We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 10-Jun-2022
പെസഹാരഹസ്യത്തിന്‍റെ കൗദാശികാഘോഷം
ആരാധനാസംബന്ധമായ മതബോധനം ഒന്നാമതായി കൗദാശിക പദ്ധതിയെന്തെന്നു മനസ്സിലാക്കുന്നതാണ് (അധ്യായം ഒന്ന്). ഈ വെളിച്ചത്തില്‍ അതിന്റെ ആഘോഷത്തിന്‍റെ നൂതനത്വം വെളിവാക്കപ്പെടുന്നു. അതുകൊണ്ട്, ഈ അധ്യായം സഭയുടെ കുദാശകളുടെ ആഘോഷത്തെ സംബന്ധിച്ചു പ്രതിപാദിക്കും. ആരാധന ക്രമപാരമ്പര്യങ്ങളുടെ വൈവിധ്യത്തില്‍ത്തന്നെ ഏഴുകൂദാശകളുടെ ആഘോഷത്തില്‍ പൊതുവായിട്ടുള്ളവ ഇവിടെ പ്രതിപാദിക്കും. ഓരോന്നിനും സ്വന്തമായിട്ടുള്ളതു പിന്നീടു പ്രതിപാദിക്കുന്നതാണ്. കൗദാശികാഘോഷങ്ങളെ സംബന്ധിച്ച അടിസ്ഥാനപരമായ ഈ പ്രബോധനം ഈ വിഷയത്തെക്കുറിച്ചു വിശ്വാസികള്‍ ചോദിക്കുന്ന പ്രാഥമിക ചോദ്യങ്ങള്‍ക്കു മറുപടിയാണ്:
- ആരാണ് ആഘോഷിക്കുന്നത്? -
- എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത്?
- എപ്പോഴാണ് ആഘോഷിക്കപ്പെടുന്നത്?
- എവിടെയാണ് ആഘോഷിക്കപ്പെടുന്നത്?
വകുപ്പ് 1
സഭയുടെ ആരാധനാഘോഷം
I. ആര് ആഘോഷിക്കുന്നു?
ആരാധന സമ്പൂർണ്ണ ക്രിസ്തുവിന്‍റെ പ്രവൃത്തിയാണ്. അടയാളങ്ങള്‍ കൂടാതെ ഇപ്പോള്‍ അത് ആഘോഷിക്കുന്നവര്‍ സ്വര്‍ഗീയാരാധനയിലാണ്; അവിടെ ആഘോഷം പൂര്‍ണമായും സംസര്‍ഗവും ഉത്സവവുമാണ്.
സ്വര്‍ഗീയാരാധന ആഘോഷിക്കുന്നവര്‍
വി.യോഹന്നാന്‍ എഴുതിയതും സഭയുടെ ആരാധക്രമത്തിൽ വായിക്കപ്പെടുന്നതുമായ വെളിപാടു പുസ്തകം നമുക്ക് ആദ്യം വെളിപ്പെടുത്തുന്നു; “സ്വര്‍ഗത്തില്‍ ഒരു സിംഹാസനം, സിംഹാസനത്തില്‍ ഇരിക്കുന്നവന്‍”: “കര്‍ത്താവായ ദൈവം". എന്നിട്ട് അതു കാണിക്കുന്നു: “വധിക്കപ്പെട്ടതുപോലെ നില്‍ക്കുന്ന” കുഞ്ഞാട്, ക്രൂശിക്കപ്പെടുകയും ഉത്ഥിതനാവുകയും ചെയ്ത ക്രിസ്തു, യഥാര്‍ഥ വിശുദ്ധസ്ഥലത്തെ ഏക പ്രധാന പുരോഹിതന്‍, “സമര്‍പ്പിക്കുകയും സമര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന, നല്‍കുകയും നല്‍കപ്പെടുകയും ചെയ്യുന്ന" ഒരേ വൃക്തി. അവസാനമായി, “ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്ന് ഒഴുകുന്ന... ജീവജലത്തിന്‍റെ നദി", പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഏററവും മനോഹരമായ പ്രതീകങ്ങളില്‍ ഒന്ന്.
“ക്രിസ്തുവില്‍ സമാഹരിക്കപ്പെട്ട” ദൈവസ്തുതിയുടെയും അവിടുത്തെ പദ്ധതിയുടെ നിറവേററലിന്‍റെയും ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ ഇവരാണ്: സ്വര്‍ഗീയശക്തികള്‍, സൃഷ്ടിമുഴുവനും (നാലു ജീവികള്‍), പഴയതും പുതിയതുമായ ഉടമ്പടികളുടെ സേവകര്‍ (ഇരുപത്തിനാലു മൂപ്പന്‍മാര്‍), ദൈവത്തിന്‍റെ പുതിയജനം (നൂററിനാല്‍പത്തിനാലായിരം) പ്രത്യേകിച്ച് വചനത്തെ പ്രതി വധിക്കപ്പെട്ട" രക്തസാക്ഷികള്‍, സര്‍വപരിശുദ്ധയായ ദൈവമാതാവ് (സ്ത്രീ,കുഞ്ഞാടിന്‍റെ മണവാട്ടി) അവസാനമായി “ഓരോ ദേശത്തുനിന്നും എല്ലാ ഗോത്രങ്ങളില്‍നിന്നും ജനതകളില്‍നിന്നും ഭാഷകളില്‍നിന്നുമുള്ള, ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വലിയൊരു ജനക്കൂട്ടം."
കൂദാശകളില്‍ രക്ഷയുടെ രഹസ്യം നമ്മള്‍ ആഘോഷിക്കുമ്പോളെല്ലാം ഈ സനാതനാരാധനയില്‍ പങ്കുചേരാനാണു പരിശുദ്ധാത്മാവും സഭയും നമ്മെ പ്രാപ്തരാക്കുന്നത്.
കൗദാശികാരാധന ആഘോഷിക്കുന്നവര്‍
സമൂഹം മുഴുവനുമാണ്, ശിരസ്സുമായി ഐക്യപ്പെട്ട ക്രിസ്തുശരീരമാണ്, ആഘോഷിക്കുന്നത്. “ആരാധനാകര്‍മങ്ങള്‍ സ്വകാര്യകര്‍മങ്ങളല്ല. മറിച്ച്, ഐക്യത്തിന്‍റെ കൂദാശയായ' സഭയുടെ, അതായത് മെത്രാന്മാരുടെ അധികാരത്തിന്‍ കീഴില്‍ ഒന്നിപ്പിക്കപ്പെടുകയും ക്രമീകരിക്കപ്പെടുകയും ചെയ്ത വിശുദ്ധജനത്തിന്‍റെ ആഘോഷങ്ങളാണ്. അതുകൊണ്ട്, അവ സഭാശരീരം മുഴുവന്‍റതുമാണ്. അതിനെ അവ വെളിപ്പെടുത്തുന്നു; അതില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. എന്നാല്‍ അവ ഓരോ അംഗത്തെയും അവരവരുടെ സ്ഥാനക്രമം, ശുശ്രൂഷാധര്‍മം, അവയിലുള്ള യഥാര്‍ഥ ഭാഗഭാഗിത്വം എന്നിവയനുസരിച്ചു വിവിധ രീതികളില്‍ സ്പര്‍ശിക്കുന്നു." ഇക്കാരണത്താല്‍, “ആരാധനയ്ക്കായി സന്നിഹിതരാവുകയും സജീവമായ രീതിയില്‍ പങ്കുചേരുകയും ചെയ്യുന്ന വിശ്വാസികളോടൊപ്പം പൊതുവായി ആഘോഷിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള കര്‍മാനുഷ്ഠാനങ്ങള്‍ വ്യക്തിപരവും ഏറെക്കുറെ സ്വകാര്യവുമായി ആഘോഷിക്കാതെ, ആവുന്നത്ര പൊതുവായിത്തന്നെ ആഘോഷിക്കണം.”
ആരാധനാഘോഷം നടത്തുന്ന സമൂഹം മാമ്മോദീസ സ്വീകരിച്ചവരുടെ സമൂഹമാണ്. അവര്‍ “...ആധ്യാത്മികബലികള്‍ അര്‍പ്പിക്കുന്നതിനുവേണ്ടി, പുനര്‍ജനനവും, പരിശുദ്ധാത്മാവിന്‍റെ അഭിഷേകവും വഴി ഒരാധ്യാത്മികഭവനവും വിശുദ്ധപൗരോഹിത്യവുമായി പ്രതിഷ്ഠിക്കപ്പെട്ടവരാണ്''. “ഈ പൊതുപൗരോഹിത്യം” ഏകപുരോഹിതനായ ക്രിസ്തുവിന്‍റെതാണ്. അതില്‍ അവിടുത്തെ എല്ലാ അംഗങ്ങളും പങ്കു ചേരുന്നു:
എന്നാല്‍, “എല്ലാ അംഗങ്ങള്‍ക്കും ഒരേ ധര്‍മമല്ല ഉള്ളത്." ചില അംഗങ്ങള്‍ സഭയിലും സഭയിലൂടെയും സമൂഹത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക ശുശ്രൂഷയ്ക്കു ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ ശുശ്രൂഷകര്‍ തിരഞ്ഞെടുക്കപ്പെട്ടവരും തിരുപ്പട്ട കൂദാശയാൽ പ്രതിഷ്ഠിക്കപ്പെട്ടവരുമാണ്. ആ കൂദാശയാല്‍, ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍, സഭയുടെ എല്ലാ അംഗങ്ങളുടെയും സേവനത്തിനുവേണ്ടി, പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാത്മാവ് അവരെ പ്രാപ്തരാക്കുന്നു." വൈദികപട്ടം സ്വീകരിച്ച ശുശ്രൂഷകന്‍, പുരോഹിതനായ ക്രിസ്തുവിന്‍റെ ഒരു “പ്രതീകചിത്രം" പോലെയാണ്. അതിനാല്‍ സഭയുടെ കൂദാശപൂര്‍ണമായി ദൃശ്യമാക്കപ്പെടുന്നതു കൂര്‍ബാനയിലാണ്; മെത്രാന്റെ ശുശ്രൂഷ ഏററവും പ്രകടമാകുന്നതു കുര്‍ബാനയിലുള്ള അദ്ദേഹത്തിന്‍റെ ആധ്യക്ഷ്യം വഹിക്കലിലാണ്. അതുപോലെതന്നെ, അദ്ദേഹവുമായുള്ള സംസർഗത്തിലാണു വൈദികരുടെയും ഡീക്കന്‍മാരുടെയും ശുശ്രൂഷ ഏററവും പ്രകടമാകുന്നത്.
വിശ്വാസികളുടെ പൊതുപൗരോഹിത്യധര്‍മത്തില്‍ സഹായിക്കുന്നതിനുവേണ്ടി തിരുപ്പട്ട കൂദാശയാല്‍ പ്രതിഷ്ഠിതമല്ലാത്ത മററു പ്രത്യേക ശുശ്രൂഷകളും ഉണ്ട്. ആരാധനാപാരമ്പര്യങ്ങളും അജപാലനപരമായ ആവശ്യങ്ങളുമനുസരിച്ചു മെത്രാന്മാർ അവയുടെ ധര്‍മങ്ങള്‍ നിശ്ചയിക്കുന്നു. “സഹായികള്‍, വായനക്കാര്‍, വ്യാഖ്യാതാക്കള്‍, ഗായകസംഘത്തിലെ അംഗങ്ങള്‍ എന്നിവരും യഥാര്‍ഥമായ ആരാധനധര്‍മം നിര്‍വഹിക്കുന്നു."
അങ്ങനെ കൂദാശകളുടെ ആഘോഷത്തില്‍ സമൂഹം മുഴുവനുമാണ് ശുശ്രൂഷകന്‍. ഓരോരുത്തനും തന്‍റെ ധര്‍മമനുസരിച്ച്, എന്നാല്‍ എല്ലാവരിലും പ്രവര്‍ത്തിക്കുന്ന “ആത്മാവിന്‍റെ ഐക്യത്തില്‍”, ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. “ആരാധനാഘോഷങ്ങളില്‍ ഒരു ധര്‍മം നിര്‍വഹിക്കാനുള്ള ഓരോ വ്യക്തിയും - ശുശ്രൂഷകനായാലും അല്‍മായനായാലും - ആരാധനക്രമത്തിന്‍റെ സ്വഭാവവും വിധികളുമനുസരിച്ച്, തന്‍റെ ധര്‍മം മാത്രം മുഴുവനായി നിര്‍വഹിക്കണം.”
II. എങ്ങനെ ആഘോഷിക്കപ്പെടുന്നു?
അടയാളങ്ങളും പ്രതീകങ്ങളും
കൗദാശികമായ ആഘോഷം അടയാളങ്ങള്‍കൊണ്ടും പ്രതീകങ്ങള്‍കൊണ്ടും നെയ്യപ്പെട്ടതാണ്. രക്ഷയുടെ ദൈവികമായ ബോധനശാസ്ത്രമനുസരിച്ച്, അവയുടെ അര്‍ഥം സൃഷ്ടികര്‍മത്തിലും മാനവസംസ്‌കാരത്തിലും വേരുറച്ചതാണ്; പഴയ ഉടമ്പടിയിലെ സംഭവങ്ങളില്‍ നിര്‍ദിഷ്ടവും ക്രിസ്തു എന്ന വ്യക്തിയിലും അവിടുത്തെ പ്രവൃത്തിയിലും പൂര്‍ണമായി വെളിവാക്കപ്പെട്ടതുമാണ്.
മനുഷ്യ ലോകത്തിലെ അടയാളങ്ങള്‍. മനുഷ്യജീവിതത്തില്‍ അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും സുപ്രധാന സ്ഥാനമുണ്ട്. ഒരേസമയത്തു ശരീരവും അരൂപിയുമായിട്ടുള്ള മനുഷ്യന്‍, ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ ഭൗതികാടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പ്രകാശിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. സാമൂഹികജീവി എന്ന നിലയില്‍ ഭാഷ, ആംഗ്യങ്ങള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ മററുള്ളവരുമായി ആശയവിനിമയം ചെയ്യാന്‍ മനുഷ്യന് അടയാളങ്ങളും പ്രതീകങ്ങളും ആവശ്യമാണ്. ദൈവവുമായിട്ടുള്ള ബന്ധത്തിലും ഇതു ശരിയാണ്.
ദൈവം മനുഷ്യനോടു ദൃശ്യമായ സൃഷ്ടലോകംവഴി സംസാരിക്കുന്ന ഭൗതിക പ്രപഞ്ചത്തില്‍ അതിന്‍റെ സ്രഷ്ടാവിന്‍റെ അടയാളങ്ങള്‍ വായിക്കാന്‍ കഴിയത്തക്കവിധമാണ് അതിനെ മനുഷ്യന്‍റെ ബുദ്ധിക്കുമുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശവും അന്ധകാരവും, വായുവും അഗ്നിയും, ജലവും, മണ്ണും, മരവും ഫലവും, ദൈവത്തെപ്പററി സംസാരിക്കുന്നു; അവിടുത്തെ മഹത്ത്വവും സാമീപ്യവും സൂചിപ്പിക്കുകയും ചെയ്യുന്നു.
ഈ ദൃശ്യയാഥാര്‍ഥ്യങ്ങള്‍ക്ക്, അവ സൃഷ്ടികളായിരിക്കുന്നിടത്തോളം മനുഷ്യനെ വിശുദ്ധീകരിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയെയും ദൈവത്തിന് ആരാധന സമര്‍പ്പിക്കുന്ന മനുഷ്യരുടെ പ്രവൃത്തിയെയും പ്രകാശിപ്പിക്കാനുള്ള വേദികളാകാന്‍ കഴിയുന്നു. മനുഷ്യന്‍റെ സാമൂഹികജീവിതത്തിലെ അടയാളങ്ങളെയും പ്രതീകങ്ങളെയും സംബന്ധിച്ചും ഇതു ശരിയാണ്: കഴുകലും പൂശലും, അപ്പം മുറിക്കലും പാനപാത്രം പങ്കുവയ്ക്കലും എന്നിവയ്ക്ക്, ദൈവത്തിന്‍റെ വിശുദ്ധീകരണ സാന്നിധ്യത്തെയും മനുഷ്യനു തന്‍റെ സൃഷ്ടാവിനോടുള്ള കൃതജ്ഞതയെയും പ്രകാശിപ്പിക്കാന്‍ കഴിയും.
മതപരമായ അനുഷ്ഠാനങ്ങളുടെ പ്രാപഞ്ചികവും പ്രതീകാത്മകവുമായ ഈ അര്‍ഥത്തിന് മനുഷ്യവംശത്തിന്‍റെ ചില മതങ്ങള്‍, പലപ്പോഴും ആകര്‍ഷകമായവിധത്തില്‍, സാക്ഷ്യം വഹിക്കുന്നുണ്ട്. സഭയുടെ ആരാധന സൃഷ്ടിയില്‍നിന്നും മനുഷ്യസംസ്‌കാരത്തില്‍നിന്നുമുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളുകയും അവയെ ഉദ്ഗ്രഥിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. അവയ്ക്കു കൃപാവരത്തിന്‍റെ അടയാളങ്ങളുടെയും യേശുക്രിസ്തുവിലുള്ള നവീനസൃഷ്ടിയുടെയും മാഹാത്മ്യം നല്‍കിക്കൊണ്ട് അപ്രകാരം ചെയ്യുന്നു.
ഉടമ്പടിയുടെ അടയാളങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട ജനം, അതിന്‍റെ ആരാധനാ ജീവിതത്തെ വ്യതിരിക്തമാക്കുന്ന അടയാളങ്ങളും പ്രതീകങ്ങളും ദൈവത്തില്‍നിന്നു സ്വീകരിച്ചു. അവ ഇനിമേല്‍, പ്രാപഞ്ചിക സംഭവചക്രങ്ങളുടെയും സാമൂഹികാചാരങ്ങളുടെയും ആഘോഷങ്ങള്‍ മാത്രമല്ല, പിന്നെയോ തന്‍റെ ജനത്തിനുവേണ്ടി ദൈവം നിര്‍വഹിച്ച മഹത്കാര്യങ്ങളുടെ പ്രതീകങ്ങളായ ഉടമ്പടിയുടെ അടയാളങ്ങളാണ്. പഴയനിയമത്തില്‍നിന്നുള്ള ആരാധനാപരമായ ഈ അടയാളങ്ങളില്‍പ്പെടുവയാണു ഛേദനാചാരം, രാജാക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും തൈലാഭിഷേകവും സമര്‍പ്പണവും, കൈവയ്പ്, ബലികള്‍, സര്‍വോപരി പെസഹാ. ഈ അടയാളങ്ങളില്‍ സഭ പുതിയ ഉടമ്പടിയുടെ കൂദാശകളുടെ പ്രതിരൂപങ്ങള്‍ ദര്‍ശിക്കുന്നു.
ക്രിസ്തുവിനാല്‍ സ്വീകരിക്കപ്പെട്ട അടയാളങ്ങള്‍. കര്‍ത്താവായ യേശു തന്‍റെ പ്രസംഗത്തില്‍, ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങളെ അറിയിക്കുവാന്‍ പലപ്പോഴും സൃഷ്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കുന്നു." അവിടുന്നു ഭൗതികമായ അടയാളങ്ങള്‍ അല്ലെങ്കില്‍ പ്രതീകാത്മകമായ പ്രവൃത്തികള്‍കൊണ്ടു രോഗശാന്തികള്‍ നല്‍കുകയും തന്‍റെ പ്രഘോഷണത്തെ വിശദീകരിക്കുകയും ചെയുന്നു. പഴയ ഉടമ്പടിയിലെ സംഭവങ്ങള്‍ക്കും അടയാളങ്ങള്‍ക്കും - സര്‍വോപരി പുറപ്പാടിനും പെസഹായ്ക്കും - അവിടുന്നു പുതിയ അര്‍ഥം കൊടുക്കുന്നു. എന്തെന്നാല്‍, അവിടുന്നുതന്നെയാണ് ഈ അടയാളങ്ങളുടെയെല്ലാം അര്‍ഥം.
കൗദാശികാടയാളങ്ങള്‍. പന്തക്കുസ്തായ്ക്കുശേഷം തന്‍റെ സഭയുടെ കൗദാശികാടയാളങ്ങളിലൂടെയാണു പരിശുദ്ധാത്മാവു വിശുദ്ധീകരണകര്‍മം നിര്‍വഹിച്ചുപോരുന്നത്. പ്രപഞ്ചത്തിന്‍റെയും സാമൂഹികജീവിതത്തിന്‍റെയും അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും സകലസമ്പത്തും സഭയുടെ കൂദാശകള്‍ ഇല്ലായ്മ ചെയ്യുന്നില്ല, പിന്നെയോ അതിനെ വിശുദ്ധീകരിക്കുകയും ഉദ്ഗ്രഥിക്കുകയും ചെയുന്നു. കൂടാതെ, പഴയ ഉടമ്പടിയിലെ പ്രതിരൂപങ്ങളെയും പ്രതീകങ്ങളെയും പൂര്‍ത്തിയാക്കുകയും, ക്രിസ്തു നിര്‍വഹിച്ച രക്ഷയെ സൂചിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും, സ്വര്‍ഗത്തിലെ മഹത്ത്വത്തെ മുന്‍കൂട്ടി ചിത്രീകരിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.
വാക്കുകളും പ്രവൃത്തികളും
കൗദാശികമായ ആഘോഷം ദൈവമക്കള്‍, ക്രിസ്തുവിലും പരിശുദ്ധാത്മാവിലും, തങ്ങളുടെ പിതാവിനെ കണ്ടുമുട്ടുന്നതാണ്. ഈ സംഗമം പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ഒരു സംഭാഷണത്തിന്‍റെ രൂപം സ്വീകരിക്കുന്നു. പ്രതീകാത്മകമായ പ്രവൃത്തികള്‍ ഒരു ഭാഷ തന്നെയാണെന്നു സമ്മതിക്കണം. എന്നാല്‍, രാജ്യത്തിന്‍റെ വിത്ത് നല്ലമണ്ണില്‍ അതിന്‍റെ ഫലം പുറപ്പെടുത്തുന്നതിന്, ദൈവവചനവും വിശ്വാസത്തിന്‍റെ പ്രത്യുത്തരവും ഒപ്പമുണ്ടായിരിക്കുകയും അവയ്ക്കു ജീവന്‍ നല്‍കുകയും വേണം. ദൈവവചനം പ്രകടിപ്പിക്കുന്നവയെ ആരാധനാകര്‍മങ്ങള്‍ സൂചിപ്പിക്കുന്നു: അവിടുത്തെ ഔദാര്യപൂര്‍വമായ മുന്‍കൈയെടുക്കലും അവിടുത്തെ ജനത്തിന്‍റെ വിശ്വാസപരമായ പ്രത്യുത്തരവും അവ സൂചിപ്പിക്കുന്നു.
വചനശുശ്രൂഷ. കൗദാശികാഘോഷങ്ങളുടെ അനിവാര്യമായ ഒരു ഭാഗമാണ്. വിശ്വാസികളുടെ വിശ്വാസം പരിപോഷിപ്പിക്കാന്‍ ദൈവവചനത്തിന്‍റെ അടയാളങ്ങള്‍ക്ക് ഊന്നൽ നല്‍കണം. വചനഗ്രന്ഥം (പാഠസമാഹാരം അല്ലെങ്കില്‍ സുവിശേഷങ്ങളുടെ പുസ്തകം), അതിന്‍റെ വണക്കം (പ്രദക്ഷിണം, ധൂപിക്കല്‍, മെഴുകുതിരികള്‍), അതിന്‍റെ പ്രഘോഷണസ്ഥാനം (വചനപീഠം), കേള്‍ക്കത്തക്കവിധത്തിലും ഗ്രഹിക്കത്തക്കവിധത്തിലുമുള്ള അതിന്‍റെ പാരായണം, (അതിന്‍റെ പ്രഘോഷണത്തെ വ്യാഖ്യാനിക്കുന്ന കാര്‍മികന്‍റെ പ്രസംഗം, സമൂഹത്തിന്‍റെ പ്രത്യുത്തരങ്ങള്‍, ഉദ്ഘോഷണങ്ങള്‍, ധ്യാനാത്മക സങ്കീര്‍ത്തനങ്ങള്‍, ലുത്തിനിയകള്‍, വിശ്വാസ്പ്രഖ്യാപനം എന്നിവ).
ആരാധനക്രമത്തിലെ വാക്കും പ്രവൃത്തിയും അവിഭാജ്യങ്ങളാണ്. കാരണം, അവ അടയാളങ്ങളും ഉപദേശവും ആണ്, അവ സൂചിപ്പിക്കുന്നവയെ അവ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് വിശ്വാസം ഉണര്‍ത്തുമ്പോള്‍, അവിടുന്നു ദൈവവചനത്തെ മനസ്സിലാക്കിത്തരുക മാത്രമല്ല ചെയ്യുന്നത്, പിന്നെയോ കൂദാശകളിലൂടെ, അതു പ്രഘോഷിക്കുന്ന ദൈവത്തിന്‍റെ വിസ്മയനീയ കൃത്യങ്ങള്‍” സന്നിഹിതമാക്കുകയും ചെയ്യുന്നു. പ്രിയപുത്രനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട പിതാവിന്‍റെ കര്‍മം പരിശുദ്ധാത്മാവു സന്നിഹിതമാക്കുകയും പകര്‍ന്നുതരുകയും ചെയ്യുന്നു.
ഗാനാലാപവും സംഗിതവും
സാര്‍വത്രികസഭയുടെ സംഗീതപാരമ്പര്യം വിലമതിക്കപ്പെടാനാവാത്ത ഒരു നിക്ഷേപമാണ്. മറേറതൊരു കലയെക്കാളും ശ്രേഷ്ഠമാണത്. ഈ ശ്രേഷ്ഠതയ്ക്കുള്ള കാരണം, അതു വിശുദ്ധസംഗീതത്തിന്‍റെയും വിശുദ്ധ വാക്കുകളുടെയും ഒരു സമ്മിശ്രമെന്നനിലയില്‍, ആഘോഷപൂര്‍വകമായ ആരാധനയ്ക്ക് അത്യാവശ്യമായ അഥവാ അവിഭാജ്യമായ ഒരു ഭാഗമായിത്തീരുന്നു എന്നതാണ്. നിവേശിതങ്ങളായ സങ്കീര്‍ത്തനങ്ങളുടെ രചനയും, മിക്കപ്പോഴും സംഗീതോപകരണങ്ങളോടുകുടെയുള്ള ആലാപനവും പഴയ ഉടമ്പടിയുടെ ആരാധനാഘോഷങ്ങളോടു ദൃഡമായി ബന്ധിക്കപ്പെട്ടിരുന്നു. സഭ ഈ പാരമ്പര്യത്തെ തുടരുകയും വികസിപ്പിക്കുകയും ചെയ്യുന്നു: “സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനു മധുരഗീതങ്ങള്‍ പാടിക്കൊണ്ടു പരസ്പരം... സംഭാഷണം നടത്തുവിന്‍.” “പാടുന്നവന്‍ രണ്ടു പ്രാവശ്യം പ്രാര്‍ഥിക്കുന്നു."
മൂന്നു സുപ്രധാന മാനദണ്‍ഡങ്ങളനുസരിച്ച്, “ആരാധനാകര്‍മത്തോട് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഗാനവും സംഗീതവും അടയാളങ്ങളെന്ന നിലയിലുള്ള അവയുടെ ധര്‍മം കൂടുതല്‍ ശ്രദ്ധേയമായവിധത്തില്‍ നിറവേററുന്നു. പ്രാര്‍ഥനയെ പ്രകടമാക്കുന്ന സൗന്ദര്യം, നിശ്ചിതസമയങ്ങളില്‍ സമൂഹത്തിന്‍റെ ഒന്നിച്ചുള്ള പങ്കുചേരല്‍, ആചരണത്തിന്‍റെ ആഘോഷപൂര്‍വകമായ സ്വഭാവം എന്നിവയാണീ മൂന്നു സുപ്രധാന മാനദണ്‍ഡങ്ങള്‍. ഇങ്ങനെ അവ ആരാധനാമൊഴികളുടെയും കര്‍മങ്ങളുടെയും ലക്ഷ്യത്തിൽ പങ്കുചേരുന്നു: ദൈവത്തിന്‍റെ മഹത്ത്വവും വിശ്വാസികളുടെ വിശുദ്ധീകരണവും.
ആഘോഷം നടത്തുന്ന ദൈവജനത്തിന്‍റെ സാംസ്‌കാരിക സമ്പന്നതയിൽ അവതരിപ്പിക്കുമ്പോള്‍, അടയാളങ്ങളുടെ (ഗാനം, സംഗീതം, വാക്കുകള്‍, പ്രവൃത്തികള്‍) മനോജ്ഞസമന്വയം കൂടുതല്‍ പ്രകടവും ഫലപ്രദവുമായിരിക്കും. അതുകൊണ്ട് വിശ്വാസികളുടെ ഭക്തിഗാനാലാപം ബുദ്ധിപൂര്‍വം പരിപോഷിപ്പിക്കണം. ഭക്തിയിലും വിശുദ്ധാഭ്യാസങ്ങളിലും ആരാധനാശുശ്രുഷകളിലും, സഭയുടെ നിയമങ്ങൾക്കനുസൃതമായി വിശ്വാസികളുടെ സ്വരങ്ങള്‍ മുഴങ്ങണം.” എന്നാല്‍ “ആലപിക്കാന്‍ ഉദ്ദേശിക്കുന്ന ഗാനത്തിന്റെ വാക്കുകള്‍ എപ്പോഴും കത്തോലിക്കാ പ്രബോധനത്തിനു ചേര്‍ന്നതായിരിക്കണം. യഥാര്‍ഥത്തില്‍, അവ പ്രധാനമായും വിശുദ്ധ ലിഖിതങ്ങളില്‍നിന്നും ആരാധനക്രമ സ്രോതസുകളില്‍നിന്നും എടുത്തവയായിരിക്കണം."
തിരുസ്വരൂപങ്ങള്‍
തിരുസ്വരുപാരാധന്രക്രമത്തിലെ പ്രതീകചിത്രം പ്രധാനമായും ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു. അദൃശ്യനും അഗ്രാഹൃനുമായ ദൈവത്തെ ചിത്രീകരിക്കാന്‍ അതിനു കഴിവില്ല. എന്നാല്‍, ദൈവപുത്രന്‍റെ മനുഷ്യാവതാരം പ്രതീകരൂപങ്ങളുടെ ഒരു പുതിയ “പദ്ധതിയ്ക്കു” തുടക്കം കുറിച്ചു:
വിശുദ്ധലിഖിതം വാക്കുകളിലൂടെ വിനിമയംചെയുന്ന അതേ സുവിശേഷ സന്ദേശം ക്രിസ്തീയ പ്രതീകചിത്രകല രൂപങ്ങളിലൂടെ പ്രകാശിപ്പിക്കുന്നു. രൂപവും വാക്കും പരസ്പരം പ്രകാശിപ്പിക്കുന്നു.
ആരാധനാഘോഷങ്ങളിലെ എല്ലാ അടയാളങ്ങളും ക്രിസ്തുവിനോടു ബന്ധപ്പെട്ടവയാണ്: ദൈവമാതാവിന്‍റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ ഉള്‍പ്പടെ. അവയില്‍ മഹത്ത്വീകൃതനാകുന്ന ക്രിസ്തുവിനെ അവ യഥാര്‍ഥത്തില്‍ സൂചിപ്പിക്കുന്നു. ലോകരക്ഷയില്‍ തുടര്‍ന്നും പങ്കുകാരായിക്കൊണ്ടിരിക്കുന്ന “സാക്ഷികളുടെ വലിയ സമൂഹത്തെ" അവ വെളിവാക്കുന്നു. ആ സമൂഹത്തോടു നാം, സര്‍വോപരി, കൗദാശികാഘോഷങ്ങളില്‍ ഒന്നിപ്പിക്കപ്പെടുന്നു. അവരുടെ പ്രതീകചിത്രങ്ങള്‍വഴി, “ദൈവത്തിൻ്റെ സാദൃശ്യത്തിലുള്ള" വനും അവസാനം “അവിടുത്തെ സാദൃശ്യത്തോടു" രൂപാന്തരപ്പെട്ടവനുമായ മനുഷ്യനാണ് നമ്മുടെ വിശ്വാസത്തിനു വെളിവാക്കപ്പെടുന്നത്. അങ്ങനെതന്നെയാണു ക്രിസതുവില്‍ സമാഹൃതരാക്കപ്പെട്ട മാലാഖമാരും:
പുല്‍ത്തകിടി കണ്ണുകളെ ആനന്ദിപ്പിക്കുകയും ആത്മാവിനെ ദൈവത്തിൻ്റെ മഹത്ത്വംകൊണ്ടു നിഗൂഡ്മമാംവിധം നിറയ്ക്കുകയും ചെയ്യുന്നതുപോലെ “പ്രതീകരൂപങ്ങളുടെ സൗന്ദര്യം എന്നെ ധ്യാനത്തിലേക്കു നയിക്കുന്നു.” അതുപോലെ, വിശുദ്ധ പ്രതീകചിത്രങ്ങളെക്കുറിച്ചുള്ള ധ്യാനം ദൈവവചനത്തെപ്പററിയുള്ള ധ്യാനത്തോടും ആരാധനാഗീതങ്ങളുടെ ആലാപത്തോടും യോജിച്ച്, ആഘോഷത്തിലെ അടയാളങ്ങളുടെ സമന്വയത്തിലേക്കു പ്രവേശിക്കുന്നു. അങ്ങനെ, ആഘോഷിക്കപ്പെടുന്ന രഹസ്യത്തിൻ്റെ ഓര്‍മ ഹൃദയത്തില്‍ മുദ്രിതമാക്കപ്പെടുകയും, അനന്തരം, വിശ്വാസികളുടെ പുതിയജീവിതത്തില്‍ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
III. എപ്പോള്‍ ആഘോഷിക്കപ്പെടുന്നു?
ആരാധനാകാലങ്ങള്‍
“ആണ്ടുവട്ടത്തിലെ നിശ്ചിതദിവസങ്ങളില്‍ വിശുദ്ധമായ ഒരനുസ്മരണയില്‍, തൻ്റെ ദിവ്യമണവാളൻ്റെ രക്ഷാകര്‍മം ആഘോഷിക്കണമെന്നു പരിശുദ്ധ സഭാമാതാവു വിശ്വസിക്കുന്നു. ആഴ്ചയില്‍ ഒരുദിവസം, കര്‍ത്താവിൻ്റെ ദിനമെന്ന് അവള്‍ വിളിക്കുന്ന ദിവസം, അവള്‍ കര്‍ത്താവിൻ്റെ ഉത്ഥാനത്തിൻ്റെ അനുസ്മരണം കൊണ്ടാടുന്നു. അതു വര്‍ഷത്തിലൊരിക്കല്‍,അവിടുത്തെ അനുഗൃഹീത പീഡാസഹന സ്മരണയോടൊത്ത്, തിരുനാളുകളില്‍ ഏറ്റവും ആഘോഷപൂര്‍വകമായ ഉയിര്‍പ്പുതിരുനാളില്‍ ആഘോഷിക്കുന്നു. കൂടാതെ ആണ്ടുവട്ടത്തില്‍ ക്രിസ്തുരഹസ്യം മുഴുവനും അവള്‍ വെളിപ്പെടുത്തുന്നു.... രക്ഷാരഹസ്യങ്ങളെ അനുസ്മരിച്ചുകൊണ്ട് അവള്‍ തൻ്റെ നാഥൻ്റെ ശക്തികളുടെയും യോഗ്യതകളുടെയും സമ്പത്ത് വിശ്വാസികള്‍ക്കു തുറന്നു കൊടുക്കുന്നതിനും ആ രഹസ്യങ്ങളെല്ലാം ഓരോ യുഗത്തിലും പ്രത്യേകവിധത്തില്‍ സന്നിഹിതമാക്കപ്പെടുന്നതിനും വിശ്വാസികള്‍ അവയെ ഗ്രഹിച്ചു രക്ഷാകരമായ കൃപാവരത്താല്‍ നിറയുന്നതിനും വേണ്ടിയാണ് അത്."
മോശയുടെ നിയമത്തിൻ്റെ കാലംമുതല്‍ ദൈവജനം പെസഹാമുതലുള്ള നിശ്ചിത തിരുനാളുകള്‍ ആഘോഷിച്ചുവന്നു. രക്ഷകനായ ദൈവത്തിൻ്റെ വിസ്മയനീയ കൃത്യങ്ങളെ അനുസ്മരിക്കാനും അവയെപ്രതി അവിടുത്തേക്കു നന്ദിപറയാനും അവയുടെ സ്മരണ ശാശ്വതമാക്കാനും പുതിയ തലമുറകള്‍ തങ്ങളുടെ ജീവിതശൈലി അവയ്ക്ക് അനുസൃതമാക്കുന്നതിന് അവരെ പഠിപ്പിക്കാനും വേണ്ടിയായിരുന്നു അത്. സഭയുടെ യുഗത്തില്‍ എന്നേയ്ക്കുമായി പൂര്‍ത്തിയാക്കിയ ക്രിസ്തുവിൻ്റെ പെസഹായ്ക്കും, ദൈവരാജ്യത്തിലെ അതിൻ്റെ പൂര്‍ത്തീകരണത്തിനുമിടയില്‍, നിശ്ചിത ദിവസങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ആരാധന ക്രിസ്തുരഹസ്യത്തിൻ്റെ പുതുമയുടെ മുദ്ര വഹിക്കുന്നു.
സഭ ക്രിസ്തുവിൻ്റെ രഹസ്യം ആഘോഷിക്കുമ്പോള്‍, അവളുടെ പ്രാര്‍ഥനയെ സവിശേഷമാക്കുന്ന ഒരു വാക്കുണ്ട്; “ഇന്ന്”; അവളെ തൻ്റെ കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ഥനയും പരിശുദ്ധാത്മാവിൻ്റെ വിളിയും പ്രതിധ്വനിപ്പിക്കുന്ന വാക്കാണത്. സജീവദൈവത്തിൻ്റെ ഈ “ഇന്ന്” ക്രിസ്തുവിൻ്റെ പെസഹായുടെ “മണിക്കൂര്‍” ആണ്. അതു ചരിത്രത്തിനു മുഴുവന്‍ അതീതവും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതുമാണ്:
കര്‍ത്താവിൻ്റെ ദിവസം
“ക്രിസ്തുവിൻ്റെ ഉത്ഥാനദിവസംതന്നെ ആരംഭിച്ചതും അപ്പസ്‌തോലന്‍മാരിലൂടെ കൈമാറിയിട്ടുള്ളതുമായ പാരമ്പര്യംവഴി, എല്ലാ എട്ടാംദിവസവും സഭ പെസഹാ രഹസ്യം ആഘോഷിക്കുന്നു. ഈ ദിവസത്തെ കര്‍ത്താവിൻ്റെ ദിവസം അഥവാ ഞായറാഴ്ച എന്നു സമുചിതമായി വിളിക്കുന്നു.” ക്രിസ്തുവിൻ്റെ ഉത്ഥാനദിനം ആഴ്ചയുടെ ഒന്നാംദിവസമാണ്; സൃഷ്ടികര്‍മത്തിൻ്റെ പ്രഥമദിനത്തിൻ്റെ സ്മാരകമാണ്; ക്രിസ്തു തൻ്റെ "വിശ്രമ"ത്തിനുശേഷം, മഹാസാബത്തുദിനത്തില്‍ “കര്‍ത്താവ് ഒരുക്കിയ ദിവസത്തെ”, “സന്ധ്യയില്ലാത്ത ദിവസത്തെ” ഉദ്ഘാടനം ചെയ്ത “എട്ടാം ദിവസവുമാണത്”; കര്‍ത്താവിൻ്റെ അത്താഴമാണ് അതിൻ്റെ കേന്ദ്രം. എന്തെന്നാല്‍, അവിടെ, വിശ്വാസികളുടെ സമൂഹം മുഴുവനും ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടുന്നു. അവിടുന്ന് അവരെ തൻ്റെ വിരുന്നിനു ക്ഷണിക്കുന്നു.
ആരാധനസമ്മേളനത്തിന് ഏററവും ശ്രേഷ്ഠമായദിനം ഞായറാഴ്ചയാണ്. അന്ന്, ദൈവവചനം ശ്രവിക്കാനും കുര്‍ബാനയില്‍ പങ്കെടുക്കാനും, അങ്ങനെ, കര്‍ത്താവായ യേശുവിൻ്റെ പീഡാസഹനം, പുനരുത്ഥാനം, മഹത്ത്വം എന്നിവയെ അനുസ്മരിച്ചു കൊണ്ടും, “മൃതരില്‍നിന്നുളള യേശുക്രിസ്തുൻ്റെ പുനരുത്ഥാനംവഴി തങ്ങളെ” സജീവമായ ഒരു പ്രത്യാശയിലേക്കു “വീണ്ടും ജനിപ്പിച്ച' ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ടും " വിശ്വാസികള്‍ സമ്മേളിക്കുന്നു:
ക്രിസ്തുവേ, ഈ ദിവസം, അങ്ങയുടെ വിശുദ്ധമായ പുനരുത്ഥാനത്തിൻ്റെ ഞായറാഴ്ചയിൽ നടത്തപ്പെട്ട മഹത്കാര്യങ്ങളെയും അദ്ഭുതകൃത്യങ്ങളെയും പറ്റി ചിന്തിക്കുമ്പോള്‍, ഞങ്ങള്‍ പറയുന്നു: “ഞായറാഴ്ച അനുഗൃഹീതമാണ്. എന്തെന്നാല്‍, അന്നു സൃഷ്ടികര്‍മം... ലോകത്തിൻ്റെ രക്ഷ... മനുഷ്യവംശത്തിൻ്റെ നവീകരണം... എന്നിവ ആരംഭിച്ചു. ഞായറാഴ്ച ആകാശവും ഭൂമിയും സന്തോഷിച്ചു; പ്രപഞ്ചം മുഴുവനും പ്രകാശംകൊണ്ടു പൂരിതമാവുകയും ചെയ്തു. ഞായറാഴ്ച അനുഗൃഹീതമാണ് എന്തെന്നാല്‍ ആദവും സകല വിപ്രവാസികളും ഭയം കൂടാതെ പ്രവേശിക്കുന്നതിനുവേണ്ടി അന്നു പറുദീസയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടു".
ആരാധനാവത്സരം
പ്രകാശസ്രോതസ്സില്‍നിന്നെന്നപോലെ ഉയിര്‍പ്പുദിനത്രയത്തില്‍ തുടങ്ങുന്ന പുനരുത്ഥാനത്തിന്റെ പുതുയുഗം, തൻ്റെ പ്രഭകൊണ്ട് ആരാധനാവത്സരത്തെ മുഴുവനും നിറയ്ക്കുന്നു. ക്രമേണ, ആരാധനാക്രമം ഈ സ്രോതസ്സിൻ്റെ ഓരോ വശത്തും ആരാധനാവര്‍ഷത്തെ രൂപാന്തരപ്പെടുത്തുന്നു. അതു യഥാര്‍ഥത്തില്‍ “കര്‍ത്താവിനു സ്വീകാര്യമായ വര്‍ഷം" ആണ്. രക്ഷാപദ്ധതി സമയത്തിൻ്റെ ചട്ടക്കുടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, യേശുവിൻ്റെ പെസഹായിലുള്ള അതിൻ്റെ പൂർത്തീകരണവും പരിശുദ്ധാത്മാവിൻ്റെ വര്‍ഷിക്കലും മുതല്‍, ചരിത്രത്തിൻ്റെ സമാപ്തി “ഒരു മുന്നാസ്വാദനമെന്നപോലെ” സംഭവിക്കുന്നു; ദൈവരാജ്യം നമ്മുടെ സമയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.
അതുകൊണ്ട്, ഉയിർപ്പ്തിരുനാൾ പല തിരുനാളുകളില്‍ ഒന്നു മാത്രമല്ല, പിന്നെയോ “തിരുനാളുകളുടെ തിരുനാൾ" ആഘോഷങ്ങളുടെ ആഘോഷം” ആണ്. കുര്‍ബാന “കൂദാശകളുടെ കൂദാശ" (മഹോന്നതകൂദാശ) ആയിരിക്കുന്നതുപോലെ തന്നെ. വിശുദ്ധ അത്തനാസിയൂസ് ഉയിര്‍പ്പുദിനത്തെ “വലിയ ഞായറാഴ്ച്” എന്നു വിളിക്കുന്നു. പൗരസ്ത്യസഭകള്‍ വിശുദ്ധ ആഴ്ചയെ “വലിയ ആഴ്ച” എന്നു വിളിക്കുന്നതുപോലെ. ക്രിസ്തു മരണത്തെ തകര്‍ത്ത ആ ഉത്ഥാനത്തിൻ്റെ രഹസ്യം അതിൻ്റെ ശക്തമായ കര്‍മശേഷികൊണ്ട്, എല്ലാം അവിടുത്തേക്കു വിധേയമാകുന്നതുവരെ നമ്മുടെ പഴയ സമയത്തെ നിറയ്ക്കുന്നു.
വസന്തകാലവിഷുവത്തിനു (Vernal equinox) ശേഷമുള്ള ആദ്യത്തെ പൂര്‍ണചന്ദ്രദിവസം (നീസാന്‍ 14) കഴിഞ്ഞു വരുന്ന ഞായറാഴ്ചദിവസം, ക്രൈസ്തവപെസഹാ ആകുന്ന ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കണമെന്ന് എ.ഡി. 325-ലെ നിഖ്യാസൂനഹദോസില്‍ എല്ലാ സഭകളും യോജിച്ചു ധാരണയുണ്ടാക്കി. നീസാന്‍ പതിനാലാം തീയതി കണക്കാക്കാന്‍ ഉപയോഗിക്കുന്ന വ്യത്യസ്ത രീതികള്‍ കാരണം പാശ്ചാതൃ പൗരസ്തൃസഭകളില്‍ പെസഹാദിനം ഒരേ തീയതിയിലല്ല. അതുകൊണ്ട് കര്‍ത്താവിൻ്റെ പുനരുത്ഥാനം ഒരു പൊതുതീയതിയില്‍ വീണ്ടും ആഘോഷിക്കുന്നതിനുള്ള യോജിപ്പിലെത്തുവാന്‍ ഇന്ന് അവര്‍ ശ്രമിക്കുന്നുണ്ട്.
ആരാധനാവത്സരം ഏക പെസഹാരഹസ്യത്തിൻ്റെ വിവിധവശങ്ങള്‍ വെളിവാക്കുന്നു. മനുഷ്യാവതാരരഹസ്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന തിരുനാളുകളുടെ (മംഗളവാര്‍ത്ത, തിരുപ്പിറവി, ദനഹ) സമയക്രമത്തെ സംബന്ധിച്ചും ഇങ്ങനെതന്നെയാണ്. അവ നമ്മുടെ രക്ഷയുടെ ആരംഭത്തെ അനുസ്മരിക്കുകയും; പെസഹാരഹാസ്യത്തിൻറെ ആദ്യഫലങ്ങള്‍ നമുക്കു പകര്‍ന്നുതരുകയും ചെയ്യുന്നു.
ആരാധനാവത്സരത്തില്‍ വിശുദ്ധരുടെ സ്മരണകള്‍
“ക്രിസ്തുരഹസ്യങ്ങള്‍ ആണ്ടുവട്ടത്തില്‍ ആഘോഷിക്കുമ്പോള്‍ ദൈവമാതാവായ പരിശുദ്ധമറിയത്തെ, പ്രത്യേകമായ സ്നേഹത്തോടെ, വിശുദ്ധസഭ ബഹുമാനിക്കുന്നു. അവള്‍ തൻ്റെ പുത്രൻറെ രക്ഷാകരകര്‍മത്തോട് അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവളില്‍ രക്ഷയുടെ അതിവിശിഷ്ടഫലത്തെ സഭ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. താന്‍ മുഴുവനായും എന്ത് ആയിരിക്കുവാന്‍ ആഗ്രഹിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നുവോ അതിനെ സംബന്ധിച്ച്, കറയില്ലാത്ത പ്രതിരൂപത്തിലെന്നപോലെ, സഭ സന്തോഷപൂര്‍വം ധ്യാനിക്കുകയും ചെയ്യുന്നു.
സഭ ആണ്ടുവട്ടത്തില്‍ രക്തസാക്ഷികളുടെയും മററു വിശുദ്ധരുടെയും അനുസ്മരണം കൊണ്ടാടുമ്പോള്‍ “പീഡ സഹിക്കുകയും ക്രിസ്തുവിനോടുകൂടി മഹത്ത്വീകൃതരാവുകയും ചെയ്ത” സ്ത്രീകളും പുരുഷന്‍മാരുമായ അവരില്‍ പെസഹാരഹസ്യം പ്രഘോഷിക്കുകയാണ്. “ക്രിസ്തുവിലൂടെ എല്ലാ മനുഷ്യരെയും പിതാവിലേക്ക് അടുപ്പിക്കുന്ന മാതൃകകളായി അവരെ വിശ്വാസികള്‍ക്കു നിര്‍ദേശിച്ചുകൊടുക്കുകയും അവരുടെ യോഗ്യതകള്‍വഴി ദൈവാനുഗ്രഹങ്ങള്‍ യാചിക്കുകയും ചെയ്യുന്നു.”
യാമപ്രാര്‍ഥനകള്‍
കുര്‍ബാനയില്‍, പ്രത്യേകിച്ചു ഞായറാഴ്ച സമ്മേളനത്തില്‍, നാം ആഘോഷിക്കുന്ന ക്രിസ്തുവിൻ്റെ രഹസ്യം, അവിടുത്തെ മനുഷ്യാവതാരവും പെസഹായും, “ദിവ്യകര്‍മം” എന്ന യാമപ്രാര്‍ഥനയുടെ ആഘോഷത്തിലൂടെ ഓരോ ദിവസത്തിൻ്റെയും സമയത്തില്‍ ഉള്‍ച്ചേര്‍ക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ഈ ആഘോഷം “നിരന്തരം പ്രാര്‍ഥിക്കുക” എന്ന ശ്ലൈഹികാഹ്വാനങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്, “ദൈവസ്തുതിയില്‍ ദിനരാത്രങ്ങളുടെ മുഴുവന്‍ ഗതിയെയും വിശുദ്ധീകരിക്കത്തക്കവിധത്തിലാണു സജ്ജീകരിച്ചിട്ടുള്ളത്". "സഭയുടെ ഈ പൊതു പ്രാര്‍ഥനയില്‍ "വിശ്വാസികള്‍ (വൈദികര്‍, സന്ന്യസ്തര്‍, അല്‍മായര്‍) മാമ്മോദീസ സ്വീകരിച്ചവരുടെ രാജകീയ പൗരോഹിത്യം നിര്‍വഹിക്കുന്നു. സഭ “അംഗീകരിച്ച രൂപത്തില്‍” ആഘോഷിക്കപ്പെടുമ്പോള്‍ യാമപ്രാര്‍ഥന “യഥാര്‍ഥത്തില്‍ തൻ്റെ മണവാളനോടു സംസാരിക്കുന്ന മണവാട്ടിയുടെതന്നെ സ്വരമാണ്; ക്രിസ്തുതന്നെ തൻ്റെ ശരീരത്തോടൊപ്പം പിതാവിനോടു നടത്തുന്ന പ്രാര്‍ഥനയാണ്.”
പ്രാര്‍ഥിക്കുന്ന ഹൃദയത്തോടു പ്രാര്‍ഥിക്കുന്ന സ്വരം നന്നായി ചേര്‍ന്നിരിക്കണം എന്നുമാത്രമല്ല, “ആരാധനക്രമത്തിൻ്റെയും ബൈബിളിൻ്റെയും പ്രത്യേകിച്ച് സങ്കീര്‍ത്തനങ്ങളുടെയും” കൂടുതല്‍ അഗാധമായ “അറിവും” യാമ പ്രാര്‍ത്ഥനയുടെ ആഘോഷം ആവശ്യപ്പെടുന്നുണ്ട്.
യാമപ്രാര്‍ഥനകളിലെ ഗീതങ്ങളും ലുത്തിനിയകളും സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ഥനയെ സഭയുടെ യുഗത്തോട് ഉള്‍ച്ചേര്‍ക്കുന്നു. ആഘോഷിക്കപ്പെടുന്ന ദിവസത്തിലെ സമയത്തിൻ്റെയും ആരാധനാകാലത്തിൻ്റെയും അല്ലെങ്കില്‍ തിരുനാളിൻ്റെയും പ്രതീകാത്മകതയെ പ്രകാശിപ്പിച്ചുകൊണ്ട് അപ്രകാരം ചെയ്യുന്നു. കൂടാതെ ഓാരോമണിക്കൂറിലുമുള്ള ദൈവവചന വായന (തുടര്‍ന്നുള്ള പ്രത്യുത്തരങ്ങളോടെ അഥവാ സൂക്തങ്ങളോടെ), ചില യാമങ്ങളില്‍ സഭാപിതാക്കന്‍മാരുടെയും ആധ്യാത്മികഗുരുക്കന്‍മാരുടെയും ഗ്രന്ഥങ്ങളില്‍ നിന്നു നടത്തുന്ന വായനകള്‍ എന്നിവ, ആഘോഷിച്ചുകൊണ്ടിരിക്കുന്ന രഹസ്യത്തിൻ്റെ അര്‍ഥത്തെ കൂടുതല്‍ ആഴത്തില്‍ വെളിപ്പെടുത്തുകയും സങ്കീര്‍ത്തനങ്ങള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുകയും നിശ്ശബ്ദ പ്രാര്‍ഥനയ്ക്ക് ഒരുക്കുകയും ചെയും. പ്രാര്‍ഥനയായിത്തീരത്തക്കവിധം ദൈവവചനം വായിക്കപ്പെടുകയും ധ്യാനിക്കപ്പെടുകയും ചെയ്യുന്ന ദിവ്യവായന (lectio divina) അങ്ങനെ ആരാധനാഘോഷത്തില്‍ വേരുറച്ചതാണ്.
കുര്‍ബാനയാഘോഷത്തിൻ്റെ തുടര്‍ച്ചപോലുള്ള യാമപ്രാര്‍ഥനകള്‍ ദൈവജനത്തിൻ്റെ വിവിധ ഭക്തൃഭ്യാസങ്ങള്‍, പ്രതേകിച്ച്, ദിവ്യകാരുണ്യാരാധനയും വണക്കവും, ഒഴിവാക്കുന്നില്ല, പിന്നെയോ പൂരകമായ രീതിയില്‍ ആവശ്യപ്പെടുകയാണ്.
IV. എവിടെ ആഘോഷിക്കപ്പെടുന്നു?
പുതിയ ഉടമ്പടിയിലെ “ആത്മാവിലും സത്യത്തിലുമുള്ള” ആരാധന ഏതെങ്കിലുമൊരു പ്രത്യേക സ്ഥലവുമായി ബന്ധിപ്പിച്ചിട്ടുള്ളതല്ല. ഭൂമി മുഴുവനും വിശുദ്ധമാണ്, മനുഷ്യമക്കള്‍ക്കു ഭരമേല്‍പ്പിക്കപ്പെട്ടതുമാണ്. ഏറ്റവും പ്രധാനമായിട്ടുള്ളത്, ഒരേ സ്ഥലത്തു വിശ്വാസികള്‍ സമ്മേളിക്കുമ്പോള്‍ അവര്‍ “ആധ്യാത്മികഭവനമായി പണിയപ്പെടാന്‍" വേണ്ടി ശേഖരിക്കപ്പെട്ടിട്ടുള്ള “സജീവശിലകള്‍” ആകുന്നു എന്നതാണ്. എന്തെന്നാല്‍, സജീവജലത്തിൻ്റെ നീരുറവ ഒഴുകുന്ന ആധ്യാത്മികാലയമാണ് ഉത്ഥിതനായ ക്രിസ്തുവിൻ്റെ ശരീരം: ക്രിസ്തുവിലേക്കു പരിശുദ്ധാത്മാവിനാല്‍ കൂട്ടിചേര്‍ക്കപ്പെട്ട നമ്മള്‍ “സജീവ ദൈവത്തിൻ്റെ ആലയമാണ്.”
മതസ്വാതന്ത്യത്തിൻ്റെ വിനിയോഗം തടസ്സപ്പെടാതിരിക്കുമ്പോള്‍ ക്രൈസ്തവര്‍ ദൈവികാരാധനയ്ക്കുള്ള കെട്ടിടങ്ങള്‍ പണിയുന്നു. ദൃശ്യങ്ങളായ ഈ ആലയങ്ങള്‍ കേവലം സമ്മേളനസ്ഥലങ്ങളല്ല, പിന്നെയോ പ്രസ്തുത സ്ഥലത്തു ജീവിക്കുന്ന സഭയെ സൂചിപ്പിക്കുകയും ദൃശ്യമാക്കുകയും ചെയ്യുന്നവയാണ്; ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുകയും ഐക്യപ്പെടുകയുംചെയ്ത മനുഷ്യരോടൊപ്പമുള്ള ദൈവത്തിൻ്റെ വാസസ്ഥാനമാണ്.
“വിശുദ്ധ കുര്‍ബാന ആഘോഷിക്കുകയും കാത്തുസൂക്ഷിക്കുകയും വിശ്വാസികള്‍ സമ്മേളിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനാഭാവമാണ് ദൈവാലയം. യാഗപീഠത്തില്‍ നമുക്കായി, വിശ്വാസികളുടെ സഹായത്തിനും ആശ്വാസത്തിനുമായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ രക്ഷകനായ ദൈവപുത്രൻ്റെ സാന്നിധ്യത്തെ ആരാധിക്കുന്ന ഈ ഭവനം ഭംഗിയുള്ളതും പ്രാര്‍ഥനയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും ഇണങ്ങുന്നതുമായിരിക്കണം. ഈ “ദൈവഭവനത്തെ” രൂപപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളുടെ സത്യവും സമന്വയവും, ക്രിസ്തു ഈ സ്ഥലത്തു സന്നിഹിതനും പ്രവര്‍ത്തനനിരതനുമാണെന്നു കാണിക്കണം.
അവസാനമായി ദൈവാലയത്തിനു യുഗാന്തപരമായ ഒരു പ്രാധാന്യംകൂടിയുണ്ട്. ദൈവത്തിൻ്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നാം ഒരു പടിവാതിൽ കടക്കണം. പാപത്താല്‍ മുറിവേററ ഈ ലോകത്തുനിന്ന് സര്‍വമനുഷ്യരും വിളിക്കപ്പട്ടിരിക്കുന്ന നവജീവൻ്റെ ലോകത്തിലേക്കുള്ള കടന്നുപോകലിനെ അതു സൂചിപ്പിക്കുന്നു. ദൈവജനം നടന്നടുത്തുകൊണ്ടിരിക്കുന്ന പിതൃഭവനത്തിൻ്റെ പ്രതീകമാണു ദൃശ്യമായ ദൈവാലയം... അവിടെ അവരുടെ കണ്ണുകളില്‍നിന്നു പിതാവ് കണ്ണീരു മുഴുവനും തൂടച്ചുകളയുന്നു. ഇക്കാരണത്താല്‍ ദൈവത്തിൻ്റെ സകല മക്കൾക്കും വേണ്ടി തുറന്നിട്ടിരിക്കുന്ന, സ്വാഗതമരുളുന്ന ഒരു ഭവനമാണ് ദൈവാലയം.
സംഗ്രഹം
ആരാധന, സംപൂർണ ക്രിസ്തുവിൻ്റെ, ശിരസ്സിൻ്റെയും ശരീരത്തിൻ്റെയും പ്രവൃത്തിയാണ്. പരിശുദ്ധ ദൈവമാതാവ്, അപ്പസ്തോലന്മാർ, സകല വിശുദ്ധര്‍, രാജ്യത്തില്‍ പ്രവേശിച്ചുകഴിഞ്ഞ മനുഷ്യരുടെ സമൂഹം എന്നിവരോടൊപ്പം സ്വർഗീയാരാധനയിൽ നമ്മുടെ പ്രധാന പുരോഹിതന്‍ അത് അവിരാമം ആഘോഷിക്കുന്നു.
ആരാധനാഘോഷത്തില്‍ സമൂഹംമുഴുവനും “കാർമ്മികൻ” ആണ്, ഓരോ അംഗവും സ്വന്തം ധർമമനുസരിച്. മാമ്മോദിസാപൗരോഹിത്യം ക്രിസ്തുവിൻ്റെ ശരീരം മുഴുവൻ്റെതുമാണ്. എന്നാല്‍ വിശ്വാസ്സികളിൽ ചിലര്‍, ക്രിസ്തുവിൻറെ ശിരസ്സ് എന്ന നിലയില്‍ പ്രതിനിധാനം ചെയ്യാൻവേണ്ടി തിരുപ്പട്ട കുദാശയിലൂടെ അഭിഷേകം ചെയ്യപ്പെടുന്നു.
ആരാധനാഘോഷത്തിൽ അടയാളങ്ങളും പ്രതീകങ്ങളുമുണ്ട്. സൃഷ്ടി (ദീപം, ജലം, അഗ്നി), മനുഷ്യജീവിതം (കഴുകല്‍, പൂശൽ , അപ്പംമുറിക്കൽ), രക്ഷയുടെ ചരിത്രം (പെസഹായുടെ അനുഷ്ഠാനക്രമങ്ങള്‍) എന്നിവയോടു ബന്ധപ്പെട്ടവയാണവ. വിശ്വാസത്തിന്റെ ലോകത്തിലേക്ക് ഉൾച്ചേർക്കപ്പെട്ടും പരിശുദ്ധാത്മാവിൻറെ ശക്തിയാൽ ആദാനംചെയ്യപ്പെട്ടും ഈ പ്രാപഞ്ചികഘടകങ്ങളും മാനുഷികനുഷ്ഠാനങ്ങളും ദൈവസ്മരണയുടെ ആംഗ്യങ്ങളും ക്രിസ്തുവിൻറെ രക്ഷാകരവും വിശുദ്ധീകരിക്കുന്നതുമായ പ്രവൃത്തിയുടെ സംവാഹകരായിത്തീരുന്നു.
വചനശുശ്രൂഷ ആഘോഷത്തിൻ്റെ കാതലായ ഒരു ഭാഗമാണ്. പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്താലും അതിനു നല്കപ്പെടുന്ന വിശ്വാസത്തിന്റെ പ്രത്യുത്തരത്താലും ആഘോഷത്തിന്റെ അര്‍ഥം വ്യക്തമാക്കപ്പെടുന്നു .
ഗാനവും സംഗീതവും ആരാധനാകർമ്മത്തോട് അവഗാഢം ബന്ധപ്പെട്ടവയാണ്. അവയുടെ ശരിയായ ഉപയോഗത്തിനുള്ള മാനാദണണ്‍ഡങ്ങള്‍ പ്രാര്‍ഥനയെ പ്രകടിപ്തിക്കുന്ന സാന്ദര്യം,സമുഹത്തിൻ്റെ ഒന്നിച്ചുള്ള പങ്കുചേരല്‍, ആഘോഷത്തിൻ്റെ വിശുദ്ധസ്വഭാവം എന്നിവയാണ്.
നമ്മുടെ പള്ളികളിലും ഭവനങ്ങളിലുമുള്ള തിരുസ്വരൂപങ്ങൾ ക്രിസ്തു രഹസ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉണര്‍ത്താനും പരിപോഷിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ് . ക്രിസ്തുവിൻ്റെയും അവിടുത്തെ രക്ഷാകര പ്രവ്യത്തികളുടെയും പ്രതീകചിത്രങ്ങളിലൂടെ അവിടുത്തെയാണു നമ്മൾ ആരാധിക്കുന്നത്. പരിശുദ്ധ ദൈവമാതാവിൻ്റെയും മാലാഖമാരുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളിലൂടെ അവ പ്രതിനിധാനംചെയ്യുന്ന വ്യക്തികളെ നാം വണങ്ങുന്നു.
“കർത്താവിൻ്റെ ദിവസം” ആയ ഞായറാഴ്ചയാണു കുർബാനയാഘോഷത്തിനുള്ള പ്രധാനദിവസം. എന്തെന്നാല്‍, അതാണ് ഉയിർപ്പിൻ്റെ ദിവസം. അത് ആരാധനാ സമ്മേളനത്തിൻ്റെ വിശിഷ്ടദിവസമാണ്; ക്രൈസ്തവകുടുംബത്തിൻ്റെ ദിവസവുമാണ് : ഞായറാഴ്ച “ആരാധനക്രമവത്സരം മുഴുവൻ്റെയും അടിസ്ഥാനവും രത്നച്ചുരുക്കവുമാണ് (SC 106).
സഭ, “വർഷത്തിൻ്റെ ഗതിയില്‍ ക്രിസ്തുരഹസ്യം മുഴുവനും വെളിപ്പെടുത്തുന്നു : അതായത് മനുഷ്യാവതാരവും പിറവിയും മുതല്‍ സ്വർഗാരോഹണം വരെ, പന്തക്കുസ്തയും അനുഗ്യഹീത പ്രത്യാശയുടെ കാത്തിരിപ്പും കർത്താവിൻ്റെ ആഗമനവും വരെ " (SC 102 § 2).
ആരാധനാക്രമവത്സരത്തിലെ നിശ്ചിതദിവസങ്ങളിൽ വിശുദ്ധന്മാരുടെ - ഒന്നാമതായി പരിശുദ്ധ ദൈവമാതാവിൻ്റെയും പിന്നീടു രക്തസാക്ഷികളുടെയും മററു വിശുദ്ധരുടെയും - അനുസ്മരണങ്ങള്‍ നിലനിരത്തിക്കൊണ്ടു ഭൂമിയിലെ സഭ, താൻ സ്വർഗത്തിലെ ആരാധനയുമായി ഐക്യപ്പെടിരിക്കുന്നുവെന്നു കാണിക്കുന്നു. ക്രിസ്തു തൻ്റെ മഹത്വീകൃതാംഗങ്ങളിൽ തൻ്റെ രക്ഷാകർമം പൂർത്തിയാക്കിയതിന് അവള്‍ അവിടുത്തെ മഹത്ത്വപ്പെടുത്തുന്നു. പിതാവിങ്കലേക്കുള്ള അവളുടെ വഴിയിൽ അവരുടെ മാതൃക അവളെ ധൈര്യപ്പെടുത്തുന്നു.
യാമപ്രാർത്ഥനകള്‍ ആഘോഷിക്കുന്ന വിശ്വാസ്സികള്‍,നമ്മുടെ പ്രധാനപുരോഹിതനായ ക്രിസ്തുവിനോടു സങ്കീർത്തനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രാർത്ഥന,ദൈവവചനത്തെപറ്റിയുള്ള ധ്യാനം, പ്രാർത്ഥനാഗാനശകലങ്ങള്‍, സ്തുതിപ്പുകള്‍ എന്നിവയാല്‍ ഐക്യപ്പെട്ടിരിക്കുന്നു. പിതാവിനു മഹത്ത്വം നൽകുന്നതും ലോകത്തിനു മുഴുവന്‍ വേണ്ടി പരിശുദ്ധാത്മാവിൻ്റെ ദാനത്തിനായി യാചിക്കുന്നതുമായ അവിടുത്തെ നിരന്തരവും സർവത്രികവുമായ പ്രാർത്ഥനയിൽ ഒന്നുചേരുന്നതിനാണ് അത്.
ക്രിസ്തു ദൈവത്തിൻ്റെ യഥാര്‍ഥ ആലയമാണ്. “അവിടുത്തെ മഹത്ത്വം വസിക്കുന്ന സ്ഥലമാണ്. "ദൈവത്തിൻ്റെ കൃപയാൽ ക്രൈസ്തവരും, പരിശുദ്ധാത്മാവിൻ്റെ ആലയങ്ങളും, സഭയെ പടുത്തുയർത്താനുള്ള സജീവശിലകളുമായിത്തീരുന്നു.
സഭയ്ക്ക് അതിൻ്റെ ഭൗമികാവസ്ഥയില്‍, സമൂഹത്തിന് ഒന്നിച്ചുചേരാനുള്ള സ്ഥലങ്ങൾ ആവശ്യമാണ്. നമ്മുടെ വിശുദ്ധസ്ഥലങ്ങളായ ദൃശ്യ ദൈവാലയങ്ങള്‍ നാം ഏതു നഗരത്തിലാണോ തീർത്ഥാടനം നടത്തുന്നത്, ആ സ്വർഗ്ഗീയ ജറുസലെമാകുന്ന വിശുദ്ധ നഗരത്തിൻ്റെ പ്രതിരൂപങ്ങളാണ്.
ഈ ദൈവാലയങ്ങളിലാണു സഭ പരിശുദ്ധ ത്രിത്വത്തിൻറെ മഹത്ത്വത്തിനായി പൊതു ആരാധന ആഘോഷിക്കുന്നതും ദൈവത്തിൻറെ വചനം ശ്രവിക്കുന്നതും അവിടുത്തേക്കു സ്തുതി ആലപിക്കുന്നതും അവളുടെ പ്രാർത്ഥന ഉയര്‍ത്തുന്നതും, സമൂഹമധ്യേ കൗദാശികമായി സന്നിഹിതനായ ക്രിസ്തുവിൻറെ ബലി അർപ്പിക്കുന്നതും. ഈ ദൈവാലയങ്ങള്‍ ധ്യാനത്തിന്റെയും സ്വകാര്യപ്രാര്‍ഥനയുടെയും സ്ഥലങ്ങള്‍കൂടിയാണ്.
പെസഹാരഹസ്യത്തിന്‍റെ കൗദാശികാഘോഷം സഭയുടെ ആരാധനാഘോഷം ആരാധന ആര് ആഘോഷിക്കുന്നു? സ്വർഗീയാരാധന ആഘോഷിക്കുന്നവർ കൗദാശികാരാധന ആഘോഷിക്കുന്നവർ ആരാധന എങ്ങനെ ആഘോഷിക്കപ്പെടുന്നു? അടയാളങ്ങളും പ്രതീകങ്ങളും വാക്കുകളും പ്രവൃത്തികളും ഗാനാലാപവും സംഗിതവും തിരുസ്വരൂപങ്ങൾ ആരാധന എപ്പോൾ ആഘോഷിക്കപ്പെടുന്നു? ആരാധനാകാലങ്ങൾ കർത്താവിൻ്റെ ദിവസം ആരാധനാവത്സരം ആരാധനാവത്സരത്തിൽ വിശുദ്ധരുടെ സ്മരണകൾ യാമപ്രാർഥനകൾ ആരാധന എവിടെ ആഘോഷിക്കപ്പെടുന്നു? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



