x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

പാപം: തകര്‍ച്ചയും അകല്‍ച്ചയും

Authored by : Dr. Hormis Mainatti On 06-Feb-2021

പയോഗവും ദുരുപയോഗവും കൊണ്ട് വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നുപോകാനിടയുണ്ട്. ഗബ്രിയേല്‍ മാര്‍സല്‍ അഭിപ്രായപ്പെടുന്നതുപോലെ വാക്കുകള്‍ അര്‍ത്ഥവത്തായി അവ ദ്യോതിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്ക്കരിക്കണമെങ്കില്‍ അവയെ നവീകരിക്കേണ്ടതുണ്ട്. മതത്തിന്‍റേയും ദൈവശാസ്ത്രത്തിന്‍റെയും മേഖലകളിലും നാം ഉപയോഗിക്കുന്ന പദങ്ങള്‍ നൂറ്റാണ്ടുകളുടെ ഉപയോഗവും ദുരുപയോഗവുംകൊണ്ട് അര്‍ത്ഥം ചോര്‍ന്നു പോയവയായിട്ടുണ്ട്. പാപം എന്ന പദവും ഇതിന് അപവാദമല്ല. ഈ വാക്ക് ഇന്ന് വളരെ നിര്‍ജ്ജീവവും അപര്യാപ്തവുമായിരിക്കുന്നു. അതേസമയം അത് ദ്യോതിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാകട്ടെ പൂര്‍വ്വാധികം ശക്തവും സജീവവുമായിരിക്കുന്നു. അതുകൊണ്ട് പാപമെന്ന യാഥാര്‍ത്ഥ്യത്തെ അര്‍ത്ഥവത്തായും സത്യസന്ധമായും ആവിഷ്ക്കരിക്കുക എന്നത് ദൈവശാസ്ത്രചിന്തയുടെ വളരെ ഗൗരവമായ ചുമതലയാണ്.

"പാപത്തിന് എന്തു സംഭവിച്ചു?" എന്ന തലക്കെട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍ ഡോ. കാള്‍ മെനിങ്കര്‍ രചിച്ച ഗ്രന്ഥം അന്ന് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.1  ജനങ്ങളില്‍ പാപബോധം വളരെയേറെ കുറഞ്ഞിരിക്കുന്നുവെന്നും പാപം എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവര്‍ക്ക് കുറച്ചുകൂടി അവബോധമുണ്ടായിരുന്നെങ്കില്‍ ഈ ലോകം തന്നെ വ്യത്യസ്തമാകുമായിരുന്നു എന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം പാപത്തെ യാഥാര്‍ത്ഥ്യബോധത്തോടും സത്യസന്ധതയോടുംകൂടെ അവതരിപ്പിക്കാനും ജനങ്ങളെ ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരാക്കാനും ദൈവശാസ്ത്രജ്ഞന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വളരെ സജീവമായിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് പാപം. അത് മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഒരു സാദ്ധ്യതയാണ്. സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമാണ് പാപത്തിലേക്കും തുടര്‍ന്ന് തകര്‍ച്ചകളിലേക്കും അന്യവല്ക്കരണത്തിലേക്കും മനുഷ്യനെ നയിക്കുന്നത്. പാപമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു കാഴ്ചപ്പാടാണ് ആവശ്യം. പാപം അടിസ്ഥാനപരമായി ബന്ധങ്ങളുടെ തകര്‍ച്ചയാണ്. അത് ബന്ധങ്ങള്‍ അറുത്തുമുറിച്ച് ഒരാള്‍ തന്നിലേക്കു തന്നെ ഉള്‍വലിയുന്നതാണ്. ഒരാള്‍ തന്നോടും തന്‍റെ അയല്ക്കാരനോടും ദൈവത്തോടുമുള്ള വ്യക്ത്യന്തരബന്ധം തിരസ്ക്കരിക്കുകയും അതില്‍ നിന്നും ഉരുത്തിരിയുന്ന കടമകള്‍ നിര്‍വഹിക്കാന്‍ വിസമ്മതിക്കുകയും തന്‍റെ സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ മുഴുകുകയും ചെയ്യുന്നതാണ് പാപം.2

  1. ഉത്ഭവപാപവും ലോകത്തിന്‍റെ പാപവും

പാപം എങ്ങിനെ ഈ ലോകത്തില്‍ ആവിര്‍ഭവിച്ചു എന്ന അന്വേഷണത്തോടെയാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നതു തന്നെ. അത് ദൈവത്തില്‍നിന്നല്ലെന്നും മനുഷ്യന്‍റെ സൃഷ്ടിയാണെന്നും ഉല്പത്തിപ്പുസ്തകം വാദിക്കുന്നു. വളരെ സംശുദ്ധമായ ഒരവസ്ഥയിലാണ് ദൈവം മനുഷ്യന് അസ്തിത്വം നല്കിയതെങ്കിലും അവര്‍ ആ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ദൈവത്തിനെതിരെ തിരിഞ്ഞു. ദൈവത്തെകൂടാതെ സമ്പൂര്‍ണ്ണത കൈവരിക്കാന്‍ ശ്രമിച്ച മനുഷ്യന്‍ ദൈവത്തിനു പകരം സൃഷ്ടിയെ സേവിച്ച് തിന്മയില്‍ നിപതിച്ചു. അതോടെ അവന്‍ ദൈവത്തില്‍ നിന്നുമാത്രമല്ല, തങ്ങളില്‍നിന്നും മറ്റുള്ളവരില്‍നിന്നും സൃഷ്ടവസ്തുക്കളില്‍നിന്നും അന്യവല്ക്കരിക്കപ്പെട്ടു. അവരുടെ നാനാവിധബന്ധങ്ങള്‍ ശിഥിലമായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സൂചിപ്പിക്കുന്നതുപോലെ പാപത്തിന്‍റെ ഫലമായി തന്നില്‍ത്തന്നെ ഒരു അന്തഃഛിദ്രം നിലനില്ക്കുന്നതായി മനുഷ്യന് അനുഭവപ്പെടുന്നു. മനുഷ്യന്‍റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതമാകെ നന്മയും തിന്മയുമായുള്ള സംഘട്ടനരംഗമായിതീര്‍ന്നിരിക്കുന്നു. അതേസമയം തിന്മയെ വിജയപ്രദമായി നേരിടാന്‍ താന്‍ അശക്തനായിരിക്കുന്ന അനുഭവമാണ് മനുഷ്യനുള്ളത്. ജനനം വഴി എല്ലാവരും മനുഷ്യപ്രകൃതിയിലേക്കു പ്രവേശിക്കുന്ന ഈ യാഥാര്‍ത്ഥ്യത്തെയാണ് ഉത്ഭവപാപംകൊണ്ടു വിവക്ഷിക്കുന്നത്. ഇവിടെ പാപമെന്ന പദം ഉപയോഗിക്കുന്നത് ആലങ്കാരികമായിട്ടാണ്. അത് വ്യക്തി ചെയ്യുന്ന പാപമല്ല, മറിച്ച് അവന്‍ ജന്മനാ സ്വീകരിക്കുന്ന ഒരു അവസ്ഥയാണ്. (GS 13, CCC 404). എങ്കിലും അതിലൂടെ മനുഷ്യപ്രകൃതിക്ക് മുറിവേറ്റിരിക്കുന്നു. തത്ഫലമായി മനുഷ്യന്‍ പ്രകൃത്യാ പാപത്തിലേക്ക് ചായ്വുള്ളവനായിരിക്കുന്നു.

ഉത്ഭവപാപവും മനുഷ്യരുടെ വ്യക്തിപരമായ പാപങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമെല്ലാം ചേര്‍ന്ന് സമൂഹത്തില്‍ രൂപംകൊള്ളുന്ന ഒരു പാപകരമായ അവസ്ഥയുണ്ട്. ഇതിനെയാണ് ലോകത്തിന്‍റെ പാപം (Sin of the world) എന്ന് യോഹന്നാന്‍റെ ഭാഷയില്‍ വിളിക്കുന്നത് (യോഹ 1,29).  ഇത്തരം ഒരു പാപാവസ്ഥ സമൂഹത്തില്‍ രൂപംകൊണ്ടു കഴിഞ്ഞാല്‍ അത് വീണ്ടും പാപം ചെയ്യാന്‍ വ്യക്തികള്‍ക്ക് പ്രേരകമാകും (ഇഇഇ 408).3 വ്യക്തി ഉത്ഭവപാപത്തോടെ ജനിക്കുകയും ലോകത്തിന്‍റെ പാപത്തിന്‍റെ സ്വാധീനത്തില്‍ വളരുകയും ജീവിക്കുകയും ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഉത്തരവാദിയാകുന്നത് അവന്‍റെ സ്വന്തം തെരെഞ്ഞെടുപ്പിലൂടെ സംഭവിക്കുന്ന പാപങ്ങള്‍ക്കാണ്. അതുകൊണ്ട് ഇവിടെ പ്രധാനമായും നാം പ്രതിപാദിക്കുന്നത് തനതായ പാപത്തെക്കുറിച്ചാണ് (actual sin)

  1. പാപം വിശുദ്ധഗ്രന്ഥവീക്ഷണത്തില്‍

പഴയനിയമത്തില്‍ പാപമെന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പദങ്ങളെല്ലാം മനുഷ്യബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്. ഹീബ്രുഭാഷയില്‍ പാപം എന്ന ആശയം പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹത്ത (hata) എന്ന വാക്കിനര്‍ത്ഥം ലക്ഷ്യം തെററുക, പരാജയപ്പെടുക എന്നൊക്കെയാണ് (ന്യായാധി 2,16; സുഭാ 8,36; ഉല്പ 20,6; ജോബ് 16,24; സങ്കീ 25, 8; ഏശ 65,20). ആവോന്‍ (awom) എന്ന പദത്തിന് അര്‍ത്ഥം അകൃത്യങ്ങള്‍ എന്നാണ് (ജറെ 30,15; ജറെ 33,8). പെഷ (pescha) എന്ന പദം വളരെ വിരളമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും തകര്‍ന്ന ബന്ധത്തെ കുറിക്കാന്‍ ഏറ്റവും ശക്തമായി ഉപയോഗിക്കുന്ന പദമാണ്. ദൈവത്തിനെതിരെയുള്ള ജനത്തിന്‍റെ മറുതലിക്കലാണ് (revolt) അതുകൊണ്ട് ഉദ്ദേശിക്കുന്നത് (ഏശ 1,24 ഹോസി 8,1; എസക്കി 21,1 സങ്കീ 32,16; എശ 43,24).

പ്രവാചകന്മാരാണ് പാപത്തെക്കുറിച്ചുള്ള ശരിയായ അവബോധം ഇസ്രായേല്‍ ജനങ്ങളില്‍ ഉണര്‍ത്തുന്നത്. അവരുടെ വീക്ഷണത്തില്‍ ദൈവത്തിന്‍റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് പാപം. പ്രവാചകഭാഷയില്‍ അത് അവിശ്വസ്തതയാണ്, അന്ധതയാണ്, ഹൃദയം കഠിനമാക്കലാണ്, ദൈവവുമായുള്ള ഉടമ്പടി മറക്കലാണ്.

പുതിയ നിയമത്തില്‍ പാപത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹമാര്‍ത്തിയ (hamartia) എന്ന ഗ്രീക്കു പദത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യം തെറ്റുക, പരാജയപ്പെടുക എന്നെല്ലാമാണ്. ധൂര്‍ത്തപുത്രന്‍റെ പാപം പ്രധാനമായും സമ്പത്തു ധൂര്‍ത്തടിച്ചതോ അസാന്മാര്‍ഗ്ഗിക ജീവിതം നയിച്ചതോ അല്ല, അതിലുപരി പിതാവും കുടുംബവുമായുള്ള ബന്ധം നശിപ്പിച്ചതാണ്, ഉടമ്പടി ലംഘിച്ചതാണ്. യോഹന്നാന്‍റെ വീക്ഷണത്തില്‍ എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമായ പാപമുണ്ട്, മരണാര്‍ഹമല്ലാത്തതുമുണ്ട് (1 യോഹ 5,16-17). പുതിയനിയമ കാഴ്ചപ്പാടില്‍ എല്ലാ പാപങ്ങള്‍ക്കും ഒരേ ഗൗരവമല്ല ഉള്ളത്. ഒന്നാമതായി; പരിശുദ്ധാത്മാവിനെതിരായ പാപം, എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷമിക്കപ്പെടാത്ത പാപമുണ്ട്. കാരണം ഈ പാപം ചെയ്യുന്നവര്‍ മാനസാന്തരത്തിനുള്ള സാദ്ധ്യത പൂര്‍ണ്ണമായും തിരസ്ക്കരിക്കുന്നു (മത്താ 12,31-32; മര്‍ക്കോ 3,28-30; ലൂക്ക 12,10; 1 യോഹ 5, 16-17), രണ്ടാമതായി ചാര്‍ച്ചക്കാരുമായുള്ള അവിഹിതബന്ധങ്ങള്‍ (incest) പോലുള്ള ഗൗരവമായ പാപം ചെയ്തതുകൊണ്ട് സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടേണ്ടവര്‍  (1 കൊറി 5, 1-5), മൂന്നാമതായി സൗഹാര്‍ദ്ദപരമായ തിരുത്തല്‍ ആവശ്യമായ മാരകമല്ലാത്ത പാപങ്ങള്‍ (ഗലാത്തി6,1; യോഹ 5,16), നാലാമതായി മനുഷ്യന്‍റെ ബലഹീനതയില്‍ നിന്നും ആവിര്‍ഭവിക്കുന്ന അനുദിനപാപങ്ങള്‍. ബര്‍ണാഡ് ഹേറിങ്ങിന്‍റെ അഭിപ്രായത്തില്‍ എല്ലാ ഗൗരവമായ പാപങ്ങളേയും മാരകപാപങ്ങളായി കാണാനോ, എല്ലാ ലഘുപാപങ്ങളെയും ഗൗരവമായി കാണാനോ ഈ വിഷയത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥവീക്ഷണം അനുവദിക്കുന്നില്ല.5

  1. ക്രൈസ്തവപാരമ്പര്യം

 ആദിമസഭയില്‍ കൊലപാതകം, അശുദ്ധി, ദ്രവ്യാഗ്രഹം, മോഷണം തുടങ്ങിയ തിന്മകള്‍ കഠിനപാപങ്ങളായി കണക്കാക്കിയിരുന്നുവെന്നതിന് രണ്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ഡിഡാക്കെയില്‍ സൂചനകളുണ്ട്. ഈ രേഖ വിചാരത്താലും പ്രവൃത്തിയാലും ചെയ്ത പാപങ്ങളെ വേര്‍തിരിക്കുന്നു. ക്രൈസ്തവന്‍റെ മുമ്പില്‍ രണ്ട് സാദ്ധ്യതകളാണുള്ളത്. ഒന്നുകില്‍ ജീവനിലേക്ക് നയിക്കുന്ന നീതിമാന്‍റെ വഴി സ്വീകരിക്കാം. അല്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുന്ന പാപത്തിന്‍റെ വഴി സ്വീകരിക്കാം. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെ രചിക്കപ്പെട്ട ഹെര്‍മ്മാസിന്‍റെ ഇടയന്‍ (Sheperd of Hermas) എന്ന പ്രമാണരേഖ പാപത്തെക്കുറിച്ചുള്ള ആദിമക്രൈസ്തവ സഭയുടെ വീക്ഷണം കുറെക്കൂടി വിപുലമായി അവതരിപ്പിക്കുന്നുണ്ട്. വ്യഭിചാരം, മദ്യപാനം, അനീതി, അമിതമായ ദ്രവ്യാഗ്രഹം, വിഷയാസക്തി, അസൂയ, ദൈവദൂഷണം, മോഷണം, ചൂഷണം, കള്ളസാക്ഷ്യം, അസ്സന്മാര്‍ഗ്ഗികളുമായുള്ള സമ്പര്‍ക്കം എന്നിവ ഗൗരവമായ പാപങ്ങളായി അക്കാലത്ത് കണക്കാക്കിയിരുന്നു. സഭാപിതാക്കന്മാരുടെ കാലഘട്ടത്തില്‍ അനുരഞ്ജനകൂദാശയുടെ പരസ്യമായ സ്വീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ പാപത്തെക്കുറിച്ചുള്ള ദൈവശാസ്ത്രചിന്ത വളര്‍ന്നുവന്നു. വി.സിപ്രിയന്‍ മോഷണം, സമ്പത്ത് നശിപ്പിക്കല്‍, അമിതപലിശ, അനീതി, ചൂഷണം മുതലായവ ഗൗരവമായ പാപങ്ങളായി കണക്കാക്കി. ഒരിജന്‍ വ്യഭിചാരം, ദ്രവ്യാഗ്രഹം, വിഗ്രഹാരാധന, മദ്യാസക്തി തുടങ്ങിയവ ഒരുവനെ ദൈവരാജ്യത്തില്‍നിന്നും അകറ്റുന്ന പാപങ്ങളായി ചിത്രീകരിച്ചു. ഈ കാലഘട്ടത്തില്‍ ഈ പാപങ്ങളെല്ലാം പരസ്യമായ പ്രായശ്ചിത്തം ആവശ്യപ്പെടുന്ന കഠിന പാപങ്ങളായി മനസ്സിലാക്കിയിരുന്നു.6

സഭാപിതാക്കന്മാരില്‍ വി. അഗസ്തിനോസിന്‍റെ, പാപത്തെക്കുറിച്ചുള്ള വീക്ഷണമാണ് പില്ക്കാലത്തെ സഭയുടെ പഠനങ്ങളെകാര്യമായി സ്വാധീനിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദൈവികനിയമത്തിനെതിരായി ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് പാപം. ദൈവത്തില്‍നിന്ന് അകന്ന് സൃഷ്ടവസ്തുക്കളില്‍ അഭയം തേടുന്ന പ്രക്രിയായി (aversio adeo, conversio ad creaturam) പാപത്തെ അദ്ദേഹം നിര്‍വ്വചിച്ചു.7 അദ്ദേഹം പാപത്തെ ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന മാരകപാപമെന്നും (sin ad mortem), ക്ഷമിക്കപ്പെടാവുന്ന ലഘുപാപമെന്നും (veniabiliora)  തരം തിരിച്ചു. ഈ വിഷയത്തെ സംബന്ധിച്ച സഭയുടെ പില്ക്കാല പഠനങ്ങളില്‍ അഗസ്തീനോസിന്‍റെ സ്വാധീനം വളരെ ശക്തമായിരുന്നു.

രഹസ്യകുമ്പസാരത്തിന്‍റെ ആവിര്‍ഭാവത്തോടൂകൂടി പാപത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വീക്ഷണം വളര്‍ന്നു വരാന്‍ ഇടയായി. ആദിമ സഭയില്‍ നിലനിന്നിരുന്ന അനുരഞ്ജനകൂദാശയുടെ കര്‍ക്കശവും പരസ്യവുമായ അനുഷ്ഠാനം ആ രീതിയോട് സാവകാശം താല്പര്യം കുറയുന്നതിനും സാവകാശം രഹസ്യകുമ്പസാരത്തിന്‍റെ രീതി വളര്‍ന്നു വരുന്നതിനും ഇടയാക്കി. രഹസ്യകുമ്പസാരക്കാരനോട് രഹസ്യമായി ഏറ്റുപറയത്തക്കവിധം പാപങ്ങളെ നിര്‍വ്വചിക്കുക ആവശ്യമായിവന്നു. അതോടെ പാപങ്ങളുടെ പട്ടികയുമായാണ് ഒരാള്‍ കുമ്പസാരത്തിനണയുന്നത്. 8-ാം നൂറ്റാണ്ടോടെ രഹസ്യകുമ്പസാരം പ്രചാരത്തില്‍ വന്നതോടെ കുമ്പസാരക്കാരുടെ സഹായത്തിനായി പ്രത്യേകം തയ്യാറാക്കപ്പെട്ട ഗ്രന്ഥങ്ങള്‍ (Penitential books) പാപത്തെക്കുറിച്ചുള്ള ഈ സമീപനത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. ഈ ഗ്രന്ഥങ്ങള്‍ അനുതാപി കുമ്പസാരക്കാരനോട് ഏറ്റു പറയേണ്ട പാപങ്ങളുടെ പട്ടികയ്ക്കും അവയ്ക്ക് ആനുപാതികമായി കുമ്പസാരക്കാരന്‍ നല്കേണ്ട പ്രായശ്ചിത്തങ്ങള്‍ക്കും പ്രാമുഖ്യം നല്കി. വിശുദ്ധ ഗ്രന്ഥത്തിലും ആദിമസഭയിലും പാപത്തെ അനുതാപത്തിന്‍റേയും മാനസാന്തരത്തിന്‍റേയും പശ്ചാത്തലത്തിലാണ് മനസ്സിലാക്കാന്‍ ശ്രമിച്ചതെങ്കില്‍ കാലാന്തരത്തില്‍ ആ യാഥാര്‍ത്ഥ്യത്തെ കുമ്പസാരത്തിന്‍റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. പാപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ചില വികലതകള്‍ കടന്നു കൂടാന്‍ ഇത് ഒരു കാരണമായിട്ടുണ്ട്.

വി. തോമസ് അക്വീനാസ് പാപത്തെ ശരിയായി നിര്‍വ്വചിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ശരിയായ ധാര്‍മ്മിക ജീവിതം വ്യക്തിയുടെ ആത്യന്തിക ലക്ഷ്യമായ ദൈവവുമായി ഐക്യത്തിലായിരിക്കുന്നതാണ്. ഒരു പ്രവൃത്തി അത് ചെയ്യുന്ന വ്യക്തിയെ ആത്യന്തിക ലക്ഷ്യത്തിലേക്ക് നയിക്കുന്നതാണെങ്കില്‍ അത് ധാര്‍മ്മികമായി ശരിയും അല്ലാത്തപക്ഷം തെറ്റുമാണ്. ഈ കാഴ്ചപ്പാടില്‍ തെറ്റായിട്ടുള്ള പ്രവൃത്തികളിലൂടെ ആത്യന്തിക ലക്ഷ്യത്തില്‍ നിന്നും അകലുന്നതാണ് പാപം. ഒരുവന്‍ പാപം ചെയ്യുന്നതിലൂടെ, അവന്‍റെ ആത്യന്തികലക്ഷ്യമായ ദൈവത്തില്‍നിന്നും പൂര്‍ണ്ണമായും അകന്നുപോകാന്‍ ഇടയായാല്‍ അത് മാരകപാപമാണ്. ഒരാള്‍ ചെയ്യുന്ന പാപം ദൈവത്തില്‍നിന്നും അവനെ പൂര്‍ണ്ണമായും അകറ്റാന്‍ പര്യാപ്തമല്ലെങ്കില്‍ അത് ലഘുപാപവുമായിരിക്കും. കാരണം ലഘുപാപത്തിലൂടെ പാപം ചെയ്യുന്ന വ്യക്തിയുടെ ദൈവവുമായുള്ള ഐക്യമോ, നിത്യരക്ഷയോ നഷ്ടപ്പെടാന്‍ ഇടയില്ല. പാപത്തെ സംബന്ധിച്ച വിശുദ്ധ അക്വീനാസിന്‍റെ ഈ നിലപാടാണ് പില്ക്കാലത്ത് സഭയുടെ ഔദ്യോഗികനിലപാടായി സ്വീകരിക്കപ്പെട്ടത്.8 പക്ഷേ പില്ക്കാലത്തും വിശ്വാസികളുടെ പ്രായോഗിക ജീവിതത്തില്‍ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയതും ഈകാഴ്ചപ്പാടിനെക്കാള്‍ കുമ്പസാരത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന പാപത്തെക്കുറിച്ചുള്ള മുകളില്‍ സൂചിപ്പിച്ച ചില ധാരണകളാണ്.

3.1 ട്രെന്‍റ് സൂനഹദോസ്

പ്രോട്ടസ്റ്റന്‍റ് നവോത്ഥാനത്തിന് നേതൃത്വം നല്കിയ മാര്‍ട്ടിന്‍ ലൂഥറിന്‍റേയും കാല്‍വിന്‍റേയും മറ്റും അഭിപ്രായത്തില്‍ ഉത്ഭവപാപത്തിന്‍റെ ഫലമായി മനുഷ്യനില്‍ കുടികൊള്ളുന്ന, പാപകരമായ ആസക്തികളുടെ ഫലമായിട്ടാണ് വ്യക്തികള്‍ അനുദിനജീവിതത്തില്‍ പാപങ്ങള്‍ ചെയ്തു പോകുന്നത്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമേ അവയെ അതിജീവിക്കാന്‍ കഴിയുകയുള്ളു. ലൂഥറിന്‍റേയും മറ്റും ഈ നിലപാടിനെ കര്‍ശനമായി എതിര്‍ത്തുകൊണ്ട് ഉത്ഭവപാപം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ നശിപ്പിച്ചിട്ടില്ലെന്നും, ഉത്ഭവപാപത്തിന്‍റെ ഫലങ്ങള്‍ മാമ്മോദീസായിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നുവെന്നും ട്രെന്‍റ് കൗണ്‍സില്‍ വാദിച്ചു. അതുപോലെതന്നെ കുമ്പസാരത്തെക്കുറിച്ചുള്ള പ്രോട്ടസ്റ്റന്‍റുകാരുടെ വിമര്‍ശനത്തെ നേരിടാന്‍ ആ വിഷയത്തെ സംബന്ധിച്ച് വളരെ വിശദവും കര്‍ശനവുമായ പഠനം ഈ സൂനഹദോസ് നല്കി. ഈ കൗണ്‍സിലിന്‍റെ 14-ാമത്തെ സമ്മേളനത്തിന് കുമ്പസാരത്തിന് ഒരുക്കമായി വിശദമായ ആത്മപരിശോധന നടത്തണമെന്നും അതിനുശേഷം ഓര്‍മ്മിക്കുന്ന മാരകപാപങ്ങള്‍ എങ്കിലും, അവസാനത്തെ രണ്ടു പ്രമാണങ്ങള്‍ക്കെതിരായി ചെയ്ത വിചാരത്താലുള്ള പാപങ്ങളാണെങ്കില്‍ പോലും, എണ്ണവും തരവും സാഹചര്യങ്ങളോടുകൂടി കുമ്പസാരക്കാരനോട് ഏറ്റുപറയണമെന്നും നിഷ്കര്‍ഷിച്ചു.9 ലഘുപാപങ്ങള്‍ ഒരാളെ ദൈവൈക്യത്തില്‍ നിന്നും അകറ്റുന്നില്ലെങ്കിലും അവയും ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നത് ഉപകാരപ്രദമായിരിക്കും. പക്ഷേ അവ ഏറ്റുപറയാതിരിക്കുന്നത് കുറ്റകരമാകണമെന്നില്ല.

ട്രെന്‍റ് കൗണ്‍സിലിന്‍റെ കാലം മുതല്‍, കുമ്പസാരം വാസ്തവമാകണമെങ്കില്‍ ഗൗരവമായ പാപങ്ങളെല്ലാം സാഹചര്യങ്ങളും എണ്ണവും തരവും പറഞ്ഞു കുമ്പസാരിക്കണമെന്ന നിബന്ധന സഭയുടെ ഔദ്യോഗിക പഠനത്തിന്‍റെയും കാനോനനിയമത്തിന്‍റെയും ഭാഗമായിത്തീര്‍ന്നു.10 ട്രെന്‍റ് സുനഹദോസിനുശേഷം ആരംഭിച്ച വൈദികപരിശീലനത്തിനായി ഉപയോഗിച്ചിരുന്ന ധാര്‍മ്മികദൈവശാസ്ത്രത്തിലും പാപത്തെ നിര്‍വ്വചിച്ചത് കുമ്പസാരത്തിന്‍റെ പശ്ചാത്തലത്തിലാണ്. കുമ്പസാരക്കാരന്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഒരു പാപി ഏറ്റുപറയുന്ന പാപങ്ങള്‍ മാരകമാണോ അല്ലയോ എന്നായിരുന്നു. ഈ സാഹചര്യത്തില്‍ പാപമെന്ന യാഥാര്‍ത്ഥ്യത്തെ പാപപ്രവൃത്തികളും നിയമലംഘനങ്ങളുമായി താദാത്മ്യപ്പെടുത്താന്‍ തുടങ്ങി. പാപത്തെക്കുറിച്ച് വിശുദ്ധ തോമസ് അക്വീനാസും മറ്റും വിഭാവനം ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു ദര്‍ശനം വളര്‍ന്നു വന്നു. ബര്‍ണാഡ് ഹേറിങ്ങ് അഭിപ്രായപ്പെടുന്നതുപോലെ ആദിമ നൂറ്റാണ്ടു മുതല്‍ സഭയില്‍ എല്ലാ പാപങ്ങളെയും ഒരു പോലെയല്ല വീക്ഷിച്ചിരുന്നത്. പകരം അവയുടെ ഗൗരവത്തിന് വ്യത്യാസമുണ്ടെന്ന് അംഗീകരിച്ചിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ കുമ്പസാരത്തിന്‍റെ പശ്ചാത്തലത്തില്‍ കണിശമായി മാരകപാപം, ലഘുപാപം എന്ന് രണ്ടായി മാത്രം പാപത്തെ തരം തിരിച്ചപ്പോള്‍ ഗൗരവപാപങ്ങളെല്ലാം മാരകപാപങ്ങളാണെന്നും ലഘുപാപങ്ങളൊന്നും ഗൗരവമുള്ളവയല്ലെന്നുമുള്ള തെറ്റിദ്ധാരണ ക്രൈസ്തവരുടെയിടയില്‍ വളര്‍ന്നു വന്നു. കത്തോലിക്കരുടെ ഭാഗത്തുനിന്നും ജാന്‍സനിസവും പ്രോട്ടസ്റ്റന്‍റ് പക്ഷത്തുനിന്നു കാല്‍വിനിസവും ഈ കാര്‍ക്കശ്യസ്വഭാവത്തിന് ആക്കംകൂട്ടി. ഈ പ്രവണത പാപത്തെക്കുറിച്ചുള്ള ശരിയായ ഒരു കാഴ്ചപ്പാട് നഷ്ടപ്പെടാനും പാപത്തെക്കുറിച്ച് വിശ്വാസികളില്‍ അകാരണമായ കുറ്റബോധം ജനിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട് എന്ന് ചില ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.11

3.2 പാപത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികപഠനം

ഏതെങ്കിലും സൃഷ്ടവസ്തുവിനോടുള്ള അനധികൃതമായ താല്പര്യത്തിന്‍റെ പേരില്‍ ശരിയായ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും പരാജയം സംഭവിക്കുന്നതാണ് പാപം. അത് ദൈവത്തിനെതിരായ തിന്മയാണ്. കാരണം അത് ദൈവസ്നേഹത്തില്‍നിന്നും നമ്മെ അകറ്റുകമാത്രമല്ല, അവിടുത്തെ തിരസ്ക്കരിക്കുന്നിടത്തോളം എത്തുന്ന കടുത്ത സ്വാര്‍ത്ഥതയുമാകാം. പാപത്തിന്‍റെ ഗൗരവമനുസരിച്ച് അവയെ മാരകപാപങ്ങളെന്നും ലഘുപാപങ്ങളെന്നും വേര്‍തിരിച്ചിരിക്കുന്നു.

മാരകപാപം: സഭാ പ്രബോധനങ്ങളനുസരിച്ച് ദൈവപ്രമാണങ്ങളുടെ ഘനമായ ലംഘനത്തിലൂടെ ഒരാള്‍ക്ക് ദൈവവുമായുള്ള ഐക്യം നഷ്ടപ്പെടുമ്പോഴാണ് അതിനെ മാരകപാപമെന്ന് പറയുന്നത്. മനുഷ്യന്‍ തന്‍റെ ആത്യന്തികലക്ഷ്യമായ ദൈവത്തെ പരിത്യജിച്ച് ഒരു താത്കാലികലക്ഷ്യത്തിന് ജീവിതത്തില്‍ പ്രാമുഖ്യം നല്കുന്നതാണത് (CCC 1852). മാരകപാപം ചെയ്യുന്നതിലൂടെ ആ വ്യക്തിക്കു തന്നിലുള്ള പരിശുദ്ധാത്മാവിന്‍റെ ആവാസം നഷ്ടപ്പെടുകയും ആദ്ധ്യാത്മിക മരണം സംഭവിക്കുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ആദ്ധ്യാത്മികമായ ആത്മഹത്യയാണത്. കാരണം പാപത്തിലൂടെ തന്‍റെ ഹൃദയത്തില്‍നിന്നും ദൈവത്തെ നിഷ്കാസനം ചെയ്ത് മറ്റൊരു സൃഷ്ടവസ്തുവിനെ അവിടെ പ്രതിഷ്ഠിക്കുന്നു. ഒരാള്‍ ബോധപൂര്‍വ്വം ദൈവഹിതത്തിനെതിരായോ സഹോദരനെതിരായോ തനിക്കുതന്നെ ദോഷകരമായോ ഗൗരവമായ ഒരു കാര്യം ചെയ്യുമ്പോഴാണ് അത് മാരകപാപമായി കണക്കാക്കുന്നത്. മാരകപാപമായി സഭ പഠിപ്പിക്കുന്ന ഒരു കാര്യത്തില്‍ ചിന്തയാലോ, വാക്കാലോ, പ്രവൃത്തിയാലോ, ഉപേക്ഷയാലോ, ഒരു വ്യക്തി മാരകപാപം ചെയ്യാന്‍ ഇടയുണ്ട്. ഒരു മാരകപാപം ചെയ്യുന്നതോടെ ആ വ്യക്തി പൂര്‍ണ്ണമായും ഒരു പാപാവസ്ഥയിലെത്തിച്ചേരുന്നു. വിഗ്രഹാരാധന, പാഷണ്ഡത, ദൈവദൂഷണം, ദൈവനാമത്തില്‍ തെറ്റായ ലക്ഷ്യത്തോടെ ആണയിടുക, ഞായറാഴ്ചകളും കടമുള്ള ദിവസങ്ങളും വിശുദ്ധമായി ആചരിക്കാതിരിക്കുക തുടങ്ങി കൊലപാതകം, ആത്മഹത്യ, ഗൗരവമേറിയ കളവുകള്‍, തേജോവധം ചെയ്യുക മുതലായവയും മാരകപാപങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.12

എല്ലാ മാരകപാപങ്ങളും ഗൗരവമേറിയവയാണെങ്കിലും സഭാ പാരമ്പര്യത്തില്‍ അവയെല്ലാം തുല്യമായല്ല പരിഗണിക്കുന്നത്. ഉദാഹരണമായി, പരിശുദ്ധാത്മാവിനെതിരായ പാപങ്ങളാണ് ഏറ്റവും നീചമായവ. അടുത്തുവരുന്നവയാണ് ദൈവസന്നിധിയില്‍ പ്രതികാരത്തിനായി കരയുന്ന കൊലപാതകം, പാവപ്പെട്ടവരെ പീഡിപ്പിക്കല്‍, വേലക്കാര്‍ക്ക് കൂലികൊടുക്കാതിരിക്കല്‍, സ്വവര്‍ഗ്ഗരതി മുതലായവ. പരമ്പരാഗതമായി ഒരു കാര്യം മാരകപാപമാണോ എന്ന് പരിശോധിക്കുന്ന മാനദണ്ഡങ്ങള്‍ പ്രവൃത്തിയുടെ ഗൗരവം (gravity of matter), ആവശ്യമായ അറിവ് (sufficiency of reflection), പൂര്‍ണ്ണമായ സമ്മതം (fulness of consent)  എന്നിവയാണ് (CCC1856). പാപപ്രവൃത്തിയുടെ ഗൗരവം നോക്കി ഒരു കാര്യം വസ്തു നിഷ്ഠമായി ഗൗരവമുള്ളതായി കണക്കാക്കാമെങ്കിലും മറ്റു രണ്ടു മാനദണ്ഡങ്ങളും ഉണ്ടെങ്കിലേ അത് ചെയ്ത വ്യക്തി മാരക പാപത്തിന് ഉത്തരവാദിയാകുകയുള്ളു. അതുപോലെതന്നെ എല്ലാ മാരകപാപങ്ങളും ഗൗരവമായവയാണെങ്കിലും തുല്യമല്ല. ഇത് ലഘു പാപങ്ങളുടെ കാര്യത്തിലും ശരിയാണ്.

മാരകപാപം നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ ഒരു സാദ്ധ്യതയാണ്. മാരകപാപം ചെയ്യുന്നതിലൂടെ വ്യക്തിയുടെ ദൈവവുമായുള്ള സ്നേഹബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെടുന്നു. അത് നമ്മെ ദൈവരാജ്യത്തില്‍നിന്നും പുറന്തള്ളുകയും നിത്യനരകാഗ്നിക്ക് ഇരയാക്കുകയും ചെയ്യും (CCC 1861). ഇത്തരം ഒരു പാപത്തിലൂടെ പാപി ദൈവവരപ്രസാദം നിഷേധിക്കുക മാത്രമല്ല, ദൈവത്തിന്‍റെ ആ ദാനം നന്ദിരഹിതമായി ദൈവത്തിന്‍റെ മുഖത്ത് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ദൈവവരപ്രസാദം നമ്മള്‍ ധിക്കാരപൂര്‍വ്വം നിരസിച്ചാല്‍, നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടാതെ അത് വീണ്ടെടുക്കാന്‍ നമുക്ക് കഴിയുകയില്ല. മാത്രമല്ല, ദൈവത്തില്‍നിന്നും അകലുന്ന മനുഷ്യന്‍ തന്നെത്തന്നെ പൈശാചിക ശക്തിക്ക് ഏല്പിച്ചുകൊടുക്കുന്നു. അത് അവനെ നിത്യനാശത്തിലേക്ക് നയിക്കുകയും നിത്യനരകാഗ്നിക്ക് അര്‍ഹനാക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗീയജീവനെ സംബന്ധിച്ചിടത്തോളം പാപി മൃതനായി തുടരുന്ന അവസ്ഥയാണ് മാരകപാപം. അത് ഒരു പാപപ്രവൃത്തി മാത്രമല്ല, അതില്‍നിന്നും ഉത്ഭവിക്കുന്ന ഒരു പാപാവസ്ഥകൂടിയാണ്.13 മാരകമായിമുറിവേറ്റ വ്യക്തി വളരെ സാവകാശം മാത്രം സുഖപ്പെടുന്നതുപോലെയാണ് മാരകപാപം ചെയ്ത വ്യക്തിയുടെ സ്ഥിതിയും. ദൈവം തന്‍റെ സ്നേഹം നമ്മുടെമേല്‍ ഒരിക്കലും അടിച്ചേല്പിക്കുകയില്ല.

ലഘുപാപം: പാപത്തിന്‍റെ ഗൗരവമനുസരിച്ചാണ് അവയെ മാരകമെന്നും മാരകമല്ലാത്തവയെന്നും വേര്‍തിരിക്കുന്നത്. ലഘു പാപങ്ങള്‍ പാപമെന്ന നിലക്ക് ദൈവേഷ്ടത്തിന് വിരുദ്ധമായവയാണെങ്കിലും ദൈവമനുഷ്യബന്ധം പൂര്‍ണ്ണമായും വിഛേദിക്കാന്‍ അവ പര്യാപ്തമല്ല. സഭയുടെ പഠനമനുസരിച്ച് ഗൗരവമല്ലാത്ത കാര്യത്തില്‍ ഒരാള്‍ ഒരു പാപം ചെയ്യുകയോ, ഗൗരവമായ കാര്യത്തില്‍ പൂര്‍ണ്ണ അറിവും സമ്മതവുമില്ലാതെ തെറ്റു ചെയ്യുകയോ ചെയ്യുമ്പോഴാണ് അത് ലഘുപാപമാകുന്നത് (CCC 1862). പലപ്പോഴും മാരകപാപങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്കുകയും ലഘുപാപങ്ങളെ അപ്രധാനങ്ങളായി കണക്കാക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണുള്ളത്. ലഘുപാപങ്ങള്‍ മാരകപാപംപോലെ ഗൗരവമുള്ളവയല്ലെങ്കിലും ബോധപൂര്‍വ്വവും തുടര്‍ച്ചയായും ചെയ്യുന്ന അത്തരം പാപങ്ങള്‍ മാരകപാപത്തിന് വഴിതെളിക്കാനിടയുണ്ട് (CCC 1863). കുറെ ലഘുപാപങ്ങള്‍ ചേര്‍ന്നതല്ല ഒരു മാരകപാപം. അവ തമ്മില്‍ വലുപ്പത്തിന്‍റെ വ്യത്യാസമല്ല ഗുണത്തിന്‍റെ വ്യത്യാസമാണുള്ളത്. അവ തമ്മിലുള്ള ശരിയായ വ്യത്യാസം അവയുടെ ആഴത്തിലാണ് (intensity). അതേസമയം അവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒരാള്‍ ലഘുപാപങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ മാരകപാപം ചെയ്യാനുള്ള ഒരു മനോഭാവം അയാളില്‍ സാവകാശം രൂപംകൊള്ളുന്നു, ചെറിയ രോഗങ്ങള്‍ മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുന്നതുപോലെ. അതുകൊണ്ട് ലഘുപാപങ്ങള്‍ മാരകമല്ലാത്തതുകൊണ്ട് പാപമല്ലെന്നോ അപകടകരമല്ലെന്നോ പറയാനാവില്ല.14

  1. ദൈവശാസ്ത്രരംഗത്തെ നൂതനാഭിമുഖ്യങ്ങള്‍

കുമ്പസാരത്തെമാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പാപത്തിന്‍റെ നിര്‍വ്വചനവും തരംതിരിവും ഈ യാഥാര്‍ത്ഥ്യത്തെ അതിന്‍റെ പൂര്‍ണ്ണതയിലും സത്യസന്ധമായും മനസ്സിലാക്കുന്നതിന് സഹായിക്കുന്നില്ല എന്ന അവബോധം സാവകാശം വളര്‍ന്നുവന്നു. മാരകപാപവും ലഘുപാപവും എന്ന വിഭജനം പ്രസക്തമാണെങ്കിലും പാപത്തെ വെറും നിയമത്തിന്‍റെ ലംഘനമായി കാണാന്‍ പലരും വിസമ്മതിച്ചു. ചാവുദോഷത്തിന്‍ കീഴില്‍ കടപ്പെടുത്തിക്കൊണ്ട് വിശ്വാസികളെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്ന രീതി ചില ദൈവശാസ്ത്രജ്ഞന്മാരുടെ വിമര്‍ശനത്തിനു വിധേയമായി. വെറും നൈയാമികവും യാന്ത്രികവും പ്രവൃത്തിയധിഷ്ഠിതവുമായി പാപത്തെ വീക്ഷിക്കുന്ന രീതിയോട് പൊതുവെ ഉണ്ടായ അഭിപ്രായ വ്യത്യാസം ഈ വിഷയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് ആക്കംകൂട്ടി. ഗൗരവമായ പാപങ്ങളെല്ലാം മാരകപാപങ്ങളാണെന്നും ലഘുപാപങ്ങളെല്ലാം ഗൗരവമില്ലാത്തവയുമാണെന്ന പരമ്പരാഗത ചിന്ത അംഗീകരിക്കാവുന്നതല്ലെന്ന് പലരും ചൂണ്ടിക്കാട്ടി.15

ഇതിനുപുറമെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വി. ഗ്രന്ഥത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റേയും പശ്ചാത്തലത്തില്‍, ധാര്‍മ്മിക ദൈവശാസ്ത്രത്തെ ശാസ്ത്രീയമായി ആവിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ടു.16 ധാര്‍മ്മിക ജീവിതത്തെ ഒരു ദൈവവിളിയായി കാണുകയും വെറും നിയമങ്ങളുടെ അനുസരണത്തേക്കാള്‍ ക്രിസ്താനുകരണത്തിനും ശിഷ്യത്വത്തിനും, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ധാര്‍മ്മിക ജീവിതത്തില്‍ പ്രാമുഖ്യം നല്കുകയും ചെയ്തു. അത്തരം സമീപനത്തില്‍ പാപം വെറും ധാര്‍മ്മിക നിയമങ്ങളുടെ ലംഘനം എന്നതിനേക്കാള്‍ നിത്യരക്ഷയുടെ പദ്ധതിയില്‍ തന്നെത്തന്നെ സമര്‍പ്പിക്കുന്നതില്‍ വ്യക്തിക്ക് വരുന്ന പരാജയമായി മനസ്സിലാക്കുവാന്‍ തുടങ്ങി. അതോടെ ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ടതും ചെയ്യാമായിരുന്നതും പാപമായി കാണാന്‍ തുടങ്ങി. ക്രൈസ്തവചിന്തയില്‍ പലപ്പോഴും വിസ്മരിക്കപ്പെട്ട അത്തരം ഉപേക്ഷയുടെ പാപങ്ങളും തുല്യപ്രാധാന്യമുള്ളവയായി. ശിഷ്യത്വത്തിലേയ്ക്കുള്ള വിളി അടിസ്ഥാനപരമായി ദൈവവുമായും മറ്റുള്ളവരുമായും ഉള്ള ശരിയായ ബന്ധത്തില്‍ വളരാനും നിലനില്ക്കാനുമുള്ള ആഹ്വാനമാണ്. എങ്കില്‍ പാപം ഈ ബന്ധങ്ങളില്‍ വരുന്ന തളര്‍ച്ചയും തകര്‍ച്ചയും പരാജയവുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്നേഹിക്കാനുള്ള ദൈവവിളിയുടെ ബോധപൂര്‍വ്വമായ നിഷേധമാണ് പാപം. അതും വെറും ഒരു നിയമം ലംഘിക്കുന്നതിലോ തെറ്റു ചെയ്യുന്നതിലോ അവസാനിക്കുന്ന ഒന്നല്ല. അത് പ്രധാനമായും ڇ ദൈവവും മറ്റുള്ളവരുമായുള്ള പാപിയുടെ ബന്ധം വിഛേദിക്കലാണ്.ڈ17 ഈ പശ്ചാത്തലത്തിലാണ് സാവകാശം പാപത്തേയും മാനസാന്തരത്തേയും കത്തോലിക്കാദൈവശാസ്ത്രജ്ഞന്മാര്‍ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കിയത്.

4.1 പാപം: ഒരു പുനര്‍വിചിന്തനം

പാപത്തെയും മാനസാന്തരത്തേയും കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടിന് കാതലായ മാറ്റം  വരുത്തുന്നതിന് പ്രധാനമായും കാരണമായത് ധാര്‍മ്മിക പരിഗണനയില്‍ പ്രവൃത്ത്യധിഷ്ഠിതസമീപനം (act-oriented) വ്യക്ത്യധിഷ്ഠിത സമീപനത്തിന് (Person-oriented) വഴിമാറിയതാണ്. പാപവും പുണ്യവും പ്രവൃത്തിയുടെ വിശേഷണങ്ങളാണ് എന്നതിനേക്കാള്‍ വ്യക്തിയുടെ വിശേഷണങ്ങളായി പരിഗണിക്കപ്പെടാന്‍ തുടങ്ങി. പാപം പ്രധാനമായും വ്യക്തിയിലാണ് അല്ലാതെ പ്രവൃത്തിയിലല്ല സ്ഥിതിചെയ്യുന്നത്. പ്രവൃത്തി തെറ്റോ ശരിയോ എന്നതിനേക്കാള്‍ അത് വ്യക്തിയിലും അവന്‍റെ ആത്യന്തിക ലക്ഷ്യവുമായുള്ള ബന്ധത്തിലും എന്ത് മാറ്റം വരുത്തുന്നു എന്നതിനായി ഊന്നല്‍. ഈ വീക്ഷണത്തില്‍ തന്‍റെ തീരുമാനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഉപേക്ഷകളിലൂടെയും വ്യക്തി പാപത്തിലോ പുണ്യത്തിലോ ദൃഢപ്പെടുന്നു. അതുകൊണ്ട് എന്തുചെയ്തു എന്നതിനേക്കാള്‍, വ്യക്തി ആരായിത്തീരുന്നു എന്ന വസ്തുത ധാര്‍മ്മിക പരിഗണനയില്‍ പ്രാമുഖ്യം നേടുന്നു. ഈ സമീപനത്തില്‍ ആത്യന്തിക ലക്ഷ്യത്തോടുള്ള (ദൈവം) വ്യക്തിയുടെ നിലപാടിനെ (fundamental option) പാപത്തിന്‍റെയോ പുണ്യത്തിന്‍റെയോ ആത്യന്തിക മാനദണ്ഡമായി കാണാന്‍ തുടങ്ങി.

മനുഷ്യജീവിതം ഒറ്റപ്പെട്ട കുറെ പ്രവര്‍ത്തനങ്ങളുടെ സമാഹാരമല്ല. അനുദിനജീവിതത്തിലെ നിരവധി തീരുമാനങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ആണ് വ്യക്തിയില്‍ സ്ഥായിയായ ഒരു നിലപാട് വെളിപ്പെടുന്നത്. ഇതാകട്ടെ സാവകാശം വ്യക്തിയില്‍ രൂപംകൊള്ളുന്ന ഒരു മൗലികമായ നിലപാടാണ്.(fundamental  stance).18 ഈ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് ഒരുവന്‍റെ ആത്യന്തികലക്ഷ്യമായ ദൈവത്തിനും സഹോദരങ്ങള്‍ക്കും ലോകത്തിനും അനുകൂലമോ പ്രതികൂലമോ ആകാം. ഈ നിലപാടാണ് അവന്‍റെ നിത്യരക്ഷ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം. അതുകൊണ്ട് സ്ഥായിയായ ഈ നിലപാടാണ് വ്യക്തിയുടെ ധാര്‍മ്മികത അഥവാ പുണ്യപാപങ്ങള്‍ നിര്‍ണ്ണയിക്കുന്ന ആത്യന്തികമായ മാനദണ്ഡം. ഈ സമീപനത്തില്‍ വ്യക്തികള്‍ അവരുടെ ജീവിതത്തില്‍ ദൈവോന്മുഖരോ (state of grace) സ്വാര്‍ത്ഥോന്മുഖരോ (state of sin) ആയിത്തീരാന്‍ ഇടയുണ്ട്. ആത്യന്തികമായ ഈ നിലപാടിനെ ആവിഷ്ക്കരിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതിന്‍റെ തോതനുസരിച്ചാണ് പ്രവൃത്തികളുടെ ധര്‍മ്മാധര്‍മ്മ വിവേചനം നടത്തുന്നത്. ഒരുവനെ ദൈവോന്മുഖതയില്‍ വളരാന്‍ സഹായിക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ധാര്‍മ്മികമായി ശരിയും, അവനെ ദൈവോന്മുഖതയില്‍നിന്നും വ്യതിചലിപ്പിക്കുകയോ സ്വാര്‍ത്ഥോന്മുഖതയില്‍ ശക്തിപ്പെടുത്തുകയോ ചെയ്യുന്നവ തെറ്റുമായിരിക്കും.

4.2 മാരകപാപാവസ്ഥയില്‍ ഗൗരവമായ പാപങ്ങള്‍

ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാര്‍ പലരുടെയും അഭിപ്രായത്തില്‍ മുകളില്‍ സൂചിപ്പിച്ച കാഴ്ചപ്പാടില്‍ മാരകപാപം ഒറ്റപ്പെട്ട ഗൗരവമായ ഒരു തിന്മപ്രവൃത്തി എന്നതിനേക്കാള്‍ ഒരാള്‍ ദൈവത്തിനും സമൂഹത്തിനുമെതിരായി സ്വീകരിക്കുന്ന അടിസ്ഥാനപരമായ ജീവിത നിലപാടാണ് (negative fundamental option).19 നിഷേധാത്മകമായ ഒരവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍, ജീവിതത്തിലെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും നിലപാടുകളുമെല്ലാം സാധാരണഗതിയില്‍ ഇതിന്‍റെ പ്രകാശനങ്ങളായിരിക്കും. ഈ അവസ്ഥ ചുരുങ്ങിയ സമയംകൊണ്ട് രൂപപ്പെടുന്നതല്ല. ഒരിക്കല്‍ ഇത്തരം ഒരു പാപാവസ്ഥയില്‍ ഒരാളെത്തിയാല്‍ അതില്‍നിന്നും പ്രസാദവരാവസ്ഥയിലേക്ക് തിരിയുക അസാദ്ധ്യമല്ലെങ്കിലും ക്ലേശകരമാണ്. വരപ്രസാദാവസ്ഥയില്‍നിന്നു പാപാവസ്ഥയിലേക്കും മറിച്ചുമുള്ള മാറ്റം ദിവസംതോറും നടക്കുന്നു എന്ന് ചിന്തിക്കുന്നത് യാഥാര്‍ത്ഥ്യത്തിന് ചേര്‍ന്നതല്ല. കാരണം ഒരാളുടെ ജീവിതത്തിലെ അടിസ്ഥാനപരമായ നിലപാട് നല്ലതോ ചീത്തയോ ആകട്ടെ, സ്ഥായിയായിരിക്കും. ചില ഘട്ടങ്ങളില്‍ ഗൗരവമായ ഒരു പാപപ്രവൃത്തികൊണ്ട് ഒരാള്‍ മാരക പാപാവസ്ഥയില്‍ അധഃപതിക്കാമെങ്കിലും സാധാരണഗതിയില്‍ ഒരു പ്രവൃത്തികൊണ്ട് ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ നിലപാടില്‍ മുഴുവനായും മാറ്റം സംഭവിക്കുക സാധ്യമല്ല.20

അത്തരം ഒരു പാപപ്രവൃത്തി വ്യക്തിയുടെ ദൈവാഭിമുഖ്യം പൂര്‍ണ്ണമായും നഷ്ടപ്പെടുത്താന്‍ പര്യാപ്തമല്ല. അതുകൊണ്ട് അത്തരം ഒരു പാപപ്രവൃത്തി ഗൗരവമായതാണെങ്കിലും അതിനെ മാരകപാപമെന്ന് വിളിക്കുന്നത് ശരിയല്ലെന്നും, അവയെ ഗൗരവ പാപമെന്ന് വിളിക്കുകയാണ് ഉചിതമെന്നും പല കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു.21 ലഘുപാപങ്ങള്‍ എന്ന് പരമ്പരാഗതമായി വിളിക്കുന്നവ ഒരു വ്യക്തിയുടെ ദൈവോന്മുഖതയെ സ്ഥായിയായി സ്വാധീനിക്കാന്‍ പര്യാപ്തമല്ല. അതേസമയം ആവര്‍ത്തിക്കപ്പെടുന്ന ഗൗരവപാപങ്ങളും ലഘു പാപങ്ങളും അതിനേക്കാള്‍ ഉപരിയായി ഉപേക്ഷയുടെ പാപങ്ങളും ഒരാളുടെ ദൈവാനുകൂലമായ നിലപാടിനെ ക്ഷയിപ്പിക്കുകയും മാരകപാപാവാസ്ഥയിലേക്ക് വ്യക്തിയെ സാവകാശം നയിക്കുകയും ചെയ്യും. അതുകൊണ്ട് അവയെ നിസ്സാരമായി കാണാന്‍ ഈ സമീപനം അനുവദിക്കുന്നില്ല.22

കത്തോലിക്കാ ദൈവശാസ്ത്രം മാരകപാപത്തെ നിര്‍വ്വചിക്കു ന്നത് വ്യക്തിയുടെ ദൈവവുമായുള്ള ബന്ധത്തിന്‍റെ പൂര്‍ണ്ണവും സ്ഥായിയുമായ വിഛേദമായിട്ടാണ്. പക്ഷേ പരമ്പരാഗതമായി മാരക പാപങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പല പ്രവൃത്തികളും ഗൗരവമേറിയ വയാണെങ്കിലും ദൈവവുമായുള്ള ബന്ധത്തിന്‍റെ പൂര്‍ണ്ണവിഛേദ നത്തിനും മനുഷ്യന്‍റെ നിത്യനാശത്തിനും കാരണമാകുന്നു എന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വാദിക്കുന്നു. അതുകൊണ്ട് അവര്‍ അത്തരം ഒറ്റപ്പെട്ട പാപപ്രവൃത്തി കളെ മാരകപാപമെന്ന് വിളിക്കാന്‍ വിമുഖത കാണിക്കുന്നു. സാധാരണ ഒരാള്‍ ഗൗരവമായ ഒരു പാപം ചെയ്യുമ്പോള്‍ ആ പ്രവൃത്തിയില്‍ പാപമെന്ന യാഥാര്‍ത്ഥ്യം മുഴുവനുമായി ഉണ്ട് എന്നാണ് വിവക്ഷ. എന്നാല്‍ അതു ശരിയാകണമെന്നില്ല. അത്തരം പല പാപപ്രവൃത്തി കളിലും വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്ന പാപമെന്ന യാഥാര്‍ത്ഥ്യം (hattah) പൂര്‍ണ്ണമായും ഉണ്ടാകണമെന്നില്ലെന്ന് അവര്‍ അഭിപ്രായ പ്പെടുന്നു.23

മുകളില്‍ സൂചിപ്പിച്ച വീക്ഷണത്തില്‍ മാരകപാപം ഒരു പ്രവൃത്തിയെന്നതിനേക്കാള്‍ വ്യക്തിയില്‍ സാവകാശം രൂപം കൊള്ളുന്ന പാപാവസ്ഥയാണ്. (negative fundamental option or a state of sin).24 അവരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് തന്‍റെ നിത്യരക്ഷയെ സംബന്ധിച്ച തീരുമാനം ഒറ്റ നിമിഷംകൊണ്ടോ ഒറ്റ പ്രവൃത്തികൊണ്ടോ എടുക്കാന്‍ സാധാരണഗതിയില്‍ സാധ്യമല്ല. അതേ സമയം ഇത്തരം ഒരു അവസ്ഥയിലേക്ക് വ്യക്തി എത്തുന്നത് ഗുരുവും ലഘുവുമായ പാപപ്രവൃത്തികളിലൂടെയാണെന്നതിന് സംശയമില്ല. ഈ പരിഗണനയില്‍ പാപപ്രവൃത്തികള്‍ പോലെ തന്നെ പ്രധാനപ്പെട്ട വയാണ് ഉപേക്ഷയുടെ പാപങ്ങളും. കാരണം ദൈവോന്മുഖതയില്‍ അനുസ്യൂതം വളരാനും ശക്തിപ്പെടാനും ശ്രമിക്കാത്ത വ്യക്തിയില്‍ അവന്‍റെ ദൈവോന്മുഖതയുടെ ശക്തിക്ഷയിച്ച് വിപരീതമായ നിലപാട് സാവകാശം രൂപം കൊള്ളുക സ്വാഭാവികമാണ്.

ഈ സമീപനത്തില്‍ ഗൗരവമായ പാപങ്ങള്‍ മാരകപാപ ങ്ങളല്ലെങ്കിലും, അവ ദൈവമനുഷ്യബന്ധത്തെ ക്ഷയിപ്പിക്കുന്നതു കൊണ്ട് ആര്‍ക്കും അവയെ അവഗണിക്കാനാവില്ല. അത്തരം അവസരത്തില്‍ ഒരു പരിധിവരെയെങ്കിലും ധാര്‍മ്മികാവബോധ മുള്ളവര്‍ക്ക് തന്‍റെ ഉള്ളിന്‍റെ തീരുമാനങ്ങള്‍ തന്‍റെ ആത്യന്തിക ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, എപ്പോഴാണ് അത് മാരകപാപമാകുക എന്ന് പറയുക എളുപ്പമല്ല. ഇതുപോലെ തന്നെ ലഘുപാപങ്ങള്‍ക്ക് ദൈവമനുഷ്യബന്ധത്തെ തകര്‍ക്കാന്‍ കഴിയില്ലെങ്കിലും അതില്‍ ശിഥിലീകരണം വരുത്താനും തെറ്റായ ദിശയിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുവാനും കഴിയും. അതുകൊണ്ട് ലഘുപാപങ്ങളെ പൊതുവെ ഗൗരവ മില്ലാത്തവയായി കാണുന്നതും ശരിയല്ല.

മാരകപാപത്തെ വ്യക്തി സാവകാശം എത്തിച്ചേരുന്ന പാപാവസ്ഥയായി കാണുന്ന ദൈവശാസ്ത്രവീക്ഷണത്തില്‍ മാരകപാപം വളരെ എളുപ്പത്തില്‍ തുടരെ തുടരെ സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി വീക്ഷിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.25 വരപ്രസാദാവസ്ഥയില്‍ നിന്നും മാരകപാപാവസ്ഥ യിലേക്കും അവിടെനിന്ന് തിരിച്ചും നീങ്ങാനുള്ള സാധ്യത വ്യക്തിയുടെ ജീവിതത്തിലുണ്ടെങ്കിലും ആ വ്യക്തിയുടെ ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പിലൂടെ ദൈവത്തോടും സഹോദരങ്ങളോടും ഈ ലോകത്തോടു തന്നെയുമുള്ള അയാളുടെ അടിസ്ഥാനപരമായ നിലപാടുതന്നെ മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന്‍റെ സവിശേഷത മനസ്സിലാക്കുമ്പോള്‍ അത്തരം അടിസ്ഥാനപരമായ മാറ്റം നിത്യേന നടക്കുന്ന ഒരു പ്രതിഭാസമാകാന്‍  പറ്റില്ല. അതേസമയം പാപം മനുഷ്യസ്വഭാവത്തിന്‍റെ അടിസ്ഥാന പരമായ ഒരു സാദ്ധ്യതയായി എന്നും നിലകൊള്ളുന്നു.

  1. സമീപകാല സഭാപ്രബോധനങ്ങളുടെ പ്രതികരണം

വ്യക്തിയുടെ ധാര്‍മ്മികത നിര്‍ണ്ണയിക്കുന്നത് പ്രധാനമായും ആത്യന്തിക ലക്ഷ്യമായ ദൈവത്തോടുള്ള അവന്‍റെ അടിസ്ഥാനപര മായ നിലപാടാണ് (fundamental option) എന്ന ദൈവശാസ്ത്ര വീക്ഷണം ഇന്ന് സഭാപ്രബോധനങ്ങളും അംഗീകരിക്കുന്നു.26 അതേസമയം പാപത്തെക്കുറിച്ച് മുകളില്‍ സൂചിപ്പിച്ച ദൈവശാസ്ത്ര ജ്ഞന്മാരുടെ വീക്ഷണം മുഴുവനായും അംഗീകരിക്കാന്‍ സഭാപ്രബോധ നങ്ങള്‍ വിസമ്മതിക്കുന്നു. കാരണം മാരക പാപത്തെ ഒരു പാപാവസ്ഥയായി മനസ്സിലാക്കുമ്പോള്‍ ഒറ്റപ്പെട്ട ഗൗരവമായ പാപങ്ങള്‍ അവഗണിക്കപ്പെടാനും അവയെ അപ്രധാനമായി കണക്കാക്കാനും സാധ്യതയുണ്ടത്രെ. ഈ ഭയംമൂലം ഗൗരവമായ ഒറ്റ പാപപ്രവൃത്തിയിലൂടെ വ്യക്തിയുടെ അടിസ്ഥാനപരമായ നിലപാടില്‍ മാറ്റം വരാമെന്നും അത് മാരകപാപമായിത്തീരാമെന്നും സഭാപ്രബോധനങ്ങള്‍ സൂചിപ്പി ക്കുന്നു.27

1983 ലെ മെത്രാന്മാരുടെ സിനഡില്‍ ആധുനികദൈവശാസ്ത്ര  വീക്ഷണം അംഗീകരിച്ചുകൊണ്ട് പാപത്തെ ലഘുപാപം, ഗൗരവമായ പാപം, മാരകപാപം എന്നിങ്ങനെ ചില മെത്രാന്മാര്‍ തരം തിരിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സിനഡ് രേഖയില്‍ ഇപ്രകാരം പ്രതികരിക്കുന്നു. പാപത്തെക്കുറിച്ചുള്ള അത്തരം തരംതിരിവ് ഗൗരവമായ പാപങ്ങളില്‍ത്തന്നെ ചിലത് ഗൗരവമുള്ളതും മറ്റുചിലത് അപ്രധാനവുമാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കും. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ പാപം രണ്ടുതരമേയുള്ളു. നമ്മുടെ അതിസ്വാഭാവിക ജീവന്‍ നഷ്ടപ്പെടുത്തുന്നതും നഷ്ടപ്പെടുത്താ ത്തതും. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഒരാള്‍ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടുംകൂടെ ഗൗരവമായ ഒരു തെറ്റുചെയ്താല്‍ അത് മാരകപാപമാകും28. മാരകപാപത്തെ വ്യക്തിയുടെ ആത്യന്തിക ലക്ഷ്യത്തോടുള്ള അടിസ്ഥാനപരമായ നിലപാടുമായി താദാത്മ്യപ്പെടു ത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ വിഷയത്തില്‍ പരമ്പരാഗതമായ നിലപാട് അദ്ദേഹം ഊന്നിപ്പറയുന്നു.  സമീപകാല ദൈവശാസ്ത്ര വീക്ഷണം അംഗീകരിക്കാന്‍ മാര്‍പാപ്പാ വിസമ്മതിക്കുന്നതിന് പ്രധാന കാരണം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പാപത്തെക്കുറിച്ചുള്ള സമീപകാല ദൈവശാസ്ത്രവീക്ഷണം വിശ്വാസികളുടെ പാപബോധം ഇനിയും കുറയ്ക്കാന്‍ കാരണമാകു മെന്ന് അദ്ദേഹം ഭയപ്പെടുന്നു.29

  1. സാമൂഹ്യപാപവും സാമൂഹികോത്തരവാദിത്വവും

മുന്‍കാലങ്ങളില്‍ കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രം വ്യക്തിയുടെ പെരുമാറ്റങ്ങളെ വളരെ സൂക്ഷ്മതയോടെ അവ ലോകനം ചെയ്യുകയും അവരുടെ വ്യക്തിപരമായ പാപത്തിനും മാനസാന്തര ത്തിനും പരമപ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ധാര്‍മ്മികപരിഗണനയില്‍ തുല്യപ്രാധാന്യമുള്ള വ്യക്തികളുടെ സാമൂഹ്യവ്യാപാരങ്ങളെ ധാര്‍മ്മികമായി അപഗ്രഥനം ചെയ്യാനോ, സാമൂഹിക തിന്മകളിലുള്ള അവരുടെ ഭാഗഭാഗിത്വം വിശകലനം ചെയ്യാനോ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവരുടെ സാമൂഹികോത്തരവാദിത്വത്തിന് ഊന്നല്‍ നല്‍കാനോ കാര്യമായി ശ്രമിച്ചിരുന്നില്ല. അതിന്‍റെ പരിണതഫലമായി വ്യക്തിപരമായി വളരെ നല്ല ധാര്‍മ്മിക ജീവിതം നയിക്കുന്നു എന്ന് അഭിമാനിക്കുന്ന ക്രൈസ്തവര്‍പോലും സാമൂഹികതിന്മകളിലുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ചിന്തിക്കാനോ, തങ്ങളുടെ സാമൂഹികോത്തരവാദിത്വങ്ങള്‍ നിറവേറ്റാനോ ശ്രമിക്കാതെ പലപ്പോഴും നിര്‍ജ്ജീവമായ സാമൂഹിക മനഃസാക്ഷിയുടെ (dormant social consience) ഉടമകളായി ജീവിക്കുന്നത് സര്‍വ്വസാധാരണമാണ്.

നന്മയും തിന്മയും ഇന്ന് ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതും നമുക്ക് അനുഭവേദ്യമാകുന്നതും വ്യക്തിബന്ധങ്ങളിലെ ന്നതിനേക്കാള്‍ സാമൂഹിക വ്യവസ്ഥിതികളിലൂടെയാണ്. ഇത്തരം വ്യവസ്ഥിതികളും പുണ്യപാപങ്ങളുടെ മാധ്യമങ്ങളാകാം. വ്യക്തികളുടെ വിവിധതരത്തി ലുള്ള പങ്കാളിത്തത്തിലൂടെ നിലനിര്‍ത്തപ്പെടുന്ന സാമൂഹിക വ്യവസ്ഥി തികള്‍ വ്യക്തികളുടെ അഭ്യുന്നതിക്ക് സഹായിക്കുന്ന നീതിയുടെയും വിമോചന ത്തിന്‍റെയും സ്രോതസ്സുകളാണെങ്കില്‍ അവ നിലനിര്‍ത്തുന്ന വരുടെ ദൈവോന്മുഖതയുടെ തെളിവാണത്. മറിച്ച് അവ പീഡനത്തി ന്‍റേയും സഹനത്തിന്‍റെയും മാധ്യമങ്ങളാണെങ്കില്‍, അവയ്ക്ക് ഉത്തര വാദികളായവരുടെ പാപാവസ്ഥയെയാണ് അവ സൂചിപ്പിക്കുന്നത്. കാരണം അത്തരം സാമൂഹ്യസാഹചര്യങ്ങള്‍ സഹോദരങ്ങളും ദൈവവുമായുള്ള ബന്ധത്തിന്‍റെ ശിഥിലീകരണ ത്തിന്‍റേയും ദൈവരാജ്യ ത്തിന്‍റെ അഭാവത്തിന്‍റെയും തെളിവാണ്.30

സമൂഹത്തില്‍ അനീതിയുടെയും മര്‍ദ്ദനത്തിന്‍റെയും സാഹചര്യ ങ്ങളും സംവിധാനങ്ങളും രൂപം കൊള്ളുന്നതിനും നിലനില്ക്കുന്ന തിനും വ്യക്തികള്‍ കാരണക്കാരാണ്. വ്യക്തികളുടെ സ്വാര്‍ത്ഥ തയും പാപങ്ങളും അവയുടെ പരിണതഫലങ്ങളും ദൈവേഷ്ട ത്തിനു വിരുദ്ധമായ  സാമൂഹികസംവിധാനങ്ങള്‍ രൂപംകൊള്ളു ന്നതിനും വ്യാപകമായി തിന്മ പുറപ്പെടുവിക്കുന്നതിനും കാരണമാകാറുണ്ട്. അത്തരം തിന്മ നിറഞ്ഞ വ്യവസ്ഥിതികള്‍ രൂപം കൊള്ളുകയും നിലനിര്‍ത്ത പ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, വ്യക്തികള്‍ അറിഞ്ഞോ അറിയാതെയോ അവയില്‍ പങ്കാളിക ളാകുകയും അവ കൂടുതല്‍ പാപ ത്തിന് പ്രേരണയായിത്തീരുകയും ചെയ്യും. വ്യക്തിപരമായ പാപവു മായി താരതമ്യപ്പെടുത്തുമ്പോള്‍ അവയെ സാമൂഹികപാപം (social sin) എന്നു വിളിക്കാം (CCC 1869).

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നതുപോലെ, വ്യക്തികളില്‍ ആരംഭിക്കുന്ന പാപം കാലക്രമേണ സാമൂഹികവ്യവ സ്ഥിതികളെ ജീര്‍ണ്ണിപ്പിക്കുകയും സമൂഹത്തിന് ഹാനികരമാവുക യും ചെയ്യാം. മാത്രമല്ല, അത് തുടര്‍ന്ന് വ്യക്തികളുടെ പെരുമാറ്റത്തെ ദോഷ കരമായി സ്വാധീനിക്കുകയും കൂടുതല്‍ പാപത്തിന് പ്രേരകമായി ത്തീരുകയും ചെയ്യും. അത്തരം സാമൂഹിക വ്യവസ്ഥിതികളെ മാര്‍പാപ്പാ വിളിക്കുന്നത് "പാപത്തിന്‍റെ സംവിധാനങ്ങള്‍ (structures of sin) എന്നാണ്.31 അത്തരം  സാമൂഹികസംവിധാനങ്ങള്‍ മനുഷ്യന്‍റെ പരിമിതികളില്‍ നിന്നോ, സ്വാര്‍ത്ഥതയില്‍നിന്നോ, തിന്മയില്‍ നിന്നോ, രൂപംകൊണ്ടവ യാവാം. അവ കാലക്രമത്തില്‍ വ്യക്തികളുടെയും സമൂഹത്തിന്‍റെയും സുസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും വ്യാപകമായ തിന്മയുടെ സ്രോതസ്സുകളായി മാറുകയും ചെയ്യാം. വ്യക്തികളും സമൂഹവും അറിഞ്ഞും അറിയാതെയും ഇത്തരം വ്യവസ്ഥിതികളില്‍ പങ്കാളികളാകുകയും അവയെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാറുണ്ട്. ഇപ്രകാരം ഏറെപ്പേരുടെ ഉത്തരവാദി ത്വത്തില്‍ ഉത്ഭവിക്കുകയും നിലനിര്‍ത്തപ്പെടുകയും നിരവധിപേര്‍ക്ക് പീഡനകാരണമാവുകയും ചെയ്യുന്ന വ്യവസ്ഥാപിതമായ തിന്മയെ സമകാലിക ദൈവശാസ്ത്രജ്ഞന്മാര്‍ സാമൂഹ്യപാപം (social sin or structural sin) എന്നു വിളിക്കുന്നു.32

മനുഷ്യജീവിതംതന്നെ ദുസ്സഹമാക്കുന്ന സാമൂഹിക സംവിധാന ങ്ങള്‍ ഉണ്ടെന്നകാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഉദാഹരണ ത്തിന്, വളരെയധികം പേരെ നിത്യദാരിദ്ര്യത്തില്‍ നിലനിര്‍ത്തുന്ന സാമ്പത്തികവ്യവസ്ഥിതി, ചില സാമൂഹികസംവിധാനങ്ങളുടെ ഫല മായി ചില വിഭാഗം ജനങ്ങള്‍ അനുഭവിക്കുന്ന അവഗണന, സ്ത്രീധനം നല്‍കാനില്ലാത്തതിന്‍റെ പേരില്‍ വിവാഹജീവിതം സ്വപ്നംകാണാന്‍ പോലും കഴിയാത്ത ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍. ഒരു സാമൂഹ്യസംവിധാനം ഒരു വിഭാഗത്തിന് നേട്ടങ്ങള്‍ക്കും മറ്റൊരു വിഭാഗത്തിന് കടുത്ത അനീതിക്കും അവഗണനയ്ക്കും കാരണമാകു മ്പോള്‍ അവയെ പാപകരമായ വ്യവസ്ഥിതികള്‍ (sinful social structures) എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ചില ദൈവശാസ്ത്ര ജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.33 ഇത്തരം പാപകരമായ സംവിധാനങ്ങള്‍ അനേകം പേര്‍ക്ക് തിന്മയ്ക്കും അനീതിയ്ക്കും കാരണമാകുന്നു എന്നറിഞ്ഞിട്ടും തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവ ബോധപൂര്‍വ്വം നിലനിര്‍ത്തു കയോ, അവയില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നിട്ടും, അതിന് തുനിയാതിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ സാമൂഹിക പാപത്തില്‍ (social sin) പങ്കാളിയാവുന്നു. പാപകരമായ സാമൂഹിക സംവിധാനങ്ങളിലെ ഒരാളുടെ പങ്കാളിത്തം കുറ്റകരമാകുന്നത് അത് ബോധപൂര്‍വ്വവും സ്വന്തം ഇഷ്ടത്താലെയും (രീിരെശീൗെ മിറ ംശഹഹളൗഹ ുമൃശേരശമുശേീി) ചെയ്യുമ്പോഴാണ് 34.

നിലവിലിരിക്കുന്ന സാമൂഹികവ്യവസ്ഥിതികളോട് സഹകരി ക്കാത്ത ഒരാള്‍ക്ക് ആ സമൂഹത്തില്‍ ജീവിക്കാനാവില്ല. അതുകൊണ്ടു പലപ്പോഴും വ്യക്തികള്‍ വിവിധ സംവിധാനങ്ങളെ വിമര്‍ശനബുദ്ധി കൂടാതെ സ്വാംശീകരിക്കുകയും അവ അനുശാസിക്കുന്നതനുസരിച്ച് പെരുമാറുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ അനീതി നിറഞ്ഞ വ്യവസ്ഥിതിയാണെന്നറിഞ്ഞിട്ടും നിവൃത്തി കേടുകൊണ്ടും അവയില്‍ ചിലര്‍ക്ക് പങ്കാളികളാകേണ്ടി വരാറുണ്ട്. ഇവരുടെയൊന്നും ഭാഗഭാഗിത്വം പാപകരമാകണ മെന്നില്ല35. കുറ്റബോധത്തേക്കാള്‍ ഉപരി സാമൂഹിക തിന്മകള്‍ നിലനിര്‍ത്തുന്നതിനുള്ള അവരുടെ ഭാഗഭാഗിത്വത്തെക്കുറിച്ചും അവ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാനുള്ള അവരുടെ സാമൂഹികോത്തരവാദിത്വത്തെക്കുറിച്ചും അവരെ ബോധവാ ന്മാരാക്കുകയാണ് വേണ്ടത്.

സാധാരണ ധാര്‍മ്മിക പരിഗണനയില്‍ നമ്മുടെ പ്രവൃത്തിയു ടെയോ ഉപേക്ഷയുടെയോ മുന്‍കൂട്ടി കാണുന്നതോ മുന്‍കൂട്ടി ആഗ്രഹി ക്കുന്നതോ ആയ പ്രത്യാഘാതങ്ങള്‍ക്കാണ് നമുക്ക് കുറ്റമുള്ളത് (guilt). എന്നാല്‍ മുന്‍കൂട്ടി ആഗ്രഹിക്കാത്തതോ, കാണാത്തതോ ആയ പ്രത്യാഘാതങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴി ഉണ്ടാകാറുണ്ട്. അവയേയും പരിഹരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. അത്തരം ഉത്തരവാദിത്വമാണ് പാപകരമായ വ്യവസ്ഥിതികളുടെ കാര്യത്തില്‍ വ്യക്തികള്‍ക്കുള്ളത്. എന്നു പറഞ്ഞാല്‍ അവ നിലനിര്‍ത്തുന്നവരും അവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരും ഒരുപോലെ അവയില്‍ മാറ്റം വരുത്താന്‍ ഉത്തരവാദിത്വമുള്ളവരാണ്. അനീതി നിറഞ്ഞ വ്യവസ്ഥിതികള്‍ സമൂഹജീവിതത്തെ മുഴുവന്‍ ദോഷകരമായി ബാധിക്കുന്നു എന്നതുകൊണ്ട് സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവ പുനഃസംവിധാനം ചെയ്യാന്‍ കടമയുണ്ട്. ധാര്‍മ്മിക ദൈവശാസ്ത്ര ജ്ഞനായ ജോസഫ് ഫുക്സ് അഭിപ്രായപ്പെടുന്നതുപോലെ, സമൂഹ ത്തിന്‍റെ ക്ഷേമത്തിലും വികസനത്തിലും നിഷ്ക്രിയത്വം പാലിക്കുന്നത് അധാര്‍മ്മികവും നീതീകരിക്കാനാവാത്തതുമാണ്. ഇതേ കാരണത്താല്‍ സാമൂഹിക വികസനത്തിന് ഹാനികരമാകുന്ന വ്യവസ്ഥിതികളുടെ വളര്‍ച്ചയ്ക്ക് കൂട്ടുനില്ക്കുന്നതും അവയില്‍ മാറ്റം വരുത്താന്‍ വിമുഖത കാണിക്കുന്നതും അധാര്‍മ്മികവും പാപകരവുമാണ്.36

അനീതി നിറഞ്ഞ സാമൂഹികസംവിധാനങ്ങളെ പുനഃക്രമീകരി ക്കുക എന്നത് ഏതെങ്കിലും വ്യക്തിക്ക് തനിയെ നിര്‍വഹിക്കാവുന്ന ഒന്നല്ല. മറിച്ച് സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരുടെ സഹകരണ ത്തിലൂടെ മാത്രം സാധിക്കുന്ന ഒന്നായതിനാല്‍ ഇത് സാമൂഹികോത്തര വാദിത്വം (social responsiblility) ആവശ്യപ്പെടുന്ന ~ഒരു കടമയാണ്. അതേസമയം ഓരോ വ്യക്തിക്കും അവരവരുടെ കഴിവിനനുസരിച്ച് ഈ പ്രക്രിയയില്‍ സഹകരിക്കുവാന്‍ കടമയുണ്ട്.37 അതിനാല്‍ സാമൂ ഹിക പാപത്തെക്കുറിച്ചുള്ള ധാര്‍മ്മിക - ദൈവശാസ്ത്ര പരിചിന്ത നങ്ങള്‍ ജനങ്ങളെ കൂടുതല്‍ കുറ്റബോധത്തിലേക്ക് നയിക്കുന്നതിനു പകരം അവരുടെ സാമൂഹികോത്തരവാദിത്വത്തെക്കുറിച്ച് അവരെ കൂടുതല്‍ ബോധവാന്മാരാക്കുന്നതാകണം. വ്യക്തികളുടെ വ്യക്തിപര മായ പാപങ്ങളോടൊപ്പം സാമൂഹ്യപാപങ്ങളിലെ തങ്ങളുടെ പങ്കാളി ത്തത്തെക്കുറിച്ചുകൂടി ബോധവാന്മാരാകാനും തങ്ങുടെ സാമൂഹി കോത്തരവാദിത്തത്തെക്കുറിച്ച് അവരെ പ്രചോദിപ്പിക്കാനും ആവശ്യ മായ ഒരു ധാര്‍മ്മിക പരിശീലനമാണ് ജനങ്ങള്‍ക്ക് ഇന്ന് ആവശ്യം. എങ്കിലേ വ്യക്തിപരമായ മനഃസാക്ഷിയോടൊപ്പം പ്രതികരണ ശേഷിയുള്ള ഒരു സാമൂഹ്യമനഃസാക്ഷി അവരില്‍ രൂപം കൊള്ളുകയുളളു.

പാപത്തെക്കുറിച്ചുള്ള സത്യസന്ധമായ ഒരു വിചിന്തനം ഒരിക്കലും ജനങ്ങളുടെ പാപബോധം നഷ്ടപ്പെടുത്തുന്ന ഒന്നാവില്ല, മറിച്ച് ശരിയായ പാപബോധം അവരില്‍ ജനിപ്പിക്കുന്ന ഒന്നാകും. ശരിയായ പാപബോധം എന്നത് പലരും കരുതുന്നതുപോലെ അകാരണമായ കുറ്റബോധമല്ല (guilt feeling). ശരിയായ പാപബോധത്തിന്‍റെ അടിസ്ഥാനം ദൈവമാണ്. അല്ലാതെ വ്യക്തി തന്നെയല്ല. ക്രൈസ്തവ വീക്ഷണത്തില്‍ പാപബോധം പരിശുദ്ധാ ത്മാവിന്‍റെ ഫലങ്ങളായ ഉപവിയുടേയും, സന്തോഷത്തിന്‍റേയും, സമാധാനത്തിന്‍റെയും പരിഹാരത്തിന്‍റേയും ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നതാണ്. അകാരണമായ കുറ്റബോധം കൊണ്ടു ണ്ടാകാന്‍ പോകുന്നത് ഇതിനെല്ലാം കടകവിരുദ്ധമായ ഫലങ്ങ ളാണ്. അത് വ്യക്തിയുടെ ആദ്ധ്യാത്മിക വളര്‍ച്ചയെ മരവിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ.

 

കുറിപ്പുകള്‍

  1. K. Menninger, Whatever Became of Sin?(New York: Hawthorn Book, Inc. Publishers, 1973).
  2. M. Oraison, H.Niel et al, Sin (New York: Macmillam Company, 1962) 10.
  3. J. Gaffney, Sin Reconsidered (New York: Paulist Press, 1983) 45-52; P. Achoonenberg, Man and Sin (London: Sheed and Waed, 1965) 177-191.
  4. A. Gelin & A. Descamps, Sin in the Bible (New York:Desclee Company, 1964) 17-18; J.Gaffney Sin Reconsidered, p.16-24; M.J. Taylor (ed.), The Mystery of Sin and Forgiveness (Bombay: St.Paul Publications, 1970) 24-34.
  5. B. Häring, Free and Faithful in Christ, Vol. 1 (Middlegreen: St. Paul Publications, 1978) 399-400.
  6. H.Conolly, Sin ( London: Continuum, 2002) 42-48.
  7. St. Augustine, 22nd Book of Contra Faustum; De Libero Arbitrio, 2nd Chapter; See also H. Connolly, Sin, p.48-50; J.Mahony, The Making of Moral Theology, A Study of Roman Catholic Tradition (Oxford: Clarendon, 1987) 43.
  8. ST.I-II, q.72, a.5; John Paul II, Reconciliation et Paenitentia, (Vatican: 1984) n.17.
  9. H.J. Schroeder (ed.), Canons and Decrees of the Council of Trent (London: B.Herder Book Co., 1941) Fourteenth Session, Chapter V, p.93.
  10. J. Mahony, The Making of Moral Theology: A Study of Roman Catholic Tradition, 30-31.

11.B.Häring, Sin in the Secular Age (St.Paul Publications: Slough,  1974) 156.

  1. R.F. Clarke (ed.), The Catechism Explained: An Exhaustive Exposition of the Christian Religion (New York: Benziger Brothers, Inc., 1927) 452-461.
  2. Ibid., 462-465.
  3. P. Schoonenberg, Man and Sin, 37-38.
  4. B.Häring, Sin in the Secular Age,158.
  5. Optatam Totius, n.16.
  6. H. Connolly, Sin, 63-80.
  7. L. Monden, Sin, Liberty and Law (Kansas City: Sheed and Ward, 1965)30-34; B.Häring, Free and Faithful in Christ, Vol.1, 191-195; P. Fransen, “Towards a Physchology of Divine Grace” in W.Birmingham & J.E,. Cunneen (eds.), Cross Currents of Psychiatry and Catholic Morality (New York: Randon House, 1964) 36-37.
  8. J. Fuchs, “Sin and Conversion,” Theology Digest 14 (1966) 292-301, 292; J.Gaffney, Sin Reconsidered, 57; T.E.O’Connell, Principles for Catholic Morality (San Fransisco: Harper & Row, Publishers, 1976) 70-78; D.F. Kelly, “Aspects of Sin in Today’s Theology,” Louvain Studies 9 (1982) 191-197.
  9. B.Häring, Free and Fithful in Christ, Vol.1, 212-213.
  10. F.J. Heggen, Confession and the Service of Penance (Notre Dame: Notre Dame University Press, 1968) 74.
  11. B.Häring, Free and Faithful in Christ, Vol. 1, 392-394.
  12. M.J. Taylor (ed.), The Mystery of Sin and Forgiveness, 98.
  13. D.F.Kelly, “Aspects of Sin in Today’s Theology,”191-197; W.Cosgrave, “A Christian Understanding of Sin,” Doctrine and Life 26 (1976) 34-46, 39-40.
  14. T. E. O’Connell, Principels for Catholic Morality, 2; B.Häring, Free and Faithful in Christ, Vol.1, 212.
  15. CDF, Certain Questions Concering Sexual Ethics (Persona Humana) (Vatican: 1975) n.10; John Paul II, Veritatis Splendor (Vatican: 1993) ns.65, 66.
  16. CDF, Persona Humana, n.10; John Paul II, Reconciliatio et Penitentia, n.17; John Paul II, Veritatis Spelendor, n.68.
  17. John Paul II, Reconciliatio et Penitentia, n.17; John Paul II, Veritatis Splendor, n.70.
  18. John Paull II, Reconciliatio et Penitenia, n.17.
  19. L. Boff & C.Boff, Salvation and Liberation : In Search of a Balance between Faith and Politics (Maryknoll: Orbis, 1979) 17-19.
  20. John Paul II, Sollicitudo Rei Socialis (Vatican: 1987) n.36.
  21. M. Vidal, “Structural Sin : A New Category in Moral Theology,” in R. Gallagher & B.McConvery (eds.), History and Conscience (Dublin: Gill and Macmillan, 1989) 181-198; J.Sobrino, Christology at the Crossroads (New York: Orbis, 1978) 54.
  22. R.A.McCormick, “The Social Responsibility of the Christian,” The Australasian Catholic Record 53 (1975) 253-263, 258; F. M. Rejon, “Seeking the Knigdom and its Justice,” Concilium 172 (1984) 35-41, 40; P. Henriot, “A Theology of the Church’s Social Involvement”, in W.E. Conn (ed.), Conversion: Perspectives on Personal and Social Transformation (New York: Alba House, 1978) 315-326, 319.
  23. H. Mynatty, “The Concept of Social Sin,” Louvain Studies 16 (1991) 3-26, 14-18.
  24. J.Fuchs, Personal Responsibility and Christian Morality, (Georgetown University Press: Washington, 1983) 183; D.F. Kelly, “Aspects of Sin in Today,” 195.
  25. J. Fuchs, Human Values and Christian Morality (Gill and MacMillian: Dublin, 1970) 186.
  26. H. Mynatty, “The Concept of Social Sin,” 20-26.

ഡോ. ഹോര്‍മ്മീസ് മൈനാട്ടി

Sin: Collapse and dislocation catholic malayalam theology Dr. Hormis Mainatt Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message