We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 27-Jul-2022
അധ്യായം മുന്ന്
പ്രാർഥനാജീവിതം
നുതനഹൃദയത്തിൻ്റെ ജീവനാണു പ്രാർഥന. ഓരോ നിമിഷവും അതു നമ്മെ ചൈതന്യവത്താക്കണം. പക്ഷേ, നമ്മുടെ ജീവനും നമ്മുടെ സമസ്തവുമായുള്ളവനെ, വിസ്മരിക്കുന്ന പ്രവണതയാണ് നമുക്കുള്ളത്. ഇക്കാരണത്താൽ നിയമാവർത്തനത്തിൻ്റെയും പ്രവാചകൻന്മാരുടെയും പാരമ്പര്യങ്ങളിൽപ്പെട്ട ആധ്യാത്മിക പിതാക്കൻമാർ ഹൃദയത്തിൻ്റെ ഓർമയാൽ ഉണർത്തപ്പെടുന്ന “ദൈവാനുസ്മരണ” മാണു പ്രാർഥനയെന്ന് ഊന്നിപ്പറയുന്നു. “ശ്വാസോച്ഛ്വാസം ചെയ്യുന്നതിനെക്കാളേറെ തവണ നാം ദൈവത്തെ ഓർക്കണം.” എന്നാൽ നിശ്ചിത സമയങ്ങളിൽ മന:പൂർവം പ്രാർഥിക്കാതിരുന്നാൽ നമുക്ക് “എല്ലാസമയങ്ങളിലും" പ്രാർഥിക്കാനാവില്ല. തീക്ഷ്ണതയിലും ദൈര്‍ഘ്യത്തിലും ക്രൈസ്തവമായ പ്രാർഥനയുടെ സവിശേഷാവസരങ്ങളാണു മേൽപറഞ്ഞ നിശ്ചിതസമയങ്ങൾ.
തുടർച്ചയായ പ്രാർഥന പരിപോഷിപ്പിക്കാൻ വിശ്വാസികളെ സഹായിക്കുന്ന പ്രാർഥനയുടേതായ ചില താളക്രമങ്ങൾ സഭയുടെ പാരമ്പര്യം നിർദേശിക്കുന്നുണ്ട്. അവയിൽ പ്രഭാത, സായാഹ്ന പ്രാർഥനകൾ, ഭക്ഷണത്തിനു മുൻപും പിൻപുമുള്ള പ്രാർഥനകൾ, യാമപ്രാർഥനകൾ എന്നിവ ദിവസംതോറും നടത്തേണ്ടവയത്രേ. വി. കുർബാനയെ കേന്ദ്രീകരിച്ചുള്ള ഞായറാഴ്ചകൾ പരിശുദ്ധമായി ആചരിക്കുന്നതു പ്രഥമമായും പ്രാർഥനയാലാണ്. ആരധനാവത്സരത്തിൻ്റെ ക്രമവും അതിലെ പ്രധാന തിരുനാളുകളും ക്രൈസ്തവപ്രാർഥനാജീവിതത്തിലെ അടിസ്ഥാനപരമായ താള ക്രമങ്ങളാണ്.
കർത്താവ് ഓരോ വ്യക്തിയെയും തനിക്കിഷ്ടമുള്ള മാർഗങ്ങളിലൂടെയും രീതികളിലൂടെയും നയിക്കുന്നു. ഓരോ വിശ്വാസിയും സ്വന്തം ഹൃദയത്തിൻ്റെ തീരുമാനമനുസരിച്ചും തൻ്റെ പ്രാർഥനയുടെ വ്യക്തിപരമായ ആവിഷ്കാരങ്ങളനുസരിച്ചുമാണ് അതിനോടു പ്രത്യുത്തരിക്കുന്നത്. എന്നാൽ, ക്രൈസ്തവപാരമ്പര്യം മൂന്നു സുപ്രധാന പ്രാർഥനാ സമ്പ്രദായങ്ങൾ നിലനിർത്തുന്നു: വാചികം, ധ്യാനപരം, ധ്യാനയോഗപരം. ഇവയ്ക്കു പൊതുവായുള്ള മൗലികസ്വഭാവം ഹൃദയത്തിൻ്റെ ഏകാഗ്രതയാണ്. വചനം കാക്കുന്നതിലും ദൈവസന്നിധിയിൽ വ്യാപരിക്കുന്നതിലുമുള്ള ഈ ജാഗ്രത മുൻപറഞ്ഞ മൂന്നു സമ്പ്രദായങ്ങളെയും പ്രാർഥനാജീവിതത്തിലെ തീക്ഷ്ണങ്ങളായ സന്ദർഭങ്ങളാക്കി മാറ്റുന്നു.
വകുപ്പ് 1
പ്രാർഥനയുടെ ആവിഷ്കാരങ്ങൾ
I. വാചികപ്രാർഥന
തൻ്റെ വചനംവഴി ദൈവം മനുഷ്യനോടു സംസാരിക്കുന്നു. നമ്മുടെ പ്രാർഥന മാനസികമോ വാചികമോ ആയ വാക്കുകളിൽ ഉയരുന്നു. എന്നാൽ സർവപ്രധാനമായ കാര്യം നാം പ്രാർഥനയിൽ ആരോടു ഭാഷിക്കുന്നുവോ അവിടുത്തെ സാന്നിധ്യത്തിലായിരിക്കണം നമ്മുടെ ഹൃദയം എന്നതാണ്. “നമ്മുടെ പ്രാർഥന ശ്രവിക്കപ്പെടുമോ ഇല്ലയോ എന്നതു നാം ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണത്തെയല്ല നമ്മുടെ ആത്മാവിൻ്റെ തീക്ഷ്ണതയെയാണ് ആശ്രയിച്ചിരിക്കുക.”?
ക്രൈസ്തവ ജീവിതത്തിൻ്റെ കാതലായ ഒരു ഘടകമാണു വാചികപ്രാർഥന. ഗുരുവിൻ്റെ നിശ്ശബ്ദമായ പ്രാർഥനയാല്‍ ആകൃഷ്ടരായ ശിഷ്യന്‍മാരെ അവിടുന്നു സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന വാചിക പ്രാര്‍ഥന പഠിപ്പിച്ചു. സിനഗോഗുകളിലെ ആരാധനക്രമപ്രാർഥനകളിൽ മാത്രമല്ല യേശു പ്രാർത്ഥിച്ചത്. സ്വപിതാവിനോടുള്ള ആഹ്നാദപൂര്‍വമായ സ്തുതിപ്പു മുതല്‍ ഗത്സേമനിയിലെ തീവ്രദു;ഖം വരെയുള്ള വ്യക്തിഗതപ്രാർഥനകൾ അവിടുന്ന് ഉച്ചത്തിൽ നടത്തുന്നതായി സുവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.”
ആന്തരികപ്രാർഥനയില്‍ പഞ്ചേന്ദ്രിയങ്ങളെക്കൂടി പങ്കെടുപ്പിക്കുക മനുഷ്യപ്രകൃതിയുടെ ഒരാവശ്യമാണ്. നാം ശരീരവും ആത്മാവുമാണ്, നമ്മുടെ വികാരങ്ങൽ ബാഹ്യമായി പ്രകടിപ്പിക്കുകയെന്ന ആവശ്യം നമുക്ക് അനുഭവപ്പെടുന്നു. നമ്മുടെ യാചനകളെ ആവുന്നത്ര ശക്തിയുള്ളതാക്കാൻ നമ്മുടെ സംപൂർണ സ്വഭാവത്തോടെ നാം പ്രാർഥനയിൽ മുഴുകണം.
ഈ ആവശ്യം ദൈവികമായ ഒരു നിബന്ധനയ്ക്കുള്ള പ്രത്യുത്തരം കൂടിയാണ്. ആത്മാവിലും സത്യത്തിലുമുള്ള ആരാധകരെയാണു ദൈവം അന്വേഷിക്കുന്നത്. തൻ നിമിത്തം ആത്മാവിൻ്റെ ആഴങ്ങളിൽ നിന്നുയരുന്ന ജീവിക്കുന്ന പ്രാർഥനയെയാണു ദൈവം തേടുന്നത്. ശരീരത്തെ ആന്തരിക പ്രാർഥനയുമായി ബന്ധപ്പെടുത്തുന്ന ബാഹ്യാവിഷ്കാരങ്ങളും അവിടുന്ന് ആവശ്യപ്പെടുന്നു. എന്തെന്നാല്‍, അത് ദൈവത്തിനവകാശപ്പെട്ട പരിപൂർണബഹുമതി അവിടുത്തേക്കു നല്‍കുന്നു.
വാചികപ്രാർഥന ബാഹ്യവും പൂർണമായി മാനുഷികവുമാകയാൽ സമൂഹങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രാർഥനാരുപമാണ്. ആന്തരികപ്രാർഥനയ്ക്കുപോലും വാചികപ്രാർഥനയെ അവഗണിക്കാനാവില്ല. “നാം ആരോടു സംഭാഷിക്കുന്നുവോ” അവിടുത്തെപ്പറ്റിയുള്ള അവബോധം നമ്മിലുളവാകുന്നതോതിലാണു പ്രാർഥന ആന്തരികമാകുന്നത്. അങ്ങനെ വാചികപ്രാർഥന ധ്യാനയോഗപ്രാർഥനയുടെ പ്രാരംഭ പടിയായിത്തീരുന്നു.
II. ധ്യാനം
ധ്യാനം സർവോപരി ഒരു അന്വേഷണമാണ്. കർത്താവ് ആവശ്യപ്പെടുന്നതിനോട് ഒട്ടിച്ചേരാനും പ്രത്യൂത്തരിക്കാനുംവേണ്ടി ക്രൈസ്തവജീവിതം എന്തിന് എങ്ങനെ എന്ന് ആത്മാവ് അന്വേഷിക്കുന്നു. ആർജ്ജിക്കാൻ പ്രയാസമാണെങ്കിലും ശ്രദ്ധ അത്യാവശ്യമാണ്. അതിന് പുസ്തകങ്ങൽ പലപ്പോഴും സഹായകമാണ്. അവ ക്രൈസ്തവർക്കും ദുർലഭമല്ല. വിശുദ്ധലിഖിതങ്ങൾ, പ്രത്യേകിച്ച് സുവിശേഷം, വിശുദ്ധപ്രതീകചിത്രങ്ങൽ, ഓരോ ദിവസത്തിൻ്റെയോ കാലത്തിൻ്റെയോ ആരാധനക്രമ പ്രാർഥനകൾ, ആധ്യാത്മിക പിതാക്കന്‍മാരുടെ കൃതികൾ, ആധ്യാത്മികതയെ സംബന്ധിച്ച കൃതികൾ, സൃഷ്ടിയുടെയും ചരിത്രത്തിൻ്റെയും മതഗ്രന്ഥം, ദൈവത്തിൻ്റെ “ഇന്നി"നെ സംബന്ധിക്കുന്ന ലിഖിത താൾ.
വായിക്കുന്നതിനെപ്പറ്റി ധ്യാനിക്കുന്നത് അതിനെ സ്വാംശീകരിച്ച് പ്രാവർത്തികമാക്കുന്നതിലേക്കു നയിക്കുന്നു. ഇവിടെ മറ്റൊരു പുസ്തകം തുറക്കപ്പെടുന്നു - ജീവിതമാകുന്ന പുസ്തകം. ചിന്തകളിൽ നിന്നു യാഥാർഥങ്ങളിലേക്കു കടക്കുന്നു. നമ്മുടെ വിനയത്തിൻ്റെയും വിശ്വാസത്തിൻ്റെയും തോതനുസരിച്ച് ഹൃദയത്തെ ഉളക്കുന്ന ചലനങ്ങൽ കണ്ടെത്താനും അവയെ വിവേചിച്ചറിയാനും സാധിക്കും. വെളിച്ചത്തിലേക്കു കടന്നുവരാനായി സത്യം പ്രവർത്തിക്കേണ്ട കാര്യമാണിത്. “കർത്താവേ, ഞാൻ എന്തു ചെയ്യണമെന്നാണ് അങ്ങയുടെ ആഗ്രഹം?”
എത്ര ആധ്യാത്മിക ഗുരുക്കൻമാരുണ്ടോ അത്രയും വൈവിധ്യമാർന്ന ധ്യാനരീതികളുമുണ്ട്. വിതക്കാരൻ്റെ ഉപമയിലെ ആദ്യത്തെ മൂന്നുതരം മണ്ണുകളെപ്പോലെ ആകാതിരിക്കാൻ ക്രൈസ്തവർ ക്രമമായി ധ്യാനിക്കാൻ നിശ്ചയിക്കണം. പക്ഷേ ഒരു രീതി, ഒരു വഴികാട്ടിമാത്രമാണ്. യേശുക്രിസ്തു ആകുന്ന ഏകമാർഗത്തിലൂടെ പരിശുദ്ധാത്മാവിനോടൊപ്പം മുന്നേറുക എന്നതാണു സർവപ്രധാനം.
ചിന്ത, ഭാവന, വികാരം, അഭിലാഷം എന്നിവയ്ക്കു ധ്യാനത്തില്‍ പങ്കുണ്ടായിരിക്കണം. ഇവയുടെ സമന്വയം നമ്മുടെ വിശ്വാസബോധ്യങ്ങളെ ആഴപ്പെടുത്താനും ഹൃദയങ്ങളെ പരിവർത്തനവിധേയമാക്കാനും ക്രിസ്തുവിനെ പിന്തുടരാനുള്ള നമ്മുടെ തീരുമാനത്തെ ബലപ്പെടുത്താനും ആവശ്യമാണ്. ദിവ്യഗ്രന്ഥവായനയിലും ജപമാലയിലും എന്നപോലെ ക്രൈസ്തവപ്രാർഥന സർവോപരി, ക്രിസ്തുവിൻ്റെ ദിവ്യരഹസ്യങ്ങളെ ധ്യാനവിഷയമാക്കുന്നു. പ്രാർഥിക്കുന്നയാളുടെ ഈ പരിചിന്തനം ഏറെ വിലപ്പെട്ടതാണ്, പക്ഷേ, ക്രൈസ്തവ പ്രാർഥന അതിനപ്പുറം കർത്താവായ യേശുവിൻ്റെ സ്നേഹം അറിയുകയും അവിടുത്തോട് ഐക്യപ്പെടുകയും വേണം.
III. ധ്യാനയോഗ പ്രാർഥന
എന്താണു ധ്യാനയോഗ പ്രാര്‍ഥന? വി. ത്രേസ്യ മറുപടി നല്‍കുന്നു: “എൻ്റെ അഭിപ്രായത്തിൽ മാനസികപ്രാർഥന സൗഹൃദത്തിൻ്റെ പങ്കുവയ്ക്കലല്ലാതെ മറ്റാെന്നുമല്ല; നമ്മെ സ്‌നേഹിക്കുന്നവനെന്നു നമുക്കറിയാവുന്നവനോടൊപ്പം തനിച്ചായിരിക്കാൻ കൂടെക്കൂടെ സമയം കണ്ടെത്തുക എന്നതാണ് അതിനർഥം.
“എൻ്റെ ആത്മാവു സ്നേഹിക്കുന്നവനെ” - തേടുന്നതാണു ധ്യാനാത്മക പ്രാർഥന. യേശുവിനെയും അവിടുന്നിൽ പിതാവിനെയും തേടുന്നു, കാരണം, അവിടുത്തെ ആഗ്രഹിക്കുക എന്നതാണ് എപ്പോഴും സ്നേഹത്തിൻ്റെ ആരംഭം. അവൻ വഴി ജനിക്കാനും അവനിൻ ജീവിക്കാനും ഇടവരുത്തുന്ന സംശുദ്ധമായ വിശ്വാസത്തിലാണു നാം അവിടുത്തെ തേടുന്നത്. ധ്യാനയോഗ പ്രാർഥനയ്ക്കിടയിലും ഒരാൾക്കു ധ്യാനിക്കാൻ കഴിയും, പക്ഷേ, ശ്രദ്ധ കർത്തവിൽത്തന്നെ എത്തണം.
ധ്യാനയോഗപ്രാർഥനയുടെ സമയവും ദൈർഘ്യവും ഹൃദയരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന മനസ്സിൻ്റെ ഉറച്ച തീരുമാനം ആശ്രയിച്ചിരിക്കുന്നു. സമയമുള്ളപ്പോൾ മാത്രമല്ല ഒരാൾ ധ്യാനാത്മക പ്രാർഥനയിൽ മുഴുകുന്നത്. യാത്രാവേളയിൽ നേരിടുന്ന പരീക്ഷണങ്ങളും വിരസതയും യാത്രമുടക്കാന്‍ സമ്മതിക്കാതെ ദൃഢനിശ്ചയത്തോടെ കർത്തവിനുവേണ്ടി സമയം കണ്ടെത്തുന്നു. ഒരാൾക്ക് എപ്പോഴും ധ്യാനിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ ആരോഗ്യമോ ജോലിയോ വൈകാരികാവസ്ഥയോ നോക്കാതെ ഒരാൾക്ക് എപ്പോഴും ധ്യാനയോഗപ്രാർഥനയിലേക്കു പ്രവേശിക്കാൻ സാധിക്കും. ദാരിദ്ര്യത്തിലും വിശ്വാസത്തിലുമുള്ള ഈ അന്വേഷണത്തിൻ്റെയും സമാഗമത്തിൻ്റെയും സ്ഥലമാണു ഹൃദയം.
ധ്യാനയോഗ പ്രാർഥനയിലേക്കുള്ള പ്രവേശനം ദിവ്യബലിയുടെ ആഘോഷത്തിലേക്കുള്ള പ്രവേശനത്തിനു സദൃശമാണ്. ഹൃദയത്തെ “ഏകാഗ്രമാക്കുക”, പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്തിൻ കിഴില്‍ നമ്മളായിരിക്കുന്നതെല്ലാം ഒരുമിച്ചു ചേര്‍ക്കുക, നാമായിരിക്കുന്ന കർത്താവിൻ്റെ കൂടാരത്തിൽ വസിക്കുക, നമ്മെ കാത്തിരിക്കുന്നവൻ്റെ സാന്നിധ്യത്തിലേക്കു പ്രവേശിക്കാന്‍ വിശ്വാസത്തെ ഉദ്ദീപ്തമാക്കുക, നമ്മുടെ മൂടുപടങ്ങള്‍ കൊഴിഞ്ഞുവീഴാനും നമ്മെ സ്നേഹിക്കുന്ന കർത്താവിന്‍ പക്കലേക്കു നമ്മുടെ ഹൃദയത്തെ തിരിക്കാനും ഇടവരുത്തുക, അങ്ങനെ ശുദ്ധീകരിക്കപ്പെടുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യേണ്ട ഒരു തിരുമുല്‍ക്കാഴ്ചയായി നാം നമ്മെത്തന്നെ അവിടുത്തേക്ക് അർപ്പിക്കുന്നു.
തന്നെസ്നേഹിക്കുന്ന സ്നേഹത്തെ സ്വാഗതം ചെയ്യുകയും കുടുതൽ സ്നേഹിച്ചുകൊണ്ട് അതിനു പ്രത്യുത്തരം നല്‍കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പാപവിമുക്തനായ ദൈവമകന്റെ പ്രാർഥനയാണു ധ്യാനയോഗ പ്രാർഥന. പക്ഷേ, തൻ്റെ പ്രതിസ്നേഹം തൻ്റെ ഹൃദയത്തിലേക്കു പരിശുദ്ധാത്മാവു ചൊരിഞ്ഞതാണെന്ന് അയാൾക്കറിയാം. കാരണം, കൃപാവരമെല്ലാം ദൈവത്തിൻ നിന്നാണ്. അവിടുത്തെ പ്രിയ പുത്രനോടുള്ള നിരന്തരമായ അഗാധ ഐക്യത്തില്‍ പിതാവിൻ്റെ സ്നേഹമസൃണമായ തിരുവിഷ്ടത്തിന് വിനയത്തിലും ദാരിദ്ര്യത്തിലുമുള്ള അടിയറവയ്ക്കലാണു ധ്യാനയോഗപ്രാർഥന.
പ്രാർഥനയുടെ രഹസ്യത്തിൻ്റെ ഏറ്റവും ലളിതമായ ആവിഷ്കാരമാണു ധ്യാന യോഗപ്രാർഥന. ധ്യാനയോഗപ്രാർഥന ഒരു ദാനമാണ്, കൃപാവരവും. വിനയത്തിലും ദാരിദ്ര്യത്തിലും മാത്രമേ അതിനെ സ്വീകരിക്കാനാവൂ. നമ്മുടെ ഹൃദയങ്ങളിൽ ദൈവം സ്ഥാപിച്ച ഉടമ്പടിയുടെ ബന്ധമാണു ധ്യാനയോഗപ്രാർഥന. ദൈവത്തിൻ്റെ ഛായയായ മനുഷ്യനെ പരിശുദ്ധ ത്രിത്വം “സ്വന്തം സാദൃശ്യത്തോട്” അനുരൂപപ്പെടുത്തുന്ന കൂട്ടായ്മയാണു ധ്യാനയോഗപ്രാർഥന.
സർവോപരി, പ്രാർഥനയുടെ ഏറ്റവും ശക്തമായ സമയമാണു ധ്യാനയോഗ പ്രാർഥന. “വിശ്വാസംവഴി ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ വസിക്കുകയും” നാം “സ്നേഹത്തിൽ വേരൂന്നി അടിയുറച്ചവരാവുകയും" ചെയ്യാൻ വേണ്ടി ധ്യാനയോഗ പ്രാർഥനയിൽ പിതാവ് തൻ്റെ ആത്മാവിലൂടെ നമ്മുടെ അന്തസ്സത്തയെ ബലപ്പെടുത്തുന്നു.
യേശുവില്‍ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടുളള വിശ്വാസത്തിൻ്റെ ഉള്‍ക്കാഴ്ചയാണ് ധ്യാനയോഗപ്രാർഥന. “ഞാൻ അവനെ നോക്കുന്നു; അവൻ എന്നെയും നോക്കുന്നു.” സക്രാരിയുടെ മുൻപിൽ താൻ പ്രാർഥിച്ചിരുന്നത് എങ്ങിനെയെന്ന് ആർസ് ഗ്രാമത്തിലെ ഒരു കർഷകൻ തൻ്റെ വിശുദ്ധനായ വികാരിയോടു വിവരിച്ചതാണിത്. യേശുവിലേക്കുള്ള ഈ ശ്രദ്ധ “എനിക്ക്” ആത്മപരിത്യാഗമാണ്. അവിടുത്തെ നോട്ടം ഹൃദയത്തെ ശുദ്ധീകരിക്കുന്നു. യേശുവിൻ്റെ നോട്ടത്തിൻ്റെ ശോഭ നമ്മുടെ ഹൃദയനേത്രങ്ങളെ പ്രകാശിപ്പിക്കുന്നു; അത് അവിടുത്തെ സത്യത്തിൻ്റെയും എല്ലാ മനുഷ്യരോടുമുള്ള അവിടുത്തെ അനുകമ്പയുടെയും വെളിച്ചത്തില്‍ എല്ലാം നോക്കിക്കാണാന്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ധ്യാനയോഗ പ്രാർഥന യേശുവിൻ്റെ ജീവിത രഹസ്യങ്ങളിലേക്കും നയനങ്ങൾ തിരിക്കുന്നു. അങ്ങനെ അവിടുത്തെ കൂടുതല്‍ സ്നേഹിക്കാനും പിഞ്ചെല്ലാനും വേണ്ടി “നമ്മുടെ കർത്താവിനെപ്പറ്റിയുള്ള ആന്തരികജ്ഞാനം” അഭ്യസിക്കുന്നു.
ദൈവവചനം ശ്രവിക്കലാണ് ധ്യാനയോഗപ്രാർഥന. അതു നിഷ്ക്രിയത്വമല്ല, വിശ്വാസത്തിൻ്റെ അനുസരണവും ദാസൻെറ നിരുപാധികമായ സ്വീകരിക്കലും പുത്രൻ്റെ സ്‌നേഹപൂർണമായ ഒട്ടിച്ചേരലുമാണ്. ദാസനായിത്തീർന്ന പുത്രൻ്റെ “അതേ" യിലും ദൈവത്തിൻ്റെ വിനീതദാസിയുടെ “സമ്മതപ്രഖ്യാപനത്തിലും” അതു പങ്കുചേരുന്നു.
ധ്യാനയോഗ പ്രാർഥന നിശബ്ദതയാണ്, അത് “വരാനിരിക്കുന്ന ലോകത്തിൻ്റെ പ്രതീകമോ" സ്നേഹത്തിൻ്റെ നിശബ്ദപ്രഘോഷണമോ ആണ്.' ധ്യാനയോഗ പ്രാർഥനയിലെ വാക്കുകൽ പ്രഭാഷണങ്ങളല്ല, സ്നേഹാഗ്നിയെ ആളിക്കുന്ന വിറകു കൊള്ളികളാണ്. “ബാഹ്യ" മനുഷ്യന് അസഹ്യമായ ഈ നിശ്ശബ്ദതയിൽ പിതാവ് തൻ്റെ വചനം നമ്മോടു സംസാരിക്കുന്നു, മനുഷ്യനായി അവതരിക്കുകയും പീഡനമേല്‍ക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേല്‍ക്കുകയും ചെയ്ത വചനം. പുത്രസ്വീകരണത്തിൻ്റെ ആത്മാവ് യേശുവിൻ്റെ പ്രാർഥനയില്‍ നമ്മെ പങ്കുകാരാക്കുന്നതും ഈ നിശ്ശബ്ദതയില്‍തന്നെ.
ക്രിസ്തുവിൻ്റെ രഹസ്യത്തില്‍ നമ്മെ പങ്കുകാരാക്കുന്നിടത്തോളം അവിടുത്തെ പ്രാർഥനയുമായുള്ള ഏകീഭാവമാണ് ധ്യാനയോഗപ്രാർഥന. സഭ വിശുദ്ധ കുർബാനയിൽ ക്രിസ്തുരഹസ്യം ആഘോഷിക്കുന്നു. ക്രിസ്തുരഹസ്യംവഴി ജീവിക്കാനും ഉപവി പ്രവൃത്തിയിലൂടെ അതിനെ വെളിപ്പെടുത്താനും പരിശുദ്ധാത്മാവ് ധ്യാനയോഗ പ്രാർഥനയിൽ നമ്മെ പ്രാപ്തരാക്കുന്നു.
ധ്യാനയോഗപ്രാർഥന, അതു വിശ്വാസത്തിൻ്റെ രാത്രിയിൽ വസിക്കാന്‍ സമ്മതിക്കുന്നിടത്തോളം, ജനക്കൂട്ടത്തിനുവേണ്ടി ജീവൻ പേറുന്ന സ്നേഹൈക്യമാണ്. ഉയിർത്തെഴുന്നേൽപിൻ്റെ പെസഹാരാത്രി പീഡാനുഭവത്തിൻ്റെയും കബറടക്കത്തിൻ്റെയും രാത്രിയിലൂടെ കടന്നുപോകുന്നു. യേശുവിൻ്റെ മണിക്കൂറിലെ ഈ മുന്നു സാന്ദ്രനിമിഷങ്ങളെ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ അവിടുത്തെ ആത്മാവ് (“ദൂർബലമായ ശരീരമല്ല") ധ്യാനയോഗ പ്രാർഥനയിൻ നമ്മെ പ്രാപ്തരാക്കുന്നു. “അവിടുത്തോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാന്‍” സമ്മതിക്കുക ആവശ്യമാണ്."
സംഗ്രഹം
അനുദിന , പ്രാർഥനകൾ, യാമ്രപ്രാർഥനകൾ, ഞായറാഴ്ചക്കുർബാന, ആരാധന ക്രമവത്സത്തിലെ തിരുനാളുകൾ എന്നിവവഴി പതിവായി പ്രാർഥക്കാൻ സഭ വിശ്വാന്ധികളെ ക്ഷണിക്കുന്നു.
ക്രൈസ്തവപാരമ്പര്യം പ്രാർഥനാജീവിതത്തിലെ മുന്നു സുപ്രധാന ആവിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നു; വാചികപ്രാർഥന, ധ്യാനം, ധ്യാനയോഗപ്രാർഥന. ഇവയ്ക്കെല്ലാം പൊതുവായുള്ള ഘടകം ഹൃദയത്തിന്റെ ഏകാഗ്രതയാണ്.
ക്രിസ്‌തു പിതാവിനോടു പ്രാർഥിക്കുകയും “സ്വർഗസ്ഥനായ പിതാവേ” എന്ന ജപം ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തു, ഈ മാത്യക അനുസരിച്ച്, ആത്മശരീരകളെ ഒന്നിപ്പിക്കുന്ന മനുഷ്യപ്രകൃതിയിൽ അധിഷ്ഠിതമായ വാചികപ്രാർത്ഥന ശരീരത്തെ ഹ്യദയത്തിന്റെ ആന്തരിക പ്രാർഥനയുമായി ബന്ധി പ്പിക്കുന്നു.
ചിന്ത, ഭാവന, വികാരം, അഭിലാഷം എന്നിവയെ ഉൾക്കൊള്ളുന്ന പ്രാർഥനനിർഭരമായ അന്വഷണമാണ് ധ്യാനം. ധ്യാനവിഷയത്തെ നമ്മുടെതന്നെ ജീവിതയാഥാർത്തിന് അഭിമുഖിഭവിച്ചുകൊണ്ട് വിശ്വാസത്തിൽ സ്വാംശീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
പ്രാർഥനയുടെ രഹസ്യത്തിൻ്റെ ലളിതമായ ഒരാവിഷ്കാരമാണു ധ്യാനയോഗപ്രാർഥന. യേശുവിന്റെ ശ്രദ്ധ കേന്ദ്രികരിക്കുന്ന വിശ്വാസത്തിന്റെ ഒരു നോട്ടമാണത്; ദൈവവചനം ശ്രവിക്കലും നിശ്ശബ്ദ സ്നേഹവുമാണത്. ക്രിസ്തുരഹസ്യത്തിൽ പങ്കുകാരാകാൻ നമ്മെ പ്രാപ്തരാക്കുന്നതിൻ്റെ അനുപാതമനുസതിച്ച് അത് അവിടുത്തെ പ്രാർഥനയുമായി യഥാർഥ ഐക്യം പ്രാപിക്കുന്നു.
പ്രാർഥനാജീവിതം പ്രാർഥനയുടെ ആവിഷ്കാരങ്ങൾ വാചികപ്രാർഥന ധ്യാനം ധ്യാനയോഗ പ്രാർഥന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



