We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekkattukunnel On 29-Sep-2026
വിശുദ്ധ ആഗസ്തതീനോസ് തൻ്റെ കത്തിടപാടുകൾ പ്രസിദ്ധീകരിക്കുവാനുള്ള തീരുമാനം ഡൊണാറ്റിസ്റ്റ് മെത്രാനായ മാക്സി മീനൂസിനുള്ള പ്രസിദ്ധമായ ഒരു കത്തിൽ പരസ്യമാക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “കത്തോലിക്കാവിശ്വാസികളുടെ ഉദ്ബോധനത്തിനായി, നമ്മൾ പരസ്പരം കൈമാറിയ കത്തുകൾ, അവരെ വായിച്ചു കേൾപ്പിക്കുകയല്ലാതെ ഞാൻ എന്താണു ചെയ്യുക?" ഹിപ്പോയിലെ മെത്രാൻ്റെ ഈ മാതൃക പിന്തുടരുവാൻ ഞങ്ങൾ തീരുമാനിച്ചു. യഥാർത്ഥ സിനഡു തുടങ്ങുന്നതിനു മാസങ്ങൾക്കു മുമ്പുതന്നെ വിചിത്രമായ മാധ്യമ സിനഡിൻ്റെ കോലാഹലം ശ്രദ്ധയിൽപ്പെട്ടപ്പോൾ, ഞങ്ങൾ ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കുകയും ചെയ്തു. നിശബ്ദതയിൽ ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഇത് ഞങ്ങളെ പ്രേരിപ്പിച്ചു. ഓരോ കൂടിക്കാഴ്ചയും ഞങ്ങളെ പരസ്പരം ആശ്വസിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്തു. പലവിധത്തിൽ രൂപപ്പെട്ട വിചിന്തനങ്ങൾ കത്തുകളിലൂടെ ഞങ്ങൾ കൈമാറി. വിശുദ്ധ ആഗസ്തീനോസിന്റെ മാതൃകയനുസരിച്ച്, ഞങ്ങളുടെ ഭയപ്പാടുകളിലുള്ള സമാനതയും നിഗമനങ്ങളിലെ ഐക്യവും, ഞങ്ങളുടെ പ്രയത്നത്തിന്റെയും ആത്മീയസൗഹൃദത്തിൻ്റെയും ഫലത്തെ വിശ്വാസികളുടെ പരിഗണനയ്ക്കായി നല്‌കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
വിശുദ്ധ ആഗസ്‌തീനോസിനെപ്പോലെ ഞങ്ങൾക്കും പറയുവാൻ സാധിക്കും: "Silere non possum!" മൗനമായിരിക്കാൻ എനിക്കു പറ്റില്ല... നിശബ്ദനായിരുന്നാൽ അത് എത്രമാത്രം ഹാനികരമായിരിക്കും എന്ന് എനിക്കറിയാം. എന്തെന്നാൽ, സഭാഭരണത്തിന്റെ ബഹുമതികളിൽ സംതൃപ്‌തിയടയാൻ എനിക്കാഗ്രഹമില്ല. മറിച്ച്, എനിക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ആടുകളെക്കുറിച്ച് ഇടയന്മാരുടെ രാജാവിന് കണക്കു കൊടുക്കുന്നതിനെക്കുറിച്ചാണ് ഞാൻ പര്യാലോചിക്കുന്നത്. അജ്ഞത നടിക്കാനോ മൗനം ഭജിക്കാനോ എനിക്കാവില്ല".
മെത്രാന്മാർ എന്നനിലയിൽ എല്ലാ സഭകളുടെയും കാര്യത്തിൽ ഞങ്ങൾക്ക് ഔത്സുക്യമുണ്ട്. അതുകൊണ്ട് സമാധാനവും ഐക്യവും പുലരണമെന്നുള്ള ഞങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ലോകമെമ്പാടുമുള്ള ഞങ്ങളുടെ സഹോദരമെത്രാന്മാർക്കും വൈദികർക്കും അല്‌മായവിശ്വാസികൾക്കുമായി ഞങ്ങളുടെ ആശയവിനിമയത്തിൻ്റെ ഫലം ഞങ്ങൾ പങ്കുവയ്ക്കുന്നു.
സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള സ്നേഹാരൂപിയിലാണ് ഞങ്ങൾ ഇതു ചെയ്യുന്നത്. പ്രത്യയശാസ്ത്രങ്ങൾ ഭിന്നിപ്പിക്കുന്നു. എന്നാൽ, സത്യം ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു. രക്ഷയെ സംബന്ധിക്കുന്ന പ്രബോധനങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള ഏതൊരു ശ്രമവും സഭയിൽ നമ്മെ ദിവ്യഗുരുവിനുചുറ്റും ഒന്നിച്ചുകൊണ്ടു വരികയേയുള്ളു.
ഉപവിയുടെ ചൈതന്യത്തിലാണ് ഞങ്ങൾ ഇതു ചെയ്യുന്നത്. മനസ്സുകൾ പ്രശാന്തമായി എന്നു കണ്ടപ്പോൾ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുക പ്രയോജനപ്രദവും ആവശ്യകവുമാണെന്ന് ഞങ്ങൾക്കു തോന്നി. ആർക്കുവേണമെങ്കിലും ഇതിനെ പൂർത്തീകരിക്കുകയോ വിമർശനവിധേയമാക്കുകയോ ചെയ്യാം. സത്യാന്വേഷണം തുറവിയുള്ള ഹൃദയത്തോടുകൂടി മാത്രമേ സാധ്യമാകൂ.
സഹോദരബുദ്ധ്യാ ഈ വിചിന്തനങ്ങൾ ഞങ്ങൾ ദൈവജനത്തിനു നല്കുന്നു; ഞങ്ങൾ ഇതു ചെയ്യുന്നത് ഫ്രാൻസിസ് മാർപാപ്പായോടുള്ള പുത്രസഹജമായ അനുസരണത്തോടുകൂടിയാണ്.
ഈ ഗ്രന്ഥത്തിൽ വൈദികർക്കാണ് സവിശേഷ ശ്രദ്ധ നല്കിയിരിക്കുന്നത്. അവരെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ഞങ്ങളുടെ വൈദികഹൃദയം ആഗ്രഹിക്കുന്നു. ലോകം മുഴുവനിലുമുള്ള വൈദികരോടൊപ്പംചേർന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങളിതാ, നശിക്കുന്നു. കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ കർത്താവ് ഉറങ്ങുകയായിരുന്നു. സംശയത്തിന്റെയും അബദ്ധപ്രബോധനങ്ങളുടെയും തിരമാലകൾ ആഞ്ഞടിക്കുമ്പോൾ അവിടുന്നു നമ്മളെ ഉപേക്ഷിച്ചതായി തോന്നിയേക്കാം. ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുവാൻ നമ്മൾ പ്രലോഭിതരാകുന്നു. നാനാവശത്തുനിന്ന് സഭാനൗകയെ മുക്കിത്താഴ്ത്തുവാൻ ആപേക്ഷികതയുടെ തിരമാലകൾ ഉയരുകയാണ്. ശ്ലീഹന്മാരുടെ വിശ്വാസം മരവിക്കുകയും ഭീതി വളരുകയും ചെയ്‌തു; പലപ്പോഴും സഭയും ആഞ്ഞുലയുകയാണ്. ഈ കൊടുങ്കാറ്റിനു മദ്ധ്യേ, ഈശോയുടെ ശക്തിയിലുള്ള ശ്ലീഹന്മാരുടെ വിശ്വാസത്തിന് ഇളക്കം തട്ടി. നമ്മളും ഇതേ മാനസികാവസ്ഥയിലാണ്. ഈശോയാണ് ഈ നൗക നയിക്കുന്നത് എന്നറിയാവുന്നതുകൊണ്ട് നമ്മൾ ആഴമായ സമാധാനത്തിലാണ്. സഭാനൗക ഒരിക്കലും മുങ്ങിപ്പോവുകയില്ലെന്നും നമുക്കറിയാം. സഭയ്ക്കുമാത്രമേ നിത്യരക്ഷയുടെ തുറമുഖത്ത് നമ്മളെ എത്തിക്കുവാൻ പ്രാപ്‌തിയുള്ളു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഈശോ നമ്മുടെകൂടെ നൗകയിലുണ്ട് എന്നു നമുക്കറിയാം. നമ്മുടെ വിശ്വാസവും, സമ്പൂർണവും സാന്ദ്രവും അവിഭാജ്യവുമായ വിശ്വസ്‌തതയും അവനോടു നമ്മൾ ഒരിക്കൽകൂടി ഏറ്റുപറയുന്നു. തിരുപ്പട്ടസ്വീകരണദിനം കർത്താവിനോടു ചെയ്ത വലിയ ഉടമ്പടിയാണ് നമ്മുടെ ബ്രഹ്മചര്യം. അതാണു നമ്മുടെ അനുദിനജീവിതത്തിന്റെ ശക്തിസ്രോതസ്സ്. നമ്മുടെ ബ്രഹ്മചര്യം നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമാണ്. അതൊരു സാക്ഷ്യമാണ്. ദൈവത്തിൽ കേന്ദ്രീകൃതമായ ജീവിതമാണത്. നമ്മുടെ ബ്രഹ്മചര്യം സാക്ഷ്യവും രക്തസാക്ഷിത്വവുമാണ്.' ഈ കൊടുങ്കാറ്റിൽ വൈദികരായ നമ്മൾ നമ്മുടെ ജീവിതം മിശിഹായ്ക്കുവേണ്ടി നഷ്ടപ്പെടുത്തുവാൻ തയ്യാറാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ്.
നമ്മുടെ ജീവിതംവഴി നമ്മൾ ദിനംപ്രതി ഈ സാക്ഷ്യം നല്കിക്കൊണ്ടിരിക്കുന്നു.
ഈശോ നൗകയിൽ ഉറങ്ങുകയാണ്. എന്നാൽ, സന്ദേഹം നമ്മെ കീഴ്പ്പെടുത്തിയാൽ, അവനിൽ വിശ്വാസമർപ്പിക്കുവാൻ നമ്മൾ ഭയപ്പെട്ടാൽ, ബ്രഹ്മചര്യം നമ്മെ പിൻവലിയാൻ പ്രേരിപ്പിച്ചാൽ, നമ്മൾ കർത്താവിൻ്റെ ഈ ശാസന കേൾക്കേണ്ടിവരും: “അല്പവിശ്വാസികളേ, എന്തിനെയാണു നിങ്ങൾ ഭയപ്പെടുന്നത്?"
(മത്താ 8,26).
ബനഡിക്ട് പതിനാറാമൻ
കർദ്ദിനാൾ റോബർട്ട് സറാ വത്തിക്കാൻ സിറ്റി, സെപ്റ്റംബർ 2019
അനേകം വർഷങ്ങളായി പൗരോഹിത്യം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന തീരാപ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് എത്തേണ്ടത് ആവശ്യകമാണ് എന്നെനിക്കു ബോദ്ധ്യമായി. വർഷങ്ങൾക്കുമുമ്പേ ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് ദൈവശാസ്ത്രവിചിന്തനം ആരംഭിച്ചിരുന്നെങ്കിലും പ്രായത്തിൻ്റേതായ ക്ലേശങ്ങൾമൂലം അതു പൂർത്തിയാക്കാൻ സാധിച്ചില്ല. കർദ്ദിനാൾ റോബർട്ട് സറായുമായുള്ള എന്റെ ആശയ വിനിമയം ഇതു പുനരാരംഭിക്കാനും പൂർത്തിയാക്കാനുമുള്ള ശക്തി എനിക്കു നല്‌കി.
പൗരോഹിത്യം ഇന്ന് എത്തിനില്ക്കുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തിന് അടിസ്ഥാനകാരണം ബൈബിൾ പണ്ഡിതരുടെ വ്യാഖ്യാനരീതിയിലെ ഒരു പിഴവാണ്; വിശുദ്ധഗ്രന്ഥത്തെ ദൈവവചനമായി സ്വീകരിക്കുന്നതിൽ വന്ന ന്യൂനതയാണ്.
പഴയനിയമത്തിൻ്റെ മിശിഹാകേന്ദ്രീകൃതമായ വ്യാഖ്യാനം ഉപേക്ഷിച്ചുകൊണ്ട് നിരവധി ആധുനിക ബൈബിൾവ്യാഖ്യാതാക്കൾ ദൈവാരാധനയുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും കാര്യത്തിൽ അപര്യാപ്തമായ ഒരു ദൈവശാസ്ത്രമാണു സ്വീകരിച്ചത്. ദൈവത്തിനുള്ള ആരാധനയും അനുഷ്‌ഠാനങ്ങളും നിർത്തലാക്കുകയല്ല, അവയെല്ലാം ഉൾക്കൊണ്ടുകൊണ്ട് കുരിശിലെ സ്നേഹബലിയിൽ പൂർത്തിയാക്കുകയാണ് ഈശോ ചെയ്തത്. പുതിയ ഉടമ്പടിയിൽ അനുഷ്‌ഠാനപരവും യഥാർത്ഥവുമായ പൗരോഹിത്യത്തിന്റെ ആവശ്യകത ചില വ്യാഖ്യാതാക്കൾ തള്ളിപ്പറയുകവരെ ചെയ്തു.
എന്റെ പഠനത്തിൻ്റെ ഒന്നാംഭാഗത്ത് പൗരോഹിത്യത്തെക്കുറിച്ചുള്ള ശരിയായ ദൈവവിജ്ഞാനീയം സാധ്യമാക്കുന്ന അടിസ്ഥാനപരമായ വിശുദ്ധഗ്രന്ഥവ്യാഖ്യാനം വെളിച്ചത്തു കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്.
രണ്ടാംഭാഗത്ത് മേല്പ്പറഞ്ഞ വ്യാഖ്യാനരീതി അവലംബിച്ചു കൊണ്ടു മൂന്നു വിശുദ്ധഗ്രന്ഥഭാഗങ്ങൾ പഠിക്കുകയും, സത്യത്തിലും അരൂപിയിലുമുള്ള ആരാധന ആവശ്യപ്പെടുന്ന കാര്യങ്ങൾ വിശദമാക്കുകയുമാണ് ഞാൻ ചെയ്യുന്നത്. ഈ ദൈവാരാധാന ഇനിമുതൽ ജീവിതത്തിൻ്റെ സ്നേഹത്തിലുള്ള പരിപൂർണമായ സമർപ്പണത്തിലൂടെയാണ് സാധ്യമാകുന്നത്. നമുക്കു സ്വന്തമായതെല്ലാം പരിത്യജിച്ച് ഈശോയുമായി ഒന്നായിത്തീരുന്ന ജീവിതത്തിലേക്ക് അവിടുത്തെ പൗരോഹിത്യം നമ്മെ പ്രവേശിപ്പിക്കുന്നു. ദൈവൈക്യത്തിലുള്ള ഈ ജീവിതമാണ് പുരോഹിതരെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനം. മാത്രമല്ല, ഭൗതികവസ്തുക്കളുടെ ഉപേക്ഷിക്കലിൻ്റെയും ദൈവവചനധ്യാനത്തിന്റെയും ആരാധനക്രമപ്രാർത്ഥനയുടെയും അടിസ്ഥാനവും ഇതു തന്നെയാണ്.
വൈദികജീവിതത്തിലെ ഓരോ ദിവസവും എൻ്റെ ചുവടുകളെ നയിച്ച ദൈവവചനഭാഗങ്ങളുടെ രുചി ഒരിക്കൽകൂടി ആസ്വദിക്കുവാൻ എനിക്ക് അവസരം നല്‌കിയതിന് പ്രിയപ്പെട്ട കർദ്ദിനാൾ സറായ്ക്കു ഞാൻ നന്ദി പറയുന്നു.
പൗരോഹിത്യത്തിനു മിശിഹായിലും റൂഹായിലും കേന്ദ്രീകരിച്ചുള്ള പുതിയനിയമ വ്യാഖ്യാനം
പെസഹായ്ക്കു മുമ്പുള്ള കാലത്തെങ്കിലും, നസ്രായനായ ഈശോയ്ക്കു ചുറ്റും രൂപംകൊണ്ടത് ഒരു അല്‌മായ മുന്നേറ്റമായിരുന്നു. ഇതിന് പ്രീശരുടെ മുന്നേറ്റത്തോട് സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സുവിശേഷങ്ങളിൽ വിവരിക്കപ്പെടുന്ന ആദ്യകാല സംഘർഷങ്ങൾ മുഖ്യമായും അവരുമായിട്ടായിരുന്നത്. ഈശോയുടെ ജെറൂസലേമിലെ അവസാനത്തെ പെസഹായ്ക്കു മാത്രമാണ് ദൈവാലയ പുരോഹിതപ്രമാണികൾ (സദ്ദൂക്കായർ) ഈശോയെയും അവൻ്റെ മുന്നേറ്റത്തെയും ശ്രദ്ധിക്കുന്നതും തുടർന്ന് അവനെ വിചാരണ ചെയ്യുന്നതും വിധിപ്രസ്‌താവിക്കുന്നതും വധിക്കുന്നതുമെല്ലാം. ഓർശ്ലേം ദൈവാലയ പൗരോഹിത്യം പരമ്പരാഗതമായി കൈമാറപ്പെട്ടിരുന്നതാണ്: ഒരു പുരോഹിതകുടുംബത്തിൽ ജനിക്കാത്തവന് പൗരോഹിത്യം അപ്രാപ്യമായിരുന്നു. ആയതിനാൽ, ഈശോയ്ക്കുചുറ്റും രൂപംകൊണ്ടുവന്ന സമൂഹത്തിലെ ശുശ്രൂഷികൾക്ക് പഴയനിയമ പൗരോഹിത്യത്തിൻ്റെ ഭാഗമാകുവാൻ സാധിക്കുമായിരുന്നില്ല.
ആദിമസഭയിൽ രൂപംകൊണ്ട ശുശ്രൂഷാക്രമം നമുക്കു ചുരുക്കമായി പരിശോധിക്കാം.
ശ്ലീഹന്മാർ (Apostolos)
ഗ്രീക്കുലോകത്ത് 'അപ്പസ്തോലൻ' (ശ്ലീഹാ) രാഷ്ട്രഭരണ ഭാഷയിലെ ഒരു സാങ്കേതികപദമാണ്.' മിശിഹായ്ക്കു മുമ്പുള്ള യഹൂദപാരമ്പര്യത്തിൽ ഈ പദത്തിന് മതപരവും മതേതരവുമായ അർത്ഥങ്ങൾ ഉണ്ടായിരുന്നു. മതപരമായ അർത്ഥത്തിൽ, ദൈവം ചുമതലയേല്പ്പിച്ച് അധികാരപ്പെടുത്തി അയയ്ക്കുന്നവനാണ് 'അപ്പസ്തോലൻ'.
മെത്രാന്മാർ (Episkopos)
സാധാരണ ഗ്രീക്കുഭാഷയിൽ 'എപ്പിസ്കോപ്പോസ്' എന്ന പദം സാങ്കേതികവും സാമ്പത്തികവുമായ ചുമതലകളോടു ബന്ധപ്പെട്ടുള്ള ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന വ്യക്തിയെയാണു സൂചിപ്പിക്കുന്നത്. ദേവന്മാരെ 'സംരക്ഷകൻ' (Protector) എന്നയർത്ഥത്തിൽ വിളിക്കുമ്പോൾ ഈ പദത്തിന് മതപരമായ ഒരു അർത്ഥം കൂടിയുണ്ട്. “വിജാതീയ ഗ്രീക്കു ലോകത്ത് ഉപയോഗത്തിലിരുന്ന രണ്ട് അർത്ഥങ്ങളിലും 'എപ്പിസ്കോപ്പോസ്' എന്ന പദം പഴയനിയമത്തിന്റെ ഗ്രീക്കുപരിഭാഷയായ സെപ്‌ത്വജിൻ്റ് ഉപയോഗിക്കുന്നുണ്ട്: ഒരുവശത്ത് ദൈവത്തിൻ്റെ പേരായും മറുവശത്ത് (over-seer) മേൽനോട്ടക്കാരൻ എന്നതിൻ്റെ പൊതുവും മതേതരവുമായ അർത്ഥത്തിലും" ?
പുരോഹിതന്മാർ (Presbyteros)
വിജാതീയവംശജരായ ക്രിസ്ത്യാനികളുടെയിടയിൽ ദൈവിക ശുശ്രൂഷകരെ സൂചിപ്പിക്കുവാൻ 'എപ്പിസ്കോപ്പോസ്' എന്ന പദം ഉപയോഗിക്കുമ്പോൾ, യഹൂദവംശജരായ ക്രിസ്‌ത്യാനികൾക്ക്, ചിരപരിചിതമായിരുന്ന പുരോഹിതൻ (presbyteros) എന്ന പദമാണ് സ്വീകാര്യമായിരുന്നത്. ഈ പുരാതന യഹൂദഭരണസംവിധാനത്തിലെ 'മൂപ്പൻ' (clder) എന്ന പദം താമസിയാതെ ആദ്യ ക്രൈസ്തവ ശുശ്രൂഷാരൂപമായി വികാസം പ്രാപിച്ചു.
അപ്പോൾമുതൽ, യഹൂദരും വിജാതീയരുമുൾപ്പെടുന്ന സഭയിൽ, മെത്രാന്മാരും വൈദികരും മ്ശംശാനമാരും അടങ്ങുന്ന തിതലശുശ്രൂഷാക്രമം വികാസം പ്രാപിക്കുന്നതായി കാണാം. ഒന്നാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തുതന്നെ അന്ത്യോക്യയിലെ ഇഗ്നേഷ്യസ് ഇതു വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇന്നുവരെയും ഈശോമിശിഹായുടെ സഭയുടെ പൗരോഹിത്യശുശ്രൂഷാസംവിധാനത്തെ ഇത് സംജ്ഞയിലും സത്തയിലും ഉചിതമായി ആവിഷ്കരിക്കുന്നു.
മുൻപറഞ്ഞ കാര്യങ്ങളിൽനിന്ന് പ്രഥമനിഗമനത്തിൽ നമ്മൾ എത്തിച്ചേരേണ്ടതാണ്. ഈശോയുടെ ആദ്യ പ്രവർത്തനങ്ങളുടെ അത്മായസ്വഭാവവും, ആദ്യശുശ്രൂഷയുടെ അനുഷ്‌ഠാനാനുസൃതമല്ലാത്തതും പൗരോഹിത്യേതരവുമായ സവിശേഷതയും, യഹൂദ വിരുദ്ധതയിൽനിന്നോ അനുഷ്‌ഠാനങ്ങളോടുള്ള വിരോധത്തിൽ നിന്നോ ആവിർഭവിച്ചതല്ല. ഇത് പഴയനിയമത്തിലെ പൗരോഹിത്യത്തിന്റെ പ്രത്യേക സ്ഥിതിവിശേഷത്തിൻ്റെ അനന്തരഫലമാണ്. പഴയഉടമ്പടിയിൽ പൗരോഹിത്യം അഹറോൻ-ലേവിഗോത്രത്തിനു മാത്രമായി സംവരണംചെയ്യപ്പെട്ടിരുന്നു. ഈശോയുടെ കാലത്തെ മറ്റു രണ്ട് 'അമായമുന്നേറ്റ'ങ്ങളിൽ പൗരോഹിത്യത്തോടുള്ള ബന്ധം വ്യത്യസ്തതമാണ്: ദൈവലായത്തിൻ്റെ അധികാരശ്രേണിയോട് അനുരൂപപ്പെട്ടു ജീവിച്ചുപോന്ന ഫരിസേയർ, പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന സഭുക്കായരോടുണ്ടായിരുന്ന അഭിപ്രായഭിന്നത ഒഴികെ, പൊതുവെ സമാധാനത്തിലാണ് കഴിഞ്ഞിരുന്നത്. എസ്സീനുകളുടെ ഇടയിലും ഖുംറാൻ കയ്യെഴുത്തുപ്രതികളിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രസ്ഥാനത്തിലും സാഹചര്യം കൂടുതൽ സങ്കീർണ്ണമാണ്. ഖുംറാൻ പ്രസ്ഥാനത്തിൻ്റെ ഒരു വിഭാഗം ഹെറോദിയൻ ദൈവാലയത്തോടും അതിൻ്റെ പൗരോഹിത്യത്തോടും എതിർപ്പിലായിരുന്നു. പൗരോഹിത്യത്തെ നിഷേധിക്കുവാനല്ല അവർ ആഗ്രഹിച്ചത്; പിന്നെയോ, അതിൻ്റെ ശരിയും ശുദ്ധവുമായ രൂപത്തിൽ പുനരാവിഷ്‌കരിക്കുവാനാണ്. അപ്രകാരംതന്നെ, ഈശോ തന്റെ പ്രവർത്തനങ്ങളിൽ അധികാരസംവിധാനത്തെയോ പൗരോഹിത്യത്തെയോ നിഷേധിക്കുവാനോ അതിന്റെ പാവനതയെയോ നൈയാമികതയെയോ ചോദ്യംചെയ്യാനോ ഒരുവിധത്തിലും തുനിഞ്ഞില്ല. പൗരോഹിത്യത്തെയും ആരാധനാരീതികളെയും, പ്രവാചകന്മാരുടെ വിമർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ, വിസ്മയകരമാംവിധം രൂപപ്പെടുത്തിയ സമന്വയം മനസ്സിലാക്കുവാൻ നമ്മൾ ശ്രമിക്കണം.
“ലിറ്റർജിയുടെ ചൈതന്യം" എന്ന എന്റെ ഗ്രന്ഥത്തിൽ ആരാധനാനുഷ്ഠനങ്ങളെക്കുറിച്ചുള്ള പ്രവാചകന്മാരുടെ വ്യത്യസ്ത വിമർശനങ്ങളെ ഞാൻ വിശദീകരിച്ചിട്ടുണ്ട്. എസ്‌തപ്പാനോസും ഈ വിമർശനങ്ങൾ ആവർത്തിച്ചു. വിശുദ്ധ പൗലോസ്ശ്ലീഹാ ഈ വിമർശനങ്ങളെ ഈശോയുടെ അന്ത്യത്താഴത്തിന്റെ അനുഷ്‌ഠാന പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നു. ഈശോതന്നെയും പ്രവാചകന്മാരുടെ ആരാധനാനുഷ്‌ഠാനത്തെക്കുറിച്ചുള്ള വിമർശനങ്ങളെ ഏറ്റെടുക്കുകയും, പ്രത്യേകിച്ച് സാബത്തിനെക്കുറിച്ചുള്ള തർക്കത്തിൽ അതിനു ശരിയായ നിർവചനം നൽകുകയും ചെയ്യുന്നതിലൂടെ, അംഗീകരിക്കുകയും ചെയ്‌തു. ഉദാഹരണമായി, സാബത്തിന്റെ ശരിയായ വ്യാഖ്യാനത്തെ സംബന്ധിച്ച് ഈശോയും ഫരിസേയരും തമ്മിലുള്ള വിയോജിപ്പ് വിശുദ്ധ മത്തായി രേഖപ്പെടുത്തുന്നുണ്ടല്ലോ (മത്താ 12,7-8).
തിരഞ്ഞെടുക്കപ്പെട്ട തൻ്റെ ജനത്തിൻ്റെ മധ്യേയുള്ള ദൈവത്തിന്റെ സവിശേഷ സാന്നിധ്യത്തിൻ്റെ പ്രകാശനവും, മോശ ചട്ടങ്ങൾ നല്കി ക്രമീകരിച്ച ദൈവാരാധനയുടെ സ്ഥലവുമായ ദൈവാലയവുമായി ഈശോയ്ക്കുള്ള ബന്ധം ആദ്യമേതന്നെ നമുക്കു പരിശോധിക്കാം. ഈശോയുടെ പന്ത്രണ്ടാം വയസ്സിൽ ദൈവാലയത്തിൽ ഉണ്ടായ സംഭവം, അവിടുത്തെ കുടുംബം ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നുവെന്നും സ്വന്തം കുടുംബത്തിൻ്റെ ഭക്താനുഷ്‌ഠാനങ്ങളിൽ അവൻ പങ്കെടുത്തിരുന്നുവെന്നും കാണിച്ചുതരുന്നു. “ഞാൻ എന്റെ പിതാവിൻ്റെ ഭവനത്തിൽ ആയിരിക്കണമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?" (ലൂക്കാ 2,49) എന്ന് ഈശോ തൻ്റെ അമ്മയോട് പറഞ്ഞ വാക്കുകൾ, ദൈവാലയം പ്രത്യേകമായ വിധത്തിൽ ദൈവം വസിക്കുന്ന സ്ഥലമാണെന്നും പുത്രനു വസിക്കാൻ ഉചിതമായ ഇടമാണെന്നും വ്യക്തമാക്കുന്നു. അതുപോലെതന്നെ തന്റെ ഹ്രസ്വമായ പരസ്യജീവിതകാലത്ത് ഈശോ ദൈവാലയ തീർത്ഥാടനങ്ങളിൽ പങ്കെടുത്തുവെന്നതും അവിടുത്തെ ഉത്ഥാനത്തിനുശേഷം ശിഷ്യന്മാർ പതിവായി ദൈവാലയത്തിൽ പ്രബോധനങ്ങൾക്കും പ്രാർത്ഥനയ്ക്കുമായി പോയിരുന്നുവെന്നതും എല്ലാവർക്കും സുവിദിതമാണ്.
എന്നിരുന്നാലും ദൈവാലയശുദ്ധീകരണംവഴി അടിസ്ഥാനപരമായ ഒരു പുതിയ ഊന്നൽ നല്‌കുവാനാണ് ഈശോ ഉദ്ദേശിച്ചത് (മർക്കോ 11,15-19; യോഹ 2,13-22). ദൈവാലയത്തിൻ്റെ ദുരുപയോഗത്തെ നേരിടുകയും അതുവഴി ദൈവാലയത്തിന്റെ പ്രവർത്തനത്തെ സ്ഥിരീകരിക്കുകയും മാത്രമായിരുന്നു ഈശോയുടെ ഈ പ്രവൃത്തിയുടെ ഏക ഉദ്ദേശ്യം എന്നുള്ള വ്യാഖ്യാനം അപര്യാപ്തമാണ്. യോഹന്നാൻ സുവിശേഷകൻ ഈശോയുടെ ഈ പ്രവത്തിയെ, ശിലാനിർമ്മിതമായ ദൈവാലയത്തിൻ്റെ നാശത്തിന്റെയും തൽസ്ഥനാത്ത് തൻ്റെതന്നെ ശരീരം പുതിയ ദൈവാലയമായി പകരംവയ്ക്കുന്നതിന്റെ്റെയും മുൻകൂട്ടിയുള്ള അറിയിപ്പായി വ്യാഖ്യാനിക്കുന്നുണ്ട്. സമാന്തരസുവിശേഷങ്ങളിൽ ഈശോയുടെ വിചാരണവേളയിൽ വ്യാജസാക്ഷികളുടെ അധരങ്ങളിൽ ഈശോയുടെ ഈ വ്യാഖ്യാനം പ്രത്യക്ഷപ്പെടുന്നുണ്ട് (മർക്കോ 14,58). അവരുടെ ഭാഷ്യം വികലമാക്കപ്പെട്ടതായിരുന്നു; അതുകൊണ്ട് അത് വിചാരണാവേളയിൽ ഉപയോഗിക്കുവാൻ സാധിക്കുമായിരുന്നില്ല. ഈശോ ഈ വാക്കുകൾ പറഞ്ഞു എന്നതു വാസ്‌തവമാണ്. എന്നാൽ, സാക്ഷ്യമായി ഉപയോഗിക്കുവാൻ മാത്രമുള്ള ബലം അവിടുത്തെ വാക്കുകളുടെ വാച്യാർത്ഥത്തിനില്ലായിരുന്നു. യോഹന്നാന്റെ ഭാഷ്യം ഈശോയുടേതു തന്നെയാണെന്ന് സംശയലേശമെന്യേ ആദിമസഭ കരുതിയതിൽ തെറ്റില്ല. പൗരോഹിത്യഭരണ സംവിധാനത്തിലെ ഉന്നതാധികാരികളുടെ അബദ്ധനിലപാടുകളുടെ പരിണിതഫലമാണ് ഓർശ്ലം ദൈവാലയത്തിൻ്റെ നാശം എന്ന് ഈശോ ചിന്തിക്കുന്നു എന്നാണ് ഇതിനർത്ഥം. ഇതൊക്കെയാണെങ്കിലും,രക്ഷാചരിത്രത്തിലെ ഓരോ നിർണായക നിമിഷത്തിലുമെന്നതു പോലെ ഇവിടെയും ദൈവം മനുഷ്യരുടെ തെറ്റായ പെരുമാറ്റത്തെ, തന്റെ അനന്തസ്നേഹം പ്രകാശിപ്പിക്കുന്നതിനു നിമിത്തമായി ഉപയോഗിക്കുന്നു. അന്തിമവിശകലനത്തിൽ, നിലവിലുള്ള ദൈവാലയത്തിന്റെ നാശത്തെ ദൈവികസുഖപ്പെടുത്തലിന്റെ ഒരു ഘട്ടമായിട്ടാണ് ഈശോ കരുതുന്നത്. ദൈവാരാധനയുടെ അന്തിമവും നവീനവുമായ രൂപീകരണവും ക്രമീകരണവുമായാണ് ദൈവാലയ നാശത്തെ ഈശോ വ്യാഖ്യാനിക്കുന്നത്. ഈ അർത്ഥത്തിൽ ദൈവാരാധനയുടെ ഒരു നവീനരൂപത്തിൻ്റെ പ്രഖ്യാപനമാണ് ദൈവാലയ ശുദ്ധീകരണം. തത്ഫലമായി, ഇത് ആരാധനയുടെയും പൗരോഹിത്യത്തിന്റെയും സ്വഭാവത്തെ സംബന്ധിക്കുന്നതുമാണ്.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ എന്തു സ്വീകരിക്കണം എന്തു ത്യജിക്കണം എന്നതിനെക്കുറിച്ച് ഈശോ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കുന്നതിൽ, അവിടുത്തെ ശരീരരക്തങ്ങളുടെ സമർപ്പണത്തിന്റെ സന്ദർഭമായ അന്ത്യത്താഴം നിർണ്ണായകമാണ്. അന്ത്യത്താഴത്തെയും ഈശോയുടെ വാക്കുകളെയും സംബന്ധിച്ചു പില്ക്കാലത്തു വളർന്നുവന്ന വിവാദത്തിലേക്ക് പ്രവേശിക്കുവാനുള്ള സന്ദർഭമല്ല ഇത്. ഒരുവശത്ത്, ഈശോ സീനായ് ഉടമ്പടിയുടെ പാരമ്പര്യം സ്വീകരിച്ച് പുതിയ മോശയായി തന്നെത്തന്നെ വെളിപ്പെടുത്തി എന്ന കാര്യം വളരെ പ്രാധാന്യമർഹിക്കുന്നു. മറുവശത്ത്, ജറെമിയാപ്രവാചകൻ പ്രത്യേകമായ രീതിയിൽ അവതരിപ്പിച്ച പുതിയ ഉടമ്പടിയുടെ പ്രത്യാശയും പ്രധാനപ്പെട്ടതാണ്. അങ്ങനെ ഈശോ സീനായ് ഉടമ്പടിയുടെ പാരമ്പര്യത്തെ മറികടക്കുകയും നവീകരിക്കുയും ചെയ്‌ത്, അതിൻ്റെ കേന്ദ്രസ്ഥാനത്ത് ഒരേസമയം ബലിയർപ്പകനും ബലിവസ്‌തുവുമായി തന്നെത്തന്നെ പ്രഖ്യാപിക്കുകയായിരുന്നു. തൻ്റെ കുരിശുമരണവും ഉത്ഥാനവും മുൻകൂട്ടി ദർശിച്ച്, തന്നെത്തന്നെ മാംസനിണങ്ങളായി തൻ്റെ ശിഷ്യന്മാർക്കു നല്കിക്കൊണ്ട് അവരുടെയിടയിലായിരിക്കുന്ന ഈശോയെ നമ്മൾ ധ്യാനവിഷയമാക്കണം. തിരുവുത്ഥാനം കൂടാതെ ഇതിനൊന്നും ഒരർത്ഥവുമില്ല. ഈശോയെ ക്രൂശിച്ചത് അതിൽത്തന്നെ ഒരു ബലിയർപ്പണമായിരുന്നില്ല. അവിടുത്തെ കുരിശിൽ വധിച്ച റോമൻപടയാളികൾ പുരോഹതിന്മാരായിരുന്നില്ല. അവർ ഒരാളുടെ വധശിക്ഷ നടപ്പാക്കുക മാത്രമായിരുന്നു. ആരാധനയുടെ ഒരു പ്രവൃത്തിയാണു ചെയ്യുന്നതെന്ന് അവർ ഒരുകാരണവശാലും ചിന്തിച്ചിരുന്നുമില്ല.
അന്ത്യത്താഴത്തിൽ ഈശോ എന്നേക്കുമായി തന്നെത്തന്നെ ഭക്ഷണമായി നല്കി എന്നത് തൻ്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മുൻകൂട്ടിയുള്ള സൂചനയാണ്; മനുഷ്യൻ്റെ ക്രൂരപ്രവൃത്തിയെ അവിടുന്നു സ്നേഹത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും പ്രവൃത്തിയായി രൂപാന്തരപ്പെടുത്തി. അപ്രകാരമാണ് ഈശോ, എന്നേക്കും സാധുവായതും അനുഷ്‌ഠിക്കാൻ കടപ്പെട്ടതുമായ ആരാധനാരീതിയുടെ സമൂലമായ നവീകരണം സാധിച്ചത്. മനുഷ്യരുടെ പാപത്തെ സ്നേഹത്തിന്റെയും അനുരഞ്ജനത്തിൻ്റെയും പ്രവൃത്തിയായി ഈശോ മാറ്റി. ഈ പ്രവൃത്തിവഴി ഭാവിശിഷ്യന്മാർക്ക് ഈശോ സ്ഥാപിച്ച ബലിയിൽ പങ്കുകാരാകുവാൻ സാധിക്കുന്നു. അങ്ങനെ സഭയിൽ, 'അന്ത്യത്താഴത്തിൽനിന്നു പ്രഭാതബലിയിലേക്കുള്ള പരിവർത്തനം' എന്നു വിശുദ്ധ ആഗസ്തീനോസ് വിശേഷിപ്പിക്കുന്ന മാറ്റം ഗ്രഹിക്കുവാൻ നമുക്കു കഴിയുന്നു. ഈശോയുടെ ക്ഷമിക്കുന്ന സ്നേഹത്തിലൂടെ ദൈവം നമുക്കു നല്‌കുന്ന ദാനമാണ് അന്ത്യത്താഴം. സ്നേഹത്തിൻ്റെ ഈ അടയാളം ഏറ്റുവാങ്ങുന്ന മനുഷ്യവംശത്തിന്, അതു തൻ്റേതായി ദൈവത്തിനുതന്നെ തിരികെ നല്കാൻ സാധിക്കുന്നു.
ഇതിലൊന്നിലും പൗരോഹിത്യത്തോടു നേരിട്ടു ബന്ധപ്പെട്ട കാര്യങ്ങളില്ല. എന്നിരുന്നാലും, ഈശോ അഹറോന്റെ പഴയനിയമ പൗരോഹിത്യക്രമത്തെ മറികടന്നുകൊണ്ട്, തന്നെത്തന്നെ പ്രധാന പുരോഹിതനായി വെളിപ്പെടുത്തുന്നു എന്നതു വളരെ വ്യക്തമാണ്. മോശവരെ എത്തിനില്ക്കുന്ന ആരാധനാനുഷ്‌ഠാനപാരമ്പര്യവും പ്രവാചകന്മാർ അതെക്കുറിച്ചു നടത്തിയ വിമർശനങ്ങളും ഈശോയിൽ ഒന്നിക്കുന്നു: ഇപ്രകാരം, സ്നേഹവും ബലിയും ഒന്നാകുന്നു. നസ്രത്തിലെ ഈശോ എന്ന എൻ്റെ ഗ്രന്ഥത്തിൽ ആരാധനാനുഷ്ഠാനത്തിന്റെയും പൗരോഹിത്യത്തിൻ്റെയും ഈ പുതിയ അടിസ്ഥാനം പൗലോസ് ശ്ലീഹായുടെ പ്രബോധനങ്ങളിൽ സമ്പൂർണമായി പൂർത്തീകരിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലും സാധിതമായ മാദ്ധ്യസ്ഥ്യത്തിലാണ്, ബലിയും സ്നേഹവും തമ്മിലുള്ള അടിസ്ഥാനപരമായ ഈ ഐക്യം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വസ്തുത പൗലോസിൻ്റെ പ്രഘോഷണത്തിൻ്റെ എതിരാളികൾ പോലും വ്യക്തമായി സമ്മതിച്ചിട്ടുള്ളതാണ്.
മനുഷ്യപ്രവൃത്തിയാൽ ദൈവാലയ ഭിത്തികൾക്കുണ്ടായ നാശം, ദൈവം ശുഭോദർക്കമായി പരിണമിപ്പിച്ചു. ഇനിമേലിൽ മതിലുകളില്ല; എന്തെന്നാൽ, ഉത്ഥിതനായ മിശിഹാ മനുഷ്യന് ദൈവത്തെ ആരാധിക്കുവാനുള്ള ഇടമായി ഭവിച്ചു. ഈവിധം, ഹേറോദിയൻ ദൈവാലയത്തിൻ്റെ പതനം സൂചിപ്പിക്കുന്നത്, മോശയുടെ നിയമങ്ങളുടെ ഭാഷാപരവും അസ്‌തിത്വപരവുമായ ഇടങ്ങളും മറുവശത്ത് ഈശോയ്ക്കു ചുറ്റും രൂപംകൊണ്ട് മുന്നേറ്റത്തിന്റെ ഇടങ്ങളും തമ്മിൽ ഒരു ഭിന്നിപ്പുണ്ടാകുന്നില്ല എന്നാണ്. ഇപ്പോൾ അവ ഒരു തുറന്ന മനസ്സോടെ, ഒരു പുതിയ വ്യക്തതയോടെ പരസ്പരം അനുരൂപപ്പെട്ട് പ്രകടമായി ചേർന്നുനില്ക്കുന്നു. ഫലത്തിൽ പദാവലികൾ തമ്മിലുള്ള സമവായം വളരെ പെട്ടെന്നു സംഭവിക്കുന്നു. മോശയുടെ നിയമത്തിലെ മുഖ്യപുരോഹിതന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സ്ഥാനത്ത്, പുതിയ ഉടമ്പടിയിൽ മെത്രാന്മാർ, പുരോഹിതന്മാർ, മ്ശംശാനാമാർ എന്നിവർ നിലവിൽവന്നു. വിശുദ്ധ അംബ്രോസ് നല്‌കുന്ന മാമ്മോദീസായെ സംബന്ധിക്കുന്ന പ്രബോധനത്തിൽ ഈ പദപ്രയോഗങ്ങൾ വളരെ വ്യക്തമായി കാണാം. അദ്ദേഹം റോമിലെ വിശുദ്ധ ക്ലെമൻ്റിനെപ്പോലെയുള്ള ആദ്യകാല ക്രൈസ്തവരെ മാതൃകകളാക്കിയും അവരുടെ രേഖകളെ അടിസ്ഥാനമാക്കിയുമാണ് പഠിപ്പിച്ചിരുന്നത്. മിശിഹാവർഷം 96-ാമാണ്ടോടു കൂടി റോമിലെ രക്തസാക്ഷിയായ വിശുദ്ധ ക്ലെമന്റ് കൊറീന്ത്യർക്കുള്ള തൻ്റെ പ്രഥമലേഖനത്തിൽ ഇപ്രകാരം എഴുതി:
നിർവഹിക്കുവാനായി കർത്താവ് ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെല്ലാം നിശ്ചിതസമയങ്ങളിൽ നമ്മൾ നിറവേറ്റണം. അവിടുന്നു കല്‌പിച്ച കാഴ്‌ചകളും ബലിയർപ്പണവും ആരാധനയും സാന്ദർഭികമായും ക്രമരഹിതമായും ചെയ്യേണ്ടവയല്ല; അതിനു നിശ്ചിതകാലവും സമയവുമുണ്ട്. എന്തെന്നാൽ, പ്രധാനപുരോഹിതന് അദ്ദേഹത്തിന്റേതായ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്; പുരോഹിതന്മാർക്ക് അവരുടേതായ സ്ഥാനമുണ്ട്. ലേവ്യർക്ക് പ്രത്യേകമായ ശുശ്രൂഷകളുണ്ട്. അല്‌മായർക്ക് അവരുടേതായ പെരുമാറ്റച്ചട്ടവുമുണ്ട്.
അങ്ങനെ, നമ്മൾ പഴയനിയമത്തിൻ്റെ മിശിഹാകേന്ദ്രീകൃതവും റൂഹാകേന്ദ്രീകൃതവുമായ വ്യാഖ്യാനത്തിൻ്റെ ആവിർഭാവത്തിന് സാക്ഷികളാവുന്നു. ഇപ്രകാരമാണ് പഴയനിയമം ക്രിസ്ത്യാനികളുടെ വേദപുസ്‌തകമായി മാറിയതും ഇപ്പോഴും അങ്ങനെതന്നെ തുടരുന്നതും. ചരിത്ര-സാഹിത്യവിമർശന കാഴ്‌ചപ്പാടിൽ മിശിഹാകേന്ദ്രീകൃതവും റൂഹാകേന്ദ്രീകൃതവുമായ ഈ വ്യാഖ്യാനം "രൂപകാത്മകം" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, പഴയനിയമത്തിന്റെ ഈ ക്രിസ്തീയവ്യാഖ്യാനത്തിന് അടിസ്ഥാനമായ ആഴമായ നവീനദർശനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നമ്മൾ ഇവിടെ കണ്ടെത്തേണ്ടതുണ്ട്. ഇവിടെ രൂപകസാദൃശ്യങ്ങളിലൂടെയുള്ള വിശദീകരണം (allegory) പുതിയ ലക്ഷ്യങ്ങൾക്കായി പാഠഭാഗത്തെ ഉപയോഗിക്കുവാനുള്ള ഒരു സാഹിത്യമാർഗമല്ല. അത് ഒരു പാഠഭാഗത്തിന്റെ ചരിത്രപരമായ അർത്ഥപരിണാമത്തിന്റെ പ്രകാശനമാണ്.
ദൈവവും പാപത്തിന് അടിമയായ ലോകവും തമ്മിലുള്ള അനുരഞ്ജനം ശരിയായ അർത്ഥത്തിൽ പൂർത്തിയായത് അപരിമേയമായ സ്നേഹത്തിൻ്റെ പ്രവൃത്തിയായ ഈശോമിശിഹായുടെ സ്ലീവായിലാണ്. ഇക്കാരണത്താലാണ്, അതിൽത്തന്നെ ആചാരാനുഷ്ഠാനപരമല്ലാത്ത ഈ സംഭവം ദൈവത്തിനുള്ള പരമമായ ആരാധനയെ പ്രതിനിധാനം ചെയ്യുന്നത്. ദൈവത്തിൽനിന്നുള്ള അവരോഹണവും (katabatic line) മനുഷ്യനിൽനിന്ന് അർപ്പണമായി ദൈവത്തിലേക്കുള്ള ആരോഹണവും (anabatic line) സ്ലീവായിൽ ഒരൊറ്റ പ്രവൃത്തിയായി മാറുന്നു. സ്ലീവായിലൂടെ, ഉത്ഥാനത്തിന്റെ സമയത്ത്, മിശിഹായുടെ ശരീരം പുതിയ ദൈവാലയമായിത്തീരുന്നു. വിശുദ്ധ കുർബാനയർപ്പണത്തിൽ സഭയും മനുഷ്യവംശം തന്നെയും സദാ ഈ
പ്രക്രിയയിലേക്കു ആകർഷിക്കപ്പെടുകയും അതിൽ ഭാഗഭാക്കാകുകയും ചെയ്യുന്നു. പ്രവാചകന്മാർ ആചാരാനുഷ്‌ഠാനത്തെക്കുറിച്ചു നടത്തിയ വിമർശനം മിശിഹായുടെ സ്ലീവായിൽ അതിന്റെ ആത്യന്തികമായ ലക്ഷ്യത്തിലെത്തി. അതേസമയം, ഒരു പുതിയ അനുഷ്‌ഠാനക്രമം സ്ഥാപിതമാവുകയും ചെയ്‌തു. വിശുദ്ധ കുർബാനയിൽ സദാ സന്നിഹിതനാകുന്ന മിശിഹായുടെ സ്നേഹമാണ് ആരാധനയുടെ പുതിയ രൂപം. തത്‌ഫലമായി ഇസ്രായേലിന്റെ പൗരോഹിത്യശുശ്രൂഷകൾ 'അസാധുവാക്കപ്പെട്ടു'. അതേ സമയം, ഈ സ്നേഹശുശ്രൂഷ ദൈവാരാധനയായി എപ്പോഴും മനസ്സിലാക്കപ്പെടുന്നു. സ്നേഹത്തിന്റെയും ആചാരാനുഷ്‌ഠാനങ്ങളുടെയും ഈ പുതിയ ഐക്യം, അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളുടെയും സ്നേഹശുശ്രൂഷയിലുള്ള ദൈവികമഹത്ത്വീകരണത്തിന്റെയും ഈ പുതിയ ഐക്യം, ഓരോ തലമുറയിലും നിറവേറ്റുന്നതിനുവേണ്ടി തിരുസഭയെ ഭരമേല്പ്പിച്ചിരിക്കുന്ന അസാധാരണ ദൗത്യമാണ് എന്നതിനു സംശയമില്ല.
അങ്ങനെ, പഴയനിയമത്തിൻ്റെ വാച്യാർത്ഥത്തിനു ("അക്ഷരം") പുതിയനിയമത്തിൻ്റെ ശുശ്രൂഷയിൽ റൂഹാ പുതിയ അർത്ഥതങ്ങൾ നല്‌കി. പുതിയ ഉടമ്പടിയിൽ അക്ഷരങ്ങളെ (പഴയനിയത്തിന്റെ വാച്യാർത്ഥത്തെ) അരൂപിയാൽ മറികടക്കുക എന്നത് നിരന്തരം ആവശ്യമായ കാര്യമാണ്. പതിനാറാം നൂറ്റാണ്ടിൽ പഴയനിയമത്തിന് ലൂഥർ നല്‌കിയ വളരെ വ്യത്യസ്‌തമായ വ്യാഖ്യാനത്തിൽ ഈ മറികടക്കൽ സാധ്യമായില്ല. ഇക്കാരണത്താൽ പഴയനിയമത്തിലെ പൗരോഹിത്യത്തെയും ആരാധനാനുഷ്‌ഠാനത്തെയും 'നിയമ'ത്തിന്റെ ഒരു പ്രകാശനം മാത്രമായി അദ്ദേഹം വ്യാഖ്യാനിച്ചു. അതുകൊണ്ട്, ലൂഥറിനെ സംബന്ധിച്ചിടത്തോളം നിയമം ദൈവകൃപയുടെ വഴി ആയിരുന്നില്ല, മറിച്ച് അതിനു വിരുദ്ധമായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം പുതിയനിയമ പൗരോഹിത്യത്തെയും ശുശ്രൂഷാസ്ഥാനങ്ങളെയും സമൂലമായി എതിർക്കുവാൻ നിർബന്ധിതനുമായി.
പ്രൊട്ടസ്റ്റന്റുകാലത്തോടെ ആരംഭിച്ച പൗരോഹിത്യവും ശുശ്രൂഷാക്രമവും തമ്മിലുള്ള വൈരുദ്ധ്യം രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാലത്ത് കത്തോലിക്കാസഭയിലുൾപ്പെടെ അപരിഹാര്യമായ ഒരു പ്രശ്‌നമായിത്തീർന്നു. പഴയനിയമത്തിൽനിന്നു പുതിയനിയമത്തിലേക്കുള്ള റൂഹാകേന്ദ്രീകൃതമായ മാറ്റത്തിൻ്റെ രൂപക സാദൃശ്യം (allegory) അഗ്രാഹ്യമായിത്തീർന്നു. വൈദികരുടെ ശുശ്രൂഷയും ജീവിതവും സംബന്ധിച്ചുള്ള കൗൺസിൽ ഡിക്രി ഈ പ്രശ്നം ഒട്ടുംതന്നെ പരിഗണിക്കുന്നില്ല. എന്നിരുന്നാലും, കൗൺസിലിനുശേഷമുള്ള കാലത്ത് ഈ പ്രശ്‌നം അഭൂതപൂർവമായ അടിയന്തിര പ്രാധാന്യം ലഭിച്ച സജീവ ചർച്ചാവിഷയമായിരുന്നു. ഇപ്പോഴും സഭയിൽ നിലനില്ക്കുന്ന, പൗരോഹിത്യ പ്രതിസന്ധിയായി അതു വളരുകയും ചെയ്തു.
ഈ പ്രസ്താവന രണ്ടു വ്യക്തിപരമായ നിരീക്ഷണങ്ങളോടെ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ സുഹൃത്തുക്കളിൽ ഒരാളായ പ്രശസ്‌ത ഇൻഡോളജിസ്റ്റ് പോൾ ഹാക്കർ (Paul Hacker) അടിയുറച്ച ലൂഥറൻ വിശ്വാസത്തിൽനിന്ന് കത്തോലിക്കാ സഭയിലേക്കുള്ള തൻ്റെ മാനസാന്തരത്തിൽ, സ്വതസിദ്ധമായ തീക്ഷ്ണതയോടെ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ച വിധം എന്റെ ഓർമ്മയിൽ സജീവമായി നിലനില്ക്കുന്നു. പുതിയനിയമത്തിൽ 'പുരോഹിതർ' എന്ന പദം പൂർണമായി കാലഹരണപ്പെട്ട ഒന്നായി അദ്ദേഹം കരുതിയിരുന്നു. അദ്ദേഹം, ഗ്രീക്കുഭാഷയിലെ presbyteros എന്ന പദത്തിൽനിന്നു വരുന്ന Priester എന്ന ജർമ്മൻ വാക്കിനെ ശക്തമായ ധാർമ്മികരോഷത്തോടെ എതിർത്തിരുന്നു. അദ്ദേഹം അപ്രകാരം ചെയ്തത്, ഈ വാക്ക് പഴയനിയമ പൗരോഹിത്യത്തെ അനുസ്മരിപ്പിക്കുന്നതിനാലാണ്. എപ്രകാരമാണ് അദ്ദേഹം ഈ പ്രശ്‌നം അവസാനം പരിഹരിച്ചതെന്ന് എനിക്ക് അറിയില്ല.
ഞാൻ തന്നെയും, രണ്ടാം വത്തിക്കാൻ സൂനഹദോസിനു തൊട്ടുപിന്നാലെ 'പൗരോഹിത്യം സഭയിൽ' എന്ന വിഷയത്തെക്കുറിച്ചു നടത്തിയ കോൺഫറൻസിൽ, പുതിയനിയമത്തിലെ പുരോഹിതനെ ആചാരാനുഷ്‌ഠാനങ്ങളുടെ 'പരികർമ്മി' എന്നതിനേക്കാൾ ദൈവവചനത്തിൻ്റെ ഉപാസകനായി അവതരിപ്പിക്കേണ്ടതാണ് എന്ന ബോദ്ധ്യമാണു പുലർത്തിയിരുന്നത്. ദൈവവചനം ധ്യാനിക്കുക എന്നത് പുതിയ ഉടമ്പടിയിൽ ദൈവത്തിൻ്റെ പുരോഹിതന്റെ പ്രധാനപ്പെട്ടതും മൗലികവുമായ ചുമതലയാണ്. പുരോഹിതൻ ധ്യാനിക്കുവാൻ കടപ്പെട്ടിരിക്കുന്ന ഈ വചനം മാംസം ധരിച്ച വചനമാണ്. ഈ വചനത്തെ ധ്യാനിക്കുക എന്നതുകൊണ്ട് എപ്പോഴും അർത്ഥമാക്കുന്നത്, സ്വർഗത്തിൽനിന്നുള്ള അപ്പമായി നമുക്കു നല്കപ്പെടുന്ന വിശുദ്ധ കുർബാനയാകുന്ന ശരീരത്താൽ പരിപോഷിപ്പിക്കപ്പെടുക എന്നാണ്. പുതിയ ഉടമ്പടിയുടെ സഭയിലെ വചനധ്യാനം ഈശോമിശിഹായുടെ ശരീരത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കലാണ്. കർത്താവിൻ്റെ സ്ലീവായുടെ ശക്തിയാൽ നമ്മിൽ സംഭവിക്കുന്ന പരിവർത്തനത്തിനു നമ്മൾ നല്‌കുന്ന സമ്മതം ഈ കയ്യാളിക്കലിന്റെ ഭാഗമാണ്.
ഈ വിഷയത്തിലേക്കു ഞാൻ പിന്നീട് മടങ്ങിവരുന്നതാണ്. ഇപ്പോൾ നമുക്ക് സഭയുടെ വളർച്ചയിലെ ഏതാനും ഘട്ടങ്ങൾ പരിശോധിക്കാം.
പുതിയ ഒരു ശുശ്രൂഷയുടെ സമാരംഭം, ഇപ്രകാരമുള്ള വളർച്ചയുടെ ആദ്യപടിയായി കണക്കാക്കാവുന്നതാണ്. ദൈവവചന പ്രഘോഷണത്തിൻ്റെയും സഭയുടെ പ്രാർത്ഥനകളുടെയും ചുമതലകൾക്കു പുറമേ, ദരിദ്രരുടെ സംരക്ഷണത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തവുംകൂടി ശ്ലീഹന്മാർ വഹിക്കേണ്ടിവന്ന സാഹചര്യം ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകം പരാമർശിക്കുന്നുണ്ട്. തത്ഫലമായി ആദ്യകാലസഭയിലെ ഗ്രീക്കുവിഭാഗത്തിന് തങ്ങൾ അവഗണിക്കപ്പെട്ടതായിത്തോന്നി. അതുകൊണ്ട് ആരാധനയിലും ദൈവവചനശുശ്രൂശഷയിലും മാത്രം ശ്രദ്ധിക്കുവാൻ ശ്ലീഹന്മാർ തീരുമാനിച്ചു. ഉപവിപ്രവർത്തനങ്ങൾക്കായി ഏഴുപേരടങ്ങുന്ന ശുശ്രൂഷാസംവിധാനത്തിന് അവർ രൂപംനല്‌കി. ഈ ശുശ്രൂഷാസംവിധാനമാണ് പിന്നീട് ഡീക്കൻസ്ഥാനമായി പരിണമിച്ചത്. കൂടാതെ, വിശുദ്ധ എസ്‌തപ്പാനോസിന്റെ ഉദാഹരണം വ്യക്തമാക്കുന്നതുപോലെ, ഈ ശുശ്രൂഷ ഉപവിപ്രവർത്തനങ്ങൾ മാത്രമല്ല, അതോടൊപ്പംതന്നെ ദൈവവചനശുശ്രൂഷയ്ക്കു ശക്തിപകരുന്ന വിശ്വാസവും റൂഹായുടെ നിറവുംകൂടി ആവശ്യപ്പെടുന്നുണ്ട്.
ഈ പുതിയ ശുശ്രൂഷകൾ കുടുംബപിന്തുടർച്ചയിലല്ല, പ്രത്യുത, ദൈവിക തിരഞ്ഞെടുപ്പിലും ദൈവവിളിയിലുമാണ് അധിഷ്ഠിതമായിരിക്കുന്നത് എന്ന വസ്‌തുത ഇപ്പോഴും നിലനില്ക്കുന്ന ഒരു നിർണായക പ്രശ്‌നമാണ്. മുൻകാലങ്ങളിൽ ഇസ്രായേലിന്റെ പൗരോഹിത്യശ്രേണിയുടെ തുടർച്ച ഉറപ്പാക്കിയിരുന്നത് ദൈവം തന്നെയായിരുന്നു. എന്തുകൊണ്ടെന്നാൽ, അന്തിമ വിശകലനത്തിൽ ദൈവംതന്നെയാണ് മാതാപിതാക്കൾക്ക് മക്കളെ നല്കുന്നത്. എന്നാൽ, പുതിയ ശുശ്രൂഷകൾ അധിഷ്‌ഠിതമായിരിക്കുന്നത് ഒരു കുടുംബപിന്തുടർച്ചയുടെ ഭാഗമായിരിക്കുന്നതിലല്ല, മറിച്ച് ദൈവത്താൽ നല്‌കപ്പെടുന്ന വിളിയിലാണ്. അതിനും പുറമെ, ഈ ആഹ്വാനം ലഭിക്കുന്ന വ്യക്തി അതു തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് പുതിയ നിയമസമൂഹത്തിൽ ആരംഭകാലംമുതൽ ദൈവം വിളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോദ്ധ്യമുണ്ടായിരുന്നത്: "അതിനാൽ, തൻ്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കുവിൻ" (മത്താ 9.38). ഓരോ തലമുറയിലും വിളിക്കപ്പെട്ടവരെ കണ്ടെത്താമെന്നുള്ള പ്രതീക്ഷയും അതിനുള്ള പ്രതിബദ്ധതയും എന്നും സഭയ്ക്കുണ്ടായിരുന്നു. ഇക്കാര്യം സഭയ്ക്ക് ഇന്നും എത്രമാത്രം ജാഗ്രതയ്ക്കും അദ്ധ്വാനത്തിനും കാരണമാകുന്നു എന്നു നമുക്കറിയാം.
ഈ വിഷയവുമായി നേരിട്ടു ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. വളരെ നേരത്തെതന്നെ എന്നാണെന്ന് കൃത്യമായി പറയാൻ സാധ്യമല്ലെങ്കിലും, ഉടനെതന്നെ പതിവായി, ചിലപ്പോൾ ദിനംപ്രതിയും, വിശുദ്ധ കുർബാനയുടെ അർപ്പണം സഭയ്ക്ക് അത്യന്താപേക്ഷിതമായിത്തീർന്നു. അതിലൂടെ, വരാനിരിക്കുന്ന രാജ്യത്തിലെ അപ്പം (The supersubstantial bread) അതേസമയം സഭയുടെ അനുദിനഭോജനവുമായി. ഇതിൻ്റെ ഒരു പ്രധാനപ്പെട്ട പരിണിതഫലം, കൃത്യമായി പറഞ്ഞാൽ ഇന്ന് സഭയെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇസ്രായേലിന്റെ പൊതുമനഃസാക്ഷിയിൽ, പുരോഹിതന്മാർ ദൈവാലയശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്ന കാലഘട്ടത്തിൽ, ദൈവികരഹസ്യങ്ങളുമായി ഇടപഴകിയിരുന്നതുകൊണ്ട്, കർശനമായ ലൈംഗികവിരക്തി പാലിക്കുവാൻ കടപ്പെട്ടവരായിരുന്നു. ഇസ്രായേലിന്റെ പൊതുമനഃസാക്ഷിയിൽ, ലൈംഗികവിരക്തിയും ദൈവാലയശുശ്രൂഷകളും തമ്മിലുള്ള അഭേദ്യബന്ധം തികച്ചും സ്‌പഷ്ടമായിരുന്നു. ഉദാഹരണത്തിന്, ഞാൻ ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം ഓർമ്മിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ദാവീദ് അഹിമെലേക്ക് എന്ന പുരോഹിതനോട് അപ്പം ആവശ്യപ്പെട്ടപ്പോൾ, പുരോഹിതൻ ദാവീദിനോട് മറുപടിയായി പറഞ്ഞു: "വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പം എൻ്റെ കൈവശമില്ല. നിൻ്റെ ഭൃത്യന്മാർ സ്ത്രീകളിൽനിന്നകന്നു നിന്നവരാണെങ്കിൽ മാത്രമേ തരുകയുള്ളു." ദാവീദ് പുരോഹിതനോടു പ്രത്യുത്തരിച്ചു: "സത്യമായും ഞാൻ യാത്രപോകുമ്പോഴൊക്കെ ഞങ്ങൾ സ്ത്രീകളിൽനിന്നകന്നിരിക്കും" (1 സാമു 21,4-5). പഴയനിയമത്തിലെ പുരോഹിതർക്ക് ആണ്ടുവട്ടത്തിൽ നിശ്ചിതസമയങ്ങളിൽ മാത്രമേ ദൈവാലയശുശ്രൂഷകളുണ്ടായിരുന്നുള്ളു. അതുകൊണ്ട്, വിവാഹജീവിതവും പൗരോഹിത്യവും യോജിച്ചു പോകുമായിരുന്നു.
എന്നാൽ, പതിവായി, പലപ്പോഴും ദിനംപ്രതിയും വിശുദ്ധ കുർബാനയർപ്പിച്ചിരുന്നതുകൊണ്ട് ഈശോമിശിഹായുടെ സഭയിലെ പുരോഹിതന്മാരുടെ സ്ഥിതി സമൂലം മാറി. ഇനിയിപ്പോൾ അവരുടെ ജീവിതം മുഴുവൻ ദൈവികരഹസ്യവുമായി നിരന്തര സമ്പർക്കത്തിലായതിനാൽ മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കി ദൈവത്തിനു മാത്രമായി ജീവിതം ഉഴിഞ്ഞുവയ്‌ക്കേണ്ടതുണ്ടായിരുന്നു. തത്ഫലമായി, ജീവിതം സമ്പൂർണമായി സമർപ്പിക്കേണ്ട വിവാഹം പോലുള്ള ബന്ധം ഒഴിവാക്കേണ്ടി വന്നു. ദിവസേനയുള്ള പരിശുദ്ധ കുർബാനയർപ്പണത്തിലുൾക്കൊള്ളുന്ന ദൈവത്തിനുള്ള സ്ഥിരമായ ശുശ്രൂഷയിൽനിന്ന് സ്വാഭാവികമായിത്തന്നെ ദാമ്പത്യ ബന്ധം അസാദ്ധ്യമായിത്തീർന്നു. പഴയനിയമകാലത്ത് ദൈവാലയശുശ്രൂഷയുടെ ഘട്ടത്തിൽമാത്രം പാലിക്കേണ്ടിയിരുന്ന ലൈംഗിക വിരക്തി പുതിയനിയമകാലത്ത് പുരോഹിതൻ്റെ അസ്‌തിത്വത്തിന്റെ തന്നെ ഭാഗമായി രൂപാന്തരം പ്രാപിച്ചു എന്നു പറയുവാൻ സാധിക്കും. അപ്രകാരം ലൈംഗികവിരക്തിയുടെ അർത്ഥവും ലക്ഷ്യവും ആഴമായ മാറ്റത്തിനു വിധേയമായി. എന്നാൽ, ഇതെല്ലാം ശരീരത്തെയും ലൈംഗികതയെയും അവജ്ഞയോടെ വീക്ഷിക്കുന്നതിനാലാണെന്ന് ഇക്കാലത്ത് വളരെ എളുപ്പത്തിൽ ചിലർ പ്രസ്താവിക്കുന്നുണ്ട്. പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ അടിസ്ഥാനം ലോകത്തെ സംബന്ധിക്കുന്ന ഒരു മനിക്കേയൻ ചിന്താഗതിയുടെ ഫലമാണന്നൊരു വിമർശനം നാലാംനൂറ്റാണ്ടിൽത്തന്നെ രൂപംകൊണ്ടിരുന്നു. സഭാപിതാക്കന്മാർ ഈ വിമർശനത്തെ അപ്പോൾതന്നെ പാടേ തള്ളിക്കളയുകയും അതിനു കുറെക്കാലത്തേക്കെങ്കിലും ശമനമുളവാക്കുകയും ചെയ്തു.
ശരീരത്തോടും ലൈംഗികതയോടുമുള്ള അവജ്ഞയിൽനിന്നാണ് പൗരോഹിത്യബ്രഹ്മചര്യം ഉടലെടുത്തത് എന്ന വാദം അബദ്ധജഡിലമാണ്. കാരണം, ഭൗമികപറുദീസായിൽ ദൈവം നല്കിയ മഹാദാനമായാണ് വിവാഹബന്ധത്തെ സഭ എന്നും കരുതിപ്പോരുന്നത്. ദാമ്പത്യാവസ്ഥയും പൗരോഹിത്യശുശ്രൂഷയും ഒരുപോലെ മനുഷ്യന്റെ പൂർണമായ സമർപ്പണം ആവശ്യപ്പെടുന്നതുകൊണ്ട് ഈ രണ്ടു ദൈവവിളികളും ഒരേസമയം ഒരാൾക്കു ജീവിക്കുവാൻ സാധിക്കുകയില്ല. ഈ രണ്ടു ദൈവവിളികളും ഒരേസമയം സാക്ഷാത്ക്കരിക്കുക അസാദ്ധ്യമാണെന്നുവേണം കരുതുവാൻ. അതു കൊണ്ട്, കർത്താവിനു സ്വയം പൂർണമായി സമർപ്പിക്കുന്നതിനു വേണ്ടി വിവാഹം ത്യജിക്കുവാനുള്ള ഉൾപ്രേരണ പൗരോഹിത്യ ശുശ്രൂഷയുടെ മാനദണ്‌ഡമായി മാറി.
ആദിമസഭയിലെ പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ പ്രായോഗിക തലത്തെ സംബന്ധിച്ചിടത്തോളം ഊന്നൽ നല്‌കേണ്ട മറ്റൊരു കാര്യമുണ്ട്: വിവാഹിതരെങ്കിലും വിരക്തി പാലിച്ചുകൊള്ളാമെന്ന് ഉറപ്പുനല്കിയാലേ, അതായത്, 'വിശുദ്ധ യൗസേപ്പിൻ്റെ വിവാഹം' എന്നു പറയപ്പെടുന്ന ജീവിതം നയിച്ചാലേ, വിവാഹിതരായ പുരുഷന്മാർക്ക് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിക്കാനാകുമായിരുന്നുള്ളു. ഇപ്രകാരം ഒരു സ്ഥിതിവിശേഷം ആദ്യനൂറ്റാണ്ടുകളിൽ അസ്വാഭാവികമായി കണ്ടിരുന്നില്ല. ഒന്നിച്ച് കർത്താവിനു തങ്ങളെ സമർപ്പിച്ച് ജീവിക്കുന്നത് സാധ്യവും യുക്തിസഹവുമാണെന്ന് കരുതിയിരുന്ന ഗണ്യമായ ഒരു കൂട്ടം സ്ത്രീപുരുഷന്മാർ അന്ന് ഉണ്ടായിരുന്നു.
ക്രിസ്തീയ പൗരോഹിത്യത്തിലേക്കു വെളിച്ചം വീശുന്ന മൂന്നു വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ
തിരുലിഖിതത്തിൽനിന്ന് മൂന്നു ഭാഗങ്ങൾ വ്യാഖ്യാനിച്ചു കൊണ്ട് ഈ വിചിന്തനങ്ങൾ ഉപസംഹരിക്കാൻ ഞാനാഗ്രഹിക്കുന്നു. ഈ വിശുദ്ധഗ്രന്ഥഭാഗങ്ങൾ, ശിലാനിർമ്മിതമായ ദൈവാലയത്തിൽനിന്ന് മിശിഹായുടെ ശരീരമാകുന്ന ദൈവാലയത്തിലേക്കുള്ള പരിവർത്തനത്തിലൂടെ, രണ്ട് ഉടമ്പടികളും തമ്മിലുള്ള ആഴമായ ഐക്യം വെളിപ്പെടുത്തുന്നു. ഈ ഐക്യം വെറും യാന്ത്രികമല്ല; മറിച്ച്, എപ്രകാരമാണ് 'അക്ഷര'ത്തിൽനിന്ന് അരൂപിയിലേക്കുളള മാറ്റത്തിലൂടെ, പഴയനിയമവചനങ്ങളുടെ ആഴമുള്ള അർത്ഥം നിറവേറപ്പെടുന്നത് എന്നു കാണിക്കുന്ന പുരോഗതിയാണ്.
സങ്കീർത്തനം 16,5-6: കൗൺസിലിനുമുമ്പ് പൗരോഹിത്യത്തിന്റെ ആദ്യപട്ടം നല്‌കിയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന തിരുവചനങ്ങൾ
പൗരോഹിത്യത്തിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്ന ആസ്തപ്പാടുപട്ടകർമ്മത്തിൽ (tonsure) രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പുവരെ ഉപയോഗിച്ചിരുന്ന 16-ാം സങ്കീർത്തനത്തിലെ അഞ്ചും ആറും വാക്യങ്ങളെ ആദ്യംതന്നെ വ്യാഖ്യാനിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുവനെ സഭയുടെ പൗരോഹിത്യ കൂട്ടായ്‌മയിലേക്കു സ്വാഗതം ചെയ്യുമ്പോൾ, മെത്രാൻ ഈ വചനങ്ങൾ ഉച്ചരിക്കുകയും വൈദികാർത്ഥി അതേറ്റുപറയുകയും ചെയ്തിരുന്നു: “കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗേധയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു" (Dominus pars hereditatis meae et calicis mei; tu es qui restitues hereditatem meam mihi).യഥാർത്ഥത്തിൽ, ഒരുവനെ സഭയിലെ പൗരോഹിത്യകൂട്ടായ്‌മയിലേക്കു സ്വീകരിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പഴയനിയമ ഭാഷയിൽ ഈ സങ്കീർത്തനഭാഗം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും, ഓരോ കുടുംബവും, അബ്രാഹത്തിനു ദൈവം നല്‌കിയ വാഗ്‌ദാനത്തിൻ്റെ ഓഹരിയെ പ്രതിനിധീകരിക്കുന്ന കാര്യം ഈ തിരുവചനഭാഗം അനുസ്മരിപ്പിക്കുന്നു. ഓരോ കുടുംബത്തിനും വാഗ്ദത്തഭൂമിയുടെ ഒരോഹരി ലഭിക്കുകയും അവർ അതിൻ്റെ ഉടമസ്ഥരായിത്തീരുകയും ചെയ്തു എന്ന വസ്തുതയിൽ ഇക്കാര്യം കൃത്യമായി പ്രകടമാകുന്നു. വാഗ്ദത്തഭൂമിയുടെ ഒരു പങ്കിൻ്റെ ഈ ഉടമസ്ഥത, ഓരോ കുടുംബത്തിനും വാഗ്ദാനത്തിൽ പങ്കുകാരാകുന്നുവെന്നതിന് ഉറപ്പു നല്‌കി. യഥാർത്ഥത്തിൽ, ഈ കൈവശഭൂമി അവരുടെ ഉപജീവനം ഉറപ്പാക്കി. ഓരോരുത്തർക്കും ജീവിതത്തിനാവശ്യമുള്ള ഭൂമിയ്ക്ക് അവകാശമുണ്ടായിരുന്നു. ആഹാബുരാജാവ് മുഴുവൻ നഷ്ടപരിഹാരം നല്കുവാൻ തയ്യാറായിട്ടും അയാൾക്കു തൻ്റെ മുന്തിരിത്തോട്ടം വിട്ടുകൊടുക്കാൻ മനസ്സാകാതിരുന്ന നാബോത്തിൻ്റെ ചരിത്രം (1 രാജാ 21,1-29) പൈത്യകസ്വത്തായി ലഭിച്ച ഓഹരിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. തന്റെ മുന്തിരിത്തോട്ടം വിലപിടിപ്പുള്ള ഒരുതുണ്ടു ഭൂമി എന്നതിനേക്കാൾ, ഇസ്രായേലിനു ദൈവം ചെയ്‌ത വാഗ്ദാനത്തിലെ ഭാഗ ഭാഗിത്വമായാണ് നാബോത്ത് കരുതിയത്. ഓരോ ഇസ്രായേൽക്കാരനും ഉപജീവനം ഉറപ്പാക്കുവാനുള്ള ഭൂസ്വത്ത് സ്വന്തമായുണ്ടായിരുന്നു. ഇതിനൊരപവാദം ലേവിഗോത്രം മാത്രമാണ്. അവകാശമായി ഭൂസ്വത്തു ലഭിക്കാത്ത ഏകഗോത്രം ലേവ്യരുടേതാണ്. ലേവായൻ ഭൂരഹിതനും അതിനാൽ ഭൂമിയിൽനിന്നു ലഭിക്കുന്ന നേരിട്ടുള്ള ഒരു ഉപജീവനം സാധ്യമാകാത്തവനുമായിരുന്നു. അവൻ ദൈവത്തെക്കൊണ്ടും ദൈവത്തിനുവേണ്ടിയും ജീവിച്ചു. പ്രായോഗികമായി ഇതിനർത്ഥം ലേവ്യൻ, കൃത്യമായ നിയമങ്ങളനുസരിച്ച്, ഇസ്രായേൽ ദൈവത്തിനർപ്പിക്കുന്ന ബലിവസ്‌തുക്കൾകൊണ്ടു ജീവിക്കേണ്ടിയിരുന്നു എന്നാണ്.
ഈ പഴയനിയമ മാതൃക സഭയുടെ പുരോഹിതന്മാരിൽ നവീനവും ആഴമേറിയതുമായ വിധത്തിൽ സഫലീകൃതമാകുന്നു: അവർ ദൈവത്താലും ദൈവത്തിനുവേണ്ടിയും മാത്രം ജീവിക്കണം. ഇതുകൊണ്ട് എന്താണ് യഥാർത്ഥത്തിൽ വിവക്ഷിക്കുന്നതെന്ന് പൗലോസ്ശ്ലീഹാ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശ്ലീഹാ ജനം നല്കിയ ദാനങ്ങൾ സ്വീകരിച്ചു ജീവിച്ചു. കാരണം അവൻ അവർക്ക് ദൈവവചനം, ജീവൻ്റെ യഥാർത്ഥ അപ്പം നല്‌കി. പഴയനിയമത്തിൽ, ലേവായർ ഭൂമിയുടെ ഉടമസ്ഥാവകാശം ത്യജിച്ചു; പുതിയനിയമത്തിൽ, ഈ ത്യാഗത്തിനു പുതിയമാനങ്ങൾ കൈവന്നു: പുരോഹിതന്മാർ സമ്പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കപ്പെട്ടവരായതുകൊണ്ട്, അവർ വിവാഹവും കുടുംബവും പരിത്യജിക്കുന്നു. സഭ"പൗരോഹിത്യജീവിതാവസ്ഥയെ' (clergy) ഈ അർത്ഥത്തിലാണു വ്യാഖ്യാനിച്ചത്. ഈ ജീവിതാവസ്ഥയിൽ പ്രവേശിക്കുകയെന്നാൽ സ്വന്തമായതെല്ലാം ഉപേക്ഷിച്ച് ദൈവത്തെ മാത്രം തന്റെ ജീവിതത്തിന്റെ സുസ്ഥിരമായ അവലംബമായി സ്വീകരിക്കുക എന്നാണ് അർത്ഥം.
പൗരോഹിത്യജീവിതത്തിൻ്റെ യഥാർത്ഥ അടിസ്ഥാനം, അസ്തിത്വത്തിന്റെ ലവണം, ജീവിതത്തിൻ്റെ വിളഭൂമി, ദൈവം തന്നെയാണ്. ഈ അടിസ്ഥാനത്തിന്മേൽ മാത്രമേ, ശ്ലൈഹികകാലഘട്ടത്തിന് അടുത്തുവരെ എത്തുന്ന പാരമ്പര്യമനുസരിച്ച്, പൗരസ്യ സഭയിലെയും പാശ്ചാത്യസഭയിലെയും എല്ലാ മെത്രാന്മാർക്കും, ലത്തീൻസഭയിലെ എല്ലാ വൈദികർക്കും ബാധകമായിരുന്ന ബ്രഹ്മചര്യം ഗ്രഹിക്കുവാനും പൂർണമായി ജീവിക്കുവാനും സാധിക്കുകയുള്ളൂ.
1983-ലെ വലിയനോമ്പുകാലത്ത് ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്കും റോമൻ കൂരിയായിലെ അംഗങ്ങൾക്കുംവേണ്ടി നല്കിയ ധ്യാനത്തിൽ ഈ വിഷയത്തെക്കുറിച്ചു ഞാൻ ആഴമായി ചിന്തിക്കുകയുണ്ടായി:
പതിനാറാം സങ്കീർത്തനത്തിൻ്റെ ഈ ഭാഗത്തിന് നമ്മുടെ ആദ്ധ്യാത്മികതയിലുള്ള പ്രസക്തി എളുപ്പം മനസ്സിലാക്കാവുന്നതാണ്. സ്വന്തമായ ഭൂമിയില്ലാതിരിക്കയും, ദൈവത്തിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്ന ലേവ്യന്റേതിനു സമാനമാണ് വൈദികജീവിതത്തിന്റെ അടിസ്ഥാനപരമായ അവസ്ഥ. "അവർ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു" എന്ന വാക്കുകളോടെയാണ് ലൂക്കാ 5,1-11 ലെ ദൈവവിളിയുടെ വിവരണം അവസാനിക്കുന്നത്. ഇപ്രകാരം ഭൗതികവസ്‌തുക്കൾ ഉപേക്ഷിക്കാതെ പൗരോഹിത്യംതന്നെ അസാദ്ധ്യമാണ്. സ്വാതന്ത്യത്തിന്റെ ഈ അടയാളം കൂടാതെ ഈശോയെ പിഞ്ചല്ലുവാനുള്ള ആഹ്വാനം സ്വീകരിക്കുവാൻ സാധ്യമല്ല. ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്‌ചകൾക്കും ഇടമില്ല. കുടുംബജീവിതവും ഭൂസ്വത്തുക്കളും ഉപേക്ഷിക്കുന്നതു വഴി ബ്രഹ്മചര്യത്തിനു വലിയ ഒരു പ്രസക്തി കൈവരുന്നു എന്നു ഞാൻ കരുതുന്നു. ദൈവത്തിങ്കലേക്കുള്ള നമ്മുടെ പ്രയാണം ജീവിതത്തിന്റെ അടിസ്ഥാനമാണെന്നു പ്രകടമാക്കുവാൻ ബ്രഹ്മചര്യം അത്യന്താപേക്ഷിതമായി മാറുന്നു. ബ്രഹ്മചര്യം ആവശ്യപ്പെടുന്ന എല്ലാ മനോഭാവങ്ങളും നിലപാടുകളും, വിളി സ്വീകരിക്കുന്ന ആളിന്റെ അസ്തിത്വത്തെ ആഴമായി സ്വാധീനിക്കേണ്ടതാണ് എന്നാണ് ഇതിനർത്ഥം. നമ്മൾ ഇന്നു പൊതുവായി അംഗീകരിച്ചിരിക്കുന്ന മനോഭാവങ്ങളോടും സ്വത്തിനെ സംബന്ധിക്കുന്ന അനുശാസനങ്ങളോടും ചേർന്നുപോയെങ്കിൽ മാത്രമേ ഇതിൻ്റെ അർത്ഥം പൂർണമായി മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു. ദൈവവുമായുള്ള നമ്മുടെ ഐക്യം ജീവിതത്തിൻ്റെ കേന്ദ്രമായി പ്രതിഷ്ഠിച്ചാൽ മാത്രമേ, ഈ ജീവിതത്തിനു സ്ഥിരത കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.
ദൈവവചനം നമ്മുടെ സ്വന്തമാക്കുവാനും ആ വചനത്തിൽ നിലനിൽക്കുവാനും, വചനധ്യാനം ആവശ്യമാണെന്ന് 119-ാം സങ്കീർത്തനം പോലെതന്നെ 16-ാം സങ്കീർത്തനവും ശക്തിയുക്തം ഓർമ്മിപ്പിക്കുന്നു. ആരാധനാസംബന്ധമായ തിരുക്കർമ്മങ്ങളുടെ സാമൂഹികവശം ഈ ധ്യാനവുമായി നിശ്ചയമായും ബന്ധപ്പെട്ടിരിക്കുന്നു. 'കർത്താവാണ് എൻ്റെ പാനപാത്രം' (വാക്യം 5) എന്നു പറയുമ്പോൾ ഈ സാമൂഹികമാനമാണ് 16-ാം സങ്കീർത്തനം വെളിപ്പെടുത്തുന്നത്. പഴയനിയമത്തിൻ്റെ പതിവു ഭാഷയിൽ 'എൻ്റെ പാനപാത്രം' എന്ന പ്രയോഗം തിരുനാൾ ഭക്ഷണവേളയിൽ കൈമാറുന്ന പാനപാത്രത്തെയോ, ശിക്ഷയോ രക്ഷയോ നിർണയിക്കുന്ന പാനപാത്രത്തെയോ, ആണു പരാമർശിക്കുന്നത്. പുതിയനിയമത്തിലെ പുരോഹിതൻ പ്രാർത്ഥിക്കുമ്പോൾ, അതിന്റെ ആഴമായ അർത്ഥത്തിൽ കർത്താവ് ഈ പാനപാത്രംവഴി നമ്മുടെ ഉറ്റസ്നേഹിതനായി മാറുന്നു എന്നു വളരെ പ്രത്യേകമായി അംഗീകരിക്കുന്നു. വിശുദ്ധ കുർബാനയുടെ ഈ പാനപാത്രത്തിൽ, നമ്മുടെ ജീവനെന്ന നിലയിൽ കർത്താവുതന്നെ ഭാഗഭാക്കാകുന്നു. ദൈവതിരുമുമ്പിലുള്ള പൗരോഹിത്യജീവിതം അസ്‌തിത്വത്തെ മുഴുവൻ ഉൾക്കൊള്ളുംവിധം സാർത്ഥകമാകുന്നത് വിശുദ്ധ കുർബാനയാകുന്ന ദിവ്യരഹസ്യത്തിലൂടെയാണ്. വിശുദ്ധ കുർബാനയെ ആഴത്തിൽ ഗ്രഹിക്കുമ്പോൾ അതു നമ്മുടെ ഓഹരിയും അവകാശവുമായി ഭവിക്കുന്നു. സങ്കീ 16,6 ഈ ഓഹരിയെയും അവകാശത്തെയുംകൂടി സംബന്ധിച്ചാണ് എന്നു പറയുവാൻ സാധിക്കും: "അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു" (സങ്കീ 16,6).
ആദ്യപട്ടം സ്വീകരിച്ചതിൻ്റെ തലേന്നാൾ പതിനാറാം സങ്കീർത്തനത്തിലെ അഞ്ചും ആറും വാക്യങ്ങൾ ധ്യാനിച്ചതിന്റെ ഓർമ്മ ഇന്നും ഞാൻ സജീവമായി കാത്തുസൂക്ഷിക്കുന്നു. ആ നിമിഷം കർത്താവ് എന്നിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പൊടുന്നനേ എനിക്കു മനസ്സിലായി: കർത്താവ് എൻ്റെ ജീവിതത്തെ പൂർണമായും സ്വന്തമാക്കുവാൻ ആഗ്രഹിച്ചു; അതേസമയം, അവൻ പൂർണവിശ്വാസത്തോടെ അവനെത്തന്നെ എനിക്ക് ഏല്‌പിച്ചു തരികയും ചെയ്തു. അങ്ങനെ ഈ സങ്കീർത്തനവചനങ്ങൾ എന്റെ ജീവിതകാലം മുഴുവൻ പ്രസക്തമായിരിക്കുമെന്ന് എനിക്കു ബോദ്ധ്യപ്പെട്ടു: “കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു" (സങ്കീ 16,5-6).
നിയമാവർത്തനം 10,8 & 18,5-8
അടുത്തതായി, രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം റോമൻ ആരാധനക്രമത്തിൽ നടപ്പിൽവന്ന രണ്ടാം സ്തോത്രയാഗ പ്രാർത്ഥനയിലെ ഒരു പ്രാർത്ഥനാഭാഗം വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥന മിശിഹാവർഷം 235 ഓടുകൂടി മരണമടഞ്ഞ വിശുദ്ധ ഹിപ്പോളിറ്റസിൻ്റേതായാണ് പൊതുവെ കരുതപ്പെടുന്നത്. ഏതായാലും, ഇതു വളരെ പുരാതനമാണ്. ആ പ്രാർത്ഥനാഭാഗം ഇപ്രകാരമാണ്: "കർത്താവേ, അങ്ങേ തിരുമുമ്പിൽ നില്ക്കുന്നതിനും അങ്ങയെ പരിചരിക്കുന്നതിനും അർഹരാക്കിത്തീർത്തതിനു നന്ദി പറഞ്ഞുകൊണ്ട് ജീവന്റെ അപ്പവും രക്ഷയുടെ പാനപാത്രവും ഞങ്ങൾ അങ്ങേക്ക് അർപ്പിക്കുന്നു" (Domine, panem vitae et calicem salutis offerimus, gratias agentes quia nos dignos habuisti astare coram te et tibi ministrare). "തിരുമുമ്പിൽ നില്ക്കുക” എന്നതിന്, ചില ആരാധനക്രമപണ്ഡിതർ വ്യാഖ്യാനിക്കുന്നതുപോലെ, സ്തോത്രയാഗപ്രാർത്ഥനയുടെ സമയത്തു പുരോഹിതരും വിശ്വാസികളും മുട്ടുകുത്തുവാൻ പാടില്ലായെന്നും നില്ക്കുകയാണു വേണ്ടതെന്നും അർത്ഥമില്ല. ഈ പ്രാർത്ഥനാഭാഗം നന്നായി ഗ്രഹിക്കുവാൻ, ആചാരാനുഷ്ഠാനങ്ങളിൽ ലേവിഗോത്രത്തിനുള്ള മുഖ്യപങ്ക് ഓർമ്മിപ്പിക്കുന്ന നിയമാവർത്തനം 10,8 ലും 18,5-8 ലുംനിന്ന് അത് പദാനുപദം സ്വീകരിച്ചിട്ടുള്ളതാണെന്നു തിരിച്ചറിയേണ്ടതുണ്ട്: “അക്കാലത്ത് കർത്താവിൻ്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയിൽ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കർത്താവ് വേർതിരിച്ചു" (നിയമാ 10,8). “നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്ന് തൻ്റെ മുന്നിൽ നില്ക്കാനും തന്റെ നാമത്തിൽ ശുശ്രൂഷ ചെയ്യാനും അവനെയും അവന്റെ പുത്രന്മാരെയുമാണല്ലോ എന്നേയ്ക്കുമായി നിൻ്റെ ദൈവമായ കർത്താവ് തിരഞ്ഞെടുത്തിരിക്കുന്നത്" (നിയമാ 18,5).
നിയമാവർത്തനഗ്രന്ഥത്തിലെ 'ദൈവത്തിൻ്റെ സന്നിധിയിൽ നില്ക്കുകയും അവനെ ശുശ്രൂഷിക്കുകയും ചെയ്യുക' എന്ന പ്രയോഗം പൗരോഹിത്യത്തിൻ്റെ സത്തയെ നിർവ്വചിക്കുവാൻ ഉപകരിക്കുന്നു. തുടർന്ന്, പുതിയ ഉടമ്പടിയിലെ പൗരോഹിത്യത്തിന്റെ തുടർച്ചയും പുതുമയും പ്രകടിപ്പിക്കുവാൻ ഈ വാക്കുകൾ ഈശോ മിശിഹായുടെ സഭയുടെ സ്തോത്രയാഗപ്രാർത്ഥനയിൽ ഉൾച്ചേർക്കപ്പെട്ടു. ലേവിയുടെ വംശത്തിൻ്റേതു മാത്രമായിരുന്നത് ഇപ്പോൾ സഭയിലെ എല്ലാ വൈദികരുടെയും മെത്രാന്മാരുടെയും കൂടിയായി. പ്രൊട്ടസ്റ്റന്റ് നവീകരണാശയങ്ങളുടെ അടിസ്ഥാനത്തിൽ, ഈശോ മിശിഹായുടെ സഭയിൽ മേല്പറഞ്ഞ നിരീക്ഷണങ്ങൾ നവീനതയുടെ കാര്യത്തിൽ പിന്നോട്ടു പോകുന്നതായി ചിലർക്കു തോന്നിയേക്കാം; കാലഹരണപ്പെട്ടതും തള്ളിക്കളയേണ്ടതുമായ ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്‌ഠിതമായ പൗരോഹിത്യത്തിലേക്കുള്ള ഒരു അധഃപതനമായി ചിലർ ഇതിനെ കണ്ടേക്കാം. എന്നാൽ നേരെമറിച്ച്, പഴയനിയമ പൗരോഹിത്യത്തെ സ്വീകരിച്ച് രൂപാന്തരപ്പെടുത്തി ഈശോമിശിഹായുടെ മഹനീയതയിലേക്കുയർത്തിക്കൊണ്ട് ഒരു ചുവട് മുന്നോട്ടു വയ്ക്കുകയാണുണ്ടായത്. ഇനിമേൽ, പൗരോഹിത്യം ഒരു കുടുംബത്തോടു ബന്ധിതമല്ല; പിന്നെയോ, മനുഷ്യവംശം മുഴുവനെയും ഉൾക്കൊള്ളുന്നതാണ്. ദൈവാലയത്തിന്റെ ഭരണത്തോടോ ബലിയർപ്പണരീതിയോടോ അല്ല, ലോകംമുഴുവനെയും ആശ്ലേഷിക്കുന്ന ഈശോമിശിഹായുടെ സ്നേഹത്തോടാണ് പുതിയ ഉടമ്പടിയിലെ പൗരോഹിത്യം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്. ആചാരാനുഷ്‌ഠാനങ്ങൾ, അതിൻ്റെ വിമർശനം, ബലിയർപ്പണം, പരസ്നേഹവും ഉപവിപ്രവൃത്തികളും, ഇവയെല്ലാം ഇപ്പോൾ ഒരേ ഉറവിടത്തിൽനിന്ന് ഉത്ഭവിക്കുന്നവയാണ്. ആയതിനാൽ, “നിന്റെ സന്നിധിയിലായിരിക്കുവാനും നിനക്കു ശുശ്രൂഷ ചെയ്യുവാനും" എന്ന വാക്കുകൾ ഒരു ബാഹ്യനിലപാടിനെ സൂചിപ്പിക്കുകയല്ല ചെയ്യുന്നത്. പിന്നെയോ, അവ പൗരോഹിത്യത്തിന്റെ തന്നെ സ്വഭാവത്തെ വിശദമാക്കുകയും പഴയനിയമവും പുതിയനിയമവും തമ്മിലുള്ള അഗാധമായ ഐക്യത്തെ വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആത്യന്തികമായി ഈ വാക്കുകൾ നമ്മൾ എല്ലാവരും ദൈവതിരുമുമ്പാകെയാണ് വ്യാപരിക്കുന്നത് എന്ന വസ്തുതയിലേക്കു വിരൽചൂണ്ടുന്നു.
2008-ലെ പെസഹാവ്യാഴാഴ്‌ച റോമിലെ വിശുദ്ധ പത്രോസിന്റെ ബസ്ലിക്കയിൽ നല്‌കിയ സുവിശേഷസന്ദേശത്തിൽ ഈ പ്രാർത്ഥനാഭാഗം വ്യാഖ്യാനിക്കുവാൻ ഞാൻ ശ്രമിക്കുകയുണ്ടായി. അതിൽനിന്ന് ഒരു ഭാഗം ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ:
അതേസമയം, എന്തിനോടാണു നമ്മൾ 'അതേ' (yes) പറഞ്ഞത് എന്ന് എപ്പോഴും നമ്മോടുതന്നെ ചോദിക്കുവാനുള്ള ഒരവസരമാണ് പെസഹാവ്യാഴം. 'ഈശോമിശിഹായുടെ പുരോഹിതൻ ആയിരിക്കുക' എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? പഴയനിയമ പൗരോഹിത്യത്തിന്റെ സത്തയെ വിവരിക്കുന്ന നിയമാവർത്തനം 18,5-7 ൽ നിന്നാണ് 'അങ്ങേ തിരുമുമ്പിൽ നില്ക്കുന്നതിനും അങ്ങയെ പരിചരിക്കുന്നതിനും' എന്ന പ്രയോഗം, പുതിയനിയമ പൗരോഹിത്യശുശ്രൂഷയുടെ സാരാംശത്തെ വ്യക്തമാക്കാനായി, രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി റോമിൽവച്ചു രൂപംപ്രാപിച്ച നമ്മുടെ രണ്ടാമത്തെ സ്തോത്ര യാഗ പ്രാർത്ഥനയിൽ ഉൾചേർത്തിരിക്കുന്നത്. കർത്താവിൻ്റെ മുമ്പിൽ നില്ക്കുക, അവിടുത്തേക്കു ശുശ്രൂഷ ചെയ്യുക, എന്നീ രണ്ടു ചുമതലകളാണ് പൗരോഹിത്യത്തിന്റെ സത്തയെ നിർണയിക്കുന്നത്. അതിൽ ഒന്നാമത്തേതാണ് കർത്താവിൻ്റെ മുമ്പിൽ നില്ക്കുക എന്നത്. പുരോഹിതന്മാർക്കു വാഗ്ദത്തഭൂമിയുടെ ഓഹരി ലഭിച്ചിരുന്നില്ല എന്ന നിയമാവർത്തനപുസ്‌തകത്തിലെ പശ്ചാത്തലത്തിൽ വേണം ഇതു മനസ്സിലാക്കുവാൻ. അവർ ദൈവത്താലും ദൈവത്തിനുവേണ്ടിയും ജീവിക്കുന്നു. ഉപജീവനത്തിനാവശ്യമായ സാധാരണ ജോലികൾ ചെയ്യുവാൻ അവർ കടപ്പെട്ടിരുന്നില്ല. അവരുടെ ഏകജോലി "കർത്താവിന്റെ സന്നിധിയിൽ നില്ക്കുക' എന്നതായിരുന്നു: അവിടുത്തേക്കുവേണ്ടിയായിരിക്കുവാനും അവിടുത്തെ നോക്കിപാർത്തിരിക്കുവാനും. അപ്രകാരം, ദൈവസന്നിധിയിലുള്ള ഒരു ജീവിതവും മറ്റുള്ളവരെ പ്രതിനിധീകരിച്ചുള്ള ശുശ്രൂഷയുമാണ് ഈ ദൈവവചനം അർത്ഥമാക്കുന്നത്. പുരോഹിതർക്കുവേണ്ടിക്കൂടി മറ്റുള്ളവർ കൃഷി ചെയ്യുമ്പോൾ, അവർ തങ്ങളുടെ ദൃഷ്ട്‌ടി ദൈവത്തിൽ ഊന്നിക്കൊണ്ട് ലോകംമുഴുവനെയും ദൈവസന്നിധിയിൽ പ്രതിനിധാനം ചെയ്യുന്നു. ഈ വാക്കുകൾ കുർബാനയുടെ സ്തോത്രയാഗപ്രാർത്ഥനയിലെ കൂദാശാവചനങ്ങൾക്കു തൊട്ടുപിന്നാലെയാണു ചേർത്തിരിക്കുന്നത്. ആരാധനാ സമൂഹത്തിൽ സന്നിഹിതനാകുന്ന കർത്താവിൻ്റെ മുമ്പിൽ നില്ക്കുവാനും അപ്രകാരം വിശുദ്ധ കുർബാന പൗരോഹിത്യജീവിതത്തിൻ്റെ കേന്ദ്രബിന്ദുവാണെന്നു വ്യക്തമാക്കുവാനും ഈ വാക്കുകൾ സഹായിക്കുന്നു. എന്നാൽ, ഇവിടെയും ഈ പ്രാർത്ഥനാഭാഗത്തിൻ്റെ പ്രാധാന്യം ഇതിലും വലുതാണ്. വലിയ നോമ്പുകാലത്തെ യാമപ്രാർത്ഥനയിലെ വായനകൾക്കുള്ള ആമുഖഗീതത്തിൽ, നോമ്പിലെ കടമകളിലൊന്ന് ആഹ്വാനരൂപത്തിൽ ഇപ്രകാരമാണ് എടുത്തുപറയുന്നത്: 'നമുക്കു തീക്ഷ്‌ണതയോടെ ഉണർന്നിരിക്കാം' (arctius perstemus in custodia). ഈ പ്രാർത്ഥന സന്ന്യാസഭവനങ്ങളിലെ ജാഗരണസമയത്ത് മനുഷ്യർക്കു വേണ്ടി ദൈവതിരുമുമ്പിൽ ആലപിക്കപ്പെട്ടിരുന്നതാണ്. സുറിയാനി പാരമ്പര്യത്തിൽ ഈ സന്ന്യാസികളെ "എപ്പോഴും നില്ക്കുന്നവർ' എന്നാണ് വിശേഷിപ്പിക്കുന്നത്. 'നില്ക്കുക' എന്നത് ജാഗ്രതയുടെ അടയാളമാണ്. സന്ന്യാസികളുടെ കടമയായി കരുതപ്പെട്ടിരുന്ന കാര്യം പൗരോഹിത്യത്തിന്റെ ദൗത്യമായി കാണാവുന്നതാണ്; നിയമാവർത്തനപുസ്‌തകത്തിലെ വചനങ്ങളുടെ ശരിയായ വ്യാഖ്യാനം അനുസരിച്ച് പുരോഹിതൻ ഉണർന്നിരിക്കേണ്ടവനാണ്. അവൻ തിന്മയുടെ ഭീതിപ്പെടുത്തുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണം. അവൻ ലോകത്തെ ദൈവത്തിനുവേണ്ടി ജാഗ്രതയിൽ കാത്തുസൂക്ഷിക്കണം; ലോകഗതിയ്ക്കെതിരെ സത്യത്തിൽ ഉറച്ചുനില്ക്കുന്നവനാകണം; നന്മയുടെ ശുശ്രൂഷയിൽ സദാ തല്പരനായിരിക്കണം. പിതാവിൻ്റെ പക്കൽ നമുക്കുവേണ്ടി മദ്ധ്യസ്ഥ്യം വഹിക്കുന്ന കർത്താവിൻ്റെ മുമ്പിൽ ജനങ്ങൾക്കുവേണ്ടി എപ്പോഴും നിൽക്കേണ്ടവനാണ് പുരോഹിതൻ. പുരോഹിതൻ കർത്താവിൻ്റെയും അവിടുത്തെ വചനത്തിന്റെയും സത്യത്തിന്റെയും ഉപവിയുടെയും വക്താവാകണമെന്നാണ് ഇതിനർത്ഥം. അവൻ സത്യസന്ധനും ധൈര്യശാലിയും ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, കർത്താവിനുവേണ്ടി അധിക്ഷേപങ്ങൾ സഹിക്കുവാൻ സന്നദ്ധനുമായിരിക്കണം: 'ഈശോയുടെ നാമത്തെപ്രതി അപമാനം സഹിക്കുവാൻ യോഗ്യത ലഭിച്ചതിൽ' അവർ സന്തോഷിച്ചു' (നടപടി 5,41).
രണ്ടാമത്തെ സ്തോത്രയാഗപ്രാർത്ഥനയിലെ, പഴയനിയമത്തിൽനിന്നെടുത്ത, ഈ വാചകത്തിന്റെ രണ്ടാം ഭാഗം നമുക്ക് പരിശോധിക്കാം: 'നിൻ്റെ സന്നിധിയിൽ നില്ക്കുവാനും നിന്നെ ശുശ്രൂഷിക്കുവാനും.' പുരോഹിതൻ സത്യസന്ധനും തികഞ്ഞ ജാഗ്രത പുലർത്തുന്നവനും ധർമ്മത്തിൽ അടിയുറച്ചു നില്ക്കുന്നവനുമായിരിക്കണം. ഇവയോട് ശുശ്രൂഷാമനോഭാവംകൂടി ചേർക്കേണ്ടതാണ്. പഴയ നിയമത്തിൽ ഈ വാക്കുകൾക്ക് മുഖ്യമായും അനുഷ്‌ഠാനപരമായ അർത്ഥമാണുള്ളത്: നിയമം അനുശാസിക്കുന്ന എല്ലാ അനുഷ്‌ഠാനങ്ങളും നിർവഹിക്കേണ്ടത് പുരോഹിതന്റെ ചുമതലയാണ്. പിന്നീട് ഈ ചുമതല ഒരു ശുശ്രൂഷയും ദൗത്യവുമായി പരിണമിച്ചു. ഇതുവഴി, ഈ പ്രവൃത്തികൾ ഏതു ചൈതന്യത്തോടെയാണ് നിറവേറ്റേണ്ടത് എന്നാണ് വിശദമാക്കപ്പെടുന്നത്. 'ശുശ്രൂഷിക്കുക' എന്ന പദത്തിന്, സ്തോത്രയാഗപ്രാർത്ഥനയിൽ ഉൾച്ചേർക്കപ്പെട്ടതുവഴി, നവമായ ക്രിസ്‌തീയ ദൈവാരാധനയിൽ ആരാധനക്രമപരമായ ഒരർത്ഥം കൈവന്നു. വിശുദ്ധ കുർബാനയുടെ ആഘോഷത്തിൽ പുരോഹിതൻ ദൈവത്തെയും മനുഷ്യരെയും ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. മിശിഹാ പിതാവിനർപ്പിച്ച ബലി തന്നെത്തന്നെ പൂർണമായി മനുഷ്യർക്കായി നല്കിക്കൊണ്ടുള്ള സമർപ്പണമായിരുന്നു. ഈ ആരാധനയിലും ശുശ്രൂഷയിലുമാണ് പുരോഹിതൻ പങ്കുകാരനാകേണ്ടത്. അങ്ങനെ, 'ശുശ്രൂഷിക്കുക' എന്നതിനു വിവിധ അർത്ഥതലങ്ങളുണ്ട്. തീർച്ചയായും അതിലൊന്ന്, എല്ലാറ്റിനുമുപരി ആരാധനക്രമത്തിൻ്റെയും കൂദാശകളുടെയും ശരിയായ മഹത്ത്വം ഗ്രഹിച്ചുകൊണ്ട് ആന്തരിക ഏകാഗ്രതയോടുകൂടെയുള്ള അനുഷ്‌ഠാനമാണ്. ആരാധനക്രമം അതിന്റെ മുഴുവൻ സത്തയിലും അനുദിനം ആഴത്തിൽ ഗ്രഹിക്കുവാൻ നമ്മൾ പരിശീലിക്കണം. നമ്മുടെ അനുദിനജീവിത്തിൻ്റെ ആത്മാവായി മാറുവാൻവേണ്ടി ആരാധനക്രമവുമായി സജീവ അടുപ്പം വളർത്തിയെടുക്കുകയും വേണം. ശരിയായ വിധത്തിൽ അനുഷ്‌ഠിക്കുമ്പോൾ അതിന്റെ ഒരു കലതന്നെ രൂപം(ars celebrandi)കൊള്ളുന്നു. ഈ കലയിൽ യാതൊന്നും കൃത്രിമമാകരുത്. ആരാധനക്രമം പുരോഹിതൻ്റെ ഒരു മുഖ്യ കടമയാണ് എന്നതിനർത്ഥം, അവൻ ഈശോമിശിഹായുടെയും എല്ലാ കാലഘട്ടത്തിലെ വിശുദ്ധരുടെയും കളരിയിൽ, കൂടുതൽ ആഴത്തിലും പുതുതായും അഭ്യസിക്കേണ്ട പ്രധാന യാഥാർത്ഥ്യമാണ് പ്രാർത്ഥന എന്നാണ്. ക്രിസ്‌തീയ ആരാധനക്രമം സ്വഭാവത്താലെതന്നെ എപ്പോഴും പ്രഘോഷണവും കൂടി ആയതുകൊണ്ട്, നമ്മൾ ദൈവവചനത്തോട് ഉറ്റബന്ധം പുലർത്തുന്നവരും അതിനെ സ്നേഹിക്കുന്നവരും ആ വചനം ജീവിതത്തിൽ പകർത്തുന്നവരുമായിരിക്കണം; എങ്കിൽ മാത്രമേ ദൈവവചനം അനുയോജ്യമായ രീതിയിൽ നമുക്ക് വ്യാഖ്യാനിക്കുവാൻ സാധിക്കുകയുള്ളൂ. 'കർത്താവിനെ ശുശ്രൂഷിക്കുക' കർത്താവിനെ അവിടുത്തെ വചനത്തിലൂടെ അറിയുവാനും നമുക്കു ഭരമേല്പ്പിക്കപ്പെട്ടവർക്ക് അവിടുത്തെ അറിയിക്കുവാനും പഠിക്കുക എന്നാണ് പൗരോഹിത്യശുശ്രൂഷ കൃത്യമായി അർത്ഥമാക്കുന്നത്.
'ശുശ്രൂഷിക്കുക' എന്നതിനുള്ള വിവിധ മാനങ്ങളിൽ ഇനിയും രണ്ടു കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. യജമാനന്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരു ഭൃത്യനുള്ളിടത്തോളം സാമീപ്യം മറ്റാർക്കുമില്ല. ഈയർത്ഥത്തിൽ 'ശുശ്രൂഷിക്കുക' എന്നത് സാമീപ്യത്തെ സൂചിപ്പിക്കുകയും അടുത്തിടപഴകൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ അടുപ്പത്തിലും ഇടപഴകലിലും ഒരു അപകടസാദ്ധ്യതയുണ്ട്. ദിനംപ്രതി ദിവ്യരഹസ്യങ്ങളുമായി സമ്പർക്കത്തിൽ വരുന്നതുകൊണ്ട് അതൊരു പതിവു മാത്രമാവുകയും ഭയഭക്ത്യാദരവുകൾ ദുർബലമാവുകയും ചെയ്തേക്കാം. നമ്മുടെ ശീലങ്ങളുടെ സ്വാധീനത്തിൽപ്പെട്ട് നവ്യവും വിസ്‌മയ നീയവുമായ വസ്‌തുതകൾ - പൗരോഹിത്യശുശ്രൂഷയിൽ കർത്താവുതന്നെ സന്നിഹിതനാണെന്നും നമ്മോടു സംസാരിക്കുന്നെന്നും അവിടുന്നു തന്നെത്തന്നെ നമുക്ക് നല്കുന്നെന്നുമുള്ള വസ്‌തുതകൾ - വിസ്‌മരിക്കപ്പെട്ടു പോയേക്കാം. അസാധാരണമായ യാഥാർത്ഥ്യങ്ങളോടുള്ള അതിപരിചയംമൂലം അവയെ നിസ്സാരവത്ക്കരിക്കാനുള്ള പ്രവണതയ്ക്കെതിരെയും ഹൃദയത്തിൻ്റെ നിസ്സംഗതയ്ക്കെതിരെയും നിർവിഘ്‌നം പോരാടേണ്ടിയിരിക്കുന്നു. നമ്മുടെ അപര്യാപ്‌തയെക്കുറിച്ചുള്ള അവബോധത്തോടും അവിടുന്നു നമ്മുടെ കരങ്ങളിലേക്കു സ്വയം നല്‌കുന്നതുവഴി നമുക്കു ലഭിക്കുന്ന കൃപാവരത്തോടും കൂടിവേണം ഈ പേരാട്ടം നടത്തുവാൻ. "ശുശ്രൂഷിക്കുക' എന്നതു സാമീപ്യം ആവശ്യപ്പെടുന്നു. എന്നാൽ, അതിലുപരി അത് അനുസരണത്തെയാണു ദ്യോതിപ്പിക്കുന്നത്. "എൻ്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ" (ലൂക്കാ 22, 42) എന്ന വാക്കുകൾ പാലിക്കുന്നവനാണു ശുശ്രൂഷകൻ. ഈ വാക്കുകളിലൂടെ, ആദിമാതാപിതാക്കന്മാരുടെ വീഴ്‌ചയ്ക്കു കാരണമായി അവരുടെ ഹൃദയത്തിലുദിച്ച അനുസരണക്കേടിനെതിരെയും അവർ ചെയ്‌ത പാപത്തിനെതിരെയുമുള്ള നിർണായക പോരാട്ടത്തിൽ ഗ്സേമനിയിൽ ഈശോ വിജയം കൈവരിച്ചു. ദൈവത്തിൻ്റെ ഹിതത്തിനു പകരം തന്റെ തന്നെ ഹിതം നിറവേറ്റുവാൻ ആഗ്രഹിച്ചു എന്നതിലാണ് ആദത്തിന്റെ പാപം അടങ്ങിയിരിക്കുന്നത്. തന്നിൽ മാത്രം ആശ്രയിക്കുകയും, തൻ്റെമാത്രം ഇഷ്ട്‌ടം പിന്തുടരുകയും ചെയ്താൽ മാത്രമേ, മനുഷ്യർ സ്വതന്ത്രരാവൂ എന്ന ചിന്തയാണ് മനുഷ്യവംശത്തിൻ്റെ എക്കാലത്തെയും പ്രലോഭനം. അനിയന്ത്രിതസ്വാതന്ത്ര്യംവഴി മാത്രമേ മനുഷ്യൻ പൂർണത പ്രാപിക്കുകയുള്ളു എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഈ ചിന്ത സത്യത്തിന് നേർവിപരീതമാണ്. എന്തുകൊണ്ടെന്നാൽ, നമ്മുടെ സ്വാതന്ത്യം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും അവരുമായി കൂട്ടായ്‌മയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ, യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാവൂ എന്നതാണു സത്യം. പങ്കുവയ്ക്കപ്പെടുന്ന ഈ സ്വാതന്ത്യം യഥാർത്ഥമാകണമെങ്കിൽ അതിലൂടെ നമ്മൾ സ്വാതന്ത്യത്തിന്റെ തന്നെ അളവുകോലായ ദൈവഹിതം നിറവേറ്റുന്നവരാകണം. മനുഷ്യൻ്റെ സത്തയുടെ ഭാഗമായ ഈ മൗലിക അനുസരണം, തന്നിൽത്തന്നെ മാത്രം ആശ്രയിക്കാത്തവനും തനിക്കുവേണ്ടിമാത്രം ജീവിക്കാത്തവനുമാണ് പുരോഹിതൻ എന്ന നിലയിൽ, അവനിൽ അന്വർത്ഥമാകുന്നു. നമ്മൾ നമ്മെത്തന്നെയല്ല പ്രഘോഷിക്കുന്നത്; ദൈവത്തെയും തനിയെ വ്യാഖ്യാനിക്കരുതാത്ത അവിടുത്തെ വചനത്തെയുമാണ്. സഭയുടെ കൂട്ടായ്‌മയ്ക്കു വെളിയിൽ മിശിഹായുടെ വചനം ശരിയായ വിധത്തിൽ പ്രഘോഷിക്കുവാൻ നമുക്കു സാധിക്കുകയില്ല. സഭയോടൊത്തു വിശ്വസിക്കുകയും ചിന്തിക്കുകയും പ്രഘോഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടെ അനുസരണം. ഈശോ പത്രോസിനോട് മുൻകൂട്ടി പറഞ്ഞ കാര്യവും ഇവിടെ എപ്പോഴും പ്രസക്തമാണ്: “നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോകും". നമ്മൾ ആഗ്രഹിക്കാത്തിടത്തേക്ക് കൊണ്ടുപോകപ്പെടുക എന്നത് നമ്മുടെ ശുശ്രൂഷയുടെ അവശ്യഘടകമാണ്. അതുതന്നെയാണു നമ്മെ സ്വതന്ത്രരാക്കുന്നത്. നമ്മുടെ ആശയങ്ങൾക്കും പദ്ധതികൾക്കും വിരുദ്ധമായിപ്പോലും നമ്മൾ നയിക്കപ്പെടുമ്പോൾ ദൈവസ്നേഹത്തിൻ്റെ സമ്പന്നത നമ്മൾ അനുഭവിച്ചറിയുന്നു.
"അവൻ്റെ മുമ്പാകെ നില്ക്കുകയും അവനെ ശുശ്രൂഷിക്കുകയും ചെയ്യുക': ലോകത്തിൻ്റെ യഥാർത്ഥ മഹാപുരോഹിതൻ എന്ന നിലയിൽ, അന്നുവരെ അചിന്ത്യമായിരുന്ന അർത്ഥതലങ്ങൾ ഈ വാക്കുകൾക്ക് അവിടുന്നു പ്രദാനം ചെയ്തു. ദൈവപുത്രൻ എന്ന നിലയിൽ ഇന്നലെയും ഇന്നും എന്നും കർത്താവ് ആയിരിക്കുന്ന അവിടുന്ന് ഏശയ്യായുടെ പ്രവചനഗ്രന്ഥം മുൻകൂട്ടി ദർശിച്ചവിധമുള്ള ദൈവദാസനാകുവാൻ തിരുമനസ്സായി. അവിടുന്ന് എല്ലാവരുടെയും ദാസനാകുവാനാണ് ആഗ്രഹിച്ചത്. തൻ മഹനീയ പൗരോഹിത്യത്തിൻ്റെ കാതൽ ശ്ലീഹന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് അവിടുന്നു പ്രകടമാക്കി. അവസാനത്തോളമുള്ള സ്നേഹത്തിൻ്റെ അടയാളമായ ഈ പ്രവൃത്തിയിലൂടെ അവിടുന്ന് നമ്മുടെ മലിനമായ പാദങ്ങൾ കഴുകുന്നു.
ഈ വിനീതമായ ദാസ്യപ്രവൃത്തിയിലൂടെ നമ്മുടെ അഹന്തയാകുന്ന രോഗത്തിൽനിന്നു നമ്മെ ശുദ്ധീകരിക്കുന്നു. അങ്ങനെ അവിടുന്നു നമ്മെ ദൈവത്തിന്റെ വിരുന്നിൽ പങ്കുകാരാകാൻ പ്രാപ്‌തരാക്കുന്നു. അവിടുന്നു താഴ്ന്നിറങ്ങി, മനുഷ്യൻ്റെ യഥാർത്ഥ ആരോഹണം ഇപ്പോൾ സാക്ഷാത്കരിക്കുന്നത് നമ്മൾ അവിടുത്തോടു കൂടി അവിടുന്നിലേക്ക് താഴ്ന്നിറങ്ങുമ്പോഴാണ്. അവിടുത്തെ മഹത്വീകരണം സ്ലീവായിലാണ്. അങ്ങേയറ്റംവരെയുള്ള സ്നേഹം എന്നനിലയ്ക്ക്, ഈ മഹത്ത്വീകരണം ഒരേസമയം അത്യഗാധതയിലേക്കുള്ള അവരോഹണവും മനുഷ്യന്റെ യഥാർത്ഥ മഹത്ത്വീകരണത്തിൻ്റെ ഉച്ചിയിലേക്കുള്ള ആരോഹണവുമാണ്.
"അവൻ്റെ മുമ്പിൽ നില്ക്കുവാനും അവനെ ശുശ്രൂഷിക്കുവാനും': ഇത് ഇപ്പോൾ അർത്ഥമാക്കുന്നത്, ദൈവത്തിന്റെ ദാസനാകുവാനുള്ള ആഹ്വാനം സർവാത്മനാ സ്വീകരിക്കുക എന്നാണ്. വിശുദ്ധ കുർബാന മിശിഹായുടെ അവരോഹണത്തിൻ്റെയും ആരോഹണത്തിന്റെയും സാന്നിദ്ധ്യമെന്ന നിലയ്ക്ക്, നമ്മെ എപ്പോഴും അതിനുമപ്പുറത്ത്, സ്നേഹത്തോടെ അയല്ക്കാരനു ശുശ്രൂഷചെയ്യുവാനുള്ള വിവിധങ്ങളായ മാർഗങ്ങളെ അനുസ്‌മരിപ്പിക്കുന്നു. ഈ പെസഹാദിനത്തിൽ അവിടുത്തെ വിളിക്ക് ഈ അർത്ഥത്തിൽ 'ഉവ്വ്' (yes) എന്നു പറയുവാനുള്ള കൃപാവരം നല്കണമേ എന്നു നമുക്ക് അപേക്ഷിക്കാം: “കർത്താവേ, ഇതാ ഞാൻ! എന്നെ അയച്ചാലും" (ഏശ 6,8) ആമ്മേൻ.
യോഹന്നാൻ 17, 17: ഈശോയുടെ മഹാപുരോഹിത പ്രാർത്ഥന: തിരുപ്പട്ടകൂദാശയുടെ വ്യാഖ്യാനം
ഉപസംഹാരമായി, ഈശോയുടെ പുരോഹിതപ്രാർത്ഥനയിൽ നിന്നെടുത്ത ചില വചനങ്ങളെക്കുറിച്ച് അല്‌പമൊന്നു വിചിന്തനം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ തിരുപ്പട്ടസ്വീകരണത്തിന്റെ തലേന്നാൾ എൻ്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ വാക്കുകളാണിവ. സമവീക്ഷണസുവിശേഷങ്ങൾ പ്രധാനമായും ഈശോയുടെ ഗലീലിയിലെ പ്രഘോഷണത്തെക്കുറിച്ച് അറിയിക്കുമ്പോൾ, യോഹന്നാൻ്റെ സുവിശേഷമാകട്ടെ മുഖ്യമായും ഈശോ ജറൂസലേമിൽ ചെയ്‌ത പ്രഘോഷണങ്ങളെ വിവരിക്കുകയും ദൈവാലയത്തെയും ദൈവാലയാചാരങ്ങളെയും സംബന്ധിക്കുന്ന വിഷയങ്ങൾ പരാമർശിക്കുകയും ചെയ്യുന്നു. ജറുസലേമിന് ഊന്നൽ നല്കാൻ കാരണം, യോഹന്നാന് ദൈവാലയാധികാരികളുമായുണ്ടായിരുന്ന കുടുംബബന്ധമാണ്. ഈ പശ്ചാത്തലത്തിൽ ഈശോയുടെ പുരോഹിതപ്രാർത്ഥനയ്ക്ക് സവിശേഷ പ്രാധാന്യം കൈവരുന്നു.
'നസ്രത്തിലെ ഈശോ' എന്ന എന്റെ ഗ്രന്ഥത്തിൻ്റെ രണ്ടാം വാല്യത്തിൽ വിശദമായി ഞാൻ വിശകലനം ചെയ്ത കാര്യങ്ങൾ ഇവിടെ ആവർത്തിക്കുവാൻ എനിക്ക് ഉദ്ദേശ്യമില്ല. എന്റെ പൗരോഹിത്യസ്വീകരണത്തിൻ്റെ തലേദിവസം പ്രത്യേകവിധം എന്റെ മനസ്സിൽ പതിഞ്ഞ 17, 18 വാക്യങ്ങളിലേക്കു മാത്രമായി എന്നെത്തന്നെ പരിമിതപ്പെടുത്തുകയാണ്. ആ വാക്യങ്ങൾ ഇവയാണ്: “അവരെ അങ്ങു സത്യത്താൽ വിശുദ്ധീകരിക്കണമേ. അങ്ങയുടെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു”. 'പരിശുദ്ധൻ' എന്ന പദം (saint, sanctity എന്നതിൻ്റെ മൂലം) ദൈവത്തിൻ്റെ സവിശേഷമായ പ്രകൃതിയെ പ്രകടമാക്കുന്നു. അവൻ മാത്രമാണ് പരിശുദ്ധൻ. മനുഷ്യൻ വിശുദ്ധനാകുന്നത് ദൈവത്തോടുകൂടെ ആയിരിക്കുന്നതിന്റെ അളവിനനുസരിച്ചാണ്. ദൈവത്തോടുകൂടെ ആയിരിക്കുക എന്നതിനർത്ഥം, സ്വാർത്ഥത മാത്രമായവയെ തള്ളിക്കളഞ്ഞു കൊണ്ട് ദൈവഹിതവുമായി പൂർണമായി ഏകീഭവിക്കുക എന്നാണ്. എങ്കിലും സ്വാർത്ഥതയിൽനിന്നുള്ള ഈ വിമോചനം വളരെ വേദനാജനകമായി തീരാവുന്നതാണ്. അത് ഒരിക്കൽ സംഭവിച്ചു എന്നതുകൊണ്ട്, അന്തിമനേട്ടമായി കരുതുവാനാവില്ല. ജീവിക്കുന്നവനായ ദൈവം തന്റെ ശുശ്രൂഷയിലേക്ക് ഒരു മനുഷ്യനെ പ്രവേശിപ്പിക്കുമ്പോൾ, അവനിൽ സമൂലമായ അവകാശം സ്ഥാപിക്കുന്നു എന്ന അർത്ഥത്തിൽ 'വിശുദ്ധീകരിക്കുക' എന്ന പദം വളരെ പ്രത്യക്ഷമായ വിധത്തിൽ പൗരോഹിത്യസ്വീകരണത്തെയാണ് വിവക്ഷിക്കുന്നത്. “അങ്ങയുടെ സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ" എന്ന് പിതാവിനോടു പ്രാർത്ഥിക്കുന്നതിലൂടെ, പന്ത്രണ്ടു ശ്ലീഹന്മാരെയും തൻ്റെ ദൗത്യത്തിൽ പങ്കുകാരാക്കണമേ എന്ന്, അതായത് അവരെ പുരോഹിതരായി അഭിഷേകം ചെയ്യണമേ എന്നാണ് അപേക്ഷിക്കുന്നത്.
"നിൻ്റെ സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ”. ഈ വാക്കുകൾ പഴയനിയമകാലത്തെ പൗരോഹിത്യ അഭിഷേകത്തെ പരോക്ഷമായി സൂചിപ്പിക്കുന്നതായി കരുതാവുന്നതാണ്. അവിടെ പുരോഹിതാർത്ഥിയെ തിരുവസ്ത്രങ്ങൾ അണിയിക്കുന്നതിനുമുമ്പ് സമ്പൂർണ ദേഹശുദ്ധി വരുത്തുന്ന ക്ഷാളനം നടത്തിയിരുന്നു. ഇപ്രകാരം പരിഗണിക്കുമ്പോൾ അയയ്ക്കപ്പെടുന്നവൻ ഒരു പുതിയ മനുഷ്യനായിത്തീരുന്നു. എന്നാൽ പഴയനിയമത്തിൽ പ്രതീകാത്മകമായിരുന്ന ഈ കർമ്മം ഈശോയുടെ പ്രാർത്ഥനയിൽ യാഥാർത്ഥ്യമായി പരിണമിക്കുന്നു. മനുഷ്യനെ യഥാർത്ഥത്തിൽ ശുദ്ധീകരിക്കുന്ന ഒരേയൊരു ക്ഷാളനം സത്യത്തിലുള്ള, അതായത് മിശിഹായിലുള്ള ശുദ്ധീകരണമാണ്. ബാഹ്യമായ തിരുവസ്ത്രം ധരിപ്പിക്കൽ ദ്യോതിപ്പിക്കുന്നത് പുതിയ വസ്ത്രമായ മിശിഹായെ ധരിക്കുന്നതിനെയാണ്. 'സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ' എന്നതിനർത്ഥം, ഈശോമിശിഹായിൽ അവരെ പൂർണമായി നിമജ്ജനം ചെയ്യണമേ എന്നാണ്. ഈ നിമജ്ജനംവഴി, “ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, മിശിഹായാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ 2,20) എന്ന വാക്യത്തിലൂടെ തൻ്റെ ശ്ലൈഹികതയുടെ അടിസ്ഥാനപരമായ അനുഭവമായി പൗലോസ്ശ്ലീഹാ പ്രകടിപ്പിക്കുന്ന വസ്തുത അവരിൽ സാർത്ഥകമാവുകയാണ്.
എന്റെ തിരുപ്പട്ടസ്വീകരണത്തിൻ്റെ തലേദിവസംതന്നെ, പുരോഹിതനായി അഭിഷിക്തനാവുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് അതിൻ്റെ ആഘോഷപരമായ മാനങ്ങൾക്കുപരിയായി, എൻ്റെ മനസ്സിൽ ആഴമായി പതിഞ്ഞു. നമ്മളല്ല, മിശിഹാ നമ്മളിലൂടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനായി അവിടുന്നു നമ്മളെ സ്വന്തമാക്കുകയും നിരന്തരമായി വിശുദ്ധീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നമുക്കു സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് അവിടുത്തോട് ഒന്നായിത്തീരുന്ന ഈ പ്രക്രിയ ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്നതും വിമോചനത്തിനും വേദനാജനകമായ നവീകരണത്തിനുംവേണ്ടിയുള്ളതുമാണെന്ന് വളരെ സ്‌പഷ്‌ടമായി എനിക്കനുഭവപ്പെട്ടു.
ഈ അർത്ഥത്തിൽ യോഹന്നാൻ 17-ാം അദ്ധ്യായം 17-ാം വാക്യം ഞാൻ കടന്നുപോന്ന എൻ്റെ ജീവിതത്തിലുടനീളം എനിക്കു വഴികാട്ടിയായിരുന്നു.
ബനഡിക്ട് പതിനാറാമൻ
വത്തിക്കാൻ സിറ്റി
മാത്തർ എക്ലേസിയേ മൊണസ്ട്രി
സെപ്തംബർ 17, 2019
പൗരോഹിത്യബ്രഹ്മചര്യം: സഭാത്മകവും അജപാലനപരവുമായ ദർശനങ്ങൾ
"ഈ ലോകം വിട്ട് തൻ്റെ പിതാവിൻ്റെ പക്കലേക്കു പോകാനുള്ള സമയം അടുത്തുവെന്ന് പെസഹാത്തിരുനാളിനുമുമ്പ് ഈശോ അറിഞ്ഞിരുന്നു. ഈ ലോകത്തിൽ തനിക്കുണ്ടായിരുന്ന വരെ അവൻ സ്നേഹിച്ചു; അവസാനത്തോളം സ്നേഹിച്ചു" (യോഹ 13,1). യോഹന്നാൻ സുവിശേഷകൻ്റെ ഈ വാക്കുകൾ പെസഹാ വ്യാഴാഴ്ചയിലെ അന്ത്യത്താഴത്തിനുശേഷം ഈശോ ചെയ്ത സുപ്രധാനമായ 'പൗരോഹിത്യപ്രാർത്ഥന'യ്ക്ക് ഉദാത്തമായ ആമുഖം കുറിക്കുന്നു. പുരോഹിതനെന്ന ദിവ്യരഹസ്യത്തിന്മേലുള്ള പരിചിന്തനങ്ങൾക്ക് ആവശ്യമായ മനോഭാവങ്ങൾ ഏവയെന്ന് ഈ പ്രസ്താവന അവതരിപ്പിക്കുന്നു.
വിറയലോടുകൂടിയല്ലാതെ ഈ വിഷയം എങ്ങനെ ചർച്ച ചെയ്യും? പരിശുദ്ധ റൂഹായുടെ പ്രചോദനങ്ങൾക്കു നമ്മുടെ മനസ്സു തുറന്നുകൊടുത്തുകൊണ്ട് ആവശ്യമായ സമയമെടുത്തുവേണം ഈ ചർച്ച നടത്തുവാൻ. ആർസിലെ വികാരിയുടെ വാക്കുകൾ കടമെടുത്താൽ, പൗരോഹിത്യം ഈശോയുടെ ഹൃദയത്തിന്റെ സ്നേഹമാണ്. വാദപ്രതിവാദത്തിനോ സൈദ്ധാന്തിക പോരാട്ടത്തിനോ രാഷ്ട്രീയകുതന്ത്രത്തിനോ വിഷയമാക്കേണ്ട കാര്യമല്ല ഇത്. നൈയാമികമായോ അജപാലന സൗകര്യമായോ മാത്രം പരിമിതിപ്പെടുത്തി കാണേണ്ട ഒന്നല്ല പൗരോഹിത്യമെന്ന ദിവ്യരഹസ്യം.
ഈ കഴിഞ്ഞ മാസങ്ങളിൽ 'ആമസോൺ സിനഡ്'നെ ചുറ്റിപ്പറ്റിയുണ്ടായ വലിയ ആവേശവും തിടുക്കവും നമ്മൾ കാണുകയുണ്ടായി. മെത്രാനെന്ന നിലയിൽ എൻ്റെ ഹൃദയം അസ്വസ്ഥമാണ്. സഭാപ്രബോധനങ്ങൾ നിഷ്ക്കരുണം ചോദ്യംചെയ്യപ്പെടുന്ന ഈ കാലയളവിൽ ആദ്ധ്യാത്മികജീവിതത്തിന്റെ അഗാധതലങ്ങളിൽ മുറിവേറ്റവരും അസ്വസ്ഥരും ദിശാബോധം നഷ്‌ടപ്പെട്ടവരുമായ അനേകം വൈദികർ എന്നെ സന്ദർശിക്കുകയുണ്ടായി. ഞാനിന്ന് അവരോട് ആവർത്തിച്ചുപറയുവാൻ ആഗ്രഹിക്കുന്നു: ഭയപ്പെടാതിരിക്കൂ. ബനഡിക്ട് പതിനാറാമൻ പാപ്പാ 2010 ജൂൺമാസം പതിമൂന്നാം തീയതിയിലെ മദ്ധ്യാഹ്നപ്രാർത്ഥനയിൽ ഓർമ്മിപ്പിച്ചതുപോലെ:
മിശിഹായുടെ ഹൃദയത്തിൻ്റെ സമ്മാനമാണ് പുരോഹിതൻ. സഭയ്ക്കും ലോകംമുഴുവനുംവേണ്ടിയുള്ള സമ്മാനം. നല്ലയിടയന്റെ മാതൃക പിൻചെന്ന് ക്രൈസ്തവജനത്തിനു ശുശ്രൂഷ ചെയ്യാനായി സമ്പൂർണസമർപ്പണത്തിലൂടെ സർവ്വവും ത്യജിക്കുന്നവനാണ് പുരോഹിതൻ. കവിഞ്ഞൊഴുകുന്ന സ്നേഹത്തിൻ്റെയും സഭയിലെ എല്ലാ നന്മകളുടെയും ഉറവിടമായ ദൈവപുത്രൻ്റെ ആ ഹൃദയത്തിൽ നിന്നുതന്നെയാണ് ഈശോനാഥനിൽ കീഴടക്കപ്പെട്ട വ്യക്തികൾ സവിശേഷമായ ആ വിളി സ്വീകരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട സഹോദരവൈദികരേ, ഞാൻ നിങ്ങളോട് വളച്ചുകെട്ടില്ലാതെ സംസാരിക്കുവാനാഗ്രഹിക്കുന്നു. നഷ്ടധൈര്യരും നിരുത്സാഹപ്പെട്ടവരും വേദനയാൽ വേട്ടയാടപ്പെടുന്നവരുമായി നിങ്ങൾ കാണപ്പെടുന്നു. തിരസ്ക്‌കരണത്തിൻ്റെയും ഒറ്റപ്പെടുത്തലുകളുടെയും ദാരുണ വികാരങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ വരിഞ്ഞുമുറുക്കുന്നു. നിസ്സംഗതയും വിശ്വാസരാഹിത്യവും നിറഞ്ഞ ലോകത്തിൽ പ്രേഷിതനു സഹനം കൂടപ്പിറപ്പാണ്. അപ്പസ്തോലസഹജമായ സ്നേഹവും വിശ്വാസവുംകൊണ്ടു ജ്വലിക്കുന്ന പുരോഹിതൻ, താൻ ജീവിക്കുന്ന ഈ ലോകം കീഴ്മേൽ മറിഞ്ഞ അവസ്ഥയിലാണെന്നു അതിവേഗം തിരിച്ചറിയുന്നു. എന്നാലും, ഈ ലോകത്തിന്റെ നടുവിൽ കഴിയുവാനുള്ള ശക്തി പ്രദാനം ചെയ്യുവാൻ അവനിൽ വസിക്കുന്ന ദൈവികസാന്നിദ്ധ്യത്തിനു കഴിയും. തന്റെ ജീവിതത്തിൻ്റെ കേന്ദ്രബിന്ദുവായി ദൈവത്തെ പ്രതിഷ്ഠിക്കുവാൻ അനിവാര്യമായ ഏകകാര്യ'ത്തിൻ്റെ ദാസൻ ശ്രമിക്കുമ്പോഴെല്ലാം അന്ധകാരത്തിൽ അല്‌പം തിരിവെട്ടം കൊളുത്തുകയാണ് ചെയ്യുന്നത്.
നല്ലയിടയന്റെ സ്നേഹത്തിൻ്റെ കൗദാശികത്തുടർച്ചയാണ് പൗരോഹിത്യം. സഭയിലെങ്ങും സിനഡിൻ്റെ ശരിയായ ചൈതന്യത്തിൽ പ്രാർത്ഥനാപൂർവം ശാന്തമായി സാവകാശം തിരുപ്പട്ടകൂദാശയുടെ ആദ്ധ്യാത്മിക യാഥാർത്ഥ്യത്തിന്മേൽ നവമായി പരിചിന്തനം ചെയ്യുകയാണു വേണ്ടത് എന്നു വ്യക്തമാക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. ധൃതികൂട്ടാതിരിക്കുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ദീർഘകാലത്തെ പ്രാർത്ഥനയിൽ വേരുറച്ചതല്ലെങ്കിൽ നമ്മുടെ തീരുമാനങ്ങൾക്കു മാറിമാറിവരുന്നതും വേഗം വിസ്മരിക്കപ്പെടുന്നതുമായ രാഷ്ട്രീയമുദ്രാവാക്യങ്ങളുടെയും പ്രസ്താവനകളുടെയും ആയുസ്സേ ഉണ്ടാവു. എമരിറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമൻ, തൻ്റെ ലേഖനത്തിലൂടെ പൗരോഹിത്യ ദിവ്യരഹസ്യത്തിന്റെ വേദപുസ്‌തക ഉറവിടങ്ങളിലേക്ക് ചെന്നെത്തുന്ന ഒരസാധാരണമായ ദിവ്യവായന (lectio divina) പ്രദാനം ചെയ്യുന്നു. ഞാനാകട്ടെ, ഏറെ എളിമയോടെ എൻ്റെ അജപാലകദൃഷ്ടി ഈ കൂദാശയുടെ നേർക്കു തിരിക്കുവാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ അജപാലന പരിചിന്തനങ്ങൾ കാലികസംഭവങ്ങളെ മാത്രം ആശ്രയിച്ചായിരിക്കില്ല; അതൊരു സാമൂഹ്യശാസ്ത്രപരമായ വിശദീകരണമായി പരിമിതപ്പെടുത്തുന്നുമില്ല. നമ്മുടെ പരിചിന്തനം ധ്യാനാത്മകപ്രാർത്ഥനയാൽ (contemplation) പരിപോഷിപ്പിക്കപ്പെടേണ്ടതും ദൈവശാസ്ത്രവിജ്ഞാനാനുസൃതം രൂപഭാവം പ്രാപിക്കേണ്ടതും ഏറ്റവും ആവശ്യമാണ്. അതേസമയം, പരിചിന്തനങ്ങൾ മൂർത്തമായിരിക്കുകയും വേണം. പ്രായോഗികവശങ്ങൾ അവഗണിച്ചുകൊണ്ട് തത്ത്വങ്ങൾ മാത്രം പരിഗണിക്കുന്നതുകൊണ്ടു തൃപ്തരാകുന്ന പതിവ് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടു പൗരോഹിത്യത്തിന്റെ ദൈവശാസ്ത്രം പരിഗണിക്കുമ്പോൾ ബ്രഹ്മചര്യത്തിന്റെ മൂല്യങ്ങൾ ശ്രദ്ധിയിൽകൊണ്ടുവന്നാൽ മാത്രം പോരാ. അതിന്റെ സഭാവിജ്ഞാനീയപരവും അജപാലനപരവുമായ പ്രത്യക്ഷ ഫലങ്ങൾകൂടി കണക്കിലെടുക്കണം.
ആമസോൺ സിനഡിൻ്റെ (2019 ഒക്ടോബർ 6-27 ൽ റോമിൽ സമ്മേളിച്ച) ദിവസങ്ങളിൽ ഞാൻ ആ രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രതിനിധികളെ ദീർഘമായി ശ്രവിക്കുകയും അവിടെ പ്രവർത്തിക്കുന്ന പരിണിതപ്രജ്ഞരായ മിഷനറിമാരുമായി ചർച്ചചെയ്യുകയുമുണ്ടായി. ഈ ആശയവിനിമയങ്ങൾ എൻ്റെ ആശയങ്ങളിൽ എന്നെ സ്ഥിരീകരിച്ചു. വിവാഹിതർക്കു തിരുപ്പട്ടം നല്‌കുവാനുള്ള സാധ്യത അനുവദിച്ചാൽ അജപാലനപരമായ മഹാദുരന്തവും സഭാവിജ്ഞാനീയപരമായ ആശയക്കുഴപ്പവും പൗരോഹിത്യത്തെ മനസ്സിലാക്കുന്നതിൽ അപടകരമായ അവ്യക്തതയും സൃഷ്ടിക്കുമെന്നതാണ് എന്റെ കാഴ്‌ചപ്പാട്. ഈ മൂന്നു കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള വിചിന്തിനമാണു നിങ്ങളുടെ മുമ്പിൽ ഞാൻ അവതരിപ്പിക്കുന്നത്.
പൗരോഹിത്യം: പുരോഹിതനായ മിശിഹായുടെ 'അതേ' യിലേക്കുള്ള അസ്‌തിത്വപരമായ പ്രവേശനം
എമരിറ്റസ് പാപ്പായുടെ വിചിന്തനം ഏതാനും വാക്കുകളിൽ സംഗ്രഹിക്കാം. പൗരോഹിത്യത്തിൻ്റെ പൂർണത തൻ്റെതന്നെ വ്യക്തിത്വത്തിൽ ഈശോ നമുക്കു വെളിപ്പെടുത്തുന്നു. പഴയനിയമത്തിൽ ദൈവം മുൻകൂട്ടി അറിയിച്ചതും സമാരംഭിച്ചതുമായ പൗരോഹിത്യത്തിന് പൂർണമായ അർത്ഥം ഈശോ നല്‌കുന്നു. ഈ വെളിപ്പെടുത്തലിന്റെ ഉൾക്കാമ്പ് ഗ്രഹിക്കുവാൻ എളുപ്പമാണ്: പുരോഹിതൻ ബലിയർപ്പകൻ്റെ ചുമതല നിർവഹിക്കുന്ന ഒരു വ്യക്തി മാത്രമല്ല. മിശിഹായെ പിൻചെന്ന്, സ്നേഹത്താൽ പ്രേരിതനായി, തന്നെത്തന്നെ ബലിയായി അർപ്പിക്കുന്നവനാണ് പുരോഹിതൻ. ഇപ്രകാരം, പൗരോഹിത്യം ഒരു 'ജീവിതാവസ്ഥ'യാണ് എന്നു ബനഡിക്ട് പതിനാറാമൻ കൃത്യമായും വ്യക്തമായും കാണിച്ചുതരുന്നു. 2009-ലെ പെസഹാത്തിരുനാളിൽ ബനഡിക്‌ട് പാപ്പാ ചെയ്ത പ്രസംഗത്തിൽ ഇപ്രകാരം പറയുന്നു: “പുരോഹിതൻ ലോകബന്ധങ്ങളോടു വിടപറഞ്ഞ് ദൈവത്തിനു സ്വയം സമർപ്പിക്കുകയും, അതിൽ നിന്നാരംഭിച്ച് മറ്റുള്ള എല്ലാവർക്കുമായി സംലഭ്യനാവുകയും വേണം.” ദൈവത്തിനും മനുഷ്യർക്കുമായി സമർപ്പിക്കുന്ന തിന്റെ പ്രകാശനമാണ് പൗരോഹിത്യബ്രഹ്മചര്യം. അതിനെ പുരോഹിതന്റെ ജീവിതത്തിലെ സ്വാഗതാർഹമായ ഒരു 'ആദ്ധ്യാത്മിക അനുബന്ധ'മായല്ല കാണേണ്ടതെന്ന് ബനഡിക്ട് പതിനാറാമൻ പാപ്പാ എടുത്തുപറയുന്നു. അർത്ഥവത്തായ ഒരു പൗരോഹിത്യ ജീവിതത്തിന് അസ്തിത്വപരമായി ബ്രഹ്മചര്യം ആവശ്യമാണ്.
പഴയനിയമപൗരോഹിത്യത്തിൽനിന്ന് പുതിയനിയമപൗരോഹിത്യത്തിലേക്കുള്ള പരിവർത്തനം, ശുശ്രൂഷാകാലത്തുമാത്രമുള്ള ലൈംഗികവിരക്തിയിൽനിന്ന് അസ്‌തിത്വപരമായ ലൈംഗികവിരക്തിയിലേക്കുള്ള മാറ്റമായാണ് ബനഡിക്ട് പതിനാറാമൻ അവതരിപ്പിക്കുന്നത്. പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ ആവശ്യകത ഇത്രയും ശക്തമായി വേറൊരു മാർപാപ്പായും പ്രകടിപ്പിച്ചിട്ടില്ല എന്നു ഞാൻ കരുതുന്നു. ജീവിതാന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഈ പാപ്പായുടെ പരിചിന്തനങ്ങൾ നമ്മൾ ധ്യാനിക്കണം; ഈ നിർണായക മണിക്കൂറിൽ ആരും ലാഘവബുദ്ധ്യാ സംസാരിക്കുകയില്ല. വിശുദ്ധകുർബാനയർപ്പണം പൗരോഹിത്യത്തിൻ്റെ അവിഭാജ്യഘടകമായതുകൊണ്ട് പുരോഹിതന് വിവാഹബന്ധം അസാദ്ധ്യമായി തീരുന്നു എന്ന് ബനഡിക്‌ട് പതിനാറാമൻ പ്രസ്‌താവിക്കുന്നു. ഈ വസ്തുത ഊന്നിപ്പറയുവാൻ ഞാനാഗ്രഹിക്കുന്നു. പുരോഹിതനെ സംബന്ധിച്ച് വിശുദ്ധകുർബാനയർപ്പണം ഏതാനും അനുഷ്ഠാനങ്ങളുടെ നിർവഹണം മാത്രമല്ല. "അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്കാ 23,46) എന്നു പറഞ്ഞുകൊണ്ട് ഈശോമിശിഹാ അവിടുത്തെ പിതാവിനു സ്വമനസ്സാലെ അർപ്പിച്ച മഹത്തായ ബലിയിലേക്ക് പുരോഹിതൻ തന്റെ അസ്തിത്വം മുഴുവനോടുംകൂടെ പ്രവേശിക്കുന്നതാണ് വിശുദ്ധ കുർബാനയർപ്പണം. പൗരോഹിത്യബ്രഹ്മചര്യം സുനിശ്ചിതമായ സമ്മതം നല്‌കലാണ്; അതു നമ്മുടെ കരങ്ങൾ ഗ്രസിക്കാൻ ദൈവത്തെ അനുവദിക്കലാണ്; കർത്താവിൻ്റെ കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കലാണ്. ഇതാണ് കൃത്യമായ 'അതേ' (yes).
ബ്രഹ്മചര്യത്തെ വെറും ചട്ടങ്ങളുടെ ഭാഗമായോ ആചാരങ്ങളോടും സംസ്കാരങ്ങളോടുമുള്ള അനുരൂപണമായോ മാത്രം പരിഗണിക്കുന്നത്, പൗരോഹിത്യത്തെ അതിൻ്റെ അടിസ്ഥാനത്തിൽ നിന്നു വേർപെടുത്തുന്നതിനു തുല്യമാണ്. ഈയർത്ഥത്തിൽ, പൗരോഹിത്യത്തെ ശരിയായി ഗ്രഹിക്കുവാൻ ബ്രഹ്മചര്യം അവശ്യ ഘടകമാണ്. “ഒരുവൻ തൻ്റെ അസ്‌തിത്വത്തിൻ്റെ സമഗ്രതയിൽ കർത്താവിനു സത്യമായും സംലഭ്യനാക്കുന്നതും അതുവഴി എല്ലാ മനുഷ്യർക്കും സംലഭ്യനാകുന്നതും ഇതിൻ്റെ ഭാഗമാണ്." 2008 ആഗസ്റ്റ് 8-ാം തീയതി ഇറ്റലിയിലെ ബൊൾസാനോ-ബ്രസ്സനോനേ രൂപതയിലെ വൈദികരോട് ബനഡിക്ട് പതിനാറാമൻ സധൈര്യം പറഞ്ഞ വാക്കുകളാണിവ.
പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ അജപാലന-മിഷനറി പ്രാധാന്യം
വിവാഹിതരായ പുരുഷന്മാർക്കു പുരോഹിതപട്ടം നല്കാനുള്ള പദ്ധതി അജപാലനപരമായ ദുരന്തമാകുമെന്ന് ഒരു മെത്രാനെന്ന നിലയിൽ ഞാൻ ഭയപ്പെടുന്നു. ഇക്കൂട്ടർ ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുന്ന ഇടങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചും ഇതൊരു ദുരന്തമായിരിക്കും. അത് അവർക്കുതന്നെയും ഒരു ദുരന്തമായിരിക്കും. 'ജനജീവിതത്തിന്റെ പൊതുധാരയിൽനിന്നു വേർതിരിക്കപ്പെടുകയും ദൈവത്തിനു പ്രതിഷ്ഠിക്കപ്പെടുകയും' ചെയ്തിരിക്കുന്നുവെന്ന് എല്ലാവർക്കും സുവ്യക്തമാകുന്നില്ലെങ്കിൽ എങ്ങനെ ക്രിസ്‌തീയസമൂഹത്തിന് പുരോഹിതനെ മനസ്സിലാക്കുവാൻ കഴിയും?' പിതാവായ ദൈവത്തിനു പൂർണമായി വിട്ടുനല്‌കുന്നില്ലെങ്കിൽ, ഈശോ സ്വയം താഴ്ത്തിയതുപോലെയും തന്നെത്തന്നെ ഇല്ലായ്മയായി തീർത്തതുപോലെയും ശൂന്യവത്ക്കരണം ഏറ്റെടുക്കുന്നില്ലെങ്കിൽ, പുരോഹിതൻ തങ്ങൾക്കായി സ്വയം സമർപ്പിക്കുന്നുവെന്ന് വിശ്വാസികൾ എങ്ങനെ ഗ്രഹിക്കും? "ദൈവത്തിന്റെ സാദൃശ്യത്തിലായിരുന്നിട്ടും, തനിക്കു ദൈവത്തോടുള്ള തുല്യതയെ മാറ്റിവയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമായി അവൻ പരിഗണിച്ചില്ല. അവൻ തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ, മനുഷ്യരുടെ സാദൃശ്യത്തിലാവുകയും ചെയ്‌തു" (ഫിലി 2,6-7). അവിടുന്ന് ദൈവമായിരിക്കെത്തന്നെ ദാസന്റെ രൂപം സ്വീകരിച്ചത് സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു പ്രവൃത്തിയായിരുന്നു. കുരിശുമരണത്തോളമുള്ള മിശിഹായുടെ സ്വയം താഴ്ത്തൽ എളിമയുടെയും അനുസരണത്തിൻ്റേയുമായ മനോഭാവത്തിന്റെ വെറുമൊരു പ്രകാശനം മാത്രമായിരുന്നില്ല; മറിച്ച്, അത് പുത്രൻ സ്വയം പിതാവിനും മനുഷ്യവർഗത്തിനും സ്നേഹത്തെപ്രതി പൂർണമായി കയ്യാളിച്ച ശൂന്യവത്ക്കരണത്തിന്റെ പ്രവൃത്തിയായിരുന്നു. ഇതാണ് മിശിഹായുടെ പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ആയതിനാൽ, വിവാഹബന്ധത്തിനുള്ള അവകാശം ആവശ്യപ്പെടുവാനും നിലനിർത്തുവാനും ഒരു പുരോഹിതന് എങ്ങനെ സാധിക്കും? പുരോഹിതനായ മിശിഹായോടുചേർന്ന് ദാസനാകുന്നതിൽനിന്ന് എങ്ങനെ അവന് ഒഴിഞ്ഞുമാറാനാവും? മിശിഹായിലുള്ള ഈ സമ്പൂർണ സമർപ്പണമാണ് എല്ലാവർക്കുമായി സ്വയം ദാനമാകുന്നതിനുള്ള വ്യവസ്ഥ. ദൈവത്തിനു പരിപൂർണമായി സമർപ്പിക്കാത്തവന് തൻ്റെ സഹോദരങ്ങൾക്കു മുഴുവനായി നല്കാനാവില്ല.
സുവിശേഷം അധികം അറിയാത്ത ഒറ്റപ്പെട്ട ജനസമൂഹങ്ങൾക്ക് പുരോഹിതനെപ്പറ്റി എന്ത് കാഴ്‌ചപ്പാടാണ് ഉണ്ടാവുക? ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ പൂർണത കണ്ടെത്തുന്നതിൽനിന്ന് അവരെ തടസ്സപ്പെടുത്താനാണോ ആഗ്രഹിക്കുന്നത്? 1976 ന്റെ ആരംഭത്തിൽ, ഒരു യുവവൈദികനായിരിക്കെ, ഞാൻ ഗ്വിനെയിലെ (Guinea) ഗ്രാമാന്തരങ്ങളിൽ പോയിട്ടുണ്ട്. ഗ്വിനെയിലെ സ്വേച്ഛാധിപതിയായിരുന്ന സെക്കു തൂറെ 1967-ൽ യൂറോപ്യൻ മിഷനറിമാരെ പുറത്താക്കിയതിനെ തുടർന്ന് പത്തുവർഷത്തോളം ഒരു വൈദികൻ പോലും എത്താത്ത ചില ഗ്രാമങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, അനുദിന പ്രാർത്ഥനകളും ജപമാലയും മക്കളുടെ മതബോധനവും അവർ തുടർന്നുപോന്നു. പരിശുദ്ധ കന്യകാമറിയത്തോടുള്ള വലിയ ഭക്തി പ്രദർശിപ്പിക്കുകയും ഞായറാഴ്‌ചതോറും ദൈവവചനം ശ്രവിക്കുവാനായി സമ്മേളിക്കുകയും ചെയ്‌തിരുന്നു. പുരോഹിതരുടെ അസാന്നിദ്ധ്യംമൂലമുണ്ടായ കൂദാശകളുടെ അഭാവത്തിലും വിശ്വാസം സംരക്ഷിച്ചുപോന്ന നിരവധി സ്ത്രീപുരുഷന്മാരെ കണ്ടു മുട്ടുന്നതിനുള്ള അനുഗ്രഹം എനിക്കുണ്ടായിട്ടുണ്ട്. ദൈവവചനത്താൽ അവർ പരിപോഷിപ്പിക്കപ്പെടുകയും അനുദിന പ്രാർത്ഥനയിലൂടെ വിശ്വാസം സജീവമായി നിലനിർത്തുകയും ചെയ്തു. ദീർഘനാളായി തങ്ങൾ അനുഭവിക്കാതിരുന്ന വിശുദ്ധ കുർബാന ഞാൻ അർപ്പിച്ചപ്പോൾ അവർക്കുണ്ടായ അവർണനീയമായ ആനന്ദം ഒരിക്കലും മറക്കുവാൻ എനിക്കു സാധിക്കുകയില്ല. ഓരോ ഗ്രാമത്തിലും വിവാഹിതരായ പുരുഷന്മാർക്കു പട്ടംനല്‌കിയിരുന്നെങ്കിൽ കുർബാനയ്ക്കായുള്ള വിശ്വാസികളുടെ വിശപ്പ് അണഞ്ഞുപോകുമായിരുന്നു എന്നു ഞാൻ കരുതുന്നുവെന്ന് ശക്തിയുക്തം പ്രസ്താവിച്ചുകൊള്ളട്ടെ. പുരോഹിതനിൽ മിശിഹായെ സ്വീകരിക്കുന്നതിന്റെ ഈ ആനന്ദം അവർക്കു നഷ്‌ടമാകുമായിരുന്നു. വിവാഹം ത്യജിക്കുന്ന പുരോഹിതൻ തൻ്റെ സ്നേഹംമുഴുവൻ തങ്ങൾക്കു സമ്മാനിക്കുന്നുവെന്നു പാവപ്പെട്ടവരായ വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ സഹജവാസനകൊണ്ട് മനസ്സിലാക്കുന്നു.
എത്രയോ തവണ നീണ്ട മണിക്കൂറുകൾ ഒരു ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിലേക്ക്, കുർബാനയർപ്പണത്തിന് ആവശ്യമായവ ഒരു ബാഗിലാക്കി തലയിൽവച്ച്, പൊരിവെയിലത്ത് പോയപ്പോൾ സഭയാകുന്ന വധുവിന് സ്വയം നല്‌കുന്നതിന്റെ ആനന്ദം ഞാൻതന്നെ അനുഭവിച്ചിട്ടുള്ളതാണ്. ചെറിയ വള്ളത്തിൽ ചതുപ്പു നിലങ്ങളിലൂടെയും വെള്ളക്കെട്ടുകളിലൂടെയും കടന്നുപോയപ്പോൾ, അല്ലെങ്കിൽ ഞങ്ങൾ മുങ്ങിത്താഴ്ന്നുപോകുമോ എന്ന ഭീതിയോടെ അപകടകരമായ വെള്ളപ്പാച്ചിലുകൾ കുറുകെക്കടന്നപ്പോൾ, ദൈവത്തിനു പൂർണമായി നല്‌കുന്നതിലും ദൈവജനത്തിന് ലഭ്യമാക്കുന്നതിലുമുള്ള ആനന്ദം എൻ്റെ ശരീരത്തിൽവരെ ഞാൻ അനുഭവിച്ചറിഞ്ഞു.
മണവാളനായ മിശിഹായെ വൈദികനിൽ തിരിച്ചറിയുന്ന ഒരു ആഫ്രിക്കൻ ഗ്രാമം ഒരു വൈദികനെ സ്വാഗതം ചെയ്യുന്ന അനുഭവം ലോകമെമ്പാടുമുള്ള എൻ്റെ സഹോദരവൈദികർക്ക് ഒരുനാൾ ഉണ്ടാകണമെന്നു ഞാൻ എത്രയോ ആഗ്രഹിക്കുന്നു! ആനന്ദത്തിന്റെ എത്ര വലിയ വിസ്ഫോടനം! എന്തൊരാഘോഷം! സംഗീതവും നൃത്തവും ആഹ്ലാദപ്രകടനവും വിരുന്നും മിശിഹായിൽ തന്നെത്തന്നെ ദൈവജനത്തിനു ദാനമായി നല്‌കുന്ന പുരോഹിതനോടുള്ള സ്നേഹാദരവുകളുടെ പ്രകാശനമാണ്.
വിവാഹിതരായ പുരുഷന്മാർക്കു തിരുപ്പട്ടം നല്കിയാൽ, ബ്രഹ്മചാരിയായ പുരോഹിതനിൽ ലഭ്യമാകുന്ന മിശിഹായുടെ സാന്നിദ്ധ്യത്തിന്റെയും സന്ദർശനത്തിന്റെയും ഈ അനുഭവം, സുവിശേഷ വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യുവസഭകൾക്കു ലഭിക്കാതെ പോകും. ഇത് നാടകീയമായ ഒരു വലിയ അജപാലനദുരന്തത്തിലേക്കു നയിക്കും. സുവിശേഷവത്ക്കരണത്തെ ഇതു ശുഷ്ക്കമാക്കും.
ഒരു ക്രിസ്തീയസമൂഹത്തിൻ്റെ സ്നേഹാദരവുകളുടെ യഥാർത്ഥ അനുഭവം ഉണ്ടാകാത്തതുകൊണ്ടാണ് പാശ്ചാത്യ ലോകത്തെ അനേകം വൈദികരും മെത്രാന്മാരും ബ്രഹ്മചര്യത്തിന്റെ പ്രാധാന്യവും മഹത്വവും ആപേക്ഷികമായി കാണുന്നത് എന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഞാൻ സംസാരിക്കുന്നത് വെറും മാനുഷികമായ രീതിയിലല്ല. ഈ സ്നേഹാദരവുകളിൽ ഒരു വിശ്വാസാനുഭവം അടങ്ങിയിരിക്കുന്നു എന്നു ഞാൻ കരുതുന്നു. ബ്രഹ്മചാരിയായ പുരോഹിതനിൽ സഭയുടെ മണവാളനായ മിശിഹായുടെ സാന്നിദ്ധ്യം വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ടു തിരിച്ചറിയുവാൻ പാവങ്ങളും നിഷ്‌കളങ്കരുമായവർക്ക് അറിയാം. ഈ ആദ്ധ്യാത്മികാനുഭവം പുരോഹിതന്റെ ജീവിതത്തിൽ മൗലിക പ്രാധാന്യമുള്ളതാണ്. ഈ അനുഭവം എന്നന്നേക്കുമായി എല്ലാവിധത്തിലുമുള്ള പൗരോഹിത്യമേധാവിത്വത്തിൽനിന്ന് അവരെ സുഖപ്പെടുത്തും. വളരെയേറെ പോരായ്‌മകളും കുറച്ചൊക്കെ നല്ല ഗുണങ്ങളുമുള്ള പരിമിതമായ എന്റെ വ്യക്തിത്വത്തെയല്ല, മറിച്ച് അവർക്കായി ഏല്പ്പിക്കപ്പെട്ടിരിക്കുന്ന മിശിഹായെയാണ് ക്രിസ്ത്യാനികൾ എന്നിൽ ദർശിക്കുന്നത് എന്നത് എൻ്റെ ജഡത്തിൽവരെ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം.
ഈ യഥാർത്ഥ അനുഭവമില്ലെങ്കിൽ ബ്രഹ്മചര്യം ഏറെ ദുർവഹമായ ഒരു ഭാരമായിത്തീരും. പാശ്ചാത്യലോകത്തും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽപ്പോലും ചില മെത്രാന്മാർക്ക് പൗരോഹിത്യ ബ്രഹ്മചര്യം ഒരു ഭാരമായി തീർന്നിട്ടുണ്ട് എന്ന തോന്നലാണ് എനിക്കുള്ളത്. അവർ ബ്രഹ്മചര്യത്തോടു വിശ്വസ്‌തരാണ്; എന്നാൽ അവർതന്നെ ഇതിൻ്റെ പേരിൽ സഹിക്കുന്നതുകൊണ്ട്, ഭാവിവൈദികരുടെയും ക്രിസ്‌തീയസമൂഹങ്ങളുടെയുംമേൽ ഇതു ചുമത്തുവാനുള്ള ധൈര്യമുള്ളതായി അവർക്കു തോന്നുന്നില്ല. ഞാൻ അവരെ മനസ്സിലാക്കുന്നു. ആഴമായ സ്നേഹം തോന്നാത്ത ഒരു കടമ മറ്റുള്ളവരുടെമേൽ എങ്ങനെ ചുമത്തും? അത് പ്രീശരുടെ മനോഭാവമായിരിക്കില്ലേ?
എന്നാലും, ഈ കാഴ്‌ചപ്പാട് തെറ്റാണെന്ന് എനിക്കു തീർച്ചയാണ്. പൗരോഹിത്യബ്രഹ്മചര്യം ചിലപ്പോൾ ഒരു പരീക്ഷണമാകാമെങ്കിലും, ശരിയായി മനസ്സിലാക്കിയാൽ അതു യഥാർത്ഥ വിമോചനമാണ്. അതു സഭയുടെ മണവാളനെന്ന നിലയിൽ പൂർണമായി പൊരുത്തപ്പെട്ട ജീവിതം നയിക്കാൻ പുരോഹിതനെ പ്രാപ്തനാക്കുന്നു.
ഈ ആനന്ദം അനുഭവിക്കുന്നതിൽനിന്ന് ക്രൈസ്‌തവസമൂഹങ്ങളെയും പുരോഹിതന്മാരെയും ഒഴിവാക്കാനുള്ള പദ്ധതി ഒരിക്കലും ഒരു കാരുണ്യപ്രവൃത്തിയായിരിക്കില്ല. പൗരോഹിത്യം അതിൻ്റെ സമഗ്രതയിൽ ജീവിക്കുന്നവരെ കണ്ടുമുട്ടുവാനുള്ള അവസരം സുവിശേഷവല്കരണം നടന്നുകൊണ്ടിരിക്കുന്ന ജനതകൾക്ക് നിഷേധിക്കുന്നതിനെ പിന്തുണയ്ക്കാൻ, ആഫ്രിക്കയുടെ പുത്രനെന്ന നിലയിൽ, എൻ്റെ മനഃസാക്ഷി എന്നെ അനുവദിക്കില്ല. മണവാളനായ മിശിഹായെ പൂർണമായി അനുഭവിക്കാനുള്ള അവകാശം ആമസോണിയയിലെ ജനതകൾക്കുണ്ട്. അവർക്കു 'രണ്ടാംതരം' പുരോഹിതരെ നല്‌കിയാൽ പോരാ.
നേരെമറിച്ച്, സഭ എത്ര ചെറുപ്പമാണോ അത്രയും കൂടുതലായി സുവിശേഷത്തിൻ്റെ വിപ്ലവാത്മകത നേരിട്ടനുഭവിക്കുക ആവശ്യമാണ്. വി. പൗലോസ് എഫേസൂസിലെയും ഫിലപ്പിയിലെയും കൊളോസായിലെയും യുവസഭകളെ ഉദ്ബോധിപ്പിക്കുമ്പോൾ അവരെ അപ്രാപ്യമായ ഒരു ആർദശത്തിന്റെ മുമ്പിൽ നിർത്തുകയല്ല, പിന്നെയോ സുവിശേഷം മുമ്പോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അവരെ പഠിപ്പിക്കുകയാണ് ചെയ്‌തത്: “കർത്താവായ ഈശോമിശിഹായെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ. അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുകൊണ്ടും അനർഗളമായ കൃതജ്ഞതാപ്രകാശനത്തിൽ മുഴുകുവിൻ. മിശിഹായ്ക്കു യോജിക്കാത്തതും പ്രപഞ്ചത്തിൻ്റെ മൂലഭൂതങ്ങൾക്കും മാനുഷിക പാരമ്പര്യങ്ങൾക്കുംമാത്രം ചേർന്നതുമായ വ്യർത്ഥപ്രലോഭനത്തിനും തത്ത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം" (കൊളോ 2,6-8). ഈ പ്രബോധനത്തിൽ അസഹിഷ്ണുതയോ കാർക്കശ്യമോ ഇല്ല. ദൈവവചനം സമൂലമായ ഒരു മാനസാന്തരം ആവശ്യപ്പെടുന്നു. അത് ഒത്തുതീർപ്പുകളോടോ അവ്യക്തതകളോടോ പൊരുത്തപ്പെടുകയില്ല. “ഇതു സജീവവും ഊർജ്ജസ്വലവും ഇരുതലവാളിനേക്കാൾ മൂർച്ചയേറിയതുമാണ്" (ഹെബ്രാ 4,12). പൗലോസിൻ്റെ മാതൃക പിൻചെന്ന്, താർക്കിക കാർക്കശ്യമോ ദുർബല ഭീരുത്വമോ കൂടാതെ, നമ്മൾ വ്യക്തതയോടും സൗമ്യതയോടുംകൂടെ ദൈവവചനം പ്രഘോഷിക്കണം.
ഒരിക്കൽകൂടി എൻ്റെ വ്യക്തിപരമായ ഒരനുഭവം പരാമർശിച്ചു കൊള്ളട്ടെ. വിജാതീയാചാരങ്ങളിൽനിന്ന് കഷ്‌ടിച്ച് പുറത്തുവന്ന ഒരു ലോകത്താണ് ഞാൻ എൻ്റെ ബാല്യകാലം ചെലവഴിച്ചത്. എന്റെ മാതാപിതാക്കൾ പ്രായപൂർത്തിയാകുന്നതിനുമുമ്പ് ക്രിസ്തുമതത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. എൻ്റെ പിതാവ് മാമ്മോദീസാ മുങ്ങിയത് എനിക്ക് രണ്ടു വയസ്സായപ്പോഴാണ്. എൻ്റെ വല്ല്യമ്മയാകട്ടെ, മരണനേരത്തു മാത്രമാണ് മാമ്മോദീസാ സ്വീകരിച്ചത്. അതുകൊണ്ട്, പ്രകൃതിശക്തികളെ പൂജിക്കുന്നതും പാരമ്പര്യാചാരങ്ങൾ അനുഷ്ഠിക്കുന്നതും എനിക്കു സുപരിചിതമാണ്. പുതുതായി ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവർ വിജാതീയ ആചാരങ്ങളും പാരമ്പര്യങ്ങളും ജീവിതരീതികളും വേദനയോടെ പിഴുതുമാറ്റേണ്ടിവരുന്നതും അവയോടു സാഹസികമായി വിടപറയേണ്ടിവരുന്നതും സുവിശേഷവല്കരണത്തിനു സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എനിക്കു നന്നായറിയാം. ഒരു വിവാഹിതനു തിരുപ്പട്ടം നല്കിയിരുന്നെങ്കിൽ എന്റെ സുവിശേഷവല്കരണം എങ്ങനെ ആയിത്തീരുമായിരുന്നു എന്ന് ഭാവനയിൽ ഞാൻ കാണുന്നു. ഇതോർക്കുമ്പോൾ എന്റെ ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. എത്ര സങ്കടകരം! മിഷനറിമാരുടെ ജീവിത തീക്ഷ്‌ണത എന്നെ ആകർഷിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നൊരു പുരോഹിതനേ ആകുമായിരുന്നില്ല.
ഇപ്രകാരം, മിശിഹായെ കണ്ടുമുട്ടുന്നതിൻ്റെ സന്തോഷം ജനതകൾക്കു നിഷേധിക്കുവാൻ നമ്മൾ എങ്ങനെ ധൈര്യപ്പെടും? ഇങ്ങനെ നിഷേധിക്കുന്നത് ജനതകളോടുള്ള അവഹേളനമാണ്. 'സാന്നിദ്ധ്യത്തിലുടെയുള്ള അജപാലനശുശ്രൂഷയും' 'സന്ദർശനത്തിലൂടെയുള്ള അജപാലനശുശ്രൂഷയും' തമ്മിലുള്ള വൈരുദ്ധ്യം ചിലർ വർദ്ധിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. വിദേശരാജ്യത്തുനിന്നുള്ള ഒരു മിഷനറി ഒരു ക്രൈസ്‌തവസമൂഹം സന്ദർശിക്കുമ്പോൾ അത് സാർവത്രികസഭയ്ക്ക് ഈ സഭയോടുള്ള ഔത്സുക്യമാണ് പ്രകടമാക്കുന്നത്. അത് ദൈവവചനം മനുഷ്യവംശത്തെ സന്ദർശിക്കുന്നതിൻ്റെ പ്രതിരൂപമാണ്. സഭാസമൂഹത്തിൽ നിന്നുതന്നെയുള്ള ഒരു വിവാഹിതനു തിരുപ്പട്ടം നല്‌കിയാൽ അതു വിപരീതനീക്കമായിരിക്കും പ്രകടിപ്പിക്കുന്നത്. ഓരോ സമൂഹവും അതിനുള്ളിൽനിന്നുതന്നെ രക്ഷയുടെ മാർഗം കണ്ടെത്തണമെന്ന സന്ദേശമേ അതു നല്‌കുകയുള്ളു.
മഹാപ്രേഷിതനായ വിശുദ്ധ പൗലോസ് ഏഷ്യാമൈനറിൽ അദ്ദേഹംതന്നെ സ്ഥാപിച്ച സഭാസമൂഹങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ വിവരിക്കുമ്പോൾ, ഒരു ശ്ലീഹാ ക്രിസ്‌തീയസമൂഹങ്ങളെ സമാശ്വസിപ്പിക്കുവാൻ നടത്തുന്ന സന്ദർശനത്തിന്റെ ഉദാഹരണമാണ് നമുക്കു നല്‌കുന്നത്.
മിശിഹായുടെ സന്ദർശനത്തിൽ ദൈവത്തിൻ്റെ കാരുണ്യമാണ് മനുഷ്യനായി അവതരിച്ചത്. കൃതജ്ഞതയോടെ നമ്മൾ ഈ സന്ദർശനം സ്വാഗതം ചെയ്യുന്നു. അതു നമ്മളെ സഭാകുടുംബം മുഴുവനിലേക്കും പ്രവേശിപ്പിക്കുന്നു. ഒരു സമൂഹത്തിൻ്റെ ഉത്തരവാദികളായി വിവാഹിതരെ തിരുപ്പട്ടം നല്‌കി നിയോഗിച്ചാൽ ആ സമൂഹം അതിൽത്തന്നെ ഒതുങ്ങുകയും സഭയുടെ സാർവത്രികതയിൽനിന്നു വിച്ഛേദിക്കപ്പെടുകയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു. വിവാഹിതനായ ഒരു പുരോഹിതനോട് ഭാര്യയെയും മക്കളെയും കൂട്ടി മറ്റൊരു സമൂഹത്തിലേക്കു പോകാൻ എങ്ങനെ ആവശ്യപ്പെടും? ഓരോ മനുഷ്യനുംവേണ്ടി സ്വയം സമർപ്പിക്കുവാനുള്ള ശുശ്രൂഷകന്റെ സ്വാതന്ത്ര്യം എങ്ങനെ വിവാഹിതനായ ഒരു പുരോഹിതനു ജീവിക്കാൻ കഴിയും?
വചനത്തിന്റെ മനുഷ്യാവതാരം സ്വീകരിക്കപ്പെടുന്നതുപോലെ പൗരോഹിത്യവും സ്വീകരിക്കപ്പെടേണ്ട ദാനമാണ്. അതൊരു അവകാശമോ കടമയോ അല്ല. 'കുർബാന ഒരവകാശം' എന്ന ആശയത്തിനനുസൃതം രൂപംകൊണ്ട് ഒരു സമൂഹത്തിനു മിശിഹായുടെ ശിഷ്യത്വം അവകാശപ്പെടുവാൻ സാധിക്കുകയില്ല. അതിന്റെ നാമം സൂചിപ്പിക്കുന്നതുപോലെ, ദിവ്യകാരുണ്യം (Eucharist) കൃതജ്ഞതാ പ്രകാശനമാണ്, ഔദാര്യമായി ലഭിക്കുന്ന ദാനമാണ്, കാരുണ്യ പൂർവം നല്‌കപ്പെടുന്ന സമ്മാനമാണ്. വിസ്‌മയത്തോടും ആനന്ദത്തോടുംകൂടി സ്വീകരിക്കുന്ന അർഹിക്കാത്ത ദാനമാണ് ദിവ്യകാരുണ്യസാന്നിദ്ധ്യം. വിശുദ്ധ കുർബാന തൻ്റെ അവകാശമാണെന്നു വാദിക്കുന്ന വിശ്വാസി, അത് എന്തെന്നു ഗ്രഹിക്കുവാൻ അപ്രാപ്തനാണ്.
ആമസോണിലെ ക്രൈസ്‌തവസമൂഹങ്ങൾ സ്വമേധയാ അല്ല കുർബാന അവകാശമാണ് എന്ന വാദത്തിനു വശംവദരാകുന്നത് എന്ന് എനിക്കു തീർച്ചയാണ്. ഒരു ബാധപോലെ നിരന്തരം ഉയർന്നുവരുന്ന ഈ വാദങ്ങളുടെ ഉറവിടം സർവകലാശാലകളിലെ ദൈവശാസ്ത്രവൃത്തങ്ങളാണ് എന്നാണ് എൻ്റെ ഉത്തമ വിശ്വാസം. തുടക്കക്കാരനായ ഒരു മായാജാലക്കാരൻ്റെ വിരുതോടെ തങ്ങളുടെ പദ്ധതികളുടെ പരീക്ഷണശാലയായി പാവപ്പെട്ടവരുടെ ദുരവസ്ഥയെ വിനിയോഗിക്കുവാൻ ആഗ്രഹിക്കുന്ന ഏതാനും ചില ദൈവശാസ്ത്രജ്ഞന്മാർ വളർത്തിയെടുത്ത പ്രത്യയശാസ്ത്രങ്ങളെയാണു നമ്മൾ ഇവിടെ അഭിമുഖീകരിക്കുന്നത്. അവർ നിർബാധം വിഹരിക്കുന്നതു കണ്ടു നിശബ്ദനായിരിക്കാൻ എനിക്കു സാധ്യമല്ല. 'ശബ്ദമില്ലാത്ത' പാവപ്പെട്ടവരും ചെറിയവരുമായ ഈ ജനത്തിനുവേണ്ടിയാണ് ഞാൻ വാദിക്കുന്നത്.
പൗരോഹിത്യത്തിൻ്റെ പൂർണതയും വിശുദ്ധ കുർബാനയുടെ ശരിയായ അർത്ഥവും അവർക്കു നിഷേധിക്കാതിരിക്കാം. കർദ്ദിനാൾ മാർക് ഉയ്യെ അഭിപ്രായപ്പെടുന്നതുപോലെ, “യാഥാർത്ഥ്യമോ ഭാവനാസൃഷ്‌ടിയോ ആയ ചില അത്യപൂർവ അജപാലന സാഹചര്യങ്ങളുടെ തോതിനനുസൃതം കത്തോലിക്കാപൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും സംബന്ധിക്കുന്ന സഭാപ്രബോധനത്തെ മാറ്റിമറിക്കുവാൻ നമുക്കു സാധിക്കുകയില്ല. എല്ലാറ്റിലുമുപരി, ലത്തീൻസഭ അതിന്റെ ശക്തമായ പ്രേഷിതമുന്നേറ്റത്തിന്റെ രഹസ്യവും ചാലകശക്തിയുമായി വർത്തിച്ചിരുന്നതും ശ്ലൈഹിക കാലത്തോളംതന്നെ പുരാതനവുമായ ബ്രഹ്മചര്യപാരമ്പര്യത്തെ മറന്നുകളയുകയാണ് എന്നു ഞാൻ കരുതുന്നു." ഇത് അതീവപ്രാധാന്യമുള്ള ഒരു കാര്യമാണ്. സുവിശേഷവല്കരണത്തിന്റെ പ്രബലമായ ചാലകശക്തിയാണ് പൗരോഹിത്യ ബ്രഹ്മചര്യം. അതു മിഷനറിവൈദികന് വിശ്വാസ്യത പകരുന്നു. യാതൊരു ബന്ധവും തടസ്സപ്പെടുത്താത്തതുകൊണ്ട്, ലോകത്തെവിടെ പോകാനും ഏത് അപകടം നേരിടാനും ബ്രഹ്മചര്യം പുരോഹിതനു കൂടുതൽ സമൂലമായ സ്വാതന്ത്ര്യം നല്‌കുന്നു.
സഭയുടെ പാരമ്പര്യത്തിൻ്റെ വെളിച്ചത്തിൽ
എന്റെ പരിചിന്തനങ്ങൾ തെറ്റിപോകുന്നു എന്നു ചിലർ ചിന്തിച്ചേക്കാം. ലത്തീൻസഭ പില്ക്കാലത്തു വൈദികരുടെമേൽ ചുമത്തിയ ഒരു ചട്ടം മാത്രമാണ് പൗരോഹിത്യബ്രഹ്മചര്യം എന്നു ചിന്തിക്കുന്നവരും ഉണ്ടായേക്കാം.
പല ദിനപ്പത്രങ്ങളും ആവർത്തിക്കുന്ന ഇപ്രകാരമുള്ള അഭിപ്രായങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അവ തെറ്റാണെന്നു പ്രഖ്യാപിക്കുവാൻ ചരിത്രപരമായ സത്യസന്ധത എന്നെ നിർബന്ധിക്കുന്നു. പുരോഹിതന്മാർക്കുവേണ്ട ലൈംഗികവിരക്തിയുടെ ആവശ്യകത നാലാം നൂറ്റാണ്ടുമുതൽതന്നെ സൂനഹദോസുകൾ ഓർമ്മിപ്പിക്കുന്നുണ്ട് എന്ന് ഗൗരവമുള്ള ചരിത്രകാരന്മാർക്കറിയാം.” നമ്മൾ കൃത്യതയുള്ളവരായിരിക്കണം. ഒന്നാം സഹസ്രാബ്‌ദത്തിൽ അനേകം വിവാഹിതർ പുരോഹിതന്മാരായി തിരുപ്പട്ടം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അവരുടെ തിരുപ്പട്ടസ്വീകരണദിവസം മുതൽ അവർ തങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം വർജ്ജിക്കുവാൻ കടപ്പെട്ടിരുന്നു. ശ്ലീഹന്മാരിൽനിന്നു സ്വീകരിച്ച പാരമ്പര്യത്തിലൂന്നി കൗൺസിലുകൾ ഇക്കാര്യം പതിവായി അനുസ്‌മരിപ്പിക്കുന്നുണ്ട്.
ലൈംഗികവിരക്തി എന്ന നിബന്ധന വൈദികരുടെ ഭാഗത്തു നിന്നുള്ള എതിർപ്പുകൾ കൂടാതെ സഭയ്ക്ക് നിഷ്‌കരുണമായി അവരുടെമേൽ ചുമത്തുവാൻ സാധിക്കുമായിരുന്നു എന്നു ചിന്തിക്കാനാവുമോ? ഇപ്രകാരമൊരു പരിഷ്‌കാരം സ്വീകാര്യമാകുമായിരുന്നില്ല എന്നു തീർച്ചയാണ്. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ എൽ വീരയിൽ സമ്മേളിച്ച കൗൺസിലിൻപ്രകാരം, ഭാര്യമാരുമായുള്ള ലൈംഗികബന്ധം തുടരുന്നതായി സംശയിക്കപ്പെട്ട മെത്രാന്മാരെയും പുരോഹിതന്മാരെയും ഡീക്കന്മാരെയും വൈദികാന്തസ്സിൽനിന്നു ഒഴിവാക്കുവാൻ തീരുമാനിച്ചപ്പോഴുള്ള എതിർപ്പുകളുടെ അഭാവം ചരിത്രകാരന്മാർ ഇപ്പോൾ എടുത്തുപറയുന്നുണ്ട്. ഇത്രയും കർശനമായ ഒരു തീരുമാനം യാതൊരു എതിർപ്പിനും കാരണമായില്ല എന്ന വസ്തുത, പുരോഹിതന്മാരുടെ ലൈംഗികവിരക്തി ഒരു പുത്തൻ കാര്യമായിരുന്നില്ല എന്നതിനു തെളിവാണ്. മതപീഡനത്തിന്റെ കാലത്തുനിന്നു സഭ പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളു. സഭയുടെ പ്രഥമ പരിഗണനയർഹിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്, അതിനകംതന്നെ സുസ്ഥിരമായിരുന്നെങ്കിലും രക്തസാക്ഷികളുടെ ക്ലേശപൂരിതമായ കാലഘട്ടത്തിൽ കുറച്ചൊക്കെ അവഗണിക്കപ്പെടാനിടയായ, ഒരു നിയമം ഓർമ്മിപ്പിക്കുക എന്നതായിരുന്നു.
ഇക്കാര്യത്തിൽ ചിലർ ഭയങ്കരമായ ബൗദ്ധിക സത്യസന്ധതയില്ലായ്‌മ പ്രദർശിപ്പിക്കുന്നു. വിവാഹിതരായ വൈദികർ ഒരിക്കൽ ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു; അതു സത്യവുമാണ്. പക്ഷേ, അവർ പൂർണ വിരക്തജീവിതം നയിക്കാൻ കടപ്പെട്ടവരായിരുന്നു. ആ അവസ്ഥയിലേക്കു നമ്മൾ തിരിച്ചുപോകണമോ? രണ്ടാം വത്തിക്കാൻ സൂനഹദോസുമുതൽ വിവാഹമെന്ന കൂദാശയെ സംബന്ധിച്ച് നമുക്കുള്ള മെച്ചപ്പെട്ട ധാരണയും മതിപ്പും ആ അവസ്ഥയിലേക്കുള്ള മടങ്ങിപ്പോക്ക് അസാദ്ധ്യമാക്കുന്നു.
പൗരോഹിത്യം വ്യക്തിപരമായ ദൈവവിളിക്കുള്ള ഉത്തരമാണ്. സാമുവേലിനെ വിളിച്ചതിനു സമാനമായി (1 സാമു 3) ദൈവം നല്കുന്ന ഹൃദ്യമായ വിളിയുടെ ഫലമാണ് ഇത്. സമൂഹത്തിന്റെ ഒരാവശ്യം നിറവേറ്റേണ്ടതുള്ളതുകൊണ്ടോ, ആരെങ്കിലും 'പദവികൾ' വഹിക്കേണ്ടതുള്ളതുകൊണ്ടോ അല്ല ഒരുവൻ പുരോഹിതനാകുന്നത്. പൗരോഹിത്യം ഒരു ജീവിതാവസ്ഥയാണ്. വിളിക്കുന്ന ദൈവവും “ഇതാ, ഞാൻ അങ്ങയുടെ ഹിതം നിറവേറ്റുവാൻ വരുന്നു" (ഹെബ്രാ 10,7) എന്നു മറുപടി നല്‌കുന്ന ആത്മാവും തമ്മിലുള്ള ഉറ്റബന്ധത്തിൻ്റെ ഫലമാണ് ഇത്. ഈ ഹൃദയബന്ധത്തിൽ ഇടപെടുവാൻ ആർക്കും സാധിക്കുകയില്ല. തിരുസഭയ്ക്ക മാത്രമേ ഈ മറുപടിക്ക് അംഗീകാരം നല്‌കുവാൻ കഴിയൂ. ഒരു വിവാഹിതനു തിരുപ്പട്ടം നല്‌കപ്പെട്ടാൽ അവൻ്റെ ഭാര്യയുടെ കാര്യം എന്താകുമെന്നു ഞാൻ അത്ഭുതപ്പെടുന്നു. എന്തായിരിക്കും അവളുടെ സ്ഥാനം? പുരോഹിതൻ്റെ ഭാര്യയായിരിക്കുക എന്ന പ്രത്യേക ദൈവവിളിയുണ്ടോ? നമ്മൾ കണ്ടതുപോലെ, തന്നെത്തന്നെ ഏല്പ്പിച്ചുകൊടുത്ത മിശിഹായെ അനുകരിച്ച് തൻ്റെ ജീവിതം മുഴുവനെയും പരിപൂർണമായി സമർപ്പിക്കുന്നതാണു പൗരോഹിത്യം. ദൈവത്തിനും സഹോദരരായ മനുഷ്യർക്കുമുള്ള ആത്മദാനമാണ് അത്. അങ്ങനെയെങ്കിൽ, ദാമ്പത്യബന്ധത്തിന് എങ്ങനെ ഇടം നല്കും? ദാമ്പത്യജീവിതത്തിലൂടെ വിശുദ്ധിപ്രാപിക്കാനുള്ള ശരിയായ മാർഗമാണ് വിവാഹമെന്നു പഠിപ്പിച്ചുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ ആ കൂദാശയുടെ ഔന്നത്യം എടുത്തുകാണിക്കുന്നു. അതേസമയം, ദമ്പതികൾ അവരെ യോജിപ്പിക്കുന്ന ബന്ധത്തിന് എല്ലാറ്റിനുമുപരിയായ സ്ഥാനം നല്‌കണമെന്ന് ഈ ജീവിതാവസ്ഥ ആവശ്യപ്പെടുന്നു. ഒരു വിവാഹിതനു തിരുപ്പട്ടം നല്കിയാൽ അത് വിവാഹത്തിന്റെ ഔന്നത്യത്തിനു കുറവുവരുത്തുകയും പൗരോഹിത്യത്തെ ഉദ്യോഗം മാത്രമായി തരംതാഴ്ത്തുകയും ചെയ്യും.
വിവാഹിതനു പട്ടം നല്‌കിയാൽ ആ ദമ്പതികളുടെ മക്കൾക്കു ന്യായമായി അനുഭവിക്കാവുന്ന സ്വാതന്ത്ര്യത്തെപ്പറ്റി എന്തു പറയുവാൻ സാധിക്കും? അവർ തങ്ങളുടെ പിതാവിൻ്റെ വിളി ആശ്ലേഷിക്കണമോ? അവർ തിരഞ്ഞെടുക്കാത്ത ഒരു ജീവിതശൈലി അവരുടെമേൽ ചുമത്തണമോ? അവരുടെ സമഗ്രവികാസത്തിന് ആവശ്യമായ എല്ലാക്കാര്യങ്ങളും ആസ്വദിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിനനുസരിച്ച് വിവാഹിതരായ വൈദികർക്ക് വേതനം നല്കേണ്ടി വരുമോ?
പൗരസ്ത്യ ക്രൈസ്‌തവർക്ക് ഈ സ്ഥിതിവിശേഷം എക്കാലവും പരിചിതമാണെന്നും അതു പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും ചിലർ വാദിച്ചേക്കാം. അതു തെറ്റാണ്. പുരോഹിതരായിത്തീർന്ന വിവാഹിതർക്ക് തങ്ങളുടെ ഭാര്യമാരുമായി ലൈംഗികബന്ധമാകാമെന്ന് പൗരസ്‌ത്യസഭകളിൽ അനുവദിച്ചത് പില്ക്കാലത്തു മാത്രമാണ്. ഇപ്രകാരമൊരു വ്യവസ്ഥിതി ആരംഭിക്കുന്നത് എ. ഡി. 691 ലെ ട്രൂളോ കൗൺസിലാണ്. എ. ഡി. 390 ൽ കാർത്തേജിൽ സമ്മേളിച്ച കൗൺസിലിലെ കാനോനകൾ പകർത്തിയെഴുതിയപ്പോൾ ഉണ്ടായ ഒരു പിഴവിനെ തുടർന്നാണ് ഈ മാറ്റം പ്രത്യക്ഷപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലെ ഈ കൗൺസിലിലുണ്ടായ മുഖ്യ നവീകരണം പുരോഹിതരുടെ ലൈംഗികവിരക്തിയുടെ തിരോധാനമല്ല, പിന്നെയോ വിശുദ്ധരഹസ്യങ്ങളുടെ പരികർമ്മത്തിനുമുമ്പു പാലിക്കേണ്ട വിരക്തിയുടെ സമയപരിധി നിശ്ചയിച്ചു എന്നതാണ്. പൗരോഹിത്യശുശ്രൂഷയും വിരക്തിയും തമ്മിലുള്ള അസ്തിത്വപരമായ ബന്ധം ഇന്നും സുസ്ഥിരവും സുവ്യക്തവുമാണ്. ഇനി ആ സമ്പ്രദായത്തിലേക്കു മടങ്ങിപ്പോകുവാൻ ആരെങ്കിലും ആഗ്രഹിക്കുമോ? പൗരസ്ത്യ കത്തോലിക്കാസഭയിൽ നിന്നുള്ള സാക്ഷ്യങ്ങൾ നമ്മൾ ശ്രവിക്കണം. പൗരോഹിത്യാന്തസ്സും വിവാഹാന്തസ്സും തമ്മിൽ സംഘർഷത്തിൽ വരാറുണ്ട് എന്ന് ഈ സഭകളിൽനിന്നു തന്നെയുള്ള പല അംഗങ്ങളും വ്യക്തമായി എടുത്തുകാണിക്കാറുണ്ട്. കുടുംബനാഥൻ്റെ ദൈവവിളിയിൽ 'പങ്കുചേരാൻ' മക്കൾ പരിശീലിപ്പിക്കപ്പെടുന്നതും പെൺമക്കൾ മിക്കപ്പോഴും ഭാവിപുരോഹിതനെ വിവാഹം കഴിച്ചിരുന്നതുമായ 'പൗരോഹിത്യകുടുംബങ്ങൾ' നിലനിന്നിരുന്നതുകൊണ്ട് കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ അവസ്ഥ തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചു. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെയും മാഹാത്മ്യത്തെയും പറ്റിയുള്ള മെച്ചപ്പെട്ട അവബോധം ഇപ്രകാരമുള്ള ജീവിതരീതി (modus operandi) അസാധ്യമാക്കുന്നു. പൗരസ്ത്യസഭകളിൽ വിവാഹിതരുടെ പൗരോഹിത്യം പ്രതിസന്ധിയിലാണ്. വൈദികരുടെ വിവാഹമോചനം ഓർത്തഡോക്സ് പാത്രിയർക്കേറ്റുകൾക്കിടയിൽ എക്യുമെനിക്കൽ അസ്വസ്ഥതകൾക്കു കാരണമാകുന്നു.
വേർപെട്ടുപോയ പൗരസ്‌ത്യസഭകളിൽ, സന്ന്യസ്‌തരുടെ (monks) ഗണ്യമായ സാന്നിദ്ധ്യം മാത്രമാണ് ദൈവജനത്തിനു വിവാഹിതരായ പുരോഹിതന്മാരെ സമീപിക്കുന്നതിലെ വിഷമം ലഘൂകരിക്കുന്നത്. വിവാഹിതനായ പുരോഹിതനോട് ഒരിക്കലും കുമ്പസാരിക്കില്ലാത്ത വളരെയേറെ ഓർത്തഡോക്സ‌് ക്രിസ്ത്യാനികളുണ്ട്. ബ്രഹ്മചര്യസമർപ്പണം ജീവിക്കാത്ത പൗരോഹിത്യത്തിൽ, വിവാഹിത പൗരോഹിത്യത്തിൽ ഒരപൂർണത തിരിച്ചറിയുവാൻ വിശ്വാസത്തിൻ്റെ ഉൾക്കാഴ്‌ച (sensus fidei) ദൈവജനത്തിന് ഇടയാക്കുന്നു.
റോമുമായി ഐക്യത്തിലുള്ള ചില പൗരസ്ത്യസഭകളിൽ വിവാഹിതരായ വൈദികരുടെ സാന്നിദ്ധ്യം എന്തുകൊണ്ടാണ് കത്തോലിക്കാസഭ അനുവദിക്കുന്നത്? ബ്രഹ്മചര്യം എന്ന ലക്ഷ്യത്തിലേക്ക് ക്രമാനുഗതമായി ഈ സഭകൾ എത്തിച്ചേരട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് ഈ അനുവാദം നല്‌കിയിരിക്കുന്നത് എന്നാണ്, പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മിലുള്ള അസ്തിത്വപരമായ ബന്ധത്തെ സംബന്ധിച്ചുള്ള സമീപകാല സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിൽ ഞാൻ കരുതുന്നത്. ഇതു സാധിക്കേണ്ടത് നിയമങ്ങളും നിബന്ധനകളും വഴിയല്ല, പിന്നെയോ അജപാലനപരവും ആദ്ധ്യാത്മികവുമായ കാരണങ്ങളാലായിരിക്കണം.
രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ വെളിച്ചത്തിൽ
കൗൺസിലിന്റെ രണ്ടാംഘട്ട സമ്മേളനത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ ചെയ്‌ത ആമുഖപ്രഭാഷണത്തിൽ സഭാസമൂഹത്തിന്റ മൂന്ന് അടിസ്ഥാന ജീവിതാവസ്ഥകളെയും - പൗരോഹിത്യം, ദാമ്പത്യം, സന്ന്യാസം സംബന്ധിച്ച് ദൈവശാസ്ത്രവിചിന്തനങ്ങൾ നടത്തുവാൻ കൗൺസിൽ പിതാക്കന്മാരോട് ആവശ്യപ്പെടുകയുണ്ടായി. അപ്രകാരം, സഭയ്ക്ക് 'അവൾ എന്താണ് എന്നുള്ള ആഴമായ അവബോധം' ഉണ്ടാകുന്നതു പ്രോത്സാഹിപ്പിക്കുവാൻ പോൾ ആറാമൻ പാപ്പാ ഉദ്ദേശിച്ചു. കൗൺസിലിനുശേഷം ജോൺ പോൾ രണ്ടാമൻ പാപ്പാ ഈ മൂന്നു ജീവിതാന്തസ്സുകളെയും കുറിച്ചു സിനഡുകൾ ചേരുകയും ഈ കർമ്മപദ്ധതി നടപ്പാക്കുകയും ചെയ്തു.
പൗരോഹിത്യത്തെ സംബന്ധിച്ചു കൂടിയ സിനഡ് 1992-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ 'നിങ്ങൾക്ക് ഞാൻ അജപാലകന്മാരെ നല്‌കും' എന്ന ശ്ലൈഹികാഹ്വാനത്തിൻ്റെ രചന സാദ്ധ്യമാക്കി. ശരീരമായ സഭാവധുവിനുവേണ്ടി ശിരസ്സായ മിശിഹായെ പ്രതിനിധാനം ചെയ്യുവാനുള്ള പ്രാപ്‌തി പ്രദാനം ചെയ്യുന്നതും തിരുപ്പട്ടമെന്ന കൂദാശയുടെ സത്തയും സാരാംശവുമായി കൗൺസിൽ ചൂണ്ടിക്കാണിക്കുന്നതുമായ പൗരോഹിത്യമെന്ന കൂദാശയിൽ നിന്നാണ് ഈ ബ്രഹ്മചര്യം ഉത്ഭവിക്കുന്നതെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇതിൽ ശക്തിയോടെ പഠിപ്പിക്കുന്നു: “സഭയുടെ മണവാളനും ശിരസ്സുമായ മിശിഹായോടു പുരോഹിതനെ അനുരൂപപ്പെടുത്തുന്ന തിരുപ്പട്ടമെന്ന കൂദാശയും ബ്രഹ്മചര്യവുമായുള്ള
ബന്ധത്തിലാണ് സഭ അത് ഒരു നിബന്ധനയാക്കുന്നതിനുള്ള ആത്യന്തിക പ്രേരകശക്തി കണ്ടെത്തുന്നത്. ശിരസ്സും മണവാളനുമായ ഈശോമിശിഹാ തന്നെ സ്നേഹിച്ച അതേ രീതിയിൽ സമ്പൂർണമായി - പുരോഹിതരും തന്നെ സ്നേഹിക്കണമെന്ന് അവിടുത്തെ മണവാട്ടിയായ തിരുസഭ ആഗ്രഹിക്കുന്നു" വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ ഈ പ്രസ്‌താവന മൗലികപ്രാധാന്യമുള്ളതാണ്. അത് പൗരോഹിത്യബ്രഹ്മചര്യത്തെ സഭയുടെ ആവശ്യമാക്കിത്തീർക്കുന്നു. മണവാളനായ മിശിഹാ സ്നേഹിക്കുന്ന അതേവിധം സ്നേഹിക്കുന്ന പുരോഹിതന്മാരെയാണ് സഭയ്ക്കാവശ്യം.
ബ്രഹ്മചാരിയായ പുരോഹിതൻ്റെ സാന്നിദ്ധ്യമില്ലാതെ താൻ മിശിഹായുടെ മണവാട്ടിയാണ് എന്ന് സഭയ്ക്ക് ബോദ്ധ്യമുണ്ടാവില്ല. പൗരോഹിത്യബ്രഹ്മചര്യത്തെ ഒരു തപശ്ചര്യ മാത്രമായി കാണാതെ സഭയുടെ സ്വത്വബോധത്തിൻ്റെ ഭാഗമായി കാണേണ്ടതാണ്. മണവാളനായ മിശിഹായെ കൗദാശികമായി പ്രതിനിധീകരിക്കുന്ന ബ്രഹ്മചാരികളായ പുരോഹിതന്മാരാൽ പരിപൂർണമായി സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ സഭയ്ക്കു സ്വയം മനസ്സിലാക്കാനാവില്ല എന്നു പറയേണ്ടിവരും.
കൂദാശകളായ തിരുപ്പട്ടവും വിവാഹവും
ദൈവികപദ്ധതിയെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ പുതിയ കണ്ടെത്തലുകൾക്ക് അവസരമൊരുക്കിയ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ സംഭാവനയാണ് ബ്രഹ്മചര്യത്തെ സംബന്ധിക്കുന്ന ഈ നവീന ഉൾക്കാഴ്‌ചകൾ. സൃഷ്‌ടിയുമായി മണവാളനടുത്ത ബന്ധത്തിലാവുക എന്നതാണ് ആരംഭംമുതലേ സ്രഷ്‌ടാവിന്റെ ഉദ്ദേശ്യം. ഈ ദൈവികാഹ്വാനം ഓരോ സ്ത്രീയുടെയും പുരുഷന്റെയും ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വിവാഹമെന്ന കൂദാശവഴി ദമ്പതികളുടെ പരസ്‌പരസ്നേഹത്തിൻ്റെ മാനസികവും ശാരീരികവും ആദ്ധ്യാത്മികവുമായ മാനങ്ങൾ മിശിഹായ്ക്കു മനുഷ്യ വംശത്തോടുള്ള സ്നേഹത്തിൽ ഉൾച്ചേർത്തിരിക്കുന്നു.
പരസ്പരം സ്നേഹിക്കുമ്പോൾ ദമ്പതികൾ മിശിഹായുടെ സ്നേഹത്തിന്റെ ദിവ്യരഹസ്യത്തിൽ പങ്കുകാരാകുന്നു. അവർ സ്ലീവാ ആകുന്ന പൂമെത്ത വിരിച്ചിരിക്കുന്ന മണവറയിൽ പ്രവേശിക്കുന്നു. “ഭർത്താക്കന്മാരേ, മിശിഹാ സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം. ഇക്കാരണത്താൽ, പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവർ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും മിശിഹായോടും ബന്ധപ്പെടുത്തിയാണ് ഞാൻ ഇതു പറയുന്നത്" (എഫേ 5,25.31-32). ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഈ 'ദാമ്പത്യ'ദൈവവിളി, കർത്താവിൻ്റെ സ്ലീവായിലുള്ള സമ്പൂർണ സമർപ്പണത്തിന്റെ മാതൃകയിൽ പൂർണമായ ആത്മസമർപ്പണത്തിനുള്ള ആഹ്വാനമാണ്. പുരോഹിതനു ബ്രഹ്മചര്യം, ജീവിതപങ്കാളികളെപ്പോലെ യഥാർത്ഥ ദൈവവിളിയിൽ പ്രവേശിക്കാനുള്ള മാർഗ്ഗമാണ്.
സഭയ്ക്കുവേണ്ടിയുള്ള പുരോഹിതൻ്റെ ആത്മസമർപ്പണം, തന്റെ മണവാട്ടിയായ സഭയ്ക്കുള്ള മിശിഹായുടെ സ്വയം സമർപ്പണത്തിലേക്കാണ് ഉൾച്ചേർക്കപ്പെടുന്നത്." സമ്പൂർണമായ ആത്മദാനത്തിൽ സാക്ഷാത്‌ക്കരിക്കപ്പെടുന്നു എന്നതിൽ വിവാഹമെന്ന കൂദാശയും തിരുപ്പട്ടമെന്ന കൂദാശയും തമ്മിൽ യഥാർത്ഥ സാധർമ്മ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ കൂദാശകളിൽ ഏതെങ്കിലും ഒന്നുമാത്രമേ ഒരു വ്യക്തിക്കു ജീവിക്കാനാവൂ എന്നു പറയുന്നത്.
വധൂവരന്മാരുടെ സവിശേഷസമർപ്പണത്തോട് ഉപമിച്ചുകൊണ്ടാണു മിശിഹായുടെ ആത്മദാനം വിവരിക്കപ്പെടുന്നത്... ഈശോയാണ് സഭയ്ക്ക് രക്ഷയുടെ വീഞ്ഞ് പകർന്നുനല്‌കുന്ന യഥാർത്ഥ മണവാളൻ (1 യോഹ 2,11)... കുരിശിലെ രക്ഷകന്റെ കുത്തിത്തുറക്കപ്പെട്ട പാർശ്വത്തിൽനിന്ന് ജന്മമെടുത്ത പുതിയ ഹവ്വായായ മണവാട്ടിയാണു സഭ. അതിനാലാണ് മിശിഹാ സഭയ്ക്കു 'മുമ്പിൽ' നില്ക്കുന്നതും തന്റെ ജീവൻതന്നെ നല്‌കിക്കൊണ്ട് അതിനെ പോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും (എഫേ 5,29)... സഭയുടെ മണവാളനായ മിശിഹായുടെ സജീവ ഛായയാകുവാനാണ് പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നത്... ഇടയനും ശിരസ്സുമായ മിശിഹായോടുള്ള താദാത്മ്യംവഴി പുരോഹിതന് മണവാളനെന്നപോലെയുള്ള ബന്ധമാണ് സഭാസമൂഹത്തോടുള്ളത്."
പുരോഹിതനെ സംബന്ധിച്ച്, ജീവിതപങ്കാളി എന്നപോലെ സ്നേഹിക്കുവാനുള്ള അവൻ്റെ കഴിവ് പൂർണമായി സഭയ്ക്കു മാത്രമായി നീക്കിവച്ചിരിക്കുകയാണ്. പൗരോഹിത്യം അതിന്റെ സ്വഭാവത്താൽത്തന്നെ സഭയല്ലാതെയുള്ള 'ഏതുപങ്കാളി'യെയും ഒഴിവാക്കുന്നു. സ്നേഹിക്കുവാനുള്ള പുരോഹിതൻ്റെ കഴിവുമുഴുവനും സഭപ്രയോജനപ്പെടുത്തണം.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ തുടർന്ന് എഴുതുന്നു:
മണവാട്ടിയായ സഭയോട് മണവാളനായ മിശിഹായ്ക്കുള്ള സ്നേഹം തന്റെ്റെ ആദ്ധ്യാത്മികജീവിതത്തിൽ പകർത്തുവാൻ പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം മണവാളനടുത്ത മിശിഹായുടെ സവിശേഷ സ്നേഹത്താൽ പ്രശോഭിക്കണം. അങ്ങനെ, പുരോഹിതൻ തന്റെ വിശ്വസ്തവും നിരന്തരവും സമ്പൂർണവുമായ ആത്മദാനത്തിലൂടെ, നിർമ്മലവും വിശാലവുമായ നവ്യഹൃദയത്തോടും യഥാർത്ഥമായ നിസ്വാർത്ഥതയോടുംകൂടെ തന്റെ ജനത്തെ സ്നേഹിക്കുവാൻ പ്രാപ്‌തനായിത്തീരുന്നു. കൂടാതെ, മാതൃ വാത്സല്യത്തോടും ആർദ്രതയോടും ഒരുതരം 'ദൈവിക അസൂയ'യോടുംകൂടെ (2 കോറി 11,2), വിശ്വാസികളിൽ 'മിശിഹാ രൂപംകൊള്ളുന്നതുവരെ ഈറ്റു നോവ്' അനുഭവിക്കുവാനും (ഗലാ 4,19) പുരോഹിതൻ കഴിവുറ്റവനാകുന്നു.
ബ്രഹ്മചാരികളായ പുരോഹിതരുടെ സ്നേഹം അനുഭവിക്കുന്നില്ലെങ്കിൽ സഭയ്ക്ക് വിശുദ്ധിയുടെ വൈവാഹികാർത്ഥം അന്യമായിത്തീരും. യഥാർത്ഥത്തിൽ, ബ്രഹ്മചര്യവും വിവാഹവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നു ചോദ്യം ചെയ്യപ്പെട്ടാൽ മറ്റേതിന് ഇളക്കം തട്ടുന്നു. പുരോഹിതർ സമ്പൂർണദാനത്തിന്റെ അർത്ഥം ദമ്പതികൾക്കു കാണിച്ചുകൊടുക്കുന്നു. വിവാഹിതർ അവരുടെ ദാമ്പത്യജീവിതംവഴി പുരോഹിതർക്ക് ബ്രഹ്മചര്യത്തിന്റെ അർത്ഥം വെളിവാക്കുന്നു. ബ്രഹ്മചര്യം ചോദ്യം ചെയ്യപ്പെടുമ്പോൾ അതു വിവാഹത്തിൻ്റെ അർത്ഥത്തെ ബാധിക്കുന്നു. ബനഡിക്ട് പതിനാറാമൻ ഈ അവസ്ഥ മുൻകൂട്ടി ദർശിച്ചിരുന്നു. അത് പല പ്രാവശ്യം ഓർമ്മിപ്പിച്ചിട്ടുമുണ്ട്: “ബ്രഹ്മചര്യം ഒരു നിർണായക തീരുമാനമാണ്. അത് പരസ്‌പരവിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും ഒരു പ്രവൃത്തിയാണ്; വിവാഹജീവിതത്തിലെ വിശ്വസ്തത സൂചിപ്പിക്കുന്ന പ്രവൃത്തി. പൗരോഹിത്യബ്രഹ്മചര്യത്തിന് നിർണായക 'അതേ' പറയുമ്പോൾ വിവാഹത്തിൻ്റെ നിർണായക 'അതേ'യും അംഗീകരിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ കാര്യത്തിൽ ഇടപെട്ടാൽ വിവാഹത്തിൻ്റെ ക്രിസ്‌തീയാർത്ഥത്തിനും മുറിവേല്ക്കും. ഈ ദിവ്യരഹസ്യം മനസ്സിലാക്കാനായി കർദ്ദിനാൾ റാറ്റ്സിംഗർ തുടർന്ന് എഴുതുന്നു:
വിശ്വാസമാണു തൻ്റെ ജീവിതത്തിൻ്റെ ഊർജ്ജമെന്നു വൈദികവിദ്യാർത്ഥി തിരിച്ചറിയുകയും ബ്രഹ്മചര്യജീവിതം വിശ്വാസത്തിൽ മാത്രമേ ഏറ്റെടുക്കാനാവൂ എന്ന് മനസ്സിലാക്കുകയും വേണം. അപ്പോൾ വിവാഹിതരാകാൻ ആളുകൾക്കു ധൈര്യം പകരുന്ന സാക്ഷ്യമായിത്തീരുവാൻ ബ്രഹ്മചര്യത്തിനു സാധിക്കും. ഈ രണ്ടു ജീവിതാവസ്ഥകളും പരസ്പരബന്ധിതമാണ്. ഈ രണ്ടു വിശ്വസ്തതകളിൽ ഒന്നു സാധ്യമല്ലാതായാൽ മറ്റേതും അസാധ്യമാകും. ഒന്നു മറ്റേതിനെ നിലനിർത്തുന്നു. മനുഷ്യന് അവന്റെ അസ്തിത്വത്തിൻ്റെ കേന്ദ്രസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പിന് സാധിക്കുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. തൻ്റെ ജീവിതാന്തസ്സിനെക്കുറിച്ചു തീരുമാനിക്കുമ്പോൾ സ്ഥിരമായ ഒരു ഉടമ്പടിക്കു സ്വയം സമർപ്പിക്കുവാൻ അവനു സാധിക്കുമോ? ഇതിനു മറുപടിയായി രണ്ടു കാര്യങ്ങൾ ഞാൻ എടുത്തുപറയട്ടെ: ഒന്നാമതായി, വിശ്വാസത്തിൽ ഉറപ്പായി നങ്കൂരമിട്ടാൽ മാത്രമേ അവനു ഇത് സാധ്യമാകൂ. രണ്ടാമത്, അപ്രകാരം മാത്രമേ അവൻ മനുഷ്യസ്നേഹത്തിൻ്റെ നിറവിലും മാനുഷികപക്വതയിലും എത്തിച്ചേരുകയുള്ളു.
ഇപ്പോൾ സുവിശേഷവല്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ വിശുദ്ധിയിലേക്കുള്ള ദമ്പതികളുടെ വിളി കണ്ടെത്തുക എന്നത് മിക്കപ്പോഴും ഒരു വെല്ലുവിളിയാണ്. ചിലപ്പോൾ വിവാഹത്തിന്റെ അർത്ഥം വികലമാക്കപ്പെടുന്നു; സ്ത്രീകളുടെ അന്തസ്സ് ചവിട്ടിമെതിക്കപ്പെടുന്നു. അതു ഗൗരവമായ ഒരു പ്രശ്‌നമാണെന്നു ഞാൻ കരുതുന്നു. ഇതു പരിഹരിക്കുവാൻ, വിവാഹം ഒരു സമ്പൂർണ ആത്മദാനമായി ജീവിക്കേണ്ടതിൻ്റെ ആവശ്യകത എല്ലാവർക്കും മനസ്സിലാക്കികൊടുക്കണം. സമ്പൂർണദാനമായി തൻ്റെ പൗരോഹിത്യം ജീവിക്കാതെ എങ്ങനെ ഒരു പുരോഹിതന് ദമ്പതികൾക്ക് വിശ്വാസ യോഗ്യനായിരിക്കുവാൻ കഴിയും?
പൗരോഹിത്യകൂദാശയും സ്ത്രീകളുടെ സ്ഥാനവും
ബ്രഹ്മചര്യം ദുർബലമായാൽ സഭാസൗധത്തിന് ആകമാനം ഇളക്കം തട്ടും. വാസ്തവത്തിൽ, ബ്രഹ്മചര്യത്തെക്കുറിച്ചുള്ള സംവാദങ്ങൾ പുരോഹിതരായോ ഡീക്കന്മാരായോ സ്ത്രീകൾക്കു പട്ടം നല്‌കുന്നതിന്റെ സാധ്യത സംബന്ധിച്ച ചോദ്യങ്ങൾക്കു സ്വാഭാവികമായും കാരണമാകുന്നു. എന്നിരുന്നാലും, ഈ ചോദ്യങ്ങൾക്ക് വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1994 മെയ് 22 ലെ 'പൗരോഹിത്യ തിരുപ്പട്ടം' (Ordinatio Sacerdotalis) എന്ന ശ്ലൈഹികലേഖനം വഴി സുനിശ്ചിതമായ മറുപടി നല്‌കിയതാണ്. സ്ത്രീകൾക്ക് തിരുപ്പട്ടം നല്‌കുവാൻ സഭയ്ക്ക് യാതൊരുവിധ അധികാരവുമില്ല; സഭാവിശ്വാസികളെല്ലാവരും ഈ തീരുമാനം നിശ്ചയമായും സ്വീകരിക്കുവാൻ കടപ്പെട്ടിരിക്കുന്നു. ഈ തീരുമാനത്തോടുള്ള എതിർപ്പ് സഭയുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞതയാണു വെളിവാക്കുന്നത്.
യഥാർത്ഥത്തിൽ, രക്ഷാകരപദ്ധതി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്‌പര പൂരകത്വത്തെക്കുറിച്ചുള്ള സ്രഷ്‌ടാവിന്റെ പദ്ധതിയെ ഈശോയും അവിടുത്തെ മണവാട്ടിയായ സഭയും തമ്മിലുള്ള ബന്ധത്തിലേക്ക് ഉൾച്ചേർക്കുന്നു. മണവാളനായ മിശിഹായെ പ്രതിനിധാനം ചെയ്യുന്നതിൽ തൻ്റെ പുരുഷത്വം പൂർണമായി സമന്വയിപ്പിച്ചിരിക്കുന്ന പുരോഹിതൻ സഭാമണവാട്ടിയുടെ പകർപ്പെന്നപോലെ അവളെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീത്വവുമായി പരസ്പരപൂരകമായ ഒരു ബന്ധത്തിലാകുന്നു. സ്ത്രീപൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീപുരുഷന്മാരുടെ വ്യത്യസ്ത സ്വത്വങ്ങളെയും സ്ഥാനങ്ങളെയും നിഷേധിക്കുന്നതിനു തുല്യമാണ്.
സ്ത്രീകളുടെ സവിശേഷ പ്രതിഭ സഭയ്ക്ക് ആവശ്യമാണ്. സഭ എന്തായിരിക്കണമെന്ന് അവരിൽനിന്നു നമ്മൾ പഠിക്കണം. കാരണം, ജോൺ പോൾ രണ്ടാമൻ പ്രസ്‌താവിച്ചതുപോലെ, ഓരോ സ്ത്രീയുടെയും ഹൃദയത്തിൽ സ്നേഹം സ്വീകരിക്കുവാനുള്ള അടിസ്ഥാന മനോഭാവം കുടികൊള്ളുന്നുണ്ട്. സഭ അതിൻ്റെ സത്തയിൽത്തന്നെ ഈശോയുടെ കന്യാത്വസ്നേഹം സ്വീകരിക്കുന്നവളാണ്. മണവാളനായ മിശിഹായുടെ സ്നേഹത്തിനു വിശ്വാസം വഴി നല്കപ്പെടുന്ന പ്രത്യുത്തരമാണ് അവൾ. സഭയെ മൗലികമായി സ്ത്രീ ആയിട്ടാണ് കാണേണ്ടതെന്നു പ്രസ്‌താവിക്കുവാൻ ഞാൻ മുതിരുന്നു; സഭ സ്ത്രീകളെ അവഗണിക്കാൻ പാടില്ല.
സഭയിൽ, ഒരു “അടയാളം' എന്ന നിലയിൽ സ്ത്രീ മുമ്പത്തെക്കാളധികം ഇന്ന് കേന്ദ്രസ്ഥാനത്തു നില്ക്കുകയും ഫലദായകമായിരിക്കുകയും ചെയ്യുന്നു. അത് സഭയുടെ വ്യക്തിത്വത്തിൽനിന്നു നിർഗമിക്കുന്നു. സഭ ദൈവത്തിൽ നിന്നു സ്വീകരിക്കുന്നതും വിശ്വാസത്തിൽ സ്വാഗതം ചെയ്യുന്നതുമാണിത്. സഭയിൽ പുരുഷന്റെയും സ്ത്രീയുടെയും സ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആത്മീയവും ആഴമുള്ളതും സത്താപരവുമായ വ്യക്തിത്വം കണക്കിലെടുക്കേണ്ടതാണ്.
സ്ത്രീത്വത്തിന്റെ സാധാരണ മാതൃക അടിസ്ഥാനമാക്കിയുള്ള ഒരു വ്യക്തിത്വം സഭയ്ക്കു നല്‌കുന്നതിനപ്പുറം, ശ്രവിക്കലും സ്വാഗതം ചെയ്യലും വിനയവും വിശ്വസ്തതയും സ്‌തുതിപ്പും കാത്തിരിപ്പും ഉൾക്കൊള്ളുന്ന മറിയത്തിന്റെ മനോഭാവത്തോടു ബന്ധപ്പെടുത്തി അവൾക്ക് ഇസ്രായേലിന്റെ ആത്മീയചരിത്രത്തിൻ്റെ തുടർച്ചയിലുള്ള സ്ഥാനമാണ് നല്‌കുന്നത്. ഈ മനോഭാവങ്ങൾ മാമ്മോദീസാ സ്വീകരിച്ച എല്ലാവരെയും അനുസ്‌മരിപ്പിച്ചുകൊണ്ടും മിശിഹായുടെ മണവാട്ടിയും വിശ്വാസികളുടെ അമ്മയുമായ സഭയുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുവാൻ സഹായിച്ചുകൊണ്ടും സ്ത്രീകൾ സഭാജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. മണവാളന്റെ സ്നേഹത്തോടു മണവാട്ടി എപ്രകാരമാണു സ്നേഹത്തിൽ പ്രത്യുത്തരിക്കേണ്ടത് എന്നതിന് ക്രൈസ്‌തവരെല്ലാവർക്കും അനന്യമാതൃകകളും സാക്ഷികളുമാകാൻ സ്ത്രീകൾ വിളിക്കപ്പെട്ടിരിക്കുന്നു.”
സഭയിലെ ഭരണസംവിധാനം മണവാളൻ മണവാട്ടിക്ക് ചെയ്യുന്ന സ്നേഹശുശ്രൂഷയാണ്. അതിനാൽ, മണവാളനും ശുശ്രൂഷകനുമായ മിശിഹായോട് പൗരോഹിത്യമുദ്രയാൽ താദാത്മ്യപ്പെട്ട പുരുഷന്മാർക്കു മാത്രമേ ഈ ശുശ്രൂഷ ഏറ്റെടുക്കുവാൻ സാധിക്കുകയുള്ളു. നമ്മൾ ഇതിനെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഒരു മത്സരവിഷയമാക്കി മാറ്റിയാൽ ഒരുതരം ലൗകിക-രാഷ്ട്രീയ ബലപരീക്ഷണമായി അതിനെ നമ്മൾ ചുരുക്കുകയായിക്കും ചെയ്യുക. അപ്പോൾ, മിശിഹായുടെ പ്രവൃത്തിയിൽ പങ്കുചേരുന്നതിനുള്ള മാർഗമായ പൗരോഹിത്യത്തിന് അതിൻ്റെ തനതായ സ്വഭാവം നഷ്ടമാകും.
കൗശലപൂർവം ആസൂത്രണം ചെയ്‌ത മാധ്യമപ്രചരണത്തിലൂടെ വനിതകളുടെ ഡീക്കൻപദവിക്കുവേണ്ടി ഇക്കാലത്ത് ചിലർ മുറവിളികൂട്ടുന്നുണ്ട്. എന്താണ് ഇതിന്റെ ഉദ്ദേശ്യം? വിചിത്രമായ ഈ രാഷ്ട്രീയ അവകാശവാദങ്ങൾക്കു പിന്നിൽ എന്താണ് ഒളിഞ്ഞിരിക്കുന്നത്?
'സമത്വ'ത്തിന്റെ ലൗകികമാനദണ്‌ഡമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതുവഴി സ്ത്രീപുരുഷന്മാർക്കിടയിൽ ഒരുതരം വന്ധ്യമായ അസൂയ അവർ ഇളക്കിവിടുകയാണു ചെയ്യുന്നത്.
സ്ത്രീകളുടെ പ്രത്യേക സിദ്ധികളുടെ സ്ഥാനത്തെക്കുറിച്ച് ആഴമായ പഠനം നമ്മൾ നടത്തേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു. മുൻകാലങ്ങളിൽ ഇന്നത്തേതിനേക്കാൾ ആളുകൾ സ്വതന്ത്രമായി സംസാരിച്ചിരുന്നു; പ്രത്യേകിച്ച് സ്ത്രീകളുടെ സ്വരത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നു. വിശുദ്ധിയുടെ ആവശ്യകതയെപ്പറ്റി സഭാ സമൂഹത്തെ മുഴുവനും ശക്തമായി അനുസ്‌മരിപ്പിക്കുകയായിരുന്നു അവരുടെ കർത്തവ്യം. ഉദാഹരണത്തിന്, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്ക്, സഭയുടെ മണവാളനായ മിശിഹായോടുള്ള താദാത്മ്യത്തെക്കുറിച്ച്, സിയന്നായിലെ കാതറൈൻ അയച്ച ശാസനാരൂപത്തിലുള്ള ഉദ്ബോധനം ഓർമ്മിക്കുന്നതു നല്ലതാണ്: “അങ്ങയുടെ ചുമതലാഭാരം വലുതായതിനാൽ, സംഭവിക്കാൻ സാദ്ധ്യതയുള്ള ഒന്നിനെയുംകുറിച്ചു ഭയമില്ലാത്ത, ധൈര്യമുള്ള ഒരു ഹൃദയം അങ്ങേക്ക് ആവശ്യമാണ്. വിശുദ്ധ സഭയെ വധുവായി സ്വീകരിച്ചപ്പോൾ, പരിശുദ്ധ പിതാവേ, അങ്ങ് അവൾക്കുവേണ്ടി അദ്ധ്വാനിക്കുവാൻ സമ്മതിച്ചിരിക്കുകയാണ് എന്ന് അങ്ങേക്കു നന്നായി അറിയാമല്ലോ.'' ഇതുപോലെ ശക്തമായി വെല്ലുവിളിക്കപ്പെടുവാൻ ഏതു മെത്രാൻ, അഥവാ ഏതു മാർപാപ്പ ഇന്നു തയ്യാറാകും? അത് ഇന്നായിരുന്നുവെങ്കിൽ, തർക്കിക്കാൻ തക്കം പാർത്തു കഴിയുന്നവർ, സിയന്നായിലെ കാതറൈനെ ഉടനെതന്നെ മാർപാപ്പയുടെ ശത്രുവായോ അദ്ദേഹത്തിൻ്റെ എതിരാളികളുടെ നേതാവായോ വിശേഷിപ്പിക്കുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ നമ്മുടെ കാലത്തേക്കാൾ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു: അക്കാലത്ത് വരദാനങ്ങൾ നിറഞ്ഞ സ്ത്രീകൾക്കു സ്ഥാനം കല്പ്പിച്ചിരുന്നു. വിശുദ്ധിയുടെ ആവശ്യകതയെപ്പറ്റി സഭ മുഴുവനെയും ശക്തമായി ഓർമ്മിപ്പിക്കുക എന്നതായിരുന്നു അവരുടെ കർത്തവ്യം.
അതുകൊണ്ട് സഭയ്ക്ക് സ്ത്രീകളോടു നന്ദി പ്രകാശിപ്പിക്കുവാൻ വലിയ കടപ്പാടുണ്ട്. വരദാനങ്ങളുടെ തലത്തിൽ സ്ത്രീകൾ സന്യാസിനികൾ തുടങ്ങി, മഹാന്മാരായ സഭാപിതാക്കന്മാരുടെ സഹോദരിമാർ, മദ്ധ്യയുഗത്തിലെ
മഹതികളായ ഹിൽഡഗാർഡ്, സിയന്നായിലെ വിശുദ്ധ കാതറൈൻ, ആവിലായിലെ വിശുദ്ധ തെരേസാ, ഇക്കാലഘട്ടത്തിൽ കൽക്കട്ടായിലെ മദർ തെരേസാവരെ സഭാഭരണത്തിൽ വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട് എന്നു പറയുവാൻ ഞാൻ മുതിരുകയാണ്. വരദാനങ്ങളുടെ ഈ മേഖല തീർച്ചയായും കൃത്യമായ അർത്ഥത്തിൽ ശുശ്രൂഷയുടെ മേഖലയിൽനിന്ന് വ്യത്യസ്‌തമാണ്. എങ്കിലും ഇത് സഭാഭരണത്തിലുള്ള ആഴമുള്ളതും യഥാർത്ഥവുമായ പങ്കുചേരലാണ്.
മാർപാപ്പാമാരുടെ റോമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയ സിയന്നായിലെ വിശുദ്ധ കാതറൈനും ശുപാർശകൾ മുന്നോട്ടുവച്ച വിശുദ്ധ ബ്രിജിറ്റും മെത്രാന്മാരെ വിമർശിച്ച വിശുദ്ധ ഹിൽഡ ഗാർഡും നല്കിയ വളരെ പ്രകടമായ സംഭാവനകൾ കൂടാതെ സഭാ ഭരണത്തെ എങ്ങനെ മനസ്സിലാക്കാൻ കഴിയും? സഭയുടെ നില നില്പ്പിനു നിർണായകമായ ഒരു ഘടകമാണ് ഈ സംഭാവന.
ഭാവിയില്ലാത്തതും കൃത്രിമവും സ്വേച്ഛാപരവുമായ സ്ത്രീകളുടെ 'ശുശ്രൂഷകൾ' നടപ്പിലാക്കിക്കൊണ്ടല്ല സ്ത്രീത്വത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള മതിപ്പ് നേടിയെടുക്കേണ്ടത്. ഉദാഹരണത്തിന്, 'വനിതാഡീക്കന്മാർ' എന്നു വിളിക്കപ്പെട്ടിരുന്ന സ്ത്രീകൾ തിരുപ്പട്ടമെന്ന കൂദാശകളിൽ പങ്കാളികളായിരുന്നില്ല. തിരുസഭയുടെ ആരാധനയിൽ മദ്ബഹായിലുള്ള തിരുക്കർമ്മങ്ങളിലെ എല്ലാവിധ ശുശ്രൂഷകളിൽനിന്നും ഇവരെ വിലക്കിയിരുന്നു എന്ന കാര്യത്തിൽ പുരാതന ഉറവിടങ്ങൾക്കെല്ലാം ഏകാഭിപ്രായമാണുള്ളത്. സിറിയാ പ്രദേശത്തെ വനിതാഡീക്കന്മാരുടെ ഏക ആരാധനക്രമകർത്തവ്യം മാമ്മോദീസായ്ക്കുമുമ്പ് സ്ത്രീകളുടെ ശരീരം മുഴുവൻ ലേപനം ചെയ്യുക എന്നതായിരുന്നു. മാമ്മോദീസായ്ക്കുമുമ്പ്, സാത്താനെ തിരസ്ക്കരിച്ചശേഷം ഉടൻതന്നെ മാമ്മോദീസാർത്ഥികളെ, ഇപ്പോൾ നമ്മൾ 'അർത്ഥികളുടെ തൈലം' എന്നു വിളിക്കുന്ന 'ഭൂതോച്ചാടനതലം'കൊണ്ടു ലേപനം ചെയ്‌തിരുന്നു. മാറിടത്തിലും തോളുകളിലുമെങ്കിലും ലേപനം ചെയ്‌തിരുന്നു എന്നു നമുക്ക് അനുമാനിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഇത് ലജ്ജ ഉളവാക്കുന്ന ഒരു കാര്യമായിരുന്നു. അതുകൊണ്ട് ചിലയിടങ്ങളിൽ തിരുക്കർമ്മത്തിന്റെ ഈ ഭാഗത്തിന്റെ ചുമതല വനിതാഡീക്കന്മാരെ ഏല്പ്പിച്ചിരുന്നു.
ചരിത്രവും ഭൂതകാലവും നമുക്കു കൈമാറിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു പര്യാലോചിക്കുന്നത് ഈ വിഷയത്തിലേക്കു പ്രകാശം വീശുന്നു. വിശുദ്ധ ജോൺ ഹെൻറി കർദ്ദിനാൾ ന്യൂമാൻ വാക്‌ചാതുരിയോടെ എടുത്തുപറയുന്നു: “കഴിഞ്ഞ കാലത്തിന്റെ ചരിത്രം വർത്തമാനകാലത്തിലാണ് എത്തിനില്ക്കുന്നത്; വർത്തമാനകാലം നമ്മുടെ പരീക്ഷണങ്ങളുടെ രംഗമാണ്. വിവിധങ്ങളായ പ്രതിഭാസങ്ങളുടെ മുമ്പിൽ ശരിയായ വിധത്തിലും മതാത്മകമായും വ്യാപരിക്കുവാൻ നമ്മൾ അവ നന്നായി മനസ്സിലാക്കണം. അവ മനസ്സിലാക്കാൻ അവയിലേക്കു നയിച്ച സംഭവങ്ങളെ ആശ്രയിക്കണം. അങ്ങനെ വർത്തമാനകാലം ഒരു പാഠഭാഗവും ഭൂതകാലം അതിന്റെ വ്യാഖ്യാനവുമാണ്.
കൽദായ പട്ടക്രമശുശ്രൂഷയിൽ കൃത്യമായി വ്യക്തമാകുന്നതുപോലെ, വനിതാഡീക്കന്മാർക്കു പട്ടം നല്കിയിരുന്നില്ല; ഒരു ആശീർവാദം മാത്രമേ നല്‌കിയിരുന്നുള്ളു. വനിതകൾക്ക് ഡീക്കൻ പട്ടം നല്കണമെന്ന ഇന്നത്തെ ആവശ്യത്തിന് സഭാപാരമ്പര്യത്തിൽ യാതൊരുവിധ ന്യായീകരണവുമില്ല. സ്ത്രീകളുടെ അഗാധമായ സ്വത്വത്തെ നിഷേധിക്കുന്ന വ്യാജസ്ത്രീപക്ഷചിന്തയിൽ നിന്ന് ഉരുത്തിരിയുന്ന മനോഭാവത്തിൻ്റെ ഫലം മാത്രമാണ് ഈ അഭിലാഷം, സ്ത്രീകളെ പുരോഹിതഗണത്തിൻ്റെ ഭാഗമാക്കാനുള്ള ഈ പ്രലോഭനം, ഫ്രാൻസിസ് മാർപാപ്പാ ന്യായമായി തള്ളിപ്പറയുന്ന പുരോഹിതമേധാവിത്വം പുനരാവിർഭവിക്കുന്നതിൻ്റെ ഏറ്റവും പുതിയ അവതാരമാണ്. പൗരോഹിത്യം ലഭിച്ചാൽ മാത്രമേ സ്ത്രീകൾ ബഹുമാന്യരാവുകയുള്ളോ? സഭയിൽ ഒരു അസ്‌തിത്വം നിലനിർത്താനും സ്ഥാനം ലഭിക്കാനുമുള്ള ഏകമാർഗം പുരോഹിതാന്തസ്സ് മാത്രമാണോ? സ്ത്രീകൾക്ക് പുരുഷന്മാരുടെ സ്ഥാനത്തിൽ അല്പം അനുവദിച്ചുകൊടുക്കുകയല്ല, അവർക്ക് അവരുടെ സ്ഥാനം മുഴുവൻ നല്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അതൊരു ദാരുണ മിഥ്യാധാരണ മാത്രമായിരിക്കും. യഥാർത്ഥത്തിൽ, അത് ആത്മീയസിദ്ധികളും സഭാഭരണസംവിധാനങ്ങളും തമ്മിൽ ആവശ്യമായ സഭാത്മക സന്തുലിതാവസ്ഥ വിസ്മരിക്കുന്നതിനു തുല്യമാണ്.
പൗരോഹിത്യബ്രഹ്മചര്യം ചോദ്യം ചെയ്യപ്പെടുന്നത് തീർച്ചയായും സഭയിൽ സ്ത്രീപുരുഷന്മാർക്കും ദമ്പതികൾക്കും പുരോഹിതന്മാർക്കുമുള്ള സ്ഥാനത്തെ സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിൻ്റെ ഉറവിടമായിത്തീരും.
തിരുപ്പട്ടകൂദാശയും മാമ്മോദീസായും
ഈയടുത്ത കാലത്ത് ആമസോണിയായെക്കുറിച്ചുള്ള സിനഡിലെ ചർച്ചകൾ മാമ്മോദീസായുടെയും സൈര്യലേപന (മൂറോ നഭിഷേക)ത്തിന്റെയും അർത്ഥത്തെക്കുറിച്ചുള്ള പുതിയ ഒരു ആശയക്കുഴപ്പം വെളിച്ചത്തുകൊണ്ടുവന്നു.
ഈ സിനഡുഹാളിലെ എല്ലാ ചർച്ചകളിലും സന്നിഹിതനാകണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. സംസാരിച്ചവർ ഓരോരുത്തരും, 'സന്ദർശനംവഴിയുള്ള അജപാലന'ത്തിൽനിന്ന് 'സാന്നിദ്ധ്യം വഴിയുള്ള അജപാലന'ത്തിലേക്കുള്ള മാറ്റത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. അതേത്തുടർന്ന്, അവർ വിവാഹിതരായ സ്ഥിരം ഡീക്കന്മാർക്കു പുരോഹിതപട്ടം നല്കണമെന്ന ആവശ്യം ഉന്നയിച്ചു. മുൻപേജുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, എവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റു സഭാസമൂഹങ്ങൾ പൗരോഹിത്യം തിരസ്ക്കരിക്കുന്നവരാണെങ്കിലും, സാന്നിദ്ധ്യത്തിന്റെ ഈ അജപാലനം നടപ്പിൽവരുത്താൻ അവർക്കു സാധിച്ചുവെന്ന് എടുത്തു പറയപ്പെടുകയുണ്ടായി.
ആമസോണിയൻ മേഖലയിലെ ക്രൈസ്‌തവസമൂഹങ്ങൾക്ക് 'വിശ്വാസശുശ്രൂഷ'യുടെ അടിയന്തിരമായ ആവശ്യമുണ്ട് എന്ന് ഒരു സിനഡുപിതാവ് പറഞ്ഞതു ശ്രവിച്ചപ്പോൾ, ഞാൻ വൈദികർ വളരെ കുറവായിരുന്ന ഒരു രൂപതയുടെ യുവമെത്രാനായിരുന്ന കാലം എന്റെ ഓർമ്മയിൽ വന്നു. അപ്പോൾ എൻ്റെ പ്രേഷിതപ്രവർത്തനത്തിൻ്റെ മുഖ്യഘടകം വേദോപദേശികളുടെ പരിശീലനം ശക്തിപ്പെടുത്തുകയായിരിക്കണം എന്നു ഞാൻ നിശ്ചയിച്ചു. അവരായിരുന്നു യഥാർത്ഥത്തിൽ ഞങ്ങളുടെ ഇടവകകൾ പടുത്തുയർത്തിയത്. വിശ്വാസം പകർന്നു നല്‌കുക എന്ന ലക്ഷ്യത്തോടെ അവർ ഒരു ഗ്രാമത്തിൽനിന്നു മറ്റൊരു ഗ്രാമത്തിലേക്ക് മണിക്കൂറുകൾ നീണ്ട കാൽനടയാത്ര ചെയ്യുന്നതും ത്യാഗപൂർവം അദ്ധ്വാനിക്കുന്നതും കണ്ടപ്പോൾ എനിക്കനുഭവപ്പെട്ട വലിയ കൃതജ്ഞത ഞാനിപ്പോൾ അനുസ്മരിക്കുന്നു. മാമ്മോദീസാ, സൈര്യലേപനം എന്നീ കൂദാശകളിൽ അടങ്ങിയിരിക്കുന്ന ചലനാത്മകമായ സാദ്ധ്യതകൾ ഇക്കാലത്തെ വ്യാഖ്യാതാക്കൾ അവഗണിക്കുകയാണെന്നു ഞാൻ കരുതുന്നു. മാമ്മോദീസായും സൈര്യലേപനവും സ്വീകരിച്ച ക്രൈസ്തവൻ, ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നതുപോലെ, ഒരു 'പ്രേഷിത ശിഷ്യൻ' ആയിത്തീരണം. വിശ്വാസത്തിൻ്റെ ഈ സാന്നിദ്ധ്യത്തിനുള്ള ഉത്തരവാദിത്വം പ്രഥമമായും മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയിലുമാണ് നിക്ഷിപ്‌തമായിരിക്കുന്നത്. ഏതുവിധേനയും അവരെ പൗരോഹിത്യവല്കരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തിനാണ്? നമ്മെ മിശിഹായുടെ സാക്ഷികളാക്കുന്ന സൈര്യലേപനത്തിന്റെ പ്രസാദവരത്തിൽ എന്തുകൊണ്ട് അവർ വിശ്വാസിക്കുന്നില്ല? ഈശോയ്ക്കു സാക്ഷ്യം വഹിക്കുവാനും അവിടുത്തെ പ്രഘോഷിക്കുവാനുമുള്ള കർത്തവ്യം പുരോഹിതഗണത്തിനു മാത്രമായി മാറ്റി വയ്ക്കണമോ? ഇവിടെ വീണ്ടും നമ്മൾ സഭാവിജ്ഞാനീയപരമായ ഒരാശയക്കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. രണ്ടാം വത്തിക്കാൻ സൂനഹദോസ് സഭയുടെ പ്രേഷിതദൗത്യത്തിൽ അല്‌മായരുടെ പങ്ക് അംഗീകരിക്കണമെന്ന് നമ്മോട് ആഹ്വാനം ചെയ്യുകയുണ്ടായി: അല്‌മായർക്ക് പ്രേഷിതത്വത്തിനുള്ള കടമയും അവകാശവും ലഭിക്കുന്നത് ശിരസ്സായ മിശിഹായോട് അവർക്കുള്ള ഐക്യത്തിൽ നിന്നുതന്നെയാണ്. മാമ്മോദീസാവഴി മിശിഹായുടെ മൗതികശരീരത്തിൽ സംയോജിപ്പിക്കപ്പെട്ട്, സൈര്യലേപനംവഴി പരിശുദ്ധാരൂപിയുടെ ശക്തിയാൽ ബലപ്പെടുത്തപ്പെട്ട് പ്രേഷിതപ്രവർത്തനത്തിനു കർത്താവിനാൽ അവർ നിയുക്തരാകുന്നു.
സഭയുടെ സാന്നിദ്ധ്യം ഒരു പൗരോഹിത്യസാന്നിദ്ധ്യം മാത്രമായി പരിമിതപ്പെടുത്തിയാൽ രണ്ടാം വത്തിക്കാൻ സൂനഹദോസ് നല്‌കുന്ന കാതലായ സഭാവിജ്ഞാനീയസംഭാവനകൾ നമ്മൾ നഷ്ടപ്പെടുത്തുകയായിരിക്കും. മാമ്മോദീസാ മുങ്ങിയ ഒരാൾ എവിടെയെല്ലാം സന്നിഹിതനാണോ അവിടെയെല്ലാം സഭ സജീവമാണ്. സൈര്യലേപനം സ്വീകരിച്ച ഒരാൾ എവിടെ സുവിശേഷം പ്രചരിപ്പിക്കുന്നുവോ അവിടെ അവനിൽ മിശിഹാ അതു പ്രഘോഷിക്കുന്നു. പൗരോഹിത്യമേധാവിത്വമനോഭാവത്തിൽനിന്ന് പുറത്തുവരാനുള്ള ധൈര്യം നമുക്കുണ്ടാകുമോ? പ്രേഷിതപ്രവർത്തനങ്ങളുടെ ചരിത്രം നമ്മെ അതിനായി ക്ഷണിക്കുന്നു. അതിലേക്കു മടങ്ങുവാനുള്ള സമയമെടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
1549 ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ സ്ഥാപിച്ച ജപ്പാനിലെ സഭ ഉടനെതന്നെ മതപീഡനത്തിനു വിധേയയായി. മിഷനറിമാർ രക്തസാക്ഷികളാവുകയോ നാടുകടത്തപ്പെടുകയോ ഉണ്ടായി. പുരോഹിതസാന്നിദ്ധ്യമില്ലാതെ ക്രിസ്ത്യാനികൾ രണ്ടുനൂറ്റാണ്ടുകൾ അവിടെ ജീവിച്ചു. എന്നിരുന്നാലും വിശ്വാസകൈമാറ്റവും മാമ്മോദീസായും അവർ തുടർന്നുകൊണ്ടിരുന്നു. ഈ ക്രൈസ്തവ സമൂഹങ്ങളിൽ മാമ്മോദീസാ മുങ്ങിയവർ സമൂഹത്തിന്റെ തലവന്റെയും വേദോപദേശിയുടെയും ശുശ്രൂഷകൾ വീതിച്ചിരുന്നു. മാമ്മോദീസാ പ്രദാനം ചെയ്യുന്ന ഊർജ്ജസ്വലതയുടെയും പ്രേഷിതപ്രവർത്തനത്തിൻ്റേതുമായ എല്ലാ ഫലങ്ങളും അവർക്കു ലഭിച്ചു.
തങ്ങളുടെ ഇടയിലേക്കുള്ള വൈദികരുടെ മടങ്ങിവരവിനെ തിരിച്ചറിയാനുള്ള മൂന്ന് അടയാളങ്ങൾ ജപ്പാനിലെ ക്രൈസ്തവരുടെ ഓരോ തലമുറയും പഠിപ്പിച്ചിരുന്നു: “അവർ ബ്രഹ്മചാരികളായിരിക്കും; അവരുടെ പക്കൽ പരിശുദ്ധമറിയത്തിന്റെ തിരുസ്വരൂപം ഉണ്ടായിരിക്കും; അവർ റോമിലെ പാപ്പായെ അനുസരിക്കും. സഹജമായ അവബോധത്തോടെ, വിശ്വാസികൾ ബ്രഹ്മചര്യത്തെ സഭയുടെയും പൗരോഹിത്യത്തിൻ്റെയും സ്വഭാവം വെളിപ്പെടത്തുന്ന 'അടയാള'മായി തിരിച്ചറിഞ്ഞിരുന്നു.
കൊറിയയിലെ സഭയാണു മറ്റൊരു ഉദാഹരണം. പോൾ ചോംങ് ഹസാംഗ്, ഫ്രാൻസിസ് ചോയി ക്യുംഗ്-ഹ്വാൻ തുടങ്ങിയ മാമ്മോദീസാ മുങ്ങിയ അല്‌മായരുടെ സുവിശേഷപ്രഘോഷണത്തിലൂടെയാണ് അവിടെ സഭ ജനിച്ചത്. ഉഗാണ്ടയിൽ രക്തസാക്ഷികളായ ചാൾസ് ല്വാൻഗ, ആൻഡ്രൂ കഗ്ഗവാ, ഡെനിസ് സെബു ഗ്വാവോ, പൊൻഷ്യൻ ന്‌ഗോൺഡേ, ജോൺ കിട്‌സിറ്റോ എന്നിവരും അവരുടെ സഹപ്രവർത്തകരും പുരോഹിതരില്ലാതെ വളർന്നു വന്ന ചെറുപ്പക്കാരായ ക്രിസ്‌ത്യാനികൾ ആയിരുന്നെങ്കിലും മിശിഹായെപ്രതി സ്വജീവൻ ത്യജിക്കുവാൻ തയ്യാറാകുംവിധം അവിടുത്തോട് ഗാഢബന്ധമുള്ളവരായിരുന്നു.
ആമസോണിയൻ സിനഡിൽ പങ്കെടുത്ത, ഇരുപത്തിയഞ്ചു വർഷക്കാലം അംഗോളയിൽ മിഷനറി ആയിരുന്ന ഒരു വൈദികന്റെ വളരെ മനോഹരമായ സാക്ഷ്യംകൂടി ഉദ്ധരിക്കുവാൻ ഞാനാഗ്രഹിക്കുന്നു.
2002-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ, മുപ്പതുവർഷമായി ഒരു വൈദികനെ കാണുവാനോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനോ കഴിഞ്ഞില്ലെങ്കിലും വിശ്വാസത്തിൽ ഉറച്ചുനിന്ന ക്രൈസ്‌തവസമൂഹങ്ങളെ സന്ദർശിക്കുവാൻ എനിക്കു സാധിച്ചു. ആഫ്രിക്കയിലെ അടിസ്ഥാന പ്രേഷിതശുശ്രൂഷകരായ വേദോപദേശകരുടെ ശുശ്രൂഷകളാലും സുവിശേഷപ്രഘോഷകർ, പ്രാർത്ഥനാശുശ്രൂഷകൾ നയിക്കുന്നവർ, സ്ത്രീകളുടെ അജപാലനത്തിൽ സഹായിക്കുന്നവർ, ദരിദ്രർക്കു ശുശ്രൂഷ ചെയ്യുന്നവർ തുടങ്ങിയവരാലും നയിക്കപ്പെട്ട സജീവ സമൂഹങ്ങളായിരുന്നു അവ.
പൗരോഹിത്യബ്രഹ്മചര്യവും മാമ്മോദീസായുടെ ചൈതന്യവും പരസ്പരം ശക്തിപ്പെടുത്തുന്നുവെന്ന് ഈ വ്യത്യസ്ത ഉദാഹരണങ്ങൾ എടുത്തുകാണിക്കുന്നു. വിവാഹിതർക്ക് തിരുപ്പട്ടം നല്കിയാൽ അത് അല്‌മായരുടെ പൗരോഹിത്യവത്ക്കരണത്തിന്റെ നിർഭാഗ്യകരമായ സൂചനയായിരിക്കും. പ്രേഷിതപ്രവർത്തനം വൈദികർക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നതാണ് എന്നു ചിന്തിക്കുവാൻ കാരണമാക്കുകവഴി അത് അല്‌മായവിശ്വാസികളുടെ പ്രേഷിതതീക്ഷ്‌ണതയെ ദുർബലപ്പെടുത്തും.
അതിനാൽ സഭാവിജ്ഞാനീയവീക്ഷണത്തിൽ, വിവാഹിതരുടെ പൗരോഹിത്യം ജീവിതാന്തസ്സുകളെ സംബന്ധിച്ച യഥാർത്ഥ ആശയക്കുഴപ്പം സൃഷ്ടിക്കും. അതു വിവാഹത്തിൻ അർത്ഥത്തെ തമസ്ക്കരിക്കുകയും മാമ്മോദീസാ സ്വീകരിച്ചവരുടെ പ്രേഷിതശുശ്രൂഷയെ ബലഹീനമാക്കുകയും ചെയ്യും. അത് മിശിഹായുടെ വത്സലസഭയെ മണവാട്ടിയായി മനസ്സിലാക്കുന്നതിന് തടസ്സമാവുകയും അവളുടെ മടിത്തട്ടിൽ സ്ത്രീകൾക്കുള്ള യഥാർത്ഥ സ്ഥാനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്യും.
ഓരോ മെത്രാൻസംഘത്തിനും അതിൻ്റെ അധികാരപരിധിക്കുള്ളിൽ ഇപ്രകാരമൊരു സാദ്ധ്യത തുറന്നുകൊടുത്താൽ സാർവത്രികസഭയുടെ ഐക്യത്തിന് സംഭവിക്കാവുന്ന വളരെ ഗുരുതരമായ നഷ്ടങ്ങൾ ഭാവനയിൽ കാണുവാൻ ഞാൻ ഇവിടെ ധൈര്യപ്പെടുന്നില്ല.
സഭാവിജ്‌ഞാനീയപരമായ ഒരു മുഖ്യപ്രശ്നം
ഈ ആശയക്കുഴപ്പങ്ങൾ സഭാവിജ്ഞാനീയപരമായി സംഭവിക്കുന്ന അഗാധമായ ഒരു അബദ്ധം വെളിവാക്കുന്നു. പ്രയോജനം മാത്രം പരിഗണിച്ചുകൊണ്ടു ചിന്തിക്കുവാനുള്ള പ്രലോഭനം നമുക്ക് ഇന്നുണ്ട്. തീർച്ചയായും, ചില പ്രദേശങ്ങളിൽ വൈദികരുടെ ദൗർലഭ്യം ഒരു യാഥാർത്ഥ്യമാണ്. എന്നാലും, മാനുഷിക കാര്യക്ഷമത മാത്രം മാനദണ്‌ഡമാക്കിയുള്ള പ്രതികരണമാണോ നമ്മൾ സ്വീകരിക്കേണ്ടത്? സഭയെ നമ്മൾ ഒരു സാമൂഹ്യസംഘടനയായാണോ അതോ പരിശുദ്ധറൂഹാ ഉദാരമായി നല്‌കുന്ന വരദാനങ്ങളാൽ സജീവമാക്കപ്പെടുന്ന മിശിഹായുടെ മൗതികശരീരമായാണോ വീക്ഷിക്കുന്നത്?
കർദ്ദിനാൾ റാറ്റ്സിംഗർ ആഴമേറിയ ഒരു വിചിന്തനത്തിൽ ചോദിച്ചതുപോലെ:
സഭയുടെ ജീവിതത്തിൽ സ്ഥിരമായി ക്രമം കൊണ്ടുവരുന്നതും മുദ്ര പതിപ്പിക്കുന്നതുമായ പ്രധാനപ്പെട്ട ഘടകങ്ങൾ ഏതെല്ലാമാണ്? തീർച്ചയായും കൗദാശിക ശുശ്രൂഷകൾ അതിന്റെ വിവിധ പദവികളിൽ - മെത്രാന്മാർ, പുരോഹിതന്മാർ, മ്ശംശാനമാർ - 'ക്രമം' (ordo) എന്ന അർത്ഥവത്തായ പേരിൽ അറിയപ്പെടുന്നു. ഒരു 'സ്ഥാപനം' എന്ന നിലയിൽ സഭയെ പടുത്തുയർത്തുന്നതിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഏക സ്ഥിരസംവിധാനം ഈ കൂദാശയാണ്. എന്നിട്ടും ഒരുപക്ഷേ, നമ്മുടെ ഈ നൂറ്റാണ്ടിൽ മാത്രമാണ് സഭൈക്യത്തിൻ്റെ പ്രായോഗിക കാരണങ്ങളാൽ 'ക്രമ'ത്തിൻ്റെ ഈ കൂദാശയെ വെറും 'ശുശ്രൂഷ' ആയിട്ട് സ്ഥാപനപരമായ ഒരു പദംകൊണ്ടു സൂചിപ്പിക്കുന്ന രീതി ആരംഭിച്ചത്. എന്നാൽ, ഈ 'ശുശ്രൂഷ' ഒരു 'കൂദാശ യായതിനാൽ, അതിന് സാധാരണ സാമൂഹ്യ ധാരണയ്ക്ക് ഉപരിയായ അർത്ഥമാണുള്ളത്. സഭയുടെ ശാശ്വതമായ സംവിധാനത്തിലുള്ള ഏക ഘടകം ഒരു കൂദാശയാണ് എന്ന വസ്തുത അർത്ഥമാക്കുന്നത്, അത് ദൈവത്താൽ നിരന്തരം നവീനമായി സൃഷ്‌ടിക്കപ്പെടുമെന്നാണ്. സഭ ആഗ്രഹിക്കുന്നതുപോലെ അതു നടപ്പിലാക്കുവാനോ ക്രമീകരിക്കുവാനോ അവൾക്കു സാധിക്കുകയില്ല. ക്രമത്തിന്റെ ഈ കൂദാശ (ordo) സഭയുടെ വിളിയിലൂടെ യാഥാർത്ഥ്യമാകുന്നത് ദ്വിതീയമായ ഒരു കാര്യം മാത്രമാണ്; പ്രഥമമായി ഒരു പ്രത്യേക വ്യക്തിയ്ക്ക് എല്ലാറ്റിലുമുപരി വരദാനങ്ങളുടെയും റൂഹാജ്ഞാനത്തിൻ്റെയും പദ്ധതിപ്രകാരമുള്ള ദൈവത്തിൻ്റെ വിളിയിലൂടെയാണ് ഇതു സാക്ഷാത്ക്കരിക്കപ്പെടുന്നത്. അതിൻ്റെ ഫലമായി റൂഹായുടെ വിളിയുടെ പുതുമയിൽ ആരംഭിച്ച് എപ്പോഴും നവമായി സ്വീകരിക്കുകയും ജീവിക്കുകയും ചെയ്യുവാൻ അവനു സാധിക്കുന്നു. അത് അപ്രകാരമായതിനാൽ സഭയ്ക്കു തന്നെത്താൻ വെറുതെ 'ഉദ്യോഗസ്ഥന്മാരെ' നിയമിച്ചാക്കാൻ സാധിക്കുകയില്ല. സഭയ്ക്ക് ദൈവത്തിൻ്റെ വിളിക്കു കാത്തിരിക്കേണ്ടിവരുന്നതുകൊണ്ടാണ് വൈദികരുടെ ക്ഷാമം ഉണ്ടാകുന്നത് - ആത്യന്തികമായി ഇതു മാത്രമാണ് അതിനുള്ള ഏക കാരണം. സഭയുടെ ആരംഭംമുതൽ ഈ ശുശ്രൂഷ ഒരു സ്ഥാപനത്തെ ആശ്രയിച്ചല്ല, പിന്നെയോ ദൈവത്തിന്റെ പക്കൽ അർപ്പിക്കുന്ന പ്രാർത്ഥനയെ ആശ്രയിച്ചാണിരിക്കുന്നത്. യഥാർത്ഥത്തിൽ, ആദ്യംമുതലേ ഈശോയുടെ ഈ വാക്കുകളാണ് മുഴങ്ങിക്കേൾക്കുന്നത്. "വിളവു വളരെ; വേലക്കാർ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോടു പ്രാർത്ഥിക്കുവിൻ" (മത്താ 9,37). പന്ത്രണ്ടുപേരുടെ വിളി എപ്രകാരമാണ് ഒരു രാത്രി മുഴുവൻ നീണ്ട ഈശോയുടെ പ്രാർത്ഥനയുടെ ഫലമായിരുന്നത് എന്ന് അതിന്റെ അടിസ്ഥാനത്തിൽ നമുക്കു മനസ്സിലാക്കാൻ സാധിക്കും ( 6,12-16).
ലത്തീൻസഭ അതിൻ്റെ അതിപുരാതനമായ സഭാപാരമ്പര്യത്തിനനുസൃതം, പൗരോഹിത്യശുശ്രൂഷയുടെ വരദാന സ്വഭാവം വ്യക്തമായി എടുത്തുപറയുന്നുണ്ട്. പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മിലുള്ള ബന്ധം ഈ ശുശ്രൂഷയുടെ പ്രകൃത്യായുള്ള സ്വഭാവവിശേഷമായല്ല, പിന്നെയോ വ്യക്തിഗത സിദ്ധിയായാണ് മനസ്സിലാക്കിയിരുന്നത്. പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മിൽ വേർതിരിക്കണമെന്ന ആവശ്യം ആത്യന്തികമായി പൗരോഹിത്യം വരദാനമായിട്ടല്ല, പിന്നെയോ, സ്ഥാപനത്തിനും അതിന്റെ ആവശ്യങ്ങൾക്കുംവേണ്ടി സ്ഥാപനംതന്നെ നിശ്ചയിക്കുന്ന ഒരുദ്യോഗം മാത്രമായി കണക്കാക്കപ്പെടണമെന്ന ആശയത്തിലാണ് അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. പൗരോഹിത്യത്തെ പൂർണമായും അതു നല്‌കുന്ന സ്ഥാപനപരമായ സുരക്ഷിതത്വത്തോടെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചാൽ ബ്രഹ്മചര്യം ആവശ്യപ്പെടുന്ന വരദാനവശങ്ങളുമായുള്ള ബന്ധം എത്രയും വേഗം നീക്കംചെയ്യേണ്ട 'ഇടർച്ച'യായിത്തീരും. അങ്ങനെയാണെങ്കിൽ, സഭ ഒരു മാനുഷിക സംഘടന മാത്രമായി മനസ്സിലാക്കപ്പെടും; ലക്ഷ്യം വയ്ക്കപ്പെടുന്ന സുരക്ഷിതത്വം പ്രതീക്ഷിക്കുന്ന ഫലം നല്കുകയുമില്ല. സഭ ഒരു മാനുഷികസ്ഥാപനം മാത്രമല്ല. മറിച്ച് അതു വ്യത്യസ്‌തമായ ഒന്നിൻ്റെ മുന്നേറ്റമായതിനാലും അവളുടെ സ്വഭാത്താലെതന്നെ ദൈവികമായതിനാലും (iuris divini) നമുക്കുതന്നെ അതു പടുത്തുയർത്തുവാൻ സാധിക്കുകയില്ല എന്നു വ്യക്തമാകുന്നു. സ്ഥാപനത്തിന്റേതു മാത്രമായ മാനദണ്ഡങ്ങളല്ല സഭയുടെ കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ടത് എന്നാണ് ഇതിനർത്ഥം; മാനുഷിക സംഘടനകളുടെ മാനദണ്‌ഡങ്ങളും രീതികളും തച്ചുടച്ചാൽ മാത്രമേ സഭ സഭയാവുകയുള്ളു.
ബ്രഹ്മചര്യനിയമത്തിൻ്റെ ഏതു പരിഷ്കരണവും ഗൗരവമുള്ളതാണെന്ന് ഇതു വെളിവാക്കുന്നു. സഭയെപ്പറ്റിയുള്ള ശരിയായ അറിവിന്റെ ഉരകല്ലാണ് ഇത്. പ്രവർത്തനക്ഷമതയും കാര്യപ്രാപ്തിയും മാനദണ്ഡമാക്കിയുള്ള മാനുഷികസംവിധാനമായി സഭയെ കരുതുന്ന കെണിയിൽപ്പെടാതെ അവളെ സംരക്ഷിക്കുവാനുള്ള കോട്ടയാണ് പൗരോഹിത്യബ്രഹ്മചര്യം. അതാണ് സഭാ ശരീരത്തിൽ സൗജന്യദാനത്തിൻ്റെ വാതിൽ തുറക്കുന്നത്. അതു പരിശുദ്ധറുഹായുടെ പ്രേരണകൾ സംരക്ഷിക്കുകയും നമ്മളാണ് സഭയുടെ സ്രഷ്ടാക്കളും യജമാനന്മാരുമെന്നു ചിന്തിക്കുന്നതിൽ നിന്നു നമ്മെ തടയുകയും ചെയ്യുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രസ്താവന നമ്മൾ ഗൗരവമായെടുക്കണം: “പൗരോഹിത്യ ബ്രഹ്മചര്യത്തെ നിയമപരമായ നിബന്ധനയായോ തിരുപ്പട്ടസ്വീകരണത്തിനുള്ള ബാഹ്യമായ ഉപാധിയായോ മാത്രം പരിഗണിച്ചാൽ പോരാ. പ്രത്യുത, ബ്രഹ്മചര്യം സഭയുടെ മണവാളനും നല്ലയിടയനുമായ ഈശോമിശിഹായോട് പുരോഹിതനെ താദാത്മ്യപ്പെടുത്തുന്ന തിരുപ്പട്ടത്തോട് ആഴമായി ബന്ധപ്പെട്ട ഒരു മൂല്യമാണ്. സഭ നമ്മുടെ പ്രവൃത്തി എന്നതിനേക്കാൾ എത്രയോ അധികം നല്ലയിടയന്റെ പ്രവൃത്തിയാണെന്നു ബ്രഹ്മചര്യം സ്‌പഷ്‌ടമായി പ്രകടമാക്കുന്നു. എങ്കിലും ജോസഫ് റാറ്റ്സിംഗർ വീണ്ടും സൂചിപ്പിക്കുന്നതുപോലെ:
സഭയിൽ സ്വാഭാവികമായും അതിലെ അടിസ്ഥാനക്രമീകരണമായ ഈ കൂദാശയോടൊപ്പം കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസൃതം വളർന്നേക്കാവുന്നതും വളരേണ്ടതുമായ പലവിധത്തിലുള്ള ഭരണക്രമങ്ങൾക്കും സംഘടനകൾക്കും ഏകോപനത്തിനും വേണ്ടിയുള്ള മാനുഷിക നിയമങ്ങൾക്കനുസരിച്ചുള്ള സ്ഥാപനങ്ങളുമുണ്ട്. സഭയ്ക്ക് അവളുടേതായ ഇപ്രകാരമുള്ള സ്ഥാപനങ്ങൾ ആവശ്യമാണ് എന്ന് നമുക്കു പറയേണ്ടിയിരിക്കുന്നു. എന്നാലും, അവ വളരെ അധികമാവുകയും വളരെ ശക്തമാവുകയും ചെയ്താൽ സഭയുടെ ആദ്ധ്യാത്മികസത്തയുടെ ക്രമത്തിനും ജീവിതത്തിനും അവ ഭീഷണിയുയർത്തിയേക്കാം.
കുറച്ചൊക്കെ ഉപകാരപ്രദമാകാവുന്നതും എന്നാൽ പ്രഥമമായ പ്രാധാന്യമില്ലാത്തതുമായ 'മാനുഷികാവകാശത്തിന്റെ' സ്ഥാപന സംബന്ധമായ ഈ ചട്ടക്കൂടിൻ്റെ ഭാഗമാണ് പുതിയ ശുശ്രൂഷകൾ സൃഷ്ടിക്കാനുള്ള ഈ നിർദ്ദേശം. ഇപ്രകാരമുള്ള പുതിയ ശുശ്രൂഷകൾ ആരംഭിക്കുന്നത് പ്രേഷിതപ്രവർത്തനത്തിന് ആവശ്യമായി വന്നേക്കാം.
1997 ആഗസ്റ്റ് 15-ാം തീയതി, 'പുരോഹിതരുടെ ശുശ്രൂഷയിൽ തിരുപ്പട്ടം സ്വീകരിക്കാത്ത അത്മായവിശ്വാസികളുടെ സഹകരണത്തെ സംബന്ധിച്ച ചില ചോദ്യങ്ങൾ' എന്ന ഉപശീർഷകത്തോടെ എട്ടു വിവിധ തിരുസംഘങ്ങളുടെ തലവന്മാർ ഒപ്പുവയ്ക്കുകയും ജോൺ പോൾ രണ്ടാമൻ അംഗീകരിക്കുകയും ചെയ്ത 'സഭദിവ്യരഹസ്യത്തിൽനിന്ന്' (Ecclesia de Mysterio) എന്ന പ്രബോധനം നമ്മുടെ പ്രവൃത്തികളെ നയിക്കേണ്ട ആധികാരിക രേഖയായി നിലകൊള്ളുന്നു. 1972-ൽ ചെറുപട്ടങ്ങൾ (Minor Orders) നിർത്ത ലാക്കിക്കൊണ്ട് പോൾ ആറാമൻ മാർപാപ്പാ 'ചില ശുശ്രൂഷകൾ' (Ministeria Quaedam) എന്ന പേരിൽ ചെയ്‌ത പ്രഖ്യാപനത്തെ വിശദീകരിക്കുകയും പൂർത്തിയാക്കുകയുമാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ പ്രബോധനം ചെയ്‌തത്. 'ശുശ്രൂഷ' എന്ന പദത്തിന്റെ ഉപയോഗം ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കില്ല എന്ന് ഈ രേഖ നമ്മെ ഓർമ്മിപ്പിക്കുന്നു.
പൗരോഹിത്യകൂദാശവഴി ഇടയന്മാർ നിർവഹിക്കുന്ന ഔദ്യോഗിക കർമ്മങ്ങളെയും കടമകളെയും മാത്രമല്ല, പട്ടം സ്വീകരിക്കാത്ത വിശ്വാസികൾ മാമ്മോദീസായിൽ ലഭിക്കുന്ന പൗരോഹിത്യംവഴി ചെയ്യുന്ന കാര്യങ്ങളെയും 'ശുശ്രൂഷ' എന്ന പദംകൊണ്ടു സൂചിപ്പിക്കുന്ന പതിവ് ഏതാനും നാളുകളായി നടപ്പിലായിട്ടുണ്ട്. തിരുപ്പട്ടത്തിന്റെ പ്രത്യേക മുദ്ര ആവശ്യമില്ലെങ്കിലും പുരോഹിതർക്കു കൂടുതൽ യോജിക്കുന്ന ചില ചുമതലകൾ ഇടയൻ്റെ പകരക്കാരായി ഔദ്യോഗിക അനുവാദത്തോടെ നിർവഹിക്കുവാനുള്ള സാധ്യത എല്ലാ വിശ്വാസികൾക്കുമായി അംഗീകരിച്ചു നല്കിയാൽ സംജ്ഞാസംബന്ധമായ ഈ പ്രശ്നം കൂടുതൽ സങ്കീർണവും ലോലവുമായിത്തീരും. കൗദാശിക പൗരോഹിത്യവും ജ്ഞാനസ്‌നാന പൗരോഹിത്യവും തമ്മിൽ പദവിയിൽ മാത്രമല്ല സത്താപരമായും വ്യത്യാസമുണ്ടെന്ന വസ്തുത ഏതെങ്കിലും വിധത്തിൽ മറയ്ക്കപ്പെടുമ്പോൾ, ഭാഷ സത്യവിശ്വാസം പ്രകടിപ്പിക്കുവാൻ സംശയകരവും അവ്യക്തവും അതുവഴി ഉപയോഗശൂന്യവുമായിത്തീരുന്നു എന്നു സമ്മതിക്കേണ്ടിവരുന്നു.
ഇക്കാരണത്താൽ "താല്ക്കാലികമായി അല്‌മായരെ ഏല്പ്പിക്കുന്ന ചുമതലകൾ സഭയുടെ ഔദ്യോഗിക അനുവാദത്തിന്റെ മാത്രം ഫലമാണ് എന്ന്" ഓർമ്മിക്കുന്നത് അഭിലഷണീയമാണ്.
ഏക ഉറവിടമായ 'മിശിഹായുടെ ശുശ്രൂഷ'യെപ്പറ്റി നിരന്തരമായി പരാമർശിച്ചുകൊണ്ടു മാത്രമേ, അവ്യക്തത ഒഴിവാക്കിക്കൊണ്ട് 'ശുശ്രൂഷ' എന്ന പദം അല്‌മായരുടെ കാര്യത്തിൽ ഒരു പരിധിവരെയെങ്കിലും ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. അതായത്, കൂദാശാപരമായ ശുശ്രൂഷയ്ക്കായി അനർഹമായി ആഗ്രഹിക്കാതെയും അതിന്റെ പ്രത്യേക സ്വഭാവത്തിൻ്റെ പടിപടിയായുള്ള ശോഷണം അനുവദിക്കാതെയുമിരുന്നാൽ 'ശുശ്രൂഷ' എന്ന പദം അല്മായ വിശ്വാസികളെ സംബന്ധിച്ച് ഉപയോഗിക്കാവുന്നതാണ്.
ഈ മൂലാർത്ഥത്തിൽ, 'ശുശ്രൂഷ' (servitium: ministry) എന്ന സംജ്ഞ മിശിഹായുടെ ദൗത്യത്തിന്റെയും ശുശ്രൂഷയുടെയും തുടർച്ചയായി സഭയ്ക്കുവേണ്ടിയും ലോകംമുഴുവനുവേണ്ടിയും സഭാംഗങ്ങൾ ചെയ്യുന്ന പ്രവൃത്തിയെയാണു പ്രകടമാക്കുന്നത്. എന്നിരുന്നാലും, ഈ പദം വിവിധ കടമകളും ഔദ്യോഗിക കർമ്മങ്ങളുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്‌തും കൃത്യതയോടെ ഉപയോഗിക്കുമ്പോൾ തിരുപ്പട്ടത്തിനു മാത്രമാണ് പാരമ്പര്യം എപ്പോഴും നല്‌കിയിരുന്ന ഏകവും പൂർണവുമായ അർത്ഥം കൈവരുന്നതെന്ന് ഓർമ്മിപ്പിക്കണം.
പദാവലിയുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുക ആവശ്യകമാണ്. പദസഞ്ചയത്തിൻ്റെ ഉപയോഗത്തിലെ ചില രീതികൾ സഭാപ്രബോധനങ്ങളിൽ ഗൗരവതരമായ തെറ്റുദ്ധാരണകൾ സൃഷ്ടിക്കുവാൻ ഇടയാക്കും. അടിസ്ഥാനപരമായ ദൈവവിജ്ഞാനീയ തത്ത്വം വ്യക്തമായിരിക്കണം: ഒരു ചുമതല നിർവഹിക്കുന്നതിലൂടെയല്ല, പ്രത്യുത തിരുപ്പട്ടമെന്ന കൂദാശയിലൂടെയാണ് ഒരു വ്യക്തി ശുശ്രൂഷകനാകുന്നത്. പട്ടം സ്വീകരിക്കാത്തവരുടെ ശുശ്രൂഷകൾ അതിൽത്തന്നെ ഒരു ജീവിതാന്തസ്സിലേക്കുള്ള ദൈവവിളിയുടെ ഫലമല്ല. മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും നിശ്ചിതകാലത്തേക്ക് സഭയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളാണ് അവ.
ജോസഫ് റാറ്റ്സിംഗർ ഇപ്രകാരം അഭിപ്രായപ്പെടുന്നു:
ദീർഘകാലത്തേക്ക് ആത്മീയ ദൈവവിളികൾ ഇല്ലാതിരിക്കുന്ന സഭ വൈദികർക്കു പകരമായി ഒരു മാനുഷിക സംവിധാനം ആരംഭിക്കുവാൻ പ്രലോഭിതയായേക്കാം. ചിലയിടങ്ങളിൽ ഈ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് സഭപൗരോഹിത്യദൈവവിളിക്കുവേണ്ടിയുള്ള പ്രാർത്ഥന അവഗണിക്കുകയും ദൈവദാനത്തിൽനിന്ന് സ്വതന്ത്രയാകാൻ ശ്രമിക്കുകയും ചെയ്തേക്കാം. ഫിലിസ്ത‌്യരുടെ പീഡന കാലത്ത്, ദീർഘനേരം കാത്തിരുന്നിട്ടും സാമുവൽ എത്താതിരിക്കുകയും ആളുകൾ അക്ഷമരാകുകയും ചെയ്‌തപ്പോൾ, ക്ഷമ നഷ്ടപ്പെട്ട സാവൂൾതന്നെ ദഹനബലി അർപ്പിച്ചതിനു തുല്യമാണ് ഇത്. അടിയന്തിര സാഹചര്യത്തിൽ, ദൈവത്തിന്റെ കാര്യം തനിക്കു ചെയ്യാമെന്നും താൻതന്നെ ചെയ്യണമെന്നും ചിന്തിച്ചതുകൊണ്ട് എല്ലാം പരാജയപ്പെടുവാൻ ഇടയാക്കിയെന്ന് അവനോടു പറയപ്പെട്ടു: അനുസരണം ബലിയേക്കാൾ ശ്രേഷ്‌ഠം (1 സാമു 13,8-14; 15,22).
അതുകൊണ്ട്, അല്‌മായ 'ശുശ്രൂഷകൾ' പുതിയതായി ആരംഭിക്കുന്നത് അതീവ ശ്രദ്ധയോടുകൂടി വേണം. ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കുവാനും സഭയെ മാനുഷികമായി മാത്രം സംഘടിപ്പിക്കുവാനും നമ്മൾ ഭയപ്പെടണം. ദൈവവിളിക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ നിലനില്ക്കാനുള്ള ധൈര്യം നമ്മൾ വീണ്ടെടുക്കണം.
സഭയ്ക്ക് തന്നെത്തന്നെ മനസ്സിലാക്കുന്നതിന് പൗരോഹിത്യ ബ്രഹ്മചര്യത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുക നിർണായകമാണ്. കേവലം മാനുഷികമായി മാത്രം മനസ്സിലാക്കപ്പെടുന്ന കാര്യക്ഷമതയ്ക്കും സംഘടനാസംവിധാനത്തിനും നമ്മുടെ തീരുമാനങ്ങളെ നിർണയിക്കാനാവില്ല. നമ്മുടെ ഭരണസംവിധാനത്തിലും അജപാലന പദ്ധതികളിലും പരിശുദ്ധ റൂഹായ്ക്ക് ഇടം നല്കുവാൻ നമ്മൾ അഭ്യസിക്കേണ്ടിയിരിക്കുന്നു.
പൗരോഹിത്യത്തെപ്പറ്റി മെച്ചപ്പെട്ട ഒരു ധാരണയെ പ്രോത്സാഹിപ്പിക്കുന്നതിൽ സഭ ചെയ്‌ത പ്രയത്നത്തെ വിവാഹിതരുടെ പൗരോഹിത്യം എത്രമാത്രം മങ്ങലേല്പ്‌പിക്കുമെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ഈ പഠനം തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിയമത്തിലെ ഒഴിവുകൊടുക്കലിന്റെ അർത്ഥമെന്താണ്?
ലത്തീൻസഭയിൽ ബ്രഹ്മചര്യനിയമത്തിന് ഒഴിവ് നല്കിയിരുന്നുവെന്നും വിവാഹിതരെ ഭാര്യയോടൊപ്പം ജീവിച്ചുകൊണ്ടുതന്നെ പുരോഹിതപട്ടം സ്വീകരിക്കുവാൻ അനുവദിച്ചിരുന്നുവെന്നും ചിലർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയേക്കാം. ചില അസാധാരണ സാഹചര്യങ്ങളിൽ, ആവർത്തിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടല്ലാതെ ഏതാനും പേർക്കുമാത്രം നല്‌കുന്ന അനുവാദത്തിൻ്റെ ഫലമായാണ് നിയമത്തിനുള്ള ഈ ഒഴിവ് ഉണ്ടാകുന്നത്. വിവാഹിതരായ പ്രൊട്ടസ്റ്റന്റു പാസ്റ്റർമാർ കത്തോലിക്കാസഭയുമായി പൂർണ ഐക്യത്തിൽ വരികയും പുരോഹിതരായി പട്ടമേല്ക്കുകയും ചെയ്യുമ്പോഴാണ് ഈ ഒഴിവ് ആവശ്യമായി വരുന്നത്.
നിയമത്തിനുള്ള ഒഴിവ്, അതിന്റെ നിർവചനത്താൽത്തന്നെ താല്ക്കാലികമാണ്; കാര്യങ്ങളുടെ സ്വാഭാവികവും സാധാരണവുമായ അവസ്ഥയിൽ ഉണ്ടാകുന്ന ഒരു യാദ്യശ്ചിക സംഭവമാണിത്. എന്നാൽ വൈദികരുടെ അഭാവമുള്ള വിദൂരപ്രദേശങ്ങളിലെ കാര്യം ഇതിനു സമാനമല്ല. അവരുടെ ലഭ്യതക്കുറവ് ഒരു അപൂർവ സ്ഥിതിവിശേഷമല്ല. ഈ അവസ്ഥ മിഷൻരാജ്യങ്ങളിലും ലൗകികത ഗ്രസിച്ചിരിക്കുന്ന പാശ്ചാത്യനാടുകളിൽപ്പോലും സർവ സാധാരണമാണ്. ശൈശവദശയിലായിരിക്കുന്ന സഭയ്ക്ക് പുരോഹിതരുടെ കുറവ് അനുഭവപ്പെടാം. ആദിമസഭയും ഇപ്രകാരമുള്ള സാഹചര്യത്തിൽ ആയിട്ടുണ്ട്. അന്ന് ലൈംഗിക വിരക്തിയുടെ പ്രമാണം അവൾ ഉപേക്ഷിച്ചില്ല എന്നു നമ്മൾ കണ്ടതാണ്. വിവാഹിതർക്ക് തിരുപ്പട്ടം നല്കുന്നത്, അവർ മുമ്പ് സ്ഥിരം ഡീക്കന്മാർ ആയിരുന്നാലും, ഒരു അപവാദമല്ല, പിന്നെയോ പൗരോഹിത്യത്തിന്റെ കെട്ടുറപ്പിന് ഏല്‌പിക്കുന്ന വിള്ളലും ക്ഷതവുമാണ്.
ഇതിനെ നിയമത്തിനുള്ള അപവാദം എന്നു വിശേഷിപ്പിക്കുന്നത് ഭാഷയുടെ ദുരുപയോഗമാണ്, അല്ലെങ്കിൽ നുണയാണ്.
വൈദികരുടെ അഭാവം ഇപ്രകാരം ഒരു തകർച്ചയെ ന്യായീകരിക്കുന്നില്ല. കാരണം, അതൊരു അസാധാരണ സ്ഥിതിയല്ല. അതിലുപരി, വിവാഹിതരുടെ പൗരോഹിത്യം പുതിയ ക്രൈസ്‌തവ സമൂഹങ്ങൾക്ക് ബ്രഹ്മചാരികളായ വൈദികരുടെ ദൈവവിളിക്കു തടസ്സമാകുന്നതാണ്. ഈ ഒഴിവുകൊടുക്കൽ പൗരോഹിത്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയ്ക്ക് ഹാനികരമായ ഒരു സ്ഥിരം അവസ്ഥയായി മാറാം.
കൂടാതെ, വിവാഹിതർക്കു തിരുപ്പട്ടം നല്‌കുന്നത് വൈദികരുടെ ക്ഷാമത്തിനു പരിഹാരമാകും എന്ന പ്രസ്‌താവന ഒരു മിഥ്യയാണ്. വിശുദ്ധ പോൾ ആറാമൻ മാർപാപ്പാ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ, പൗരോഹിത്യ ബ്രഹ്മചര്യനിയമം നിർത്തലാക്കിയാൽ അതിനാൽത്തന്നെ ദൈവവിളികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്ന് എളുപ്പത്തിൽ വിശ്വസിക്കുവാൻ സാധിക്കുകയില്ല: ദൈവിക ശുശ്രൂഷകർക്ക് വിവാഹിതരാകുവാൻ സാധിക്കുന്ന സഭകളുടെയും സഭാസമൂഹങ്ങളുടെയും സമകാലികാനുഭവം വിപരീതമാണ്. പുരോഹിതരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനയുണ്ടാവുകയില്ല. അതിനുപകരം, സഭയെയും പൗരോഹിത്യത്തെയും കുറിച്ചുള്ള ധാരണ ശാശ്വതമായി വികലമാക്കപ്പെടുകയും ചെയ്യും.
വിവാഹിതർക്കു തിരുപ്പട്ടം നല്‌കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഏതാനും ചില ദൈവശാസ്ത്രജ്ഞന്മാർ പൗരോഹിത്യത്തെ കൂദാശകളുടെ പരികർമ്മം മാത്രമായിട്ട് ചുരുക്കിക്കൊണ്ട് അനുരൂപപ്പെടുത്തുന്നതിനുപോലും മുതിർന്നു. വിശുദ്ധീകരിക്കുക, പഠിപ്പിക്കുക, നയിക്കുക എന്നീ ത്രിവിധദൗത്യങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ ഐക്യത്തെ വേർതിരിക്കുവാനുള്ള ഈ നിർദ്ദേശം വത്തിക്കാൻ കൗൺസിലിൻ്റെ പ്രബോധനത്തിനു തികച്ചും വിരുദ്ധമാണ് (രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ, വൈദികർ 4-6). ദൈവശാസ്ത്രപരമായി അസംബന്ധമായ ഈ പദ്ധതി പൗരോഹിത്യത്തെ ഒരു തൊഴിലായി കാണുന്ന ധാരണ വെളിവാക്കുന്നു. ഇപ്രകാരമൊരു കാഴ്‌ചപ്പാടിൽ ദൈവവിളികൾ എപ്രകാരം പ്രതീക്ഷിക്കാനാവും എന്നു ബനഡിക്‌ട് മാർപാപ്പയോടൊപ്പം ഞാനും വിസ്മയിക്കാറുണ്ട്. ബ്രഹ്മചാരികളായ പുരോഹിതരോടൊപ്പം വിവാഹിതരായ വൈദികരെയും ഒരേസമയം ശുശ്രൂഷയിൽ നിയോഗിക്കുവാനുള്ള പദ്ധതിയെക്കുറിച്ച് എന്തുപറയാനാണ്? ഉന്നതനിലയിലും താഴ്ന്നനിലയിലുമുള്ള വൈദികർ എന്ന ആശയം വിശ്വാസികളുടെ മനസ്സിൽ വളരുവാനുള്ള അപകടസാദ്ധ്യതയുണ്ട്.
പൗരോഹിത്യവും ബ്രഹ്മചര്യവും തമ്മിലുള്ള അസ്ഥിത്വപരമായ ബന്ധത്തെക്കുറിച്ചുള്ള ആഴമായ അറിവില്ലായ്‌മയാണ് വിവാഹിതർക്കു തിരുപ്പട്ടം നല്‌കണമെന്നുള്ള ആവശ്യം വെളിവാക്കുന്നത്. പാശ്ചാത്യ സർവകലാശാലാവൃത്തങ്ങൾ ചിലപ്പോഴെല്ലാം ബ്രഹ്മചര്യത്തെപ്പറ്റി വെറും നൈയാമികവും ശിക്ഷണപരവുമായ ആശയങ്ങളാണു പ്രചരിപ്പിച്ചിട്ടുള്ളത്. സമർപ്പിതജീവിതത്തിന്റെ സവിശേഷതയായതിനാൽ ബ്രഹ്മചര്യം അതിനുവേണ്ടിമാത്രമായി നീക്കിവയ്ക്കണം എന്നുവരെ അഭിപ്രായപ്പെടുന്നവരുണ്ട്. ബ്രഹ്മചര്യത്തെ സംബന്ധിച്ച സഭാനിയമത്തിൻ്റെ ദൈവശാസ്ത്രപരമായ ലക്ഷ്യമെന്തെന്ന് പുരോഹിതൻ മനസ്സിലാക്കണമെന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഊന്നിപ്പറയുന്നു.
ഈ ദൈവശാസ്ത്രാടിസ്ഥാനത്തിൽനിന്ന് അജപാലനപരമായ പരിണിതഫലങ്ങൾ ഉൾക്കൊള്ളുവാൻവേണ്ടി ഈ വിഷയത്തെ അപഗ്രഥിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മുമ്പു സൂചിപ്പിട്ടുള്ള ബ്രഹ്മചര്യത്തിൻ്റെ 'ദാമ്പത്യാ'ർത്ഥം വിശദീകരിക്കേണ്ടതുണ്ട്. നിശ്ചയമായും ഇതു വിശുദ്ധ കുർബാനയുമായി ബന്ധപ്പെടുത്തിവേണം മനസ്സിലാക്കാൻ.
1967-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പാ നിർദ്ദേശിച്ചതു പോലെ,
'ഈശോമിശിഹായാൽ സ്വന്തമാക്കപ്പെട്ട്' (ഫിലി 3,12) അവിടുത്തേക്കു പൂർണമായി സമർപ്പിച്ച്, പുരോഹിതൻ മിശിഹായുമായി വളരെ അടുത്ത സാദൃശ്യം പ്രാപിക്കുന്നു. വിശുദ്ധയും കളങ്കരഹിതയും മഹത്ത്വപൂർണയുമായ ഒരു വധുവാക്കുവാനായി തൻ്റെ ശരീരമായ സഭയെ സ്നേഹിക്കുകയും തന്നെത്തന്നെ മുഴുവനായി അവൾക്കു സമർപ്പിക്കുകയും ചെയ്ത നിത്യപുരോഹിതനോടുള്ള സാദൃശ്യമാണിത് (എഫേ 5,25-27). പുരോഹിതരുടെ സമർപ്പിത ബ്രഹ്മചര്യം സഭയോടു മിശിഹായ്ക്കുള്ള നിർമ്മല സ്നേഹവും ഈ വിവാഹത്തിൻ്റെ കന്യകാതുല്യവും അതി സ്വാഭാവികവുമായ ഫലദായകത്വവുമാണു വെളിപ്പെടുത്തുന്നത്.
മിശിഹാ സ്ലീവായാകുന്ന അൾത്താരയിൽ തന്നെത്തന്നെ സമർപ്പിച്ചു. 'ഇതു നിങ്ങൾക്കായി നല്‌കപ്പെടുന്ന എന്റെ ശരീരമാകുന്നു' എന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ട് പുരോഹിതൻ ഓരോ ദിവസവും ഈ ബലി നവീനമായി അർപ്പിക്കുന്നു. 'ഇത് എന്റെ ശരീരമാകുന്നു' എന്നു പുരോഹിതൻ ആവർത്തിക്കുമ്പോഴൊക്കെ സ്ലീവായിലെ ബലിയുടെ തുടർച്ചയായി അവൻ മനുഷ്യനെന്ന നിലയിൽ തന്റെ ശരീരത്തെ സമർപ്പിക്കുകയാണ് ചെയ്യുന്നത്.
എന്റെ പൗരോഹിത്യസ്വീകരണത്തിൻ്റെ സുവർണ ജൂബിലിയുടെ അവസരത്തിൽ 2019 സെപ്റ്റംബർ 28-ാം തീയതി നല്കിയ വചനസന്ദേശത്തിൽ വിശുദ്ധ ജോൺ വിയാനി പറഞ്ഞ കാര്യം ഞാൻ ഓർമ്മിച്ചു: "പുരോഹിതൻ ദൈവത്തിൻ്റെ സ്ഥാനത്തു നില്ക്കുന്ന മനുഷ്യനാണ്; അവൻ ദൈവത്തിൻ്റെ എല്ലാ അധികാരങ്ങളും ധരിച്ചിരിക്കുന്നു. പുരോഹിതരുടെ ശക്തി വീക്ഷിച്ചാലും! പുരോഹിതന്റെ നാവ് ഒരു കഷണം അപ്പത്തെ ദൈവമാക്കി മാറ്റുന്നു". മിശിഹായോടൊപ്പം ക്രൂശിക്കപ്പെടുവാൻ നമ്മൾ സമ്മതിക്കുന്നില്ലെങ്കിൽ ഈ അത്ഭുതം സംഭവിക്കുകയില്ല. നമ്മൾ ഓരോരുത്തരും വിശുദ്ധ പൗലോസിനോടൊപ്പം ഏറ്റുപറയുവാൻ തയ്യാറാകണം: “മിശിഹായോടൊപ്പം ഞാനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഞാൻ ജീവിക്കുന്നു; എന്നാൽ, ഞാനല്ല മിശിഹായാണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തത ദൈവപുത്രനിലുള്ള വിശ്വാസം മൂലമാണ് ഈ ശരീരത്തിൽ ഇപ്പോൾ ഞാൻ ജീവിക്കുന്നത്" (ഗലാ 2,20). കുരിശു വഴി മാത്രമാണ്, അപമാനങ്ങളുടെ അഗാധമായ ഗർത്തത്തിലേക്കുള്ള അതിശയകരമായ അവരോഹണത്തിനൊടുവിലാണ് ദൈവപുത്രൻ പുരോഹിതന്മാർക്ക് വിശുദ്ധ കുർബാനയർപ്പണത്തിനുള്ള ദൈവികാധികാരം നല്‌കുന്നത്. പുരോഹിതന്റെ ആന്തരിക ചൈതന്യം, അവൻ്റെ വൈദികാസ്‌തിത്വം പടുത്തുയർത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനസ്തംഭം, വിശുദ്ധ ഹോസേമരിയ എസ്ക്രീവാ പ്രസ്താവിക്കുന്നതുപോലെ, നമ്മുടെ കർത്താവീശോമിശിഹായുടെ സ്ലീവായാണ്. അദ്ദേഹം ഇത് തൻ്റെ ആപ്‌തവാക്യത്തിൽ പ്രഖ്യാപിക്കുന്നതാണ്: 'ആനന്ദത്തിൽ കുരിശില്ലാത്ത ഒരു ദിവസമില്ല' (In laetitia nulla dies sine cruce). പുരോഹിതൻ്റെ ആനന്ദം പൂർണമായി അനുഭവവേദ്യമാകുന്നത് പരിശുദ്ധ കുർബാനയിലാണ്. അതാണ് അവൻ്റെ അസ്‌തിത്വത്തിൻ്റെ നിദാനം; അതുതന്നെയാണ് അവന്റെ ജീവിതത്തിന് അർത്ഥം നല്‌കുന്നതും. അൾത്താരയിങ്കൽ, പുരോഹിതൻ തിരുവോസ്‌തിയുടെ സമീപം നില്ക്കുന്നു. ഈശോ അവനെ നോക്കുന്നു; അവൻ ഈശോയെയും. മിശിഹാതന്നെ സത്യമായും നമ്മുടെ നേത്രങ്ങൾക്കു മുമ്പിൽ സന്നിഹിതനാകുന്നു എന്നതിന്റെ അർത്ഥത്തെക്കുറിച്ച് തികഞ്ഞ ബോദ്ധ്യം നമുക്കുണ്ടോ? ഓരോ പരിശുദ്ധ കുർബാനയിലും പുരോഹിതൻ ഈശോയ്ക്കു 'മുഖാമുഖം നില്ക്കുന്നു. അപ്പോൾ പുരോഹിതൻ മിശിഹായുമായി അനുരൂപനാകുകയും താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. അവൻ 'മറ്റൊരു മിശിഹാ' (alter Christus) ആകുന്നു എന്നു മാത്രമല്ല, യഥാർത്ഥത്തിൽ മിശിഹാതന്നെ (ipse Christus)യാണ്. സനാതന ഉടമ്പടിയിലെ മുഖ്യപുരോഹിതനുമായി പ്രത്യേകമായും കൂദാശാപരമായും താദാത്മ്യം പ്രാപിക്കുന്നതുവഴി അവൻ അനുരൂപപ്പെട്ട് മിശിഹാ എന്ന വ്യക്തിയെ ധരിക്കുന്നു (Ecclesia de Eucharistia no.29). വിശുദ്ധ ഹോസേമരിയ എസ്ക്രീവാ വീണ്ടും പറയുന്നു: "വൈദികരായ നമ്മൾ പുരോഹിതന്മാർ, പാപികളായാലും വിശുദ്ധരായാലും, പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നമ്മൾ നമ്മളല്ല; കാൽവരിയിലെ ദിവ്യബലി അൾത്താരയിൽ നവീകരിക്കുന്ന മിശിഹാ തന്നെയാണ് നമ്മൾ. തീർച്ചയായും, നമ്മളെ ഒന്നിപ്പിക്കുന്ന പരിശുദ്ധ കുർബാനയിൽ ഞാൻ അദ്ധ്യക്ഷനാകുന്നില്ല; എന്നിലൂടെ മിശിഹായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ഞാൻ ഇതിന് അയോഗ്യനാണെങ്കിലും കാർമികൻ എന്ന വ്യക്തിയിൽ ഈശോ സത്യമായും സന്നിഹിതനാകുന്നു. ഞാൻ മിശിഹാ ആണ്. എത്രയോ ഭീതിജനകമായ പ്രസ്‌താവന! എത്രമാത്രം വെല്ലുവിളി ഉയർത്തുന്ന ഉത്തരവാദിത്തം! അവൻ്റെ നാമത്തിലും അവനു പകരമായുമാണ് ഞാൻ അൾത്താരയിങ്കൽ നില്ക്കുന്നത് (Lumen Gentium, no.28). മിക്കപ്പോഴും നിരവധി പാപങ്ങളാൽ മലിനമാക്കപ്പെടുന്ന എന്റെ ദരിദ്രഹൃദയവും എൻ്റെ ശരീരവും എന്റെ സ്വരവും അവനു വിട്ടുകൊടുത്തതിനുശേഷം മിശിഹായാകുന്ന വ്യക്തിയിൽ (In persona Christi) ഞാൻ അപ്പവും വീഞ്ഞും കൂദാശ ചെയ്യുന്നു. ഓരോ വിശുദ്ധ കുർബാനയർപ്പണത്തിന്റെയും തലേന്നാൾ നമ്മൾ കുഞ്ഞുങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ കരവലയത്തിൽ അമർന്നാൽ, വിശുദ്ധ കുർബാനയാകുന്ന അത്ഭുതം നിറവേറ്റുവാൻ നമ്മുടെ ശരീരവും ആത്മാവും ഈശോമിശിഹാക്ക് കയ്യേല്പ്പിക്കുവാൻ അവൾ നമ്മെ ഒരുക്കും. സ്ലീവായും വിശുദ്ധ കുർബാനയും പരിശുദ്ധ കന്യകാമറിയവും നമ്മുടെ ക്രിസ്തീയജീവിതത്തെയും പൗരോഹിത്യജീവിതത്തെയും രൂപപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ബലപ്പെടുത്തുകയും അവയ്ക്കു ഘടനയേകുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഓരോ ക്രൈസ്തവനും, പ്രത്യേകിച്ച് പുരോഹിതൻ, തൻ്റെ ആന്തരികജീവിതം ഈ മൂന്നു യാഥാർത്ഥ്യങ്ങളിൽ - സ്ലീവാ, വിശുദ്ധ കുർബാന, പരിശുദ്ധ കന്യക (Crux, Hostia et Virgo) - പടുത്തുയർത്തേണ്ടത് എന്നു നിങ്ങൾ മനസ്സിലാക്കണം. സ്ലീവാ നമ്മെ ദൈവികജീവനിലേക്കു ജനിപ്പിക്കുന്നു. വിശുദ്ധ കുർബാനയില്ലാതെ നമുക്കു ജീവിക്കാനാവില്ല. ഒരമ്മയെപ്പോലെ പരിശുദ്ധ കന്യക നമ്മുടെ ആത്മീയ വളർച്ചയെ ശ്രദ്ധാപൂർവം നീരീക്ഷിക്കുന്നു. വിശ്വാസത്തിൽ വളരുവാൻ അവൾ നമ്മെ പരിശീലിപ്പിക്കുന്നു. തൻ്റെതന്നെ ശരീരം നമ്മുടെ ഭക്ഷണമായി ഭവിക്കുന്ന ഈ സ്വർഗീയപോഷണത്തിൻ്റെ രഹസ്യം ഈശോ നമുക്കു വെളിപ്പെടുത്തുന്നു. അവിടുത്തോടുള്ള അപൂർവമായ ആത്മബന്ധത്തിൽ നമുക്ക് അവിടുത്തെ ജീവൻകൊണ്ട് ജീവിക്കാൻ സാധിക്കുന്നു. പുരോഹിതൻ സത്യമായും ഈശോയുടെ സ്നേഹിതനാണ്. അവൻ ദൈവത്തിനു തന്നെത്തന്നെ സമർപ്പിക്കുന്നു. സഭയ്ക്കു മുഴുവനായും താൻ ഏതു വിശ്വാസികൾക്കുവേണ്ടി അയയ്ക്കപ്പെട്ടിരിക്കുന്നുവോ അവരിൽ ഓരോരുത്തർക്കുംവേണ്ടിയും അവൻ തന്നെത്തന്നെ സമർപ്പിക്കുന്നു. പുരോഹിതൻ തന്റെ ബ്രഹ്മചര്യത്തിൻ്റെ യുക്തി വിശുദ്ധ കുർബാനയിൽ കണ്ടെത്തുന്നു. മിശിഹായുടെ പ്രതിനിധിയായി വർത്തിച്ചുകൊണ്ട്, പുരോഹിതൻ കാഴ്ച്ചവസ്തുവുമായി ആഴമായി ഐക്യപ്പെടുകയും ബലിവസ്തുവിന്റെ അടയാളങ്ങൾ വഹിക്കുന്ന തൻ്റെ ജീവിതം മുഴുവൻ അൾത്താരയിൽ സമർപ്പിക്കുകയും ചെയ്യുന്നു. സമ്പൂർണമായ ആത്മസമർപ്പണം എന്നതിന്റെ അർത്ഥമെന്താണെന്ന് അയാൾ വിശുദ്ധ കുർബാനയെന്ന ബലിയിൽ മനസ്സിലാക്കുന്നു.
പൗരോഹിത്യബ്രഹ്മചര്യം വിശുദ്ധ കുർബാനയിൽനിന്നു ജന്മമെടുക്കുന്നു. അത് പുരോഹിതൻ്റെ ജീവിതത്തിന് ആകമാനം ബലിയുടെ അർത്ഥം പ്രദാനം ചെയ്യുന്നു. "വിശുദ്ധ കുർബാനയിൽ നിന്നാണ് പുരോഹിതൻ തൻ്റെ അസ്‌തിത്വത്തിനു മുഴുവനും ബലിയുടേതായ അർത്ഥം നല്‌കുവാനുള്ള ഉത്തരവാദിത്തവും പ്രസാദവരവും സ്വീകരിക്കുന്നത്. " പാശ്ചാത്യ-പൗരസ്‌ത്യസഭകളിൽ ആദ്യകാലം മുതൽ ഒരുപോലെ വിശ്വാസികളുടെ വിശ്വാസവികാരമായി മനസ്സിലാക്കിയിരുന്ന കുർബാനയർപ്പണവും ലൈംഗിക വിരക്തിയും തമ്മിലുള്ള ബന്ധം ലൈംഗികതയെ സംബന്ധിച്ച അനുഷ്‌ഠാനപരമായ ഭ്രഷ്‌ടായി കണക്കാക്കുവാൻ യാതൊരു വിധത്തിലും സാധിക്കുകയില്ല. മറിച്ച്, അത് ക്രൈസ്‌തവാസ്തിത്വത്തിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആഴമേറിയതും ന്യായയുക്തവുമായ ഉൾക്കാഴ്ചയാണ് പ്രകടമാക്കുന്നത്.
വിശുദ്ധ കുർബാനയെ സംബന്ധിച്ചുള്ള യുക്തിഭദ്രമായ അറിവിലേക്ക് പുരോഹിതരെ നയിക്കുന്ന പ്രവേശനകവാടമാണ് ബ്രഹ്മചര്യം. കുർബാനയുടെ അനുദിനാഘോഷമില്ലാതെ ആർക്കും ബ്രഹ്മചര്യത്തോടു വിശ്വസ്‌തത പുലർത്താനാവില്ല. വിശുദ്ധ കുർബാനയിൽ പുരോഹിതൻ ബ്രഹ്മചര്യത്തെ ഒരു ദാനമായി സ്വീകരിക്കുന്നു. കർദ്ദിനാൾ മാർക് ഉയ്യെയുടെ വാക്കുകളിൽ, വിശുദ്ധ കുർബാനയുടെ ആഘോഷവും ബ്രഹ്മചര്യവും തമ്മിലുള്ള ബന്ധത്തെ സംഗ്രഹിക്കുവാൻ നമുക്കു സാധിക്കും: "ഉപാധികളില്ലാത്തതും തിരിച്ചെടുക്കാൻ പറ്റാത്തവിധവുമുള്ള പൂർണ പ്രത്യുത്തരം വിളി സ്വീകരിച്ചവരിൽനിന്ന് ആവശ്യപ്പെടുന്നതുമായ ബ്രഹ്മചര്യം, സ്നേഹത്താൽ പ്രേരിതനായി തൻ്റെ ശരീരം എന്നേക്കുമായി കൂദാശാപരമായി വിതരണം ചെയ്യുന്നിടത്തോളം എത്തിനില്ക്കുന്ന കർത്താവിന്റെ ബലിസമർപ്പണത്തിനു സമാനമാണ്. 'മിശിഹാ തന്നെത്തന്നെ ഭക്ഷണമായി നല്‌കുന്നെങ്കിൽ, പുരോഹിതനും, വാഴ്ത്തപ്പെട്ട അന്തുവാൻ ഷെവിയെ എഴുതുന്നതുപോലെ, ക്രൂശിക്കപ്പെടുന്നവനും ഭക്ഷിക്കപ്പെടുന്നവനുമാകണം'. ബ്രഹ്മചര്യം ഈ സമർപ്പണത്തിൻ്റെ അടയാളവും അതിൻ്റെ യാഥാർത്ഥ്യവല്ക്കരണവുമാണ്. ഈ അടയാളം കൊണ്ടാണ് ക്രൈസ്തവജനത പുരോഹിതനെ 'തിരിച്ചറിയുന്നത്' എന്ന് എനിക്കു തികഞ്ഞ ബോദ്ധ്യമുണ്ട്. വിശ്വാസത്തിന്റെ സഹജവാസനയിലൂടെ എല്ലാ സംസ്‌കാരങ്ങളിലെയും വിശ്വാസികൾ ബ്രഹ്മചാരിയായ പുരോഹിതനിൽ എല്ലാവർക്കുമായി ബലിയായിത്തീർന്ന മിശിഹായെ തിരിച്ചറിയുന്നു.
പൗരോഹിത്യബ്രഹ്മചര്യവും
സാംസ്‌കാരികാനുരൂപണവും
ആമസോണിയായിലെ ജനതകൾക്ക് ബ്രഹ്മചര്യം എന്തെന്നു മനസ്സിലാവില്ലെന്നും അവരുടെ സംസ്‌കാരത്തിന് ഇത് എപ്പോഴും അന്യമായിരിക്കുമെന്നും അതിനാൽ വിവാഹിതർക്കു തിരുപ്പട്ടം നല്കേണ്ടത് ഒരു അനിവാര്യതയായിത്തീരുമെന്നും പറയുന്നതു കേൾക്കുമ്പോൾ എനിക്കുള്ള അഗാധമായ ധാർമ്മികരോഷം പ്രകടിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ ഞെട്ടിപ്പിക്കുന്ന, നിന്ദ്യവും ബാലിശവും ഒരുതരം നൂതന സാമ്രാജ്യത്വമനോഭാവത്തിൽനിന്ന് ആവിർഭവിക്കുന്നതുമായ കാഴ്‌ചപ്പാടാണ് ഈ വാദത്തിൽ ഞാൻ കാണുന്നത്. ലോകത്തിലെ സകല ജനതകൾക്കും പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ വിശുദ്ധ കുർബാനയിലധിഷ്‌ഠിതമായ സാധുത മനസ്സിലാക്കുവാൻ കഴിവുണ്ട്. ഈ ജനതകൾ വിശ്വാസത്തിന്റെ ഉൾപ്രേരണ ഇല്ലാത്തവരാണെന്നു കരുതണമോ? സഭനൂറ്റാണ്ടുകളായി അമൂല്യരത്നമായി സംരക്ഷിക്കുന്ന പൗരോഹിത്യബ്രഹ്മചര്യത്തിൻ്റെ കൃപ ദൈവം ആമസോണിയൻ ജനതകൾക്കു നിഷേധിക്കുമെന്നും അവർക്ക് അതിനുള്ള ദൈവകൃപ അപ്രാപ്യമാണെന്നും ചിന്തിക്കുന്നതു യുക്തിസഹമാണോ? ദൈവകൃപയ്ക്ക് എത്തിപ്പെടുവാനും പരിവർത്തനം വരുത്തുവാനും സാധിക്കാത്തതായ ഒരു സംസ്ക്‌കാരവുമില്ല. ദൈവം ഒരു സംസ്‌കാരത്തിൽ കടന്നുചെല്ലുമ്പോൾ അതിനെ സ്‌പർശിക്കാതിരിക്കില്ല. അവിടുന്ന് അതിനെ പിടിച്ചുലയ്ക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവിടുന്ന് അതിനെ രൂപാന്തരപ്പെടുത്തുകയും ദൈവികമാക്കുകയും ചെയ്യുന്നു. പൗരോഹിത്യബ്രഹ്മചര്യത്തെ മനസ്സിലാക്കുവാൻ ആമസോണിയായിലെ വളരെ വിദൂരപ്രദേശങ്ങളിൽ എന്തുകൊണ്ടു കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടണം? പൗരോഹിത്യബ്രഹ്മചര്യം പ്രാദേശിക സംസ്‌കാരങ്ങൾക്കു വിരുദ്ധമാണെങ്കിലും നമുക്ക് ഭയപ്പെടാതിരിക്കാം. ഈശോ നമ്മോടു പറയുന്നു: "സമാധാനമല്ല, വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത്" (മത്താ 10,34). സുവിശേഷം അതറിയാത്ത സംസ്കാരവുമായി സമ്പർക്കത്തിൽ വരുമ്പോൾ എപ്പോഴും പരിഭ്രമം ജനിപ്പിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടിയുള്ള ബ്രഹ്മചര്യം ആദ്യനൂറ്റാണ്ടുകളിലെ യഹൂദരെയും ഗ്രീക്കുകാരെയും വിസ്മയിപ്പിച്ചിരുന്നു. അതു ലോകത്തിന് ഇടർച്ചയാണ്; സ്ലീവായുടെ തുടർച്ചയെ അതു സന്നിഹിതമാക്കുന്നതുകൊണ്ട് ലോകത്തിന് എപ്പോഴും ഇടർച്ചയായി തുടരുകയും ചെയ്യും.
ചില പാശ്ചാത്യ മിഷനറിമാർ ബ്രഹ്മചര്യത്തിൻ്റെ ആഴമായ അർത്ഥം ഗ്രഹിക്കാത്തതുകൊണ്ട് അവരുടെ സംശയങ്ങൾ ആമസോണിയൻ ജനതയുടെമേൽ ആരോപിക്കുകയാണ്. പ്രാദേശിക സ്ഥലത്തെ സാഹചര്യം നന്നായിട്ട് അറിയാവുന്നതും സിനഡിൽ പങ്കെടുത്തതുമായ ഒരു മിഷനറി വൈദികൻ്റെ ദീപ്‌തമായ സാക്ഷ്യത്തെ ഇവിടെ പരാമർശിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഫാദർ മാർട്ടിൻ ലസാർത്ത് ആ പ്രദേശത്തെ നാല്‌പത്തിയേഴ് സലേഷ്യൻ മിഷനറി സമൂഹങ്ങളുടെ ചുമതല വഹിക്കുന്നയാളാണ്. 62 വിവിധ ഗോത്രങ്ങളിൽപ്പെടുന്ന 6,12,000 ക്രിസ്‌ത്യാനികൾ ഈ നാല്പ്പത്തിയേഴു സമൂഹങ്ങളിലായുണ്ട്.
ലാറ്റിൻ അമേരിക്കയിൽ പ്രോത്സാഹനജനകമായ ഉദാഹരണങ്ങൾക്കു കുറവില്ല. മദ്ധ്യ ഗ്വാട്ടെമാല (Verapaz) ക്വെറ്റ്ചി ഗോത്രവവർഗക്കാരുടെയിടയിൽ വൈദികരുടെ അഭാവമുണ്ടായിരുന്നെങ്കിലും അത്മായശുശ്രൂഷകരുടെ സജീവ സമൂഹങ്ങളുണ്ടായിരുന്നു. പ്രൊട്ടസ്റ്റൻ്റു ഗ്രൂപ്പുകൾക്കു കടന്നു ചെല്ലുവാൻ ഒട്ടുംതന്നെ സാധിക്കാത്തവിധം, ശുശ്രൂഷകളാലും പ്രാർത്ഥനാസമ്മേളനങ്ങളാലും മതബോധനയാത്രകളാലും വചനപ്രഘോഷണങ്ങളാലും സമ്പന്നമായ സമൂഹങ്ങൾക്ക് അവർ നേതൃത്വം നല്‌കിയിരുന്നു. എല്ലാ സമൂഹങ്ങൾക്കും വൈദികരുടെ ദൗർലഭ്യം ഉള്ളപ്പോഴും പൗരോഹിത്യ ദൈവവിളികളാൽ സമ്പന്നയായ ഒരു പ്രാദേശികസഭയാണ് ഇത്; പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പൂർണമായും പ്രാദേശികമായ സന്ന്യാസ സമൂഹങ്ങൾ ഇവിടെ രൂപംകൊണ്ടിട്ടുമുണ്ട്.
ആമസോണിൽ പൗരോഹിത്യത്തിലേക്കും സന്ന്യാസത്തിലേക്കുമുള്ള ദൈവവിളികൾ ഇല്ലാത്തത് അജപാലനപരമായ ഒരു വെല്ലുവിളിയാണോ അതോ ദൈവശാസ്ത്രപരവും അജപാലനപരവുമായ തീരുമാനങ്ങളെ തുടർന്ന് ഉദ്ദേശിച്ച ഫലങ്ങൾ ഭാഗികമായോ ഒട്ടുംതന്നെയോ ലഭിക്കാത്തതുകൊണ്ടാണോ? എന്റെ അഭിപ്രായത്തിൽ, സുവിശേഷവല്കരണത്തിന് പക്വമതികളായ വിവാഹിതർക്ക് പട്ടം നല്‌കുക എന്ന പരിഹാരം മിഥ്യയായതും അടിസ്ഥാന പ്രശ്‌നപരിഹാരത്തിന് അടുത്തെങ്ങുമെത്താത്ത വിധത്തിലുള്ളതുമായ ഒരു മാന്ത്രിക നിർദ്ദേശമാണ്.
ഫാദർ ലസാർത്ത് കോംഗോ നദീതീരങ്ങളിൽ വസിക്കുന്ന ഏകദേശം അഞ്ഞൂറു ജനവിഭാഗങ്ങളുടെയും ഗോത്രങ്ങളുടെയും ഉദാഹരണം ഉദ്ധരിക്കുന്നുണ്ട്. ക്രിസ്‌തുമതം സാമ്രാജ്യശക്തികളുടെ മതമായാണ് ചിലപ്പോൾ കരുതപ്പെടുന്നതെങ്കിലും ആഫ്രിക്കൻ സഭകളുടെ വളർച്ച പ്രതീക്ഷ നല്‌കുന്നതാണ്. കഴിഞ്ഞ പത്തു വർഷങ്ങളിൽ പൗരോഹിത്യ ദൈവവിളി 32 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുകയും ചെയ്യന്നു. ഫാദർ ലസാർത്ത് തുടരുന്നു:
ഉയർന്നുവരുന്ന അനിവാര്യമായ ചോദ്യമിതാണ്: ആമസോണിയൻ ജനങ്ങളുമായി അനുഷ്‌ഠാനങ്ങളിലും പുരാണങ്ങളിലും ശക്തമായ സാമൂഹ്യാവബോധത്തിലും പ്രപഞ്ചവുമായുള്ള ഐക്യത്തിലും മതവിശ്വാസത്തിലുള്ള തുറവിയിലും നരവംശശാസ്ത്രപരമായും സാസ്‌കാരികമായും ഇത്രയധികം സമാനതകളുള്ള കോംഗോയിലെ ജനങ്ങൾക്ക് സജീവമായ ക്രിസ്‌ത്യൻ സമൂഹങ്ങളും സമൃദ്ധമായ പൗരോഹിത്യ ദൈവവിളികളും ഉണ്ടായിരിക്കെ എന്തുകൊണ്ട് ആമസോണിയായിലെ ചില ഭാഗങ്ങളിൽമാത്രം ഇരുന്നൂറും നാനൂറും വർഷങ്ങൾ കഴിഞ്ഞിട്ടും സഭാപരമായും ദൈവവിളിയുടെ കാര്യത്തിലും വന്ധ്യത നിലനില്ക്കുന്നു? ഒരു നൂറ്റാണ്ടിലധികമായി അവിടെ സന്നിഹിതരാണെങ്കിലും ഒരൊറ്റ പ്രദേശിക ദൈവവിളിപോലും ഇല്ലാത്ത രൂപതകളും സന്ന്യാസസമൂഹങ്ങളുമുണ്ട്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രിസ്‌തീയസമൂഹങ്ങൾ ക്ലേശങ്ങളും പരീക്ഷണങ്ങളും നേരിടുന്നുണ്ട്. പക്ഷേ, എവിടെയെല്ലാം ഗൗരവമായും ആധികാരികമായും നിരന്തരമായ സുവിശേഷവല്ക്കരണ പ്രവർത്തനങ്ങൾ ഉണ്ടോ അവിടെയൊന്നും ദൈവവിളിക്കു കുറവില്ല എന്നതിനു തെളിവുകളുണ്ട്.
ഇതേരീതിയിൽ ഫ്രാൻസിസ് മാർപ്പാപ്പാ വ്യക്തമായും ധൈര്യമായും ഉറപ്പിച്ചു പറയുന്നു:
പല സ്ഥലങ്ങളിലും പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള ദൈവവിളികൾ കുറഞ്ഞുവരുന്നു. മിക്കപ്പോഴും ഈ സമൂഹങ്ങളിലുള്ള, മറ്റുള്ളവരിലേക്കു പടരേണ്ട അപ്പസ്തോലിക തീക്ഷ്‌ണതയുടെ അഭാവമാണ് ഇതിനു കാരണം. തത്‌ഫലമായി ഈ സമൂഹങ്ങൾ ആവേശമോ ആകർഷകത്വമോ ജനിപ്പിക്കുന്നില്ല. ജീവനു തീക്ഷ്‌ണതയും മറ്റുള്ളവർക്കു മിശിഹായെ നല്‌കാനുള്ള ആഗ്രഹവും എവിടെയുണ്ടോ അവിടെയല്ലാം യഥാർത്ഥമായ ദൈവവിളികൾ ഉടലെടുക്കും. സമൂഹത്തിന്റെ സാഹോദര്യജീവിതവും തീക്ഷ്‌ണതയും യുവജനങ്ങളിൽ ദൈവത്തിനു പൂർണമായി സമർപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനുമുള്ള ആഗ്രഹം ഉണർത്തും. ഇങ്ങനെയുള്ള സജീവ സഭാസമൂഹങ്ങൾ ദൈവവിളിക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും യുവജനങ്ങൾക്ക് സവിശേഷസമർപ്പണത്തിൻ്റെ മാർഗം നിർദ്ദേശിച്ചുകൊടുക്കുകയും ചെയ്താൽ മേല്‌പറഞ്ഞ കാര്യം നിശ്ചയമായും വാസ്തവമാകും.
വിശ്വാസത്തിൻ്റെയും അപ്പസ്തോലിക തീക്ഷ്‌ണതയുടെയും അഭാവമാണ് ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനകാരണമെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അവർ മിശിഹായെ പ്രഘോഷിക്കുന്നതു നിർത്തിവച്ചു. യുവജനങ്ങളെ സുവിശേഷവല്കരണപ്രവർത്തനങ്ങൾ ഏല്‌പിച്ചാൽ മിഷനറിദൈവവിളികളുടെ എണ്ണം വർദ്ധിക്കുമെന്ന് എനിക്ക് ഉറച്ച ബോദ്ധ്യമുണ്ട്.
കഷ്ടം എന്നു പറയട്ടെ, തെറ്റുദ്ധരിക്കപ്പെട്ട സാംസ്‌കാരിക അനുരൂപണത്തിൻ്റെ പേരിൽ കത്തോലിക്കർ മിക്കപ്പോഴും തദ്ദേശീയരുടെ അവകാശങ്ങൾക്കായി വാദിക്കുകയോ സാമ്പത്തിക പുരോഗതിക്കായി അദ്ധ്വാനിക്കുകയോ ചെയ്യുന്നതുകൊണ്ടു തൃപ്തിയടയുകയാണ്. ഈശോ നല്‌കിയ കല്‌പനയുടെ കാതൽ ഇതല്ല. അവിടുന്ന് അരുളിച്ചെയ്തു: "നിങ്ങൾ ലോകമെങ്ങും പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധറൂഹായുടെയും നാമത്തിൽ അവർക്കു മാമ്മോദീസാ നല്കുവിൻ. ഞാൻ നിങ്ങളോടു കല്‌പിച്ചവയെല്ലാം പാലിക്കുവാൻ അവരെ പഠിപ്പിക്കുവിൻ” (മത്താ 28,19-20). തദ്ദേശീയ ജനസമൂഹങ്ങളുടെ കാര്യത്തിൽ നമ്മൾ വലിയ ശ്രദ്ധ പുലർത്തുന്നു. എങ്കിലും നമ്മുടെ വിശ്വാസത്തിൻ്റെ ഉൾക്കാമ്പ് അവരോടു പ്രഘോഷിക്കുവാൻ നമ്മൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. പലപ്പോഴും ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റുകാർ നമ്മെക്കാളും മിശിഹായോടു വിശ്വസ്‌തരാണെന്നു സമ്മതിക്കേണ്ടിവരുന്നതിൽ ഞാൻ ലജ്ജിക്കുന്നു. നമ്മൾ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ വിദഗ്‌ധരായി മാറിയിരിക്കുന്നു. എന്നാൽ ബനഡിക്ട‌് പതിനാറാമൻ നമ്മെ ഓർമ്മിപ്പിച്ചതുപോലെ, മനുഷ്യനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടുലിനെ പ്രോത്സാഹിപ്പിക്കുന്ന വിദഗ്‌ധരായിരിക്കണം പുരോഹിതന്മാർ എന്നു മാത്രമേ വിശ്വാസികൾ പ്രതീക്ഷിക്കുന്നുള്ളൂ.
സിനഡിന്റെ സമാപനപ്രസംഗത്തിൽ ഫ്രാൻസിസ് മാർപാപ്പ ഈ പ്രശ്നം വളരെ വ്യക്തമായി വിശദീകരിച്ചു. പ്രേഷിതതീക്ഷ്ണതയുടെ അവശ്യമായ നവീകരണം അദ്ദേഹം പരാമർശിച്ചു. സിനഡിലെ വിചിന്തനത്തിൻ്റെ കാതൽ സുവിശേഷവല്കരണമാണെന്ന് അദ്ദേഹം വളരെ വ്യക്തമായി അനുസ്‌മരിച്ചു. ഈശോമിശിഹായിലുള്ള രക്ഷയെക്കുറിച്ചുള്ള പ്രഘോഷണമാണ് അപകടത്തിലായിരിക്കുന്നത്. അവിടുത്തെ ആഹ്വാനത്തിന് പൗരോഹിത്യ ബ്രഹ്മചര്യത്തിലൂടെ പ്രത്യുത്തരം നല്‌കുവാൻ നമ്മൾ മുമ്പോട്ടു പോവുകയും അസ്‌തിത്വം മുഴുവനും ദൈവത്തിൽ ഉറപ്പിച്ചു നിർത്തുന്ന വിശ്വാസത്തിന്റെ വെല്ലുവിളി സന്നിഹിതമാക്കുകയും വേണം. സുവിശേഷവല്‌കരണത്തിൻ്റെ ഒരു പുതിയ മുന്നേറ്റത്തിൽ, ലോകം അതാഗ്രഹിക്കുന്നില്ലെങ്കിലും 'ദൈവം മാത്രം മതി' യെന്നത് ബ്രഹ്മചര്യത്തിലൂടെ പ്രകടമാക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നു. അവിടുത്തേക്കു മാത്രമേ നമ്മളെ രക്ഷിക്കുവാനും പൂർണ സൗഭാഗ്യം നമുക്കു പ്രദാനം ചെയ്യുവാനും സാധിക്കുകയുള്ളൂ.
മൗലികമായ
സുവിശേഷാത്മകപൗരോഹിത്യത്തിലേക്ക്
പൗരോഹിത്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. നിന്ദ്യമായ ഉതപ്പ് അതിൻ്റെ മുഖം വികൃതമാക്കുകയും ലോകമെമ്പാടുമുള്ള അനേകം വൈദികരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. സഭ എപ്പോഴും പ്രതിസന്ധികൾ മറികടക്കുന്നത് ലൗകിക മാനദണ്ഡങ്ങൾക്കനുസൃതമല്ല; പിന്നെയോ, സുവിശേഷത്തിന്റെ മൗലികസ്വഭാവത്തിലേക്കു മടങ്ങുന്നതുവഴിയാണ്.
ലോകത്തിന് ഒരു ഇടർച്ചയാണ് ബ്രഹ്മചര്യം. നമ്മൾ അതിന്റെ പ്രാധാന്യം കുറയ്ക്കുവാൻ പ്രലോഭിതരാകുന്നു. നേരെമറിച്ച്, നമ്മൾ അതിന്റെ പ്രസക്തി കണ്ടെത്തുകയാണ് ആവശ്യമെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഉദ്ബോധിപ്പിക്കുന്നു:
പുരോഹിതനെ അഭിഷേകം ചെയ്‌തുകൊണ്ടും ഇടയനും തലവനുമായ ഈശോമിശിഹായോടു അവനെ സദൃശനാക്കിക്കൊണ്ടും പരിശുദ്ധറൂഹാ അവൻ്റെ അസ്‌തിത്വത്തിൽ ത്തന്നെ ഒരു ബന്ധം സൃഷ്‌ടിക്കുന്നു. ഈശോമിശിഹായുടെ മനോഭാവങ്ങളും വികാരങ്ങളും കൂടുതൽ മൗലികമായും വിശാലമായും പങ്കുവച്ചുകൊണ്ടും വ്യക്തിപരവും സ്വതന്ത്രവും ബോധപൂർവവുമായ സ്നേഹത്തിന്റെയും ജീവന്റെയും സമ്പന്നമായ കൂട്ടായ്‌മ സ്വാംശീകരിച്ചു കൊണ്ടും ജീവിക്കുവാൻ ഈ ബന്ധം ആവശ്യപ്പെടുന്നു.
കർത്താവായ ഈശോയും പുരോഹിതനും തമ്മിലുള്ള ഈ ബന്ധം, അസ്‌തിത്വപരവും മനഃശാസ്ത്രപരവുമായ ഈ ബന്ധം, കൂദാശാപരവും ധാർമ്മികവുമായ ഈ ബന്ധം, ഓരോ പുരോഹിതനും ജീവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്ന 'സുവിശേഷത്തിൻ്റെ മൗലികതയും' 'റൂഹായ്ക്കനുസൃതമായ ജീവിത'ത്തിനുള്ള ശക്തിയും അടിസ്ഥാനവുമാണ്.
ബ്രഹ്മചര്യത്തെ ബലഹീനമാക്കിക്കൊണ്ട് പൗരോഹിത്യപ്രതിസന്ധി നമുക്കു പരിഹരിക്കാനാവില്ല. നേരെമറിച്ച്, പൗരോഹിത്യത്തിന്റെ ഭാവിസുവിശേഷത്തിൻ്റെ മൗലികതയിലാണ് കുടികൊള്ളുന്നത് എന്ന് എനിക്ക് ഉറച്ച ബോദ്ധ്യമുണ്ട്. പുരോഹിതർ ബ്രഹ്മചര്യവും പ്രത്യേകവിധത്തിലുള്ള ദാരിദ്ര്യവും ജീവിക്കണം. അവർ അതിനായി സവിശേഷമാംവിധം വിളിക്കപ്പെട്ടിരിക്കുന്നു. അനുസരണയോടെ പുരോഹിതർ ജീവിക്കുന്ന ബ്രഹ്മചര്യവും ദാരിദ്ര്യവും സാഹോദര്യവും അവരുടെ വ്യക്തിപരമായ വിശുദ്ധീകരണത്തിനുള്ള മാർഗങ്ങൾ മാത്രമല്ല, അവ പൗരോഹിത്യജീവിതത്തിന്റെ സവിശേഷ ഉപകരണങ്ങളും അടയാളങ്ങളും കൂടിയാണ്. “തന്റെ പൗരോഹിത്യവ്യക്തിത്വം പ്രകടമാക്കുന്നതും അതിൽനിന്ന് ആവിർഭവിക്കുന്നതുമായ അടിസ്ഥാനാർത്ഥവും മാർഗലക്ഷ്യങ്ങളും അനുസരിച്ച് സുവിശേഷോപദേശങ്ങൾ ജീവിക്കുവാനായി പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നു" ബ്രഹ്മചര്യത്തിൻ്റെ ഫലമായുണ്ടാകുന്ന പരിത്യാഗത്തിന്റെ ന്യായം അനുസരണത്തിലേക്കും ദാരിദ്ര്യാരൂപിയിലുള്ള സമ്പത്തിൻ്റെ ഉപേക്ഷിക്കലിലേക്കുംവരെ എത്തണം. ബനഡിക്ട് പതിനാറാമൻ ഇതു ശക്തമായി എടുത്തുപറയുന്നു: “നമ്മുടെ ഭാഗത്തുനിന്ന് അപ്രകാരമൊരു പരിത്യാഗമില്ലെങ്കിൽ പൗരോഹിത്യംതന്നെ ഇല്ലാതാകും. സ്വാതന്ത്യത്തിന്റെയും യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പരിത്യാഗത്തിന്റെയും ഈ അടയാളം കൂടാതെ ഈശോയുടെ വിളിയ്ക്കനുസൃതം അവിടുത്തെ അനുധാവനം ചെയ്യുവാൻ സാധിക്കുകയില്ല.
പൗരോഹിത്യത്തിന്റെ പൂർണ ആശയം സുവിശേഷോപദേശങ്ങൾക്കനുസൃതമായി നയിക്കുന്ന ജീവിതം ഉൾക്കൊള്ളുന്നു. “പൂർണ പൗരോഹിത്യ ജീവിതമായ, പ്രാർത്ഥനയിലും ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലുമുള്ള സമൂഹജീവിതം തങ്ങളുടെ വൈദികർക്കു നിർദ്ദേശിക്കുവാൻ മെത്രാന്മാർ പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ട സന്ദർഭമാണിത് എന്നു ഞാൻ കരുതുന്നു. പുരോഹിതർ സുവിശേഷത്തിന്റെ മൗലിക സ്വഭാവം എത്രയധികമായി ജീവിക്കുന്നുവോ അത്രയധികമായി അവരുടെ സ്വത്വവും അനുദിനജീവിതവും കൂടുതൽ പൊരുത്തപ്പെടും. ഇവിടെ ഒരു നവീകരണത്തിൻ്റെ പ്രവൃത്തി - ഉറവിടങ്ങളിലേക്കുള്ള മടക്കം ഉണ്ടാകേണ്ടതുണ്ട്. പൗരോഹിത്യ ജീവിതത്തെയും സമർപ്പിതജീവിതത്തെയും ഞാൻ കൂട്ടിക്കുഴക്കുകയല്ല. പൗരോഹിത്യം സമർപ്പിക്കപ്പെട്ടതും സത്യത്തിൽ പവിത്രീകൃതവുമായ ജീവിതാവസ്ഥയാണെന്ന് ഞാൻ സാഘോഷം പ്രഖ്യാപിക്കുന്നു.
ലോകമാനദണ്ഡങ്ങൾക്കനുസൃതം നയിക്കുന്ന ജീവിതത്തിന് പുരോഹിതന്റെ ആത്മാവിൽ പൊരുത്തക്കേടിന്റെയും അപൂർണതയുടെയും ശിഥിലീകരണത്തിൻ്റെയും വികാരങ്ങൾ മാത്രമേ സൃഷ്ടിക്കാനാവൂ. "ഒരുവനും രണ്ട് യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല" (മത്താ 6,24).
പ്രിയ സഹോദരവൈദികരേ, നിങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുവാൻ എന്നെ അനുവദിച്ചാലും. ലൈംഗിക ഇടർച്ചകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. സാമൂഹികമാദ്ധ്യമങ്ങൾവഴി അവ എല്ലായിടത്തും സംപ്രേക്ഷണം ചെയ്യപ്പെട്ടുകൊണ്ടുമിരിക്കുന്നു. മിശിഹായെ അനുകരിച്ചുള്ള നമ്മുടെ ബ്രഹ്മചര്യ വാഗ്ദാനം നേരിട്ട് ചോദ്യംചെയ്യപ്പെടുന്നതുകൊണ്ട് നമ്മളെ അതു നാണക്കേടുകൊണ്ടുമൂടുന്നു. നമ്മുടെ ചില സഹോദരന്മാർ കുട്ടികളുടെ പവിത്രമായ നിഷ്‌ക്കളങ്കതയെ മലിനമാക്കുന്ന വസ്തുത നമുക്കെങ്ങനെ സഹിക്കാനാവും? ഇപ്രകാരമുള്ള ക്രൂരതകൾ രഹസ്യത്തിൽ സംഭവിക്കുമ്പോൾ എങ്ങനെ പ്രേഷിതഫലസമൃദ്ധി നമുക്കു പ്രതീക്ഷിക്കാനാവും? അതു നമ്മുടെ ഏകാന്തതയും സഹനവും വർദ്ധിപ്പിക്കുന്നു. നിങ്ങളിൽ ചിലർ ജോലിഭാരത്താൽ തകർക്കപ്പെടുന്നു. മറ്റുചിലർ ആളൊഴിഞ്ഞ പള്ളികളിൽ വി. കുർബാന ആഘോഷിക്കുന്നു. കുരിശിൻ്റെ അനുഭവം നമ്മുടെ ജീവിതത്തിന്റെ സത്യം അനാവരണം ചെയ്യുന്നുവെന്ന് നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സത്യം പ്രഘോഷിക്കുമ്പോൾ നിങ്ങൾ കുരിശിൽ കയറുകയാണ്. നിങ്ങളെ കൂടാതെ മനുഷ്യവംശത്തിൻ്റെ മഹത്വത്തിനും മനോഹാരിതയ്ക്കും ഇടിവു തട്ടുന്നു. സ്ലീവായോളം സ്നേഹിക്കുവാൻ തയ്യാറായതു കൊണ്ട് നിങ്ങൾ സത്യത്തിന്റെ ജീവനുള്ള കോട്ടയാണ്. അമൂർത്തമോ പക്ഷപാതപരമോ ആയ ഒരു സത്യത്തിന്റെ സംരക്ഷകരല്ല നിങ്ങൾ. ഈശോമിശിഹായോടുള്ള സ്നേഹത്തെപ്രതി സഹിക്കുവാൻ തീരുമാനിച്ചവരാണു നിങ്ങൾ. വിസ്മൃതരും അറിയപ്പെടാത്തവരുമായ നിങ്ങളെല്ലാവരും, സമൂഹത്താൽ ചിലപ്പോൾ വെറുക്കപ്പെടുന്നവരെങ്കിലും, സ്വീകരിച്ച തിരുപ്പട്ടത്തിൻ് വാഗ്ദാനങ്ങളോടു വിശ്വസ്തതത പുലർത്തുന്ന നിങ്ങൾ, ഈ ലോകത്തിന്റെ ശക്തികളെ വിറപ്പിക്കുന്നു. സത്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ജീവിതസമർപ്പണത്തിന്റെ ശക്തിയെ പ്രതിരോധിക്കുവാൻ ഒന്നിനും സാധിക്കുകയില്ലെന്ന് നിങ്ങൾ അവരെ അനുസ്‌മരിപ്പിക്കുന്നു. നിങ്ങളുടെ സാന്നിദ്ധ്യം നുണകളുടെ തലവന് അസഹനീയമാണ്.
ബ്രഹ്മചര്യം ക്രൈസ്‌തവപൗരോഹിത്യത്തിന്റെ സത്തയെത്തന്നെയാണ് പ്രകടമാക്കുന്നത്. പ്രഥമസ്ഥാനം നല്‌കാതെ അതെപ്പറ്റി പ്രതിപാദിക്കുന്നത് ലോകമെമ്പാടുമുള്ള പുരോഹിതന്മാരെ മുറിപ്പെടുത്തുന്നതാണ്. പൗരോഹിത്യബ്രഹ്മചര്യത്തെ ആപേക്ഷികമായി കണക്കാക്കുന്നത് അതിനെ കേവലമൊരു ഉദ്യോഗമായി ചുരുക്കുന്നതിനു തുല്യമായിരിക്കുമെന്ന് എനിക്ക് ഉറച്ച ബോദ്ധ്യമുണ്ട്. എന്നാൽ, പൗരോഹിത്യം ഒരു ഉദ്യോഗമല്ല; മറിച്ച് ഒരു ജീവിതാവസ്ഥയാണ്.
പ്രിയ സഹോദരവൈദികരേ, പൗരോഹിത്യത്തിനൊരുങ്ങുന്ന സെമിനാരിക്കാരേ, ബ്രഹ്മചര്യത്തെ വിമർശിക്കുന്നതും നിന്ദിക്കുന്നതും കേൾക്കുമ്പോൾ നിങ്ങളിൽ അനേകംപേർ അത്യധികം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ പിന്തുണ പ്രതീക്ഷിക്കുന്നവരിൽനിന്ന് തിരസ്‌കരണവും ഒറ്റപ്പെടുത്തലും എത്രയധികമായി നിങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. വ്യർത്ഥവും നിസ്സാരവും ദയനീയവും ആനുഷംഗികവുമായ ദൈവശാസ്ത്രപരമായ അഭിപ്രായങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുവാൻ അനുവദിക്കരുത്. നിങ്ങളുടെ ദൈവവിളിയെ സംശയിക്കുവാൻ ഇടവന്നാൽ, ബ്രഹ്മചര്യത്തിൻ്റെ നിബന്ധനകൾ പിൻവലിയാൻ നിങ്ങളെ പ്രലോഭിപ്പിച്ചാൽ, നിങ്ങൾ ബനഡിക്ട് പതിനാറാമൻന്റെ ശക്തമായ ഉജ്ജ്വല വചസ്സുകൾ ധ്യാനിക്കുവിൻ.
ഈശോ നമ്മെ തുണയ്ക്കുന്നു. നമ്മുടെ ദൃഷ്‌ടികൾ വീണ്ടും നവമായി അവനിൽ ഉറപ്പിക്കുകയും അവനുനേരെ നമ്മുടെ കരങ്ങൾ നീട്ടുകയും ചെയ്യാം. നമ്മുടെ കൈകളിൽ പിടിക്കാൻ അവനെ നമുക്ക് അനുവദിക്കാം; അപ്പോൾ നമ്മൾ മുങ്ങിപ്പോവുകയില്ല...
എനിക്ക് ഇഷ്‌ടപ്പെട്ട പ്രാർത്ഥനകളിൽ ഒന്ന്, വിശുദ്ധ കുർബാന സ്വീകരണത്തിനുമുമ്പ് നമ്മുടെ അധരങ്ങളിൽ ആരാധനക്രമം വയ്ക്കുന്ന പ്രാർത്ഥനയാണ്: "നിന്നിൽ നിന്ന് ഒരിക്കലും വേർപിരിയുവാൻ എന്നെ അനുവദിക്കരുതേ." മിശിഹായുടെ ശരീരവുമായുള്ള കൂട്ടായ്മയിൽ നിന്ന്, കുർബാനയെന്ന ദിവ്യരഹസ്യത്തിൽനിന്ന്, അവനിൽ നിന്നുതന്നെ അകന്നുപോകാതിരിക്കുവാനുള്ള അനുഗ്രഹം നമുക്കു യാചിക്കാം. അവൻ്റെ കൈകളിൽനിന്ന് നമ്മൾ പിടിവിട്ടു പോകാതിരിക്കുവാൻ നമുക്കു പ്രാർത്ഥിക്കാം.
കർത്താവ് അവൻ്റെ കരങ്ങൾ നമ്മുടെമേൽ വച്ചു. ഈ അടയാളത്തിന്റെ അർത്ഥം അവൻതന്നെ വ്യക്തമാക്കുന്നു: “ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല. കാരണം, തന്റെ യജമാനൻ ചെയ്യുന്നതെന്തെന്നു ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതർ എന്നു വിളിച്ചിരിക്കുന്നു. കാരണം, എൻ്റെ പിതാവിൽനിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു" (യോഹ 15,15).
ഇനിമേൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല, എന്നാൽ സ്നേഹിതന്മാർ എന്നു വിളിക്കുന്നു: ഈ വാക്കുകളിൽ യഥാർത്ഥത്തിൽ ഈശോ പൗരോഹിത്യം സ്ഥാപിക്കുകയാണ് ചെയ്‌തത് എന്ന് നമുക്കു മനസ്സിലാക്കാം. കർത്താവ് നമ്മെ തൻ്റെ സ്നേഹിതന്മാരാക്കുന്നു; അവൻ എല്ലാം നമ്മെ ഭരമേല്പ്പിക്കുന്നു; ശിരസ്സായ മിശിഹായുടെ നാമത്തിൽ (in persona Christi capitis) സംസാരിക്കുവാൻ നമ്മെ പ്രാപ്‌തരാക്കുംവിധം അവൻ സ്വയം നമ്മെ ഭരമേല്പ്പിക്കുന്നു.
എത്ര വലിയ വിശ്വാസമാണ് അവൻ നമ്മിൽ അർപ്പിക്കുന്നത്! യഥാർത്ഥത്തിൽ, അവൻ തന്നെത്തന്നെ നമ്മുടെ കരങ്ങളിൽ ഏല്പ്പിച്ചുതന്നിരിക്കുന്നു. ഇനിമേൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുകയില്ല, എന്നാൽ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. പുരോഹിതനായിരിക്കുന്നതിന്റെ അഗാധമായ അർത്ഥം ഇതാണ്: ഈശോ മിശിഹായുടെ സ്നേഹിതനാവുക. അനുദിനം ഈ മൈത്രിയ്ക്ക് നമ്മൾ നമ്മെ പുനഃപ്രതിഷ്‌ഠിക്കണം... ഫിലിപ്പിയായിലെ സഭയ്ക്കുള്ള ലേഖനത്തിൽ പൗലോസ്ശ്ലീഹാ എഴുതുന്നതുപോലെ (ഫിലി 2,2-5), ഈശോയുമായി മനോഭാവത്തിലുള്ള ഈ ഐക്യം നമ്മൾ അനുദിനം പരിശീലിക്കണം. മനോഭാവത്തിലുള്ള ഈ ബന്ധം ബൗദ്ധികം മാത്രമല്ല, വിചാരവികാരങ്ങളിലും ഇച്ഛാശക്തിയിലും അതുവഴി പ്രവൃത്തികളിലുമുള്ള പങ്കുചേരലാണ്. അവനോടൊപ്പം വസിച്ചുകൊണ്ടും അവനോടുകൂടെ ആയിരുന്നുകൊണ്ടും അവനെ ശ്രവിച്ചുകൊണ്ടും കൂടുതൽ കൂടുതൽ വ്യക്തിപരമായി നമ്മൾ ഈശോയെ അറിയണമെന്നാണ് ഇതിനർത്ഥം.
പഠനവിഷയമെന്ന നിലയിലല്ലാതെ, തിരുലിഖിതങ്ങൾ ആത്മീയമായി വായിക്കുന്നതിലൂടെ (lectio divina) സന്നിഹിതനായി നമ്മോടു സംസാരിക്കുന്ന ഈശോയെ കണ്ടു മുട്ടുവാൻ നമ്മൾ പഠിക്കുന്നു. ഈശോയുടെ വാക്കുകളും പ്രവൃത്തികളും അവൻ്റെ മുമ്പാകെയും അവനോടുകൂടിയും നമ്മൾ ചിന്തിക്കുകയും മനനം ചെയ്യുകയും വേണം. തിരുലിഖിതങ്ങളുടെ പാരായണം പ്രാർത്ഥനയാണ്; അതു പ്രാർത്ഥനയായിരിക്കണം; അതു പ്രാർത്ഥനയിൽനിന്ന് ഉത്ഭവിച്ച് പ്രാർത്ഥനയിലേക്കു നയിക്കണം.
ഈശോ പതിവായി രാത്രിമുഴുവനും ഒറ്റയ്ക്കു പ്രാർത്ഥിക്കുവാനായി 'മലമുകളിലേക്ക്' പിൻവാങ്ങിയിരുന്നുവെന്ന് സുവിശേഷകന്മാർ നമ്മോടു പറയുന്നു. നമുക്കും ഈ 'മലകൾ' ആവശ്യമാണ്. നമ്മൾ കയറേണ്ട ആന്തരികശൃംഗങ്ങളാണ് പ്രാർത്ഥനയുടെ മലമുകൾ. ഇങ്ങനെ മാത്രമേ സുഹൃദ്‌ബന്ധം വളരൂ. ഇപ്രകാരം മാത്രമേ നമുക്കു നമ്മുടെ പൗരോഹിത്യശുശ്രൂഷ നിർവഹിക്കാനാവൂ; ഇങ്ങനെ മാത്രമേ നമ്മുടെ സഹോദരീസഹോദരന്മാരിലേക്കു മിശിഹായെയും അവിടുത്തെ സുവിശേഷത്തെയും എത്തിക്കുവാൻ നമുക്കു സാധിക്കുകയുള്ളു.
പ്രവർത്തനനിരത (activism) അതിൽത്തന്നെ വീരോചിതംപോലും ആകാം; മിശിഹായുമായുള്ള ആഴമായ ആന്തരിക ഐക്യത്തിൽനിന്ന് ഉടലെടുക്കുന്നതല്ലെങ്കിൽ ആത്യന്തികമായി ബാഹ്യപ്രവൃത്തി ഫലശൂന്യവും പ്രയോജനരഹിതവുമായിത്തീരും. പ്രാർത്ഥനയ്ക്കായി നമ്മൾ ചെലവഴിക്കുന്ന സമയം തീർച്ചയായും അജപാലന പ്രവ്യത്തിയാണ്; യഥാർത്ഥ അജപാലനപ്രവൃത്തി തന്നെയാണ്. പുരോഹിതൻ എല്ലാറ്റിലുമുപരി പ്രാർത്ഥനയുടെ മനുഷ്യനായിരിക്കണം.
ലോകം അതിൻ്റെ അനിയന്ത്രിത പ്രവർത്തനനിരതയിൽ മിക്കപ്പോഴും ദിശാബോധം നഷ്‌ടപ്പെടുത്തുന്നു. ഊഷര ഭൂമിയെ നനയ്ക്കുവാൻ ഒഴുകിയെത്തുന്ന ജീവജലമായ പ്രാർത്ഥനയുടെ ശക്തിയില്ലെങ്കിൽ അതിൻ്റെ പ്രവൃത്തികളും കഴിവുകളും നാശകരമായിത്തീരും.
ഞാൻ ഇനി നിങ്ങളെ ദാസന്മാർ എന്നല്ല, സ്നേഹിതന്മാർ എന്നേ വിളിക്കൂ. പൗരോഹിത്യത്തിൻ്റെ കാതൽ ഈശോ മിശിഹായുടെ സുഹൃത്തുക്കൾ ആയിരിക്കുക എന്നതാണ്. കൂദാശയുടെ സാധുതയെ മിശിഹായിൽനിന്നുള്ള അകൽച്ച അപകടപ്പെടുത്തുന്നില്ലെങ്കിലും, ഈവിധം മാത്രമേ നമുക്ക് മിശിഹായുടെ നാമത്തിൽ (in persona Christi) സംസാരിക്കാൻ സാധിക്കുകയുള്ളു. ഈശോയുടെ സ്നേഹിതനാവുക, പുരോഹിതനാവുക എന്നതിനർത്ഥം പ്രാർത്ഥനയുടെ മനുഷ്യനാവുക എന്നാണ്. ഇപ്രകാരം നമ്മൾ അവനെ തിരിച്ചറിയുകയും കേവലം ദാസന്മാരുടെ അജ്ഞതയിൽനിന്ന് പുറത്തുവരികയും ചെയ്യുന്നു. അങ്ങനെ നമ്മൾ അവനോടുകൂടിയും അവനുവേണ്ടിയും ജീവിക്കുവാനും സഹിക്കുവാനും പ്രവർത്തിക്കുവാനും പഠിക്കുന്നു.
ഈശോയോടുള്ള സൗഹൃദം എപ്പോഴും അവൻ്റെ അനുയായികളോടുമുള്ള സൗഹൃദമാണ്. ശിരസ്സും ശരീരവുമടങ്ങുന്ന സമ്പൂർണ മിശിഹായോടുള്ള ഐക്യത്തിലായിക്കൊണ്ടു മാത്രമേ നമുക്ക് ഈശോയുടെ സ്നേഹിതന്മാരാകാൻ സാധിക്കൂ; കർത്താവുതന്നെ ജീവൻ നല്‌കുന്ന സഭയാകുന്ന മുന്തിരിച്ചെടിയിൽ ചേർന്നുനിന്നുകൊണ്ട് ഇതു സാധ്യമാകൂ.
ദൈവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടുനില്‌ക്കെ, 2006 ഫെബ്രുവരി 5-ാം തീയതി തുർക്കിയിലെ ട്രെബിസോൻഡ് (Trebizond) എന്ന നഗരത്തിൽ കൊലചെയ്യപ്പെട്ട റോമാരു പതക്കാരനായ അന്ത്രയാ സൻടോറോ എന്ന വൈദികന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ വചനവിചിന്തനം സമാപിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു: 'ഞാനിവിടെ ആയിരിക്കുന്നത് ഈ ജനത്തോടൊപ്പം വസിക്കുവാനും ഈശോയ്ക്ക് എൻ്റെ ശരീരം കടംകൊടുത്തുകൊണ്ട് ഇവരുടെ മദ്ധ്യേയുള്ള അവിടുത്തെ വാസം സാധ്യമാക്കുവാനും വേണ്ടിയാണ്... സ്വന്തം ശരീരം സമർപ്പിച്ചുകൊണ്ടു മാത്രമേ ഒരുവൻ രക്ഷയ്ക്കു പ്രാപ്‌തനാവുകയുള്ളു. ഈശോ ചെയ്തതുപോലെ തൻ്റെ ശരീരത്തിൽ സ്വാംശീകരിച്ചു കൊണ്ട് ലോകത്തിലെ തിന്മ ഏറ്റെടുക്കുകയും വേദനയിൽ പങ്കുചേരുകയും ചെയ്യണം.
ഈശോ നമ്മുടെ ശരീരം സ്വീകരിച്ചു; നമുക്ക് നമ്മുടേത് അവനു നല്കാം. അപ്രകാരം അവനു ലോകത്തിലേക്കു വരുവാനും അതിനെ രൂപാന്തരപ്പെടുത്തുവാനും കഴിയും. വിശുദ്ധ കുർബാനയാണ് പുരോഹിതൻ്റെ അസ്‌തിത്വത്തിനു നിദാനം. കാൽവരിയിലെ ബലിയുടെ പുതുക്കൽ, അനുദിനമുള്ള പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും മഹനീയവും സുപ്രധാനവുമായ പ്രവൃത്തി മാത്രമല്ല, അവൻ്റെ ജീവിതത്തിന് അർത്ഥവ്യാപ്തി ചൊരിയുന്നതു കൂടിയാണ്. നിറകണ്ണുകളോടെ ആർസിലെ വിശുദ്ധനായ വികാരി മിക്കപ്പോഴും ആവർത്തിച്ചുപറഞ്ഞിരുന്നു: “ഹാ, പുരോഹിതനായിരിക്കുക എന്നാൽ എത്രയോ ഭീതിജനകം!” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “എന്തോ സാധാരണ കാര്യമെന്ന പോലെ പുരോഹിതൻ വിശുദ്ധ കുർബാനയർപ്പിക്കുന്നത് എത്രയോ സങ്കടകരം!" ആന്തരികജീവിതം ഇല്ലാത്ത പുരോഹിതൻ എത്രയോ ദൂരം വഴിതെറ്റി അലഞ്ഞു.
പ്രിയപ്പെട്ട പുരോഹിതന്മാരേ, സെമിനാരിക്കാരേ, നിശബ്ദതയിൽ മിശിഹായ്ക്ക് അർപ്പിക്കുന്ന സമയം ഒരു നഷ്ടമാണെന്നു കരുതുകയും സാമൂഹ്യമോ പാരിസ്ഥിതികമോ ആയ പ്രതിബദ്ധതയ്ക്ക് മുൻഗണന നല്‌കുകയും ചെയ്യുന്ന ഉപരിപ്ലവജീവിതത്തിന്റെ പ്രവർത്തനനിരതയും തിടുക്കവും നമ്മുടെമേൽ പിടിമുറുക്കുവാൻ നമുക്ക് അനുവദിക്കാതിരിക്കാം. നമ്മുടെ ബ്രഹ്മചര്യത്തിനും കന്യാത്വത്തിനും അനിവാര്യമായ പിന്തുണ നമ്മൾ കൃത്യമായി കണ്ടെത്തുന്നത് തിരുസക്രാരിയുടെ മുമ്പിലുള്ള ആരാധനയിലും പ്രാർത്ഥനയിലുമാണ്.
നമുക്കു നിരുത്സാഹപ്പെടാതിരിക്കാം. പ്രാർത്ഥന പരിശ്രമം ആവശ്യപ്പെടുന്നു. രാത്രിമുഴുവനും പ്രഭാതംവരെ ദൈവവുമായി മല്പ്പിടുത്തം നടത്തിയ യാക്കോബിനെപ്പോലെ (ഉല് 32,22-32), ദൈവവുമായുള്ള തീവ്രമായ ബലപരീക്ഷണവും നേർക്കുനേരെയുള്ള പോരാട്ടവും ഇതിൻ്റെ ഭാഗമാണ്. അങ്ങേയറ്റം രഹസ്യാത്മകമായി ഈശോ പ്രവർത്തിക്കുന്നതുകൊണ്ട്, അവിടുന്ന് നിശബ്ദനായിരിക്കുന്നതിൽ നമുക്കു പലപ്പോഴും വേദന ഉളവാകുന്നു. നമുക്ക് ആരാധനയുടെ പ്രാർത്ഥനയിൽ ഉത്സുകരാകാം; നമ്മുടെ ജീവിത മാതൃകവഴി ക്രിസ്‌തീയവിശ്വാസികളെ ഇതു പഠിപ്പിക്കാം. കർത്താവുമായുള്ള പുരോഹിതന്മാരുടെ ആത്മബന്ധം പ്രോത്സാഹിപ്പിക്കുവാൻ വിശുദ്ധ ചാൾസ് ബൊറോമെയോ പതിവായി പറഞ്ഞിരുന്നു:
“നിങ്ങളുടെ ആത്മാക്കളെ നശിച്ചുപോകുവാൻ അനുവദിച്ചാൽ, മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധചെലുത്തുവാൻ നിങ്ങൾക്കു സാധിക്കുകയില്ല. അവസാനം മറ്റുള്ളവർക്കുവേണ്ടിപോലും നിങ്ങൾ തുടർന്ന് ഒന്നും ചെയ്യുകയില്ല. ദൈവത്തോടുകൂടി ആയിരിക്കുവാൻ നിങ്ങൾക്ക് എപ്പോഴും സമയമുണ്ടായിരിക്കണം.
നിങ്ങൾ ആത്മാക്കളുടെ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണോ? അതുവഴി നിങ്ങൾ നിങ്ങളെത്തന്നെ അവഗണിക്കരുത്. നിങ്ങൾക്കായി നിങ്ങളുടേതായ യാതൊന്നും മിച്ചമില്ലാത്തവിധം മറ്റുള്ളവർക്കായി വ്യയം ചെയ്യരുത്. നിങ്ങളെത്തന്നെ മറക്കാതെ നിങ്ങൾ ആരുടെ ഇടയനായിരിക്കുന്നുവോ ആ ആത്മാക്കളെ തീർച്ചയായും മനസ്സിൽ സൂക്ഷിക്കണം. എൻ്റെ സഹോദരന്മാരേ, നമ്മുടെ എല്ലാ പ്രവൃത്തികൾക്കും മുമ്പായും അതോടൊപ്പവും അതിനു ശേഷവും ഉണ്ടായിരിക്കേണ്ട ധ്യാനത്തെക്കാൾ പ്രധാനപ്പെട്ടതായി പുരോഹിതന്മാർക്ക് ഒന്നുമില്ല എന്നു മറക്കരുത്. പ്രവാചകൻ പറയുന്നു: ഞാൻ ഗാനമാലപിക്കുകയും ധ്യാനിക്കുകയും ചെയ്യും (സങ്കീ 100,1). എൻ്റെ സഹോദരാ, നീ കൂദാശകൾ പരികർമ്മം ചെയ്യുകയാണെങ്കിൽ, നീ ചെയ്യുന്നതിനെക്കുറിച്ചു ധ്യാനിക്കുക. നീ വിശുദ്ധ കുർബാന ആഘോഷിക്കുകയാണെങ്കിൽ, നീ അർപ്പിക്കുന്നതിനെ ധ്യാനിക്കുക. നീ ഗായകസംഘത്തിൽ സങ്കീർത്തനങ്ങൾ ആലപിക്കുകയാണങ്കിൽ, ആരോട് എന്തിനെക്കുറിച്ചു സംസാരിക്കുന്നു എന്നു ധ്യാനിക്കുക. നീ ആത്മാക്കളുടെ നിയന്താവ് ആണെങ്കിൽ, ആരുടെ രക്തത്താലാണ് അവർ ശുദ്ധീകരിക്കപ്പെട്ടത് എന്നു ധ്യാനിക്കുക.
പുരോഹിതന്മാരോടുള്ള ചാൾസ് ബോറോമെയോയുടെ അമൂല്യമായ ഉപദേശത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശദീകരിച്ചത് ഇപ്രകാരമാണ്:
പ്രത്യേകമായി, പുരോഹിതൻ്റെ പ്രാർത്ഥനാജീവിതം നിരന്തരമായി 'നവീകരിക്കപ്പെടണം'. നേരത്തെ നേടിയ നേട്ടങ്ങൾ മാത്രംവച്ചുകൊണ്ട് പ്രാർത്ഥനാജീവതം മുമ്പോട്ടു നയിക്കുവാൻ സാധിക്കുകയില്ല എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഓരോ ദിവസവുമുള്ള പ്രാർത്ഥനാസമയങ്ങളോടും പ്രത്യേകമായി യാമപ്രാർത്ഥനകളുടെ ആഘോഷത്തോടും ആരാധനക്രമം നിശ്ചയിച്ചിട്ടില്ലാത്തതെങ്കിലും വ്യക്തിപരമായ തീരുമാനപ്രകാരമുള്ള പ്രാർത്ഥനകളോടും ബാഹ്യമായ വിശ്വസ്തത നവീകരിക്കുന്നതോടൊപ്പം എപ്പോഴും ഈശോയുമായി വ്യക്തിപരമായും യഥാർത്ഥമായും കണ്ടുമുട്ടുന്നതിൻ്റെ അനുഭവത്തിനായി, പിതാവായ ദൈവത്തോട്, തികഞ്ഞ ആശ്രയബോധത്തോടെ സംഭാഷിക്കുവാനും റൂഹായെ ആഴത്തിൽ അനുഭവിക്കുവാനും നമ്മൾ യത്നിക്കണം.
മിശിഹായുടെ പൂർണതയുടെ തോതനുസരിച്ച് എല്ലാ ക്രൈസ്തവരും പക്വമതികളായ മനുഷ്യരാകണമെന്നു വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് (എഫേ 4,13), പുരോഹിതന്മരെ സംബന്ധിച്ച് പ്രത്യേകമാംവിധം വാസ്തവമാണ്. കാരണം, ഉപവിയുടെ പൂർണതയിലേക്കും വിശുദ്ധിയിലേക്കും അവർ വിളിക്കപ്പെട്ടിരിക്കുന്നു; അതിലുമുപരിയായി, എല്ലാ വിശ്വാസികൾക്കും മാതൃകയായിരിക്കണമെന്ന് അവരുടെ അജപാലനശുശ്രൂഷതന്നെ ആവശ്യപ്പെടുകയും ചെയ്യുന്നു.
പ്രിയപ്പെട്ട പുരോഹിതന്മാരേ, സെമിനാരിക്കാരേ, വ്യാപകമായ മതനിസ്സംഗതയുടെയും വിശ്വാസസത്യങ്ങളുടെ പ്രതിസന്ധിയുടെയും സാഹചര്യത്തിൽ, നിങ്ങളുടെ വിശ്വാസം ശക്തവും ഊർജ്ജസ്വലവുമായി നിലനില്ക്കണമെങ്കിൽ, ശ്രദ്ധാപൂർവകവും വിനീതവും ആത്മവിശ്വാസമുള്ളതുമായ പ്രാർത്ഥനാജീവിതം പരിപോഷിപ്പിക്കുന്നത് അഭിലഷണീയമാണ്. പ്രാർത്ഥനയുടെ മാതൃകകളും ഗുരുഭൂതരുമെന്നനിലയിൽ എപ്പോഴും അതിൽ സ്ഥിരതയുള്ളവരായി നിലനില്ക്കുവിൻ.
ഈശോയെ അനുകരിച്ച്, പിതാവുമായി ഉണർവേകുന്ന സംഭാഷണത്തിൽ ഏർപ്പെടുവാൻ നിങ്ങളുടെ ദിവസങ്ങൾ പ്രാർത്ഥനാസമയംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാകട്ടെ. കൂടുൽ കൂടുതലായി അസ്വസ്ഥതകളിൽ നമ്മൾ ആണ്ടു പോകുമ്പോൾ, പ്രത്യേകിച്ച് തിരക്കേറിയ ജീവിതത്തിൽ കർത്താവുമായുള്ള അനുദിന കൂടിക്കാഴ്‌ചയ്ക്കുള്ള സമയത്തോട് വിശ്വസ്തത പുലർത്തുവാൻ അത്രയെളുപ്പമല്ലെന്ന് എനിക്കറിയാം. തൻ്റെ ശുശ്രൂഷയെ ഫലപ്രദമാക്കിക്കൊണ്ട് ദൈവകൃപ പ്രവർത്തനനിരതമാകുന്ന പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം അവൻ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതാണ് എന്ന ഉറച്ച ബോദ്ധ്യം നമ്മൾ ആർജ്ജിക്കണം: സമൂഹത്തിനു നല്കേണ്ട പ്രഥമ സേവനം പ്രാർത്ഥനയാണ്. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് യഥാർത്ഥ മുൻഗണന നല്‌കണം.
നിങ്ങളുടെ ജീവിതപദ്ധതിയാകുന്ന ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ നിങ്ങളുടെ അസ്‌തിത്വത്തെ പടുത്തുയർത്തുക. നിങ്ങളുടെ ജീവിതം ഏകീകരിക്കുവാൻ കർത്താവിനോടു നിരന്തരം പ്രാർത്ഥിക്കുക. പ്രവൃത്തിയും പ്രാർത്ഥനയും പരസ്‌പരം പുറംതിരിഞ്ഞുനില്ക്കുന്നില്ല; പിന്നെയോ അവ പരസ്‌പരം തുണയാകണം. നമ്മൾ ആന്തരികമായി ദൈവവുമായി ഐക്യത്തിലല്ലെങ്കിൽ, മറ്റുള്ളവർക്ക് ഒന്നും നല്‌കുവാൻ നമുക്കു സാധിക്കുകയില്ല. ദൈവമാണ് നമ്മുടെ പ്രഥമ മുൻഗണനയെന്ന് നിരന്തരം നമ്മൾ വീണ്ടും കണ്ടെത്തണം. ബനഡിക്ട് പതിനാറാമൻ പറഞ്ഞു: "പുരോഹിതന്മാരായി പട്ടം സ്വീകരിക്കുകയെന്നാൽ 'സ്വന്തമായവർക്കായുള്ള' മിശിഹായുടെ പ്രാർത്ഥനയിൽ കൗദാശികമായും അസ്‌തിത്വപരമായും പ്രവേശിക്കുക എന്നാണർത്ഥം. ഇതിൽനിന്നു പ്രാർത്ഥിക്കുവാനുള്ള ഒരു പ്രത്യേക ആഹ്വാനം പുരോഹിതന്മാരായ നമ്മൾ സ്വീകരിക്കുന്നു... ധാരാളം പ്രാർത്ഥിക്കുന്ന പുരോഹിതൻ, നന്നായി പ്രാർത്ഥിക്കുന്ന പുരോഹിതൻ തന്നിൽനിന്നുതന്നെ ക്രമേണ പുറത്തുവരികയും സഹോദരങ്ങളുടെ ദാസനും നല്ലയിടയനുമായ ഈശോയോട് കൂടുതലായി ഐക്യപ്പെടുകയും ചെയ്യുന്നു. വിശ്വാസവും പ്രാർത്ഥനയും കൂടാതെയുള്ള പൗരോഹിത്യബ്രഹ്മചര്യം കൊടുങ്കാറ്റടിക്കുമ്പോൾ നിലംപതിക്കുന്ന, പുഴിയിൽ പണിത വീടുപോലെയാണ്. പ്രാർത്ഥനയും സജീവവിശ്വാസവും കൂടാതെ നമുക്ക് പൗരോഹിത്യബ്രഹ്മചര്യം മനസ്സിലാക്കുവാനും ആനന്ദത്തോടെ ജീവിക്കുവാനും എങ്ങനെ സാധിക്കും?
സ്നേഹമുള്ള സഹോദരവൈദികന്മാരേ, മെത്രാന്മാരേ, ബനഡിക്ട് പതിനാറാമൻ്റെ ആഴമേറിയ വാക്കുകൾ നമുക്കു ഒരിക്കൽക്കൂടി വായിക്കാം:
പൗലോസ്ശ്ലീഹാ തിമോത്തേയോസിനെ - അവനിലൂടെ മെത്രാന്മാരെയും പുരോഹിതന്മാരെ പൊതുവായും 'ദൈവത്തിന്റെ മനുഷ്യൻ' എന്നു വിളിക്കുന്നു (1 തിമോ 6,11). ദൈവത്തെ മനുഷ്യരിലേക്കു സംവഹിക്കുക എന്നതാണു പുരോഹിതൻ്റെ മുഖ്യകർത്തവ്യം. അവൻ ദൈവത്തോടൊപ്പവും ദൈവത്താലും ജീവിക്കുന്നെങ്കിൽ മാത്രമേ, അവൻ ദൈവത്തിൽനിന്നു വരുന്നെങ്കിൽ മാത്രമേ, തീർച്ചയായും ഈ കർത്തവ്യം നിർവഹിക്കാനാവു... പൗരോഹിത്യജീവിതത്തിൻ്റെ യഥാർത്ഥ അടിസ്ഥാനവും അവന്റെ ജീവിതത്തിന്റെയും അസ്‌തിത്വത്തിൻ്റെയും അടിത്തറയും ദൈവം തന്നെയാണ്.
ഈശോയുമായുള്ള ഐക്യത്തിൽ ശ്ലീഹന്മാരെ പിന്തുടരുന്നതിലാണ് പൗരോഹിത്യദൗത്യത്തിൻ്റെ അർത്ഥം അടങ്ങിയിരിക്കുന്നതെന്ന് സഭ ശരിയായി മനസ്സിലാക്കുന്നു. ലേവ്യനോടൊപ്പം ഇന്നിൻ്റെ പുരോഹിതനും, 'കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും' (Dominus pars hereditatis meae et calicis mei) എന്നു കൃത്യമായി പറയുവാൻ കഴിയണം, പറയുകയും വേണം. ദൈവംതന്നെയാണ് എനിക്ക് അവകാശമായി കിട്ടുന്ന ഓഹരി; എൻ്റെ അസ്തിത്വത്തിന്റെ ബാഹ്യവും ആന്തരികവുമായ അടിസ്ഥാനം.
എല്ലാം കണക്കുകുട്ടി തിട്ടപ്പെടുത്താവുന്നതും പരിശോധിച്ച് ഉറപ്പിക്കാവുന്നതുമായ കാര്യനിർവഹണപ്രാപ്‌തിയിൽ മാത്രം അധിഷ്ഠിതമായ ഈ ലോകത്തിൽ ദൈവകേന്ദ്രീകൃതമായ പൗരോഹിത്യാസ്‌തിത്വം തീർച്ചയായും ഒരാവശ്യം തന്നെയാണ്. പുരോഹിതൻ ഉള്ളിൽനിന്നുതന്നെ ദൈവത്തെ യഥാർത്ഥമായി അറിയുകയും അപ്രകാരം ദൈവത്തെ മനുഷ്യരിലേക്കു കൊണ്ടുവരികയും ചെയ്യണം: ഇതാണ് സമകാലീന മനുഷ്യവംശത്തിന് ആവശ്യമായ പ്രഥമസേവനം. ദൈവകേന്ദ്രീകൃതമായ ജീവിതം നഷ്ടമായാൽ പുരോഹിതൻ്റെ പ്രവൃത്തികളിലുള്ള തീക്ഷ്‌ണത കുറെശ്ശേ കൈമോശം വരും. ബാഹ്യവസ്‌തുക്കളുടെ അതിപ്രസരത്തിൽ, എല്ലാക്കാര്യങ്ങൾക്കും അർത്ഥം നല്കുകയും ഐക്യത്തിലേക്കു നയിക്കുകയും ചെയ്യുന്ന കേന്ദ്ര ബിന്ദു നഷ്‌ടപ്പെട്ടുപോകുന്നു. ഇതെല്ലാം നിലനില്ക്കാനും വളർന്നു പന്തലിക്കാനുമുള്ള 'ഭൂമി'യായ ജീവിതത്തിന്റെ അടിത്തറ അവിടെ നഷ്ടമാകുന്നു.
ഈ പ്രബോധനം എല്ലാ നവീകരണത്തിൻ്റെയും, പ്രത്യേകിച്ച് കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിൻ്റെ, രൂപരേഖയാണ്. ഇത് ആത്യന്തികമായി ബ്രഹ്മചര്യത്തിൻ്റെ അർത്ഥവും ആവശ്യകതയും സ്പഷ്ടമാക്കുന്നു. പുരോഹിതന് ദൈവമല്ലാതെ മറ്റൊന്നും ഉണ്ടാകുവാൻ സാധിക്കുകയില്ല; ഉണ്ടാകുവാൻ പാടുമില്ല. ദൈവത്തിന്റെ കാര്യത്തിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും പുരോഹിതൻ ദരിദ്രനായിരിക്കണം. ദൈവമാണ് എല്ലാ സുവിശേഷവത്ക്കരണത്തിന്റെയും അജപാലനപ്രവർത്തനങ്ങളുടെയും കേന്ദ്രമെന്ന് അവൻ തന്റെ ജീവിതശൈലിവഴി വ്യക്തമാക്കണം.
പാശ്ചാത്യ-പൗരസ്‌ത്യസഭകളിൽ എല്ലായിടത്തും മെത്രാന്മാരുടെ കാര്യത്തിൽ പ്രാബല്യത്തിലിരുന്നതും, ശ്ലീഹന്മാരുടെ കാലംവരെ എത്തുന്ന പാരമ്പര്യമനുസരിച്ച് ലത്തീൻസഭയിലെ പുരോഹിന്മാർക്കെല്ലാവർക്കും ബാധകമായിരുന്നതുമായ ഈ അടിസ്ഥാനഘടനയിൽ അധിഷ്ഠിതമായാൽ മാത്രമേ ബ്രഹ്മചര്യത്തെ മനസ്സിലാക്കുവാനും ജീവിക്കുവാനും സാധിക്കൂ.
പ്രായോഗികതയുടെ കാരണങ്ങൾകൊണ്ടുമാത്രമോ കൂടുതൽ സംലഭ്യതയുടെ പേരിൽ മാത്രമോ ബ്രഹ്മചര്യത്തെ മനസ്സിലാക്കിയാൽ പോരാ. വിവാഹജീവിതത്തിലെ പരസ്പര അംഗീകാരവും സഹിഷ്‌ണുതയും ആവശ്യപ്പെടുന്ന ത്യാഗങ്ങളിലും സഹനങ്ങളിലുംനിന്ന് ഒരുവനെ ഒഴിവാക്കുന്ന സ്വാർത്ഥതയിലേക്ക് സമയത്തിൻ്റെ കൂടുതലായ ഈ ലഭ്യത എളുപ്പം നയിക്കാം. അപ്രകാരമത്, ആദ്ധ്യാത്മിക പാപ്പരത്വത്തിലേക്കോ ഹൃദയകാഠിന്യത്തിലേക്കോ എത്തിച്ചേക്കാം.
'കർത്താവ് എൻ്റെ ഓഹരി' (Dominus pars) എന്ന വാക്കുകളിൽ ബ്രഹ്മചര്യത്തിൻ്റെ യഥാർത്ഥ അടിസ്ഥാനം കുടികൊള്ളുന്നു. അവിടുന്നാണ് എൻ്റെ അവകാശ ഭൂമി. ദൈവ കേന്ദ്രീകൃതമാകുവാനേ ഇതിനു സാധിക്കുകയുള്ളു. സ്നേഹത്തിന് അവന്റെ ജീവിതത്തിൽ സ്ഥാനമില്ല എന്നല്ല ഇതിനർത്ഥം. പിന്നെയോ, ദൈവത്തിനായുള്ള അഭിനിവേശത്താൽ എരിയുന്നവനാവുകയും അക്കാരണത്താൽ അവിടുത്തോടൊപ്പം കൂടുതലായ ആത്മബന്ധത്തിലായിരിക്കുന്നതുവഴി മനുഷ്യർക്കു സേവനമനുഷ്‌ഠിക്കുന്ന വനാവുകയും ചെയ്യുന്നു. ബ്രഹ്മചര്യം വിശ്വാസ സാക്ഷ്യമാകണം: ദൈവത്തിലുള്ള വിശ്വാസം യഥാർത്ഥമാകുന്നത് അവിടുന്നിൽ അടിസ്ഥാനമുണ്ടെങ്കിൽ മാത്രം അർത്ഥം ലഭിക്കുന്ന ജീവിതത്തിലാണ്.
ഞാൻ ദൈവത്തെ ഒരു യാഥാർത്ഥ്യമായി സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്നും അതുകൊണ്ട് എനിക്ക് സ്ത്രീപുരുഷന്മാരിലേക്ക് അവിടുത്തെ എത്തിക്കുവാൻ കഴിയുമെന്നുമാണ്, വിവാഹവും കുടുംബവും ത്യജിച്ചുകൊണ്ട് ദൈവത്തിൽ അടിസ്ഥാനമുറപ്പിച്ചുള്ള ജീവിതത്തിന്റെ അർത്ഥം. ദൈവത്തെ ഒരു സമൂർത്ത യാഥാർത്ഥ്യമായല്ലാതെ, ഏറ്റവും കൂടിയാൽ, ഒരു സങ്കല്പ്പം മാത്രമായി കാണുന്ന പ്രപഞ്ചാധിഷ്‌ഠിത സിദ്ധാന്തങ്ങൾ വച്ചുപുലർത്തുന്ന ഇന്നത്തെ ലോകത്തെ സംബന്ധിച്ച്, സാധിക്കുന്നിടത്തോളം മൗലികവും സമൂർത്തവുമായി ദൈവത്തിൽ ആശ്രയിക്കേണ്ടത് ആവശ്യമാണ്.
ദൈവത്തെ തൻ്റെ അസ്‌തിത്വത്തിന് അടിസ്ഥാന ഇടമായി സ്വീകരിക്കുവാനുള്ള തീരുമാനംവഴി ദൈവത്തിനു നല്കപ്പെടുന്ന സാക്ഷ്യം ലോകത്തിന് ആവശ്യമാണ്. ഇക്കാരണത്താൽ, ബ്രഹ്മചര്യസാക്ഷാത്ക്കാരം നമ്മുടെ ഇന്നത്തെ ലോകത്തിൽ നിരന്തരം ഭീഷണി നേരിടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുവെങ്കിലും, പൗരോഹിത്യബ്രഹ്മചര്യം നമ്മുടെ സമകാലീന ലോകത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.
ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ശ്രദ്ധാപൂർവകമായ ഒരുക്കം ആവശ്യമാണ്; അതുപോലെതന്നെ പൗരോഹിത്യസാക്ഷ്യത്തിന് ഒരുമിച്ചു പിന്തുണ നല്‌കുന്ന മെത്രാന്മാരുടെയും പുരോഹിതസ്നേഹിതരുടെയും അത്മായരുടെയും നിരന്തരമായ മാർഗനിർദേശങ്ങളും ആവശ്യമാണ്. ദൈവത്തെ 'ജീവിക്കുന്ന ദൈവമേ' എന്ന് ഇടതടവില്ലാതെ വിളിച്ചപേക്ഷിക്കുകയും ആനന്ദത്തിന്റെയോ ആശയക്കുഴപ്പത്തിൻ്റെയോ സന്ദർഭങ്ങളിൽ ഒരുപോലെ ആശ്രയിക്കുകയും ചെയ്യുന്ന പ്രാർത്ഥന നമുക്ക് ആവശ്യമാണ്. തത്ഫലമായി, ഇപ്രകാരമുള്ള തീരുമാനങ്ങളെടുക്കുവാൻ നമ്മൾ പ്രാപ്‌തരല്ലെന്ന് നമ്മെളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുന്ന സാംസ്ക്കാരികപ്രവണതയ്ക്ക് വിരുദ്ധമായി ഈ സാക്ഷ്യം ജീവിക്കുവാനും അപ്രകാരം നമ്മുടെ ലോകത്തിൽ ദൈവത്തെ ഒരു യാഥാർത്ഥ്യമായി പുനഃപ്രതിഷ്ഠിക്കുവാനും സാധിക്കും.
നമ്മുടെ ലോകത്തിന് എന്നത്തേക്കാളുമുപരി ഇന്ന് പൗരോഹിത്യ ബ്രഹ്മചര്യം ആവശ്യമാണ്; പുരോഹിതർക്ക് ഇതാവശ്യമാണ്. അജപാലനവീക്ഷണത്തിൽ ഇത് അനിവാര്യമാണ്. ഇതിനു ജ്വലിക്കുന്ന പ്രേഷിതപ്രസക്തിയുണ്ട്.
ഉപസംഹാരമായി, നമ്മൾ പറഞ്ഞതിൻ്റെ മുഖ്യമായ അടിസ്ഥാനങ്ങൾ അവലോകനം ചെയ്യാം. മിശിഹായായ ഈശോ പുരോഹിതനാണ്. അവിടുത്തെ അസ്തിത്വം മുഴുവനും പൗരോഹിത്യപരവും സമർപ്പിതവും ഏല്പ്പിച്ചുകൊടുക്കപ്പെട്ടതുമാണ്. മിശിഹായ്ക്കു മുമ്പുള്ള കാലങ്ങളിൽ പുരോഹിതന്മാർ ദൈവത്തിന് മൃഗങ്ങളെ ബലിയായി സമർപ്പിച്ചു. യഥാർത്ഥ പുരോഹിതൻ തന്നെത്തന്നെ അർപ്പിക്കുന്നു എന്ന് അവിടുന്നു നമുക്കു വെളിപ്പെടുത്തി. ഇനി മുതൽ, പുരോഹിതനായിരിക്കുന്നതിന് മിശിഹാ പിതാവിനർപ്പിച്ച മഹനീയ ബലിയിൽ നമ്മളും പങ്കുകാരാകണം. സ്ലീവായിലെ ബലി നമ്മുടെ ജീവിതം മുഴുവന്റെയും അവസ്ഥയായി നമ്മൾ ഏറ്റെടുക്കണം.
ഈ ദാനം ഭാര്യയ്ക്കായുള്ള ഭർത്താവിൻ്റെ ബലിയ്ക്കു സദ്യശമാണ്. മിശിഹാ സത്യമായും സഭയുടെ മണവാളനാണ്. പുരോഹിതൻ തന്റെ ഊഴമനുസരിച്ച് സഭയ്ക്കു മുഴുവനുമായി ഏല്പ്പിച്ചുകൊടുക്കുന്നു. ബ്രഹ്മചര്യം ഈ ദാനം പ്രകടമാക്കുന്നു; ഇത് അതിന്റെ മൂർത്തവും ജീവസ്സുറ്റതുമായ അടയാളമാണ്. പുരോഹിതരെന്ന നിലയിൽ നമ്മുടെ ജീവിതത്തിന്മേലുള്ള സ്ലീവായുടെ മുദ്രയാണ് ബ്രഹ്മചര്യം. പിതാവായ ദൈവത്തോടുള്ള സ്നേഹത്തെയും സഭയ്ക്കുള്ള സ്വയം ദാനത്തെയും പ്രഘോഷിക്കുന്ന പുരോഹിതാത്മാവിന്റെ നിലവിളിയാണ് ഇത്.
ശാരീരികമായി ഭർത്താവും അപ്പനുമാകുവാൻ കഴിവുള്ളവനാണ് പുരോഹിതൻ; എന്നാൽ, ബ്രഹ്മചര്യത്തിലൂടെ അപ്രകാരമുള്ള മാനുഷിക നന്മകൾ അവൻ പരിത്യജിക്കുന്നു. സ്നേഹത്താൽ പ്രേരിതനായി സഭയുടെ മാത്രം മണവാളനായി ജീവിക്കുവാൻ അതെല്ലാം ഉപേക്ഷിക്കുവാൻ അവൻ തീരുമാനിക്കുന്നു. തങ്ങളുടെ പൗരോഹിത്യസ്വീകരണം മുതൽ നിരവധി വിശ്വസ്‌തരായ പുരോഹിതന്മാർ വിശ്വസ്തതയോടെ വീരോചിതമായി ജീവിച്ച ഈ ദാനത്തെ പുച്ഛിക്കുന്നതിനു തുല്യമാണ് ബ്രഹ്മചര്യത്തെ ആപേക്ഷികമാക്കുവാനുള്ള ഏതു ശ്രമവും.
ഈശോയുടെ പുരോഹിതാസ്‌തിത്വത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ മാർഗവും അടയാളവുമാണ് ബ്രഹ്മചര്യം. കൗദാശികമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു മൂല്യം അതു കൈവരിക്കുന്നു. കർത്താവ് അഭിലഷിച്ചതും ലത്തീൻസഭ അസൂയാർഹമാം വിധം കാത്തുസൂക്ഷിച്ചതുമായ ബ്രഹ്മചര്യം എന്ന വ്യവസ്ഥ ഏതെങ്കിലും ഒരു പ്രദേശത്ത് വേണ്ടെന്നു വച്ചാൽ, പൗരോഹിത്യസ്വത്വം ശരിയായ കാഴ്‌ചപ്പാടോടെ എങ്ങനെ പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും സാധിക്കും?
പൗരോഹിത്യ ബ്രഹ്മചര്യം സഭാജീവിതത്തിൻ്റെ നിബന്ധന മാത്രമല്ലെന്നും? മറിച്ച് ദൈവത്തിൽനിന്നുള്ള 'അമൂല്യദാന'മാണെന്നും രണ്ടാം വത്തിക്കാൻ സൂനഹദോസ് അനുസ്‌മരിപ്പിക്കുന്നു. ഇതുകൊണ്ടാണ് വിശുദ്ധ പോൾ ആറാമൻ്റെ ഉറച്ചതും ധീരവുമായ വാക്കുകൾ സ്വന്തമാക്കിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പാ പറയുന്നത്: “ബ്രഹ്മചര്യനിയമം മാറ്റുന്നതിനേക്കാൾ എൻ്റെ ജീവനെ കൊടുക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്... വ്യക്തിപരമായി പൗരോഹിത്യബ്രഹ്മചര്യം സഭയ്ക്കൊരു ദാനമാണെന്നു ഞാൻ കരുതുന്നു. ബ്രഹ്മചര്യം ഐശ്ചികമാക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല.
ബ്രഹ്മചര്യവും പൗരോഹിത്യവും തമ്മിൽ അസ്‌തിത്വപരവും കൗദാശികവുമായ ഒരു ബന്ധമുണ്ട്. ഈ ബന്ധത്തിന് ഏതെങ്കിലും വിധം കുറവു വരുത്തുന്നത്, സൂനഹദോസിൻ്റെയും പോൾ ആറാമന്റെയും ജോൺ പോൾ രണ്ടാമൻ്റെയും ബനഡിക്ട് പതിനാറാമന്റെയും പ്രബോധനാധികാരത്തെ ചോദ്യം ചെയ്യുകയായിരിക്കും. പൗരോഹിത്യ ബ്രഹ്മചര്യത്തെ ഒരു പ്രത്യേക പ്രദേശത്തു മാത്രമാണെങ്കിൽപ്പോലും ദുർബലമാക്കുവാനുള്ള ഏതു ശ്രമത്തെയും തടയണമെന്ന്, ഇങ്ങനെയൊരു സാധ്യതയിൽനിന്ന് ഞങ്ങളെ സംരക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പായോട് വിനയപൂർവം ഞാൻ യാചിക്കുന്നു.
ഈ പ്രബന്ധം ഉപസംഹരിക്കുന്നതിനു മുമ്പായി ഒരിക്കൽ കുടി ഞാൻ എൻ്റെ സഹോദര പുരോഹിതന്മാരിലേക്കു തിരിയുവാൻ ആഗ്രഹിക്കുന്നു. ബൃഹത്തും മഹത്തായതുമായ ഒരുത്തരവാദിത്തമാണ് മിശിഹാ നമ്മെ ഏല്പ്പിച്ചിരിക്കുന്നത്. നമ്മൾ അവിടുത്തെ സാന്നിധ്യം ഭൂമിയിൽ തുടരുന്നു. അവിടുത്തെപ്പോലെ, നമ്മൾ ജാഗരണവും പ്രാർത്ഥനയുംവഴി വിശ്വാസത്തിൽ അടിയുറച്ചവരായിരിക്കണം.
പുരോഹിതന്മാരായ നമ്മളെക്കൊണ്ട് അവിടുത്തേക്ക് ആവശ്യമുണ്ട്. വിശുദ്ധ മൂറോനാൽ അഭിഷേകം ചെയ്യപ്പെട്ട നമ്മുടെ കരങ്ങൾ ഇനിമേൽ നമ്മുടേതല്ല. ആശീർവദിക്കുവാനും ക്ഷമിക്കുവാനും സമാശ്വസിപ്പിക്കുവാനുമായി അവ ഇനി അവിടുത്തേതാണ്. അവ അവിടുത്തേക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മചര്യം നമുക്കു ഭാരമായി തോന്നുമ്പോൾ ക്രൂശിതൻ്റെ കരങ്ങളിലേക്ക് നമുക്കു കണ്ണുകളുയർത്താം. അവിടുത്തേതുപോലെ നമ്മുടെയും കരങ്ങൾ, ഒന്നും ആർത്തിയോടെ കൈവശം വയ്ക്കാതെയും ഒന്നും സൂക്ഷിക്കാതെയുമിരിക്കുവാനുമായി, തുളയ്ക്കപ്പെടണം. നമ്മുടെ ഹൃദയവും അവിടുത്തേതുപോലെ എല്ലാവരെയും സ്വാഗതം ചെയ്യുവാനും എല്ലാവർക്കും സങ്കേതമരുളുവാനുമായി തുറന്നതായിരിക്കണം. അതുകൊണ്ട്, നമ്മുടെ ബ്രഹ്മചര്യം നമുക്കു മനസ്സിലാകുന്നില്ലെങ്കിൽ നമുക്കു സ്ലീവായിലേക്കു നോക്കാം. അതാണ് ബ്രഹ്മചര്യത്തിന്റെ ശരിയായ അർത്ഥം വ്യക്തമാക്കിത്തരുന്ന ഏകഗ്രന്ഥം.
സ്ലീവാ മാത്രമേ നമ്മളെ പുരോഹിതരായിക്കാൻ പഠിപ്പിക്കുകയുള്ളു. 'അവസാനംവരെ സ്നേഹിക്കുവാൻ' (യോഹ 13,1) സ്ലീവായ്ക്കു മാത്രമേ നമ്മെ പഠിപ്പിക്കാനാവൂ. ഈ പാതയിൽ ബനഡിക്ട് പതിനാറാമൻ പ്രശംസനീയമായ ഒരു മാതൃകയാണ്.
കർദ്ദിനാൾ റോബർട്ട് സറാ
വത്തിക്കാൻ സിറ്റി, നവംബർ 25, 2019
രണ്ടു ഗ്രന്ഥകർത്താക്കളും ചേർന്നു നല്കുന്ന ഉപസംഹാരം
പൗരോഹിത്യം ഇരുളടഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെയേറെ ഇടർച്ചകളുടെ വെളിപ്പെടുത്തലിനാൽ വ്രണിതരും, തങ്ങളുടെ പവിത്രമായ പൗരോഹിത്യ ബ്രഹ്മചര്യം നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതിനാൽ സംഭ്രാന്തചിത്തരുമായ അനേകം പുരോഹിതന്മാർ എല്ലാം വേണ്ടെന്നുവയ്ക്കാനും ഉപേക്ഷിക്കുവാനുമുള്ള ചിന്തയാൽ പ്രലോഭിതരാകുന്നു.
മിശിഹാ നമ്മോടു ചോദിക്കുന്നു: "നിങ്ങളും പോകുവാൻ ആഗ്രഹിക്കുന്നുവോ?" (യോഹ 6,67). പത്രോസിനോടും അവന്റെ പിൻഗാമിയോടും ചേർന്നുകൊണ്ട് അവിടുത്തോടു പ്രതിവചിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: "എൻ്റെ കർത്താവേ, ഞങ്ങൾ എവിടെപോകും? നിത്യജീവൻ്റെ വചനങ്ങൾ നിൻ്റെയടുക്കലുണ്ടല്ലോ” (യോഹ 6,68). അതേ കർത്താവേ, നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ; നീയാണ് ദൈവത്തിൻ്റെ അഭിഷിക്തൻ. നീ എല്ലാം സമർപ്പിക്കുകയും നല്കുകയും ചെയ്‌തു. നീ പിതാവിനോടു പറഞ്ഞ 'അതേ' വ്യവസ്ഥകളില്ലാത്തതാണ്. നിന്നിലുള്ള ഒന്നും അതിനെ എതിർക്കുന്നില്ല, ചെറുത്തുനില്ക്കുന്നുമില്ല; നിന്നിലുള്ള ഒന്നും അതിൽനിന്നു മുക്തമാകുന്നില്ല. പൂർണമായ ഈ 'അതേ' പറയുവോളം പുരോഹിതന്മാരായ ഞങ്ങൾ നിന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം ഇപ്രകാരം പറയുവാൻ ഞങ്ങളും അഭിലഷിക്കുന്നു. ഇതാ, നിങ്ങൾക്കായി ഏല്പ്പിക്കപ്പെട്ട എൻ്റെ ശരീരം; ഇതാ, നിങ്ങൾക്കും അനേകർക്കുമായി ചിന്തപ്പെട്ട എൻ്റെ രക്തം. നിന്നെ പിൻചെന്നുകൊണ്ട്, "നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്കാ 23,46) എന്ന് നിരന്തരം ആവർത്തിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. നീ മാത്രമാണ് ഞങ്ങളുടെ ഏക നന്മ, ഏക അവകാശം.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാനോടുകൂടി നിന്നോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു:
എന്റെ ജീവിതം നിൻ്റെ ഒരു പ്രതിഫലനം മാത്രമായിരിക്കുവാൻ എന്റെ മുഴുവൻ അസ്‌തിത്വവും നീ പൂർണമായും സ്വന്തമാക്കണമേ. ഞാനുമായി സമ്പർക്കത്തിൽവരുന്ന ഓരോ ആത്മാവും എൻ്റെ ആത്മാവിലുള്ള നിന്റെ സാന്നിദ്ധ്യം അനുഭവിക്കുവാനായി നീ എന്നിലും എന്നിലൂടെയും പ്രശോഭിക്കണമേ. അവർ നോക്കുമ്പോൾ ഇനിമേൽ എന്നെയല്ല, നിന്നെമാത്രം കാണുവാനായി ഓ, കർത്താവേ, നീ എന്നോടൊപ്പം വസിക്കണമേ. അപ്പോൾ മറ്റുള്ളവർക്ക് വെളിച്ചമാകത്തക്കവിധം, നീ പ്രകാശിക്കുന്നതുപോലെ ഞാൻ പ്രകാശിക്കുവാൻ ആരംഭിക്കും. ഓ, ഈശോയേ, പ്രകാശം മുഴുവൻ നിന്നിൽ നിന്നായിരിക്കും. അതിൽ ഒട്ടും എന്നിൽ നിന്നായിരിക്കുകയില്ല. എന്നിലുടെ മറ്റുള്ളവരുടെ മേൽ പ്രകാശിക്കുന്നത് നീയായിരിക്കും. എനിക്കു ചുറ്റുമുള്ളവരുടെയും മേൽ, എന്നിലൂടെ പ്രകാശിക്കുന്നത് നീയാണ്. എൻ്റെ ചുറ്റുമുള്ള എല്ലാവരുടെയുംമേൽ പ്രകാശിച്ചുകൊണ്ട് നീ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന വിധത്തിൽ നിന്നെ ഞാൻ സ്‌തുതിക്കുവാൻ എന്നെ അനുവദിക്കണമേ. എൻ്റെ ഹൃദയത്തിനു നിന്നോടുള്ള സ്നേഹത്തിന്റെ പ്രത്യക്ഷമായ നിറവിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികളുടെ ഹൃദ്യമായ സ്വാധീനത്താലും ആകർഷകമായ ശക്തിയാലും വാക്കുകൾവഴി പ്രസംഗിക്കാതെ, മാതൃക വഴി നിന്നെ ഞാൻ പ്രസംഗിക്കട്ടെ.
ക്രൂശിതനായ ഈശോയേ, കുരിശിൽനിന്ന് നീ മറിയത്തെ കടാക്ഷിച്ചതുപോലെ നിൻ്റെ സഭയെ കടാക്ഷിക്കണമേ. ബ്രഹ്മചാരിയായ ശ്ലീഹായും പുരോഹിതനുമായ യോഹന്നാന് നീ അവളെ അമ്മയായി നല്കി. അവളെ നീ അവന് ഏല്പ്പിച്ചുനല്കിയത് അവൾ അവന്റെ 'സ്വന്തം' ആകുന്നതിനു വേണ്ടിയാണ് (യോഹ 19,27). അങ്ങയുടെ സഭയുടെമേൽ കരുണയായിരിക്കണമേ. അവൾക്ക് സമാധാനവും ഐക്യവും നല്‌കണമേ. അങ്ങയുടെ പുരോഹിതന്മാരുടെമേൽ കരുണയായിരിക്കണമേ. അവരും യോഹന്നാനെപ്പോലെ മറിയത്തെ സ്വീകരിക്കുവാൻ ഇടയാക്കണമേ. നിൻ്റെ സഭയല്ലാതെ മറ്റൊരു നന്മയും അവർക്കുണ്ടാകാതിരിക്കട്ടെ.
ക്രൂശിതനായ ഈശോയേ, നിൻ്റെ മണവാട്ടിയായ സഭയെ കടാക്ഷിക്കണമേ. അവളെ സൗന്ദര്യവതിയും നിനക്കു യോഗ്യയുമാക്കണമേ. നിൻ്റെ ഹൃദയത്തിന് അവൾ അനുരൂപയായിരിക്കട്ടെ. എല്ലാവരും അവളിൽ നിൻ്റെ മുഖം തിരിച്ചറിയട്ടെ. അവസാനം എല്ലാ ജനതകളും തങ്ങളുടെ ഏക പൊതുഭവനം അവളിൽ കണ്ടെത്തട്ടെ.
ഞങ്ങളുടെ വിചിന്തനത്തിന്റെ അന്ത്യത്തിലെത്തുമ്പോൾ സഭയോടുള്ള ഞങ്ങളുടെ സ്നേഹം ഏറ്റുപറയേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് അനുഭവപ്പെടുന്നു. ഞങ്ങളുടെ ജീവിതം അവൾക്കു നല്‌കുവാൻ, മിശിഹാ തന്റെ ജീവിതം സഭയ്ക്ക് അർപ്പിച്ചതുപോലെ ഞങ്ങളുടെ ജീവിതം അവൾക്ക് അർപ്പിക്കുവാൻ, ഞങ്ങൾ പരിശ്രമിച്ചിട്ടുണ്ട്. ഞങ്ങൾ അവളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മാറ്റം വരാത്ത ഉടമ്പടിയിൽ സഭയുമായി ഞങ്ങൾ ബന്ധിതരാണെന്ന് ഓർമ്മിപ്പിക്കുന്ന മോതിരം ഞങ്ങൾ വലതുകൈയിൽ അണിഞ്ഞിരിക്കുന്നു.
സഭയെ ശുശ്രൂഷിക്കുവാനും സ്നേഹിക്കുവാനും ഞങ്ങൾക്കു നല്കപ്പെട്ടിരിക്കുന്ന അനർഹദാനത്തെപ്പറ്റി അനുദിനം ഞങ്ങളുടെ ആത്മാക്കൾ നന്ദി പ്രകാശിപ്പിക്കുകയും വിസ്‌മയിക്കുകയും ചെയ്യുന്നു. ഈ രഹസ്യത്തിന് അഭിമുഖമായി നില്ക്കുമ്പോൾ വിശുദ്ധ ആഗസ്ത്‌തീനോസിനോടൊപ്പം ഞങ്ങളും ആശ്ചര്യപ്പെടുന്നു. സഭ ഓ, ഭക്തിയുടെ കൂദാശ, ഐക്യത്തിന്റെ ചിഹ്നം, സ്നേഹത്തിന്റെ ബന്ധം! ജീവിക്കുവാൻ ആഗ്രഹിക്കുന്നവന് താമസിക്കുവാൻ അവിടെ ഇടമുണ്ട്. ജീവിക്കുവാനുള്ള വകയുമുണ്ട്. സഭയെ സമീപിക്കുവാനും വിശ്വസിക്കുവാനും ചൈതന്യമേകുവാനുമായി അവൻ അതിന്റെ ഭാഗമായി തീരട്ടെ. വ്യത്യസ്‌തരായ അംഗങ്ങളോടൊപ്പം ഒരേ ഘടനയുടെ ഭാഗമാകാൻ ഭയപ്പെടാതിരിക്കാം.' സഭയുടെ ഐക്യത്തെ ഹനിക്കാവുന്ന എല്ലാത്തിൽനിന്നും അകന്നു നില്ക്കുവാൻ ഞങ്ങൾ ആഗഹിക്കുന്നു. വ്യക്തിപരമായ വഴക്കുകൾ, രാഷ്ട്രീയ തന്ത്രങ്ങൾ, അധികാരത്തിനായുള്ള മത്സരങ്ങൾ, പ്രത്യയ ശാസ്ത്രകൗശലങ്ങൾ, കയ്‌പുനിറഞ്ഞ വിമർശനങ്ങൾ എന്നിവയെല്ലാം ഭിന്നിപ്പിക്കുന്നവനും നുണയുടെ പിതാവുമായ സാത്താന്റെ കളികളാണ്. സഭയോടുള്ള ഞങ്ങളുടെ സ്നേഹംകൊണ്ടു മാത്രമാണ് നിങ്ങൾക്കായി തൂലികയെടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചത്.
പൗലോസ്ശ്ലീഹായുടെ വാക്കുകൾ എല്ലാ മെത്രാന്മാർക്കുമുള്ള ഗൗരവമേറിയ താക്കീതായി മുഴങ്ങിക്കേൾക്കുന്നു:
ദൈവത്തിന്റെയും തന്റെ രാജ്യം സമാഗതമാകുമ്പോൾ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന നമ്മുടെ കർത്താവായ ഈശോമിശിഹായുടെയും സന്നിധിയിൽ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സമയത്തും അസമയത്തും ഉത്സാഹിക്കുക. ക്ഷമയോടും ജ്ഞാനത്തോടുംകൂടെ ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക. എന്തെന്നാൽ, ഉത്തമമായ പ്രബോധനത്തെ ജനങ്ങൾ ശ്രവിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആകൃഷ്‌ടരായി അവർ തങ്ങളുടെ ദുരാശകൾക്ക് ഇണങ്ങുന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവർ സത്യം ശ്രവിക്കുവാൻ ശ്രമിക്കാതെ കെട്ടുകഥകളിലേക്കു തിരിയും (2 തിമോ 4,1-4).
പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും ഇക്കാലത്ത് ദുരിതത്തിലും സഹനത്തിലുമാണ് നമ്മൾ ജീവിക്കുന്നത്. കത്തോലിക്കാ പൗരോഹിത്യത്തിൻ്റെ അന്തസത്തയെക്കുറിച്ച് ഓർമ്മിപ്പിക്കുക എന്നത് പവിത്രമായ കർത്തവ്യമായിരുന്നു. സഭയുടെ സൗന്ദര്യം മുഴുവൻ ചോദ്യം ചെയ്യുപ്പെടുകയാണ്. സഭ ഒരു മാനുഷിക സംഘടനയല്ല. അവളൊരു ദിവ്യരഹസ്യമാണ്; അവൾ മിശിഹായുടെ മൗതിക മണവാട്ടിയാണ്. ഈ വസ്തുതയാണ് നമ്മുടെ പൗരോഹിത്യബ്രഹ്മചര്യം ലോകത്തെ നിരന്തരം ഓർമ്മിപ്പിക്കുന്നത്. തെറ്റായ വാദങ്ങളും നാടകീയാവതരണങ്ങളും പൈശാചിക നുണകളും ബ്രഹ്മചര്യത്തെ വിലകുറച്ചുകാണിക്കുന്ന പുതുമയുടെ പേരിലുള്ള അബദ്ധ പഠനങ്ങളും ഉയർത്തുന്ന ഭീഷണിയ്ക്ക് മെത്രാന്മാരും പുരോഹിതന്മാരും അല്‌മായരുമായ ആരും വശംവദരാകരുത് എന്നത് അടിയന്തിര പ്രാധാന്യമുള്ള കാര്യമാണ്.
സഭാരഹസ്യത്തെ കാത്തുസൂക്ഷിക്കുന്ന പൗരോഹിത്യ ബ്രഹ്മചര്യത്തെയും സഭയെയും വിശ്വാസത്തിൻ്റെ നേത്രങ്ങൾകൊണ്ട് മെത്രാന്മാരും പുരോഹിതന്മാരും അത്മായരുമായ എല്ലാവരും നവമായി വീക്ഷിക്കേണ്ടത് അടിയന്തിരാവശ്യവുമാണ്. ഈ പുതിയ വീക്ഷണം വിഭജനത്തിന്റെയും രാഷ്ട്രീയത്തിൻ്റെയും നിസ്സംഗതയുടെയും ആപേക്ഷികതയുടെയും മനോഭാവങ്ങൾക്കു എതിരായുള്ള ഒന്നാംതരം കോട്ടയാണ്.
നമുക്കു വിശുദ്ധ പൗലോസിനെ ശ്രവിക്കാം. സ്നേഹരാഹിത്യമാകുമോ എന്നു ഭയപ്പെടാതെ വിശ്വാസം സധൈര്യം പ്രഖ്യാപിക്കുവാൻ നമുക്കു സ്വരമുയർത്താം. പ്രയാസമേറിയ ഈ സമയത്ത് 'രൂക്ഷമായ വാക്കുകളിലുള്ള ദൈവത്തിൻ്റെ ശാസന' ഒരുനാൾ കേൾക്കേണ്ടിവരുമോ എന്ന് നമ്മൾ ഓരോരുത്തരും ഭയപ്പെടണം. സിയന്നായിലെ വിശുദ്ധ കാതറൈൻ്റെ ഈ വാക്കുകൾ നമുക്കു ശ്രവിക്കാം: “ഒന്നും മിണ്ടാതിരുന്ന നീ ശപിക്കപ്പെട്ടവനാകട്ടെ. മൗനം മതിയാക്കൂ. ആയിരം നാവുകളോടെ ഉച്ചത്തിൽ വിളിച്ചുപറയൂ. മൗനം കാരണം ലോകം ജീർണിച്ചു; മിശിഹായുടെ മണവാട്ടി ആകെ വിളറിയിരിക്കുന്നു. അവളുടെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നു; കാരണം, അവർ അവളുടെ രക്തം, കൃപാവരത്താൽ ലഭിക്കുന്ന മിശിഹായുടെ രക്തം, ഊറ്റിക്കുടിക്കുന്നു. അവഗണനയുടെ നിദ്രവിട്ട് ഉണരുക. നിങ്ങൾക്കു ചെയ്യാവുന്നത് ഉടനടി ചെയ്യുക.
എന്താണു ചെയ്യേണ്ടത്? ആദ്യമായിത്തന്നെ, നമ്മൾ ദൈവത്തിന്റെ ആഹ്വാനം നവമായി ശ്രവിക്കണം: "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്” (ലേവ്യർ 19,2). പൗരോഹിത്യ കൂദാശാ സ്വീകരണം മിശിഹായുമായുള്ള താദാത്മ്യത്തിലേക്കു നമ്മെ നയിക്കുന്നു. തീർച്ചയായും, ശുശ്രൂഷയുടെയുടെ സത്താപരമായ ഫലദായകത്വം ശുശ്രൂഷകൻ്റെ വിശുദ്ധിയെ ആശ്രയിച്ചല്ലെങ്കിലും, പുരോഹിതരുടെ വിശുദ്ധി ഉളവാക്കുന്ന അസാധാരണ ഫലസമൃദ്ധി അവഗണിക്കാനാവില്ല. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ചൈതന്യത്തിൽ വിശ്വാസത്തിൻ്റെ സത്യം പ്രഘോഷിക്കുന്നതിൽനിന്ന് ആരും തടസ്സപ്പെടുത്തപ്പെടുന്നില്ല. “ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം!" (1 കോറി 9,16: Vae mihi si non evangelizavero!).
ബനഡിക്ട‌് പതിനാറാമൻ
റോബർട്ട് കർദ്ദിനാൾ സറാ
വത്തിക്കാൻ സിറ്റി, ഡിസംബർ 3, 2019
Silere non possum! ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തിൽനിന്ന് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



