We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr Jose Chiramel On 12-Jun-2021
ഒരു വൈദികനെ ഒരേ സമയം ഒന്നിലധികം ഇടവകകളുടെ വികാരിയായി രൂപതാമെത്രാന് നിയമിക്കാമോ?
ഇവടക സഭയെ പ്രതിനിധാനം ചെയ്യുന്നു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി സഭ വിഭാവനം ചെയ്തിരിക്കുന്ന അജപാലന സംവിധാനങ്ങളിൽ അടിസ്ഥാനപരമായ ഒന്നാണ് ഇടവക. ആദ്യ നൂറ്റാണ്ടുമുതൽ ഈ സംവിധാനം സഭയിൽ നില നിന്നിരുന്നു. ഇന്നും സഭാജീവിതത്തിൻറേയും സഭയുടെ ദൗത്യത്തിൻറേയും കേന്ദ്രസ്ഥാനം ഇടവക തന്നെയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ആരാധനാക്രമത്തെ സംബന്ധിച്ചുള്ള പ്രമാണരേഖയിൽ ഇടവകയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഒരു മെത്രാന്ൻറെ രൂപതയിലുള്ള അജഗണങ്ങളുടെ സമൂഹത്തിൽ അദ്ധ്യക്ഷം വഹിക്കുവാൻ എല്ലായ് പ്പോഴും സാധിക്കുകയില്ല. തന്മൂലം വിശ്വാസികളെ ചെറിയ ഗണങ്ങളായി തിരിക്കേണ്ടത് ആവശ്യമാണ്. മെത്രാൻറെ പ്രതിനിധികളായി വികാരിമാരുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തും സ്ഥാപിതമായിട്ടുള്ള ഇടവകകളാണ് ഇവയിൽ ഏറ്റവും പ്രധാനം. സാർവ്വത്രികവും ദൃശ്യവുമായ സഭയെയാണ് ഇടവക പ്രതിനിധാനം ചെയ്യുന്നത് (SC42).
ഇടവകയുടെ നിർവ്വചനം
ലത്തീൻ- പൗരസ്ത്യ നിയമസംഹിതകളനുസരിച്ച് രൂപതയിൽ സ്ഥിരമായി സ്ഥാപിതമായതും ഒരു വികാരിയുടെ അജപാലനത്തിന് ഏൽപിക്കപ്പെട്ടി രിക്കുന്നതുമായ ക്രൈസ്തവ വിശ്വാസികളുടെ ഒരു നിശ്ചിത സമൂഹമായിട്ടാണ് ഇടവകയെ നിർവ്വചിച്ചിരിക്കുന്നത് (CCEO.c.279;CIC.c.515/1). ഈ നിർവ്വചനമനുസരിച്ച് ഇടവകാംഗങ്ങൾ രൂപതയുടെ അതിർത്തിക്കുള്ളിൽ ഏതെങ്കിലുമൊരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്നവരാകണം. രൂപതാദ്ധ്യക്ഷൻ അതിനെ ഒരിടവകയായി നൈയ്യാമികമായി സ്ഥാപിക്കുകയും വേണം. മാത്രവുമല്ല, ഇവരുടെ ആദ്ധ്യാത്മികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു വൈദികനെ ഏൽപ്പിക്കുകയും വേണം. ഒരേ വിശ്വാസം പങ്കുവയ്ക്കുന്ന വിശ്വാസികളുടെ കൂട്ടായ്മ എന്നാണ് ഇടവകയെ രണ്ടാംവത്തിക്കാൻ കൗൺസിൽ വിവരിച്ചിരിക്കുന്നത് (SC42). തിരുസ്സഭയെപ്പറ്റിയുള്ള കോൺസ്റ്റിറ്റ്യൂഷൻറെ 13-ാം ഖണ്ഡികയിലെ നിർവ്വചനവും ഇപ്രകാരം തന്നെ. ദൈവജനമാണ് സഭ എന്ന കൗൺസിലിൻറെ കാഴ്ചപ്പാട് തന്നെയാണ് ഇടവകയെപ്പറ്റിയുള്ള സഭാ നിയമത്തിൻറെ നിർവ്വചനത്തിലും നാം കാണുന്നത്.
അജപാലനദൗത്യം
1983-ലെ ലത്തീൻ നിയമസംഹിതയും 1990-ലെ പൗരസ്ത്യ നിയമസംഹിതയും ഇടവകയെ അജപാലനദൗത്യം നിർവ്വഹിക്കുന്ന വൈദികനുമായി ബന്ധപ്പെടുത്തി എന്നതിനേക്കാൾ ഒരു നിശ്ചിത സമൂഹവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. തന്മൂലം സ്ഥിരതാമസക്കാരനായി ഇടവകയിൽ വികാരി ഇല്ലെങ്കിലും അത് ഇടവകയായിത്തീരാം. കാരണം, അവിടെ വിശ്വാസികളുടെ ഒരു നിശ്ചിത സമൂഹമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രസ്തുത ഇടവകയുടെ അജപാലന ചുമതല ആ ഇടവകയിൽ സ്ഥിരതാമസക്കാരനല്ലാത്ത ഒരു വൈദികനായിരിക്കും നിർവ്വഹിക്കുന്നത്. ഇടവകയുടെ അജപാലന ചുമതല എന്നു പറയുമ്പോൾ കൂദാശകൾ പരികർമ്മം ചെയ്യുക, ദൈവത്തിന് ആരാധനയർപ്പിക്കുക, ജനങ്ങളുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിക്കുക, കുട്ടികൾക്ക് മതബോധനം നൽകുക, ദൈവവചനം പ്രഘോഷിക്കുക എന്നീ കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്.
ഒരു വികാരിക്ക് ഒരു ഇടവക, ഒരു ഇടവകയ്ക്ക് ഒരു വികാരി
സാധാരണഗതിയിൽ ഒരു ഇടവകയുടെ അജപാലന ചുമതല അവിടെ സ്ഥിരതാമസക്കാരനായ ഒരു വൈദികനെയാണ് ഏൽപ്പിക്കുന്നത് (CCEO.c. 279; CIC.c 515/1). ഒരു വികാരിക്ക് ഒരു ഇടവകയും ഒരിടവകയ്ക്ക് ഒരു വികാരിയും എന്നതാണ് പൊതു നിയമം. രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്നുണ്ടായ പുത്തൻ കാഴ്ചപ്പാടിൻറെ വെളിച്ചത്തിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരിടവകയുടെ ഭരണം ഒന്നിലധികം വൈദികരുൾപ്പെടുന്ന ഒരു സംഘത്തെ ഏൽപ്പിച്ചേക്കാനിടയുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവർ ഒരു ടീമായിട്ടായിരിക്കും ഇടവകയുടെ അജപാലന ചുമതല നിർവ്വഹിക്കുന്നത്. ഇപ്രകാരം ഒരു ഇടവകയുടെ ചുമതല ഒന്നിലധികം വൈദികരെ രൂപതാമെത്രാൻ ഏൽപ്പിക്കുമ്പോൾ അവരിലൊരാളെ വൈദികഗണത്തിൻറെ തലവനായി (moderator) നിയമിക്കണമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്. എന്നിരുന്നാലും, വൈദികഗണത്തിലെ എല്ലാ അംഗങ്ങൾക്കും ഇടവക വികാരിയുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കും (CIC.c.543). എന്നാൽ പൗരസ്ത്യ നിയമസംഹിതയനുസരിച്ച് ഇടവകഭരണം വൈദികരുടെ ഒരു സംഘത്തെ ഏൽപ്പിക്കണമെങ്കിൽ അത് ഓരോ സ്വയാധികാര സഭയുടേയും (Church sui iurus ) പ്രത്യേക നിയമങ്ങൾക്കനുസരിച്ചായിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് (CCEO.c. 287/2). അയൽ ഇടവകകളുടെ ചുമതലചില സാഹചര്യങ്ങളിൽ ഒരു വൈദികനെ താൻ വികാരിയായിരിക്കുന്ന ഇടവകയ്ക്ക് പുറമേ അയൽ ഇടവകകളുടെകൂടി ശുശ്രൂഷ ഏൽപ്പിക്കാനിടയുണ്ട് (CCEO.c. .287/1;CIC.c 526/1). നിയമസംഹിത മൂന്നാമതൊരു സാദ്ധ്യതകൂടി വിഭാവനം ചെയ്യുന്നുണ്ട്. അതനുസരിച്ച്, വൈദികരുടെ ക്ഷാമം ഗൗരവമായി ഉള്ളതിനാലോ, മറ്റ് കാരണങ്ങളാലോ അജപാലനശുശ്രൂഷ യിലുള്ള പങ്കാളിത്വത്തിന് വൈദികരല്ലാത്തവരെ (ഡീക്കന്മാരെയോ, അവൈദികരെയോ) ഏൽപ്പിക്കാമെന്നും സഭാനിയമം അനുശാസിക്കുന്നുണ്ട്. പക്ഷെ, ഏതെങ്കിലുമൊരു വൈദികൻറെ മേൽനോട്ടത്തിലാ യിരിക്കണം ഇവർ പ്രവർത്തിക്കേണ്ടത്. ഈ വൈദികന് മേൽപ്പറഞ്ഞ ഇടവകയിൽ ഇടവകവികാരിയുടേതായ എല്ലാ അധികാരാവകാശങ്ങളും (powers and faculties) രൂപതാമെത്രാൻ നൽകിയിരിക്കണം (CIC.c. 517/2). ഇത്തരമൊരു സംവിധാനത്തെപ്പറ്റി പൗരസ്ത്യനിയമത്തിൽ പ്രതിപാദിച്ചു കാണുന്നില്ല.
ലത്തീൻ നിയമസംഹിതയിലെ 526-ാം കാനോനയും പൗരസ്ത്യനിയമ സംഹിതയിലെ 287-ാം കാനോനയും വ്യക്തമാക്കുന്ന പൊതുതത്വമനുസരിച്ച് ഒരു വികാരിക്ക് ഒരു ഇടവകയും ഒരിടവകയ്ക്ക് ഒരു വികാരിയും മാത്രമേ പാടുള്ളൂ. എന്നാൽ, ഈ പൊതുതത്വ ത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ അപവാദങ്ങൾ ഉണ്ടാകാം എന്ന് നാം കാണുകയുണ്ടായി. പൊതുനിയമത്തിന് അപവാദമെന്നോണം മേൽപ്പറഞ്ഞവിധത്തിൽ ഒരു വൈദികനെ ഒന്നിലധികം ഇടവകകളുടെ അജപാലന ചുമതല ഭരമേൽപ്പിക്കുന്നതും, വൈദികരല്ലാത്തവരെ ഇടവകകളുടെ ചുമതല ഏൽ പ്പിക്കുന്നതും മറ്റും വൈദികരുടെ ക്ഷാമം ഗൗരവമായി അനുഭവപ്പെടുന്ന സാഹചര്യങ്ങളിലാണെന്നും നാം കാണുകയുണ്ടായി. എന്നിരുന്നാലും, വൈദികനെ മാത്രമേ ഇടവകയുടെ വികാരിയായി നിയമിക്കുകയുള്ളൂ (CCEO.c. 279; CIC.c 521/1). ചില ഇടവകയിൽ ഇടവക വികാരി ഇല്ലാത്ത സാഹചര്യങ്ങളിലും ഇടവക വികാരിക്ക് ചുമതലകൾ നിർവ്വഹിക്കുവാൻ പറ്റാത്ത സാഹ ചര്യങ്ങളിലും പ്രസ്തുത ഇടവകയുടെ അജപാലന ചുമതല അയൽ ഇടവകയിലെ ഏതെങ്കിലുമൊരു വികാരിയെ ഏൽപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ലത്തീൻ നിയമമനുസരിച്ച് വൈദികരുടെ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡീക്കന്മാരെയോ, അവൈദികരെയോ അജപാലന ചുമതല നിർവ്വഹി ക്കുന്നതിൽ പങ്കാളികളാക്കാമെന്ന് നാം കണ്ടുവല്ലോ.
എന്നാൽ ഇവരുടെ ചുമതലകളുടെ മേൽനോട്ടം എപ്പോഴും ഒരു വൈദികനായിരിക്കും നിർവ്വഹിക്കുന്നത്. ഇപ്രകാരം മേൽനോട്ടം വഹിക്കുന്ന വൈദികൻ ഏതെങ്കിലും ഇടവകയുടെ വികാരി ആയിരിക്കണമെന്നില്ല. അദ്ദേഹം രൂപതാകൂരിയ (dioceasan curia) യിലെ ഏതെങ്കിലുമൊരു വൈദികനാകാം. അല്ലെങ്കിൽ ഏതെങ്കിലും സെമിനാരിയിൽ പഠിപ്പിക്കുന്ന പ്രൊഫസറാകാം. എന്നാൽ ഇടവകയിൽ ഈ വൈദികന് വിവാഹം ആശീർവദിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യ ണമെങ്കിൽ ഉദ്യോഗസഹജമായ അധികാരം ഉണ്ടായിരിക്കണം. താൻ വികാരിയല്ലാത്ത ഇടവകയിൽ ഇടവക വികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന വൈദികനും മേൽപ്പറഞ്ഞ അധികാരം ഉണ്ടെങ്കിലേ വിവാഹം ആശീർവദിക്കാനാവൂ. എന്നാൽ, സഭാനിയമത്തിൽ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. പ്രസ്തുത അധികാരം അദ്ദേഹത്തിനു നൽകപ്പെടുമെന്നാണോ അതോ അദ്ദേഹത്തെ സ്വന്തം ഇടവകയ്ക്കുപുറമെ അധിക ചുമതല ഏൽക്കുന്ന ഇടവകയുടെ കൂടി വികാരിയായി നിയമിക്കപ്പെടുമെന്നാണോ നിയമം അനുശാസിക്കുന്നത് എന്ന് വ്യക്തമല്ല.
അധികചുമതല ഏൽക്കുമ്പോഴുള്ള നിയമപ്രശ്നങ്ങൾ
ഒരു ഇടവക വികാരിയെ മറ്റൊരു ഇടവകയുടെ വികാരിയായി കൂടി നിയമിച്ചാൽ നൈയ്യാമികമായി ചില പ്രശ്നങ്ങൾ രൂപതാമെത്രാൻ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടിവരും. ഉദാഹരണമായി, ഇടവകകളുടെ ഭരണം നിർവ്വഹിക്കണമെങ്കിൽ വികാരിയായി നിയമിക്കപ്പെട്ടിട്ടുള്ള ഓരോ ഇടവകയിലും അദ്ദേഹം കാനോനികമായി സ്ഥാനമേറ്റിട്ടുണ്ടാകണം. വികാരി മാർ ഇടവകകളിൽ കാനോനികമായി അധികാരം ഏറ്റെടുക്കുന്നത് എങ്ങനെയായിരിക്കണമെന്ന് നിശ്ച യിക്കാൻ പൗരസ്ത്യനിയമസംഹിത ഓരോ സ്വയാധികാര സഭയുടേയും നിയമനിർമ്മാണാധികാരമുള്ള മെത്രാന്മാരുടെ സിനഡിനെ ഏൽപ്പിച്ചിരിക്കുകയാണ്. തന്മൂലം, ഓരോ സ്വയാധികാര സഭയുടേയും പ്രത്യേക നിയമം അനുശാസിക്കുന്ന രീതിയിൽ ഔദ്യോഗികമായിസ്ഥാനം ഏൽക്കുന്നതോടു കൂടി മാത്രമേ വികാരിയായി നിയമിക്കപ്പെട്ടിരിക്കുന്ന വൈദികന് ഇടവക ഭരണം നടത്താനാവൂ. മെത്രാൻറെ നിയമനം ലഭിച്ചാലും ഔദ്യോഗികമായി സ്ഥാനമേൽക്കുന്നതിനു മുൻപ് വികാരിയെന്ന നിലയിൽ യാതൊരു ഔദ്യോഗിക കാര്യങ്ങളും പ്രസ്തുത ഇടവകയിൽ നിർവ്വഹിക്കാൻ പാടില്ല (CCEO.c. .288). എന്നാൽ ഇടവകയിൽ വികാരിയായി കാനോനികമായി സ്ഥാനമേൽക്കുന്നതു സംബന്ധിച്ച് ലത്തീൻ നിയമം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട് (CIC .c. 527). ഇടവകയിൽ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നതിൽ നിന്ന് ഗൗരവമായ സാഹചര്യങ്ങളിൽ വൈദികനെ ഒഴിവാക്കാൻ രൂപതാ മെത്രാന് കഴിയും. അത്തരം സാഹചര്യങ്ങ ളിൽ രൂപതാമെത്രാൻ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയ വിവരം വികാരിയായി നിയമിക്കപ്പെട്ട ഓരോ ഇടവകയിലേയും ജനങ്ങളെ അറിയിക്കേണ്ടതുണ്ട്.
വികാരിയായി സ്ഥാനമേറ്റശേഷം
നിയമിക്കപ്പെട്ട ഇടവകകളിൽ വികാരിയായി ഔദ്യോഗികമായി വൈദികൻ സ്ഥാനമേറ്റാൽ പിന്നെ പ്രസ്തുത ഇടവകകൾ വികാരിയില്ലാത്ത ഇടവകക ളായി (vacant parishes) ഒരിക്കലും പരിഗണിക്കപ്പെടു കയില്ല. ആ വൈദികൻ പ്രസ്തുത ഇടവകകളുടെ ഭരണചുമതലയിൽ നിന്ന് രാജിവയ്ക്കുകയോ രൂപതാ മെത്രാൻ അദ്ദേഹത്തെ ഇടവകകളുടെ ഭരണത്തിൽ നിന്ന് നിയമാനുസൃതം മാറ്റുകയോ (Transfer) ചെയ്താലല്ലാതെ മേൽപ്പറഞ്ഞ ക്രമീകരണത്തിൽ എന്തെ ങ്കിലും മാറ്റം വരുത്താൻ രൂപതാമെത്രാന് കഴിയുക യില്ല. അപ്രകാരമല്ലാതെ മേൽപ്പറഞ്ഞ ഏതെങ്കിലും ഒരിടവകയ്ക്ക് പുതിയൊരു വികാരിയെ മെത്രാൻ നിയമിച്ചാൽ മെത്രാൻറെ നിയമനം അസാധുവായിരിക്കും. കാരണം, നിയമപ്രകാരം ഒഴിവില്ലാത്ത ഒരു ഉദ്യോഗത്തിലേക്കുള്ള നിയമനം നിയമത്താൽ തന്നെ അസാധുവാണ്. പിന്നീട് ഉണ്ടാകുന്ന ഒഴിവ് ഇതിനെ സാധുവാക്കുന്നുമില്ല (CCEO.c. 943/1; CIC.c.153). രൂപതാ മെത്രാൻ മേൽപ്പറഞ്ഞ വൈദികനെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുമ്പോൾ വികാരിയായി അദ്ദേഹത്തെ നിയമിച്ച ഓരോ ഇടവകയിൽ നിന്നും അദ്ദേഹത്തെ സ്ഥലം മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടതായി വരും. എന്നാൽ ഒരിടവകയുടെ വികാരിയെ ഒഴിവുവന്ന അയൽ ഇടവകയിലെ ജനങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റാൻ താൽക്കാലികമായി ഏൽപ്പിച്ചാലും ആ ഇടവക ഒഴിവുവന്ന ഇടവകയായി തന്നെയാണ് പരിഗണിക്കപ്പെടുന്നത്. പ്രസ്തുത ഇടവകയിലേക്ക് മെത്രാന് ഏത് സമയവും വികാരിയെ നിയമിക്കാനും കഴിയും. ആത്മീയാവശ്യങ്ങൾ നിറവേറ്റാൻ നിയുക്തനായ വൈദികനെ ഇതിനുവേണ്ടി സ്ഥലം മാറ്റുകയോ അദ്ദേഹം രാജി വയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
ആചാരമാണ് നിയമത്തിൻറെ വ്യാഖ്യാതാവ്
മേൽപ്രസ്താവിച്ച താത്വികവും പ്രായോഗികവുമായ പരിഗണനകളുടെ വെളിച്ചത്തിൽ ഏതാനും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഒരിടവയ്ക്ക് ഒരു വികാരി മാത്രമേ പാടുള്ളൂ. വൈദികരുടെ ക്ഷാമം മൂലമോ, മറ്റ് കാരണങ്ങളാലോ ഒരു ഇടവകയുടെ വികാരിയെ അയൽ ഇടവകയിലെ ജനങ്ങളുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി നിയമിച്ചെന്നുവരാം. അതുപോലെതന്നെ വൈദികരുടെ ഒരു ഗണത്തെ ഒരു ഇടവകയുടെ ഭരണചുമതല ഏൽ പ്പിക്കുന്ന സാഹചര്യവും ഉണ്ടാകാം. ഡീക്കന്മാരെയോ അവൈദികരെയോ അജപാലന ചുമതല നിർവ്വഹി ക്കുന്നതിൽ പങ്കാളികളാക്കുന്ന സാഹചര്യവും ഉണ്ടാകാം. ഇത്തരം പ്രത്യേക സാഹചര്യങ്ങളെ നേരിടാനുള്ള നിയമങ്ങളൊന്നും നിയമസംഹിതയിൽ വ്യക്തമായി കൊടുത്തിട്ടില്ല. ഏത് സമൂഹത്തിനാണോ നിയമം നൽകപ്പെട്ടിരിക്കുന്നത് ആ സമൂഹത്തിൻറെ നിയമപാലനത്തിൽ നിന്നാണല്ലോ നിയമത്തിന് അതിൻറെ യഥാർത്ഥ അർത്ഥം കൈവരുന്നത്. നിയമത്തെക്കുറിച്ച് സംശയമോ അവ്യക്തതയോ ഉണ്ടാകുമ്പോൾ സമൂഹത്തിൻറെ യഥാർത്ഥ ജീവിതത്തിലേക്കാണ് നാം നോക്കേണ്ടത്. ഈ അർത്ഥത്തിൽ ആചാരമാണ് നിയമത്തിൻറെ ഏറ്റവും നല്ല വ്യാഖ്യാതാവ് എന്ന് പറയാം.
കാരുണികൻ മാഗസിന്റെ 2012 സെപ്തംബർ ലക്കത്തിൽനിന്നും
parish vicar vacant parishes Dr Jose Chiramel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



