We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 17-Oct-2020
എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും
എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളും പ്രബോധനങ്ങളും പൊതുവേ രഹസ്യ സ്വഭാവമുള്ളവയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ബാഹ്യലോകത്തിനു ലഭിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. ഈ പ്രസ്ഥാനവുമായി വ്യക്തിപരമായും പ്രാദേശികമായും നേരിട്ടു ബന്ധമുള്ളവരുടെ അഭിപ്രായങ്ങളെ ആധാരമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനരീതിയെ ഈ അധ്യായത്തില്‍ വിശകലനം ചെയ്യുന്നത്. 2010 ഏപ്രില്‍ 14 മുതല്‍ 16 വരെ മുരിയാട് ഇടവകാദേവാലയം കേന്ദ്രമാക്കി ഗ്രന്ഥകര്‍ത്താവിന്‍റെ നേതൃത്വത്തില്‍ നടത്തിയ ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് കണ്ടുമുട്ടിയ പ്രദേശവാസികളുടെയും മുരിയാട് ഗ്രാമസമിതിയുടെ ഭാരവാഹികളുടെയും സാക്ഷ്യങ്ങള്‍ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2014 മാര്‍ച്ച് 7 മുതല്‍ 9 വരെ, എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം വിട്ടുപേക്ഷിച്ചുവന്നവര്‍ക്കായി ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ ബി.എല്‍.എമ്മില്‍വച്ച് ഗ്രന്ഥകര്‍ത്താവ് നടത്തിയ വിശ്വാസപ്രബോധന ധ്യാനത്തില്‍ പങ്കെടുത്തവരുടെ അനുഭവസാക്ഷ്യങ്ങളും ദൃക്സാക്ഷിവിവരണങ്ങളും ഈ പഠനക്കുറിപ്പ് തയ്യാറാക്കാന്‍ സഹായകമായിട്ടുണ്ട്.
മേല്‍പറഞ്ഞ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ എംപറര്‍ ഇമ്മാനുവേല്‍ ട്രസ്റ്റിന്‍റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനരീതികളെയുംകുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്:
ഉത്ഭവവും ദുരൂഹതകളുംഎംപറര്‍ എമ്മാനുവേല്‍ ട്രസ്റ്റിന് രൂപം നല്‍കിയത് ഇടുക്കി ഇരട്ടയാര്‍ സ്കൂളില്‍ ചിത്രകലാധ്യാപകനായി ജോലി ചെയ്തിരുന്ന ജോസഫ് പൊന്നാറ എന്ന അല്‍മായനാണ്. ആദ്യകാലങ്ങളില്‍ ആത്മീയ കാര്യങ്ങളോട് അധികം താത്പര്യം കാണിക്കാതിരുന്ന ഇദ്ദേഹം ഇളയ മകളുടെ മരണശേഷം സഭയുടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലേക്ക് സാവധാനത്തില്‍ ആകൃഷ്ടനാവുകയും രൂപതയുടെ വിവിധ ശുശ്രൂഷാമേഖലകളില്‍ സജീവ സാന്നിധ്യമായി മാറുകയുംചെയ്തു. 2000-ല്‍ ഇരട്ടയാറില്‍ നിന്ന് തൊടുപുഴയിലേക്ക് താമസം മാറ്റിയ ജോസഫ് പൊന്നാറ "എംബസി ഓഫ് എംപറര്‍ എമ്മാനുവേല്‍" എന്ന പേരില്‍ ഒരു സ്ഥാപനം അവിടെ ആരംഭിച്ചു. 2005ല്‍ തൊടുപുഴയില്‍ നിന്ന് ഇരിങ്ങാലക്കുട അടുത്തുള്ള മുരിയാട് കേന്ദ്രമാക്കി എംപറര്‍ എമ്മാനുവേല്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു പ്രസ്ഥാനവും സിയോന്‍ എന്ന നാമത്തില്‍ ധ്യാനകേന്ദ്രവും ആരംഭിച്ചു. 2013 അവസാനം വരെ ഈ ധ്യാനകേന്ദ്രം കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും വിശ്വാസികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, 2014 ജനുവരി മധ്യത്തില്‍ ഈ കൂടാരത്തില്‍നിന്ന് പുറത്തുകടന്ന രണ്ടു വൈദികരുള്‍പ്പെടെ നൂറോളം പേര്‍ തങ്ങളെ കത്തോലിക്കാ സഭയിലേക്ക് തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ച് സഭാധികാരികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചു. പുറത്തുവന്നവരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നത് ഇതാണ്: സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്വാധീനത്തില്‍ കുടുങ്ങി കൂടാരത്തിലെത്തിയ ഞങ്ങള്‍ സത്യം മനസിലാക്കിയിരിക്കുന്നു. അവിടെ നടക്കുന്ന 'ധ്യാന'മെന്ന പ്രഹസനവും പ്രഭാഷണങ്ങളും കൂടാരത്തിരുനാളും വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മകളും കൂടാരത്തിനകത്തു നടക്കുന്ന അധാര്‍മികമായ നടപടികള്‍ക്ക് മറയിടാനുള്ള മുഖംമൂടിമാത്രമാണ്. ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരിടമാണ് മുരിയാട് എംപറര്‍ ട്രസ്റ്റിന്‍റെ വലിയ കെട്ടിട സമുച്ചയം സ്ഥിതിചെയ്യുന്ന, പാടശേഖരം നിരത്തിയെടുത്ത ഭൂമി.
'ധ്യാനകേന്ദ്ര'ത്തിന്‍റെ ചുറ്റുമുള്ള വലിയ മതില്‍ സെന്‍ട്രല്‍ ജയിലിന്‍റേതിനെക്കാള്‍ ഉറപ്പുള്ളതും ഉയരമുള്ളതുമാണ്. ഒരുപാട് കാവല്‍ക്കാര്‍ എപ്പോഴും ഇവിടെ കാവല്‍നില്‍പ്പുണ്ട്. ചുറ്റുപാടും ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കാവല്‍ക്കാരുടെയോ ക്യാമറകളുടെയോ കണ്ണുവെട്ടിച്ച് ഇതിനകത്തേക്ക് ഒരീച്ചപോലും കടക്കില്ല. കൂടാരത്തിനകവും ദുരൂഹതകളുടെ ഈറ്റില്ലമാണ്. മറ്റുള്ളവരുടെ മുറികളില്‍ കയറാനോ ചില പ്രത്യേക ഭാഗങ്ങളിലേക്ക് പ്രവേശിക്കാനോ ശീതീകരിച്ച മട്ടുപ്പാവിലേക്ക് എത്തിനോക്കാനോ ആര്‍ക്കും ഇവിടെ അനുവാദമില്ല. കൂടാരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സംവിധാനങ്ങളോടെ രണ്ടു കിടപ്പുമുറികളുള്ള എസി വീടുകളുണ്ട്. ഒന്ന്, വൈറ്റ് ഹൗസ്. മറ്റൊന്ന്, റോസ് ഹൗസ്. വൈറ്റ് ഹൗസ് മാതാവിന്‍റെ ആലയമാണത്രേ. റോസ് ഹൗസിലാണ് സ്ഥാപകനും സഹായിയായ സ്ത്രീയും താമസിക്കുന്നതെന്നു തിരിച്ചു പോന്നവര്‍ പറയുന്നു. ഈ സ്ത്രീക്ക് ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. പേര് - സാറായേല്‍. ഏല്‍ - എന്നാല്‍ ദൈവം എന്നര്‍ത്ഥം. പുറംലോകവുമായി കൂടാരവാസികള്‍ക്ക് യാതൊരു ബന്ധവുമില്ല. ടെലിവിഷന്‍ കാണാനോ പത്രം വായിക്കാനോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനോ ഇതിലുള്ളവര്‍ക്ക് അനുവാദമില്ല. ഭര്‍ത്താവും മക്കളും മാതാപിതാക്കളും പ്രിയപ്പെട്ടവരുമൊക്കെ പിന്നീട് ഇവര്‍ക്ക് ശത്രുക്കളാണ്. അടുത്തുള്ള കുടുംബങ്ങളില്‍ വിവാഹത്തിനോ ചരമശുശ്രൂഷക്കോ പോകാന്‍ ഇവര്‍ക്ക് അനുമതിയില്ല. സീയോന്‍ ഒരു ലോകമാണ്: തിരഞ്ഞെടുക്കപ്പെട്ട അജഗണങ്ങളുടെ ലോകം. പുറത്തുള്ളത് മറ്റൊരു ലോകം. അത് സാത്താന്‍റേതാണ്. അതുകൊണ്ട് സീയോനിലെ അംഗങ്ങളല്ലാത്തവര്‍ അശുദ്ധരാണ്. അതിനാല്‍ അവരുമായി യാതൊരുവിധ ബന്ധവും പാടില്ല എന്നാണ് പ്രമാണം.
കൂടാരത്തിലെ ധ്യാനരീതി ആദ്യ ധ്യാനത്തില്‍ പങ്കെടുത്താണ് എല്ലാവരും തന്നെ എംപറര്‍ കൂടാരത്തില്‍ അകപ്പെട്ടത്. ധ്യാനത്തിനു കളമൊരുക്കിയത് ബന്ധുക്കളോ സുഹൃത്തുക്കളോ ദമ്പതികളില്‍ ആരെങ്കിലുമോ വഴിയായിരുന്നു. ചെന്നുപെട്ടു കഴിഞ്ഞാല്‍ ബൈബിളാണ് ആയുധം. ബൈബിള്‍ വാക്യങ്ങള്‍ തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിച്ചു ധ്യാനത്തില്‍ പങ്കെടുത്തവരെ 'മസ്തിഷ്ക്ക പ്രക്ഷാളനം' നടത്തി തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയാണ് കൂടാരനടത്തിപ്പുകാരുടെ തന്ത്രം. കത്തോലിക്കാസഭയുടെ പഠനങ്ങള്‍ മുഴുവന്‍ തെറ്റാണെന്നു പറഞ്ഞു തുടങ്ങുന്ന പ്രസംഗങ്ങള്‍ മുഴുവന്‍, പുതിയ ഇമ്മാനുവേല്‍, രക്ഷകന്‍, അവതരിക്കുമെന്നും ലോകാവസാനം അടുത്തുവെന്നും ആവര്‍ത്തിച്ചു പറഞ്ഞ് അതിനൊരുങ്ങുവാനുള്ള ആഹ്വാനത്തില്‍ ചെന്നെത്തും. ഈ ഒരുക്കത്തിന്‍റെ ഭാഗമായി സ്വത്തുക്കളെല്ലാം വിറ്റ് എംപറര്‍ ട്രസ്റ്റില്‍ ഏല്‍പിക്കണം. മറ്റുള്ളവരെക്കൂടി വിളിച്ചുകൊണ്ടുവരണം. വരാത്തവരെ ഉപേക്ഷിക്കണം. ഇങ്ങനെ ചെയ്യാത്തവരെ സമ്മര്‍ദ്ദവും ഭീഷണിയും ഉപയോഗിച്ച് സാവധാനത്തില്‍ തങ്ങളുടെ വരുതിയില്‍ ആക്കും. ഇതാണ് ട്രസ്റ്റ് നടത്തിപ്പുകാരുടെ പതിവുരീതി.
അഞ്ചു തരത്തിലുള്ള 'ധ്യാന'ങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് കര്‍ത്താവിന്‍റെ ദ്വിതീയാഗമനത്തില്‍, അതായത്, എംപറര്‍ എമ്മാനുവേലിന്‍റെ വരവില്‍, യോഗ്യതയോടെ പങ്കുചേരാനാകുക എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്.
അതില്‍ ആദ്യത്തേതാണ് 'സദ്വാര്‍ത്ത ധ്യാനം'. കത്തോലിക്കാസഭയുടെ ധ്യാനകേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പലരെയും ഇതിലേക്ക് ആകര്‍ഷിച്ചുകൊണ്ടുവരുന്നത് എന്നതാണ് ഏറ്റവും ദുഃഖകരം.
രണ്ടാമത്തെ ധ്യാനം 'പ്രകാശ'ത്തിന്‍റെ ധ്യാനമാണ്'. ഇതു പൂര്‍ത്തിയാകുമ്പോഴേക്കും ഉന്മാദലഹരിയിലേക്ക് ആളുകള്‍ വീണിട്ടുണ്ടാകും.
മൂന്നാമത്തേത് 'ജ്ഞാന'ധ്യാനമാണ്'. അനാദിയിലേ ജന്മംകൊണ്ട പരിശുദ്ധ കന്യകാമറിയത്തിന് മരണമില്ലെന്നും ജ്ഞാനത്തിന്‍റെ ആള്‍രൂപമായ മറിയം കൂടാരത്തില്‍ പ്രത്യക്ഷപ്പെടുമെന്നും ആളുകളെ പറഞ്ഞ് പഠിപ്പിക്കുന്ന ദിവസങ്ങളാണിത്.
'നിത്യജീവന്‍' എന്നു പേരുചൊല്ലി വിളിക്കുന്ന ധ്യാനമാണ് അടുത്തത്. ഇതിന് എല്ലാവര്‍ക്കും അവസരമില്ല. സ്ഥാപകനേതാവും സഹായിയും കൂടി 'നറുക്ക്' ഇട്ട് എടുക്കുന്ന ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അത്യപൂര്‍വമായ ഭാഗ്യമാണിത്.
അവസാനത്തെ ധ്യാനമാണ് 'പുനരുത്ഥാനവും രൂപാന്തരീകരണ'വും. ഇമ്മാനുവേലിന്‍റെ വരവിനോട് അടുത്ത ദിവസങ്ങളില്‍ മാത്രമേ ഈ ധ്യാനം നടക്കൂ. ഇപ്പോള്‍ നിലവിലുള്ള ഒരംഗത്തിനും ഇതില്‍ പങ്കുചേരാന്‍ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
കത്തോലിക്കാ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈദികരെയും സന്യസ്തരെയും കത്തോലിക്കാജീവിത ശൈലിയെയും നഖശിഖാന്തം എതിര്‍ത്ത് തങ്ങളുടെ കൂടാരത്തിലേക്ക് പലരെയും ആകര്‍ഷിക്കുകയെന്നതായിരുന്നു കൂടാര നടത്തിപ്പുകാരുടെ ലക്ഷ്യം. ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും എമ്മാനുവേല്‍ എന്ന രക്ഷന്‍ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറ വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്ഥിരീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവര്‍ ആളുകളെ കൂടെക്കൂട്ടുന്നത്. അംഗങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റു നല്‍കുന്നതു വഴിയും 'ധ്യാന' സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ വഴിയും കിട്ടിക്കൊണ്ടിരിന്ന കോടിക്കണക്കിനു രൂപയുടെ പിന്‍ബലമായിരുന്നു പ്രസ്ഥാനത്തിന്‍റെ ശക്തി. ഈ പണമുപയോഗിച്ച് മുരിയാട് കായല്‍ പ്രദേശം വാങ്ങി നികത്തി വമ്പന്‍ കെട്ടിട സമുച്ചയവും മറ്റു സംവിധാനങ്ങളും ഇവര്‍ നിര്‍മിച്ചു; മറുഭാഗത്ത് ഒറ്റപ്പെട്ട എതിര്‍പ്പിന്‍റെ ശബ്ദങ്ങളെ കൈക്കരുത്തും പണക്കരുത്തും ഉപയോഗിച്ച് ഒതുക്കി.
കൂടാരവാസികളുടെ സാമൂഹികവീക്ഷണം എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ സ്വാധീനംവഴി നിരവധി കുടുംബങ്ങളില്‍ അന്തശ്ചിദ്രവും കുടുംബത്തകര്‍ച്ചയും കലഹങ്ങളും അവയെത്തുടര്‍ന്നുള്ള കോടതി വ്യവഹാരങ്ങളും ഉണ്ടായി. വിവാഹമോചനങ്ങള്‍ വര്‍ധിച്ചു. 85 വിവാഹമോചനങ്ങള്‍ ഇതുവരെ ഉണ്ടായതായി കൂടാരം വിട്ടിറങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്നു. എംപറര്‍ കൂടാരത്തില്‍ അകപ്പെടുന്നവര്‍ നേരിടുന്ന പീഡനങ്ങളില്‍ ഏറ്റവും ഭീകരമായത് വിവാഹവും ഗര്‍ഭധാരണവും സംബന്ധിച്ച നിബന്ധനകളാണ്. ദൈവത്തിന്‍റെ സൃഷ്ടികര്‍മം കഴിഞ്ഞതിനാലും ലോകാവസാനം അടുത്തിരിക്കുന്നതിനാലും പ്രസ്ഥാനത്തില്‍ ചേരുന്നവര്‍ വിവാഹം കഴിക്കുവാന്‍ പാടില്ലെന്നും പ്രസവം നിഷിദ്ധമാണെന്നുമുള്ള നിബന്ധന കൂടാരവാസികള്‍ കണിശമായി പാലിക്കേണ്ടതുണ്ടായിരുന്നു. പ്രസ്ഥാനത്തിനു പുറത്തുവച്ചുണ്ടാകുന്ന ഗര്‍ഭധാരണത്തിലെ ശിശുവിനെ സാത്താന്‍റെ സന്തതിയായി ചിത്രീകരിക്കാന്‍ പ്രസ്ഥാന സ്ഥാപകനു യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെ വലംകൈയായി പ്രവര്‍ത്തിക്കുന്ന സ്ത്രീയുടെയും വാക്കുകള്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ ഭ്രൂണഹത്യ ചെയ്യുകയും ഇതുവഴി കഠിനമായ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുകയും ചെയ്തു.
ആദ്യകാലത്ത് എംപറര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് അനുവദിക്കുകയായിരുന്നു. അവിടെ നിന്നുള്ള നിരവധി കുട്ടികള്‍ ആളൂര്‍ ആര്‍എംഎച്ച്എസിലാണ് പഠിക്കുന്നത്. ഭയത്തിന്‍റെയും സംശയത്തിന്‍റെയും കുറ്റബോധത്തിന്‍റെയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടവരാണെന്ന അപകര്‍ഷതാബോധത്തിന്‍റെയും ഇരകളാണ് മിക്ക വിദ്യാര്‍ഥികളുമെന്ന് സ്കൂളിലെ അധ്യാപകര്‍ പറയുന്നു. ഇവര്‍ പലതരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ക്കും അടിമകളാകുന്നുവെന്നും പരാതിയുണ്ട്.
കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്‍റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാന്‍ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ 'ധ്യാന'ങ്ങളില്‍ നിരന്തരമായ പ്രബോധനങ്ങള്‍ നല്‍കിയിരുന്നു. 'കൂട്ടായ്മ'കളിലൂടെ ഇത്തരം അബദ്ധ പ്രബോധനങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് പലരെയും കെണിയില്‍പ്പെടുത്തിയത്. ഇതരമതസ്ഥരെയും മതവിശ്വാസികളെയും കഠിനമായി ആക്ഷേപിച്ചുകൊണ്ട് മതസൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്ന പ്രബോധനങ്ങളാണ് കൂടാരത്തില്‍നിന്ന് നല്‍കപ്പെടുന്നത്. കണ്ണിലെ 'കൃഷ്ണമണി' എന്നു പറയുന്നത് പാപമാണെന്നും പകരം 'യേശുമണി' എന്നാണ് പറയേണ്ടതെന്നും നേതാവ് പഠിപ്പിക്കുന്നു.
കൂടാരത്തില്‍ നടക്കുന്ന അവിഹിത കാര്യങ്ങളെ ചോദ്യം ചെയ്ത മുരിയാട് പ്രദേശത്തെ നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റിയെപ്പോലും ഭീഷണിയും സമ്മര്‍ദ്ദ പ്രലോഭന തന്ത്രങ്ങളുംവഴി ഏറെക്കുറെ നിര്‍വീര്യമാക്കാന്‍ കൂടാരാധികൃതര്‍ക്കു കഴിഞ്ഞു. പലതവണ നാട്ടുകാരുമായി പ്രശ്നങ്ങളുണ്ടായുണ്ടായെങ്കിലും അപ്പോഴൊക്കെ പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ കൂടാരത്തിനു തുണയായി വര്‍ത്തിച്ചു എന്നത് സങ്കടകരമായ വസ്തുതയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ വേര്‍തിരിവുണ്ടായില്ല. പൊലിസും കോടതിയും പലപ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവന്നു എന്നതും സത്യമാണ്. വോട്ടുമാത്രം ലക്ഷ്യമാക്കി ചില പ്രധാന ഭരണകക്ഷി നേതാക്കള്‍ പോലും ട്രസ്റ്റിന്‍റെ ശുഭകാംക്ഷികളായി. കോള്‍പ്പാടം നികത്തി കെട്ടിടസമുച്ചയങ്ങള്‍ പടുത്തുയര്‍ത്തിയപ്പോഴും ഇവരൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ക്രൈസ്തവരുടെ മാത്രമല്ല, ക്രൈസ്തവേതര സമൂഹങ്ങളിലെയും നിരവധി കുടുംബങ്ങളുടെ സ്വസ്ഥതയ്ക്കും ഭദ്രതയ്ക്കും അതുവഴി സൗഹാര്‍ദ്ദപൂര്‍ണമായ പൊതു ജീവിതത്തിനും ഭീഷണിയുയര്‍ന്നിട്ടും, ഭരണാധികാരികളോ ക്രമസമാധാനപാലകരോ അവിടെ നടക്കുന്ന കാര്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയായിരുന്നു. പ്രസ്ഥാനത്തിന്‍റെ പണക്കരുത്തും രാഷ്ട്രീയ സ്വാധീനവും എത്രയധികമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. എംപറര്‍ പ്രസ്ഥാനം ഏക്കര്‍കണക്കിനു കോള്‍പ്പാടം നികത്തി കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയപ്പോഴും ഭൂമി വാങ്ങിക്കൂട്ടിയപ്പോഴും ചിലര്‍ നടത്തിയ കൊടികുത്തലും പ്രതിഷേധവുംപോലും ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ മാത്രമായിരുന്നെന്ന് പ്രദേശവാസികള്‍ കരുതുന്നു.
തകര്‍ച്ചയുടെ കാരണങ്ങള്‍ പ്രസ്ഥാനത്തിന്‍റെ നടത്തിപ്പിനെപ്പറ്റിയും പണമിടപാടുകാര്യങ്ങളെപ്പറ്റിയും പരാതികളേറെയുണ്ടെങ്കിലും തകര്‍ച്ചയിലേക്കു വാതില്‍ തുറന്നതിന്‍റെ പ്രധാനകാരണം കൂടാരത്തിലെ ധാര്‍മിക ച്യുതിയാണെന്ന് അവിടെനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. കൂടാരത്തില്‍ അടുത്തകാലത്തു ജനിച്ച ഒരു പെണ്‍കുഞ്ഞിനെച്ചൊല്ലി ഒട്ടനവധി അപവാദങ്ങളും ആരോപണങ്ങളും ഇവര്‍ പങ്കുവയ്ക്കുകയുണ്ടായി. അവയില്‍ പലതും വ്യക്തിപരമായ അധിക്ഷേപങ്ങളാകയാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ധാര്‍മികതയെയും നിത്യജീവിതത്തെയും രക്ഷകനെയുംപറ്റി വാചാലമായി പ്രസംഗിക്കുന്ന സ്ഥാപകനേതാവിന്‍റെ ഇരട്ടമുഖം പുറത്തു വന്നതോടെ, പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭൂരിഭാഗംപേരും രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. തകര്‍ച്ചയിലേക്ക് നയിച്ച രണ്ടാമത്തെ കാരണം, വിശ്വാസ സംബന്ധമായ കാര്യങ്ങളില്‍ പ്രസ്ഥാനം സമീപകാലത്ത് കൈകൊണ്ട ഇരട്ടത്താപ്പ് നയമാണ്. ഇതുവരെ കത്തോലിക്കാസഭയിലെ കുര്‍ബാന, കൂദാശകള്‍, ദിവ്യകാരുണ്യാരാധന എന്നിവയെ അനുകരിച്ചു പകലതും ചെയ്തിരുന്നെങ്കിലും ഏതാനും മാസങ്ങളായി ഇവയൊക്കെ നിരോധിച്ചു. ഇപ്പോള്‍ ആകെ അവിടെയുള്ളത് ബൈബിള്‍ വായനയും സ്ഥാപകനേതാവ് അതേപ്പറ്റി നടത്തുന്ന വ്യാഖ്യാനവും മാത്രമാണ്.
തകര്‍ച്ചയുടെ മറ്റൊരു കാരണം എംപറര്‍ കൂടാരത്തിലെ സര്‍വസ്വവുമായ ഒരു സ്ത്രീയുടെ സാന്നിധ്യമാണ്. സ്ഥാപക നേതാവിന്‍റെ വലംകൈയാണ് ഈ സ്ത്രീയെന്ന് തിരിച്ചു പോന്നവര്‍ പറയുന്നു. ഈ സ്ത്രീയാണത്രേ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. കൂടാരത്തിലെ പ്രത്യേക ശുശ്രൂഷ വിശുദ്ധീകരണ ശുശ്രൂഷ എന്നപേരിലാണ് അറിയപ്പെടുന്നത്. ഇതിനു നേതൃത്വം നല്‍കുന്നത് കൂടാര നടത്തിപ്പുക്കാരിയായ ഈ സ്ത്രീയാണത്രേ. കുമ്പസാരം കേട്ടിരുന്നത് അവിടെയുണ്ടായിരുന്ന വൈദികരായിരുന്നെങ്കിലും ആറാം പ്രമാണത്തിനെതിരായി ചെയ്തിട്ടുള്ള പാപങ്ങളുടെ മോചനശുശ്രൂഷ നടത്തിയിരുന്നത് മേല്‍പറഞ്ഞ സ്ത്രീയായിരുന്നു. ആറാം പ്രമാണത്തിനെതിരായ പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ മാത്രം പോരാ, എഴുതിക്കൊടുക്കണമെന്നും ഇവര്‍ നിര്‍ബന്ധിച്ചിരുന്നു. ശുശ്രൂഷ കഴിയുമ്പോള്‍ ഇവ നശിപ്പിച്ചുകളയുമെന്ന് വിശ്വസിപ്പിച്ചിരുന്നെങ്കിലും അവയെല്ലാം സൂക്ഷിച്ചു വയ്ക്കുകയും കൂടാരത്തിനെതിരേ സംസാരിക്കുന്നവരെ തേജോവധം ചെയ്യാനും രഹസ്യങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഒതുക്കി നിര്‍ത്താനും വ്യാപകമായി ഉപയോഗിക്കയും ചെയ്തിരുന്നു. ധ്യാനകാര്യങ്ങളില്‍ സഹായിക്കാനായി നേതാവ് കൊണ്ടുവന്ന ഈ സ്ത്രീ അക്ഷരാര്‍ഥത്തില്‍ എംപറര്‍ കൂടാരം കൈയടക്കിയിരിക്കുന്നുവെന്നാണ് തിരിച്ചുവന്നവര്‍ പറയുന്നത്. ഇതോടെ സ്ഥാപകനേതാവ് രണ്ടാം സ്ഥാനത്തായി.
സ്ഥാപകനേതാവിന്‍റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുടെ പൊള്ളത്തരം കാലാന്തരത്തില്‍ വെളിപ്പെട്ടതും പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയ്ക്കു നിമിത്തമായി. താന്‍ പ്രവാചകനാണെന്നാണ് സ്ഥാപകന്‍റെ അവകാശവാദം. ഇതിനെ കണ്ണടച്ച് വിശ്വസിപ്പിക്കാനുള്ള സര്‍വ്വ തന്ത്രങ്ങളും ഇവിടെ അരങ്ങേറുന്നു. തന്നോടൊപ്പമുള്ള സ്ത്രീ ഹവ്വയാണെന്നും അവരിലൂടെയാണ് രക്ഷകന്‍ പിറക്കുകയെന്നും അനുയായികളെ ബോധ്യപ്പെടുത്താനും നേതാവ് നിരന്തരം പരിശ്രമിക്കുന്നുണ്ട്. അപ്പനും (പിതാവായ ദൈവം) അമ്മയും (പരിശുദ്ധ കന്യാകാമറിയം) തന്നോട് നേരിട്ട് സംസാരിക്കുന്നുവെന്നും എല്ലാ കാര്യങ്ങളും തനിക്ക് വെളിപ്പെടുത്തുന്നുവെന്നും ആണ് ഇയാള്‍ അവകാശപ്പെടുന്നത്. കൂടാരത്തിരുനാളിന് ഇമ്മാനുവേലിനെ വരുത്തുമെന്നും 'അപ്പന്‍ വരാന്‍ തിരക്കുകൂട്ടുകയാണെന്നും ഇമ്മാനുവേലിന് ക്ഷമ കെട്ടുതുടങ്ങിയെന്നും അമ്മയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി' എന്നും തട്ടിവിടാന്‍ ഈ അഭിനവ പ്രവാചകനു യാതൊരു മടിയുമില്ല. പരിശുദ്ധ മറിയം മൂന്നു മണിക്കൂര്‍ പത്തു മിനിറ്റ് തന്നോടു സംസാരിച്ചെന്നും ഇമ്മാനുവേല്‍ ആകാശത്തു ചില അടയാളങ്ങള്‍ കാണിച്ചെന്നും എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ടാം വാരം സിയോനില്‍ പെസഹാ ആചരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. 2005 ജനുവരി 1 മുതല്‍ സദ്വാര്‍ത്ത ധ്യാനം നിറുത്തരുതെന്ന് 'അപ്പന്‍' നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കാലക്രമത്തില്‍ കുര്‍ബാനയും കുമ്പസാരവും സിയോനിലുള്ളവര്‍ക്ക് ആവശ്യമുണ്ടാകില്ലെന്നും പ്രവചിക്കുവാന്‍ ഇദ്ദേഹത്തിനു മടിയില്ല.കൂടാരസ്ഥാപകന്‍ എഴുതിയ പുസ്തകത്തിന്‍റെ പേരാണ് 'വേദനിക്കുന്ന പരിശുദ്ധാത്മാവ്'. പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള ഈ പുസ്തകത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. പരിശുദ്ധാത്മാവ് കത്തോലിക്കാ സഭയില്‍ ഇല്ലെന്നാണ് കൂടാരത്തിന്‍റെ വെളിപ്പെടുത്തല്‍; ഉളളത് കൂടാരത്തില്‍ മാത്രം. കത്തോലിക്കാസഭയുടെ അന്ത്യംകുറിക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട ഈ ഗ്രന്ഥം പുറത്തുവന്നതോടെ, അറംപറ്റിയതുപോലെ എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ അന്ത്യംകുറിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കൂടാരം വിട്ടിറങ്ങിയവര്‍ കൂടാരം വിട്ടുപോകുന്നവര്‍ സാത്താന്‍റെ സന്തതികളാണെന്നാണ് സ്ഥാപകന്‍ പറയുന്നത്. അവരോട് ആരും മിണ്ടരുത്; ബന്ധപ്പെടരുത് എന്ന കര്‍ക്കശമായ വിലക്ക്. വിട്ടുപോയവരുടെ നിഴല്‍ പോലും നിലവിലുള്ള വിശ്വാസികളുടെ ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ നിബന്ധന. പുറത്തുകടന്ന പലര്‍ക്കും അവര്‍ കിടപ്പാടവും വീടും വിറ്റ് കൂടാരത്തില്‍ ഏല്‍പ്പിച്ചിട്ടുള്ള പതിനായിരങ്ങളും ലക്ഷങ്ങളും തിരിച്ചു കിട്ടാനുണ്ട്. ഇവ തിരിച്ചു നല്‍കാമന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു നടക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സ്വത്തുതട്ടിപ്പിനു ആരെങ്കിലും കൂടാരത്തിനെതിരേ കേസ് കൊടുത്താലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കണ്ടാണ് ഇങ്ങനെയൊരു തന്ത്രമെന്നും പറയപ്പെടുന്നു. കൂടാരത്തെപ്പറ്റിയുള്ള വാര്‍ത്തകളെ 'ലോകാവസാനത്തിന്‍റെ തുടക്കം' എന്നാണ് നേതാവും സംഘവും ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
അനേകര്‍ കൂടാരംവിട്ട വാര്‍ത്ത പുറംലോകമറിഞ്ഞശേഷം കൂടാരത്തില്‍ ഉളവായിട്ടുള്ള മ്ലാനതയും അനിശ്ചിതത്വവും അവിടത്തെ പ്രവര്‍ത്തനങ്ങളെയും 'ധ്യാന'ത്തിന് എത്തുന്നവരുടെ എണ്ണത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്. കൊഴിഞ്ഞുപോക്ക് ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍, ഏറെക്കഴിയാതെ കൂടാരം അടച്ചുപൂട്ടേണ്ട സ്ഥിതി സംജാതമാകുമെന്ന് ഉറപ്പാണ്. 'കൂടാരപ്പെരുനാള്‍' എന്ന വാര്‍ഷികപരിപാടിയില്‍ ഇക്കൊല്ലം ജനുവരി 30നു വളരെ കുറച്ചുപേരേ പങ്കെടുത്തുള്ളൂ. 2013 ജനുവരി 30നു 55 ലക്ഷം രൂപ കൂടാരപ്പെരുനാളിനു പിരിഞ്ഞുകിട്ടിയിരുന്നത്രേ; എന്നാല്‍, ഇത്തവണ അത് ഏതാനും ആയിരങ്ങളായി ചുരുങ്ങിയെന്നാണ് വിവരം.
പ്രധാന പ്രബോധനങ്ങള്‍ എംപറര്‍ പ്രസ്ഥാനം, ക്രിസ്തുവിനെ തള്ളിപ്പറഞ്ഞു പുതിയ രക്ഷകനുവേണ്ടി കാത്തിരിക്കുകയാണ്. യേശുക്രിസ്തുവിലൂടെ രക്ഷ സാധ്യമായിട്ടില്ല എന്നാണിവരുടെ വാദം. ഇതുകേട്ട് ജോലി ഉപേക്ഷിച്ചു കൂടാരത്തിലെത്തിയവര്‍ തങ്ങള്‍ക്കുപറ്റിയ അബദ്ധമോര്‍ത്ത് ഇന്ന് ദുഃഖിതരാണ്. അവര്‍ സ്വത്തുക്കള്‍ വിറ്റപണം പ്രസ്ഥാനത്തിനു നല്‍കി. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ല. ലോകാവസാനം അടുത്തുവെന്ന് നേതാവ് പറയുന്നത് വിശ്വസിച്ചതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങളില്‍ അവര്‍ പെട്ടുപോയത്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ച് ഇപ്പോള്‍ എമ്മാനുവേല്‍ എന്ന പേരില്‍ നമുക്കിടയിലുണ്ടെന്ന് കൂടാരനേതാവ് നിരന്തരം അവകാശവാദം ഉന്നയിച്ചിരുന്നു. കത്തോലിക്കാ വിശ്വാസികളെ നിരന്തരം നിന്ദിക്കുന്ന കൂടാരനേതാവ്, സ്വന്തം മക്കളെ പഠിപ്പിച്ചത് കത്തോലിക്കാ കോളജിലാണെന്നും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലി അവര്‍ക്കു തരപ്പെടുത്തിയന്നും കത്തോലിക്കാ രീതിയില്‍ മക്കളെ വിവാഹം കഴിപ്പിച്ചു എന്നും! അവരെ അനുഗ്രഹിക്കുവാന്‍ നേതാവ് കല്യാണവേദിയിലെത്തിയെന്നും അറിഞ്ഞ അണികള്‍ തങ്ങള്‍ വഞ്ചിതരായി എന്നു തിരിച്ചറിയുകയാണിപ്പോള്‍. ഈശോയുടെ രണ്ടാമത്തെ ആഗമനം നടന്നെങ്കില്‍ ഇതൊക്കെ എന്തിനായിരുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്.
സഭാനിന്ദയും സഭാധികാരികളോടുള്ള കഠിനമായ വെറുപ്പും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിന്‍റെ ധ്യാനങ്ങളുടെ മുഖ്യസവിശേഷതയാണ്. മെത്രാന്മാരെ വെടിവച്ചുക്കൊല്ലണം എന്ന് നേതാവ് ധ്യാനങ്ങളില്‍ ആക്രോശിക്കാറുണ്ടത്രേ. വൈദികരെ 'അച്ചന്‍' എന്നു വിളിക്കരുതെന്നും വൈദികരെ 'അങ്കിള്‍' എന്നും 'ചേട്ടാ' എന്നും വിളിക്കണമെന്നും ഇദ്ദേഹം നിര്‍ബന്ധിക്കുന്നു. മക്കളോട്, മാതാപിതാക്കളെ 'ഡ്യൂപ്ലിക്കേറ്റ് അപ്പന്‍' എന്നു വിളിച്ചാല്‍ മതിയെന്നു നിഷ്കര്‍ഷിച്ചു. കത്തോലിക്കരെല്ലാം വ്യഭിചാരികളും വിഗ്രഹാരാധകരുമാണെന്ന് അടച്ചാക്ഷേപിക്കാനും ഇദ്ദേഹത്തിനു മടിയില്ല. ഒരിക്കല്‍ നേതാവ് പറഞ്ഞു: ഒരു എകെ 47 തോക്ക് കിട്ടിയാല്‍, ആദ്യം താന്‍ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നേരെ നിറയൊഴിക്കുമെന്ന്. പ്രകൃതി ദുരന്തങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍, ഇദ്ദേഹം സന്തോഷംകൊണ്ട് പൊട്ടിച്ചിരിച്ചു. ഭൂമിയെ വേഗം കത്തിച്ചുകളയണമേയെന്ന് അട്ടഹസിച്ചു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. വ്യക്തിവിരുദ്ധവും സഭാവിരുദ്ധവും സമൂഹവിരുദ്ധവുമായ ഈ നിലപാടുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. എംപറര്‍ കൂടാര സ്ഥാപകന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഇരകളെ ആകര്‍ഷിക്കാന്‍ രംഗത്തു വന്നതായാണ് കൂടാരത്തില്‍നിന്നുള്ള പുതിയ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകള്‍ വീണ്ടും മകളായി കൂടാരത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു എന്ന 'വെളിപ്പെടുത്തലു'മായാണ് ഇദ്ദേഹം ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.
2005 കാലഘട്ടത്തില്‍ പാലായിലെ വാടക ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച്, 2005 വരെ ബസില്‍ യാത്ര ചെയ്തിരുന്ന നേതാവ് ഇന്ന് സഞ്ചരിക്കുന്നത് ടയോട്ടയുടെ ഫോര്‍ച്ച്യുണര്‍, ബി.എം.ഡബ്ലിയു കാറുകളിലാണത്രേ. ഉപയോഗിക്കുന്ന ലാപ്ടോപ്പും മൊബൈല്‍ ഫോണും ലക്ഷങ്ങള്‍ വിലമതിക്കുന്നതാണെന്നും കൂടാരം വിട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. 'വളരെപ്പേരുടെ ചെലവില്‍ വളരെക്കുറച്ചു പേര്‍ ജീവിക്കുകയും സുഖിക്കുകയും ചെയ്യുന്ന' ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പുനരാഗമനമാണ് കൂടാരത്തില്‍ നടന്നുകൊണ്ടിരുന്നത് എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 2013 ഡിസംബര്‍ വരെ കൂടാരത്തിലേക്കുള്ള ജനത്തിന്‍റെ ഒഴുക്ക് അത്ഭുതാവഹമായിരുന്നു. ജനുവരിയില്‍ നൂറുകണക്കിനാളുകള്‍ കൂടാരം വിട്ട് മാതൃവിശ്വാസത്തിലേക്ക് തിരിച്ചു പോയതോടെ, കൂടാരത്തിലേക്കുള്ള 'പണപ്രവാഹം' നിലയ്ക്കാന്‍ തുടങ്ങി. 'നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, പിന്നീട് വന്ന് എന്നെ അനുഗമിക്കുക' എന്ന ക്രിസ്തുസന്ദേശത്തിന്‍റെ വിപണന മൂല്യം തിരിച്ചറിഞ്ഞവരാണ് എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം. കൂടാരസ്ഥാപകന്‍ നടത്തിയിട്ടുള്ള നിരവധി പ്രവചനങ്ങളില്‍ ഒന്നുപോലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലന്നും അണികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഹയരാര്‍ക്കി വിരുദ്ധരുടെ ഏകാധിപത്യ പ്രവണതകള്‍ മറ്റാരെയും പ്രസംഗിക്കാന്‍ അനുവദിക്കാത്ത സ്ഥാപകനേതാവ് വചനത്തിന്‍റെ ചുവടുപിടിച്ച് ആളുകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതില്‍ അസാധാരണ പാടവമുള്ളയാളാണ്. ലോകത്ത് നടക്കുന്ന ചില പ്രത്യേക സംഭവങ്ങളെ ലോകാവസാനത്തിന്‍റെ ലക്ഷണങ്ങളാക്കി അവതരിപ്പിച്ച് ജനങ്ങളെ വശത്താക്കാന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധവയ്ക്കാറുണ്ട്. വളരെ കര്‍ക്കശമായ നിയമങ്ങളും നിബന്ധനകളുമാണ് കൂടാരവാസികള്‍ക്കുമേല്‍ നേതാവ് അടിച്ചേല്‍പ്പിക്കുന്നത്. സിയോന്‍ കൂടാരത്തില്‍ വന്നുചേരുന്നവര്‍ക്ക് ഒരു ഹൃദയവും ഒരു ആത്മാവും ഒരു കാഴ്ചപ്പാടും ഒരു ചിന്തയും ഒരു ലക്ഷ്യവും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് വിവക്ഷ. ധ്യാനത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കുന്ന അംഗങ്ങള്‍ ആരും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാന്‍ പാടില്ല; ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. എല്ലാ കാര്യങ്ങളും സ്ഥാപകന്‍ മൈക്കിലൂടെ വിളിച്ചു പറയും. അത് അനുസരിക്കുകയേ നിര്‍വാഹമുള്ളൂ. തന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ ദുരാത്മാക്കളെ അയച്ച് നശിപ്പിക്കുമെന്ന് പറഞ്ഞ് ഇദ്ദേഹം പേടിപ്പിക്കാറുണ്ടത്രേ. തന്‍റെ സഹായിയായ സ്ത്രീക്കു ജനിച്ച കുഞ്ഞിനെ സ്ഥാപകന്‍ തന്നെയാണ് 'മാമ്മോദീസ' മുക്കിയത്! കൂടാരവാസികളില്‍നിന്ന് അടുത്തകാലത്ത് പന്ത്രണ്ടുപേരെ സ്വന്തം കൈവയ്പ്പിലൂടെ നേതാവ് അഭിഷിക്തരാക്കി! ഒരാളെ കുപ്പായമിടുവിച്ച് 'അച്ചനാ'ക്കി! ചുരുക്കത്തില്‍, സ്വന്തമായി ഒരു ഹയരാര്‍ക്കി സ്ഥാപിക്കാനാണ് നേതാവ് തുനിയുന്നത്.
തന്‍റെ അണികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് തന്‍റെ അധികാരസീമ വിസ്തൃതമാക്കാനുള്ള ദുര്‍മ്മോഹം നേതാവിനെ നിരന്തരം ഭരിക്കുന്നുണ്ട്. 2012 ല്‍ ഏഴായിരം പേരെ സിയോനില്‍ എത്തിക്കണമെന്നായിരുന്നു അണികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ശിക്ഷയും നേതാവ് തന്നെ കല്‍പിക്കും. 2013ല്‍ പന്തീരായിരം പേരെയും 2015 ഡിസംബര്‍ 31ന് എഴുപത്തീരായിരം ആളുകളെയും 2016ല്‍ നൂറ്റിനാല്‍പത്തിനാലായിരം അംഗങ്ങളെയും 2017ല്‍ ഇരുനൂറ്റിഎണ്‍പത്തെട്ട് ആയിരം കുറ്റമറ്റവരെയും കൂടാരത്തിലേക്ക് എങ്ങനെയെങ്കിലും ആകര്‍ഷിച്ച് കൊണ്ടുവരണം എന്നായിരുന്നു സ്ഥാപക നേതാവിന്‍റെ ആജ്ഞ. എണ്ണമറ്റ അണികളുടെമേലുള്ള ആധിപത്യം കിനാവുകണ്ടിരിക്കുമ്പോഴാണ് കൂടാരത്തില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. മഹത്വപൂര്‍ണമായ വിജയം സ്വപ്നം കണ്ടിരുന്നവര്‍ ഇപ്പോള്‍ ഭീതിയുടെയും അങ്കലാപ്പിന്‍റെയും പിടിയിലാണ്.
തന്‍റെ സ്ഥാനവും പ്രതാപവും അണികള്‍ക്കിടയില്‍ ഉറപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളും നേതാവ് വിജയകരമായി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. രാജാവായി കര്‍ത്താവിന്‍റെ സിംഹാസനത്തില്‍ അവരോധിക്കപ്പെടുമ്പോള്‍ ആര്‍പ്പുവിളിക്കാന്‍ സിയോന്‍ ബാന്‍ഡ് സെറ്റ് ടീമിനെയും പാദസേവ ചെയ്യാന്‍ ഇരുപത്തിനാല് കന്യകമാരെയും ആജ്ഞാനുവര്‍ത്തികളായി അടിമവേലചെയ്യാന്‍ കരുത്തരായ ചെറുപ്പക്കാരെയും ഒരുക്കിയിട്ടുള്ളതായി കൂടാരമുപേക്ഷിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇനി മേല്‍ പാപം ചെയ്യുകയില്ലെന്ന് ധ്യാനത്തില്‍ പങ്കെടുക്കുന്നവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച നേതാവുതന്നെ കൊടിയ പാപത്തില്‍ അകപ്പെട്ടത് കൂടാരത്തില്‍ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. പാപം ചെയ്ത ഭവനമാണ് കത്തോലിക്കാ സഭയും ഇതര സഭകളും എന്ന് പഠിപ്പിച്ച നേതാവ് ഇപ്പോള്‍ പാപത്തിന്മേല്‍ അടയിരിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
സാത്താന്‍സേവകരുടെ പല അനുഷ്ഠാനങ്ങളും ആചാരങ്ങളും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തില്‍ ദൃശ്യമാണ്. കത്തോലിക്കാ സഭയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പ്രാര്‍ഥനകളെ നിക്ഷിപ്ത താത്പര്യങ്ങളോടെ മാറ്റിച്ചൊല്ലുക, ആദ്യ ധ്യാനം കഴിഞ്ഞിറങ്ങുമ്പോഴേക്കും വൈദികരെയും കന്യാസ്ത്രീകളെയും കത്തോലിക്കാസഭയെയും തെറികള്‍ വിളിക്കാന്‍ പാകത്തിന് ജനങ്ങളെ സഭാനിന്ദകരാക്കുക, വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല എന്ന് പറഞ്ഞ് കുട്ടികളെയും യുവജനങ്ങളെയും അലസരാക്കിത്തീര്‍ക്കുക, മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതില്ല എന്ന് പഠിപ്പിക്കുക, ജന്മം നല്‍കിയ പിതാവിനെ ഡ്യൂപ്ലിക്കേറ്റ് അപ്പാ എന്ന് വിളിപ്പിക്കുക, കുമ്പസാരത്തിന്‍റെ ആവശ്യകതയില്ല എന്നും എല്ലാം ദൈവത്തോട് നേരിട്ട് ഏറ്റുപറഞ്ഞാല്‍ മതിയെന്നും പ്രബോധനം നടത്തുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് താമസിപ്പിക്കുക, ഗര്‍ഭിണികളാകാന്‍ പാടില്ല എന്ന് സ്ത്രീകളെ കര്‍ക്കശമായി പഠിപ്പിക്കുക, വിശുദ്ധ കുര്‍ബാന നാവില്‍ സ്വീകരിച്ച് പിന്നീട് ചെളിയിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയൊക്കെ സാത്താന്‍സേവക്കാരുടെ രീതികളും നടപടികളുമായി ഏറെ സാമ്യമുള്ളതാണ്.
Mar Joseph Pamplany Emperor Emmanuel movement Activities and teachings of the Emperor Emmanuel movement Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206