We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 05-Jul-2022
അധ്യായം രണ്ട്
മാനവസമൂഹം
മാനവരാശിയുടെ വിളി ദൈവത്തിന്‍റെ ഛായ പ്രതിഫലിപ്പിക്കണമെന്നതും പിതാവിന്‍റെ ഏകജാതന്‍റെ ഛായയിലേക്ക് രൂപാന്തരപ്പെടണമെന്നതും ആകുന്നു. നാമോരോരുത്തരും ദൈവിക സൗഭാഗ്യത്തിലേക്കു പ്രവേശിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ വിളി വൈയക്തികമായ ഒരു രൂപം കൈക്കൊള്ളുന്നു; അതേ സമയം ഇത് മാനവസമൂഹത്തെ മുഴുവനായും ബാധിക്കുന്നതുമാണ്.
വകുപ്പ് 1
വ്യക്തിയും സമൂഹവും
I. മാനവവിളിയുടെ സാമൂഹികസ്വഭാവം
സകല മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ്, ദൈവത്തിലേക്ക് തന്നെ. ദൈവത്തിലെ വ്യക്തികളുടെ ഐക്യവും മനുഷ്യര്‍ക്കിടയില്‍ സത്യത്തിലും സ്നേഹത്തിലും സ്ഥാപിതമാകേണ്ട സാഹോദര്യവും തമ്മില്‍ കുറെ സാധര്‍മ്യമുണ്ട്.' അയല്‍ക്കാരനോടുള്ള സ്നേഹം ദൈവസ്നേഹത്തില്‍നിന്ന് വേര്‍തിരിക്കാനാകാത്തതാണ്.
മനുഷ്യവ്യക്തി സമൂഹത്തില്‍ ജീവിക്കേണ്ടവനാണ്. അവനെ സംബന്ധിച്ചിടത്തോളം സമൂഹം ബാഹ്യമായ ഒരു വച്ചുകെട്ടല്ല, പ്രത്യുത തന്‍റെ സ്വഭാവത്തിന്‍റെ അനിവാര്യമായ അവശ്യമാണ്. മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടും പരസ്പരമുള്ള കടമകള്‍ നിറവേറ്റിക്കൊണ്ടും, സഹോദരങ്ങളുമായി സംവാദംനടത്തിക്കൊണ്ടും മനുഷ്യന്‍ തന്‍റെ കഴിവുകളെ വികസിപ്പിക്കുന്നു. അങ്ങനെ അവന്‍ തന്‍റെ വിളിക്കു പ്രത്യുത്തരം നല്കുന്നു.
സമൂഹം എന്നുപറയുന്നത്, വ്യക്തികളുടെ ഒരു ഗണം തങ്ങളിലോരോരുത്തര്‍ക്കും അതീതമായ ഒരു ഐകൃത്തിന്‍റെ തത്ത്വത്താല്‍ ജീവഘടനാത്മകമായി ഒന്നിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നതാണ്. ഒരേസമയം ദൃശ്യവും ആത്മീയവുമായ ഒരു സമ്മേളനമെന്നനിലയില്‍ കാലത്തില്‍ അതു ചിരസ്ഥായിയാണ്: ഭൂതകാലത്തെ ഉള്‍ക്കൊള്ളുകയും ഭാവിയെ ഒരുക്കുകയും ചെയ്യുന്നു. സമൂഹത്തിലൂടെ ഓരോ മനുഷ്യനും “അവകാശി” എന്ന പദവി നേടുന്നു; തന്‍റെ തനിമയെ പോഷിപ്പിക്കാനുതകുന്ന “താലന്തു കളും” അയാള്‍ സ്വീകരിക്കുന്നു; അവയുടെ ഫലങ്ങളെ അയാള്‍ വളര്‍ത്തേണ്ടതുണ്ട്.? അതിനാല്‍ താന്‍ അംഗമായിരിക്കുന്ന സമൂഹങ്ങളോട് അയാള്‍ക്കു ന്യായമായും കടപ്പാടുണ്ട്; പൊതുനന്മയെപ്രതി അധികാരം പേറുന്നവരെ അയാള്‍ ആദരിക്കുകയും വേണം.
ഓരോ സമൂഹത്തിന്‍റെയും ലക്ഷ്യത്തിനനുസൃതമായാണ് ആ സമൂഹം നിര്‍വചിക്കപ്പെടുക. തന്‍മൂലം സമൂഹത്തിന് അതിന്‍റെതായ പ്രത്യേകനിയമങ്ങള്‍ ഉണ്ടായിരിക്കുന്നു. എല്ലാ സാമൂഹ്യസംവിധാനങ്ങളുടെയും പ്രഭവവും കര്‍ത്താവും ലക്ഷ്യവും മനുഷ്യവ്യക്തിയാണ്, ആയിരിക്കേണ്ടതാണ്.” കുടുംബം, രാഷ്ട്രം തുടങ്ങിയ ചില സമൂഹങ്ങള്‍ മനുഷ്യപ്രകൃതിയോടു കൂടുതല്‍ പ്രത്യക്ഷമായി ചേര്‍ന്നുപോകുന്നു. അവ മനുഷ്യന് ആവശ്യകമാണ്. കൂടുതല്‍ പേരുടെ പങ്കാളിത്തം വളര്‍ത്തുന്നതിനു സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും രൂപം കൊള്ളുന്നതിനു പ്രോത്സാഹിപ്പിക്കുന്നത് ഉചിതമാണ്. “ദേശീയവും, അന്തര്‍ദേശീയവുമായ ഇത്തരം സംഘടനകളും സ്ഥാപനങ്ങളും സാമ്പത്തിക സാമൂഹ്യലക്ഷ്യങ്ങളോടും സാംസ്‌കാരിക വിനോദപരിപാടികളോടും കായികരംഗത്തോടും വ്യത്യസ്ത ഉദ്യോഗങ്ങളോടും രാഷ്രീയ പ്രശ്‌നങ്ങളോടും ബന്ധപ്പെട്ടവയാകാം. സാമൂഹ്യവത്കരണപ്രകിയ “വ്യക്തികളുടെ കഴിവുകള്‍ക്കതീതമായ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍വേണ്ടി പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള മനുഷ്യജീവികളുടെ വാസനയെ പ്രകാശിപ്പിക്കുന്നു. വ്യക്തിയുടെ ഗുണങ്ങളെ, പ്രത്യേകിച്ചും മുന്‍കൈയെടുക്കുവാന്‍ പ്രേരിപ്പിക്കുന്ന ചിന്തയെയും ഉത്തരവാദിത്വബോധത്തെയും, ഇതു വളര്‍ത്തിയെടുക്കുന്നു. വ്യക്തിയുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ഇതു സഹായകമായിത്തീരുന്നു."
സാമൂഹ്യവത്കരണത്തില്‍ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. രാഷ്ട്രത്തിന്‍റെ നിര്‍ബന്ധപൂര്‍വകമായ ഇടപെടല്‍ വ്യക്തിസ്വാതന്ത്ര്യത്തിനും കാര്യക്ഷമതയ്ക്കും ഭീഷണി ഉയര്‍ത്തിയേക്കാം. അധീനാവകാശ സംരക്ഷണം എന്ന തത്ത്വമാണ് ഇക്കാര്യത്തില്‍ സഭാ പ്രബോധനം മുന്നോട്ടുവയ്ക്കുന്നത്. അതനുസരിച്ച്, “കൂടുതല്‍ ഉന്നതമായ പദവിയുള്ള ഒരു സമൂഹം താഴ്‌ന്ന പദവിയിലുള്ള ഒരു സമൂഹത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അതിന്‍റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുത്. നേരേ മറിച്ച് എല്ലായിപ്പോഴും പൊതുനന്മയെ മുന്‍നിര്‍ത്തി ആവശ്യങ്ങളില്‍ അതിനു പിന്തുണ നല്‍കുകയും അതിന്റെ പ്രവര്‍ത്തനത്തെ സമൂഹത്തിന്‍റെ ഇതരഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ സഹായിക്കുകയും വേണം.”
അധികാരത്തിന്‍റെ വിനിയോഗം മുഴുവനും തനിക്കുമാത്രമായി പിടിച്ചുവയ്ക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. അതതിന്‍റെ പ്രകൃതിക്കു ചേര്‍ന്ന കഴിവുകളനുസരിച്ച് നിര്‍വഹിക്കാന്‍ സാധിക്കുന്ന ജോലികള്‍ ദൈവം ഓരോ സൃഷ്ടിയെയും ഏല്‍പിച്ചിരിക്കുന്നു. സമുഹജീവിതത്തില്‍ ഈ ഭരണക്രമമാതൃക അനുവര്‍ത്തിക്കേണ്ടതാണ്. ദൈവം ഈ ലോകം ഭരിക്കുന്ന രീതി മാനവസമൂഹങ്ങളെ ഭരിക്കുന്നവരുടെ ജ്ഞാനത്തെ പ്രചോദിപ്പിക്കേണ്ടതാണ്. മനുഷ്യസ്വാതന്ത്ര്യത്തിനു ദൈവം കല്‍പിക്കുന്ന വലിയ പ്രാധാന്യത്തിനുസാക്ഷ്യം നല്‍കുന്നതാണ് ഈ ഭരണരീതി. മാനവസമൂഹങ്ങളുടെ ഭരണകര്‍ത്താക്കള്‍ ദൈവികപരിപാലനയുടെ ശുശ്രൂഷകരായി വര്‍ത്തിക്കണം.
അധീനാവകാശ സംരക്ഷണതത്ത്വം എല്ലാത്തരം സമഷ്ടിവാദത്തിനും കടകവിരുദ്ധമാണ്. രാഷ്ട്രത്തിന്‍റെ കൈകടത്തലിന് അതു പരിധികള്‍ കല്‍പിക്കുന്നു. വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പൊരുത്തപ്പെടുത്തിക്കൊണ്ടു പോവുകയാണ് അതിന്‍റെ ലക്ഷ്യം. യഥാര്‍ഥമായ അന്തര്‍ദേശീയക്രമം സ്ഥാപിക്കുവാനാണ് അതു ശ്രമിക്കുന്നത്.
II. പരിവര്‍ത്തനവും സമുഹവും
മാനുഷിക വിളിയുടെ സാക്ഷാത്കാരത്തിനു സമൂഹം അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തിലെത്തുവാന്‍ “വാസനാപരവും ഭാതികവുമായ മൂല്യങ്ങളെ ആന്തരികവും ആത്മീയവുമായ മൂല്യങ്ങള്‍ക്ക് അധീനമായി നിര്‍ത്തുന്ന” യുക്തമായ ഒരു മൂല്യശ്രേണി പാലിക്കേണ്ടതുണ്ട്:
അന്തിമലക്ഷ്യത്തിനു കല്‍പിക്കുന്ന മൂല്യം അതു നേടാനുള്ള മാര്‍ഗത്തിനു കല്‍പിക്കേണ്ടിവരുകയോ അല്ലെങ്കില്‍ ലക്ഷ്യം നേടാനുള്ള കേവലം മാര്‍ഗങ്ങളായി വ്യക്തികളെ കാണുകയോ ചെയ്യാനിടയാകത്തക്കവിധത്തില്‍ ലക്ഷ്യങ്ങളും മാര്‍ഗങ്ങളും കീഴ്മേല്‍ മറിക്കുന്നതു ആപത്കരമാണ്. അതുമൂലം “പരമോന്നതനിയമദാതാവിന്‍റെ കല്‍പനകള്‍ക്കനുസൃതമായ ക്രിസ്തീയജീവിതം ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാക്കിത്തീര്‍ക്കുന്ന" തരത്തിലുള്ള അനീതിനിറഞ്ഞ സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
അതിനാല്‍ മനുഷ്യന്‍റെ ആത്മീയവും ധാര്‍മികവുമായ കഴിവുകളെയും അവനില്‍ ഉണ്ടാകേണ്ട ആന്തരികപരിവർത്തനത്തിന്റെ നിരന്തരമായ ആവശ്യകതയെയും തട്ടിയുണര്‍ത്തുക അനിവാര്യമാണ്. അത് അവന് ഉപകരിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും. ഹൃദയപരിവര്‍ത്തനത്തിന് നല്‍കപ്പെടുന്ന പ്രഥമ സ്ഥാനം ഒരു കാരണവശാലും പാപത്തിന് പ്രേരണകളായിത്തീരുന്ന സ്ഥാപനങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കുമുള്ള സമുചിതമായ പ്രതിവിധികള്‍ കൈക്കൊള്ളാനുള്ള ചുമതലയെ നിരാകരിക്കുകയല്ല, മറിച്ചു ഭരമേല്‍പിക്കുകയാണ്. അങ്ങനെ അവ നീതിയുടെ മാനദണ്‍ഡങ്ങളുമായി പൊരുത്തപ്പെടും. നന്മയെ തടസ്സപ്പെടുത്തുന്നതിനുപകരം അതിനെ വളര്‍ത്തിയെടുക്കും.
തിന്മയ്ക്കു വശംവദമാകുന്ന ഭീരുത്വത്തിന്‍റെയും, തിന്‍മയോടു പോരാടുന്നുവെന്ന മിഥ്യാധാരണയുടെ മറവില്‍ ചെയ്യുന്ന തിന്മയുടെയും ഇടയിലുള്ള ഇടുങ്ങിയ വഴി തിരിച്ചറിയണമെങ്കില്‍” കൃപാവരത്തിന്‍റെ സഹായമില്ലാതെ മനുഷ്യര്‍ക്കു സാധ്യമല്ല. ഇതു സ്നേഹത്തിന്‍റെ വഴിയാണ്, അതായത് ദൈവസ്നേഹത്തിന്‍റെയും അയല്‍ക്കാരനോടുള്ള സ്നേഹത്തിന്‍റെയും. സ്നേഹമാണ് ഏറ്റവും വലിയ സാമൂഹൃകല്‍പന. അതു മററുള്ളവരെയും അവരുടെ അവകാശങ്ങളെയും ബഹുമാനിക്കുന്നു. അതു നീതിയുടെ നിര്‍വഹണം ആവശ്യപ്പെടുന്നു. സ്നേഹത്തിനു മാത്രമേ നീതി നിര്‍വഹിക്കാന്‍ നമ്മെ പ്രാപ്തരാക്കാനാവു. ആത്മദാനത്തിന്റേതായ ഒരു ജീവിതത്തിന് അത് പ്രേരണ നല്‍കുന്നു; “തന്‍റെ ജീവന്‍ നിലനിറുത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതുനിലനിറുത്തും.”
സംഗ്രഹം
മനുഷ്യർ തമ്മിൽ തമ്മിൽ പുലർത്തേണ്ട സാഹോദര്യത്തിന്‍റെ ദൈവിക വ്യക്തികളുടെ ഐക്യവുമായി ഏറെ സാമ്യമുണ്ട്.
മനുഷ്യവ്യക്തിയുടെ പ്രകൃതിക്ക് അനുസൃതമായ വളർച്ചയ്ക്ക് സമൂഹജീവിതം ആവശ്യമാണ് .കുടുംബം, രാഷ്ട്രം തുടങ്ങിയ സമൂഹങ്ങൾ മനുഷ്യപ്രകൃതിയോട് കൂടുതൽ ഇണങ്ങുന്നവയാണ് .
“മനുഷ്യ വ്യക്തി” എല്ലാ സാമൂഹ്യ സംഘടനകളുടെയും പ്രഭവവും ലക്ഷ്യവും വിഷയവും ആകുന്നു, ആയിരിക്കുകയും വേണം. സന്നദ്ധ സംഘടനകളിലും സ്ഥാപനങ്ങളിലുമുള്ള വ്യാപകമായ ഭാഗഭാഗിത്വം പ്രോത്സാഹിപ്പിക്കുകപ്പെടണം.
അധീനാവകാശസംരക്ഷണതത്ത്വമനുസരിച്ച് രാഷ്ടമോ മറ്റേതെങ്കിലും ബൃഹത് സമൂഹമോ, വ്യക്തികളുടെയോ മധ്യവര്‍ത്തി സംഘടനകളുടെയോ മുൻകൈയ്യെടുക്കലിനും ഉത്തരവാദിത്വബോധത്തിനും പകരംനില്ക്കാൻ പാടില്ല.
സമൂഹം നന്മയെ പ്രോത്സാഹിപ്പിക്കണം, അതിനെ തടയരുത്. ഈ സമൂഹത്തെ യുക്തമായ ഒരു മൂല്യ ശ്രേണി പ്രചോദിപ്പിക്കണം.
പാപം സമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കിയിട്ടുള്ളിടത്തു ഹൃദയപരിവർത്തനവും ദൈവകൃപയും അന്വേഷിക്കണം. സ്‌നേഹം യുക്തമായ നവീകരണത്തിനു നിർബന്ധിക്കുന്നു.. സുവിശേഷത്തിനു പുറമേ സാമൂഹ്യ പ്രശ്നത്തിന് പരിഹാരമൊന്നുമില്ല
മാനവസമൂഹം വ്യക്തിയും സമൂഹവും മാനവവിളിയുടെ സാമൂഹികസ്വഭാവം പരിവര്‍ത്തനവും സമുഹവും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



