x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സീറോ മലബാർ സഭയുടെ ആരാധനാക്രമം

വിവാഹത്തലേന്ന് കുടുംബങ്ങളിലെ പ്രാർത്ഥന

Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024

വിവാഹത്തലേന്ന് കുടുംബങ്ങളിലെ പ്രാർത്ഥന

(പ്രാർത്ഥനയ്ക്ക് സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്ത് എല്ലാവരും ഒരുമിച്ചു നില്ക്കുന്നു. മേശമേൽ വെള്ളത്തുണി വിരിച്ച് വി. കുരിശും, വി ഗ്രന്ഥവും വച്ച് അലങ്കരിച്ചിരിക്കണം വരൻ/ വധു, മാതാപിതാക്കന്മാർ എന്നിവർ അലങ്കരിച്ച മേശയ്ക്ക് സമീപത്ത് നില്ക്കുന്നു. വൈദികരുടെ അസാന്നിദ്ധ്യത്തിൽ അല്മായർക്കും ഈ പ്രാർത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കാവുന്നതാണ്)

കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ,

സമൂ: ആമ്മേൻ

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.

സമൂ: ആമ്മേൻ

കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... (സമൂഹവും ചേർന്ന് പൂർത്തിയാക്കുന്നു).

കാർമ്മി: സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങ് ഞങ്ങൾക്കും പ്രത്യേകമായി ഈ കുടുംബത്തിനും നല്കിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയുമോർത്ത് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിവാഹജീവിതാന്തസ്സിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഈ മകനെ /മകളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഇവളുടെ/ ഇവന്റെ ജീവിതത്തിൽ അങ്ങു വർഷിച്ച കാരുണ്യത്തെ ഞങ്ങൾ അനുസ്മരിക്കുന്നു. അങ്ങയുടെ കൃപാവരം ഈ ഭവനത്തിന്മേലും ഈ മകളുടെ/ മകന്റെ മേലും ചൊരിയണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ

സങ്കീർത്തനം (127,128)

കാർമ്മി: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം

നിഷ്ഫലമാണ്.

കാർമ്മി: കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാരുടെ ഉറക്കൊഴിവും വ്യർത്ഥമാണ്.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്.

കാർമ്മി: തനിക്ക് പ്രിയപ്പെട്ടവർ ഉറങ്ങുമ്പോഴും കർത്താവ് അവർക്ക് വേണ്ടതു നല്കുന്നു.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം നിഷ്ഫലമാണ്.

കാർമ്മി: കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം അവിടുത്തെ അനുഗ്രഹവും

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം നിഷ്ഫലമാണ്.

കാർമ്മി: കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ ഭാഗ്യവാൻ അവന്റെ അദ്ധ്വാനഫലം അവൻ അനുഭവിക്കും.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്.

കാർമ്മി: അവന്റെ ഭാര്യ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയായിരിക്കും. അവന്റെ മക്കൾ സൈത്തുമുളകൾ പോലെയും.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്

കാർമ്മി: കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗ്രഹീതനാകും, മക്കളുടെ മക്കളെ കാണാൻ കർത്താവ് അവനെ അനുഗ്രഹിക്കും.

സമൂ: കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, മാമ്മോദീസായിലൂടെ അങ്ങയുടെ സഭയിൽ അംഗങ്ങളാകുവാനും കത്തോലിക്കാവിശ്വാസം ഏറ്റുപറഞ്ഞ് സഭാജീവിതം നയിക്കുവാനും ഞങ്ങളെ അനുഗ്രഹിച്ച അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങ് സകലത്തിന്റെയും നാഥനും സ്രഷ്ടാവും, സകലജീവജാലങ്ങളെയും പരിപാലിക്കുന്ന സത്യദൈവവുമാകുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും,

സമൂ: ആമ്മേൻ.

ഉത്ഥാനഗീതം (എല്ലാവരും ചേർന്ന്)

സർവ്വാധിപനാം കർത്താവേ
നിന്നെ വണങ്ങി നമിക്കുന്നു.
ഈശോനാഥാ വിനയമൊടേ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർതൃനു നിത്യമഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി
ന്നുത്തമക്ഷയുമേകുന്നു.

കാർമ്മി: എന്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും, ആത്മാക്കളെ രക്ഷിക്കുന്നവനും, ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ജീവദായകവും ദൈവീകവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി ആയിരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും,

സമൂ: ആമ്മേൻ.

വി. ഗ്രന്ഥവായന

(വധുവിന്റെ ഭവനത്തിൽ - എഫേ 5,22-24; സുഭാ.31,10-31/ വരന്റെ ഭവനത്തിൽ - എഫേ. 5, 25-31/ യോഹ. 2,1-12)

(വചനഭാഗത്തെ ആധാരമാക്കി ചെറിയ പ്രസംഗം നടത്താം)

കാറോസൂസ

കാർമ്മി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടുംകൂടെ വിവാഹാജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ മകനെ/ മകളെ ഓർത്ത് കർത്താവേ ഈ ദാസന്റെ/ദാസിയുടെ മേൽ കൃപയുണ്ടാകണമേ' എന്നു പ്രാർത്ഥിക്കാം.

സമൂ: കർത്താവേ, ഈ ദാസന്റെ/ ദാസിയുടെ മേൽ കൃപയുണ്ടാകണമേ

കാർമ്മി: നാളത്തെ ദിവസം അനുഗ്രഹപ്രദമാകുവാനും, വിവാഹമെന്ന കൂദാശയുടെ പ്രസാദവരം കുറവില്ലാതെ സ്വീകരിക്കുവാനും,

സമൂ: കർത്താവേ, ഈ ദാസന്റെ/ ദാസിയുടെ മേൽ കൃപയുണ്ടാകണമേ.

കാർമ്മി: ദാമ്പത്യസ്നേഹത്തിന്റെ സമൃദ്ധിയിലും പരസ്പരമുള്ള സ്നേഹത്തിലും എന്നും നിലനില്ക്കുവാൻ,

സമൂ: കർത്താവേ, ഈ ദാസന്റെ/ ദാസിയുടെ മേൽ കൃപയുണ്ടാകണമേ

കാർമ്മി: നന്മയിൽ മുന്നേറിക്കൊണ്ട് ഫലസമൃദ്ധമായ കുടുംബജീവിതവും ആഴമുള്ള വിശ്വാസജീവിതവും നയിക്കുവാൻ

സമൂ: കർത്താവേ, ഈ ദാസന്റെ ദാസിയുടെ മേൽ കൃപയുണ്ടാകണമേ.

കാർമ്മി: താൻ സ്വീകരിക്കുന്ന പരിശുദ്ധ കൂദാശയുടെ പ്രസാദവരത്താൽ കുടുംബത്തെ നസ്രത്തിലെ തിരുക്കുടുംബം പോലെയാക്കിത്തീർക്കുവാൻ

സമൂ: കർത്താവേ, ഈ ദാസന്റെ/ ദാസിയുടെ മേൽ കൃപയുണ്ടാകണമേ.

സഹായാഭ്യർത്ഥനപ്രാർത്ഥനകൾ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, പരി. മറിയത്തെ അങ്ങ് ഞങ്ങൾക്ക് അമ്മയായി നല്കിയല്ലോ. പരി മറിയമേ, കാനായിലെ കല്യാണവീട്ടിൽ അമ്മയുടെ മാദ്ധ്യസ്ഥം അവരുടെ പ്രതിസന്ധിയിൽ വലിയ സഹായമായിരുന്നു. കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ മകന്റെ/ മകളുടെ ജീവിതത്തിലും കുടുംബത്തിലും അമ്മയുടെ സാന്നിദ്ധ്യം ഉണ്ടാകണമേ. തിരുക്കുടുംബത്തിന്റെ സംരക്ഷകനായ മാർ യൗസേപ്പേ ഈ കുടുംബത്തെ വിശുദ്ധിയിൽ സംരക്ഷിക്കണമേ. സകലവിശുദ്ധരുടെയും കാവൽമാലാഖമാരുടെയും സംരക്ഷണത്തിൽ ഇവന്റെ/ ഇവളുടെ കുടുംബം അഭിവൃദ്ധി പ്രാപിക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും

സമൂ: ആമ്മേൻ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെയും, സകലവിശുദ്ധരുടെയും പ്രത്യേകിച്ച്, വി. അൽഫോൻസാമ്മയുടെയും വി. എവുപ്രാസ്യാമ്മയുടെയും വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും പ്രാർത്ഥനാസഹായം ഇവന്/ ഇവൾക്ക് ലഭിക്കുമാറാകട്ടെ. ഇവന്റെ/ ഇവളുടെ പേരിന് കാരണഭൂതനായ വിശുദ്ധ......... ന്റെ മാദ്ധ്യസ്ഥം ഇവനെ ഇവളെ സംരക്ഷിക്കട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂ: ആമ്മേൻ

(വരൻ/ വധു കാർമ്മികന്റെ മുമ്പിൽ മുട്ടു കുത്തി നില്ക്കുന്നു. ശിരസ്സിൽ കരം വച്ച് കാർമ്മികൻ ആശീർവ്വദിക്കുന്നു)

കാർമ്മി: സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ഈ മകന്റെ/ മകളുടെ മേൽ കരുണയാകണമേ. അങ്ങയുടെ തിരുഹിതമനുസരിച്ച് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഇവളെ ഇവനെ എന്നും നിന്റെ ഇഷ്ടമനുസരിച്ച് സ്നേഹത്തിലും സന്തോഷത്തിലും പരസ്പര വിശ്വാസത്തിലും, നിനക്ക് പ്രീതികരമായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ. ജീവിതത്തിലെ എല്ലാ അവസരങ്ങളിലും അങ്ങയിൽ നിന്നും കൃപസ്വീകരിച്ച് ജീവിക്കുവാനും, പ്രതിസന്ധികളിൽ അങ്ങയെ ആശ്രയിക്കാനും, കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറുവാനും ഇവന് /ഇവൾക്ക് ഇടയാകട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടു കൂടിയുണ്ടാകട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും

സമൂ: ആമ്മേൻ.

(തുടർന്ന് മാതാപിതാക്കന്മാർ ശിരസ്സിൽ കൈകൾ വച്ച് അനുഗ്രഹിക്കുന്നു. വരന് /വധുവിന് സ്തുതി നല്കി പ്രാർത്ഥന സമാപിപ്പിക്കുന്നു)

Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message