We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Pious Malekandathil On 22-Sep-2022
മാർ തോമാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവർത്തനം
ഒരു ചരിത്രാവലോകനം
ഭാരത അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആഘോഷിക്കുന്ന ദിനമാണ് 2022-ലെ ദുക്റാന തിരുനാൾ. ഈശോയുടെ സുവിശേഷം യൂറോപ്പിലെത്തിയ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഈശോയുടെ ദൂത് ഇന്ത്യയിൽ എത്തിച്ചത് മാർതോമാശ്ലീഹായാണ്. AD. 72-ൽ മൈലാപൂരിൽ അദ്ദേഹം മരിക്കുന്നതിനു മുമ്പ് വി.തോമാശ്ലീഹാ നടത്തിയ സുവിശേഷ പ്രഘോഷയാത്രയുടെ ഫലമായി പലയിടത്തും രൂപമെടുത്ത ക്രൈസ്തവ കൂട്ടായ്മകൾ വളർന്ന് മാർതോമാ ക്രൈസ്തവർ എന്നപേരിൽ ഇന്ന് 50 ലക്ഷത്തോളം പേരുള്ള വലിയ സമൂഹമായി മാറിക്കഴിഞ്ഞു.
മാർ തോമാശ്ലീഹാ രണ്ടുയാത്രകൾ ഇന്ത്യയിലേക്ക് നടത്തിയിട്ടുണ്ടായിരുന്നുവെന്നും അതിന്റെ ഫലമായി രണ്ടിടങ്ങളിൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവർ ജന്മമെടുത്തിരുന്നുവെന്നും ചരിത്രകാരന്മാർ പ്രസ്താവിക്കുന്നു. തോമാശ്ലീഹായുടെ ആദ്യയാത്ര ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും രണ്ടാമത്തെ യാത്ര കേരളത്തിലേക്കുമായിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരന്മാർ പറയുന്നു. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേക്ഷിത പ്രവർത്തനത്തെക്കുറിച്ച് പരാമർശിക്കുന്ന എറ്റവും പ്രാചീനകൃതി AD 220-നും 250-നും ഇടയിൽ എഴുതപ്പെട്ട “തോമായുടെ നടപടികൾ” എന്ന ഗ്രന്ഥമാണ്. ഹബ്ബാൻ എന്ന യഹൂദ കച്ചവടക്കാരന്റെ കൂടെ തോമാശ്ലീഹാ ഗൊണ്ടോഫർണസ് എന്ന രാജാവിന്റെ നാട്ടിലാണ് സുവിശേഷം പ്രഘോഷിക്കാൻ എത്തിയതെന്നാണ് ഈ പുസ്തകം പറയുന്നത്. ഈ രാജാവ് ഒരു ഐതിഹ്യപുരുഷനായിരിക്കും എന്ന് 19-ാം നൂറ്റാണ്ടുവരെ വിചാരിച്ചിരുന്ന ആളുകളുടെ ധാരണയെല്ലാം തിരുത്തി, അദ്ദേഹം ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഇന്നത്തെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിൽ ഭരിച്ചിരുന്ന ഇന്തോപാർത്തിയൻ രാജവംശത്തിൽപ്പെട്ട ഭരണാധികാരിയായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിൽ 'ഗൊണ്ടാഫർനെസിന്റെ' പേര് ഉള്ള നാണയങ്ങളും, ശിലാലിഖിതങ്ങളും, പുരാവസ്തുക്കളും ഈ സ്ഥലങ്ങളിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഗൊണ്ടാഫർനെസിന്റെ പേരുള്ള ചെമ്പുനാണയങ്ങളും, വെള്ളിനാണയങ്ങളും ഗാന്ധാര, സിന്ധുനദീതടത്തിലെ കീഴ്ഭാഗങ്ങൾ, വടക്കേ ഇന്ത്യയിലെ മഥുര എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതലായും കണ്ടുകിട്ടിയിട്ടുള്ളത്. അതോടൊപ്പം പാക്കിസ്ഥാനിലെ പെഷ്വാറിനടുത്തുള്ള തക്തി-ബാഹി എന്ന പ്രാചീന ബുദ്ധിസ്റ്റ് കേന്ദ്രത്തിനടുത്തുനിന്നും 46 AD യിൽ തയ്യാറാക്കപ്പെട്ട ഗൊണ്ടോഫർണസിന്റെ ശിലാലിഖിതം കണ്ടുകിട്ടുകയുണ്ടായി. ശാകവർഷം 103 ൽ തയ്യാറാക്കപ്പെട്ട ഈ ശിലാലിഖിതം അദ്ദേഹത്തിന്റെ ഭരണത്തിന്റെ 26-ാം വർഷം തയ്യാറാക്കപ്പെട്ടതാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ശാകവർഷം 103 എന്നുപറയുന്നത് ക്രിസ്തുവർഷം (103-57=46 AD ) 46 AD യിൽ ആണ് കരോഷ്ടി ലിപിയിലാണ് ഈ ശിലാലിഖിതം. ഈ കണ്ടുപിടുത്തങ്ങൾ പ്രധാനമായും ഗൊണ്ടാഫർനെസ് ഭരിച്ചിരുന്ന രാജ്യത്തിന്റെ വിസ്തൃതിയും സമയ കാലഘട്ടവും വ്യക്തമാക്കിതരുന്നു. അതോടൊപ്പം തോമാശ്ലീഹാ സുവിശേഷ പ്രഘോഷണത്തിന് എത്തിയ രാജ്യത്തിലെ ഭരണകർത്താവായ ഗൊണ്ടാഫർനെസ് ഒരു ചരിത്രപുരുഷനാണെന്നും, ആയതിനാൽ "തോമായുടെ നടപടികൾ" എന്ന പുസ്തകത്തിൽ പറയുന്ന പ്രേഷിതപ്രവർത്തനം ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് നടന്നതെന്നും ചരിത്രകാരന്മാർ പ്രസ്താവിക്കുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വടക്കേ ഇന്ത്യയുടെ ഭാഗമായ മഥുര എന്നീ പ്രദേശങ്ങളിൽനിന്നും ഗൊണ്ടാഫർനെസിന്റെ നാണയങ്ങൾ കണ്ടെടുത്തതുകൊണ്ട് ഈ പ്രദേശങ്ങൾ തോമാശ്ലീഹായുടെ ആദ്യ പ്രേഷിതപ്രവർത്തനങ്ങളുടെ ഭാഗമായ സ്ഥലങ്ങളാണ് എന്ന് അനുമാനിക്കപ്പെടുന്നു.
റോമിൽ നിന്നും തുടങ്ങി ചൈനവരെ പോകുന്ന കച്ചവടവഴിയാണ് 'സിൽക്ക് റൂട്ട്'. അന്ത്യോക്ക്, പാർഥ്യയ, മെർവ്, അഫ്ഗാനിസ്ഥാൻ കൂടി കടന്നു പോയിരുന്നതിനാൽ സിൽക്ക് റൂട്ടിലൂടെയാണ് തോമാശ്ലീഹാ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് എത്തിയതെന്നും പല ചരിത്രകാരന്മാരും പറയുന്നു. ചിലരെങ്കിലും തോമാശ്ലീഹാ അലക്സാണ്ട്രിയായിൽ വന്നിട്ട് ചെങ്കടൽ വഴി ഗുജറാത്ത് തീരത്ത് വന്ന് ബ്രോച്ച് കൂടി ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശത്തേയ്ക്ക് പോയിട്ടുണ്ടാകാം എന്നും പറയുന്നു. ഈ വാദക്കാർ തോമാശ്ലീഹാ ബ്രോച്ചിൽ സുവിശേഷം പ്രസംഗിച്ചിട്ടുണ്ടാകാം എന്നു അനുമാനിക്കുകയും ചെയ്യുന്നു. AD 44-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് എത്തിയ തോമാശ്ലീഹാ കുഷാൻ രാജാക്കന്മാർ ഗൊണ്ടാഫർനെസിന്റെ രാജ്യം ആക്രമിക്കുന്ന AD 51 നു മുമ്പ് ജറുസലേമിലേക്ക് തിരിച്ചു പോയി എന്നും അവിടെ ജറുസലേം കൗൺസിലിൽ ശ്ലീഹാ പങ്കെടുത്തുവെന്നും ചരിത്രകാരന്മാർ അനുമാനിക്കുന്നു. പരിശുദ്ധ കന്യാമറിയം മരിക്കുമ്പോൾ ശിഷ്യന്മാർ എല്ലാവരും അടുത്തുണ്ടായിരുന്നു എന്ന കാഴ്ചപ്പാടും ഈ നിഗമനത്തോട് ശരിവയ്ക്കുന്നു. AD 50നും 51നും ഇടയിൽ നടന്ന ജറുസലേം കൗൺസിലിനുശേഷം തോമാശ്ലീഹാ രണ്ടാമത് നടത്തിയ യാത്രയാണ് അദ്ദേഹത്തെ കൊടുങ്ങല്ലൂരിൽ എത്തിച്ചതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
അലക്സാണ്ട്രിയായിൽ നിന്നും ബർണ്ണിക്കേകൂടി ചെങ്കടൽ വഴി യാത്രചെയ്യുന്ന കച്ചവടക്കാരുടെ ആവശ്യത്തിനായുള്ള 120 കപ്പലുകൾ ആണ് ഇന്ത്യയും ഈജിപ്തിനുമിടയിൽ അന്ന് സഞ്ചരിച്ചിരുന്നതെന്ന് സ്‌ട്രാബോ പറയുന്നത്. അതിൽ പകുതിയും ലിംറിക്കേ എന്ന പേരിൽ അന്നറിയപ്പെട്ടിരുന്ന കേരള തീരത്തേക്കാണ് വന്നിരുന്നതെന്ന് അദ്ദേഹം പറയുന്നു. മുസ്സീരിസ് അന്നു പ്രധാന തുറമുഖമായിരുന്നു. റോമാക്കാർ കച്ചവടം നടത്തിയിരുന്ന പ്രധാനകേന്ദ്രം ഇന്നത്തെ കൊടുങ്ങലൂരിനടുത്ത് പെരിയാർ തീരത്തുണ്ടായിരുന്ന തുറമുഖപട്ടമായിരുന്ന മുസ്സീരിസ് ആണ്. ഇത്രയും കപ്പലുകൾ ഈജിപ്തിൽ നിന്നും കേരളത്തിലേക്ക് വന്നിരുന്ന ഒരു സമയത്ത് അവയിൽ ഏതെങ്കിലും ഒന്നിൽ തോമാശ്ലീഹാ കേരളത്തിലെ കൊടുങ്ങലൂരിൽ വന്നിരിക്കാനുള്ള സാദ്ധ്യത വളരെ വലുതാണ്.
തോമാശ്ലീഹാ കേരളത്തിൽ പ്രേക്ഷിതപ്രവർത്തനം നടത്തി എന്നുപറയുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലീനി (AD 23-74) പറയുന്നത്, ഇൻഡ്യയിലേക്കു കച്ചവടത്തിനായി ഒഴുക്കുന്ന തുക ഓരോ വർഷവും 50 മില്യൺ സെസ്റ്റേഴ്സാണ്. ഇതു 12.5 മില്യൺ ദനാറയ്ക്കു തുല്യമാണ്. റോമിലെ ജി.ഡി.പി യുടെ 0.5 ശതമാനം വരും ഈ തുകയെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഇത്രയും ശക്തമായുള്ള ഇന്ത്യ-റോം കച്ചവടം നടക്കുന്ന കാലഘട്ടത്തിൽ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷം പ്രസംഗിക്കാൻ വന്നു എന്നത് ചരിത്രപരമായും ഏറെ സാദ്ധ്യതയുള്ള കാര്യമായിട്ടാണ് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നത്.
AD 52 മുതൽ 72 വരെയുള്ള 20 വർഷത്തെ പ്രേഷിതപ്രവർത്തനം നടത്തിയതിന്റെ ഫലമായി കേരളത്തിൽ രൂപംകൊണ്ട 7
ക്രൈസ്തവകൂട്ടായ്മകളും അവസാനം ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിൽ അദ്ദേഹത്തെ മറവുചെയ്ത കബറും തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ തെളിവുകളായി നിലകൊള്ളുന്നു. തോമാശ്ലീഹാ ആരംഭിച്ചുവെന്ന് പറയുന്ന 7 സ്ഥലങ്ങളിലാണ് ഈ അടുത്തകാലംവരെ ഏറ്റവും കൂടുതൽ മാർതോമാക്രിസ്ത്യാനികൾ വസിച്ചിരുന്നത്. മറ്റു പല സ്ഥലങ്ങളിലേയും ക്രൈസ്തവരുടെ ഇന്നലെകൾ തേടിപ്പോകുമ്പോൾ ഈ 7 സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോയിട്ടാണ് അവസാനം നില്ക്കുന്നത്. അതുകാണിക്കുന്നത് തോമാശ്ലീഹയുമായുള്ള ബന്ധംതന്നെയാണ്. ഈ പ്രദേശങ്ങളിലെ ക്രൈസ്തവർ മാർതോമാ ക്രൈസ്തവർ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. തോമാശ്ലീഹാ ഏഴു ക്രൈസ്തവ കൂട്ടായ്മകൾ തുടങ്ങി എന്നും പറയുന്നതിൽ ചരിത്രപരമായ ഒരു അംശം അടങ്ങിയിട്ടുണ്ട്.
1950 വർഷങ്ങൾക്കുമുമ്പ് മരിച്ച തോമാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടം അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനത്തിന്റെ ഏറ്റവും വലിയ തെളിവായി നില്ക്കുന്നു. ഫ്രാൻസിലെ ടൂർസ് രൂപതാ മെത്രാനായിരുന്ന ബിഷപ് ഗ്രിഗറി (538-594) ഏറ്റവും വിശ്വസനീയനായ ചരിത്രകാരനായിട്ട് കരുതപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം പറയുന്നു: ഭാരതത്തിലെ കലാമിനയിൽ (ഇതുചോളമണ്ഡലം എന്ന വാക്കിന്റെ ചുരുക്കെഴുത്തായി വ്യാഖ്യാനിക്കപ്പെടുന്നു) തോമാശ്ലീഹായുടെ ശവകുടീരം ഉണ്ട്. അവിടെ ഒരാശ്രമവും ദൈവലായവും സ്ഥിതി ചെയ്യുന്നു. കൂടാതെ എന്നും കെടാതെ കത്തിജ്വലിച്ചുനില്ക്കുന്ന വിളക്കും അദ്ദേഹത്തിന്റെ കബറിടത്തിലുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. 16-ാം നൂറ്റാണ്ടിൽ ഡുവാർട്ടേ ബർബോസയും തോമാശ്ലീഹായുടെ മൈലാപ്പൂരിലുള്ള കബറിടത്തിന്റെ തിരി കത്തിച്ചുവയ്ക്കുന്ന പതിവിനെക്കുറച്ച് പരാമർശിക്കുന്നുണ്ട്. 883-ലെ ആംഗ്ലോ-സാക്സൺ ക്രോണിക്കിളിൽ ഇംഗ്ലണ്ടിലെ ആൽഫ്രഡ് രാജാവ് വൈക്കിംഗ് അക്രമകാരികളിൽ നിന്നും ലണ്ടൻ വിമോചിതമായതിന്റെ നന്ദിസൂചകമായി ഇന്ത്യയിലെ തോമാശ്ലീഹായുടെയും ബർത്തലോമിയയുടെയും കബറിടത്തിലേക്ക് സമ്മാനങ്ങളോടെ രണ്ട് പേരെ അയക്കുന്നതായി കാണാം. തോമാശ്ലീഹായുടെ കബറിടത്തിങ്കൽനിന്നും തീർത്ഥാടകർ മണ്ണെടുത്ത് കൊണ്ടുപോയി വെള്ളത്തിൽ ചാലിച്ച് അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന കാര്യം 1292-ൽ മൈലാപ്പൂർ സന്ദർശിച്ച മാർക്കോപോളോ പരാമർശിക്കുന്നുണ്ട്. ഫ്ളോറൻസിലെ മെഡിച്ചി പ്രഭുകുടുംബത്തിന്റെ കച്ചവട ഏജന്റായി കൊച്ചിയിൽ എത്തിയ ആൻഡ്രേയ കൊർസാലിയും ഒപ്പം വന്ന പീറ്ററോ സ്ട്രോസ്സിയും കൊച്ചിയിൽനിന്നും മൈലാപ്പൂരിലേക്ക് 1516-ൽ തീർത്ഥാടനം നടത്തുകയും തോമാശ്ലീഹായുടെ കബറിടത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്. ഈ കബറിടത്തിലേക്ക് കേരളത്തിൽ നിന്നും എത്തുന്ന തീർത്ഥയാത്രയെക്കുറിച്ച് അവിടെനിന്നും എടുക്കുന്ന മണ്ണ് വെള്ളത്തിൽ ചാലിച്ച് മരുന്നായി ഉപയോഗിക്കുന്നതായും ജോർണാദ വിസ്തരിച്ച് പറയുന്നുണ്ട്.
ഈ വിശദവിവരങ്ങൾ തോമാശ്ലീഹാ ഇന്ത്യയിൽ വന്നുവെന്നും മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ചുവെന്നതും വെറും കെട്ടുകഥയല്ല, മറിച്ച് ആളുകളുടെ മനസ്സിൽ എന്നും കൃത്യതയോടെ പറയാൻ പറ്റുന്ന സ്ഥലങ്ങളും സംഭവങ്ങളും പൊതുവിവരങ്ങളും ഉൾച്ചേർന്ന ഒരു ചരിത്രപരമായ യാഥാർത്ഥ്യമാണ്. വളരെ പ്രാചീനകാലം തൊട്ടുതന്നെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം മൈലാപ്പൂരിലായിരുന്നുവെന്ന് തന്നെയാണ് ഫ്രാൻസിലെയും, ഇംഗ്ലണ്ടിലെയും, ഇറ്റലിയിലെയും പോർച്ചുഗലിലെയും സഞ്ചാരികളും പണ്ഡിതരും രേഖപ്പെടുത്തിയിരിക്കുന്നുവെന്ന വസ്തുതതന്നെ തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിന്റെ വിശ്വസനീയത വർദ്ധിപ്പിക്കുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരും തോമാശ്ലീഹായിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചവർ എന്ന നിലയിൽ മാർതോമാ ക്രിസ്ത്യാനികൾ എന്നാണ് അവരെ അവർ വിളിച്ചിരുന്നത്.
തോമാശ്ലീഹായുടെ 1950-ാം മരണതിരുന്നാൾ ആഘോഷിക്കുന്ന ഈ ദിവസം നസ്രാണിക്രൈസ്‌തവരുടെ തനിമയെ തോമാശ്ലീഹായുമായി ബന്ധപ്പെടുത്തി എടുത്തിരുന്ന പൂർവികരുടെ ചരിത്രബോധത്തിന്റെ ബലവുംകൂടി നമ്മളെ ഓർമ്മിപ്പിക്കുന്ന ദിനമാണ്. രണ്ടായിരം വർഷങ്ങളോളം ഇപ്രകാരമൊരു അവബോധത്തിൽ ഈ ക്രൈസ്തവർ ജീവിച്ചുവെന്നതും ആ കാഴ്ചപ്പാടിൽ തന്നെയാണ്, വിദേശികൾക്ക് നസ്രാണി ക്രൈസ്തവർ തങ്ങളെതന്നെ പരിചയപ്പെടുത്തിയിരുന്നുവെന്നതും ഈ സ്വത്വബോധത്തിന്റെ നലംതികഞ്ഞ തെളിവാണ്.
മാർ തോമാശ്ലീഹായുടെ ഭാരതപ്രേഷിതപ്രവർത്തനം റവ. ഡോ. പയസ് മലേക്കണ്ടത്തിൽ സിഞ്ചെല്ലൂസ് കോതമംഗലം രൂപത ദുക്റാന തിരുനാൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206