We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ On 27-Jan-2026
ക്രൈസ്തവ ജീവിതത്തിൻ്റെ കേന്ദ്രം വിശുദ്ധ കുർബാനയാണ്. മാമ്മോദീസാ സ്വീകരിക്കുന്നതോടുകൂടിയാണ് ഒരാൾ ക്രിസ്ത്യാനിയാകുന്നത്. നസ്രത്തിലെ കന്യകാമറിയത്തിൻ്റെ പുത്രനായ ഈശോ ദൈവത്തിൻ്റെ പുത്രനും പഴയനിയമ ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുമാണ് എന്നു വിശ്വസിക്കുന്നവർക്കാണ് മാമ്മോദീസാ നല്കപ്പെടുന്നത്. ക്രിസ്‌തുശിഷ്യർ ഏറ്റുപറയുന്ന ഈ വിശ്വാസം ഒരു സമൂഹമായി തിരുസ്സഭയിൽ ആഘോഷിക്കുന്ന അവസരമാണ് വിശുദ്ധ കുർബാന.
ക്രൈസ്തവ വിശ്വാസത്തിന്റെ കാതൽ ഇതാണ്: പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻ തമ്പുരാൻ കന്യകാമറിയത്തിൽനിന്നും മനുഷ്യനായി പിറന്നു. സ്വർഗ്ഗീയ പിതാവിന് മനുഷ്യരായ നമ്മോടുള്ള സ്നേഹവും കരുണയും താത്പര്യവും വെളിപ്പെടുത്തിക്കൊണ്ട് അവിടുന്നു ജീവിച്ചു. താൻ കണ്ടുമുട്ടിയവർക്കെല്ലാം രക്ഷയും സമാധാനവും നല്‌കി. ഈലോക ജീവിതത്തിന്റെ അവസാനം നമുക്കുവേണ്ടി കുരിശിലേറി മരിച്ചു. മൂന്നാം നാൾ മരിച്ചവരിൽ നിന്നുയിർത്തു. തൻ്റെ സഹനമരണോത്ഥാനങ്ങളിലൂടെ അവിടുന്നു മനുഷ്യവർഗ്ഗം മുഴുവൻ്റെയും രക്ഷ സാധിച്ചു. ഈ രക്ഷയുടെ ഫലങ്ങൾ തിരുസ്സഭയിലൂടെ ലോകാവസാനംവരെ വിശ്വസിക്കുന്നവർക്ക് അവിടുന്നു പ്രദാനം ചെയ്യുന്നു. മഹത്ത്വപൂർണ്ണനായ മിശിഹാ രണ്ടാമതും വരുന്നതുവരെ തിരുസ്സഭ രക്ഷയുടെ ഈ ദൗത്യം തുടരും. വിശ്വാസപ്രമാണത്തിൽ നമ്മൾ ദിവസവും ഏറ്റുപറയുന്നത് ഇതാണ്. ഈ സംഭവങ്ങളെയാണു മിശിഹാരഹസ്യമെന്നു വിളിക്കുന്നത്. ഈ മിശിഹാരഹസ്യത്തിൻ്റെ അനുസ്‌മരണവും അനുഷ്‌ഠാനവും ആഘോഷവുമാണ് വിശുദ്ധ കുർബാന.
മനുഷ്യന്റെ ബുദ്ധിക്കും ഗ്രഹണശക്തിക്കും അതീതമായ രക്ഷാകര പ്രവർത്തനങ്ങളാണ് കുർബാനയിൽ അനുഷ്ഠിക്കപ്പെടുന്നത്. രക്ഷാകര രഹസ്യങ്ങളുടെ കൗദാശികമായ അനുസ്മരണവും ആഘോഷവുമാണ് വിശുദ്ധ കുർബാന, ഈശോമിശിഹാ വെളിപ്പെടുത്തിയ രക്ഷാകര പദ്ധതിയാകുന്ന രഹസ്യത്തിന്റെ ആഘോഷമാണത്. ഈ രക്ഷാപദ്ധതിയുടെ അന്തഃസത്തയാകട്ടെ മിശിഹാ രഹസ്യവും. ഈ മിശിഹാരഹസ്യമാണ് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും വിശുദ്ധ കുർബാനയിൽ പുനരാവിഷ്കരിക്കപ്പെടുന്നത്. ഇന്നു നമ്മൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഈശോയിലൂടെ ദൈവം നല്‌കുന്ന രക്ഷയിൽ നമുക്കും ഭാഗഭാഗിത്വം ലഭിക്കുന്നു. നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂർത്തിയാവുകയും ചെയ്യുന്നു.
ഈശോമിശിഹായുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളാണ് ക്രമമായി വിശുദ്ധ കുർബാനയിൽ നമ്മൾ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതും. കുർബാന ആരംഭിക്കുന്നതു തന്നെ ഈശോയുടെ ജനനം ഓർമ്മിച്ചുകൊണ്ടാണ്. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി" എന്ന മാലാഖമാരുടെ കീർത്തനം ബേത്ലഹെമിലേക്കും ദിവ്യശിശുവിൻ്റെ സന്നിധിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ്. വചനശുശ്രൂഷയുടെ സമയത്ത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നു വായിച്ചു കേൾക്കുമ്പോൾ പരസ്യജീവിതകാലത്ത് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രഘോഷിച്ച ഈശോയെത്തന്നെയാണ് നമ്മൾ ശ്രവിക്കുന്നത്. അപ്പവും വീഞ്ഞും ഒരുക്കി ബലിപീഠത്തിലേക്ക് പ്രദക്ഷിണമായി കൊണ്ടുവരുമ്പോൾ സുവിശേഷത്തിലെ ഭക്തസ്ത്രീകളെപ്പോലെ നമ്മളും ഈശോയുടെ കുരിശിന്റെ വഴിയേ അവിടുത്തെ അനുഗമിക്കുകയാണ്; കുരിശിൻ ചുവട്ടിൽ നിന്ന് പരി. അമ്മയെയും യോഹന്നാനെയും പോലെ കുരിശു മരണത്തിനും സംസ്ക്‌കാരത്തിനും സാക്ഷികളാവുകയുമാണ്. വിശുദ്ധ കുർബാനയുടെ കേന്ദ്രഭാഗമായ അനാഫൊറയിൽ ഈശോയുടെ മരണവും ഉത്ഥാനവും നമ്മൾ ഓർമ്മിക്കുന്നു. രക്ഷാകരമായ ഈ മരണവും ഉത്ഥാനവും വഴി നമുക്കു ലഭിക്കുന്ന നിത്യജീവനെയാണ് വിഭജനശുശ്രൂഷ അനുസ്‌മരിപ്പിക്കുന്നത്. തുടർന്ന് ഈശോയുടെ തിരുശരീരരക്തങ്ങൾ നമ്മൾ ഉൾക്കൊള്ളുമ്പോൾ, പാപമോചനം പ്രാപിച്ച് അവിടുത്തോടു നമ്മൾ ഒന്നായിത്തീരുന്നു; ഒപ്പം നമ്മൾ അവിടുത്തെ ദൃശ്യശരീരമായ തിരുസ്സഭയിൽ പരസ്പരം ബന്ധിതരും മിശിഹായുടെ മൗതികശരീരത്തിലെ അംഗങ്ങളുമാകുന്നു. യുഗാന്തത്തിൽ മഹത്ത്വപൂർണ്ണനായി അവിടുന്നു വീണ്ടും വരുമ്പോൾ യോഗ്യതയോടെ അവിടുത്തെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതും ഈ ദിവ്യരഹസ്യമാണ്.
വിശുദ്ധ കുർബാനയെ സ്‌തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യമെന്നു വിശേഷിപ്പിക്കുന്ന ധാരാളം പ്രാർത്ഥനകൾ നമ്മുടെ കുർബാനയിലുണ്ട്. ഈ രക്ഷാകര രഹസ്യത്തെപ്രതി ദൈവത്തിനു കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്ന നിമിഷങ്ങളാണ് വി. കുർബാനയുടേത്. യോഗ്യതാപൂർവ്വം ഇതു നിർവ്വഹിക്കുവാൻ നമുക്കുവേണ്ട അനുഗ്രഹത്തിനായാണ് കാർമ്മികൻ കുർബാനയുടെ ആരംഭത്തിൽ പ്രാർത്ഥിക്കുന്നത്: “ഞങ്ങളുടെ കർത്താവായ ദൈവമേ, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവം നല്കിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ..."
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, സ്നേഹപൂർവ്വം അങ്ങു ഞങ്ങളെ സൃഷ്‌ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്നതിനെ പ്രതി ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ രക്ഷയ്ക്കായി വിശുദ്ധ കുർബാന എന്ന ദിവ്യരഹസ്യം ഏർപ്പെടുത്തിയതിനെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്കു നന്ദിപറയുന്നു. ഈ ദിവ്യരഹസ്യത്തിൽ സജീവമായി പങ്കെടുത്ത് രക്ഷയും വിശുദ്ധീകരണവും പ്രാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
ആരാധനാക്രമത്തിലൂടെ പ്രത്യേകിച്ച്, വി. കുർബാനയിലൂടെ നമ്മൾ പരി. ത്രിത്വത്തിലെ ജീവനിൽ പങ്കു ചേരുന്നു. മഹത്ത്വീകൃതനായ ഈശോമിശിഹായുടെ ശരീരത്തോടുള്ള ഐക്യത്തിന്റെ രഹസ്യവും അമർത്യതയുടെ വിത്തുമാണ് ഈ വി. കുർബാന (ജോൺ പോൾ II മാർപാപ്പാ, കിഴക്കിൻ്റെ പ്രകാശം).
ഈശോയിൽ വിശ്വസിക്കുന്നവരുടെ ഒരു സമൂഹം ഉദ്ഘാടനം ചെയ്യപ്പെട്ടത് പന്തക്കുസ്‌താദിനത്തിലാണ്. ദൈവപുത്രനും മിശിഹായുമായ നസ്രായൻ ഈശോയെക്കുറിച്ച് അന്ന് വി. പത്രോസ് ശ്ലീഹാ ചെയ്‌ത പ്രഘോഷണം ശ്രവിച്ച് അനേകർ മാനസാന്തരപ്പെട്ടു. അവർ മാമ്മോദീസാ സ്വീകരിച്ച് ഒരു സമൂഹമായി; ഒരാത്മാവും ഒരു ഹ്യദയവുമുള്ള സമൂഹം കർത്താവിൻ്റെ ഓർമ്മ ആചരിക്കാനായി ഒന്നിച്ചുകൂടിയിരുന്ന അവസരങ്ങളിലാണ് അവരുടെ ഹൃദയൈക്യം ഏറെ പ്രകടമായിരുന്നത്.
ആദിമസഭാംഗങ്ങളുടെ ജീവിതശൈലിയെക്കുറിച്ചു നടപടി പുസ്‌തകത്തിൽ വി. ലൂക്കാ ഇപ്രകാരം രേഖപ്പെടുത്തുന്നു. "അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താല്‌പര്യപൂർവ്വം പങ്കുചേർന്നു"(നടപടി 2,42). പ്രാർത്ഥിക്കുവാനായാണ് അവർ ഒന്നിച്ചുകൂടിയിരുന്നത്. ഈ പ്രാർത്ഥനാകൂട്ടായ്‌മയിൽ പ്രധാനമായും അവർ മൂന്നു കാര്യങ്ങൾ ചെയ്‌തിരുന്നു: 1) അപ്പസ്തോലന്മാരുടെ പ്രബോധനം ശ്രവിക്കൽ, 2) കൂട്ടായ്‌മ, 3) അപ്പം മുറിക്കൽ. ആദിമ സഭയിലെ വി.കുർബാന അർപ്പണത്തിൻ്റെ മൂന്നു ഘടകങ്ങളായിരുന്നു ഇവ.
1. അപ്പസ്തോലന്മാരുടെ പ്രബോധനം
ആദിമക്രൈസ്‌തവർ സമൂഹമായി സമ്മേളിച്ചിരുന്നപ്പോഴെല്ലാം ശ്ലീഹന്മാരുടെ പ്രബോധനം ശ്രവിക്കുന്നതിൽ വലിയ താല്പര്യം കാണിച്ചിരുന്നു. ഈശോയുടെ കൂടെ ജീവിക്കുകയും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങൾക്കു സക്ഷ്യം വഹിക്കുകയും ചെയ്തവർ ശ്ലീഹന്മാരായിരുന്നു. അവർ അനുഭവിച്ചറിഞ്ഞ മിശിഹായെക്കുറിച്ചാണ് പ്രഘോഷിച്ചിരുന്നത് (1 യോഹ 1,1-4). ഈശോയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ക്രിസ്തു അനുയായിക്കു ചേർന്ന ജീവിതം നയിക്കാൻ വിശ്വാസികളെ സഹായിക്കുകയായിരുന്നു ശ്ലീഹന്മാരുടെ പ്രബോധനങ്ങളുടെ ലക്ഷ്യം.
ശ്ലീഹന്മാരുടെ മരണശേഷം ഇത്തരം സമ്മേളനങ്ങളിൽ അവരുടെതന്നെ ദ്യക്‌സാക്ഷി വിവരണങ്ങളായ സുവിശേഷങ്ങളിൽനിന്നും, അവർ വിവിധ സഭാസമൂഹങ്ങൾക്കെഴുതിയ ലേഖനങ്ങളിൽനിന്നും വായിക്കുക പതിവായിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന സഭാപിതാവായ വി. ജസ്റ്റിൻ ഇപ്രകാരം സാക്ഷിക്കുന്നു: "ഞായറാഴ്‌ച പൊതു സമ്മേളനത്തിനായി ഒന്നിച്ചു കൂടുമ്പോൾ വിശുദ്ധ ഗ്രന്ഥത്തിൽനിന്നു വായിക്കുകയും വായിച്ചവ പ്രാവർത്തികമാക്കാൻ സമ്മേളനാദ്ധ്യക്ഷൻ അംഗങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്‌തിരുന്നു" (വി. ജസ്റ്റിൻ, അപോളജി, 67.4). ഇന്ന് വി. കുർബാനയുടെ ആദ്യഭാഗത്ത് വി. ഗ്രന്ഥത്തിൽനിന്നു വായിക്കുകയും വിശദീകരിക്കുകയും ചെയ്യുമ്പോൾ ആദിമസഭയുടെ ശൈലി തന്നെയാണു നമ്മളും പിൻതുടരുന്നത്. ശ്ലീഹന്മാരുടെ പിൻഗാമികളായ മാർപാപ്പായുടെയും മെത്രാന്മാരുടെയും ലേഖനങ്ങളിൽ നിന്നു വായിക്കുമ്പോൾ, മിശിഹായുടെ പ്രബോധനത്തിന് അവർ നല്കുന്ന വ്യാഖ്യാനത്തിനാണു നമ്മൾ ചെവികൊടുക്കുന്നത്.
2. കൂട്ടായ്മ
ഈശോയുടെ പ്രബോധനങ്ങൾക്കനുസരിച്ചു ജീവിക്കാനാണ് ശ്ലീഹന്മാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചിരുന്നത്. ഈശോയുടെ പ്രബോധനമാകട്ടെ മനുഷ്യർ പരസ്‌പര സ്നേഹത്തിലും ഐക്യത്തിലും ജീവിക്കണമെന്നതും. തമ്മിൽ തമ്മിലുള്ള സ്നേഹത്തിന്റെയും ഒരുമയുടെയും പ്രകാശനമായി വിശ്വാസികൾ ഒന്നിച്ചു ഭക്ഷണം പങ്കിട്ടിരുന്നു. സമ്മേളനങ്ങളിലെ ഈ സ്നേഹവിരുന്നിനെ “അഗപ്പേ" എന്നാണവർ വിളിച്ചിരുന്നത്. വിരുന്നു മേശയിൽ സൗഹൃദം പങ്കിട്ടിരുന്ന ഈശോയുടെ മാതൃക അനുസരിച്ചായിരുന്നു ഇത്.
ഈ സ്നേഹവിരുന്നിൽ കടന്നുകൂടിയ തെറ്റായ പ്രവണതകളെ വി. പൗലോസ് ശ്ലീഹാ കുറ്റപ്പെടുത്തുകയും തിരുത്തുകയും ചെയ്യുന്ന ഭാഗം കൊറിന്തോസുകാർക്കുള്ള ലേഖനത്തിലുണ്ട്: "നിങ്ങൾ സഭയായി സമ്മേളിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നിപ്പുകളുണ്ടെന്നു ഞാൻ കേൾക്കുന്നു... ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തല്‌ഫലമായി ഒരുവൻ വിശന്നും അപരൻ കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു. എന്ത്! തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലെ? അതോ, നിങ്ങൾ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ?” (1 കൊറി 11,17-22). എല്ലാവർക്കുംവേണ്ടി കാത്തിരിക്കേണ്ടതിൻ്റെയും ഒന്നും ഇല്ലാത്ത വരെയും ദരിദ്രരെയും പ്രത്യേകം പരിഗണിക്കേണ്ടതിന്റെയും ആവശ്യകതയാണ് പൗലോസ് ശ്ലീഹാ ചൂണ്ടികാണിക്കുന്നത്. ഇന്ന് നമ്മുടെ ഇടവക സമൂഹത്തിൽതന്നെയും കൊടും ദാരിദ്ര്യം അനുഭവിക്കുകയും കടക്കെണിയിൽപ്പെട്ടു വലയുകയും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ ക്ലേശിക്കുകയും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ മാർഗ്ഗമില്ലാതെ വിഷമിക്കുകയും ചെയ്യുന്നവർ ഉണ്ടോ എന്നു ചിന്തിക്കുവാൻ പൗലോസ് ശ്ലീഹായുടെ ഈ വിമർശനം നമ്മെയും പ്രേരിപ്പിക്കേണ്ടതാണ്.
3. അപ്പം മുറിക്കൽ
ഇന്നത്തെ നമ്മുടെ വി. കുർബാനയാണ് ആദിമസഭയിൽ “അപ്പം മുറിക്കൽ” എന്നറിയപ്പെട്ടിരുന്നത്. അന്ത്യത്താഴവേളയിൽ ഈശോ ചെയ്ത കാര്യങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അവിടുത്തെ സഹന മരണോത്ഥാനങ്ങൾ അനുസ്‌മരിച്ചിരുന്നതാണ് അപ്പം മുറിക്കൽ ശുശ്രൂഷയുടെ അന്തഃസത്ത.
നമുക്കുള്ളവ ഇല്ലാത്തവരുമായി പങ്കുവയ്ക്കുന്നത് അപ്പം മുറിക്കലിന്റെ തന്നെ ഭാഗമാണ്. ഒരു മേശയിൽനിന്നുള്ള ഒരപ്പത്തിൽ പങ്കുപറ്റുന്നവർ ദൈവാലയത്തിനു വെളിയിലും തങ്ങൾക്കുള്ള "അപ്പം" പാവപ്പെട്ടവരുമായി പങ്കുവയ്ക്കുവാൻ തയ്യാറാകണം. ഈശോ സ്വന്ത ശരീരരക്തങ്ങൾ നമുക്കായി നല്‌കുന്നതുപോലെ, ഈ ദിവ്യരഹസ്യത്തിൽ നിന്നു ശക്തി സംഭരിച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ ജീവിതം നയിക്കുവാൻ നമുക്കു സാധിച്ചാൽ മാത്രമേ നമ്മുടെ വി. കുർബാനയർപ്പണം അർത്ഥപൂർണ്ണമാകൂ.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ആദിമ സഭയിലെ അംഗങ്ങളെപ്പോലെ അങ്ങയിൽ വിശ്വസിക്കുന്നതിനും സ്നേഹത്തിലും ഐക്യത്തിലും ഈ വിശ്വാസം ആഘോഷിക്കുന്നതിനും അനുഗ്രഹം നല്‌കിയതിനെപ്രതി ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ആഘോഷിക്കുന്ന വിശ്വാസത്തിനനുസൃതമായി പരസ്‌പര സ്നേഹത്തിലും ഐക്യത്തിലും ഞങ്ങൾക്കുള്ളവ പങ്കുവച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
അപ്പം മുറിക്കുന്നതിനായി ഒന്നിച്ചു കൂടിയിരുന്ന ആദിമസഭാ സമ്മേളനങ്ങളിൽ സംഭവിച്ചതെന്തെന്ന് വി. ലൂക്കാ സുവിശേഷകൻ എമ്മാവൂസ് സംഭവത്തിലൂടെ വിവരിക്കുന്നുണ്ട് (ലൂക്കാ 24,13-35). എമ്മാവൂസിലേക്കുപോയ ശിഷ്യന്മാർ സഭാംഗങ്ങളുടെ പ്രതിനിധികളാണ്. ഇവരുടെ യാത്ര പ്രതീകാത്മകവുമാണ്. ജറുസലേമിൽ നിന്നാണവർ തങ്ങളുടെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നത്. അതായത് ഈശോ പഠിപ്പിച്ച ജീവിതാവസ്ഥയിൽനിന്ന് പഴയ ജീവിത സാഹചര്യങ്ങളിലേക്കാണവർ മടങ്ങിപ്പോകുന്നത്. ജറുസലേം രക്ഷയുടെ കേന്ദ്രമാണ്. അവിടെ വച്ചാണ് ഈശോയുടെ രക്ഷാകരമായ സഹനമരണോത്ഥാനങ്ങൾ പൂർത്തിയായത്. രക്ഷയുടെ ഈ പ്രഭവസ്ഥാനത്തുനിന്നും അകന്നു പോകുമ്പോൾ മറ്റു ശിഷ്യന്മാരുമായുള്ള കൂട്ടായ്‌മയിൽ നിന്നുപോലും അകലുകയാണ്. ക്ലയോപ്പാസ് എന്ന ശിഷ്യൻ്റെ പേരുമാത്രമേ വി. ലൂക്കാ നല്കുന്നുള്ളൂ. പേരു പറയാത്ത മറ്റേ ശിഷ്യൻ രക്ഷാ കേന്ദ്രമായ തിരുസ്സഭയിലുള്ള വിശ്വാസ ജീവിതത്തിൽനിന്നും പഴയ ജീവിതത്തിലേക്കു പിന്തിരിയുവാൻ തീരുമാനിക്കുന്ന ഏതൊരു വിശ്വാസിയുമാകാം.
രക്ഷാ കേന്ദ്രത്തിൽനിന്നും അകന്നു പോയ ശിഷ്യന്മാരെ ഈശോ നാഥൻ ഉപേക്ഷിച്ചില്ല. അപരിചിതനെപ്പോലെ അവരുടെ കൂടെ നടന്ന ഉത്ഥാനംചെയ്‌ത മിശിഹാ വിശുദ്ധ ഗ്രന്ഥം മുഴുവൻ്റെയും വെളിച്ചത്തിൽ അവിടുത്തെ സഹനത്തിൻ്റെയും മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും അർത്ഥം അവർക്കു മനസ്സിലാക്കി കൊടുത്തു. ഇപ്രകാരം അവിടുന്ന് അവർക്കു വിശുദ്ധ ലിഖിതം വ്യാഖ്യാനിച്ചു കൊടുത്തപ്പോൾ അവരുടെ ഹൃദയങ്ങൾ ജ്വലിച്ചു എന്നാണ് അവർതന്നെ ആ അനുഭവത്തെക്കുറിച്ച് പിന്നീട് അനുസ്മരിക്കുന്നത് (ലൂക്കാ 27,27-32).
ഓരോ പ്രാവശ്യവും വി. കുർബാനയിലെ വചന ശുശ്രൂഷയിൽ വി. ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ എമ്മാവൂസ് ശിഷ്യന്മാർക്കുണ്ടായ അനുഭവം തന്നെ നമുക്കും ഉണ്ടാകേണ്ടതാണ്; നമ്മുടെ ഹൃദയങ്ങളും ജ്വലിക്കേണ്ടതാണ്. വചന ശ്രവണത്തിലൂടെ നമ്മുടെ ഉള്ളിൻ്റെ ഉള്ളിലും വലിയൊരു തീക്ഷ്‌ണതയും ചൂടുമുണ്ടാകണം.
എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരുടെ ജീവിതത്തിൽ വഴിത്തിരിവിനു കാരണമായത് അപ്പം മുറിക്കലാണ്. ഈശോ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ അപ്പമെടുത്ത്, ആശീർവ്വദിച്ചു മുറിച്ച് ശിഷ്യന്മാർക്കു കൊടുത്തു. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവർ അവിടുത്തെ തിരിച്ചറിഞ്ഞു (ലൂക്കാ 24,30-31). അന്ത്യത്താഴവേളയിൽ അപ്പവുമായി ബന്ധപ്പെട്ട് ഈശോ ചെയ്ത കാര്യങ്ങൾതന്നെയാണ് എമ്മാവുസിലും ആവർത്തിച്ചത്. സഭയിലെ അപ്പം മുറിക്കൽ അന്ത്യത്താഴവുമായി എത്ര ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ രംഗം.
ഉയിർത്തെഴുന്നേറ്റ കർത്താവിൻ്റെ സാന്നിദ്ധ്യം ആദിമസഭഅനുഭവിച്ചറിഞ്ഞിരുന്നത് ഇത്തരത്തിലുള്ള അപ്പം മുറിക്കൽ വേളകളിലായിരുന്നു. ഉത്ഥിതനായ മിശിഹാ ശാരീരികമായി അവരുടെ മദ്ധ്യേ സന്നിഹിതനല്ലായിരുന്നെങ്കിലും അവിടുത്തെ യഥാർത്ഥ സാന്നിദ്ധ്യം വിശ്വാസികൾ അനുഭവിച്ചിരുന്നത് അപ്പം മുറിക്കലിൻ്റെ അവസരത്തിലായിരുന്നു. അവർ താത്പര്യപൂർവ്വം ഒന്നിച്ചുകൂടി അപ്പം മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ വിരുന്നിൽ പങ്കുചേരുകയും ചെയ്തിരുന്നത് അതു കൊണ്ടാണ് (നടപടി 2,43-47).
ആഴ്ചയുടെ ആദ്യ ദിവസമായ ഞായറാഴ്‌ച അപ്പം മുറിക്കാൻ വേണ്ടി സഭാംഗങ്ങൾ ഒന്നിച്ചുകൂടിയിരുന്നതിനെപ്പറ്റി വി. ലൂക്കാ തന്നെ വ്യക്തമായ സൂചന നല്‌കുന്നുണ്ട് (നടപടി 20,7). ഈശോ മരിച്ചവരിൽ നിന്നുയിർത്ത ദിവസമായതിലാണ് ഞായറാഴ്ചയ്ക്കു പ്രാധാന്യം സിദ്ധിച്ചത്. എല്ലാ സഭകളിലും വിശ്വാസികൾ ഞായറാഴ്ച്‌ചകളിൽ ഒന്നിച്ചു ചേർന്നാണ് അപ്പം മുറിക്കുകയും കർത്താവിൻ്റെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തിരുന്നത്.
ഇന്ന് നമുക്കും ഉത്ഥാനം ചെയ്‌ത കർത്താവിൻ്റെ സാന്നിദ്ധ്യം അനുഭവിക്കുന്നതിനുള്ള വേദിയാണ് വി.കുർബാന. പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ നടക്കാതെ വരുമ്പോഴും ജീവിതപ്രശ്‌നങ്ങൾക്കുത്തരം കാണാതലയുമ്പോഴും രോഗങ്ങളും വേദനകളും നമ്മെ അലട്ടുമ്പോഴും നമ്മെ ആശ്വസിപ്പിക്കുന്നവനായി അപ്പം മുറിക്കൽ വേളയായ വി. കുർബാനയർപ്പണത്തിൽ അവിടുന്നു സന്നിഹിതനാകുന്നു. കർത്താവിൻ്റെ ഈ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ അവിടുന്നു നല്‌കുന്ന ആശ്വാസവും ശാന്തിയും പ്രാപിക്കുവാൻ നമുക്കു സാധിക്കും.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നിരാശരായി എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരുടെ കൂടെ നടന്നും വചനം വ്യാഖ്യാനിച്ചും അപ്പം മുറിച്ചും അവരെ ശക്തിപ്പെടുത്തിയതു പോലെ ഞങ്ങളെയും ശക്തിപ്പെടുത്തണമേ. വചനം ശ്രവിക്കുമ്പോൾ ഞങ്ങളുടെ മനസ്സും ഹൃദയവും ജ്വലിക്കട്ടെ. അപ്പം മുറിക്കലായ അനാഫൊറയിൽ അവിടുത്തെ തിരിച്ചറിയുവാൻ ഞങ്ങളുടെ വിശ്വാസത്തിൻ്റെ്റെ കണ്ണുകൾ തുറന്നു നല്‌കണമേ. പിതാവും പുത്രനും പരി. ആത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"കർത്താവിൻ്റെ ദിവസത്തിൽ നിങ്ങൾ ഒന്നിച്ചു കൂടുമ്പോൾ അപ്പം മുറിക്കുകയും, നന്ദി പറയുകയും ചെയ്യുവിൻ. നിങ്ങളുടെ ബലി ശുദ്ധമായിരിപ്പാൻ നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യണം. നിങ്ങളുടെ ബലി അശുദ്ധമാകാതിരിക്കുവാൻ സഹോദരരോട് രമ്യതയില്ലാതിരിക്കുന്നവൻ യോജിക്കുന്നതുവരെ നിങ്ങളോടു ചേരരുത്" (ഡിഡാക്കെ, 14,1-2)
വിശുദ്ധ കുർബാന അർപ്പിക്കുവാനായി നമ്മൾ ഇടവക ദൈവാലയത്തിൽ ഒന്നിച്ചു കൂടുമ്പോൾ ആദ്യം ചെയ്യുന്നത് ഈശോ നല്കിയ കല്പന അനുസ്‌മരിക്കുകയാണ്. സമ്മേളിക്കുന്നതിൻ്റെ കാരണം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് കാർമ്മികൻ ഇപ്രകാരം ആരംഭിക്കുന്നു:
“അന്നാപ്പെസാഹാത്തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ"
അന്ന് ആ പെസഹാതിരുനാളിൽ കർത്താവു നല്‌കിയ കല്പന അനുസരിച്ചാണ് നമ്മൾ ഒന്നിച്ചുചേരുന്നത് എന്നാണ് കാർമ്മികൻ പറയുന്നത്. ഈ പറയുന്നതിൻ്റെ അർത്ഥം മനസ്സിലാകണമെങ്കിൽ മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം:
1.പെസഹാത്തിരുനാൾ: യഹൂദരുടെ മൂന്നു പ്രധാന തിരുനാളിൽ ഒന്നാണിത്. ഇസ്രായേൽക്കാർ ഈജിപ്തിലെ അടിമത്വത്തിൽനിന്നു വിമോചിതരായി ഒരു സ്വതന്ത്ര ജനമായിത്തീർന്ന സംഭവം ആണ്ടുതോറും ഓർമ്മിക്കുന്നതാണ് പെസഹാത്തിരുനാളിൻ്റെ കാതൽ. ദൈവം നേരിട്ടിടപെട്ട് അവിടുത്തെ ശക്തമായ കരങ്ങളാൽ അവരെ രക്ഷിക്കുകയായിരുന്നു. ഇപ്രകാരം ദൈവം പ്രവർത്തിച്ചിരുന്നില്ലായെങ്കിൽ തങ്ങൾ ഈ ഭൂമുഖത്തേ ഉണ്ടാവുകയില്ലായിരുന്നു എന്നു യഹൂദർക്കറിയാമായിരുന്നു. ഓരോ വർഷവും യഹൂദകലണ്ടർ അനുസരിച്ച് നീസാൻ മാസം 14-ാം തീയതി ഒന്നിച്ചുകൂടി വിമോചനത്തിൻ്റെ ഈ സംഭവം നന്ദിനിറഞ്ഞ ഹൃദയത്തോടെ കുടുബാംഗങ്ങൾ ഓർമ്മിച്ചിരുന്നു. ഇതാണു പെസഹാത്തിരുനാൾ എന്നറിയപ്പെട്ടിരുന്നത്.
ഈജിപ്തിൽനിന്നു രക്ഷപ്പെട്ടപ്പോൾ തിടുക്കത്തിൽ പുറപ്പെടേണ്ടിയിരുന്നതുകൊണ്ട് മാവു പുളിപ്പിക്കാൻ ഇസ്രായേൽക്കാർക്കു സമയമില്ലായിരുന്നു. അതുകൊണ്ട് പുളിപ്പില്ലാത്ത അപ്പമാണ് അന്നവർ ഭക്ഷിച്ചത്. ഇതിൻ്റെ സ്‌മരണയ്ക്കായി പെസഹാത്തിരുനാളിലും പുളിപ്പില്ലാത്ത അപ്പമാണു യഹൂദർ കഴിച്ചിരുന്നത്.
പെസഹാ ലിറ്റർജിക്കു പ്രത്യേക ഘടനയുണ്ട്. ഒന്നിച്ചു കൂടുമ്പോൾ എന്തുകൊണ്ടാണ് ആ രാത്രി മറ്റു രാത്രികളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്ന് ഇളയകുട്ടി ചോദിക്കും. ഇതിനുത്തരമായി, എപ്രകാരമാണ് ദൈവം തങ്ങളെ ഈജിപ്‌തിൽനിന്നു രക്ഷിച്ചതെന്ന് കുടുംബത്തലവൻ വിശദീകരിച്ചിരുന്നു. ഓരോ വർഷവും ഈ സംഭവങ്ങൾ അനുസ്‌മരിക്കുമ്പോൾ പൂർവ്വികരുടെ അനുഭവത്തിലൂടെ കടന്നുപോകുന്ന പ്രതീതിയായിരുന്നു യഹൂദർക്ക് ലഭിച്ചിരുന്നത്.
2. ഈശോയുടെ കല്‌പനയ്ക്കു പശ്ചാത്തലമായ പെസഹാ: തൻ്റെ പരസ്യജീവിതത്തിൻ്റെ അവസാനം ജറൂസലേമിലെത്തിയ ഈശോ ശിഷ്യരുമൊത്ത് സെഹിയോൻ ഊട്ടുശാലയിൽവച്ച് പങ്കിട്ട പെസഹായെയാണ് “അന്നാപ്പെസഹാതിരുനാളിൽ" എന്നു പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നത്.
3. ഈശോ നല്കിയ കല്‌പന: പെസഹാ ആഘോഷത്തിനിടയിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്ന സമയമായപ്പോൾ അവിടുന്ന് അപ്പം എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത‌്, മുറിച്ച്, ശിഷ്യന്മാർക്കു നല്കിക്കൊണ്ട് അരുളിച്ചെയ്‌തു: "ഇതു നിങ്ങൾക്കായി നല്‌കപ്പെടുന്ന എൻ്റെ ശരീരമാകുന്നു. ഇത് എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ”. അപ്രകാരം തന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്‌തു: "ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും പുതിയ ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്. നിങ്ങൾ ഇതു പാനം ചെയ്യുമ്പോഴെല്ലാം എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ". ഈശോ ഇപ്രകാരം അരുളിചെയ്തപ്പോൾ അപ്പം അവിടുത്തെ ശരീരമായും വീഞ്ഞ് അവിടുത്തെ രക്തമായും മാറുകയായിരുന്നു. അപ്പം ഭക്ഷിക്കാനും വീഞ്ഞ് കുടിക്കാനുമായി ശിഷ്യർക്കു നല്‌കിയപ്പോൾ സ്വന്തശരീരവും രക്തവുമാണ് അവിടുന്ന് അവരുമായി പങ്കിട്ടത്.
ഈശോ ഊട്ടുശാലയിൽ വച്ചു ചെയ്‌ത കാര്യങ്ങൾ കാൽവരി മലയിലെ കുരിശിലെ സംഭവങ്ങളുടെ മുന്നോടിയായിരുന്നു. തൻ്റെ ശരീരവും രക്തവും നമുക്കായി അവിടുന്നു പൂർണ്ണമായി നല്കിയത് കുരിശിൽ കിടന്നുകൊണ്ടാണ്. അവിടെവച്ചാണു രക്തം ശരീരത്തിൽ നിന്നു വേർപെട്ടത്; അവിടുന്നു നമ്മെ രക്ഷിക്കാനായി മരണം വരിച്ചതു കുരിശിലായിരുന്നു. ഇപ്രകാരം ഊട്ടുശാലയിലെയും കാൽവരിയിലെയും സംഭവങ്ങൾ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. “നിങ്ങൾ എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ” എന്ന ഈശോയുടെ കല്‌പന ഈ സംഭവങ്ങളെല്ലാം അനുസ്മരിക്കാനുള്ള ആഹ്വാനമായിരുന്നു. ഈ കല്‌പനപ്രകാരമാണ് നമ്മൾ ദൈവാലയത്തിൽ ഒന്നിച്ചു കൂടുന്നതും വിശുദ്ധ കുർബാന അർപ്പിക്കുന്നതും.
ഈശോയുടെ മനുഷ്യാവതാരം മുതലുള്ള സംഭവങ്ങൾ ഓരോന്നായി അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും വി. കുർബാനയിൽ നമ്മൾ അനുസ്‌മരിക്കുന്നു. ഇതുവഴി ഈശോയുടെ കാലത്തു നമ്മൾ ജീവിച്ചിരുന്നാലെന്നതുപോലെ അവിടുത്തെ കാണാനും കേൾക്കാനും അവിടുന്നു നല്‌കുന്ന രക്ഷയും പാപമോചനവും സ്വീകരിക്കുവാനും നമുക്കു സാധിക്കുന്നു. ഇതെക്കുറിച്ച് പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം എഴുതുന്നു: “കർത്താവിൻ്റെ മരണത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും അനുസ്മരണമായി, സഭ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ രക്ഷാകര പ്രവൃത്തിയുടെ ഈ കേന്ദ്രസംഭവം യഥാർത്ഥത്തിൽ സന്നിഹിതമാവുകയും നമ്മുടെ രക്ഷാകരകർമ്മം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ ബലി മനുഷ്യകുലത്തിൻ്റെ രക്ഷയ്ക്ക് അതീവ നിർണായകമാണ്. അതുകൊണ്ടാണ് ഇതർപ്പിച്ച ഈശോമിശിഹാ, നാമും അവിടെ ഉണ്ടായിരുന്നാലെന്നതുപോലെ, നമുക്കുകൂടി ഇതിൽ പങ്കാളിത്തം ലഭിക്കുന്നതിനുള്ള ഒരു വഴി നല്കിയശേഷം പിതാവിങ്കലേക്കു മടങ്ങിയത്. തന്മൂലം ഓരോ വിശ്വാസിക്കും ഇതിൽ പങ്കാളിയാവാനും അനന്തമായ ഫലം നേടാനും കഴിയുന്നു" (എക്ലേസിയ ദെ എവുക്കരിസ്‌തിയ, 11).
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ രക്ഷിക്കുവാനായി അങ്ങു ഞങ്ങളെപ്പോലെ ഒരുവനായതിനും കുരിശിലെ ബലിയിലൂടെ ശരീരവും രക്തവും ഞങ്ങൾക്കായി നല്കിയതിനും ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങയുടെ ഓർമ്മയ്ക്കായി ഇത് ആവർത്തിക്കാനുള്ള കല്‌പന പാലിച്ചുകൊണ്ട് വിശുദ്ധ കുർബാനയിൽ നിന്നും സമൃദ്ധമായി അനുഗ്രഹങ്ങൾ പ്രാപിക്കാനും രക്ഷയും പാപമോചനവും സ്വന്തമാക്കുവാനും ഞങ്ങളെ സഹായിക്കണമെ. ആമ്മേൻ.
“എൻ്റെ ഓർമ്മയ്ക്കായ് നിങ്ങൾ ഇതു ചെയ്യുവിൻ” എന്ന് അന്ത്യത്താഴവേളയിൽ ഈശോ നല്കിയ കല്‌പന നിറവേറ്റുവാൻ നമ്മൾ എന്താണു ചെയ്യേണ്ടതെന്ന് കാർമ്മികൻ വ്യക്തമാക്കുന്നുണ്ട്:
"തിരുനാമത്തിൽചേർന്നീടാം ഒരുമയൊടീ ബലിയർപ്പിക്കാം”.
കല്പന നല്കിയ ഈശോയുടെ നാമത്തിലാണ് നമ്മൾ ഒന്നിച്ചുചേരുന്നത്. കാരണം, നമ്മുടെ രക്ഷയ്ക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന ഏക നാമമാണിത്. നാമം വ്യക്തിയെ സൂചിപ്പിക്കുന്നു; തിരുനാമം ഈശോ എന്ന വ്യക്തിയെയും. ഈശോയെന്ന വ്യക്തിയിലാണ് നമ്മൾ സമ്മേളിക്കുന്നത്. എന്തുകൊണ്ടെന്നാൽ, അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്: “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും" (മത്താ 18,20). തിരുനാമത്തിൽ ഒന്നിച്ചുകൂടുന്ന നമ്മുടെ മദ്ധ്യേ ഈശോമിശിഹാ സന്നിഹിതനാണ്.
കർത്താവിൻ്റെ ബലി അർപ്പിക്കാനാണ് തിരുനാമത്തിൽ നമ്മൾ സമ്മേളിക്കുന്നത്. ഒരുമയോടെ വേണം ഈ ബലി അർപ്പിക്കുവാൻ എന്ന് കാർമ്മികൻ നമ്മെ അനുസ്‌മരിപ്പിക്കുന്നു. കാരണം, പരസ്പര സ്നേഹത്തിൽ കഴിയുന്നവർക്കേ സ്നേഹത്തിൻ്റെ ബലി അർപ്പിക്കാൻ അർഹതയുള്ളൂ. പരസ്‌പര രമ്യതയിൽ ജീവിക്കുന്നവർക്കേ ഒരുമ ഉണ്ടാകൂ. അതുകൊണ്ടാണ് നമ്മൾ ഇപ്രകാരം പ്രത്യുത്തരിക്കുന്നത്:
“അനുരഞ്ജിതരായ്ത്തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം".
ബലി അർപ്പിക്കുന്നതിനുമുമ്പ് പരസ്‌പരം അനുരഞ്ജിതരാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഈശോ തന്നെ പഠിപ്പിച്ചിട്ടുണ്ട്: “നീ ബലിപീഠത്തിൽ കാഴ്‌ചയർപ്പിക്കുമ്പോൾ നിൻ്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്‌തു അവിടെ ബലിപീഠത്തിനുമുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയർപ്പിക്കുക” (മത്താ 5,24-25). നമുക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കിൽ എന്നല്ല, ആർക്കെങ്കിലും നമ്മോട് വിരോധം ഉണ്ടെന്ന് തോന്നിയാൽ, ആ വ്യക്തിയുമായി അനുരഞ്ജനപ്പെട്ടതിനുശേഷമേ ബലി അർപ്പിക്കാവൂ എന്നാണ് ഗുരുനാഥൻ പഠിപ്പിക്കുന്നത്.
വിശുദ്ധ കുർബാന അർപ്പിക്കാനണയുന്ന നമ്മൾ ഒരു ആത്മശോധന നടത്തുന്ന അവസരമാണിത്. നമുക്ക് ആരോടെങ്കിലും വിദ്വേഷമോ പിണക്കമോ ഉണ്ടോയെന്നു പരിശോധിക്കുന്നു. നമുക്ക് നമ്മുടെ കുടുംബാംഗങ്ങളോടും ഇടവകയിലെ അംഗങ്ങളോടുമുള്ള ബന്ധത്തിൽ എന്തെങ്കിലും താളപ്പിഴകൾ വന്നുപോയിട്ടുണ്ടങ്കിൽ ഹൃദയത്തിൽ അവരോടു രമ്യപ്പെടുവാനും അങ്ങനെ യോഗ്യതയോടുകൂടി ഒരുമയുടെ ബലി അർപ്പിക്കാനും നമ്മൾ ഒരുങ്ങുന്നു. കുർബാനയർപ്പണത്തിനുശേഷം അവരോട് നേരിട്ടു രമ്യപ്പെടുവാനുള്ള ശക്തി ഈ ബലിയിൽ നിന്നു നമുക്കു ലഭിക്കും.
വിശുദ്ധ കുർബാന സ്വീകരണത്തിനു മുമ്പുള്ള അനുരഞ്ജന ശുശ്രൂഷയിലെ പ്രാർത്ഥനകൾ യഥാർത്ഥ അനുരഞ്ജനത്തിൻ്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. ദൈവത്തോടും സഹോദരരോടുമുള്ള ബന്ധങ്ങളിലാണ് അനുരഞ്ജനം ആവശ്യമായി വരുന്നത്. ദൈവത്തോട് രമ്യതപ്പെടണം; സഹോദരരോട് ഐക്യത്തിലാകണം. ഇതു രണ്ടും പര്സപരം ബന്ധപ്പെട്ടിരിക്കുന്നു. സഹോദരനോടു രമ്യപ്പെടുമ്പോൾ മാത്രമാണ് നമുക്ക് ദൈവത്തോടു രമ്യപ്പെടാൻ അർഹതയുണ്ടാകുന്നത്. സഹോദരനോടു രമ്യപ്പെടാനായി ചിലപ്പോൾ ക്ഷമിക്കേണ്ടിവരും, മറ്റുചിലപ്പോൾ ക്ഷമ ചോദിക്കേണ്ടിയും വന്നേക്കാം. “മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളോടു ക്ഷമിക്കും" (മത്താ 6,14) എന്ന നമ്മുടെ കർത്താവിൻ്റെ വചനമനുസരിച്ച്, സഹോദരരോടു രമ്യപ്പെടുന്ന നമ്മോട് ദൈവവും രമ്യപ്പെടുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ടാണ് അനുരഞ്ജന ശുശ്രൂഷയിലെ കാറോസൂസായുടെ ആരംഭത്തിൽ ശുശ്രൂഷി നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്: “പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചുകൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടും നമുക്കു സകലത്തിൻ്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം".
പരസ്പരമുള്ള ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് മനസാക്ഷിയെ ശുദ്ധീകരിക്കുന്നതിലാണ് അനുരഞ്ജനത്തിൻ്റെ കാതൽ. ശത്രുതയും വിദ്വേഷവുമകറ്റി സമാധാനത്തിൽ കഴിയുമ്പോൾ യോഗ്യതയോടെ ബലിയർപ്പിക്കാനും ദിവ്യരഹസ്യങ്ങൾ സ്വീകരിക്കാനും നാം അർഹതയുള്ളവരായിത്തീരുന്നു.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പാപം വഴി അങ്ങയിൽ നിന്നകന്നുപോയ ഞങ്ങളെ പിതാവുമായി രമ്യപ്പെടുത്തുവാൻ അങ്ങ് കാൽവരിയിൽ മരിച്ചതിനെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞങ്ങളുടെ കൂടെ ജീവിക്കുന്നവരുടെ തെറ്റുകളും കുറവുകളും ഹൃദയപൂർവ്വം ക്ഷമിക്കുവാനും പരസ്പരം രമ്യതയിലും സ്നേഹത്തിലും, അനുരഞ്ജനത്തിൻ്റെ ബലി യോഗ്യതാപൂർവം അർപ്പിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. എന്തെങ്കിലും തെറ്റുകൾ സംഭവിച്ചുപോയാൽ പരസ്‌പരം ക്ഷമ ചോദിക്കുവാനും ഒരുമയുടെ ജീവിതം നയിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"നമ്മുടെ സഹോദരങ്ങളുമായി എന്തെങ്കിലും കലഹമോ തർക്കമോ ഉണ്ടെങ്കിൽ അതവസാനിപ്പിച്ചിട്ടേ ദൈവത്തിൻ്റെ ബലിപീഠത്തെ സമീപിക്കാവൂ. സമാധാനം കൂടാതെ ദൈവത്തിൻ്റെ സമാധാനത്തെ എങ്ങനെ സമീപിക്കുവാനാകും? അല്ലെങ്കിൽ വിരോധം വച്ചുകൊണ്ട് പാവമോചനത്തിന് എങ്ങനെ അണയാനാകും?" (തെർത്തുല്യൻ, പ്രാർത്ഥന, 11,1).
ഈശോയുടെ ജനനസമയത്ത് മാലാഖമാർ ആലപിച്ച കീർത്തനം ആവർത്തിച്ചുകൊണ്ടാണ് നമ്മുടെ കുർബാന ആരംഭിക്കുന്നത്. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം" എന്നായിരുന്നു മാലാഖമാർ പാടിയത് (ലൂക്കാ 2,14) സ്വർഗ്ഗത്തിൽ മാലാഖമാരുടെ കർത്തവ്യം ദൈവത്തെ പാടിസ്‌തുതിക്കുകയാണ്. പഴയനിയമത്തിൽ ഏശയ്യാ പ്രവാചകനുണ്ടായ ദർശനത്തിൽ സ്വർഗ്ഗീയ ദൂതന്മാർ ദൈവത്തെ “പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവു പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വം നിറഞ്ഞിരിക്കുന്നു" എന്ന് പാടിസ്തുതിക്കുന്നതായി നാം വായിക്കുന്നു (ഏശ 6,3). ദൈവ പുത്രൻ സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു യാത്രയായപ്പോൾ സ്വർഗ്ഗീയ വൃന്ദവും കൂടെപ്പോന്നു. സ്വർഗ്ഗത്തിൽ അവർ ചെയ്തിരുന്ന കാര്യംതന്നെ ഇവിടെയും തുടരുന്നതിൻ്റെ ഭാഗമാണ് അവരുടെ ഈ കീർത്തനം. സ്വർഗ്ഗത്തിൽ നടക്കുന്ന ദൈവാരാധന ഭൂമിയിലേക്കു കൂടി വ്യാപിക്കുന്നതാണ് ഈശോയുടെ മനുഷ്യാവതാരവേളയിൽ നമ്മൾ കാണുന്നത്. മാലാഖമാരുടെ ഈ കീർത്തനം ആവർത്തിച്ചു കൊണ്ട് വിശുദ്ധ കുർബാന നമ്മൾ ആരംഭിക്കുമ്പോൾ അവിടുത്തെ മനുഷ്യാവതാരം അനുസ്മരിക്കുന്നതോടൊപ്പം സ്വർഗ്ഗീയാരാധനയിൽ പങ്കുചേരുകയും ചെയ്യുന്നു. മാലാഖമാരുടെ സ്വർഗ്ഗീയ ശൈലി അനുകരിച്ച് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതു പരി. ത്രിത്വത്തിലെ മൂന്നാളുകളെയും ബഹുമാനിക്കുവാനാണ്. മനുഷ്യർ മാലാഖമാരൊത്തു ദൈവത്തെ സ്തുതിക്കുന്ന അവസരമാണ് കുർബാനയുടേത്.
ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിൻ്റെ ഫലങ്ങളാണ് ഈ കീർത്തനത്തിൻ്റെ ഉള്ളടക്കം. സ്വർഗ്ഗത്തിലും ഭൂമിയിലും മനുഷ്യാവതാരം ഫലമുളവാക്കി: സ്വർഗ്ഗത്തിൽ ദൈവപിതാവിനു മഹത്ത്വവും ഭൂമിയിൽ മനുഷ്യർക്കു സാധാനവും പ്രത്യാശയും. പുത്രൻ തമ്പുരാൻ മനുഷ്യനായത് പിതാവായ ദൈവത്തിൻ്റെ ഹിതം നിറവേറ്റാനും അവിടുത്തെ ഹിതം നിറവേറ്റുന്ന ഒരു സമൂഹത്തിനു രൂപം നല്‌കാനും വേണ്ടിയായിരുന്നു. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും പറുദീസായിലുണ്ടായിരുന്ന ദൈവമക്കളുടെ സ്വാതന്ത്യ്രത്തിലേക്കു കടന്നു വരണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ ദൈവഹിതത്തിനു വിധേയരായി ജനമെല്ലാം ദൈവത്തിൻ്റെ പിതൃത്വം അംഗീകരിച്ചേറ്റുപറയുമ്പോൾ അവിടുന്നു മഹത്ത്വപ്പെടുന്നു.
ഭൂമിയിൽ മനുഷ്യർക്കു ലഭിച്ച സമാധാനവും പ്രത്യാശയുമാണ് മനുഷ്യാവതാരത്തിൻ്റെ മറ്റൊരു ഫലം മനുഷ്യരക്ഷക്കുവേണ്ടിയായിരുന്നു അവിടുന്നു മനുഷ്യനായി അവതരിച്ചത്. ഈ രക്ഷയുടെ പ്രത്യക്ഷഫലങ്ങളാണ് സമാധാനവും നല്ല ശരണവും. പാപംവഴി ദൈവത്തിൽ നിന്നകന്ന മനുഷ്യവർഗ്ഗത്തെ ദൈവത്തോടനുരഞ്ജിപ്പിച്ചുകൊണ്ടാണ് ഈശോമിശിഹാ രക്ഷ സാധിച്ചത്. സമാധാനം ഈ അനുരഞ്ജനത്തിൻ്റെ ഭാഗമാണ്. ഭാവിജീവിതത്തിലുള്ള പ്രത്യാശയാണ് ഈ രക്ഷയുടെ മറ്റൊരു മാനം. ഈ ഭൂമിയിലെ ജീവിതത്തിനുശേഷമുള്ള സ്വർഗ്ഗീയ സൗഭാഗ്യത്തിൽ കണ്ണുനട്ടു കഴിയുന്നവരാണ് ക്രൈസ്‌തവർ. മരണനാനന്തര ജീവിതത്തിലുള്ള പ്രത്യാശയാണ് മനുഷ്യാവതാരത്തിൻ്റെ മഹനീയ ഫലം. കുർബാനയുടെ ആരംഭത്തിൽ മാലാഖമാരോടു ചേർന്ന് മനുഷ്യാവതാരത്തിൻ്റെ ഫലങ്ങളെ പ്രകീർത്തിച്ചുകൊണ്ട് നമുക്കും സ്വർഗ്ഗീയാരാധനയിൽ പങ്കുചേരാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പിതാവായ ദൈവത്തിനു മഹത്ത്വവും മനുഷ്യരായ ഞങ്ങൾക്കു സമാധാനവും നല്കാനായി മനുഷ്യനായവതരിച്ച അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. മാലാഖാമാരോടു ചേർന്ന് അങ്ങയെ സ്തുതിക്കുവാൻ ഞങ്ങളെയും യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
മനുഷ്യനായി അവതരിച്ച ദൈവപുത്രൻ നമുക്കു നല്കിയ ഏറ്റവും വലിയ അറിവ് നമ്മൾ ദൈവമക്കളാണ് എന്നുള്ളതാണ് അവിടുന്നു മനുഷ്യനായത് നമ്മെ ദൈവങ്ങളാക്കാൻ വേണ്ടി ആയിരുന്നു (വി. ആഗസ്തിനോസ്). ഈശോ മിശിഹായിൽ നമ്മൾ ദൈവമക്കളായിരിക്കുന്നു എന്നാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത് (എഫേ 1,5; റോമ 8,15). ദൈവത്തിന്റെ ഈ വലിയ സ്നേഹത്തെക്കുറിച്ച് വി. യോഹന്നാൻ ശ്ലീഹാ ഉദ്ഘോഷിക്കുന്നു. “കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും" (1 യോഹ 3,1). ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന അവിടുത്തെ പരിശുദ്ധാത്മാവാണ് ഈ സത്യത്തിനു സാക്ഷ്യം നല്‌കുന്നതും, ദൈവത്തെ "ആബാ" - "പിതാവേ" എന്നു വിളിക്കാൻ ശക്തിപ്പെടുത്തുന്നതും (റോമ 8,15-17; ഗലാ 4,6-7). "പിതാവേ" എന്നു ദൈവത്തെ വിളിക്കുമ്പോൾ പുത്രസഹജമായ ആശ്രയബോധവും സന്തോഷവും നമ്മിലുണ്ടാവണം. "സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ" എന്നല്ല, "ഞങ്ങളുടെ പിതാവേ" എന്നു വിളിച്ചപേക്ഷിക്കാനാണ് ഈശോ പഠിപ്പിച്ചത് (വി. തിയഡോർ). ഈശോമിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് മാമ്മോദീസാ സ്വീകരിച്ച് സഭാംഗങ്ങൾ ആയിത്തീർന്നിരിക്കുന്നവർ ഒരു സമൂഹമായാണ് ജീവിക്കുന്നത്. ഈ കൂട്ടായ്മയാണ് "ഞങ്ങളുടെ പിതാവേ" എന്നു വിളിക്കുന്നതിലൂടെ ആരാധനാസമൂഹം വ്യക്തമാക്കുന്നത്. ദൈവം എല്ലാവരുടെയും പിതാവാണെങ്കിൽ നമ്മൾ സഹോദരങ്ങളാണ്.
സ്വപുത്രനെ നല്കി നമ്മെ പുത്രരാക്കിയ ദൈവത്തിന്റെ രക്ഷാകര പ്രവൃത്തികളായ മിശിഹാസംഭവങ്ങൾ ആഘോഷിക്കപ്പെടുന്ന വി. കുർബാന പിതൃപുത്രബന്ധത്തിന്റെ രഹസ്യമാണ്. അതിന്റെ ആഘോഷമാണ്. “സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന കൊണ്ട് വി കുർബാന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും അതുകൊണ്ടാണ്. കാർമ്മികനും സമൂഹവും ചേർന്ന് ഈ പ്രാർത്ഥന ചൊല്ലുന്നത് ദൈവത്തിന്റെ പൊതു പിതൃത്വത്തെയും മനുഷ്യരുടെ പുത്രസ്ഥാനത്തെയും ദ്യോതിപ്പിക്കുവാനാണ് എന്ന് പൗരസ്ത്യ ആരാധനക്രമ വ്യാഖ്യാതാവായ ബർസലീബി പറയുന്നു. വി. കുർബാന സ്വീകരണത്തിലാണ് പിതൃപുത്രബന്ധം അതിന്റെ പരമകാഷ്ഠയിലെത്തുന്നത്. അതുകൊണ്ട് കുർബാന സ്വീകരണത്തിനൊരുക്കമായും നമ്മൾ ഈ പ്രാർത്ഥന ചൊല്ലുന്നു.
നമ്മുടെ പിതാവ് സ്വർഗ്ഗസ്ഥനാണ് എന്ന് ഏറ്റുപറയുന്നതിലൂടെ ഈ പിതാവിന്റെ വാസസ്ഥലമായ സ്വർഗ്ഗം ലക്ഷ്യമാക്കിയാണു നമ്മൾ ജീവിക്കേണ്ടതെന്ന് ഈശോ പഠിപ്പിക്കുന്നു.
നാമം വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു. ദൈവത്തിന്റെ "നാമം പൂജിതമാകണമേ" എന്നു പ്രാർത്ഥിക്കുമ്പോൾ ദൈവം ആയിരിക്കുന്നതുപോലെ ബഹുമാനിക്കപ്പെടുകയും ആരാധിക്കപ്പെടുകയും മഹത്ത്വപ്പെടുത്തപ്പെടുകയും ചെയ്യണമെന്ന ആഗ്രഹമാണു നമ്മൾ വ്യക്തമാക്കുന്നത്. പിതാവിന്റെ ഹിതം നിറവേറ്റാനായി മനുഷ്യനായവതരിച്ച ഈശോ ദൈവമഹത്ത്വത്തിനു കാരണക്കാരനായി എന്നു മാലാഖമാരുടെ കീർത്തനത്തിൽ നിന്നു നമ്മൾ മനസ്സിലാക്കി. ദൈവത്തിൻ്റെ ഹിതം നിറവേറപ്പെടുമ്പോഴാണ് ദൈവത്തിനു മഹത്ത്വമുണ്ടാകുന്നത്. പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റിക്കൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തിയ ഈശോയെപ്പോലെ (യോഹ 17,4) നമ്മുടെ ജീവിതത്തിലും ദൈവഹിതത്തിനനുസരിച്ചു പ്രവർത്തിക്കുമ്പോൾ അവിടുത്തെ നാമത്തിനു മഹത്ത്വമുണ്ടാകും. "മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്താ 5.16) എന്ന് ഉദ്ബോധിപ്പിച്ചപ്പോൾ ഈശോ ഉദ്ദേശിച്ചത് ഇതുതന്നെയാണ്.
"അങ്ങയുടെ രാജ്യം വരണമേ" എന്നു പറയുമ്പോൾ ദൈവത്തിന്റെ ഹിതം നടപ്പാകുന്ന സ്ഥലവും വ്യക്തികളും സംവിധാനങ്ങളുമൊക്കെ ഇവിടെ ഉണ്ടാകണമേ എന്നാണ് പ്രാർത്ഥിക്കുന്നത്. ഈശോയെന്ന വ്യക്തിയിലാണ് ദൈവരാജ്യം സന്നിഹിതമായത് (ലൂക്കാ 17,21). കാരണം, അവിടുന്നാണ് ദൈവഹിതം പൂർണ്ണമായി വെളിപ്പെടുത്തിയതും അതനുസരിച്ച് അവസാന നിമിഷംവരെ ജീവിച്ചതും. ദൈവഹിതത്തിനു പൂർണ്ണമായി സമർപ്പിക്കുന്ന ഒരു സമൂഹത്തിനു രൂപം നല്‌കിയശേഷമാണ് അവിടുന്ന് പിതാവിന്റെ പക്കലേയ്ക്കു തിരിച്ചു പോയത്. ഭൂമിയിൽ ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്ന സഭാംഗങ്ങൾ വർദ്ധിച്ചു വരണമെന്നും ഈ പ്രാർത്ഥന അർത്ഥമാക്കുന്നുണ്ട്. "അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ" എന്നു പ്രാർത്ഥിക്കുന്നതിന്റെ സാരവും ഇതുതന്നെ.
"ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ” എന്നു പ്രാർത്ഥിക്കുമ്പോൾ ജീവസന്ധാരണത്തിനാവശ്യമായവ നല്കണമേ എന്നാണഭ്യർത്ഥന. ആവശ്യത്തിൽ കവിഞ്ഞതൊന്നും നമ്മൾ ചോദിക്കുവാൻ പാടില്ല. ജറുസലേമിലെ വി. സിറിളിന്റെ അഭിപ്രായത്തിൽ ആത്മീയ ജീവൻ നിലനിർത്തുന്നതിനാവശ്യമായ വി. കുർബാനയാണ് നമുക്ക് ആവശ്യമായ ആഹാരം നമ്മുടെ കടക്കാരോടു നമ്മൾ ക്ഷമിച്ചതുപോലെ ദൈവം നമ്മുടെ കടങ്ങളും പാപങ്ങളും നമ്മളോടും ക്ഷമിക്കണമേ എന്നും നമ്മൾ പ്രാർത്ഥിക്കുന്നു. ഭാവിയിൽ തെറ്റിൽ അകപ്പെടാതിരിക്കാനുള്ള കൃപാവരത്തിനായും പ്രാർത്ഥിക്കുന്നുണ്ട് തിന്മയുടെ ശക്തികളിൽ നിന്നും സംരക്ഷിച്ചുകൊള്ളണമെന്നു പ്രാർത്ഥിച്ചു കൊണ്ട് പ്രാർത്ഥന അവസാനിപ്പിക്കുന്നു.
നമുക്കു പ്രാർത്ഥിക്കാം:
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അന്നുന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നല്‌കണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്ത്വവും എന്നേയ്ക്കും അങ്ങയുടെതാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"ദൈവത്തോടുള്ള നമ്മുടെ കൃതജ്ഞതയുടെ പ്രതീകമാണ് ദിവ്യകാരുണ്യം എന്നു നമ്മൾ വിളിക്കുന്ന അപ്പം" (ഒരിജൻ).
ആരാധനക്രമ വത്സരത്തിലെ ഏതു കാലത്തും സാധാരണ ദിവസങ്ങളിൽ ചൊല്ലുന്നതിനായി നിശ്ചയിച്ചിരിക്കുന്ന സങ്കീർത്തനം (സങ്കീ 15) ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളെയും സ്വഭാവ സവിശേഷതകളെയും വ്യക്തമാക്കുന്നതാണ്. ദൈവ സന്നിധിയിൽ യോഗ്യതാപൂർവ്വം വ്യാപരിക്കുന്നതിന് ഒരുവനെ അർഹനാക്കുന്ന ധാർമ്മികമായ നൈർമ്മല്യമാണ് ഈ സങ്കീർത്തനത്തിലെ പ്രതിപാദ്യം.
ജറൂസലേം ദൈവാലയം നിർമ്മിക്കപ്പെടുന്നതിനുമുമ്പ് ദൈവസാന്നിദ്ധ്യം കൂടാരത്തിലായിരുന്നു. അതുകൊണ്ടാണ് ദൈവഹിതമാരായുന്നതിനു മോശ കൂടാരത്തിനുള്ളിൽ പ്രവേശിച്ചിരുന്നത്. മോശയും ഇസ്രായേൽ ജനം മുഴുവനും ദൈവത്തെ കണ്ടുമുട്ടിയ മറ്റൊരു പ്രധാനവേദി സീനായ് മലമുകളായിരുന്നു. അവിടെ വച്ചാണ് ദൈവം ഇസ്രായേൽ ജനവുമായി നിർണ്ണായകമായ ഉടമ്പടിയിൽ ഏർപ്പെട്ടതും അവരെ സ്വന്തജനമായി സ്വീകരിച്ചതും. അപ്രകാരം, കൂടാരവും വിശുദ്ധഗിരിയും ദൈവവസാന്നിദ്ധ്യത്തിൻ്റെ സവിശേഷ സ്ഥലങ്ങളാണ്. ദൈവസന്നിധിയിൽ നില്ക്കാൻ ആർക്കാണ് യോഗ്യത എന്നതാണ് “കർത്താവേ നിൻ്റെ കൂടാരത്തിൽ ആരു വസിക്കും, നിൻ്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും" എന്ന ചോദ്യത്തിനർത്ഥം. ദൈവതിരുമുമ്പിൽ അണയാൻ ബലഹീനനും പാപിയുമായ മനുഷ്യനു അർഹതയില്ല എന്ന ഏറ്റുപറച്ചിലും ഇതിലുണ്ട്. പരിശുദ്ധമായ ചിന്തകളോടെ നിൻ്റെ ബലിപീഠത്തിനു മുമ്പിൽ നില്ക്കുവാൻ ഞങ്ങളെ സഹായിക്കണമേ എന്നാണു പ്രാർത്ഥന.
പഴയനിയമ കൂടാരത്തിൻ്റെയും വിശുദ്ധഗിരിയുടെയും സ്ഥാനത്താണ് ഇന്നത്തെ ദൈവാലയം നിലകൊള്ളുന്നത്. ദൈവിക സിംഹാസനമായിരുന്ന വാഗ്‌ദത്ത പേടകത്തിനുപകരം ഇന്ന് ബലിപീഠമാണുള്ളത്. അതുകൊണ്ട് “കർത്താവേ, നിൻ്റെ കൂടാരത്തിൽ ആരു വസിക്കും? നിൻ്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?” എന്ന കാർമ്മികൻ്റെ ചോദ്യത്തിനുത്തരമായി സമൂഹം പറയുന്നത്: “പരിശുദ്ധമായ ചിന്തകളോടെ നിൻ്റെ ബലിപീഠത്തിനു മുമ്പാകെ നില്ക്കുവാൻ, കർത്താവേ, ഞങ്ങളെ സഹായിക്കണമേ" എന്നാണ്. തുടർന്നു കാർമ്മികനും സമൂഹവും മാറി മാറി ചൊല്ലുന്ന സങ്കീർത്തനം, ദൈവാലയത്തിൽ ബലിപീഠത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുന്ന നമുക്കുണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നു.
1. കറ കൂടാതെ ജീവിക്കുന്നവനും നീതി പ്രവർത്തിക്കുന്നവനും
പാപത്തിൻ്റെയും തിന്മയുടെയും കറ പുരളാതെ, ഈ ലോകത്തിൻ്റെ വശീകരണങ്ങൾക്ക് അടിമപ്പെടാതെ ജീവിക്കുന്നവരാണ് ദൈവസന്നിധിയിൽ പ്രവേശിക്കാൻ യോഗ്യർ. അന്യർക്ക് അർഹമായത് അംഗീകരിച്ചു കൊടുക്കുകയും അപരൻ്റെ അവകാശത്തിന്മേൽ കൈകടത്താതിരിക്കുകയും ചെയ്യുന്നവരാണ് നീതി പ്രവർത്തിക്കുന്നത്. ഇപ്രകാരം പ്രവർത്തിക്കുന്ന നീതിമാന്മാർ ദൈവത്തിന് സ്വീകാര്യരാണ്.
2. ഹൃദയത്തിൽ സത്യമുള്ളവനും നാവുകൊണ്ടു വഞ്ചിക്കാത്തവനും
ഹൃദയം നമ്മുടെ ഉള്ളിൻ്റെ പ്രതീകമാണ്. ഉള്ളിൻ്റെ ഉള്ളിൽ സത്യമുണ്ടായാൽ അതു വാക്കുകളിലും പ്രവൃത്തികളിലും പ്രതിഫലിക്കും. കാരണം, ഹൃദയത്തിൻ്റെ തികവിൽനിന്നാണല്ലൊ അധരങ്ങൾ സംസാരിക്കുന്നത് (മത്താ 12,34). ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധരായിരിക്കുന്നവർക്കേ ബലി അർപ്പിക്കാൻ അർഹതയുള്ളൂ.
3. സഹോദരനോടു തിന്മ ചെയ്യാത്തവനും അയല്ക്കാരനെതിരായി പ്രേരണയ്ക്കു വഴങ്ങാത്തവനും
അയൽക്കാരനോടും സഹോദരനോടുമൊക്കെ തിന്മ പ്രവർത്തിക്കാനുള്ള പ്രലോഭനം നമ്മുടെ ഉള്ളിൽ നിന്നു തന്നെയോ പുറമേ നിന്നോ ഉണ്ടാകാം. അതിനെ ചെറുത്തു തോല്പ്‌പിച്ച് സഹോദരനു നന്മ ചെയ്യുന്നവർക്കാണ് ബലിപീഠത്തിങ്കൽ നില്ക്കാൻ യോഗ്യതയുള്ളത്.
4. ദുഷ്ടനോടു കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും
തിന്മയായതിനോടു കൂട്ടുകൂടാതെ ദൈവത്തിൻ്റെ പാതയിലൂടെ ചരിക്കുന്നവരോടു സൗഹൃദം പങ്കിട്ടു ജീവിച്ചാൽ യോഗ്യതയോടെ ബലി അർപ്പിക്കുവാൻ നമുക്ക് അർഹതയുണ്ടാകും.
5. സത്യപ്രതിജ്ഞ ലംഘിക്കാത്തവനും അന്യായപ്പലിശ വാങ്ങാത്തവനും
ആണയിടുകയേ അരുത് (മത്താ 5,35) എന്നാണ് ഈശോ പഠിപ്പിച്ചിരിക്കുന്നത്. എല്ലാവരും സത്യം മാത്രം പറയുന്ന സാഹചര്യമുണ്ടായാൽ ആണയിടേണ്ട ആവശ്യം ഉണ്ടാവില്ല. ബ്ലേഡ് പലിശക്കാർക്കു ദൈവസന്നിധിയിൽ ന്യായീകരണമില്ല.
6. നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവൻ
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. കിട്ടുന്ന വേതനം കൊണ്ടു തൃപ്തിപ്പെട്ട് കടമകൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നവനാണു നീതിമാൻ. അവനാണു ബലിയർപ്പിക്കാൻ അർഹതയുള്ളത്.
വിശുദ്ധ കുർബാനയർപ്പണത്തിനു നമുക്കുണ്ടായിരിക്കേണ്ട ധാർമ്മിക ജീവിതത്തെക്കുറിച്ചാണ് 15-ാം സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഈ ദൈവവചനമാകുന്ന പാറമേൽ വിശ്വാസ ഭവനം പണിയുന്നവർ ഏതു പ്രതിസന്ധിഘട്ടത്തിലും ഇളകുകയില്ല. അവർക്ക് എപ്പോഴും നിർമ്മല ഹൃദയത്തോടും പ്രസന്നവദനത്തോടും നിഷ്‌കളങ്കതയോടും കൂടി ദൈവസന്നിധിയിൽ വ്യാപരിക്കുവാനും യോഗ്യതാപൂർവ്വം വി. കുർബാന അർപ്പിക്കുവാനും സാധിക്കും.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ കൂടാരവും വിശുദ്ധഗിരിയുമായ ദൈവാലയത്തിൽ ആയിരിക്കുവാനും വി. കുർബാന അർപ്പിക്കുവാനും ഞങ്ങളെ അനുവദിക്കുന്നതിനെ പ്രതി ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. അങ്ങയുടെ പരിശുദ്ധിക്കു ചേർന്നവിധം വിശുദ്ധവും നീതിപൂർവ്വകവും ധാർമ്മികവുമായ ജീവിതം നയിച്ചുകൊണ്ട് ഈ ബലിയർപ്പണത്തിന് യോഗ്യതാപൂർവ്വം ഒരുങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
സ്വർഗ്ഗം ലക്ഷമാക്കി ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യുന്നവരാണ് ക്രൈസ്തവരായ നമ്മൾ. നമ്മുടെ ഓരോരുത്തരുടെയും മരണത്തോടുകൂടി വ്യക്തിപരമായ ഈ യാത്ര അവസാനിക്കും. എന്നാൽ ഒരു സമൂഹമെന്നനിലയിലുള്ള തിരുസ്സഭയുടെ ഈ ഭൂമിയിലെ തീർത്ഥാടനം അവസാനിക്കുന്നത് ഈശോമിശിഹായുടെ മഹത്ത്വപൂർണ്ണമായ രണ്ടാമത്തെ വരവോടുകൂടിയാണ്. അന്ത്യദിനത്തിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന മിശിഹായെ യോഗ്യതയോടെ സ്വീകരിക്കാനുള്ള ഒരുക്കമാണ് ക്രൈസ്‌തവൻ്റെ ഈ ഭൂമിയിലെ ജീവിതം എന്നു പറയാം.
മുപ്പത്തിമൂന്നു വർഷം നമ്മുടെയിടയിൽ ജീവിച്ചശേഷം നമ്മുടെ രക്ഷയ്ക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്‌ത നസ്രായനായ ഈശോ സ്വർഗ്ഗത്തിൽ പിതാവിൻ്റെ പക്കലേയ്ക്കാണു തിരിച്ചു പോയത്. ഭൂമിയിൽ തൻ്റെ രക്ഷാകര പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം ലോകാവസാനംവരെ അവിടുന്നു സ്വർഗ്ഗത്തിൽ വസിക്കും. അവിടെ നിന്നാണ് അന്ത്യദിനത്തിൽ മഹത്ത്വത്തോടെ അവിടുന്നു വീണ്ടും വരാനിരിക്കുന്നത്.
ഈശോയുടെ സ്വർഗ്ഗാരോഹണവേളയിൽത്തന്നെ അവിടുത്തെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് ദൈവത്തിൻ്റെ ദൂതന്മാർ അറിയിപ്പ് നല്കിയിട്ടുണ്ട്. പിതാവിൻ്റെ സന്നിധിയിലേക്ക് എടുക്കപ്പെട്ട നമ്മുടെ കർത്താവിനെ നോക്കിനിന്ന ശിഷ്യന്മാരോട് ദൂതർ പറഞ്ഞു: “നിങ്ങളിൽനിന്നു സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു സ്വർഗ്ഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ടതു പോലെ തന്നെ തിരിച്ചുവരും” (നടപടി 1,11). ഉത്ഥാനശേഷം പിതാവിൻ്റെ വലത്തു ഭാഗത്തിരിക്കുന്ന ഈശോ രണ്ടാമതും വരും എന്നതു ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.
ഇതേക്കുറിച്ച് വി. പൗലോസ് ശ്ലീഹാ തെസലോനിക്കായിലെ സഭാംഗങ്ങൾക്കെഴുതുന്നത് ഇപ്രകാരമാണ്: “അധികാരപൂർണ്ണമായ ആജ്ഞാവചനം കേൾക്കുകയും പ്രധാനദൂതൻ ശബ്ദം ഉയരുകയും ദൈവത്തിൻ്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ കർത്താവ് സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരികയും ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോൾ ജീവിച്ചിരിക്കുന്നവരായി നമ്മിൽ അവശേഷിക്കുന്നവർ ആകാശത്തിൽ കർത്താവിൻ്റെ എതിരേല്പിനായി അവനോടൊപ്പം മേഘങ്ങളിൽ സംവഹിക്കപ്പെടും" (1 തെസ 4,17-18). കർത്താവിൻ്റെ രണ്ടാമത്തെ വരവിന് അധിക താമസമുണ്ടാകില്ല എന്ന് ആദിമ സഭാംഗങ്ങൾ കരുതിയിരുന്നു. "കർത്താവേ, വേഗം വരണമേ" (മാറാനാത്താ) എന്നവർ പ്രാർത്ഥിച്ചിരുന്നു. അവിടുന്നു പ്രത്യക്ഷപ്പെടുമ്പോൾ യോഗ്യതയോടെ കാണപ്പെടുന്നതിനും സ്വീകാര്യരായി പരിഗണിക്കപ്പെടുന്നതിനും വേണ്ടിയുള്ള പ്രാർത്ഥനകൾ നമ്മുടെ കുർബാനയിൽ ധാരാളമുണ്ട്. അതിൽ ആദ്യത്തേതാണ് “സകലത്തിൻ്റെയും നാഥാ" എന്ന പ്രാർത്ഥനയ്ക്കുമുമ്പ് ഞായറാഴ്ചകളിലും തിരുനാളികളിലും കാർമ്മികൻ ചെല്ലുന്നത്. “ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻ്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിൻ്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ". ഇത്തരത്തിലുള്ള യുഗാന്തോന്മുഖ ചിന്തകൾ ഉണർത്തുന്ന പ്രാർത്ഥനകളാൽ സമ്പന്നമാണു നമ്മുടെ കുർബാനക്രമം. ഉദാഹരണത്തിന് കുർബാന സ്വീകരണത്തിനുശേഷമുള്ള പ്രാർത്ഥനകൾ. സാധാരണ ദിവസങ്ങളിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "നീ മഹത്ത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേല്ക്കുവാനും സ്വർഗ്ഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ".
നമ്മുടെ കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തിലുള്ള പ്രതീക്ഷ പ്രതീകാത്മകമായി പ്രകടിപ്പിക്കുന്നതിനാണ് നമ്മൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാർത്ഥിക്കുന്നത്. ഉദയ സൂര്യൻ കിഴക്കു പ്രത്യക്ഷപ്പെടുന്നതുപോലെ നീതി സൂര്യനായ മിശിഹായും കിഴക്ക് കാണപ്പെടും എന്നത് ആദിമകാലം മുതലേ സഭയുടെ വിശ്വാസമാണ്. സഭാപിതാവായ വി. ജോൺ ദമഷീൻ്റെ പ്രസ്‌താവന ഇതിന് ഉദാഹരണമാണ്. അദ്ദേഹം എഴുതുന്നു; “കർത്താവിൻ്റെ രണ്ടാമത്തെ ആഗമനത്തെ പ്രതീക്ഷിച്ചാണ് നമ്മൾ കിഴക്കോട്ടു തിരിഞ്ഞു നിന്ന് ആരാധിക്കുന്നത്. ഇത് ശ്ലീഹന്മാരുടെ എഴുതപ്പെടാത്ത പാരമ്പര്യമാണ്" (സത്യവിശ്വാസ പ്രബോധനം, 12). അവിടുത്തെ ആഗമനത്തിൽ ആകാശത്തിൽ മനുഷ്യപുത്രൻ്റെ അടയാളമായ സ്ലീവ പ്രത്യക്ഷപ്പെടും (മത്താ 24,30). അതുകൊണ്ടാണ് ഉത്ഥിതനായ കർത്താവിൻ്റെ പ്രതീകമായ സ്ലീവാ ദൈവാലയത്തിൻ്റെ കിഴക്കേ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്നതും.
ക്രൈസ്തവജീവിതം മുഴുവനും വീണ്ടും വരാനിരിക്കുന്ന മഹത്ത്വപൂർണ്ണനായ കർത്താവിനെ കാത്തിരിക്കലാണ്. പ്രതീക്ഷാ നിർഭരമായ ഈ കാത്തിരിപ്പിൻ്റെ പ്രതീകാത്മകമായ ആഘോഷമാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ ദൈവമക്കളാക്കുവാൻവേണ്ടി മനുഷ്യനായ അവിടുന്ന് ദൈവ സന്നിധിയിലേക്കു ഞങ്ങളെ കുട്ടിക്കൊണ്ടു പോകുവാൻ വീണ്ടും വരും എന്നു ഞങ്ങൾ വിശ്വസിക്കുന്നു. അവിടുത്തെ രണ്ടാമത്തെ ആഗമനത്തിൽ യോഗ്യതയോടെ കാണപ്പെടുന്നതിനും നിത്യം അങ്ങയോടൊപ്പം സ്വർഗ്ഗത്തിൽ വസിക്കുന്നതും ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"കർത്താവിൻ്റെ ശരീരം സ്വീകരിച്ച കരങ്ങൾ കർത്താവിനെ ആശ്ലേഷിക്കുകയും കർത്താവിൽനിന്ന് സ്വർഗ്ഗീയ കിരീടം പ്രാപിക്കുകയും ചെയ്യും" (വി. സിപ്രിയാൻ).
കർത്താവിൻ്റെ രണ്ടാമത്തെ ആഗമനം പ്രതീക്ഷിച്ചുള്ള ജീവിതമാണു ക്രൈസ്തവന്റേത് എന്നു കഴിഞ്ഞ അധ്യായത്തിൽ നമ്മൾ മനസ്സിലാക്കി. മഹത്ത്വപൂർണ്ണനായ മിശിഹാ വീണ്ടും വരുമ്പോൾ വിശ്വാസികളായ നമ്മൾ അവിടുത്തെ എതിരേല്ക്കുന്നത് തിരുസ്സഭയാകുന്ന സമൂഹത്തിലാണ്. ഈശോയിൽ വിശ്വസിക്കുന്നവർ തനിച്ചല്ല. മാമ്മോദീസാ സ്വീകരിക്കുന്നതോടെ ഒരു വ്യക്തി പരി. ത്രിത്വത്തിൻ്റെ ജീവനിൽ ഉൾച്ചേർക്കപ്പെടുകയും മിശിഹായുടെ മൗതിക ശരീരമായ സഭയിലെ അംഗമാവുകയും ചെയ്യുന്നു. മറ്റു സഹവിശ്വാസികളോടുചേർന്നു മാത്രമാണ് ഓരോ ക്രൈസ്തവനും ജീവിക്കുന്നത്. ഇടവക സമൂഹത്തിൽ ഈ യാഥാർത്ഥ്യം പ്രകടമാണ്. ഒരിടയൻ്റെ നേതൃത്വത്തിൽ ദൈവാരാധനയ്ക്കായി ഒന്നുചേരുന്ന ഇടവക ദൈവാലയം തിരുസ്സഭയുടെ ദൃശ്യരൂപമായി മാറുന്നു. രൂപതാദ്ധ്യക്ഷന്റെ മുഖ്യ കാർമ്മികത്വത്തിൽ രൂപതയിലെ ഇടവക സമൂഹങ്ങൾ ഒരുമിച്ചു ബലി അർപ്പിക്കുമ്പോഴാണ് തിരുസ്സഭയുടെ ഈ മുഖം പൂർണ്ണമായി നമുക്കു ദൃശ്യമാകുന്നത്. ഇപ്രകാരം വി. കുർബാന അർപ്പിക്കാനായി നമ്മൾ ഒന്നിച്ചു കൂടുമ്പോൾ, ലോകാവസാനത്തിൽ സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷപ്പെടാനിരിക്കുന്ന മിശിഹായെ സ്വീകരിക്കുന്നതിൻ്റെ മുന്നാസ്വാദനമാണു നമ്മൾ നടത്തുന്നത്.
മിശിഹായുടെ മഹത്ത്വപൂർണ്ണമായ വരവ് കാത്തിരിക്കുന്ന തിരുസ്സഭയെ മണവാളനെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുന്ന മണവാട്ടിയോടാണു സാധാരണ ഉപമിക്കുന്നത്. ദൈവത്തിന് ഇസ്രായേൽ ജനത്തോടുള്ള ബന്ധത്തെ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതു പഴയനിയമത്തിന്റെ ശൈലിയാണ്. ഇതേ രീതി സ്വീകരിച്ചുകൊണ്ടാണ് പുതിയനിയമത്തിൽ മിശിഹായും തിരുസ്സഭയും തമ്മിലുള്ള ബന്ധത്തെ മണവാളനും മണവാട്ടിയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നത്.
തിരുസ്സഭ ഈശോമിശിഹായുടെ മണവാട്ടിയാണ്. അവളുമായുള്ള വിവാഹനിശ്ചയത്തിനാണ് ഈശോ ഈ ഭൂമിയിൽ അവതരിച്ചത്. സഭയ്ക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട് അവളോടു തനിക്കുള്ള സ്നേഹം ഈശോ വെളിപ്പെടുത്തി. രക്തം ചിന്തിക്കൊണ്ടുള്ള തൻ്റെ മരണത്തിലൂടെ അവിടുന്നു മുദ്രവച്ച പുതിയ ഉടമ്പടി സഭയുമായുള്ള അവിടുത്തെ വിവാഹ ഉടമ്പടിയായിരുന്നു. സഭയെ നിർമ്മലയും പരിശുദ്ധയുമായ വധുവായി തനിക്കുവേണ്ടികാത്തു സൂക്ഷിക്കാനായിരുന്നു അവിടുന്ന് ഇപ്രകാരം ചെയ്തത് (എഫേ 5,24-26). തൻ്റെ നാഥനായ മിശിഹായ്ക്കു സ്വയം വിധേയനായി ജീവിച്ചുകൊണ്ട് സഭ അവിടുത്തോടുള്ള വിശ്വസ്തത തെളിയിക്കുന്നു.
മിശിഹാ തൻ്റെ സഹനമരണോത്ഥാനങ്ങളിലൂടെ നേടിയ രക്ഷയുടെ ഫലങ്ങളാൽ അലംകൃതയാണ് കർത്താവിൻ്റെ മണവാട്ടിയായ സഭ. കൂദാശകളിലൂടെ, പ്രത്യേകിച്ച് വി. കുർബാനയിലൂടെ സഭാമാതാവ് വിശ്വാസികൾക്ക് ഈ രക്ഷയുടെ ഫലങ്ങൾ പകർന്നു നല്കികൊണ്ടിരിക്കുന്നു:
ഈശോമിശിഹാ കാൽവരിയിലെ തൻ്റെ ജീവാർപ്പണത്തിലൂടെ തിരുസഭയെ കളങ്കമേശാത്ത വധുവാക്കിതീർത്തു എന്നു പറയുമ്പോൾ തിരുസ്സഭയിലെ അംഗങ്ങളായ നമ്മെ ഒരോരുത്തരെയും മാമ്മോദീസായുടെ ജലത്താൽ കഴുകി വിശുദ്ധീകരിച്ചു എന്നും തൻ്റെ തിരുശരീരരക്തങ്ങളാൽ പരിപോഷിപ്പിക്കുന്നു എന്നുമാണ് അർത്ഥമാക്കുന്നത്. ഇപ്രകാരം വിശ്വാസികളായ നമ്മെ അവിടുന്ന് അലങ്കരിച്ചിരിക്കുന്നത്, സമയത്തിൻ്റെ പൂർത്തിയിൽ സ്വർഗ്ഗീയ മണവറയിലേക്ക് നമ്മെ ആനയിക്കുന്നതിനും അവിടെ നമ്മോടൊന്നിച്ച് നിത്യം ജീവിക്കുന്നതിനും വേണ്ടിയാണ്. ഇതു സംഭവിക്കാനിരിക്കുന്നത് ലോകാന്തത്തിൽ അവിടുത്തെ രണ്ടാമത്തെ വരവോടുകൂടിയാണ്.
യുഗാന്തത്തിൽ പൂർത്തിയാക്കാനിരിക്കുന്ന മണവാളൻ മണവാട്ടി ബന്ധത്തിൻ്റെ മുന്നാസ്വാദനമാണ് വിശുദ്ധ കുർബാനയിൽ ലഭിക്കുന്നത്. സ്വർഗ്ഗത്തിൻ്റെ പ്രതീകമായ മദ്ബഹയെ നോക്കി നില്ക്കുന്ന ദൈവജനം മണവാളനെ പ്രതീക്ഷിച്ചിരിക്കുന്ന മണവാട്ടിക്കു സദൃശ്യമാണ്. ദിവ്യകാരുണ്യത്തിൽ നമ്മൾ അവിടുത്തെ സ്വീകരിക്കുമ്പോൾ ഭാര്യാഭർതൃബന്ധത്തിലുമധികം ആഴമായ ബന്ധം നമുക്ക് കർത്താവുമായി ഉണ്ടാവുന്നു. മിശിഹായുമായി നമ്മൾ ഒന്നാകുന്നു. ഈ ഐക്യം അതിൻ്റെ പൂർണ്ണതയിൽ നമ്മൾ അനുഭവിക്കുന്നതു സ്വർഗ്ഗത്തിലാണ്. അതുകൊണ്ടാണ് കുർബാന സ്വീകരണത്തിനുമുമ്പ് ശുശ്രൂഷി, "സ്വർഗ്ഗരാജ്യത്തിലുള്ള വിശ്വാസത്തോടെ ദൈവപുത്രൻ്റെ ശരീരം സ്വീകരിക്കുവാനും അവിടുത്തെ രക്തം പാനം ചെയ്യുവാനും" തിരുസ്സഭയുടെ നാമത്തിൽ നമ്മെ ക്ഷണിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങു ഞങ്ങൾക്കു നല്‌കുന്ന രക്ഷയുടെ കേന്ദ്രമായ തിരുസ്സഭയിൽ അംഗങ്ങളാകുവാൻ ഞങ്ങളെ തിരഞ്ഞെടുത്തതിനെ പ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഈ അമ്മയിൽ നിന്ന് രക്ഷയുടെ ഫലങ്ങൾ സമൃദ്ധമായി സ്വീകരിക്കാനും അങ്ങനെ വിശുദ്ധീകൃതരായി അവിടുത്തെ പ്രത്യാഗമനത്തിൽ യോഗ്യതയോടെ അങ്ങയെ എതിരേല്ക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"മനുഷ്യവിശുദ്ധീകരണവും പൂർണ്ണമായ ദൈവമഹത്ത്വവും സാധിക്കുന്ന മഹത്തായ ജോലിയിൽ ക്രിസ്‌തു തിരുസ്സഭയെ എപ്പോഴും തൻ്റെ സഹപ്രവർത്തകയാക്കുകയാണ്. അവൾ അവിടുത്തെ പ്രേഷ്‌ഠയായ മണവാട്ടിയത്രെ. അവളാകട്ടെ നാഥനെ വിളിച്ചു പ്രാർത്ഥിക്കുകയും ആ നാഥൻവഴി നിത്യപിതാവിന് ആരാധന അർപ്പിക്കുകയും ചെയ്യുന്നു....ആരാധനക്രമത്തിൽ പൂർണ്ണമായ ദൈവാരാധന നിർവ്വഹിക്കുന്നതു ക്രിസ്‌തുവിൻ്റെ മൗതിക ശരീരമാണ്. അതായത്, ശിരസ്സും അംഗങ്ങളും" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ആരാധനക്രമം, 7).
പിതാവായ ദൈവത്തിനു മനുഷ്യർ അർപ്പിക്കുന്ന ഏറ്റവും വലിയ നന്ദിപ്രകാശനമാണ് വിശുദ്ധ കുർബാന. ദൈവം നമുക്കു നല്കിയിട്ടുള്ളതും നല്കികൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്കാണ് നമ്മൾ കൃതജ്ഞ സമർപ്പിക്കുന്നത്. ഈശോമിശിഹായിലൂടെ അവിടുന്നു നമുക്കു നല്‌കിയ രക്ഷയാണ് ഈ അനുഗ്രഹങ്ങളിൽ പരമപ്രധാനമായത്. തൻ്റെ പുത്രനിലൂടെ ദൈവം പൂർത്തിയാക്കിയ രക്ഷാകര കർമ്മത്തെപ്രതി പിതാവിനുള്ള നന്ദിപ്രകാശനമാണ് വിശുദ്ധ കുർബാന.
കുർബാനയെ സൂചിപ്പിക്കുവാൻ ഗ്രീക്കുഭാഷയിൽ ഉപയോഗിക്കുന്ന പദം "എവുക്കരിസ്റ്റിയ" ആണ്. ഇതിൽനിന്നാണ് ഇംഗ്ലീഷിലെ “യുക്കരിസ്റ്റ്" (eucharist) വരുന്നത്. “കൃതജ്ഞതാപ്രകാശനം” എന്നാണ് ഈ പദത്തിൻ്റെ അർത്ഥം. ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയെപ്രതി അവിടുത്തേയ്ക്കർപ്പിക്കുന്ന കൃതജ്ഞതാപ്രകാശനമാണ്. വി. കുർബാന എന്ന ആശയം വ്യക്തമാക്കുന്നതാണ് ഈ പദപ്രയോഗം.
കുർബാനയുടെ ആരംഭ ഭാഗത്ത് കാർമ്മികൻ നമ്മുടെ പ്രതിനിധിയായി ഇപ്രകാരം പ്രാർത്ഥിക്കുന്നു: “അങ്ങു നല്കിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്കു കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്‌തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ". ഓരോ ദിവസവും എന്തുമാത്രം അനുഗ്രഹങ്ങളാണ് നമ്മൾ ദൈവത്തിൽനിന്നു സ്വീകരിക്കുന്നത്. മനുഷ്യരായി നമ്മെ അവിടുന്നു സൃഷ്‌ടിച്ചു എന്നതാണ് ഏറ്റവും ആദ്യത്തെ അനുഗ്രഹം. കത്തോലിക്കാ മാതാപിതാക്കന്മാരിൽനിന്നു ജനിക്കുന്നതിനും ചെറുപ്പം മുതലേ, ക്രൈസ്‌തവ വിശ്വാസത്തിൽ വളരുന്നുതിനും ദൈവം നമ്മെ അനുഗ്രഹിച്ചു. ഈ നിമിഷംവരെ അവിടുന്നു നമ്മെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. സംഭവിക്കാമായിരുന്ന എത്രയെത്ര അപകടങ്ങളിൽനിന്നാണ് അവിടുന്നു നമ്മെ കാത്തു സംരക്ഷിച്ചത്. ഇത്തരത്തിലുള്ള അനുഗ്രഹങ്ങൾക്കെല്ലാമാണ് വി. കുർബാനയിൽ ദൈവത്തിനു നമ്മൾ കൃതജ്ഞത അർപ്പിക്കുന്നത്.
വിശ്വാസികളായ നമ്മെ സംബന്ധിച്ച് ഏറ്റവും മഹത്തായ അനുഗ്രഹം നമ്മുടെ കർത്താവിൻ്റെ ശരീരരക്തങ്ങളുടെ കൂദാശയായ വി. കുർബാന അർപ്പിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. അനാഫൊറയുടെ ആരംഭത്തിൽ കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥനയിൽ പ്രതിഫലിക്കുന്നത് ഈ ആശയമാണ്. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങു ഞങ്ങളുടെ മേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെപ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദിപറയുന്നു. അങ്ങയുടെ അഭിഷിക്തൻ്റെ ശരീര രക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളുമായിരുന്നിട്ടും ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി". അന്ത്യത്താഴവേളയിലും കാൽവരിമുകളിലും കർത്താവിനോടൊപ്പം ഉണ്ടായിരുന്നാലെന്നതുപോലെ, -അവിടുത്തെ ബലി അവിടുത്തോടൊപ്പം അർപ്പിക്കുവാൻ നമുക്കു സാധിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. നമ്മുടെ രക്ഷയ്ക്കുവേണ്ടി സ്വയം സമർപ്പിച്ച അവിടുത്തെ ബലിയുടെ ഫലങ്ങൾ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിലൂടെ ഇന്ന് നമുക്കു ലഭിക്കുന്നു. ഈ അനുഗ്രഹത്തിനുള്ള കൃതജ്ഞതാപ്രകാശനമാണ് വി. കുർബാന.
ഈശോയുടെ അന്ത്യത്താഴവും കുർബാന സ്ഥാപനവും അനുസ്മരിച്ചശേഷം ചൊല്ലുന്ന പ്രാർത്ഥനയിൽ അവിടുന്നു നമുക്കുനൽകിയിരിക്കുന്ന അനുഗ്രഹങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് നമ്മൾ വിടുത്തേയ്ക്കു നന്ദി പറയുന്നു. ആ പ്രാർത്ഥന ആരംഭിക്കുന്നത്. ഇപ്രകാരമാണ്: "നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണു നീ ഞങ്ങൾക്കു നല്‌കിയിരിക്കുന്നത്”. എന്ന് ഈ അനുഗ്രഹങ്ങൾ ഓരോന്നായി വിവരിക്കുന്നു.
ഈശോയുടെ മനുഷ്യാവതാരംവഴി മനുഷ്യരായ നമുക്കു കൈവന്ന അനുഗ്രഹങ്ങളാണിവ. രക്ഷയുടെ വിവിധ മാനങ്ങളാണ് ഇവിടെ എടുത്തുകാണിക്കുന്നത്. ഈ അനുഗ്രഹങ്ങൾക്കെല്ലാമായാണ് തുടർന്നു കൃതജ്ഞത പ്രകാശിപ്പിക്കുന്നത്: “നീ ഞങ്ങൾക്കു നല്കിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു". കാർമ്മികൻ ഈ പ്രാർത്ഥനകൾ ചൊല്ലുമ്പോൾ നമുക്ക് അദ്ദേഹത്തോടു ചേർന്നു ദൈവത്തിനു നന്ദി പറയാം. ഈശോമിശിഹായിൽ ദൈവം നല്‌കുന്ന നിരവധിയായ ദാനങ്ങൾ നമുക്കനുസ്‌മരിക്കാം; നന്ദിനിറഞ്ഞ ഹൃദയത്തോടെ ജീവിക്കുകയും ചെയ്യാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങു ഞങ്ങൾക്കു നല്‌കിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങൾക്കായി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. മനുഷ്യരായി ഞങ്ങളെ സൃഷ്ടിച്ചതിനും നിരന്തരം സംരക്ഷിച്ചു പരിപാലിക്കുന്നതിനും ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കുന്നു. അങ്ങയുടെ മനുഷ്യാവതാരത്തിലൂടെയും സഹനമരണോത്ഥാനങ്ങളിലൂടെയും ഞങ്ങൾക്കു നല്കിയ രക്ഷയെപ്രതി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. തിരുസഭയുടെ ഏറ്റവും വലിയ നന്ദി പ്രകാശനമായ വി. കുർബാനയിൽ സജീവമായി പങ്കെടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
പിതാവായ ദൈവമാണ് സർവ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചത്. അവിടുന്നാണ് എല്ലാറ്റിൻ്റെയും നാഥനും കർത്താവും. പുത്രനായ ഈശോയ്ക്കും ഇതേ പദവി തന്നെയാണുള്ളത്. മനുഷ്യനായവതരിച്ച അവിടുന്ന് ഉത്ഥാനത്തിലൂടെയാണ് നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. മരിച്ചവരിൽനിന്നുള്ള ഉയിർപ്പോടു കൂടി അവിടുത്തേയ്ക്ക് ലഭിച്ച വലിയ മഹത്ത്വത്തെ സൂചിപ്പിക്കുന്ന “ഉന്നതമായ നാമം" (ഫിലി 2,10-11) ഈ കർതൃത്വമാണു വെളിവാക്കുന്നത്. ഉത്ഥാനശേഷം സ്വർഗ്ഗത്തിൽ പിതാവിൻ്റെ പക്കൽ ജീവിക്കുന്ന അവിടുന്ന് നാഥനും കർത്താവുമാണ്. "സകലത്തിൻ്റെയും നാഥാ" എന്നാരംഭിക്കുന്ന പ്രാർത്ഥന ഈ ആശയമാണു വ്യക്തമാക്കുന്നത്.
ഈശോമിശിഹായുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്ന ഈ കീർത്തനത്തിൻ്റെ പേരാണ് “ഉത്ഥാനഗീതം". ഈശോമിശിഹാ സഹനത്തെയും മരണത്തെയും കീഴടക്കി പാതാളത്തിലെത്തിയപ്പോൾ, രക്ഷകനായ മിശിഹായെ പ്രതീക്ഷിച്ച് അവിടെ കഴിഞ്ഞിരുന്ന മരിച്ചവർ ഈ ഗീതം ആലപിച്ചുകൊണ്ട് ആഘോഷപൂർവ്വം അവിടുത്തെ എതിരേറ്റു എന്നുള്ള ഒരു പൗരസ്‌ത്യസുറിയാനി പാരമ്പര്യമാണ് ഇതിൻ്റെ അടിസ്ഥാനം. മിശിഹായെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന മരിച്ചവരെ സംബന്ധിച്ച് പാതാളത്തിലേക്കുള്ള ഈശോയുടെ ആഗമനം രക്ഷാകരമായിരുന്നു. ഈശോ തൻ്റെ ഉത്ഥാനത്തോടുകൂടി അതുവരെ മരണനിദ്ര പ്രാപിച്ചു കഴിഞ്ഞിരുന്നവരെ തൻ്റെ കൂടെ ഉയിർപ്പിൻ്റെ മഹത്ത്വത്തിൽ പങ്കുകാരാക്കിയെന്ന ആശയം തന്നെയാണ് സകലത്തിൻ്റെയും നാഥാ എന്നാരംഭിക്കുന്ന ഈ കീർത്തനത്തിൻ്റെ ഉള്ളടക്കം. മരണശേഷം അവിടുന്നു നമ്മെയും ഉയിർപ്പിക്കുമെന്നും നിത്യജീവനവകാശികളാക്കുമെന്നുമുള്ള വിശ്വാസത്തിൻ്റെ പ്രഘോഷണം കൂടിയാണിത്.
ഈശോയുടെ ഉയിർപ്പ് നമ്മുടെ ഉത്ഥാനത്തിലുള്ള പ്രത്യാശ നമ്മിൽ ഉറപ്പിക്കുന്നു. നമ്മൾ അർപ്പിക്കുന്ന വി.കുർബാനയും സ്വീകരിക്കുന്ന ദിവ്യകാരുണ്യവും നമ്മുടെ ഉയിർപ്പിൻ്റെ അച്ചാരവും സ്വർഗ്ഗത്തിൽ ഉത്ഥിതനായ മിശിഹായോടൊത്തുള്ള പുതുജീവിതത്തിൻ്റെ ഉറപ്പുമാണ്.
കുർബാനയിലെ പല പ്രാർത്ഥനകളും നമ്മൾ അസാനിപ്പിക്കുന്നത് “സകലത്തിൻ്റെയും നാഥാ, എന്നേയ്ക്കും ആമ്മേൻ” എന്ന പ്രസ്താവനയോടെയാണ്. ഇവിടെയെല്ലാം മിശിഹായുടെ കർതൃത്വമാണു നമ്മൾ പ്രഘോഷിക്കുന്നത്. "സകലത്തിൻ്റെയും നാഥനായ ദൈവത്തിനു കുർബാന അർപ്പിക്കപ്പെടുന്നു" എന്ന് ഉദ്ഘോഷിക്കുമ്പോൾ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളുടെയും കർതൃത്വമാണു നമ്മൾ വിവക്ഷിക്കുന്നത്. എല്ലാറ്റിൻ്റെയും സ്രഷ്‌ടാവും പരിപാലകനുമായ ത്രിതൈക ദൈവത്തിനു കൃതജ്ഞതാസ്തോത്രം അർപ്പിക്കുന്നു എന്നുസാരം. കൃതജ്ഞതാ പ്രകാശനമാണു വി. കുർബാന. ദൈവം നമുക്കു നല്‌കുന്ന എല്ലാവിധ നന്മകൾക്കായും പ്രത്യേകിച്ച്, ഈ ലോക ജീവിതത്തിനുശേഷം നമുക്കു നല്കാനിരിക്കുന്ന ഉയിർപ്പിനും നിത്യജീവനുംവേണ്ടി അവിടുത്തേയ്ക്കു നന്ദി പറയുന്നതു ന്യായവും യുക്തവുമാണ്. അതുകൊണ്ടാണ് “സർവ്വാധിപനാം കർത്താവേ" എന്ന കീർത്തനത്തിൻ്റെ അവസാനം കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "എൻ്റെ കർത്താവേ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിൻ്റെയും നാഥാ എന്നേയ്ക്കും, ആമ്മേൻ”.
"സകലത്തിൻ്റെയും നാഥാ" എന്നു പ്രാർത്ഥനാ രൂപത്തിലോ "സർവ്വാധിപനാം കർത്താവേ" എന്നു ഗാനരൂപത്തിലോ ഈശോ മിശിഹായുടെ കർതൃത്വം നമ്മൾ ഏറ്റുപറയുന്ന അവസരത്തിലാണ് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലമായ മദ്ബഹായെ മറച്ചിരിക്കുന്ന വിരി മാറ്റുന്നത്. മദ്ബഹ ദൈവത്തിൻ്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൻ്റെ പ്രതീകമാണ്. വിരി മാറ്റുന്നതു സ്വർഗ്ഗം തുറക്കപ്പെടുന്നതിൻ്റെ സൂചനയും. ഈ സമയത്ത് ആരാധകരായ നമ്മൾ തലകുനിച്ച് ആചാരം ചെയ്യുമ്പോൾ അവിടുത്തെ കർതൃത്വം ഏറ്റുപറയുകയാണ് ചെയ്യുന്നത്. ഓരോ കുർബാനയിൽ പങ്കെടുക്കുമ്പോഴും ഇതു ബോധപൂർവ്വം ചെയ്യാൻ നമുക്കു ശ്രമിക്കാം. അവിടുന്നു നമ്മുടെ നാഥനും കർത്താവുമാണെന്ന് ഏറ്റുപറയുകയും ചെയ്യാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയെ ഞങ്ങളുടെ നാഥനും കർത്താവുമായി ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങൾക്കുള്ളതെല്ലാം അങ്ങയുടെ ദാനം മാത്രമാണെന്നു ഞങ്ങൾക്കറിയാം. മരണശേഷം ഞങ്ങളെ ഉയിർപ്പിക്കുന്നവനും നിത്യജീവൻ നല്‌കുന്നവനും അങ്ങുതന്നെ. അങ്ങയുടെ ഈ കർതൃത്വത്തിന് എന്നും വിധേയരായി ജീവിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"സ്വർഗ്ഗീയ ജറുസലേമിൽ ആചരിക്കപ്പെടുന്ന ആ ആരാധക്രമത്തിൻ്റെ ഒരു മുന്നാസ്വാദനമത്രെ ഈ ഭൗമികമായ ആരാധനക്രത്തിൽ നമുക്കു കൈവരുന്നത്. സ്വർഗ്ഗീയ സൈന്യനിരയോടു ചേർത്ത് നാഥനു പുകഴ്‌ചയുടെ കീർത്തനം നാം ആലപിക്കുന്നു. വിശുദ്ധരുടെ സ്‌മരണ ആചരിച്ചുകൊണ്ട് അവരുടെ സഹവാസവും ഭാഗഭാഗിത്വവും നാം പ്രതീക്ഷിക്കുന്നു. നമ്മുടെ ജീവൻ തന്നെയായ അവിടുന്നു പുനരാഗമിക്കുകയും മഹത്ത്വത്തിൽ നാം അവിടുത്തോടുകൂടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതുവരെ നമ്മുടെ രക്ഷകനും നാഥനുമായ ഈശോമിശിഹായെ നാം കാത്തിരിക്കുന്നു" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ആരാധനക്രമം; 8).
“സഹോദരരേ നിങ്ങൾ സ്വരമുയർത്തി ജീവിക്കുന്ന ദൈവത്തെ പ്രകീർത്തിക്കുവിൻ", എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തോടെയാണ് വി. കുർബാനയിലെ വചനശുശ്രൂഷ ആരംഭിക്കുന്നത്. വചനശുശ്രൂഷയിൽ ജീവൻ പ്രദാനം ചെയ്യുവാൻ കഴിവുള്ള ദൈവത്തിൻ്റെ തിരുവചനങ്ങളാണ് നമ്മൾ ശ്രവിക്കുന്നത്. വി.ഗ്രന്ഥത്തിൽനിന്ന് അവിടുത്തെ വചനങ്ങൾ വായിച്ചു കേൾക്കുന്നതിന് ഒരുക്കമായി ജീവിക്കുന്നവനായ അവിടുത്തെ പ്രകീർത്തിക്കണം എന്നാണ് ശുശ്രൂഷിയുടെ ആഹ്വാനത്തിൻ്റെ അർത്ഥം.
ദൈവത്തിൻ്റെ പരിശുദ്ധിയിലും അനന്തശക്തിയിലും അമർത്യതയിലുമുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് ആരാധനാ സമൂഹത്തിലെ അംഗങ്ങളായ നമ്മൾ ശുശ്രൂഷിയുടെ ഉദ്ബോധനത്തോടു പ്രതികരിക്കുന്നത്. "പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്നു പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തിൻ്റെ പരിശുദ്ധി പ്രഘോഷിക്കുകയാണ്. ദൈവസന്നിധിയിൽ നില്ക്കുന്ന മാലാഖാമാർ ചെയ്യുന്നതും ഇതുതന്നെയാണ്. “പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ" എന്നാണ് അവർ ഉദ്ഘോഷിക്കുന്നത് (ഏശ 6,3). വി. കുർബാനയിൽ മാലാഖാമാരുടെ ഈ ആരാധനയോടു നമ്മളും ഒന്നുചേരുകയാണ്.
“സകലത്തിൻ്റെയും നാഥാ" എന്നാരംഭിക്കുന്ന പ്രാർത്ഥനയുടെ സമയത്ത് ദൈവാലയത്തിലെ വിരിമാറ്റുമ്പോൾ സ്വർഗ്ഗത്തിൻ്റെ പ്രതീകമായ മദ്ബഹ നമ്മൾ ദർശിക്കുന്നു. ബലിപീഠം സ്വർഗ്ഗീയ സിംഹാസനത്തിൻ്റെ പ്രതീകമാണ്. ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഈ ബോദ്ധ്യമാണ് അവിടുത്തെ പരിശുദ്ധി പാടി പുകഴ്ത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
പരമപരിശുദ്ധനായ ദൈവത്തിൻ്റെ മുമ്പിൽ നില്ക്കുമ്പോൾ മനുഷ്യൻ തൻ്റെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. ദൈവത്തിൻ്റെ കൃപ ഉണ്ടായാൽ മാത്രമേ തിരുസന്നിധിയിൽ യോഗ്യതാപൂർവ്വം വ്യാപരിക്കുവാൻ നമുക്കു സാധിക്കുകയുള്ളു. അതുകൊണ്ടാണ് “ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്നു നമ്മൾ കൂട്ടിച്ചേർത്തു ചൊല്ലുന്നത്.
ആയിരക്കണക്കിനു സ്വർഗ്ഗവാസികളോടും പതിനായിരക്കണക്കിനു മാലാഖാമാരോടും ചേർന്ന് മഹോന്നതനായ ദൈവത്തിൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്ന മറ്റൊരു ഗീതം കുർബാനയുടെ മദ്ധ്യഭാഗത്ത് നമ്മൾ ആലപിക്കുന്നുണ്ട്. അതാരംഭിക്കുന്നത് ഇപ്രകാരമാണ്:
"ദൈവം നിത്യ മഹത്ത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ..."
സമൂഹം ഈ ഗാനം ആലപിക്കുമ്പോൾ കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന അർത്ഥഗർഭമായ ഒരു പ്രാർത്ഥനയുണ്ട്: "ദൈവമേ, അങ്ങു പരിശുദ്ധനാകുന്നു. അങ്ങു മാത്രമാകുന്നു യഥാർത്ഥപിതാവ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല പിതൃത്വവും അങ്ങിൽനിന്നാകുന്നു. നിത്യനായ പുത്രാ, അങ്ങു പരിശുദ്ധനാകുന്നു. സമസ്‌തവും അങ്ങുവഴി സൃഷ്‌ടിക്കപ്പെട്ടു. റൂഹാദ് കുദ്ശായേ, അങ്ങു പരിശുദ്ധനാകുന്നു. എല്ലാം അങ്ങുവഴി പവിത്രീകരിക്കപ്പെടുന്നു". പരിശുദ്ധത്രിത്വത്തിലെ മൂന്നാളുകളുടെയും പരിശുദ്ധിയെക്കുറിച്ചു പരാമർശിച്ചശേഷം കാർമ്മികൻ തൻ്റെ അശുദ്ധിയും അയോഗ്യതയും ഏറ്റുപറയുന്നു: “ഹാ, എനിക്കു ദുരിതം! ഞാൻ അസ്വസ്ഥനായിരിക്കുന്നു. കാരണം, എൻ്റെ അധരങ്ങൾ അശുദ്ധമാകുന്നു. അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ ഞാൻ വസിക്കുകയും ചെയ്യുന്നു. ബലവാനും കർത്താവുമായ രാജാവിനെ എൻ്റെ നയനങ്ങൾ ദർശിച്ചു. കർത്താവിനെ ഇന്നു ഞാൻ അഭിമുഖം കണ്ട ഈ സ്ഥലം എത്ര ഭീതിജനകം! ഇതു ദൈവത്തിൻ്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. കർത്താവേ, അങ്ങയുടെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ". ഇവിടെയും കർത്താവിൻ്റെ കൃപയ്ക്കായി യാചിച്ചുകൊണ്ടാണ് കാർമ്മികൻ പ്രാർത്ഥന അവസാനിപ്പിക്കുന്നത്.
ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനുമായ ദൈവത്തെ പ്രകീർത്തിക്കുകയെന്നാൽ അവിടുത്തെ പരിശുദ്ധി ഏറ്റുപറയുക എന്നാണർത്ഥം. പരമപരിശുദ്ധനായ ദൈവത്തെ സമീപിക്കുവാനും മാലാഖാമാരോടൊപ്പം അവിടുത്തെ പാടി പുകഴ്ത്തുവാനുമുള്ള ഭാഗ്യമാണ് ഓരോ വിശുദ്ധ കുർബാനയുടെ അവസരത്തിലും നമുക്കു കൈവരുന്നത്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നിത്യം ജീവിക്കുന്നവനായ അങ്ങാണ് ഞങ്ങളെ ജീവിപ്പിക്കുന്നത് എന്നു ഞങ്ങൾ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. മാലാഖാമാരോടൊപ്പം അവിടുത്തെ പരിശുദ്ധിയെ പാടി സ്‌തുതിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നല്‌കുന്നതിനെപ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും പരിശുദ്ധരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"മരണത്തെ മാറ്റുന്ന മറുമരുന്നും അമർത്യതയുടെ ഔഷധവും ഈശോമിശിഹായിൽ നിത്യജീവൻ പ്രദാനം ചെയ്യുന്നതുമായ ഒരേ അപ്പം മറിക്കുവിൻ" (വി. ഇഗ്നേഷ്യസ്, എഫേസോസുകാർക്കെഴുതിയ ലേഖനം, 20,2).
ദൈവവചനം ദൈവത്തിനു നമ്മോടു പറയാനുള്ള കാര്യങ്ങളാണ്. വി. ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വചനങ്ങൾ നമ്മെ സംബന്ധിച്ചുള്ള ദൈവത്തിൻ്റെ ഹിതമാണ്. ദൈവവചനത്തിൻ്റെ അർത്ഥം ശരിക്കും മനസ്സിലാകണമെങ്കിൽ അവിടുന്ന് തന്നെ അതു നേരിട്ടു വ്യക്തമാക്കിത്തരണം. കാരണം, മനുഷ്യൻ്റെ ഗ്രഹണ ശക്തിയ്ക്കും ബുദ്ധിയ്ക്കും അതീതമാണ് ദൈവത്തിൻ്റെ ചിന്തയും പദ്ധതികളും. ദൈവം മനുഷ്യബുദ്ധിയെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌താൽ മാത്രമേ അവിടുത്തെ വചനങ്ങളുടെ സാരാംശം നമുക്കു വ്യക്തമാകൂ. അതുകൊണ്ടാണ് ലേഖന വായനയ്ക്കു മുമ്പ് ഞായറാഴ്‌ചകളിലും തിരുനാൾ ദിനങ്ങളിലും കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്‌പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ”,
നിത്യം ജീവിക്കുന്നവനായ ദൈവത്തിൻ്റെ വചനം ജീവൻ നല്കുന്നതാണ്. ദൈവത്തിൻ്റെ വചനം സജീവവും പ്രവർത്തനനിരതവുമാണ് എന്നു ഹെബ്രായ ലേഖകൻ സമർത്ഥിക്കുമ്പോൾ ഉദ്ദേശിക്കുന്നതും ഇതുതന്നെയാണ് (ഹെബ്രാ 4,12). സജീവമായ ദൈവവചനം ജീവൻ നല്‌കികൊണ്ടാണ് പ്രവർത്തന നിരതമാകുന്നത്.
ദൈവവചനത്തിൻ്റെ പൊരുൾ ശരിയായി ഗ്രഹിക്കുവാൻ കർത്താവിൻ്റെ സഹായംതന്നെ വേണം എന്നതിനു തെളിവാണ് എമ്മാവൂസ് സംഭവം. എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാർക്ക് ഉത്ഥാനം ചെയ്ത കർത്താവ് മോശ മുതൽ എല്ലാ പ്രവാചകന്മാരും വി. ഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നവ വ്യാഖ്യാനിച്ചു കൊടുത്തപ്പോഴാണ് അവയുടെ അർത്ഥം അവർക്കു മനസ്സിലായത്. അപ്പോൾ അവരുടെ ഹൃദയം ജ്വലിക്കുന്ന അനുഭവം അവർക്കുണ്ടായി (ലൂക്കാ 24,27-35). ആ ശിഷ്യന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചതുപോലെയും ഹൃദയത്തെ ജ്വലിപ്പിച്ചതുപോലെയും ദൈവവചനത്തിൻ്റെ ആന്തരാർത്ഥം ഗ്രഹിക്കുവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കണമേ എന്നാണു കാർമ്മികൻ പ്രാർത്ഥിക്കുന്നത്.
ഈശോമിശിഹാ മനുഷ്യനായതിൻ്റെ ഒരു പ്രധാന ലക്ഷ്യം ലോകത്തെയും മനുഷ്യനെയും പ്രകാശിപ്പിക്കുക എന്നതായിരുന്നു. ലോകത്തിൻ്റെ പ്രകാശമായ അവിടുന്നു തൻ്റെ വചനത്തിൻ്റെ വെളിച്ചത്താലാണ് നമ്മെ പ്രകാശിപ്പിക്കുന്നത്. വി. ഗ്രന്ഥത്തിൽ പ്രത്യേകിച്ച് സുവിശേഷങ്ങളിൽ അവിടുത്തെ ദിവ്യവചനങ്ങളാണുള്ളത്. അവിടുത്തെ വചനത്തിൽ അവിടുന്നു പ്രത്യേകമാംവിധം സന്നിഹിതനാണ്. സുവിശേഷഗ്രന്ഥം നമ്മുടെ കർത്താവിനെതന്നെയാണു പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് സുവിശേഷ ഗ്രന്ഥം മദ്ബഹായിലെ ബലിപീഠത്തിൽ സൂക്ഷിക്കുന്നതും സുവിശേഷവായനയ്ക്കു മുമ്പ് ആഘോഷപൂർവ്വം പ്രദക്ഷിണമായി വചന വേദിയിലേയ്ക്ക് കൊണ്ടുവരുന്നതും. മനുഷ്യനെ പ്രകാശിപ്പിക്കുവാൻ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേയ്ക്കു വന്ന ഈശോയെയാണു സുവിശേഷ പ്രദക്ഷിണസമയത്ത് നമ്മൾ അനുസ്‌മരിക്കുന്നത്. പ്രദക്ഷിണസമയത്ത് കാർമ്മികൻ സുവിശേഷഗ്രന്ഥംകൊണ്ട് സ്വന്തം മുഖം മറച്ചു പിടിക്കുന്നത് സംസാരിക്കുന്നതു താനല്ല, മിശിഹാ തന്നെയാണ് എന്നു സൂചിപ്പിക്കാനാണ്. പ്രദക്ഷിണത്തിനു മുമ്പ് കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകൾ ഈ ആശയം വ്യക്തമാക്കുന്നുണ്ട്: "പിതാവിൻ്റെ മഹത്വത്തിൻ്റെ തേജസ്സും അവിടുത്തെ പ്രതിരൂപവുമായ മിശിഹായേ, മനുഷ്യശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിൻ്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത നിനക്ക് ഞങ്ങൾ എപ്പോഴും ആരാധനയും സ്‌തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നു". അദ്ദേഹം തുടർന്നു ചൊല്ലുന്നു: “ലോകത്തിൻ്റെ പ്രകാശവും സകലത്തിൻ്റെയും ജീവനുമായ മിശിഹായേ, നിന്നെ ഞങ്ങളുടെ പക്കലേക്കയച്ച അനന്തകാരുണ്യത്തിന് എന്നേയ്ക്കും സ്തുതി". ദൈവത്തിൻ്റെ വചനമായ ഈശോ മാംസം ധരിച്ചു മനുഷ്യനായത് വചനത്തിൻ്റെ വെളിച്ചത്താൽ നമ്മെ പ്രകാശിപ്പിക്കുവാനായിരുന്നു. ഓരോ പ്രാവശ്യവും സുവിശേഷം വായിക്കുമ്പോൾ അവിടുന്നു നമ്മെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദൈവവചനം നന്നായി ശ്രവിക്കുന്നതിൻ്റെയും ഗ്രഹിക്കുന്നതിൻ്റെയും ലക്ഷ്യവും പ്രാർത്ഥന വ്യക്തമാക്കുന്നുണ്ട്: "അതുവഴി ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ". ജീവദായകമായ വചനത്തിൻ്റെ ഫലങ്ങൾ പ്രകടമാകുന്നത് സ്നേഹത്തിലും പ്രത്യാശയിലും രക്ഷയിലുമാണ്. ഇതുമാത്രമേ ആത്മശരീരങ്ങൾക്കുപകരിക്കൂ. ഇവയുടെയെല്ലാം ആത്യന്തികലക്ഷ്യം ദൈവസ്‌തുതിയുമാണ്. ഇതിനു നമ്മെ പ്രാപ്‌തരാക്കുന്നതു ദൈവത്തിൻ്റെ കാരുണ്യവും അനുഗ്രഹവുമാണ്. അവിടുന്നു കാരുണ്യപൂർവ്വം അനുഗ്രഹിച്ച് നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിച്ചാൽ മാത്രമേ തിരുവചനത്തിൻ്റെ പൊരുൾ ശരിയായി ഗ്രഹിക്കുവാനും അതുവഴി രക്ഷ പ്രാപിക്കുവാനും നമുക്കു സാധിക്കൂ.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ സംബന്ധിച്ചുള്ള പിതാവിൻ്റെ ഹിതം വെളിപ്പെടുത്തുവാനായി അങ്ങു മനുഷ്യനായതിനെപ്രതി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ശ്രദ്ധാപൂർവ്വം സുവിശേഷത്തിലെ ദിവ്യവചനം ശ്രവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കേൾക്കുന്ന വചനത്തിൻ്റെ അർത്ഥം ഗ്രഹിക്കുവാൻ ഞങ്ങളുടെ ബുദ്ധിയെയും ഹൃദയത്തെയും തുറന്നു പ്രകാശിപ്പിക്കണമെ. ഈ വചനത്തിനനുസൃതമായ ജീവിതം നയിക്കുവാനും വചനത്തിൻ്റെ ഫലങ്ങൾ ധാരാളമായി പുറപ്പെടുവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"വി. കുർബാനയിൽ മിശിഹായുടെ മഹത്ത്വം മറഞ്ഞിരിക്കുന്നു. മറഞ്ഞിരിക്കുക എന്ന രഹസ്യംവഴി മിശിഹാ പ്രകാശത്തിൻ്റെ രഹസ്യമായിരിക്കുന്നു. ഈ രഹസ്യത്തിലൂടെയാണ് വിശ്വാസികൾ ദൈവികജീവൻ്റെ ആഴങ്ങളിലേക്ക് നയിക്കപ്പെടുന്നത്" (ജോൺ പോൾ II മാർപാപ്പാ, മാനേ നോബിസ്‌കും ദോമിനേ, 11).
ഭൂമിയിലെ ദൈവത്തിൻ്റെ ഭവനമാണു തിരുസ്സഭ. ദൈവം പ്രത്യേകവിധം വസിക്കുന്ന സ്ഥലമാണത്. വിശ്വാസികളായ നമ്മൾ ഓരോരുത്തരുമാണ് ഈ ഭവനത്തിലെ അംഗങ്ങൾ (എഫേ 2, 19-21). ഈ ഭവനത്തിൻ്റെ മൂലക്കല്ലായ ഈശോമിശിഹായോടുള്ള ബന്ധമാണ് ഈ ഭവനത്തിലെ അംഗത്വത്തിനടിസ്ഥാനം (ഹെബ്രാ 3,5-6). നമ്മിൽ ഓരോരുത്തരിലും വസിക്കുന്ന പരിശുദ്ധാത്മാവാണ് ഈ ബന്ധത്തിനു സഹായകമാകുന്നത്.
തിരുസ്സഭ ദൈവത്തിൻ്റെ ഭവനമാകയാൽ ഈ ഭവനത്തിലെ അംഗങ്ങളെ സംരക്ഷിച്ചു പരിപാലിക്കുന്നതു ദൈവം തന്നെയാണ്. ലേഖന വായനയ്ക്കു മുമ്പ് സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഈ ആശയമാണു വ്യക്തമാക്കുന്നത്. കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “സർവ്വജ്ഞനായ ഭരണകർത്താവും തൻ്റെ ഭവനത്തിൽ വസിക്കുന്നവരുടെ വിസ്‌മയനീയനായ പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടവുമായ ദൈവമേ, അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു". എല്ലാം അറിയുന്ന ശക്തനായ ഭരണകർത്താവാണ് അവിടുന്ന്. ഒപ്പം, തിരുസ്സഭയാകുന്ന തൻ്റെ ഭവനത്തിൽ വസിക്കുന്നവരുടെ വിസ്‌മയനീയനായ പരിപാലകനും. ദൈവത്തിൻ്റെ പരിപാലന മനുഷ്യൻ്റെ ഗ്രഹണ ശക്തിക്കതീതമാണ്. അതുകൊണ്ടുതന്നെ വിസ്‌മയത്തിനു കാരണവുമാണ്.
ഒരു നല്ല ഇടയനെപ്പോലെയാണ് അവിടുന്നു തൻ്റെ ഭവനത്തിൽ വസിക്കുന്നവരെ പരിപാലിക്കുന്നത്. തൻ്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും മുമ്പേ നടന്ന് അവയെ നയിക്കുകയും ചെയ്യുന്ന നല്ല ഇടയൻ; അവിടുന്ന് ആടുകളെ സംരക്ഷിക്കാൻവേണ്ടി സ്വജീവൻപോലും ബലികഴിക്കാൻ തയ്യാറായവനാണ്.
അവിടുത്തെ പരിപാലനയിൽ ആശ്രയിക്കുന്നവർ എന്നും സുരക്ഷിതരായിരിക്കും. കാരണം, അവിടുന്നുതന്നെ അരുളിച്ചെയ്യുന്നു: “എന്തുഭക്ഷിക്കും എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തുധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ട. ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിൻ; അവവിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണു നിങ്ങൾ... നിങ്ങൾക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും" (മത്താ 6, 25-33). മാതാപിതാക്കന്മാരെക്കാൾ നമ്മുടെ കാര്യത്തിൽ ശ്രദ്ധയും താല്‌പര്യവും അവിടുത്തേയ്ക്കുണ്ട്. ദൈവരാജ്യവും അതിൻ്റെ നീതിയും തേടി നമ്മൾ ജീവിക്കണമെന്നു മാത്രം.
തിരുസ്സഭയാകുന്ന ദൈവിക ഭവനത്തിൻ്റെ ദൃശ്യരൂപമാണ് ഇടവക ദൈവാലയം. മിശിഹായുടെ കല്‌പന അനുസരിച്ച് ഇടവകയിലെ അംഗങ്ങളായ നമ്മൾ എല്ലാവരുംകൂടി ഒന്നിച്ചു ചേർന്ന് ദൈവത്തെ ആരാധിക്കുകയും വി. കുർബാന അർപ്പിക്കുകയും ചെയ്യുമ്പോഴാണ് ദൈവികഭവനം ഭൂമിയിൽ യാഥാർത്ഥ്യമാകുന്നത്. മിശിഹായുടെ മൗതിക ശരീരത്തിലെ വിവിധ അവയവങ്ങളായ നമ്മൾ ഏക ശരീരമായി ഭവിക്കുന്നത് ദൈവാരാധനയ്ക്കായി ദൈവാലയത്തിൽ ഒന്നിച്ചുചേരുമ്പോഴാണ്.
ദൈവത്തിൻ്റെ ഭവനം അഥവാ ദൈവാലയം പ്രാർത്ഥനയ്ക്കുള്ള വേദിയാണ്. ഏറ്റവും ശ്രേഷ്‌ഠമായ പ്രാർത്ഥന വി. കുർബാന അർപ്പണമാണ്. ഈശോ സ്വർഗ്ഗീയ പിതാവിനർപ്പിച്ച അതേ ബലി തന്നെയാണ് ഇടവക ദൈവാലയത്തിലും അർപ്പിക്കപ്പെടുന്നത്. ഞായറാഴ്‌ചകളിൽ ഇടവകാംഗങ്ങൾ എല്ലാവരും ഇടവകദൈവാലയത്തിൽ ഒന്നിച്ചുകൂടി വി. കുർബാന അർപ്പിക്കുമ്പോൾ ഇടവക ദൈവിക ഭവനമായിത്തീരുന്നു.
ദൈവികഭവനത്തിൻ്റെ ഏറ്റവും ചെറിയ പതിപ്പ് വിശ്വാസിയായ ഓരോ വ്യക്തിയുമാണ്. മാമ്മോദീസാ സ്വീകരിക്കുന്നതോടുകൂടി വിശ്വാസി ദൈവത്തിൻ്റെ ആലയമാകുന്നു. ദൈവാത്മാവു വസിക്കുന്ന ദൈവത്തിൻ്റെ ഭവനമാണ് താൻ എന്നു മനസ്സിലാക്കിക്കൊണ്ട് സജീവബലിയായി ദൈവത്തിനു സ്വയം അർപ്പിക്കുവാനുള്ള വിളിയാണ് ഓരോ ക്രൈസ്‌തവനുമുള്ളത്.
ഈ മൂന്നു വിധത്തിലുള്ള ദൈവികഭവനത്തെയും - തിരുസ്സഭയെയും ഇടവകയെയും വ്യക്തിയെയും - പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവം. ഈ പരിപാലനയിൽ ആശ്രയിച്ചു ജീവിക്കാൻ നമുക്കു ശ്രമിക്കാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ഭൂമിയിലെ ഭവനമായ തിരുസ്സഭയിൽ അംഗങ്ങളാകുവാൻ ഞങ്ങളെ തിരഞ്ഞെടുത്തതിനെപ്രതി ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഈ ഭവനത്തിൻ്റെ ചെറിയ രൂപമായ ഇടവകസമൂഹത്തിൽ സജീവമായി പ്രവർത്തിക്കാനും ഇടവക ദൈവാലയത്തിൽ ഒന്നിച്ചു ചേർന്ന് വി.കുർബാന അർപ്പിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"കർത്താവിൻ്റെ വിശുദ്ധാലയമായി, ദൈവത്തിൻ്റെ ആത്മീയ വാസസ്ഥാനമായി സഭാംഗങ്ങളെ ആരാധനക്രമം അനുദിനം പടുത്തുയർത്തുകയാണ്. ഈ പ്രയത്നം പൂർണ്ണ വളർച്ച പ്രാപിച്ച ക്രിസ്തുവിൻ്റെ രൂപം പ്രാപിക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും" (രണ്ടാം വത്തിക്കാൻ കൗസിൽ, ആരാധനക്രമം, 2).
മനുഷ്യൻ സ്വഭാവത്താലേ ദൈവാന്വേഷിയാണ്. ഓരോ മനുഷ്യൻ്റെയും ഉള്ളിൻ്റെയുള്ളിൽ ദൈവത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹമുണ്ട് എന്നാണിതിനർത്ഥം. പുറമെ നിരീശ്വരവാദിയായി പ്രത്യക്ഷപ്പെടുന്നവനും ആവശ്യനേരത്ത് "ദൈവമേ" എന്നു വിളിക്കുന്നത് ഈ സ്വഭാവംകൊണ്ടാണ്. ദൈവവിശ്വാസം മനുഷ്യൻ്റെ സ്വഭാവമായിരിക്കുന്നതുപോലെ അടിസ്ഥാനപരമായി മനുഷ്യനിലേക്കു തിരിഞ്ഞിരിക്കുക എന്നത് ദൈവത്തിൻ്റെ സ്വഭാവമാണ്.
മനുഷ്യവർഗ്ഗത്തോട് ദൈവത്തിനുള്ള ഈ പ്രത്യേക ആഭിമുഖ്യം സൃഷ്ടിമുതലേ വ്യക്തമാണ്. സ്വന്തം ഛായയിലും സാദ്യശ്യത്തിലും അവിടുന്നു മനുഷ്യനെ സൃഷ്‌ടിച്ചതു തന്നെ പ്രത്യേക താല്‌പര്യം കൊണ്ടാണ്. മനുഷ്യൻ ദൈവത്തെ അനുസരിക്കാതെ അകന്നുപോയപ്പോഴും ക്ഷമാപൂർവ്വം അവിടുന്ന് അവനെ കടാക്ഷിച്ചു. അവനോടു കരുണ കാണിച്ച് തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ചു. പഴയനിയമചരിത്രം മുഴുവൻ ദൈവം ഇസ്രായേൽ ജനത്തോടു കാണിച്ച കരുണയുടെ കഥയാണ് വിവരിക്കുന്നത്. ഈ കരുണയുടെതന്നെ ഭാഗമായാണ് അവിടുന്ന് ഒരു രക്ഷകനെ അവർക്കു വാഗ്ദാനം ചെയ്തത്.
പൂർവ്വപിതാക്കന്മാരോടു ചെയ്‌തിരുന്ന ഈ കരുണയുടെ വാഗ്ദാനം ദൈവം അനുസ്‌മരിച്ചതിൻ്റെ ഫലമായാണ് സമയത്തിൻ്റെ പൂർത്തിയിൽ തൻ്റെ പുത്രനെ ലോകത്തിൻ്റെ രക്ഷകനായ മിശിഹായായി ഭൂമിയിലേയ്ക്ക് അയച്ചത്. മനുഷ്യനായവതരിച്ച ഈശോയും തൻ്റെ ജീവിതകാലം മുഴുവൻ പിതാവിൻ്റെ ഈ കരുണയുടെ മുഖം തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും വെളിപ്പെടുത്തിക്കൊണ്ട് ജീവിച്ചു. കണ്ടുമുട്ടിയവർക്കെല്ലാം സ്നേഹവും കരുണയും നല്‌കി. ഏകപുത്രനെ നഷ്ടപ്പെട്ട നായിനിലെ വിധവയോട് കരുണ തോന്നിയതുകൊണ്ടാണ് അവനെ ഉയിർപ്പിച്ച് ആ സ്ത്രീയ്ക്കു തിരിച്ചു നല്‌കിയത്. ജനക്കൂട്ടത്തിന്മേൽ അലിവു തോന്നിയ അവിടുന്ന് അവർക്ക് അപ്പം വർദ്ധിപ്പിച്ചു നല്‌കി. കവർച്ചക്കാരുടെ കൈയിൽപ്പെട്ട് അർദ്ധപ്രാണനായ യഹൂദനോട് സമരിയാക്കാരൻ കാണിച്ച കരുണയെ പുകഴ്ത്തിയപ്പോഴും കാരുണ്യത്തിന് അവിടുന്നു നല്‌കുന്ന പ്രാധാന്യമാണു വ്യക്തമാക്കിയത്. എല്ലാം നശിപ്പിച്ചു തിരിച്ചെത്തിയ ധൂർത്തപുത്രനോട് കരുണ കാണിച്ച പിതാവിൻ്റെ ചിത്രം നമ്മുടെ മുമ്പിൽ ഉപമാരൂപത്തിൽ വരച്ചുകാണിച്ചപ്പോൾ ഈശോ വെളിവാക്കിയത് സ്വർഗ്ഗീയപിതാവിൻ്റെ കരുണയുടെ മുഖമായിരുന്നു. ചുരുക്കത്തിൽ, പിതാവായ ദൈവത്തിൻ്റെയും അവിടുന്നയച്ച പുത്രൻ്റെയും സ്വഭാവത്തിൻ്റെ അടിസ്ഥാന സവിശേഷത കരുണയാണെന്നു പറയാം. വി. കുർബാനയിലെ പല പ്രാർത്ഥനകളിലും ഈ ആശയം വളരെ വ്യക്തമായുണ്ട്. ഉദാഹരണത്തിന് ലേഖനവായനയ്ക്കുമുമ്പുള്ള പ്രാർത്ഥന ഇപ്രകാരമാണ്: “അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ".
ദൈവം സ്വഭാവത്താലേതന്നെ കാരുണ്യവാനാണല്ലോ എന്ന് അവിടുത്തെ അനുസ്‌മരിപ്പിക്കുകയാണ് നമ്മൾ. സ്വഭാവം കാരുണ്യത്തിലധിഷ്‌ഠിതമായതുകൊണ്ട് കരുണ കാണിക്കാതിരിക്കാൻ അവിടുത്തേയ്ക്കു നിവൃത്തിയില്ല. അതുകൊണ്ടാണ് ഞങ്ങളെ കടാക്ഷിക്കണമെന്നും അനുഗ്രഹിക്കണമെന്നും കരുണ കാണിക്കണമെന്നുമൊക്കെ നമ്മൾ യാചിക്കുന്നത്.
പഴയനിയമ പുരോഹിതൻ ജനത്തെ അനുഗ്രഹിക്കാൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനയിലും ഈ ആശയം വ്യക്തമാകുന്നുണ്ട്. അദ്ദേഹം ഇപ്രകാരം പറഞ്ഞുകൊണ്ടാണ് ജനത്തെ ആശീർവ്വദിച്ചിരുന്നത്: “കർത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നിൽ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കർത്താവു കരുണയോടുകൂടെ കടാക്ഷിച്ച് നിനക്കു സമാധാനം നല്‌കട്ടെ" (സംഖ്യ 6, 22-27). ദൈവത്തിൻ്റെ അനുഗ്രഹവും പരിപാലനയും പ്രസാദവും കടാക്ഷവുമൊക്കെ കരുണയുടെ പ്രകടനങ്ങളാണ്. ഈ മനോഭാവങ്ങൾ ആരാധകരായ നമ്മോടും കാണിക്കണമെ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. കയ്‌വയ്പു പ്രാർത്ഥനയുടെ ആശയവും ഇതുതന്നെയാണ്. കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവ്വത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കണമേ".
ദൈവത്തിൻ്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് വി.കുർബാനയാകുന്ന ദിവ്യരഹസ്യങ്ങൾ സമർപ്പിക്കുവാൻ എളിയവരും പാപികളുമായ നമ്മൾ അർഹരാകുന്നത്. "ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോടു ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനനുസൃതമായി എൻ്റെ പാപങ്ങൾ മായിച്ചു കളയണമേ" എന്നു സങ്കീർത്തകനോടൊപ്പം പ്രാർത്ഥിക്കുമ്പോഴും ഈ സത്യമാണു നമ്മൾ പ്രഘോഷിക്കുന്നത്. തൻ്റെ കാരുണ്യാതിരേകത്താൽ ദൈവം നമ്മുടെ പാപങ്ങൾ മായിച്ച് വി.കുർബാന യോഗ്യതയോടെ അർപ്പിക്കുവാൻ നമ്മെ പ്രാപ്‌തരാക്കുന്നു.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, കാരുണ്യപൂർവ്വം അങ്ങു ഞങ്ങളെ സൃഷ്‌ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്നതിനെപ്രതി ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ നിരവധിയായ പാപങ്ങൾ മറക്കുകയും പൊറുക്കുകയും ചെയ്യുന്ന അങ്ങയുടെ കാരുണ്യത്തെ ഞങ്ങൾ പുകഴ്ത്തുന്നു. അങ്ങയുടെ സ്വഭാവത്തിനൊത്തവിധം തുടർന്നും ഞങ്ങളോടു കരുണ കാണിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"കർത്താവിൻ്റെ കരുണ എത്രമാത്രമാണ്! തൻ്റെ നന്മയും നമ്മെപ്പറ്റിയുള്ള പരിഗണയും എത്രയോ വലുത്! കർത്താവിനെ "പിതാവേ" എന്നു വിളിച്ചുകൊണ്ട് അവിടുത്തെ മുമ്പാകെ നാം പ്രാർത്ഥിക്കണമെന്ന് അവിടുന്നാഗ്രഹിച്ചു. മിശിഹാ ദൈവപുത്രനായിരിക്കുന്നതുപോലെ നാമും ദൈവപുത്രരായി കാണപ്പെടുവാൻ അവിടുന്ന് അഭിലഷിക്കുന്നു. കർത്താവ് നമ്മെ അനുവദിച്ചില്ലായിരുന്നുവെങ്കിൽ നമ്മിലാരും ഈ നാമം പ്രാർത്ഥനയിൽ ഉപയോഗിക്കുവാൻ മുതിരുമായിരുന്നില്ല" (വി. സിപ്രിയാൻ, കർതൃപ്രാർത്ഥന, 11
ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വേണ്ടിയാണ് ഈശോ മിശിഹാ മനുഷ്യനായവതരിച്ചത്. അവിടുത്തെ ജനനവേളയിൽ മാലാഖാമാർ ആലപിച്ച കീർത്തനം അതാണു വ്യക്തമാക്കുന്നത്: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം" (ലൂക്കാ 2,14). മനുഷ്യരെ പിതാവുമായി രമ്യപ്പെടുത്തിക്കൊണ്ടാണ് അവിടുന്നു സമാധാനം പുനഃസ്ഥാപിച്ചത്. തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തന്നോടു ബന്ധപ്പെട്ടവർക്കെല്ലാം അവിടുന്നു സമാധാനം സമൃദ്ധമായി നല്കി. ഈ ലോകജീവിതത്തിൻ്റെ അവസാനത്തിൽ ശിഷ്യരോട് അവിടുന്ന് അരുളിച്ചെയ്തു: "ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടുപോകുന്നു. എൻ്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്‌കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ 14,27).
ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തശേഷം ശിഷ്യർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവരെ അഭിവാദനം ചെയ്‌തത് സമാധാനം ആശംസിച്ചുകൊണ്ടായിരുന്നു. അതെക്കുറിച്ചു സുവിശേഷകനായ യോഹന്നാൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: "ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ യേശുവന്ന് അവരുടെ മധ്യേനിന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം" (യോഹ 20,19). ഈശോയുടെ മനുഷ്യാവതാരത്തിൻ്റെയും സഹനമരണോത്ഥാനങ്ങളുടെയും ഫലമാണ് സമാധാനം. ഈശോമിശിഹാ നമ്മുടെ സമാധാനമാണ് എന്നു വി. പൗലോസ് ശ്ലീഹാ എഴുതുമ്പോഴും അർത്ഥമാക്കുന്നത് ഇതുതന്നെയാണ് (എഫേ 2,14).
ഉത്ഥിതനായ കർത്താവിൻ്റെ ശൈലി പിന്തുടർന്നുകൊണ്ട് ശ്ലീഹന്മാരും ആദിമസഭാസമൂഹങ്ങൾക്കെഴുതുമ്പോൾ സമാധാനം ആശംസിച്ചിരുന്നു. ഉദാഹരണത്തിന്, പൗലോസ് ശ്ലീഹാ റോമായിലെ സഭാംഗങ്ങൾക്കെഴുതുമ്പോൾ ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ദൈവത്തിൻ്റെ സ്നേഹഭാജനങ്ങളും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങൾക്കെല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌വിൽനിന്നും കൃപയും സമാധാനവും" (റോമാ 1,7). എല്ലാ ലേഖനങ്ങളുടെയും ആരംഭത്തിലോ അവസാനത്തിലോ ഇതുപോലുള്ള സമാധാനാശംസ കാണാം.
നമ്മുടെ കുർബാനയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാസമൂഹത്തിന് സമാധാനം ആശംസിക്കുന്നുണ്ട്.
1. സുവിശേഷഗ്രന്ഥം ഉപയോഗിച്ച് കാർമ്മികൻ സമൂഹത്തിനു സമാധാനം ആശംസിക്കുമ്പോൾ, പരസ്യജീവിതകാലത്ത് അനേകർക്ക് സമാധാനം പ്രദാനംചെയ്ത, ഉത്ഥാനശേഷം ശിഷ്യന്മാർക്കു സമാധാനം ആശംസിച്ച കർത്താവു തന്നെ ഇന്ന് നമുക്കും സമാധാനം നല്കുന്നു എന്ന സൂചനയാണുള്ളത്. കാരണം, സുവിശേഷ ഗ്രന്ഥം മനുഷ്യനായവതരിച്ച ഈശോയുടെ തന്നെ പ്രതീകമാണ്. അവിടുത്തെ വചനങ്ങളും പ്രവൃത്തികളുമാണല്ലൊ അതിലെ ഉള്ളടക്കം. സുവിശേഷഗ്രന്ഥം മദ്ബഹായിലെ ബലിപീഠത്തിൽ നിന്നും ആഘോഷപൂർവ്വം പ്രദക്ഷിണമായി വചനവേദിയിലേയ്ക്ക് സംവഹിക്കുന്നത് ഇതിൻ്റെ പ്രാധാന്യം വ്യക്തമാക്കാനാണ്.
2. അനാഫൊറയുടെ ആരംഭത്തിൽ മിശിഹായുടെ സിംഹാസനത്തിൻ്റെയും കബറിടത്തിൻ്റെയും പ്രതീകമായ ബലിപീഠം ചുംബിച്ച് അവിടെനിന്നും സമാധാനം സ്വീകരിച്ചശേഷമാണ് കാർമ്മികൻ ആരാധനാസമൂഹത്തിന് സമാധാനം ആശംസിക്കുന്നത്. ശുശ്രൂഷി കാർമ്മികനിൽനിന്നേറ്റുവാങ്ങുന്ന സമാധാനം സമൂഹത്തിനു കൈമാറുന്നു. സമാധാനം നല്‌കുന്ന ആൾ തൻ്റെ കരങ്ങൾ ഹൃദയത്തിൻ്റെ ആകൃതിയിൽ കൂപ്പിപിടിച്ച് സ്വീകരിക്കുന്ന ആളിൻ്റെ തുറന്ന കരങ്ങൾക്കുള്ളിലേയ്ക്കാണു സമർപ്പിക്കുന്നത്. ഹൃദയം സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമാണ്. സമൂഹാംഗങ്ങൾ പരസ്പരം സമാധാനം കൈമാറുന്നത് പരസ്പരമുള്ളസ്നേഹവും ഐക്യവും പ്രകടിപ്പിക്കാനാണ്. പരസ്‌പരം അനുരഞ്ജനത്തിൽ കഴിയുന്ന ഒരു സമൂഹത്തിനേ കർത്താവിൻ്റെ ബലിയർപ്പിക്കാൻ അർഹതയുള്ളൂ.
3. കുർബാനസ്വീകരണത്തിനുമുമ്പ് സമാധാനാശംസയോടു കൂടി കാർമ്മികൻ ഇപ്രകാരം പറയുന്നു: “വിശുദ്ധകുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു". പരിശുദ്ധനായ ദൈവത്തിലേയ്ക്ക് മാമ്മോദീസാവഴി ഉൾചേർക്കപ്പെട്ട നാമെല്ലാവരും വിശുദ്ധരാണ് എന്ന സത്യമാണ് കാർമ്മികൻ നമ്മെ അനുസ്‌മരിപ്പിക്കുന്നത്. ഈ വിശുദ്ധിയാണ് ദിവ്യരഹസ്യങ്ങളെ സമീപിക്കുവാൻ നമ്മെ യോഗ്യരാക്കുന്നത്. മൂന്നു പ്രാവശ്യം കാർമ്മികൻ സമാധാനം കുരിശാകൃതിയിൽ ആശംസിക്കുമ്പോഴും സ്വീകരിക്കുന്ന സമൂഹം തലകുനിച്ച് ആചാരം ചെയ്ത് കുരിശടയാളം സ്വയം വരച്ചാണു സ്വീകരിക്കുന്നത്. ആശംസിക്കപ്പെട്ട സമാധാനം നാം നമ്മിലേയ്ക്ക് ഏറ്റുവാങ്ങുന്നു എന്നു സൂചിപ്പിക്കാനാണിത്.
“നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ" എന്ന ആഹ്വാനത്തിലൂടെ കുർബാനയ്ക്കിടയ്ക്ക് പതിനൊന്നുപ്രാവശ്യം സമാധാനമായ മിശിഹാ നമ്മോടുകൂടെ ഉണ്ടെന്നകാര്യം ശുശ്രൂഷി നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. മിശിഹാ നല്‌കുന്ന യഥാർത്ഥ സമാധാനത്തിനായി കുർബാനയിൽ പലപ്രാവശ്യം കാർമ്മികൻ പ്രാർത്ഥിക്കുന്നുണ്ട്. ഉദാഹരണത്തിന്, നാലാം പ്രണാമജപത്തിൽ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്കു നല്കണമേ". അനുദിനജീവിതത്തിൽ നമുക്കേറ്റവും ആവശ്യം കർത്താവു നല്കുന്ന ഈ ശാന്തിയും സമാധാനവുമാണ്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഈ ലോക വ്യഗ്രതകളാൽ അസ്വസ്ഥരായ ഞങ്ങൾക്ക് യഥാർത്ഥമായ ശാന്തിയും സമാധാനവും നല്‌കുവാൻ അങ്ങു മനുഷ്യനായതിനെ പ്രതി ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. ലോകത്തിനോ ലോക വസ്‌തുക്കൾക്കോ നല്‌കാൻ സാധിക്കാത്ത അങ്ങു നല്‌കുന്ന സമാധാനം വി. കുർബാനയുടെ അർപ്പണത്തിൽനിന്നു സമൃദ്ധമായി പ്രാപിക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
പ്രാർത്ഥന ദൈവത്തെ ആരാധിക്കലും അവിടുത്തേയ്ക്കു നന്ദി പറയലും ആയിരിക്കുന്നതുപോലെതന്നെ അവിടുത്തോടുള്ള അപേക്ഷയും കൂടിയാണ്. സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തിയ ശേഷം അന്നന്നുവേണ്ട ആഹാരത്തിനുവേണ്ടി പ്രാർത്ഥിക്കാൻ കൂടി ഈശോ പഠിപ്പിച്ചിട്ടുണ്ട്. മക്കളായ നമ്മുടെ ആവശ്യങ്ങൾ പിതാവിൻ്റെ തിരുസന്നിധിയിൽ ഉണർത്തിക്കുന്നതു ന്യായവും യുക്തവുമാണ്. സുവിശേഷവായനയ്ക്കും വചനവ്യാഖ്യാനത്തിനും ശേഷമുള്ള കാറോസൂസായിൽ നമ്മൾ ചെയ്യുന്നത് ഇതാണ്.
“കാറോസൂസാ" എന്ന സുറിയാനി പദത്തിൻ്റെ അർത്ഥം “പ്രഘോഷണം" എന്നാണ്. എന്താണ് പ്രഘോഷിക്കുന്നതെന്ന് ആദ്യപ്രാർത്ഥനകളിൽ നിന്നു വ്യക്തമാണ്. "കാരുണ്യവാനായ പിതാവേ, ആശ്വാസദായകനായ ദൈവമേ, അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ രക്ഷകനും പരിപാലകനും സകലത്തിൻ്റെയും ദാതാവുമായ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു”, തുടങ്ങിയ പ്രാർത്ഥനകൾ ദൈവത്തിൻ്റെ സ്വഭാവ സവിശേഷതകളുടെ പ്രഘോഷണമാണ്. ദൈവവചനം ശ്രവിച്ചവരുടെ ശരിയായ പ്രതികരണമാണിത്.
കാരുണ്യവാനും ആശ്വാസദായകനുമായ ദൈവം അവിടുത്തെ സ്വഭാവത്തെപ്രതി നമ്മെ ശ്രവിക്കണമേ എന്നാണു പ്രാർത്ഥന. അതുകൊണ്ടു തന്നെയാണ് പ്രാർത്ഥനാനിയോഗങ്ങൾക്കു മറുപടിയായി, “കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ” എന്ന് ആവർത്തിക്കാൻ ശുശ്രൂഷി ആഹ്വാനം ചെയ്യുന്നത്. ദൈവത്തിൻ്റെ കരുണയ്ക്കും കൃപയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ പഴയനിയമത്തിലെ സങ്കീർത്തനങ്ങളിലും പുതിയനിയമത്തിലെ സുവിശേഷങ്ങളിലും ധാരാളമുണ്ട്.
സുവിശേഷത്തിൽ പ്രത്യക്ഷപ്പെടുന്ന അന്ധർ ഈശോയെ വിളിച്ചപേക്ഷിക്കുന്നത്, "ദാവീദിൻ്റെ പുത്രാ, ഞങ്ങളിൽ കനിയണമേ" എന്നു പറഞ്ഞാണ് (മത്താ 9,27). പത്തു കുഷ്ഠരോഗികളും കാനാൻകാരി സ്ത്രീയുമൊക്കെ "സൗഖ്യം നല്‌കണേ”എന്നല്ല, “കരുണ തോന്നണേ" എന്നാണപേക്ഷിച്ചത്. സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്താൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ടു പ്രാർത്ഥിച്ച ചുങ്കക്കാരൻ "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" എന്നാണു യാചിച്ചത് (ലൂക്കാ 18,13). പ്രത്യേക കാര്യസാദ്ധ്യത്തിലുപരിയായി കർത്താവിൻ്റെ കൃപയും കരുണയുമാണ് തങ്ങൾക്കാവശ്യമെന്ന് അവർക്കറിയാമായിരുന്നു. ദൈവത്തിൻ്റെ കൃപയുണ്ടായാൽ നമുക്കാവശ്യമായതെല്ലാം തനിയെ വന്നുകൊള്ളും. ഇതേ മനോഭാവത്തോടെ പ്രാർത്ഥിക്കാനാണ് ശുശ്രൂഷി നമ്മെ ആഹ്വാനംചെയ്യുന്നത്. നമ്മുടെ ആരുടെയും യോഗ്യത കൊണ്ടല്ല, മറിച്ച് അവിടുത്തെ അതിരറ്റ കൃപയും കരുണയും മൂലമാണ് നമ്മുടെ പ്രാർത്ഥനകൾ അവിടുന്നു സ്വീകരിക്കുന്നത്.
എന്തെല്ലാം കാര്യങ്ങൾക്കായാണ് നമ്മൾ ദൈവത്തിൻ്റെ കാരുണ്യവും കൃപയും യാചിക്കേണ്ടത് എന്ന് തുടർന്നുവരുന്ന പ്രാർത്ഥനകളിൽനിന്നു വ്യക്തമാണ്.
1. ലോകം മുഴുനുംവേണ്ടിയും എല്ലാ സഭകൾക്കും വേണ്ടിയുമാണ് ആദ്യത്തെ പ്രാർത്ഥന. എല്ലാവരും സമാധാനത്തിലും ഐക്യത്തിലും നിലനില്ക്കുന്നതിനുവേണ്ടിയാണ് നാം പ്രാർത്ഥിക്കുന്നത്. ലോകം മുഴുവനിലുമുള്ള സഭകളിൽ സമാധാനവും അവ തമ്മിൽ ഐക്യവും നിലനില്ക്കാൻവേണ്ടി പ്രാർത്ഥിക്കുമ്പോൾ നമുക്കു ചുറ്റും ജീവിക്കുന്ന വിവിധ സഭകളിൽപ്പെട്ട സഹോദരീസഹോദരന്മാരെ നമുക്ക് അനുസ്‌മരിക്കാം; അവർക്കുവേണ്ടി പ്രാർത്ഥിക്കാം.
2. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും പ്രത്യേകിച്ചു നമ്മുടെ മാതൃരാജ്യത്തിനുംവേണ്ടി പ്രാർത്ഥിക്കുമ്പോൾ യുദ്ധത്തിൻ്റെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളും പ്രകൃതിക്ഷോഭത്താൽ ക്ലേശിക്കുന്ന പ്രദേശങ്ങളും നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ. എല്ലാ ഭാരതീയർക്കും വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.
3. നല്ല കാലാവസ്ഥ നമുക്കൊല്ലാവർക്കും ആവശ്യമാണ്. കാലാവസ്ഥ അനുകൂലമായാലേ വിളവു നന്നാകൂ; വത്സരം സുഭിക്ഷമാകൂ. ഇതിനൊക്കെവേണ്ടി കാറോസൂസായിൽ നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്.
4. സാർവ്വത്രികസഭയുടെ ദൃശ്യ തലവനായ മാർപാപ്പായെയും നമ്മുടെ പ്രത്യേകസഭയുടെ തലവനായ ശ്രേഷ്ഠമെത്രാപ്പോലീത്തായെയും അതിരൂപതാദ്ധ്യക്ഷനെയും പ്രാദേശികസഭയായ രൂപതയുടെ അദ്ധ്യക്ഷനായ പിതാവിനെയും പേരുപറഞ്ഞ് നമ്മൾ അനുസ്മരിക്കുമ്പോൾ അവരുടെ ചിത്രവും മനസ്സിൽ വരണം.
കാറോസൂസായുടെ രണ്ടാം ഗണത്തിൽ പ്രധാനമായും ആത്മീയ നന്മകൾക്കായാണു നമ്മൾ പ്രാർത്ഥിക്കുന്നത്.
ഈ ഭൂമിയിലെ നമ്മുടെ ജീവിതം സമാധാനപൂർണ്ണവും ദൈവാനുഗ്രഹം നിറഞ്ഞതുമാകാൻ ആവശ്യമായതൊക്കെ നമ്മൾ അപേക്ഷിക്കുന്നുണ്ട്. അടിസ്ഥാനപരമായി നമുക്ക് ആവശ്യമുള്ളത് ദൈവത്തിൻ്റെ കൃപയും അനുഗ്രഹവുമാണ് എന്നേറ്റുപറയുകയും ചെയ്യുന്നു. ഈ പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലാക്കി ചൊല്ലുമ്പോൾ കുർബാനയർപ്പണം അനുഭവപൂർണ്ണവും ജീവിതബന്ധിയുമാകും.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ. ബലഹീനരും പാപികളുമായ ഞങ്ങൾക്ക് അങ്ങയുടെ കൃപയും കരുണയും മാത്രമാണാശ്രയം. വി. കുർബാനയിൽ ഞങ്ങൾ ചൊല്ലുന്ന പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലാക്കി പങ്കെടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
നമ്മൾ ഒരു വ്യക്തിയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ ആ വ്യക്തിയുടെ സ്ഥാനത്തിനും പ്രാധാന്യത്തിനും യോജിച്ച മനോഭാവങ്ങൾ സ്വീകരിക്കുക സ്വാഭാവികമാണ്. ദൈവതിരുമുമ്പിൽ നില്ക്കുമ്പോൾ ദൈവത്തിൻ്റെ സ്വഭാവത്തിനു ചേർന്നവിധം വേണം നമ്മൾ വ്യാപരിക്കാൻ. അവിടുന്നു നമ്മുടെ സ്രഷ്‌ടാവും പരിപാലകനുമാണ്. നമ്മൾ അവിടുത്തോട് എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നു. ഈ ബോദ്ധ്യത്തോടെ ദൈവസന്നിധിയിൽ വ്യാപരിക്കുന്നവർക്ക് ഉണ്ടാകുന്ന മൂന്നു വികാരങ്ങളാണ് ഭക്തി, ശ്രദ്ധ, വിശുദ്ധി എന്നിവ. പരിശുദ്ധമായ ദൈവാലയത്തിൽ വി. കുർബാന അർപ്പിക്കുന്നവർക്കും ഈ ഗുണങ്ങൾ ഉണ്ടാകണം. അതുകൊണ്ടാണ് കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: “ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യുവാൻ ഞങ്ങളെല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കണമേ". ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹവും കൃപയും ലഭിക്കുന്നവർക്കേ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ ബലി അർപ്പിക്കുവാൻ സാധിക്കൂ.
വിശ്വാസത്തിൽ നിന്നുരുത്തിരിയുന്ന മനോഭാവമാണ് ഭക്തി. ഒരു നിശ്ചിതസമയത്തെ മനോഭാവമെന്നതിലുപരി അതൊരു ജീവിതശൈലിയാണ് ദൈവം നമ്മുടെ കർത്താവും പരിപാലകനുമാണ് എന്ന ബോദ്ധ്യത്തോടെയുള്ള ഒരു ജീവിതരീതിയാണ് അത്. വി. കുർബാനയർപ്പിക്കാനണയുമ്പോൾ നമുക്കുണ്ടാകേണ്ട അടിസ്ഥാന മനോഭാവം ഇതുതന്നെയാണ്.
ശ്രദ്ധാപൂർവ്വം വി.കുർബാനയിൽ പങ്കെടുത്താൽ മാത്രമേ അടയാളങ്ങളും പ്രതീകങ്ങളും പ്രവൃത്തികളും എന്താണു സൂചിപ്പിക്കുന്നതെന്നു നമുക്കു മനസ്സിലാകൂ. കർത്താവിൻ്റെ ബലിപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഭക്തനുണ്ടാകേണ്ട രണ്ടാമത്തെ സവിശേഷത ഈ ശ്രദ്ധയാണ്. പരികർമ്മം ചെയ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് അതീവ ശ്രദ്ധയോടെ വേണം വി. കുർബാനയിൽ പങ്കെടുക്കുവാൻ.
നമ്മുടെ ശ്രദ്ധ പതറിപ്പോകാൻ സാധ്യതയുള്ളതുകൊണ്ടാണ് ശുശ്രൂഷി ഇടയ്ക്കിടയ്ക്ക് നമ്മുടെ ശ്രദ്ധ ദിവ്യരഹസ്യങ്ങളിലേയ്ക്ക് തിരിച്ചുവിടുന്നത്. ഉദാഹരണത്തിന്, സുവിശേഷവായനയ്ക്കു മുമ്പ് “നമുക്കു ശുദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം” എന്നും സമാധാനാശംസയുടെ നേരത്ത് “നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ... കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ" എന്നും മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കു മുമ്പ് “ഹൃദയം കൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുവിൻ" എന്നും റൂഹാക്ഷണ പ്രാർത്ഥനയുടെ സമയത്ത്, "നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ" എന്നും ഉദ്ബോധിപ്പിക്കുമ്പോൾ ശുശ്രൂഷി ലക്ഷ്യം വയ്ക്കുന്നത് ഇതുതന്നെയാണ്.
ശുശ്രൂഷി കുർബാനയ്ക്കിടെ പലതവണ "നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ" എന്നാഹ്വാനം ചെയ്യുമ്പോഴും അനുഷ്ഠിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങളിലേയ്ക്കും പ്രാർത്ഥനകളിലേയ്ക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
ദൈവം പരമപരിശുദ്ധനാകയാൽ അവിടുത്തെ സമീപിക്കുവാൻ നമുക്കും വിശുദ്ധിയുണ്ടാകണം. ഈ ലോകത്തിലെ ചിന്തകളിൽ നിന്നും പ്രവർത്തന രീതികളിൽനിന്നും അകന്നുനിന്ന് ദൈവികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുമ്പോഴാണ് ഒരുവൻ വിശുദ്ധി പ്രാപിക്കുന്നത്. ഈ ലോകത്തിൻ്റെ വഴികൾ സ്വാർത്ഥതയുടെയും തിന്മയുടേതുമാണ്. ഇതിൽനിന്നു മാറി പരസ്പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പാതയിലൂടെ ചരിക്കുമ്പോൾ വിശുദ്ധസ്ഥലത്തു യോഗ്യതയോടെ വ്യാപരിക്കാനുള്ള അർഹത നമുക്കുണ്ടാകും. ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്. വി. കുർബാന വിശുദ്ധർക്കുള്ളതാണ്.
“മാമ്മോദീസാ സ്വീകരിക്കുകയും ജീവൻ്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്‌തവർ ഭകതിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധരഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ"എന്നു ശുശ്രൂഷി ആശംസിക്കുമ്പോൾ നമ്മെ അനുസ്‌മരിപ്പിക്കുന്നതും മറ്റൊന്നുമല്ല. ബലി അർപ്പിക്കുവാനായി മദ്ബഹായിലേയ്ക്കു പ്രവേശിക്കുന്നതിനുമുമ്പ് കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “കർത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടെ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ അങ്ങയുടെ ബലിപീഠത്തിനുമുമ്പാകെ നില്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ”.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ രക്ഷയ്ക്കു നിദാനമായ ദിവ്യരഹസ്യങ്ങൾ വി.കുർബാനയിൽ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ തിരഞ്ഞെടുത്തതിനെപ്രതി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. പലവിചാരങ്ങൾ ഒഴിവാക്കി ഏകാഗ്രതയോടും ഭക്തിയോടും നിർമ്മലഹൃദയത്തോടും കൂടെ വി. കുർബാനയിൽ പങ്കെടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലാക്കി ചൊല്ലുന്നതിനു ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"ആരാധനക്രമം പരിപൂർണ്ണ ഫലം ഉളവാക്കാൻ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് വിശ്വാസികൾ അനുഗുണമായ മനോഭാവത്തോടെ അതിനെ സമീപിക്കുക, ഏകാഗ്രചിന്തരായി അതിൽ സംബന്ധിക്കുക, കൃപാവരം വിഫലമായി സ്വീകരിക്കാനിടയാകാതിരിക്കാൻ അതിനോടു സഹകരിച്ചു പ്രവർത്തിക്കുക എന്നിവയെല്ലാം" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ആരാധനക്രമം, 11).
വി. കുർബാന ഫലപ്രദമായി അർപ്പിക്കുന്നതിന് നമ്മൾ വി. കുർബാനയുടെ ചൈതന്യത്തിനു ചേർന്ന ജീവിതംവഴി ഒരുങ്ങണം. നമ്മുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായവതരിച്ച ഈശോമിശിഹായുടെ ജീവിതവും പ്രവർത്തനങ്ങളും സഹനമരണോത്ഥാനങ്ങളുമാണ് നമ്മൾ വി. കുർബാനയിൽ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതും. പിതാവായ ദൈവത്തിൻ്റെ ഇഷ്‌ടമനുസരിച്ചുള്ള ജീവിതമായിരുന്നു അവിടുത്തേത്. പിതാവിൻ്റെ ഹിതം നിറവേറ്റുന്നതായിരുന്നു അവിടുത്തെ ഭക്ഷണം. മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഗത്സമെനിയിൽ പ്രാർത്ഥിച്ചപ്പോഴും "എൻ്റെ ഇഷ്ടമല്ല നിന്റേത് നിറവേറട്ടെ" എന്ന് അവിടുന്നു പിതാവിനോടു പറഞ്ഞു. സ്വർഗ്ഗീയ പിതാവിൻ്റെ ഇഷ്‌ടം നിറവേറ്റി ജീവിച്ചുകൊണ്ട് അവിടുത്തെ എപ്രകാരം പ്രീതിപ്പെടുത്താമെന്ന് ഈശോ സ്വന്തജീവിതത്തിലൂടെയും മരണത്തിലൂടെയും നമുക്കു കാണിച്ചുതന്നു. അവിടുത്തെ ഈ മാതൃക അനുസരിച്ചു ജീവിക്കുമ്പോഴാണ് നമ്മൾ വി. കുർബാന അർത്ഥപൂർണ്ണമായി അർപ്പിക്കുന്നതിന് യോഗ്യരാകുന്നത്.
ദൈവത്തിൻ്റെ ഹിതമനുസരിച്ചുള്ള ജീവിതമാണ് അവിടുത്തേയ്ക്കു പ്രീതികരമായുള്ളത്. അവിടുത്തെ ഹിതമാകട്ടെ, മനുഷ്യരായ നമ്മുടെ നന്മ മാത്രവും. മനുഷ്യർ പരസ്‌പരം സഹോദരരെപ്പോലെ സ്നേഹിക്കുകയും സഹായിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ നിറവേറ്റുന്നതു ദൈവഹിതംതന്നെയാണ്. അവയാണു നീതിയുടെ പ്രവൃത്തികൾ. മനുഷ്യരായ നാമെല്ലാവരും ഏക പിതാവിൻ്റെ മക്കളാകയാൽ പിതാവിൻ്റെ സ്വഭാവത്തിനനുസരിച്ച് പരസ്പ്‌പരം സഹോദരതുല്യം സ്നേഹിക്കുക എന്നതു നീതിയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള നീതിയുടെ പ്രവൃത്തികളാണ് ഈശോ തൻ്റെ ജീവിതകാലത്തു ചെയ്‌തത്. ഇതേ പ്രവൃത്തികൾ തന്നെയാണ് ഇന്ന് നമ്മൾ തുടരേണ്ടതും.
വചനശുശ്രൂഷയുടെ അവസാനഭാഗത്തുള്ള കാർമ്മികൻ്റെ പ്രാർത്ഥനയുടെ അർത്ഥം ഇതുതന്നെയാണ്. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും അങ്ങയെ ഞങ്ങളുമായി രമ്യപ്പെടുത്തുന്ന നീതിയുടെ പ്രവൃത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ". പാപംമൂലം ദൈവത്തോടു ശത്രുതയിലായ നമുക്ക് അവിടുത്തോടു രമ്യപ്പെടുന്നതിനുള്ള മാർഗ്ഗം അവിടുത്തേയ്ക്കു പ്രീതികരമായ പ്രവൃത്തികൾ ചെയ്യുക എന്നതാണ്. നന്മ പ്രവർത്തിച്ചുകൊണ്ട് നമുക്ക് തെറ്റുകൾക്ക് പരിഹാരം ചെയ്യാനാകും. കരുണാനിധിയായ ദൈവം സ്നേഹത്തിൻ്റെ ഈ നന്മ പ്രവൃത്തികളിൽ സംപ്രീതനായി നമ്മുടെ കുറവുകൾ ക്ഷമിക്കും. അങ്ങനെ നമ്മൾ അവിടുത്തോട് അനുരഞ്ജിതരാകും; ബലി അർപ്പിക്കുവാൻ യോഗ്യരുമാകും.
ഹെബ്രായ ലേഖന കർത്താവ് നമ്മെ അനുസ്‌മരിപ്പിക്കുന്നു: “നന്മ ചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ്” (ഹെബ്രാ 13,16).
തന്നെ ശ്രവിക്കാനെത്തിയവരോട് മലയിലെ പ്രസംഗത്തിൽ ഈശോ അരുളിച്ചെയ്‌തു: "മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ" (മത്താ 5,16). നീതിയുടെ നന്മപ്രവൃത്തികൾ നമ്മൾ ചെയ്യുമ്പോൾ നമ്മുടെ ക്രൈസ്തവ വിശ്വാസമാകുന്ന വെളിച്ചം നമുക്കു ചുറ്റുമുള്ളവരുടെ മുമ്പിൽ പ്രകാശിക്കുകയാണ്. ഈ നന്മപ്രവൃത്തികൾ കാണുന്നതിനും അവയുടെ ഫലമനുഭവിക്കുന്നതിനും ഇടയാകുന്ന മറ്റു മത വിശ്വാസികൾ പോലും അതുവഴി നമ്മുടെ ദൈവത്തെ അറിയുന്നതിനും മഹത്ത്വപ്പെടുത്തുന്നതിനും ഇടയാകും.
വി. കുർബാന സ്വീകരണത്തിനുശേഷം ഞായറാഴ്ചകളിൽ ചൊല്ലുന്ന സ്തോത്രപ്രാർത്ഥനയിൽ ഈ അനുഗ്രഹത്തിനായി നമ്മൾ അപേക്ഷിക്കുന്നുണ്ട്: "ഞങ്ങളുടെ കർത്താവേ, കടങ്ങളുടെ പൊറുതിക്കായി വിശുദ്ധകുർബാന സ്വീകരിച്ച ഞങ്ങളുടെ കൈകളെ ശക്തമാക്കണമെ. ദൈവമായ നിനക്ക് എല്ലാദിവസവും സത്ഫലങ്ങൾ സമർപ്പിക്കുവാൻ അവയെ യോഗ്യമാക്കണമേ”. ഈ സത്ഫലങ്ങൾ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് എന്ന് തുടർന്നു കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന വ്യക്തമാക്കുന്നുണ്ട്. “വിചാരങ്ങളും വചനങ്ങളും പ്രവൃത്തികളും വഴി തന്നെ പ്രസാദിപ്പിക്കുവാൻ അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ” എന്നാണ് അദ്ദേഹം പ്രാർത്ഥിക്കുന്നത്.
ദൈവത്തെ പ്രീതിപ്പെടുത്തുന്ന നന്മ പ്രവൃത്തികൾ ധാരാളമായി ചെയ്തുകൊണ്ട് അനുദിനം വി.കുർബാനയർപ്പണത്തിനായി നമുക്കൊരുങ്ങാം. ഈശോമിശിഹായുടെ ശരീരരക്തങ്ങൾ ഉൾക്കൊണ്ട് അവയുടെ ശക്തിയാൽ തുടർന്നും സത്പ്രവൃത്തികൾ ചെയ്യുവാൻ നമുക്കു ശ്രമിക്കാം. ഇപ്രകാരം പരി. കുർബാനയുടെ ജീവിതം നയിക്കുകയും ചെയ്യാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഈ ഭൂമിയിലെ അങ്ങയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളായി ഞങ്ങളെ വിളിച്ചിരിക്കുന്നതിനെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞതയർപ്പിക്കുന്നു. നീതിയുടെ സത്പ്രവൃത്തികളാൽ ഞങ്ങളുടെ അനുദിന ജീവിത സാഹചര്യങ്ങളിൽ അങ്ങേയ്ക്കു സാക്ഷ്യം നല്‌കുവാൻ ഞങ്ങളെ ശക്തരാക്കണമേ. പരി. കുർബാനയിൽ ആഘോഷിക്കുന്ന യാഥാർത്ഥ്യങ്ങൾ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"ദൈവപുത്രരായ നാം ദൈവിക സമാധാനത്തിൽ നിലനില്ക്കുവാനും, ഒരേ ആത്മാവിനെ സ്വീകരിച്ചിരിക്കുന്ന നാം ഒരേ ഹൃദയത്തോടും ഒരേ മനസ്സോടും കൂടി ജീവിക്കുവാനും അവിടുന്നാഗ്രഹിക്കുന്നു. രമ്യതയിൽ കഴിയാത്തവൻ്റെ ബലി ദൈവം സ്വീകരിക്കുകയില്ല... പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഐക്യപ്പെട്ട ജനത്തിൻ്റെ സമാധാനവും സഹോദരൈക്യവുമാണ് ദൈവത്തിനു പ്രീതികരമായ ബലി" (വി. സിപ്രിയാൻ. കർതൃപ്രാർത്ഥന, 23).
പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ഈശോ മിശിഹാ നമ്മിലൊരുവനെപ്പോലെ മനുഷ്യനായത് നമ്മെ രക്ഷിക്കാനാണ്. രക്ഷിക്കുക എന്നാൽ വിമോചിപ്പിക്കുക എന്നാണർത്ഥം. അടിമത്വത്തിൽ കഴിയുന്നവർക്കാണ് വിമോചനം ആവശ്യം. നമ്മെ രക്ഷിക്കുവാനായി ഈശോ മനുഷ്യനായി എന്നു പറയുമ്പോൾ മനുഷ്യരായ നാം എന്തിൻ്റെയൊക്കെയോ അടിമകളായിരുന്നു എന്നു വ്യംഗ്യം. തിന്മയുടെ ശക്തികളും പാപവുമാണ് നമ്മെ അടിമപ്പെടുത്തിയിരുന്നത്. പാപം ആത്മാവിൻ്റെ നാശത്തിലേക്കു നയിക്കുന്നതിനാൽ നിത്യമരണത്തിൻ്റെ ഭീതിയിലുമായിരുന്നു നമ്മൾ ജീവിച്ചിരുന്നത്. പാപത്തിൻ്റെ അടിമത്വത്തിൽനിന്നും നിത്യനാശത്തിൻ്റെ അപകടത്തിൽനിന്നും മനുഷ്യരായ നമ്മെ വിമോചിപ്പിച്ചു രക്ഷിക്കാനാണ് ഈശോ മനുഷ്യനായത്.
ഈശോയുടെ ജീവിതകാലമത്രയും കണ്ടു മുട്ടിയവർക്കെല്ലാം അവിടുന്നു രക്ഷ നല്‌കി. മനുഷ്യനെ അടിമപ്പെടുത്തിയിരുന്ന ബന്ധനങ്ങളിൽനിന്നെല്ലാം അവിടുന്ന് അവനു വിടുതൽ നല്കി. പാപികൾക്കു മോചനവും രോഗികൾക്ക് സൗഖ്യവും മരിച്ചവർക്കു പുതുജീവിതവും നല്കിയപ്പോൾ അവിടുന്ന് അവരെയെല്ലാം രക്ഷിക്കുകയായിരുന്നു. തുറന്ന മനസ്സുമായി ഈശോയെ സമീപിച്ചവരെല്ലാവരും രക്ഷിക്കപ്പെട്ട അനുഭവം സ്വന്തമാക്കി.
ഗലീലിയായിലും യൂദയായിലും ജീവിച്ചിരുന്നവരുടെ മാത്രം രക്ഷകനായിരുന്നില്ല ഈശോ. മറിച്ച്, ലോകമെങ്ങുമുള്ള, ലോകാവസാനംവരെ ജീവിക്കാനിരിക്കുന്ന സകല മനുഷ്യരുടെയും രക്ഷകനാണ് അവിടുന്ന്. കുരിശിൽ സ്വയം അർപ്പിച്ച ബലിയിലൂടെ മനുഷ്യവർഗ്ഗം മുഴുവൻ്റേയും രക്ഷ അവിടുന്നു സാധിക്കുകയായിരുന്നു. കാൽവരിയിൽ അർപ്പിച്ച ബലിയുടെ ആരംഭം അന്ത്യത്താഴവേളയിലായിരുന്നു. മരിച്ചവരിൽനിന്നുള്ള അവിടുത്തെ ഉത്ഥാനത്തോടുകൂടിയാണ് അതു പൂർത്തിയായത്. ഈശോമിശിഹായുടെ ജീവിതത്തിലെ ഈ സംഭവങ്ങളുടെയെല്ലാം ലക്ഷ്യം മനുഷ്യരായ നമ്മുടെ രക്ഷയാണ്. പരി. കുർബാനയിൽ ഈ സത്യം പലപ്രാവശ്യം നമ്മൾ ഏറ്റുപറയുന്നുണ്ട്.
ഉദാഹരണത്തിന്, ബലിവസ്‌തുക്കളായ അപ്പവും വീഞ്ഞും ഒരുക്കി പ്രദക്ഷിണമായി ബലിപീഠത്തിലെത്തിച്ചശേഷം കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന തന്നെ ശ്രദ്ധിക്കാം. ബലിവസ്തുക്കളേന്തിയ കരങ്ങൾ കുരിശാകൃതിയിൽ ഉയർത്തി പിടിച്ചുകൊണ്ട് അദ്ദേഹം പ്രാർത്ഥിക്കുന്നു. "നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും തൻ്റെ പീഡാനുഭവത്തിൻ്റെയും മരണത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും ഉത്ഥാനത്തിൻ്റെയും ഓർമ്മ ആചരിക്കുവാൻ കല്പ്‌പിക്കുകയും ചെയ്ത മിശിഹാ തൻ്റെ കൃപയാലും അനുഗ്രഹത്താലും ഈ കുർബാന നമ്മുടെ കരങ്ങളിൽനിന്നു സ്വീകരിക്കുമാറാകട്ടെ”.
നമ്മുടെ രക്ഷയ്ക്കുവേണ്ടി ഈശോ ചെയ്‌ത രണ്ടു കാര്യങ്ങൾ അനുസ്മരിക്കുകയും മൂന്നാമതൊരു കാര്യത്തിനായി അപേക്ഷിക്കുകയുമാണ് ഈ പ്രാർത്ഥനയിൽ.
നമ്മൾ അർപ്പിക്കുന്ന ബലി അവിടുന്നു സ്വീകരിച്ച് നമ്മിൽ സംപ്രീതനായാൽ മാത്രമേ നമുക്കു രക്ഷ ലഭിക്കൂ.
പരി. കുർബാനയിൽ ഈശോമിശിഹാ ബലി അർപ്പകനും ബലിവസ്തുവും ബലി സ്വീകരിക്കുന്നവനുമാണ് എന്നു പൗരസ്ത്യ സഭാപിതാവായ വി. അപ്രേം പഠിപ്പിക്കുന്നുണ്ട്. യഥാർത്ഥ ബലിയർപ്പകൻ ഈശോമിശിഹായാണ്. കാർമ്മികൻ അവിടുത്തെ പ്രതിനിധിമാത്രം. ബലിവസ്‌തുക്കൾ അവിടുത്തെ ശരീരരക്തങ്ങളാണ്. ബലി അർപ്പിക്കുന്നതു ദൈവത്തിനാണ്; അവിടുന്നു ദൈവവുമാകയാൽ ബലി സ്വീകരിക്കുന്നതും അവിടുന്നുതന്നെ. നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഈ രക്ഷാപദ്ധതിയെക്കുറിച്ച് നമുക്ക് അവിടുത്തേയ്ക്കു നന്ദിപറയാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളെ രക്ഷിക്കാനായി അവിടുന്നു മനുഷ്യനാവുകയും കുരിശുമരണം വരിക്കുകയും ചെയ്‌തുവല്ലൊ. ഈ മനുഷ്യാവതാരത്തിൻ്റെയും സഹന മരണോത്ഥാനങ്ങളുടെയും രഹസ്യങ്ങളാകുന്ന വി. കുർബാനയിൽ സജീവമായി പങ്കെടുത്ത് അങ്ങു ഞങ്ങൾക്കായി നേടിയ രക്ഷ ഞങ്ങളുടെ സ്വന്തമാക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
തൻ്റെ അപ്പത്താൽ നമുക്കു മോചനം നല്‌കുകയും തൻ്റെ കാസയാൽ നമ്മുടെ കടച്ചീട്ട് നശിപ്പിക്കുകയും ചെയ്‌ത മിശിഹായേ, നീ വാഴ്ത്തപ്പെട്ടവനാകുന്നു (വി. അപ്രേം, സഭാഗീതം 32,2).
പരി. കന്യകാമറിയത്തെ "വി.കുർബാനയുടെ സ്ത്രീ” എന്നാണ് പരിശുദ്ധപിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പാ വിശേഷിപ്പിക്കുന്നത് (എക്ലേസിയാ ദെ എവുക്കരിസ്‌തിയ, 53-58) വി. കുർബാനയുമായി കന്യകാമറിയത്തിന് ആഴമായ ബന്ധമുണ്ട്. അമ്മയെന്ന നിലയിൽ ഈശോയോടുള്ള ബന്ധം തന്നെയാണ് ഈ ബന്ധത്തിനും അടിസ്ഥാനം. അവിടുത്തെ ജീവിതാനുഭവങ്ങളിൽ മറിയത്തെപ്പോലെ പങ്കുചേർന്ന മറ്റൊരു മനുഷ്യവ്യക്തിയുമില്ല.
മംഗളവാർത്താവേളയിൽ കന്യകാമറിയത്തിൻ്റെ ഉദരത്തിൽ സംഭവിച്ചതും വി. കുർബാനയുടെ അവസരത്തിൽ ഓരോ ബലിപീഠത്തിൽ സംഭവിക്കുന്നതും സമാനമായ കാര്യങ്ങളാണ് എന്നു വി. അപ്രേം പിതാവു സാക്ഷിക്കുന്നുണ്ട്. കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ അവളുടെ സമ്മതമനുസരിച്ച് പരിശുദ്ധാത്മാവു വന്ന് ആവസിച്ചപ്പോൾ ദിവ്യശിശു ജന്മമെടുത്തു: മാംസവും രക്തവുമുള്ള ശരീരം രൂപംകൊണ്ടു. അതുപോലെ വി. കുർബാനയിൽ പരിശുദ്ധാത്മാവു ബലിപീഠത്തിലെ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും മേൽ എഴുന്നള്ളിവന്ന് ആവസിക്കുമ്പോൾ അവ ഈശോയുടെ സാക്ഷാൽ ശരീരവും രക്തവുമായി മാറുന്നു. മനുഷ്യരെ അവരുടെ പാപങ്ങൾ മോചിച്ചു രക്ഷിക്കുവാനാണ് അവിടുന്ന് കന്യകാറിയത്തിൽനിന്ന് ജന്മമെടുത്തത്. നമ്മുടെ രക്ഷയ്ക്കുവേണ്ടിത്തന്നെയാണ് ഇന്ന് അവിടുന്നു ബലിപീഠത്തിൽ വീണ്ടും ജനിക്കുന്നതും. കന്യകാമറിയത്തിൻ്റെ ഉദരത്തിൽ സംഭവിച്ച മനുഷ്യാവതാരത്തിൻ്റെ തുടർച്ചയാണ് ഓരോ വി. കുർബാനയിലും സംഭവിക്കുന്നത്.
പരി. അമ്മയുടേതിനു സമാനമായ വിശ്വാസമാണ് നമുക്കും ഉണ്ടാകേണ്ടത്. പരിശുദ്ധാത്മാവിൻ്റെ ആവാസത്തിൽ തന്നിൽ രൂപം കൊള്ളുന്നത് ദൈവപുത്രനാണെന്ന് മറിയം വിശ്വസിച്ചു. അതുപോലെ വി.കുർബാനയിലും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്താൽ അപ്പവും വീഞ്ഞും ഈശോയുടെ ശരീരരക്തങ്ങളായി മാറുന്നു എന്നു നമ്മളും വിശ്വസിക്കണം.
ജീവിതത്തിലുടനീളം ഈശോയോടൊപ്പമുണ്ടായിരുന്ന മറിയം പരി.കുർബാനയുടെ അർപ്പണത്തിനു നമുക്കു മാതൃകയാണ്. മറിയത്തെപ്പോലെ നമ്മളും വി.കുർബാനയിൽ ഈശോയോടൊപ്പം ജീവിക്കുകയാണ്. അവിടുത്തെ മനുഷ്യാവതാരം മുതൽ പരസ്യജീവിതം, പീഡാസഹനം, മരണം, ഉത്ഥാനം തുടങ്ങിയ സംഭവങ്ങളിലെല്ലാം നമ്മൾ അവിടുത്തോടൊപ്പം പങ്കുചേരുന്നു.
ആദിമസഭയിലെ വി.കുർബാനഅർപ്പണമായിരുന്ന “അപ്പംമറിക്കൽ ശുശ്രൂഷ'യിൽ മറിയം സന്നിഹിതയായിരുന്നതുപോലെ (നടപടി 1,14-2,42) ഇന്നു നമ്മുടെ കുർബാനയർപ്പണത്തിലും അവൾ സന്നിഹിതയാകുന്നുണ്ട്. ഇതെക്കുറിച്ച് പരി. പിതാവ് ഇപ്രകാരം എഴുതുന്നു: "ഓരോ വി.കുർബാനയർപ്പണത്തിലും സഭയോടൊപ്പവും സഭയുടെ അമ്മയായും മറിയം സന്നിഹിതയാണ്” (എക്ലേസിയ ദെ എവുക്കരിസ്റ്റിയ, 57). അതുകൊണ്ടാണ് കുർബാന അർപ്പണവേളയിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "ദൈവമാതാവായ കന്യകാമറിയത്തിൻ്റെ സ്‌മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ". ദൈവമാതാവ് എന്നാണ് പരി. കന്യകാമറിയത്തെ വിശേഷിപ്പിക്കുന്നത്. മറിയത്തെ ഇപ്രകാരം “കർത്താവിൻ്റെ അമ്മ'' എന്ന് വിളിച്ച് ആദ്യമായി അഭിസംബോധന ചെയ്തത് ഏലീശ്വാ പുണ്യവതിയാണ്. മനുഷ്യനായവതരിച്ച ദൈവമായ ഈശോയുടെ അമ്മയാണ് അവൾ. "നന്മനിറഞ്ഞ മറിയമേ" എന്നാരംഭിക്കുന്ന പ്രാർത്ഥനയിൽ "തമ്പുരാൻ്റെ അമ്മേ" എന്നു വിളിച്ചപേക്ഷിക്കുമ്പോൾ നമ്മളും ഈ വിശ്വാസമാണു പ്രഘോഷിക്കുന്നത്. അമ്മയായിരിക്കുന്നതോടൊപ്പം തന്നെ അവൾ കന്യകയുമാണ്. തൻ്റെ കന്യാത്വത്തിനു ഭംഗംവരാതെയാണ് മറിയം ഈശോയെ ഗർഭം ധരിച്ചത്. കന്യകയായി അവൾ തുടരുകയും ചെയ്തു.
ഈശോമിശിഹായുടെ ജീവിതത്തിൻ്റെയും സഹനമരണോത്ഥാനങ്ങളുടെയും "ഓർമ്മ" കൊണ്ടാടുന്ന പരിശുദ്ധ കുർബാനയിൽ രക്ഷാകർമ്മവുമായി ഏറ്റവും അടുത്തു സഹകരിച്ച കന്യകാമറിയത്തിൻ്റെ സ്മരണ കൂടി ആചരിക്കുന്നത് തികച്ചും അനുയോജ്യമാണ്.
അതുകൊണ്ടാണ് റൂഹാക്ഷണത്തിനു മുമ്പുള്ള പ്രാർത്ഥനയിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിന്മേൽ അങ്ങയുടെ അഭിക്ഷിക്തൻ്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ഈ ഓർമ്മയാചരണത്തിൽ ദൈവമാതാവായ കന്യകാമറിയത്തിൻ്റെയും അങ്ങയുടെ തിരുസന്നിധിയിൽ സംപ്രീതി കണ്ടെത്തിയ നീതിമാന്മാരും വിശുദ്ധരുമായ പിതാക്കന്മാരുടെയും പാവനസ്‌മരണ അങ്ങയുടെ അവർണ്ണനീയവും സമ്യദ്ധവുമായ കൃപയാൽ സംജാതമാക്കണമേ".
മുകളിൽ കണ്ട പ്രാർത്ഥനകൾ കൂടാതെ മറ്റു രണ്ട് സ്ഥലങ്ങളിൽകൂടി പരി. അമ്മയെ വി. കുർബാനയിൽ നമ്മൾ അനുസ്മരിക്കുന്നുണ്ട്: വിശ്വാസപ്രമാണത്തിലും (പരിശുദ്ധാത്മാവിനാൽ കന്യാകാമറിയത്തിൽനിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു) അന്ത്യ അത്താഴ അനുസ്‌മരണത്തിനു മുമ്പുള്ള പ്രാർത്ഥനയിലും (പരിപൂർണ്ണ മനുഷ്യനായി സ്ത്രീയിൽനിന്നു ജാതനായി).
മറിയം തൻ്റെ ഉദരത്തിൽ ദിവ്യശിശുവിനെ സംവഹിച്ചപ്പോഴുണ്ടായ അനുഭവമാണ് വി.കുർബാനയർപ്പണത്തിൻ്റെ ഭാഗമായി മിശിഹായുടെ തിരുശരീരരക്തങ്ങൾ നമ്മൾ സ്വീകരിക്കുമ്പോൾ നമുക്കുണ്ടാകേണ്ടത്. പരി. അമ്മയെപ്പോലെ നമ്മളും “ജീവിക്കുന്ന സക്രാരി"കളായി മാറുകയാണ്. ശിഷ്യന്മാരുടെ പ്രതിനിധിയായി കുരിശിൻ ചുവട്ടിൽനിന്ന യോഹന്നാന് മറിയത്തെ അമ്മയായി ഈശോ നല്കിയതുപോലെ, ഓരോ കുർബാനയർപ്പണത്തിലും നമുക്കും മറിയത്തെ അമ്മയായി നല്‌കുന്നുണ്ട്. യോഹന്നാൻ മറിയത്തെ സ്വന്തഭവനത്തിൽ സ്വീകരിച്ചതുപോലെ, നമ്മുടെ വിശ്വാസ ജീവിതമാകുന്ന ഭവനത്തിലേയ്ക്കും നമുക്കും അവളെ സ്വീകരിക്കാം. ഈ അമ്മയോടൊപ്പം തിരുക്കുമാരൻ്റെ കൂടെ നടക്കാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പരി.കന്യകാമറിയത്തെ ഞങ്ങൾക്കും അമ്മയായി നല്‌കിയതിനെപ്രതി ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. അങ്ങയുടെ കരുണയെ പാടിസ്തുതിച്ച അമ്മയെപ്പോലെ വി. കുർബാനയിൽ അങ്ങയുടെ കരുണയെയും രക്ഷയെയും സ്‌തുതിക്കുവാനും പുകഴ്ത്തുവാനും ഞങ്ങളെയും സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
ഈശോമിശിഹായുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് നമുക്കു വിശ്വാസദീപം തെളിച്ചു നല്കിയത്. വിശ്വാസത്തിൽ നമ്മുടെ പിതാവാണദ്ദേഹം. ഈശോ ജീവിച്ചിരുന്ന പാലസ്തീനായിൽനിന്നു വളരെ അകലെയായിരുന്ന ഭാരതത്തിലെത്താൻ ദീർഘനാൾ അദ്ദേഹത്തിനു കപ്പലിൽ യാത്ര ചെയ്യേണ്ടി വന്നു. അദ്ദേഹം ഈശോയുടെ സ്വർഗ്ഗാരോഹണത്തിനുശേഷം മധ്യ പൗരസ്ത്യദേശത്തു സുവിശേഷം അറിയിച്ച ശേഷം ക്രിസ്തുവർഷം അമ്പതുകളുടെ ആരംഭത്തിൽ കൊടുങ്ങല്ലൂരെത്തി. അവസരം ലഭിച്ചപ്പോഴെല്ലാം ഈശോമിശിഹായെക്കുറിച്ച് പ്രഘോഷിച്ചു. വിശ്വസിച്ചവർക്കു മാമ്മോദീസാ നല്‌കി. അങ്ങനെ ഭാരതമണ്ണിൽ മിശിഹായുടെ സഭ ജന്മം കൊണ്ടു. പാലയൂർ, കോട്ടക്കാവ്, (പറവൂർ), കോക്കമംഗലം, നിരണം, കൊല്ലം, നിലയ്ക്കൽ തുടങ്ങി മറ്റു പല സ്ഥലങ്ങളിലും തോമാശ്ലീഹാ സുവിശേഷമറിയിക്കുകയും വിശ്വാസികളുടെ സമൂഹങ്ങൾക്കു രൂപം നല്‌കുകയും ചെയ്തു.
മാർതേമ്മാശ്ലീഹാ ഇവിടെ വന്നതുകൊണ്ടും നമ്മുടെ പൂർവ്വികരോട് മിശിഹായെക്കുറിച്ചു പ്രഘോഷിച്ചതുകൊണ്ടുമാണ് ഇന്നു നമ്മൾ ക്രൈസ്തവരായിരിക്കുന്നത്. തോമ്മാശ്ലീഹാ നല്‌കിയ ഈ വലിയ ദാനത്തിനു നമ്മൾ നന്ദിയുള്ളവരാണ്. വിശ്വാസത്തിൻ്റെ ആഘോഷമായ വി.കുർബാനയിൽ വിശ്വാസത്തിൽ നമ്മെ ജനിപ്പിച്ച പിതാവിനെ അനുസ്മരിക്കുന്നത് ഈ കൃതജ്ഞതയുടെ ഭാഗമായാണ്. ദൈവപുത്രനായ ഈശോയുടെ ശ്ലീഹന്മാരെയും ഏകജാതൻ്റെ സ്നേഹിതരെയും അനുസ്‌മരിക്കുന്നതോടൊപ്പം അവരിൽ ധൈര്യശാലിയായ തോമാശ്ലീഹായെ പ്രത്യേകവിധം നമ്മൾ ഓർമ്മിക്കുന്നു. ആ പ്രാർത്ഥന ഇപ്രകാരമാണ്: "വിജയം വരിച്ച നീതിമാന്മാരുടെയും മകുടംചൂടിയ രക്തസാക്ഷികളുടെയും സ്മരണയോടുകൂടെ നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ ഓർമ്മ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ". നമ്മുടെ പിതാവ് നീതിമാനും നിർമ്മലനും രക്തസാക്ഷിയുമാണ്. "നമുക്കും അവനോടു കൂടി പോയി മരിക്കാം" എന്നു പറഞ്ഞ് സഹശിഷ്യന്മാരെ ധൈര്യപ്പെടുത്തിയ മാർതോമാശ്ലീഹാ മിശിഹായെപ്രതി രക്തസാക്ഷിയാകേണ്ടിവന്നപ്പോൾ സന്തോഷിച്ചു. മദ്രാസിലെ പെരിയ മലയിൽ വച്ച് കുന്തത്താൽ കുത്തപ്പെട്ടു. അദ്ദേഹത്തിൻ്റെ പേരിൽ അവിടെ വലിയ ഒരു ബസിലിക്കാ ദൈവാലയമുണ്ട്. രക്തസാക്ഷി മകുടം ചൂടിയപിതാവിനെ വലിയ അഭിമാനത്തോടെയാണു നമ്മൾ വി. കുർബാനയിൽ ഓർമ്മിക്കുന്നത്.
വിശ്വാസജീവിതത്തിൽ നമ്മുടെ പിതാവ് നമുക്കു മാതൃകയും വഴികാട്ടിയും പ്രചോദനവുമാണ്. ഉത്ഥാനം ചെയ്ത് കർത്താവിനെ നേരിൽ കണ്ടപ്പോൾ അദ്ദേഹം "എൻ്റെ കർത്താവും എൻ്റെ ദൈവവും" എന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ ആരാധിച്ചു. പഴയനിയമത്തിൽ ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്ന രണ്ടു പദങ്ങളാണ് “കർത്താവ്", "ദൈവം" എന്നിവ. തോമാശ്ലീഹായ്ക്ക് ഉത്ഥിതനായ ഈശോമിശിഹാ ഇതു രണ്ടുമാണ് എന്നാണ് ഈ വിശ്വാസപ്രഖ്യാപനത്തിൻ്റെ അർത്ഥം. നമ്മുടെ പിതാവിൻ്റെ ഈ വിശ്വാസപ്രഘോഷണത്തിൻ്റെ ഭാഷയും ശൈലിയും സ്വീകരിച്ചാണ് ഓരോ അദ്ധ്യായത്തിൻ്റെയും അവസാനം ചേർത്തിരിക്കുന്ന പ്രാർത്ഥനകൾ "ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ", എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് നമ്മൾ ആരംഭിക്കുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന കുർബാനക്രമം മാർതോമാശ്ലീഹായുടെ ശിഷ്യന്മാരായ മാർ അദ്ദായി, മാർ മാറി എന്നിവരിലൂടെ ലഭിച്ചിട്ടുള്ളതാണ്. തോമാശ്ലീഹായുടെ വിശ്വാസതീക്ഷ്‌ണത അദ്ദേഹത്തിൻ്റെ ശിഷ്യന്മാരെയും സ്വാധീനിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവാണ് ഈ കുർബാനക്രമം. കുർബാനയിലെ പ്രാർത്ഥനകളിലുടനീളം ഈശോമിശിഹായിലുള്ള ആഴമേറിയ വിശ്വാസം വളരെ പ്രകടമാണ്. ഈ പ്രാർത്ഥനകൾ ഓരോന്നും ചൊല്ലുമ്പോഴും നമ്മുടെ പിതാവിൻ്റെ വിശ്വാസപ്രഖ്യാപനത്തിൽ നമുക്കും പങ്കുചേരാം.
തോമാശ്ലീഹായുടെ തിരുനാൾ ദിനങ്ങളിൽ പ്രത്യേകിച്ച് ദുക്റാനതിരുനാൾ ദിവസം, ആലപിക്കുന്ന പ്രകീർത്തനം അദ്ദേഹത്തിൻ്റെ ഓർമ്മയുടെ ആചരണത്തിൻ്റെ ഭാഗമാണ്.
“ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ"
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ പ്രിയശിഷ്യനായ തോമാശ്ലീഹായെ സുവിശേഷസന്ദേശവുമായി ഭാരതത്തിലേയ്ക്ക് അയച്ചതിന് അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ പിതാവിൻ്റെ മാതൃക പിൻചെന്ന് അങ്ങേയിലുള്ള വിശ്വാസം ധൈര്യപൂർവ്വം വാക്കിലും പ്രവൃത്തിയിലും പ്രഘോഷിക്കുവാനും, ആവശ്യമായി വന്നാൽ ജീവൻ ത്യജിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"ഏശയ്യാ പ്രവാചകൻ്റെ നാവിൽ സ്‌പർശിച്ച തീക്കട്ടപോലെ വി. കുർബാന നമ്മെ വിശുദ്ധീകരിക്കുന്നു. തൻ്റെ ആത്മാവുകൊണ്ടും ശക്തികൊണ്ടും കർത്താവു നമ്മെ പുതിയ മനുഷ്യരാക്കുന്നു" (മാർ അപ്രേം, വിശ്വാസഗീതം, 10,9).
മനുഷ്യരായ നമ്മോടുകൂടെ ആയിരിക്കുവാൻ ഇഷ്ടപ്പെടുന്ന ദൈവമാണു നമ്മുടേത്. പറുദീസായിൽ ദൈവത്തോടൊപ്പം ജീവിക്കുവാനും ചരിക്കുവാനും മനുഷ്യനു ഭാഗ്യം ലഭിച്ചു. പാപം ഈ ദൈവിക സഹവാസം നഷ്ടമാക്കി. ഈ അധഃപതിച്ച സ്ഥിതിയിൽ അവനെ ഉപേക്ഷിക്കാതെ, ദൈവത്തിൻ്റെ തന്നെ ജീവനിൽ അവനു പങ്കു നല്‌കാനായി അവിടുന്നു മനുഷ്യനായി. നമ്മിലൊരുവനെപ്പോലെ നമ്മോടൊപ്പം ജീവിക്കുവാൻ അവിടുന്നു തിരുമനസ്സായി. മനുഷ്യാവതാരത്തിൻ്റെ അർത്ഥംതന്നെ ദൈവം നമ്മോടുകൂടെ എന്നാണ്. "ഇമ്മാനുവേൽ" എന്ന ഈശോയുടെ പേരു സൂചിപ്പിക്കുന്നത് "ദൈവം നമ്മോടുകൂടെ" എന്നാണല്ലോ (മത്താ 1,23). മുപ്പത്തിമൂന്നു വർഷത്തോളം അവിടുന്നു മനുഷ്യരുടെകൂടെ മനുഷ്യനായി ജീവിച്ചു.
ഉത്ഥാനത്തിലൂടെ അവിടുത്തെ ശരീരം രൂപാന്തരപ്പെട്ടു. അവിടുന്ന് ഇന്ന് നിത്യമായി ജീവിക്കുന്നു. ലോകാവസാനംവരെ അവിടുന്നു നമ്മോടൊപ്പം ആയിരിക്കുമെന്ന വാഗ്ദാനത്തിൻ്റെ അടിസ്ഥാനമിതാണ്. തൻ്റെ വാക്കു നിറവേറ്റികൊണ്ട് അവിടുന്ന് ഇന്ന് സഭാംഗങ്ങളോടൊപ്പം പ്രത്യേക വിധം വസിക്കുന്നു. കൂടെ വസിച്ചുകൊണ്ട് അവർക്കു ദൈവാനുഭവം പ്രദാനം ചെയ്യുന്നു. പഴയനിയമകാലത്ത് പൂർവ്വപിതാക്കന്മാരുടെ കൂടെ ആയിരുന്നു കൊണ്ട് അവരെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്തവനാണ് നമ്മുടെ ദൈവം. അവർ പോയിടത്തെല്ലാം അവിടുത്തെ പരിപാലനയുടെ കരം അവരുടെ കൂടെയുണ്ടായിരുന്നു. അതായിരുന്നു പൂർവ്വപിതാവായ അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും അനുഭവം. അവരോടൊത്തെന്നതുപോലെ ദൈവം ഇന്ന് നമ്മുടെ കൂടെയുമുണ്ട്. ഈ വിശ്വാസബോദ്ധ്യം വി. കുർബാനയിൽ നമ്മൾ ഉദ്ഘോഷിക്കുന്നുണ്ട്. "ബലവാനായ കർത്താവു നമ്മോടുകൂടെ, നമ്മുടെ രാജാവു നമ്മോടുകൂടെ, നമ്മുടെ ദൈവം നമ്മോടുകൂടെ, യാക്കോബിൻ്റെ ദൈവം നമ്മുടെ സഹായിയും". പൂർവ്വപിതാവായ യാക്കോബും ഇസ്രായേൽ ജനം മുഴുവനും ദൈവത്തെ ബലവാനായ ഒരു രാജാവായാണ് അനുഭവിച്ചത്. തൻ്റെ ശക്തമായ കരങ്ങളാൽ അവിടുന്ന് ഇസ്രായേലിനെ ശത്രുക്കളിൽ നിന്നു വിമോചിപ്പിക്കുകയും സംരക്ഷിച്ചു പരിപാലിക്കുകയും ചെയ്തു. ഈ ദൈവം തന്നെയാണ് ഇന്നു നമ്മോടു കൂടെയുള്ളതും നമ്മെ കാത്തു പരിപാലിച്ചുകൊണ്ടിരിക്കുന്നതും.
നമ്മോടു കൂടെ വസിക്കുന്ന ദൈവത്തിൻ്റെ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാകുന്നത് വി. കുർബാനയുടെ അർപ്പണവേളയിലാണ്. എമ്മാവൂസ് ശിഷ്യന്മാർക്കുണ്ടായ അനുഭവം തന്നെയാണു വി. കുർബാനയർപ്പണത്തിൽ നമുക്കും ഉണ്ടാകുന്നത്. ഗുരുവിൻ്റെ മരണത്തിൽ നിരാശരായി ജറുസലേം വിട്ടുപോകുന്ന ശിഷ്യന്മാരുടെ കൂടെ സഞ്ചരിക്കുകയും ശ്രദ്ധാപൂർവ്വം അവരെ ശ്രവിച്ചുകൊണ്ട് കൂടെ ചിന്തിക്കുകയും തിരുലിഖിതം വ്യാഖ്യാനിച്ചു നല്‌കുകയും ചെയ്ത ഈശോ തന്നെയാണ് ഇന്നും ഓരോ വി. കുർബാനയിലും നമ്മുടെ കൂടെ ആയിരുന്നുകൊണ്ട് വി. ഗ്രന്ഥഭാഗങ്ങളുടെ പൊരുൾ മനസ്സിലാക്കി തരുന്നത്. "കർത്താവേ, ഞങ്ങളുടെ കൂടെ വസിക്കണമേ” എന്ന അവരുടെ അപേക്ഷപ്രകാരം അവരോടൊപ്പം വസിച്ച ഈശോയാണ് അവർക്ക് അപ്പം മുറിച്ചു നല്‌കിയത്. ഇത് അന്ത്യ അത്താഴത്തിൻ്റെ ഓർമ്മ അവരിൽ ഉണർത്താൻ പോരുന്നതായിരുന്നു. ഉത്ഥിതനായ ഈശോയെ അവർ തിരിച്ചറിഞ്ഞത് അപ്പോഴാണ്. അതേ കർത്താവുതന്നെയാണ് നമ്മുടെകൂടെ വസിച്ചു കൊണ്ട് നമുക്കും അപ്പം മുറിച്ചു നല്‌കുന്നത്. ആ നിമിഷങ്ങളിൽ നമ്മുടെ കൂടെയുള്ള ഈശോയുടെ സാന്നിദ്ധ്യം നമ്മൾ അനുഭവിച്ചറിയുന്നു.
ഏറ്റവും ആഘോഷപൂർവ്വകമായ കുർബാനയിൽ (റാസ) നമ്മൾ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്:
“കർത്താവേ, നീയെന്നാളും
ശ്ലീഹരൊടൊത്തു വസിച്ചതുപോൽ
ഞങ്ങളൊടുത്തു വസിക്കണമേ
നിൻ കൃപയെന്നും ചിന്തണമേ"
പൂർവ്വപിതാക്കന്മാരോടും ശ്ലീഹന്മാരോടുമൊപ്പം വസിച്ച് അവരെ പരിപാലിച്ചു നയിച്ച അവിടുന്ന് നമ്മെയും സംരക്ഷിക്കട്ടെ എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം. ഇതേ ആശയം തന്നെയാണ് ഞായറാഴ്ചകളിലെ സമാപനാശീർവ്വാദത്തിൽ കാർമ്മികൻ ആശംസിക്കുന്നതും. അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു: “ഈ കുർബാനയിൽ പങ്കുകൊണ്ട് നമ്മുടെ സമൂഹത്തെ തൻ്റെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ".
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ കൂടെ വസിക്കാനായി അങ്ങു മനുഷ്യനായതിനെപ്രതി ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പൂർവ്വപിതാക്കന്മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ശ്ലീഹന്മാരോടും കൂടെ വസിച്ച് അവരെ പരിപാലിച്ചു നയിച്ചതുപോലെ ഞങ്ങളുടെ ഈ ലോക യാത്രയിൽ അനുദിനം ഞങ്ങളെയും കാത്തു സംരക്ഷിക്കണമേ. അങ്ങു ഞങ്ങളുടെ കൂടെയുണ്ടെന്ന ബോദ്ധ്യത്തിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"വചനത്തിൻ്റെ വ്യക്തിത്വത്തോടു സംയോജിച്ച അവിടുത്തെ മനുഷ്യസ്വഭാവമാണ് നമ്മുടെ രക്ഷാമാർഗ്ഗമായിത്തീർന്നത്. അങ്ങനെ ദൈവവും നാമും തമ്മിലുള്ള പരിപൂർണ്ണമായ അനുരജ്ഞനം ക്രിസ്‌തുവിൽ സംപ്രാപ്‌തമായി; ദൈവരാധനയുടെ പൂർണ്ണത നമുക്കു കൈവരികയും ചെയ്‌തു" (രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ, ആരാധനക്രമം, 5).
നമ്മുടെ വിശ്വാസത്തിൻ്റെ ആഘോഷമാണു വിശുദ്ധ കുർബാന. നമ്മൾ വിശ്വസിക്കുന്ന സത്യങ്ങൾ സമൂഹമായി ഏറ്റു പറയുന്ന അവസരമാണത്. അതുകൊണ്ടാണ് വിശ്വാസ സത്യങ്ങളുടെ സമാഹാരമായ വിശ്വാസപ്രമാണം കുർബാനയിൽ ആഘോഷമായി കാർമ്മികനും സമൂഹവും ഒന്നിച്ച് ഉച്ചത്തിൽ ചൊല്ലുന്നത്.
കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ എല്ലാറ്റിൻ്റെയും സ്രഷ്ടാവാണ് പിതാവായ ദൈവം എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് നമ്മൾ ആരംഭിക്കുന്നത്. സകലത്തിൻ്റെയും നാഥനാണവിടുന്ന്. നമ്മുടെ സ്രഷ്ടാവാണ് അവിടുന്ന് എന്നു പറയുമ്പോൾ നമുക്ക് അവിടുന്നിലുള്ള ആശ്രയത്വം കൂടി അംഗീകരിക്കുകയാണ്. സൃഷ്ട വസ്തു സ്രഷ്ടാവിൽ പൂർണ്ണമായി ആശ്രയിച്ചു നിലകൊള്ളുന്നു. സൃഷ്ടിച്ച വ്യക്തിയ്ക്ക് സൃഷ്‌ട വസ്‌തുവിൻ്റേമേൽ അധികാരമുണ്ടുതാനും.
ഈ പിതാവിൻ്റെ ഏക പുത്രനാണ് ഈശോമിശിഹാ. സത്തയിൽ പിതാവിനോട് ഒന്നായിരിക്കുന്ന ഈ പുത്രൻ സൃഷ്‌ടികർമ്മത്തിലും പങ്കുകാരനാണ്. സ്വർഗ്ഗം വിട്ട് അവിടുന്നു ഭൂമിയിലേക്കു വന്നത് “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കും വേണ്ടിയാണ്". നസ്രത്തിലെ കന്യകയായ മറിയത്തിൽനിന്നും പരിശുദ്ധാത്മാവിനാൽ മനുഷ്യ ശരീരം സ്വീകരിച്ച അവിടുന്ന് എല്ലാവർക്കും രക്ഷയുടെ അനുഗ്രഹങ്ങൾ നല്‌കിക്കൊണ്ടു ജീവിച്ചു. ദൈവരാജ്യത്തിൻ്റെ സുവിശേഷം ഈ രക്ഷയുടെ സദ്‌വാർത്തയായിരുന്നു.
ഈശോ തൻ്റെ മനുഷ്യാവതാര ലക്ഷ്യം പൂർത്തിയാക്കിയത് അവിടുത്തെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും കൂടിയാണ്. കുരിശിലേറി അവിടുന്നു മരിച്ചതും സംസ്‌കരിക്കപ്പെട്ടതും ഉയിർത്തതുമെല്ലാം റോമൻ ഭരണാധികാരിയായിരുന്ന പന്തിയോസ് പീലാത്തോസ് യൂദയായിൽ ഭരണം നടത്തിയിരുന്ന കാലത്താണ്. ഈ സംഭവങ്ങളുടെ ചരിത്രപരത വ്യക്തമാക്കുവാനാണ് ഈ റോമൻ ദേശാധിപതിയുടെ പേര് വിശ്വാസപ്രമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യമായും അവിടുന്നു നമുക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുനേല്ക്കുകയും ചെയ്തു.
ഈ ലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗ്ഗത്തിൽ പിതാവിൻ്റെ പക്കലേക്ക് അവിടുന്നു ആരോഹിതനായി. പിതാവിൻ്റെ വലത്തു ഭാഗത്തിരിക്കുന്ന അവിടുന്ന് ഓരോ പ്രാവശ്യം നമ്മൾ വി. കുർബാന അർപ്പിക്കുമ്പോഴും അതു സ്വീകരിച്ച് പിതാവിനു സമർപ്പിക്കുന്നു. അതേ സമയംതന്നെ ഭൂമിയിൽ തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ രക്ഷാകരകർമ്മം തുടർന്നുകൊണ്ടുമിരിക്കുന്നു. നമ്മുടെ കുർബാനയിൽ ഈശോ തന്നെയാണ് യഥാർത്ഥ കാർമ്മികൻ. യാഥാർത്ഥ ബലിവസ്‌തുവും അവിടുന്നു തന്നെ. അവിടുന്നു പിതാവിനു സ്വയം സമർപ്പിച്ച ഏക ബലിതന്നെയാണ് ഇന്നും നമ്മൾ അൾത്താരയിൽ തുടരുന്നത്.
കർത്താവിൻ്റെ മഹത്ത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനം നമ്മൾ പ്രത്യാശയോടെ കാത്തിരിക്കുന്നു എന്നതും വിശ്വാസത്തിൻ്റെ ഭാഗമാണ്. ലോകാവസാനത്തിൽ അവിടുന്നു വീണ്ടും വരുന്നത് മനുഷ്യരായ നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിന് അനുസൃതം പ്രതിഫലം നല്‌കാനാണ്. നന്മ ചെയ്താൽ നിത്യ ജീവനും തിന്മ പ്രവർത്തിച്ചാൽ നിത്യശിക്ഷയും നമുക്കു ലഭിക്കും.
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധ റൂഹായിലുള്ള വിശ്വാസം ക്രൈസ്‌തവ ജീവിതത്തിൻ്റെ ആണിക്കല്ലാണ്. മാമ്മോദീസ സ്വീകരിക്കുന്നതോടെ ഒരുവൻ പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയാണ്. ഈശോയുടെ ജീവിതം ആത്മാവിൽ നിറഞ്ഞതായിരുന്നതുപോലെ ക്രൈസ്‌തവൻ്റെ ജീവിതവും ആത്മാവിൽ പൂരിതമാണ്. ഈശോ തന്നെയാണ് ആത്മാവിനെ ശിഷ്യർക്കു ബാഗ്ദാനം ചെയ്തത്. പിതാവിൽനിന്നു പുറപ്പെടുന്ന ആത്മാവിനെ പുത്രൻ നമുക്കു നല്കുന്നു. പരി. ത്രിത്വത്തിലെ മൂന്നാളുകളിലുമുള്ള വിശ്വാസം നമ്മൾ കുർബാന മധ്യേ വിശ്വാസപ്രമാണത്തിലൂടെ ഏറ്റുപറയുന്നു.
ദൈവിക രക്ഷാകരപദ്ധതിയുടെ തുടർച്ചയാണ് തിരുസ്സഭ. ഈശോമിശിഹാ നേടിയ മനുഷ്യരക്ഷ ലോകാവസാനം വരെ ജീവിക്കാനിരിക്കുന്നവർക്ക് സംലഭ്യമാക്കുന്നതിന് അവിടുന്നു തന്നെ ആരംഭിച്ച സംവിധാനമാണ് അത്. ഈശോ തൻ്റെ രക്ഷണീയ പ്രവർത്തനങ്ങൾ ഇന്നു സഭയിലൂടെ തുടരുന്നു. മിശിഹാ ഒരു സഭയേ സ്ഥാപിച്ചുള്ളൂ. കാരണം, ഒരു ദൈവവും ഒരു വിശ്വാസവും ഒരു മാമ്മോദീസായും ഒരു ആരാധനയുമേയുള്ളൂ. സഭാംഗങ്ങൾ പരിശുദ്ധി തന്നെയായ ദൈവത്തിലേക്ക് ഉൾച്ചേർക്കപ്പെടുന്നതു കൊണ്ട് അവരും വിശുദ്ധരാകുന്നു. അതുകൊണ്ട് തിരുസ്സഭ പരിശുദ്ധമാണ്. കൂടാതെ, പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നതും. ഈശോ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ടു ശ്ലീഹന്മാരുടെ മിശിഹാനുഭവം പങ്കുവച്ചതിൻ്റെ ഫലമായാണ് തിരുസ്സഭ പല സ്ഥലങ്ങളിൽ രൂപം കൊണ്ടത്. സഭയുടെ അടിസ്ഥാനം ശ്ലീഹന്മാരിലാണ്; മൂലക്കല്ല് മിശിഹായും. അതുകൊണ്ടാണ് സഭ ശ്ലൈഹികമായിരിക്കുന്നത്. ഈശോമിശിഹായിൽ വിശ്വസിക്കുന്ന ഏവരെയും തിരുസ്സഭ ഉൾക്കൊള്ളുന്നതുകൊണ്ട് അവൾ സാർവത്രികമാണ്. ഈ സഭയിലുള്ള വിശ്വാസവും നമ്മൾ ഏറ്റുപറയുന്നുണ്ട്. ഈ സഭയിൽ തന്നെയാണ് രക്ഷാകര ദിവ്യരഹസ്യങ്ങളുടെ ആഘോഷമായ വി.കുർബാന അർപ്പിക്കപ്പെടുന്നതും.
ഈശോയിൽ വിശ്വസിച്ച് മാമ്മോദീസാ സ്വീകരിക്കുന്നവരുടെ പാപങ്ങൾ മോചിക്കപ്പെടുമെന്നതും അവർ മരണശേഷം ഉയിർത്തെഴുന്നേല്ക്കുമെന്നതും നമ്മുടെ വിശ്വാസസത്യത്തിൻ്റെ ഭാഗമാണ്. സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ നിത്യം ജീവിക്കാനുള്ള തയ്യാറെടുപ്പാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതമെന്നാണ് നമ്മൾ വിശ്വാസപ്രമാണത്തിലൂടെ പ്രഖ്യാപിക്കുന്നത്. വിശ്വാസപ്രമാണത്തിൽ നമ്മൾ ഏറ്റുപറയുന്ന സത്യങ്ങൾ തന്നെയാണ് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും വി. കുർബാനയിൽ നമ്മൾ ആഘോഷിക്കുന്നതും.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയിലുള്ള വിശ്വാസം ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളുടെ വിശ്വാസം ആഴപ്പെടുത്തണമേ എന്നു ഞങ്ങൾ അപേക്ഷിക്കുന്നു. മനുഷ്യനായ ഈശോമിശിഹാ ഞങ്ങൾക്കു നല്കിയ രക്ഷയെപ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഈ രക്ഷയുടെ സംഭവങ്ങൾ അനുസ്‌മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വി. കുർബാനയിൽ അർത്ഥപൂർണ്ണമായി പങ്കെടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ, ആമ്മേൻ.
വിശുദ്ധ കുർബാനയിലെ സുപ്രധാന ഭാഗങ്ങൾക്കു മുമ്പ് കാർമ്മികൻ ആരാധനാസമൂഹത്തിൻ്റെ പ്രാർത്ഥന യാചിക്കുന്നുണ്ട് ജനത്തിനു നേരെ തിരിഞ്ഞ് കരങ്ങൾ നീട്ടികൊണ്ടാണ് ഈ അപേക്ഷ അദ്ദേഹം നടത്തുന്നത്. പുരോഹിതൻ ദൈവത്താൽ പ്രത്യേകവിധം തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിലും അദ്ദേഹം വിശ്വാസികളുടെ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. സമൂഹത്തിനു മുമ്പിൽ നിന്ന് ജനത്തെ ദൈവത്തിങ്കലേക്ക് നയിക്കുന്നവനാണ് അദ്ദേഹം. സീനായ് മലയിൽ മോശ വർത്തിച്ചതുപോലെ ദൈവത്തിനും ജനത്തിനുമിടയിൽ മധ്യസ്ഥനായി അദ്ദേഹം വർത്തിക്കുന്നു. സഹായം അഭ്യർത്ഥിക്കുന്ന പ്രാർത്ഥനയിൽ ദൈവത്തോടും മനുഷ്യരോടും പുരോഹിതനുള്ള ബന്ധം വ്യക്തമാണ്. കർത്താവിന്റെ സാന്നിദ്ധ്യത്തിൻ്റെ പ്രതീകമായ ബലിപീഠം ചുംബിച്ചശേഷം “കർത്താവേ, ആശീർവ്വദിക്കണമേ" എന്ന് അദ്ദേഹം ആദ്യം പ്രാർത്ഥിക്കുന്നു. ദൈവം പ്രത്യേകം അനുഗ്രഹിച്ചാൽ മാത്രമേ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാൻ തനിക്കു സാധിക്കൂ എന്നാണ് അദ്ദേഹം ഏറ്റുപറയുന്നത്. തുടർന്ന് ജനത്തിനു നേരെ തിരിഞ്ഞ്, "എൻ്റെ സഹോദരരേ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാകുവാൻ നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ" എന്ന് അപേക്ഷിക്കുന്നു. ഏകാഗ്രതയോടും ഭക്തിയോടും യോഗ്യതയോടുംകൂടെ വി. കുർബാന പൂർത്തിയാക്കുവാൻ വേണ്ട ശക്തിയ്ക്കായി ദൈവത്തോടു പ്രാർത്ഥിക്കണമേ എന്നാണദ്ദേഹം ജനത്തോട് അപേക്ഷിക്കുന്നത്. ഇത്ര മഹത്തായ പരിശുദ്ധ രഹസ്യങ്ങൾ കൈകാര്യം ചെയ്യുവാൻ തനിക്കുള്ള അയോഗ്യതയെക്കുറിച്ചുള്ള ചിന്തയാണ് പ്രാർത്ഥന യാചിക്കുവാൻ പുരോഹിതനെ പ്രേരിപ്പിക്കുന്നത്. കൂടാതെ, ആരാധനാസമൂഹത്തിൻ്റെ പ്രതിനിധിയാണ് താനെന്ന ബോദ്ധ്യവും ഇതിനു പിന്നിലുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ആരാധനാസമൂഹത്തിൻ്റെ മറുപടിയുടെ അർത്ഥം. വിശ്വാസികളായ നമ്മൾ ഇപ്രകാരമാണ് പുരോഹിതൻ്റെ അഭ്യർത്ഥനയോടു പ്രതികരിക്കുന്നത്: “സകലത്തിൻ്റെയും നാഥനായ ദൈവം തൻ്റെ അഭീഷ്‌ടം നിറവേറ്റുവാൻ നമ്മെ ശക്തരാക്കട്ടെ. ഈ കുർബാന അവിടുന്നു സ്വീകരിക്കട്ടെ. അങ്ങേയ്ക്കും ഞങ്ങൾക്കും ലോകം മുഴുവനുംവേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്നു സംപ്രീതനാവുകയും ചെയ്യട്ടെ”. മൂന്നു കാര്യങ്ങൾക്കായാണു സമൂഹം പ്രാർത്ഥിക്കുന്നത്:
ആർക്കുവേണ്ടിയാണ് പുരോഹിതൻ ബലി അർപ്പിക്കുന്നതെന്നും ഈ പ്രാർത്ഥനയിൽ നിന്നു വ്യക്തമാണ്: "അങ്ങേയ്ക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി" പുരോഹിതൻ തനിക്കും ആരാധനാസമൂഹത്തിനും ലോകം മുഴുവനും വേണ്ടിയുമാണ് വി. കുർബാന അർപ്പിക്കുന്നത്. കുർബാനയുടെ അർപ്പണത്തിൽ പങ്കെടുക്കുന്നവർക്കു മാത്രമല്ല അതിൻ്റെ രക്ഷാകരഫലങ്ങൾ ലഭിക്കുന്നത്. ആർക്കെല്ലാം വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നുവോ അവർക്കെല്ലാം അതിൻ്റെ ഫലങ്ങൾ ലഭിക്കും. ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കാൻ നമ്മൾ കടപ്പെട്ടവരാണ്. നമുക്കു പ്രിയപ്പെട്ടവരെയും നമ്മുടെ പ്രാർത്ഥനാസഹായം ആവശ്യമായിരിക്കുന്നവരെയും നമ്മൾ വിശുദ്ധ കുർബാനയിൽ ഓർത്തു പ്രാർത്ഥിക്കണം. അതുവഴിയായി അവർക്കും മിശിഹായുടെ രക്ഷാകര ബലിയുടെ ഫലങ്ങൾ ലഭിക്കും.
വി. കുർബാന അർപ്പിക്കുന്ന പുരോഹിതനുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം പുരോഹിതഗണം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കുവാൻ വിശ്വാസികളായ നമുക്കു കടമയുണ്ട്. ശ്ലീഹാന്മാരുടെ പിൻഗാമികളായ മെത്രാന്മാരുടെ കൈവയ്പ്‌പിലൂടെ അഭിഷിക്തരാകുന്ന അവരാണ് എന്നും നമുക്കായി വി.കുർബാന അർപ്പിക്കുന്നത്. പുരോഹിത ശുശ്രൂഷ ചെയ്യുവാൻ ഭാവിയിലും നമുക്ക് ധാരാളം വൈദികരെ ആവശ്യമുണ്ട്. പുരോഹിതന്മാരാകാനുള്ള ദൈവത്തിൻ്റെ വിളിക്ക് ഉദാരമായി ഉത്തരം നല്‌കുവാൻ നമ്മുടെ യുവാക്കൾക്കു സാധിക്കേണ്ടതിനായും നമ്മൾ പ്രാർത്ഥിക്കണം. നമ്മുടെ കുടുംബങ്ങളിൽ തന്നെയും ദൈവത്തിൻ്റെ വിളിയുടെ സ്വരം തിരിച്ചറിയുന്നതിനു സഹായകമായ അന്തരീക്ഷം നമ്മൾ സൃഷ്ടിക്കുകയും ചെയ്യണം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ദൈവമേ, മാമ്മാദീസായിലൂടെ അങ്ങയുടെ പൗരോഹിത്യത്തിൽ പങ്കുചേരുവാൻ അങ്ങ് ഞങ്ങളെയും തിരഞ്ഞെടുത്തതിന് ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങയുടെ ദിവ്യദൗത്യം ഭൂമിയിൽ ലോകാവസാനം വരെ തുടരുന്നതിനായി പൗരോഹിത്യം സ്ഥാപിച്ചതിനെപ്രതി ഞങ്ങൾ അങ്ങയെ സ്‌തുതിക്കുന്നു. അങ്ങയുടെ പ്രതിനിധികളായി അവർ അർപ്പിക്കുന്ന വി. കുർബാനയിൽ ബോധപൂർവ്വം പങ്കെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.
പിതാവായ ദൈവം ഈശോമിശിഹായിലൂടെ മനുഷ്യരായ നമുക്കുവേണ്ടി ചെയ്ത രക്ഷാകര കർമ്മങ്ങൾക്ക് സമൂഹമായി നമ്മൾ അവിടുത്തേയ്ക്ക് സ്‌തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നതാണ് വി. കുർബാന. കുർബാനയിൽ രക്ഷാകര പദ്ധതിയിലെ സംഭവങ്ങൾ ഓരോന്നായി ഓർമ്മിച്ചു കൊണ്ട് അവയെപ്രതി പിതാവിനെ സ്‌തുതിക്കുകയും നന്ദിപറയുകയും ആരാധിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. ഒപ്പം ദൈവം നമുക്കു നല്കിയിട്ടുള്ളതും നല്‌കിക്കൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾ നമ്മൾ കൃതജ്ഞതാപൂർവ്വം അനുസ്‌മരിക്കുകയും ചെയ്യുന്നു.
പ്രധാനമായും നാലു കാര്യങ്ങളാണ് കുർബാന അർപ്പണവേളയിൽ നമ്മൾ ചെയ്യുന്നത്.
1.ദൈവത്തെ സ്‌തുതിക്കുന്നു
പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന വ്യക്തികളുടെ സ്വാഭാവിക പ്രതികരണം സ്തുതിപ്പിൻ്റേതാണ്. ഉദാഹരണത്തിന്, ഈജിപ്‌തിലെ അടിമത്വത്തിൽനിന്നു രക്ഷിച്ച് ചെങ്കടൽ കടത്തി സംരക്ഷിച്ചതിനെപ്രതി മോശയും ഇസ്രായേൽ ജനം മുഴുവനും ഒന്നുചേർന്നു ദൈവത്തെ സ്‌തുതിക്കുന്ന ഗാനം പുറപ്പാടിൻ്റെ പുസ്‌തകം പതിനഞ്ചാം അദ്ധ്യായത്തിലുണ്ട്. സങ്കീർത്തനപുസ്‌തകം മുഴുവൻ ദൈവാനുഗ്രഹങ്ങൾക്കും ദൈവിക പരിപാലനയ്ക്കുമുള്ള ഭക്തൻ്റെ സ്‌തുതിപ്പുകളാണ്.
ഈശോയുടെ മനുഷ്യാവതാരത്തിൽ പരി. കന്യകാമറിയവും സഖറിയായും മാലാഖമാരും ആട്ടിടയന്മാരും ദൈവത്തെ സ്തുതിക്കുന്ന രംഗങ്ങൾ വി. ലൂക്കാ സുവിശേഷത്തിൻ്റെ ആദ്യ അദ്ധ്യായങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. ഈശോയിൽനിന്നു സൗഖ്യം പ്രാപിച്ച രോഗികളും കാഴ്‌ചനേടിയ അന്ധരും പാപമോചനം സിദ്ധിച്ചവരും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരുമെല്ലാം ദൈവത്തെ സ്തുതിക്കുന്ന രംഗങ്ങൾ സുവിശേഷത്തിലുടനീളമുണ്ട്.
ഈശോയുടെ സ്വർഗ്ഗാരോഹണശേഷം ശിഷ്യസമൂഹം നിരന്തരം ദൈവത്തെ സ്‌തുതിക്കുകയും പുകഴ്ത്തുകയും ചെയ്‌തു കൊണ്ട് ദൈവാലയത്തിൽതന്നെ ആയിരുന്നു എന്നാണു വി.ലൂക്കാ രേഖപ്പെടുത്തുന്നത് (ലൂക്കാ 24,53). ആദിമ സഭാസമൂഹത്തിൻ്റെ ജീവിത ശൈലിയാണിവിടെ പ്രകടമാകുന്നത്. യഹൂദരുടെ പ്രാർത്ഥനയുടെ മുഖ്യഘടകവും ദൈവസ്‌തുതിയായിരുന്നു. തിരുസ്സഭയുടെ പ്രാർത്ഥനകളിലും ഈ ശൈലിതന്നെയാണു പ്രതിഫലിക്കുന്നത്. ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥനയായ വി. കുർബാന മുഴുവൻ സ്തുതിപ്പിൻ്റെ പ്രകീർത്തനങ്ങളാണ്. ഏതു പ്രാർത്ഥനയും അവസാനിക്കുന്നതു ദൈവത്തെ സ്‌തുതിച്ചുകൊണ്ടാണ്.
2. ദൈവത്തിനു ബഹുമാനമർപ്പിക്കുന്നു
നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം നമ്മുടെ ബഹുമാനത്തിന് ഏറ്റവും അർഹനാണ്. ഈശോമിശിഹായിൽ അവിടുന്നു നമ്മെ രക്ഷിക്കുകയും മക്കളുടെ സ്ഥാനത്തേയ്ക്ക് ഉയർത്തുകയും ചെയ്തതുകൊണ്ട് അവിടുന്ന് ഏറെ ബഹുമാന്യനാണ്. ഇതാണ് വി. കുർബാനയിൽ നമ്മൾ ഏറ്റുപറയുന്നത്.
3. ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു
ദൈവം നല്കിയിട്ടുള്ളതും എന്നാൽ നന്ദി പറഞ്ഞു തീർക്കാനാവാത്തതുമായ നിരവധി അനുഗ്രഹങ്ങൾക്കുള്ള കൃതജ്ഞതാ പ്രകാശനമാണ് വി. കുർബാന. അനുദിനവും അവിടുന്നു നല്‌കുന്ന ഓരോ നന്മയും അനുസ്‌മരിച്ചുകൊണ്ടാണ് നമ്മൾ അവിടുത്തേയ്ക്കു നന്ദി പറയുന്നത്. എത്രമാത്രം നമ്മൾ അവിടുത്തേയ്ക്കു നന്ദി പറയുന്നുവോ, അത്രമാത്രം നമ്മൾ മനുഷ്യരാവുകയാണ്.
4. ദൈവത്തെ ആരാധിക്കുന്നു
ആരാധന ദൈവത്തിനുമാത്രം അർഹതപ്പെട്ടതാണ്. കാരണം, അവിടുന്നു മാത്രമാണ് നമ്മുടെ സ്രഷ്‌ടാവും പരിപാലകനും ദൈവവും. ആരാധിക്കുമ്പോൾ നമ്മൾ അവിടുത്തെ നാഥനും കർത്താവുമായി ഏറ്റുപറയുകയാണ്. കുർബാന അർപ്പണം തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന. കുർബാന മുഴുവൻ ആരാധനയാണ്. സ്വർഗ്ഗീയ ദൂതരായ മാലാഖാമാരോടുചേർന്ന് “പരിശുദ്ധൻ" എന്നു പലപ്രാവശ്യം പാടി ദൈവത്തെ ആരാധിച്ചുകൊണ്ടാണ് നമ്മൾ കുർബാന ആരംഭിക്കുന്നത്. എത്രയെത്ര പ്രാർത്ഥനകളിലൂടെയാണ് നമ്മൾ പരി. ത്രിത്വത്തെ ആരാധിക്കുന്നത്. ഉദാഹരണത്തിന്, സാധാരണ ദിവസങ്ങളിലെ ആദ്യത്തെ പ്രാർത്ഥന: "ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിൻ്റെ സംപൂജ്യമായ നാമത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ" എന്നാണ്. ഇപ്രകാരം ദൈവം മനുഷ്യൻ്റെ സ്തുതിക്കും ആരാധനയ്ക്കും അർഹനായിരിക്കുന്നതിൻ്റെ കാരണവും മറ്റൊരു പ്രാർത്ഥന വ്യക്തമാക്കുന്നുണ്ട്: "എന്തുകൊണ്ടന്നാൽ അങ്ങു ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷ്ടിക്കുകയും മനുഷ്യവംശത്തോട് അളവറ്റ കൃപ കാണിക്കുകയും ചെയ്‌തു". ഈശോമിശിഹായിലൂടെയാണ് ദൈവം നമ്മോടു കൃപ കാണിച്ചത്. ആ കൃപയുടെ തന്നെ തുടർച്ചയാണ് ഓരോ വി. കുർബാനയും. ഈ ദിവ്യരഹസ്യത്തെപ്രതി അവിടുത്തേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിച്ചുകൊണ്ട് സഭയോടു ചേർന്ന് നമുക്കു ദൈവത്തെ പ്രകീർത്തിക്കാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, നീ ഞങ്ങൾക്കു നല്കിയതും നല്കികൊണ്ടിരിക്കുന്നതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
പ്രാർത്ഥിക്കുക എന്നാൽ ദൈവസന്നിധിയിൽ ആയിരിക്കുക, ദൈവത്തോടു സംസാരിക്കുക, അവിടുത്തോടു ബന്ധത്തിലേർപ്പെടുക എന്നൊക്കെയാണർത്ഥം. നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നവരാകയാൽ നമ്മുടെ ചിന്ത പലപ്പോഴും ഭൗമികമാണ്, താഴെയുള്ള കാര്യങ്ങളെക്കുറിച്ചാണ്. അതുകൊണ്ട് ശരിക്കു പ്രാർത്ഥിക്കാൻ സാധിക്കണമെങ്കിൽ നമ്മുടെ ചിന്തയും മനസ്സുമൊക്കെ ദൈവം വസിക്കുന്നിടത്തേയ്ക്ക് ഉയർത്തണം. ശാരീരികമായി പ്രാർത്ഥിക്കുവാനായി നമ്മൾ ദൈവാലയത്തിലോ ഭവനത്തിലോ ഒന്നിച്ചു കൂടുമ്പോഴും നമ്മുടെ മനസ്സിൽ പല വിചാരങ്ങളായിരിക്കാം. മനസ്സിനെ ശാന്തമാക്കി വിചാരങ്ങൾ ഉന്നതത്തിലേയ്ക്ക് - സ്വർഗ്ഗത്തിലേയ്ക്ക് - ഉയർത്തിയാൽ മാത്രമേ ദൈവസാന്നിധ്യം അനുഭവിക്കാൻ സാധിക്കൂ. ഇപ്രകാരം പ്രാർത്ഥിക്കുവാനുള്ള ആഹ്വാനങ്ങൾ നമ്മുടെ കുർബാനയിൽ ധാരാളമുണ്ട്.
കുർബാനയുടെ കേന്ദ്രഭാഗമായ അനാഫൊറയിൽ കാർമ്മികൻ ആരാധനാസമൂഹത്തെ ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ". ഉന്നതങ്ങളിൽ - സ്വർഗ്ഗത്തിൽ - വസിക്കുന്ന ദൈവസന്നിധിയിലേയ്ക്ക് ചിന്തകൾ ഉയരട്ടെ എന്നാണാശംസ. സമൂഹത്തിൻ്റെ മറുപടിയിൽ നിന്നത് വ്യക്തമാണ്: “ആബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേയ്ക്ക്". അബ്രാഹവും ഇസഹാക്കും യാക്കോബുമൊക്കെ പഴയനിയമചരിത്രത്തിലെ പൂർവ്വപിതാക്കന്മാരാണ്. പൂർവ്വകാലങ്ങളിൽ ദൈവം സ്വയം വെളിപ്പെടുത്തിയത് ഈ പിതാക്കന്മാരും ദൈവമായിട്ടാണ്. അവരെ തിരഞ്ഞെടുക്കുകയും പരിപാലിച്ചു സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തുകൊണ്ട് അവരുടെ ശക്തനായ ദൈവമാണ് അവിടുന്നെന്നു തെളിയിച്ചു. ബലവാനായ ഒരു രാജാവിനെപ്പോലെ ഈ പൂർവ്വപിതാക്കന്മാരെയും അവരുടെ സന്തതിപരമ്പരയെയും അവിടുന്നു നയിച്ചു. ഇസ്രായേൽ ജനതയുടെ ചരിത്രം വ്യക്തമാക്കുന്നത് അതാണ്. ഏകദൈവത്തിൽ വിശ്വസിക്കുന്നവരുടെയെല്ലാം പിതാക്കന്മാരാണ് അബ്രാഹവും, ഇസഹാക്കും യാക്കോബും. അവരെ പരിപാലിച്ച ദൈവം തന്നെയാണു നമ്മെയും നയിക്കുന്നത്. അവരിലൂടെ ദൈവം ആരംഭിച്ച രക്ഷാകരപദ്ധതിയാണ് തിരുസ്സഭയിലൂടെ ഇന്നു തുടരുന്നത്. പുതിയ നിയമ ദൈവജനമായ നമ്മൾ നമ്മുടെ വിചാരങ്ങൾ ഉയർത്തുന്നത് പൂർവ്വ പിതാക്കന്മാരുടെ ദൈവത്തിൻ്റെ പക്കലേയ്ക്കാണ്. ആ പിതാക്കന്മാരോടെന്നപോലെ ദൈവം നമ്മോടും വർത്തിക്കും എന്ന പ്രത്യാശയും ഇതിലടങ്ങിയിട്ടുണ്ട്.
ഉന്നതത്തിലേയ്ക്ക് വിചാരങ്ങളും ഭാവനയും ഉയർത്തുമ്പോൾ നമ്മൾ കാണുന്നത് ഏശയ്യാ പ്രവാചകനും വെളിപാടുഗ്രന്ഥകാരനും കണ്ടതുതന്നെയാണ്. സ്വർഗ്ഗീയാരാധന നടക്കുന്നതാണ് ഏശയ്യാ കണ്ടത്. മാലാഖാമാർ ദൈവത്തെ "പരിശുദ്ധൻ" എന്നു പാടിസ്തുതിക്കുന്നത് അദ്ദേഹം ശ്രവിച്ചു (ഏശ. 6,1-7). വി. യോഹന്നാൻ ശ്ലീഹായ്ക്കുണ്ടായ ദർശനവും ഇതിനു സമാനമാണ്. സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചുകൊണ്ട് മാലാഖാമാരും വിശുദ്ധരും “ആയിരുന്നവനും അയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് "പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ" എന്നു പാടി പുകഴ്ത്തുന്നതാണ് അദ്ദേഹം കണ്ടതും കട്ടതും (വെളി. 4,8). ഈ സ്വർഗ്ഗീയ ലിറ്റർജിയാണ് ഉന്നതത്തിയിലേക്കു വിചാരങ്ങൾ ഉയർത്തുന്ന നമ്മളും കാണുന്നത്. ഈ ചിന്തൾ വിശ്വാസികളായ നമ്മിൽ ഉണർത്തുവാൻ സഹായിക്കും വിധത്തിലാണു ദൈവാലയം സജ്ജീകരിച്ചിരിക്കുന്നത്. മദ്ബഹ സ്വർഗ്ഗത്തിൻ്റെ പ്രതീകവും അതിലെ ബലിപീഠം കർത്താവിൻ്റെ സിംഹാസനവുമാണ്. ദൈവാലയശുശ്രൂഷികൾ മാലാഖാമാരുടെയും വിശുദ്ധരുടെയും സ്ഥാനത്താണ്. ഗായകസംഘം ഇവരോടുകൂടെ ചേരുന്നു. സ്വർഗ്ഗീയാരാധനയുടെ ഒരു പകർപ്പ് ദൈവാലയത്തിൽ ക്രമീകരിക്കപ്പെടുന്നു. വിശ്വാസികളായ നമ്മൾ ഇടവക ദൈവാലയത്തിലെ കുർബാനയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ സ്വർഗ്ഗീയ ആരാധനയിൽ തന്നെയാണു പങ്കുചേരുന്നത്. അവിടെ സ്വർഗ്ഗം ഭൂമിയിലേയ്ക്കിറങ്ങുന്നു. ഭൂമി സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെടുന്നു. മൂന്നാം പ്രണാമജപത്തിൻ്റെ ആരംഭത്തിൽ, “കർത്താവായ ദൈവമേ, സ്വർഗ്ഗീയ ഗണങ്ങളോടുകൂടെ അങ്ങേയ്ക്കു ഞങ്ങൾ കൃതജ്ഞത അർപ്പിക്കുന്നു" എന്നു പ്രാർത്ഥിക്കുമ്പോൾ ഈ യാഥാർത്ഥ്യം തന്നെയാണു നമ്മൾ പ്രഘോഷിക്കുന്നതും.
സമാധാനാശംസയ്ക്കുശേഷം ശുശ്രൂഷി നല്‌കുന്ന നിർദ്ദേശത്തിലും ഇതേ ആശയംതന്നെ പ്രതിഫലിക്കുന്നുണ്ട്. ശുശ്രൂഷി ആഹ്വാനംചെയ്യുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയ ഭക്തിജനകമായ രഹസ്യങ്ങൾ കൂദാശചെയ്യപ്പെടുന്നു. പുരോഹിതൻ തൻ്റെ മാദ്ധ്യസ്ഥ്യംവഴി സമാധാനം സമൃദ്ധമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയർത്തി, നിശബ്ദരായി, ഏകാഗ്രതയോടും ഭക്തിയോടുംകൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ". ആരാധകനുണ്ടാകേണ്ട ബാഹ്യവും ആന്തരികവുമായ മനോഭാവങ്ങളെല്ലാം ഈ ആഹ്വാനത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഈ ഭൂമിയിലെ ഞങ്ങളുടെ തീർത്ഥാടനത്തിൽ സ്വർഗ്ഗത്തിൽ കണ്ണുകളുറപ്പിച്ചു യാത്ര ചെയ്യുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഉന്നതത്തിലുള്ളവയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഈലോക വ്യാപാരങ്ങളെ വിശുദ്ധീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ സ്വർഗ്ഗീയാരാധനയുടെ മൂന്നാ സ്വാദനമായ വി. കുർബാനയിൽ ഏകാഗ്രതയോടും ഭക്തിയോടും കൂടെ പങ്കെടുക്കുവാൻ ഞങ്ങൾക്കിടയാക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"വിശുദ്ധ കുർബാന സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ് " (വി. ആഗസ്തിനോസ്)
രക്ഷകനായ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് പ്രപഞ്ചത്തിന്റെ ആരംഭത്തോളം തന്നെ പഴക്കമുണ്ട്. “നിന്റെ സന്തതിയിലൂടെ ഭൂമുഖത്തെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" എന്നു പറഞ്ഞ് ദൈവം അബ്രാഹത്തിനു നല്‌കിയ വാഗ്ദാനം വരുവാനിരുന്ന രക്ഷകനെക്കുറിച്ചായിരുന്നു (ഉല്പ 22, 18; നട 3,25-26). എങ്കിലും രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് വ്യക്തമായ ഒരു രൂപം ലഭിച്ചത് ദാവീദിന്റെ കാലത്താണ്. ദാവീദ് ഇസ്രായേലിലെ ശക്തനായ രാജാവായിരുന്നു. കർത്താവിൻ്റെ മനസ്സിനിണങ്ങിയ രാജാവുമായിരുന്നു അദ്ദേഹം. ഈ ദാവീദിന് നാഥാൻ പ്രവാചകനിലൂടെ ദൈവം രക്ഷകനെ സംബന്ധിച്ചുള്ള വ്യക്തമായ വാഗ്ദാനം നല്‌കി (2 സാമു 7,12-17). വാഗ്ദാനത്തിൻ്റെ ചുരുക്കം ഇതായിരുന്നു: വരുവാനിരിക്കുന്നവൻ ദാവീദിൻ്റെ വംശത്തിൽ നിന്നും ജനിക്കും; അദ്ദേഹം ദൈവത്തിന്റെ പുത്രനായിരിക്കും; അദ്ദേഹം ദൈവത്തിന് ഒരാലയം പണിയും. അദ്ദേഹം യാക്കോബിൻ്റെ ഭവനത്തിന്മേൽ എന്നേയ്ക്കും ഭരണം നടത്തും; അദ്ദേഹത്തിന്റെ ഭരണത്തിന് അവസാനമുണ്ടാവില്ല. രക്ഷകനായ മിശിഹായെക്കുറിച്ചുള്ള ഇസ്രായേൽജനത്തിന്റെ പ്രതീക്ഷയുടെ അടിസ്ഥാനം ഈ വാഗ്‌ദാനത്തിലായിരുന്നു.
പ്രവാചകന്മാർ വരുവാനിരിക്കുന്ന മിശിഹായെക്കുറിച്ചു പ്രഘോഷിച്ചപ്പോൾ ദാവീദുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിരുന്നത്. ഉദാഹരണത്തിന്, ഏശയ്യാ എഴുതുന്നു: "ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും" (ഏശ. 11,1) ജസ്സെ ദാവീദിൻ്റെ പിതാമഹനായിരുന്നു. അദ്ദേഹത്തിന്റെ വംശത്തിൽ നിന്നു മിശിഹാ വരുമെന്നു സൂചന ഈ ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ഭാവിയിൽ വരാനിരിക്കുന്നവൻ ദാവീദിൻ്റെ പുത്രൻ ആയിരിക്കും എന്ന് ഇസ്രായേൽക്കാർ വിശ്വസിച്ചിരുന്നു.
ദാവീദിനു നല്കിയ വാഗ്ദാനം പൂർത്തിയാക്കിക്കൊണ്ടാണ് ദൈവം മിശിഹായെ ഈ ലോകത്തിലേക്ക് അയച്ചത്. മംഗളവാർത്ത അറിയിക്കാനെത്തിയ ഗബ്രിയേൽ ദൂതൻ ഇക്കാര്യം വെളിവാക്കി. ജനിക്കാനിരിക്കുന്നവൻ ദൈവത്തിൻ്റെ പുത്രൻ ആയിരിക്കുമെന്നും അവൻ യാക്കോബിൻ്റെ ഭവനത്തിന്മേൽ എന്നേയ്ക്കും ഭരണം നടത്തുമെന്നുമൊക്കെ ദൂതൻ മറിയത്തെ അറിയിച്ചു (ലൂക്കാ 1,26-38). ദാവീദിൻ്റെ വംശത്തിലാണ് ഈശോ ജനിച്ചതും. അപ്രകാരം ദാവീദിൻ്റെ പുത്രനായി ഈശോ അറിയപ്പെട്ടു. അതുകൊണ്ടാണ് ജറീക്കോയിലെ അന്ധനായിരുന്ന ബർതിമേയൂസ് ഈശോയോട്, "ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ” എന്നു വിളിച്ചപേക്ഷിച്ചത് (മർക്കോ 10,47).
പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഈശോ രാജകീയമായി ദാവീദിൻ്റെ ആസ്ഥാനമായിരുന്ന ജറുസലേമിലേയ്ക്ക പ്രവേശിച്ചപ്പോൾ അവൻ്റെ മുമ്പിലും പിമ്പിലും നടന്നിരുന്നവർ വിളിച്ചു പറഞ്ഞു: “ഹോസാന! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ. നമ്മുടെ പിതാവായ ദാവീദിൻ്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളിൽ ഹോസാന!" (മർക്കോ 11,9-10). "കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ"എന്നാണ് “ഹോസാന" എന്ന പദത്തിൻ്റെ അർത്ഥം. കർത്താവായ ദൈവത്തിൻ്റെ നാമത്തിലാണ് ഈശോ ഈ ഭൂമിയിൽ അവതരിച്ചത്. ദൈവം ദാവീദിനു നല്കിയ വാഗ്ദാനം ഈശോയിൽ നിറവേറ്റി എന്നാണ് ശിഷ്യഗണം വിളിച്ചു പറഞ്ഞത്. ജനക്കൂട്ടത്തിന്റെ ഈ പ്രഘോഷണം ഒരല്പം മാറ്റം വരുത്തി മാലാഖാമാരുടെ കീർത്തനത്തോടു ചേർത്ത് കുർബാനമദ്ധ്യേ നമ്മൾ ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നുണ്ട്. അത് ഇപ്രകാരമാണ്:
ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻ്റെ പുത്രന് ഓശാന. കർത്താവിൻ്റെ നാമത്തിൽ വന്നവനും വരുവാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന”.
“ഹോസാന” എന്ന പദത്തിൻ്റെ മറ്റൊരു രൂപമാണ് “ഓശാന” രണ്ടിന്റെയും അർത്ഥം ഒന്നുതന്നെ. ദാവീദിന്റെ പുത്രനായ ഈശോയേ ഞങ്ങളെ രക്ഷിക്കണമേ എന്നാണു നമ്മളും പ്രാർത്ഥിക്കുന്നത്. അവിടുന്നു മനുഷ്യാവതാരത്തിൽ കർത്താവിന്റെ നാമത്തിൽ വന്നവനാണ്. ലോകാന്ത്യത്തിൽ മഹത്വപൂർണ്ണനായി അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. അതുകൊണ്ടാണ് "വരുവാനിരിക്കുന്നവനുമായവൻ" എന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നത്.
മാലാഖാമാർ ദൈവത്തെ പാടി സ്‌തുതിക്കുന്നത് "പരിശുദ്ധൻ എന്നു മൂന്നുപ്രാവശ്യം ആലപിച്ചുകൊണ്ടാണ് (ഏശ 6,1-8). സ്വർഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞിരിക്കുന്ന അവരുടെ ഈ കീർത്തനത്തോടു ചേർത്താണ് ആരാധനാസമൂഹത്തിലെ അംഗങ്ങളായ നമ്മളും അവിടുത്തെ പാടി വാഴ്ത്തുന്നത്. ഇതു പ്രാർത്ഥിക്കുകയോ ആലപിക്കുകയേ ചെയ്യുമ്പോൾ ഈശോയെ എതിരേറ്റ ശിഷ്യന്മാരോടും ആരാധിക്കുന്ന മാലാഖാമാരോടും ചേർന്ന് നമുക്കും അവിടുത്തെ പ്രകീർത്തിക്കാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ദാവീദിന്റെ പുത്രനായ അഭിഷിക്തനായി മനുഷ്യനായി അവതരിച്ച അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. മാലാഖാമാരോടും ശിഷ്യസമൂഹത്തോടും ചേർന്ന് ഞങ്ങളും അങ്ങയെ പാടി സ്തുതിക്കുന്നു. മഹത്വപൂർണ്ണമായ അവിടുത്തെ രണ്ടാമത്തെ ആഗമനത്തിൽ യോഗ്യതയോടെ കാണപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
ഞങ്ങളുടെ പിതാവേ, നിൻ്റെ പുത്രനായ ഈശോ വഴി നീ വെളിപ്പെടുത്തിയ നിൻ്റെ പുത്രൻ ദാവീദിന്റെ പരിശുദ്ധ മുന്തിരിച്ചെടിയെപ്രതി ഞങ്ങൾ നിനക്കു നന്ദിപറയുന്നു" (ഡിഡാക്കെ, 9,11).
വി. കുർബാന നമ്മുടെ രക്ഷയുടെ സ്‌മാരകമാണ്. ഒരു വ്യക്തിയെയോ സംഭവത്തെയോ അനുസ്‌മരിപ്പിക്കുന്നതാണ് സ്‌മാരകം. വി. കുർബാന ഈശോയെന്ന വ്യക്തിയെയും അവിടുന്നു സാധിച്ച രക്ഷയെന്ന സംഭവത്തെയും നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശോയുടെ ജീവിതത്തിലെ വിവിധ സംഭവങ്ങളാണ് രക്ഷാകരസംഭവത്തിന്റെ ഉള്ളടക്കം. ഈശോ പഴയനിയമകാലം മുതലേ ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹാകൂടി ആയിരുന്നതുകൊണ്ട് ഈ രക്ഷാകര സംഭവത്തെ മിശിഹാസംഭവം അഥവാ മിശിഹാരഹസ്യം എന്നും വിളിക്കാറുണ്ട്. ഈ മിശിഹാസംഭവത്തിൻ്റെ സ്‌മാരകമാണു വി. കുർബാന. ഈശോയുടെ രക്ഷാകരമായ ജീവിതം മുഴുവൻ അനുസ്മരിപ്പിക്കുന്ന സ്മാരകമാണ് അത്.
മിശിഹാരഹസ്യത്തിലെ പ്രഥമവും പ്രധാനവുമായ സംഭവം മനുഷ്യാവതാരമാണ്. ദൈവപുത്രനായ ഈശോ നമ്മിലൊരുവനെപ്പോലെ മനുഷ്യനായി എന്നതാണ് മനുഷ്യാവതാരത്തിന്റെ അർത്ഥം. നമ്മിലൊരുവനെപ്പോലെ ആകുവാൻ അവിടുത്തേയ്ക്ക് എന്തൊക്കെ ഉപേക്ഷിക്കേണ്ടിവന്നു എന്നു മനസ്സിലാക്കുന്നത് മനുഷ്യാവതാരത്തിൻ്റെ മഹത്ത്വം ഗ്രഹിക്കാൻ സഹായിക്കും. പിതാവായ ദൈവത്തോടുകൂടെ ഒന്നിച്ചുവസിച്ചിരുന്ന ഏകജാതനാണവിടുന്ന്. പുത്രനാകയാൽ പിതാവിൻ്റെ സത്തയിൽ പങ്കുചേരുന്ന അവിടുന്നു പിതാവിനോട് സദൃശനുമാണ്. പിതാവിനോടുള്ള ഈ തുല്യതയും മഹത്ത്വവും മാറ്റിവച്ചാണ് അവിടുന്നു മനുഷ്യനായത്. ഇതെക്കുറിച്ച് വി. പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതുന്നു: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നില നിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസൻ്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു" (ഫിലി 2,6-7). ദൈവമായിരുന്ന അവിടുന്നു സ്വയം ശൂന്യവത്കരിച്ചുകൊണ്ട് എളിയവരിൽ എളിയവനായി ജനിച്ചു. സർവ്വ സമ്പന്നനായിരുന്നിട്ടും ദരിദ്രനായി ജീവിച്ചു. വി. കുർബാനയിൽ ഈശോയുടെ അന്ത്യത്താഴം അനുസ്‌മരിക്കുന്നതിനു മുമ്പുള്ള പ്രാർത്ഥനയിൽ ഇക്കാര്യങ്ങൾ നമ്മൾ ഏറ്റുപറയുന്നുണ്ട്. "അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സദൃശ്യനും അങ്ങയിൽനിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിഛായയുമായ വചനമായ ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു. അങ്ങയോടുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ അവിടുന്നു തന്നെത്തന്നെ ശൂന്യനാക്കി...".
ദൈവപുത്രൻ മനുഷ്യനായതിൻ്റെ ലക്ഷ്യവും ആ പ്രാർത്ഥന തുടർന്നു വ്യക്തമാക്കുന്നുണ്ട്: “നിയമത്തിന് അധീനരായിരുന്നവരെ ഉദ്ധരിക്കുവാൻ നിയമത്തിനു വിധേയനാവുകയും രക്ഷയുടെ സ്മാരകം ഏർപ്പെടുത്തുകയും ചെയ്‌തു". നിയമത്തിനും പാപത്തിനും മരണത്തിനും അടിമകളായിരുന്നവരെ ആ ബന്ധനത്തിൽ നിന്നു രക്ഷിക്കാനായിരുന്നു അവിടുന്നു മനുഷ്യനായത്. ഈ രക്ഷ അവിടുന്നു സാധിച്ചത് മനുഷ്യനിയമത്തിനു വിധേയനായിക്കൊണ്ടായിരുന്നു. ഇതു പൂർത്തിയായതാകട്ടെ, കുരിശുമരണത്തിലും, ഈ രക്ഷാകരസംഭവത്തിൻ്റെ സ്‌മാരകമായാണ് അവിടുന്നു വി. കുർബാന സ്ഥാപിച്ചത്. രക്ഷാകരമായ ഈ രഹസ്യമാണ് ഓരോ കുർബാനവേളയിലും നമ്മൾ തിരുസന്നിധിയിൽ അർപ്പിക്കുന്നത്.
ഈജിപ്തിലെ അടിമത്വത്തിൽ നിന്നുള്ള ഇസ്രായേൽ ജനത്തിന്റെ മോചനവും നിയമത്തിൻ്റെയും പാപത്തിൻ്റെയും അടിമത്വത്തിൽനിന്നുള്ള പുതിയ ജനമായ നമ്മുടെ വിമോചനവും തമ്മിൽ സാമ്യമുണ്ട്. രണ്ടു സന്ദർഭങ്ങളിലും ജനത്തിൻ്റെ കഷ്‌ടപ്പാടുകളും വേദനയും കണ്ട് മനസ്സലിഞ്ഞാണ് വിമോചകനും രക്ഷകനുമായി ദൈവം രംഗപ്രവേശം ചെയ്‌തത്. ഇരു സംഭവങ്ങളുടെയും ഓർമ്മ ആചരിക്കണമെന്നു ദൈവം തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈജിപ്തിൽ നിന്നുള്ള വിമോചനത്തിൻ്റെ ഓർമ്മയായാണ് ആണ്ടുതോറും യഹൂദർ പെസഹാതിരുനാൾ ആഘോഷിച്ചിരുന്നത്. ഈ പെസഹായെ വിമോചനത്തിൻ്റെ സ്‌മാരകം എന്നാണ് അവർ വിളിച്ചിരുന്നതും (പുറ 12,14). വർഷംതോറും പെസഹാ ആചരിക്കുമ്പോൾ പൂർവ്വികരോടൊപ്പം ഈജിപ്തിൽനിന്നു “കടന്നുപോരുന്ന" അനുഭവമായിരുന്നു ഇസ്രായേൽമക്കൾക്ക്.
ഇതിനു സമാനമാണ് ഈശോമിശിഹാ തിരുസ്സഭയെ ഭരമേല്പ്പിച്ചിരിക്കുന്ന രക്ഷയുടെ സ്‌മാരകവും. മനുഷ്യവർഗ്ഗത്തെ എല്ലാ വിധ അടിമത്തങ്ങളിൽ നിന്നും വിമോചിപ്പിച്ച അവിടുന്ന്, ലോകാവസാനംവരെ ജീവിക്കാനിരിക്കുന്ന എല്ലാവർക്കും ഈ രക്ഷയുടെ ഫലം സംലഭ്യമാക്കാനായി വി. കുർബാനയെന്ന സ്മാരകം സ്ഥാപിച്ചു. “ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്ന അവിടുത്തെ കല്പന വി. കുർബാനയുടെ ഈ സ്‌മാരകസ്വഭാവത്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. വി. പൗലോസ് ശ്ലീഹാ ഇതെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: “നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിൻ്റെ മരണം, അവൻ്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്" (1 കൊറി 11,26). ഈശോയുടെ സഹന മരണോത്ഥാനങ്ങളുടെ സ്‌മാരകമാണ് വി. കുർബാന എന്നാണു പൗലോസ് ശ്ലീഹാ ഇവിടെ പഠിപ്പിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, മനുഷ്യരായ ഞങ്ങളെ രക്ഷിക്കുവാനായി മനുഷ്യരൂപമെടുത്ത അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ സഹനമരണോത്ഥാനങ്ങളിലൂടെ ഞങ്ങളെ രക്ഷിച്ചതിനെപ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങേർപ്പെടുത്തിയിരിക്കുന്ന രക്ഷയുടെ സ്മാരകമായ വി. കുർബാനയിൽ സജീവമായി പങ്കെടുത്ത് രക്ഷയുടെ ഫലങ്ങൾ സ്വന്തമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും, ആമ്മേൻ.
"യോഗ്യതയോടും വിശ്വാസത്തോടും കൂടി കർത്താവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നവർക്ക് അതു പാപങ്ങളുടെ മോചനത്തിനും, നിത്യജീവനും, ആത്മാവിൻ്റെയും ശരീരത്തിന്റെയും പോഷണത്തിനും കാരണമാകുന്നു. അയോഗ്യതയോടും വിശ്വാസരാഹിത്യത്തോടും കൂടി സ്വീകരിക്കുന്നവർക്ക് അതു ശിക്ഷാവിധിക്കു കാരണമാകുന്നു. ആയതിനാൽ ഭയ ഭക്തിയോടും ശുദ്ധ മനഃസാക്ഷിയോടും അചഞ്ചല വിശ്വാസത്തോടുംകൂടെ നമുക്ക് അവിടുത്തെ സമീപിക്കാം". (വി.ജോൺ ദമഷീൻ)
ഉടമ്പടി എന്നു കേൾക്കുമ്പോൾ ഏതൊരു യഹൂദന്റെയും മനസ്സിൽ ഓടിയെത്തുന്നത് സീനായ് ഉടമ്പടിയാണ്. ഈജിപ്തിൽനിന്നു പുറത്തിറക്കി മരുഭൂമിയിലൂടെ നയിച്ച് ഇസ്രായേൽ ജനവുമായി ദൈവം സീനായ് മലയിൽ വച്ച് ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടു. ജനത്തിൽനിന്ന് അവരുടെ നേതാവായി ദൈവം തിരഞ്ഞെടുത്ത മോശയായിരുന്നു ആ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ. ദൈവം നല്കിയ പത്തു കല്പനകളാണ് ഉടമ്പടി വ്യവസ്ഥകൾ. ഇസ്രായേൽ ജനം ഈ കല്പനകൾ പാലിച്ചാൽ ദൈവം എന്നും അവരുടെ സംരക്ഷകനും പരിപാലകനുമായിരിക്കുമെന്നും ഇസ്രായേൽ ദൈവത്തിനു പ്രിയപ്പെട്ട ജനമായിരിക്കും എന്നതുമായിരുന്നു ഉടമ്പടിയുടെ ഫലം (ലേവ്യർ 26,12).
സാധാരണയായി ഉടമ്പടി ഉറപ്പിക്കുന്നതിന് ഒരു മൃഗത്തെ ബലികഴിച്ച് അതിൻ്റെ രക്തം ഉടമ്പടിയിലേർപ്പെടുന്ന ഇരു കക്ഷികളുടെമേലും തളിച്ചിരുന്നു. സീനായ് ഉടമ്പടിയും ഈ രീതിയിലാണ് ഉറപ്പിച്ചത്. മോശ മൃഗരക്തം ജനത്തിൻമേലും ദൈവസാന്നിദ്ധ്യത്തിന്റെ പ്രതീകമായ ബലിപീഠത്തിന്മേലും തളിച്ചുകൊണ്ട് ഉടമ്പടി മുദ്രവച്ചു (പുറ 24,5-8). ഈ ഉടമ്പടിയുടെ ഫലമായി യാക്കോബിന്റെ മക്കൾ ദൈവത്തിൻ്റെ ജനമായിത്തീർന്നു. സീനായ് ഉടമ്പടിയിലൂടെ ഇസ്രായേൽ ജനത്തിനു രൂപം ലഭിച്ചു.
ഈ പഴയ ഉടമ്പടിയുടെ പശ്ചാത്തലത്തിൽ മാത്രമേ അന്ത്യ അത്താഴവേളയിലെ ഈശോയുടെ വാക്കുകളുടെ അർത്ഥം നമുക്കു മനസ്സിലാവുകയുള്ളൂ. വീഞ്ഞു കലർത്തിയ കാസയെടുത്ത് പിതാവിനു കൃതജ്ഞതയർപ്പിച്ചശേഷം അവർക്കു നല്‌കികൊണ്ട് അവിടൂന്ന് അരുളിച്ചെയ്തു: “ഇതു പാപമോചനത്തിനായി അനേകർക്കു വേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു". പുതിയ ഉടമ്പടിയെക്കുറിച്ചുള്ള പരാമർശം പഴയതിനെ ഓർമ്മിപ്പിക്കുന്നു. ഈശോയിൽ പൂർത്തിയാകാനിരുന്ന ഉടമ്പടിയുടെ പ്രതിരൂപം മാത്രമായിരുന്നു പഴയത്. സ്വന്തരക്തത്താലാണ് പുതിയ ഉടമ്പടി ഈശോ മുദ്ര വച്ചത്. വളരെപ്പേരുടെ പാപമോചനത്തിനായാണ് അവിടുന്നു തൻ്റെ രക്തം ചിന്തിയത്. ഈ പുതിയ ഉടമ്പടിയെക്കുറിച്ച് ജറെമിയാ പ്രവാചകനിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. കർത്താവിൻ്റെ വാക്കുകൾ പ്രവാചകൻ അറിയിക്കുന്നു: “ഇസ്രായേൽ ഗോത്രത്തോടും യൂദഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു” (ജറെ 31,31). പഴയ ഉടമ്പടിയിൽനിന്നും ഇതു വ്യത്യസ്‌തമായിരിക്കുമെന്നും അവിടുന്ന് അറിയിച്ചിരുന്നു. സീനായ് ഉടമ്പടിയിലൂടെ ഒരു ജനതയ്ക്കു രൂപം ലഭിച്ചതു പോലെ പുതിയ ഉടമ്പടിയിലൂടെയും ഒരു പുതിയ ജനത ഉണ്ടായി. ആ ജനമാണു തിരുസ്സഭ. ഈ പുതിയ ഉടമ്പടിയുടെ മക്കളാണു തിരുസ്സഭാംഗങ്ങളായ നമ്മൾ ഊട്ടുശാലയിൽ വച്ച് ഉറപ്പിക്കപ്പെട്ട ഉടമ്പടിയുടെ നവീകരിക്കലാണ് ഓരോ വി. കുർബാനയിലും സംഭവിക്കുന്നത്. ഈശോമിശിഹായുടെ തിരുശരീരത്തോടൊപ്പം തിരുരക്തവും നമ്മൾ സ്വീകരിക്കുമ്പോൾ ആ ഉടമ്പടിബന്ധത്തിൽ നമ്മളും ഭാഗഭാക്കുകളാകുന്നു. പാപമോചനത്തിനും രക്ഷയ്ക്കും അവകാശികളുമാകുന്നു. ക്രൈസ്തവനാകുക എന്നു പറഞ്ഞാൽ മിശിഹായുടെ തിരുരക്തത്താൽ തളിക്കപ്പെടുക എന്നൊരർത്ഥം കൂടിയുണ്ട്. വി. പത്രോസ് ശ്ലീഹാ ആദിമസഭയിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത് “പിതാവായ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്‌തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ രക്തത്താൽ തളിക്കപ്പെടുന്നതിനും വേണ്ടി മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും, ആത്മാവിനാൽ വിശുദ്ധീകരിക്കപ്പെടുകയും ചെയ്തവരും" എന്നാണ് (1 പത്രോ 1,2) ആത്മാവിനാലുള്ള വിശുദ്ധീകരണം മാമ്മോദീസായെയും രക്തത്താലുള്ള തളിക്കൽ വി. കുർബാനയെയും സൂചിപ്പിക്കുന്നു. ഇതെക്കുറിച്ച് പത്രോസ് ശ്ലീഹാ തന്നെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: “പിതാക്കന്മാരിൽ നിന്നു നിങ്ങൾക്കു ലഭിച്ച വ്യർത്ഥമായ ജീവിതരീതിയിൽനിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണ്ണമോ കൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലൊ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻ്റേതുപോലുള്ള ക്രിസ്‌തുവിൻ്റെ അമൂല്യരക്തം കൊണ്ടത്രേത് (1പത്രോ 1,19). വി. പൗലോസ് ശ്ലീഹായും വിശ്വാസികളായ നമ്മെക്കുറിച്ച് കർത്താവു സ്വന്തരക്തത്താൽ നേടിയെടുത്ത ദൈവത്തിൻ്റെ സഭ എന്നാണു പറയുന്നത് (നടപടി 20,28). "കുഞ്ഞാടിന്റെ രക്തത്താൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ചവർ" എന്നാണ് വെളിപാടുഗ്രന്ഥകാരൻ ക്രൈസ്തവവിശ്വാസം ജീവിച്ചു വിജയിച്ച വരെ വിശേഷിപ്പിക്കുന്നത് (വെളി 7,14; 22,17). ഈശോമിശിഹായുടെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സമൂഹമാണു തിരുസ്സഭയെന്ന് റൂഹാക്ഷണത്തിനുശേഷമുള്ള പ്രാർത്ഥനയിൽ നമ്മൾ ഏറ്റു പറയുന്നുണ്ട്: “അങ്ങയുടെ അഭിഷിക്തൻ്റെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടുംകൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു എന്നാണ് ആ പ്രാർത്ഥന.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി ഈശോയെ നല്‌കിയതിനു ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞങ്ങൾ മിശിഹായുടെ തിരുരക്തത്താൽ രക്ഷിക്കപ്പെട്ടവരാണ് എന്ന സത്യം ഞങ്ങൾ വിസ്മരിക്കാതിരിക്കട്ടെ. ഞങ്ങളുടെ പാപപരിഹാരാർത്ഥം ചിന്തപ്പെട്ട തിരുരക്തം ഭക്തിപൂർവ്വം യോഗ്യതയോടെ സ്വീകരിച്ചുകൊണ്ട് പാപമോചനവും രക്ഷയും നേടാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"നമുക്ക് സ്നേഹത്തോടും ഭയത്തോടും കൂടെ വിവേചനാപൂർവ്വം ജീവൻ്റെ ദൗഷധത്തിൻ്റെ പക്കലേക്കണയാം" (വി. അപ്രം. അർമേനിയൻ ഗീതം, 40.5).
വി. കുർബാന മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളുടെ ദിവ്യരഹസ്യമാണ്. തിരുസ്സഭയെയാണ് അവിടുന്ന് ഈ രഹസ്യങ്ങൾ ഭരമേല്പിച്ചിരിക്കുന്നത്. കാരണം, അവളാണ് മിശിഹായുടെ കാണപ്പെടുന്ന ശരീരവും ഭൂമിയിലെ തുടർച്ചയും. ഈശോമിശിഹാ തന്റെ രക്ഷാകര പ്രവർത്തനങ്ങൾ ഇന്നു ഭൂമിയിൽ തുടർന്നുകൊണ്ടിരിക്കുന്നതു തിരുസ്സഭയിലൂടെയാണ്. ഈ രക്ഷാകരസംഭവം മുഴുവന്റെയും കേന്ദ്രമെന്ന നിലയിൽ വി. കുർബാനയും തിരുസ്സഭയിലാണ് ആഘോഷിക്കപ്പെടുന്നത്. സഭ ഏറ്റവും മനോഹരമായ രീതിയിൽ ആവിഷ്കരിക്കപ്പെടുന്നതും വി. കുർബാനയുടെ ആഘോഷവേളയിലാണ്. വി. കുർബാനയും തിരുസ്സഭയും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. 2003-ൽ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച "സഭയും വിശുദ്ധ കുർബാനയും" (എക്ലേസിയ ദെ എവുക്കരിസ്തിയ) എന്ന ചാക്രിക ലേഖനത്തിൽ തിരുസ്സഭയും വി. കുർബാനയും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഒരു ഇടവകയിലുള്ള വിശ്വാസികൾ ഇടവക ദൈവാലയത്തിൽ ഒന്നിച്ചുകൂടി വി. കുർബാന അർപ്പിക്കുമ്പോഴാണ് സഭയുടെ യഥാർത്ഥരൂപം വ്യക്തമാകുന്നത്. അവിടെ സഭ ഒരു ആരാധനാ സമൂഹമായി രൂപം കൊള്ളുകയാണ്. ഒരു വ്യക്തി വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുമ്പോൾ ഈശോയുടെ ശരീരത്തിലെ അവയവയമായി മാറുന്നു. ഒരവയവത്തിനും തനിച്ചു നിലനില്പില്ലാത്തതു പോലെ, ഒരു വിശ്വാസിക്കും തനിച്ച് അസ്‌തിത്വമില്ല. ഒരു ശരീരത്തിലെ വിവിധ അവയവങ്ങൾ ഒന്നിച്ചു നില്ക്കുമ്പോഴാണ് ശരീരത്തിനു ഭംഗിയുണ്ടാകുന്നത്. ഇടവക ദൈവാലയത്തിൽ നമ്മൾ ഒന്നിച്ചുചേർന്ന് വി. കുർബാന അർപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ തിരുസ്സഭ ആവിഷ്കരിക്കപ്പെടുന്നത്. അതുകൊണ്ടാണ്, സഭ വി. കുർബാനയിൽനിന്നു ജനിക്കുന്നു എന്ന് മാർപാപ്പ പ്രസ്താവിക്കുന്നത്.
പെസഹാ രഹസ്യത്തിലാണു സഭ ജനിക്കുന്നത്. മനുഷ്യനായി അവതരിച്ച ഈശോമിശിഹാ ശിഷ്യന്മാരെ വിളിച്ച് പരിശീലിപ്പിച്ചു തുടങ്ങിയപ്പോൾ തിരുസഭയ്ക്ക് അടിത്തറ പാകുകയാണ് ചെയ്തത്. അന്ത്യത്താഴവേളയിൽ സ്വന്തരക്തത്താൽ പുതിയ ഉടമ്പടി മുദ്രവച്ചപ്പോൾ ഒരു പുതിയ ജനമായി ആ ശിഷ്യന്മാർ രൂപാന്തരപ്പെട്ടു. സ്വന്തം ശരീരവും രക്തവും നല്‌കിക്കൊണ്ട് പുതുതായി രൂപം കൊണ്ട് ജനത്തെ അവിടുന്നു തീറ്റിപോറ്റി. ഇപ്രകാരം സഭയുടെ ജനനം പെസഹാരഹസ്യവുമായി അസ്‌തിത്വപരമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് പെസഹാരഹസ്യത്തിന്റെ സമ്മോഹനകൂദാശയായ വിശുദ്ധ കുർബാന സഭാജീവിതത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത്. ഇതെക്കുറിച്ചു പരിശുദ്ധ പിതാവ് ഇപ്രകാരം എഴുതുന്നു: “വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൽ നിന്നുമാണ് സഭ അവളുടെ ജീവിതം സ്വീകരിക്കുന്നത്. അവനിലൂടെ അവൾക്കു ഭക്ഷണം ലഭിക്കുന്നു" (എക്ലേസിയ ദെ എവുക്കരിസിയ, 6)
സഭ വിശുദ്ധ കുർബാന സൃഷ്‌ടിക്കുന്നു എന്നതാണ് ഈ ബന്ധത്തിനുള്ള മറ്റൊരു പ്രത്യേകത. ശ്ലീഹന്മാരെയാണ് ഈശോ വി. കുർബാന ഭരമേല്പിച്ചത്. അവരുടെ പിൻഗാമികളായ മെത്രാന്മാരുടെയും അവർ കൈവയ്‌പിലൂടെ നിയമിച്ചാക്കുന്ന പുരോഹിതന്മാരുടെയും അദ്ധ്യക്ഷതയിൽ ഒന്നിച്ചുകൂടുന്ന വിശ്വാസികളുടെ സമൂഹത്തിനുമാത്രമേ വി. കുർബാന അർപ്പിക്കുവാൻ അവകാശമുള്ളൂ. ചുരുക്കത്തിൽ സഭയുടെ സ്വത്താണ് വി.കുർബാന. ഇതെക്കുറിച്ചു പരിശുദ്ധ പിതാവ് ഇപ്രകാരം എഴുതുന്നു: “ചരിത്രത്തിലൂടെയുള്ള സഭയുടെ പ്രയാണത്തിൽ അവൾക്കു ലഭിച്ചിരിക്കുന്ന ഏറ്റവും വിലയേറിയ സ്വത്താണ് വിശ്വാസികളുടെ സമൂഹത്തിലെ ക്രിസ്‌തുവിൻ്റെ രക്ഷാകരസാന്നിധ്യവും അവരുടെ ആത്മീയഭക്ഷണവുമായ വി. കുർബാന" (എക്ലേസിയ ദെ എവുക്കരിസ്‌തിയ, 9). വി. കുർബാനയും സഭയും തമ്മിലുള്ള ഈ ആഴമായ ബന്ധം വെളിവാക്കുന്ന നിരവധി പ്രാർത്ഥനകൾ നമ്മുടെ വി. കുർബാനയിലുണ്ട്. ഉദാഹരണത്തിന്, റൂഹാക്ഷണത്തിനുശേഷമുള്ള പ്രാർത്ഥനയിൽ കാർമ്മികൻ ഇപ്രകാരം ചൊല്ലുന്നു: "കർത്താവായ ദൈവമേ,ഞങ്ങൾക്കു വേണ്ടിയുള്ള മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാകരപദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടുംകൂടെ ഞങ്ങൾ അങ്ങേയ്ക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു"
മദ്ധ്യസ്ഥ പ്രാർത്ഥനയിൽ വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി കാർമ്മികൻ പ്രാർത്ഥിക്കുന്നത് ഈ പശ്ചാത്തലത്തിൽ വേണം മനസിലാക്കുവാൻ. തിരുസ്സഭയിലെ എല്ലാവർക്കുംവേണ്ടി നമ്മൾ അർപ്പിക്കുന്ന കുർബാന സ്വീകരിക്കണമേ എന്നാണു പ്രാർത്ഥനയുടെ ഉള്ളടക്കം. സഭയിൽ ശുശ്രൂഷാ സ്ഥാനത്തിരിക്കുന്നവരെ പേരുപറഞ്ഞ് നമ്മൾ അനുസ്‌മരിക്കുന്നുണ്ട്. നാലുപേരെയാണ് ഇപ്രകാരം പ്രത്യേകം ഓർമ്മിക്കുന്നത്. റോമാ മാർപാപ്പായെയും സഭാതലവനെയും അതിരൂപതാദ്ധ്യക്ഷനെയും രൂപതാദ്ധ്യക്ഷനെയും. ഇവരുടെ പേരുകൾ കാർമ്മികൻ പറയുമ്പോൾ ഇവരെ വ്യക്തിപരമായി നാം ഓർക്കണം. ഇവർ കാര്യക്ഷമമായി സഭയെ നയിക്കുന്നതിനായി പ്രാർത്ഥിക്കണം. തുടർന്ന് പുരോഹിതന്മാരെ അനുസ്മരിക്കുമ്പോൾ നമ്മുടെ ഇടവക വികാരിയച്ചനെയും ഇടവകയിൽനിന്നുള്ള വൈദികരെയും ഓർത്താണ് നാം പ്രാർത്ഥിക്കേണ്ടത്. ഭരണകർത്താക്കൾക്കും മേലധികാരികൾക്കും അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നതിനുവേണ്ട അനുഗ്രഹത്തിനായും നമ്മൾ പ്രാർത്ഥിക്കണം.
നമ്മുടെ ഇടവക സമൂഹത്തിൽ ക്ലേശമനുഭവിക്കുന്നവരും ദുഃഖിതരും, പാവപ്പെട്ടവരും പലവിധ പീഡനങ്ങൾക്കിരയാകുന്നവരും വിവിധ രോഗങ്ങളാൽ വലയുന്നവരും ആകുലരുമായ എല്ലാവർക്കും വേണ്ടിയും നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. ഈ സമയത്ത് നമുക്കു പരിചയമുള്ള വേദനയനുഭവിക്കുന്നവരും രോഗികളുമായ എല്ലാവരെയും നമ്മൾ അനുസ്‌മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം. സഭാസമൂഹത്തിൽനിന്നു മരിച്ച് ദൈവസന്നിധിയിൽ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. കത്തോലിക്കാസഭ മുഴുവനുംവേണ്ടിയുള്ള ഈ പ്രാർത്ഥന ബലിയർപ്പിക്കുന്ന ആരാധനാസമൂഹത്തിനും കാർമ്മികനുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. നമ്മൾ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെ ചിത്രം മനസ്സിൽ കൊണ്ടു വരുവാൻ കൂടി സാധിച്ചാൽ കുർബാനയർപ്പണം കൂടുതൽ അനുഭവവേദ്യമാകും.
തിരുസ്സഭയിലെ അംഗങ്ങളെല്ലാവർക്കുംവേണ്ടി ചിലരെ പേരു പറഞ്ഞും മറ്റുള്ളവരെ ഓരോ ഗണത്തിൽ ഉൾപ്പെടുത്തിയും നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവർ ഓരോരുത്തരുടെയും പ്രതിനിധിയായി കൂടി ബലി അർപ്പിക്കുകയാണ്. മാർപാപ്പായും മെത്രാനും ഇടവക സമൂഹത്തിലെ വേദന അനുഭവിക്കുന്ന സഹോദരനുമൊന്നും ശാരീരികമായി നമ്മോടൊപ്പം സന്നിഹിതരല്ലെങ്കിലും, അവരുടെ സ്ഥാനത്തുനിന്നുകൊണ്ട്, അവർക്കുവേണ്ടികൂടി നമ്മൾ വി. കുർബാന അർപ്പിക്കുന്നു. തിരുസ്സഭയിലെ കൂട്ടായ്മയാണിവിടെ പ്രകടമാകുന്നത്. സഭാംഗങ്ങൾ എവിടെ ആയിരുന്നാലും മറ്റംഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും കൂടി നമ്മൾ അനുസ്മരിക്കുന്നത്. പുണ്യവാന്മാരുടെ ഒരുമ്പാട് അഥവാ ഐക്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും ഇതാണ്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ രക്ഷാകരപ്രവൃത്തി തുടരുന്നതിനായി തിരുസ്സഭ സ്ഥാപിച്ചതിനെ പ്രതി ഞങ്ങൾ അങ്ങയെ കീർത്തിക്കുന്നു. തിരുസ്സഭയിൽ അംഗങ്ങളായിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇടവകസമൂഹത്തിൽ പങ്കുചേർന്ന് വി. കുർബാന അർപ്പിക്കുവാനും തിരുസ്സഭമുഴുവൻ വേണ്ടി പ്രാർത്ഥിക്കുവാനും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. എന്നേയ്ക്കും. ആമ്മേൻ.
"സർവ്വശക്തനായ കർത്താവേ, നിന്റെ നാമത്തെപ്രതി നീ എല്ലാം സൃഷ്‌ടിച്ചു നിനക്കു നന്ദി പറയുവാൻ മനുഷ്യരുടെ സന്ധാരണാർത്ഥം നീ ഭക്ഷണവും പാനീയവും നല്‌കി എന്നാൽ ഞങ്ങൾക്കു നിൻ്റെ പുത്രൻവഴി ആത്മീയ രക്ഷണവും പാനീയവും നിത്യജീവനും നീ പ്രദാനം ചെയ്തു"
(ഡിഡാക്കെ 10,3)
ഈശോയെ കണ്ടുമുട്ടിയവരൊക്കെയും തങ്ങൾക്കുണ്ടായ സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചു. ശിശുവായ ഈശോയെ ബേത്ലഹെമിലെ കാലിത്തൊഴുത്തിൽ കണ്ടെത്തിയ ആട്ടിടയന്മാർ ചുറ്റുമുണ്ടായിരുന്നവരോടു രക്ഷകനെക്കുറിച്ചു സംസാരിച്ചു (ലൂക്കാ 2,17). പരസ്യജീവിതത്തിൻ്റെ ആദ്യനാളുകളിൽ മിശിഹായെ കാണുകയും ഒരുദിവസം അവിടുത്തോടൊപ്പം വസിക്കുകയും ചെയ്ത അന്ത്രയോസ് സഹോദരനായ ശിമയോനെയും ഈശോയുടെ പക്കൽ കുട്ടിക്കൊണ്ടുചെന്നു (യോഹ 1,35-42). ഈശോയിൽ രക്ഷകനെ തിരിച്ചറിഞ്ഞ സമരിയാക്കാരി സ്ത്രീ തൻ്റെ പട്ടണത്തിലെ എല്ലാവരോടും ഈശോയെക്കുറിച്ച് അറിയിച്ചുകൊണ്ട് അവരെയും ഈശോയിലുള്ള വിശ്വാസത്തിലേക്കു നയിച്ചു (യോഹ 4). രോഗശാന്തി ലഭിച്ചവർ തങ്ങൾക്കു ലഭിച്ച അനുഗ്രഹം എല്ലാവരെയുമറിയിച്ചു. ഉത്ഥാനംചെയ്‌ത ഈശോയെ കണ്ട ശ്ലീഹന്മാർ തങ്ങൾക്കുണ്ടായ മിശിഹാനുഭവം ലോകം മുഴുവനും പകർന്നു നല്‌കി. ഈശോയെക്കുറിച്ച് നമ്മോടു പ്രഘോഷിക്കാനായി പന്ത്രണ്ടുപേരിൽ ഒരുവനായ തോമ്മാശ്ലീഹാ നമ്മുടെ നാട്ടിലുമെത്തി. ഈശോമിശിഹായെ യഥാർത്ഥത്തിൽ അനുഭവിക്കുന്ന ഏതൊരാളിൻ്റെയും ആഗ്രഹമായിരിക്കും താൻ അനുഭവിച്ച ഈശോയെ മറ്റുള്ളവരും അറിയണമെന്നും സ്നേഹിക്കണമെന്നുമുള്ളത്. ഒരു സമൂഹമെന്ന നിലയിൽ തിരുസ്സഭയുടെ ആഗ്രഹവും ഇതുതന്നെയാണ്. അതു കൊണ്ടാണ് തിരുസ്സഭ സ്വഭാവത്താലെ പ്രഷിതയാണ് എന്നുപറയുന്നത്.
നമുക്കുണ്ടാകുന്ന സന്തോഷത്തിൻ്റെ ഏതൊരു അനുഭവവും കൂട്ടുകാരുമായി നമ്മൾ പങ്കുവയ്ക്കാൻ ഇഷ്‌ടപ്പെടുന്നതുപോലെ ഈശോയിൽ ലഭിക്കുന്ന രക്ഷയുടെ അനുഭവത്തെക്കുറിച്ചു ചുറ്റുമുള്ളവരോട് പറയുവാൻ നമുക്ക് ആഗ്രഹമുണ്ടാവുക സ്വാഭാവികമാണ്. വി. കുർബാനയിലെ പ്രാർത്ഥനയിൽ ഈ ആഗ്രഹം പ്രകടമായി കാണാം. നാലാം പ്രണാമജപത്തിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “അങ്ങു മാത്രമാണു യഥാർത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ". ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും നമ്മുടെ ദൈവത്തെക്കുറിച്ച് അറിയുവാൻ ഇടയാകണം എന്നാണു നമ്മൾ പ്രാർത്ഥിക്കുന്നത്. അവിടുത്തെ അറിയുക എന്നതിൻ്റെ അർത്ഥം ദൈവത്തിൽ വിശ്വസിക്കുക എന്നാണ്. പിതാവായ ദൈവത്തിലും രക്ഷകനായ മിശിഹായിലും ഭൂവാസികളെല്ലാവരും വിശ്വസിച്ച് രക്ഷ പ്രാപിക്കണമെന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ സാരം. ഈശോയ്ക്ക് എല്ലാവരെയും രക്ഷിക്കുവാൻ കഴിവുണ്ട് എന്ന സത്യം മനസ്സിലാക്കുന്നതു കൊണ്ട് ഈ സത്യം മറ്റുള്ളവരോട് നമുക്കു പറയാതിരിക്കാനാവില്ല. പിതാവിൽ നിന്നുവന്ന ഈശോ ജീവദായകമായ സുവിശേഷം വഴി എല്ലാവരെയും നൈർമ്മല്യത്തിൻ്റെയും വിശുദ്ധിയുടെയും മാർഗ്ഗം പഠിപ്പിച്ചു. മാമ്മോദീസാ സ്വീകരിച്ച് സഭയുടെ അംഗങ്ങളാകുന്നവരെ ഇന്നും അവിടുന്ന് ഇതു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് എല്ലാ മനുഷ്യരും അറിയേണ്ട സത്യം. തിരുപ്പിറവിയുടെ മഹാജൂബിലിയോടനുബന്ധിച്ച് രണ്ടായിരാമാണ്ടിൽ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച "കർത്താവായ ഈശോ" (ഡോമിനുസ് യേസൂസ്) എന്ന ചാക്രിക ലേഖനത്തിൻ്റെ പ്രധാന പ്രമേയവും ഇതുതന്നെയാണ്. മനുഷ്യരായ നമുക്കുവേണ്ടിയുള്ള പിതാവായ ദൈവത്തിൻ്റെ രക്ഷാകരപദ്ധതി അവിടുന്നു പൂർത്തിയാക്കിയത് ഈശോമിശിഹായെ അയച്ചുകൊണ്ടാണ്. ഈശോ തൻ്റെ ജീവിതവും പ്രവർത്തനങ്ങളും കുരിശുമരണവും വഴി നമ്മുടെ രക്ഷകനായി, അവിടുന്നു മനുഷ്യവർഗ്ഗം മുഴുവൻ്റെയും രക്ഷകനാണ്, തുടങ്ങിയ സത്യങ്ങളാണ് ഈ രേഖ ഊന്നിപ്പറയുന്നത്. നമ്മുടെ പ്രാർത്ഥനയുടെ ഉള്ളടക്കവും മറ്റൊന്നുമല്ല.
ഏതൊരു ക്രൈസ്‌തവനും തൻ്റെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഈശോമിശിഹാ രക്ഷകനാണ് എന്നു പ്രഘോഷിക്കാൻ കടപ്പെട്ടവനാണ് എന്ന സത്യവും മാർപാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈശോ രക്ഷകനാണെന്നു നമുക്കു ചുറ്റും ജീവിക്കുന്നവരെ നമുക്കറിയിക്കാം. ഈശോയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് അവിടുന്നു പഠിപ്പിച്ച വിശുദ്ധവും നിർമ്മലവുമായ മാർഗ്ഗത്തിൽ നമ്മൾ ചരിക്കുമ്പോൾ അത് മറ്റുള്ളവർക്ക് സാക്ഷ്യമാകും. നമ്മുടെ നന്മപ്രവൃത്തികളുടെ പ്രകാശം കണ്ട് നമുക്കു ചുറ്റും ജീവിക്കുന്ന മറ്റു മതസ്ഥരും സത്യദൈവത്തെ അറിയാൻ ഇടയാകണമെന്നാണ് അവിടുന്നു പഠിപ്പിച്ചിരിക്കുന്നതും (മത്താ 5,16). സുവിശേഷമൂല്യങ്ങൾക്കനുസരിച്ചുള്ള, സ്നേഹത്തിലധിഷ്‌ഠിതമായ ജീവിതമാണ് ഏറ്റവും വലിയ സാക്ഷ്യം.
വി. കുർബാനയെ സംബന്ധിച്ചും വിശ്വാസത്തെക്കുറിച്ചു പറഞ്ഞതു വാസ്തവമാണ്. വി. കുർബാനയർപ്പണം നമുക്ക് ഒരു അനുഭവമാകുമ്പോൾ നമ്മൾ ഈ അനുഭവത്തിലേക്കു നമ്മുടെ സഹോദരരെയും കൂട്ടിക്കൊണ്ടുവരും. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്ക് വഴിയിൽവച്ചുണ്ടായ വി. കുർബാനയുടെ അനുഭവം ജറൂസലേമിലെ മറ്റു ശിഷ്യരോട് അവർ പങ്കുവച്ചു (ലൂക്കാ 24,35). അതു പോലെ നമുക്കും നമ്മുടെ വി.കുർബാന അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ സാധിക്കണം. വചനശുശ്രൂഷയിൽ ഈശോയുടെ വചനങ്ങൾ കേൾക്കുമ്പോൾ ഹൃദയം ജ്വലിക്കുന്ന അനുഭവവും കുർബാനയർപ്പണവേളയിൽ അവിടുത്തെ സാന്നിധ്യം തിരിച്ചറിയുന്ന അനുഭവവും നമുക്കും പങ്കുവയ്ക്കാനുണ്ടാകണം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, അങ്ങയെ അറിയുവാനും അങ്ങയിൽ വിശ്വസിക്കുവാനും അതുവഴി രക്ഷ പ്രാപിക്കുവാനും ഞങ്ങളെ അനുവദിച്ചതിനെപ്രതി ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന വിശ്വാസദീപം മറ്റുള്ളവർക്കു കൈമാറുവാൻ ഞങ്ങളെ സഹായിക്കണമേ. ഈ ലോകത്തിലുള്ളവരെല്ലാം അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും ഇടവരട്ടെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"യഥാർത്ഥത്തിൽ സ്നേഹത്താലും സ്വാതന്ത്ര്യത്തോടുള്ള ആദരവിനാലും നയിക്കപ്പെടുന്ന സഭ, കർത്താവിനാൽ നിശ്ചിതമായി വെളിവാക്കപ്പെട്ട സത്യത്തെ എല്ലാ ജനതകളോടും പ്രഘോഷിക്കുകയെന്നത് ഒന്നാമത്തെ കടമയായി കരുതണം" (ദോമിനൂസ് യേസൂസ്, 22).
പരി. ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന് രക്ഷണീയപദ്ധതിയിൽ നിർണ്ണായകമായ സ്ഥാനമുണ്ട്. അതിൻ്റെ പൂർത്തീകരണഘട്ടത്തിൽ അതു വളരെ പ്രകടമായി. പരിശുദ്ധാത്മാവിനാലാണല്ലൊ ഈശോ കന്യകാമറിയത്തിൽനിന്നു ജനിച്ചത്. ഈശോയുടെ പരസ്യജീവിതത്തിലുടനീളം പരി. റൂഹായായിരുന്നു അവിടുത്തെ നയിച്ചിരുന്നത്. ഈശോ മരിച്ചവരിൽ നിന്നുയിർത്തത് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്താലാണ്. പന്തക്കുസ്താദിനത്തിൽ ഈശോയുടെ തുടർച്ചയായ സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് പരിശുദ്ധാത്മാവിൻ്റെ ആവാസത്തോടുകൂടിയായിരുന്നു. ഇന്നും സഭയെ നയിച്ചുകൊണ്ടിരിക്കുന്നത് ഈ പരിശുദ്ധ റൂഹാ തന്നെയാണ്. ചുരുക്കത്തിൽ മിശിഹാസംഭവം മുഴുവനിലും പരിശുദ്ധാത്മാവു നിറഞ്ഞുനില്ക്കുന്നു.
മിശിഹാ രഹസ്യത്തിൻ്റെ ജീവാത്മാവ് പരി. റൂഹാ ആയിരിക്കുന്നതു പോലെ, ഈ രഹസ്യത്തിൻ്റെ ആഘോഷമായ പരി. കുർബാനയുടെ ജീവനും പരിശുദ്ധാത്മാവു തന്നെയാണ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഉദരത്തിൽ ഈശോ ജന്മമെടുത്തത് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനംമൂലം ആയിരുന്നു. അതുപോലെ പരി.കുർബാനയുടെ അർപ്പണവേളയിൽ ബലിപീഠത്തിൽ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും രൂപത്തിൽ അവിടുന്നു സന്നിഹിതനാകുന്നതും പരി. റൂഹായുടെ പ്രവർത്തനം മൂലമാണ്. അതുകൊണ്ടു തന്നെ പരി.കുർബാനയിലെ റൂഹാക്ഷണപ്രാർത്ഥന വളരെ പ്രധാനപ്പെട്ടതാണ്.
“കർത്താവേ, നിൻ്റെ പരിശുദ്ധാത്മാവ് എഴുന്നള്ളിവരട്ടെ” എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് കാർമ്മികൻ പരിശുദ്ധാത്മാവിനെ ക്ഷണിക്കുന്നത്. എഴുന്നള്ളിവരേണ്ടതിൻ്റെ ആവശ്യകതയാണു തുടർന്നു വിവരിക്കുന്നത്.
ബലിവസ്തുക്കളായ അപ്പവും വീഞ്ഞും ആശീർവദിച്ചു പവിത്രീകരിക്കുന്നതു പരിശുദ്ധാത്മാവാണ്. പവിത്രാത്മാവിൻ്റെ ധർമ്മമാണു പവിത്രീകരിക്കുക എന്നത്. ഈ വിശുദ്ധീകരണത്തിൻ്റെ ഫലമായി ബലിവസ്‌തുക്കൾ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. റുഹാക്ഷണപ്രാർത്ഥനയോടെയാണ് കുർബാന അർപ്പണത്തിൻ്റെ പ്രധാനഭാഗമായ അനാഫൊറ പൂർത്തിയാകുന്നത്.
ഈശോയുടെ തിരുശരീരരക്തങ്ങൾ നമ്മുടെ പാപങ്ങൾ മോചിക്കുകയും കടങ്ങൾ പൊറുക്കുകയും ചെയ്യുന്നു. അവിടുന്നു തൻ്റെ ശരീരം മുറിച്ചു നല്‌കിയതും രക്തം ചിന്തിയതും നമ്മുടെ പാപമോചനത്തിന് വേണ്ടിയായിരുന്നു. ഇന്നും അതേ ബലി നമ്മുടെ ബലിപീഠങ്ങളിൽ ആവർത്തിക്കപ്പെടുന്നതും നമ്മുടെ പാപമോചനാർത്ഥമാണ്. ഈശോയുടെ മനുഷ്യാവതാരത്തിൻ്റെയും പെസഹാരഹസ്യങ്ങളുടെയും ലക്ഷ്യം മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നു വിമോചിപ്പിക്കുകയായിരുന്നു.
ഈശോയുടെ ഉത്ഥാനത്തിനെന്നതുപോലെ നമ്മുടെ ഉത്ഥാനത്തിനും കാരണം പരിശുദ്ധാത്മാവാണ്. ആത്മാവിൻ്റെ പ്രവർത്തനത്താൽ പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ കൈക്കൊള്ളുന്നതിലൂടെ ഉയിർപ്പിലും നിത്യജീവനിലുമുള്ള ഉറപ്പാണു നമ്മൾ സ്വീകരിക്കുന്നത്. ഈ ലോകജീവിതകാലത്ത് തങ്ങളുടെ പ്രവൃത്തികളാൽ ദൈവത്തെ പ്രീതിപ്പെടുത്തുന്നവർക്കാണ് ഉയിർപ്പിനും നവജീവിതത്തിനും അർഹത ലഭിക്കുന്നത്.
വി. കുർബാനയിലുള്ള പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെയും സാന്നിദ്ധ്യത്തെയുംകുറിച്ച് വി. അപ്രേം ഇപ്രകാരം എഴുതുന്നു: “നിൻ്റെ അപ്പത്തിൽ അഭക്ഷ്യമായ ആത്മാവു മറഞ്ഞിരിക്കുന്നു. നിൻ്റെ ദ്രാക്ഷാരസത്തിൽ അമേയമായ അഗ്നി വസിക്കുന്നു. നിൻ്റെ അപ്പത്തിൽ ആത്മാവ്; നിൻ്റെ ദ്രാക്ഷാരസത്തിൽ അഗ്നി. നമ്മുടെ അധരങ്ങൾ സ്വീകരിക്കുന്ന ശ്രേഷ്ഠമായ അത്ഭുതം" (വിശ്വാസഗീതം, 10.8). അനുരഞ്ജന ശുശ്രൂഷയിൽ “വിശുദ്ധകുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം” എന്ന ശുശ്രൂഷിയുടെ ആഹ്വാനം വി. കുർബാനയും പരിശുദ്ധാത്മാവും തമ്മിലുള്ള ഈ ബന്ധം വ്യക്തമാക്കുന്നതാണ്.
പരിശുദ്ധാത്മാവില്ലാതെ വി. കുർബാനയില്ല. ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനുള്ള പുരോഹിതനെ അഭിഷേചിച്ചു ശക്തിപ്പെടുത്തുന്നതു പരിശുദ്ധാത്മാവാണ്. വചന ശുശ്രൂഷയുടെ അവസാന ഭാഗത്തുള്ള ആശീർവ്വാദ പ്രാർത്ഥനയിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ട്: "ദൈവസ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ പൗരോഹിത്യത്തിൻ്റെ പദവികൾ കൈവയ്‌പുവഴി നല്‌കപ്പെടുന്നു". വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനാണ് ഇതെന്നു തുടർന്നു വ്യക്തമാക്കുന്നുണ്ട്. വി. കുർബാനയർപ്പണമാണ് ഏറ്റവും ശ്രേഷ്‌ഠമായ ആത്മീയശുശ്രൂഷ എന്ന സത്യം നാമിവിടെ അനുസ്മരിക്കുന്നു.
പരിശുദ്ധ കുർബാനയർപ്പണം മുഴുവൻ പരിശുദ്ധാത്മാവിൻ്റെ പ്രത്യേക അനുഗ്രഹമാണ് എന്ന ആശയം കുർബാനയിൽ സമാപന പ്രാർത്ഥനകൾക്കുമുമ്പ് ശുശ്രൂഷി നടത്തുന്ന ആഹ്വാനത്തിലും കാണാം. ശുശ്രൂഷി ഇപ്രകാരമാണ് സമൂഹത്തെ ആഹ്വാനം ചെയ്യുന്നത്: “പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ സ്‌തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളുവാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം". പരി. റൂഹായുടെ കൃപാവരത്താലാണ് കുർബാന അർപ്പിക്കുവാൻ നമുക്കു സാധിക്കുന്നത്; അതുപോലെ ദിവ്യരഹസ്യങ്ങളെ സമീപിക്കുവാനും അവയിൽ പങ്കുചേരുവാനും കഴിയുന്നതും. അവർണ്ണനീയമായ ഈ മഹാദാനത്തിന് ഇതിൻ്റെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കണം എന്നാണ് ശുശ്രൂഷിയിലൂടെ തിരുസ്സഭ നമ്മെ അനുസ്മരിപ്പിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, മാമ്മോദീസായിലൂടെ ഞങ്ങളെ പരിശുദ്ധാത്മാവിൻ്റെ ആലയങ്ങളാക്കി മാറ്റിയതിനു ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. പരി. റൂഹാ അത്ഭുതം പ്രവർത്തിക്കുന്ന വി. കുർബാനയുടെ അർപ്പണത്തിൽ ശ്രദ്ധാപൂർവ്വം പങ്കെടുക്കുവാനും മിശിഹായുടെ തിരുശരീരരക്തങ്ങൾ സ്വീകരിച്ച് പവിത്രീകരിക്കപ്പെടുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.
ദൈവപുത്രൻ മനുഷ്യനായതും പീഡകൾ സഹിച്ച് മരിച്ച് ഉയിർത്തതും മനുഷ്യരായ നമ്മെ രക്ഷിക്കുവാനായിരുന്നു. നമ്മെ അടിമപ്പെടുത്തിയിരുന്ന പാപത്തിൻ്റെ അടിമത്വത്തിൽ നിന്നാണ് അവിടുന്നു നമ്മെ വിമോചിപ്പിച്ചത്. പാപികളായ നമ്മളെ കടങ്ങൾ ക്ഷമിച്ച് അവിടുന്നു വിശുദ്ധീകരിച്ചു. അവിടുന്നു സാധിച്ച രക്ഷയുടെ ഫലങ്ങൾ രണ്ടായിരം വർഷങ്ങൾക്കിപ്പുറം ജീവിക്കുന്ന നമുക്ക് ഇന്ന് ലഭ്യമാക്കുന്നതിന് ഈശോ തന്നെ സ്ഥാപിച്ച സംവിധാനമാണ് കൂദാശകൾ. ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് കൂദാശകളുടെ കൂദാശയായ വി. കുർബാനയാണ്. കുർബാനയുടെ ആരംഭം മുതൽ അവസാന ആശീർവാദംവരെയുള്ള ഓരോ ഭാഗവും പ്രധാനപ്പെട്ടതാണ്. കൂദാശയുടെ ഫലം ലഭിക്കുവാൻ കുർബാന അർപ്പണത്തിൻ്റെ ഏതെങ്കിലും സമയത്തെത്തിയാൽ പോരാ; മറിച്ച്, ആരംഭം മുതൽ അവസാനംവരെ അതിൽ പങ്കെടുക്കണം.
നമ്മുടെ രക്ഷയ്ക്കായാണ് അവിടുന്നു വി. കുർബാന സ്ഥാപിച്ചത്. ഈ രക്ഷ പാപത്തിൽനിന്നുള്ള വിമോചനവുമാണ്. അതു കൊണ്ട് വി.കുർബാനയുടെ അർപ്പണത്തിൽ സജീവമായും അർത്ഥ പൂർണമായും പങ്കെടുത്താൽ നമുക്കു പാപമോചനം ലഭിക്കും. മനുഷ്യരായ നാം ബലഹീനരായതുകൊണ്ട് അറിഞ്ഞും അറിയാതെയും ചെറുതും വലുതുമായ നിരവധി പാപങ്ങൾ ചെയ്‌തുപോകുന്നുണ്ട്. ഇവയ്‌ക്കെല്ലാം മോചനം ലഭിച്ചാലേ യഥാർത്ഥ സമാധാനം അനുഭവിച്ചു നമുക്കു ജീവിക്കാൻ സാധിക്കുകയുള്ളു. അനുരജ്ഞന കൂദാശയിൽ ഈശോമിശിഹാതന്നെ പുരോഹിതനിലൂടെ നമ്മുടെ പാപങ്ങൾ മോചിക്കുന്നു. കുമ്പസാരത്തിൽ നമ്മൾ ഏതെങ്കിലും പാപം മറന്നുപോയിട്ടുണ്ടെങ്കിൽ അതും നമ്മിലുള്ള പാപപ്രവണതകളും പരിഹരിച്ച് നമ്മെ വിശുദ്ധീകരിക്കുന്ന കുദാശയാണ് വി. കുർബാന.
വി. കുർബാന ഒരേ സമയം ബലിയും വിരുന്നുമാണ്. ഈശോ പിതാവിനു സ്വയം സമർപ്പിക്കുന്ന ബലിയാണിത് എന്നു നമ്മൾ മുമ്പുകണ്ടു. അത് ഒരു വിരുന്നുകൂടിയാണ്. അവിടുത്തെ ശരീരം ഭക്ഷിക്കാനും രക്തം പാനം ചെയ്യുവാനും അവിടുന്നു നമുക്കു നല്കുന്നു. “വിഭജിക്കപ്പെടുന്ന ശരീരം", "ചിന്തപ്പെടുന്ന രക്തം" എന്നിങ്ങനെ പറയുമ്പോൾ ഇതാണ് അർത്ഥമാക്കുന്നത്. അവിടുത്തെ ശരീരരക്തങ്ങളിൽ പങ്കുചേരുന്നതിലൂടെ നമ്മൾ പാപമോചനത്തിന് അർഹരായിത്തീരുന്നു. "പാപമോചകമായ തിരുശരീരരക്തങ്ങൾ" എന്നാണ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിക്കുന്നത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പത്തെക്കുറിച്ച് ഈശോയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കാർമ്മികൻ പറയുന്നത് ഇപ്രകാരമാണ്: “ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല. പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും". ജീവൻ്റെ അപ്പം പാപമോചകമാണ് എന്ന് ഇതിൽനിന്നു വ്യക്തം. സാധാരണ ദിവസങ്ങളിൽ സുവിശേഷവായനയ്ക്കു ശേഷമുള്ള കാറോസൂസായുടെ അവസാനത്തിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങു കാരുണ്യാതിരേകത്താൽ തിരഞ്ഞെടുത്ത അങ്ങയുടെ അജഗണമായ ജനം മുഴുവൻ്റെയും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ". പാപമോചനം ദൈവത്തിൻ്റെ കൃപയുടെയും അനുഗ്രഹത്തിൻ്റെയും ഫലമാണ്.
വി. കുർബാനയിൽ പലപ്രാവശ്യം പാപമോചനത്തിനായി നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. അമ്പത്തിയൊന്നാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട് നമ്മൾ ഇപ്രകാരം അപേക്ഷിക്കുന്നു: "ദൈവമേ, അങ്ങയുടെ കാരുണ്യാതിരേകത്തിനനുസൃതമായി എൻ്റെ പാപങ്ങൾ മായിച്ചുകളയണമേ”. തുടർന്ന് കാർമ്മികൻ വിടർത്തി നീട്ടിപ്പിടിക്കുന്ന കരങ്ങൾ ശുശ്രൂഷി ധൂപിക്കുന്നു. മറ്റു ശുശ്രൂഷികളെയും ആരാധനാസമൂഹം മുഴുവനെയും ബലിപീഠത്തെയും തിരുശരീരരക്തങ്ങളെയും ധൂപിക്കുന്നുണ്ട്. ധൂപം പാപമോചനത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ഇതു വ്യക്തമാക്കുന്നുണ്ട്: "കർത്താവായ ദൈവമേ പാപമാലിന്യങ്ങൾ കഴുകി അങ്ങയുടെ സ്നേഹത്തിൻ്റെ പരിമളത്താൽ എന്നെ പൂരിതനാക്കണമേ. വഴിതെറ്റിപ്പോയ ഞങ്ങളെ അന്വേഷിച്ചു കണ്ടെത്തിയ നല്ലയിടയാ, എനിക്കറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ എൻ്റെ കടങ്ങളും പാപങ്ങളും എന്നോട് ക്ഷമിക്കണമേ".
അനുരഞ്ജന കറോസൂസായിലെ ശുശ്രൂഷിയുടെ ആഹ്വാനം ഇതിനോടു ബന്ധപ്പെടുത്തിവേണം മനസ്സിലാക്കാൻ. “അനുതാപത്തിൽ നിന്നുളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽനിന്നു പിന്തിരിഞ്ഞുകൊണ്ടും പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചുകൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടും നമുക്കു സകലത്തിൻ്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം". ഇതിനു മറുപടിയായി സമൂഹം ചൊല്ലുന്ന പ്രാർത്ഥനയും പാപമോചനത്തിനായുള്ളതാണ്: “കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ". വി. കുർബാനയുടെ ശരിയായ അർപ്പണത്തിലൂടെ നമുക്കു ലഭിക്കുന്ന പാപമോചനത്തിൻ്റെ അച്ചാരമാണ് അവിടുത്തെ തിരുശരീരരക്തങ്ങൾ. അതുകൊണ്ടാണ് വി. കുർബാന സ്വീകരിച്ചശേഷം നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്: "ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവ്വം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കു കാരണമാകട്ടെ". കാർമ്മികൻ്റെ നന്ദിപ്രകാശനത്തിൻ്റെ ഉള്ളടക്കവും ഇതുതന്നെയാണ്: "കർത്താവേ, ഞങ്ങൾ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ ഈ അച്ചാരം നിൻ്റെ കാരുണ്യാതിരേകത്താൽ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള പ്രത്യാശയ്ക്കും നിൻ്റെ സന്നിധിയിൽ പ്രീതിജനകമായവിധം വർത്തിച്ച എല്ലാവരോടുമൊന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ". പാപങ്ങൾ മോചിക്കപ്പെടുമ്പോൾ ദൈവികജീവനിൽ നമുക്കു വീണ്ടും പങ്കു ലഭിക്കുന്നു; നമ്മൾ സ്വർഗ്ഗത്തിലെ ജീവിതത്തിന് അർഹരാവുകയും ചെയ്യുന്നു.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, പാപികളായ ഞങ്ങളെ രക്ഷിക്കാനായി അങ്ങു മനുഷ്യനായതിനും സഹന മരണോത്ഥാനങ്ങളിലൂടെ ഞങ്ങൾക്കു രക്ഷ നേടിത്തന്നതിനും ഞങ്ങൾ നന്ദി പറയുന്നു. ഇന്നു ഞങ്ങൾക്കു രക്ഷയും പാപമോചനവും പ്രദാനംചെയ്യുന്ന വി. കുർബാനയിൽ സജീവമായി പങ്കെടുത്ത് ആത്മവിശുദ്ധീകരണം പ്രാപിക്കുവാൻ ഞങ്ങളെ അർഹരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
ദൈവസന്നിധിയിലേയ്ക്കു വരുന്ന ഏതൊരു ഭക്തൻ്റെയും പ്രഥമവികാരം തൻ്റെ അയോഗ്യതയെക്കുറിച്ചുള്ളതാണ്. മോശയ്ക്ക ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ ദൈവത്തിൻ്റെ നേരെ നോക്കുവാൻ അവനു ഭയമായിരുന്നതുകൊണ്ട് അവൻ മുഖം മറച്ചു (പുറ 3,6). സ്വർഗ്ഗത്തിൽ സിംഹാസനത്തിൽ ദൈവം ഇരിക്കുന്നതും മാലാഖാമാർ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു പാടി സ്‌തുതിക്കുന്നതും കണ്ടപ്പോൾ ഏശയ്യാ പ്രവാചകൻ വിളിച്ചു പറഞ്ഞു: “എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ, ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേവസിക്കുന്നവനുമാണ്. എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എൻ്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു" (ഏശ 6,5). പ്രവാചകൻ്റെ വാക്കുകളിൽ മുഴങ്ങുന്നത് ദൈവികസന്നിധിയിൽ നില്ക്കാൻ അയോഗ്യനാണ് എന്ന ബോധ്യമാണ്; പാപിയാണെന്ന ചിന്തയാണ്. ദൈവത്തിൻ്റെ പരമപരിശുദ്ധിയുടെ പ്രകാശത്തിൽ നമ്മിലെ നിസ്സാരമായ കളങ്കങ്ങൾ പോലും വെളിപ്പെടും. എളിമയുള്ളവർ ഈ പാപബോധത്തോടെ തങ്ങളുടെ അയോഗ്യത ഏറ്റുപറയുകയും ചെയ്യും.
പുതിയനിയമത്തിൽ ഈശോയുടെ ദൈവികത്വം ഗ്രഹിച്ച ശിഷ്യന്മാരുടെ പ്രതികരണവും മറിച്ചായിരുന്നില്ല. ഉദാഹരണത്തിന്, രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ വിഷമിച്ചിരുന്ന പരിചയസമ്പന്നനായ മുക്കുവൻ ശിമയോന് ഈശോ കല്‌പിച്ചതനുസരിച്ച് വലയിറക്കിയപ്പോൾ അത്ഭുതകരമായി വളരെയേറെ മത്സ്യങ്ങൾ ലഭിച്ചു. ഇതുകണ്ടു വിസ്‌മയിച്ച ശിമയോൻ്റെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഈശോയുടെ കാല്ക്കൽ വീണ്, "കർത്താവേ, എന്നിൽനിന്നകന്നു പോകണമേ" എന്നാണ് അദ്ദേഹം അപേക്ഷിച്ചത്.
ദൈവസന്നിധിയിൽ നില്ക്കുവാനോ, സ്വന്തഭവനത്തിൽ ദൈവത്തെ സ്വീകരിക്കുവാനോ പാപികളും ബലഹീനരുമായ മനുഷ്യർക്കു യോഗ്യതയില്ല എന്നത് യഥാർത്ഥ വിശ്വാസിയുടെ ബോദ്ധ്യമാണ്. തൻ്റെ ഭ്യത്യനെ സുഖപ്പെടുത്തണമേ എന്ന അപേക്ഷ മറ്റുള്ളവർ വഴി ഈശോയെ അറിയിച്ച ശതാധിപൻ്റെ ഭവനത്തിലേയ്ക്ക് അവിടുന്നു വരുന്നു എന്നു കണ്ടപ്പോൾ അയാൾ വിളിച്ചു പറഞ്ഞു: “കർത്താവേ, അങ്ങ് എൻ്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കുവാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരുവാക്ക് ഉച്ചരിച്ചാൽ മാത്രം മതി. എൻ്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും" (ലൂക്കാ 7, 6-7). ഇതാണു ദൈവത്തിനു പ്രീതികരമായ മനോഭാവം.
ദൈവസന്നിധിയിൽ നിന്നുകൊണ്ട് ദൈവമായ മിശിഹായോടൊപ്പം ദൈവികരഹസ്യങ്ങൾ പരികർമ്മംചെയ്യുന്ന വി. കുർബാനയുടെ അവസരത്തിൽ നമുക്കുണ്ടാകേണ്ട വികാരവും ഇതുതന്നെയാണ്. നമ്മുടെ അയോഗ്യത ഏറ്റുപറയുന്ന ധാരാളം പ്രാർത്ഥനകൾ കുർബാനയിലുണ്ട്. ഞാറാഴ്‌ചകളിലെ ആദ്യപ്രാർത്ഥനയിൽ കാർമ്മികൻ ഇപ്രകാരം ചൊല്ലുന്നു: "മനുഷ്യവംശത്തിൻ്റെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി അങ്ങയുടെ പുത്രൻ കാരുണ്യ പൂർവം നല്കിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ". ദൈവികസഹായം കൂടാതെ തനിച്ച് ഇവ പരികർമ്മം ചെയ്യുവാൻ ശക്തിയില്ലായെന്നാണ് നമ്മൾ ഏറ്റുപറയുന്നത്.
അയോഗ്യത ഏറ്റു പറഞ്ഞ ഏശയ്യാ പ്രവാചകനെ ദൈവദൂതൻ ബലിപീഠത്തിൽനിന്നെടുത്ത തീക്കനൽ കൊണ്ട് അധരങ്ങളിൽ സ്പർശിച്ചു ശുദ്ധീകരിച്ചു (ഏശ 6,6-7). കാർമ്മികൻ ബലിവസ്തുക്കൾ ബലിപീഠത്തിൽ സമർപ്പിക്കുന്നതിനുമുമ്പ് കൈകൾ കഴുകി തുടയ്ക്കുന്നത് ഏശയ്യായുടേതിനു തുല്യമായ ശുദ്ധിതാനും വരുത്തുന്നു എന്നു കാണിക്കാനാണ്. ആ സമയത്തു അദ്ദേഹം ചൊല്ലുന്ന പ്രാർത്ഥന ഇതു വ്യക്തമാക്കുന്നുണ്ട്: "സകലത്തിൻ്റെയും നാഥനായ ദൈവം തൻ്റെ കൃപാസമുദ്രത്തിൽ നമ്മുടെ കടങ്ങളുടെയും പാപങ്ങളുടെയും കറ കഴുകിക്കളയട്ടെ. കർത്താവു തൻ്റെ കൃപയാലും അനുഗ്രഹത്താലും നമ്മുടെ പാപങ്ങളുടെ മാലിന്യം തുടച്ചുനീക്കുകയും ചെയ്യട്ടെ". തൻ്റെ അയോഗ്യതയെക്കുറിച്ചുള്ള ബോദ്ധ്യംകൊണ്ടാണ് കുർബാനയ്ക്കിടെ പലപ്രാവശ്യം കാർമ്മികൻ പ്രാർത്ഥനാസഹായം യാചിക്കുന്നത്.
അനർഹരായ നമ്മെ ഈ മഹാരഹസ്യങ്ങൾ കൈകാര്യം ചെയ്യുവാൻ അനുവദിക്കുന്നതു ദൈവത്തിൻ്റെ കാരുണ്യം ഒന്നു മാത്രമാണ് എന്ന പലതവണ കാർമ്മികൻ ഏറ്റുപറയുന്നുണ്ട്. ഉദാഹരണത്തിന്, അനാഫൊറയുടെ ആരംഭത്തിൽ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നു: "അങ്ങയുടെ അഭിഷിക്തൻ്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളുമായിരുന്നിട്ടും ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി". വിഭജനശുശ്രൂഷയ്ക്കു മുമ്പായി അദ്ദേഹം വീണ്ടും പ്രാർത്ഥിക്കുന്നു: “കർത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്‌തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേയ്ക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു". ഓരോ കുർബാനയിൽ പങ്കെടുക്കുമ്പോഴും നമുക്ക് നമ്മുടെ അയോഗ്യത ഏറ്റുപറയാം. അയോഗ്യത കണക്കിലെടുക്കാതെ ഈ ദിവ്യരഹസ്യങ്ങളിൽ നമുക്കു ഭാഗഭാഗിത്വം നല്‌കുന്ന കർത്താവിനു നന്ദിപറയുകയും ചെയ്യാം.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ അയോഗ്യത കണക്കിലെടുക്കാതെ വി.കുർബാനയാകുന്ന ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ അങ്ങ് കാരുണ്യപൂർവം യോഗ്യരാക്കിയതിനെക്കുറിച്ചു ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ഞങ്ങളുടെ അനർഹതയെക്കുറിച്ചുള്ള ബോധ്യം അങ്ങയുടെ കാരുണ്യത്തിൽ കൂടുതൽ ആശ്രയിക്കുവാൻ ഞങ്ങളെ സഹായിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"ആരാധനാക്രമത്തിലെ പ്രത്യേകിച്ച് വി. കുർബാനയിലൂടെ നമ്മൾ പരി. ത്രിത്വത്തിലെ ജീവനിൽ പങ്കുചേരുന്നു. മഹത്ത്വീകൃതനായ ഈശോമിശിഹായുടെ ശരീരത്തോടുള്ള ഐക്യത്തിൻ്റെ രഹസ്യവും അമർത്യതയുടെ വിത്തുമാണ് ഈ വി. കുർബാന" (ജോൺ പോൾ II മാർപാപ്പാ, കിഴക്കിൻ്റെ പ്രകാശം).
സാധിക്കുന്നിടത്തോളംകാലം ഈ ഭൂമിയിൽ ജീവിക്കാനാണ് മനുഷ്യരായ നമുക്കിഷ്ട്‌ടം. എവിടെയെങ്കിലും മരിക്കാതിരിക്കാനുള്ള മരുന്ന് ആരെങ്കിലും കണ്ടുപിടിച്ചാൽ അവിടെ എന്തൊരു തിരക്കായിരിക്കും? എന്തു വിലകൊടുത്തും അതു സ്വന്തമാക്കാൻ പരിശ്രമിക്കാത്തവർ ഉണ്ടാവില്ല.
മനുഷ്യൻ്റെ ഈ ആഗ്രഹം മനസ്സിലാക്കിക്കൊണ്ടാണ് ഈശോ ശിഷ്യന്മാരോട് അരുളിച്ചെയ്‌തത്: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാൻ ജീവൻ്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗ്ഗത്തിൽനിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല. സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേയ്ക്കും ജീവിക്കും. ലോകത്തിൻ്റെ ജീവനുവേണ്ടി ഞാൻ നല്‌കുന്ന അപ്പം എൻ്റെ ശരീരമാണ്" (യോഹ 6,47-51). അമർത്യതയുടെ ഔഷധം വിലയൊന്നുമില്ലാതെ ലഭിക്കുന്നു. ഇതു സ്വന്തമാക്കാൻ നമ്മൾ ചെയ്യേണ്ടതു ഒന്നേയുള്ളു: ദൈവപുത്രനായ ഈശോയിൽ വിശ്വസിക്കുക. ഈശോയിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. അവൻ ഒരിക്കലും മരിക്കുകയില്ല.
ദൈവത്തിൽ വിശ്വസിച്ച് അവിടുന്നു കാണിച്ചുകൊടുത്ത വഴിയേ അവിടുത്തെ അനുഗമിച്ച ഇസ്രായേൽജനത്തിന് മരുഭൂമിയിൽ ദൈവം മന്നാ ഭക്ഷണമായി നല്‌കി. ഈ മന്നാ ശാരീരിക വിശപ്പ് ശമിപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളു. സ്വർഗ്ഗത്തിൽനിന്നുവന്നതായിരുന്നെങ്കിലും മറ്റു സവിശേഷതകളൊന്നും അതിനില്ലായിരുന്നു. എന്നാൽ അതുപോലെയല്ല, പുതിയ നിയമത്തിൽ അവിടുത്തെ വാക്കു ശ്രവിച്ച് ഈശോയിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവർക്ക് അവിടുന്ന നല്‌കുന്ന “മന്നാ”യുടെ കാര്യം. ഇതു സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്. അപ്പത്തിനു ജീവനുണ്ടാകുന്നത് ചരിത്രത്തിലാദ്യ സംഭവമാണ്. സാധാരണ അപ്പം ജീവൻ നിലനിർത്താൻ സഹായിക്കും. എന്നാൽ പിതാവിന്റെ പക്കൽനിന്നു വന്ന ജീവനുള്ള അപ്പമായ ഈശോമിശിഹാ ജീവൻ നല്കുന്നവനാണ്. ജീവനുള്ളവയ്ക്കാണ് ജീവൻ നല്‌കാൻ സാധിക്കുന്നത്. മൃഗങ്ങൾക്കു മൃഗത്തിന്റെ ജീവൻ കൊടുക്കാൻ കഴിയും; മനുഷ്യർക്കു മനുഷ്യജീവനും. സ്വർഗ്ഗത്തിൽ നിന്നു വന്ന ഈ അപ്പത്തിനു ദൈവത്തിന്റെ ജീവനുള്ളതിനാൽ ഭക്ഷിക്കുന്നവർക്കു ദൈവികജീവൻ നല്കാൻ അതിനു കഴിയും.
ലോകത്തിന്റെ ജീവനുവേണ്ടി ഈശോമിശിഹാ നല്‌കുന്ന അപ്പം അവിടുത്തെ ശരീരമാണ്. അന്ത്യഅത്താഴവേളയിൽ അതാണ് അവിടുന്നു പറഞ്ഞത്: "ഇതു പാപമോചനത്തിനായി നിങ്ങൾക്കു വേണ്ടി വിഭജിക്കപ്പെടുന്ന എൻ്റെ ശരീരമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്നു വാങ്ങി ഭക്ഷിക്കുവിൻ". യോഹന്നാൻ ഈശോയുടെ വാക്കുകൾ രേഖപ്പെടുത്തുന്നു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവൻ്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എൻ്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്" (യോഹ 6, 53-54). മനുഷ്യർ എന്നേയ്ക്കും ജീവിക്കുന്നതിനായി അവിടുന്നു സ്വന്തശരീരവും രക്തവും നല്‌കി. ഇന്നും ഓരോ വി. കുർബാന അർപ്പണത്തിലും അതു നല്‌കിക്കൊണ്ടേയിരിക്കുന്നു.
കുർബാനസ്വീകരണത്തിനു മുമ്പുള്ള വിഭജനശുശ്രൂഷയുടെ ആരംഭത്തിൽ തിരുവോസ്‌തി കരങ്ങളിലുയർത്തിക്കൊണ്ട് കാർമ്മികൻ ഈശോയുടെതന്നെ വാക്കുകൾ ആവർത്തിക്കുന്നുണ്ട്: “സജീവവും ജീവദായകവുമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്നിറങ്ങിയതും ലോകത്തിനു മുഴുവനും ജീവൻ നല്‌കുന്നതുമാകുന്നു. ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല. പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും". നിത്യം ജീവിക്കുക എന്നു പറഞ്ഞാൽ രക്ഷ പ്രാപിക്കുക എന്നർത്ഥം. രക്ഷ പ്രാപിക്കണമെങ്കിൽ പാപത്തിന്റെ ബന്ധനത്തിൽനിന്നു വിമോചിതരാകണം. മിശിഹായുടെ തിരുശരീരവും രക്തവും നമ്മെ പാപങ്ങളിൽനിന്നു വിമുക്തരാക്കി രക്ഷ പകർന്നു നല്‌കി നിത്യജീവന് അവകാശികളാക്കുന്നു. വിഭജനശുശ്രൂഷയിൽ കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള വിശുദ്ധ സഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കും ഈ രഹസ്യങ്ങൾവഴി കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും ഉയിർപ്പിലുള്ള പ്രത്യാശയും സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതവും ലഭിക്കുമാറാകട്ടെ". പാപപ്പൊറുതിയും സ്വർഗ്ഗത്തിലുള്ള ജീവിതവുമാണ് ജീവൻ്റെ അപ്പം നല്‌കുന്ന വാഗ്ദാനങ്ങൾ. മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ എന്നു പറഞ്ഞുകൊണ്ടാണ് കാർമ്മികൻ തിരുശരീരരക്തങ്ങൾ വിശ്വാസികളായ നമുക്കു നല്‌കുന്നത്. "ഈ കുർബാനയിൽ പങ്കുകൊണ്ട നമ്മുടെ സമൂഹത്തെ തൻ്റെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. സ്‌തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളിൽ പങ്കുകൊണ്ട് സന്തുഷ്‌ടരായ നമ്മെ അവിടുന്നു മഹത്വമണിയിക്കട്ടെ" എന്ന് ആശംസിച്ചുകൊണ്ടാണ് കാർമ്മികൻ അവസാന ആശീർവാദം നല്കുന്നത്. മിശിഹാ വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യ ജീവൻ നല്‌കി അവിടുന്നു നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും; സ്വർഗ്ഗരാജ്യത്തിലെ നിത്യമഹത്വത്തിൽ നമ്മെ പങ്കാളികളാക്കുകയും ചെയ്യും.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, മർത്യരായ ഞങ്ങളെ അമർത്യരാക്കുവാൻ മർത്യരൂപം സ്വീകരിച്ച അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് ലഭിക്കാനക്കുന്ന നിത്യജീവൻ്റെ അച്ചാരമായി അങ്ങയുടെ തിരുശരീരങ്ങൾ വിശുദ്ധ കുർബാനയിൽ ഞങ്ങൾക്കു നല്‌കിയതിനെ ഞങ്ങൾ അങ്ങയോടു നന്ദിപറയുന്നു. ഉറച്ച വിശ്വാസത്തേ തികഞ്ഞ സ്നേഹത്തോടുംകൂടി ഈ ദിവ്യരഹസ്യങ്ങളെ സമീപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
"തൻ്റെ അപ്പം എല്ലാം നവീകരിക്കുന്നു. തൻ്റെ വീഞ്ഞ് എല്ലാറ്റിനും പുതുജീവൻ നല്‌കുന്നു" (മാർ അപ്രേം, മനുഷ്യാവതാരഗീതങ്ങൾ 8,9).
നമ്മുടെ ദൈവാലയങ്ങൾക്കു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്.
വി. കുർബാനയുടെ ആദ്യഭാഗമായ വചനശുശ്രൂഷ ഹൈക്കലായിലെ ബേമ്മായിൽവച്ചാണ് നടത്തുന്നത്. ഈശോ പരസ്യജീവിതകാലത്ത് ജനങ്ങൾക്കിടയിൽ ജീവിച്ച് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രഘോഷിച്ചതിൻ്റെയും എല്ലാവിധ രോഗികളെയും സുഖപ്പെടുത്തിയതിൻ്റെയും ഓർമ്മയാണ് വചനശുശ്രൂഷയിൽ നമ്മൾ കൊണ്ടാടുന്നത്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്ക് വഴിയിൽവച്ച് തിരുലിഖിതങ്ങൾ വ്യാഖ്യാനിച്ചു നൽകിയതുപോലെ ഓരോ കുർബാനയിലും ഉത്ഥിതനായ കർത്താവു തന്നെയാണ് നമുക്കും വചനം വ്യാഖ്യാനിച്ചു തരുന്നത്. ഇന്നു നമ്മുടെ ജീവിതത്തിനാവശ്യമായ സന്ദേശം ശ്രവിച്ച വചനത്തിൽനിന്നു മനസ്സിലാക്കിത്തരുന്നതും അവിടുന്നുതന്നെ. അതുകൊണ്ട് കുർബാനയിലെ വി. ഗ്രന്ഥവായനകളിലും വചനവ്യാഖ്യാനമായ സുവിശേഷപ്രസംഗത്തിലും നമ്മൾ ശ്രദ്ധാപൂർവ്വം പങ്കെടുക്കണം.
വി. കുർബാനയുടെ രണ്ടാമത്തെ ഭാഗമായ കൂദാശാഭാഗം അഥവാ അനാഫൊറ മദ്ബഹായിലുള്ള ബലിപീഠത്തിലാണ് അർപ്പിക്കുന്നത്. മദ്ബഹായിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന ബലിപീഠത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. കുനിഞ്ഞുനിന്ന് താഴ്ന്നസ്വരത്തിൽ അദ്ദേഹം പ്രാർത്ഥിക്കുന്നു: “കർത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടെ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ച് ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടുംകൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നില്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ". അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതുതന്നെ ബലിപീഠത്തിൽ ശുശ്രൂഷ ചെയ്യാനാണെന്നു വ്യക്തം.
മദ്ബഹായിൽ പ്രവേശിച്ചാലുടൻ കാർമ്മികൻ ബലിപീഠത്തെ സമീപിച്ച് അതിൻ്റെ മധ്യത്തിലും വലത്തെ അറ്റത്തും ഇടത്തെ അറ്റത്തും ആചാരം ചെയ്‌തു ചുംബിക്കുന്നത് ബലിപീഠം പ്രതിനിധാനം ചെയ്യുന്ന യാഥാർത്ഥ്യത്തോടുള്ള ബഹുമാനത്തിൻ്റെ തെളിവാണ്. അതു കർത്താവിൻ്റെ സിംഹാസനമാണല്ലൊ. കുർബാനയ്ക്കിടെ പല പ്രാവശ്യം കാർമ്മികൻ ബലിപീഠം ചുംബിക്കുന്നുണ്ട്. ബലിപീഠത്തിൽ ചുംബിച്ച് അവിടെനിന്നും കർത്താവിൻ്റെ സമാധാനം സ്വീകരിച്ചശേഷമാണ് കാർമ്മികൻ സമൂഹത്തിനു സമാധാനം ആശംസിക്കുന്നത്. ബലിപീഠത്തെ ധൂപിക്കുന്നതും കർത്താവിൻ്റെ സിംഹാസനത്തോടുള്ള ആദരവു പ്രകടിപ്പിക്കാനാണ്. അവസാനത്തെ ധൂപാർപ്പണപ്രാർത്ഥനയിൽ കാർമ്മികൻ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്: "കർത്താവായ ദൈവമേ, മിശിഹായുടെ തിരുക്കല്ലറയുടെ സാദൃശ്യവും അവിടുത്തെ സിംഹാസനവുമായ ഈ ബലിപീഠത്തെയും പാപമോചകമായ തിരുശരീരരക്തങ്ങളെയും സുഗന്ധ പൂരിതമാക്കണമേ". മിശിഹായുടെ സിംഹാസനം മാത്രമല്ല, അവിടുത്തെ കല്ലറയുടെ പ്രതീകം കൂടിയാണു ബലിപീഠമെന്ന് ഈ പ്രാർത്ഥന വ്യക്തമാക്കുന്നു.
ബലിപീഠത്തിന്മേലാണ് മിശിഹായുടെ ശരീരവും രക്തവുമായി തീരേണ്ട അപ്പവും വീഞ്ഞും സമർപ്പിക്കുന്നത്. ബലിപീഠത്തിലെ ബലിവസ്തുക്കൾ ശോശപ്പകൊണ്ടു മൂടുന്നത് കർത്താവിൻ്റെ സംസ്ക്കാരത്തെ അനുസ്‌മരിപ്പിക്കാനാണ്. അപ്രകാരം ബലിപീഠം കർത്താവിൻ്റെ കല്ലറയുടെ സാദൃശ്യമായിത്തീരുന്നു. കർത്താവിൻ്റെ കുരിശിൻചുവട്ടിലും കല്ലറയിലും നില്ക്കുമ്പോൾ സ്വാഭാവികമായും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഓർമ്മ നമ്മുടെ മനസ്സിൽ ഓടിയെത്തും. അതുകൊണ്ടാണ് കാർമ്മികൻ "ദൈവമാതാവായ കന്യകാമറിയത്തിൻ്റെ മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ” എന്നു പ്രാർത്ഥിക്കുന്നത്. ബലിപീഠത്തിൽ കർത്താവ് സന്നിഹിതനാണ് എന്ന ബോധ്യത്തോടെ ആ കർത്താവിനോടു സംസാരിക്കുന്ന രീതിയിലാണ് കാർമ്മികൻ പ്രാർത്ഥനകളൊക്കെയും ചൊല്ലുന്നത്.
തിരുക്കർമ്മങ്ങൾ അവസാനിക്കുമ്പോൾ മദ്ബഹയിൽനിന്നു തിരിച്ചുപോകുന്നതിനുമുമ്പ് കാർമ്മികൻ ചൊല്ലുന്ന ഹ്യദയസ്പർശിയായ ഒരു വിടവാങ്ങൽ പ്രാർത്ഥനയുണ്ട്. അതിപ്രകാരമാണ്: “വിശുദ്ധീകരണത്തിൻ്റെ ബലിപീഠമേ സ്വസ്‌തി! ഞങ്ങളുടെ കർത്താവിൻ്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്നു ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനി ഒരു ബലിയർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ". ഈ പ്രാർത്ഥന ചൊല്ലി ബലിപീഠം ചുംബിച്ചതിനുശേഷമാണ് കാർമ്മികൻ മദ്ബഹായിൽനിന്നു പോകുന്നത്. ഏകവചനരൂപത്തിലുള്ള പ്രാർത്ഥന സൂചിപ്പിക്കുന്നതുപോലെ ഇതു കാർമ്മികൻ മാത്രം ചൊല്ലേണ്ട പ്രാർത്ഥനയാണ്. ബലിപീഠത്തെ സംബന്ധിച്ചുള്ള സർവ്വ ദൈവശാസ്ത്രവും ഈ പ്രാർത്ഥനയിൽ അടങ്ങിയിട്ടുണ്ട്. കർത്താവിൻ്റെ സിംഹാസനവും അവിടുത്തെ കല്ലറയുമായ ബലിപീഠം വിശുദ്ധീകരണത്തിൻ്റെ വേദിയാണ്. വിശുദ്ധീകരിക്കുന്ന തിരുശരീരരക്തങ്ങൾ പരികർമ്മം ചെയ്യപ്പെടുന്നതു ബലിപീഠത്തിൽവച്ചാണല്ലോ.
ബലിപീഠം ഇത്ര പ്രാധാന്യമർഹിക്കുന്നതുകൊണ്ടാണ് ബലിപീഠത്തെ സംരക്ഷിക്കുന്ന കൂടാരം മാത്രമാണ് ദൈവാലയം എന്നു പറയുന്നത്. ബലിപീഠമാണു ദൈവാലയത്തെ ദൈവാലയമാക്കുന്നത്. അതുകൊണ്ടു വളരെ ബഹുമാനത്തോടും ആദരവോടും കൂടിവേണം ബലിപീഠത്തെ കാണുവാനും സമീപിക്കുവാനും വി.കുർബാനയർപ്പണത്തിനുള്ള ബലിവസ്‌തുക്കളല്ലാതെ മറ്റൊന്നും അതിന്മേൽ വയ്ക്കരുത്. നമ്മുടെ പ്രിയപ്പെട്ടവരുടെ കല്ലറകൾ ആദരവോടുകൂടി നമ്മൾ ബഹുമാനിക്കുന്നതുപോലെ ബലിപീഠത്തോടും പെരുമാറണം.
നമുക്കു പ്രാർത്ഥിക്കാം:
മഹോന്നതനായ കർത്താവേ, അങ്ങയുടെ ഭയഭക്തിജനകമായ പീഠത്തിൻ്റെയും ഉന്നതമായ ത്രോണോസിൻ്റെയും അലംകൃതവും സ്തുത്യർഹവുമായ സിംഹാസനത്തിൻ്റെയും മുമ്പാകെ അങ്ങയുടെ ശുശ്രൂഷകരായ കോവേന്മാർ ഇടവിടാതെ സ്‌തുതിക്കുകയും സാപ്പേന്മാർ പരിശുദ്ധൻ എന്നു നിരന്തരം ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അവരോടു ചേർന്നു ഞങ്ങളും അങ്ങേയ്ക്കു ഭയഭക്തികളോടെ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ (റാസകുർബാനയിൽ സ്ലീവാ ചുംബനത്തിനു മുമ്പുള്ള പ്രാർത്ഥന).
"വിശ്വാസത്തിൻ്റെ ഈ രഹസ്യത്തിൽ വിശ്വാസികൾ ഭാഗഭാക്കുകൾ ആകുമ്പോൾ അപരിചിതരെപ്പോലെയോ, നിശ്‌ബരായ പ്രേക്ഷകരെപ്പോലെയോ ആവരുതെന്നാണു തിരുസ്സഭാമാതാവിൻ്റെ അഭിലാഷം. മറിച്ച്, തിരുക്കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും അർത്ഥം ഗ്രഹിച്ച്, തങ്ങൾ ചെയ്യുന്നത് എന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടിവേണം അവർ ഇതിൽ പങ്കെടുക്കുവാൻ" (രണ്ടാം വത്തിക്കാൻ കൗൺസിൽ, ആരാധനക്രമം, 48).
പിതാവായ ദൈവം ഈശോമിശിഹായിലൂടെ മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്‌ത രക്ഷാകരകർമ്മത്തെപ്രതി അവിടുത്തേയ്ക്കർപ്പിക്കുന്ന സ്‌തുതിയും ആരാധനയും കൃതജ്ഞതയുമാണ് വി. കുർബാന. ഈശോയുടെ ജീവിതത്തിലെ സംഭവങ്ങൾ ഓരോന്നായി അനുസ്‌മരിച്ചും അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും അനുഷ്ഠിച്ചുകൊണ്ടും രക്ഷണീയകർമ്മം വി. കുർബാനയിൽ നമ്മൾ പുനരവതരിപ്പിക്കുന്നു. ഇതുവഴി രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഈശോ നേടിയ രക്ഷയിൽ നമുക്കും പങ്കു ലഭിക്കുന്നു. മിശിഹായുടെ ശരീരരക്തങ്ങൾ സ്വീകരിക്കുന്ന നമുക്കു പാപമോചനവും സ്വർഗ്ഗത്തിൽ നിത്യജീവനുള്ള അച്ചാരവും ലഭിക്കുന്നു. വർണ്ണനാതീതമായ ദൈവികദാനമാണിത്. ഈ മഹാദാനത്തെപ്രതി ദൈവത്തിനു സ്തുതി സമർപ്പിക്കുന്ന പ്രാർത്ഥനകൾ കുർബാനയിലുടനീളം ഉണ്ട്. ഉദാഹരണത്തിന്, റൂഹാക്ഷണത്തിനുശേഷം കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു: "കർത്താവായ ദൈവമേ, ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാപദ്ധതിയേക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തൻ്റെ അമുല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടുംകൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു". ഈശോമിശിഹായിലൂടെ പിതാവായ ദൈവം പൂർത്തിയാക്കിയ രക്ഷാകരകർമ്മത്തെപ്രതിയാണ് സഭയിൽ അവിടുത്തേയ്ക്കു കൃതജ്ഞത അർപ്പിക്കുന്നത്.
വിഭജനശുശ്രൂഷയ്ക്കുമുമ്പ് തിരുവോസ്‌തി കരങ്ങളിലെടുത്ത് ഉയർത്തിയശേഷം കാർമ്മികൻ ആംഗ്യത്തിൽ തിരുവോസ്തി കുരിശാകൃതിയിൽ ചുംബിച്ചുകൊണ്ടു ചൊല്ലുന്ന പ്രാർത്ഥന നന്ദി പ്രകാശത്തിന്റേതാണ് “അങ്ങയുടെ അവർണ്ണനീയമായ ദാനത്തെക്കുറിച്ച് കർത്താവേ, അങ്ങേയ്ക്കു സ്‌തുതി". തിരുവോസ്തിയിലെ നമ്മുടെ കർത്താവിൻ്റെ സാന്നിധ്യം ഏറ്റുപറഞ്ഞ് ആരാധനാസമൂഹം മുഴുവൻ അവിടുത്തെ ആരാധിക്കുന്ന സമയമാണിത്. കാർമ്മികൻ തിരുവോസ്തി ഉയർത്തുന്നതുതന്നെ സമൂഹം കാണുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയാണ്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ സജീവവും ജീവദായകവുമായ അപ്പമാണിത് എന്നുദ്ഘോഷിച്ചു കൊണ്ട് ഈ ജീവൻ്റെ അപ്പത്തോടുള്ള തൻ്റെ ബഹുമാനവും ആദരവും അദ്ദേഹം പ്രകടിപ്പിക്കുന്നു. ഈ ആരാധനയുടെ ഭാഗമായാണ് അവർണ്ണനീയമായ ദാനത്തെക്കുറിച്ചു കർത്താവിനു കൃതജ്ഞത അർപ്പിക്കുന്നത്.
“സ്വർഗ്ഗത്തിൽനിന്നുവന്ന ജീവനുള്ള അപ്പം ഞാനാകുന്നു" എന്ന നമ്മുടെ കർത്താവിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആരാധകരായ നമ്മളും കാർമ്മികനോടു ചേർന്നു ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഭയഭക്തികളോടെ ബലി പീഠത്തിങ്കൽ നില്ക്കുന്ന മാലാഖാമാരോടുചേർന്ന് നമ്മളും ദൈവത്തെ പ്രകീർത്തിക്കുന്നു. തിരുവോസ്‌തിയിൽ സന്നിഹിതനായിരിക്കുന്ന കർത്താവിനെ ആരാധിക്കേണ്ടത് വി. കുർബാനയുടെ അർപ്പണവേളയിലാണ്. തിരുശരീരരക്തങ്ങൾ ബലിപീഠത്തിൽ സമർപ്പിക്കുന്ന നിമിഷം മുതൽ അവിടെ സന്നിഹിതനാകുന്ന കർത്താവിനെ നമ്മൾ സ്‌തുതിക്കുകയും ആരാധിക്കുകയും പുകഴ്ത്തുകയും കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രാർത്ഥനകളുടെ അർത്ഥം മനസ്സിലാക്കി വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ വി. കുർബാനയിലെ ഈശോമിശിഹായെ ആരാധിക്കുകയാണ് നമ്മൾ ചെയ്യുന്നത്.
ഓരോ കുർബാനയിലും വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന തിരുശരീരരക്തങ്ങൾ സാധാരണയായി ആ കുർബാനയിൽ തന്നെ ഉൾക്കൊളളുകയാണ് ചെയ്യുന്നത്. ദൈവാലയത്തിൽ വന്നു വി.കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത രോഗികൾക്കും പ്രായമായവർക്കും സൗകര്യം പോലെ എത്തിച്ചു നല്കുന്നതിനു വേണ്ടിയായിരുന്നു വി. കുർബാന ആദിമസഭയിൽ സൂക്ഷിച്ചിരുന്നത്. ഇന്നും നമ്മൾ സക്രാരിയിൽ വി. കുർബാന സൂക്ഷിക്കുന്നതിൻ്റെ പ്രാധാന ലക്ഷ്യം ഇതുതന്നെയാണ്. വി. കുർബാനയർപ്പണത്തിൻ്റെ തുടർച്ച എന്ന നിലയിൽ തിരുവോസ്തിയിൽ കർത്താവ് പൂർണ്ണമായി സന്നിഹിതനാണ്. അതുകൊണ്ട് വി. കുർബാന അർപ്പിക്കപ്പെടുന്ന ദൈവാലയത്തിലാണ് ദിവ്യകാരുണ്യം സൂക്ഷിക്കുന്നത്.
സക്രാരിയിൽ ദിവ്യകാരുണ്യം സൂക്ഷിക്കുന്ന ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ തിരുവോസ്‌തിയിൽ അവിടുന്നു സന്നിഹിതനാണ് എന്ന സത്യം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ ആരാധിക്കുവാൻ നമ്മൾ കടപ്പെട്ടവരാണ്. ഇടവക ദൈവാലയത്തിനു സമീപത്തുകൂടി പോകേണ്ടിവരുമ്പോൾ അകത്തു പ്രവേശിച്ച് അവിടുത്തെ ആരാധിച്ചും സ്‌തുതിച്ചും കടന്നുപോകുന്നത് അനുഗ്രഹപ്രദമാണ്. നമ്മുടെ ഇടവക ദൈവാലയങ്ങളിൽ നടത്തുന്ന ദിവ്യകാരുണ്യ ആരാധന വി. കുർബാനയർപ്പണത്തിൻ്റെ തുടർച്ചയായി വേണം കാണാൻ. വി. കുർബാന അർപ്പണം തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന.
വി. കുർബാന അർപ്പണത്തിൻ്റെ അവസാനഭാഗത്ത് “പരിശുദ്ധാത്മാവിൻ്റെ കൃപാവരത്താൽ സ്‌തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊളളുവാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം” എന്ന ശുശ്രൂഷിയുടെ ആഹ്വാനത്തിന് നമ്മൾ നല്കുന്ന മറുപടി ആരാധനയുടെ മഹത്തായ പ്രകരണമാണ്. “അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ, അങ്ങേയ്ക്കു സ്തുതി" എന്നാണു നമ്മൾ പ്രത്യുത്തരിക്കുന്നത്. ദിവ്യരഹസ്യങ്ങളുടെ ആഘോഷമായ വി. കുർബാനയിൽ അർത്ഥപൂർണ്ണമായി പങ്കെടു ക്കുന്നതുതന്നെയാണ് യഥാർത്ഥ ദിവ്യകാരുണ്യ ആരാധന.
നമുക്കു പ്രാർത്ഥിക്കാം:
ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ വി. കുർബാന ലോകാന്ത്യംവരെ അർപ്പിക്കാനും അതുവഴിയായി രക്ഷയും പാപമോചനവും സ്വന്തമാക്കുവാനും അവിടുന്നു തിരുമനസ്സായതിനെപ്രതി ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതിക്കുകയും അങ്ങേയ്ക്കു നന്ദി പറയുകയും ചെയ്യുന്നു. അവർണ്ണനീയമായ ഈ ദാനത്തിന് എപ്പോഴും നന്ദി പറഞ്ഞു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ.
യഥാർത്ഥ ക്രൈസ്‌തവജീവിതം വി.കുർബാനയുടെ ജീവിതമാണ്. അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും വി. കുർബാനയിൽ അനുഷ്‌ഠിക്കുകയും ആചരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ദൈവാലയത്തിനു വെളിയിൽ ക്രൈസ്‌തവർ ജീവിക്കേണ്ടത്. ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരവും ജീവിതവും സഹനമരണോത്ഥാനങ്ങളും രണ്ടാം വരവുമാണല്ലൊ പ്രാർത്ഥനകളിലൂടെയും പ്രവൃത്തികളിലൂടെയും വി. കുർബാനയിൽ നമ്മൾ അനുസ്‌മരിക്കുന്നത്. വി. കുർബാനയുടെ ജീവിതം നയിക്കുവാൻ ഈ യാഥാർത്ഥ്യങ്ങൾ തന്നെയാണ് അനുദിനജീവിതത്തിൽ നമ്മൾ പ്രാവർത്തികമാക്കേണ്ടത്.
1. മനുഷ്യാവതാര ചൈതന്യത്തിലുള്ള ജീവിതം
ദൈവമായ അവിടുന്ന് പിതാവിൻ്റെ ഹിതം നിറവേറ്റാനായി സ്വയം ശൂന്യനാക്കി ദൈവികമഹത്വം മാറ്റിവച്ചുകൊണ്ട് മനുഷ്യനായതുപോലെ നമുക്കും ദൈവത്തിൻ്റെ ഇഷ്‌ടം നിറവേറ്റാനായി നമ്മുടെ ആഗ്രഹങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. അവഗണിക്കപ്പെടുകയും ചെറുതാക്കപ്പെടുകയും ചെയ്യുന്ന വേദനയുടെയും സഹനത്തിൻ്റെയും അനുഭവങ്ങളിൽ, തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം അനുവദിക്കുന്നതെല്ലാം നന്മ മാത്രമായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ദൈവികപദ്ധതിക്കു നമ്മൾ കീഴ്വഴങ്ങുമ്പോൾ അതു മനുഷ്യാവതാര ചൈതന്യത്തിലുള്ള ജീവിതമാകും.
2. ഈശോയുടെ പരസ്യജീവിതം നമുക്കു മാതൃക
എല്ലാവർക്കും നന്മ മാത്രം ചെയ്‌തുകൊണ്ടു കടന്നുപോയ ഈശോയുടെ ജീവിതമാണു ക്രൈസ്‌തവരായ നമ്മൾ അനുകരിക്കേണ്ടത്. നമ്മുടെ കൂടെ ജീവിക്കുന്നവർക്ക്, കുടുംബത്തിലും സമൂഹത്തിലുമുള്ളവർക്ക്, നമ്മുടെ സാന്നിദ്ധ്യംകൊണ്ടും പ്രവൃത്തികൾകൊണ്ടും സന്തോഷം നല്കാൻ നമുക്കു സാധിക്കണം. താൻ കണ്ടുമുട്ടിയവർക്കെല്ലാം സൗഖ്യം നല്‌കിക്കൊണ്ടാണ് ഈശോ ജീവിച്ചത്. അതുപോലെ നമ്മോടു ബന്ധപ്പെടുന്നവരെ സുഖപ്പെടുത്തുവാൻ നമുക്കും കഴിയണം. രോഗികളും വൃദ്ധരുമായിരിക്കുന്നവരെ സന്ദർശിക്കുന്നതിലൂടെയും അവരോടൊപ്പം കുറെ സമയം ചിലവഴിക്കുന്നതിലൂടെയും അവർക്കു സൗഖ്യത്തിൻ്റെ അനുഭവം പ്രദാനം ചെയ്യുവാൻ നമുക്കു സാധിക്കുമ്പോൾ ഈശോയുടെ പരസ്യജീവിതമാതൃക അനുകരിക്കുന്നവരായി നാം മാറും.
3. സഹനത്തിന്റെയും മരണത്തിന്റെയും ജീവിതം
കുരിശിന്റെ വഴിയേ നടന്ന ഈശോയെ അനുഗമിക്കുന്നവരെന്ന നിലയിൽ നമുക്കും സഹനവും മരണവും സ്വീകരിക്കാതിരിക്കാനാവില്ല. അതുകൊണ്ടാണ്, “ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മർക്കോ 8,34) എന്ന് ഈശോ അരുളിച്ചെയ്‌തത്. കർത്താവിനുവേണ്ടി ജീവൻ നഷ്ടമാക്കുന്നതാണ് നിത്യജീവൻ നേടാനുള്ള മാർഗ്ഗമെന്നുറച്ചു വിശ്വസിച്ചു നമുക്കു ജീവിക്കാം. അനുദിനജീവിതത്തിൽ ക്രൈസ്‌തവ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണകളും തിരസ്കരണങ്ങളും പീഡനങ്ങളും സമചിത്തതയോടെ സ്വീകരിക്കാൻ സാധിക്കുമ്പോൾ വി. കുർബാനയുടെ ജീവിതമാണു നമ്മൾ നയിക്കുന്നത്.
4. ഉത്ഥാനത്തിന്റെ ജീവിതം
സഹനത്തോടും മരണത്തോടുംകൂടി ഈശോയുടെ ജീവിതം അവസാനിച്ചില്ല; അവിടുന്നു മരിച്ചവരിൽനിന്നുയിർത്തു. ഉയിർപ്പിലുള്ള പ്രത്യാശയാണ് ഈ ലോകത്തിലാണെങ്കിലും ലോകത്തിൻ്റെ തല്ലാതെ ജീവിക്കുവാൻ ക്രൈസ്‌തവനെ ശക്തനാക്കുന്നത്. ദിവ്യ കാരുണ്യത്തിലൂടെ നമ്മൾ സ്വീകരിക്കുന്ന തിരുശരീരരക്തങ്ങൾ നമ്മുടെ ഉയിർപ്പിനുള്ള അച്ചാരമാണ്. ഈ ഉറപ്പാണ് സഹനങ്ങൾക്കും വേദനകൾക്കുമിടയിലും സന്തോഷത്തോടെ ജീവിക്കുവാൻ നമുക്കു ശക്തി നല്കുന്നത്.
5. അപ്പം മുറിക്കലിന്റെ ജീവിതം
സ്വന്തം ശരീരവും രക്തവും ഈശോമിശിഹാ നമുക്കായി പങ്കിടുന്നതാണല്ലൊ അപ്പം മുറിക്കലിലൂടെ നമ്മൾ അനുസ്മരിക്കുന്നത്. അവിടുത്തെ പാത പിൻചെന്ന് മറ്റുള്ളവർക്കുവേണ്ടി സ്വയം മുറിച്ചു നല്‌കുവാൻ നമുക്കു സാധിക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്ന വി. കുർബാന നമ്മൾ ജീവിക്കുവാൻ ആരംഭിക്കുന്നു. നമുക്കുള്ളതെല്ലാം നമുക്കു ചുറ്റുമുള്ള ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ വി കുർബാനയർപ്പണം നമുക്കു പ്രചോദനമരുളണം. പണവും ഭക്ഷണവും വസ്ത്രവും സമയവും മറ്റു കഴിവുകളുമെല്ലാം മറ്റുള്ളവർക്കു വേണ്ടി ഉപയോഗപ്പെടുത്താൻ നമുക്കു കഴിയണം.
6. കുടുംബം ബലിവേദി
ദൈവാലയത്തിലെ വി.കുർബാനയർപ്പണത്തിൽ അർത്ഥ പൂർണ്ണമായി സംബന്ധിക്കുന്ന വ്യക്തി സ്വന്ത കുടുംബത്തിൽ ആ ബലി തുടരും കുടുംബമാകുന്ന ദൈവാലയത്തിലെ ബലിയർപ്പകർ മാതാപിതാക്കളും മക്കളുമാണ്. ജീവിതകടമകൾ നിറവേറ്റുന്ന തിലുണ്ടാകുന്ന ക്ലേശങ്ങളും വേദനകളുമാണ് ബലിവസ്‌തുക്കൾ. കുടുംബാംഗങ്ങൾ സ്നേഹിച്ചും പരസ്‌പരം സഹായിച്ചും ജീവിക്കുമ്പോഴാണ് "ഒരുമ" യുടെ ബലി ദൈവാലയത്തിലർപ്പിക്കാൻ നമ്മൾ യോഗ്യരാകുന്നത്.
7. കാത്തിരിപ്പിന്റെ ജീവിതം
നമ്മൾ ഈ ലോകത്തിലാണെങ്കിലും ഈ ലോകത്തിന്റെ തല്ലാതെ ജീവിക്കേണ്ടവരാണ്. മഹത്വപൂർണ്ണനായി വീണ്ടും വരുവാനിരിക്കുന്ന കർത്താവു നല്‌കുന്ന നിത്യസമ്മാനത്തിൽ ദൃഷ്ട്‌ടി ഉറപ്പിച്ചുള്ള ജീവിതമാകണം നമ്മുടേത് ഈ ലോകത്തിൻ്റെ ആകർഷണങ്ങൾക്കു വഴങ്ങാതെയും ചിന്താഗതികൾക്കു അനുരൂപപ്പെടാതെയും ജീവിക്കുമ്പോൾ നമ്മൾ വി. കുർബാനയുടെ ജീവിതം നയിക്കുന്നവരാകും.
8. ആരാധനയുടെ ജീവിതം
മിശിഹായുടെ ശരീരരക്തങ്ങൾ ഉൾക്കൊണ്ടു പുറത്തിറങ്ങുന്ന നമ്മൾ ദിവ്യശിശുവിനെ ഉദരത്തിൽ വഹിച്ച പരി. അമ്മയെപ്പോലെ, "ജീവിക്കുന്ന സക്രാരി"കളായി മാറണം. ദിവ്യകാരുണ്യം ഉൾക്കൊള്ളുന്ന നാം കരുണയുള്ള ഹൃദയത്തിനുടമകളാകണം. ദിവ്യ കാരുണ്യ ആരാധന നടക്കേണ്ടതു നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളിലാണ്. കർതൃസന്നിധിയിൽ എന്നപോലെ എപ്പോഴും നിർമ്മലഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപരിക്കുന്നതാണ് യഥാർത്ഥ ആരാധനയുടെ ജീവിതം.
9. കൃതജ്ഞതയുടെ ജീവിതം
നന്ദിപറഞ്ഞു തീർക്കാനാവാത്തതാണ് ദൈവം നമുക്കു നല്കുന്ന നിരവധിയായ അനുഗ്രഹങ്ങൾ എന്നേറ്റു പറഞ്ഞു ജീവിക്കുന്നതാണ് യഥാർത്ഥത്തിൽ വി. കുർബാനയുടെ ജീവിതം. ദൈവം നല്‌കിയിട്ടുള്ള നന്മകൾക്കെല്ലാം പ്രത്യേകിച്ച് അവിടുത്തെ പുത്രനായ ഈശോമിശിഹായിലൂടെ നല്‌കിയ രക്ഷയെയും പാപമോചനത്തെയും പ്രതി അവിടുത്തേയ്ക്കു നന്ദിപറഞ്ഞു നമുക്കു ജീവിക്കാം.
10. ഐക്യത്തിന്റെ ജീവിതം
ഐക്യത്തിന്റെ കൂദാശയായ വി. കുർബാന അർപ്പിക്കുന്ന നമ്മൾ ഒരുമയുടെയും ഐക്യത്തിന്റെയും ജീവിതം നയിക്കുന്ന വരാകണം. മൂന്നു വ്യക്തികളെങ്കിലും ഏക ദൈവമായിരിക്കുന്ന പരി. ത്രീത്വത്തിലെ സ്നേഹത്തിൻ്റെ ഐക്യമാണ് നമുക്ക് ഇക്കാര്യത്തിൽ മാതൃക. നമ്മുടെ കുടുംബങ്ങളിലാണ് ഈ ഐക്യം ആദ്യം പ്രാവർത്തികമാക്കേണ്ടത്. ഭാര്യാഭർത്താക്കന്മാർ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും പരിസ്‌പര ധാരണയോടും പരിഗണനയോടുംകൂടി കഴിയുന്നതാണ് യഥാർത്ഥ വിശുദ്ധ കുർബാനയുടെ ജീവിതം.
ദിവ്യബലിയെ അടിസ്ഥാനവും കേന്ദ്രവിന്ദുവുമാക്കി അല്ലാതെ ഒരു ക്രിസ്‌തീയ സമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല" (രണ്ടാം വത്തിക്കാൻ കൗൺസിൽ, വൈദികരെക്കുറിച്ചുള്ള ഡിക്രി, 6).
ക്രൈസ്തവ ജീവിതത്തിൻ്റെ കേന്ദ്രം വിശുദ്ധ കുർബാനയാണ് ക്രിസ്‌തുശിഷ്യർ ഏറ്റുപറയുന്ന ഈ വിശ്വാസം ആദിമസഭയിലെ വിശുദ്ധ കുർബാന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



