We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 10-Jun-2022
ഖണ്‍ഡം രണ്ട്
സഭയുടെ ഏഴു കുദാശകള്‍
ക്രിസ്തു പുതിയനിയമത്തിൻറെ കൂദാശകള്‍ സ്ഥാപിച്ചു. അവ ഏഴെണ്ണമുണ്ട്: മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം. ഈ ഏഴു കൂദാശകള്‍ ക്രൈസ്തവജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളെയും എല്ലാ സുപ്രധാന നിമിഷങ്ങളെയും സ്പർശിക്കുന്നു: അവ ക്രൈസ്തവൻറെ വിശ്വാസ ജീവിതത്തിനു ജനനവും വളര്‍ച്ചയും രോഗവിമുക്തിയും ദൗത്യവും നല്‍കുന്നു. അങ്ങനെ, സ്വാഭാവികജീവിതത്തിൻറെ ഘട്ടങ്ങളും, ആധ്യാത്മകജീവിതത്തിൻറെ ഘട്ടങ്ങളും തമ്മില്‍ കുറേ സാമ്യമുണ്ട്.
ഈ സാധര്‍മ്യം കണക്കിലെടുത്തുകൊണ്ട് ഒന്നാം അധ്യായം ക്രൈസ്തവ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിൻറെ മുന്നു കുദാശകളെപ്പറ്റി വിവരിക്കുന്നു. രണ്ടാമത്തെ അധ്യായം, സൗഖ്യദാനത്തിൻറെ കുദാശകളെയും, മുന്നാമത്തെ അധ്യായം വിശ്വാസികളുടെ ഐകൃത്തിനായുള്ള ശുശ്രൂഷയുടെയും ദൗത്യത്തിൻറെയും കൂദാശകളെയും വിവരിക്കുന്നു. കുദാശകളെ പരിഗണിക്കുന്നതിന് ഈ ക്രമം മാത്രമല്ല ഉള്ളതെങ്കിലും, ഓരോ കൂദാശയ്ക്കും അതിൻറെതായ സജീവസ്ഥാനമുള്ള ഒരു ജൈവസമഗ്രതയ്ക്കു കുദാശകള്‍ രൂപംനല്‍കുന്നുവെന്നു കാണിച്ചുതരുവാന്‍ ഈ ക്രമം സഹായകമാണ്. ഈ ജൈവസമഗ്രതയില്‍ വി.കുര്‍ബാന “കൂദാശകളുടെ കൂദാശ” എന്ന നിലയില്‍, അതുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്നു; “മററുള്ള എല്ലാ കൂദാശകളും അവയുടെ ലക്ഷ്യമായ കൂര്‍ബാനയിലേക്ക് ഉന്‍മുഖമാക്കപ്പെട്ടവയാണ് എന്നു കാണാവുന്നതാണ്.”
അധ്യായം ഒന്ന്
ക്രൈസ്തവ പ്രാരംഭകൂദാശകള്‍
ക്രൈസ്തവ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിൻറെ കൂദാശകള്‍ - മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന - ക്രൈസ്തവജീവിതത്തിനു മുഴുവനും അടിസ്ഥാനമിടുന്നു. “ക്രിസ്തുവിൻറെ കൃപാവരംവഴി മനുഷ്യര്‍ക്കു ദൈവികസ്വഭാവത്തില്‍ ഭാഗഭാഗിത്വം ലഭിക്കുന്നു. അതിനു സ്വാഭാവിക ജീവിതത്തിൻറെ ഉത്പത്തി, വികാസം, പരിപോഷണം എന്നിവയോടു കുറേ സാദൃശ്യമുണ്ട്. വിശ്വാസികള്‍ മാമ്മോദീസായിലൂടെ പുതിയതായി ജനിക്കുന്നു. സ്ഥൈര്യലേപനത്തിലുടെ ശക്തരാക്കപ്പെടുന്നു. കുര്‍ബാനയില്‍ ശാശ്വതജീവൻറെ ഭക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രൈസ്തവ പ്രാരംഭത്തിൻറെ ഈ കൂദാശകള്‍കൊണ്ട്, അവര്‍ ദൈവികജീവൻറെ നിക്ഷേപങ്ങളെ വര്‍ധമാനമായ തോതില്‍ സ്വീകരിക്കുകയും സ്നേഹത്തിൻറെ പൂര്‍ണതയിലേക്കു മുന്നേറുകയും ചെയ്യുന്നു.”
വകുപ്പ് 1
മാമ്മോദീസ എന്ന കൂദാശ
വിശുദ്ധമാമ്മോദീസാ ക്രൈസ്തവജീവിതത്തിൻറെ മുഴുവനും അടിസ്ഥാനമാണ്, ആത്മിക ജീവനിലേക്കു പ്രവേശിക്കുവാനുള്ള കവാടവും മററു കൂദാശകളെ സമീപിക്കുവാനുള്ള വാതിലുമാണ്. മാമ്മോദീസയിലൂടെ നാം പാപമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ക്രിസ്തുവിൻറെ അവയവങ്ങളായിത്തീരുകയും സഭയുടെ ശരീരത്തിലേക്കു ചേര്‍ക്കപ്പെടുകയും അവളുടെ ദൗത്യത്തില്‍ പങ്കുകാരാക്കപ്പെടുകയും ചെയ്യുന്നു "മാമ്മോദീസ, ജലത്തിലൂടെ വചനത്തിലുള്ള പുനര്‍ജനനത്തിൻറെ കൂദാശയാണ് എന്ന് കൃത്യമായും യുക്തമായും നിര്‍വചിക്കപ്പെടുന്നു.”
I. ഈ കൂദാശയെ എങ്ങനെ വിളിക്കുന്നു?
ഈ കൂദാശയെ അതിൻറെ നിര്‍വഹണത്തിലെ പ്രധാന അനുഷ്ഠാനമനുസരിച്ചു ജ്ഞാനസ്നാനം എന്നു വിളിക്കുന്നു. സ്നാനപ്പെടുത്തുക (ഗ്രീക്കുഭാഷയില്‍ baptizein) എന്നതിനു “മുക്കുക” അഥവാ “താഴ്ത്തുക” എന്നാണര്‍ഥം. വെള്ളത്തിലേക്കുള്ള മുക്കല്‍, ക്രിസ്തുവിൻറെ മരണത്തിലേക്കുള്ള സ്നാനാര്‍ഥിയുടെ കബറടക്കമാണു സൂപിപ്പിക്കുന്നത്. അവിടെനിന്ന് ആ വ്യക്തി ക്രിസ്തുവിനോടൊപ്പം “പുതിയ സൃഷ്ടിയായി" ഉയിര്‍ത്തെഴുന്നേല്‍ക്കും.
“പുനര്‍ജനനത്തിനൻറെ ക്ഷാളനവും പരിശുദ്ധാത്മാവിനാലുള്ള നവീകരണവും” എന്നുകൂടി ഈ കൂദാശയെ വിളിക്കാറുണ്ട്. കാരണം, അതു ജലത്താലും പരിശുദ്ധാത്മാവിനാലുമുള്ള ജനനത്തെ സൂചിപ്പിക്കുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ ആ ജനനമില്ലാതെ ആര്‍ക്കും “ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല".
“ഈ സ്നാനത്തെ ജ്ഞാനോദ്ദിപനം എന്നു വിളിക്കുന്നു. എന്നെന്നാല്‍ (മത ബോധനപരമായ) ഈ ഉപദേശം സ്വീകരിക്കുന്നവര്‍ അവരുടെ ബോധത്തില്‍ പ്രകാശിതരാകുന്നു. " മാമ്മോദീസയില്‍, “ഓരോ മനുഷ്യനെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ പ്രകാശമായ” വചനത്തെ സ്വീകരിച്ചിട്ട്, മാമ്മോദീസ സ്വീകരിച്ച വൃക്തി “പ്രകാശിപ്പിക്കപ്പെടുന്നു.” അവന്‍ “പ്രകാശത്തിൻറെ പുത്രനും, പ്രകാശം "തന്നെയുമായിത്തീരുന്നു;
മാമ്മോദീസ ദൈവത്തിൻറെ ദാനങ്ങളില്‍ ഏററവും മനോഹരവും മഹത്തരവുമാണ്... നാം അതിനെ, ദാനം കൃപാവരം, അഭിഷേകം, ജ്ഞാനോദ്ദീപനം, അമര്‍ത്യതയുടെ വസ്ത്രം, പുനര്‍ജനനത്തിൻറെ സ്‌നാനം, മുദ്ര, എന്നിങ്ങനെ ഏറ്റം വിലപ്പെട്ട നാമം കൊണ്ടു വിളിക്കുന്നു. ദാനം എന്നു വിളിക്കപ്പെടുന്നു, കാരണം, സ്വന്തമായി ഒന്നും കൊണ്ടുവരാത്തവർക്കാണ് അതു നല്‍കപ്പെടുന്നത്; കൃപാവരം - കാരണം, അതു തെറ്റുചെയ്തവര്‍ക്കുപോലും നല്‍കപ്പെടുന്നു; മാമ്മോദീസ - കാരണം, പാപം ജലത്തില്‍ സംസ്കരിക്കപ്പെടുന്നു; അഭിഷേകം -കാരണം പുരോഹിതനും രാജാവും (അവരാണ് അഭിഷിക്തരായിരിക്കുന്നത്); ജ്ഞാനോദ്ദിപനം -കാരണം, ശോഭയും പ്രകാശവും; വസ്ത്രം - കാരണം, നമ്മുടെ ലജ്ജയെ മറയ്ക്കുന്നു; സ്നാനം - കാരണം, അതു കഴുകുന്നു; മുദ്ര - കാരണം, അതു നമ്മുടെ സംരക്ഷകയും കര്‍തൃത്വത്തിൻറെ അടയാളവുമാണ്.
II. മാമ്മോദീസ രക്ഷാപദ്ധതിയില്‍
മാമ്മോദീസയുടെ പ്രതിരൂപങ്ങള്‍ പഴയ ഉടമ്പടിയില്‍
ഉയിര്‍പ്പുതിരുനാള്‍ ജാഗരണത്തില്‍, മാമ്മോദീസജലം വെഞ്ചെരിക്കുമ്പോൾ സഭ മാമ്മോദീസയുടെ രഹസ്യത്തെ മുന്‍കൂട്ടി സൂചിപ്പിച്ച രക്ഷാചരിത്രത്തിലെ മഹത്തായ സംഭവങ്ങളെ ആഘോഷപൂര്‍വം അനുസ്മരിക്കുന്നുണ്ട്:
ലോകാരംഭം മുതല്‍, വിനീതവും വിസ്മയനീയവുമായ സൃഷ്ടിയായ ജലം ജീവന്റെയും ഫലപൂര്‍ണതയുടെയും ഉറവിടമായിരുന്നു. ദൈവചൈതന്യത്താല്‍ “ആവസിക്കപ്പെട്ട” ഒന്നായി വിശുദ്ധ്രഗന്ഥം അതിനെ കാണുന്നു.
സഭ നോഹയുടെ പെട്ടകത്തെ, മാമ്മോദീസവഴിയുള്ള രക്ഷയുടെ ഒരു പ്രതിരുപമായി കാണുന്നു. കാരണം, അതുവഴി, “കുറെപ്പേര്‍, അതായത് എട്ടുപേര്‍, ജലത്തിലൂടെ രക്ഷിക്കപ്പെട്ടു."
മണ്ണില്‍നിന്ന് ഉദ്ഗമിക്കുന്ന ജലം ജീവൻറെ പ്രതീകമാണെങ്കില്‍, സമുദ്രത്തിലെ ജലം മരണത്തിൻറെ പ്രതീകമാണ്. അതുകൊണ്ട് കുരിശിൻറെ രഹസ്യത്തെ സൂചിപ്പിക്കാന്‍ അതിനു കഴിയുന്നു. ഈ പ്രതീകാത്മകതവഴി മാമ്മോദീസ ക്രിസ്തുവിൻറെ മരണവുമായുള്ള സംസര്‍ഗത്തെ സൂചിപ്പിക്കുന്നു.
പ്രത്യേകിച്ച്, സര്‍വോപരി, ചെങ്കടല്‍ കടന്ന പ്രവൃത്തി, യഥാര്‍ത്ഥത്തില്‍, ഈജിപ്തിലെ അടിമത്തത്തില്‍നിന്നുള്ള ഇസ്രായേല്‍ക്കാരുടെ വിമോചനം, മാമ്മോദീസ സാധ്യമാക്കിയ വിമോചനത്തെ മുന്‍കൂട്ടി അറിയിക്കുന്നു.
അവസാനമായി, ദൈവജനം യോര്‍ദാന്‍നദി കടന്ന സംഭവവും മാമ്മോദീസയുടെ പ്രതിരുപമായിത്തീര്‍ന്നു. ആ കടന്നുപോകലിലൂടെ ദൈവജനം അബ്രാഹത്തിൻറെ പിന്‍ഗാമികള്‍ക്കായി വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി ദാനമായിസ്വീകരിച്ചു. അതു നിതൃജീവൻറെ ഒരു പ്രതീകമാണ്. അനുഗ്രഹപൂര്‍ണമായ ഈ അനന്തരാവകാശത്തിൻറെ വാഗ്ദാനം പുതിയ ഉടമ്പടിയിൽ നിറവേറി.
ക്രിസ്തുവിൻറെ മാമ്മോദീസ
പഴയ ഉടമ്പടിയിലെ സകല പ്രതിരൂപങ്ങളും യേശുക്രിസ്തുവില്‍ അവയുടെ സാക്ഷാത്കാരം കണ്ടെത്തുന്നു. സ്നാപകയോഹന്നാന്‍ യോര്‍ദാന്‍ നദിയില്‍വച്ചു നല്‍കിയ മാമ്മോദീസ സ്വീകരിച്ചതിനുശേഷം യേശു തൻറെ പരസ്യജീവിതം തുടങ്ങുന്നു. തൻറെ പുനരുത്ഥാനശേഷം അവിടുന്ന് അപ്പസ്തോലന്‍മാര്‍ക്ക് ഈ ദാത്യം നല്‍കുന്നു; “ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും പഠിപ്പിക്കുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻറെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍.”
വി. യോഹന്നാന്‍ നല്‍കിയിരുന്ന, പാപികള്‍ക്കായുള്ള മാമ്മോദീസ, നമ്മുടെ കര്‍ത്താവ്, “എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍വേണ്ടി"' പൂര്‍ണമനസ്സോടെ സ്വീകരിച്ചു. യേശുവിൻറെ ഈ പ്രവൃത്തി, തന്നെത്തന്നെ ശുന്യനാക്കുന്നതിൻറെ ഒരു പ്രകടനമാണ്. ആദിമസൃഷ്ടിയില്‍ ജലത്തിനുമേല്‍ ചലിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവ്, അപ്പോള്‍ ക്രിസ്തുവിൻറെമേല്‍, പുതിയ സൃഷ്ടിയുടെ നാന്ദിയായി, ഇറങ്ങിവന്നു. യേശുവിനെ തൻറെ പ്രിയപുത്രനായി പിതാവു വെളിപ്പെടുത്തുകയുംചെയ്തു.
ക്രിസ്തു തൻറെ പെസഹായില്‍ എല്ലാ മനുഷ്യര്‍ക്കും മാമ്മോദീസയുടെ ഉറവ തുറന്നുകൊടുത്തു. വാസ്തവത്തില്‍ താന്‍ ജറുസലെമില്‍ സഹിക്കാനിരുന്ന പീഡാസഹനത്തെപ്പററി, താന്‍ മുങ്ങേണ്ടിയിരുന്ന ഒരു “മാമ്മോദീസ” എന്ന നിലയില്‍ അവിടുന്നു മുമ്പേ പറഞ്ഞിരുന്നു.” ക്രൂശിതനായ യേശുവിൻറെ വിലാവില്‍നിന്നൊഴുകിയ രക്തവും ജലവും. പുതിയ ജീവിതത്തിൻറെ കുദാശകളായ മാമ്മോദീസയുടെയും കുര്‍ബാനയുടെയും പ്രതിരൂപങ്ങള്‍ ആയിരുന്നു. അപ്പോള്‍മുതല്‍ “ദൈവരാജൃത്തില്‍ പ്രവേശിക്കാന്‍. ജലത്താലും ആത്മാവിനാലും ജനിക്കുക” എന്നത് സാധ്യമായിത്തീര്‍ന്നു.
മാമ്മോദീസ സഭയില്‍
പന്തക്കുസ്തയുടെ ദിവസം മുതല്‍തന്നെ സഭ പരിശുദ്ധ മാമ്മോദീസ ആഘോഷിക്കുകയും നല്‍കുകയും ചെയ്തിരുന്നു. തൻറെ പ്രഭാഷണം കേട്ടു വിസ്മയഭരിതരായ ജനക്കൂട്ടത്തോടു വിശുദ്ധപത്രോസ് പ്രഖ്യാപിച്ചു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപ മോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിൻറെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിൻറെ ദാനം നിങ്ങള്‍ക്കു ലഭിക്കും. അപ്പസ്തോലന്‍മാരും അവരുടെ സഹപ്രവര്‍ത്തകരും യേശുവില്‍ വിശ്വസിക്കുന്ന ഏതു വ്യക്തിക്കും, അയാള്‍ യഹുദനോ ദൈവഭയമുള്ളവനോ വിജാതീയനോ ആരുതന്നെയായാലും, മാമ്മോദീസ നല്‍കുന്നു. മാമ്മോദീസയെ എപ്പോഴും വിശ്വാസത്തോടു ബന്ധപ്പെട്ടതായിട്ടാണു കണ്ടിരുന്നത്; “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും” എന്നു ഫിലിപ്പിയായിലെ തടവറകാവല്‍ക്കാരനോടു വിശുദ്ധ പൗലോസ് പ്രഖ്യാപിച്ചു: “അപ്പോള്‍ത്തന്നെ” ആ തടവറക്കാരനും “അവൻറെ കുടുംബം മുഴുവനും മാമ്മോദീസ സ്വീകരിച്ചു” എന്ന് ആ വിവരണത്തില്‍ തുടര്‍ന്നു പറയുന്നുണ്ട്.
വിശുദ്ധ പൗലോസ് അപ്പസ്തോലൻറെ വീക്ഷണത്തില്‍ മാമ്മോദീസയിലൂടെ വിശ്വാസി, ക്രിസ്തുവിൻറെ മരണവുമായി ഐക്യപ്പെടുന്നു; അവിടുത്തോടൊപ്പം സംസ്കരിക്കപ്പെടുന്നു; അവിടുത്തോടൊപ്പം ഉയിര്‍ക്കുകയും ചെയ്യുന്നു;
മാമ്മോദീസ മുങ്ങിയവര്‍ “ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു." പരിശുദ്ധാത്മാവിലൂടെ ശുദ്ധീകരിക്കുകയും നീതീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന ഒരു സ്നാനമാണ് മാമ്മോദീസ.
അതുകൊണ്ട്, ദൈവവചനത്തിൻറെ “അനശ്വരമായ വിത്ത്,” അതിൻറെ ജീവദായകമായ ഫലം ഉത്പാദിപ്പിക്കുന്ന ജലത്താലുള്ളസ്നാനം ആണു മാമ്മോദീസ.” വിശുദ്ധ ആഗസ്തീനോസു മാമ്മോദീസയെപ്പററി പറയുന്നു; “വചനം ഭൗമിക ഘടകത്തിലേക്കു പ്രവേശിക്കുന്നു, അത് ഒരു കൂദാശയായിത്തീരുന്നു.
മാമ്മോദീസ എന്ന കൂദാശ എങ്ങനെ ആഘോഷിക്കപ്പെടുന്നു?
ക്രൈസ്തവപ്രാരംഭം
ക്രൈസ്തവനായിത്തീരുക എന്നത് അപ്പസ്‌തോലിക കാലം മുതൽ പല ഘട്ടങ്ങളുള്ള ഒരു യാത്രയിലൂടെയും ആരംഭകര്‍മത്തിലൂടെയും ആയിരുന്നു. ഈ യാത്ര വേഗത്തിലോ സാവധാനത്തിലോ ആകാം. പക്ഷേ, സത്താപരമായ ചില ഘടകങ്ങള്‍ അതില്‍ എപ്പോഴും ഉണ്ടായിരിക്കണം; വചനപ്രഘോഷണം, മാനസാന്തതത്തിലേക്കു നയിക്കുന്ന സുവിശേഷ സ്വീകരണം, വിശ്വാസപ്രഖ്യാപനം, മാമ്മോദീസ, പരിശുദ്ധാത്മാവിൻറെ വര്‍ഷിക്കല്‍, ദിവ്യകാരുണ്യസ്വീകരണത്തിനുള്ള സൗകര്യം.
ആഘോഷത്തിൻറെ ദിവ്യരഹസ്യപ്രബോധനം
മാമ്മോദീസ എന്ന കൂദാശയുടെ അര്‍ഥവും കൃപാവരവും, അതിൻ്റെ ആഘോഷത്തിനുള്ള അനുഷ്ഠാനവിധികളില്‍ വ്യക്തമായിക്കാണാം. ഈ ആഘോഷത്തില്‍ ശ്രദ്ധാപൂര്‍വം പങ്കെടുത്തുകൊണ്ട് കര്‍മങ്ങളും വാക്കുകളും മനസ്സിലാക്കിയാല്‍ പുതുതായി മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയിലും ഈ കൂദാശ സൂചിപ്പിക്കുന്നതും യഥാര്‍ഥത്തില്‍ ഉളവാകുന്നതുമായ ആധ്യാത്മിക സമ്പന്നതകളെ ഗ്രഹിക്കുവാന്‍ വിശ്വാസികള്‍ക്കു കഴിയും.
കുരിശിൻ്റെ അടയാളം ആഘോഷത്തിൻ്റെ തുടക്കത്തില്‍ ക്രിസ്തുവിനു സ്വന്തമാകാനിരിക്കുന്നവനില്‍ അവിടുത്തെ മുദ്ര ചാര്‍ത്തുന്നു. ഇതു ക്രിസ്തു തൻ്റെ കുരിശു വഴി നമുക്കു നേടിത്തന്ന വീണ്ടെടുപ്പിൻ്റെ കൃപാവരത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
ദൈവവചനത്തിൻ്റെ പ്രഘോഷണം, അര്‍ഥികളെയും സമൂഹത്തെയും ആവിഷ്‌കൃതസത്യംകൊണ്ടു പ്രബുദ്ധരാക്കുന്നു. മാമ്മോദീസയോട് അഭേദ്യമായി ബന്ധപ്പെട്ട വിശ്വാസത്തിൻ്റെ പ്രത്യുത്തരത്തെ ഉണര്‍ത്തുകയുംചെയ്യുന്നു. യഥാര്‍ഥത്തില്‍ മാമ്മോദീസ, സവിശേഷമായ രീതിയില്‍ “വിശ്വാസത്തിൻ്റെ കൂദാശ"യാണ്. കാരണം, അതു വിശ്വാസജീവിതത്തിലേക്കുള്ള കൗദാശികമായ കവാടമാണ്.
മാമ്മോദീസ, പാപത്തില്‍നിന്നും അതിൻ്റെ പ്രേരകനായ സാത്താനില്‍നിന്നുമുള്ള വിമോചനത്തെ സൂചിപ്പിക്കുന്നതുകൊണ്ട്, പിശാചുബഹിഷ്കരണ വാക്യങ്ങള്‍ ഒരു പ്രാവശ്യം (പലപ്രാവശ്യം) അര്‍ഥിയുടെമേല്‍ ഉച്ചരിക്കപ്പെടുന്നു. തുടര്‍ന്നു കാർമികന്‍, അര്‍ഥിയെ സ്നാനാര്‍ഥികള്‍ക്കുള്ള തൈലംകൊണ്ട് അഭിഷേകംചെയ്യുന്നു; അല്ലെങ്കില്‍ അവൻ്റെ മേല്‍ കൈകള്‍ വയ്ക്കുന്നു. അര്‍ഥി സാത്താനെ വ്യക്തമായി തള്ളിപ്പറയുന്നു. അങ്ങനെ ഒരുക്കമുള്ളവനായി, സഭയുടെ വിശ്വാസം ഏറ്റുപറയുവാൻ അവനു കഴിയുന്നു. ആ വിശ്വാസത്തിനു മാമ്മോദീസവഴി അവന്‍ “ഭരമേല്‍പിക്കപ്പെട്ടവനാണ്."
മാമ്മോദീസാജലം, റൂഹാക്ഷണപ്രാര്‍ഥനകൊണ്ടു പവിത്രമാക്കപ്പെടുന്നു (ഈ സമയത്തോ അല്ലെങ്കില്‍ ഉയിര്‍പ്പുതിരുനാളിനൊരുക്കമായ ജാഗരണ സമയത്തോ അതു നടക്കുന്നു). മാമ്മോദീസ മുങ്ങുന്നവര്‍ “ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നതിന്" ആ ജലത്തിന്‍മേല്‍ ദൈവം തൻ്റെ പുത്രനിലൂടെ പരിശുദ്ധാത്മാവിൻ്റെ ശക്തി അയയ്ക്കുന്നതിനായി സഭ അവിടുത്തോടു യാചിക്കുന്നു.
കൂദാശയുടെ സത്താപരമായ അനുഷ്ഠാന കർമം : കൃത്യമായ അര്‍ഥത്തിലുള്ള മാമ്മോദീസ നടക്കുന്നത് ഇനിയാണ്. അതു പാപത്തിനും മരിച്ച് പരിശുദ്ധതമ ത്രിത്വത്തിൻ്റെ ജീവനിലേക്കു പ്രവേശിക്കുന്നതിനെ സൂചിപ്പിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൻ്റെ പെസഹാരഹസ്യത്തോടുള്ള താദാത്മ്യം പ്രാപിക്കലിലൂടെയാണ് ഇതു സംഭവിക്കുന്നത്. മാമ്മോദീസാജലത്തില്‍ മൂന്നു പ്രാവശ്യം മുക്കിക്കൊണ്ടാണു മാമ്മോദീസ ഏററവും അര്‍ത്ഥവത്തായി നിര്‍വഹിക്കപ്പെടുന്നത്. എന്നാലും, അര്‍ഥിയുടെ തലയില്‍ മൂന്നു പ്രാവശ്യം ജലം ഒഴിച്ചുകൊണ്ട് മാമ്മോദീസ നല്‍കുന്നതിനു പ്രാചീനകാലം മുതല്‍ സാധിക്കുമായിരുന്നു.
മെത്രാന്‍ ആശീര്‍വദിച്ച സുഗന്ധ എണ്ണയായ വിശുദ്ധതൈലംകൊണ്ടുള്ള അഭിഷേകം, പുതുതായി മാമ്മോദീസ സ്വീകരിച്ചു ക്രിസ്ത്യാനിയായിത്തീര്‍ന്ന വ്യക്തിക്ക്, അതായത്, പുരോഹിതനും പ്രവാചകനും രാജാവുമായ ക്രിസ്തുവിൻ്റെ ശരീരത്തിലേക്കു സന്നിവേശിക്കപ്പെട്ടവനും പരിശുദ്ധാത്മാവിനാല്‍ “അഭിഷേകം” ചെയ്യപ്പെട്ടവനുമായ വ്യക്തിക്ക് പരിശുദ്ധാത്മാവു നല്‍കുന്ന ദാനത്തെ സൂചിപ്പിക്കുന്നു."
പൗരസ്ത്യ സഭകളുടെ ആരാധനക്രമത്തില്‍ മാമ്മോദീസാനന്തരമുള്ള അഭിഷേകം മൂറോനഭിഷേകം (സ്ഥൈര്യലേപനം) എന്ന കൂദാശയാണ്. റോമന്‍ ആരാധനാ ക്രമത്തില്‍ ആ അഭിഷേകം പിന്നീടു വിശുദ്ധതൈലമുപയോഗിച്ചു മെത്രാന്‍ നല്‍കാനിരിക്കുന്ന രണ്ടാമത്തെ അഭിഷേകമായ സ്ഥൈര്യലേപനത്തെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതാണ്. അതു മാമ്മോദീസയിലെ അഭിഷേകത്തെ “സ്ഥിരീകരിക്കുകയും” പൂര്‍ത്തിയാക്കുകയും ചെയ്യുന്നതുപോലെയുള്ളതാണ്.
മാമ്മോദീസ മുങ്ങിയ വ്യക്തി “ക്രിസ്തുവിനെ ധരിച്ചു” എന്നും, "ക്രിസ്തുവിനോടുകൂടി ഉത്ഥാനംചെയ്തു എന്നും വെള്ളവസ്ത്രം സൂചിപ്പിക്കുന്നു. ഈസ്ററര്‍ തിരിയില്‍നിന്നു കൊളുത്തിയ മെഴുകുതിരി, വിശ്വാസത്തിലെ നവജാതനെ ക്രിസ്തു പ്രബുദ്ധനാക്കിയെന്നു സൂചിപ്പിക്കുന്നു. മാമ്മോദീസ മുങ്ങിയവര്‍ ക്രിസ്തുവില്‍ "ലോകത്തിൻ്റെ പ്രകാശമാണ്".
പുതുതായി മാമ്മോദീസ മുങ്ങിയ വ്യക്തി, ഇപ്പോള്‍ ഏകജാതനില്‍ ദൈവത്തിൻ്റെ പുത്രനാണ്. ദൈവമക്കളുടെ പ്രാര്‍ഥനയായ “സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ.. ” എന്ന പ്രാര്‍ഥന ചൊല്ലാന്‍ അവനു സാധിക്കുന്നു.
പ്രഥമദിവ്യകാരുണ്യസ്വീകരണം. മാമ്മോദീസയിലൂടെ നവജാതനായവന്‍ ദൈവത്തിൻ്റെ പുത്രനായിതീർന്ന് , വിവാഹവസ്ത്രമണിഞ്ഞുകഴിയുമ്പോള്‍, “കുഞ്ഞാടിൻ്റെ വിവാഹവിരുന്നിലേക്കു" പ്രവേശിപ്പിക്കപ്പെട്ടു നവജീവന്‍റെറ ഭക്‌ഷണമായ ക്രിസ്തുവിൻ്റെ ശരീരവും രക്തവും സ്വീകരിക്കുന്നു. പൗര്യസ്ത്യസഭകള്‍, പുതുതായി മാമ്മോദീസ മുങ്ങുകയും അഭിഷേചിക്കപ്പെടുകയുംചെയ്യുന്ന എല്ലാവര്‍ക്കും, കൊച്ചു കുട്ടികള്‍ക്കുപോലും, ദിവ്യകാരുണ്യം നല്‍കുന്നു. അങ്ങനെ ചെയ്തുകൊണ്ട്, ക്രൈസ്തവാരംഭത്തിൻ്റെ ഐക്യത്തെപ്പററിയുള്ള സജീവാവബോധം നിലനിറുത്തുന്നു. ഇങ്ങനെ ദിവ്യകാരുണ്യം നല്‍കുന്നതിലൂടെ, “കുട്ടികള്‍ എൻ്റെയടുക്കല്‍വരട്ടെ, അവരെ തടയരുത്" എന്ന കര്‍ത്താവിൻ്റെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു. തിരിച്ചറിവിൻ്റെ പ്രായത്തില്‍ എത്തിയവര്‍ക്കു മാത്രമേ ദിവ്യകാരുണ്യം നല്‍കാവൂ എന്നു നിശ്ചയിച്ചിട്ടുള്ള ലത്തീന്‍സഭയും മാമ്മോദീസയ്ക്കു ദിവ്യകാരുണ്യത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട്. പുതുതായി മാമ്മോദീസ മുങ്ങിയ ശിശുവിനെ, “സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലുന്നതിനുവേണ്ടി അള്‍ത്താരയുടെ അടുക്കലേക്കു നയിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
ആഘോഷപൂര്‍വകമായ ആശീര്‍വാദത്തോടെ മാമ്മോദീസയുടെ ആഘോഷം സമാപിക്കുന്നു. നവജാതശിശുക്കളുടെ മാമ്മോദീസയില്‍, അമ്മയെ ആശീര്‍വദിക്കുന്ന ചടങ്ങിനു സവിശേഷമായ ഒരു സ്ഥാനമുണ്ട്.
IV മാമ്മോദീസ സ്വീകരിക്കാന്‍ ആര്‍ക്കു കഴിയും?
“ഇതുവരെ മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തിക്ക്; അവനു മാത്രമേ, മാമ്മോദീസ സ്വീകരിക്കാന്‍ കഴിയുകയുള്ളു."
മുതിര്‍ന്നവരുടെ മാമ്മോദീസ
സഭയുടെ ആരംഭംമുതല്‍, സുവിശേഷത്തിൻ്റെ പ്രഘോഷണം പുതുതായി നടക്കുന്നിടത്ത്, മുതിര്‍ന്നവരുടെ മാമ്മോദീസയാണ് ഏറ്റവും പതിവായിട്ടുള്ളത്. അതുകൊണ്ട് സ്‌നാനാര്‍ഥിഘട്ടത്തിന് (മാമ്മോദീസായ്ക്കുള്ള തയാറെടുപ്പ്) ഒരു പ്രധാന സ്ഥാനമുണ്ട്. ക്രൈസ്തവ വിശ്വാസത്തിലേക്കും ക്രൈസ്തവജീവിതത്തിലേക്കുമുള്ള ഈ പ്രവേശനകര്‍മം, മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും ദിവ്യകാരുണ്യത്തിലും ദൈവത്തിൻ്റെ ദാനം സ്വീകരിക്കാന്‍, സ്നാനാര്‍ഥികളില്‍ ആഭിമുഖ്യം ഉണ്ടാക്കണം.
സ്നാനാര്‍ഥിഘട്ടം അഥവാ സ്നാനാര്‍ഥികളുടെ പരിശീലനം അവരുടെ മാനസാന്തരത്തെയും വിശ്വാസത്തെയും പക്വതയിലേക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ദൈവികമായ മുന്‍കൈയെടുക്കലിനോടുള്ള പ്രതികരണത്തിലും സഭാത്മകസമൂഹവുമായുള്ള ഐകൃത്തിലുമാണ്, ഇതു സംഭവിക്കുന്നത്. സ്നാനാര്‍ഥിഘട്ടം “മുഴുവന്‍ ക്രൈസ്തവജീവിതത്തിലൂടെയുമുള്ള ഒരു പരിശീലനമായി ഗണിക്കപ്പെടണം... ആ ഘട്ടത്തില്‍ ശിഷ്യന്‍മാര്‍ തങ്ങളുടെ ഗുരുവായ ക്രിസ്തുവിനോട് ഐക്യപ്പെടണം. രക്ഷയുടെ രഹസ്യത്തിലേക്കും, സുവിശേഷ സുകൃതങ്ങളിലേക്കും ജ്ഞാനസ്നാനാര്‍ഥികള്‍ വേണ്ടവിധത്തില്‍ പ്രവേശിപ്പിക്കപ്പെടണം. ആവര്‍ത്തിച്ചുള്ള തിരുക്കര്‍മാനുഷ്ഠാനങ്ങള്‍വഴി ദൈവജനത്തിൻ്റെ വിശ്വാസത്തിൻ്റെയും ആരാധനയുടെയും ഉപവിയുടെയും ജീവിതത്തിലേക്ക് അവരെ നയിക്കണം.”
സ്നാനാര്‍ഥികള്‍ “സഭയോടു ചേര്‍ന്നുകഴിഞ്ഞവര്‍തന്നെയാണ്. അവര്‍ ക്രിസ്തുവിൻ്റെ കുടുംബത്തിലെ അംഗങ്ങളായിക്കഴിഞ്ഞു; കുറെയൊക്കെ വിശ്വാസം, ശരണം, ഉപവി എന്നിവയുടെ ജീവിതം നയിച്ചുതുടങ്ങിക്കഴിഞ്ഞവരുമാണ്.” “സഭാമാതാവ് അവരെ തൻ്റെ സ്വന്തമായി കരുതി സ്നേഹത്തോടും അതീവതാത്പര്യത്തോടും കൂടി ആശ്ശേഷിക്കുന്നു.iiyyutfdfdss
ശിശുക്കളുടെ മാമ്മോദീസ
അധഃപതിച്ച മനുഷ്യപ്രകൃതിയോടും ഉദ്ഭവപാപത്തിൻ്റെ കളങ്കത്തോടുംകൂടി ജനിക്കുന്നവരാകയാല്‍ കുട്ടികള്‍ക്കും മാമ്മോദീസയിലുള്ള പുതിയ ജനനത്തിൻ്റെ ആവശ്യമുണ്ട്. അന്ധകാരത്തിൻ്റെ ശക്തിയില്‍നിന്നു സ്വതന്ത്രരാക്കപ്പടുവാനും എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ സ്വാത്രന്ത്യത്തിന്റെ മണ്‍ഡലത്തിലേക്കു നയിക്കപ്പെടാനുമാണത്. രക്ഷയുടെ കൃപാവരം തികച്ചും സൗജന്യ ദാനമാണ് എന്നതു ശൈശവമാമ്മോദീസയില്‍ സവിശേഷമാംവിധം പ്രകടമാക്കപ്പെടുന്നു. ഒരു ശിശു ജനിച്ചു കഴിഞ്ഞയുടനെതന്നെ അതിനു മാമ്മോദീസ നല്‍കാതിരൂന്നാല്‍, ദൈവത്തിൻ്റെ ശിശുവായിത്തീരാനുള്ള അമൂല്യമായ കൃപാവരത്തെ സഭയും മാതാപിതാക്കളും അതിനു നിഷേധിക്കുകയായിരിക്കും ചെയ്യുന്നത്.
തങ്ങളെ ദൈവം ഏല്‍പിച്ച ജീവൻ്റെ പരിപോഷകര്‍ എന്ന നിലയിലുള്ള തങ്ങളുടെ ധര്‍മത്തിനു ചേര്‍ന്നതാണ് ഈ ആചാരമെന്നു ക്രൈസ്തവമാതാപിതാക്കള്‍ അംഗീകരിക്കുന്നു.
ശൈശവമാമ്മോദീസ എന്ന പതിവു സഭയുടെ അതിപുരാതനമായ ഒരു പാരമ്പര്യമാണ്. രണ്ടാം നൂററാണ്ടുമുതല്‍ ഈ പതിവിനെപ്പററി സുദൃഢമായ സാക്ഷ്യം ലഭിച്ചിട്ടുണ്ട്. അപ്പസ്തോലന്‍മാര്‍ പ്രസംഗിച്ചകാലത്തും. “കുടുംബങ്ങള്‍” മുഴുവനും മാമ്മോദീസ സ്വീകരിച്ചിരുന്നപ്പോള്‍, ശിശുക്കളും മാമ്മോദീസ സ്വീകരിച്ചിരുന്നു എന്നത്, തികച്ചും സാധ്യതയുള്ള സംഗതിയാണ്.
വിശ്വാസവും മാമ്മോദീസയും
മാമ്മോദീസ വിശ്വാസത്തിൻ്റെ കൂദാശയാണ്. എന്നാല്‍, വിശ്വാസത്തിനു വിശ്വസിക്കുന്നവരുടെ സമൂഹം ആവശ്യമാണ്. സഭയുടെ വിശ്വാസത്തിനുള്ളില്‍ നിന്നു കൊണ്ടു മാത്രമേ ഓരോ വിശ്വാസിക്കും വിശ്വസിക്കാന്‍ കഴിയുകയുള്ളു. മാമ്മോദീസയ്ക്ക് ആവശ്യമായ വിശ്വാസം പരിപൂര്‍ണവും പരിപക്വവുമായ വിശ്വാസമല്ല, പിന്നെയോ വളര്‍ച്ച ആവശ്യമായിട്ടുള്ള ഒരു ആരംഭമാണ്. ജ്ഞാനസ്നാനാര്‍ഥിയോടോ തലതൊട്ടപ്പനോടോ ഇങ്ങനെ ചോദിക്കുന്നു; “ദൈവത്തിൻ്റെ സഭയില്‍നിന്നു നീ എന്ത് ആവശ്യപ്പെടുന്നു” അതിൻ്റെ മറുപടി “വിശ്വാസം” എന്നാണ്.
മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും വിശ്വാസം, അവര്‍ ശിശുക്കളായാലും മുതിര്‍ന്നവരായാലും, മാമ്മോദീസയ്ക്കു ശേഷം വളരണം. ഇക്കാരണത്താല്‍ സഭ എല്ലാവര്‍ഷവും ഈസ്റ്റര്‍ ജാഗരണസമയത്തു മാമ്മോദീസാ വാഗ്ദാനങ്ങള്‍ നവീകരിക്കുന്നു. മാമ്മോദീസയ്ക്കുള്ള തയാറെടുപ്പു പുതിയജീവിതത്തിൻ്റെ പടിവാതില്‍ക്കലേക്കു നയിക്കുന്നതേയുള്ളു. മാമ്മോദീസ ക്രിസ്തുവിലുള്ള ആ പുതിയ ജീവിതത്തിൻ്റെ ഉറവിടമാണ്; അതില്‍നിന്നു ക്രൈസ്തവജീവിതം മുഴുവനും നിര്‍ഗളിക്കുന്നു.
മാമ്മോദീസയുടെ കൃപാവരം സജീവമാകുന്നതിനു മാതാപിതാക്കളുടെ സഹായം സുപ്രധാനമാണ്. അതുപോലെതന്നെയാണു തലതൊട്ടപ്പൻ്റെയും തലതൊട്ടമ്മയുടെയും ധര്‍മവും. അവര്‍ ഉറച്ച വിശ്വാസികളായിരിക്കണം. പുതുതായി മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ - ശിശുവായാലും മുതിര്‍ന്ന വൃക്തിയായാലും - ക്രൈസ്തവ ജീവിതസരണിയില്‍ സഹായിക്കാന്‍ കഴിവുള്ളവരും സന്നദ്ധതയുള്ളവരുമായിരിക്കണം അവര്‍. അവരുടെ ധര്‍മം യഥാര്‍ഥത്തില്‍ സഭാത്മകമായ ഒരു കര്‍ത്തവ്യമാണ്. മാമ്മോദീസയില്‍ നല്‍കപ്പെട്ട കൃപാവരം വളര്‍ത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്തില്‍ സഭാസമൂഹം മുഴുവനും പങ്കുചേരുന്നു.
V. മാമ്മോദീസ നല്‍കാന്‍ ആര്‍ക്കു കഴിയും?
മാമ്മോദീസയുടെ സാധാരണ കാര്‍മികര്‍ മെത്രാനും പുരോഹിതനുമാണ്. ലത്തീന്‍സഭയില്‍, ഡീക്കനും സാധാരണ കാര്‍മികനാണ്.അത്യാവശ്യ സന്ദര്‍ഭത്തില്‍, ഏതു വ്യക്തിക്കും, മാമ്മോദീസ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കുപോലും, അയാള്‍ക്ക് ആവശ്യമായ നിയോഗമുണ്ടെങ്കില്‍ ത്രിത്വനാമവാക്യം (Trinitarian Baptismal Formula ) ഉപയോഗിച്ച് മാമ്മോദീസ നല്‍കാം. ആവശ്യമായ നിയോഗം എന്നതു സഭ മാമ്മോദീസ നല്‍കുമ്പോള്‍ ചെയ്യുന്നതെന്തോ അതു ചെയ്യാന്‍ ആഗ്രഹിക്കുക എന്നതാണ്. ഈ സാധ്യതയുടെ കാരണം സഭ കാണുന്നത്, ദൈവത്തിൻ്റെ സാര്‍വത്രിക രക്ഷാകര ഹിതത്തിലും, രക്ഷയ്ക്കു മാമ്മോദീസ അത്യാവശ്യമാണെന്ന വസ്തുതയിലും ആണ്.
VI. മാമ്മോദീസയുടെ അത്യാവശ്യം
മാമ്മോദീസ രക്ഷയ്ക്ക് അത്യാവശ്യമാണെന്നു കര്‍ത്താവുതന്നെ ഊന്നിപ്പറയുന്നു. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനും അവരെ ജ്ഞാനസ്നാനപ്പെടുത്താനും ശിഷ്യന്‍മാരോട് അവിടുന്നു കല്‍പിക്കുകയും ചെയ്യുന്നു.സുവിശേഷപ്രഘോഷണം ശ്രവിച്ചവരെയും ഈ കൂദാശ ആവശ്യപ്പെടാന്‍ സാധ്യതയുള്ളവരെയും സംബന്ധിച്ചിടത്തോളം, രക്ഷയ്ക്കു മാമ്മോദീസ അത്യാവശ്യമാണ്. മാമ്മോദീസയല്ലാതെ, ശാശ്വത സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുന്ന മറെറാരു ഉപാധിയെപ്പററി സഭയ്ക്ക് അറിവില്ല. അതുകൊണ്ടാണ്, മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നവരെല്ലാം “ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണം" എന്നു കര്‍ത്താവില്‍നിന്നു സ്വീകരിച്ച ദൗത്യം അവഗണിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധി ക്കുന്നത്. ദൈവം രക്ഷയെ മമ്മോദീസ എന്ന കൂദാശയോടു ബന്ധിപ്പിച്ചിരിക്കുന്നു എന്നാല്‍ അവിടുന്നു തൻ്റെ കുദാശകളിൽ ബന്ധിതനല്ല.
മാമ്മോദീസ സ്വീകരിക്കാതെതന്നെ, വിശ്വാസത്തിനുവേണ്ടി മരിക്കുന്നവര്‍ ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവിനോടുകൂടെയുമുള്ള അവരുടെ മരണംവഴി മാമ്മോദീസ സ്വീകരിക്കുന്നു എന്ന ഉറച്ച അവബോധം സഭയ്ക്ക് എക്കാലത്തും ഉണ്ടായിരുന്നു. രക്തത്താലുള്ള ഈ മാമ്മോദീസ, ആഗ്രഹത്താലുള്ള മാമ്മോദീസ പോലെ, കൂദാശ ആയിരിക്കാതെതന്നെ, മാമ്മോദീസയുടെ ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്നു.
മാമ്മോദീസ സ്വീകരിക്കുന്നതിനുമുന്‍പു മരണമടയുന്ന സ്നാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം, അതു സ്വീകരിക്കാനുള്ള അവരുടെ പ്രകടമായ ആഗ്രഹവും തങ്ങളുടെ പാപങ്ങളെപ്പററിയുള്ള അനുതാപവും, ഉപവിയും, കൂദാശയിലൂടെ സ്വീകരിക്കാന്‍ കഴിയാതെപോയ രക്ഷയെ അവര്‍ക്ക് ഉറപ്പുവരുത്തുന്നു.
“ക്രിസ്തു എല്ലാവര്‍ക്കുംവേണ്ടി മരിച്ചതുകൊണ്ടും, എല്ലാവരും യഥാര്‍ഥത്തില്‍ ഒരേ ദൈവിക ഭാഗധേയത്തിലേക്കു വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും, പെസഹാ രഹസ്യത്തില്‍ ഭാഗഭാക്കുകളാകാനുള്ള സാധ്യത, ദൈവത്തിനുമാത്രം അറിയാവുന്ന രീതിയില്‍, എല്ലാവര്‍ക്കും പരിശുദ്ധാത്മാവു നല്‍കുന്നുണ്ട് എന്നു നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ”ക്രിസ്തുവിൻറെ സുവിശേഷത്തെയും അവിടുത്തെ സഭയെയും പററി അറിയാതിരിക്കുകയും, അതേസമയം സത്യം അന്വേഷിക്കുകയും ദൈവഹിതം, തൻ്റെ ധാരണയനുസരിച്ച് അനുവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും രക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം വ്യക്തികള്‍, മാമ്മോദീസയുടെ അത്യാവശ്യം അറിഞ്ഞിരുന്നെങ്കില്‍ മാമ്മോദീസപ്രകടമായരീതിയില്‍ ആഗ്രഹിക്കുമായിരുന്നു എന്നു സങ്കല്‍പിക്കാവുന്നതാണ്
മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുവേണ്ടിയുള്ള മൃതസംസ്കാരകര്‍മത്തില്‍ ചെയ്യുന്നതുപോലെ, അവരെ ദൈവത്തിൻ്റെ കാരുണ്യത്തിനു സമര്‍പ്പിക്കാനേ സഭയ്ക്കു കഴിയുകയുള്ളു. യഥാര്‍ഥത്തില്‍, എല്ലാമനുഷ്യരും രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിൻ്റെ മഹാകാരുണ്യവും, “ശിശുക്കള്‍ എൻ്റെയടുക്കല്‍ വരട്ടെ അവരെ തടയരുത്” എന്നു പറയാന്‍ യേശുവിനെ പ്രേരിപ്പിച്ച അവിടുത്തെ ശിശുവാത്സല്യവും മാമ്മോദീസ കൂടാതെ മരിക്കുന്ന ശിശുക്കള്‍ക്കു രക്ഷയുടെ ഒരു മാര്‍ഗമുണ്ടെന്നു പ്രതീക്ഷിക്കാന്‍ നമ്മെ അനുവദിക്കുന്നു. വിശുദ്ധ മാമ്മോദീസയുടെ ദാനത്തിലൂടെ ക്രിസ്തുവിലേക്കു വരുന്നതില്‍നിന്നു കൊച്ചുകുട്ടികളെ തടയരുതെന്ന സഭയുടെ ആഹ്വാനം വളരെയേറെ അടിയന്തിരസ്വഭാവമുള്ളതാണ്.
VII. മാമ്മോദീസയുടെ കൃപാവരം
മാമ്മോദീസയുടെ വൃത്യസ്ത ഫലങ്ങള്‍ കൂദാശാപരമായ അനുഷ്ഠാനത്തിൻ്റെ ദൃശ്യഘടകങ്ങളാല്‍ സൂചിതമാകുന്നുണ്ട്. വെള്ളത്തില്‍ മുക്കുന്നതു മരണത്തെയും വിശുദ്ധീകരണത്തെയും മാത്രമല്ല, പുനര്‍ജനനത്തെയും നവീകരിക്കലിനെയും കൂടി സൂചിപ്പിക്കുന്നു. അങ്ങനെ, പാപങ്ങളില്‍നിന്നുള്ള ശുദ്ധീകരണവും പരിശുദ്ധാത്മാവിലുള്ള പുതിയ ജനനവുമാണ് പ്രധാനപ്പെട്ട രണ്ടു ഫലങ്ങള്‍.
പാപങ്ങളുടെ മോചനത്തിനുവേണ്ടി...
മാമ്മോദീസയിലൂടെ എല്ലാ പാപങ്ങളും, ഉദ്ഭവപാപവും വ്യക്തിപരമായ എല്ലാ പാപങ്ങളും, ക്ഷമിക്കപ്പെടുന്നു. അതുപോലെതന്നെ പാപത്തിനുള്ള ശിക്ഷയും ഒഴിവാക്കപ്പെടുന്നു. വീണ്ടും ജനിച്ചവരില്‍ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം തടയുന്നയാതൊന്നും - ആദത്തിൻ്റെ പാപമാകട്ടെ, വ്യക്തിപരമായ പാപമാകട്ടെ പാപത്തിൻ്റെ അനന്തരഫലങ്ങളാകട്ടെ - നിലനില്‍ക്കുകയില്ല. ദൈവത്തില്‍നിന്നുള്ള വേര്‍പെടലാണ് പാപത്തിൻ്റെ ഘോരഫലം.
എന്നാലും, പാപത്തിൻ്റെ കാലികമായ ചില അനന്തരഫലങ്ങള്‍ മാമ്മോദീസ സ്വീകരിച്ചവരില്‍ നിലനില്‍ക്കുന്നുണ്ട്. സഹനം, രോഗം, മരണം, ജീവിതത്തില്‍ സ്വതസിദ്ധമായ ദൗര്‍ബല്യങ്ങള്‍, പാപംചെയ്യാനുള്ള പ്രവണത മുതലായവ. പാപം ചെയ്യാനുള്ള പ്രവണതയെ പാരമ്പര്യം പാപാസക്തി എന്നും ആലങ്കാരികമായി പാപത്തിൻ്റെ ഇന്ധനം എന്നും വിളിക്കുന്നു. പാപാസക്തി “നമ്മില്‍ കുടികൊള്ളാന്‍ അനുവദിച്ചിരിക്കുന്നതു നാം അതിനോടു സമരം ചെയ്യാന്‍വേണ്ടിയാണ്. അതുകൊണ്ട് അതിനു സമ്മതം നല്‍കാതെ യേശുക്രിസ്തുവിൻ്റെ കൃപാവരത്താല്‍ അതിനെ ധീരതയോടെ എതിര്‍ത്തു നില്‍ക്കുന്നവരെ ദ്രോഹിക്കാന്‍ അതിനു കഴിയുകയില്ല. "യഥാര്‍ഥത്തില്‍, “നിയമാനുസൃതം മത്സരിക്കാതെ ആര്‍ക്കും കിരീടം ലഭിക്കുകയില്ല.
“ഒരു പുതിയ സൃഷ്ടി”
മാമ്മോദീസ എല്ലാ പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കുക മാത്രമല്ല, വിശ്വാസത്തിലെ നവജാതനെ ഒരു “പുതിയ സൃഷ്ടി” ആക്കുകയും ചെയ്യുന്നു; “ദൈവത്തിൻ്റെ ദത്തുപുത്രനും തത്ഫലമായി ദൈവിക സ്വഭാവത്തില്‍ പങ്കുകാരനും" ക്രിസ്തുവിൻ്റെ അവയവവും അവിടുത്തെ സഹാവകാശിയും പരിശുദ്ധാത്മാവിൻ്റെ ആലയവും ആക്കുന്നു.
പരിശുദ്ധതമത്രിത്വം, മാമ്മോദീസ സ്വീകരിച്ചയാള്‍ക്കു വിശുദ്ധീകരണ കൃപാവരം, നീതീകരണത്തിൻ്റെ കൃപാവരം നല്‍കുന്നു:
- ദൈവിക പുണ്യങ്ങളാൽ ദൈവത്തില്‍ അവിടുന്നില്‍ പ്രത്യാശവയ്ക്കാനും അവിടുത്തെ സ്നേഹിക്കാനും അതു കഴിവുള്ളവനാക്കുന്നു;
- പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ വഴി, അവിടുത്തെ പ്രചോദനമനുസരിച്ചു ജീവിക്കാനും പ്രവര്‍ത്തിക്കാനും ശക്തി നല്‍കുന്നു;
- ധാർമിക സുകൃതങ്ങളിലൂടെ നന്‍മയില്‍ വളരാന്‍ കഴിവു നല്‍കുന്നു.
അങ്ങനെ, ക്രൈസ്തവൻ്റെ അതിസ്വാഭാവിക ജീവിതത്തിൻ്റെ സംവിധാനം മുഴുവനും മാമ്മോദീസയില്‍ വേരുന്നിയിട്ടുള്ളതാണ്.
ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ട്
മാമ്മോദീസ നമ്മെ ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവങ്ങളാക്കുന്നു; “ആകയാല്‍... നമ്മള്‍ പരസ്പരം അവയവങ്ങളാണ്.” മാമ്മോദീസ നമ്മെ സഭയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. മാമ്മോദീസത്തൊട്ടികളില്‍നിന്നു പുതിയ ഉടമ്പടിയുടേതായ ഒരു ദൈവജനം പിറക്കുന്നു. അതു പ്രകൃതിദത്തമോ മാനുഷികമോ ആയ രാഷ്ട്ര, സാംസ്കാരിക, വര്‍ഗ, ലിംഗ പരിധികളെയെല്ലാം ഉല്ലംഘിക്കുന്നതാണ്; എന്തെന്നാല്‍, നമ്മള്‍ എല്ലാവരും ഒരേ ആത്മാവിനാല്‍ ഒററ ശരീരത്തിലേക്ക് മാമ്മോദീസ സ്വീകരിച്ചിരിക്കുന്നു.”
മാമ്മോദീസ സ്വീകരിച്ചവര്‍, “വിശുദ്ധ പൗരോഹിത്യത്തിലേക്ക് ഒരു ആധ്യാത്മിക ഭവനം പണിയാനുള്ള", “സജീവശിലകള്‍ ” ആയിത്തീര്‍ന്നിരിക്കുന്നു. മാമ്മോദീസ വഴി അവര്‍ ക്രിസ്തുവിൻ്റെ പൗരോഹിത്യപരവും പ്രവാചകപരവും രാജകീയവുമായ ദാത്യത്തില്‍ ഭാഗഭാക്കുകളായിത്തീരുന്നു. അവര്‍ “തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പൗരോഹിത്യവും വിശുദ്ധജനതയും ദൈവത്തിൻ്റെ സ്വന്തം ജനവുമാണ്. തൻ്റെ അദ്ഭുതകരമായ പ്രകാശത്തിലേക്ക് (അവരെ) അന്ധകാരത്തില്‍ നിന്നു വിളിച്ചവൻ്റെ വിസ്മയനീയകൃത്യങ്ങളെ പ്രഘോഷിക്കുന്നതിനാണത്.” മാമ്മോദീസ എല്ലാ വിശ്വാസികൾക്കുമുള്ള പൊതു പൗരോഹിത്യത്തിൽ പങ്കു നൽകുന്നു.
മാമ്മോദീസ സ്വീകരിച്ച വ്യക്തി സഭയുടെ അംഗമായിത്തീരുന്നതോടെ, തൻ്റെതല്ല പിന്നെയോ നമുക്കുവേണ്ടിമരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവൻ്റെ സ്വന്തമായി ഭവിക്കുന്നു. ആ സമയം മുതല്‍ മററുള്ളവര്‍ക്കു വിധേയനായിരിക്കാനും സഭയുടെ കൂട്ടായ്മയില്‍ അവര്‍ക്കു സേവനംചെയ്യാനും സഭാധികാരികളെ “അനുസരിക്കാനും അവര്‍ക്കു വിധേയനായിരിക്കാനും” അവരോടു ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാനും അവന്‍ വിളിക്കപ്പെട്ടിരിക്കുന്നു. " മാമ്മോദീസ, ഉത്തരവാദിത്വങ്ങളുടെയും കടമകളുടെയും ഉറവിടമായിരിക്കുന്നതു പോലെതന്നെ മാമ്മോദീസ സ്വീകരിച്ച വൃക്തിക്കു സഭയില്‍ അവകാശങ്ങളുമുണ്ട്: കൂദാശകള്‍ സ്വീകരിക്കുക, ദൈവവചനത്താല്‍ പരിപോഷിപ്പിക്കപ്പെടുക, സഭയുടെ മററ് ആധ്യാത്മിക സഹായങ്ങളാല്‍ സംരക്ഷിക്കപ്പെടുക എന്നിവ.
മാമ്മോദീസ സ്വീകരിച്ചവര്‍, “ദൈവത്തിൻ്റെ മക്കളായി (മാമ്മോദീസയിലൂടെ) വീണ്ടും ജനിച്ചവര്‍, സഭയിലൂടെ ദൈവത്തില്‍നിന്നു സ്വീകരിച്ച വിശ്വാസംമനുഷ്യരുടെ മുന്‍പില്‍ ഏറ്റുപറയാനും' ദൈവജനത്തിൻ്റെ അപ്പസ്തോലികവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാനും കടപ്പെട്ടിരിക്കുന്നു.
ക്രൈസ്തവൈകൃത്തിൻ്റെ കൗദാശികബന്ധം
മാമ്മോദീസ എല്ലാ ക്രൈസ്തവരുംതമ്മിലുള്ള സംസര്‍ഗത്തിൻ്റെ അടിസ്ഥാനമിടുന്നു. കത്തോലിക്കാസഭയോടു പൂര്‍ണമായി ഐക്യത്തിലല്ലാത്തവര്‍പോലും ഈ സംസര്‍ഗത്തിലുള്‍പ്പെടുന്നു; “എന്തെന്നാല്‍, ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രമപ്രകാരം മാമ്മോദീസ സ്വീകരിക്കുകയും ചെയ്തവര്‍ അപൂര്‍ണമായ രീതിയിലാണെങ്കിലും, ഒരു പ്രത്യേകതരത്തില്‍ കത്തോലിക്കാസഭയുമായി സംസര്‍ഗം സ്ഥാപിക്കുന്നു. അവര്‍ മാമ്മോദിസയിലൂടെ നീതീകരിക്കപ്പെട്ടവരായി ക്രിസ്തുവിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. തന്‍മൂലം, ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടാനുള്ള അവകാശം അവര്‍ക്കുണ്ട്. കത്തോലിക്കാസഭയുടെ മക്കള്‍ അവരെ സകാരണം സഹോദരന്‍മാരായി അംഗീകരിക്കുന്നു. " “അതുകൊണ്ട്, മാമ്മോദീസയിലൂടെ രണ്ടാമതു ജനിച്ച എല്ലാവരും തമ്മില്‍ ഐക്യത്തിൻ്റെ കൗദാശികബന്ധം സ്ഥാപിക്കപ്പെടുന്നു.
മായ്ക്കാനാവാത്ത ഒരു ആധ്യാത്മികമുദ്ര
മാമ്മോദീസ സ്വീകരിച്ച വ്യക്തി, മാമ്മോദീസവഴി ക്രിസ്തുവിൻ്റെ ശരീരത്തിലേക്കു ചേര്‍ക്കപ്പെട്ട് ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു. മാമ്മോദീസ മായ്ക്കാനാവാത്ത ഒരാധ്യാത്മിക മുദ്ര (Character ) കൊണ്ടു ക്രൈസ്തവനെ അടയാളപ്പെടുത്തുന്നു. ക്രിസ്തുവിൻ്റെ സ്വന്തമായിത്തീരുന്നതിൻ്റെ മുദ്രയാണത്. മാമ്മോദീസായുടെ രക്ഷാകര ഫലങ്ങള്‍ പുറപ്പെടുത്തുന്നതിനെ പാപം തടയുന്നുവെങ്കിലും ഒരു പാപത്തിനും ഈ മുദ്ര മായ്ക്കുവാന്‍ സാധിക്കുകയില്ല. മാമ്മോദീസ എന്നേയ്ക്കുമായി ഒരിക്കല്‍ നല്‍കപ്പെടുന്നു. പിന്നീട് അത് ആവര്‍ത്തിക്കാന്‍ സാധിക്കുകയില്ല.
മാമ്മോദീസയിലൂടെ ക്രിസ്തുവിലേക്ക് ഉള്‍ച്ചേര്‍ക്കപ്പട്ട വിശ്വാസികള്‍, ക്രൈസ്തവമായ ദൈവാരാധനയ്ക്ക് അവരെ സമര്‍പ്പിക്കുന്ന കൗദാശികസ്വഭാവം സ്വീകരിച്ചിരിക്കുന്നു. മാമ്മോദീസ നല്‍കുന്ന മുദ്ര സഭയുടെ വിശുദ്ധമായ ആരാധനക്രമത്തിലുളള സജീവ ഭാഗഭാഗിത്വം വഴി, ദൈവത്തെ ശുശ്രൂഷിക്കാനും, വിശുദ്ധ ജീവിതവും ഉപവിപ്രവൃത്തികളും വഴി മാമ്മോദീസാപരമായ അവരുടെ പൗരോഹിത്യം പ്രാവര്‍ത്തികമാക്കാനും ക്രൈസ്തവരെ പ്രാപ്തരാക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവ് നമ്മെ “വീണ്ടെടുപ്പിൻ്റെ ദിവസത്തേക്കായി” “കര്‍ത്ത്യമുദ്ര" കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. “മാമ്മോദീസ, നിത്യജീവൻ്റെ മുദ്രയാണ്. "മാമ്മോദീസയുടെ ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവസാനം വരെ “ആ മുദ്ര സൂക്ഷിക്കുന്ന” വിശ്വസ്തനായ ക്രൈസ്തവനു ”വിശ്വാസത്തിൻ്റെ അടയാളത്താല്‍ മുദ്രിതനായി,” മാമ്മോദീസയിലെ വിശ്വാസത്തോടെ, വിശ്വാസത്തിൻ്റെ പൂര്‍ത്തീകരണമായ അനുഗൃഹീത ദൈവദര്‍ശനത്തിൻ്റെ പ്രതീക്ഷയില്‍, പുനരുത്ഥാനത്തിൻ്റെ പ്രത്യാശയില്‍, ഈ ജീവിതത്തില്‍നിന്നു പിരിഞ്ഞുപോകാന്‍ കഴിയും.
സംഗ്രഹം
ക്രൈസ്‌തവപ്രരംഭം മുന്നു കൂദാശകളുടെ സമന്വയത്തില്‍ പൂർത്തിയാക്കാപ്പെടുന്നു ; പുതിയ ജീവിതത്തിൻറെ തുടക്കമായ മാമ്മോദീസ, അതിൻറെ ഉറപ്പുനൽകലായ സ്ഥൈര്യലേപനം, ശിഷ്യന്‍ ക്രിസ്തുവിലേക്കു രുപാന്തരപ്പെടേണ്ടതിനായി അവിടുത്തെ ശരീരവും രക്തവും കൊണ്ടു പരിപോഷിപ്പിക്കുന്ന ദിവ്യകാരുണ്യം.
“ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനംനൽകുവിൻ. ഞാന്‍ നിങ്ങളോടു കൽപ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിൻ” (മത്താ 28:19-20).
മാമ്മോദീസ ക്രിസ്‌തുവിലെ നവജീവിതത്തിലേക്കുള്ള ജനനമാണ്. കർത്താവിൻറെ ഹിതപ്രകാരം അതു രക്ഷയ്ക്ക് അത്യാവശ്യമാണ്, മാമ്മോദീസ നമ്മെ പ്രവേശിപ്പിക്കുന്ന സഭയും അങ്ങനെതന്നെ.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധതമത്രിത്വത്തെ വിളിച്ചപേക്ഷിച്ചുകൊണ്ട് അര്‍ഥിയെ വെള്ളത്തില്‍മുക്കുകയോ അവൻറെ തലയില്‍ വെള്ളം ഒഴിക്കുകയോ ചെയ്യുന്നതാണ് മാമ്മോദീസയുടെ കാതലായ അനുഷ്ഠാനകർമം.
മാമ്മോദീസയുടെ ഫലം, അഥവ മാമ്മോദീസായുടെ കൃപാവരം സമ്പന്നമായ ഒരു യാഥാര്‍ഥ്യമാണ്. ഉദ്‌ഭവപാപത്തിൻറെയും വൈയക്തികമായ സകല പാപങ്ങളുടെയും മോചനവും; ഒരു പുതിയ ജീവിതത്തിലേക്കുള്ള ജനനവും അതിൽ ഉൾക്കൊള്ളുന്നു. അതുവഴി മനുഷ്യൻ പിതാവിൻറെ ദത്തുപുത്രനും, ക്രിസ്തുവിൻറെ അവയവവും പരിശുദ്ധാത്മാവിൻറെ ആലയവും ആയിതീരുന്നു, ഇതിനാൽത്തന്നെ, മാമ്മോദീസ സ്വീകരിച്ച വ്യക്തി, സഭയിലേക്ക് , ക്രിസ്‌തുവിൻറെ ശരീരത്തിലേക്ക്, ഉൾച്ചേർക്കപ്പെടുകയും ക്രിസ്തുവിൻറെ പൗരോഹിത്യത്തിൽ ഭാഗഭാക്കാകുകയും ചെയ്യുന്നു.
മാമ്മോദീസ, ആത്മാവിൽ മായ്ക്കാനാവാത്ത ഒരു ആധ്യത്മികമുദ്ര, അടയാളം പതിക്കുന്നു. അതു മാമ്മോദീസ സ്വീകരിച്ച വ്യക്തിയെ ക്രൈസ്തവാരാധനക്കു പ്രതിഷ്ഠിക്കുന്നു. ആ മുദ്ര മൂലം മാമ്മോദീസ ആവർത്തിക്കപ്പെടാൻ പാടില്ല ( DS 1609 and DS 1624).
വിശ്വാസത്തിനു വേണ്ടി മരിക്കുന്ന സ്നാനാർത്ഥികളും, സഭയെപ്പറ്റി അറിയാതിരിക്കുകയും എന്നാൽ കൃപാവരത്തിൻറെ പ്രചോതനത്തിൻകീഴിൽ പ്രവർത്തിച്ചുകൊണ്ട് ദൈവത്തെ ആത്മാര്‍ഥമായി അന്വേഷിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്തുന്നവരെല്ലാവരും, അവർ മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും രക്ഷിക്കപ്പെടാൻ സാധ്യത ഉണ്ട്.(cf.LG 16).
പ്രാരംഭകാലംമുതൽ ശിശുക്കൾക്ക് മാമോദീസാ നൽകിയിരുന്നു. അതു മനുഷ്യന്റെ അർഹതയും ആവശ്യപ്പെടാത്ത ഒരു കൃപാവരവും ദൈവദാനവുമാണ്. ശിശുക്കൾ മാമോദീസാ സ്വീകരിക്കുന്നത് സഭയുടെ വിശ്വാസത്തിലാണ്. ക്രൈസ്തവജീവിതത്തിലേക്കുള്ള പ്രവേശനം യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനമാണ്.
മാമ്മോദീസകൂടാതെ മരിച്ച ശിശുക്കളെ സംബന്ധിച്ചിടത്തോളം ദൈവത്തിൻറെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കാനും അവരുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കാനും സഭയുടെ ആരാധനക്രമം നമ്മോട് ആഹ്വാനം ചെയ്യുന്നു.
അത്യാവശ്യസമയത്ത് ഏതു വ്യക്തിക്കും മാമ്മോദീസ നല്‍കാം. സഭ ചെയ്യുന്നതു താൻ ചെയ്യുന്നു എന്ന നിയോഗം ഉണ്ടായിരിക്കുകയും “പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തില്‍ നിന്നെ ഞാൻ മാമ്മോദീസ മുക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അർഥിയുടെ ശിരസിൽ ജലം ഒഴിക്കുകയും ചെയ്യണമെന്നേയുള്ളു.
സഭയുടെ ഏഴു കുദാശകൾ ക്രൈസ്തവ പ്രാരംഭകൂദാശകൾ മാമ്മോദീസ എന്ന കൂദാശ മാമ്മോദീസ മാമ്മോദീസ രക്ഷാപദ്ധതിയിൽ മാമ്മോദീസയുടെ പ്രതിരൂപങ്ങൾ പഴയ ഉടമ്പടിയിൽ ക്രിസ്തുവിൻറെ മാമ്മോദീസ മാമ്മോദീസ സഭയിൽ മാമ്മോദീസ എന്ന കൂദാശ എങ്ങനെ ആഘോഷിക്കപ്പെടുന്നു? ക്രൈസ്തവപ്രാരംഭം മാമ്മോദീസ എന്ന കൂദാശയുടെ അർഥവും കൃപാവരവും മാമ്മോദീസ സ്വീകരിക്കാൻ ആർക്കു കഴിയും? മുതിർന്നവരുടെ മാമ്മോദീസ ശിശുക്കളുടെ മാമ്മോദീസ വിശ്വാസവും മാമ്മോദീസയും മാമ്മോദീസ നൽകാൻ ആർക്കു കഴിയും? മാമ്മോദീസയുടെ അത്യാവശ്യം മാമ്മോദീസയുടെ കൃപാവരം മാമ്മോദീസ പാപങ്ങളുടെ മോചനത്തിനുവേണ്ടി.. ഒരു പുതിയ സൃഷ്ടി ക്രൈസ്തവൈകൃത്തിൻ്റെ കൗദാശികബന്ധം മാമ്മോദീസ മായ്ക്കാനാവാത്ത ഒരാധ്യാത്മിക മുദ്ര Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



