x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാനിയമം

west സഭാനിയമം/ സീറോ മലബാർ സഭാ നിയമങ്ങൾ

സഭാസ്വത്തും അത്മായരും

Authored by : Bishop Jose Porunnedom On 29-May-2021

രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും രൂപതയുടെ സ്വത്ത് കെകാര്യം ചെയ്യുന്നതിലും വിശ്വാസിള്‍ക്കുള്ള പങ്കെന്താണെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. രൂപതയുടെ സ്വത്തും സ്ഥാപനവും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രൂപതാകേന്ദ്രത്തില്‍ നിന്ന് നേരിട്ട് നടത്തുന്നവ/കൈകാര്യം ചെയ്യുന്നവ എന്ന അര്‍ത്ഥത്തിലും വിശ്വാസി എന്ന പദം ഉദ്ദേശിക്കുന്നത് അല്മായ വിശ്വാസികളേയുമാണ്. സ്ഥാപനങ്ങളുടെ ഭരണത്തില്‍ സിവില്‍ നിയമത്തിന് വിധേയമായി ആര്‍ക്കു വേണമെങ്കിലും പങ്കാളിത്വം ഉണ്ടാകാം. അതില്‍ രൂപതയിലെ വെദികരും സന്യസ്തരും അല്മായരുമായ വിശ്വാസികള്‍ ഉണ്ടാകാം. അതെല്ലാം നിയന്ത്രിക്കപ്പെടുന്നത് സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങളാലാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇന്നുള്ള നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ അല്മായ വിശ്വാസികള്‍ക്ക് വലിയ പങ്കാളിത്തമുണ്ടാകും. കാരണം അങ്ങനെയാണ് സഭാഭരണസംവിധാനം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. എങ്കിലും മുന്‍ അദ്ധ്യായത്തില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ രൂപതാദ്ധ്യക്ഷന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാകണം. അല്മായ വിശ്വാസികള്‍ക്ക് പങ്കാളിത്തം കൊടുത്തതുകൊണ്ട് മാത്രം കെകാര്യം ചെയ്യല്‍ നന്നാകണമെന്നില്ല. അവിടെയും അപചയങ്ങള്‍ക്ക് സാദ്ധ്യതകള്‍ ഉണ്ട്.


പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍, കോളേജ് മാനേജര്‍, രൂപതാപ്രൊക്യുറേറ്റര്‍, എസ്റ്റേറ്റ് മാനേജര്‍, ബാലഭവന ഡയറക്ടര്‍, വൃദ്ധസദന ഡയറക്ടര്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം അല്മായ വിശ്വാസികളെ നിയമിക്കാന്‍ തടസ്സമൊന്നുമില്ല. അവയുടെ ഭരണസമിതികളിലും അവരെ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നല്ല, ഉള്‍പ്പെടുത്തേണ്ടതുമാണ്. എന്തുകൊണ്ട് അതുണ്ടാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കാരണം പലതാണ്. ഒന്നാമതായി, ഇതില്‍ പലതും മുഴുവന്‍ സമയ ജോലികളും നല്ല പരിശീലനം അവശ്യമായവയുമാണ്. അല്മായ വിശ്വാസികള്‍ അങ്ങനെ ജോലി ചെയ്യണമെങ്കില്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമായത്ര ശമ്പളം കൊടുക്കേണ്ടി വരും. അതിന് രൂപതകള്‍ക്കോ ഇടവകകള്‍ക്കോ ആസ്തിയുണ്ടാകുകയില്ല. മാത്രമല്ല ജോലിസമയവും അതിനനുസരിച്ച് ക്രമപ്പെടുത്തണം. അതും ഇവിടുത്തെ സഭാഭരണ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പാശ്ചാത്യരാജ്യങ്ങളില്‍ സഭയുടെ സ്വത്തുക്കള്‍ കെകാര്യം ചെയ്യുന്നത് കൂടുതലും അല്മായവിശ്വാസികളാണ്. അവര്‍ മറ്റ് തലങ്ങളില്‍ ജോലി ചെയ്യുന്നവരേപ്പോലെ ശമ്പളവും പെന്‍ഷനും പറ്റുകയും ചെയ്യുന്നു. കാരണം അവിടുത്തെ രൂപതകള്‍ക്കും ഇടവകകള്‍ക്കും അതിനുള്ള സാമ്പത്തികശേഷിയുണ്ട്. മാത്രമല്ല സിവില്‍ നിയമമനുസരിച്ച് അങ്ങനെ ചെയ്തേ മതിയാകൂ. അവരുടെ അധികാരത്തെ മാനിക്കാന്‍ അവിടത്തെ വൈദികരുള്‍പ്പടെയുള്ള സഭാംഗങ്ങള്‍ തയ്യാറുമാണ്. രണ്ടാമതായി, അല്മായ വിശ്വാസികള്‍ എന്തെങ്കിലും ഒരു അഴിമതി നടത്തിയാല്‍ അങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ വളരെയേറെ സംവിധാനങ്ങള്‍ സഭക്ക് ആവശ്യമാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാം എന്നല്ലാതെ മറ്റ് നടപടികളൊന്നും സാദ്ധ്യമല്ല. വൈദികരുടെ കാര്യം അങ്ങനെയല്ല. അവരുടെ മേല്‍ രൂപതാദ്ധ്യക്ഷന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ട്.


സഭയുടെ സ്വത്ത് മുഴുവന്‍ അല്മായരുടെ സംഭാവനയാണെന്നും അതിനാല്‍ അത് ചെലവഴിക്കാന്‍ അവരുടെ അനുവാദം ആവശ്യമാണെന്നുമുള്ള ചില വാദഗതികളുണ്ട്. സഭയുടെ സ്വത്ത് മുഴുവന്‍ അല്മായരുടെ സംഭാവനയാണ് എന്ന പ്രസ്താവം പൂര്‍ണ്ണമായി ശരിയല്ല. സഭാസ്വത്ത് എങ്ങനെയുണ്ടാകുന്നു എന്ന് മുന്‍ അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും സഭാസ്വത്തിന്‍റെ വിനിയോഗത്തിന് അല്മായരുടെ അനുവാദം ആവശ്യമല്ലെ എന്ന പ്രശ്നത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു രാജ്യത്തെ സര്‍ക്കാര്‍ ഖജനാവിലെ പണം മുഴുവന്‍ ആ രാജ്യത്തെ പൗരന്മാരുടെ പക്കല്‍ നിന്ന് നികുതിയായി പിരിക്കുന്നതായിരിക്കുമല്ലോ. അതുകൊണ്ട് അത് ചെലവഴിക്കാന്‍ ആ പൗരന്മാരുടെയെല്ലാം അനുവാദം വേണം എന്നു പറയുന്നതിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നിയമമനുസരിച്ച് ആരുടെ അനുവാദമാണോ വേണ്ടത് അത് വാങ്ങി ചെലവഴിക്കുകയാണല്ലോ ചെയ്യുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭയുടേയും കേന്ദ്രത്തില്‍ പാര്‍ലമെന്‍റിന്‍റെയും അനുവാദം വാങ്ങിച്ചിരിക്കണം. കാരണം അവര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. അവരുടെ അനുവാദം കിട്ടിയാലും ഗവര്‍ണ്ണറുടേയോ പ്രസിഡന്‍റിന്‍റെയോ ഒപ്പും ആവശ്യമാണ്. ഇതുപോലെയേ കത്തോലിക്കാ സഭയില്‍ മെത്രാന്‍റെ കാര്യത്തിലും നടക്കുന്നുള്ളു.

Church property the faithful Church property and the faithful Bishop Jose Porunnedom Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message