We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 13-Jul-2022
വകുപ്പ് 2
രണ്ടാം കൽപന
I. കർത്താവിന്റെ നാമം പരിശുദ്ധമാണ്
രണ്ടാമത്തെ കൽപന, കർത്താവിന്റെ നാമത്തെ ബഹുമാനിക്കണം എന്നു നിർദേശിക്കുന്നു. ഒന്നാം കൽപനപോലെ ഇതും മതാത്മകതയെന്ന സുകൃതത്തെ സംബന്ധിച്ചുള്ളതാണ്. കൂടുതൽ പ്രത്യേകമായി, വിശുദ്ധ കാര്യങ്ങളെക്കുറിച്ചുള്ള പദപ്രയോഗത്തെ അതു നിയന്ത്രിക്കുന്നു.
വെളിപാടിൻ്റെ എല്ലാ വാക്കുകളിലും വച്ച് ഒരെണ്ണം അനന്യമാണ്: ദൈവത്തിൻ്റെ വെളിപ്പെടുത്തപ്പെട്ട നാമം തന്നിൽ വിശ്വസിക്കുന്നവരെ ദൈവം തൻ്റെ നാമം വിശ്വസിച്ചേൽപിക്കുന്നു; അവിടുന്നു തന്നെത്തന്നെ തൻ്റെ വ്യക്തിപരമായ രഹസ്യത്തിൽ അവർക്കു വെളിപ്പെടുത്തുന്നു. നാമത്തിൻ്റെ ദാനം വിശ്വാസപൂർവകമായ ഉറപ്പിൻ്റെയും ഉറ്റബന്ധത്തിൻ്റെയും ക്രമത്തിൽപ്പെട്ടതാണ്. “കർത്താവിൻ്റെ നാമം പരിശുദ്ധമാണ്”. ഇക്കാരണത്താൽ, മനുഷ്യൻ അതു ദുരുപയോഗിക്കരുത്. അവൻ അതു തന്റെ മനസ്സിൽ നിശ്ശബ്ദമായ, സ്‌നേഹപൂർണമായ, ആരാധനയിൽ സൂക്ഷിക്കണം. അതിനെ വാഴ്ത്താനും പുകഴ്ത്താനും മഹത്ത്വപ്പെടുത്താനുമല്ലാതെ തൻ്റെ സംസാരത്തിലേക്ക് അതിനെ കൊണ്ടുവരരുത്."
ദൈവനാമത്തോടുള്ള ബഹുമാനം ദൈവത്തിൻ്റെതന്നെ രഹസ്യത്തിനും, അതുണർത്തുന്ന വിശുദ്ധ യാഥാർഥ്യം മുഴുവനും നൽകപ്പെടേണ്ട ബഹുമാനത്തിൻ്റെ പ്രകാശനമാണ്. പരിശുദ്ധമായതിനെ സംബന്ധിച്ച ബോധം മതാത്മകതയെന്ന സുകൃതത്തിന്റെ ഒരു ഭാഗമാണ്;
ഭയത്തിന് അടിപ്പെടാതെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസി കർത്താവിൻ്റെ നാമത്തിനു സാക്ഷ്യം വഹിക്കണം. പ്രവൃത്തിയും വിശ്വാസപരിശീലന പ്രവൃത്തിയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തോടുള്ള ആരാധനയും ബഹുമാനവും നിറഞ്ഞതായിരിക്കണം.
രണ്ടാം കൽപന ദൈവനാമത്തിൻ്റെ ദുരുപയോഗത്തെ, അതായത്, ദൈവത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ വിശുദ്ധരുടെയും നാമത്തിൻ്റെ അനുചിതമായ ഉപയോഗത്തെ നിരോധിക്കുന്നു.
ദൈവത്തിൻ്റെ നാമത്തിൽ മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങൾ ദൈവികമായ ആദരവും വിശ്വസ്തതയും സത്യസന്ധതയും ആധികാരികതയും ഉൾക്കൊള്ളുന്നവയാണ്. അവ നീതിപൂർവം ആദരിക്കപ്പെടണം. അവയോടു വിശ്വസ്തതയില്ലാതിരിക്കുക എന്നതു ദൈവത്തിന്റെ നാമം ദുരുപയോഗിക്കുന്നതിനും ഒരു വിധത്തിൽ ദൈവത്തെ നുണയനാക്കുന്നതിനും തുല്യമാണ്."
ദൈവദൂഷണം രണ്ടാം കൽപനയ്ക്കു നേരേ വിരുദ്ധമാണ്. ദൈവത്തിനെതിരായി വിദ്വേഷത്തിൻ്റെയോ അവഹേളനത്തിൻ്റെയോ ധിക്കാരത്തിൻ്റെയോ വാക്കുകൾ - ആന്തരികമായോ ബാഹ്യമായോ - ഉച്ചരിക്കുന്നതിലും ദൈവത്തെക്കുറിച്ച് തിൻമ പറയുന്നതിലും; സംസാരത്തിൽ അവിടുത്തോടു ബഹുമാനം കാണിക്കാതിരിക്കുന്നതിലും ദൈവത്തിൻ്റെ നാമം ദുരുപയോഗിക്കുന്നതിലും അത് അടങ്ങിയിരിക്കുന്നു. “ഏതു നാമത്തിൽ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവോ (യേശുവിൻ്റെ) ആ സംപൂജ്യ നാമത്തെ ദുഷിക്കുന്നവരെ വി.യാക്കോബ് ശപിക്കുന്നു. ദൈവദൂഷണത്തിന്റെ നിരോധനം ക്രിസ്തുവിൻ്റെ സഭയ്ക്കും വിശുദ്ധൻമാർക്കും വിശുദ്ധ വസ്തുക്കൾക്കും എതിരായ ഭാഷയുടെ ഉപയോഗത്തിലേക്കും വ്യാപിക്കുന്നു. കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാനോ ആളുകളെ അടിമത്തത്തിലേക്ക് നയിക്കാനോ വ്യക്തികളെ പീഡിപ്പിക്കാനോ, വധിക്കാനോ ദൈവത്തിൻ്റെ നാമം ഉപയോഗിക്കുന്നത് ദൈവദൂഷണപരമാണ്. ഒരു കുറ്റകൃത്യം ചെയ്യാൻവേണ്ടി ദൈവനാമം ദുരുപയോഗിക്കുന്നത് മതത്തെ നിഷേധിക്കുന്നതിനു മറ്റുള്ളവരെ പ്രേരിപ്പിക്കും. ദൈവത്തിനും അവിടുത്തെ വിശുദ്ധനാമത്തിനും അർഹതപ്പെട്ട ബഹുമാനത്തിനു വിരുദ്ധമാണു ദൈവദൂഷണം. അത് അതിൽത്തന്നെ ഗൗരവാവഹമായ പാപമാണ്.
ദൈവനാമം ചേർത്ത് ശാപവാക്കുകൾ പറയുന്നത് ദൈവദുഷണത്തിൻ്റെ ഉദ്ദേശ്യമില്ലെങ്കിലും കർത്താവിനോടു ബഹുമാനരാഹിത്യം പ്രകടിപ്പിക്കുന്നതാണ്. ദൈവിക നാമത്തിൻ്റെ മന്ത്രികമായ ഉപയോഗം രണ്ടാം കൽപന നിരോധിക്കുന്നു.
ദൈവത്തിൻ്റെ നാമം അവിടുത്തെ മഹിമയുടെ വലിപ്പത്തോടുള്ള ആദരവോടെ ഉച്ചരിക്കുമ്പോൾ അത് മഹത്താകുന്നു, ദൈവത്തിൻ്റെ നാമം, വണക്കത്തോടും അവിടുത്തെ ദ്രോഹിക്കുമോ എന്ന ഭയത്തോടുംകൂടി ഉച്ചരിക്കുമ്പോൾ അത് വിശുദ്ധമാകുന്നു.
II. കർത്തൃനാമം വ്യഥാ പ്രയോഗിക്കുന്നത്
രണ്ടാം കൽപന വ്യാജശപഥങ്ങളെ നിരോധിക്കുന്നു. ശപഥം ചെയ്യുക എന്നത്, ഒരാൾ ഉറപ്പിച്ചുപറയുന്ന കാര്യത്തിനു ദൈവത്തെ സാക്ഷിയാക്കുക എന്നതാണ്. ഒരാൾ തന്റെ സത്യസന്ധതയ്ക്ക് അച്ചാരമായി ദൈവിക സത്യസന്ധതയെ വിളിക്കുകയാണ്. ശപഥം കർത്താവിന്റെ നാമത്തെ കടപ്പെടുത്തുന്നു. “നീ നിന്റെ ദൈവമായ കർത്താവിനെ ഭയപ്പെടണം; അവിടുത്തെ സേവിക്കണം; അവിടുത്തെ നാമത്തിൽ സത്യം ചെയ്യണം.”
വ്യാജശപഥം തള്ളിക്കളയുക എന്നതു ദൈവത്തോടുള്ള ഒരു കടമയാണ്. സ്രഷ്ടാവും കർത്താവും എന്ന നിലയിൽ ദൈവമാണു സകല സത്യത്തിന്റെയും മാനദൺഡം. മനുഷ്യന്റെ വാക്ക് സത്യം തന്നെയായ ദൈവത്തിനു ചേർന്നതോ അല്ലെങ്കിൽ വിരുദ്ധമോ ആയിരിക്കും. ശപഥം സത്യസന്ധവും നിയമാനുസൃതവുമാണെങ്കിൽ അതു മനുഷ്യഭാഷണത്തിനു ദൈവത്തിന്റെ സത്യത്തോടുള്ള ബന്ധത്തെ ഉയർത്തിക്കാണിക്കുന്നു. വ്യാജശപഥം ഒരു നുണയ്ക്കു സാക്ഷിയാകാൻ ദൈവത്തെ വിളിക്കുന്നു.
പാലിക്കാൻ ഉദ്ദേശ്യമില്ലാതെ ഒരാൾ ഒരു ശപഥത്തിൻ കീഴിൽ വാഗ്ദാനം ചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു ശപഥം നടത്തിയിട്ട് അതുപാലിക്കാതെ വരുമ്പോൾ അയാൾ കള്ളസത്യം ചെയ്യുന്നു. കള്ളസത്യം സർവ്വഭാഷണത്തിന്റെയും കർത്താവിനോടുള്ള ബഹുമാനത്തിനെതിരെയുള്ള ഗൗരവപൂർണമായ കുറ്റമാണ്. ഒരു തിൻമ പ്രവൃത്തിക്കു ശപഥപൂർവം കടപ്പെടുത്തുന്നത് ദൈവനാമത്തിന്റെ വിശുദ്ധിക്കു വിരുദ്ധമാണ്.
മലയിലെ പ്രസംഗത്തിൽ യേശു രണ്ടാം കൽപനയെ വിശദീകരിച്ചു: “വ്യാജമായി ആണയിടരുത്; കർത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂർവികരോടു കൽപിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ആണയിടുകയേ അരുത്.. നിങ്ങളുടെ വാക്ക് “അതെ” എന്നോ “അല്ല” എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനിൽ നിന്നുവരുന്നു”. ഓരോ ശപഥവും ദൈവത്തോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ വാക്കിലും ദൈവത്തിന്റെ സാന്നിധ്യവും അവിടുത്തെ സത്യവും ബഹുമാനിക്കപ്പെടണമെന്നും യേശു പഠിപ്പിക്കുന്നു. ദൈവത്തെ വിളിക്കുന്നതിൽ കാണിക്കുന്ന മിതത്വം അവിടുത്തെ സാന്നിധ്യത്തെക്കുറിച്ചുള്ള ബഹുമാനപൂർവകമായ ബോധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ എല്ലാ പ്രസ്താവനകളും ഈ ദൈവസാന്നിധ്യത്തെ ഒന്നുകിൽ സാക്ഷ്യപ്പെടുത്തുകയോ അല്ലെങ്കിൽ പുച്ഛിക്കുകയോ ആണ് ചെയ്യുന്നത്.
ഗൗരവപൂർണവും ശരിയുമായ കാരണങ്ങൾ ഉള്ളപ്പോൾ ചെയ്യുന്ന (ഉദാഹരണത്തിനു കോടതിയിൽ) ശപഥത്തെ കർത്താവിന്റെ വാക്കുകൾ തള്ളിക്കളയുന്നില്ലെന്ന് വി.പൗലോസിനെ മുൻനിറുത്തി സഭയുടെ പാരമ്പര്യം മനസ്സിലാക്കുന്നു. ഒരു ശപഥം ചെയുന്നത്, അതായത് സത്യത്തിന് സാക്ഷിയായി ദൈവികനാമം വിളിക്കുന്നത് സത്യത്തിലും വിധിത്തീർപ്പിലും നീതിയിലുമല്ലാതെ ചെയ്യാൻ പാടില്ല.
ദൈവികനാമത്തെ നാം നിസ്സാരകാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും, നീതിക്കു വിരുദ്ധമായി ശപഥം ആവശ്യപ്പെടുന്ന ഒരധികാരത്തിന്റെ അംഗീകാരമായി സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു ശപഥം ചെയ്യരുതെന്നും ദൈവികനാമത്തിൻെറ വിശുദ്ധി ആവശ്യപ്പെടുന്നു. നിയമാനുസൃതമല്ലാത്ത രാഷ്ട്രീയാധികാരികൾ ശപഥം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതു നിരസിക്കാവുന്നതാണ്. വ്യക്തികളുടെ മാഹാത്മ്യത്തിന് വിരുദ്ധമായോ സഭയുടെ കുട്ടായ്മയ്ക്കു വിരുദ്ധമായോ ശപഥം ചെയ്യാൻ ആവശ്യപ്പെട്ടാൽ അതു നിരസിക്കേണ്ടതാണ്.
III. ക്രൈസ്തവനാമം
മാമ്മോദീസ എന്ന കൂദാശ നൽകപ്പെടുന്നത് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” ആണ്. മാമ്മോദീസയിൽ കർത്താവിന്റെ നാമം മനുഷ്യനെ വിശുദ്ധീകരിക്കുകയും ക്രിസ്ത്യാനി തന്റെ പേർ സഭയിൽ സ്വീകരിക്കുകയും ചെയ്യുന്നു. ആ പേര് ഒരു വിശുദ്ധൻ്റെ അതായത് കര്‍ത്താവിനോടുള്ള മാതൃകാപരമായ വിശ്വസ്തതയുടെ ജീവിതം നയിച്ച ഒരു ശിഷ്യൻ്റെ, ആയിരിക്കാം. നാമഹേതുകനായ വിശുദ്ധന്‍ സ്നേഹത്തിൻ്റെ മാതൃക നല്‍കുകയും തൻ്റെ മാധ്യസ്ഥ്യം നമുക്കു ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു ക്രൈസ്തവരഹസ്യത്തെയോ ഒരു ക്രൈസ്തവ സുകൃതത്തെയോ പ്രകാശിപ്പിക്കാനും “മാമ്മോദീസാപ്പേരിനു” കഴിയും. ക്രൈസ്തവ ചൈതന്യത്തിന് നിരക്കാത്ത ഒരു പേരു നല്‍കപ്പെടാതിരിക്കാന്‍ മാതാപിതാക്കളും തലതൊടുന്നവരും അജപാലകനും ശ്രദ്ധിക്കണം”.
ക്രൈസ്തവന്‍ തൻ്റെ അനുദിന പ്രാര്‍ഥനകളും പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തില്‍ ആമ്മേന്‍” എന്നു കുരിശടയാളത്തോടെയാണ്. മാമ്മോദീസ മുങ്ങിയ വ്യക്തി തൻ്റെ ദിവസത്തെ ദൈവത്തിൻ്റെ മഹത്ത്വത്തിനു സമര്‍പ്പിക്കുകയും പിതാവിൻ്റെ ഒരു മകനെപ്പോലെ പരിശുദ്ധാത്മാവില്‍ പ്രവര്‍ത്തിക്കുന്നതിന് അവനെ സഹായിക്കുന്ന രക്ഷകൻ്റെ കൃപാവരത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കുരിശിൻ്റെ അടയാളം പ്രലോഭനങ്ങളിലും പ്രയാസങ്ങളിലും നമ്മെ ശക്തിപ്പെടുത്തുന്നു.
ദൈവം ഓരോ വ്യക്തിയെയും പേരുചൊല്ലി വിളിക്കുന്നു. " ഓരോ വ്യക്തിയുടെയും പേര് പവിത്രമാണ്. പേര് വൃക്തിയുടെ പ്രതിരൂപമല്ല. അതു വഹിക്കുന്ന വ്യക്തിയുടെ മാഹാത്മൃത്തിൻ്റെ അടയാളമെന്ന നിലയില്‍ അതു ബഹുമാനം ആവശ്യപ്പെടുന്നു.
ഒരാള്‍ സ്വീകരിക്കുന്ന നാമം നിത്യകാലത്തേക്കുമുള്ള നാമമാണ്. ദൈവരാജ്യത്തില്‍ ദൈവത്തിൻ്റെ നാമത്താല്‍ മുദ്രിതമാക്കപ്പെട്ട ഓരോ വ്യക്തിയുടെയും രഹസ്യാത്മകവും അനന്യവുമായ സ്വഭാവം തിളക്കത്തോടെ പ്രകാശിക്കും. “വിജയം വരിക്കുന്നവന് ഞാന്‍ ഒരു വെണ്ണക്കല്ലു കൊടുക്കും: അതില്‍ ഒരു പുതിയനാമം കൊത്തിയിരിക്കും. അതെന്തെന്ന് സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല." “അപ്പോള്‍, ഒരു കുഞ്ഞാടു സീയോന്‍ മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവനോടുകൂടെ നൂറ്റിനാല്‍പ്പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവൻ്റെ നാമവും അവൻ്റെ പിതാവിൻ്റെ നാമവും എഴുതിയിട്ടുണ്ട്."
സംഗ്രഹം
കർത്താവേ, ഞങ്ങളുടെ കർത്താവേ; ഭുമിയിലെങ്ങും നിൻ്റെ നാമം എത്ര മഹനീയം (Ps 8:1)
രണ്ടാം കല്‍പന കർത്താവിൻ്റെ നാമത്തെ ബഹുമാനിക്കാന്‍ കടപ്പെടുത്തുന്നു. കർത്താവിൻ്റെ നാമം പരിശുദ്ധമാണ്.
ദൈവനാമത്തിൻ്റെ അനുചിതമായ ഏത് ഉപയോഗത്തെയും രണ്ടാം കല്‍പന വിലക്കുന്നു. ദൈവദൂഷണം എന്നതു ദൈവത്തിൻ്റെയോ യേശുക്രസ്തുവിൻ്റെയോ, കന്യകാമറിയത്തിൻ്റെയോ വിശുദ്ധ൯മാരുടെയോ പേരു നിന്ദിക്കുന്ന വിധത്തില്‍ പ്രയോഗിക്കുന്നതാണ്.
ഒരു നുണക്ക് സാക്ഷിയായി ദൈവത്തെ വിളിക്കുന്നതാണ് വ്യാജശപഥം. തൻ്റെ വാഗ്ദാനങ്ങളിൽ എപ്പോഴും വിശ്വസ്തനായിരിക്കുന്ന കർത്തവിന് എതിരേയുള്ള കുറ്റമാണ് കള്ളസത്യം.
സത്യം, അത്യാവശ്യം, ബഹുമാനം എന്നീ മൂന്നുകാര്യങ്ങളിൽ ഒത്തിണങ്ങിയാലേ ദൈവത്തെയോ ഏതെങ്കിലും സൃഷ്ടിയെയോ വിളിച്ച് സത്യം ചെയ്യാൻ പാടുള്ളൂ. (St.Ignatius Of Loyola Spiritual Exercises, 38)
മമ്മോദീസയിൽ ക്രിസ്ത്യാനി തൻ്റെ നാമം സഭയിൽ സ്വീകരിക്കുന്നു. അവന് ഒരു ക്രൈസ്തവനാമം നൽകുവാൻ മാതാപിതാക്കളും തലതൊടുന്നവരും അജപാലകനും ശ്രദ്ധിക്കണം. നാമഹേതുകനായ വിശുദ്ധൻ സ്നേഹത്തിൻ്റെ മാത്യകയും തൻ്റെ പ്രാര്‍ഥനയും ഉറപ്പു നൽകുന്നു.
ക്രിസ്ത്യാനി തൻ്റെ പ്രാര്‍ഥനകളും പ്രവർത്തനങ്ങളും കുതിശിന്റെ അടയാളത്തോടെ തുടങ്ങുന്നു; “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ, ആമ്മേൻ"
ദൈവം ഓരോ വ്യക്തിയെയും പേരുചൊല്ലി വിളിക്കുന്നു (cf Is 43:1)
രണ്ടാം കൽപന കർത്താവിന്റെ നാമം പരിശുദ്ധമാണ് കർത്തൃനാമം വ്യഥാ പ്രയോഗിക്കുന്നത് ക്രൈസ്തവനാമം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



