x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

“സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ”

Authored by : Congregation for Doctrine of Faith On 28-Jul-2022

വകുപ്പ്‌ 2

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

I. “പ്രത്യാശാപൂർണരായി സമീപിക്കാൻ ഞങ്ങൾ ധൈര്യപ്പെടുന്നു

റോമൻ ആരാധനാക്രമത്തിൽ ബലിയർപ്പണത്തിനു വന്നിരിക്കുന്ന സമൂഹം പുത്ര സഹജമായ ധീരതയോടെ സ്വർഗസ്ഥനായ പിതാവിനോടു പ്രാർഥിക്കുവാൻ ക്ഷണിക്കപ്പെടുന്നു. പൗരസ്ത്യ ആരാധനക്രമങ്ങളിൽ സാമ്യമുള്ള പ്രയോഗങ്ങൾ കാണുന്നുണ്ട്‌: “പൂർണ ഉറപ്പോടെ ധൈര്യപ്പെടുന്നു”, “ഞങ്ങളെ അതിന് അര്‍ഹരാക്കണമേ”. കത്തിയെരിയുന്ന മുൾപടർപ്പിൻനിന്നു മോശയോടു പറയപ്പെട്ടു: “അടുത്തു വരരുത്‌, പാദ രക്ഷകൾ അഴിച്ചുമാറ്റുക.” യേശുവിനു മാത്രമേ ആ ദൈവിക വിശുദ്ധിയുടെ പടി വാതിൻ കടക്കാൻ സാധിച്ചുള്ളൂ, കാരണം, “പാപത്തിനു പരിഹാരം ചെയ്തശേഷം" അവൻ നമ്മെ പിതാവിന്റെ സാന്നിധ്യത്തിൻ കൊണ്ടുവന്നു; “ഇതാ ഞാനും എനിക്ക്‌ ദൈവം നൽകിയ മക്കളും”.

നമ്മുടെ പിതാവിന്റെതന്നെ അധികാരവും നമ്മുടെ ഹൃദയത്തിൽ “ആബ്ബാ പിതാവേ” എന്നുവിളിക്കുന്ന അവിടുത്തെ പുത്രന്റെ ആത്മാവും... നമ്മെ പ്രേരിപ്പിച്ചിരുന്നില്ലെങ്കിൽ “നാം അടിമകളാണെന്ന നമ്മുടെ അവബോധം ഭൂമിയുടെ അടിത്തട്ടിലേക്കു മുങ്ങിമറയാൻ നമ്മെ നിർബന്ധിക്കുകയും നമ്മുടെ ഭൗമികാവസ്ഥ പൊടിയിൽ ലയിച്ചു ചേരുകയും ചെയ്യുമായിരുന്നു. മനുഷ്യൻ അവന്റെ അന്തസ്സത്തയിൽ അത്യുന്നതൻ്റെ ശക്തിയാല്‍ ചൈതന്യവത്താക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്‌ മർത്യൻ ദൈവത്തെ പിതാവേ എന്നു വിളിക്കുവാൻ ഒരുമ്പെടുന്നത്‌?"

കർത്തൃപ്രാർഥനയിലേക്കു നമ്മെ നയിക്കുന്ന ആത്മാവിൻ്റെ ഈ ശക്തി പൗരസ്ത്യപാശ്ചാത്യ ആരാധന്രക്രമങ്ങളിൽ താഴെപ്പറയുന്ന മനോഹരവും സവിശേഷമാം വിധം ക്രിസ്തീയവുമായ പ്രയോഗത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു; പറേസ്സിയ, അതായത്‌ വളച്ചുകെട്ടില്ലാത്ത ലാളിത്യം, പുത്രസഹജമായ ആശ്രയബോധം, സന്തോഷപൂർവകമായ ഉറപ്പ്‌, എളിമനിറഞ്ഞ ധീരത, സ്‌നേഹിക്കപ്പെടുന്നു എന്ന ഉറപ്പ്‌.

II. “പിതാവേ

കർത്തൃപ്രാർഥനയുടെ ആദ്യത്തെ “സംബോധന” സ്വന്തമാക്കും മുൻപ്‌, നാം നമ്മുടെ ഹൃദയങ്ങളെ, ഈ ലോകത്തിൽനിന്ന്‌” സ്വീകരിച്ച കപടവിഗ്രഹങ്ങളിൽനിന്നു ശുദ്ധീകരിക്കേണ്ടതുണ്ട്‌. എളിമയാണ്‌ നമ്മെ ഒരു യാഥാർഥ്യം അംഗീകരിക്കുന്നതിനു പ്രാപ്തരാക്കുന്നത്‌. “പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തുവാൻ മനസ്സാകുന്നുവോ, അവനും അതായത്‌ “ശിശുക്കൾ” അല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. ഹൃദയത്തിൻ്റെ ശുദ്ധികരണം നമ്മുടെ വ്യക്തിപരവും സാംസ്‌കാരികവുമായ ചരിത്രത്തിൻനിന്ന്‌ ആവിർഭവിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുകയും ചെയ്യുന്ന പിതൃ-മാതൃ സങ്കൽപങ്ങളെ സ്പർശിക്കുന്നു. നമ്മുടെ പിതാവായ ദൈവം സ്രഷ്ടപ്രപഞ്ചത്തിൻ്റെ സങ്കൽപങ്ങളെ അതിശയിക്കുന്നു. ഈ തലത്തിൻ നമുക്കുള്ള ആശയങ്ങൾ ദൈവത്തിൻ്റെമേല്‍' അടിച്ചേൽപ്പിക്കുന്നത്‌, ആരാധിക്കാനും നിലംപരിശാക്കാനുമായി വിഗ്രഹങ്ങൾ നിർമിക്കുന്നതിനു തുല്യമാണ്‌. പിതാവിനോടു പ്രാർഥിക്കുക എന്നാൽ ദൈവം ആയിരിക്കുന്ന രീതിയിലും പുത്രൻ നമുക്കു വെളിപ്പെടുത്തിത്തന്നതുപോലെയും ഉള്ള അവിടുത്തെ രഹസ്യത്തിലേക്ക്‌ പ്രവേശിക്കുക എന്നതാണ്‌;

പിതാവായ ദൈവം എന്ന നാമം ആർക്കും വെളിപ്പെടുത്തപ്പെട്ടിരുന്നില്ല. മോശ തന്നെ ദൈവത്തോട് അവൻ ആരാണെന്നു ചോദിച്ചപ്പോൾ, മറ്റാെരു പേരാണ്‌ കേട്ടത്‌. പുത്രനിലാണ്‌ നമുക്ക്‌ അതു വെളിപ്പെടുത്തപ്പെട്ടത്‌. കാരണം, “പുത്രനു മുമ്പ്‌" “പിതാവ്‌” എന്ന നാമം ഇല്ല.

നമുക്കു ദൈവത്തെ “പിതാവേ” എന്നു വിളിക്കാം. കാരണം മനുഷ്യനായിത്തീർന്ന പുത്രനിലൂടെ അവിടുന്നു നമുക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു; അവിടുത്തെ ആത്മാവ്‌ നാം അവിടുത്തെ അറിയുന്നതിന്‌ ഇടയാക്കിയിരിക്കുന്നു. മനുഷ്യനു ചിന്തിക്കാനോ മാലാഖമാർക്ക്‌ എത്തിനോക്കാനോ കഴിയാത്ത ഒരു യാഥാർഥ്യമാണ്‌ പുത്രനു പിതാവുമായുള്ള വ്യക്തിപരമായ ബന്ധം. എന്നാൽ യേശുവാണ്‌ ക്രിസ്തുവെന്നും നാം ദൈവത്തിൽനിന്നു ജനിച്ചവരാണെന്നും വിശ്വസിക്കുന്ന നമുക്കു പുത്രൻ്റെ ആത്മാവ്‌ ആ ബന്ധത്തിൽ ഒരു ഭാഗഭാഗിത്വം നൽകുന്നു.

നാം പിതാവിനോടു പ്രാർഥിക്കുമ്പോൾ നാം അവിടുത്തോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ഐക്യത്തിലാണ്‌. അങ്ങനെ നാം സർവദാ പുതിയ ആശ്ചര്യത്തോടെ അവിടുത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. കർത്തൃപ്രാർഥനയുടെ ആദ്യത്തെ വാക്യം പ്രാർഥന എന്നതിനേക്കാൾ ആരാധനയുടെ ഒരു സ്തുതിപ്പാണ്‌. ദൈവത്തെ “പിതാവെന്ന” നിലയിൽ സത്യദൈവമായി അംഗീകരിക്കുന്നത്‌ ദൈവത്തിൻ മഹത്വം നൽകുന്നതാണ്‌. സ്വന്തം നാമം നമുക്കു വെളിപ്പെടുത്തിയതിനും അതിൽ വിശ്വസിക്കാനുള്ള വരം നൽകിയതിനും അവിടുത്തെ സാന്നിധ്യത്തിൽ നാം വസിക്കുന്നതിനും നാം അവിടുത്തേക്കു നന്ദിയർപ്പിക്കുന്നു.

തൻ്റെ ഏകപുത്രനിൽ നമ്മെ സ്വന്തം മക്കളായി ദത്തെടുത്തതിലുടെ തൻ്റെ ജീവനിലേക്കു പുനർജനിക്കാൻ അവസരമുണ്ടാക്കിയതിന് നമുക്കു പിതാവിനെ ആരാധിക്കാം: ജ്ഞാനസ്നാനത്തിലൂടെ അവിടുന്ന്‌ നമ്മെ തൻ്റെ ക്രിസ്തുവിൻ്റെ ശരീരത്തോടു കൂട്ടിച്ചേർക്കുന്നു. ശിരസ്സിൽനിന്ന്‌ മറ്റവയവങ്ങളിലേക്ക്‌ ഒഴുകുന്ന തൻ്റെ ആത്മാവിൻ്റെ ലേപനത്താൽ  അവിടുന്നു നമ്മെ “ക്രിസ്തു”മാരാക്കുന്നു:

തൻ്റെ ദത്തുപുത്രരായി നമ്മെ നിശ്ചയിച്ച ദൈവം ക്രിസ്തുവിൻ്റെ മഹത്ത്വമണിഞ്ഞ ശരീരത്തോടു നമ്മെ അനുരൂപരാക്കി. അതുകൊണ്ട്‌, ക്രിസ്തുവിൽ പങ്കുകാരായ നാം “ക്രിസ്തുമാർ" എന്നു വിളിക്കപ്പെടുക അനുചിതമല്ല. കൃപാവരത്താല്‍ വീണ്ടും ജനിച്ച്‌ തൻ്റെ ദൈവത്തിനു പുനർപ്രതിഷ്ഠിക്കപ്പെടുന്ന പുതിയ മനുഷ്യൻ ആദ്യം പറയുന്നത്‌, “പിതാവേ” എന്നാണ്‌, കാരണം, ഇപ്പോൾ അവൻ പുത്രനാകാൻ തുടങ്ങിയിരിക്കുന്നു.

അങ്ങനെ കർത്തൃപ്രാർഥന, പിതാവിനെ നമുക്കു വെളിപ്പെടുത്തുന്നതോടൊപ്പം  നാം നമുക്കുതന്നെ വെളിപ്പെടുത്തപ്പെടുന്നു.

ഓ! മനുഷ്യാ, നീ നിൻ്റെ മുഖം സ്വർഗത്തിലേക്കുയർത്താൻ ഒരുമ്പെട്ടില്ല. നീ നിൻ്റെ ദൃഷ്ടി ഭൂമിയിലേക്ക്‌ താഴ്ത്തുകയും ചെയ്തു. എന്നാൽ, പെട്ടെന്ന്‌ ക്രിസ്തുവിൻ്റെ കൃപാവരം നീ സ്വീകരിക്കുകയും നിൻ്റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുകയും ചെയ്തു. ദുഷ്ട ഭൃത്യൻ്റെ നിലയില്‍നിന്ന്‌ നീ ഒരു നല്ല മകനായിത്തീർന്നു... അതുകൊണ്ട്‌, ജ്ഞാനസ്നാനത്തിലൂടെ നിനക്കുജന്‍മം നൽകുകയും സ്വപുത്രനിലൂടെ നിന്നെ രക്ഷിക്കുകയും ചെയ്ത പിതാവിങ്കലേക്കു കണ്ണുകൾ ഉയർത്തി പറയുക; “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ”... പക്ഷേ, ഒരു അവകാശവാദവും ഉന്നയിക്കരുത്‌. അവിടുന്ന്‌ സവിശേഷമാംവിധം ക്രിസ്തുവിൻ്റെ മാത്രം പിതാവാണ്‌. പക്ഷേ, അവിടുന്നു നമുക്കെല്ലാവർക്കും പൊതുപിതാവാണ്‌. കാരണം, അവിടുത്തെ മാത്രമേ അവിടുന്ന്‌ ജനിപ്പിച്ചിട്ടുള്ളു. എന്നാല്‍ നമ്മെ അവിടുന്നു സൃഷ്ടിച്ചു. എങ്കിലും അവിടുത്തെ കൃപാവരത്താൽ “ഞങ്ങളുടെ പിതാവേ” എന്നു നീ പറയുക. അവിടുത്തെ പുത്രനാകാൻ നിനക്ക്‌ അർഹത ലഭിക്കും.”

സ്വതന്ത്രദാനമായ ഈ ദത്തെടുപ്പ്‌ നമ്മുടെ ഭാഗത്തുനിന്ന്‌ നിരന്തരമാനസാന്തരവും പുതുജീവിതവും ആവശ്യപ്പെടുന്നു. നമ്മുടെ പിതാവിനോടുള്ള പ്രാർഥന നമ്മിൽ രണ്ടുതരം അടിസ്ഥാന മനോഭാവങ്ങള്‍ വളർത്തണം:

ഒന്ന്‌, അവിടുത്തെപ്പോലെ ആയിത്തീരാനുള്ള ആഗ്രഹവും തീരുമാനവും: അവിടുത്തെ  ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരെങ്കിലും അവിടുത്തെ കൃപാവരത്തിലൂടെയാണ്‌ അവിടുത്തെ സാദൃശ്യം നമ്മിൽ പുനഃസ്ഥാപിക്കപ്പെട്ടത്‌. അതിനോടു നാം പ്രത്യുത്തരിക്കണം.

ദൈവത്തെ “പിതാവേ” എന്നു വിളിക്കുമ്പോൾ നാം ദൈവമക്കളെപ്പോലെ പെരുമാറാൻ കടപ്പെട്ടവരാണ്‌. ക്രൂരവും മനുഷ്യത്വരഹിതവുമായ ഹൃദയമുള്ളവന് സർവകാരുണ്യത്തിൻ്റെയും ദൈവത്തെ പിതാവെന്ന്‌ വിളിക്കാനാവില്ല. കാരണം, നിന്നിൽ സ്വർഗസ്ഥനായ പിതാവിൻ്റെ കാരുണ്യത്തിൻ്റെ ഒരു അടയാളവുമില്ല.
പിതാവിൻ്റെ സൗന്ദര്യത്തെപ്പറ്റി നിത്യം ധ്യാനിക്കുകയും അവനവൻ്റെ ആത്മാവിനെ അതനുസരിച്ച്‌ അലങ്കരിക്കുകയും വേണം.

രണ്ട്‌, എളിമയും ആശ്രയബോധവുമുള്ള, “മനസ്സുതിരിഞ്ഞ്‌ ശിശുക്കളെപ്പോലെ ആകാന്‍ സഹായിക്കുന്ന” ഒരു ഹൃദയം. കാരണം “ശിശുക്കൾ”ക്കാണു പിതാവ്‌ സ്വയം വെളിപ്പെടുത്തുന്നത്‌;

ദൈവത്തെപ്പറ്റി മാത്രമുള്ള ധ്യാനത്താലും, സ്നേഹത്തിൻ്റെ ഈഷ്മളതയാലും രൂപപ്പെടുന്നതും ദൈവത്തെ സ്നേഹിക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്നതും സ്വന്തം പിതാവിനോടെന്നപോലെ പ്രത്യേകഭക്തിയില്‍ അടുത്ത പരിചയത്തോടെ ദൈവത്തോടു സംഭാഷിക്കുന്നതുമായ ഒരവസ്ഥയാണിത്‌.
“ഞങ്ങളുടെ പിതാവ്‌”: ഈ പേര്‍ ഉച്ചരിക്കുമ്പോൾത്തന്നെ നമ്മിൽ സ്നേഹം ഉണരുന്നു - മക്കൾക്ക്‌ പിതാവിനെക്കാൾ പ്രിയങ്കരമായി എന്താണുള്ളത്‌?... നാം യാചിക്കുന്നതു ലഭിക്കുമെന്ന ആത്മവിശ്വാസവും അതോടൊപ്പം ഉണ്ടാകുന്നു... മക്കൾ ചോദിക്കുമ്പോൾ എന്താണ്‌ അവിടുന്ന്‌ നൽകാതിരിക്കുക? കാരണം, അവിടുത്തെ മക്കളാകാനുള്ള വരം അവിടുന്നു നൽകിക്കഴിഞ്ഞല്ലോ.

III. “ഞങ്ങളുടെ" പിതാവേ

“ഞങ്ങളുടെ” പിതാവ്‌ എന്ന പ്രയോഗം ദൈവത്തെ സൂചിപ്പിക്കുന്നു. ഈ വിശേഷണം, നമ്മുടെ ഭാഗത്തുനിന്നുള്ള സ്വന്തമാക്കലല്ല, പിന്നെയോ, ദൈവവുമായുള്ള തികച്ചും പുതിയ ഒരു ബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

“ഞങ്ങളുടെ” പിതാവേ എന്നു നാം പറയുമ്പോൾ പ്രഥമമായി നാം അംഗീകരിക്കുന്നത്‌ പ്രവാചകരിലൂടെ മുൻകൂട്ടി അറിയിച്ചിരുന്ന അവിടുത്തെ സ്നേഹത്തിൻ്റെ വാഗ്ദാനങ്ങളെല്ലാം അവിടുത്തെ ക്രിസ്തുവിലെ പുതിയതും നിത്യവുമായ ഉടമ്പടിയില്‍ പൂർത്തിയാക്കപ്പെട്ടു എന്നാണ്‌: നാം “അവിടുത്തെ” ജനവും അവിടുന്നു “നമ്മുടെ” ദൈവവുമായിത്തിർന്നു. ഈ പുതിയ ബന്ധം അന്യോന്യം നൽല്കപ്പെടുന്ന തികച്ചും സൗജന്യപരമായ ദാനമാണ്‌. യേശുക്രിസ്തുവിൽ നല്‍കപ്പെടുന്ന “കൃപാവരത്തോടും സത്യത്തോടും” നാം സ്നേഹത്തോടെയും വിശ്വസ്തതയോടെയും പ്രത്യുത്തരിക്കണം.

കർത്തൃപ്രാർഥന “യുഗാന്തത്തിലുള്ള” അവിടുത്തെ ജനത്തിൻ്റെ പ്രാർത്ഥനയാകയാൽ, “ഞങ്ങളുടെ" എന്ന വിശേഷണം വിജയമകുടമണിയുന്നവനോടു പുതിയ ജറുസലെമിൽ വച്ച്‌, "ഞാൻ അവൻ്റെ ദൈവവും അവൻ എൻ്റെ പുത്രനുമായിരിക്കും” എന്ന്‌ പറയും എന്ന ദൈവത്തിൻ്റെ അന്തിമവാഗ്ദാനത്തിലുള്ള നമ്മുടെ പ്രതീക്ഷയുടെ ഉറപ്പും വ്യക്തമാക്കുന്നു.

നാം “നമ്മുടെ” പിതാവിനോടു പ്രാർഥിക്കുമ്പോൾ വ്യക്തിപരമായി നമ്മുടെ കര്‍ത്താവായ യേശുക്രസ്തുവിൻ്റെ പിതാവിനെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌. എന്നാൽ നാം ദൈവികസത്തയെ വിഭജിക്കുന്നില്ല. കാരണം പിതാവാണ്‌ അതിൻ്റെ “ഉദ്ഭവവും ആരംഭവും”. പ്രത്യുത, പുത്രനെ നിത്യമായി പിതാവാണ്‌ ജനിപ്പിക്കുന്നതെന്നും പരിശുദ്ധാത്മാവ്‌ അവിടുന്നിൽ നിന്നും പുറപ്പെടുന്നുവെന്നും നാം ഏറ്റു പറയുകയാണ്‌. നാം വ്യക്തികളെ കൂട്ടിക്കുഴയ്ക്കുന്നില്ല, മറിച്ച്‌, പിതാവിനോടുള്ള നമ്മുടെ സംസർഗം അവിടുത്തെ പുത്രനായ യേശുക്രിസ്തുവഴി അവരുടെ ഏകപരിശുദ്ധാത്മാവിലാണെന്ന്‌ ഏറ്റുപറയുകയാണ്‌. പരിശുദ്ധ ത്രിത്വം അവിഭാജ്യവും സത്തയിൽ ഐക്യമുള്ളതുമാണ്‌. നാം പിതാവിനോടു പ്രാർഥിക്കുമ്പോൾ പുത്രനോടും പരിശുദ്ധാത്മാവിനോടുമൊപ്പം അവിടുത്തെ ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു.

വ്യാകരണപ്രകാരം, “ഞങ്ങളുടെ” എന്ന വാക്ക്‌ ഒന്നിൽ കൂടുതൽ വ്യക്തികൾ പൊതുവായിട്ടുള്ള ഒരു യാഥാർഥ്യത്തെ സൂചിപ്പിക്കുന്നു. ഒരു ദൈവം മാത്രമേയുള്ളു. അവിടുത്തെ ഏകപുത്രനിലുള്ള വിശ്വാസത്തിലൂടെ ജലത്താലും ആത്മാവിനാലും അവിടുന്നിൽ നിന്നു വീണ്ടും ജനിക്കുന്നവർ അവിടുത്തെ പിതാവായി അംഗീകരിക്കുന്നു." ദൈവവും മനുഷ്യരും ചേർന്ന ഈ പുതിയ കൂട്ടായ്മ സഭയാണ്‌. “അനേകം സഹോദരിൽ പ്രഥമ ജാതനായിത്തീർന്ന” ഏക പുത്രനിൽ സഭ ഒരേ ഒരു പിതാവിലും ഒരേ ഒരു പരിശുദ്ധാത്മാവിലും ഐക്യപ്പെട്ടിരിക്കുന്നു. “ഞങ്ങളുടെ” പിതാവേ എന്നു പ്രാർഥിക്കുന്ന മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും ഈ കൂട്ടായ്മയിലാണു പ്രാർഥിക്കുന്നത്‌: “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവുമായിരുന്നു."

ഇക്കാരണത്താൽ, ക്രൈസ്തവരുടെ ഇടയിൽ വിഭജനങ്ങൾ ഉണ്ടെങ്കിലും “നമ്മുടെ” പിതാവിനോടുള്ള പ്രാർഥന എല്ലാവരുടെയും പൊതുവായ പൈതൃകവും ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവർക്കുമുള്ള അടിയന്തിര ആഹ്വാനവുമാണ്‌. ക്രിസ്തുവിലുള്ള വിശ്വാസത്തിൻ്റെയും മാമ്മോദീസയുടെയും അടിസ്ഥാനത്തിലുള്ള കൂട്ടായ്മയില്‍ അവര്‍ ഐക്യത്തിനുവേണ്ടിയുള്ള യേശുവിൻ്റെ പ്രാർഥനയിൽ പങ്കു ചേരണം.

അവസാനമായി, കർത്തൃപ്രാർഥന ആത്മാർഥമായി ചൊല്ലിയാൽ നാം വ്യക്ത്യാധിഷ്ഠിതചിന്ത വെടിയും. കാരണം, നാം സ്വീകരിക്കുന്ന സ്നേഹം നമ്മെ അതിൽനിന്നു സ്വതന്ത്രരാക്കുന്നു. കർത്തൃപ്രാർഥനയുടെ ആരംഭത്തിലുള്ള “ഞങ്ങളുടെ” എന്ന വിശേഷണം അവസാനത്തെ നാലു യാചനകളിലുള്ള “ഞങ്ങൾ” എന്ന വാക്കുപോലെ ആരെയും ഒഴിച്ചുനിർത്തുന്നില്ല. നാം ഇതു സത്യസന്ധമായി ചൊല്ലിയാൽ നമ്മുടെ വിഭജനങ്ങളും എതിർപ്പുകളും ഇല്ലാതാകേണ്ടതാണ്‌.

മാമ്മോദീസ സ്വീകരിച്ചവർ “ഞങ്ങളുടെ” പിതാവിനോടു പ്രാർഥിക്കുമ്പോൾ അവിടുന്ന്‌ ആർക്കുവേണ്ടി അവിടുത്തെ പ്രിയപുത്രനെ കൊടുത്തുവോ, അവരെയൊക്കെ അവിടുത്തെ മുൻപിൽ കൊണ്ടുവരാതെ പ്രാർഥിക്കാനാവില്ല. അവിടുത്തെ സ്നേഹത്തിൻ അതിർത്തികളില്ലാത്തതുപോലെ നമ്മുടെ പ്രാർഥനയ്ക്കും അതിർത്തികൾ ഉണ്ടാകാൻപാടില്ല. “ഞങ്ങളുടെ പിതാവേ” എന്നു പ്രാർഥിക്കുന്നത്‌ ക്രിസ്തുവിൽ ആവിഷ്കൃതമായ സ്നേഹത്തിൻ്റെ മാനങ്ങൾ നമുക്കു തുറന്നു തരുന്നു. എല്ലാ മനുഷ്യരോടുകുടെയും അവിടുത്തെ ഇനിയും അറിയാത്ത എല്ലാ മനുഷ്യർക്കു വേണ്ടിയും പ്രാർഥിക്കുന്നത്‌, ക്രിസ്തു “അവരെ എല്ലാം ദൈവത്തിൻ്റെ മക്കളായി ഒന്നിച്ചു കൂട്ടാൻവേണ്ടിയാണ്‌”. എല്ലാ മനുഷ്യർക്കു വേണ്ടിയും സൃഷ്ടിമുഴുവനും വേണ്ടിയുമുള്ള ദൈവത്തിൻ്റെ ശ്രദ്ധ പ്രാർഥിക്കുന്ന മഹാത്മാക്കളായ വ്യക്തികളെയൊക്കെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. നാം “ഞങ്ങളുടെ” പിതാവേ എന്നു പ്രാർഥിക്കാന്‍ ഒരുവമ്പെടുമ്പോഴെല്ലാം, ദൈവത്തിൻ്റെ ശ്രദ്ധ സ്നേഹത്തിൻ്റെ പൂർണവ്യാപ്തിയിലേക്കു നമ്മുടെ പ്രാർഥനയെ എത്തിക്കണം.

IV. “സ്വർഗസ്ഥനായ”

വി.ഗ്രന്ഥത്തിലെ ഈ പ്രയോഗം ഒരു “സ്ഥലത്തെ” (Space) അല്ല, അവസ്ഥയെയാണു സൂചിപ്പിക്കുന്നത്‌; ദൈവത്തിൻ്റെ അകല്‍ച്ചയെയല്ല പ്രതാപത്തെയാണ്‌. നമ്മുടെ പിതാവ്‌ “മറ്റെവിടെയോ” അല്ല. അവിടുത്തെ വിശുദ്ധിയെക്കുറിച്ചു നമുക്കു ചിന്തിക്കാവുന്ന എല്ലാറ്റിനും അതീതനാണ്‌ അവിടുന്ന്‌. അവിടുന്നു ത്രൈശുദ്ധനായതുകൊണ്ടാണ്‌ എളിമയും അനുതാപവുമുള്ള ഹൃദയത്തിന്‌ സമീപസ്ഥനായിരിക്കുന്നത്‌;

“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നാൽ ദൈവം അവിടുത്തെ വിശുദ്ധ ആലയത്തിലായിരിക്കുന്നതുപോലെ നീതിമാൻമാരുടെ ഹൃദയത്തിലാണെന്ന് ശരിയായും അർഥമാക്കുന്നു, അതേസമയം, പ്രാർഥിക്കുന്നവർ തങ്ങൾ ആരോടു പ്രാർഥിക്കുന്നുവോ ആ വ്യക്തി തങ്ങളുടെ ഹൃദയത്തിൽ വസിക്കണമെന്ന്‌ ആഗ്രഹിക്കുന്നു എന്നും അർഥമാക്കുന്നു.”

“സ്വർഗം” എന്നാൽ സ്വർഗീയലോകത്തിൻ്റെ ഛായ ഉള്ളവർ എന്നും മനസ്സിലാക്കാവുന്നതാണ്‌. ദൈവം അവരിൽ വസിക്കുകയും ചരിക്കുകയും ചെയ്യുന്നു.

നാം പിതാവിനോടു പ്രാർഥിക്കുമ്പോൾ സ്വർഗമാകുന്ന പ്രതീകം നാം ജീവിക്കുന്ന ഉടമ്പടിയുടെ രഹസ്യത്തിലേക്കു നമ്മെ കൊണ്ടുവരുന്നു. ദൈവം തൻ്റെ വാസസ്ഥലമായ സ്വർഗത്തിലാണ്‌; പിതാവിൻ്റെ ഭവനം നമ്മുടെ സ്വദേശമാണ്‌. പാപം നമ്മെ ഉടമ്പടിയുടെ നാടിൽനിന്നും നാടുകടത്തി. പക്ഷേ, ഹൃദയപരിവർത്തനം നമ്മെ പിതാവിലേക്ക്‌, സ്വർഗത്തിലേക്കുതിരിച്ചുവരാന്‍ പ്രാപ്തരാക്കുന്നു." അതിനാൽ  ക്രിസ്തുവിൽ സ്വർഗവും ഭൂമിയും അനുരഞ്ജിപ്പിക്കപ്പെട്ടു. കാരണം, പുത്രൻ മാത്രമാണ്‌ “സ്വർഗത്തിൽനിന്നും ഇറങ്ങിയത്‌”. തൻ്റെ കുരിശുമരണം, തൻ്റെ ഉത്ഥാനം, തൻ്റെ സ്വർഗാരോഹണം എന്നിവയിലൂടെ അവിടുത്തോടൊപ്പം സ്വർഗത്തിലേക്കു കയറാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു.

“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു സഭ പ്രാർഥിക്കുമ്പോൾ “ക്രിസ്തുവിനോടൊപ്പം” സ്വർഗീയ സ്ഥാനങ്ങളിൽ ഇരിക്കുകയും ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറഞ്ഞിരിക്കുകയും ചെയ്യുന്ന ദൈവജനമാണ്‌ നാം എന്നു സഭ ഏറ്റു പറയുകയാണ്‌. അതേസമയം “നാം നമ്മുടെ സ്വർഗീയ വസതിധരിക്കാൻ നെടുവീർപ്പോടെ കാത്തിരിക്കുന്നു".

ക്രൈസ്തവർ ശരിരത്തിലാണെങ്കിലും ശരീരത്തിനനുസരിച്ചല്ല ജീവിക്കുന്നത്‌. അവർ ഭൂമിയിൽ ജീവിക്കുന്നു, പക്ഷേ, സ്വർഗത്തിലെ പൗരന്‍മാരാണ്‌ അവർ. 

സംഗ്രഹം

ലളിതവും വിശ്വസ്തവുമായ ശരണവും, എളിമയും സന്തോഷവും നിറഞ്ഞ ഉറപ്പുമാണ് കർത്തൃപ്രാർഥന ചൊല്ലുന്നവന് ഉചിതമായ മനോഭാവങ്ങൾ.

നമുക്കു ദൈവത്തെ 'പിതാവേ' എന്നു വിളിക്കാം. കാരണം, ദൈവപുത്രൻ അവിടുത്തെ നമുക്കു വെളിപ്പെടുത്തി. ജ്ഞാനസ്നാനത്തിലൂടെ ഈ പുത്രനിൽ നാം ദൈവമക്കളായി ദത്തെടുക്കപ്പെടുകയും ഏകശരീരമാക്കപ്പെടുകയും ചെയ്തു.

കർത്തൃപ്രാർഥന നമ്മെ പിതാവുമായും അവിടുത്തെ പുത്രനായ യേശുക്രിസ്തുവുമായും ഐക്യപ്പെടുത്തുന്നു. അതേസമയം നമ്മെ നമുക്കുതന്നെ വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു. (cf GS 22 § 1).

നമ്മുടെ പിതാവിനോടുള്ള പ്രാർഥന അവിടുത്തെപ്പോലെ ആകാനുള്ള തീരുമാനത്തിൽ നമ്മെ വളർത്തണം. അതുപോലെതന്നെ, എളിമയും ആശ്രയബോധവും ഉള്ള ഹൃദയം നമ്മിൽ വളർത്തണം.

“ഞങ്ങളുടെ പിതാവേ എന്നു പ്രാർഥിക്കുമ്പോൾ യേശുവിലുള്ള പുതിയ ഉടമ്പടി, ത്രിത്വയ്ക ദൈവവുമായുള്ള ഐക്യം, സഭയിലൂടെ വ്യാപിക്കുകയും ലോകത്തെ മുഴുവനും ആശ്ലേഷിക്കുകയും ചെയ്യുന്ന ദൈവിക സ്നേഹം എന്നിവ നാം അനുസ്മരിക്കുന്നു.

“സ്വർഗസ്ഥനായ ഒരു സ്ഥലത്തെയല്ല, ദൈവത്തിന്റെ മഹത്വത്തെയും നീതിമാൻമാരുടെ ഹൃദയത്തിലുള്ള അവിടുത്തെ സാന്നിധ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. പിതൃഭവനമായ സ്വർഗം ആണ് യഥാർഥ സ്വദേശം, അങ്ങോട്ടാണു നാം യാത്ര ചെയ്യുന്നത്. ഇപ്പോൾ തന്നെ നാം അതിന്റെ ഭാഗമാണ്.

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” പ്രത്യാശാപൂർണരായി സമീപിക്കാൻ ഞങ്ങൾ ധൈര്യപ്പെടുന്നു പിതാവേ “ഞങ്ങളുടെ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message