We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 09-May-2023
ഖണ്ഡിക 7.
പതനം
ദൈവം അനന്തനൻമയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദനയുടെയോ പ്രകൃതിയിലെ തിൻമകളുടെയോ അനുഭവത്തില്‍നിന്ന് - ആര്‍ക്കും രക്ഷപ്പെടാനാവില്ല; ഇവ പ്രകൃത്യാ സൃഷ്ടികള്‍ക്കുള്ള പരിമിതികളുമായി ബന്ധപ്പെട്ടവയായി തോന്നുന്നു. ആര്‍ക്കും രക്ഷപ്പെടാനാവില്ല, പ്രത്യേകിച്ച് ധാര്‍മിക തിന്‍മ എന്ന പ്രശ്നത്തില്‍നിന്ന്. എവിടെനിന്നാണു തിന്‍മവരുന്നത്? “തിന്‍മ എവിടെനിന്നുവരുന്നുവെന്ന് ഞാന്‍ അന്വേഷിച്ചു; ഒരുത്തരവും എനിക്കുകിട്ടിയില്ല..” എന്നു വിശുദ്ധ ആഗസ്തീനോസു പ്രസ്താവിക്കുന്നു. "ആഗസ്തീനോസിനു തന്റെ വേദനാജനകമായ ദൈവാന്വേഷണത്തിന് ഉത്തരം ലഭിച്ചത്, അദ്ദേഹം ജീവിക്കുന്ന ദൈവത്തിലേക്കു തിരിഞ്ഞപ്പോഴാണ്. “തിന്‍മയുടെ രഹസ്യം” അനാവൃതമാകുന്നതു “ഭക്തിയുടെ രഹസ്യത്തിന്റെ" വെളിച്ചത്തില്‍ മാത്രമാണ്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്‌നേഹം പാപത്തിന്റെ വ്യാപ്തിയെയും, അതേസമയം ദൈവകൃപയുടെ അതിസമൃദ്ധിയെയും വെളിപ്പെടുത്തി. അവിടുന്നുമാത്രമാണ് തിൻമയുടെമേൽ വിജയം നേടിയവന്‍. അതിനാല്‍, അവിടുന്നില്‍ നമ്മുടെ വിശ്വാസ ദൃഷ്ടികള്‍ ഉറപ്പിച്ചുകൊണ്ടായിരിക്കണം തിന്‍മയുടെ ഉത്പത്തിയെപ്പറ്റിയുള്ള പ്രശ്നത്തെ സമീപിക്കുന്നത്.
I. പാപം വർധിച്ചിടത്തു കൃപാവരം അതിസമൃദ്ധമായി
പാപമെന്ന യാഥാര്‍ഥ്യം
മനുഷ്യചരിത്രത്തില്‍ പാപത്തിന്റെ സാന്നിധ്യം ഉണ്ട്; അതിനെ അവഗണിക്കുവാനോ ഇരുണ്ട ഈ യാഥാര്‍ഥ്യത്തിനു മറ്റുപേരുകള്‍ നല്‍കുവാനോ ഉള്ള ശ്രമം വിഫലമാണ്. പാപം എന്താണെന്നു ഗ്രഹിക്കുവാനുള്ള ശ്രമത്തില്‍ ആദ്യമായി മനുഷ്യനു ദൈവത്തോടുള്ള ഗാഢബന്ധം അംഗീകരിക്കണം; ഈ ബന്ധത്തിലല്ലാതെ, പാപമെന്ന തിന്‍മയുടെ മറമാറ്റി, അതിന്റെ യഥാര്‍ഥരൂപം ദര്‍ശിക്കുന്നതിനു നമുക്കു സാധിക്കുകയില്ല. ദൈവനിഷേധവും അവിടുത്തോടുള്ള എതിര്‍പ്പുമാണു മനുഷ്യന്റെ ജീവിതത്തിലും ചരിത്രത്തിലും ഒരു ദുര്‍വഹഭാരമായി എന്നും വര്‍ത്തിക്കുന്ന പാപത്തിന്റെ യഥാര്‍ഥ സ്വഭാവം.
ദൈവാവിഷ്കരണത്തിന്റെ വെളിച്ചത്തില്‍ മാത്രമേ, പാപമെന്ന യാഥാര്‍ഥ്യത്തിന്, വിശിഷ്യ ഉദ്ഭവത്തിലെ പാപത്തിനു വിശദീകരണം നല്‍കാന്‍ സാധ്യമാകു. ദൈവത്തെക്കുറിച്ചു വെളിപാടു നല്‍കുന്ന അറിവുകൂടാതെ പാപത്തിന്റെ യഥാര്‍ഥസ്വഭാവം ഗ്രഹിക്കുന്നതിനു നമുക്കു സാധിക്കുകയില്ല. അതുപോലെ, പാപത്തെ കേവലം വളര്‍ച്ചാസംബന്ധമായ വൈകല്യമായും മാനസിക ദൗർബല്യമായും, ഒരബദ്ധമായും, അപര്യാപ്തമായ സാമൂഹിക വ്യവസ്ഥിതിയുടെ അനിവാര്യഫലമായും മറ്റും വ്യാഖ്യാനിക്കാന്‍ പ്രലോഭിതരാകും. മനുഷ്യനെ സംബന്ധിച്ചുള്ള ദൈവികപദ്ധതിയുടെ അറിവിലൂടെ മാത്രമേ സൃഷ്ടികളായ വ്യക്തികള്‍ ദൈവത്തെ സ്നേഹിക്കുന്നതിനും അന്യോന്യം സ്നേഹിക്കുന്നതിനുമായി ദൈവം അവര്‍ക്കു നൽകിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് പാപമെന്നു നമുക്കു ഗ്രഹിക്കാന്‍ സാധിക്കും.
ഉദ്ഭവപാപം- കാതലായ ഒരു വിശ്വാസസത്യം
ദൈവാവിഷ്കരണത്തിന്റെ പുരോഗതിക്കനുസൃതമായി പാപമെന്നയാഥാര്‍ഥ്യം കൂടുതല്‍ വൃക്തമാകുന്നു. പഴയനിയമകാലത്തെ ദൈവജനത ഉത്പത്തിപ്പുസ്തകത്തിലെ മനുഷ്യന്റെ പതന വിവരണത്തിന്റെ വെളിച്ചത്തില്‍ മനുഷ്യാവസ്ഥയൂടെ വേദന മനസ്സിലാക്കുവാൻ ശ്രമം നടത്തിയെങ്കിലും, അതിന്റെ ആത്യന്തികാർഥം ഗ്രഹിക്കുന്നതിന് അവർക്കു കഴിഞ്ഞിരുന്നില്ല; കാരണം, യേശുക്രിസ്തുവിന്റെ മരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഇതു സുഗ്രാഹ്യമാകൂ. പാപത്തിന്റെ പ്രഭവമായി ആദത്തെ മനസ്സിലാക്കുന്നതിന്, കൃപാവരത്തിന്റെ പ്രഭവമായി ക്രിസ്തുവിനെ മനസ്‌സിലാക്കണം. പുനരുത്ഥാനംചെയ്ത ക്രിസ്തുവിന് അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവായ സഹായകന്‍ സമാഗതനായത്, ലോകരക്ഷകന്‍ ആരാണെന്നു വെളിപ്പെടുത്തിക്കൊണ്ട്, പാപത്തിന്റെപേരില്‍ ലോകത്തെ കുറ്റപ്പെടുത്തുവാന്‍ വേണ്ടിയാണ്.
യേശു സർവമനുഷ്യരുടെയും രക്ഷകനാണ്; എല്ലാവർക്കും രക്ഷ ആവശ്യമാണ്; ക്രിസ്തുവിലൂടെ എല്ലാവർക്കും രക്ഷ നല്‍കപ്പെടുന്നു. ഈ സദ്വാർത്തയുടെ “മറുവശമാണ്” ഉദ്ഭവപാപത്തെ സംബന്ധിക്കുന്ന പ്രബോധനം എന്നുപറയാം. ക്രിസ്തുരഹസ്യത്തെ വികലമാക്കിക്കൊണ്ടുമാത്രമേ ഉദ്ഭവപാപത്തെക്കുറിച്ചുള്ള വെളിപാടിനെ അനുചിതമായി തിരുത്തുവാന്‍ നമുക്കു കഴിയുകയുള്ളുവെന്നു ക്രിസ്തുവിന്റെ മനോഭാവമുള്ള സഭയ്ക്കു വളരെ നന്നായി അറിയാം.
പതനവിവരണം മനസ്സിലാക്കേണ്ടവിധം
പതന വിവരണത്തില്‍ (ഉത്പത്തി മൂന്നാമധ്യായം) ആലങ്കാരികഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും മാനവചരിത്രത്തിന്റെ തുടക്കത്തില്‍ നടന്ന ഒരു പുരാതന സംഭവത്തെ അത് ഉറപ്പിച്ചുപറയുന്നു. നമ്മുടെ ആദിമാതാപിതാക്കന്‍മാർ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്‍പിച്ചുവെന്നു വെളിപാടുവഴി നമുക്കു വിശ്വാസപരമായ സ്ഥിരീകരണം ലഭിച്ചിരിക്കുന്നു..
II. മാലാഖമാരുടെ പതനം
ദൈവഹിതത്തിനെതിരായി നമ്മുടെ ആദിമാതാപിതാക്കന്‍മാർ എടുത്ത തീരുമാനത്തിന്റെ പിന്നില്‍ വഞ്ചനാത്മകവും ദൈവവിരുദ്ധവുമായ ഒരു സ്വരം, അവരെ മരണത്തില്‍ വീഴ്ത്തുന്ന അസൂയാകലുഷമായ ഒരു സ്വരം പതിയിരിക്കുന്നു. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും ഈ സ്വരത്തിനു ഹേതുവായി യാഥാര്‍ഥ്യത്തില്‍ നിപതിച്ച മാലാഖയെ തിരിച്ചറിയുന്നു. “സാത്താന്‍", “പിശാച്" എന്നീ പേരുകളില്‍ അവന്‍ അറിയപ്പെടുന്നു. അവന്‍ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ലമാലാഖയായിരുന്നുവെന്നാണു സഭാപ്രബോധനം. “പിശാചും മറ്റു ദുർഭുതങ്ങളും" പ്രകൃത്യാ നല്ലവരായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരായിരുന്നു, എങ്കിലും അവർ സ്വയം ദുഷ്ടരായിത്തീർന്നു.
ഈ മാലാഖമാരുടെ പാപത്തെക്കുറിച്ചു വിശുദ്ധലിഖിതം പ്രസ്താവിക്കുന്നുണ്ട്. മൗലികമായും, തിരിച്ചെടുക്കാനാവാത്ത വിധത്തിലും ദൈവത്തെയും അവിടുത്തെ ഭരണത്തെയും നിരാകരിച്ച സൃഷ്ടികളായ അരൂപികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലാണ്, മാലാഖമാരുടെ “പതനം” അടങ്ങിയിരിക്കുന്നത്. നമ്മുടെ ആദിമാതാപിതാക്കന്‍മാരോടു പ്രലോഭകന്‍ പറഞ്ഞവാക്കുകളില്‍ ആ നിഷേധത്തിന്റെ അലയടി നാം കേള്‍ക്കുന്നു: “നിങ്ങള്‍ ദൈവത്തെപ്പോലെ ആയിത്തീരും.” “പിശാച് ആദിമുതലേ പാപം ചെയ്യുന്നു”; “അവന്‍ നുണയനും നുണയുടെ പിതാവുമാണ്".
ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ കുറവല്ല, പ്രത്യുത മാലാഖമാരുടെ തീരുമാനത്തിന്റെ തിരുത്താനാകാത്ത സ്വഭാവമാണ് അവരുടെ പാപത്തെ അക്ഷന്തവ്യമാക്കുന്നത്. മരണശേഷം മനുഷ്യർക്കു മനസ്താപം സാധ്യമല്ലാത്തതുപോലെ മാലാഖമാര്‍ക്ക് അവരുടെ പതനശേഷം മനസ്താപം സാധ്യമല്ല.
“ആരംഭംമുതലേ കൊലപാതകി” എന്ന് യേശു വിശേഷിപ്പിക്കുന്നവന്റെ ആപത്കരമായ സ്വാധീനത്തെക്കുറിച്ചു വിശുദ്ധ്ധഗ്രന്ഥം സാക്ഷ്യം നല്‍കുന്നു. പിതാവില്‍നിന്ന് യേശു സ്വീകരിച്ച ദൗത്യത്തിന്റെ നിർവഹണത്തില്‍നിന്ന് അവിടുത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുകപോലും ചെയ്തവനാണ് അവന്‍. “ദൈവപുത്രന്റെ ആഗമനോദ്ദേശ്യംതന്നെ, പിശാചിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കുകയെന്നതായിരുന്നു.” ഫലത്തില്‍, പിശാചിന്റെ പ്രവൃത്തികളില്‍ ഏറ്റവും ഗൗരവമേറിയതു ദൈവത്തെ ധിക്കരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച വഞ്ചനാപൂർണമായ പ്രലോഭനമായിരുന്നു.
എങ്കിലും പിശാചിന്റെ ശക്തി അനന്തമല്ല. അവന്‍ ഒരു സൃഷ്ടി മാത്രമാണ്. പൂർണമായും അരൂപി എന്ന നിലയില്‍ അവന്‍ ശക്തനാണെങ്കിലും, അവന്‍ എന്നും ഒരു സൃഷ്ടിയാണ്. ദൈവരാജ്യത്തിന്റെ നിർമിതി തടയാന്‍ അവന്‍ ശക്തനല്ല. ദൈവത്തോടും യേശുക്രിസ്തുവില്‍ സാക്ഷാത്കൃതമാകുന്ന ദൈവരാജ്യത്തോടും തികഞ്ഞ വിദ്വേഷത്തോടെ പിശാച് ഈ ലോകത്തില്‍ പ്രവർത്തിച്ചേക്കാം. അവന്റെ പ്രവർത്തനം ഓരോ മനുഷ്യനും സമൂഹത്തിനും ആത്മീയവും പരോക്ഷമായി ശാരീരികമായിപ്പോലുമുള്ള ഗൗരവതരമായ ഉപദ്രവങ്ങള്‍ വരുത്തിവയ്ക്കുന്നതും ആകാം. എന്നാലും പിശാചിനെ അവന്റെ ദുഷ്പ്രവർത്തനത്തിന് അനുവദിക്കാറുണ്ട്. ശക്തിയോടും സൗമ്യതയോടുംകുടി മനുഷ്യന്റെയും ലോകത്തിന്റെയും ചരിത്രത്തെ നിയന്ത്രിച്ചുനയിക്കുന്ന ദൈവികപരിപാലന, പിശാചിനെ അവന്റെ പ്രവർത്തനത്തിന് അനുവദിക്കാറുണ്ട്. പൈശാചിക പ്രവർത്തനത്തെ ദൈവം അനുവദിക്കുന്നുവെന്നത് ഒരു വലിയ രഹസ്യമാണ്; എങ്കിലും “നമുക്കറിയാം, ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്‍മയ്ക്കായി അവിടുന്നു ക്രമീകരിക്കുന്നുവെന്ന്.
III. ഉദ്ഭവപാപം
സ്വാതന്ത്ര്യത്തിന്റെ പരീക്ഷണം
ദൈവം മനുഷ്യനെ തന്റെ ഛായയില്‍ സൃഷ്ടിച്ച്, അവനെ തന്റെ സൗഹൃദത്തില്‍ സ്ഥാപിച്ചു. ദൈവത്തോടുള്ള സ്വതന്ത്രമായ വിധേയത്വത്തിലൂടെയല്ലാതെ ഈ സ്നേഹബന്ധത്തില്‍ ജീവിക്കുവാന്‍, ആത്മീയ സൃഷ്ടിയായ മനുഷ്യനു സാധ്യമല്ല. നൻമതിന്‍മകളുടെ അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുത് എന്ന വിലക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. “ഈ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്ന ദിവസം നീ തീർച്ചയായും മരിക്കും.” “നൻമതിന്‍മകളുടെ അറിവിന്റെ വൃക്ഷം” പ്രതീകാത്മകമായി ദ്യോതിപ്പിക്കുന്നത് സൃഷ്ടി എന്നനിലയ്ക്കു മനുഷ്യനുള്ള മറികടക്കാനാവാത്ത പരിമിതികളെയാണ്. ഈ പരിമിതികളെ സ്വതന്ത്രമായി അംഗീകരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടുകുടെ ഇവയെ ആദരിക്കേണ്ടതുണ്ട്. മനുഷ്യന്‍ തന്റെ സൃഷ്ടാവിനെ ആശ്രയിക്കുന്നു. സൃഷ്ടിനിയമങ്ങള്‍ക്കും സ്വാതന്ത്ര്യവിനിയോഗത്തെ നിയന്ത്രിക്കുന്ന ധാർമികാനുശാസനങ്ങള്‍ക്കും അവന്‍ വിധേയനാണ്.
മനുഷ്യന്റെ ആദ്യപാപം
പിശാചിന്റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യന്‍ അവന്റെ സ്രഷ്ടാവിലുള്ള വിശ്വാസം അവന്റെ ഹൃദയത്തില്‍ നിർജീവമാക്കി; സ്വാതന്ത്യം ദുർവിനിയോഗിച്ചുകൊണ്ടു ദൈവകല്‍പന ലംഘിച്ചു. മനുഷ്യന്റെ ആദ്യപാപം ഇതില്‍ അടങ്ങിയിരിക്കുന്നു. തുടർന്നുള്ള എല്ലാപാപങ്ങളും ദൈവത്തോടുള്ള വിധേയത്വരാഹിത്യവും അവിടുത്തെ നന്മയിലുള്ള വിശ്വാസരാഹിത്യവുമാണ്.
ആദ്യപാപത്തില്‍ മനുഷ്യന്‍ തനിക്കുതന്നെ ദൈവത്തെക്കാള്‍ പ്രാധാന്യം നല്‍കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തു. ദൈവത്തിനെതിരായി ദൈവത്തെക്കാള്‍ ശ്രേഷ്ഠനായി അവന്‍ സ്വയം തിരഞ്ഞെടുത്തു. സൃഷ്ടിയെന്ന നിലയില്‍ തനിക്കുനിരക്കാത്തതും, തദ്വാരാ തന്റെതന്നെ നന്‍മയ്ക്കെതിരായതും, അവന്‍ ചെയ്തു. വിശുദ്ധിയുടെ അവസ്ഥയില്‍ അവരോധിക്കപ്പെട്ട മനുഷ്യന്‍, ദൈവമഹത്ത്വത്തില്‍ പൂർണമായി “ദൈവികനാക്കപ്പെടുവാന്‍” നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ പിശാചിനാല്‍ പ്രലോഭിതനായ അവന്‍ “ദൈവത്തെക്കൂടാതെ ദൈവസമക്ഷം, ദൈവഹിതത്തിനു വിരുദ്ധമായി” “ദൈവത്തെപ്പോലെയാകാന്‍” ആഗ്രഹിച്ചു.
ആദ്യത്തെ ഈ അനുസരണമില്ലായ്മയുടെ ദുരന്തഫലങ്ങളെ വിശുദ്ധലിഖിതം ചുണ്ടിക്കാണിക്കുന്നുണ്ട്. ആദത്തിനും ഹവ്വയ്ക്കും അവരുടെ ഉദ്ഭവവിശുദ്ധിയുടെ കൃപാവരം തത്ക്ഷണം നഷ്ടമാകുന്നു; ദൈവത്തെ അവർ ഭയപ്പെടുന്നു; ദൈവത്തെപ്പറ്റി വികലമായ ഒരു ധാരണ, തന്റെ പ്രത്യേകാവകാശാധികാരങ്ങളെ പ്രതി അസൂയാലുവായ ഒരു ദൈവത്തെക്കുറിച്ചുള്ള ധാരണ അവർ മനസ്സില്‍ രൂപീകരിക്കുന്നു.
ഉദ്ഭവനീതിയുടെ അവസ്ഥയില്‍ ആദിമാതാപിതാക്കന്‍മാർക്കുണ്ടായിരുന്ന സന്തുലിതാവസ്ഥ നശിപ്പിക്കപ്പെട്ടു. ആത്മാവിന്റെ ആന്തരികശക്തികള്‍ക്കു ശരീരത്തിന്റെമേലുണ്ടായിരുന്ന നിയന്ത്രണം ഭേദിക്കപ്പെട്ടു; സ്ത്രീപുരുഷബന്ധം സംഘർഷാത്മകമായി; ലൈംഗിക ദുരാശയും ആധിപത്യവും അവരുടെ ബന്ധങ്ങളില്‍ പ്രത്യക്ഷമായി. ഇതര സൃഷ്ടികളുമായുള്ള പൊരുത്തവും ശിഥിലമായി: സൃഷ്ടപ്രപഞ്ചം മനുഷ്യന് അന്യവും വിരുദ്ധവുമായി; മനുഷ്യന്‍ നിമിത്തം സൃഷ്ട്പ്രപഞ്ചം “ജീർണതയുടെ അടിമത്തത്തിന് "വിധേയമായി; അവസാനമായി, ദൈവത്തെ നിരസിക്കുന്നതിന്റെ അനിവാരൃഫലമെന്നു സ്പഷ്ടമായി അറിയിച്ചിരുന്ന ദുരന്തവും സംജാതമായി. “മനുഷ്യന്‍ മണ്ണിലേക്കുതന്നെ മടങ്ങും;" എന്തെന്നാല്‍ അതില്‍നിന്ന് എടുക്കപ്പെട്ടവനാണവന്‍. അങ്ങനെ മരണം മനുഷ്യചരിത്രത്തിലിലേക്കു പ്രവേശിക്കുന്നു.
ആ ആദ്യപാപത്തിനുശേഷം ലോകംമുഴുവന്‍ വാസ്തവത്തില്‍ ഒരു പാപത്തിന്റെ പിടിയില്‍ അമർന്നിരിക്കുന്നു: കായേന്‍ സ്വസഹോദരന്‍ ആബേലിനെ വധിക്കുന്നു; പാപത്തെത്തുടർന്നു മനുഷ്യവംശം സാർവത്രികമായ ജീർണ്ണതയ്ക്കിരയാകുന്നു. അങ്ങനെതന്നെ ഇസ്രായേലിന്റെ ചരിത്രത്തിലും പാപം തുടരെത്തുടരെ തലപൊക്കുന്നതായികാണാം. പ്രത്യേകമായി, ഉടമ്പടിചെയ്ത ദൈവത്തോടുള്ള അവിശ്വസ്തതയായും മോശയുടെ നിയമത്തിന്റെ ലംഘനമായും ഇസ്രായേലിന്റെ പാപം പ്രത്യക്ഷപ്പെടുന്നു. ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തനത്തിനുശേഷംപോലും ക്രിസ്ത്യാനികളുടെയിടയില്‍ വിവിധമാർഗങ്ങളിലൂടെ പാപം തലയുയർത്തുന്നുണ്ട്. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും മാനവചരിത്രത്തിലെ പാപത്തിന്റെ സാന്നിധ്യവും സാർവജനീനത്വവും നിരന്തരം നമ്മെ അനുസ്മരിപ്പിക്കുന്നു;
ആദത്തിന്റെ പാപത്തിന്റെ ദുഷ്ഫലങ്ങള്‍ മനുഷ്യരാശിക്ക്
സർവമനുഷ്യരും ആദത്തിന്റെ പാപത്തില്‍ ഉള്‍പ്പെടുന്നു. വി. പൗലോസ് പ്രസ്താവിക്കുന്നു; “ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകർ (അതായത്, എല്ലാ മനുഷ്യരും) പാപികളായി.” “ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു." പാപമരണങ്ങളുടെ സാർവലൗകികതയെ, ക്രിസ്തുവിലുള്ള രക്ഷയുടെ സാർവലൗകികതയുമായി അപ്പസ്തോലന്‍ തട്ടിച്ചുനോക്കുന്നു; “ഒരു മനുഷ്യന്റെ നിയമലംഘനം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ (ക്രസ്തുവിന്റെ) നീതി പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി."
വിശുദ്ധ പൗലോസിന്റെ മാതൃകയില്‍ സഭ എന്നും പഠിപ്പിച്ചിട്ടുള്ളതിപ്രകാരമാണ്: മനുഷ്യരെ ഞെരുക്കുന്ന അപാരമായ ദുരിതവും തിന്‍മയിലേക്കും മരണത്തിലേക്കുമുള്ള അവരുടെ പ്രവണതയും, ആദത്തിന്റെ പാപവുമായുള്ള അവയുടെ ബന്ധത്തിലൂടെയല്ലാതെ വിശദീകരിക്കുക സാധ്യമല്ല; നാമെല്ലാവരും പാപത്തോടുകൂടെ ജനിക്കത്തക്കവിധം ആദം നമ്മിലേക്ക് “ആത്മാവിന്റെ മരണ”മാകുന്ന പാപം പകർന്നുതന്നു. വിശ്വാസം നല്‍കുന്ന ഈ ഉറപ്പുനിമിത്തം, വ്യക്തിപരമായ പാപമൊന്നും ചെയ്തിട്ടില്ലാത്ത ശിശുക്കള്‍ക്കുപോലും പാപമോചനത്തിനായി സഭ മാമ്മോദീസ നല്‍കുന്നു.
ആദത്തിന്റെ പാപം എങ്ങനെയാണ് അവന്റെ സർവസന്തതികളുടെയും പാപമായിത്തീർന്നത്? ആദത്തില്‍ മനുഷ്യവംശം മുഴുവനും “ഒരു മനുഷ്യന്റെ ഏകശരീരം പോലെയാണ്." “മനുഷ്യവംശത്തിന്റെ ഈ ഐക്യം" മൂലം, സർവമനുഷ്യരും ആദത്തിന്റെ പാപത്തില്‍ പങ്കുകാരായി, സർവരും ക്രിസ്തുവിന്റെ നീതിയില്‍ പങ്കുകാരായതുപോലെ. എന്നിരുന്നാലും, ഉദ്ഭവപാപത്തിന്റെ സംക്രമണം നമുക്കു പൂർണമായി ഗ്രഹിക്കാനാകാത്ത ഒരു രഹസ്യമാണ്. എങ്കിലും ആദം ഉദ്ഭവവിശുദ്ധിയും നീതിയും സ്വീകരിച്ചത് തനിക്കുവേണ്ടി മാത്രമായിരുന്നില്ല, പ്രത്യുത, മനുഷ്യപ്രകൃതിക്കുമുഴുവന്‍വേണ്ടി ആയിരുന്നുവെന്നു വെളിപാടിലൂടെ നാം അറിയുന്നു. പ്രലോഭകനു വഴങ്ങിക്കൊടുക്കുക നിമിത്തം ആദവും ഹവ്വയും വ്യക്തിപരമായ ഒരു പാപം ചെയ്തു; ഈ പാപം മനുഷ്യപ്രകൃതിയെ ബാധിച്ചു; ഈ പ്രകൃതിയെയാണ്, ആദിമാതാപിതാക്കന്‍മാർ തങ്ങളുടെ നിപതിച്ച അവസ്ഥയില്‍ പിന്‍ തലമുറകളിേലക്കു സംക്രമിപ്പിക്കേണ്ടിയിരുന്നത്. പ്രജനനത്തിലൂടെ, അതായത്, ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ട മനുഷ്യപ്രകൃതിയുടെ സംപ്രദാനത്തിലൂടെയാണ് ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിക്കുന്നത്. തന്‍മൂലം സാധർമികാർഥത്തില്‍ മാത്രമാണ് ഉദ്ഭവപാപത്തെ “പാപം” എന്നു നാം വിളിക്കുന്നത്: “പ്രവർത്തിച്ച” പാപമല്ലിത്; പ്രത്യുത “പകർന്നുകിട്ടിയ"പാപമാണ്; ഇതൊരു അവസ്ഥാവിശേഷമാണ്, പ്രവൃത്തിയല്ല.
ഉദ്ഭവപാപം ഓരോ വ്യക്തിക്കുമുള്ളതാണെങ്കിലും ആദത്തിന്റെ പിൻഗാമികളിലാരിലും അതിന്, വ്യക്തിപരമായ ഒരു തെറ്റിന്റെ സ്വഭാവം ഇല്ല. ഉദ്ഭവ വിശുദ്ധിയുടെയും നീതിയുടെയും അഭാവമാണു ഉദ്ഭവപാപം. എന്നാലും, മനുഷ്യപ്രകൃതി പൂര്‍ണമായി പങ്കിലമായിട്ടില്ല. മനുഷ്യപ്രകൃതിക്കു സഹജമായ കഴിവുകളെയെല്ലാം അതു ക്ഷതപ്പെടുത്തി; അങ്ങനെ മനുഷ്യൻ അജ്ഞതയ്ക്കും വേദനക്കും മരണത്തിന്റെ ആധിപത്യത്തിനും അധീനനായി. പാപത്തിലേക്കുള്ള പ്രവണത-(“പാപാസക്തി” എന്നുവിളിക്കപ്പെടുന്ന) തിൻമയിലേക്കുള്ള ഈ പ്രവണത അവനില്‍ രൂഢമൂലമായി. എന്നാൽ മാമ്മോദീസാ ക്രിസ്തുവിന്റെ കൃപാവരത്തിന്റെ ജീവൻ പ്രദാനം ചെയ്തുകൊണ്ടു മനുഷ്യനിലെ ഉദ്ഭവപാപം നീക്കിക്കളയുകയും, അവനെ തിരികെ ദൈവത്തിങ്കലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. എങ്കിലും, ദുര്‍ബലമാക്കപ്പെട്ടതും തിന്‍മയിലേക്കു ചാഞ്ഞിരിക്കുന്നതുമായ മനുഷ്യപ്രകൃതിക്ക് ഏറ്റ ക്ഷതത്തിന്റെ അനന്തരഫലങ്ങള്‍ മനുഷ്യനില്‍ നിലനില്‍ക്കുകയും, ആധ്യാത്മിക സമരത്തിനായി അവ അവനെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
വിഷമമേറിയ സമരം
ഉദ്ഭവപാപത്തെക്കുറിച്ചുള്ള പ്രബോധനം- ഇത് ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തനത്തെ സംബന്ധിച്ച പ്രബോധനത്തോടു ബന്ധപ്പെട്ടതാണ് - ലോകത്തില്‍ മനുഷ്യന്റെ അവസ്ഥയെയും പ്രവര്‍ത്തനത്തെയുംകുറിച്ചു വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു. മനുഷ്യൻ സ്വതന്ത്രനായിത്തന്നെ നിലനില്ക്കുന്നുവെങ്കിലും ആദിമാതാപിതാക്കന്‍മാരുടെ പാപത്തോടെ പിശാചു മനുഷ്യന്റെമേല്‍ ഒരുതരം ആധിപത്യംനേടി. “മരണസാമ്രാജ്യത്തിന്റെ ഉടമയായ, പിശാചിന്റെ അധികാരത്തിന്‍ കീഴുള്ള അടിമത്തം" ഉദ്ഭവപാപത്തിലൂടെ സംജാതമാകുന്നു. തിന്‍മയിലേക്കു ചായ്‌വുള്ള വ്രണിതമായ ഒരു പ്രകൃതിയുടെ ഉടമയാണു മനുഷ്യനെന്ന വസ്തുത അവഗണിക്കുന്നത്, വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ധാര്‍മികതയുടെയും മണ്‍ഡലങ്ങളിൽ ഗൗരവമേറിയ അബദ്ധങ്ങള്‍ക്കു കാരണമാകുന്നു.
ഉദ്ഭവപാപത്തിന്റെ അനന്തരഫലങ്ങളും സര്‍വമനുഷ്യരുടെയും വ്യക്തിപരമായ പാപങ്ങളും ചേര്‍ന്ന് ലോകത്തിനുമുഴുവന്‍ പാപാവസ്ഥ വരുത്തിയിരിക്കുന്നു: ഈ പാപാവസ്ഥയെ “ലോകത്തിന്റെ പാപം” എന്നു വിശുദ്ധ യോഹന്നാന്‍ വളരെ അര്‍ഥവത്തായി വിശേഷിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ പാപങ്ങളുമായി സാമൂദായിക സ്ഥിതികളും സാമൂഹികഘടനകളും വ്യക്തികളില്‍ ചെലുത്തുന്ന നിഷേധാത്മക സ്വാധീനത്തിനും 'ലോകത്തിന്റെ പാപം' എന്ന ഈ പേരു ചേരുന്നതാണ്.
“മുഴുവനായും ദുഷ്ടന്റെ പിടിയിൽ അമര്‍ന്നിരിക്കുന്ന ലോകത്തിന്റെ" ഈ ദുരവസ്ഥ മനുഷ്യജീവിതത്തെ ഒരു സമരമാക്കിമാറ്റുന്നു:
IV. “മരണത്തിന്റെ ശക്തിക്കു നീ അവനെ വിട്ട്കൊടുത്തില്ല.”
മനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. മറിച്ച്, ദൈവം അവനെ വിളിക്കുകയും, തിന്‍മയുടെമേല്‍ നന്‍മയ്ക്കു ലഭിക്കുവാനിരിക്കുന്ന വിജയവും വീഴ്ചയില്‍നിന്നുള്ള പുനരുദ്ധാരണവും നിഗൂഢമായി അറിയിക്കുകയുമുണ്ടായി. ഉത്പത്തിപ്പുസ്തകത്തിലെ ഈ വിവരണഭാഗത്തെ “ആദിമ സുവിശേഷം” (Protoevangelium) എന്നാണു വിളിക്കുന്നത്. മിശിഹായും രക്ഷകനുമായവന്റെ ആഗമനം, സർപ്പവും സ്ത്രീയും തമ്മിലുള്ള യുദ്ധം, സ്ത്രീയുടെ ഒരു സന്തതി കൈവരിക്കാനിരിക്കുന്ന അന്തിമവിജയം ഇവയാണ് അതിന്റെ ഉള്ളടക്കം.
ഈ വിശുദ്ധഥഗ്രന്ഥ വിവരണത്തില്‍ “പുതിയ ആദത്തെ"ക്കുറിച്ചുള്ള ഒരു സന്ദേശമാണു ക്രൈസ്തവപാരമ്പര്യം കാണുന്നത്. “കുരിശുമരണം വരെയുള്ള” അനുസരണത്തിലൂടെ, ആദത്തിന്റെ അനുസരണക്കേടിന് അത്യധികമായി പരിഹാരം ചെയ്യുന്നവനാണ് ഈ പുതിയ ആദം. കൂടാതെ, അനേകം സഭാപിതാക്കന്‍മാരും സഭാപണ്‍ഡിതരും “ആദിമസുവിശേഷത്തിലെ” സ്ത്രീയിൽ, പുതിയ ഹവ്വയായ “മറിയത്തെ, ക്രിസ്തുവിന്റെ മാതാവിനെ, കാണുന്നു. പാപത്തിന്‍മേലുള്ള ക്രിസ്തുവിന്റെ വിജയത്തിന്റെ ഫലം ആരെക്കാളുമാദ്യമായും, സവിശേഷമായും അനുഭവിച്ചത് മറിയമാണ്. ഉദ്ഭവപാപത്തിന്റെ എല്ലാ കറകളില്‍നിന്നും അവള്‍ സംരക്ഷിക്കപ്പെട്ടു; ദൈവത്തിന്റെ പ്രത്യേകമായ കൃപയാല്‍ തന്റെ ഭൗതികജീവിതകാലത്തു യാതൊരുപാപവും ചെയ്യാതിരിക്കാനും അവള്‍ക്കു സാധിച്ചു.
എന്നാല്‍ എന്തുകൊണ്ടാണ് ആദിമമനുഷ്യനെ പാപം ചെയ്യുന്നതിൽനിന്നു ദൈവം തടയാതിരുന്നത്? മഹാനായ വി. ലെയോ മറുപടി പറയുന്നു; “പിശാചിന്റെ അസൂയ നമുക്കു നഷ്ടമാക്കിയതിനെക്കാള്‍ വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ക്രിസ്തുവിന്റെ അവാച്യമായ കൃപ നമുക്കു നേടിത്തന്നിരിക്കുന്നു." വിശുദ്ധതോമസ് അക്വീനാസ് എഴുതി: “ആദിമപാപത്തിനുശേഷവും മഹത്തരമായ ഔന്നത്യത്തിലേക്കു മനുഷ്യപ്രകൃതി ഉയര്‍ത്തപ്പെടുന്നതിനു തടസ്സമൊന്നുമില്ല; തിന്‍മ സംഭിവിക്കാൻ ദൈവം അനുവദിക്കുന്നത് അതില്‍നിന്നു മഹത്തരമായ നന്‍മ പുറപ്പെടുത്തുന്നതിനുവേണ്ടിയാണ്. വി. പൗലോസ് ഇങ്ങനെ പറയുന്നു; “പാപം വർധിച്ചിടത്തു ദൈവകൃപ അതിലുമുപരിയായി വർധിച്ചു;” റോമന്‍ ആരാധനക്രമത്തിലെ “ആഹ്ളാദഗീതത്തില്‍' (‘Exultet’) നാം ഇങ്ങനെ ആലപിക്കുന്നു; “ഭാഗ്യകാരണമായ അപരാധമേ... ഇത്ര മഹാനായ ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നേടിത്തന്നല്ലോ!”
സംഗ്രഹം
“ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ നാശത്തില്‍ അവിടുന്നു ആഹ്ളാദിക്കുന്നുമില്ല. പിശാചിന്റെ അസൂയ നിമിത്തമാണു മരണം ഭൂമുഖത്തു പ്രവേശിച്ചത് "(ജ്ഞാനം 1:-13, 2 :- 24)
സാത്താന്‍ അഥവാ പിശാച്, മറ്റു ദുർഭുതങ്ങള്‍ എന്നിവർ പാപംമൂലം അധ:പതിച്ച ദൈവദൂതന്‍മാരാണ്; ദൈവത്തെയും അവിടുത്തെ പദ്ധതിയെയും ധിക്കരിക്കുവാന്‍ അവർ സ്വതന്ത്രമായി തീരുമാനിച്ചു. ദൈവത്തിനെതിരേയുള്ള അവരുടെ തീരുമാനം അന്തിമമാണ്. ദൈവത്തിനെതിരായുള്ള തങ്ങളുടെ സമരത്തില്‍ മനുഷ്യരെ ഉള്‍പ്പെടുത്താന്‍ പിശാചുക്കള്‍ പരിശ്രമിക്കുന്നു.
“മനുഷ്യന്‍ നീതിയിലാണു ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ദുഷ്ടാരൂപിയുടെ പ്രലോഭനത്തിന് അടിമപ്പെട്ട്, ദൈവത്തിനെതിരായി സ്വരമുയർത്തിയും; ദൈവത്തെക്കൂടാതെ തന്റെ പരമലക്ഷ്യം നോടാന്‍ അത്യാഗ്രഹിച്ചും ചരിത്രാരംഭത്തില്‍തന്നെ അവന്‍ തന്റെ സ്വാതന്ത്യം ദുരുപയോഗിച്ചു.” (GS 13 § 1).
ആദ്യമനുഷ്യനെന്നനിലയില്‍ ആദം സ്വന്തം പാപംമൂലം ദൈവദത്തമായ ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടമാക്കി; തനിക്കുമാത്രമല്ല; എല്ലാ മനുഷ്യർക്കും നഷ്ടമാക്കി.
തങ്ങളുടെ ആദ്യപാപംമൂലം വ്രണിതവും തന്‍മൂലം ഉദ്ഭവവിശുദ്ധിയും നീതിയും നഷ്ടപ്പെട്ടതുമായ ഒരു മനുഷ്യപ്രകൃതിയെയാണ് ആദവും ഹവ്വായും തങ്ങളുടെ പിന്‍ഗാമികള്‍ക്കു പകർന്നുകൊടുത്തത്. ഈ നഷ്ടാവസ്ഥയെയാണ് “ഉദ്ഭവപാപം" എന്നുവിളിക്കുന്നത്.
ഉദ്ഭവപാപഫലമായി മനുഷ്യപ്രകൃതിയുടെ കഴിവുകള്‍ ദുർബലങ്ങളായി; അജ്ഞത, വേദന, മരണത്തിന്റെ ആധിപത്യം മുതലായവയ്ക്കു മനുഷ്യപ്രകൃതി വിധേയമാവുകയും പാപപ്രവണത രൂഢമൂലമാവുകയും ചെയ്തു. (ഈ പാപപ്രവണതയെയാണു “പാപാസക്തി"എന്നുവിളിക്കുന്നത്)
“ത്രെന്തോസു സൂനഹദോസിനോടൊപ്പം നാം വിശ്വസിക്കുന്നതിതാണ്: മനുഷ്യപ്രകൃതിയ്ക്കൊപ്പം ഉദ്ഭവപാപം ഓരോ മനുഷ്യനിലേക്കും സംക്രമിക്കുന്നത് പ്രജനനത്തിലൂടെയാണ്, അനുകരണത്തിലൂടെയല്ല, ഉദ്ഭവപാപം ഓരോ മനുഷ്യനും വ്യക്തിപരമായിട്ടുള്ളതാണ് ” (Paul VI, CPG § 16).
പാപം നമ്മില്‍നിന്ന് അപഹരിച്ചതിനെക്കാള്‍ വളരെക്കൂടുതല്‍ അനുഗ്രഹങ്ങളാണ്, പാപത്തിന്‍മേല്‍ ക്രിസ്തുവരിച്ചവിജയം നമുക്കു നേടിത്തന്നിരിക്കുന്നത്: “പാപംവർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി” (റോമാ 5:20).
ക്രൈസ്തവരുടെ വിശ്വാസമിതാണ് : സ്രഷ്ടാവിന്റെ സ്നേഹംമൂലം ലോകം സ്ഥാപിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നു; ലോകം പാപത്തിന്റെ ദാസ്യത്തില്‍ നിപതിച്ചെങ്കിലും ദുഷ്ടന്റെ ശക്തിയെ തകർക്കാനായി ക്രൂശിക്കപ്പെടുകയും ഉയിർക്കുകയും ചെയ്ത ക്രിസ്തു അതിനെ സ്വതന്ത്രമാക്കി (GS 2 § 2).
പതനം പാപംവർധിച്ചിടത്തു കൃപാവരം അതിസമൃദ്ധമായി പാപമെന്ന യാഥാർഥ്യം ഉദ്ഭവപാപം- കാതലായ ഒരു വിശ്വാസസത്യം പതനവിവരണം മനസ്സിലാക്കേണ്ടവിധം മാലാഖമാരുടെ പതനം ഉദ്ഭവപാപം സ്വാതന്ത്ര്യത്തിന്റെ പരീക്ഷണം മനുഷ്യന്റെ ആദ്യപാപം ആദത്തിന്റെ പാപത്തിന്റെ ദുഷ്ഫലങ്ങൾ മനുഷ്യരാശിക്ക് എന്തുകൊണ്ടാണ് ആദിമമനുഷ്യനെ പാപം ചെയ്യുന്നതിൽനിന്നു ദൈവം തടയാതിരുന്നത്? “മരണത്തിന്റെ ശക്തിക്കു നീ അവനെ വിട്ട്കൊടുത്തില്ല.” Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



