We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Mathew Kochadampallil On 20-Sep-2022
കടുത്തുരുത്തി വലിയ പള്ളിയിലെ പരമ്പരാഗതമായ മൂന്നുനോമ്പ് ആചാരണത്തിനും പുറത്തുനമസ്കാരത്തിനുമായി ക്നാനായ സമുദായാംഗങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. പുരാതനകാലം മുതൽ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ നിലനിന്നിരുന്നതാണ് മൂന്നുനോമ്പെങ്കിലും ഇന്ന് ഈ നോമ്പും അനുബന്ധ കർമങ്ങളും നിലനില്കുന്നത് ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിലും കുറവിലങ്ങാട്ടു പള്ളിയിലെ കപ്പലോട്ടം എന്ന ചടങ്ങിലുമാണ്. എന്നാൽ ഇന്നുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളനുസരിച്ച്, മൂന്നുനോമ്പു നമസ്കാരത്തിന്റെ കല്ദായ ക്രമത്തിലെ പ്രാർത്ഥനകൾ കാണപ്പെടുന്നത് കടുത്തുരുത്തി വലിയ പള്ളിയിലാണ്. ആയതിനാല് ക്നാനായ കത്തോലിക്കരുടെ ഇടയിലെ മൂന്നു നോമ്പു നമസ്കാരവും ചരിത്രവും അനുഷ്ഠാനവും മനസിലാക്കുന്നത് ഉചിതമാണ്.
മൂന്ന് നോമ്പ് - ഉത്ഭവത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങൾ
വളരെ പുരാതനകാലം മുതലേ മലബാറിലെ ക്രൈസ്തവരുടെയിടയിൽ നിലനിന്നിരുന്നുവെന്നു കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പോർച്ചുഗീസ് ആഗമനകാലത്തുള്ള മിഷനറിമാരുടെ വിവരണങ്ങളാണ് ഈ നോമ്പിനെക്കുറിച്ച് ലഭ്യമായിട്ടുള്ള ചരിത്രപരമായ പരാമർശങ്ങൾ. നിനവേക്കാരുടെ ബാവൂസ അഥവ രോദനം എന്നുവിളിക്കപ്പെടുന്ന ഈ നോമ്പിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ പണ്ഡിതരുടെ ഇടയിലുണ്ട്. നിനവേ, അർബില എന്നീ പ്രദേശങ്ങളിൽ ഉണ്ടായ പകർച്ച വ്യാധിയിൽ നിന്ന് രക്ഷനേടാൻ വേണ്ടി ആരംഭിച്ചതാണ് ഈ നോമ്പെന്നതാണ് ഒരു പാരമ്പര്യം (J.S. Assemani, BO tom. II). എന്നാൽ, മദ്ധ്യപൂർവേഷ്യയുടെ ഒരു ഭാഗത്ത് (ഹിർത്ത) ക്രൈസ്തവ വനിതകളെ പിടിച്ചു കൊണ്ടുപോകാൻ കല്പനയിറക്കിയ അറബി രാജാവിന്റെ പിടിയിൽ നിന്ന് രക്ഷ നേടാൻ വേണ്ടി ആരംഭിച്ചതാണ് പ്രസ്തുത നോമ്പെന്നതാണ് മറ്റൊരു പാരമ്പര്യം ( Assemani, BO tom. II, 425-426 ). ഏതായാലും പൗരസ്ത്യസഭയിൽ നിലനിന്നിരുന്ന മൂന്ന് നോമ്പ് ആ സഭയോട് ബന്ധപ്പെട്ട് കിടന്ന മർത്തോമ ക്രിസ്ത്യാനികളും ഭക്തിപൂർവ്വം ആചരിച്ചിരുന്നതായി പാശ്ചാത്യ മിഷനറിമാർ രേഖപ്പെടുത്തുന്നുണ്ട്. ( F. Ros, Report on the Serra (1603/1604), trans. J. Kollaparambil in Kanonika 9 (2001), appendix VI, 299-367, 338-339).
യോനാപ്രവാചകനോട് മൂന്ന് നോമ്പിനെ ബന്ധപ്പെടുത്തുന്നത് പില്ക്കാലത്താവണം. പഴയനിയമകാലത്ത് നിനിവെ നിവാസികൾ യോനപ്രവാചകന്റെ ആഹ്വാനം സ്വീകരിച്ച് മൂന്ന് ദിവസത്തെ തപസ്സും പ്രായശ്ചിത്തവും പ്രാർത്ഥനയുംവഴി ദൈവകോപത്തിൽ നിന്നും രക്ഷനേടിയ സംഭവത്തോട് ഈ ഉപവാസത്തെ ബന്ധിപ്പിക്കുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. 1599 ൽ കടുത്തുരുത്തിപ്പള്ളിയിൽ മൂന്ന് നോമ്പ് നമസ്കാരം നടന്നിരുന്നതായി ഗുവെയാ സാക്ഷിക്കുന്നുണ്ട് (A.Gouvea, Jornada, Coimbra 1606, 48). പേത്തുർത്തയ്ക്ക് മുമ്പ് (വലിയ നോമ്പിന് 18 ദിവസങ്ങള്ക്ക് മുമ്പ്) മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നോമ്പാചരിക്കുകയും വ്യാഴാഴ്ച തിരുനാളായി ആഘോഷിക്കുകയും ചെയ്യുന്നതാണ് രീതി.
പുറത്തുനമസ്കാരം
കടുത്തുരുത്തി പള്ളിയിൽ മൂന്ന് നോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം നടത്തുന്ന ഭക്തിനിർഭരമായ പ്രാർത്ഥനാശുശ്രൂഷയാണ് പുറത്തുനമസ്കാരം. പള്ളിക്ക് പുറത്ത് കരിങ്കൽ കുരിശിങ്കൽ നടത്തുന്ന പ്രാർത്ഥനയായതിനാലാണ് ഇത് പുറത്തു നമസ്കാരം എന്ന് അറിയപ്പെടുന്നത്. മദ്ധ്യപൂർവേഷ്യയിൽ ഉഷ്ണകാലത്ത് പ്രാർത്ഥനകൾ ദൈവാലയത്തിന് പുറത്ത് പൊതുസ്ഥലത്ത് നടത്തിയിരുന്ന പതിവിൽ നിന്നാകാം ഈ പാരമ്പര്യമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ കടുത്തുരുത്തിയിൽ ഈ നമസ്കാരം പള്ളിയ്ക്ക് പുറത്തു നടത്തുവാനുള്ള കാരണം ജനബാഹുല്യമായിരിക്കണം. ക്നാനായക്കാരുടെ തലപ്പള്ളിയായ ഈ ദൈവാലയത്തിലെ മൂന്നു നോമ്പിലെ നമസ്കാരത്തിന് തെക്കുംഭാഗ പള്ളികളിൽ നിന്നെല്ലാം ആളുകള് പങ്കെടുക്കുവാൻ വരുന്ന പാരമ്പര്യമുണ്ടായിരുന്നു. എല്ലാവരെയും ഉൾകൊള്ളാൻ ദൈവാലയത്തിനു കഴിവില്ലായിരുന്നുവെന്നതാവണം ഈ നമസ്കാരം പുറത്തു നടക്കുന്നതിന് കാരണം. കടുത്തുരുത്തി പള്ളിയിലെ പ്രധാന തിരുന്നാള് മാതാവിന്റെ ദർശനതിരുന്നാളായി ആചരിക്കപ്പെടുന്നുണ്ടെങ്കിലും അതിപുരാതനമായ മൂന്നു നോമ്പുതിരുനാളായിരുന്നു ഇവിടുത്തെ പ്രത്യേകത. കാലക്രമത്തിൽ മൂന്നു നോമ്പിലെ മറ്റു ദിവസങ്ങളിലെ പ്രാർത്ഥനകളെക്കാളും പുറത്തുനമസ്കാര പ്രാർത്ഥനയ്ക്കാണ് ജനസാന്നിധ്യം കൊണ്ട് പ്രാധാന്യം കൈവന്നത്. പുറത്തു നമസ്കാരത്തെക്കുറിച്ച് പഴയ കോട്ടയം വികാരിയത്തിലെ തെക്കുംഭാഗ വികാരി ജനറാളായിരുന്ന മാത്യു മാക്കീലച്ചന് സൂചന നല്കുന്നുണ്ട്. 1895-ാം മാണ്ടിലെ പുറത്തുനമസ്കാരത്തെക്കുറിച്ച് മാർ മാക്കീലിന്റെ നാളാഗമത്തിൽ നിന്നുള്ള വിവരണം ഇപ്രകാരമാണ് (AAK, M. Makil, Nalagamam I, ff. 148-149).
"പെരുനാൾ ദിനമായ ബുധനാഴ്ച വൈകിട്ട് പാതിരാവിന് മുമ്പിൽ പുറത്തു നമസ്കാരമെന്ന് വിളിക്കുന്ന വളരെ ഇമ്പമുള്ള ഒരു പൊതുപ്രാർത്ഥന കിഴക്ക് കുരിശിങ്കല് പട്ടക്കാരും ജനങ്ങളുംകൂടി കഴിച്ചുവരിക പതിവുണ്ട്. ഇതിന് പെരുന്നാളിന് വന്നുകൂടുന്ന ജനങ്ങൾ ഒക്കെയും വൈകിട്ട് വന്നുകൂടുകയും ആയതുകഴിഞ്ഞ് പള്ളിമതിൽകകത്തു തന്നെ ജനങ്ങൾ കിടക്കുകയും പിറ്റേദിവസമായ വ്യാഴാഴ്ച കാലത്ത് പള്ളിയിയിൽനിന്നു ചോറുനേർച്ചയും കൊടുത്ത് പിരിയുകയുമാണ് പതിവ്. പുറത്തു നമസ്കാരമാണ് ഈ പെരുനാളിന്റെ പ്രധാന ചടങ്ങ്...
1895 മുതല് ഈ പെരുനാൾ മാതാവിന്റെ ദർശന പെരുനാളായി കഴിക്കാനും ചോറുനേർച്ച ഒഴിവാക്കാനും പുറത്തു നമസ്കാരം പള്ളിയകത്തു ബുധനാഴ്ച തിരുനാൾ പ്രദിക്ഷണം കഴിഞ്ഞ ഉടനെ നടത്താനും ഇടവകവികാരിയും ഭൂരിഭാഗംപേരുംകൂടി ആലോചിച്ച് മാക്കീലച്ചനെയും ലവീഞ്ഞ് മെത്രനെയും അറിയിച്ച് അനുവാദം വാങ്ങി. പക്ഷേ, പുറത്തുനമസ്കാരം പിന്നീടും പള്ളിക്ക് പുറത്തുവച്ചുതന്നെ നടത്തുന്ന പാരമ്പര്യത്തിലേയ്ക്ക് മടങ്ങിവന്നു.
ആചരണരീതി
വൈദികരെല്ലാം ദൈവാലയത്തിൽ സമ്മേളിച്ച് സങ്കീർത്തനങ്ങളും കാനോനകളും ചൊല്ലിയിരുന്നു. തുടർന്ന് നിനവെക്കാരുടെ ഉപവാസത്തെക്കുറിച്ച് മാർ അപ്രേം രചിച്ച കീർത്തനം ഹൃദയസ്പർശിയും അനുതാപജന്യവുമായ ഈണത്തില് ആലപിക്കുന്നു. തുടർന്ന് തിരുവസ്ത്രങ്ങളണിഞ്ഞ് കാർമ്മികൻ അനുതാപം സ്ഫുരിക്കുന്ന ഈണത്തിലും സ്വരത്തിലും പ്രാർത്ഥനകൾ ചൊല്ലുകയും അവസാനം വിശ്വാസികൾ നിലത്തുമുട്ടുകുത്തി കുമ്പിട്ട് ആമേൻ എന്ന് ചൊല്ലുകയും ചെയ്യുന്നു (J. Vellian, Aradhanakrama Vijnanakosam, 663). ഇതേ തുടർന്ന് ഏവർക്കും നേർച്ച ഭക്ഷണം നല്കിയിരുന്നു. ഈ പ്രാർത്ഥനയും നേർച്ചയും അതിന്റെ ചൈതന്യത്തിൽ തുടരണമെന്ന നിഷ്കർഷ പുലർത്തിയിരുന്ന ക്നാനായക്കാർ തലപ്പള്ളിയായ കടുത്തുരുത്തിയിൽ സുറിയാനിയിൽ തന്നെ നമസ്കാരപ്രാർത്ഥനകൾ നടത്തിയിരുന്നു.
ദൈവാലയത്തിന് പുറത്ത് നടത്തിയിരുന്ന പ്രാർത്ഥനകൾ സുറിയാനി പാരമ്പര്യമനുസരിച്ച് കുരിശിലേക്ക് തിരിഞ്ഞാണ് നടത്തിയിരുന്നത്. പ്രസ്തുത നമസ്കാരത്തിലെ പ്രാർത്ഥനകൾ ദൈവകരുണയെ യാചിക്കുന്നതിനും അനുതാപപ്രകരണത്തിനും ഉതകുന്നതായിരുന്നു. സുറിയാനിഭാഷയിൽ ആയിരുന്ന ഈ പ്രാർത്ഥനയിലെ ദൈവകരുണയാചിക്കുന്ന ഭാഗമാണ് ബായേനൻ മെന്നാക് മാറന്മാറേകോൽ (സർവാധിപനാം കർത്താവേ, ഞങ്ങളിതാ). അനുതാപജന്യമായ ഈണങ്ങളാണ് ഈ ഗീതങ്ങളുടെ പ്രത്യേകത. അനുതാപത്തെ ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രാർത്ഥനയുടെയിടയിൽ പലയാവർത്തി ജനം മുട്ടുകുത്തുന്നുണ്ട്. സുറിയാനി പാരമ്പര്യമനുസരിച്ച് മുട്ടുകുത്തി നെറ്റി തറയിൽ മുട്ടിക്കുന്ന വിധത്തിൽ അഗാധാചാരം ചെയ്യുന്നതാവണം ഈ രീതി. ബായേനന്മെന്നാക് മാറൻ എന്ന ഗീതത്തിന്റെ അവസരത്തിൽ ജനം മുട്ടുകുത്തി അഗാധാചാരം ചെയ്തു ദൈവകരുണയെ അപേക്ഷിക്കുന്നത് നോമ്പുകാലപ്രാർത്ഥനാ രീതികളുടെ മാതൃകയായും കണക്കാക്കാം.
മാർ ചൂളപ്പറമ്പിലും മൂന്നുനോമ്പും
കോട്ടയം രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ മൂന്നുനോമ്പ് നമസ്കാരവും നേർച്ചയും അതിന്റെ പരമ്പരാഗതരീതിയിൽ നടത്തണമെന്നും സുറിയാനി പാരമ്പര്യം കാക്കണമെന്നും നിഷ്കർശിച്ചയാളായിരുന്നു. അതിനാൽ തന്നെ പ്രസ്തുത നോമ്പിനോടും അനുബന്ധചടങ്ങുകളോടും ബന്ധപ്പെട്ട വിവരങ്ങൾ ബഹു. വികാരിമാരിൽനിന്നും സമാഹരിക്കുകയും അവ അനുഷ്ഠിക്കണമെന്ന് തന്റെ 30-ാം നമ്പർ ഇടയലേഖനത്തിലൂടെ നിർദേശിക്കുകയും ചെയ്തു. (AAK, 61/4 Ae 04 Pastor letter no. 30 of Chulaparambil dated 06 January 1925). രൂപതയിലെ വൈദികർ തങ്ങളുടെ പള്ളികളിൽ നിന്ന് എപ്രകാരമാണ് മൂന്നുനോമ്പ് നമസ്കാരത്തിനും നേർച്ചയ്ക്കുമുള്ള പങ്കാളിത്തം നല്കിയിരുന്നതെന്ന് വിശദമായി പിതാവിന് എഴുതി അയച്ചിരുന്നു. മൂന്നു നോമ്പ് നമസ്കാരവും കടുത്തുരുത്തിയിലെ പങ്കാളിത്തവും തെക്കുംഭാഗജനത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായിരുന്നു. കാരണം അതു കടുത്തുരുത്തി ഇടവക്കാരുടെ മാത്രം ആഘോഷമോ തിരുന്നാളോ അല്ലായിരുന്നു. 1925 ലെ മൂന്നുനോമ്പിന് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിൽ അന്നത്തെ വികാരിയായിരുന്ന രാമച്ചനാട്ടച്ചന് കടുത്തുരുത്തി പള്ളിയിലെ തിരുനാളിന്റെ പ്രാധാന്യത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വിവരണത്തിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാകും. (AAK, 61/4 Ae 04 Notice of J Ramachanatt dated 16 January 1925).
“നമ്മുടെ തലപ്പള്ളിയായ ഈ കടുത്തുരുത്തി വലിയപള്ളിയിൽ ആഘോഷിച്ചുവരുന്ന മുന്ന് നൊയമ്പു തിരുനാളിന് കത്തോലിക്കരെന്നൊ യാക്കോബായക്കാരെന്നൊ ഉള്ള വ്യത്യാസംകൂടാതെ നമ്മുടെ ജനം വടക്കു ചുങ്കം തൊടുപുഴ മുതലായ പ്രദേശങ്ങളിൽ നിന്നും തെക്കു റാന്നി കല്ലിശേരി മുതലായ സ്ഥലങ്ങളിൽ നിന്നും വന്നുചേരുക എന്നൊരു പതിവ് ഏതാനും കൊല്ലങ്ങൾക്ക് മുമ്പുവരെയും ഉണ്ടായിരുന്നു എന്നുള്ളത് ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതാണെല്ലൊ. അതിനാൽ നമ്മുടെ ആളുകൾ പരസ്പരം അറിയുന്നതിനും പരിചയപ്പെടുന്നതിനും ഉപകാരപ്പെട്ടിരുന്നു എന്നു തന്നെയുമല്ല സാമൂഹികാഭിവൃത്തിയ്ക്കും സമുദായനിലനില്പിനും അതു വളെരെ സഹായിച്ചിട്ടുണ്ട്.”
ഇത്രയധികം പ്രധാന്യമുണ്ടായിരുന്ന കടുത്തുരുത്തിയിലെ മൂന്നു നോമ്പ് നമസ്കാരവും പുറത്തുനമസ്കാരവും അന്യംനിന്ന് പോകാതിരിക്കുവാൻ ശ്രദ്ധിച്ച മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവാണ് കടുത്തുരുത്തിയിലെ നമസ്കാരപുസ്തകത്തിലെ പ്രാർത്ഥനകൾ അച്ചടിക്കാനുള്ള അനുവാദം നല്കി ഇംപ്രിമാത്തൂർ നല്കിയത്. നമസ്കാരപുസ്തകം അച്ചടിച്ചതിന്റെ പശ്ചാത്തലം 1928 ലെ പുസ്തകത്തിൽ നിന്ന് ഇപ്രകാരം ഗ്രഹിക്കാം.
മൂന്ന് നോമ്പ് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞു മധുരക്കറിനേർച്ച വിളമ്പുന്നതിനുമുമ്പ് പുളിങ്കുന്നു പള്ളിയിൽ നടത്തിവരാറുള്ള പ്രാർത്ഥനയ്ക്കു ഉപയോഗിച്ചിരുന്ന പുസ്തകം പഴക്കംമൂലം ഉപയോഗ്യശൂന്യമായതിനാൽ 1925 ൽ കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പിന്റെ നമസ്കാരം എഴുതീട്ടുള്ള ഗ്രന്ഥം പുളിങ്കുന്ന് പള്ളി വികാരി പുരയ്ക്കൽ ബഹു. തോമ്മാക്കത്തനാർ വാങ്ങിച്ചു. പുളിങ്കുന്നുപള്ളിയിലെ പ്രാർത്ഥന പുസ്തകവും കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പ് നമസ്കാരവും ഉൾക്കൊള്ളുന്ന കല്ദായ ഹുദ്റായുമായി താരതമ്യം ചെയ്തു ഹുദ്റയിലെ ഉള്ളടക്കം തന്നെയാണ് കയ്യെഴുത്തു പ്രതികളിലുള്ളതെന്ന് കണ്ടെത്തി. പുരയ്ക്കലച്ചനും ബഹു. ലൗറന്തിയോസ് (ക.നി.മൂ.സ.) കത്തനാരുംകൂടിയാണ് പ്രസ്തുത താരതമ്യ പഠനം നടത്തിയത്. പുളിങ്കുന്നു പള്ളിയിലെ ആവശ്യത്തിലേയ്ക്ക് കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നുനോമ്പ് നമസ്കാര പുസ്തകം അച്ചടിക്കുന്നതിനുള്ള അനുവാദം ബഹു. പുരയ്ക്കലച്ചൻ ചൂളപ്പറമ്പിൽ പിതാവിനോട് അപേക്ഷിച്ചതിനാൽ, അച്ചൻനല്കിയ പ്രാർത്ഥന പിതാവ് പരിശോധിച്ച്, 28 സെപ്തംബർ 1927 ന് ഇംപ്രിമാത്തൂർ നല്കി. തുടർന്ന് പുളിങ്കുന്നു പള്ളിയിലെ "ഗ്രന്ഥത്തോട്, തദപേക്ഷയാ കടുത്തുരുത്തി ഗ്രന്ഥത്തിൽ കൂടുതലായുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്തു" അച്ചടിപ്പിക്കാനുള്ള അനുവാദത്തിനായി ചങ്ങനാശേരി രൂപത അഡ്മിനിസ്ട്രേറ്ററിനോട് 16 നവംബര് 1927 ന് പുരയ്ക്കലച്ചൻ അഭ്യർത്ഥിച്ചു. അഡ്മിനിസ്ട്രേറ്റർ കല്ലറയ്ക്കൽ ബഹു. ജേക്കബച്ചന് 21 നവംബർ 1927 ന് നല്കിയ ഇംപ്രിമാത്തൂറും ചേർത്തു പുരക്കലച്ചൻ അച്ചടിപ്പിച്ച നമസ്കാരപുസ്തകമാണ് പില്ക്കാലത്ത് പ്രയോഗത്തിൽ കാണുന്നത്. (ഈ നടപടികളെ കുറിച്ചുള്ള എഴുത്തുകൾ കോട്ടയം അതിരൂപത ആര്‍ക്കൈവ്സില്‍ ലഭ്യമാണ്)
പുറത്തുനമസ്കാരം 1950 കൾക്കുശേഷം
1957 വരെപട്ടക്കാരും ജനങ്ങളുംകൂടി കുരിശിങ്കൽ നിന്നുകൊണ്ട് മാറിമാറി പാടി പ്രാർത്ഥിക്കുന്ന രീതിയാണുണ്ടായിരുന്നത്. സുറിയാനിപ്പാട്ടുകാരായിരുന്ന വൈദികരും ഗായകസംഘവും മാറിമാറി പരമ്പരാഗത സുറിയാനി ഈണത്തിൽ ഇവ പാടിയിരുന്നു. ഈ ഈണമാകട്ടെ കുർബാനയിലെയും കാനോന നമസ്കാരത്തിലെയും ഈണത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ചെമ്മക്കുഴി വല്യച്ചൻ, കണ്ടാരപ്പളളി ഫിലിപ്പച്ചൻ തുടങ്ങിയ വൈദികരുടെ കാലത്തിന്ശേഷം പ്രസ്തുത നമസ്കാരം തുടരുന്നതിന് ഒരു വലിയ കാരണം ഫാ. മാത്യു ചെള്ളക്കണ്ടത്തിലാണ്. കാരണം, ഈ നമസ്കാരം അറിയാവുന്നവരും സ്ഥിരമായി നമസ്കാരത്തിന് എത്തുന്നവരുമായ മറ്റു വൈദികർ വിരളമായിരുന്നു. 1957 ൽ പട്ടമേറ്റ മാത്യു ചെള്ളക്കണ്ടത്തിൽ അച്ചൻ കണ്ടാരപ്പളളിച്ചനൊപ്പം രണ്ടുവർഷക്കാലം (1958-59) പുറത്തുനമസ്കാരത്തിൽ പങ്കെടുത്തു. കണ്ടാരപ്പള്ളിലച്ചന്റെ കാലശേഷം 1959 മുതൽ ഈ നമസ്കാരത്തിന് പങ്കെടുത്ത് ഇതിന് തുടർച്ച നല്കിയത് സുറിയാനി മല്പാനായ ചെള്ളക്കണ്ടത്തിലച്ചനാണ്. 1970 ൽ നമസ്കാരപ്രാർത്ഥനകൾ സുറിയാനിയിൽ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഒപ്പം സുറിയാനി ഈണങ്ങൾ നഷ്ടപ്പെടാതെ നോക്കി. കടുത്തുരുത്തി പള്ളി ഇടവക കുരിശുംമൂട്ടിൽ ചാണ്ടിക്കുഞ്ഞുസാർ, പൂഴിക്കോലിലെയും കടുത്തുരുത്തിയിലെയും ഗായകസംഘം എന്നിവരാണ് ഈ ഗാനങ്ങൾ അവയുടെ തനിമ നഷ്ടപ്പെടതെ കൈമാറ്റം ചെയ്യാൻ ബഹു. വൈദികർക്കോപ്പം കാരണമായത്. മലയാളവിവർത്തനത്തിനും കാലോചിത നവീകരണത്തിനും കരിപ്പറമ്പിലച്ചൻ, കുഴിപ്ലാക്കിലച്ചൻ, റൊസാരിയാമ്മ, വെള്ളിയാനച്ചൻ എന്നിവരൊക്കെ പ്രയത്നിച്ചു.
മൂന്ന് നോമ്പ് കർമ്മത്തെക്കുറിച്ചുള്ള പ്രാർത്ഥനകളും ഈണങ്ങളും ഇന്ന് കാണപ്പെടുന്നത് കടുത്തുരുത്തി വലിയപള്ളിയിൽ മാത്രമാണ്. മൂന്നു നോമ്പ് നമസ്കാരത്തെക്കുറിച്ചുള്ള പുസ്തകം അച്ചടിക്കപ്പെട്ടതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വലിയപള്ളിയിലെ ഈ പ്രാർത്ഥന കർമ്മത്തിനുള്ള അനന്യത വ്യക്തമാകും. പ്രസ്തുത നമസ്കാരങ്ങൾ ഇന്നു കാണുന്ന രീതിയിൽ മലബാറിലെ മറ്റൊരു പള്ളിയിലും ഇല്ലാതിരുന്നതിനാലാവണം ബഹു. പുരയക്കലച്ചൻ ഈ പള്ളിയിലെ നമസ്കാര പ്രാർത്ഥനയുടെ കയ്യെഴുത്തുപ്രതി വാങ്ങി അച്ചടിപ്പിക്കാൻ ആഗ്രഹിച്ചത്. ഈ നമസ്കാരത്തിന്റെ ഈണങ്ങൾ തനിമയും മൂലരൂപത്തോട് വിശ്വസ്തതയും പുലർത്തിക്കൊണ്ട് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്തത് ക്നാനായക്കാരണെന്നതിൽ നമുക്ക് അഭിമാനിക്കാം. അല്ലായിരുന്നെങ്കിൽ മറ്റ് അനേകം ഗീതങ്ങളെയും പ്രാർത്ഥനകളെയും പോലെ അവയും നഷ്ടപ്പെടുമായിരുന്നു. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള മൂന്നുനോമ്പും അതിനോടനുബന്ധിച്ച പുറത്തുനമസ്കാരവും ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തിയിൽ പുരാതനകാലം മുതലെ നടന്നുവരുന്നുവെന്നത് ദൈവാനുഗ്രഹപ്രദമാണ്. വലിയനോമ്പിനൊരുക്കമായ മൂന്നുനോമ്പിലെ പ്രാർത്ഥനകളും തനതായ സുറിയാനി ഈണങ്ങളും മാർത്തോമാ ക്രിസ്ത്യാനികൾക്കു ഒരു മുതൽകൂട്ടാണ്.
മൂന്ന് നോമ്പ് three days lent Dr. Mathew Kochadampallil മൂന്ന് നോമ്പ് - ഉത്ഭവത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങൾ പുറത്തുനമസ്കാരം പുറത്തുനമസ്കാരം 1950 കൾക്കുശേഷം മാർ ചൂളപ്പറമ്പിലും മൂന്നുനോമ്പും Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206