We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Liturgical commission, Diocese of Mananthavady On 19-Aug-2024
മരണവീട്ടിലുളള പ്രാർത്ഥനാകർമ്മങ്ങൾ
നേതാവ്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ,
സമൂ: ആമ്മേൻ
നേതാ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന് പൂർത്തിയാക്കുന്നു)
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ
നേതാ: കർത്താവായ ദൈവമേ, അങ്ങ് ലോകത്തേയും അതിലുള്ള സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തുന്നുവല്ലോ. സർവ്വമഹത്വങ്ങൾക്കും അർഹനായ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവന്റെ കാരണവും ആത്മാവിന്റെ പ്രത്യാശയും അങ്ങാണെന്ന് ഞങ്ങൾ ഏറ്റു പറയുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും
സമൂ: ആമ്മേൻ
സങ്കീർത്തനം (16,17)
ദൈവമേ, എന്നെ കാത്തുകൊള്ളണമേ
ഞാൻ അങ്ങയിൽ ശരണം വച്ചിരിക്കുന്നു
അവിടുന്നാണ് എന്റെ കർത്താവ്
അങ്ങയിൽ നിന്നല്ലാതെ എനിക്ക് നന്മയില്ല
കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
അഭികാമ്യമായ ദാനമാണ് എനിക്ക് കിട്ടിയിരിക്കുന്നത്.
വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു
എനിക്കുപദേശം നല്കുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു.
രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു.
കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
അവിടുന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട്
ഞാൻ കുലുങ്ങുകയില്ല.
അതിനാൽ എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്തു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു
അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല.
അങ്ങയുടെ പരിശുദ്ധൻ ജീർണ്ണിക്കാൻ അനുവദിക്കുകയുമില്ല
അങ്ങ് എനിക്ക് ജീവന്റെ മാർഗ്ഗം കാണിച്ചുതരുന്നു.
അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്.
വലതുകൈയിൽ ശാശ്വതമായ സന്തോഷവും
നീതി നിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും
ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ട് സംതൃപ്തിയടയും
ഞാനങ്ങയെ പൂർണമായി സ്നേഹിക്കുന്നു
എന്റെ രക്ഷയും കോട്ടയും അങ്ങുതന്നെയാണല്ലോ
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേക്കും ആമ്മേൻ.
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
നേതാ: സ്രഷ്ടാവായ ദൈവമേ, അങ്ങയുടെ ഛായയിൽ സൃഷ്ടിക്കുകയും അനന്തമായ കാരുണ്യത്താൽ പരിപാലിക്കുകയും അങ്ങയുടെ കല്പനയാൽ ഈ ലോകത്തിൽ നിന്ന് യാത്രയാകുകയും ചെയ്തിരിക്കുന്ന ഞങ്ങളുടെ പ്രിയ സഹോദരനെ /സഹോദരിയെ ദയാപൂർവ്വം കടാക്ഷിക്കണമേ, ജീവിതകാലത്ത് സത്കൃത്യങ്ങളാൽ അങ്ങയെ പ്രസാദിപ്പിച്ച ഈ സഹോദരന്റെ /സഹോദരിയുടെ കടങ്ങളും പാപങ്ങളും മോചിച്ച് സ്വർഗ്ഗഭാഗ്യത്തിന് അർഹനാ(യാ)ക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും,
സമൂ: ആമ്മേൻ
(രീതി: കാഹളനാദം കേൾക്കുമ്പോൾ....)
എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ
മഹിമയെഴുന്നൊരു രക്ഷകനേ
മർത്യകുലത്തിൻ പാലകനേ
മരണമടഞ്ഞൊരു സോദരനെ(രിയെ)
കരുണയൊടോർക്കണമനവരതം
കർത്താവേ എന്നെ കടാക്ഷിക്കണമേ
മൃതിയിൽ നിന്നുമുയിർപ്പേകി
നിത്യവെളിച്ചം തൂകണമേ
സത്യത്തിൻ പ്രഭയാലേ നീ
നിത്യത തന്നിലുണർത്തണമേ
ദൈവമേ ഞങ്ങളെ സഹായിക്കണമേ
നിൻ സ്തുതി പാടിയൊരധരങ്ങൾ
വിലപിക്കരുതേ വേദനയാൽ
മൃതിയെ ജയിച്ചൊരു മിശിഹായേ
മൃതനാമെന്നിൽ കനിയേണം
ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ
ജ്ഞാനസ്നാന ജലത്താലേ
നിന്നെയണിഞ്ഞവരിൽ കനിയൂ
തിരുമെയ് ഭക്ഷിച്ചവരെയും
നാശത്തിന്നിരയാക്കരുതേ
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
മരണമടഞ്ഞോർത്ഥാനം
വാഗ്ദാനം നീ ചെയ്തതു പോൽ
നിൻ ശരണത്തിൽ നിദ്രിതരാം
ഭക്തർക്കരുളണമുത്ഥാനം
ആദിമുതൽ എന്നേക്കും ആമ്മേൻ
ചിന്മയരൂപാ സ്രഷ്ടാവേ
നന്മയെഴുന്നൊരു മിശിഹായേ
ആത്മസ്വരൂപാ റൂഹായേ
നിന്നെ വണങ്ങി നമിക്കുന്നേൻ
വചനവായന
1 പത്രോസ് 1, 3-9
(വായനയ്ക്കു ശേഷം)
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി
നേതാ: പിതാവായ ദൈവമേ, അങ്ങയുടെ പുത്രന്റെ തിരുവുത്ഥാനം വഴി മനുഷ്യവംശത്തിന് നല്കാനിരിക്കുന്ന സമാശ്വാസത്തിൽ ഞങ്ങളെയും പങ്കുചേർക്കണമേ. ജീവിതകാലത്ത് ക്ലേശങ്ങളും വേദനകളും സഹിച്ച് ഈ ലോകം വിട്ടുപോയ ഞങ്ങളുടെ സഹോദരനെ/ സഹോദരിയെ അങ്ങ് കൃപയോടെ തൃക്കൺ പാർക്കണമേ. മിശിഹായുടെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെ പ്രതീക്ഷാനിർഭരമായ ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള അനുഗ്രഹം നല്കണമേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
സങ്കീർത്തനം (51,1-17)
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോടു ദയ തോന്നണമേ
അങ്ങയുടെ കാരുണ്യാധിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ
എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു
എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
അങ്ങേയ്ക്കെതിരായി ഞാൻ പാപം ചെയ്തുപോയി
അങ്ങയുടെ മുമ്പിൽ ഞാൻ തിന്മ പ്രവർത്തിച്ചു
അങ്ങയുടെ വിധിനിർണയത്തിൽ അങ്ങ് കുറ്റമറ്റവനാണ്
അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്
പാപത്തോടെയാണ് ഞാൻ പിറന്നത്
ഉത്ഭവം മുതലേ ഞാൻ പാപിയാണ്
ഹൃദയപരമാർത്ഥയാണ് അങ്ങ് ആഗ്രഹിക്കുന്നത്.
ആകയാൽ എന്റെ അന്തരംഗത്തിൽ ജ്ഞാനം പകരണമേ
ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ
ഞാൻ നിർമ്മലനാകും
എന്നെ കഴുകണമേ
ഞാൻ മഞ്ഞിനേക്കാൾ വെണ്മയുള്ളവനാകും
എന്നെ സന്തോഷഭരിതനാക്കണമേ
അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ.
എന്റെ പാപങ്ങളിൽ നിന്ന് മുഖം മറയ്ക്കണമേ
എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ
ദൈവമേ നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ
അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ
അങ്ങയുടെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ
അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന്എടുത്തുകളയരുതേ
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ
ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ
അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ വഴി പഠിപ്പിക്കും
പാപികൾ അങ്ങയിലേക്ക് തിരിച്ചുവരും
ദൈവമേ എന്റെ രക്ഷയുടെ ദൈവമേ
രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ
ഞാൻ അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ പ്രകീർത്തിക്കും
കർത്താവേ എന്റെ അധരങ്ങളെ തുറക്കണമേ
എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും
ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല
ഞാൻ ദഹനബലിയർപ്പിച്ചാൽ അത് സന്തുഷ്ടനാവുകയുമില്ല.
ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി
ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേക്കും ആമ്മേൻ
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
നേതാ: വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുന്ന കരുണാനിധിയായ കർത്താവേ, നിത്യാനന്ദത്തിലുള്ള പ്രതീക്ഷയോടെ ഞങ്ങളിൽ നിന്ന് വേർപെട്ടുപോയ ഈ സഹോദരന്റെ/ സഹോദരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമേ. കണ്ണുകണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ആസ്വദിച്ചിട്ടില്ലാത്തതുമായ നിത്യസൗഭാഗ്യത്തെ നോക്കിപ്പാർത്തിരിക്കാൻ ഞങ്ങളെ അവിടുന്ന് സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും,
സമൂ: ആമ്മേൻ.
ശുശ്രൂ: മരണം മൂലം ഈ ലോകത്തിൽ നിന്ന് വേർപെട്ടവരും ഇപ്പോൾ ദൈവസന്നിധിയിൽ അവിടുത്തെ മുഖാഭിമുഖം ദർശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുമായ വിശുദ്ധരോട് ഈ സഹോദരനു/സഹോദരിക്കുവേണ്ടി നമുക്ക് മാധ്യസ്ഥം തേടാം.
കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ
ഏകദൈവമായ പരി. ത്രിത്വമേ, ഞങ്ങളെ അനുഗ്രഹിക്കണമേ
പരി, മറിയമേ, ഈ സഹോദരനു വേണ്ടി പ്രാർത്ഥിക്കണമേ
വി. യൗസേപ്പേ,
വി. മിഖായേലേ,
വി, സ്നാപകയോഹന്നാനേ
വി. പത്രോസേ
വി. തോമ്മായേ
വി. എസ്തപ്പാനോസേ
വി. സെബസ്ത്യാനോസേ
വി. വിൻസെന്റേ
വി. ഗീവർഗ്ഗീസേ
വി. ഫ്രാൻസിസ് സേവ്യറേ
വി. ജോൺ മരിയ വിയാനി
വി. അഗസ്തീനോസേ
വി. ഫ്രാൻസിസ് അസ്സീസ്സി
വി. മറിയം മഗ്ദലനായേ
വി. കൊച്ചുത്രേസ്യായേ
വി. റോസായേ
വി. ക്ലാരയേ
വി. മരിയ ഗൊരേത്തി
വി, അന്നായേ
വി. അൽഫോൻസായേ
വി. കുര്യാക്കോസ് ഏലിയാസേ
വി. എവുപ്രാസ്യാമ്മേ
വി. മദർ തെരേസായേ
വാ. മറിയം ത്രേസ്യായേ
വാ. കുഞ്ഞച്ചാ
സകലവിശുദ്ധരേ
ദയാപരനായിരിക്കുന്ന കർത്താവേ,
ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ
ദയാപരനായിരിക്കുന്ന കർത്താവേ,
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ദയാപരനായിരിക്കുന്ന കർത്താവേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
നേതാ: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, മരണം മൂലം ഈ ലോകത്തിൽ നിന്ന് വേർപിരിഞ്ഞുപോയ എല്ലാ മക്കളോടും കരുണ കാണിക്കണമേ. അങ്ങയുടെ മുമ്പിൽ നീതിയിലും വിശുദ്ധിയിൽ വ്യാപരിച്ച് അവിടുത്തെ മഹനീയമായ നാമത്തെ മഹത്വപ്പെടുത്തുവാൻ ഞങ്ങൾക്കു കൃപ നല്കണമേ “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്" എന്നരുൾ ചെയ്ത കർത്താവേ, മറ്റുള്ളവരിൽ അങ്ങയെ ദർശിച്ചുകൊണ്ട് അവർക്കു നന്മ ചെയ്യുവാനും വിധിദിവസം അങ്ങയുടെ വലതുഭാഗത്ത് അണിനിരക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ.
(രീതി മങ്ങിയൊരന്തിവെളിച്ചത്തിൽ)
കദനം നിറയും കരളോടെ
കണ്ണീരൊഴുകും മിഴിയോടെ
സ്നേഹമിയന്നൊരു സോദരനായി
ത്യാഗമിയന്നവർ കേഴുന്നു.
നിത്യസനാതനമോക്ഷത്തിൽ
അക്ഷയമായൊരു രാജ്യത്തിൽ
സ്വഛതയാർന്നൊരു ഗേഹം നീ
നിശ്ചയമായും നല്കണമേ
കരുണയെഴുന്നൊരു കർത്താവേ
കാരുണ്യം നീ തൂകണമേ
അപരാധങ്ങൾ പൊറുക്കണമേ
പാപവിമോചനമേകണമേ
മാതാവിന്നുദരത്തിൽ നാം
ഉരുവാകുവതോ പാപികളായ്
ശുദ്ധിയെഴും നവ ഹൃത്താലേ
ജ്ഞാനമതെന്നിൽ വിതയ്ക്കണമേ
കർത്താവേ നീ കഴുകണമേ
ഹീസോപ്പാലെ കഴുകണമേ
വെണ്മയെഴുന്നൊരു മഞ്ഞായെൻ
ഉണ്മയെ നീ താൻ മാറ്റണമേ
തൂമുഖമിങ്ങു തിരിക്കു നീ
താപമിയന്നവർ കേഴുന്നു
ഉണരട്ടെ എന്നസ്ഥികളും
ആനന്ദത്തിൻ പ്രഭയാലെ
നിർമ്മലമായൊരു മാനസവും
നിർമ്മിച്ചീടുക സദയം നീ
സർവ്വേശാ നിൻ കൃപയാലെ
നിശ്ചയദാർഢ്യം തന്നരുളൂ
തിരുസന്നിധിയിലണഞ്ഞിടും
താപികളാമീ പാപികളെ
തിരുരക്തത്തിന്റെ കൃപയാലെ
പാപവിമോചിതരാക്കണമേ
എന്നധരങ്ങൾ തുറക്കൂ വിഭോ
നിന്നപദാനം കീർത്തിക്കാൻ
ഉരുകിത്തീരും ചിത്തമതോ
സ്വീകൃതമാമൊരു യാഗബലി
ഉൾത്താപത്താലുരുകുന്നോർ
ക്കുത്തരമരുളും കർത്താവേ
ഉത്തമനായൊരു സദ്ഗുരുവേ
അത്തലകറ്റി നയിക്കണമേ
ചിന്മയരൂപാ സ്രഷ്ടാവേ
നന്മയെഴുന്നൊരു മിശിഹായേ
ആത്മസ്വരൂപാ റൂഹായേ
ഹൃദയാനന്ദം നല്കണമേ
കാറോസൂസ
നേതാ: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ നിന്ന് കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്ന് അപേക്ഷിക്കാം
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: ഞങ്ങൾക്കുവഴിയൊരുക്കാൻ ഞങ്ങൾക്കു മുമ്പേ പോയ കർത്താവേ, അങ്ങയുടെ സ്വർഗ്ഗീയവസതിയിലേക്ക് ഞങ്ങളുടെ ഈ സഹോദരനെയും/ സഹോദരിയെയും സ്വീകരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: അങ്ങയിൽ വിശ്വാസമർപ്പിച്ചു ജീവിച്ച ഈ സഹോദരന്/ സഹോദരിക്ക് നിത്യജീവനിൽ അവകാശവും ഉയിർപ്പിന്റെ പ്രഭയും നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: പിതാവിന്റെ ഇഷ്ടത്തിന് വിധേയനായി മരണം സ്വീകരിച്ച കർത്താവേ, ജീവനും മരണവും ഒരുപോലെ ദൈവത്യക്കരങ്ങളിൽ നിന്നും സ്വീകരിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയർപ്പിക്കും എന്നരുളിച്ചെയ്ത കർത്താവേ, ഈ ആത്മാവിനോട് കരുണയുണ്ടാകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: അങ്ങിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്ന കർത്താവേ, ലോകാരംഭം മുതൽ അങ്ങയുടെ വിശ്വസ്തദാസർക്കായി അങ്ങ് പ്രദാനം ചെയ്തിരിക്കുന്ന നിത്യജീവനിലേക്ക് പ്രവേശിക്കുവാൻ ഈ ആത്മാവിന്റെ മേൽ കരുണ തോന്നണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: ലാസറിന്റെ മരണത്തിൽ ദുഃഖാർത്തരായ സഹോദരങ്ങളെ ആശ്വസിപ്പിച്ച കർത്താവേ, ഈ സഹോദരന്റെ സഹോദരിയുടെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: ജീവിക്കുന്നവരായ ഞങ്ങൾ ഞങ്ങളുടെ കടമകൾ കൃത്യമായി ചെയ്തുകൊണ്ട് ആനന്ദത്തോടെ അങ്ങയെ എതിരേല്ക്കുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
വിശ്വാസപ്രമാണം
നേതാ: സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു (സമൂഹവും ചേർന്ന് പൂർത്തിയാക്കുന്നു).
(രീതി: എവിടെയൊളിക്കും കർത്താവേ...)
എന്റെ ഹൃദയം അങ്ങയോട് സംസാരിക്കുന്നു
കരുണാനിധിയാം കർത്താവേ
സുതരാമിവരിൽ കനിവാകേണം
കാതരമാമൊരു ഹൃദയവുമായ് ഞാൻ
കാരുണ്യത്തിന് കേണിടുന്നു.
കർത്താവേ തവ സന്നിധിവിട്ടെ
ങ്ങെവിടെ പോകും പാപികൾ ഞങ്ങൾ
ദൈവമേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാമറിയുന്നവനല്ലോ നീ
എന്നുടെ വാക്കും ചെയ്തിയുമെല്ലാം
താപമിയന്നൊരു ഹൃദയവുമായി
കാരുണ്യത്തിന് കേഴുന്നു ഞാൻ
മറയില്ലൊരു ചെറുതരിപോലും നിൻ
ജ്ഞാനമെഴുന്നൊരു മിഴികളിൽ നിന്നും
നീതിമാന്മാരെ കർത്താവ് പരിപാലിക്കുന്നു.
ശൂന്യത വാഴും മരുഭൂവിങ്കൽ
ദാഹജലത്തിന് കേഴുന്നു ഞാൻ
ക്ഷയമില്ലാത്തൊരു പറുദീസായിൽ
അക്ഷയജീവൻ തേടീടുന്നു
കേൾക്കണമേ മമ രോദനമെല്ലാം
പരിമളമുതിരും ധൂപം പോലെ
കർത്താവേ ഞങ്ങളങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
തിരുസന്നിധിയിലുണർത്തീടുന്നു
മമഹ്യദയത്തിന്റെ നൊമ്പരമെല്ലാം
കേഴുകയാണീയാത്മാവെന്നും
തിരുമുഖദർശനഭാഗ്യം നേടാൻ
കർത്താവേ നിൻ കരുണയതല്ലൊ
ശരണം തേടും തനയർക്കെല്ലാം
കർത്താവേ എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ
ജീവിതമാമി സാഗരമൊന്നിൽ
അലയുകയായ് നാം തീർത്ഥകരെപ്പോൽ
ക്ഷണഭംഗുരമീ താഴ്വര തന്നിൽ
നെടുവീർപ്പുകളാൽ നീങ്ങീടുന്നു
കാരുണ്യത്തിൻ കർത്താവേ നിൻ
കൈത്തിരി കാട്ടി നയിക്കണമെന്നും
കൈകൾ നീട്ടി എന്നെ രക്ഷിക്കണമേ
ഇന്നലെയുള്ളവരിന്നിവിടില്ല
തേടുക വേണ്ടീയുലകത്തിൽ നാം
മാഞ്ഞടിയുന്നു മാനവനെന്നും
മാറ്റമെഴാത്തൊരു ലിഖിതമതല്ലൊ
ഓർക്കുക മർത്യാനിന്നുടെ ജന്മം
ഒരു നീർക്കുമിളയതല്ലൊ ഭൂവിൽ
കർത്താവ് ഏറ്റവും ദയാലുവാകുന്നു.
പാപിനിയോടു പൊറുത്തതു പോലെൻ
പാപകടങ്ങൾ പൊറുത്തരുളേണം
പാവനമാം നിൻ ഗേഹം പൂകാൻ
പോവുകയാണീയാത്മാവും താൻ
പാലകനെ നിൻ തിരുരക്തത്താൽ
പാപവിമോചനമേകിടേണം
ജനങ്ങളെ നിങ്ങൾ ദൈവത്തിലാശ്രയിക്കുവിൻ
വിലപിക്കരുതെൻ പ്രിയരെ നിങ്ങൾ
വരുമെൻ നാഥൻ വാനവിതാനെ
വിജയത്തിന്റെ ശ്രീലാളിതനായി
വിടരും നവമൊരു ജീവവസന്തം
വാഗ്ദാനം പോൽ നൽകുന്നവനൊരു
വിജയപ്രഭതൻ സ്വർണ്ണകിരീടം
കർത്താവേ അങ്ങ് നല്ലവനാകുന്നു
ജീവജലത്തിനുറവകൾ തേടി
തേടിനടക്കും മാനിനെയെന്നാൾ
തേടുന്നു മമ ജീവാത്മാവും
തവസന്നിധിയിലണഞ്ഞീടാനായി
നല്കണമേ നവമക്ഷയജീവൻ
നിത്യം വാഴും സ്നേഹസ്വരൂപാ
കർത്താവേ എന്നെ വിസ്മരിക്കരുതേ
വിട ചൊല്ലുന്നെൻ പ്രിയരേ ഞാനെൻ
മർതൃശരീരം വിട്ടകലുന്നു.
വിധിയുടെ ദിനമെന്നാത്മാവിന്നു
തിരുമുഖദർശനമേകീടാനായി
അനുദിനമുയരും പ്രാർത്ഥനയിൽ
ചേർക്കണമെന്നുടെയാശകളെല്ലാം
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
ആഴമതിൽ ഞാൻ കേഴുകയാണെൻ
അഴലുകൾ നീക്കാൻ കനിവാകേണം
എന്നുടെ രോദനനാദം കേൾക്കാൻ
നിൻചെവി കൃപയാൽ ചായിക്കേണം
മറയുന്നു മമ ജീവിതമിരുളിൽ
നിഴലാർന്നമരുന്നീ ധരയിൽമേൽ
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ധന്യതയാർന്ന വിശുദ്ധന്മാരേ
നിണസാക്ഷികളെ കന്യകമാരെ
കാവലിരിക്കും ദൂതന്മാരെ
കാത്തിടണമെന്നാത്മാവിന്നെ
പരമോന്നതനാം കർത്താവിൻ തിരു
സന്നിധിയിലണച്ചിടേണം
ആദിമുതൽ എന്നേക്കും ആമ്മേൻ
പോവുക സഹജാ ശാന്തിയിലെന്നും
പ്രഭയിൽ നാഥനുയിർപ്പേകീടും
ശുദ്ധിയെഴും നൽ ദൂതന്മാരോ
പാതയൊരുക്കും നിന്നുടെ മുമ്പിൽ
ജീവൻ നല്കിയൊരാദിമ ശബ്ദം
കബറിൽ നിന്നുമുയിർപ്പേകീടും
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ
നേതാ: മരണത്തിന്റെ പരമമായ നിമിഷങ്ങളിൽ പിതാവായ ദൈവത്തിന്റെ കരങ്ങളിലേക്ക് തന്നെത്തന്നെ സമർപ്പിച്ച കർത്താവേ, ഞങ്ങളുടെ അന്ത്യവിനാഴികയിൽ ഒരിക്കലും അങ്ങേ തൃക്കരങ്ങളിൽ നിന്ന് വീണുപോകാതെ ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അവിടുത്തെ കാരുണ്യം അനന്തവും വിശ്വസ്തവുമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂ: ആമ്മേൻ, കർത്താവേ അനുഗ്രഹിക്കണമേ
നേതാ: ജീവന്റെയും മരണത്തിന്റെയും അധിനാഥനായ ദൈവമേ, അങ്ങയുടെ കാരുണ്യത്തിൽ മാത്രം പ്രത്യാശയർപ്പിച്ച് യാത്രയായിരിക്കുന്ന ഞങ്ങളുടെ സഹോദരന്റെ/ സഹോദരിയുടെ മേൽ കരുണയുണ്ടാകണമേ. അങ്ങയുടെ തിരുസുതൻ അർപ്പിച്ച ബലിയുടെ യോഗ്യതകളാൽ ഈ ആത്മാവിന്റെ കറകളും കടങ്ങളും കഴുകി വിശുദ്ധീകരിക്കണമേ. അനാദിമുതൽ അങ്ങ് ഞങ്ങൾക്കായ് ഒരുക്കിയിരിക്കുന്ന സ്വർഗ്ഗീയാനന്ദത്തിലേക്ക് പ്രവേശിച്ച് അങ്ങയുടെ തിരുമുഖം ദർശിച്ച് അവിടുത്തെ പരിശുദ്ധനാമത്തിന് മാലാഖമാരോടും വിശുദ്ധരോടും ചേർന്ന് സ്തുതിഗീതങ്ങൾ അർപ്പിക്കുവാൻ ഈ ആത്മാവിന് ഭാഗ്യം ലഭിക്കട്ടെ. ഈയാളുടെ വേർപാടിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമേ. സ്വർഗ്ഗീയഭവനത്തിലേക്കുള്ള ഞങ്ങളുടെ വിശുദ്ധീകരണത്തിന് അനുവദിക്കുന്ന സഹനങ്ങളെ രക്ഷാകരമാക്കിത്തീർക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയ്ക്ക് സ്തുതിയും മഹത്വവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ.
സമൂ: ആമ്മേൻ.
നേതാ: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
സമൂ: ആമ്മേൻ
നേതാ: കരുണയുള്ള കർത്താവേ, മരണം മൂലം ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരന്റെ/സഹോദരിയുടെ ആത്മാവിനു വേണ്ടിയുള്ള ഞങ്ങളുടെ യാചനകൾ കേട്ടരുളണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും
സമൂ: ആമ്മേൻ
നേതാ: മരിച്ച വിശ്വാസികളുടെ ആത്മാക്കൾ ദൈവാനുഗ്രഹത്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ഇടയാകട്ടെ.
സമൂ: നിത്യപിതാവേ, കർത്താവീശോമിശിഹായുടെ വിലതീരാത്ത തിരുരക്തത്തെപ്രതി അവരോട് കരുണ കാണിക്കണമേ.
നേതാ: ജീവിതകാലത്ത് ഞങ്ങളുടെ ആലംബവും മരണശേഷം ഞങ്ങളുടെ ആനന്ദവുമായ മിശിഹായെ, അങ്ങ് സ്വർഗ്ഗത്തിലും ഭൂമിയിലും ആരാധ്യനാകുന്നു. രക്ഷാകരമായ ഉത്ഥാനംവഴി മനുഷ്യവംശത്തെ മഹത്വമണിയിച്ച ലോകരക്ഷകനായ കർത്താവേ, അങ്ങയുടെ മഹത്വത്തിന്റെ പ്രഭയാൽ ഈ സഹോദരനെ/ സഹോദരിയെ പ്രകാശിപ്പിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും,
നേതാ: ജീവിതകാലത്ത് ഞങ്ങളുടെ ആലംബവും മരണശേഷം ഞങ്ങളുടെ ആനന്ദവുമായ മിശിഹായെ, അങ്ങ് സ്വർഗ്ഗത്തിലും ഭൂമിയിലും ആരാധ്യനാകുന്നു. രക്ഷാകരമായ ഉത്ഥാനംവഴി മനുഷ്യവംശത്തെ മഹത്വമണിയിച്ച ലോകരക്ഷകനായ കർത്താവേ, അങ്ങയുടെ മഹത്വത്തിന്റെ പ്രഭയാൽ ഈ സഹോദരനെ സഹോദരിയെ പ്രകാശിപ്പിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും,
സമൂ: ആമ്മേൻ
(രീതി: മഹിമയൊടന്തിമ വിധിനാളിൽ)
കർത്താവ് ശക്തനായ ദൈവമാകുന്നു
മരണം വരുമൊരു നാളിലഹോ
ശരണം മനുജനു നീയല്ലേ
മർത്യനു ധരയിലതെന്നെന്നും
മാറ്റമെഴാത്തൊരു ഹിതമല്ലൊ
ദൈവം നീതിയുള്ള ന്യായാധിപനാകുന്നു
വിലപിക്കരുതെൻ പ്രിയജനമെ
വിധിയുടെ നാളിലകമ്പടിയായ്
വാനവദൂതഗണങ്ങളുമായ്
വാവാനവനാഥനെഴുന്നള്ളും
കർത്താവ് എത്രയോ നല്ലവനാകുന്നു
കാഹളനാദമതുയരുമ്പോൾ
കനകക്കതിരൊളിയുതിരുമ്പോൾ
കരുണയെഴുന്നൊരു
കർത്താവിൻ
കരതാരിൽ നാമണയുന്നു
അവിടുന്ന് തന്റെ ദാസരെ രക്ഷിക്കുന്നു
ആഗതരായി വിശുദ്ധന്മാർ
ആത്മാവിനെയങ്ങെതിരേല്ക്കാൻ
ആനന്ദത്തിൻ പറുദീസ
നാഥനവവർക്കങ്ങേകുന്നു
അവിടുന്ന് പ്രപഞ്ചത്തിന്റെ രാജാവാകുന്നു
നരനീ പാരിലെ ജീവിതമേ
ധരമേലുള്ളൊരു പുൽക്കൊടിയാം
അരനാഴികതൻ വെയിലാലേ
കരിയും മണ്ണിലടിഞ്ഞീടും
ദൈവമേ അങ്ങെന്റെ സ്രഷ്ടാവാകുന്നു
ശൂന്യമതല്ലോ നിൻ കൈകൾ
മന്നിൽ ജന്മമെടുത്തൊരു നാൾ
വിടചൊല്ലുന്നീ നേരമതും
കടമല്ലോയീയുടലും പോൽ
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
കരുതീടുക നിൻ നിക്ഷേപം
ക്ഷയമില്ലാത്തൊരു രാജ്യത്തിൽ
കന്മഷമില്ലാ മോക്ഷത്തിൽ
കൃപയുടെ നിത്യമഹത്വത്തിൽ
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
നേതാ: ജീവന്റെയും മരണത്തിന്റെയും നിയന്താവായ ദൈവമേ, അങ്ങയുടെ കല്പനയാൽ ഈ ലോകത്തിൽ നിന്ന് യാത്രയാകുന്ന ഞങ്ങളുടെ പ്രിയ സഹോദരനെ/ സഹോദരിയെ ദയാപൂർവ്വം കടാക്ഷിക്കണമേ. ജീവിതകാലത്ത് സത്കൃത്യങ്ങളാൽ അങ്ങയെ പ്രസാദിപ്പിച്ച ഈ ആത്മാവിന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമേ. അങ്ങയുടെ പുത്രന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് സ്വർഗ്ഗഭാഗ്യത്തിന് അർഹനാക്കി /അർഹയാക്കി തീർക്കണമേ നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
നേതാ: മരിച്ചവിശ്വാസികളുടെ ആത്മാക്കൾ ദൈവാനുഗ്രഹത്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ഇടയാകട്ടെ
സമൂ: നിത്യപിതാവേ, കർത്താവീശോമിശിഹായുടെ വിലതീരാത്ത തിരുരക്തത്തെപ്രതി അവരോട് കരുണ കാണിക്കണമേ.
സങ്കീ. 25-26
(സമൂഹം മറുപടി ആവർത്തിച്ചു ചൊല്ലുന്നു.)
കർത്താവേ എന്റെ ആത്മാവിനെ
അങ്ങയുടെ സന്നിധിയിലേക്ക് ഞാനുയർത്തുന്നു
കർത്താവേ എന്റെ ആത്മാവിനെ....
ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു
ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ
ശത്രുക്കൾ എന്റെ മേൽ വിജയം ആഘോഷിക്കാതിരിക്കട്ടെ
കർത്താവേ എന്റെ ആത്മാവിനെ....
കർത്താവേ അങ്ങയുടെ നാമത്തെ പ്രതി
എന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കണമേ
കർത്താവേ എന്റെ ആത്മാവിനെ....
ദയതോന്നി എന്നെ കടാക്ഷിക്കണമേ
ഞാൻ ഏകാകിയും പീഡിതനുമാണ്
കർത്താവേ എന്റെ ആത്മാവിനെ..
എന്റെ ഹൃദയവ്യഥകൾ ശമിപ്പിക്കണമേ
മനക്ലേശത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ
കർത്താവേ എന്റെ ആത്മാവിനെ...
എന്റെ പീഡകളും ക്ലേശങ്ങളും ഓർത്ത്
എന്റെ പാപങ്ങൾ പൊറുക്കേണമേ
കർത്താവേ എന്റെ ആത്മാവിനെ....
എന്റെ ജീവൻ കാത്തുകൊള്ളണമേ, എന്നെ രക്ഷിക്കണമേ
അങ്ങിൽ ആശ്രയിച്ച എന്നെ ലഭിക്കാനിടയാക്കരുതേ
കർത്താവേ എന്റെ ആത്മാവിനെ....
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ
കാറോസൂസ
നേതാ: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ മരിച്ചുപോയ സഹോദരന്/ സഹോദരിക്ക് നിത്യസൗഭാഗ്യം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാം
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: മണ്ണിൽ നിന്നും മനുഷ്യനെ മെനഞ്ഞ ദൈവമേ, മർത്യതയിൽനിന്ന് അമർത്യതയിലേക്കുയരുവാൻ ഈയാളെ അനുവദിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
നേതാ: മരണം വരിച്ചുകൊണ്ട് മരണത്തിന്റെ ആധിപത്യം അവസാനിപ്പിച്ച കർത്താവേ, അങ്ങയുടെ ഉയിർപ്പിലും നിത്യജീവനിലും ഈ സഹോദരനെ/ സഹോദരിയെ പങ്കുചേർക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: പുനരുത്ഥാനവും ജീവനുമായ മിശിഹായെ, ലാസറിന്റെ മരണത്തിൽ കണ്ണുനീർ ചിന്തി ആ കുടുംബത്തെ അങ്ങ് ആശ്വസിപ്പിച്ചുവല്ലോ.ഈ കുടുംബത്തിൽ നിന്നും വേർപെട്ടുപോയ സഹോദരന്റെ/ സഹോദരിയെ ഓർത്ത് ദുഃഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: വഴിയും സത്യവും ജീവനുമായ മിശിഹായേ, അങ്ങയുടെ വഴിയിലൂടെ സഞ്ചരിക്കുവാനും സത്യത്തിൽ വ്യാപരിക്കുവാനും നിത്യജീവൻ പ്രാപിക്കുവാനും ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: ഞങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ സ്ഥലം ഒരുക്കുകയും വീണ്ടും വന്ന് ഞങ്ങളെ അവിടേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത കർത്താവേ, സ്വർഗ്ഗരാജ്യത്തെ ലക്ഷ്യം വച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: ഇന്നേദിവസം മരിച്ചുപോയവരെയും മരണവേദനയനുഭവിക്കുന്നവരേയും ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
നേതാ: പാപത്തിന്റെ ഇരുളിൽ നിന്ന് പ്രകാശത്തിന്റെ നാട്ടിലേക്ക് ഞങ്ങളെ ആനയിക്കുന്ന കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ മേൽ ദയതോന്നി അങ്ങയുടെ സംരക്ഷണവും പരിപാലനയും എപ്പോഴും ഞങ്ങൾക്ക് നല്കണമേ. അങ്ങയുടെ പ്രമാണങ്ങൾ പാലിച്ചുകൊണ്ട് അങ്ങയുടെ രണ്ടാമത്തെ ആഗമനം വരെ കുറ്റമില്ലാതെ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
(രീതി: അസ്ഥിരമല്ലൊ ഭുവനവുമതിലേ..)
ദൈവപിതാവിൻ സ്നേഹതികവാൽ നമ്മെ മെനഞ്ഞു
ആ കരതാരിൽ നിത്യമുറങ്ങാൻ ആശിപ്പൂ ഞാൻ
ദൈവപിതാവിൻ............
നശ്വരമാമീ ഉലകത്തിൽ നാം യാത്രികരല്ലോ
പുൽക്കൊടികൾ പോൽ ജീവിതമിവിടെ പോയ് മറയുന്നു
ദൈവപിതാവിൻ............
ദിനമോരോന്നും സ്വർഗ്ഗം തന്നിൽ എത്തുന്നതിനായ്
കരുതിയൊരുങ്ങു സമയം തെല്ലും പാഴാക്കരുതേ
ദൈവപിതാവിൻ............
സ്വർഗ്ഗം മുന്നിൽ വാതിൽ തുറന്നു എത്ര വിശിഷ്ടം
നിൻ ചെയ്തികളാൽ അർഹത നേടു മോക്ഷമതിന്നായ്
ദൈവപിതാവിൻ............
ശുശ്രൂ: നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
നേതാ: കാരുണ്യവാനായ കർത്താവേ, അനാദി മുതൽ ഞങ്ങളോടുള്ള സ്നേഹത്താൽ സ്വയം വെളിപ്പെടുത്തുകയും അങ്ങയുടെ ഏകജാതൻ വഴി സ്വർഗ്ഗരാജ്യം ഞങ്ങൾക്കു തുറന്നുതരികയും ചെയ്ത അവിടുത്തെ പരിപാലനയെ ഓർത്ത് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും യോഗ്യതയാൽ ഞങ്ങളുടെ പ്രിയപ്പെട്ട ഈ സഹോദരന്റെ /സഹോദരിയുടെ കുറവുകൾ കഴുകിക്കളയണമേ. തിരുസന്നിധിയിലേക്ക് യാത്രയായിരിക്കുന്ന ഈ സഹോദരനെ/ സഹോദരിയെ സ്വർഗ്ഗരാജ്യത്തിന്റെ മഹത്വത്തിലേക്ക് അങ്ങ് സ്വീകരിക്കണമേ, സ്വർഗ്ഗത്തിൽ മാലാഖമാരോടൊപ്പം നിത്യവും അങ്ങയെ പാടിപ്പുകഴ്ത്തുവാൻ ഇയാളെ യോഗ്യനാ(യാ)ക്കണമേ, ജീവന്റെയും മരണത്തിന്റെയും നാഥനും, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും,
സമൂ: ആമ്മേൻ
മരണവീട്ടിലുളള പ്രാർത്ഥനാകർമ്മങ്ങൾ maranaveettilulla-praarthanaakarmmangal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206