 

ഒന്നര വർഷം കഴിഞ്ഞപ്പോൾ യഹൂദർ പൗലോസിനെ ബന്ധിച്ച് അക്കായിയായിലെ ദേശാധിപതിയായിരുന്ന ഗാല്ലിയോയുടെ ന്യായാസനത്തിങ്കൽ ഹാജരാക്കി. മിശിഹാവർഷം 52-ഓടുകൂടിയായിരുന്നിത്. നിയമവിരുദ്ധമായ ദൈവാരാധന നടത്താൻ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം (നട 18,13). യഹൂദമതത്തെ സംബന്ധിക്കുന്ന കാര്യങ്ങളായതിനാൽ അതെക്കുറിച്ചു വിധി പറയാൻ താൻ മുതിരുന്നില്ല എന്നതായിരുന്നു ഗാല്ലിയോയുടെ മനോഭാവം. ഏതെങ്കിലും കുറ്റത്തിന്റെയോ അക്രമത്തിന്റെയോ പേരിലായിരുന്നെങ്കിൽ ആരോപണം സ്വീകരിക്കാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു (നട 18,14-15). ഇത്രയും പറഞ്ഞ് അവരെ അദ്ദേഹം കോടതിക്കു പുറത്താക്കി. നിരാശരായ ജനക്കൂട്ടം പൗലോസിനെ ബന്ധിക്കുന്നതിനു മുൻകയ്യെടുത്ത സൊസ്തെനോസിനെ പിടിച്ചു കോടതിക്കു മുമ്പിൽവച്ച് അടിച്ചു. ഗാല്ലിയാ അതും മതത്തിനുള്ളിലെ പ്രശ്‌നമെന്നു കരുതി കണ്ടില്ലെന്നു നടിച്ചു. 

കോറിന്തോസിൽ ദീർഘനാൾ ചിലവഴിച്ചശേഷം പൗലോസ് അക്വീലായോടും പ്രിഷില്ലായോടുംകൂടെ സിറിയായിലേക്കു കപ്പൽ കയറി. പോകുംവഴി കെംക്രേയിൽവച്ച് നേർച്ച നിറവേറ്റാനായി പൗലോസ് തന്റെ തല മുണ്ഡനം ചെയ്‌തു. എഫേസോസിലെത്തിയപ്പോൾ സിനഗോഗിൽ പ്രവേശിച്ചു യഹൂദരോടു സംസാരിച്ചു. കുറെനാൾ തങ്ങളോടൊത്തു താമസിക്കണമെന്ന് അവർ നിർബന്ധിച്ചെങ്കിലും പൗലോസ് വഴങ്ങിയില്ല. ദൈവമനുഗ്രഹിച്ചാൽ വീണ്ടും വരാം എന്ന വാഗ്‌ദാനത്തോടെ, അക്വീലായെയും പ്രിഷില്ലായെയും അവിടെ വിട്ടിട്ട്, കപ്പൽമാർഗം അദ്ദേഹം കേസറിയായിലെത്തി. അവിടുത്തെ സഭയെ അഭിവാദനം ചെയ്‌തിട്ട് സിറിയായിലെ അന്ത്യോക്യായിലേക്കു മടങ്ങിപ്പോയി. 

മിശിഹാവർഷം 51 -ഓടുകൂടി കോറിന്തോസിൽനിന്നു യാത്രയായ പൗലോസ് 54 -ൽ എഫേസോസിൽവച്ച് അവർക്ക് ഒന്നാം ലേഖനമെഴുതി. ഇതിനുമുമ്പ് പൗലോസ് അവർക്കു വേറൊരു കത്തയച്ചിരുന്നതിനെക്കുറിച്ച് ആ ലേഖനത്തിൽ സൂചനയുണ്ടെങ്കിലും (1 കോറി 5,9) അതു നമുക്കു ലഭിച്ചിട്ടില്ല. കത്തിൽനിന്നു നമുക്കു മനസ്സിലാകുന്നതുപോലെ കോറിന്തോസുകാർ സർവവചനത്തിലും സർവജ്ഞാനത്തിലും അഭിവൃത്തി പ്രാപിച്ചുവന്നു (1 കോറി 1,4-9). ഈ സമ്പന്നത അവരെ അപകടത്തിലേക്കു നയിച്ചു. പൗലോസിട്ട സുവിശേഷാടിസ്ഥാനത്തിൽനിന്നു വ്യതിചലിച്ച് അവർ സഭയിൽ ഭിന്നതയുളവാക്കി (1 കോറി 1,12). അവരിൽ കുറെപ്പേർ ക്രൂശിതനായ മിശിഹായെക്കുറിച്ചുള്ള സുവിശേഷം ഉപേക്ഷിച്ച് മാനുഷികവിജ്ഞാനത്തിലും വരദാനങ്ങളുടെ സമൃദ്ധിയിലും അഹങ്കരിച്ചുതുടങ്ങി. അവർക്ക് എല്ലാം അനുവദനീയമാണ് എന്നതായിരുന്നു ചിന്ത (1 കോറി 6,12; 10,23). ക്രിസ്‌തീയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ തെറ്റായ ധാരണ അരാജകത്വത്തിലേക്കു നയിച്ചു. ശക്തമായ ഭാഷയിൽ ഈ പ്രവണതകളെ അപലപിക്കുന്നതിനും ശരിയായ പ്രബോധനം നല്‌കുന്നതിനും വേണ്ടിയാണ് പൗലോസ് ലേഖനമെഴുതിയത്. കത്തിനു പുറമെ, തനിക്കേറ്റം പ്രയപ്പെട്ടവനും കർത്താവിൽ വിശ്വസ്തനുമായ തിമോത്തേയോസിനെ അവരുടെ പക്കലേക്ക് അയയ്ക്കുകയും ചെയ്തു‌ (1 കോറി 4,17; 16,10-11). 

അതുകൊണ്ടൊന്നും കോറിന്തോസിലെ പ്രശ്‌നങ്ങൾ അവസാനിച്ചില്ല. ശ്ലീഹന്മാർ പ്രഘോഷിച്ച സുവിശേഷത്തിൽനിന്നു വ്യത്യസ്‌തമായ സുവിശേഷവുമായി പ്രത്യക്ഷപ്പെട്ട ചിലർ വിശ്വാസികളെ വഴി തെറ്റിച്ചു തുടങ്ങി (2 കോറി 3,1; 10, 12; 11,4-23). അവർ പൗലോസിന്റെ ശ്ലൈഹിക സ്ഥാനത്തെ ചോദ്യം ചെയ്യുക പോലും ചെയ്തു‌. ഇക്കൂട്ടർക്കുള്ള മറുപടിയാണ് കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിലുള്ളത്. 

 

VII 

പൗലോസിന്റെ 

മൂന്നാം പ്രേഷിതയാത്ര 

മൂന്നാം പ്രേഷിതയാത്രയും ആരംഭിച്ചത് അന്ത്യോക്യായിൽ നിന്നാണ് (നട 18,23-21,16). ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങൾ സന്ദർശിച്ച് പൗലോസ് ശിഷ്യന്മാർക്കു ശക്തി പകർന്നു കൊടുത്തു. എഫേസോസിൽ രണ്ടുവർഷക്കാലം താമസിച്ചു സുവിശേഷം പ്രഘോഷിച്ചു. ലേഖനങ്ങളിൽ പലതും എഴുതപ്പെട്ടത് ഇവിടെ വച്ചാണ്. മിശിഹാവർഷം 53-58 ലെ ഈ യാത്രയിലും സീലായും തിമോത്തിയോസും ലൂക്കായും പൗലോസിന്റെ കൂടെയുണ്ട്. 

 

അദ്ധ്യായം 1 

പൗലോസ് വീണ്ടും എഫേസോസിൽ 

പൗലോസിന്റെ മൂന്നാം പ്രേഷിതയാത്രാവിവരണം ലൂക്കാ ആരംഭിക്കുന്നത് അപ്പോളോസിനെ അവതരിപ്പിച്ചുകൊണ്ടാണ് (നട 18,24 -28). തന്റെ സഹോദരനും സഹപ്രവർത്തകനുമെന്ന് പൗലോസ് ശ്ലീഹാ വിശേഷിപ്പിക്കുന്ന (1 കോറി 1,12; 3,4-6.22; 4,6; 16,12) അലക്സാണ്ഡിയാക്കാരനായ അപ്പോളോസ് വിശുദ്ധലിഖിതത്തിൽ അതീവ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. കർത്താവിൻ്റെ മാർഗത്തെക്കുറിച്ച് ഉപദേശം ലഭിച്ചിരുന്ന അദ്ദേഹം ഈശോയെക്കുറിച്ചു പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്ത‌തിരുന്നു. പക്ഷേ, അദ്ദേഹത്തിനു യോഹന്നാൻ മാംദാനയുടെ മാമ്മോദീസായെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. ക്രൈസ്തവ മാമ്മോദീസാ അദ്ദേഹത്തിന് അജ്ഞാതമായിരുന്നു എന്നത് വിചിത്രമായിരിക്കുന്നു. എഫേസോസിലെത്തിയ അദ്ദേഹം സംഘങ്ങളിൽ ഈശോയെക്കുറിച്ചു പ്രഘോഷിച്ചു. ഇതു കേട്ട അക്വീലായും പ്രിഷില്ലായും അയാളെ വീട്ടിൽ കൊണ്ടുപോയി, കർത്താ വിന്റെ മാർഗം വളരെ കൃത്യമായി പറഞ്ഞുകൊടുത്തു. അയാൾ അക്കായിയായിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ, അയാളെ സ്വീകരിക്കണമെന്നു കാണിച്ച് അവിടെയുള്ള വിശ്വാസികൾക്ക് ശുപാർശക്കത്തു നല്കുകയും ചെയ്തു (നട 18,27). അക്കായിയായിലെത്തിയ അപ്പോളോസ് വിശ്വാസികളെ സഹായിക്കുകയും തിരുലിഖിതങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഈശോ തന്നെയാണു മിശിഹായെന്നു സമർത്ഥിക്കുകയും യഹൂദരുടെ വാദങ്ങൾ ശക്തിയുക്തം ഖണ്ഡിക്കുകയും ചെയ്തിരുന്നു.

ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൗലോസ് എഫേസോസിലെത്തി. അവിടെ അദ്ദേഹം കണ്ടുമുട്ടിയ ചില ശിഷ്യർ പരിശുദ്ധാരൂപിയെക്കുറിച്ചു കേട്ടിട്ടുപോലുമില്ലായിരുന്നു. അവർ സ്വീകരിച്ചിരുന്നതു സനാപകയോഹന്നാൻ്റെ മാമ്മോദീസാ മാത്രമായിരുന്നു. സ്‌നാപകൻ പ്രസംഗിച്ചിരുന്ന അനുതാപത്തിൻ്റെ മാമ്മോദീസാ മിശിഹായെ സ്വീകരിക്കാനുള്ള ഒരുക്കം മാത്രമായിരുന്നുവെന്നും ഈശോയിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ അതിൻ്റെ ലക്ഷ്യം പൂർത്തിയാവുകയുള്ളു എന്നും പൗലോസ് അവരെ ബോദ്ധ്യപ്പെടുത്തി. അതുകേട്ട് പന്ത്രണ്ടോളംവരുന്ന അവർ കർത്താവായ ഈശോയുടെ നാമത്തിൽ മാമ്മോദീസാ സ്വീകരിച്ചു. പൗലോസ് കൈവച്ചപ്പോൾ പരിശുദ്ധറൂഹാ അവരുടെമേൽ ആവസിച്ചു. അവർ പല ഭാഷകൾ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്‌തു (നട 19,1-7). 

ഈ സംഭവം മുൻരംഗത്തിലെ സംഭവവുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാൻ. രണ്ടിടത്തും യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രമറിയാവുന്ന ആൾക്കാരെയാണു നമ്മൾ കാണുന്നത്. ഇരു കൂട്ടരും മിശിഹാമാർഗത്തിലേക്ക് ആനയിക്കപ്പെടുന്നു. മിശിഹായ്ക്കു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന് ഒരു ശിഷ്യസമൂഹമുണ്ടായിരുന്നു എന്നതു സുവിശേഷങ്ങളിൽ നിന്നു വ്യക്തമാണല്ലോ. അവർ എപ്രകാരമാണ് ക്രമേണ മിശിഹായിലുള്ള വിശ്വാസത്തിലേക്കു വരുന്ന തെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. 

പൗലോസ് എഫേസോസിലെ സംഘത്തിൽ പ്രവേശിച്ച് മൂന്നു മാസക്കാലത്തോളം ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു. എന്നാൽ കഠിനഹൃദയരായ ചില യഹൂദർ അദ്ദേഹത്തിൻ്റെ സുവിശേഷസന്ദേശം സ്വീകരിക്കാതെ, ദൈവത്തിൻ്റെ മാർഗത്തെക്കുറിച്ചു വിജാതീയരുടെ മുമ്പാകെ ദുഷിച്ചു സംസാരിച്ചു. അതിനാൽ പൗലോസ് ശിഷ്യരുമൊത്തു ടീറനോസിന്റെ പാഠശാലയിൽപ്പോയി ദിവസവും ചർച്ചകൾ നടത്തിപ്പോന്നു. ഇപ്രകാരം രണ്ടു വർഷത്തോളം തുടർന്നതിനാൽ ഏഷ്യാനിവാസികളായ യഹൂദരും വിജാതീയരും കർത്താവിന്റെ വചനം ശ്രവിച്ച് (നട 19,8-10), ഈശോയിലുള്ള വിശ്വാസത്തിലേക്കു വന്നു. 

അദ്ധ്യായം 2 

എഫേസോസിലെ പ്രവർത്തനങ്ങൾ 

രണ്ടു മൂന്നു വർഷക്കാലം (നട 19,8-10; 20,31) എഫേസോസിൽ സുവിശേഷവചനം പ്രഘോഷിച്ച പൗലോസ് അസാധാരണമായ അത്ഭുതങ്ങളും പ്രവർത്തിച്ചു. അദ്ദേഹം സ്‌പർശിച്ച തൂവാലയോ വസ്ത്രമോ രോഗികളുടെയും പിശാചുബാധിതരുടെയും അടുക്കൽ കൊണ്ടുവന്നപ്പോൾ അവരുടെ രോഗം വിട്ടുമാറുകയും പിശാചുബാധ ഒഴിവാകുകയും ചെയ്തിരുന്നു (നട 19,11-12). ബാധയൊഴിപ്പിക്കൽ തൊഴിലാക്കിയിരുന്ന ചില യഹൂദർ ഇതുകണ്ട് ആകൃഷ്‌ടരായി, "പൗലോസ് പ്രസംഗിക്കുന്ന ഈശോയുടെ നാമത്തിൽ നിന്നോടു ഞാൻ കല്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അശുദ്ധാത്മാവു ബാധിച്ചവരുടെമേൽ ഈശോയുടെ നാമം പ്രയോഗിച്ചു നോക്കി. സ്കേവാ എന്നുപേരുള്ള ഒരു യഹൂദ പുരോഹിതൻ്റെ ഏഴു പുത്രന്മാരാണ് ഇങ്ങനെ ചെയ്യുന്നതിനു മുൻകൈയെടുത്തിരുന്നത്. എന്നാൽ, അശുദ്ധാരൂപി അവരോടു പറഞ്ഞു: “ഈശോയെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം. എന്നാൽ, നിങ്ങൾ ആരാണ്?" (നട 19,15-16). അശുദ്ധാരൂപി ബാധിച്ചിരുന്ന ആ മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തി. മുറിവേറ്റ നിലയിൽ നഗ്നരായി അവർ ഓടിപ്പോയി. ഈ വിവരമറിഞ്ഞ എഫേസോസ് നിവാസികളിലെല്ലാവരിലും അത്യധികം ഭയമുളവായി. പലരും തങ്ങളുടെ കുറ്റങ്ങൾ ഏറ്റുപറഞ്ഞ് വിശ്വാസം സ്വീകരിച്ചു. മന്ത്രവാദം നടത്തിയിരുന്ന പലരും വലിയ വില വരുന്ന തങ്ങളുടെ ഗ്രന്ഥച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. അങ്ങനെ, കർത്താവിൻ്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്തി വെളിപ്പെടുകയും ചെയ്‌തു. ഈശോയുടെ നാമത്തിനു വലിയ മഹത്ത്വമുണ്ടായി (നട 19,17-20). 

ഈ സംഭവങ്ങൾക്കുശേഷം മാസിഡോണിയാ, അക്കായിയാ എന്നിവിടങ്ങളിലൂടെ ജറുസലേമിലേക്കു പോകാൻ പൗലോസ് തീരുമാനിച്ചു. റോമാകൂടി കാണണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. തിമോത്തേയോസിനെയും എറാതോസിനെയും മാസിഡോണിയായിലേക്ക് അയച്ചശേഷം അദ്ദേഹം കുറച്ചുനാൾകൂടി ഏഷ്യയിൽ താമസിച്ചു (നട 19,21-22). 

എഫേസോസിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമായിരുന്നു അർത്തേമിസിന്റേത്. ഇതിൻ്റെ വെള്ളിമാതൃകകൾ നിർമ്മിച്ചു പണമുണ്ടാക്കിയിരുന്ന ദെമേത്രിയോസ് എന്നയാൾ അനേകർക്കു തൊഴിൽ നല്കിയിരുന്നു. പൗലോസ് പ്രസംഗിക്കുന്ന സുവിശേഷം തന്റെ ധനസമ്പാദന മാർഗത്തിനു ഭീഷണിയാകുമെന്നു കണ്ട അദ്ദേഹം ജോലിക്കാരെ സംഘടിപ്പിച്ച് പൗലോസിനെതിരെ തിരിച്ചു. മനുഷ്യനിർമ്മിത ദേവന്മാർ ദേവന്മാരല്ലെന്നു പറഞ്ഞ് ജനത്തെ വഴി തെറ്റിക്കുന്ന പൗലോസ്മൂലം അർത്തേമിദേവി അവഗണിക്കപ്പെടുകയും തങ്ങളുടെ തൊഴിൽ അപഹാസ്യമാവുകയും ചെയ്യും എന്നദ്ദേഹം അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. തദ്ഫലമായി, നഗരം മുഴുവൻ ഇളകിവശായി. അവർ പൗലോസിന്റെ സഹപ്രവർത്തകരും മാസിഡോണിയാക്കാരുമായ ഗായോസിനെയും അരിസ്താർക്കൂസിനെയും വലിച്ചിഴച്ചുകൊണ്ട് പൊതു മണ്ഡപത്തിലേക്കു തള്ളിക്കയറി. മണ്ഡ‌പത്തിലേക്കു പോകാൻ പൗലോസും ആഗ്രഹിച്ചെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം മാനിച്ച് അതിൽ നിന്നു പിന്മാറി. എന്തിനുവേണ്ടിയാണ് സമ്മേളിച്ചത് എന്നുപോലും പലർക്കും അറിയില്ലായിരുന്നു. അവിടെയുണ്ടായിരുന്ന യഹൂദർ അലക്സാണ്ടർ എന്ന യഹൂദനെ സംസാരിക്കാനായി നിശ്ചയിച്ചു. അയാൾ ഒരു യഹൂദനാണെന്നും യഹൂദജനത്തെ ന്യായീകരിച്ചു മാത്രമേ സംസാരിക്കുകയുള്ളുയെന്നും മനസ്സിലാക്കിയ ജനക്കൂട്ടം, എഫേസോസുകാരുടെ അർത്തേമിസ് ദേവിക്കു മഹത്ത്വം എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. ഈയവസരത്തിൽ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് നഗരാധിപൻ സംസാരിച്ചു. ജനക്കൂട്ടത്തെ അനുനയിപ്പിച്ചതോടൊപ്പം ക്രൈസ്തവമിഷനറിമാർ അവരുടെ ദേവിക്കെതിരെ ദൂഷണമൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതു ന്യായാധിപൻ്റെ പക്കൽ ബോധിപ്പിച്ച് പരിഹാരം തേടുകയാണു വേണ്ടതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം അവരെ പിരിച്ചുവിട്ടു. 

വെള്ളിപ്പണിക്കാരുണ്ടാക്കിയ ലഹളമൂലം പൗലോസ്ശ്ലീഹായ്ക്ക് എഫേസോസിൽ തുടരാൻ പറ്റാത്ത അവസ്ഥ സംജാതമായി. അതുകൊണ്ട് തന്റെ മൂന്നാം പ്രേഷിതയാത്ര അവസാനിപ്പിച്ച് സിറിയായിലേക്കു മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ത്രോവാസിൽനിന്ന് കപ്പൽ മാർഗം നെയാപ്പോളിസിലേക്കും അവിടെനിന്ന് കരവഴി ഫിലിപ്പിയിലേക്കും പോയിരിക്കാനാണ് സാധ്യത. മാസിഡോണിയായിൽ എവിടെയെങ്കിലുംവച്ച് കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിന്റെ കുറെ ഭാഗം എഴുതിക്കാണണം. ഫിലിപ്പിയിൽനിന്നും ആംഫിപോളിസ്, അപ്പോളോനിയാ, തെസലോനിക്കാ, ബെറോയാ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ ഉപദേശങ്ങൾ വഴി ധൈര്യപ്പെടുത്തിയശേഷം പൗലോസ് ഗ്രീസിലേക്കു പോയി (നട 20,2). അവിടെ മൂന്നു മാസം താമസിച്ചു. ഇവിടെ ചിലവഴിച്ച ഈ കാലഘട്ടത്തിലാവണം (മിശിഹാവർഷം 57-58) റോമാക്കാർക്കുള്ള ലേഖനം പൗലോസ് എഴുതിയത്. അവിടെ നിന്നു സിറിയായിലേക്കു പോകാനൊരുങ്ങുമ്പോഴാണ് യഹൂദർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയെക്കുറിച്ച് പൗലോസ് അറിഞ്ഞത്. അതുകൊണ്ട് അദ്ദേഹം മാസിഡോണിയായിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു. മുമ്പ് എഫേസോസിൽ ആയിരിക്കുമ്പോൾ തന്നെ, മാസിഡോണിയായിലേക്കും അക്കായിയായിലേക്കും പോകാൻ പൗലോസ് നിശ്ചയിച്ചിരുന്നതാണല്ലോ (നട 19,21). തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ചറിഞ്ഞതുകൊണ്ട് യാത്ര കരമാർഗമാക്കി. എന്നു മാത്രം. ബെറോയാക്കാരനായ സോപത്രോസ്, തെസലോനിക്കാക്കാരനായ അരിസ്റ്റാർക്കൂസ് (നട 19,29), സെക്കുന്തോസ്, ദെർബേക്കാരനായ ഗായോസ് (നട 19,29), ലിസ്ത്രാക്കാരനായ തിമോത്തേയോസ് (നട 16,1), ഏഷ്യാക്കാരനായ തീക്കിക്കോസ്, ത്രോപിമോസ് എന്നിങ്ങനെ ഏഴുപേരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവർ മുമ്പേപോയി ഏഷ്യാമൈനറിലെ ത്രോവാസിൽ അവരെ കാത്തിരുന്നു. ഈ രംഗം മുതൽ വീണ്ടും പൗലോസ്‌ശ്ലീഹായുടെകൂടെ ഗ്രന്ഥകർത്താവായ വി. ലൂക്കായെയും നമ്മൾ കാണുന്നുണ്ട് (നട 20,5-15). 

 

അദ്ധ്യായം 3 

ആദിമ സഭയിലെ അപ്പം മുറിക്കൽ 

ഫിലിപ്പോയിലെ വിശ്വാസികളോടൊപ്പം പെസഹാ ആഘോഷിച്ചതിനുശേഷം അവിടുത്തെ തുറമുഖമായ നെയാപ്പോളിസിൽനിന്നു കപ്പൽവഴി അഞ്ചുദിവസംകൊണ്ട് പൗലോസും കൂട്ടരും ത്രോവാസിലെത്തി. ഏഴു ദിവസം അവിടെ താമസിച്ചു. തുടർന്നു ലൂക്കാ വിവരിക്കുന്നത് ആദിമ സഭയിലെ അപ്പം മുറിക്കൽ ശുശ്രൂഷയാണ് (നട 20,7-12). ജറുസലേം സഭയിൽ പന്തക്കുസ്‌താദിനം മുതൽ അപ്പംമുറിക്കൽ ശുശ്രൂഷ ഉണ്ടായിരുന്നല്ലോ (നട 2,42-47). ഇരുപതാമദ്ധ്യായത്തിലെ വിവരണത്തിൽനിന്നും ആദിമ സഭയിലെ അപ്പംമുറിക്കലിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നമുക്കു ലഭിക്കുന്നുണ്ട്. 

  1. ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്‌ചയാണ് അപ്പം മുറിക്കാനായി വിശ്വാസികൾ ഒന്നിച്ചുകൂടിയിരുന്നത്. നമ്മുടെ കർത്താവിന്റെ ഉത്ഥാനം അനുസ്‌മരിച്ചിരുന്ന ദിവസമാണ് ഞായർ. ഉത്ഥിതനായ കർത്താവിന്റെ സാന്നിധ്യം തന്നെയാണല്ലോ അപ്പംമുറിക്കലിലും അനുഭവിച്ചിരുന്നത്. 
  2. ഒരു പ്രദേശത്തുള്ള വിശ്വാസികളെല്ലാവരും ഒന്നിച്ചുകൂടിയാണ് അപ്പം മുറിച്ചിരുന്നത്. വിശ്വാസികളുടെ കൂട്ടായ്‌മയുടെ ആഘോഷം കൂടിയായിരുന്നത്.  അപ്പംമുറിക്കലിന് പ്രാരംഭമായി വചനശുശ്രൂഷ ഉണ്ടായിരുന്നു. ശ്ലീഹന്മാർ സന്നിഹിതരായിരുന്നപ്പോൾ അവർ തങ്ങളുടെ മിശിഹാനുഭവം പങ്കുവയ്ക്കുകയും അതിൻ്റെ വെളിച്ചത്തിൽ ഉപദേശങ്ങൾ നല്കുകയുമായിരുന്നു പതിവ്. ത്രോവാസിൽ പൗലോസ്ശ്ലീഹായാണ് ഈ വചനശുശ്രൂഷ നിർവ്വഹിക്കുന്നത്. ദീർഘനേരം സംസാരിക്കുന്ന രീതിയുണ്ടായിരുന്നു. സമൂഹത്തിനു വിശ്വാസപരിശീലനം നല്കുന്നതിനുള്ള മുഖ്യവേദി ഇതായിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാകണം ആദിമ സഭാപിതാക്കന്മാർ 'മിസ്റ്റഗോജിക്കൽ കാറ്റേക്കേസിസ്' വികസിപ്പിച്ചത്. പരിശുദ്ധ കുർബാന മദ്ധ്യേ നല്‌കപ്പെട്ടിരുന്ന ഈ മതാദ്ധ്യാപന പ്രസംഗങ്ങളുടെ രൂപത്തിലായിരുന്നു സഭാപിതാക്കന്മാർ വിശ്വാസരഹസ്യങ്ങളിലേക്ക് വിശ്വാസികളെ ആനയിച്ചിരുന്നത്. തിയഡോറിൻ്റെയും മറ്റും മതാദ്ധ്യാപനപ്രസംഗങ്ങൾ പ്രസിദ്ധങ്ങളാണല്ലോ. 
  1. സമ്മേളനമുറി ധാരാളം വിളക്കുകൾകൊണ്ട് അലങ്കരിച്ചിരുന്നു (നട 20,8). ദീപാലങ്കാരങ്ങൾ വലിയ സന്തോഷത്തിന്റെ ബാഹ്യപ്രകടനമാണല്ലോ. 
  2. മുറിച്ച അപ്പം ഭക്ഷിക്കുക എന്നത് ഈ ശുശ്രൂഷയുടെ അവശ്യഘടകമായിരുന്നു. പൗലോസ് മാത്രം ഭക്ഷിച്ചതിനെക്കുറിച്ചേ വി. ലൂക്കാ വിവരിക്കുന്നുള്ളൂവെങ്കിലും എല്ലാവരുമായി പങ്കുവച്ചു എന്നുവേണം അനുമാനിക്കാൻ. 
  3. അപ്പംമുറിക്കലിൻ്റെ പശ്ചാത്തലത്തിൽ, ജനൽപ്പടിയിൽനിന്നു വീണു മരിച്ച എവുത്തിക്കോസിനു ജീവൻ വീണ്ടു ലഭിക്കുന്നത് മുറിക്കപ്പെടുന്ന അപ്പത്തിന്റെ ജീവദായകശക്തി വെളിപ്പെടുത്തുന്നു. മരണത്തിന്മേലുള്ള കർത്താവിന്റെ വിജയം ആഘോഷിക്കുന്ന സന്ദർഭത്തിൽത്തന്നെ മരിച്ചവനു ജീവൻ വീണ്ടുലഭിക്കുന്നത് തികച്ചും അർത്ഥവത്താണ്. 
  4. അപ്പം മുറിച്ചു ഭക്ഷിച്ചതിനുശേഷവും ദീർഘനേരം പൗലോസ് അവരുമായി സംസാരിച്ചുകൊണ്ടിരുന്നു (നട 20,11). അപ്പംമുറിക്കലിനോട് അനുബന്ധിച്ചുണ്ടായിരുന്ന പരസ്‌പര കൂട്ടായ്‌മയുടെയും ആശയവിനിമയത്തിന്റെയും പ്രകാശനമായിരുന്നത്. 

അദ്ധ്യായം 4 

പൗലോസിന്റെ വിടവാങ്ങൽ പ്രസംഗം 

ത്രോവാസിൽനിന്ന് ആസോസ്, മിത്തിലേന, കിയോസ്, സാമോസ്, ത്രോഗില്ലിയോൺവഴി പൗലോസും കൂട്ടരും മിലേത്തോസിലെത്തി (നട 20,13-15). അവിടെനിന്ന് പൗലോസ് ആളയച്ച് എഫേസോസിലെ ശ്രേഷ്‌ഠന്മാരെ വിളിച്ചുവരുത്തി. അവരിൽനിന്നു വിടവാങ്ങുന്നതിന്റെ ഭാഗമായി വളരെ ഹൃദയസ്‌പർശിയായ ഒരു പ്രസംഗം ചെയ്തു (നട 20,21-35). ലൂക്കാ രേഖപ്പെടുത്തുന്ന പൗലോസിൻ്റെ മൂന്നാമത്തെ പ്രസംഗമാണിത്. പൗലോസ്‌തന്നെ സ്ഥാപിച്ച ഒരു പ്രധാന സഭാസമൂഹമായിരുന്നല്ലോ എഫേസോസിലേത്. ക്രൈസ്തവവിശ്വാസികളോടു പൗലോസ് നടത്തുന്ന ഏക പ്രസംഗമാണിത്. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമെന്ന നിലയിൽ ഇതിനു വലിയ പ്രാധാന്യമുണ്ട്. സഭാനേതൃത്വത്തിനു നല്കുന്നതായതുകൊണ്ട് അജപാലനപരമായ ഊന്നൽ ദൃശ്യമാണ്. മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതിൽ താൻ ചെയ്ത ശുശ്രൂഷകളെ അനുസ്‌മരിച്ചുകൊണ്ട് വചനശുശ്രൂഷയിൽ തന്നെ അനുകരിക്കാൻ പൗലോസ് ശ്രേഷ്ഠന്മാരെ ആഹ്വാനം ചെയ്യുന്നു. 

താൻ ഏഷ്യയിൽ പ്രവേശിച്ച നാൾമുതൽ അവരുടെയിടയിൽ എപ്രകാരം വ്യാപരിച്ചുവെന്ന് അവർക്കറിയാമല്ലോ എന്നു പറഞ്ഞുകൊണ്ടാണ് പൗലോസ് തൻ്റെ പ്രസംഗം ആരംഭിച്ചത് (നട 20,18). അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്ന സുതാര്യതയാണ് ഇതിലൂടെ വെളിവാകുന്നത്. അജഗണത്തിന് അറിയില്ലാതിരുന്ന ഒരു കാര്യവും ആ ഇടയന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. തെസലോനിക്കായിലെ സഭയ്ക്കെഴുതുമ്പോഴും ഇക്കാര്യങ്ങളെക്കുറിച്ചു പൗലോസ് പരാമർശിക്കുന്നുണ്ട്. "ഞങ്ങൾ നിങ്ങളെ സുവിശേഷമറിയിച്ചത് വാക്കുകളിൽ മാത്രമാകാതെ, ശക്തിയിലും പരിശുദ്ധാത്മാവിലും പൂർണബോദ്ധ്യത്തിലുമായിരുന്നു. നിങ്ങളുടെയിടയിൽ നിങ്ങളെപ്രതി ഞങ്ങൾ എങ്ങനെ വ്യാപരിച്ചുവെന്ന് നിങ്ങൾക്ക് അറിയാമല്ലോ" (1 തെസ 1,5). 

പൗലോസ് അവരുടെയിടയിൽ കർത്താവിനു ചെയ്‌ത ശുശ്രൂഷയെ മൂന്നു വിശേഷണങ്ങളോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. “വളരെ എളിമയോടും കണ്ണുനീരോടും യഹൂദരുടെ ഗൂഢപ്രവൃത്തികൾ മൂലമുണ്ടായ ക്ലേശങ്ങളോടുംകൂടെ കർത്താവിനെ ശുശ്രൂഷിച്ചു" എന്നാണ് പൗലോസ് അവകാശപ്പെടുന്നത് (നട 20,19). മിശിഹാശിഷ്യരുടെ നേതാവ് എല്ലാവരുടെയും ദാസനായിരിക്കണം എന്നാണല്ലോ ഈശോതന്നെ പഠിപ്പിച്ചിരിക്കുന്നത് (മർക്കോ 10,42-45). പൂർണ വിനയത്തോടെയാണ് പൗലോസ് തന്റെ സുവിശേഷവേല നിർവ്വഹിച്ചത്. "പരസ്പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനില്ക്കുവിൻ" (റോമാ 12,11) എന്നു റോമായിലെ സഭാംഗങ്ങളെ ഉപദേശിച്ച പൗലോസ് എളിമയുടെ മാതൃകയായിരുന്നു. എഫേസോസിലെ സഭയ്ക്ക് അദ്ദേഹം ഇപ്രകാരം എഴുതി: "തികഞ്ഞ വിനയം, സൗമ്യത, ക്ഷമ ഇവയോടുകൂടി സ്നേഹത്തിൽ പരസ്പ‌രം സഹിഷ്ണുത പ്രദർശിപ്പിക്കുവിൻ" (എഫേ 4,2). മറ്റൊരു സന്ദർഭത്തിൽ പൗലോസ് ഇപ്രകാരം എഴുതുന്നു: "അതിനാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധരും വാത്സല്യഭാജനങ്ങളുമെന്ന നിലയിൽ നിങ്ങൾ കാരുണ്യവും മനസ്സലിവും ദയയും എളിമയും സൗമ്യതയും ക്ഷമയും ധരിക്കുവിൻ" (കൊളോ 3,12). ഇതിനു മാതൃകയായിട്ടു പൗലോസ് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ കർത്താവിനെത്തന്നെയാണ്. ഈശോമിശിഹായുടെ മനോഭാവം അവിടുത്തെ അനുഗമിക്കുന്നവർക്കും ഉണ്ടാകണമെന്ന് കാണിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: “ഓരോരുത്തനും വിനയത്തോടെ തൻ്റെ അയൽക്കാരനെ തന്നെക്കാൾ ശ്രേഷ്ഠനായി കരുതണം” (ഫിലി 2,3). 

മിശിഹായ്ക്കു സാക്ഷ്യം വഹിച്ചതിന്റെ പേരിൽ പൗലോസ് ചിന്തേണ്ടിവന്ന കണ്ണുനീർ പലപ്പോഴും യഹൂദരുടെ ഗൂഢതന്ത്രങ്ങൾ മൂലമാണ്. മിശിഹായെ പ്രഘോഷിച്ചിടത്തൊക്കെയും യഹൂദരിൽനിന്നു തിരസ്ക്കരണമാണ് അദ്ദേഹത്തിനുണ്ടായത് (നട 9,24; 19,9; 20,3). മിശിഹായുടെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നവരെക്കുറിച്ചും പൗലോസ് കണ്ണുനീർ വാർത്തിട്ടുണ്ട് (ഫിലി 3,18). 

എഫേസോസുകാരുടെ ആത്മീയ നന്മയ്ക്കുതകുന്ന യാതൊരു കാര്യവും അവരിൽനിന്നു മറച്ചുവച്ചിട്ടില്ല എന്നും പൗലോസ് അവരെ അനുസ്‌മരിപ്പിച്ചു (നട 20,20). വിശ്വാസവളർച്ചയ്ക്കാവശ്യമായതെല്ലാം അവർക്കു പകർന്നു നല്‌കി എന്നാണു ചാരിതാർത്ഥ്യത്തോടെ പൗലോസ് പറയുന്നത്. അവരുടെയിടയിൽ ചെയ്ത കാര്യങ്ങളോരോന്നും അദ്ദേഹം എണ്ണിയെണ്ണി നിരത്തുന്നുണ്ട്. തെരുവുകളിലും വീടുകളിലുംവച്ച് അദ്ദേഹം അവരെ പഠിപ്പിച്ചിട്ടുണ്ട്. ദൈവത്തിലേക്കുള്ള മാനസാന്തരത്തെയും ഈശോമിശിഹായിലുള്ള വിശ്വാസത്തെയും കുറിച്ച് അവർക്കു സാക്ഷ്യം നല്‌കിയിട്ടുണ്ട് (നട 20,21). തിരിച്ചുവ്യത്യാസമില്ലാതെയാണ് പൗലോസ്ശ്ലീഹാ ഇതെല്ലാം നിർവഹിച്ചിരുന്നത് (നട 18,28; 19,10.17). 

യഥാർത്ഥ വിടവാങ്ങൽ നട 20,22-24 ലാണ്. പരിശുദ്ധറൂഹായാൽ പ്രേരിതനായി താൻ ജറുസലേമിലേക്കു പോകുന്നുവെന്നും അവിടെ തനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടെന്നും പൗലോസ് വ്യക്തമായി പറഞ്ഞു (നട 20,22). എല്ലാ നഗരങ്ങളിലും കാരാഗൃഹങ്ങളും പീഡനങ്ങളുമാണ് തന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാരൂപി തനിക്കു മുന്നറിയിപ്പു തരുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു (നട 20,23). ഈശോമിശിഹായിൽനിന്നു സ്വീകരിച്ച ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം നല്‌കണമെന്നു മാത്രമേ തനിക്കാഗ്രഹമുള്ളു എന്നും അതിനുവേണ്ടി ജീവൻ അർപ്പിക്കാൻപോലും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി (നട 20,24). നടപടി പുസ്‌കത്തിൽ ഇവിടെ മാത്രമാണ് പൗലോസ്ശ്ലീഹാ സുവിശേഷം എന്ന പദം ഉപയോഗിക്കുന്നതായി നമ്മൾ കാണുന്നത്. ദൈവകൃപയുടെ സുവിശേഷം എന്നാണു പൗലോസ് വിശേഷിപ്പിക്കുന്നത്. കൃപ പൗലോസിൻ്റെ പ്രമേയങ്ങളിൽ മുഖ്യമാണല്ലോ. 

സുവിശേഷവിവരണത്തിലെ ഈശോയുടെ ജറുസലേംയാത്ര അനുസ്മരിപ്പിക്കുന്നതാണ് പൗലോസിന്റെ ജറുസലേം യാത്ര. ഇരുവരും തങ്ങളുടെ അന്ത്യം മുമ്പിൽ കണ്ടുകൊണ്ടാണ് ജറുസലേമിലേക്കു യാത്ര ചെയ്യുന്നത്. സുവിശേഷത്തിനു സാക്ഷ്യം നല്‌കിയ കാലത്തെല്ലാം കാലടികളെ നിയന്ത്രിച്ച അതേ ദൈവാരൂപി തന്നെയാണ് (നട 13,2.4.9; 16,6-7; 19,21) ഇപ്പോൾ അന്ത്യത്തെക്കുറിച്ചും അദ്ദേഹത്തിനു മുന്നറിയിപ്പു നല്കുന്നത്. എല്ലായിടത്തും കാരാഗൃഹങ്ങളും പീഡനങ്ങളുമാണ് നേരിടേണ്ടി വരിക എന്നു പരിശുദ്ധറൂഹാ അദ്ദേഹത്തെ അറിയിച്ചിരുന്നു. സാവൂളിനെ വിളിക്കുന്ന സന്ദർഭത്തിൽത്തന്നെ സാക്ഷ്യം വഹിക്കുന്നതിന്റെ പേരിൽ ഉണ്ടാകാനിരിക്കുന്ന സഹനത്തെക്കുറിച്ചു ദൈവം അറിയിച്ചിരുന്നല്ലോ (നട 9,16). ജറുസലേമിൽ തനിക്കുണ്ടാകാനിരിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് റോമാക്കാർക്കെഴുതുമ്പോഴും പൗലോസ് സൂചിപ്പിക്കുന്നുണ്ട് (റോമാ 15,31).

പ്രസംഗത്തിന്റെ മൂന്നാം ഭാഗമാണ് ഏറ്റവും ഹൃദയസ്പർശിയായത് (നട 20,25-31). "നിങ്ങളുടെയിടയിൽ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു നടന്നവനായ എൻ്റെ മുഖം ഇനി നിങ്ങൾ കാണുകയില്ലെന്ന് ഇപ്പോൾ ഞാനറിയുന്നു" (നട 20,25) എന്നു പറഞ്ഞുകൊണ്ടാണ് പൗലോസ് ഈ ഭാഗം ആരംഭിക്കുന്നത്. ഈ പ്രസ്‌താവന എഫേസോസുകാർക്ക് വളരെയേറെ ദുഃഖമുളവാക്കി (നട 20,38). അവരുടെയിടയിലെ തന്റെ പ്രവർത്തനത്തെ പൗലോസ് സംഗ്രഹിക്കുന്നത് ദൈവരാജ്യപ്രഘോഷണമായാണ്. ഇസ്രായേലിൻ്റെ അഥവാ ദൈവത്തിന്റെ രാജ്യം എപ്പോഴാണ് പുനഃസ്ഥാപിക്കുന്നത് എന്ന ശ്ലീഹന്മാരുടെ ചോദ്യത്തിനു മറുപടിയായാണല്ലോ ലോകാതിർത്തികൾവരെ മിശിഹായ്ക്ക സാക്ഷ്യം വഹിക്കാനുള്ള ദൗത്യം നമ്മുടെ കർത്താവ് അവരെ ഭരമേല്പ്പിച്ചത് (നട 1,6-8). ഭൂമിയുടെ അതിർത്തികൾവരെ, വിജാതീയരുടെയിടയിൽ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനായി പ്രത്യേകം വിളിക്കപ്പെട്ട വ്യക്തിയാണ് വി. പൗലോസ് എന്ന് ആരംഭംമുതൽ നമ്മൾ കാണുന്നതാണ് (നട 9,15). എഫേസോസിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഈ ദൗത്യനിർവഹണത്തിൻ്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് എഫേസോസിലെ തൻ്റെ പ്രവർത്തനത്തെ ദൈവരാജ്യപ്രഘോഷണം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 

രക്ഷയുടെ സുവിശേഷമറിയിക്കുന്നതിൽ ചെയ്യാവുന്നതെല്ലാം താൻ ചെയ്തുവെന്നും ഇനി ആരെങ്കിലും രക്ഷ പ്രാപിക്കാതുണ്ടെങ്കിൽ അതിനു താൻ ഉത്തരവാദിയല്ലെന്നും പൗലോസ് വ്യക്തമാക്കി. ആരുടെയും രക്തത്തിനു താൻ കുറ്റക്കാരനല്ലെന്നു പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നത് അതാണ് (നട 20,26). ദൈവത്തിൻ്റെ തിരുമനസ്സ് പൂർണമായും അദ്ദേഹം അവർക്കു വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട് (നട 20,27). ദൈവത്തിന്റെ ഇഷ്ട‌ം മനുഷ്യർക്കു മനസ്സിലാക്കി കൊടുക്കുക എന്നതാണല്ലോ ഏതൊരു ക്രൈസ്‌തവമിഷനറിയുടെയും ദൗത്യം. 

ശ്രേഷ്‌ഠന്മാർക്ക് ഒരുപദേശം നല്കിക്കൊണ്ടാണ് പൗലോസ് തന്റെ വിടവാങ്ങൽ പ്രസംഗം അവസാനിപ്പിക്കുന്നത്. ആകയാൽ, അജഗണം മുഴുവനെയുംപറ്റി ശ്രദ്ധയുള്ളവരായിരിക്കുവിൻ. മിശിഹാ സ്വന്തം രക്തംകൊണ്ടു നേടിയ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ മേല്നോട്ടക്കാരായി നിയമിച്ചിരിക്കുന്നു (നട 20,28). പൗലോസിന്റെ സഭാശാസ്ത്രം ഇവിടെ വ്യക്തമാണ്. മിശിഹാ തന്റെ തിരുരക്തത്താൽ നേടിയെടുത്തതാണ് തിരുസ്സഭ (എഫേ 1,14; ഹെബ്രാ 9,12; 1 പത്രോ 2,9-10). അവിടുത്തെ സഹനമരണോത്ഥാനങ്ങളുടെ ഫലമായാണല്ലോ തിരുസ്സഭ ജന്മമെടുത്തത്, ഇപ്രകാരം രൂപംകൊള്ളുന്ന സഭ കർത്താവിൻ്റേതാണ് (1 തെസ 2,14; ഗലാ 1,13; 1 കോറി 10,32; 15,9). കർത്താവിന്റെ ഈ സഭയെ പരിപാലിക്കാൻവേണ്ടിയാണ് സഭയിൽ ശ്രേഷ്ഠന്മാർ നിയമിക്കപ്പെടുന്നത്. ദൈവത്തിന്റെ അജഗണമായ സഭയെപ്പറ്റി ശ്രദ്ധയും പരിഗണനയും ഉള്ളവരായിക്കൊണ്ടാണ് മേലദ്ധ്യക്ഷന്മാർ തങ്ങളുടെ ദൗത്യം നിർവ്വഹിക്കേണ്ടത്. തിരുസ്സഭയിൽ മേല്പോട്ടക്കാരെ നിയമിക്കുന്നത് പരിശുദ്ധാരൂപിയാണ്. ശ്ലൈഹിക കൈവയ്‌പിലൂടെ പ്രവർത്തിക്കുന്നതു പരിശുദ്ധറൂഹായാണല്ലോ. മിശിഹാ തന്റെ സ്വന്തം രക്തത്താൽ നേടിയ, പിതാവായ ദൈവത്തിന്റെ അജഗണമായ സഭയെ നയിക്കാനും പരിപാലിക്കാനുമായി നിയമിതരായിരിക്കുന്ന പരിശുദ്ധറൂഹായുടെ ശുശ്രൂഷകരാണ് സഭാദ്ധ്യക്ഷന്മാർ (1 തിമോ 1,1 7; തീത്തുസ് 1,7-9). 

തന്റെ വേർപാടിനുശേഷം ദുഷ്‌ടരായ ചെന്നായ്ക്കൾ വന്ന് അജഗണത്തിനു ദുരുപദേശങ്ങൾ നല്‌കി ആകർഷിക്കുമെന്നും അവരുടെ പക്ഷത്താക്കുമെന്നും പൗലോസ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (നട 20,29-30; 1 പത്രോ 5,8; 1 യോഹ 2,9; എഫേ 5,6-14; കൊളോ 2,8; 1 തിമോ 1,19-20; 4,1-3; 2 തിമോ 1,15). വിശ്വാസികളുടെയിടയിൽതന്നെ ഇപ്രകാരമുള്ള ദുഷ്ടമനുഷ്യർ ഉണ്ടാകാനിടയുള്ളതുകൊണ്ട് ജാഗരൂകരായിരിക്കുവാൻ പൗലോസ് ഉപദേശിക്കുന്നു (1 കോറി 16,13). മൂന്നു വർഷക്കാലമായി താൻ രാപകലില്ലാതെ വളരെയേറെ ക്ലേശങ്ങൾ സഹിച്ച് നല്കിയ ഉപദേശം വിസ്മരിക്കരുതെന്നും അനുസ്‌മരിപ്പിച്ചു (നട 20,31; 19,10; 20, 18; 1 കോറി 4,14-16; 2 കോറി 2,4; 1 തെസ 2,9-12; ഫിലി 3,18). എഫേസോസിലെ വിശ്വാസികളെ ദൈവത്തിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്പിച്ചുകൊണ്ടാണ് പൗലോസ് തൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നത് (നട 20,32). ഈ കൃപയാണല്ലോ സഭാഗാത്രത്തെ പണിതുയർത്തുന്നത് (1 കോറി 14,4; എഫേ 1,18; റോമാ 16,25). ഏറ്റവും അവസാനം സ്വന്തം അദ്ധ്വാനംകൊണ്ട് ഉപജീവനം നടത്താൻ തൻ്റെതന്നെ മാതൃക പൗലോസ് എടുത്തുകാണിക്കുന്നുമുണ്ട് (നട 20,34-35; 18,3; 1 തെസ 2,9; 4,10-11; 1 കോറി 4,12; 2 തെസ 3,7-8). 

വളരെ വികാരനിർഭരമായ ഒരു രംഗത്തോടെയാണ് ഇരുപതാം അദ്ധ്യായം അവസാനിക്കുന്നത്. പ്രസംഗം അവസാനിപ്പിച്ചശേഷം പൗലോസ് മുട്ടുകുത്തി എല്ലാവരോടുംകൂടെ പ്രാർത്ഥിച്ചു. എന്തു പറഞ്ഞാണു പ്രാർത്ഥിച്ചതെന്നു വി. ലൂക്കാ രേഖപ്പെടുത്തുന്നില്ലെങ്കിലും നമുക്ക് ഊഹിക്കാൻ സാധിക്കും. സഭയിലെ ശ്രേഷ്ഠന്മാർക്കുവേണ്ടി പൗലോസ് പ്രാർത്ഥിച്ചിട്ടുണ്ടാകണം. വിശ്വാസികളാകട്ടെ പൗലോസിന്റെ യാത്ര സുരക്ഷിതമായിരിക്കുന്നതിനും ജറുസലേമിലെത്തുമ്പോൾ കാര്യങ്ങൾ സുഗമമായിരിക്കുന്നതിനും വേണ്ടി പ്രാർത്ഥിച്ചു കാണണം. അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. കപ്പൽവരെ അദ്ദേഹത്തെ അനുയാത്ര ചെയ്യുകയും ചെയ്തു (നട 20,36). 

കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിൽ താൻ സഹിക്കേണ്ടിവന്നതായി പൗലോസ് വിവരിക്കുന്ന അടികളും കല്ലേറുകളും കാരാഗൃഹവാസവുമെല്ലാം എഫേസോസിൽ വച്ചു സംഭവിച്ചതാകണം (2 കോറി 11,22-33). ഈ സഹനങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ചിന്ത മുഴുവൻ താൻ സ്ഥാപിച്ച വ്യത്യസ്‌ത സഭാസമൂഹങ്ങളെക്കുറിച്ചായിരുന്നു. ഫിലിപ്പോയിലെ സഭയ്ക്കും ഫിലമോനുമുള്ള ലേഖനങ്ങൾ ഇതിനു തെളിവാണ്. 

പൗലോസിനെ വിളിച്ച സന്ദർഭത്തിൽതന്നെ ഈശോയുടെ നാമത്തെപ്രതി അദ്ദേഹത്തിനു വളരെയേറെ സഹിക്കേണ്ടിവരുമെന്നു കർത്താവ് അറിയിച്ചിരുന്നു (നട 9,16). ഇത് അക്ഷരംപ്രതി പൂർത്തിയായി. മിശിഹായെ പ്രഘോഷിച്ചുതുടങ്ങിയ നാൾ മുതൽ പൗലോസിനേല്‌ക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നുണ്ട് (2 കോറി 11,22-33). രക്തസാക്ഷിത്വത്തിലൂടെയാണ് മിശിഹായോടുള്ള സ്നേഹത്തിന്റെ ആഴം പൗലോസ് പ്രകടമാക്കിയത്. റോമിലേക്കുള്ള യാത്രയുടെ വഴിയാണ് താഴെക്കാണുന്നത്. 

 

അദ്ധ്യായം 1 

ജറുസലേമിൽ 

തടവുകാരനാക്കപ്പെട്ട പൗലോസ് 

എഫേസോസിലെ ശ്രേഷ്‌ഠന്മാരിൽനിന്നു വിടവാങ്ങിയശേഷം പൗലോസ് ജറുസലേമിലേക്കുള്ള തൻ്റെ യാത്ര തുടർന്നു. പന്തക്കുസ്താത്തിരുനാളിന് അവിടെ എത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കോസ്, റോഡോസ്, പത്താറവഴി ടയറിലെത്തി. ഒരാഴ്‌ച അവിടെ താമസിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി. പൗലോസിനു ജറുസലേമിൽ സംഭവിക്കാനിരിക്കുന്ന അപകടം ആത്മാവിൽ മുൻകൂട്ടി അറിഞ്ഞ അവിടുത്തെ വിശ്വാസികൾ ജറുസലേമിലേക്കു പോകരുതെന്ന് അദ്ദേഹത്തെ നിർബന്ധിച്ചു (നട 21,4). എങ്കിലും തീരുമാനത്തിൽ ഉറച്ചു നിന്ന അദ്ദേഹത്തെ വിശ്വാസിസമൂഹം പ്രാർത്ഥിച്ചു ടയറിൽനിന്നു യാത്രയാക്കി. അവിടെനിന്ന് ടൊളേമായിസിലെത്തിയ പൗലോസ് അവിടെയുള്ള സഹോദരരുടെകൂടെ ഒരു ദിവസം താമസിച്ചിട്ട് പിറ്റേന്ന് കേസറിയായിലെത്തി. അവിടെ ഡീക്കന്മാരിൽ ഒരുവനും സുവിശേഷപ്രഘോഷകനുമായ പീലിപ്പോസിൻ്റെ ഭവനത്തിലാണ് അദ്ദേഹം താമസിച്ചത് (നട 21,8). പീലിപ്പോസിന് പ്രവാചകവരം ലഭിച്ചിരുന്ന അവിവാഹിതകളായ നാലു പുത്രിമാർ ഉണ്ടായിരുന്നു. ഈ പീലിപ്പോസിനെക്കുറിച്ച് സഭാചരിത്രകാരനായ എവുസേബിയൂസും (തിരുസ്സഭാചരിത്രം, 3.31.3-5; 3.39.9) സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

കേസറിയായിൽ താമസിക്കുന്നതിനിടയ്ക്ക് അഗാബോസ് എന്നു പേരുള്ള ഒരു പ്രവാചകൻ യൂദയായിൽനിന്നുവന്ന്, പൗലോസിന്റെ അരപട്ടയെടുത്തു സ്വന്തം കൈകാലുകൾ ബന്ധിച്ചിട്ട് അരൂപിയിൽ പ്രേരിതനായി പറഞ്ഞു: "ജറുസലേമിലുള്ള യഹൂദർ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇങ്ങനെ ബന്ധിച്ചു വിജാതീയർക്ക് ഏല്‌പിച്ചുകൊടുക്കും" (നട 21,11). ഇതു കേട്ടവരെല്ലാം ജറുസലേമിലേക്കു പോകുന്നതിൽനിന്നു പൗലോസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അവർ വിജയിച്ചില്ല. പൗലോസ് അവരോടു പറഞ്ഞു: "നമ്മുടെ കർത്താവായ ഈശോമിശിഹായുടെ നാമത്തെപ്രതി ജറുസലേമിൽ ബന്ധിതനാകാൻ മാത്രമല്ല, മരിക്കാൻ കൂടി ഞാൻ ഒരുക്കമാണ്" (നട 21,13). എഫേസോസിലെ ശ്രേഷ്ഠരോടു പറഞ്ഞകാര്യം തന്നെയാണ് ഇവിടെയും പൗലോസ് ആവർത്തിച്ചത് (നട 20,24). ജറുസലേമിലേക്കു പോകുന്നതിൽ ഈശോയ്ക്കുണ്ടായിരുന്ന അതേ നിശ്ചയദാർഢ്യം പൗലോസിനുമുണ്ടായിരുന്നു (ലൂക്കാ 18,31-34). ഈ തീരുമാനത്തിന് അവർ വഴങ്ങി. “കർത്താവിന്റെ ഇഷ്ട‌ം നിറവേറട്ടെ" എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ യാത്രയാക്കി. ഗതമേനിയിലെ കർത്താവിൻ്റെ പ്രാർത്ഥന (ലൂക്കാ 22,42) അനുസ്മരിപ്പിക്കുന്നതാണ് ജനത്തിൻ്റെ ഈ പ്രതികരണം. ജറുസലേമിലേക്കു യാത്രയായ പൗലോസിൻ്റെകൂടെ കേസറിയാക്കാരായ പല ശിഷ്യരും പോയി. യാത്രാമദ്ധ്യത്തിൽ സൈപ്രസുകാരനായ മനാസോന്റെ ഭവനത്തിൽ താമസിച്ചിട്ടാണ് അവർ മുമ്പോട്ടുപോയത്. 

പൗലോസ്ശ്ലീഹായും കൂട്ടരും ജറുസലേമിൽ എത്തുന്നതോടെ മൂന്നാം പ്രേഷിതയാത്ര അതിൻ്റെ പരിസമാപ്‌തിയിലെത്തുന്നു. ജറുസലേമിലെ മാത്യസഭയുടെ അധിപനായ യാക്കോബും ശ്രേഷ്‌ഠന്മാരും വിശ്വാസികളും ചേർന്ന് ഊഷ്‌മളമായ വരവേല്പാണ് അവർക്കു നല്കിയത്. പൗലോസ് വിജാതീയരുടെയിടയിലെ തൻ്റെ പ്രേഷിതപ്രവർത്തനങ്ങൾ അവരോടു വിവരിച്ചു. യാക്കോബാകട്ടെ, ക്രൈസ്തവവിശ്വാസം സ്വീകരിച്ചശേഷവും മോശയുടെ നിയമം വിശ്വസ്‌തരായി പാലിക്കുന്ന അനേകം യഹൂദരുടെ കാര്യം ഓർമ്മിപ്പിച്ചു. മോശയുടെ നിയമം അവഗണിക്കാൻ വിജാതീയരുടെയിടയിൽ പാർക്കുന്ന യഹൂദരെ പൗലോസ് പ്രേരിപ്പിക്കുന്നതായി ജറുസലേമിലെ യഹൂദക്രൈസ്‌തവർ കേട്ടിരുന്നതുകൊണ്ട്, ആ തെറ്റുദ്ധാരണ ഒഴിവാക്കാനും പൗലോസ് ഇപ്പോഴും മോശയുടെ നിയമം പാലിക്കുന്നവനാണെന്ന് അവരെ ബോദ്ധ്യപ്പെടുത്താനും വേണ്ടി, വ്രതമെടുത്തു ശുദ്ധീകരണത്തിനായി കാത്തിരിക്കുന്നവരുടെ കൂടെ ദൈവാലയത്തിലെത്തി ശുദ്ധീകരണം നടത്താൻ യാക്കോബ് പൗലോസിനോടു നിർദ്ദേശിച്ചു (നട 21,21-24). അവരുടെ ശിരോമുണ്ഡനത്തിനുള്ള ചെലവും വഹിക്കണമെന്നു യാക്കോബ് ഉപദേശിച്ചു. ഈ നിർദ്ദേശങ്ങളനുസരിച്ചു പൗലോസ് പ്രവർത്തിക്കുകയും ചെയ്‌തു (നട 21,26). നിയമാനുഷ്‌ഠാനം വഴിയല്ല, പ്രത്യുത ദൈവകൃപയിലൂടെയാണ് ഒരുവൻ നീതീകരിക്കപ്പെടുന്നതും രക്ഷപ്രാപിക്കുന്നതും എന്നു പഠിപ്പിച്ചിരുന്ന പൗലോസ് എന്തുകൊണ്ട് ഇപ്രകാരം പ്രവർത്തിക്കുന്നു എന്നു ചിന്തിച്ചേക്കാം. നട 18,18 ൽ ഇതിനു സമാനമായ ഒരു രംഗത്തിനു നമ്മൾ സാക്ഷ്യം വഹിച്ചതാണ്. താൻമൂലം ജറുസലേമിലെ സഭയിൽ അസ്വസ്ഥതയോ അസമാധാനമോ ഉണ്ടാകരുത് എന്നു ചിന്തിച്ചതുകൊണ്ടാണ് പൗലോസ് ഇപ്രകാരം പ്രവർത്തിച്ചത്. മാത്രമല്ല, മോശയുടെ നിയമമനുസരിച്ചു ജീവിക്കുന്നതുകൊണ്ട് മിശിഹായോടുള്ള വിധേയത്വത്തിനു ഭംഗം വരികയില്ലെന്ന് അദ്ദേഹത്തിനുറപ്പുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിട്ടുവീഴ്ച്ചാമനോഭാവം നമുക്കിടയിലും ഉണ്ടായാൽ ഇന്നുളള എത്രയോ പ്രശ്ന‌നങ്ങൾ ഒഴിവാക്കാനാവും. 

പൗലോസ് ജറുസലേമിലെത്തി ഒരാഴ്‌ചയാകാറായപ്പോൾ ഏഷ്യാക്കാരായ ചില യഹൂദർ ദൈവാലയത്തിൽവച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. അവർ ജനക്കൂട്ടത്തെ ഇളക്കുകയും പൗലോസിനെ പിടികൂടുകയും ചെയ്തു. ജറുസലേമിലെ യഹൂദരെ പൗലോസിനെതിരെ തിരിക്കാനായി അവർ വിളിച്ചുപറഞ്ഞു: “നമ്മുടെ ജനത്തിനും നിയമത്തിനും വിശുദ്ധ സ്ഥലത്തിനുമെതിരെ പഠിപ്പിക്കുന്നവൻ ഇവനാണ്. കൂടാതെ, വിജാതീയരെ ദൈവാലയത്തിൽ പ്രവേശിപ്പിച്ച് വിശുദ്ധസ്ഥലം അശുദ്ധമാക്കുകകൂടി ചെയ്ത‌ിരിക്കുന്നു" (നട 21,28). പട്ടണത്തിൽവച്ച് പൗലോസിന്റെകൂടെ എഫേസോസുകാരനായ ത്രോഫിമോസിനെ അവർ കണ്ടിരുന്നു. ഇയാളെ പൗലോസ് ദൈവാലയത്തിൽ കൊണ്ടുവന്നിരിക്കാം എന്ന ഊഹത്തിലാണ് അവർ ഈ ആരോപണം ഉന്നയിച്ചത് (നട 21,29). പ്രക്ഷുബ്‌ധരായ യഹൂദർ ഓടിക്കൂടി പൗലോസിനെ പിടിച്ചു ദൈവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടൻതന്നെ വാതിലുകൾ അടയ്ക്കുകയും ചെയ്‌തു (നട 21,30). ക്രിസ്‌തുമതത്തെ സംബന്ധിച്ച് ഇനി ജറുസലേം ദൈവാലയത്തിനു യാതൊരു പ്രസക്തിയുമില്ല എന്നു പ്രതീകാത്മകമായി സൂചിപ്പിക്കപ്പെടുകയാണിവിടെ. സഭയുടെ ആദ്യകാലങ്ങളിൽ വിശ്വാസികൾ ജറുസലേം ദൈവാലയത്തിൽ സമ്മേളിക്കുന്നതു നമ്മൾ കാണുന്നുണ്ട് (നട 2,46). ഇപ്പോൾ ആ ദൈവാലയം വിജാതീയരുടെ ശ്ലീഹായ്ക്കെതിരെ കൊട്ടിയടയ്ക്കപ്പെട്ടു. 

വിവരമറിഞ്ഞ റോമൻ സഹസ്രാധിപൻ ശതാധിപനെയും പടയാളികളെയുംകൂട്ടി അവരുടെയടുക്കൽ പാഞ്ഞെത്തി. അവരെ കണ്ടപ്പോൾ പൗലോസിനെ പ്രഹരിക്കുന്നതിൽനിന്നു യഹൂദർ വിരമിച്ചു. സഹസ്രാധിപൻ പൗലോസിനെ ചങ്ങലകൾക്കൊണ്ടു ബന്ധിക്കാൻ ഉത്തരവിട്ടശേഷം അയാൾ ആരാണെന്നും എന്തുചെയ്‌തുവെന്നും അന്വേഷിച്ചു. പക്ഷേ, ജനക്കൂട്ടത്തിൻ്റെ ബഹളംനിമിത്തം ഒന്നും വ്യക്തമല്ലാതിരുന്നതുകൊണ്ട് പാളയത്തിലേക്ക് പൗലോസിനെ കൊണ്ടുപോകാൻ സഹസ്രാധിപൻ കല്‌പിച്ചു. അക്രമാസക്തമായ ജനക്കൂട്ടം “അവനെ കൊന്നു കളയുക" എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ജനത്തിൻ്റെ കൈയേറ്റത്തെ ഭയന്ന് പടയാളികൾ പൗലോസിനെ എടുത്തുകൊണ്ടാണ് പോയത്. പാളയത്തിലെത്തിയപ്പോൾ പൗലോസ് സംസാരിക്കാൻ അനുവാദം ചോദിച്ചു. അതിനടുത്ത കാലത്ത് നാലായിരം വിപ്ലവകാരികളെ സംഘടിപ്പിച്ച് മരുഭൂമിയിലേക്കു നയിച്ച ഈജിപ്‌തുകാരനല്ലേ പൗലോസ് എന്നു സഹസ്രാധിപൻ ആരാഞ്ഞു. കിലിക്യായിലെ പ്രസിദ്ധനഗരമായ താർസോസിലെ ഒരു യഹൂദപൗരനാണു താനെന്ന് ഉത്തരമായി പൗലോസ്ശ്ലീഹാ പറഞ്ഞു. അതുകൊണ്ടു യഹൂദരോടു സംസാരിക്കാൻ തന്നെ അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. അനുവാദം ലഭിച്ചപ്പോൾ ഹീബ്രുഭാഷയിൽ പൗലോസ് സംസാരിച്ചു തുടങ്ങി. 

അദ്ധ്യായം 2 

പൗലോസിന്റെ പ്രഭാഷണം 

പൗലോസ് തൻ്റെ പ്രസംഗം ആരംഭിച്ചത് തന്റെ യഹൂദപാരമ്പര്യം വിശദീകരിച്ചുകൊണ്ടാണ്. കിലിക്യായിലെ പ്രസിദ്ധനഗരമായ താർസോസിൽ നിന്നുള്ള യഹൂദപൗരനാണ് താനെന്നു പറയാൻ പൗലോസിനു വലിയ അഭിമാനമാണ്. ജറുസലേം നഗരത്തിൽ പ്രസിദ്ധറബ്ബിയായ ഗമാലിയേലിൻ്റെ പാദാന്തികത്തിലിരുന്ന് തോറാ പഠിച്ചവനാണ് എന്നു പറയുമ്പോൾ അഭിമാനം വർദ്ധിക്കുകയായിരുന്നു. അവിടെ കൂടിയിരുന്ന യഹൂദരെപ്പോലെതന്നെ താനും തീക്ഷ്‌ണമതിയായ ഒരു യഹൂദനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീക്ഷ്‌ണതകൊണ്ടാണ് യഹൂദമതത്തിന്റെ അപഭ്രംശമെന്നു തോന്നിയ ക്രിസ്‌തുമാർഗത്തെ നശിപ്പിക്കാനായി ഇറങ്ങിപുറപ്പെട്ടത്.

മിശിഹായിൽ വിശ്വസിക്കുന്ന സ്ത്രീപുരുഷന്മാരെ ബന്ധിച്ചു കാരാഗൃഹത്തിലടച്ചതും ഈ തീക്ഷ്ണതയുടെ ഭാഗമായിരുന്നു. ദമാസ്ക്കസിലെ ക്രിസ്‌ത്യാനികളെ പീഡിപ്പിക്കാൻ പ്രധാനാചാര്യന്മാരിൽനിന്ന് അധികാരപത്രം വാങ്ങിയ കാര്യവും അദ്ദേഹം അനുസമരിച്ചു. തുടർന്ന് പൗലോസ് തൻ്റെ ദമാസ്ക്കസ് അനുഭവം വിവരിച്ചു. മാർഗമദ്ധ്യേ ആകാശത്തുനിന്നു വലിയൊരു പ്രകാശം തന്റെമേൽ പതിച്ചതും താൻ നിലത്തു വീണതും, നീ എന്നെ പീഡിപ്പിക്കുന്നത് എന്തുകൊണ്ട്? എന്നു കർത്താവു ചോദിച്ചതും, അവിടുന്നു സ്വയം വെളിപ്പെടുത്തിയതും ദമാസ്ക്കസിൽ ഹനനിയായുടെ പക്കലെത്തിച്ചതുമെല്ലാം സവിസ്‌തരം അദ്ദേഹം പ്രതിപാദിച്ചു. തന്റെമേൽ പതിച്ച പ്രകാശത്തിന്റെ ഉജ്ജ്വലതയാൽ കാഴ്‌ച നഷ്‌ടമായതും ഹനനിയായിലൂടെ കാഴ്ച‌ തിരികെ ലഭിച്ചതും അദ്ദേഹം മാമ്മോദീസാ മുക്കിയതുമെല്ലാം പൗലോസ് വിശദീകരിച്ചു. അതുവരെ സാവൂൾ പുലർത്തിയിരുന്ന യഹൂദ വിശ്വാസത്തെക്കുറിച്ച് ഉത്ഥിതനായ കർത്താവിൽനിന്നു ലഭിച്ച ആഴമേറിയ ഉൾക്കാഴ്‌ചയുടെ പ്രതീകമാണ് അദ്ദേഹത്തിനു കാഴ്ച വീണ്ടുകിട്ടിയതിലൂടെ വെളിവായത്. നമ്മുടെ പിതാക്കന്മാരുടെ പിതാവായ ദൈവത്തിൻ്റെ ഹിതമറിയാനും നീതിമാനായ മിശിഹായെ നേരിട്ടു ദർശിക്കാനും അവിടുത്തെ സ്വരം ശ്രവിക്കാനും ലഭിച്ച ഭാഗ്യം തന്നെയാണ് ഈ ഉൾക്കാഴ്‌ചയുടെ പൊരുൾ (നട 21,14). ഉയിർത്തെണീറ്റ കർത്താവാണു വിദൂരസ്ഥരായ വിജാതീയരോടു സുവിശേഷം പ്രസംഗിക്കാൻ തന്നെ അയച്ചതെന്നും പൗലോസ് വ്യക്തമാക്കി (നട 21,31). 

പൗലോസ് ഇത്രയും പറഞ്ഞപ്പോഴേക്കും ജനക്കൂട്ടം "അവൻ ജീവനോടെയിരിക്കാൻ പാടില്ല" എന്നു പറഞ്ഞുകൊണ്ട് ആർത്തട്ടഹസിക്കാനും തങ്ങളുടെ മേലങ്കി വലിച്ചുകീറാനും അന്തരീക്ഷത്തിലേക്കു പൂഴി വാരി എറിയാനും തുടങ്ങി. അപ്പോൾ പൗലോസിനെ പാളയത്തിലേക്കു കൊണ്ടുപോയി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാൻ സഹസ്രാധിപൻ കല്പിച്ചു. അവർ പൗലോസിനെ തോൽവാറുകൊണ്ടു ബന്ധിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അടുത്തുണ്ടായിരുന്ന ശതാധിപനോടു ചോദിച്ചു: "ഒരു റോമൻ പൗരനെ കുറ്റവിചാരണകൂടാതെ ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ?" (നട 22,25). പൗലോസ് റോമൻ പൗരനാണെന്നു കേട്ടപ്പോൾ ശതാധിപനും സഹസ്രാധിപനും അത്യധികം ഭയപ്പെട്ടു. അദ്ദേഹത്തെ ചോദ്യം ചെയ്യാനൊരുങ്ങിയവർ ഉടൻ പിൻവാങ്ങി. 

 

അദ്ധ്യായം 3 

പൗലോസ് ഉന്നതാധികാര സംഘത്തിനു മുമ്പിൽ 

യഹൂദർ പൗലോസിനെതിരെ നടത്തുന്ന കുറ്റാരോപണത്തിന്റെ യഥാർത്ഥ കാരണമറിയാൻ സഹസ്രാധിപൻ ആഗ്രഹിച്ചു. പ്രധാനാചാര്യന്മാരും ശ്രേഷ്ഠന്മാരും ഉൾപ്പെടുന്ന ഉന്നതാധികാരസംഘം വിളിച്ചു കൂട്ടി അവരുടെ മദ്ധ്യ പൗലോസിനെ വിചാരണയ്ക്കായി നിർത്തി. "ദൈവസന്നിധിയിൽ ഇന്നേവരെ നല്ല മനസ്സാക്ഷിയോടെയാണു താൻ ജീവിച്ചത്” എന്നു പറഞ്ഞുകൊണ്ടാണ് പൗലോസ് സംസാരിക്കാൻ തുടങ്ങിയത് (നട 23,1). അതുകേട്ടപ്പോൾ പൗലോസിൻ്റെ മുഖത്തടിക്കാൻ പ്രധാനപുരോഹിതനായ ഹനനിയാ ആജ്ഞാപിച്ചു. നിയമപ്രകാരം വിധികല്പ‌ിക്കേണ്ടവൻ നിയമവിരുദ്ധമായി തന്നെ പ്രഹരിക്കുന്നതു തെറ്റാണെന്ന് പൗലോസ് സധൈര്യം പ്രഖ്യാപിച്ചു. 

തനിക്കെതിരായി നിന്ന സംഘത്തിൽ ഒരു വിഭാഗം സദ്ദുക്കായരും മറ്റൊരു വിഭാഗം പ്രീശരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ആ അവസരം ഉപകാരപ്പെടുത്താനായി ഒരു തന്ത്രം പ്രയോഗിച്ചു. പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ചു പ്രീശർക്കും സദ്ദുക്കായർക്കും പരസ്പ്‌പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണുണ്ടായിരുന്നത് എന്നു പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഞാൻ ഒരു പ്രീശനാണ്. അതേ, ഒരു പ്രീശന്റെ പുത്രൻ. മരിച്ചവരുടെ ഉയിർപ്പിലുള്ള പ്രത്യാശ ഹേതുവാൽ ഞാൻ ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നു" (നട 23,6). ഒരു പ്രീശൻ എന്ന നിലയിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് താനിപ്പോൾ വിചാരണ ചെയ്യപ്പെടുന്നത് എന്നദ്ദേഹം സമർത്ഥിച്ചു. മനുഷ്യരുടെ പൊതുവായ ഉയിർപ്പിനെക്കാളുപരി ഈശോമിശിഹായുടെ ഉയിർപ്പും അതുവഴി മനുഷ്യവർഗത്തിനു കരഗതമായിരിക്കുന്ന ഉയിർപ്പുമാണ് പൗലോസിന്റെ വിശ്വാസത്തിനാധാരം. 

പൗലോസ് ഇതു പറഞ്ഞപ്പോൾ പ്രീശരും സദ്ദുക്കായരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി. തങ്ങളുടെ വിശ്വാസത്തിൽനിന്നു വ്യത്യസ‌മായ കാര്യമല്ല പൗലോസ് പ്രസംഗിക്കുന്നത് എന്നു സമ്മതിക്കാൻ പ്രീശർ നിർബന്ധിതരായി. അതുകൊണ്ട് അവരിൽ ചിലർ ഇപ്രകാരം വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല. ഒരാത്മാവോ ദൂതനോ അയാളോടു സംസാരിച്ചിട്ടുണ്ടെങ്കിൽത്തന്നെ എന്ത്?" (നട 23,9). ക്രിസ്‌തുമതം യഹൂദമതത്തിൻ്റെ സ്വാഭാവിക വളർച്ചയും പരിസമാപ്തിയുമാണ് എന്ന സത്യം സ്ഥാപിക്കുകകൂടി ഈ വിവരണത്തിൻ്റെ ലക്ഷ്യമാണ്. 

തർക്കം മൂർച്ഛിച്ചപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളയുമോ എന്നു ഭയന്ന്, സഹസ്രാധിപൻ അവരുടെ മദ്ധ്യേനിന്ന് അദ്ദേഹത്തെ ബലമായി പാളയത്തിലേക്കു കൊണ്ടുപോകാൻ പടയാളികളോട് ആവശ്യപ്പെട്ടു. അങ്ങനെ യഹൂദാധികാരികളുടെ കരങ്ങളിൽനിന്നും തല്ക്കാലത്തേക്കെങ്കിലും പൗലോസ് രക്ഷപെട്ടു. രാത്രിയിൽ നമ്മുടെ കർത്താവ് പൗലോസിനു പ്രത്യക്ഷനായി പറഞ്ഞു: "ധൈര്യമായിരിക്കുക. നീ ജറുസലേമിൽ എന്നെക്കുറിച്ചു സാക്ഷ്യം നല്കിയതുപോലെ റോമായിലും സാക്ഷ്യം നല്കേണ്ടതുണ്ട്" (നട 23,11). പൗലോസ് ഇതുവരെ മിശിഹായ്ക്കു നല്കിയ സാക്ഷ്യം കർത്താവ് നേരിട്ട് അംഗീകരിക്കുകയായിരുന്നിവിടെ. റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനത്തിലും മിശിഹായ്ക്കു സാക്ഷ്യം നല്‌കേണ്ടതുണ്ട് എന്ന് അനുസ്‌മരിപ്പിച്ചു. അപ്പോൾ മാത്രമേ ദൗത്യം പൂർണമാവുകയുള്ളു. റോം സന്ദർശിക്കണമെന്ന പൗലോസിന്റെ ആഗ്രഹം (നട 19,21) ദൈവം അംഗീകരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 

 

അദ്ധ്യായം 4 

പൗലോസിനെതിരെ യഹൂദരുടെ ഗൂഢാലോചന 

അന്നു ജറുസലേമിലുണ്ടായിരുന്ന നാല്‌പതിലധികം യഹൂദർ ഒന്നിച്ചു ചേർന്ന്, പൗലോസിനെ വകവരുത്തുന്നതുവരെ തങ്ങൾ യാതൊന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തു (നട 23,12-13). പൗലോസിനെ സംബന്ധിക്കുന്ന കാര്യങ്ങൾ കൂടുതൽ സൂക്ഷ്‌മതയോടെ അന്വേഷിക്കാനെന്ന ഭാവേന പാളയത്തിൽ നിന്ന് അയാളെ പുറത്തുകൊണ്ടുവരാൻ സഹസ്രാധിപനോട് ആവശ്യപ്പെടാൻ ഈ ശപഥക്കാർ പുരോഹിതരെയും ശ്രേഷ്‌ഠന്മാരെയും നിർബന്ധിച്ചു. പുറത്തുവരുംവഴി പൗലോസിനെ വകവരുത്തുക എന്നതായിരുന്നു അവരുടെ ഗൂഢപദ്ധതി. 

ഈ കെണിയെപ്പറ്റി അറിഞ്ഞ പൗലോസിൻ്റെ സഹോദരീപുത്രൻ പാളയത്തിലെത്തി അദ്ദേഹത്തെ വിവരം ധരിപ്പിച്ചു. പൗലോസാകട്ടെ, ഒരു ശതാധിപൻ്റെകൂടെ അവനെ സഹസ്രാധിപൻ്റെ പക്കലെത്തിച്ച് യഹൂദരുടെ ഗൂഢാലോചന അദ്ദേഹത്തെ രഹസ്യത്തിൽ ധരിപ്പിച്ചു. അവരുടെ അപേക്ഷപ്രകാരം പൗലോസിനെ പുറത്തുകൊണ്ടുവരരുത് എന്ന് അയാൾ അപേക്ഷിച്ചു. തന്നെ ഈ വിവരം അറിയിച്ച കാര്യം ആരും അറിയാനിടയാകരുത് എന്നു നിഷ്കർഷിച്ച് സഹസ്രാധിപൻ അയാളെ തിരിച്ചയച്ചു. 

ജറുസലേമിലെ യഹൂദരുടെ ചതിയിൽനിന്നും പൗലോസിനെ രക്ഷിക്കാനായി സഹസ്രാധിപൻ അദ്ദേഹത്തെ കേസറിയായിലുണ്ടായിരുന്ന ദേശാധിപതിയായ ഫെലിക്സ‌ിൻ്റെ പക്കലേക്ക് പടയാളികളുടെയും കുതിരപ്പട്ടാളങ്ങളുടെയും ശൂലധാരികളുടെയും അകമ്പടിയോടെ അയച്ചു. പൗലോസിനെ ദേശാധിപതിയുടെ പക്കലേക്കയയ്ക്കുന്നതിനുള്ള കാരണം വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്തും സഹസ്രാധിപൻ കൊടുത്തുവിട്ടു (നട 23,25-30). യഹൂദർ കൊല്ലാൻ ആഗ്രഹിച്ച ഈ പൗലോസ് ഒരു റോമൻ പൗരനായതുകൊണ്ട് അവരിൽനിന്നു രക്ഷപെടുത്തി ദേശാധിപതിയുടെ പക്കലെത്തിക്കുന്നു, യഹൂദരുടെ നിയമത്തെ സംബന്ധിക്കുന്ന കാര്യങ്ങളിലാണ് അയാളുടെമേൽ കുറ്റം ആരോപിച്ചിരിക്കുന്നത്, ജയിൽവാസമോ മരണശിക്ഷയോ അർഹിക്കുന്ന കുറ്റമൊന്നും ആരോപിക്കപ്പെട്ടിട്ടില്ല, എതിരാളികളോടും പരാതി ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ കത്തിൽ വ്യക്തമാക്കിയിരുന്നു. റോമൻപടയാളികൾ നിർദ്ദേശിക്കപ്പെട്ടതനുസരിച്ചു പ്രവർത്തിച്ചു. അവർ അന്തിപ്പാതിസ് പട്ടണത്തിലൂടെ കേസറിയായിലെത്തി. കത്തു നാടുവാഴിയെ ഏല്‌പിക്കുകയും പൗലോസിനെ അദ്ദേഹത്തിൻ്റെ മുമ്പിൽ ഹാജരാക്കുകയും ചെയ്‌തു. പരാതിക്കാർ വരുമ്പോൾ വിസ്തരിക്കാനായി പൗലോസിനെ അദ്ദേഹം ഹേറോദേസിന്റെ ആസ്ഥാനമണ്ഡപത്തിൽ സൂക്ഷിക്കാൻ കല്പിച്ചു. 

അദ്ധ്യായം 5 

പൗലോസ് ഫെലിക്സിന്റെയും ഫെസ്യൂ‌സിന്റെയും മുമ്പാകെ 

അഞ്ചുദിവസങ്ങൾക്കുശേഷം പ്രധാനാചാര്യനായ ഹനനിയാ ഏതാനും ശ്രേഷ്‌ഠന്മാരോടും അഭിഭാഷകനായ തെർത്തുളൂസി നോടുംകൂടെ നാടുവാഴിയുടെ മുമ്പിലെത്തി പൗലോസിനെതിരെയുള്ള പരാതി സമർപ്പിച്ചു. തെർത്തുളൂസാണ് ആദ്യം സംസാരിച്ചത്. ഫെലിക്സിനെ തന്റെ പക്ഷത്താക്കാനായി അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടാണ് തെർത്തുളൂസ് ആരംഭിച്ചത്. പ്രധാനമായും നാലു കാര്യങ്ങളാണ് പൗലോസിനെതിരെ അദ്ദേഹം ഉന്നയിച്ചത്. 

1 പൗലോസ് വിനാശകാരിയാണ്.
2.ലോകമെങ്ങുമുള്ള യഹൂദരുടെയിടയിൽ കലഹമുണ്ടാക്കുന്ന പ്രക്ഷോഭകാരിയാണ്. 3.നസറായ വിഭാഗത്തിൻ്റെ പ്രമുഖനേതാവാണ്.
4. ദൈവാലയം അശുദ്ധമാക്കാൻ അയാൾ ശ്രമം നടത്തിയിട്ടുണ്ട്. 

ഇക്കാരണങ്ങളുടെ പേരിൽ പൗലോസിനെ വിസ്തരിക്കാൻ അവർ ശ്രമിച്ചപ്പോഴാണ് സഹസ്രാധിപൻ അദ്ദേഹത്തെ മോചിപ്പിച്ച് ദേശാധിപതിയുടെ പക്കലെത്തിച്ചിരിക്കുന്നത് എന്നും അയാൾ ബോധിപ്പിച്ചു. ആരോപണങ്ങളുടെ വാസ്‌തവികത നേരിട്ടു മനസ്സിലാക്കാൻ ദേശാധിപതിയെ ക്ഷണിച്ചുകൊണ്ട് അയാൾ തൻ്റെ വാദമവസാനിപ്പിച്ചു. ഇതിനെ ശരിവച്ചുകൊണ്ട് യഹൂദരും കുറ്റാരോപണത്തിൽ പങ്കുചേർന്നു. 

സംസാരിക്കാൻ ദേശാധിപതി അനുവാദം നല്‌കിയപ്പോൾ തനിക്കെതിരെയുള്ള ആരോപണങ്ങളോരോന്നായി ഖണ്‌ഡിക്കാൻ പൗലോസ് ആരംഭിച്ചു. ദൈവാലയത്തിലോ സിനഗോഗിലോ നഗരത്തിലെവിടെയെങ്കിലുമോവച്ച് ആരോടെങ്കിലും തർക്കിക്കുന്നതിന്റെയോ ആരെയെങ്കിലും ഇളക്കിവിടുന്നതിൻ്റെയോ തെളിവ് നല്‌കുവാൻ അവർക്കാവില്ലെന്ന് പൗലോസ് തറപ്പിച്ചു പറഞ്ഞു. നസറായ വിഭാഗത്തിന്റെ വക്താവാണ് എന്നതായിരുന്നല്ലോ ഒരു മുഖ്യ ആരോപണം. അതിനോടു പ്രതികരിച്ചുകൊണ്ട് പൗലോസ് താഴെപ്പറയുന്ന കാര്യങ്ങൾ പറഞ്ഞു. 

1 ഒരു പ്രത്യേക മതവിഭാഗമെന്ന് വിളിക്കപ്പെടുന്ന മാർഗമനുസരിച്ച് പിതാക്കന്മാരുടെ ദൈവത്തെ തന്നെയാണ് താൻ ആരാധിക്കുന്നത്.

2.യഹൂദരുടെ തിരുലിഖിതമായ നിയമത്തിലും പ്രവാചകന്മാരിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം താൻ വിശ്വസിക്കുന്നു.

3. മരണശേഷം നീതിമാന്മാർക്കും നീതിരഹിതർക്കും പുനരുത്ഥാനം ഉണ്ടെന്ന പ്രത്യാശ പുലർത്തുന്നു.

4. ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പിൽ ശുദ്ധമനഃസാക്ഷി പാലിക്കാൻ ശ്രമിക്കുന്നു. 

5. താൻ ജറുസലേമിൽ വന്നത് സഹോദരർക്കു ദാനധർമ്മം എത്തിക്കാനും ദൈവാലയത്തിൽ കാഴ്‌ചകൾ സമർപ്പിക്കാനുമായിരുന്നു.

6. ദൈവാലയം അശുദ്ധമാക്കിയില്ലെന്നു മാത്രമല്ല, നിയമപ്രകാരം ശുദ്ധീകരണം നടത്തുവാൻ എത്തിയപ്പോഴാണ് താൻ പിടികൂടപ്പെട്ടത്.

7. ഏഷ്യാക്കാരായ ചില യഹൂദർ തനിക്കെതിരെ ഇളക്കിവിട്ട ബഹളമൊഴിച്ചാൽ താൻമൂലം ഒരു ബഹളവുമുണ്ടായിട്ടില്ല.

8. തനിക്കെതിരെ അവർക്കെന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കിൽ അവർ നേരത്തെതന്നെ ദേശാധിപതിക്കു പരാതി സമർപ്പിക്കേണ്ടതായിരുന്നു.

9. ആലോചനാസംഘത്തിനും തന്നിൽ കുറ്റമൊന്നും കണ്ടെത്താനായില്ല.

10.മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു താൻ വിചാരണ ചെയ്യപ്പെടുന്നു എന്നു പറഞ്ഞതു മാത്രമാണ് തൻ്റെ കുറ്റം. 

നസറായ വിഭാഗം എന്നു വിളിക്കപ്പെടുന്ന മിശിഹാമാർഗം യഹൂദ മതത്തിന്റെ തുടർച്ചയാണ് എന്നതായിരുന്നു പൗലോസിന്റെ വാദത്തിന്റെ മുഖ്യതന്തു. അദ്ദേഹത്തിൻ്റെ പ്രഘോഷണമായ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം യഥാർത്ഥത്തിൽ യഹൂദമതത്തിന്റെ തന്നെ വിശ്വാസമാണ്. തന്നിൽ കുറ്റമാരോപിക്കുന്നവർ വിശ്വസിക്കുന്നതു തന്നെയാണ് തൻ്റെയും വിശ്വാസമെന്ന് സ്ഥാപിക്കുകവഴി നസറായ മതവിഭാഗത്തിൻ്റെ അടിസ്ഥാനം പൗലോസ് ഉറപ്പിക്കുകയായിരുന്നു. 

മിശിഹാമാർഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്ന ഫെലിക്സ്, സഹസ്രാധിപൻ വരുമ്പോൾ കാര്യങ്ങൾ തീരുമാനിക്കാം എന്നു പറഞ്ഞ് വിചാരണ മാറ്റിവച്ചു. പൗലോസിനെ തടവിൽ സൂക്ഷിക്കുന്നതു കുറെയൊക്കെ സ്വാതന്ത്യം അനുവദിച്ചുകൊണ്ടുവേണമെന്നും അയാളെ ശുശ്രൂഷിക്കുന്നതിന് സ്നേഹിതരെ തടയരുതെന്നും ദേശാധിപതി ശതാധിപനോടു കല്പിച്ചു. 

ഫെലിക്സിന് ക്രിസ്‌തുമതത്തെക്കുറിച്ചറിയാമായിരുന്നതു കൊണ്ടും അദ്ദേഹത്തിന്റെ ഭാര്യ ക്രൂസില്ല ഒരു യഹൂദസ്ത്രീ ആയിരുന്നതിനാലും നസറായ വിഭാഗത്തെക്കുറിച്ചു പൗലോസിൽനിന്നു കൂടുതൽ കേൾക്കാൻ അദ്ദേഹത്തിനു താല്‌പര്യമായിരുന്നു. അതുകൊണ്ടാണ് രണ്ടുവർഷക്കാലത്തോളം പൗലോസിനെ തടവറയിൽ സൂക്ഷിച്ചത്. കൂടാതെ, സ്വതന്ത്രനാക്കാൻവേണ്ടി പൗലോസിൽനിന്ന് എന്തെങ്കിലും കൈക്കൂലി ലഭിക്കുമെന്നും അയാൾ കരുതിയിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം (മിശിഹാവർഷം 60 -ൽ) ഫെലിക്സിന്റെ പിൻഗാമിയായി ലൂസിയുസ്‌ ഫെസ്‌തൂസ് നിയമിതനായി. 

ദേശാധിപതിയായി അധികാരമേറ്റു മൂന്നുദിവസംകഴിഞ്ഞ് ഫെ‌സ് കേസറിയായിൽനിന്ന് ജറുസലേമിലെത്തി. പ്രധാനാചാര്യന്മാരും യഹൂദപ്രമാണികളും പൗലോസിനെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. വിചാരണയ്ക്കായി പൗലോസിനെ ജറുസലേമിലേക്കു കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. കൊണ്ടു വരുംവഴി പൗലോസിനെ വധിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ ഇതൊന്നും അറിയാതെതന്നെ, കേസറിയായിൽവച്ചാണു വിചാരണയെന്നും പാടവമുള്ളവർക്ക് അവിടെയെത്തി പരാതി സമർപ്പിക്കാമെന്നും ഫെസ്‌തൂസ് അറിയിച്ചു. ഒരാഴ്ച്‌ചയ്ക്കുശേഷം കേസറിയായിലെത്തിയ ഫെസ്‌തൂസിൻ്റെ മുമ്പിൽ പൗലോസ് ഹാജരാക്കപ്പെട്ടു. യഹൂദർ അദ്ദേഹത്തിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. താൻ യഹൂദരുടെ നിയമങ്ങൾക്കോ ദൈവാലയത്തിനോ സീസറിനോ എതിരായി ഒന്നും ചെയ്‌തിട്ടില്ല എന്നതായിരുന്നു പൗലോസിന്റെ വാദം (നട 25,7). 

പൗലോസിനെതിരെ ഉയർന്ന ആരോപണങ്ങൾ യഹൂദനിയമത്തെയും ദൈവാലയത്തെയും സംബന്ധിക്കുന്നവയാകയാൽ (നട 25,20), ജറുസലേമിൽവച്ച് വിസ്‌തരിക്കപ്പെടാൻ സമ്മതമാണോ എന്നു ഫെസ് അദ്ദേഹത്തോടു ചോദിച്ചു. യഹൂദരെ പ്രീണിപ്പിക്കുക എന്നൊരു ലക്ഷ്യംകൂടി ഫെസ്‌തൂസിനുണ്ടായിരുന്നു. താൻ റോമൻ പൗരനായതുകൊണ്ട് സീസറിൻ്റെ മുമ്പാകെയാണ് വിസ്തരിക്കപ്പെടേണ്ടത് എന്നു പൗലോസ് മറുപടി നല്‌കി. യഹൂദരോടു താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മരണാർഹമായ കുറ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറാൻ ആഗ്രഹമില്ലെന്നും പൗലോസ് അറിയിച്ചു. താൻ തെറ്റുകാരനല്ലെങ്കിൽ യഹൂദരുടെ കൈകളിൽ ഏല്പിച്ചുകൊടുക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാരണങ്ങളാൽ പൗലോസ് സീസറിന്റെയടുത്ത് ഉപരിവിചാരണ ആവശ്യപ്പെട്ടു (നട 25,11). ഉപദേശക സമിതിയുമായി ആലോചിച്ചശേഷം ഫെസ്തൂസ് അതിന് അനുമതി നല്കി. 

 

അദ്ധ്യായം 6 

പൗലോസ് അഗ്രിപ്പാ രാജാവിന്റെ മുമ്പിൽ 

പുതിയ ദേശാധിപതിയായ ഫെസ്‌തൂസിനു മംഗളങ്ങൾ നേരാനായി അഗ്രിപ്പാ രണ്ടാമൻ രാജാവ് തൻ്റെ സഹോദരിയായ ബർണിക്കേയുമൊത്ത് കേസറിയായിൽ എത്തിയപ്പോൾ പൗലോസിന്റെ കാര്യം ഫെസ്തൂസ് രാജാവിനെ ധരിപ്പിച്ചു. മരിച്ചെങ്കിലും ജീവിച്ചിരിക്കുന്നു വെന്ന് പൗലോസ് സമർത്ഥിക്കുന്ന ഈശോയെക്കുറിച്ചുമാത്രമേ എന്തെങ്കിലും അഭിപ്രായഭിന്നത നിലനില്ക്കുന്നതായി തനിക്കു തോന്നുന്നുള്ളു എന്ന് ഫെസ്തൂസ് രാജാവിനോടു പറഞ്ഞു. പൗലോസിന്റെ വാദം തനിക്കു നേരിട്ടു കേൾക്കാൻ താല്‌പര്യമുണ്ടെന്നു രാജാവ് അറിയിച്ചതിൻപ്രകാരം, പിറ്റെദിവസം ശതാധിപന്മാരുടെയും നഗരപ്രമാണികളുടെയും സാന്നിധ്യത്തിൽ ന്യായാസനശാലയിൽ ഫെസ്തൂസിന്റെയും അഗ്രിപ്പായുടെയും ബർണിക്കേയുടെയുംമുമ്പിൽ പൗലോസ് ഹാജരാക്കപ്പെട്ടു. ഉപരി വിചാരണയ്ക്കായി സീസറിൻ്റെ പക്കലേക്ക് അയയ്ക്കുമ്പോൾ എഴുതി അറിയിക്കേണ്ട ആരോപണങ്ങൾ വ്യക്തമാകും എന്നു കരുതിക്കൂടിയാണ് പൗലോസിനെ ഹാജരാക്കുന്നത് എന്നും ഫെസ്തൂസ് കൂട്ടിച്ചേർത്തു. 

സിനഗോഗുകളിലും ദേശാധിപതികളുടെമുമ്പിലും വിചാരണ ചെയ്യപ്പെട്ട പൗലോസ് ഇപ്പോൾ രാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോൾ, തന്നെ അനുഗമിക്കുന്നവരെ സംബന്ധിച്ചുള്ള നമ്മുടെ കർത്താവിന്റെ വാക്കുകൾ പൂർത്തിയാവുകയായിരുന്നു (ലൂക്കാ 12,12). ഈശോ തന്നെയും ഒരു ഹേറോദിയൻ രാജാവിൻ്റെ പക്കൽ വിചാരണ ചെയ്യപ്പെട്ടുവല്ലോ (ലൂക്കാ 23,6-12). 

തന്റെ വാദം അവതരിപ്പിക്കാൻ ലഭിച്ച അവസരത്തിനു നന്ദി പറഞ്ഞുകൊണ്ട് പൗലോസ് ആരംഭിച്ചു. യഹൂദ നിയമങ്ങളും ആചാരങ്ങളും വിവാദങ്ങളും നന്നായി അറിയാവുന്ന അഗ്രിപ്പാ രാജാവിന്റെ മുമ്പിൽ സംസാരിക്കാൻ അനുവാദം ലഭിക്കുന്നത് വലിയ ഭാഗ്യമായി കരുതുന്നു എന്നു പറഞ്ഞുകൊണ്ടാണ് പൗലോസ് തുടർന്നത്. പ്രസംഗത്തിലെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്. 

  1. യഹൂദമതത്തിലെ ഏറ്റവും കർക്കശവിഭാഗമായ ഫരിസേയരുടെ ഉത്തമ നിയമമനുസരിച്ചു ജീവിച്ച തൻ്റെ പൂർവ്വകാലത്തെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണ്. 
  2. ഇസ്രായേൽജനം മുഴുവനും പ്രത്യാശയോടെ കാത്തിരിക്കുന്ന മരിച്ചവരിൽ നിന്നുള്ള ഉയിർപ്പിനെച്ചൊല്ലിയാണ് താനിപ്പോൾ വിചാരണ ചെയ്യപ്പെടുന്നത്. 
  3. യഹൂദ വിശ്വാസത്തിലുള്ള തീക്ഷ്‌ണതനിമിത്തം താൻ നസറായനായ ഈശോയുടെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യുകയും ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
  4. ദമാസ്ക്കസിലേക്കുള്ള യാത്രയ്ക്കിടയിൽ ആകാശത്തുനിന്നു പ്രത്യക്ഷപ്പെട്ട പ്രകാശത്തിൽ ഈശോമിശിഹാ തനിക്കു സ്വയം വെളിപ്പെടുത്തി. 
  5. കണ്ടതും കാണാനിരുന്നതുമായ കാര്യങ്ങളുടെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിക്കാനായിരുന്നു മിശിഹാ തനിക്കു പ്രത്യക്ഷപ്പെട്ടത്. 
  6. സുവിശേഷ വെളിച്ചംവഴി വിജാതീയരുടെ കണ്ണുകൾ തുറക്കാനും അങ്ങനെ വിശ്വാസംവഴി അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താനിൽനിന്നു ദൈവത്തിലേക്കും നയിച്ച് പാപമോചനവും വിശുദ്ധീകരണവും നല്‌കാനുമായാണ് കർത്താവ് തന്നെ നിയമിച്ചിരിക്കുന്നത്. 

 

  1. ഈ സ്വർഗീയ ദർശനമനുസരിച്ച് ആദ്യം ദമാസ്ക്കസിലും പിന്നീട് ജറുസലേമിലും യൂദയായിലും വിജാതീയരുടെയിടയിലും ദൈവത്തിലേക്കു തിരിയണമെന്നും മാനസാന്തരത്തിൻ്റെ ഫലങ്ങൾ പുറപ്പെടുവിക്കണമെന്നും താൻ പ്രസംഗിച്ചു. 
  2. ദൈവിക നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചതിൻ്റെ പേരിലാണ് താൻ ബന്ധനസ്ഥനായതും വിചാരണ ചെയ്യപ്പെടുന്നതും. 
  3. ഇന്നുവരെ ദൈവത്തിങ്കൽ നിന്നുള്ള സഹായം തനിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ചെറിയവർക്കും വലിയവർക്കും സാക്ഷ്യം നല്കിക്കൊണ്ട് ധൈര്യപൂർവ്വം നില്ക്കുന്നത്. 
  4. മിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയുംകുറിച്ചു പ്രവാചകന്മാർ അരുളിച്ചെയ്‌തിട്ടുള്ളതു പൂർത്തിയാകുന്നതിൻ്റെ ഭാഗമാണിത് (എസ 2,1-6; ജറെ 1,8; ഏശ35,5; 42,7; 61,1). 
  5. യഹൂദരോടും വിജാതീയരോടും പ്രകാശം വിളംബരം ചെയ്യപ്പെടുമെന്നതും പ്രവാചകവാഗ്ദ‌ാനമാണ്. 

പൗലോസ് ഇപ്രകാരം ന്യായവാദം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഫെസ്തൂസ് ഉയർന്ന സ്വരത്തിൽ വിളിച്ചുപറഞ്ഞു: “പൗലോസ്, നിനക്കു ഭ്രാന്താണ്. നിന്റെ വിജ്ഞാനം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു” (നട 26,24). തനിക്കു ഭ്രാന്തില്ലെന്നും സുബോധത്തോടുകൂടി സത്യമാണു പറയുന്നതെന്നും പൗലോസ് പറഞ്ഞു. അഗ്രിപ്പാ രാജാവിന് ഇവയെല്ലാമറിയാമെന്നതുകൊണ്ടാണ് സ്വാതന്ത്യത്തോടെ താൻ സംസാരിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് രാജാവിനോടായി പൗലോസ് പറഞ്ഞു: “അങ്ങു പ്രവാചകരിൽ വിശ്വസിക്കുന്നുണ്ടോ, ഉണ്ടെന്നെനിക്കറിയാം” (നട 26,27). പ്രവാചകരിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ മുൻകൂട്ടി അറിയിച്ചിരുന്ന മിശിഹായിലും വിശ്വസിക്കുന്നുണ്ടെന്നു വ്യംഗ്യം. രാജാവ് പരിഹാസസ്വരത്തിൽ ചോദിച്ചു: “അല്പം തന്ത്രം കൊണ്ട് എന്നെ ക്രിസ്ത്യാനിയാക്കാനാണോ നിൻ്റെ ഭാവം?” (നട 26,23). പൗലോസ് പ്രതിവചിച്ചു: "അല്‌പംകൊണ്ടാകട്ടെ, അധികംകൊണ്ടാകട്ടെ, അങ്ങുമാത്രമല്ല, എന്നെ ശ്രവിക്കുന്ന എല്ലാവരും, ഈ ബന്ധനം ഒഴികെ എല്ലാക്കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നു ദൈവത്തോടു ഞാൻ പ്രാർത്ഥിക്കുന്നു" (നട 26,29). 

തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കു മറുപടി പറയാനാണ് പൗലോസ് ആരംഭിച്ചതെങ്കിലും അവസാനിപ്പിക്കുന്നത് കർത്താവായ ഈശോമിശിഹായെക്കുറിച്ചു പ്രഘോഷിച്ചുകൊണ്ടാണ്. 22-ാം അദ്ധ്യായം മുതൽ പൗലോസ് നടത്തുന്ന ന്യായവാദം മുഴുവന്റെയും ഉച്ചകോടി ഈ പ്രസംഗത്തിലാണ്. നടപടി പുസ്‌തകം മുഴുവന്റെയും ഉച്ചകോടി ഈ പ്രസംഗത്തിലാണെന്നു പറയാം. മരണത്തിനോ തടവിനോ അർഹമായ കുറ്റമൊന്നും പൗലോസിൽ കാണുന്നില്ലെന്നും സീസറിന്റെ പക്കൽ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ അയാളെ മോചിപ്പിക്കാമായിരുന്നു എന്നും പരസ്‌പരം പറഞ്ഞുകൊണ്ടാണ് അവർ പിരിഞ്ഞുപോയത്. 

 

 

അദ്ധ്യായം 7 

ബന്ധിതനായി റോമായിലേക്ക് 

ഫെസ്‌തൂസിന്റെ കല്‌പനപ്രകാരം പൗലോസിനെ ഇറ്റലിയിൽ സീസറിന്റെ പക്കലേക്ക് അയയ്ക്കാനായി സെബാസ്തേ സൈന്യവിഭാഗത്തിലെ ജൂലിയൂസ് എന്ന ശതാധിപനെ ഏല്‌പിച്ചു. മറ്റുചില തടവുകാരും കൂടെയുണ്ടായിരുന്നു. ഏഷ്യയുടെ തുറമുഖങ്ങളിലേക്കു പോകാനിരുന്ന ഒരു കപ്പലിലാണ് അവർ യാത്രയായത്. ഗ്രന്ഥകർത്താവായ വി. ലൂക്കായും തെസലോനിക്കായിൽനിന്നുള്ള അരിസ്റ്റാർക്കൂസും അവരോടൊപ്പമുണ്ടായിരുന്നു. പിറ്റേന്ന് അവർ സീദോനിൽ ഇറങ്ങി. അവിടെയുണ്ടായിരുന്ന സ്നേഹിതരെ സന്ദർശിക്കാനും വിശ്രമിക്കാനും ശതാധിപൻ പൗലോസിനെ അനുവദിച്ചു. സൈപ്രസ് ദ്വീപുചേർന്നു സഞ്ചരിച്ച അവർ കിലിക്യായിലെ മീറായിലെത്തി. അവിടെനിന്ന് ഇറ്റലിക്കു പോകുന്ന ഒരു അലക്‌സാണ്ഡ്രിയൻ കപ്പലിലാണ് യാത്ര തുടർന്നത്. വളരെ ദിവസത്തെ ആയാസമേറിയ യാത്രയ്ക്കുശേഷം അവർ കീദോസ് ദ്വീപിനു സമീപമെത്തി. സൽമോനേക്ക് എതിരെയുള്ള ക്രേത്തേയുടെ തീരത്തുകൂടിയാണ് അവർ പോയത്. അതിനുചുറ്റി ലസേയപ്പട്ടണത്തിനു സമീപമുള്ള സുന്ദരതുറമുഖം എന്ന സ്ഥലത്ത് അവരെത്തി. 

പാപപരിഹാര ദിനത്തോടനുബന്ധിച്ച് യഹൂദർക്ക് വലിയ ഉപവാസമുണ്ടായിരുന്നു (ലേവ്യ 16,29-31). യഹൂദ കലണ്ടറിലെ ഏഴാം മാസമായ തിഷ്റി പത്താം തീയതിയായിരുന്നു പാപപരിഹാരദിനം. നമ്മുടെ ഒക്ടോബർമാസം അവസാനത്തോടെയാണിത്. ഈ കാലയളവിൽ മെഡിറ്ററേനിയൻ കടലിലൂടെയുള്ള കപ്പൽയാത്ര അപകട സാദ്ധ്യത കൂടിയതായിരുന്നു. യഹൂദരുടെ ഉപവാസകാലം കഴിയുംവരെ അവർക്കു സുന്ദരതുറമുഖത്തു പാർക്കേണ്ടിവന്നു (നട 27,9) എന്നു വി. ലൂക്കാ രേഖ പ്പെടുത്തുന്നതിൻ്റെ അർത്ഥമിതാണ്. തുടർന്നുള്ള പൗലോസിന്റെ ഉപദേശത്തിൽനിന്നും ഇതു കൂടുതൽ വ്യക്തമാകുന്നുണ്ട്. പൗലോസ് പറഞ്ഞു: “സുഹൃത്തുക്കളേ, ഈ യാത്ര കപ്പലിലെ ചരക്കിനു മാത്രമല്ല, നമ്മുടെ ജീവനുതന്നെയും ഹാനികരമാകുമെന്നു ഞാൻ കരുതുന്നു" (നട 27,10). പൗലോസിൻ്റെ ഉപദേശം കൂട്ടാക്കാതെ അവർ യാത്ര തുടർന്ന് ക്രേത്തേയിലുള്ള ഫേനിക്‌സ് തുറമുഖത്തെത്തി. തെക്കൻ കാറ്റു വീശിയപ്പോൾ ക്രേത്തേയുടെ തീരംചേർന്ന് ലക്ഷ്യത്തിലേക്കു യാത്രചെയ്തു. 

എന്നാൽ അല്പംകഴിഞ്ഞപ്പോൾ ഒരു വടക്കുകിഴക്കൻ ചുഴലിക്കാറ്റ് കപ്പലിനെതിരെ ആഞ്ഞടിച്ചു. കൊടുങ്കാറ്റിനെ ചെറുത്തുനില്ക്കാൻ കഴിയാതിരുന്ന കപ്പൽ കാറ്റിൻ്റെ ഗതിയനുസരിച്ചു ഒഴുകി. ക്ലെവ്ദാ ദ്വീപിന്റെ സമീപത്തുവച്ച് കപ്പലിന്റെ രക്ഷാനൗക വളരെ പ്രയാസപ്പെട്ട് ഉയർത്തിയെടുത്ത് കപ്പലിനോടു ചേർത്തു ബന്ധിച്ചു. ആഴം കുറഞ്ഞിടത്തു കപ്പൽ ഉറച്ചുപോകുമോ എന്നു ഭയന്ന് പായ്ക്‌കൾ താഴ്ത്തിക്കെട്ടി. പിറ്റെദിവസവും കാറ്റു പ്രതികൂലമായിരുന്നതിനാൽ ചരക്കുകൾ കടലിലെറിഞ്ഞു കളഞ്ഞു. മൂന്നാംദിവസം കപ്പലിൻ്റെ സാമഗ്രികൾപോലും പുറത്തേക്കു കളയേണ്ടിവന്നു. അനേകദിവസങ്ങളായി സൂര്യനോ ചന്ദ്രനോ കാണാതിരുന്നതുമൂലം രക്ഷപെടാമെന്ന പ്രതീക്ഷപോലും അവർക്കു നഷ്ടമായി. 

ദിവസങ്ങളായി ഒന്നും കഴിക്കാതെ അവശരായി കഴിഞ്ഞിരുന്ന യാത്രക്കാരുടെ മധ്യേ ചെന്നു പൗലോസ് അവരെ ധൈര്യപ്പെടുത്താൻ ശ്രമിച്ചു. താൻ നിർദ്ദേശിച്ചതനുസരിച്ച് ക്രേത്തേയിൽനിന്നു പുറപ്പെടാ തിരുന്നെങ്കിൽ ഈ കഷ്ടനഷ്ട‌ങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും അവരിൽ ആരുടെയും ജീവനു ഹാനി സംഭവിക്കില്ലെന്നു ദൈവത്തിൽനിന്ന് തനിക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവരെ അറിയിച്ചു (നട 27,22-26). അതുകൊണ്ടു ധൈര്യമായിരിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. 

യാത്രയുടെ പതിനാലാം ദിവസം അർദ്ധരാത്രിയിൽ അദ്രിയാക്കടലിലൂടെ ഒഴുകിനടക്കുമ്പോൾ കരയെ സമീപിക്കുന്നതായി നാവികർക്കു തോന്നി. കടലിൻ്റെ ആഴം അളന്നപ്പോൾ അതു കുറഞ്ഞു വരുന്നതായി കണ്ടു. പാറക്കെട്ടിൽ അകപ്പെടുമോ എന്നു ഭയന്ന് അമരത്തുനിന്ന് നാലു നങ്കൂരങ്ങൾ ഇറക്കിയിട്ട്, പ്രഭാതമാകാൻവേണ്ടി പ്രാർത്ഥിച്ചു കാത്തിരുന്നു. നാവികർ കപ്പലിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതു മനസ്സിലാക്കിയ പൗലോസ് അവരെ ആ ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചു. പ്രഭാതമാകാറായപ്പോൾ ഭക്ഷണം കഴിക്കാൻ പൗലോസ് എല്ലാവരെയും നിർബന്ധിച്ചു. ആർക്കും ഒരപകടവും സംഭവിക്കില്ലെന്ന് വീണ്ടും അദ്ദേഹം അവർക്കുറപ്പു നല്‌കി. ഉപദേശത്തെക്കാളും മാതൃക തന്നെയാണ് കൂടുതൽ ഫലപ്രദമെന്നറിഞ്ഞിരുന്ന പൗലോസ് അവരുടെ മുമ്പിൽവച്ച് അപ്പമെടുത്ത് ദൈവത്തിനു കൃതജ്ഞതയർപ്പിച്ച്, മുറിച്ചു ഭക്ഷിക്കാൻ തുടങ്ങി. അപ്പോൾ എല്ലാവർക്കും ഉത്സാഹം തോന്നി. കപ്പലിലുണ്ടായിരുന്ന ഇരുനൂറ്റെഴുപത്താറു പേരും തൃപ്‌തിയാവുവോളം ഭക്ഷിച്ചു. ബാക്കിവന്ന ഗോതമ്പ്, ഭാരം കുറയ്ക്കാൻ വേണ്ടി കടലിലെറിയുകയും ചെയ്തു. 

പ്രഭാതമായപ്പോൾ മണൽതിട്ടകളോടുകൂടിയ ഒരുൾക്കടൽ അവർ കണ്ടു. കപ്പൽ അവിടെ അടുപ്പിക്കാൻ ആഗ്രഹിച്ച് നങ്കുരം അറുത്തു കടലിൽത്തള്ളി. ചുക്കാൻ ബന്ധിച്ചിരുന്ന കയറുകളും അയച്ചു. കാറ്റിനഭി മുഖമായിപായ് ഉയർത്തിക്കെട്ടി തീരത്തെ ലക്ഷ്യമാക്കി നീങ്ങി. എന്നാൽ മുന്നോട്ടു നീങ്ങിയ കപ്പൽ ഉയർന്നുനിന്ന തിട്ടയിൽ ചെന്നുറച്ചു. അതിന്റെ മുൻഭാഗം തിട്ടയിൽ ഉറച്ചു. പിൻഭാഗം തിരയടിച്ചു തകർന്നുപോയി. തടവുകാർ നീന്തി രക്ഷപ്പെടാതിരിക്കാനായി അവരെ കൊന്നുകളയാൻ പടയാളികൾ തീരുമാനിച്ചെങ്കിലും പൗലോസിനെ രക്ഷിക്കാൻ ആഗ്രഹിച്ച ശതാധിപൻ ആ ഉദ്യമത്തിൽ നിന്നവരെ തടഞ്ഞു. നീന്തൽ വശമുള്ളവർ എത്രയുംവേഗം കര പറ്റിക്കൊള്ളാൻ അയാൾ നിർദ്ദേശിച്ചു. മറ്റുള്ളവർ പലകകളിലും കപ്പലിൻ്റെ അവശിഷ്‌ടങ്ങളിലും പിടിച്ചു നീന്തി കരയ്ക്കടുത്തു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിലെത്തി. 

പൗലോസും കൂട്ടരും അപ്രകാരം ചെന്നുപെട്ടത് മാൾട്ടാ ദ്വീപിലാണ്. അപരിചിതരെങ്കിലും മാൾട്ടാക്കാർ അവരോടു കാരുണ്യപൂർവ്വം പെരുമാറി. കനത്തമഴയും കടുത്ത തണുപ്പുമായിരുന്നതുകൊണ്ട് അവർ ആഴികൂട്ടി തീ കായാൻ അവരെ ക്ഷണിച്ചു. പൗലോസ് കുറെ വിറകു കമ്പുകൾ പെറുക്കി തീയിലിട്ടപ്പോൾ അവയിൽനിന്നു ചൂടേറ്റു പുറത്തു വന്ന ഒരു അണലിപ്പാമ്പ് അയാളുടെ കൈയിൽ കടിച്ചു. അത് അയാളുടെ കൈയിൽ തൂങ്ങിക്കിടക്കുന്നതുകണ്ട് അവർ പറഞ്ഞു: “ഇയാൾ ഒരു കൊലപാതകിയാകണം. കടലിൽനിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കാൻ നീതി ഇയാളെ അനുവദിക്കുന്നില്ലല്ലോ" (നട 28,4). പൗലോസാകട്ടെ, കൈകുടഞ്ഞ് പാമ്പിനെ തീയിലിട്ടു. അയാൾക്ക് അപകടമൊന്നു മുണ്ടായില്ല. അത്യാഹിതമൊന്നും സംഭവിച്ചില്ലെന്നു കണ്ടപ്പോൾ അവർ അഭിപ്രായം മാറ്റുകയും അയാൾ ഒരു ദേവനാണെന്നു പറയുകയും ചെയ്തു. ഇത്ര മഹാകാര്യങ്ങൾ ചെയ്യുന്നവനാണെങ്കിലും പൗലോസ് ദൈവമല്ലെന്നും ഉത്ഥിതനായ മിശിഹായ്ക്കു ലോകത്തിന്റെ അതിർത്തികൾവരെ സാക്ഷ്യം വഹിക്കുന്ന അവിടുത്തെ കരങ്ങളിലെ വെറും ഉപകരണം മാത്രമാണെന്നും ഒരിക്കൽകൂടി വ്യക്തമാക്കുന്ന സംഭവമാണിത്. 

ആ ദ്വീപിലെ പ്രമാണിയായ പുബ്ലിയൂസ് പൗലോസിനും കൂട്ടർക്കും മൂന്നു ദിവസത്തേക്ക് ആഥിത്യം നല്കി. അദ്ദേഹത്തിന്റെ പിതാവ് പനിയും അതിസാരവും ബാധിച്ച് കിടപ്പിലായിരുന്നു. പൗലോസ് അയാളുടെമേൽ കൈകൾവച്ചു പ്രാർത്ഥിച്ച് അയാളെ സുഖപ്പെടുത്തി. ഇതറിഞ്ഞ മറ്റുരോഗികളും പൗലോസിനെ സമീപിച്ചു സൗഖ്യം പ്രാപിച്ചു. മാൾട്ടാക്കാർ അവരെ വളരെയേറെ ബഹുമാനിക്കുകയും യാത്ര പുറപ്പെട്ടപ്പോൾ ആവശ്യമുള്ളതെല്ലാം കൊടുത്തുവിടുകയും ചെയ്തു (നട 28,10). 

മൂന്നു മാസങ്ങൾക്കുശേഷം ഒരു അലക്‌സാണ്ഡ്രിയൻ കപ്പലിൽ അവർ യാത്ര പുറപ്പെട്ടു. സിറാക്കൂസ് എന്ന പട്ടണത്തിൽ മൂന്നുദിവസം താമസിച്ചശേഷം റേജിയോ എന്ന സ്ഥലത്തെത്തി. പിറ്റെദിവസം ഇറ്റാലിയൻ പട്ടണമായ പുത്തെയോളിൽ എത്തിച്ചേർന്നു. അവിടെയുണ്ടായിരുന്ന ചില വിശ്വാസികളുടെ ക്ഷണപ്രകാരം അവരുടെകൂടെ ഒരാഴ്ചക്കാലം ചിലവഴിച്ചശേഷം റോമായിലേക്കു യാത്രയായി. അവിടെയുണ്ടായിരുന്ന വിശ്വാസികൾ അവരെ സ്വീകരിക്കാനായി ആപ്പിയൻഫോറവും ത്രിസത്രവുംവരെ ചെന്നു. അവരെക്കണ്ടപ്പോൾ പൗലോസ് ദൈവത്തെ സ്തുതിക്കുകയും ധൈര്യം അവലംബിക്കുകയും ചെയ്തു‌ (നട 28,15). റോമായിൽ ഒരു പടയാളിയുടെ കാവലിൽ താൻ ഇച്ഛിക്കുന്നിടത്തു താമസിക്കാൻ ശതാധിപൻ പൗലോസിനെ അനുവദിച്ചു. 

അദ്ധ്യായം 8 

പൗലോസ് റോമായിൽ 

റോമിലെത്തി മൂന്നുമാസം കഴിഞ്ഞപ്പോൾ പൗലോസ് അവിടെയുണ്ടായിരുന്ന യഹൂദപ്രമാണികളെ വിളിച്ചുകൂട്ടി ഒരു പ്രസംഗം ചെയ്തു (നട 28, 17-20). നാലു കാര്യങ്ങളാണ് പ്രധാനമായും പ്രസംഗത്തിലുണ്ടായിരുന്നത്. 

1 യഹൂദജനത്തിനോ പൂർവ്വികരുടെ നിയമങ്ങൾക്കോ വിരുദ്ധമായി അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ല (നട 28,17).

2. റോമൻ അധികാരികൾ മരണശിക്ഷയർഹിക്കുന്ന കുറ്റമൊന്നും കാണായ്കയാൽ അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ ആഗ്രഹിച്ചിരുന്നു.

3. യഹൂദർ അത് എതിർത്തപ്പോൾ പൗലോസ് സീസറിന്റെ പക്കൽ ഉപരിവിചാരണയ്ക്ക് അപേക്ഷിച്ചു (നട 28,19).

4. ഇസ്രായേലിൻ്റെ പ്രത്യാശയെച്ചൊല്ലിയാണ് അദ്ദേഹം ചങ്ങലയിൽ ആയിരിക്കുന്നത് (നട 28,20). നട 23,6 ൽ മരിച്ചവരിൽ നിന്നുള്ള ഉത്ഥാനമാണ് ഇസ്രായേലിൻ്റെ പ്രതീക്ഷ എന്നു വ്യക്തമാക്കപ്പെട്ടിരുന്നതാണ്. ഈ വിശ്വാസത്തിൽ പൗലോസ് എന്നും ഒരു പ്രീശൻ തന്നെയായിരുന്നു. ഈശോമിശിഹാ മരിച്ചവരിൽ നിന്നുയിർത്തു എന്നു പ്രഘോഷിച്ചതിൻ്റെ പേരിലാണല്ലോ അദ്ദേഹം ബന്ധനസ്ഥനായത്. 

ഇതുകേട്ട യഹൂദർ പൗലോസിനോടു പറഞ്ഞു: “യൂദായിൽനിന്നു നിന്നെപ്പറ്റി ഞങ്ങൾക്ക് എഴുത്തൊന്നും കിട്ടിയിട്ടില്ല. ജറുസലേമിൽനിന്നു വന്ന സഹോദരരിൽ ആരും നിന്നെക്കുറിച്ചു പ്രതികൂലമായ വിവരമൊന്നും തന്നിട്ടുമില്ല" (നട 28,21). ഇതുകേട്ടപ്പോൾ പൗലോസിന് ആശ്വാസമായി. എങ്കിലും ഈ മതവിഭാഗത്തെ യഹൂദർ എല്ലായിടത്തും എതിർത്തു സംസാരിക്കുന്നതുകൊണ്ട് ഇതിനെക്കുറിച്ചു പൗലോസിൽ നിന്നുതന്നെ നേരിട്ടു കേൾക്കാൻ ആഗ്രഹമുണ്ടെന്ന് അവർ അറിയിച്ചു. അതിനായി അവർ ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു. 

നിശ്ചിതദിവസം നിരവധിയാളുകൾ പൗലോസിൻ്റെ വാസസ്ഥലത്തെത്തിയപ്പോൾ അദ്ദേഹം മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും ആധാരമാക്കി ഈശോയെക്കുറിച്ചു പഠിപ്പിച്ചുകൊണ്ട് പ്രഭാതം മുതൽ പ്രദോഷം വരെ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു (നട 28,23). റോമായിൽ ദൈവരാജ്യത്തെക്കുറിച്ചു പ്രഘോഷിക്കുന്നതിലൂടെ ഉത്ഥിതനായ കർത്താവ് ശ്ലീഹന്മാരെ ഏല്‌പിച്ച ദൗത്യം (നട 1,8) പൂർത്തിയാക്കുന്നതിനു പൗലോസ് സഹായിക്കുകയായിരുന്നു. ലോകത്തിന്റെ അതിർത്തികൾവരെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കപ്പെടുമ്പോൾ ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിതമാകും എന്നായിരുന്നല്ലോ കർത്താവ് അരുളിച്ചെയ്‌തത്‌. സാവൂളിനെ വിളിക്കുന്ന അവസരത്തിലും ഈ ലക്ഷ്യം കർത്താവ് വ്യക്തമാക്കിയിരുന്നതാണ് (നട 9,15). ഈശോ മിശിഹായുടെ മനുഷ്യാവതാരവും സഹനമരണോത്ഥാനങ്ങളുംവഴി മനുഷ്യവർഗം മുഴുവൻ്റെയും മേൽ സാധിതമായ ദൈവിക ഭരണമാണ് ദൈവരാജ്യത്തിൻ്റെ സുവിശേഷംകൊണ്ട് അർത്ഥമാക്കുന്നത്. നിയമത്തിന്റെയും പ്രവാചകന്മാരുടെയും വെളിച്ചത്തിലാണ് ഈശോയെക്കുറിച്ച് പൗലോസ് പഠിപ്പിച്ചിരുന്നത്. യഹൂദരുടെ വിശുദ്ധലിഖിതത്തിന്റെ പൂർത്തീകരണമാണല്ലോ ഈശോമിശിഹാ. തന്നെക്കുറിച്ച് നിയമത്തിലും പ്രവാചകന്മാരിലും പറഞ്ഞിരിക്കുന്നവ ചൂണ്ടിക്കാണിച്ച് വ്യാഖ്യാനിച്ചു നല്കിയത് ഉത്ഥിതനായ കർത്താവു തന്നെയാണ് (ലൂക്കാ 24,27). 

പൗലോസിനെ ശ്രവിച്ച യഹൂദരിൽ ചിലർക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ബോദ്ധ്യമായി. മറ്റു ചിലർക്കു ബോദ്ധ്യം വന്നില്ല. അവർ പരസ്പര അഭിപ്രായവ്യത്യാസത്തോടെ പിരിഞ്ഞുപോകുമ്പോൾ, ഏശയ്യാ നിവ്യാ ഇതു പണ്ടേ മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണ് എന്നു പൗലോസ് ശ്ലീഹാ പറഞ്ഞു. സുവിശേഷ സന്ദേശം നിരാകരിക്കുന്ന യഹൂദർ അവരുടെ പൂർവ്വികരുടെ പാത തന്നെയാണ് പിന്തുടരുന്നത് എന്നാണ് പൗലോസ് വ്യക്തമാക്കിയത്. സുവിശേഷസന്ദേശത്തോടുള്ള യഹൂദരുടെ ഈ പ്രതികരണത്തെക്കുറിച്ചു പ്രവാചകനിലൂടെ സംസാരിച്ചത് പരിശുദ്ധറൂഹാ തന്നെയാണ്. ഏശയ്യ 6,9-10 ആണ് പൗലോസ് ഉദ്ധരിച്ചത്. “നീ ഈ ജനത്തോടു പറയുക. നിങ്ങൾ തീർച്ചയായും കേൾക്കും, എന്നാൽ ഗ്രഹിക്കുകയില്ല. നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല. അവർ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തു മാനസാന്തരപ്പെടുകയും ഞാൻ അവരോടു ക്ഷമിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, അവർ തങ്ങളുടെ ഹൃദയത്തെ മരവിപ്പിക്കുകയും കാതുകളും കണ്ണുകളും അടയ്ക്കുകയും ചെയ്ത‌ിരിക്കുന്നു (നട 28,26-27). പ്രവാചകസന്ദേശത്തോട് യഹൂദർ പ്രദർശിപ്പിച്ച നിർവ്വികാരത അവരുടെ ഹൃദയ കാഠിന്യത്തിന്റെ പ്രകാശനമായാണ് പ്രവാചകൻ കണ്ടത്. സുവിശേഷസന്ദേശത്തിനു പുറംതിരിഞ്ഞുനിന്ന യഹൂദരുടെ മനോഭാവം വ്യക്തമാക്കാൻ പൗലോസ്ശ്ലീഹാ ഈ പ്രവാചകവചനം ഉപയോഗിക്കുന്നു. പുതിയ നിയമത്തിൽ പലയിടങ്ങളിലും ഈ ലക്ഷ്യത്തോടെ ഈ ഭാഗം ഉപയോഗിച്ചിട്ടുണ്ട് (ലൂക്കാ 8,10; മർക്കോ 4,12 8,17-18; മത്താ 13,14-15; യോഹ 12,39-40; റോമാ 11,8). 

തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പൗലോസ്ശ്ലീഹാ പറഞ്ഞു: 

"അതിനാൽ നിങ്ങൾ ഇത് അറിഞ്ഞുകൊള്ളുവിൻ. ദൈവത്തിന്റെ ഈ രക്ഷാകരസന്ദേശം വിജാതീയരുടെയടുക്കലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്നു. അവർ അതു ശ്രവിക്കുകയും ചെയ്യുന്നു" (നട 28,28-29). "സകല മനുഷ്യരും ദൈവത്തിൻ്റെ രക്ഷ കാണും" (ഏശ 40,5) എന്ന പ്രവാചകന്റെ വചനം നിറവേറുന്നതിൻ്റെ ഭാഗമായാണ് രക്ഷയുടെ സുവിശേഷം യഹൂദരിൽനിന്ന് വിജാതീയരിലേക്കു പോകുന്നത്. യഹൂദരുടെ തിരസ്ക്കരണം അതിനൊരു നിമിത്തമായി എന്നുമാത്രം. ഇസ്രായേൽ തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ട് അവരോടു വേണമായിരുന്നു സുവിശേഷം ആദ്യം പ്രഘോഷിക്കപ്പെടാൻ. ഈശോമിശിഹാ സാധിതമാക്കിയ രക്ഷയുടെ സാർവ്വത്രികത വി. ലൂക്കാ തൻ്റെ വിവരണത്തിലുട നീളം ഊന്നിപ്പറയുന്ന കാര്യമാണ് (ലൂക്കാ 2,11.14.30-32; 3,6; 4,24-27; MS 1,8; 10,1-11,18; 13,47; 28,28). 

സ്വന്തംചെലവിൽ ഒരു വീടു വാടകയ്ക്കെ‌ടുത്ത് രണ്ടു വർഷക്കാലം പൗലോസ്ശ്ലീഹാ റോമിൽ താമസിച്ചു. തന്നെ സമീപിച്ചവരെയെല്ലാം സ്വീകരിക്കുകയും അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്‌തുപോന്നു. "നമ്മുടെ കർത്താവായ ഈശോമിശിഹായെക്കുറിച്ചു പരസ്യമായും നിർവിഘ്‌നമായും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു" (നട 28,30-31) എന്ന് എഴുതിക്കൊണ്ടാണ് വി. ലൂക്കാ തന്റെ വിവരണം അവസാനിപ്പിക്കുന്നത്. പൗലോസ് റോമിലെത്തിയതു സീസറിന്റെ പക്കൽ പരാതി ബോധിപ്പിക്കാനായിരുന്നുവെങ്കിലും അതെക്കുറിച്ച് യാതൊരു പരാമർശവും ലൂക്കായുടെ വിവരണത്തിലില്ല എന്നതു സാധാരണ വായനക്കാരനെ അത്ഭുതപ്പെടുത്തും. ഇരുപതോളം അദ്ധ്യായങ്ങൾ പൗലോസിനെക്കുറിച്ചു വിവരിക്കാനായി വിനിയോഗിച്ച വി. ലൂക്കാ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു സൂചിപ്പിക്കുക പോലും ചെയ്യാത്തതെന്തുകൊണ്ടാണ് എന്ന ചിന്ത ആർക്കുമുണ്ടാകാം. മൂന്നാമതൊരു വാല്യം കൂടി എഴുതുവാൻ ലൂക്കായ്ക്കു പദ്ധതി ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്രകാരം ഗ്രന്ഥമവസാനിപ്പിച്ചത് എന്നു കരുതുന്നവർ പോലുമുണ്ട്. 

വി. ലൂക്കായുടെ ലക്ഷ്യം പൗലോസ്‌ശ്ലീഹായുടെ ചരിത്രമെഴുതുക ആയിരുന്നില്ല. മറിച്ച്, ദൈവരാജ്യത്തിൻ്റെ സന്ദേശം എപ്രകാരം പൗലോസിലൂടെ ലോകത്തിൻ്റെ അതിർത്തികൾവരെ എത്തുന്നു എന്നു വിവരിക്കുകയായിരുന്നു. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ലോകം മുഴുവൻ വ്യാപിച്ചിരുന്നു എന്നായിരുന്നു സങ്കല്പ്‌പം. ആ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ സുവിശേഷമെത്തുമ്പോൾ പ്രതീകാത്മകമായി ലോകം മുഴുവൻ അതെത്തിയതായാണ് വി. ലൂക്കാ മനസ്സിലാക്കുന്നതും അവതരിപ്പിക്കുന്നതും. ദൈവരാജ്യപ്രഘോഷണം ഈശോമിശിഹായെക്കുറിച്ചു പഠിപ്പിക്കുന്നതിൽനിന്നു വ്യത്യസ്‌തമല്ലല്ലോ. തടസ്സം കൂടാതെയും ധൈര്യപൂർവ്വവും മിശിഹായെ പ്രഘോഷിക്കാൻ പൗലോസിനു സാധിച്ചത് സുവിശേഷസന്ദേശത്തിൻ്റെ തന്നെ വിജയമാണ്. 

വി. ലൂക്കാ പൗലോസിനെക്കുറിച്ചുള്ള തൻ്റെ വിവരണം ഇപ്രകാരം അവസാനിപ്പിക്കുന്നതിനു പ്രതീകാത്മകമായ മറ്റൊരു അർത്ഥം കൂടിയുണ്ട്. മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന ദൗത്യത്തിൽനിന്ന് ഇന്നുവരെയും പൗലോസ് പിൻമാറിയിട്ടില്ല. ഇന്നും തൻ്റെ ലേഖനങ്ങളിലൂടെ അദ്ദേഹം തുടർന്നുകൊണ്ടിരിക്കുന്നത് ഈ ദൈവരാജ്യപ്രഘോഷണം തന്നെയാണ്. നമ്മുടെ പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ മിക്ക ദിവസങ്ങളിലും വായിക്കുന്നതു പൗലോസിൻ്റെ ലേഖനങ്ങളിൽ നിന്നാണല്ലോ. സുറിയാനി കുർബാനയിൽ ലേഖന വായനയ്ക്ക് 'പൗലോസിന്റെ കാറോസൂസ' എന്നാണു പറയുന്നത്. 'കാറോസൂസ' എന്ന സുറിയാനി പദത്തിനർത്ഥം 'പ്രഘോഷണം' എന്നാണ്. 

അദ്ധ്യായം 9 

പൗലോസിന്റെ രക്തസാക്ഷിത്വം 

റോമിലെ കാരാഗൃഹവാസത്തിനുശേഷം പൗലോസിന് എന്തു സംഭവിച്ചു എന്നറിയാൻ പാരമ്പര്യത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. സ്പെയിൻ സന്ദർശിക്കണമെന്നതു പൗലോസിൻ്റെ ചിരകാലാഭിലാഷമായിരുന്നു (റോമ 15,24.28). റോമിലെ വിശുദ്ധരായ ക്ലമന്റ് (ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനം), ജറുസലേമിലെ സിറിൾ, എപ്പിഫാനിയൂസ്, ജെറോം, ക്രിസോസ്തോം, തെയോടോറെറ്റ് തുടങ്ങിയ പിതാക്കന്മാരും മുറത്തോറിയൻ രേഖാശകലം, പൗലോസിൻ്റെ നടപടി എന്നിവയിലെ സാക്ഷ്യങ്ങളും പൗലോസിന്റെ സ്പെയിൻ യാത്ര സൂചിപ്പിക്കുന്നുണ്ട്. സ്പെയിനിൽനിന്നു തിരിച്ചുവന്നശേഷം നേരത്തെ അറിയിച്ചിരുന്നതുപോലെ ഫിലമോനെ സന്ദർശിച്ചു (ഫില 22). അതിനുശേഷമാണ് ക്രേത്തേയിൽ എത്തിയതും അവിടെ സുവിശേഷമറിയിച്ചു സഭ സ്ഥാപിച്ചതും. ആ സഭാസമൂഹത്തിന്റെ സംരക്ഷണച്ചുമതലയാണ് പൗലോസ് പിന്നീട് തീത്തോസിനെ ഏല്പിച്ചത് (തീത്തോ 1,5). അവിടെനിന്നു മാസിഡോണിയായിലേക്കു പോകുംവഴി പൗലോസ് എഫേസോസിലെ അജപാലനശുശ്രൂഷ തിമോത്തേയോസിനെ ഭരമേല്‌പിച്ചു (1 തിമോ 1,3). ആ അവസരത്തിൽ ഫിലിപ്പിയായിലെ സഭാംഗങ്ങളോടു ചെയ്ത‌ിരുന്ന വാഗ്‌ദാനം (ഫിലി 2,24) നിറ വേറ്റാനായി അവരെ സന്ദർശിച്ചു. തീത്തോസിനും തിമോത്തേയോസിനുമുള്ള ലേഖനങ്ങൾ ഈ കാലഘട്ടത്തിൽ മാസിഡോണിയായിലോ കോറിന്തോസിലോ വച്ച് എഴുതപ്പെട്ടവയാകണം. പൗലോസ് വർഷകാലം ചിലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന നിക്കോപ്പൊളീസിൽ വരണമെന്നു തീത്തോസിനോടു ആവശ്യപ്പെടുന്നുണ്ടല്ലോ (തീത്തോ 3,12). തുടർന്നു വന്ന വസന്തകാലത്ത് തിമോത്തേയോസിനെ കാണാനായി ഏഷ്യയിൽ എത്തിയ (1 തിമോ 3,14-15) സമയത്താകണം ത്രോവാസിൽവച്ച് പൗലോസ് വീണ്ടും ബന്ധനസ്ഥനായത്. ആ സമയത്ത് അവിടെവച്ച് കാർപ്പോസിനെ ഏല്‌പിച്ചിട്ടുപോന്ന പുസ്‌തകസഞ്ചിയും പുസ്ത‌കങ്ങളും തുകൽച്ചുരുളുകളുമാണ് കൊണ്ടുവരണമെന്നു തിമോത്തേയോസിനോടു നിർദ്ദേശിക്കുന്നത് (2 തിമോ 4,13). ഏഷ്യൻ പ്രവിശ്യയുടെ തലസ്ഥാനമായ എഫേസോസിലേക്കാണ് പൗലോസിനെ ആദ്യം കൊണ്ടുപോയത്. അവിടെ ആരും അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നില്ല (2 തിമോ 1,15). പിന്നീട് വിചാരണയ്ക്കായി റോമിലേക്കു കൊണ്ടുപോകപ്പെട്ടപ്പോൾ പൗലോസ് ത്രോഫിമോസിനെ മിലേത്തോ' സിൽ വിട്ടിട്ടാണു പോയത് (2 തിമോ 4,20). റോമിൽനിന്നു തിമോത്തയോസിനുള്ള രണ്ടാം ലേഖനം എഴുതുമ്പോൾ എല്ലാവരാലും പരിത്യക്തനായ അദ്ദേഹം മരണം മുമ്പിൽ കണ്ടുകൊണ്ടാണ് കഴിയുന്നത്. "ഞാൻ നൈവേദ്യമായി ഒഴിക്കപ്പെടാൻപോകുന്നു. ഞാൻ അഴിഞ്ഞു പോകേണ്ട സമയം അടുത്തിരിക്കുന്നു. ഞാൻ നല്ലതുപോലെ യുദ്ധം ചെയ്തു. എന്റെ ഓട്ടം പൂർത്തിയാക്കി. എൻ്റെ വിശ്വാസം സംരക്ഷിച്ചു. അതിനാൽ, പ്രതിഫലമായി ലഭിക്കാനിരിക്കുന്ന നീതിയുടെ കിരീടം എനിക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന എൻ കർത്താവ് ആ ദിവസം അത് എനിക്കു സമ്മാനിക്കും" (2 തിമോ 4,6-8). തിമോത്തേയോസ് അടുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും അതുകൊണ്ടാണ് (2 തിമോ 4,9). വേറൊരു വർഷകാലംകൂടി ജയിലിൽ കഴിയാൻ പൗലോസിന് ആഗ്രഹമുണ്ടായിരുന്നില്ല (2 തിമോ 4,21). 

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിരചിതമായ “പൗലോസിന്റെ നടപടി" എന്ന ഗ്രന്ഥത്തിൽ (9,5) അതിക്രൂരമാംവിധം ക്രിസ്ത്യാനികളെ പീഡിപ്പിച്ച നീറോ ചക്രവർത്തിയുടെ ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് പൗലോസ് രക്തസാക്ഷിയായത്. റോം അഗ്നിക്കിരയാക്കിയതു ക്രിസ്ത്യാനികൾമൂലമാണെന്ന കുറ്റാരോപണത്തോടെയാണ് നീറോ സഭയ്ക്കെതിരെ ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടത്. ക്രിസ്ത്യാനികളുടെ നേതാക്കന്മാരായിരുന്ന പത്രോസിനെയും പൗലോസിനെയും നീറോ ലക്ഷ്യമിട്ടതു സ്വാഭാവികം മാത്രം. റോമിൽ ഓസ്‌തിയായ്ക്കുള്ള വഴിയിൽ ഇന്നു ത്രേ ഫോന്താനേ (Tre Fontanae) എന്നറിയപ്പെടുന്ന അക്വേസാൽവിയേ (Aquae Salviae) എന്ന സ്ഥലത്തുവച്ചാണ് പൗലോസ് രക്തസാക്ഷിയായത് എന്നാണ് തുടർന്നുള്ള പാരമ്പര്യം. അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന മനോഹര ബസിലിക്കായിൽ നിന്നും ഏകദേശം രണ്ടു മൈൽ മാത്രം അകലെയാണ് ഈ സ്ഥലം. നീറോ മിശിഹാവർഷം 68-ൽ മരിച്ചതുകൊണ്ട് അതിനുമുമ്പായിരിക്കണമല്ലോ വിശുദ്ധ ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം. മിശിഹാവർഷം 67 -നോടടുത്താണ് പൗലോസ്‌ശ്ലീഹാ മരിച്ചത് എന്നാണു പാരമ്പര്യം. 

പൗലോസിന്റെ രക്തസാക്ഷിത്വത്തിൻ്റെ സ്ഥലവുമായി ബന്ധപ്പെട്ടു വിശ്വസനീയമായ ഒരു പാരമ്പര്യമുണ്ട് (Acts of Peter and Paul by the Pseudo-Marcellus, 5th cent.). ശിരസ്സു ഛേദിച്ചു വധിക്കാനാണ് നീറോ കല്പ്പിച്ചത്. മുറിഞ്ഞു നിലത്തുവീണ പൗലോസിന്റെ ശിരസ്സ് മൂന്നു തവണ കുതിച്ചു ചാടി. അതു വീണ മൂന്നു സ്ഥലങ്ങളിൽനിന്നും അത്ഭുതകരമായി ഉറവകൾ പുറപ്പെടുകയും ചെയ്‌തു. ഇന്നും സന്ദർശകർക്ക് ആ ഉറവകൾ കാണുന്നതിനും അവയിൽനിന്നുള്ള ജലം കുടിക്കുന്നതിനും സാധിക്കും. അഞ്ചാം നൂറ്റാണ്ടുമുതൽ ഈ സ്ഥലത്ത് ഒരു ദൈവാലയം ഉണ്ടായിരുന്നു. ഇന്നവിടെ ഒരു ആശ്രമമാണുള്ളത്. 

പൗലോസിന്റെ ശരീരം സംസ്ക്‌കരിച്ചത് പട്ടണത്തിൻ്റെ മതിലിനു വെളിയിലാണ്(Passion of Paul by the Pseudo-Abdias, 4th cent.). പൗലോസിനെ സംസ്‌കരിച്ച സ്ഥലത്തിനു മുകളിലായി കോൺസ്റ്റന്റയിൻ ചക്രവർത്തി നാലാം നൂറ്റാണ്ടിൽ ഒരു വലിയ ദൈവാലയം പണിയിപ്പിച്ചു. തുടർന്നു വന്ന ചക്രവർത്തിമാർ അതു വിപുലീകരിച്ചു. 1800 -ലെ അഗ്നിബാധയിൽ നശിച്ചുപോയ ആ ദൈവാലയം പുതുക്കിപ്പണിതതാണ് ഇന്നു കാണുന്ന സെൻ്റ് പോൾസ് ബസിലിക്ക. 2006 ൽ വത്തിക്കാന്റെ പുരാവസ്‌തുഗവേഷണവിഭാഗം ബസിലിക്കായ്ക്കടിയിലുണ്ടായിരുന്ന പൗലോസ്‌ശ്ലീഹായുടെ മാർബിൾ കല്ലറപേടകം കണ്ടെത്തുകയുണ്ടായി. ശ്ലീഹായുടെ ഭൗതികാവശിഷ്ടം കണ്ടെത്തി എന്നതു നൂറ്റാണ്ടുകളായി വിശ്വസിച്ചുപോന്ന പാരമ്പര്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. എവുസേബിയസ് തൻ്റെ തിരുസ്സഭാചരിത്രത്തിൽ (2, 25,5-7) പൗലോസിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. 

IX 

പൗലോസിന്റെ ലേഖനങ്ങൾ 

പുതിയനിയമ സമാഹാരത്തിൽ പൗലോസിൻ്റെ പേരിൽ അറിയപ്പെടുന്ന പതിമൂന്നു ലേഖനങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം പൗലോസുമായി ഒരേ തരത്തിലുള്ള ബന്ധമല്ല ഉള്ളത്. ഇവയിൽ ഏഴു കത്തുകൾ മാത്രമാണ് (1 തെസ; 1 കോറി; ഗലാ; ഫില; 2 കോറി; ഫിലി; റോമ) പൗലോസ്ശ്ലീഹാ നേരിട്ടെഴുതിയത് (Proto-Pauline) എന്നു ചിന്തിക്കുന്നവരാണ് വി. ഗ്രന്ഥപഠിതാക്കളിലധികവും. ബാക്കി ആറെണ്ണം (കൊളോ; എഫേ; 2 തെസ്; തീത്തൂസ്; 1,2 തിമോ) പൗലോസിൻ്റെപേരിൽ ആദിമ കാലംമുതൽ സഭയിൽ സ്വീകരിക്കപ്പെടുന്നുവെങ്കിലും അവ അദ്ദേഹം നേരിട്ടെഴുതിയതാകണമെന്നില്ല (Deutero-Pauline) എന്നാണ് അവരുടെ അഭിപ്രായം. രണ്ടാം ഗണത്തിൽപ്പെട്ട ലേഖനങ്ങളിൽ പൗലോസിനുശേഷമുള്ള സഭയിലെ സാഹചര്യങ്ങൾ കൂടുതൽ പ്രതിഫലിക്കുന്നുണ്ട് എന്നതു വാസ്തവമാണ്. ആരംഭകാലം മുതൽക്കേ തിരുസ്സഭ ഈ 13 ലേഖനങ്ങളും പൗലോസിൻ്റേതായാണ് സ്വീകരിച്ചുപോരുന്നത്. 

ഹെബ്രായർക്കുള്ള ലേഖനം പൗലോസിൻ്റേതാണ് എന്ന് ഇന്നാരും തന്നെ കരുതുന്നില്ല. ആദിമസഭയിൽ മാമ്മോദീസായുടെ വേളയിൽ യഹൂദക്രൈസ്‌തവർക്കു നല്‌കപ്പെട്ട പ്രഭാഷണമാണിത്. 

ലേഖനങ്ങൾ സഭാസമൂഹങ്ങൾക്കാണ് എഴുതപ്പെട്ടത്. വിശ്വാസികൾ ആരാധനയ്ക്കായി സമ്മേളിച്ചിരുന്ന അവസരങ്ങളിൽ പരസ്യമായി വായിക്കുന്നതിനായാണ് അവ ഉദ്ദേശിക്കപ്പെട്ടിരുന്നത്. കൂദാശകളിലെ, പ്രത്യേകിച്ചു പരി.കുർബാനയിലെ വചനശുശ്രൂഷയുടെ ഒരു പ്രധാനഘടകം എന്നുംപൗലോസിൻ്റെ ലേഖനങ്ങളാണ്. നമ്മുടെ ആഘോഷമായ റാസ കുർബാനയിൽ നമ്മൾ ഇപ്രകാരം പാടുന്നുണ്ടല്ലോ: 

നിഴലാംനിയമംവിട്ടു 
നൂതനനിയമം പാലിച്ചവനാം പൗലോസ് 
ശ്ലീഹാ തന്നുടെ മാതൃക നിങ്ങൾ കൈക്കൊണ്ടിടുവിൻ 
ഇസ്രായേലിൻ തീക്ഷ്‌ണൻ 
ശാവോലിനെയാ നാഥൻ പരിചിൽ നേടി 
തിരസ്സഭ തന്നിൽ തീക്ഷ്‌ണതയേറും മാതൃക നല്കാൻ ശാവോലന്നാൾ യൂദൻ 
നിയമം ചാർത്തും തിരശ്ശീലകളാൽ അന്ധൻ 
മിശിഹായവനിൽ തൻ നിയമത്താൽ കാഴ്‌ചപകർന്നു 
തെസലോന്യർക്കായ് പൗലോസ് 
എഴുതിയ കത്താൽ നമ്മെയുമിപ്പോൾ മോദാൽ ദൈവികദൗത്യം അറിയിപ്പതു നാം കേൾക്കുക യുക്തം 
(റാസക്രമം, തുർഗാമ) 

ആദ്യകാലലേഖനങ്ങൾ (1-6 അദ്ധ്യായങ്ങൾ), കാരാഗൃഹ ലേഖനങ്ങൾ (7-10 അദ്ധ്യായങ്ങൾ), അജപാലനലേഖനങ്ങൾ (11-13 അദ്ധ്യായങ്ങൾ) എന്ന ക്രമത്തിലാണ് നമ്മൾ പഠിക്കുന്നത്. 

അദ്ധ്യായം 1 

തെസലോനിക്കായിലെ 

സഭയ്ക്കുളള ഒന്നാം ലേഖനം 

മിശിഹാവർഷം 51 -ൽ തെസലോനിക്കായിലെ സഭയ്ക്കെഴുതപ്പെട്ട ലേഖനമാണ് ഏറ്റവും ആദ്യം രൂപംകൊണ്ട് പുതിയനിയമ ഗ്രന്ഥം. മാസിഡോണിയായിലെ ഒരു തുറമുഖപട്ടണമായിരുന്ന തെസലോനിക്ക ആധുനിക ഗ്രീസിൻ്റെ ഭാഗമാണ്. ആദ്യസുവിശേഷകനായ മർക്കോസുപോലും എഴുതുന്നതിന് ഇരുപതോളം വർഷങ്ങൾക്കുമുമ്പ് ഈ ലേഖനം രചിക്കപ്പെട്ടു. ആദ്യനൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലെ തെസലോനിക്കാസഭയിലെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഈ ലേഖനം ക്രിസ്തുമതത്തിലെതന്നെ ഏറ്റവും പുരാതനമായ രേഖയാണ്. ക്രൈസ്തവ ലേഖനങ്ങൾ എന്ന സാഹിത്യശാഖയുടെ ആരംഭം ഈ ലേഖനത്തോടു കൂടിയാണ്. പൗലോസ് ആദ്യം തെസലോനിക്ക സന്ദർശിച്ച വേളയിൽ (നട 17,1-9) അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സിൽവാനോസിനോടും തിമോത്തിയോടുംകൂടെയാണ് കോറിന്തോസിൽനിന്ന് അദ്ദേഹം ഈ കത്തെഴുതുന്നത്. തെസലോനിക്കായിൽനിന്നു പുറന്തള്ളപ്പെട്ട പൗലോസ് ആഥൻസിലേക്കു പോയി. പൗലോസും സഹപ്രവർത്തകരും പോയിക്കഴിഞ്ഞപ്പോൾ സ്ഥലത്തെ യഹൂദർ ക്രൈസതവ വിശ്വാസികളെ പീഡിപ്പിച്ചു തുടങ്ങി (1 തെസ 2,14-15). പക്ഷേ, ഇതൊന്നും അവരുടെ വിശ്വാസത്തെ ഇളക്കിയില്ല. പരിശുദ്ധറൂഹായുടെ ശക്തിയാൽ അവർ മാസിഡോണിയാ പ്രദേശത്തിനുമുഴുവനും വിശ്വാസകാര്യങ്ങളിൽ മാതൃകയാകത്തക്കവിധം ജീവിച്ചു. പീഡകളിൽ അവരെ ആശ്വസിപ്പിക്കുന്നതിനും വിശ്വാസത്തിൽ ശക്തിപ്പെടുത്തുന്നതിനുമായാണ് പൗലോസ് തിമോത്തേയോസിനെ അവിടേയ്ക്കയച്ചത് (1 തെസ 3,1-8). അദ്ദേഹത്തിൽനിന്നു ലഭിക്കുന്ന അറിവിൻ്റെ വെളിച്ചത്തിൽ പൗലോസ് ശ്ലീഹാ തെസലോനിക്കക്കാരുടെ വിശ്വാസതീക്ഷ്ണതയെപ്രതി ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം വിശ്വാസത്തിന്റെ പടച്ചട്ട ധരിച്ചു വിശ്വസ്ത‌തയോടെ മുന്നേറാൻ അവരെ ഉദ്ബോധിപ്പിക്കുന്നതുമാണ് ഈ ലേഖനം. മിശിഹായുടെ രണ്ടാമത്തെ ആഗമനത്തിനുമുമ്പു മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അവർക്കുണ്ടായിരുന്ന ഉത്കണ്ഠ നീക്കിക്കളയാനും പൗലോസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. 

ഒരമ്മയുടെ വാത്സല്യത്തോടെ സൗമ്യമായി ഇടപെടുന്ന ശ്ലീഹാ (2,6) പിതാവു മക്കളോടെന്നപോലെ തെസലോനിക്കാക്കാരെ ഉപദേശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു (2,10). ദൈവത്തിനു പ്രീതികരമായ ക്രൈസ്‌തവജീവിതം എപ്രകാരമുള്ളതാണെന്നു വ്യക്തമാക്കുന്നു (4,1-15). ജനത്തിൻ്റെ വിശുദ്ധീകരണമാണു ദൈവഹിതം (4,3). അധാർമ്മികതയിൽനിന്ന് അകന്നു നില്ക്കുകയാണു വിശുദ്ധി പ്രാപിക്കാനുള്ള പ്രധാന മാർഗം. കാരണം, ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് (4,7). 

കർത്താവിന്റെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനം ഉടനെ സംഭവിക്കും എന്നതായിരുന്നു തെസലോനിക്കായിലെ പ്രബലമായ ചിന്ത. അവിടുത്തെ പ്രത്യാഗമനത്തിൽ മനോവിശ്വാസത്തോടെ കാണപ്പെടുന്നതിനുവേണ്ടി അനുദിനജീവിതകർത്തവ്യങ്ങൾ ശാന്തമായും സ്നേഹത്തോടെയും ഉത്തരവാദിത്വപൂർണമായും നിർവ്വഹിക്കുവാൻ ശ്ലീഹാ ഉപദേശിക്കുന്നു. എല്ലാക്കാലവും ഒരുപോലെ പ്രസക്തമായ ഉപദേശമാണിത്. ഉടനെ ലോകം അവസാനിക്കാൻ പോകുന്നതുകൊണ്ട് ജോലി ചെയ്യാതെ അലസമായി ജീവിതം നയിച്ചിരുന്നവരെയും ശ്ലീഹാ തിരുത്തുന്നുണ്ട് (4,11-15). കർത്താവിൻ്റെ വരവിൻ്റെ നേരത്തു ജീവിച്ചിരിക്കുന്നവർ മരിച്ചവർക്കു മുമ്പു കടക്കുകയില്ല എന്നും ഉറപ്പു നല്‌കുന്നു. സദാ ഒരുങ്ങിയിരിക്കാനുള്ള ആഹ്വാനമാണ് പൗലോസ്ശ്ലീഹാ നല്കുന്നത്. 

ഇന്നും കർത്താവിൻ്റെ ആഗമനം ഉടൻ സംഭവിക്കാൻ പോകുന്നു; അതുകൊണ്ട് ഈ ലോകജീവിതത്തിലോ കുഞ്ഞുങ്ങളുടെ പരിശീലനത്തിലോ ഒന്നും ശ്രദ്ധിക്കേണ്ടതില്ല എന്നു പഠിപ്പിക്കുന്ന അബദ്ധപ്രബോധകർ കത്തോലിക്കാസഭയ്ക്കുള്ളിൽനിന്നുകൊണ്ടു പ്രവർത്തിക്കുകയും ചഞ്ചലമാനസ്സരെ വഴി തെറ്റിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, അടുത്തകാലത്തു മുളയെടുത്തിരിക്കുന്ന എമ്മാനുവൽ എംപറർട്രസ്റ്റ് എന്ന ഗ്രൂപ്പുകാരുടെ അഭിപ്രായത്തിൽ വെളി 12,1-14-ൽ വിവരിക്കപ്പെടുന്ന സ്ത്രീ ആയിരം വർഷം ഭരണം നടത്താൻ വരുന്ന എമ്മാനുവൽ എംപററിനെ ഗർഭം ധരിച്ചിരിക്കുന്ന മറിയമാണ്. ഇന്നു മരുഭൂമിയിൽ ആയിരിക്കുന്ന പൂർണഗർഭിണിയായ അവൾ അധികം വൈകാതെ ഈ രാജാവിനു ജന്മം നല്‌കും. അതോടെ എംപറർ എമ്മാനുവലിന്റെ യുഗം ആരംഭിക്കുകയും ചെയ്യും എന്നാണവരുടെ വ്യാഖ്യാനം. ശ്ലൈഹികസഭയും കൂദാശകളും ഉപേക്ഷിച്ച് ഇവരുടെ കൂടെ കൂടുന്നവർ മാത്രമാണു രക്ഷപെടുന്നതെന്ന് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. വെളി 12 -ൽ പരാമർശിക്കപ്പെടുന്ന സ്ത്രീ ഒരേസമയം ഈശോയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും ദൈവജനമായ തിരുസ്സഭയുടെയും പ്രതീകമാണ് എന്നുള്ളത് വി. ഗ്രന്ഥം പഠിക്കുന്നവർക്കറിയാം. മരുഭൂമിയിലായിരിക്കുന്ന സ്ത്രീ മരുഭൂമിയിലലഞ്ഞ ഇസ്രായേലിനെയും മതമർദ്ദനത്തിനു വിധേയയായിക്കൊണ്ടിരിക്കുന്ന തിരുസ്സഭയെയുമാണു പ്രതീകവത്ക്കരിക്കുന്നത്. അല്ലാതെ, ഈ പുതിയ ഗ്രൂപ്പുകാർ വാദിക്കുന്നതുപോലെ എംപററിനെയല്ല. പൗലോസ്ശ്ലീഹായുടെ ഉപദേശം ഇത്തരുണത്തിൽ പ്രത്യേക ശ്രദ്ധയർഹിക്കുന്നുണ്ട്: “എല്ലാം പരിശോധിക്കുവിൻ. നന്മയായവയെ മുറുകെപ്പിടിക്കുവിൻ. തിന്മയായവയിൽനിന്ന് ഓടിയകലുവിൻ" (1 തെസ 5,21-22). നന്മയും തിന്മയും നമുക്കു വിവേചിച്ചുതരുന്നതു കർത്താവിന്റെ തിരുസ്സഭയാണ്. സഭയോടു ചേർന്നുനിന്നുകൊണ്ട് പകലിന്റെ മക്കളെപ്പോലെ ഉണർന്നും സുബോധത്തോടെയും നമുക്കു വർത്തിക്കാം. 

അദ്ധ്യായം 2 

തെസലോനിക്കായിലെ സഭയ്ക്കുളള രണ്ടാം ലേഖനം 

വിശ്വാസത്തെപ്രതി നേരിടുന്ന പീഡനങ്ങളിൽ തെസലോനിക്കായിലെ സഭാംഗങ്ങൾ പ്രദർശിപ്പിക്കുന്ന വിശ്വാസസ്ഥിരതയെയും പരസ്നേഹത്തെയും അഭിനന്ദിക്കാനും കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിൽ അവർക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഉറപ്പു നല്കാനുമായാണ് പൗലോസ് വീണ്ടും അവർക്കെഴുതുന്നത്. പീഡനത്തിന്റെ കാഠിന്യംകൊണ്ടാകണം, കർത്താവിൻ്റെ ദിനം വന്നുകഴിഞ്ഞു എന്ന് ഒരുകൂട്ടർ പ്രചരിപ്പിച്ചു (2,1-2). ഇതിൻ്റെ ഫലമായി ചിലർ ജോലിയൊക്കെ ഉപേക്ഷിച്ച് അലസജീവിതം നയിക്കാൻ തുടങ്ങി; മറ്റു ചിലർ അതിന്റെ പേരിൽ സമൂഹത്തിൽ കോലാഹലമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് പൗലോസ്ശ്ലീഹാ ഇടപെടുന്നത്. 

ക്രൈസ്തവവിളിക്കു യോജിച്ചവിധം വിശ്വാസസ്ഥിരത പ്രദർശിപ്പിക്കുന്ന തെസലോനിക്കാക്കാരെ പൗലോസ് അനുമോദിക്കുന്നു (1,5.11). അവരുടെ വിശ്വാസവും പരസ്നേഹവും അധികമായി വളർന്നുകൊണ്ടി രിക്കുന്നു (1,4) എന്നത് അവരെ അഭിനന്ദിക്കുന്നതിനു മറ്റൊരു കാരണമാണ്. വിശ്വാസം മാനുഷികനേട്ടമല്ലെങ്കിലും, ഒരിക്കൽ അതു ദൈവത്തിൽനിന്നു സ്വീകരിച്ചുകഴിഞ്ഞാൽ വിശ്വസ്‌തവും ക്ഷമാപൂർണവുമായ ജീവിതത്തിലൂടെ അതു തെളിയിക്കണം (1,5). ദൈവത്തിൻ്റെ കൃപ ഒന്നു മാത്രമാണ് ഇതിനു നമ്മെ പ്രാപ്തരാക്കുന്നത് (1,11-12). കാരണം, അരൂപിയാൽ വിശുദ്ധീകരിക്കപ്പെട്ട്, സത്യത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കാൻ ആദിയിൽത്തന്നെ, ദൈവം നമ്മെ തിരഞ്ഞെടുത്തു. നമ്മുടെ കർത്താവായ ഈശോയുടെ മഹത്ത്വത്തിലേക്കാണ് ശ്ലീഹന്മാരുടെ പ്രഘോഷണംവഴി ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതുകൊണ്ട് പൗലോസ് ഉപദേശിക്കുന്നു: "നിങ്ങൾ ഉറച്ചുനില്ക്കുകയും ഞങ്ങളുടെ പ്രസംഗംമൂലമോ ലേഖനംമൂലമോ നിങ്ങൾ പഠിച്ചിട്ടുള്ള കല്പനകളെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ" (2,15). 

പൗലോസ്ശ്ലീഹായുടെ ഉപദേശം ഇന്നും പ്രസക്തമാണ്. സുവിശേഷാനുസൃതമുള്ള ജീവിതത്തിന് എന്നത്തേക്കാളും വെല്ലുവിളിയുള്ളത് ഇന്നാണ്. ഭൗതികതയുടെ അതിപ്രസരത്തിൽ സുവിശേഷമൂല്യങ്ങൾ തമസ്ക്കരിക്കപ്പെടുന്നു. ജീവിതത്തിൻ്റെ പ്രഥമ സ്ഥാനത്തുനിന്നും ദൈവം മാറ്റി നിർത്തപ്പെടുന്നു. ദൈവകൃപയിൽ ആശ്രയിക്കുന്നവർക്കു മാത്രമേ ഈ പ്രലോഭനങ്ങളെ അതിജീവിക്കാനാവൂ. ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ജീവിതത്തിലെ മൂല്യശ്രേണി നിശ്ചയിച്ചാൽ കർത്താവിൻ്റെ മഹത്വപൂർണമായ ആഗമനത്തിൽ നമ്മൾ സ്വീകാര്യരായി കാണപ്പെടും. 

 

അദ്ധ്യായം 3 

കോറിന്തോസിലെ സഭയ്ക്കുള ഒന്നാം ലേഖനം 

പൗലോസ്ശ്ലീഹാ തൻ്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയിൽ ഫിലിപ്പോയിൽനിന്ന് (നട 16,11-40) തെസലോനിക്കാവഴി (നട 17,1-8.16 -34) കോറിന്തോസിലെത്തി. അവിടെ 18 മാസം ചിലവഴിച്ചശേഷമാണ് (മിശിഹാവർഷം 50 -നും 52 -നുമിടയ്ക്ക്) എഫേസോസിലേക്കു പോയത് (നട 18,1-1-9,1). തെസലോനിക്കായിലും കോറിന്തിലും പ്രഘോഷിച്ചത് ഒരേ വിഷയം തന്നെയായിരുന്നു: മിശിഹായുടെ ഉത്ഥാനവും അവിടുത്തെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനവും. ഈ രണ്ടു സ്ഥലങ്ങളിലെയും പ്രബോധനം അപര്യാപ്‌തമായിരുന്നതുകൊണ്ടാകണം രണ്ടിടത്തും കുറെയേറെ തെറ്റുദ്ധാരണകൾ ഈ വിഷയങ്ങളെ സംബന്ധിച്ചുണ്ടായത്. ഈ തെറ്റുദ്ധാരണകൾ തിരുത്തുന്നതിനും ശരിയായ പ്രബോധനം നല്‌കുന്നതിനും വേണ്ടിയാണ് ഈ ലേഖനങ്ങൾ പൗലോസ് എഴുതുന്നത്. ഈ രണ്ടു ലേഖനങ്ങളിലെയും വിഷയങ്ങൾ സമാനമായിരിക്കുന്നതിൻ്റെ കാരണമിതാണ്. കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനം എഫേസോസിൽ നിന്ന് മിശിഹാവർഷം 54-ഓടു കൂടിയാണ് പൗലോസ് എഴുതിയത്. 

തുറമുഖപട്ടണമായ കോറിന്തോസ് ഒരു പ്രധാന വാണിജ്യകേന്ദ്രം കൂടിയായിരുന്നതുകൊണ്ട് ദേശീയ അന്തർദേശീയ യാത്രക്കാർ ഇതു വഴി കടന്നുപോയിരുന്നു. മിശിഹാ വർഷം 27-മുതൽ ഓക്കായിയായിലുള്ള റോമൻ ദേശാധിപതിയുടെ ഭരണകേന്ദ്രം കോറിന്തോസായിരുന്നു. പ്രധാനമായും ക്ലോയേ എന്ന സ്ത്രീയുടെ വീട്ടുകാർ മുഖേനയാണ് കോറിന്തോസിലെ പ്രശ്‌നങ്ങൾ പൗലോസ് അറിഞ്ഞത് (1,11). കോറിന്തോസുകാർതന്നെയും പൗലോസിനു നേരിട്ടെഴുതിയിരുന്നു (7,1). കോറിന്തോസിൽനിന്നും പൗലോസിന്റെ പക്കലെത്തിയ സ്തേഫാനോസ്, ഫോർത്തുണാത്തോസ്, അക്കായിക്കോസ് (16, 15-18) തുടങ്ങിയവർ പറഞ്ഞറിഞ്ഞ കാര്യങ്ങളുടെയും കൂടി വെളിച്ചത്തിലാണു പൗലോസ് കത്തെഴുതുന്നത്. വിശ്വാസിസമൂഹത്തിൽ ഭിന്നതകൾ ഉണ്ടായിരിക്കുന്നു എന്നതായിരുന്നു ക്ലോയേ അറിയിച്ച കാര്യം (1,12; 4,5). 

സമൂഹത്തിൽ നിലനില്ക്കുന്ന ചില ദുരാചാരങ്ങളെ ശക്തമായ ഭാഷയിൽ പൗലോസ് അപലപിക്കുന്നു. ഉദാഹരണത്തിന്, സ്വന്തം പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിവച്ച മകനെയും (5,1-13) വിജാതീയ കോടതിയിൽ സഹോദരവിശ്വാസികളെ ഹാജരാക്കുന്നവരെയും (6,1-11) വേശ്യാവൃത്തിയിലേർപ്പെടുന്നവരെയും (6,12-20) പൗലോസ് ഭത്സിക്കുന്നുണ്ട്. വിവാഹം, സെക്‌സ്‌, ബ്രഹ്മചര്യം, തുടങ്ങിയ വിഷയങ്ങളാണ് 7-ാമദ്ധ്യായത്തിലെ പ്രതിപാദ്യം. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണത്തെക്കുറിച്ചാണ് 8-ാമദ്ധ്യായത്തിൽ ചർച്ചചെയ്യുന്നത്. 11,17-34 ൽ പരിശുദ്ധകുർബാനയർപ്പണത്തിനായി കൂടിയിരുന്ന സമ്മേളനങ്ങളിലെ ചില പ്രശ്ന‌ങ്ങൾക്കുത്തരം നല്‌കുന്നു. കരിസ്‌മാറ്റിക് ദാനങ്ങൾ എപ്രകാരം വിലയിരുത്തണമെന്നും സഭയിൽ അവയുടെ ദൗത്യമെന്തെന്നുമാണു 12-14 അദ്ധ്യായങ്ങളിൽ വിവരിക്കുന്നത്. മരിച്ചവർക്ക് ഉത്ഥാനമില്ലെന്നു പറഞ്ഞിരുന്നവർക്കുള്ള മറുപടിയാണ് 15-ാമദ്ധ്യായത്തിൽ. 

സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്ത്വചിന്തകരുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന കോറിന്തോസുകാർ ബുദ്ധിക്കും ബൗദ്ധികവ്യാപാരങ്ങൾക്കും മാത്രമാണു പ്രാധാന്യം നല്കിയിരുന്നത്. മാനുഷികവിജ്ഞാനത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന അവരോടാണ് കുരിശിന്റെ്റെ വിജ്ഞാനം പൗലോസ് പ്രസംഗിക്കുന്നത്. ശരീരത്തിന്റെ ഉയിർപ്പ് ഗ്രീക്കുകാർക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. മരിച്ചവരുടെ ആദ്യഫലമായി ഉയിർത്ത മിശിഹായെയാണ് പൗലോസ് പ്രസംഗിച്ചത് (1 കോറി 15,12-28). നമ്മുടെ ഉയിർപ്പിന്റെ അടിസ്ഥാനവും അച്ചാരവും മിശിഹായുടെ ഉയിർപ്പാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും മിശിഹായുടെ ഉയിർപ്പുതന്നെ. ശരീരങ്ങളുടെ പ്രകൃതിയിലും തേജസ്സിലും വ്യത്യാസമുള്ളതുപോലെതന്നെ ഉത്ഥിത ശരീരം ഭൗതിക ശരീരത്തിൽനിന്നു വ്യത്യസ്‌തമായിരിക്കും (1 കോറി 15,35-). ഭൗമികവും നശ്വരവും മർത്യവുമായ ശരീരം സ്വർഗീയവും അനശ്വരവും അമർത്യവുമായതു ധരിക്കും. 

മിശിഹായുടെ ജീവിതത്തിൽ മഹത്ത്വത്തിനുമുമ്പ് സഹനവും മരണവുമുണ്ടായിരുന്നതുപോലെ ക്രിസ്‌ത്യാനിക്കും സഹനത്തിലൂടെയും മരണത്തിലൂടെയും മാത്രമേ ഉത്ഥാനത്തിൻ്റെ മഹത്ത്വത്തിലെത്താൻ സാധിക്കൂ. കുരിശില്ലാതെ മഹത്ത്വമില്ല. കുരിശു മനസിലാക്കുന്നതിലാണ് യഥാർത്ഥ ദൈവികജ്ഞാനം അടങ്ങിയിരിക്കുന്നത് (15,3-4). പുതുയുഗം ആരംഭിച്ചു; എന്നാൽ അതു പൂർണമായി വന്നുകഴിഞ്ഞിട്ടില്ല. 

ഗ്നോസ്റ്റിക് ചിന്താധാരയുടെ സ്വാധീനം കത്തിലുടനീളം കാണാം. 14-ാമദ്ധ്യായത്തിലെ ശരിയായതും തെറ്റായതുമായ ജ്ഞാനത്തെക്കുറിച്ചുളള പ്രതിപാദ്യം അതിനുദാഹരണമാണ്. ഭൗതികപ്രപഞ്ചം തിന്മ നിറഞ്ഞതാണ്, ഓരോ വ്യക്തിയിലുമുള്ള ദൈവികാംശം ജ്ഞാനലബ്ധി കൊണ്ടു മാത്രമേ സ്വതന്ത്രമാക്കാനാവൂ, ജ്ഞാനം ലഭിച്ചവൻ സ്വതന്ത്രനാണ് തുടങ്ങിയ ആശയങ്ങൾ അവിടെ പ്രകടമാണ്. പദാർത്ഥത്തോടുള്ള ഇക്കൂട്ടരുടെ മനോഭാവത്തെ ആശ്രയിച്ചാണ് ധാർമ്മിക ജീവിതത്തെക്കുറിച്ചുള്ള ചിന്തയും രൂപപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത രണ്ടു നിലപാടുകളാണ് ഈ ചിന്തയുടെ ഫലമായുണ്ടായത്. ഒന്ന്, പാദാർത്ഥികമായതെല്ലാം തിന്മയായതു കൊണ്ട് ശരീരവുമായി ബന്ധപ്പെട്ടവയെല്ലാം (ഉദാഹരണത്തിനു വിവാഹജീവിതം) വർജിക്കേണ്ടവയാണ്. രണ്ട്, ജ്ഞാനം സിദ്ധിച്ചവർ പദാർത്ഥത്തിൽനിന്നു സ്വതന്ത്രരാകയാൽ പദാർത്ഥവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അവർ അതീതരാണ്. അതായത്, യാതൊരു ധാർമ്മിക ഭവിഷ്യത്തുമില്ലാതെ ശരീരത്തിൻ്റെ വികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കാം. ഇതു രണ്ടും ക്രൈസ്‌തവിശ്വാസിക്ക് ഒരുപോലെ അസ്വീകാര്യമാണ്. 

വേറൊരു കൂട്ടരെ സംബന്ധിച്ച് മാമ്മോദീസായിലൂടെ അവർ ഉത്ഥിതനായ മിശിഹായുടെ മഹത്ത്വത്തിൽ പങ്കുപറ്റുന്നവരായതു കൊണ്ട്, അവരുടെ ന്യായവിധി കഴിഞ്ഞു. ദൈവാരൂപിയെ പ്രാപിച്ചവർ ദൈവിക മഹത്ത്വത്തിൽ പങ്കുകാരാണ്. കുരിശിനും മരണത്തിനുമൊന്നും അവരുടെ ജീവിതത്തിൽ പ്രസക്തിയില്ല. അവർ മഹത്ത്വപൂർണനായ മിശിഹായോടൊപ്പം വാഴുന്നവരാണ് (4,8-13). "എല്ലാം അനുവദനീയമാണ്" (6,12), “മരിച്ചവർക്ക് ഉത്ഥാനമില്ല" (5,12) എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചിന്ത ഇതാകണം. സ്വാതന്ത്ര്യം, യഥാർത്ഥജ്ഞാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്‌തുകൊണ്ട് ഈ ചിന്താഗതി തിരുത്താനാണ് പൗലോസ്‌ശ്ലീഹാ ശ്രമിക്കുന്നത് (6,12; 8,1). 

രക്ഷാകരമായ സുവിശേഷത്തെക്കുറിച്ചുള്ള പ്രതിപാദ്യമാണ് ഈ ലേഖനത്തിൽ ഏറ്റവും ശ്രദ്ധേയമായുള്ളത് (1 കോറി 15). പൗലോസ് തന്നെയും ഈ സുവിശേഷം സ്വീകരിച്ചതാണ്. സഭയിലാണ് സുവിശേഷം കൈമാറപ്പെടുന്നത്. ഉത്ഥിതനായ കർത്താവിൽനിന്നു പൗലോസ് നേരിട്ടു സ്വീകരിച്ചതാണ് കോറിന്തോസിലെ വിശ്വാസികൾക്ക് അദ്ദേഹം ഏല്പിച്ചുനല്കിയത്. അവർ ഈ സുവിശേഷം സ്വീകരിക്കുകയും വിശ്വസിക്കുകയും അതിൽ ഉറച്ചുനില്ക്കുകയും ചെയ്യുന്നതുകൊണ്ട് രക്ഷയ്ക്കർഹരായിരിക്കുന്നു. സുവിശേഷത്തിൻ്റെ ഘടകങ്ങൾ താഴെ പറയുന്നവയാണ്: വിശുദ്ധ ലിഖിതങ്ങളിൽ പറയുന്നതുപോലെ മിശിഹാ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. സംസ്ക്‌കരിക്കപ്പെട്ടു, മൂന്നാം ദിവസം ഉയിർത്തു. ഉത്ഥാനശേഷം അവിടുന്നു 12 ശ്ലീഹന്മാർക്കും മറ്റു പലർക്കും പ്രത്യക്ഷപ്പെട്ടു. അകാലജാതന് എന്നതുപോലെ പൗലോസിനും പ്രത്യക്ഷപ്പെട്ടു എന്നതാണ് അദ്ദേഹം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്ന വസ്തു‌ത. 

കുരിശിന്റെ വിജ്ഞാനം അന്നും ഇന്നും ലോകദൃഷ്‌ടിയിൽ ഒരു പോലെ ഭോഷത്തമാണ്. വേദനയുടെയും സഹനത്തിന്റെയും അർത്ഥം ലോകത്തിനു മനസ്സിലാകുകയില്ല. അതുകൊണ്ടാണു വൃദ്ധരെയും രോഗകളെയുമൊക്കെ 'ഉപയോഗശൂന്യ'മെന്നു മുദ്രകുത്തി കാരുണ്യത്തിന്റെ പേരും പറഞ്ഞ് 'നിർദ്ദയം വധിക്കാൻ' ആലോചിക്കുന്നത്. രോഗവും സഹനവും വാർദ്ധക്യവുമൊക്കെ മനുഷ്യജീവിതത്തിൻ്റെ ഭാഗമാണെന്നും സഹനത്തിനു രക്ഷാകരമൂല്യമുണ്ടെന്നും മനസ്സിലാക്കുമ്പോൾ ഈ ലോകജീവിതത്തിനു കുറെക്കൂടെ അർത്ഥമുണ്ടാകും. 

അദ്ധ്യായം 4 

കോറിന്തോസിലെ സഭയ്ക്കുളള രണ്ടാം ലേഖനം 

ഏ.ഡി 55 ൽ എഫേസോസിൽനിന്ന് എഴുതി അറിയിച്ചിരുന്നതു പോലെ മാസിഡോണിയായിലേക്കു പോകുംവഴി പൗലോസ് രണ്ടാമതും കോറിന്തോസ് സന്ദർശിച്ചു (1 കോറി 16,1-5). പക്ഷേ, ആ സന്ദർശനത്തി നിടയിൽ ദുഃഖകരമായ ഒരനുഭവം അദ്ദേഹത്തിനുണ്ടായി. ജറുസലേമിൽനിന്നു വന്ന വ്യാജപ്രവാചകരിൽ ആരോ ഒരാൾ പൗലോസിന്റെ ശ്ലൈഹികാധികാരത്തെ ചോദ്യം ചെയ്‌തു സംസാരിച്ചു (2 കോറി 2,12 -14). ആത്മാർത്ഥതയില്ലാതെയും സ്വാർത്ഥലാഭേച്ഛയോടെയുമാണ് പൗലോസ് പ്രവർത്തിക്കുന്നത് എന്നതായിരുന്നു ആരോപണം (2 കോറി 1,17). അതുകൊണ്ടുതന്നെ നേരത്തെ പദ്ധതിയിട്ടിരുന്ന മൂന്നാമത്തെ കോറിന്തോസ് സന്ദർശനം പൗലോസ് റദ്ദുചെയ്‌തു (2 കോറി 1,16). അവരെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നു പൗലോസ് തന്നെ സൂചിപ്പിക്കുന്നുണ്ട് (2 കോറി 1,23): “ദുഃഖത്തോടെ വീണ്ടും നിങ്ങളുടെയടുക്കലേക്കു വരരുതെന്നു ഞാൻ തീർച്ചയാക്കി” (2 കോറി 2,1) എന്നാണദ്ദേഹം എഴുതുന്നത്. സന്ദർശനത്തിനു പകരം അദ്ദേഹം അവർക്കൊരു കത്തെഴുതി തീത്തോസ് വഴി കൊടുത്തുവിട്ടു. “വലിയ സങ്കടത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണീരോടുംകൂടെ എഴുതിയ കത്ത്" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത് (2 കോറി 2,4). തിരിച്ചുവന്ന തീത്തോസ് മാസിഡോണിയായിൽവച്ച് കോറിന്തോസിലെ വിവരങ്ങൾ പൗലോസിനെ ധരിപ്പിച്ചതു പൗലോസിനു വലുതായ ആശ്വാസം നല്‌കി (2 കോറി 7,5-16). അവർക്കു പൗലോസിനോടുണ്ടായിരുന്ന താല്‌പര്യത്തെയും സഹതാപത്തെയും തീക്ഷ്‌ണതയെയുംകുറിച്ചു കേട്ടപ്പോൾ അദ്ദേഹം അത്യധികം സന്തോഷിച്ചു. തീത്തോസ് വഴി അദ്ദേഹം കൊടുത്തുവിട്ട കത്ത് അവരെ വേദനിപ്പിച്ചു എന്നതിൽ പൗലോസിനു ദുഃഖമുണ്ടായിരുന്നു. എന്നാൽ അത് അനുതാപത്തിലേക്കും രക്ഷയിലേക്കും നയിച്ചു എന്നതുകൊണ്ട് ആ ദുഃഖം സന്തോഷത്തിനു വഴിമാറി. തീത്തോസിന് അവർ നല്‌കിയ സ്വീകരണത്തെക്കുറിച്ചും അദ്ദേഹത്തിനു വലിയ സംതൃപ്തിയുണ്ടായി. പൗലോസിനെക്കുറിച്ചു കോറിന്തോസുകാർക്കിടയിൽ ഉണ്ടായ തെറ്റു ദ്ധാരണകൾ നീങ്ങി ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിലാണ് അദ്ദേഹത്തിനു വലിയ സന്തോഷം. വ്യാജ അപ്പസ്തോലന്മാർക്കെതിരെ തന്റെ ശ്ലൈഹികസ്ഥാനവും സുവിശേഷശുശ്രൂഷയും ഉയർത്തിക്കാട്ടുന്ന പൗലോസിനെയാണ് ഈ ലേഖനത്തിലുടനീളം നമ്മൾ കാണുന്നത്. 

സുവിശേഷസന്ദേശത്തിൻ്റെ മാഹാത്മ്യം ഈശോമിശിഹായുടെ സഹനത്തിലും താഴ്‌മയിലുമാണ് പ്രകാശിതമായത്. തന്റെ ദാരിദ്ര്യത്താൽ നമ്മെ സമ്പന്നരാക്കാൻവേണ്ടി സമ്പന്നനായിരുന്നിട്ടും അവിടുന്നു ദരിദ്രനായി. ശ്ലീഹായുടെ സഹനത്തിലും താഴ്ചയിലും പ്രകടമാകുന്നത് ഈ മനോഭാവം തന്നെയാണ്. മിശിഹായുടെ സഹനത്തിലുള്ള പങ്കുചേരലാണ് ശ്ലൈഹികസ്ഥാനത്തിൻ്റെ ഉരകല്ല് (2 കോറി 2,14 -7,3). സത്യശ്ലീഹാ മിശിഹായെപ്പോലെ സഹനങ്ങളേല്ക്കുന്നവനാണ് (മത്താ 10,24-29; യോഹ 13,13-17). ഈശോ പിതാവിനു സ്വീകാര്യമായ ബലിയായർപ്പിച്ചതുപോലെ, ശ്ലീഹായും മിശിഹായുടെ മധുരസൗരഭ്യമായി, ജീവനിലേക്കുള്ള പരിമളമായി അർപ്പിക്കപ്പെടും (1,15-17; 4,10 -12). സ്വശരീരത്തിൽ മിശിഹായുടെ മരണം സംവഹിച്ചുകൊണ്ട് (4,7 -5,15) അവിടുത്തെ പ്രതിപുരുഷനും (5,20) ദൈവത്തിന്റെ സഹപ്രവർത്തകനുമായി (6,1-10). സത്യശ്ലീഹാ മിശിഹായെപ്രതി സഹിക്കുന്നു. തന്റെ ബലഹീനതയിൽ അഭിമാനിക്കുന്നവനാണവൻ. കാരണം, നമ്മുടെ ബലഹീനതയിലാണ് ദൈവത്തിൻ്റെ ശക്തി പ്രകടമാകുന്നത് എന്നവനറിയാം (11,22-12,10). 

ശ്ലീഹാ തന്റെ സുവിശേഷപ്രഘോഷണത്തിലൂടെ കോറിന്തോസുകാരുടെ ഹൃദയങ്ങളിൽ പുതിയ ഉടമ്പടി ആലേഖനം ചെയ്ത‌പ്പോൾ ജറെ 31,31-34 ലെ പ്രവചനം പൂർത്തിയാക്കുകയായിരുന്നു (2 കോറി 3,1-3). നീതീകരണത്തിനുള്ള വഴി നിയമാനുഷ്‌ഠാനമാണ് എന്നു കരുതിയിരുന്ന പഴയ ഉടമ്പടിയെക്കാൾ ശ്രേഷ്‌ഠമാണ് മിശിഹായിൽ വിശ്വസിക്കുന്ന വർക്കു പിതാവു നല്‌കുന്ന സ്വതത്രദാനമായ രക്ഷ (2 കോറി 3,4-18). പൗലോസും മറ്റു ശ്ലീഹന്മാരും ഈ നിധി സംവഹിക്കുന്ന മൺപാത്രങ്ങളാണ് (2 കോറി 4, 5,10). 

ഉത്ഥിതനായ മിശിഹായിൽ വിശ്വസിക്കുന്നതിലൂടെ കരഗതമാകുന്ന പിതാവിൻ്റെ ദാനമായ പരിശുദ്ധാരൂപി നമ്മെ മിശിഹായിൽ ഒന്നാക്കി, പുതിയ സൃഷ്ട‌ികളും പരസ്‌പര ബന്ധിതരുമാക്കുന്നു. ഇതു തന്നെയാണ് ആദ്ധ്യാത്മികജീവിതം. ദൈവാരൂപിയുടെ ശക്തിയാൽ മിശിഹായെ പ്രതിഫലിപ്പിക്കുന്ന വിശ്വാസി ഒരു കണ്ണാടിയായി പരിണമിക്കുന്നു; പുതിയ സൃഷ്‌ടിയായി തീരുന്നു (5,17). സീനായ്‌മലയിൽ യാഹ്‌വേയുടെ മുഖം ദർശിച്ച മോശയുടെ മുഖം പ്രകാശിച്ചതുപോലെ (പുറ 34,41-35), മിശിഹായിലേക്കു തിരിയുന്ന ഓരോ വ്യക്തിയുടെയും മുഖം പ്രകാശിക്കും (3,18; 4,10-18). ലോകത്തിൻ്റെ പ്രകാശമായ മിശിഹായെ അനുഗമിച്ച് ജനതകൾക്കു പ്രകാശഗോപുരമായി തീർന്ന തന്നെ അനുകരിക്കാനുള്ള ആഹ്വാനമാണ് പൗലോസ്ശ്ലീഹാ നല്കുന്നത്. 

ശ്ലൈഹികസഭകളെയും കൂദാശകളെയും സഭാധികാരികളെയും തള്ളിപ്പറയുകയും അപ്രകാരം ചെയ്യാൻ ദുർബലമാനസ്സരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യാജപ്രബോധകർ ഇന്നും സജീവമായി രംഗത്തുണ്ട്. മിശിഹായുടെ മനോഭാവമുൾക്കൊണ്ടുകൊണ്ട് സ്വയം ശൂന്യവത്ക്കരിക്കുവാനും സഹനങ്ങൾ ഏറ്റെടുക്കുവാനും സന്നദ്ധതയുണ്ടോ എന്നതാണ് ഒരു സത്യപ്രബോധകനെ വ്യാജനിൽനിന്നും തിരിച്ചറിയാനുള്ള ഉപാധി. 

 

അദ്ധ്യായം 5 

ഗലാത്തിയായിലെ സഭയ്ക്കുള്ള ലേഖനം 

ഇന്നത്തെ ടർക്കിയാണ് പുതിയനിയമകാലത്തെ ഗലാത്തിയാ. പൗലോസിന്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയിൽ സ്ഥാപിച്ച ഗലാത്തിയായിലെ സഭയിൽ ഗൗരവമായ ദൈവശാസ്ത്ര പ്രതിസന്ധി ഉടലെടുത്തപ്പോഴാണ് ഈ കത്തെഴുതപ്പെട്ടത്. മിശിഹാവർഷം 57 -ഓടു കൂടി എഫേസോസിലോ മാസിഡോണിയായിലോനിന്ന് പൗലോസ് ഇതെഴുതി. ജറുസലേമിൽനിന്നുള്ള പരിച്ഛേദനവാദികളായ യഹൂദ ക്രൈസ്തവർ ഗലാത്തിയായിലെത്തി പൗലോസ് പ്രഘോഷിച്ച, ഈശോയിലുള്ള വിശ്വാസത്തിലൂടെയുള്ള രക്ഷയുടെ സുവിശേഷത്തെ വെല്ലുവിളിച്ചു (1,6-10; 2,4-5; 3,1-5; 6, 13). ക്രിസ്‌ത്യാനികളാകുന്നവർ നിർബന്ധമായും പരിച്ഛേദനം സ്വീകരിക്കുകയും മോശയുടെ നിയമങ്ങൾ പാലിക്കുകയും ചെയ്യണം എന്നവർ ശഠിച്ചു. തോറാ പാലിക്കാതെ രക്ഷപെടാനാവില്ല എന്നായിരുന്നു അവരുടെ വാദം. മിശിഹായിൽ വിശ്വസിക്കുന്നവർ നിയമത്തിൽനിന്നു സ്വതന്ത്രരാണ് എന്നാണല്ലോ പൗലോസ് പഠിപ്പിച്ചിരുന്നത്. 

താൻ പ്രഘോഷിച്ച സുവിശേഷത്തിൻ്റെ ആധികാരികത വ്യക്തമാക്കിക്കൊണ്ടാണു പൗലോസ് ആരംഭിക്കുന്നത്. ഉത്ഥിതനായ മിശിഹായിലൂടെ ദൈവം തന്നെ നേരിട്ടു വിളിച്ചതാണെന്നും അതുകൊണ്ട് താൻ പ്രഘോഷിക്കുന്ന സുവിശേഷം സത്യസുവിശേഷമാണെന്നും പൗലോസ് സ്ഥാപിക്കുന്നു. ജറുസലേംസഭ തൻ്റെ പ്രഘോഷണത്തെ അനുകൂലിച്ചു. പത്രോസ് തന്നെയും വിജാതീയരോടൊത്തു ഭക്ഷിച്ചതിലൂടെ പൗലോസിൻ്റെ വാദത്തെ പിൻതാങ്ങുകയാണ് ചെയ്ത‌ത്. നിയമത്തിനു മനുഷ്യരെ രക്ഷിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ പത്രോസിനും പൗലോസിനുമൊന്നും ക്രിസ്‌ത്യാനികളാകേണ്ട ആവശ്യമേ ഉണ്ടാകുമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ മിശിഹായുടെ മരണം വ്യർത്ഥവുമാകുമായിരുന്നു. പരിച്ഛേദനവും അപരിച്ഛേദനവും ഒന്നുമല്ല; മറിച്ച്, ഒരു പുതിയ സൃഷ്‌ടിയാവുക എന്നതാണു പ്രധാനം (6,16). 

നിയമമല്ല, ഈശോമിശിഹായിലുള്ള വിശ്വാസം ഒന്നു മാത്രമാണ് രക്ഷയ്ക്കടിസ്ഥാനം. അബ്രാഹം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടതു പോലെ (ഉല്പ 15,6) അബ്രാഹത്തിൻ്റെ യഥാർത്ഥസന്തതികളും വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടുന്നു. അബ്രാഹത്തിന്റെ വിശ്വാസവും ജനതകൾക്കുള്ള അനുഗ്രഹത്തെക്കുറിച്ചുള്ള വാഗ്ദ‌ാനവും നിയമത്തിനും പരിച്ഛേദനത്തിനും മുമ്പുതന്നെയുണ്ടായി. വിശ്വാസമെന്ന സ്വതന്ത്ര ദൈവികദാനം ദൈവത്തിനു പൂർണമായി സമർപ്പിച്ചു ജീവിക്കാൻ മനുഷ്യനെ പ്രാപ്‌തനാക്കുന്നു. ആർജിച്ചെടുക്കാവുന്നതല്ല വിശ്വാസം. ഈശോ ദൈവപുത്രനാണെന്നും അവിടുത്തെ വചനങ്ങൾ വിശ്വാസയോഗ്യമാണെന്നും വിശ്വസിക്കുന്നവർ ദൈവത്തിൽതന്നെയാണു വിശ്വസിക്കുന്നത്. അതുവഴി അവർ അബ്രാഹത്തിൻ്റെ യഥാർത്ഥമക്കളായി ഭവിക്കുന്നു. അദ്ദേഹത്തിനു വാഗ്‌ദാനം ചെയ്യപ്പെട്ട രക്ഷയ്ക്ക് അർഹരുമാകുന്നു. 

നിയമം അനുസരിക്കാതിരിക്കുന്നതുമൂലം ഉണ്ടാകാമായിരുന്ന ശാപം കുരിശുമരണത്തിൽ സ്വയം ശാപമായി തീർന്നുകൊണ്ട് മിശിഹാ നീക്കിക്കളഞ്ഞു (3,13; നിയമ 21,23). അതുവഴി അവിടുന്നു നമ്മെ വിമോചിപ്പിച്ചു. “നിയമത്തിന് അധീനരായവരെ ഉദ്ധരിക്കുവാൻ നിയമത്തിനു വിധേയനാവുകയും ഞങ്ങളുടെ രക്ഷയുടെ സ്‌മാരകം ഏർപ്പെടുത്തുകയും ചെയ്തു" എന്നു നമ്മൾ മൂന്നാം ഗ്ഹാന്ത പ്രാർഥനയിൽ ചൊല്ലുന്നുണ്ടല്ലോ. നിയമത്തിനു വിധേയനായിക്കൊണ്ട് അവിടുന്നു നിയമത്തെ അസാധുവാക്കി. അതുവഴി അബ്രാഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹം എല്ലാ ജനതകൾക്കും ലഭ്യമായി; നിയമാനുഷ്‌ഠാനം വഴിയല്ല, മറിച്ച് ഈശോമിശിഹായിലുള്ള വിശ്വാസം മുഖേന. നിയമം നല്കപ്പെടുന്നതിനു വളരെ മുമ്പേ നല്‌കപ്പെട്ടതാണല്ലോ രക്ഷയെക്കുറിച്ചുള്ള വാഗ്ദാനം. 

ഈശോയിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ പൗലോസ് നിയമത്തിനു മരിച്ചു, പുതിയ സൃഷ്‌ടിയായി (2,19; 3,26-28 ; 5,24; 6,14; റോമ 6, 1-10). വിശ്വാസത്തിൽ മിശിഹായ്ക്കു പൂർണമായി സമർപ്പിച്ചതിലൂടെ അവിടുത്തെ സുവിശേഷമൂല്യങ്ങളാൽ നയിക്കപ്പെടാൻ തീരുമാനിച്ചു. “ഇനി ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്‌ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഈ ശരീരത്തിൽ ഞാൻ ഇപ്പോൾ ജീവിക്കുന്നത്" (3.20) എന്നു പറയുവാൻ തക്കവിധം പൗലോസ് ഈശോയിലായിത്തീർന്നു. 

ഈശോയിൽ വിശ്വസിക്കുന്നവർ മാമ്മോദീസാവഴി ദൈവപുത്രരായിത്തീരുന്നു (3,25-28; 4,4-7); മിശിഹായിലുള്ള ജീവിതം ആരംഭിക്കുന്നു. ഇപ്രകാരം ദത്തുപുത്രസ്ഥാനത്തിനർഹരാകുന്നവരുടെ ഹൃദയങ്ങളിലേക്ക് ദൈവാരൂപി അയയ്ക്കപ്പെടുന്നു. ദൈവത്തിന്റെ റൂഹായാൽ നയിക്കപ്പെടുന്നവർ നിയമത്തിനു വിധേയരല്ല, സ്വതന്ത്രരാണ് (5,18.25). നിയമത്തിൽനിന്നു നമ്മൾ സ്വതന്ത്രരാക്കപ്പെടുന്നതു മിശിഹായുടെ സ്നേഹത്തിന്റെ നിയമത്തിനു വിധേയരാകാനാണ് (5,1.13-26). അരൂപിയിൽ ജീവിക്കുന്നവർ അരൂപിയിൽ വ്യാപരിക്കും. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, കരുണ, നന്മ, വിശ്വാസം, സൗമ്യത, ആത്മസംയമനം തുടങ്ങിയ അരൂപിയുടെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ദൈവമക്കളാണെന്നു തെളിയിക്കുകയും ചെയ്യും. "അതിനാൽ, നമുക്ക്, അവസരം കിട്ടുമ്പോഴെല്ലാം എല്ലാവർക്കും, വിശിഷ്യാ, വിശ്വാസംവഴി കുടുംബാംഗങ്ങളായിത്തീർന്ന എല്ലാവർക്കും നന്മ ചെയ്യാം” (6,10). മിശിഹായുടെ നിയമം എല്ലാവരെയും സ്നേഹിക്കാനുള്ളതാണ്; പരസ്പരം ശുശ്രൂഷകരാകാനുള്ളതാണ് (6,2). “സ്നേഹത്തിലൂടെ കർമനിരതമായ വിശ്വാസം" (5,7) എന്നു പൗലോസ് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. 

 

അദ്ധ്യായം 6 

റോമായിലെ സഭയ്ക്കുള്ള ലേഖനം 

മിശിഹാവർഷം 57-നോടടുത്ത്, കോറിന്തോസിൽ മൂന്നുമാസം കഴിയുന്നതിനിടയിലാണ് (നട 19,21; 20,3; റോമ 15,22-23; 16,1) പൗലോസ്ശ്ലീഹാ റോമാക്കാർക്കുള്ള കത്തെഴുതിയത്. പൗലോസിന്റെ മറ്റു ലേഖനങ്ങളെല്ലാം അദ്ദേഹം സ്ഥാപിച്ച സഭകൾക്കുള്ളവയാണ്. എന്നാൽ കത്തെഴുതുന്നതിനുമുമ്പ് പൗലോസ് ഒരിക്കലെങ്കിലും റോമിൽ ആയിരുന്നതായി നമ്മൾ കാണുന്നില്ല. മിശിഹാവർഷം 49-ൽ ക്ലാവുദിയോസ് റോമിൽ നിന്നു യഹൂദരെ പുറത്താക്കിയപ്പോൾ യഹൂദ ക്രൈസ്‌തവരും ഒപ്പം പുറത്തായി. അവിടെ അവശേഷിച്ച ക്രൈസ്‌വർക്കു പ്രോത്സാഹനമായാണ് പൗലോസ് എഴുതുന്നത്. സുവിശേഷത്തിന്റെ കാതലായി വിശ്വാസത്തെ ഉയർത്തിപ്പിടിച്ച പൗലോസിന്റെ ശ്ലൈഹികതയെക്കുറിച്ചു സംശയം പ്രചരിപ്പിക്കുകയും രക്ഷ നിയമാനുഷ്ഠാനംവഴി മാത്രമാണെന്നു പഠിപ്പിക്കുകയും ചെയ്‌തവർക്കെതിരെയുള്ള പ്രതിരോധം കൂടിയാണ് ഈ കത്ത്. 

ദൈവത്തിന്റെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നതു യഹൂദർക്കായിരുന്നെങ്കിലും അവർ സുവിശേഷസന്ദേശം സ്വീകരിച്ചില്ല. വിജാതീയർ സ്വീകരിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ യഹൂദർക്കു ദൈവം നല്കിയ വാഗ്ദാനങ്ങളുടെ വിശ്വസനീയതയെക്കുറിച്ചു സംശയമുദിക്കുക സ്വാഭാവികം. മുമ്പന്മാർ പിമ്പന്മാരും, പിമ്പന്മാർ മുമ്പന്മാരുമാകുന്ന ഈ അവസ്ഥ വിശദീകരിക്കുകയും ദൈവിക പദ്ധതിയിൽ വിജാതീയർക്കു കൂടിയുള്ള സ്ഥാനം വ്യക്തമാക്കുകയുമാണ് പൗലോസിൻ്റെ ലക്ഷ്യം. 

മിശിഹായെക്കൂടാതെയുള്ള മനുഷ്യവർഗവും മിശിഹായോടൊപ്പമുള്ള മനുഷ്യവർഗവും തമ്മിലുള്ള വ്യത്യാസമാണ് ആദ്യഭാഗത്തു വിശദീകരിക്കുന്നത്. വിജാതീയരും (1,18-32) യഹൂദരും (2,1-3,20) ഒരുപോലെ പാപം ചെയ്തു; കാരണം, അവർക്കു മിശിഹായില്ലായിരുന്നു. അബ്രാഹത്തിന്റെ വിശ്വാസമുള്ളവർക്കു മിശിഹായുള്ളതുകൊണ്ട് അവർ വിജയിക്കും (3,21-4,25). ആദാമിൻ്റെ മക്കൾക്കു മിശിഹായില്ല; രണ്ടാം ആദത്തിന്റെ അനുയായികൾക്കു മിശിഹായുണ്ട് (5,12-21). പാപത്തിനടിമപ്പെട്ട മനുഷ്യവർഗത്തിനു മിശിഹായില്ല; മിശിഹായ്‌ക്കു കീഴ്പ്‌പെടുന്ന മനുഷ്യ വർഗം പാപത്തിനടിമപ്പെടുന്നില്ല (6,1-13). ലൗകികർക്കു മിശിഹായില്ല; ആത്മീയർക്കു മിശിഹായുണ്ട് (7,9-25). 

മനുഷ്യനു തൻ്റെ ബുദ്ധിയുപയോഗിച്ചോ (1,18-32) നിയമാനുഷ്ഠാനം വഴിയോ (2,1-3,20) ദൈവത്തെ പ്രസാദിപ്പിക്കാനും രക്ഷ പ്രാപിക്കാനും സാധിച്ചില്ല. ദൈവത്തിൻ്റെ ദാനമായ മിശിഹായിലുള്ള വിശ്വാസം വഴി മാത്രമേ (1,16-17; 3,21-26) രക്ഷ പ്രാപിക്കാനാവൂ. ഇതു യഹൂദരെയും വിജാതീയരെയും സംബന്ധിച്ച് ഒരുപോലെ വാസ്‌തവമാണ് (4,1-25; 5,1-11; 8,1-39; 5,12-7,25). സുവിശേഷമാണു വിശ്വസിക്കുന്നവനു രക്ഷയ്ക്കു നിദാനം (1,16-11,36). ദൈവത്തിൻ്റെ രക്ഷാകരശക്തിയുടെ പ്രകാശനമായ ഈ സുവിശേഷത്തിലാണ് ദൈവത്തിൻ്റെ നീതിയും ഉടമ്പടി വിശ്വസതയും വെളിവാകുന്നത്. അവിടുന്നു തൻ്റെ ജനത്തെ രക്ഷിച്ചും നയിച്ചുംകൊണ്ടു സംരക്ഷിച്ചു. അതുകൊണ്ട് ജനം അവിടുത്തോടു വിശ്വസ്തതയും വിധേയത്വവും അനുസരണവും സ്നേഹവും കാണിച്ചുകൊണ്ടു ജീവിക്കണം (1,16-17). മനുഷ്യകുലത്തിൻ്റെ രക്ഷയ്ക്കുവേണ്ടി തന്റെ പുത്രനിൽ അവിടുന്നു ചെയ്‌തതെല്ലാം ദൈവികനീതിയുടെ ഭാഗമാണ്. 

ഈശോയെ മരിച്ചവരിൽ നിന്നുയിർപ്പിച്ചവൻ്റെ അരൂപി നമ്മിൽ വസിക്കുന്നു (8,11). അതുകൊണ്ടു ജഡികരായി ജീവിക്കാൻ നാം ജഡത്തിനു കടപ്പെട്ടവരല്ല (8,12-13). ദൈവത്തിൻ്റെ റൂഹായാൽ നയിക്കപ്പെടുന്ന നമ്മൾ ദൈവമക്കളാണ് (8,14-17). ഈ റൂഹാ ബലഹീനതയിൽ നമ്മെ സഹായിക്കുന്നു (8,26-28). 

വ്യർത്ഥതയ്ക്ക് അടിമപ്പെട്ട സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദൈവമക്കളുടെ മഹത്ത്വപൂർണമായ സ്വാതന്ത്ര്യമാണ് അതു കാത്തിരിക്കുന്നത്. റൂഹായുടെ ആദ്യഫലങ്ങൾ അനുഭവിക്കുന്ന നാം തന്നെയും നമ്മുടെ വീണ്ടെടുപ്പിനായി ആന്തരികമായി കേഴുകയും പുത്രസ്വീകരണത്തെ കാത്തിരിക്കുകയും ചെയ്യുന്നു. ഈ പ്രത്യാശയിലാണു നാം രക്ഷ പ്രാപിക്കുന്നത് (8,18-25). പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ രണ്ടാമത്തെ ചാക്രികലേഖനത്തിന്റെ വിഷയം പൗലോസ് ശ്ലീഹാ പരാമർശിക്കുന്ന ഈ പ്രത്യാശയാണ്. 

മരിച്ചുയിർത്ത് ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന മിശിഹായോടുള്ള സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും എന്നു പൗലോസ് ചോദിക്കുന്നുണ്ട് (8,35; 4-39). ക്ലേശമോ ബന്ധനമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ മരണമോ ജീവനോ ദൂതന്മാരോ ആധിപത്യങ്ങളോ ശക്തികളോ ഇപ്പോഴുള്ളവയോ വരാനിരിക്കുന്നവയോ ഉയരമോ ആഴമോ മറ്റെന്തെങ്കിലും സൃഷ്‌ടിയോ നമ്മുടെ കർത്താവായ ഈശോ മിശിഹായിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ ഇടയാവരുത് എന്നാണു പൗലോസിന്റെ ആശംസ. 

 

അദ്ധ്യായം 7 

ഫിലിപ്പോയിലെ സഭയ്ക്കുള്ള ലേഖനം 

തെസലോനിക്കായിൽനിന്ന് ഏകദേശം 150 കി.മീ അകലെയാണ് ആധുനിക ഗ്രീസിൻ്റെ ഭാഗമായ ഫിലിപ്പോ. ബി.സി 146- മുതൽ മാസിഡോണിയൻ പ്രദേശത്തിൻ്റെ ഭരണകേന്ദ്രം ഫിലിപ്പോയായിരുന്നു. നട 16,11-40 ലെ വിവരണമനുസരിച്ച് പൗലോസിന്റെ യൂറോപ്പിലെ പ്രേഷിതപ്രവർത്തനത്തിൻ്റെ ആദ്യവേദി റോമൻ പട്ടണമായ ഫിലപ്പോ ആയിരുന്നു. പൗലോസ് എഫേസോസിലെ തൻ്റെ കാരാഗൃഹവാസത്തി നിടയിൽ മിശിഹാവർഷം 55- നും 57- നുമിടയ്ക്ക് എഴുതിയതാകണം ഈ ലേഖനം. പൗലോസ്ശ്ലീഹായിലെ അജപാലകൻ ഏറ്റവും സജീവമായി പ്രത്യക്ഷപ്പെടുന്നത് ഫിലിപ്പോയിലെ സഭയ്ക്കുള്ള ലേഖനത്തിലാണ്. സ്നേഹപൂർവ്വം വിശ്വാസിസമൂഹത്തെ പഠിപ്പിച്ചും പ്രോത്സാഹിപ്പിച്ചും ഉപദേശിച്ചും മുന്നറിയിപ്പു നല്‌കിക്കൊണ്ടുമാണ് അദ്ദേഹം ഈ കത്തെഴുതുന്നത്. ഫിലിപ്പോയിലുള്ളവരോട് ആദ്യം സുവിശേഷം പ്രഘോഷിച്ചവൻ എന്ന അഭിമാനം പൗലോസിനുണ്ട്. സഭയ്ക്കു പുറമേനിന്നുള്ള പ്രതിലോമ ശക്തികളെ കൂടാതെ പൗലോസ് പ്രഘോഷിച്ചതിൽനിന്നു വ്യത്യസ്ത‌മായ സന്ദേശങ്ങളുമായി ചുറ്റിക്കറങ്ങിയിരുന്ന മിഷനറിമാരും ഫിലിപ്പോയിലെ സഭാസമൂഹത്തിൽ ഗൗരവമായ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിൻ്റെയെല്ലാം ഫലമായി സമൂഹത്തിൽ അസ്വസ്ഥതയും അനൈക്യവും ഉടലെടുത്തുതുടങ്ങി.

മിശിഹായുടേതിനു സമാനമായ ഉയിർപ്പ് ക്രൈസ്‌തവരായ നമുക്കുണ്ടാകുന്നതുപോലെ, അവിടുത്തേതിനു സമാനമായ അനുസരണത്തിലും, സഹനത്തിലും മരണത്തിലും നമ്മൾ പങ്കുകാരാകേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് പൗലോസിനു കാരാഗൃഹത്തിൽ വച്ചുണ്ടായി. സഹനത്തിലൂടെയാണു താൻ മിശിഹായ്ക്കു സദൃശനാകുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി. ഇതിൽനിന്നുളവാകുന്ന ആനന്ദം ഈ ലേഖനത്തിലുടനീളം ദർശിക്കാം (1,4.18; 3,1)..

മിശിഹായുടെ സുവിശേഷത്തിനനുസൃതമായ പെരുമാറ്റം വിശ്വാസികളിൽനിന്നു പൗലോസ് പ്രതീക്ഷിക്കുന്നു (1,27; 2,5; 3,20; 4,2). പ്രഘോഷിക്കുന്ന സുവിശേഷത്തിനനുസൃതം ജീവിക്കുകകൂടി വേണം. തന്റെ കാരാഗൃഹവാസമുൾപ്പെടെ തനിക്കു സംഭവിച്ചതെല്ലാം സുവിശേഷത്തിന്റെ വളർച്ചയ്ക്കു സഹായകമായി എന്നു പൗലോസ് അനുസ്‌മരിക്കുന്നു (1,12-18). മരിച്ചു മിശിഹായോടുകൂടെ ആയിരിക്കാനാണാഗ്രഹമെങ്കിലും സഭാസമൂഹങ്ങളെപ്രതി കുറെ നാളുകൾക്കൂടി ജീവിച്ചിരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു (1,24). മിശിഹായിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി പീഡ സഹിക്കാൻ കൂടി നമുക്കു വരം ലഭിച്ചിരിക്കുന്നു (1,29-30). പൗലോസിൻ്റെ പാതതന്നെ വിശ്വാസികളും പിന്തുടരണമെന്നു അദ്ദേഹം അഭിലഷിക്കുന്നു. സഹിച്ചുമരിച്ചുയിർത്ത കർത്താവിന്റെ വഴിയിൽ ചരിച്ചുകൊണ്ടാണ് സുവിശേഷം പ്രചരിപ്പിക്കേണ്ടത്. സഭയിൽ നില നിന്നിരുന്ന അനൈക്യത്തിൻ്റെ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ടാണ്, ഓരോരുത്തരും സ്വന്തം കാര്യംമാത്രം നോക്കാതെ അയല്ക്കാരൻ്റെ കാര്യംകൂടി പരിഗണിക്കണം (2,24) എന്നദ്ദേഹം ഉപഉപദേശിക്കുന്നത്. പിതൃഹിതത്തിനു സമർപ്പിച്ച് കുരിശിൽ മരിക്കാൻ തയ്യാറായ പുത്രനായ ഈശോയുടെ മനോഭാവവും ഇതുതന്നൊയിരുന്നു.

അദ്ധ്യായം 8

ഫിലമോനുളള ലേഖനം

പുതിയ നിയമത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥം ഫിലമോനുള്ള ലേഖനമാണ്. കൊളോസായിലെ ഒരു സഭാംഗമായ ഫിലമോനും അദ്ദേഹത്തിന്റെ ഭവനത്തിലെ സഭയ്ക്കും പൗലോസ് ശ്ലീഹാ തിമോത്തേയോസിനോടുചേർന്ന് എഴുതുന്നതാണിത്. ഫിലമോൻ്റെ സഹോദരി ആഫിയായെയും സഹപ്രവർത്തകനായ ആർക്കിപ്പോസിനെയും പേരെടുത്തു പറഞ്ഞ് പൗലോസ് അഭിവാദ്യം ചെയ്യുന്നുണ്ട് (1,2). ഈശോമിശിഹായുടെ തടവുകാരൻ എന്നാണു പൗലോസ് സ്വയം വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗത്തിനു രണ്ടർത്ഥമുണ്ടാകാം. കത്തെഴുതുന്ന പ്രത്യേക സാഹചര്യത്തിൽ മിശിഹായെപ്രതി എഫോസോസിൽ കാരാഗൃഹത്തിലായിരുന്ന സംഭവം തീർച്ചയായും പൗലോസ് ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, സുവിശേഷപ്രഘോഷണത്തിനുവേണ്ടി മിശിഹാ നേരിട്ടു വിളിച്ചു വേർതിരിച്ചു തന്റെ ശുശ്രൂഷകനാക്കിയ സംഭവത്തെയാണ് അദ്ദേഹം മുഖ്യമായും ഉദ്ദേശിക്കുന്നത്.

ഫിലമോന്റെ അടിമയായിരുന്ന ഒണേസിമോസിനെ എഫേസോസിലെ കാരാഗൃഹത്തിൽ വച്ചു പൗലോസ് പരിചയപ്പെടാനിടയായി. ഫിലമോന്റെ പക്കൽനിന്നും രക്ഷപെട്ട് ഓടിപ്പോന്ന ഒണേസിമോസിനെ ജയിലിൽവച്ചു പൗലോസ് മാനസാന്തരപ്പെടുത്തി ക്രൈസ്തവനാക്കി. അടിമത്തവ്യവസ്ഥിതി നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്ന അക്കാലത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന അടിമകൾക്കു കഠിനമായ ശിക്ഷ ലഭിച്ചിരുന്നു. ഇതൊഴിവാക്കി ഫിലമോനുമായി ഒണേസിമോസിനെ രമ്യപ്പെടുത്തുക എന്നതാണ് പൗലോസിൻ്റെ ഈ കത്തിന്റെ ലക്ഷ്യം. 

ഒരടിമയായല്ല, മറിച്ച് ഒരു സഹോദരനായി ഒണേസിമോസിനെ സ്വീകരിക്കാനാണ് പൗലോസ് ആവശ്യപ്പെടുന്നത്. ഒണേസിമോസിനെ തന്റെ കൂടെ നിർത്താൻ പൗലോസിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഫിലമോന്റെ തീരുമാനത്തിനു വിടുകയാണുണ്ടായത്. എന്തെങ്കിലും നഷ്ട‌ം ഒണേസിമോസ്‌മൂലം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു പരിഹാരം ചെയ്യാൻ താൻ തയ്യാറാണ് എന്നും പൗലോസ് അറിയിച്ചു. ഫിലമോന്റെ ഭവനത്തിൽ കൂടുന്ന സഭയെക്കൂടി അഭിസംബോധന ചെയ്യുകവഴി ഈ കത്ത് സഭയിൽ പരസ്യമായി വായിക്കണമെന്നു പൗലോസ് ആഗ്രഹിച്ചിരുന്നു എന്നു വ്യക്തമാണല്ലോ. തൻ്റെ അപേക്ഷയനുസരിച്ചു പ്രവർത്തിക്കാതിരിക്കാൻ ഫിലമോനു സാധിക്കാതെവരുന്ന ഒരു സാഹചര്യം അതുവഴി ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊണ്ടാകണം പൗലോസ് ഇപ്രകാരം ചെയ്യുന്നത്. 

ഫിലമോന്റെ വിശ്വാസതീക്ഷ്‌ണതയും മിശിഹായോടും സഹവിശ്വാസികളോടുമുള്ള സ്നേഹവും അനുസ്‌മരിച്ചുകൊണ്ട് പൗലോസ് ലേഖനമാരംഭിക്കുന്നത് തൻ്റെ അപേക്ഷയ്ക്കുള്ള അകന്ന ഒരുക്കമായി കാണാം. ശ്ലീഹാ എന്നനിലയിൽ കല്‌പിക്കാൻ അവകാശവും അധികാരവുമുണ്ടെങ്കിലും പൗലോസ് അങ്ങനെ ചെയ്യാതെ സ്നേഹത്തോടെ അപേക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ഫിലമോൻ തന്നെയും തന്റെ ക്രൈസ്ത‌വാസ‌തിത്വത്തിനു പൗലോസിനോടാണ് കടപ്പെട്ടിരുന്നത് (19). 

കത്തിന്റെ സംഗ്രഹം 10-11 വാക്യങ്ങളിലുണ്ട്: “ഒരു കാലത്ത് നിനക്ക് ഒരുവിധവും പ്രയോജനപ്പെടാതിരുന്ന അയാൾ ഇപ്പോൾ നിനക്കും എനിക്കും പ്രയോജനപ്പെടും. അയാളെ ഞാൻ നിന്റെയടുക്കലേക്കു തിരിച്ചയയ്ക്കുന്നു. എൻ്റെ പുത്രനെ എന്നപോലെതന്നെ അയാളെ സ്വീകരിക്കുക. 'ഒണേസിമോസ്' എന്ന പേരിന്റെ അർത്ഥംതന്നെ 'പ്രയോജനമുള്ളവൻ' എന്നാണ്. കാരാഗൃഹത്തിൽ ഒണേസിമോസ് തനിക്ക് ഒരു സഹായമാകും എന്നാണു പൗലോസിൻ്റെ പ്രതീക്ഷ (13). ഒരാൾ ക്രൈസ്തവവിശ്വാസത്തിലേക്കു വരുന്നതുവഴി അയാളുമായി നമുക്കുണ്ടാകുന്ന ബന്ധത്തെക്കുറിച്ചാണ് മുഖ്യമായും ഈ കത്തിലൂടെ പൗലോസ് പഠിപ്പിക്കാനാഗ്രഹിക്കുന്നത്. ഫിലമോനും ഒണേസിമോസിനും പൗലോസിനോട് ഒരേ ബന്ധമാണുണ്ടായിരുന്നത്. ഇരുവരെയും സുവിശേഷംവഴി മിശിഹായിൽ ജനിപ്പിച്ചതു പൗലോസ്ശ്ലീഹായാണ് (1 കോറി 4,15). "എൻ്റെ പുത്രൻ" (10-12) എന്നു പൗലോസ് ഒണേസിമോസിനെ വിശേഷിപ്പിക്കുന്നതിൽനിന്നും ഇതു വ്യക്തമാണ്. പൗലോസിന്റെ പുത്രർ എന്ന നിലയിൽ ഇരുവരും പരസ്‌പരം സഹോദരന്മാരാണ്. ദാസനായല്ല, സഹോദരനായി പരിഗണിക്കണമെന്നാവശ്യപ്പെടുന്നതിന്റെ പിന്നിലെ ന്യായം ഇതാണ്. 

കാരാഗൃഹത്തിൽനിന്നു വിമോചിതനായാലുടൻ കൊളോസായിൽ ഫിലമോനെ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിയിച്ചു കൊണ്ടാണ് പൗലോസ് കത്ത് അവസാനിപ്പിക്കുന്നത് (22). കൂട്ടു തടവുകാരനായ എപ്പഫ്രാസിൻ്റെയും സഹപ്രവർത്തകരായ മർക്കോസിന്റെയും അരിസ്റ്റാർക്കൂസിന്റെയും ദേമാസിന്റെയും ലൂക്കായുടെയും അഭിവാദനങ്ങൾകൂടി പൗലോസ് അറിയിക്കുന്നുണ്ട്. 

അദ്ധ്യായം 9 

കൊളോസായിലെ സഭയ്ക്കുള്ള ലേഖനം 

പൗലോസ് എഫേസോസിൽ സുവിശേഷമറിയിക്കുന്ന കാലത്ത് (നട 19,8-10: മിശിഹാവർഷം 52-55) വിശ്വാസം സ്വീകരിച്ച കൊളോസോസുകാരനായ എപ്പഫ്രാസിലൂടെ രൂപംകൊണ്ട് സഭയാണ് എഫേസോസിലേത് (കൊളോ 4,12). ഫിലമോനും ഒണേസിമോസുമൊക്കെ കൊളോസോസുകാരാണ്. പൗലോസിൻ്റെ കാരാഗൃഹ ലേഖനങ്ങളിൽ ഒന്നാണ് കൊളോസായിലെ സഭയ്ക്കുള്ളത്. പൗലോസാണ് ലേഖന കർത്താവ് എന്നു ഗ്രന്ഥത്തിൽ സൂചനകളുണ്ടെങ്കിലും (1,1.23; 4,18) ഭാഷാശൈലിയും ദൈവശാസ്ത്രാഭിമുഖ്യങ്ങളും മിശിഹാശാസ്ത്രവും (1,15-20) സഭാശാസ്ത്രവുമൊക്കെ പൗലോസിൻ്റെ മറ്റു ലേഖനങ്ങളിലേതിൽനിന്നു വ്യത്യസ്‌തമാണെന്ന കാരണം പറഞ്ഞ് പൗലോസിന്റെ കർതൃത്വം സംശയിക്കുന്നവരാണ് ആധുനിക പണ്‌ഡിതരിലധികവും. പൗലോസിന്റെതന്നെ പാരമ്പര്യത്തിൽപ്പെട്ട ആരെങ്കിലും അദ്ദേഹത്തിന്റെ പേരിൽ എഴുതിയതാകാം എന്നാണവരുടെ വാദം. ശ്ലീഹന്മാരുടെ കാലശേഷമുള്ള സഭയിലെ സാഹചര്യമാണ് ഈ ലേഖനത്തിൽ കൂടുതലും പ്രതിഫലിക്കുന്നത്. 

കൊളോസായിലെ സഭാസമൂഹത്തെ വിശ്വാസത്തിൽ ഉത്തേജിപ്പിക്കുക (1,3-14; 2,2-3), പാഷണ്ഡതകൾക്കും തെറ്റായ പ്രബോധനങ്ങൾക്കും എതിരെ അവരെ സജ്ജരാക്കുക (2,4.8.16-22), മാലാഖമാരെക്കുറിച്ചുള്ള അബദ്ധധാരണ തിരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ലേഖ നരചനയ്ക്കു പിന്നിലുളളത്. 

ആദിമസഭയുടെ ആരാധനയുടെ ഭാഗമായിരുന്ന ഒരു മിശിഹാസ തിപ്പോടുകൂടിയാണ് ലേഖനം ആരംഭിക്കുന്നത് (1,15-20). സൃഷ്ടിയിൽ മിശിഹായുടെ സ്ഥാനം പ്രകീർത്തിക്കുന്നതാണ് ഈ ഗീതം. അദൃശ്യനായ ദൈവത്തിൻ്റെ സാദൃശ്യവും എല്ലാ സൃഷ്‌ടികളുടെയും ആദ്യജാതനുമായ മിശിഹായാലാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദ്യശ്യവുമായ സകലതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മാലാഖാമാർ ഉൾപ്പെടെ എല്ലാം അവനിലൂടെ ഉണ്ടായി (1,15-16). അവൻവഴി സകലതും തന്നോടു രമ്യപ്പെടുത്താനും സ്വർഗത്തിലും ഭൂമിയിലുമുള്ള സകലത്തിനും അവൻ ചിന്തിയ രക്തംവഴി സമാധാനം നല്‌കാനും ദൈവം തിരുമനസ്സായി (1,20-23). 2,8-23 ൽ പരാമർശിക്കുന്ന അബദ്ധപ്രബോധനങ്ങളുമായി ബന്ധപ്പെടുത്തിവേണം ഇതു വായിക്കാൻ. 

സുവിശേഷം നല്കുന്ന പ്രത്യാശയെക്കുറിച്ചു ലേഖനത്തിലുട നീളം പരാമർശമുണ്ട്. കൊളോസായിലെ ദൈവജനത്തിന് ഈശോമിശിഹായിൽ വിശ്വസിക്കാനും സഹോദരരെ സ്നേഹിക്കാനും സാധിക്കുന്നത് അവർ ശ്രവിച്ച സുവിശേഷത്തിൻ്റെ സത്യവചനം വഴി സ്വർഗത്തിൽ അവർക്കുള്ള പ്രത്യാശമൂലമാണ് എന്നാണ് പൗലോസ് എഴുതുന്നത് (1,4 -5). സഭാസമൂഹത്തിനു നല്‌കുന്ന ഉപദേശത്തിലും ഇതേ ആശയം പ്രതിഫലിക്കുന്നുണ്ട്: "അതിനാൽ നിങ്ങൾ വിശ്വാസത്തിൽ ഉറച്ചുനില്ക്കുകയും പൗലോസായ ഞാൻ ശുശ്രൂഷ ചെയ്‌തതും ആകാശത്തിൻ കീഴുള്ള സകലസൃഷ്‌ടികളോടും പ്രസംഗിക്കപ്പെട്ടതുമായ സുവിശേഷം നല്കുന്ന പ്രത്യാശയിൽനിന്നു വ്യതിചലിക്കാതിരിക്കുകയും ചെയ്യുവിൻ” (1,23). നമ്മൾ മിശിഹായോടുകൂടെ മരിച്ച് ഉയിർത്തതുകൊണ്ട് നമ്മുടെ ജീവനായ മിശിഹാ പ്രത്യക്ഷനാകുമ്പോൾ അവനോടുകൂടെ നമ്മളും മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും (3,4) എന്നും പൗലോസ് എഴുതുന്നുണ്ട്. 

“മിശിഹായുടെ സഹനങ്ങളുടെ കുറവിനെ സഭയാകുന്ന അവന്റെ ശരീരത്തെപ്രതി എൻ്റെ ശരീരത്തിൽ ഞാൻ പരിഹരിക്കുന്നു” (1,24) എന്ന പ്രസ്താവന തെറ്റുദ്ധാരണ ജനിപ്പിക്കുന്നതാണ്. മിശിഹായുടെ സഹനങ്ങൾക്ക് എന്തോ കുറവുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തോന്നും. എന്നാൽ അതു ശരിയല്ല. അവിടുന്നു തൻ്റെ സഹനവും മരണവുംവഴി സകലവും പിതാവിനോടു രമ്യപ്പെടുത്തി സകലർക്കും സമാധാനം നല്‌കിയതിനെക്കുറിച്ച് സ്‌തുതിഗീതത്തിലും (1,15-20) 22-ാം വാചകത്തിലും പൗലോസ്തന്നെ വ്യക്തമാക്കിയതാണല്ലോ. ആ സഹനത്തിൽ എന്തെങ്കിലും കുറവുണ്ടാവുക സാധ്യമല്ല. മിശിഹായ്ക്കുവേണ്ടിയുള്ള പൗലോസിന്റെ സഹനത്തെക്കുറിച്ചാണ് ഇവിടെ പരാമർശം. 24-ാം വാക്യത്തിന്റെ ആരംഭംതന്നെ അതു സ്‌പഷ്ടമാക്കുന്നുമുണ്ട്: “നിങ്ങൾക്കുവേണ്ടി സഹിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു" എന്നു പറഞ്ഞുകൊണ്ടാണ് പൗലോസ് ആരംഭിക്കുന്നത്. മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്നതിൽ, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുന്നതിൽ അതുവഴി സഭയുടെ വളർച്ചയ്ക്കായി അദ്ധ്വാനിക്കുന്നതിൽ സഹനം ഒരവശ്യഘടകമാണെന്ന് ആരംഭംമുതല്ക്കേ പൗലോസിനറിയാമായിരുന്നു (നട 9,15-16). തുടർന്നു വരുന്ന വാചകങ്ങളും ഈ സത്യം ഉറപ്പിക്കുന്നുണ്ട്. 

മാമ്മോദീസായ്ക്കു പൗലോസ് നല്‌കുന്ന നിർവചനവും അർത്ഥ വ്യാപ്തിയും ക്രൈസ്‌തവ ദൈവശാസ്ത്രത്തിൻ്റെതന്നെ അടിസ്ഥാന പ്രബോധനത്തിന്റെ ഭാഗമാണ്. മാമ്മോദീസായിൽ മിശിഹായോടുകൂടെ സംസ്ക്കരിക്കപ്പെടുന്നതും അവിടുത്തോടുകൂടെ ഉയിർക്കുന്നതും കൂദാശയുടെ പരികർമത്തിലും പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ജലത്തിൽ മുക്കുന്നത് സംസ്ക്കരിക്കപ്പെടുന്നതിനെയും ജലത്തിൽനിന്നു പൊക്കുന്നത് ഉയിർപ്പിനെയും സൂചിപ്പിക്കുന്നു. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് സ്രഷ്‌ടാവിൻ്റെ സാദൃശ്യത്തിൽ ജ്ഞാനത്താൽ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കാനും ഉന്നതങ്ങളിലുള്ളത് അന്വേഷിക്കാനും മിശിഹായിൽ വിശ്വസിക്കുന്നവർക്കു സാധിക്കണം (3,1-10). 

മിശിഹായിൽ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നവർ പൂർണതയുടെ ബന്ധമായ സ്നേഹം സംരക്ഷിക്കുവാൻ കടപ്പെട്ടവരാണ് (3,14 -15). കാരുണ്യം, മനസ്സലിവ്, ദയ, എളിമ, സൗമ്യത, ക്ഷമ തുടങ്ങിയവ പാലിച്ചുകൊണ്ടുവേണം ഇതു ചെയ്യുവാൻ. ഇതു പ്രാവർത്തികമാക്കേണ്ട പ്രഥമവേദി കുടുംബം തന്നെയാണ്. ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹിച്ചും ആദരിച്ചും വിധേയപ്പെട്ടും, മക്കൾ മാതാപിതാക്കളെ ബഹുമാനിച്ചും, മാതാപിതാക്കൾ മക്കളെ പ്രകോപിപ്പിക്കാതെയും ദാസന്മാർ യജമാനന്മാരോടു വിശ്വസ്‌തരായും, യജമാനന്മാർ ദാസരെ സമഭാവനയോടെ വീക്ഷിച്ചും ജീവിക്കുമ്പോൾ ഏകകരീരം എന്ന രഹസ്യം യാഥാർത്ഥ്യമാകും. കുടുംബബന്ധങ്ങൾ ശരിയാകുമ്പോൾ സമൂഹവും നേരെയാകും എന്ന സാർവത്രിക സത്യമാണ് പൗലോസ്ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്. 

അദ്ധ്യായം 10 

എഫേസോസുകാർക്കുള്ള ലേഖനം 

എഫേസോസിലെ സഭ പൗലോസ് സ്ഥാപിച്ചതാണ് (നട 18,18 -19,20). സാർവത്രിക സഭയെക്കുറിച്ചുള്ള പ്രതിപാദനം ഈ ലേഖനത്തിന്റെ സവിശേഷതയാണ്. സൃഷ്പ്രപഞ്ചം മുഴുവൻ തിരുസ്സഭയുടെ ഭാഗമാണ് (1,21-23; 3,9-11). തിരുസ്സഭ ഏകവും (2,15-16 4,4-6) പരിശുദ്ധവും (1,4 2,21) കാതോലികവും (4,4-6) ശ്ലൈഹികവും (2,20) ആണ്. 1 കോറി 3,11 -ൽ മിശിഹായാണ് സഭയുടെ ഏക അടിസ്ഥാനമെങ്കിൽ ഇവിടെ ശ്ലീഹന്മാരും പ്രവാചകരുമാകുന്ന അടിസ്ഥാനത്തിലാണ് സഭ പണിയപ്പെട്ടിരിക്കുന്നത് (1,20). കർത്താവിന്റെ ശരീരമാകുന്ന തിരുസ്സഭയുടെ ശിരസ് മിശിഹാ തന്നെയാണ് (1,22-23; 5,23). 

രക്ഷാകരപദ്ധതിയെ സംബന്ധിച്ചു ലേഖനാരംഭത്തിൽ കാണുന്ന സ്തുതിഗീതം (1,3-14) ലേഖനത്തിൽ ചർച്ചചെയ്യാൻ പോകുന്ന വിഷയങ്ങളെല്ലാംതന്നെ അവതരിപ്പിക്കുന്നുണ്ട്. പിതാവായ ദൈവം തന്റെ പദ്ധതിപ്രകാരം തനിക്കായി സ്നേഹപൂർവം നമ്മെ മുൻകൂട്ടി തിരഞ്ഞെടുക്കുകയും മിശിഹായിൽ ദത്തുപുത്രരായി സ്ഥാപിക്കുകയും ചെയ്തു. പുത്രനിലൂടെ നമുക്കു രക്ഷയും പാപമോചനവും നല്‌കിയത് അവിടുത്തെ തിരുമുമ്പിൽ നമ്മൾ പരിശുദ്ധരും കളങ്കമറ്റവരും ആയിരിക്കാൻ വേണ്ടിയാണ്. ഇതു സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും കാലത്തിന്റെ തികവിൽ മിശിഹായിൽ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമാണ്. ജനതകൾക്കിടയിൽ ഉണ്ടായിരുന്ന ശത്രുതയുടെ മതിൽക്കെട്ടുകൾ തകർത്ത് അവിടുന്നു നമ്മുടെ സമാധാനമായി (2,14). സഭയെ വെള്ളത്താലും വചനത്താലും കഴുകി പവിത്രീകരിക്കാനും അവളെ കളങ്കമോ മുഖച്ചുളിവോ മറ്റു ന്യൂനതകളോ ഇല്ലാതെ തനിക്കായി നിർമലയും പരിശുദ്ധയും മഹത്ത്വപൂർണയുമായി കാത്തുസൂക്ഷിക്കാനുംവേണ്ടി തന്നെത്തന്നെ ഈശോ കയ്യാളിച്ചു (5,25-27). വിശ്വാസംവഴി അവിടുത്തെ കൃപയാൽ നമ്മൾ രക്ഷിക്കപ്പെടുന്നു. ഇതു ദൈവത്തിന്റെ ദാനമാണ്; നമ്മുടെ പ്രവൃത്തിയുടെ ഫലമല്ല (2,8). മിശിഹായിലുള്ള വിശ്വാസംമൂലമാണ് ദൈവത്തെ സമീപിക്കാനുള്ള ധൈര്യവും ഉറപ്പും നമുക്കു ലഭിക്കുന്നത് (3,12). 

ഇപ്രകാരം വിശുദ്ധരുടെ സഹപൗരന്മാരും ദൈവഭവനത്തിലെ അംഗങ്ങളുമായ നമ്മൾ (2,19) സ്നേഹത്തിൽ ഉറച്ചുനിന്നുകൊണ്ട്, ശിരസായ മിശിഹായിലൂടെ എല്ലാവിധവും വളരണം. യഥാസ്ഥാനം കൂട്ടിയിണക്കപ്പെട്ട അവയവങ്ങൾ ഓരോന്നും അതതിന്റെ കഴിവനുസരിച്ച് അവനിലൂടെ പ്രവർത്തിച്ച് അവൻ്റെ ശരീരത്തെ പടുത്തുയർത്തണം (4,15-16). ഈ ഭവനത്തിന്റെ മൂലക്കല്ല് ഈശോമിശിഹായാണ്; ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാനത്തിലാണ് ഇതു പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഈശോമിശിഹായിൽ ഭവനം മുഴുവൻ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. 

ക്രിസ്തീയ വിളിക്കനുസൃതമായ പുതിയ ജീവിതം നയിക്കാൻ നമുക്കു കടമയുണ്ട് (4.1-16). വിനയം, സൗമ്യത, ക്ഷമ ഇവയോടുകൂടെ സ്നേഹത്തിൽ പരസ്‌പരം സഹിഷ്‌ണുത പ്രദർശിപ്പിച്ചുകൊണ്ടുവേണം ദൈവാരൂപിയുടെ ഐക്യം പാലിക്കാൻ. "നിങ്ങളുടെ പഴയ ജീവിത രീതിയെ ദുരാശകളാൽ ജീർണിച്ച ആ പഴയ മനുഷ്യനെ നിങ്ങളിൽനിന്ന് അകറ്റുവിൻ. നിങ്ങൾ ആന്തരികമായി നവീകരിക്കപ്പെടണം. നീതിയിലും യഥാർത്ഥമായ വിശുദ്ധിയിലും ദൈവം സൃഷ്ടിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണ് ഇത്" (4,22). പരസ്‌പരം സത്യം 'പറഞ്ഞും ദുഷ്ടന് അവസരം നല്‌കാതെയും ദരിദ്രനെ സഹായിച്ചും നല്ലകാര്യങ്ങൾ മാത്രം സംസാരിച്ചും വിദ്വേഷവും ക്രോധവും കോപവും കലഹവും പരദൂഷണവും ഉപേക്ഷിച്ചും അന്യോന്യം അനുകമ്പയും കാരുണ്യവും ക്ഷമയും കാണിച്ചും പുതിയ മനുഷ്യനെ ധരിക്കാം (4,25-32). 

വെളിച്ചത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് പ്രകാശത്തിന്റെ മക്കളെപ്പോലെ വ്യാപരിക്കാം (5,7-8). ഒരു കർത്താവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും മാത്രമുള്ളതുപോലെ നാമും ഒരേ ശരീരവും ഒരേ ആത്മാവും ആകേണ്ടതിനാണിത്. 

കുടുംബമാണ് ഇവിടെയും പ്രഥമ കളരി. ഇവിടെവേണം ഈ മൂല്യങ്ങൾ അഭ്യസിച്ചുതുടങ്ങാൻ (5,21-6,9; കൊളോ 3,18-4,1). വിവാഹ ബന്ധത്തെ മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തോടുപമിച്ചുകൊണ്ടാണ് ഭാര്യാഭർത്യബന്ധത്തിനു മാതൃക കാണിച്ചു തരുന്നത്. ഈ ലോകജീവിതത്തെ ഒരു യുദ്ധത്തോടാണ് പൗലോസ് ഉപമിക്കുന്നത് (6,10 -20). ദൈവത്തിൻ്റെ ആയുധങ്ങൾ ധരിച്ചു സമരത്തിനൊരുങ്ങുവിൻ, സത്യംകൊണ്ട് അരമുറുക്കി, നീതിയാകുന്ന പടച്ചട്ട ധരിക്കുവിൻ. സമാധാന സുവിശേഷത്തിന് ഒരുക്കമായ പാദരക്ഷ ധരിക്കുവിൻ. സർവ്വോപരി, ദുഷ്ടന്റെ എരിയമ്പുകളെയെല്ലാം കെടുത്തിക്കളയാൻ നിങ്ങളെ ശക്തരാക്കുന്ന വിശ്വാസമെന്ന പരിച എടുക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുവിൻ. ദൈവവചനമാകുന്ന ആത്മാവിൻ്റെ വാളെടുക്കുവിൻ (6,14-17). 

 

അദ്ധ്യായം 11 

തീത്തോസിനുള്ള ലേഖനം 

വിജാതീയ ക്രൈസ്‌തവനായ തീത്തോസിനെ നമ്മൾ ആദ്യം കണ്ടുമുട്ടുന്നത് ജറുസലേം സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന പൗലോസിനോടൊപ്പമാണ് (ഗലാ 2,1-3). കോറിന്തോസിലെ സഭയിൽ പൗലോസിനെക്കുറിച്ചുണ്ടായ അബദ്ധധാരണകൾ തിരുത്തുവാൻ നിയുക്തനായത് തീത്തോസാണ് (2 കോറി 2,3; 7,6-16; 12, 18). ജറുസലേം സഭയ്ക്കുവേണ്ടി കോറിന്തോസുകാർ നടത്തിയ ധനശേഖരണത്തിൽ പൗലോസിന്റെ പ്രതിനിധിയായി വർത്തിച്ചതും തീത്തോസാണ് (2) 8,6-24). 

ക്രേത്തേ വിട്ട് എഫേസോസിലേക്കു പോകുന്ന പൗലോസ്, പിന്നീട് മാസിഡോണിയായിലെത്തി. അവിടെവച്ചാകണം തിമോത്തേയോസിനുള്ള ആദ്യ ലേഖനമെഴുതിയത് (1 തിമോ 1.3). അവിടെനിന്നു പടിഞ്ഞാറോട്ടു യാത്രചെയ്‌ത്‌ നിക്കോപോളിസിലെത്തിയ പൗലോസ് ശീതകാലംകഴിച്ചശേഷം തീത്തോസിനോടൊപ്പം റോമിലേക്കു പോയി (തീത്തോ 3,12; 2 തിമോ 4,10). അടുത്ത ശീതകാലം ആരംഭിക്കുന്നതിനു മുമ്പ് റോമിൽ തൻ്റെ പക്കൽ എത്തിച്ചേരണമെന്നു പൗലോസ് തിമോത്തേയോസിനോട് ആവശ്യപ്പെട്ടിരുന്നു (2 തിമോ 4,9.13.21). തീത്തോസിനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും അധികാരത്തിൽ സ്ഥിരീകരിക്കുക എന്ന ലക്ഷ്യവും ഈ ലേഖനത്തിനു പിന്നിലുണ്ട്. ശ്ലൈഹിക പാരമ്പര്യം ഇടമുറിയാതെ തുടർന്നുകൊണ്ടു പോകുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിത് (നട 14,23). 

പൗലോസിന്റെ പ്രതിനിധി എന്ന നിലയിൽ ക്രേത്തേയിൽ പുരോഹിതന്മാരെയും ശ്രേഷ്ഠന്മാരെയും പട്ടണംതോറും നിയമിക്കാനാണ് തീത്തോസ് നിയോഗിക്കപ്പെടുന്നത്. പുരോഹിതർക്കുവേണ്ട ഗുണഗണങ്ങൾ പൗലോസ് നിരത്തുന്നുണ്ട്. ഏകഭാര്യയുടെ ഭർത്താവായിരിക്കണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു വിവാഹവിശ്വസ്‌തതയാണ്. ശ്ലീഹന്മാരിൽ പലരും വിവാഹിതരായിരുന്നതുപോലെ ആദിമ സഭയിലെ നേതാക്കന്മാരും വിവാഹം കഴിച്ചിരുന്നു എന്നുവേണം അനുമാനിക്കാൻ. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസമുള്ളവരും അതിനു നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരും ആയിരിക്കണം. ചുരുക്കത്തിൽ, സ്വന്തം കുടുംബത്തെ ശരിയായ രീതിയിൽ നയിച്ചുകൊണ്ട് ദൈവത്തിന്റെ ഭവനമായ തിരുസ്സഭയെ നയിക്കുവാൻ കഴിവുണ്ടെന്നു തെളിയിച്ച ആളാകണം (1,7; 1 തിമോ 3,5). ദൈവഭവനത്തിൻ്റെ കാര്യസ്ഥൻ എന്ന വിശേഷണമാണ് സഭാശുശ്രൂഷകനു നല്‌കുന്നത്. ദൈവഭവനത്തിന്റെ കാര്യസ്ഥൻ എന്ന നിലയിൽ അവൻ കുറ്റമറ്റവനായിരിക്ക അഹംഭാവിയോ ക്ഷിപ്രകോപിയോ മദ്യപനോ കലഹപ്രിയനോ നീചലാഭേച്ഛവോ ആയിരിക്കരുത്. ആതിഥേയമര്യാദയുള്ളവനും നന്മയെ സ്നേഹിക്കുന്നവനും പക്വമതിയും നീതിമാനും ഭക്തനും ആത്മനിയന്ത്രണമുള്ളവനുമായിരിക്കണം. 

അബദ്ധപ്രബോധകരെ ശാസിക്കാൻ കഴിയുംവിധം വിശ്വാസപഠനങ്ങളെ മുറുകെപ്പിടിക്കുന്നവനുമാകണം സഭാനേതാവ്. സത്യവിശ്വാസത്തോടുള്ള വിശ്വസ്‌തതയും അതു കൈമാറാനുള്ള കഴിവും താല്‌പര്യവും പരമപ്രധാനമായ ഗുണങ്ങളാണ്. ഈശോയുടെ പ്രബോധനങ്ങൾക്കനുസരിച്ചുള്ള ജീവിതം തന്നെയാണ് സുവിശേഷത്തോടുള്ള വിശ്വസ്തത വ്യക്തമാക്കാനുള്ള വേദി. കുടുംബത്തിലും സമൂഹത്തിലും ക്രൈസ്‌തവോചിതമായി പെരുമാറേണ്ടത് എങ്ങനെയെന്നു പുരുഷന്മാരെയും സ്ത്രീകളെയും യുവതീയുവാക്കന്മാരെയും ദാസന്മാരെയും ഉപദേശിക്കണമെന്നു പൗലോസ് തീത്തോസിനെ ചുമതലപ്പെടുത്തുന്നു (2,1-10). എല്ലാവിധത്തിലും സന്മാതൃക നല്കിക്കൊണ്ടുവേണം ഇതു ചെയ്യാൻ എന്നും നിർദേശിക്കുന്നുണ്ട്. 

അദ്ധ്യായം 12 

തിമോത്തേയോസിനുളള ഒന്നാം ലേഖനം 

ലിസ്ത്രായിൽ വച്ചു കണ്ടുമുട്ടിയ നാൾമുതൽ (നട 16,1-3) തിമോത്തേയോസ് പൗലോസിൻ്റെ സുവിശേഷപ്രഘോഷണത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. പിന്നീട് പൗലോസിന്റെ പ്രതിനിധിയായി അദ്ദേഹം തെസലോനിക്കായിലേക്കും (1 തെസ 3,2-6) കോറിന്തോസിലേക്കും (1 കോറി 4, 17; 16,10-11) ഫിലിപ്പിയിലേക്കും (ഫിലി 2,19 -23) പോയിട്ടുണ്ട്. എഫേസോസിൽവച്ചുള്ള പൗലോസിന്റെ കാരാഗൃഹവാസത്തിലും (ഫില 1) കോറിന്തോസിൽവച്ചു റോമാക്കാർക്കുള്ള ലേഖനമെഴുതുമ്പോഴും (റോമ 16,21) അദ്ദേഹത്തോടൊപ്പം തിമോത്തേയോസുണ്ട്. പൗലോസിന്റെ പല ലേഖനങ്ങളും തിമോത്തേയോസുംകൂടി ചേർന്നെഴുതുന്നവയാണ് (2 കോറി 1,1; ഫിലി 1,1; 1 തെസ 1,1: ഫില 1) 

എഫേസോസിലെ വിജാതീയ ക്രൈസ്‌തവസമൂഹത്തിന്റെ തലവനായ തിമോത്തേയോസിനോടു സത്യവിശ്വാസം സംരക്ഷിക്കാനും അബദ്ധപ്രബോധകർക്കെതിരെ ശക്തമായി പോരാടാനും നിർദ്ദേശിക്കുന്നതാണ് ഈ ലേഖനം. മാതൃകാപരമായ ക്രൈസ്‌തവജീവിതംവഴി ഉത്തമ പൗരന്മാരായി എങ്ങനെ വർത്തിക്കാം എന്നു പഠിപ്പിക്കുന്നു. പ്രാർത്ഥനാവേളയിൽ സ്ത്രീയുടെയും പുരുഷന്റെയും പങ്ക്, മെത്രാന്മാരുടെ കടമകൾ, ഡീക്കന്മാർക്കുണ്ടാകേണ്ട ഗുണങ്ങൾ തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. തങ്ങൾ ആത്മീയരായിത്തീർന്നിരികയാൽ വിവാഹം, ക്ഷണം തുടങ്ങിയവയിൽനിന്നകന്നിരിക്കണം എന്ന് എഫേസോസിലെ ചില വിശ്വാസികൾ വാദിച്ചിരുന്നു. ഇതിനെതിരെയാണ് വിവാഹബന്ധത്തിൻ്റെ മാഹാത്മ്യം എടുത്തുകാണിച്ചു കൊണ്ട് പൗലോസ് എഴുതുന്നത് (5,14; 2,11-12). ഈ ലേഖനത്തിൽ ധാരാളമായുള്ള പഠിപ്പിക്കുക, പ്രബോധിപ്പിക്കുക, ഉപദേശിക്കുക തുടങ്ങിയ ക്രിയാപദങ്ങൾ (1,3; 4,11; 5,7; 6, 13.17) പ്രബോധനത്തിനു നല്കപ്പെടുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്. ഈ ധാർമികപ്രബോധനത്തിന്റെ ലക്ഷ്യമെന്തെന്നും പൗലോസ് വ്യക്തമാക്കുന്നുണ്ട്; “നിർമലഹൃദയത്തിൽനിന്നും നല്ല മനഃസാക്ഷിയിൽനിന്നും പരമാർത്ഥമായ വിശ്വാസത്തിൽനിന്നും ഉളവാകുന്ന സ്നേഹമാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം" (1,5). ക്രൈസ്‌തവവിശ്വാസം ഈ ലോകത്തിലുള്ള ജീവിതവും പെരുമാറ്റവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഗ്രീക്കുപദത്തിന്റെ അർത്ഥംതന്നെ അതു വ്യക്തമാക്കുന്നുണ്ട്. ഓയിക്കണോമിയ തെവു (oikonomia theon) എന്നാൽ ദൈവികഭവനത്തിന്റെ നടത്തിപ്പ് എന്നാണർത്ഥം. ഈശോയിൽ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ ലോകത്തിൽ എപ്രകാരം വ്യാപരിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം (3,15). 

ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ ലക്ഷ്യം തന്റെതന്നെ ജീവിതാനുഭവത്തിൻ്റെ വെളിച്ചത്തിൽ പൗലോസ് വ്യക്തമാക്കുന്നു: “ഈശോമിശിഹാ ലോകത്തിലേക്കു വന്നതു പാപികളെ വിളിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയമാണ്. അതു തികച്ചും സ്വീകാര്യവുമത്രേ. കാരണം, പാപികളിൽ ഒന്നാമനാണു ഞാൻ. നിത്യജീവനുവേണ്ടി തന്നിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു ദൃഷ്‌ടാന്തമായി, തന്റെ ദീർഘ ശാന്തത ഒന്നാമനായ എന്നിൽ പ്രകടമാക്കാൻ ഈശോമിശിഹാ എന്നോടു കരുണ കാണിച്ചു" (1,15-16). താൻ പാപികളെ വിളിക്കാനാണ് വന്നിരിക്കുന്നത് എന്ന് ഈശോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് (മത്താ 9,13; ലൂക്കാ 19,10). ഈശോമിശിഹായുടെ കരുണയും കൃപയുമാണ് തന്റെ ശ്ലൈഹികസ്ഥാനത്തിനടിസ്ഥാനം എന്നാണ് പൗലോസ് ഏറ്റുപറയുന്നത്. 

ദൈവം സകല മനുഷ്യരുടെയും രക്ഷ ആഗ്രഹിക്കുന്നതു കൊണ്ടാണ് തന്നെ സത്യവിശ്വാസപ്രഘോഷകനായി നിയമിച്ചിരിക്കുന്നത് എന്നു പൗലോസിനു ബോദ്ധ്യമാണ് (2,1-7). അതുകൊണ്ടാണ് എല്ലാ മനുഷ്യർക്കുംവേണ്ടി പ്രാർഥിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നത്. സഭാദ്ധ്യക്ഷൻ പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം (3,7) എന്നെഴുതുന്നതിൻ്റെ പിന്നിലുള്ള ചിന്തയും മറ്റൊന്നല്ല. നല്ല ജീവിതമാതൃക കണ്ട് മറ്റുള്ളവർ ദൈവത്തെ മഹത്ത്വപ്പെടുത്തുവാനും (മത്താ 5, 16) മിശിഹായിൽ വിശ്വസിക്കുവാനും ഇടയാവണം. 

ദൈവികഭവനത്തിലെ കാര്യസ്ഥരായ മെത്രാന്മാരും വൈദികരും ഡീക്കന്മാരും എപ്രകാരം വർത്തിക്കണമെന്നതിനെക്കുറിച്ചും വ്യക്തമായ ഉപദേശങ്ങൾ പൗലോസിനു നല്‌കാനുണ്ട്: "മെത്രാൻ നിഷ്‌കളങ്കനും ഏകഭാര്യയുടെ ഭർത്താവും വിവേകിയും സംയമനം പാലിക്കുന്നവനും ക്രമവത്കൃതജീവിതം നയിക്കുന്നവനും ആതിഥ്യമര്യാദയുള്ളവനും സമർത്ഥനായ പ്രബോധകനുമായിരിക്കണം. അയാൾ മദ്യപനോ ക്ഷിപ്രകോപിയോ കലഹപ്രിയനോ ദ്രവ്യാഗ്രഹിയോ ആകരുത്. മറിച്ച് വിനയമുള്ളവനായിരിക്കണം. അയാൾ സ്വന്തം കുടുംബത്തെ നന്നായി ഭരിക്കുന്നവനും സ്വന്തം മക്കളെ വിശുദ്ധിയിൽ വളർത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബത്തെ നന്നായി ഭരിക്കാൻ അറിഞ്ഞുകൂടാത്തവൻ ദൈവത്തിൻ്റെ സഭയെ എങ്ങനെ ഭരിക്കും?" (3,1-5). സ്വന്തം ഭവനത്തെ നന്നായി ഭരിക്കാൻ അറിയാമോ എന്നതാണു സഭാനേതാക്കന്മാരുടെ യോഗ്യതാ മാനദണ്‌ഡമായി പൗലോസ് ചൂണ്ടിക്കാണിക്കുന്നത്. ശുശ്രൂഷകർ ശുദ്ധിയുള്ളവരും നിർമലമനഃസാക്ഷിയുള്ളവരും വിശ്വാസ രഹസ്യം മുറുകെ പിടിക്കുന്നവരുമായിരിക്കണം. 

വിശ്വാസത്തിൽനിന്നു വ്യതിചലിച്ച് വഞ്ചകരുടെയും പൈശാചികശക്തികളുടെയും പിന്നാലെ പോകുന്നവരെക്കുറിച്ചും ലേഖന കർത്താവു മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (4,1; 6,3-5). എല്ലാക്കാലത്തെക്കാളും കൂടുതലായി ഇന്ന് ഇത്തരക്കാരുടെ എണ്ണം കൂടുതലാണ്. കത്തോലിക്കാസഭയിലെ സംവിധാനങ്ങളിലൂടെ വളർന്ന ഇക്കൂട്ടർ സഭയെയും കൂദാശകളെയും തള്ളിപ്പറഞ്ഞ് അത്ഭുതസിദ്ധികളുടെയും രോഗ ശാന്തിയുടെയും മറവിൽ ചഞ്ചലമാനസ്സരെ വഴി പിഴപ്പിക്കുന്നുണ്ട്. സത്യപ്രബോധനം നല്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണിതു വിരൽ ചൂണ്ടുന്നത്.

 

അദ്ധ്യായം 13 

തിമോത്തേയോസിനുളള രണ്ടാം ലേഖനം 

മരണത്തെ മുഖാഭിമുഖം കണ്ടുകൊണ്ടിരിക്കുന്ന പൗലോസ് (4, 6-8) തിമോത്തേയോസിനെ അവൻ്റെ ക്ലേശങ്ങളിൽ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനുമായി എഴുതുന്നു. നട 20,17-35 ലെ വിടവാങ്ങൽ പ്രസംഗത്തോട് ഏറെ സാമ്യമുണ്ട് ഈ കത്തിന്. തെസലോനിക്കാകാർക്കുള്ള ആദ്യലേഖനത്തെക്കാൾ കൂടുതൽ വ്യക്തിപരമാണിത് (1,15-18; 4,9-13). അബദ്ധപ്രബോധകർക്കെതിരെയുള്ള മുന്നറിയിപ്പും ഈ ലേഖനത്തിലെ മുഖ്യഘടകമാണ് (2,16-23). 

തിമോത്തേയോസിൻ്റെ വിശ്വാസസ്ഥിരതയെയും വിശ്വാസത്തിന്റെ പേരിൽ ഏല്ക്കേണ്ടിവരുന്ന സഹനങ്ങളെയുംപറ്റി പൗലോസിനു ഓർമ്മയുണ്ട് (1,3-5). കൈവയ്പ്പുവഴി സ്വീകരിച്ചിരിക്കുന്ന ശക്തിയുടെയും സ്നേഹത്തിന്റെയും ഉപദേശത്തിൻ്റെയും അരൂപി ഭയംകൂടാതെ മിശിഹായ്ക്കു സാക്ഷ്യം നല്കാൻ സഹായിക്കും. സ്വന്തജീവിതംതന്നെയാണ് മാതൃകയായി പൗലോസ് നിർദ്ദേശിക്കുന്നത് (1,6-14-). ഏല്പ‌ിക്കപ്പെട്ടിരിക്കുന്ന സുവിശേഷനിധി പരിശുദ്ധറൂഹായുടെ ശക്തിയാൽ കാത്തുസംരക്ഷിക്കണമെന്നാണു നിർദ്ദേശം. 

മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിവുള്ളവരെ സത്യപ്രബോധനം ഏല്പിക്കണം എന്നും പൗലോസ് തിമോത്തേയോസിനോട് ആവശ്യപ്പെടുന്നുണ്ട് (2,2). ഈശോമിശിഹായുടെ ഉത്തമപടയാളിയെപ്പോലെ കഷ്ടപ്പാടുകൾ സഹിച്ചു മാതൃക നല്‌കിക്കൊണ്ടു വേണം ഇതു ചെയ്യുവാൻ (2,3). പടയാളിയുടെ സഹനസന്നദ്ധതയും കായികാഭ്യാസിയുടെ ഏകാഗ്രതയും കർഷകൻ്റെ കഠിനാദ്ധ്വാനശീലവും ഈശോയുടെ ശിഷ്യനു മുണ്ടാകണം (1,4-7). "ദൈവഭക്തിയോടെ ഈശോമിശിഹായിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടുന്നു" (3,12). സുവിശേഷത്തെപ്രതി പൗലോസ് സഹിക്കുന്നതും തിമോത്തേയോസിനോടു സഹിക്കാൻ ആവശ്യപ്പെടുന്നതും എല്ലാവരും രക്ഷ പ്രാപിക്കാൻ വേണ്ടിയാണ് (2,11-13). സഹനവിഷയത്തിൽ പൗലോസ് ഉൾപ്പെടെയുള്ളവർക്കു മാതൃക ഈശോമിശിഹാ തന്നെയാണ്. 

സത്യത്തിൽനിന്നു വ്യതിചലിച്ചു വ്യർത്ഥഭാഷണങ്ങളിൽ മുഴുകി പലരുടെയും വിശ്വാസം നശിപ്പിക്കുന്ന അബദ്ധപ്രബോധകർക്കെതിരെ ജാഗ്രതയോടെ വർത്തിക്കാൻ ഉപദേശിക്കുന്നു (2,14-4,5). ദൈവാരൂപിയാൽ എഴുതപ്പെട്ട വിശുദ്ധഗ്രന്ഥങ്ങൾ പ്രബോധനത്തിനും ശാസിക്കലിനും തെറ്റുതിരുത്തലിനും ഉപകരിക്കും. വചനപ്രഘോഷണത്തെ സംബന്ധിച്ചു പൗലോസ് തിമോത്തേയോസിനു നല്‌കുന്ന നിർദ്ദേശം എല്ലാക്കാലങ്ങളിലുമുള്ള അജപാലകർക്കും ബാധകമാണ്. വചനം പ്രസംഗിക്കുക; സമയത്തും അസമയത്തും ഉത്സാഹിയായിരിക്കുക. ക്ഷമയോടും ജ്ഞാനത്തോടുംകൂടെ ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക. എന്തെന്നാൽ ഉത്തമമായ പ്രബോധനത്തെ ജനങ്ങൾ ശ്രദ്ധിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആകൃഷ്ടരായി അവർ തങ്ങളുടെ ദുരാശകൾക്ക് ഇണങ്ങുന്ന പ്രബോധകരെ വിളിച്ചു കൂട്ടും (4,2-3). ഇന്നു നമ്മുടെ സമൂഹങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണല്ലോ. കത്തോലിക്കാ സത്യവിശ്വാസത്തെയും തിരുസ്സഭയെയും പരിശുദ്ധ കുർബാനയെയും തള്ളിപ്പറയുന്ന സ്വാർത്ഥ മതികളായ വചനകച്ചവടക്കാരുടെയും സാക്ഷ്യതൊഴിലാളികളുടെയും പിന്നാലെ വിശ്വാസപാരമ്പര്യം അവകാശപ്പെട്ടിരുന്നവർ പോലും ഓടിക്കൂടുന്ന കാഴ്‌ച അജപാലകരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. അസാദ്ധ്യകാര്യങ്ങളുടെയും അത്ഭുതങ്ങളുടെയും പിന്നാലെ പരക്കം പായാതെ ഈശോയുടെയും ശ്ലീഹന്മാരുടെയും മാതൃകയനുസരിച്ച് (3,10 -11; 4,1-2) 

പൗലോസിന്റെ ദൈവശാസ്ത്രം 

ലേഖനങ്ങളിലും നടപടിപുസ്‌തകത്തിലും നിന്നുരുത്തിരിയുന്ന പൗലോസിൻ്റെ ദൈവശാസ്ത്ര - മിശിഹാശാസ്ത്ര സഭാ ശാസ്ത്ര ദർശനങ്ങളാണ് ഈ അവസാന ഭാഗത്ത് അവതരിപ്പിക്കുന്നത്. 

സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്ത പൗലോസ്

പൗലോസ്ശ്ലീഹാ തൻ്റെ പ്രേഷിതജീവിതത്തെ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: "ഞാൻ ദൈവത്തിൻ്റെ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്ത‌ത്, വിജാതീയരുടെയിടയിൽ ഈശോമിശിഹായുടെ ശുശ്രൂഷകനാകാനും, അങ്ങനെ വിജാതീയരുടെ ബലി സ്വീകാര്യവും പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ടതും ആകുവാനത്രെ" (റോമ 15,16). തൻ്റെ ജീവിതംകൊണ്ടു താൻ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിതശുശ്രൂഷ ചെയ്യുകയായിരുന്നു എന്നാണ് പൗലോസ്ശ്ലീഹാ പറയുന്നത്. ഈശോമിശിഹാതന്നെയാണ് ദൈവത്തിന്റെ സുവിശേഷം. ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു നമ്മെ രക്ഷിക്കാനായി സ്വപുത്രനെ അയച്ചു എന്നതുമാണ് പുതിയനിയമസദ്‌വാർത്ത. ഈശോ മിശിഹാ എന്ന വ്യക്തിക്കായിരുന്നു പൗലോസ് ശുശ്രൂഷ ചെയ്തത്. ദമാസ്ക്കസിലേക്കുള്ള മാർഗമദ്ധ്യേ കുരിശിൽ മരിച്ച നസ്രായൻ ഈശോയെ ജീവിക്കുന്നവനായി കണ്ടുമുട്ടിയതോടെയാണ് ഈ ശുശ്രൂഷ ആരംഭിച്ചത്. തന്നെ വ്യക്തിപരമായി സ്നേഹിക്കുന്ന, തനിക്കുവേണ്ടി മരണം വരിച്ച നസ്രായനെ (ഗലാ 1,20) മിശിഹായും രക്ഷകനുമായി പൗലോസ് തിരിച്ചറിഞ്ഞതാണ് ഇതിനടിസ്ഥാനം. 

നസ്രായൻ ഈശോയാണ് ദൈവം വാഗ്‌ദാനം ചെയ്തിരുന്ന രക്ഷകനും മിശിഹായുമെന്ന് പരസ്യമായി പ്രഘോഷിച്ച പൗലോസ് വിജാതീയരുടെ ഇടയിലാണു മുഖ്യമായും പ്രവർത്തിച്ചത്. ഈശോയെ മരിച്ച വരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം പൂർത്തിയാക്കുകയായിരുന്നു; പാപമോചനവും നീതീകരണവും പ്രാപിക്കാനുള്ള ഏകമാർഗം രക്ഷകനായ ഈശോമിശിഹായിൽ വിശ്വസിക്കുക എന്നതാണ് (നട 13,32-41) തുടങ്ങിയ പ്രബോധനങ്ങളിലൂടെ ഈശോയിൽ വിശ്വസിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. പൗലോസ് പ്രഘോഷിച്ച കർത്താവിൻ്റെ വചനം (നട 13,5) ശ്രവിച്ചവർ സഭാസമൂഹങ്ങളായി രൂപം പ്രാപിച്ചു. പൗലോസ് വിശ്വാസി സമൂഹങ്ങൾക്കു ജന്മം നല്‌കുക മാത്രമല്ല, അവരെ വീണ്ടും സന്ദർശിക്കുകയും വിശ്വാസത്തിൽ സ്ഥിരീകരിക്കുകയും ലേഖനങ്ങളിലൂടെ അവർക്കു മാർഗനിർദ്ദേശം നല്‌കുകയും ചെയ്‌തിരുന്നു. ഇതുവഴി പൗലോസ് വിജാതീയരുടെയിടയിൽ ഈശോമിശിഹായുടെ ശുശ്രൂഷകനായിത്തീർന്നു. 

സുവിശേഷപ്രഘോഷണത്തിലൂടെ ഈശോമിശിഹായ്ക്കു ചെയ്ത ശുശ്രൂഷയെ പുരോഹിതശുശ്രൂഷയായാണ് പൗലോസ് വിശേഷിപ്പിക്കുന്നത്. ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സ്വീകാര്യരായി പ്രത്യക്ഷപ്പെടാൻ ജനത്തെ ഒരുക്കുക എന്ന ദൗത്യമാണ് പൗലോസ് നിർവഹിച്ചത്. ഒപ്പം ദൈവത്തിൽ നിന്നുള്ള രക്ഷയും കൃപയും പാപമോചനവും പരിശുദ്ധ റൂഹായാകുന്ന ദാനവും ജനത്തിനു പ്രാപ്യമാക്കുകയും ചെയ്‌തു. ഇപ്രകാരം, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് പൗലോസ് യഥാർത്ഥ പുരോഹിതനായി. ഈശോയിൽ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്ന, അവിടുത്തെ മനോഭാവം ഉൾക്കൊള്ളുന്ന സമൂഹങ്ങൾക്കു രൂപം നല്‌കുകയാണല്ലോ പൗലോസ് ചെയ്‌ത്. ഇതുതന്നെയാണ് യഥാർത്ഥ പുരോഹിതശുശ്രൂഷ. ആസന്നമായ തന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ബലിയർപ്പണത്തിന്റെ ഭാഷയാണ് പൗലോസ് ഉപയോഗിക്കുന്നത്: "ഞാൻ നൈവേദ്യമായി ഒഴിക്കപ്പെടാൻ പോകുന്നു. ഞാൻ അഴിഞ്ഞുപോകേണ്ട സമയം അടുത്തിരിക്കുന്നു" (2 തിമോ 4,6; ഫിലി 2,7). 

സുവിശേഷമായ ഈശോയ്ക്കും ഈശോയുടെ സുവിശേഷത്തിനും പൗലോസ് നിർവഹിച്ച പുരോഹിതശുശ്രൂഷയുടെ ഭാഗമായി അദ്ദേഹം ദൈവത്തിന്റെ രക്ഷാകരപദ്ധതി, മിശിഹാരഹസ്യം, ഈശോയിലുള്ള വിശ്വാസം, മിശിഹായുടെ ശരീരമായി ഭവിക്കുന്ന തിരുസ്സഭ, ക്രൈസ്തവ അസ്‌തിത്വത്തിൻ്റെ കൗദാശിക ആഘോഷമായ പരിശുദ്ധ കുർബാന, വിശ്വാസികളുടെ കൂട്ടായ്‌മാജീവിതം, ഈ ജീവിതത്തിന്റെ സ്വർഗീയോന്മുഖത (പ്രത്യാശ), സ്നേഹത്തിലധിഷ്‌ഠിതമായ ഈ ലോക ജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു വ്യക്തമായ പ്രബോധനം നല്‌കുന്നുണ്ട്.  

പൗലോസിന്റെ രക്ഷാശാസ്ത്രം 

എല്ലാ മനുഷ്യരും തന്നെ അറിഞ്ഞ് തന്നോടു കൂട്ടായ്മയിൽ ആയിരുന്നുകൊണ്ടു മക്കളുടെ സ്വാതന്ത്യം അനുഭവിക്കണമെന്നും രക്ഷപ്രാപിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (1 തിമോ 2,4). പക്ഷേ, മനുഷ്യൻ പ്രകൃതിയിലുള്ള ദൈവികസാന്നിദ്ധ്യവും മനുഷ്യചരിത്രത്തിൽ പ്രകടമായ ദൈവികപരിപാലനയും അവഗണിച്ച് സ്വന്തവഴിയേ പോയി പാപം ചെയ്തു. എങ്കിലും ദൈവത്തിനു മനുഷ്യനെ ഉപേക്ഷിക്കാനാകുമായിരുന്നില്ല. പാപംചെയ്‌തു ദൈവതിരുമുമ്പിൽ കുറ്റക്കാരനായ മനുഷ്യനെ അവിടുന്നു തൻ്റെ അനന്തകാരുണ്യാതിരേകത്താൽ മിശിഹായിൽ രക്ഷയിലേക്കു വിളിക്കുന്നു. മിശിഹാ സഹിച്ചതും മരിച്ചതും സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയായിരുന്നു (1 തിമോ 2,6). മനുഷ്യരക്ഷ ദൈവത്തിന്റെ കൃപാദാനമാണ് (എഫേ 2,8). മനുഷ്യനെ രക്ഷിക്കാൻ മുൻകൈയെടുത്തതു ദൈവമാണ് (2 തെസ 2,13). 

രക്ഷയുടെ കാര്യത്തിൽ യഹൂദ-വിജാതീയ വ്യത്യാസമില്ല. യഹൂദർ തിരഞ്ഞെടുക്കപ്പെട്ടവരും ദൈവികവാഗ്‌ദാനങ്ങളുടെ അവകാശികളും എന്ന നിലയിൽ പ്രഥമ സ്ഥാനീയരാണെങ്കിലും രക്ഷയ്ക്കുള്ള അർഹത എല്ലാവർക്കും ഒരുപോലെയാണ്. അതുകൊണ്ടാണ് അബ്രാഹത്തിനു ദൈവം നല്കിയ വാഗ്ദാനത്തിൽതന്നെ സകലരുടെയും രക്ഷ പരാമർശിക്കപ്പെട്ടിരുന്നു എന്ന് പൗലോസ് സ്ഥാപിക്കുന്നത് (റോമാ 4; ഗലാ 3). വാഗ്ദ‌ാനപ്രകാരം പിതാവയച്ച പുത്രൻതമ്പുരാനാണ് മനുഷ്യകുലത്തെ രക്ഷിക്കുന്നത് (റോമ 5,1; 1 തെസ 1,10; 5,9). മനുഷ്യനായവതരിച്ച ഈശോമിശിഹായുടെ കുരിശുമരണവും ഉത്ഥാനവുമാണ് നമ്മുടെ രക്ഷയ്ക്കടിസ്ഥാനം (റോമ 5,10; 2 തെസ 2,10). ഈശോമിശിഹായിൽ വിശ്വസിക്കുന്നതിലൂടെയാണ് ഒരുവൻ രക്ഷിക്കപ്പെടുന്നത് (1 കോറി 1,21; 15,1-2). വിജാതീയരുടെ ഇടയിലെ പൗലോസിൻ്റെ സുവിശേഷപ്രഘോഷണയാത്രകളും ലേഖനങ്ങളും ഈ ലക്ഷ്യ പൂർത്തീകരണത്തിനു വഴിയൊരുക്കി. അതുകൊണ്ടാണ് തന്റെ പ്രഘോഷണവിഷയത്തെ "രക്ഷയുടെ സുവിശേഷം" എന്നദ്ദേഹം വിശേഷിപ്പിക്കുന്നത് (എഫേ 1,13). വിജാതീയരെ ദൈവത്തിനു പ്രീതികരവും സ്വീകാര്യവും പരിശുദ്ധ റൂഹായാൽ പവിത്രീകൃതവുമായ ബലിയായി ഒരുക്കുവാൻ വേണ്ടിയാണ് താൻ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നത് (റോമ 15,16) എന്ന പൗലോസിൻ്റെ പ്രസ്‌താവം ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. 

മിശിഹാവിജ്ഞാനീയം 

കുരിശിൽ മരിച്ചു സംസ്‌കരിക്കപ്പെട്ട ഈശോ ഉത്ഥാനം ചെയ്ത ജീവിക്കുന്നു എന്നത് ആദിമസഭയുടെ അനുഭവമായിരുന്നു. പലസ്തീനായിൽ അറമായ ഭാഷയിൽ പ്രചാരത്തിലിരുന്ന "മാറാനാ താ" ("കർത്താവേ, വന്നാലും": 1 കോറി 16,22) എന്ന പ്രാർത്ഥന തന്നെ ഇതാണു തെളിയിക്കുന്നത്. ജീവിക്കുന്ന മിശിഹായെയാണ് പൗലോസ് കണ്ടുമുട്ടിയത് (ഗലാ 1,15-16). ഈ മിശിഹായുടെ സുവിശേഷമാണ് പിന്നീട് പൗലോസ് പ്രഘോഷിച്ചത് (ഗലാ 1,7). ഒരു ഫരിസേയ യഹൂദൻ എന്ന നിലയിൽ മരിച്ചവരുടെ ഉത്ഥാനത്തിൽ വിശ്വസിച്ചിരുന്ന പൗലോസിന് ഈശോ മരണശേഷം ഉയിർത്തു എന്ന യാഥാർത്ഥ്യം ഉത്ഥിതനെ കണ്ടുമുട്ടിയശേഷം മനസ്സിലാക്കാൻ എളുപ്പമായിരുന്നു (1 കോറി 15,8). മരിച്ചവൻ ജീവിക്കുന്നെങ്കിൽ അവൻ തന്നെ ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന മിശിഹായും ദൈവപുത്രനുമാണ് എന്നു പൗലോസ് വിശ്വസിച്ചു. 

മാർഗമദ്ധ്യേ പ്രത്യക്ഷപ്പെട്ട ഉത്ഥിതനായ മിശിഹാ പൗലോസ് പീഡിപ്പിച്ചിരുന്ന തിരുസ്സഭയോടു സ്വയം താദാത്മ്യപ്പെടുത്തിയതിലൂടെ (നട 9,4-5) മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൗലോസിനു വെളിപാടു ലഭിച്ചു. തിരുസ്സഭ മിശിഹായുടെ ശരീരമാണ് സഭാംഗങ്ങളെയും അതുവഴി മിശിഹായെത്തന്നെയും പീഡിപ്പിച്ചിരുന്ന തന്റെ അയോഗ്യത പരിഗണിക്കാതെ തനിക്കു സ്വയം വെളിപ്പെടുത്താൻ തിരുമനസ്സായതിൽ ദൈവത്തിൻ്റെ ക്ഷമിക്കുന്ന കൃപ പൗലോസ് നേരിട്ടറിഞ്ഞു. കൃപയുടെ ഈ അനുഭവംമൂലം നിയമത്തെക്കുറിച്ച് അതുവരെ തനിക്കുണ്ടായിരുന്ന മനോഭാവം തിരുത്തിക്കുറിക്കാൻ അദ്ദേഹം നിർബന്ധിതനായി. രക്ഷ നിയമാനുഷ്‌ഠാനംവഴി നേടിയെടുക്കാവുന്നതല്ല, മറിച്ച് മിശിഹായിലുള്ള വിശ്വാസംവഴി പ്രാപിക്കേണ്ട കൃപയാണ് എന്നു പൗലോസിനു ബോദ്ധ്യമായി. നിയമത്തിനു നല്‌കാൻ സാധിക്കാതിരുന്നതു മിശിഹായ്ക്കു നല്‌കാനാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു: നന്മ ചെയ്യാനും തിന്മയെ പ്രതിരോധിക്കാനുമുള്ള ശക്തി. ഉത്ഥിതനായ കർത്താവിന്റെ റൂഹാ പ്രദാനംചെയ്യുന്നത് ഈ ശക്തിയാണ്. 

നിയമമല്ല, കൃപയാണ് ഒരുവനെ നീതീകരിക്കുന്നതെങ്കിൽ നിയമാനുഷ്ഠാനമില്ലാതെതന്നെ വിജാതീയർക്കും ഈശോയിൽ വിശ്വസിക്കുകവഴി രക്ഷപ്രാപിക്കാം എന്നും പൗലോസിനു വെളിവായി. മിശിഹാ അവസാന ആദമാണ് എന്ന ചിന്ത ഇതിനു ബലമേകുകയും ചെയ്‌തു. ആദ്യആദത്തിൻ്റെ അനുസരണക്കേടുമൂലം പാപവും മരണവുമുണ്ടായെങ്കിൽ രണ്ടാം ആദമായ മിശിഹാവഴി സകലർക്കും രക്ഷയും നീതീ കരണവും ലഭിക്കുന്നു (റോമ 5,12-21). 

മിശിഹായുടെ കർതൃത്വം ലോകവും പ്രപഞ്ചവും മുഴുവൻ വ്യാപിച്ചിരിക്കുന്നു. പ്രപഞ്ചത്തെയും അതിലുള്ളവയെയും ഈ ബന്ധത്തിൽ വീക്ഷിക്കണം. സൃഷ്ടപ്രപഞ്ചം മുഴുവൻ്റെയും നാഥൻ ഉത്ഥിതനായ മിശിഹായാണ് (കൊളോ 2,15; എഫേ 1,21 ). എല്ലാം അവനിലൂടെ സഷ്ടിക്കപ്പെട്ടു, കുരിശിലെ രക്തത്താൽ സ്വർഗത്തിലും ഭൂമിയിലുമുള്ള സകലത്തെയും തന്നോടു രമ്യപ്പെടുത്തി (കൊളോ 1,20). ഉത്ഥാനത്തിലൂടെ അവിടുന്നു സകലത്തിൻ്റെയും നാഥനായി. “പാൻറോ ക്രാതോർ" (Pantocrator) എന്ന പേരിലറിയപ്പെടുന്ന ആദ്യകാല ഐക്കണുകളെല്ലാം എല്ലാറ്റിൻ്റെയും അതിനാഥനായ മിശിഹായെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നമ്മൾ അവിടുത്തോടു ചേർന്നു നിന്നാൽ ഒന്നും ഭയപ്പെടാനില്ല.. ആധുനിക മനുഷ്യൻ്റെ അതിരുകടന്ന ഭയത്തെ അതിജീവിക്കാനുള്ള ഏകമാർഗം സകലത്തിൻ്റെയും നാഥനായ മിശിഹായോടു ചേർന്നുനില്ക്കുക എന്നതാണ്. 

സഭാവിജ്ഞാനീയം 

പുതിയനിയമത്തിൽ "എക്ലേസിയ" എന്ന ഗ്രീക്കുപദം 144 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നതിൽ 62 ഉം പൗലോസിന്റെ ലേഖനങ്ങളിലാണ്. ഇതു പൗലോസിൻ്റെ ദൈവശാസ്ത്രചിന്തയിൽ സഭയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണ് തിരുസ്സഭ. വിളിച്ചുകൂട്ടുന്നതു പിതാവായ ദൈവമാണ്. അതുകൊണ്ടു സഭ "ദൈവത്തിന്റേ്റേതാണ്." ദൈവം വിളിക്കുന്നതു തന്റെ പുത്രനായി മിശിഹായിലൂടെയണ്. അതുകൊണ്ട് സഭ “മിശിഹായുടേതുമാണ്" (1 കോറി 1,1-2; 10,32; 2 കോറി 1,1; 1 തെസ 2,14). ഇതൊരു മാനുഷിക സംഘടനയല്ല, ദൈവം മുൻകൈ എടുത്തു രൂപീകരിച്ച കൂട്ടായ്‌മയാണ്. ദൈവവചനം ശ്രവിക്കുന്നതിനും അവിടുത്തെ ആരാധിക്കുന്നതിനുമായി ഒന്നിച്ചുകൂടുന്ന വിശ്വാസികളുടെ സമ്മേളനത്തെ ഉദ്ദേശിച്ചാണ് ഈ പദം ഉപയോഗിച്ചു തുടങ്ങിയത് (1 തെസ 1,1).

സഭയ്ക്ക് ഒരു സ്വർഗീയ മാനമുണ്ട് (എഫേ 2,5-6). മാമ്മോദീസായിൽ മിശിഹായോടൊത്തു മരിച്ച് ഉയിർക്കുന്നവർ സ്വർഗത്തിലായിരിക്കുന്ന അവിടുത്തോടു ചേർന്നു ജീവിക്കാൻ ആരംഭിച്ചിരിക്കുന്നവരാണ് (കൊളോ 3,1). "ദൈവം എല്ലാറ്റിനെയും അവൻ്റെ പാദങ്ങൾക്കു കീഴിലാക്കുകയും സകലത്തിനുംമേൽ ആയിരിക്കുന്ന അവനെ സഭയുടെ തലവനായി നിയമിക്കുകയും ചെയ്തു‌. എല്ലാറ്റിലും എല്ലാം പൂർത്തിയാക്കുന്ന അവന്റെറെ ശരീരവും പൂർണതയുമാണ് സഭ" (എഫേ 1,22-23; കൊളോ 1,18). ഉത്ഥിതനായ മിശിഹായെ കേന്ദ്രീകരിച്ച് സ്വർഗത്തിൽ നിലനില്ക്കുന്ന സഭയിൽ നിന്നു വ്യത്യസ്‌തമല്ല ഭൗമികസഭ. സഭയായി ഭൂമിയിൽ സമ്മേളിക്കുമ്പോൾ സ്വർഗസ്ഥനായ മിശിഹായോടുള്ള ബന്ധം വിശ്വാസികൾ പ്രകടമാക്കണം. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ വലത്തുഭാഗത്ത്, മിശിഹാ ഇരിക്കുന്ന ഉന്നതങ്ങളിലെ കാര്യങ്ങൾ അന്വേഷിക്കാൻ കടപ്പെട്ടവരുമാണ് ക്രൈസ്‌തവർ. 

പരിശുദ്ധ റൂഹായുടെ പവിത്രീകരണപ്രക്രിയയിലൂടെ രക്ഷ പ്രാപിച്ചവരുടെ സമൂഹമെന്ന നിലയിൽ സഭയെ ദൈവാലയം എന്നു പൗലോസ് വിശേഷിപ്പിക്കുന്നുണ്ട് (1 കോറി 3,16-17; 2 കോറി 6,16-18; എഫേ 2,20-22). ദൈവം വസിക്കുന്നിടമായ സഭ പരിശുദ്ധയാണ്, സഭാംഗങ്ങൾ പരിശുദ്ധരായി ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് എന്നൊക്കെയാണ് ഇതിനർത്ഥം. മിശിഹായുടെ ശരീരമാണ് തിരുസ്സഭ എന്നതാണു മറ്റൊരു വിശേഷണം. "നിങ്ങൾ മിശിഹായുടെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്" (1 കോറി 12,27; റോമ 12,4-5). ദൈവത്തിന്റെ റൂഹായാണ് മാമ്മോദീസായിലൂടെ ഒരുവനെ ഈ ശരീരത്തിലേക്ക് ഉൾച്ചേർക്കുന്നത്. അരൂപി നല്‌കുന്ന വരങ്ങൾ ഓരോരുത്തരും ശരീരത്തിൻ്റെ പൊതുനന്മയ്ക്കായി വിനിയോഗിക്കണം (1 കോറി 12,4-21). അവയവങ്ങൾ പരസ്‌പരപൂരകങ്ങളാണ്. ഒന്നിനു മറ്റൊന്നിനെ ആശ്രയിക്കാതെ ജീവിക്കാനാവില്ല. സ്നേഹത്തിൽ ഉറച്ചുനിന്നുകൊണ്ട് ശിരസ്സായ മിശിഹായിലൂടെ എല്ലാവിധത്തിലും നാം വളരണം (എഫേ 4,15) എന്നും പൗലോസ് ഉപദേശിക്കുന്നുണ്ട്. 

അവയവങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചു ശരീരം മുഴുവനെയും ഒന്നിപ്പിച്ചു നിറുത്തുന്നതു ശിരസ്സായ മിശിഹായാണ് (കൊളോ 1,18; 2,18 -19; എഫേ 4,15-16). നാഥനും കർത്താവുമെന്ന നിലയിൽ സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നത് അവിടുന്നാണ്. ശരീരം മുഴുവനെയും കൂട്ടിച്ചേർക്കുകയും സന്ധിബന്ധങ്ങളിൽ ഉറപ്പിച്ച് ദൈവികമായ വളർച്ച സാധ്യമാക്കുകയും ചെയ്യുന്ന ശിരസ്സുമായി ബന്ധം പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പൗലോസ് പ്രതിപാദിക്കുന്നുണ്ട് (കൊളോ 2,19). ശിരസ്സാണല്ലോ ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. അതുപോലെ, ശിരസ്സായ മിശിഹായുടെ സ്വരമാണ് നീതിയോടും വിവേകത്തോടുംകൂടി ഈ ഭൂമിയിൽ ജീവിക്കാൻ നമുക്കു ശക്തി നല്‌കുന്നത്. സഭയിൽ വ്യത്യസ്‌ത ശുശ്രൂഷകൾ നിർവഹിക്കാനുള്ളവരെ നിയമിക്കുന്നതും കർത്താവു തന്നെയാണ് (എഫേ 4,11). അതു വിശുദ്ധരെ പരിപൂർണരാക്കാനും ശുശ്രൂഷയുടെ ജോലി ചെയ്യാനും മിശിഹായുടെ ശരീരത്തെ പടുത്തുയർത്താനും വേണ്ടിയാണ്. “അതു നാമെല്ലാവരും വിശ്വാസവും ദൈവപുത്രനെക്കുറിച്ചുള്ള അറിവും മൂലം ഒന്നായിത്തീർന്ന്, മിശിഹായുടെ പൂർണതയ്ക്കെ‌ാത്തവിധം പൂർണനായ ഏകമനുഷ്യനാകാൻ വേണ്ടിയാണ്... സ്നേഹത്തിൽ ഉറച്ചുനിന്നുകൊണ്ട്, ശിരസ്സായ മിശിഹായിലൂടെ എല്ലാവിധവും നാം വളരണം" (എഫേ 4,12-16). 

പൗലോസ്ശ്ലീഹാ തിരുസ്സഭയെ കുടുംബത്തോട് ഉപമിക്കുന്നതു ശ്രദ്ധേയമാണ് (1 തിമോ 3,15). തിരുസ്സഭയാകുന്ന ദൈവഭവനത്തിൽ ഒരുവൻ എപ്രകാരം പെരുമാറണമെന്നതാണ് തിമോത്തേയോസിനുള്ള ലേഖനത്തിന്റെ ഉള്ളടക്കം. സഭാംഗങ്ങൾ കുടുംബാംഗങ്ങളെപ്പോലെ പരസ്‌പരം കരുതലോടെ വർത്തിക്കണം (1 തിമോ 5,1-5.16). സഭാധികാരികളെ പൗലോസ് ദൈവഭവനത്തിലെ കാര്യസ്ഥർ എന്നാണു വിളിക്കുന്നത് (1 തിമോ 3,1-7). തന്നിൽ വിശ്വസിക്കുന്നവരെ തൻ്റെ കുടുംബാംഗങ്ങളായി ഈശോ തന്നെയും വിശേഷിപ്പിച്ചിട്ടുണ്ടല്ലോ (ലൂക്കാ 8,20-21). 

പരി. കുർബാന സഭയിലെ ഐക്യത്തിന്റെ കൂദാശ 

കർത്താവ് മരിച്ചവരിൽ നിന്നുയിർത്ത ആഴ്‌ചയുടെ ആദ്യദിവസമായ ഞായറാഴ്‌ച ആദിമസഭ അപ്പം മുറിക്കാനായി ഒന്നിച്ചുകൂടിയിരുന്നു (നട 2,42-47; 20,7; 1 കോറി 16,2). കർത്താവിന്റെ മരണത്തിന്റെ അനുസ്മരണമായ അപ്പം മുറിക്കലിനോടനുബന്ധിച്ച് (1 കോറി 11,26) ഒരു വിരുന്നുകൂടി ഉണ്ടായിരുന്നു (1 കോറി 11,26). കർത്താവിന്റെ ദിവസ ത്തിനു യോജിച്ചവിധത്തിലായിരുന്നില്ല കോറിന്തോസിലെ സഭ ഈ വിരുന്നാഘോഷിച്ചിരുന്നത് (1 കോറി 11,20). സ്വന്തമായി ആരാധനാലയങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് വിശ്വാസികൾ ഭവനങ്ങളിൽ സമ്മേളിച്ചാണ് അപ്പം മുറിച്ചിരുന്നത്. ഇപ്രകാരമുള്ള അവസരങ്ങളിൽ ആദ്യമെത്തിയിരുന്ന ധനികർ അവർ കൊണ്ടുവന്നിരുന്ന ഭക്ഷണം നേരത്തെതന്നെ കഴിച്ചിരുന്നു. ദരിദ്രരായ വിശ്വാസികൾ വരുമ്പോഴേക്കും ഒന്നും അവശേഷിച്ചിരുന്നില്ല. ഇപ്രകാരം, ഒരു കൂട്ടർ തിന്നു കുടിച്ച് ഉന്മത്തരാകുമ്പോൾ മറ്റൊരു കൂട്ടർ വിശന്നിരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചു പൗലോസ് ചോദിക്കുന്നു: “തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അതോ നിങ്ങൾ ദൈവത്തിൻ്റെ സഭയെ നിന്ദിക്കുകയും ഒന്നുമില്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ?" (1 കോറി 11,22). ദരിദ്രരോടു പരിഗണനയില്ലാത്ത പരിശുദ്ധ കുർബാനയർപ്പണം ഈ ദിവ്യ രഹസ്യത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ് എന്നു പൗലോസ് പഠിപ്പിക്കുന്നു. അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുക, അവിടുത്തെ പാനപാത്രത്തിൽനിന്നു പാനം ചെയ്യുക (1 കോറി 11,27) എന്നതുകൊണ്ടൊക്കെ പൗലോസ് വിവക്ഷിക്കുന്നത് വിശ്വാസിസമൂഹത്തിൽ നിലനിന്നിരുന്ന ഈ ധനിക-ദരിദ്ര വിവേചനമാണ്. പാവപ്പെട്ടവരെ പുച്ഛിക്കുകയും അവഗണിക്കുകയും ചെയ്‌തുകൊണ്ട് കർത്താ വിന്റെ തിരുശരീര രക്തങ്ങളിൽ പങ്കുചേരുന്നത് തിരുശരീരരക്തങ്ങൾക്കെതിരെയുള്ള അപരാധമാണ്. അതുകൊണ്ടാണ് ആത്മശോധന ചെയ്തതിനുശേഷം മാത്രമേ ഈ അപ്പം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാവൂ എന്നും പൗലോസ് ഉപദേശിക്കുന്നത് (1 കോറി 11,28). “എന്തുകൊണ്ടെന്നാൽ, കർത്താവിൻ്റെ ശരീരത്തെ വിവേചിച്ചറിയാതെ അയോഗ്യമാംവിധം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തനിക്കുതന്നെയുള്ള ശിക്ഷാവിധിയാണ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്" (1 കോറി 11,29). 'ശരീരത്തെ വിവേചിച്ചറിയാതെ അയോഗ്യതയോടെ' എന്ന പ്രയോഗം 'മിശിഹായുടെ ശരീരമായ തിരുസ്സഭയെ വിവേചിച്ചറിയാതെ അയോഗ്യതയോടെ' എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ദരിദ്രർക്കും മിശിഹായുടെ ശരീരത്തിൽ തുല്യമായ മഹത്ത്വമുണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ വരുന്നതാണു തെറ്റാകുന്നത്. അതുകൊണ്ട് ഈ വിഷയം സംബന്ധിച്ചുള്ള ചർച്ച ശ്ലീഹാ അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: “അതിനാൽ, എൻ്റെ സഹോദരരേ, ഭക്ഷിക്കാൻ നിങ്ങൾ ഒന്നിച്ചുകൂടുമ്പോൾ അന്യോന്യം കാത്തിരിക്കുവിൻ. വിശക്കുന്നവൻ തൻ്റെ വീട്ടിലിരുന്നു ഭക്ഷിക്കട്ടെ. അല്ലെങ്കിൽ, നിങ്ങൾ ഒരുമിച്ചുകൂടുന്നതു ശിക്ഷാവിധിക്കായിരിക്കും" (1 കോറി 11,33-34). പരിശുദ്ധ കുർബാനയർപ്പണത്തിന്റെ സാമൂഹികമാനത്തിലേക്കാണു പൗലോസ്ശ്ലീഹാ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

മുൻ അദ്ധ്യായത്തിൽ പൗലോസ് നല്‌കുന്ന ഉപദേശം ഇതുമായി ചേർത്തു വായിക്കേണ്ടതാണ്: “നാം ആശീർവദിക്കുന്ന സ്തോത്രത്തിന്റെ പാനപാത്രം മിശിഹായുടെ രക്തത്തിലുള്ള പങ്കുചേരലല്ലേ? നാം മുറിക്കുന്ന അപ്പം മിശിഹായുടെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നു മാത്രമേയുള്ളു. അതിനാൽ, നാം പലരെങ്കിലും ഒരേ അപ്പത്തിൽ പങ്കു ചേരുന്നതിനാൽ, നാം ഏക ശരീരമായി ഭവിക്കുന്നു" (1 കോറി 10,16-17). ശരീരത്തിലെ ഒരവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദനിക്കുന്നതുപോലെയും ഒരവയവം മാനിക്കപ്പെടുമ്പോൾ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നതുപോലെയും വിശ്വാസികൾ തമ്മിൽത്തമ്മിൽ പരസ്‌പരം ശ്രദ്ധാലുക്കൾ ആയിരിക്കണമെന്നും ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നുണ്ട് (1 കോറി 12,25-27). ഇടവക സമൂഹത്തിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ക്ലേശിക്കുന്നവരെ സഹായിക്കാതെ കർത്താവിന്റെ അൾത്താരയിങ്കൽ അണയാൻ നമുക്കർഹതയില്ല. സമൂഹജീവിതത്തിൽ നമ്മൾ പങ്കിടുന്ന ഐക്യമാകണം അപ്പം മുറിക്കലിൽ ആഘോഷിക്കുന്നത്. 

പൗലോസിന്റെ ഈ മനോഭാവം ഉൾക്കൊണ്ടുകൊണ്ടാണ് കുർബാന സ്വീകരണത്തിനുശേഷം കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: “മനുഷ്യവർഗത്തിൻ്റെ പ്രത്യാശയായ മിശിഹായേ, ഞങ്ങൾ ഭക്ഷിച്ച തിരുശ്ശരീരവും പാനം ചെയ്‌ത തിരുരക്തവും ഞങ്ങൾക്കു ശിക്ഷാവിധിക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിൻ്റെ സന്നിധിയിൽ സന്തുഷ്‌ടിക്കും കാരണമാകട്ടെ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേൻ." 

ക്രൈസ്‌തവവിശ്വാസജീവിതം 

ഈശോമിശിഹായുടെ മനുഷ്യാവതാരവും സഹനമരണോത്ഥാനങ്ങളുംവഴി പിതാവായ ദൈവം മനുഷ്യരക്ഷ സാധിച്ചു. ഈ പിതാവിലും പുത്രനിലും വിശ്വസിക്കുക എന്നതാണ് പാപികളായ നമ്മെ സംബന്ധിച്ച് രക്ഷ സ്വന്തമാക്കാനുള്ള ഏകമാർഗം. “നമ്മുടെ കർത്താവായ ഈശോയെ നീ അധരങ്ങൾകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരണശേഷം ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്പെടും” (റോമ 10,9). ബലഹീനരായ നമുക്കു തനിയെ രക്ഷ ആർജിക്കാനാവില്ലെന്നും ദൈവകൃപയിൽനിന്നു ദാനമായി സ്വീകരിക്കേണ്ടതാണെന്നും അംഗീകരിക്കുന്നതാണു വിശ്വാസത്തിൻ്റെ ആദ്യപടി. തന്റെ പുത്രന്റെ മരണത്തിലൂടെ നമ്മുടെ പാപമോചനത്തിനും രക്ഷയ്ക്കും ആവശ്യമായതൊക്കെ അവിടുന്നു ചെയ്‌തിട്ടുണ്ട്. സുവിശേഷം തന്നെയും വിശ്വസിക്കുന്നവർക്കെല്ലാം രക്ഷയ്ക്കുള്ള ദൈവികശക്തിയാണ് (റോമ 1,16). 

ഈശോയിലുള്ള വിശ്വാസംവഴി നമുക്കു ദൈവികകൃപയിലേക്ക് പ്രവേശനം ലഭിക്കുന്നു (റോമ 5,2); ദൈവത്തെ സമീപിക്കാനുള്ള ധൈര്യവും ഉറപ്പും നമുക്കു കൈവരുന്നു (എഫേ 3,12). ദൈവത്തിന്റെ കൃപ നമ്മെ രക്ഷയിലേക്കു നയിക്കുന്നു. "വിശ്വാസംവഴി അവന്റെ കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്" (എഫേ 2,8); അഥവാ നീതീകരിക്കപ്പെടുന്നത് (റോമ 3,22; ഗലാ 2,16; ഫില 3,9). എല്ലാം നവീകരിക്കുന്ന ജീവിതമാണിത്; മിശിഹായിലുള്ള പുതിയ അസ്ത‌ിത്വം. വിശ്വസിക്കാനാരംഭിക്കുന്നതോടെ മിശിഹായെ നമ്മൾ ധരിക്കുന്നു (ഗലാ 3,27), മാമ്മോദീസായിലൂടെ അവിടുത്തെ ശരീരത്തിലെ അംഗങ്ങളാകുന്നു (റോമ 12,5; 1 കോറി 12,13.27). അവിടുത്തെ അരൂപി വിശ്വാസിയിൽ വസിക്കാനാരംഭിക്കുന്നു (റോമ 8,9). ഈ ഭൂമിയിലെ അസ്‌തിത്വത്തിനു തന്നെ വേറൊരു മാനം കൈവരുന്നു. അതെക്കുറിച്ചാണു പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നത്: "എന്നെ സ്നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്‌ത ദൈവപുത്രനിലുള്ള വിശ്വാസം മൂലമാണ് ഈ ശരീരത്തിൽ ഞാൻ ഇപ്പോൾ ജീവിക്കുന്നത്" (ว 2,20). 

വിശ്വാസംവഴി മിശിഹാ നമ്മുടെ ആന്തരികമനുഷ്യനിൽ വസിക്കുന്നുണ്ട് (എഫേ 3,17). വിശ്വാസത്തിന്റെ ചലനാത്മകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. വിശ്വാസത്തിൽ മികച്ചു നില്ക്കുക (2 കോറി 8,7), വിശ്വാസത്തിൽ വളരുക (2 കോറി 10,15; 2 തെസ 1,3) തുടങ്ങിയ പ്രയോഗങ്ങളും വിശ്വാസത്തിൻ്റെ ഈ മാനമാണ് വ്യക്തമാക്കുന്നത്. ക്രിസ്ത്യാനിയുടെ ജീവിതംമുഴുവനിലും വ്യാപിച്ചുനില്‌ക്കേണ്ട യാഥാർത്ഥ്യമാണ് വിശ്വാസം (2 കോറി 5,7). വിശ്വാസത്തിൽ ചരിക്കുക എന്നാൽ അവിടുത്തെ ഹിതപ്രകാരം ജീവിക്കുക എന്നുതന്നെയാണർത്ഥം. ഈശോയിലുള്ള വിശ്വാസത്തിൽ നിന്നുരുത്തിരിയുന്ന ജീവിതമാണ് വിശ്വാസത്തിൻ്റെ വിധേയത്വം അഥവാ അനുസരണം (റോമ 1,5) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിശ്വാസത്തിൽ ഉറച്ചുനില്ക്കാൻ (1 കോറി 16,13) പൗലോസ് ഉപദേശിക്കുമ്പോൾ ക്രൈസ്തവപ്രബോധനം മുഴുവനെയും മുറുകെ പിടിക്കാനുള്ള ആഹ്വാനമാണ് നല്കുന്നത്. വിശ്വാസവിരുദ്ധ പ്രബോധനങ്ങളും വിശ്വാസത്തിൽനിന്നു വ്യതിചലിപ്പിക്കാനുള്ള പ്രലോഭനങ്ങളും എന്നും ഉണ്ടാകും. അവയെ ധൈര്യപൂർവം നേരിടുന്നതിലാണ് വിജയം. വിശ്വാസത്തിനനുസൃതമായ ജീവിതത്തിലൂടെയാണ് വിശ്വാസത്തിൽ ചരിക്കേണ്ടത്. “ഞാൻ എന്റെ വിശ്വാസം സംരക്ഷിച്ചു" (2 തിമോ 4,7) എന്നു പറയുവാൻ തക്കവിധം ഓരോ ക്രൈസ്‌തവനും ജീവിക്കണം. 

പ്രത്യാശയിൽ രക്ഷ 

വിശ്വാസം കഴിഞ്ഞാൽ ദൈവികനീതിയിലുള്ള ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ പ്രത്യാശയും സ്നേഹവുമാണ് (1 കോറി 13; 1 തെസ 1,3; 5,8; ഗലാ 5,5; റോമ 5,1-5; കൊളോ 1,4). ഈശോയുടെ ഉത്ഥാനത്തോടെ മെസയാനികയുഗം ആരംഭിച്ചു. ദൈവാരൂപിയുടെ സാന്നിദ്ധ്യം അന്തിമ കാലഘട്ടത്തിൻ്റെ അടയാളമാണ്. പ്രാരംഭം കുറിക്കപ്പെട്ട ദൈവരാജ്യത്തിൻ്റെ മഹത്ത്വപൂർണമായ പ്രത്യക്ഷീകരണം കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിൽ സംഭവിക്കാനിരിക്കുന്നതാണ് ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം. പ്രത്യാശയുടെ യുഗാന്ത സമൂഹം എന്നാണു പൗലോസ് തിരുസ്സഭയെ അഭിസംബോധന ചെയ്യുന്നത്. 

ദൈവം ഇസ്രായേലിനു നല്‌കിയ വാഗ്‌ദാനങ്ങളാണ് ക്രിസ്‌തീയ പ്രത്യാശയ്ക്കടിസ്ഥാനം. അവിടുന്നു തന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസ്തനാണെന്ന് അബ്രാഹത്തിൻ്റെ ജീവിതത്തിലൂടെ തെളിഞ്ഞതാണ് (റോമ 4). മാനുഷികമായി പ്രതീക്ഷയ്ക്കു വകയില്ലാത്തപ്പോഴും ദൈവത്തിൽ പ്രത്യാശിക്കാം എന്നാണ് അബ്രാഹം നല്‌കുന്ന പാഠം. അബ്രാഹത്തിനു നല്കിയ വാഗ്ദാനം നിറവേറ്റിയവൻ തന്നെയാണ് ഈശോയെ മരണശേഷം ഉയിർപ്പിച്ചതും. മിശിഹായുടെ ഉയിർപ്പാണു ദൈവത്തിൽ പ്രത്യാശയർപ്പിക്കാൻ ക്രൈസ്‌തവനു പ്രചോദന മേകുന്നത്. 

ഈ ഭൂമിയിലെ ക്രൈസ്‌തവാസ്‌തിത്വം മിശിഹായുടെ ഉയിർപ്പിനും അവിടുത്തെ രണ്ടാമത്തെ ആഗമനത്തിനും ഇടയ്ക്കാണ്. മഹത്ത്വപൂർണമായ രണ്ടാമത്തെ വരവിലാണല്ലോ ദൈവരാജ്യം പൂർത്തിയാക്കപ്പെടുന്നത്. ഭാവിയിൽ കണ്ണുനട്ടു ജീവിക്കുന്ന ഒരു സമൂഹമാണ് ക്രിസ്‌തീയ വിശ്വാസികളുടേത്. ചുറ്റുമുള്ള സാഹചര്യങ്ങളും സംഭവങ്ങളും നിരാശപ്പെടുത്തുന്നവയാണെങ്കിലും ദൈവികവാഗ്‌ദാനങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് പ്രത്യാശിക്കാൻ ക്രൈസ്‌തവനു സാധിക്കും. കഷ്ടതകളിലും അഭിമാനിക്കാൻ ക്രിസ്‌ത്യാനിക്കു കഴിയുന്നത് ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയുള്ളതുകൊണ്ടാണ് (റോമ 5,1-5). അനുദിനജീവിതത്തിലെ കഷ്‌ടപ്പാടുകളും സഹനങ്ങളും രക്തസാക്ഷിത്വം തന്നെയും സ്വീകരിക്കാൻ വിശ്വാസിക്കു ശക്തി നല്‌കുന്നത് ഭാവി മഹത്ത്വത്തെക്കുറിച്ചുള്ള ഈ പ്രത്യാശയാണ്. 

ദൈവികമഹത്ത്വത്തിനു വിശ്വാസികൾ കൂട്ടവകാശികളാണെന്ന് ഉറപ്പു നല്കുന്നതു പരിശുദ്ധ റൂഹായാണ് (റോമ 8,15-30). നമുക്കു ലഭിച്ചിരിക്കുന്ന ഈ റൂഹാതന്നെയും ഭാവി മഹത്ത്വത്തിന്റെ അച്ചാരമാണ്. സഹനത്തിൽ മിശിഹായോട് ഐക്യപ്പെടാതെ അവിടുത്തെ മഹത്ത്വത്തിൽ പങ്കുകാരാകാനാവില്ല. നമ്മുടെ സഹനം വൃഥാവിലാവില്ല എന്നുറപ്പു തരുന്നതും ദൈവത്തിൻ്റെ റൂഹായാണ്. സൃഷ്ടപ്രപഞ്ചം തന്നെയും ദൈവമക്കളുടെ മഹത്ത്വപൂർണമായ സ്വാതന്ത്യം പ്രാപിക്കാനായി തീവ്രവേദന അനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു. ഈ പ്രത്യാശയിലാണ് നമ്മൾ രക്ഷപ്രാപിക്കുന്നത്. ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പായുടെ രണ്ടാം ചാക്രികലേഖനം ഈ പ്രത്യാശയെക്കുറിച്ചാണല്ലോ. 

സ്നേഹജീവിതം 

പൗലോസ് പ്രഘോഷിച്ച സുവിശേഷത്തിന്റെ ഹൃദയം മിശിഹായിൽ പ്രകാശിതമായ പിതാവായ ദൈവത്തിന്റെ രക്ഷാകര സ്നേഹമാണ്. മനുഷ്യവർഗത്തിൻ്റെ പാപപരിഹാരാർത്ഥം കുരിശിൽ മരിച്ചുകൊണ്ടാണ് ഈ കൃപനിറഞ്ഞ സ്നേഹം ഈശോ വെളിപ്പെടുത്തിയത് (റോമ 5,8; എഫേ 2,4-5; 2 തെസ 2,16). നമ്മെ മുൻകൂട്ടി നിശ്ചയിച്ചു വിളിച്ചതിൻ്റെ പിന്നിലും ദൈവത്തിൻ്റെ ഈ സ്നേഹം തന്നെയാണ് (എഫേ 1,4-5). ഈ സ്നേഹത്തിനുള്ള പ്രത്യുത്തരം ഈശോയിലുള്ള വിശ്വാസമാണ്. വിശ്വാസജീവിതം സ്നേഹം പ്രാവർത്തികമാക്കുന്നതുമാണ്. 

ഈശോയിൽ വിശ്വസിക്കുന്ന വ്യക്തി ചെയ്യുന്നതെന്തും സ്നേഹത്തിൽ നിന്നുദ്ഭവിക്കുന്നതും സ്നേഹപൂരിതവുമായിരിക്കണം (1 കോറി 16,14). ദൈവാരൂപിയുടെ മറ്റുവരദാനങ്ങളെക്കാൾ ശ്രേഷ്ഠമായതു സ്നേഹമാണ് (1 കോറി 12,31-13,2). സ്നേഹത്തെ മിശിഹായുടെ നിയമം എന്നാണു പൗലോസ് വിശേഷിപ്പിക്കുന്നത് (ഗലാ 6,2). സ്നേഹത്തിലൂടെ കർമ്മനിരതമായ വിശ്വാസമാണ് അദ്ദേഹത്തെ സംബന്ധിച്ചു പ്രധാനം (ഗലാ 5,6). പാപത്തിൻ്റെയും നിയമത്തിന്റെയും അടിമത്തത്തിൽനിന്നു വിമോചിതരാകുന്നവർ പുറപ്പെടുവിക്കേണ്ട ഫലം സ്നേഹമാണ്. സ്നേഹരാഹിത്യം ദൈവാരൂപിയുടെ അസാന്നിദ്ധ്യമാണു വിളിച്ചറിയിക്കുന്നത് (റോമ 8,1-14). 

മിശിഹായുടെ ശരീരത്തിലെ വ്യത്യസ്‌ത അവയവങ്ങളെ പരിപൂർണ ഐക്യത്തിൽ ഒന്നിപ്പിച്ചു നിർത്തുന്നത് സ്നേഹമാണ് (കൊളോ 2,2; 3,14). പരസ്പ്‌പരമുള്ള കരുതലും (1 കോറി 12,25-26) പരസ്‌പരം പടുത്തുയർത്താനുള്ള അഭിവാഞ്ഛയും ( റോമ 14,19; 15,2; 1 കോറി 8,1; 14,3 5-26) സ്നേഹത്തിൻ്റെ വിവിധ മുഖങ്ങളാണ്. 

സ്നേഹഗീതത്തിൽ (1 കോറി 13) ക്രൈസ്‌തവസ്നേഹത്തിന്റെ സവിശേഷതകൾ പൗലോസ് വർണിക്കുന്നുണ്ട്. സ്നേഹം സ്വാർത്ഥമല്ല എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട സവിശേഷത. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം ഇഷ്‌ടം ബലികഴിക്കാൻ അതു തയ്യാറാണ്. മിശിഹായുടെ സ്വയം സമർപ്പണം തന്നെയാണ് ഇവിടെയും വിശ്വാസിക്കു മാതൃകയും പ്രചോദനവും. തനിക്കുവേണ്ടി ജീവിക്കേണ്ടവനല്ല ക്രൈസ്തവൻ. എന്തെങ്കിലും കുറെ കാര്യങ്ങൾ ചെയ്‌തുകൂട്ടുന്നതിലല്ല (not in doing) സ്നേഹം അടങ്ങിയിരിക്കുന്നത്. മറിച്ച്, ആയിരിക്കുന്നതിലാണ് (in being). പൗലോസിൻ്റെ വാക്കുകൾതന്നെ ഉദ്ധരിച്ചുകൊണ്ടവസാനിപ്പിക്കാം. 

ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും, എന്നിൽ സ്നേഹമില്ലെങ്കിൽ, ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആയിപ്പോകും. 

എനിക്കു പ്രവചനവരം ഉണ്ടായിരിക്കുകയും സകല രഹസ്യങ്ങളും സകല ജ്ഞാനവും ഞാൻ ഗ്രഹിക്കുകയും ചെയ്‌താലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. 

എനിക്കുള്ളതെല്ലാം ഞാൻ ദരിദ്രർക്കു ഭക്ഷിക്കാൻ കൊടുത്താലും. എൻ്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും. സ്നേഹമില്ലെങ്കിൽ. എനിക്കൊരു പ്രയോജനവുമില്ല. 

സ്നേഹം ദീർഘശാന്തതയുള്ളതും ദയയുള്ളതുമാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നുമില്ല. 

അത് അനുചിതമായി പ്രവർത്തിക്കുന്നില്ല. സ്വാർത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല. തിന്മ വിചാരിക്കുന്നുമില്ല. 

അത് അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. 

അതു സകലതും സഹിക്കുന്നു. സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലതും ക്ഷമിക്കുന്നു. 

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ പ്രവചനങ്ങൾ കടന്നുപോകും. ഭാഷകൾ ഇല്ലാതാകും; വിജ്ഞാനം ക്ഷയിച്ചുപോകും. കാരണം, നമ്മുടെ അറിവു പൂർണമല്ല; നമ്മുടെ പ്രവചനവും പൂർണമല്ല. 

പൂർണമായതു വരുമ്പോൾ. അപൂർണമായത് ഇല്ലാതാകും... 

ശാശ്വതമായവ ഇവ മൂന്നാണ് വിശ്വാസം. പ്രത്യാശ, സ്നേഹം. ഇവയിൽ ഏറ്റവും ഉത്കൃഷ്‌ടമായതു സ്നേഹം തന്നെ. 

(1 കോറി 13) 

 

വി. പൗലോസ് ശ്ലീഹാ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message