We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 14-Jul-2022
വകുപ്പ് 3
മൂന്നാം കല്‍പന
I. സാബത്തുദിവസം
പത്തുകല്‍പനകളിലെ മൂന്നാം കല്‍പന സാബത്തിൻ്റെ വിശുദ്ധിയെപ്പറ്റി ഓര്‍മിപ്പിക്കുന്നു: “ഏഴാം ദിവസം സാബത്താണ്, കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം."
സാബത്തിനെപ്പറ്റി പറയുമ്പോള്‍ വിശുദ്ധലിഖിതം സൃഷ്ടികർമത്തെ അനുസ്മരിക്കുന്നു: “എന്തെന്നാല്‍ കര്‍ത്താവ് ആറുദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്തു; അതുകൊണ്ട് അവിടുന്നു സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു.”
കര്‍ത്താവിൻ്റെ ദിനത്തില്‍, വിശുദ്ധലിഖിതം ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ഇസ്രായേലിനുണ്ടായ വിമോചനത്തിന്‍റെ അനുസ്മരണത്തെക്കൂടി സൂചിപ്പിക്കുന്നു: “നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരംനീട്ടി അവിടെനിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു."
അസാധുവാക്കാനാവാത്ത ഉടമ്പടിയുടെ ഒരടയാളമായി കാത്തുസൂക്ഷിക്കാൻ സാബത്തുദിനത്തെ ദൈവം ഇസ്രായേലിനു ഭരമേല്‍പ്പിച്ചു. സാബത്തു കര്‍ത്താവിനുള്ള വിശുദ്ധദിനവും, ദൈവത്തിൻ്റെയും അവിടുത്തെ സൃഷ്ടികര്‍മത്തിൻ്റെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്ത രക്ഷാകരപ്രവര്‍ത്തനങ്ങളുടെയും സ്തുതിക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ദിനവുമാണ്.
ദൈവത്തിൻ്റെ പ്രവൃത്തിയാണു മാനുഷിക പ്രവൃത്തിയുടെ മാതൃക. ദൈവം ഏഴാം ദിവസം “വിശ്രമിക്കുകയും നവോന്‍മേഷം നേടുകയും” ചെയ്തുവെങ്കില്‍ മനുഷ്യനും “വിശ്രമിക്കുകയും” മറ്റുള്ളവര്‍, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ “നവോന്‍മേഷം നേടാന്‍ " അനുവദിക്കുകയും വേണം. അനുദിനജോലിക്കു സാബത്ത് വിരാമം കുറിക്കുകയും, താത്കാലിക വിശ്രമവേള നല്‍കുകയും ചെയ്യുന്നു. അതു ജോലിയുടെ അടിമത്തത്തോടും പണത്തിൻ്റെ ആരാധനയോടുമുള്ള പ്രതിഷേധത്തിൻ്റെ ദിനമാണ്."
സാബത്തിൻ്റെ നിയമം ലംഘിക്കുന്നുവെന്ന് യേശുവിനെ കുറ്റപ്പെടുത്തിയ പല സംഭവങ്ങളും സുവിശേഷം സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ഈ ദിവസത്തിൻ്റെ വിശുദ്ധിയെ യേശു ഒരിക്കലും ഹനിക്കുന്നില്ല. അവിടുന്ന് ഈ നിയമത്തിനു യഥാര്‍ഥവും ആധികാരികവുമായ വ്യാഖ്യാനം നല്‍കി: “സാബത്തു മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല." ദ്രോഹം ചെയ്യാനല്ല, നന്‍മ ചെയ്യാനാണ്; ജീവന്‍ നഷ്ടപ്പെടുത്താനല്ല രക്ഷിക്കാനാണു സാബത്ത് എന്നു സഹാനുഭൂതിയോടെ ക്രിസ്തു പ്രസ്താവിക്കുന്നു. സാബത്തു കരുണാമയനായ കര്‍ത്താവിൻ്റെ ദിവസമാണ്, ദൈവത്തെ ബഹുമാനിക്കാനുള്ള ദിവസവുമാണ്." “മനുഷ്യപുത്രന്‍ സാബത്തിൻ്റെയും കര്‍ത്താവാണ്.”
II. കര്‍ത്താവിൻ്റെ ദിവസം
കര്‍ത്താവ് ഒരുക്കിയ ദിവസമാണ് ഇത്; നമുക്കു സന്തോഷിച്ച് ഉല്ലസിക്കാം.
ഉത്ഥാനദിനം: നവസൃഷ്ടി
“ആഴ്ചയുടെ ഒന്നാം ദിവസം" മരിച്ചവരില്‍ നിന്ന് യേശു ഉത്ഥാനം ചെയ്തു. അത് “ഒന്നാം ദിവസം” ആയതുകൊണ്ട്, ക്രിസ്തുവിൻ്റെ ഉത്ഥാനം ആദ്യത്തെ സൃഷ്ടിയെ അനുസ്മരിപ്പിക്കുന്നു. അതു സാബത്തിനെ തുടര്‍ന്നുള്ള “എട്ടാം ദിവസം” ആയതുകൊണ്ട്, ക്രിസ്തുവിൻ്റെ ഉത്ഥാനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ സൃഷ്ടിയെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ആ ദിവസം എല്ലാ ദിവസങ്ങളുടെയും ആദ്യദിവസമായി, എല്ലാ തിരുനാളുകളുടെയും ആദ്യത്തേതായി, കര്‍ത്താവിൻ്റെ ദിനമായി ഭവിച്ചു. അതാണ് ഞായറാഴ്ച:
ഞായറാഴ്ച - സാബത്തിൻ്റെ പൂര്‍ത്തീകരണം
കാലക്രമമനുസരിച്ച് ഓരോ ആഴ്ചയും കഴിഞ്ഞുവരുന്ന ഞായറാഴ്ചദിവസം സാബത്തില്‍നിന്ന് സുവ്യക്തമായി വേര്‍തിരിക്കപ്പെടുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അതിൻ്റെ അനുഷ്ഠാനപരമായ ആചരണം സാബത്തിൻ്റെ ആചരണത്തിനു പകരമായി നില്‍ക്കുന്നു. ക്രിസ്തുവിൻ്റെ പെസഹായില്‍ ഞായറാഴ്ച ദിവസം യഹൂദ സാബത്തിൻ്റെ ആധ്യാത്മികസത്യത്തെ പൂര്‍ത്തിയാക്കുകയും മനുഷ്യനു ദൈവത്തിലുള്ള അനന്തവിശ്രമത്തെപ്പറ്റി പ്രഘോഷിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നിയമത്തിൻ്റെ കീഴിലുള്ള ആരാധന ക്രിസ്തുരഹസ്യത്തിനുവേണ്ടിയുള്ള ഒരുക്കമായിരുന്നു. അവിടെ നിര്‍വഹിക്കപ്പെട്ടതു ക്രിസ്തുവിലേക്കു നയിക്കുന്ന ഏതെങ്കിലുമൊരു ഘടകത്തെ മുന്‍കൂട്ടി ചിത്രീകരിക്കുകയും ചെയ്തു.
ഞായറാഴ്ചയുടെ ആഘോഷം, മനുഷ്യഹൃദയത്തില്‍ പ്രകൃതിയാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട ഒരു ധാര്‍മിക കല്‍പനയുടെ പാലനമാണ്. “എല്ലാവരെയും സംബന്ധിക്കുന്ന പൊതു നന്മയുടെ അടയാളത്തിന്‍ കീഴില്‍ ദൈവത്തിന് ബാഹ്യമായ ആരാധന അര്‍പ്പിക്കുക" എന്നതാണ് ഈ കല്‍പന. ഞായറാഴ്ചയിലുള്ള ആരാധന പഴയ ഉടമ്പടിയുടെ ധാര്‍മിക കല്‍പനയെ നിറവേറ്റുന്നു. പഴയ ഉടമ്പടിയുടെ ക്രമവും ചൈതന്യവും ഉള്‍ക്കൊണ്ടുകൊണ്ട് ആഴ്ചതോറും സൃഷ്ടാവിനെയും അവിടുത്തെ ജനത്തിൻ്റെ രക്ഷകനെയും സ്തുതിച്ച് ആഘോഷിച്ചുകൊണ്ടാണ് അതു ചെയ്യുന്നത്.
ഞായറാഴ്ചക്കുര്‍ബാന
കര്‍ത്താവിൻ്റെ ദിവസത്തിൻ്റെയും കര്‍ത്താവിൻ്റെ കുര്‍ബാനയുടെയും ആഘോഷം സഭാജീവിതത്തിൻ്റെ ഹൃദയത്തിലുള്ളതാണ്. “അപ്പസ്തോലിക പാരമ്പര്യത്തിൻ്റെ വെളിച്ചത്തില്‍ പെസഹാ രഹസ്യം ആഘോഷിക്കുകയും സാര്‍വത്രിക സഭയില്‍ കടപ്പെട്ട മൗലികമായ തിരുനാളായി ആചരിക്കുകയും ചെയ്യേണ്ട ദിവസമാണു ഞായറാഴ്ച.”
ക്രൈസ്തവ സമ്മേളനത്തിൻ്റെ ഈ പതിവ് അപ്പസ്തോലികകാലത്തിൻ്റെ ആരംഭം മുതലുള്ളതാണ്. “ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ ഉപേക്ഷിക്കാതെ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുവാന്‍" ഹെബ്രായർക്കുള്ള ലേഖനം വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.
“ഒരു പ്രാദേശിക സഭയ്ക്കുള്ളില്‍ സ്ഥിരമായ ഒരടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ക്രൈസ്തവവിശ്വാസികളുടെ സുനിശ്ചിതമായ സമൂഹമാണ് ഒരു ഇടവക; ഇടവകയുടെ അജപാലനപരമായ പരിചരണം ഒരു അജപാലകന്‍, അതിൻ്റെ സ്വന്തം ഇടയന്‍ എന്ന നിലയില്‍, രൂപതയുടെ മെത്രാനുള്ള അധികാരത്തിന്‍കീഴില്‍ ഭരമേല്‍പിക്കപ്പെടുന്നു." എല്ലാ വിശ്വാസികള്‍ക്കും ഞായറാഴ്ച കുര്‍ബാനയുടെ ആഘോഷത്തിനു സമ്മേളിക്കാവുന്ന സ്ഥാനമാണത്. ഇടവക ആരാധനാജീവിതത്തിൻ്റെ സാധാരണ പ്രകാശനത്തിലേക്കു ക്രൈസ്തവജനതയെ ഔപചാരികമായി പ്രവേശിപ്പിക്കുന്നു. അത് ഈ ആഘോഷത്തില്‍ അവരെ ഒന്നിച്ചുകൂട്ടുന്നു; അത് ക്രിസ്തുവിൻ്റെ രക്ഷാകരപ്രബോധനം പഠിപ്പിക്കുന്നു; അത് സത്പ്രവൃത്തികളിലും സഹോദരസ്നേഹത്തിലും കര്‍ത്താവിൻ്റെ സ്നേഹം അഭ്യസിക്കുന്നു:
ഞായറാഴ്ചക്കടം
സഭയുടെ കല്‍പന കര്‍ത്താവിൻ്റെ നിയമത്തെ കൃത്യമായി നിശ്ചയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു: “ഞായറാഴ്ചകളിലും നിയമാനുസൃതമായ മറ്റു തിരുനാളുകളിലും വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കുകൊള്ളുവാന്‍ കടപ്പെട്ടിരിക്കുന്നു." “വിശുദ്ധ ദിവസമോ തലേദിവസം വൈകുന്നേരമോ ഏതെങ്കിലും കത്തോലിക്കാ റീത്തില്‍ എവിടെയെങ്കിലും ആഘോഷിക്കപ്പെടുന്ന കുര്‍ബാനയില്‍ സന്നിഹിതമായിക്കൊണ്ട് കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള കല്‍പന നിറവേറ്റാം.”
ഞായറാഴ്ചക്കുര്‍ബാന സകല ക്രൈസ്തവാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനവും സ്ഥിരീകരണവുമാണ്. ഇക്കാരണത്താല്‍ കടമുള്ള ദിവസങ്ങളില്‍ കുര്‍ബാനയില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു, ഗൗരവമുള്ള കാരണങ്ങളാല്‍ (ഉദാഹരണം: രോഗങ്ങള്‍, ശിശുക്കളുടെ പരിചരണം) ഒഴിവാക്കപ്പെടുകയോ അവരുടെ സ്വന്തം അജപാലകനാല്‍ ഒഴിവുനല്‍കപ്പെടുകയോ ചെയ്തില്ലെങ്കില്‍ അവര്‍ അതിനു കടപ്പെട്ടിരിക്കുന്നു. ഈ കടമ നിറവേറ്റുന്നതില്‍ മനഃപൂര്‍വം വീഴ്ചവരുത്തുന്നവര്‍ ഗൗരവാവഹമായ പാപം ചെയ്യുന്നു.
ഞായറാഴ്ചക്കുര്‍ബാനയുടെ സാമൂഹികാഘോഷത്തിലെ ഭാഗഭാഗിത്വം, ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള ഐകൃത്തിൻ്റെയും വിശ്വസ്തതയുടെയും സാക്ഷ്യമാണ്. വിശ്വാസികള്‍ അതുവഴി വിശ്വാസത്തിലും സ്നേഹത്തിലുമുള്ള തങ്ങളുടെ കൂട്ടായ്മയ്‌ക്കു സാക്ഷ്യം നല്‍കുന്നു. അതോടൊപ്പം അവര്‍ ദൈവത്തിൻ്റെ പരിശുദ്ധിക്കും, രക്ഷയിലുള്ള തങ്ങളുടെ പ്രത്യാശയ്ക്കും സാക്ഷ്യം നല്‍കുന്നു. അവര്‍ പരിശുദ്ധാത്‌മാവിൻ്റെ മാര്‍ഗനിര്‍ദേശത്തിന്‍കീഴില്‍ പരസ്പരം ശക്തിപ്പെടുത്തുന്നു.
കൃപാവരത്തിൻ്റെയും ജോലിയില്‍ നിന്നുള്ള വിശ്രമത്തിൻ്റെയും ദിനം
ദൈവം “താന്‍ ചെയ്ത എല്ലാ ജോലികളില്‍ നിന്നും വിരമിച്ച് ഏഴാംദിവസം വിശ്രമിച്ചതുപോലെ” ''മനുഷ്യജീവിതത്തിനും ജോലിയുടെയും വിശ്രമത്തിൻ്റെയും ഒരു താളക്രമമുണ്ട്. കര്‍ത്തൃദിനത്തിൻ്റെ സംസ്ഥാപനം കുടുംബപരവും സാംസ്കാരികവും സാമൂഹികവും മതപരവുമായ ജീവിതത്തെ വളര്‍ത്താന്‍ ആവശ്യമായ വിശ്രമവും ഒഴിവുവേളയും ആസ്വദിക്കാന്‍ ഓരോരുത്തരെയും സഹായിക്കുന്നു.
ഞായറാഴ്ചകളിലും കടമുള്ള മറ്റു തിരുനാളുകളിലും ദൈവത്തിന് അവകാശപ്പെട്ട ആരാധനയെയും കര്‍ത്തൃദിനത്തിൻ്റെതായ സന്തോഷത്തെയും ജീവകാരുണ്യ പ്രവൃത്തികളുടെ നിര്‍വഹണത്തെയും മനസ്സിൻ്റെയും ശരീരത്തിൻ്റെയും മതിയായ വിശ്രമത്തെയും തടയുന്ന ജോലിയില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണം.” കുടുംബത്തിൻ്റെ അത്യാവശ്യങ്ങളോ സുപ്രധാന സാമൂഹിക നന്മയോ ഞായറാഴ്ച വിശ്രമത്തിനുള്ള കടമയില്‍നിന്ന് നൈയാമികമായ ഒഴിവുനല്‍കുവാന്‍ കഴിയുന്ന കാരണങ്ങളാണ്. മതത്തോടും കുടുംബജീവിതത്തോടും ആരോഗ്യത്തോടുമുള്ള ഹാനികരമായ ശീലങ്ങളിലേക്ക് ഈ നിയമാനുസൃത ഒഴിവു കഴിവുകള്‍ നയിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്.
വിശ്രമസമയമുള്ള ക്രൈസ്തവര്‍ തങ്ങള്‍ക്കുള്ള അതേ ആവശ്യങ്ങളും അവകാശങ്ങളും ഉള്ളവരും, എന്നാല്‍ ദാരിദ്ര്യംമൂലമോ ക്ലേശങ്ങള്‍ മൂലമോ ജോലിയില്‍ നിന്ന് ഒഴിവെടുക്കുവാന്‍ കഴിയാത്തവരുമായ തങ്ങളുടെ സഹോദരങ്ങളെക്കുറിച്ച് ഓര്‍മയുള്ളവരായിരിക്കണം. സത്പ്രവൃത്തികള്‍ക്കും, രോഗികള്‍, അശക്തര്‍, വാര്‍ധകൃത്തിലെത്തിയവര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള വിനീത സേവനങ്ങള്‍ക്കുമായി പരമ്പരാഗതമായി ഞായറാഴ്ചദിവസം ക്രൈസ്തവഭക്തിയാല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ ചെയ്യാന്‍ പ്രയാസമായിരിക്കുന്ന ഒരു കാര്യം, ചെയ്തുകൊണ്ട്, അതായത് സ്വന്തം കുടുംബങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുംവേണ്ടി സമയം ചെലവഴിക്കുകയും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവര്‍ ഞായറാഴ്ചയെ വിശുദ്ധീകരിക്കും. ക്രൈസ്തവമായ ആന്തരിക ജീവിതത്തിൻ്റെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന പരിചിന്തനം, നിശ്ശബ്ദത, മനഃസംസ്കരണം, ധ്യാനം എന്നിവയ്ക്കുള്ള സമയമാണ് ഞായറാഴ്ചദിവസം.
മതസ്വാതന്ത്ര്യത്തെയും എല്ലാവരുടെയും പൊതുനന്മയെയും മാനിച്ചുകൊണ്ട്, ഞായറാഴ്ച ദിവസങ്ങളും സഭയുടെ തിരുനാളുകളും നിയമപരമായ ഒഴിവുദിവസങ്ങളായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ ശ്രദ്ധിക്കണം. അവര്‍ പ്രാര്‍ഥനയുടെയും ആദരവിൻ്റെയും സന്തോഷത്തിൻ്റെയും പൊതുമാതൃക എല്ലാവര്‍ക്കും നല്‍കണം. തങ്ങളുടെ പാരമ്പര്യങ്ങളെ സമൂഹത്തിൻ്റെ ആധ്യാത്മിക ജീവിതത്തിനുള്ള ഒരമൂല്യ സംഭാവന എന്ന നിലയില്‍ സംരക്ഷിക്കുകയും വേണം. ഒരു രാഷ്ട്രത്തിൻ്റെ നിയമമോ മറ്റു കാരണങ്ങളോ ഞായറാഴ്ച ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നെങ്കില്‍ ആ ദിനത്തില്‍", “സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ട ആദ്യജാതരുടെ ഈ സമ്മേളനത്തില്‍ "പങ്കെടുക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ വിമോചനത്തിൻ്റെ ദിനത്തിലെന്ന പോലെ നാം ജീവിക്കണം.
സംഗ്രഹം
"സാബത്തുദിനം ആചരിക്കുക, അതു വിശുദ്ധമായി കൊണ്ടാടുക” (Dt 5:12).
ഏഴാം ദിവസം സാബത്താണ്, കര്‍ത്താവിനു വിശുദ്ധമായ വിശ്രമദിനം” (Ex 31:15)
ഒന്നാമത്തെ സൃഷ്ടികര്‍മത്തിൻ്റെ പൂർത്തീകരണത്തിനു പ്രാതിനിധ്യം വഹിച്ച സാബത്തിനു പകരം ഉത്ഥാനത്താല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ സൃഷ്ടികര്‍മത്തെ അനുസ്മരിപ്പിക്കുന്ന ഞായറാഴ്ചദിവസം സ്ഥാപിക്കപ്പെട്ടു.
ക്രിസ്തുവിൻ്റെ ഉത്ഥാനത്തെ സഭ “എട്ടാം ദിവസം” ആയ ഞായറാഴ്ച ദിവസം ആഘോഷിക്കുന്നു. ആ ദിവസത്തെ കര്‍ത്താവിൻ്റെ ദിനമെന്ന് ഉചിതമായി വിളിക്കുന്നു (cf. SC 106).
“ഞായറാഴ്ചദിവസം... സാര്‍വത്രിക സഭയില്‍ മൗലികമായി കടമുള്ള തിരുനാളായി ആചരിക്കപ്പെടണം" (CIC,Can. 1246 $ 1).
“ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ വിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു"(CIC,Can. 1247).
“ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദൈവത്തിനു നല്‍കേണ്ട ആരാധനയെയും കര്‍ത്തൃദിനത്തിൻ്റെതായ സന്തോഷത്തെയും മനസ്സിൻ്റെയും ശരീരത്തിൻ്റെയും മതിയായ വിശ്രമത്തെയും തടയുന്ന ജോലിയില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസികൾ മാറിനില്‍ക്കണം” (CIC,Can. 1247)
“കുടുംബപരവും സാംസ്കാരികവും സാമൂഹികവും മതപരവുമായ ജീവിതം പരിപോഷിപ്പിക്കുന്നതിനു വേണ്ടത്ര വിശ്രമവും ഒഴിവുസമയവും എല്ലാവര്‍ക്കും നല്‍കുന്നതിന്” ഞായറാഴ്ചയുടെ സംസ്ഥാപനം സഹായിക്കുന്നു.
കര്‍ത്താവിൻ്റെ ദിവസം ആചരിക്കുന്നതില്‍നിന്നു മറ്റുള്ളവരെ തടയുന്ന കാര്യങ്ങള്‍ അത്യാവശ്യമില്ലാതെ ആരില്‍നിന്നും ഒരു ക്രൈസ്തവനും ആവശ്യപ്പെടരുത്.
മൂന്നാം കല്‍പന സാബത്തുദിവസം കര്‍ത്താവിൻ്റെ ദിവസം ഞായറാഴ്ച - സാബത്തിൻ്റെ പൂര്‍ത്തീകരണം ഞായറാഴ്ചക്കടം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



