x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുക്രിസ്തു പന്തിയോസ് പീലാത്തോസിൻറ കാലത്തു പീഡകൾ സഹിക്കുകയും ക്രൂശിക്കപ്പെടുകയും മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു.

Authored by : Religious teaching of the Catholic Church On 29-May-2023

വകുപ്പ് 4

യേശുക്രിസ്തു "പന്തിയോസ് പീലാത്തോസിൻറ കാലത്തു പീഡകൾ സഹിക്കുകയും ക്രൂശിക്കപ്പെടുകയും മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു."

ക്രിസ്തുവിന്റെ കുരിശും പുനരുത്ഥാനവുമാകുന്ന പെസഹാരഹസ്യം സുവിശേഷങ്ങളുടെ കേന്ദ്രസ്ഥാനത്തു നിലനില്ക്കുന്നു. ഇതാണ് അപ്പസ്തോലൻമാരും അവരെത്തുടർന്നു സഭയും ലോകത്തോടു പ്രഘോഷിക്കേണ്ടത്. ദൈവത്തിന്റെ രക്ഷാകരപദ്ധതി അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ മരണത്താൽ "എന്നേക്കുമായി" പൂർത്തീകരിക്കപ്പെട്ടു.

ഈശോ തന്റെ പെസഹായുടെ മുൻപും പിൻപുമായി സർവവിശുദ്ധ ലിഖിതങ്ങൾക്കും നല്കിയ വ്യാഖ്യാനത്തോടു സഭ വിശ്വസ്തത പുലർത്തുന്നു: “ക്രിസ്തു ഇതെല്ലാം സഹിച്ച് തന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?" ജനപ്രമാണികളും, പ്രധാനപുരോഹിതരും, നിയമജ്ഞരും യേശുവിനെ തിരസ്കരിക്കുകയും” “നിന്ദിക്കാനും പ്രഹരിക്കാനും ക്രൂശിക്കാനുമായി വിജാതീയർക്ക്" ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഈ വസ്തുതയിൽനിന്ന് യേശുവിന്റെ പീഡാസഹനം അതിന്റെ ചരിത്രപരവും വസ്തുനിഷ്ഠവുമായ രൂപം സ്വീകരിച്ചു. 

അതുകൊണ്ട്, രക്ഷയുടെ അർഥം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിനുവേണ്ടി, സുവിശേഷങ്ങൾ വിശ്വസ്തതാപൂർവം കൈമാറുകയും ചരിത്രപരമായ മറ്റുസ്രോതസുകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്ത ക്രിസ്തുവിന്റെ മരണത്തിന്റെ സാഹചര്യത്തെ പരിശോധിക്കാൻ വിശ്വാസത്തിനു പരിശ്രമിക്കാവുന്നതാണ്.

ഖണ്ഡിക 1. യേശുവും ഇസ്രായേലും

ഈശോയുടെ പരസ്യശുശ്രൂഷയുടെ ആരംഭംമുതൽ ഫരിസേയരും ഹേറോദേസ് പക്ഷക്കാരും പുരോഹിതരോടും നിയമജ്ഞരോടും ഒത്തുചേർന്ന് അവിടുത്തെ വധിക്കാൻ ആലോചിച്ചിരുന്നു. പിശാചുക്കളെ ബഹിഷ്കരിക്കൽ, പാപങ്ങൾ പൊറുക്കൽ, സാബത്തുദിനത്തിൽ രോഗശാന്തിനൽകൽ, ശുദ്ധീകരണത്തെ സംബന്ധിച്ച നിയമാനുശാസനത്തിന് അവിടുന്നു നൽകിയ വ്യാഖ്യാനം, ചുങ്കക്കാരോടും പാപികളോടും അവിടുത്തേക്കുണ്ടായിരുന്ന അടുപ്പം മുതലായവമൂലം യേശുവിനു പിശാചുബാധയുണ്ടെന്ന്, ദുരുദ്ദേശ്യമുള്ള ചിലർ സംശയിച്ചു. ദൈവദൂഷണം, വ്യാജ പ്രവചനം എന്നീ കുറ്റങ്ങൾ അവിടുന്നിൽ ആരോപിക്കപ്പെട്ടു. അവ കല്ലെറിഞ്ഞുകൊല്ലപ്പെടാനുള്ള ശിക്ഷ നൽകാൻ നിയമം അനുശാസിക്കുന്ന മതപരമായ കുറ്റങ്ങളായിരുന്നു.

യേശുവിന്റെ പല പ്രവൃത്തികളും വാക്കുകളും ജറുസലെമിലെ മതാധികാരികൾക്ക് "വൈരുധ്യത്തിന്റെ അടയാള"മായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ അവരെക്കുറിച്ചു “ദൈവജനം" എന്ന സാധാരണ പേരിനു പകരം "യഹൂദർ" എന്നാണു മിക്കപ്പോഴും പറയുന്നത്. എന്നാൽ, ഫരിസേയരോടു ക്രിസ്തുവിനുണ്ടായിരുന്ന ബന്ധം വിവാദപരം മാത്രമായിരുന്നില്ലെന്നതു തീർച്ചയാണ്. അവിടുത്തേക്ക് വരാനിരുന്ന ആപത്തിനെപ്പറ്റി ചില ഫരിസേയർ അവിടുത്തേക്കു മുന്നറിയിപ്പു നൽകുന്നുണ്ട്. മർക്കോസിന്റെ സുവിശേഷം 12:34-ൽ കാണുന്ന നിയമജ്ഞനെയെന്നപോലെ അവരിൽ ചിലരെ യേശു പ്രശംസിക്കുന്നു. പലപ്രാവശ്യം അവിടുന്ന് അവരുടെ ഭവനങ്ങളിൽ ഭക്ഷണം കഴിച്ചിട്ടുണ്ട്. ദൈവജനത്തിലെ ഈ തെരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിന്റെ ചില പൊതു പ്രബോധനങ്ങൾ യേശു അംഗീകരിച്ചു: മരിച്ചവരുടെ ഉയിർപ്പ്, ഭക്തിയുടെ ചില രൂപങ്ങൾ (ധർമദാനം, ഉപവാസം, പ്രാർഥന) ദൈവത്തെ പിതാവ് എന്നുവിളിക്കുന്ന പതിവ്, ദൈവത്തെയും, അയൽക്കാരനെയും സ്നേഹിക്കുക എന്ന കൽപനയുടെ കേന്ദ്രീയത എന്നിവ.

ഇസ്രായേലിലെ പലരുടെയും ദൃഷ്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ മൗലികമായ സ്ഥാപനങ്ങൾക്കെതിരേ യേശു പ്രവർത്തിക്കുന്നതായി കാണപ്പെട്ടു.

- മുഴുവൻ നിയമവും അതിൽ എഴുതപ്പെട്ട സകല കൽപനകളോടുംകൂടി അംഗീകരിക്കുന്നതിനും ഫരിസേയരെ സംബന്ധിച്ചിടത്തോളം, അതിന്റെ വാമൊഴി പാരമ്പര്യത്തിന്റെ വ്യാഖ്യാനവും അംഗീകരിക്കുന്നതിനും എതിരേ.

- ദൈവത്തിന്റെ സാന്നിധ്യം സവിശേഷമാംവിധം കുടികൊള്ളുന്ന വിശുദ്ധസ്ഥലമെന്ന നിലയിൽ ജറുസലേം ദേവാലയത്തിനുള്ള കേന്ദ്രീയതക്കെതിരേ.

- ഒരു മനുഷ്യനും പങ്കുപറ്റാനാവാത്ത മഹത്ത്വമുള്ള ഏക ദൈവത്തിലുള്ള വിശ്വാസത്തിനെതിരേ.

I. യേശുവും നിയമവും

മലയിലെ പ്രസംഗത്തിന്റെ ആരംഭത്തിൽ യേശു ആദ്യത്തെ ഉടമ്പടിയുടെ സമയത്തു സീനായി മലയിൽവച്ചു നൽകപ്പെട്ട ദൈവത്തിന്റെ നിയമത്തെ പുതിയ ഉടമ്പടിയുടെ കൃപാവരത്തിന്റെ വെളിച്ചത്തിൽ അവതരിപ്പിക്കുന്ന ഗാംഭീര്യമാർന്ന ഒരു അനുശാസനം നൽകി.

നിയമത്തെയോ പ്രവാചകൻമാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണു ഞാൻ വന്നത്. കാരണം, ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ സമസ്തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അതുകൊണ്ട് ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്നു ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ അവ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

ഇസ്രായേലിന്റെ മിശിഹായും തൻമൂലം സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവനുമായ യേശു നിയമത്തെ അതിന്റെ സർവവിശദാംശങ്ങളിലും, അവിടുന്നുതന്നെ പറഞ്ഞ വാക്കുകളനുസരിച്ച് "അവയിൽ ഏറ്റവും ചെറുതുവരെ", നിറവേറ്റേണ്ടവനാണ്. യഥാർഥത്തിൽ അതു പൂർണമായി പാലിക്കാൻ കഴിഞ്ഞ ഏക വ്യക്തി അവിടുന്നാണ്. യഹൂദർതന്നെ സമ്മതിച്ചുപറയുന്നതുപോലെ, നിയമത്തെ അതിന്റെ ഏറ്റവും നിസ്സാരമായ അനുശാസനങ്ങളെപ്പോലും ലംഘിക്കാതെ സംപൂർണമായി പാലിക്കുവാൻ അവർക്ക് ഒരിക്കലും സാധിച്ചിട്ടില്ല. അതുകൊണ്ടാണ്, ഇസ്രായേൽമക്കൾ ഓരോ വർഷവും പാപപരിഹാരദിനത്തിൽ തങ്ങളുടെ നിയമലംഘനങ്ങൾ ക്ഷമിക്കുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത്. യഥാർഥത്തിൽ, നിയമം അവിഭാജ്യമാണ്. “ആരെങ്കിലും നിയമം മുഴുവനും അനുസരിക്കുകയും ഒന്നിൽ മാത്രം വീഴ്ച വരുത്തുകയും ചെയ്താൽ അവൻ എല്ലാത്തിലും വീഴ്ച വരുത്തിയിരിക്കുന്നു" എന്നു വി. യാക്കോബു പ്രസ്താവിക്കുന്നു.

അക്ഷരാർഥത്തിൽ മാത്രമല്ല ചൈതന്യത്തിലും നിയമത്തെ സംപൂർണമായി അനുസരിക്കുക എന്ന ഈ തത്ത്വം ഫരിസേയർക്കു പ്രിയപ്പെട്ട ഒന്നായിരുന്നു. ഇസ്രായേലിന് ഈ തത്ത്വം നൽകിക്കൊണ്ട് അവർ ഈശോയുടെ കാലത്ത് അനേകം യഹൂദരെ അങ്ങേയറ്റത്തെ മതതീക്ഷണതയിലേക്കു നയിക്കുകയുണ്ടായി. ഇത് "കപടപരമായ" ധർമാധർമ വിവേചനത്തിലേക്കു നിപതിക്കാതിരുന്നെങ്കിൽ സർവപാപികൾക്കും പകരമായി ഏകനീതിമാൻ സാധിച്ച നിയമത്തിന്റെ പൂർണ നിറവേറ്റലായ ദൈവത്തിന്റെ അഭൂതപൂർവമായ ഇടപെടലിനു ജനതയെ സജ്ജമാക്കുവാൻ അതിനു കഴിയുമായിരുന്നു.

നിയമത്തിന്റെ സംപൂർണമായ നിറവേറ്റൽ നിയമത്തിനു കീഴ്പ്പെട്ട് പുത്രനായി ജനിച്ച ദൈവിക നിയമദാതാവിന്റേതല്ലാതെ മറ്റാരുടെയും പ്രവൃത്തിയല്ല. യേശുവിൽ നിയമം കൽപലകകളിൽ എഴുതപ്പെട്ടതായിട്ടല്ല; പ്രത്യുത “ജനത്തിന് ഒരു ഉടമ്പടി"യായിത്തീർന്ന ദാസന്റെ അന്തരാളത്തിലും ഹൃദയത്തിലും എഴുതപ്പെട്ടതായിട്ടാണു കാണുന്നത്. കാരണം, അവൻ “വിശ്വസ്തതാപൂർവം നീതി സ്ഥാപിക്കും." “നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടതെല്ലാം അനുസരിക്കാതെയും പ്രവർത്തിക്കാതെയുമിരിക്കുന്നവർക്ക്" ഉണ്ടായ “നിയമത്തിന്റെ ശാപം" സ്വയം ഏറ്റെടുക്കാൻതക്കവിധം യേശു നിയമം നിറവേറ്റുന്നു. കാരണം, “പ്രഥമ ഉടമ്പടിക്കുകീഴിൽ ഉണ്ടായ നിയമലംഘനങ്ങളിൽനിന്ന്" അവരെ വീണ്ടെടുക്കുവാനാണ് അവിടുത്തെ മരണം സംഭവിച്ചത്.

യഹൂദജനവും അവരുടെ ആധ്യാത്മികനേതാക്കളും യേശുവിനെ ഒരു റബ്ബിയായി കണ്ടു. നിയമത്തിനു റബ്ബിമാർ നൽകിയ വ്യാഖ്യാനത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽനിന്നാണ് അവിടുന്നു മിക്കപ്പോഴും വാദിച്ചത്. എങ്കിലും യേശുവിനു നിയമപ്രബോധകരെ പ്രകോപിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം, യേശു തന്റെ വ്യാഖ്യാനം അവരുടേതിനോടൊപ്പം പരിമിതപ്പെടുത്തിയിരുന്നില്ല. പിന്നെയോ, “അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവിടുന്നു പഠിപ്പിച്ചത്". മോശയ്ക്കു ലിഖിതനിയമം നൽകാൻ സീനായ്മലയിൽ പ്രതിധ്വനിച്ച അതേ ദൈവവചനം, സുവിശേഷഭാഗ്യങ്ങളുടെ മലയിൽ വച്ച് യേശുവിൽ പുതുതായി കേൾക്കാൻ സാധിച്ചു. ഈ വചനം നിയമത്തെ അസാധുവാക്കിയില്ല. പ്രത്യുത, ദൈവികമായ രീതിയിൽ പരമമായ വ്യാഖ്യാനം നൽകിക്കൊണ്ട് അതിനെ പൂർത്തിയാക്കി: "പൂർവികരോടു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു ... ദൈവവചനത്തെ നിരർഥകമാക്കുന്ന “ചില ഫരിസേയരുടെ മാനുഷികപാരമ്പര്യങ്ങളെ" ഇതേ അധികാരമുപയോഗിച്ച് അവിടുന്നു തള്ളിപ്പറഞ്ഞു.
നിയമത്തോടുള്ള മനോഭാവത്തിൽ യേശു ഇനിയും മുന്നോട്ടു പോകുന്നുണ്ട്. യഹൂദരുടെ അനുദിനജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഭഷ്യശുദ്ധിയേക്കുറിച്ചുള്ള നിയമത്തെക്കൂടി അവിടുന്നു ദൈവികമായ വ്യാഖ്യാനത്തിലൂടെ അവയുടെ ബോധനശാസ്ത്രപരമായ അർഥം വെളിവാക്കിക്കൊണ്ട് പൂർത്തിയാക്കി. “പുറമേനിന്നു മനുഷ്യന്റെ ഉള്ളിൽ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ സാധിക്കുകയില്ല... (അങ്ങനെ എല്ലാ ഭക്ഷണസാധനങ്ങളും വിശുദ്ധമാണെന്ന് അവിടുന്നു പ്രസ്താവിച്ചു.) ഒരുവന്റെ ഉള്ളിൽനിന്നു വരുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ ഉളളിൽ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തിൽനിന്നാണ്, ദുശ്ചിന്തകൾ വരുന്നത്..." നിയമത്തെ സംബന്ധിച്ചുള്ള തന്റെ അവിതർക്കിതമായ വ്യാഖ്യാനം യേശു ദൈവികമായ അധികാരത്തോടെ അവതരിപ്പിച്ചപ്പോൾ അതിനെ സ്ഥിരീകരിക്കുന്ന ദൈവികാടയാളങ്ങളുടെ അകമ്പടി ഉണ്ടായിരുന്നിട്ടുപോലും ചില നിയമപൺഡിതർ അതു സ്വീകരിച്ചില്ല. സാബത്തിന്റെ നിയമങ്ങളെ സംബന്ധിച്ചും ഇതു പ്രത്യേകം അന്വർത്ഥകമാണ്. കാരണം, ദൈവത്തെയോ അയൽക്കാരനെയോ സേവിക്കുന്നതുവഴി സാബത്തുവിശ്രമം ലംഘിക്കപ്പെടുന്നില്ലെന്ന് അവിടുന്ന് റബ്ബിമാരുടെ വാദപ്രതിവാദ ശൈലിയിൽ ഓർമിപ്പിച്ചു. അവിടുത്തെ സുഖപ്പെടുത്തലുകൾ അത്തരത്തിലുള്ളതാണ്.

II. യേശുവും ദൈവാലയവും

തനിക്കുമുൻപേ ഉണ്ടായിരുന്ന പ്രവാചകരെപ്പോലെതന്നെ യേശുവും ജറുസലെം ദൈവാലയത്തോട് അത്യഗാധമായ ആദരവു പ്രകടിപ്പിച്ചു. അവിടുത്തെ ജനനത്തിനുശേഷം നാൽപതാംദിവസം ജോസഫും മറിയവും അവിടെയാണ് അവിടുത്തെ കാഴ്ച വച്ചത്. താൻ തന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കണമെന്നു തന്റെ മാതാപിതാക്കളെ അനുസ്മരിപ്പിക്കാൻവേണ്ടി ദൈവാലയത്തിൽത്തന്നെ കഴിയുവാൻ പന്ത്രണ്ടു വയസ്സായിരിക്കേ അവിടുന്നു തീരുമാനിച്ചു. അവിടുന്നു തന്റെ രഹസ്യജീവിതകാലത്ത് ഓരോ വർഷവും പെസഹായ്ക്കെങ്കിലും അവിടെ പോയിരുന്നു. അവിടുത്തെ പരസ്യശുശ്രൂഷതന്നെ യഹൂദരുടെ വലിയ തിരുനാളുകൾക്ക് അവിടുന്നു ജറുസലെത്തേക്കു നടത്തിയ തീർഥാടനങ്ങളുടെ മാതൃകയിലായിരുന്നു.

ദൈവത്തെ കണ്ടുമുട്ടുന്നതിനുള്ള സവിശേഷസ്ഥലമെന്നനിലയിലാണ് യേശു ദൈവാലയത്തിൽ പോയിരുന്നത്. ദൈവാലയം അവിടുത്തെ സംബന്ധിച്ചിടത്തോളം തന്റെ പിതാവിന്റെ വാസസ്ഥാനവും പ്രാർഥനാഭവനവുമായിരുന്നു. അതിന്റെ പുറത്തുള്ള അങ്കണം കച്ചവടത്തിനുള്ള സ്ഥാനമായിത്തീർന്നതിൽ അവിടുന്നു രോഷം പൂണ്ടു. തന്റെ പിതാവിനോടുള്ള തീഷ്ണമായ സ്നേഹംമൂലമാണ് അവിടുന്നു കച്ചവടക്കാരെ ദൈവാലയത്തിൽനിന്നു പുറത്താക്കിയത്: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്. 'അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും' എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോൾ അവൻ്റെ ശിഷ്യൻമാർ അനുസ്മരിച്ചു." അവിടുത്തെ പുനരുത്ഥാനത്തിനുശേഷം അപ്പസ്തോലൻമാർ ദൈവാലയത്തോട് മതാത്മകമായി ആദരവു പ്രകടിപ്പിച്ചിരുന്നു.

ഈശോ തന്റെ പീഡാസഹനത്തിന്റെ പടിവാതിൽക്കൽ വച്ച്, മനോജ്ഞമായ ആ ആലയത്തിന്റെ നാശം മുൻകൂട്ടി അറിയിച്ചു: “കല്ലിൻമേൽ കല്ലുശേഷിക്കാതെ" അതു നശിക്കുമെന്ന് അവിടുന്നു പറഞ്ഞു. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട്, തന്റെ പെസഹായോടുകൂടി തുടങ്ങാനിരിക്കുന്ന അന്ത്യദിനങ്ങളുടെ ഒരടയാളമാണ് അവിടുന്നു പ്രഖ്യാപിച്ചത്. എന്നാൽ പ്രധാനപുരോഹിതന്റെ ഭവനത്തിൽവച്ചുള്ള വിചാരണയിൽ കള്ളസാക്ഷികൾ ഈ പ്രവചനത്തെ അതിന്റെ മൊഴിയിൽത്തന്നെ വികലമാക്കുന്നതായിക്കാണാം; അവിടുന്നു കുരിശിൽ തറയ്ക്കപ്പെട്ടുകഴിയുമ്പോൾ ഒരു ആക്ഷേപമായി അത് അവിടുത്തെമേൽ തിരികെ പ്രയോഗിക്കപ്പെടുന്നു.

യേശുവിനു ദൈവാലയത്തോട് ഒട്ടും ശത്രുതാഭാവം ഉണ്ടായിരുന്നില്ല. അവിടെവച്ചാണ് തന്റെ പ്രബോധനത്തിന്റെ കാതലായ ഭാഗം അവിടുന്നു പ്രഘോഷിച്ചത്. ദൈവാലയനികുതി കൊടുക്കാൻ അവിടുന്നു സന്നദ്ധനായിരുന്നു. തന്റെ ഭാവിസഭയുടെ അടിത്തറയായി താൻ നിയോഗിച്ചിരുന്ന പത്രോസിനെയും കൂട്ടുചേർത്താണ് അവിടുന്നു നികുതി കൊടുത്തത്. മനുഷ്യരുടെയിടയിൽ വസിക്കാനുള്ള ദൈവത്തിന്റെ പരമമായ വാസസ്ഥലം എന്ന നിലയിൽ തന്നെത്തന്നെ അവതരിപ്പിച്ചുകൊണ്ട് അവിടുന്നു ദൈവാലയത്തോടു തന്നെത്തന്നെ താദാത്മ്യപ്പെടുത്തുകപോലും ചെയ്തു. അതുകൊണ്ട് അവിടുത്തെ ശാരീരിക മരണത്തിനു വിധേയനാക്കിയത് ദൈവാലയത്തിന്റെ നാശത്തിന്റെ സൂചകമായിത്തീർന്നു. അതാകട്ടെ രക്ഷാകര ചരിത്രത്തിൽ പുതിയൊരു യുഗത്തിന്റെ ഉദയം വെളിപ്പെടുത്തുന്നു: “ഈ മലയിലോ ജറുസലെമിലോ അല്ലാതെ നിങ്ങൾ പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു."

III. യേശുവും, ഏകദൈവത്തിലും രക്ഷകനിലുമുള്ള ഇസ്രായേലിന്റെ വിശ്വാസവും

നിയമവും ജറുസലെം ദൈവാലയവും ഇസ്രായേലിന്റെ മതാധികാരികൾക്ക് യേശുവിനെ എതിർക്കാനുള്ള സന്ദർഭങ്ങളായിരുന്നുവെങ്കിൽ, പാപങ്ങളിൽനിന്നു വീണ്ടെടുക്കുക എന്ന അവിടുത്തെ ദൗത്യം, മഹോന്നതമായ ആ ദൈവികപ്രവൃത്തി, ആയിരുന്നു അവർക്ക് ഉതപ്പിന്റെ ശില.

ഫരിസേയരോടൊത്തെന്നപോലെ ചുങ്കക്കാരോടും പാപികളോടുമൊത്ത് യേശു ഭക്ഷണം കഴിച്ചത് ഫരിസേയർക്ക് ഉതപ്പിനു കാരണമായി. അവരുടെയിടയിൽ നീതിമാൻമാരെന്നു സ്വയം അഭിമാനിച്ചു തങ്ങളെത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉറപ്പിച്ചു പറഞ്ഞു: “ഞാൻ വന്നിരിക്കുന്നത് നീതിമാൻമാരെയല്ല, പാപികളെ പശ്ചാത്താപത്തിലേക്കു വിളിക്കാനാണ്." പാപം സാർവത്രികമാകയാൽ, രക്ഷ ആവശ്യമില്ലെന്നു ഭാവിക്കുന്നവർ തങ്ങളെത്തന്നെ അന്ധരാക്കുന്നു എന്നുകൂടി പ്രസ്താവിച്ചുകൊണ്ട് അവിടുന്നു മേൽപ്പറഞ്ഞ വസ്തുത കൂടുതൽ വ്യക്തമാക്കി.

പാപികളോടുള്ള തന്റെ കരുണാമയമായ പെരുമാറ്റത്തെ അവരോടുള്ള ദെെവത്തിൻ്റെതന്നെ മനോഭാവത്തോട് ഈശോ താദാത്മ്യപ്പെടുത്തിയപ്പോൾ അത്, പ്രത്യേകിച്ച്, ഉതപ്പിനു കാരണമായി. പാപികളോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ട് താൻ അവരെ മെസയാനിക വിരുന്നിലേക്കു സ്വീകരിക്കുകയാണ് എന്നു സൂചിപ്പിക്കാനും അവിടുന്നു മടിച്ചില്ല. എന്നാൽ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് യേശു ഇസ്രായേലിന്റെ മതാധികാരികളെ ഏറ്റവുമധികം ആശയക്കുഴപ്പത്തിലാക്കി. “ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുക?” എന്ന് അമ്പരപ്പോടെ ചോദിക്കാൻ സ്വാഭാവികമായും അവർ പ്രേരിതരായി. ഒന്നുകിൽ യേശു പാപങ്ങൾ ക്ഷമിച്ചുകൊണ്ട് മനുഷ്യനായിരിക്കേ തന്നെത്തന്നെ ദൈവത്തിനു തുല്യനാക്കി ദൈവദൂഷണം പറയുന്നു. അല്ലെങ്കിൽ സത്യം പറഞ്ഞുകൊണ്ട് അവിടുന്നു തന്റെ വ്യക്തിത്വത്തിലൂടെ യഥാർഥത്തിൽ ദൈവനാമത്തെ സന്നിഹിതമാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു.

“എന്റെ കൂടെയല്ലാത്തവൻ എനിക്ക് എതിരാണ്.” “യോനായെക്കാളും... സോളമനെക്കാളും വലിയവൻ, ദൈവാലയത്തെക്കാൾ വലിയവൻ" എന്ന് അവിടുന്ന് അവകാശപ്പെട്ടു. ദാവീദ് മിശിഹായെ തന്റെ കർത്താവ് എന്നു വിളിച്ചു എന്ന് അവിടുന്ന് ഒർമിപ്പിച്ചു. “അബ്രാഹത്തിനുമുമ്പു ഞാൻ ഉണ്ട്"; “ഞാനും പിതാവും ഒന്നാണ്" എന്നിങ്ങനെയുള്ള അവകാശവാദങ്ങളെ അവിടുത്തെ വ്യക്തിത്വത്തിന്റെ ദൈവികമായ തനിമയുടെ അടിസ്ഥാനത്തിൽ മാത്രമേ ന്യായീകരിക്കാനാകൂ. 

താൻ ചെയ്ത പിതാവിന്റെ പ്രവൃത്തികൾ മൂലം തന്നിൽ വിശ്വസിക്കുവാൻ യേശു ജറുസലെമിലെ മതാധികാരികളോട് ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിലുള്ള ഒരു വിശ്വാസത്തിന്റെ പ്രവൃത്തി ദൈവകൃപയുടെ സ്വാധീനത്താൽ “ഉന്നതത്തിൽ നിന്നുള്ള ഒരു പുതിയ ജനനത്തിനു" വേണ്ടി തന്നോടുതന്നെയുള്ള രഹസ്യാത്മകമായ ഒരു മരണത്തിലൂടെ കടന്നുപോകണം. വാഗ്ദാനങ്ങളുടെ വിസ്മയനീയമായ നിറവേറലിനുമുന്നിൽ ഉളവാകുന്ന മാനസാന്തരത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ ന്യായാധിപസംഘത്തിന് യേശു, ദൈവദൂഷണത്തിനുള്ള മരണശിക്ഷയ്ക്ക് അർഹനാണെന്ന ദുരന്തപരമായ തെറ്റിദ്ധാരണ മനസ്സിലാക്കാൻ കഴിയും. ന്യായാധിപസംഘത്തിലെ അംഗങ്ങൾ അങ്ങനെ ഒരേ സമയത്ത് അജ്ഞതകൊണ്ടും അവരുടെ അവിശ്വാസത്തിന്റെ അന്ധതകൊണ്ടും പ്രവർത്തിക്കുകയായിരുന്നു.

സംഗ്രഹം

സീനായിൽവച്ചു ലഭിച്ച നിയമത്തെ യേശു അസാധുവാക്കിയില്ല (cf. മത്താ.5: 17-19). അതിന്റെ പരമമായ അർഥം വെളിപ്പെടുത്തത്തക്കവിധം (മത്താ. 5:33) അത്ര പൂർണതയോടെ (യോഹ 8:46) അവിടുന്ന് അതിനെ പൂർത്തിയാക്കി. അതിനെതിരേയുള്ള ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുക്കലും അവിടുന്നു നിർവഹിച്ചു (cf. ഹെബ്രാ 9:15).

യഹൂദരുടെ തീർഥാടനത്തിരുനാളുകൾക്കു ദൈവാലയത്തിൽ പോയിക്കൊണ്ട് യേശു ദൈവാലയത്തെ ബഹുമാനിച്ചു. മനുഷ്യരുടെയിടയിലുള്ള ദൈവത്തിന്റെ വാസസ്ഥലത്തെ അവിടുന്നു തീക്ഷണമായി സ്നേഹിച്ചു. ദൈവാലയം അവിടുത്തെ രഹസ്യത്തിന്റെ മുൻകൂട്ടിയുള്ള പ്രതിരൂപമാണ്. അതിന്റെ നാശത്തെപ്പറ്റി അവിടുന്നു മുൻകൂട്ടി അറിയിക്കുന്നത് തന്റെതന്നെ വധത്തിന്റെയും രക്ഷയുടെ ചരിത്രത്തിൽ അവിടുത്തെ ശരീരം പരമമായ ദൈവാലയമായിത്തീരുന്ന പുതിയൊരു യുഗത്തിലേക്കുള്ള പ്രവേശനത്തിന്റെയും വെളിപ്പെടുത്തൽപോലെയാണ്.

താൻ രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന, പാപങ്ങൾ ക്ഷമിക്കുന്നതു പോലുള്ള പ്രവൃത്തികൾ, അവിടുന്നു ചെയ്തു (യോഹ. 5:16-18). മനുഷ്യനായിത്തീർന്ന ദൈവത്തെ അവിടുന്നിൽ തിരിച്ചറിയാത്ത ചില യഹൂദർ (യോഹ 1:14) തന്നെത്തന്നെ ദൈവമാക്കുന്ന വെറും ഒരു മനുഷ്യനായി അവിടുത്തെ കാണുകയും (യോഹ 10:33), ദൈവദൂഷകനായി അവിടുത്തെ വിധിക്കുകയും ചെയ്തു.

യേശുക്രിസ്തു പന്തിയോസ് പീലാത്തോസിൻറ കാലത്തു പീഡകൾ സഹിക്കുകയും ക്രൂശിക്കപ്പെടുകയും മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. Religious teaching of the Catholic Church യേശുവും ഇസ്രായേലും യേശുവും നിയമവും യേശുവും ദൈവാലയവും യേശുവും ഏകദൈവത്തിലും രക്ഷകനിലുമുള്ള ഇസ്രായേലിന്റെ വിശ്വാസവും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message