x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

മാനുഷികപ്രവ്യത്തികളുടെ ധാര്‍മികത

Authored by : Congregation for Doctrine of Faith On 24-Jun-2022

വകുപ്പ്‌ 4 

മാനുഷികപ്രവ്യത്തികളുടെ ധാര്‍മികത

സ്വാതന്ത്ര്യം മനുഷ്യനെ ഒരു ധാര്‍മിക കര്‍ത്താവ്‌ (moral subject ) ആക്കിത്തീര്‍ക്കുന്നു. മനുഷ്യന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുമ്പോള്‍, അവന്‍ അവൻ്റെ  പ്രവ്യത്തികളുടെ പിതാവാണ്‌ എന്നു പറയാം. മാനുഷികപ്രവർത്തികൾ , അതായത്‌, മന:സാ ക്ഷി നടത്തുന്ന ഒരു വിധിതീര്‍പ്പിൻ്റെ ഫലമായി സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രവൃത്തികള്‍, ധാര്‍മികമായി വിലയിരുത്തപ്പെടാം. അവ നല്ലതോ ചീത്തയോ ആണ്‌.

I. ധാര്‍മികതയുടെ സ്രോതസ്സുകള്‍

മാനുഷിക പ്രവ്യത്തികളുടെ ധാര്‍മികത താഴെപ്പറയുന്നവയെ ആശ്രയിച്ചിരിക്കുന്നു;

- തിരഞ്ഞെടുക്കപ്പെട്ട വിഷയം 

- വിവക്ഷിക്കപ്പെടുന്ന ലക്ഷ്യം അഥവാ ഉദ്ദേശ്യം

- പ്രവൃത്തിയുടെ സാഹചര്യങ്ങള്‍

വിഷയം, ഉദ്ദേശ്യം, സാഹചര്യങ്ങള്‍ എന്നിവയാണു മാനുഷികപ്രവൃത്തികളുടെ “സ്രോതസ്സുകള്‍” അഥവാ മൗലിക ഘടകങ്ങള്‍.

തിരഞ്ഞെടുക്കപ്പെട്ട വിഷയം, മനസ്സു ബോധപൂര്‍വം തന്നെത്തന്നെ ഏതിലേക്കു നയിക്കുന്നുവോ ആ നന്‍മയാണ്‌. അത്‌ മാനുഷികപ്രവ്യത്തിയുടെ  വസ്തു (matter) ആണ്‌. തിരഞ്ഞെടുക്കപ്പെട്ട വിഷയം യഥാര്‍ഥ നന്‍മയോട്‌ അനുരൂപപ്പെട്ടിരിക്കുന്നുവെന്നോ അല്ലെന്നോ യുക്തി അംഗീകരിക്കുകയും വിധിക്കുകയും ചെയ്യുന്നിടത്തോളം അതു മനസ്സിൻ്റെ  പ്രവൃത്തിയെ ധാര്‍മികമായി നിര്‍ണയിക്കുന്നു. ധാര്‍മികതയുടെ വസ്തുനിഷ്ഠങ്ങളായ മാനദണ്‍ഡങ്ങള്‍ മനസ്സാക്ഷി സാക്ഷ്യപ്പെടുത്തുന്ന നന്മതിന്മകളുടെ യുക്തിപരമായ ക്രമത്തെ വെളിപ്പെടുത്തുന്നു.

ഉദ്ദേശ്യം, വിഷയത്തില്‍നിന്നു വ്യത്യസ്തമായി, പ്രവൃത്തിയുടെ കര്‍ത്താവില്‍ സ്ഥിതിചെയ്യുന്നു. പ്രവൃത്തിയുടെ ഉദ്ദേശ്യം ഇച്ഛാശക്തിയാകുന്ന ഉറവിടത്തില്‍ നിന്ന്‌ ഉദ്ഭവിക്കുകയും അതിനെ അതിൻ്റെ ലക്ഷ്യത്താല്‍ നയിക്കുകുയും ചെയ്യുന്നു; അതുകൊണ്ട്‌ അത്  പ്രവൃത്തിയുടെ ധാര്‍മിക വിലയിരുത്തലിനുള്ള സുപ്രധാന ഘടകമാണ്‌. ലക്ഷ്യം ഉദ്ദേശ്യത്തിൻ്റെ പ്രഥമഘട്ടവും പ്രവൃത്തി എങ്ങോട്ടുനീങ്ങുന്നു എന്നതിൻ്റെ സൂചനയുമാണ്‌. ഉദ്ദേശ്യം ലക്ഷ്യത്തിലേക്കുള്ള മനസ്സിൻ്റെ ചലനമാണ്‌. അതു പ്രവൃത്തിയുടെ ലക്ഷ്യത്തെ സംബന്ധിച്ചുള്ളതാണ്‌. തുടങ്ങുന്ന പ്രവൃത്തിയില്‍നിന്നു പ്രതീക്ഷിക്കുന്ന നന്മയെ അത്‌ ലക്ഷ്യംവയ്ക്കുന്നു. ഉദ്ദേശ്യം ഒറ്റപ്പെട്ട പ്രവൃത്തികളെ നയിക്കുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, മറിച്ച്‌, അതിനു പല പ്രവൃത്തികളെ ഒരേ ലക്ഷ്യത്തിലേക്കു നയിക്കാന്‍ കഴിയും; ഒരുവൻ്റെ  മുഴുവന്‍ ജീവിതത്തെയും അതിൻ്റെ ആത്യന്തിക ലക്ഷ്യത്തിലേക്കു തിരിക്കാന്‍ ഉദ്ദേശൃത്തിനു കഴിയും. ഉദാഹരണമായി, അയല്‍ക്കാരനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍വഹിക്കപ്പെടുന്ന ഒരു സേവനം. അതേസമയത്ത്‌, നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമലക്ഷ്യമായ ദൈവസ്നേഹത്താല്‍ പ്രചോദിതമായിരിക്കുകയും ചെയ്യാം. ഒരേ പ്രവൃത്തിതന്നെ പല ഉദ്ദേശ്യങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ടതാകാം; ഒരു ആനുകൂല്യം നേടാനോ ആത്മപ്രശംസ ചെയ്യാനോ വേണ്ടി ചെയ്യുന്ന ഒരു ശുശ്രൂഷ ഇതിനുദാഹരണമാണ്‌

ഒരു സദുദ്ദേശ്യം (ഉദാഹരണമായി, അയല്‍ക്കാരനെ സഹായിക്കുക) പ്രകൃത്യാ ക്രമരഹിതമായ ഒരു പെരുമാറ്റത്തെ (നുണപറയുക, പരദൂഷണം പറയുക എന്നിവ പോലെ) നല്ലതോ നീതിയുക്തമോ ആക്കുന്നില്ല, ലക്ഷ്യം മാര്‍ഗത്തെ നീതിമത്കരിക്കുന്നില്ല. അങ്ങനെ, നിരപരാധിയായ ഒരു വ്യക്തിയെ ശിക്ഷയ്ക്കു വിധിക്കുന്നത്‌, ഒരു ജനത്തെ രക്ഷിക്കുന്നതിനുള്ള നൈയാമിക മാര്‍ഗമായി നീതീകരിക്കാന്‍ സാധ്യമല്ല. നേരേമറിച്ച്‌, പ്രകൃത്യാ നന്മയായിരിക്കാവുന്ന (ധര്‍മദാനം പോലെ) ഒരു പ്രവൃത്തിയെ, കൂട്ടിച്ചേര്‍ക്കപ്പെട്ട ദുരുദ്ദേശ്യം (പൊങ്ങച്ചംപോലെ) തിന്മ പ്രവൃത്തിയാക്കുന്നു.

സാഹചര്യങ്ങള്‍, അനന്തരഫലങ്ങള്‍ ഉള്‍പ്പെടെ, ധാര്‍മികപ്രവൃത്തിയുടെ ഉപഘടകങ്ങളാണ്‌. മാനുഷിക പ്രവൃത്തികളുടെ ധാര്‍മിക നന്മയെയോ തിന്മയെയോ വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ അവ ഇടവരുത്തുന്നു (ഉദാഹരണമായി, മോഷ്ടിക്കപ്പെട്ട തുക). പ്രവര്‍ത്തിക്കുന്നവൻ്റെ ഉത്തരവാദിത്വം കുറയ്ക്കുവാനോ കൂട്ടുവാനോ അവയ്ക്കു കഴിയും (മരണഭീതിമൂലം പ്രവര്‍ത്തിക്കുന്നതുപോലെ). പ്രവൃത്തികളുടെ ധാര്‍മികഗുണത്തെ മാററുവാന്‍ സാഹചര്യങ്ങള്‍ക്ക്‌ അവയുടെ പ്രകൃതികൊണ്ടുതന്നെ സാധ്യമല്ല. പ്രകൃത്യാ തിന്മനിറഞ്ഞ പ്രവൃത്തിയെ നല്ലതാക്കാനോ നീതിയുക്തമാക്കാനോ അവയ്ക്കു കഴിയുകയില്ല.

II. സത്പ്രവ്യത്തികളും ദുഷ്പ്രവൃത്തികളും

ധാര്‍മികമായ ഒരു നല്ല പ്രവൃത്തിക്ക്‌ വിഷയം, ലക്ഷ്യം, സാഹചര്യങ്ങള്‍ എന്നിവയുടെ നന്മ സംയുക്തമായിട്ടുണ്ടായിരിക്കുക ആവശ്യമാണ്‌. വിഷയം പ്രകൃത്യാ നല്ലതാണെങ്കിലും ഒരു ദുഷ്ടലക്ഷ്യം പ്രവൃത്തിയെ വികലമാക്കുന്നു (ഉദാഹരണമായി, “മനുഷ്യരാല്‍ കാണപ്പെടാന്‍ വേണ്ടി” പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നത്‌).

ഒരു പ്രവൃത്തിയെ മുഴുവനായി തിന്മ നിറഞ്ഞതാക്കാന്‍ തിരഞ്ഞെടുപ്പിൻ്റെ വിഷയത്തിന്‌ അതില്‍തന്നെ സാധിക്കും. ചില പ്രവൃത്തികള്‍ തിരഞ്ഞെടുക്കുന്നത്‌ വസ്തുനിഷ്ഠമായി എപ്പോഴും തെറ്റാണ്‌ - ഉദാ: അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികവേഴ്ച - കാരണം, അവയെ തിരഞ്ഞെടുക്കുന്നതില്‍ മനസ്സിൻ്റെ ഒരു ക്രമരാഹിത്യം, അതായത്‌ ഒരു ധാര്‍മിക തിന്മ, അടങ്ങിയിട്ടുണ്ട്‌.

അതുകൊണ്ട്‌ മാനുഷികപ്രവൃത്തികളെ പ്രചോദിപ്പിച്ച ഉദ്ദേശ്യത്തെയോ അവയ്ക്കു സന്ദര്‍ഭമുണ്ടാക്കുന്ന സാഹചര്യങ്ങളെയോ (പരിത:സ്ഥിതി, സാമൂഹിക സമ്മര്‍ദം, പരനിര്‍ബന്ധം അഥവാ അടിയന്തിരസാഹചര്യം മുതലായവ) മാത്രം പരിഗണിച്ചുകൊണ്ട്‌ ആ പ്രവൃത്തികളുടെ ധാര്‍മികതയെ വിധിക്കുന്നതു തെറ്റാണ്‌. സാഹചര്യങ്ങളോടോ ഉദ്ദേശ്യങ്ങളോടോ ബന്ധമില്ലാതെതന്നെ എപ്പോഴും വിഷയത്തിൻ്റെ പ്രത്യേകതമൂലം, അതില്‍തന്നെ അതിനാല്‍ത്തന്നെ ഗൗരവാവഹമായ വിധത്തില്‍, നിയമവിരുദ്ധമായിട്ടുള്ള പ്രവൃത്തികളുണ്ട്‌. ദൈവദൂഷണം, വ്യാജശപഥം, കൊലപാതകം, വ്യഭിചാരം മുതലായവ അത്തരം പ്രവൃത്തികളാണ്‌. നന്മ ഉണ്ടാകാന്‍വേണ്ടി ഒരുവനും തിന്മ പ്രവര്‍ത്തിക്കാന്‍ പാടില്ല.

സംഗ്രഹം 

വിഷയം, ഉദേശ്യം, സാഹചര്യങ്ങള്‍ എന്നിവയാണു മാനുഷിക പ്രവ്യത്തികളുടെ ധാര്‍മികതയുടെ മുന്നു “സ്രോതസ്സുകൾ "

തിരഞ്ഞെടുക്കപ്പെട്ട വിഷയം, യുക്തി അതിനെ അംഗീകരിക്കുകയും അതു നല്ലതോ ചീത്തയോ എന്നു വിധിക്കുകയും ചെയ്യുന്നതനുസരിച്ച്, ഇച്ഛയുടെ പ്രവ്യത്തിയെ ധാര്‍മികമായി നിര്‍ണ്ണയിക്കുന്നു.

“ഒരു നല്ല ഉദ്‌ദേശ്യത്തോടെ ചെയ്താലും, ഒരു തിന്മ പ്രവൃത്തി നീതികരിക്കപ്പെടുകയില്ല” (cf. St.Thomas Aquinas, Dec. praec.6). ലക്ഷ്യം മാർഗത്തെ നീതികരിക്കുന്നില്ല.

ധാര്‍മികമായി  ഒരു നല്ല  പ്രവൃത്തിക്ക്‌, അതിൻ്റെ വിഷയത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും സാഹചര്യങ്ങളുടെയും നമ്മ സംയുക്തമായി ആവശ്യമുണ്ട്‌.

ചില പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നത്‌ വസ്തുനിഷ്ഠമായി എപ്പോഴും തെറ്റാണ്‌. കാരണം, അവയുടെ തിരഞ്ഞെടുപ്പിൽ മനസിൻ്റെ ഒരു ക്രമരാഹിത്യം, അതായത്‌,ധാർമിക തിന്മ അടങ്ങിയിരിക്കുന്നു . തിന്മയിൽനിന്നു നന്മ ഉണ്ടാകാൻ വേണ്ടി ഒരുവനും തിന്മ പ്രവർത്തിക്കരുത്‌.

മാനുഷികപ്രവ്യത്തികളുടെ ധാര്‍മികത ധാര്‍മികതയുടെ സ്രോതസ്സുകള്‍ സത്പ്രവ്യത്തികളും ദുഷ്പ്രവൃത്തികളും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message