x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

പ്രാർഥനയുടെ മാർഗം

Authored by : Congregation for Doctrine of Faith On 25-Jul-2022

വകുപ്പ്‌ 2

പ്രാർഥനയുടെ മാർഗം

പ്രാർഥനയുടെ സജീവ പാരമ്പര്യത്തിൽ, ഓരോ സഭയും അതിന്റെ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലമനുസരിച്ച്‌ സ്വന്തം വിശ്വാസികളുടെ മുൻപിൽ, വാക്കുകളും ഗാനങ്ങളും ആംഗ്യങ്ങളും പ്രതീകചിത്രകലയും കലർന്ന ഒരു പ്രാർഥനാശൈലി അവതരിപ്പിക്കുന്നു. ഈ പ്രാർഥനാരീതികൾക്ക്‌ അപ്പസ്തോലിക വിശ്വാസത്തിന്റെ പാരമ്പര്യത്തോടു വിശ്വസ്തതയുണ്ടോയെന്നു വിവേചിച്ചറിയുക എന്ന ചുമതല സഭയുടെ പ്രബോധനാധികാരത്തിനാണ്‌. എപ്പോഴും യേശുക്രിസ്തുവിനെ ലക്ഷ്യംവയ്ക്കുന്ന അവയുടെ അർഥം വിശദീകരിക്കേണ്ടത്‌ അജപാലകരും മതബോധകരും ആണ്‌. 

പിതാവിനോടുളള പ്രാർഥന

ക്രിസ്തുവല്ലാതെ മറ്റൊരു മാർഗവും ക്രൈസ്തവ പ്രാർഥനയ്ക്കില്ല. നമ്മുടെ പ്രാർഥന സാമൂഹികമായാലും വ്യക്തിഗതമായാലും, വാചികമായാലും ആന്തരികമായാലും അതിനു പിതാവുമായി ബന്ധമുണ്ടാകുന്നത്‌ നാം “യേശുവിന്റെ നാമത്തിൽ" പ്രാർഥിക്കുമ്പോൾ മാത്രമാണ്‌. നമ്മുടെ പിതാവായ ദൈവത്തോടു പ്രാർഥിക്കാൻ പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കുന്ന മാർഗം യേശുവിന്റെ പരിപാവനമായ മനുഷ്യപ്രകൃതിയാണ്‌.

യേശുവിനോടുളള പ്രാർഥന 

ദൈവവചനത്താലും ആരാധനാഘോഷത്താലും പരിപുഷ്ടമായ സഭയുടെ പ്രാർഥന കർത്താവായ യേശുവിനോടു പ്രാർഥിക്കാൻ നമ്മെ പഠിപ്പിക്കുന്നു. സഭയുടെ പ്രാർഥന സംബോധന ചെയ്യുന്നതു സർവോപരി, പിതാവിനെ ആണെങ്കിലും എല്ലാ ആരാധനക്രമപാരമ്പര്യങ്ങളിലും ക്രിസ്തുവിനെ സംബോധന ചെയ്യുന്ന പ്രാർഥനാ രൂപങ്ങളും അതുൾക്കൊളളുന്നു. സഭയുടെ പ്രാർഥനയിൽ ഉപയോഗിക്കപ്പെടുന്ന ചില സങ്കീർത്തനങ്ങളും പുതിയനിയമവും ദൈവപുത്രൻ, ദൈവവചനം, കർത്താവ്‌, രക്ഷകൻ, ദൈവത്തിന്റെ കുഞ്ഞാട്‌, രാജാവ്‌, പ്രിയപുത്രൻ, കന്യകാസുതൻ, നല്ല ഇടയൻ, നമ്മുടെ ജീവൻ, നമ്മുടെ വെളിച്ചം, നമ്മുടെ പ്രത്യാശ, നമ്മുടെ ഉയിർത്തെഴുന്നേൽപ്പ്‌, മനുഷ്യവംശത്തിന്റെ സ്നേഹിതൻ.. എന്നിങ്ങനെ ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്ന വിഭിന്ന പ്രാർഥനാരൂപങ്ങൾ നമ്മുടെ അധരങ്ങളിൽ വച്ചുതരുകയും ഹൃദയങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്യൂന്നു.

ദൈവപുത്രൻ തന്റെ മനുഷ്യാവതാരവേളയിൽ സ്വീകരിച്ച “യേശു” എന്ന പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. ദൈവനാമം മനുഷ്യാധരങ്ങൾക്ക്‌ അവാച്യമാണ്‌, എങ്കിലും മനുഷ്യസ്വഭാവം സ്വീകരിക്കുകവഴി ദൈവവചനം അതു നമുക്കു കൈമാറുന്നു. തൻമൂലം നമുക്ക്‌ ആ പേര് വിളിച്ചപേക്ഷിക്കാം: “യേശു”, “യാഹ്‌വേ രക്ഷിക്കുന്നു.” “യേശു” എന്ന പേര് എല്ലാം ഉൾകൊള്ളുന്നു. ദൈവവും മനുഷ്യനും, സൃഷ്ടിയുടെയും രക്ഷയുടെയും പദ്ധതി മുഴുവനും അതിലടങ്ങിയിരിക്കുന്നു. “യേശുവിനെ വിളിച്ചപേക്ഷിക്കുക എന്നതിനർഥം അവിടുത്തെ വിളിച്ചപേക്ഷിക്കുക, നമ്മുടെ ഉള്ളിൽ വസിക്കുന്ന അവിടുത്തെ വിളിക്കുക എന്നതാണ്‌. അത്‌ അർഥമാക്കുന്ന സാന്നിദ്ധ്യത്തെ ഉൾക്കൊളളുന്ന ഏകനാമം അവിടുത്തേതാണ്‌. യേശു ഉയിർത്തെഴുന്നേറ്റവനാണ്‌. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവൻ തന്നെ സ്നേഹിക്കുകയും തനിക്കു വേണ്ടി സ്വയം അർപ്പിക്കുകയും ചെയ്ത ദൈവപുത്രനെ സ്വാഗതം ചെയ്യുന്നു. 

വിശ്വാസത്തിന്റേതായ ഈ പ്രാർഥന പൗരസ്ത്യ, പാശ്ചാത്യസഭകളിൽ പല രൂപങ്ങളിൽ പ്രാർഥനയുടെ പാരമ്പര്യമായി വളർന്നു വികസിച്ചു. സീനായ്‌, സിറിയ, ആതോസ്‌ മല എന്നിവിടങ്ങളിലെ ആധ്യാത്മിക ഗ്രന്ഥകാരൻമാരിലൂടെ കൈമാറി വന്നിട്ടുളള സർവസാധാരണമായ പാരമ്പര്യാധിഷ്ഠിത പ്രാർഥന ഇതാണ്‌; “കർത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപികളായ ഞങ്ങളുടെമേൽ കനിയണമേ.” അതു ഫിലിപ്പിയർ 2:6-11 ലെ ക്രിസ്തുവിജ്ഞാനപരമായ പ്രാർഥനാഗീതത്തെ ചുങ്കക്കാരന്റെയും വെളിച്ചം യാചിക്കുന്ന അന്ധരുടെയും നിലവിളിയുമായി സംയോജിപ്പിക്കുന്നു. അതുവഴി നമ്മുടെ ഹൃദയം മാനുഷികദുരിതങ്ങളിലേക്കും രക്ഷകന്റെ കാരുണ്യത്തിലേക്കും തുറക്കപ്പെടുന്നു.
എപ്പോഴും പരിപാവനമായ യേശുനാമം വിളിച്ചപേക്ഷിക്കുന്നതാണ്‌ ഏറ്റവും ലളിതമായ പ്രാർഥനാമാർഗം. വിനീതവും ശ്രദ്ധാലുവുമായ ഹൃദയം ആ പവിത്രനാമം ആവർത്തിച്ചു വിളിക്കുമ്പോൾ ഒരിക്കലും അതിഭാഷണത്തിൽ പ്രാർഥന അർഥശുന്യമാകുന്നില്ല. മറിച്ച്‌ വചനത്തിൽ ഉറച്ചുനിൽക്കുകയും “ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയും" ചെയ്യുന്നു. ഈ പ്രാർഥന “എപ്പോഴും” സാധ്യമാണ്‌ - എന്തെന്നാൽ, പല ജോലികളിൽ ഒന്നല്ല, പിന്നെയോ യേശുക്രിസ്തുവിൽ എല്ലാ പ്രവൃത്തികളെയും ചൈതന്യവത്താക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തെ സ്നേഹിക്കുക എന്ന ഏക കർത്തവ്യമാണ്‌ അത്‌.
സഭയുടെ പ്രാർഥന, യേശുവിന്റെ പരിപാവനമായ നാമം വിളിച്ചപേക്ഷിക്കുന്നതുപോലെ അവിടുത്തെ തിരുഹൃദയത്തെ വണങ്ങുകയും ആദരിക്കുകയും ചെയ്യുന്നു. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി നമ്മുടെ പാപങ്ങളാൽ കുത്തിത്തുളയ്ക്കപ്പെടുവാൻ അവിടുന്ന്‌ അനുവദിച്ച തന്റെ ഹൃദയത്തെയും മനുഷ്യനായവതരിച്ച വചനത്തെയും സഭയുടെ പ്രാർഥന ആരാധിക്കുന്നു. രക്ഷകന്റെ കാലടികളിൽ കുരിശിന്റെവഴി പിൻതുടരാൻ ക്രൈസ്തവപ്രാർഥന ഇഷ്ടപ്പെടുന്നു. പ്രത്തോറിയം മുതൽ ഗാഗുൽത്താവരെയുള്ള സ്ഥലങ്ങളും കബറിടവും തന്റെ പരിശുദ്ധ കുരിശാൽ ലോകത്തെ വീണ്ടെടുത്ത യേശുവിന്റെ മാർഗം വരച്ചുകാട്ടുന്നു.

“പരിശുദ്ധാത്മാവേ വന്നാലും”

“പരിശുദ്ധാത്മാവിനാലല്ലാതെ ആർക്കും “യേശു കർത്താവാണെന്നു' പറയാനാവില്ല." നാം യേശുവിനോടു പ്രാർഥിക്കാനാരംഭിക്കുമ്പോഴെല്ലാം തന്റെ മുൻകൃപാവരംവഴി നമ്മെ പ്രാർഥനയുടെ വഴിയിലേക്കു നയിക്കുന്നതു പരിശുദ്ധാത്മാവാണ്‌. യേശുവിനെ വിളിച്ചു പ്രാർഥിക്കാനാണ്‌ അവിടുന്നു നമ്മെ പഠിപ്പിക്കുന്നത്‌. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിനോടും പ്രാർഥിക്കാതിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? അതുകൊണ്ടാണ്‌ എല്ലാദിവസവും പ്രത്യേകിച്ച്‌ പ്രധാനപ്പെട്ട ഓരോ പ്രവൃത്തിയുടെയും ആരംഭത്തിലും അവസാനത്തിലും പരിശുദ്ധാത്മാവിനോടു പ്രാർഥിക്കൂവാൻ സഭ നമ്മെ ക്ഷണിക്കുന്നത്‌.

പരിശുദ്ധാത്മാവിനെ ആരാധിക്കേണ്ടതില്ലെങ്കിൽ മാമ്മോദീസാവഴി എന്നെ ദൈവികമാക്കാൻ അവിടുത്തേക്ക്‌ എങ്ങനെ സാധിക്കും ആരാധിക്കപ്പെടണമെങ്കിൽ വണക്കത്തിനു പാത്രമാകാതിരിക്കുമോ?

പരിശുദ്ധാത്മാവിനോടുള്ള യാചനയുടെ പരമ്പരാഗതമായ രൂപം ആശ്വാസദായകനായ ആത്മാവിനെ നമുക്കു നൽകാൻ നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പിതാവിനോടു വിളിച്ചപേക്ഷിക്കുക എന്നതാണ്‌. സത്യത്തിന്റെ ആത്മാവിനെ നമുക്കു നൽകുമെന്നു വാഗ്ദാനം ചെയ്യുമ്പോൾ തന്റെ നാമത്തിൽ ഈ യാചന നടത്തണമെന്നു യേശുതന്നെയാണ്‌ ഊന്നിപ്പറയുന്നത്. പക്ഷേ, ഏറ്റവും ലളിതവും ഏറ്റവും നേരിട്ടുളളതുമായ “പരിശുദ്ധാത്മാവേ വന്നാലും” എന്ന പ്രാർഥനയും പരമ്പരാഗതമാണ്‌. ആരാധനക്രമപരമായ എല്ലാ പാരമ്പര്യങ്ങളും ആരാധനാഗീതങ്ങളിലൂടെയും കീർത്തനങ്ങളിലൂടെയും അതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്;

പരിശുദ്ധാത്മാവേ വന്നാലും. അങ്ങയുടെ വിശ്വാസികളുടെ ഹൃദയങ്ങൾ നിറച്ച്‌, അവരിൽ അങ്ങയുടെ സ്നേഹാഗ്നി ഉജ്ജവലിപ്പിക്കണമേ.
സ്വർഗീയ രാജാവേ, സാന്ത്വനാത്മാവേ, സത്യാത്മാവേ, അങ്ങ്‌ എല്ലായിടത്തും സന്നിഹിതനാണ്‌; എല്ലാറ്റിനെയും നിറയ്ക്കുന്നവനും എല്ലാ നന്മകളുടെയും ഭണ്ഡാകാരവും എല്ലാ ജീവന്റെയും ഉറവിടവും ആയ അങ്ങു വന്നു ഞങ്ങളിൽ വസിച്ചാലും. സർവനൻമയായ അങ്ങു ഞങ്ങളെ ശുദ്ധീകരിക്കുകയും രക്ഷിക്കുകയും ചെയ്താലും.

തന്റെ ലേപനംവഴി നമ്മുടെ സത്തമുഴുവനിലും നിറഞ്ഞൊഴുകുന്ന പരിശുദ്ധാത്മാവാണു ക്രൈസ്‌തവപ്രാർഥനയുടെ ആന്തരിക ഗുരു. പ്രാർഥനയുടെ സജീവ പാരമ്പര്യത്തിന്റെ ശിൽപിയും അവിടുന്നുതന്നെ. പ്രാർഥിക്കുന്നവർ എത്രപേരുണ്ടോ അത്രയും പ്രാർഥനാരീതികളുമുണ്ട്‌ എന്നതു ശരിയാണ്‌; പക്ഷേ, എല്ലാവരിലും എല്ലാവരോടുംകൂടെ പ്രവർത്തിക്കുന്ന ആത്മാവ്‌ ഒന്നുമാത്രം. പരിശുദ്ധാതാവുമായുള്ള ഐകൃത്തിൽ ക്രൈസ്‌തവപ്രാർഥന സഭയിലെ പ്രാർഥനയാണ്‌.

പരിശുദ്ധ ദൈവമാതാവുമായുളള കൂട്ടായ്മയിൽ

പ്രാർഥനയിൽ ഏകപുത്രന്റെ മഹത്ത്വീകൃതമായ മനുഷ്യത്വത്തിൽ അവിടുത്തെ വൃക്തിത്വവുമായി പരിശുദ്ധാത്മാവു നമ്മെ ഐക്യപ്പെടുത്തുന്നു. അതിലും അതുവഴിയുമാണു പുത്രസഹജമായ നമ്മുടെ പ്രാർഥന നമ്മെ സഭയിൽ യേശുവിന്റെ അമ്മയുമായി ഐക്യപ്പെടുത്തുന്നത്‌.

മംഗലവാർത്തയിൽ വിശ്വാസപൂർവം തന്റെ സമ്മതം നൽകിയ മറിയം കുരിശിൻ ചുവട്ടിൽ, നിസ്സംശയം അതു കാത്തുപാലിക്കുകയും “അപകടങ്ങളാലും വൈഷമ്യങ്ങളാലും ചുറ്റപ്പെട്ടു യാത്ര തുടരുന്ന" സ്വപുത്രന്റെ സഹോദരൻമാരെയും സഹോദരിമാരെയും അവളുടെ മാതൃത്വം എക്കാലവും ആശ്ശേഷിക്കുകയും ചെയ്യുന്നു. ഏക മധ്യസ്ഥനായ യേശുവാണു നമ്മുടെ പ്രാർഥനയുടെ മാർഗം; അവിടുത്തേയും നമ്മുടെയും അമ്മയായ മറിയം അവിടുത്തെ പ്രകാശപൂരിതമായ പ്രതിരൂപമായിത്തീരൂന്നു.. അവൾ നമുക്കു “വഴി കാട്ടിത്തരുന്നു” (hodegetria), പാശ്ചാത്യ പൗരസ്ത്യ സഭകളുടെ പരമ്പരാഗതമായ പ്രതീക ചിത്രകലയനുസരിച്ച്‌ വഴിയുടെ “അടയാളവും” അവൾതന്നെ.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമായുള്ള മറിയത്തിന്റെ അനന്യമായ സഹകരണത്തിൽ തുടങ്ങുന്നതും ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങളിലൂടെ പ്രകടമാകുന്ന അവിടുത്തെ വ്യക്തിത്വത്തെ കേന്ദ്രീകരിക്കുന്നതും ദൈവമാതാവിനോടുളളതുമായ പ്രാർഥന സഭകൾ വികസിപ്പിച്ചെടുത്തു. ഈ പ്രാർഥനയെ ആവിഷ്കരിക്കുന്ന അസംഖ്യം കീർത്തനങ്ങളിലും ആരാധനാഗീതങ്ങളിലും രണ്ടു ധാരകൾ മാറിമാറി വരുന്നു. ആദൃത്തേത്‌, കർത്താവു തന്റെ എളിയ ദാസിക്കും അവൾവഴി എല്ലാ മനുഷ്യർക്കുംവേണ്ടി ചെയ്ത “വൻകാര്യങ്ങളെപ്രതി” അവിടുത്തെ “സ്തുതിക്കുന്നു”. രണ്ടാമത്തേത്‌, ദൈവമക്കളുടെ യാചനകളും സ്തോത്രങ്ങളും യേശുവിന്റെ അമ്മയ്ക്കു സമർപ്പിക്കുന്നു. എന്തെന്നാൽ, അവളിലൂടെ ദൈവപുത്രൻ വരിച്ച മനുഷ്യത്വത്തെ അവൾ ഇപ്പോൾ അറിയുന്നുണ്ട്‌.

മറിയത്തോടുള്ള പ്രാർഥനയുടെ ഈ ദ്വിവിധ ധാരയുടെ സവിശേഷമായ ആവിഷ്കാരമാണ്‌ നന്മനിറഞ്ഞ മറിയമേ നിനക്കു സ്വസ്തി എന്ന ജപം:
മറിയമേ, സ്വസ്തി, (മറിയമേ, സന്തോഷിച്ചാലും) : ഗബ്രിയേൽ മാലാഖയുടെ ആശംസാ വചനങ്ങളോടെയാണ്‌ ഈ പ്രാർഥന ആരംഭിക്കുന്നത്‌. മാലാഖയെ മധ്യവർത്തിയാക്കിക്കൊണ്ട്‌ മറിയത്തെ അഭിവാദ്യംചെയ്യുന്നതു ദൈവംതന്നെയാണ്‌. ദൈവം തന്റെ എളിയദാസിയെ കടാക്ഷിച്ചു അതേ വീക്ഷണത്തോടെ മറിയത്തോടുള്ള ഈ ആശംസാവചനങ്ങളെ സ്വാംശീകരിക്കാനും അവളിൽ അവിടുന്നു കണ്ടെത്തിയ സന്തോഷത്തിൽ ആഹ്ലാദിക്കാനും നമ്മുടെ പ്രാർഥന തുനിയുന്നു.
നന്മ നിറഞ്ഞവളെ, കർത്താവു നിന്നോടുകൂടെ: മാലാഖയുടെ ഈ രണ്ട്‌ ആശംസാവചനങ്ങൾ പരസ്പരം വിശദമാക്കുന്നവയാണ്‌. മറിയം നൻമനിറഞ്ഞവളാകാനുളള കാരണം കർത്താവ്‌ അവളോടൊപ്പം ഉണ്ടെന്നതാണ്‌. അവളെ നിറയ്ക്കുന്ന നൻമയാകട്ടെ, എല്ലാ കൃപാവരങ്ങളുടെയും ഉറവിടമായ കർത്താവിന്റെ സാന്നിധ്യവും. “ജറുസലെം പുത്രി, സന്തോഷിക്കുക... നിന്റെ ദൈവമായ കർത്താവ്‌ നിന്റെ മധ്യേ ഉണ്ട്‌." കർത്താവു സ്വന്തം വാസസ്ഥലമാക്കിയ മറിയം സീയോൻ പുത്രിയാണ്, കർത്താവിന്റെ മഹിമ കുടികൊളളുന്ന ഉടമ്പടിയുടെ പേടകവും “മനുഷ്യരോടൊപ്പമുള്ള... ദൈവത്തിന്റെ കുടാരവുമാണവൾ." നന്മനിറഞ്ഞവൾ” തന്നിൽ വസിക്കാൻ വന്ന, താൻ ലോകത്തിനു നൽകാൻ പോകുന്ന കർത്താവിനു പൂർണമായും സ്വയം സമർപ്പിച്ചവളത്രേ.
സ്ത്രീകളിൽ അനുഗൃഹീതമാകുന്നു. നിന്റെ ഉദരഫലമായ യേശുവും അനുഗ്രഹീതനാകുന്നു. മാലാഖയുടെ അഭിവാദനത്തെ തുടർന്ന്‌ എലിസബത്തിന്റെ അഭിവാദനവചസ്സുകളെയും നാം സ്വന്തമാക്കുന്നു. മറിയത്തെ “അനുഗൃഹീത” എന്നു വിളിച്ച തലമുറകളുടെ നീണ്ട പട്ടികയിൽ പ്രഥമസ്ഥാനീയയാണു “പരിശുദ്ധാത്മാവിനാൽ നിറഞ്ഞ” എലിസബത്ത്‌. “വിശ്വസിച്ചവളായ അവൾ അനുഗൃഹീതയാകുന്നു..." കർത്താവിന്റെ വചനം നിറവേറുമെന്നു മറിയം വിശ്വസിച്ചതുകൊണ്ട്‌ അവൾ “സ്ത്രീകളിൽ അനുഗൃഹീതയാകുന്നു.” അബ്രാഹം, തന്റെ വിശ്വാസംമൂലം ഭൂമുഖത്തെ എല്ലാ തലമുറകൾക്കും അനുഗ്രഹമായിത്തീർന്നു. മറിയം അവളുടെ വിശ്വാസംമൂലം വിശ്വാസികളുടെ അമ്മയായി ഭവിച്ചു. അവളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും ദൈവത്തിന്റെ അനുഗ്രഹം തന്നെയായവനെ സ്വീകരിക്കുന്നു; “നിന്റെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ യേശു.”
പരിശുദ്ധമറിയമേ, ദൈവത്തിന്റെ അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. എലിസബത്തിനോടൊപ്പം നാമും വിസ്‌മയഭരിതരാകുന്നു; “എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്‌?” മറിയം തന്റെ മകനായ യേശുവിനെ നമുക്കു നൽകുന്നതുകൊണ്ട്‌ അവൾ ദൈവത്തിന്റെ അമ്മയും നമ്മുടെ അമ്മയുമാകുന്നു. നമ്മുടെ എല്ലാ ആകുലതകളും യാചനകളും നമുക്ക്‌ അവളെ ഭരമേൽപിക്കാം. അവൾ തനിക്കുവേണ്ടിത്തന്നെ പ്രാർഥിച്ചതുപോലെ നമുക്കു വേണ്ടിയും പ്രാർഥിക്കുന്നു; “നിന്റെ വാക്ക്‌ എന്നിൽ നിറവേറട്ടെ." മറിയത്തിന്റെ പ്രാർഥനയ്ക്കു നമ്മെ ഭരമേൽപ്പിക്കുക വഴി നാം അവളോടൊപ്പം നമ്മെയും ദൈവഹിതത്തിനു വിട്ടുകൊടുക്കുന്നു: “നിന്റെ ഇഷ്ടം നിറവേറട്ടെ.”
പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും പ്രാർഥിക്കണമേ. നമുക്കുവേണ്ടി പ്രാർഥിക്കാൻ മറിയത്തോടു യാചിക്കുമ്പോൾ പാവപ്പെട്ടവരായ പാപികളായി നാം സ്വയം ഏറ്റുപറയുകയാണ്‌. സർവ വിശുദ്ധയായ “കാരുണ്യത്തിന്റെ അമ്മയെ” നാം അഭിസംബോധനചെയ്യുന്നു. ഇപ്പോൾ, നമ്മുടെ ജീവിതങ്ങളുടെ “ഇന്നിൽ നാം നമ്മെത്തന്നെ അവൾക്ക്‌ സമർപ്പിക്കുന്നു. ഈ നിമിഷത്തിൽതന്നെ “നമ്മുടെ മരണത്തിന്റെ മണിക്കൂർ” പൂർണമായും അവളുടെ സംരക്ഷണത്തിന്‌ ഏൽപിക്കുവാൻ തക്കവിധം നമ്മുടെ ആശ്രയബോധം വളർന്നിരിക്കുന്നു. സ്വപുത്രന്റെ കുരിശുമരണസമയത്ത്‌ അവൾ സന്നിഹിതയായിരുന്നതുപേലെ നമ്മുടെ മരണവേളയിലും അവൾ ഉണ്ടായിരിക്കട്ടെ. നാം മരിക്കുമ്പോൾ പറുദീസായിൽ തന്റെപുത്രന്റെ അടുക്കലേക്കു നമ്മുടെ അമ്മയെന്ന നിലയിൽ അവൾ നമ്മെ നയിക്കട്ടെ.
പാശ്ചാത്യലോകത്തു മധ്യയുഗത്തിലെ പൊതുജനഭക്തിയിൽ യാമപ്രാർഥനയ്ക്കു പകരമായി ജനപ്രീതിയോടെ ജപമാല പ്രാർഥന പരിപോഷിതമായി. പൗരസ്ത്യലോകത്തിലാകട്ടെ “അക്കാത്തിസ്തോസ്‌” “പരാക്ലെസിസ് " മുതലായ ലുത്തിനിയകൾ ബൈസന്റെയിൻ സഭകളുടെ സമുഹപരമായ യാമപ്രാർഥയോടു വളരെ അടുത്തുതന്നെയായിരുന്നു. അർമേനിയൻ, കോച്‌റ്റിക്‌, സിറിയൻ പാരമ്പര്യങ്ങൾ ദൈവമാതാവിനെ പ്രകീർത്തിക്കുന്ന ജനപ്രീതിയുള്ള കിർത്തനങ്ങൾക്കും ഗീതങ്ങൾക്കും കുടുതൽ പ്രാധാന്യം നൽകി. എന്നാൽ നൻമനിറഞ്ഞ മറിയമേ, ദൈവമാതാവേ എന്നിവയിലെയും, വിശുദ്ധ അപ്രേമിന്റെയോ നറേക്കിലെ വിശുദ്ധ ഗ്രിഗറിയുടെയോ കീർത്തനങ്ങളിലെയും പ്രാർഥനാപാരമ്പര്യം അടിസ്ഥാനപരമായി ഒന്നുതന്നെ ആയിരുന്നു.

തികവുറ്റവിധം പ്രാർഥിക്കുന്ന മറിയം സഭയുടെ പ്രതിരൂപം ആണ്‌. മറിയത്തോടു പ്രാർഥിക്കുമ്പോൾ, എല്ലാ മനുഷ്യരെയും രക്ഷിക്കാൻ സ്വപുത്രനെ അയയ്ക്കൂന്ന നിത്യപിതാവിന്റെ പദ്ധതിയിൽ അവളോടൊപ്പം ചേർന്നുനിൽക്കുകയാണു നാം. വത്സല ശിഷ്യൻ ചെയ്തതുപോലെ നാമും യേശുവിന്റെ അമ്മയും ജീവനുള്ളവരുടെയെല്ലാം അമ്മയുമായിത്തീർന്നവളെ നമ്മുടെ ഭവനങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു. അവളോടുകൂടെയും അവളോടും നമുക്കു പ്രാർഥിക്കാനാകും സഭയുടെ പ്രാർഥന നിലനിന്നുപോകുന്നത്‌ ഒരുവിധത്തിൽ മറിയത്തിന്റെ പ്രാർഥനയിലൂടെയും അതുമായി പ്രത്യാശയിൽ ഐക്യപ്പെട്ടുമാണ്‌.

സംഗ്രഹം 

പ്രാർഥന പ്രധാനമായി, പിതാവിനോടുളളതാണ്‌; യേശുവിനോടുമാകാം. പ്രത്യേകിച്ച് അവിടുത്തെ പരിശുദ്ധനാമം വിളിച്ച്‌: “കർത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ പുത്രാ, പാപികളായ ഞങ്ങളുടെമേൽ കനിയണമേ ” എന്നിങ്ങനെ അപേക്ഷിക്കുമ്പോൾ.

പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും "യേശു കർത്താവാണ് “എന്നു പറയാനാവില്ല (1 Cor 12:3). ക്രൈസ്തവ പ്രാർഥനയുടെ ആന്തരിക ഗുരുവായി പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നു.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനവുമായുള്ള മറിയത്തിന്റെ സവിശേഷമായ സഹകരണംമൂലം കന്യകമറിയവുമായുള്ള ഐക്യത്തിൽ പ്രാർഥിക്കാനും, കർത്താവ് അവൾക്കുവേണ്ടി ചെയ്ത വൻകാര്യങ്ങൾ അവളോടൊപ്പം പ്രകീർത്തിക്കാനും, യാചനകളും സ്തുതിപ്പുകളും അവളെ ഭരമേൽപിക്കാനും സഭ ഇഷ്ടപ്പെടുന്നു. 

പ്രാർഥനയുടെ മാർഗം പിതാവിനോടുളള പ്രാർഥന യേശുവിനോടുളള പ്രാർഥന  “പരിശുദ്ധാത്മാവേ വന്നാലും” Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message