x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അപ്പസ്തോലിക അനുശാസനം വിശ്വാസ നിക്ഷേപം

Authored by : Pope John Paul II and Religious teaching of the Catholic Church On 24-Apr-2023

 വിശ്വാസനിക്ഷേപം

രണ്ടാംവത്തിക്കാൻ സർവത്രികസുനഹദോസിന് അനുസൃതമായി വിരചിതമായ"കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം"പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചുള്ള അപ്പസ്തോലിക അനുശാസനം
ദൈവദാസന്മാരുടെ ദാസനായ യോഹന്നാൻ പൗലോസ് മെത്രാൻ സനാതനസ്മരണയ്ക്ക്

വന്ദ്യസഹോദരന്മാരായ കർദിനാളന്മാർ, പാത്രിയർക്കീസുമാർ, മെത്രപ്പോലീത്താമാർ, മെത്രന്മാർ, വൈദികർ, ഡീക്കന്മാർ എന്നിവർക്കും ദൈവജനത്തിലെ മറ്റംഗങ്ങൾക്കും.

വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കുകയെന്നതാണു കർത്താവു തന്റെ സഭയെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. സഭ ഈ ദൗത്യം എക്കാലവും നിർവഹിക്കുന്നു. സഭയുടെ ശ്ലൈഹികവും അജപാലനപരവുമായ ദൗത്യം കൂടുതൽ പ്രകാശിതമാക്കുക, സുവിശേഷസത്യം ഉജ്ജ്വലിപ്പിക്കുന്നതിലൂടെ സർവ്വവിജ്ഞാനത്തെയും അതിശയിപ്പിക്കുന്ന ക്രിസ്തുവിൻ്റെ സ്നേഹം (cf. എഫേ 3:19) തേടാനും അതു സ്വായത്തമാക്കാനും സർവജനപദങ്ങളെയും സജ്ജമാക്കുക - ഇവയാണ് എൻ്റെ മുൻഗാമി ഭാഗ്യസ്മരണാർഹനായ യോഹന്നാൻ ഇരുപത്തിമൂന്നാമൻ മാർപാപ്പ മുപ്പതു സംവത്സരങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത രണ്ടാം വത്തിക്കാൻ സാർവത്രിക സൂനഹദോസിൻ്റെ ഉദ്ദിഷ്ടലക്ഷ്യങ്ങൾ.

യോഹന്നാൻ ഇരുപത്തിമൂന്നാമൻ മാർപാപ്പ കൗൺസിലിനെ ഭരമേല്പിച്ച മുഖ്യ ദൗത്യം ഇതാണ്: ക്രൈസ്തവ വിശ്വാസസത്യങ്ങളുടെ അമൂല്യനിക്ഷേപം ക്രൈസ്തവവിശ്വാസികൾക്കും സന്മനസ്സുള്ള എല്ലാ ജനങ്ങൾക്കും കൂടുതൽ പ്രാപ്യമാകേണ്ടതിന് അതിനെ പരിരക്ഷിക്കുകയും മെച്ചപ്പെട്ട നിലയിൽ അവതരിപ്പിക്കുകയും ചെയ്യുക. ഇക്കാരണത്താൽ സൂനഹദോസ് ആനുകാലികങ്ങളായ അബദ്ധ സിദ്ധാന്തങ്ങളെ ഉടനടി അപലപിക്കാതെ എല്ലാറ്റിലുമുപരിയായി വിശ്വാസസത്യത്തിന്റെ ശക്തിയും സൗന്ദര്യവും ശാന്തമായി വെളിപ്പെടുത്താനാണു യത്നിച്ചത്. മാർപാപ്പയുടെ വാക്കുകളിൽ, “ഈ കൗൺസിലിന്റെ വെളിച്ചം സഭയ്ക്ക് ആധ്യാത്മിക ധന്യത നേടുന്നതിനുള്ള ഒരുറവിടമായിഭവിക്കും. അതിൽ നിന്ന് പുത്തൻ കർമ്മശേഷിയുടെ കരുത്താർജിച്ചുകൊണ്ട് നിർഭയയായി അവൾ ഭാവിയിലേക്ക് എത്തിനോക്കും. നമ്മുടെ കാലഘട്ടം നമ്മോടാവശ്യപ്പെടുന്ന ജോലി തീക്ഷ്ണമായ മനസ്സോടെ, ഭയരഹിതമായി നിർവഹിക്കാൻ നമ്മെത്തന്നെ അർപ്പിക്കുക, ഇങ്ങനെ സഭ കഴിഞ്ഞ ഇരുപതുശതാബ്ദങ്ങളായി ചരിച്ച അതേ പാത നാമും പിന്തുടരുക - ഇതാണു നമ്മുടെ കർത്തവ്യം”.

ദൈവസഹായത്താൽ, നാലു സംവത്സരക്കാലത്തെ പ്രയത്നത്തിലൂടെ നിരവധി വിശ്വാസസത്യപ്രഖ്യാപനങ്ങളും അജപാലനമാർഗനിർദ്ദേശങ്ങളും തയാറാക്കാനും അവയെ സമസ്ത സഭയ്ക്കുമായി സമ്മാനിക്കാനും കൗൺസിൽ പിതാക്കന്മാർക്കു കഴിഞ്ഞു. ഇവയിൽ അജപാലകരും ക്രൈസ്തവവിശ്വാസികളും “വിചാരം, പ്രവൃത്തി, ആചാരങ്ങൾ, സന്തോഷത്തിന്റെയും പ്രത്യാശയുടെയും ധാർമികഗുണങ്ങൾ എന്നിവയുടെ നവീകരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ കണ്ടെത്തുന്നു. ഇതു തന്നെയായിരുന്നു കൗൺസിലിന്റെ ലക്ഷ്യവും”.

കൗൺസിൽ സമാപിച്ചതിനുശേഷം സഭാജീവിതത്തിൽ കൗൺസിലിന്റെ പ്രചോദകശക്തി നിലച്ചിട്ടില്ല. 1985-ൽ എനിക്കിങ്ങനെ പ്രഖ്യാപിക്കുവാൻ കഴിഞ്ഞു: "രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പങ്കെടുക്കുന്നതിനും അതിന്റെ പുരോഗതിയിൽ സജീവമായി സഹകരിക്കുന്നതിനും പ്രത്യേക അനുഗ്രഹം ലഭിച്ച എനിക്ക് എല്ലായ്പോഴും, പ്രത്യേകിച്ച് എന്റെ പരമാചാര്യകാലത്ത്, എന്റെ ഓരോ അജപാലന പ്രവൃത്തിയിലും കൗൺസിൽ സംശോധകസ്രോതസ്സ് ആയിരുന്നു. ഓരോ വ്യക്തി സഭയുടെയും സാർവത്രിക സഭയുടെയും തലങ്ങളിൽ വസ്തുനിഷ്ഠമായും വിശ്വസ്തമായും കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുവാൻ ഞാൻ ബോധപൂർവം യത്നിച്ചിട്ടുണ്ട്".

ഈ ചൈതന്യത്തോടെ, വത്തിക്കാൻ കൗൺസിലിൽസമാപനത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, 1985 ജനുവരി 25-ാം തീയതി മെത്രാന്മാരുടെ സിനഡിന്റെ ഒരു അസാധാരണസമ്മേളനം ഞാൻ വിളിച്ചുകൂട്ടി. പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യമിതായിരുന്നു: വത്തിക്കാൻ കൗൺസിൽ പ്രദാനം ചെയ്ത അനുഗ്രഹങ്ങളും ആധ്യാത്മികഫലങ്ങളും പ്രകീർത്തിക്കുക, ക്രൈസ്തവവിശ്വാസികൾ കൗൺസിൽ പ്രബോധനങ്ങളെ കൂടുതൽ ഹാർദമായി സ്വീകരിക്കുന്നതിനും, അവയെക്കുറിച്ചുള്ള അറിവും ജീവിതത്തിലുള്ള പ്രയോഗവും വളർത്തുന്നതിനും വേണ്ടി അവയെ കൂടുതൽ ആഴത്തിൽ പഠിക്കുക.

ആ സന്ദർഭത്തിൽ സിനഡുപിതാക്കന്മാർ പ്രസ്താവിച്ചു; “വിശ്വാസത്തെയും ധാർമിക നിയമങ്ങളെയും സംബന്ധിച്ചുള്ള കത്തോലിക്കാപ്രബോധനത്തിന്റെ മതബോധനഗ്രന്ഥമോ സംഗ്രഹഗ്രന്ഥമോ വിരചിതമാകണം. ഈ മതബോധനഗ്രന്ഥമാണ് വൃത്യസ്തതലങ്ങളിൽ വിരചിതമാകുന്ന മതബോധനഗ്രന്ഥങ്ങൾക്കോ സംഗ്രഹഗ്രന്ഥങ്ങൾക്കോ സംശോധക സ്രോതസ്സായിരിക്കേണ്ടത്. വിശ്വാസസത്യത്തിന്റെ അവതരണം ബൈബിളധിഷ്ഠിതവും ആരാധനക്രമപരവുമായിരിക്കണം. ക്രിസ്ത്യാനികളുടെ ഇന്നത്തെ ജീവിതത്തിനിണങ്ങുന്ന വിധത്തിൽ സംശുദ്ധമായ വിശ്വാസപ്രബോധനം നല്കുന്നതാകണം ആ മതബോധനഗ്രന്ഥം". സാർവത്രിക സഭയുടെയും വ്യക്തിസഭകളുടെയും ഒരു യഥാർത്ഥ ആവശ്യത്തോടുള്ള പൂർണമായ പ്രതികരണമായി അതിനെ കണ്ടുകൊണ്ട് സിനഡു സമാപിച്ചപ്പോൾ ഈ അഭിലാഷം ഞാൻ എൻ്റെതാക്കിത്തീർത്തു.

വിശ്വാസത്തിൻ്റെ സജീവ ഉറവിടങ്ങളാൽ നവീകരിക്കപ്പെട്ട ഒരു മതബോധനത്തിനുവേണ്ടി, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം എന്നപേരിൽ ഈ “സംശോധകഗ്രന്ഥം" സമസ്തസഭയ്ക്കുമായി സമർപ്പിക്കുവാൻ കഴിയുന്ന ഈ ദിവസം നാം ഹൃദയപൂർവം കർത്താവിനു നന്ദി പറയുന്നു.

ആരാധനാക്രമത്തിൻ്റെ നവീകരണത്തിനും ലത്തീൻ സഭയുടെയും പൗരസ്ത്യ കത്തോലിക്കാസഭകളുടെയും കാനൻ നിയമങ്ങളുടെ ക്രോഡീകരണത്തിനുംശേഷം പ്രസിദ്ധീകൃതമാകുന്ന ഈ മതബോധനഗ്രന്ഥം, രണ്ടാംവത്തിക്കാൻ കൗൺസിൽ അഭിലഷിച്ചതും സമാരംഭിച്ചതുമായ സമസ്ത സഭാജീവിതനവീകരണയത്നത്തിന് വളരെ പ്രധാനമായ ഒരു സംഭാവനയായിരിക്കും.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വളരെ വിപുലമായ സഹകരണത്തിൻ്റെ ഫലമാണ്. സമ്പൂർണ്ണമായ തുറവിയുടെ മനോഭാവത്തോടും ഉജ്ജ്വലതീക്ഷ്ണതയോടുംകൂടെ ആറുവർഷം നടത്തിയ കഠിനയത്നത്തിൻ്റെ ഫലമാണിത്.
സിനഡുപിതാക്കന്മാർ ആവശ്യപ്പെട്ട മതബോധനഗ്രന്ഥത്തിൻ്റെ കരടുരൂപം തയാറാക്കുകയെന്ന ചുമതല 1986-ൽ ഞാൻ ഒരു കമ്മീഷനെ ഏൽപ്പിച്ചു. കാർദിനാൾ ജോസഫ് റാറ്റ്സിംഗർ അധ്യക്ഷനായുള്ള പ്രസ്തുത കമ്മീഷനിൽ പന്ത്രണ്ടു കർദിനാളാൻന്മാരും മെത്രാൻന്മാരും അംഗങ്ങളായിരുന്നു. ഈ കമ്മീഷനെ അതിൻ്റെ ജോലിയിൽ സഹായിക്കാൻ ദൈവശാസ്ത്രത്തിലും മതബോധനത്തിലും വിദഗ്ധരായ ഏഴു രൂപതാമ്രെതാന്മാരുടെ ഒരു എഡിറ്റോറിയൽ സമിതിയുമുണ്ടായിരുന്നു.
ഗ്രന്ഥരചനയ്ക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കുക, രചനാപ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കുക എന്നീ ചുമതലകളുണ്ടായിരുന്ന കമ്മീഷൻ, ഒന്നിനു പുറകെ മറ്റൊന്നായി വിരചിതമായ ഒൻപതു കരടുരൂപങ്ങൾ ഓരോഘട്ടത്തിലും സശ്രദ്ധം പരിശോധിച്ചുകൊണ്ടിരുന്നു. ഗ്രന്ഥരചനയുടെ ഉത്തരവാദിത്വം എഡിറ്റോറിയൽ സമിതിക്കായിരുന്നു. മെച്ചപ്പെട്ട ഒരു ഗ്രന്ഥത്തെ ലക്ഷ്യമാക്കി കമ്മീഷൻ നിർദേശിച്ചിരുന്ന ഭേദഗതികൾ വരുത്തിക്കൊണ്ടും അനേകം ദൈവശാസ്ത്രജ്ഞന്മാരുടെയും ബൈബിൾ പണ്ഡിതരുടെയും മതപ്രബോധകരുടെയും വിശിഷ്യ ലോകം മുഴുവനിലെയും മെത്രാന്മാരുടെയും നിരീക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ടുമാണ് സമിതി ഈ ജോലി നിർവഹിച്ചത്. സമിതിയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ താരതമ്യപഠനത്തിനു വിധേയമാക്കിയതു വലിയ പ്രയോജനമായി ഭവിച്ചു; തത്ഫലമായി ഏകതാനതയിലും പരസ്പരസമന്വയത്തിലും ഭ്രദമായ മേന്മതയേറിയ ഒരു ഗ്രന്ഥം രൂപംകൊണ്ടു.

അവരുടെ ഈ സംരംഭം എല്ലാ കത്തോലിക്കാമെത്രാന്മാരുടെയും അവരുടെ സമിതികളുടെയും അല്ലെങ്കിൽ സിനഡുകളുടെയും ദൈവശാസ്ത്ര മതബോധന കേന്ദ്രങ്ങളുടെയും വിപുലമായ കൂടിയാലോചനയുടെ വിഷയമായിരുന്നു. പൊതുവേ മെത്രാൻ സംഘത്തിൻ്റെ ഭാഗത്തുനിന്നു വളരെ അനുകൂലമായ ഒരു സ്വീകരണമാണ് ഈ സംരംഭത്തിനു ലഭിച്ചിട്ടുള്ളത്. സഭാജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഒരു സംരഭത്തിന്റെ ഉത്തരവാദിത്വത്തിൽ പങ്കുചേരാനുള്ള എന്റെ ക്ഷണം ഔദാര്യപൂർവം സ്വീകരിച്ച കഠത്താലിക്കാസഭയുടെ മെത്രാൻസംഘം മുഴുവന്റെയും സഹകരണത്തിൻ്റെ പരിണിതഫലമാണ് ഈ മതബോധന ഗ്രന്ഥമെന്നു പറയാം. ഈ പ്രതികരണം എന്നിൽ അഗാധമായ ആനന്ദാനുഭൂതി ഉണർത്തുന്നുണ്ട്. കാരണം, ഇത്രയേറെ സ്വരങ്ങളുടെ സമന്വയം യഥാർത്ഥത്തിൽ വിശ്വാസത്തിൻ്റെ സ്വരൈക്യമാണു വെളിപ്പെടുത്തുന്നത്. ഈ മതബോധനഗ്രന്ഥത്തിന്റെ രചനാവിജയം അങ്ങനെ മെത്രാൻസംഘത്തിന്റെ കൂട്ടുത്തരവാദിത്വസ്വഭാവം പ്രതിഫലിപ്പിക്കുന്നു. ഇതു സഭയുടെ സാർവത്രികതയ്ക്കു സാക്ഷ്യംനല്കുന്നു.

ഒരു മതബോധനഗ്രന്ഥം വിശ്വസ്തമായും ക്രമീകൃതമായും വിശുദ്ധലിഖിതങ്ങളിലെയും സഭയിലെ സജീവപാരമ്പര്യത്തിലെയും ഔദ്യോഗിക പ്രബോധനത്തെയും അതുപോലെതന്നെ സഭാപിതാക്കന്മാരിൽനിന്നും വേദപണ്ഡിതരിൽനിന്നും വിശുദ്ധന്മാരിൽനിന്നും വിശുദ്ധകളിൽനിന്നും ലഭിച്ചിട്ടുള്ള ആധ്യാത്മികപൈതൃകത്തെയും അവതരിപ്പിക്കുന്നതാകണം. ഇത് ക്രിസ്തീയരഹസ്യങ്ങളെക്കുറിച്ചുള്ള അറിവു വളർത്തുന്നതിനും ദൈവജനത്തിൻ്റെ വിശ്വാസം സജീവമാക്കുന്നതിനും ഹേതുവാകണം. പരിശുദ്ധാത്മാവ് നൂററാണ്ടുകളിലൂടെ തൻ്റെ സഭയ്ക്കു വെളിപ്പെടുത്തിയിട്ടുള്ള വിശ്വാസസത്യപ്രഖ്യാപനങ്ങൾ മതബോധനഗ്രന്ഥം യഥാവിധി കണക്കിലെടുക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഇല്ലാതിരുന്നവയും ആധുനിക കാലത്തിൻ്റെ പ്രത്യേകതകളുമായ ജീവിതസാഹചര്യങ്ങളെയും പ്രശ്നങ്ങളെയും വിശ്വാസവെളിച്ചത്താൽ പ്രകാശിപ്പിക്കാൻ സഹായിക്കുന്നതുമായിരിക്കണം ഇത്.

മതബോധനഗ്രന്ഥം അങ്ങനെ പഴയതും പുതിയതും ഉൾക്കൊള്ളുന്നതാണ് (Cf. മത്താ 13:52). കാരണം, വിശ്വാസം എന്നും ഒന്നുതന്നെയാണെങ്കിലും അത് എന്നും പുതിയ വെളിച്ചത്തിൻ്റെ പ്രഭവസ്ഥാനവുമാണ്.

ഈ ദ്വിവിധ ആവശ്യത്തോടു പ്രതികരിക്കേണ്ടതിനു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഒരുവശത്ത് വി. പീയൂസ് അഞ്ചാമൻ്റെ മതബോധനഗ്രന്ഥം അവലംബിച്ചിട്ടുള്ള “പുരാതനവും” പരമ്പരാഗതവുമായക്രമം തന്നെ സ്വീകരിച്ചിരിക്കയാണ്. അതനുസരിച്ച് ഉള്ളടക്കത്തെ നാലുഭാഗങ്ങളായി തിരിച്ചിരിക്കുന്നു: വിശ്വാസപ്രമാണം, ആദ്യഭാഗങ്ങളിൽ കൂദാശകൾ കൈകാര്യം ചെയ്യുന്ന പരിശുദ്ധ ആരാധനക്രമം, പത്തു കല്പനകളിൽ തുടങ്ങി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള ക്രിസ്തീയജീവിതരീതി, ഒടുവിൽ ക്രിസ്തീയപ്രാർഥന. അതേസമയം ഉള്ളടക്കം പലപ്പോഴും “പുതിയരീതിയിൽ" നമ്മുടെ കാലത്തിൻ്റെ പ്രശ്നങ്ങൾക്ക് ഉത്തരം നല്കത്തക്കവിധമാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഈ നാലുഭാഗങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. ക്രിസ്തീയരഹസ്യമാണു വിശ്വാസത്തിൻ്റെ വിഷയം (ഭാഗം ഒന്ന്); ഇത് ആരാധനാകർമങ്ങളിൽ ആഘോഷിക്കപ്പെടുകയും പകർന്നു കൊടുക്കപ്പെടുകയും ചെയ്യുന്നു (ഭാഗം രണ്ട്); ദൈവമക്കളെ അവരുടെ പ്രവൃത്തികളിൽ പ്രകാശിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യാൻ സന്നിഹിതമാണിത് (ഭാഗം മൂന്ന്); ഇതു നമ്മുടെ യാചനയെയും സ്തുതിയെയും മധ്യസ്ഥപ്രാർഥനയെയും പ്രധാനമായി പ്രകാശിപ്പിക്കുന്ന “സ്വർഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയെ ഉൾക്കൊള്ളുന്ന നമ്മുടെ ക്രിസ്തീയ പ്രാർത്ഥനയെ പ്രചോദിപ്പിക്കുന്നു (ഭാഗം നാല്).
ആരാധനക്രമംതന്നെ പ്രാർഥനയാണ്, വിശ്വാസപ്രഖ്യാപനത്തിൻ്റെ സമുചിത സ്ഥാനം ദൈവാരാധനയുടെ ആഘോഷമാണ്. സഭയുടെ ആരാധനക്രമത്തിൽ പങ്കുചേരാൻ വിശ്വാസം ആവശ്യമായിരിക്കുന്നതുപോലെ കൂദാശകളുടെ ഫലമായ കൃപാവരം ക്രൈസ്തവജീവിതത്തിന് അനുപേക്ഷണീയഘടകമാണ്. വിശ്വാസം പ്രവൃത്തികളിൽക്കുടി പ്രകടിതമാകാത്തപക്ഷം അത് അതിൽ തന്നെ നിർജീവമാണ്. (cf. യാക്കോ 2:14-16); നിത്യജീവിതത്തിനുതകുന്ന ഫലങ്ങൾ പുറപ്പെടുവിക്കാൻ അതിനു കഴിയുകയുമില്ല.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വായിക്കുമ്പോൾ ദൈവരഹസ്യത്തിൻ്റെ ആശ്ചര്യകരമായ ഐക്യം, അവിടുത്തെ രക്ഷാകരപദ്ധതി, അതുപോലെ തന്നെ യേശുക്രിസ്തുവിനുള്ള മുഖ്യസ്ഥാനം എന്നിവ ഗ്രഹിക്കാൻ കഴിയും. പിതാവിനാൽ അയയ്ക്കപ്പെട്ട ദൈവത്തിൻ്റെ ഏകജാതനായ അവിടുന്ന് നമ്മുടെ രക്ഷകനാകാൻവേണ്ടി പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ പരി. കന്യകാമറിയത്തിൻ്റെ ഉദരത്തിൽ മനുഷ്യനായി അവതരിച്ചു. മരിച്ച് ഉത്ഥാനംചെയ്ത അവിടുന്ന് സഭയിൽ, വിശിഷ്യ കൂദാശകളിൽ സദാ സന്നിഹിതനാണ്; അവിടുന്നാണു നമ്മുടെ വിശ്വാസത്തിൻ്റെ ഉറവിടവും ക്രൈസ്തവജീവിതത്തിൻ്റെ മാതൃകയും, നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും അവിടുന്നുതന്നെ.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന് 1992 ജൂൺ 25-നു ഞാൻ അംഗീകാരം നൽകി, അതു പ്രസിദ്ധീകരിക്കുവാൻ ഇന്ന് എൻ്റെ അപ്പസ്തോലികാധികാരമുപയോഗിച്ചു ഞാൻ അനുശാസിക്കുന്നു. വിശുദ്ധലിഖിതം, അപ്പസ്തോലിക പാരമ്പര്യം, സഭയുടെ പ്രബോധനാധികാരം എന്നിവയിൽ അധിഷ്ഠിതമോ ഇവയാൽ പ്രകാശിതമോ ആയ സഭയുടെ വിശ്വാസത്തിൻ്റെയും കത്തോലിക്കാപ്രബോധനത്തിൻ്റെയും വ്യക്തമായ പ്രകാശനമാണ് ഈ ഗ്രന്ഥം. വിശ്വാസപ്രബോധനത്തിനുള്ള അസന്ദിഗ്ധമാനദണ്ഡവും സഭൈകൃത്തിനുള്ള സാധുവും നിയമപരവുമായ ഉപകരണവുമാണ് ഈ ഗ്രന്ഥമെന്നു ഞാൻ പ്രഖ്യാപിക്കുന്നു. ദൈവരാജ്യത്തിൻ്റെ അക്ഷയപ്രകാശത്തിലേക്കുള്ള തീർത്ഥാടനത്തിനിടയിൽ, ക്രിസ്തുശരീരമാകുന്ന ദൈവത്തിൻ്റെ സഭയിൽ പരിശുദ്ധാത്മാവ് നിരന്തരം ആവശ്യപ്പെടുന്ന നവീകരണത്തിന് ഈ ഗ്രന്ഥം ഉപകരിക്കട്ടെ.

പത്രോസിൻ്റെ പിൻഗാമി വിശുദ്ധകത്തോലിക്കാസഭയ്ക്ക്, അപ്പസ്തോലിക സിംഹാസനത്തോടു സമാധാനത്തിലും ഐകൃത്തിലും വാര്ത്തിക്കുന്ന എല്ലാ വ്യക്തി സഭകൾക്കും ചെയ്യുവാൻ അഭിലഷിക്കുന്ന ഒരു സേവനമാണു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ അംഗീകാരവും പ്രകാശനവും. ഈ സേവനം കർത്താവായ യേശുവിൻ്റെ എല്ലാ ശിഷ്യരുടെയും വിശ്വാസം പരിരക്ഷിച്ചുറപ്പിക്കാനും (cf. ലൂക്കാ 22:32) അതുപോലെതന്നെ ഐകൃത്തിന്റെ കണ്ണികളെ ഒരേ അപ്പസ്തോലിക വിശ്വാസത്തിൽ കൂട്ടിച്ചേർക്കാനുള്ളതുമാണ്.

അതിനാൽ, സഭയിലെ അജപാലകരോടും ക്രിസ്തീയവിശ്വാസികളോടും കൂട്ടായ്മ മനോഭാവത്തോടെ ഈ മതബോധനഗ്രന്ഥത്തെ സ്വീകരിച്ച്, വിശ്വാസം പ്രഘോഷിക്കുന്നതിനും സുവിശേഷജീവിതത്തിലേക്കു ജനങ്ങളെ വിളിക്കുന്നതിനുമുള്ള ദൗത്യം നിറവേറ്റുന്നതിനായി ജാഗ്രതാപൂർവം ഇതു പ്രയോജനപ്പടുത്തുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു. കത്തോലിക്കാ പ്രബോധനം പഠിപ്പിക്കുന്നതിനും വിശേഷവിധിയായി പ്രാദേശികമതബോധനഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനും ഉപയുക്തമായ സമ്പൂർണവും ആധികാരികവുമായ ഒരു സംശോധകഗ്രന്ഥമായിരിക്കേണ്ടതിനാണ് ഈ മതബോധന ഗ്രന്ഥം അവർക്കു നല്കപ്പെടുന്നത്. അമേയമായ രക്ഷാസമ്പത്തിനെക്കുറിച്ചുള്ള (cf. എഫേ 3:8) അറിവിൻ്റെ ആഴം വർധിപ്പിക്കാനഭിലഷിക്കുന്ന എല്ലാ ക്രസ്തീയ വിശ്വാസികൾക്കുമായി ഇതു നല്ക്പ്പെട്ടിരിക്കുന്നു. കത്തോലിക്കാവിശ്വാസത്തിൻ്റെ ഉള്ളടക്കവും ആശ്ചര്യകരമായ അന്യോന്യസമന്വയവും സൂക്ഷ്മമമായി വെളിപ്പെടുത്തുന്ന ഇത് എല്ലാ ക്രൈസ്തവരുടെയും ഐകൃത്തിനുള്ള വിശ്വാസാഭിലാഷത്താൽ പ്രചോദിതങ്ങളായ സഭെെക്യസംരഭങ്ങൾക്ക് തുണയായിത്തീരണം. അവസാനമായി, ക്രിസ്തീയ പ്രത്യാശ എന്തെന്നും ( cf. 1പത്രോ 3:15) കത്തോലിക്കാസഭ വിശ്വസിക്കുന്നതെന്തെന്നും അറിയാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കുമായി ഈ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നല്കപ്പെടുന്നു.

സഭാധികാരികളോ രൂപതാമെത്രാൻമാരോ മെത്രാൻസംഘങ്ങളോ യഥാവിധി അംഗികരിച്ചിട്ടുള്ള പ്രാദേശിക മതബോധനഗ്രന്ഥങ്ങളെ - വിശിഷ്യ അവയ്ക്കു ശ്ശൈഹികസിംഹാസനത്തിൻ്റെ അംഗീകാരമുള്ളവയാണെങ്കിൽ - മാറ്റിപ്രതിഷ്ഠിക്കുവാൻ ഈ മതബോധനഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നില്ല. മറിച്ച്, വ്യത്യസ്ത സാഹചര്യങ്ങളെയും സംസ്കാരങ്ങളെയും കണക്കിലെടുത്തുകൊണ്ടു രൂപംനല്കുന്നതും വിശ്വാസൈക്യവും കത്തോലിക്കാ പ്രബോധനത്തോടുള്ള വിശ്വസ്തതയും സശ്രദ്ധം സംരക്ഷിക്കുന്നതുമായ പുതിയ പ്രാദേശിക മതബോധനഗ്രന്ഥങ്ങളുടെ രചനയ്ക്കു പ്രോത്സാഹനവും സഹായവും ആയിട്ടാണ് ഈ ഗ്രന്ഥം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തെ അവതരിപ്പിക്കുന്ന ഈ അനുശാസനത്തിൻ്റെ ഉപസംഹാരത്തിൽ പരിശുദ്ധ കന്യകാമറിയത്തോടു ഞാൻ പ്രാർഥിക്കുന്നു. അവതീർണവചനത്തിൻ്റെയും സഭയുടെയും മാതാവായ മറിയം തൻ്റെ ശക്തമായ മധ്യസ്ഥതവഴി സഭമുഴുവനിലും എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് സുവിശേഷവത്കരണത്തിനുള്ള ഒരു പുതിയ സംരംഭത്തിനായി സഭ വിളിക്കപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ, നടന്നുകൊണ്ടിരിക്കുന്ന മതബോധനയത്നത്തെ സഹായിക്കട്ടെ. സ്വാതന്ത്ര്യം എന്ന പേരിനെ അന്വർഥമാക്കുന്ന ഏക സ്വാതന്ത്ര്യത്തിലേക്ക് (cf. യോഹ 8:32) നയിക്കപ്പെടേണ്ടതിനു സത്യവിശ്വാസത്തിൻ്റെ പ്രകാശം മാനവവംശത്തെ അജ്ഞതയിൽനിന്നും പാപദാസ്യത്തില്‍ നിന്നും  വിമോചിപ്പിക്കട്ടെ. യേശുക്രിസ്തുവിൽ പരിശുദ്ധാത്മാവിൻ്റെ നിയന്ത്രണത്തിൽ ഇവിടെ ഭൂമിയിലും സ്വർഗരാജ്യത്തിൽ മുഖാഭിമുഖമുള്ള സമ്പൂർണ ദൈവ ദർശനത്തിലുമുള്ള (cf. 1കോറി. 13:12; 2കോറി 5: 6-8) ജീവിതത്തിൻ്റേതാണ് ഈ സ്വാതന്ത്യം.

1992ഒക്ടോബർ 11, രണ്ടാം വത്തിക്കാൻ സാര്‍വത്രിക സൂനഹദോസിൻ്റെ ഉദ്ഘാടനത്തിൻ്റെ മുപ്പതാംവാർഷികത്തിൽ എൻ്റെ പരമാചാര്യത്വത്തിൻ്റെ പതിന്നാലാം വര്ഷത്തിൽ നല്കപ്പെട്ടത്.

ആമുഖം

“പിതാവേ... ഏകസത്യദൈവമായ അങ്ങയെയും അങ്ങ്‌ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണു നിത്യജീവൻ". “എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും, സത്യജ്ഞാനത്തിലേക്കു വരണമെന്നും നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നു". “നമുക്കു രക്ഷ പ്രാപിക്കുവാനായി യേശുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും മനുഷ്യരുടെയിടയിൽ, ആകാശത്തിനു കീഴിൽ നല്‍കപ്പെട്ടിട്ടില്ല".

I. മനുഷ്യജീവിതം - ദൈവത്തെ അറിയാനും സ്നേഹിക്കാനും

അനന്തഗുണസമ്പന്നനും, തന്നില്‍ത്തന്നെ  സൗഭാഗ്യവാനുമായ ദൈവം കേവലം നന്മമാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസ്സോടെ തന്റെ സൗഭാഗ്യത്തിൽ ഭാഗഭാക്കാക്കുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താൽ, എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വശക്തിയുമുപയോഗിച്ചു ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപംമൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തൻ്റെ കുടുംബത്തിൻ്റെ ഐക്യത്തിലേക്ക്, ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്ധതി നിറവേറ്റാനായി കാലത്തിൻ്റെ തികവിൽ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്ക്‌ അയച്ചു. അവൻ്റെ പുത്രനിലും പുത്രനിലൂടെയും പരിശുദ്ധാത്മാവിൽ, ദൈവത്തിൻ്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യജീവിതത്തിൻ്റെ അവകാശികളുമായിത്തിരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു.

ഈ ദൈവികാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങിക്കേള്‍ക്കാനായി, താൻ തെരഞ്ഞെടുത്ത അപ്പസ്തോലന്‍മാരെ ക്രിസ്തു ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അയച്ചു: സുവിശേഷപ്രഘോഷണത്തിന്‌ അധികാരപ്പെടുത്തിക്കൊണ്ടാണ്‌ അവരെ അവിടുന്ന്‌ അയച്ചത്‌. “നിങ്ങൾ പോയി സര്‍വ  ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവര്‍ക്കു  ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ; ഇതാ, യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും". "ഈ ദൗത്യത്താൽ ശക്തി പ്രാപിച്ച്‌, ശ്ലീഹന്മാർ “പോയി പ്രസംഗിച്ചു; കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളോടൊത്തുള്ള അടയാളങ്ങളിലൂടെ അവരുടെ സന്ദേശത്തെ സ്ഥിരീകരിക്കുകയുംചെയ്തു".

ദൈവത്തിൻ്റെ സഹായത്താൽ ക്രിസ്തുവിന്റെ ആഹ്വാനംശ്രവിച്ചു സ്വമനസാ അതിനോടു ക്രിയാത്മകമായി പ്രതികരിച്ചവർ ലോകത്തിൽ എല്ലായിടത്തും “സുവിശേഷം പ്രഘോഷിക്കുവാൻ' ക്രിസ്തുവിനോടുള്ള സ്നേഹത്താൽ ഉത്തേജിതരായി. അപ്പസ്തോലന്‍മാരില്‍ നിന്നു ലഭിച്ച ഈ നിക്ഷേപം അവരുടെ പിന്‍ഗാമികൾ വിശ്വസ്തതാപൂര്‍വം പരിരക്ഷിച്ചു. തലമുറതലമുറകളിലേക്ക്‌ ഈ വിശ്വാസനിക്ഷേപം പകര്‍ന്നുകൊടുക്കുവാൻ എല്ലാ ക്രിസ്തീയവിശ്വാസികളും ക്ഷണിക്കപ്പെട്ടിരിക്കുന്നു. വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ടും സാഹോദര്യത്തിൻ്റെ പങ്കുവയ്ക്കലിലൂടെ അതു ജീവിച്ചുകൊണ്ടും ആരാധന്രകമത്തിലും പ്രാര്‍ഥനയിലും അത്‌ ആഘോഷിച്ചുകൊണ്ടുമാണ്‌ ഈ പകര്‍ന്നുകൊടുക്കൽ നിര്‍വഹിക്കേണ്ടത്‌.

II. വിശ്വാസകൈമാറ്റം : മതബോധനം

വളരെക്കാലം മുന്‍പേതന്നെ ‘മതബോധനം' (Catechesis) എന്ന പദം പ്രത്യേകാര്‍ഥത്തിൽ പ്രയോഗിക്കപ്പെട്ടിരുന്നു: ശിഷ്യന്മാരാക്കുക, വിശ്വസിക്കുന്നതിലൂടെ യേശുവിൻ്റെ നാമത്തിൽ ജീവൻ ഉണ്ടാകേണ്ടതിന്‌ അവനാണു ദൈവത്തിൻ്റെ പുത്രനെന്ന്‌ വിശ്വസിക്കുവാൻ മനുഷ്യരെ സഹായിക്കുക; ക്രിസ്തുവിലുള്ള ജീവിതത്തിൽ അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. അങ്ങനെ അവിടുത്തെ ശരീരം പണിതുയര്‍ത്തുക. സഭയുടെ ഇവ്വിധപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണു മതബോധനം.

"കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിശ്വാസത്തിലുള്ള പരിശീലനമാണു മതബോധനം. ക്രൈസ്തവജീവിതത്തിൻ്റെ പൂര്‍ണനതയിലേക്കു ശ്രോതാക്കളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ, സജീവമായും ക്രമീകൃതമായും ക്രൈസ്തവപ്രബോധനങ്ങൾ പഠിപ്പിക്കുകയാണു മതബോധനത്തിൻ്റെ മുഖ്യധര്‍മം".

സഭയുടെ അജപാലനദൗത്യത്തിൻ്റെ മതബോധനസ്വഭാവമുള്ള ചില ഘടകങ്ങളിന്‍മേലാണ് മതബോധനം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്‌. പക്ഷേ, ഈ ഘടകങ്ങള്‍തന്നെയാണു മതബോധനം എന്ന്‌ ഇതുകൊണ്ടര്‍ഥമാക്കുന്നില്ല. പ്രസ്തുത ഘടകങ്ങൾ മതബോധനത്തിനു വഴിയൊരുക്കുകയോ അല്ലെങ്കിൽ അവ മതബോധനത്തില്‍നിന്ന് ഉരുത്തിരിയുകയോ ചെയ്യുന്നു. അവ താഴെ പറയുന്നവയാണ്‌: സുവിശേഷത്തിൻ്റെ പ്രാരംഭപ്രഘോഷണം അല്ലെങ്കിൽ വിശ്വാസോത്തേജനത്തിനുള്ള പ്രേഷിതപ്രഘോഷണം; വിശ്വാസത്തിനാധാരമായ വസ്തുതകളുടെ പരിശോധന; ക്രിസ്തീയജീവിതത്തിൻ്റെ അനുഭവം; കൂദാശകളുടെ ആഘോഷം; സഭാസമൂഹത്തിലേക്കുള്ള ഉദ്ഗ്രഥനം; അപ്പസ്തോലികവും പ്രേഷിതപരവുമായ സാക്ഷ്യം.

“സഭയുടെ മുഴുവന്‍ജീവിതവുമായി, അവഗാഢം ബന്ധപ്പെട്ടിരിക്കുന്നതാണു മതബോധനം. സഭയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും സംഖ്യാപരമായവര്‍ധനവും മാത്രമല്ല, അതിലുപരിയായി അവളുടെ ആന്തരികവളര്‍ച്ചയും  ദൈവികപദ്ധതിയോടുളള സഹകരണവുമെല്ലാം അടിസ്ഥാനപരമായി മതബോധനത്തെ ആശ്രയിച്ചാണിരിക്കുന്നത്‌".

സഭാനവീകരണത്തിൻ്റെ കാലഘട്ടങ്ങൾ തീക്ഷ്ണതയേറിയ മതബോധനത്തിൻ്റെ സന്ദര്‍ഭങ്ങളാണ്‌. സഭാപിതാക്കന്മാരുടെ മഹത്തായ കാലഘട്ടത്തിൽ, പുണ്യശ്ലോകരായ മെത്രാന്മാര്‍  അവരുടെ അജപാലനശുശ്രൂഷയുടെ ഒരു പ്രധാനഭാഗം മതബോധനത്തിനായി നീക്കിവച്ചു. ജറുസലേമിലെ വി. സിറിൾ, വി. യോഹന്നാൻ ക്രിസ്സോസ്തോം, വി. അംബ്രോസ്‌, വി. ആഗസ്തിനോസ്‌ എന്നിവരും മറ്റനേകം പിതാക്കന്മാരും മതബോധനഗ്രന്ഥങ്ങൾ രചിച്ചു. ഇന്നും അവ നമുക്കു മാതൃകയായി നിലകൊള്ളുന്നു.

“മതബോധനമെന്ന പ്രേഷിതവൃത്തി, സൂുനഹദോസുകളില്‍നിന്ന്എന്നും നവശക്തി ആർജിച്ചുകൊണ്ടിരിക്കുന്നു. ത്രെന്തോസു സൂനഹദോസ്‌ ഇതിനു, നല്ലൊരുദാഹരണമാണ്‌. അതിൻ്റെ പ്രമാണരേഖകളിൽ മതബോധനത്തിനു സുപ്രധാനസ്ഥാനം നല്കിയിട്ടുണ്ട്‌. ത്രെന്തോസുസൂനഹദോസിൻ്റെ ഈ മതബോധനമാണ്‌ പിന്നീട്‌, റോമൻ മനബോധഗ്രന്ഥത്തിന്‌ ആധാരമായി വര്‍ത്തിച്ചത്‌. റോമൻ മതബോധനഗ്രന്ഥം ത്രെന്തോസുസൂനഹദോസിൻ്റെ മതബോധനഗ്രന്ഥമെന്നും വിളിക്കപ്പെടാറുണ്ട്‌. ക്രൈസ്തവ പ്രബോധനങ്ങളുടെ ഒന്നാംതരം സംഗ്രഹമാണു പ്രസ്തുത മതബോധനഗ്രന്ഥം". ത്രെന്തോസുസുനഹദോസ്‌ സഭയുടെ മതബോധനത്തിനു സ്തുത്യർഹമായ ഒരു ആസൂത്രിതരൂപം നല്കുന്നതിന്‌ ആരംഭം കുറിച്ചു. വി. പീറ്റർ കനീഷ്യസ്‌, വി. ചാൾസ് ബൊറോമയോ, മോംഗ്രോവേയോയിലെ വി. തുരീബിയുസ്‌, വി. റോബര്‍ട്ട്  ബെല്ലാര്‍മിൻ മുതലായ പുണ്യശ്ലോകരായ മ്രെതാന്മാരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും പ്രവര്‍ത്തനങ്ങൾ അനവധി മതബോധനഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു കാരണമായി.

രണ്ടാം വത്തിക്കാൻ സൂനഹദോസിനോടനുബന്ധിച്ച്‌ സഭയിൽ മതബോധനം വീണ്ടും ശ്രദ്ധാർഹകമായിത്തീര്‍ന്നതിൽ വിസ്മയിക്കാനില്ല. (ആധുനിക കാലഘട്ടത്തിലെ ഏറ്റവും മഹത്തായ 'മതബോധന'മെന്നാണു പൗലോസ്‌ ആറാമൻ മാര്‍പാപ്പ ഈ സൂനഹദോസിനെ വിശേഷിപ്പിച്ചത്‌). പൊതുമതബോധനഡയറക്ടറി (1971), സുവിശേഷവത്കരണത്തിനായും (1974) മതബോധനത്തിനായും (1977) സമ്മേളിച്ച മെത്രാന്മാരുടെ സിനഡുകളുടെ ചര്‍ച്ചകൾ, “സുവിശേഷപ്രഘോഷണം” (Evangelii nuntiandi, 1975), ‘മതബോധനം ഇന്ന് ’ (Catechesi tradendae, 1979) എന്നീ അപ്പസ്തോലിക പ്രബോധനങ്ങൾ ഇവയെല്ലാം രണ്ടാം വത്തിക്കാൻ സൂനഹദോസ്‌ മതബോധനത്തിനു നല്കിയ പ്രാധാന്യത്തിനു സാക്ഷ്യം വഹിക്കുന്നു. 1985-ൽ റോമിൽ സമ്മേളിച്ച മെത്രാൻമാരുടെ അസാധാരണസിനഡ്‌ ഇങ്ങനെ ആവശ്യപ്പെട്ടു: “വിശ്വാസത്തെയും ധാര്‍മിനിയമങ്ങളെയും സംബന്ധിക്കുന്ന എല്ലാ കത്തോലിക്കാപ്രബോധനങ്ങളുടെയും ഒരു സംഗ്രഹഗ്രന്ഥമോ ഒരു മതബോധനഗ്രന്ഥമോ വിരചിതമാകണം. “സാര്‍വത്രികസഭയുടെയും പ്രാദേശികസഭകളുടെയും ഒരു യഥാര്‍ഥ ആവശ്യത്തോടുള്ള പൂര്‍ണമായ പ്രതികരണമായി കണ്ടുകൊണ്ട്‌" യോഹന്നാൻ പൗലോസ്‌ രണ്ടാമൻ മാര്‍പാപ്പ സിനഡിൻ്റെ അഭിലാഷം തൻ്റേതുതന്നെയാക്കിത്തീര്‍ത്തു. സിനഡുപിതാക്കന്മാരുടെ ആഗ്രഹം സഫലമാകാൻ വേണ്ട ഏര്‍പ്പാടുകളെല്ലാം മാര്‍പാപ്പ ചെയ്തു.

III. ഈ മതബോധനഗ്രന്ഥത്തിൻ്റെ ഉദ്ദേശ്യവും അതു ലക്ഷ്യംവയ്ക്കുന്നവരും

സമസ്ത സഭാപാരമ്പര്യത്തിൻ്റെയും രണ്ടാംവത്തിക്കാൻ സൂനഹദോസിൻ്റെയും വെളിച്ചത്തിൽ, വിശ്വാസത്തെയും ധാര്‍മികനിയമങ്ങളെയും സംബന്ധിക്കുന്ന കത്തോലിക്കാ പ്രബോധനത്തിന്റെ- അടിസ്ഥാനപരവും സത്താപരവുമായ ഉള്ളടക്കത്തിൻ്റെ-സജീവസംശ്ലേഷണം അവതരിപ്പിക്കുക എന്നതാണ്‌ ഈ മതബോധന ഗ്രന്ഥത്തിൻ്റെ ഉദ്ദേശ്യം. ഇതിൻ്റെ മുഖ്യ ഉറവിടങ്ങൾ വിശുദ്ധഗ്രന്ഥവും സഭാപിതാക്കന്‍മാരും ആരാധനക്രമവും സഭയുടെ പ്രബോധനാധികാരവുമാകുന്നു. “വിവിധ രാജ്യങ്ങളിൽ രചിക്കപ്പെടുന്ന മതബോധനഗ്രന്ഥങ്ങള്‍ക്കും സംഗ്രഹഗ്രന്ഥങ്ങള്‍ക്കുമുള്ള സംശോധക സ്രോതസ്സായിട്ടാണ്‌ ഇത്‌ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌".

മതബോധനത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നവരെ പ്രഥമമായി ഉദ്ദേശിച്ചുള്ളതാണ്‌ ഈ ഗ്രന്ഥം: ഒന്നാമതായി, വിശ്വാസപ്രബോധകരും സഭയുടെ അജപാലകരുമായ മെത്രാന്‍മാര്‍ക്ക് ‌ ദൈവജനത്തെ പഠിപ്പിക്കുവാനുള്ള അവരുടെ ഉത്തരവാദിത്വനിര്‍വഹണത്തിന്‌ ഒരുപകരണമായി ഇത്‌ നല്‍കപ്പെടുന്നു. മതബോധനഗ്രന്ഥ രചനയിൽ ഏര്‍പ്പെടുന്നവര്‍ക്കും വൈദികര്‍ക്കും  മതാധ്യാപകര്‍ക്കും മ്രെതാന്‍മാര്‍ മുഖേന ഇതു ലഭ്യമാകുന്നു. ക്രിസ്തീയവിശ്വാസികള്‍ക്കെല്ലാം ഇതിൻ്റെ വായന പ്രയോജനപ്പെടും.

IV. ഈ മതബോധനഗ്രന്ഥത്തിൻ്റെ ഘടന

മതബോധനത്തെ നാല്‌ അടിസ്ഥാന സ്തംഭങ്ങളിൽ പണിതുയര്‍ത്തുന്ന മതബോധനഗ്രന്ഥങ്ങളുടെ മഹാപാരമ്പര്യത്തില്‍നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടാണ്‌ ഈ മതബോധനഗ്രന്ഥവും വിരചിതമായിരിക്കുന്നത്‌. മാമ്മോദീസയിലെ വിശ്വാസപ്രഖ്യാപനം (വിശ്വാസപ്രമാണം) വിശ്വാസത്തിൻ്റെ കൂദാശകൾ, വിശ്വാസത്തിൻ്റെ ജീവിതം (പത്തു കല്‍പനകള്‍) വിശ്വാസിയുടെ പ്രാര്‍ത്ഥന (കര്‍ത്തൃപ്രാര്‍ത്ഥന) ഇവയാണു പ്രസ്തുത നാലു സ്തംഭങ്ങൾ.

ഭാഗം ഒന്ന് : വിശ്വാസപ്രഖ്യാപനം

വിശ്വാസവും മാമ്മോദീസയും വഴി ക്രിസ്തുവിന്റെ സ്വന്തമായിത്തീർന്നിരിക്കുന്നവർ മനുഷ്യരുടെ മുൻപിൽ അവരുടെ 'മാമ്മോദീസാവിശ്വാസം' ഏറ്റുപറയണം. അതിനാൽ, ഈ മതബോധനഗ്രന്ഥം ആദ്യമായി ദൈവാവിഷ്കരണം പ്രതിപാദ്യവിഷയമാക്കുന്നു: ദൈവാവിഷ്കരണത്തിലൂടെയാണല്ലോ, ദൈവം മനുഷ്യനോടു സംസാരിക്കുന്നതും തന്നെത്തന്നെ മനുഷ്യനു പ്രദാനം ചെയ്യുന്നതും. ദൈവാവിഷ്കരണത്തോടു മനുഷ്യൻ പ്രതികരിക്കുന്നതിന്റെ മാധ്യമമായ വിശ്വാസവും മതബോധന ഗ്രന്ഥത്തിന്റെ പ്രതിപാദ്യവിഷയമാകുന്നു (ഖൺഡം ഒന്ന്). മനുഷ്യനു ദൈവം നൽകുന്ന ദാനങ്ങളുടെ സംഗ്രഹമാണു വിശ്വാസപ്രമാണം. നൻമയായിട്ടുള്ളവയുടെയെല്ലാം വിധാതാവ്, രക്ഷകൻ, പവിത്രാതാവ് എന്നീ നിലകളിലാണു ദൈവം മനുഷ്യനു ദാനങ്ങൾ നൽകുന്നത്. ഏക ദൈവത്തിലുള്ള നമ്മുടെ മാമ്മോദീസാ വിശ്വാസത്തെക്കുറിച്ചുള്ള മൂന്ന് അധ്യായങ്ങളിലായിട്ടാണു വിശ്വാസപ്രമാണം പ്രതിപാദിക്കപ്പെടുന്നത് : സ്രഷ്ടാവും സർവശക്തനുമായ പിതാവ്, അവിടുത്തെ പുത്രൻ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു, വിശുദ്ധസഭയിൽ നമ്മെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവ് (ഖൺഡം രണ്ട്).

ഭാഗം : രണ്ട് വിശ്വാസത്തിന്റെ കൂദാശകൾ

യേശുക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും ഒരിക്കൽ എന്നേക്കുമായി പൂർത്തീകരിക്കപ്പെട്ട ദൈവികരക്ഷാകർമം സഭയുടെ ആരാധനക്രമത്തിന്റെ പാവനകർമങ്ങളിൽ (ഖൺഡം ഒന്ന്), പ്രത്യേകമായും ഏഴു കൂദാശകളിൽ (ഖൺഡം രണ്ട്) സന്നിഹിതമാകുന്നത് എങ്ങനെ എന്നതാണ് ഈ മതബോധനഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രതിപാദ്യം.

ഭാഗം മൂന്ന് : വിശ്വാസജീവിതം

ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പരമാന്ത്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് ഈ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗം : സ്വർഗസൗഭാഗ്യവും അതു പ്രാപിക്കാനുള്ള മാർഗങ്ങളും ഇവിടെ പ്രതിപാദിക്കപ്പെടുന്നു. ദൈവികനിയമത്തിന്റെയും കൃപാവരത്തിന്റെയും (ഖൺഡം ഒന്ന്) സഹായത്തോടെ, സ്വതന്ത്രമായി തിരഞ്ഞെടുക്കുന്ന ഉത്തമജീവിതശൈലിയും പത്തുദൈവകൽപനകളിൽ (ഖൺഡം രണ്ട്) വ്യക്തമാക്കപ്പെട്ടിട്ടുള്ള സ്നേഹകല്പനയുടെ ദ്വിവിധമാനങ്ങൾ സഫലമാക്കുന്ന പ്രവർത്തനശൈലിയുമാണു പ്രസ്തുതമാർഗങ്ങൾ.

ഭാഗം നാല് : പ്രാർത്ഥന വിശ്വാസജീവിതത്തിൽ

വിശ്വാസികളുടെ ജീവിതത്തിൽ പ്രാർഥനയുടെ അർഥവും പ്രാധാന്യവുമാണ് ഈ മതബോധനഗ്രന്ഥത്തിന്റെ അവസാനഭാഗത്തിലെ പ്രതിപാദ്യവിഷയം (ഖൺഡം ഒന്ന്). ഈ ഭാഗം സമാപിക്കുന്നത്, കർത്തൃപ്രാർത്ഥനയിലെ സപ്തയാചനകളെക്കുറിച്ചുള്ള ലഘുവ്യാഖ്യാനത്തോടെയാണ് (ഖൺഡം രണ്ട്); ഇതിനു കാരണവുമുണ്ട്. ഈ യാചനകൾ വാസ്തവത്തിൽ, നമ്മൾ പ്രത്യാശവയ്ക്കെണ്ട എല്ലാ നൻമകളുടെയും സമാഹാരമാണ്. നമ്മുടെ സ്വർഗീയപിതാവു നമുക്കു നൽകുവാൻ ഇഷ്ടപ്പെടുന്ന ഈ നൻമകളുടെ സമാഹാരമാണു കർത്തൃപ്രാർഥനയിലെ സപ്തയാചനകൾ.

V. ഈ ഗ്രന്ഥത്തിന്റെ ഉപയോഗം സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങൾ

സമഗ്രകത്തോലിക്കാ വിശ്വാസത്തിന്റെ സജീവാവതരണമായിട്ടാണ് ഈ മതബോധനഗ്രന്ഥം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഈ ഗ്രന്ഥം ഒരു ഏകീകൃത സാകല്യം ആയി പരിഗണിക്കപ്പെടണം. ഗ്രന്ഥത്തിന്റെ മാർജിനിൽ കൊടുത്തിരിക്കുന്ന നിരവധിയായ അന്യോന്യസൂചികകളും (അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു ഖൺഡികകളിലേക്കു ചരിഞ്ഞ അക്കങ്ങളിലുള്ള സൂചനകൾ) അതുപോലെതന്നെ ഗ്രന്ഥാവസാനം കൊടുത്തിരിക്കുന്ന വിഷയസൂചിയും ഓരോ വിഷയത്തെ വിശ്വാസത്തിന്റെ സമഗ്രതയോടുള്ള അതിന്റെ ബന്ധത്തിൽ മനസ്സിലാക്കുന്നതിന് അനുവാചകനെ സഹായിക്കും.

ഈ മതബോധനഗ്രന്ഥത്തിൽ, വിശുദ്ധലിഖിതവാക്യങ്ങൾ അതേപടി ഉദ്ധരിക്കാതെ, അവയിലേക്ക് ഒരു സൂചന നൽകുകയാണു ("cf") ചെയ്യുന്നത്. ഉദ്ധൃതവാക്യങ്ങളുടെ അർഥം കൂടുതൽ ആഴത്തിൽ ഗ്രഹിക്കുന്നതിന് വായനക്കാരൻ ആ വാക്യങ്ങൾ വി. ഗ്രന്ഥത്തിൽ നിന്നുതന്നെ വായിക്കണം. ഇത്തരം ബൈബിൾ വാക്യങ്ങൾ മതബോധനപ്രക്രിയയിൽ അമൂല്യോപകരണങ്ങളാകുന്നു.

ഈ ഗ്രന്ഥത്തിൽ ചില ഭാഗങ്ങൾ ചെറിയ അക്ഷരങ്ങളിൽ അച്ചടിക്കുന്നതിന്റെ സൂചന അവ ചരിത്രപരവും വിശ്വാസസമർഥനപരവുമായ നിരീക്ഷണങ്ങളോ വിശ്വാസപ്രബോധനപരമായ അനുബന്ധവിശദീകരണങ്ങളോ ആകുന്നു എന്നാണ്.
ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ചിട്ടുള്ള, സഭാപിതാക്കൻമാർ, ആരാധനക്രമം, സഭയുടെ ആധികാരിക പ്രബോധനം, വിശുദ്ധരുടെ ജീവചരിത്രങ്ങൾ എന്നീ ഉറവിടങ്ങളിൽനിന്നുള്ള ഉദ്ധരണികൾ ക്രൈസ്തവ വിശ്വാസപ്രബോധനാവതരണത്ത കൂടുതൽ ധന്യമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. നേരിട്ടുള്ള മതബോധനധർമം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം ഉദ്ധരണികൾ തിരഞ്ഞെടുത്തിട്ടുള്ളത്.
ഓരോ വിഷയഘടകത്തിന്റെയും പ്രതിപാദനം കഴിഞ്ഞ്, അതിന്റെ അവസാനം ചരിഞ്ഞ അക്ഷരങ്ങളിൽ കൊടുത്തിരിക്കുന്ന സംഗ്രഹവാക്യങ്ങൾ, ആ വിഷയഘട്ടത്തിൽ അവതരിപ്പിച്ച പ്രബോധനത്തിന്റെ അന്തസത്ത ചുരുക്കമായി എടുത്തുകാണിക്കുന്നവയാണ്. ഓരോരോ സ്ഥലങ്ങളിലെ മതപ്രബോധകർക്കു മനഃപാഠമാക്കാൻ പറ്റിയ വിഷയചരുക്കങ്ങൾ നിർദ്ദേശിക്കാൻ പര്യാപ്തമാണു പ്രസ്തുത സംഗ്രഹങ്ങൾ.

VI. അത്യാവശ്യമായ അനുരൂപണങ്ങൾ

മതബോധനഗ്രന്ഥം വിശ്വാസപ്രബോധനത്തിന്റെ അവതരണത്തിനാണ് ഊന്നൽ കൊടുക്കുന്നത്. വിശ്വാസത്തെക്കുറിച്ചുള്ള അറിവിനെ ആഴപ്പെടുത്താൻ മതബോധനഗ്രന്ഥം സഹായിക്കുന്നു. ഈവിധത്തിൽ വിശ്വാസപക്വത, വ്യക്തിജീവിതത്തിൽ വിശ്വാസത്തിന്റെ രൂഢമൂലത, വ്യക്തിപ്രവർത്തനങ്ങളിൽ വിശ്വാസത്തിന്റെ പ്രകാശനം എന്നീ ലക്ഷ്യങ്ങൾ മതബോധനഗ്രന്ഥം മുന്നിൽ കാണുന്നുണ്ട്. 

ഈ മതബോധനഗ്രന്ഥം ലക്ഷ്യം വയ്ക്കുന്ന എല്ലാവരുടെയും സംസ്കാരം, കാലഘട്ടം, ആധ്യാത്മിക പക്വത, സാമൂഹികവും സഭാത്മകവുമായ സാഹചര്യങ്ങൾ എന്നിവയുടെ വ്യത്യാസങ്ങൾ ആവശ്യപ്പെടുന്നതരത്തിൽ പ്രബോധനാവതരണത്തിന് അനുരൂപണങ്ങൾ നൽകാൻ ഈ ഗ്രന്ഥത്തിൽ ഉദ്യമിച്ചിട്ടില്ല. ഇത്തരം അനുപേക്ഷണീയാനുരൂപണങ്ങൾ, പ്രാദേശിക മതബോധനഗ്രന്ഥങ്ങളുടെ അതിലുപരിയായി വിശ്വാസികളെ പഠിപ്പിക്കുന്നവരുടെ, ഉത്തരവാദിത്വമാണ്.

പഠിപ്പിക്കുന്ന ഏതു വ്യക്തിയും ക്രിസ്തുവിനായി എല്ലാവരെയും നേടേണ്ടതിന് “എല്ലാവർക്കും എല്ലാമായിത്തീരണം" (1 കോറി 9:22); ഏൽപിക്കപ്പെട്ടവരെല്ലാവരും ഒരേതരത്തിലുള്ള മനുഷ്യർ ആണെന്നും തൻമൂലം എല്ലാ വിശ്വാസികളെയും ഒരേരീതിയിൽ പഠിപ്പിക്കുകയും യഥാർഥഭക്തിയിൽ രൂപപ്പെടുത്തുകയും ചെയ്യാമെന്നും അധ്യാപകർ സങ്കൽപിക്കരുത്. 'ചിലർ ക്രിസ്തുവിൽ നവജാതശിശുക്കളെപ്പോലെയാണ്; മറ്റു ചിലർ യൗവനത്തിലേക്കു കടന്നവരാണെന്നും ഇനിയും വേറെ ചിലർ തങ്ങളുടെ കഴിവുകളുടെ മേൽ പൂർണ സ്വാധീനമുള്ള പ്രായപൂർത്തിയായ മനുഷ്യരാണെന്നും അധ്യാപകർ മനസ്സിലാക്കട്ടെ. ഇങ്ങനെയുള്ളവരിൽ ചിലർ പാലും ചിലർക്ക് കൂടുതൽ ഖരമായ ഭക്ഷണവും ആവശ്യമാണ്. അപ്പസ്തോലൻ സൂചിപ്പിക്കുന്നതുപോലെ പ്രഘോഷണശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവർ വിശ്വാസരഹസ്യങ്ങളും ധാർമിക നിയമങ്ങളും പഠിപ്പിക്കുമ്പോൾ അവരുടെ വാക്കുകളെ ശ്രോതാക്കളുടെ പാതയ്ക്കും ഗ്രഹണത്തിനും അനുരൂപപ്പെടുത്തണം.

സർവോപരി, സ്നേഹം

ഈ ആമുഖത്തിന് ഉപസംഹാരമായി റോമൻ മതബോധനഗ്രന്ഥം പ്രതിപാദിച്ചിട്ടുള്ള അജപാലനതത്വം ഉദ്ധരിക്കുന്നതു സമുചിതമായിരിക്കും.

വിശ്വാസസത്യത്തിന്റെയും, അതിന്റെ പ്രബോധനത്തിന്റെയും ഏക ലക്ഷ്യം അനന്തമായ സ്നേഹമായിരിക്കണം. വിശ്വാസത്തിനോ പ്രത്യാശയ്ക്കോ പ്രവർത്തനത്തിനോ വേണ്ടി നാം എന്തെങ്കിലും അവതരിപ്പിക്കുമ്പോൾ, നമ്മുടെ കർത്താവിൻ്റെ സ്നേഹം എപ്പോഴും സുഗമ്യമാക്കണം. അങ്ങനെ ഉത്തമ സുകൃതപ്രവൃത്തികളെല്ലാം സ്നേഹത്തിൽനിന്ന് ഉദിക്കുന്നതാണെന്നും സ്നേഹത്തിൽ എത്തിച്ചേരുകയല്ലാതെ അവയ്ക്കു മറ്റൊരു ലക്ഷ്യമില്ലെന്നും ആർക്കും മനസ്സിലാക്കാൻസാധിക്കും.

 വിശ്വാസനിക്ഷേപം അപ്പസ്തോലിക അനുശാസനം I. മനുഷ്യജീവിതം - ദൈവത്തെ അറിയാനും സ്നേഹിക്കാനും വിശ്വാസകൈമാറ്റം : മതബോധനം ഈ മതബോധനഗ്രന്ഥത്തിൻെറ ഉദ്ദേശ്യവും അതു ലക്ഷ്യംവയ്ക്കുന്നവരും ഈ മതബോധനഗ്രന്ഥത്തിൻെറ ഘടന രണ്ട് വിശ്വാസത്തിന്റെ കൂദാശകൾ വിശ്വാസജീവിതം പ്രാർത്ഥന വിശ്വാസജീവിതത്തിൽ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message