We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024
കുടുംബങ്ങളുടെ പ്രാർത്ഥന
(നിത്യവും കുടുംബപ്രാർത്ഥനയ്ക്കു ശേഷം ചൊല്ലേണ്ടത്)
സ്നേഹസ്വരൂപനും കരുണാനിധിയുമായ ദൈവമേ, ഞങ്ങളങ്ങയെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങാണ് ഞങ്ങളുടെ സർവ്വസ്വവും എന്നു ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങൾക്ക് അസ്തിത്വം നല്കി, ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്കി നിത്യവും ഞങ്ങളെ കാത്തുപരിപാലിക്കുന്നതിനെയോർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അതിലുള്ള സർവ്വത്തേയും അങ്ങയുടെ ശക്തിമത്തായ സംരക്ഷണത്തിനായി ഞങ്ങൾ അങ്ങയെ ഭരമേല്പിക്കുന്നു. നസ്രത്തിലെ തിരുക്കുടുംബത്തെ അങ്ങ് ആശീർവദിച്ചതുപോലെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ രക്ഷകനായ ഈശോയെ അങ്ങു ഞങ്ങളെ രക്ഷിക്കുവാനായി മനുഷ്യാവതാരം ചെയ്യാൻ തിരുമനസ്സായ സ്നേഹത്തെ ഓർത്തും കുരിശിൽ കിടന്നു മരിക്കാൻ തിരുച്ചിത്തമായ കരുണയെ ഓർത്തും ഞങ്ങളെ എല്ലാവരെയും ആശീർവദിക്കണമെന്ന് താഴ്മയായി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.
എല്ലാ തിന്മകളിലും ദുഷ്ടാരൂപികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. മഞ്ഞ്, തീ, വെള്ളപ്പൊക്കം, മിന്നൽ, കൊടുങ്കാറ്റ് മുതലായ പ്രകൃതിക്ഷോഭങ്ങളിൽ നിന്നും വാഹനാപകടങ്ങളിൽ നിന്നും ഞങ്ങളെല്ലാവരെയും കാത്തുരക്ഷിക്കണമേ. ദുഷ്ടരും അസന്മാർഗ്ഗികളുമായ സന്താനങ്ങളെക്കൊണ്ട് ഞങ്ങളുടെ കുടുംബത്തെ നശിപ്പിക്കാതെ സൽസ്വഭാവികളും ഉത്തമരുമായ സന്താനങ്ങളെയും ബന്ധുജനങ്ങളെയും ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കുഞ്ഞുങ്ങൾ അവരുടെ ചുമതലകൾ ശരിയായി നിർവ്വഹിച്ച് ഇഹലോക-പരലോക ഭാഗ്യങ്ങൾക്ക് അവകാശികളാകാൻ കൃപയാകണമേ. വിവാഹിതരായവരുടെ ദാമ്പത്യ ജീവിതത്തെ സ്നേഹിച്ച് അവരുടെ മക്കളെ ശരിയായി വളർത്തുന്നനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും സൽസ്വഭാവവും നല്കി അവരുടെ സന്താനപരമ്പരകളെയും അനുഗ്രഹിക്കണമേ. സന്യാസാന്തസിലും വൈദികജീവിതത്തിലും പ്രവേശിച്ചവർക്ക് അവരുടെ വ്രതവാഗ്നദാങ്ങളനുസരിച്ച് ജീവിക്കുവാനുള്ള ആത്മീയവരം കൊടുക്കണമേ. ഞങ്ങളുടെ മക്കളിൽ നിന്ന് ഇനിയും അനേകം പേർ ആ ജീവിതാന്തസ്സിൽ പ്രവേശിക്കട്ടെ. ഞങ്ങൾക്ക് നല്ല അയക്കാരെ തന്ന് അനുഗ്രഹിക്കണമേ. ഞങ്ങൾ അവർക്ക് നല്ല അയല്ക്കാരും സഹായികളും ആകുകയും ചെയ്യട്ടെ. ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും കള്ളന്മാരുടെ ശല്യത്തിൽ നിന്നും എല്ലാവിധ ആപത്ത്, അനർത്ഥങ്ങളിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ. ഞങ്ങളിൽ ആരും അന്ത്യകൂദാശകൾ കൈക്കൊള്ളാതെ മരിക്കുന്നതിന് അനുവദിക്കരുതേ. ഞങ്ങളുടെ വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങയെ കൂടുതൽ സ്നേഹിക്കുന്നതിനും മറ്റും ഇവരോട് സ്നേഹപൂർവ്വം വർത്തിക്കുന്നതിനും ഇടവരുത്തണമേ. ഓ എന്റെ ഈശോയെ, ഞങ്ങളെ അനുഗ്രഹിച്ച് അങ്ങ് കാത്തുസംരക്ഷിക്കണമേ.
വരപ്രസാദത്തിന്റെയും കരുണയുടെയും മാതാവായ മറിയമേ, ഞങ്ങൾക്കുവേണ്ടി അമ്മയുടെ പുത്രനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ. ദുഷ്ടാരൂപികളുമായുള്ള യുദ്ധത്തിൽ ഞങ്ങളോടൊപ്പമുണ്ടാകണമേ. നിന്റെ പുത്രനുമായി ഞങ്ങളെ രമ്യതപ്പെടുത്തണമേ. അമ്മയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. തിരുക്കുടുംബത്തിന്റെ തലവനായ മാർ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ. സർവ്വദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ.
വി. മിഖായേലേ, പിശാചിന്റെ സകല കെണികളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. വി. ഗബ്രിയേലേ, ദൈവതിരുച്ചിത്തം ഞങ്ങൾക്ക് മനസ്സിലാക്കിത്തരണമേ. വി. റപ്പായലേ രോഗങ്ങളിൽ നിന്നും ജീവാപായങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കാവൽ മാലാഖമാരേ, രക്ഷയുടെ വഴിയിൽക്കൂടി ഞങ്ങളെ നടത്തണമേ. വിശുദ്ധമദ്ധ്യസ്ഥരേ, ദൈവതിരുസിംഹാസനത്തിങ്കൽ ഞങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ. ഞങ്ങളുടെ സ്രഷ്ടാവായ ബാവാതമ്പുരാനെ, ഞങ്ങളുടെ രക്ഷകനായ പുത്രൻ തമ്പുരാനെ, മാമ്മോദീസാ വഴി ഞങ്ങളെ വിശുദ്ധീകരിച്ച പരിശുദ്ധാരൂപിയെ, ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ. ദൈവം തന്റെ പരിശുദ്ധ ത്രിത്വത്തിൽ ഞങ്ങളുടെ ശരീരത്തെ കാക്കുകയും മനസ്സിനെ വിശുദ്ധീകരിക്കുകയും ഞങ്ങളെ നിത്യജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്യുമാറാകട്ടെ. ആമ്മേൻ.
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206