We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Kallarangatt On 26-Jan-2021
ദൈവാവിഷ്കരണം: വി. ഗ്രന്ഥത്തിലും പാരമ്പര്യത്തിലും
ആയിരത്തില്‍പരം വര്‍ഷങ്ങള്‍ കൊണ്ടു രൂപം പ്രാപിച്ച എഴുപത്തിമൂന്നു പുസ്തകങ്ങളടങ്ങുന്ന സമാഹാരമാണ് ബൈബിള്‍. അതിനെ പഴയനിയമം എന്നും പുതിയനിയമം എന്നും രണ്ടുഭാഗമായി തിരിച്ചിരിക്കുന്നു. പഴയനിയമം യഹൂദരും ക്രൈസ്തവരും ഒരുപോലെ, എഴുതപ്പെട്ട ദൈവവചനമായി സ്വീകരിക്കുന്നു. 'നിയമം' എന്ന പേര് ബൈബിളിന്‍റെ ഉള്ളടക്കത്തെ പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്നില്ല. മനുഷ്യര്‍ അനുവര്‍ത്തിക്കേണ്ട ജീവിത നിയമങ്ങള്‍ എന്ന സൂചന മാത്രമേ ഈ പേരുനല്‍കുന്നുള്ളു. ബൈബിളില്‍ത്തന്നെ കാണുന്ന 'ഉടമ്പടി' എന്ന പേരാണ് അര്‍ത്ഥം വ്യക്തമാക്കാന്‍ കൂടുതല്‍ പര്യാപ്തം. സീനായ് മലയില്‍വച്ച് മോശവഴി നല്‍കപ്പെട്ട ഉടമ്പടിയാണ് ആദ്യഭാഗത്തിന്‍റെ കേന്ദ്രം; യേശുക്രിസ്തുവിലൂടെ നല്‍കപ്പെട്ട പുതിയ ഉടമ്പടി രണ്ടാം ഭാഗത്തിന്‍റെയും.
പഴയനിയമം
ദൈവം പ്രത്യേകം തെരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രമായിട്ടാണ് പഴയനിയമം (46 പുസ്തകങ്ങള്‍) പ്രത്യക്ഷപ്പെടുന്നത്. ഉല്‍പത്തി പുസ്തകം ആ ജനത്തിന്‍റെ ആരംഭവും പ്രപഞ്ചത്തിലും ലോക ജനതകള്‍ക്കിടയിലും അവര്‍ക്കുള്ള സ്ഥാനവും വിവരിക്കുന്നു. ഒരുപറ്റം അടിമകള്‍ ദൈവജനമായി തിരഞ്ഞെടുക്കപ്പെടുന്നതാണ് പുറപ്പാടു പുസ്തകത്തിന്‍റെ പ്രമേയം. ജിവിത വിശുദ്ധിയുടെ ആവശ്യകതയും ജനം ദൈവത്തിനര്‍പ്പിക്കേണ്ട ആരാധനയുടെ പ്രത്യേകതകളും അതിന് ആവശ്യമായ നിയമങ്ങളും ലേവ്യര്‍ പുസ്തകം പ്രതിപാദിക്കുന്നു. ജനത്തിന്‍റെ ഘടനയും മരുഭൂമിയിലൂടെയുള്ള അവരുടെ പ്രയാണവുമാണ് സംഖ്യാപുസ്തകത്തില്‍ വിവരിക്കുന്നത്. ആ ജനത്തിന്‍റെ ജീവിതത്തെ നയിക്കേണ്ട സ്നേഹത്തിന്‍റെ ചൈതന്യത്തെ നിയമാവര്‍ത്തനപുസ്തകം വിശദീകരിക്കുന്നു. ഈ അഞ്ചു പുസ്തകങ്ങള്‍ പഞ്ചഗ്രന്ഥം എന്ന പേരില്‍ അറിയപ്പെടുന്നു.
ദൈവരാജ്യത്തെ സംബന്ധിച്ച് അതിപ്രധാനമായൊരു പ്രമേയമാണ് വാഗ്ദത്തഭൂമി. ദൈവജനം വാഗ്ദത്തഭൂമി കരസ്ഥമാക്കുന്നതിന്‍റെ ചരിത്രം ജോഷ്വായുടെ പുസ്തകത്തിലും, തങ്ങള്‍ക്കവകാശമായ ഭൂമി സ്വന്തമായി സൂക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ ന്യായാധിപന്മാരുടെ പുസ്തകത്തിലും വിവരിക്കുന്നു. അബ്രാഹത്തില്‍നിന്ന് ജനിച്ചവര്‍ മാത്രമല്ല, ദൈവഹിതം അനുസരിക്കുന്ന എല്ലാവരും ദൈവരാജ്യത്തിലേക്ക് സ്വീകരിക്കപ്പെടുന്നു എന്ന് റുത്തിന്‍റെ പുസ്തകം വ്യക്തമാക്കുന്നു. സാമുവേലിന്‍റെ രണ്ടു പുസ്തകങ്ങളില്‍ ദൈവജനം രാജഭരണത്തിന്‍ കീഴില്‍ വരുന്നതും, വിശ്വസ്തനായ ദാവീദിന്‍റെ കീഴില്‍ ഇസ്രായേല്‍ ശക്തമായ ഒരു രാഷ്ട്രമായിത്തീരുന്നതും വിവരിക്കുന്നു. രാജാവായ സോളമന്‍റെ കാലത്ത് മഹത്വത്തിന്‍റെ ഉച്ചകോടിയില്‍ എത്തിയ ഇസ്രായേല്‍ ദൈവത്തില്‍നിന്നകലുന്നതും ക്രമേണ തകര്‍ന്ന്, രാജ്യം നഷ്ടപ്പെട്ട്, അടിമത്തത്തില്‍ എത്തുന്നതും ചിത്രീകരിക്കുന്നു. ദാവീദിന്‍റെ ഭരണകാലമാണ് മുഖ്യമായും ദിനവൃത്താന്തങ്ങള്‍ ഒന്നാം പുസ്തകം വിവരിക്കുന്നത്. രണ്ടാം പുസ്തകമാവട്ടെ സോളമന്‍ മുതല്‍ പ്രവാസം വരെയുള്ള കാലത്തെ ചരിത്രം അവതരിപ്പിക്കുന്നു.
പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയ ജനം വീണ്ടും ദേവാലയം പണിയുകയും നിയമങ്ങള്‍ ക്രോഡീകരിച്ച് ദൈവജനത്തെ ദൈവഹിതാനുസാരം നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ ചരിത്രമാണ് എസ്രാ, നെഹമിയ എന്നീ ഗ്രന്ഥങ്ങളുടെ വിഷയം. നിയമത്തോടു വിശ്വസ്തത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് തോബിത്, യൂദിത്, എസ്തേര്‍ എന്നീ ഗ്രന്ഥങ്ങള്‍. ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ ഒന്നാം പകുതിയില്‍ മതമര്‍ദ്ദനത്തിനെതിരേ ഇസ്രായേല്‍ ജനം നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്‍റെ ചരിത്രം മക്കബായരുടെ രണ്ടു പുസ്തകങ്ങള്‍ വിവരിക്കുന്നു. മേല്‍ വിവരിച്ച 21 പുസ്തകങ്ങള്‍ ചരിത്രഗ്രന്ഥങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
ജീവിതത്തെയും ജീവല്‍പ്രശ്നങ്ങളെയും കുറിച്ച് ദൈവജനത്തിനു ലഭിച്ച ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന ഏഴ് പുസ്തകങ്ങള്‍ ജ്ഞാനഗ്രന്ഥങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. "നീതിമാന്‍റെ സഹനം" എന്ന രഹസ്യമാണ് ജോബിന്‍റെ പ്രമേയം. ഇസ്രായേല്‍ ജനത്തിന്‍റെ ദൈവാനുഭവം ഏറ്റം പ്രകടമാകുന്ന പ്രാര്‍ത്ഥനകളാണ് സങ്കിര്‍ത്തനങ്ങള്‍. സഭാപ്രസംഗകന്‍ എന്ന ഗ്രന്ഥമാകട്ടെ ജീവിതത്തിന്‍റെ നശ്വരതയും ദൈവത്തെ മറന്നുള്ള സുഖഭോഗങ്ങളുടെ വ്യര്‍ത്ഥതയും വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷ സ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവമനുഷ്യബന്ധത്തിന്‍റെ ഉദാത്തമായ കീര്‍ത്തനമാണ് ഉത്തമഗീതം. പ്രഭാഷകനും ജ്ഞാനവും ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിനുവേണ്ട മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
വാഗ്ദത്തഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്‍മാര്‍ സ്വാര്‍ത്ഥമതികളായ മര്‍ദ്ദകരായിത്തീരുകയും ദൈവാരാധനയ്ക്കായി ജനത്തെ ഒരുക്കാന്‍ വിളിക്കപ്പെട്ട പുരോഹിതന്‍മാര്‍ അവര്‍ക്ക് കൂട്ടുനില്‍ക്കുകയും ജനം ദൈവത്തില്‍നിന്നകലുകയും ചെയ്തപ്പോള്‍ തന്‍റെ ഹിതം ശക്തവും വ്യക്തവുമായ ഭാഷയില്‍ ജനത്തെ അറിയിക്കാനായി ദൈവം അയച്ചവരാണ് പ്രവാചകന്‍മാര്‍. ആമോസ് ദൈവത്തിന്‍റെ നീതിയും ഹോസിയ അവിടുത്തെ സ്നേഹവും പ്രഘോഷിച്ചുകൊണ്ട് വടക്കന്‍ രാജ്യമായ ഇസ്രായേലിനെ മാനസാന്തരത്തിനു ക്ഷണിച്ചു. അവരുടെ സ്വരത്തിന് കാതടച്ച രാജ്യം നശിപ്പിക്കപ്പെട്ടു. ഹോസിയയുടെ സമകാലിനരാണ് യുദയായില്‍ പ്രസംഗിച്ച വിശുദ്ധിയുടെ പ്രവാചകനായ ഏശയ്യായും നീതിയ്ക്കും കരുണയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ മിക്കായും. സുനിശ്ചിതമായ നാശത്തിലേക്കു നീങ്ങുന്ന ജനത്തെ ജെറമിയ, സെഫാനിയ, നാഹും, ഹബക്കുക്ക്, ഒബാദിയാ എന്നി പ്രവാചകന്‍മാര്‍ മാനസാന്തരത്തിന് ആഹ്വാനം ചെയ്തു. ജറുസലെമിന്‍റെ പതനത്തിനും പ്രവാസത്തിനും തൊട്ടു മുമ്പാണ് ഇവര്‍ അഞ്ചുപേരും യൂദയായില്‍ പ്രസംഗിച്ചത്. ജറുസലെമിന്‍റെ നാശത്തെക്കുറിച്ചുള്ള വിലാപവും അതിനു കാരണമായ പാപത്തെക്കുറിച്ചുള്ള അനുതാപവുമാണ് 'വിലാപങ്ങള്‍'. ജെറമിയായുടെ ശിഷ്യനായ ബാറൂക്കിന്‍റെ പേരിലുള്ള പുസ്തകം പ്രവാസകാലത്തും അതിനു ശേഷവുമായി രചിക്കപ്പെട്ട അനുതാപപ്രാര്‍ത്ഥന, കൃതജ്ഞതാഗീതം, വിഗ്രഹാരാധനയുടെ മൗഢ്യം വ്യക്തമാക്കുന്ന വിചിന്തനങ്ങള്‍ മുതലായവയുടെ സമാഹാരമാണ്.
പ്രവാസകാലത്ത് എസെക്കിയേലും രണ്ടാം ഏശയ്യ (ഏശ 40-55)യും ജനത്തിനു പ്രതീക്ഷ പകര്‍ന്നു. തിരിച്ചെത്തിയ ജനത്തെ ഉടമ്പടിയുടെ പ്രമാണമനുസരിച്ച് നീതിനിഷ്ഠവും വിശുദ്ധവുമായ ജീവിതം നയിക്കുന്നതിന് ഹാഗ്ഗായി, സഖറിയ, മൂന്നാം ഏശയ്യ (ഏശ 56-66) ജോയേല്‍, മലാക്കി എന്നിവര്‍ ഉദ്ബോധിപ്പിച്ചു. നിയമപണ്ഡിതന്‍മാരുടെ കീഴില്‍ വീണ്ടും സ്വാര്‍ത്ഥമതികളും ദേശീയവാദികളുമായിത്തീര്‍ന്ന ജനത്തെ ദൈവത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തേയും സാര്‍വ്വത്രിക രക്ഷാപദ്ധതിയേയും കുറിച്ചു ബോദ്ധ്യപ്പെടുത്തുന്നതാണ് യോനാ പ്രവാചകന്‍റെ പുസ്തകം. മതപീഢനങ്ങളില്‍ മനം തകരാതെ ഉറച്ചുനില്‍ക്കാന്‍ ദാനിയേല്‍ പ്രചോദനം നല്‍കുന്നു. ഈ പതിനെട്ടു പുസ്തകങ്ങള്‍ പ്രവാചകഗ്രന്ഥങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്നു.
പുതിയനിയമം
മനുഷ്യന് വഴിയും വഴികാട്ടിയും, ലക്ഷ്യവും നായകനുമായി ദൈവം തന്നെ മനുഷ്യനായി ഭൂമിയിലേക്ക് ഇറങ്ങിവന്നതിന്‍റെ ചരിത്രമാണ് സുവിശേങ്ങള്‍ നാലും രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്‍റെ ജനനം മുതല്‍ പുനരുത്ഥാനം വരെയുള്ള സംഭവങ്ങള്‍ ദൈവത്തിന്‍റെ അന്തിമവും പൂര്‍ണ്ണവുമായ സ്വയം വെളിപ്പെടുത്തലാണ്. യേശു സ്ഥാപിച്ച ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത ലോകം മുഴുവന്‍ എത്തിക്കുന്നതിന്‍റെ ചരിത്രം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിച്ചവരുടെ സമൂഹങ്ങള്‍ നേരിട്ട നിരവധി പ്രതിസന്ധികളില്‍ അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വി. പൗലോസ് എഴുതിയ കത്തുകളാണ് അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന പതിമൂന്ന് ലേഖനങ്ങള്‍. യേശുക്രിസ്തുവിന്‍റെ പൗരോഹിത്യത്തെ ഊന്നിപ്പറയുന്നതാണ് ഹെബ്രായര്‍ക്കെഴുതിയ ലേഖനം. ആഗോളസഭയെ മുന്നില്‍ കണ്ടുകൊണ്ട് അപ്പസ്തോലന്‍മാരായ യാക്കോബ്, പത്രോസ്, യൂദാ, യോഹന്നാന്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങള്‍ 'കാതോലിക ലേഖനങ്ങള്‍' എന്നറിയപ്പെടുന്നു. പീഡനങ്ങളുടെ മദ്ധ്യേ നാഥനോടു വിശ്വസ്തമായി ഉറച്ചുനില്‍ക്കുന്ന സഭയെ വെളിപാട് പുസ്തകം വരച്ചുകാട്ടുന്നു. ദൈവം മനുഷ്യരുടെ മദ്ധ്യേ തന്‍റെ കൂടാരം ഉറപ്പിക്കുകയും സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ നവീകരിച്ച് പുതിയ ആകാശവും പുതിയ ഭൂമിയും രൂപപ്പെടുത്തുകയും ചെയ്യുന്നതോടെ ബൈബിളിന്‍റെ ഇതിവൃത്തം പൂര്‍ണ്ണമാകുന്നു.
കാനോനിക ഗ്രന്ഥങ്ങള്‍
വെളിപ്പെടുത്തപ്പെട്ട സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധഗ്രന്ഥം എന്ന് സഭ ഔദ്യോഗികമായി അംഗികരിച്ച പുസ്തകങ്ങളുടെ പട്ടിക "കാനോന്‍" എന്നും ആ പട്ടികയില്‍പ്പെട്ട ഗ്രന്ഥങ്ങള്‍ "കാനോനികഗ്രന്ഥങ്ങള്‍" എന്നും അറിയപ്പെടുന്നു. "മാനദണ്ഡം" എന്നാണ് "കാനോന്‍" എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം. ഞാങ്ങണ എന്നര്‍ത്ഥമുള്ള "ഖനു" എന്ന ബാബിലോണിയന്‍ പദത്തില്‍നിന്നാണ് "കാനോന്‍" എന്ന ഗ്രീക്കുപദം രൂപം കൊണ്ടത്. അളവുകോലായി ഞാങ്ങണ ഉപയോഗിച്ചതിനാലാണ് ഈ പേരുണ്ടായത്. ഔദ്യോഗികമായി അംഗികരിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ പട്ടിക എന്ന അര്‍ത്ഥത്തില്‍ ഏ.ഡി. 4ാം നൂറ്റാണ്ടു മുതല്‍ ഈ പദം ക്രൈസ്തവരുടെ ഇടയില്‍ പ്രചാരത്തില്‍ വന്നു.
'പഴയനിയമം', 'പുതിയനിയമം' എന്ന രണ്ടു ഭാഗങ്ങളിലായി 73 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥസമാഹാരമാണ് ബൈബിള്‍. "പഴയനിയമം" എന്നു ക്രൈസ്തവര്‍ വിളിക്കുന്ന ആദ്യഭാഗം യഹൂദരുടെയും മതഗ്രന്ഥമാണ്. പുസ്തകങ്ങളുടെ എണ്ണത്തെക്കുറിച്ചുപറയുമ്പോള്‍ പഴയനിയമവും പുതിയനിയമവും വേറിട്ടു കാണേണ്ടതുണ്ട്. ബൈബിളില്‍ എത്രപുസ്തകങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ യഹൂദരുടെയും ക്രൈസ്തവരുടെയും ഇടയില്‍ ദിര്‍ഘകാലത്തേക്ക് സംശയങ്ങളും തര്‍ക്കങ്ങളും നിലനിന്നു. പുതിയനിയമത്തില്‍ 27 പുസ്തകങ്ങള്‍ ഉണ്ട് എന്ന് എല്ലാ ക്രൈസ്തവരും അംഗികരിക്കുന്നുണ്ട്. എന്നാല്‍ പഴയനിയമത്തെക്കുറിച്ചുള്ള നിലപാട് വ്യത്യസ്തമാണ്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ത്രെന്തോസ് സൂനഹദോസ് (ഏ.ഡി. 1545-1563) ഈ കാര്യത്തില്‍ അന്തിമ തീര്‍പ്പുകല്‍പിച്ചു.1546 ഏപ്രില്‍ 8-ാം തിയതി നടന്ന സൂനഹദോസിന്‍റെ നലാം സമ്മേളനം "കാനോനികഗ്രന്ഥങ്ങളെക്കുറിച്ച്" (De Canonicis Scripturis) എന്ന ഡിക്രിയിലുടെ പഴയനിയമത്തില്‍ 45 ഉം ("വിലാപങ്ങള്‍" എന്ന പുസ്തകം "ജെറമിയാ" യുടെ അനുബന്ധമായി കരുതി, രണ്ടും കൂടി ഒരു പുസ്തകമായിട്ടാണ് എണ്ണിയത്) പുതിയനിയമത്തില്‍ 27 ഉം പുസ്തകങ്ങള്‍ ആണ് ഉള്ളതെന്ന് വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
ഏ.ഡി. നലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ വി. ജെറോം മൂലഭാഷകളില്‍നിന്നു ലത്തീനിലേക്കു വിവര്‍ത്തനം ചെയ്തതും "വുള്‍ഗാത്ത" എന്ന പേരില്‍ അറിയപ്പെടുന്നതുമായ ബൈബിളിന്‍റെ പതിപ്പിനെയാണ് സൂനഹദോസ് ആധികാരികഗ്രന്ഥമായി സ്വീകരിച്ചത്. എന്നാല്‍ പ്രോട്ടസ്റ്റന്‍റുസഭകള്‍ ത്രെന്ത്രോസ് സൂനഹദോസിന്‍റെ ഈ തീരുമാനത്തെ അംഗികരിക്കുന്നില്ല. പഴയനിയമത്തെ സംബന്ധിച്ചാണ് അഭിപ്രായവ്യത്യാസം ഉള്ളത്.
പഴയനിയമം യഹൂദരുടെ മതഗ്രന്ഥമാകയാല്‍ യഹൂദര്‍ "കാനോനികം" എന്ന് അംഗികരിച്ച പുസ്തകങ്ങള്‍ മാത്രമേ ക്രിസ്ത്യാനികളും കാനോനികമായി സ്വീകരിക്കാവു എന്നതാണ് പ്രോട്ടസ്റ്റന്‍റു നിലപാട് ഹെബ്രായ ബൈബിളില്‍ ഇല്ലാത്തതും കത്തോലിക്കര്‍ പ്രസിദ്ധീകരിക്കുന്ന ബൈബിളില്‍ ഉള്ളതുമായ പുസ്തകങ്ങളെ പ്രോട്ടസ്റ്റന്‍റുകാര്‍ "അപ്പോക്രിഫ" അഥവ അപ്രമാണിക ഗ്രന്ഥങ്ങള്‍ എന്നുവിളിക്കുന്നു. കത്തോലിക്കരാകട്ടെ ഈ ഗ്രന്ഥങ്ങളെ "ഉത്തരകാനോനിക" (deutero-canonical) ഗ്രന്ഥങ്ങള്‍ എന്നാണു വിളിക്കുന്നത്.
തോബിത്, യൂദിത്, 1-2 മക്കബായര്‍, ജ്ഞാനം, പ്രഭാഷകന്‍, ബാറുക് എന്നീ ഏഴുപുസ്തകങ്ങളും എസ്തേര്‍ 10,4-16,24; ദാനിയേലിന്‍റെ പുസ്തകം 3-ാം അധ്യായം 23 ാം വാക്യത്തിനും 24-ാം വാക്യത്തിനുമിടയില്‍ ചേര്‍ത്തിരിക്കുന്ന "അസറിയായുടെ പ്രാര്‍ത്ഥനയും മൂന്നുയുവാക്കളുടെ കീര്‍ത്തനവും" ദാനിയേല്‍ 13 (സൂസന്ന); ദാനിയേല്‍ 14 (ബേലും വ്യാളവും) എന്നീ ഭാഗങ്ങളും ഉത്തരകാനോനിക ഗ്രന്ഥങ്ങളില്‍പ്പെടുന്നു.
ഈ പുസ്തകങ്ങളും പുസ്തകഭാഗങ്ങളും പ്രോട്ടസ്റ്റന്‍റു നവീകരണക്കാര്‍ ആരംഭം മുതലേ ഉപേക്ഷിച്ചിരുന്നില്ല. നവീകരണപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ 1534-ല്‍ പ്രസിദ്ധീകരിച്ച ബൈബിള്‍ വിവര്‍ത്തനത്തില്‍ മേല്‍പറഞ്ഞ ഭാഗങ്ങള്‍ പഴയനിയമത്തിന്‍റെ അവസാനത്തില്‍ ചേര്‍ത്തിരുന്നു. അവതരണക്കുറിപ്പ് എന്ന നിലയില്‍ "അപ്പോക്രിഫ" - ഈ പുസ്തകങ്ങള്‍ വിശുദ്ധഗ്രന്ഥത്തോടു തുല്യമല്ലെങ്കിലും വായിക്കുന്നത് നല്ലതും ഉപയോഗപ്രദവും ആയിരിക്കും എന്ന് ഈ സമാഹാരത്തിന്‍റെ ആരംഭത്തില്‍ ലൂഥര്‍ എഴുതിച്ചേര്‍ത്തിരുന്നു. പ്രോട്ടസ്റ്റന്‍റു നവീകരണത്തിന്‍റെ മറ്റൊരു പ്രമുഖനേതാവായ സ്വിംഗ്ലി 1527-29 ല്‍ സൂറിച്ചില്‍ നിന്നു പ്രസിദ്ധീകരിച്ച ബൈബിള്‍ വിവര്‍ത്തനത്തിലും ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ അവസാനത്തെ വാല്യമായി ചേര്‍ത്തിരുന്നു. കാല്‍വിന്‍ നേതൃത്വം നല്‍കിയ വിവര്‍ത്തനത്തിലും (1534-35) ഈ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജെയിംസ് രാജാവിന്‍റെ വിവര്‍ത്തനം (King James Version) എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പരിഭാഷയില്‍ (1611) ഉത്തര കാനോനികഗ്രന്ഥങ്ങള്‍ പഴയനിയമത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്. കാലക്രമത്തില്‍ പല പ്രോട്ടസ്റ്റന്‍റുവിഭാഗങ്ങളും ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ ബൈബിളില്‍ നിന്നുമാറ്റി. എന്നാല്‍ അടുത്തകാലത്ത്, പ്രത്യേകിച്ചും യൂറോപ്പില്‍, പ്രോട്ടസ്റ്റന്‍റു സഭകളും ഉത്തര കാനോനിക ഗ്രന്ഥങ്ങളോടു കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. യഹൂദരുടെ ബൈബിളില്‍ ഇല്ലാത്ത പുസ്തകങ്ങള്‍ പഴയനിയമത്തിന്‍റെ ഭാഗമായി കരുതാന്‍ പാടില്ല എന്നുവാദിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ബൈബിളിലെ പുസ്തകങ്ങളെക്കുറിച്ച് ത്രെന്തോസ് സൂനഹദോസ് പെട്ടന്ന് ഒരു തീരുമാനം എടുക്കുകയായിരുന്നില്ല. ഏ.ഡി. 393 ലെ ഹിപ്പോ പട്ടണത്തില്‍ കൂടിയ പ്രാദേശിക സൂനഹദോസും ഏ.ഡി. 397 ലെ രണ്ടാം കര്‍ത്തേജ് സൂനഹദോസും കാനോനികഗ്രന്ഥങ്ങളെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഏ.ഡി. 405 ല്‍ ഇന്നസെന്‍റ് ഒന്നാമന്‍ മാര്‍പാപ്പ ടുളുസിലെ മെത്രാനയച്ച കത്തില്‍ കാനോനിക ഗ്രന്ഥങ്ങള്‍ ഏവയെന്ന് പ്രഖ്യാപിക്കുന്നുണ്ട് ഏ.ഡി. 1441 ല്‍ ഫ്ളോറന്‍സില്‍ സമ്മേളിച്ച സാര്‍വ്വത്രിക സൂനഹദോസ് ഇപ്രകാരമൊരു പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. മേല്പറഞ്ഞ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും എല്ലാം ഒരേ പട്ടിക തന്നെയാണ് അവതരിപ്പിക്കുന്നത്. ഈ പട്ടികയാണ് ത്രെന്തോസ് സൂനഹദോസ് വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.
ദൈവനിവേശിത ഗ്രന്ഥം
ബൈബിളിന്‍റെ രചനയ്ക്കായി ദൈവം ചില വ്യക്തികളെ പ്രത്യേകമായി തിരഞ്ഞെടുത്തു. താന്‍ വെളിപ്പെടുത്താന്‍ ഇച്ഛിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ദൈവം അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ഗ്രഹിച്ചവ തെറ്റുകൂടാതെ എഴുതാന്‍ അവരുടെ മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്തു. വിശുദ്ധഗ്രന്ഥകാരന്‍മാരിലുള്ള പരിശുദ്ധാത്മാവിന്‍റെ ഈ പ്രവര്‍ത്തനത്തെയാണ് "ദൈവനിവേശനം" (divine inspiration) എന്നുവിളിക്കുന്നത്. ഇപ്രകാരം പരിശുദ്ധാത്മാവിന്‍റെ നിവേശനത്തിന്‍ കീഴില്‍ രചിക്കപ്പെട്ട ഗ്രന്ഥമായതിനാല്‍ ബൈബിളിനെ ദൈവനിവേശിത ഗ്രന്ഥം എന്നു വിളിക്കുന്നു.
പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടവയല്ല പരിശൂദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്ڈ (2 പത്രോ.1,21) എന്ന് വിശുദ്ധ പത്രോസും, "വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു" (2 തിമോ. 3,16 ) എന്ന് വി. പൗലോസും രേഖപ്പെടുത്തിയിരിക്കുന്നു. "പ്രവചനങ്ങള്‍" എന്നു വി. പത്രോസ് വിളിക്കുന്നത് പ്രവാചകഗ്രന്ഥങ്ങളെ മാത്രമല്ല പഴയനിയമത്തെ മുഴുവനുമാണ്.
ദൈവനിവേശിത ഗ്രന്ഥമായതിനാല്‍ ബൈബിള്‍ ദൈവത്തിന്‍റെ വചനമാണ്. ചില വ്യക്തികളോട് തന്‍റെ വചനങ്ങള്‍ എഴുതി പിന്‍തലമുറകള്‍ക്കായി സൂക്ഷിക്കാന്‍ ദൈവം തന്നെ ആവശ്യപ്പെടുന്നതായി ബൈബിളില്‍കാണാം. "കര്‍ത്താവ് മോശയോട് അരുള്‍ചെയ്യ്തു : ഇതിന്‍റെ ഓര്‍മ്മ നിലനിര്‍ത്താനായി നീ ഇത് ഒരു പുസ്തകത്തിലെഴുതി ജ്വോഷ്വായെ വായിച്ചു കേള്‍പ്പിക്കുക" (പുറ.17, 14) കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു : "വരും നാളില്‍ എന്നേക്കുമുള്ള സാക്ഷ്യത്തിനായി ഇത് അവരുടെ മുമ്പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്തകത്തില്‍ എഴുതുകയും ചെയ്യുക" (ഏശ.30, 8) "സൈന്യങ്ങളുടെ ദൈവമായകര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തില്‍ എഴുതുക" (ജറെ. 30-2). ദൈവം നല്കിയ പ്രത്യേക പ്രചോദനം അനുസരിച്ചാണ് തങ്ങള്‍ എഴുതിയത് എന്ന വിശുദ്ധ ഗ്രന്ഥകാരന്‍മാര്‍ക്കുണ്ടായിരുന്ന അവബോധത്തെയാണ് മേലുദ്ധരിച്ച വാക്യങ്ങള്‍ വ്യക്തമാക്കുന്നത്.
യേശുവും അപ്പസ്തോലന്‍മാരും പഴയനിയമത്തെ ദൈവവചനമായി കരുതിയിരുന്നു. (മത്താ. 4,4; 11,10; 19,4-5; ലൂക്കാ 18,31; 24,44). യേശുവിന്‍റെ സഭ പുതിയനിയമത്തെയും ദൈവവചനമായി കരുതുന്നു. സഭാപിതാക്കന്‍മാരും സൂനഹദോസുകളും ഈ പഠനം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. ദൈവനിവേശനത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പഠനത്തെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് "ദൈവികവെളിപാട്" എന്ന പ്രമാണരേഖയില്‍ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു: "അപ്പസ്തോലന്‍മാരില്‍നിന്നു സ്വീകരിച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മതാവായ തിരുസഭ ഇങ്ങനെ പഠിപ്പിക്കുന്നു. പുതിയനിയമത്തിലും പഴയനിയമത്തിലുമുള്ള എല്ലാപുസ്തകങ്ങളും പൂര്‍ണ്ണമായി അവയുടെ എല്ലാ ഭാഗങ്ങളുമുള്‍പ്പെടെ സംപൂജ്യവും കാനോനികവുമാണ്. കാരണം അവയുടെ രചന പരിശുദ്ധാത്മാവിന്‍റെ നിവേശനത്തില്‍നിന്നാകുന്നു. ദൈവമാണ് അവയുടെ കര്‍ത്താവ്" (നമ്പര്‍ 11).
ദൈവനിവേശിതമായി സഭ അംഗീകരിക്കുന്നത് മൂലഭാഷകളില്‍ രചിക്കപ്പെട്ട ബൈബിള്‍ ഗ്രന്ഥങ്ങളാണ്. വിവര്‍ത്തനങ്ങള്‍ മൂലഭാഷയോടു വിശ്വസ്തത പുലര്‍ത്തുമ്പോള്‍ മാത്രമേ ദൈവനിവേശിതമാവുകയുള്ളു. ഗ്രന്ഥകാരന്‍മാര്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വിശ്വസ്തമായി വിവര്‍ത്തനം ചെയ്യാന്‍ പരിഭാഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവര്‍ത്തനം മൂലഗ്രന്ഥത്തോടു വിശ്വസ്തമാണെന്ന കാര്യത്തിന് സഭയുടെ അംഗീകാരം നല്‍കുന്നത് ഇതുകൊണ്ടാണ്. വിശുദ്ധ ഗ്രന്ഥകാരന്‍മാര്‍ എഴുതിയ കയ്യെഴുത്തുപ്രതികള്‍ ഇന്ന് ലഭ്യമല്ല. പല തവണ പകര്‍ത്തിയെഴുതിയതിന്‍റെ പകര്‍പ്പുകള്‍ മാത്രമാണ് നമുക്കു ലഭിച്ചിരിക്കുന്നത്. ഈ കൈയ്യെഴുത്തുപ്രതികളില്‍ ഏതാണ് മൂലഗ്രന്ഥത്തോട് ഏറ്റം വിശ്വസ്തമായത് എന്നുനിശ്ചയിക്കാന്‍ സൂക്ഷ്മമായ പഠനം ആവശ്യമുണ്ട്. ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ ഒരു ശാഖ (Textual criticism) ഈ വിഷയത്തില്‍ ദീര്‍ഘകാലമായി ശാസ്ത്രീയമായ വിധത്തില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടാണിരിക്കുന്നത്.
ദൈവനിവേശനത്തിന്‍റെ ഫലങ്ങള്‍
ദൈവനിവേശനത്തിന്‍റെ ഫലമാണ് ബൈബിള്‍ ഗ്രന്ഥം. ദൈവമാണ് ആത്യന്തികമായി അതിന്‍റെ കര്‍ത്താവ്. ഇതില്‍നിന്നും സുപ്രധാനമായ ചില കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ബൈബിള്‍ ദൈവനിവേശിതമായ ഗ്രന്ഥമായതിനാല്‍ അതു വായിക്കുന്നവര്‍ക്ക് ദൈവം സ്വയം വെളിപ്പെടുത്തുന്നു. ദൈവത്തെ അറിയാനും ദൈവികജീവനില്‍ പങ്കുചേരാനും ബൈബിള്‍ സഹായിക്കുന്നു.
ഏകദേശം ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കുള്ളില്‍ അനേകം പേരാല്‍ രചിക്കപ്പെട്ട 73 പുസ്തകങ്ങളുടെ സമാഹാരമാണു ബൈബിളെങ്കിലും അവയുടെയെല്ലാം കര്‍ത്താവ് ദൈവമാകയാല്‍ ഈ സമാഹാരം ഒറ്റ ഗ്രന്ഥമായി കരുതണം. ഒറ്റപ്പെട്ട പുസ്തകങ്ങളും അവയിലെ വാക്യങ്ങളും വ്യാഖ്യാനിക്കുമ്പോള്‍ ബൈബിളിന്‍റെ മൊത്തമായ ഐക്യം മനസ്സിലുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബൈബിളിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെ കണ്ടെത്താനാവു. ബൈബിളിലെ അനേകം പുസ്തകങ്ങള്‍ യേശുക്രിസ്തുവിനെ കേന്ദ്രമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത്. യേശുവിലൂടെ സംഭവിച്ച ദൈവാവിഷ്കരണത്തിന്‍റെ വിശദീകരണമാണ് പുതിയനിയമം. ദൈവനിവേശനത്തിന്‍റെ ഫലമായി പഴയനിയമത്തില്‍ പുതിയനിയമം നിഗൂഢമായി സ്ഥിതിചെയ്യുന്നു; പുതിയനിയമത്തില്‍ പഴയനിയമം പ്രകടമാകുന്നു. അഥവാ, പഴയനിയമം പുതിയനിയമത്തിനു വഴിയൊരുക്കുന്നു. പുതിയനിയമത്തില്‍ പഴയനിയമം പൂര്‍ത്തിയാവുന്നു.
യേശുക്രിസ്തുവിലൂടെ മനുഷ്യര്‍ ദൈവവുമായി കണ്ടുമുട്ടുന്ന വേദിയാണല്ലോ കൂദാശകള്‍. രക്ഷാകരമായ ഈ കണ്ടുമുട്ടല്‍ അടയാളങ്ങളിലൂടെയാണ് നടക്കുന്നത്. ഏഴുകൂദാശകളാണ് സഭ ഔദ്യോഗികമായി അംഗികരിച്ചിട്ടുള്ളത്. എന്നാല്‍, യേശുക്രിസ്തുവിലൂടെ ദൈവത്തെ കണ്ടുമുട്ടാനുള്ള വേദിയാണ് ബൈബിളും. മനുഷ്യബുദ്ധിയെയും ഭാവനയെയും വികാരങ്ങളെയും നേരിട്ടു സ്പര്‍ശിക്കുന്നതാകയാല്‍ ബൈബിളിലൂടെ നടക്കുന്ന കണ്ടുമുട്ടല്‍ വളരെ പ്രധാനപ്പെട്ടതാണ്.
സത്യം തന്നെയായ ദൈവമാണ് ബൈബിളിന്‍റെ കര്‍ത്താവ്. അതിനാല്‍ ബൈബിളില്‍ സത്യവിരുദ്ധമായ പഠനങ്ങള്‍ ഉണ്ടായിരിക്കുകയില്ല. മനുഷ്യന്‍റെ നിത്യരക്ഷയ്ക്ക് ആവശ്യകമായ കാര്യങ്ങളാണ് ദൈവം വെളിപ്പെടുത്തുന്നത്. ഈ നിലയില്‍ വേണം ബൈബിളില്‍ ആവിഷ്ക്കരിക്കപ്പെടുന്ന സത്യങ്ങളെ മനസ്സിലാക്കാന്‍. ആധുനിക ശാസ്ത്രത്തിന്‍റെയും ചരിത്രപഠനങ്ങളുടെയും കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ബൈബിളിലെ ചില പ്രസ്താവനകള്‍ തെറ്റായി തോന്നിയേക്കാം. ശാസ്ത്രമോ ലോകചരിത്രമോ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമല്ല, രക്ഷാകരചരിത്രമാണ് ബൈബിള്‍ എന്ന ബോദ്ധ്യത്തോടെ വേണം ബൈബിളിലെ പഠനങ്ങളെ സമീപിക്കാന്‍. ഓരോ പുസ്തകവും എഴുതപ്പെട്ടകാലത്തു നിലവിലിരുന്ന പ്രപഞ്ചവീക്ഷണവും സാഹിത്യശൈലികളും മാനുഷികഗ്രന്ഥകാരന്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവുന്നതല്ല. ഗ്രന്ഥകാരന്‍മാര്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രക്ഷാകര സത്യം എന്ത് എന്നു മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ പ്രത്യക്ഷത്തില്‍ തെറ്റെന്നു തോന്നിയേക്കാവുന്ന പല പ്രസ്താവനകളും തെറ്റല്ല എന്നു തെളിയും.
ദൈവമാണ് ബൈബിളിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്നതുകൊണ്ട് വിശുദ്ധ ഗ്രന്ഥകാരന്‍മാര്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നു വരുന്നില്ല. അവര്‍ സ്വതന്ത്രബുദ്ധിയും ഇച്ഛാശക്തിയും ഭാവനയും ഉള്ള യഥാര്‍ത്ഥ ഗ്രന്ഥകാരന്‍മാരായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
ബൈബിളും പാരമ്പര്യവും
ബൈബിളിലൂടെയാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നതെങ്കില്‍ ബൈബിളില്‍ കാണാത്ത കാര്യങ്ങള്‍ വിശ്വാസസത്യമായി കരുതുന്നതു ശരിയോ? കത്തോലിക്കാ സഭ പഠിപ്പിക്കുന്ന പലകാര്യങ്ങളും ബൈബിളില്‍ കാണുന്നില്ല. ഉദാ. മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം, ശുദ്ധീകരണസ്ഥലം. മാത്രമല്ല, ബൈബിളിന്‍റെ സ്പഷ്ടമായ പഠനത്തിനു വിരുദ്ധമെന്നു തോന്നാവുന്ന പല ആചാരങ്ങളും കത്തോലിക്കാസഭ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉദാ. പ്രതിമാവണക്കം, മധ്യസ്ഥപ്രാര്‍ത്ഥന. ഇന്ന് സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്.
ബൈബിളിന്‍റെ ഉത്ഭവത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ച വികലമായ ധാരണകളാണ് ഈ ചോദ്യത്തില്‍ പ്രതിഫലിക്കുന്നത്. 'ദൈവം ചില വ്യക്തികളെ പ്രത്യേകം തെരഞ്ഞെടുത്ത് ദൈവികരഹസ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തി. അവര്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ബൈബിള്‍. അതുവായിക്കുന്ന ആര്‍ക്കും ദൈവം വെളിപ്പെടുത്തിയ സത്യം മുഴുവന്‍ തെറ്റുകൂടാതെ ഗ്രഹിക്കാന്‍ കഴിയും'. ഏതാണ്ട് ഈ വിധത്തിലുള്ള ചിന്തയാണ് മേലുദ്ധരിച്ച ചോദ്യത്തിനു പിന്നിലുള്ളത്. എന്നാല്‍ ബൈബിളിന്‍റെ ഉത്ഭവം ഇത്ര ലളിതമായവിധത്തിലായിരുന്നില്ല. അതിസങ്കീര്‍ണ്ണമായ ഒരു പ്രയാണത്തിലൂടെയാണ് ദൈവവചനം ലിഖിതരൂപത്തിലായത്. പഴയനിയമത്തെയും പുതിയനിയമത്തേയും സംബന്ധിച്ച് ഇതു വാസ്തവമാണ്.
ബി.സി. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്രാഹത്തെ സംബന്ധിച്ച കാര്യങ്ങള്‍ ബി.സി. 10-ാം നുറ്റാണ്ടില്‍ ദാവിദിന്‍റെയും സോളമെന്‍റെയും കാലത്താണ് ലിഖിതരൂപത്തിലായത്. ബി.സി.13-ാം നൂറ്റാണ്ടില്‍ നടന്ന പുറപ്പാടും സീനായ് ഉടമ്പടിയും മറ്റും ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന വിധത്തില്‍ അന്തിമമായി എഴുതപ്പെട്ടതു ബി.സി. 5-ാം നൂറ്റാണ്ടിലാണ്. ക്രിസ്ത്വാനുഭവത്തെ ലിഖിതരൂപത്തില്‍ അവതരിപ്പിക്കുന്ന സുവിശേഷങ്ങള്‍ എഴുതപ്പെട്ടത് ഏ.ഡി. 60-നു ശേഷമാണ്- യേശുവിന്‍റെ മരണത്തിന് മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കു ശേഷം. അപ്പോള്‍, എഴുതപ്പെട്ട ബൈബിള്‍ ഉണ്ടാകുന്നതിനുമുമ്പേ ദൈവീക വെളിപാട് ഒരു സമൂഹത്തിന് ലഭിക്കുകയും ആ സമൂഹം അത് പിന്‍തലമുറകള്‍ക്കു കൈമാറുകയും ചെയ്തിരുന്നു എന്നു വ്യക്തം. ദൈവവചനമായി കണ്ട് അവ ശേഖരിച്ചു സൂക്ഷിച്ചതും പിന്‍തലമുറകള്‍ക്കു കൈമാറിയതും സഭയാണ്. ഇതുതന്നെയാണ് മറ്റെല്ലാ പുസ്തകങ്ങളുടെയും അവസ്ഥ. അതിനാല്‍ സഭയിലാണ് ബൈബിള്‍ രൂപം കൊണ്ടത്; സഭയാണ് ബൈബിള്‍ സൂക്ഷിക്കുന്നതും കൈമാറുന്നതും. സഭയ്ക്കാണ് ബൈബിള്‍ ഏല്‍പിച്ചു കൊടുത്തിരിക്കുന്നത്. ദൈവവചനമാകുന്ന ബൈബിള്‍ വിശ്വസ്തമായി സൂക്ഷിക്കുകയും പ്രഘോഷിക്കുകയും ചെയ്യുക സഭയുടെ ദൈവദത്തമായ ദൗത്യമാണ്.
ബൈബിള്‍ മാത്രമോ ?
ദൈവികവെളിപാടിന്‍റെ ഉറവിടം ബൈബിള്‍ മാത്രമാണെന്നും ബൈബിളില്‍ എഴുതപ്പെട്ടിട്ടില്ലാത്ത യാതൊന്നും വിശ്വാസത്തിന്‍റെയോ ധാര്‍മ്മികതയുടെയോ മാനദണ്ഡമായി സ്വീകരിക്കാന്‍ പാടില്ല എന്നും ഉള്ള വാദഗതി യുക്തിസഹമല്ല. സഭാസമുഹത്തിനു ലഭിച്ച ദൈവാവിഷ്കരണത്തിന്‍റെ ലിഖിതരൂപത്തിലുള്ള പ്രകാശനമാണ് ബൈബിള്‍. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ചതെല്ലാം എഴുതപ്പെട്ടിട്ടില്ല എന്നു സുവിശേഷകന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങള്‍ യേശു ശിഷ്യന്‍മാരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു" (യോഹ. 20,30). "യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ് എനിക്കുതോന്നുന്നത്" (യോഹ. 21, 25). കോറിന്തോസിലെ സഭയ്ക്കു നാലു ലേഖനങ്ങള്‍ എഴുതിയതായി വി. പൗലോസ് പറയുന്നുണ്ട്. അവയില്‍ രണ്ടണ്ണം മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളു. ലാവോദിക്യായിലെ സഭയ്ക്കെഴുതിയ കത്ത് (കൊളൊ. 4,16) നമുക്കു കിട്ടിയിട്ടില്ല. ഇന്നു ലഭിച്ചിരിക്കുന്ന ബൈബിളില്‍ ഉള്‍ക്കൊണ്ടിട്ടില്ലാത്ത പലതും യേശുവും അപ്പസ്തോലന്‍മാരും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.
തന്നെയുമല്ല, യേശു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങളെയും, സര്‍വ്വോപരി അവിടുത്തെ വ്യക്തിത്വത്തിന്‍റെ ആഴങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം സാവധാനമാണ് അപ്പസ്തോലന്‍മാര്‍ക്കും സഭാസമൂഹത്തിനും ലഭിച്ചത്. "ഇനിയും വളരെ കാര്യങ്ങള്‍ നിങ്ങളോടുപറയാനുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കും" (യോഹ. 16, 12). ക്രിസ്തുസംഭവത്തിലൂടെ നടന്ന ദൈവിക വെളിപാടിന്‍റെ പൂര്‍ണ്ണതയിലേക്കു പരിശുദ്ധാത്മാവാണ് സഭയെ സാവധാനം കൈപിടിച്ചു നടത്തുന്നത്. അതിനാല്‍ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ സഭയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട് ബൈബിളില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്ന പലകാര്യങ്ങളും ക്രമേണയാണ് സഭ മനസ്സിലാക്കിയത്. പരിശുദ്ധത്രിത്വത്തെയും യേശുവിന്‍റെ ദൈവ-മനുഷ്യസ്വഭാവത്തെയും കുറിച്ചുള്ള സഭയുടെ പഠനങ്ങള്‍ ഉദാഹരണങ്ങളാണ്.
പാരമ്പര്യത്തെക്കുറിച്ചുള്ള സഭയുടെ ഈ കാഴ്ചപ്പാട് ബൈബിളിന്‍റെ പ്രാധാന്യത്തെ യാതൊരുവിധത്തിലും കുറച്ചുകാണിക്കുന്നില്ല. ബൈബിള്‍ പഠിപ്പിക്കുന്ന സത്യങ്ങള്‍ക്കെതിരായി സഭാപാരമ്പര്യങ്ങള്‍ ഒന്നും പഠിപ്പിക്കുന്നില്ല. രണ്ടിന്‍റെയും ഉറവിടം ദൈവം തന്നെയാകയാല്‍ അവ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാവുകയില്ല. ബൈബിളിനെ മറന്നുകൊണ്ടു പാരമ്പര്യത്തിനോ, പാരമ്പര്യത്തെ മറന്നുകൊണ്ട് ബൈബിളിനോ നിലനില്ക്കാനാവില്ല.
അടിസ്ഥാനപരമായ വെളിപാടിന്‍റെ കാലം ശ്ലീഹന്‍മാരുടെ കാലത്തോടെ അവസാനിച്ചു. അതുകൊണ്ട് ഈ വെളിപാടിനെ കേന്ദ്രീകരിച്ചും ബന്ധപ്പെടുത്തിയുമാണ് വിശ്വാസികള്‍ ജീവിക്കുന്നത്. അപ്പോള്‍ പാരമ്പര്യമെന്നത് ആത്മാവിനാല്‍ നയിക്കപ്പെടുന്ന സഭയുടെ തെറ്റുപറ്റാനാവാത്ത ജീവിതമാണെന്നു പറയാം. കുറേക്കൂടി വ്യാപകമായ അര്‍ത്ഥത്തില്‍, ശ്ലീഹന്‍മാരിലും, സഭാപിതാക്കന്‍മാരിലും, സഭാജീവിതത്തിലും കൂടി അവിച്ഛിന്നമായി നിലനിന്നുപോരുന്ന രക്ഷയുടെ സന്ദേശമാണ്, സിദ്ധാന്തമാണ്, പാരമ്പര്യം. വിശ്വാസത്തിന് അധിഷ്ഠിതമായ തത്വസംഹിതകള്‍ മാത്രമല്ല, സഭയുടെ ആരാധനക്രമം, ആചാരനുഷ്ഠാനങ്ങള്‍, നിയമങ്ങള്‍, ജീവിതശൈലി എന്നിവയെല്ലാം പാരമ്പര്യത്തില്‍പ്പെടുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മിശിഹാതന്നെയാണ് യഥാര്‍ത്ഥ പാരമ്പര്യം (The Tradition).
വെളിപാടും പാരമ്പര്യവും
ശ്ലീഹന്‍മാര്‍ മിശിഹായില്‍നിന്ന് ഏതെങ്കിലുമൊരു ലിഖിത രേഖ സ്വീകരിച്ചില്ല. മിശിഹായുടെ വചനങ്ങള്‍ കേട്ടും അവിടുത്തെ കണ്ടും തൊട്ടും, അനുഭവിച്ചും അറിഞ്ഞ കാര്യങ്ങള്‍ അവര്‍ ഹൃദയത്തില്‍ സ്വീകരിച്ചു, ധ്യാനിച്ചു, പ്രഖ്യാപിച്ചു. ഇതിന്‍റെയെല്ലാം പിന്നില്‍ ദൈവമാതാവ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെ വിശ്വാസികള്‍ ദൈവവചനം ശ്ലീഹന്‍മാരുടെ അധരങ്ങളില്‍ നിന്നും സ്വീകരിച്ചു. ദൈവവചനത്തോടു സഹകരിച്ച അവര്‍ ദൈവാത്മാവിന്‍റെ കൃപാവരത്താല്‍ നല്കപ്പെട്ട സത്യത്തെ ഹൃദയത്തില്‍ സൂക്ഷിച്ചു; ജീവിതത്തില്‍ പാലിച്ചു. അവസരം കിട്ടിയപ്പോഴൊക്കെയും അതു ആഘോഷിച്ചു പ്രഖ്യാപിച്ചു. അങ്ങനെയാണ് വെളിപ്പെടുത്തപ്പെട്ട സത്യത്തിന്‍റെ നിക്ഷേപമായ പാരമ്പര്യം ഉണ്ടാകുന്നത്.
ലിഖിതവും അലിഖിതവുമായ കൈമാറല്‍
മേല്‍പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ലിഖിതവചനമായ വി. ഗ്രന്ഥം ഉണ്ടാകുന്നതിനുമുമ്പ് ഒരു വാചിക പാരമ്പര്യം ഉണ്ടായിരുന്നു. പുതിയനിയമത്തിന്‍റെ ഉള്ളടക്കമായിത്തീര്‍ന്നത് അതാണ്. എങ്കിലും ഒന്ന് തീര്‍ച്ചയാണ്: തിരുലിഖിതങ്ങള്‍ എഴുതപ്പെട്ടതുകൊണ്ട് പാരമ്പര്യം ഇല്ലാതാവുകയോ തീര്‍ന്നുപോവുകയോ ചെയ്യുന്നില്ല. മറ്റുവാക്കില്‍ പറഞ്ഞാല്‍ തിരുലിഖിതം പാരമ്പര്യത്തെ മാറ്റി മറിക്കുന്നില്ല. പാരമ്പര്യത്തിന്‍റെ ഭാഗമായി ലിഖിതരൂപം നിലനില്ക്കുകയാണ്.
വി. ഗ്രന്ഥവും വി. പാരമ്പര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തേക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദൈവാവിഷ്കരണം 7-10ല്‍ (പ്രധാനമായും 9-ല്‍) പറയുന്നുണ്ട്. വി.ലിഖിതവും പാരമ്പര്യവും തമ്മില്‍ സുദൃഢമായ ബന്ധവും വിനിമയവും ഉണ്ട്. അവ രണ്ടിന്‍റെയും ഉത്ഭവം ഒരു ദിവ്യ സ്രോതസ്സില്‍ നിന്നാണ്. ഒരുവിധത്തില്‍ രണ്ടും ഒന്നായിച്ചേര്‍ന്ന് ഒരേ ലക്ഷ്യത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. കാരണം പരിശുദ്ധ റൂഹായുടെ നിവേശനത്താല്‍ ദൈവവചനം ലിഖിതരൂപത്തിലേയ്ക്കു പകര്‍ത്തിയിരിക്കുന്നതുകൊണ്ട് വി. ലിഖിതങ്ങള്‍ ദൈവവചസ്സുകളാണ്.... ദൈവികാവിഷ്ക്കരണത്തിലെ എല്ലാ വസ്തുതകളെയും സംബന്ധിച്ചുള്ള അസന്ദിഗ്ദ്ധമായ ബോധം വി. ലിഖിതങ്ങളില്‍ നിന്നുമാത്രമല്ല സഭയ്ക്കു ലഭ്യമാകുന്നത്. അതുകൊണ്ട്, വി. ലിഖിതങ്ങളും പാരമ്പര്യവും ഒരേ ബഹുമാനത്തോടും ആദരവോടും കൂടി നാം സ്വികരിച്ചുവണങ്ങേണ്ടതാണ്.മേല്‍ പറഞ്ഞ കൗണ്‍സില്‍ പഠനത്തിന്‍റെ വെളിച്ചത്തില്‍ വി. ഗ്രന്ഥവും പാരമ്പര്യവും തമ്മില്‍ താഴെപ്പറയുന്ന സാമ്യങ്ങള്‍ കണ്ടെത്താനാവും.
വി. ഗ്രന്ഥത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രഭവം ഒരേ സ്രോതസ്സില്‍ നിന്നാണ്.
സഭയുടെ ആന്തരികവും വസ്തുനിഷ്ഠവുമായ നിയമങ്ങളായി വി.ഗ്രന്ഥവും, പാരമ്പര്യവും സഭയില്‍ നിലകൊള്ളുന്നു. അവയാണ് സഭയെ അവളാക്കിത്തീര്‍ക്കുന്ന തത്വങ്ങള്‍. കാരണം അവയിലൂടെ ദൈവാത്മാവ് പ്രവര്‍ത്തിക്കുന്നു. ഈ ആത്മാവാണ് ആത്യന്തികമായി സഭയെ അവളാക്കി രൂപപ്പെത്തുന്നത്.
തിരുലിഖിതം വി. പാരമ്പര്യത്തിന്‍റെ തന്നെ ഭാഗമാണ്. പാരമ്പര്യത്തിന്‍റെ വെളിച്ചത്തില്‍ വേണം അതിനെ മനസ്സിലാക്കുവാന്‍. വി. ഗ്രന്ഥത്തെ പാരമ്പര്യത്തില്‍നിന്നു മാറ്റി നിര്‍ത്തി കാണാനാവാത്തതുപോലെ പാരമ്പര്യത്തെ സഭയില്‍നിന്നും, സഭയെ തിരുലിഖിതത്തില്‍നിന്നും പാരമ്പര്യത്തില്‍നിന്നും, വേര്‍പെടുത്താനും സാധിക്കില്ല. ഇവ മൂന്നും പരസ്പരബന്ധിതങ്ങളാണ്. വി. ഗ്രന്ഥം കൂടാതെ ശ്ലൈഹീക പ്രബോധനത്തിന്‍റെ ഉള്ളടക്കം എന്തെന്നുഗ്രഹിക്കനാവില്ല. വി. ഗ്രന്ഥവും വി. പാരമ്പര്യവും കൂടാതെ സഭയില്ലാത്തതുപോലെ സഭയില്ലെങ്കില്‍ വി. ഗ്രന്ഥവും, പാരമ്പര്യവുമില്ല. കാരണം, ദൈവാവിഷ്കാരത്തിന് ജനം നല്കിയ സ്വീകരണത്തിന്‍റെയും പ്രത്യുത്തരത്തിന്‍റെയും - അതായത് വിശ്വാസം - പ്രതിഫലനവും, പ്രകടനവും കൂടിയാണ് വി. ലിഖിതവും വി. പാരമ്പര്യവും. അതു സ്വീകരിച്ച ജനമായ സഭയാണ് ഇന്നിവയെ കാത്തുസൂക്ഷിക്കുന്നതും, പരിപോഷിപ്പിക്കുന്നതും.
വെളിപാടും പാരമ്പര്യവും തിരുലിഖിതങ്ങളും
ഈശോയിലൂടെ സാക്ഷാത്കൃതമായ അടിസ്ഥാനപരമായ ദൈവത്തിന്‍റെ വെളിപാട് ശ്ലീഹന്‍മാരും, കൂട്ടാളികളും അനുഭവിച്ചറിഞ്ഞു. ശ്ലീഹന്‍മാരുടെ കാലമെന്നത് സഭയുടെ ആരംഭത്തിന്‍റെയും, പുതിയനിയമത്തിന്‍റെ രൂപീകരണത്തിന്‍റെയുംകൂടി കാലമാണ്. പല ക്രിസ്തീയസമൂഹങ്ങളിലും നിലവിലിരുന്ന പ്രധാനപ്പെട്ട പാരമ്പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് ആത്മാവിന്‍റെ സഹായത്താല്‍ രൂപം പ്രാപിച്ചവയാണ് തിരുലിഖിതങ്ങള്‍ . വെളിപാടും തിരുലിഖിതങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതു പോലെ അടിസ്ഥാനപരമായ വ്യത്യാസവുമുണ്ട്. വെളിപാട് എന്നത് ഒരു യാഥാര്‍ത്ഥ്യവും (Reality) തിരുലിഖിതമെന്നത് അതിന്‍റെ ലിഖിതരൂപവുമാണ് (Record). യാഥാര്‍ത്ഥ്യം എന്നത് ലിഖിതരൂപമല്ല. എന്നാല്‍ ലിഖിതരൂപത്തില്‍ യാഥാര്‍ത്ഥ്യമുണ്ട്. എന്നാല്‍, അതു യഥാര്‍ത്ഥമായ അനുഭവമല്ല. അതിനാല്‍ വി. ഗ്രന്ഥത്തെ വെളിപാട് എന്ന യാഥാര്‍ത്ഥ്യവുമായി അന്ധമായി തുല്യപ്പെടുത്തുകയോ സാധര്‍മ്മ്യപ്പെടുത്തുകയോ ചെയ്യുവാന്‍ സാധിക്കുകയില്ല. വെളിപാട് എന്ന അനുഭവത്തിന്‍റെ സാക്ഷ്യമാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. അതിനാല്‍ വെളിപാട് തിരുലിഖിതങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നു പറയുമ്പോഴും വെളിപാട് എന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി ലേശംപോലും കുറവുകൂടാതെ അതിലുണ്ട് എന്നു ശാഠ്യം പിടിക്കേണ്ടതില്ല. വെളിപ്പെടുത്തപ്പെട്ട സത്യങ്ങള്‍ തിരുലിഖിതം ഉള്‍ക്കൊള്ളുന്നു എന്നു പറയുന്നതാകും ഉത്തമം.
വെളിപാടിനെയും പാരമ്പര്യത്തേയും സംബന്ധിച്ചും ഇങ്ങനെ തന്നെ പറയാവുന്നതാണ്. വെളിപാട് എന്ന യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് അതനുഭവിച്ചറിഞ്ഞവരും അതുകേട്ടറിഞ്ഞവരും (സഭ) നല്കുന്ന വ്യാഖ്യാനമാണ് അവരുടെ അനുഭവത്തിന്‍റെ പ്രകടനമാണ്, പ്രഘോഷണമാണ് പാരമ്പര്യമായി രൂപം പ്രാപിച്ചത്. ചുരുക്കത്തില്‍ വെളിപാടിനെ തിരുലിഖിതവുമായോ, പാരമ്പര്യവുമായോ താദാത്മ്യപ്പെടുത്തുന്നതു ഉചിതമായിരിക്കുകയില്ല. അതേസമയം തന്നെ തിരുലിഖിതത്തിലും, പാരമ്പര്യത്തിലും വെളിപ്പെടുത്തപ്പെട്ട സത്യങ്ങളാണുള്ളത്.
പാരമ്പര്യം: വിവിധമാനങ്ങള്‍
വെളിപാടിന്‍റെ പ്രകടനത്തില്‍ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ പാരമ്പര്യങ്ങളാണ് സമാന്തരമായിട്ടുള്ളത്. അവസാനത്തെ ശ്ലീഹായുടെ മരണത്തോടെ ലിഖിത പാരമ്പര്യം ദിവ്യാത്മാവിന്‍റെ സഹായത്താല്‍ രൂപവത്ക്കരിക്കപ്പെടുകയും സഭയില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം വാചികമായിരുന്നെങ്കിലും പിന്നീട് പ്രാമാണികരേഖകളായി സഭയുടെ മഹത്തായ പാരമ്പര്യമായി, അതായത് ശ്ലൈഹികമോ സഭാത്മകമോ ആയ സ്മാരകങ്ങളായി അവ നിലകൊള്ളുന്നു.
ശ്ലൈഹികവും സഭാത്മകവുമായ പാരമ്പര്യം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്.? എന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാലികമായ ഒരു കാഴ്ചപ്പാടിലൂടെ പരിഗണിച്ചാല്‍ പാരമ്പര്യത്തെ രണ്ടു വ്യത്യസ്തരൂപത്തില്‍ വേര്‍തിരിക്കാനാവും. അതായത് ശ്ലൈഹികപാരമ്പര്യവും സഭാത്മകപാരമ്പര്യവും ഇവ രണ്ടും പരസ്പര വിരുദ്ധമായവയല്ല. അപ്പസ്തോലിക പാരമ്പര്യം സഭാത്മകമാണ്. സഭാത്മകപാരമ്പര്യമാകട്ടെ, പാരമ്പര്യത്തിന്‍റെ മറ്റുചില രൂപങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നു. അവയെല്ലാം നേരിട്ടു ശ്ലൈഹികമായിരിക്കണമെന്നില്ല.
ശ്ലീഹന്‍മാരിലൂടെ നല്‍കപ്പെട്ട പാരമ്പര്യത്തില്‍ ദൈവജനത്തിന്‍റെ ജീവിതം വിശുദ്ധമായി നയിക്കുന്നതിനും വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനുമാവശ്യമായവയെല്ലാം അടങ്ങിയിട്ടുണ്ട്. പാരമ്പര്യം കൈമാറപ്പെടുന്നത് സഭയുടെ ജീവിതത്തിലൂടെയും പ്രബോധനത്തിലൂടെയും ആരാധനയിലൂടെയും ആണ്. ഇവ പരസ്പരം ബന്ധപ്പെട്ടവയുമാണ്.
പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ പാരമ്പര്യം നിരന്തരം വളര്‍ന്നുകൊണ്ടാണിരിക്കുന്നത്. കാരണം, മിശിഹ പറയുന്നു: "ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു നിങ്ങളോടു പറയുവാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കവ ഗ്രഹിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ സത്യത്മാവായ അവിടുന്നു വരുമ്പോള്‍ നിങ്ങളെ സകലസത്യങ്ങളിലേയ്ക്കും നയിക്കും" (യോഹ 16:12 -13). സത്യത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കു നയിക്കുന്ന ദൈവത്തിന്‍റെ ആത്മാവിനാല്‍ രക്ഷാകരമായ ഈ സന്ദേശം കൂടുതല്‍ ആഴത്തില്‍, മിഴിവില്‍ വെളിപ്പെടുകയും തലമുറകളിലേയ്ക്കു പകരുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ശ്ലീഹന്‍മാരുടെ കാലശേഷമുള്ള സഭയുടെ പാരമ്പര്യത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതാണ് അടുത്തതായി ചിന്തിക്കേണ്ടത്. ഇതിന് ആദ്യമേ തന്നെ പാരമ്പര്യത്തിന്‍റെ ക്രിയാത്മകമായ പ്രക്രിയയും (active process of tradition) ഉള്ളടക്കവും (content of ytradition) തമ്മിലുള്ള വ്യത്യാസമെന്തന്നു കാണേണ്ടിയിരിക്കുന്നു. ദൃശ്യമായ തലത്തില്‍ ദൈവവചനം ഒന്നാകെ പാരമ്പര്യം കൈമാറുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വി. ഗ്രന്ഥത്തിന്‍റെ പാരായണം, വി. കുര്‍ബ്ബാനയുടെ ആഘോഷം, കൂദാശകളുടെ പരികര്‍മ്മം, ദൈവവചനത്തിന്‍റെ പ്രഘോഷണം, അദ്ധ്യാപനം തുടങ്ങിയവയിലൂടെയാണ് അത് നിര്‍വ്വഹിക്കുന്നത്. ഇതില്‍നിന്നും വ്യക്തമാകുന്നത് ശ്ലീഹന്‍മാര്‍ക്കു ശേഷമുളള സഭയുടെ പാരമ്പര്യം എഴുതപ്പെട്ട പാരമ്പര്യമായ വി. ഗ്രന്ഥം മാത്രമല്ല, മറ്റുപലതും ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണല്ലോ. സഭയുടെ പാരമ്പര്യമെന്നത് നമ്മള്‍ കൈവശമാക്കുന്ന ഒരു വസ്തു (object) അല്ല, പിന്നയോ നമ്മെകൈവശമാക്കുന്ന ഒരു യഥാര്‍ത്ഥ്യമാണ്. (The tradition of the church not an object which we posses but areality by which we are possessed.) ദൈവജനമാണ് ഇതിന്‍റെ ദൃശ്യമായ വാഹകര്‍.
ശ്ലൈഹികപാരമ്പര്യത്തില്‍നിന്ന് സഭാത്മകപാരമ്പര്യത്തിലേക്കുള്ള നീക്കത്തെ സംബന്ധിച്ചുപറയുമ്പോള്‍ ദൈവശാസ്ത്രജ്ഞന്‍മാര്‍ അതിനെ വിശദീകരിക്കുന്നതു താഴെ പറയും വിധമാണ്. താരതമ്യേന ദീര്‍ഘമായ ഒരു കാലഘട്ടം വാചികമായാണ് വെളിപാടനുഭവം കൈമാറിക്കൊണ്ടിരുന്നത്. ഈ ആദ്യകാലഘട്ടത്തിലെ 'പാരമ്പര്യ'ത്തെ (tradition) ചെറിയ അക്ഷരം 't' കൊണ്ടു സൂചിപ്പിക്കുന്നു. ഇതിനെ തുടര്‍ന്നുവന്ന രണ്ടാംഘട്ടവിരചിതമായ വചനത്തിലൂടെയുള്ള കൈമാറല്‍ ആണ്. അതാണ് തിരുവചനം (Scripture); വലിയ അക്ഷരം 'ട' കൊണ്ടു സൂചിപ്പിക്കുന്നു. മൂന്നാമത്തെ ഘട്ടം വെളിപ്പെടുത്തപ്പെട്ട സത്യത്തെ കേന്ദ്രീകരിച്ചുള്ള വിവിധ രൂപത്തിലുള്ള വ്യാഖ്യാനങ്ങളുടെയും ഭാഷ്യങ്ങളുടെയും ഘട്ടമാണ്. അതിനെ (scripture) ചെറിയ അക്ഷരം 's' സൂചിപ്പിക്കുന്നു. മേല്‍പറഞ്ഞവയെല്ലാം ഉള്‍പ്പെട്ടതാണ് പാരമ്പര്യം. (tradition -Scripture-Tradition (t-S-s-T). ഈ വിധമാണ് പാരമ്പര്യം സഭയുടെതായിത്തീരുന്നത്.
വെളിപാടിന്‍റെ ഈ കൈമാറല്‍ പ്രക്രിയയിലെ നാലാമത്തെഘട്ടമായ പാരമ്പര്യത്തില്‍, മിശിഹായും ശ്ലീഹന്‍മാരും കൈമാറിയതും സഭയില്‍ സൂക്ഷിക്കപ്പെടുന്നതുമായ പഠനങ്ങള്‍ ദര്‍ശ്ശിക്കാന്‍ കഴിയും. സഭയുടെ പഠനങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് താഴെപ്പറയുന്നവയാണ്.
(a) തിരുലിഖിതങ്ങളെ സംബന്ധിച്ച വ്യാഖ്യാനങ്ങള്‍
(b) ഔദ്യോഗികമായ വിശ്വാസത്തിന്‍റെ പ്രസ്താവനകളും ഏറ്റുപറച്ചിലുകളും
(c) സാര്‍വ്വത്രിക സൂനഹദോസ്സുകളുടെ വിശ്വാസ പ്രമാണങ്ങളും നിര്‍വ്വചനങ്ങളും
(d) പിതാക്കന്‍മാരുടെയും ഇതര ക്രൈസ്തവ ഗ്രന്ഥകാരന്‍മാരുടെയും പ്രബോധനങ്ങളും പഠനങ്ങളും
(e) ആദിമസഭയിലെ ആരാധനാക്രമങ്ങളും വിവിധ ആരാധനാരൂപങ്ങളും. വിശുദ്ധപാരമ്പര്യവും തിരുലിഖിതത്തെപോലെ ദൈവീകോല്‍ഭവത്തില്‍ മാറ്റമില്ലാത്തത് ആണെങ്കിലും അതിന്‍റെ ബാഹ്യമായ രൂപത്തില്‍ അത് ചലനാത്മകമാണ്. അത് ദൈവീകവെളിപാടിന്‍റെ തുടര്‍ച്ചയും സജീവമായ പ്രകടനവുമായി പ്രശോഭിക്കുന്നു.
പാരമ്പര്യവും പാരമ്പര്യങ്ങളും
കത്തോലിക്കാസഭയില്‍: വിശുദ്ധപാരമ്പര്യം ഏറ്റുവാങ്ങിയ സഭ ഏകമാണെങ്കിലും ആസഭ പലസഭകളുടെ കൂട്ടായ്മയാണ്. ഈ സഭകളോട് ബന്ധപ്പെട്ട് മാത്രമേ പാരമ്പര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. പാരമ്പര്യത്തിന്‍റെ സഭാത്മകതയാണ് ഇവിടെ പ്രകടമാകുന്നത്. ക്രിസ്തു സംഭംവം ഒന്നാണെങ്കിലും ശ്ലീഹന്‍മാരുടെ ക്രിസ്ത്വനുഭവം വ്യത്യസ്തമായിരുന്നു. ശ്ലീഹന്‍മാരുടെ ക്രിസ്ത്വനുഭവങ്ങളും വിശ്വാസികളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളും പരിശുദ്ധാത്മാവിനാല്‍ സമന്വയിക്കപ്പെട്ടതിന്‍റെ പരിണതഫമാണ് വിവിധ സഭകള്‍. വ്യത്യസ്ത സഭകളുടെ പാരമ്പര്യങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ല. സാര്‍വ്വത്രികസഭയുടെ പൊതുസ്വത്താണവ. കത്തോലിക്കാസഭയില്‍ പൊതുവെ മുന്നു പാരമ്പര്യങ്ങളാണുള്ളത്.
1.) ലത്തീന്‍ (പാശ്ചാത്യ) സഭാപാരമ്പര്യം
2.) ഗ്രീക്ക് സഭാ പാരമ്പര്യം
3.) സൂറിയാനി സഭാപാരമ്പര്യം
അവസാനത്തെ രണ്ടിനെയും പൊതുവായി പൗരസ്ത്യ പാരമ്പര്യമെന്നാണ് സര്‍വ്വസാധാരണമായി പറയുക. ഈ രണ്ടു പാരമ്പര്യമങ്ങള്‍ക്കും സ്വന്തമായ സവിശേഷതകള്‍ ഉണ്ട്. എങ്കിലും സഭ പഠിപ്പിക്കുന്നതുപോലെ, "ആദ്ധ്യാത്മികത്വത്തിന്‍റെയും നിയമത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും പിതൃസ്വത്ത് അവയുടെ വിവിധ പാരമ്പര്യങ്ങളില്‍ പൂര്‍ണ്ണവും കാതോലികവും അപ്പസ്തോലികവുമായ സഭയുടെ സ്വഭാവത്തിലുള്‍പ്പെടുന്നു" (എക്യുമെനിസം 17). ചുരുക്കത്തില്‍ ഈ മൂന്നു പാരമ്പര്യങ്ങളും 'പാരമ്പര്യം' തന്നെയാണ്. അതുപലതായിപ്രകാശിതമാകുന്നുവെന്നു മാത്രം. അതുകൊണ്ടാണ് മേല്പറഞ്ഞ ഡിക്രി പഠിപ്പിക്കുന്നത്, "ആവിഷ്കൃതത്തെ സംബന്ധിച്ചുളള പഠനങ്ങളില്‍ കിഴക്കും, പടിഞ്ഞാറും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തങ്ങളാണ്. ദൈവിക സത്യങ്ങളുടെ അറിവിലും അതിന്‍റെ ഏറ്റുപറച്ചിലിലും അവര്‍ വിവിധ പന്ഥാവിലൂടെത്തന്നെയാണ് മുന്നേറിയത്. ചിലപ്പോള്‍ ഒരു പാരമ്പര്യം മറ്റൊന്നിനെ അപേക്ഷിച്ച് ആവിഷ്കൃത രഹസ്യങ്ങളിലെ ചില വശങ്ങള്‍ കൂടുതല്‍ വ്യക്തമായി ഗ്രഹിക്കാന്‍ സഹായിച്ചെന്നുവരാം; അല്ലെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായ വിധത്തില്‍ അവതരിപ്പിച്ചുിട്ടുണ്ടെന്നുവരാം. ഇങ്ങനെയുളള അവസരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഈ ദൈവശാസ്ത്രാവതരണങ്ങളെ പരസ്പര വിരുദ്ധങ്ങളായി ചിത്രീകരിക്കാതെ പരസ്പര പൂരകങ്ങളായി കണക്കാക്കണം. ചുരുക്കത്തില്‍, കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പാരമ്പര്യവും, പാരമ്പര്യങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഒരേ ഒരു പാരമ്പര്യത്തിന്‍റെ വിവിധ പ്രകടനങ്ങള്‍ ആണ് പാരമ്പര്യങ്ങള്‍.
പാരമ്പര്യങ്ങളിലുള്ള പാരമ്പര്യത്തെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങള്‍
സഭയുടെ പ്രബോധനാധികാരം (Magisterium): ദൈവവചനം ലിഖിതരൂപത്തില്‍ ലഭിച്ചതായാലും അലിഖിത പാരമ്പര്യമായി ലഭിച്ചതായാലും അതിനെ ആധികാരികമായി വ്യാഖാനിക്കേണ്ട ചുമതല ജീവിക്കുന്ന സഭയുടെ അദ്ധ്യാപനാധികാരത്തിനുമാത്രം നല്കപ്പെട്ടിട്ടുള്ള ഒന്നാകുന്നു. ഈ അധികാരം ഈശോമിശിഹായുടെ നാമത്തില്‍ അവള്‍ കൈകാര്യം ചെയ്യുന്നു. ദൈവാവിഷ്കൃതങ്ങളാണെന്ന് അദ്ധ്യാപനാധികാരം പഠിപ്പിക്കുന്നതെല്ലാം വിശ്വാസത്തിന്‍റെ ഏക കലവറയില്‍നിന്ന് എടുത്തിട്ടുള്ളവയാണ് (ദൈവാവിഷ്ക്കരണം, 10). വി. ഗ്രന്ഥത്തിലും വി. പാരമ്പര്യത്തിലുമുളള ആവിഷ്കൃത സത്യങ്ങളെ തെറ്റുകൂടാതെ അവികലമായി പഠിപ്പിക്കുന്നതിനും, വ്യാഖാനിക്കുന്നതിനുമുള്ള കത്തോലിക്കാ തിരുസ്സഭയുടെ പ്രമാദരഹിതമായ അദ്ധ്യാപനാധികാരമാണ് മജിസ്സ്തേരിയം. ഈ പ്രബോധനാധികാരം തിരുവചനത്തിന് അതീതമല്ല പിന്നയോ അതിനെ സേവിക്കാനുള്ളതാണ് (ദൈവാവിഷ്ക്കരണം, 10) സഭയുടെ ഈ പ്രബോധനാധികാരവും, വി. പാരമ്പര്യവും തിരുലിഖിതങ്ങളും പരസ്പരം ബന്ധപ്പെട്ടവയത്രേ. സഭയുടെ ഈ അധികാരമുപയോഗിച്ചു സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുക എന്നത് വി.പാരമ്പര്യത്തോടുളള വിശ്വസ്തതയുടെ അടയാളം കൂടിയാണ്.
സാര്‍വ്വത്രിക പുരാതനത്വം, അഭിപ്രായയൈക്യം: വിശുദ്ധവും വഴിതെറ്റാത്തതുമായ സത്യമായി നിലകൊള്ളുക എന്നതാണ് രണ്ടാമത്തെ മാനദണ്ഡം. അതായത് എല്ലായിടത്തും എല്ലായ്പ്പോഴും എല്ലാവരാലും വിശ്വസിക്കപ്പെടുന്ന സത്യം.
വിശ്വാസപ്രമാണം: വിശ്വാസപ്രമാണങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളാണല്ലോ. വിശ്വാസത്തിന്‍റെ സാരസംഗ്രഹം അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്ലീഹന്‍മാരുടെ വിശ്വാസപ്രമാണം, നിഖ്യാസൂനഹദോസിന്‍റെ വിശ്വാസപ്രമാണം എന്നിവ മേല്പറഞ്ഞ പ്രകാരം ക്രിസ്തിയവിശ്വാസത്തിന്‍റെ ആകെത്തുകയാണ്. പാരമ്പര്യങ്ങളുടെ ആധികാരികതയെ പരിശോധിച്ചറിയുവാന്‍ ഇവയെ മാനദണ്ഡമായി ഉപയോഗിക്കാം.
ശ്ലൈഹികത: മിശിഹാസംഭവങ്ങളോട് ഏറ്റവും അടുത്തിടപെഴകിയവരെന്ന നിലയില്‍ ശ്ലീഹന്‍മാരുടെ അനുഭവവും പ്രഖ്യാപനവും, വിശ്വാസവും എല്ലാക്കാലത്തിലും സഭയുടെ വിശ്വാസത്തെയും പാരമ്പര്യത്തേയുമൊക്കെ സംബന്ധിച്ച്ഏറ്റവും തനതായ (unique) മാനദണ്ഡങ്ങളാണ്. വി. പാരമ്പര്യവുമായുള്ള അവികലമായ ബന്ധം നൈയാമികമായി തുടരുന്നവരും പ്രസ്തുത പാരമ്പര്യത്തെ ഭംഗം കൂടാതെ സൂക്ഷിക്കുന്നവരും, സൂക്ഷിക്കേണ്ടവരുമാണ് ശ്ലീഹന്‍മാരുടെ പിന്‍ഗാമികള്‍. ഓരോ സഭയുടെയും പാരമ്പര്യത്തിന്‍റെ വക്താക്കളും, പരിപോഷകരുമാണവര്‍. ഈ പാരമ്പര്യം ബൗദ്ധികതലത്തില്‍ എന്നപോലെ ജീവിതസാക്ഷ്യത്തിലൂടെ പിന്തുടരേണ്ടവരുമാണവര്‍.
ബൈബിള്‍ വ്യാഖ്യാനം
"പ്രഭാതം പൊട്ടിവിരിയുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയത്തില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം നിങ്ങള്‍ ഇതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല" (2 പത്രോ.1.20).
പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ എഴുതപ്പെട്ട ദൈവവചനമാണ് ബൈബിള്‍. ദൈവം ബൈബിളിലൂടെ എന്താണ് നമ്മോടു പറയുന്നതെന്നു മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവിന്‍റെ പ്രകാശം ദൈവം എല്ലാവര്‍ക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, പാപത്താല്‍ പങ്കിലവും പരിമിതവുമായ അറിവും കഴിവുകളുമാണ് ഓരോ വ്യക്തിക്കുമുള്ളത്. അതിനാല്‍ പലപ്പോഴും സ്വന്തം താല്പര്യങ്ങളും ചിന്തകളും നിഗമനങ്ങളും പ. ആത്മാവിന്‍റെ പ്രകാശനങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു എന്നുവരാം. ഈ സാധ്യതയെ മുന്നില്‍ കണ്ടുകൊണ്ടാവണം ആരും സ്വന്തം താല്പര്യം അനുസരിച്ചു ബൈബിള്‍ വ്യാഖ്യാനിക്കാന്‍ പാടില്ല എന്ന് വി. പത്രോസ് താക്കീതുചെയ്യുന്നത്. പലരും ബൈബിള്‍ വാക്യങ്ങള്‍ വളച്ചൊടിക്കുന്നു എന്ന് മേലുദ്ധരിച്ച ലേഖനത്തില്‍ തുടര്‍ന്നു പറഞ്ഞിട്ടുണ്ട് (2പത്രോ. 3,16-17). അതിനാല്‍ ബൈബിള്‍ വായിക്കുമ്പോള്‍ താഴെപ്പറയുന്നകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പഞ്ചഗ്രന്ഥി (Pentateuch)
പഞ്ചഗ്രന്ഥി (Pentateuch) വി. ഗ്രന്ഥത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെ (ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം) പൊതുവായി വിളിക്കുന്ന സംജ്ഞയാണ് തോറാ (Thorah-നിയമഗ്രന്ഥം) പഞ്ചഗ്രന്ഥിയെന്നും ഇതറിയപ്പെടുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച് മോശയാണ് പഞ്ചഗ്രന്ഥിയുടെ കര്‍ത്താവ്. ദൈവം മോശയോട് എഴുതി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും (പുറ. 17:4;34:27) ദൈവം പറഞ്ഞതെല്ലാം മോശ എഴുതിയെടുത്തതായും പഞ്ചഗ്രന്ഥിയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (പുറ. 24:4 cfr സംഖ്യ 33:2; നിയ. 31:9). പഞ്ചഗ്രന്ഥിക്കുവെളിയിലും മോശയുടെ ഗ്രന്ഥകര്‍ത്വത്തിന് തെളിവുകളുണ്ട് (1 രാജ. 2:3; 2ദിന.34:14; നെഹെ.8:1; മത്താ 8:4; 19:8; മാര്‍ക്കോ 12:26; ലൂക്കാ 16:31; 24:44) 19-ാം നൂറ്റാണ്ടുവരെ മോശയാണ് പഞ്ചഗ്രന്ഥിയുടെ കര്‍ത്താവെന്ന് അംഗീകരിക്കപ്പെട്ടിരുന്നു.
മോശയുടെ കര്‍ത്തൃത്വം ചോദ്യം ചെയ്യപ്പെടുന്നു
19-ാം നൂറ്റാണ്ടില്‍ വളര്‍ച്ചപ്രാപിച്ച ബൈബിള്‍ സാഹിത്യ വിമര്‍ശനം (Literary Criticism) പഞ്ചഗ്രന്ഥി മോശയുടെ രചനയാണന്ന വിശ്വാസം തിരുത്തികുറിച്ചു. കാരണം,
ഈ വസ്തുതകളുടെ വെളിച്ചത്തില്‍ പഞ്ചഗ്രന്ഥി വ്യത്യസ്ത പാരമ്പര്യങ്ങളില്‍ എഴുതപ്പെട്ട വിവരണങ്ങളുടെ ക്രോഡീകൃത രൂപമാണെന്ന് പണ്ഡിതന്‍മാര്‍ കരുതിതുടങ്ങി. ഈ പാരമ്പര്യങ്ങളെ ചില പൊതു മാനദണ്ഡങ്ങളുടെ വെളിച്ചത്തിലാണ് വേര്‍തിരിച്ചത്. (1) ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേര് (യാഹ്വെ, എലോഹിം), (2) പുറപ്പാടിലെ വിശുദ്ധ മലയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പേര് (ഹോറെബ്, സീനായ്), (3) കാനാന്‍ ദേശത്തെ ആദിവാസികളെ വിളിക്കുന്ന പേര് (അമോര്യര്‍, കാനാന്യര്‍) എന്നിവ വിവിധ പാരമ്പര്യങ്ങളില്‍ വ്യത്യസ്തമാണ്.
വിവിധ പാരമ്പര്യങ്ങള്‍
മോശയുടെ രചനയല്ല പഞ്ചഗ്രന്ഥി എന്ന വസ്തുത ബൈബിള്‍ പണ്ഡിതരെ പല നിഗമനങ്ങളിലേക്കും നയിച്ചു.
കത്തോലിക്കാ സഭ ഈ സിദ്ധാന്തത്തെ ആദ്യം തള്ളി കളഞ്ഞു ( Response of Pontificical Biblical Commission, June 27, 1906) എന്നാല്‍ 1945 ല്‍ 12-ാം പിയൂസ് പാപ്പായുടെ "ദിവിനോ അഫ്ളാന്തെ സ്പിരിത്തു" എന്ന ചാക്രിക ലേഖനം വി. ഗ്രന്ഥത്തെ ശാസ്ത്രീയമായും സമീപിക്കാം എന്ന ആശയം മുന്നോട്ടു വച്ചതോടെ മേല്‍പറഞ്ഞ ആശയം കത്തോലിക്കരായ ബൈബിള്‍ പണ്ഡിതരും അംഗീകരിച്ചു തുടങ്ങി.
യാഹ്വിസ്റ്റ് പാരമ്പര്യം (Yahwist-J)
നാലു പാരമ്പര്യങ്ങളില്‍ ആദ്യത്തേത് യാഹ്വിസ്റ്റ് എന്നപേരില്‍ അറിയപ്പെടുന്നു. ദൈവനാമമായി യാഹ്വേ എന്നപേര് ഉപയോഗിക്കുന്നതിനാലാണ് ഈ പാരമ്പര്യത്തിന് യാഹ്വിസ്റ്റ് എന്നപേര് ലഭിച്ചത് ജര്‍മ്മന്‍ ബൈബിള്‍ പണ്ഡിതന്‍മാരാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് അതിനാല്‍ ജര്‍മ്മന്‍ ഭാഷയില്‍ യാഹ്വേ (Jahweh) എന്ന പേരിന്‍റെ ആദ്യഅക്ഷരമായ ഖ ഈ പാരമ്പര്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. മനുഷ്യസൃഷ്ടി മുതല്‍ മോശയുടെ മരണം വരെയുള്ള സംഭവപരമ്പരകള്‍ ഈ രചനയില്‍ പ്രതിപാദിക്കപ്പെടുന്നു. എന്നാല്‍ മുഖ്യമായും ഉല്‍പത്തി, പുറപ്പാട്, സംഖ്യ എന്നീ പുസ്തകങ്ങളിലാണ് ഈ രചനയുടെ ഭാഗങ്ങള്‍ കാണപ്പെടുന്നത്. ഭാഷശൈലിയും ദൈവശാസ്ത്രപരമായ കാഴ്ച്ചപ്പാടും ഊന്നല്‍ നല്കുന്ന പ്രമേയങ്ങളും കണക്കില്‍ എടുത്തുകൊണ്ട്, ദാവിദിന്‍റെയും സോളമന്‍റെയും ഭരണകാലത്ത്, ജറുസലെമില്‍ വച്ചായിരിക്കണം യാഹ്വിസ്റ്റ് പാരമ്പര്യം എഴുതപ്പെട്ടത് എന്നു ബൈബിള്‍ പഠിതാക്കള്‍ കരുതുന്നു. മനുഷ്യനോട് അടുത്തു നില്ക്കുകയും അവനുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്ന ദൈവമാണ് യാഹ്വിസ്റ്റ് രചനയിലെ ദൈവം. പൂര്‍വ്വപിതാക്കന്‍മാര്‍ക്കു നല്കിയ വാഗ്ദാനവും അവയുടെ പൂര്‍ത്തികരണവും Jയുടെ മുഖ്യപ്രമേയമാണ്. യൂദാഗോത്രത്തിന് Jവലിയപ്രാധാന്യം നല്കുന്നുണ്ട്. അബ്രാഹത്തിനു നല്കിയ വാഗ്ദാനം ഒരു പരിധിവരെ ദാവീദില്‍ പൂര്‍ത്തിയായതായി J കരുതിയിട്ടുണ്ടാവണം.
ഏലോഹിസ്റ്റ് പാരമ്പര്യം (Elohist-E )
ദൈവത്തെ സൂചിപ്പിക്കാന്‍ "ഏലോഹിം" എന്ന പേരുപയോഗിക്കുന്നതിനാല്‍ ഇതിനെ ഏലോഹിസ്റ്റ് പാരമ്പര്യം എന്നുവിളിക്കുന്നു. (E എന്ന് ഹ്രസ്വരൂപം). അബ്രാഹത്തിന്‍റെ വിളി മുതല്‍ ആരംഭിക്കുന്ന E യുടെ വിവരണം J യുടെതുപോലെ തന്നെ ഉല്‍പത്തി, പുറപ്പാട്, സംഖ്യ എന്നി പുസ്തകങ്ങളിലാണുള്ളത്. യൂദാ ഗോത്രത്തേക്കാള്‍ റൂബെന്‍, ജോസഫ് (എഫ്രേം, മനാസ്സെ) ഗോത്രങ്ങള്‍ക്കും വാഗ്ദാനത്തിന്‍റെ പൂര്‍ത്തികരണത്തേക്കാള്‍ മോശയിലൂടെ നല്കപ്പെട്ട ഉടമ്പടിക്കും E പ്രാധാന്യം നല്കുന്നു. വടക്കന്‍ രാജ്യമായ ഇസ്രായേലിന്‍റെ പ്രമുഖ ആരാധനാകേന്ദ്രമായ ഷെക്കെമില്‍ വച്ച് ജെറൊബൊവാം രണ്ടാമന്‍ രാജാവിന്‍റെ കാലത്തായിരിക്കണം (ബി.സി. 783-743) ഇതു വിരചിതമായത്.
രാജാക്കന്‍മാരുടെ ദുര്‍വൃത്തികളും നാട്ടില്‍ നടമാടിയ വിഗ്രഹാരാധനയും അവയ്ക്കെതിരായി ഏലിയ, ഏലിഷാ, ആമോസ് മുതലായ പ്രവാചകന്‍മാര്‍ നടത്തിയ വിമര്‍ശനങ്ങളും Eയുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്. പരമപരിശുദ്ധനും സൃഷ്ടികളില്‍ നിന്ന് അനന്തമായി ഉയര്‍ന്നു നില്‍ക്കുന്നവനുമാണ് E യുടെ വിവരണങ്ങളിലെ ദൈവം. അവിടുന്ന് സ്വപ്നങ്ങള്‍ വഴിയും മലാഖാമാര്‍ വഴിയുമാണ് മനുഷ്യരോട് സംസാരിക്കുന്നത്. സമറിയായുടെ പതനത്തിനുശേഷം ഈ രേഖ ജറുസലേമില്‍ കൊണ്ടുവന്ന് J യുമായി സംയോജിപ്പിച്ചു എന്നുബൈബിള്‍ പഠിതാക്കള്‍ കരുതുന്നു.
നിയമാവര്‍ത്തനപാരമ്പര്യം (Deuteronomist-D)
സീനായ് മലയില്‍വെച്ച് നല്‍കിയ നിയമങ്ങള്‍ മോശ വിണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ജനങ്ങളെ അനുസ്മരിപ്പിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് നിയമാവര്‍ത്തന പുസ്തകം. ഇതിന്‍റെ പിന്നിലുള്ള രചനയെ നിയമാവര്‍ത്തനപാരമ്പര്യം എന്നുവിളിക്കുന്നു. (ഹ്രസ്വരൂപം.D). ബി.സി. 721-ല്‍ വടക്കന്‍ രാജ്യമായ ഇസ്രായേലിനെ അസീറിയാ ആക്രമിച്ചു നശിപ്പിച്ചു. ഈ നാശത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ചരിത്രത്തെ വിലയിരുത്തുകയും പരാജയത്തിന്‍റെ കാരണങ്ങള്‍ ആരായുകയും ചെയ്ത പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ഒരുഗണമാണ് നിയമാവര്‍ത്തന പാരമ്പര്യത്തിനു രൂപം നല്‍കിയത്. ഇതും ഷെക്കിമില്‍വച്ചുതന്നെ എഴുതപ്പെട്ടിരിക്കണം. ദൈവസ്നേഹത്തിന്‍റെ പ്രവാചകനായ ഹോസിയായുടെ പ്രസംഗങ്ങളുടെ സ്വാധീനം ഈ രേഖയില്‍ ദൃശ്യമാണ്.
ജനത്തെ അചഞ്ചലമായി സ്നേഹിക്കുകയും സൗജന്യമായി തെരഞ്ഞെടുക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ ചിത്രമാണ് D വരച്ചുകാട്ടുന്നത്. ദീര്‍ഘമായ ഉപദേശത്തിന്‍റെ ശൈലിയാണ് D യുടേത്. നിയമത്തിന്‍റെ ആന്തരികതയ്ക്കും സ്നേഹത്തിന്‍റെ പ്രമാണത്തിനും ഇത് ഊന്നല്‍ നല്‍കുന്നു. നിയമാവര്‍ത്തനപുസ്തകം മിക്കവാറും മുഴുവനായും D യുടെ രചനയാണ്.
പുരോഹിത പാരമ്പര്യം (Priestly- P)
പുരോഹിതന്‍മാര്‍ക്കു പ്രത്യേക താല്‍പര്യമുള്ള വിഷയങ്ങളായ ബലിയര്‍പ്പണം, തിരുനാളുകള്‍, അവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍, വംശാവലികള്‍ മുതലായവയ്ക്ക് പ്രധാന്യം നല്കുന്നതിനാല്‍ ഇത് പുരോഹിത പാരമ്പര്യം എന്നറിയപ്പെടുന്നു. ബാബിലോണ്‍ പ്രവാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ചരിത്രത്തെ വീണ്ടും അപഗ്രഥിച്ച പുരോഹിതന്‍മാരുടെ ഒരുഗണമാണ്, ഈ രചന നിര്‍വ്വഹിച്ചത്. ബി.സി. അഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ജറുസലേമില്‍വച്ച് ഈ രചന പൂര്‍ത്തിയായി. "യാഹ്വേ" എന്നപേര് മോശയ്ക്ക് വെളിപ്പെടുത്തുന്നതുവരെ "ഏലോഹിം" എന്നപേരാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഈ രേഖ ഉപയോഗിക്കുന്നത്. ഇത് ദൈവത്തിന്‍റെ വിശുദ്ധിക്കു വലിയ ഊന്നല്‍ നല്കുന്നു. ദൈവജനം തങ്ങളെത്തന്നെ വിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുള്ള നിയമങ്ങളും എടുത്തുകാട്ടുന്നു. ലേവ്യരുടെ പുസ്തകം മുഴുവന്‍ P യുടേതാണ്. അതിനു പുറമെ ഉല്‍പത്തി, പുറപ്പാട്, സംഖ്യ എന്നീ പുസ്തകങ്ങളിലും P യുടെ വിവരണങ്ങള്‍ കാണാം.
ബി.സി. അഞ്ചാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ, എസ്രായുടെ കാലത്തായിരിക്കണം ഈ നാലുരേഖകളും സംയോജിപ്പിച്ച് പഞ്ചഗ്രന്ഥി ഇന്നത്തെ അവസ്ഥയില്‍ അന്തിമമായി പ്രസാധനം ചെയ്തത്. ഈ പാരമ്പര്യങ്ങള്‍ ഓരോന്നിന്‍റെയും സവിശേഷതകള്‍ അതതിന്‍റെ ഭാഗങ്ങള്‍ പഠനവിഷയമാക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നതാണ്.
നൂറ്റാണ്ടുകളിലൂടെ അനേകം വ്യക്തികളുടെ പ്രയത്നഫലമായാണ് ബൈബിള്‍ എഴുതപ്പെട്ടത് എന്ന നിഗമനം അവ ദൈവനിവേശിത ഗ്രന്ഥങ്ങളാണ് എന്ന വിശ്വാസത്തിനുവിരുദ്ധമല്ല. ഈ പ്രക്രിയയിലുടനീളം ദൈവത്തിന്‍റെ പരിപാലനയും പ്രചോദനവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു ലഭിച്ചിരിക്കുന്ന ഗ്രന്ഥങ്ങള്‍ക്കുപിന്നിലുണ്ട് എന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ അനുമാനിക്കുന്ന പാരമ്പര്യങ്ങളല്ല, അന്തിമമായി പ്രസാധനം ചെയ്തതും നമുക്കു ലഭിച്ചിരിക്കുന്നതുമായ ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമാണ് ദൈവനിവേശിതമായി സഭ അംഗികരിക്കുന്നത്. പാരമ്പര്യങ്ങളെ ക്കുറിച്ചുള്ള പഠനം പുസ്തകങ്ങളിലെ സന്ദേശം ഗ്രഹിക്കാന്‍ ഉപകരിക്കുന്നിടത്തോളം മാത്രമേ പ്രസക്തമാകുന്നുള്ളു.
Bishop Joseph Kallarangatt revelation of god catholic scripture and tradition catholic malayalam catholic apologetics canon of the bible revelation and tradition scripture interpretation of the bible Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



