x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാചരിത്രം

west സഭാചരിത്രം/ പുരാതന സഭാചരിത്രം

വചനത്തിൽനിന്നു പ്രവൃത്തിയിലേയ്ക്ക്

Authored by : ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ On 20-May-2026

അധ്യായം ഒന്ന് 

യാക്കോബ് ശ്ലീഹായുടെ ലേഖനം ഒരാമുഖം

 

പഴയനിയമ ദൈവജനമായ ഇസ്രായേലിൻ്റെ വിശുദ്ധ ഗ്രന്ഥമായ നിയമവും പ്രവാചകന്മാരും മറ്റു ലിഖിതങ്ങളുമായിരുന്നു ആദിമ ക്രൈസ്തവരുടെയും വിശുദ്ധ ഗ്രന്ഥം. പുതിയനിയമ ദൈവജനത്തിനു ജന്മം നല്കിയ നസ്രായനായ ഈശോ ഒന്നും എഴുതിയില്ല; എഴുതുവാൻ തൻ്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതുമില്ല. ഈശോ ഊന്നൽ നൽകിയത് ദൈവരാജ്യ പ്രഘോഷണത്തിനായിരുന്നു. അത് വാമൊഴിയിൽ അധിഷ്ഠിതമായിരുന്നു; ലിഖിത പാരമ്പര്യത്തെ ആശ്രയിച്ചായിരുന്നില്ല. കൂടാതെ, യുഗാന്ത്യത്തെക്കുറിച്ച് ആദിമ ക്രൈസ്‌തവർക്കുണ്ടായിരുന്ന കാഴ്ചപ്പാടും ഭാവിതലമുറയ്ക്കുവേണ്ടി എന്തെങ്കിലും എഴുതി സൂക്ഷിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ല. കർത്താവിൻ്റെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനം ഉടൻ സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവരെ സംബന്ധിച്ച് മിശിഹാചരിത്രം എഴുതി കൈമാറുന്നതിനു സമയമില്ലായിരുന്നു; പ്രസക്‌തിയുമില്ലായിരുന്നു (1കൊറി 16,22; വെളി 22,20).

പുതിയനിയമഗ്രന്ഥങ്ങളിൽ ലേഖനങ്ങളാണ് ആദ്യം എഴുതപ്പെട്ടത്. വി.പൗലോസ് ശ്ലീഹായാണ് താൻ സുവിശേഷമറിയിച്ച സഭാസമൂഹങ്ങൾക്ക് എഴുതുന്ന പാരമ്പര്യം ആരംഭിച്ചത്. രക്ഷയുടെ സുവിശേഷം പ്രഘോഷിച്ചു കൊണ്ട് പട്ടണങ്ങൾ തോറും ചുറ്റിസഞ്ചരിച്ചിരുന്ന പൗലോസ് ശ്ലീഹാ, തന്നിൽ നിന്നകലെയായിരുന്ന വിശ്വാസി സമൂഹങ്ങൾക്ക്, ഓരോ കാലത്തും, അതതു സമൂഹത്തിൻ്റെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച്, ഈശോയുടെ സുവിശേഷം വ്യാഖ്യാനിച്ചു നൽകി. അങ്ങനെ ആദ്യ നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയുടെ ആരംഭത്തിൽ വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കായി പൗലോസ് ശ്ലീഹാ ഏഴു ലേഖനങ്ങളെഴുതി: തെസലോനിക്കായിലെയും (ആദ്യലേഖനം), ഗലാത്തിയായിലെയും,ഫിലിപ്പോയിലെയും, കൊറിന്തോസിലെയും (രണ്ടു ലേഖനങ്ങൾ), റോമായിലെയും സഭാ സമൂഹങ്ങൾക്കും, ഫിലമോനുമെഴുതിയ ലേഖനങ്ങളാണവ. 

ഇതേ കാലയളവിൽതന്നെ ആദിമസഭയിലെ പ്രമുഖരായിരുന്ന പത്രോസ്, യാക്കോബ്, യോഹന്നാൻ, യൂദാ തുടങ്ങിയ ശ്ലീഹന്മാരും ലേഖനങ്ങളെഴുതിത്തുടങ്ങി. ഇവർ ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്‌തവ സമൂഹത്തെ എന്നതിലുപരി, സാർവ്വത്രിക സഭയെ ലക്ഷ്യം വച്ചുകൊണ്ടാണ് എഴുതിയത്. അതുകൊണ്ടാണ് അവരുടെ ഗ്രന്ഥങ്ങൾ “സാർവ്വത്രിക/കാതോലിക" ലേഖനങ്ങൾ എന്നറിയപ്പെടുന്നത്. സാർവ്വത്രിക ലേഖനങ്ങളുടെ ഈ ഗണത്തിലും ഏഴു ഗ്രന്ഥങ്ങളുണ്ട് (യാക്കോബ്; 1,2 പത്രോസ്; 1,2,3 യോഹന്നാൻ; യൂദാ). വിശ്വാസികളേവരെയും ഉദ്ദേശിച്ച് എഴുതപ്പെട്ടവ എന്ന നിലയിൽ ഇവയ്ക്കു സാർവ്വത്രിക പ്രസക്തിയുണ്ട്. ഇവയിൽ ആദ്യം എഴുതപ്പെട്ടത് യാക്കോബ് ശ്ലീഹായുടെ ലേഖനമാകണം. ഈ ലേഖനമാണ് നമ്മുടെ പഠനവിഷയം. 

 1.ലേഖന കർത്താവ്

ലേഖനത്തിൻ്റെ ആരംഭവാചകത്തിൽതന്നെ എഴുതുന്നയാൾ സ്വയം പരിചയപ്പെടുത്തുന്നുണ്ട്: “ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ ഈശോ മിശിഹായുടെയും ദാസനായ യാക്കോബ്". ശ്ലീഹന്മാരുടെ ഗണത്തിൽ “യാക്കോബ്" നാമധാരികളായി രണ്ടു പേരാണുള്ളത്. സെബദിയുടെ പുത്രനായ യാക്കോബും (മത്താ 1,19) ഹല്പൈയുടെ പുത്രനായ യാക്കോബും (മർക്കോ 3,18). ലേഖനത്തിൻ്റെ കർത്താവ് ഇതിൽ ആദ്യ ആളാവാൻ സാധ്യതയില്ല; കാരണം, ജറൂസലേം സഭയുടെ ആദ്യാദ്ധ്യക്ഷനായിരുന്ന അദ്ദേഹം ക്രിസ്‌തുവർഷം 44 നോടടുത്ത് ഹേറോദേസ് അഗ്രിപ്പയുടെ ഭരണകാലത്ത് രക്ത‌സാക്ഷിയായി (ശ്ലീഹ 12,2). ലേഖനത്തിൽ പ്രതിഫലിക്കുന്നത് 44 നു ശേഷമുള്ള പശ്ചാത്തലമാണ്. രണ്ടാമത്തെ യാക്കോബ് - ഹല്‌പൈയുടെ പുത്രൻ - തന്നെയായിരിക്കണം “നമ്മുടെ കർത്താവിൻ്റെ സഹോദരൻ" എന്നുകൂടി അറിയപ്പെടുന്ന യാക്കോബ് (മർക്കോ 6,3). ക്രിസ്‌തുവർഷം 62-ൽ രക്തസാക്ഷിയായ ഇദ്ദേഹമായിരുന്നു ജറുസലേം സഭയുടെ രണ്ടാമത്തെ തലവൻ (ശ്ലീഹ 12, 17;15,13;21,18). തൻ്റെ ആദ്യ ജറുസലേം സന്ദർശനത്തെക്കുറിച്ചു വി. പൗലോസ് ശ്ലീഹാ ഗലാത്തിയായിലെ സഭയ്ക്കു വിവരിച്ചുകൊടുക്കുമ്പോൾ പറയുന്ന ഒരു കാര്യം മേല്‌പറഞ്ഞ വാദത്തിന് ബലമേകുന്നുണ്ട്. വി. പൗലോസ് എഴുതുന്നു: “കർത്താവിൻ്റെ സഹോദരനായ യാക്കോബിനെയല്ലാതെ ശ്ലീഹന്മാരിൽ മറ്റാരെയും ഞാൻ കണ്ടില്ല" (ഗലാ 1,19). ജറുസലേമിൽ പൗലോസ് ശ്ലീഹാ സന്ദർശിച്ചത് ശ്ലീഹന്മാരിൽ ഒരുവനായ “കർത്താവിൻ്റെ സഹോദരൻ" എന്നറിയപ്പെട്ടിരുന്ന യാക്കോബിനെയാണെന്ന് ഇതിൽ നിന്നും വ്യക്‌തം. ഈ യാക്കോബ് തന്നെയായിരിക്കണം നമ്മുടെ പഠനവിഷയമായ ലേഖനത്തിൻ്റെ കർത്താവ്. അതുകൊണ്ടു തന്നെ ഈ ലേഖനത്തിൻ്റെ രചനാകാലം ക്രിസ്‌തുവർഷം 62-നു മുമ്പാണ്. 

താൻ ശ്ലീഹായാണെന്ന കാര്യം ലേഖനകർത്താവ് സൂചിപ്പിക്കുന്നില്ലാ എന്നൊരു എതിർവാദം ഉന്നയിക്കപ്പെട്ടേക്കാം. ശ്ലീഹാ എന്നു പറയുന്നില്ലെങ്കിലും “ദാസൻ” എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നതതുതന്നെയാണ്. കാരണം, പന്ത്രണ്ടു ശ്ലീഹന്മാരോടുമായി ഈശോ അരുളിച്ചെയ്‌ത വചനത്തിൻ്റെ യഥാർത്ഥ പൊരുൾ മനസിലാക്കിയ വ്യക്തിയായിരുന്നു യാക്കോബ്. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവിടുത്തെ മാതൃകയനുസരിച്ച് ശുശ്രൂഷയുടെ ജീവിതംവഴി എല്ലാവരുടെയും ദാസനായിരിക്കണം എന്നാണല്ലൊ ഈശോ നിർദ്ദേശിച്ചിരുന്നത് (മർക്കോ 10,44). ഇതു ഗ്രഹിച്ച യാക്കോബ് "ദൈവത്തിൻ്റെ ഈശോമിശിഹായുടെ ദാസൻ" എന്നു വിനയപൂർവ്വം സ്വയം വിശേഷിപ്പിക്കുന്നു. വെളിപാടുഗ്രന്ഥത്തിൻ്റെ കർത്താവായ യോഹന്നാൻ ശ്ലീഹായും “ഈശോമിശിഹായുടെ ദാസൻ" എന്നറിയപ്പെടാനാണ് ആഗ്രഹിച്ചത് (വെളി 1,11). 

“ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ ഈശോമിശിഹായുടെയും ദാസൻ” എന്നു സ്വയം പരിചയപ്പെടുത്തുന്നതിൽ നിന്നും ലേഖന കർത്താവിൻ്റെ വിശ്വാസ പശ്ചാത്തലത്തെക്കുറിച്ചു നമുക്ക് മനസിലാക്കാനാകും. പ്രപഞ്ച സ്രഷ്‌ടാവും പരിപാലകനുമായ പിതാവായ ദൈവത്തയും അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ ഈശോമിശിഹായെയും ഏകദൈവമായി അംഗീകരിച്ചേറ്റു പറയുന്ന സമൂഹത്തിൽ  അംഗമാണയാൾ. നസ്രായനായ ഈശോയെ കർത്താവും വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായുമായി വിശ്വസിച്ച് പ്രഘോഷിക്കുന്ന സഭാസമൂഹത്തിലെ അംഗം. ലേഖനകർത്താവിൻ്റെ വിശ്വാസ പ്രഖ്യാപനമാണ് ഈ ആദ്യ വാചകത്തിൽ നമ്മൾ ദർശിക്കുന്നത്. 

വിശ്വാസികളുടെ സമൂഹത്തിന് ആധികാരികമായി എഴുതുന്നതിനുള്ള അടിസ്ഥാനമെന്തെന്നും പരോക്‌ഷമായി സൂചിപ്പിക്കുന്നുണ്ടിവിടെ. ദൈവത്തിൻ്റെയും ഈശോമിശിഹായുടെയും തിരഞ്ഞെടുക്കപ്പെട്ട ദാസൻ - ശ്ലീഹാ - എന്ന നിലയിൽ സുവിശേഷ വ്യാഖ്യാനത്തിലൂടെ വിശ്വാസികൾക്കു നേർവഴി കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. ഈ ശ്ലൈഹിക ദൗത്യനിർവ്വഹണത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ലേഖനമെഴുതുന്നത് എന്നു വ്യംഗ്യം. 

നിയമാനുഷ്‌ഠാനത്തിൽ അതീവ ശ്രദ്ധയുണ്ടായിരുന്ന ഒരു യഹൂദ -ക്രൈസ്തവനായിരുന്നു വി. യാക്കോബ്. എന്നാൽ അദ്ദേഹം ഒരു കടുംപിടുത്തക്കാരനായിരുന്നില്ല. ഉദാഹരണത്തിന്, മിശിഹായിൽ വിശ്വസിക്കുന്നതിൻ്റെ ഭാഗമായി വിജാതീയർ പരിച്‌ഛേദനം സ്വീകരിക്കേണ്ടതില്ല എന്ന വി. പൗലോസ് ശ്ലീഹായുടെ നിലപാടിനോടും യോജിക്കുവാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടില്ലായിരുന്നു (ശ്ലീഹ 15; ഗല 2). അനാവശ്യമായ ഒരു ഭാരവും പുതുതായി വിശ്വാസം സ്വീകരിക്കുന്നവരുടെ മേൽ ചുമത്തേണ്ടതില്ലെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. 

ശ്ലീഹന്മാരുടേതിനോടടുത്ത കാലത്തു ജീവിച്ചിരുന്ന ഹെജെസിപ്പൂസ് യാക്കോബ് ശ്ലീഹായെക്കുറിച്ചു നൽകുന്ന വിവരണം സഭാചരിത്രകാരനായ എവുസേബിയസ് രേഖപ്പെടുത്തുന്നുണ്ട്: “നമ്മുടെ കർത്താവിൻ്റെ സഹോദരനായ യാക്കോബ് മറ്റു ശ്ലീഹന്മാരോടൊപ്പം സഭാധികാരിയായി. നമ്മുടെ രക്ഷകൻ്റെ കാലം മുതൽ ഇന്നുവരെ എല്ലാവരും അദ്ദേഹത്തെ നീതിമാൻ എന്നു വിളിക്കുന്നു... ഏകനായി ദൈവാലയത്തിൽ പ്രവേശിക്കുക പതിവായിരുന്ന അദ്ദേഹം മിക്കപ്പോഴും മുട്ടിന്മേൽ നിന്നു ജനങ്ങൾക്കുവേണ്ടി ക്ഷമായാചനം ചെയ്തിരുന്നു. നിരന്തരമായി ദൈവാരാധനയ്ക്കായി മുട്ടുകുത്തിയിരുന്നതിനാൽ അദ്ദേഹത്തിൻ്റെ മുട്ടുകൾ ഒട്ടകത്തിൻ്റെതുപോലെ തഴമ്പിച്ചിരുന്നു" (എവുസേബിയസിൻ്റെ സഭാചരിത്രം II, 23,4-7). ഈ വിശ്വാസതീവ്രത അദ്ദേഹത്തിൻ്റെ ലേഖനത്തിലും പ്രതിഫലിക്കുന്നുണ്ട്.

2. പന്ത്രണ്ടു ഗോത്രങ്ങൾക്ക് 

വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കാണ് വി. യാക്കോബ് എഴുതുന്നത്. അക്രൈസ്‌തവരായ ജനതകൾക്കിടയിൽ ജീവിക്കുന്ന ലോകത്തെമ്പാടുമുള്ള വിശ്വാസികളെയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. "പന്ത്രണ്ടു ഗോത്രങ്ങൾ" എന്ന പ്രയോഗം പഴയനിയമത്തിലെ യാക്കോബിൻ്റെ സന്തതിപരമ്പരയിൽപ്പെട്ട പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്. ആ പഴയനിയമ ജനതയുടെ തുടർച്ചയും പൂർത്തീകരണവുമായാണ് പുതുതായി രൂപം കൊണ്ട് പുതിയനിയമ ദൈവജനത്തെ യാക്കോബ് വീക്ഷിക്കുന്നത്. പഴയനിയമ യാക്കോബിൻ്റെ പന്ത്രണ്ടു മക്കളുടെ സ്‌ഥാനത്താണല്ലൊ പന്ത്രണ്ടു ശ്ലീഹന്മാർ. പുതിയനിയമ ജനമായ ക്രൈസ്‌തവർക്കെഴുതുന്നതിന് യാക്കോബ് ശ്ലിഹായ്ക്കുള്ള അധികാരം കൂടി വ്യംഗ്യമായി സൂചിപ്പിക്കപ്പെടുന്നുണ്ടിവിടെ. വിശുദ്ധ പത്രോസ്ശ്ലീഹാ തൻ്റെ ലേഖനമെഴുതുന്നതും വിവിധ സ്‌ഥലങ്ങളിൽ ചിതറിപ്പാർക്കുന്ന പ്രവാസികൾക്കാണ് (1 പത്രോ 1, 17; 2,11). 

രണ്ടാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയോടെ പൂർത്തിയാക്കപ്പെട്ട “ഹെർമാസിൻ്റെ ഇടയനി"ലും ഭൂമി മുഴുവൻ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. ദർശനത്തിൽ ഇടയൻ ഹെർമാസിനു കാണിച്ചുകൊടുത്ത അതിവിശാലമായ സമതലത്തിനു ചുറ്റും വിവിധ ആകൃതിയിലുള്ള പന്ത്രണ്ടു മലകളുണ്ടായിരുന്നു (ഹെർമാസിൻ്റെ ഇടയൻ, ഒമ്പതാം ഉപമ 1,4). ഇടയൻതന്നെ ഈ ദർശനത്തിൻ്റെ അർത്ഥം വിശദീകരിക്കുന്നുണ്ട്: “ഭൂമി മുഴുവൻ വസിക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളാണ് ഈ പന്ത്രണ്ടു മലകൾ. അവരോട് ശ്ലീഹന്മാർ ദൈവപുത്രനെപ്പറ്റി പ്രസംഗിച്ചു... ലോകത്തിൽ വസിക്കുന്ന ഈ പന്ത്രണ്ടു ഗോത്രങ്ങൾ ലോകത്തിലുള്ള പന്ത്രണ്ടു രാഷ്ട്രങ്ങളാണ്. അവർ അറിവിലും ബുദ്ധിയിലും വൈവിധ്യമുള്ളവരാണ് (ഹെർമാസിൻ്റെ ഇടയൻ, ഒമ്പതാം ഉപമ 17,1-2). ശ്ലീഹന്മാർ സുവിശേഷമറിയിച്ച വിവിധങ്ങളായ രാഷ്ട്രങ്ങളിൽ ആണല്ലൊ മിശിഹായുടെ സഭ രൂപംകൊണ്ടത്. ഈ ഭൂമിയിൽ പരദേശികളായ ക്രൈസ്‌തവർക്കുണ്ടായിരിക്കേണ്ട മനോഭാവവും ഇടയൻ വ്യക്തമാക്കുന്നുണ്ട്: “ദൈവദാസന്മാരായ നിങ്ങൾ വിദേശത്താണു വസിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലൊ. കാരണം, നിങ്ങളുടെ നഗരം ഈ നഗരത്തിൽ നിന്നു ദൂരെയാണ്. നിങ്ങൾ സ്‌ഥിരമായി വസിക്കേണ്ട നഗരം ഏതെന്നറിയാമെങ്കിൽ ഇവിടെയെന്തിന് വയലുകളും വലിയ സ്‌ഥാപനങ്ങളും വീടുകളും ചെലവുകൂടിയ കെട്ടിടങ്ങളും സമ്പാദിക്കുന്നു. ഈ നഗരത്തിൽ ഇവ സമ്പാദിക്കുന്നവൻ തൻ്റെ യഥാർത്ഥ നഗരത്തിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതേയില്ല" (ഹെർമാസിൻ്റെ ഇടയൻ, ഒന്നാം ഉപമ 1-2). വി.പത്രോസിൻ്റെ മൂന്നാമത്തെ പിൻഗാമിയായിരുന്ന വി. ക്ലെമെൻറ് കൊറീന്തോസിലെ സഭയ്ക്കെഴുതുമ്പോഴും ഈ യാഥാർത്ഥ്യം അനുസ്‌മരിപ്പിക്കുന്നുണ്ട്: “സഹോദരരേ, ഈ ലോകത്തിൽ പരദേശികൾ എന്ന നിലയ്ക്ക്, ഭൗമിക ജീവിതത്തിനധികം പ്രാധാന്യം നല്കാതെ, നമ്മെ വിളിച്ചവൻ്റെ തിരുഹിതം നിറവേറ്റുവാൻ നമുക്കു ശ്രമിക്കാം. ഈ ലോകത്തിൽ നിന്നു വേർപിരിഞ്ഞു പോകുവാൻ വൈമനസ്യമില്ലാത്തവരുമായിരിക്കാം... ജഡത്തിൻ്റെ ഈ ലോകത്തിലുള്ള പ്രവാസം ഹ്രസ്വവും ക്ഷണികവുമാണെന്നറിഞ്ഞുകൊള്ളുവിൻ. എന്നാൽ മിശിഹായുടെ വാഗ്‌ദാനം മഹത്തരവും വിസ്‌മയജനകവും, വരുവാനിരിക്കുന്ന രാജ്യത്തിലും നിത്യജീവിതത്തിലുമുള്ള വിശ്രമവുമാണ് (വി. ക്ലെമെൻറ് കൊറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം 5,1-6). "വിജാതീയരുടെയിടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾ" എന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോൾ യാക്കോബ് ശ്ലീഹാ പകർന്നു നൽകാനുദ്ദേശിക്കുന്ന ആശയവും മറ്റൊന്നുമല്ല. 

വിജാതീയരുടെയിടയിൽ പലപ്രാവശ്യം ചിതറിപാർക്കേണ്ട ദൗർഭാഗ്യം ഇസ്രായേൽ ജനത്തിനുണ്ടായി. യാഹ്‌വെയുടെ മഹത്ത്വം മറ്റു ജനതകൾക്കിടയിൽ അറിയപ്പെടുന്നതിനുള്ള ഒരവസരമായി ദൈവമതിനെ പരിണമിപ്പിച്ചു. പുതിയ ദൈവജനമായ ക്രൈസ്‌തവരുടെ ദൗത്യം ഇതിനു സദൃശമാണെന്ന് യാക്കോബ് സൂചിപ്പിക്കുന്നു. മറ്റു മതവിശ്വാസികൾക്കിടയിൽ ക്രൈസ്‌തവ വിശ്വാസം ജീവിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മളും നമ്മുടെ ജീവിതസാക്ഷ്യത്തിലുടെ സത്യദൈവത്തെയും ഈശോമിശിഹായെയും അവർക്കു വെളിപ്പെടുത്തികൊടുക്കണമെന്നു സൂചിതം.

3.ലേഖന ഘടന 

വി. യാക്കോബിൻ്റെ ലേഖനത്തിലെ ആദ്യധ്യായം ലേഖനം മുഴുവൻ്റെയും പ്രമേയം അവതരിപ്പിക്കുന്നുണ്ട്. ഈ അധ്യായത്തിൻ്റെ ഘടന ഗ്രഹിച്ചാൽ ലേഖനം മുഴുവൻ്റെയും ഘടന മനസിലാക്കുവാൻ എളുപ്പമുണ്ട്. ഒന്നാം വാചകം ലേഖനകർത്താവിൻ്റെ സ്വയം പരിചയപ്പെടുത്തലും ആരെ ഉദ്ദേശിച്ചാണ് എഴുതുന്നതെന്ന വസ്തുതയും പ്രാരംഭാശംസയും ഉൾക്കൊള്ളുന്നു. തുടർന്നുള്ള ഭാഗത്ത് താഴെപ്പറയുന്ന ക്രമം കാണുവാൻ സാധിക്കും. 

1,2-4 വിശ്വാസപരീക്ഷകൾ 

B 1,5-8 വിശ്വാസത്തിലെ ഇരട്ടത്താപ്പ് 

C 1,9-16 ജീവൻ്റെ കിരീടത്തെക്കുറിച്ചുള്ള വാഗ്ദാനം 

D 1,17-18 സത്യത്തിൻ്റെ വചനത്തിലൂടെ വിശ്വാസജീവിതത്തിലേയ്ക്ക് 

C 1,19-21 രക്ഷാകരമായ വചനം

1,22-25 വചനത്തെ സംബന്ധിച്ചുള്ള ഇരട്ടത്താപ്പ് 

A 1,26-27 വിശ്വാസജീവിതം 

വിശ്വാസജീവിതമാണ് മുഖ്യപ്രമേയമെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാരംഭിക്കുന്ന അധ്യായം (A) വിശ്വാസജീവിതത്തിൻ്റെ പ്രായോഗികവശം ചുണ്ടിക്കാണിച്ചുകൊണ്ട് അവസാനിക്കുന്നു (A). ഈശോയിൽ വിശ്വസിക്കുന്നുവെന്ന് പറയുകയും ദൈവിക വാഗ്ദ‌ാനങ്ങളെക്കുറിച്ച് സംശയിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പു നയമാണ് (B), കേൾക്കുന്ന വചനമനുസരിച്ച് ജീവിക്കാതിരിക്കുന്നതും ഇരട്ടത്താപ്പു തന്നെ (B). വിശ്വാസപരീക്ഷകളിൽ വീഴാതെ ഉറച്ചുനിൽക്കുന്നവർക്ക് നിത്യജീവൻ കിരീടം ദൈവം വാഗ്ദ‌ാനം ചെയ്യാതിരിക്കുന്നു (C). ഈ വാഗ്ദാനം നമുക്കു ലഭിച്ചിരിക്കുന്നത് യഥാർത്ഥ വചനമായ ഈശോയിലൂടെയാണ്. ഈ വചനം നമ്മുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതാണ് (C'). 

അധ്യായത്തിൻ്റെ മധ്യഭാഗത്ത് ക്രൈസ്‌തവാസ്‌തിത്വത്തിൻ്റെ അടിസ്ഥാനം വിവരിക്കപ്പെടുന്നു(D): സത്യത്തിൻ്റെ വചനത്തിലൂടെ പുതിയൊരു വിശ്വാസജീവിതത്തിലേയ്ക്കുള്ള ജന്മമാണത്. വിശ്വാസികളുടെ സമൂഹത്തിൽ നിലനില്ക്കുന്ന വിവിധങ്ങളായ പരീക്ഷകളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ആരംഭിക്കുന്ന വി.യാക്കോബ് അവയെ വിശ്വാസത്തിൻ്റെ മാറ്റ് തെളിയിക്കുന്നതിനുള്ള അവസരങ്ങളായാണ് വിശദീകരിക്കുന്നത്. അവയെ വിജയപൂർവം തരണം ചെയ്താൽ ദൈവം വാഗ്ദാനം ചെയ്ത്‌തിരിക്കുന്ന ജീവൻ്റെ കിരീടം ഉറപ്പ്. ഈ കിരീടം പ്രാപിക്കുന്നതിനു സഹായകമായ മനോഭാവങ്ങളും മാർഗങ്ങളും നിർദ്ദേശിക്കുകയാണ് യാക്കോബ് ശ്ലീഹാ ലേഖനത്തിലുടനീളം. ഈ നിർദ്ദേശങ്ങൾക്കെല്ലാം അടിസ്ഥ‌ാനം നവജന്മം നൽകുന്ന സത്യത്തിൻ്റെ വചനം തന്നെ. ദൈവപുത്രനും മിശിഹായുമായ നസ്രായനായ ഈശോയാണ് ഈ വചനം. ക്രൈസ്‌തവൻ്റെ പുതുജന്മം വചനത്തിൽ നിന്നാകയാൽ ജീവിതവും വചനാധിഷ്‌ഠിതമാകണമെന്നു യാക്കോബ് സ്ഥാപിക്കുന്നു. വചനം ശ്രവിക്കുന്നവരും അനുദിനജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരും ആകണം എന്നു ചുരുക്കം. ഈ വചനത്തിൻ്റെ കാതലാകട്ടെ, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നതിലും അടങ്ങിയിരിക്കുന്നു. ഇതിനെ സ്വാതന്ത്യ്രത്തിൻ്റെ, പരിപൂർണതയുടെ നിയമം എന്നാണ് യാക്കോബ് ശ്ലീഹാ വിശേഷിപ്പിക്കുന്നത്. യഥാർത്ഥ ദൈവഭക്തി അഥവാ വിശ്വാസജീവിതം ഈ നിയമത്തിൻ്റെ പ്രാവർത്തികമാക്കലിനെ ആശ്രയിച്ചിരിക്കുന്നു. 1,26-27-ൽ ലേഖന കർത്താവ് വിശദീകരിക്കുന്നത് അതാണ്. ഈ നിയമപ്രകാരം വിശ്വാസി തൻ്റെ നാവിനെ നിയന്ത്രിക്കാൻ പഠിക്കണം. ഇതുമാത്രം പോരാ. സമൂഹത്തിൽ ക്ലേശമനുഭവിക്കുന്നവരുടെ വേദനയകറ്റാൻ തന്നാലാവുന്നതൊക്കെ ചെയ്യുകയും വേണം. അനാഥരെയും വിധവകളെയും അവരുടെ ദുരിതങ്ങളിൽ സഹായിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വി. യാക്കോബ് ഉദ്ദേശിക്കുന്നതിതാണ്. എല്ലാറ്റിൻ്റെയും മകുടമെന്നോണം ഈ ലോകത്തിൻ്റെ കളങ്കമേശാതെ ജീവിക്കുകയും വേണം. ഇപ്രകാരമുള്ള ജീവിതമാണ് വിശ്വാസപരീക്ഷകളെ വിജയകരമായി തരണം ചെയ്യുവാൻ ഒരുവനെ പ്രാപ്തനാക്കുന്നത്. തുടർന്നുവരുന്ന അധ്യായങ്ങളിൽ മേല്പറഞ്ഞ മൂന്നാശയങ്ങളാണ് വിശുദ്ധ യാക്കോബ് വികസിപ്പിച്ച് അവതരിപ്പിക്കുന്നത്. യാക്കോബ് ശ്ലീഹാ വിശകലനം ചെയ്യുന്ന ഈ ആശയങ്ങൾ ഇനിയുള്ള മുന്നദ്ധ്യായങ്ങളിലായി പഠനവിധേയമാക്കുകയാണ് നമ്മൾ.

അധ്യായം രണ്ട് 

വിശ്വാസപരീക്ഷകളും ക്രൈസ്തവ മനോഭാവവും 

നസ്രായനായ ഈശോമിശിഹായുടെ ജീവിതവും പ്രബോധനങ്ങളും ഈ ലോകത്തിനെന്നും ഒരു വെല്ലുവിളിയാണ്. കാരണം അവിടുന്നു ജീവിച്ചതും പ്രവർത്തിച്ചതും പഠിപ്പിച്ചതും ഈ ലോകത്തിൻ്റെ മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നില്ല. മറിച്ച്, ഈ ലോകദൃഷ്‌ടിയിൽ ഭോഷത്തമെന്നു തോന്നിയേക്കാവുന്ന മൂല്യങ്ങളിലധിഷ്‌ഠിതമായിരുന്നു ആ ജീവിതം. വെറും മാനുഷികം മാത്രമായ ചിന്തകളെ മറികടന്ന് ദൈവികമായി ചിന്തിക്കാനും പ്രവർത്തിക്കാനുമായിരുന്നു അവിടുന്നു തൻ്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. ലോകത്തിൻ്റെ വഴിയേ ചരിക്കാതിരുന്നതു കൊണ്ട് അത് അവിടുത്തെ ദ്വേഷിച്ചതുപോലെ, ലോകത്തിൻ്റെതല്ലാതെ ജീവിക്കുന്ന ശിഷ്യരെയും ലോകം വെറുക്കും എന്നവിടുന്നു മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (യോഹ 17,14-19). ചെന്നായ്ക്കളുടെ ഇടയിലേയ്ക്കു കുഞ്ഞാടുകളെ എന്നപോലെയാണവിടുന്ന് ശിഷ്യരെ ലോകത്തിലേക്കയയ്ക്കുന്നത്. സർപ്പത്തിൻ്റെ വിവേകവും പ്രാവിൻ്റെ നിഷ്കളങ്കതയും കൊണ്ടു മാത്രമേ, അവിടെ വിജയിക്കാനാവൂ (മത്താ 10,16). “എൻ്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും, എന്നാൽ അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ ജീവിക്കും" (മത്താ 10,22). അവിടുന്നു ലോകത്തെ കീഴടക്കിയിരിക്കുന്നു എന്നതാണ് കഷ്‌ടതകളിൽ ക്രൈസ്തവനു ധൈര്യം പകരുന്ന യാഥാർത്ഥ്യം (യോഹ 16,33). പരീക്ഷകളിൽ അവൻ വിശ്വാസം ക്ഷയിക്കാതിരിപ്പാൻ അവിടുന്ന് അവനുവേണ്ടി പിതാവിനോടു പ്രാർത്ഥിക്കുന്നുമുണ്ട് (ലൂക്കാ 22,31-32). അവിടുത്തോടൊപ്പം സഹിച്ചാൽ നമുക്കും അവിടുത്തോടൊപ്പം മഹത്ത്വത്തിൽ പങ്കുചേരാം. “എൻ്റെ പരീക്ഷകളിൽ എന്നോടൊപ്പം നിന്നവരാണ് നിങ്ങൾ. എൻ്റെ പിതാവ് എനിക്കൊരു രാജ്യം വാഗ്ദാനം ചെയ്‌തതുപോലെ, ഞാനും നിങ്ങൾക്കു വാഗ്ദാനംചെയ്യുന്നു. എൻ്റെ രാജ്യത്തിൽ നിങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിലിരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യും" (ലൂക്കാ 22,30) എന്നവിടുന്നു നമ്മോടു പറയും. നമ്മുടെ കർത്താവിൻ്റെ മാതൃകയിൽ നിന്നു ശക്‌തി സ്വീകരിക്കുന്ന ക്രൈസ്‌തവന് ഈ ലോകത്തിൻ്റെ പ്രവണതകൾക്കെതിരെ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരണ നൽകുന്നത് ഈ വാഗ്ദാനമാണ്. 

ക്രൈസ്തവൻ ഈ ലോകത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടവനായതുകൊണ്ട് ലൗകിക സ്വാധീനങ്ങൾ അവനിലുണ്ടാകുക സ്വാഭാവികമാണ്. ഈ ലോകത്തിൻ്റെ വഴികളിലേക്കു ചാഞ്ഞു തുടങ്ങിയ ഒരു ക്രൈസ്‌തവസമൂഹത്തിനു വന്നുഭവിച്ചേക്കാവുന്ന അപകടത്തിൽ നിന്നു രക്ഷിക്കുന്നതിനായി, യാക്കോബ് ശ്ലീഹാ ശ്രമിക്കുന്നതാണ് ലേഖനത്തിൽ ആദ്യന്തം നമ്മൾ കാണുന്നത്. വിശ്വാസ ജീവിതത്തിലുണ്ടാകുന്ന ഇത്തരം പരീക്ഷകളെ മിശിഹായുടെ മനോഭാവത്തിനനുസൃതം എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിൻ്റെ പ്രായോഗിക നിർദ്ദേശങ്ങളാണ് ലേഖനത്തിൻ്റെ സിംഹഭാഗവും. കർത്താവിൻ്റെ തന്നെ വചനങ്ങളിൽ ഊന്നി നിന്നുകൊണ്ട് അവിടുത്തെ മനസ് വിശ്വാസികൾക്കു വ്യാഖ്യാനിച്ചുകൊടുക്കുകയാണ് യാക്കോബ് ശ്ലീഹാ.

1.വിശ്വാസവും പരീക്ഷയും 

വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ പരാമർശിച്ചു കൊണ്ടാണ് യാക്കോബ് ശ്ലീഹാ തൻ്റെ ലേഖനമാരംഭിക്കുന്നത്: “എൻ്റെ സഹോദരരേ, വിവിധ പരീക്ഷകൾ ഉണ്ടാകുമ്പോൾ നിങ്ങൾ അധികമായി സന്തോഷിക്കുവിൻ" (1,2). ഈശോമിശിഹായിലുള്ള വിശ്വാസത്തിനു ഹാനികരമായേക്കാവുന്ന പരീക്ഷകളെ അഭിമുഖീകരിക്കുന്ന ഒരു സമൂഹത്തിനാണ് വി. യാക്കോബ് എഴുതുന്നതെന്നു സ്‌പഷ്ട‌ം. പരീക്ഷയെ സൂചിപ്പിക്കുവാനായി ലേഖനകർത്താവ് ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന് (peirasmos) പാപത്തിലേക്കു നയിക്കാവുന്ന സാഹചര്യം, അവസരം എന്നൊക്കെയാണ് അർത്ഥം. “പ്രലോഭനം” എന്ന അർത്ഥവും ഈ പദത്തിനുണ്ട്. വിശ്വാസത്തിൻ്റെ പേരിൽ പീഡനമോ, സഹനമോ ഉണ്ടാകുമ്പോൾ, തിന്മയ്ക്കിടം നൽകാതെ, അധികമായി സന്തോഷിക്കുവാനാണാഹ്വാനം. 

ഗിരിപ്രഭാഷണത്തിൻ്റെ ആരംഭത്തിലെ സുവിശേഷഭാഗ്യങ്ങൾ ഈശോ അവസാനിപ്പിക്കുന്നത് അവിടുന്നിൽ വിശ്വസിക്കുന്നവർ അവിടുത്തെപ്രതി സഹിക്കേണ്ടിവരുന്ന ക്ലേശങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്കിക്കൊണ്ടാണ്: “മനുഷ്യർ എന്നെപ്രതി നിങ്ങളെ പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ സകല ദൂഷണങ്ങളും വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിച്ച് ആനന്ദിക്കുവിൻ. കാരണം, സ്വർഗരാജ്യത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (മത്താ 5,11-12). ഈശോയിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽതന്നെ സഹന പരീക്ഷകൾ ഉണ്ടാകുമെന്ന് അവിടുന്ന് മുൻകൂട്ടി അറിയിച്ചിരിക്കുന്നു. കാരണം, അവിടുന്നു പോയ വഴി പീഡകളുടെയും സഹനത്തിന്റേതുമായിരുന്നു. അവിടുത്തെ അനുഗമിക്കുന്നവരുടെ മാർഗം ഇതിൽ നിന്നു വ്യത്യസ്‌തമാവില്ല. നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ പരീക്ഷകളെ നേരിടുന്ന വിശ്വാസികൾക്കായി വ്യാഖ്യാനിക്കുകയാണ് യാക്കോബ് ശ്ലീഹാ. 

മിശിഹായുടെ വചനത്തിൻ്റെ ചുവടുപിടിച്ച് അദ്ദേഹം തുടർന്നെഴുതുന്നു: “പരീക്ഷകൾ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. കാരണം, അവയെ അതിജീവിച്ചു കഴിയുമ്പോൾ, തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവിൻ്റെ കിരീടം അവനു ലഭിക്കും" (1,2). സ്വർഗരാജ്യത്തിൽ ലഭിക്കുമെന്ന് ഈശോ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലമാണീ ജീവൻ്റെ കിരീടം. പരീക്ഷകളിൽ അതിയായി സന്തോഷിക്കുവാൻ വിശ്വാസിക്കു പ്രചോദനം നൽകേണ്ടത് ജീവൻ്റെ കിരീടത്തെക്കുറിച്ചുള്ള ഈ വാഗ്ദ‌ാനമാണ്. 

അപ്പസ്തോലിക പിതാക്കന്മാരുടെ കൃതികളിലൊന്നായ “ഹെർമാസിൻ്റെ ഇടയനിൽ" ഹെർമാസിനുണ്ടായ രണ്ടാം ദർശനത്തിൻ്റെ വിവരണത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "നീതി പ്രവർത്തിക്കുകയും സ്ഥിരചിത്തതയോടുകൂടി വ്യാപരിക്കുകയും ചെയ്യുന്ന നിങ്ങൾ ഉറച്ചിരിക്കുവിൻ; വിശുദ്ധ മാലാഖമാരുടെ സംഘങ്ങളോടുകൂടെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കും. വരാനിരിക്കുന്ന വലിയ മതപീഡനം സഹിക്കുകയും ജീവൻ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. കാരണം, മിശിഹായെ ഉപേക്ഷിച്ചവർ ജീവനിൽനിന്നു പുറന്തള്ളപ്പെടുമെന്ന് കർത്താവ് തൻ്റെ പുത്രനിലൂടെ ശപഥം ചെയ്തിരിക്കുന്നു" (ഹെർമാസിൻ്റെ ഇടയൻ, ദർശനം 2,2.7-8). പരീക്ഷകളിൽ ജീവനായ മിശിഹായെ ഉപേക്ഷിക്കാതിരിക്കുന്നവർക്ക് ജീവൻ്റെ കിരീടം ലഭിക്കും. 

പഴയനിയമ ഗ്രന്ഥമായ പ്രഭാഷകൻ്റെ ആരംഭവും ഇത്തരത്തിലാണ്: “എൻ്റെ മകനേ, നീ കർത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കിൽ പ്രലോഭനങ്ങളെ നേരിടാൻ ഒരുങ്ങിയിരിക്കുക. നിൻ്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ. ആപത്തിൽ അടിപതറരുത്. അവിടുത്തോടു വിട്ടകലാതെ ചേർന്നുനിൽക്കുക. നിൻ്റെ അന്ത്യദിനങ്ങൾ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാൽ, സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിൻ്റെ ചൂളയിൽ കർത്താവിനു സ്വീകാര്യരായ മനുഷ്യരും" (പ്രഭാ 2,1-5). കർത്തൃശുശ്രൂഷയിൽ അവശ്യാവശ്യം പ്രലോഭനങ്ങൾ ഉണ്ടാകുമെന്നുറപ്പ്. ഹൃദയം അവക്രവും അചഞ്ചലവുമായി കാത്തു സൂക്ഷിച്ച് ഒരുങ്ങിയിരിക്കുക എന്നതാണ് പ്രലോഭനങ്ങളെ തരണം ചെയ്യാനുള്ള മാർഗം. ശാന്തത കൈവിടാതെയും അടിപതറാതെയും കർത്താവിനോടു ചേർന്നുനിന്നാൽ പരീക്ഷകളിൽ വിജയം സുനിശ്ചിതം; അന്ത്യദിനങ്ങൾ ധന്യം. അഗ്നിയിൽ സ്വർണ്ണം ശുദ്ധിചെയ്യപ്പെടുമ്പോൾ അതിൻ്റെ മാറ്റ് തെളിയുന്നതുപോലെ സഹനത്തിൻ്റെ തീച്ചൂളയിൽ ദൈവമനുഷ്യൻ വിശ്വാസമാറ്റും തെളിയും. യാക്കോബ് ശ്ലീഹാ പഠിപ്പിക്കാനുദ്ദേശിക്കുന്നതും ഇതുതന്നെ. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ക്ഷമ വർദ്ധിക്കുമെന്നും അതുവഴി പൂർണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരുമായിത്തീരുവാൻ ഇടയാകുമെന്നുമാണ് യാക്കോബ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. 

വി. പൗലോസ് ശ്ലീഹാ റോമായിലെ സഭയ്ക്കെഴുതുമ്പോഴും വിശ്വാസ ജീവിതത്തിലുണ്ടാകുന്ന കഷ്‌ടതകളെക്കുറിച്ചു പ്രതിപാദിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്: "നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. കാരണം, കഷ്‌ടതകൾ സഹനശീലം ഉളവാക്കുന്നുവെന്നു നമുക്കറിയാം. സഹനശീലത്തിൽ നിന്നു സ്വഭാവഗുണവും സ്വഭാവഗുണത്തിൽ നിന്നു പ്രത്യാശയുമുണ്ടാകുന്നു" (റോമ 5,3). ഈ പ്രത്യാശയാണ് യാക്കോബ് ശ്ലീഹായും പരീക്ഷകളെ അതിജീവിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവൻ്റെ കിരീടത്തെക്കുറിച്ചെഴുതുമ്പോൾ വിവക്ഷിക്കുന്നത് (യാക്കോ 1,12). ചഞ്ചല ചിന്തരായിരിക്കുന്നവർക്ക് കർത്താവിൽ നിന്നൊന്നും പ്രതീക്ഷിക്കാനില്ലല്ലൊ (യാക്കോ 1,8). 

വി. പത്രോസ് ശ്ലീഹാ തൻ്റെ ലേഖനാരംഭത്തിലും വിശ്വാസ പരീക്ഷകളെക്കുറിച്ചു പറയുന്നുണ്ട്: “ഇപ്പോൾ, അല്‌പകാലത്തേയ്ക്ക്, പലവിധ പരീക്ഷണങ്ങളാൽ നിങ്ങൾ പീഡകൾ സഹിക്കുന്നെങ്കിലും, അക്കാരണത്താൽ നിങ്ങൾ എന്നും സന്തോഷിക്കും. നിങ്ങളുടെ വിശ്വാസത്തിൻ്റെ മാറ്റ്, അഗ്നിയാൽ ശുദ്ധിചെയ്തെടുക്കുന്ന നശ്വരമായ സ്വർണ്ണത്തിൻ്റെതിനെക്കാൾ ഉത്കൃഷ്‌ടമാണെന്ന് ഈശോമിശിഹാ പ്രത്യക്ഷനാകുമ്പോൾ അറിയാനിടയാകും. അതു നിങ്ങൾക്കു സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും" (1പത്രോ. 1, 6-7). പീഡകൾ സന്തോഷപൂർവം സഹിച്ച് പരീക്ഷകളെ അതിജീവിക്കുന്നവർക്ക് കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിൽ രക്ഷയും നിത്യജീവനും ലഭിക്കും.

2. പരീക്ഷകളുടെ സ്വഭാവം 

വിവിധ പരീക്ഷകൾ ഉണ്ടാകുമ്പോൾ സന്തോഷിക്കുവാനുള്ള ആഹ്വാനം ലേഖനാരംഭത്തിൽ തന്നെ നൽകുന്നെങ്കിലും പരീക്ഷണത്തിൻ്റെ സ്വഭാവത്തെക്കുറിച്ചു പരാമർശമൊന്നുമില്ലവിടെ (1,2-4). ഏതു തരത്തിലുള്ള പരീക്ഷകളാണ് വി. യാക്കോബിൻ്റെ ലേഖനം വായിക്കുന്ന വിശ്വാസി സമൂഹം നേരിടേണ്ടിയിരുന്നത് എന്നു മനസിലാക്കാൻ 9-10 വാക്യങ്ങൾ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണു നമുക്കൊരു സൂചനയെങ്കിലും ലഭിക്കുക. ധനികരും ദരിദ്രരുമാണ് ഈ ഭാഗത്തെ പ്രധാന പ്രമേയം. "വിനീത സഹോദരൻ തൻ്റെ ഉയർച്ചയിൽ അഭിമാനിക്കട്ടെ... ധനവാൻ തൻ്റെ താഴ്‌മയിലും". സമ്പത്താണിവിടെ പരീക്ഷണഹേതു. സമ്പത്താണല്ലൊ ധനിക-ദരിദ്ര വിവേചനത്തിനടിസ്ഥാനം. ധനികനും ദരിദ്രനും സമ്പത്ത് ഒരുപോലെ പരീക്ഷയാണ്: ദരിദ്രനെ സംബന്ധിച്ച് സമ്പത്തിൻ്റെ അഭാവവും ധനികനെ സംബന്ധിച്ച് സമ്പത്തിൻ്റെ ധാരാളിത്തവും. 

സമ്പത്തും അതിൻ്റെ പ്രൗഡിയുമില്ലാത്തതുകൊണ്ട് ദരിദ്രൻ മറ്റുള്ളവരുടെ അവഗണനയ്ക്കും പരിഹാസത്തിനും പാത്രമായേക്കാം. മുഷിഞ്ഞ വസ്ത്രം ധരിച്ച് സംഘത്തിൽ പ്രവേശിക്കുന്ന ദരിദ്രനോട്, സ്വർണ്ണമോതിരങ്ങളും വിശിഷ്ട വസ്ത്രങ്ങളും അണിഞ്ഞു വരുന്ന ധനികനോട് കാണിക്കുന്ന പരിഗണനയും താൽപര്യവും സമൂഹം പ്രദർശിപ്പിച്ചെന്നുവരില്ല (2, 1-3). ദരിദ്രനു തൻ്റെ ദാരിദ്ര്യാവസ്‌ഥ പരീക്ഷണാവസരമായി പരിണമിക്കുന്നിവിടെ. ഇത്തരം വേളകളിൽ വിശ്വസ്‌തരായി നില കൊള്ളുന്ന ദരിദ്രർ പൂർണ്ണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരുമായി ഭവിക്കും. ഏകമനസ്‌കരായ ഇക്കൂട്ടരാണ് യഥാർത്ഥ ജ്‌ഞാനികൾ. ദൈവത്തിൻ്റെ അനന്തനന്മയിലും വിശ്വസ്‌തതയിലും ഉറച്ച വിശ്വാസമുണ്ടെങ്കിലേ ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിൽ വിശ്വസ്തരായി വർത്തിക്കാൻ ദരിദ്രർക്കു സാധിക്കൂ. പരീക്ഷകളെ അതിജീവിക്കുന്നവർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവൻ്റെ കിരീടത്തിലുള്ള വിശ്വാസമാണ് പരീക്ഷയിൽ വീഴാതെ വിശ്വസ്‌തരായി പിടിച്ചു നില്ക്കാൻ ദരിദ്രരെ സഹായിക്കുന്നത് (1,12). യുഗാന്ത്യത്തിൽ തങ്ങൾക്കു സംഭവിക്കാനിരിക്കുന്ന ഈ “ഉയർച്ച”യിൽ അഭിമാനിക്കാനാണ് യാക്കോബ് ശ്ലീഹാ ദരിദ്രരെ ആഹ്വാനം ചെയ്യുന്നത് (1,9).

ധനികനെ സംബന്ധിച്ചും സമ്പത്ത് പരീക്ഷണമായി ഭവിക്കാം. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുന്നതിനുപോലും സാധിക്കാത്ത സഹോദരൻ പടിവാതില്ക്കൽ കഴിയുമ്പോൾ സ്വർണ്ണമോതിരങ്ങളും വിശിഷ്ട വസ്ത്രങ്ങളുമണിഞ്ഞ് സുഖലോലുപതയിൽ ജീവിക്കാനുള്ള പ്രലോഭനം ധനം ധനികനും നൽകിയേക്കാം (2,2). ദരിദ്രരെ പുച്‌ഛിക്കുന്നതിനും അവരെ ന്യായാസനങ്ങളിലേയ്ക്കു വലിച്ചുകൊണ്ടുപോകുന്നതിനും ധനികരുടെ സുഭിക്ഷത അവരെ പ്രേരിപ്പിച്ചേക്കാം (2,6-7). സഹോദരർക്ക് ആവശ്യത്തിനു ഭക്ഷണമില്ലാതിരിക്കെ, ശരീരത്തിനാവശ്യമായവ കൊടുക്കാതെ, അവരോട് "സമാധാനത്തോടെ പോവുക, തീ കായുക, ഭക്ഷിച്ചു തൃപ്തരാകുക" എന്നൊക്കെ പറയാനുള്ള പ്രലോഭനവും ധനികർക്കുണ്ടായേക്കാം (2,15-16). നാളെയെപ്പറ്റി കൃത്യമായി ഒന്നുമറിയാതിരിക്കെ, “ഇന്നോ നാളെയോ, ഇന്ന പട്ടണത്തിൽ പോയി ഒരു വർഷം താമസിച്ച്, വ്യാപാരം ചെയ്‌തു ലാഭമുണ്ടാക്കും” എന്നഹങ്കരിക്കാനുള്ള സാധ്യതയും ധനികർക്കുണ്ട് (4,13-14). വിളവുകൊയ്യുന്ന വേലക്കാർക്ക് അവർക്കർഹമായ കൂലി നല്‌കാതെ അനീതി പ്രവർത്തിക്കാനുള്ള പ്രചോദനവും സമ്പത്ത് ധനികനു നല്കിയേക്കാം (5,4-6). ഇപ്രകാരം കുന്നുകൂട്ടുന്ന സമ്പത്ത് ദ്രവിച്ചും വസ്ത്രങ്ങൾ ചിതലരിച്ചും പോകും, സ്വർണ്ണത്തിനും വെള്ളിക്കും കറ പിടിക്കും. ഈ കറ അന്ത്യദിനത്തിൽ ധനികർക്കെതിരെ സാക്ഷ്യം നൽകും; നരകാഗ്നിയിൽ അവരുടെ ശരീരം ദഹിപ്പിക്കുന്നതിനിടയാക്കും. ഭൂമിയിൽ സുഖലോലുപരായി ജീവിച്ച് വിധിയുടെ നാളിലേയ്ക്കായി ശരീരത്തെ പോഷിപ്പിക്കാനുള്ള പ്രലോഭനമാണ് സമ്പത്തു ധനികർക്ക് നല്‌കുന്നത്. അതുകൊണ്ടാണ് “ധനികൻ തൻ്റെ പ്രവർത്തനങ്ങൾക്കിടയിൽ നാശമടയുന്നു" എന്നും വി. യാക്കോബ് പറയുന്നത് (1,11). ഈ അപകടാവസ്‌ഥ ശരിക്കു മനസിലാക്കി ദൈവിക ദാനമായ സമ്പത്ത് ദൈവഹിതപ്രകാരം കൈകാര്യം ചെയ്ത‌്‌ സ്വയം താഴ്ത്തുവാനാണ് യാക്കോബ് ശ്ലീഹാ ധനികരെ ആഹ്വാനം ചെയ്യുന്നത്. ഈ “താഴ്ന്ന”യിൽ അഭിമാനിക്കുവാൻ ധനികനു വകയുണ്ട്. “പുല്ലിൻ്റെ പൂവുപോലെ കടന്നു പോകുന്ന ധനവാൻ തൻ്റെ താഴ്‌മയിലും അഭിമാനിക്കട്ടെ" (1,10). യാക്കോബു വ്യാഖ്യാനിച്ചുതരുന്ന നമ്മുടെ കർത്താവിൻ്റെ മനോഭാവം ഗ്രഹിച്ച് തദനുസാരം വർത്തിച്ചാൽ, സമ്പത്തിൻ്റെ പരീക്ഷയെ അതിജീവിച്ചാൽ, ധനവാനും ജീവൻ്റെ കിരീടം ലഭിക്കും. 

വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിനെഴുതുമ്പോൾ ധനികർക്കു സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്നുണ്ട്: “ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം, നാം ഈ ലോകത്തിലേയ്ക്ക് ഒന്നും കൊണ്ടു വന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാൽ ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട് (1തിമോ 6,6-10). 

വി. യാക്കോബ് അഭിസംബോധന ചെയ്യുന്ന വിശ്വാസി സമൂഹം നേരിടുന്ന പരീക്ഷണം സമ്പത്തു സംബന്ധമായതാണെന്ന് ലേഖനത്തിൻ്റെ ഉള്ളടക്കത്തിൽ നിന്നു മനസിലാക്കാം. വിശ്വാസികൾ ധനികരോടും ദരിദ്രരോടും സ്വീകരിക്കേണ്ട സമീപനവും (2,1-13), സമ്പന്നർ ദരിദ്രരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കേണ്ടതിൻ്റെ ആവശ്യകതയും (1,27; 2,14-17), മിഥ്യയായ സുരക്ഷിതത്വത്തിനെതിരെയുളള മുന്നറിയിപ്പും (4,13-16) കഠിന ഹൃദയരായ ധനികർക്കെതിരെയുള്ള ഭീഷണിയും (5,1-6) എല്ലാം ഈ യാഥാർത്ഥ്യമാണ് വെളിവാക്കുന്നത്.

3. ദൈവം ആരെയും പരീക്ഷിക്കുന്നില്ല 

മനുഷ്യജീവിതത്തിലുണ്ടാകുന്ന പരീക്ഷകൾക്ക്, പ്രത്യേകിച്ചും വിശ്വാസതലത്തിലുള്ളവയ്ക്ക്, ദൈവമാണ് ഉത്തരവാദി എന്നൊരു തെറ്റുധാരണ ഉണ്ടാവുക സ്വാഭാവികമാണെന്ന് യാക്കോബു ശ്ലീഹായ്ക്കറിയാം. അതുകൊണ്ടാണദ്ദേഹം എഴുതുന്നത്: "പരീക്ഷിക്കപ്പെടുമ്പോൾ "ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത് ദൈവം തിന്മകളാൽ പരീക്ഷിക്കപ്പെടുന്നില്ല, ആരെയും പരീക്ഷിക്കുന്നുമില്ല" (1,13). നന്മ സ്വരൂപനായ ദൈവത്തിനു തിന്മയുമായി യാതൊരുവിധ ബന്ധവുമില്ലാത്തതിനാൽ തിന്മയിലേക്കു നയിച്ചേക്കാവുന്ന ഒരു സാഹചര്യത്തിലും അവിടുന്നു മനുഷ്യനെ ഉൾപ്പെടുത്തുകയില്ല. മനുഷ്യൻ നന്മ മാത്രമേ അവിടുത്തേയ്ക്കു കാംക്ഷിക്കാനാവൂ. പരീക്ഷകൾ തിന്മയിൽ നിന്നാണ്. തിന്മയുടെ ശക്തിയ്ക്ക് അവിടുത്തെമേൽ യാതൊരാധിപത്യവുമില്ല. ആകയാൽ ദൈവം തിന്മകളാൽ പരീക്ഷിക്കപ്പെടുന്നില്ല. പിന്നെ എങ്ങനെ മരുഭൂമിയിൽ വച്ച് നാല്‌പതു ദിവസം ഈശോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു എന്നു ചോദിച്ചേക്കാം (മർക്കോ 1,12-13). മനുഷ്യനായി അവതരിച്ച പുത്രൻ തമ്പുരാൻ പാപമൊഴികെ മനുഷ്യൻ്റെ മറ്റെല്ലാ അനുഭവങ്ങളിലും പങ്കുചേർന്ന, പരിപൂർണ മനുഷ്യനുംകൂടി ആയിരുന്നു എന്നാണ് മരുഭൂമി പരീക്ഷകൾ തെളിയിക്കുന്നത്. നസ്രായനായ ഈശോ പൂർണ ദൈവമായിരുന്നതുപോലെ പൂർണ മനുഷ്യനും ആയിരുന്നല്ലൊ. പരിശുദ്ധാത്മാവിൻ്റെ ശക്‌തിയാലും ദൈവവചനത്തിൻ്റെ പിൻബലത്താലും പരീക്ഷകളെ അതിജീവിച്ചുകൊണ്ട് അവിടുന്നു മനുഷ്യരായ നമുക്കു മാതൃകയും നൽകി (ലൂക്കാ 4,1-13). 

പ്രഭാഷകൻ്റെ പുസ്‌തകത്തിൽ നമ്മൾ ഇപ്രകാരം കാണുന്നു: “എൻ്റെ വീഴ്‌ചയ്ക്കു കാരണം കർത്താവാണെന്നു പറയരുത്. എന്തെന്നാൽ, താൻ വെറുക്കുന്നത് അവിടുന്നു ചെയ്യുകയില്ല. അവിടുന്നാണ് എന്നെ വഴി തെറ്റിച്ചത് എന്നു പറയരുത്; അവിടുത്തേയ്ക്കു പാപിയെ ആവശ്യമില്ല. എല്ലാ മേച്‌ഛതയും കർത്താവു വെറുക്കുന്നു; അവിടുത്തെ ഭക്തരും അത് ഇഷ്ടപ്പെടുന്നില്ല. ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവനു സ്വാതന്ത്ര്യവും നൽകി. മനസുവച്ചാൽ നിനക്കു കല്പനകൾ പാലിക്കാൻ സാധിക്കും; വിശ്വസ്‌തതാപൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നീയാണ്" (പ്രഭാ 15, 11-15). മനുഷ്യൻ്റെ തെറ്റിനും വീഴ്ച്‌ചയ്ക്കുമൊക്കെ കാരണമന്വേഷിക്കേണ്ടത് മനുഷ്യ സ്വാതന്ത്യ്രത്തിൻ്റെ വിനിയോഗത്തിലാണ് എന്നൊരു സൂചന പ്രഭാഷകൻ്റെ വാക്കുകളിലുണ്ട്. 

പൗലോസ് ശ്ലീഹാ കൊറിന്തോസിലെ വിശ്വാസികൾക്കെഴുതുന്നു: “മനുഷ്യർക്കു സാധാരണമായി ഉണ്ടാവാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്ത‌നാണ്. നിങ്ങളുടെ കഴിവിന് അതീതമായ പ്രലോഭനങ്ങളുണ്ടാകാൻ ദൈവം നിങ്ങളെ കൈവിടുകയില്ല. മാത്രമല്ല, അവയിൽ നിന്നൊഴിഞ്ഞു മാറാനുള്ള മാർഗം കാണിച്ചുകൊണ്ട് അവ സഹിക്കാൻ അവൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും” (1 കൊറി 10,13).

4.ദുരാശകളാൽ പരീക്ഷിക്കപ്പെടുന്ന മനുഷ്യൻ 

പരീക്ഷകൾക്കു കാരണം ദൈവമല്ലായെങ്കിൽ പിന്നെ എവിടെ നിന്നാണ് അവ ഉണ്ടാകുന്നത്? ഓരോ മനുഷ്യൻ്റെയും ഉള്ളിൽ നിന്നു തന്നെ. “ഓരോരുത്തനും സ്വന്തം ദുരാശകളാൽ ആകർഷിക്കപ്പെട്ടും വശീകരിക്കപ്പെട്ടും പരീക്ഷിതനാകുന്നു" (1,14). ബാഹ്യശക്ത‌ിയൊന്നുമല്ല പരീക്ഷകൾക്കു പിന്നിൽ; ശത്രു ഉള്ളിൽ തന്നെയാണ്. സ്വന്തം ദുർമ്മോഹങ്ങൾ ഒരുവനെ വശീകരിച്ചു കുടുക്കിലാക്കുമ്പോഴാണ് പരീക്ഷണങ്ങൾ മുളയെടുക്കുന്നത്. മനുഷ്യസ്വാതന്ത്യ്രത്തിൻ്റെ വിനിയോഗത്തിലാണ് പരീക്ഷണ കാരണം കണ്ടെത്തേണ്ടതെന്ന് പ്രഭാഷകൻ്റെ പുസ്തകത്തിൽനിന്നു നമ്മൾ കണ്ടു (പ്രഭാ 15,11-15). ദൈവം മനുഷ്യനെ സ്വാതന്ത്ര്യം നൽകി സൃഷ്‌ടിച്ചിരിക്കയാൽ നന്മയിലേക്കോ തിന്മയിലേക്കോ തിരിയുവാൻ അവനു കഴിയും. മനുഷ്യൻ സ്വഭാവത്താലേ സ്വാർത്ഥനാകായാൽ ദുർമ്മോഹങ്ങൾക്കു കീഴ്‌പ്പെട്ട് തിന്മ തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത. 

പരീക്ഷയുടെ സാഹചര്യങ്ങൾ - ഉദാഹരണത്തിന് സമ്പത്ത് ദൈവിക പദ്ധതിയുടെ ഭാഗമാണെങ്കിലും, ബോധപൂർവ്വം അവയ്ക്ക് അടിമപ്പെടുന്നതും തെറ്റിൽ നിപതിക്കുന്നതും മനുഷ്യ ദുരാശയുടെ ഫലമാണ്. ഇതുവഴിയുണ്ടാകുന്ന സഹനങ്ങൾക്ക് ഉത്തരവാദി ദൈവമല്ല, മനുഷ്യൻ തന്നെയാണ്. പരീക്ഷകളിൽ ദൈവനിഷേധത്തിൻ്റെ നിലപാടു സ്വീകരിച്ച് തിന്മയ്ക്കിടം കൊടുക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവൻ്റെ ദുരാശയാണ്. പൗലോസ് ശ്ലീഹാതന്നെയും തന്നിലുള്ള തിന്മയുടെ പ്രവണതയെക്കുറിച്ചെഴുതുന്നു: "ഞാൻ ആഗ്രഹിക്കുന്നതല്ല, വെറുക്കുന്ന തത്രേ ഞാൻ പ്രവർത്തിക്കുന്നത്... അങ്ങനെയെങ്കിൽ, ഞാനല്ല, എന്നിൽ കുടികൊള്ളുന്ന പാപമത്രേ അതു ചെയ്യുന്നത്. എന്നിൽ, എന്നുവച്ചാൽ, എൻ്റെ ജഡത്തിൽ നന്മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു... അങ്ങനെ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന എന്നിൽ തിന്മയുടേതായ ഒരു നിയമം ഞാൻ കാണുന്നു" (റോമ 7,15-23). ഗലാത്തിയായിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ ഇങ്ങനെയുള്ള അവസരത്തിൽ ക്രൈസ്‌തവൻ സ്വീകരിക്കേണ്ട പ്രവർത്തനശൈലിയും പൗലോസ് ശ്ലീഹാ വിവരിക്കുന്നുണ്ട്: “ആത്മാവിൽ വ്യാപരിക്കുവിൻ. ജഡികാഗ്രഹമനുസരിച്ചു പ്രവർത്തിക്കരുത്. കാരണം, ജഡത്തിൻ്റെ ആഗ്രഹങ്ങൾ ആത്മാവിനെതിരാണ്; ആത്മാവിൻ്റെ ആഗ്രഹങ്ങൾ ജഡത്തിനുമെതിരാണ്. ഇവ രണ്ടും (പരസ്പ‌ര വിപരീതങ്ങളായതിനാലാണ് നിങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യാൻ നിങ്ങൾക്കു കഴിയാത്തത്” (ഗലാ 5,16-17). 

5. പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന ദുരാശ 

മനുഷ്യസ്വഭാവത്തിലുള്ള ദുരാശയാണ് പരീക്ഷകളിൽ പരാജയത്തിനു ഹേതുവെന്നു സ്‌ഥാപിച്ച യാക്കോബ് ശ്ലീഹാ ഈ ദുരാശയുടെ പ്രവർത്തനരീതികൂടി വർണ്ണിക്കുന്നുണ്ട്: “ദുരാശ പാപത്തിനും, പാപം മരണത്തിനും കാരണമാകുന്നു" (1,15). പരീക്ഷകളെ അതിജീവിക്കുന്നവർക്കു ജീവൻ്റെ കിരീടം ലഭിക്കുമ്പോൾ അവയിൽ വീഴുന്നവരെ മരണമാണ് കാത്തിരിക്കുന്നത്. ദുർമ്മോഹം സ്വാർത്ഥപൂർണമാകയാൽ അതു സഹോദരനും ദൈവത്തിനുമെതിരായ പ്രവർത്തനങ്ങളിലേക്കു നയിക്കും. അത്തരം പ്രവർത്തനങ്ങളാണല്ലൊ പാപം. പാപത്തിൻ്റെ ഫലം മരണവും. യാക്കോബ് ശ്ലീഹാ തുടർന്നെഴുതുന്നു: "നിങ്ങളുടെയിടയിൽ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകാൻ കാരണമെന്ത്? അതു നിങ്ങളിലുള്ള ദുരാശയല്ലെ? നിങ്ങൾ ആശിക്കുന്നു; എങ്കിലും ലഭിക്കുന്നില്ല. നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു; എങ്കിലും ഒന്നും നേടുന്നില്ല. നിങ്ങൾ കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു; എങ്കിലും ചോദിക്കാത്തതുകൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങൾ ചോദിക്കുന്നു; എങ്കിലും കിട്ടുന്നില്ല. കാരണം, ദുരാശകളെ പോഷിപ്പിക്കാൻ ചീത്തയായവ നിങ്ങൾ ചോദിക്കുന്നു" (4,1-3). ദുരാശ എങ്ങനെ ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു എന്ന് ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. ഈ പാപം നിത്യനാശത്തിലേയ്ക്കു നയിക്കും. മനുഷ്യൻ്റെ ഉള്ളിൽ നിന്നാണ് പാപം ഉത്ഭവിക്കുന്നത് എന്ന് ഈശോ തന്നെ പഠിപ്പിച്ചിട്ടുണ്ട്: “വായിൽനിന്നു പുറത്തേക്കു വരുന്നവ ഹൃദയത്തിൽ നിന്നാണു പുറപ്പെടുക. അതാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്. ദുശ്ചിന്തകൾ, വ്യഭിചാരം, കൊലപാതകം, വേശ്യാവൃത്തി, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെടുന്നു" (മത്താ 15,18-19). 

പാപത്തെ ജനിപ്പിക്കുന്നതുകൊണ്ട് ദുരാശ തൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നില്ല: “പാപം പൂർണ വളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു". ആദിമനുഷ്യനായ ആദത്തിൻ്റെ കഥ നമുക്കു വിവരിച്ചുതരുന്നതും ഇതുതന്നെയാണ്. ദൈവത്തെപ്പോലെയാകണം എന്ന “ദുരാശ”യാണവനെ "പാപ"ത്തിലേക്കു നയിച്ചത് (ഉല്പ 3). ഇതു മൂലം മനുഷ്യനു ദൈവികസഹവാസം നഷ്‌ടമായി; അവൻ പറുദീസയിൽ നിന്നു പുറത്തായി. പാപം ചെയ്‌തു തുടങ്ങിയതോടെ അവൻ മരിച്ചും തുടങ്ങി. “പാപം ചെയ്യുന്നവൻ്റെ ജീവൻ നശിക്കും" (എസ് 18,4). മരണമാണ് പാപത്തിൻ്റെ ഫലം. 

പാപം മരണത്തിനു കാരണമായെങ്കിൽ ഈശോമിശിഹായുടെ മരണം പാപത്തെ വിജയിച്ചു. മിശിഹായോടൊപ്പം പാപത്തിനു മരിച്ചു കൊണ്ടാണ് ഓരോ ക്രൈസ്‌തവനും പാപത്തിലും നിത്യമരണത്തിലും നിന്നു രക്ഷപെടുന്നത് (റോമ 6,1-23). കർത്താവിനോടൊപ്പം മരിക്കുകയും അവിടുത്തോടൊപ്പം ഉയിർക്കുകയും ചെയ്‌തുകൊണ്ട് ക്രൈസ്തവൻ പുതുജീവൻ പ്രാപിക്കുന്നു (1കൊറി 15,3). മിശിഹാരഹസ്യത്തിലുള്ള ഈ പങ്കുചേരലാണ് വിശ്വാസസ്‌ഥിരതയോടെ പരീക്ഷകളെ അതിജീവിക്കാൻ അവനെ പ്രാപ്തനാക്കുന്നത്. 

6. വിശ്വാസപരീക്ഷകളും ക്ഷമാശീലവും 

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങളുടെ ക്ഷമ വർദ്ധിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലൊ (1,3) എന്ന പ്രസ്‌താവനയിലൂടെ വിശുദ്ധ യാക്കോബ് സമൂഹത്തിൻ്റെ വിശ്വാസ ബോദ്ധ്യത്തിലേയ്ക്കു വെളിച്ചം വീശുന്നു. വിശ്വാസ ജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ ശരിയായ വിധത്തിൽ നേരിടുമ്പോൾ ക്ഷമാശീലം വർദ്ധിക്കുന്നതിനിടയാകും. അതുവഴി വിശ്വാസത്തിൻ്റെ മാറ്റ് വെളിവാകുകയും ചെയ്യും. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ദൈവികപദ്ധതിയെക്കുറിച്ചും ദൈവപരിപാലനയെക്കുറിച്ചുമുള്ള അറിവിൽ വിശ്വാസി വളരും. രക്ഷാകരചരിത്രത്തിൻ്റെ കാഴ്ച്‌ചപ്പാടിലൂടെ കാണുമ്പോൾ പരീക്ഷകൾ മനുഷ്യനെ രക്ഷയിലേയ്ക്കു നയിക്കുന്ന മാർഗങ്ങളായി മനസിലാക്കാനാകും. 

ക്ഷമാശീലത്തെ സൂചിപ്പിക്കുവാനായി വി.യാക്കോബ് ഉപയോഗിക്കുന്ന 'ഹ്യുപോമൊനേ' (hupomone) എന്ന ഗ്രീക്കുപദത്തിന് പ്രതീക്ഷ, പ്രത്യാശ എന്നീ അർത്ഥങ്ങൾ കൂടിയുണ്ട്. ദൈവത്തിൻ്റെ രക്ഷാകര വാഗ്ദാനങ്ങളിലുള്ള പ്രത്യാശയും ക്ഷമാശീലവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു സാരം. സ്‌മിർണായിലെ രക്‌തസാക്ഷിയായ പോളിക്കാർപ്പിനെക്കുറിച്ച് നമ്മൾ ഇപ്രകാരം വായിക്കുന്നു: "തൻ്റെ ക്ഷമാപൂർണമായ സഹനത്താൽ അവൻ ദുഷ്‌ടനായ ന്യായാധിപനെ ജയിച്ചു; അമർത്യതയുടെ കിരീടം കരസ്‌ഥമാക്കി" (പോളിക്കാർപ്പിൻ്റെ രക്തസാക്ഷിത്വം 19,2). അമർത്യതയുടെ കിരീടത്തിലുണ്ടായിരുന്ന പ്രത്യാശയാണ് ക്ഷമാപൂർവം സഹിക്കുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഈശോമിശിഹായെക്കുറിച്ചുള്ള ക്ഷമയിൽ ഉറച്ചുനിൽക്കാൻ വി. ഇഗ്നേഷ്യസ് റോമായിലെ സഭാംഗങ്ങളെ ഉദ്ബോധിപ്പിക്കുമ്പോഴും ഉദ്ദേശിക്കുന്നത് ഈ പ്രത്യാശ തന്നെയാണ് (ഇഗ്‌നേഷ്യസ്, റോമാ 10,3). നമ്മുടെ കർത്താവായ ഈശോമിശിഹായിലുള്ള നിങ്ങളുടെ പ്രത്യാശാനിർഭരമായ സഹനത്തെ പിതാവായ ദൈവത്തിൻ്റെ മുമ്പാകെ അനുസ്മരിക്കുന്നു എന്ന് പൗലോസ്ശ്ലീഹാ തെസലോനിക്കായിലെ സഭാംഗങ്ങളോടു പറയുമ്പോഴും ലക്ഷ്യമാക്കുന്നതിതുതന്നെ (1 തെസ 1,3). മറ്റൊരവസരത്തിൽ, “ദൈവസ്നേഹത്തിലേക്കും മിശിഹായുടെ ക്ഷമയിലേക്കും നമ്മുടെ കർത്താവ് നിങ്ങളെ നയിക്കട്ടെ" എന്ന ആശംസയും പൗലോസ്ശ്ലീഹാ നല്‌കുന്നുണ്ട് (2 തെസ 3,5). ഈശോമിശിഹായിലുള്ള വിശ്വാസത്തിൽനിന്നു വ്യതിചലിപ്പിക്കുന്ന സാഹചര്യങ്ങളിൽ ക്രൈസ്തവനുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ചു വിവരിക്കുമ്പോൾ വെളിപാടു ഗ്രന്ഥകാരനും ക്ഷമാപൂർവമായ സഹനത്തെയും വിശ്വാസത്തെയും ഒന്നിച്ചാണ് അവതരിപ്പിക്കുന്നത് (വെളി 13, 10; 14,12). "അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷ പ്രാപിക്കും" എന്ന് നമ്മുടെ കർത്താവു തന്നെ അരുളിച്ചെയ്‌തിട്ടുണ്ടല്ലൊ (മർക്കോ 13,13). ക്ലേശങ്ങളിൽ ക്ഷമാശീലരായിരിക്കുവാൻ പൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുമ്പോഴും വി.യാക്കോബിനെപ്പോലെ ഈശോയുടെ മനസു തന്നെയാണ് അദ്ദേഹവും വ്യാഖ്യാനിക്കുന്നത് (റോമാ 12,12). ഈശോയുടെ വഴി ക്ഷമാപൂർവമായ സഹനത്തിന്റേതായിരുന്നതുപോലെ (ഹെബ്രാ 10,32; 12, 2-7) അവിടുത്തെ അനുഗമിക്കുന്നവരുടേതും അങ്ങനെതന്നെയായിരിക്കും. "നമ്മുടെ കഷ്ടതകളിൽ നമ്മൾ അഭിമാനിക്കുന്നു. കാരണം, കഷ്‌ടതകൾ സഹനശീലം ഉളവാക്കുന്നുവെന്നു നമുക്കറിയാം. സഹനശീലത്തിൽനിന്നു സ്വഭാവഗുണവും, സ്വഭാവഗുണത്തിൽനിന്നു പ്രത്യാശയുമുണ്ടാകുന്നു" (റോമാ 5,3-4).

7. ക്ഷമയോടെ കാത്തിരിക്കുവിൻ 

തങ്ങൾക്കുണ്ടാകുന്ന സഹനങ്ങളിൽ അവസാനംവരെ ക്ഷമയോടെ കാത്തിരിക്കുവാൻ യാക്കോബ് ശ്ലീഹാ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു (5,7-11). കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ഈ ക്ഷമയ്ക്കടിസ്ഥ‌ാനം. ദൈവഭയമുള്ള ദരിദ്രരെ സംബന്ധിച്ച് വിധിയാളനായ കർത്താവിന്റെ വരവ് രക്ഷാകരമാണ്. അന്ത്യവിധിവരെ ദരിദ്രർക്കുണ്ടായിരിക്കേണ്ട മനോഭാവമാണിവിടെ പ്രതിപാദ്യം. 

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ക്ഷമാശീലം വർധിക്കുമെന്ന് ലേഖനാരംഭത്തിൽ യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിച്ചല്ലൊ (1,3). എപ്പോൾ വരെയാണ് ക്ഷമയോടെ പരീക്ഷകൾ സഹിക്കേണ്ടത് എന്നതാണ് ഇപ്പോഴത്തെ പ്രമേയം. കർത്താവിൻ്റെ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനംവരെ വിശ്വാസി ക്ഷമയോടെ കാത്തിരിക്കണം. തന്നെ സ്നേഹിക്കുന്നവർക്ക്, പരീക്ഷകളെ അതിജീവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ജീവന്റെ കിരീടം അപ്പോഴാണല്ലൊ വിതരണം ചെയ്യപ്പെടുക. 

വിത്തു വിതച്ചതിനുശേഷം നല്ല മഴയ്ക്കുവേണ്ടി കാത്തിരിക്കുന്ന കർഷകന്റെ ക്ഷമ വിശ്വാസിക്കു വേണമെന്നാണ് വിശുദ്ധ യാക്കോബ് നിർദ്ദേശിക്കുന്നത്. ചെടിയുടെ വളർച്ചയുടെ ആരംഭഘട്ടത്തിലെ മുൻ മഴയും ഫലം പാകമാകുന്ന ഘട്ടത്തിലെ പിൻമഴയും വളരെ പ്രധാനപ്പെട്ടതാണ്. ക്ഷമയോടെ കാത്തിരിക്കുകയേ കർഷകനു തരമുള്ളൂ. മഴയുടെ നിയന്ത്രണം കർഷകന്റെ പരിധിയിൽപ്പെടുന്ന കാര്യമല്ലല്ലൊ. ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതിയുടെ നിയമങ്ങളുണ്ടതിന്. അതനുസരിച്ചേ കാര്യങ്ങൾ നീങ്ങൂ. കർഷകനെപ്പോലെ സഹനങ്ങളിൽ ക്രിസ്ത്യാനി ക്ഷമയോടെ കാത്തിരിക്കണം. യുഗാന്ത്യത്തിനു ദൈവം നിശ്‌ചയിച്ചിരിക്കുന്ന സമയമുണ്ട് - “വിളവെടുപ്പിൻ്റെ സമയം. പ്രതീക്ഷയോടെ ക്ഷമാപൂർവം ആ ദിനത്തിനായി കാത്തിരിക്കുകതന്നെ കരണീയം. 

കർത്താവിന്റെ രണ്ടാമത്തെ ആഗമനം ഉടൻ സംഭവിക്കുമെന്നതായിരുന്നു ആദിമസഭയുടെ വിശ്വാസം. "അടുത്തിരിക്കുന്നു" എന്നു പറയുന്നതിൽ പ്രതിഫലിക്കുന്നത് ഈ വിശ്വാസമാണ്. “ഇതാ, ന്യായവിധി സമാഗതമായിരിക്കുന്നു" എന്ന പ്രസ്‌താവനയും അന്ത്യദിനത്തിന്റെ സാമീപ്യത്തിലുള്ള ബോധ്യമാണ് കാണിക്കുന്നത്. ന്യായാധിപനായി വരുന്നതു മിശിഹായാണല്ലൊ (മത്താ 24, 33: 25, 31-45; 1 കൊറി 3,13; 2കൊറി 5, 19; വെളി 3,10). കർത്താവിൻ്റെ ദിനം അടുത്താണ് എന്ന ബോധ്യം കൂടുതൽ ക്ഷമയോടെ സഹിച്ചു നിൽക്കാൻ സഹായിക്കും. 

 

ഹൃദയത്തെ ശക്ത‌ിപ്പെടുത്തിക്കൊണ്ടുവേണം കർത്താവിന്റെ ആഗമനം കാത്തിരിക്കാൻ (5,8). വിശ്വാസത്തിലും പ്രത്യാശയിലുമുള്ള സ്‌ഥിരീകരണം വഴി വേണം ഈ ശക്‌തിപ്പെടുത്തൽ സംഭവിക്കാൻ. ഹൃദയം വിഭജിതമാകാതെ, അവിടുത്തെ വാഗ്ദാനത്തിൽ വിശ്വസിച്ച് പ്രത്യാശയോടെ കാത്തിരിക്കണം. "നിൻ്റെ ജീവിതം കർത്താവിനു ഭരമേല്പ‌ിക്കുക; കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശംപോലെ നീതി നടത്തിത്തരും. മധ്യാഹ്നം പോലെ നിന്റെ അവകാശവും... ക്ഷമാപൂർവം അവിടുത്തെ കാത്തിരിക്കുക... കർത്താവിനെ കാത്തിരിക്കുന്നവർ ഭൂമി കൈവശമാക്കും”. (സങ്കീ 36,5-9).

ക്ഷമാപൂർവമായ സഹനത്തിനു മാതൃകയായി യാക്കോബ് ശ്ലീഹാ ദൈവനാമത്തിൽ സംസാരിച്ച പ്രവാചകരെ എടുത്തുകാണിക്കുന്നു (5,10-11). ദൈവികസന്ദേശവാഹകരായിരുന്നിട്ടും അവരും സഹനത്തിനതീതരല്ലായിരുന്നു (മത്താ 21,35; 26,6; 23,29-37). സഹനത്തിലൂടെ അവർ അനുഗൃഹീതരായിത്തീർന്നു. അവിടുത്തെപ്രതി പീഡ സഹിക്കുന്നവർ അനുഗ്രഹിക്കപ്പെടുമെന്ന് കർത്താവുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലൊ (മത്താ 5,10-12; 23,29-36). അന്ത്യംവരെ പിടിച്ചുനിൽക്കുന്നവർ രക്ഷപ്പെടും (മത്താ 10, 22; 27, 13; ലൂക്കാ 21,19). 

പഴയനിയമ മാതൃകകളിൽ ജോബ് പ്രത്യേക ശ്രദ്ധയർഹിക്കുന്നു. തീവ്രമായ സഹനങ്ങൾക്കിടയിൽപ്പോലും കർത്താവിലുള്ള വിശ്വാസം അവനുപേക്ഷിച്ചില്ല (ജോബ് 1,21). അതിന്റെ ഫലമോ? അവൻ കൂടുതൽ അനുഗൃഹീതനായി. ജോബിന്റെ ജീവിതാനുഭവങ്ങൾക്കു പിന്നിൽ വ്യക്തമായ ദൈവികപദ്ധതി ഉണ്ടായിരുന്നു എന്നതിനു സംശയമില്ല. യഥാർത്ഥത്തിൽ സഹനങ്ങൾക്കു മധ്യേയാണ് ജോബ് ദൈവത്തോടുള്ള ബന്ധത്തിൽ വളരെയേറെ വളർന്നത്. അവസാനംവരെ പിടിച്ചുനിൽക്കാൻ ശക്തി നല്‌കിയതു കർത്താവുതന്നെ. വിശ്വാസപരീക്ഷകളിൽ ജോബിന്റെ ജീവിതം ക്രൈസ്‌തവർക്കു മാതൃകയാണ്. 

8. നിങ്ങൾ പരിപൂർണരാകേണ്ടതിന് 

വിശ്വാസപരീക്ഷകളിൽ ക്ഷമാപൂർവ്വം സഹിച്ചുനിന്നാൽ ക്രൈസ്‌തവർ പൂർണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരും ആകും എന്ന് യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു (1,4). ലേഖനകർത്താവ് വിഭാവനം ചെയ്യുന്ന പരിപൂർണത, ക്രൈസ്‌തവൻ്റെ ജീവിതത്തിൽ വിശ്വാസവും പ്രവൃത്തിയും തമ്മിലുണ്ടാകേണ്ട പൊരുത്തമാണ് (2,22). ഈ സ്വഭാവവൈശിഷ്‌ട്യം ദൈവികജ്‌ഞാനത്താൽ പ്രചോദിതമാകണം (1,5). ക്രൈസ്തവൻ പൂർണതയിലെത്തുന്നത് ദൈവികപദ്ധതികൾ പൂർത്തിയാകുന്ന യുഗാന്ത്യത്തിലാണ്. 

“നിങ്ങളുടെ സ്വർഗീയ പിതാവു പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ" (മത്താ 5,48) എന്ന കല്പനയിലൂടെ ഈശോയിൽ വിശ്വസിക്കുന്നവരേവരും വിളിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യം അവിടുന്നു വ്യക്‌തമാക്കുകയായിരുന്നു. ദൈവത്തോടുള്ള വിധേയത്വം, ദൈവികശുശ്രൂഷയിലുള്ള സമർപ്പണം, ഹൃദയത്തിലുള്ള പൂർണത എന്നൊക്കെയാണ് പരിപൂർണതയെ സൂചിപ്പിക്കുവാനുപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിനർത്ഥം (teleios). നിത്യജീവൻ പ്രാപിക്കാനാഗ്രഹിച്ച് ഈശോയെ സമീപിച്ച യുവാവിനോട് അവിടുന്നരുളിച്ചെയ്ത വചനങ്ങൾ ഇക്കാര്യം വ്യക്‌തമാക്കുന്നുണ്ട്: “നീ പരിപൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ നിനക്കു സ്വർഗത്തിൽ നിക്ഷേപമുണ്ടാകും” (മത്താ 19,21). ആ യുവാവിൻ്റെ സമ്പത്ത് ദൈവത്തോടുള്ള ബന്ധത്തിൽ തടസ്സമായി നിന്നതുകൊണ്ടാണ് അതുനീക്കുവാൻ ഈശോ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ സ്വതന്ത്രഹൃദയത്തോടെ ദൈവശുശ്രൂഷയിൽ മുഴുകി പരിപൂർണനാകാൻ അവനു സാധിക്കുമായിരുന്നുള്ളൂ. നിത്യജീവൻ പ്രാപിക്കാനാഗഹിച്ചു വന്നവനോട് "നീ പരിപൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ" എന്ന ഈശോയുടെ വചനത്തിൽനിന്നും “പരിപൂർണനാകുക" എന്നാൽ "നിത്യജീവൻ പ്രാപിക്കുകയാണ്" എന്നു വ്യക്ത‌മാകുന്നു. ഈശോതന്നെയും സഹനംവഴി സമ്പൂർണനാക്കപ്പെട്ടവനാണ് എന്ന് ഹെബ്രായലേഖകൻ സമർത്ഥിക്കുന്നു (2,10). പിതൃഹിതത്തോടുള്ള അനുസരണമാണല്ലൊ അവിടുത്തെ പൂർണനാക്കിയത്. 

സകല മനുഷ്യരെയും ഈശോമിശിഹായിൽ പരിപൂർണരാക്കാൻ വേണ്ടി സുവിശേഷത്തിൻ്റെ ശുശ്രൂഷകനായിത്തീർന്ന പൗലോസ് ശ്ലീഹാ ഈ പരിപൂർണതയുടെ മാനദണ്ഡമായി എടുത്തുകാണിക്കുന്നത്, ക്രമമായ ജീവിതവും മിശിഹായിലുള്ള വിശ്വാസസ്‌ഥിരതയുമാണ്. അദ്ദേഹം എഴുതുന്നു: “നിങ്ങളുടെ അച്ചടക്കവും മിശിഹായിലുള്ള വിശ്വാസസ്‌ഥിരതയും കണ്ടു ഞാൻ സന്തോഷിക്കുന്നു. നമ്മുടെ കർത്താവായ ഈശോമിശിഹായെ സ്വീകരിച്ച നിങ്ങൾ അവനിൽ ജീവിക്കുവിൻ. അവനിൽ വേരുറച്ചു പണിതുയർത്തപ്പെട്ടും പഠിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചും നിങ്ങൾ കൃതജ്‌ഞതാനിർഭരരായിരിക്കുവിൻ" (കൊളോ 2,7). വി.യോഹന്നാൻ്റെ വീക്ഷണത്തിൽ വിശ്വാസത്തിന്റെ പൂർണത സ്നേഹത്തിലാണ്. "നാം പരസ്‌പരം സ്നേഹിക്കുന്നെങ്കിൽ, ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്യും... ദൈവം സ്നേഹമാകുന്നു; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. വിധിദിവസം നമുക്ക് ആത്മധൈര്യം ഉണ്ടാകേണ്ടതിന്, അവൻ്റെ സ്നേഹം നമ്മിൽ പൂർണമായിരിക്കുന്നു" (1 യോഹ 4, 12-18). 

വിശ്വാസത്തിലും ആത്മീയജീവിതത്തിലുമുള്ള പക്വതയാണ് ക്രിസ്തീയ പരിപൂർണതയ്ക്കടിസ്‌ഥാനം. ദൈവഹിതത്തിനു പൂർണമായി വിധേയരായി, അവിടുന്നിലാശ്രയിച്ച്, അവിടുത്തെ ശുശ്രൂഷയ്ക്കായി സമർപ്പിക്കുന്നവരാണ് പരിപൂർണർ. അതുകൊണ്ടാണ് വിശ്വാസികൾക്ക് പരിപൂർണതയുടെ മാതൃകയായി പിതാവായ അബ്രാഹത്തെ യാക്കോബ് ശ്ലീഹാ ചൂണ്ടികാണിക്കുന്നത് (2,22): “അയാളുടെ വിശ്വാസം പ്രവൃത്തികളെ സഹായിച്ചെന്നും പ്രവൃത്തികൾ വഴി വിശ്വാസം പൂർണമായെന്നും നീ മനസ്സിലാക്കുന്നല്ലൊ". പക്വമായ വിശ്വാസം പരിപക്വമായ പ്രവൃത്തികളിലൂടെ പ്രകടിപ്പിച്ചതു വഴിയാണല്ലൊ അബ്രാഹം പൂർണനായത്. ഇതോടു ബന്ധപ്പെടുത്തിയാണ് സ്വാതന്ത്യ്രത്തിന്റെ “പരിപൂർണ നിയമത്തെക്കുറിച്ചുള്ള വി.യാക്കോബിന്റെ പ്രസ്‌താവനയും മനസ്സിലാക്കേണ്ടത്: "സ്വാതന്ത്യ്രത്തിന്റെ പരിപൂർണ നിയമമെന്തെന്നു മനസ്സിലാക്കി, അതനുസരിച്ചു ജീവിക്കുന്നവൻ മറക്കുന്ന ശ്രോതാവല്ല, കർമ്മനിരതനാകുന്നു. അവൻ തന്റെ പ്രവൃത്തിവഴി അനുഗൃഹീതനാകും" (1,25). പരിപൂർണതയുടെ ഈ നിയമം സ്നേഹത്തിൻ്റെ നിയമമല്ലാതെ മറ്റൊന്നുമല്ല. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ദൈവനിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ നന്നായി പ്രവർത്തിക്കുന്നു" (2,8) എന്നാണ് വി.യാക്കോബും പറയുന്നത്. 

സഹോദരസ്നേഹമാണ് ക്രൈസ്‌തവ പരിപൂർണതയുടെ മാനദണ്ഡം. “സ്നേഹത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പൂർണരാക്കപ്പെടുന്നു" എന്നാണ് വി. ക്ലെമെൻറ് കൊറിന്തോസിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ സാക്ഷ്യപ്പെടുത്തുന്നത് (49,5). അദ്ദേഹം തുടർന്നെഴുതുന്നു: "സ്നേഹം എത്ര ശ്രേഷ്‌ഠവും അദ്‌ഭുതകരവും അതിന്റെ പൂർണത എത്ര അവാച്യവുമെന്നു കാണുവിൻ... ദൈവകൃപയാൽ സ്നേഹത്തിൽ പൂർണരാക്കപ്പെട്ടവർ വിശുദ്ധരോടുകൂടി ജീവിക്കുന്നു; മിശിഹായുടെ രാജ്യത്തിലെ വിധിയിൽ അവർ വെളിപ്പെടുത്തപ്പെടും" (വി. ക്ലെമെൻറ്, കൊറി 50,3). സ്‌മിർണായിലെ സഭയ്ക്കെഴുതുമ്പോൾ വി. ഇഗ്‌നേഷ്യസ് ക്രൈസ്‌തവരുടെ അടിസ്‌ഥാന പരിപൂർണതയെക്കുറിച്ച് ഇപ്രകാരം പ്രസ്‌താവിക്കുന്നു: “നിങ്ങൾ പൂർണരാണ്, നിങ്ങളുടെ തീരുമാനങ്ങളും പരിപൂർണമായിരിക്കണം. നന്മ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദൈവം നിശ്ചയമായും നിങ്ങളുടെ സഹായത്തിനെത്തും" (വി. ഇ‌ഗ്നേഷ്യസ്, സ്‌മിർണായിലെ സഭയ്ക്കെഴുതിയലേഖനം, 11,3). ഈ ക്രൈസ്‌തവപൂർണത വിശുദ്ധിയിൽനിന്നു വിഭിന്നമല്ല. മിശിഹായുടെ വിശുദ്ധിയിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലൊ ക്രൈസ്‌തവരായ നമ്മൾ (ഹെബ്രാ 12,10). “വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു" എന്ന കുർബാന സ്വീകരണത്തിനു മുൻപ് കാർമ്മികൻ പ്രഘോഷിക്കുമ്പോഴും പുതിയ നിയമ ദൈവജനത്തിൻ്റെ പരിപൂർണതയെയും വിശുദ്ധിയെയുമാണ് ഏറ്റുപറയുന്നത്. വിശ്വാസ ജീവിതത്തിലുണ്ടാകുന്ന പരീക്ഷകളിൽ ക്രൈസ്തവൻ പ്രദർശിപ്പിക്കുന്ന ക്ഷമാശീലത്തിൻ്റെ പൂർണഫലം ഈ പരിപൂർണതയാണെന്ന് വി.യാക്കോബ് ശ്ലീഹാ ഉറപ്പുതരുന്നു.

9. നിങ്ങളിൽ വിജ്‌ഞാനം കുറഞ്ഞവൻ 

വിശ്വാസസ്‌ഥിരതയോടെ പരീക്ഷകളെ അതിജീവിക്കുവാൻ ദൈവികജ്‌ഞാനം ആവശ്യമാണ്; കാരണം ഈ ജ്‌ഞാനമാണ് മനുഷ്യന് ആത്യന്തികമായി ഉപകാരപ്രദമായതെന്തെന്നു കാണിച്ചുതരുന്നത്. അതു കൊണ്ടാണ് നിങ്ങളിൽ വിജ്‌ഞാനം കുറഞ്ഞവൻ തന്നോടു ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാതെ, ഉദാരമായി കൊടുക്കുന്ന ദൈവത്തോടു പ്രാർത്ഥിക്കട്ടെ എന്ന് യാക്കോബ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നത് (1,5). ഈ ലേഖനം സ്വീകരിക്കുന്നവർക്കിടയിൽ വിശ്വാസപരീക്ഷകളെ യഥാർത്ഥ പ്രശ്‌നങ്ങളായി കണ്ടിരുന്നവരുണ്ടെന്ന് വ്യക്ത‌ം. ഈ പരീക്ഷകളെ വിശ്വാസവെളിച്ചത്തിൽ ദർശിക്കുവാനും തദനുസൃതം പ്രതികരിക്കുവാനും സഹായിക്കുന്നതു ദൈവികജ്‌ഞാനമാണ്. 

പഴയനിയമത്തിൽ വിജ്‌ഞാനം പ്രായോഗിക വിവേകത്തെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, "എന്തുവരമാണ് വേണ്ടത്" എന്ന ദൈവത്തിൻ്റെ ചോദ്യത്തിന് സോളമൻ നൽകുന്ന ഉത്തരം ഈ യാഥാർത്ഥ്യം വ്യക്‌തമാക്കുന്നു: “ഈ ജനത്തെ നയിക്കാൻ ജ്‌ഞാനവും വിവേകവും എനിക്കു നൽകണമെ" (2 ദിന 1,10). സോളമൻ്റെ വിജ്‌ഞാനം ഭുവനപ്രസിദ്ധമാണല്ലൊ. ഇതെക്കുറിച്ചു സോളമൻതന്നെ സാക്ഷ്യപ്പെടുത്തുന്നതിപ്രകാരമാണ്: "ഞാൻ പ്രാർത്ഥിച്ചു; എനിക്കു വിവേകം ലഭിച്ചു. ഞാൻ ദൈവത്തെ വിളിച്ചപേക്ഷിച്ചു; ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു” (ജ്ഞാനം 7,7). വിജ്‌ഞാനം ദൈവിക ദാനമാണെന്നും സോളമൻ ഏറ്റുപറയുന്നുണ്ട്: “അങ്ങ് ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽനിന്നു നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും?" (ജ്‌ഞാനം 9,18). "കർത്താവ് ജ്‌ഞാനം നൽകുന്നു; അവിടുത്തെ വദനത്തിൽനിന്ന് അറിവും വിവേകവും പുറപ്പെടുന്നു" (സുഭാ 2,6). ദൈവഹിതം വിവേചിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്നത് ദൈവികജ്‌ഞാനമാണ്. ഈ ജ്‌ഞാനത്തിന്റെ ഉറവിടവും തായ്വേരും പൂർണതയും മകുടവും കർത്താവിനോടുള്ള ഭക്തിയാണെന്ന്. പ്രഭാഷകനും പ്രഘോഷിക്കുന്നു (പ്രഭാ 1,14-20). ദൈവഭയമാണ് വിജ്‌ഞാനത്തിൻ്റെ ആരംഭമെന്ന് സുഭാഷിതങ്ങളിലും നമ്മൾ വായിക്കുന്നുണ്ടല്ലൊ (സുഭാ 1,7). ഇവിടെ വിവക്ഷിക്കുന്ന ദൈവഭയം ദൈവത്തോടുള്ള സ്നേഹപൂർവമായ ബഹുമാനവും ആദരവുമാണ്. 

ജ്ഞാനം തൻ്റെ പുത്രന്മാരെ ശിക്ഷണത്താൽ പരിശീലിപ്പിക്കുകയും ശാസനത്താൽ പരീക്ഷിക്കുകയും ചെയ്യുന്നു (പ്രഭാ 4,11-18). അതിനുശേഷം അവൾ നേർവഴി കാട്ടി അവരെ ആനന്ദിപ്പിക്കുകയും അവർക്കു തന്റെ രഹസ്യങ്ങൾ വെളിപ്പെടത്തിക്കൊടുക്കുകയും ചെയ്യും. യാക്കോബ് ശ്ലീഹായും വിശ്വാസപരീക്ഷകളുമായി ബന്ധപ്പെടുത്തിയാണല്ലൊ വിജ്ഞാനത്തെക്കുറിച്ചു സംസാരിക്കുന്നത്. ജ്‌ഞാനത്തെ പരീക്ഷകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതു വിജ്‌ഞാനസാഹിത്യശാഖയുടെതന്നെ ശൈലിയാണ്. "മനുഷ്യരുടെ മധ്യേ ഒരുവൻ പരിപൂർണനെങ്കിലും അങ്ങിൽനിന്നു വരുന്ന ജ്‌ഞാനമില്ലെങ്കിൽ അവൻ ഒന്നുമല്ല" (ജ്ഞാനം 9,6). യാക്കോബു ശ്ലീഹായും പരിപൂർണതയുമായി ബന്ധപ്പെടുത്തിയാണ് വിജ്‌ഞാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നതെന്നതു ശ്രദ്ധേയമാണ് (1,4-5). ദൈവം നൽകുന്ന വിജ്‌ഞാനം വിശ്വാസിയുടെ ജീവിതം പൂർണവും കുറ്റമറ്റതും ഒന്നിലും കുറവില്ലാത്തതുമാക്കും. 

10. ജ്ഞാനം - ഉന്നതത്തിൽനിന്നുള്ളതും അല്ലാത്തതും 

പരീക്ഷകൾ ക്ഷമാപൂർവ്വം തരണം ചെയ്യുന്നതിനാവശ്യമായ ജ്ഞാനം, ഉദാരമായി ദാനങ്ങൾ നല്‌കുന്ന ദൈവത്തിൽ നിന്നു പ്രാർത്ഥിച്ചു പ്രാപിക്കട്ടെ എന്നാശംസിച്ച യാക്കോബ് ശ്ലീഹാ (1,5) ഈ ജ്‌ഞാനത്തിൻ്റെ സവിശേഷതകൾകുടി വ്യക്‌തമാക്കുന്നുണ്ട് (3,13-18). “ഉന്നതങ്ങളിൽ നിന്നുള്ള ജ്‌ഞാനം പരിശുദ്ധവും സമാധാനപരവും സൗമ്യവും വിധേയത്വപൂർവ്വകവുമാകുന്നു" (3,17) ദൈവികജ്ഞാനത്തെ ഉന്നതത്തിൽനിന്നുള്ളത് എന്നാണ് ശ്ലീഹാ വിശേഷിപ്പിക്കുന്നത്. ബഹുമാനംമൂലം ദൈവനാമം ഉപയോഗിക്കാൻ മടിച്ചിരുന്ന യഹൂദർ തത്‌സ്ഥാനത്ത് 'സ്വർഗം', 'ഉന്നതം' എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ദൈവത്തിൻ്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത് എന്ന ദൈവപ്രമാണമാണിതിനു പിന്നിൽ. ഉത്ഥിതനായ മിശിഹാ തന്നെ “ഉന്നതത്തിൽ നിന്നും ശക്തി പ്രാപിക്കുന്നതു വരെ നിങ്ങൾ ജറുസലേം പട്ടണത്തിൽത്തന്നെ വസിക്കുവിൻ" (ലൂക്കാ 24,49) എന്നു പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്നതിൽനിന്നും ഇതു കൂടുതൽ സ്‌പഷ്‌ടമാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങളിൽ മുഖ്യമായതാണല്ലൊ ജ്‌ഞാനം. 

പരസ്പര ബന്ധിതങ്ങളായ എട്ടു വിശേഷണങ്ങളുപയോഗിച്ചാണ് യാക്കോബ് ശ്ലീഹാജ്‌ഞാനത്തെ വർണിക്കുന്നത്. ഒന്നാമതായി അതു പരിശുദ്ധമാണ്. “അവൾ (ജ്‌ഞാനം) ദൈവശക്തിയുടെ ശ്വാസവും, സർവ്വശക്തൻ മഹത്ത്വത്തിൻ്റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല" (ജ്‌ഞാനം 7,25). പരിശുദ്ധനായ ദൈവത്തിൽനിന്നു വരുന്നതുകൊണ്ടുതന്നെ ജ്‌ഞാനവും പരിശുദ്ധമാണ്. ഈ പരിശുദ്ധിയുടെ വിവിധ മാനങ്ങളാണ് തുടർന്ന് ശ്ലീഹാ വർണിക്കുന്നത്. ദൈവികജ്‌ഞാനം സമാധാനപരമാണ്. ആത്മാവിൻ്റെ ഫലങ്ങളിൽ പ്രധാനപ്പെട്ടതാണല്ലൊ സമാധാനം (ഗലാ 5,22) സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ ധരിക്കുവിൻ എന്ന് പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുമ്പോഴും (എഫേ 6,15) ദൈവ ജ്‌ഞാനത്താൽ നിറയാൻ തന്നെയാണുപദേശിക്കുന്നത്. സമാധാനത്തിൽ വർത്തിച്ചാലേ വിശുദ്ധി പ്രാപിക്കാനാവൂ താനും (ഫെബ്രാ 12,14).

സൗമ്യത നമ്മുടെ കർത്താവിൻ്റെ തന്നെ സവിശേഷ ഗുണമായിരുന്നു. “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ" (മത്താ 11,29) എന്ന അവിടുത്തെ വാക്കുകളിൽനിന്നും ഇതു വ്യക്‌തമാണ്. ശാന്തശീലർക്കാണല്ലൊ അവിടുന്നു ഭൂമി - വാഗ്ദത്തഭൂമിയായ സ്വർഗം - വാഗ്ദാനം ചെയ്തിരിക്കുന്നതും (മത്താ 5,5). സൗമ്യതയും ആത്മാവിന്റെ ഫലമാണ് (ഗലാ 5,22). ഈ ജ്‌ഞാനം ദൈവഹിതത്തിനു സ്വയം വിധേയമാക്കുന്നതുമാണ്.

ദൈവികജ്‌ഞാനം കരുണാപൂരിതമാണ്. കരുണാമയനായ കർത്താവിൻ്റെ ദാനമാകയാൽ ജ്‌ഞാനത്തിനു കാരുണ്യത്തിൽ സ്വയം പ്രകടമാക്കാതിരിക്കാനാവില്ല. "നിങ്ങളുടെ സ്വർഗീയ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6,36) എന്നാണല്ലൊ അവിടുന്നു നമ്മെ പഠിപ്പിച്ചിരിക്കുന്നതും. ഈ വക ഗുണങ്ങളാൽ പൂരിതമായ ജ്‌ഞാനം സത്‌ഫലങ്ങൾ നിറഞ്ഞതുമായിരിക്കും; കാരണം നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കുവാൻ സാധിക്കുകയില്ല. (മത്താ 7,16-20).

ചാഞ്ചല്യമില്ലായ്‌മയാണ് ജ്‌ഞാനത്തിൻ്റെ പ്രത്യേകതയെന്ന്, ലേഖനത്തിന്റെ ആദ്യഭാഗത്തുതന്നെ യാക്കോബ്‌ശ്ലീഹാ സൂചിപ്പിക്കുന്നുണ്ട് (1,6). ദൈവിക നന്മയിലും വിശ്വസ്‌തതയിലും സംശയിക്കാതിരിക്കുന്നതിലൂടെയാണ് ഈ അചഞ്ചലത വ്യക്‌തമാക്കേണ്ടത്. ഇങ്ങനെയുള്ള ജ്‌ഞാനം നിഷ്കപടമായിരിക്കും; അതിൽ വ്യാജത്തിനിടമുണ്ടാകില്ല.

ഉന്നതത്തിൽനിന്നുള്ള ഈ ദൈവികജ്‌ഞാനത്തിൽനിന്നു തികച്ചും വിഭിന്നമാണ് ഈ ലോകത്തിൻ്റെ ജ്‌ഞാനം. ഉന്നതത്തിൽ നിന്നുള്ളവ ഭൗമികമായവയിൽനിന്ന് എപ്പോഴും വ്യത്യസ്‌തമാണ്. അതുകൊണ്ടാണ് ഈശോതന്നെയും അരുളിച്ചെയ്‌തത്: “ഉന്നതത്തിൽനിന്നു വന്നവൻ എല്ലാവർക്കും ഉപരിയാണ്; ഭൂമിയിൽനിന്നുള്ളവൻ ഭൗമികനത്രെ; അയാൾ ഭൗമികകാര്യങ്ങൾ സംസാരിക്കുന്നു. സ്വർഗത്തിൽ നിന്നുവന്നവൻ എല്ലാവർക്കും ഉപരിയാണ്. താൻ കാണുകയും കേൾക്കുകയും ചെയ്തവയ്ക്കു അവൻ സാക്ഷ്യം നല്‌കുന്നു" (യോഹ 3, 13; 8,23). ഈ ലോകജ്‌ഞാനികൾ ബൗദ്ധികമായി ദൈവത്തെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്‌തുവെങ്കിലും ദൈവത്തെ അറിഞ്ഞില്ല, അനുഭവിച്ചില്ല. അതുകൊണ്ടാണ് ലോകത്തിൻ്റെ വിജ്‌ഞാനം ഭോഷത്തമായി പരിണമിച്ചത് (1 കോറി 1,18-25). ഈ ലോകത്തിൻ്റെ വിജ്‌ഞാനമല്ല, മറിച്ച് ഉന്നതത്തിൽ നിന്നുള്ള വിജ്‌ഞാനമാണ് വിശ്വാസപരീക്ഷകളിൽ ക്രൈസ്ത‌വനെ സഹായിക്കുന്നത്. 

11. ചോദിക്കുന്നവർക്ക് ഉദാരമായി കൊടുക്കുന്ന ദൈവം 

ദൈവികദാനമായ വിജ്‌ഞാനത്തിനുവേണ്ടി അതിൻ്റെ ഉറവിടമായ ദൈവത്തോടു പ്രാർത്ഥിക്കണമെന്ന് ഉപദേശിക്കുന്ന യാക്കോബ് ശ്ലീഹാ ദൈവത്തിൻ്റെ പ്രത്യേക സവിശേഷത കൂടി എടുത്തു കാണിക്കുന്നുണ്ട്. തന്നോടു ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാതെ ഉദാരമായി കൊടുക്കുന്നവനാണു ദൈവം (1,5). പ്രാർത്ഥന ശ്രവിക്കപ്പെടുമെന്നും വിജ്‌ഞാനം ലഭിക്കുമെന്നുമുള്ളതിന് ഉറപ്പാണ് ഈ ദൈവികസ്വഭാവം. 

ദൈവത്തിൻ്റെ രണ്ടു സവിശേഷഗുണങ്ങളാണ് വി. യാക്കോബ് അടിവരയിട്ടു കാണിക്കുന്നത്: അവിടുത്തെ ഉദാരമനസ്കതയും വ്യവസ്‌ഥയില്ലാത്ത സ്നേഹവും. ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാത്തവനാണ് അവിടുന്ന് എന്നു പറയുമ്പോൾ ഈ വ്യവസ്‌ഥയില്ലായ്മയാണ് ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകൾക്കുമുമ്പ് ജറെമിയാ പ്രവാചകനിലൂടെ ദൈവം തൻ്റെ ഈ സ്വഭാവം വ്യക്തമാക്കിയിരുന്നു: “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻ്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി. അപ്പോൾ നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കൽ വന്നു പ്രാർത്ഥിക്കും; ഞാൻ നിങ്ങളുടെ പ്രാർത്ഥന ശ്രവിക്കും. നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും” (ജറെ 29,11-13). തന്റെ സൃഷ്ടിയായ മനുഷ്യൻ നന്മ മാത്രം കാംക്ഷിക്കുന്ന ദൈവം അവന്റെ ഏതു പ്രാർത്ഥനയ്ക്കും ഉത്തരമരുളും.

വിശ്വാസത്തോടെയുള്ള പ്രാർത്ഥനയുടെ ഫലസിദ്ധിയെക്കുറിച്ച് ഈശോതന്നെ അരുളിച്ചെയ്യുന്നു: “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നു കിട്ടും. കാരണം, ചോദിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. അപ്പം ചോദിച്ചാൽ മകനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ? അല്ലെങ്കിൽ, മത്സ്യം ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കുവാൻ ദുഷ്‌ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ തന്നോടു ചോദിക്കുന്നവർക്ക് നിങ്ങളുടെ സ്വർഗീയപിതാവ് എത്രയധികം നന്മകൾ നല്‌കും!" (മത്താ 7,7-11). 

ഇതിനു സമാന്തരമായി വി. ലൂക്കാ ഈശോയുടേതായി നൽകുന്ന വചനം യാക്കോ 1,5 മായി സവിശേഷമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ലൂക്കാ എഴുതുന്നു: "മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങളുടെ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് സ്വർഗത്തിൽനിന്ന് എത്രയോ അധികമായി പരിശുദ്ധാത്മാവിനെ നല്‌കും” (ലൂക്കാ 11,13). വിശിഷ്ട്ടവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന് - സ്വർഗത്തിൽനിന്ന് - പിതാവിൽനിന്ന് - താഴേയ്ക്കു വരുന്നു എന്നതു വി.യാക്കോബിന്റെയും ബോദ്ധ്യമാണല്ലൊ (1,17). ലൂക്കായുടെ വീക്ഷണമനുസരിച്ച് തന്നോട് ചോദിക്കുന്നവർക്ക് ദൈവം പ്രദാനം ചെയ്യുന്നതു പരിശുദ്ധാത്മാവിനെയാണ്. മനുഷ്യനാവശ്യമായ 'നന്മകൾ' നൽകുമെന്നു വി. മത്തായി പറയുമ്പോൾ, ഈ നന്മ പരിശുദ്ധാത്മാവുതന്നെയാണെന്ന് വി. ലൂക്കാ വ്യാഖ്യാനിക്കുന്നു. ഇവിടെ നമ്മെ സംബന്ധിച്ചു പ്രധാന സംഗതി ഈ പരിശുദ്ധാത്മാവും വിജ്ഞാനവും തമ്മിലുള്ള ബന്ധമാണ്. ദൈവാത്മാവ് വിജ്‌ഞാനത്തിന്റെ ആത്മാവാണല്ലൊ (എഫേ 1,17). നിങ്ങളിൽ വിജ്‌ഞാനം കുറഞ്ഞവർ, തന്നോടു ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാതെ, ഉദാരമായി കൊടുക്കുന്ന ദൈവത്തോടു പ്രാർത്ഥിക്കട്ടെ എന്ന വി.യാക്കോബിന്റെ ഉപദേശം ഈ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമാകുന്നു. 

ഫലം കായ്ക്കാതെ നിലം പാഴാക്കിയിരുന്ന അത്തിമരത്തെ ശപിച്ച് ഉണക്കിയ സംഭവം ഈശോ വ്യാഖാനിക്കുന്നത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്; “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താൽ ഞാൻ ഈ അത്തിവൃക്ഷത്തോടു ചെയ്തതു മാത്രമല്ല, നിങ്ങൾക്കു ചെയ്യാനാവുന്നത്. ഈ മലയോട് 'മാറിപ്പോയി കടലിൽ വീഴുക' എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ചോദിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കും" (മത്താ 21, 21-22). ദൈവസന്നിധിയിൽ മനുഷ്യർക്കുള്ള ഏക മദ്ധ്യസ്‌ഥനായി ഈശോയെ ദൈവം അയച്ചിരിക്കയാൽ, നമ്മൾ അവിടുത്തെ നാമത്തിൽ ചോദിക്കണമെന്നു മാത്രം (യോഹ 14, 13-14; 15,7; 16,23). നമ്മുടെ ആവശ്യങ്ങൾ അവിടുന്നു സാധിച്ചുതരും. 

കഫർണാമിലെ ശതാധിപൻ പ്രകടമാക്കിയതും ഈ വിശ്വാസബോധ്യമായിരുന്നു: “എൻ്റെ കർത്താവേ, നീ എൻ്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; നീ ഒരു വാക്ക് അരുളിച്ചെയ്താൽ എൻ്റെ ഭൃത്യൻ സുഖം പ്രാപിക്കും" (മത്താ 8,8). ഇസ്രായേലിൽപ്പോലും കാണാത്ത തരത്തിലുള്ള വിശ്വാസമാണിതെന്ന് ഈശോയിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുവാൻ തക്കവിധം അത്ര ആഴമുള്ളതായിരുന്നു ആ ശതാധിപൻ്റെ വിശ്വാസം. അതുകൊണ്ടാണ് “നീ വിശ്വസിച്ചതുപോലെ സംഭവിക്കട്ടെ” (മത്താ 8,13) എന്നു പറഞ്ഞവനെ തിരിച്ചുവിടുന്നത്. പ്രാർത്ഥന ശ്രവിക്കുന്ന സ്വർഗീയ പിതാവിൻ്റെ പുത്രനാണ് ഈശോ എന്ന് പരോക്ഷമായി പ്രഖ്യാപിക്കുക കൂടിയാണ് ശതാധിപൻ ചെയ്തത്. 

ദൈവത്തിൻ്റെയും അവിടുത്തെ പുത്രന്റെയും ശക്തിയിലും പരിപാലനയിലും സംശയിക്കരുതെന്നതും വിശ്വാസത്തിൻ്റെ ഭാഗമായി സുവിശേഷങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈശോയും ശിഷ്യന്മാരും ഒരുമിച്ചു വഞ്ചിയിൽ യാത്ര ചെയ്യവേ കൊടുങ്കാറ്റുമൂലം തിരമാലകൾ വഞ്ചിക്കെതിരെ ആഞ്ഞടിച്ച് അതിനെ മുക്കിക്കളയുമെന്നു തോന്നിയപ്പോൾ, ഉറങ്ങുകയായിരുന്ന ഈശോയെ ഉണർത്തി ശിഷ്യന്മാർ അപേക്ഷിച്ചു: “കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ! ഞങ്ങൾ ഇതാ നശിക്കാൻ പോകുന്നു" (മത്താ 8,23-27). ഇത്തരുണത്തിലെ ഈശോയുടെ പ്രതികരണം ശ്രദ്ധേയമാണ്: "അല്‌പവിശ്വാസികളേ, നിങ്ങൾ എന്തിനു ഭയപ്പെടുന്നു?" ഈശോ കൂടെയുള്ളപ്പോൾ ശിഷ്യന്മാർ സംശയിക്കാൻ പാടില്ലായിരുന്നു. 

പന്ത്രണ്ടു വർഷമായി രക്‌തസ്രാവമുണ്ടായിരുന്ന സ്ത്രീ പിന്നിലൂടെ ചെന്ന് കർത്താവിൻ്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടതിന്റെ പിന്നിലുണ്ടായിരുന്ന ചിന്തയും സംശയമില്ലാത്ത ആ വിശ്വാസമായിരുന്നു. “അവന്റെ വസ്ത്രത്തിലെങ്കിലും തൊട്ടാൽ താൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചു” (മത്താ 9,21). അതുകൊണ്ടാണ് ഈശോ അവളെ നോക്കി അരുളിച്ചെയ്തതത്: “എന്റെ മകളേ, ധൈര്യമായിരിക്കുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" എന്ന്. ആ നിമിഷം തന്നെ അവൾ സുഖം പ്രാപിക്കുകയും ചെയ്‌തു (മത്താ 9,22). തങ്ങളോടു കരുണ തോന്നണമേ എന്നു പ്രാർത്ഥിച്ച കുരുടരോട് ഈശോ ചോദിക്കുന്നതും അവർ സംശയമില്ലാതെ വിശ്വസിക്കുന്നുണ്ടോ എന്നതാണ്. “ഇതു ചെയ്യുവാൻ എനിക്കു കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?" (മത്താ 9,29). അവരുടെ സംശയരാഹിത്യം വ്യക്‌തമായപ്പോൾ ഈശോ അരുളിച്ചെയ്തു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ”. അപേക്ഷിക്കുന്നവനെ ഉപോക്ഷിക്കുന്നവനല്ല ദൈവം എന്ന ബോധ്യത്തോടെ വേണം പരീക്ഷകളെ അതിജീവിക്കാനുള്ള ദൈവിക ജ്‌ഞാനത്തിനായും പ്രാർത്ഥിക്കാൻ എന്നാണ് യാക്കോബ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. 

ക്രൈസ്തവനെ സംബന്ധിച്ച് വിശ്വാസം നസ്രായനായ ഈശോയെന്ന വ്യക്തിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുന്ന് മഹത്ത്വപൂർണ്ണനായ മിശിഹായും കർത്താവുമാണെന്ന ബോധ്യമാണീ വിശ്വാസത്തിന്റെ കാതൽ (യാക്കോ 2,1-5). ഈശോയിലുള്ള ഈ വിശ്വാസം അവിടുത്തെ വാക്കുകളിലുള്ള വിശ്വാസംകൂടിയാണ്.

12. കാറ്റത്തിളകുന്ന കടലിലെ തിരമാലയ്ക്കു സദൃശർ 

പരീക്ഷകളെ അതിജീവിക്കുന്നതിനാവശ്യമായ ദൈവിക ജ്‌ഞാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന പിതൃതുല്യമായ ദൈവത്തിൻ്റെ മഹാമനസ്ക‌തയിലുള്ള വിശ്വാസത്തോടെ ആയിരിക്കണം എന്നുപദേശിക്കുന്ന യാക്കോബ് ശ്ലീഹാ, അത് എങ്ങനെ ആയിരിക്കരുത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്: അതു ദൈവിക വാഗ്‌ദാനങ്ങളിൽ സംശയിച്ചു കൊണ്ടാകരുത്. "എന്നാൽ സംശയമെന്നിയെ വിശ്വാസപൂർവം വേണം അയാൾ ചോദിക്കാൻ. സന്ദേഹമുള്ളവർ കാറ്റത്തിളകുന്ന കടലിലെ തിരമാലയ്ക്കു സദൃശരാണ്. കർത്താവിൽനിന്ന് തനിക്ക് എന്തെങ്കിലും ലഭിക്കുമെന്ന് അയാൾ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അയാൾ തൻ്റെ പ്രവർത്തനങ്ങളിൽ എപ്പോഴും ചഞ്ചലനാണ്"(1,6-8). ദൈവിക നന്മയിലും ഔദാര്യത്തിലുമുള്ള അടിയുറച്ച വിശ്വാസത്തോടെ വേണം അവിടുത്തോടു പ്രാർത്ഥിക്കാൻ. ദൈവികകാരുണ്യത്തെക്കുറിച്ചു സംശയിക്കുന്നവർക്ക് ദൈവാനുഗ്രഹമുണ്ടാവില്ല. ഏതു തരത്തിലുമുള്ള പ്രാർത്ഥനയല്ല, വിശ്വാസത്തോടെയുള്ള പ്രാർത്ഥനയാണ് ദൈവസന്നിധിയിൽ സ്വീകാര്യം.

പഞ്ചേന്ദ്രിയബദ്ധമായ സാധാരണ അറിവിൻ്റെ പരിധിയെ അതി ലംഘിക്കുന്നതാണ് വിശ്വാസം. മനുഷ്യബുദ്ധിയ്ക്കു പ്രദാനം ചെയ്യാനാവുന്നതിലും ഉറച്ച അടിസ്‌ഥാനമാണതിനുള്ളത്. ദൈവിക ശക്തിയിലും വാഗ്ദാനത്തിലുമുള്ള തകരാത്ത ബോദ്ധ്യമാണത്. “പ്രത്യാശിക്കുന്നവയെക്കുറിച്ച്, അവ പ്രവൃത്തിയിൽ യാഥാർത്ഥ്യമായാൽ എന്നതുപോലുള്ള ഉറപ്പും കാണാത്തവയെക്കുറിച്ചുള്ള ബോദ്ധ്യവുമാണ് വിശ്വാസം” (ഹെബ്രാ 11.1). ഇതൊരു ഉൾക്കാഴ്‌ചയാണ്. ദൈവികവും തീർച്ചയുള്ളതുമായ ഉൾബോദ്ധ്യം. ഈ വിശ്വാസത്തോടെയുള്ള പ്രാർത്ഥനയാണ് ശ്രവിക്കപ്പെടുക. ഈശോ അരുളിച്ചെയ്യുന്നു: "നിങ്ങൾക്കു ലഭിക്കുമെന്നു വിശ്വസിക്കുവിൻ. അപ്പോൾ അതു ലഭിക്കുകതന്നെ ചെയ്യും" (മർക്കോ 11,27). ഈ കർതൃവചനത്തിന്റെ പിൻബലത്തോടെയാണ് യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നത്. 

എന്നാൽ സംശയമനഃസ്ഥിതിക്കാർ ദൈവകാരുണ്യത്തെയും ഔദാര്യത്തെയും കുറിച്ചു സംശയിക്കുകവഴി ഈ ഔദാര്യത്തിലേക്കുള്ള മാർഗം അടച്ചുകളയുന്നു. ഇങ്ങനെ സംശയിക്കാതെ ദൈവികശക്തിയിൽ വിശ്വസിച്ചു എന്നതിലാണ് പിതാവായ അബ്രാഹത്തിൻറെ മാഹാത്മ്യം. “പ്രത്യാശയ്ക്കു സാധ്യതയില്ലാതിരിക്കെതന്നെ, അയാൾ പ്രത്യാശാപൂർവം വിശ്വസിച്ചു. നൂറു വയസ്സുള്ള തൻ്റെ ശരീരം മൃതപ്രായമായിരുന്നിട്ടും സാറായുടെ ഉദരം മൃതപ്രായമാണെന്ന് അറിഞ്ഞിരുന്നിട്ടും അയാളുടെ വിശ്വാസം ദുർബലമായില്ല. മറിച്ച്, വിശ്വാസത്തിൽ കൂടുതൽ ശക്തിയുള്ളവനായി, അയാൾ ദൈവത്തെ മഹത്ത്വപ്പെടുത്തി. തന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അയാൾ പൂർണമായി വിശ്വസിച്ചു. ഇതിനാൽ, അയാളുടെ വിശ്വാസം അയാൾക്കു നീതിയായി കണക്കാക്കപ്പെട്ടു" (റോമാ 4, 18-25). 

നമ്മുടെ കർത്താവിന്റെ വചനത്തിൽ അല്‌പസമയത്തേയ്ക്ക് സംശയിച്ച പത്രോസ്ശ്ലീഹായ്ക്കു സംഭവിച്ചതെന്തെന്ന് നമുക്കറിയാമല്ലൊ (മത്താ 14, 22-33). ജലത്തിനു മീതെ നടന്നുവന്ന കർത്താവിനെ കണ്ടു ഭയന്ന ശിഷ്യന്മാരോട്, "ധൈര്യമായിരിക്കുവിൻ, ഞാനാകുന്നു, നിങ്ങൾ ഭയപ്പെടേണ്ട” എന്ന് അവിടുന്നരുളിച്ചെയ്‌തപ്പോൾ, വെള്ളത്തിനു മീതെ അവിടുത്തെ അടുക്കലേയ്ക്കു പോകാൻ പത്രോസിനൊരാഗ്രഹം. “വരൂ” എന്ന കർത്താവിൻ്റെ വചനപ്രകാരം വഞ്ചിയിൽ നിന്നിറങ്ങി, വെള്ളത്തിനു മീതെ, ഈശോയുടെ അടുത്തേയ്ക്കു നടന്നു നീങ്ങിയ പത്രോസ്, ശക്‌തമായ കാറ്റുണ്ടായപ്പോൾ ഒന്നു ശങ്കിച്ചു. അതോടെ വെള്ളത്തിലേയ്ക്കു താഴാനും തുടങ്ങി. അടുത്ത നിമിഷം
വിശ്വാസം വീണ്ടെടുത്ത പത്രോസ്, “എൻ്റെ കർത്താവേ എന്നെ രക്ഷിക്കണമേ" എന്നു നിലവിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്നു കരങ്ങൾ നീട്ടി രക്ഷിച്ച രംഗം നമുക്കൊക്കെ സുപരിചിതമാണ്. തദവസരത്തിലെ കർത്താവിന്റെ ചോദ്യം ഇവിടെ പ്രസക്‌തമാണ്: "അല്‌പവിശ്വാസി, നീ എന്തിനു സംശയിച്ചു?"(മത്താ 14,31). ഒരു നിമിഷത്തേയ്ക്കുപോലും പത്രോസ് സംശയിക്കാൻ പാടില്ലായിരുന്നു. “വരു" എന്നു പറഞ്ഞു നമ്മെ വിളിക്കുന്ന കർത്താവിൽ നിന്നു കണ്ണുപറിച്ചാൽ, ചുറ്റും ഇളകി മറിയുന്ന തിരമാലകളിലേയ്ക്കു ശ്രദ്ധ തിരിച്ചാൽ, നാമും വെള്ളത്തിൽ താണു പോകും. സംശയിക്കാതെ അവിടുത്തെ വചനത്തിൽ വിശ്വസിച്ച് കാലടികൾ മുന്നോട്ടുവച്ചാൽ എത്ര ശക്‌തമായ തിരമാലകൾക്കിടയിലും സുരക്ഷിതരായി അവിടുത്തെ സന്നിധിയിൽ നമ്മളെത്തും. 

സംശയ പ്രകൃതിക്കാരനെയാണ് കാറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന വഞ്ചിയോട് യാക്കോബ് ശ്ലീഹാ ഉപമിക്കുന്നത്. “ദുഷ്ടർ പ്രക്ഷുബ്‌ധമായ കടൽപോലെയാണ്. അതിനു ശാന്തമാകാനാവില്ല” (ഏശ 57,20). "ജ്‌ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാർത്ഥത ഇല്ലാത്തവൻ കൊടുങ്കാറ്റിൽപ്പെട്ട തോണിപോലെയാണ്” (പ്രഭാ 33,20). ദൈവവചനമായ നിയമത്തോട് ആത്മാർത്ഥതയില്ലാത്തവർ ചഞ്ചല പ്രകൃതക്കാരായിരിക്കും. ഈ ചാഞ്ചല്യം അവരുടെ മനോഭാവത്തിലും പ്രവൃത്തികളിലും പ്രതിഫലിക്കും. ഇത്തരക്കാരുടെ പ്രാർത്ഥനയ്ക്കു ദൈവം ചെവി കൊടുക്കില്ല. അതുകൊണ്ടുതന്നെ ദൈവത്തിൽ നിന്ന് ഇവർക്കൊന്നും പ്രതീക്ഷിക്കാനുമില്ല. ചോദിക്കേണ്ടതുപോലെ ചോദിക്കാത്തതുകൊണ്ടാണ് ഇവർക്കൊന്നും ലഭിക്കാതെ പോകുന്നത് (യാക്കോ 4,2-3). സ്വന്ത ദുരാശകളെ പോഷിപ്പിക്കാൻ ചീത്തയായവയാണ് ഇക്കൂട്ടർ ചോദിക്കുന്നത്. 

യാക്കോബിൻ്റെ ഉപദേശത്തിനു സമാനമായ ഒരു ഭാഗം ഹെർമാസിൻ്റെ ഇടയനിലും നമ്മൾ കാണുന്നുണ്ട് (ഒമ്പതാം കല്പന 1-4): "സംശയ മനഃസ്‌ഥിതി ദൂരെയകറ്റുക; പ്രത്യേകിച്ച് ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ അല്‌പംപോലും സംശയിക്കാൻ പാടില്ല. 'ദൈവത്തിനെതിരെ നിരവധി പാപങ്ങൾ ചെയ്‌തുകൂട്ടിയ ഞാൻ എങ്ങനെ അവിടുത്തോട് എന്തെങ്കിലും ചോദിക്കുകയും സ്വീകരിക്കുകയും ചെയ്യും' എന്നു പറയരുത്. ഇപ്രകാരം ചിന്തിക്കുവാൻ പാടില്ല; പിന്നെയോ പൂർണഹൃദയത്തോടെ കർത്താവിങ്കലേക്കു തിരിയുകയും മടി കൂടാതെ അവിടുത്തോടു ചോദിക്കുകയും ചെയ്യുക. അപ്പോൾ അവിടുത്തെ അത്ഭുതാവഹമായ കരുണ നിങ്ങൾ മനസിലാക്കും; കാരണം അവിടുന്നു നിന്നെ ഉപേക്ഷിക്കുകയോ നിൻ്റെ ആത്മാവിൻ്റെ അഭിലാഷം തള്ളിക്കളയുകയോ ഇല്ല. വിരോധം മനസിൽ വച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെപ്പോലെയല്ല അവിടുന്ന്; അവിടുന്നിൽ തിന്മയില്ല; തൻ്റെ സൃഷ്‌ടികളോട് അവിടുത്തേയ്ക്ക് കരുണയുണ്ട്. അതുകൊണ്ട്, ഈ ലോകത്തിൻ്റെ വ്യർത്ഥ മായകളിൽ നിന്നും, തിന്മകളിൽ നിന്നും, നിൻ്റെ ഹൃദയത്തെ കഴുകി വെടിപ്പാക്കുക. അനന്തരം കർത്താവിനോടു ചോദിക്കുന്നതെന്തും നിനക്കു ലഭിക്കും. സംശയം കൂടാതെ കർത്താവിനോടു ചോദിക്കുന്നതെല്ലാം അവിടുന്നു സാധിച്ചുതരും. എന്നാൽ നീ ഹൃദയത്തിൽ സംശയിച്ചാൽ നിൻ്റെ യാചനകളൊന്നും ശ്രവിക്കപ്പെടുകയില്ല.

 

13. വിഭജിത ഹൃദയർ

ദൈവിക നന്മയിലും ഔദാര്യത്തിലും വിശ്വാസമില്ലാത്ത ക്രൈസ്തവനെ വിഭജിത ഹ്യദയമുള്ളൻ എന്നാണ് യാക്കോബ് ശ്ലീഹാ വിശേഷിപ്പിക്കുന്നത് (1.8). ക്രൈസ്‌തവൻ അസ്‌തിത്വത്താലേ ദൈവികസ്വഭാവത്തിൽ വിശ്വസിക്കേണ്ടവനാണ്; ഈ വിശ്വാസമാണല്ലൊ ഒരുവനെ ക്രൈസ്തവനാക്കുന്നതുതന്നെ. ക്രൈസ്ത‌വനായിരിക്കെ ദൈവത്തിൻ്റെ അനന്തനന്മയിലും കാരുണ്യത്തിലും വിശ്വസിക്കാതിരിക്കുന്നതു ഹൃദയം വിഭജിതമായിരിക്കുന്നതുകൊണ്ടാണ്. ഹൃദയം കർത്താവിൽ ഉറച്ചു നിൽക്കാത്തതു മൂലം, അവൻ ചരിക്കുന്ന വഴികളിലൊന്നും അവന്റെ കാല് ഉറയ്ക്കില്ല, പത്രോസിന്റെ പാദങ്ങൾ ഉറയ്ക്കാതിരുന്നതുപോലെ. ദൈവത്തിങ്കലേക്കു ദൃഷ്ട‌ി തിരിക്കുകയും അവിടുത്തോട് അടുക്കുകയും ചെയ്യുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള ഏകപോംവഴി. “നിങ്ങൾ ദൈവത്തോട് അടുക്കുവിൻ; അവൻ നിങ്ങളോടും അടുക്കും. പാപികളെ നിങ്ങളുടെ കരങ്ങൾ ശുദ്ധമാക്കുവിൻ; ഇരട്ടത്താപ്പുകാരേ, ഹൃദയശുദ്ധിവരുത്തുവിൻ" (യാക്കോ 4,8). പൂർണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാനുള്ള കല്‌പനയും ഇരട്ടത്താപ്പു നീക്കി ഹൃദയം ശുദ്ധമാക്കാനുള്ള ഉപദേശവും ഫലത്തിൽ ഒരു കാര്യം തന്നെയാണാവശ്യപ്പെടുന്നത്.

പഴയനിയമത്തിൽ ലോത്തിന്റെ ഭാര്യയാണ് ഈ വിഭജിത ഹൃദയത്തിന്റെ മനുഷ്യാകാരം. “ലോത്തിന്റെകൂടെ ഭാര്യയും ഇറങ്ങി പുറപ്പെട്ടെങ്കിലും ഒരു വ്യത്യസ്‌ത മനോഭാവം ഉണ്ടാകുകയും ഏകാഗ്രതയോടെ വർത്തിക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുകയാൽ അവൾ ഒരടയാളമായി പരിണമിച്ചു. ഇരുമനസുള്ളവരും ദൈവശക്തിയെ സംശയിക്കുന്നവരും വിധിയിലേക്ക് ആനീതരാകുമെന്നും തലമുറകൾക്കെല്ലാം ഒരു താക്കീതായിത്തീരുമെന്നും എല്ലാവരും മനസിലാക്കുവാൻ അവർ ഒരു ഉപ്പുതൂണായിത്തീരുകയും ഇന്നോളം നിലനില്ക്കുകയും ചെയ്യുന്നു" (വി.ക്ളെമെൻറ്, 1 കൊറി 11,2, ഉല്‌പ 19).

മനസിൽ സംശയിക്കുകയും തർക്കിക്കുകയും ചെയ്യുന്നവരാണ് വിഭജിതഹൃദയർ എന്ന് ഹെർമാസിന്റെ ഇടയനും സാക്ഷിക്കുന്നു (മൂന്നാം ദർശനം 4,3). ഇവർക്കുള്ള സന്ദേശം ഒന്നുമാത്രം "ചഞ്ചല ചിത്തരേ, നിങ്ങൾ ഉറപ്പായി കർത്താവിൽ വിശ്വസിക്കുവിൻ കർത്താവ് എന്തിനും ശക്തനാണ്. തന്റെ കോപം നിങ്ങളിൽ നിന്നും നീങ്ങും. എന്നാൽ ഹൃദയത്തിൽ സംശയിക്കുന്നവർക്ക് അവൻ ദണ്ഡനങ്ങൾ അയയ്ക്കും" (നാലാം ദർശനം 2.6), ലക്ഷണം, ശകുനം, രാഹുകാലം തുടങ്ങിയവ നോക്കുന്നവരെ സമീപിച്ച് ഭാവികാര്യങ്ങളെപ്പറ്റി ആരായുന്നവരെയും വിഭജിതഹൃദയരുടെ ഗണത്തിലാണ് ഹെർമാസിന്റെ ഇടയൻ പെടുത്തുന്നത് (പതിനൊന്നാം കല്പന 2-13). ഒമ്പതാമത്തെ കല്പനയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "ദൈവത്തോടുള്ള ബന്ധത്തിൽ ചാഞ്ചല്യം കാണിക്കുന്നവരാണ് വിഭജിതഹൃദയമുള്ളവർ; ഇക്കൂട്ടർക്ക് ദൈവത്തിൽ നിന്നൊന്നും ലഭിക്കുകയില്ല വിശ്വാസത്തിൽ പൂർണരാകട്ടെ കർത്താവിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്; സംശയം കൂടാതെയും അവിഭക്‌ത ഹൃദയത്തോടെയും ചോദിക്കുന്നതുകൊണ്ട് അവർ ചോദിക്കുന്നതെല്ലാം അവർക്കു ലഭിക്കും. വിഭജിത ഹൃദയമുള്ളവൻ അനുതപിക്കുന്നില്ലെങ്കിൽ രക്ഷപ്പെടുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് വിഭക്‌തമായ ഉദ്ദേശ്യത്തിൽ നിന്നും നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുക; വിശ്വാസം ശക്‌തമാകയാൽ അതു ധരിക്കുക; യാചിക്കുന്നതൊക്കെയും ദൈവം തരുമെന്നു വിശ്വസിക്കുകയും ചെയ്യുക. കർത്താവിനോട് എന്തെങ്കിലും ചോദിച്ചിട്ട് ലഭിക്കാൻ താമസിച്ചാൽ, അതിന്റെ പേരിൽ സംശയിക്കരുത്. നിന്റെ യാചനകൾക്കുള്ള മറുപടി സാവധാനമായി പോകുന്നത് ഏതെങ്കിലും പരീക്ഷകൾ മൂലമോ നീ തന്നെയും ഓർമ്മിക്കാത്ത എന്തെങ്കിലും തെറ്റുമൂലമോ ആകാം. അതുകൊണ്ട് നിൻ്റെ പ്രാർത്ഥന നിർത്തിക്കളയരുത്, അതു ശ്രവിക്കപ്പെടും. നിന്റെ പ്രാർത്ഥനയിൽ മനസുമടുക്കുകയും സംശയിക്കുകയും ചെയ്താൽ, നീ ദാതാവിനെയല്ല, നിന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. വിഭജിതഹൃദയത്തിനെതിരെ ജാഗരൂകരായിരിക്കണം. കാരണം അതു ദുഷ്ടവും അർത്ഥശൂന്യവുമാണ്; കാരണം അത് അടിയുറച്ച വിശ്വാസികളെപ്പോലും വേരോടെ പിഴുതെറിയുന്നു. വിഭക്ത ഹൃദയം സാത്താൻ്റെ പുത്രിയാണ്; ദൈവദാസർക്ക് അതു വലിയ തിന്മ വരുത്തിവയ്ക്കുന്നു. ആയതിനാൽ വിഭജിതഹൃദയത്തെ വെറുക്കുക. സുശക്തമായ വിശ്വാസം ധരിച്ച് അതിന്മേൽ വിജയം നേടുക; കാരണം, വിശ്വാസം എല്ലാം വാഗ്ദ‌ാനം ചെയ്യുന്നു; എല്ലാം പൂർത്തീകരിക്കുകയും ചെയ്യുന്നു. വിഭക്തമായ ഹൃദയമാകട്ടെ ദുർബലനായ പിശാചിൽ നിന്നുള്ള ഭൗമികാരൂപിയാണ്. അതുകൊണ്ട്, ശക്തിയുള്ള വിശ്വാസത്തിനു കീഴ്പ്പെടുക; ശക്തിയില്ലാത്ത വിഭക്തോദ്ദേശ്യത്തിൽ നിന്നകന്നു മാറുക, നീ ദൈവത്തിനായി ജീവിക്കും; ഇപ്രകാരമുള്ളവരെല്ലാം ദൈവത്തിനായി ജീവിക്കും" (ഹെർമാസിൻ്റെ ഇടയൻ, ഒമ്പതാം കല്‌പന 5-12). ഇരുമനസും ദ്വിജിഹ്വയും അരുത്; കാരണം ഇരട്ടത്താപ്പ് മാരകമായ കെണിയാണ് എന്ന് ഡിഡാക്കെയിലും നമ്മൾ വായിക്കുന്നു (ഡിഡാക്കെ 2,4). “ആർക്കും രണ്ടു യജമാനന്മാരെ സേവിക്കുക സാധ്യമല്ല, ഒന്നുകിൽ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും... നിങ്ങൾക്ക് ദൈവത്തെയും മാമ്മോനായെയും സേവിക്കാൻ സാധിക്കുകയില്ല" (മത്താ 6,24) എന്ന കർതൃവചനം തന്നെയാണ് വിഭജിതഹൃദയത്തെക്കുറിച്ചുള്ള പഠനത്തിന്റെ പിന്നിൽ.

14. പരീക്ഷകളിൽ പ്രാർത്ഥിക്കുവിൻ

വിശ്വാസജീവിതത്തിന്റെ ഭാഗമാണ് പരീക്ഷകളെന്നും അവയെ വിശ്വാസസ്ഥിരതയോടെ ക്ഷമാപൂർവ്വം അതിജീവിക്കുകയാണു കരണീയമെന്നും നിർദ്ദേശിക്കുന്ന യാക്കോബ് ശ്ലീഹാ പരീക്ഷാഘട്ടങ്ങളിൽ ക്രൈസ്തവോചിതമായി പ്രതികരിക്കുന്നതിനാവശ്യമായ വിജ്‌ഞാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കണമെന്നുപദേശിക്കുന്നുണ്ട് (1,5). ദൈവ പരിപാലനയിലും കൃപയിലുമുള്ള വിശ്വാസത്തോടെ വേണം പ്രാർത്ഥിക്കാൻ എന്നദ്ദേഹം ഊന്നിപ്പറയുന്നു. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കെല്ലാം വ്യവസ്‌ഥയില്ലാതെ നന്മ മാത്രം നൽകുന്ന ദൈവത്തിലുള്ള വിശ്വാസം അവിടുത്തോടു പ്രാർത്ഥിക്കുവാൻ പ്രചോദനമാകേണ്ടതാണ്. ചുരുക്കത്തിൽ പ്രാർത്ഥനയാണ് പരീക്ഷകളെ വിജയകരമായി തരണം ചെയ്യാനുള്ള ആത്യന്തിക മാർഗം.

ലേഖനത്തിന്റെ അവസാനഭാഗത്തു വീണ്ടും പ്രാർത്ഥനയുടെ പ്രമേയം വി. യാക്കോബ് അവതരിപ്പിക്കുന്നുണ്ട്. “നിങ്ങളിൽ കഷ്ടതയനുഭവിക്കുന്നവൻ പ്രാർത്ഥിക്കയും, ആനന്ദിക്കുന്നവൻ സ്തോത്രം ആലപിക്കുകയും ചെയ്യട്ടെ" (5,13). പരീക്ഷകളിലെ സഹനത്തെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാരംഭിച്ച ലേഖനം (1,2) കഷ്‌ടതകളിലെ സഹനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ടവസാനിക്കുന്നു. ഈശോമിശിഹായിലുള്ള വിശ്വാസത്തെപ്രതി ഏല്പിക്കേണ്ടിവരുന്ന സഹനമാണ് ഇരു സ്‌ഥലങ്ങളിലും വിഷയം. ഈ സഹനം നീങ്ങി കിട്ടേണ്ടതിന് എന്നതിലുപരി, അവയെ വിശ്വാസവെളിച്ചത്തിൽ തരണം ചെയ്യാനുള്ള ശക്തിയ്ക്കും ധൈര്യത്തിനും വേണ്ടിയാണു പ്രാർത്ഥിക്കേണ്ടത്.

ആത്മീയാനന്ദം അനുഭവിക്കുന്നവർ ദൈവത്തിനു സ്തോത്രം ആലപിക്കണം. ഹൃദയത്തിന്റെ ആഹ്ലാദം - ആന്തരിക സന്തോഷം -ബാഹ്യസാഹചര്യങ്ങളെ മാത്രം ആശ്രയിച്ചല്ലിരിക്കുന്നത്. കാരാഗൃഹത്തിൽ പോലും ദൈവത്തെ സ്‌തുതിക്കാൻ പൗലോസിനും സീലാസിനും സാധിച്ചത് സാഹചര്യം അനുകൂലമായിരുന്നതു കൊണ്ടല്ലല്ലൊ (ശ്ലീഹ 16,25). സമ്യദ്ധിയുടെ കാലത്ത് ദൈവത്തെ മറക്കരുതെന്നൊരു സൂചന കൂടി ഇവിടെയുണ്ട്. നമ്മുടെ ആവശ്യങ്ങളിൽ മാത്രമാകരുത് പ്രാർത്ഥനയിൽ ദൈവത്തിങ്കലേയ്ക്കു നമ്മൾ തിരിയുന്നത്. സ്തോത്രമാലപിക്കാനാണ് ശ്ലീഹാ ആവശ്യപ്പെടുന്നത്. പ്രാർത്ഥനയുടെ ഒരു മുഖ്യഘടകം ദൈവത്തിനു സ്തുതിയും പുകഴ്‌ചയും അർപ്പിക്കലാണ്. കൊളോസായിലെ സഭാംഗങ്ങൾക്കു പൗലോസ്‌ശ്ലീഹാ നൽകുന്ന ഉപദേശം ഇത്തരുണത്തിൽ പ്രസക്‌തമാണ്: "കൃതജ്‌ഞതനിറഞ്ഞ ഹൃദയത്തോടെ നിങ്ങൾ ദൈവത്തിനു സങ്കീർത്തനങ്ങളും സ്‌തുതികളും ആത്മീയഗീതങ്ങളും ആലപിക്കുവിൻ. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നിങ്ങൾ ചെയ്യുന്നതെല്ലാം നമ്മുടെ കർത്താവായ ഈശോമിശിഹായുടെ നാമത്തിൽ അവൻവഴി പിതാവായ ദൈവത്തിനു സ്ത്രോത്രം അർപ്പിച്ചു കൊണ്ടു ചെയ്യുവിൻ" (കൊളോ 3, 16-17). നമ്മുടെ ആരാധനക്രമത്തിൽ സ്തുതിക്കും സ്തോത്രത്തിനുമുള്ള സ്‌ഥാനം വളരെ പ്രധാനപ്പെട്ടതാണല്ലൊ: “അതിപൂജിതമാം നിൻ തിരുനാമത്തിനിതാ/ സ്തു‌തിയും ബഹുമതിയും സ്തോത്രം കീർത്തനവും / നാഥാ ഞങ്ങളണയ്ക്കുന്നു...”

നീതിമാൻ പ്രാർത്ഥനയുടെ ശക്തി മനസ്സിലാക്കിത്തരുവാൻ ലേഖനകർത്താവ് ഏലിയാപ്രവാചകന്റെ ജീവിതാനുഭവം വിവരിക്കുന്നു. ഏലിയാ നമ്മെപ്പോലെതന്നെ ഒരു സാധാരണ മനുഷ്യനായിരുന്നു, എല്ലാക്കാര്യങ്ങളിലും പ്രത്യേകിച്ചു സഹനത്തിലും. അദ്ദേഹത്തിന്റെ തീക്ഷ്‌ണമായ പ്രാർത്ഥനയുടെ ഫലമായി മഴയെ നിയന്ത്രിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭൂമിയിൽ മഴ പെയ്യാതിരിക്കാനായി ഏലിയാ പ്രാർത്ഥിച്ചുവെന്ന് വി. യാക്കോബു രേഖപ്പെടുത്തുന്നുവെങ്കിലും ഏലിയായുടെ ചരിത്രം വ്യത്യസ്‌തമായ ചിത്രമാണു നൽകുന്നത്. 1 രാജാ 18,42 ലെ വിവരണമനുസരിച്ച് ഈ പ്രവാചകൻ്റെ പ്രാർത്ഥന വരൾച്ച അവസാനിപ്പിക്കുവാനാണ് കാരണമായത്. നീതിമാനു ദൈവസന്നിധിയിലുള്ള സ്വാധീനവും അവൻ്റെ പ്രാർത്ഥനയുടെ ശക്‌തിയും വെളിവാക്കുകയാണ് യാക്കോബിൻ്റെ ലക്ഷ്യം. ഏലിയാ നമ്മിലൊരുവനെപ്പോലെ ആയിരുന്നവനാണ് എന്നു പറയുകവഴി നീതിമാന്മാരായി ജീവിച്ചാൽ നമ്മുടെ പ്രാർത്ഥനയ്ക്കും താദൃശ ഫലമുണ്ടാകുമെന്നു വ്യംഗ്യം. 

ഹെബ്രായ ലേഖകൻ നമ്മുടെ കർത്താവിനെത്തന്നെയാണ് പ്രാർത്ഥനയുടെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്. "മിശിഹാ തൻ്റെ ഐഹികജീവിതകാലത്ത്, തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിവുള്ളവന് വലിയ നിലവിളിയോടും കണ്ണീരോടുംകൂടെ പ്രാർത്ഥനയും യാചനയും സമർപ്പിച്ചു. അവൻ്റെ പ്രാർത്ഥന ശ്രവിക്കപ്പെടുകയും ചെയ്തു. നല്ല പുത്രനായിരുന്നിട്ടും അനുഭവിച്ച ഭയവും സഹനവും വഴി അവൻ അനുസരണം അഭ്യസിച്ചു. ഇങ്ങനെ പൂർണനായ അവൻ തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായി ഭവിച്ചു" (ഹെബ്രാ 5, 7-9). സഹനത്തിൻ്റെയും പരീക്ഷയുടെയും വേളയിൽ പ്രാർത്ഥനയിൽ അഭയം തേടാനാണല്ലൊ യാക്കോബ് ശ്ലീഹാ ഉപദേശിക്കുന്നത്. ഇതും ഈശോയുടെ ജീവിതമാതൃകയുടെ വെളിച്ചത്തിലാണ്.

15.ജീവൻ്റെ കിരീടം 

പരീക്ഷകളെ അതിജീവിക്കുന്നവർക്ക് ദൈവം തൻ്റെ വാഗ്ദാന പ്രകാരം ജീവൻ്റെ കിരീടം പ്രദാനം ചെയ്യുമെന്ന് യാക്കോബ് ശ്ലീഹാ ഉറപ്പു നൽകുന്നു(1,12). ജ്‌ഞാനത്തിൻ്റെ പുസ്‌തകത്തിലും തത്തുല്യമായ ഒരു വാഗ്ദാനം ഉണ്ട്. "നീതിമാന്മാർ എന്നേയ്ക്കും ജീവിക്കും. അവരുടെ പ്രതിഫലം കർത്താവിൻ്റെ പക്കലുണ്ട്; അത്യുന്നതൻ അവരെ പരിപാലിക്കുന്നു. അതുകൊണ്ട് മഹത്തരവും സുന്ദരവുമായ കിരീടം അവർക്കു കർത്താവിൽ നിന്നു ലഭിക്കും" (ജ്‌ഞാനം 5,15-16). സോളമൻ വിവക്ഷിക്കുന്ന നീതിമാന്മാരാണ് യാക്കോബിൻ്റെ വീക്ഷണത്തിൽ പരീക്ഷകളെ അതിജീവിക്കുന്നവർ, ജ്‌ഞാനകർത്താവ് മോശയെ ചിത്രീകരിക്കുന്നത് ദൈവികമഹത്ത്വം കിരീടമായി അണിഞ്ഞിരിക്കുന്നവനായാണ്: “അവൻ അണിഞ്ഞിരുന്ന മേലങ്കിയിൽ, ലോകത്തെ മുഴുവൻ ചിത്രണം ചെയ്തിരുന്നു; നാലു രത്ന നിരകളിലും പിതാക്കന്മാരുടെ മഹിമകളും കിരീടത്തിൽ അങ്ങയുടെ മഹത്ത്വവും ആലേഖനം ചെയ്തിരിക്കുന്നു" (ജ്‌ഞാനം 18,24). 

വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിന് നൽകുന്ന അജപാലന നിർദ്ദേശവും യാക്കോബിൻ്റെതിനു സദൃശമാണ്. “ഈശോമിശിഹായുടെ ഉത്തമ പടയാളിയെപ്പോലെ കഷ്‌ടപ്പാടുകൾ സഹിക്കുക. തന്നെ തിരഞ്ഞെടുത്തവനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി യുദ്ധം ചെയ്യുമ്പോൾ, ഒരുവനും മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. നിയമാനുസ്യതം മത്സരിക്കാത്ത കായികാഭ്യാസിക്കു കിരീടം ലഭിക്കുകയില്ല" (2 തിമോ 2,5). ഒരു പടയാളിയുടെ ശ്രദ്ധയോടെ, കായികാഭ്യാസിയുടെ ഏകാഗ്രതയോടെ വിജയികൾക്കുള്ള കിരീടം ലക്ഷ്യമാക്കി ജീവിക്കണമെന്നുസാരം. വി. പത്രോസ് ശ്ലീഹായും പുരോഹിതന്മാർക്കു നൽകുന്ന ഉപദേശത്തിൽ മഹത്ത്വത്തിൻ്റെ കിരീടത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്: “നിങ്ങളെ ഭരമേല്പ്‌പിച്ചിരിക്കുന്ന, ദൈവത്തിൻ്റെ അജഗണത്തെ മേയിക്കുകയും ആധ്യാത്മികമായി അന്വേഷിക്കുകയും ചെയ്യുവിൻ. അത് അജഗണത്തിന്മേൽ അധികാരം പ്രയോഗിക്കുന്നവരാകാതെ, അവർക്കു നല്ല മാതൃകകളായിക്കൊണ്ടാവണം. അങ്ങനെയായാൽ, പ്രധാനയിടയൻ പ്രത്യക്ഷപ്പെടുമ്പോൾ അവനിൽനിന്നു മഹത്ത്വത്തിൻ്റെ വാടാത്ത കിരീടം നിങ്ങൾക്കു ലഭിക്കും" (1 പത്രോ 5,2-4). പ്രധാന ഇടയനായ ഈശോ തന്നെയും മരണത്തിൻ്റെ പീഡയനുഭവിക്കാൻവേണ്ടി ദൂതന്മാരെക്കാൾ അല്പ സമയത്തേയ്ക്കു താഴ്ത്തപ്പെട്ടതിനാൽ മഹത്ത്വത്തിൻ്റെയും ബഹുമാനത്തിൻ്റെയും കിരീടമണിഞ്ഞവനാണ് (ഹെബ്രാ 2,9). പീഡ സഹിക്കുന്നതിൽ അവിടുന്നു തന്നെയാണ് നമുക്കു മാതൃകയും ശക്തിയും. പീഡകളെയും പരീക്ഷകളെയും അവിടുന്ന് അതിജീവിച്ചതുപോലെ നമ്മളും അതിജീവിച്ചാൽ അവിടുത്തേതുപോലുള്ള മഹത്ത്വത്തിലും നമ്മൾ പങ്കുകാരാകും (റോമ 8,17). ഈ സത്യം തന്നെയാണ് വി.പത്രോസ് ശ്ലീഹാ ലോകമെമ്പാടുമുള്ള ക്രൈസ്‌തവരെ അനുസ്മരിപ്പിക്കുന്നതും: “അവൻ തൻ്റെ കൃപാധിക്യത്താൽ ഈശോമിശിഹായുടെ മരിച്ചവരിൽ നിന്നുള്ള ഉയിർപ്പുവഴി സജീവമായ പ്രത്യാശയ്ക്കായി നമുക്കു പുനർജന്മം നൽകിയിരിക്കുന്നു. അത്, സ്വർഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അനശ്വരവും നിർമ്മലവും അക്ഷയവുമായ അവകാശത്തിനായി കൂടിയുള്ളതാണ്. അവസാനനാളിൽ വെളിപ്പെടാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്‌തിയാൽ വിശ്വാസത്തിലൂടെ കാത്തു സൂക്ഷിക്കപ്പെട്ടവരാണല്ലൊ നിങ്ങൾ" (1 പത്രോ 1,3-5). ഈശോമിശിഹായിലുള്ള വിശ്വാസംവഴി അനശ്വരവും അക്ഷയവുമായ അവകാശത്തെക്കുറിച്ചുള്ള പ്രത്യാശയിലേയ്ക്കാണ് നമ്മൾ പുനർ ജനിച്ചിരിക്കുന്നത്. ഈ പുതുജീവിതത്തിൽ സഹനങ്ങളുണ്ടാകുമെങ്കിലും അവസാനം വരെ വിശ്വസ്തരായിരുന്നാൽ ജീവൻ്റെ കിരീടം ഉറപ്പാണ്. ഇതെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ സ്‌മിർണായിലെ സഭയ്ക്കെ‌ഴുതുമ്പോൾ സൂചിപ്പിക്കുന്നതിങ്ങനെയാണ്: “നീ സഹിക്കാനിരിക്കുന്നവയോർത്ത് ഭയപ്പെടേണ്ട. നിങ്ങൾ പരീക്ഷിക്കപ്പെടാൻ തക്കവിധം ഇതാ, പിശാച് നിങ്ങളെ കാരാഗൃഹത്തിലാക്കാൻ പോകുന്നു. പത്തു ദിവസത്തേയ്ക്കു നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എന്നാൽ മരണംവരെ വിശ്വസ്തനായിരുന്നാൽ, ജീവൻ്റെ കിരീടം നിനക്കു ഞാൻ തരും" (വെളി 2,10). ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേരുന്നത് ഉത്ഥാനമഹത്ത്വം ലക്ഷ്യം വച്ചാണെന്ന് പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നുണ്ട്: “...മിശിഹായെയും അവൻ്റെ ഉയിർപ്പിൻ്റെ ശക്‌തിയെയുംകുറിച്ച് അറിഞ്ഞ് അവൻ്റെ സഹനത്തിലും മരണത്തിലും എനിക്കു പങ്കു ചേരണം. അതു മരണശേഷമുള്ള ഉത്ഥാനം പ്രാപിക്കാൻ വേണ്ടിയാണ്... ഈശോമിശിഹായിലൂടെ ലഭിച്ച ഏറ്റവും ഉന്നതമായ ദൈവവിളിക്കുള്ള സമ്മാനത്തിനായി ഞാൻ ലക്ഷ്യത്തിലേക്ക് ഓടുന്നു"(ഫിലി 3,10-14). തൻ്റെ സഹപ്രവർത്തകനായിരുന്ന തിമോത്തേയോസിനെഴുതുമ്പോഴും പൗലോസ് ശ്ലീഹാ ഇക്കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്: “ഞാൻ നൈവേദ്യമായി ഒഴിക്കപ്പെടാൻ പോകുന്നു; ഞാൻ അഴിഞ്ഞുപോകേണ്ട സമയം അടുത്തിരിക്കുന്നു. ഞാൻ നല്ലതുപോലെ യുദ്ധം ചെയ്‌തു; എൻ്റെ ഓട്ടം പൂർത്തിയാക്കി; എൻ്റെ വിശ്വാസം സംരക്ഷിച്ചു. അതിനാൽ പ്രതിഫലമായി ലഭിക്കാനിരിക്കുന്ന നീതിയുടെ കിരീടം എനിക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നീതിപൂർവ്വം വിധിക്കുന്ന എൻ്റെ കർത്താവ് ആ ദിവസം അത് എനിക്കു സമ്മാനിക്കും. എനിക്കു മാത്രമല്ല, അവൻ്റെ ആഗമനം ഇഷ്ടപ്പെടുന്ന എല്ലാവർക്കും" (2 തിമോ 4,6-8). ഈ വിശുദ്ധ ഗ്രന്ഥഭാഗം അനുസ്മരിച്ചുകൊണ്ടാണല്ലൊ മൃതസംസ്ക്‌കാരവേളയിൽ കാർമ്മികൻ മരിച്ച വ്യക്തിയുടെ ശിരസിൽ മുടിയണിയിക്കുന്നത്. വിശ്വസ്തതാപൂർവ്വം കർത്താവിനു ശുശ്രൂഷ ചെയ്‌തു ജീവിച്ച വ്യക്‌തിയെ തൻ്റെ വാഗ്ദാനമനുസരിച്ച് ദൈവം നിത്യജീവൻ്റെ കിരീടമണിയിക്കട്ടെ എന്നാണ് ഇവിടുത്തെ പ്രാർത്ഥന.

16. തന്നെ സ്നേഹിക്കുന്നവർക്ക് ... 

ദൈവം ജീവൻ്റെ കിരീടം വാഗ്ദാനം ചെതിരിക്കുന്നത് തന്നെ സ്നേഹിക്കുന്നവർക്കാണ് (യാക്കോ 1,12). ദൈവത്തെ സ്നേഹിക്കുകയെന്നാൽ അവിടുത്തെ കല്‌പനകൾ പാലിക്കുക എന്നർത്ഥം (പുറ 23,6). ദൈവം നല്കിയ സുപ്രധാന കല്‌പനയും ദൈവസ്നേഹത്തെ സംബന്ധിക്കുന്നതാണല്ലൊ; “ഇസ്രായേലേ, കേൾക്കുക: നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്‌തിയോടും കൂടെ സ്നേഹിക്കണം" (നിയമ 6,4-5). ഇപ്രകാരം ദൈവത്തെ സ്നേഹിക്കുകയെന്നാൽ എന്താണെന്നു തുടർന്നുവരുന്ന വാചകങ്ങൾ വ്യക്തമാക്കുന്നു: “ഞാനിന്നു കല്പ‌ിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം, വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം" (നിയമ 6,6-7). നമ്മെക്കുറിച്ചു ദൈവത്തിനുള്ള ഹിതം വ്യക്‌തമാക്കുന്ന അവിടുത്തെ ഉടമ്പടിപ്രമാണങ്ങൾ പാലിക്കുകയാണ് ദൈവത്തെ സ്നേഹിക്കാനുളള ഏക മാർഗം. അതുകൊണ്ടാണ് മോശ ഇപ്രകാരം ചോദിക്കുന്നത്: “ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്, നിങ്ങൾ അവിടുത്തെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടുത്തെ സേവിക്കുകയും, നിങ്ങളുടെ നന്മയ്ക്കായി ഞാനിന്നു നല്‌കുന്ന കർത്താവിൻ്റെ കല്‌പനകളും ചട്ടങ്ങളും അനുസ്‌മരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?” (നിയമ 10,12-13). ദൈവ കല്‌പനകൾ പാലിച്ച് ദൈവത്തെ സ്നേഹിച്ചാൽ അതിനുള്ള പ്രതിഫലം ജീവനാണ്: "... നിൻ്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും" (നിയമ 30,16). 

പരമപ്രധാന കല്പ്‌പനയായി ഈശോ പഠിപ്പിച്ചതും നിയമാവർത്തന പുസ്‌തകത്തിലെ ഈ പ്രമാണമായിരുന്നു. എന്നാൽ, ഈ കല്പനയുടെ പ്രായോഗികമാനംകൂടി അവിടുന്നു കൂട്ടിച്ചേർത്തു: “നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക" (മത്താ 22, 39). സ്നേഹത്തിൻ്റെ പുതിയനിയമ സങ്കല്‌പം ഈ നവീനതകൂടി ഉൾക്കൊള്ളുന്നതാണ്. ദൈവസ്നേഹം - ദൈവവിശ്വാസം പ്രകടമാകേണ്ടത് സഹോദര സ്നേഹത്തിലൂടെയാണ്. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹാ തുടർന്നെഴുതുന്നത്: ""നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക' എന്നെഴുതിയിരിക്കുന്ന ദൈവനിയമം പാലിക്കുന്നെങ്കിൽ, നിങ്ങൾ നന്നായി പ്രവർത്തിക്കുന്നു" (2,8). തന്നെ സ്നേഹിക്കുന്നവർക്ക് കർത്താവ് ജീവൻ്റെ കിരീടം വാഗ്ദ‌ാനം ചെയ്‌തിരിക്കുന്നു എന്ന് എഴുതുമ്പോൾ വി. യാക്കോബ്, സ്നേഹത്തിൻ്റെ ഈ രണ്ടു മാനങ്ങളെയുംകുറിച്ചു ചിന്തിക്കുന്നുണ്ട്.

വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന രാജ്യത്തിന് അർഹരാകത്തക്ക വിധം ദൈവത്തെ സ്നേഹിക്കുന്നത് ദരിദ്രരാണ് എന്ന് യാക്കോബ് ശ്ലീഹാ സമർത്ഥിക്കുന്നു: “തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യത്തിന് അവകാശികളായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്, വിശ്വാസത്തിൽ സമ്പന്നരായ ഈ ലോകത്തിലെ ദരിദ്രരെയല്ലെ?" (2,5). ദരിദ്രരാണ് വിശ്വാസത്തിൽ സമ്പന്നർ. അവർക്കാണ് ദൈവത്തെയും സഹോദരനെയും സ്നേഹിക്കാൻ കൂടുതൽ എളുപ്പം. അതുകൊണ്ടാണ് ഈശോ ശിഷ്യരെ നോക്കി അരുളിച്ചെയ്‌തത്: "ദരിദ്രരേ, നിങ്ങൾ അനുഗൃഹീതർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശക്കുന്ന നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ തൃപ്‌തരാക്കപ്പെടും. ഇപ്പോൾ കരയുന്ന നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ചിരിക്കും. മനുഷ്യ പുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും നിന്ദിക്കുകയും ദുഷ്‌ടർ എന്ന ചീത്തപ്പേരു നിങ്ങൾക്കു നല്‌കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ; അപ്പോൾ നിങ്ങൾ ആനന്ദിച്ച് ആഹ്ളാദിക്കുവിൻ. കാരണം, സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (ലൂക്കാ 6,20-23).

17. പരീക്ഷകളിൽ സന്തോഷിക്കുവിൻ 

വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ അതിജീവിക്കുന്നവരെ കാത്തിരിക്കുന്ന നിത്യഭാഗ്യമോർത്ത് അവയെ സന്തോഷത്തോടെ നേരിടുവാനാണ് യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. നമ്മുടെ കർത്താവിൻ്റെ മനോഭാവം തന്നെയാണിവിടെ പ്രതിഫലിക്കുന്നതെന്നു നമ്മൾ കണ്ടു (മത്താ 5,11-12). കർത്താവിനെപ്രതി പീഡകൾ സഹിക്കാനിടയാകുന്നതിൽ ആഹ്ലാദിക്കുവാനാണവിടുന്ന് ആവശ്യപ്പെടുന്നത്. സ്വർഗരാജ്യത്തിൽ ലഭിക്കാനിരിക്കുന്ന പ്രതിഫലമാണിതിനു നമ്മെ പ്രേരിപ്പിക്കേണ്ടത്. 

ഈശോയുടെ നാമത്തിൽ ആരോടും ഒന്നും പറയുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന യഹൂദ ഉന്നതാധികാരസംഘത്തിൻ്റെ ഭീഷണി വകവയ്ക്കാതെ നിർഭയം തങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ പറയാതിരിക്കുക സാധ്യമല്ല എന്നു പറഞ്ഞ് സുവിശേഷം പ്രഘോഷിച്ച ശ്ലീഹന്മാർക്ക് പ്രഹരമേൽക്കേണ്ടി വന്നപ്പോൾ, തിരുനാമത്തെപ്രതി അപമാനം സഹിക്കുവാൻ അർഹരായതിൽ ആഹ്ലാദിച്ച് തുള്ളിച്ചാടുന്ന ശ്ലീഹന്മാരുടെ ചിത്രം വി.ലൂക്കാ, ശ്ലീഹാന്മാരുടെ പ്രവർത്തനങ്ങളിൽ വരച്ചുകാണിക്കുന്നുണ്ട് (ശ്ലീഹ 5,40-41).

അന്ത്യോക്യൻ സഭയിൽ വി. പത്രോസിൻ്റെ രണ്ടാമത്തെ പിൻഗാമിയായിരുന്ന വി. ഇഗ്‌നേഷ്യസ് മെത്രാൻ ട്രാജൻ ചക്രവർത്തി (A.D.98-117) യുടെ ഭരണകാലത്ത് റോമിൽവച്ച് വിശ്വാസത്തെപ്രതി രക്‌തസാക്ഷിത്വം വരിച്ചയാളാണ്. തൻ്റെ മരണം മുമ്പിൽ കണ്ടുകൊണ്ട് അന്ത്യോക്യായിൽ നിന്നും റോമിലേയ്ക്കു യാത്ര ചെയ്യുമ്പോൾ വിവിധ സഭാസമൂഹങ്ങൾക്കെഴുതിയ കത്തുകളിൽനിന്നും അദ്ദേഹത്തിന് വിശ്വാസത്തെപ്രതി ഏ‌ല്ക്കേണ്ടിവന്ന പീഡകളോടുണ്ടായിരുന്ന മനോഭാവം വ്യക്‌തമാണ്. വി.ഇഗ്‌നേഷ്യസ് റോമായിലെ സഭയ്ക്കെഴുതുന്നു: “ഞാൻ സ്വമനസ്സാലെ ദൈവത്തെപ്രതി മരിക്കാൻ പോവുകയാണ്; നിങ്ങൾ തടസ്സം നില്ക്കരുത്. അസമയത്തുള്ള കാരുണ്യം എന്നോടു നിങ്ങൾ കാണിക്കരുതെന്നു ഞാനപേക്ഷിക്കുന്നു. വന്യമൃഗങ്ങൾക്ക് ഇരയാകുന്നതിന് എന്നെ അനുവദിക്കുക; എനിക്ക് ദൈവത്തിലെത്തിച്ചേരാനുള്ള വഴിയതാണ്. ഞാൻ ദൈവത്തിൻ്റെ ഗോതമ്പാണ്; ഹിംസ്രജന്തുക്കളുടെ പല്ലുകളാൽ ഞാൻ പൊടിക്കപ്പെടണം. എങ്കിലേ മിശിഹായുടെ സംശുദ്ധ അപ്പമായി ഞാൻ മാറുകയുള്ളൂ” (ഇഗ്‌നേഷ്യസ്, റോമാ 4,1). സഹനത്തിലൂടെ നുറുങ്ങി പൊടിഞ്ഞ് മിശിഹായുടെ അപ്പമായി തീരുന്നതിലൂടെ ദൈവത്തിലെത്തിച്ചേരുമെന്ന ഉറച്ച വിശ്വാസമായിരുന്നു വി.ഇഗ്‌നേഷ്യസിനെ നയിച്ചിരുന്നത്. താൻ സഹിക്കുന്നെങ്കിൽ മാത്രമേ ഈശോമിശിഹായുടെ സ്വതന്ത്ര മനുഷ്യനാകുകയുള്ളൂ എന്ന ബോധ്യം വി. ഇഗ്‌നേഷ്യസിനുണ്ടായിരുന്നു. അവിടുത്തോടൊപ്പം സഹിച്ചാൽ സ്വതന്ത്രനായി അവിടുത്തോടൊപ്പം ഉയിർപ്പിക്കപ്പെടുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു (ഇഗ്‌നേഷ്യസ്, റോമാ 4,3). 

സ്മിർണായിലെ മെത്രാനായിരുന്ന പോളിക്കാർപ്പിൻ്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള (A.D.155/156) രേഖയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “രക്തസാക്ഷികളുടെ മനസ്സ് മിശിഹായുടെ കൃപാവരത്തിൽ ഉറപ്പിച്ചിരുന്നതിനാൽ ഈലോക പീഡകളെ അവർ അവജ്‌ഞയോടെ വീക്ഷിച്ചു. ഒരു മണിക്കൂർകൊണ്ടവർ നിത്യജീവൻ സ്വന്തമാക്കി. ക്രൂര മർദ്ദകരുടെ അഗ്നി അവർക്ക് ശീതളമായി അനുഭവപ്പെട്ടു. നരകത്തിലെ കെടാത്തതും നിത്യവുമായ തീയിൽ നിന്നുള്ള രക്ഷപെടലായിരുന്നു അവരുടെ കണ്ണുകൾക്കു മുമ്പിൽ. പരീക്ഷകളെ അതിജീവിക്കുന്നവർക്കായി ഒരുക്കപ്പെട്ടിരിക്കുന്ന, കാതു കേട്ടിട്ടില്ലാത്തതും കണ്ണു കണ്ടിട്ടില്ലാത്തതും ഹൃദയം വിഭാവനം ചെയ്‌തിട്ടില്ലാത്തതുമായ, സൗഭാഗ്യം ഹൃദയനേത്രങ്ങൾകൊണ്ട് കാണാൻ അവർക്കു സാധിച്ചു (പോളിക്കാർപ്പിൻ്റെ രക്തസാക്ഷിത്വം 2, 3). മിശിഹായ്ക്കു വേണ്ടി മരിക്കുന്നത് ഭാഗ്യമായിക്കരുതിയതുകൊണ്ടാണ് പോളിക്കാർപ്പിന്, മിശിഹായെ തളളിപ്പറയാനുള്ള പ്രൊകൊൺസൂളിൻ്റെ കല്‌പനയെ അവഗണിക്കാനായതും അദ്ദേഹം പറഞ്ഞു: "എൺപത്തിയെട്ടു വർഷങ്ങളായി ഞാനവനെ ശുശ്രൂഷിക്കുന്നു; ഇതുവരെ അവൻ എനിക്കൊരുപദ്രവും ചെയ്തിട്ടില്ല. പിന്നെ എന്തിന് എന്നെ രക്ഷിച്ച എൻ്റെ രാജാവിനെതിരെ ദൈവ ദൂഷണം പറയണം?”(പോളിക്കാർപ്പിൻ്റെ രക്ത‌സാക്ഷിത്വം 9,3). സഭയുടെ ആരംഭഘട്ടത്തിൽ മാത്രമല്ല, ഇന്നും പരീക്ഷകളിൽ സന്തോഷിച്ച് മിശിഹായെ പ്രതി ജീവൻപോലും ഹോമിക്കുവാൻ സന്നദ്ധരാകുന്നവർ നിരവധിയാണ്.

പഴയനിയമചരിത്രത്തിലും ദൈവത്തോടും അവിടുത്തെ നിയമത്തോടുമുള്ള വിശ്വസ്ത‌തയുടെ ഭാഗമായി രക്ത‌സാക്ഷിത്വംപോലും വരിക്കാൻ തയ്യാറായ വ്യക്‌തികൾ ധാരാളമുണ്ടായിരുന്നു. മക്കബായരുടെ രണ്ടാംപുസ്‌തകം ഇപ്രകാരം യവനാചാരങ്ങളെ ചെറുത്തുനിന്നവരുടെ ചരിത്രമാണ്. നിയമജ്‌ഞനും വയോധികനുമായിരുന്ന ഏലെയാസറിനെ, യഹൂദർക്കു നിഷിദ്ധമായിരുന്ന പന്നിമാംസം ഭക്ഷിക്കുവാൻ ഗ്രീക്കുകാർ മരണഭീഷണിയോടെ നിർബന്ധിച്ചപ്പോൾ തൻ്റെ വാർദ്ധക്യത്തിൻ്റെ അന്തസ്സിനും നരച്ച മുടിയുടെ മഹത്ത്വത്തിനും ബാല്യം മുതൽ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവൻ ദൃഢനിശ്ചയം ചെയ്‌തുകൊണ്ട്, സന്തോഷത്തോടെ തൻ്റെ ജീവനർപ്പിച്ചു (2 മക്ക 6,18-31), ശ്രേഷ്ഠമായ വിശ്വാസ ദാർഢ്യത്തോടെ തൻ്റെ ഏഴുമക്കളെയും രക്‌തസാക്ഷിത്വത്തിനു ധൈര്യപ്പെടുത്തുന്ന അമ്മയുടെ വാക്കുകൾ ശ്രദ്ധേയമാണ്: “മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിൻ്റെയും ആരംഭം ഒരുക്കുകയും ചെയ്‌ത ലോകസ്രഷ്ടാവ്, തന്റെ നിയമത്തെപ്രതി നിങ്ങൾ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാൽ, കരുണാപൂർവം നിങ്ങൾക്കു ജീവനും ശ്വാസവും വീണ്ടും നല്കും" (2 മക്കാ 7,23). ഈ വിശ്വാസദാർഢ്യമാണ് വിശുദ്ധ യാക്കോബും വിശ്വാസികളായ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്.

അധ്യായം മൂന്ന്

ദൈവവചനവും വിശ്വാസജീവിതവും

വചനം അഥവാ വാക്ക് എന്നർത്ഥമുള്ള ഗ്രീക്കുപദമായ "ലോഗോസ് (Logos) സാർത്ഥകമായ ശബ്‌ദത്തെയാണു സൂചിപ്പിക്കുന്നത്. ആരിൽ നിന്ന് ഈ ശബ്ദം വരുന്നുവോ, ആ വ്യക്‌തിയുടെ അന്തർഗതമാണ് വാക്കിനു പിന്നിലെ അർത്ഥത്തിനാധാരം. ഈ വചനം ദൈവത്തിന്റെതാകുമ്പോൾ ദൈവത്തിന്റെ മനോഗതമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്. ദൈവവചനം മനുഷ്യനെക്കുറിച്ചുള്ള അവിടുത്തെ ഹിതത്തിന്റെ പ്രകാശനമാണ്. പൂർവ്വകാലങ്ങളിൽ പ്രവാചകരിലൂടെ പല കാലങ്ങളിലും പല പ്രകാരത്തിലും സംസാരിച്ച ദൈവം ഈ അന്ത്യനാളുകളിൽ തൻ്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു (ഹെബ്രാ 1, 1-4). പുതിയ നിയമത്തിൽ ദൈവവചനം നസ്രായനായ ഈശോമിശിഹായെന്ന വ്യക്‌തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവ പുത്രനായ അവിടുന്നിലും അവിടുന്നിലൂടെയുമാണ് നമുക്കിന്നു ദൈവ വചനം ലഭിക്കുന്നത്. അനന്യവും നിർണായകവുമായ ദൈവാവിഷ്കരണം ഈശോമിശിഹായിൽ സംഭവിച്ചു. പുതുയുഗപിറവിയ്ക്ക് - പുതിയ നിയമ ദൈവജനരൂപീകരണത്തിന് - ഇതു കാരണമാവുകയും ചെയ്തു. ദൈവത്തോടു കൂടിയായിരുന്ന വചനം മാംസം ധരിച്ച് നമ്മുടെ ഇടയിൽ വസിച്ചു (യോഹ 1, 1-14) എന്നു യോഹന്നാൻശ്ലീഹാ എഴുതുമ്പോൾ, മനുഷ്യചരിത്രത്തിലേയ്ക്ക് മനുഷ്യരൂപത്തിൽ ദൈവത്തിന്റെ ഹിതം ആഗതമായതിനെയാണ് വിവക്ഷിക്കുന്നത്. ഈ അർത്ഥത്തിൽ പ്രഥമവും പ്രധാനവുമായി ദൈവവചനം നസ്രായനായ ഈശോ തന്നെയാണ്. അതു കൊണ്ടാണ്, “ആദിമുതലുള്ളതും ഞങ്ങൾ കേൾക്കുകയും സ്വന്തം കണ്ണുകൾകൊണ്ടു നോക്കിക്കാണുകയും സ്വന്തം കൈകൾകൊണ്ട് സ്പർശിച്ചറിയുകയും ചെയ്തവനായ ജീവൻ വചനത്തെക്കുറിച്ചാണ് ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്" എന്നു സാധിക്കുന്നത് (1 യോഹ 1,1). കണ്ണുകൾകൊണ്ട് നോക്കി കാണണമെങ്കിൽ അതൊരു വ്യക്‌തിയായിരിക്കണം, ശബ്ദമായാൽ പോരാ; വചനം ചരിത്രപുരുഷനായ ഈശോയാണ്. വചനത്തിൻ്റെ ദ്യക്‌സാക്ഷികളെപ്പറ്റി വി. ലൂക്കാ എഴുതുമ്പോഴും വചനത്തെ ഈശോയെന്ന വ്യക്തിയായാണ് ചിത്രീകരിക്കുന്നത് (ലൂക്കാ 1,2). വി. യാക്കോബ് വചനത്തെ മനസ്സിലാക്കുന്നതും ഇപ്രകാരംതന്നെയാണ്. സത്യവചനത്താൽ പുനർജന്മം പ്രാപിച്ചവരാണ് നമ്മൾ എന്ന് എഴുതുമ്പോൾ വചനത്തെ അദ്ദേഹം മനസ്സിലാക്കുന്നത് ഈ അർത്ഥത്തിലാണ് (യാക്കോ 1,18). 

ഈശോയെന്ന വ്യക്‌തിയെ അവിടുത്തെ പ്രബോധനങ്ങളിൽനിന്നു വേർതിരിച്ചു കാണാനാവില്ല. അവിടുത്തെ വ്യക്ത‌ിത്വവും ദൗത്യവും സന്ദേശവും അത്രമാത്രം താദാത്മ്യപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ടു തന്നെ “വചനം" ഈശോയെന്ന വ്യക്‌തിയെ സൂചിപ്പിക്കാൻ മാത്രമല്ല, അവിടുത്തെ പഠനങ്ങളെ കുറിക്കാനും പുതിയനിയമ ഗ്രന്ഥകർത്താക്കൾ ഉപയോഗിക്കുന്നുണ്ട്. വി.യാക്കോബ് ഇതിനും ഒരപവാദമല്ല. വചനം പ്രവർത്തിക്കുന്നവരാകാൻ ഉദ്ബോധിപ്പിക്കുമ്പോൾ അദ്ദേഹം ഇത്തരത്തിലാണ് വചനത്തെ മനസ്സിലാക്കുന്നത്. യാക്കോബ്ശ്ലീഹായെ സംബന്ധിച്ച് വിശ്വാസജീവിതം വചനവുമായി, അതിൻ്റെ ഈ രണ്ടർത്ഥങ്ങളിലും, അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസജീവിതം അടിസ്‌ഥാനപരമായി വചനത്തെ ആശ്രയിച്ചിരിക്കുന്നു എന്നു ചുരുക്കം.

1. ക്രൈസ്തവാസ്തിത്വം- സത്യത്തിൻ്റെ വചനത്താലുള്ള നവജന്മം 

വിശ്വാസജീവിതത്തിലുണ്ടാകുന്ന പരീക്ഷകളെ, ജീവൻ്റെ കിരീടത്തെക്കുറിച്ചുള്ള ദൈവികവാഗ്ദാനത്തിൽ വിശ്വസിച്ചും ദൈവികജ്‌ഞാനത്തിനായി പ്രാർത്ഥിച്ചുംകൊണ്ട് അതിജീവിക്കുവാൻ ഉദ്ബോധിപ്പിക്കുന്ന യാക്കോബ് ശ്ലീഹാ, ഇപ്രകാരം നിർദ്ദേശിക്കുന്നതിനുള്ള ദൈവശാസ്ത്രപരമായ അടിസ്‌ഥാനംകൂടി വ്യക്ത‌മാക്കുന്നുണ്ട്. ക്രൈസ്തവാസ്തിത്വം സത്താപരമായി ദൈവത്തിൻ്റെ വചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് അത്. 

ക്രൈവാസ്തിത്വത്തെ പുതിയൊരു ജന്മമായാണ് പുതിയനിയമം അവതരിപ്പിക്കുന്നത്. നിക്കദേമോസിനോടുള്ള നമ്മുടെ കർത്താവിൻ്റെ വാക്കുകളിലാണ് ഈ ചിന്തയുടെ ആരംഭം. "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിക്കാത്തവനു ദൈവരാജ്യം കാണുക സാധ്യമല്ല"... വെള്ളത്തിനാലും ആത്മാവിനാലും ജനിക്കാത്തവനു ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല" (യോഹ 3,3-5). ജലത്താലും ആത്മാവിനാലുമുള്ള ജനനംകൊണ്ടുദ്ദേശിക്കുന്നത് മാമ്മോദീസായെയാണല്ലൊ. ജ്‌ഞാനസ്‌നാനത്തിൽ സംഭവിക്കുന്ന പുതിയ ജനനത്തെ പ്രതീകാത്മകമായി അവതരിപ്പിക്കാനാണ് ആദിമസഭയിൽ സ്നാനാർത്ഥികളെ ജലത്തിൽ മൂന്നുപ്രവശ്യം മുക്കിപൊക്കിയിരുന്നത്. തീത്തോസിനെഴുതുമ്പോൾ പൗലോസ്ശ്ലീഹാ ഈ നവജനനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: “നമ്മുടെ രക്ഷകനായ ദൈവത്തിൻ്റെ കനിവും കാരുണ്യവും പ്രത്യക്ഷമായപ്പോൾ, നാം ചെയ്‌ത നീതിയുടെ പ്രവൃത്തി കൊണ്ടല്ല, തൻ്റെ കാരുണ്യം നിമിത്തം പുനർജന്മത്താലും പരിശുദ്ധാത്മാവിൻ്റെ നവീകരണത്താലും അവൻ നമ്മെ രക്ഷിച്ചു" (തീത്തോ 3,5). "മിശിഹായിൽ ജീവിക്കുന്ന ഏതൊരാളും പുതിയ ഒരു സ്യഷ്‌ടിയാണ്" എന്നു പ്രസ്താവിക്കുമ്പോഴും വി. പൗലോസ് ഉദ്ദേശിക്കുന്നത് ഈ പുതിയ ജനനത്തെയാണ് (2 കൊറി 5,17). യാക്കോബ് ശ്ലീഹായുടെ വീക്ഷണവും ഇതിൽനിന്നു വ്യത്യസ്‌തമല്ല. 1,18-ൽ അതാണ് നമ്മൾ കാണുന്നത്: 

"തന്റെ സൃഷ്ടിയിൽ നാം ആദ്യഫലങ്ങളായിരിക്കാൻ അവൻ നിശ്ചയിക്കയും സത്യവചനത്താൽ നമ്മെ ജനിപ്പിക്കുകയും ചെയ്തു”. ഈ പുതു ജന്മം ദൈവത്തിന്റെ പുതിയ സൃഷ്ടികർമ്മത്തിന്റെ ഫലമാണ്.

ഈ പുതിയ സൃഷ്‌ടികർമ്മം അവിടുന്നു നിർവഹിക്കുന്നത് സത്യത്തിൻ്റെ വചനത്താലാണ്. എന്താണീ സത്യവചനം? യോഹന്നാൻ സുവിശേഷത്തിലെ 'സത്യത്തിന്റെ ആത്മാവ്' എന്ന പ്രയോഗം (യോഹ14,17; 15,26; 16, 13) സത്യത്തിന്റെ വചനമെന്തെന്നു ഗ്രഹിക്കാൻ നമ്മെ സഹായിക്കും. യോഹ 16,13-ൽ നിന്നു വ്യക്‌തമാകുന്നതുപോലെ സത്യത്തിന്റെ ആത്മാവ് എന്നതുകൊണ്ട് യോഹന്നാൻ ഉദ്ദേശിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെയാണ്. ഈ സത്യത്തിന്റെ ആത്മാവാകട്ടെ പിതാവായ ദൈവത്തെക്കുറിച്ച് ഈശോ നല്കിയ വെളിപ്പെടുത്തലുമായി അഭേദ്യമായി ബന്ധപ്പെട്ടുമിരിക്കുന്നു. മനുഷ്യരെ നിത്യജീവനിലെത്തിക്കുക എന്നതാണല്ലൊ ഈ വെളിപാടിൻ്റെ ലക്ഷ്യം. സത്യത്തിൻ്റെ ആത്മാവ് ദൈവാത്മാവ് ആയിരിക്കുന്നതുപോലെ സത്യത്തിൻ്റെ വചനം ദൈവത്തിൻ്റെ വചനംതന്നെയാണ്. ദൈവത്തിൻ്റെ ഈ വചനം വി. യോഹന്നാൻ വിവരിക്കുന്നതുപോലെ മനുഷ്യനായവതരിച്ച ഈശോ മിശിഹായല്ലാതെ മറ്റാരുമല്ല. യാക്കോബ് ശ്ലീഹായുടെ വീക്ഷണത്തിൽ, ദൈവത്തിന്റെ വചനമായ ഈശോമിശിഹായിലൂടെയാണ് മനുഷ്യർ പുതിയ ജീവിതത്തിലേയ്ക്കു ജനിക്കുന്നത്. ഈ പുതിയ ജീവിതം കൊണ്ട് ശ്ലീഹാ ഉദ്ദേശിക്കുന്നത് ക്രൈസ്‌തവാസ്‌തിത്വമാണ്. ഒരുവൻ ക്രൈസ്തവാസ്തിത്വത്തിലേയ്ക്കു കടന്നുവരുന്നത് വചനമായ ഈശോ മിശിഹായിലൂടെയാണ്. നസ്രായനായ ഈശോ ദൈവപുതനും മിശിഹായുമാണെന്നുള്ള വിശ്വാസമാണല്ലൊ മാമ്മോദീസായിലൂടെ ക്രൈസ്തവനാകുവാൻ ഒരുവനെ പ്രാപ്തനാക്കുന്നത്. അപ്രകാരം ക്രൈസ്തവാസ്തിത്വം വചനാധിഷ്ഠിതമാണ്; ദൈവവചനമായ മിശിഹായിൽ അധിഷ്ഠിതം.

വിശുദ്ധ പത്രോസ് ശ്ലീഹായും ക്രൈസ്‌തവാസ്തിത്വത്തെ വചനമായ മിശിഹാവഴിയുള്ള പുതിയ ജനനമായാണ് അവതരിപ്പിക്കുന്നത്. “നിങ്ങൾ പുനർജന്മം പ്രാപിച്ചത് നശ്വരമായ ബീജം വഴിയല്ല, അനശ്വരവും സജീവവും നിത്യവുമായ ദൈവവചനം വഴിയാണ്" (1 പത്രോ 1,23). അനശ്വരവും സജീവവും നിത്യവുമായ ദൈവവചനം ഈശോമിശിഹായല്ലാതെ മറ്റാരാണ്? ചുരുക്കത്തിൽ ആദിമസഭയിൽ ഈശോമിശിഹായെക്കുറിച്ചു പ്രബലമായിരുന്ന ഒരു ചിന്താധാരയാണ് വി.യാക്കോബ് പ്രതിഫലിപ്പിക്കുന്നത്.

2. സൃഷ്ടികളിൽ ആദ്യഫലമാകേണ്ടതിന്

പുതിയ ജന്മത്തിന്റെ ലക്ഷ്യവും യാക്കോബ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: “തന്റെ സൃഷ്‌ടികളിൽ ആദ്യഫലമാകേണ്ടതിന് "(1,18). പഴയനിയമത്തിൽ “ആദ്യഫലത്തിന് കർത്താവിനുള്ള സമർപ്പണവുമായി ബന്ധമുണ്ട്. മൃഗങ്ങളിലെയും ഫലമൂലാദികളിലെയും ആദ്യ ഫലങ്ങൾ കർത്താവിനർപ്പിച്ചശേഷമേ ഇസ്രായേൽക്കാർ ശേഷിക്കുന്നവ ഉപയോഗിച്ചിരുന്നുള്ളൂ (പുറ 23, 19; 34,26; നിയമ 18,4). ദൈവം നല്കിയ വാഗ്ദത്ത ഭൂമിക്കുള്ള കൃതജ്‌ഞതാപ്രകാശനമായിരുന്നു അത് (നിയമ 26, 3-20). ഈജിപ്‌തിൽവച്ച് യാഹ്‌വെ അത്ഭുതകരമായി ഇസ്രായേല്യരുടെ ആദ്യജാതരെ രക്ഷിച്ചതിന്റെ പ്രതിനന്ദിയായി എല്ലാ കുടുംബങ്ങളിലെയും ആദ്യജാതരെ അവിടുത്തേയ്ക്കു സമർപ്പിക്കുന്ന പാരമ്പര്യവും അവരുടെയിടയിൽ ഉണ്ടായിരുന്നു (പുറ 23, 16, 19: 34, 16; സംഖ്യ 18,18; നിയമ 14,23; 15, 19-23). ഇപ്രകാരം സമർപ്പിക്കപ്പെട്ടവർ ദൈവത്തിന്റെ സ്വന്തസ്വത്തായി പരിഗണിക്കപ്പെട്ടുമിരുന്നു. പഴയ നിമയജനമായ ഇസ്രായേലിനെ മുഴുവനായും ദൈവത്തിന്റെ സ്വന്തജനവും അവകാശവുമെന്ന നിലയ്ക്ക് അവിടുത്തെ ആദ്യഫലമായി കരുതിയിരുന്നു (പുറ 4,22; നിയമ 7,6; ജെറ 2,3). പുതുതായി രൂപംകൊണ്ട ജനത്തെ സൂചിപ്പിക്കാൻ വി.യാക്കോബ് ഉപയോഗിക്കുന്ന ഭാഷയും ഇതു തന്നെ. സത്യത്തിന്റെ വചനത്താൽ സൃഷ്‌ടിക്കപ്പെട്ട, ഈശോമിശിഹായിലുള്ള വിശ്വാസികളേവരും സൃഷ്‌ടി മുഴുവന്റെയും ആദ്യഫലമാണ്. ദൈവത്തിനു പൂർണമായി സമർപ്പിക്കപ്പെട്ടവർ എന്ന നിലയ്ക്ക് ക്രൈസ്‌തവർ സൃഷ്‌ടി മുഴുവനെയും വിശുദ്ധീകരിക്കുകയാണ്.

വി. യോഹന്നാനുണ്ടായ വെളിപാടിൽ സെഹിയോൻ മലയിൽ മഹത്ത്വപൂർണനായി പ്രത്യക്ഷപ്പെട്ട കുഞ്ഞാടിനോടൊപ്പം വിശ്വസ്‌തതാ പൂർവം അവിടുത്തെ അനുഗമിച്ച വിശ്വാസികളുമുണ്ടായിരുന്നു. നെറ്റിത്തടത്തിൽ കുഞ്ഞാടിൻ്റെയും പിതാവിൻ്റെയും പേരെഴുതിയിട്ടുള്ള ഈ ഒരു ലക്ഷത്തിനാല്‌പത്തിനാലായിരം പേരെ യോഹന്നാൻ വിശേഷിപ്പിക്കുന്നതും "ആദ്യഫല"ത്തിന്റെ ഭാഷയുപയോഗിച്ചാണ്: "ദൈവത്തിനും കുഞ്ഞാടിനുംവേണ്ടി ആദ്യഫലമായി മനുഷ്യരിൽ നിന്ന് ഈശോ വീണ്ടെടുത്തവരാണവർ" (വെളി 14,4). ഓരോ പ്രദേശത്തും മിശിഹായിൽ ആദ്യം വിശ്വസിച്ചവരെ സൂചിപ്പിക്കുവാൻ പൗലോസ് ശ്ലീഹാ “ആദ്യഫലം" എന്ന പദം ഉപയോഗിക്കുന്നുണ്ട് (റോമാ, 16, 5;1 കൊറി 16,15). മരിച്ചവരിൽനിന്നുള്ള ഉയിർപ്പിനെ സംബന്ധിച്ചിടത്തോളം മിശിഹായാണ് ആദ്യഫലം: “മരിച്ചവരുടെ ആദ്യഫലമായി മിശിഹാ മരണശേഷം ഉയിർത്തിരിക്കുന്നു... ആദം മൂലം എല്ലാവരും മരിക്കുന്നതുപോലെ മിശിഹായിൽ എല്ലാവരും ജീവിക്കും. എന്നാൽ, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം മിശിഹാ; പിന്നെ മിശിഹായുടെ ആഗമനത്തിൽ അവനുള്ളവരും"(1 കൊറി 15, 20-23). അവിടുത്തോടൊപ്പം ഉയിർക്കുന്നതിൻ്റെ പ്രതീകമായാണല്ലൊ ജ്‌ഞാനസ്നാനാവസരത്തിൽ അർത്ഥിയെ ജലത്തിൽ മുക്കിപൊക്കിയിരുന്നത്.

പുതിയ സൃഷ്ട‌ികളിൽ ആദ്യഫലമായിരിക്കുക എന്നതു വലിയൊരു ഉത്തരവാദിത്വം കൂടി ഉൾക്കൊള്ളുന്നുണ്ട്. ഇതിനെക്കുറിച്ച് പൗലോസ് ശ്ലീഹാ എഴുതുന്നു: "ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സത് പ്രവൃത്തികൾ ചെയ്യേണ്ടതിന് ഈശോമിശിഹായിൽ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ സൃഷ്‌ടികളാണ് നാം" (എഫേ 2,10). “അതിനാൽ, നിങ്ങളുടെ പഴയ ജീവിതരീതിയെ - ദുരാശകളാൽ ജീർണിച്ച ആ പഴയ മനുഷ്യനെ - നിങ്ങളിൽനിന്ന് അകറ്റുവിൻ. നീതിയിലും യഥാർത്ഥമായ വിശുദ്ധിയിലും ദൈവം സൃഷ്‌ടിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണ് ഇത്” (എഫേ 4, 22-24). പുതുജന്മത്തെക്കുറിച്ച് അനുസ്‌മരിപ്പിക്കുമ്പോൾ ഈ ഉത്തരവാദിത്വത്തെക്കുറിച്ചു വിശ്വാസികളെ ബോധവാന്മാരുക്കുക എന്ന ലക്ഷ്യം കൂടി വി. യാക്കോബിനുണ്ട്.

3. നല്ല നാമത്താൽ വിളിക്കപ്പെട്ടവർ 

സത്യവചനത്താലുള്ള ക്രൈസ്‌തവൻ്റെ പുനർജന്മവുമായി ബന്ധപ്പെട്ട ഒരാശയമാണ് 2,7-ൽ യാക്കോബ് ശ്ലീഹാ സൂചിപ്പിക്കുന്നത്: വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത് നല്ല നാമത്താലാണ്. ക്രൈസ്തവാസ്തിത്വം ഒരു വിളിയാണ്; ദൈവത്തിൻ്റെ ജനമാകാനുള്ള വിളി. ഇതെക്കുറിച്ചു പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നു: "താൻ ആദിമുതൽ അറിഞ്ഞിരുന്നവരെ തൻ്റെ പുത്രന് അനുരൂപരാക്കാൻ അവൻ മുൻകൂട്ടി നിശ്ചയിക്കുകയും അങ്ങനെ തൻ്റെ പുത്രനെ അനേകം സഹോദരരിൽ ആദ്യജാതനാക്കുകയും ചെയ്‌തു. മുൻകൂട്ടി നിശ്ചയിച്ചിരുന്നവരെ അവൻ വിളിക്കുകയും വിളിച്ചവരെ നീതീകരിക്കുകയും നീതീകരിച്ചവരെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു" (റോമാ 8,29-30). പൗലോസ് ശ്ലീഹാ തിമോത്തേയോസിനെ ഇപ്രകാരം ഉപദേശിക്കുന്നു: "വിശ്വാസത്തിൻ്റെതായ നല്ല യുദ്ധം ചെയ്‌തു നിത്യജീവൻ കൈവശപ്പെടുത്തുക. അതിനു വേണ്ടിയാണല്ലൊ നീ വിളിക്കപ്പെട്ടതും അനേകം സാക്ഷികളുടെ മുമ്പാകെ സമ്മതം നല്‌കിയതും" (1 തിമോ 6, 12). പത്രോസ് ശ്ലീഹായും ക്രൈസ്ത‌വ വിളിയുടെ ലക്ഷ്യത്തെക്കുറിച്ചെഴുതുന്നുണ്ട്: "നിങ്ങളാകട്ടെ, അന്ധകാരത്തിൽനിന്നു തൻ്റെ അധികമായ പ്രകാശത്തിലേയ്ക്കു നിങ്ങളെ വിളിച്ചവൻ്റെ മഹത്ത്വം പ്രഖ്യാപിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വർഗവും രാജ്യത്തിനായി പുരോഹിതശുശ്രൂഷ ചെയ്യുന്നവരും വിശുദ്ധ ജനവും രക്ഷിക്കപ്പെട്ട ഗണവുമാകുന്നു" (1 പത്രോ 2,9). 

ക്രൈസ്‌തവരെ നല്ല നാമത്താൽ വിളിക്കപ്പെട്ടവർ എന്നാണ് യാക്കോബ് ശ്ലീഹാ വിശേഷിപ്പിക്കുന്നത് (2,7). ഈ നല്ല നാമം ഈശോ മിശിഹായുടേതാണ്. ഈ നാമത്തിലാണല്ലൊ വിശ്വാസികൾ മാമ്മോദീസാ സ്വീകരിച്ചിരിക്കുന്നത് (ശ്ലീഹ 2,38; 8, 16; 10,48). പഴയനിയമ ഇസ്രായേൽജനം യാഹ്‌വെയുടെ നാമം സംവഹിക്കുന്നവരായാണ് കരുതപ്പെട്ടിരുന്നത്. മോശയുടെ അനുഗ്രഹവചസ്സുകളിൽ ഇതു വ്യക്ത‌മാണ്. “അവിടുത്തെ കല്‌പനകൾ പാലിച്ച് അവിടുത്തെ മാർഗത്തിൽ ചരിച്ചാൽ കർത്താവ് നിന്നോടു ശപഥം ചെയ്‌തിട്ടുള്ളതുപോലെ നിന്നെ തൻ്റെ വിശുദ്ധ ജനമായി ഉയർത്തും. കർത്താവിൻ്റെ നാമം നീ സംവഹിക്കുന്നതു കാണുമ്പോൾ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും” (നിയമ 28, 9-10). ഏശയ്യാ പ്രവാചകനിലൂടെ ഇസ്രായേലിൻ്റെ വിമോചനവാർത്ത അറിയിക്കുമ്പോൾ യാഹ്‌വെ പറയുന്നു: “എൻ്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്‌ടിച്ചു രൂപം കൊടുത്തവരും എൻ്റെ നാമത്തിൽ വിളിക്കപ്പെട്ടവരുമായ എല്ലാവരെയും കൊണ്ടുവരുവിൻ" (ഏശ 43,7). ദൈവനാമത്തിൽ അറിയപ്പെടുന്നവരാണ് ദൈവത്തിൻ്റെ ജനമെന്ന് ജറെമിയാ പ്രവാചകനും പ്രഖ്യാപിക്കുന്നു: “കർത്താവേ, അങ്ങു ഞങ്ങളുടെ മധ്യേ ഉണ്ട്, അങ്ങയുടെ നാമത്തിൽ ഞങ്ങൾ അറിയപ്പെടുന്നു; ഞങ്ങളെ വിട്ടുപോകരുതേ" (ജറെ 14,9). ഇസ്രായേൽ ജനത്തെ തിരിച്ചറിയുന്നതിനുള്ള അടയാളം ദൈവനാമമായിരുന്നു. 

പുതിയനിയമത്തിലേയ്ക്കു വരുമ്പോൾ ഈശോയുടെ നാമമാണ് പുതിയ ജനത്തിൻ്റെ മുഖമുദ്ര. പന്തക്കുസ്‌താദിനത്തിലെ ആദ്യപ്രഘോഷണത്തിൽ പത്രോസ് ശ്ലീഹാ പറഞ്ഞു: “പരിശുദ്ധാത്മാവാകുന്ന ദാനം ലഭിക്കേണ്ടതിനായി പശ്ചാത്തപിക്കുകയും പാപമോചനത്തിനായി ഓരോരുത്തരും കർത്താവായ ഈശോയുടെ നാമത്തിൽ മാമ്മോദീസാ സ്വീകരിക്കുകയും ചെയ്യുവിൻ" (ശ്ലീഹ 2,38). കാരണം, നമ്മെ രക്ഷിക്കുവാൻ കഴിയുന്ന മറ്റൊരു നാമവും ആകാശത്തിൻ കീഴിൽ മനുഷ്യർക്കു ലഭിച്ചിട്ടില്ല (ശ്ലീഹ 4,12). ഈശോയുടെ നാമത്തിലാണ് ശ്ലീഹന്മാർ മാമ്മോദീസാ പരികർമ്മം ചെയ്തിരുന്നത് (ശ്ലീഹ 10, 48; 19,5; 22, 16). റോമായിലെ സഭാംഗങ്ങളെ ഈശോമിശിഹായുടെ നാമത്തിൽ വിളിക്കപ്പെട്ടവർ എന്നാണ് പൗലോസ് ശ്ലീഹാ അഭിസംബോധന ചെയ്യുന്നത് (റോമാ 1,6). 

തൻ്റെ നാമത്തിനുവേണ്ടി ഒരു ജനതയെ തിരഞ്ഞെടുക്കുക എന്നത് അനാദിയിലേ ദൈവത്തിൻ്റെ തിരുമനസ്സായിരുന്നു. ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ട്: “എൻ്റെ നാമം തങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കർത്താവിനെ അന്വേഷിക്കും എന്ന് ഇവയെല്ലാം ചെയ്‌ത കർത്താവ് അരുളിച്ചെയ്യുന്നു" (ഏശ 45,21; ശ്ലീഹ 15, 17). ശ്ലീഹന്മാരുടെ നടപടിയിൽ ഇത് ഉദ്ധരിക്കുന്നതും നമ്മുടെ ലേഖനകർത്താവായ യാക്കോബ് ശ്ലീഹാ തന്നെയാണ് എന്നതും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. 

അടിമത്ത വ്യവസ്‌ഥിതി നിലനിന്നിരുന്ന കാലത്ത് യജമാനൻ്റെ പേര് ദാസൻമേൽ വിളിച്ചുകൊണ്ടാണ് അവൻ യജമാനൻ്റെ സ്വത്താണെന്നു വേർതിരിച്ചു കാണിച്ചിരുന്നത്. രക്ഷകനായ ഈശോയുടെ നാമം വിശ്വാസിയുടെമേൽ വിളിച്ചുകൊണ്ട് മുദ്ര ചെയ്യുമ്പോൾ അവൻ അവിടുത്തെ സ്വത്തായ ദാസനായി പരിണമിക്കുന്നു. ഈശോയുടെ മാത്രം നാമത്തിലായിരുന്നല്ലൊ ആദ്യമാമ്മോദീസാകൾ പരികർമം ചെയ്തിരുന്നത് (ശ്ലീഹാ 2,38; 10,48). ക്രമേണയാണ് ത്രിതൈകദൈവത്തിൻ്റെ നാമത്തിൽ മാമ്മോദീസാമുക്കുന്ന പാരമ്പര്യം ഉടലെടുത്തത് (മത്താ 28,19). 

ഹെർമാസിൻ്റെ ഇടയനിലിൽ ദൈവനിയമമെന്ന ദൈവപുത്രൻ പ്രതീകമായ ഒരു അരുളിച്ചെടിയെക്കുറിച്ചുള്ള വിവരണമുണ്ട്: “അതു സമതലങ്ങളും പർവതനിരകളും നിറഞ്ഞുനിന്നു. കർതൃനാമം വിളിക്കപ്പെട്ടവരെല്ലാം അതിൻ്റെ കീഴിൽ എത്തിച്ചേർന്നു” (ഹെർമാസിൻ്റെ ഇടയൻ, എട്ടാം ഉപമ 1,1). ദൈവനിയമമായ മിശിഹായുടെ സദ്വാർത്ത ശ്രവിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ് അതിൻ്റെ തണലിൽ കഴിയുന്നവർ എന്ന് ഇടയൻ വ്യാഖ്യാനിക്കുന്നുമുണ്ട് (3,2). സുവിശേഷത്തിൽ വിശ്വസിക്കുന്നവരും കർതൃനാമം വിളിക്കപ്പെട്ടവരും ഒരു ഗണം ആൾക്കാർതന്നെ എന്ന് ഇതിൽനിന്നും വ്യക്‌തം. വിശ്വാസപരീക്ഷകളിൽ വീണു പോകുന്നവരെക്കുറിച്ചു പരാമർശിക്കുമ്പോഴും ഇക്കാര്യം ഇടയൻ വ്യക്‌തമാക്കുന്നുണ്ട്: “അവർ വിശ്വാസം ഉപേക്ഷിച്ചവരും സഭയെ ഒറ്റിക്കൊടുത്തവരുമാണ്; അവർ തങ്ങളുടെ പാപംമൂലം ദൈവത്തെ ദുഷിക്കുന്നു. തങ്ങളുടെമേൽ ഉച്ചരിക്കപ്പെട്ട കർതൃനാമത്തെക്കുറിച്ച് അവർ ലജ്‌ജിക്കുന്നു" (ഹെർമാസിൻ്റെ ഇടയൻ, എട്ടാം ഉപമ 6,4). മാമ്മോദീസായുടെവേളയിൽ അവരുടെമേൽ ഉച്ചരിക്കപ്പെട്ട കർതൃനാമത്തെക്കുറിച്ചുള്ള ലജ്‌ജ മൂലമാണ് അവർ വിശ്വാസം പരിത്യജിക്കുന്നത്. ദൈവപുത്രൻ്റെ നാമം സ്വീകരിക്കാത്തവരാരും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നും ഹെർമാസിൻ്റെ ഇടയൻ വ്യക്‌തമാക്കുന്നുണ്ട് (ഒമ്പതാം ഉപമ 12,8; 13,1-7; 15,2; 16,3). 

“എൻ്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും, എന്നാൽ അവസാനംവരെ സഹിച്ചുനില്ക്കുന്നവൻ ജീവിക്കും" (മത്താ 10,22) എന്ന നമ്മുടെ കർത്താവിൻ്റെ വചസ്സുകളുടെ പശ്ചാത്തലത്തിൽ വേണം ഈ പഠനങ്ങൾ മനസ്സിലാക്കാൻ. ജ്‌ഞാനസ്‌നാനത്തിൽ ഈശോയുടെ നാമത്തിൽ മുദ്രിതരാക്കപ്പെട്ടതിൻ്റെ പേരിലാണ് ക്രൈസ്തവർക്കു പീഡനമേല്ക്കേണ്ടിവന്നതും വരുന്നതും. പത്രോസ്ശ്ലീഹായും ഇതെക്കുറിച്ചെഴുതുന്നുണ്ട്: "മിശിഹായുടെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ, നിങ്ങൾ അനുഗൃഹീതർ, കാരണം, ദൈവത്തിൻ്റെ മഹത്ത്വമുള്ള ആത്മാവ് നിങ്ങളുടെമേൽ വസിക്കും" (1 പത്രോ 4,14). വിശ്വാസത്തിൻ്റെ പേരിലുള്ള പരീക്ഷകളും സഹനങ്ങളുമാണല്ലൊ വി. യാക്കോബിൻ്റെ ലേഖനത്തിൻ്റെയും പ്രമേയം.

4.രക്ഷാകരമായ വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ 

ക്രൈസ്തവാസ്‌തിത്വം ദൈവത്തിൻ്റെ സത്യവചനവുമായി സത്താപരമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രൈസ്ത‌വജീവിതവും ഈ വചനവുമായി ബന്ധപ്പെട്ടതാകണം എന്നു യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു: “... നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ" (1,21). “വചനത്തെ സ്വീകരിക്കുവിൻ" എന്നുപദേശിക്കുമ്പോൾ വചനമായ മിശിഹായെ സ്വീകരിക്കുവിൻ എന്നും അവിടുത്തെ പ്രബോധനങ്ങളായ വചനങ്ങളെ സ്വീകരിക്കുവിൻ എന്നും ഉദ്ദേശിക്കുന്നുണ്ട്. വചനത്തെ വിശേഷിപ്പിക്കുവാൻ വി. യാക്കോബ് ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന് (emphutos) "ജന്മനാഉള്ളത്, സ്വഭാവത്താലേയുള്ളത്, നമ്മുടെ സ്വഭാവത്തിൽ സ്‌ഥാപിക്കപ്പെട്ടിരിക്കുന്നത് " (in-born, implanted) എന്നൊക്കെയാണർത്ഥം. ക്രൈസ്‌തവന്റെ പുതുജന്മത്തോടെ ലഭിക്കുന്ന വചനമെന്നർത്ഥം. ഇത് ക്രൈസ്‌തവാസ്‌തിത്വത്തിന്റെ സ്വഭാവത്തിൽപ്പെടുന്നതാണല്ലൊ. ഇതു ലഭിക്കുന്നതാകയാലാണ് “നല്‌കപ്പെട്ടിരിക്കുന്ന" എന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നത്. ഇത് ദൈവികദാനമാണെന്ന സൂചനയാണ് ഇവിടെയുള്ളത്. ഈയർത്ഥത്തിൽ "നല്‌കപ്പെട്ടിരിക്കുന്ന" എന്ന വിശേഷണം മാമ്മോദീസായ്ക്കുള്ള ഒരുക്കമായി പ്രഘോഷിക്കപ്പെട്ട സുവിശേഷദൈവവചനത്തെയോ മാമ്മോദീസായിൽ ആരുടെ നാമത്തിൽ മുദ്രചെയ്യപ്പെട്ടു ആ വചനത്തെയോ സൂചിപ്പിക്കുന്നു. ശ്ലീഹന്മാർ പ്രഘോഷിച്ച ഈശോമിശിഹായെക്കുറിച്ചുള്ള സുവിശേഷവചനമാണല്ലൊ മിശിഹായിലുള്ള വിശ്വാസജീവിതത്തിലേയ്ക്ക് ഒരുവനെ നയിക്കുന്നത്. നിശ്ചിതകാലം ദൈവവചനം പഠിപ്പിച്ച് പരിശീലിപ്പിച്ച ശേഷമേ അർത്ഥികൾക്ക് ജ്‌ഞാനസ്നാനം പരികർമ്മം ചെയ്‌തിരുന്നുള്ളൂ. ഈശോയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ വിശ്വാസജീവിതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ അർത്ഥികളെ മുൻകൂട്ടി പഠിപ്പിച്ചിരുന്നു. ആദ്യം "നല്‌കപ്പെട്ട" വചനമിതാണ്. യഥാർത്ഥ വചനമായ മിശിഹായെതന്നെ സ്വീകരിക്കുന്നതിനുള്ള ഒരുക്കം മാത്രമാണിത്. മാമ്മോദീസാ എന്ന കൂദാശയിൽ വചനമായ മിശിഹായെ ആണല്ലോ പ്രദാനം ചെയ്യുന്നത്. “നല്‌കപ്പെട്ട വചനം സ്വീകരിക്കാനുള്ള ആഹ്വാനത്തിൽ ഈ രണ്ട് സ്വീകരണങ്ങളും വിവക്ഷിക്കപ്പെടുന്നുണ്ട്. ഈശോയുടെ വചനങ്ങൾ അവിടുത്തെ വ്യക്‌തിത്വത്തിൽ നിന്നു വിഭിന്നമല്ലല്ലൊ. 

ഈ വചനം നമ്മുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതാണ് എന്ന യാഥാർത്ഥ്യമാണ് വിനയപൂർവ്വം ഇതു സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ട സംഗതി. “നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ" എന്നാണ് യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത് (1,21). രക്ഷിക്കുവാൻ കഴിവുള്ളവൻ ദൈവവും (ലൂക്കാ 1,47; 1 തിമോ 1,1; 2,3: 4,10) അവിടുത്തെ പുത്രനായ ഈശോമിശിഹായുമാണ് (ലൂക്കാ 2,11; യോഹ 10,9; ശ്ലീഹ 2,21,411-12; 13,23; റോമാ 10,13; 15, 11; 16,30). ശിശുവായ ഈശോയെ കൈകളിലെടുത്ത ശിമയോൻ ദീർഘദർശി താൻ രക്ഷ കണ്ടിരിക്കുന്നു എന്നാണുദ്‌ഘോഷിച്ചത് (ലൂക്കാ 2,30). “കർത്താവായ ഈശോമിശിഹായിൽ വിശ്വസിക്കുക. അപ്പോൾ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും" (ശ്ലീഹ 10,31) എന്ന പൗലോസ്, സീലാസ്മാരുടെ വചനവും ഈശോയാണ് രക്ഷിക്കുവാൻ കഴിവുള്ളവൻ എന്നു കാണിക്കുന്നു. അതുകൊണ്ട് രക്ഷിക്കാൻ കഴിവുള്ള വചനം മനുഷ്യനായവതരിച്ച ഈശോമിശിഹാതന്നെ; അവിടുത്തെയാണു വിശ്വാസി സ്വീകരിക്കേണ്ടത്. 

വചനമായ ഈശോമിശിഹായെ സ്വീകരിക്കുകയെന്നാൽ അവിടുത്തെ വചനങ്ങൾ സ്വീകരിക്കുകയെന്നുകൂടി അർത്ഥമുണ്ടെന്നു നമ്മൾ കണ്ടു. ഈശോയെന്ന വചനമാണ് രക്ഷിക്കുവാൻ കഴിവുള്ളവനെങ്കിലും അവിടുന്നു രക്ഷിക്കുന്നതു തൻ്റെ വചനങ്ങളിലൂടെയാണ്. അവിടുത്തെ മനുഷ്യാവതാരലക്ഷ്യം അവിടുത്തെ പ്രബോധനങ്ങളിൽനിന്നു വ്യത്യസമല്ലെന്ന് അവിടുന്നുതന്നെ വ്യക്‌തമാക്കുന്നു: “എന്റെ വചനങ്ങൾ കേട്ടിട്ട് അവ പാലിക്കാതിരിക്കുന്നവനെ ഞാൻ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ്” (യോഹ 12,77). വി.പൗലോസ് ശ്ലീഹായും സുവശേഷവചനത്തിന്റെ രക്ഷാദായക ശക്‌തിയെക്കുറിച്ചു പരാമർശിക്കുന്നുണ്ട്: “ലോകം അതിൻ്റെ വിജ്ഞാനത്തിലൂടെ ദൈവത്തെ അറിഞ്ഞില്ല. അതിനാൽ, ദൈവം തൻ്റെ ജ്‌ഞാനത്തിലൂടെ, സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തംവഴി വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ തിരുമനസ്സായി” (1കൊറി 1,21). അദ്ദേഹം തുടർന്നെഴുതുന്നു: “എന്റെ സഹോദരരേ, ഞാൻ നിങ്ങളെ അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ ഉറച്ചു നില്ക്കുന്നതുമായ സുവിശേഷത്തെ ഒരിക്കൽക്കൂടി അനുസ്മരിപ്പിക്കട്ടെ. ഞാൻ അറിയിച്ച വചനങ്ങൾ നിങ്ങൾ ഓർക്കുമെങ്കിൽ, നിങ്ങൾ വിശ്വസിച്ചതു വ്യർത്ഥമല്ലെങ്കിൽ, അതിലൂടെ നിങ്ങൾ രക്ഷ പ്രാപിക്കും” (1കൊറി 15, 1-2). മിശിഹായെ സംബന്ധിച്ചുള്ള ഈ വചനങ്ങളാണു രക്ഷയ്ക്കാധാരമെന്നു സാരം. ദൈവവചനത്തെക്കുറിച്ചു ഹെർമാസിന്റെ ഇടയൻ പറയുന്ന കാര്യം ഈ ബന്ധത്തിൽ വേണം മനസ്സിലാക്കാൻ: “അവ (കല്‌പനകൾ - ദൈവവചനം] ശ്രേഷ്‌ഠവും പാലിക്കാൻ സാധിക്കുന്നവയും, സന്തുഷ്ടവും മഹനീയവും, മനുഷ്യാത്മാക്കളെ രക്ഷിക്കാൻ പര്യാപ്തവുമാണെന്നു ഞാൻ ചിന്തിച്ചു” (ഹെർമാസിന്റെ ഇടയൻ, ആറാം ഉപമ 1). 

ജ്‌ഞാനസ്നാനവേളയിൽ വിശ്വാസിയിൽ പാകപ്പെടുന്നത് രക്ഷാകരമായ ഈ വചനമാണ്. നസ്രായനായ ഈശോ ദൈവത്തിൻ്റെ വചനമാണ് - സ്വയാവിഷ്കാരമാണ് - എന്നു വിശ്വസിക്കുന്നതു വഴിയാണല്ലൊ ഒരുവൻ വിശ്വാസജീവിതത്തിലേയ്ക്കു സ്വീകരിക്കപ്പെടുന്നത്. ക്രൈസ്ത‌വാസ്‌തിത്വത്തിന്റെതന്നെ ഭാഗമായ ഈ വചനം വിനയപൂർവം സ്വീകരിക്കുവാനാണ് യാക്കോബ് ശ്ലീഹായുടെ ആഹ്വാനം.

5. അശുദ്ധിയും വർദ്ധിച്ച തിന്മയും ദൂരെയകറ്റുവിൻ 

മാമ്മോദീസായിൽ നമ്മുടെ സ്വഭാവത്തിൽ സ്‌ഥാപിക്കപ്പെട്ടിരിക്കുന്ന വചനം സ്വീകരിക്കുവാനുള്ള അവശ്യവ്യവസ്‌ഥകൂടി യാക്കോബ് ശ്ലീഹാ നിർദ്ദേശിക്കുന്നുണ്ട്: “ആകയാൽ, എല്ലാ അശുദ്ധിയും വർദ്ധിച്ചു വരുന്ന തിന്മയും ഉപേക്ഷിച്ച്... വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ" (1,21). മനുഷ്യന്റെ സ്വാഭാവിക പ്രവണതകളെ നിയന്ത്രിച്ചാലേ പുതിയ ക്രൈസ്തതവാസ്‌തിത്വത്തിനു ചേർന്നവിധം വചനത്തെ സ്വീകരിക്കാനാവൂ. വചനത്തെ സ്വീകരിക്കുകയെന്നാൽ ഈശോമിശിഹായെ തന്നെയും അവിടുത്തെ പ്രബോധനങ്ങളെയും സ്വീകരിക്കുകയാണെന്നു നമ്മൾ കണ്ടു. ഇതു നമ്മുടെ സ്വഭാവത്തിലും മനോഭാവങ്ങളിലും മാറ്റം വരുത്തും. ഈ മാറ്റത്തിൻ്റെ മറ്റൊരു വശമാണ് പഴയ സ്വഭാവത്തിന്റേതായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുക എന്നത്. 

"ഉപേക്ഷിക്കുക" എന്ന അർത്ഥത്തിൽ വി.യാക്കോബ് ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന് “ഉരിഞ്ഞുമാറ്റുക" എന്ന അർത്ഥം കൂടിയുണ്ട്. പഴയ - മുഷിഞ്ഞ - വസ്ത്രം ഉരിഞ്ഞുമാറ്റുന്നതിനെ സൂചിപ്പിക്കുവാനാണ് സാധാരണ ഈ ക്രിയ ഉപയോഗിക്കാറ്. ആദിമസഭയിൽ മാമ്മോദീസാർത്ഥി തൻ്റെ പഴയ വസ്ത്രങ്ങൾ മുഴുവൻ നീക്കിയതിനുശേഷം വേണമായിരുന്നു ജലത്തിൽ മുങ്ങാൻ. മൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ റോമിലെ വി.ഹിപ്പോളിറ്റസ് രചിച്ച “അപ്പസ്തോലിക പാരമ്പര്യ” ത്തിൽ ഉയിർപ്പുഞായറാഴ്‌ച രാത്രിയിൽ മാമ്മോദീസാ സ്വീകരിക്കാനുള്ളവരെക്കുറിച്ച് ഇപ്രകാരം കാണുന്നു: "അവർ ജലത്തിനരികിലേയ്ക്ക വരുമ്പോൾ അതു നിർമ്മലവും ഒഴുകുന്നതുമായിരിക്കട്ടെ. അവർ അവരുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു" (21,2-3). സ്ത്രീകൾ അവരുടെ സ്വർണാഭരണങ്ങളും ഊരി വയ്ക്കണമെന്നായിരുന്നു നിബന്ധന (21,5). സ്നാനാനന്തരം പുതിയ വസ്ത്രം വിശ്വാസിക്കു നൽകുകയും ചെയ്‌തിരുന്നു (21,20). മാമ്മോദീസായുടെ ഈ പശ്ചാത്തലത്തിൽ മാത്രമേ അശുദ്ധിയും തിന്മയും ഉരിഞ്ഞുമാറ്റാനുള്ള യാക്കോബ് ശ്ലീഹായുടെ ഉപദേശത്തിൻ്റെ അർത്ഥം നമുക്കു പൂർണമായി മനസ്സിലാകൂ. പഴയ പ്രകൃതിയുടെ ഭാഗമായ അശുദ്ധിയും തിന്മയും ദൂരെയകറ്റാനും പുതിയ സൃഷ്ടിയുടെ ഘടകമായ വചനത്തെ സ്വീകരിക്കാനുമാണ് ആഹ്വാനം. 

എല്ലാവിധ അശുദ്ധിയും ദുഷ്‌ടതയും ക്രൈസ്‌തവൻ ഉപേക്ഷിക്കണം. അശുദ്ധിയെ സൂചിപ്പിക്കുവാൻ യാക്കോബ് ശ്ലീഹാ ഉപയോഗിക്കുന്ന പദം തന്നെയാണ് 2,2-ൽ മുഷിഞ്ഞ വസ്ത്രത്തെ വർണിക്കാനും ഉപയോഗിക്കുന്നത്. മോശമായതൊന്നും ക്രൈസ്‌തവൻ്റെ ജീവിതത്തിൽ ഉണ്ടാകരുതെന്നു വിവക്ഷ. യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിൽ തിന്മയ്ക്കിടമില്ല. 

വി. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാംഗങ്ങൾക്കെഴുതുമ്പോഴും ഇതിനു സമാനമായ ഒരുപദേശം നൽകുന്നുണ്ട്. “നിങ്ങൾ മിശിഹായെപ്പറ്റി കേൾക്കുകയും, അവനിൽ ആയിരിക്കുന്നതുപോലെ സത്യം അവനിൽനിന്നും പഠിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ. അതിനാൽ നിങ്ങളുടെ പഴയ ജീവിതരീതിയെ - ദുരാശകളാൽ ജീർണിച്ച ആ പഴയ മനുഷ്യനെ - നിങ്ങളിൽ നിന്ന് അകറ്റുവിൻ. നിങ്ങൾ ആന്തരികമായി നവീകരിക്കപ്പെടണം. നീതിയിലും യഥാർത്ഥമായ വിശുദ്ധിയിലും ദൈവം സൃഷ്ട‌ിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണ് ഇത്" (എഫേ 4, 21-24). ഇവിടെയും ഒരു ഉപേക്ഷിക്കലിനെയും ഒരു സ്വീകരിക്കലിനെയും കുറിച്ചാണ് സംസാരം. പഴയ മനുഷ്യനെ അതിൻ്റെ ദുരാശകളോടെ ഉരിഞ്ഞുകളയണം; നീതിയിലും സത്യമായ വിശുദ്ധിയിലും ദൈവത്തിന് അനുരൂപമായി സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കണം. ഈ പഴയ മനുഷ്യൻ്റെ സ്‌ഥാനത്താണ് യാക്കോബ് ശ്ലീഹാ അശുദ്ധിയും ദുഷ്ട‌തയും കാണുന്നത്; പുതിയ മനുഷ്യൻ്റെ സ്ഥ‌ാനത്ത് ദൈവത്തിൻ്റെ സത്യവചനമായ മിശിഹായെയും. ക്രൈസ്തവാസ്തിത്വം സ്വീകരിക്കുന്ന വ്യക്‌തി സത്യത്തിൻ്റെ ഈ വചനത്തെ - മിശിഹായെ -ധരിക്കണം. പഴയതു മാറ്റിയാലേ പുതിയതു ധരിക്കാനാവൂ. അശുദ്ധിയും ദുഷ്ടതയും ഉപേക്ഷിക്കണം, വചനമായ മിശിഹായെ ധരിക്കാൻ.

6. മനുഷ്യകോപം ദൈവനീതി പ്രാവർത്തികമാക്കുന്നില്ല 

സത്യത്തിൻ്റെ വചനത്താൽ പുനർജന്മം പ്രാപിച്ചു ക്രിസ്ത്യാനികളായിത്തീർന്നിരിക്കുന്നവർ വചനബദ്ധമായ ജീവിതം നയിക്കണമെന്ന് യാക്കോബ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു (1,19-21). “എൻ്റെ സഹോദരരേ, നിങ്ങൾ കേൾക്കാൻ വേഗമുള്ളവരും സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരും ആയിരിക്കണം"(1,19). മനുഷ്യൻ്റെ സ്വാഭാവിക പ്രവണത ശ്രവിക്കുന്നതിനെക്കാൾ സംസാരിക്കാനാണ്. മനുഷ്യബന്ധങ്ങളിലെ പല പ്രശ്‌നങ്ങൾക്കും മൂലകാരണം ഇതുതന്നെ. ഈ സ്വാഭാവിക പ്രവണതയെ മറികടക്കാനാണ് ശ്ലീഹായുടെ ഉപദേശം. 

കേൾക്കുന്നതിലായിരിക്കണം നമ്മുടെ കൂടുതൽ ശ്രദ്ധ. പ്രഭാഷകൻ നമ്മെ അനുസ്മ‌രിപ്പിക്കുന്നു: “കേൾക്കുന്നതിൽ ജാഗരൂകതയും മറുപടി പറയുന്നതിൽ അവധാനവും കാട്ടുക. അറിയാമെങ്കിലേ പറയാവൂ; ഇല്ലെങ്കിൽ വായ് തുറക്കരുത്" (പ്രഭാ 5,11). ഈ വിവേകം തന്നെയാണ് സഭാപ്രസംഗകനും പ്രതീക്ഷിക്കുന്നത്. "ദൈവാലയത്തിലേക്കു പോകുമ്പോൾ സൂക്ഷ്‌മതയുള്ളവനായിരിക്കുക. ശ്രദ്ധിച്ചു കേൾക്കാൻ അടുത്തു ചെല്ലുന്നതാണ് വിഡ്ഢിയുടെ ബലിയർപ്പണത്തെക്കാൾ ശ്രേഷ്‌ഠം... വിവേകശൂന്യമായി സംസാരിക്കരുത്... നിൻ്റെ വാക്കുകൾ ചുരുങ്ങിയിരിക്കട്ടെ... വാക്കുകളേറുമ്പോൾ അതു മൂഢ ജല്‌പനമാകും" (സഭാ 5,1-3). സംസാരത്തിൽ പാലിക്കേണ്ട മിതത്വത്തെക്കുറിച്ചാണിവിടെ പരാമർശം. 

അമിതസംസാരവും കോപവും ഒന്നിച്ചുപോകുന്നു; അതുകൊണ്ടാണ് സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരായിരിക്കണമെന്ന് യാക്കോബ് ശ്ലീഹാ ഉപദേശിക്കുന്നത്. സൂക്ഷമില്ലാത്ത സംസാരം കോപത്തിലേയ്ക്കു നയിക്കും. കോപമാകട്ടെ ഭോഷൻ്റെ കൂടെപ്പിറപ്പാണുതാനും. “ക്ഷിപ്രകോപമരുത്; കോപം ഭോഷൻ്റെ മടിയിൽ വിശ്രമിക്കുന്നു" എന്നാണ് സഭാപ്രസംഗകൻ പഠിപ്പിക്കുന്നത് (7,9). സുഭാഷിതങ്ങളിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു. വിവേകിയുടെ നാവ് അറിവു വിതറുന്നു; വിഡ്ഢിയുടെ അധരങ്ങൾ ഭോഷത്തം വർഷിക്കുന്നു" (സുഭാ 15,1-2). സഹോദരനോട് കോപിക്കുന്നത് അഞ്ചാം പ്രമാണത്തിൻ്റെതന്നെ ലംഘനമായാണല്ലൊ നമ്മുടെ കർത്താവ് അവതരിപ്പിച്ചിരിക്കുന്നത്. ""നീ കൊല്ലരുത്' എന്നും 'കൊലയാളി ന്യായവിധിക്ക് അർഹനാകുന്നു' എന്നും പൂർവ്വികരോട് കല്‌പിച്ചിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലൊ, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു: തൻ്റെ സഹോദരനോട് അകാരണമായി കോപിക്കുന്നവൻ ന്യായവിധിക്കും, അവനെ 'ഭോഷൻ' എന്നു വിളിക്കുന്നവൻ സംഘവിധിക്കും, 'വിഡ്ഢി' എന്നു വിളിക്കുന്നവൻ തീ നരകത്തിനും അർഹനാകുന്നു" (മത്താ 5,21-22). വി. പൗലോസ് ശ്ലീഹാ ഈ നിയമവ്യാഖ്യാനത്തിന് ഒരല്പം ഇളവു നൽകുന്നുണ്ട്. മനുഷ്യപ്രകൃതി ശരിക്കറിയാവുന്ന അദ്ദേഹം എഴുതുന്നു: “കോപിച്ചുകൊള്ളുവിൻ; എങ്കിലും പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യാസ്‌തമയംവരെ നീണ്ടുപോകാതിരിക്കട്ടെ" (എഫേ4,26). നീണ്ടു നില്ക്കുന്നതാകരുത് നമ്മുടെ കോപം എന്നദ്ദേഹം നിർദ്ദേശിക്കുന്നു. 

മനുഷ്യകോപം ദൈവനീതി പ്രാവർത്തികമാക്കുന്നില്ല എന്നതാണ് കോപിക്കാതിരിക്കുന്നതിന് യാക്കോബ് ശ്ലീഹാ ചുണ്ടിക്കാണിക്കുന്ന അടിസ്‌ഥാനകാരണം. ദൈവനീതി എന്നതുകൊണ്ടുദ്ദേശിക്കുന്നത് ദൈവത്തിൻ്റെ ഉദാര മനസ്‌ഥിതിയെയാണ്. തൻ്റെ നല്ല പ്രവൃത്തികളിലൂടെ സ്വർഗീയപിതാവിൻ്റെ മഹത്ത്വം ലോകത്തിനു വെളിപ്പെടുത്തുവാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്‌തവൻ (മത്താ 5,16) കോപത്തിലൂടെ ദൈവികനന്മയും ഔദാര്യവും മറച്ചുകളയുകയാണ് ചെയ്യുന്നത്. ദൈവ നീതിയാകട്ടെ, എല്ലാവരും ദൈവികനന്മയും കരുണയും അനുഭവിക്കണമെന്നതും. മനുഷ്യകോപം ഇതിനു തടസ്സം സൃഷ്‌ടിക്കുന്നതിനാലാണ് കോപിക്കരുത് എന്ന് നമ്മുടെ കർത്താവിൻ്റെതന്നെ പാത പിന്തുടർന്ന് യാക്കോബ് ശ്ലീഹാ ഉപദേശിക്കുന്നത്. ദൈവത്തിൻ്റെ കരുണയും നന്മയും ധാരാളമായി അനുഭവിക്കുന്ന നമ്മൾ ഈ കരുണയും നന്മയും നമ്മുടെ പ്രവർത്തനങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ കടപ്പെട്ടവരുമാണ്. 

എഫേസോസിലെ സഭാംഗങ്ങൾക്ക് വി. പൗലോസ്ശ്ലീഹാ എഴുതുന്നത് ഈ സന്ദർഭത്തിൽ അനുസ്‌മരണീയമാണ്. “ശ്രോതാക്കൾക്കു നന്മ വരുത്തുന്നതും ആധ്യാത്മികാഭിവൃദ്ധിക്ക് ഉതകുന്നതുമായ കാര്യങ്ങൾമാത്രം സംസാരിക്കുവിൻ. അല്ലാതെ, നിങ്ങളുടെ അധരങ്ങളിൽനിന്ന് ദുഷിച്ച സംസാരം ഉണ്ടാകാതിരിക്കട്ടെ! ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്. അവനാലാണ് രക്ഷയുടെ ദിനത്തിലേയ്ക്കു നിങ്ങൾ മുദ്രിതരായിരിക്കുന്നത്. വിദ്വേഷവും ക്രോധവും കോപവും കലഹവും പരദൂഷണവും സകല തിന്മകളോടുംകൂടെ ഉപേക്ഷിക്കുവിൻ. അന്യോന്യം അനുകമ്പയും കാരുണ്യവും കാണിക്കുവിൻ. ദൈവം മിശിഹാവഴി നമ്മോടു ക്ഷമിച്ചതുപോലെ, നിങ്ങളും പരസ്‌പരം ക്ഷമിക്കുവിൻ" (എഫേ 4;32).

7.വചനം പ്രവർത്തിക്കുന്നവരാകുവിൻ 

പുതുജന്മത്തിൽ നമ്മുടെ സ്വഭാവത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വചനം സ്വീകരിക്കുകയെന്നാൽ എന്താണ് എന്നും യാക്കോബ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. വചനശ്രവണം സ്വീകരണത്തിൻ്റെ ഭാഗമാണല്ലൊ. ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണത്തിലൂടെയാണല്ലൊ വചനസ്വീകരണത്തിനുള്ള പശ്ചാത്തലമൊരുങ്ങുന്നത്. ഇപ്രകാരം വചനം ശ്രവിച്ച് മനസ്സു തിരിഞ്ഞ് ഈശോയിൽ വിശ്വസിച്ച് പുതിയ അസ്തിത്വത്തിലേയ്ക്കു കടന്നുവരുന്നവർ, സ്വീകരിച്ച വചനം പ്രവൃത്തിയിൽ കൊണ്ടു വരണം (1,22). വചനം കേൾക്കുന്നതുകൊണ്ടുമാത്രം തൃപ്‌തിപ്പെടുന്നവർ സ്വയം വഞ്ചിക്കുകയാണ്. ഗിരിപ്രഭാഷണത്തിൻ്റെ അവസാനഭാഗത്ത് ഈശോ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എൻ്റെ കർത്താവേ, എൻ്റെ കർത്താവേ, എന്ന് എന്നെ വിളിക്കുന്നവനല്ല, എൻ്റെ സ്വർഗീയപിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്... എൻ്റെ വാക്കുകൾ കേട്ട് അവയനുസരിച്ചു ജീവിക്കാത്തവൻ മണലിൽ വീടു പണിത ഭോഷനായ മനുഷ്യനു തുല്യനാണ്. മഴ പെയ്യുകയും നദികൾ ഒഴുകിവരികയും കാറ്റ് വീടിന്മേൽ ആഞ്ഞടിക്കുകയും ചെയ്തപ്പോൾ അതു വീണുപോയി. അതിൻ്റെ വീഴ്‌ച വലുതായിരുന്നു" (മത്താ 7, 26-27). ഈശോയുടെ വാക്കുകളിൽ വെളിവാക്കപ്പെട്ട സ്വർഗീയ പിതാവിൻ്റെ ഹിതമനുസരിച്ചു ജീവിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തു ശിഷ്യർ; അവർക്കുള്ളതാണ് സ്വർഗരാജ്യം. വചനമനുസരിച്ചു ജീവിക്കുകയാണ് വചനം പ്രാവർത്തികമാക്കാനുള്ള വഴി. 

വചനത്തെ- ഈശോയെന്ന വ്യക്‌തി, അവിടുത്തെ സന്ദേശം എന്നീ രണ്ട് അർത്ഥങ്ങളിലും - ഒരു കണ്ണാടിയോടാണ് യാക്കോബ് ശ്ലീഹാ ഉപമിക്കുന്നത്. കണ്ണാടി നമ്മുടെ യഥാർത്ഥരൂപം വ്യക്തമാക്കി തരുന്നതുപോലെ ദൈവവചനവും നാം എന്താണ്, എങ്ങനെയാണ് എന്നു വ്യക്തമാക്കിത്തരും, ഈശോയെന്ന ദൈവപുത്രനായ വ്യക്തിയിലാണ്, അവിടുത്തെ പ്രകാശത്തിലാണ്, നമ്മുടെ യഥാർത്ഥ മഹത്ത്വം വെളിവാകുന്നത്. നമ്മൾ ദൈവത്തിൻ്റെ മക്കളും ഈശോമിശിഹായോടൊപ്പം കൂട്ടവകാശികളുമാണല്ലൊ. ദൈവികഛായയിൽ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന നമ്മൾ ഈശോമിശിഹായിൽ പുതുജന്മം പ്രാപിച്ചിരിക്കയാൽ അവിടുത്തേയ്ക്കു സദൃശരായിരിക്കുന്നു. ഈശോയുടെ, അവിടുത്തെ സുവിശേഷത്തിൻ്റെ, പ്രകാശത്തിൽ സത്യത്തിൽ നമ്മൾ എന്തായിത്തീർന്നിരിക്കുന്നു എന്നു വെളിവാകുന്നു.

സ്വന്തമുഖം നമുക്കു നേരിട്ടു കാണാൻ സാധിക്കില്ല; കണ്ണാടിയിലേ കാണാൻ സാധിക്കൂ. നമ്മുടെ മുഖത്ത് എന്തെങ്കിലും വൃത്തികേട് ഉണ്ടെങ്കിലും അതു വ്യക്‌തമാകുന്നതും നമ്മൾ കണ്ണാടിയിൽ നോക്കുമ്പോഴാണ്. അതുപോലെ നമ്മുടെ ദൈവഛായയിൽ എന്തെങ്കിലും കളങ്കം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ദൈവവചനമാകുന്ന കണ്ണാടി വ്യക്തമാക്കിത്തരും. വചനവെളിച്ചത്തിൽ ജീവിതം പരിശോധിക്കുമ്പോൾ കുറവുകളും പോരായ്മകളും വെളിച്ചത്തുവരും. വചനം ശ്രവിച്ചിട്ട് അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുന്നവർ മുഖത്തെ കളങ്കം 

കണ്ണാടിയിൽ കണ്ട മാത്രയിൽ തന്നെ അതു വിസ്മ‌രിക്കുകയും അതു നിർമ്മാർജനം ചെയ്യു ന്നതിനു യാതൊരു നടപടിയും സ്വീകരിക്കാതിരിക്കയും ചെയ്യുന്നവ രാണ്. മറിച്ച് വചനവെളിച്ചത്തിൽ സ്വാതന്ത്യ്രത്തിന്റെ നിയമമെന്തെന്നു ഗ്രഹിച്ച്, അതനുസരിച്ച് ജീവിക്കുന്നവർ, മറക്കുന്ന ശ്രോതാക്കളല്ല, കർമ്മ നിരതരാകുന്നു.

8. എന്താണ് സ്വാതന്ത്യ്രത്തിന്റെ നിയമം?

ഈശോയിൽ വെളിവാക്കപ്പെട്ട ദൈവവചനത്തെ സ്വാതന്ത്ര്യത്തിന്റെ നിയമം, പൂർണനിയമം, ദൈവികനിയമം എന്നൊക്കെയാണ് യാക്കോബ് ശ്ലീഹാ വിശേഷിപ്പിക്കുന്നത് (യാക്കോ 1, 25; 2,8-12). ദൈവ വചനമായ ഈശോ സർവ്വവിധ ബന്ധനങ്ങളിൽനിന്നും നമ്മെ സ്വതന്ത്രരാക്കുന്നതുകൊണ്ട് അവിടുന്നു സ്വാതന്ത്യ്രത്തിന്റെ നിയമമാണ്. വി.പൗലോസ്ശ്ലീഹാ എഴുതുന്നു: “ഈശോമിശിഹായിലുള്ള ജീവാത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽ നിന്നും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു. നിങ്ങളെ വീണ്ടും ഭയത്തിലേയ്ക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈവത്തെ "ആബാ', 'ആബൂൻ', 'പിതാവേ',ഞങ്ങളുടെ പിതാവേ' എന്നു വിളിക്കാൻ നമ്മെ മക്കളാക്കുന്ന ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമുക്കു സാക്ഷ്യം നല്‌കുകയും ചെയ്യുന്നു" (റോമാ 8,2. 15-17). മക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്കു നമ്മെ നയിക്കുന്ന ആത്മാവാണ് ദൈവത്തിന്റെ വചനം. ഗലാത്തിയായിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ പൗലോസ് ശ്ലീഹാ വീണ്ടും ഓർമ്മിപ്പിക്കുന്നു: “എന്റെ സഹോദരരേ, സ്വാതന്ത്യത്തിലേയ്ക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ആ സ്വാതന്ത്ര്യം ജഡിക കാര്യങ്ങൾക്കുവേണ്ടി ആകരുതെന്നു മാത്രം. പ്രത്യുത, സ്നേഹത്തോടെ അന്യോന്യം സേവിക്കുവിൻ എന്തെന്നാൽ, 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ഒറ്റ വാക്യത്തിൽ നിയമം മുഴുവൻ അടങ്ങിയിരിക്കുന്നു" (ഗലാ 5, 13-14). സ്വാതന്ത്ര്യത്തിന്റെ നിയമം സഹോദരസ്നേഹത്തിന്റെ നിയമമായാണ് പൗലോസ് ശ്ലീഹാ അവതരിപ്പിക്കുന്നത്. ഇതുതന്നെയാണ് യാക്കോബ് ശ്ലീഹായും ചെയ്യുന്നത്. അദ്ദേഹം എഴുതുന്നു: ““നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന് എഴുതിയിരിക്കുന്ന ദൈവനിയമം പാലിക്കുന്നെങ്കിൽ, നിങ്ങൾ നന്നായി പ്രവർത്തിക്കുന്നു" (യാക്കോ 2,8). ഈ നിയമത്തിൻ്റെ അടിസ്‌ഥാനത്തിലാണ് അന്ത്യദിനത്തിൽ നമ്മൾ വിധിക്കപ്പെടാനിരിക്കുന്നതും (മത്താ 25,31-46) 'അതിനാൽ സ്വാതന്ത്യത്തിൻ്റെ നിയമത്താൽ വിധിക്കപ്പെടേണ്ടവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവിൻ. കരുണ പ്രവർത്തിക്കാത്തവൻൻ്റെമേൽ കരുണയില്ലാത്ത വിധിയുണ്ടാകും. എന്നാൽ കാരുണ്യം വഴി നിങ്ങൾ വിധിക്ക് അതീതരായി ഭവിക്കും" (യാക്കോ 2, 12-13).

9. നാവ് തീയാണ്

സ്വാതന്ത്യ്രത്തിന്റെ നിയമം പരസ്നേഹത്തിന്റെ നിയമമാണെന്നു നമ്മൾ കണ്ടു. ഈ നിയമത്തിനെതിരായവ മുഖ്യമായും സംഭവിക്കുന്നത് സംസാരത്തിലാണ്. അതുകൊണ്ടാണ് നാവിനെ നിയന്ത്രിക്കാതിരിക്കുന്നത് ഹൃദയത്തെ വഞ്ചിക്കലാണെന്ന് യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നത് (1,26). പരിപൂർണതയുടെ നിയമമായി ലേഖനകർത്താവ് ചൂണ്ടിക്കാണിക്കുന്നത് നാവിന്റെ നിയന്ത്രണമാണ്. “സംസാരത്തിൽ തെറ്റു വരുത്താത്ത ഏവനും പൂർണനാണ്” (3,2).

നമ്മുടെ ശരീരത്തിലെ ഒരു ചെറിയ അവയവമാണ് നാവെങ്കിലും അതിന്റെ വിനിയോഗം എന്തുമാത്രം പ്രത്യാഘാതങ്ങൾ ഉളവാക്കാൻ പോരുന്നതാണ് എന്നത് നമുക്കൊക്കെ അനുഭവമാണ്. യഥാസമയത്തുള്ള ഒരു നല്ല വാക്ക് എന്തുമാത്രം നന്മയ്ക്കു കാരണമാകുമെന്നും സന്തോഷം പ്രദാനം ചെയ്യുമെന്നും നമുക്കറിയാം. ശ്രദ്ധയില്ലാതെ അസമയത്തോ അസ്‌ഥാനത്തോ പറയുന്ന നല്ലതല്ലാത്ത ഒരു വാക്ക് അപരനെ മുറിപ്പെടുത്തുന്നതിനും ബന്ധംതന്നെ അപകടത്തിലാക്കുന്നതിനും ഇടയാക്കിയേക്കാം. ഈ അപകടം ശരിക്കും മനസ്സിലാക്കിയ യാക്കോബ് ശ്ലീഹാ നാവിന്റെ വിനിയോഗത്തെക്കുറിച്ചു സുദീർഘമായി പ്രസ്താവിക്കുന്നുണ്ട്.

"നാവ് തീയാണ്" എന്നതാണ് അദ്ദേഹത്തിന്റെ മുഖ്യപ്രമേയം. ഒരു തീപ്പൊരിക്ക് വൻകാടുകളെ ചാമ്പലാക്കാൻ കഴിയുന്നതുപോലെ നാവാകുന്ന തീപ്പൊരിക്കും ലോകമാകുന്ന കാടിനെ ചാമ്പലാക്കാൻ സാധിക്കും (യാക്കോ 3, 5-6). ഈശോയുടെ വാക്കുകൾ ഇവിടെ സ്മരണീയമാണ്: “മനുഷ്യന്റെ ഉള്ളിൽനിന്നു പുറത്തുവരുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കാരണം ഉള്ളിൽ നിന്നാണ്, - വ്യഭിചാരം, വേശ്യാവൃത്തി, മോഷണം, കൊലപാതകം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, ഭോഷത്തം എന്നിവയെല്ലാം പുറപ്പെടുന്നത്" (മർക്കോ 7,20-23). ഒരുവൻ്റെ ഉള്ള് വെളിവാകുന്നത് വാക്കുകളിലൂടെയാണല്ലൊ. ഇതിനുള്ള മാദ്ധ്യമം നാവും. ആന്തരിക മനുഷ്യന്റെ വക്താവായി നാവ് വർത്തിക്കുന്നു. ഉള്ളിൽ തിന്മയാണെങ്കിൽ, അതായത് അസൂയയും അഹങ്കാരവും ദുഷ്ടതയുമാണെങ്കിൽ, നാവ് സംസാരിക്കുന്നതും മറ്റൊന്നുമായിരിക്കുകയില്ല. നാവിനെ നിയന്ത്രിക്കണമെന്ന് ഉപദേശിക്കുമ്പോൾ യാക്കോബ് ശ്ലീഹാ ഉദ്ദേശിക്കുന്നതും ആന്തരിക തലത്തിൽ പരിവർത്തനം സംഭവിക്കണമെന്നാണ്. വിശ്വാസം ഈ ആന്തരിക തലത്തിൽ, മനസ്സിൽ, സംഭവിക്കുന്ന സത്യദൈവത്തിങ്കലേയ്ക്കുള്ള തിരിവാണല്ലൊ. ഇതു യാഥാർത്ഥ്യമാകുന്നത് സത്യവചനമായ ഈശോയും അവിടുത്തെ സുവിശേഷവും ഹൃദയത്തിൽ സ്‌ഥാനം പിടിക്കുമ്പോഴാണെന്നും നമ്മൾ കണ്ടു. ഹൃദയത്തിൽ സ്‌ഥാപിക്കപ്പെട്ടിരിക്കുന്ന വചനത്തിനനുസൃതം സംസാരിക്കണമെന്നാണ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. കാരണം, “ഹൃദയത്തിന്റെ തികവിൽ നിന്നാണല്ലൊ അധരങ്ങൾ സംസാരിക്കുന്നത്. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലതു പുറത്തെടുക്കുന്നു. ദുഷ്‌ടൻ തന്റെ ദുഷ്‌ടമായ നിക്ഷേപത്തിൽനിന്നു ദുഷ്ട‌മായതു പുറത്തെടുക്കുന്നു" (മത്താ 12, 34-35). ഈശോ കൂട്ടിച്ചേർത്തു: "ഞാൻ നിങ്ങളോടു പറയുന്നു: തങ്ങൾ പറയുന്ന വ്യർത്ഥമായ ഓരോ വചനത്തിനും മനുഷ്യർ വിധിദിവസം കണക്കു കേൾപ്പിക്കേണ്ടിവരും. കാരണം, നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിൻ്റെ വാക്കുകളാൽതന്നെ നീ ശിക്ഷിക്കപ്പെടുകയും ചെയ്യും" (മത്താ. 12, 36-37).

നാവിനെ നിയന്ത്രിക്കുവാൻ കഴിയുന്നവന് ശരീരത്തെ മുഴുവൻ നിയന്ത്രിക്കുവാൻ സാധിക്കും. കുതിരയെ കടിഞ്ഞാണുപയോഗിച്ചും കപ്പലിനെ ചുക്കാനുപയോഗിച്ചും നിയന്ത്രിക്കുന്നതുപോലെയാണിത് (യാക്കോ 3,3-4). നാവു വളരെ ചെറിയ അവയവമാണെങ്കിലും വമ്പു പറയുന്നതിൽ അതു മുന്നിലാണ്. വലിയ വനത്തെപ്പോലും ചാമ്പലാക്കാൻ പോരുന്ന ഒരു ചെറിയ തീപ്പൊരിക്കു സമാനമാണത്. വേണ്ട തരത്തിൽ നിയന്ത്രിക്കുന്നില്ലെങ്കിൽ ശരീരം മുഴുവനെയും അതു മലിനമാക്കും. അനിയന്ത്രിതമായ നാവ് മാരകവിഷം കൂടിയാണ്.

നാവിനെ നിയന്ത്രിക്കുക ശ്രമകരമായ ജോലിയാണ്; അതത്ര എളുപ്പമായ കാര്യമല്ല. സർവ്വ സൃഷ്‌ടജാലങ്ങളെയും നിയന്ത്രണത്തിലാക്കാൻ മനുഷ്യൻ പഠിച്ചിട്ടുണ്ട്. പക്ഷേ, ഈ ചെറിയ അവയവത്തെ നിയന്ത്രിക്കാൻ അവനറിയില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മെരുക്കിയെടുക്കുവാൻ മനുഷ്യനുള്ള സാമർത്ഥ്യം ഒന്നു വേറെതന്നെ. പക്ഷേ, നാവിന്റെ കാര്യത്തിൽ വരുമ്പോൾ അവൻ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു.

10. നാവിന്റെ ശരിയായ വിനിയോഗം

നല്ലതു പറയുന്നതിലും സഹോദരനെ വേദനിപ്പിക്കുന്നതു പറയാതിരിക്കുന്നതിലുമാണ് നാവിൻ്റെ ശരിയായ വിനിയോഗം. മറ്റുവാക്കുകളിൽ, സ്വാതന്ത്ര്യത്തിൻ്റെ നിയമത്തിൻ്റെ പ്രാവർത്തികമാക്കൽ തന്നെയാണിതും. തിടുക്കംകൂട്ടി സംസാരിക്കുമ്പോൾ പലപ്പോഴും സഹോദരനെക്കുറിച്ചു പരിഗണന ഇല്ലാതെ പോയേക്കാം. കാരണമില്ലാതെതന്നെ അവനോടു കോപിക്കാനും ഇടയായേക്കാം. മനുഷ്യന്റെ കോപം ദൈവ നീതി വർദ്ധിപ്പിക്കുന്നില്ലല്ലൊ. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹാ ഇപ്രകാരം ഉപദേശിക്കുന്നത്: "എൻ്റെ പ്രിയപ്പെട്ട സഹോദരരേ, നിങ്ങൾ കേൾക്കാൻ വേഗമുള്ളവരും സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരുമായിരിക്കണം" (1,10). വിശ്വാസികൾ ദൈവത്തെ സ്‌തുതിക്കുവാനായി തങ്ങളുടെ നാവ് ഉപയോഗിക്കുന്നുവെന്നത് ശരിയായ വിനിയോഗത്തിൻ്റെ ഭാഗമാണ്. എന്നാൽ ഈ ദൈവസ്തുതിതന്നെ സത്യ സന്ധമാകണമെങ്കിൽ സഹോദരനോടും സഹോദരനെക്കുറിച്ചും നല്ലതു പറയാനും ഈ നാവുപയോഗിക്കണം. യാക്കോബ് ഏതു സമൂഹത്തിനു വേണ്ടി എഴുതുന്നുവോ, ആ സമൂഹത്തിൽ നാവിൻ്റെ ദുർവിനിയോഗം ഉണ്ടായിരുന്നുവെന്നുവെന്ന് നമുക്ക് അനുമാനിക്കാം. 

അദ്ദേഹം തുടർന്ന് എഴുതുന്നു: "ഈ നാവുകൊണ്ട് കർത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിൻ്റെ സാദ്യശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു തന്നെ ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്നുതന്നെ അനുഗ്രഹവും ശാപവും പുറപ്പെടുന്നു" (3,9-10). ക്രൈസ്തവവിശ്വാസിയെ സംബന്ധിച്ച് ഇത് ഉചിതമല്ലായെന്ന് യാക്കോബ് അനുസ്മരിപ്പിക്കുന്നു. കാരണം, ഒരേ അരുവിയിൽനിന്ന് മധുരജലവും കയ്‌പുജലവും ഉത്ഭവിക്കില്ല. ദൈവസ്തുതി ആത്മാർത്ഥമാണെങ്കിൽ അതിനു യോജിച്ച വിധത്തിൽ സഹോദരസ്നേഹവുമുണ്ടാകും. സഹോദരബന്ധത്തിൽ സ്നേഹം പ്രതിഫലിക്കുന്നില്ലെങ്കിൽ ദൈവസ്തുതി ആത്മാർത്ഥമല്ലായെന്നു വ്യക്തം. ദൈവത്തോടുള്ള ബന്ധത്തിൽ ഒരു രീതിയും ദൈവിക ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സഹോദരരോടുള്ള പെരുമാറ്റത്തിൽ മറ്റൊരു രീതിയും പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പുനയം തന്നെയാണ്.

പ്രകൃതിയിൽ നിന്നുള്ള ഉദാഹരണങ്ങൾകൊണ്ട് തൻ്റെ വാദഗതി ലേഖനകർത്താവ് സ്‌ഥിരീകരിക്കുന്നു. ഓരോതരം വൃക്ഷവും അതതിൻ്റെ സ്വഭാവമനുസരിച്ചുള്ള ഫലങ്ങളേ പുറപ്പെടുവിക്കൂ എന്നതു പ്രകൃതി നിയമമാണ്; നമ്മുടെ ഓരോരുത്തരുടെയും അനുഭവവുമാണ്. അത്തിമരത്തിൽ നിന്ന് ഒലിവുഫലങ്ങളോ മുന്തിരിച്ചെടിയിൽ നിന്ന് അത്തിപ്പഴങ്ങളോ ശേഖരിക്കാനാവില്ല. ഈശോയുടെതന്നെ വാക്കുകളാണിവിടെ പ്രതിധ്വനിക്കുന്നത്: "നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്തവൃക്ഷം നല്ല ഫലങ്ങളും. ഓരോ വ്യക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽ നിന്ന് മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലൊ. നല്ല മനുഷ്യൻ തൻ്റെ ഹൃദയത്തിൻ്റെ നല്ല നിക്ഷേപത്തിൽനിന്ന് നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽ നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിൻ്റെ നിറവിൽ നിന്നാണല്ലൊ അധരം സംസാരിക്കുന്നത്” ( 6, 43-45). 

ക്രൈസ്തവാസ്തിത്വമെന്ന വൃക്ഷം അടിസ്‌ഥാനപരമായി ദൈവ വചനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായി ഈ വൃക്ഷത്തിൽനിന്നുണ്ടാകേണ്ട ഫലം ദൈവവചനാനുസൃതമായുള്ളതാണ്. ദൈവവചനമാകട്ടെ അയൽക്കാരനെ സ്നേഹിക്കണം എന്നുള്ളതും. സംസാരത്തിൽ ഈ സ്നേഹം പ്രതിഫലിക്കുന്നില്ലെങ്കിൽ വൃക്ഷത്തിന്റെ സ്വഭാവത്തെക്കുറിച്ചുപോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നു വ്യംഗ്യം.

11. നിന്റെ അയൽക്കാരനെ വിധിക്കാൻ നീ ആര്? 

സംസാരത്തിൽ തെറ്റു വരുത്താത്തവൻ പൂർണനാണ് എന്നു സ്ഥാപിച്ച യാക്കോബ് ശ്ലീഹാ (3,2) നാവിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചു (3,1-12). സത്യവിരുദ്ധമായ വ്യാജം പറയുന്നതും ക്രൈസ്തവവിശ്വാസിക്കു ചേർന്നതല്ല എന്നു പഠിപ്പിച്ച യാക്കോബ് (3,13-14) അന്യോന്യം എതിർത്തു സംസാരിക്കരുതെന്നും പരസ്പരം ദൂഷണം പറയരുതെന്നും ഉപദേശിക്കുന്നു. “എൻ്റെ സഹോദരരേ, നിങ്ങൾ അന്യോന്യം ദൂഷണം പറയരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമത്തെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്ന നീ, നിയമം അനുഷ്ഠിക്കുന്നവനല്ല, വിധികർത്താവത്രേ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള വിധികർത്താവ് ഒരുവൻ മാത്രമേയുള്ളു. എങ്കിൽ നിന്റെ അയൽക്കാരനെ വിധിക്കാൻ നീ ആര്?" (4,11-12). 

മറ്റുള്ളവർക്കെതിരെ ദൂഷണം പറയുന്നതും അവജ്‌ഞയോടെ മോശമായി സംസാരിക്കുന്നതും നിയമംമൂലം പഴയനിയമത്തിൽ വിലക്കിയിട്ടുള്ളതാണ്: “ഏഷണി പറഞ്ഞു നടക്കുകയോ, അയൽക്കാരന്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്" (ലേവ്യ 10,16). "അയൽക്കാരനെതിരെ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; അഹങ്കാരിയെയും ഗർവ്വിഷ്ഠനെയും ഞാൻ പൊറുപ്പിക്കുകയില്ല" എന്നും കർത്താവ് അരുളിച്ചെയ്യുന്നു (സങ്കീ 101,5). "ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പക്കഷണങ്ങൾ പോലെയാണ്; അത് ഉള്ളിലേയ്ക്ക് ഇറങ്ങി ച്ചെല്ലുന്നു" എന്ന് സുഭാഷിതങ്ങളിലും നമ്മൾ വായിക്കുന്നു (18,8: 26,22). “പരദൂഷണം പറയരുത്. രഹസ്യം പറച്ചിലിന് പ്രത്യാഘാതമുണ്ടാകും. നുണ പറയുന്ന നാവ് ആത്മാവിനെ നശിപ്പിക്കുന്നു" എന്ന് ജ്ഞാന കർത്താവും ഓർമ്മിപ്പിക്കുന്നു (ജ്‌ഞാനം1,11). 

ആദിമസഭയിലും പരദൂഷണമെന്ന തിന്മ തലയുയർത്തിയിരുന്നു എന്നു വ്യക്‌തം (റോമാ 1,30; 2 കൊറി 12,20; 1പത്രോ 2,1). യാക്കോബിന്റെ സമൂഹത്തിലും പരദൂഷണക്കാർ ഉണ്ടായിരുന്നതുകൊണ്ടാകണം ഈ ഉപദേശം അദ്ദേഹം നൽകുന്നത്. ഹെർമാസിൻ്റെ ഇടയനും ഇതിനു സമാനമായ കല്‌പന നൽകുന്നുണ്ട്: “ഒന്നാമതായി, ഒരു വ്യക്തിക്കും എതിരായി സംസാരിക്കരുത്. പരദൂഷണം പറയുന്നവനെ ശ്രദ്ധിക്കുകയുമരുത്... പരദൂഷണം ദുഷ്‌ടതയാണ്. ഒരിക്കലും സമാധാനമില്ലാതെ, കലഹങ്ങളുടെ മധ്യേ വസിക്കുന്ന ചപല പിശാചാണത്. അതിൽ നിന്നകന്നു ജീവിക്കണം"(രണ്ടാം കല്‌പന 2-3). അപകീർത്തി പരത്തുന്ന മനുഷ്യരുടെ വാക്കുകൾ മനുഷ്യരെ മുറിപ്പെടുത്തുകയും തങ്ങളുടെ വിഷംകൊണ്ട് അവരെ കൊല്ലുകയും ചെയ്യുന്നെന്ന് ഇടയൻ മുന്നറിയിപ്പു നല്‌കുന്നു (ഒമ്പതാം ഉപമ 26,7). 

സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ സഹോദരസ്നേഹത്തിന്റെ നിയമത്തെതന്നെയാണു വിധിക്കുന്ന തെന്നു യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. നിയമദാതാവും ന്യായാധിപനുമായ ദൈവത്തിനു മാത്രമേ വിധികർത്താവാകാനുള്ള അവകാശമുള്ളു. അങ്ങനെയെങ്കിൽ നമ്മുടെ അയൽക്കാരനെ വിധിക്കാൻ നമുക്കെന്തവകാശം എന്നാണ് ശ്ലീഹായുടെ ചോദ്യം. ഈശോ അരുളിച്ചെയ്യുന്നു: "വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്; നിങ്ങൾ വിധിക്കുന്നതുപോലെ നിങ്ങളും വിധിക്കപ്പെടും, നിങ്ങൾ അളന്നുകൊടുക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും. നിൻ്റെ കണ്ണിലെ കമ്പു നീ കാണാതിരിക്കുകയും സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും ചെയ്യുന്നത് എന്തുകൊണ്ട്? സ്വന്തം കണ്ണിൽ കമ്പ് ഇരിക്കെ, സഹോദരനോട്, 'ഞാൻ നിൻ്റെ കണ്ണിലെ കരടെടുത്തു കളയാം' എന്നു പറയുന്ന തെങ്ങനെ? കപടനാട്യക്കാരാ, ആദ്യം നിൻ്റെ കണ്ണിലെ കമ്പെടുത്തു കളയൂ. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരടു നീക്കാൻ വേണ്ട കാഴ്‌ച നിനക്കു ലഭിക്കും" (മത്താ 7,1-5). പൗലോസ് ശ്ലീഹായും നമ്മെ അനുസ്‌മരിപ്പിക്കുന്നു: “തന്മൂലം മേലിൽ നമുക്കു പരസ്പരം വിധിക്കാതിരിക്കാം" (റോമാ 14,13).

12. നിങ്ങളുടെ വാക്ക് 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ 

ഒരുവൻ പറയുന്ന കാര്യത്തിൻ്റെ വിശ്വസനീയത ഉറപ്പാക്കാനാണ് ദൈവനാമത്തിൽ സത്യം ചെയ്യുന്നത്; സത്യം ബഹുമാനിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ആണയിടലിൻ്റെ ആവശ്യം ഉദിക്കുന്നില്ലെങ്കിലും നിരപരാധത തെളിയിക്കാൻ സത്യം ചെയ്യാമെന്നു മോശതന്നെ നിർദ്ദേശിച്ചിട്ടുണ്ട് (പുറ 22,10-11). സ്വന്തനാമത്തിൽ ദൈവംതന്നെയും ശപഥം ചെയ്യുന്നതു നമ്മൾ കാണുന്നുണ്ട് (നിയമാ 4,31; 7,8; ഹെബ്ര 3,1; 4,3). കള്ളസത്യത്തെ യാഹ്‌വെ നേരിട്ടു വിലക്കിയിരുന്നു: “എൻ്റെ നാമത്തിൽ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിൻ്റെ നാമം അശുദ്ധമാക്കയുമരുത്" (ലേവ്യ 19,12). ശപഥം ഗൗരവമായി പരിഗണിച്ചു നിറവേറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പഴയനിയമ പരാമർശമുണ്ട് (നിയമാ 23,22; ജെറെ 5,2:7,9; ഹോസ 4,2; സഖ 5,3-4; മലാ 3,5). 

ശപഥം ചെയ്യുന്നതിനെക്കുറിച്ച് ഈശോയ്ക്കു വ്യക്‌തമായ പ്രബോധനമുണ്ടായിരുന്നു. പഴയനിയമ കല്‌പനകളെ അനുസ്‌മരിച്ചുകൊണ്ട് അവിടുന്നു പറഞ്ഞു: “എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, സത്യം ചെയ്യുകതന്നെ അരുത്. സ്വർഗത്തെക്കൊണ്ട് അരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവന്റെ പാദപീഠമാണ്. ജറുസലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിൻ പട്ടണമാണ്. നിൻ്റെ ശിരസിനെക്കൊണ്ടും അരുത്; അതിലെ ഒരു മുടിപോലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ മറുപടി 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ. അതിൽ കൂടുതലുള്ളതെല്ലാം ദുഷ്ടനിൽ നിന്നാണ്" (മത്താ 5, 33-37). പരസ്യജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ വീണ്ടും ഇതെക്കുറിച്ച് അവിടുന്നു വ്യക്‌തമായി സംസാരിച്ചിരുന്നു (മത്താ 23, 16-22). ഈശോയുടെ ഈ പ്രബോധനത്തിന്റെ ഒരു സംക്ഷിപ്‌ത രൂപമാണ് വി.യാക്കോബ് നല്‌കുന്നത്(5,12). 

സത്യസന്ധമായി സംസാരിക്കാനും പ്രവർത്തിക്കാനും കടപ്പെട്ടവനാണ് ക്രൈസ്‌തവവിശ്വാസി. ഇതവന്റെ അസ്‌തിത്വത്തിൻ്റെതന്നെ ഭാഗമാകയാൽ അവൻ ആണയിടേണ്ട ആവശ്യകത ഉണ്ടാകുന്നില്ല. അവന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടായാൽ മതി എന്നു വ്യംഗ്യം.

13. പ്രവൃത്തിരഹിത വിശ്വാസം നിർജ്ജീവം 

ആദ്യവായനയിൽത്തന്നെ സാധാരണക്കാർക്കും മനസ്സിലാകും വിധമാണ് വിശ്വാസജീവിതത്തിന്റെ മാറ്റുരച്ചറിയാനുള്ള വഴി യാക്കോബ് ശ്ലീഹാ വിവരിക്കുന്നത്. പ്രവൃത്തിപഥത്തിലെത്താത്ത വിശ്വാസം ജീവനില്ലാത്തതാണ് എന്നു സ്‌ഥാപിക്കുവാൻ അനുദിന ജീവിതസാഹചര്യങ്ങളിൽ നിന്ന് അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ ശരീരത്തിനാവശ്യമായതുകൊടുക്കാതെ, 'സമാധാനത്തിൽ പോവുക, തീകായുക, വിശപ്പടക്കുക', എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് പ്രയോജനമില്ലാ എന്ന് അദ്ദേഹം അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നു (2,14-17). വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്കു മേന്മയൊന്നുമില്ല. പ്രവൃത്തിരഹിതമായ വിശ്വാസത്തിന് നമ്മെ രക്ഷിക്കാനും ആവില്ല. മറിച്ച് വിശ്വാസപൂർവമായ പ്രവൃത്തികളാണ് നമ്മെ രക്ഷയ്ക്കർഹരാക്കുന്നത് എന്ന് പഴയനിയമത്തിൽനിന്ന് അബ്രാഹത്തിന്റെയും റാഹാബിന്റെയും ചരിത്രം അനുസ്‌മരിപ്പിച്ചുകൊണ്ട് യാക്കോബ് ശ്ലീഹാ സ്‌ഥിരീകരിക്കുന്നു (2, 21-26). 

നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേൽ ബലിയർപ്പിച്ചതുവഴിയാണ് (ഉല്പ 22,1-14). ഇപ്രകാരം പ്രവർത്തിക്കുവാൻ അബ്രാഹത്ത ശക്തനാക്കിയത് അദ്ദേഹത്തിനു ദൈവത്തിലുണ്ടായിരുന്ന വിശ്വാസമായിരുന്നു. തന്നെ തിരഞ്ഞെടുത്തു വിളിച്ച ദൈവം വിശ്വസ്തനാണെന്ന ഉറച്ചബോധ്യവും, തനിക്കുള്ളതെല്ലാം, ഏകപുത്രൻ തന്നെയും, ദൈവത്തിന്റെ ദാനമാണെന്നും, ഇവയുടെമേൽ ദൈവത്തിനാണ് പരമാധികാരമെന്നുമുള്ള അംഗീകരിക്കലുമായിരുന്നു അദ്ദേഹത്തിൻറെ വിശ്വാസം. ദൈവത്തിൻ്റെ നിർദ്ദേശമനുസരിച്ച് ഏകജാതനെപ്പോലും ദൈവത്തിനു സമർപ്പിക്കാൻ അബ്രാഹത്തിനു വിഷമമുണ്ടായില്ല. ഇസഹാക്കിനെ ബലികഴിക്കാൻ പ്രദർശിപ്പിച്ച സന്നദ്ധതയിൽ പ്രകടമായ അനുസരണമായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെ പ്രവൃത്തി. വിശ്വാസപ്രകാശനമായ ഈ അനുസരണ പ്രവൃത്തി വഴിയാണ് ദൈവം അദ്ദേഹത്തിൽ സംപ്രീതനായതും നീതിമാനായി പരിഗണിച്ച് അനുഗ്രഹിച്ചതും. വിശ്വാസം പ്രവൃത്തിപഥത്തിലെത്തിച്ചതുവഴി അബ്രാഹം ദൈവത്തിൻ്റെ സ്നേഹിതനായിത്തീർന്നു. ഈ ചരിത്രസംഭവത്തിൽ നിന്നുള്ള ഗുണ പാഠമായി യാക്കോബ് ശ്ലീഹാ പറയുന്നു: “മനുഷ്യൻ വിശ്വാസംകൊണ്ടു മാത്രമല്ല, പ്രവൃത്തികളാലുമാണ് നീതീകരിക്കപ്പെടുന്നതെന്നു നിങ്ങൾ അറിയുന്നു" (2,24). 

വി. പൗലോസ്ശ്ലീഹാ റോമായിലെ സഭാവിശ്വാസികൾക്കെഴുതുമ്പോൾ പിതാവായ അബ്രാഹത്തെക്കുറിച്ചു പ്രതിപാദിക്കുന്ന കാര്യങ്ങൾ വി.യാക്കോബ് പറയുന്ന കാര്യത്തോടു ചേർന്നു പോകുന്നില്ലായെന്ന് പ്രഥമദൃഷ്ട്യാ തോന്നിയേക്കാം. എന്നാൽ അടിസ്ഥഥാനപരമായി ഇരുവരുടെയും ആശയഗതികൾ തമ്മിൽ പൊരുത്തക്കേടൊന്നുമില്ല. 

വി. പൗലോസ് ഇപ്രകാരം എഴുതുന്നു: "അബ്രാഹം പ്രവൃത്തികളാലാണ് നീതീകരിക്കപ്പെട്ടതെങ്കിൽ അവന് അഭിമാനത്തിനു വകയുണ്ട് -ദൈവസന്നിധിയിലല്ലെന്നു മാത്രം" (റോമാ 4,2). പ്രവൃത്തികളാൽ ദൈവ സന്നിധിയിൽ നീതീകരിക്കപ്പെടുന്നതിനു സാധ്യതയില്ലെന്നു ചുരുക്കം. ഇവിടെ വി. പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുന്ന പ്രവൃത്തിയും വി.യാക്കോബ് വിവക്ഷിക്കുന്ന പ്രവൃത്തിയും ഒന്നല്ല. വി.പൗലോസ് പരിച്ഛേദനം പോലുള്ള നിയമത്തിൻ്റെ ബാഹ്യാനുഷ്‌ഠാനപ്രവൃത്തികളെ മനസ്സിൽ കാണുമ്പോൾ വി. യാക്കോബ് വിശ്വാസത്തിൻ്റെ ബഹിർസ്ഫുരണങ്ങളായ പ്രവൃത്തികളെ ഉദ്ദേശിക്കുന്നു. ഈ പ്രസ്‌താവനകളുടെ സന്ദർഭങ്ങളിൽനിന്നു മാത്രമേ ഈ വ്യത്യാസം ഗ്രഹിക്കാനാവൂ. 

ദൈവഹിതത്തിൻ്റെ പ്രകാശനമായ നിയമങ്ങൾ സ്വന്തമായി ലഭിച്ച സമൂഹമെന്നതിൽ അഭിമാനിച്ചിരുന്നവരായിരുന്നു യഹൂദർ. യഹൂദനെന്നതിൻ്റെ ബാഹ്യാടയാളം പരിച്‌ഛേദനമായിരുന്നു. പരിച്ഛേദനം സ്വീകരിച്ചാൽ നിയമം മുഴുവൻ അനുസരിച്ചതിനു തുല്യമായി എന്നുമവർ ധരിച്ചിരുന്നു. ഈ ധാരണയെയാണ് പൗലോസ് ശ്ലീഹാ തിരുത്തുന്നത്: “നീ നിയമം അനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനം അർത്ഥവത്താണ്. നിയമം ലംഘിക്കുന്നവനാണെങ്കിലോ നിൻ്റെ പരിച്‌ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു" (റോമാ 2, 25). നിയമമനുസരിച്ചുള്ള ജീവിതമില്ലാതെ പരിച്ഛേദനം എന്ന 'പ്രവൃത്തി'കൊണ്ടു മാത്രം ആരും ദൈവതിരുമുമ്പിൽ സ്വീകാര്യരാവില്ലെന്നദ്ദേഹം പഠിപ്പിക്കുന്നു. "ശാരീരികമായി പരിച്‌ഛേദനം നടത്താതെതന്നെ നിയമം അനുസരിക്കുന്നവർ നിയമവും പരിച്ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും. എന്തെന്നാൽ, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ല, യഥാർത്ഥ യഹൂദൻ. യഥാർത്ഥ പരിച്‌ഛേദനം ബാഹ്യമോ ശാരീരികമോ അല്ല. ആന്തരികമായി യഹൂദനായിരിക്കുന്നവനാണ് യഥാർത്ഥ യഹൂദൻ; ഹൃദയത്തിൽ നടക്കുന്ന പരിച്‌ഛേദനമാണ് യഥാർത്ഥ പരി‌ച്ഛേദനം” (റോമാ 2, 27-29). നിയമമനുസരിച്ചുള്ള ജീവിതമാണ്, പരിച്‌ഛേദനമെന്ന പ്രവൃത്തിയല്ല ഒരുവനെ യഥാർത്ഥ ദൈവഭക്തനാക്കുന്നത് എന്നു വി. പൗലോസ് സ്‌ഥാപിക്കുന്നു. അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ, നിയമമനുസരിച്ചുള്ള ജീവിതമാകട്ടെ, ദൈവപുത്രനായ ഈശോമിശിഹായിൽ വിശ്വസിക്കുന്നതുമാണ്. “പ്രവൃത്തികൾ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു" (റോമാ 4,5). പരിച്‌ഛേദനമെന്ന പ്രവൃത്തി ഇല്ലെങ്കിലും ഈശോ ദൈവപുത്രനും മിശിഹായുമാണെന്നു വിശ്വസിക്കുക വഴി ഒരുവൻ നീതീകരിക്കപ്പെടുന്നു എന്നു ചുരുക്കം; പരിച്‌ഛേദനം സ്വീകരിക്കുന്നതിനുമുമ്പുതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട അബ്രാഹത്തെപ്പോലെ (റോമാ 4, 6-12). “വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്” (റോമാ 4,21-22). ഈശോമിശിഹായിൽ സ്വയം വെളിപ്പെടുത്തിയ ദൈവത്തിലുള്ള വിശ്വാസമാണ് ക്രൈസ്‌തവൻ്റെ നീതീകരണത്തിന് അടിസ്ഥാനം. 

ദൈവപുത്രനായ ഈശോമിശിഹായിലുള്ള ഈ വിശ്വാസം അനുദിനജീവിത പ്രവൃത്തികളിൽ പ്രതിഫലിക്കണം എന്നതാണ് വി. യാക്കോബ് നിർദ്ദേശിക്കുന്നത്. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാണെന്നു പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നതിതാണ്. ചുരുക്കത്തിൽ വിശുദ്ധ പൗലോസിൻ്റെയും വിശുദ്ധ യാക്കോബിൻ്റെയും പഠനങ്ങൾ പരസ്‌പര വിരുദ്ധങ്ങളല്ല; മറിച്ച്, പരസ്‌പര പൂരകങ്ങളാണ്.

 

അധ്യായം നാല് 

വിശ്വാസജീവിതവും ഈ ലോകബന്ധവും 

ക്രൈസ്ത‌വാസ്ത‌ിത്വം ഈ ലോകത്തിൽ ജീവിക്കുവാനുള്ളതാണ്. ലോകത്തിലാണെങ്കിലും ലോകത്തിൻ്റെതല്ലാത്തതുപോലെ ജീവിക്കാനുള്ള വിളിയാണത്. ഈശോ പിതാവിനോടു പ്രാർത്ഥിച്ചു: “നീ എന്നെ ലോകത്തിലേയ്ക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേയ്ക്ക് അയച്ചിരിക്കുന്നു... ഞാൻ ലോകത്തിൻ്റേതല്ലാത്തതുപോലെ അവരും ലോകത്തിൻ്റേതല്ലാത്തതിനാൽ ലോകം അവരെ ദ്വേഷിച്ചു. നീ അവരെ ദുഷ്ടനിൽനിന്നു കാത്തുകൊള്ളണമെന്നല്ലാതെ, ലോകത്തിൽ നിന്ന് അവരെ എടുക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നില്ല" (യോഹ 17, 15-19). ലോകത്തിൽ കളങ്കമില്ലാതെ ജീവിക്കുവാനുള്ള വിളിയും ഉത്തരവാദിത്വവുമാണ് ഓരോ ക്രൈസ്‌തവനുമുള്ളത്. ഇതുതന്നെയാണ് യാക്കോബ് ശ്ലീഹാ പഠിപ്പിക്കാനുദ്ദേശിക്കുന്ന സത്യവും (1,27). 

ഈ ലോകത്തിൻ്റെ മാലിന്യം മനുഷ്യൻ്റെ സ്വാർത്ഥപ്രവണതകൾക്കും ദുരാശകൾക്കുമനുസരിച്ചു ജീവിക്കുന്നതിലാണ്. ദുരാശകളെ തൃപ്തിപ്പെടുത്താൻ ഒന്നും ചെയ്യരുതെന്നാണല്ലൊ വി. യാക്കോബിൻ്റെ ഉപദേശം. അശുദ്ധിയും ദുഷ്‌ടതയും ഉപേക്ഷിക്കാനും നാവിനെ നിയന്ത്രിക്കാനുമൊക്കെ നിർദ്ദേശിക്കുമ്പോഴും ലോകത്തിൽ കളങ്കമില്ലാതെ എപ്രകാരം ജീവിക്കാം എന്നു പഠിപ്പിക്കുകയാണദ്ദേഹം. സമ്പത്തിനോടുള്ള ശരിയായ മനോഭാവമാണ് ലോകത്തിൻ്റെ കളങ്കമേശാതിരിക്കുന്നതിനുള്ള മറ്റൊരു പ്രധാന മാർഗം. ധനത്തിൻ്റെ ക്രൈസ്‌തവോചിതമായ വിനിയോഗത്തെക്കുറിച്ചു യാക്കോബ് ശ്ലീഹാ നൽകുന്ന പഠനങ്ങളാണ് ഈ അദ്ധ്യായത്തിലെ വിഷയം. 

യാക്കോബ് ശ്ലീഹാ കത്തെഴുതുന്ന സമൂഹത്തിലെ പരീക്ഷകളുടെ സ്വഭാവത്തെക്കുറിച്ചു ചർച്ച ചെയ്‌തപ്പോൾ അവയ്ക്കു സമ്പത്തുമായുള്ള ബന്ധം നമ്മൾ കാണുകയുണ്ടായി. ധനം ഒരു മുഖ്യ പരീക്ഷണഹേതുവായാണ് യാക്കോബ് വീക്ഷിക്കുന്നത് എന്നും നമ്മൾ കണ്ടു. ലേഖനത്തിലുടനീളം സമ്പത്തിൻ്റെ ശരിയായ വിനിയോഗരീതികൾ നിർദ്ദേശിക്കുന്നതും ശരിയല്ലാത്ത രീതികളെ നിശിതമായി വിമർശിക്കുന്നതും കാണാം. 

ഈശോയുടെ വീക്ഷണത്തിൽ ധനമുള്ളവരെല്ലാം ധനവാന്മാരല്ല. സമ്പത്തിനോടുള്ള മനോഭാവമാണ് ഒരുവനെ ധനികനോ ദരിദ്രനോ ആക്കുന്നത്. ഏറെ സമ്പത്തുണ്ടായിരുന്നാലും അതെല്ലാം ദൈവത്തിൻ്റെ ദാനമായി കാണുവാനും, തനിക്കുള്ളവ ഇല്ലാത്തവനുമായി പങ്കുവയ്ക്കാനും സാധിക്കുന്നവൻ ആത്മാവിൽ ദരിദ്രനാണ്. ദ്രവ്യാഗ്രഹമാണ് - ധനമോഹമാണ് - ഒരുവനെ സമ്പത്തിനടിമയാക്കുന്നത്. ഒരുവന് അധിക സമ്പത്തില്ലെങ്കിലും ദൈവമാണിതു തരുന്നതെന്ന ബോദ്ധ്യമില്ലെങ്കിൽ, തന്നെക്കാൾ ക്ലേശിക്കുന്നവനുമായി ഉള്ളവ പങ്കുവയ്ക്കുവാൻ തയ്യാറില്ലെങ്കിൽ, ദൈവത്തിനു സ്വീകാര്യനായ ദരിദ്രനല്ലവൻ. തൻ്റെ നിസ്സാരതയും നിസ്സഹായതയും ഏറ്റുപറഞ്ഞ് ദൈവപരിപാലനയിൽ ആശ്രയിക്കുന്നവനാണ് യഥാർത്ഥ ദരിദ്രൻ. അവനാണു വിശ്വാസത്തിൽ സമ്പന്നൻ. അവനുള്ളതാണ് ജീവൻ്റെ കിരീടം. 

മിശിഹായുടെ ഈ മനോഭാവം പുലർത്തി ജീവിക്കുക എന്നതാണ് ഈ ലോകത്തിൻ്റെ കളങ്കമേശാതിരിക്കാനുള്ള വഴി. പത്രോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു: “ആകയാൽ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചു കൊണ്ട് കളങ്കവും കറയുമില്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങൾ അവനു കാണപ്പെടുവാൻ വേണ്ടി ഉത്സാഹിക്കുവിൻ" (2 പത്രോ 3,19). നിത്യജീവനുവേണ്ടി ദൈവം തിരഞ്ഞെടുത്തിരിക്കുന്നവരെയും ദൈവാത്മാവു വസിക്കുന്നവരെയുമാണ് കളങ്കമില്ലാത്തവരായി ഹെർമാസിൻ്റെ ഇടയൻ കാണുന്നത് (നാലാം ദർശനം 3,5; അഞ്ചാം ഉപമ 6,7).

1.പുല്ലിൻ്റെ പൂവുപോലെ 

പ്രകൃതിയോടു ചേർന്നുള്ള ജീവിതമായിരുന്നു മനുഷ്യർ പണ്ടു നയിച്ചിരുന്നത്. ദൈവത്തിൻ്റെ സൃഷ്‌ടിയായ പ്രപഞ്ചവും അതിലെ സസ്യലതാതികളും ജീവജാലങ്ങളും ദൈവിക മഹത്ത്വത്തിൻ്റെ പ്രതിഫലനമായി കണക്കാക്കപ്പെട്ടിരുന്നു. ഈശോയുടെയും ആദിമസഭയുടെയുമൊക്കെ ജീവിതം ഇതിനൊരപവാദമായിരുന്നില്ല. പ്രകൃതിയോട് ഐക്യത്തിലാണ് ഈശോ ജീവിച്ചത്. കടൽക്കരയും തടാകങ്ങളും മലമുകളുമൊക്കെ ആയിരുന്നല്ലൊ അവിടുത്തെ പ്രവർത്തനരംഗങ്ങൾ. പ്രകൃതിയിൽ നിന്നടർത്തിയെടുത്ത എത്രയെത്ര രംഗങ്ങളാണ് അവിടുത്തെ പ്രബോധനങ്ങളിലും ഉപമകളിലും. ഈ ശൈലി തന്നെയാണ് ആദിമസഭയിൽ ശ്ലീഹന്മാരും പിന്തുടർന്നത്. അതിൻ്റെ ശ്രേഷ്ഠമായ തെളിവാണ് വി. യാക്കോബിൻ്റെ ലേഖനം. അനുദിന ജീവിതാനുഭവങ്ങളായ പ്രപഞ്ചയാഥാർത്ഥ്യങ്ങളുടെ ഭാഷ സാധാരണക്കാർക്കുപോലും എളുപ്പം മനസ്സിലാകും. ആശയ സംവേദനത്തിന് ഇതുതന്നെ ഉത്തമ മാർഗം. വി.യാക്കോബ് ഈ യാഥാർത്ഥ്യം ശരിക്കു ഗ്രഹിച്ചിരുന്നു. 

സമ്പത്തിൻ്റെ ക്ഷണികത വ്യക്തമാക്കാൻ യാക്കോബ് ശ്ലീഹാ വയലിലെ പുല്ലിൻ്റെ കഥയാണ് ഉപയോഗിക്കുന്നത് (1,9-11). പച്ചപ്പുള്ള ചെടിയിൽ പ്രഭാതത്തിൽ മനോഹരങ്ങളായ പൂക്കൾ വിരിയുന്നതു നമ്മളൊക്കെ കാണാറുണ്ട്. എന്നാൽ മദ്ധ്യാഹ്ന സൂര്യൻ്റെ ചൂടേ‌ല്ക്കുമ്പോൾ പൂവിൻ്റെ ഭംഗി മങ്ങുകയും വൈകുന്നേരത്തോടെ അതു കൊഴിഞ്ഞു' പോവുകയും ചെയ്യും. പച്ചപ്പുണ്ടായിരുന്ന പുല്ലുപോലും അധികം വൈകാതെ ഉണങ്ങിപോകും. ഇതു നിത്യേന പ്രകൃതിയിൽ നടക്കുന്ന സംഭവം. ധനത്തിൻ്റെയും ധനികൻ്റെയും നശ്വരതയും ക്ഷണികതയും വെളിവാക്കാൻ ഈ സംഭവം യാക്കോബ് ശ്ലീഹാ സ്വീകരിക്കുന്നു. പുല്ലിൻ്റെ പൂവിനോടാണ് ധനികനെ ലേഖനകർത്താവ് ഉപമിക്കുന്നത്. ഭൗതികസമ്പത്ത് എത്ര ആകർഷകമായി തോന്നിയാലും അല്‌പായുസ് അതിൻ്റെ സ്വഭാവത്തിലുള്ളതാണ്. 

മനുഷ്യ ജീവിതത്തിൻ്റെതന്നെ ക്ഷണികത വ്യക്തമാക്കാൻ ഏശയ്യാപ്രവാചകനും വയലിലെ പുല്ലും അതിൻ്റെ പൂവുമൊക്കെ ഉപയോഗിക്കുന്നുണ്ട്. “ജഡം തൃണം മാത്രം; അതിൻ്റെ സൗന്ദര്യം വയലിലെ പുഷ്പംപോലെ ക്ഷണികവും. കർത്താവിൻ്റെ ശ്വാസമേല്ക്കുമ്പോൾ പുല്ലു കരിയുകയും പൂവുവാടിപ്പോവുകയും ചെയ്യും; മനുഷ്യൻ പുല്ലു മാത്രം"(ഏശ 40,6-8). സങ്കീർത്തകനും ഇതേ ശൈലിതന്നെ അവലംബിക്കുന്നു: “പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ലുപോലെയാണവൻ; പ്രഭാതത്തിൽ അതു തഴച്ചുവളരുന്നു; സായാഹ്നത്തിൽ അതു വാടിക്കരിയുന്നു" (സങ്കീ 90, 5-6). “മനുഷ്യൻ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂവുപോലെ അതു വിരിയുന്നു; എന്നാൽ കാറ്റടിക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല” (സങ്കീ 103,15-16). ജോബിൻ്റെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു: “സ്ത്രീയിൽ നിന്നു ജനിക്കുന്ന മർത്യൻ അല്‌പായുസ്സാണ്; അവൻ ദിനങ്ങൾ ദുരിതം നിറഞ്ഞതും. അവൻ പുഷ്‌പംപോലെ വിരിയുന്നു; കൊഴിഞ്ഞുപോകുന്നു. അവൻ നിഴൽപോലെ കടന്നുപോകുന്നു; നിലനില്ക്കുന്നില്ല"(ജോബ് 14, 1-2). ഈ പഴയനിയമഭാഗങ്ങളിൽ പുല്ലും പൂവുമൊക്കെ മനുഷ്യജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചു പ്രതിപാദിക്കുവാൻ ഉപയോഗിക്കപ്പെടുമ്പോൾ യാക്കോബ് ശ്ലീഹാ അവയെ സമ്പത്തിൻ്റെ ക്ഷണികത എടുത്തുകാണിക്കുവാനുള്ള മാധ്യമമായി സ്വീകരിക്കുന്നു.

2. വിശ്വാസത്തിൽ സമ്പന്നരായ ദരിദ്രർ 

ഭൂമുഖത്തെ വിനീതരായ പാവപ്പെട്ടവർ എന്നും ദൈവത്തിൻ്റെ പ്രത്യേക പരിഗണനയ്ക്കു പാത്രീഭൂതരാണ്. ഈ ദരിദ്രരെയാണ് ഭക്തർ, വിശുദ്ധർ, ദൈവികമനുഷ്യർ എന്നൊക്കെ പഴയനിയമം വിശേഷിപ്പിക്കുന്നത്. ഈ ദൈവികപരിഗണന ഈശോയും ദരിദ്രരോടു പ്രകടമാക്കി. ദരിദ്രരെ സുവിശേഷമറിയിക്കുവാനാണ് താൻ അഭിഷിക്‌തനായിരിക്കുന്നത് എന്നരുളിച്ചെയ്‌തുകൊണ്ടാണല്ലൊ അവിടുന്നു തൻ്റെ പരസ്യ ജീവിതം ആരംഭിക്കുന്നതുതന്നെ (ലൂക്കാ 4,18). ദരിദ്രരെ അനുഗൃഹീതരായി പ്രഖ്യാപിക്കുകയും അവർക്കു ദൈവരാജ്യം വാഗ്ദ‌ാനം ചെയ്യുകയും ചെയ്ത അവിടുന്ന് (ലൂക്കാ 6,20) പിതാവായ ദൈവത്തിന് അവരോടുള്ള പ്രത്യേക താൽപര്യം പ്രകടമാക്കുകയായിരുന്നു. ദൈവരാജ്യത്തിൽ ദരിദ്രർക്കുള്ള സ്ഥാനം യാക്കോബ് ശ്ലീഹായും വ്യക്‌തമാക്കുന്നുണ്ട്: “തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദ‌ാനം ചെയ്‌തിരിക്കുന്ന രാജ്യത്തിന് അവകാശികളായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്, വിശ്വാസത്തിൽ സമ്പന്നരായ ഈ ലോകത്തിലെ ദരിദ്രരെയല്ലെ?" (യാക്കോ 2,5). ഇത് നമ്മെ അനുസ്മരിപ്പിക്കുന്നത് ഈശോയുടെതന്നെ വാക്കുകളെയാണ്. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടേണ്ട! കാരണം, നിങ്ങൾക്കു രാജ്യം നല്കാൻ നിങ്ങളുടെ പിതാവു മനസ്സായിരിക്കുന്നു" (ലൂക്കാ 12, 32). അന്ത്യത്താഴവേളയിൽ അവിടുന്നു തൻ്റെ ശിഷ്യരോട് അരുളിച്ചെയ്‌തു: "എൻ്റെ പരീക്ഷകളിൽ എന്നോടൊപ്പം നിന്നവരാണു നിങ്ങൾ. എൻ്റെ പിതാവ് എനിക്ക് ഒരു രാജ്യം വാഗ്ദ‌ാനം ചെയ്‌തതുപോലെ, ഞാനും നിങ്ങൾക്കു വാഗ്ദാനം ചെയ്യുന്നു. എൻ്റെ രാജ്യത്തിൽ നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും സിംഹാസനങ്ങളിലിരുന്ന്, ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കയും ചെയ്യും" (ലൂക്കാ 22, 28-30). രാജ്യം അവകാശപ്പെടുത്തുകയെന്നാൽ നിത്യജീവൻ നേടുകയെന്നാണല്ലൊ (മത്താ 19,29). 

വിശ്വാസത്തിൽ സമ്പന്നരാണ് എന്നതാണ് ദരിദ്രരെ “രാജ്യ”ത്തിനവകാശികളാക്കുന്ന സംഗതി. വിശ്വാസത്തിൽ സമ്പന്നനെങ്കിൽ ഈ ലോകത്തിലെ വലിയ ധനികനും ദൈവതിരുമുമ്പിൽ ദാരിദ്ര്യമനോഭാവമുണ്ടാകും. വിശ്വാസദൃഷ്ട്യാ തൻ്റെ ധനത്തെ നോക്കിക്കാണാനും സഹോദരർക്കുകൂടി ഉപകാരപ്രദമായ രീതിയിൽ അതുപയോഗിക്കാനും അവനു സാധിക്കും. ഇത്തരത്തിൽ വിശ്വാസസമ്പന്നത ജീവിതത്തിൽ പ്രദർശിപ്പിക്കുന്നവർക്കാണ് ദൈവരാജ്യം. സ്വന്തമായി ഒന്നുമില്ലാത്ത പാവപ്പെട്ടവനെ സംബന്ധിച്ചും വിശ്വാസത്തിൽ സമ്പന്നരാകാൻ എളുപ്പമാണ്. എല്ലാറ്റിനും ദൈവത്തിൽ ആശ്രയിക്കേണ്ടതിനാൽ ദൈവത്തിലുള്ള വിശ്വാസത്തിൽ അവൻ വളരും. ഈ ലോകത്തിൻ്റെ ദൃഷ്‌ടിയിൽ അവൻ ദരിദ്രനെങ്കിലും ദൈവസന്നിധിയിൽ പ്രീതിക്കു പാത്രീഭൂതനാണവൻ. സ്വത്തിൻ്റെ അവകാശം താനുമായി പങ്കുവയ്ക്കാൻ സഹോദരനോടു കല്പിക്കണമേ എന്ന അപേക്ഷയുമായി തന്നെ സമീപിച്ച മനുഷ്യനോട് ഈശോ അരുളിച്ചെയ്‌ത ഭോഷനായ ധനികൻ്റെ ഉപമ (ലൂക്കാ 12, 13-21) ദൈവസന്നിധിയിൽ സമ്പന്നനാകാതെപോയ ധനികനെ ചിത്രീകരിക്കുന്നുണ്ട്. സമൃദ്ധമായ വിളവുണ്ടായപ്പോൾ അതു ദൈവാനുഗ്രഹംകൊണ്ടാണെന്നു തിരിച്ചറിയാതെ, കുറവുള്ള സഹോദരർക്കു വേണ്ടി കൂടി പങ്കുവയ്ക്കാതെ, തനിക്കായി തന്നെ സൂക്ഷിച്ചുവച്ച് വ്യർത്ഥമായ സുരക്ഷിതത്വത്തിൽ കഴിഞ്ഞ മൂഢന്, അപ്രതീക്ഷിത മരണത്തിൽ ഒന്നും കൂടെകൊണ്ടുപോകാനുണ്ടായില്ല. ദൈവമുമ്പിൽ സമ്പന്നനാകണമെന്നുണ്ടായിരുന്നെങ്കിൽ, തനിക്കുള്ളവ ഇല്ലാത്തവർക്കുകൂടി നൽകുവാൻ അയാൾ തയ്യാറാകണമായിരുന്നു. 

എപ്രകാരമാണ് ധനത്തിൻ്റെ ശരിയായ വിനിയോഗംകൊണ്ട് ദൈവമുമ്പിൽ സമ്പന്നരാകേണ്ടത് എന്ന് ആദിമ ക്രൈസ്‌തവസമൂഹം മനസ്സിലാക്കിയിരുന്നു. വിശ്വാസം സ്വീകരിച്ച് ഒരു സമൂഹമായി ഭവിച്ച അവർ എല്ലാ വസ്‌തുക്കളും പൊതുവായി അനുഭവിച്ചു. അവർ സമ്പാദ്യങ്ങൾ വിറ്റ് ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വീതിച്ചുകൊടുത്തു (ശ്ലീഹ 2,44). "വിശ്വാസികളുടെ സമൂഹം ഒരേ ആത്മാവും ഒരേ മനസ്സുമായി വ്യാപരിച്ചു. അവരിൽ ആരുംതന്നെ തൻ്റെ സമ്പാദ്യം തൻ്റേതുമാത്രമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു... അവരുടെയിടയിൽ ദരിദ്രരായി ആരുമുണ്ടായിരുന്നില്ല. കാരണം, വീടും പുരയിടങ്ങളും ഉണ്ടായിരുന്നവർ അവ വിറ്റുകിട്ടിയ പണം ശ്ലീഹന്മാരെ ഏല്പിക്കുകയും അവർ അത് ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വീതിക്കുകയും ചെയ്‌തിരുന്നു" (ശ്ലീഹ 4,32-34). ചുരുക്കത്തിൽ ഈ ലോകമാനദണ്ഡമനുസരിച്ച് ദരിദ്രരായിരുന്നു ആദിമ വിശ്വാസികൾ. വിശ്വാസത്തിൽ സമ്പന്നരാകാനും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യത്തിന് അവകാശികളാകാനുമുള്ള മാർഗം ഇതാണെന്ന് അവർ ഗ്രഹിച്ചിരുന്നു. യാക്കോബ് ശ്ലീഹായുടെ കാലമായപ്പോഴേയ്ക്കും ദൈവത്തിൽ വിശ്വാസമർപ്പിക്കുന്ന വിനീതരും ഭക്‌തരുമായ ക്രൈസ്‌തവരെ സൂചിപ്പിക്കാൻ “ദരിദ്രർ" എന്ന പദം പൊതുവേ ഉപയോഗിക്കപ്പെട്ടിരുന്നു. 

വി.യാക്കോബ് തൻ്റെ ലേഖനത്തിൽ രണ്ടാമധ്യായത്തിൻ്റെ ആരംഭത്തിൽ സമൂഹത്തിലെ ദരിദ്രനെ വരച്ചുകാണിക്കുന്നുണ്ട് (2,1-4). മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു സംഘത്തിൽ വരുന്നു എന്ന കാരണത്താൽ വിവേചനാപൂർണവും പക്ഷപാതിത്വപരവുമായ പെരുമാറ്റത്തിനു വിധേയനാകുന്ന ഈ ദരിദ്രനെയാകാം ലേഖനകർത്താവ് വിശ്വാസത്തിൽ സമ്പന്നൻ എന്നു വിശേഷിപ്പിക്കുന്നത്.

3. നിങ്ങൾ പക്ഷപാതം കാണിക്കരുത് 

മഹത്വപൂർണനും നമ്മുടെ കർത്താവുമായ ഈശോമിശിഹായിലുള്ള വിശ്വാസവും മുഖം നോക്കിയുള്ള വിവേചനാപൂർവമായ പെരുമാറ്റവും ചേർന്നുപോകില്ലെന്നു യാക്കോബുശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു (2,1). സമ്പത്തിൻ്റെ അടിസ്‌ഥാനത്തിൽ പക്ഷപാതം കാണിക്കുന്നതു പാപമാണ് (2,9). ഈശോമിശിഹായിലുള്ള വിശ്വാസം തിരിച്ചുവ്യത്യാസം കാണിക്കാത്ത ദൈവത്തിൽ തന്നെയുള്ള വിശ്വാസമാണ്. ശിഷ്‌ടരുടെയും ദുഷ്‌ടരുടെയുംമേൽ സുര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന സ്വർഗീയപിതാവിൽ പക്ഷപാതമില്ല (മത്താ 5,45). "ദൈവം പക്ഷപാതം കാട്ടുന്നില്ലെന്നു സത്യമായും ഞാൻ മനസ്സിലാക്കുന്നു" എന്നാണല്ലൊ വി.പത്രോസ് ശ്ലീഹായുടെ പഠനം (ശ്ലീഹ 10,34). അവിടുത്തേയ്ക്കു മുഖം നോട്ടമില്ലെന്നു വി. പൗലോസ്‌ശ്ലീഹായും സാക്ഷിക്കുന്നു (റോമാ 2,11; കൊളോ 3,25). ഈ ദൈവികഗുണം അനുകരിക്കാനാണ് യാക്കോബ് ശ്ലീഹാ ഉപദേശിക്കുന്നത്. 

ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതോ നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല എന്നു സുഭാഷിതങ്ങളിൽ നമ്മൾ വായിക്കുന്നു (18,5). സങ്കീർത്തകനിലൂടെ ദൈവം ചോദിക്കുന്നു: “നിങ്ങൾ എത്രകാലം നീതി വിരുദ്ധമായി വിധിക്കുകയും ദുഷ്‌ടരുടെ പക്ഷം പിടിക്കുകയും ചെയ്യും? ദുർബലർക്കും അനാഥർക്കും നീതി പാലിച്ചു കൊടുക്കുവിൻ; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ" (സങ്കീ 82,2-3). നിനക്കു തന്നെ ദ്രോഹം ചെയ്യുന്നവിധം പക്ഷപാതം കാണിക്കരുത് എന്ന് പ്രഭാഷകനും ഉപദേശിക്കുന്നു (4,22). മുഖം നോക്കാതെ ജീവിക്കുവാനും പ്രവർത്തിക്കുവാനും ക്രൈസ്തവനു പ്രേരണ നൽകേണ്ടത് സ്വർഗത്തിലുള്ള മുഖം നോട്ടമില്ലാത്ത യജമാനനെക്കുറിച്ചുള്ള ചിന്തയാണ് (എഫേ 5,9). മുഖം നോക്കാതെ, ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികൾക്കനുസൃതം വിധിക്കാനിരിക്കുന്ന പിതാവാണവിടുന്ന് (1 പത്രോ 1,17). ബർണബാസിൻ്റെ ലേഖനത്തിലും ഇതെക്കുറിച്ചു പരാമർശമുണ്ട്: "മുഖം നോക്കാതെ കർത്താവ് ലോകത്തെ വിധിക്കും. ഓരോരുത്തനും അവനവൻ്റെ പ്രവൃത്തികൾക്കനുസരണം പ്രതിഫലം കിട്ടും" (ബർണബാസിൻ്റെ ലേഖനം 4,12). 

സഭാസമൂഹത്തിൽ സമ്പത്തിൻ്റെ പേരിൽ നിലനിന്നിരുന്ന തിരിച്ചു വ്യത്യാസത്തിൻ്റെ പശ്ചാത്തലത്തിലാണ് യാക്കോബ് ശ്ലീഹാ പക്ഷപാതം കാണിക്കരുത് എന്ന ഉപദേശം നൽകുന്നത് (2,1-13). സമ്മേളനങ്ങളിൽ ധനികർക്കു വിശിഷ്ട‌ സ്‌ഥാനവും ദരിദ്രർക്ക് അവസാന സ്‌ഥാനവും നൽകിയിരുന്ന സമൂഹത്തിനുള്ള താക്കീതാണത്. ഈ വിവേചനംവഴി അവർ പക്ഷപാതികളാവുകയാണെന്നും ദൈവത്തിനു പ്രിയപ്പെട്ട ദരിദ്രരെ പുച്ഛ‌ിക്കുകയാണെന്നും ശ്ലീഹാ ഓർമ്മിപ്പിക്കുന്നു. “നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്നദൈവിക നിയമത്തിൻ്റെ പ്രകടമായ ലംഘനവുമാണിത്. സഹോദരസ്നേഹത്തിൻ്റെ നിയമം ലംഘിക്കുന്നവർ നിയമം മുഴുവനും ലംഘിക്കുന്നു. ലേവ്യരുടെ പുസ്‌തകത്തിൽ ആരോടും പ്രത്യേക പരിഗണന കാണിക്കാതിരിക്കാനുള്ള കല്‌പനയും അയൽക്കാരനെ സ്നേഹിക്കാനുള്ള കല്പനയും അടുത്തടുത്താണ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് (ലേവ്യ 19,15-18). പക്ഷപാതം കാണിച്ച് വിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കരുതെന്നു യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു. ദരിദ്രരായ സഹോദരരോടു കാരുണ്യം കാണിക്കാതിരുന്നാൽ വിധിദിവസം നമുക്കും കരുണ ലഭിക്കാതെ പോകുമെന്നു സാരം.

4. ലോകമൈത്രി - ദൈവശത്രുത 

ഒരുവൻ്റെ വിശ്വാസജീവിതത്തിൻ്റെ മറ്റൊരു പ്രധാന അളവുകോൽ ഈ ലോകവുമായുള്ള ബന്ധമാണ്. ഈ ലോകത്തിനനുസൃതമായ സ്വാഭാവിക പ്രവണത പാപത്തിലും മരണത്തിലുമേ എത്തി നിൽക്കുകയുള്ളൂ എന്ന് 1, 14-15 വാക്യങ്ങളിൽ യാക്കോബ് ശ്ലീഹാ സൂചിപ്പിച്ചുകഴിഞ്ഞു. ഇതിൻ്റെ വിശദീകരണമാണ് നാലാമദ്ധ്യായത്തിൽ. സമൂഹത്തിൽ നിലനിൽക്കുന്ന തർക്കങ്ങളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വിരൽ ചൂണ്ടുന്ന ശ്ലീഹാ അവയ്ക്ക് കാരണം സമൂഹാഗംങ്ങളുടെ അവയവങ്ങളിൽ തന്നെ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളിലാണ് കണ്ടെത്തുന്നത് (4,1). ദുരാശകൾ മൂത്ത് അസൂയയിലും വഴക്കിലും യുദ്ധത്തിലും കൊലപാതകത്തിലും കലാശിക്കുന്നു. ആദ്യാദ്ധ്യായത്തിൽ സൂചിപ്പിച്ച തരത്തിൽ ദൈവിക ജ്‌ഞാനത്തിനായി ഇവർ ദൈവത്തോടു ചോദിക്കുന്നില്ല. ഇനി എന്തെങ്കിലും ചോദിക്കുന്നെങ്കിൽ തന്നെയും ദുരാശകളെ തൃപ്‌തിപ്പെടുത്താൻ തിന്മയായിട്ടുള്ളവയാണ് ചോദിക്കുന്നത് (4,2-3). ഈ ലോകത്തിൻ്റെ സ്വാഭാവിക പ്രവണതയനുസരിച്ച് ജീവിക്കുന്നത് അതിനാൽതന്നെ ദൈവത്തോടുള്ള ശത്രുതയാണ്. കാരണം ദൈവത്തിൻ്റെ വഴിയും ഈ ലോകത്തിൻ്റെ വഴിയും ഒന്നിച്ചുപോവുകയില്ല; ഇവ രണ്ടു ധ്രുവങ്ങളിലാണ്. മാത്രമല്ല അവ തമ്മിൽ ശത്രുതയിലുമാണ്. ഈ ലോകത്തിൻ്റെ സ്നേഹിതൻ, - ലൗകായികൻ - ദൈവത്തിൻ്റെ ശത്രുവാണ്. 

ദൈവത്തെയും ലോകത്തെയും ഒരേസമയം സ്നേഹിച്ചുകൊണ്ട് ജീവിക്കാമെന്നു കരുതുന്നതുതന്നെ ഇരട്ടത്താപ്പു നയത്തിൻ്റെ ഭാഗമാണ്. ഈശോതന്നെ അരുളിച്ചെയ്യുന്നു: “ആർക്കും രണ്ട് യജമാനന്മാരെ സേവിക്കുക സാധ്യമല്ല. ഒന്നുകിൽ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും മാമ്മോനെയും സേവിക്കുവാൻ സാധിക്കുകയില്ല" (മത്താ 6,24). ഇവിടെ വിവക്ഷിക്കപ്പെടുന്ന മാമ്മോൻ സമ്പത്തു മാത്രമല്ല, ഈ ലോകത്തിൻ്റെ പ്രവണതകളെല്ലാമാണ്. 

ദൈവവും ലോകവും തമ്മിലുള്ള ശത്രുത വി. യോഹന്നാൻ സുവിശേഷത്തിൽ വളരെ വ്യക്‌തമാണ്. സുവിശേഷാരംഭം മുതൽ മാംസം ധരിച്ച വചനമായ ഈശോയോടും അവിടുത്തെ പ്രബോധനങ്ങളോടും ശത്രുതാമനോഭാവം പുലർത്തുന്ന യാഥാർത്ഥ്യമായാണ് ലോകത്തെ നമ്മൾ കണ്ടുമുട്ടുക. "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേയ്ക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ട‌ിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല" (യോഹ 1,10). കാരണം ലോകത്തിൻ്റെ പ്രവൃത്തികൾ തിന്മയാണെന്ന് അവിടുന്നു സാക്ഷ്യപ്പെടുത്തി (യോഹ 7,7). ഈ ലോകത്തിൻ്റെ പ്രവണതയ്ക്കും മൂല്യങ്ങൾക്കുമനുസരിച്ച് ജീവിക്കാൻ അവിടുന്നു തയ്യാറായില്ല. അതുകൊണ്ട്, ലോകം അവിടുത്തെ ദ്വേഷിച്ചു. താൽക്കാലിക വിജയം ഈ ലോകത്തിൻ്റെ അധികാരിക്കാണെന്നു തോന്നുമാറ് കാര്യങ്ങൾ നീങ്ങുകയും ചെയ്‌തു (യോഹ 12,31,14,30). എങ്കിലും ആത്യന്തികവിജയം ഈശോയ്ക്കു തന്നെയായിരുന്നു. ലോകത്തിൻ്റെയും അതിൻ്റെ മാർഗങ്ങളുടെയും മേൽ മിശിഹാ വരിച്ച വിജയം (യോഹ 16,33) ക്രിസ്‌തുശിഷ്യർക്ക് ധൈര്യം പകരുന്നു, ലോകത്തിൻ്റെ പ്രലോഭനങ്ങളെ വിജയകരമായി തരണം ചെയ്യാൻ. 

ഈ ലോകത്തിൽനിന്നു വ്യത്യസ്തരായിരിക്കാൻ ദൈവം നമ്മളെയും തിരഞ്ഞെടുത്തിരിക്കുകയാണ്. ഈശോ ഈ ലോകത്തിൻ്റെ തല്ലാതിരുന്നതുപോലെ നമ്മളും ഈ ലോകത്തിൻ്റെതല്ലാത്തതുകൊണ്ട് ലോകം നമ്മളെയും ദ്വേഷിക്കും (യോഹ 15, 18-19; 17,14). എങ്കിലും അവിടുത്തെ കാര്യത്തിലെന്നതുപോലെ ലോകത്തിൻ്റെ പ്രവണതകളോടെ തിർത്തു നിന്നാൽ ആത്യന്തികവിജയം നമുക്കായിരിക്കും. 

ഈ ലോകത്തിൻ്റെ പ്രവണതകളെ "താഴെ നിന്നുള്ളവ" എന്നാണ് വി. യോഹന്നാനും (8,23) വി. യാക്കോബും (3, 13-18) വിശേഷിപ്പിക്കുന്നത്. ഈശോ "മുകളിൽ നിന്നുള്ള "വനാകയാൽ - പിതാവിൻ്റെ വചനമാകയാൽ ഈ ലോകത്തോട് അനുരൂപപ്പെടാൻ അവിടുത്തേയ്ക്കു സാധ്യമല്ല (യോഹ 3,31). ക്രൈസ്‌തവരായുള്ള നമ്മുടെ പുതിയ ജനനവും ഉന്നതത്തിൽ നിന്നുള്ളവൻ്റെ ഹിതപ്രകാരമാണെന്ന് ലേഖനകർത്താവ് നേരത്തെ സൂചിപ്പിച്ചല്ലൊ (1,17-18). കടുത്ത അസൂയയും ഹൃദയത്തിലെ സ്വാർത്ഥമോഹവും ആത്മപ്രശംസയും സത്യവിരുദ്ധമായ വ്യാജം പറച്ചിലുമൊന്നും ഉന്നതത്തിൽ നിന്നുള്ളതല്ല. മറിച്ച്, ഭൗമികവും സ്വാർത്ഥപരവും പൈശാചികവുമാണ് (3,14-15). ഉന്നതത്തിൽ നിന്നുള്ള ജ്‌ഞാനത്തിൻ്റെ പ്രത്യേകതയും യാക്കോബ് ശ്ലീഹാ വിശദീകരിക്കുന്നുണ്ട്: “അത് ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂർണവും വിനീതവും വിധേയത്വമുള്ളതും കാരുണ്യവും സൽഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിതമോ ആത്മാർത്ഥതയില്ലാത്തതോ അല്ല" (3,17). ഈ ലോകത്തിൻ്റെ രീതികളിൽനിന്നു തികച്ചും വിഭിന്നമാണ് ഉന്നതത്തിൽനിന്നുള്ള ജ്‌ഞാനത്തിൻ്റെ രീതികൾ. ഭൗമിക ചിന്താ സരണികളിൽപ്പെടാതിരിക്കാൻ ഉന്നതത്തിൽനിന്നുള്ള ജ്‌ഞാനം നമുക്കാവശ്യമാണ്. അതുകൊണ്ടാണ് ലേഖനാരംഭത്തിൽതന്നെ വി. യാക്കോബ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്: "നിങ്ങളിൽ ജ്‌ഞാനം കുറവുള്ളവൻ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും" (1,5). ഈ ലോകത്തിൻ്റെ കളങ്കമേൽക്കാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുവാൻ ദൈവികജ്‌ഞാനം നമുക്കുവേണം; ദൈവകൃപ വേണം. ഇതേക്കുറിച്ചു പൗലോസ്ശ്ലീഹാ ഇപ്രകാരം എഴുതുന്നു: "സർവ്വമനുഷ്യരെയും ജീവിപ്പിക്കുന്ന ദൈവകൃപ പ്രത്യക്ഷീഭവിച്ചിരിക്കുന്നു. ദുഷ്ട‌തയും ലൗകിക മോഹങ്ങളും പരിത്യജിക്കാനും ഈ ലോകത്തിൽ ആത്മനിയന്ത്രണത്തോടും നീതിനിഷ്ഠയോടും ദൈവഭയത്തോടുംകൂടെ ജീവിക്കാനും അതു നമ്മെ പഠിപ്പിക്കുന്നു" (തീത്തോ 2, 11-12).

5. ദൈവത്തിനു കീഴ്പ്പെടുവിൻ 

അഹങ്കാരികളെ ദൈവം എളിമപ്പെടുത്തുന്നു, വിനീതർക്ക് കൃപ നല്കുന്നു എന്നത് ദൈവസ്വഭാവത്തിൻ്റെ സവിശേഷതയാണ്. അതു കൊണ്ടാണ് ലേഖനാരംഭത്തിൽതന്നെ "വിനീത സഹോദരൻ തൻ്റെ ഉയർച്ചയിലും ധനവാൻ തൻ്റെ താഴ്‌ചയിലും പ്രശംസിക്കട്ടെ" (1,9-10) എന്ന് യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. വിനീത സഹോദരനുണ്ടാകുന്ന കൃപ ദൈവസന്നിധിയിൽ അവനു ലഭിക്കാനിരിക്കുന്ന ഉയർച്ചയാണ്; ജീവൻ്റെ കിരീടമാണ്. ഈ കൃപയ്ക്കു പാത്രീഭൂതരാകുവാൻവേണ്ടി ദൈവത്തിനു സ്വയം കീഴ്പ്പെടുത്തുവാൻ ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു: "അതിനാൽ നിങ്ങൾ ദൈവത്തിനു വിധേയരായിരിക്കുവിൻ... നിങ്ങൾ ദൈവത്തോട് അടുക്കുവിൻ; അവൻ നിങ്ങളോടും അടുക്കും" (4,7-8). 

പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്തോത്രഗീതത്തിലെ മുഖ്യ ആശയവും മറ്റൊന്നുമല്ല. കർത്താവ് തൻ്റെ ദാസിയുടെ താഴ്മ‌യെ കടാക്ഷിച്ചു എന്നുദ്‌ഘോഷിച്ചുകൊണ്ട് ദൈവമാതൃസ്‌ഥാനത്തേയ്ക്ക് തന്നെ ഉയർത്തിയ ദൈവത്തെ സ്‌തുതിക്കുന്ന മറിയം, ശക്‌തനായവൻ ചെയ്യുന്ന വൻകാര്യങ്ങൾ ഓരോന്നായി വിവരിക്കുന്നു (ലൂക്കാ 1,46-55). “തൻ്റെ കരബലം കൊണ്ട് അവൻ്റെ വിജയം നേടി; ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ അവൻ ചിതറിച്ചു. ശക്‌തരെ അവരുടെ സിംഹാസനങ്ങളിൽ നിന്നിറക്കി; വിനീതരെ അവൻ ഉയർത്തുകയും ചെയ്‌തു" (ലൂക്കാ 1, 51-52). ദൈവഹിതത്തിനു സ്വയം കീഴ്പ്‌പെടുത്തിയ മറിയത്തിൻ്റെ വിനയമാണ് അവളെ ദൈവമാതാവാക്കിയത് (ലൂക്കാ 1,38). രക്ഷകൻ്റെ ജനനവാർത്ത ആദ്യം ലഭിച്ചതും വിനീതരായ ആട്ടിടയന്മാർക്കാണല്ലൊ (ലൂക്കാ 2,8-20). 

വി. പത്രോസ് ശ്ലീഹാ തൻ്റെ ആദ്യലേഖനത്തിലും വിനയത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്: "നിങ്ങൾ പരസ്‌പരം വിനയത്തോടെ പെരുമാറുവിൻ. എന്തെന്നാൽ, ദൈവം അഹങ്കാരികളെ എതിർക്കുകയും വിനീതർക്കു കൃപ നല്‌കുകയും ചെയ്യുന്നു. ആകയാൽ, ദൈവത്തിൻ്റെ ശക്തമായ കരങ്ങൾക്കു കീഴിൽ സ്വയം വിധേയരായി, തക്കസമയത്ത് അവൻ നിങ്ങളെ ഉയർത്താൻ ഇടവരുത്തുവിൻ" (1 പത്രോ 5,5-6). വിനീതർക്കു ദൈവം നല്‌കുന്ന കൃപ ദൈവസന്നിധിയിലുള്ള ഉയർച്ചയാണ് എന്നാണ് പത്രോസ് ശ്ലീഹാ സാക്ഷിക്കുന്നത്. മഹത്ത്വത്തിൻ്റെ വാടാത്ത കിരീടത്തെക്കുറിച്ച് പരാമർശിച്ചശേഷമാണ് ഇക്കാര്യം പറയുന്നതെന്നതും പ്രത്യേകം ശ്രദ്ധേയമാണ് (1 പത്രോ 5,4).

6. സാത്താനോട് എതിർത്തു നില്ക്കുവിൻ 

ദൈവത്തിനു കീഴ്പ്‌പെടുന്നതിൻ്റെ ഭാഗമാണ് സാത്താനോട് എതിർത്തു നില്ക്കുക എന്നത്. യഥാർത്ഥ ക്രൈസ്‌തവജീവതം ഒരേ സമയം സാത്താനിൽനിന്നുള്ള അകല്ചയും ദൈവത്തോടുള്ള അടുപ്പവുമാണ്. അതുകൊണ്ടാണ്, ദൈവത്തിനു വിധേയരാക്കുവാൻ ഉപദേശിക്കുന്നതോടൊപ്പംതന്നെ പിശാചിനെ എതിർക്കുവാനും യാക്കോബ് ശ്ലീഹാ ആവശ്യപ്പെടുന്നത്. സാത്താനെ എതിർക്കുമ്പോൾ അവൻ നമ്മിൽ നിന്ന് അകന്നു പൊയ്ക്കൊള്ളും (യാക്കോ 4, 7). 

ഹെർമാസിൻ്റെ ഇടയനിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “പൂർണ ഹൃദയത്തോടെ ദൈവത്തിൻ്റെ ദാസന്മാരായിരിക്കുകയും തങ്ങളുടെ പ്രത്യാശ അവനിൽ വയ്ക്കുകയും ചെയ്യുന്നവരുടെമേൽ പിശാചിന് ആധിപത്യം പുലർത്താൻ സാധ്യമല്ല. പിശാചിന് അവരോട് മൽപിടുത്തം നടത്താം; പക്ഷേ അവരെ ജയിക്കാൻ കഴിയില്ല. നീ അവനോടെതിർത്താൽ അവൻ പരാജയപ്പെട്ട്, ലജ്‌ജിതനായി ഓടിയകന്നു പോകും" (ഹെർമാസിൻ്റെ ഇടയൻ, പന്ത്രണ്ടാം കല്‌പന 5,2). ദൈവത്തിൻ്റെ ദാസന്മാരായിരിക്കുക, അവിടുന്നിൽ പ്രത്യാശ വയ്ക്കുക എന്നൊക്കെ പറഞ്ഞാൽ അവിടുത്തോട് അടുക്കുക എന്നർത്ഥം. ഇങ്ങനെയുള്ളവരുടെമേൽ സാത്താന് യാതൊരു സ്വാധീനവുമുണ്ടാവില്ല. പിശാചിൻ്റെ പരീക്ഷണങ്ങൾ ഇവർക്കുണ്ടായേക്കാം; എന്നാൽ പ്രലോഭനങ്ങൾക്കിവർ അടിമപ്പെടില്ല. ദൈവത്തോടടുക്കുന്നവർ സാത്താനെ എതിർക്കും; അവൻ്റെ പരീക്ഷണങ്ങളെ അതിജീവിക്കും. 

വി. പത്രോസ് ശ്ലീഹായ്ക്കും സാത്താനെ എതിർക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വ്യക്‌തമായ നിർദ്ദേശങ്ങൾ നല്കാനുണ്ട്. “നിങ്ങൾ സമചിത്തരായി ഉണർന്നിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ശത്രുവായ സാത്താൻ, ആരെ വിഴുങ്ങേണ്ടു എന്നന്വേഷിച്ച്, സിംഹത്തെപ്പോലെ അലറിക്കൊണ്ടും ചുറ്റിനടക്കുന്നു. ആകയാൽ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട്, നിങ്ങൾ അതിനെ ചെറുക്കുവിൻ" (1 പത്രോ 5, 8-9).

7. പരിശുദ്ധവും നിർമ്മലവുമായ ദൈവശുശ്രൂഷ 

പിതാവായ ദൈവത്തിനു സ്വീകാര്യമായ വിശ്വാസജീവിതത്തെ യാക്കോബ് ശ്ലീഹാ നിർവചിക്കുന്നതിങ്ങനെയാണ്: “ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിക്കുക, ലോകത്തിൽ കളങ്കമില്ലാതെ ജീവിക്കുക - ഇവയാകുന്നു പിതാവായ ദൈവത്തിൻ്റെ മുമ്പിൽ നിർമ്മലവും പരിശുദ്ധവുമായ ശുശ്രൂഷ" (1,27). വിശ്വാസ ജീവിതം ദൈവത്തോടു മാത്രമുള്ള ഒരു ബന്ധമല്ലെന്നും സഹോദരരോടുള്ള അനുദിന ബന്ധത്തിലൂടെയാണ് ഇതു പ്രകടമാക്കേണ്ടതെന്നും യാക്കോബ് ശ്ലീഹാ വ്യക്‌തമാക്കുന്നു. 

“ശുശ്രൂഷ" എന്നു നമ്മൾ പരിഭാഷപെടുത്തിയിരിക്കുന്ന പദത്തിന് യാക്കോബ് ശ്ലീഹാ ഉപയോഗിക്കുന്ന ഗ്രീക്കുമൂലം “സ്കേയിയ" (thrēskeia) ആണ്. ഇതിന് “മതജീവിതം" "ദൈവാരാധന" എന്നൊക്കെയും അർത്ഥമുണ്ട്. യഥാർത്ഥത്തിൽ ഒരുവൻ ഈശ്വരവിശ്വാസത്തിൻ്റെ അനുദിനജീവിതത്തിലുള്ള ബാഹ്യപ്രകടനമാണ് ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. മതജീവിതവും ആരാധനയുമൊക്കെ വിശ്വാസ പ്രഘോഷണം തന്നെയാണല്ലൊ. ദൈവശുശ്രൂഷയിൽ ഈയാശയങ്ങളെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. ദൈവത്തിനർപ്പിക്കുന്ന കാഴ്‌ചകൾ നിർമ്മലവും ശുദ്ധിയുള്ളതും ആയിരിക്കണമെന്നതു പഴയനിയമ നിബന്ധനയാണ് (എസ് 22,26). എങ്കിലേ അവ സ്വീകരിക്കപ്പെടുകയുള്ളൂ. പുതിയ നിയമ ദൈവശുശ്രൂഷയും ദൈവതിരുമുമ്പിൽ സ്വീകാര്യമാകണമെങ്കിൽ ശുദ്ധവും നിർമ്മലവും ആയിരിക്കണം എന്നാണ് ശ്ലീഹാ പഠിപ്പിക്കുന്നത്. 

ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിച്ചു സഹായിക്കുക എന്നതാണ് ദൈവപ്രീതിയ്ക്കുള്ള പ്രധാന മാർഗം. നമ്മുടെ ലേഖനത്തിലേതിനു സദൃശമായ ഒരു ഭാഗം മിക്കാ പ്രവാചകനിലുണ്ട്. “കർത്താവിൻ്റെ മുമ്പിൽ ഞാൻ എന്തു കാഴ്ചയാണ് കൊണ്ടു വരേണ്ടത്? അത്യുന്നതനായ ദൈവത്തിൻ്റെ മുമ്പിൽ ഞാൻ എങ്ങനെയാണ് കുമ്പിടേണ്ടത്?... മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക; കരുണ കാണിക്കുക; നിൻ്റെ ദൈവത്തിൻ്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്" (മിക്കാ 6, 6-8). ദൈവത്തിനിഷ്‌ടപ്പെട്ട കാഴ്‌ചയും ആരാധനയും നീതിയും കരുണയും നിറഞ്ഞ ജീവിതമാണ്.

ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നതു ശ്രദ്ധേയമാണ്. “നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?... നിങ്ങൾ കരങ്ങളുയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നു മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്‌കർമ്മങ്ങൾ എൻ്റെ സന്നിധിയിൽനിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അകൃത്യങ്ങൾ അവസാനിപ്പിക്കുവിൻ. നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ. അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കു വേണ്ടി വാദിക്കുവിൻ" (ഏശ 1,10-17). അനാഥരോടും വിധവകളോടും കരുണ കാണിക്കാതെ, അവർക്കു നീതി നിഷേധിച്ചുകൊണ്ടുള്ള നിയമാനുഷ്‌ഠാനത്തിനോ ബലിയർപ്പണത്തിനു പോലുമോ ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല. സമൂഹത്തിൽ അവഗണിക്കപ്പെട്ടിരിക്കുന്നവരോടും ചൂഷണവിധേയരായവരോടും പ്രദർശിപ്പിക്കുന്ന അനുകമ്പയ്ക്കനുസൃതമായേ നമുക്കു ദൈവത്തെ പ്രസാദിപ്പിക്കാനാവൂ. അവരുടെ ഞെരുക്കകാലങ്ങളിൽ സഹായിക്കുന്നതിലൂടെ ദൈവശുശ്രൂഷതന്നെയാണ് നമ്മൾ ചെയ്യുന്നത്. 

അനാഥരും വിധവകളും സമൂഹത്തിൽ എളുപ്പത്തിൽ ചൂഷണ വിധേയരാകുന്ന ജനവിഭാഗമാണ് (ഏശ 1,10-17; 58,6-7; ജോബ് 22,9; എസ് 22,7; സഖ 7,10; മർക്കോ 12,40; ലൂക്കാ 18,2-8). സംരക്ഷിക്കുവാൻ ആരുമില്ലാത്തവരാണല്ലൊ ഇക്കൂട്ടർ. ഇങ്ങനെയുള്ളവരുടെ സംരക്ഷകൻ യാഹ്‌വെ തന്നെയാണ് (നിയമ 10,18; സങ്കീ 68,5; മലാ 3,5). ദൈവം അവരുടെ സഹായത്തിനെത്തും. മാത്രമല്ല, ഇപ്രകാരം അവഗണനയും ചൂഷണവും അനുഭവിക്കുന്നവരുടെ സഹാത്തിനെത്തുന്നവർക്കു വലിയ അനുഗ്രഹങ്ങൾ പ്രതിഫലമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. അനാഥരോടും വിധവകളോടും കരുണ കാണിക്കുന്നവരോട് ദൈവവും കരുണ കാണിക്കും എന്നാണ് സഭാപ്രസംഗകൻ പഠിപ്പിക്കുന്നത് (സഭാ 4,10). വിധവകൾ ഈശോയുടെ പ്രത്യേക പരിഗണനയ്ക്കു പാത്രീഭൂതരായിരുന്നു (ലൂക്കാ 2,36-40; 7,11-17; 18,1-8; 21,1-7). 

സമൂഹത്തിൽ ഇത്തരത്തിൽ ക്ലേശമനുഭവിക്കുന്ന ദരിദ്രരായ അനാഥരോടും വിധവകളോടും കരുണ കാണിച്ച് അവരുടെ ദൈനംദിനാവശ്യങ്ങളിൽ അവരെ സഹായിക്കുകയാണ് യഥാർത്ഥ ദൈവഭക്തിയും ശുശ്രൂഷയും വിശ്വാസജീവിതവും. ആദിമസഭ ഈ സത്യം ശരിക്കും മനസ്സിലാക്കി പ്രവർത്തിച്ചിരുന്നു. വിധവകൾക്കുള്ള ഭക്ഷണവിതരണത്തിനായി പ്രത്യേക സംവിധാനംതന്നെ ശ്ലീഹന്മാർ ക്രമീകരിച്ചു (ശ്ലീഹ 6,1-7). യോപ്പാപട്ടണത്തിൽ ജീവിച്ചിരുന്ന ത്‌മീസാ (ഡോർകാസ്) എന്ന ഭക്ത സ്ത്രീ വിധവകൾക്കായി ഉടുപ്പുകളും പുറങ്കുപ്പായങ്ങളും സമ്മാനിച്ചിരുന്നു (ശ്ലീഹ 9,39). പൗലോസ് ശ്ലീഹാ ഉപദേശിക്കുന്നു: “യഥാർത്ഥത്തിൽ വിധവകളായിരിക്കുന്നവരെ ആദരിക്കുക... യഥാർത്ഥ വിധവ ദൈവത്തിൽ പ്രത്യാശയർപ്പിച്ചു കൊണ്ട് രാപകൽ പ്രാർത്ഥനയും അപേക്ഷയുമായി കഴിയുന്നു" (1 തിമോ 5, 3-5). 

ഈ ഭൂമിയിൽ പരദേശികളായ നമ്മൾ ലൗകിക സമ്പാദ്യംകൊണ്ട് ചെയ്യേണ്ടതെന്തെന്ന് ഹെർമാസിൻ്റെ ഇടയനും ഉദ്ബോധിപ്പിക്കുന്നുണ്ട്: “നിൻ്റെ കഴിവനുസരിച്ച് വയലുകൾക്കു പകരം പ്രയാസത്തിൽ കഴിയുന്ന ആളുകളെ വാങ്ങുക. വിധവകളെയും അനാഥരെയും സംരക്ഷിക്കുക. അവരെ അവഗണിക്കരുത്. ദൈവത്തിൽനിന്നു നിനക്കു ലഭിച്ച സമ്പാദ്യവും നേട്ടവുമെല്ലാം ഇത്തരം വയലുകൾക്കും ഭവനങ്ങൾക്കുമായി ചെലവഴിക്കുക. യജമാനൻ നിന്നെ ധനം ഏല്‌പിച്ചത് തനിക്കുവേണ്ടി ഈ ശുശ്രൂഷ നിർവഹിക്കാനാണ്. ഇത്തരം നിലങ്ങളും സമ്പാദ്യങ്ങളും ഭവനങ്ങളും വാങ്ങുന്നതാണു മെച്ചം. കാരണം, നിൻ്റെ നഗരത്തിൽ നീ ചെന്നെത്തുമ്പോൾ അവ, നീ അവിടെ കണ്ടെത്തും” (ഹെർമാസിൻ്റെ ഇടയൻ, ഒന്നാം ഉപമ 8-9). "ധനവാൻ ദരിദ്രൻ്റെ പക്കലണഞ്ഞ് അവൻ്റെ ആവശ്യത്തിൽ അവനെ സഹായിക്കുമ്പോൾ താൻ ഈ ദരിദ്രനുവേണ്ടി ചെയ്യുന്നത് ദൈവത്തിൽ നിന്നു പ്രതിഫലം ലഭിക്കാൻ കഴിവുറ്റതാണെന്ന് അവനുറപ്പുണ്ട്” (ഹെർമാസിൻ്റെ ഇടയൻ, രണ്ടാം ഉപമ 5). വിശ്വാസി അവശ്യാവശ്യം അനുവർത്തിക്കേണ്ട സത്പ്രവൃത്തികൾ ഇടയൻ വിവരിക്കുന്നു: "വിധവകളെ സംരക്ഷിക്കുക, അനാഥരെയും ദരിദ്രരെയും സന്ദർശിക്കുക, ദൈവദാസരുടെ പ്രയാസങ്ങളിൽ അവരെ സഹായിക്കുക...” (ഹെർമാസിൻ്റെ ഇടയൻ, എട്ടാം കല്‌പന 10). യാക്കോബ് ശ്ലീഹാ മാത്രമല്ല, ആദിമസഭ മുഴുവൻ അനാഥർക്കും വിധവകൾക്കുമുള്ള ശുശ്രൂഷ ദൈവശുശ്രൂഷയായി തന്നെ കണ്ടിരുന്നു; അതനുസരിച്ചു പ്രവർത്തിച്ചിരുന്നു എന്നു വ്യക്ത‌ം.

8. കൊയ്ത്തുകാരുടെ നിലവിളി കർത്താവിൻ്റെ കാതുകളിൽ 

പുതിയനിയമ ലേഖനങ്ങളിൽ യാക്കോബ് ശ്ലീഹായുടെ ലേഖനം മാത്രമാണ് സാമൂഹ്യനീതിയുടെ പ്രമേയം ചർച്ച ചെയ്യുന്നത്. അവസാന അധ്യായത്തിൻ്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “അല്ലയോ സമ്പന്നരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരന്തങ്ങളോർത്തു കരഞ്ഞു വിലപിക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ സമ്പത്തു ദ്രവിച്ചും വസ്ത്രങ്ങൾ ചിതൽ തിന്നും നശിച്ചുപോയിരിക്കുന്നു. അവയുടെ കറ നിങ്ങൾക്കെതിരെ സാക്ഷ്യം നല്‌കും. അതു നിങ്ങളുടെ മാംസം ദഹിപ്പിക്കും. നിങ്ങൾ നിങ്ങൾക്കായിത്തന്നെ അവസാന നാളുകളിലേയ്ക്ക തീ കൂട്ടിയിരിക്കുന്നു. ഇതാ, നിങ്ങളുടെ വിളവുകൾ കൊയ്‌ത വേലക്കാർക്കു നിങ്ങൾ കൊടുക്കാനിരുന്ന കൂലി നിലവിളിക്കുന്നു. കൊയ്ത്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കർത്താവിൻ്റെ കാതുകളിൽ എത്തിയിരിക്കുന്നു. ഭൂമിയിൽ നിങ്ങൾ സുഖലോലുപരായി ജീവിക്കുകയും കൊലയുടെ നാളിലേയ്ക്കായി നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ചെയ്തു” (5,1-5). സമ്പന്നരെ അഭിസംബോധന ചെയ്യുന്ന ശ്ലീഹാ വരാനിരിക്കുന്ന ദുരിതങ്ങളോർത്തു കരഞ്ഞു വിലപിക്കുവാൻ അവരെ ആഹ്വാനം ചെയ്യുന്നു. മലാക്കി പ്രവാചകനിലൂടെ ദൈവം പണ്ട് ഇത് അറിയിച്ചിരുന്നതാണ്. “നിങ്ങളെ വിധിക്കാൻ ഞാൻ അടുത്തുവരും. ആഭിചാരകർക്കും വ്യഭിചാരികൾക്കും കള്ളസത്യം ചെയ്യുന്നവർക്കും വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരിദേശികളെ ഞെരുക്കുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കുമെതിരെ സാക്ഷ്യം നല്കാൻ ഞാൻ വേഗം വരും സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു" (മലാക്കി 3,5).

സമ്പന്നരെക്കുറിച്ചു നമ്മുടെ കർത്താവുതന്നെ അരുളിച്ചെയ്‌തിരിക്കുന്ന കാര്യങ്ങളുടെ വിശദീകരണമെന്നോണമാണ് യാക്കോബ് ശ്ലീഹാ എഴുതുന്നത്. കർത്താവ് പറഞ്ഞു: “ധനികരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്ന നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഃഖിച്ചുകരയും” (ലൂക്കാ 6, 24-25). ദരിദ്രർക്കുള്ള സുവിശേഷഭാഗ്യത്തെക്കുറിച്ചു പ്രതിപാദിച്ചശേഷമാണ് ധനികർക്കെതിരെ ശാപവചസ്സുകൾ അവിടന്നു തൊടുത്തുവിടുന്നത്. ഇപ്പോൾ വിശക്കുകയും കരയുകയും ചെയ്യുന്ന ദരിദ്രർക്കുള്ളതാണ് ദൈവരാജ്യം എന്നു പ്രഖ്യാപിച്ച കർത്താവുതന്നെയാണ് ധനികരെ കാത്തിരിക്കുന്ന ഭാവിദുരിതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതും (ലൂക്കാ 6, 20-21). അവിടുന്ന് ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിൽ ചിത്രീകരിക്കുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്. പട്ടും മറ്റു മൃദുല വസ്ത്രങ്ങളും ധരിച്ച് അനുദിനം ആഡംബരങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ധനവാന് മരണശേഷം അഗ്നിജ്വാലയിലെ പീഡനമേല്ക്കേണ്ടിവരുന്നു (ലൂക്കാ 16, 19-31). വ്രണബാധിതനായി കഷ്‌ടതകൾ സഹിച്ച് ആ ധനവാൻ പടിവാതിൽക്കൽ കിടന്നു മരിച്ച, സംസ്‌കരിക്കുവാൻപോലും ആരുമില്ലാതിരുന്ന (ധനവാൻ മരിച്ചപ്പോൾ സംസ്‌കരിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ലാസറിൻ്റെ കാര്യത്തെക്കുറിച്ചു സൂചനയേയില്ല 10,22-23) ലാസർ അബ്രാഹത്തിൻ്റെ മടിയിലേയ്ക്കാണ് എടുക്കപ്പെട്ടത്. മരണാനന്തരം ധനികർക്കുണ്ടാകാനിരിക്കുന്ന ദുരിതവും ദരിദ്രർക്കുള്ള സൗഭാഗ്യവും ഇതിൽനിന്നു വ്യക്തമാണ്.

വി. ലൂക്കായുടെ സുവിശേഷത്തിലെ ഉപമയിലെ ധനികനെപ്പോലെ യാക്കോബ് ശ്ലീഹായുടെ മുമ്പിലുള്ള ധനികരും ഭൂമിയിൽ സുഖലോലൂപരായി ജീവിക്കുകയും വിധിയുടെ നാളിലേയ്ക്കായി ശരീരത്തെ പോഷിപ്പിക്കുകയും ചെയ്‌തവരാണ്. അവരുടെ സുഖലോലുപത വർദ്ധിപ്പിക്കുവാൻ വേണ്ടിയാണവർ കൊയ്ത്‌തുകാർക്ക് അവരർഹിക്കുന്ന കൂലി നൽകാതിരുന്നത്. ചൂഷണവിധേയരുടെ നിലവിളി സൈന്യങ്ങളുടെ കർത്താവിൻ്റെ ചെവികളിലെത്തിയിരിക്കുന്നു. അനാഥരുടെയും വിധവകളുടെയും സംരക്ഷകനായ കർത്താവുതന്നെ ചൂഷണം ചെയ്യപ്പെടുന്ന കൊയ്ത്തുകാർക്കുവേണ്ടിയും രംഗത്തിറങ്ങും. ഈ ഭൂമിയിൽ നീതി നിഷേധിക്കപ്പെട്ടുവെങ്കിലും പരലോകത്തിൽ അവിടുന്ന വർക്കു പ്രതിഫലം നല്കും. നീതി നിഷേധിച്ച ധനികർക്കെതിരെ അവർ അന്യായമായി സമ്പാദിച്ച സമ്പത്തുതന്നെ സാക്ഷ്യം നല്കും. കാരണം അവരുടെ സമ്പത്തു ദ്രവിച്ചും വസ്ത്രങ്ങൾ ചിതൽ തിന്നും പോയിരിക്കുന്നു. സമ്പത്തു ദ്രവിക്കാൻ കാരണം, അതു വേണ്ട തരത്തിൽ ഉപയോഗിക്കാതിരുന്നതാണ്. സമ്പത്തിന്റെ ശരിയായ വിനിയോഗമാകട്ടെ അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുകയെന്നതാണെന്നു നമ്മൾ കണ്ടല്ലൊ. ഇപ്രകാരം പങ്കു വയ്ക്കപ്പെടാത്ത ധനം ദ്രവിച്ചുപോകും. ഇതു സൂക്ഷിച്ചു വയ്ക്കുന്നവർക്കെതിരെ സാക്ഷ്യമായി ഭവിക്കും. “വസ്ത്രങ്ങൾ ചിതൽ തിന്നു” എന്ന പ്രസ്‌താവം ചിതൽ നശിപ്പിക്കാത്ത സ്വർഗ രാജ്യത്തിൽ സമ്പത്തു നിക്ഷേപിക്കാനുള്ള നമ്മുടെ കർത്താവിൻ്റ വാക്കുകളെ അനുസ്‌മരിപ്പിക്കുന്നതാണ് (മത്താ 6, 20).

സമ്പന്നരുടെ ദൈവരാജ്യപ്രവേശം വളരെ ദുഷ്‌കരമാണെന്ന് ഈശോതന്നെ വ്യക്‌തമാക്കിയിട്ടുണ്ട് (മർക്കോ 10, 23-27). "എൻ്റെ മക്കളേ, തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം കയറ് സൂചിക്കുഴയിലൂടെ കടക്കുന്നതാണ്" (മർക്കോ 6,24). ദൈവരാജ്യപ്രവേശനത്തിനു തടസ്സമായി നില്ക്കാവുന്നത് സമ്പത്തിലുള്ള ആശ്രയത്വമാണ്. നിത്യജീവൻ അവകാശമാക്കുവാൻ ആഗ്രഹിച്ച യുവാവിന് ഈശോയെ അനുഗമിക്കുന്നതിനു വിഘ്നമായി നിന്നത് അവനു സമ്പത്തിനോടുണ്ടായിരുന്ന അതിരു കടന്ന ബന്ധമായിരുന്നു (മർക്കോ 10, 17-22). നിത്യജീവൻ അവകാശമാക്കുന്നതിന്, സ്വർഗരാജ്യത്തിൽ നിക്ഷേപമുണ്ടാകുന്നതിന്, വ്യവസ്‌ഥയായി ഈശോ നിർദ്ദേശിച്ചത് ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടക്കുക എന്നതായിരുന്നു. അയാൾ അതു കേട്ടു ദുഃഖിച്ചു വിഷാദത്തോടെ പോയി എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്. അതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാര്യം അയാൾക്കു ധാരാളം സമ്പത്തുണ്ടായിരുന്നു എന്നതാണ് (മർക്കോ 10.22). 

സമ്പത്തു ശരിയായി വിനിയോഗിക്കേണ്ടത് എങ്ങനെയെന്ന് ഈശോതന്നെ പഠിപ്പിക്കുന്നുണ്ട്: “അനീതിയുടെ ഈ സമ്പത്തുകൊണ്ട് നിങ്ങൾ സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ. അതു തീരുമ്പോൾ, അവർ നിങ്ങളെ നിത്യവസതികളിൽ സ്വീകരിക്കും" (ലുക്കാ 16,9). “അനീതിയുടെ സമ്പത്ത്" എന്ന അവിടുത്തെ പ്രയോഗം ശ്രദ്ധേയമാണ്. അനീതി സമ്പത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണ്. അതിൻ്റെ സമ്പാദനത്തിലും കൈകാര്യം ചെയ്യലിലുമെല്ലാം അനീതി കടന്നുകൂടാൻ എളുപ്പമുണ്ട്. ധനസമ്പാദനമാർഗങ്ങൾ പലപ്പോഴും അനീതി നിറഞ്ഞവയാണ്. നീതിപൂർവം ധനം സമ്പാദിക്കുന്നതു തെറ്റല്ല. പക്ഷേ, മനുഷ്യൻ്റെ നൈസർഗ്ഗികപ്രവണത ഏതു വിധേനയും എത്രയും കൂടുതൽ സമ്പാദിക്കുവാനുള്ളതാണ്. ഒന്നുമില്ലാത്തവന് അഞ്ച് കാശെങ്കിലും ഉണ്ടാകണമെന്നും അഞ്ചായിക്കഴിയുമ്പോൾ അതു പത്താക്കണമെന്നും, പത്തു ലഭിച്ചുകഴിയുമ്പോൾ അതു നൂറാക്കണമെന്നുള്ള അത്യാഗ്രഹം വർദ്ധിച്ചുകൊണ്ടേയിരിക്കും. ഈ അത്യാഗ്രഹം - ദ്രവ്യാഗ്രഹം - അന്യായ മാർഗങ്ങൾ അവലംബിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്യും. സമ്പാദിക്കുന്ന ധനം തന്നെയും ദൈവത്തിൻ്റെ ദാനമാണെന്നും അത് തനിക്കു വേണ്ടി മാത്രമുള്ളതല്ലെന്നുമുള്ള വിചാരമില്ലാതെ പൂഴ്ത്തിവയ്ക്കാനും സ്വന്ത ആഡംബരങ്ങൾക്കായി ദുർവ്യയം ചെയ്യാനും മനുഷ്യസ്വഭാവം അവനെ പ്രേരിപ്പിക്കും. ഇക്കാരണങ്ങളാണ് ധനത്തെ അനീതിയുടെ സമ്പത്തെന്ന് കർത്താവു വിശേഷിപ്പിക്കുന്നത്. 

സമ്പത്തിൻ്റെ സ്വഭാവമിതാണെങ്കിലും സമ്പത്തു കൂടാതെ ഈ ലോകത്തിൽ മനുഷ്യനു ജീവിക്കാനാവില്ല. സമ്പത്തിനോട് ക്രിസ്തു ശിഷ്യനു യോജിച്ച മനോഭാവം പുലർത്തുക എന്നതാണ് കരണീയം. ഈ മനോഭാവം വ്യക്തമാക്കുവാനാണ് ഈശോ വിവേകിയായ കാര്യസ്‌ഥൻ്റെ ഉപമ അരുളിച്ചെയ്തത് (ലൂക്കാ 16, 1-8). സർവ്വസമ്പത്തിൻ്റെയും ഉടമ ദൈവമാണെന്നും നമുക്ക് അതിൻ്റെ കാര്യസ്‌ഥത മാത്രമേ ഏല്പിച്ചു തന്നിട്ടുള്ളു എന്നുമുള്ള ബോദ്ധ്യത്തിൽ, ഉപമയിലെ കാര്യസ്‌ഥൻ പ്രകടിപ്പിച്ച വിവേകം സമ്പത്തിൻ്റെ വിനിയോഗത്തിൽ നമ്മളും കാണിക്കണം. നൂറു വീപ്പ എണ്ണ അമ്പതാക്കിയും നൂറുചാക്ക് ഗോതമ്പ് എൺപതാക്കിയും കുറച്ചെഴുതിപ്പിച്ചതിനു പിന്നിലെ സത്യസന്ധതയില്ലായ്‌മ അനുകരിക്കണ മെന്നല്ല, മറിച്ച് നിർണായകാവസരത്തിൽ കാര്യസ്‌ഥൻ കാണിച്ച വിവേകം ധനവിനിയോഗത്തിൽ നമുക്കുമുണ്ടാകണം എന്നാണ് ഉദ്ദേശിക്കുന്നത്. 

ഇശോയുടെ ഈ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ യാക്കോബ് ശ്ലീഹായുടെ വിമർശനത്തിൻ്റെ രൂക്ഷത നമുക്കു ഗ്രഹിക്കാനാവും. വേണ്ടവിധത്തിൽ ഉപയോഗിക്കാതിരുന്നു കറ പിടിച്ചു ദ്രവിച്ച സമ്പത്താണ് ധനികർക്കെതിരെ സാക്ഷ്യം നൽകുന്നത്. ഉപയോഗിക്കാതെ, സൂക്ഷിച്ചുവയ്ക്കുന്ന വസ്ത്രം ചിതലെടുത്തും പോകാം. ഇവ ഇങ്ങനെ തങ്ങൾക്കായിത്തന്നെ പൂഴ്ത്തിവയ്ക്കുന്നതിലൂടെ ധനികർ അന്ത്യദിനത്തിലേയ്ക്കായി തീ കൂട്ടിവയ്ക്കുകയാണ്. ഈ നരകാഗ്നി ധനികരുടെ മാംസം - ശരീരം - ദഹിപ്പിക്കും. 

അന്ത്യവിധിയുടെ മാനദണ്ഡമായി കർത്താവ് സ്വീകരിക്കുന്നതും സമ്പത്തിൻ്റെ വിനിയോഗമാണ്. സമ്പത്തു ധനം പണം - മാത്രമല്ലായെന്നു നമുക്കറിയാം. നമുക്കുള്ളതെന്തും - ആരോഗ്യവും സമയവും കഴിവുകളുമെല്ലാം - സമ്പത്തിൽപ്പെടും. ദരിദ്രരും സഹിക്കുന്നവരുമായ എളിയവർക്കുവേണ്ടി നമ്മൾ എപ്രകാരം ദൈവം നമ്മെ ഏല്‌പിച്ചിരിക്കുന്ന സമ്പത്തു വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അവിടുന്നു നമ്മെ വിധിക്കുന്നത്. എളിയവരോടു പരിഗണനയോടെ ജീവിക്കുന്നവരോട് അവിടുന്ന് അരുളിച്ചെയ്യും: "എൻ്റെ പിതാവിനാൽ അനുഗൃഹീതരേ, വരുവിൻ. ലോകാരംഭംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു; നിങ്ങൾ ആഹാരം തന്നു. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എനിക്കു വസ്ത്രം നൽകി. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു; നിങ്ങൾ എൻ്റെ അടുക്കൽ വന്നു" (മത്താ 25, 34-36). സമൂഹത്തിലെ എളിയവരും ദരിദ്രരും അവഗണിക്കപ്പെട്ടവരും ചൂഷണവിധേയരായവരുമായി തങ്ങളുടെ “സമ്പത്ത്" പങ്കുവച്ചതിലൂടെയാണ് ഇവർക്ക് കർത്താവിനു തന്നെ ശുശ്രൂഷ ചെയ്യാനുള്ള ഭാഗ്യമുണ്ടായത്. ഈ മനോഭാവം സ്വർഗീയ പിതാവിൻ്റെ അനുഗ്രഹത്തിനും ലോകാരംഭം മുതലേ അവിടുന്നൊരുക്കിയിരിക്കുന്ന സ്വർഗരാജ്യത്തിനും അവരെ അർഹരാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിൽ യാക്കോബ് ശ്ലീഹായുടെ വാക്കുകളുടെ അർത്ഥം കൂടുതൽ വ്യക്തമാകുന്നു: "പരീക്ഷകൾ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ! കാരണം, അവയെ അതിജീവിച്ചു കഴിയുമ്പോൾ, തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവൻ്റെ കിരീടം അവനു ലഭിക്കും" (യാക്കോ 1,12). ഈ ജീവൻ്റെ കിരീടമാണ് സ്വർഗ സൗഭാഗ്യം.

9. കർത്താവിന് ഇഷ്ട‌മാണെങ്കിൽ 

ഭൗതികസമ്പത്തിൽ അമിതമായി ആശ്രയിക്കുകയും സ്വന്തം കഴിവും ശക്തിയും കൊണ്ട് പ്രവർത്തനങ്ങൾ വിജയിപ്പിക്കാം എന്നു ചിന്തിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കും യാക്കോബ് ശ്ലീഹാ ശക്തമായ താക്കീതു നല്‌കുന്നുണ്ട്. "ഞങ്ങൾ ഇന്നോ നാളെയോ ഇന്ന പട്ടണത്തിൽ പോയി ഒരു വർഷം താമസിച്ച്, വ്യാപാരം ചെയ്തു‌ ലാഭമുണ്ടാക്കും എന്നു പറയുന്നവരെപ്പറ്റി എന്താണു പറയുക? നാളെയെപ്പറ്റി അവർ ഒന്നും അറിയുന്നില്ല. അല്‌പസമയം കാണപ്പെട്ടതിനുശേഷം, അപ്രത്യക്ഷമാകുന്ന മുടൽമഞ്ഞിനു സദൃശമാണു നമ്മുടെ ജീവൻ. അതിനാൽ, അവർ പറയേണ്ടത് ഇങ്ങനെയാണ്: കർത്താവിന് ഇഷ്ടമെങ്കിൽ, ഞങ്ങൾ ജീവിക്കുകയും, 'അത്' അല്ലെങ്കിൽ 'ഇത്' ഞങ്ങൾ പ്രവർത്തിക്കുകയും ചെയ്യും: അതിനു പകരം അവർ ആത്മപ്രശംസ നടത്തുന്നു. ഇത്തരം ആത്മ പ്രശംസ തിന്മയാണ്. നന്മ ചെയ്യണമെന്ന് അറിഞ്ഞിട്ടും അപ്രകാരം ചെയ്യാത്തവനു പാപമുണ്ട്”(4,13-16). 

കച്ചവടത്തിനായി ഒരു സ്‌ഥലത്തുനിന്നും മറ്റൊരു സ്‌ഥലത്തേയ്ക്ക യാത്ര ചെയ്യുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം. "വ്യാപാരം ചെയ്തു ലാഭമുണ്ടാക്കും" എന്ന കണക്കുകൂട്ടലിൽനിന്ന് അവരുടെ കണ്ണ് ധനസമ്പാദനത്തിലാണെന്നു വ്യക്തം. വ്യാപാരികളുടെ ലക്ഷ്യം എപ്പോഴും അവർക്കുണ്ടാകുന്ന ലാഭമാണല്ലൊ. നാളെയെപ്പറ്റി ഒന്നുമറിയാതിരിക്കുന്ന ഇക്കൂട്ടരുടെ വ്യർത്ഥസുരക്ഷിതത്വത്തെയാണ് യാക്കോബ് ശ്ലീഹാ വെളിച്ചത്തു കൊണ്ടുവരുന്നത്. അല്പ‌സമയം കാണപ്പെട്ടശേഷം അപ്രത്യക്ഷമാകുന്ന മൂടൽമഞ്ഞുപോലുള്ള മനുഷ്യജീവിതത്തിൻ്റെ ക്ഷണികത ഗ്രഹിക്കാതെ, ഭാവിയെക്കുറിച്ച് അത്യാഗ്രഹത്തോടെ പദ്ധതികൾ തയ്യാറാക്കുന്നവരുടെ മൗഢ്യത്തെയാണ് ശ്ലീഹാ ചൂണ്ടികാണിക്കുന്നത്. അവരുടെ ജീവിതത്തിലോ പ്രവർത്തനത്തിലോ ദൈവത്തിനു യാതൊരു സ്ഥാനവുമില്ല. സ്വന്തശക്‌തിയിൽ മാത്രമാണവരുടെ വിശ്വാസം. 

ഭാവിയെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുന്നതു തെറ്റന്നല്ല, മറിച്ച് ദൈവഹിതത്തോടു ചേർന്ന് പ്ലാനിടണമെന്നാണ് വി.യാക്കോബ് സൂചിപ്പിക്കുന്നത്. ദൈവത്തിനെന്നെക്കുറിച്ചുള്ള പദ്ധതി ഇതാണെങ്കിൽ അവിടുത്തെ സഹായത്താൽ ഞാനിതൊക്കെ ചെയ്യും എന്നു ചിന്തിക്കാൻ വിശ്വാസിക്കു കഴിയണം. അപ്പോൾ പരാജയമുണ്ടായാലും സമചിത്തതയോടെ അതിനെ നേരിടാനാകും. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹാ പറയുന്നത്, “കർത്താവിന് ഇഷ്‌ടമാണെങ്കിൽ" എന്ന വ്യവസ്‌ഥയോടെ വേണം ഭാവികാര്യങ്ങൾ പ്ലാനിടാനും പ്രവർത്തിക്കാനും എന്ന്. കല്യാണക്കുറിയിലും മറ്റും D.V. (Deo Volente) എന്നു ചേർക്കുമ്പോൾ ഈ സത്യമാണ് നമ്മൾ പ്രഘോഷിക്കുന്നത്. 

ഭോഷനായ ധനികൻ്റെ ഉപമയിലുടെ ഈശോ പഠിപ്പിക്കാനുദ്ദേശിക്കുന്നതും ദൈവത്തെ കൂടാതെയുള്ള പദ്ധതി തയ്യാറാക്കലിൻ്റെയും പ്രവർത്തിക്കലിൻ്റെയും ഭോഷത്തമാണ് (ലൂക്കാ 12, 16-21). ലൗകിക നേട്ടങ്ങളുടെ ക്ഷണഭംഗുരതയും ഇവിടെ വ്യക്‌തമാക്കപ്പെടുന്നുണ്ട്. ദൈവപരിപാലനയിലാശ്രയിക്കാതെ, സ്വന്തം ശക്‌തിയിലും കഴിവിലും മാത്രം വിശ്വസിച്ചു ജീവിക്കുന്നതും ഒരുതരം ആത്മപ്രശംസയാണെന്നും അതു പാപമാണെന്നും യാക്കോബ് ശ്ലീഹാ അനുസ്‌മരിപ്പിക്കുന്നു. കാരണം, നന്മ ചെയ്യണമെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നതു പാപമാണല്ലൊ. 

ഇവിടെയും ഈശോയുടെ വാക്കുകൾതന്നെ യാക്കോബിന് മാർഗദർശി. “അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങൾ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയപിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതിനാൽ നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും” (മത്താ 6,31-34).

10. നീതിമാനെ നിങ്ങൾ കുറ്റവാളിയെന്നു വിളിച്ചുകൊന്നു 

സമ്പന്നരുടെ ഹൃദയകാഠിന്യം നിമിത്തം സഹിക്കേണ്ടി വരുന്ന ദരിദ്രരെക്കുറിച്ചുള്ള പരാമർശം യാക്കോബ് ശ്ലീഹാ അവസാനിപ്പിക്കുന്നത് “സഹിക്കുന്ന നീതിമാനെ”ക്കുറിച്ചുള്ള ഒരു പൊതു പ്രസ്താവനയോടു കൂടിയാണ്: “നീതിമാനെ നിങ്ങൾ കുറ്റവാളിയെന്നു വിളിച്ചുകൊന്നു; അവൻ നിങ്ങളോട് എതിർത്തു നിന്നില്ല" (5,6). സന്ദർഭത്തിൽനിന്നു മനസ്സിലാകുന്നതനുസരിച്ച് ഈ നീതിമാൻ അനീതി സഹിക്കേണ്ടിവരുന്ന ദരിദ്രനാണ്. പണിക്കാർക്ക് അർഹമായ കൂലി നല്കാതെ അവരെ പട്ടിണിക്കിട്ടു കൊല്ലുകയാണ് ധനാസക്‌തരായ സമ്പന്നർ ചെയ്‌തത്. “കുറ്റവാളിയെന്നു വിളിച്ചുകൊന്നു" എന്ന പ്രസ്‌താവന കോടതിയിൽ പാവപ്പെട്ടവർക്കെതിരെ അന്യായം ആരോപിച്ചു കുറ്റം വിധിക്കുന്നതിനെയും സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ ഭാഗം വാദിക്കുന്നതിന് ദരിദ്രർക്കു വഴിയില്ലല്ലൊ. എതിർത്തുനില്ക്കുവാൻ അവർക്കു കെല്‌പുമില്ല. 

പഴയനിയമത്തിൽ പ്രത്യേകിച്ച് ഏശയ്യയുടെ പുസ്‌തകം 40-55 അധ്യായങ്ങളിൽ മറ്റുള്ളവർക്കുവേണ്ടി “സഹിക്കുന്ന നീതിമാനെ" നമ്മൾ കാണുന്നുണ്ട് (ഏശ 53,7; ആമോസ് 2,6-7; 6,1-6; സങ്കീ 34). ഈ സഹനദാസൻ മിശിഹായുടെ പ്രതിരൂപമായിരുന്നുവെന്ന് ആദിമസഭമനസ്സിലാക്കി. യഹൂദർ മിശിഹായെ തിരസ്‌കരിച്ചതിനെ പത്രോസ് ശ്ലീഹാ ഇപ്രകാരമാണു കുറ്റപ്പെടുത്തുന്നത്: "പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചിട്ട് ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്ന് നിങ്ങൾ ആവശ്യപ്പെട്ടു" (ശ്ലീഹ 3,14). ആ പത്രോസ് ശ്ലീഹാതന്നെ തൻ്റെ ലേഖനത്തിൽ ഇപ്രകാരം എഴുതുന്നു: “അതേ, നീതിമാൻ നീതിരഹിതർക്കുവേണ്ടി മരിച്ചു" (1 പത്രോ 3,18). വി.യോഹന്നാൻ ശ്ലീഹായും ഈശോയെ “നീതിമാൻ" എന്നാണു വിശേഷിപ്പക്കുന്നത് (1 യോഹ 2, 1.29; 3,7). യാക്കോബ് ശ്ലീഹാ 5,6-ൽ ഉദ്ദേശിക്കുന്ന നീതിമാനും ഈശോമിശിഹാതന്നെ ആകാം. കുറ്റവാളിയെന്നു വിധിച്ചു തന്നെ വധിച്ചവരോട് എതിർത്തു നില്ക്കാതിരുന്ന മിശിഹാ തന്നെയാണ് ധനികരുടെ പീഡനത്തിനിരയാകുന്ന ബലഹീനരായ ദരിദ്രർക്കു മാതൃക. സഹിച്ചു മരിച്ച മിശിഹായെ ദൈവം ഉയിർപ്പിച്ചു മഹത്വപ്പെടുത്തിയതുപോലെ സഹിക്കുന്ന ദരിദ്രർക്കും മഹത്ത്വം ലഭിക്കും. 

“നീതിമാൻ" എന്ന പേരിൽ ആദിമസഭയിൽ അറിയപ്പെട്ടിരുന്ന യാക്കോബിനെ (പേജ് 14 കാണുക) സൂചിപ്പിക്കുന്നതാണ് 5,6 ലെ പ്രയോഗം എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. ക്രിസ്‌തുവർഷം 62-ൽ രക്ത സാക്ഷിത്വം വരിച്ച സഭാതലവനു സംഭവിച്ചതുതന്നെയാണ് നീതിപൂർവ്വം ജീവിക്കുന്ന വിശ്വാസികൾക്കും സംഭവിക്കുന്നതെന്നു സൂചന.

11. പാപിയെ അബദ്ധമാർഗത്തിൽനിന്നു പിന്തിരിക്കുന്നവർക്ക് 

യാക്കോബ് ശ്ലീഹാ തൻ്റെ ലേഖനം അവസാനിപ്പിക്കുന്നത് സത്യ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുന്നവരോട് മറ്റു വിശ്വാസികൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചനുസ്‌മരിപ്പിച്ചുകൊണ്ടാണ്: “എൻ്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യമാർഗത്തിൽ നിന്നു വ്യതിചലിക്കുകയും അയാളെ മറ്റാരെങ്കിലും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന പക്ഷം, പാപിയെ അബദ്ധമാർഗത്തിൽ നിന്നു തിരിയെ കൊണ്ടുവരുന്നവൻ സ്വന്തം ജീവനെ മരണത്തിൽനിന്നു രക്ഷിക്കുക മാത്രമല്ല, തൻ്റെ പാപങ്ങളുടെ ആധിക്യം മായിച്ചു കളയുകകൂടി ചെയ്യുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ" (5,19-20). ലേഖനമെഴുതുന്നതിനു തന്നെ പ്രേരിപ്പിച്ച കാര്യം തന്നെയല്ലെ യാക്കോബ് ശ്ലീഹാ ഇവിടെ സൂചിപ്പിക്കുന്നത്? നാവിൻ്റെ ദുർവിനിയോഗം, അസൂയ, ദരിദ്രരോടുള്ള അവഗണന, ലൗകിക വ്യഗ്രത, കലഹം, പക്ഷപാതം, ധനാസക്ത‌ി തുടങ്ങിയ തിന്മകൾക്കടിമപ്പെട്ട് സത്യമാർഗമായ മിശിഹായിൽനിന്നും അവിടുത്തെ പഠനങ്ങളിൽനിന്നും വ്യതിചലിച്ച വിശ്വാസികളെ തിരിച്ചു കൊണ്ടുവരുന്നതിനുവേണ്ടിയാണല്ലൊ യാക്കോബ് ശ്ലീഹാ എഴുതുന്നത്. സത്യത്തിൻ്റെ പാതയിലേയ്ക്കു തിരിച്ചുകൊണ്ടുവരുന്നതുവഴി തൻ്റെതന്നെ ജീവനെ മരണത്തിൽനിന്നു രക്ഷിക്കാമെന്നും പാപങ്ങളുടെ ആധിക്യം മായിച്ചു കളയാമെന്നും വി. യാക്കോബിനറിയാമായിരുന്നു. 

സഹവിശ്വാസിയോടുള്ള ക്രൈസ്‌തവൻ്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ഈശോ പഠപ്പിച്ചത് വി. മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട് (മത്താ 18,15-17). സഭാസമൂഹം ഒരു ശരീരമാകയാൽ ഏതെങ്കിലും ഒരംഗത്തിനു സംഭവിക്കുന്ന മാർഗഭ്രംശം സമൂഹത്തെ മുഴുവൻ ബാധിക്കും. ആ അംഗത്തിൻ്റെ കുറവു പരിഹരിക്കുക എന്നത് മറ്റംഗങ്ങളുടെ കടമയാണ്. ഇതുതന്നെയും പരിപൂർണതയുടെ നിയമമായ “അയൽക്കാരനോടുള്ള സ്നേഹ"ത്തിൻ്റെ പ്രാവർത്തികമാക്കലാണ്. ഇത് ഇരുകൂട്ടർക്കും ഉപകാരപ്രദമായി ഭവിക്കുകയും ചെയ്യും. രണ്ടുപേരും നിത്യമരണത്തിൽനിന്നു രക്ഷപെട്ട് ജീവൻ്റെ കിരീടം പ്രാപിക്കും, സ്വന്തപാപങ്ങളുടെ ആധിക്യം മറച്ചുകളയുകയും ചെയ്യും. ഇതുകൊണ്ടാണ് പത്രോസ്ശ്ലീഹാ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നത്: “നിങ്ങൾ പരസ്പ്‌പരം സ്നേഹിക്കുവിൻ. കാരണം, സ്നേഹം ഒട്ടേറെ പാപങ്ങളെ മായ്ക്കുന്നു” (1 പത്രോ 4,8). ഈ സ്നേഹം പ്രാവർത്തികമാക്കുന്നതിനുള്ള വിവിധ മാർഗങ്ങളാണ് യാക്കോബ് ശ്ലീഹാ ലേഖനത്തിലുടനീളം വിവരിക്കുന്നത്.

12. രോഗികൾക്കുവേണ്ടിയുള്ള പ്രാർത്ഥന 

തൻ്റെ ലേഖനത്തിൻ്റെ അവസാനഭാഗത്ത് ശ്ലീഹാ, വിശ്വാസപൂർവകമായ പ്രാർത്ഥനയുടെ സൗഖ്യദായകവശത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. “നിങ്ങളിൽ രോഗബാധിതനുണ്ടെങ്കിൽ, അവൻ സഭയിലെ പുരോഹിതന്മാരെ വിളിക്കട്ടെ. അവർ അവനുവേണ്ടി പ്രാർത്ഥിക്കുകയും നമ്മുടെ കർത്താവിൻ്റെ നാമത്തിൽ അവനെ തൈലം പൂശുകയും ചെയ്യട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. നമ്മുടെ കർത്താവ് അവനെ എഴുന്നേല്‌പിക്കും. പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനു പൊറുതിയും ലഭിക്കും" (5,14-15). രോഗീലേപന കൂദാശയുടെ ദൈവശാസ്ത്രാടിസ്‌ഥാനം മുഴുവൻ ഈ വാക്യങ്ങളിലുണ്ട്. നിങ്ങളുടെയിടയിൽ മരണാസന്നനുണ്ടെങ്കിൽ എന്നല്ല, രോഗബാധിതനുണ്ടെങ്കിൽ എന്നാണ് ശ്ലീഹാ പറയുന്നത്. ഇത് മരണാസന്നർക്കുള്ള കൂദാശയല്ല, മറിച്ച് രോഗികൾക്കുള്ളതാണ് എന്നു സ്‌പഷ്ട‌ം. മിശിഹായുടെ ഏക പൗരോഹിത്യത്തിൽ പങ്കുചേരുന്ന തിരുസ്സഭയിലെ പുരോഹിതരെയാണ് വിളിക്കേണ്ടത്; അല്ലാതെ സിദ്ധന്മാരെയും പാവപ്പെട്ടവരെ ചൂഷണം ചെയ്യാനിരിക്കുന്ന ദിവ്യന്മാരെയുമല്ല. തൻ്റെ രക്ഷാകര വിമോചനത്തിൻ്റെ ഭാഗമായി രോഗികളെ സുഖപ്പെടുത്തിയ ഈശോ, ഈ ദൗത്യം തൻ്റെ പ്രിയ ശ്ലീഹന്മാരെയാണ് ഭരമേല്‌പിച്ചത്. ഈശോ പന്ത്രണ്ടു ശ്ലീഹന്മാരെ തിരഞ്ഞെടുത്തതുതന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു: “തന്നോടുകൂടെ ആയിരിക്കാനും, പ്രസംഗിക്കുന്നതിന് അയയ്ക്കാനും രോഗികളെ സുഖപ്പെടുത്തുന്നതിനും പിശാചുക്കളെ പുറത്താക്കുന്നതിനും അധികാരം നല്‌കാനുംവേണ്ടി അവൻ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു" (മർക്കോ 3, 14-15). ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗത്തിൻ്റെ ഭാഗമായാണ് രോഗികളെ സുഖപ്പെടുത്തൽ ഈശോ കണ്ടിരുന്നത് (ലൂക്കാ 9,2). ശ്ലീഹന്മാർക്ക് ഈശോ നല്കിയ ഈ ദൗത്യത്തിലാണല്ലൊ പുരോഹിതന്മാർ പങ്കുപറ്റുന്നത്. 

 

ഇപ്രകാരം വിളിക്കപ്പെടുന്ന പുരോഹിതന്മാർ ചെയ്യേണ്ടതെന്തെന്നും ശ്ലീഹാ വ്യക്‌തമാക്കുന്നു: "അവർ അവനുവേണ്ടി പ്രാർത്ഥിക്കുകയും നമ്മുടെ കർത്താവിൻ്റെ നാമത്തിൽ അവനെ തൈലം പൂശുകയും ചെയ്യട്ടെ". രോഗിക്കുവേണ്ടി അവർ പ്രാർത്ഥിക്കണം; കാരണം വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും; നമ്മുടെ കർത്താവ് അവനെ എഴുന്നേല്‌പിക്കും. രോഗങ്ങൾ സൗഖ്യമാക്കാനുള്ള കർത്താവിൻ്റെ ശക്തിയിൽ വിശ്വസിച്ചുകൊണ്ടുവേണം പുരോഹിതന്മാർ പ്രാർത്ഥിക്കാൻ എന്നു വ്യക്‌തം. "തന്നോടു ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാതെ, ഉദാരമായി കൊടുക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കുവാൻ” ലേഖനാരംഭത്തിൽത്തന്നെ ശ്ലീഹാ ആഹ്വാനം ചെയ്തിരുന്നല്ലൊ(1,5).

രോഗീലേപന കൂദാശയുടെ പ്രധാനഘടകം നമ്മുടെ കർത്താവിൻ്റെ നാമത്തിലുള്ള തൈലം പൂശലാണ്. പഴയനിയമത്തിൽ രാജാക്കന്മാരെയും പുരോഹിതരെയും പ്രവാചകരെയുമൊക്കെ ദൈവശുശ്രൂഷയ്ക്കായി മാറ്റി വയ്ക്കുന്നതിൻ്റെ പ്രതീകമായി അഭിഷേകം ചെയ്യാനുപയോഗിച്ചിരുന്ന തൈലം യഥാർത്ഥ അഭിഷിക്‌തനായ ഈശോമിശിഹായുടെതന്നെ പ്രതീകമാണ്. അവിടുത്തെ നാമത്തിലാണ് രോഗിയുടെ മേൽ ഈ തൈലം പൂശുന്നത്. അവിടുന്നു തന്നെയാണ് അതുകൊണ്ട് രോഗിയെ എഴുന്നേല്‌പിക്കുന്നതും. പുരോഹിതൻ കർത്താവിൻ്റെ കരങ്ങളിൽ ഉപകരണമായി, മധ്യവർത്തിയായി പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. 

രോഗങ്ങളിൽനിന്നു മുക്ത‌ി നേടാൻ മറ്റൊരു മാർഗം കൂടി വി.യാക്കോബ് ശ്ലീഹാ നിർദ്ദേശിക്കുന്നുണ്ട്: "സൗഖ്യമുണ്ടാകാൻ നിങ്ങൾ അന്യോന്യം പാപങ്ങൾ ഏറ്റുപറയുകയും പ്രാർത്ഥിക്കയും ചെയ്യുവിൻ" (5,16). പാപം മോചിക്കപ്പെട്ടാൽ രോഗവും മാറും എന്ന സത്യമാണിവിടെ വെളിവാകുന്നത്. പല രോഗങ്ങൾക്കും കാരണം മനുഷ്യൻ്റെ പാപങ്ങളാണ്; രോഗത്തെ പാപത്തിൻ്റെ ഫലമായി എപ്പോഴും ചിത്രീകരിക്കാനാവില്ലെങ്കിലും (ഉദാ: യോഹ 9,1-3) മിക്കപ്പോഴും രോഗങ്ങൾക്കു കാരണം ദൈവവുമായും മറ്റു മനുഷ്യരുമായും തന്നോടുതന്നെയുമുള്ള ബന്ധത്തിലെ പാകപ്പിഴകളാണ്, അസ്വസ്‌ഥതകളാണ്. ഈ ബന്ധങ്ങളുടെ ശിഥിലീകരണമാണല്ലൊ പാപം. ദൈവത്തോടും സഹോദരരോടും തന്നോടും രമ്യപ്പെട്ട് ബന്ധങ്ങൾ പുനഃസ്‌ഥാപിക്കുകയാണ് പാപമോചനത്തിൽ ചെയ്യേണ്ടത്. ബന്ധങ്ങളുടെ ഈ പുനഃസ്‌ഥാപനത്തിന് അന്യോന്യം പാപങ്ങൾ ഏറ്റുപറയുന്നതു സഹായിക്കും. പാപം, അതെത്ര വ്യക്തിപരമായിരുന്നാലും, സമൂഹത്തിനെരായുള്ള തിന്മ കൂടിയാണല്ലൊ. അതുകൊണ്ടാണ് പാപമോചനത്തിന് സഹോദരരുമായുള്ള അനുരഞ്ജനം ആവശ്യമായിരിക്കുന്നത്. 

തെറ്റു ചെയ്തയാൾ സഹോദരനോട് തെറ്റ് ഏറ്റുപറയുമ്പോൾ ഇതു ശ്രവിക്കുന്നയാൾകൂടി അപരനുവേണ്ടി പ്രാർത്ഥിക്കും. നീതിമാൻ പ്രാർത്ഥനയ്ക്ക് ദൈവസന്നിധിയിൽ വലിയ ശക്‌തിയുള്ളതിനാൽ ദൈവം ഈ പ്രാർത്ഥന കേൾക്കുകയും പാപം മോചിച്ച് രോഗം സൗഖ്യമാക്കുകയും ചെയ്യും. കുമ്പസാരമെന്ന കൂദാശയിൽ വൈദികൻ സമൂഹത്തിൻ്റെ പ്രതിനിധി കൂടിയായാണല്ലൊ വർത്തിക്കുന്നത്. സമൂഹത്തിനെതിരെ ചെയ്‌ത തെറ്റ് സമൂഹത്തിൻ്റെ വക്‌താവായ പുരോഹിതനോട് ഏറ്റുപറയുമ്പോൾ അനുരഞ്ജനത്തിൻ്റെ ഈ സാമൂഹികവശം കൂടി പൂർത്തിയാവുകയാണ്. 

കഫർണാമിൽ ഈശോയുടെ പക്കൽ സുഹൃത്തുക്കളെത്തിച്ച തളർവാതരോഗിയോട് അവിടുന്നരുളിച്ചെയ്‌ത വാക്കുകളിൽനിന്ന് രോഗവും പാപവും തമ്മിലുള്ള ബന്ധം വ്യക്തമാണ്. അവിടുന്നു പറഞ്ഞു: “എൻ്റെ മകനേ, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോ 2,5). ഇപ്പറഞ്ഞിതിനെക്കുറിച്ച് നിയമജ്‌ഞരും പ്രീശരും പിറുപിറുത്തപ്പോൾ ഈശോ തളർവാതരോഗിയോട് അരുളിച്ചെയ്‌തു: "നിൻ്റെ കിടക്കയുമെടുത്തു വീട്ടിലേയ്ക്കു പോവുക" (മർക്കോ 2,11). തത്സമയം അയാൾ എഴുന്നേറ്റ് പൂർണസൗഖ്യമുള്ളവനായി കിടക്കയുമെടുത്ത് പുറത്തുപോയി. ഈശോയെ സംബന്ധിച്ച് ഈ രണ്ടും വാചകങ്ങളും ഒരേ കാര്യമാണ് അർത്ഥമാക്കുന്നത്. അതുകൊണ്ടാണ് പ്രീശരോടും നിയമജ്‌ഞരോടും അവിടുന്നു ചോദിച്ചത്: “നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നിൻ്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം?" എന്ന് (മർക്കോ 2,9). പാപങ്ങൾ ക്ഷമിക്കപ്പെട്ടതുകൊണ്ടുകൂടിയാണ് അയാൾക്ക് എഴുന്നേറ്റു നടക്കാൻ സാധിച്ചത്. പാപമോചനവും രോഗശാന്തിയും ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈശോ ഇതിലൂടെ വ്യക്‌തമാക്കുകയായിരുന്നു. 

സാധാരണ ജീവിതത്തിലെ ചില അനുഭവങ്ങളും ഈ ആശയം സ്‌ഥിരീകരിക്കുന്നുണ്ട്. ആരോടെങ്കിലും അത്യധികമായി കോപിക്കേണ്ടി വന്നാൽ തലവേദനയോ ശാരീരികാസ്വസ്‌ഥതകളോ അനുഭവപ്പെടുന്നത് നമുക്കു പരിചിതമല്ലെ? എന്നാൽ കോപിച്ച വ്യക്‌തിയുമായി രമ്യപ്പെട്ടു കഴിയുമ്പോൾ ഈ തലവേദനയും അസ്വസ്‌ഥതയും അപ്രത്യക്ഷമാവുകയും ചെയ്യും. വർഷങ്ങളായി ക്ഷമിക്കാതെ മനസ്സിൽ കൊണ്ടുനടക്കുന്ന വിദ്വേഷവും പകയും വൈരാഗ്യവും വെറുപ്പും പലവിധ രോഗങ്ങൾക്കും കാരണമാകാം. എപ്പോൾ ഈ വ്യക്‌തിയോട് ഹൃദയപൂർവം ക്ഷമിക്കുകയും രമ്യപ്പെടുകയും ചെയ്യുന്നുവോ, അപ്പോൾ ഈ രോഗങ്ങളും മാറും; ആന്തരികമായ ശാന്തിയും സമാധാനവും ലഭിക്കുകയും ചെയ്യും. അനുരഞ്ജനപ്പെടുന്നതിലൂടെ, പാപമോചനം പ്രാപിക്കുന്നതിലൂടെ, നമ്മെ അലട്ടുന്ന പലവിധ രോഗങ്ങളിൽനിന്നും നമുക്കു മുക്‌തി നേടാം. ഒരുങ്ങി നടത്തുന്ന ഒരു നല്ല കുമ്പസാരം പല രോഗങ്ങളും നീക്കും. കാരണം, പാപമോചനവും രോഗശാന്തിയും അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.


അധ്യായം അഞ്ച് 

യാക്കോബ് ശ്ലീഹായും പാരമ്പര്യവും 

യാക്കോബ് ശ്ലീഹായുടെ ലേഖനം അടുത്ത് മനസിലാക്കുവാൻ ശ്രമിക്കുകയായിരുന്നല്ലൊ നമ്മൾ. പുതിയനിയമ ഗ്രന്ഥങ്ങളിലെ മറ്റു പുസ്‌തകങ്ങളിൽനിന്ന് ഈ ലേഖനം പലതരത്തിലും വേറിട്ടു നില്ക്കുന്നു എന്നു നമ്മൾ കണ്ടു. ധീരമായ ധാർമ്മികോപദേശങ്ങൾ, ശക്തമായ വിശ്വാസജീവിതവെല്ലുവിളികൾ, സാമൂഹ്യനീതിയ്ക്കായുള്ള ആഹ്വാനം, സഹോദരസ്നേഹം പ്രാവർത്തികമാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ തുടങ്ങിയവ ഈ ലേഖനത്തെ ആദിമസഭയിലെന്നതു പോലെ ഇന്നും പ്രസക്‌തമാക്കുന്നു. ദരിദ്രരുടെയും പീഡിതരുടെയും പക്ഷം ചേർന്നു സംസാരിക്കുന്ന ലേഖകൻ അറുപതുകളുടെ ആരംഭത്തിലെ സഭയുടെ സാമൂഹ്യപശ്ചാത്തലം നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. 

തിരുസഭ തൻ്റെ ചരിത്രത്തിലെ ആദ്യദശകങ്ങൾ പിന്നിട്ടതോടെ ആദിമ സഭയിൽ നിലനിന്നിരുന്നതായി ശ്ലീഹന്മാരുടെ നടപടി 2-4 അധ്യായങ്ങളിൽ വി. ലൂക്കാ വിവരിച്ചിരിക്കുന്ന കൂട്ടായ്‌മയും പങ്കുവയ്ക്കലുമൊക്കെ കുറഞ്ഞുവന്നു. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചു. ഇപ്രകാരമൊരു സാഹചര്യമാണ് ഈ ലേഖനമെഴുതുന്നതിനു യാക്കോബ് ശ്ലീഹായെ പ്രേരിപ്പിച്ചത്. സമൂഹത്തിലെ ദരിദ്രരായ വിശ്വാസികളെ ധനികർ അവഗണിക്കുകയും അവരോടു വിവേചനാപരമായി പെരുമാറുകയും സ്നേഹമില്ലാതെ സംസാരിക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സന്ദർഭത്തിൽ ഈശോയുടെ പ്രബോധനത്തിൻ്റെ വെളിച്ചത്തിൽ ദൈവത്തിലും ദൈവപുത്രനിലുമുള്ള വിശ്വാസത്തിൻ്റെ പ്രായോഗിക മാനം വ്യക്തമാക്കുകയാണ് ശ്ലീഹാ. സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈശോയുടെ പ്രബോധനങ്ങളുമായി ഈ ലേഖനത്തിലെ ആശയങ്ങൾക്കുള്ള സാധർമ്മ്യം ശ്രദ്ധേയമാണ്. ഈശോമിശിഹായിലുള്ള വിശ്വാസം മൂലമാണ് മനുഷ്യൻ നീതീകരിക്കപ്പെടുന്നത് എന്ന പൗലോസ് ശ്ലീഹായുടെ പ്രസ്‌താവനയെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്തിരുന്നവരെ തിരുത്തുകയും ചെയ്യുന്നുണ്ട് യാക്കോബ് ശ്ലീഹാ. വിശ്വാസംകൊണ്ടു മാത്രമല്ല, പ്രവൃത്തികൊണ്ടുകൂടിയാണ് മനുഷ്യൻ നീതീകരിക്കപ്പെടുന്നതെന്നു കാര്യകാരണസഹിതം വി. യാക്കോബ് സ്ഥാപിക്കുന്നു. പുതിയനിയമ ഗ്രന്ഥകാരന്മാർക്കുശേഷവും സഭയിൽ ഇത്തരത്തിലുള്ള സുവിശേഷ വ്യാഖ്യാനങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു. അതിനുത്തമോദാഹരണമാണ് രണ്ടാം നൂറ്റാണ്ടിലെ “ഹെർമാസിൻ്റെ ഇടയൻ" എന്ന കൃതി. യാക്കോബിൻ്റെ ലേഖനത്തിന് ഈ കൃതിയുമായുള്ള സാമ്യവും വളരെ പ്രകടമാണ്. 

ചുരുക്കത്തിൽ അനുദിനജീവിതത്തിൽ വിശ്വാസം എപ്രകാരം പ്രതിഫലിക്കണം എന്നു യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു. ഇവയ്ക്കെല്ലാം അടിസ്ഥ‌ഥാനമായി നിലകൊള്ളുന്നത് പിതാവായ ദൈവത്തെക്കുറിച്ചുള്ള ശ്ലീഹായുടെ ദർശനമാണ്.

I. യാക്കോബ് ശ്ലീഹായുടെ ദൈവശാസ്ത്രം 

ദൈവത്തെക്കുറിച്ചുള്ള ദർശനമാണല്ലൊ ദൈവശാസ്ത്രം. പിതാവായ ദൈവത്തെക്കുറിച്ചു യാക്കോബ് ശ്ലീഹായ്ക്കു വ്യക്തമായ കാഴ്ച്‌ചപ്പാടുണ്ട്. ഈ കാഴ്‌ചപ്പാടിൽ നിന്നുരുത്തിരിയുന്നതാണ് ക്രൈസ്തവ വിശ്വാസ ജീവിതത്തെ സംബന്ധിച്ച് അദ്ദേഹം നല്‌കുന്ന നിർദ്ദേശങ്ങൾ.

1. പ്രകാശങ്ങളുടെ പിതാവായ ദൈവം 

ഉല്പത്തി ഗ്രന്ഥകാരൻ വരച്ചുകാണിക്കുന്ന ദൈവത്തിൻ്റെ ചിത്രമാണ് പ്രകാശങ്ങളുടെ പിതാവായ ദൈവത്തെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു പിന്നിൽ. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാനാരംഭിച്ചപ്പോൾ ആദ്യം അരുളിച്ചെയ്‌ത വാക്കുകൾ “വെളിച്ചം ഉണ്ടാകട്ടെ" എന്നതായിരുന്നു (ഉല്‌പ 1,3-5). ഈ കല്‌പനപ്രകാരം വെളിച്ചം ഉണ്ടായി, വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സൃഷ്‌ടികർമ്മത്തിൻ്റെ നാലാംദിവസം ആദ്യദിവസത്തിൻ്റെ വിശദമായ വിവരണമാണ്. "ദൈവം വീണ്ടും അരുളിച്ചെയ്‌തു: രാവും പകലും വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വർഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയിൽ പ്രകാശം ചൊരിയാൻവേണ്ടി അവ ആകാശവിതാനത്തിൽ ദീപങ്ങളായി നില്ക്കട്ടെ. അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങൾ സൃഷ്‌ടിച്ചു. പകലിനെ നയിക്കാൻ വലുത്, രാത്രിയെ നയിക്കാൻ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്‌ടിച്ചു" (ഉല്പ 1,14-16). പ്രകാശഗോളങ്ങളെ - സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - സൃഷ്ടടിക്കുന്നതിൻ്റെ ലക്ഷ്യം വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിക്കുകയെന്നതായിരുന്നു. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിയ്ക്കും ആഴിയ്ക്കും മുകളിൽ വ്യാപിച്ചിരുന്ന അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യാനായിരുന്നു സൃഷ്ട്‌ടികർമ്മത്തിൽ ദൈവം ഏർപ്പെട്ടതു തന്നെ. മഹാദീപങ്ങളെ സൃഷ്‌ടിച്ച ദൈവത്തിൻ്റെ അനന്തകാരുണ്യത്തെ സങ്കീർത്തകനും സ്‌തുതിക്കുന്നുണ്ട് (സങ്കീ 136,7-9). 

സുര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ദൈവത്തിൻ്റെ സൃഷ്ടികളാണെന്നും പ്രപഞ്ചത്തിനും മനുഷ്യനുംവേണ്ടി ചില പ്രത്യേക ദൗത്യങ്ങൾ നിർവ്വഹിക്കാനാണ് അവ സൃഷ്ട‌ിക്കപ്പെട്ടിരിക്കുന്നതെന്നും ഉല്പത്തി ഗ്രന്ഥകാരൻ പഠിപ്പിക്കുന്ന യാഥാർത്ഥ്യം തന്നെയാണ് യാക്കോബ് ശ്ലീഹായും "പ്രകാശങ്ങളുടെ പിതാവി"നെക്കുറിച്ചുള്ള പരാമർശത്തിലൂടെ വിവക്ഷിക്കുന്നത്. പിതാവായ ദൈവമാണ് സകല പ്രപഞ്ച വസ്തുക്കളുടെയും സ്രഷ്‌ടാവ്. നിയതമായ ക്രമത്തിൽ അവയെ പരിപാലിക്കുന്നതും അവിടുന്നു തന്നെ. വെറും സൃഷ്‌ടികളായ പ്രപഞ്ച ഗോളങ്ങൾക്ക് മനുഷ്യൻ ഭാഗധേയ നിർണ്ണയത്തിൽ പങ്കുണ്ടെന്ന വ്യർത്ഥ ചിന്തയിൽ നക്ഷത്രഫലവും വാരഫലവുമൊക്കെ അന്വേഷിച്ചു നടക്കുന്നത് സ്രഷ്‌ടാവായ ദൈവത്തിനെതിരെയുള്ള തിന്മയാണ്. 

സ്രഷ്ടാവും പരിപാലകനുമായ ഈ "ദൈവം ഏകനാണ്” എന്ന അടിസ്ഥാന വിശ്വാസസത്യവും വി. യാക്കോബ് പ്രഘോഷിക്കുന്നുണ്ട് (യാക്കോ 2,19). രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ള നിയമ ദാതാവും വിധികർത്താവുമാണ് ഈ ഏകദൈവം (യാക്കോ 4,12). ഈ വിശ്വാസം അനുദിനജീവിത പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുന്നു (യാക്കോ 2,14-26).

2. മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൾ 

സ്രഷ്ടാവായ ദൈവത്തെ സൃഷ്‌ടികളോടു താരതമ്യപ്പെടുത്തി അവിടുത്തെ മാഹാത്മ്യം വ്യക്‌തമാക്കുന്നു യാക്കോബ് ശ്ലീഹാ. സൃഷ്ട വസ്തുക്കളുടെ പ്രത്യേകത അവ നിരന്തര മാറ്റത്തിനു വിധേയമാണ് എന്നുള്ളതാണ്. അവയ്ക്കു നിത്യമായ നിലനില്‌പില്ല. എന്നാൽ, സ്രഷ്ടാവായ ദൈവത്തിൻ്റെ കാര്യം അങ്ങനെയല്ല; അവിടുത്തേയ്ക്കു മാറ്റമില്ല. പ്രകാശങ്ങളുടെ പിതാവിൻ്റെ വിശേഷണമായാണല്ലൊ “മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത" എന്ന പ്രയോഗം യാക്കോബ് ശ്ലീഹാ ഉപയോഗിക്കുന്നത് (യാക്കോ 1,17). പ്രകാശഗോളങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ നമുക്കനുഭവമാണ്. എന്നാൽ സ്‌ഥലകാലങ്ങൾക്കതീതനായ ദൈവം നിത്യനാണ്. "ദൈവം പ്രകാശമാകുന്നുവെന്നും അവനിൽ അന്ധകാരം അശേഷമില്ലെന്നുമുള്ള സന്ദേശമാണ് ഞങ്ങൾ അവൻ്റെയടുക്കൽ നിന്നു ശ്രവിച്ചതും നിങ്ങളോടു പ്രഖ്യാപിക്കുന്നതും" എന്ന് വി. യോഹന്നാൻ എഴുതുമ്പോൾ (1യോഹ 1,5) സൂചിപ്പിക്കുന്നതും ഈ സത്യം തന്നെയാണ്. അന്ധകാരത്തിൻ്റ - തിന്മയുടെ - പ്രവർത്തനങ്ങളുമായി ദൈവത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ദൈവം തിന്മകളാൽ പരീക്ഷിക്കപ്പെടുന്നില്ല; ആരെയും പരീക്ഷിക്കുന്നുമില്ല (യാക്കോ 1,13). 

മാറ്റമില്ലാത്തവനാണ് ദൈവം എന്നു പ്രസ്‌താവിക്കുന്നതിൽ അവിടുത്തെ വാഗ്ദാനങ്ങളുടെ സ്‌ഥിരതയെയുംകുറിച്ചു സൂചനയുമുണ്ട്. "ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ, എൻ്റെ വചനങ്ങൾ കടന്നുപോകയില്ല" (ലൂക്കാ 21,33) എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലൊ. ജീവൻ്റെ കിരീടത്തെക്കുറിച്ച് പരീക്ഷകളെ അതിജീവിക്കുന്നവർക്കു ദൈവം നല്കിയിരിക്കുന്ന വാഗ്ദ‌ാനത്തിലും ഒരിക്കലും മാറ്റം വരില്ല എന്നും യാക്കോബ് ശ്ലീഹാ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു (യാക്കോ 1,12; 2,5).

3. എല്ലാ ദാനങ്ങളുടെയും ഉറവിടം 

സ്രഷ്ടാവായ ദൈവത്തിൽ നിന്നാണ് വിശിഷ്‌ടവും പൂർണ്ണവുമായ എല്ലാ ദാനങ്ങളും വരുന്നത്. അവിടുന്ന് സൃഷ്‌ടവസ്തുക്കൾക്കുപരിയാണ് എന്നു സൂചിപ്പിക്കുവാനാണ് “ഉന്നതത്തിൽ നിന്ന്” എന്നുള്ള പ്രയോഗം (യാക്കോ 1,17). പിതാവായ ദൈവത്തിൽ നിന്ന് വിശിഷ്ടവും പൂർണ്ണവുമായ ദാനങ്ങൾ മാത്രമേ വരൂ എന്നു സ്‌ഥാപിക്കുക വഴി പരീക്ഷകൾക്കു കാരണമാകുന്ന ദുരാശയും തിന്മയുമൊന്നും അവിടുന്നിൽ നിന്നല്ല എന്നുകൂടി വ്യക്‌തമാക്കുന്നു. 

വിനീതർക്കാണ് അവിടുന്നു തൻ്റെ കൃപ നല്‌കുന്നത് (യാക്കോ 4, 6). അതുകൊണ്ടാണ് വിനീത ഹൃദയൻ തൻ്റെ ഉയർച്ചയിൽ അഭിമാനിക്കട്ടെ (യാക്കോ 1,9) എന്നും യാക്കോബ് ശ്ലീഹാ ഉപദേശിക്കുന്നത്.

4. ചോദിക്കുന്നവർക്കെല്ലാം ഉദാരമായി കൊടുക്കുന്നവൻ 

പിതാവായ ദൈവത്തിൻ്റെ പ്രത്യേക സവിശേഷതയായി യാക്കോബ് ശ്ലീഹാ എടുത്തുകാണിക്കുന്നത് അവിടുത്തെ ഉദാരമനസ്കതയാണ്. തന്നോട് ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാത്തവനാണ് അവിടുന്ന് (യാക്കോ 1,5); ഉദാരമായി കൊടുക്കുന്നവനും. അവിടുന്ന് എല്ലാവരുടെയും പിതാവാണ് എന്നതുതന്നെയാണ് ഈ ഔദാര്യത്തിൻ്റെ പിന്നിലെ സത്യം. മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കുന്നതു മാനുഷിക പിതാക്കന്മാരുടെപോലും സ്വഭാവമാണ്. എങ്കിൽപ്പിന്നെ സ്വർഗീയപിതാവിൻ്റെ കാര്യം പറയേണ്ടതുണ്ടോ? (മത്താ 7,11). സ്വർഗത്തിൽനിന്ന് അവിടുന്ന് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ സമൃദ്ധമായി നല്‌കും (ലൂക്കാ 11,13). വി. യോഹന്നാൻ സുവിശേഷത്തിലും പരിശുദ്ധാത്മാവിനെ വാഗ്‌ദാനം ചെയ്യുന്ന സാഹചര്യത്തിൽ, പിതാവിനോട് ചോദിക്കുന്നവർക്കൊക്കെ അവിടുന്ന് ഉദാരമായി നല്‌കുമെന്ന് ഈശോ ഉറപ്പു നല്‌കുന്നുണ്ട്. "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എൻ്റെ നാമത്തിൽ നിങ്ങൾ പിതാവിനോടു ചോദിക്കുന്നതെന്തും, അവൻ നിങ്ങൾക്കു തരും. ഇന്നോളം നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കുവിൻ! അപ്പോൾ, നിങ്ങളുടെ സന്തോഷം പൂർണ്ണമാകത്തക്കവിധം നിങ്ങൾക്കു ലഭിക്കും" (യോഹ 16, 23-24). 

വിശ്വാസ പരീക്ഷകൾ ക്ഷമാപൂർവ്വം അതിജീവിക്കുന്നതിനാവശ്യമായ വിജ്‌ഞാനം ആവശ്യപ്പെടുന്നവർക്കൊക്കെ നല്‌കുന്നവനാണ് അവിടുന്ന്. ഈ ജ്‌ഞാനമാകട്ടെ പരിശുദ്ധവും സമാധാനപരവും സൗമ്യവും വിധേയത്വപൂർവ്വകവും കരുണാപൂരിതവും സൽഫലദായകവും അചഞ്ചലവും നിഷ്കപടവുമാകുന്നു (യാക്കോ 3,17). സഹനങ്ങളിൽ ജോബിനെപ്പോലെ ക്ഷമയോടെ കാത്തിരിക്കുന്നവർക്കു കാരുണ്യവാനും ദയാലുവുമാണവിടുന്ന് (യാക്കോ 5,11).

5. ദരിദ്രരുടെ നിലവിളി ശ്രവിക്കുന്നവൻ 

പാവപ്പെട്ടവരോടു പ്രത്യേക പരിഗണനയുള്ളവനാണു ദൈവം. ധനികരുടെ ചൂഷണത്തിനും അനീതിയ്ക്കും ഇരയാകുന്നവരുടെ സ്വരം ശ്രവിക്കാനായി ചെവി ചായ്ക്കുന്നവനാണ് അവിടുന്ന് (യാക്കോ 5,4-5). സഹായത്തിനാരുമില്ലാത്തവർക്ക് കർത്താവാണ് ആശ്രയം. മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി അവിടുന്നു നീതി നടത്തികൊടുക്കും. തന്നോട് അടുക്കുന്നവരോട് അടുക്കുന്നവനാണ് നമ്മുടെ ദൈവം (യാക്കോ 4,8). വിശ്വാസത്തിൽ സമ്പന്നരായ ദരിദ്രർക്കാണല്ലൊ ദൈവത്തോടടുക്കാൻ എളുപ്പം. ഇങ്ങനെയുള്ളവരെയാണ് സ്വർഗരാജ്യത്തിനവകാശികളായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് (യാക്കോ 2,5). ദുരിതമനുഭവിക്കുന്ന അനാഥർക്കും വിധവകൾക്കും ചെയ്യപ്പെടുന്ന ശുശ്രൂഷ തനിക്കുതന്നെയുള്ള ശുശ്രൂഷയായി പരിഗണിക്കുന്നവനാണവിടുന്ന് (യാക്കോ 1,27). "ദരിദ്രരേ, നിങ്ങൾ അനുഗൃഹീതർ; ദൈവരാജ്യം നിങ്ങളുടേതാണ്" (ലൂക്കാ 6,20) എന്ന് അരുളിച്ചെയ്‌തപ്പോൾ ഈശോ വ്യക്തമാക്കിയതും പിതാവായ ദൈവത്തിന് ദരിദ്രരോടുള്ള പ്രത്യേക പരിഗണന തന്നെയായിരുന്നു.

6. വിശ്വാസത്തിൽ ജനിപ്പിക്കുന്ന ദൈവം 

ആദ്യസൃഷ്‌ടിയിൽ പ്രപഞ്ചത്തിനും അതിലുള്ളവയ്ക്കും അസ്തിത്വം നല്കിയ പിതാവായ ദൈവം തൻ്റെ പുത്രനും വചനവുമായ ഈശോയിൽ പുതിയൊരു സൃഷ്‌ടികർമ്മത്തിന് ആരംഭം കുറിച്ചു. ഈശോമിശിഹായിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തിൻ്റെ തുടക്കമായിരുന്നു അത്. ഈ നവസൃഷ്‌ടിയിൽ ആദ്യജാതരാകാനുള്ള ഭാഗ്യം ലഭിച്ചത് യാക്കോബ് ശ്ലീഹായുടെ സമകാലികരായിരുന്ന ആദ്യനൂറ്റാണ്ടിലെ ക്രൈസ്തവവിശ്വാസികൾക്കായിരുന്നു. മുഖ്യമായും അവരെ ഉദ്ദേശിച്ചാണല്ലൊ യാക്കോബ് ശ്ലീഹാ തൻ്റെ ലേഖനമെഴുതിയത്. 

വ്യക്തമായ ഒരു ദൈവിക നിശ്ച‌യം ഈ സൃഷ്ടിക്കു പിന്നിലുണ്ട് (യാക്കോ 1,18). മുൻകൂട്ടി ദൈവം നിശ്ചയിച്ചതനുസരിച്ചാണ് സത്യ വചനത്താൽ അവിടുന്നു നമ്മെ വിശ്വാസത്തിൽ ജനിപ്പിച്ചത്. ഇതെക്കുറിച്ചു വി. പൗലോസ്ശ്ലീഹാ ഇപ്രകാരം എഴുതുന്നു: “ദൈവത്ത സ്നേഹിക്കുന്നവർക്ക്, അവൻ മുൻകൂട്ടി നിശ്ച‌യിച്ചവർക്ക്, അവൻ സകലത്തിലും നന്മയ്ക്കായി സഹായം ചെയ്യുന്നുവെന്ന് നാം അറിയുന്നു. താൻ ആദിമുതൽ അറിഞ്ഞിരുന്നവരെ തൻ്റെ പുത്രന് അനുരൂപരാക്കാൻ അവൻ മുൻകുട്ടി നിശ്ച‌യിക്കുകയും, അങ്ങനെ തൻ്റെ പുത്രനെ അനേകം സഹോദരരിൽ ആദ്യജാതനാക്കുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചിരുന്നവരെ അവൻ വിളിക്കുകയും വിളിച്ചവരെ നീതീകരിക്കുകയും നീതീകരിച്ചവരെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു" (റോമാ 8, 28-30). ഈ യാഥാർത്ഥ്യം തന്നെയാണ് യാക്കോബ് ശ്ലീഹായും വിവരിക്കുന്നത്: “തൻ്റെ സൃഷ്‌ടികളിൽ നാം ആദ്യഫലങ്ങളായിരിക്കാൻ അവൻ നിശ്ചയിക്കയും സത്യവചനത്താൽ നമ്മെ ജനിപ്പിക്കുകയും ചെയ്തു" (യാക്കോ 1,18). 

ദൈവത്തിൻ്റെ തന്നെ സത്യവചനമായ ഈശോമിശിഹാവഴിയാണ് പുതിയ സൃഷ്ട‌ികർമ്മം അവിടുന്നു നിർവ്വഹിക്കുന്നത്. നവ ജന്മത്തിൽ നമുക്കു നല്കപ്പെട്ടിരിക്കുന്ന നല്ല നാമവും ഈശോമിശിഹായുടേതു തന്നെ (യാക്കോ 2,7). ക്രൈസ്‌തവാസ്‌തിത്വം പിതാവായ ദൈവത്തിൻ്റെ പ്രവൃത്തിയാണ്; തൻ്റെ പുത്രനിലൂടെ അവിടുന്നു പൂർത്തിയാക്കുന്ന പ്രവൃത്തി. അതുകൊണ്ടാണ് "ദൈവത്തിൻ്റെയും നമ്മുടെ കർത്താവായ ഈശോമിശിഹായുടെയും ദാസൻ" എന്ന് യാക്കോബ് ശ്ലീഹാ സ്വയം വിശേഷിപ്പിക്കുന്നത് (യാക്കോ 1,1).

 

ദൈവികഛായയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന ഉല്പത്തി ഗ്രന്ഥകാരൻ്റെ പ്രസ്‌താവനയുടെ (ഉല്‌പ 1,26) വെളിച്ചത്തിൽ പുതിയ സൃഷ്‌ടിയെയും യാക്കോബ് ശ്ലീഹാ വ്യാഖ്യാനിക്കുന്നുണ്ട് (യാക്കോ 3,9). ദൈവപുത്രനായ ഈശോമിശിഹായോട് വിശ്വാസികളെ അനുരൂപപ്പെടുത്തുന്ന ഈ പുതിയ സൃഷ്‌ടിയിലൂടെയാണ് ദൈവിക ഛായ അതിൻ്റെ പൂർണ്ണതയിലെത്തുന്നത്. ഒരേ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സഹോദരരെ തരംതിരിച്ചു കാണാതിരിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വം കൂടി വ്യംഗ്യമായി ശ്ലീഹാ ഇവിടെ സൂചിപ്പിക്കുന്നുണ്ട്.

II. നീതീകരണം - വിശ്വാസംവഴിയോ പ്രവൃത്തിവഴിയോ? 

വിശ്വാസജീവിതമാണ് യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൻ്റെ മുഖ്യപ്രമേയം എന്നു നമ്മൾ കണ്ടുവല്ലൊ. ദൈവത്തിലുള്ള വിശ്വാസം അനുദിനജീവിതപ്രവൃത്തികളിലൂടെ പ്രകടിപ്പിക്കുന്നതാണു വിശ്വാസജീവിതത്തിൻ്റെ കാതൽ. പ്രവൃത്തികളിൽ പ്രതിഫലിക്കാത്ത വിശ്വാസം വിശ്വാസമേയല്ല. “എൻ്റെ സഹോദരരേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്‌താൽ, എന്തു പ്രയോജനം? അയാളുടെ വിശ്വാസത്തിന് അയാളെ രക്ഷിക്കാൻ കഴിയുമോ?... മനുഷ്യൻ വിശ്വാസംകൊണ്ടു മാത്രമല്ല, പ്രവൃത്തികൾ കൊണ്ടുകൂടി നീതീകരിക്കപ്പെടുന്നുവെന്ന് അറിയുവിൻ... പ്രാണനില്ലാത്ത ശരീരം ചത്തതായിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും ചത്തതാകുന്നു" (യാക്കോ 2,14-26) തുടങ്ങിയ പ്രസ്താവനകൾ ഈ സത്യമാണു വ്യക്‌തമാക്കുന്നത്. ഇതു തെളിയിക്കുന്നതിനു യാക്കോബ് ശ്ലീഹാ സ്വീകരിക്കുന്നത് പിതാവായ അബ്രാഹത്തിൻ്റെ ഉദാഹരണമാണ്. “നമ്മുടെ പിതാവായ അബ്രാഹം തൻ്റെ പുത്രൻ ഇസഹാക്കിനെ ബലിപീഠത്തിൽ കയറ്റിയ പ്രവൃത്തി വഴിയല്ലെ നീതീകരിക്കപ്പെട്ടത്?” (യാക്കോ 2,21). ചുരുക്കത്തിൽ, നീതീകരണം പ്രവൃത്തിവഴിയാണ് എന്ന് യാക്കോബ് ശ്ലീഹാ സഥാപിക്കുന്നു. 

അബ്രാഹം സ്വപുത്രനെ ബലിയർപ്പിക്കാൻ സന്നദ്ധനായ പ്രവൃത്തിവഴിയാണ് നീതീകരിക്കപ്പെട്ടത് എന്ന യാക്കോബിൻ്റെ പ്രസ്താവനയും“വിശ്വാസം വഴി നീതീകരണം" എന്ന പൗലോസ് ശ്ലീഹായുടെ നിലപാടും എങ്ങനെ പൊരുത്തപ്പെട്ടു പോകുമെന്ന പ്രശ്‌നമുദിക്കുന്നു. ഇരുവരും അവരുടെ വാദഗതികൾ ഉറപ്പിക്കാൻ പിതാവായ അബ്രാഹത്തിൻ്റെ ഉദാഹരണംതന്നെ സ്വീകരിക്കുന്നു എന്ന വസ്‌തുത പ്രശത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയും ചെയ്യുന്നു. ഇരുവരും പറയുവാൻ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്‌തമായി മനസിലാക്കി കഴിയുമ്പോൾ പ്രഥമ ദൃഷ്ട്യാ തേന്നുന്ന ഈ പ്രശ്നം ഒരു പ്രശ്‌നമേയല്ലാ എന്നു ബോധ്യമാകും. യാക്കോബിൻ്റെ നിലപാട് നമ്മൾ വിശകലനം ചെയ്തതാകയാൽ പൗലോസ് പറയുന്നതെന്തെന്നു ശ്രദ്ധിക്കാം. 

നിയമാനുഷ്ഠാനത്തെക്കുറിച്ച്, പ്രത്യേകിച്ച് പരിച്‌ഛേദന സംബന്ധമായ നിയമാനുഷ്‌ഠാനത്തെക്കുറിച്ച് റോമായിലെ സഭാംഗങ്ങളോടു പ്രതിപാദിക്കുന്ന സന്ദർഭത്തിലാണ് വി. പൗലോസ് "വിശ്വാസം വഴിയാണ് നീതീകരണം" എന്നു പഠിപ്പിക്കുന്നത്. നിയമത്തിൻ്റെ ബാഹ്യമായ അനുഷ്‌ഠാനത്താൽ മാത്രം ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല എന്നതാണ് അദ്ദേഹം സ്‌ഥാപിക്കാനാഗ്രഹിക്കുന്ന സത്യം (റോമാ 3,20). ദൈവപുത്രനായ ഈശോമിശിഹായുടെ വരവോടുകൂടി, അവിടുത്തെ രക്ഷാകരമായ മരണത്തോടുകൂടി, നിയമാനുഷ്‌ഠാനം കൂടാതെയുള്ള ദൈവത്തിൻ്റെ നീതി വെളിവായിരിക്കുന്നു. "ദൈവത്തിൻ്റെ ഈ നീതി വിശ്വസിക്കുന്ന എല്ലാവർക്കും, ഒരു വ്യത്യാസവും കൂടാതെ, ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു... ഈശോമിശിഹാവഴിയുള്ള പരിത്രാണത്തിലൂടെ അവൻ്റെ കൃപാവരം അവർക്കു ദാനമായി ലഭിച്ചതുമൂലം അവർ നീതീകരിക്കപ്പെടുന്നു" (റോമാ 3,21-24). അദ്ദേഹം തുടർന്നു ചോദിക്കുന്നു: "ഏതു നിയമത്താലാണു നീതീകരണം? പ്രവൃത്തികളുടെ നിയമത്താലോ? അല്ല, വിശ്വാസത്തിൻ്റെ നിയമത്താൽ. അതിനാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നതു നിയമത്തിൻ്റെ പ്രവൃത്തികളാലല്ല, വിശ്വാസത്താലാകുന്നു വെന്നു നാം കരുതുന്നു" (റോമാ 4,27-28). പരിച്‌ഛേദനം സ്വീകരിക്കുന്നതിനു വളരെ മുമ്പേ പ്രത്യാശയ്ക്കു വകയില്ലാതിരിക്കെ ദൈവത്തിൻ്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച അബ്രാഹത്തെക്കുറിച്ചാണ്, അദ്ദേഹത്തിൻ്റെ വിശ്വാസം നീതിയായിട്ടു കണക്കപ്പെട്ടു എന്നു പറയപ്പെട്ടിരിക്കുന്നത് എന്ന് പൗലോസ് തുടർന്നു വിശദീകരിക്കുന്നു (റോമാ 4,9-12). “തന്നോടു ചെയ്ത വാഗ്‌ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അയാൾ പൂർണമായി വിശ്വസിച്ചു. ഇതിനാൽ അയാളുടെ വിശ്വാസം അയാൾക്കു നീതിയായി കണക്കാക്കപ്പെട്ടു" (റോമാ 4,21-22). പൗലോസും യാക്കോബും വിവക്ഷിക്കുന്ന കാര്യങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടോ എന്നു മനസിലാക്കാൻ "വിശ്വാസം, പ്രവൃത്തി, നീതീകരണം" എന്നിവ കൊണ്ട് ഇവർ ഉദ്ദേശിക്കുന്നതെന്തെന്ന് ആദ്യം മനസിലാക്കണം. 

1. വിശ്വാസം 

യാക്കോബ് ശ്ലീഹാ പറയുന്നത്, “മനുഷ്യൻ വിശ്വാസം കൊണ്ടു മാത്രമല്ല നിതീകരിക്കപ്പെടുന്നത്" എന്നാണ്. അദ്ദേഹം മുമ്പിൽ കാണുന്ന വിശ്വാസം പിശാചുക്കൾക്കുപോലുമുള്ളതാണ്. "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നതു നല്ല കാര്യം. പിശാചുക്കളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടല്ലൊ?" (യാക്കോ 2,19). ദൈവം ഏകനാണെന്നും അവിടുത്തെ പുത്രനാണ് ഈശോയെന്നും പിശാചുക്കൾപോലും വിശ്വസിക്കുന്നതിനു സുവിശേഷത്തിൽ തെളിവുകളുണ്ട്. “സംഘത്തിൽ അശുദ്ധാത്മാവു ബാധിച്ച ഒരാളുണ്ടായിരുന്നു. അയാൾ നിലവിളിച്ചു പറഞ്ഞു: 'നസ്രായനായ ഈശോയേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിൻ്റെ പരിശുദ്ധൻ!” (മർക്കോ 1,23-24). അശുദ്ധാത്മാക്കൾക്ക് ഈശോയെക്കുറിച്ചുള്ള സത്യം അറിയാമായിരുന്നെങ്കിലും തദനുസൃതം പ്രവർത്തിക്കാൻ അവർ തയ്യാറായില്ല. അവരുടെ പ്രവൃത്തികളിൽ വിശ്വാസം നിഴലിച്ചില്ല; അവരെപ്പോഴും ഈശോയ്‌ക്കെതിരായാണ് നിലകൊണ്ടത്. പ്രവൃത്തിയിലെത്താത്ത ഇത്തരത്തിലുള്ള വിശ്വാസംകൊണ്ടു മാത്രം പ്രയോജനമില്ല എന്നാണ് യാക്കോബ് ശ്ലീഹാ സ്‌ഥാപിക്കുന്നത്. യഥാർത്ഥ വിശ്വാസം പിതാവായ ദൈവത്തോടും അവിടുത്തെ പുത്രനായ ഈശോമിശിഹായോടുമുള്ള അനുസരണത്തോടുകൂടിയ വ്യക്‌തിപരമായ പ്രതിജ്‌ഞാബദ്ധതയാണ് (യാക്കോ 1,6; 2,1). 

വി. പൗലോസ് ശ്ലീഹായെ സംബന്ധിച്ചും വിശ്വാസമെന്നത് നിത്യം ജീവിക്കുന്നവനായ കർത്താവീശോമിശിഹായോടുള്ള പ്രതിജ്‌ഞാബദ്ധത തന്നെയാണ്: “അതിനാൽ നമ്മുടെ കർത്താവീശോമിശിഹായെ അധരങ്ങൾകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരണശേഷം ഉയിർപ്പിച്ചുവെന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്പെടും; അവനിൽ വിശ്വസിക്കുന്നവൻ നീതീകരിക്കപ്പെടുന്നു; അവനെ ഏറ്റുപറയുന്നവൻ രക്ഷ പ്രാപിക്കുകയും ചെയ്യുന്നു (റോമാ 10, 9-10). ദൈവപുത്രനായ മിശിഹായോടുള്ള ഈ പ്രതിജ്‌ഞാബദ്ധത ഉപവി പ്രവൃത്തികളിൽ പ്രതിഫലിക്കണമെന്നതും വി. പൗലോസിൻ്റെ പഠനമാണ് "(പരിച്ഛേദന) നിയമത്താൽ നീതീകരിക്കപ്പെടാൻ ശ്രമിക്കുന്ന നിങ്ങൾ മിശിഹായിൽ നിന്ന് അകന്നുപോയിരിക്കുന്നു; കൃപാവരത്തിൽ നിന്നു നിപതിക്കുകയും ചെയ്‌തിരിക്കുന്നു. വിശ്വാസം വഴിയുള്ള നീതി കരണത്തിനായി ആത്മാവിൽ പ്രത്യാശയോടെ ഞങ്ങൾ കാത്തുകഴിയുന്നു. കാരണം, മിശിഹായായ ഈശോയിൽ പരിച്‌ഛേദനവും അപരിച്ഛേദനവും ഒന്നുമില്ല; സ്നേഹത്തിലൂടെ കർമ്മനിരതമായ വിശ്വാസമാണു പ്രധാനം" (ഗലാ 5,5-7). സ്നേഹമില്ലാതെ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവില്ലെന്നും പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട് (1 കൊറി 6, 8-10). 

അബ്രാഹത്തിൻ്റെ ഉദാഹരണം യാക്കോബ് ശ്ലീഹായും പൗലോസ് ശ്ലീഹായും ചൂണ്ടിക്കാണിക്കുന്നെങ്കിലും വ്യത്യസ്‌ത വീക്ഷണകോണങ്ങളിലൂടെയാണ് ഇരുവരും അബ്രാഹത്തെ നോക്കികാണുന്നത്. വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് ഈ ഉദാഹരണം ഇവർ ഉപയോഗിക്കുന്നത്. പൗലോസിനെ സംബന്ധിച്ച് പരിച്ഛേദനനിയമവും അതിൻ്റെ അനുഷ്ഠാനവും ഉടലെടുക്കുന്നതിനു മുമ്പേ അബ്രാഹത്തിലുണ്ടായിരുന്ന വിശ്വാസം മൂലമാണദ്ദേഹം നീതിമാനായി പരിഗണിക്കപ്പെട്ടത് (റോമാ 4). യാക്കോബിനെ സംബന്ധിച്ചാകട്ടെ, ഉല്‌പ 15,6 ൽ പരാമർശിക്കപ്പെടുന്ന അബ്രാഹത്തിൻ്റെ വിശ്വാസം ഉല്‌പ 22 ൽ പ്രകാശിതമായ പ്രവൃത്തിയിലേക്കു നയിക്കുന്നതായിരുന്നു (യാക്കോ 2,21-24). ഈ പ്രസ്‌താവനകൾ പരസ്പര വിരുദ്ധങ്ങളെന്നതിലുപരി, പരസ്‌പര പൂരകങ്ങളാണ്. പൗലോസിൻ്റെ വീക്ഷണത്തിൽ പരിച്‌ഛേദനം പോലുള്ള നിയമത്തിൻ്റെ അനുഷ്ഠാനം വിശ്വാസത്തെ പ്രകടിപ്പിക്കാൻ സഹായിച്ചേക്കാം. എന്നാൽ പ്രവൃത്തിയില്ലാത്ത വിശ്വാസം ഒന്നിനും ഉപകരിക്കില്ല (ഗലാ 5,19-21). യാക്കോബിൻ്റെ വീക്ഷണത്തിൽ ഇപ്രകാരം ഉപകാരമില്ലാത്ത വിശ്വാസമാണ് പ്രവൃത്തിപഥത്തിലെത്താത്തത്. പ്രവൃത്തിയെക്കുറിച്ച് ഇരുവർക്കുമുള്ള ആശയം മനസിലാക്കിയാലേ ഈ പറഞ്ഞതു വ്യക്തമാകൂ.

2. പ്രവൃത്തികൾ 

യാക്കോബ് ശ്ലീഹായ്ക്കു പ്രവൃത്തികളെക്കുറിച്ചുള്ള ആശയം 2,14-26 ൽ നിന്നു വ്യക്തമാണ്. "ഒരു സഹോദരനോ സഹോദരിക്കോ ധരിക്കാൻ വസ്ത്രമോ കഴിക്കാൻ ഭക്ഷണമോ ഇല്ലെന്നിരിക്കട്ടെ. അവരുടെ ശരീരത്തിനാവശ്യമായവ കൊടുക്കാതെ, 'സമാധാനത്തോടെ പോവുക, തീ കായുക, ഭക്ഷിച്ചു തൃപ്‌തരാകുക' എന്നു നിങ്ങളിൽ ആരെങ്കിലും പറഞ്ഞാൽ, അതുകൊണ്ട് എന്തു പ്രയോജനം! അതിനാൽ പ്രവൃത്തിരഹിതമായ വിശ്വാസം അതിൽത്തന്നെ നിർജീവമാണ് (2,15-17). 'നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കണം' എന്ന ദൈവികനിയമം പാലിച്ചാലേ വിശ്വാസം യഥാർത്ഥമാകൂ എന്നു വ്യംഗ്യം. ഈ ദൈവകല്‌പന അനുസരിച്ച വ്യക്‌തിയായിരുന്നു അബ്രാഹം (ഉല്പ 18). ജീവിതകാലം മുഴുവൻ അദ്ദേഹം പുലർത്തിയിരുന്ന ഈ അനുസരണത്തിൻ്റെയും സഹോദര സ്നേഹത്തിൻ്റെയും മകുടോദാഹരണമായിരുന്നു ഇസഹാക്കിൻ്റെ ബലിയർപ്പണം. വേശ്യയായ റാഹാബും ചാരന്മാരോടു പ്രദർശിപ്പിച്ച ഉപവി മൂലമാണല്ലൊ നീതീകരിക്കപ്പെട്ടത് (യാക്കോ 2,25). 

പൗലോസ് ശ്ലീഹായുടെ വീക്ഷണത്തിൽ നിയമാനുഷ്‌ഠാനത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തികൾ ഒരുവനെ ദൈവമുമ്പിൽ നീതിമാനാക്കുന്നില്ല. ഉദാഹരണത്തിന്, യഹൂദരെ വിജാതീയരിൽനിന്നു വേർതിരിക്കുന്ന പരിച്ഛേദനത്തിൻ്റെ അനുഷ്‌ഠാനംവഴി ആരും നീതീകരിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈശോമിശിഹായിൽ വിശ്വസിക്കാനാഗ്രഹിക്കുന്ന വിജാതീയർ ഇത്തരത്തിലുള്ള യഹൂദാചാരങ്ങൾ പാലിക്കേണ്ടതില്ല. “പരിച്‌ഛേദിതനാകുന്നതിനു മുമ്പുതന്നെ വിശ്വാസം വഴി ലഭിച്ച നീതീകരണത്തിൻ്റെ മുദ്രയായിട്ടാണ് പരിച്‌ഛേദനമെന്ന അടയാളം അയാൾ (അബ്രാഹം) സ്വീകരിച്ചത്. ഇത് പരിച്ഛേദനം കൂടാതെ വിശ്വാസികളായി ഭവിച്ച എല്ലാവർക്കും അയാൾ പിതാവാകേണ്ടതിനും അങ്ങനെ അത് അവരുടെ നീതീകരണത്തിനായി പരിഗണിക്കപ്പെടേണ്ടതിനുമായിരുന്നു. അയാൾ പരിച്‌ഛേദിതരുടെ മാത്രം പിതാവല്ല; നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്ഛേദനത്തിനു മുമ്പുണ്ടായിരുന്ന വിശ്വാസത്തിൻ്റെ മാതൃക സ്വീകരിക്കുന്നവരുടെയുംകൂടി പിതാവാണ്” (റോമാ 4,11-12). 

പ്രവൃത്തികളെ സംബന്ധിച്ച് യാക്കോബും പൗലോസും തമ്മിൽ വിവാദമില്ല. ഉദാഹരണത്തിന് പൗലോസ് ശ്ലീഹാ എഴുതുന്നു: “നിങ്ങളുടെ സ്നേഹം വഞ്ചനാത്മകമാകരുത്. തിന്മയെ വെറുക്കുകയും നന്മയെ മുറുകെ പിടിക്കുകയും ചെയ്യുവിൻ. നിങ്ങൾ സാഹോദര്യത്തോടെ പരസ്പ‌രം സ്നേഹിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടു നില്ക്കുവിൻ... ക്ലേശങ്ങളിൽ ക്ഷമാശീലരായിരിക്കുവിൻ. പ്രാർത്ഥനയിൽ സുസ്ഥിരരായിരിക്കുവിൻ. വിശുദ്ധരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവിൻ. അതിഥി സൽക്കാരത്തിൽ തൽപരരാകുവിൻ. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ. കരയുന്നവരോടൊത്തു കരയുവിൻ. നിങ്ങളെപ്പറ്റി നിങ്ങൾ വിചാരിക്കുന്നത് നിങ്ങളുടെ സഹോദരരെപ്പറ്റിയും വിചാരിക്കുവിൻ. അഹന്ത വെടിഞ്ഞ് എളിയവരുമായി സഹവസിക്കുവിൻ. നിങ്ങൾ വിവേകികളെന്നു സ്വയം ഭാവിക്കരുത്. തിന്മയ്ക്കുപകരം തിന്മ ചെയ്യരുത്. എല്ലാവരുടെയും ദൃഷ്ടിയിൽ ഉൽകൃഷ്ടമായതു ചെയ്യാൻ ശ്രദ്ധിക്കുവിൻ. കഴിയുന്നിടത്തോളം എല്ലാ മനുഷ്യരുമായി സമാധാനത്തിൽ വർത്തിക്കുവിൻ... തിന്മ നിങ്ങളെ കീഴ്പ്പെടുത്തരുത്. മറിച്ച്, നിങ്ങൾ നന്മകൊണ്ട് തിന്മയെ കീഴടക്കുവിൻ" (റോമാ 12,9-21). നന്മ ചെയ്യുന്നതിൽ മടുപ്പു തോന്നാതിരിക്കാനുള്ള പൗലോസിൻ്റെ ഈ ഉപദേശം തന്നെയാണ് (ഗലാ 6,9) യാക്കോബ് ശ്ലീഹാ തൻ്റെ ലേഖനത്തിലുടനീളം നല്കുന്നതും.

3) നീതീകരണം 

നീതീകരിക്കപ്പെടുകയെന്നാൽ ദൈവവുമായി ശരിയായ ബന്ധത്തിലാവുക എന്നർത്ഥം. മനുഷ്യൻ്റെ പാപവും മറ്റ് അയോഗ്യതകളും നീക്കി ആദ്യസൃഷ്‌ടിയിൽ ഉണ്ടായിരുന്ന ദൈവികഛായയും സാദൃശ്യവും നല്‌കി ദൈവികസഹവാസത്തിലേയ്ക്ക് അവനെ നയിക്കാൻ കഴിവും അധികാരവുമുള്ളവൻ ദൈവമാകയാൽ മനുഷ്യനെ നീതീകരിക്കുന്നത് അവിടുന്നുതന്നെയാണ്. 

വിശ്വാസംവഴി ഒരുവൻ നീതീകരിക്കപ്പെടുന്നു എന്നു പൗലോസ് ശ്ലീഹാ പറയുമ്പോൾ അർത്ഥമാക്കുന്നത്, ഈശോമിശിഹായിൽ വിശ്വസിക്കാനാരംഭിക്കുക വഴി പാപിയായ മനുഷ്യൻ ദൈവമുമ്പിൽ നേടുന്ന നീതീകരണമാണ്. "നമ്മുടെ കർത്താവായ ഈശോയെ മരണശേഷം ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും ഇതു നീതിക്കായി കണക്കാക്കപ്പെടും. ഈശോ നമ്മുടെ പാപങ്ങൾ മൂലം കയ്യേല്‌പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തു” (റോമാ 4, 24-25). “അങ്ങനെ ഒരു മനുഷ്യൻ്റെ പാപം എല്ലാ മനുഷ്യർക്കും ശിക്ഷാ വിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യൻ്റെ നീതിനിഷ്ഠ എല്ലാ മനുഷ്യർക്കും ജീവദായകമായ നീതീകരണം നല്‌കുന്നു" (ഗലാ 5,18). ക്രൈസ്തവനെ തിരിച്ചറിയാനുള്ള അടയാളമാണിത്. അന്ത്യദിനത്തിൽ സംഭവിക്കാനിരിക്കുന്ന നീതീകരണത്തിൻ്റെ ഭാഗികമായ മുന്നനുഭവവും. യാക്കോബിൻ്റെ കാഴ്‌ചപ്പാടിൽ നീതീകരണമെന്നത് ഒരുവൻ തൻ്റെ ജീവിതമനോഭാവത്തിൻ്റെയും പെരുമാറ്റത്തിൻ്റെയും അടിസ്ഥാനത്തിൽ ദൈവതിരുമുമ്പിൽ നേടുന്ന അർഹതയാണ്. നന്മ ചെയ്തു ജീവിക്കുന്നവർക്ക് ജീവിതാന്ത്യത്തിൽ ദൈവസന്നിധിയിൽ ലഭിക്കാനിരിക്കുന്ന സ്വർഗഭാഗ്യമാണിത്; യാക്കോബിൻ്റെതന്നെ ഭാഷയിൽ “ദൈവം വാഗ്ദാനം ചെയ്ത്‌തിരിക്കുന്ന ജീവൻ്റെ കിരീടം" (യാക്കോ 1,12). വിശ്വാസജീവിതത്തിൻ്റെ ആരംഭത്തിലെ നീതീകരണത്തെ പൗലോസ് ശ്ലീഹാ ഉദ്ദേശിക്കുമ്പോൾ, വിശ്വാസജീവിതത്തിൻ്റെ അവസാനത്തിലെ നീതീകരണമാണ് യാക്കോബ് ശ്ലീഹാ വിവക്ഷിക്കുന്നത്. ഏതെങ്കിലും നിയമത്തിൻ്റെ അനുഷ്‌ഠാനമായ പ്രവൃത്തികൾ വഴിയല്ല ഒരുവനും വിശ്വാസ ജീവിതത്തിലേക്ക് ജനിക്കുന്നത്. അതു ദൈവത്തിൻ്റെ കൃപ ഒന്നിൻ്റെ മാത്രം ഫലമാണ്. വിശ്വാസത്തിൽ ജനിച്ചതുകൊണ്ടുമാത്രം എല്ലാമായില്ല - സ്വീകരിച്ച വിശ്വാസം സഹോദരരെ സ്നേഹിച്ചും അവർക്കു നന്മ ചെയ്തു കൊണ്ടു പ്രകടമാക്കണം. എങ്കിലേ കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിൽ നമ്മൾ സ്വീകാര്യരായി പരിഗണിക്കപ്പെടുകയുള്ളൂ. 

പ്രഥമദൃഷ്ട്യാ തോന്നാവുന്ന വൈരുദ്ധ്യം യാക്കോബ് പൗലോസ് ശ്ലീഹന്മാരുടെ പ്രസ്‌താവനകൾ തമ്മിലില്ല. തെറ്റിദ്ധരിക്കപ്പെടാനിടയുണ്ടായിരുന്ന പൗലോസിൻ്റെ പഠനത്തെ വ്യക്‌തമാക്കുക മാത്രമാണ് യാക്കോബ് ചെയ്യുന്നത്. പൗലോസിൻ്റെ വാദത്തെ ഖണ്ഡിക്കുകയല്ല, മറിച്ച്, അതിനെ വ്യാഖ്യാനിക്കുകയാണ് യാക്കോബ്. 

III. ഈശോയുടെ പ്രബോധനങ്ങൾ യാക്കോബിൻ്റെ ലേഖനത്തിൽ 

യാക്കോബ് ശ്ലീഹാ ഈശോയുടെ ഒരു വചനവും നേരിട്ട് ഉദ്ധരിക്കുന്നില്ലെങ്കിലും ലേഖനത്തിലുടനീളം അവിടുത്തെ വചനങ്ങൾ പ്രതിഫലിക്കുന്നുണ്ട്. സുവിശേഷങ്ങളിലെ ഈശോയുടെ മനോഭാവം ലേഖനത്തിൽ എപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നുവെന്നു പരിശോധിക്കുകയാണ് ഈ ഭാഗത്ത് നമ്മൾ. 

1,2: പരീക്ഷകളിൽ സന്തോഷിക്കുവിൻ- മത്താ 5,10-12: പീഡ സഹിക്കുന്നവർക്കു സ്വർഗരാജ്യം 

1,4: പൂർണ്ണരും തികവുറ്റവരും ആകേണ്ടതിന് -മത്താ 5,48: സ്വർഗീയ പിതാവിനെപ്പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ. 

1,5-8: വിശ്വാസത്തോടെയുള്ള പ്രാർത്ഥന ശ്രവിക്കപ്പെടും -മത്താ 7,7: ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും. 

1,6: സംശയിക്കാത്ത വിശ്വാസം- മത്താ 21,21: വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താൽ

1,1: സൂര്യനുദിക്കുമ്പോൾ വാടുന്ന പുല്ല്- മത്താ 13,6:സൂര്യനുദിക്കുമ്പോൾ വാടുന്ന ചെടി 

1,12: പരീക്ഷകളെ അതിജീവിക്കുന്നവനു ഭാഗ്യം -മത്താ 5,10-12: മിശിഹായെപ്രതി പീഡ സഹിക്കുന്നവർക്കു സ്വർഗരാജ്യം. 

1,17: വിശിഷ്ടവും പൂർണ്ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽ നിന്ന്- മത്താ 7,11: നന്മ മാത്രം നല്കുന്ന സ്വർഗീയ പിതാവ് 

1,19: കോപിക്കാൻ വിളംബമുള്ളവരായിരിക്കുവിൻ - മത്താ 5,22: സഹോദരനോടു കോപിക്കുന്നവനു ന്യായവിധി. 

1,21: നമ്മിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വചനം സ്വീകരിക്കുവിൻ - ലൂക്കാ 8,11-15: ദൈവവചനമാകുന്ന വിത്ത് 

1,22: വചനം പ്രവർത്തിക്കുന്നവരാകുവിൻ - മത്താ 7,21-27: എൻ്റെ കർത്താവേ, എൻ്റെ കർത്താവേ എന്നു വിളിക്കുന്നവനല്ല... എൻ്റെ വാക്കുകൾ കേട്ട് അവയനുസസരിച്ച് ജീവിക്കുന്നവനാണ് സ്വർഗരാജ്യം. ലൂക്കാ 11,28: ദൈവവചനം പാലിക്കുന്നവർ ദൈവ മാതാവിനെപ്പോലെ ശ്രേഷ്ഠർ 

1,25: കർമ്മനിരതനായ ശ്രോതാവ് -മത്താ 7,24: ദൈവഹിതമനുസരിച്ച് പ്രവർത്തിക്കുന്നവൻ 

1,27: അനാഥരെയും വിധവകളെയും സന്ദർശിക്കുന്നത് -മത്താ 25,35-40: ഞാൻ രോഗിയായിരുന്നു, കാരാഗൃഹത്തിലായിരുന്നു... നിങ്ങൾ എന്നെ സന്ദർശിച്ചു. എളിയവരായ സഹോദരർക്കു ചെയ്തത് എനിക്കുതന്നെ. 

2,5: ദരിദ്രരെ തിരഞ്ഞെടുക്കുന്ന ദൈവം - മത്താ 5,3: ദരിദ്രർ ഭാഗ്യവാന്മാർ 

2,8: അയൽക്കാരനെ സ്നേഹിക്കുക -മത്താ 22,39: നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക. 

2,10: ഒരു നിയമം ലംഘിച്ചാലും എല്ലാം ലംഘിച്ചതിനു തുല്യം -മത്താ 5,19: ഏറ്റവും നിസ്സാരമായ നിയമം ലംഘിച്ചാലും 

2,13: കാരുണ്യം വഴി വിധിക്ക് അതീതരാകാം മത്താ 5,7: കരുണയുള്ളവർക്കു കരുണ ലഭിക്കും 
മത്താ 18,34: സഹോദരരോടു ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ... 
മത്താ 25,45: എളിവർക്കു ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെ ചെയ്തില്ല.

2,14: പ്രവൃത്തിയില്ലാത്ത വിശ്വാസം - മത്താ 7,21: എൻ്റെ കർത്താവേ, എൻ്റെ കർത്താവേ, എന്നു വിളിക്കുന്നവനല്ല... 

2,15: ധരിക്കാൻ വസ്ത്രമില്ലാത്ത സഹോദരർ - മത്താ 25,36: ഞാൻ നഗ്നനായിരുന്നു 

2,19: പിശാചുക്കൾപോലും വിശ്വസിക്കുന്നു -മത്താ 8,29: പിശാചുബാധിതൻ ഈശോ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നു. 

3,1: നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത് -മത്താ 23,8: നിങ്ങൾ 'ഗുരു' എന്നു വിളിക്കപ്പെടരുത് 

3,2: നാവിൽ പിഴയ്ക്കാത്തവൻ പരിപൂർണ്ണൻ മത്താ 12,35: നല്ല മനുഷ്യൻ തൻ്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറത്തെടുക്കുന്നു

3,6: നാവ് തീയാണ് -മത്താ 15,11:ഒരുവനെ അശുദ്ധനാക്കുന്നതു വായിൽ നിന്നു വരുന്നവയാണ്. 

3, 12: അത്തിമരത്തിൽ ഒലിവു പഴമുണ്ടാവില്ല -മത്താ 7,16: ഞെരിഞ്ഞിലിൽ നിന്ന് അത്തിപ്പഴം പറിക്കാറില്ല 

3,17: സൽഫലദായകമായ ജ്‌ഞാനം -മത്താ 12,33: വൃക്ഷം നല്ലതെങ്കിൽ ഫലവും നല്ലത് 

3,18: സമാധാന സ്ഥാപകർ -മത്താ 5,9: സമാധാന സ്ഥാപകർ 

4,3: ചോദിക്കുന്നുവെങ്കിലും ലഭിക്കുന്നില്ല -മത്താ 7,7: ചോദിക്കുവിൻ, ലഭിക്കും 

4,4: ലോകമൈത്രി - ദൈവ ശത്രുത മത്താ 6,24: ഒരുവനും രണ്ട് യജമാനന്മാരെ സേവിക്കാനാവില്ല 

4,6: വിനീതർക്കു കൃപ നല്‌കുന്ന ദൈവം -ലൂക്കാ 14:11: തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും 

4,9: ചിരി കരച്ചിലാകും -ലൂക്കാ 6,25: ഇപ്പോൾ ചിരിക്കുന്നവർക്കു ദുരിതം 

4,10: ദൈവതിരുമുമ്പിൽ വിനീതരാകുവിൻ -മത്താ 23,12: തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും 

4,11: സഹോദരനെ വിധിക്കുന്നവൻ -മത്താ 7,1-5 വിധിക്കരുത് 

4,12: രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ളവൻ -മത്താ 10,28: ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കാൻ കഴിവുള്ളവൻ 

4,13: ഇന്നോ നളെയോ... -മത്താ 6,34: നാളയെക്കുറിച്ച് ആകുലത വേണ്ട 

4,17: നന്മ ചെയ്യണമെന്നറിഞ്ഞിട്ടും ചെയ്യാതിരിക്കുന്നവൻ -ലൂക്കാ 12,47: യജമാനൻ്റെ ഹിതമറിഞ്ഞിട്ടും തദനുസൃതം പ്രവർത്തിക്കാത്ത ദാസൻ

5,1: സമ്പന്നരേ, കരഞ്ഞു വിലപിക്കുവിൻ -ലൂക്കാ 6,24: സമ്പന്നർക്കു ദുരിതം 

5,2: സമ്പത്തു ദ്രവിച്ചിരിക്കുന്നു -മത്താ 6,19: ചിതലും പുഴുവും നശിപ്പിക്കുന്ന ഈ ഭൂമിയിലെ നിക്ഷേപങ്ങൾ 

5,3: സ്വർണ്ണത്തിനും വെള്ളിക്കും കറ -മത്താ 10,9: സ്വർണ്ണമോ വെള്ളിയോ എടുക്കരുത് 

5,5: ഭൂമിയിൽ സുഖലോലുപരായി ജീവിക്കുന്നവർ ലൂക്കാ 16,19-25: ധനികനും ലാസറും 

5,7: ക്ഷമയോടെ കാത്തിരിക്കുവിൻ -ലൂക്കാ 21,19- സഹനം വഴി ജീവൻ നേടാം 

5,9: ന്യായവിധി വാതില്ക്കൽ -മത്താ 24,33: അന്ത്യം പടിവാതില്ക്കൽ 

5,10: സഹനത്തിൽ പ്രവാചകർ മാതൃക -മത്താ 5,12: പ്രവാചകരെയും പീഡിപ്പിച്ചിട്ടുണ്ട് 

5,11: സഹനത്തിന് അധീനരായവർ അനുഗ്യഹീതർ -മത്താ 10,22: അവസാനംവരെ സഹിച്ചുനില്ക്കുന്നവർ ജീവിക്കും 

5,12: ആണയിടരുത് -മത്താ 5,34: ആണയിടരുത് 

വി. മത്തായി അറിയിച്ച സുവിശേഷത്തിൽ നിന്ന് മുപ്പത്തിയെട്ടോളം സമാന്തര ഭാഗങ്ങൾ നമ്മൾ കണ്ടു. ഇവയിൽ ഏറിയ പങ്കും മലയിലെ പ്രസംഗത്തിൽ നിന്നുമാണ്. കൂടാതെ, ഈശോ ദരിദ്രരായ തൻ്റെ ശ്ലീഹന്മാർക്കു നല്കിയ നിർദ്ദേശങ്ങളും യാക്കോബിൽ പ്രതിഫലിക്കുന്നുണ്ട്. ഫരിസേയർക്കും നിയമജ്‌ഞർക്കുമെതിരെ ഈശോ സ്വീകരിച്ച മനോഭാവം തന്നെയാണ് അഹങ്കാരികളായ ധനികരോട് യാക്കോബ് ശ്ലീഹാ പുലർത്തുന്നതും. വിശ്വാസികളുടെ സമൂഹത്തിന് നമ്മുടെ കർത്താവിന്റെ മനോഭാവം വിശദീകരിച്ചു നല്‌കുകയാണ് യാക്കോബ് ശ്ലീഹാ.

IV.യാക്കോബിന്റെ ലേഖനവും ഹെർമാസിന്റെ ഇടയനും 

രണ്ടാം നൂറ്റാണ്ടിൻ്റെ പകുതിയോടെ റോമിൽ വച്ചു വിരചിതമായതും “അപ്പസ്തോലിക പിതാക്കന്മാരുടെ" കൃതികളിൽപ്പെടുന്നതുമായ ഹെർമാസിൻ്റെ ഇടയനും യാക്കോബ് ശ്ലീഹായുടെ ലേഖനവും തമ്മിൽ ഉള്ളടക്കത്തിലും ശൈലിയിലും വലിയ സാമ്യമുണ്ട്. ആദിമ ക്രൈസ്ത‌വ സമൂഹത്തിലെ വിശ്വാസ പ്രശ്‌നങ്ങൾക്ക് ഈശോമിശിഹായുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ഇരു ഗ്രന്ഥകാരന്മാരും പരിഹാരം നിർദ്ദേശിക്കുന്നു. യാക്കോബിൻ്റെ ലേഖനത്തോടും മറ്റു ശ്ലീഹന്മാരുടെ പ്രബോധനങ്ങളോടുമുള്ള സാദ്യശ്യം കൊണ്ടാകണം, ആദിമസഭ "ഹെർമാസിന്റെ ഇടയൻ" ദൈവനിവേശിതമെന്നു ധരിക്കുകയും പരസ്യാരാധനയിൽ വായിക്കുകയും ചെയ്‌തിരുന്നു. സഭാചരിത്രകാരനായ എവുസേബിയസ് (+339) ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട് (സഭാചരിത്രം 3,3). ആദിമസഭാപിതാക്കന്മാരായ ഇരണേവൂസും (+200) അലക്സാണ്ഡ്രിയായിലെ ക്ലെമൻറും (+215) ഈ ഗ്രന്ഥത്തിൽ നിന്നുദ്ധരിക്കുന്നുണ്ട്.

ദൈവത്തിന്റെ രണ്ടു ദൂതന്മാർ - ഒരാൾ ഒരു സ്ത്രീയുടെ രൂപത്തിലും മറ്റെയാൾ ഒരിടയൻ്റെ രൂപത്തിലും - വിശ്വാസസംബന്ധമായ കാര്യങ്ങൾ ഹെർമാസിനു വെളിപ്പെടുത്തി കൊടുക്കുന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. സിംഹഭാഗവും ഇടയനിൽ നിന്നാകയാലാണ് ഗ്രന്ഥം “ഹെർമാസിന്റെ ഇടയൻ" എന്നറിയപ്പെടുന്നത്. ഇതിൽ അഞ്ചു ദർശനങ്ങളും പന്ത്രണ്ടു കല്‌പനകളും പത്ത് ഉപമകളുമാണുള്ളത്. യാക്കോബിന്റെ ലേഖനത്തിലെ പ്രമേയങ്ങൾ ഹെർമാസിന്റെ ഇടയനിൽ എപ്രകാരം അവതരിപ്പിക്കപ്പെട്ടിക്കുന്ന എന്നു പരിശോധിക്കുകയാണ് നാമിവിടെ.

യാക്കോ 1,1: ദൈവത്തിന്റെയും നമ്മുടെ കർത്താവീശോമിശിഹായുടെയും ദാസൻ എന്നു യാക്കോബ് സ്വയം വിശേഷിപ്പിക്കുന്നു.

മൂന്നാം കല്‌പന 4: ദൈവത്തിന്റെ ദാസനെന്ന നിലയിൽ നീ സത്യത്തിൽ ജീവിക്കണം; സത്യത്തിന്റെ ആത്മാവിനോടൊത്ത് ദുഷ്‌ട മനഃസാക്ഷി വസിക്കില്ല.

യാക്കോ 1,1: വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവർക്കാണ് യാക്കോബ് എഴുതുന്നത്.

ഒന്നാം ഉപമ 1: ദൈവദാസരായ നിങ്ങൾ വിദേശത്താണ് വസിക്കുന്ന തെന്നു നിങ്ങൾക്കറിയാമല്ലൊ? കാരണം, നിങ്ങളുടെ നഗരം ഈ നഗരത്തിൽ നിന്നു ദൂരെയാണ്...

ഒന്നാം ഉപമ 6: നീ വിദേശത്തു വസിക്കുന്നതിനാൽ നിന്റെ അത്യാവശ്യത്തിൽ കവിഞ്ഞതൊന്നും സമ്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

യാക്കോ 1,1: പന്ത്രണ്ടു ഗോത്രക്കാർ വസിക്കുന്ന പന്ത്രണ്ടു ഗോത്രക്കാർക്കാണ് ശ്ലീഹാ എഴുതുന്നത്.

ഒമ്പതാം ഉപമ 2: ലോകത്തിൽ വസിക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾ ഈ ലോകത്തിലുള്ള പന്ത്രണ്ടു രാഷ്ട്രങ്ങളാണ്.

യാക്കോ 1,2: വിവിധ പരീക്ഷകൾ ഉണ്ടാകുമ്പോൾ നിങ്ങൾ അധികമായി സന്തോഷിക്കുവിൻ. 

രണ്ടാം ദർശനം 7: വരാനിരിക്കുന്ന വലിയ മതപീഡനം സഹിക്കുകയും ജീവൻ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. 

നാലാം ദർശനം 4: സ്വർണ്ണം അഗ്നിയാൽ പരിശോധിക്കപ്പെടുകയും പ്രയോജനപ്രദമായിത്തീരുകയും ചെയ്യുന്നതുപോലെ, ഈ ലോകത്തിൽ ജീവിക്കുന്ന നിങ്ങളും പരീക്ഷിക്കപ്പെടും. 

ഏഴാം ഉപമ 4: തന്റെ എല്ലാ പീഡനങ്ങളും താഴ്‌മയോടുകൂടി സഹിക്കണം, വിവിധ രീതികളിൽ അവൻ കഷ്‌ടപ്പെടണം. 

യാക്കോ 1,3: വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ക്ഷമ വർദ്ധിക്കും. 

അഞ്ചാം കല്പന 1: ദീർഘശാന്തതയും വിവേകവും ഉള്ളവനായിരിക്കുക; ദുഷ്‌ടതയുടെമേൽ നീ വിജയം വരിക്കും. 

യാക്കോ 1, 4-5: നിങ്ങൾ പൂർണ്ണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരും ആകേണ്ടതിന്... ഉദാരമായി കൊടുക്കുന്ന ദൈവത്തോടു പ്രാർത്ഥിക്കട്ടെ. 

ഒമ്പതാം കല്പന 6: വിശ്വാസത്തിൽ പൂർണ്ണരാകട്ടെ കർത്താവിലാശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുന്നു; അവർക്കെല്ലാം ലഭിക്കുകയും ചെയ്യുന്നു. 

യാക്കോ 1,5: നിങ്ങളിൽ വിജ്‌ഞാനം കുറഞ്ഞവൻ, തന്നോടു ചോദിക്കുന്നവർക്ക് ഒന്നും നിരസിക്കാതെ, ഉദാരമായി കൊടുക്കുന്ന ദൈവത്തോടു പ്രാർത്ഥിക്കട്ടെ. അത് അവനു ലഭിക്കും. 

അഞ്ചാം ഉപമ 4,3-4: ഹൃദയത്തിൽ കർത്താവു വസിക്കുന്ന ദൈവദാസൻ അറിവിനായി യാചിക്കുന്നു. അവനതു ലഭിക്കുകയും ചെയ്യുന്നു... ഇടവിടാതെ തന്നോടു യാചിക്കുന്നവർക്ക് അവൻ ധാരാളമായി നല്കുന്നു... അതുകൊണ്ട് കർത്താവിനോടു ചോദിക്കുക; അവിടുന്നു നിനക്ക് അറിവു പകർന്നുതരും. 

നാലാം ദർശനം 6: ചഞ്ചലചിത്തരേ, നിങ്ങൾ ഉറപ്പായി കർത്താവിൽ വിശ്വസിക്കുവിൻ... എന്നാൽ ഹൃദയത്തിൽ സംശയിക്കുന്നവർക്ക് അവൻ ദണ്ഡനങ്ങൾ അയയ്ക്കും. 

ഒമ്പതാം കല്പന 6: വിശ്വാസത്തിൽ പൂർണരാകട്ടെ, കർത്താവിലാശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുന്നു. അവർക്കെല്ലാം ലഭിക്കുകയും ചെയ്യുന്നു. കാരണം, അവർ സംശയം കൂടാതെയും അവിഭക്‌തമായ ഉദ്ദേശ്യത്തോടുകൂടിയും പ്രാർത്ഥിക്കുന്നു. 

പതിനൊന്നാം കല്‌പന 2-4: മന്ത്രവാദിയുടെ പക്കലെന്നവണ്ണം സംശയഗ്രസ്‌തർ കള്ളപ്രവാചകൻ്റെ അടുത്തു ചെല്ലുകയും ഭാവികാര്യങ്ങളെപ്പറ്റി ആരായുകയും ചെയ്യുന്നു... കർത്താവിലുള്ള വിശ്വാസത്തിൽ ഉറച്ചവർ സത്യംകൊണ്ട് അര കെട്ടുകയും ഇത്തരം അരൂപികളോട് പറ്റിച്ചേരാതിരിക്കുകയും ചെയ്യുന്നു. 

ആറാം ഉപമ 2: സംശയം ദൂരെയകറ്റൂ; കർത്താവിലുള്ള വിശ്വാസം ധരിക്കൂ. 

ഒമ്പതാം ഉപമ 21,1: തങ്ങളുടെ ഹൃദയത്തിൽ കർത്താവില്ലാതിരിക്കുകയും അധരങ്ങളിൽ മാത്രം ഉണ്ടായിരിക്കുകയും ചെയ്യുന്നവരാണ് സംശയഗ്രസ്തർ. 

യാക്കോ 1,7: സന്ദേഹമുള്ളവർ കാറ്റത്തിളകുന്ന കടലിലെ തിരമാലയ്ക്കു സദൃശരാണ്. 

ഒമ്പതാം ഉപമ 28,4: പീഡിപ്പിക്കപ്പെട്ടപ്പോൾ ന്യായാധിപന്മാരുടെ മുമ്പാകെ കർത്താവിനെ തള്ളിപ്പറയാതെ ധൈര്യപൂർവ്വം പീഡ സഹിച്ചവർ തീർച്ചയായും ദൈവമുമ്പാകെ കൂടുതൽ ഔന്നിത്യത്തിന് അർഹരാകുന്നു; അവരുടെ പ്രതിഫലം ശ്രേഷ്ഠതരമാണ്. എന്നാൽ ഭയത്താൽ ചഞ്ചലമനസ്കരായി കർത്താവിനെ തള്ളിപ്പറയണമോ ഏറ്റുപറയണമോ എന്നു ചിന്തിക്കുകയും അവസാനം സഹിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്‌പം താണതരമാണ്; കാരണം അവർ ചഞ്ചല മനസ്കരായി. 

ഒമ്പതാം ഉപമ 28,7: ചഞ്ചല ചിത്തരായവരോട് ഇതാണെനിക്കു പറയാനുള്ളത്: നിങ്ങൾ കർത്താവിനോട് ഒട്ടിച്ചേർന്നിരിക്കുന്നു എന്ന് ഏറ്റു പറയുവിൻ. 

യാക്കോ 1,9: വിനീത സഹോദരൻ തൻ്റെ ഉയർച്ചയിൽ അഭിമാനിക്കട്ടെ. 

മൂന്നാം ദർശനം 10,6: എല്ലാ പ്രശ്‌നങ്ങൾക്കും വിനീതഹൃദയം അത്യാവശ്യമാണ്. ഉപവസിക്കുക; നീ ആവശ്യപ്പെടുന്നതു ദൈവത്തിൽ നിന്നു നിനക്കു ലഭിക്കും. 

യാക്കോ 1,10: ധനവാൻ തൻ്റെ താഴ്‌ചയിലും അഭിമാനിക്കട്ടെ.

ഒമ്പതാം ഉപമ 30,4: അവരുടെ ധനം അവരുടെ മനസിനെ സത്യത്തിൽ നിന്നു മറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തു. എങ്കിലും സത്യദൈവത്തിൽ നിന്നവർ വീണുപോയില്ല; അവരുടെ അധരങ്ങളിൽ നിന്ന് ഒരു ദുഷ്ടവാക്കും ഉണ്ടായില്ല. മറിച്ച്, നീതിയും സത്യവുമായവ അവർ സംസാരിച്ചു. കർത്താവ് അവരുടെ മാനസികാവസ്‌ഥ കാണുകയും അവർക്കു സത്യം ഗ്രഹിക്കാനും സുകൃതത്തിൽ നിലനില്ക്കാനും കഴിയുമെന്നു മനസിലാക്കുകയും ചെയ്‌തതിനാൽ അവരുടെ ധനം അവരിൽ നിന്നു നീക്കപ്പെട്ടു. എങ്കിലും അവരുടെ ധനം മുഴുവനായി അവിടുന്നു നീക്കിക്കളഞ്ഞില്ല; അവശേഷിച്ചിരിക്കുന്നതുകൊണ്ട് കുറെയൊക്കെ നന്മ ചെയ്യാൻ അവർക്കു സാധിക്കും. 

യാക്കോ 1,11: ധനികൻ തന്റെ പ്രവർത്തനങ്ങൾക്കിടയിൽ നാശമടയുന്നു. 

ഒന്നാം ദർശനം 1,8: ഈ ലോകത്തിന്റെ പിന്നാലെ പരക്കംപായുകയും ധനത്തിൽ സന്തോഷിക്കുകയും വരാനിരിക്കുന്ന അനുഗ്രഹങ്ങളെ എത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുന്നവർ തിന്മയെ പിഞ്ചെന്ന് അടിമത്തവും മരണവും വലിച്ചുവയ്ക്കുന്നു. 

മൂന്നാം ദർശനം 5: വിശ്വാസം ഉള്ളവരാണവർ; അതോടുകൂടെ ഈ ലോകത്തിന്റെ ധനവും അവർക്കുണ്ട്. മതപീഡനം ഉണ്ടാകുമ്പോൾ ധനത്തെയും സമ്പാദ്യത്തെയും പ്രതി അവർ കർത്താവിനെ നിഷേധിക്കുന്നു. അവരെ വഴിപിഴപ്പിക്കുന്ന ധനം അവരിൽ നിന്നെടുക്കപ്പെടുമ്പോൾ അവർ ദൈവത്തിന് ഉപയോഗമുള്ളവരാകും. 

യാക്കോ 1,12: പരീക്ഷകൾ സഹിക്കുന്നവർക്കു ജീവന്റെ കിരീടം ലഭിക്കും. 

മൂന്നാം ദർശനം 1,9: കർത്താവിനു സ്വീകാര്യരും ദൈവനാമത്തെ പ്രതി സഹിച്ചവരുമാണ് വലതുവശത്തിരിക്കാൻ യോഗ്യർ. 

മൂന്നാം ദർശനം 5,2: കർതൃനാമത്തിനുവേണ്ടി സഹിച്ചവരാണ് ഗോപുരം പണിയ്ക്കുപയുക്‌തമായ കല്ലുകൾ. 

ഏഴാം ഉപമ 4: തനിക്കുണ്ടാകുന്ന കഷ്‌ടതകൾ ക്ഷമാപൂർവ്വം സഹിച്ചാൽ എല്ലാറ്റിൻ്റെയും സ്രഷ്‌ടാവിൽ നിന്ന് സമൃദ്ധമായ കൃപ അവനു ലഭിക്കും. 

ഒമ്പതാം ഉപമ 28,3: തന്റെ നാമത്തെപ്രതി സഹിച്ചവരെല്ലാം ദൈവ മുമ്പാകെ മഹനീയരാണ്; അവരുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടിരിക്കുന്നു; കാരണം, അവർ ദൈവനാമത്തെപ്രതി സഹിച്ചവരാണ്.

യാക്കോ 1,14: ഓരോരുത്തനും സ്വന്ത ദുരാശകളാൽ ആകർഷിക്കപ്പെട്ടും വശീകരിക്കപ്പെട്ടും പരീക്ഷിതനാകുന്നു. 

ഒന്നാം ദർശനം 1,8: നല്ല മനുഷ്യരുടെ ഹൃദയത്തിൽ ദുർവിചാരങ്ങൾ ഉയരുന്നത് തീർച്ചയായും തെറ്റും പാപവുമാണെന്നു നീയും കരുതുന്നുണ്ടല്ലൊ. 

പന്ത്രണ്ടാം കല്പന 1,2: ദുർവിചാരം ഭയങ്കരമാണ്. വളരെ പണിപ്പെട്ടു മാത്രമേ അതിനെ മെരുക്കാൻ സാധിക്കൂ. അതിന്റെ ഉഗ്രതയിൽ അതു ഭീകരമാണ്. അതു മനുഷ്യനെ നശിപ്പിച്ചുകളയും. പ്രത്യേകമായി, വിവേക രഹിതമായി അതിലുൾപ്പെട്ടുപോകുന്ന ദൈവദാസനെ അതു നശിപ്പിക്കും. സദ്വിചാരങ്ങളാകുന്ന വസ്ത്രമില്ലാത്തവരും ഈ ലോകത്തിൽ സർവ്വ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നവരും വലിയ വിലതന്നെ കൊടുക്കേണ്ടിവരും. അത്തരക്കാരെ അതു മരണത്തിന് ഏല്‌പിച്ചുകൊടുക്കുന്നു. 

പന്ത്രണ്ടാം കല്‌പന 5,4: ഇപ്രകാരം പിശാച് എല്ലാവരെയും പരീക്ഷിക്കുന്നു. വിശ്വാസത്തിൽ ഉറച്ചവർ അതിനെ എതിർക്കുന്നു; അവൻ അവരിൽനിന്നകന്നു പോകുന്നു; കാരണം അവരിൽ അവനു പ്രവേശനമില്ല. അവൻ ശൂന്യരുടെ പക്കലെത്തുകയും കവാടം കാണുകയാൽ അവരുടെ ഉള്ളിൽ കയറിപ്പറ്റുകയും ചെയ്യുന്നു. അവനിഷ്ടമുള്ളവ അവരിൽ പ്രവർത്തിച്ച് അവരെ തൻ്റെ അടിമകളാക്കുന്നു. 

യാക്കോ 1,15: ദുരാശ പാപത്തിനും, പാപം മരണത്തിനും കാരണമാകുന്നു. 

പന്ത്രണ്ടാം കല്‌പന 2,1-3: മറ്റുള്ളവരുടെ ഭാര്യയെയോ ഭർത്താവിനെയോ മോഹിക്കുന്നതും അമിത ധനത്തിലാശവയ്ക്കുന്നതും അനാവശ്യ ഭക്ഷണപാനീയങ്ങൾ, അനാവശ്യ സുഖഭോഗവസ്തുക്കൾ തുടങ്ങിയവ കാംക്ഷിക്കുന്നതും ദൈവദാസനു ദോഷം ചെയ്യുന്ന ദുർവിചാരങ്ങളാണ്. അത്തരം വിചാരങ്ങളും ചിന്തയും ദൈവദാസർക്കു മരണം വരുത്തിവയ്ക്കുന്നതാണ്. പിശാചിൻ്റെ പുത്രിയാണ് ഇത്തരം ദുർവിചാരം. അതുകൊണ്ട് ദുർവിചാരങ്ങളിൽ നിന്നകന്ന് ദൈവത്തിനായി ജീവിക്കണം. എതിർക്കാതെ, അവയ്ക്കടിമപ്പെടുന്നവർ മരിക്കും; കാരണം, ഈ വിചാരങ്ങൾ മാരകമാണ്. 

യാക്കോ 1,17: വിശിഷ്‌ടവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽ നിന്ന്.

പതിനൊന്നാം കല്പ‌ന 1,5-8: ദൈവാരൂപി ദൈവത്തിന്റെ ശക്‌തിയിൽ സംസാരിക്കുന്നു. അത് ഉയരത്തിൽ നിന്നാകുന്നു... ഉന്നതത്തിൽ നിന്നുള്ള അരൂപി ഉള്ളവൻ വിനീതനും, ശാന്തനും, എളിമയുള്ളവനുമാണ്. ഈ ലോകത്തിൻ്റെ ദുഷ്‌ടതയിൽനിന്നും വ്യർത്ഥാഗ്രഹങ്ങളിൽ നിന്നും അവൻ അകന്നിരിക്കുന്നു. മറ്റെല്ലാ മനുഷ്യരെയുംകാൾ താണവനായി സ്വയം കരുതുകയും ചെയ്യുന്നു. 

യാക്കോ 1,18: തന്റെ സൃഷ്ടികളിൽ നാം ആദ്യഫലങ്ങളായിരിപ്പാൻ അവൻ നിശ്ചയിക്കയും സത്യവചനത്താൽ നമ്മെ ജനിപ്പിക്കുകയും ചെയ്തു. 

ഒന്നാം ദർശനം 3,4: സൈന്യങ്ങളുടെ ദൈവം തന്റെ അദൃശ്യ ശക്‌തിയാലും അധികാരത്താലും അവാച്യമായ ജ്‌ഞാനത്താലും ഈ ലോകത്തെ സൃഷ്ട‌ിച്ചു. തന്റെ മഹനീയമായ ഇച്‌ഛയാൽ തന്റെ സൃഷ്‌ടിയെ സൗന്ദര്യം ധരിപ്പിച്ചു. തൻ്റെ ശക്‌തമായ വചനത്താൽ ഇളകാത്തവണ്ണം ആകാശങ്ങളെ ഉറപ്പിക്കുകയും ഭൂമിയുടെ അടിസ്‌ഥാനം വെള്ളത്തിന്മേൽ വയ്ക്കുകയും ചെയ്‌തു. തൻ്റെ അതുല്യ വിജ്‌ഞാനത്തിലും പരിപാലനയിലും അവിടുന്നു തൻ്റെ പരിശുദ്ധ സഭയെ സഥാപിച്ചനുഗ്രഹിച്ചു. 

മൂന്നാം ദർശനം 3,5: 'നാമ'ത്തിന്റെ സർവ്വശക്തവും മഹത്ത്വപൂർണവുമായ വചനത്താൽ ഗോപുരം ഒരടിസ്ഥാനത്തിന്മേൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. കർത്താവിന്റെ അദൃശ്യശക്‌തിയാൽ അതു പണിതുയർത്തപ്പെട്ടിരിക്കുന്നു. 

അഞ്ചാം ഉപമ 6,2: ദൈവം മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു; അതായത് തൻ്റെ ജനത്തെ സൃഷ്‌ടിച്ചു. അതു തന്റെ പുത്രനെ ഏല്പിച്ചു. നിരവധി കഷ്ടപ്പാടുകളിൽകൂടിയും അധ്വാനത്തിൽകൂടിയും അവൻതന്നെ അവരെ അവരുടെ പാപങ്ങളിൽനിന്നു കഴുകി വിശുദ്ധീകരിച്ചു. അവരുടെ പാപങ്ങളിൽ നിന്ന് അവരെ ശുദ്ധീകരിച്ചുകൊണ്ട് ജീവൻ്റെ വഴി അവൻ അവരെ കാണിച്ചു. തന്റെ പിതാവിൽനിന്ന് താൻ സ്വീകരിച്ച നിയമം അവൻ അവർക്കു നല്‌കി. അവൻതന്നെയാണ് തന്റെ ജനത്തിന്റെ കർത്താവ്. 

യാക്കോ 1,19: നിങ്ങൾ കോപിക്കാൻ വിളംബമുള്ളവരായിരിക്കണം. 

അഞ്ചാം കല്പ‌ന 1,3-7: കർത്താവ് ദീർഘശാന്തത ഉള്ളിടത്തു വസിക്കുന്നു; പിശാചാകട്ടെ കോപത്തിൽ വസിക്കുന്നു... കോപത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ നീയും നിൻ്റെ ഭവനവും ഭഗ്നാശരായിത്തീരും. 

അഞ്ചാം കല്‌പന 2,1-4: വിശ്വാസികളിൽ ഭൂരിപക്ഷത്തെയും കോപം അകറ്റുന്നില്ല. അവർക്കെതിരായി പ്രവർത്തിക്കാൻ അതിനു സാധിക്കുകയുമില്ല. കാരണം, അവരോടുകൂടെ കർത്താവിന്റെ ശക്‌തിയുണ്ട്; ശുഷ്കമാനസ്സരെയും ചഞ്ചലചിത്തരെയും മാത്രമേ അതു വഴിതെറ്റിക്കുന്നുള്ളു. ക്ഷിപ്രകോപം ബുദ്ധിശൂന്യവും നിസ്സാരവും ചപലവുമാണ്. 

യാക്കോ 1,25: സ്വാതന്ത്യ്രത്തിന്റെ നിയമം മനസിലാക്കി ജീവിക്കുന്നവൻ കർമ്മനിരതനാകുന്നു. 

അഞ്ചാം ദർശനം 1,7: നീ കല്‌പനകളും ഉപമകളും ശ്രവിച്ച് അനുസരിക്കുകയും അവയിൽ വ്യാപരിക്കുകയും ശുദ്ധഹൃദയത്തോടെ അവ അനുവർത്തിക്കുകയും ചെയ്‌താൽ കർത്താവു വാഗ്‌ദാനം ചെയ്തവയ്ക്കു നീ അവകാശിയായിത്തീരും. 

നാലാം കല്പന 2,4: എൻ്റെ കല്‌പനകൾ പാലിച്ച് അവയിലൂടെ നടന്നാൽ നീ ജീവിക്കും. എൻ്റെ കല്‌പനകൾ കേട്ട്, അവ പാലിക്കുന്നവൻ ദൈവത്തിനായി ജീവിക്കും. 

യാക്കോ 1,25: സ്വാതന്ത്യ്രത്തിൻ്റെ നിയമമനുസരിച്ചു കർമ്മനിരതരാകുന്നവൻ തന്റെ പ്രവൃത്തിവഴി അനുഗൃഹീതനാകും. 

ഒന്നാം ഉപമ 11: നിൻ്റെ ജീവിതത്തിൽ ഒരു ദുഷ്പ്രവൃത്തിയും ചെയ്യരുത്. ശുദ്ധതയോടെ ദൈവത്തെ സേവിക്കണം. കർത്താവിൻ്റെ നിർദ്ദേശങ്ങളിലൂടെ നടന്ന് തൻ്റെ കർമ്മം ചെയ്യുക; നീ രക്ഷിക്കപ്പെടും. 

അഞ്ചാം ഉപമ 1,5: നിന്റെ കല്‌പനകൾ പാലിക്കണം. നിന്റെ ഹൃദയത്തിൽ ദുർവിചാരങ്ങളൊന്നും പ്രവേശിക്കരുത്; ദൈവത്തിൽ ഉറച്ച വിശ്വാസമുണ്ടായിരിക്കണം... ഇപ്രകാരം പ്രവർത്തിക്കുന്നതുവഴി ദൈവത്തിനു സ്വീകാര്യവും ശ്രേഷ്‌ഠവുമായ ഒരുപവാസം നീ നടത്തും. 

അഞ്ചാം ഉപമ 3,7-9: ഉപവാസദിവസം നീ ഭക്ഷിക്കുമായിരുന്ന ആഹാരത്തിന്റെ വില എന്തുവരുമെന്നു കണക്കുകൂട്ടുക. അത് ഒരു വിധവയ്ക്കോ, അനാഥനോ ആവശ്യക്കാരായ മറ്റാർക്കെങ്കിലുമോ നല്കുക... ഇപ്രകാരം പ്രവർത്തിച്ചാൽ നിൻ്റെ പ്രവൃത്തിയിൽ നീ അനുഗൃഹീതനായിരിക്കും.

യാക്കോ 1,27: ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിക്കുക. ഇതാണ് ദൈവമുമ്പിൽ നിർമ്മലവും പരിശുദ്ധവുമായ ശുശ്രൂഷ. 

എട്ടാം കല്പന 10-12: വിധവകളെ സംരക്ഷിക്കുക, അനാഥരെയും ദരിദ്രരെയും സന്ദർശിക്കുക, ദൈവദാസരുടെ പ്രയാസങ്ങളിൽ അവരെ സഹായിക്കുക, അതിഥികളോടു സ്നേഹം കാണിക്കുക, ആരെയും എതിർക്കാതിരിക്കുക, ശാന്തമായി പെരുമാറുക, എല്ലാ മനുഷ്യരെക്കാളും ദരിദ്രനായിരിക്കുക, വൃദ്ധരെ ബഹുമാനിക്കുക, നിതി പ്രവർത്തിക്കുക, സഹോദരസ്നേഹം അഭ്യസിക്കുക, അധിക്ഷേപം സഹിക്കുക, ദീർഘ ശാന്തത പാലിക്കുക, വിദ്വേഷത്തിൽ നിന്നകന്നിരിക്കുക, ആത്മാവിൽ ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കുക, വിശ്വാസത്തിൽ ഇടറിയവരെ വിശ്വാസത്തിൽ ഉറപ്പിക്കുക, പാപികളെ മാനസാന്തരത്തിലേക്കു പ്രേരിപ്പിക്കുക, കടക്കാരെ ഞെരുക്കാതിരിക്കുക... കലവറ കൂടാതെ നന്മ പ്രവർത്തിച്ചാൽ ദൈവത്തിനായി നീ ജീവിക്കും. 

ഒന്നാം ഉപമ 8-9: അതുകൊണ്ട് നിൻ്റെ കഴിവനുസരിച്ച് വയലുകൾക്കുപകരം പ്രയാസത്തിൽ കഴിയുന്ന ആളുകളെ വാങ്ങുക. വിധവകളെയും അനാഥരെയും സംരക്ഷിക്കുക. അവരെ അവഗണിക്കരുത്. ദൈവത്തിൽ നിന്നു നിനക്കു ലഭിച്ച സമ്പാദ്യവും നേട്ടവുമെല്ലാം ഇത്തരം വയലുകൾക്കും ഭവനങ്ങൾക്കുമായി ചെലവഴിക്കുക. യജമാനൻ നിന്നെ ധനം ഏല്പിച്ചത് തനിക്കുവേണ്ടി ഈ ശുശ്രൂഷ നിർവ്വഹിക്കാനാണ്. ഇത്തരം നിലങ്ങളും സമ്പാദ്യങ്ങളും വാങ്ങുന്നതാണു മെച്ചം; കാരണം, നിൻ്റെ നഗരത്തിൽ നീ ചെന്നെത്തുമ്പോൾ അവ നീ അവിടെ കണ്ടെത്തും. 

രണ്ടാം ഉപമ 7: ധനവാൻ കർത്താവിൽ നിന്നു തനിക്കു ലഭിച്ച ധനം സംശയിക്കാതെ പാവങ്ങൾക്കു വിതരണം ചെയ്യുന്നു. ദൈവതിരുമുമ്പാകെ മഹത്ത്വവും സ്വീകാര്യവുമായ ഒരു കാര്യമാണിത്. കാരണം, ധനവാനു ധനത്തെപ്പറ്റി അറിവുണ്ട്; കർത്താവിൻ്റെ സമൃദ്ധിയിൽ നിന്ന് അവൻ ദരിദ്രനുവേണ്ടി പ്രവർത്തിക്കുന്നു; അങ്ങനെ കർത്താവിൻ്റെ ശുശ്രൂഷ ശരിയായി നിർവ്വഹിക്കുന്നു. 

അഞ്ചാം ഉപമ 3,7-8: ഉപവാസദിവസം നീ ഭക്ഷിക്കുമായിരുന്ന ആഹാരത്തിൻ്റെ വില എന്തു വരുമെന്നു കണക്കുകൂട്ടുക. അത് ഒരു വിധവക്കോ, അനാഥനോ ആവശ്യക്കാരായ മറ്റാർക്കെങ്കിലുമോ നല്‌കുക. ഇപ്രകാരം നീ ആത്മാവിൽ എളിമയുള്ളവനായിരിക്കും; നിൻ്റെ എളിമയുടെ ഫലം അനുഭവിക്കുന്നയാൾ സന്തുഷ്‌ടനാവുകയും നിനക്കുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കയും ചെയ്യും. ഞാനിപ്പോൾ കലിച്ചതുപോലെ നീ ഉപവസിച്ചാൽ ദൈവമുമ്പാകെ നിൻ്റെ ത്യാഗം സ്വീകാര്യമായിരിക്കും. നിൻ്റെ കണക്കിൽ ഈ ത്യാഗം ചേർക്കപ്പെടുകയുംചെയ്യും. 

യാക്കോ 1,27: ലോകത്തിൽ കളങ്കമില്ലാതെ ജീവിക്കുക. 

പന്ത്രണ്ടാം കല്പ്‌പന 6,5: ഈ ലോകത്തിൻ്റെ വ്യർത്ഥാഗ്രഹങ്ങളിൽ നിന്നു ഹൃദയത്തെ ശുദ്ധമാക്കുന്ന എല്ലാവരും അവ (കല്‌പനകൾ) പാലിക്കുകയും ദൈവത്തിനായി ജീവിക്കുകയും ചെയ്യും. 

അഞ്ചാം ഉപമ 3,6: എല്ലാറ്റിനും മുമ്പ്, എല്ലാവിധ ദുർഭാഷണങ്ങളിൽ നിന്നും ദുർവിചാരങ്ങളിൽ നിന്നും അകന്നിരിക്കുക. ഈ ലോകത്തിൻ്റെ എല്ലാ വ്യർത്ഥതകളിൽനിന്നും നിൻ്റെ ഹൃദയത്തെ വിമുക്‌തമാക്കുക. 

ആറാം ഉപമ 1,4: അനുതപിക്കുന്ന നീ നിന്നെ തളർത്തിക്കളയുന്ന ഈ ലോകത്തിൻ്റെ ദുഷ്‌ടത ദൂരെയകറ്റണം. 

ഒമ്പതാം ഉപമ 31,2: ഈ ലോകവും ലോകത്തിൻ്റെ നശ്വരധനവും അവരിൽ നിന്നു വെട്ടിമാറ്റപ്പെടണം, എങ്കിലേ അവർ ദൈവരാജ്യത്തിൽ പ്രവേശിക്കൂ. 

യാക്കോ 2,5: വിശ്വാസത്തിൽ സമ്പന്നരായ ദരിദ്രർ രാജ്യത്തിനവകാശികൾ. 

രണ്ടാം ഉപമ 5-7: ധാരാളം സമ്പത്തുള്ള ധനവാൻ കർത്താവിൻ്റെ ദൃഷ്ടിയിൽ ദരിദ്രനാണ്; കാരണം, ധനംമൂലം ചിത്തവിഭ്രാന്തി വന്നവനാണവൻ. അവൻ അപൂർവ്വമായേ കർത്താവിനോടു പ്രാർത്ഥിക്കയും കർത്താവിനെ ഏറ്റുപറയുകയും ചെയ്യുന്നുള്ളു. അവൻ ചെയ്യുന്നതു തന്നെ തുച്ഛവും ബലഹീനവും ഉന്നതത്തിൽ ഒരു സ്വാധീനവുമില്ലാത്തതുമാണ്. എന്നാൽ ധനവാൻ ദരിദ്രൻ്റെ പക്കലണഞ്ഞ് അവൻ്റെ ആവശ്യത്തിൽ അവനെ സഹായിക്കുമ്പോൾ താൻ ഈ ദരിദ്രനുവേണ്ടി ചെയ്യുന്നത് ദൈവത്തിൽനിന്നു പ്രതിഫലം ലഭിക്കാൻ കഴിവുറ്റതാണെന്ന് അവനുറപ്പുണ്ട്. കാരണം, ദരിദ്രൻ ദൈവത്തോടുള്ള മധ്യസ്‌ഥാപേക്ഷയിലും ദൈവത്തെ ഏറ്റുപറയുന്നതിലും സമ്പന്നനാണ്... ദൈവസമക്ഷം ദരിദ്രൻ മധ്യസ്‌ഥപ്രാർത്ഥന സ്വീകാര്യമാണെന്നും ദൈവ മുമ്പാകെ അവൻ ധനവാനാണെന്നും അവനറിയാം. ഇപ്രകാരം ഇരുവരും തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നു; ദരിദ്രൻ പ്രാർത്ഥിക്കുന്നു. അതാണവൻ്റെ സമ്പാദ്യം - നല്കിയ ദൈവത്തിനവൻ തിരികെ നല്‌കുന്നു.

യാക്കോ 2,7: നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് ഏതു നല്ല നാമത്താലാണോ, അതിനെ ദുഷിപ്പിക്കുന്നതും അവരല്ലേ? 

ആറാം ഉപമ 2,3: ദൈവത്തിൽ നിന്നു പൂർണമായി അകറ്റപ്പെടുകയും ഈ ലോകത്തിൻ്റെ അശുദ്ധിയ്ക്ക് അടിമപ്പെടുകയും ചെയ്‌തവരാണ് സന്തുഷ്ടരായി തുള്ളിച്ചാടി നടക്കുന്ന ആളുകൾ. കാരണം, ഇത്തരക്കാർക്ക് ജീവനിലേക്കുള്ള അനുതാപമില്ല. അവർ ദൈവനാമം ദുഷിക്കുന്നു. അവരുടെ ജീവിതം മരണമാണ്. 

എട്ടാം ഉപമ 1,1: അവൻ എന്നെ പടർന്നുപന്തലിച്ച ഒരു അരുളിച്ചെടി കാണിച്ചു. അതു സമതലങ്ങളും പർവ്വതനിരകളും നിറഞ്ഞുനിന്നു. കർതൃനാമത്താൽ വിളിക്കപ്പെട്ടവരെല്ലാം അതിൻ്റെ കീഴിൽ എത്തിച്ചേർന്നു. 

എട്ടാം ഉപമ 6,4: ദണ്ഡുകൾ ഉണങ്ങി കീടം തിന്നവർ വിശ്വാസം ഉപേക്ഷിച്ചവരും സഭയെ ഒറ്റിക്കൊടുത്തവരുമാണ്; അവർ തങ്ങളുടെ പാപംമൂലം ദൈവത്തെ ദുഷിക്കുന്നു. തങ്ങളുടെമേൽ ഉച്ചരിക്കപ്പെട്ട കർതൃനാമത്തെക്കുറിച്ച് അവർ ലജ്ജിക്കുന്നു. അന്ത്യത്തിൽ ഇത്തരക്കാർ ദൈവത്തിനു നഷ്ട‌പ്പെട്ടവർ തന്നെ. 

ഒൻപതാം ഉപമ 16,3: ദൈവപുത്രൻ്റെ മുദ്ര സ്വീകരിച്ചിട്ടുള്ളവരേവരും ദൈവരാജ്യത്തിൽ പ്രവേശിക്കും. ദൈവപുത്രൻ്റെ നാമം സ്വീകരിക്കുന്നതിനു മുൻപ് മനുഷ്യൻ മൃതനാണ്. എന്നാൽ മുദ്ര സ്വീകരിക്കുമ്പോൾ അവർ മരണത്തെ ഉരിഞ്ഞുമാറ്റി ജീവൻ ധരിക്കുന്നു. 

ഒൻപതാം ഉപമ 17,4: ആകാശത്തിൻ കീഴിലുള്ള എല്ലാ രാജ്യങ്ങളിലും വസിക്കുന്നവർ വചനം ശ്രവിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ ദൈവപുത്രൻ്റെ ഒരേയൊരു നാമത്തിൽ വിളിക്കപ്പെടുന്നു. അവർ മുദ്ര സ്വീകരിക്കുമ്പോൾ അവർക്ക് ഒരേ മനസ്സും ഒരേ അറിവും ഉണ്ടാകുന്നു. അവരുടെ വിശ്വാസവും സ്നേഹവും അവരെ ഒന്നാക്കിത്തീർക്കുന്നു. 

ഒൻപതാം ഉപമ 21,3; വിഭജിതഹൃദയർ തങ്ങളുടെ ഭീരുത്വത്തിൽ വിഗ്രഹങ്ങളെ ആരാധിക്കുകയും മതപീഡനത്തെക്കുറിച്ചു കേൾക്കുമ്പോൾ കർത്താവിൻ്റെ നാമത്തെപ്രതി ലജ്ജിക്കുകയും ചെയ്യുന്നു. 

ഒൻപതാം ഉപമ 28,5: ദൈവനാമത്തെപ്രതി പീഡകൾ സഹിച്ച നീ അവിടുത്തെ സ്‌തുതിക്കുകയാണു വേണ്ടത്. കാരണം, തൻ്റെ നാമം വഹിക്കാൻ നിന്നെ അവൻ യോഗ്യനായി കണ്ടു. നിൻ്റെ പാപങ്ങളെല്ലാം അവൻ ക്ഷമിക്കുകയും ചെയ്തു‌.

യാക്കോ 2,13: കരുണ കാട്ടാത്തവൻ നിഷ്‌കരുണം വധിക്കപ്പെടും. എന്നാൽ കാരുണ്യംവഴി നിങ്ങൾ വിധിക്ക് അതീതരായി ഭവിക്കും. 

മൂന്നാം ദർശനം 9,5-8: വരുവാനിരിക്കുന്ന ന്യായവിധിയെ ദർശിക്കുക. ധനസമൃദ്ധിയുള്ളവരേ, ഗോപുരനിർമ്മാണം അവസാനിക്കുന്നതിനുമുമ്പ് വിശപ്പുള്ളവരെ തേടിയിറങ്ങുക. കാരണം, പണി കഴിഞ്ഞാൽ പിന്നെ നന്മ ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കും, പക്ഷേ, അവസരം ലഭിച്ചെന്നു വരില്ല. കഠിന ഹൃദയരായ നിങ്ങൾ നിങ്ങളുടെ ഹൃദയം പരിശുദ്ധമാക്കുന്നില്ല. മഹാരാജാവിൽനിന്നു ദയ ലഭിക്കാൻവേണ്ടി ശുദ്ധഹൃദയത്തിൽ നിങ്ങളുടെ വിജ്‌ഞാനം സംഭരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? 

യാക്കോ 2,15-16: കഴിക്കാൻ ഭക്ഷണമില്ലാത്ത സഹോദരർ 

മൂന്നാം ദർശനം 9,2-4: അതുകൊണ്ട് നിങ്ങൾ എന്നെ ശ്രവിക്കുവിൻ. പരസ്പ്‌പരം സഹായിച്ചും പരസ്‌പരം സേവിച്ചും സമാധാനപൂർവ്വം ജീവിക്കുവിൻ. ദൈവസൃഷ്ട്‌ടികളെ അമിതമായി നിങ്ങളുടെ സ്വന്തമാക്കി കൈയടക്കി വയ്ക്കരുത്. മറിച്ച്, പാവപ്പെട്ടവർക്കുകൂടി ഒരു ഭാഗം കൊടുക്കുക. ഭക്ഷണസാധനങ്ങളുടെ സമൃദ്ധിമൂലം ചിലർ ശരീരത്തിനു രോഗം വലിച്ചുവയ്ക്കുകയും ശരീരത്തെ ക്ലേശിപ്പിക്കുകയും ചെയ്യുന്നു; ആവശ്യത്തിനു ഭക്ഷിക്കാനില്ലാതെ ആഹാരദൗർലഭ്യംമൂലം ചിലർ ക്ഷീണിതരാകുകയും അവരുടെ ശരീരം ക്ലേശിക്കുകയും ചെയ്യുന്നു. ഉള്ളവർ പങ്കിടാതിരിക്കുന്നതും ആവശ്യക്കാരനു വീതിച്ചുകൊടുക്കാതിരിക്കുന്നതും ദോഷകരമാണ്. 

യാക്കോ 2,17: പ്രവൃത്തിരഹിതമായ വിശ്വാസം അതിൽതന്നെ നിർജീവമാണ്. 

മൂന്നാം ദർശനം 6,1: തല്ലിപ്പൊട്ടിച്ച് ഗോപുരത്തിൽനിന്നു വളരെ ദൂരെ എറിയപ്പെട്ടവർ ആരാണെന്ന് അറിയാൻ നിനക്ക് ആഗ്രഹമുണ്ടോ? നിയമ രാഹിത്യത്തിൻ്റെ മക്കളാണിക്കൂട്ടർ. അവരുടെ വിശ്വാസം ഒരു പ്രഹസനം മാത്രമാണ്; അവർ ദുഷ്ട‌ത തിങ്ങിനിറഞ്ഞവരുമാണ്. തന്മൂലം അവർ രക്ഷ പ്രാപിക്കുകയില്ല. 

പന്ത്രണ്ടാം കല്പന 4, 4-5: എന്നാൽ തങ്ങളുടെ അധരങ്ങളിൽ മാത്രം കർത്താവു വസിക്കുകയും കഠിനഹൃദയരായി വർത്തിക്കുകയും ചെയ്യുന്നവർക്ക് ഈ കല്‌പനകൾ പ്രയാസവും അനുവർത്തിക്കാൻ വിഷമവുമാണ്. വിശ്വാസം സംബന്ധിച്ച് ശുഷ്‌കമനസരും ചഞ്ചലചിത്തരുമായവരേ, കർത്താവ് നിങ്ങളുടെ ഉള്ളിൽ വസിക്കട്ടെ.

ഒമ്പതാം ഉപമ 13,2: (ഗോപുരം പണിയിൽ ഏർപ്പെട്ടിരിക്കുന്ന) കന്യകകൾ പരിശുദ്ധാത്മാക്കളാണ്. അവരുടെ വസ്ത്രം ധരിക്കാത്തവർക്കാർക്കും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കയില്ല. അവരുടെ വസ്ത്രം ധരിക്കാതെ 'നാമം' മാത്രം സ്വീകരിച്ചാൽ അതുകൊണ്ടു പ്രയോജനമില്ല... നാമധാരികളെങ്കിലും കന്യകകളുടെ വസ്ത്രം ഇല്ലാത്തവരാണ് തള്ളപ്പെട്ട കല്ലുകൾ. 

ഒമ്പതാം ഉപമ 21, 1-2: തങ്ങളുടെ ഹൃദയങ്ങളിൽ കർത്താവില്ലാതിരിക്കുകയും, അധരങ്ങളിൽ മാത്രം ഉണ്ടായിരിക്കുകയും ചെയ്യുന്ന സംശയ ഗ്രസ്‌തർ; അവരുടെ അടിസ്‌ഥാനം ശക്‌തിയില്ലാതെ ഉണങ്ങികരിഞ്ഞിരിക്കുന്നു; അവരുടെ വാക്കുകൾക്കുമാത്രം ജീവനുണ്ട്; അവരുടെ പ്രവത്തികൾ ചത്തവയാണ്. ഇത്തരക്കാർ ചത്തവരുമല്ല, ജീവനുള്ളവരുമല്ല. അവർ സംശയഗ്രസ്‌തരെപ്പോലെയാണ്. 

യാക്കോ 2,19: ദൈവം ഏകനാണെന്നു വിശ്വസിക്കുന്നതു നല്ല കാര്യം. 

ഒന്നാം കല്പന 1: ഒരു ദൈവം ഉണ്ടെന്നും അവിടുന്ന് എല്ലാം സൃഷ്‌ടിക്കുകയും ക്രമീകരിക്കുകയും ചെയ്തെന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് ഉണ്മയിലേക്ക് എല്ലാറ്റിനെയും വിളിച്ചെന്നും അവിടുന്ന് എല്ലാം ഉൾക്കൊള്ളുന്നുവെങ്കിലും എല്ലാറ്റിനും ഉപരിസ്‌ഥനാണെന്നും ഒന്നാമതായി വിശ്വസിക്കണം. 

യാക്കോ 3,2: സംസാരത്തിൽ പിഴയ്ക്കാത്തവൻ പരിപൂർണൻ. 

രണ്ടാം കല്പന 1-3: ഹൃദയലാളിത്യവും നിഷ്‌കളങ്കതയും ഉള്ളവനായിരിക്കുക. അതെ, മനുഷ്യജീവിതത്തെ നശിപ്പിക്കുന്ന ദുഷ്ടത എന്തെന്നറിയാത്ത ശിശുക്കളെപ്പോലെയായിരിക്കുവിൻ. ഒന്നാമതായി, ഒരു വ്യക്തിയ്ക്കും എതിരായി സംസാരിക്കരുത്. പരദൂഷണം പറയുന്നവനെ ശ്രദ്ധിക്കുകയുമരുത്. പരദൂഷണം ദുഷ്ട്‌ടതയാണ്. ഒരിക്കലും സമാധാനമില്ലാതെ, കലഹങ്ങളുടെ മധ്യേ വസിക്കുന്ന ചപല പിശാചാണത്. അതിൽ നിന്ന് അകന്നു ജീവിക്കണം. എല്ലാ മനുഷ്യരോടും എപ്പോഴും നീ സമാധാനത്തിലായിരിക്കും. 

മൂന്നാം കല്പന 1-5: സത്യത്തെ സ്നേഹിക്കുക; സത്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽ നിന്നു പുറപ്പെടരുത്. ദൈവം നിങ്ങളുടെ ശരീരത്തിൽ നിക്ഷേപിച്ച ആത്മാവു സത്യസന്ധമായി എല്ലാമനുഷ്യർക്കും കാണപ്പെടട്ടെ. ഇപ്രകാരം നിന്നിൽ വസിക്കുന്ന കർത്താവ് മഹത്ത്വീകരിക്കപ്പെടും. കർത്താവ് തൻ്റെ എല്ലാ വാക്കിലും സത്യവാനാകുന്നു. അവനിൽ ഒരു കള്ളവുമില്ല, അതുകൊണ്ട് കള്ളം പറയുന്നവർ കർത്താവിനെ അവഗണിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്യുന്നത്... നിൻ്റെ വാക്കുകളിന്മേൽ നീ ശ്രദ്ധാലുവായിരിക്കുകയും സത്യമല്ലാതെ മറ്റൊന്നും പറയാതിരിക്കുകയും ചെയ്ത‌ാൽ നിനക്കും ജീവൻ സമ്പാദിക്കാം. 

 

എട്ടാം കല്പ‌ന 8-9: നീ ചെയ്യേണ്ടതും ഒരിക്കലും പിന്മാറരുതാത്തതുമായ സൽപ്രവൃത്തികൾ ഏവയെന്നു ഞാൻ പറഞ്ഞുതരാം. ഏറ്റവും പ്രധാനമായി വിശ്വാസം, ദൈവഭയം, സ്നേഹം, പരസ്‌പരധാരണ, ശരിയായ സംസാരം, സത്യസന്ധത, ക്ഷമ എന്നിവയാണ്. മനുഷ്യജീവിതത്തിൽ ഇവയെക്കാൾ ഉപരിയായി ഒന്നുമില്ല. 

യാക്കോ 3,18: സമാധാനസ്‌ഥാപകർ സമാധാനം വിതച്ച്, നീതിയുടെ ഫലങ്ങൾ കൊയ്യുന്നു. 

ഒമ്പതാം ഉപമ 32,2: സമാധാന പ്രിയരോടുകൂടിയാണ് കർത്താവ് വസിക്കുന്നത്. കർത്താവ് സമാധാനത്തെ വിലമതിക്കുകയും കലഹപ്രിയരിൽ നിന്നും ദുഷ്ട‌രിൽ നിന്നും അകന്നിരിക്കയും ചെയ്യുന്നു. 

യാക്കോ 4,1: നിങ്ങളുടെയിടയിൽ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകാൻ കാരണമെന്ത്? അതു നിങ്ങളിലുള്ള ദുരാശയല്ലെ? 

ഒമ്പതാം ഉപമ 31, 4: നിങ്ങളുടെയിടയിൽ നിന്നു കലഹം നീക്കുക. 

യാക്കോ 4,6: ദൈവം അഹങ്കാരികളെ എളിമപ്പെടുത്തുന്നുവെന്നും വിനീതർക്കു കൃപ നല്‌കുന്നുവെന്നും പറഞ്ഞിരിക്കുന്നു. 

ഒമ്പതാം ഉപമ 22, 2-3: അവരുടെ ധാർഷ്ട്യംമൂലം വിജ്‌ഞാനം അവരെ വിട്ടുമാറി. വിഡ്ഢ‌ിത്തവും മൂഢത്വവും അവരുടെ ഉള്ളിൽ കടന്നുകൂടി, തങ്ങൾക്കു വിജ്‌ഞാനം ഉണ്ടെന്നു നടിച്ച് അവർ സ്വയം പുകഴ്ത്തുന്നു. അവർ തികച്ചും അശ്രദ്ധരാണെങ്കിലും സ്വയം ഉയർത്തുന്നു. അഹങ്കാരത്താൽ സ്വയം ഉയർത്തിയവർ ശൂന്യരാക്കപ്പെടുന്നു; കാരണം മർക്കട മുഷ്ടിയും വ്യർത്ഥമായ ആത്മവിശ്വാസവും ദുഷ്ടപിശാചാണ്. 

യാക്കോ 4,7: പിശാചിനോട് എതിർക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽ നിന്ന് അകന്നുപൊയ്ക്കൊള്ളും. 

പന്ത്രണ്ടാം കല്പ്‌പന 4,6-7: കഠിനവും കയ്‌പുള്ളതും ഭയരഹിതവും ദുഷിച്ചതുമായ പിശാചിൻ്റെ പ്രമാണങ്ങളിലൂടെ നടക്കുന്നവരേ, മാനസാന്തരപ്പെടുവിൻ; പിശാചിനെ ഒരിക്കലും ഭയക്കരുത്. കാരണം, അവനു നിങ്ങളുടെമേൽ അധികാരമില്ല. പിശാചിനെ ജയിച്ച അനുതാപത്തിൻ്റെ മാലാഖയായ ഞാൻ നിന്നോടു കൂടിയുണ്ട്. പിശാചിനു ഭയം ജനിപ്പിക്കാനേ സാധിക്കൂ, പക്ഷേ ആ ഭയത്തിന് യാതൊരു ശക്‌തിയുമില്ല. അവനെ നിങ്ങൾ ഭയക്കരുത്; അവൻ നിങ്ങളിൽ നിന്ന് ഓടിയകലും, 

യാക്കോ 4,8: പാപികളേ, നിങ്ങൾ കരങ്ങൾ ശുചിയാക്കുവിൻ. സന്നിഗ്ദ്ധ മനസ്ക‌രരേ, നിങ്ങളുടെ ഹൃദയങ്ങൾ ശുചിയാക്കുവിൻ. 

ഒമ്പതാം കല്പ്‌പന 1,7: വിഭക്‌തമായ ഉദ്ദേശ്യത്തിൽ നിന്ന് നിൻ്റെ ഹൃദയത്തെ ശുദ്ധീകരിക്കുക; വിശ്വാസമാകുന്ന വസ്ത്രം ധരിക്കുക; എന്തെന്നാൽ അതു ശക്‌തമാണ്. നിൻ്റെ ആശ്രയം കർത്താവിൽ വയ്ക്കുക. 

യാക്കോ 4,8: നിങ്ങൾ ദൈവത്തോട് അടുക്കുവിൻ; അവൻ നിങ്ങളോടും അടുക്കും. 

പത്താം കല്പന 1, 6: ദൈവോന്മുഖമായ ഹൃദയത്തോടുകൂടി ദൈവിക കാര്യങ്ങൾ അന്വേഷിക്കുന്ന ദൈവഭയമുള്ളവരുടെ കാര്യം ഇതിൽ നിന്നു തികച്ചും വ്യത്യസ്ത‌തമാണ്. അവർക്കു ദൈവഭയമുള്ളതിനാൽ തങ്ങളോടു പറയപ്പെട്ടവ വേഗം മനസിലാക്കുകയും അർത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം വസിക്കുന്നിടത്തു ധാരാളം അറിവുണ്ട്. ദൈവത്തോടു പറ്റിച്ചേരുക; നീ എല്ലാം ഗ്രഹിക്കുകയും മനസിലാക്കുകയും ചെയ്യും. 

യാക്കോ 4,13-16: കച്ചവടക്കാരുടെ മിഥ്യയായ സുരക്ഷിതത്വം. 

ഒമ്പതാം ഉപമ 20,1: ധനികർ, വിവിധതരം കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ - ഇവർ ദൈവദാസന്മാരോടുകൂടെ വസിക്കുന്നില്ല. ബഹുവിധ പര്യാകുലതകളാൽ ബന്ധിതരായി അവർ അലഞ്ഞുനടക്കുന്നു. ദൈവ ദാസന്മാരോടുകൂടെ വസിക്കുന്നത് അവർക്കു പ്രയാസമാണ്. കാരണം, അവർ തങ്ങളോട് എന്തെങ്കിലും ചോദിക്കുമോ എന്നവർ ഭയപ്പെടുന്നു. ഇവർ ദൈവരാജ്യത്തിൽ പ്രവേശിക്കുക ദുഷ്‌കരമാണ്. 

യാക്കോ 5,1: അല്ലയോ സമ്പന്നരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരന്തങ്ങളോർത്തു കരഞ്ഞു വിലപിക്കുവിൻ. 

മൂന്നാം ദർശനം 9,4: ഉള്ളവർ പങ്കിടാതിരിക്കുന്നതും ആവശ്യക്കാരനു വീതിച്ചുകൊടുക്കാതിരിക്കുന്നതും ദോഷകരമാണ്. വരുവാനിരിക്കുന്ന ന്യായവിധിയെ ദർശിക്കുക. ധനസമൃദ്ധിയുള്ളവരേ, ഗോപുര നിർമ്മാണം അവസാനിക്കുന്നതിനുമുമ്പ് വിശപ്പുള്ളവരെ തേടിയിറങ്ങുക. കാരണം, പണികഴിഞ്ഞാൽ പിന്നെ നന്മ ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. പക്ഷേ, അവസരം ലഭിച്ചെന്നുവരില്ല.

യാക്കോ 5,4: കൊയ്ത്‌തുകാരുടെ നിലവിളി സൈന്യങ്ങളുടെ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു. 

മൂന്നാം ദർശനം 9,6: ധനത്തിൽ ഗർവ്വം കൊള്ളുന്നവരേ, ആവശ്യക്കാരൻ നിലവിളിക്കയും, അവൻ്റെ നിലവിളി കർത്താവിന്റെ പക്കലെത്തുകയും, ഗോപുരവാതില്ക്കൽ വച്ച് നിങ്ങളുടെ ധനം പുറത്താക്കപ്പെടുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. 

യാക്കോ 5,5: ഭൂമിയിൽ നിങ്ങൾ സുഖലോലുപരായി ജീവിച്ചു. കൊലയുടെ നാളിലേയ്ക്കായി നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ചെയ്തു. 

ആറാം ഉപമ 4,1: സുഖഭോഗങ്ങളിലും വ്യർത്ഥതയിലും ജീവിതം പാഴാക്കിയവർ ചെലവഴിച്ചത്രയും കാലദൈർഘ്യം പീഡിപ്പിക്കപ്പെടും. 

ആറാം ഉപമ 5,5: സുഖലോലുപത്വത്തിനുവേണ്ടി ചെയ്യുന്നവയൊക്കെ സ്വാർത്ഥതയാണ്. ഉദാഹരണമായി, കോപിഷ്‌ഠൻ തൻ്റെ വികാരങ്ങളെ കടിഞ്ഞാണില്ലാതെ അഴിച്ചുവിടുന്നതുവഴി സുഖലോലുപനാകുന്നു. അപ്രകാരം തന്നെയാണു വ്യഭിചാരിയും, മദ്യപാനിയും, പരദൂഷകനും, നുണയനും, അസൂയാലുവും, മോഷ്‌ടാവും ചെയ്യുന്നത്. ഓരോരോ തിന്മകളെ നിയന്ത്രണരഹിതമായി കയറൂരിവിടുന്നവർ തങ്ങളുടെ പ്രവൃത്തികളിൽ സ്വാർത്ഥലോലുപരാണ്. 

യാക്കോ 5,7: കർത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിൻ. 

മൂന്നാം ദർശനം 8,9: ഗോപുരത്തിന്റെ പണി നടക്കുന്നതേയുള്ളൂ. പണി തീരുമ്പോൾ അവസാനമാകും. 

നാലാം ഉപമ 2,5: വരാനിരിക്കുന്ന ലോകത്തിൽ നീതിമാന്മാർക്കു വേനൽക്കാലമാണ്. എന്നാൽ പാപികൾക്കു തണുപ്പുകാലമായിരിക്കും. കർത്താവിന്റെ കരുണ പ്രകാശിക്കുമ്പോൾ ദൈവദാസന്മാർ വെളിവാക്കപ്പെടും... ആ വേനലിൽ നിങ്ങളുടെ ഫലങ്ങൾ അറിയപ്പെടാനായി ഫലം പുറപ്പെടുത്തുക; ബഹുവിധ പര്യാകുലതകളിൽ നിന്നകന്നിരിക്കുക; നീ പിന്നെ പാപം ചെയ്യുകയില്ല. 

അഞ്ചാം ഉപമ 5, 3: യജമാനൻ്റെ വിദേശയാത്രയുടെ കാലം രണ്ടാമത്തെ വരവിനു മുമ്പു ശേഷിക്കുന്ന സമയമാണ്.

ഒമ്പതാം ഉപമ 26,6: അതുകൊണ്ട് ഗോപുരംപണി പൂർത്തിയാകുന്നതിനു മുമ്പ് അനുതപിക്കാൻ ഉദ്ദേശിക്കുന്നവർ വേഗത്തിൽ അപ്രകാരം ചെയ്യട്ടെ. 

യാക്കോ 5,9: പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുവിൻ. 

രണ്ടാം കല്പന 2: ഒരു വ്യക്‌തിക്കും എതിരായി സംസാരിക്കരുത്. പരദൂഷണം പറയുന്നവരെ ശ്രദ്ധിക്കുകയുമരുത്. 

മൂന്നാം ദർശനം 9,10: നിങ്ങൾതന്നെ ശിക്ഷണരഹിതരാണെങ്കിൽ കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ നിങ്ങൾക്കെങ്ങനെ തിരുത്താൻ സാധിക്കും? നിങ്ങൾ ആദ്യമേ സ്വയം തിരുത്തുക; പരസ്‌പരം സമാധാനത്തിൽ ജീവിക്കുക. 

യാക്കോ 5,13: ആനന്ദിക്കുന്നവൻ സ്തോത്രം ആലപിക്കട്ടെ. 

ഒമ്പതാം ഉപമ 28,5: ദൈവനാമത്തെപ്രതി പീഡകൾ സഹിച്ച നീ അവിടുത്തെ സ്‌തുതിക്കുകയാണ് വേണ്ടത്. കാരണം, തന്റെ നാമം വഹിക്കാൻ നിന്നെ അവൻ യോഗ്യനായി കണ്ടു. നിന്റെ പാപങ്ങളെല്ലാം അവൻ ക്ഷമിക്കയും ചെയ്തു. 

യാക്കോ 5,16: നീതിമാൻ പ്രാർത്ഥനയ്ക്കു വലിയ ശക്തിയുണ്ട്. 

രണ്ടാം ഉപമ 6-8: ദൈവസമക്ഷം ദരിദ്രൻ്റെ മധ്യസ്‌ഥപ്രാർത്ഥന സ്വീകാര്യമാണെന്നും ദൈവമുമ്പാകെ അവൻ ധനവാനാണെന്നും അവനറിയാം... ഇങ്ങനെ തന്നെ സഹായിച്ച ധനവാനുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കുന്ന ദരിദ്രൻ ധനം തിരിച്ചുകൊടുക്കുന്നു. 

യാക്കോ 5,20: പാപിയെ അബദ്ധത്തിൽ നിന്നു തിരിയെ കൊണ്ടുവരുന്നവൻ സ്വന്തം ജീവനെ മരണത്തിൽ നിന്നു രക്ഷിക്കുക മാത്രമല്ല, തന്റെ പാപങ്ങളുടെ ആധിക്യം മായിച്ചുകളയുക കൂടി ചെയ്യുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ. 

ഒന്നാം ദർശനം 3,1: കർത്താവിനും നിനക്കും തങ്ങളുടെ മാതാപിതാക്കൾക്കും എതിരായി പാപം ചെയ്‌ത നിൻ്റെ കുടുംബക്കാരെ നീ മാനസാന്തരപ്പെടുത്താത്തതിനാലാണ് ദൈവകോപം നിനക്കെതിരായി ജ്വലിച്ചിരിക്കുന്നത്. നിരന്തരം വിശ്രമരഹിതനായി, നിൻ്റെ ഭവനാംഗങ്ങളെ ഉത്തേജിപ്പിക്കുകയും ശക്‌തിപ്പെടുത്തുകയും ചെയ്യണം... അതുകൊണ്ട് നിന്റെ മക്കളെ പ്രബോധിപ്പിക്കാൻ വിട്ടുപോകരുത്. പൂർണഹൃദയത്തോടുകൂടി അവർ അനുതപിച്ചാൽ വിശുദ്ധരോടൊന്നിച്ച് ജീവൻ്റെ പുസ്തകത്തിൽ അവരുടെ പേര് എഴുതപ്പെടും.

 

V ക്രൈസ്തവവിശ്വാസവും സ്നേഹപ്രമാണവും 

വിശ്വാസജീവിതത്തിൻ്റെ പ്രായോഗിക മാനത്തെക്കുറിച്ച് യാക്കോബിന്റെ ലേഖനം പോലെ സവിസ്‌തരം പ്രസ്‌താവിക്കുന്ന മറ്റേതെങ്കിലും ഗ്രന്ഥം പുതിയനിയമത്തിലുണ്ടോ എന്നു സംശയമാണ്. പിതാവായ ദൈവം ദൈവപുത്രനായ സത്യവചനത്താൽ നമുക്കു ജന്മം നല്‌കിയിരിക്കുന്നത് നമ്മൾ പൂർണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരും ആകേണ്ടതിനാണ് (യാക്കോ 1,4.18). ഈ പൂർണത പ്രാപിക്കാനുള്ള ഏകമാർഗം സ്വാതന്ത്യത്തിൻ്റെ നിയമം എന്തെന്നു മനസ്സിലാക്കി അതനുസരിച്ചു കർമ്മനിരതനായി ജീവിക്കുക എന്നുള്ളതാണ് (യാക്കോ 1, 25). സ്വാതന്ത്ര്യത്തിന്റെ ഈ നിയമമാകട്ടെ "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതാണുതാനും (യാക്കോ 2,8). “അതിനാൽ സ്വാതന്ത്ര്യത്തിന്റെ നിയമത്താൽ വിധിക്കപ്പെടേണ്ടവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവിൻ” (2,12) എന്നതാണ് യാക്കോബ് ശ്ലീഹാ നമുക്കു നല്‌കുന്ന പ്രായോഗിക നിർദ്ദേശം. “നിങ്ങൾ വചനം കേൾക്കുന്നവർ മാത്രമായി നിങ്ങളെത്തന്നെ വഞ്ചിക്കാതെ, വചനം പ്രവർത്തിക്കുന്നവരായിരിക്കുവിൻ" (1,22) എന്നുപദേശിക്കുമ്പോൾ യാക്കോബ് ശ്ലീഹാ ഉദ്ദേശിക്കുന്നതും മറ്റൊന്നുമല്ല. 

സ്നേഹത്തിൻ്റെ നിയമം സംസാരത്തിലും പ്രവൃത്തിയിലുംകൂടി പ്രകടമാക്കണം. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹാ എഴുതുന്നത്: “താൻ ദൈവത്തെ ശുശ്രൂഷിക്കുന്നുവെന്ന് ഒരുവൻ വിചാരിക്കയും സ്വന്തം നാവിനെ നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്താൽ, അവൻ ശുശ്രൂഷ വ്യർത്ഥമാകുന്നു. ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിക്കുക, ലോകത്തിൽ കളങ്കമില്ലാതെ ജീവിക്കുക ഇവയാകുന്നു പിതാവായ ദൈവത്തിന്റെ മുമ്പിൽ നിർമ്മലവും പരിശുദ്ധവുമായ ശുശ്രൂഷ" (1,26-27). ഇപ്രകാരം വാക്കിലും പ്രവൃത്തിയിലും സ്നേഹപ്രമാണം പ്രാവർത്തികമാക്കുന്നവരാണ് കർത്താവിനാൽ അനുഗ്രഹിക്കപ്പെടുന്നത് - നീതീകരിക്കപ്പെടുന്നത് (1,25,2,24). ഇവർക്കുള്ളതാണ് ജീവൻ്റെ കിരീടം (1.12).

1.സ്നേഹപ്രമാണം സംസാരത്തിൽ 

i എന്റെ സഹോദരരേ, നിങ്ങൾ കേൾക്കാൻ വേഗമുള്ളവരും, സംസാരിക്കാനും കോപിക്കാനും വിളംബമുള്ളവരും ആയിരിക്കണം (1,19).

ii സംസാരത്തിൽ തെറ്റു പറ്റാത്തവൻ തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ് (3,2). 

iii നിങ്ങളിൽ അസൂയയോ സ്വാർത്ഥതത്പരതയോ ഉണ്ടെങ്കിൽ സത്യത്തിനെതിരായി അഭിമാനിക്കുകയോ വ്യാജം പറയുകയോ അരുത് (3,14). 

iv ഉന്നതത്തിൽ നിന്നുള്ള ജ്‌ഞാനം പരിശുദ്ധവും സമാധാനപരവും സൗമ്യവും വിധേയത്വപൂർവകവും കരുണാപുരിതവും സത്ഫലദായകവും അചഞ്ചലവും നിഷ്കപടവുമാകുന്നു (3,17). 

V എൻ്റെ സഹോദരരേ, നിങ്ങൾ അന്യോന്യം ദൂഷണം പറയരുത്. സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നിയമത്തെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നു (4,11). 

vi ഇത്തരം ആത്മപ്രശംസ തിന്മയാണ്. നന്മ ചെയ്യണമെന്ന് അറിഞ്ഞിട്ടും അപ്രകാരം ചെയ്യാത്തവനു പാപമുണ്ട് (4,16). 

vii എൻ്റെ സഹോദരരേ, നിങ്ങൾ വിധിക്ക് അർഹരാകാതിരിക്കാൻ വേണ്ടി പരസ്പരം കുറ്റപ്പെടുത്താതിരിക്കുവിൻ (5,9). 

viii എൻ്റെ സഹോദരരേ, സർവോപരി നിങ്ങൾ ആണയിടരുത്. സ്വർഗത്തെയും ഭൂമിയെയും മറ്റൊന്നിനെയുംകൊണ്ട് നിങ്ങൾ ആണയിടരുത്. ശിക്ഷാവിധിക്ക് അർഹരാകാതിരിക്കാൻ നിങ്ങളുടെ വാക്ക് 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ (5,12).

2. സ്നേഹപ്രമാണം പ്രവൃത്തിയിൽ 

i അതിനാൽ, എല്ലാ അശുദ്ധിയും ദുഷ്‌ടതയും ഉപേക്ഷിച്ച്, നിങ്ങളുടെ രക്ഷയ്ക്ക് ഉതകുന്നതും നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നതുമായ വചനത്തെ വിനയപൂർവം സ്വീകരിക്കുവിൻ (1,21). 

ii ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിക്കുക (1,27). 

iii എൻ്റെ സഹോദരരേ, മഹത്ത്വപൂർണനും നമ്മുടെ കർത്താവുമായ ഈശോമിശിഹായിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കരുത് (2,1). 

iv കരുണ കാട്ടാത്തവൻ നിഷ്‌കരുണം വിധിക്കപ്പെടും. എന്നാൽ കാരുണ്യം വഴി നിങ്ങൾ വിധിക്ക് അതീതരായി ഭവിക്കും (2,13).

V എന്റെ സഹോദരരേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്‌താൽ, എന്തു പ്രയോജനം? അയാളുടെ വിശ്വാസത്തിന് അയാളെ രക്ഷിക്കുവാൻ കഴിയുമോ? (2,14). 

vi ഒരു സഹോദരനോ സഹോദരിക്കോ ധരിക്കാൻ വസ്ത്രമോ, കഴിക്കാൻ ആഹാരമോ ഇല്ലെന്നിരിക്കട്ടെ. അവരുടെ ശരീരത്തിനാവശ്യമായതു കൊടുക്കാതെ, അവരോട്, 'സമാധാനത്തോടെ പോവുക; തീ കായുക, ഭക്ഷിച്ചു തൃപ്‌തരാകുക' എന്നു നിങ്ങളിൽ ആരെങ്കിലും പറഞ്ഞാൽ, അതുകൊണ്ട് എന്തു പ്രയോജനം? അതിനാൽ പ്രവർത്തനരഹിതമായ വിശ്വാസം അതിൽത്തന്നെ നിർജ്‌ജീവമാണ് (2,16-17). 

vii നമ്മുടെ പിതാവായ അബ്രാഹം തന്റെ പുത്രൻ ഇസഹാക്കിനെ ബലിപീഠത്തിൽ കയറ്റിയ പ്രവൃത്തി വഴിയല്ലെ നീതീകരിക്കപ്പെട്ടത്? അയാളുടെ വിശ്വാസം പ്രവൃത്തികളെ സഹായിച്ചെന്നും പ്രവൃത്തികൾവഴി വിശ്വാസം പൂർണമായെന്നും നീ മനസ്സിലാക്കുന്നില്ലെ? (2,21-22). 

viii മനുഷ്യൻ വിശ്വാസംകൊണ്ടു മാത്രമല്ല, പ്രവൃത്തികൾ കൊണ്ടുകൂടി നീതീകരിക്കപ്പെടുന്നുവെന്ന് അറിയുവിൻ (2,24). 

xi ഇപ്രകാരംതന്നെ, വേശ്യയായ റാഹാബും ചാരന്മാരെ സ്വീകരിക്കയും മറ്റൊരു വഴിക്ക് അവരെ പറഞ്ഞയയ്ക്കുകയും ചെയ്ത പ്രവൃത്തി വഴിയല്ലെ നീതീകരിക്കപ്പെട്ടത്? (2,25). 

x പ്രാണനില്ലാത്ത ശരീരം ചത്തതായിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും ചത്തതാകുന്നു (2,16). 

xi നിങ്ങളിൽ ജ്‌ഞാനിയും വിവേകിയും ആരുണ്ട്? അവൻ തൻ്റെ ജ്‌ഞാനം നല്ല ജീവിതത്തിലൂടെ പ്രാവർത്തികമാക്കട്ടെ (3,13). 

xii അസൂയയും സ്വാർത്ഥതത്പരതയും ഉള്ളിടത്ത് അക്രമവും തിന്മയും ഉണ്ടായിരിക്കും (3,16). 

xiii നിങ്ങളുടെയിടയിൽ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകാൻ കാരണമെന്ത്? അതു നിങ്ങളിലുള്ള ദുരാശയല്ലെ? (4,1). 

xiv അല്ലയോ സമ്പന്നരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരന്തങ്ങളോർത്തു കരഞ്ഞു വിലപിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ സമ്പത്തു ദ്രവിച്ചും വസ്ത്രങ്ങൾ ചിതൽ തിന്നും നശിച്ചുപോയിരിക്കുന്നു. നിങ്ങളുടെ സ്വർണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. അവയുടെ കറ നിങ്ങൾക്കെതിരെ സാക്ഷ്യം നല്‌കും. അതു നിങ്ങളുടെ മാംസം ദഹിപ്പിക്കും. നിങ്ങൾ നിങ്ങൾക്കായിത്തന്നെ അവസാന നാളുകളിലേയ്ക്ക് തീ കൂട്ടിയിരിക്കുന്നു. ഇതാ, നിങ്ങളുടെ വിളവുകൾ കൊയ്ത്‌ വേലക്കാർക്കു നിങ്ങൾ കൊടുക്കാതിരുന്ന കൂലി നിലവിളിക്കുന്നു! കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കർത്താവിൻ്റെ കാതുകളിൽ എത്തിയിരിക്കുന്നു. ഭൂമിയിൽ നിങ്ങൾ സുഖലോലുപരായി ജീവിക്കുകയും കൊലയുടെ നാളിലേയ്ക്കായി നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും ചെയ്തു (5,1-5). 

XV എൻ്റെ സഹോദരരേ, സഹനങ്ങൾ ഉണ്ടാകുമ്പോൾ, ക്ഷമയ്ക്കു മാതൃകയായി കർത്താവിൻ്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സ്വീകരിക്കുവിൻ (5,10). 

xvi നിങ്ങളിൽ കഷ്ടതയനുഭവിക്കുന്നവൻ പ്രാർത്ഥിക്കയും ആനന്ദിക്കുന്നവൻ സ്തോത്രം ആലപിക്കയും ചെയ്യട്ടെ (5,13). 

xvii നിങ്ങളിൽ രോഗബാധിതനുണ്ടെങ്കിൽ, അവർ സഭയിലെ പുരോഹിതന്മാരെ വിളിക്കട്ടെ. അവർ അവനുവേണ്ടി പ്രാർത്ഥിക്കുകയും നമ്മുടെ കർത്താവിൻ്റെ നാമത്തിൽ അവനെ തൈലം പൂശുകയും ചെയ്യട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. നമ്മുടെ കർത്താവ് അവനെ എഴുന്നേല്‌പിക്കും. പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനു പൊറുതിയും ലഭിക്കും (5,14-15). 

xviii നിങ്ങൾക്കു സൗഖ്യമുണ്ടാകാൻ നിങ്ങൾ അന്യോന്യം പാപങ്ങൾ ഏറ്റുപറയുകയും പ്രാർത്ഥിക്കുകയും ചെയ്യുവിൻ. നീതിമാൻ്റെ പ്രാർത്ഥനയ്ക്കു വലിയ ശക്‌തിയുണ്ട് (5,16). 

xix എൻ്റെ സഹോദരരേ, നിങ്ങളിൽ ആരെങ്കിലും സത്യമാർഗത്തിൽ നിന്നു വ്യതിചലിക്കയും അയാളെ മറ്റാരെങ്കിലും തിരിച്ചുകൊണ്ടു വരികയും ചെയ്യുന്നപക്ഷം, പാപിയെ അബദ്ധമാർഗത്തിൽനിന്നു തിരിയെ കൊണ്ടുവരുന്നവൻ സ്വന്തം ജീവനെ മരണത്തിൽനിന്നു രക്ഷിക്കുക മാത്രമല്ല, തൻ്റെ പാപങ്ങളുടെ ആധിക്യം മായിച്ചുകളയുക കൂടി ചെയ്യുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ (5,19-20).

വിശ്വാസം പ്രവൃത്തിപഥത്തിലെത്തിക്കാൻ ക്രൈസ്‌തവർ സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങളാണ് യാക്കോബ് ശ്ലീഹാ നിർദ്ദേശിക്കുന്നത്. ഇവയെല്ലാം സഹോദരസ്നേഹത്തിൻ്റെ വചനമനുസരിച്ചുള്ള ജീവിതത്തിൻ്റെ ഭാഗമാണ്; "നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന ദൈവികനിയമം പ്രാവർത്തികമാക്കുന്നതിൻ്റെ അടയാളങ്ങളും. 

VI ഉപസംഹാരം 

വിജാതീയരുടെയിടയിൽ ചിതറിപ്പാർക്കുന്ന പുതിയനിയമത്തിലെ പന്ത്രണ്ടു ഗോത്രങ്ങളിൽപ്പെടുന്ന ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കാണ് വി.യാക്കോബ് ശ്ലീഹാ എഴുതുന്നത്. ക്രൈസ്തവാസ്തിത്വത്തിൻ്റെ സത്താപരമായ അടിസ്‌ഥാനം (Indicative of christian existence) വിവരിക്കുന്ന ശ്ലീഹാ ഇതിൽ നിന്നുരുത്തിരിയുന്നതും അനുദിനജീവിതത്തിനുതകുന്നതുമായ നിർദ്ദേശങ്ങളിലേക്കും ആഹ്വാനങ്ങളിലേക്കും (Imperatives for christian existence) വെളിച്ചം വീശുകയും ചെയ്യുന്നു. 

ക്രൈസ്തവാസ‌തിത്വത്തിൻ്റെ ആരംഭം മാമ്മോദീസായിലെ പുതു ജന്മത്തിലാണല്ലൊ. ഈ നവജന്മത്തെ യാക്കോബ് ശ്ലീഹാ അവതരിപ്പിക്കുന്നത് പിതാവായ ദൈവം സത്യത്തിൻ്റെ വചനമായ തൻ്റെ പുത്രനിലൂടെ നിർവ്വഹിക്കുന്ന ഒരു പുതിയ സൃഷ്‌ടികർമ്മമായാണ്. തൻ്റെ സൃഷ്ടികളിൽ ആദ്യഫലങ്ങളും പൂർണ്ണരും തികവുറ്റവരും ഒന്നിലും കുറവില്ലാത്തവരും ആകേണ്ടതിനുമായാണ് ഈ പുതിയ അസ്തിത്വം ദൈവം നമുക്കു നൽകിയിരിക്കുന്നത്. ഈ ലക്ഷ്യസാധ്യത്തിനായി നമ്മിൽ പാകപ്പെട്ടിരിക്കുന്ന വചനത്തെ നമ്മൾ വിനയപൂർവ്വം സ്വീകരിക്കേണ്ടതുണ്ട്. വചനം സ്വീകരിക്കുകയെന്നാൽ വചനം പ്രവർത്തിക്കുന്നവരാകുക - വചനമനുസരിച്ചു ജീവിക്കുന്നവരാകുക - എന്നർത്ഥം. വചനം പ്രവൃത്തിപഥത്തിലെത്തിക്കുന്നതിൻ്റെ ഭാഗമാണ്, അശുദ്ധിയും തിന്മയും ദൂരെയകറ്റുന്നതും കോപത്തെ നിയന്ത്രിക്കുന്നതും നാവിനു കടിഞ്ഞാണിടുന്നതും പൊളിവചനം പറയാതിരിക്കുന്നതും അയൽക്കാരനെ വിധിക്കാതിരിക്കുന്നതുമൊക്കെ. ഇപ്രകാരം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നമ്മുടെ വിശ്വാസം നിർജ്‌ജീവമാകില്ല.

വിശ്വാസജീവിതത്തിൽ അവശ്യാവശ്യം വന്നുഭവിക്കുന്ന പരീക്ഷകളെ സധൈര്യം നേരിടാനും അതിജീവിക്കാനും വിശ്വാസി ശക്തിനേടേണ്ടത്, നിത്യജീവൻ്റെ കിരീടത്തെക്കുറിച്ചു കർത്താവു നല്‌കിയിരിക്കുന്ന വാഗ്ദാനത്തിൽ നിന്നാണ്. ദൈവം ആരെയും പരീക്ഷിക്കുന്നില്ലെന്നും, പരീക്ഷകൾ മനുഷ്യൻതന്നെ ദുരാശയിൽ നിന്നും ജനിക്കുന്നവയാണെന്നും വ്യക്‌തമായി പഠിപ്പിക്കുന്ന ശ്ലീഹാ പരീക്ഷകളിൽ സന്തോഷിക്കുവാൻ ആഹ്വാനം ചെയ്യുന്നു. കാരണം, പരീക്ഷിക്കപ്പെടുമ്പോൾ ക്ഷമ വർദ്ധിക്കും. ഇപ്രകാരം ക്ഷമാപൂർവ്വം കാത്തിരിക്കുന്നവർക്കാണ് ജീവൻ്റെ കിരീടം. ദൈവം നല്‌കുന്ന ഉന്നതങ്ങളിൽ നിന്നുള്ള ജ്‌ഞാനമുണ്ടെങ്കിലേ പരീക്ഷകളിൽ ചഞ്ചലചിത്തരാകാതെ വിശ്വാസത്തിൽ ഉറച്ചുനില്ക്കാനാവൂ. ഈ ദൈവികജ്‌ഞാനമില്ലാത്തവർ കാറ്റത്തിളകുന്ന തിരമാലയ്ക്കു സദൃശരും വിഭജിതഹൃദയരും ആയിഭവിക്കും. വിശ്വാസസ്ഥിരതയില്ലാത്തവർക്ക് ദൈവത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. 

ഈലോകജീവിതത്തിൽ നമുക്കുണ്ടാകുന്ന വിശ്വാസപരീക്ഷകൾ “നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന ദൈവപ്രമാണത്തോടു ബന്ധപ്പെട്ടവയാണ്. സഹോദരസ്നേഹത്തിനെതിരായ തിന്മകൾ നടമാടിയിരുന്ന ഒരു സഭാസമൂഹത്തിലാണ് യാക്കോബ് ശ്ലീഹാ എഴുതുന്നതെന്നതിനു സൂചനകൾ ലേഖനത്തിൽ ധാരാളമുണ്ട്. “നിങ്ങൾ ദരിദ്രനെ നിന്ദിച്ചു", "പക്ഷപാതം കാണിക്കുന്നെങ്കിൽ നിങ്ങൾ പാപം ചെയ്യുന്നു", "നിങ്ങളുടെയിടയിൽ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകാൻ കാരണമെന്ത്?” “നിൻ്റെ  അയൽക്കാരനെ വിധിക്കാൻ നീ ആര്?" തുടങ്ങിയ ലേഖനഭാഗങ്ങൾ ഈ യാഥാർത്ഥ്യത്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. 

സഹോദരസ്നേഹത്തിൻ്റെ മാറ്റുരച്ചറിയാനുള്ള ഒരു സുപ്രധാന രംഗം സമ്പത്തിന്റേതാണ്. ധനത്തിൻ്റെ ക്രൈസ്‌തവോചിതമായ വിനിയോഗം വളരെ പ്രധാനപ്പെട്ടതാണ്. സമ്പത്തിൻ്റെ ക്ഷണികത മനസ്സിലാക്കി ദരിദ്രരോടും അനാഥരോടും വിധവകളോടും സഹാനുഭൂതിയും അനുകമ്പയും പ്രദർശിപ്പിക്കുകയാണ് കരണീയമായുള്ളത്. പണത്തിൻ്റെ അടിസ്ഥ‌ാനത്തിൽ പക്ഷപാതം കാണിക്കാതിരിക്കാനും സാത്താനോടെതിർത്ത് ദൈവത്തോടടുത്തു ജീവിക്കാനും വിശ്വാസിക്കു സാധിക്കണം. വേലക്കാർക്ക് ന്യായമായതും അവർക്കർഹമായതുമായ കൂലി നല്കാനും അമിതമായി സമ്പത്തിലാശ്രയിക്കാതെ ദൈവപരിപാലനയിൽ ആശ്രയിച്ചു ജീവിക്കുവാനും വിശുദ്ധ യാക്കോബ് നിർദ്ദേശം നല്കുന്നു. അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ ദൈവതിരുമുമ്പിൽ നിർമ്മലവും പരിശുദ്ധവുമായ ശുശ്രൂഷ ദുരിതമനുഭവിക്കുന്ന അനാഥരെയും വിധവകളെയും സന്ദർശിക്കുക, ലോകത്തിൽ കളങ്കമില്ലാതെ ജീവിക്കുക എന്നതാണ്. 

ചുരുക്കത്തിൽ സന്തോഷപ്രദമായ ക്രൈസ്‌തവജീവിതം നയിക്കുവാൻ, നീതിനിഷ്‌ഠമായ ഒരു സമൂഹം കെട്ടിപ്പെടുക്കാൻ, വചനത്തിനനുസരിച്ചു പ്രവർത്തിക്കാൻ, ഈ ലോകയാത്രയുടെ അവസാനം നിത്യ ജീവൻ്റെ കിരീടത്തിനർഹരാകാൻ, എന്തുചെയ്യണമെന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളുടെ ഒരു സംക്ഷിപ്‌ത സമാഹാരമാണ് വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഈ ലേഖനം.

 

പുതിയനിയമഗ്രന്ഥങ്ങളിൽ ലേഖനങ്ങളാണ് ആദ്യം എഴുതപ്പെട്ടത് വി.പൗലോസ് ശ്ലീഹായാണ് താൻ സുവിശേഷമറിയിച്ച സഭാസമൂഹങ്ങൾക്ക് എഴുതുന്ന പാരമ്പര്യം ആരംഭിച്ചത് Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message