We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 12-May-2023
വകുപ്പ് 3
“അവിടുന്നു പരിശുദ്ധാത്മാവിനാല്‍ ഗർഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു”
ഖണ്‍ഡിക 1. ദൈവപുത്രന്‍ മനുഷ്യനായി
I. വചനം മാംസമായത് എന്തിന്?
നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലൂടെ ഇങ്ങനെ ഏറ്റു പറഞ്ഞുകൊണ്ടു നമ്മള്‍ മറുപടി പറയുന്നു: “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്നു സ്വർഗത്തില്‍നിന്നിറങ്ങി, പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായിത്തീർന്നു.”
ദൈവവുമായി നമ്മെ രഞ്ജിപ്പിച്ചു നമ്മെ രക്ഷിക്കുന്നതിനുവേണ്ടി 'വചനം' മാംസമായി; “ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപപരിഹാരത്തിനായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു.” “പിതാവു പുത്രനെ ലോകരക്ഷകനായി അയച്ചു"; "പാപങ്ങള്‍ നിവാരണം ചെയ്യാനായി അവിടുന്ന് ആഗതനായി.”
വചനം മാംസംധരിച്ചത് അങ്ങനെ നാം ദൈവത്തിന്റെ സ്‌നേഹം ഗ്രഹിക്കുവാന്‍ വേണ്ടിയാണ്. “തന്റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു." “എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു."
നമുക്കു വിശുദ്ധിയുടെ മാതൃകയായിരിക്കാന്‍ വേണ്ടിയാണു വചനം മാംസംധരിച്ചത്: “എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍.” “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” രൂപാന്തരീകരണം സംഭവിച്ച മലയില്‍വച്ചു പിതാവ് ആഹ്വാനം ചെയ്യുന്നു: “ഇവനെ ശ്രവിക്കുവിന്‍”. അഷ്ടഭാഗ്യങ്ങളിലെ ആദർശപുരുഷനും പുതിയനിയമത്തിന്റെ മാനദണ്‍ഡവും അവിടുന്നുതന്നെയാണ്. “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍.” അവിടുത്തെ മാതൃക പിന്‍തുടർന്നു തന്നെത്തന്നെ ഫലപ്രദമായി അർപ്പിക്കുന്നതാണ് ഈ സ്നേഹം.
“ദൈവപ്രകൃയില്‍ നമ്മെ ഭാഗഭാക്കുകളാക്കുവാന്‍ വേണ്ടിയാണു” വചനം മാംസംധരിച്ചത്. “ദൈവവചനം മനുഷ്യനായി; ദൈവപുത്രന്‍ മനുഷ്യപുത്രനായി. ദൈവവചനവുമായി ഐക്യപ്പെടുന്നതിലൂടെയും അങ്ങനെ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും മനുഷ്യന്‍ ദൈവപുത്രനായിത്തീരുന്നതിനുവേണ്ടിയാണിത്.” നമ്മള്‍ ദൈവങ്ങളായിത്തീരാനായി അവിടുന്നു മനുഷ്യനായി.” “തന്റെ ദൈവത്വത്തില്‍ നമ്മളെ ഭാഗഭാക്കുകളാക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, ദൈവത്തിന്റെ ഏകപുത്രന്‍ നമ്മുടെ പ്രകൃതി സ്വീകരിച്ചു: മനുഷ്യരെ ദൈവങ്ങളാക്കിത്തീർക്കാന്‍വേണ്ടി അവിടുന്നു മനുഷ്യനായി.”
II. മനുഷ്യാവതാരം
“വചനം മാംസമായി" എന്ന വി.യോഹന്നാന്റെ വാക്യത്തെ ആധാരമാക്കി, മനുഷ്യപ്രകൃതിയില്‍ മനുഷ്യരക്ഷാകർമം പൂർത്തിയാക്കാന്‍വേണ്ടി ദൈവപുത്രന്‍ മനുഷ്യപ്രകൃതി സ്വീകരിച്ചു എന്ന സത്യം പ്രകാശിപ്പിക്കുവാന്‍ “മനുഷ്യാവതാരം” എന്ന സംജ്ഞ സഭ ഉപയോഗിക്കുന്നു. വിശുദ്ധ പൗലോസ് ഉദ്ധരിക്കുന്ന ഒരു ഗീതത്തിലൂടെ സഭ മനുഷ്യാവതാര രഹസ്യം ആലപിക്കുന്നു:
ഹെബ്രായർക്കുള്ള ലേഖനം ഇതേ രഹസ്യത്തെപ്പറ്റി പ്രസ്താവിക്കുന്നു:
ദൈവപുത്രന്റെ യഥാർഥമായ മനുഷ്യാവതാരത്തിലുള്ള വിശ്വാസം, ക്രൈസ്‌തവ വിശ്വാസത്തിന്റെ തനതായ അടയാളമാണ്. “ഇതുമൂലം നിങ്ങള്‍ ദൈവാത്മാവിനെ അറിയും: “യേശുക്രിസ്തു ശരീരം ധരിച്ചു എന്ന് ഏറ്റുപറയുന്ന ഏതൊരാത്മാവും ദൈവത്തില്‍നിന്നാണ്.” ആരംഭംമുതലേ, സഭയുടെ ആഹ്ളാദ നിർഭരമായ ബോധ്യമാണിത്. “നമ്മുടെ മതത്തിന്റെ മഹാരഹസ്യം” സഭ ആലപിക്കുമ്പോള്‍ ഈ ബോധ്യം പ്രകാശിതമാകുന്നു; “അവിടുന്നു ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു."
III. സത്യദൈവവും സത്യമനുഷ്യനും
ദൈവപുത്രന്റെ അതുല്യവും അദ്വിതീയവുമായ മനുഷ്യാവതാരത്തിന്റെയർഥം, യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല; ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയാണ് അവിടുത്തേക്കുള്ളത് എന്നും അർഥമില്ല; യഥാർഥ ദൈവമായിരിക്കെത്തന്നെ, അവിടുന്നു യഥാർഥ മനുഷ്യനായി. യേശുക്രിസ്തു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാകുന്നു. ആദ്യശതകങ്ങളില്‍ ഈ സത്യത്തെ വികലമാക്കിയ പാഷണ്‍ഡതള്‍ക്കെതിരായി, ഇതിനെ സംരക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന ആവശ്യം സഭ നേരിട്ടു.
ആദ്യകാല പാഷണ്‍ഡതകള്‍, ക്രിസ്തുവിന്റെ ദൈവത്വത്തെ എന്നതിലുപരിയായി, അവിടുത്തെ മനുഷ്യത്വത്തെയാണു നിഷേധിച്ചത് (ജ്ഞാനവാദാധിഷ്ഠിത മായാവാദം: Gnostic- Docetism). “ശരീരത്തോടുകൂടി വന്ന” ദൈവപുത്രന്റെ യഥാർഥ മനുഷ്യാവതാരം, അപ്പസ്തോലിക കാലംമുതല്‍ സഭ ഉറപ്പിച്ചുപ്രഖ്യാപിച്ചുപോരുന്നു. അന്ത്യോക്യായില്‍ കൂടിയ കൗണ്‍സിലില്‍വച്ചു മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ സമോസത്തയിലെ പൗലോസിനെതിരായി, 'യേശുക്രിസ്തു ദത്തെടുക്കലിലൂടെയല്ല പ്രത്യുത, പ്രകൃതിയിലൂടെയാണു ദൈവപുത്രനായിരിക്കുന്നത്” എന്നു സഭയ്ക്കു പ്രഖ്യാപിക്കേണ്ടതായിവന്നു. 325-ല്‍ നിഖ്യായില്‍ സമ്മേളിച്ച പ്രഥമ സാർവജനിക സൂനഹദോസ് അതിന്റെ വിശ്വാസപ്രമാണത്തില്‍, “ദൈവപുത്രന്‍ ജാതനാണ്, സൃഷ്ടിക്കപ്പെട്ടവനല്ല; പിതാവിനോടുകൂടെ ഏകസത്തയാകുന്നു” (ഗ്രീക്കുഭാഷയില്‍ homousios) എന്നു പ്രഖ്യാപിച്ചു. ഇല്ലായ്മയില്‍നിന്നാണു ദൈവപുത്രന്‍ ഉദ്ഭവിച്ചത്; പിതാവിന്റെ സത്തയില്‍നിന്നു വ്യത്യസ്തമായ ഒരു സത്തയില്‍നിന്നു വന്നവനാണവന്‍ എന്ന് ഉറപ്പിച്ചു പറഞ്ഞ ആരിയൂസിനെ ഈ കൗണ്‍സില്‍ അഭിശപ്തനായി പ്രഖ്യാപിച്ചു.
ദൈവപുത്രന്റെ ദൈവികവ്യക്തിയോടു കൂടിച്ചേർന്ന ഒരു മനുഷ്യവ്യക്തിയാണു ക്രിസ്തു എന്നതായിരുന്നു നെസ്തോറിയന്‍ പാഷണ്‍ഡതയുടെ ആശയഗതി. ഈ പാഷണ്‍ഡതയെ എതിർത്തുകൊണ്ട്, അലക്സാൺഡ്രിയായിലെ വിശുദ്ധ സിറിളും 431-ല്‍ എഫേസോസില്‍ സമ്മേളിച്ച മൂന്നാമത്തെ സാർവത്രിക സൂനഹദോസും ഇങ്ങനെ പ്രഖ്യാപിച്ചു: “യുക്തിസഹമായ ആത്മാവിനാല്‍ സജീവമാക്കപ്പെട്ട ശരീരത്തെ, തന്റെ വ്യക്തിത്വത്തില്‍ തന്നോടുതന്നെ സംയോജിപ്പിച്ചുകൊണ്ടു വചനം മനുഷ്യനായി.” ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിക്ക്, ദൈവപുത്രന്റെ ദൈവികവ്യക്തിത്വമല്ലാതെ മറ്റു കർത്താവ് (Subject) ഇല്ല. ദൈവപുത്രന്‍ ഗർഭസ്ഥനായ ക്ഷണത്തില്‍ സ്വീകരിച്ചു സ്വന്തമാക്കിയതാണ് അവിടുത്തെ മനുഷ്യപ്രകൃതി. ഇക്കാരണത്താല്‍ എഫേസോസില്‍ സമ്മേളിച്ച സാർവത്രിക സൂനഹദോസു (431) പ്രഖ്യാപിച്ചു: ദൈവപുത്രന്‍ മറിയത്തിന്റെ ഉദരത്തില്‍ മാനുഷികമായി ഗർഭസ്ഥനായതോടെ, മറിയം യഥാർഥത്തില്‍ ദൈവമാതാവ് ആയി; “മറിയത്തെ, ദൈവമാതാവ് എന്ന് വിളിക്കുമ്പോള്‍ വചനത്തിന്റെ പ്രകൃതി അഥവാ അവിടുത്തെ ദൈവത്വം പരിശുദ്ധകന്യകയില്‍നിന്ന് അസ്തിത്വം സ്വീകരിച്ചു എന്ന് അർഥമില്ല; പ്രത്യുത, ദൈവവചനം ഉപസ്ഥിതിക്ക് (hypostasis) അനുസൃതമായി തന്നോടുതന്നെ സംയോജിപ്പിച്ചതും ബുദ്ധിയുക്തമായ ആത്മാവിനാല്‍ സജീവമാക്കപ്പെട്ടതുമായ ഈ തിരുശരീരം അവളില്‍നിന്ന് ഉരുവായതിനാല്‍ ദൈവവചനം ജഡപ്രകാരം ജനിച്ചു എന്നുപറയാം.”
ദൈവപുത്രന്‍ തന്റെ ദൈവികവ്യക്തിത്വത്തിലേക്കു മനുഷ്യപ്രകൃതി സ്വീകരിച്ചതോടെ, മിശിഹായുടെ മനുഷ്യപ്രകൃതി ശൂന്യമായിപ്പോയെന്ന് ഏക സ്വഭാവവാദികള്‍ (mono-physites) വാദിക്കുന്നു. ഈ പാഷണ്‍ഡതയെ നേരിടേണ്ടിവന്നപ്പോള്‍ കാല്‍സിഡോണില്‍ (451) ചേർന്ന നാലാം സാർവത്രിക സൂനഹദോസ് ഇങ്ങനെ പ്രഖ്യാപിച്ചു:
കാല്‍സിഡോണ്‍ സൂനഹദോസിനുശേഷം ചിലർ ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയെ ഒരുതരം വൈയക്തിക കർത്താവായി (personal subject) വിഭാവനം ചെയ്യാന്‍ തുടങ്ങി. അവർക്കെതിരേ 553-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സമ്മേളിച്ച അഞ്ചാം സാർവത്രിക സൂനഹദോസു പ്രഖ്യാപിച്ചു: “ക്രിസ്തുവില്‍ ഒരേയൊരു ഉപസ്ഥിതി(വ്യക്തി) മാത്രമേയുള്ളൂ; അത് ത്രിത്വത്തിലൊരുവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്.” അതിനാല്‍ അവിടുത്തെ മനുഷ്യപ്രകൃതിയിലുള്ളതെല്ലാം അതിന്റെ ശരിയായ കർത്താവ് (subject) ആയ അവിടുത്തെ ദൈവികവ്യക്തിയിലാണ് ആരോപിക്കേണ്ടത്. അവിടുത്തെ അദ്ഭുതങ്ങള്‍ മാത്രമല്ല, അവിടുത്തെ പീഡാനുഭവവും മരണംപോലും ദൈവികവ്യക്തിയുടെ പ്രവൃത്തികളാണ്: “ശരീരത്തില്‍ ക്രൂശിക്കപ്പെട്ട നമ്മുടെ കർത്താവായ യേശുക്രിസ്തു യഥാർഥ ദൈവവും മഹത്ത്വത്തിന്റെ കർത്താവും പരിശുദ്ധത്രിത്വത്തിലൊരുവനുമാണ്.”
തന്റെ ദൈവത്വവും മനുഷ്യത്വവും തമ്മില്‍ വേർപെടുത്താന്‍ പറ്റാത്തവിധം, യേശു യഥാർഥ ദൈവവും യഥാർഥ മനുഷ്യനുമാണെന്നു സഭ ഏറ്റുപറയുന്നു. തന്റെ ദൈവത്വത്തിനും കർതൃത്ത്വത്തിനും ഭംഗം വരാതെ മനുഷ്യനും നമ്മുടെ സഹോദരനുമായിത്തീർന്നവന്‍ യഥാർഥത്തില്‍ ദൈവപുത്രനാണ്.
IV. ദൈവപുത്രന്‍ എങ്ങനെ മനുഷ്യനാകുന്നു?
മനുഷ്യാവതാരമെന്ന “രഹസ്യാത്മക യോജിപ്പില്‍” (mysterious union), “അവിടുത്തെ മനുഷ്യപ്രകൃതി വിലയിപ്പിക്കപ്പെടുകയല്ല ആദാനം ചെയ്യപ്പെടുകയാണുണ്ടായത്.” ഈ സത്യം ഗ്രഹിച്ച സഭ നൂറ്റാണ്ടുകളിലൂടെ ക്രിസ്തുവിന്റെ ബുദ്ധിയുടെയും മനസ്സിന്റെയും പ്രവർത്തനങ്ങളോടുകൂടിയ മനുഷ്യാത്മാവിന്റെ പൂർണ യാഥാർഥ്യത്തെക്കുറിച്ചും അവിടുത്തെ മനുഷ്യശരീരത്തെക്കുറിച്ചും വിശദ പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രേരിതയായി. അതുപോലെതന്നെ, ഓരോ സന്ദർഭത്തിലും ക്രിസ്തുവിന്റെ ദൈവികവ്യക്തി ആദാനംചെയ്ത മനുഷ്യപ്രകൃതി ആ ദൈവികവ്യക്തിയുടെ സ്വന്തമാണെന്നു സഭയ്ക്ക് അനുസ്മരിപ്പിക്കേണ്ടിവന്നു. ഈ മനുഷ്യപ്രകൃതിയില്‍ ക്രിസ്തു എന്ത് ആയിരിക്കുന്നുവോ, എന്തു പ്രവർത്തിക്കുന്നുവോ അതെല്ലാം “ത്രിത്വത്തിലെ ഒരുവനില്‍ "നിന്നുള്ളവയാണ്. തന്‍മൂലം ദൈവപുത്രന്‍, ത്രിത്വത്തിലെ തന്റെ അസ്തിത്വത്തിന്റെ വൈയക്തിക സ്വഭാവം തന്റെ മനുഷ്യപ്രകൃതിക്കു പ്രദാനം ചെയ്യുന്നു. ക്രിസ്തു തന്റെ ശരീരത്തിലും ആത്മാവിലും, ത്രിത്വത്തിന്റെ ദൈവികരീതികള്‍ മാനുഷികരീതിയില്‍ പ്രകടമാക്കുന്നു.
ക്രിസ്തുവിന്റെ ആത്മാവും മാനുഷിക അറിവും
ദൈവവചനം ക്രിസ്തുവിലെ ആത്മാവിന് അഥവാ അരൂപിക്കുപകരമുള്ള സ്ഥാനമെടുത്തുവെന്നു ലവോദിക്കിയായിലെ അപ്പോളിനാരിയൂസ് വാദിച്ചു. ഈ അബദ്ധ പ്രബോധനത്തിനെതിരായി സഭ പ്രഖ്യാപിച്ചതിങ്ങനെയാണ്: നിത്യനായ പുത്രന്‍ യുക്തിസഹമായ ഒരു മനുഷ്യാത്മാവിനെയും ആദാനം ചെയ്തു.
ദൈവപുത്രന്‍ ആദാനം ചെയ്ത ഈ മനുഷ്യാത്മാവു യഥാർഥ മാനുഷിക അറിവോടുകൂടിയതായിരുന്നു. ഈ ജ്ഞാനം അതില്‍ത്തന്നെ അപരിമിതമായിരിക്കുക സാധ്യമായിരുന്നില്ല. സ്ഥലകാലങ്ങളിലുള്ള അവിടുത്തെ അസ്തിത്വത്തിന്റെ ചരിത്രപരമായ സാഹചര്യങ്ങളിലാണ് ഈ ജ്ഞാനം വിനിയോഗിക്കപ്പെട്ടത്. ഇക്കാരണത്താലാണ്, ദൈവപുത്രന്‍ മനുഷ്യനായപ്പോള്‍, “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരാന്‍ സാധിച്ചത്”. സ്വാനുഭവം കൊണ്ടുമാത്രം സാധാരണമായി മനുഷ്യനു ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്നും അന്വേഷിക്കേണ്ടിയിരുന്നു. "ദാസന്റെ രൂപം" ധരിച്ച് അവിടുന്നും തന്നെത്തന്നെ സ്വമനസാ ശൂന്യനാക്കിയ യാഥാർഥ്യത്തോടു ചേർന്നുപോകുന്നതായിരുന്നു മുകളില്‍പ്പറഞ്ഞ വസ്തുതകള്‍.
അതേസമയം, ദൈവപുത്രന്റെ യഥാർഥ മാനുഷികജ്ഞാനം, അവിടുത്തെ വ്യക്തിത്വത്തിന്റെ ദൈവികജീവനെ വെളിപ്പെടുത്തിയിരുന്നു. ദൈവപുത്രന്‍ സർവതും അറിഞ്ഞിരുന്നു. അതിനാല്‍ അവിടുന്നു ധരിച്ച മനുഷ്യപ്രകൃതിയും എല്ലാം അറിഞ്ഞിരുന്നു. ഇത് സ്വശക്തിയാലല്ല, പ്രത്യുത വചനത്തോടുള്ള സംയോജനത്താലാണ്. വചനത്തോടു സംയോജിച്ച മനുഷ്യപ്രകൃതി ദൈവത്തെ സംബന്ധിക്കുന്ന സർവതും അറിയുകയും തന്നില്‍ത്തന്നെ പ്രാഭവത്തോടെ ആവിഷ്കരിക്കുകയും ചെയ്തു. മനുഷ്യനായിത്തീർന്ന ദൈവപുത്രന്‍ അവിടുത്തെ പിതാവിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രത്യക്ഷജ്ഞാനം, ഇതിന് ഉത്തമോദാഹരണമാണ്. മനുഷ്യരുടെ നിഗൂഢങ്ങളായ ഹൃദയവിചാരങ്ങള്‍പോലും ഗ്രഹിക്കാനുതകുന്ന തന്റെ ദൈവിക ഉള്‍ക്കാഴ്ചയെ അവിടുന്നു തന്റെ മാനുഷികജ്ഞാനത്തില്‍ പ്രകടമാക്കി.
അവതീർണ വചനത്തിന്റെ വ്യക്തിത്വത്തില്‍ ദൈവവിജ്ഞാനവുമായി സംയോജിച്ചതുമൂലം, ക്രിസ്തുവിന്റെ മാനുഷിക ജ്ഞാനത്തിനു താന്‍ വെളിപ്പെടുത്താന്‍ വന്ന നിത്യദൈവിക പദ്ധതികളെപ്പറ്റി പരിപൂർണ അറിവുമുണ്ടായിരുന്നു. ഈ മണ്‍ഡലത്തില്‍ ചില കാര്യങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് അവിടുന്നു പ്രസ്താവിച്ചെങ്കില്‍ അതിന്റെയർഥം അന്യത്ര അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അവയെ വെളിപ്പെടുത്താനായിട്ടല്ല അവിടുന്ന് അയയ്ക്കപ്പെട്ടത്.
ക്രിസ്തുവിന്റെ മാനുഷിക മനസ്സ്
അതുപോലെ ആറാം സാർവത്രിക സൂനഹദോസില്‍ സഭ ആധികാരികമായി പ്രഖ്യാപിച്ചു: ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകളും പ്രകൃതികള്‍ക്കനുസൃതമായ രണ്ടു പ്രവർത്തനങ്ങളുമുണ്ട്. അവ അന്യോന്യ വിരുദ്ധങ്ങളല്ലെന്നു മാത്രമല്ല, പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നവയുമാണ്. അങ്ങനെ, അവതീർണ ദൈവവചനം നമ്മുടെ രക്ഷയ്ക്കായി പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്തു തന്റെ ദൈവികപ്രകൃതിയില്‍ എന്തെല്ലാം നിശ്ചയിച്ചുവോ, അതെല്ലാം അവിടുന്നു പിതാവിനു വിധേയനായി വർത്തിച്ചുകൊണ്ടു മാനുഷികമായും നിശ്ചയിച്ചു. അവിടുത്തെ മാനുഷിക മനസ്സ്, “അവിടുത്തെ സർവശക്തമായ ദൈവിക മനസ്സിനെ എതിർക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല; പ്രത്യുത, അതിനു വിധേയമായി വർത്തിക്കുകയാണു ചെയ്യുന്നത്."
ക്രിസ്തുവിന്റെ യഥാർഥ ശരീരം
യഥാർഥമായ മനുഷ്യപ്രകൃതിയുടെ ആദാനത്തിലൂടെ വചനം മാംസം ധരിച്ചതുമൂലം ക്രിസ്തുവിന്റെ ശരീരം പരിധികള്‍ക്കു വിധേയമായിരുന്നു. അതിനാല്‍, യേശുവിന്റെ മാനുഷികമുഖം ചിത്രീകരിക്കുക സാധ്യമാണ്; അത് വിശുദ്ധ ചിത്രങ്ങളില്‍ക്കൂടി ആവിഷ്കരിക്കുന്നതു നിയമാനുസൃതമാണെന്ന് ഏഴാം സാർവത്രിക സൂനഹദോസില്‍ സഭ പ്രഖ്യാപിച്ചു.
അതുപോലെതന്നെ സഭ എന്നും അംഗീകരിച്ചിട്ടുള്ള സത്യമാണിത്: "തന്നില്‍ത്തന്നെ അദൃശ്യനായ ദൈവം യേശുവിന്റെ ശരീരത്തില്‍ നമുക്കു ദൃശ്യനായി പ്രത്യക്ഷപ്പെട്ടു." വാസ്തവത്തില്‍, ക്രിസ്തുവിന്റെ ശരീരത്തിന്റെ തനതായ സവിശേഷതകള്‍, ദൈവപുത്രന്റെ ദൈവികവ്യക്തിത്വത്തെ സ്പഷ്ടമാക്കുന്നു. തന്റെ മാനുഷിക ശരീരഘടനകളെ അവിടുന്നു സ്വന്തമാക്കിയതിനാല്‍, അവ വിശുദ്ധ ചിത്രത്തില്‍ പ്രദർശിപ്പിക്കപ്പെടുമ്പോള്‍ അവയെ വണങ്ങാവുന്നതാണ്. എന്തെന്നാല്‍ "വിശുദ്ധ ചിത്രത്തെ വണങ്ങുന്ന വിശ്വാസി അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയെത്തന്നെയാണു വണങ്ങുന്നത്.”
അവതീർണ വചനത്തിന്റെ ഹൃദയം
യേശു തന്റെ ജീവിതകാലത്ത്, ക്ലേശസമയത്തും പീഡാസഹനവേളയിലുമൊക്കെ, നാമോരോരുത്തരെയും നാമെല്ലാവരെയും അറിയുകയും സ്നേഹിക്കുകയും നമ്മില്‍ ഓരോരുത്തർക്കുമായി അവിടുന്നു സ്വയം സമർപ്പിക്കുകയും ചെയ്തു. “ദൈവപുത്രന്‍... എന്നെ സ്‌നേഹിച്ചു; എനിക്കുവേണ്ടി സ്വയം സമർപ്പിച്ചു." അവിടുന്നു നമ്മെയെല്ലാവരെയും മാനുഷിക ഹൃദയംകൊണ്ടു സ്നേഹിച്ചു. ഇക്കാരണത്താല്‍, നമ്മുടെ പാപംമൂലവും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പിളർക്കപ്പെട്ട യേശുവിന്റെ തിരുഹൃദയം ദിവ്യരക്ഷകന്‍ തന്റെ നിത്യപിതാവിനെയും, സർവമനുഷ്യരെയും നിരന്തരം സ്നേഹിക്കുന്ന” ആ സ്നേഹത്തിന്റെ മുഖ്യ അടയാളവും പ്രതീകവുമായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
സംഗ്രഹം
ദൈവനിശ്ചിതമായ സമയത്തില്‍ പിതാവിന്റെ ഏകപുത്രനായ നിത്യവചനവും അവിടുത്തെ സത്തയുടെ പ്രതിഛായയുമായവന്‍ മനുഷ്യനായി അവതരിച്ചു. സ്വന്തം ദൈവപ്രകൃതിക്കു ഭംഗംവരാതെ, അവിടുന്നു മനുഷ്യപ്രകൃതിയെ ആദാനം ചെയ്തു.
തന്റെ ദൈവിക വ്യക്തിത്വത്തിന്റെ ഐക്യത്തില്‍ യേശുക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണ്. ഇക്കാരണത്താല്‍ അവിടുന്നു ദൈവത്തിന്റെയും മനുഷ്യരുടെയുമിടയ്ക്കുള്ള ഒരേയൊരു മധ്യസ്ഥനാണ്.
യേശുക്രിസ്തുവില്‍ രണ്ടു പ്രകൃതികള്‍ ഉണ്ട്: ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും. ഈ പ്രകൃതികള്‍ തമ്മില്‍ കൂടിക്കലരാതെ ദൈവപുത്രന്റെ ഏകവ്യക്തിത്വത്തില്‍ സംയോജിച്ചിരിക്കുന്നു.
ക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാകയാല്‍ അവിടുത്തേക്ക് ഒരു മാനുഷികബുദ്ധിയും മനസ്സും ഉണ്ട്. അവ, ദൈവികബുദ്ധിക്കും ദൈവികമനസ്സിനും പൂർണമായി അനുരൂപപ്പെട്ടതും വിധേയവുമായിരുന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്ത് അവിടുത്തേക്കു പൊതുവായുള്ളവയുമാണ് അവ;
അങ്ങനെ മനുഷ്യാവതാരം വചനമാകുന്ന ഏക വ്യക്തിയില്‍, ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മില്‍ നടന്ന അദ്ഭുതകരമായ സംയോജനത്തിന്റെ രഹസ്യമാണ്.
Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



