We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. George Karukapparampil, Dr.Jacobe Velliyan On 30-Jan-2021
സഭയിലെ വ്യത്യസ്തസാമൂഹിക പശ്ചാത്തലത്തിലും ജീവിതാന്തസിലും കഴിയുന്നവര്‍ക്കു സുപരിചിതവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു പ്രാര്‍ത്ഥനയാണു ജപമാല. സഭാചരിത്രം പരിശോധിക്കുമ്പോള്‍ സെന്‍റ് പീറ്റര്‍ കനീഷ്യസ്, സെന്‍റ് ലൂയീസ് മരിയ മോണ്‍ഫോര്‍ട്ട്, സെന്‍റ് അല്‍ഫോന്‍സ് ലിഗോരി തുടങ്ങിയ വിശുദ്ധര്‍ ജപമാല പ്രചരിപ്പിക്കാനായി വളരെയധികം പ്രയത്നിച്ചിതായി കാണാവുന്നതാണ്. ലിയോ 13-ാമന്‍ മുതല്‍ ജോണ്‍ പോള്‍ 2-ാമന്‍ വരെയുള്ള മാര്‍പാപ്പമാര്‍ ജപമാല ചൊല്ലുവാന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ജപമാല ഒരു സാധാരണ പ്രാര്‍ത്ഥനയല്ലായിരുന്നു. എന്നാല്‍, ഇന്നു വി. കുര്‍ബാനയര്‍പ്പണം കഴിഞ്ഞാല്‍ സാധാരണക്കാര്‍ക്കു ചൊല്ലാനുള്ള ഏറ്റവും എളുപ്പമുള്ള പ്രാര്‍ത്ഥനയായി ഇതു കണക്കാക്കപ്പെടുന്നു. കേരളത്തില്‍ കുടുംബ പ്രാര്‍ത്ഥനകളില്‍ ജപമാലയ്ക്കു പ്രധാനസ്ഥാനമാണുള്ളത്.
പരിശുദ്ധ ജപമാലയുടെ ചരിത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വി. ഡൊമിനിക്കിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടാണു കാണുന്നത്. ഇതിനാല്‍ ഡൊമിനിക്കല്‍ സന്ന്യാസസമൂഹം ജപമാലയര്‍പ്പണത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഒരു നല്ല സമൂഹപ്രാര്‍ത്ഥന നല്‍കുക എന്നതായിരുന്നു ജപമാല രൂപംകൊണ്ടതിന്‍റെ പിന്നിലെ ലക്ഷ്യം. 150 സങ്കീര്‍ത്തനങ്ങളോടു സാധര്‍മ്മ്യപ്പെടുത്തി 150 നന്മ നിറഞ്ഞമറിയം ചൊല്ലുക പതിവായി. ക്രമേണ ജപമാല മുന്നായി വിഭജിച്ചു. ആദ്യകാലഘട്ടങ്ങളില്‍ ജപമാലയുടെ തുടക്കം സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചായിരുന്നു എങ്കിലും കാലാന്തരത്തില്‍ പത്തു നന്മനിറഞ്ഞ മറിയത്തിനുശേഷം ഒരു ദൈവരഹസ്യം ഓര്‍മ്മിക്കുന്ന രീതി നിലവില്‍ വന്നു. ഈശോയുടെ ജനനത്തിനുള്ള മുന്നറിയിപ്പു മുതല്‍ പരി. മറിയത്തിന്‍റെ മഹത്വീകരണം വരെയുള്ള ദിവ്യരഹസ്യങ്ങള്‍ സങ്കീര്‍ത്തനങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. ആദ്യം സന്തോഷകരമായ രഹസ്യങ്ങളാണു വിവരിച്ചിരിക്കുന്നത്. അതിനാല്‍ 14-ാം നൂറ്റാണ്ടുവരെ സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍ മാത്രമേ നിലനിന്നിരുന്നുള്ളു. 14-ാം നൂറ്റാണ്ടില്‍ ദുഃഖത്തിന്‍റെ രഹസ്യങ്ങളും ചേര്‍ത്തു. 14-ാം നൂറ്റാണ്ടുവരെ 50 നന്മനിറഞ്ഞ മറിയം ഒരുമിച്ചു ചൊല്ലിയിരുന്നു. 1409-ല്‍ പ്രഷ്യയിലെ ഡൊമിനിക് എന്ന വൈദികന്‍ സന്തോഷരഹസ്യങ്ങളോടനുബന്ധിച്ചു മാതാവിനെയും കര്‍ത്താവിനെയുംകുറിച്ച് 50 വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ഭാഗത്തിന്‍റെയും ആദ്യം "ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയും അവസാനം ത്രിത്വസ്തുതിയുംകൂടി ചേര്‍ത്തു ജപമാല എന്നു വിളിച്ചുപോന്നു. ഇത്തരത്തില്‍ ജപമാല ക്രമപ്പെടുത്തിയതിന്‍റെ പിന്നിലെ കര്‍ത്തൂസിയന്‍ സന്ന്യാസികളുടെ പ്രവര്‍ത്തനങ്ങളും സ്മര്‍ത്തവ്യമത്രേ.
1483ല്‍ ഒരു ഡൊമിനിക്കന്‍ വൈദികന്‍ Our dear lady's psalter എന്ന ജപമാലപ്പുസ്തകം പ്രസിദ്ധപ്പെടുത്തി. ഇതില്‍ 5 രഹസ്യങ്ങള്‍വീതം ഉള്‍ക്കൊള്ളിച്ചുള്ള മൂന്നുഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 15 രഹസ്യങ്ങള്‍ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തിയിരുന്നു. പതിന്നാലും പതിനഞ്ചും രഹസ്യങ്ങളായ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണവും കിടീടധാരണവും അവസാനവിധിയുമായി ബന്ധപ്പെടുത്തി. 1521-ല്‍ ആന്‍റബര്‍ട്ടോ ഡി കാസ്റ്റര്‍ലോയുടെ പരിശ്രമഫലമായി 15 രഹസ്യങ്ങളുള്ള ജപമാല ഔദ്യോഗികമായി അംഗികരിക്കപ്പെട്ടു. 1569-ല്‍ വി. പീയൂസ് 5-ാമന്‍ മാര്‍പാപ്പ ജപമാലയുടെ ആരംഭത്തില്‍ മൂന്നു നന്മനിറഞ്ഞ മറിയവും ഒരു ത്രിത്വസ്തുതിയും കൂട്ടിച്ചേര്‍ത്ത് ഇന്നുള്ള ജപമാലയ്ക്കു രൂപം നല്കി. "ഓ എന്‍റെ ഈശോയേ" എന്ന പ്രാര്‍ത്ഥന മറിയം ഫാത്തിമായിലെ വെളിപാടില്‍വച്ച് ചൊല്ലുവാന്‍ നിഷ്കര്‍ഷിച്ചതാണെന്നു വിശ്വസിക്കുന്നു.
ജപമാല: കൊന്ത
കൊന്ത എന്ന വാക്കുകൊണ്ട് എണ്ണുവാന്‍ ഉപയോഗിക്കുന്ന ഉപകരണം എന്നു മാത്രമാണ് അര്‍ത്ഥമാക്കുന്നത്. കൊന്ത എന്ന പോര്‍ച്ചുഗീസ് പദത്തിന്, കണക്ക്, കണക്കുകൂട്ടല്‍ എന്നും കൊന്താര്‍, എണ്ണുക, കൊന്താദോ - എണ്ണപ്പെട്ടത്; കൊന്താരെ- എണ്ണുക (ഇറ്റാലിയന്‍), കൊമ്പുത്താരെ - എണ്ണുക (പത്തില്‍) കൊന്തദോര്‍ എണ്ണുന്നവന്‍, (to) count എണ്ണുക എന്നും അര്‍ത്ഥമുണ്ട്. ജപങ്ങള്‍ എണ്ണുന്നതിന് ഉപയോഗിക്കുന്ന മണികളുടെ മാല എന്നാണു ജപമാലയ്ക്ക് ഉപയോഗിക്കുന്ന കൊന്തയുടെ അര്‍ത്ഥം. ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇതു ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍, കൂടുതല്‍ ഏകാഗ്രതയോടെ ഒരു മാനസിക പ്രാര്‍ത്ഥനയായി ഉരുവിടുന്നതിനു ജപമാല ഉപകരിക്കും. അതുപോലെതന്നെ ജപമാല മറിയത്തെ ഓര്‍ക്കുന്നതിനും മറിയത്തിന്‍റെ അനുഗ്രഹം ഉണ്ടാകുന്നതിനുമുള്ള ഒരു ബാഹ്യാടയാളവുമായി കരുതി വരുന്നു. ഈ ഉദ്ദേശ്യത്തോടെയാണു നവവധുവരന്മാര്‍ക്കും പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ക്കും ജപമാല സമ്മാനമായി നല്കുന്നത്.
ചരിത്രം
ഏതൊരു ഭക്തിപ്രസ്ഥാനവും നൂറ്റാണ്ടുകളിലൂടെ ക്രമപ്പെടുന്നതാണ്. ജപമാലപ്രാര്‍ത്ഥനയ്ക്ക് ഇത്തരത്തില്‍ ഏഴു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടെന്നു കാണാം. വിവിധ കാലങ്ങളില്‍ വിവിധ രൂപങ്ങള്‍ പിന്നിട്ടാണ് ഈ പ്രാര്‍ത്ഥന ഇന്നത്തെ രീതിയില്‍ എത്തിയിരിക്കുന്നത്. ആഴങ്ങളിലേക്കിറങ്ങുവാനും ധ്യാനാനുഭവം ഉണ്ടാകുവാനുമായി പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്ന രീതി വിവിധമതങ്ങളില്‍ നിലനിന്നിരുന്നു. വേദകാലം കഴിഞ്ഞുള്ള ഹിന്ദുമതത്തിലും ബുദ്ധമതത്തിലെ സന്ന്യാസികള്‍ക്കിടയിലും ജൈനമതത്തിലും സിക്കുമതത്തിലും ഇസ്ലാംമതത്തിലും പ്രത്യേകതരത്തിലുള്ള ജപമാല ഉപയോഗിച്ചു പ്രാര്‍ത്ഥനകള്‍ എണ്ണി ആവര്‍ത്തിക്കുന്ന രീതി നിലനിന്നിരുന്നു. മദ്ധ്യകാലത്ത് ഇത്തരത്തിലൊരു രീതി പാശ്ചാത്യസഭയില്‍ ആരംഭിച്ചു. വിദ്യാസമ്പന്നരായ സന്ന്യാസികള്‍ മിശിഹായുടെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ ധ്യാനിച്ചുകൊണ്ടു വി. ഗ്രന്ഥത്തിലെ 150 സങ്കീര്‍ത്തനങ്ങളും പ്രതിദിനം ഉരുവിടുന്ന പതിവുണ്ടായിരുന്നു. വി. ഡൊമനിക് ഈ പ്രാര്‍ത്ഥനയോടൊപ്പം "നന്മ നിറഞ്ഞ മറിയമേ..." എന്ന പ്രാര്‍ത്ഥന, കൂട്ടിച്ചേര്‍ത്തു ചൊല്ലുവാന്‍ ആഹ്വാനം ചെയ്തു. പിന്നീട് അതു മറിയത്തോടുള്ള ഭക്തി പ്രകടനമായി. 50 വീതമുള്ള മൂന്നുസെറ്റ് നന്മനിറഞ്ഞമറിയവും ഓരോസെറ്റിലും 10 നന്മനിറഞ്ഞമറിയമേ എന്ന പ്രാര്‍ത്ഥനയ്ക്കുശേഷം അഞ്ചു കര്‍തൃപ്രാര്‍ത്ഥനയും ചൊല്ലണമെന്നും പഠിപ്പിച്ചു. ഇതേത്തുടര്‍ന്നു മറ്റൊരു രീതി സ്വാഭാവികമായി നിലവില്‍വന്നു. ഇങ്ങനെ 50 പ്രാവശ്യം നന്മ നിറഞ്ഞ മറിയമേ... എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ഓരോ പ്രാവശ്യവും ഓരോ റോസപൂവ് മറിയത്തില്‍ ചാര്‍ത്തി മാല കോര്‍ത്തു മറിയത്തിന്‍റെ തിരുസ്വരൂപം വണങ്ങുന്ന പതിവായിരുന്നു അത്. അങ്ങനെയാണു 13-ാം നൂറ്റാണ്ടു മുതല്‍ ഈ പ്രാര്‍ത്ഥനാരീതിക്ക് "റൊസാറിയം" എന്നും അതില്‍നിന്നു "റോസറി" എന്നും പേരുണ്ടായത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ത്ത ഈ രീതി അതിവേഗം പ്രചരിക്കുകയും വിശ്വാസികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതു വെറുമൊരു അധരവ്യായാമം ആകാതിരിക്കുവാന്‍ സിസ്റ്റേഷ്യന്‍ സന്ന്യാസിമാര്‍ ഈ പ്രാര്‍ത്ഥനയോടുകൂടി മിശിഹാസംഭവത്തിലെ 15 രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കര്‍ത്തുസ്യന്‍, ഡൊമിനിക്കന്‍ സന്ന്യാസികള്‍ ഈ പുതിയ സമ്പ്രാദായം പ്രചരിപ്പിച്ച് ഇന്നത്തെ രീതിയിലുള്ള ജപമാല പ്രാര്‍ത്ഥനയ്ക്കു നിയതരൂപം നല്കി. ഈ കാലത്തുതന്നെയാണു റോക്കിലെ ആലൈന്‍ (1475) എന്ന ഡൊമിനിക്കന്‍ സന്ന്യാസി മേല്പറഞ്ഞ രീതി അവലംബിച്ചു ഗാനരൂപത്തില്‍ ജപമാല ക്രമപ്പെടുത്തി മറിയത്തിന്‍റെ സങ്കീര്‍ത്തനം എന്ന പേരില്‍ പ്രചരിപ്പിച്ചത്. ജര്‍മ്മനിയില്‍ കൊളോണിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ 1475-ലാണ് ഇത് ആദ്യമായി ആലപിച്ചത്.
തുടര്‍ന്ന്, ഈ 15 രഹസ്യങ്ങളോടുമൊപ്പം ഓരോ 10 നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയ്ക്കുശേഷം ത്രിത്വസ്തുതി കൂട്ടിച്ചേര്‍ത്തു. ഇവ മുന്നായി തിരിച്ചു മൂന്നുപ്രാവശ്യമായി ഉരുവിട്ടാലും മതി എന്ന നിബന്ധനയോടെ 1569ല്‍ പീയൂസ് 5-ാമന്‍ പാപ്പ ഈ പ്രാര്‍ത്ഥന സഭയില്‍ ഔദ്യോഗികമായി അംഗീകരിച്ചു. 1858ല്‍ ലൂര്‍ദിലും 1917ല്‍ ഫാത്തിമയിലും മറിയം പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മയുടെ കൈയില്‍ ജപമാല ഉണ്ടായിരുന്നു എന്നതു ജപമാല പ്രാര്‍ത്ഥനയുടെ പ്രചാരണത്തിനു വേഗമേറുവാന്‍ കാരണമായി. ഫാത്തിമായില്‍ ദര്‍ശനം ലഭിച്ച കുട്ടികളെ "ഓ! എന്‍റെ ഈശോയേ ഞങ്ങളുടെ..." എന്ന പ്രാര്‍ത്ഥന മാലാഖ പഠിപ്പിച്ചതാണെന്ന് അവര്‍ പറയുകയും ഉരുവിടുകയും ചെയ്തപ്പോള്‍ അതും ജപമാല പ്രാര്‍ത്ഥനയോടുകൂടി ചേര്‍ത്തു. മരിയ ഭക്തനായിരുന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ "പ്രതീക്ഷയോടെ ഒരിക്കല്‍കൂടി ജപമാല കൈയിലെടുക്കുവാനായി" 2002 ഒക്ടോബര്‍ മുതല്‍ 2003 ഒക്ടോബര്‍വരെ ജപമാലവര്‍ഷം പ്രഖ്യാപിച്ചതും 2002 ഒക്ടോബര്‍ 16ന് (Rosarium Virginis Mariae, RVM കാണുക : റൊസാരിയും വിര്‍ജിനീസ് മരിയെ) എന്ന അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചതും ജപമാല ഭക്തിരംഗത്തു വലിയ തരംഗംതന്നെ സൃഷ്ടിച്ചു. "വിശുദ്ധ ഗ്രന്ഥത്തിലും ആരാധനക്രമത്തിലും വേരൂന്നിയുള്ള ഈ പ്രാര്‍ത്ഥന അനുദിനജീവിത യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്തു ധ്യാനാത്മകമായി ഉരുവിടണം. എന്‍റെ ഈ അപേക്ഷ നിങ്ങള്‍ നിരസിക്കുകയില്ല" (RVM 43) എന്ന മാര്‍പാപ്പയുടെ ആഹ്വാനം വിശ്വാസികള്‍ സ്വീകരിച്ചു. ഉപരി ഉണര്‍വ്വോടും പ്രതീക്ഷയോടുംകൂടി ഈ പ്രാര്‍ത്ഥനയില്‍ തുടരുന്ന രീതി കൈവന്നു. തുടര്‍ന്നാണു വി. ഗ്രന്ഥഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു ജപമാല ചൊല്ലുന്നതു വിശ്വാസത്തിന്‍റെ ആഴത്തിലേക്കു നയിക്കുമെന്നു പ്രതിക്ഷയോടെ (RVM 30) മിശിഹായുടെ പരസ്യജീവിതത്തിലെ 5 സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് (പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍) 20 രഹസ്യങ്ങളുള്ള ജപമാല ക്രമപ്പെടുത്തിതത്. ക്രിസ്തുശാസ്ത്രപരമായ അര്‍ത്ഥം ജപമാലയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് അത് ഉപകരിക്കുമെന്നു മാര്‍പാപ്പാ പഠിപ്പിക്കുന്നു.
ജപമാലയും ആരാധനക്രമവും
ആരാധനക്രമപശ്ചാത്തലത്തില്‍നിന്നു ചിന്തിക്കുമ്പോള്‍ ഒക്ടോബര്‍ മാസത്തിലെ ജപമാലാചരണം ഒരു ഒറ്റപ്പെട്ട സംഭവമാണ്. കാരണം, ജപമാല പരി. കന്യകാമറിയത്തോടുള്ള വണക്കമായിട്ടു മാത്രമാണു നാം കാണുന്നത്. അങ്ങനെയെങ്കില്‍ മറിയത്തെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കേണ്ടതും അവളുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കേണ്ടതും അവളോടൊപ്പം പ്രാര്‍ത്ഥിക്കേണ്ടതും മംഗലവാര്‍ത്താകാലത്താണ്. സഭാപിതാക്കന്മാരും സഭാപഠനങ്ങളും മരിയശാസ്ത്രവും ഇതുതന്നെയാണു പഠിപ്പിക്കുന്നത്.
എന്നാല്‍, ജപമാലയെ ക്രിസ്തുശാസ്ത്രവും ആരാധനക്രമവുമായി ബന്ധപ്പെടുത്തി ചിന്തിക്കാവുന്നതാണ്. ജപമാലപ്രാര്‍ത്ഥനയില്‍ ധ്യാനവിഷയമാക്കുന്നത്. ആരാധനക്രമത്തിലെ ക്രിസ്തുരഹസ്യം തന്നെയാണ്. മിശിഹായില്‍ തുടങ്ങി അവിടുന്നുമായി നേരിട്ടുബന്ധമുള്ള 20 സംഭവങ്ങളാണ് ഇവിടെ ധ്യാനവിഷയമാക്കുന്നത്. അവിടുത്തെ രക്ഷാകരമായ ജനനത്തില്‍ കേന്ദ്രീകൃതമായ ദൈവശാസ്ത്രത്തിന്‍റെ ഒരു രൂപമായി (Incarnation Theology) ഈ രഹസ്യങ്ങളെ കാണാന്‍ കഴിയും. തന്‍റെ ജനനത്തില്‍ തുടങ്ങിയ രക്ഷാകരദൗത്യം പീഡാസഹനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട മനുഷ്യവംശത്തിന്‍റെ രക്ഷയുടെ പ്രതീകമായ മറിയത്തിന്‍റെ മഹത്വീകരണവുമായാണ് ഇവിടെ മനനം ചെയ്യുന്നത് (Cotemplative rememberance). അതു സാധ്യമാകുന്നതിനാണു പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത് (RVM 30). ഭക്തിയോടെ ജപമാലയില്‍ ക്രിസ്തുരഹസ്യങ്ങള്‍ ധ്യാനവിഷയമാക്കുമ്പോള്‍ മറിയത്തിന്‍റെ കണ്ണുകളിലൂടെ മിശിഹായെ കാണാന്‍ കഴിയുമെന്നാണു (Marialis Cultus 47). വി. ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പ ഓര്‍മ്മിക്കുന്നത്.
ആരാധനക്രമപ്രാര്‍ത്ഥനകള്‍പോലെതന്നെ ജപമാല ഒരു സമൂഹപ്രാര്‍ത്ഥനയാണ്; ആരാധനാക്രമത്തില്‍നിന്നാണു ജപമാല ചൈതന്യവും അര്‍ത്ഥവും സ്വീകരിക്കുന്നത്; ഇതിന്‍റെ ഉറിവിടം. വി. ഗ്രന്ഥത്തിലാണു കാണാന്‍ കഴിയുന്നത്. അതു ക്രിസ്തുകേന്ദ്രീകൃതവുമാണ്. ഈ അര്‍ത്ഥം മനസ്സിലാക്കി ധ്യാനാത്മകമായി ജപമാല ഉരുവിടുമ്പോള്‍, അത് ആരാധനക്രമമല്ലെങ്കിലും ആരാധനക്രമത്തിനൊരുക്കമായുള്ള പ്രാര്‍ത്ഥനയായി കാണാവുന്നതാണ്. ജപമാല ഒരേസമയം മിശിഹായോടുള്ള പ്രാര്‍ത്ഥനയും മറിയത്തോടൊപ്പം മിശിഹായെ അനുഭവിക്കാനുള്ള പ്രാര്‍ത്ഥനയുമാണ്. ദൈവശാസ്ത്രപരമായി അപഗ്രഥിക്കുമ്പോള്‍ ജപമാല മരിയഭക്തി വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു പ്രാര്‍ത്ഥനാക്രമമല്ല. അതു മിശിഹായുടെ ജീവിതരഹസ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനയായതുകൊണ്ടു ക്രിസ്തുശാസ്ത്രപരമായ ഒന്നാണ്. മറിയത്തോടൊപ്പവും മറിയത്തോടുകൂടെയും മിശിഹായിലേയ്ക്ക് അടുക്കുവാനും അനുഭവിക്കുവാനും സാധിക്കുന്ന ഒരു പ്രാര്‍ത്ഥനാരീതിയാണ്. ഇതിലെ കര്‍ത്തൃപ്രാര്‍ത്ഥനയിലും 'നന്മനിറഞ്ഞ മറിയമേ' എന്ന ജപത്തിലും ത്രത്വസ്തുതിയിലും നിറഞ്ഞു നില്ക്കുന്നതു മിശിഹായും പരി. ത്രിത്വവുമാണ്; മറിയമല്ല. ഈ ചിന്ത മിശിഹായോടുള്ള നമ്മുടെ വ്യക്തിബന്ധം ആഴപ്പെടുവാന്‍ ഉപകരിക്കും.
ജപമാലയുടെ പ്രാധാന്യം
ജപമാലയുടെ പ്രാധാന്യം നൂറ്റാണ്ടുകളായി സഭാമക്കള്‍ വ്യക്തിപരമായിട്ടുപോലും അനുഭവിക്കുന്നതാണ്. ജപമാല സഭാചരിത്രത്തിലെ സംഭവങ്ങളിലും ഏതു തലത്തിലുമുള്ള വിശ്വാസികളിലും എത്രയധികമായ സ്വാധീനമാണു ചെലുത്തിയിരിക്കുന്നത് എന്നതിനു ചരിത്രംതന്നെ സാക്ഷിയാണ്. ഈ പ്രാധാന്യം മനസ്സിലാക്കിയാണു സഭയുടെ 48 മാര്‍പാപ്പമാര്‍ 287 തിരുവെഴുത്തുകളിലൂടെ ജപമാലയുടെ പ്രധാന്യത്തെക്കുറിച്ച് എഴുതി പഠിപ്പിച്ചത്. ബനഡിക്ട് 16-ാം മാര്‍പാപ്പ മുതല്‍ പിന്നോട്ടുള്ള 12 മാര്‍പ്പാപ്പമാര്‍ ജപമാല പ്രാര്‍ത്ഥനയ്ക്കു പ്രാധാന്യം കൊടുത്തതിന്‍റെ കാരണങ്ങള്‍ താഴെക്കൊടുക്കുന്നു:
1) ജപമാല, വിശ്വാസികള്‍ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണ്.
2) ഏതു ജീവിതാവസ്ഥയിലുള്ളവര്‍ക്കും അര്‍പ്പിക്കാവുന്ന ഒരു പ്രാര്‍ത്ഥനയാണിത്.
3) ഇതു മറിയത്തോടൊപ്പം ക്രിസ്തുവിനെ അനുഭവവേദ്യമാക്കാവുന്ന ഒരു പ്രാര്‍ത്ഥനയാണ്.
4) അനുദിനജീവിതത്തില്‍ തുടരാവുന്ന ഒരു ധ്യാനരീതിയാണിത്.
5) ഇതു മിശിഹായിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാനുള്ള മാര്‍ഗ്ഗമാണ്. (ജപമാലയുടെ ശക്തിയെന്തെന്നാല്‍ അതു വിശ്വാസപ്രമാണത്തിന്‍റെ പ്രാര്‍ത്ഥനയാണ്. കാര്‍ഡിനല്‍ ന്യൂമാന്‍).
6) ജപമാല മറിയത്തോടൊപ്പം എളിമയോടെയുള്ള അപേക്ഷയാണ് (മത്താ 15, 21-28; ലൂക്കാ 18, 1-8).
7) മാനസികപരിവര്‍ത്തനത്തിനും മിശിഹായിലേയ്ക്കു പിന്‍തിരിയുവാനുമുള്ള മാര്‍ഗ്ഗമാണു ജപമാല.
8) മരിയശാസ്ത്രത്തിന്‍റെ അടിസ്ഥാനമായ മറിയത്തിന്‍റെ ദൈവമാതൃത്വം പുകഴ്ത്തുന്ന പ്രാര്‍ത്ഥനയാണു ജപമാല.
9) മനുഷ്യജീവിതത്തിലെ വേദനാജനകവും സന്തോഷം നിറഞ്ഞതുമായ ജീവീതാനുഭവങ്ങളുമായി ബന്ധിച്ചു പ്രാര്‍ത്ഥിച്ചു സ്വാധീനിക്കാവുന്ന പ്രാര്‍ത്ഥനയാണു ജപമാല.
10) മനുഷ്യജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും സഹായവും മാര്‍ഗ്ഗദര്‍ശനവും നല്കാന്‍ കഴിയുന്ന ചൈതന്യമാണു ജപമാലയിലുള്ളത്.
11) ജപമാല സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണിയാണ്.
12) മറിയംവഴി ക്രിസ്തുവുമായി വ്യക്തിബന്ധം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്ന പ്രാര്‍ത്ഥനാരീതിയാണു ജപമാല.
13) ജപമാലയര്‍പ്പണത്തിലൂടെ ജീവിക്കുന്ന മിശിഹായെ വ്യക്തിപരമായി അനുദിന ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുന്നു.
14) ജപമാല സമൂഹമായി പൊതുവേദിയിലും കുടുംബങ്ങളിലും അര്‍പ്പിക്കുന്നതുവഴി മിശിഹായിലുള്ള വിശ്വാസം പ്രഘോഷിക്കുവാനും കുടുംബങ്ങളില്‍ ഐക്യവും സമാധാനവും ഉണ്ടാകുവാനും ഉപകരിക്കും.
സഭയില്‍ തുടരുന്ന ഒരു പ്രാര്‍ത്ഥനാരീതിയാണ് ഒക്ടോബര്‍ മാസജപമാലഭക്തി. എന്നാല്‍, ഇത് ആരാധനക്രമത്തിലെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണെന്നോ പാപപ്പൊറുതിക്കുള്ള മാര്‍ഗ്ഗമാണെന്നോ സഭ പഠിപ്പിക്കുന്നില്ല. ഇതൊരു ഭക്തിരൂപമായതുകൊണ്ട്, (Devotion) കൂദാശയ്ക്കു പകരമായിട്ടുള്ളതല്ല. എന്നാല്‍, ആരാധനക്രമത്തിനും ആരാധനവത്സരത്തിനും അനുസൃതമായി ക്രമപ്പെടുത്തുന്നതു കൂടുതല്‍ അര്‍ത്ഥവത്താകും. ജപമാലയും മറ്റേതൊരു പ്രാര്‍ത്ഥനയും ഏറ്റവും വലിയ പ്രാര്‍ത്ഥനയായ പരി. കുര്‍ബാനയിലേക്കു നയിക്കണം; അവിടെയാണല്ലോ മിശിഹാസംഭവത്തിന്‍റെ പൂര്‍ണ്ണമായ ആഘോഷം നടക്കുന്നത്. മറിയത്തിനും വിശുദ്ധര്‍ക്കും രക്ഷസാക്ഷികള്‍ക്കും അര്‍ഹമായ സ്ഥാനം നല്കി. ബഹുമാനിക്കുന്ന വിശ്വാസപാരമ്പര്യമാണു സഭയ്ക്കുള്ളത്. ഈ രീതി സഭ ശ്ലാഘിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരി. കന്യകമറിയം ഈശോ മിശിഹായുടെ അമ്മയാണെങ്കിലും മിശിഹായെക്കാള്‍ മറിയത്തെ ബഹുമാനിക്കുന്നതു മറിയംപോലും ആഗ്രഹിക്കാത്തതും സഭ താല്‍പര്യപ്പെടാത്തതുമാണെന്നു വിശുദ്ധ ജോണ്‍പോള്‍ 2-ാമന്‍ മാര്‍പാപ്പാ പഠിപ്പിക്കുന്നതു മറക്കാതിരിക്കാം.
ജപമാല - ക്രിസ്തു കേന്ദ്രീകൃതധ്യാനം
മരിയഭക്തിക്കു തിരുസഭയോളം പഴക്കമുണ്ട്. പൗരസ്ത്യസഭകളില്‍ ആദ്യമായി രൂപപ്പെട്ട തിരുനാളുകള്‍ മറിയത്തിന്‍റെതായിരുന്നു; മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണവും ജനനത്തിരുനാളും അവളോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന തിരുന്നാളുകളും ഉപവാസവും പ്രാര്‍ത്ഥനകളും ഇതിനു തെളിവാണ്. പരി. കന്യകമറിയത്തോടുള്ള ബഹുമാനത്തിന്‍റെ പ്രകടനമാണു കേരള ക്രൈസ്തവകുടുംബങ്ങളില്‍ ഇന്നും മുടക്കംകൂടാതെ തുടരുന്ന ജപമാല പ്രാര്‍ത്ഥന അല്ലെങ്കില്‍ കൊന്ത നമസ്കാരം.
ജപമാല - ഒക്ടോബര്‍മാസം
ഒക്ടോബര്‍മാസം ജപമാലമാസമായി ആചരിക്കുന്ന പതിവ് ഇന്നു കേരളത്തില്‍ തുടരുന്നു (ഇതിനു ദോഷപൊറുതിക്കാലം എന്നും പറഞ്ഞിരുന്നു). ഇങ്ങനെയൊരു ആചാരത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. 1571ല്‍ തുര്‍ക്കികള്‍ ഇറ്റലിയും ഫ്രാന്‍സും സ്പെയിനും കീഴ്പ്പെടുത്തുവാന്‍ ലെപ്പാന്‍തോ പട്ടണത്തില്‍വച്ച് ഒരു യുദ്ധം നടത്തി. ഇതില്‍നിന്നു രക്ഷപെടുവാനും യൂറോപ്പിനെ രക്ഷിക്കുവാനുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പീയൂസ് 5-ാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതേ വര്‍ഷം ഒക്ടോബര്‍ 7ന് മാര്‍പ്പാപ്പതന്നെ ജപമാലയര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യുദ്ധം അവസാനിച്ചതായി അറിവു കിട്ടി. തുര്‍ക്കികള്‍ തോല്പിക്കപ്പെട്ടു. ഇതിന്‍റെ ഓര്‍മ്മയായി ഒക്ടോബര്‍ 7ന് ജപമാലയുടെ തിരുനാളായി പ്രഖ്യാപിച്ചു. തുടര്‍ന്ന്, 15-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ലെയോ 13-ാമന്‍ മാര്‍പാപ്പ മരിയഭക്തിയെക്കുറിച്ചു ചാക്രിക ലേഖനങ്ങള്‍ ഉള്‍പ്പെടെ 10 ഔദ്യോഗിക പ്രബോധനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും 16-ാം നൂറ്റാണ്ടില്‍ ആരംഭിച്ച തിരുനാളിന്‍റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മാസം ജപമാലമാസമായി പ്രഖ്യാപിക്കുകയും ജപമാല ചൊല്ലണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. അതിനു ദണ്ഡവിമോചനവും വാഗ്ദാനം ചെയ്തു.
ജപമാലയും മാര്‍പാപ്പാമാരും
ജപമാലയുടെ ആത്മീയസൗന്ദര്യം നുകര്‍ന്ന നിരവധി പുണ്യാത്മാക്കളും പഠനങ്ങളും ചരിത്രത്തിലുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയായി കരുതാവുന്നതു ഈ ഭക്തിയുടെ മഹനീയത പഠിപ്പിക്കാന്‍ ശ്രമിച്ച മാര്‍പാപ്പമാരുടെ പ്രബോധനങ്ങളാണ്. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.
ഉര്‍ബന്‍ II (1261 - 64): അനുദിനം ജപമാല പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതുവഴി നവമായ ചൈതന്യവും വിശ്വാസത്തില്‍ ഉണര്‍വും ഉണ്ടാകുവാന്‍ ഉപകരിക്കും. ലോകത്തില്‍ അനുഭവിക്കുന്ന പൈശാചിക ശക്തികളില്‍ നിന്നുള്ള മോചനത്തിനായി വിശ്വാസി കഴിയുന്നത്ര പ്രാവശ്യം "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥന ചൊല്ലണം. മറിയത്തിന്‍റെ സങ്കീര്‍ത്തനമാണ് ഈ പ്രാര്‍ത്ഥന.
ബനഡിക്ട് XII (1334 - 42): ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്ന തെറ്റുകള്‍ക്കും തിന്മകള്‍ക്കുമെതിരായ പരിഹാരമാണു ജപമാലസമര്‍പ്പണം. സഭയെ ബാധിക്കുന്ന രോഗത്തിനുള്ള ഉചിതമായ ഔഷധമാണു ജപമാല.
ഗ്രിഗറി XII (1406 - 15): വിശ്വാസികള്‍ നഷ്ടപ്പെട്ട ദൈവാനുഗ്രഹം വീണ്ടെടുക്കുവാനുള്ള ഉത്തമമായ ഉപാധിയും കരുത്തുറ്റ ഉപകരണവുമാണു ജപമാല.
എവുജിന്‍ IV (1431 - 47): കത്തോലിക്കാസഭയില്‍നിന്നു വേര്‍പിരിഞ്ഞു നില്ക്കുന്ന സഭകളുടെ മാനസാന്തരത്തിനും തിരുച്ചുവരുവിനും ഉപകരിക്കുന്ന ശക്തമായ പ്രാര്‍ത്ഥനയാണു ജപമാല. ഇതിനായി പൗരസ്ത്യസഭകളില്‍ ജപമാല ഭക്തി വര്‍ദ്ധിപ്പിക്കുന്നതിന് പ്രബോധനം അദ്ദേഹം പ്രസിദ്ധീകരിച്ചു.
സിക്സ്റ്റസ് XI (1471 - 1484): ദൈവത്തോടുള്ള ബന്ധംപോലെതന്നെയാണു മറിയത്തോടുള്ള ബന്ധവും. മറിയത്തോടുള്ള ബന്ധം ആഴപ്പെടുത്തുവാനുള്ള പ്രധാനമാര്‍ഗ്ഗം ജപമാല ഉരുവിടുകയാണ്.
ഇന്നസെന്‍റ് VIII (1484 - 92): പരി. കന്യകമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനു ജപമാലസഖ്യം രൂപീകരിക്കുന്നതിന് ആരംഭം കുറിച്ചത് ഇന്നസെന്‍റ് ഢകാമന്‍ മാര്‍പാപ്പയാണ്.
ലെയോ X(1513 - 21): സഭാവിശ്വാസം പാഷണ്ഡ നിറഞ്ഞ പഠനങ്ങളില്‍നിന്നു രക്ഷിക്കുന്നതിനും വിശ്വാസികളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നതിനും ജപമാല ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ്.
അഡ്രിയാന്‍ IV (1522- 23): ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതു തിന്മക്കെതിരെയുള്ള ചാട്ടവാറടിയാണ്.
ജൂലിയസ് III (1550): ജപമാല സഭയുടെ മഹത്വമാണ്.
പീയൂസ് V :ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു തുര്‍ക്കികളുടെ മേല്‍വിജയം വരിച്ചതിന്‍റെ ഓര്‍മ്മയായി മാതാവിന്‍റെ തിരുന്നാള്‍ ആഘോഷിക്കുവാന്‍ നിഷ്കര്‍ഷിച്ചു.
ഗ്രിഗറി XIII (1572 - 85): പീയൂസ് 5-ാമന്‍ തുടങ്ങിവച്ച വിജയ മാതാവിന്‍റെ തിരുന്നാള്‍ ഗ്രിഗറി 13-ാമന്‍ തന്‍റെ തിരുവെഴുത്തു വഴി 1573 ഒക്ടോബര്‍ 7-ന് ജപമാല രാജ്ഞിയുടെ തിരുനാളെന്നു പ്രഖ്യാപിച്ചു. ഈ തിരുന്നാള്‍ സാര്‍വ്വത്രികസഭ മുഴുവനും ആഘോഷിക്കുവാന്‍ നിഷ്കര്‍ഷിച്ചു. ജപമാലയര്‍പ്പണം ദൈവകോപം ഇല്ലാതാക്കുമെന്നും അതു പരി. കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം തേടുവാനുള്ള മാര്‍ഗ്ഗമാണെന്നും പഠിപ്പിച്ചു.
പോള്‍ V (1605 - 1621): ജപമാലയര്‍പ്പണം അനുഗ്രഹങ്ങളുടെ നിധിയാണ്.
ഇന്നസെന്‍റ് XII (1484 - 92): പൗരസ്ത്യസഭകളുടെ ഐക്യത്തിനും അവരുടെ ഇടയില്‍ ജപമാലഭക്തി വളര്‍ത്തുന്നതിനും ഇന്നസെന്‍റ് മാര്‍പാപ്പാ പരിശ്രമിച്ചു.
ക്ലമന്‍റ് XI (1700 - 21): എല്ലാ വര്‍ഷവും ഒരു പ്രത്യേക സമയത്തു ജപമാല ചൊല്ലി മറിയത്തെ ബഹുമാനിക്കണമെന്നു നിഷ്കര്‍ഷിച്ചു. അതോടൊപ്പം ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ആരാധനക്രമ കലണ്ടറില്‍ ആദ്യമമായി കൂട്ടിച്ചേര്‍ത്തു.
ഇന്നസെന്‍റ് XIII (1722 - 24): ദൈവകോപത്തില്‍നിന്നു ലോകത്തെ രക്ഷിക്കുവാന്‍ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യശക്തി ആവശ്യമാണ്. അതിനുള്ള പ്രധാനമാര്‍ഗ്ഗം ജപമാലയര്‍പ്പണമാണ്.
ബനഡിക്ട് XIII (1724 - 30): ജപമാലയര്‍പ്പണം എല്ലാവിധ തിന്മകള്‍ക്കും തെറ്റായ പഠനങ്ങള്‍ക്കുമെതിരായ അഭയകേന്ദ്രമാണ്.
ഗ്രിഗറി XVI (1831 - 46): എല്ലാമാസവും പതിനഞ്ചു വ്യക്തികള്‍ ഒരുമിച്ചുകൂടി ജപമാല അര്‍പ്പിക്കുന്ന 'ലിവിങ്ങ് റോസറി' എന്ന പ്രത്യേക ജപമാല കൂട്ടായ്മയ്ക്കു മാര്‍പാപ്പ രൂപം കൊടുത്തു. ദൈവരാജ്യസംസ്ഥാപനത്തിനും വിശ്വാസികളിലും സഭയില്‍ മുഴുവനുമായി ദൈവകൃപ നിറയുവാനും പാപം നശിപ്പിക്കുവാനുമുള്ള അദ്ഭുതകരമായ ശക്തി ജപമാലയര്‍പ്പണത്തിനുണ്ട്.
ലെയോ XIII (1878 - 1903): ജപമാലയെക്കുറിച്ച് 11 ചാക്രികലേഖനങ്ങളാണു ലെയോ മാര്‍പാപ്പ എഴുതിയിട്ടുള്ളത്. ജപമാല പ്രാര്‍ത്ഥനകളുടെ സമുന്നതമായ മാതൃകയാണ്. ജപമാലയേക്കാള്‍ ഉദാത്തമായ മറ്റൊരു പ്രാര്‍ത്ഥനയില്ല. എല്ലാ തിന്മകള്‍ക്കുമുള്ള മറുമരുന്നും എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടവുമാണ് ജപമാല. സമൂഹത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും സുന്ദരവും മാതൃകാപരവുമായ പ്രാര്‍ത്ഥനയാണ് അത്. സമൂഹത്തെ ബാധിച്ചിരിക്കുന്ന തിന്മകള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണു ജപമാല. വിശ്വാസത്തിനെതിരെ ഉണ്ടാകുന്ന മുറിവുകള്‍ വച്ചുകെട്ടുവാനുള്ള ഫലദായകമായ ഔഷധമാണു ജപമാല. (Supremi Apostolatus Officio No. 7) ജപമാലയെക്കുറിച്ചുള്ള ലെയോ മാര്‍പാപ്പയുടെ ഏറ്റവും സുന്ദരമായ ചാക്രികലേഖനമാണ് ദൃഢ വിശ്വാസവും ഭക്തിയും (Fidentem Piumque Animum).
പീയൂസ് X (1903-14): മറിയത്തെ പ്രീതിപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും ധന്യവുമായ പ്രാര്‍ത്ഥനയാണു ജപമാല. മറിയത്തിന്‍റെ വിമലഹൃദയത്തെ സ്പര്‍ശിക്കുന്നതും ഏറ്റവും സമ്പുഷ്ടവുമായ പ്രാര്‍ത്ഥനയാണു ജപമാല. കുട്ടികള്‍ ദിവ്യകാരുണ്യഭക്തിയില്‍ വളര്‍ന്നുവരുവാനുള്ള മാര്‍ഗ്ഗം ജപമാലയാണ്.
ബനഡിക്ട് XV (1914-22): ജപമാല ഏറ്റവും ഉത്തമമായ ഭക്തിയാണ്. ഭക്തജീവിതത്തില്‍ പരിപോഷിപ്പിക്കുവാനുള്ള മാര്‍ഗ്ഗമാണ് ജപമാല. ജപമാലയിലൂടെ ലഭിക്കുന്ന വരപ്രസാദങ്ങള്‍ തിന്മയ്ക്കും സാത്താനുമെതിരായി പോരാടുവാനുള്ള ശക്തിയാണ്.
പീയൂസ് XI (1922-39): പൈശാചികശക്തികളില്‍നിന്നുള്ള മോചനം സാധ്യമാകുന്നതു ജപമാല അര്‍പ്പണത്തിലൂടെയാണ്. (Ingravescentibus Malis ഭാരം വഹിച്ചുകൊണ്ടിരിക്കുന്ന തിന്മകള്‍) മറിയത്തോടുള്ള ഏറ്റവും മനോഹരമായ പ്രാര്‍ത്ഥനയാണു ജപമാല. വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനും ദാമ്പത്യ വിശ്വസ്തത പുലര്‍ത്തുവാനുമുള്ള ശക്തി ലഭിക്കുന്നതു ജപമാലയില്‍നിന്നാണ്.
പീയൂസ് XIII (1939-58): തിന്മകള്‍ പ്രതിരോധിക്കുവാനുള്ള ശക്തമായ ഉപകരണമാണു ജപമാല (Ingruentium Malorum ആസന്നമായിക്കൊണ്ടിരിക്കുന്ന തിന്മകള്‍). മറിയത്തിന്‍റെ മാതൃസഹജമായ സഹായത്തിനുള്ള മാര്‍ഗ്ഗമാണു ജപമാല. കുടുംബങ്ങള്‍ ദൈവാനുഗ്രഹംകൊണ്ടു നിറയുവാന്‍ ജപമാലപോലെ ഉത്തമമായ മറ്റൊരു മാര്‍ഗ്ഗമില്ല. അനുദിനം ജപമാല ചൊല്ലുന്ന കുടുംബം ഭൂമിയില്‍ വിശുദ്ധനിലവും പരിശുദ്ധിയുടെ ആലയവും ക്രിസ്തീയ പുണ്യാഭ്യസനത്തിന്‍റെ വേദിയുമാകും.
ജോണ്‍പോള്‍ II (1978-2005): ജപമാല എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ്. വിസ്മയകരമായ പ്രാര്‍ത്ഥന, അതിന്‍റെ ലാളിത്യംകൊണ്ടും ആഴംകൊണ്ടും അതു മഹനീയമാണ് (Rosarium Virginis Mariae 2).
ജപമാല:
വിശുദ്ധരുടെ വചനങ്ങള്‍
1 "ജപമാല എല്ലാ ദാനങ്ങളുടെയും വരങ്ങളുടെയും ഖജനാവ് ആണ്". "പരിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ സഭയില്‍ നിന്നുയരുന്ന മനോഹരമായ ആരാധനയാണു ജപമാല"."അനുദിനം ജപമാല അര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്താതിരുന്നാല്‍ നിങ്ങളുടെ ആത്മാവിന്‍റെ രക്ഷയുടെ വലിയ അടയാളമായിരിക്കുമത്".
2 "ഈശോയ്ക്കും മറിയത്തിനുമുള്ള ഏറ്റവും നല്ല പ്രാര്‍ത്ഥന നിങ്ങള്‍ ഭക്തിയോടെ ചൊല്ലി സമര്‍പ്പിക്കുന്ന ജപമാലയാണ്" (വി. ലൂയിമരിയ മോണ്‍ഫോര്‍ട്ട്)."ദിനംപ്രതി ജപമാല ചൊല്ലി സമര്‍പ്പിക്കുന്നവര്‍ ഒരിക്കലും വഴിതെറ്റിപ്പോവുകയില്ല" (വി. ലൂയീസ് മോണ്‍ഫോര്‍ട്ട്).
3 "നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെങ്കില്‍ ഏറ്റവും നല്ലമാര്‍ഗ്ഗം ജപമാലയര്‍പ്പണമാണ്" (വി. ഫ്രാന്‍സിസ് ഡി. സെയില്‍സ്).
4 "പരിശുദ്ധമറിയം ജപമാലയിലൂടെയും ഉത്തരീയ (വെന്തിങ്ങ) ത്തിലൂടെയും ലോകത്തെ രക്ഷിക്കും" (വി. ഡൊമിനിക്)
5 "മരണംവരെ ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ പാപത്തിന്‍റെ കാഠിന്യം ക്ഷമിക്കപ്പെടും. മഹത്വത്തിന്‍റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും" (വാ. ലൂയീസ് മോണ്‍ഫോര്‍ട്ട്).
6 "ജപമാല ഏറ്റവും നല്ല പടച്ചട്ടയാണ്" (വി. പാദ്രേപിയോ).
7 "നിങ്ങള്‍ മറിയത്തെ 'നന്മ നിറഞ്ഞവളേ' എന്നു വിളിക്കുമ്പോള്‍ അവള്‍ അനുഗ്രഹങ്ങള്‍ വാരിയെറിഞ്ഞു മറുപടി നല്കുന്നു" (സിയന്നായിലെ വി. ബെര്‍ണാര്‍ഡിന്‍).
8 "തിന്മയുടെ സാഗരത്തില്‍ നീന്തി തുടിക്കുന്ന ലോകത്തിനു പ്രത്യാശയുടെ മഴവില്ലാണു മറിയം" (വി. പത്താം പിയൂസ്).
9 "എന്‍റെ പതിവുകള്‍ ഏതെല്ലാം ഉപേക്ഷിച്ചാലും ഞാന്‍ ജപമാല ഉപേക്ഷിക്കുകയില്ല. കാരണം എന്‍റെ പ്രവര്‍ത്തനം അതിലാണ് അധിഷ്ഠിതമായിരിക്കുന്നത്" (വി. ഡോണ്‍ ബോസ്കോ).
10 "ഒരു പാപിയെ അഭിമുഖീകരിക്കുന്നതിനുമുമ്പു ജപമാല ചൊല്ലുവാന്‍ എനിക്കു സമയം ലഭിക്കുകയാണെങ്കില്‍ ആ പാപി മാനസാന്തരപ്പെടാതിരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല" (വി. ക്ലെമന്‍റ് ഓഫ് ബോറവര്‍).
ഡോ. ജേക്കബ് വെള്ളിയാന്‍
ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
Devotion to the rosary Dr. George Karukapparampil Dr.Jacobe Velliyan mariology marian history mary catholic malayalam rosary importance of rosary Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206