x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

കുര്‍ബാന എന്ന കൂദാശ

Authored by : Congregation for Doctrine of Faith On 13-Jun-2022

വകുപ്പ്‌ 3

 കുര്‍ബാന എന്ന കൂദാശ

പരിശുദ്ധ കുര്‍ബാന ക്രൈസ്തവ പ്രാരംഭത്തെ പൂര്‍ത്തിയാക്കുന്നു. മാമ്മോദീസവഴി രാജകീയ പൗരോഹിത്യത്തിന്‍റെ മഹത്ത്വത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും, സ്ഥൈര്യലേപനംവഴി ക്രിസ്തുവിനോടു കൂടുതല്‍ അഗാധമായി അനുരൂപപ്പെടുകയും ചെയ്തവര്‍ മുഴുവന്‍ സമൂഹത്തോടുംകൂടി, കര്‍ത്താവിന്‍റെ ബലിയില്‍ കുര്‍ബാനവഴി പങ്കുചേരുന്നു.

“നമ്മുടെ രക്ഷകന്‍ ഒററിക്കൊടുക്കപ്പെട്ട രാത്രിയിലെ അന്തിമ അത്താഴവേളയില്‍ തന്‍റെ തിരുശരീരരക്തങ്ങളുടെ യാഗമായ കുര്‍ബാന സ്ഥാപിച്ചു. തന്‍റെ കുരിശിലെ ബലി താന്‍ വീണ്ടും വരുന്നതുവരെ എല്ലാ യുഗങ്ങളിലും ശാശ്വതമായി തുടര്‍ന്നുകൊണ്ടു പോകുവാനും അങ്ങനെ തന്‍റെ പ്രിയമണവാട്ടിയായ സഭയ്ക്കു തന്‍റെ മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും ഒരു സ്മാരകം ഏല്‍പിച്ചുകൊടുക്കുവാനും വേണ്ടിയാണ്‌ അവിടുന്ന്‌ അപ്രകാരം ചെയ്തത്‌. ആ സ്മാരകം സ്നേഹത്തിന്‍റെ ഒരു കൂദാശയും ഐക്യത്തിന്‍റെ  അടയാളവും ഉപവിയുടെ ബന്ധവും പെസഹാവിരുന്നും ആണ്‌. “ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും മനസ്സ്‌ കൃപാവരംകൊണ്ടു നിറയുകയും നമുക്കു ഭാവിമഹത്ത്വത്തിന്‍റെ അച്ചാരം നല്‍കപ്പെടുകയും” ചെയ്യുന്നു. 

I. കുര്‍ബാന : സഭാജീവിതത്തിന്‍റെ ഉറവിടവും അത്യുച്ചസ്ഥാനവും

വി. കൂര്‍ബാന “ക്രൈസ്തവ ജീവിതത്തിന്‍റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്‌.” മററു കൂദാശകളും, സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേഷിതദൗത്യ പ്രവൃത്തികളും കുര്‍ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, സഭയുടെ ആധ്യാത്മിക സമ്പത്തുമുഴുവനും, അതായത്‌, നമ്മുടെ പെസഹായായ ക്രിസ്തു, കുര്‍ബാനയില്‍ അടങ്ങിയിരിക്കുന്നു. 

“ദൈവികജിവനിലുള്ള സംസര്‍ഗവും സഭയെ നിലനിര്‍ത്തുന്ന ദൈവജനത്തിന്‍റെ  ഐക്യവും കുര്‍ബാനയില്‍ ഉചിതമായി സൂചിപ്പിക്കപ്പെടുകയും ദഹനീയമായി യാഥാര്‍ത്ഥ്യമാവുകയും ചെയുന്നു. ക്രിസ്തുവില്‍ ലോകത്തെ വിശുദ്ധികരിക്കുന്ന ദൈവിക പ്രവര്‍ത്തനത്തിന്‍റെയും, ക്രിസ്തുവിനും അവിടുന്നിലൂടെ പരിശുദ്ധാത്മാവില്‍ പിതാവിനും മനുഷ്യര്‍ നല്‍കുന്ന ആരാധനയുടെയും അത്യുച്ചസ്ഥാനമാണത്‌."

അവസാനമായി, ദിവ്യബലിയുടെ ആഘോഷംവഴി നാം നമ്മെത്തന്നെ സ്വര്‍ഗീയാരാധനയുമായി ഒന്നിപ്പിക്കുന്നു. ദൈവം സര്‍വതിലും സര്‍വവുമായിരിക്കുന്ന നിത്യ ജീവിതം നാം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്യുന്നു. 

ചുരുക്കത്തില്‍, കുര്‍ബാന നമ്മുടെ വിശ്വാസത്തിന്‍റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്: "നമ്മുടെ ചിന്താഗതി കുര്‍ബാനയ്ക്കനുസൃതമാകുന്നു; പകരം കൂര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു."

II. ഈ കൂദാശ എങ്ങനെ വിളിക്കപ്പെടുന്നു?

ഈ കൂദാശയുടെ അക്ഷയമായ സമ്പന്നത നാം അതിനു നല്‍കുന്ന വൃത്യസ്ത പേരുകളില്‍നിന്നു വ്യക്തമാണ്‌. ഓരോ പേരും ഇതിന്‍റെ ചില പ്രത്യേകതകള്‍ പ്രകാശിപ്പിക്കുന്നു. അതു താഴെ പറയുന്ന പേരുകളില്‍ വിളിക്കപ്പെടുന്നു:

കൃതജ്ഞത സ്തോത്രം : കാരണം, അതു ദൈവത്തോടുള്ള കൃതജ്ഞതാ പ്രകടനമാണ്‌. കൃതജ്ഞതാസ്തോത്രം ചെയ്യുക (eucharistein), ആശീർവദിക്കുക ( eulogein) എന്നീ ക്രിയാപദങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികളായ സൃഷ്ടികര്‍മം, വീണ്ടെടുപ്പ്‌, വിശുദ്ധീകരണം എന്നിവയെ പ്രഘോഷിക്കുന്ന യഹൂദ ആശീര്‍വാദങ്ങളെ, പ്രത്യേകിച്ചു ഭക്ഷണസമയത്തുള്ളവയെയാണ്‌ അനുസ്മമരിപ്പിക്കുന്നത്‌.

കർത്താവിന്‍റെ അത്താഴം : കാരണം കര്‍ത്താവു തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ ശിഷ്യന്‍മാരോടൊപ്പം കഴിച്ച അത്താഴവുമായി ഇതിനു ബന്ധമുണ്ട്‌. സ്വര്‍ഗീയ ജറുസലെമിലെ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ  മുന്നാസ്വാദനവുമാണ്‌.

അപ്പം മുറിക്കൽ : കാരണം, ഭക്ഷണമേശയിലെന്നപോലെ യേശു അപ്പം ആശീര്‍വദിക്കുകയും വിളമ്പുകയും ചെയ്തപ്പോള്‍ പ്രത്യേകിച്ച് അന്തിമ അത്താഴത്തില്‍, അവിടുന്ന്‌ യഹൂദ ഭക്ഷണക്രമത്തിന്‍റെ ഭാഗമായ ഈ കര്‍മം അനുഷ്ഠിച്ചു. ഈ പ്രവൃത്തിവഴിയാണ്‌ അവിടുത്തെ പുനരുത്ഥാനത്തിനുശേഷം, ശിഷ്യന്‍മാര്‍ അവിടുത്തെ തിരിച്ചറിയുന്നത്‌. ആദിമക്രിസ്ത്യാനികള്‍ തങ്ങളുടെ ദിവ്യകാരുണ്യ സമ്മേളനങ്ങളെ പരാമര്‍ശിക്കാന്‍ ഈ പേരാണ്‌ ഉപയോഗിച്ചിരുന്നത്‌. അങ്ങനെ മുറിക്കപ്പെട്ട ഏക അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവരെല്ലാം അവിടുന്നുമായുള്ള സംസര്‍ഗത്തിലേക്കു പ്രവേശിക്കുന്നുവെന്നും അവിടുന്നില്‍ ഏക ശരീരമായിത്തീരുന്നുവെന്നും വ്യക്തമാക്കുന്നു.

സ്തോത്രയാഗ സമ്മേളനം : (synaxis): കാരണം, സഭയുടെ ദൃശ്യാവിഷ്കാരമായ വിശ്വാസികളുടെ സമ്മേളനത്തിലാണു സ്തോത്രയാഗം ആഘോഷിക്കപ്പെടുന്നത്‌.

കര്‍ത്താവിന്‍റെ പീഡാനുഭവത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും സ്മാരകം.

വിശുദ്ധബലി : കാരണം, അതു രക്ഷകനായ ക്രിസ്തുവിന്റെ ഏക യാഗത്തെ സന്നിഹിതമാക്കുകയും സഭയുടെ സമര്‍പ്പണത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.. ദിവ്യപൂജയെന്ന വിശുദ്ധബലി “സ്തോത്ര  ബലി”, “ആധ്യാത്മിക ബലി ”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളും ഉപയോഗിക്കാറുണ്ട്‌. കാരണം, അതു പഴയനിയമത്തിലെ എല്ലാ ബലികളെയും പൂര്‍ത്തിയാക്കുകയും അവയ്ക്ക്‌ അതീതമായി നിലനില്ക്കുകയും ചെയ്യൂന്നു.

വിശുദ്ധവും ദൈവികവുമായ ആരാധന : കാരണം, സഭയുടെ ആരാധനക്രമം മുഴുവന്‍റെയും കേന്ദ്രവും  ഏററവും തീവ്രമായ പ്രകാശനവും ദൃശ്യമാകുന്നത്‌ ഈ കൂദാശയുടെ ആഘോഷത്തിലാണ്‌. ഇതേ അര്‍ഥത്തില്‍ ഇതിനെ നാം വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷമെന്നും വിളിക്കുന്നു. ഇതു കൂദാശകളുടെ കൂദാശയായതിനാല്‍ ഇതിനെ പരിശുദ്ധ കൂദാശ എന്നു നാം വിളിക്കുന്നു. സക്രാരിയിൽ സൂക്ഷിക്കപ്പെടുന്ന കുര്‍ബാനയുടെ സാദൃശ്യങ്ങളെയും ഇതേ പേരുകൊണ്ടു സൂചിപ്പിക്കുന്നു.

വിശുദ്ധ കൂട്ടായ്മ : കാരണം, ഒററ ശരീരമായിത്തീരുന്നതിനു നമ്മെ തന്‍റെ ശരീരരക്തങ്ങളില്‍ ഭാഗഭാക്കുകളാക്കുന്ന ക്രിസ്തുവിനോട്‌ ഈ കൂദാശവഴി നാം ഐകൃപ്പെടുന്നു. വിശുദ്ധവസ്തുക്കൾ (ta hagia) എന്നും നാം അതിനെ വിളിക്കുന്നു. അപ്പസ്തോലന്‍മാരുടെ വിശ്വാസ പ്രമാണത്തിലെ “പുണ്യവാന്‍മാരുടെ ഐക്യം” എന്ന പ്രസ്താവത്തിന്‍റെ പ്രഥമ അര്‍ഥമാണിത്‌. നാം അതിനെ മാലാഖമാരുടെ അപ്പം, സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം, അമര്‍ത്ത്യതയുടെ ഔഷധം, തിരുപ്പാഥേയം... എന്നും വിളിക്കുന്നു.

ദിവ്യപ്രേഷണം (Sancta Missa ): രക്ഷാകരരഹസ്യം പൂര്‍ത്തിയാക്കുന്ന ആരാധനക്രമം, വിശ്വാസികളെ അനുദിനജീവിതത്തില്‍ ദൈവഹിതം നിറവേററുന്നതിനുവേണ്ടി പറഞ്ഞയയ്ക്കുന്നു എന്ന അര്‍ഥത്തില്‍ “ഹോളിമാസ്‌” എന്നും വിളിക്കുന്നു.

III. കുര്‍ബാന രകഷാകരപദ്ധതിയില്‍

അപ്പത്തിന്‍റെയും വിഞ്ഞിന്‍റെയും അടയാളങ്ങള്‍

ക്രിസ്തുവിന്‍റെ വചനങ്ങള്‍വഴിയും റുഹാക്ഷണ പ്രാര്‍ഥനവഴിയും ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായിത്തീരുന്ന അപ്പവും വീഞ്ഞും കുര്‍ബാന ആഘോഷത്തിന്‍റെ കേന്ദ്രഘടകങ്ങളാണ്‌. കര്‍ത്താവിന്‍റെ  കല്‍പനയോട്‌ വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്‌, അവിടുന്നു തന്‍റെ പീഡാസഹനത്തിന്‍റെ തലേരാത്രിയില്‍ ചെയ്തത്‌, “അവിടുന്ന്‌ അപ്പമെടുത്തു....”, “അവിടുന്നു വീഞ്ഞു നിറച്ച കാസ എടുത്തു....”, അവിടുത്തെ ഓര്‍മയ്ക്കായി, അവിടുത്തെ മഹത്ത്വപൂര്‍ണമായ പ്രത്യാഗമനംവരെ സഭ തുടര്‍ന്നു ചെയ്തുകൊണ്ടിരിക്കുന്നു. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും അടയാളങ്ങൾ, അഗ്രാഹ്യമായ വിധത്തില്‍ ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായിത്തീരുന്നു. സൃഷ്ടിയുടെ നന്‍മയെ സൂചിപ്പിക്കുന്നതു തുടരുന്നു. അങ്ങനെ കാഴ്ചവയ്പില്‍ “മനുഷ്യപ്രയത്നത്തിന്‍റെയും”, സര്‍വോപരി “ഭൂമിയുടെയും മുന്തിരിവള്ളിയുടെയും ഫലവും” തന്‍മൂലം സ്രഷ്ടാവിന്‍റെ ദാനങ്ങളുമായ അപ്പത്തെയും വീഞ്ഞിനെയും പ്രതി സ്രഷ്ടാവിനു നാം കൃതജ്ഞതയര്‍പ്പിക്കുന്നു. "അപ്പവും വീഞ്ഞും കൊണ്ടുവന്ന” രാജാവും പുരോഹിതനുമായ മെല്‍ക്കിസ്‌ദേക്കിന്‍റെ പ്രവൃത്തിയില്‍ സഭ തന്‍റെ തന്നെ കാഴ്ചവയ്പിന്‍റെ പ്രതിരൂപം കാണുന്നു. 

പഴയ ഉടമ്പടിയുടെ കാലത്ത്‌, കൃതജ്ഞതാനിര്‍ഭരമായ അംഗീകാരത്തിന്‍റെ അടയാളമായി, ഭൂമിയുടെ ആദൃഫലങ്ങളുടെകൂടെ അപ്പവും വീഞ്ഞും സ്രഷ്ടാവിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുറപ്പാടിന്‍റെ പശ്ചാത്തലത്തില്‍ അവയ്ക്കു പുതിയൊരു അര്‍ഥം കൈവന്നു. ഓരോ വര്‍ഷവും പെസഹായ്ക്ക്‌ ഇസ്രായേല്‍ജനം ഭക്ഷിക്കുന്ന പുളിപ്പില്ലാത്ത അപ്പം, അവരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ച പുറപ്പാടിനുള്ള  തിടുക്കത്തെ അനുസ്മരിപ്പിക്കുന്നു; ഇസ്രായേല്‍ ജീവിക്കുന്നതു ദൈവവചനമാകുന്ന അപ്പം കൊണ്ടാണെന്ന്‌ മരുഭൂമിയിലെ മന്ന ആ ജനതയെ എപ്പോഴും അനുസ്മരിപ്പിക്കും. അവരുടെ അനുദിനയപ്പം വാഗ്ദത്ത ഭൂമിയുടെ ഫലമാണ്‌, ദൈവത്തിനു തന്‍റെ വാഗ്ദാനങ്ങളോടുള്ള വിശ്വസ്തതയുടെ അച്ചാരമാണ്‌. യഹൂദരുടെ പെസഹാഭക്ഷണത്തിന്‍റെ അവസാനത്തിലുള്ള “ആശീര്‍വാദത്തിന്‍റെ കാസ" വീഞ്ഞിന്‍റെ  ഉത്സവപരമായ സന്തോഷത്തിന്‌, ഒരു യുഗാന്തപരമായ മാനം പ്രദാനംചെയ്യുന്നു; ജറുസലെമിന്‍റെ പുനരുദ്ധാരണത്തെ സംബന്ധിച്ച മെസയാനിക പ്രതീക്ഷയാണു യുഗാന്തപരമായ ഈ മാനം. അപ്പത്തിന്റെയും കാസയുടെയും ആശീര്‍വാദത്തിന്‌ നവീനവും സുനിശ്ചിതവുമായ ഒരര്‍ഥം നല്‍കിക്കൊണ്ട്‌ യേശു കുര്‍ബാന സ്ഥാപിച്ചു.

ജനക്കൂട്ടത്തെ തീററിപ്പോററുന്നതിനായി കര്‍ത്താവ്‌ അപ്പം ആശീര്‍വദിച്ചു മുറിച്ച്‌ തന്‍റെ  ശിഷ്യന്‍മാര്‍വഴി വിതരണം ചെയ്തപ്പോള്‍ നടന്ന അദ്ഭുതങ്ങള്‍ തന്‍റെ ദിവ്യ കാരുണ്യമാകുന്ന ഏക അപ്പത്തിന്‍റെ പരമമായ സമൃദ്ധിയെ മുന്‍കുട്ടി സൂചിപ്പിക്കുന്നു. 'കാനായില്‍വച്ചു വെള്ളം വീഞ്ഞാക്കിയ അടയാളം, യേശുവിന്‍റെ  മഹത്ത്വീകരണത്തിന്‍റെ മണിക്കൂറിനെ പ്രഖ്യാപിക്കുന്നു. പിതാവിന്‍റെ രാജ്യത്തിലുള്ള വിവാഹ വിരുന്നിന്‍റെ പൂര്‍ത്തീകരണം അതു പ്രകടമാക്കുന്നു. അവിടെ, ക്രിസ്തുവിന്‍റെ രക്തമായിത്തീര്‍ന്ന പുതിയ വീഞ്ഞ്‌ വിശ്വാസികള്‍ കുടിക്കും.

പീഡാസഹനത്തെപ്പററിയുള്ള പ്രഖ്യാപനം ശിഷ്യന്‍മാര്‍ക്ക്‌ ഉതപ്പുണ്ടാക്കി. ദിവ്യ കാരുണ്യത്തെപ്പറ്റിയുള്ള പ്രഥമ പ്രഖ്യാപനം അവരില്‍ ഒരു വിഭജനമുണ്ടാക്കി; “ഈ വചനം കഠിനമാണ്‌, ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?" ദിവ്യകാരുണ്യവും കുരിശും ഇടര്‍ച്ചയുടെ കല്ലാണ്‌. ഇത്‌ ഒരു രഹസ്യമാണ്‌; എക്കാലവും ഭിന്നതയ്ക്ക്‌ അവസരമായി ഇതു നിലനില്ക്കും. “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?" കര്‍ത്താവിന്‍റെ  ഈ ചോദ്യം യുഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. അവിടുത്തേക്കു മാത്രമേ “നിത്യജീവന്‍റെ വചനം” ഉള്ളു എന്നും അവിടുത്തെ ദിവ്യകാരുണ്യത്തിന്‍റെ ദാനം വിശ്വാസത്തോടെ സ്വീകരിക്കുക എന്നത്‌ അവിടുത്തെത്തന്നെ സ്വീകരിക്കുക എന്നതാണെന്നും കണ്ടെത്താനുള്ള സ്നേഹമസൃണമായ ക്ഷണമാണു കര്‍ത്താവിന്‍റെ ഈ വാക്കുകള്‍.

കുര്‍ബാനയുടെ സ്ഥാപനം

കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ സ്നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു. ഈ ലോകംവിട്ടു തന്‍റെ പിതാവിന്‍റെ പക്കലേക്കു പോകാനുള്ള സമയമായെന്ന്‌ അറിഞ്ഞുകൊണ്ട്‌, ഭക്ഷണസമയത്ത്‌ അവിടുന്ന്‌ അവരുടെ പാദങ്ങള്‍ കഴുകുകയും സ്നേഹത്തിന്‍റെ  കല്‍പന അവര്‍ക്കു നല്‍കുകയുംചെയ്തു. അവര്‍ക്ക്‌ ഈ സ്നേഹത്തിന്റെ അച്ചാരം നല്‍കുന്നതിനും, തന്‍റെ സ്വന്തമായിട്ടുള്ളവരില്‍നിന്ന്‌ ഒരിക്കലും വേര്‍പിരിയാതിരിക്കുന്നതിനും അവരെ തന്‍റെ പെസഹായില്‍ പങ്കുകാരാക്കുന്നതിനും വേണ്ടി, തന്‍റെ  മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും സ്മാരകമായി അവിടുന്ന്‌ കുര്‍ബാന സ്ഥാപിച്ചു. തന്‍റെ പുനരാഗമനംവരെ അത്‌ ആഘോഷിക്കുവാന്‍ തന്‍റെ അപ്പസ്തോലന്‍മാരോടു കല്‍പിക്കുകയും അതിലൂടെ “അവിടുന്ന്‌ അവരെ പുതിയനിയമത്തിലെ പുരോഹിതന്‍മാരാക്കുകയും ചെയ്തു."

മൂന്ന് സമവീക്ഷണ സുവിശേഷങ്ങളും വി. പൗലോസും കുർബാനസ്ഥാപനത്തെ സംബന്ധിച്ച വിവരണം നമുക്കു നൽകുന്നുണ്ട്‌. കുർബാനസ്ഥാപനത്തിനു പശ്ചാത്തലമൊരുക്കിക്കൊണ്ട്‌ യേശു കഫർണാമിലെ സിനഗോഗിൽവെച്ചു പറഞ്ഞ വാക്കുകൾ വി . യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്‌. സ്വര്‍ഗത്തിൽ നിന്നിറങ്ങിയ  ജീവന്റെ അപ്പം എന്ന് ക്രിസ്തു തന്നെത്തന്നെ വിശേഷിപ്പിക്കുന്നു.

കഫര്‍ണാമില്‍വച്ചു പ്രസ്താവിച്ചതു പൂര്‍ത്തിയാക്കാന്‍ യേശു പെസഹായുടെ സമയം തിരഞ്ഞെടുത്തു: തന്‍റെ  ശിഷ്യന്‍മാര്‍ക്കു തന്‍റെ ശരീരവും രക്തവും നല്‍കുമെന്ന പ്രഖ്യാപനം അങ്ങനെ നിറവേററി.

പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിനം വന്നുചേര്‍ന്നു. യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: “നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന്‌ നിങ്ങള്‍ പോയി ഒരുക്കങ്ങള്‍ ചെയ്യുവിന്‍...” അവര്‍ പോയി... പെസഹാ ഒരുക്കി. സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലന്‍മാരും. അവന്‍ അവരോടു പറഞ്ഞു. “പീഡയനുഭവിക്കുന്നതിനുമുന്‍പു നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു. ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കുകയില്ല”... പിന്നെ അവന്‍ അപ്പമെടുത്തു കൃതജ്ഞതാസ്തോത്രം ചെയ്തു മുറിച്ച്‌ അവര്‍ക്കു കൊടുത്തു കൊണ്ട്‌ അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ  ശരീരമാണ്‌. എന്‍റെ  ഓര്‍മയ്ക്കായി ഇതുചെയ്യുവിന്‍.” അതുപോലെതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്തു; “ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌."

പെസഹാഭക്ഷണവേളയില്‍ തന്‍റെ  ശിഷ്യന്‍മാരോടൊപ്പം അന്ത്യത്താഴം ആഘോഷിച്ചുകൊണ്ട്‌ യേശു യഹൂദപെസഹായ്ക്ക്‌ സുനിശ്ചിതമായ അര്‍ഥം നല്‍കി. തന്‍റെ മരണവും ഉത്ഥാനവും വഴി പിതാവിന്‍റെ  പക്കലേക്കുള്ള യേശുവിന്‍റെ കടന്നു പോകലാകുന്ന പുതിയ പെസഹ അത്താഴത്തില്‍ മുന്നനുഭവവും കുര്‍ബാനയില്‍ ആഘോഷവുമായിത്തിരുന്നു. അങ്ങനെ യേശുവിന്‍റെ പുതിയ പെസഹാ യഹൂദ പെസഹായെ  പൂര്‍ത്തിയാക്കുകയും; രാജ്യത്തിന്‍റെ മഹത്ത്വത്തിലുള്ള സഭയുടെ അന്തിമമായ പെസഹായുടെ  മുന്നനുഭവമാക്കുകയും ചെയ്യുന്നു.

“ഇത്‌ എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍"

തന്‍റെ പ്രവൃത്തികളും വാക്കുകളും “തന്‍റെ  പ്രത്യാഗമനംവരെ" ആവര്‍ത്തിക്കണമെന്ന് യേശു കല്‍പിച്ചു. ഈ കല്‍പന, യേശുവിനെയും അവിടുത്തെ ചെയ്തികളെയും ഓര്‍ക്കാന്‍ മാത്രമല്ല നമ്മോട്‌ ആവശ്യപ്പെടുന്നത്‌. അപ്പസ്തോലന്‍മാരും അവരുടെ പിന്‍ഗാമികളും നിര്‍വഹിക്കേണ്ട ആരാധനാക്രമപരമായ  അനുസ്മരണാഘോഷത്തെ ലക്ഷ്യമാക്കുന്ന കല്‍പനയാണിത്‌: ക്രിസ്തുവിന്‍റെയും, അവിടുത്തെ ജീവിതത്തിന്‍റെയും, മരണത്തിന്‍റെയും, പുനരുത്ഥാനത്തിന്‍റെയും, പിതാവിന്‍റെ സന്നിധിയിലെ മധ്യസ്ഥത്തിന്റെയും അനുസ്മരണം.

സഭ ആരംഭം മുതല്‍ കര്‍ത്താവിന്‍റെ ഈ കല്‍പനയോടു വിശ്വസ്തത പുലര്‍ത്തി.  ജറുസലെമിലെ സഭയെ സംബന്ധിച്ച്‌ ഇപ്രകാരം പറയുന്നു:

അവര്‍ അപ്പസ്തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ താത്പര്യപൂര്‍വം പങ്കുചേര്‍ന്നു... അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകുടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. 

സര്‍വോപരി, “ആഴ്ചയുടെ ഒന്നാം ദിവസം” അതായത്‌, കര്‍ത്താവിന്‍റെ ഉത്ഥാന ദിവസമായ ഞായറാഴ്ച, ക്രിസ്ത്യാനികള്‍ “അപ്പംമുറിക്കലിനായി സമ്മേളിച്ചിരുന്നു. അന്നുമുതല്‍ ഇന്നുവരെ വി. കുര്‍ബാനയുടെ ആഘോഷം തുടര്‍ന്നുപോരുകയും അങ്ങനെ, ഇന്നു സഭയില്‍ എല്ലായിടത്തും കുര്‍ബാനയ്ക്ക്‌ അടിസ്ഥാനപരമായി ഒരേ ഘടന ഉണ്ടായിരിക്കുകയും ചെയ്യുന്നു. കുര്‍ബാന സഭാജീവിതത്തിന്‍റെ കേന്ദ്രമായി നിലനില്ക്കുന്നു.

അങ്ങനെ, തിര്‍ഥാടകരായ ദൈവജനം യേശു “വരുന്നതുവരെ” അവിടുത്തെ പെസഹാരഹസ്യം പ്രഘോഷിക്കുമ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം രാജ്യത്തിന്‍റെ മേശയ്ക്കിരിക്കുന്ന സ്വര്‍ഗീയവിരുന്നിലേക്ക്‌, “കുരിശിന്‍റെ ഇടുങ്ങിയ വഴിയിലൂടെ," ആഘോഷത്തില്‍നിന്ന്‌ ആഘോഷകത്തിലേക്കു മുന്നേറുകയാണ്‌.

IV. കുര്‍ബാനയുടെ ആരാധനക്രമപരമായ ആഘോഷം

എല്ലാ യുഗങ്ങളിലെയും കുര്‍ബാന

രണ്ടാം നൂററാണ്ടില്‍ത്തന്നെ, കുര്‍ബാനയുടെ ആഘോഷാക്രമത്തിന്‍റെ അടിസ്ഥാന രൂപരേഖയെ സംബന്ധിച്ചു രക്തസാക്ഷിയായ വി. ജസ്റ്റിന്‍ നമുക്കു സാക്ഷ്യം നല്‍കുന്നുണ്ട്‌. ഈ രൂപരേഖ എല്ലാ മുഖ്യ ആരാധനക്രമ കുടുംബങ്ങളിലും ഇന്നോളം നിലനില്‍ക്കുന്നു. അന്തോനിയുസ്‌ പീയുസ്‌ (138-161) എന്ന വിജാതീയ ചക്രവര്‍ത്തിക്ക്‌, ക്രിസ്ത്യാനികള്‍ ചെയ്യുന്നതെന്തെന്നു വിശദീകരിച്ചുകൊണ്ട്‌ വിശുദ്ധ ജസ്റ്റിന്‍ ഉദ്ദേശം എ.ഡി. 155-ല്‍ ഇപ്രകാരം എഴുതി:

എല്ലാവരുടെയും ദിവസമെന്നുവിളിക്കുന്ന സൂര്യന്‍റെ ദിവസം നഗരത്തിലോ ഗ്രാമപ്രദേശത്തോ വസിക്കുന്ന എല്ലാവരും ഒരു സ്ഥലത്ത്‌ ഒന്നിച്ചുകൂടുന്നു. അപ്പസ്തോലന്‍മാരുടെ വ്യാഖ്യാനങ്ങളും പ്രവാചകന്‍മാരുടെ ലിഖിതങ്ങളും, സമയം അനുവദിക്കുന്ന ക്രമത്തില്‍ വായിക്കുന്നു.

വായനക്കാരന്‍ വായിച്ചുകഴിയുമ്പോള്‍, സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കുന്ന വ്യക്തി മഹനീയങ്ങളായ ആ കാര്യങ്ങള്‍ അനുകരിക്കാന്‍ അവരെ ഉപദേശിക്കുകയും പ്രചാദിപ്പിക്കുകയും ചെയ്യുന്നു.

അതിനുശേഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച്‌ എഴുന്നേററു ഞങ്ങള്‍ക്കുവേണ്ടിയും... എല്ലായിടത്തുമുള്ള മറ്റെല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ഥിക്കുന്നു.ജീവിതംകൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഞങ്ങള്‍ നീതിമാന്‍മാരായി കാണപ്പെടുന്നതിനും നിത്യരക്ഷ പ്രാപിക്കുന്നതിന്‌ പ്രമാണങ്ങളോടു വിശ്വസ്തതയുള്ളവരായിരിക്കുന്നതിനും വേണ്ടി പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥനകള്‍ തീരുമ്പോള്‍ ഞങ്ങള്‍ പരസ്പരം ചുംബിക്കുന്നു. അപ്പോള്‍ അപ്പവും വെള്ളം കലര്‍ത്തിയ വിഞ്ഞുള്ള പാനപാത്രവും സഹോദരങ്ങളുടെ മേലധ്യക്ഷനായിരിക്കുന്ന വ്യക്തിയുടെ അടുക്കലേക്കു കൊണ്ടുവരുന്നു. അദ്ദേഹം അവ എടുത്ത്‌, പ്രപഞ്ചത്തിന്റെ പിതാവിന്‌, പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്തുതിയും മഹത്ത്വവും സമര്‍പ്പിക്കുന്നു. ഞങ്ങള്‍ ഈ ദാനങ്ങള്‍ക്കു യോഗ്യരായി ഗണിക്കപ്പെട്ടതിനു കുറെ സമയം അദ്ദേഹം കൃതജ്ഞതയര്‍പ്പിക്കുന്നു (ഗ്രീക്കുഭാഷയില്‍ eucharistian).

അദ്ദേഹം പ്രാര്‍ഥനകളും കൃതജ്ഞതാപ്രകാശനങ്ങളും ഉപസംഹരിച്ചുകഴിയുമ്പോള്‍, സന്നിഹിതരായ എല്ലാവരും “ആമ്മേന്‍ എന്നു പറഞ്ഞ്‌ ഉദ്ഘോഷിക്കുന്നു.

അധ്യക്ഷന്‍ നന്ദി പറയുകയും ജനങ്ങള്‍ പ്രത്യുത്തരം പറയുകയും ചെയ്തു കഴിയുമ്പോള്‍, ഡിക്കന്‍മാ൪ എന്നു ഞങ്ങള്‍ വിളിക്കുന്നവര്‍, “കൃതജ്ഞതാസ്തോത്രം ചെയ്യപ്പെട്ട" അപ്പവും വീഞ്ഞും വെള്ളവും സന്നിഹിതരായിട്ടുള്ള എല്ലാവര്‍ക്കും പങ്കുപറ്റാന്‍ നല്‍കുന്നു. സന്നിഹിതരല്ലാത്തവര്‍ക്കുവേണ്ടി കൊണ്ടുപോവുകയും ചെയ്യുന്നു. 

കുര്‍ബാനയുടെ ആഘോഷം, നൂററാണ്ടുകളിലൂടെ നമ്മുടെ കാലഘട്ടംവരെ പരിരക്ഷിക്കപ്പെട്ട ഒരു മൗലിക  ഘടനയനുസരിച്ചാണു വികസിച്ചുവന്നത്‌. മൗലികമായ ഐക്യമുള്ള രണ്ടു വലിയ ഭാഗങ്ങള്‍ അതിനുണ്ട്‌:

വചനശുശ്രുഷാസ്സമ്മേളനം വായനകള്‍, പ്രഭാഷണം, സാര്‍വത്രിക പ്രാര്‍ഥനകള്‍ എന്നിവയോടുകുടെ.

സ്തോത്രയാഗ  ശുശ്രുഷ : അപ്പത്തിന്റെയും വീഞ്ഞിന്റെയും സമര്‍പ്പണം, പവിത്രീകരണ കൃതജ്ഞതാപ്രകടനം, ദിവ്യകാരുണ്യസ്വീകരണം എന്നിവയോടുകൂടെ.

വചനശുശ്രൂഷയും സ്തോത്രയാഗശുശ്രുഷയും ഒന്നിച്ച്‌ “ആരാധനയുടെ ഒററ പ്രവൃത്തി" ആയി രൂപപ്പെടുന്നു. കുര്‍ബാനയില്‍ നമുക്കായി സജ്ജികരിക്കപ്പെട്ട വിരുന്നുമേശ ദൈവവചനത്തിന്‍റെയും കര്‍ത്താവിന്‍റെ  ശരീരത്തിന്‍റെയും വിരുന്നു മേശയാണ്‌.

ഉത്ഥിതനായ ക്രിസ്തു തന്‍റെ ശിഷ്യരോടൊപ്പം നടത്തിയ പെസഹാഭക്ഷണത്തിന്‍റെ അതേ ക്രമംതന്നെയല്ലേ ഇതും. അവിടുന്ന്‌ അവരോടൊപ്പം നടന്ന്‌ അവര്‍ക്കു വിശുദ്ധ ലിഖിതങ്ങള്‍ വിശദീകരിച്ചുകൊടുത്തു. അവരോടൊപ്പം മേശയ്ക്കിരുന്ന്‌ “അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ അവര്‍ക്കു കൊടുത്തു."

ആഘോഷത്തിന്‍റെ ക്രമം

എല്ലാവരും  ഒരുമിച്ചുകൂടുന്നുസ്തോത്രയാഗ സമ്മേളനത്തിനായി ക്രിസ്ത്യാനികള്‍ ഒരു സ്ഥലത്തു വന്നുചേരുന്നു. ഈ സമ്മേളനത്തിന്‍റെ പ്രഥമസ്ഥാനി കുര്‍ബാനയുടെ പ്രധാന കാര്‍മികനായ ക്രിസ്തുതന്നെയാണ്‌. അവിടുന്നു പുതിയനിയമത്തിലെ പ്രധാനപുരോഹിതനാണ്‌. അവിടുന്നുതന്നെയാണ്‌ ഓരോ കുർബാനയിലും അദൃശ്യമായി അധ്യക്ഷനായിരിക്കുന്നത്‌. ക്രിസ്തുവിന്‍റെ പ്രതിനിധി എന്ന നിലയിലാണ്‌ മെത്രാനോ പുരോഹിതനോ, (തലവനായ ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ പ്രവര്‍ത്തിച്ചുകൊണ്ട്‌) സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കുന്നതും വായനകള്‍ക്കുശേഷം പ്രഭാഷണം നടത്തുന്നതും, കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുന്നതും സ്തോത്രയാഗപ്രാര്‍ഥന ചൊല്ലുന്നതും. എല്ലാവര്‍ക്കും ഈ ആഘോഷത്തില്‍ തങ്ങളുടെ സജീവമായ പങ്കു നിര്‍വഹിക്കാനുണ്ട്‌. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍; വായനക്കാര്‍, കാഴ്ചവസ്തുക്കള്‍ കൊണ്ടുവരുന്നവര്‍, ദിവ്യകാരുണ്യം നല്‍കുന്നവര്‍, “ആമ്മേന്‍” പറഞ്ഞ്‌ തങ്ങളുടെ ഭാഗഭാഗിത്വം പ്രകടിപ്പിക്കുന്ന ജനം മുഴുവനും.

വചനശുശ്രൂഷ: “പ്രവാചകരുടെ ലിഖിതങ്ങള്‍” അതായത്‌ പഴയനിയമം, “അപ്പസ്തോലന്‍മാരുടെ വ്യാഖ്യാനങ്ങള്‍” അതായത്‌ അവരുടെ ലേഖനങ്ങള്‍, സുവിശേഷങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭാഗം. ഈ വചനത്തെ അതു യഥാര്‍ഥത്തില്‍ ആയിരിക്കുന്ന രീതിയില്‍, ദൈവവചനമായി സ്വീകരിക്കാനും അതു പ്രയോഗത്തിലാക്കാനുമുള്ള ആഹ്വാനമായ പ്രഭാഷണത്തിനുശേഷം അപ്പസ്തോലന്റെ വാക്കുകളനുസരിച്ച്‌ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥനകൾ നടക്കുന്നു: “എല്ലാവര്‍ക്കുംവേണ്ടി - രാജാക്കന്‍മാര്‍ക്കും ഉന്നതസ്ഥാനീയരായ എല്ലാവര്‍ക്കും വേണ്ടി - അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്നു ഞാന്‍ ആഹ്വാനം ചെയുന്നു.” 

കാഴ്ചവസ്തുക്കളുടെ സമർപ്പണം (കാഴ്ചവയ്പ്‌ ) : പിന്നീട്  അപ്പവും വീഞ്ഞും അള്‍ത്താരയിലേക്കു സംവഹിക്കപ്പെടുന്നു. ചിലപ്പോള്‍ പ്രദക്ഷിണമായിട്ടാണ്‌ അങ്ങനെ ചെയ്തിരുന്നത്‌. കൃതജ്ഞതാബലിയില്‍, ക്രിസ്തുവിന്‍റെ നാമത്തില്‍ പുരോഹിതന്‍ അവ സമര്‍പ്പിക്കുന്നു; ഇതില്‍ അവ ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയിത്തീരുന്നു. “അപ്പവും പാനപാത്രവുമെടുത്ത്‌ ” അന്ത്യ അത്താഴത്തില്‍ ക്രിസ്തു ചെയ്ത അതേ പ്രവൃത്തിയാണിത്‌. “സഭ മാത്രമാണു സ്രഷ്ടാവിനു വിശുദ്ധമായ ഈ കാഴ്ച സമര്‍പ്പിക്കുന്നത്‌. അവിടുത്തെ സൃഷ്ടിയില്‍നിന്നു കൃതജ്ഞതാപ്രകടനത്തോടെ അവള്‍ നടത്തുന്ന സമര്‍പ്പണമാണിത്‌. കാഴ്ചവസ്തുക്കള്‍ അള്‍ത്താരയില്‍ കൊണ്ടുവരുന്നതിലൂടെ മെല്‍ക്കിസെദെക്കിന്‍റെ പ്രവൃത്തിയെ സഭ അനുകരിക്കുന്നു. സ്രഷ്ടാവിന്‍റെ ദാനങ്ങള്‍ ക്രിസ്തുവിന്‍റെ കൈകളിലേക്കു നല്‍കുകയാണ്‌. അവിടുന്നു തന്‍റെ  ബലിയില്‍, ബലിസമര്‍പ്പിക്കുവാനുള്ള സര്‍വ മാനുഷിക പരിശ്രമങ്ങളെയും പൂര്‍ണതയിലെത്തിക്കുന്നു.

ക്രിസ്ത്യാനികള്‍ ആദിമകാലംമൂതല്‍ ദിവ്യബലിക്കുള്ള അപ്പവും വീഞ്ഞും കൊണ്ടുവരുന്നതിന്റെ കൂടെ, പാവങ്ങള്‍ക്കു നല്കാനുള്ള ദാനങ്ങളും കൊണ്ടുവന്നിരുന്നു. എക്കാലത്തും അര്‍ഥവത്തായി തുടരുന്ന ദാനശേഖരണത്തിന്‍റെ  ഈ പതിവു നമ്മെ സമ്പന്നരാക്കാന്‍ സ്വയം ദരിദ്രനായിത്തീര്‍ന്ന ക്രിസ്തുവിന്‍റെ  മാതൃകയാല്‍ പ്രചോദിതമാണ്‌. 

'സമ്പന്നരായിട്ടുള്ളവരും കൊടുക്കാന്‍ ഇഷ്ടമുള്ളവരും തങ്ങള്‍ക്ക്‌ ഇഷ്ടമുള്ളതു നല്‍കുന്നു. ഇങ്ങനെ ശേഖരിക്കുന്നവ അധ്യക്ഷനായിരിക്കുന്ന ആള്‍ക്കു നല്‍കപ്പെടുന്നു. അനാഥരെയും വിധവകളെയും രോഗത്താലോ മറേറതെങ്കിലും കാരണത്താലോ ദരിദ്രരായിട്ടുള്ളവരെയും തടവുകാരെയും പരദേശികളെയും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആവശ്യത്തില്‍ കഴിയുന്ന എല്ലാവരെയും സഹായിക്കാനാണത്‌.'

സ്തോത്രയാഗപ്രാർത്ഥന : കൃതജ്ഞതാപ്രകാശനപ്രാര്‍ഥനയും കൂദാശകർമ്മവും അടങ്ങുന്ന സ്തോത്രയാഗപ്രാര്‍ത്ഥന ആഘോഷത്തിന്‍റെ ഹൃദയവും അത്യുച്ചസ്ഥാനവുമാണ്‌.

ആമുഖപ്രാർത്ഥനയിൽ സഭ ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവില്‍ പിതാവിന് അവിടുത്തെ എല്ലാ പ്രവൃത്തികളുടെയും അതായത്‌ സൃഷ്ടി, വീണ്ടെടുപ്പ്‌, വിശുദ്ധീകരണം എന്നിവയുടെ പേരില്‍ കൃതജ്ഞതയര്‍പ്പിക്കുന്നു. അങ്ങനെ മാലാഖമാരും സകലവിശുദ്ധരും ചേര്‍ന്ന സ്വര്‍ഗീയസഭ ത്രൈശുദ്ധ ദൈവത്തിന്‌ അവിരാമം ആലപിക്കുന്ന സ്തുതിയിൽ സമൂഹം മുഴുവനും പങ്കുചേരുന്നു.
റൂഹക്ഷണ പ്രാർത്ഥനയിൽ  സഭ പിതാവിനോടു പരിശുദ്ധാത്മാവിനെ (അഥവാ അവിടുത്തെ അനുഗ്രഹത്തിന്‍റെ ശക്തിയെ ) അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മേൽ  അയയ്ക്കുവാന്‍ പ്രാര്‍ഥിക്കുന്നു. അവിടുത്തെ ശക്തിവഴി അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയിത്തീരാനും ദിവ്യകാരുണ്യത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു ശരീരവും ഒരാത്മാവും ആയിത്തീരാനും വേണ്ടിയാണത്‌ (ചില ആരാധനാക്രമപാരമ്പര്യങ്ങളില്‍ അനുസ്മരണ പ്രാര്‍ഥനയ്ക്കുശേഷമാണു റുഹാക്ഷണപ്രാര്‍ഥന).
സ്ഥാപനവിവരണത്തില്‍ ക്രിസ്തുവിന്‍റെ വാക്കുകളുടെയും പ്രവൃത്തിയുടെയും ശക്തിയും പരിശുദ്ധാത്മാവിന്‍റെ ശക്തിയും, ക്രിസ്തുവിന്‍റെ ശരീരത്തെയും രക്തത്തെയും അതായത്‌, ഒരിക്കല്‍ എന്നേക്കുമായി അവിടുന്നു കുരിശിലര്‍പ്പിച്ച യാഗത്തെ, അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ കൗദാശികമായി സന്നിഹിതമാക്കുന്നു.
തുടര്‍ന്നുവരുന്ന അസുസ്മരണപ്രാർത്ഥനയിൽ സഭ യേശുക്രിസ്തുവിന്‍റെ പീഡാസഹനം, ഉത്ഥാനം, മഹത്ത്വപൂര്‍ണമായ പുനരാഗമനം എന്നിവയെ അനുസ്മരിക്കുന്നു; സഭ, പിതാവിന്‌ അവിടുത്തെ പുത്രന്‍റെ  യാഗത്തെ, അവിടുത്തോടു നമ്മെ രഞ്ജിപ്പിക്കുന്ന യാഗത്തെ, കാഴ്ച വയ്ക്കുന്നു.
മധ്യസ്ഥപ്രാത്ഥനകളിൽ , സ്വര്‍ഗത്തിലെയും ഭൂമിയിലെയും മുഴുവന്‍ സഭയോടുമുള്ള ഐക്യത്തിലാണു ദിവ്യബലി ആഘോഷിക്കുന്നതെന്നു സഭ വ്യക്തമാക്കുന്നു. ജീവിക്കുന്നവരും മരിച്ചവരുമായ എല്ലാവരോടും സഭയുടെ അജപാലകന്‍മാരായ മാര്‍പാപ്പയോടും രൂപതാ മെത്രാനോടും അദ്ദേഹത്തിന്റെ വൈദികസംഘത്തോടും അദ്ദേഹത്തിന്‍റെ ഡീക്കന്‍മാരോടും, ലോകത്തിലുള്ള എല്ലാ മ്രെതാന്‍മാരോടും അവരുടെ സഭകളോടും ഉള്ള ഐക്യത്തിലാണ്‌ ഇത്‌.

ദിവ്യകാരുണ്യസ്വീകരണം: കര്‍ത്തൃപ്രാര്‍ഥനയ്ക്കും അപ്പം വിഭജിക്കലിനും ശേഷമുള്ള ദിവ്യകാരുണ്യസ്വീകരണത്തില്‍, “ലോകത്തിന്‍റെ ജീവനുവേണ്ടി" തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ  ശരീരവും രക്തവുമായ “സ്വര്‍ഗത്തില്‍നിന്നുള്ള അപ്പവും", “രക്ഷയുടെ പാനപാത്രവും” വിശ്വാസികള്‍ സ്വീകരിക്കുന്നു.

ഒരു പ്രാചീന പ്രയോഗമനുസരിച്ച്‌ ഈ അപ്പവും വീഞ്ഞും “കൃതജ്ഞതാസ്തോത്രം ചെയ്യപ്പെട്ടത്‌” ആകയാല്‍ ഞങ്ങള്‍ ഈ ഭക്ഷണത്തെ ദിവ്യകാരുണ്യം എന്നു വിളിക്കുന്നു. “ഞങ്ങള്‍ പഠിപ്പിക്കുന്നതു സത്യമാണെന്നു വിശ്വസിക്കുകയും, പാപപ്പൊറുതിക്കും പുതുജനനത്തിനും വേണ്ടി മാമ്മോദീസ സ്വീകരിക്കുകയും ക്രിസ്തു പഠിപ്പിച്ചവയനുസരിച്ചു ജീവിക്കുകയും ചെയ്യാത്ത ഒരുവനും അതില്‍ പങ്കെടുക്കാന്‍ പാടില്ല." 

V. കൗദാശികബലി: കൃതജ്ഞതാപ്രകാശനം, അനുസ്മരണം, സാന്നിധ്യം

കാലഘട്ടങ്ങളുടെയും ആരാധനക്രമങ്ങളുടെയും വലിയ വൈവിധ്യമുണ്ടായിരുന്നിട്ടും സത്താപരമായി മാററമില്ലാത്ത ഒരു രൂപത്തില്‍ ക്രിസ്ത്യാനികള്‍ ആരംഭകാലം മുതല്‍ കുര്‍ബാന ആഘോഷിക്കുന്നു. അതിനു കാരണം, “ഇത്‌ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുക" എന്ന്‌ കര്‍ത്താവു തന്‍റെ പീഡാസഹനത്തിന്‍റെ തലേരാത്രി നമുക്കു നല്‍കിയ കല്‍പന അനുസരിക്കാന്‍ കടമയുണ്ടെന്നു നമുക്ക്‌ അറിയാം എന്നതാണ്‌.

കർത്താവിന്റെ ബലിയുടെ സ്മരണ ആഘോഷിച്ചുകൊണ്ട്‌ അവിടുത്തെ ഈ കല്‍പന നാം നിവൃത്തിയാക്കുന്നു. അങ്ങനെ പിതാവു നമുക്കു തന്നിട്ടുള്ളവ നാം അവിടുത്തേക്ക് തന്നെ സമര്‍പ്പിക്കുന്നു: പരിശുദ്ധാത്മാവിന്‍റെ ശക്തിയാലും ക്രിസ്തുവിന്‍റെ വാക്കുകളാലും ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായിത്തീര്‍ന്ന അവിടുത്തെ സൃഷ്ടിയുടെ ദാനങ്ങളായ അപ്പവും വീഞ്ഞും. അങ്ങനെ ക്രിസ്തു യഥാര്‍ഥമായും നിഗൂഢമായും സന്നിഹിതനാക്കപ്പെടുന്നു.

അതുകൊണ്ട്‌ കൂര്‍ബാനയെക്കുറിച്ചു താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണം.
- പിതാവിനോടുള്ള കൃതജ്ഞതാപ്രകടനവും സ്തുതിയും
- ക്രിസ്തുവിന്‍റെയും അവിടുത്തെ ശരീരത്തിന്‍റെയും യാഗപരമായ അനുസ്മരണം.
- ക്രിസ്തുവിന്‍റെ  വചനത്തിന്‍റെയും അവിടുത്തെ പരിശുദ്ധാത്മാവിന്‍റെയും ശക്തിമൂലമുണ്ടാകുന്ന അവിടുത്തെ സാന്നിധ്യം.

പിതാവിനോടുള്ള കൃതജ്ഞതാപ്രകടനവും സ്തുതിയും

ക്രിസ്തു കുരിശില്‍ പൂര്‍ത്തിയാക്കിയ നമ്മുടെ രക്ഷയുടെ കൂദാശയായ കുര്‍ബാന, സൃഷ്ടികര്‍മത്തെപ്രതി കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുള്ള സ്തുതിയുടെ ഒരു യാഗവുമാണ്‌. കൃതജ്ഞതാബലിയില്‍, ദൈവത്താല്‍ സ്നേഹിക്കപ്പെട്ട സൃഷ്ടി മുഴുവനും ക്രിസ്തുവിന്‍റെ മരണം, ഉത്ഥാനം എന്നിവയിലൂടെ പിതാവിനു സമര്‍പ്പിക്കപ്പെടുന്നു. സൃഷ്ടിയിലും മനുഷ്യവംശത്തിലും ദൈവം നല്ലതും സുന്ദരവ്യം യുക്തവുമായി നിര്‍മിച്ചിട്ടുള്ള എല്ലാറ്റിനും വേണ്ടി കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട്‌ ക്രിസ്തുവിലൂടെ സ്തുതിയുടെ ബലിയര്‍പ്പിക്കാന്‍ സഭയ്ക്കു സാധിക്കും.

കുര്‍ബാന പിതാവിനോടുള്ള കൃതജ്ഞതാപ്രകടനത്തിന്‍റെ ഒരു ബലിയാണ്‌. ദൈവം നല്‍കിയ സകല നന്‍മകള്‍ക്കും വേണ്ടി - സൃഷ്ടികര്‍മം, വീണ്ടെടുപ്പ്‌, വിശുദ്ധീകരണം എന്നിവയിലൂടെ ദൈവം പൂര്‍ത്തിയാക്കിയ എല്ലാറ്റിനും വേണ്ടി - സഭ അവിടുത്തോടു കൃതജ്ഞത പ്രകാശിപ്പിക്കുന്ന ഒരു വാഴ്ത്തല്‍ ആണത്‌. 'യൂക്കരിസ്തീയ” എന്നതിന്‍റെ  പ്രാഥമികാര്‍ത്ഥം “കൃതജ്ഞതാപ്രകടനം” എന്നാണ്‌.

സര്‍വ സൃഷ്ടികളുടെയും പേരില്‍ സഭ ദൈവത്തിന്‌ ആലപിക്കുന്ന സ്തുതിയുടെ യാഗവുംകൂടിയാണ് കുര്‍ബാന. ക്രിസ്തുവിലുടെ മാത്രമേ സ്തുതിയുടെ ഈ യാഗം സാധ്യമാവുകയുള്ളൂ. അവിടുന്നു വിശ്വാസികളെ തന്‍റെ വ്യക്തിത്വത്തോടും തന്‍റെ സ്തുതിയോടും തന്‍റെ മധ്യസ്ഥതയോടും ഒന്നിപ്പിക്കുന്നു. അങ്ങനെ പിതാവിനുള്ള സ്തുതിയുടെ ബലി, ക്രിസ്തുവിൽ സ്വീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്നിലുടെ, അവിടുത്തോടുകുടെ സമര്‍പ്പിക്കപ്പെടുന്നു.

ക്രിസ്തുവിന്‍റെയും അവിടുത്തെ ശരീരമായ സഭയുടെയും യാഗപരമായ അനുസ്മരണം

കുര്‍ബാന ക്രിസ്തുവിന്‍റെ പെസഹായുടെ അനുസ്മരണമാണ്‌. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയില്‍ നടക്കുന്ന കൗദാശിക സമര്‍പ്പണവുമാണ്‌. എല്ലാ സ്തോത്രയാഗ പ്രാര്‍ഥനകളിലും, സ്ഥാപനവാക്യങ്ങള്‍ക്കുശേഷം അനമ്നേസ്സിസ്‌ അഥവാ അനുസ്മരണം എന്നു വിളിക്കപ്പെടുന്ന ഒരു പ്രാര്‍ഥന ഉണ്ട്‌.

വിശൂദ്ധ ലിഖിതങ്ങളിലുള്ള അര്‍ഥമനുസരിച്ച്‌ അനുസ്മരണം എന്നതു കഴിഞ്ഞ സംഭവങ്ങളുടെ ഓര്‍മിക്കല്‍ മാത്രമല്ല, ദൈവം മനുഷ്യനുവേണ്ടി ചെയ്ത വിസ്മയനീയ കാര്യങ്ങളുടെ പ്രഘോഷണവുമാണ്‌. ഈ സംഭവങ്ങളുടെ ആരാധനാ ക്രമപരമായ ആഘോഷത്തില്‍ അവ ഒരു പ്രത്യേക രീതിയില്‍, സന്നിഹിതവും യഥാര്‍ഥവുമായിത്തീരുന്നു. ഈജിപ്തില്‍നിന്നുള്ള തന്‍റെ  വിമോചനത്തെ ഇസ്രായേൽ  മനസ്സിലാക്കുന്നത്‌ ഇങ്ങനെയാണ്‌; പെസഹാ ആഘോഷിക്കുന്ന ഓരോ സന്ദര്‍ഭത്തിലും പുറപ്പാടു സംഭവങ്ങള്‍ വിശ്വാസികളുടെ സ്മരണയില്‍ സന്നിഹിതമാകുന്നു. അവരുടെ ജീവിതം അവയോട്‌ അനുരുപപ്പെടുന്നതിനുവേണ്ടിയാണത്‌.

പുതിയനിയമത്തില്‍ അനുസ്മരണത്തിന്‌ പുതിയ അര്‍ഥം സിദ്ധിക്കുന്നു. സഭ കുര്‍ബാന ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ പെസഹ അനുസ്മരിക്കുന്നു; അതിനെ സന്നിഹിതമാക്കുകയും ചെയ്യുന്നു: ക്രിസ്തു കുരിശില്‍ എന്നേക്കുമായി ഒരിക്കല്‍ അര്‍പ്പിച്ച ബലി എന്നും യഥാര്‍ത്ഥമായി നിലനില്ക്കുന്നു.  “ക്രിസ്തുവാകുന്ന നമ്മൂടെ പെസഹാക്കുഞ്ഞാടു ബലിയര്‍പ്പിക്കപ്പെട്ട” കുരിശിലെ യാഗം അള്‍ത്താരയില്‍ ആഘോഷിക്കപ്പെടുമ്പോഴെല്ലാം, നമ്മുടെ രക്ഷയുടെ കര്‍മം നിര്‍വഹിക്കപ്പെടുകയാണ്‌.”

കുര്‍ബാന ക്രിസ്തുവിന്‍റെ  പെസഹായുടെ അനുസ്മരണമാകയാല്‍ അത്‌ ബലി കൂടിയാണ്‌. കുര്‍ബാനയുടെ ബലിപരമായ സ്വഭാവം സ്ഥാപനവാക്യങ്ങളില്‍ത്തന്നെ വെളിവാക്കപ്പെടുന്നു; “നിങ്ങള്‍ക്കായി നല്‍കപ്പെടുന്ന എന്‍റെ ശരീരമാണിത്‌,” “ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌.” ക്രിസ്തു കുരിശില്‍ സമര്‍പ്പിച്ച അതേ ശരീരം കുര്‍ബാനയില്‍ അവിടുന്നു നമുക്കു നല്‍കുന്നു, “പാപപരിഹാരാര്‍ഥം അനേകര്‍ക്കായി ചിന്തിയ" അതേ രക്തം നമുക്കു നല്‍കുന്നു.

അങ്ങനെ കുര്‍ബാന ഒരു ബലിയാണ്‌, കാരണം, അതു കുരിശിലെ ബലിയെ വീണ്ടും സന്നിഹിതമാക്കുന്നു, അത്‌ കുരിശിലെ ബലിയുടെ അനുസ്മരണമാണ്‌. അത്‌ കുരിശിലെ ബലിയുടെ ഫലം പ്രയോഗത്തില്‍ വരുത്തുന്നു:

നമ്മുടെ കര്‍ത്താവും ദൈവവുമായ ക്രിസ്തു കുരിശാകുന്ന അള്‍ത്താരയിലുള്ള തന്റെ മരണംവഴി, നിത്യമായ വീണ്ടെടുപ്പു സാധിക്കാന്‍വേണ്ടി, പിതാവായ ദൈവത്തിന്‌ എന്നേക്കുമായി തന്നെത്തന്നെ അര്‍പ്പിച്ചു. എന്നാല്‍, അവിടുത്തെ പൗരോഹിത്യം അവിടുത്തെ മരണത്തോടെ അവസാനിക്കാനുള്ളതല്ലായിരുന്നതിനാല്‍ “അവിടുന്ന്‌ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍” തന്‍റെ വല്‍സലമണവാട്ടിയായ സഭയ്ക്ക്‌ (മനുഷ്യസ്വഭാവം ആവശ്യപ്പെടുന്നതുപോലെ) ദൃശ്യമായ ഒരു ബലി സ്ഥാപിച്ചു. അതിലൂടെ കുരിശില്‍ താന്‍ ഒരിക്കല്‍ പൂര്‍ത്തിയാക്കുന്ന രക്തംചിന്തിയുള്ള ബലി, പുനരവതരിപ്പിക്കപ്പെടും. അതിന്‍റെ സ്മരണ ലോകാവസാനംവരെ നിലനില്‍ക്കും. അതിന്‍റെ രക്ഷാകര ഫലങ്ങള്‍ നാം നിത്യം ചെയ്യുന്ന പാപങ്ങളുടെ പൊറുതിക്കായി പ്രയോജനപ്പെടും. 

ക്രിസ്തുവിന്‍റെ ബലിയും കുര്‍ബാനയാകുന്ന ബലിയും ഒരേ ഒരു ബലിയാണ്‌: “ബലിവസ്തു ഒന്നുതന്നെയാണ്‌. അന്നു കുരിശില്‍ തന്നെത്തന്നെ അര്‍പ്പിച്ചവന്‍ തന്നെയാണ്‌ ഇന്നു പുരോഹിതന്‍മാരുടെ ശുശ്രൂഷയിലൂടെ സമര്‍പ്പിക്കുന്നത്‌. സമര്‍പ്പണത്തിന്‍റെ രീതിക്കു മാത്രമേ വൃത്യാസമുള്ളൂ.” “കൂര്‍ബാനയില്‍ ആഘോഷിക്കപ്പെടുന്ന ഈ ദൈവികബലിയില്‍, ഒരിക്കല്‍ രക്തംചിന്തി കുരിശാകുന്ന അള്‍ത്താരയില്‍ തന്നെത്തന്നെ അര്‍പ്പിച്ച ക്രിസ്തു സന്നിഹിതനാവുകയും രക്തരഹിതമായ വിധത്തില്‍ അര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു."

കുര്‍ബാന സഭയുടെകുടെ ബലിയാണ്‌: ക്രിസ്തുവിന്‍റെ  ശരീരമാകുന്ന സഭ തന്‍റെ ശിരസ്സിന്‍റെ സമര്‍പ്പണത്തില്‍ ഭാഗഭാക്കാകുന്നു. അവിടുത്തോടുകൂടെ അവള്‍ മുഴുവനായി സമര്‍പ്പിക്കപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പിതാവിന്‍റെ മുന്‍പാകെ അവിടുന്നു വഹിക്കുന്ന ഈ മാധ്യസ്ഥ്യത്തോട് സഭ തന്നെത്തന്നെ ചേര്‍ക്കുന്നു. കുര്‍ബാനയില്‍ ക്രിസ്തുവിന്‍റെ  ബലി അവിടുത്തെ ശരീരത്തിന്‍റെ അവയവങ്ങളുടെയും ബലിയായിത്തീരുന്നു. വിശ്വാസികളുടെ ജീവിതവും അവരുടെ സ്തുതിയും സഹനവും പ്രാര്‍ഥനയും അദ്ധ്വാനവും എല്ലാം ക്രിസ്തുവിന്‍റെതിനോട്‌, അവിടുത്തെ സമഗ്ര സമര്‍പ്പണത്തോട് ചേര്‍ക്കപ്പെടുന്നു. അങ്ങനെ അവ പുതിയ മൂല്യം കൈവരിക്കുന്നു. അള്‍ത്താരയില്‍ സന്നിഹിതമായിരിക്കുന്ന ക്രിസ്തുവിന്‍റെ ബലി ക്രിസ്ത്യാനികളുടെ എല്ലാ തലമുറകള്‍ക്കും ക്രിസ്തുവിന്‍റെ സമര്‍പ്പണത്തോട് തങ്ങളെത്തന്നെ ചേര്‍ക്കാന്‍ സാധ്യത നല്കുന്നു.

ഭൂഗര്‍ഭ ശ്മശാനങ്ങളില്‍, സഭ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയായി മിക്കപ്പോഴും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അവളുടെ കൈകള്‍ പ്രാര്‍ഥനാരൂപത്തില്‍ നീട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തു കുരിശില്‍ തന്‍റെ  കൈകള്‍ വിരിച്ചുപിടിച്ചിരിക്കുന്നതുപോലെ അവള്‍ അവനിലൂടെ അവനോടു കൂടെ, അവനില്‍, തന്നെത്തന്നെ സമര്‍പ്പിക്കുകയും എല്ലാ മനുഷ്യര്‍ക്കുംവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നു.

സഭമുഴുവന്നും ക്രിസ്തുവിന്‍റെ   സമർപ്പണത്തോടും മാധ്യസ്ഥതയോടും ഐക്യപെട്ടിരിക്കുന്നു. സഭയില്‍ പത്രോസിന്‍റെ ശുശ്രൂഷ നടത്തുന്ന മാര്‍പാപ്പ ഓരോ കുര്‍ബാനയാഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ സാര്‍വത്രികസഭയുടെ ഐക്യത്തിന്‍റെ അടയാളവും സേവകനുമെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ  പേരു പറയപ്പെടുന്നു. ഒരു പുരോഹിതൻ അധ്യക്ഷനായിരിക്കുമ്പോഴും സ്ഥലത്തെ മെത്രാനാണ് എപ്പോഴും കുര്‍ബാനയുടെ ഉത്തരവാദിത്വം വഹിക്കുന്നത്‌. വൈദികസംഘത്തിന്‍റെ മധ്യേ, ഡീക്കന്‍മാരുടെ സഹായത്തോടെ, പ്രാദേശികസഭയില്‍ മെത്രാന്‍ അധ്യക്ഷത വഹിക്കുന്നു എന്നു സൂചിപ്പിക്കാന്‍ മെത്രാന്റെ  പേരു പറയപ്പെടുന്നു. സമൂഹത്തിനു വേണ്ടിയും സമൂഹത്തോടൊപ്പവും ബലിയര്‍പ്പിക്കുന്ന എല്ലാ ശുശ്രുഷകര്‍ക്കുവേണ്ടിയും സമൂഹം മാധ്യസ്ഥ്യം യാചിക്കുന്നു:

മെത്രാന്റെ അധ്യക്ഷതയില്‍ അര്‍പ്പിക്കപ്പെടുന്ന കുര്‍ബാന, അല്ലെങ്കില്‍ അദ്ദേഹം ഭരമേല്‍പിച്ചിട്ടുള്ള വ്യക്തി അര്‍പ്പിക്കുന്ന കുര്‍ബാന മാത്രമേ നിയമാനുസൃതമായി കരുതപ്പെടാവൂ. 
പുരോഹിതന്‍മാരുടെ ശുശ്രൂഷയിലൂടെ, വിശ്വാസികളുടെ ആധ്യാത്മികബലി ഏകമധ്യസ്ഥനായ ക്രിസ്തുവിന്റെ ബലിയോട്‌ ഒന്നുചേർന്നു പൂര്‍ണമാകുന്നു. അതു കുര്‍ബാനയില്‍ പുരോഹിതന്റെ കൈകളിലൂടെ സഭമുഴുവന്റെയും നാമത്തില്‍,രക്തരഹിതവും കൗദാശികവുമായ രീതിയില്‍, കര്‍ത്താവിന്റെ പ്രത്യാഗമനംവരെ അര്‍പ്പിക്കപ്പെടുന്നു. 

ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ മാത്രമല്ല, സ്വർഗീയ മഹത്വത്തിൽ എത്തിച്ചേര്‍ന്ന അംഗങ്ങളും ക്രിസ്തുവിന്‍റെ സമര്‍പ്പണത്തോട്‌ ഒന്നിപ്പിക്കപ്പെടുന്നു. കന്യകമറിയത്തോടും സകലവിശുദ്ധരോടും ഒന്നുചേര്‍ന്നുകൊണ്ടും, അവരെയെല്ലാം അനുസ്മരിച്ചുകൊണ്ടും സഭ സ്തോത്രയാഗം അര്‍പ്പിക്കുന്നു. മാറിയത്തോടു കൂടെ, കുരിശിന്‍ചുവടില്‍ എന്നപോലെ, വി. കുര്‍ബാനയില്‍ സഭ ക്രിസ്തുവിന്‍റെ ബലിയോടും മാധ്യസ്ഥ്യത്തോടും ഐക്യപ്പെട്ടിരിക്കുന്നു.

“ക്രിസ്തുവില്‍ മരിച്ചവരും, ഇനിയും പൂര്‍ണമായി ശുദ്ധീകരിക്കപ്പെടാത്തവരുമായ" മരിച്ച' വിശ്വാസികൾ ക്രിസ്തുവിന്‍റെ പ്രകാശത്തിലേക്കും സമാധാനത്തിലേക്കും പ്രവേശിക്കാനായി അവര്‍ക്കുവേണ്ടി സ്തോത്രയാഗം അര്‍പ്പിക്കപ്പെടുന്നു.

ഈ ശരീരം എവിടെയെങ്കിലും ഇടുക! അതിനെ സംബന്ധിച്ചു നിങ്ങള്‍ വിഷമിക്കേണ്ട! നിങ്ങള്‍ എവിടെയായിരുന്നാലും കര്‍ത്താവിന്‍റെ അള്‍ത്താരയില്‍ എന്നെ ഓര്‍മിക്കണമെന്നേ ഞാന്‍ അഭ്യര്‍ഥിക്കുന്നുള്ളു.
അപ്പോള്‍, മരിച്ചുപോയ വിശുദ്ധപിതാക്കന്‍മാര്‍ക്കുവേണ്ടിയും മെത്രാൻമാര്‍ക്കു വേണ്ടിയും പൊതുവേ, നമുക്കുമുന്‍പേ മരിച്ചുപോയ എല്ലാവര്‍ക്കുംവേണ്ടിയും, വിശുദ്ധവും ഭീതിജനകവുമായ ബലിവസ്തു സന്നിഹിതമായിരിക്കുമ്പോള്‍ ആര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവോ ആ ആത്മാക്കള്‍ക്ക്‌ അതു വലിയ ഉപകാരമായിരിക്കും എന്നു വിശ്വസിച്ചുകൊണ്ട്‌ (അനാഫൊറയില്‍) നാം പ്രാര്‍ഥിക്കുന്നു...... മരിച്ചുപോയവര്‍ക്കുവേണ്ടി, അവര്‍ പാപികളായിരുന്നെങ്കില്‍ പോലും ദൈവത്തിനു നമ്മുടെ പ്രാര്‍ഥനകള്‍ സമര്‍പ്പിച്ചുകൊണ്ട്‌, എല്ലാവരുടെയും പാപങ്ങളെപ്രതി ബലിയര്‍പ്പിക്കപ്പെട്ട ക്രിസ്തുവിനെ നാം സമര്‍പ്പിക്കുന്നു. അങ്ങനെ, മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തെ അവര്‍ക്കും നമുക്കും വേണ്ടി പരിഹാരംചെയ്യുന്നവനാക്കുന്നു.

കുര്‍ബാനയില്‍ ആഘോഷിക്കുന്ന നമ്മുടെ കര്‍ത്താവിന്‍റെ ബലിയില്‍ കൂടുതല്‍ കൂടുതല്‍ പൂര്‍ണതയോടെ പങ്കുചേരാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഈ വിശ്വാസപ്രബോധനം വി. ആഗസ്തീനോസ്‌ വിസ്മയനീയമാം വിധത്തില്‍ സംഗ്രഹിക്കുന്നു;

പൂര്‍ണമായി വീണ്ടെടുക്കപ്പെട്ട ഈ നഗരം, വിശുദ്ധരുടെ ഈ സമ്മേളനവും സമൂഹവും, ദൈവത്തിനു സാര്‍വത്രിക ബലിയെന്ന നിലയില്‍ പ്രധാനപുരോഹിതനാല്‍ സമര്‍പ്പിക്കപ്പെടുന്നു. നാം മഹത്തായ ഒരു ശിരസ്സിന്‍റെ ശരീരമാകേണ്ടതിന്‌ അവിടുന്ന്‌ അടിമയുടെ രൂപത്തില്‍ തന്‍റെ പീഡാസഹനത്തില്‍ നമുക്കുവേണ്ടി തന്നെത്തന്നെ സമര്‍പ്പിച്ചു... ഇതാണ്‌ ക്രിസ്ത്യാനികളുടെ ബലി: പലരായിരിക്കുന്ന നമ്മള്‍ ക്രിസ്തുവില്‍ ഒരു ശരീരമാണ്‌.” സഭ ഈ ബലി വിശ്വാസികള്‍ക്കു സുപരിചിതമായ അള്‍ത്താരയിലെ കൂദാശയിൽ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവള്‍ സമര്‍പ്പിക്കുന്ന വസ്തുവില്‍ അവള്‍ തന്നെ സമര്‍പ്പിക്കപ്പെടുന്നു എന്ന്‌ വ്യക്തമാക്കപ്പെടുന്നു. 

ക്രിസ്തുവിന്‍റെ വചനത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ശക്തിയാലുള്ള ക്രിസ്തുവിന്‍റെ സാന്നിധ്യം

“മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്‍റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു” തന്‍റെ  സഭയില്‍, വിവിധ രീതികളില്‍ സന്നിഹിതനായിരിക്കുന്നു. അവിടുത്തെ വചനത്തിലും “എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ സമ്മേളിക്കുന്ന" അവിടുത്തെ സഭയുടെ പ്രാര്‍ഥനയിലും, ദരിദ്രരിലും രോഗികളിലും ബന്ധനസ്ഥരിലും, അവിടുന്നു സ്ഥാപിച്ച കൂദാശകളിലും കുര്‍ബാനയെന്ന ബലിയിലും, കാര്‍മികന്‍റെ വ്യക്തിത്വത്തിലും  അവിടുന്നു സന്നിഹിതനാണ്‌. എന്നാല്‍ “ഏററവും ഉന്നതമായ രീതിയിൽ അവിടുന്ന്‌ ദിവ്യ കാരുണ്യസാദൃശ്യങ്ങളിൽ സന്നിഹിതനായിരിക്കുന്നു."

ദിവ്യകാരുണ്യസാദൃശ്യങ്ങളിലെ ക്രിസ്തുവിന്‍റെ സാന്നിധ്യം അനന്യമാണ്‌. അത്‌ “ആധ്യാത്മികജീവിതത്തിന്‍റെ  പൂര്‍ണതയും എല്ലാ കൂദാശകളുടെയും ലക്ഷ്യവും എന്ന നിലയില്‍” കുര്‍ബാനയെ സകല കുദാശകളെയുംകാള്‍ ഉന്നതമാക്കുന്നു. ഏററവും പരിശുദ്ധ കൂദാശയായ കുര്‍ബാനയില്‍ “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവും, ആത്മാവോടും ദൈവികതയോടുംകുടി സത്യമായും യഥാര്‍ഥമായും സത്താപരമായും അങ്ങനെ ക്രിസ്തുമുഴുവന്നും അടങ്ങിയിരിക്കുന്നു. ഇതിനെ “യഥാര്‍ഥ സാന്നിധ്യം” എന്നു വിളിക്കുന്നു. ഇത്‌ സാന്നിധ്യത്തിന്‍റെ മറ്റുള്ള രീതികള്‍ 'യഥാര്‍ഥമല്ല എന്ന വിധത്തില്‍, അവയെ ഒഴിവാക്കിനിറുത്താനല്ല, പിന്നെയോ, സാന്നിധ്യം സമുന്നതമായ രീതിയിലായതുകൊണ്ട്‌ അങ്ങനെ വിളിക്കുന്നു. അതായത്‌, ദൈവവും മനുഷ്യനുമായ ക്രിസ്തു തന്നെത്തന്നെ സമഗ്രമായും പൂര്‍ണമായും സന്നിഹിതനാക്കുന്ന സത്താപരമായ ഒരു സാന്നിധ്യമാണിത്‌".

അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായി മാറുന്നതിലൂടെയാണു ക്രിസ്തു ഈ കൂദാശയിൽ സന്നിഹിതനായിരിക്കുന്നത്‌. ഈ മാറ്റത്തിനു ഹേതുവായ, ക്രിസ്തുവിന്‍റെ വചനത്തിനും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനുമുള്ള ഫലദായകത്വത്തില്‍ സഭയ്ക്കുള്ള വിശ്വാസത്തെ സഭാപിതാക്കന്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. വി. യോഹന്നാന്‍ ക്രിസോസ്തോം ഇങ്ങനെ പ്രസ്താവിക്കുന്നു;

അര്‍പ്പിക്കപ്പെടുന്ന വസ്തുക്കള്‍ ക്രിസ്തുവിന്‍റെ ശരീരവും രക്തവുമായി മാറാന്‍ മനുഷ്യനല്ല, നമുക്കുവേണ്ടി കുരിശില്‍ തറയ്ക്കപ്പെട്ടവനായ ക്രിസ്തുതന്നെയാണ്‌ കാരണമായിത്തിരുന്നത്‌. പുരോഹിതന്‍ ക്രിസ്തുവിന്റെ സ്ഥാനത്തു നിന്നുകൊണ്ട്‌ ഈ വാക്കുകള്‍ ഉച്ചരിക്കുന്നു. പക്ഷേ, അവയുടെ ശക്തിയും അനുഗ്രഹവും ദൈവത്തിന്‍റെതാണ്. ഇത്‌ എന്‍റെ  ശരീരമാകുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. ഈ വാക്കു സമര്‍പ്പിക്കപ്പെട്ട വസ്തുക്കളെ രൂപാന്തരപ്പെടുത്തുന്നു.

ഈ മാറ്റത്തെക്കുറിച്ചു വി. അംബ്രോസും പറയുന്നു:

ഇതു പ്രകൃതിയാല്‍ രൂപപ്പെടുത്തപ്പെട്ടതല്ല, പിന്നെയോ ആശീര്‍വാദത്താല്‍ പവിത്രീകരിക്കപ്പെട്ടതാണ്‌, ആശീര്‍വാദത്തിന്‍റെ ശക്തി പ്രകൃതിയുടെ ശക്തിയുടെ മേല്‍ പ്രബലപ്പെടുന്നു. ആശിര്‍വാദത്താല്‍ പ്രകൃതിതന്നെ മാററപ്പെടുന്നു എന്നു നമുക്കു ബോധ്യമുണ്ട്‌. അസ്തിത്വമില്ലാതിരുന്നതിനെ, ശുന്യതയില്‍നിന്നു നിര്‍മിക്കാന്‍ കഴിയുന്ന ക്രിസ്തുവിന്‍റെ വചനത്തിന്‌, അസ്തിത്വമുള്ള വസ്തുക്കളെ, അവ മുൻപ് അല്ലാതിരുന്നവയാക്കി മാററാന്‍ കഴിവില്ലേ? വസ്തുക്കള്‍ക്ക്‌ അവയുടെ പ്രകൃതി നല്‍കുക എന്നത്‌, അവയുടെ പ്രകൃതി മാററുക എന്നതിനെക്കാള്‍ എളുപ്പമല്ല.

ത്രെന്തോസ്‌ സുനഹദോസ്‌, കത്തോലിക്കാവിശ്വാസത്തെ സംഗ്രഹിച്ചുകൊണ്ട്‌ ഇങ്ങനെ പ്രഖ്യാപിക്കുന്ന: “അപ്പത്തിന്‍റെ സാദൃശ്യത്തില്‍ താന്‍ സമര്‍പ്പിക്കുന്നതു തന്‍റെ ശരീരമാണെന്നു നമ്മുടെ രക്ഷകനായ ക്രിസ്തു പറഞ്ഞു. അതുകൊണ്ട്‌ അത്‌ എന്നും ദൈവത്തിന്‍റെ സഭയുടെ ബോധ്യമായിരുന്നു. ഇക്കാര്യം വിശുദ്ധ സുനഹദോസ്‌ ഇപ്പോള്‍ വീണ്ടും പ്രഖ്യാപിക്കുന്നു: അപ്പവും വീഞ്ഞും കൂദാശചെയ്യപ്പെടുമ്പോള്‍ അപ്പത്തിന്‍റെ  മുഴുവന്‍ സത്തയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ സത്തയാവുകയും വീഞ്ഞിന്‍റെ  മുഴുവന്‍ സത്തയും അവിടുത്തെ രക്തത്തിന്‍റെ സത്തയാവുകയും ചെയ്യുന്ന ഒരു മാററം സംഭവിക്കുന്നു. ഈ മാററത്തെ സത്താഭേദം എന്ന്‌ കത്തോലിക്കാസഭ ഉചിതവും യുക്തവുമായി വിളിക്കുന്നു.”

ക്രിസ്തുവിന്റെ ദിവ്യകാരുണ്യസാന്നിധ്യം കൂദാശാകര്‍മ്മത്തിന്റെ നിമിഷം മുതല്‍ തുടങ്ങുകയും ദിവ്യകാരുണ്യസാദൃശ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം അതു തുടരുകയും ചെയ്യുന്നു. സാദൃശ്യങ്ങളില്‍ ഓരോന്നിലും ക്രിസ്തു പൂര്‍ണമായും സമഗ്രമായും സന്നിഹിതനാണ്‌. അവയുടെ ഓരോ ഭാഗത്തിലും പൂര്‍ണമായും സമഗ്രമായും സന്നിഹിതനാണ്‌. അതുകൊണ്ട്‌ അപ്പത്തിന്റെ വിഭജിക്കല്‍ ക്രിസ്തുവിനെ വിഭജിക്കുന്നില്ല. 

ദിവ്യകാരുണ്യാരാധന. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളിലുള്ള ക്രിസ്തുവിന്‍റെ  യഥാര്‍ഥ സാന്നിധ്യത്തില്‍ നമുക്കുള്ള വിശ്വാസം, കുര്‍ബാനയുടെ ആരാധനക്രമത്തില്‍ പലരീതികളില്‍ പ്രകടിപ്പിക്കപ്പെടുന്നു. കര്‍ത്താവിനെ ആരാധിക്കുന്നതിന്‍റെ അടയാളമായി മുട്ടുകുത്തുന്നതും നന്നായി കുമ്പിടുന്നതും അവയില്‍ പെടുന്നു. “കത്തോലിക്കാസഭ ദിവ്യകാരുണ്യകുദാശയ്ക്കു കുര്‍ബാനയുടെ സമയത്തു മാത്രമല്ല, കുര്‍ബാനയ്ക്കു പുറമെയും ആരാധന അര്‍പ്പിച്ചിരുന്നു, ഇപ്പോഴും അര്‍പ്പിക്കുന്നു. കൂദാശചെയ്യപ്പെട്ട ഓസ്തികള്‍ ഏററവും ശ്രദ്ധയോടെ സുക്ഷിച്ചുകൊണ്ടും, വിശ്വാസികളുടെ ആഘോഷപൂര്‍വകമായ ആരാധനയ്ക്ക്‌ അവ പ്രദര്‍ശിപ്പിച്ചുകൊണ്ടും, അവയെ സംവഹിച്ചു പ്രദക്ഷിണം നടത്തിക്കൊണ്ടും ഇതു ചെയ്യുന്നു." 

രോഗികള്‍ക്കും (കുര്‍ബാനയില്‍) സന്നിഹിതരാകാന്‍ കഴിയാത്തവര്‍ക്കും കുര്‍ബാനയ്ക്കു പുറമേ കൊണ്ടുപോയിക്കൊടുക്കുവാന്‍ ദിവ്യകാരുണ്യം യോഗ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണു സക്രാരി ആദ്യമായി ഉദ്ദേശിക്കപ്പെട്ടത്‌. ദിവൃകാരുണൃത്തില്‍ യേശുവിന്‍റെ യഥാര്‍ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ആഴപ്പെട്ടപ്പോള്‍, ദിവ്യകാരുണ്യ സാദൃശ്യങ്ങളുടെ കീഴില്‍ സന്നിഹിതനായിരിക്കുന്ന കര്‍ത്താവിനെ നിശ്ശബ്ദമായി ആരാധിക്കുന്നതിന്‍റെ അര്‍ഥം സഭയ്ക്കു ബോധ്യപ്പെട്ടു. ഇക്കാരണത്താല്‍ പള്ളിയിലെ സവിശേഷമാംവിധം യോഗ്യമായ സ്ഥലത്തു സക്രാരി സ്ഥാപിക്കണം; ക്രിസ്തുവിനു പരമപരിശുദ്ധ കൂദാശയിലുള്ള യഥാര്‍ഥ സാന്നിധ്യത്തിന്‍റെ സത്യത്തെ ഉയര്‍ത്തിക്കാണിക്കുകയും വെളിവാക്കുകയും ചെയ്യുന്ന വിധത്തില്‍ അതു നിര്‍മിക്കണം. അനന്യമായ ഈ രീതിയില്‍ തന്‍റെ സഭയില്‍ സന്നിഹിതനായിരിക്കാന്‍ ക്രിസ്തു ആഗ്രഹിച്ചു എന്നു ചിന്തിക്കുന്നത്‌ സമുചിതമാണ്‌. ക്രിസ്തു തന്‍റെ ദൃശ്യരൂപം വിട്ടു തനിക്കു സ്വന്തമായിട്ടുള്ളവരില്‍നിന്നു പിരിഞ്ഞുപോകാറായപ്പോള്‍ തന്‍റെ കൗദാശിക സാന്നിധ്യം നമുക്കു നല്‍കാന്‍ ആഗ്രഹിച്ചു. അവിടുന്നു നമ്മെ രക്ഷിക്കാന്‍ തന്നെത്തന്നെ കുരിശില്‍ സമര്‍പ്പിക്കാന്‍ തുടങ്ങുകയായിരുന്നു. അതുകൊണ്ട്‌ “അവസാനം വരെ,” തന്റെ ജീവന്‍ നല്‍കുവോളം, നമ്മെ സ്‌നേഹിച്ച അവിടുന്ന്‌ നമ്മെ രക്ഷിക്കാന്‍ തന്നെത്തന്നെ കുരിശില്‍ സമര്‍പ്പിക്കാറായപ്പോള്‍ ആ സ്നേഹത്തിന്‍റെ സ്മാരകം നമുക്കു നല്‍കണമെന്ന്‌ ആഗ്രഹിച്ചു. നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നല്‍കുകയും ചെയ്തവന്‍ എന്ന നിലയില്‍ ക്രിസ്തു തന്‍റെ ദിവ്യകാരുണ്യ സാന്നിധൃത്തിലൂടെ തന്‍റെ സ്നേഹത്തെ പ്രകടമാക്കുകയും പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സാദൃശ്യങ്ങളുടെ കീഴില്‍ നിഗൂഢമായ വിധത്തില്‍ നമ്മുടെ മദ്ധ്യേ വസിക്കുന്നു.

സഭയ്ക്കും ലോകത്തിനും ദിവ്യകാരുണ്യാരാധനയുടെ വലിയ ആവശ്യമുണ്ട്. യേശൂ സ്നേഹത്തിന്റെ ഈ കൂദാശയിൽ നമ്മെ കാത്തിരിക്കുന്നു. പൂര്‍ണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്റെ ഗൗരവപൂര്‍ണങ്ങളായ നിയമലംഘനങ്ങള്‍ക്കും കുററകൃത്യങ്ങള്‍ക്കും പരിഹാരം ചെയ്യാനുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുത്. നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.

“വി. തോമസ്‌ അക്വിനാസു പറയുന്നു; ഈ  കൂദാശയില്‍ ക്രിസ്തുവിന്‍റെ  യഥാര്‍ഥ ശരീരവും യഥാര്‍ഥ രക്തവും ഉണ്ട്‌ എന്നത്‌ “ഇന്ദ്രിയങ്ങള്‍കൊണ്ടല്ല, “ദൈവികമായ ആധികാരികതയിലുറച്ച വിശ്വാസംകൊണ്ടു മാത്രമേ ' ഗ്രഹിക്കാന്‍ കഴിയൂ. ഇക്കാരണത്താല്‍, ലൂക്ക 22:19-ന്റെ (ഇതു നിങ്ങള്‍ക്കായി നല്‍കപ്പെടുന്ന എന്‍റെ  ശരീരമാണ്‌) വ്യാഖ്യാനത്തില്‍ വി. സിറിള്‍ പറയുന്നു; “ഇതു സത്യമാണോ എന്നു  സംശയിക്കരുത്, പിന്നെയോ, രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കുക. അവിടുന്നു സത്യമാകയാല്‍, വ്യാജം പറയുന്നില്ല.

മറഞ്ഞിരിക്കുന്ന ദൈവികതയാകുന്ന അങ്ങയെ, ഈ സാദുൃശ്യങ്ങളുടെ കീഴില്‍ യഥാര്‍ഥത്തില്‍ മറഞ്ഞിരിക്കുന്ന അങ്ങയെ, ഞാന്‍ ഭക്തിപൂര്‍വം ആരാധിക്കുന്നു. എന്‍റെ ഹൃദയത്തെ മുഴുവന്‍ ഞാന്‍ അങ്ങേയ്ക്ക് അടിയറ വയ്ക്കുന്നു. എന്തെന്നാല്‍ അങ്ങയെപ്പററി ചിന്തിക്കുമ്പോള്‍ സകലതും അപര്യാപതമായിത്തീരുന്നു. അങ്ങയെ സംബന്ധിച്ചു കാഴ്ച ശക്തിക്കും സ്പര്‍ശനശക്തിക്കും രുചിക്കും തെറ്റുപറ്റുന്നു. കേള്‍വിശക്തിയെ മാത്രം പൂര്‍ണമായി വിശ്വസിക്കാം. ദൈവപുത്രന്‍ പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. സത്യമൊഴിയേക്കാള്‍ സത്യമായിട്ടൊന്നുമില്ല.

VI. പെസഹാവിരുന്ന്‌

കുര്‍ബാന ഒരേസമയത്ത്‌, വേര്‍തിരിക്കാനാവാത്തവിധം, കുരിശിലെ ബലിയെ ശാശ്വതീകരിക്കുന്ന യാഗാത്മക സ്മാരകവും കര്‍ത്താവിന്‍റെ ശരീരത്തോടും രക്തത്തോടുമുള്ള സംസര്‍ഗത്തിന്‍റെ വിശുദ്ധമായ വിരുന്നുമാണ്‌. എന്നാല്‍ കൃതജ്ഞതാ ബലിയുടെ ആഘോഷം പൂര്‍ണമായും, വിശ്വാസികള്‍ക്കു ദിവ്യകാരുണ്യസ്വികരണത്തിലൂടെ ക്രിസ്തുവുമായുള്ള ഉററബന്ധമാണു ലക്ഷ്യമാക്കുന്നത്‌. കുര്‍ബാന സ്വീകരിക്കുക എന്നതു തന്നെത്തന്നെ നമുക്കായി സമര്‍പ്പിച്ച ക്രിസ്തുവിനെത്തന്നെ സ്വീകരിക്കുക എന്നതാണ്‌.

അൾത്താര. കുര്‍ബാനയുടെ ആഘോഷത്തില്‍ സഭ അള്‍ത്താരയ്ക്കു ചുറ്റും സമ്മേളിക്കുന്നു. അള്‍ത്താര ഒരേ രഹസ്യത്തിന്‍റെ രണ്ടു വശങ്ങളെ പ്രതിനിധീകരിക്കുന്നു; ബലിയുടെ അള്‍ത്താരയും, കര്‍ത്താവിന്‍റെ  വിരുന്നുമേശയും. ക്രൈസ്തവ ബലിപീഠം ക്രിസ്തുവിന്റെ തന്നെ പ്രതീകമായതിനാല്‍ ഇത്‌ എത്രയും വാസ്തവമാണ്.

തന്‍റെ വിശ്വാസികളുടെ സമൂഹത്തില്‍ സന്നിഹിതനായി നമ്മുടെ അനുരഞ്ജനത്തിനായി അര്‍പ്പിക്കപ്പെടുന്ന ബലിവസ്തു എന്ന നിലയിലും നമുക്കു തന്നെത്തന്നെ പ്രദാനംചെയ്യുന്ന സ്വര്‍ഗീയഭോജ്യം എന്ന നിലയിലും ഉള്ള, ക്രിസ്തുവിന്‍റെ പ്രതീകമാണ്‌ അത്‌. “എന്തെന്നാല്‍, ക്രിസ്തുവിന്‍റെ ശരീരത്തിന്റെ പ്രതീകമല്ലെങ്കില്‍ പിന്നെ എന്താണു ക്രിസ്തുവിന്‍റെ അള്‍ത്താര എന്നു വിശുദ്ധ അംബ്രോസു ചോദിക്കുന്നു. മറെറാരിടത്ത്‌ അദ്ദേഹം പറയുന്നു:" “അള്‍ത്താര ക്രിസ്തുവിന്‍റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു, ക്രിസ്തുവിന്‍റെ ശരീരം അള്‍ത്താരയിലാണുതാനും. ബലിയുടെയും ദിവ്യകാരുണ്യസ്വീകരണത്തിന്‍റെയും ഈ ഐക്യത്തെ പല പ്രാര്‍ഥനകളിലും ആരാധനക്രമം വെളിവാക്കുന്നുണ്ട്‌. അങ്ങനെ റോമന്‍ സഭ അതിന്‍റെ അനാഫൊറയില്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു:

സര്‍വശക്തനായ ദൈവമേ, സ്വര്‍ഗത്തിലുള്ള അങ്ങയുടെ അള്‍ത്താരയിലേക്ക്‌, അങ്ങയുടെ ദൈവിക മഹത്ത്വത്തിന്‍റെ സന്നിധിയിലേക്ക്‌, ഈ ബലിവസ്തു അങ്ങയുടെ വിശുദ്ധമാലാഖമാരുടെ കൈകളാല്‍ സംവഹിക്കപ്പെടുവാന്‍ കല്‍പിചരുളണമെന്നു ഞങ്ങള്‍ അപേക്ഷിക്കുന്നു. അങ്ങനെ ഞങ്ങള്‍ ഈ അള്‍ത്താരയില്‍ ഉള്ള സംസര്‍ഗത്തില്‍ അങ്ങയുടെ പുത്രന്‍റെ ഏററവും വിശുദ്ധമായ ശരീരരക്തങ്ങള്‍ സ്വീകരിക്കുമ്പോള്‍, സ്വര്‍ഗീയമായ എല്ലാ അനുഗ്രഹങ്ങള്‍കൊണ്ടും കൃപാവരങ്ങള്‍കൊണ്ടും നിറഞ്ഞവരായിത്തീരട്ടെ.

“എല്ലാവരും വാങ്ങി ഭക്ഷിക്കുവിന്‍”: കുര്‍ബാന സ്വീകരണം

കുര്‍ബാനയെന്ന കൂദാശയില്‍ തന്നെ സ്വീകരിക്കുവാന്‍ കര്‍ത്താവു നമ്മെ ക്ഷണിക്കുന്നു: “സത്യമായി സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യ പുത്രന്റെ ശരീരം ഭക്ഷിക്കുകയും, അവന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവനുണ്ടായിരിക്കുകയില്ല." 

ഈ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാന്‍, ഇത്ര മഹത്തും ഇത്ര വിശുദ്ധവുമായ ഈ നിമിഷത്തിനുവേണ്ടി നാം നമ്മെത്തന്നെ ഒരുക്കണം. നമ്മുടെ മനഃസാക്ഷിയെ പരിശോധിക്കാന്‍ വി. പൗലോസ് നമ്മെ ഉപദേശിക്കുന്നു: “തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെററുചെയുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യട്ടെ. എന്തു കൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും." ഗൗരവമുള്ള പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു വ്യക്തിയും കുര്‍ബാനസ്വീകരണത്തിനുമുന്‍പ്‌ അനുരഞ്ജനത്തിന്‍റെ കൂദാശ സ്വീകരിക്കണം.

ഇത്ര മഹത്തായ ഒരു കൂദാശയുടെ മുന്‍പില്‍ വിശ്വാസികള്‍ക്കു വിനയത്തോടും തീക്ഷ്ണമായ വിശ്വാസത്തോടുംകൂടെ ശതാധിപന്‍റെ  വാക്കുകളെ പ്രതിധ്വനിപ്പിക്കാനേ കഴിയു: “കര്‍ത്താവേ അങ്ങ്‌ എന്‍റെ  ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങ്‌ ഒരു വാക്ക്‌ അരുളിച്ചെയ്താല്‍ മാത്രം മതി, എന്‍റെ ആത്മാവു സുഖം പ്രാപിക്കും. വി. യോഹന്നാന്‍ ക്രിസ്സോസ്തോമിന്‍റെ ആരാധനക്രമത്തില്‍ വിശ്വാസികള്‍ ഇതേ ചൈതന്യത്തില്‍ പ്രാര്‍ഥിക്കുന്നു:

ദൈവപുത്രാ! ഇന്ന്‌ അങ്ങയുടെ ആത്മീയ അത്താഴത്തിന്‌ എന്നെ പങ്കുചേര്‍ക്കണമേ. അങ്ങയുടെ ശത്രുക്കളോടു ഞാന്‍ ഈ രഹസ്യം പറയുകയില്ല. യൂദാസിന്‍റെ ചുംബനം ഞാന്‍ അങ്ങേക്കു തരുകയില്ല, പിന്നെയോ കള്ളനോടൊപ്പം ഞാന്‍ വിളിച്ചുപറയും; കര്‍ത്താവേ അങ്ങയുടെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെ ഓാര്‍ക്കണമേ.” 

ഈ കൂദാശ യോഗ്യമായ വിധത്തില്‍ സ്വീകരിക്കുന്നതിന്‌ ഒരുങ്ങാന്‍ വിശ്വാസികള്‍ തങ്ങളുടെ സഭ ആവശ്യപ്പെടുന്ന ഉപവാസം അനുഷ്ഠിക്കണം.ശരീരഭാവം (ശാരീരിക ചേഷ്ടകള്‍, വസ്ത്രധാരണം) ക്രിസ്തു നമ്മുടെ അതിഥിയായിത്തീരുന്ന ഈ നിമിഷത്തിന്‍റെ ആദരവും ആഘോഷവും സന്തോഷവും പ്രകടിപ്പിക്കുന്നതായിരിക്കണം.

വിശ്വാസികള്‍ അവര്‍ക്ക്‌ ആവശ്യമായ ഒരുക്കമുണ്ടെങ്കില്‍, കുര്‍ബാനയില്‍ പങ്കുകൊള്ളുമ്പോള്‍ ദിവ്യകാരുണ്യം സ്വീകരിക്കുകയെന്നത് കുര്‍ബാനയുടെ അര്‍ഥത്തിനു തികച്ചും അനുയോജ്യമാണ്‌. “വൈദികന്‍ ദിവ്യകാരുണ്യം സ്വീകരിച്ചുകഴിഞ്ഞു വിശ്വാസികളും അതേ ബലിയില്‍നിന്നു കര്‍ത്താവിന്‍റെ ശരീരം സ്വീകരിക്കുന്നതു വളരെ അഭിലഷണീയമാണ്‌. അതാണു ദിവ്യബലിയിലുള്ള കൂടുതല്‍ പൂര്‍ണമായ ഭാഗഭാഗിത്വത്തിന്റെ ക്രമം.

“ഞായറാഴ്ചകളിലും തിരുനാള്‍ ദിവസങ്ങളിലും ദൈവികാരാധനയില്‍ പങ്കുകൊള്ളണമെന്നും , വര്‍ഷത്തിലൊരിക്കലെങ്കിലും, അനുരഞ്ജന കൂദാശയാല്‍ ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിക്കണമെന്നും, കഴിയുമെങ്കില്‍ അത്‌ ഈസ്റ്റര്‍കാലത്തു നടത്തണമെന്നും വിശ്വാസികളെ സഭ കടപ്പെടുത്തുന്നു. എന്നാല്‍ ഞായറാഴ്ചകളിലും തിരുനാള്‍ ദിവസങ്ങളിലും,അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദിവസങ്ങളിലും, ദിവസേനപോലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സഭ ശക്തമായി വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.

ക്രിസ്തു ഓരോ ദിവ്യകാരുണ്യ സാദൃശ്യത്തിന്‍റെയും കീഴില്‍ സന്നിഹിതനായിരിക്കുകയാല്‍, അപ്പത്തിന്റെ മാത്രം സാദൃശ്യത്തില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതു കൊണ്ടു ദിവ്യകാരുണ്യ, കൃപാവരത്തിന്‍റെ  മുഴുവന്‍ ഫലവും ഉള്‍ക്കൊള്ളാന്‍ കഴിയും. ലത്തീന്‍ റീത്തില്‍, അജപാലനപരമായ കാരണങ്ങളാല്‍ ഈ രീതിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്‌ ഏററവും സാധാരണമായ രീതിയായി നിയമാനുസൃതം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, “ഐക്യത്തിന്‍റെ അടയാളം രണ്ടു സാദൃശ്യങ്ങലും നല്‍കുമ്പോള്‍ കൂടുതല്‍ പൂര്‍ണതയുള്ളതായിത്തീരുന്നു. കാരണം, ആ രൂപത്തില്‍, ദിവ്യകാരുണ്യവിരുന്നിന്‍റെ അടയാളം കൂടുതല്‍ വ്യക്തമായി കാണപ്പെടുന്നു. "ഇതാണു പൗരസ്ത്യ റീത്തുകളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്‍റെ  സാധാരണരൂപം.

ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലങ്ങൾ

ദിവ്യകാരുണ്യസ്വീകരണം ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യം വളർത്തുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്‍റെ പ്രധാന ഫലം യേശുക്രിസ്തുവുമായുള്ള ഉററ ബന്ധമാണ്‌. യഥാര്‍ഥത്തില്‍ കര്‍ത്താവു പറഞ്ഞു: “എന്‍റെ  ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. ക്രിസ്തുവിലുള്ള ജീവന്‍റെ അടിസ്ഥാനം ദിവ്യകാരുണ്യ വിരുന്നാണ്‌: “ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമുലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും.

കര്‍ത്താവിന്‍റെ തിരുനാളുകളില്‍, വിശ്വാസികള്‍ പുത്രന്‍റെ ശരീരം സ്വീകരിക്കുമ്പോള്‍, ജീവന്‍റെ ആദ്യഫലങ്ങൾ  നല്‍കപ്പെട്ടുവെന്ന സദ്വാര്‍ത്ത അവര്‍ അന്യോന്യം ഉദ്ഘോഷിക്കുന്നു. മാലാഖ, മഗ്ദലേന മറിയത്തോടു “ക്രിസ്തു ഉത്ഥിതനായി”എന്നു പ്രഘോഷിച്ചതുപോലെതന്നെ ക്രിസ്തുവിനെ സ്വീകരിക്കുന്ന ഏതു വ്യക്തിക്കും ഇന്നും ജീവനും ഉത്ഥാനവും നല്‍കപ്പെടുന്നു.

ഭൗതികമായ ഭക്ഷണം നമ്മുടെ ശാരീരിക ജീവിതത്തില്‍ പുറപ്പെടുവിക്കുന്നതെന്തോ അതു കുര്‍ബാനസ്വീകരണംമൂലം നമ്മുടെ ആധ്യാത്മിക ജീവിതത്തില്‍ വിസ്മയനീയമാംവിധം ഉളവാക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശരീരവുമായുള്ള സംസര്‍ഗം, അതായത്‌, “പരിശുദ്ധാത്മാവിലൂടെ ജീവന്‍ നല്‍കപ്പെട്ടതും ജീവന്‍ നല്‍കുന്നതുമായ ശരീരവുമായുള്ള" സംസര്‍ഗം, മാമ്മോദീസയില്‍ സ്വീകരിച്ച കൃപാവരത്തിന്‍റെ ജീവനെ സംരക്ഷിക്കുകയും വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. ക്രൈസ്തവജീവിതത്തിലുള്ള ഈ വളര്‍ച്ചയ്ക്കു ദിവ്യകാരുണ്യ ഭോജനമാകുന്ന പോഷണം ആവശ്യമാണ്‌. നമ്മുടെ മരണനിമിഷംവരെയുള്ള തീര്‍ഥാടനത്തിനുള്ള അപ്പമാണത്‌. മരണത്തിനു മുന്‍പായി അതു നമുക്കു തിരുപ്പാഥേയമായി നല്‍കപ്പെടും.

ദിവ്യകാരുണ്യനുകരണം നമ്മെ പാപത്തിൽ നിന്ന്‌ അകററുന്നു. ദിവ്യകാരുണ്യത്തില്‍ നാം സ്വീകരിക്കുന്ന ക്രിസ്തുവിന്‍റെ ശരീരം “നമുക്കുവേണ്ടി നല്‍കപ്പെട്ടതാണ്‌;" നാം പാനംചെയുന്ന രക്തം “പാപമോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെട്ടതാണ്‌.” ഇക്കാരണത്താല്‍, നമ്മെ കഴിഞ്ഞകാല പാപങ്ങളില്‍നിന്നു ശുദ്ധീകരിക്കാതെയും ഭാവിപാപങ്ങളില്‍നിന്നു സംരക്ഷിക്കാതെയും നമ്മെ ക്രിസ്തുവിനോട്‌ ഐക്യപ്പെടുത്താന്‍ ദിവ്യകാരുണ്യത്തിനു കഴിയുകയില്ല:

നാം (കുര്‍ബാന) സ്വീകരിക്കുമ്പോഴെല്ലാം കര്‍ത്താവിന്‍റെ മരണം പ്രഘോഷിക്കുന്നു. നാം (കര്‍ത്താവിന്‍റെ) മരണം പ്രഘോഷിക്കുന്നുവെങ്കില്‍, നാം പാപങ്ങളുടെ പൊറുതി പ്രഘോഷിക്കുകയാണ്‌. അവിടുത്തെ രക്തം ചിന്തപ്പെടുമ്പോഴെല്ലാം അതു പാപങ്ങളുടെ മോചനത്തിനായി ചിന്തപ്പെടുന്നുവെങ്കില്‍, എന്‍റെ പാപങ്ങളെ മോചിപ്പിക്കൂന്നതിനുവേണ്ടി, ഞാന്‍ എപ്പോഴും അതു സ്വീകരിക്കണം. ഞാന്‍ എപ്പോഴും പാപംചെയ്യുന്നതുകൊണ്ട്‌, എനിക്ക്‌ എപ്പോഴും ഒരു പ്രതിവിധിയുണ്ടായിരിക്കണം.

നഷ്ടപ്പെട്ട ശക്തിയെ ശാരീരിക പോഷണം വീണ്ടെടുക്കുന്നതുപോലെ അനുദിന ജീവിതത്തില്‍ ദുര്‍ബലമാകാന്‍ സാധ്യതയുള്ള പരസ്‌നേഹത്തെ ദിവ്യകാരുണ്യം ശക്തിപ്പെടുത്തുന്നു. സജീവമാക്കപ്പെട്ട ഈ സ്നേഹം ലഘുപാപങ്ങളെ തുടച്ചു നീക്കുന്നു. ക്രിസ്തു നമുക്കു തന്നെത്തന്നെ നല്‍കിക്കൊണ്ട്‌, നമ്മുടെ സ്നേഹത്തെ പുനര്‍ജീവിപ്പിക്കുന്നു. സൃഷ്ടവസ്തുക്കളോടുള്ള ക്രമരഹിതമായ അടുപ്പം ഇല്ലാതാക്കാനും അവിടുന്നില്‍ വേരുറപ്പിക്കാനും നമ്മെ സഹായിക്കുന്നു:

ക്രിസ്തു സ്നേഹംമൂലം നമുക്കുവേണ്ടി മരിച്ചതുകൊണ്ട്‌, നാം ബലിവേദിയില്‍ അവിടുത്തെ മരണത്തിന്‍റെ അനുസ്മരണം കൊണ്ടാടുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ  ആഗമനംവഴി നമുക്കു സ്നേഹം നല്‍കണമെന്നു നാം യാചിക്കുന്നു. നമുക്കുവേണ്ടി മരിക്കാന്‍ യേശുവിനെ പ്രേരിപ്പിച്ച സ്നേഹത്തിന്‍റെ ശക്തിയില്‍, പരിശുദ്ധാത്മാവിന്‍റെ ദാനം സ്വീകരിക്കുന്നതുവഴി, ലോകം നമുക്കു ക്രൂശിക്കപ്പെട്ടതായും നമ്മള്‍ ലോകത്തിനു ക്രൂശിക്കപ്പെട്ടതായും ചിന്തിക്കാന്‍ നമുക്കു കഴിയുന്നതിനു വേണ്ടി നാം വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു...സ്നേഹത്തിന്‍റെ ദാനം സ്വീകരിച്ചു നമുക്കു പാപത്തിനു മരിക്കുകയും; ദൈവത്തിനായി ജീവിക്കുകയും ചെയ്യാം.

കുര്‍ബാന നമ്മില്‍ ജ്വലിപ്പിക്കുന്ന അതേ സ്നേഹത്താല്‍ അതു നമ്മെ ഭാവിയിലുണ്ടാകാന്നിടയുള്ള മാരകപാപങ്ങളില്‍നിന്നും സംരക്ഷിക്കുന്നു. നാം ക്രിസ്തുവിന്റെ ജീവിതത്തില്‍ എത്ര കൂടുതലായി പങ്കുചേരുകയും അവിടുത്തോടുള്ള സൗഹൃദത്തില്‍ പുരോഗതി പ്രാപിക്കുകയും ചെയ്യുന്നുവോ അത്രയേറെ പ്രയാസമായിരിക്കും മാരകപാപംവഴി അവിടുന്നില്‍നിന്നു വേര്‍പെട്ടുപോകാന്‍. ദിവ്യകാരുണ്യം മാരകപാപങ്ങളുടെ മോചനത്തിനു വേണ്ടിയുള്ളതല്ല. അത്‌ അനുരഞ്ജനകൂദാശയുടെ മാത്രം ധര്‍മമാണ്‌. ദിവ്യകാരുണ്യം യഥാര്‍ഥത്തില്‍ സഭയോടു പൂര്‍ണമായ സംസര്‍ഗത്തിലുള്ളവരുടെ കൂദാശയാണ്‌.

മൗതികശരീരത്തിന്‍റെ ഐക്യം: ദിവ്യകാരുണ്യം സഭയെ നിര്‍മിക്കുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ ക്രിസ്തുവിനോടു കൂടുതല്‍ ഗാഢമായി ഐക്യപ്പെടുന്നു. അതിനാല്‍ ക്രിസ്തു, എല്ലാ വിശ്വാസികളെയും സഭയാകുന്ന ഏകശരീരത്തില്‍ ഐക്യപ്പെടുത്തുന്നു. മാമ്മോദിസവഴി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ, സഭയിലേക്കുള്ള ഉള്‍ച്ചേര്‍ക്കലിനെ, ദിവ്യകാരുണ്യം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ആഴപ്പെടുത്തുകയും ചെയ്യുന്നു. മാമ്മോദീസയില്‍ നാം ഒററ ശരീരമായി രൂപപ്പെടാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കുര്‍ബാന, ഈ വിളിയെ നിറവേററുന്നു: “നാം ആശീര്‍വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ  രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ  ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേ ഉള്ളു. അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്‌. എന്തെന്നാല്‍ ഒരേ അപ്പത്തില്‍ നാം  ഭാഗഭാക്കുകളാകുന്നു”. 

നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും അവയവങ്ങളുമാണെങ്കില്‍, കര്‍ത്താവിന്റെ മേശയില്‍ വയ്ക്കപ്പെടിരിക്കുന്നതു നിങ്ങളുടെ കൂദാശയാണ്‌; നിങ്ങളുടെ കൂദാശയാണു നിങ്ങള്‍ സ്വീകരിക്കുന്നത്‌. നിങ്ങള്‍ ആയിരിക്കുന്നതിനോടു നിങ്ങള്‍ “ആമ്മേന്‍” (അതേ, അതു സത്യമാണ്‌") എന്നു മറുപടി പറയുന്നു. മറുപടി പറഞ്ഞുകൊണ്ട്‌ നിങ്ങള്‍ അതിനു സമ്മതംമൂളുന്നു. എന്തെന്നാല്‍ നിങ്ങള്‍ “ക്രിസ്തുവിന്‍റെ ശരീരം” എന്ന വാക്കുകള്‍ കേള്‍ക്കുന്നു; അതിന്‌ “ആമ്മേന്‍” എന്ന്‌ ഉത്തരം പറയുകയും ചെയ്യുന്നു. നിങ്ങളുടെ ആമ്മേന്‍ സത്യമായിരിക്കുന്നതിന്‌, ക്രിസ്തുവിന്‍റെ  ശരീരത്തിലെ അവയവമായിരിക്കുക. 

ദിവ്യകാരുണ്യം നമ്മെ ദരിദ്രരോടു കടപ്പാടുള്ളവരാക്കുന്നു. നമുക്കു നല്‍കപ്പെടുന്ന ക്രിസ്തുവിന്‍റെ ശരീരവും രക്തവും സത്യത്തില്‍ സ്വീകരിക്കുന്നതിനു ക്രിസ്തുവിനെ ഏററവും ദരിദ്രരില്‍, അവിടുത്തെ സഹോദരങ്ങളില്‍, നാം തിരിച്ചറിയണം:

നീ കര്‍ത്താവിന്‍റെ രക്തം രുചിച്ചു, എന്നിട്ടും നീ നിന്‍റെ സഹോദരനെ തിരിച്ചറിയുന്നില്ല... ഈ ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഒരാള്‍ക്കു നിന്‍റെ ഭക്ഷണം പങ്കുവയ്ക്കാന്‍ അര്‍ഹതയില്ലെന്നു നീ വിചാരിക്കുമ്പോൾ, നീ ഈ ഭക്ഷണമേശയെ അപമാനിക്കുകയാണ്‌... ദൈവം നിന്നെ നിന്‍റെ എല്ലാപാപങ്ങളില്‍ നിന്നും മോചിപ്പിച്ച്‌, ഈ മേശയ്ക്കു നിന്നെ അര്‍ഹനാക്കി. പക്ഷേ, നീ കൂടുതല്‍ കാരുണ്യമുള്ളവനായിത്തീര്‍ന്നില്ല. 

ദിവ്യകാരുണ്യവും ക്രൈസ്തവരുടെ ഐക്യവും; ഈ രഹസ്യത്തിന്‍റെ മഹത്ത്വത്തിനു മുന്നില്‍ വി. ആഗസ്തീനോസ്‌ ഉദ്ഘോഷിക്കുന്നു: “ഓ, ഭക്തിയുടെ കൂദാശ! ഓ, ഐക്യത്തിന്‍റെ അടയാളം! ഓ,സ്നേഹത്തിന്‍റെ ബന്ധം!” കര്‍ത്താവിന്‍റെ  മേശയിലുള്ള പൊതുവായ പങ്കുചേരലിനെ തകര്‍ക്കുന്ന സഭാപരമായ വിഭജനങ്ങളുടെ അനുഭവം എത്ര കൂടുതല്‍ വേദനാജനകമായിരിക്കുന്നുവോ, അത്ര കൂടുതല്‍ അടിയന്തിരമായി, അവിടുന്നില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും സംപൂര്‍ണ ഐകൃത്തിന്‍റെ കാലം തിരിച്ചെത്തുവാന്‍ കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം.

കത്തോലിക്കാസഭയോടു പൂര്‍ണമായി ഐകൃത്തിലല്ലാത്ത പൗരസ്ത്യസഭകൾ വലിയ തീക്ഷ്ണതയോടെ ദിവ്യകാരുണ്യം ആഘോഷിക്കുന്നു. “ഈ സഭകള്‍, നമ്മില്‍നിന്നു വേര്‍പെട്ടു നില്‍ക്കുന്നവയാണെങ്കിലും യഥാര്‍ഥ കൂദാശകള്‍ ഉള്ളവയാണ്‌. സര്‍വോപരി, അപ്പസ്തോലിക പിന്‍തുടര്‍ച്ചവഴി നമ്മോട് അവരെ ഇപ്പോഴും ഗാഢമായി ബന്ധിക്കുന്ന പൗരോഹിത്യവും ദിവ്യകാരുണ്യവും അവര്‍ക്കുണ്ട്‌.” ഇക്കാരണങ്ങളാല്‍, “അനുകൂലസാഹചര്യങ്ങളില്‍, സഭാധികാരികളുടെ അംഗീകാരത്തോടെ വിശുദ്ധവസ്തുക്കളിലുള്ള ഭാഗികസംസര്‍ഗം സാധ്യമാണെന്നു മാത്രമല്ല, പ്രോത്സാഹനാര്‍ഹംകൂടിയാണ്‌."
മതനവീകരണപ്രസ്ഥാനത്തില്‍നിന്നുണ്ടായവയും കത്തോലിക്കാസഭയില്‍നിന്നു വേര്‍പെട്ടുപോയവയുമായ സഭാസമൂഹങ്ങള്‍, “പ്രത്യേകിച്ച്‌ തിരുപ്പട്ട കൂദാശയുടെ അഭാവത്താല്‍, ദിവ്യകാരുണ്യമെന്ന രഹസ്യത്തിന്‍റെ  തനി യാഥാര്‍ഥ്യത്തെ അതിന്‍റെ പൂര്‍ണതയില്‍ സംരക്ഷിച്ചിട്ടില്ല". "ഇക്കാരണത്താലാണ്‌, കത്തോലിക്കാസഭയ്ക്ക്‌ ഈ സഭകളുമായി ദിവ്യകാരുണ്യപരമായ സംസര്‍ഗം സാധ്യമല്ലാതായിരിക്കുന്നത്‌. എങ്കിലും ഈ സഭാസമുഹങ്ങള്‍, കര്‍ത്താവിന്‍റെ മരണത്തെയും ഉത്ഥാനത്തെയും വിശുദ്ധ അത്താഴത്തില്‍ അനുസ്മരിക്കുമ്പോള്‍ ക്രിസ്തുവുമായി ഐക്യത്തിലുള്ള ജീവിതത്തെയാണ്‌ അതു സുചിപ്പിക്കുന്നതെന്ന്‌ അവര്‍ ഏററുപറയുന്നുണ്ട്‌. മഹത്ത്വത്തിലുള്ള അവിടുത്തെ ആഗമനം അവര്‍ കാത്തിരിക്കുകയും ചെയ്യുന്നു." 
കത്തോലിക്കാസഭയോടു പൂര്‍ണമായ ഐക്യമില്ലാത്ത മററു ക്രൈസ്തവര്‍ക്ക്‌, മെത്രാന്‍റെ അഭിപ്രായത്തില്‍ ഗൗരവമുള്ള അത്യാവശ്യമുണ്ടായിരിക്കേ, കുര്‍ബാന, കുമ്പസാരം, രോഗീലേപനം എന്നിവ, അവര്‍ സ്വമനസ്സാ ചോദിച്ചാല്‍, കത്തോലിക്കാ വൈദികര്‍ നല്‍കുന്നതിനു തടസ്സമില്ല. ഈ കുദാശകളാവശ്യപ്പെടുന്നവര്‍ ഇവയെ സംബന്ധിച്ച കത്തോലിക്കാ വിശ്വാസം ഏറ്റുപറയുകയും അവ സ്വീകരിക്കാനാവശ്യമായ മനോഭാവങ്ങള്‍ പ്രകടിപ്പിക്കുകയും വേണം.

VII. വി കുര്‍ബാന - “ഭാവിമഹത്ത്വത്തിന്‍റെ  അച്ചാരം”

ഒരു പൗരാണിക പ്രാര്‍ഥനയില്‍ ദിവ്യകാരുണ്യരഹസ്യത്തെക്കുറിച്ചു സഭ ഇങ്ങനെ പ്രഘോഷിക്കുന്നു; “ഓ, വിശുദ്ധമായ വിരുന്നേ! നിന്നില്‍ ക്രിസ്തു ഭക്ഷണമായി സ്വീകരിക്കപ്പെടുന്നു, അവിടുത്തെ പീഡാനുഭവത്തിന്‍റെ  സ്മരണ നവീകരിക്കപ്പെടുന്നു, മനസ്സ്‌ കൃപാവരംകൊണ്ടു നിറയുന്നു. വരാനുള്ള ജീവിതത്തിന്‍റെ  അച്ചാരം നമുക്കു നല്‍കപ്പെടുന്നു.” ദിവ്യകാരുണ്യം കര്‍ത്താവായ യേശുവിന്‍റെ പെസഹായുടെ അനുസ്മരണമാണെങ്കില്‍, ബലിപിഠത്തില്‍നിന്നുള്ള നമ്മുടെ ദിവ്യകാരുണ്യസ്വീകരണം വഴി “എല്ലാ സ്വര്‍ഗിയാനുഗ്രഹങ്ങളും കൃപാവരങ്ങളും കൊണ്ട്‌", നാം പൂരിതരാകുന്നെങ്കില്‍ ദിവ്യകാരുണ്യം സ്വര്‍ഗീയ മഹത്ത്വത്തിന്‍റെ  ഒരു മുന്നാസ്വാദനമാണ്‌.

അന്ത്യ അത്താഴത്തില്‍ വച്ചു കര്‍ത്താവുതന്നെ ദൈവരാജ്യത്തില്‍ നടക്കാനിരിക്കുന്ന പെസഹായുടെ പൂര്‍ത്തീകരണത്തിലേക്കു തന്‍റെ ശിഷ്യന്‍മാരുടെ ശ്രദ്ധ തിരിച്ചു: “ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനംചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തില്‍നിന്നു ഞാന്‍ വീണ്ടും കുടിക്കുകയില്ല." സഭ കുര്‍ബാന ആഘോഷിക്കുമ്പോഴെല്ലാം ഈ വാഗ്ദാനം ഓര്‍മിക്കുകകയും, “വരാനിരിക്കുന്നവനിലേക്കു” തന്‍റെ  ദൃഷ്ടി തിരിക്കുകയും ചെയ്യുന്നു. അവള്‍ തന്‍റെ ആരാധനയില്‍ അവന്‍റെ വരവിനായി വിളിച്ചപേക്ഷിക്കുന്നു: “മാറാനാത്താ”, “കര്‍ത്താവായ യേശുവേ വരുക", “അങ്ങയുടെ കൃപാവരം സമാഗതമാവുകയും ഈ ലോകം കടന്നുപോകുകയും ചെയ്യട്ടെ." 

കര്‍ത്താവ്‌ തന്‍റെ ദിവ്യകാരുണ്യത്തില്‍ ഇപ്പോഴും വരുന്നുണ്ടെന്നും അവിടുന്നു നമ്മുടെ മധ്യേയുണ്ടെന്നും സഭയ്ക്ക്‌ അറിയാം. എന്നാല്‍, ഈ സാന്നിധ്യം ആവൃതമായിരിക്കുന്നു. അതുകൊണ്ട്‌, “അനുഗൃഹീതമായ പ്രത്യാശയെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെയും നോക്കിപ്പാര്‍ത്തുകൊണ്ടു" നാം കുർബാന ആഘോഷിക്കുന്നു. “ഓരോ കണ്ണുനീര്‍ത്തുള്ളിയും തുടച്ചുനീക്കപ്പെടുമ്പോള്‍ അങ്ങയുടെ മഹത്ത്വത്തില്‍ പങ്കുചേരാന്‍” അനുഗ്രഹം ചോദിക്കുന്നു. “ആ ദിവസം ഞങ്ങളുടെ ദൈവമായ അങ്ങയെ അങ്ങ്‌ ആയിരിക്കുന്നതുപോലെ ഞങ്ങൾ കാണും, ഞങ്ങള്‍ അങ്ങയെപ്പോലെയാകും, ഞങ്ങള്‍ അങ്ങയെ എന്നേക്കും പുകഴ്ത്തും.”

“നീതി നിവസിക്കുന്ന" പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ചു കുര്‍ബാനയെക്കാള്‍ കൂടുതല്‍ ഉറപ്പുള്ള അച്ചാരമോ കൂടുതല്‍ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കുന്ന ഓരോ പ്രാവശ്യവും, “നമ്മുടെ രക്ഷാകര്‍മം നിര്‍വഹിക്കപ്പെടുന്നു.” “അമര്‍ത്ത്യതയുടെ ഔഷധവും മരിക്കാതെ യേശുക്രിസ്തുവില്‍ നിത്യം ജിവിപ്പിക്കാനുള്ള മറുമരുന്നും ആയ ഏക അപ്പം നാം മുറിക്കുന്നു. "

സംഗ്രഹം  

യേശു പറഞ്ഞു: “സ്വർഗത്തിൽ നിന്നിറങ്ങിവന്ന ജിവനുള്ള അപ്പം ഞാനാകുന്നു, ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും... എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യ ജീവനുണ്ട്.. അവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുകയും ചെയ്യും" 

ദിവ്യകാരുണ്യം സഭാ ജീവിതത്തിന്റെ  ഹൃദയവും അത്യുച്ചസ്ഥാനവുമാണ്‌. എന്തെന്നാല്‍ അതില്‍ ക്രിസ്തു തന്റെ പിതാവിന് കുരിശിൽ  ഒരിക്കല്‍ എന്നേക്കുമായി സമർപ്പിച്ച സ്തുതിയുടെയും കൃതജ്ഞതയുടെയും ബലിയോടു തന്റെ സഭയയെയും അവളുടെ എല്ലാ അംഗങ്ങളെയും ബന്ധപ്പെടുത്തുന്നു. ഈ ബലിവഴി, അവിടുന്നു സഭയാകുന്ന തന്റെ ശരീരത്തിന്റെ മേൽ രക്ഷയുടെ കൃപാവരങ്ങളെ വർഷിക്കുന്നു. 

കുര്‍ബാനയുടെ ആഘോഷം എപ്പോഴും താഴെപ്പറയുന്നവ ഉൾകൊള്ളുന്നു. : ദൈവവചനത്തിന്റെ പ്രഘോഷണം; പിതാവായ ദൈവത്തോട്‌ അവിടുത്തെ എല്ലാ ഉപകാരങ്ങളെയും, തന്റെ പുത്രനാകുന്ന ദാനത്തെയും പ്രതിയുള്ള കൃതജ്ഞതാ പ്രകാശനം; അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രകാശനം ചെയ്യൽ. കർത്താവിന്റെ ശരീരവും രക്തവും സ്വീകരിച്ചു കൊണ്ട് ആരാധനാവിരുന്നിലുള്ള പങ്കെടുക്കൽ, ഈ ഘടകങ്ങളെല്ലാം ചേർന്ന് ഏക ആരാധനാക്രമം രുപപ്പെടുത്തുന്നു.

കുര്‍ബാന ക്രിസ്തുവിന്റെ പെസഹായുടെ, അതായത്‌, ക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവവഴി പൂർത്തിയാക്കിയ രക്ഷാകർമത്തിന്റെ അനുസ്മരണമാണ്‌. ആരാധനാ കർമ്മത്തിലൂടെ  അത്‌ സന്നിഹിതമാക്കപ്പെടുന്നു. 

പുതിയനിയമത്തിന്റെ നിത്യനായ പ്രധാന പുരോഹിതനായ ക്രിസ്തുതന്നെയാണ്, വൈദികരുടെ ശുശ്രുഷയിലുടെ പ്രവർത്തിച്ചുകൊണ്ട് , ദിവ്യകാരുണ്യബലി അർപ്പിക്കുന്നത്. അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ യാഥാർഥ്യത്തിൽ സന്നിഹിതനായിരിക്കുന്ന അതേ ക്രിസ്തുവാണ്‌, ദിവ്യകാരുണ്യബലിയുടെ അർപ്പണവസ്തുവും. 

ദിവ്യബലിയില്‍ ആധ്യക്ഷ്യം വഹിക്കാനും അപ്പവും വീഞ്ഞും കർത്താവിന്റെ ശരീരവും രക്തവുമായി തീരാൻ  അവയെ കുദാശ ചെയ്യാനും കഴിയുന്നതു സാധുവായി അഭിഷിക്തരായ പുരോഹിതന്മാർക്ക് മാത്രമാണ്. 

ദിവ്യകാരുണ്യ കുദാശയുടെ സത്താപരമായ അടയാളങ്ങള്‍ ഗോതമ്പ് അപ്പവും മുന്തിരിയിൽ നിന്നുള്ള വീഞ്ഞുമാണ്. അവയുടെമേല്‍ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഉണ്ടാകാന്‍ പുരോഹിതന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുന്നു. യേശു അന്ത്യ അത്താഴവേളയില്‍ അരുൾ ചെയ്തതു “ഇതു നിങ്ങൾക്കായി നൽകപ്പെടുന്ന എന്റെ ശരീരമാണ്.. ഇത്‌ എന്റെ രക്തത്തിന്റെ പാനപാത്രമാണ്...” എന്നീ കൂദാശവചനകൾ വൈദികൻ ഉച്ചരിക്കുന്നു.  

കൂദാശ കർമ്മത്തിലൂടെ അപ്പവും വീഞ്ഞും ശരീരവും രക്തവുമായിത്തീരുന്ന സത്താഭേദം സംഭവിക്കുന്നു. കൂദാശ ചെയ്യപ്പെട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ സജീവനും മഹത്വപൂർണനുമായ ക്രിസ്തു തന്നെ, സത്യമായും യഥാര്‍ഥമായും സത്താപരമായും സന്നിഹിതനായിരിക്കുന്നു: അവിടുത്തെ ശരീരവും രക്തവും അവിടുത്തെ ആത്മാവോടും ദൈവികതയോടും കൂടെ സന്നിഹിതമാണ്‌. 

ബലി എന്ന നിലയിൽ, കുർബാന ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപങ്ങളുടെ പൊറുതിക്കുവേണ്ടിയും ദൈവത്തിൽനിന്നു ആധ്യാത്മികമോ ബൗദ്ധികമോ ആയ നന്മകൾ ലഭിക്കുന്നതിന് വേണ്ടിയും കൂടി അർപ്പിക്കപ്പെടുന്നു.  

ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൃപാവരവസ്ഥയിലായിരിക്കണം. താന്‍ മാരകമായ പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു വ്യക്തിയും കുമ്പസാര കൂദാശയിലൂടെ പാപമോചനം സ്വീകരിക്കാതെ ദിവ്യകാരുണ്യം സ്വീകരിക്കരുത്. 

ക്രിസ്തുവിന്റെ ശരീരവും രക്തവുമായുള്ള സംസര്‍ഗം, അതു സ്വീകരിക്കുന്ന കർത്താവുമായുള്ള ബന്ധം വർധിപ്പിക്കുന്നു. അവന്റെ ലഘുപാപങ്ങൾക്ക് പൊറുതി ലഭിക്കുന്നു ; മാരക പാപങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തിയും ക്രിസ്തുവും തമ്മിലുള്ള സ്നേഹബന്ധം ശക്തിപ്പെടുന്നത് കൊണ്ട്‌,  ഇത് ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയുടെ ഐക്യത്തെ ദൃഢപ്പെടുത്തുന്നു.

കുർബാനയിൽ പങ്കുചേരുന്ന ഓരേ പ്രാവശ്യവും ദിവ്യകാരുണ്യം സ്ഥിരീകരിക്കാൻ സഭ വിശ്വാസികളെ തീക്ഷണതയോടെ ഉപദേശിക്കുന്നു. വർഷത്തിൽ ഒരു തവണയെങ്കിലും അത് ചെയ്യാൻ അവള്‍ അവരെ കടപ്പെടുത്തുന്നു.

അൾത്താരയുടെ കൂദാശയിൽ ക്രിസ്തു തന്നെ സന്നിഹിതൻ ആയിരിക്കുകയാൽ പ്രത്യേക ആരാധനയാൽ അവിടുത്തെ ആദരിക്കേണ്ടതുണ്ട്. ദിവ്യകാരുണ്യത്തെ സന്ദർശിക്കുന്നത് കർത്താവായ ക്രിസ്തുവിനോടുള്ള കൃതഞ്ജതയുടെ തെളിവും സ്നേഹത്തിന്റെ പ്രകടനവും അർഹമായ ആരാധനയുടെ ധർമവുമാണ് ” .

ക്രിസ്തു ഈ ലോകത്തിൽ നിന്ന് തന്റെ പിതാവിന്റെ പക്കലേക്കു പോയിക്കഴിഞ്ഞ്‌, തന്നോടോപ്പൊമുള്ള മഹത്ത്വത്തിന്റെ അച്ചാരം നല്‍കുന്നു. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നതുവഴി നാം അവിടുത്തെ ഹൃദയത്തോടു നമ്മെത്തന്നെ താദാത്മ്യപ്പെടുത്തുന്നു. ഈ ജിവിതത്തിലെ തീർത്ഥാടനത്തിൽ അതു നമ്മെ ശക്തിപ്പെടുത്തുന്നു. ശാശ്വത ജീവിതത്തിനുള്ള  തീക്ഷ്ണമായ ആഗ്രഹം അതു നമ്മില്‍ ജനിപ്പിക്കുന്നു. ഇപ്പോൾതന്നെ സ്വർഗ്ഗത്തിലുള്ള സഭയോട്‌, പരിശുദ്ധ കന്യകയോട് എല്ലാ വിശുദ്ധരോടും, നമ്മെ ഐക്യപ്പെടുത്തുകയും ചെയ്യുന്നു.

 കുർബാന എന്ന കൂദാശ കുർബാന : സഭാജീവിതത്തിൻറെ ഉറവിടവും അത്യുച്ചസ്ഥാനവും കൃതജ്ഞത സ്തോത്രം കർത്താവിൻറെ അത്താഴം അപ്പം മുറിക്കൽ സ്തോത്രയാഗ സമ്മേളനം കർത്താവിൻറെ പീഡാനുഭവത്തിൻറെയും ഉത്ഥാനത്തിൻറെയും സ്മാരകം. വിശുദ്ധബലി വിശുദ്ധവും ദൈവികവുമായ ആരാധന വിശുദ്ധ കൂട്ടായ്മ ദിവ്യപ്രേഷണം കുർബാന രകഷാകരപദ്ധതിയിൽ അപ്പത്തിൻറെയും വിഞ്ഞിൻറെയും അടയാളങ്ങൾ കുർബാനയുടെ സ്ഥാപനം “ഇത്‌ എൻറെ ഓർമയ്ക്കായി ചെയ്യുവിൻ" .കുർബാനയുടെ ആരാധനക്രമപരമായ ആഘോഷം എല്ലാ യുഗങ്ങളിലെയും കുർബാന വചനശുശ്രുഷാസ്സമ്മേളനം സ്തോത്രയാഗ  ശുശ്രുഷ കുർബാന പെസഹാവിരുന്ന്‌ ആഘോഷത്തിൻറെ ക്രമം “എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ”: കുർബാന സ്വീകരണം ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലങ്ങൾ വി കുർബാന - “ഭാവിമഹത്ത്വത്തിൻറെ  അച്ചാരം” Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message