x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം

വി. കുര്‍ബ്ബാന: പുതിയനിയമ വീക്ഷണത്തില്‍

Authored by : Dr. Joseph Meleparampil On 31-Jan-2021

ര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: "ഇതു നിങ്ങള്‍ക്കു വേണ്ടിയുള്ള എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിചെയ്തു: " ഇത് എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങളിത് പാനം ചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്" (1 കോറി 11:23-25). വിശുദ്ധ കുര്‍ബ്ബാനയെന്നും ദിവ്യകാരുണ്യമെന്നും കര്‍ത്താവിന്‍റെ അത്താഴമെന്നും നമ്മള്‍ സാധാരണ വിശേഷിപ്പിക്കുന്ന വി. കുര്‍ബ്ബാനയുടെ സ്ഥാപനത്തെപ്പറ്റിയുള്ള വി. പൗലോസിന്‍റെ വചനങ്ങളാണിവ. വി. പൗലോസ്ശ്ലീഹായും നാലു സുവിശേഷകന്‍മാരും വിവരണരൂപത്തിലും പ്രഭാഷണരൂപത്തിലും തങ്ങളുടെ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ അര്‍ത്ഥതലങ്ങളിലേക്കും അതിനോടു ബന്ധപ്പെട്ടുനില്‍ക്കുന്ന ദൈവവചനഭാഗങ്ങളിലേക്കും കടന്നുചെന്ന് വി. കുര്‍ബ്ബാനയുടെ പുതിയ നിയമ അടിസ്ഥാനത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണിവിടെ. ഓരോ പുതിയ നിയമഗ്രന്ഥവും ഒരു കാര്യം പലവിധത്തില്‍ അവതരിപ്പിക്കുകയും വിവരിക്കുകയും ചെയ്യുന്നതിന്‍റെ തനിമയും, ആകര്‍ഷണീയതയും അര്‍ത്ഥവ്യാപ്തിയും ഏറെയാണ്.

വിവിധ നാമങ്ങള്‍

പുതിയ നിയമത്തില്‍ വി. കുര്‍ബ്ബാനയെന്ന യാഥാര്‍ത്ഥ്യത്തെ വിശേഷിപ്പിക്കാനായി പല നാമങ്ങളും ഉപയോഗിക്കുന്നുണ്ട്: പുതിയ ഉടമ്പടി (1 കോറി 11, 25), കര്‍ത്താവിന്‍റെ അത്താഴം (1 കോറി 11:20-21), കര്‍ത്താവിന്‍റെ മേശ (1 കോറി 10,21), അപ്പം മുറിക്കല്‍ (ലൂക്കാ 24,35; നടപടി 2,42), ഒടുവിലത്തെ അത്താഴം (മത്തായി 26:26-28; മര്‍ക്കോസ് 14:22-24; ലൂക്കാ 22,17-20), ജീവന്‍റെ അപ്പം (യോഹ 6:35-58) എന്നിങ്ങനെ പുതിയനിയമത്തില്‍ വിവിധനാമങ്ങളില്‍ അറിയപ്പെടുന്ന വി.കുര്‍ബ്ബാനയുടെ സ്ഥാപനത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ പ്രധാനമായും താഴെപ്പറയുന്നവയാണ്: മത്തായി 26,26-29; മര്‍ക്കോസ് 14,22-25; ലൂക്കാ 22,17-20; യോഹ 6,25-58; 1 കോറി 10,16-17; 1 കോറി 11,23-26. അതിനോടനുബന്ധിച്ച്, യേശു അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ1 വിവരണങ്ങളും (മത്താ 14,13-21; മര്‍ക്കോ 6,30-44; ലൂക്കാ 9,10-17; യോഹ 6,1-15) വി. ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്ന എമ്മാവൂസിലേക്കുപോയ ശിഷ്യര്‍ക്ക് യേശു അപ്പം വാഴ്ത്തി മുറിച്ചുകൊടുത്ത സംഭവവും യേശുവിന്‍റെ ആത്മാര്‍പ്പണത്തിന്‍റെ ചൈതന്യം നിറഞ്ഞുനില്ക്കുന്ന, സ്നേഹപൂര്‍വ്വകമായ സേവനത്തിലൂടെ തന്നെത്തന്നെ മറ്റുള്ളവര്‍ക്കായി നല്കുന്നതിന്‍റെ ചിത്രം ശക്തമായ പ്രതീകങ്ങളിലൂടെ അറിയിക്കുന്ന യോഹന്നാന്‍ 13-172 വരെയുള്ള അദ്ധ്യായങ്ങളും, ഉത്ഥാനത്തിനുശേഷം തിബേരിയാസ് കടല്‍ത്തീരത്ത് ശിഷ്യന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന യേശു അപ്പമെടുത്ത് അവര്‍ക്കു കൊടുക്കുന്ന സംഭവവും (യോഹ 21,13) വിശകലനം ചെയ്യുന്നത് വി. കുര്‍ബ്ബാനയെപ്പറ്റി സമഗ്രമായ വീക്ഷണം ലഭിക്കുന്നതിന് ഉപകാരപ്രദമാണ്.

കോറിന്തോസിലെ സഭയും കര്‍ത്താവിന്‍റെ അത്താഴവും

യഹൂദനും ഗ്രീക്കുകാരനും അടിമയും സ്വതന്ത്രനും (1 കോറി 12,13) യേശുവില്‍ പരിശുദ്ധാത്മാവിനാല്‍ ഒന്നാക്കപ്പെട്ട ദൈവത്തിന്‍റെ സഭയാണ് (1 കോറി 1,2) കോറിന്തോസിലെ സമൂഹം. കോറിന്തോസിലെ ക്രിസ്തീയ സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ ഭിന്നിപ്പുകളും വിഭാഗീയചിന്തകളും ഉണ്ടായിരുന്നു എന്നത് ലേഖനത്തില്‍നിന്നു വ്യക്തമാണ്. ക്രൈസ്തവവിശ്വാസത്തിനനുസൃതമായ ജീവിതത്തില്‍ വളര്‍ന്നിട്ടില്ലാത്ത (1 കോറി 1-4) സമൂഹത്തില്‍ വിഭാഗീയ ചിന്തകളും (1 കോറി 11,10-17) സാന്‍മാര്‍ഗ്ഗിക ജീവിതത്തിലെ താളപ്പിഴകളും (1 കോറി 5-7) വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ബലിവസ്തുക്കളും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും (8-11) ആരാധനാക്രമത്തിലെ ക്രമക്കേടുകളുമെല്ലാം (11-14) ഭിന്നതകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി3. അവര്‍ യേശുവിലുള്ള ജീവിതത്തില്‍ തുടര്‍ന്നെങ്കിലും തങ്ങളുടെ പഴയകാല ജീവിതത്തിന്‍റെ സ്വാധീനങ്ങള്‍ നിലനിന്നിരുന്നു. പ്രത്യേകിച്ചും ആരാധനയ്ക്കായി ഒന്നിച്ചു കൂടിയ ക്രിസ്തീയസമൂഹത്തിന്‍റെ ചിന്തയിലും മനോഭാവങ്ങളിലും ഇതു പ്രകടമാണ് (1 കോറി 8-11).

ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നാണ് 1 കോറി 10,16-17 ലെ വചനങ്ങളും 11,22-26 ലെ കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ വിവരണങ്ങളും മനസ്സിലാക്കേണ്ടത്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിതമായ ഭക്ഷണത്തില്‍ പങ്കുചേരാന്‍ മടിക്കാത്ത സ്വതന്ത്രമനസ്കരും, എന്നാല്‍ പഴയകാല ജീവിത സാഹചര്യങ്ങളുടെ സ്വാധീനത്താല്‍ അതില്‍ പങ്കുചേരാന്‍ മടിച്ചിരുന്നവരും ദുര്‍ബലമനസ്കരുമായിരുന്ന അവര്‍ വി. പൗലോസിനോട് വിഗ്രഹാര്‍പ്പിതഭക്ഷണത്തില്‍ പങ്കുചേരുന്നതിനെപ്പറ്റി ഉപദേശം ആരാഞ്ഞപ്പോള്‍ അദ്ദേഹം നല്കിയ മറുപടി ശ്രദ്ധേയമാണ്. "ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിന്‍. നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്; എന്തെന്നാല്‍ ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്"(1 കോറി 10,14-17). പൗലോസ്ശ്ലീഹായുടെ വാക്കുകള്‍, വി. കുര്‍ബ്ബാനയിലുള്ള കോറിന്തോസിലെ ക്രിസ്തീയ സമൂഹത്തിന്‍റെ പങ്കാളിത്തവും കൂട്ടായ്മയും അതില്‍നിന്നുരുത്തിരിയുന്ന ജീവിതശൈലിയും പ്രതീക്ഷിക്കുന്നു.

ക്രിസ്തുവിന്‍റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്നതുവഴി വിശ്വാസികള്‍ ക്രിസ്തുവില്‍ ഐക്യപ്പെടുന്നു. അതുപോലെതന്നെ പരസ്പരം ഐക്യത്തിന്‍റെ അടയാളങ്ങളാകുന്നു. വി. കുര്‍ബ്ബാനയുടെ ഐക്യത്തില്‍ പങ്കുകാരാകുന്നവര്‍ യേശുവിന്‍റെ മരണത്തില്‍ പങ്കാളികളാകുന്ന രക്ഷനേടിയ സമൂഹമാണ്. വി. കുര്‍ബ്ബാന നമ്മെ ദൈവത്തില്‍ ഐക്യപ്പെടുത്തി ദൈവജനമാക്കുന്നു. അത് പരസ്പര ഐക്യത്തിനും കൂട്ടായ്മയ്ക്കും ചുമതലപ്പെടുത്തുന്നു. ഒരേ അപ്പത്തിലും പാനപാത്രത്തിലും പങ്കുപറ്റുന്നവര്‍ ഒരേ ശരീരത്തിലെ അംഗങ്ങളാണ്; ഉത്ഥിതനായ യേശുവില്‍ ഒന്നാകപ്പെട്ട, അരൂപിയാല്‍ ഒന്നാകപ്പെട്ട ക്രിസ്തുവിന്‍റെ ശരീരം (1 കോറി 12,13-17)4.

കര്‍ത്താവിന്‍റെ അത്താഴവും കോറിന്തോസിലെ സമ്മേളനവും (1 കോറി 11:17-34)

കോറിന്തോസിലെ ക്രൈസ്തവസമൂഹം കര്‍ത്താവിന്‍റെ അത്താഴവിരുന്ന് ആഘോഷിച്ചിരുന്നു. അതില്‍ ഭിന്നതകള്‍ ഉണ്ടായി. അതിനെ തിരുത്തി കോറിന്തോസുകാരുടെ മനോഭാവങ്ങളെ മാറ്റണമെന്നാവശ്യപ്പെടുന്ന വാദമുഖങ്ങള്‍ വി. പൗലോസ് അവതരിപ്പിക്കുന്നത് പുതിയ ഉടമ്പടിയുടെ സ്ഥാപനവാക്കുകള്‍ അടിസ്ഥാനമാക്കിയാണ്.

കോറിന്തോസിലെ സമ്മേളനം അവര്‍ ആരാധനയ്ക്കായി ഒന്നിച്ചു കൂടുന്നതാണ് (1 കോറി 14:23-26). അവിടെ കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ ആചരണം ഉണ്ടാകുമായിരുന്നു (1 കോറി 11,20) ഭിന്നിപ്പുകളുടെ വേദിയായി ഈ സമ്മേളനങ്ങള്‍ മാറി എന്ന് അപ്പസ്തോലന്‍ പരാതിപ്പെടുന്നു. കാരണം സ്വന്തം സഹോദരരെ അവര്‍ പരിഗണിച്ചില്ല.

കോറിന്തോസിലെ അത്താഴവിരുന്നിന്‍റെ സ്വഭാവത്തെയും രൂപത്തെയുംക്കുറിച്ചുള്ള ചര്‍ച്ച ഇന്നും പണ്ഡിത ലോകത്തില്‍ തുടരുന്നു5. അത്താഴത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ സ്വാര്‍ത്ഥതയോടുകൂടി പെരുമാറി, പ്രത്യേകിച്ചും തങ്ങളുടെ പങ്കു കഴിക്കുന്ന കാര്യത്തില്‍, ധനികര്‍ ദരിദ്രരെയും അടിമകളെയും അകറ്റി നിര്‍ത്തി. ഒരേ സമൂഹത്തിലെ അംഗങ്ങള്‍ യേശുവില്‍ ഒന്നായിരിക്കുന്നവര്‍ (ഗലാ 3,26-28) ഭക്ഷണം കഴിക്കുന്നതിനായി പരസ്പരം കാത്തിരുന്നില്ല. കൂട്ടായ്മയും ഭാഗഭാഗിത്വവും വളര്‍ത്തേണ്ടതും സമത്വത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും വേദിയാകേണ്ടിയിരുന്നതുമായ കര്‍ത്താവിന്‍റെ അത്താഴവിരുന്ന് വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളുടെ വേദിയായി മാറി. യേശുവിന്‍റെ ഒടുവിലത്തെ അത്താഴത്തിന്‍റെ ചൈതന്യവും ജീവിതദര്‍ശനവും കാണിക്കേണ്ട വേദി, ദൈവത്തിന്‍റെ സഭയുടെ അവഹേളനത്തിന്‍റെ വേദിയായി ഈ സാഹചര്യത്തെയും മനോഭാവത്തെയും തിരുത്താനായിട്ടാണ് കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ മാതൃക അപ്പസ്തോലന്‍ തന്‍റെ വാദമുഖങ്ങള്‍ക്ക് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. വി. പൗലോസ്ശ്ലീഹാ അവസാനത്തെ അത്താഴത്തിലെ വി. കുര്‍ബ്ബാനയുടെ സ്ഥാപനത്തിന്‍റെ വചനങ്ങളാണ് തന്‍റെ സമൂഹത്തിന് മാതൃകയായി നല്കുന്നത്. കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ ആചരണത്തില്‍ യേശു ചെയ്തതുതന്നെയാണ് ക്രിസ്തീയസമൂഹവും ചെയ്യേണ്ടിയിരുന്നത്. യേശു തന്നെത്തന്നെ മറ്റുള്ളവര്‍ക്കായി നല്കി. യേശുവും ശിഷ്യന്‍മാരും തമ്മിലുള്ള അഗാധമായ ബന്ധം കാണിച്ചുകൊടുത്തതും അവരെ ഐക്യത്തില്‍ ഒന്നാക്കിത്തീര്‍ത്തതും ഒടുവിലത്തെ അത്താഴത്തിലാണ്. മാത്രമല്ല, ഒടുവിലത്തെ അത്താഴം യേശുവിന്‍റെ ജീവിതത്തിന്‍റെയും ദൗത്യത്തിന്‍റെയും ആകെത്തുകയാണ്. മറ്റുള്ളവര്‍ക്കായി തന്നെത്തന്നെ ആത്മാര്‍പ്പണം ചെയ്യുക. അതിന്‍റെ മകുടം ചൂടുന്നത് മരണത്തിലൂടെയാണെങ്കിലും, യേശുവിന്‍റെ മരണത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ജീവിത ദൗത്യത്തിന്‍റെ മുന്നോടികൂടിയാണ് ഒടുവിലത്തെ അത്താഴം. കര്‍ത്താവ് കുരിശുമരണം വഴി ചീന്തിയ രക്തമാണ് ദൈവജനവുമായുള്ള പുതിയ ഉടമ്പടി സ്ഥാപിച്ചത്. കോറിന്തോസിലെ ക്രിസ്തീയസമൂഹം ആചരിക്കുന്നത് കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ തുടര്‍ച്ചയാണ്. പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും തന്നെത്തന്നെ നല്കി, മനുഷ്യകുലത്തിന്‍റെ മോചനം നേടിയതിന്‍റെ ഓര്‍മ്മയാണാചരിക്കുന്നത്; മോചിക്കപ്പെട്ടതും ക്രിസ്തുവില്‍ ഒന്നാക്കിത്തീര്‍ന്നിരിക്കുന്നതുമായ (ഗലാ 3,26-28) സമൂഹമാണ് അതിനായി സമ്മേളിച്ചിരിക്കുന്നത്. ഒടുവിലത്തെ അത്താഴം വെറും ആണ്ടുവട്ടത്തിലെ പെസഹാ ആചരണമല്ല, അതിലുപരി പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഓര്‍മ്മയും പ്രഘോഷണവുമാണ്; അതനുസരിച്ചുള്ള ജീവിതശൈലിയുമാണ്. തങ്ങളുടെ പരസ്പരമുള്ള പെരുമാറ്റശൈലിയില്‍ അവര്‍ യേശുവിന്‍റെ അവസാന അത്താഴത്തിന്‍റെ അര്‍ത്ഥം നിഷേധിച്ചു. കര്‍ത്താവിന്‍റെ മരണത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട് പുതിയ ദൈവജനത്തിന്‍റെ തനതാത്മകത അവിടെ ഇല്ലാതെ പോയി. ദരിദ്രര്‍ വിശന്നു തിരിച്ചുപോയി (1 കോറി 11,21). ക്രിസ്തുവിന്‍റെ നാമധാരികള്‍, ക്രിസ്തുവിന്‍റെ മരണത്തിലൂടെ ഉരുവാക്കപ്പെട്ട സമൂഹം, ഒടുവിലത്തെ അത്താഴം യേശുവിന്‍റെ ജീവിതദൗത്യം മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ആത്മാര്‍പ്പണമായിരുന്നു എന്നത് മറക്കരുതായിരുന്നു. അത് ഓര്‍മ്മിക്കാത്തവര്‍ യേശുവിനെ മനസ്സിലാക്കുന്നില്ല7.

കുര്‍ബ്ബാനയുടെ സ്ഥാപനത്തിന്‍റെ ഓര്‍മ്മ യേശു ചെയ്തതിന്‍റെ പുനരവതരണത്തെയും അതിന്‍റെ അര്‍ത്ഥവ്യാപ്തിയെയുമാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഒരുവശത്ത് യേശുതന്നെത്തന്നെ ഭക്ഷണവും പാനീയവുമായി നല്കിയതിനെയും യേശുശിഷ്യര്‍ തങ്ങളുടെ ജീവിതത്തില്‍ അതിന്‍റെ ചൈതന്യം സ്വാംശീകരിച്ച് ജീവിതത്തില്‍ പകര്‍ത്താനുള്ള വിളിയും കല്പനയുമാണെന്നതിനെയും ഓര്‍മ്മിക്കുന്നു. മാത്രമല്ല, യുഗാന്ത്യോന്‍മുഖമായ മാനം കൂടി അതിനുണ്ട്. അതായത് അവസാനനാളുകളില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന രക്ഷയുടെ ഓര്‍മ്മയുമാണത്. അക്കാരണത്താല്‍ യേശുവിന്‍റെ അത്താഴത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ കോറിന്തോസീലെ സമൂഹം യേശുവിന്‍റെ ജീവിതദൗത്യത്തെ അടിസ്ഥാനപ്പെടുത്തി മറ്റുള്ളവര്‍ക്കായി കാത്തിരിക്കേണ്ടതായിരുന്നു.

വാസ്തവത്തില്‍, വി. പൗലോസിന്‍റെ സുവിശേഷ പ്രഘോഷണത്തിന്‍റെ അടിസ്ഥാനചിന്തകളില്‍ ഒന്നാണ് വി. കുര്‍ബ്ബാന. അതില്‍ കുരിശിന്‍റെ സുവിശേഷമാണ് പ്രഘോഷിക്കപ്പെടുക (1 കോറി 2,1-5). ദൈവത്തിന്‍റെ നിഗൂഢ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്ന കുരിശിന്‍റെ സുവിശേഷമാണ് ഒടുവിലത്തെ അത്താഴത്തിന്‍റെ ചൈതന്യം. അതു ദൈവരഹസ്യത്തിന്‍റെ ഭാഗമാണ്. അതായത്, യേശു തന്‍റെ, പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും മറ്റുള്ളവര്‍ക്കു ജീവനുണ്ടാകുവാന്‍വേണ്ടി തന്നെത്തന്നെ നല്കി എന്ന സദ്വാര്‍ത്തയാണത് (1 കോറി 11, 23; ഏശ 52,13-53, 12). വി.കുര്‍ബ്ബാനയില്‍ പങ്കാളിയാകുന്നവര്‍ ഈ സദ്വാര്‍ത്തയുടെ പങ്കാളികളും പ്രഘോഷകരുമായിത്തീരുന്നു. തന്‍റെ ശരീരത്തിലും രക്തത്തിലും പങ്കാളികളാകുന്നവര്‍ യേശുവിന്‍റെ ശരീരമായ ദൈവജനത്തെയും മാനിക്കണം. സ്നേഹമാണ്, സ്വന്തം ജീവന്‍ മറ്റുള്ളവര്‍ക്കായി ഭക്ഷണവും പാനീയവുമായിത്തീരുന്ന, ദൈവം തന്‍റെ പുത്രന്‍റെ മരണത്തിലൂടെ പ്രകടമാക്കിയ സ്നേഹമാണ് ഏറ്റവും വലിയ നിയമം (1 കോറി 13). അതാണ് ഭിന്നതയുള്ള സമൂഹത്തിന് വി. പൗലോസ്ശ്ലീഹ ഒടുവിലത്തെ അത്താഴത്തിന്‍റെ ചൈതന്യത്തിന്‍റെ വെളിച്ചത്തില്‍ നല്കുന്ന ദൂത്.

സമവീക്ഷണ സുവിശേഷങ്ങളില്‍

വി. പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍നിന്നു കണ്ടെത്തിയ വി.കുര്‍ബ്ബാനയെപ്പറ്റിയുള്ള പാരമ്പര്യം സുവിശേഷങ്ങളില്‍ വ്യക്തമായി കാണുന്നു. നാലു സുവിശേഷകന്‍മാരും അതേ വിശ്വാസത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ വി. പൗലോസിന്‍റെ കാലഘട്ടത്തിന് വളരെ നാളുകള്‍ക്കുശേഷം എഴുതപ്പെട്ട സുവിശേഷങ്ങളിലെ വിവരണങ്ങള്‍ വ്യത്യസ്തമായ സഭാജീവിതത്തിന്‍റെയും കൂടുതല്‍ വളര്‍ച്ച പ്രാപിച്ചതും വൈവിധ്യമുള്ളതുമായ പശ്ചാത്തലത്തില്‍ നിന്നുവേണം വായിച്ചറിയാന്‍.

ആദിമസഭയുടെ വളര്‍ച്ചയുടെ കാലഘട്ടമാണിത്. ശിഷ്യരുടെ സംഖ്യ വര്‍ദ്ധിച്ചുകഴിഞ്ഞു. കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തെ ഉടനെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ആദിമക്രൈസ്തവ സമൂഹത്തിന്‍റെ ചിന്തയ്ക്കു വ്യത്യാസം വന്നുതുടങ്ങി. പല യേശുശിഷ്യന്‍മാരുടെ മരണവും, ഒരുപക്ഷേ യേശുവിന്‍റെ ജീവിതവും ദൗത്യവും വിവരിക്കുന്നതിനു കാരണമായി. അതിന്‍റെ ആദ്യത്തെ ശ്രമമാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം അറിയിക്കുന്ന വി. മര്‍ക്കോസില്‍ കാണുക.

വി. മര്‍ക്കോസിന്‍റെ സുവിശേഷം ശിഷ്യത്വത്തെ വിവരിക്കുന്ന വിധം വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള വി. മര്‍ക്കോസിന്‍റെ കാഴ്ചപ്പാടിനെ മനസ്സിലാക്കുന്നതിന് ഏറ്റവും ആവശ്യമാണ്. കാരണം, യേശു ശിഷ്യന്‍മാരെ വിളിക്കുന്നതും അവര്‍ യേശുവിനെ അനുഗമിക്കുന്നതും യേശുവിന്‍റെ ആഹ്വാനപ്രകാരം അവര്‍ ജീവിതദൗത്യം നിര്‍വ്വഹിക്കുന്നതും വായനക്കാരന്‍റെ ജീവിതത്തിനു മാതൃകകളാണ്8.

വി. മര്‍ക്കോസിന്‍റെ സുവിശേഷം ശിഷ്യത്വത്തിന്‍റെ ക്രിയാത്മകവും നിഷേധാത്മകവുമായ വശങ്ങളെ വിവരിക്കുന്നു. ശിഷ്യന്‍മാര്‍ യേശുവിന്‍റെ ജീവിതദൗത്യത്തില്‍ പ്രത്യേകമായി പങ്കുചേരാന്‍ വിളിക്കപ്പെട്ടവരാണ് (മര്‍ക്കോ 1,16-20), അതിനു സാക്ഷികളാണ് (മര്‍ക്കോ 4,11-34; 7,17-10, 10). പ്രത്യേകമായി ദൈവരാജ്യപ്രഘോഷണത്തിനായി വിളിക്കപ്പെടുകയും (ലൂക്കാ 3,13-19) അയയ്ക്കപ്പെടുകയും (മര്‍ക്കോ 6,7-12) അതിന്‍റെ വിജയത്തെ കണ്ടറിയുകയും ചെയ്തവരാണ് (മര്‍ക്കോ 6,13-30)9.

അതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് നിഷേധാത്മകമായ ഭാവങ്ങളും. യേശുവിന്‍റെ ജീവിതദൗത്യത്തെ മനസ്സിലാക്കുന്നതില്‍ പലപ്പോഴും ശിഷ്യഗണം പരാജയപ്പെടുന്നു (മര്‍ക്കോ 4,13; 17,18). കടലിനു മീതെ നടന്നുവരുന്ന യേശുവിനെയോ പീഡാനുഭവപ്രവചനങ്ങളെയോ (മര്‍ക്കോ 8, 32;9, 32-34; 10,35-45) അവര്‍ക്കുഗ്രഹിക്കാന്‍ കഴിയുന്നില്ല. യേശുവിന്‍റെ ജീവിതവും വ്യക്തിത്വവും ദൗത്യവും മനസ്സിലാക്കാത്ത ശിഷ്യര്‍ക്ക് തന്‍റെ ജീവിതദൗത്യം വീണ്ടും വെളിപ്പെടുത്തിക്കൊടുക്കുന്നത് അവസാന അത്താഴത്തിലാണ്. ക്രിയാത്മകവും നിഷേധാത്മകവുമായ മനോഭാവങ്ങള്‍ യേശുവിനോടു വച്ചുപുലര്‍ത്തുന്ന ശിഷ്യഗണത്തോടൊത്താണ് യേശു അന്ത്യഅത്താഴം കഴിക്കുന്നത്.

അന്ത്യഅത്താഴത്തില്‍ വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള വി. മര്‍ക്കോസിന്‍റെ കാഴ്ചപ്പാടിന്‍റെ ആദ്യനടപടികള്‍, യേശു അപ്പം വര്‍ദ്ധിപ്പിച്ച് അനേകായിരങ്ങളെ തീറ്റിപ്പോറ്റുന്നതിലും (മര്‍ക്കോ 6,32-44;8,1-10; മത്താ 14,13-21; ലൂക്കാ 9,10-17; യോഹ 6,1-15) സെബദീപുത്രന്‍മാരോടു താന്‍ കുടിക്കുന്ന പാനപാത്രം കുടിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യത്തിലും കാണാവുന്നതാണ് (മര്‍ക്കോ 10,35-45).

മര്‍ക്കോ 6,41 - ലും 8,6 - ലും പറയുന്നതുപോലെ യേശു അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് വിളമ്പാന്‍ ശിഷ്യന്മാരെ ഏല്പിക്കുന്നത് അവസാനത്തെ അത്താഴത്തിന്‍റെ മുന്നോടിയാണ്. അത് രക്ഷകനായ യേശുവിന്‍റെ ജീവിത ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു. പുറപ്പാടിന്‍റെ പുസ്തകത്തില്‍ ഇസ്രായേല്‍ ജനത്തിന് മരുഭൂമിയില്‍വച്ച് മന്നാ നല്കി തൃപ്തിപ്പെടുത്തി. ഏലീഷായുടെ നിര്‍ദ്ദേശമനുസരിച്ച് (2  രാജാ 4:42-44) അപ്പം കൊടുത്ത് വിശക്കുന്ന ജനത്തെ തീറ്റിപ്പോറ്റി. അതുപോലെ യേശു അപ്പം വര്‍ദ്ധിപ്പിച്ച് ജനത്തെ തൃപ്തിപ്പെടുത്തുന്നു. തന്നെത്തന്നെ ഭോജ്യവും പാനീയവുമായി നല്കുന്ന യേശുവിന്‍റെ ചരിത്രത്തിന്‍റെ മുന്നോടിയാണിത്. ആദ്യത്തെ അത്ഭുതം യഹൂദന്‍മാരുടെ ഇടയില്‍ ആയിരുന്നു (6,34-44). രണ്ടാമത്തേത് വിജാതീയരുടെ സ്ഥലത്ത്. അവിടെ അപ്പം ഭക്ഷിച്ച് തൃപ്തരായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു (8,1-9)10. ഇവിടെ യേശുവിന്‍റെ സദ്വാര്‍ത്ത എല്ലാവര്‍ക്കുമുള്ളതാണെന്ന ഉള്‍ക്കാഴ്ച ശ്രദ്ധയര്‍ഹിക്കുന്നു. യേശു ശിഷ്യര്‍, തന്നെത്തന്നെ നല്‍കി ജനത്തെ തൃപ്തനാക്കുന്ന യേശുവിനെപ്പോലെ യഹൂദര്‍ക്കും വിജാതീയര്‍ക്കും സദ്വാര്‍ത്തയായി മാറണം എന്ന മിഷനറിദൗത്യത്തിന്‍റെ സൂചനകള്‍ ഇവിടെ കാണുന്നു. യേശുവിന്‍റെ സാര്‍വ്വത്രികദൗത്യവുമായി വി. കുര്‍ബ്ബാനയെ സുവിശേഷകന്‍ ബന്ധപ്പെടുത്തുന്നുവെന്നു സാരം.

രണ്ടാമതായി, സെബദീപുത്രന്‍മാരോട്, "ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാന്‍കഴിയുമോ? " (മര്‍ക്കോ 10,39) എന്ന യേശുവിന്‍റെ ചോദ്യവും അവസാന അത്താഴത്തിലെ വിവരണങ്ങളും ഗദ്സമെനിയിലെ യേശുവിന്‍റെ പ്രാര്‍ത്ഥനയുമായും (പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് മാറ്റിത്തരണമേ) ബന്ധപ്പെട്ടു നില്‍ക്കുന്നു. "രക്ഷാകരമായ സഹനത്തിലും മരണത്തിലും യേശുവിനെ അനുഗമിക്കുക" എന്ന ദൗത്യം സെബദീപുത്രന്മാരോടുള്ള ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു. തന്‍റെ മരണത്തിലൂടെ ലോകത്തിനുവേണ്ടി ബലിയായിത്തീരാനുള്ള ദൗത്യനിര്‍വ്വഹണത്തിന്‍റെ മുമ്പിലാണ് യേശു ഗദ്സമെനിയില്‍ തന്‍റെ പിതാവിനോട് കേണപേക്ഷിക്കുന്നത്11 (മര്‍ക്കോ 14:32-42).

എങ്കിലും വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള കാഴ്ചപ്പാട് അതിന്‍റെ ഉച്ചകോടിയിലെത്തുക പീഡാനുഭവ ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്ന തന്‍റെ പന്ത്രണ്ടു ശിഷ്യന്‍മാരോടൊത്തുള്ള യേശുവിന്‍റെ അവസാന അത്താഴത്തിലാണ്. നേരത്തെ സൂചിപ്പിച്ച "അപ്പ"ത്തെയും "പാനപാത്രത്തെ"യും ഇവിടെ അര്‍ത്ഥപൂര്‍ണ്ണമായി അവതരിപ്പിക്കുന്നു. പെസഹാബലി ആചരിക്കുന്ന ദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിവരണം തുടങ്ങുക (14,12). യേശുവിന്‍റെ ശിഷ്യരുടെ ജീവിതദൗത്യത്തിന്‍റെ പരാജയങ്ങള്‍ യൂദാസിന്‍റെ ചിത്രത്തില്‍ കൂടുതല്‍ വ്യക്തമാക്കുന്നു (14,20-21). അവരോടൊത്താണ് അനുരജ്ഞനത്തിന്‍റെയും പ്രതീക്ഷയുടെയും ചൈതന്യമുണര്‍ത്തിക്കൊണ്ട് തന്നെത്തന്നെ ഭോജ്യവും പാനീയവുമായി നല്കുക (മര്‍ക്കോ 14,22-25).

വി. കുര്‍ബ്ബാനയുടെ സ്ഥാപനത്തിന്‍റെ വിവരണം യേശുവിന്‍റെ പീഡാനുഭവചരിത്രത്തിന്‍റെ ആദ്യപടിയാണ്. അതിനാല്‍, അവസാന അത്താഴം, യേശു തന്‍റെ പീഡാനുഭവവും മരണവുംവഴി, ആത്മബലിയായിത്തീരുന്ന ജീവിതദൗത്യത്തെ കാണിക്കുക മാത്രമല്ല, അതില്‍ ഭാഗഭാക്കുകളായിത്തീരുന്നതിനെപ്പറ്റി ബോധവാന്‍മാരാക്കുകകൂടി ചെയ്യുന്നു. യേശു നല്കുന്ന പുതിയ ഉടമ്പടിയുടെ രക്തത്തില്‍ പങ്കാളികളാകുന്നതുവഴി നാം യേശു വാഗ്ദാനം ചെയ്ത രക്ഷയില്‍ ഭാഗഭാക്കുകളാകുന്നു. അതിനുള്ള വിളിയാണ് ഒടുവിലത്തെ അത്താഴം നല്കുന്നത് കര്‍ത്താവിന്‍റെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റിക്കൊണ്ട് യേശുശിഷ്യര്‍ തങ്ങളുടെ ജീവിതം അനേകര്‍ക്കായി അര്‍പ്പിക്കുന്നു. അവസാനത്തെ അത്താഴം യേശു എല്ലാവര്‍ക്കുമായി ആത്മാഹൂതി ചെയ്യുന്നതിന്‍റെ അടയാളമാണ്, അതുപോലെതന്നെ പൂര്‍ത്തീകരിക്കാനിരിക്കുന്ന ദൈവരാജ്യത്തിന്‍റെ മുന്നോടിയും12. അത് അനുരജ്ഞനത്തിന്‍റെ വേദിയും പുതിയ ഉടമ്പടിയില്‍13 നവീകരിക്കപ്പെട്ട ജീവിതത്തിനുള്ള ഉള്‍വിളിയുമാണ്. പുതിയ ഉടമ്പടിയുടെ കാലഘട്ടം യേശുവിന്‍റെ രക്ഷാകരമായ മരണത്തിലൂടെ വന്നിരിക്കുന്നത് എല്ലാവര്‍ക്കും പ്രതീക്ഷ നല്കുന്നു. കുര്‍ബ്ബാനയില്‍ ഭാഗഭാക്കുകളാകുമ്പോള്‍ യേശുവിന്‍റെ ദൗത്യത്തിലും അതിന്‍റെ ഫലങ്ങളിലും പങ്കുകാരാവുകയാണ് ചെയ്യുന്നത് കുര്‍ബ്ബാന എല്ലാവര്‍ക്കുമായി അര്‍പ്പിക്കപ്പെട്ട യേശുതന്നെയാണ്. യേശുവിന്‍റെ സഹനത്തിന്‍റെയും മരണത്തിന്‍റെയും പാത പിന്‍തുടരാന്‍ ശ്രമിക്കുന്നവര്‍, കര്‍ത്താവിന്‍റെ അത്താഴത്തില്‍ പങ്കാളികളാകുന്നവര്‍, മരണത്തിന്‍മേലും സഹനത്തിന്‍മേലുള്ള അന്തിമവിജയത്തിലും പങ്കാളികളാകും (ഏശ 25,6-8; മര്‍ക്കോ 14,25).

പാപമോചനത്തിനായുള്ള പുതിയ ഉടമ്പടി (മത്താ 26:26-30)

വി. മത്തായിയുടെ സുവിശേഷത്തിലെ വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള വീക്ഷണം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ വീക്ഷണത്തോട് വളരെ ബന്ധപ്പെട്ടു നില്ക്കുന്നു. അപ്പം വര്‍ദ്ധിപ്പിച്ച് ജനങ്ങളെ സംതൃപ്തരാകുന്ന സംഭവങ്ങളില്‍ (മത്താ 14, 13-21; 15,21-28), ഒടുവിലത്തെ അത്താഴത്തിന്‍റെ മുന്നോടിയായി നില്ക്കുന്ന ശിഷ്യത്വത്തിന്‍റെ പാതയിലെ ഉയര്‍ച്ചയും താഴ്ചയും, പ്രത്യേകിച്ച്, അവസാന അത്താഴത്തിന്‍റെ വിവരണത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാം (മത്താ 26,20-25). കുര്‍ബ്ബാനയുടെ സ്ഥാപനത്തിന്‍റെ വിവരണം (മത്താ 26,26-29) പെസഹാ ആചരണത്തിന്‍റെ പശ്ചാത്തലത്തിലും പീഡാനുഭവത്തിന്‍റെ വിവരണങ്ങളുമായി ബന്ധപ്പെടുത്തിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു14. കര്‍ത്തൃ പ്രാര്‍ത്ഥനയുമായി (മത്താ 26,26-29) ബന്ധപ്പെടുത്തി കാണിക്കണമെന്നതാണ് പലരുടെയും അഭിപ്രായം15. എങ്കിലും പുറപ്പാട് 24,8 - ല്‍ പരാമര്‍ശിക്കുന്ന ഉടമ്പടിയുടെ രക്തവും (മത്താ 27,26-28), പുതിയ ഉടമ്പടിയുടെ പ്രഖ്യാപനവും (ജെറ 31,31-34) ഏശയ്യാ പ്രവാചകന്‍റെ കര്‍ത്താവിന്‍റെ സഹിക്കുന്ന ദാസന്‍റെ ചിത്രവും (ഏശ 53,12) മത്തായി സുവിശേഷകന്‍റെ വിവരണത്തെ മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമായ പശ്ചാത്തലമൊരുക്കുന്നു.

ഇവിടെ ഒടുവിലത്തെ അത്താഴത്തിന്‍റെ വിവരണം, മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ വിവരണത്തില്‍നിന്നും ഏതാനും ശ്രദ്ധേയമായ വ്യത്യാസങ്ങള്‍ വരുത്തുന്നു. പ്രത്യേകമായും നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍ എന്നതും ഇത് പാപമോചനത്തിനായി എന്നതും മത്തായിയുടെ സുവിശേഷത്തില്‍ മാത്രമേ കാണുന്നുള്ളൂ16.

പാപമോചനത്തിനായി എന്ന് സുവിശേഷകന്‍ കൂട്ടിച്ചേര്‍ക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. അതുവഴിയായി യേശുവിന്‍റെ പീഡാനുഭവത്തെയും മരണത്തെയും പാപമോചകബലിയായി കാണുന്നു (റോമ 11,26-27; ഹെബ്രാ 10,11-19). യേശു തന്‍റെ മരണത്തിലൂടെ പാപങ്ങളില്‍നിന്ന് മോചിപ്പിച്ച് പുതിയ ഉടമ്പടിയിലേക്ക് നയിക്കുന്നു. ഈ പുതിയ ഉടമ്പടിയിലും പാപമോചനത്തിലും പങ്കാളികളാകുന്നത് യേശുവിന്‍റെ ശരീരത്തിലും രക്തത്തിലും ഭാഗഭാക്കുകളായിക്കൊണ്ടാണ്. അതായത്, യേശുവിന്‍റെ ജീവിതദൗത്യത്തില്‍ത്തന്നെ ഭാഗഭാക്കുകളാകുകയാണ് അതിനുള്ള മാര്‍ഗ്ഗം. അപ്പവും പാനപാത്രവും യേശുവിന്‍റെ ശരീരരക്തങ്ങളായി ശിഷ്യര്‍ക്ക് നല്കപ്പെട്ടിരിക്കുന്നു. അതില്‍ ഭാഗഭാക്കുകളാകുന്നവരാണ് യഥാര്‍ത്ഥ ശിഷ്യന്‍മാര്‍17. വി.മത്തായിയുടെ സുവിശേഷം കര്‍ത്താവിന്‍റെ അത്താഴത്തെ അടിസ്ഥാനപ്പെടുത്തി പില്ക്കാലത്തെ ആചരണങ്ങളെ വിലയിരുത്തുകയും സ്വര്‍ഗ്ഗീയവിരുന്നിന്‍റെ മുന്നോടിയായി കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ യുഗാന്ത്യോന്‍മുഖമായ സ്വഭാവം തെളിയിച്ചു കൊടുക്കുകയും ചെയ്യുന്നു.

ദൈവരാജ്യത്തിന്‍റെ വിരുന്ന് (ലൂക്കാ 22:14-23)

മറ്റു സുവിശേഷകന്‍മാരെപ്പോലെ വി.ലൂക്കായും അവസാന അത്താഴത്തിന്‍റെ വിവരണത്തിലാണ് കുര്‍ബ്ബാനയെപ്പറ്റിയുള്ള വീക്ഷണം നല്കുന്നത്. പെസഹാ ആചരണത്തിന്‍റെയും പീഡാനുഭവത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഒടുവിലത്തെ അത്താഴത്തിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നത്. യേശുവിനെ ഇല്ലാതാക്കാനുള്ള ആലോചനയില്‍ തുടങ്ങുന്ന പീഡാനുഭവചരിത്രം പെസഹാതിരുനാളിന്‍റെ ഒരുക്കത്തിലാണ് ചെന്നുനില്ക്കുക (ലൂക്കാ 22:1-6). അവസാനത്തെ അത്താഴം തന്‍റെ ശിഷ്യരുമായി ആചരിക്കുവാന്‍ യേശു ശ്രദ്ധാപൂര്‍വ്വം ഒരുങ്ങുന്നു (22,14-20). അതാകട്ടെ പെസഹാത്തിരുനാളിന്‍റെ നിഴലിലും ഇസ്രായേല്‍ജനം ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചനം നേടിയ സ്ഥാനത്ത് ദൈവത്തിന്‍റെ രക്ഷകന്‍ പുതിയ പുറപ്പാട് ആരംഭിക്കുന്നു (നിയ 16:1-7).

വി. ലൂക്കായുടെ സുവിശേഷം കുര്‍ബ്ബാനയുടെ സ്ഥാപനവേദിയായ ഒടുവിലത്തെ അത്താഴത്തെ വിവരിക്കുന്നതിന് ഒരുങ്ങുന്നത് വിരുന്നുകളുടെ ഒരു പരമ്പരയിലൂടെയാണെന്നുപറയാം18. ഓരോ വിരുന്നും കുര്‍ബ്ബാനയും ക്രിസ്തീയ ജീവിതവും തമ്മിലുള്ള സവിശേഷതകളെ വ്യക്തമാക്കുന്നു എന്നതാണ് ശ്രദ്ധേയമായകാര്യം. അവസാനത്തെ അത്താഴത്തിനു മുമ്പായി ഏഴു വിരുന്നുകളും (ഗലീലിയില്‍), ഗലീലിയില്‍നിന്ന് ജറുസലേമിലേക്കുള്ള പാതയില്‍ നാലുവിരുന്നുകളും (ലൂക്കാ 5:1-19, 28). ഈ വിവരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

ലേവി തന്‍റെ വീട്ടില്‍ യേശുവിനു നടത്തുന്ന വിരുന്ന് (5:27-39); ശിമയോന്‍ എന്ന ഫരിസേയന്‍റെ വീട്ടിലെ വിരുന്ന് (7:36-50); യേശു അപ്പം വര്‍ദ്ധിപ്പിച്ച് എല്ലാവരെയും തൃപ്തരാക്കുന്നു (9:10-17); മര്‍ത്തയുടെ വീട്ടില്‍ (10,38-42); ഒരു ഫരിസേയന്‍റെ ഭവനത്തിലെ ഭക്ഷണം (11:37-54); ഒരു സാബത്തു ദിവസം ഫരിസേയന്‍റെ ഭവനത്തില്‍ വിരുന്ന് (14:1-24); സക്കേവൂസിന്‍റെ ഭവനത്തിലെ വിരുന്ന് (19:1-10); പെസഹാ ആചരണവും ഒടുവിലത്തെ അത്താഴവും (27:7-13, 14-38); ശിഷ്യരോടൊത്ത് ജറുസലേമില്‍ (24:36-53).

ഈ വിരുന്നുകളെല്ലാം ഓരോ വിധത്തില്‍ വി. കുര്‍ബ്ബാനയും ശിഷ്യത്വത്തിന്‍റെ ജീവിതവും തമ്മിലുള്ള ബന്ധം കാണിക്കുന്നു. ഉദാഹരണമായി, അഞ്ചപ്പവും രണ്ടുമീനും എടുത്ത് സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി ആശീര്‍വ്വദിച്ചു മുറിച്ചു നല്കുന്നത്. അവസാനത്തെ അത്താഴത്തിലെ യേശുവിന്‍റെ കുര്‍ബ്ബാനയുടെ സ്ഥാപനത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ലേവിയുടെ ഭവനത്തിലെ വിരുന്ന് സഭ മാനസാന്തരത്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും കുര്‍ബ്ബാന യേശുവിന്‍റെ ദൗത്യവുമായി അഭേദ്യം ബന്ധപ്പെട്ടു നില്ക്കുന്നുവെന്നും കാണിക്കുന്നു. വിരുന്നുകള്‍ യേശു അവസാനമായി ശിഷ്യരോടൊത്ത് കഴിക്കാനിരിക്കുന്ന ദൈവരാജ്യത്തിലെ വിരുന്നിന്‍റെ മുന്നോടിയാണ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ അപ്പം മുറിക്കലിലാണ് ജീവിക്കുന്നവനായ യേശുവിനെ അറിയുക. അവസാനമായി യേശു ശിഷ്യഗണത്തിന് പ്രത്യക്ഷപ്പെടുമ്പോള്‍ യേശു അവരോടൊത്ത് ഭക്ഷിക്കുന്നു19.

വിരുന്നുകളിലെല്ലാം തെളിഞ്ഞുനില്ക്കുന്ന ഏതാനും പ്രത്യേകതകളുണ്ട്. യേശുവിന്‍റെ സാന്നിദ്ധ്യം; തന്നോടൊത്തുള്ളവരോട് യേശു കാണിക്കുന്ന താല്പര്യം, അവരോടൊത്ത് ഭക്ഷിക്കുന്നതിലും അവരെ പഠിപ്പിക്കുന്നതിലും തിരുത്തുന്നതിലുമുള്ള ശ്രദ്ധ എന്നിവ. നീതിമാനെയും പാപിയെയും ധനികനെയും ദരിദ്രനെയും തന്‍റെ സാര്‍വ്വത്രികദൗത്യത്തില്‍ പങ്കുകാരാക്കുന്ന വേദികളാണ് ഈ വിരുന്നുകള്‍. ദൈവരാജ്യത്തിന്‍റെ വിരുന്നില്‍ ഭാഗഭാക്കാക്കുന്നത് അന്തിമദിനത്തില്‍ നിത്യവിരുന്നില്‍ പങ്കെടുക്കുന്നതിന്‍റെ മുന്നോടിയാണ്. ഉത്ഥിതനായ, ജീവിക്കുന്നവനായ യേശുവിന്‍റെ പില്ക്കാല ആദിമസമൂഹങ്ങള്‍ തിരിച്ചറിഞ്ഞത് അപ്പം മുറിക്കലിലാണ്. പങ്കാളിത്തത്തിലും കൂട്ടായ്മയിലും യേശുവിനെ ദൈവജനം തിരിച്ചറിയുന്നു: ദൈവത്തെ സമൂഹത്തില്‍ സന്നിഹിതമാക്കുന്നു20. വി. ലൂക്കായുടെ സുവിശേഷത്തിലെ അവസാനത്തെ അത്താഴത്തിന്‍റെ വിവരണത്തെ രണ്ടായി തിരിക്കാം. 22:15-18 പെസഹാ ആചരണം, യേശുവിന്‍റെ പീഡാസഹനത്തെയും മരണത്തെയും സൂചിപ്പിക്കുന്ന അവസാനത്തെ പ്രവചനമാണത്. എന്നാല്‍ 22:19-20 യേശുവിന്‍റെ ജീവിതബലിയെ ആസ്പദമാക്കി അപ്പത്തിനും വീഞ്ഞിനും പുതിയ അര്‍ത്ഥം നല്കുന്നു.

യേശു അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്‍റെ ശരീരമാണ്. ആയിരങ്ങളെ തീറ്റി (9:10-17), തന്‍റെ ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജനത്തെ പരിപോഷിപ്പിച്ച യേശുതന്നെയാണ് ശിഷ്യര്‍ക്കായി തന്നെത്തന്നെ നല്കുന്നത്. പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്തതിനുശേഷം പറഞ്ഞു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. മനുഷ്യകുലത്തിന് പങ്കുപറ്റാന്‍ തന്നെത്തന്നെയാണ് യേശു നല്കുക. മോശ സീനായ്മലയില്‍ രക്തംകൊണ്ട് ഉടമ്പടി ഉറപ്പിച്ചു. യേശു സ്വന്തം രക്തം നല്കി, തന്നെത്തന്നെ നല്കിക്കൊണ്ട് പുതിയ ഉടമ്പടി ആരംഭിക്കുന്നു: യേശുവിന്‍റെ ജീവിതവും മരണവും നവീകരിക്കപ്പെട്ട ദൈവമനുഷ്യബന്ധത്തിന്‍റെ ആരംഭം കുറിക്കുന്നു.

ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന ആഹ്വാനം ഉത്ഥാനത്തിന് ശേഷമുള്ള ആദിമക്രിസ്തീയ സമൂഹത്തിന്‍റെ കുര്‍ബ്ബാനയുടെ ആചരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ അരൂപിയിലുള്ള സമൂഹത്തിലെ സാന്നിധ്യവും പ്രവര്‍ത്തനവുമാണ് ഇവിടെ ദൃശ്യമാകുന്നത്. ഓര്‍മ്മ യേശുവിന്‍റെ രക്ഷാകരമായ മരണത്തിന്‍റെ ആചരണം മാത്രമല്ല, ആത്മാര്‍പ്പണത്തിന്‍റെ ജീവിതശൈലി സ്വന്തമാക്കാന്‍ യേശു ശിഷ്യര്‍ക്കു നല്കുന്ന ആഹ്വാനം കൂടെയാണ്21.

വാസ്തവത്തില്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍ കുര്‍ബ്ബാന എന്നത് യേശുവിന്‍റെ ജീവിതദൗത്യത്തിന്‍റെ രത്നച്ചുരുക്കമാണ്. മറ്റുള്ളവര്‍ക്കായി തന്നെത്തന്നെ നല്കുന്ന യേശുവിനെയാണിവിടെ കാണുന്നത്. തന്‍റെ ജീവിതവും മരണവും മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നു. അത് എല്ലാവര്‍ക്കും രക്ഷ എത്തിച്ചുകൊടുക്കുവാന്‍ പര്യാപ്തമായ ബലിയാണ്. ക്രിസ്തീയസമൂഹത്തിന്‍റെ ജീവിതദൗത്യവും അതായിരിക്കണമെന്നാണ് നടപടിപുസ്തകത്തിന്‍റെ ആദ്യ അധ്യായങ്ങള്‍ വിളിച്ചോതുന്നത്22.

ജീവന്‍റെ അപ്പം (യോഹ 6:25-58)

സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമായ യേശുവിനെ അറിയിക്കുന്നതുവഴി എല്ലാവരെയും വിശ്വാസത്തിലേക്കും അതുവഴി നിത്യജീവനിലേക്കും നയിക്കുകയാണ് യോഹന്നാന്‍റെ സുവിശേഷത്തിലെ വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള വിവരണത്തിന്‍റെ ഉദ്ദേശ്യം. പൗലോസ്ശ്ലീഹായുടെ ലേഖനത്തില്‍ ക്രിസ്തീയ സമൂഹജീവിതത്തിന്‍റെയും ആരാധനാക്രമത്തിന്‍റെയും പശ്ചാത്തലത്തിലാണ് കര്‍ത്താവിന്‍റെ അത്താഴത്തെ അനുസ്മരിക്കുന്നത്. കുര്‍ബ്ബാനയുടെ സഭാത്മകമായ മാനങ്ങളെ വി. പൗലോസ്ശ്ലീഹാ ഊന്നിപ്പറയുമ്പോള്‍, യോഹന്നാന്‍റെ സുവിശേഷം വ്യക്തിപരമായ തലത്തെയും അതിന്‍റെ വിവിധവശങ്ങളെയും കൂടുതല്‍ വ്യക്തമാക്കുന്നു23. കുര്‍ബ്ബാനയെ കേന്ദ്രീകരിച്ച് ജീവിക്കുന്ന സമൂഹത്തിന് യേശുവിന്‍റെ ജീവിതദൗത്യത്തിന്‍റെ ആഴവും വ്യാപ്തിയും കാണിച്ചുകൊടുത്തുകൊണ്ട് അതിന്‍റെ അഗാധത്തിലേക്കു നയിക്കുകയാണ് യോഹന്നാന്‍. ജീവന്‍റെ അപ്പവും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവന്‍റെ ഭക്ഷണവുമാണ് കുര്‍ബ്ബാന. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക്  നിത്യജീവന്‍ നല്കുന്ന ജീവന്‍റെ അപ്പം (യോഹ 6).

മറ്റു സുവിശേഷങ്ങളില്‍ പ്രധാനമായും അവസാനത്തെ അത്താഴത്തിന്‍റെ വിവരണത്തിലൂടെയാണ് കുര്‍ബ്ബാനയെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ വ്യക്തമായത്. യോഹന്നാന്‍ സുവിശേഷത്തില്‍ അത് ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിലാണു കാണുന്നത്. വാസ്തവത്തില്‍, യേശുവിന്‍റെ ജീവിതത്തിന്‍റെ വിവിധവിവരണങ്ങളില്‍ വി. കുര്‍ബ്ബാനയെപ്പറ്റി പ്രതീകാത്മകമായും സുവിശേഷകന്‍ പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണമായി,  യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവം (യോഹ 6:1-15); മുന്തിരിച്ചെടിയും ശാഖകളും തമ്മിലുള്ള ബന്ധം  (15:1-8); യേശുവിന്‍റെ പാര്‍ശ്വത്തില്‍നിന്ന് പുറപ്പെടുന്ന രക്തവും വെള്ളവും (യോഹ 19,35) എന്നിവ24. ഏറ്റവും പ്രധാനമായത് ആറാമത്തെ അദ്ധ്യായത്തില്‍ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണമാണ്.

യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ 5 മുതല്‍ 10 വരെയുള്ള അധ്യായങ്ങളില്‍, യഹൂദരുടെ വിവിധ തിരുനാളുകളുടെ പശ്ചാത്തലത്തിലാണ് യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നത്. പെസഹാത്തിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് ആറാമത്തെ അദ്ധ്യായം മനസ്സിലാക്കേണ്ടത്. കാരണം, യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു എന്ന് വ്യക്തമായി പറയുന്നു (യോഹ 6,4). ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ യേശുവാണ് ഇവിടെ നില്ക്കുന്നത് (യോഹ 1:36-37). സ്വന്തം പുത്രനെ ലോകത്തിന് നല്കുവാന്‍ തക്കവിധം ലോകത്തെ അത്രയധികം സ്നേഹിച്ച ദൈവത്തിന്‍റെ കുഞ്ഞാട്. ദൈവത്തെ, തന്‍റെ പുത്രനിലൂടെ ലോകത്തിനു വെളിപ്പെടുത്തുകയും ലോകത്തിന്‍റെ പാപപരിഹാരത്തിനായി അര്‍പ്പിക്കുന്നതുവഴി നിത്യജീവനിലേക്കു നയിക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് യേശു വെളിപ്പെടുത്തുന്നത്. വാസ്തവത്തില്‍, യോഹന്നാന്‍ സുവിശേഷകന്‍റെ ശ്രദ്ധ യേശുവിലും യേശുവില്‍ വിശ്വസിക്കുന്നവന്  ജീവന്‍റെ അപ്പത്തില്‍ ഭാഗഭാക്കാകുന്നതുവഴി ലഭിക്കുന്ന ഫലങ്ങളിലുമാണ്. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ യേശു ജീവന്‍റെ അപ്പമാകുന്നു എന്നു വെളിപ്പെടുത്തുന്നു.

യോഹന്നാന്‍റെ ആറാമത്തെ അദ്ധ്യായത്തെ സാധാരണമായി നാലായി തിരിക്കാറുണ്ട്: യേശു അപ്പം വര്‍ദ്ധിപ്പിക്കുന്നു (6:1-15); യേശു കടലിനുമീതെ നടക്കുന്നു (6:16-24); യേശു ജീവന്‍റെ അപ്പമാണ് (6:25-59); യേശുവിന്‍റെ പ്രഭാഷണത്തോടുള്ള പ്രത്യുത്തരം (6:60-71). യേശു അപ്പം വര്‍ദ്ധിപ്പിക്കുന്നത്, യേശുവിന്‍റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അടയാളമാണ്. അതില്‍ വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പെസഹായുടെ പശ്ചാത്തലത്തിലും (6,4) യേശു അപ്പമെടുത്ത് വാഴ്ത്തി അവര്‍ക്കുകൊടുക്കുന്നതിലും (6,11) വ്യക്തമാണ്. ഈ രണ്ടുകാര്യങ്ങളും അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവത്തെ കുര്‍ബ്ബാനയുടെ സ്ഥാപനവുമായി ബന്ധപ്പെടുത്തുന്നു. മാത്രമല്ല, അപ്പം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ അര്‍ത്ഥത്തെ വിവരിക്കുന്നത് ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. യേശു പ്രതിവചിച്ചു: സത്യം സത്യമായും ഞാന്‍ നിങ്ങളോടു പറയുന്നു. അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി എന്ന വാക്കുകള്‍ ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള, യേശുവിനെക്കുറിച്ചുള്ള പ്രഭാഷണത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. യേശുവാണ് ജീവന്‍റെ അപ്പം. അത് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്‍റെ അപ്പമാണ് (6:16-121).

കുര്‍ബ്ബാന ആദ്ധ്യാത്മിക ഭക്ഷണമാണ്. അതിനാല്‍ വിശ്വാസത്തോടെ ജീവന്‍റെ അപ്പം സ്വീകരിക്കുന്നവര്‍ക്കാണ് അതു ജീവന്‍ നല്കുന്നത്. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നാണ് എന്‍റെ പിതാവിന്‍റെ ഇഷ്ടം (6:40). സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട് (6:47). ഈ വിശ്വാസം ദൈവത്തിന്‍റെ ദാനമാണ് (6:44). വിശ്വാസത്തിലൂടെ യേശുവില്‍ പങ്കുപറ്റുന്നവന് ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല (6:35)25.

ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രഭാഷണത്തില്‍ (6:35-58) വി.കുര്‍ബ്ബാനയെ പരാമര്‍ശിക്കുന്ന വാക്കുകള്‍ ഭക്ഷണം, പാനീയം, ശരീരം, രക്തം എന്നിവയാണ്.26 ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്. നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവനുണ്ടായിരിക്കുകയില്ല എന്ന വചനങ്ങള്‍ ഒടുവിലത്തെ അത്താഴത്തില്‍ ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണ് (ലൂക്കാ 22,19) എന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യകുലത്തിന് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുംവേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുന്ന പെസഹാ കുഞ്ഞാടായ യേശുവിന്‍റെ ശരീരവും രക്തവുമായ കുര്‍ബ്ബാനയാണ് സുവിശേഷകന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. അത് യേശുതന്നെയാണ്; യേശുവിന്‍റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്.

യേശുവാണ് സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ് (6:50-51). ലോകത്തിന്‍റെ ജീവനായി നല്കുന്ന അപ്പം മാംസമായി ലോകത്തില്‍ അവതരിച്ച വചനമാണ് (യോഹ 1,14). കുര്‍ബ്ബാനയെന്ന യാഥാര്‍ത്ഥ്യം വി. യോഹന്നാന്‍റെ വീക്ഷണത്തില്‍ വചനം മാംസമാകുന്നതു മുതല്‍ കുരിശുമരണംവരെ സ്വയം സ്നേഹത്തോടെ സമര്‍പ്പിക്കുന്ന യേശു തന്നെയാണ്. യേശുവിന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനംചെയ്യുകയും ചെയ്യുന്നതുവഴിയാണ് ദൈവം യേശുവിലൂടെ വെളിപ്പെടുത്തുന്നതിനെ അറിയുക (യോഹ 6:53-54). തന്‍റെ മുറിക്കപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവും ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തെ, സ്വപുത്രനെ ലോകത്തിന്‍റെ രക്ഷയ്ക്കായി നല്‍കാന്‍ പ്രേരിപ്പിച്ച സ്നേഹത്തെ, വെളിപ്പെടുത്തുന്നു (യോഹ 13,1;15,13; 1 യോഹ 4:8-16)27. ഇതാണ് ഒരിക്കലും നശിക്കാത്ത മനുഷ്യപുത്രന്‍ തരുന്ന അനശ്വരമായ അപ്പം (യോഹ 6,27). യോഹന്നാന്‍റെ സുവിശേഷത്തിലും തന്നെത്തന്നെ ലോകത്തിന്‍റെ രക്ഷയ്ക്കായി നല്‍കുന്ന യേശുവിന്‍റെ ജീവിതദൗത്യമാണ് കുര്‍ബ്ബാന എന്ന കൂദാശയ്ക്ക് അര്‍ത്ഥവും ആഴവും നല്കുന്നത്.

യേശുവിന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. ദൈവപുത്രനിലൂടെ നമുക്കു പകര്‍ന്നുതരുന്ന ദൈവീക ജീവനാണത് (യോഹ 6:51-58). എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും (യോഹ 6:57). ആത്യന്തികമായി വി. കുര്‍ബ്ബാന നമ്മെ നിത്യജീവനിലേക്കു നയിക്കുന്ന യാഥാര്‍ത്ഥ്യമാണ്. എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാനവനെ ഉയിര്‍പ്പിക്കും (യോഹ 6:54). കുര്‍ബ്ബാന ഇന്നു നിത്യജീവന്‍റെ മൂന്നാസ്വാദനമാണ്; അതു നയിക്കുന്നതു നിത്യജീവനിലേക്കും അതു നിത്യജീവന്‍റെ അച്ചാരമാണ്. ചുരുക്കത്തില്‍, യോഹന്നാന്‍ അറിയിക്കുന്ന ദൈവപുത്രന്‍റെ സദ്വാര്‍ത്തയുടെ കേന്ദ്രബിന്ദുവാണ്, ജീവന്‍റെ അപ്പമാണ്, യേശു.

ഉപസംഹാരം

വി. പൗലോസ്ശ്ലീഹായും, സുവിശേഷകന്‍മാരും വി.കുര്‍ബ്ബാനയുടെ സ്ഥാപനത്തെയും അത് അര്‍ത്ഥമാക്കുന്ന യേശുവിന്‍റെ ജീവിതലക്ഷ്യത്തെയും വ്യക്തമായി വിവരിക്കുന്നു. പുതിയനിയമം അറിയിക്കുന്ന യേശുവിന്‍റെ സദ്വാര്‍ത്തയുടെ കേന്ദ്രബിന്ദുവാണ് വി. കുര്‍ബ്ബാന. ദൈവം ലോകത്തിന്‍റെ രക്ഷയ്ക്കായി തന്‍റെ പുത്രനെ ബലിയായി അര്‍പ്പിച്ച വലിയ സ്നേഹമാണത് അര്‍ത്ഥമാക്കുന്നത്. അതില്‍ യേശുവിന്‍റെ വ്യക്തിത്വവും ജീവിതവും അടങ്ങിയിരിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സ്നേഹബലിയായിത്തീരാനുള്ള ഉത്തമ മാതൃകയാണത്. അത് സ്നേഹമാണ്, ബലിയാണ്, കൂട്ടായ്മയാണ്, ഭാഗഭാഗിത്വമാണ് - യേശുവിന്‍റെ ജീവിതത്തിലും ദൗത്യത്തിലുമുള്ള ഭാഗഭാഗിത്വം. കുര്‍ബ്ബാന നമ്മെ ക്രിസ്തുവില്‍ ഒരു ശരീരമാക്കിത്തീര്‍ക്കുന്നു. മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കപ്പെടുന്ന ജീവിതശൈലി കൈമുതലാക്കാന്‍ കുര്‍ബ്ബാന നമ്മെ കടപ്പെടുത്തുന്നു.

ഡോ. ജോസഫ് മലേപറമ്പില്‍

-holy-eucarist-in-the-new-testament-perspective holy eucarist catholic malayalam Dr. Joseph Meleparampil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message