We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev Dr. Augustine Pamplany On 26-May-2021
താവോയുടെ ചാക്രികചലനത്തില്‍, രണ്ടു വിരുദ്ധധ്രുവങ്ങളിലൊന്നായ യാങ്ങ് (yang) അതിന്‍റെ പരമകാഷ്ഠയിലെത്തിയശേഷം യിന്നിന് (yin) അനുകൂലമായി പിന്‍വാങ്ങുന്നു എന്നത് പുരാതനമായ ഒരു ചൈനീസ് പഴഞ്ചൊല്ലാണ്. മനുഷ്യന്‍റെ ജ്ഞാനാന്വേഷണത്തില്‍ ആധിപത്യം പുലര്‍ത്തിയ രീതിശാസ്ത്രപരമായ പരിശുദ്ധി ആധുനികകാലഘട്ടത്തിലെ സത്യസംവേദനത്തെ ഏകദിശയിലൂടെയുള്ള ചലനമായി പരിമിതപ്പെടുത്തി. "അതിനാല്‍ ഓരോ വിദഗ്ദനും പൂര്‍ണ്ണമായും തനിക്കു വൈദഗ്ധ്യമുള്ള ശാസ്ത്രത്തിന്‍റെ കണ്ണുകളിലൂടെ യാഥാര്‍ത്ഥ്യത്തെ വീക്ഷിച്ചു." [1] എന്നാല്‍ അറിവിനു വേണ്ടിയുള്ള മനുഷ്യജിജ്ഞാസയുടെ ഉത്തരാധുനികരീതി വിപരീതദിശയില്‍, അതായത് വിഷയാന്തരപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് ആ കുറവിനെ പരിഹരിച്ചു. ശാസ്ത്രവും ദൈവശാസ്ത്രവും ഈ പുതിയ സമീപനത്തിന്‍റെ രണ്ടു മുഖ്യഘടകങ്ങളാണ്. 19-ാം നൂറ്റാണ്ടിലെ മത-ശാസ്ത്ര യുദ്ധകാഹളങ്ങളെ വിസ്മരിച്ചുകൊണ്ട് യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണത്തില്‍ അവര്‍ ഇന്ന് പരസ്പരം കരം കോര്‍ക്കുന്നു. ദൈവശാസ്ത്രജ്ഞനായ യൂര്‍ഗന്‍ മോള്‍ട്ട്മന്‍ (Juergen Moltmann) നിരീക്ഷിക്കുന്നതിപ്രകാരമാണ്: "മനുഷ്യനും പ്രകൃതിയും ഭൂമിയില്‍ അതിജീവിക്കുന്നതിന് എന്തു ചെയ്യണമെന്നറിയുവാന്‍ പുതിയ ദിശകളിലൂടെ ഇന്ന് ശാസ്ത്രവും ദൈവശാസ്ത്രവും കൈകള്‍ കോര്‍ക്കുന്നു." [2]
1.വ്യതിചലനത്തില്‍ നിന്നും അഭിമുഖത്തിലേക്ക്ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‍റെ ഒരവലോകനം അവയുടെ അര്‍ത്ഥപൂര്‍ണ്ണമായ വേര്‍തിരിവിന് ആവശ്യമാണ്. കാരണം, "ശാസ്ത്രദൈവശാസ്ത്രബന്ധത്തിന്‍റെ ചരിത്രമറിയുന്നത് അവയുടെ വര്‍ത്തമാനകാലപ്രവര്‍ത്തനത്തെ മനസ്സിലാക്കുന്നതിനുപയുക്തമായ ഒരു വീക്ഷണകോണ്‍ നല്കുന്നുണ്ട്." [3] മദ്ധ്യകാലലോകനാടകം തോമസ് അക്വീനാസിന്‍റെ ചിന്തയില്‍ സമന്വയിക്കപ്പെട്ട അരിസ്റ്റോട്ടിലിന്‍റെ അതിഭൗതികശാസ്ത്രവും ക്രിസ്തീയദൈവശാസ്ത്രവും 17-ാം നൂറ്റാണ്ടുവരെ ശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനും നവരൂപഭാവങ്ങള്‍ നല്കി. മദ്ധ്യകാലഘട്ടം ശാസ്ത്രത്തിന് യാതൊരു സംഭാവനയും നല്കിയില്ല എന്ന പരമ്പരാഗതവിശ്വാസത്തെ മത-ശാസ്ത്രബന്ധത്തിന്‍റെ ചരിത്രപഠനം നിരാകരിക്കുകയാണ്. വൈദ്യശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും ഭൗതികശാസ്ത്രത്തിന്‍റെയും മേഖലകളില്‍ അന്ന് നടന്ന മുന്നേറ്റങ്ങളെ ഇന്നത്തെ പഠനങ്ങള്‍ അംഗീകരിക്കുന്നു. തുടര്‍ച്ചയുടെയും തുടര്‍ച്ചാരാഹിത്യത്തിന്‍റെയും മദ്ധ്യകാലശാസ്ത്രത്തിനും ആദ്യകാലആധുനികശാസ്ത്രത്തിനും ഇടയിലുണ്ടായിരുന്നു. [4] അരിസ്റ്റോട്ടിലിന്‍റെ ചിന്താരീതിയുടെ ചട്ടക്കൂടിനുള്ളിലായിരുന്നു മദ്ധ്യകാലഘട്ടത്തിലെ ശാസ്ത്രം പ്രവര്‍ത്തിച്ചിരുന്നത്. അവയുടെ പ്രഥമശ്രദ്ധ ആശയങ്ങള്‍ക്കിടയിലെ യുക്തിബന്ധത്തിലായിരുന്നതിനാല്‍, പരീക്ഷണങ്ങള്‍കൊണ്ട് സാങ്കല്പികസിദ്ധാന്തങ്ങള്‍ (hypothesis) സ്ഥിരീകരിക്കുന്നതിലുള്ള താത്പര്യം രണ്ടാം സ്ഥാനത്തായിരുന്നു. ശാസ്ത്രം തത്ത്വചിന്തയുടെ ഒരു ശാഖയായിത്തന്നെ നിലകൊണ്ടു. അരിസ്റ്റോട്ടിലിന്‍റെ പ്രയോജനവാദപരമായ (teleological) കാഴ്ചപ്പാടില്‍ നിരീക്ഷണപരീക്ഷണങ്ങള്‍ സത്യത്തിന്‍റെ മാനദണ്ഡമായിരുന്നില്ല. ക്രിസ്തീയദൈവശാസ്ത്രവും അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തങ്ങളും പിന്തുണച്ച ഭൗമകേന്ദ്രീകൃതലോകവീക്ഷണം മദ്ധ്യകാലഘട്ടപ്രപഞ്ചവിജ്ഞാനീയത്തിന്‍റെ (cosmology) കേന്ദ്രആശയമായിരുന്നു. മനുഷ്യവംശത്തിനും സൃഷ്ടിയില്‍ അവന്‍റെ സ്ഥാനത്തിനും ശ്രേഷ്ഠമായ പരിഗണനകള്‍ നല്കപ്പെട്ടു.
ദൈവികവും ലൗകികവും ആയവ തമ്മില്‍ ഭൗമശാസ്ത്രപരവും അതിഭൗതികവുമായ വേര്‍തിരിവുകള്‍ സൃഷ്ടിച്ചു. യാഥാര്‍ത്ഥ്യത്തിന്‍റെ തരംതിരിച്ചുള്ള ക്രമീകരണത്തില്‍ ഏറ്റവും വലുതിനുമുതല്‍ നിസ്സാരമായവയ്ക്കുവരെ അര്‍ത്ഥവും ലക്ഷ്യവും നല്കപ്പെട്ടു. [5] നിയമങ്ങള്‍ അധിവസിക്കുന്ന പ്രപഞ്ചം എന്നൊരാശയം മദ്ധ്യകാലശാസ്ത്രം രൂപീകരിക്കുകയും ഈ നിയമങ്ങളെ ധാര്‍മ്മികകാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കുകയും ചെയ്തു. മദ്ധ്യകാലഘട്ട ചിന്തകര്‍ക്ക് മനുഷ്യന്‍റെ യുക്തിബോധത്തില്‍ ആഴമായ വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ സംശയവാദത്തിന് (scepticism) അവര്‍ എതിരായിരുന്നു. മനുഷ്യയുക്തിയിലുള്ള അമിതവിശ്വാസം കൊണ്ട് ലോകത്തിന്‍റെ യഥാര്‍ത്ഥസത്ത എന്തെന്ന് തങ്ങള്‍ക്കറിയാമെന്നും, ലോകം പൂര്‍ണ്ണമായും മനുഷ്യയുക്തിക്ക് വ്യാഖ്യാനവിധേയമാണെന്നും അവര്‍ പ്രത്യാശിച്ചു. ദക്കാര്‍ത്ത് മുതല്‍ ആരംഭിക്കുന്ന ആധുനികതത്ത്വചിന്തയിലെന്നപോലെ ഭൗതികലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സംശയം മദ്ധ്യകാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ലായെന്ന് ഇയാന്‍ ബാര്‍ബര്‍ (Ian Barbour) നിരീക്ഷിക്കുന്നു. പ്രപഞ്ചത്തിലെ ക്രമവിന്യാസങ്ങളില്‍ മനുഷ്യന്‍റെ ഭാഗധേയം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. മദ്ധ്യകാലചിന്തകര്‍ക്ക് പ്രപഞ്ചനാടകത്തിലെ കേന്ദ്രമായിരുന്നു മനുഷ്യന്‍. പ്രകൃതി ഏറെക്കുറെ മനുഷ്യന് വിധേയമായിരുന്നു. മനുഷ്യന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി രൂപകല്പന ചെയ്യപ്പെട്ട ലോകത്തില്‍ മനുഷ്യനല്ലാത്തവയ്ക്കെല്ലാം വെറും ഉപകരണങ്ങളുടേതായ മൂല്യമാണ് നല്കപ്പെട്ടിരുന്നത്. പ്രപഞ്ചനാടകം, മനുഷ്യവംശത്തിന്‍റെ വിമോചനത്തിനായുള്ള ദൈവികഇടപെടലുകള്‍ക്കും ക്രിസ്തുവിന്‍റെ രക്ഷാകരരഹസ്യങ്ങള്‍ക്കും ചുറ്റും കിടന്നു കറങ്ങി. മനുഷ്യന്‍ മര്‍ത്യമായ ശരീരവും അമര്‍ത്യമായ ആത്മാവും കൂടിച്ചേര്‍ന്നതാണ് എന്ന ദ്വന്ദവാദവും മദ്ധ്യകാലചിന്ത അവതരിപ്പിച്ചു. യുക്തിയും സ്വാതന്ത്ര്യവുമുള്ള ജീവികളെന്ന നിലയില്‍ ഒരേസമയം യുക്തിയോടും ദൈവേച്ഛയോടും താദാത്മ്യപ്പെടുന്നതിലാണ് നമ്മുടെ കടമയും പൂര്‍ണ്ണതയും അടങ്ങിയിരിക്കുന്നത്. ദൈവികമായതിലേക്കുള്ള നമ്മുടെ തീര്‍ത്ഥയാത്രയില്‍ അവശേഷിക്കുന്നവയെല്ലാം വിമര്‍ശനാത്മകമായി അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. അങ്ങനെ അസ്തിത്വപരമായ നിലവാരം കണക്കിലെടുക്കുമ്പോള്‍ മനുഷ്യനില്‍ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു തനിമ ദര്‍ശിക്കാനാകും.നവോത്ഥാനകാലഘട്ടം 17,18 നൂറ്റാണ്ടുകളിലെ നവോത്ഥാനകാലഘട്ടത്തിലാണ് ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള പരസ്പരസംവാദം - ക്രിയാത്മകമായാലും നിഷേധാത്മകമായാലും - ആരംഭിക്കുന്നത്. അരിസ്റ്റോട്ടിലിന്‍റെ പ്രപഞ്ചവീക്ഷണത്തിന്‍റെ തകര്‍ച്ചയും യാന്ത്രികപ്രപഞ്ചദര്‍ശനത്തിന്‍റെ ആവിര്‍ഭാവവുമാണ് നവോത്ഥാനകാലഘട്ടത്തിലെ രണ്ട് മുഖ്യപ്രവണതകള്‍. ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും വ്യത്യസ്ത അറകളായി തിരിച്ചുള്ള വീക്ഷണമായിരുന്നു അതിന്‍റെ പരിണിതഫലം. ഗലീലിയോയുടെ 'ഡയലോഗ്സ്' (Dialogues), ന്യൂട്ടന്‍റെ 'പ്രിന്‍സിപ്പിള്‍സ് ഓഫ് മാത്തമാറ്റിക്സ്' (Principles of Mathematics)എന്നിവയായിരുന്നു ഇക്കാലഘട്ടത്തിലെ സുപ്രധാന ശാസ്ത്രരചനകള്‍. ഗണിതശാസ്ത്രനിരീക്ഷണത്തിന്‍റേതും ശാസ്ത്രീയപരീക്ഷണങ്ങളുടേതുമായ ഒരു പുതിയ സംവിധാനം ഗലീലിയോയുടെ രചനകളില്‍ പ്രാബല്യം നേടി. ഇതേ രീതിശാസ്ത്രം അവലംബിച്ച കോപ്പര്‍നിക്കസിന്‍റെ സൗരകേന്ദ്രീകൃത പ്രപഞ്ചദര്‍ശനവും ശാസ്ത്രലോകം സ്വീകരിച്ചു. ശാസ്ത്രീയവും മതപരവുമായ വിശ്വാസങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഉത്തമകത്തോലിക്കനായിരുന്ന ഗലീലിയോ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ശാസ്ത്രീയഅറിവുകളല്ല, മറിച്ച് യുക്തിക്കും ഉപരിയായ സത്യത്തെയാണ് വിശുദ്ധ ലിഖിതങ്ങള്‍ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാക്കുകള്‍ ഇപ്രകാരമാണ്: "എങ്ങനെ സ്വര്‍ഗ്ഗത്തില്‍ പോകാമെന്നാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്, അല്ലാതെ സ്വര്‍ഗ്ഗം എങ്ങനെ പോകുന്നുവെന്നല്ല." തന്‍റെ ടെലസ്കോപ്പും പരീക്ഷണങ്ങളും മുഖേന കോപ്പര്‍നിക്കസിന്‍റെ നിലപാടുകളെ ഗലീലിയോ ന്യായീകരിച്ചു. അങ്ങനെ അരിസ്റ്റോട്ടേലിയന്‍ സംവിധാനത്തിനെതിരേ ഗലീലിയോ ഗൗരവതരമായ ഭീഷണി ഉയര്‍ത്തിയെങ്കിലും സഭ അരിസ്റ്റോട്ടിലിന്‍റെ ആധികാരികതയെ ശ്രദ്ധാപൂര്‍വ്വം സംരക്ഷിച്ചുപോന്നു. മത-ശാസ്ത്രസംഘര്‍ഷങ്ങളുടെ ആരംഭബിന്ദുവായി ഗലീലിയോ സംഭവത്തെ കാണാമെങ്കിലും മരണം വരെ അദ്ദേഹം ഒരു ഉറച്ച വിശ്വാസിയായിരുന്നു എന്ന സത്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. പ്രപഞ്ചഗ്രന്ഥവും വിശുദ്ധ ഗ്രന്ഥവും തമ്മില്‍ ഒരിക്കലും ഒരു സംഘര്‍ഷമുണ്ടാകില്ലായെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ നിരവധി ഭാഗങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തിലുപരിയായ വ്യാഖ്യാനങ്ങള്‍ നല്കാന്‍ ഗലീലിയോ ശ്രമിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്‍റെ സത്യത്തെയും സന്ദേശത്തെയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ അവയുടെ രക്ഷാകരമായ (soteriological) പ്രാധാന്യത്തിനുവേണ്ടി നിലകൊള്ളുന്നു. കോപ്പര്‍നിക്കസിന്‍റെ കാഴ്ചപ്പാടായ സൗരകേന്ദ്രീകൃതവാദത്തെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ഗണിതശാസ്ത്രസംവിധാനത്തിന്‍റെ പൂര്‍ണ്ണ ഉദ്ദേശം. യാന്ത്രികപ്രപഞ്ചദര്‍ശനത്തോട് കൂറുപുലര്‍ത്തിക്കൊണ്ട് പ്രപഞ്ചത്തെ ചലിക്കുന്ന ഒരു യന്ത്രമായി ഗലീലിയോ അവതരിപ്പിച്ചു. പദാര്‍ത്ഥവും ചലനവും എല്ലാ യാഥാര്‍ത്ഥ്യങ്ങളുടേയും രണ്ടു പ്രധാനഘടകങ്ങളാണ്. സാധ്യതയില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള അവസ്ഥാന്തരം എന്ന നിലയില്‍നിന്ന് പദാര്‍ത്ഥാണുക്കളുടെ സ്ഥലകാലബന്ധിയായ പുനഃക്രമീകരണമായി മാറ്റത്തെ കണക്കാക്കാന്‍ തുടങ്ങി. [6] ഇന്ദ്രിയങ്ങളുടെ ഭൗതികലോകത്തോടുള്ള വ്യക്തിനിഷ്ഠപ്രതികരണങ്ങളായ ദ്വിതീയഗുണങ്ങളില്‍ - നിറം, ഊഷ്മാവ് - നിന്ന് പ്രാഥമികഗുണങ്ങളായ (primary qualities) പിണ്ഡത്തെയും ചലനത്തെയും ഗലീലിയോ വേര്‍തിരിച്ചു.
ഗലീലിയോ പറയുന്നു: "നമ്മുടെ രുചിയെയും സ്വരത്തെയും അതിശയപ്പെടുത്തുന്ന രൂപം, ഭാവം, ചലനം എന്നിവയ്ക്കുപരിയായി ഭൗതികവസ്തുക്കളില്‍ എന്തെങ്കിലുമുണ്ട് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. കാതുകളും നാവും മൂക്കും എടുത്തുമാറ്റുമ്പോള്‍ വസ്തുക്കളുടെ രുചിയും സ്വരവുമല്ലാതെ അവയുടെ എണ്ണം, ചലനം, രൂപം എന്നിവയ്ക്ക് രൂപമാറ്റം സംഭവിക്കുന്നില്ലായെന്നത് തീര്‍ച്ചയായും ഞാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു... ചൂട് എന്നത് പൂര്‍ണ്ണമായും വ്യക്തിപരമാണ് എന്നും ഞാന്‍ മനസ്സിലാക്കുന്നു." [7] മദ്ധ്യകാലപ്രപഞ്ചദര്‍ശനമനുസരിച്ച് ഭൗതികലോകം അനിത്യവും മാറ്റത്തിനു വിധേയവുമാണ്. എന്നാല്‍ സ്വര്‍ഗ്ഗീയലോകം നിത്യവും മാറ്റമില്ലാത്തതുമായി നിലകൊള്ളുന്നു. സ്വര്‍ഗ്ഗീയലോകത്തില്‍ ദൈവികമായതിനെ സമീപിക്കുന്തോറും ജീവികള്‍ പൂര്‍ണ്ണത നേടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നവപ്രപഞ്ചദര്‍ശനം ഈ ധാരണകളെ വളരെവേഗം വെല്ലുവിളിക്കുകയും, സര്‍വ്വപ്രപഞ്ചത്തിനും ഏകതാനമായ പ്രകൃതിസംജ്ഞകളെ (uniform natural categories) ഉപയോഗിച്ചുകൊണ്ട് നശീകരണവിധേയവും അപ്രകാരമല്ലാത്തവയും തമ്മിലുള്ള വേര്‍തിരിവുകളെ നിശ്ശേഷം ഇല്ലാതാക്കുകയും ചെയ്തു. മനുഷ്യന്‍റെ സ്ഥാനം ആദ്യമായി ചോദ്യം ചെയ്യപ്പെട്ടു. മനുഷ്യനുനേരെയുള്ള ദൈവികപരിപാലനയെക്കുറിച്ചുള്ള സങ്കല്പങ്ങളും നവീകരിക്കപ്പെട്ടു. എന്നിരുന്നാലും മനുഷ്യന്‍റെ പ്രത്യേകനിലയും പ്രത്യേകതകളും കാത്തുസൂക്ഷിക്കപ്പെട്ടു. ബാര്‍ബറുടെ അഭിപ്രായത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന പദാര്‍ത്ഥാണുക്കളുടെ യാന്ത്രികസംവിധാനമായി കാണപ്പെട്ട ലോകത്തിലും മനുഷ്യന്‍ ഒരു വലിയ വ്യത്യസ്തത തന്നെയായി നിലകൊണ്ടു. ഗലീലിയന്‍ പ്രപഞ്ചവിജ്ഞാനീയത്തില്‍ പരമനന്മയായ ദൈവത്തിന്‍റെ സ്ഥാനം ആദ്യകാരണമായ ദൈവം കൈയ്യടക്കുകയും പ്രപഞ്ചത്തിന്‍റെ കേന്ദ്രസ്ഥാനത്തുനിന്ന് ഭൂമി, ഭ്രമണം ചെയ്യുന്ന ഒറു ചെറുഗ്രഹമായി ചുരുക്കപ്പെടുകയും ചെയ്തു. ഗലീലിയോയുടെ അഭിപ്രായത്തില്‍ ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട പ്രകൃതി സ്വയംപര്യാപ്തവും സ്വതന്ത്രവുമായ ഒന്നാണ്. മദ്ധ്യകാലദൈവശാസ്ത്രം പ്രകൃതിയില്‍ ദൈവത്തിന്‍റെ ക്രിയാത്മകവും നേരിട്ടുള്ളതുമായ ഇടപെടലുകളെ അനുവദിച്ചിരുന്നു. വിശുദ്ധഗ്രന്ഥവും ശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യം സുവ്യക്തമായിരിക്കേ, ഗലീലിയോയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയപരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന സത്യത്തോടു പൊരുത്തപ്പെട്ടുപോകുന്ന വിശുദ്ധ ലിഖിതങ്ങളുടെ വ്യാഖ്യാനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിനും അരിസ്റ്റോട്ടിലിനുമെതിരെയുള്ള വെല്ലുവിളികള്‍മൂലം നവപ്രപഞ്ചദര്‍ശനം എതിര്‍പ്പുകള്‍ നേരിടുകയും ഗലീലിയോ ശിക്ഷണനടപടികളിലേക്ക് നയിക്കപ്പെടുകയും ചെയ്തു. [8] ഭൗതിക ന്യൂനീകരണവും (material reductionism) നിര്‍ണ്ണീതവാദവും (determinism) അവതരിപ്പിച്ചുകൊണ്ട് ശാസ്ത്രലോകത്ത് ആവിര്‍ഭവിച്ച ന്യൂട്ടോണിയന്‍ മെക്കാനിക്സ്, ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. യാന്ത്രികപ്രപഞ്ചദര്‍ശനം (mechanical philosophy of nature) എല്ലാ പ്രതിഭാസങ്ങളും പദാര്‍ത്ഥത്തിന്‍റെയും ചലന(motion)ത്തിന്‍റെയും ശക്തി(force)യുടെയും അടിസ്ഥാനത്തില്‍ വിവരിക്കാമെന്ന് അവകാശപ്പെട്ടു. നമ്മുടെ അനുഭവങ്ങള്‍ക്ക് വിധേയപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളും ഒരു ശക്തിയുടെ സ്വാധീനത്താല്‍ ചലിക്കപ്പെടുന്ന പദാര്‍ത്ഥങ്ങളുടെ സൃഷ്ടിയല്ലാതെ മറ്റൊന്നല്ല. ഭൂഗുരുത്വത്തെപ്പറ്റിയുള്ള ഗണിതശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍കൊണ്ട് അരിസ്റ്റോട്ടിലിന്‍റെ പ്രപഞ്ചവിഭജനം ന്യൂട്ടന്‍ തകര്‍ത്തുകളഞ്ഞു. ഗലീലിയോയുടെ കൃതികള്‍ക്ക് ന്യൂട്ടന്‍ ശക്തമായ ശാസ്ത്രീയഅടിത്തറകള്‍ നല്കി. ഭൂഗുരുത്വബലത്തിന്‍റെ കണ്ടെത്തല്‍ ഭൗതികശാസ്ത്രത്തിലെ ഗണിതശാസ്ത്രപരമായ ഒരു വിപ്ലവമായിരുന്നു. വിശ്വാസിയായ ഒരു ക്രിസ്ത്യാനിയായിരുന്നതിനാല്‍ ശാസ്ത്രവും മതവും തമ്മില്‍ ന്യൂട്ടണെ സംബന്ധിച്ചിടത്തോളം സംഘര്‍ഷമൊന്നുമുണ്ടായിരുന്നില്ല.
ഭൗതികവസ്തുക്കളുടെ ക്രമീകൃതമായ ചലനത്തെ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായി അദ്ദേഹം കണക്കാക്കി. ന്യൂട്ടന് ശാസ്ത്രം ദൈവാരാധനയുടെ ഒരു മാര്‍ഗ്ഗമായിരുന്നു. ന്യൂട്ടന്‍റെ ശാസ്ത്രീയനിഗമനങ്ങളുടെ അതുല്യതയെക്കുറിച്ച് തിമോത്തി ഫെറിസ് പറയുന്നതിപ്രകാരമാണ്, "പ്രപഞ്ചനിര്‍മ്മിതിയുടെ പദ്ധതിയെക്കുറിച്ച് ആദ്യമായി അന്വേഷിച്ച മനുഷ്യന്‍ - മഹാനായ ന്യൂട്ടനെ കാണുക; അദ്ദേഹം പ്രകൃതിയുടെ, ലളിതമെങ്കിലും അത്യാകര്‍ഷകമായ നിയമങ്ങള്‍ മനസ്സിലാക്കി, കാരണം (cause) വിശദീകരിച്ചില്ലെങ്കിലും കാര്യത്തിന് (effect) തെളിവുകള്‍ നല്കി."[9] റിച്ചാര്‍ഡ് വെസ്റ്റ്ഫാള്‍ ഇരുപതുവര്‍ഷം ന്യൂട്ടനെ പഠിച്ചതിനുശേഷം താഴെക്കാണുന്ന കുമ്പസാരം നടത്തി: "പഠിക്കുന്തോറും ന്യൂട്ടന്‍ എന്നില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരുന്നു. എന്‍റെ ബൗദ്ധികാധികാരികളെന്ന് മടികൂടാതെ ഞാന്‍ വിശേഷിപ്പിക്കുന്ന നിരവധി ബുദ്ധിരാക്ഷസന്മാരെ അറിയുക എന്നത് എല്ലാ സമയത്തും എന്‍റെ നിയോഗമായിരുന്നു. എനിക്ക് എന്നെത്തന്നെ താരതമ്യപ്പെടുത്താന്‍ കഴിയാത്ത ആരെയും ഞാന്‍ കണ്ടുമുട്ടിയിരുന്നില്ല. ആ വ്യക്തിയുടെ പകുതിയോ പകുതിയിലൊന്നോ അല്ലെങ്കില്‍ നാലിലൊന്നോ ശതമാനം ഞാനും കഴിവുള്ളവനാണ് എന്നു സമ്മതിക്കുന്നത് യുക്തിസഹമാണ്. എന്നാല്‍ ന്യൂട്ടനെക്കുറിച്ചുള്ള എന്‍റെ പഠനങ്ങളുടെ പരിണിതഫലം അദ്ദേഹത്തെ വിലയിരുത്താന്‍ അളവുകള്‍ ലഭ്യമല്ല എന്ന തിരിച്ചറിവായിരുന്നു. മനുഷ്യബുദ്ധിയുടെ അസാമാന്യസാദ്ധ്യതകള്‍ക്ക് ആവിഷ്കാരം നല്‍കിയ അതിബുദ്ധിമാനും എന്നെ സംബന്ധിച്ച് തികച്ചും അനന്യനുമായിരുന്നു ന്യൂട്ടന്‍. മറ്റുമനുഷ്യരെ വിലയിരുത്തുന്നതിന് നാം ഉപയോഗിക്കുന്ന ഏകകങ്ങള്‍ക്ക് വഴങ്ങാത്ത പ്രതിഭയാണ് അദ്ദേഹം. [10] മറുവശത്ത്, അക്കാലഘട്ടത്തിന്‍റെ ദൈവശാസ്ത്രം ബൗദ്ധികാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. അതിന്‍റെ ഫലമായി ദൈവശാസ്ത്രം വലിയൊരളവില്‍ പ്രകൃതിതത്ത്വചിന്തയെ (natural philosophy) ആശ്രയിച്ചു. [11] മൈക്കിള്‍ ജെ. ബക്ക്ലിയുടെ അഭിപ്രായത്തില്‍ അക്കാലഘട്ടത്തിലെ ദൈവശാസ്ത്രജ്ഞര്‍ "വ്യക്തിഭാവമില്ലാത്ത (impersonal) പ്രകൃതിയില്‍നിന്ന് വ്യക്തിയായുള്ള (personal) ഒരു ദൈവത്തെ തെളിയിച്ചെടുക്കുന്നതിനുള്ള വൈരുദ്ധ്യാത്മകമായ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു." [12] ഖേദകരമായ അത്തരമൊരു ഭൗതിക-ദൈവശാസ്ത്ര(Physico-theology)പുരോഗതിയുടെ പരിണിതഫലമായി "രക്ഷകനായ ദൈവത്തിന്‍റെ മറവില്‍ സ്രഷ്ടാവായ ദൈവത്തെയും ശില്പിയായ ദൈവത്തെയും ഗണിതശാസ്ത്രജ്ഞനായ ദൈവത്തെയും ആഘോഷിച്ചു."[13] രൂപഘടനയിലധിഷ്ഠിതമായ വാദഗതി(arguement from design)യിലുള്ള 18-ാം നൂറ്റാണ്ടിന്‍റെ ദൈവശാസ്ത്രത്തിലുള്ള അമിതമായ ആശ്രയത്വം, തെറ്റായ അടിസ്ഥാനങ്ങളില്‍ ശാസ്ത്രവുമായി ഇടപഴകുന്നതിന് ഉദാഹരണമാണ്. ഹ്യൂമിന്‍റെ ഉശമഹീഴൗലെ ഇീിരലൃിശിഴ ചമൗൃമേഹ ഞലഹശഴശീി-ല്‍ രൂപഘടനയിലധിഷ്ഠിതമായ വാദഗതി കഠിനമായ ആക്രമണം നേരിട്ടു. ഈ സാഹചര്യത്തിലാണ് 18-ാം നൂറ്റാണ്ടിലെ സ്വതന്ത്രചിന്തകനായ ആന്‍റണി കോളിന്‍സ് പരിഹാസരൂപേണ പറഞ്ഞത്, "ദൈവശാസ്ത്രജ്ഞര്‍ ഇത്ര ശ്രമകരമായി ദൈവാസ്തിത്വം തെളിയിക്കാന്‍ പരിശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ആരും അത് സംശയിക്കില്ലായിരുന്നു." [14]
പത്തൊമ്പതാം നൂറ്റാണ്ട് ശാസ്ത്രീയചിന്തയും ദൈവശാസ്ത്രവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ഇടപഴകലുകള്‍ക്ക് 19-ാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ചു. പ്രകാശം, വിദ്യുഛക്തി, തെര്‍മോഡൈനാമിക്സ് എന്നിവയെ സംബന്ധിക്കുന്ന സിദ്ധാന്തങ്ങളിലൂടെയുള്ള ഭൗതികശാസ്ത്രത്തിന്‍റെ നാടകീയമായ വളര്‍ച്ച, അറ്റോമികസിദ്ധാന്തത്തില്‍നിന്ന് പിരിയോഡിക് ടേബിളിലേക്കുള്ള രസതന്ത്രത്തിന്‍റെ പുരോഗതി മുതലായവ അക്കാലഘട്ടത്തിലെ പ്രധാനപ്പെട്ട ശാസ്ത്രീയമുന്നേറ്റങ്ങളായിരുന്നു. എന്നിരുന്നാലും ദൈവശാസ്ത്രം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി പ്രത്യക്ഷപ്പെട്ടത് ഡാര്‍വ്വിന്‍റെ 'ജീവവര്‍ഗ്ഗങ്ങളുടെ ഉത്പത്തി' (Origin of Species) എന്ന ഗ്രന്ഥത്തിന്‍റെ പ്രസാധനത്തോടെ, ജീവശാസ്ത്രത്തിലായിരുന്നു. ന്യൂട്ടന്‍റെ ഭൗതികശാസ്ത്രം യാന്ത്രികപ്രപഞ്ചദര്‍ശനത്തിലേക്ക് നയിച്ചെങ്കില്‍, അടിത്തറകള്‍ തകര്‍ത്ത ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം ലോകത്തെ ചലനാത്മകവും പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു പ്രക്രിയയായിക്കണ്ടു. ന്യൂട്ടന്‍റെ ലോകവീക്ഷണത്തില്‍നിന്ന് വിത്യസ്തമായി പരിണാമസിദ്ധാന്തം രൂപഘടനയിലധിഷ്ഠിതമായ വാദഗതിയുടെ അടിസ്ഥാനങ്ങള്‍ ഇളക്കിക്കളഞ്ഞു. പ്രകൃതിനിര്‍ദ്ധാരണം (natural selection) ജീവിഘടനകളുടെ അനുരൂപീകരണത്തിനുള്ള സ്വാഭാവികവിശദീകരണമായി മാറി. പരിണാമസിദ്ധാന്തം ഈ ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വിശദമായി നാം ചര്‍ച്ച ചെയ്യുന്നു.
പരിണാമസിദ്ധാന്തവും അതിനോട് ദൈവശാസ്ത്രത്തിന്‍റെ പെട്ടെന്നുള്ള പ്രതികരണങ്ങളും ശാസ്ത്രദൈവശാസ്ത്രസംഘര്‍ഷമെന്ന 19-ാം നൂറ്റാണ്ടിലെ കാല്‍പനികകഥ രൂപപ്പെടുത്തി.[15] പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളുടെ മാറാപ്പും വലിയ തോതിലുള്ള ദൈവശാസ്ത്ര പ്രതികരണങ്ങളും [16] കണക്കിലെടുക്കുമ്പോള്‍, 19-ാം നൂറ്റാണ്ടിലെ മതശാസ്ത്രബന്ധത്തിന്‍റെ കൃത്യമായ സ്വാംശീകരണത്തെ ഈ കാല്‍പനികകഥ പ്രതിഫലിപ്പിക്കുന്നില്ലായെന്ന് വിശ്വസിക്കാന്‍ ക്ലോദ് വെല്‍ഷിനോടൊപ്പം ആരും നിര്‍ബന്ധിതനായിത്തീരും. "മതശാസ്ത്രബന്ധത്തെ മാത്രമല്ല ഗലീലിയോയുടെയും ഡാര്‍വിന്‍റെയും വിപ്ലവങ്ങള്‍വരെ കാര്‍ട്ടൂണുകള്‍ പോലെ വക്രീകരിച്ചാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇക്കാലഘട്ടത്തിന്‍റെ വലിയൊരു പ്രവണത ദൈവശാസ്ത്രവും ശാസ്ത്രവും തമ്മിലും മതവും സംസ്കാരവും തമ്മിലും സമന്വയിപ്പിക്കുകയും അതുവഴി ദൈവശാസ്ത്രനിഗമനങ്ങള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്കുകയും ചെയ്യുക എന്നതായിരുന്നു. പരിണാമസിദ്ധാന്തത്തിന് നിരവധി മതപരമായ വ്യാഖ്യാനങ്ങളും ദൈവശാസ്ത്രപ്രതികരണങ്ങളും ഉണ്ടായിരുന്നു. വ്യാഖ്യാനശാസ്ത്രപരമായ ഉപകരണങ്ങളുടെയും ഉള്‍ക്കാഴ്ചകളുടെയും സഹായത്തോടെ ദൈവശാസ്ത്രം തന്‍റെ സ്വയംതിരിച്ചറിവുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. [17]" പരിണാമസിദ്ധാന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ബൗദ്ധികവൃത്തങ്ങളില്‍ നടന്ന ഈശ്വര-നിരീശ്വരവാദപരമായ സംവാദങ്ങളില്‍ ഡാര്‍വിന്‍ പോലും ശരിയായ രീതിയില്‍ പ്രതിനിധാനം ചെയ്യപ്പെട്ടില്ല. തന്നെത്തന്നെ ഒരു അജ്ഞേയതാവാദി(agnostic)യായി അവതരിപ്പിച്ചുകൊണ്ട് പ്രകൃതിനിയമങ്ങളുടെ രൂപീകരണത്തില്‍ ഡാര്‍വിന്‍ പൊതുവായ ഒരു പരിപാലനയെ സമ്മതിച്ചുവെങ്കിലും പ്രത്യേകരൂപഘടനയെ (particular design) നിരാകരിക്കുകയാണുണ്ടായത്. ഡാര്‍വിന്‍റെ തന്നെ വാക്കുകളില്‍: "എന്‍റെ ഏറ്റവും കാതലായ വ്യതിചലനങ്ങളില്‍പ്പോലും ദൈവാസ്തിക്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഒരു നിരീശ്വരവാദിയായി ഞാന്‍ മാറിയിട്ടില്ല... ബൃഹത്തും അതിശയകരവുമായ ഈ പ്രപഞ്ചത്തെയും ഒപ്പം മനുഷ്യനെ, അന്ധമായ സാഹചര്യങ്ങളുടെ ഫലമായി ഭൂതഭാവികാലങ്ങളെ മനസ്സിലാക്കുന്ന അവന്‍റെ കഴിവിന്‍റെ അടിസ്ഥാനത്തിലും മനസ്സിലാക്കുക എന്നത് അതീവബുദ്ധിമുട്ടുള്ളതും ഒരു പരിധിവരെ അസാദ്ധ്യവുമാണ്. അപ്രകാരം ചിന്തിക്കവേ ഒരുതരത്തില്‍ മനുഷ്യന്‍റേതില്‍നിന്ന് വ്യത്യസ്തമായ ബൗദ്ധികമനസ്സുള്ള ഒരു ആദികാരണത്തെ (first cause) തിരയാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അതിനാല്‍ ഒരു വിശ്വാസിയെന്നു വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. [18]" ജീവശാസ്ത്രത്തില്‍ നിന്നുള്ള വെല്ലുവിളികള്‍ക്കു പുറമേ, 19-ാം നൂറ്റാണ്ടിലെ പ്രകൃതിശാസ്ത്രങ്ങള്‍ (natural sciences) ദൈവശാസ്ത്രത്തിന്‍റെ സ്വഭാവവും രീതിശാസ്ത്രവും പുനര്‍വിശകലനം ചെയ്യുന്നതിലും വിശാലമാക്കുന്നതിലും നേരിട്ട് സ്വാധീനം ചെലുത്തി. സാര്‍വ്വത്രികമായ വസ്തുനിഷ്ഠതയ്ക്കുവേണ്ടിയുള്ള നവോത്ഥാനകാല താത്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി 19-ാം നൂറ്റാണ്ടിലെ മുന്നേറ്റങ്ങള്‍ ലക്ഷ്യംവച്ചത് ഒരു വിമര്‍ശനാത്മകചരിത്രത്തിന്‍റെ ശാസ്ത്രത്തെ ആയിരുന്നു. ജ്ഞാനമീമാംസയിലും, ധാര്‍മ്മികശാസ്ത്രത്തിലും മതത്തിലും ഉള്ള മനുഷ്യന്‍റെ വ്യക്തിനിഷ്ഠതയുടെ സ്ഥാനത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം ഈ ഉണര്‍ന്നെഴുന്നേല്പിന്‍റെ ഭാഗമായിരുന്നുവെന്ന് വെല്‍ഷ് അഭിപ്രായപ്പെടുന്നുണ്ട്. ചരിത്രപരവും സാംസ്കാരികവുമായി രൂപീകരിക്കപ്പെട്ട മതപരമായ ആത്മാവബോധത്തിന്‍റെ പ്രകടനങ്ങളുടെ ശേഖരമാണ് തന്‍റെ ഭാഷ എന്ന് ദൈവശാസ്ത്രത്തിന് ഈ അവബോധം വ്യക്തമാക്കിക്കൊടുത്തു:
ദൈവശാസ്ത്രത്തിന്‍റെ കാലാനുബന്ധമായ ഒരു 'ഡീമിത്തോളജൈസിംഗ്' (demythologizing) ആണ് ഇത്. നിരന്തരമായി ഇത് വിശദീകരിക്കപ്പെട്ടിരിക്കുന്നത് നരവംശശാസ്ത്രപരമായ തിരിവ്, അല്ലെങ്കില്‍ ഞാന്‍ അതിനെ വിളിക്കാനിഷ്ടപ്പെടുന്നതുപോലെ, ആത്മത്തിലേക്കുള്ള സോക്രാറ്റിക് തിരിവ് എന്ന രീതിയിലാണ്. നവോത്ഥാനത്തിന്‍റെയും സ്കൊളാസ്റ്റിസിസത്തിന്‍റെയും വസ്തുനിഷ്ഠതയില്‍ നിന്നകന്ന് അത് മതപരമായ വസ്തുതതയുടെ വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടിലേക്ക് നീങ്ങുന്നു; അതായത്, ദൈവത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ഏതു സംഭാഷണവും ആത്മം കൂടി ഉള്‍പ്പെട്ടതും, ദൈവത്തെ ആരാധ്യവസ്തുവായിക്കാണുന്നതും, പരമമായ ആശ്രിതത്വത്തിന്‍റേതും, തീവ്രമായ പരിഗണനയുടേതും ആയിരിക്കണം എന്ന തിരിച്ചറിവിന്‍റെ നേര്‍ക്കാണ് അത് നീങ്ങുന്നത്. [19]
19-ാം നൂറ്റാണ്ടിലെ ശാസ്ത്രീയവും ദൈവശാസ്ത്രപരവുമായ പുരോഗതിയുടെ സങ്കീര്‍ണ്ണത അവതരിപ്പിക്കുമ്പോള്‍ ശാസ്ത്രദൈവശാസ്ത്രസംഘര്‍ഷമെന്ന ജനകീയമിത്തിലുപരിയായി അക്കാലഘട്ടത്തിന്‍റെ ശരിയായ പ്രവണത മറ്റൊന്നായിരുന്നുവെന്ന് നമുക്കു മനസ്സിലാക്കാം. അത് ദൈവശാസ്ത്രവും ശാസ്ത്രവും തമ്മിലും മതവും സംസ്കാരവും തമ്മിലും ഉള്ള സമന്വയത്തിലൂടെ ദൈവശാസ്ത്രത്തിന്‍റെ നിഗമനങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്കുക എന്നതായിരുന്നു. [20]ഇരുപതാം നൂറ്റാണ്ട് ആപേക്ഷികസിദ്ധാന്തം, കയോസ് തിയറി, ക്വാണ്ടം മെക്കാനിക്സ്, കാര്യകാരണബന്ധങ്ങളുടെ പുനര്‍വിശകലനം, പ്രപഞ്ചവിജ്ഞാനീയം നരവംശശാസ്ത്ര തത്ത്വങ്ങള്‍, ജൈവഘടനയിലെ ആകസ്മികതയുടെ (chance) സ്ഥാനം മുതലായവയാണ് ഈ നൂറ്റാണ്ടിലെ പ്രധാന ശാസ്ത്രീയ മുന്നേറ്റങ്ങള്‍. ദൈവശാസ്ത്രപരമായും ഇവയ്ക്കു പ്രാധാന്യമുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ ശേഷിക്കുന്ന ഭാഗം 20-ാം നൂറ്റാണ്ടിലെ ശാസ്ത്രപര്യവേഷണങ്ങളെ വിശദമായി കൈകാര്യം ചെയ്യുന്നതിനാല്‍ ഇവിടെ വര്‍ത്തമാനകാല മതശാസ്ത്ര സമ്പര്‍ക്കത്തിന്‍റെ ഒരു തലം - സാംസ്കാരികതലം - മാത്രമാണ് സൂചിപ്പിക്കുന്നത്. സമകാലീനസംസ്കാരത്തിന്‍റെ പ്രധാന ചലനാത്മകതയെ പരിഗണിക്കാതെ മതശാസ്ത്രബന്ധത്തിന്‍റെ ആന്തരസ്വഭാവത്തിന്‍റെ സങ്കീര്‍ണ്ണത മനസ്സിലാക്കാനാവില്ല.
വെസ്ലി ജെ വെല്‍ഡ്മാന്‍റെ അഭിപ്രായത്തില്‍, "ലോകത്തില്‍ എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ചുള്ള ഒരു സ്കിസോഫ്രേനിക് അനിശ്ചിതത്വവും, വലിയ ആശയക്കുഴപ്പവുമാണ് ആധുനിക പാശ്ചാത്യസംസ്കാരത്തിലെ പ്രശ്നസ്വഭാവത്തിന്‍റെ മൂലകാരണം." [21] ആധുനികകാലഘട്ടത്തിലെ സാംസ്കാരികപ്രവണതകള്‍ക്ക് മത-ശാസ്ത്രബന്ധത്തിലും ശക്തമായ സ്വാധീനമുണ്ട്. വൈല്‍ഡ്മാന്‍ പറയുന്നതുപോലെ, "ആധുനികപടിഞ്ഞാറിന്‍റെ മത-ശാസ്ത്രബന്ധം പ്രകടിപ്പിക്കുന്ന വൃത്തികെട്ട സംഘര്‍ഷം ആ സംസ്കാരത്തെ മൊത്തത്തില്‍ സംഘര്‍ഷത്തിലാഴ്ത്തുന്ന ഒന്നാണ്... മനുഷ്യയുക്തിയുടെ ആത്മീയവും വിമര്‍ശനാത്മകവുമായ പ്രവണതകള്‍ തമ്മിലുള്ള വൈരുദ്ധ്യം അവിടെ വളരെ വ്യക്തമായതിനാലാണ് മനുഷ്യജീവിതത്തിലെ മതപരവും വിമര്‍ശനാത്മകവുമായ പ്രവണതകള്‍ക്കിടയില്‍ അവ അസ്വസ്ഥതാജനകമാകുന്നത്." [22]
ആധുനികസംസ്കാരത്തിനുമേല്‍ ശാസ്ത്രം സാമ്രാജ്യത്വപരമായ അധിനിവേശം സ്ഥാപിച്ചിരിക്കുന്നതിനാല്‍, "സംസ്കാരത്തിന്‍റെ മതപരമായ താത്പര്യങ്ങള്‍ മതശാസ്ത്രവിഭജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു" എന്ന വെല്‍ഡ്മാന്‍റെ നിരീക്ഷണം ശരിയാകാനിടയുണ്ട്. നമ്മള്‍ പിന്നീട് ചര്‍ച്ചചെയ്യാനിരിക്കുന്നതുപോലെ സമകാലീനസംസ്കാരത്തില്‍ നിലനില്ക്കുന്ന സ്കിസോഫ്രേനിക് അസ്വസ്ഥതകളും, വിമര്‍ശനസ്വഭാവവും മതശാസ്ത്രസത്യങ്ങള്‍ക്ക് പരസ്പരം ഉള്‍ക്കൊള്ളുന്നതിനുള്ള നിരവധി വേദികള്‍ ഒരുക്കുന്നു. വൈല്‍ഡ്മാന്‍ നിരീക്ഷിക്കുന്നു: "ദൈവശാസ്ത്രആശയങ്ങള്‍ക്ക് കടകവിരുദ്ധമായ ശാസ്ത്രീയനിഗമനങ്ങള്‍ കണ്ട് നടുങ്ങുന്നതിന് മതം ഇക്കാലഘട്ടത്തില്‍ തയ്യാറല്ല. തീര്‍ച്ചയായും മതേതരമായ പൊതുധാരണകളില്‍ നിന്ന് ദൈവശാസ്ത്രം പിന്‍വലിയുന്നതായി കാണപ്പെടുന്നു... പരിശീലിക്കപ്പെട്ടതും ക്രിയാത്മകവുമായ മനസുകള്‍ക്ക് ഏതുസാഹചര്യത്തിലും മതത്തെയും ശാസ്ത്രത്തെയും ഫലപ്രദമായി ബന്ധിപ്പിക്കാനാകും. മതശാസ്ത്രബന്ധത്തിലെ പരിശോധിക്കപ്പെടാത്ത നൈരാശ്യവാദം അതിരുകടന്ന ശുഭാപ്തിവിശ്വാസം പോലെ തന്നെ അനുചിതമാണ്." [23]
2. മതശാസ്ത്രബന്ധത്തിന്‍റെ മാതൃകകള്‍ (Typology) മതശാസ്ത്രഇടപഴകലിന്‍റെ സ്വഭാവം വളരെ സങ്കീര്‍ണ്ണമാണ്. ചരിത്രപരമായി വീക്ഷിക്കുമ്പോള്‍, വ്യത്യസ്തവും പലപ്പോഴും പരസ്പരവിരുദ്ധവുമായ പ്രവണതകളും ഭാവങ്ങളും അവ തമ്മിലുള്ള ബന്ധത്തില്‍ കാണാന്‍ കഴിയും. ബാര്‍ബര്‍ രൂപീകരിച്ച മതശാസ്ത്രബന്ധത്തെക്കുറിക്കുന്ന മാതൃകകള്‍ ഇവിടെ വിശകലനം ചെയ്യുന്നത് നല്ലതാണ്. മതശാസ്ത്ര ഇടപഴകലിനെ മൊത്തത്തില്‍ ബാര്‍ബര്‍ നാലു മാതൃകകളിലേക്ക് ചുരുക്കുന്നു: സംഘര്‍ഷം (conflict), സ്വതന്ത്രം (independence), സംവാദം (dialogue), സമന്വയം (integration).[24]
സംഘര്‍ഷമാതൃക (conflict model) മതശാസ്ത്രഇടപഴകലിലെ സംഘര്‍ഷം മതത്തിലെയും ശാസ്ത്രത്തിലെയും രണ്ടു വിരുദ്ധമനോഭാവങ്ങളുടെ അനന്തരഫലമാണ്: അക്ഷരാര്‍ത്ഥത്തിലുള്ള വചനവ്യാഖ്യാനത്തിന്‍റെയും (Biblical literlaism) ശാസ്ത്രീയ ഭൗതികവാദത്തിന്‍റെയും (scientific materialism). ഇത്തരത്തിലുള്ള വചനവ്യാഖ്യാതാക്കളുടെയും ശാസ്ത്രീയഭൗതികവാദികളുടെയും അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് ഒരേ സമയം ദൈവത്തിലും പരിണാമസിദ്ധാന്തത്തിലും വിശ്വസിക്കുക സാദ്ധ്യമല്ല. ദൈവവിശ്വാസവുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്തവയാണ് പരിണാമവാദത്തിനുള്ള തെളിവുകള്‍ എന്നതാണ് ശാസ്ത്രീയവാദികളുടെ അഭിപ്രായം. ഭൗതികവാദമനുസരിച്ച് പ്രപഞ്ചത്തിന്‍റെ അടിസ്ഥാനയാഥാര്‍ത്ഥ്യത്തിലേക്കുള്ള ആത്യന്തികമായ പ്രവേശനമാര്‍ഗ്ഗം പദാര്‍ത്ഥമാണ്. പരീക്ഷണനിരീക്ഷണങ്ങളിലൂടെ വിവരം ശേഖരിക്കുന്നതിനാല്‍ ശാസ്ത്രജ്ഞാനം മാത്രമാണ് അറിവിന്‍റെ ശരിയായ രൂപം. അനുഭവാധിഷ്ഠിതസ്ഥിരീകരണമോ വിലയിരുത്തലോ സാദ്ധ്യമല്ലാത്തതിനാല്‍ മതാത്മകജ്ഞാനം അറിവിന്‍റെ വിശ്വസനീയരൂപമല്ല. ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം, "വസ്തുനിഷ്ഠത, തുറവി, സാര്‍വ്വത്രികത, പുരോഗമനസ്വഭാവം എന്നിവ ശാസ്ത്രത്തിന് മാത്രമാണുള്ളത്. ഇതിനു വിരുദ്ധമായി മതപാരമ്പര്യങ്ങള്‍ വ്യക്തിനിഷ്ഠവും, അടഞ്ഞതും, സങ്കുചിതവും, മാറ്റത്തോട് നിസ്സഹകരിക്കുന്നതുമാണ്... അര്‍ത്ഥമുള്ള എല്ലാ ഭാഷകള്‍ക്കും ശാസ്ത്രസംരംഭങ്ങള്‍ നിയമങ്ങള്‍ നല്കുന്നുവെന്ന് പ്രകൃതിതത്ത്വജ്ഞാനവാദികള്‍ (positivists) സമ്മതിക്കുന്നുണ്ട്. ഇന്ദ്രിയബദ്ധമായി സ്ഥിരീകരിക്കാന്‍ കഴിയുന്ന പ്രസ്താവനകള്‍ മാത്രമാണ് അര്‍ത്ഥപൂര്‍ണ്ണം എന്ന് അവര്‍ അവകാശപ്പെടുന്നു. ധാര്‍മ്മികശാസ്ത്രത്തിലെയും അതിഭൗതികശാസ്ത്രത്തിലെയും മതത്തിലെയും വാദഗതികള്‍ ശരിയോ തെറ്റോ അല്ല, മറിച്ച് അര്‍ത്ഥരഹിതവും കപടവുമായ വികാരപ്രകടനങ്ങളാണ്. [25]" കാള്‍ സാഗന്‍, ജാക്വസ് മൊണോദ്, എഡ്വേര്‍ഡ് ഒ വില്‍സണ്‍, ഡാനിയല്‍ ഡെന്നെറ്റ് മുതലായവര്‍ ശാസ്ത്രത്തിലെ ഭൗതികവാദവിശ്വാസപ്രമാണത്തിന്‍റെ പ്രചാരകരില്‍ ചിലരാണ്. കാള്‍ സാഗനെ സംബന്ധിച്ച് പ്രപഞ്ചം അനന്തമാണ്. അതിന്‍റെ ഉത്ഭവമാകട്ടെ എന്നേക്കുമായി രഹസ്യത്തില്‍ മറഞ്ഞിരിക്കുന്നു. സാര്‍വ്വത്രികമായി പ്രയോഗസാദ്ധ്യതയുള്ള അതീന്ദ്രിയസൈദ്ധാന്തികവാദങ്ങള്‍ ശാസ്ത്രീയരീതിയുടെ ആത്യന്തികസ്വഭാവത്തിന് ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രപഞ്ചത്തിന്‍റെ പരസ്പരബന്ധവും വിശാലതയും സൗന്ദര്യവും കണ്ട് അത്ഭുതപ്പെട്ട സാഗന്‍ പറഞ്ഞു, "ആരാധ്യവസ്തു എന്ന നിലയില്‍ പ്രകൃതി ദൈവത്തിന് ബദലായി മാറുന്നു." [26]
ശാസ്ത്രീയനേട്ടങ്ങളുടെ സ്വാധീനത്തില്‍ പ്രപഞ്ചരഹസ്യങ്ങളെല്ലാം അനാവരണം ചെയ്യപ്പെടുകയും ഉപരിതലത്തിനുകീഴെ ആത്മാവില്ലാത്ത പദാര്‍ത്ഥത്തെ അത് കണ്ടെത്തുകയും ചെയ്തു. തന്‍റെ ദാര്‍ശനികസിദ്ധാന്തത്തിന് സാഗന്‍ വാനശാസ്ത്രത്തെ ആശ്രയിച്ചപ്പോള്‍ ജാക്വസ് മൊണോദ് ജീവശാസ്ത്രത്തില്‍ തന്‍റെ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി. ജാക്വസ് മൊണോദ് തന്‍റെ ആകസ്മികതയും അനിവാര്യതയും (Chance and Necessity) എന്ന ഗ്രന്ഥത്തില്‍ അവകാശപ്പെടുന്നതിപ്രകാരമാണ്: "പ്രകൃതിയില്‍ പ്രത്യേകലക്ഷ്യങ്ങളില്ലെന്ന് ജീവശാസ്ത്രം തെളിയിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്‍റെ വികാരശൂന്യമായ അനന്തതയില്‍ (immensity) താന്‍ തനിച്ചാണെന്നും, ആകസ്മികമായാണ് താന്‍ ആവിര്‍ഭവിച്ചതെന്നും അവസാനം അവനു മനസ്സിലായി. ജൈവമേഘലയില്‍ ആകസ്മികത മാത്രമാണ് പുതുമയുടെയും സൃഷ്ടിയുടെയും ഉറവിടം." [27] മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും യാന്ത്രികമായ ഒരു വീക്ഷണകോണില്‍ ദര്‍ശിച്ച അദ്ദേഹം മനുഷ്യന്‍റെ പെരുമാറ്റരീതികളും ജനിതകമായിട്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എന്നു വിശ്വസിച്ചു. മൊണോദിന്‍റെ അഭിപ്രായങ്ങളെ എഡ്വേര്‍ഡ് വില്‍സണും പങ്കുവയ്ക്കുന്നു. മതത്തിന്‍റെ കൊഴിഞ്ഞുപോകലും തത്സ്ഥാനത്ത് ശാസ്ത്രീയഭൗതികവാദത്തിന്‍റെ ആവിര്‍ഭാവവും അദ്ദേഹം പ്രവചിച്ചു. "മതം പരിണാമത്തിന്‍റെ ഉത്പന്നമായി വിശദീകരിക്കപ്പെടുമ്പോള്‍ അതിന്‍റെ അധികാരം എന്നേക്കുമായി പോയ്മറയും; മതത്തിന്‍റെ സ്ഥാനത്ത് ശാസ്ത്രഭൗതികവാദത്തിന്‍റെ ഒരു തത്ത്വചിന്ത ഉദയം ചെയ്യും." [28] മതപരമായ ആചാരങ്ങള്‍ ഒരു സമൂഹത്തിന്‍റെ സംസക്തിക്കുപയുക്തമാകുന്ന അതിജീവനത്തിന്‍റെ യാന്ത്രികപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ധാര്‍മ്മികതയ്ക്ക് ചില ജനിതകഅടിത്തറകള്‍ ഉണ്ടെന്നും നിസംശയം തെളിയിക്കാവുന്ന അതിന്‍റെ ഏകപ്രവര്‍ത്തനം ജീനുകളെ കേടുപറ്റാതെ സൂക്ഷിക്കുകയെന്നതാണെന്നും അദ്ദേഹം പറയുന്നു. ദാര്‍ശനികനായ ഡാനിയല്‍ ഡെന്നറ്റും ശക്തമായ നവഡാര്‍വിനിസ്റ്റ് നിപലാടിനെ (neo-Darwinist position) പ്രതിരോധിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്: "പരിണാമം ലക്ഷ്യരഹിതവും ആത്മാവില്ലാത്തതുമായ ഒരു പ്രക്രിയയുടെ ഉത്പന്നമാണ്." അതുപോലെതന്നെ എല്ലാവിധ രൂപഘടനകള്‍ക്കും അത് എതിരുമാണ്. ബാര്‍ബറുടെ അഭിപ്രായത്തില്‍ ഈ എഴുത്തുകാരെല്ലാം ശാസ്ത്രീയവും ദാര്‍ശനികവുമായ ചോദ്യങ്ങളെ തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുപോയി. ശാസ്ത്രത്തിന്‍റെ അധികാരം ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തുന്നത് തികച്ചും അശാസ്ത്രീയമായ തലങ്ങളിലാണ്. കൂടാതെ, ശാസ്ത്രീയരീതിശാസ്ത്ര നിര്‍ണയവാദം (scientific methedological determinism) ശാസ്ത്രജ്ഞരുടെ വാദഗതികളെ അവിശ്വസനീയമാക്കി. "ദൈവം എന്ന ആശയം ഒരു സാങ്കല്പികസിദ്ധാന്തം അല്ല. ചരിത്രപാരമ്പര്യങ്ങളാല്‍ രൂപപ്പെടുന്ന സമൂഹങ്ങളുടെ വ്യത്യസ്തങ്ങളായ മതാത്മകഅനുഭവങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍, ഒരു ജീവിതശൈലിയോടുള്ള പ്രതിബദ്ധതയാണ് ദൈവവിശ്വാസം. അത് ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് പകരമാകുന്നില്ല. വ്യക്തിഗതസംഭവങ്ങളെ സാന്ദര്‍ഭികവത്കരിക്കാവുന്ന വിശാലമായ അര്‍ത്ഥഘടനകള്‍ മതപരമായ വിശ്വാസങ്ങള്‍ പകര്‍ന്നു നല്കുന്നു." [29]
"ആധുനികഭൗതികശാസ്ത്രവും പുരാതനവിശ്വാസവും" (Modern Physics and Ancient Faith) എന്ന സ്റ്റീഫന്‍ ബാറിന്‍റെ ഗ്രന്ഥത്തിലാണ് ഒരുപക്ഷേ അടുത്തകാലത്ത് ശാസ്ത്രീയഭൗതികവാദത്തിനെതിരെ ഏറ്റവും വിശ്വസനീയമായ ആക്രമണം നടന്നത്. [30] ഉത്ഭവത്തിന്‍റെയും രൂപരേഖയുടെയും മനുഷ്യന്‍റെയും മനസ്സിന്‍റെയും കാഴ്ചപ്പാടുകളില്‍ നിന്ന് ഉടലെടുക്കുന്ന മതശാസ്ത്രസംവാദത്തിന്‍റെ വിമര്‍ശനാത്മകതലം ഈ ഗ്രന്ഥത്തിലെ പണ്ഡിതോചിതമായ ഒരു സൗന്ദര്യമാണ്. മതവുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ശാസ്ത്രമല്ല, ശാസ്ത്രീയഭൗതികവാദമെന്ന് വിളിക്കപ്പെടുന്ന പരമ്പരാഗതമായി തെറ്റായ തത്ത്വചിന്തയാണെന്നാണ് ഗ്രന്ഥകാരന്‍റെ പ്രധാന അഭിപ്രായം. ഭൗതികവാദവിശ്വാസപ്രമാണത്തിന്‍റെ കൃത്യമായ രൂപരേഖയുമായാണ് ബാര്‍ (Barr) ആരംഭിക്കുന്നത്. ഭൗതികവാദവിശ്വാസപ്രമാണത്തിന്‍റെ വിശകലനത്തില്‍ നിന്ന് അദ്ദേഹമെത്തുന്ന നിഗമനം ഇതാണ്, "ഭൗതികവാദി... അവന്‍റെ തന്നെ ആസൂത്രണങ്ങളുടെ അവക്രമായ ആവരണങ്ങള്‍ക്കുള്ളിലാണ്. പദാര്‍ത്ഥത്തിനും പദാര്‍ത്ഥം അനുസരിക്കുന്ന ഗണിതശാസ്ത്രനിയമങ്ങള്‍ക്കും ഉപരിയായിരിക്കാന്‍ ഒന്നിനെയും അവന്‍ അനുവദിക്കുന്നില്ല." [31] മഹാവിസ്ഫോടനത്തെക്കുറിച്ച് കാലോചിതമായ ഒരു ചര്‍ച്ചയ്ക്കുശേഷം, "ആരംഭം മഹാവിസ്ഫോടനമല്ലായെങ്കില്‍ എന്തു സംഭവിക്കും?" എന്ന ചോദ്യത്തിലൂടെ ബാര്‍ അത് ഒരു പടികൂടി മുന്നിലേക്ക് കൊണ്ടുപോകുന്നു. ഭൗതികവാദികളുടെ പ്രതീക്ഷകളോട് അനുരൂപപ്പെടുന്ന ഒരു ലോകത്തെയാണ് അറിവിന്‍റെ വളര്‍ച്ച വെളിപ്പെടുത്തിയത് എന്ന പരമ്പരാഗതവിശ്വാസത്തോട് ശാസ്ത്രപദ്ധതികളുടെ ഇപ്പോഴത്തെ പ്രവണതകള്‍ യോജിക്കുന്നില്ല എന്ന് ബാര്‍ തറപ്പിച്ചു പറയുന്നു. ആധുനികഭൗതികശാസ്ത്രവും ഉത്ഭവത്തെക്കുറിച്ചുള്ള പുരാതനവിശ്വാസവും തമ്മില്‍ അനുരഞ്ജനം സാദ്ധ്യമാക്കിക്കൊണ്ട് ദൈവത്തെ ആദികാരണം എന്ന നിലയില്‍ മാത്രമായല്ല തുടര്‍ച്ചയുടെകൂടി കാരണമായി ബാര്‍ അവതരിപ്പിക്കുന്നു. രൂപഘടനാധിഷ്ഠിതമായ വാദഗതിയില്‍ നിന്നുകൊണ്ടും ഭൗതികവാദവിശ്വാസപ്രമാണത്തെ ബാര്‍ ആക്രമിക്കുന്നു. ശാസ്ത്രത്തില്‍ രൂപഘടനാവാദഗതിയുടെ പുതുനിര്‍മ്മിതികളായ "ക്രമം ക്രമത്തില്‍നിന്ന് വരുന്നു" "ക്രമം മഹത്തരമായ ക്രമത്തില്‍ നിന്നു വരുന്നു" മുതലായ പ്രസ്താവനകള്‍ രൂപഘടനാധിഷ്ഠിതമായ വാദഗതി അഭിമുഖീകരിക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയാകുന്നുണ്ട്. "നമുക്കു ചുറ്റുമുള്ള ലോകത്തില്‍നിന്ന് പരീക്ഷണനിരീക്ഷണാടിസ്ഥാനത്തില്‍ നാം കണ്ടെത്തുന്ന, എന്നാല്‍ മറ്റൊരു രീതിയിലായിരിക്കാനും സാദ്ധ്യതയുള്ള വെറും മാതൃകാഘടനകള്‍" [32] ആയി പ്രകൃതിനിയമങ്ങളെ ബാര്‍ പുനര്‍സ്വാംശീകരിച്ചു. ഇത് ശാസ്ത്രീയഭൗതികവാദത്തിനുനേരെയുള്ള ആക്രമണങ്ങളുടെ യഥാര്‍ത്ഥവും ഉള്‍ക്കാഴ്ച നിറഞ്ഞതുമായ വീണ്ടുവിചാരങ്ങളുടെ ഉത്തമഉദാഹരണമാണ്. ഭൗതികവാദത്തിന്‍റെ കേന്ദ്രാശയമായ, ശാസ്ത്രീയകണ്ടുപിടിത്തങ്ങളാല്‍ സാവധാനം സംഭവിക്കുന്ന മനുഷ്യന്‍റെ പാര്‍ശ്വവത്കരണം ബാര്‍ വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. ബാര്‍ തന്‍റെ നിലപാടില്‍ ശരിയാണ് എന്നതുമാത്രമല്ല, "ശാസ്ത്രീയജ്ഞാനത്തിന്‍റെ നിര്‍വികാരമായ പരിശോധനയാലാണോ അതോ അവയുടെതന്നെ ദാര്‍ശനികമുന്നറിവുകളുടെ അടിസ്ഥാനത്തിലാണോ ഭൗതികവാദം ന്യായീകരിക്കപ്പെടുന്നത്?" എന്ന ചോദ്യത്തിലൂടെ അദ്ദേഹം ഭൗതികവാദികളുടെ വ്യാഖ്യാനശാസ്ത്രപരമായ മുന്‍വിധിയെ മൂന്‍കൂട്ടിക്കാണുകയും ചെയ്യുന്നു. [33] ശാസ്ത്രീയവും ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ കാഴ്ചപ്പാടുകളിലൂടെ "എന്താണ് മനുഷ്യന്‍?" എന്നതിനെക്കുറിച്ചുള്ള ബാറിന്‍റെ ചര്‍ച്ചകള്‍ ഭൗതികവാദആശയസംഹിതയ്ക്ക് വേദനാജനകമായ പരിക്കുകളള്‍ എല്‍പിക്കുന്നു. മനുഷ്യന്‍റെ യാന്ത്രികവും ഭൗതികവുമായ ന്യൂനീകരണം എന്ന ശാസ്ത്രീയമിത്ത് നരവംശശാസ്ത്രം, ക്വാണ്ടം ഫിസിക്സ്, മനഃശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത ഉറവിടങ്ങളില്‍നിന്നുള്ള ശക്തവും വ്യതിരിക്തവുമായ വാദഗതികളാല്‍ ശാസ്ത്രീയമേയല്ല എന്ന് തെളിയിക്കപ്പെട്ടു. ഇടപഴകലിന്‍റെ സംഘര്‍ഷമാതൃകയുടെ മതപരമായ വശത്ത് വിശുദ്ധഗ്രന്ഥത്തിന്‍റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനമാണ് പ്രധാനവീരന്‍. ബൈബിളിനോടുള്ള ഇത്തരം സമീപനത്തിന്‍റെ ഫലമാണ് ഗലീലിയോസംഭവവും ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തനിരാകരണവും.
സ്വതന്ത്രമാതൃക (independence model) സ്വതന്ത്രം അല്ലെങ്കില്‍ അന്തരം (contrast) എന്നത് ഹോട്ടിന്‍റെ (Haught) അഭിപ്രായത്തില്‍ മതശാസ്ത്രബന്ധത്തെക്കുറിക്കുന്ന മറ്റൊരു മാതൃകയാണ്. അത് മതവും ശാസ്ത്രവും തമ്മിലുള്ള എല്ലാവിധ സംഘര്‍ഷങ്ങളെയും അതുപോലെതന്നെ പരസ്പരപൂരകത്വങ്ങളെയും ഒഴിവാക്കുന്നു. മതവും ശാസ്ത്രവും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് അവയുടെ പഠനവിഷയം, അന്വേഷണത്തിന്‍റെ മേഖല, രീതിശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിലാണ്. മതത്തെയും ശാസ്ത്രത്തെയും പരസ്പരം ഒഴിവാക്കി നിര്‍ത്തുന്ന ഈ വിഭാഗീകരണത്തിനുപിന്നിലെ യുക്തി അതാതുവിഷയത്തിന്‍റെ വ്യതിരിക്തതയോട് വിശ്വസ്തത പുലര്‍ത്താനുള്ള ഒരു ശ്രമമാണ്. കാള്‍ ബാര്‍ത്തിന്‍റെ അഭിപ്രായത്തില്‍ അന്വേഷണത്തിനായി അവയ്ക്ക് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന തലങ്ങളില്‍ മതവും ശാസ്ത്രവും സയുക്തികമാണ്. മതത്തെ ശാസ്ത്രത്തിന്‍റെ ഏകകമുപയോഗിച്ചും തിരിച്ചും വിധിക്കരുത്. കാരണം അവയോരോന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ തികച്ചും വ്യത്യസ്തവും ഉത്തരങ്ങളുടെ ഉള്ളടക്കം പൂര്‍ണ്ണമായും വിഭിന്നവുമാണ്. ദൈവം അമൂര്‍ത്തവും, പൂര്‍ണ്ണമായും അപരനും സ്വയം വെളിപ്പെടുത്തിയില്ലെങ്കില്‍ അറിയാന്‍ കഴിയാത്തവനുമാണ്. [34] മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും അറിവുകള്‍ തമ്മിലുള്ള ഒരു പ്രധാനവ്യത്യാസം എന്നത് മതപരമായ അറിവ് മനുഷ്യപ്രയത്നത്തിലല്ല, ദൈവത്തിന്‍റെ ഇടപെടലിലാണ് ലഭ്യമാകുന്നത് എന്നതത്രേ. ചരിത്രത്തില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമണ്ഡലം പ്രകൃതിയല്ല എന്നു പറയുമ്പോള്‍ പ്രകൃതിഗ്രന്ഥത്തിനും (book of nature) വചനഗ്രന്ഥത്തിനും (book of scripture) ഇടയില്‍ ബാര്‍ത്ത് ഒരുതരം ദ്വൈതവാദമാണ് അംഗീകരിക്കുന്നത്. ബൈബിളില്‍ പ്രത്യേകമായി ഉത്പത്തിപുസ്തകം മനുഷ്യവംശത്തിന് ലോകത്തോടും ദൈവത്തോടുമുള്ള അടിസ്ഥാനപരമായ ബന്ധത്തിന്‍റെ പ്രതീകാത്മകമായ പ്രകാശനമായി കണക്കാക്കാവുന്നതാണ്. ചുരുക്കത്തില്‍, സ്വതന്ത്രകാഴ്ചപ്പാടില്‍ ദൈവശാസസ്ത്രം, അതിന്‍റേതായ നിയമങ്ങളും വ്യത്യസ്തമായ അന്വേഷണശൈലികളുമുള്ള സൈദ്ധാന്തികവും സ്വതന്ത്രവുമായ ശാസ്ത്രമാണ്. അതുപോലെതന്നെ ശാസ്ത്രീയശൈലിയും അന്വേഷണമാര്‍ഗ്ഗങ്ങളും മതത്തിന്‍റേതില്‍നിന്നും വ്യത്യസ്തമാണ്. അതിനാല്‍ ശാസ്ത്രവും മതവും തമ്മില്‍ എതിര്‍ക്കുകയോ സംഘര്‍ഷത്തിലാവുകയോ സാദ്ധ്യമല്ല. ഭാഷയുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യസ്തതയും ബന്ധമില്ലായ്മയും ശാസ്ത്രത്തെയും മതത്തെയും തമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള മറ്റൊരുവഴിയാണ്. പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ സംഭാവനയായ താര്‍ക്കികപ്രത്യക്ഷതാവാദം (logical positivism) പരീക്ഷണനിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കാനാവാത്ത പ്രസ്താവനകള്‍ ശാസ്ത്രീയമല്ല എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. താര്‍ക്കികപ്രത്യക്ഷതാവാദികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥത്തിന്‍റെ മാനദണ്ഡം തന്നെ ഇപ്രകാരമൊരു സ്ഥിരീകരണസാദ്ധ്യതയാണ് (verifiability). ശാസ്ത്രഭാഷയുടെ പ്രകൃതം നല്കപ്പെട്ടിരിക്കുന്നതിനാല്‍ ശാസ്ത്രത്തിന് സ്വയം ഒരു ജീവിതദര്‍ശനമോ ധാര്‍മ്മികനിയമങ്ങളുടെ ശേഖരമോ നല്കാനാവില്ല. അതുപോലെതന്നെ ഭാഷാശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മതപരമായ ഭാഷയുടെ ഉദ്ദേശമെന്നത് ഒരുകൂട്ടം മനോഭാവങ്ങളെ വെളിപ്പെടുത്തുന്നതിനുവേണ്ടി ഒരു ജീവിതശൈലി ശുപാര്‍ശ ചെയ്യുക എന്നതാണ്. മതപരമായ ഭാഷ മതപരമായ അനുഭവങ്ങള്‍ ഉണര്‍ത്തുന്നതിനുവേണ്ടിയുള്ളതാണ്. ആ രീതിയില്‍, സ്വതന്ത്രമാതൃകയുടെ വക്താക്കള്‍ രണ്ടുതലങ്ങളിലുമുള്ള ഭാഷയുടെ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തില്‍ മതവും ശാസ്ത്രവും തമ്മിലുള്ള വേര്‍തിരിവിന്‍റെ ഒരു മേഖല അവതരിപ്പിക്കുന്നു.
സംവാദമാതൃക മതവും ശാസ്ത്രവും തമ്മിലുള്ള സൗഹൃദത്തിന്‍റെ സൃഷ്ടിപരമായ പുനഃസ്ഥാപിക്കപ്പെടല്‍ സംവാദവും (റശമഹീഴൗല) സമ്പര്‍ക്കവും (dialogue) പ്രതിനിധാനം ചെയ്യുന്നുവെന്ന് ഹോട്ട് അഭിപ്രായപ്പെടുന്നു. "അവശ്യം ഇടകലരിലില്ലാതെ ഒരുമിച്ചുകൂടുന്നതിനെയാണ് 'സമ്പര്‍ക്കം' എന്ന പദം അര്‍ത്ഥമാക്കുന്നത്. ഇടപഴകലിനും സംവാദത്തിനും പരസ്പരധാരണകള്‍ക്കും അനുവദിക്കുന്നതോടൊപ്പം ഇത് വിഭജനത്തെയും സംഘര്‍ഷത്തെയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. വ്യത്യസ്തതകളെ കാത്തുസൂക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും ഇത് ശ്രദ്ധിക്കുന്നു. ശാസ്ത്രജ്ഞാനത്തിന് മതവിശ്വാസത്തിന്‍റെ ചക്രവാളങ്ങളെ വിശാലമാക്കാന്‍ കഴിയുമെന്നും അത്തരമൊരു മതവിശ്വാസത്തിന്‍റെ കാഴ്ചപ്പാടിന് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ കൂടുതല്‍ ആഴപ്പെടുത്താന്‍ കഴിയുമെന്നും 'സമ്പര്‍ക്കം' അവകാശപ്പെടുന്നു." [35] രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെക്കാളുപരിയായി സമ്പര്‍ക്കമാതൃക ഊന്നല്‍ കൊടുക്കുന്നത് മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും ആശയങ്ങളിലും രീതികളിലും പ്രസ്താവനകളിലുമുള്ള സാധര്‍മ്മ്യത്തിനാണ്. ശാസ്ത്രത്തില്‍ അപകടത്തിലായിരിക്കുന്ന മതപരമായ പ്രശ്നങ്ങളിലേക്ക് ഒരു പ്രവേശനമാര്‍ഗ്ഗം നല്കാന്‍ ശാസ്ത്രത്തിലെ പരിധിചോദ്യങ്ങള്‍ക്ക് (boundary questions) കഴിയും. ശാസ്ത്രീയരീതി മാത്രമുപയോഗിച്ച് പരിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അതിന്‍റെ പൂര്‍ണ്ണതയില്‍ വിശദീകരിക്കാനാവില്ല. ഈയര്‍ത്ഥത്തില്‍, ക്രിസ്തീയപടിഞ്ഞാറിലെ ശാസ്ത്രങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും എന്ന വസ്തുത, പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും സംബന്ധിച്ച് ശാസ്ത്രത്തിലുള്ള ദാര്‍ശനികവും മതപരവുമായ പ്രശ്നങ്ങളിലും ആരോപിച്ചിരിക്കുന്നു. ഗ്രീക്ക്ചിന്ത ലോകത്തിന്‍റെ ക്രമത്തെയും സംവേദനക്ഷമതയെയും അവശ്യമായിക്കണ്ടപ്പോള്‍ ബൈബിള്‍പാരമ്പര്യം അത് അനിശ്ചിതമായും ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്ന ഒന്നായും കണ്ടു. അങ്ങനെ ചില ദൈവശാസ്ത്രജ്ഞര്‍ ദൈവാസ്തിത്വവാദങ്ങള്‍ ഇന്നത്തെ ശാസ്ത്രത്തിന്‍റെ അന്തഃസ്ഥിതമുന്‍വിധികളാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ശാസ്ത്രം അതിനുതന്നെ ഉത്തരം നല്കാനാവാത്ത അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും യുക്തിപരവും അനിശ്ചിതവുമായ ക്രമം കാണിച്ചുതരികയും ചെയ്യുന്നു എന്ന് തോമസ് ടോറന്‍സ് അഭിപ്രായപ്പെടുന്നു. യാദൃശ്ചികതയും സംവേദനക്ഷമതയും തമ്മില്‍ ബന്ധിപ്പിക്കുന്നത് യുക്തിക്രമത്തിന്‍റെ പുതിയതും അപ്രതീക്ഷിതവുമായ രൂപം അന്വേഷിക്കുന്നതിന് നമ്മെ നിര്‍ബന്ധിക്കുന്നു. യാദൃശ്ചികമെങ്കിലും യുക്തിപരമായ പ്രപഞ്ചക്രമത്തിന്‍റെ ക്രിയാത്മകഅടിത്തറയും കാരണവും ദൈവമാണെന്ന്, താമസിയാതെ ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. "പ്രപഞ്ചത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന സംവേദനക്ഷമതയുടെ സംഭ്രമിപ്പിക്കുന്ന പ്രകൃതവും രഹസ്യങ്ങളും സംബന്ധിച്ച വിവരണത്തിന് ദൈവത്തിലെ യുക്തിയുമായുള്ള ബന്ധം വിശ്വാസ്യത നല്കുകയും മതപരമായ ഭക്തിയുടെ വിശാലഅര്‍ത്ഥത്തെ വിശദീകരിക്കുകയും ചെയ്യുന്നു. നമ്മില്‍നിന്നാരംഭിക്കുന്ന അത് ഐന്‍സ്റ്റീന്‍ സൂചിപ്പിച്ചതുപോലെ, ശാസ്ത്രത്തിന്‍റെ മുഖ്യധാരയാണ്." [36] സംവാദമാതൃകയുടെ മറ്റൊരു വക്താവായ കാള്‍ റാനറുടെ അഭിപ്രായത്തില്‍ ശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും ഉള്ളടക്കങ്ങളും രീതികളും സ്വതന്ത്രമാണ്. പക്ഷേ സമ്പര്‍ക്കത്തിന്‍റെയും പരസ്പരബന്ധത്തിന്‍റേതുമായ പ്രധാനമേഖലകള്‍ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. [37] മനുഷ്യാനുഭവത്തിന്‍റെ പരിധിസാഹചര്യത്തില്‍ അല്ലെങ്കില്‍ ചക്രവാളങ്ങളിലാണ് മതപരമായ ചോദ്യങ്ങള്‍ ഉദയം ചെയ്യുന്നത് എന്ന് ഡേവിഡ് ട്രേസി അഭിപ്രായപ്പെടുന്നു. [38] രീതിശാസ്ത്രബദലുകളെക്കുറിച്ചുള്ള സമീപകാലബോദ്ധ്യങ്ങള്‍ സംവാദാത്മകകാഴ്ചപ്പാടിനെ കൂടുതല്‍ പോഷിപ്പിക്കുന്നുണ്ട്. സത്യത്തിന്‍റെ വസ്തുനിഷ്ഠതയെ സംബന്ധിച്ച് മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും രീതിശാസ്ത്രങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന പരമ്പരാഗതവൈരുദ്ധ്യങ്ങളെ പുതിയകാലത്തിലെ പഠനങ്ങള്‍ ചോദ്യം ചെയ്യുന്നു. നാം ഊഹിച്ചിരിക്കുന്നതുപോലെ ശാസ്ത്രം വസ്തുനിഷ്ഠവും മതം വ്യക്തിനിഷ്ഠവുമല്ല. പഠനമേഖലകളുടെ കാര്യത്തില്‍ തീര്‍ച്ചയായും വ്യത്യാസങ്ങളുണ്ട്. പക്ഷേ അവ അമൂര്‍ത്തങ്ങളല്ല. ശാസ്ത്രത്തിന്‍റെ അറിവുകള്‍ സിദ്ധാന്തബന്ധിയാണ് അല്ലാതെ സ്വതന്ത്രമല്ല. സംഘര്‍ഷത്തിന്‍റെയോ വൈരുദ്ധ്യത്തിന്‍റെയോ അവസ്ഥ സംജാതമാകുമ്പോഴും ശാസ്ത്രത്തിന്‍റെയും മതത്തിന്‍റെയും വഴികളില്‍ വിയോജിപ്പ് പ്രത്യക്ഷപ്പെടുന്നില്ല. ശാസ്ത്രം നാം ചിന്തിച്ചിരുന്നതുപോലെ ശുദ്ധവും വസ്തുനിഷ്ഠവുമല്ല; അതുപോലെതന്നെ ദൈവശാസ്ത്രം അശുദ്ധവും വ്യക്തിനിഷ്ഠവുമല്ല. ശാസ്ത്രവും മതവും ചില പ്രത്യക്ഷഅറിവുകളെ വിശദീകരിക്കുന്നതിനായി ഭാവനാത്മകമായ രൂപകങ്ങളും സിദ്ധാന്തങ്ങളും ഉത്പാദിപ്പിക്കുന്നു. [39] പരീക്ഷണങ്ങളില്‍ ക്വാണ്ടംഫിസിക്സ് പ്രാവര്‍ത്തികമാക്കുന്ന നിരീക്ഷകന്‍റെ ഉള്‍ച്ചേരല്‍ ശാസ്ത്രത്തിലെ വ്യക്തിനിഷ്ഠമായ അര്‍ത്ഥഭേദങ്ങളെ വീണ്ടും ഉറപ്പിക്കുന്നുവെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ജോണ്‍ പോക്കിനോണിനെ സംബ്ധിച്ചിടത്തോളം "ഏകോപനത്തിന്‍റെ ആശയം എല്ലാ അറിവിലും അറിയുന്ന വ്യക്തിയുടെ പങ്കുചേരലാണ്. ശാസ്ത്രത്തില്‍ കണ്ടെത്തലിന്‍റെ തലം, തികച്ചും വ്യക്തിപരമായ പ്രവര്‍ത്തിയായ ക്രിയാത്മകഭാവനയാണ്. ഈ പ്രത്യേകതകളെല്ലാം മതത്തിലും കണ്ടെത്താനാകും. മതത്തില്‍ യുക്തിയുടെയും ഉദ്ദേശത്തിന്‍റെയും ഒഴിവാക്കലല്ല, മറിച്ച് വ്യക്തിപരമായ ഉള്‍ച്ചേരലാണ് മഹത്തരമായത്." [40] അറിവിന്‍റെ സകലവ്യാപ്തിയും മറികടക്കുന്ന ഒരു രീതിശാസ്ത്രഐക്യത്തെ മൈക്കിള്‍ പോളയാനി വിഭാവനം ചെയ്തു. അത് യുക്തിയും വിശ്വാസവും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്ന് അദ്ദേഹം കരുതുന്നു. [41] ഹോംസ് റോള്‍സ്റ്റണ്‍ അഭിപ്രായപ്പെടുന്നത് മതവിശ്വാസങ്ങളും ശാസ്ത്രീയസിദ്ധാന്തങ്ങളും അനുഭവത്തെ വിശദീകരിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നത് ഏകദേശം ഒരേവിധത്തിലാണ് എന്നാണ്. അനുഭവവുമായുള്ള പൊരുത്തത്തിന്‍റെയും ആനുരൂപ്യത്തിന്‍റെയും മാനദണ്ഡമുപയോഗിച്ച് വിശ്വാസങ്ങളെ പരീക്ഷിക്കാന്‍ കഴിയും. മതവും ശാസ്ത്രവും തമ്മിലുള്ള രീതിശാസ്ത്രപരമായ സാധര്‍മ്യങ്ങള്‍ രണ്ടാമദ്ധ്യായത്തില്‍ നാം വിശദമായി ചര്‍ച്ച ചെയ്യും.
സമന്വയമാതൃക (integration model) സമന്വയം എന്നത് സംവാദമാതൃകയേക്കാള്‍ കാമ്പുള്ള ഇടപഴകല്‍ രീതിയാണ്. സമന്വയമാതൃകയനുസരിച്ച് അവയുടെ പുരോഗമനത്തില്‍ പരസ്പരം സഹായിക്കുന്ന ഒരു പ്രക്രിയ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിനാല്‍ കൂടുതല്‍ വിശാലവും ക്രമീകൃതവുമായ രീതിയിലുള്ള ഒരു പങ്കാളിത്തം മതത്തിനും ശാസ്ത്രത്തിനുമിടയിലുണ്ടാകുന്നു. ഈ കാഴ്ചപ്പാടില്‍ കണ്ടെത്തലുകളുടെ ശാസ്ത്രസംരംഭങ്ങളില്‍ ശാസ്ത്രത്തെ സഹായിക്കാനും ഭാവാത്മകമായി പിന്തുണയ്ക്കാനും നിരവധി മാര്‍ഗ്ഗങ്ങളില്‍ മതത്തിനു കഴിയും. ശാസ്ത്രവുമായി ഇടകലരാതെതന്നെ ശാസ്ത്രീയആശയങ്ങളുടെ ഉത്ഭവത്തിന് വഴിതെളിക്കാന്‍ മതത്തിന് കഴിയും. ഹോട്ട് ഈ മാതൃകയെ 'സ്ഥിരീകരണം' (confirmation) എന്നു വിളിക്കുന്നു. [42] ഈ സമന്വയത്തിന് രണ്ടുഭാഗങ്ങളുണ്ട്: ആദ്യത്തേത്, "ശാസ്ത്രത്തിനു പുറത്തുള്ള ദൈവശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപീകരണത്തിന് ശാസ്ത്രനിഗമനങ്ങള്‍ സംഭാവനകള്‍ നല്കിയേക്കാം" എന്നതും രണ്ടാമത്തേത്, "സമഗ്രവും ഏകീകൃതവുമായ ഒരു ലോകവീക്ഷണം എന്ന ക്രമീകൃത സമന്വയത്തിന്‍റെ രൂപീകരണത്തിന് മതവും ശാസ്ത്രവും ഒരുമിച്ച് സംഭാവനകള്‍ നല്കിയേക്കാം" [43] എന്നതുമാണ്. പ്രകൃതിദൈവശാസ്ത്രം (natural theology) വിശാലമാക്കുകയാണ് ശാസ്ത്രത്തിന് മതത്തെ സഹായിക്കാനുള്ള ഒരു വഴി. സാംസ്കാരികമോ വ്യക്തിപരമോ ആയ വ്യത്സ്തതകളില്ലാത്ത ശാസ്ത്രീയഅറിവുകളാണ് സ്വാഭാവികദൈവശാസ്ത്രത്തിന്‍റെ ആരംഭം. രൂപഘടനാവാദഗതിയെ മുന്‍നിര്‍ത്തി ദൈവാസ്തിത്വം എന്ന അടിസ്ഥാനകാഴ്ചപ്പാടുള്‍പ്പെടെ നിരവധി ദൈവശാസ്ത്രനിഗമനങ്ങളെ വിശദീകരിക്കാന്‍ പ്രകൃതിദൈവശാസ്ത്രത്തിന് കഴിയും. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ സത്യഭാവം കൃത്യമായി പരീക്ഷിക്കുന്നതിനും പിന്താങ്ങുന്നതിനും അതിനു കഴിയും. മതാനുഭവങ്ങളെ അടിസ്ഥാനമാക്കി മതപാരമ്പര്യങ്ങളില്‍ നിന്നാരംഭിക്കുന്ന സ്വാഭാവികമായ ഒരു ദൈവശാസ്ത്രത്തിന് ശാസ്ത്രീയമുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിശാലമാകാനാകും. അങ്ങനെ സൃഷ്ടി, പരിപാലന, മനുഷ്യപ്രകൃതി തുടങ്ങിയവയെ സംബന്ധിക്കുന്ന പരമ്പരാഗതവിശ്വാസങ്ങള്‍ ശാസ്ത്രീയമുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍ പുനര്‍രൂപീകരിക്കപ്പെടുന്നു. ബാര്‍ബര്‍ സൂചിപ്പിക്കുന്നു: ڇമതവിശ്വാസങ്ങള്‍ ശാസ്ത്രജ്ഞാനവുമായി സ്വരച്ചേര്‍ച്ചയിലാണെങ്കില്‍ സംവാദമാതൃകയുടെ ആവിഷ്കര്‍ത്താക്കള്‍ പരിചയപ്പെടുത്തിയതിനേക്കാള്‍ വിശാലമായ ക്രമീകരണവും മാറ്റംവരുത്തലുകളും സാദ്ധ്യമാണ്. ഭാവിയില്‍ നിരാകരിക്കപ്പെടാനിടയുള്ള നിയന്ത്രിതവും അനുമാനപരവുമായ സിദ്ധാന്തങ്ങളിലേക്ക് കൂടുതല്‍ അപകടസാദ്ധ്യത ഉള്‍ച്ചേര്‍ക്കുന്നതിനേക്കാള്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രത്തിന്‍റെ വിശാലതലങ്ങളില്‍നിന്ന് ദൈവശാസ്ത്രജ്ഞര്‍ പ്രചോദനം സ്വീകരിക്കണം. സമകാലീനശാസ്ത്രീയസിദ്ധാന്തങ്ങള്‍ നേരിട്ട് രൂപീകരിക്കുന്നതല്ലായെങ്കില്‍ ദൈവശാസ്ത്രനിഗമനങ്ങള്‍ ശാസ്ത്രീയതെളിവുകളുമായി പൊരുത്തപ്പെടണം. [44]" മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്‍റെ ഈ നാലു മാതൃകകളും അവയുടെ ഇടപഴകലിന്‍റെ നീണ്ട ചരിത്രത്തില്‍ വ്യക്തമായി നമുക്കു ദര്‍ശിക്കാനാകും. ഓരോ സംഭവത്തിലും സംവാദവിഷയത്തെ ആശ്രയിച്ച് ഇടപഴകലിന്‍റെ ഒന്നല്ലെങ്കില്‍ മറ്റൊരു മാതൃക തിരിച്ചറിയാന്‍ കഴിയും. എങ്കിലും മതവും ശാസ്ത്രവും തമ്മിലുള്ള ഇടപഴകലിന്‍റെ സമഗ്രമാതൃകയുടെ പാതയിലൂടെയുള്ള ഒരുനീക്കമാണ് സമീപകാലങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത്.
Science Theology Science and Theology Science and Theology: A Historical Review Rev Dr. Augustine Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206