x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സമകാലിക സംവാദങ്ങൾ

പരിശുദ്ധ ത്രിത്വവും പരിശുദ്ധ മറിയവും (കത്തോലിക്കാ വിശ്വാസവും എംപറര്‍ എമ്മാനുവലിന്‍റെ അബദ്ധപഠനങ്ങളും)

Authored by : Fr. Noble Thomas Parackal On 20-Aug-2020

പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വികലമായ പ്രബോധനമാണ് എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ പഠനങ്ങളിലെ അടിസ്ഥാനപരമായ തെറ്റ്. പരിശുദ്ധ മറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി കരുതുന്ന പാഷണ്ഡതയുടെ സ്വാധീനം ഇവരുടെ പ്രബോധനങ്ങളില്‍ പ്രകടമാണ്. ഈ പാഷണ്ഡതയെ വിലയിരുത്തുന്നതിനു മുമ്പ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള തിരുസഭയുടെ പ്രബോധനം നാം മനസ്സിലാക്കേണ്ടതുണ്ട്.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിലുള്ള വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്‍റെ തനിമയാര്‍ന്ന പ്രത്യേകതയാണ്. യഹൂദരും മുസ്ലീങ്ങളും ക്രൈസ്തവരെപ്പോലെ ഏകദൈവ വിശ്വാസികളാണ്. എന്നാല്‍, ദൈവം ത്രിത്വമാണ് എന്ന വിശ്വാസത്തിലൂടെ ക്രൈസ്തവവിശ്വാസം ഇതര വിശ്വാസങ്ങളില്‍ നിന്ന് വ്യതിരിക്തമാകുന്നു. ഒന്നു മൂന്നാകുന്നതും മൂന്ന് ഒന്നാകുന്നതുമായ ദൈവികരഹസ്യമായ ത്രിത്വത്തെ മനസ്സിലാക്കാന്‍ മനുഷ്യനു കഴിയില്ല എന്നതിനാല്‍ ത്രിത്വൈകരഹസ്യം വ്യാഖ്യാനിച്ചവരില്‍ പലര്‍ക്കും അബദ്ധം സംഭവിച്ചു. കടല്‍ക്കരയില്‍ ത്രിത്വ രഹസ്യം ധ്യാനിച്ചുനടന്ന ആഗസ്തീനോസു പുണ്യവാന്‍ കടല്‍ത്തീരത്ത് കുഴിയെടുത്ത് കക്കകൊണ്ട് കടല്‍വെള്ളം കോരിനിറച്ചിരുന്ന കുഞ്ഞിനോട് അവന്‍ ചെയ്യുന്നതെന്തെന്ന് ചോദിച്ച കഥ ഏവര്‍ക്കും സുപരിചിതമാണല്ലോ. താന്‍ കടല്‍ വറ്റിക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ കുട്ടിയെ അവന്‍റെ പരിശ്രമത്തിന്‍റെ അപ്രായോഗികത ബോധ്യപ്പെടുത്താന്‍ ആഗസ്തീനോസ് കിണഞ്ഞു ശ്രമിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞത്രേ: ഈ കക്കകൊണ്ടു കടലുവറ്റിക്കുന്നതിനെക്കാള്‍ എത്രയോ ശ്രമകരമാണ് അങ്ങയുടെ തലകൊണ്ട് ത്രിത്വരഹസ്യം ഗ്രഹിക്കാന്‍ മെനക്കെടുന്നത്? ആ കുട്ടി വേഷം മാറിവന്ന മാലാഖയായിരുന്നു എന്നാണു കഥ. കഥയുടെ യാഥാര്‍ത്ഥ്യത്തെക്കാള്‍ അതിന്‍റെ പൊരുളാണു പ്രസക്തം. പരി. ത്രിത്വം മനുഷ്യബുദ്ധിക്ക് അതീതമായ രഹസ്യമാണ്. മനുഷ്യബുദ്ധിയുടെ ഉപജ്ഞാതാവും സ്രഷ്ടാവുമാകയാല്‍ ത്രിത്വൈക ദൈവം മനുഷ്യബുദ്ധിക്കു വഴങ്ങാത്ത സത്യമാണ്.

പരി. ത്രിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസ പ്രബോധനങ്ങള്‍ സംക്ഷിപ്തമായി ഒന്ന് കാണാം.

1. ദൈവം പിതാവാണ് എന്ന സങ്കല്‍പം വിവിധ മതങ്ങളിലുമുള്ളതാണ്. പഴയനിയമം സകലത്തിന്‍റെയും സ്രഷ്ടാവ് (നിയ 32:6; മലാ 2:10) എന്ന നിലയിലും ഉടമ്പടിവഴി ആദ്യജാതനായ ഇസ്രായേലിന്‍റെ പരിപാലകന്‍ (പുറ 4:22) എന്ന നിലയിലും ദൈവത്തെ പിതാവ് എന്നു വിളിച്ചിരുന്നു. എന്നാല്‍ ദൈവത്തെ പിതാവ് എന്നു വിളിക്കാനുള്ള ഏറ്റവും പ്രധാന കാരണം വെളിപ്പെടുത്തിയത് ഈശോയാണ്. തന്‍റെ ഏകജാതനായ പുത്രന്‍തമ്പുരാനു ജന്മം നല്‍കിയവന്‍ എന്ന നിലയില്‍ ദൈവം പിതാവാണ് എന്ന് ഈശോ വ്യക്തമാക്കി. ദൈവത്തെ പിതാവ് എന്നു വിളിക്കുന്നതിലൂടെ ദൈവം പുരുഷനാണ് എന്നു തെറ്റിദ്ധരിക്കരുത്. സ്ത്രീപുരുഷ ലിംഗഭേദങ്ങള്‍ക്കും മാനുഷികമായ മാതൃത്വ പിതൃത്വ വ്യത്യാസങ്ങള്‍ക്കും അതീതമായ അര്‍ത്ഥത്തിലാണ് ദൈവം പിതാവാണ് എന്ന സംജ്ഞയെ മനസ്സിലാക്കേണ്ടത് (CCC 219).

2. തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ പിതാവിനും പുത്രനുമൊപ്പമുള്ള മറ്റൊരു ദൈവികവ്യക്തിയെ (paraclete) ക്കുറിച്ചുകൂടി ഈശോ വെളിപ്പെടുത്തി (യോഹ 14:17,26; 16:13). സൃഷ്ടിമുതല്‍ സന്നിഹിതനും (ഉത്പ 1:2) ദൈവജനത്തിന്‍റെ നായകരിലൂടെ സംസാരിച്ചിരുന്നവനുമായ പരിശുദ്ധാത്മാവാണ് ഈ സഹായകന്‍ (paraclete) എന്ന് ഈശോ വ്യക്തമാക്കിയപ്പോഴാണ് ത്രിത്വരഹസ്യം പൂര്‍ണ്ണമായും അനാവൃതമായത്.

3. ആദിമസഭ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞിരുന്നത് ത്രിത്വൈക ദൈവത്തിന്‍റെ നാമത്തിലായിരുന്നു. ആദിമസഭയില്‍ മാമ്മോദീസാ ത്രിത്വൈക ദൈവത്തിന്‍റെ നാമത്തിലാണ് (മത്താ 28:19) പരികര്‍മ്മം ചെയ്തിരുന്നത്. പ്രാര്‍ത്ഥനകള്‍ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് ആരംഭിച്ചിരുന്നത്.... നാമത്തില്‍ എന്നതിനു പകരം "നാമങ്ങളില്‍" എന്ന് ഒരിക്കലും ഉപയോഗിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പരി. ത്രിത്വം ഏകദൈവമാണ് എന്ന വിശ്വാസമാണ് ഈ ഏകവചന പ്രഘോഷണത്തില്‍ പ്രതിഫലിക്കുന്നത്. വി. പൗലോസിന്‍റെ ലേഖനങ്ങളിലെ ആരാധനാക്രമപരമായ ആശീര്‍വാദങ്ങള്‍ ത്രിത്വൈകദൈവ സ്തുതിപ്പുകളാണ്: "നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും....." ഏ.ഡി. 50 കളില്‍ എഴുതപ്പെട്ട ഈ ലേഖനങ്ങള്‍ ആദിമസഭയുടെ ത്രിത്വൈകദൈവത്തിലുള്ള വിശ്വാസത്തെയാണ് സ്പഷ്ടമായി അവതരിപ്പിക്കുന്നത്. തന്മൂലം ത്രിത്വൈക വിശ്വാസം ഏതെങ്കിലും ദൈവശാസ്ത്രജ്ഞന്‍റെയോ സൂനഹദോസിന്‍റെയോ കണ്ടെത്തലല്ല എന്നു വ്യക്തമാണ്.

4. പരിശുദ്ധ ത്രിത്വത്തില്‍ സത്താപരമായ ഐക്യമുണ്ട് (Homoouosia). തൊളേദോ കൗണ്‍സിലിന്‍റെ (614) വ്യാഖ്യാനമനുസരിച്ച്, പിതാവ് ആയിരിക്കുന്നതെന്തോ അതാണു പുത്രനും ആയിരിക്കുന്നത്. പിതാവും പുത്രനും എന്തായിരിക്കുന്നുവോ അതാണ് പരിശുദ്ധാത്മാവും ആയിരിക്കുന്നത് (DS 50:26). പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ സത്തയാണെന്നതിനാല്‍ അവര്‍ മൂന്നു ദൈവങ്ങളല്ല, ഒരേ ദൈവംതന്നെയാണ്. പ്രകാശത്തില്‍ നിന്നുള്ള പ്രകാശംڈ എന്ന പ്രതീകമാണ് സത്താപരമായ ഐക്യത്തെ സൂചിപ്പിക്കാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് ഉപയോഗിക്കുന്നത്. കത്തുന്നതിരിനാളവും അതില്‍നിന്നു കൊളുത്തപ്പെട്ട തിരിനാളവും തമ്മിലുള്ള സത്താപരമായ ഐക്യത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്.

ഒരേ സത്ത (Homoouosia) എന്നതിനു പകരം ഒരുപോലെയുള്ള സത്ത (Homoiouosia) യാണ് ത്രിത്വൈക ദൈവം എന്നു വാദിച്ചവരും മൂന്നു വ്യക്തികളെപ്പോലെ ത്രിത്വത്തോടൊപ്പമുള്ള നാലാമത്തെ വ്യക്തിയാണ് ദൈവികസത്ത എന്നു വാദിച്ചവരും (Quaternity) സഭാചരിത്രത്തിലുണ്ടായിരുന്നു. എന്നാല്‍, ഇവയെല്ലാം പാഷണ്ഡതകളാണെന്ന് വിവിധ സൂനഹദോസുകള്‍ പ്രഖ്യാപിച്ചു.

5. സത്താപരമായ ഐക്യമുള്ളപ്പോഴും പരിശുദ്ധത്രിത്വത്തിലെ പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യതിരിക്ത വ്യക്തികളാണ്. വി.ഗ്രിഗറി നാസിയാന്‍സനെ ഉദ്ധരിച്ച് നാലാം ലാറ്ററന്‍ സൂനഹദോസ് (1215) ഇതെക്കുറിച്ച് പഠിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്: "പിതാവ് ഒരു വ്യക്തി (alius) ആണ്, പുത്രന്‍ മറ്റൊരു വ്യക്തിയാണ്, പരിശുദ്ധാത്മാവും മറ്റൊരു വ്യക്തിയാണ്. എന്നാല്‍ അവ വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍ (aliud) അല്ല". പരിശുദ്ധത്രിത്വത്തിലെ മൂന്നു വ്യക്തികള്‍ തമ്മിലുള്ള വ്യത്യാസം അവരുടെ ഉത്ഭവത്തിലുള്ള വ്യത്യാസമാണെന്ന് ഇതേ സൂനഹദോസ് പഠിപ്പിച്ചു: "പിതാവ് പുത്രനെ ജനിപ്പിക്കുന്നു, പുത്രനാകട്ടെ ജനിപ്പിക്കപ്പെട്ടവനാണ്; പരിശുദ്ധാത്മാവാകട്ടെ പിതാവില്‍നിന്നു പുറപ്പെടുന്നവനാണ്" (DS 804). ത്രിത്വത്തിലെ മൂന്നുവ്യക്തികള്‍ (hypostasis) തമ്മില്‍ വ്യത്യാസങ്ങളില്ല എന്നു പറയുന്നത് പാഷണ്ഡതയാണ്.

6. പരിശുദ്ധത്രിത്വത്തിലെ മൂന്നുവ്യക്തികള്‍ തമ്മില്‍ പൂര്‍ണ്ണമായ ഐക്യം (perichoresis) ഉണ്ട് എന്നതും സഭയുടെ വിശ്വാസസത്യമാണ്. ത്രിത്വൈകദൈവത്തിലെ വ്യക്തിപരമായ വ്യത്യാസം അവരുടെ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. പിതാവും പുത്രനും തമ്മിലുള്ള വ്യത്യാസം അവരുടെ ബന്ധമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പേരിലാണ് വ്യതിരിക്തമായിരിക്കുന്നത്. ഫ്ളോറന്‍സ് കൗണ്‍സില്‍ പഠിപ്പിക്കുന്നതുപോലെ, "പിതാവ് പൂര്‍ണ്ണമായും പുത്രനിലും പരിശുദ്ധാത്മാവിലും, പുത്രന്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിലും പിതാവിലും, പരിശുദ്ധാത്മാവ് പൂര്‍ണ്ണമായും പിതാവിലും പുത്രനിലും ആയിരിക്കുന്ന അതുല്യമായ ഐക്യമാണ് ത്രിത്വത്തിലുള്ളത്" (DS1331). ഈ ഐക്യത്തെയാണ് പെരിക്കോറേസിസ് (ഇടയില്‍ സ്ഥലമില്ലാത്ത വിധം ചേര്‍ന്നിരിക്കുന്ന അവസ്ഥ) എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത്.

7. പരിശുദ്ധാത്മാവ് പിതാവില്‍നിന്ന് പുറപ്പെടുന്നു എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ (381) പഠിപ്പിച്ചു. എന്നാല്‍, 675ല്‍ തൊളേദോയില്‍ ചേര്‍ന്ന പ്രാദേശിക സൂനഹദോസ്, പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും (filioque) പുറപ്പെടുന്നു എന്നു കൂട്ടിച്ചേര്‍ത്തു (DS 527). ഇതിനെ പൗരസ്ത്യസഭാപിതാക്കന്മാര്‍ എതിര്‍ത്തു. ഒരു സാര്‍വ്വത്രിക സൂനഹദോസിന്‍റെ പഠനത്തെ ഒരു പ്രാദേശിക സൂനഹദോസ് തിരുത്തുന്നതിലെ അനൗചിത്യമാണ് പ്രധാനമായും അവര്‍ ചൂണ്ടിക്കാട്ടിയത്. പാശ്ചാത്യ-പൗരസ്ത്യസഭകളുടെ ത്രിത്വദര്‍ശനത്തില്‍ ഈ വ്യത്യാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഏ.ഡി. 447ല്‍ ലെയോ ഒന്നാമന്‍ മാര്‍പാപ്പാ, "പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു" എന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുണ്ടായിരുന്നു. 1439-ലെ ഫ്ളോറന്‍സ് കൗണ്‍സിലും സമാനമായ പ്രബോധനം നല്‍കുന്നുണ്ട്. പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും പിതാവിന്‍റെയും പുത്രന്‍റെയും സ്വഭാവപ്രകൃതിയിലും (nature) അസ്തിത്വത്തിലും (subsistence) ഒരേ സമയം പങ്കുചേരുന്നവനുമാണ് പരിശുദ്ധാത്മാവ് എന്ന് ഈ സൂനഹദോസ് പഠിപ്പിച്ചു.

പൗരസ്ത്യ പാരമ്പര്യമാകട്ടെ "പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുത്രനിലൂടെ പുറപ്പെടുന്നു" എന്ന സുവിശേഷപാരമ്പര്യത്തെയാണ് (യോഹ 15:26) മുറുകെപ്പിടിക്കുന്നത്. എന്നാല്‍, സൂക്ഷ്മാപഗ്രഥനത്തില്‍ ഈ രണ്ടു നിലപാടുകളും തമ്മില്‍ കാര്യമായ അന്തരമില്ല എന്നു വ്യക്തമാണ്. പരിശുദ്ധത്രിത്വത്തില്‍ പിതാവിനുള്ള പ്രഥമസ്ഥാനമാണ് പൗരസ്ത്യപാരമ്പര്യം ഊന്നിപ്പറയുന്നത്. എന്നാല്‍ പിതാവും പുത്രനും തമ്മിലുള്ള സത്താപരമായ ഐക്യത്തില്‍ ഊന്നിയാണ് പാശ്ചാത്യപാരമ്പര്യം പഠിപ്പിക്കുന്നത്. പിതാവിനും പുത്രനുമൊപ്പം ആരാധിക്കപ്പെടുന്നവനാണ് പരിശുദ്ധാത്മാവ് എന്ന് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസുതന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യനിലപാടുകളെ പരസ്പര പൂരകങ്ങളായി മനസ്സിലാക്കാവുന്നതാണ്. ഒരേസത്യത്തെ രണ്ടുവീക്ഷണകോണുകളിലൂടെ അവതരിപ്പിക്കുന്നു എന്നതിനാല്‍ പാശ്ചാത്യ-പൗരസ്ത്യവീക്ഷണങ്ങളെ വിരുദ്ധാശയങ്ങളായി കാണാതെ പരസ്പര ബഹുമാനത്തോടെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.

8. ഗ്രീക്കുസഭാ പിതാക്കന്മാരായ വി.ഗ്രിഗറി നസിയാന്‍സന്‍, നെസായിലെ വി.ഗ്രിഗറി, വി.ബേസില്‍ എന്നിവരാണ് ത്രിത്വവിജ്ഞാനീയത്തിന് ഊടും പാവും നല്‍കിയത്. ഇവര്‍ മൂവരും "കപ്പദോസിയായിലെ പിതാക്കന്മാര്‍" എന്ന പേരിലാണ് അറിയപ്പെടുന്നത്.

പരി. മറിയം പരി. ത്രിത്വത്തിലെ അംഗമോ?

പരിശുദ്ധ മറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന വിചിത്രമായ ഒരു ദൈവശാസ്ത്ര ദര്‍ശനം എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ പ്രബോധനങ്ങളില്‍ കാണാം. പരിശുദ്ധ മറിയത്തെ തിരുസ്സഭ ദൈവമാതാവായി വണങ്ങുന്നു എന്നത് സത്യമാണ്. എന്നാല്‍ ദൈവമാതാവെന്ന് വിളിക്കുന്നതിലൂടെ മാതാവിന്‍റെ ദൈവികതയല്ല അവളില്‍നിന്നു ജനിച്ച യേശുവിന്‍റെ ദൈവികതയാണ് തിരുസ്സഭ ഏറ്റു പറയുന്നത്. മനുഷ്യസ്ത്രീയില്‍ നിന്നു പിറന്നു എന്നതിനാല്‍ അവന്‍റെ ദൈവികതയെ സംശയിച്ചവര്‍ക്കുള്ള മറുപടി എന്ന നിലയിലാണ് എ.ഡി. 431 ല്‍ എഫേസൂസ് സൂനഹദോസ് "ദൈവമാതാവ്" എന്ന അഭിധാനത്തെ ഊന്നിപ്പറഞ്ഞത്. സത്യമായും ദൈവമായ ഈശോ (ഹെബ്രാ 1:8) മാംസം ധരിച്ച് മനുഷ്യനായി പിറന്നത് (യോഹ 1:14) പരിശുദ്ധ മറിയത്തില്‍ നിന്നാകയാല്‍ അവള്‍ ദൈവമാതാവ് എന്ന വിശേഷണത്തിന് അര്‍ഹയാണ് എന്നതായിരുന്നു സൂനഹദോസിന്‍റെ പ്രബോധനം. ദൈവമാതാവ് എന്ന വിശേഷണത്തിലൂടെ ഗ്രീക്കു പുരാണങ്ങളിലെപ്പോലെ മറിയത്തെ ദൈവത്തിന്‍റെ ജീവിതസഖിയോ ത്രിത്വത്തിലെ അംഗമോ ആയി സഭ കരുതുന്നില്ല.

വിശുദ്ധഗ്രന്ഥവും സഭയുടെ പ്രബോധനങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമായിരുന്നിട്ടും എമ്മാനുവല്‍ എംപറര്‍ സഖ്യത്തിന് എവിടെ നിന്നാണ് "മറിയം ദൈവമാണ്" എന്ന ആശയം ലഭിച്ചത് എന്നതു ചിന്തനീയമാണ്. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഖുറാനിലെ ഒരു വാക്യത്തെ ആധാരമാക്കി ഇത്തരമൊരു വ്യാഖ്യാനം മധ്യകാലം മുതലേ നിലനിന്നിരുന്നു എന്നത് സത്യമാണ്. പരിശുദ്ധ ഖുറാനില്‍ നിന്നുള്ള ഉദ്ധരണികള്‍ ഇങ്ങനെയാണ്: അല്ലാഹു അരുള്‍ ചെയ്യും: "മറിയത്തിന്‍റെ പുത്രനായ ഈസാ, നീ മനുഷ്യരോടു പറയില്ലേ, എന്നെയും എന്‍റെ അമ്മയെയും അല്ലാഹുവിന്‍റെ ഇരുവശങ്ങളിലുമുളള ദൈവങ്ങളായി സ്വീകരിക്കാന്‍. അവന്‍ പറയും: അങ്ങേയ്ക്കു മഹത്വമുണ്ടാകട്ടെ! എനിക്ക് അവകാശമില്ലാത്തതു ഞാന്‍ പറയുമോ. ഞാന്‍ അപ്രകാരം പറഞ്ഞിരുന്നെങ്കില്‍ അങ്ങ് അത് അറിയുമായിരുന്നല്ലോ...(ഖുറാന്‍ 5:116)

ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ ഈ വാക്യത്തെ വിശദീകരിച്ചുകൊണ്ട് ഡബ്ലു.സി.ടിസ്ദാള്‍ രചിച്ച ഗ്രന്ഥത്തില്‍ (The Original Sources of the Quran, London, 1905) ക്രിസ്തീയ ത്രിത്വത്തെ ദൈവവും യേശുവും മറിയവും ചേര്‍ന്ന സഖ്യമായി ഖുറാന്‍ വ്യാഖ്യാനിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഖുറാനിലെ വാക്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തതു കൊണ്ടാണ് ഇപ്രകാരമൊരു നിഗമനത്തില്‍ ഗ്രന്ഥകാരന്‍ എത്തുന്നത് എന്നു വ്യക്തമാണ്.

പക്ഷേ, മറിയത്തെയും യേശുവിനെയും അല്ലാഹുവിനൊപ്പം ആരാധിക്കേണ്ട ദൈവങ്ങളായി നീ പഠിപ്പിച്ചോ? എന്ന ഖുറാനിലെ ചോദ്യത്തിന്‍റെ പശ്ചാത്തലമെന്ത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. നാലാം നൂറ്റാണ്ടില്‍ സൈപ്രസിലെ കോണ്‍സ്റ്റാന്‍സിയായിലെ മെത്രാനും സഭാപിതാവുമായിരുന്ന വി. എപ്പിഫാനിയൂസിന്‍റെ രചനകളില്‍ ഇതിന്‍റെ ഉത്തരം കണ്ടെത്താനാകും. മറിയത്തെ പരി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായി അംഗീകരിച്ച് ആരാധിക്കുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ അറേബ്യയില്‍ ഉണ്ടായിരുന്നതായാണ് എപ്പിഫാനിയൂസ് രേഖപ്പെടുത്തുന്നത്. കൊള്ളൂറിഡിയന്‍ പാഷണ്ഡത എന്ന പേരില്‍ അറിയപ്പെട്ട ഈ പാഷണ്ഡതയെ വിശുദ്ധന്‍ കര്‍ക്കശമായി തിരുത്തുന്നുണ്ട് (Panarion, Haer. 79 PG 42, 752). ആദിമനൂറ്റാണ്ടുകള്‍ മുതല്‍ മധ്യകാലം വരെ പരിശുദ്ധ അമ്മയെ ദൈവമായി കരുതുന്ന ഒരു വിഭാഗം പാഷണ്ഡികള്‍ നിലനിന്നിരുന്നതായി ചരിത്രകാരനായ ജയോഫ്രി ആഷേ സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഈ പാഷണ്ഡത ദീര്‍ഘകാലം നിലനിന്നിരുന്നു എന്ന വാദത്തെ ആവറില്‍ കാമറൂണ്‍ (The Cult of the Virgin in Late Antiquity, Studies in Church History-39) ഖണ്ഡിക്കുന്നുണ്ട്. എ.ഡി. 350 നും 450 നും ഇടയിലാണ് ഈ പാഷണ്ഡത നിലനിന്നിരുന്നത് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. പരിശുദ്ധ അമ്മയെ ആരാധിക്കുന്നതിന്‍റെ ഭാഗമായി ഇവര്‍ ചെറിയ അപ്പക്കഷണങ്ങള്‍ (ഗ്രീക്കില്‍ - കൊള്ളറിസ്) നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നു. ഈ ആചാരത്തില്‍ നിന്നാണ് ഇവര്‍ക്ക് പ്രസ്തുത പേര് ലഭിച്ചത് എന്നു കരുതപ്പെടുന്നു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ലെയോന്തിയൂസ് ഈ പാഷണ്ഡികളെ "ഫിലോ മരിയാനൈറ്റ്സ്" (മറിയ സ്നേഹികള്‍) എന്നാണ് വിശേഷിപ്പിച്ചിരുന്നത് (PG 87, 1364). മാതാവിനെ ഒരു ദേവതയായി കരുതി പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായി ആരാധിച്ചിരുന്ന ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇവരുടെ പുരോഹിത ശുശ്രൂഷകരും മിക്കവാറും സ്ത്രീകളായിരുന്നു. വനിതാ പൗരോഹിത്യത്തിനുവേണ്ടി വാദിക്കുന്ന ചില സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍ ഈ പാഷണ്ഡതയെ അവലംബമാക്കാറുണ്ട്.

ഈ പാഷണ്ഡതയെ നിശിതമായി എതിര്‍ത്ത എപ്പിഫാനിയൂസ് എഴുതുന്നത് ശ്രദ്ധേയമാണ്: ഭൂമിയിലെ ഏറ്റവും വിശുദ്ധയും ലാവണ്യവതിയും ആദരണീയയുമായ മനുഷ്യവ്യക്തി പരിശുദ്ധ മറിയമാണ്. എന്നാല്‍ അവള്‍ ആരാധനയ്ക്ക് അര്‍ഹയല്ല (Haer 79.7; PG 42, 752). എന്തെന്നാല്‍ മറിയം ഒരു ദേവതയല്ല, അവള്‍ ശരീരം സ്വീകരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്നുമല്ല (Haer. 78.24).

കൊള്ളുറീഡിയന്‍ പാഷണ്ഡതയെക്കുറിച്ച് വിശുദ്ധ ജോണ്‍ ഡമഷീനും പ്രതിപാദിക്കുന്നുണ്ട് (PG 94, 728). എന്നാല്‍ ആദ്യകാല വിശ്വാസ സംരക്ഷക രചനകളില്‍ (apologetics) ഈ പാഷണ്ഡതയെക്കുറിച്ചു സൂചനകളില്ല. ഇറനേവൂസിന്‍റെ "പാഷണ്ഡതകള്‍ക്കെതിരേ" (എ.ഡി. 225), എവുസേബിയൂസിന്‍റെ സഭാചരിത്രം (എ.ഡി. 325) എന്നീ ഗ്രന്ഥങ്ങള്‍ ഈ പാഷണ്ഡതയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. തന്മൂലം ഈ പാഷണ്ഡത ആരംഭകാലം മുതല്‍ സഭയില്‍ നിലനിന്നിരുന്നില്ല എന്ന് അനുമാനിക്കാം.

ചുരുക്കത്തില്‍, കൊള്ളൂറിഡിയന്‍ പാഷണ്ഡതയെ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി തെറ്റിദ്ധരിച്ചതു കൊണ്ടാകാം ഖുറാന്‍ 5:116 ല്‍ ഇപ്രകാരമൊരു ചോദ്യം ഉന്നയിക്കപ്പെടുന്നത്. എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം പ്രഘോഷിക്കുന്ന പരിശുദ്ധ മറിയം ഉള്‍പ്പെടുന്ന "വിചിത്രത്രിത്വം" ഈ പാഷണ്ഡതയുടെ സമകാലിക പതിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മറിയത്തിന്‍റെ ദൈവത്വം

പരിശുദ്ധമറിയം ദൈവമാതാവും അമലോത്ഭയും നിത്യകന്യകയും സ്വാര്‍ഗ്ഗാരോപിതയുമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, മറിയം ദൈവത്തിന്‍റെ സൃഷ്ടിയും ഈശോയുടെ സഭയിലെ ആദ്യഅംഗവും രക്ഷിക്കപ്പെട്ടവരിലെ ആദ്യ ഫലവുമാണെന്ന് സഭ അസന്ദിഗ്ധമായി പഠിപ്പിക്കുന്നു. ദൈവപുത്രന് ജന്മം കൊടുക്കുമ്പോഴും അവള്‍ മനുഷ്യസ്ത്രീതന്നെയായിരുന്നു എന്നു സാരം. എന്നാല്‍ മറിയത്തിന്‍റെ ദൈവികതയ്ക്ക് ഊന്നല്‍ നല്‍കുന്ന എംപറര്‍ എമ്മാനുവല്‍ ഗ്രൂപ്പ് ലോകസൃഷ്ടിക്കുമുമ്പേ മറിയം ഉണ്ടായിരുന്നു എന്നു സ്ഥാപിക്കുന്നു. ഉത്പ:1:26-27 നെ ആധാരമാക്കിയാണ് എംപറര്‍ പ്രസ്ഥാനം ഈ വ്യാഖ്യാനം നല്‍കുന്നത്.

ഉത്പ 1:26-27 - ദൈവം വീണ്ടും അരുളിച്ചെയ്തു: "നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. .... അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവനെ സൃഷ്ടിച്ചു." "നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും " എന്നത് സ്രഷ്ടാവായ ദൈവം പരിശുദ്ധ മറിയത്തോടു പറഞ്ഞതാണെന്നാണ് എമ്മാനുവല്‍ എംപറര്‍ ഗ്രൂപ്പിന്‍റെ വ്യാഖ്യാനം. തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ മനുഷ്യന്‍ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ സൃഷ്ടികര്‍മ്മത്തില്‍ ദൈവത്തോടൊപ്പം സ്ത്രീയായ മറിയവും പങ്കുചേര്‍ന്നു എന്നതാണ് ഇവരുടെ വാദത്തിന്‍റെ കാതല്‍. എന്നാല്‍, ഈ വാദഗതി അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാന്‍ "നമുക്കു നമ്മുടെ ഛായയിലും ......" എന്ന ബഹുവചനരൂപത്തിന്‍റെ അര്‍ത്ഥവും ഛായ, സാദൃശ്യം എന്നീ പദങ്ങളുടെ അര്‍ത്ഥവും ഗ്രഹിക്കേണ്ടതുണ്ട്.

"നമുക്ക് നമ്മുടെ"

ദൈവം ഏകനാണ് എന്ന വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ ബഹുവചനരൂപം വ്യാഖ്യാനിക്കുന്നത് ദുഷ്കരമാണ്. സഭാപിതാക്കന്മാരുടെ കാലംമുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഈ വചനത്തിനു നല്‍കപ്പെട്ടിട്ടുണ്ട്.

1. ആദരസൂചകമായി പൂജകബഹുവചനരൂപം ഉപയോഗിച്ചു എന്നതാണ് ഒരു വ്യാഖ്യാനം. എന്നാല്‍, പൂജകബഹുവചനരൂപം ഹീബ്രുശൈലിയില്‍ അസാധാരണമാകയാല്‍ ഈ വ്യാഖ്യാനം പൂര്‍ണ്ണമായും സ്വീകരിക്കാനാവില്ല.
2. എലോഹിം (ദൈവം) എന്ന പദം വ്യാകരണനിയമമനുസരിച്ച് ബഹുവചനരൂപമാകയാല്‍ ബഹുവചനസര്‍വനാമം ഉപയോഗിച്ചതാണ് എന്നതാണ് മറ്റൊരു വ്യാഖ്യാനം. വ്യാകരണ ദൃഷ്ട്യാ ബഹുവചനമാണെങ്കിലും ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്ന യഹൂദര്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ബഹുവചനസര്‍വനാമം ഉപയോഗിക്കുന്നു എന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്.
3. സ്വര്‍ഗ്ഗീയസദസ്സിലെ മാലാഖാമാരോടും അരൂപികളോടും ദൈവം ചര്‍ച്ചനടത്തിയതിനെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ജോബ് 1:6; 2:1 എന്നീവചനഭാഗങ്ങളില്‍ ദൈവം സ്വര്‍ഗ്ഗവാസികളുമായി ചര്‍ച്ചനടത്തുന്നത് ഈ വ്യാഖ്യാനത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കാറുണ്ട്.
4. ദൈവം സ്വയം നടത്തുന്ന ചര്‍ച്ചയാണിത് എന്നതാണ് മറ്റൊരു വ്യാഖ്യാനം. ദൈവം സ്വയമേ എടുത്ത തീരുമാനത്തെയാണ് ഈ വചനം സൂചിപ്പിക്കുന്നത് എന്നു കരുതുന്നതാണ് കൂടുതല്‍ ശരിയായ വ്യാഖ്യാനം. "നഷാഗ്" എന്ന ക്രിയയാണ് ഹീബ്രൂവില്‍ ഉപയോഗിക്കുന്നത്. ഈ ക്രിയ (1st Person Plural coharative) ഉപയോഗിച്ചിരിക്കുന്ന 18 സന്ദര്‍ഭങ്ങള്‍ കൂടി പഴയനിയമത്തിലുണ്ട്. (പുറ 19:8; 24:3 etc) ഈ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ ചര്‍ച്ചചെയ്തു (discuss) എന്നതിനേക്കാള്‍ തീരുമാനിച്ചു (determine) എന്ന അര്‍ത്ഥത്തിനാണ് പ്രാമുഖ്യം.
5. താന്‍ നടത്തിയ സര്‍വ്വസൃഷ്ടികളെയും സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍റെ സൃഷ്ടിയില്‍ പങ്കുചേരാനായി ദൈവം ക്ഷണിക്കുന്നതായും ഈ വചനത്തെ മനസ്സിലാക്കാം. സൃഷ്ടിയുടെ ആദ്യനാളുകളില്‍ ദൈവം സൃഷ്ടിച്ച മണ്ണും വെള്ളവും വായുവും ജീവനും ...... എല്ലാം മനുഷ്യന്‍റെ സൃഷ്ടിക്കായി ദൈവം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിനാല്‍ ഈ വ്യാഖ്യാനവും നിരാകരിക്കേണ്ടതില്ല.
6. അവസാനമായി, പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള വിദൂരപരാമര്‍ശമായി ഈ വചനത്തെ മനസ്സിലാക്കാന്‍ കഴിയും. ഈ വചനഭാഗം എഴുതിയ പുരോഹിത ഗ്രന്ഥകാരന് (P) പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നില്ല എന്നത് സത്യമായിരിക്കാം. എന്നാല്‍, ഗ്രന്ഥകര്‍ത്താവ് നിരൂപിക്കാത്ത അര്‍ത്ഥങ്ങള്‍ പ്രസ്തുത വചനത്തിന് ദൈവനിവേശനത്തിലൂടെ രൂപം നല്‍കിയ ദൈവം നിരൂപിക്കാനുള്ള സാധ്യത (Sensus Plenior) നിഷേധിക്കാനാവില്ല. പരിശുദ്ധത്രിത്വത്തിലെ പരസ്പരകൂട്ടായ്മയെ സൂചിപ്പിക്കുന്ന ഈ വചനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം പുതിയ നിയമത്തിലാണ് നാം സമഗ്രമായി ഗ്രഹിക്കുന്നത്.

മുകളില്‍ പരാമര്‍ശിച്ച വ്യാഖ്യാനങ്ങളില്‍നിന്ന് ഒരു കാര്യം പകല്‍പോലെ വ്യക്തമാണ്. ഉത്പ 1:26 ലെ ബഹുവചനരൂപത്തിലുള്ള വചനം ("നമുക്കു നമ്മുടെ .....") സ്രഷ്ടാവായ ദൈവവും പരി. മറിയവും തമ്മിലുള്ള സംഭാഷണമായി വ്യാഖ്യാനിക്കുന്ന എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റിന്‍റെ വ്യാഖ്യാനം ഭീമാബദ്ധമാണ്. ഇക്കൂട്ടരുടെ വ്യാഖ്യാനമനുസരിച്ച് പിതാവായ ദൈവത്തിന് മറിയത്തില്‍ ജനിച്ച ആദ്യപുത്രനാണ് ആദ്യമനുഷ്യനായ ആദം. ദൈവം നടത്തിയ സൃഷ്ടിയെ ലൈംഗികതയുമായി ബന്ധിപ്പിച്ചുകൊണ്ട് ലൈംഗികതയെ ദൈവവത്കരിക്കുന്ന ശ്രമമാണിവിടെ. ലൈംഗികതയെ വിശുദ്ധവും ദൈവദാനവുമായി കരുതുന്നതാണ് കത്തോലിക്കാസഭയുടെ കാഴ്ചപ്പാട്. എംപറര്‍ പ്രസ്ഥാനക്കാരാകട്ടെ ദൈവത്തിന്‍റെ ലൈംഗികതയെ അപഗ്രഥിച്ചുകൊണ്ട് നടത്തുന്ന വചനവ്യാഖ്യാനം ലൈംഗിക അരാജകത്വത്തിലേക്കുള്ള ദിശാസൂചികയാകാം. ഭഗവാന്‍ കൃഷ്ണനെയും യേശുക്രിസ്തുനെപ്പോലും ലൈംഗികാതിപ്രസരണത്തിന്‍റെ വക്താക്കളായി അവതരിപ്പിച്ച് ദൈവാനുഭവം എന്നത് ലൈംഗികാനന്ദമാണെന്നു വ്യാഖ്യാനിച്ച ഓഷോ രജനിഷിന്‍റെ വഴിയും എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റ് നടത്തുന്ന വ്യാഖ്യാനത്തിന്‍റെ ലക്ഷ്യവും ഒരേ ദിശയിലേക്കാണ് നീങ്ങുന്നത്.

ഛായ, സാദൃശ്യം

ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചപ്പോള്‍ സ്ത്രീയും പുരുഷനും ജനിച്ചെങ്കില്‍ ദൈവത്തിന്‍റെ ഛായയില്‍ സ്ത്രീയുടെ ഛായയുണ്ടെന്നും ആ ഛായ പരിശുദ്ധ മറിയത്തിന്‍റേതാണെന്നുമാണ് എമ്മാനുവല്‍ എംപറര്‍ ട്രസ്റ്റിന്‍റെ വ്യാഖ്യാനം.

എന്നാല്‍, ഈ വ്യാഖ്യാനം ബൈബിള്‍ ലക്ഷ്യമാക്കുന്ന അര്‍ത്ഥവുമായി പുലബന്ധംപോലും ഇല്ലാത്തതാണ്. ഛായ, സാദൃശ്യം എന്നതിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന "സെലെം" എന്ന ഹീബ്രുവാക്ക് മദ്ധ്യപൂര്‍വ്വ ദേശങ്ങളുടെ (ANE) പശ്ചാത്തലത്തില്‍, ഗ്രാമങ്ങള്‍തോറും സ്ഥാപിക്കുന്ന, ഭരണാധികാരിയായ രാജാവിന്‍റെ പ്രതിമയെയാണ് സൂചിപ്പിക്കുന്നത്. രാജ്യം ഭരിക്കുന്ന രാജാവിന്‍റെ പ്രതീകമെന്ന നിലയില്‍ നാല്ക്കവലകള്‍ തോറും സ്ഥാപിക്കുന്ന പ്രതിമകളുടെ (Zelem) മുന്നിലാണ് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. രാജാവിന്‍റെ സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്ന പ്രതീകമായിരുന്നു പ്രതിമ. മനുഷ്യന്‍ ദൈവത്തിന്‍റെ ഛായ (Zelem) ആണെന്ന് ഉത്പത്തി ഗ്രന്ഥകാരന്‍ പറയുന്നതിന്‍റെ അര്‍ത്ഥം, സ്രഷ്ടാവായ ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിനിധിയും പ്രതീകവും മനുഷ്യനാണ് എന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്‍ ഭൂമിയില്‍ നിര്‍വ്വഹിക്കാനുള്ള ദൗത്യം എപ്രകാരമുള്ളതാണ് എന്നതിന്‍റെ സൂചനയാണ് ഛായ (Zelem) എന്ന പദം വ്യക്തമാക്കുന്നത്. സാദൃശ്യം എന്നതിനെ സൂചിപ്പിക്കുന്ന "ദെമൂത്" എന്ന പദം മനുഷ്യന്‍റെ അസ്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവികതയുടെ സ്പര്‍ശമുള്ള മനുഷ്യന്‍ മറ്റെല്ലാ സൃഷ്ടികളില്‍നിന്നും വ്യത്യസ്തനും അവയ്ക്കെല്ലാം അധികാരിയുമാണ് എന്ന സത്യം "ദെമൂത്" എന്ന പദത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.

മനുഷ്യന്‍റെ അസ്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്ന സാദൃശ്യം (Demut), ഛായ (Zelem)എന്നീ പദങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീയുടെ ഛായ പരി. മറിയത്തിന്‍റേതും പുരുഷന്‍റെ ഛായ ദൈവത്തിന്‍റേതുമാണെന്ന് വ്യാഖ്യാനിക്കുന്ന എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ വി. ഗ്രന്ഥവ്യാഖ്യാനം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണ്.തീയംപറ്റും (വെളിപാട് 12:1-4) സ്ത്രീയും എംപററും (വെളിപാട് 12:1-4) വെളിപാട് 12:1-14 ല്‍ വിവരിക്കുന്ന സ്ത്രീ ആയിരം വര്‍ഷം ഭരണം നടത്താന്‍ വരുന്ന എമ്മാനുവല്‍ എംപററിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന മറിയമാണെന്നാണ് എമ്മാനുവല്‍ എംപറര്‍ ട്രസ്ററിന്‍റെ വ്യാഖ്യാനം. പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന മറിയം രാജാവായ എമ്മാനുവലിനെ പ്രസവിക്കുന്നതോടെ എമ്മാനുവല്‍ എംപററിന്‍റെ യുഗം ആരംഭിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ വെളിപാട് 12:1-4 ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍ ഈ വാദഗതി അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടും.
വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീ ഒരേസമയം യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെയും ദൈവജനമായ സഭയുടെയും പ്രതീകമാണ്. മറിയത്തെ സഭയുടെ പ്രതീകമായി അവതരിപ്പിക്കുന്ന ശൈലി യോഹന്നാന്‍റെ ദൈവശാസ്ത്രത്തിന്‍റെ ഭാഗമാണ്. (യോഹ 2:1-12;19:25-27). ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനിരിക്കുന്നവന്‍ (വെളി 12:5) യേശു ആയതിനാല്‍ അവനെ പ്രസവിച്ച സ്ത്രീ മറിയം തന്നെയാണ്. എന്നാല്‍ സ്ത്രീയുടെ വിശേഷണങ്ങളായി ചേര്‍ത്തിരിക്കുന്ന പ്രതീകങ്ങള്‍ മറിയം എന്ന ഏകവ്യക്തിയെക്കാളും ദൈവജനം എന്ന പൊതുപ്രതീകത്തെ ദ്യോതിപ്പിക്കുന്നതാണ്. "ചന്ദ്രനെപ്പോലെ സൗന്ദര്യവതിയും സൂര്യനെപ്പോലെ നിര്‍മ്മലചരിതയുമായ " ഉത്തമഗീതത്തിലെ മണവാട്ടി ദൈവജനമായ ഇസ്രായേലിന്‍റെ പ്രതീകമാണല്ലോ (ഉത്ത 6:10). പന്ത്രണ്ടു നക്ഷത്രങ്ങളാകട്ടെ പഴയനിയമ ദൈവജനത്തെ സൂചിപ്പിക്കുന്ന 12 ഗ്രോത്രങ്ങളെയും പുതിയനിയമ ദൈവജനത്തെ സൂചിപ്പിക്കുന്ന 12 അപ്പസ്തോലന്മാരെയും പ്രതിനിധാനം ചെയ്യുന്നു.

സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന സര്‍പ്പം മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയെ തകിടം മറിക്കാനുള്ള പിശാചിന്‍റെ സമസ്ത പ്രവര്‍ത്തനങ്ങളുടെയും സൂചനയാണ്. ബൈബിള്‍ പണ്ഡിതനായ ഡോ. മൈക്കിള്‍ കാരിമറ്റം ഈ വചനഭാഗത്തിനു നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ് (വെളിപാട് PP. 175-176).

"ദൈവജനത്തിനും മിശിഹായ്ക്കും എതിരേ നടന്ന പീഡനങ്ങളുടെ അനേകം ചിത്രങ്ങള്‍ ഇത് അനുസ്മരിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കാന്‍ വിടാതെ ദൈവജനത്തെ അടിമയാക്കിവച്ച ഫറവോയും, പ്രവാസത്തിലേക്കു നയിച്ച നബുക്കദ്നേസറും കഠിനമായി പീഡിപ്പിച്ച അന്തിയോക്കസ് നാലാമനും മിശിഹായെ വധിക്കാന്‍ ശ്രമിച്ച ഹേറോദേസും എല്ലാം ഈ ചിത്രത്തിനു പിന്നില്‍ മിന്നി മറയുന്നു. പരസ്യജീവിതകാലത്ത് രക്ഷാപദ്ധതിക്കു തുരങ്കം വയ്ക്കാനായി സാത്താന്‍ നടത്തിയ പ്രലോഭനങ്ങള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ലൂക്കാ 4,1-13;22,28). യേശുവിനെ മരണശിക്ഷയ്ക്കു ഏല്‍പിച്ചു കൊടുക്കുന്നതിന്‍റെ പിന്നിലും സാത്താന്‍റെ പ്രവര്‍ത്തനം ദൃശ്യമാകുന്നു (ലൂക്കാ 22, 3-6; യോഹ 13,2). ദൈവജനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന സാമ്രാജ്യശക്തികള്‍ക്കെല്ലാം പിന്നില്‍ നില്‍ക്കുന്നത് പുരാതന സര്‍പ്പം തന്നെയാണെന്ന് യോഹന്നാന്‍ സൂചിപ്പിക്കുന്നു. ദൈവിക ശിശുവിനെ വധിക്കാന്‍ ശ്രമിക്കുന്ന സര്‍പ്പത്തിന്‍റെ കഥകള്‍ മിക്കവാറും എല്ലാ പുരാതന മതങ്ങളുടെയും ഇതിഹാസങ്ങളിലുണ്ട്. അതിനാല്‍ അനുവാചകര്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്നതാണ് ഈ ചിത്രം.

1260 ദിവസം എന്നത് മതമര്‍ദ്ദന കാലത്തെ സൂചിപ്പിക്കുന്നു. മൂന്നരവര്‍ഷം, സമയവും സമയങ്ങളും സമയത്തിന്‍റെ പകുതിയും എന്നീ കാല സൂചനകളും ഇതേ അര്‍ത്ഥത്തിലാണ് (വെളി 11:3). ക്രിസ്തുവിന്‍റെ മഹത്വമേറിയ രണ്ടാമത്തെ ആഗമനംവരെ സഭ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളും ത്യാഗങ്ങളുമാണ് ഇവിടെ വിശേഷിപ്പിക്കപ്പെടുന്നത്. അന്തിയോക്കസ് എപ്പിഫാനസിന്‍റെ ഭീകരമായ മതമര്‍ദ്ദനം 1260 ദിവസം നീണ്ടുനിന്നതിനാലാണ് മതമര്‍ദ്ദനകാലത്തിന്‍റെ പ്രതീകാത്മക സംഖ്യയായി 1260നെ വെളിപാടുഗ്രന്ഥകാരന്‍ തിരഞ്ഞെടുത്തത്.

സര്‍പ്പം നദിപോലെ ജലമൊഴുക്കുന്നതും അര്‍ത്ഥസാന്ദ്രമാണ്. ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ പ്രതീകാത്മകമാണ് പ്രളയജലം (ഉത്പ 7-8). ഇസ്രായേല്‍ക്കാരായ ആണ്‍കുട്ടികളെ നൈല്‍നദിയില്‍ എറിഞ്ഞ് ഈജിപ്തുകാര്‍ വധിച്ചത് (പുറ 1-2), ചാവുകടല്‍ രൂപം കൊള്ളുന്നത് (ഉത്പ 18-19) തുടങ്ങിയ വിവരണങ്ങള്‍ ഈ പ്രതീകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഭൂമി വാ പിളര്‍ന്ന് തിന്മയെ വിഴുങ്ങുന്നതും പഴയനിയമത്തിലെ കോറഹിന്‍റെ കഥയെ അനുസ്മരിപ്പിക്കുന്നു (സംഖ്യ 16:25-35). മരുഭൂമിയിലെ പീഡനത്തിനു വിധേയയാകുന്ന സ്ത്രീ മരുഭൂമിയിലലഞ്ഞ ഇസ്രായേലിനെയും മതമര്‍ദ്ദനത്തെ നേരിടുന്ന പുതിയ ഇസ്രായേലായ സഭയേയും പ്രതീകവത്കരിക്കുന്നു. ഒരേസമയം പരിശുദ്ധമറിയത്തെയും ദൈവജനമായ സഭയെയും "സ്ത്രീ" എന്ന സംജ്ഞയിലൂടെ സമഞ്ജസമായി യോഹന്നാന്‍ അവതരിപ്പിക്കുന്നു.

മരുഭൂമിയിലേക്ക് ഓടിപ്പോകുന്ന സ്ത്രീ അവിടെ സംരക്ഷിക്കപ്പെടുന്നത്, സഭയെ ക്രിസ്തു സംരക്ഷിക്കുന്നതിന്‍റെ പ്രതീകമാണ്. 

മരുഭൂമി ദൈവസംരക്ഷണത്തിന്‍റെ പ്രതീകമാണ്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്തി ദൈവം മരുഭൂമിയില്‍ സംരക്ഷിക്കുന്നു. (പുറ.16:1ff;17: 1ff; 13:17-þ22); ജസ്സബെല്‍ രാജ്ഞിയെ ഭയന്ന് ഏലിയാ പ്രവാചകന്‍ മരുഭൂമിയിലേക്ക് ഓടിപ്പോയി (1 രാജാ.19:3); മത്താത്തിയാനും കൂട്ടരും അന്തിയോക്കസ് നാലാമന്‍റെ മതമര്‍ദ്ദനകാലത്ത് രക്ഷയ്ക്കായ് മരുഭൂമിയിലേക്ക് പലായനം ചെയ്തു. (മക്ക.2:28-29); ജോസഫും മേരിയും യേശുവിനെ ഹേറോദോസിന്‍റെ കൈയില്‍ നിന്നു സംരക്ഷിക്കുവാന്‍ ഈജിപ്തിലേക്ക് പോകുന്നത് മരുഭൂമിയിലൂടെയാണ്. റോമക്കാര്‍ക്കെതിരെ യഹൂദര്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് (ഏ.ഡി. 66) ജറുസേലേമിലുണ്ടായിരുന്ന ക്രൈസ്തവര്‍ യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ട് (മര്‍ക്കോ13:14) യോര്‍ദ്ദാനു കിഴക്ക് 'പെല്ലാ' എന്ന പട്ടണത്തിലേക്ക് പലായനം ചെയ്തതായി സഭാചരിത്രകാരനായ എവുസേബിയൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Holy Trinity Mary Mary and Holy Trinity zelem and demut ത്രിത്വം Homoouosia ഫിലോ മരിയാനൈറ്റ്സ് കൊള്ളൂറീഡിയൻ പാഷണ്ഡത മറിയത്തിന്‍റെ ദൈവത്വം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message