x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

കർത്താവിൻ്റെ ദിവസം കൂടാതെ ജീവിക്കാനാവില്ല

Authored by : Dr. Jose Kochuparampil (ed.) On 30-Mar-2023

3. 'കർത്താവിൻ്റെ ദിവസം' കൂടാതെ ജീവിക്കാനാവില്ല

ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത്, കൃത്യമായി പറഞ്ഞാൽ A.D. 304-ൽ ഒരു ഞായറാഴ്‌ചദിവസം ഉത്തരാഫ്രിക്കയിൽ പരി. കുർബാനയർപ്പിച്ചുകൊണ്ടിരുന്ന പതിനഞ്ചോളം ക്രൈസതവരെ പട്ടാളക്കാർ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയുണ്ടായി (ഈ ചോദ്യോത്തരങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്). ഇങ്ങനെ ഒരുമിച്ചുകൂടുന്നതിലൂടെ അവർ ചക്രവർത്തിയുടെ കല്പനകൾക്കെതിരായി പ്രവർത്തിക്കയാണെന്നു പട്ടാളക്കാർ ആരോപിച്ചു. അപ്പോൾ ക്രൈസ്തവരുടെ നേതാവായിരുന്ന പുരോഹിതൻ്റെ മറുപടി, "കല്പനകളെക്കുറിച്ചു പരിഗണിക്കാതെ ഞങ്ങൾ സുരക്ഷിതരാണെന്ന പൂർണ്ണബോദ്ധ്യത്തോടെ 'കർത്താവിന്‍റേത്' ആചരിക്കുകയായിരുന്നുവെന്നായിരുന്നു. 'കർത്താവിന്‍റേത്' എന്ന വാക്കുകൊണ്ട് അവർ അർത്ഥമാക്കിയത് ഞായറാഴ്ചയിലെ ഉത്ഥാനാഘോഷവും പരി. കുർബാനയിലെ പങ്കാളിത്തവുമാണ് എന്നതിനു സംശയമില്ല. പട്ടാളക്കാരുടെ അധിപൻ, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നു വീണ്ടും പുരോഹിതനോടു ചോദിച്ചു. അതിനുള്ള വ്യക്തമായ മറുപടി, "കർത്താവിന്‍റേതായത് നിറുത്തിവയ്ക്കാൻ പാടില്ല" എന്നുമാത്രമായിരുന്നു. ലോകം മുഴുവനും അവർക്കെതിരാണെങ്കിലും കർത്താവിൻ്റെ ഉത്ഥാനം അനുസ്മരിക്കുകയും പെസഹാരഹസ്യം പരികർമ്മം ചെയ്യുകയും ചെയ്യുന്നതിലാണ് തങ്ങളുടെ സുരക്ഷിതത്വമെന്നായിരുന്നു അവരുടെ ഉറച്ച ബോദ്ധ്യം.

പിന്നീട് സേനാധിപതി ക്രൈസ്തവർ ഒരുമിച്ചുകൂടിയ വീടിൻ്റെ ഉടമസ്ഥനെ ചോദ്യം ചെയ്യുന്നുണ്ട്. എന്തുകൊണ്ട് നിഷിദ്ധമായ ഈ സമ്മേളനത്തിന് അയാൾ അനുവദിച്ചു എന്ന ചോദ്യത്തിന് വീട്ടുടമയുടെ മറുപടി: "ഇവർ തൻ്റെ സഹോദരന്മാരാണ്, അവരെ ഇറക്കിവിടാൻ പറ്റില്ല" എന്നായിരുന്നു. പക്ഷേ, “അതു ശരിയല്ല, അവർക്കു പ്രവേശനം നൽകരുതായിരുന്നു” എന്നായിരുന്നു സേനാധിപൻ വീണ്ടും ചൂണ്ടിക്കാട്ടിയത്. അതിന് എമരിത്തൂസ് എന്ന ഉടമയുടെ മറുപടി ശ്രദ്ധേയമാണ്: "അതുപറ്റില്ല" എന്നു പറഞ്ഞശേഷം അദ്ദേഹം ഖണ്ഡിതമായി പ്രഖ്യാപിച്ചു: "കർത്താവിൻ്റെ ദിവസം, അവിടുത്തെ രഹസ്യം (കൂദാശ) കൂടാതെ തങ്ങൾക്കു ജീവിക്കാനാവില്ല." (Acto. ss Saturnini et aliorum...).

നടപടിപ്പുസ്തകത്തിലെ ഒരു സംഭവത്തെ ഇത് ഓർമ്മിപ്പിക്കുന്നുണ്ട്. ശ്ലീഹന്മാരായ പത്രോസിനെയും യോഹന്നാനെയും സാൻഹെദ്രീൻ സംഘത്തിൻ്റെ മുൻപിൽ വിളിച്ചുവരുത്തി ശാസിച്ചിട്ട് ഈശോയെക്കുറിച്ച് സംസാരിച്ചുപോകരുതെന്നു ആജ്ഞാപിച്ചല്ലോ. ഇതിനുള്ള ശ്ലീഹന്മാരുടെ മറുപടി: "ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാദ്ധ്യമല്ല" (അപ്പ പ്രവ 4:20) എന്നായിരുന്നു. കർത്താവിനെക്കുറിച്ചു പറയാതിരിക്കാൻ വയ്യ എന്ന ധീരമായ നിലപാടായിരുന്നു ശ്ലീഹന്മാരുടേത്. കാരണം, ദൈവത്തിൻ്റെ മുമ്പിൽ ശരിയായിട്ടുള്ളത് ചെയ്യാതിരിക്കാൻ പറ്റില്ല എന്നതുതന്നെയായിരുന്നു. 

കർത്താവിൻ്റെ ദിവസം ആചരിക്കാതെ, ഉത്ഥാനം ആഘോഷിക്കാതെ തങ്ങൾക്കു ക്രൈസ്തവരായിരിക്കാൻ പറ്റില്ല എന്ന ബോദ്ധ്യം ആദിമ ക്രൈസ്തവരെ നയിച്ചിരുന്നു എന്നാണ് മുൻപറഞ്ഞ സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ജീവൻ പണയപ്പെടുത്തിയും ചെയ്യേണ്ട ഒരു ധർമ്മമായിട്ടു അവർ അതിനെ മനസ്സിലാക്കി. പീഡകരുടെ മുൻപിലും അവർക്ക് സുരക്ഷിതത്വബോധം നല്കിയത് ഈ ആന്തരികമായ ഉറച്ച ബോധ്യമായിരുന്നു. “നമ്മുടെ ജീവിതം ഉയിർത്തെഴുന്നേറ്റ കർത്താവിൻ്റെ ദിവസത്തിന് അനുസൃതമായിട്ടാണ് നാം ജീവിക്കുന്നത്. നമുക്ക് അതില്ലാതെ എപ്പോഴെങ്കിലും ജീവിക്കാൻ സാധിക്കുമോ " (Magneximas G. 12) എന്നാണ് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് ചോദിച്ചത്.

ഇങ്ങനെയുള്ള ആന്തരികബോധ്യത്തിൽ നിന്നാണ് ഞായറാഴ്ച ആചരണം ആരംഭിച്ചത്. അത്തരം ബോധ്യമാണ് ഇന്നും അതിനെ നിലനിർത്തേണ്ടത്. ഈ ബോധ്യമില്ലാഞ്ഞിട്ടാണ് ഞായറാഴ്ചയാചരണം അരമണിക്കൂറാക്കി കുറയ്ക്കാമോ എന്നു ചോദിക്കാനിടയാക്കുന്നത്. ഇതുകൂടിയേ തീരൂ എന്ന മനോഭാവത്തിൽനിന്നു മാറി ഏതു സാഹചര്യത്തിലാണ് ഇതിൽനിന്ന് ഒഴിവുനേടാവുന്നത് എന്നാണ് ഇന്നു പലരും ചിന്തിക്കുന്നതെങ്കിൽ അതു ദൗർഭാഗ്യകരമാണ്. പാശ്ചാത്യദേശങ്ങളിൽ വാരാന്ത്യങ്ങൾ കേവലം ലൗകികമായ കാര്യങ്ങൾക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്ന സംസ്കാരമാണ് വളർന്നുവരുന്നത്. നമ്മുടെ നാട്ടിലും ഒരു കടമയെന്നതിന് അപ്പുറം ക്രൈസ്തവജീവിതത്തിന് അനിവാര്യമായ ഒന്ന് എന്ന ചിത്രം ഏറെപ്പേർക്കുണ്ടെന്നു പറയാനാവില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഞായറാഴ്ചയാചരണത്തിൻ്റെയും പരി. കുർബാനയുടെ ആഘോഷത്തിൻ്റെയും അർത്ഥം പറഞ്ഞു കൊടുക്കാൻ മുതിർന്ന തലമുറയ്ക്ക് കഴിയുന്നുണ്ടോ എന്നു സംശയമുണ്ട്. ട്യൂഷനും ആഘോഷങ്ങളുമെല്ലാം ഇതിനേക്കാൾ ആവശ്യമെന്നു കരുതുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്.

മിശിഹായുമായുള്ള ബന്ധമാണല്ലോ ക്രിസ്തീയജീവിതത്തിൻ്റെ അടിസ്ഥാനം. ഉത്ഥാനം ചെയ്ത മിശിഹായോടുള്ള ഐക്യത്തിലാണ് നാം ദൈവികജീവനിൽ പങ്കുകാരാകുന്നത്. ഇത് നമുക്കു സാധിക്കുന്നത് മിശിഹായുടെ ശരീരമായ സഭയുടെ പെസഹാ ആഘോഷത്തിലൂടെയും അതിലൂടെയുള്ള ആത്മസമർപ്പണത്തിലൂടെയുമാണ്. അതുകൊണ്ട് ഈ പെസഹാ ആചരണത്തിന്, പരി. കുർബാനയ്ക്ക് നാം പരമപ്രാധാന്യം നൽകേണ്ടതാണ്. നമ്മുടെ ജീവിതം മുഴുവൻ ലക്ഷ്യമാക്കേണ്ടത് ഈ ആഘോഷത്തെയാണ്. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന പുതുജീവൻ നമുക്കു ലഭിക്കുന്നതും ഇവിടെനിന്നാണ്. ഈ ബോധ്യം അഗാധമായി ഉൾക്കൊള്ളാൻ നമുക്കു കഴിയണം, ഇതു മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും നമുക്കു കഴിയണം.

പരി. കുർബാനവർഷം നാം ആചരിക്കുന്നത് ആദിമ ക്രൈസ്തവരുടെ ഈ ബോധ്യം നമ്മുടേതാക്കിത്തീർക്കുന്നതിനാണ്. അവരെപ്പോലെ പരി. കുർബാനയും ഞായറാഴ്ച ആചരണവും കൂടാതെ ജീവിക്കാനാവില്ല എന്നു പറയാൻ നമുക്കു കഴിയണം. ജീവിതം പണയപ്പെടുത്തിയും ഈ ബോദ്ധ്യത്തെ ആധാരമാക്കി നമുക്കു ജീവിക്കാൻ കഴിയണം.

(സത്യദർശനമാല വാല്യം 12, ലക്കം 5, 2005 മാർച്ച് 14)

'കർത്താവിൻ്റെ ദിവസം' കൂടാതെ ജീവിക്കാനാവില്ല Dr. Jose Kochuparampil (ed.) സത്യദർശനമാല വാല്യം 12 Acto. ss Saturnini et aliorum പരി. കുർബാന ക്രൈസ്തവജീവിതകേന്ദ്രം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message