We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
കുര്‍ബാന എന്ന കൂദാശ: ആമുഖചിന്തകള്‍
പ്രാരംഭകൂദാശകളിലൊന്നായ വിശുദ്ധ കുര്‍ബാന ക്രിസ്തീയജീവിതത്തിന്‍റെ പ്രാരംഭത്തെ പൂര്‍ത്തിയാക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം എന്നിവയാണ് അതിന് മുമ്പ് സ്വീകരിക്കുന്ന കൂദാശകള്‍. പ്രാരംഭകൂദാശകള്‍ ഒരുമിച്ചു സ്വീകരിക്കുന്ന പാരമ്പര്യവും വ്യക്തിസഭകളില്‍ നിലനില്‍ക്കുന്നുണ്ട്. മാമ്മോദീസായിലൂടെ രാജകീയ പൗരോഹിത്യത്തിന്‍റെ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെടുകയും സ്ഥൈര്യലേപനത്തിലൂടെ മിശിഹായുമായി അഗാധമായ ഐക്യത്തിലേക്ക് പ്രവേശിക്കുകയും ചെയ്തവര്‍ വിശുദ്ധ കുര്‍ബാനയിലൂടെ, വിശ്വാസികളുടെ മുഴുവന്‍ സമൂഹത്തോടുമൊപ്പം, മിശിഹായുടെ ബലിയില്‍ പങ്കുചേരുകയാണ് ചെയ്യുന്നത്.
എന്താണ് വിശുദ്ധ കുര്‍ബാന?
ഈശോമിശിഹാ തന്‍റെ ശരീരക്തങ്ങള്‍, തന്നെത്തന്നെ, നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാന അഥവാ ദിവ്യകാരുണ്യം. നാം നമ്മെത്തന്നെ സ്നേഹത്തില്‍ അവിടുത്തേക്ക് നല്കാനും വിശുദ്ധമായ സംസര്‍ഗ്ഗത്തിലൂടെ (കുര്‍ബാന സ്വീകരിക്കുന്നതിലൂടെ) അവിടുത്തോട് ഐക്യപ്പെടാനും വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അപ്രകാരം നാം ക്രിസ്തുവിന്‍റെ ഏകശരീരമായ തിരുസ്സഭയോട് ഐക്യപ്പെടുന്നു. (മതബോധനഗ്രന്ഥം 1322,1324,1409,1413)
വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം
നമ്മുടെ രക്ഷകന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലെ (1 കൊറി. 11,23) അന്തിമ അത്താഴവേളയില്‍തന്‍റെ തിരുശരീരക്തങ്ങളുടെ യാഗമായ കുര്‍ബാന സ്ഥാപിച്ചു. തന്‍റെ കുരിശിലെ ബലി താന്‍ വീണ്ടും വരുന്നതുവരെ എല്ലാ യുഗങ്ങളിലും ശാശ്വതമായി തുടര്‍ന്നുകൊണ്ടുപോകുവാനും അങ്ങനെ തന്‍റെ പ്രിയമണവാട്ടിയായ സഭക്ക് തന്‍റെ മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും ഒരു സ്മാരകം ഏല്പിച്ചുകൊടുക്കുവാനും വേണ്ടിയാണ് അവിടുന്ന് അപ്രകാരം ചെയ്തത്. ആ സ്മാരകം സ്നേഹത്തിന്‍റെ ഒരു കൂദാശയും ഐക്യത്തിന്‍റെ അടയാളവും ഉപവിയുടെ ബന്ധവും പെസഹാവിരുന്നും ആണ്. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും മനസ്സ് കൃപാവരം കൊണ്ട് നിറയുകയും നമുക്ക് ഭാവിമഹത്വത്തിന്‍റെ അച്ചാരം നല്കപ്പെടുകയും ചെയ്യുന്നു.
ഊട്ടുശാലയിലെ അന്തിമ അത്താഴത്തില്‍ ഉണ്ടായ സംഭവങ്ങളുടെ ഏറ്റവും പഴക്കമുള്ള വിവരണം വിശുദ്ധ പൗലോസ് ശ്ലീഹായുടേതാണ്. അദ്ദേഹം അതിന്‍റെ ദൃക്സാക്ഷിയായിരുന്നില്ല. എന്നാലും ആദ്യകാലക്രൈസ്തവസമൂഹം വിശുദ്ധരഹസ്യമായി സംരക്ഷിച്ചതും ലിറ്റര്‍ജിയില്‍ ആഘോഷിച്ചതുമാണ് അദ്ദേഹം തന്‍റെ കത്തില്‍ രേഖപ്പെടുത്തിയത് (1 കോറി 11).
കുര്‍ബാന – സഭാജീവിതത്തിന്‍റെ ഉറവിടവും പരമകോടിയും
(LG, 11 – രണ്ടാം വത്തിക്കാന്‍ സൂനഹദോസ്)
വിശുദ്ധ കുര്‍ബാന സഭാജീവിതത്തിന്‍റെ മുഴുവന്‍ ഉറവിടമാണ്. സഭാജീവിതം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധ കുര്‍ബാനയിലാണ്. മറ്റെല്ലാ കൂദാശകളും ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയോട് ബന്ധപ്പെട്ടാണിരിക്കുന്നത്. കാരണം, സഭയുടെ ആത്മീയ സമ്പത്തായ മിശിഹാ മുഴുവനായും വിശുദ്ധ കുര്‍ബാനയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാം അതിനെ ലക്ഷ്യംവെക്കുന്നു. അതിനേക്കാള്‍ മഹത്തായതൊന്നും നമുക്ക് നേടാനാവില്ല. മുറിക്കപ്പെട്ട അപ്പം നാം ഭക്ഷിക്കുകയും കാസയില്‍ നിന്ന് കുടിക്കുകയും ചെയ്യുമ്പോള്‍ യേശുവിന്‍റെ സ്നേഹവുമായി നമ്മെത്തന്നെ ഐക്യപ്പെടുത്തുന്നു.
സഭാജീവിതത്തിന്‍റെ ഉറവിടവും പരമകോടിയും വിശുദ്ധ കുര്‍ബാനയാണെന്ന് പറയുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്:
1. വിശുദ്ധ കുര്‍ബാനയില്‍ മിശിഹായെ സ്വീകരിക്കുന്നതിലൂടെ ദൈവികജീവനിലുള്ള പങ്കാളിത്തം നമുക്ക് ലഭിക്കുന്നു.
2. തിരുസ്സഭയെ നിലനിര്‍ത്തുന്ന ദൈവജനത്തിന്‍റെ ഐക്യം അതില്‍ സാക്ഷാത്കരിക്കപ്പെടുന്നു.
3. മിശിഹായിലൂടെ ലോകത്തെ വിശുദ്ധീകരിക്കുന്ന ദൈവീകമായ പ്രവര്‍ത്തനം വിശുദ്ധ കുര്‍ബാനയിലൂടെ സംഭവിക്കുന്നു
4. ഈശോയ്ക്കും ഈശോയിലൂടെ പരിശുദ്ധാത്മാവില്‍ പിതാവിനും ദൈവജനം നല്കുന്ന ഉന്നതമായ ആരാധനയുടെ ഏറ്റവും ഉത്തമമായി വേദിയാണത്.
5. വിശുദ്ധ കുര്‍ബാനയിലൂടെ നാം സ്വര്‍ഗ്ഗീയമായ ആരാധനയില്‍ പങ്കെടുക്കുന്നു.
6. ദൈവം എല്ലാത്തിലും എല്ലാമായിരിക്കുന്ന നിത്യജീവിതത്തിന്‍റെ മുന്നാസ്വാദനം വിശുദ്ധ കുര്‍ബാനയില്‍ സംലഭ്യമാകുന്നു.
വിശുദ്ധ കുര്‍ബാനയാഘോഷം ക്രൈസ്തവകൂട്ടായ്മയുടെ ഹൃദയമാണ്.
Noble Thomas Parackal noble parackal Holy Communion baptism confirmation Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206