x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആത്മീയ ദൈവശാസ്ത്രം

എന്റെ ചിറകിൻ കീഴിൽ വി.ലൂക്കായുടെ സുവിശേഷത്തിലെ പ്രമേയങ്ങൾ

Authored by : ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ On 12-Jun-2026

 

1.

ലൂക്കായുടെ സുവിശേഷം: ഒരാമുഖം 

1 എന്താണ് സുവിശേഷം? 

ഏവൻഗേലിയോൻ (euangelion) എന്ന ഗ്രീക്കുപദത്തിന്റെ മലയാള തർജ്ജമയാണ് “സുവിശേഷം". നല്ല വിശേഷം, സദ്‌വാർത്ത എന്നൊക്കെയാണ് ഇതിനർത്ഥം. ഇന്നു നമുക്കൊക്കെ പരിചിതമായിരിക്കുന്നതുപോലെ ഈശോയുടെ ജീവചരിത്രത്തെ സൂചിപ്പിക്കാനല്ല ഈ പദം ആദ്യമുപയോഗിച്ചിരുന്നത്; പ്രത്യുത, ഈശോയെക്കുറിച്ചുള്ള സന്ദേശത്തെയും പ്രഘോഷണത്തെയും കുറിക്കാനായിരുന്നു. ഈ ഗ്രീക്കുപദത്തിൻ്റെ പശ്ചാത്തലം ഗ്രഹിക്കുന്നത് ഈ ഉപയോഗം മനസ്സിലാക്കുവാൻ സഹായിക്കും. ഗ്രീക്കു ഭാഷയിൽ ഏതൊരു സന്തോഷകരമായ വാർത്തയെയും സൂചിപ്പിക്കുവാൻ, പ്രത്യേകിച്ചു യുദ്ധത്തിലെ വിജയവാർത്തയെ സൂചിപ്പിക്കുവാൻ, ഈ പദം പൊതുവേ ഉപയോഗിച്ചിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലത്ത് റോമാസാമ്രാജ്യത്തിൽ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും ജനനത്തെയും സാന്നിധ്യത്തെയും കുറിച്ചുള്ള വാർത്തകൾ "സുവിശേഷ"മായാണ് കരുതപ്പെട്ടുപോന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജാധിരാജനായ മിശിഹായുടെ ജനനത്തെയും മനുഷ്യരോടൊപ്പമുള്ള സാന്നിധ്യത്തെയും സംബന്ധിച്ചുള്ള സന്ദേശത്തെയും പ്രഘോഷണത്തെയും സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിച്ചുതുടങ്ങിയത്. ഒരു വൻവിജയത്തിന്റെ വാർത്ത കൂടിയായിരുന്നല്ലൊ അത് - തിന്മയുടെ ശക്തിയുടെമേൽ നന്മ വരിച്ച ആത്യന്തിക വിജയത്തിന്റെ വാർത്ത.

പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻതമ്പുരാന്റെ മനുഷ്യാവതാരത്തെ 'സുവിശേഷ'മായി അവതരിപ്പിക്കുന്നത് ദൈവികദൂതനാണ്. ബേത്ലഹെമിൽ ഈശോ ജനിച്ചപ്പോൾ ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ട ദൂതൻ ഇപ്രകാരം അറിയിച്ചു: “ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു; ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2,10-11). കർത്താവായ മിശിഹാ - ദൈവപുത്രനും ദാവീദിൻ്റെ പുത്രനുമായവൻ - നമ്മിലൊരുവനായി എന്നതാണു സുവിശേഷം. അവിടുന്നാണു മനുഷ്യവർഗ്ഗത്തിന്റെ രക്ഷകൻ. നമ്മെ രക്ഷിക്കാനായി ദൈവം മനുഷ്യനായിരിക്കുന്നു എന്നതിലും വലുതായ സുവിശേഷമെന്തിരിക്കുന്നു?. 

പഴയനിയമത്തിൽ 'സുവിശേഷം' എന്ന നാമരൂപം ഉപയോഗിച്ചുകാണുന്നില്ല. 'സുവിശേഷമറിയിക്കുക' എന്ന ക്രിയാരൂപം ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിലുണ്ട്. അദ്ദേഹം ഇതുപയോഗിക്കുന്നത് ബാബിലോണിയൻ അടിമത്തത്തിൽനിന്നുള്ള (B.C. 587-538) ഇസ്രായേൽക്കാരുടെ വിമോചനത്തെപ്പറ്റിയുള്ള സന്ദേശവുമായി ബന്ധപ്പെടുത്തിയാണ്. നമ്മൾ ഇപ്രകാരം വായിക്കുന്നു: “സദ്‌വാർത്തയുമായി വരുന്ന ജറൂസലേമേ, നിർഭയം വിളിച്ചു പറയുക. യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്നു കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്. പ്രതിഫലം അവിടുത്തെ മുമ്പിലുണ്ട്. ഇടയനെപ്പോലെ അവിടുന്ന് ആട്ടിൻകൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് ആട്ടിൻകുട്ടികളെ കരങ്ങളിൽ ചേർത്ത് മാറോടണച്ച് തള്ളയാടുകളെ സാവധാനം നയിക്കുന്നു" (ഏശ 40,9-11). ഇസ്രായേൽമക്കളെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിമോചിപ്പിച്ചവൻതന്നെ ബാബിലോണിൽനിന്നും രക്ഷിക്കാൻ വരുന്നു എന്നു സാരം. പ്രവാചകൻ വീണ്ടും ഉദ്ഘോഷിക്കുന്നു: "സദ്വാർത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് നിൻ്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവൻ്റെ പാദം മലമുകളിൽ എത്ര മനോഹരമാണ് !... കർത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ജറൂസലേമിനെ മോചിപ്പിച്ചിരിക്കുന്നു...ഭൂമിയുടെ എല്ലാ അതിർത്തികളും നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷകാണും" (ഏശ 52,7-10). 

ബാബിലോണിൽനിന്നു വിമോചിതരായി സ്വന്തം നാട്ടിൽ എത്തിച്ചേർന്നെങ്കിലും പൂർണ്ണ സ്വാതന്ത്യം അനുഭവിക്കാൻ സാധിക്കാതെപോയ ഇസ്രായേൽ ജനതയെ ആശ്വസിപ്പിച്ചുകൊണ്ട് പ്രവാചകൻ വീണ്ടും അരുളിച്ചെയ്‌തു: "ദൈവമായ കർത്താവിന്റെ ആത്മാവ് എൻ്റെമേൽ ഉണ്ട്. പീഡിതരെ സദ്‌വാർത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിൻ്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവർക്കു സമാശ്വാസം നല്കാനും എന്നെ അഭിഷേചിച്ചിരിക്കുന്നു" (ഏശ 61,1-2). കർത്താവിൻ്റെ അഭിഷിക്തനും (മിശിഹാ) സദ്‌വാർത്തയും തമ്മിലുള്ള സവിശേഷ ബന്ധം പ്രവാചകൻ എന്ന നിലയിൽ ഏശയ്യാ മുൻകൂട്ടി അറിയിക്കുകയായിരുന്നു. രക്ഷയുടെ - വിമോചനത്തിന്റെ - സന്ദേശവുമായി മിശിഹാവരുമെന്നായിരുന്നു സൂചന. 

ഏശയ്യാപ്രവാചകനിൽനിന്നുള്ള ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് നസ്രത്തു സിനഗോഗിൽവച്ച് ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് (ലൂക്കാ 4,16-19). ദരിദ്രരെ 'സുവിശേഷ' മറിയിക്കാൻ ദൈവം അവിടുത്തെ അഭിഷേകം ചെയ്‌തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അവിടുന്നാരംഭിക്കുന്നത്. അവിടുന്നു പ്രഖ്യാപിച്ച, അന്ധർക്കു കാഴ്‌ചയും ബധിരർക്കു കേൾവിയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ഈ സുവിശേഷത്തിന്റെ വിവിധമാനങ്ങളാണ്. മനുഷ്യകുലത്തിൻ്റെ സമഗ്രവിമോചകനാണ് അവിടുന്ന് എന്നതാണ് ഈശോ അറിയിച്ച സുവിശേഷത്തിന്റെ കാതൽ. 

ഈശോയുടെ പരസ്യജീവിതത്തെ "ദൈവരാജ്യത്തിന്റെ സുവിശേഷമറിയിക്കൽ" എന്നാണ് ലൂക്കാ വിശേഷിപ്പിക്കുന്നതു തന്നെ (ലൂക്കാ 8,1; 16,16). വി.മർക്കോസ് സുവിശേഷകനും ഇതെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു; "യോഹന്നാൻ ബന്ധനസ്ഥനായപ്പോൾ യേശു ദൈവത്തിൻ്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേയ്ക്കു വന്നു. അവൻ പറഞ്ഞു: “സമയം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ" (മർക്കോ 1,14-15). സുവിശേഷത്തിൽ വിശ്വസിക്കുകയെന്നാൽ ഈശോയിലും അവിടുത്തെ പ്രബോധനത്തിലും വിശ്വസിക്കുക എന്നാണർത്ഥം. 

രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ ഭാഗമായി പിതാവായ ദൈവം ഈശോമിശിഹായിലും അവിടുന്നിലൂടെയും നിർവ്വഹിച്ച രക്ഷണീയകർമ്മത്തെ സൂചിപ്പിക്കുവാനായി ആദ്യമായി ഈ പദമുപയോഗിച്ചത് വി.പൗലോസാണ്. പൗലോസ്ശ്ലീഹാ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ "ദൈവത്തിൻ്റെ സുവിശേഷത്തിനായി തിരഞ്ഞെടുക്കപ്പെട്ടവൻ" (റോമാ 1,1) എന്നാണല്ലൊ. താൻ അറിയിച്ച "സുവിശേഷത്തിൻ്റെ സ്വഭാവം അദ്ദേഹം തുടർന്നു വ്യക്തമാക്കുന്നു: "ഈ സുവിശേഷം വിശുദ്ധ ലിഖിതങ്ങളിൽ പ്രവാചകന്മാർ മുഖേന ദൈവം മുൻകൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇത് അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ ഈശോമിശിഹായെ സംബന്ധിച്ചുള്ളതാണ്. അവൻ ജഡപ്രകാരം ദാവീദിൻ്റെ സന്തതിയിൽനിന്നു ജനിച്ചവനും മരിച്ചവരിൽനിന്നുള്ള ഉത്ഥാനംവഴി വിശുദ്ധിയുടെ ആത്മാവിനു ചേർന്നവിധം ശക്തിയിൽ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്" (റോമാ 1,2-4). പൗലോസിനെ സംബന്ധിച്ചിടത്തോളം സുവിശേഷത്തിൻ്റെ കേന്ദ്രബിന്ദു മിശിഹായുടെ സഹനമരണോത്ഥാനങ്ങളാണ്. ഈ മിശിഹാരഹസ്യങ്ങളിലൂടെയാണല്ലൊ മനുഷ്യരക്ഷയ്ക്കായുള്ള ദൈവികപദ്ധതി പൂർത്തിയായത്. 

പാപികൾക്കു മോചനമേകിയും രോഗികളെ സുഖപ്പെടുത്തിയും വിശക്കുന്നവർക്കു ഭക്ഷണം നല്‌കിയും മരിച്ചവരെ ഉയിർപ്പിച്ചും ഈശോ തൻ്റെ പ്രവർത്തനങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും ദൈവരാജ്യത്തിൻ്റെ സുവിശേഷമറിയിച്ചു. “ഈശോ സംഘങ്ങളിൽ പഠിപ്പിച്ചും സ്വർഗരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചും ജനത്തിൻ്റെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലിയാ മുഴുവൻ ചുറ്റിസഞ്ചരിച്ചിരുന്നു” (മത്താ 4,23). ചുരുക്കത്തിൽ ഈശോയുടെ ജനനത്തെയും പ്രവർത്തനങ്ങളെയും പ്രബോധനങ്ങളെയും സഹനമരണോത്ഥാനങ്ങളെയും അവയിലൂടെ മനുഷ്യകുലത്തിനു കൈവന്ന രക്ഷയെയും സൂചിപ്പിക്കാൻ പുതിയനിയമ കർത്താക്കൾ “സുവിശേഷം" എന്ന പദം ഉപയോഗിച്ചു തുടങ്ങി. വി. മർക്കോസാണ് ആദ്യമായി ഈശോയെക്കുറിച്ചുള്ള തന്റെ വിവരണത്തിന് "സുവിശേഷം" എന്നു പേരിട്ടത്.

"ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആരംഭം" (മർക്കോ 1,1) എന്നു പറഞ്ഞാണല്ലൊ അദ്ദേഹം തുടങ്ങുന്നതുതന്നെ. ക്രമേണ, രണ്ടാംനൂറ്റാണ്ടോടുകൂടി ഈശോയുടെ മറ്റു ജീവചരിത്രവിവരണങ്ങൾക്കും ഈ പേരു നല്‌കപ്പെട്ടു തുടങ്ങി. 

2 എന്തിനു സുവിശേഷങ്ങൾ എഴുതപ്പെട്ടു?  

ഈശോ ചെയ്തത സുവിശേഷപ്രഘോഷണത്തിന്റെ ലക്ഷ്യം തന്നെയാണ് സുവിശേഷ രചനയുടെ പിന്നിലും. സുവിശേഷത്തിൽ വിശ്വസിക്കുവാനുള്ള ആഹ്വാനമാണല്ലൊ അവിടുത്തെ പ്രഘോഷണത്തിന്റെ കാതൽ: “സമയം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങൾ പശ്ചാത്തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ" (മർക്കോ 1,15). ഈശോമിശിഹാ ദൈവപുത്രനാണ് എന്നതാണ് സുവിശേഷമെന്ന് ഗ്രന്ഥാരംഭത്തിൽ തന്നെ വി. മർക്കോസ് സൂചിപ്പിക്കുന്നുണ്ടല്ലൊ (മർക്കോ 1,1). ഈ സദ്‌വാർത്തയിൽ വിശ്വസിക്കാനുള്ള ക്ഷണമാണ് സുവിശേഷ പ്രഘോഷണത്തിൻ്റെയും ഗ്രന്ഥരചനയുടെയും ലക്ഷ്യം. ഇതേ സത്യംതന്നെ വി.യോഹന്നാനും രേഖപ്പെടുത്തുന്നു: "ഇവ തന്നെയും രേഖപ്പെടുത്തിയിരിക്കുന്നത് ഈശോ ദൈവപുത്രനായ മിശിഹായാണെന്നു നിങ്ങൾ വിശ്വസിക്കാനും, അങ്ങനെ വിശ്വസിച്ച് അവന്റെ നാമത്തിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടാകുവാനുമാണ് (യോഹ 20,31). ഈശോയിലുള്ള വിശ്വാസത്തിലേക്ക് വായനക്കാരെ ആനയിക്കാനും അതുവഴി നിത്യജീവനർഹരാക്കാനുമാണു സുവിശേഷം ലക്ഷ്യംവയ്ക്കുന്നത്. 

ഓരോ സുവിശേഷകനും തനതായ ശൈലിയും അവതരണ രീതിയുമുണ്ട്. ഉദാഹരണത്തിന്, മതപീഡനപശ്ചാത്തലത്തിൽ രചിക്കപ്പെട്ട വി.മർക്കോസിൻ്റെ സുവിശേഷം സഹനത്തിലൂടെയും മരണത്തിലൂടെയും ഉയിർപ്പിൻ്റെ മഹത്വം പ്രാപിച്ച മിശിഹായെയാണ് അവതരിപ്പിക്കുന്നത്. മർക്കോസിൻ്റെ വീക്ഷണപ്രകാരം ഈശോയുടെ ശിഷ്യനാകുകയെന്നാൽ ഗുരുവിന്റെ പാതയിൽ സ്വയം നിഗ്രഹിച്ച് സ്വന്തം കുരിശുമെടുത്ത് അവിടുത്തെ അനുഗമിക്കുകയെന്നാണ്. വി. മത്തായി അവതരിപ്പിക്കുന്ന ഈശോ പഴയനിയമം പൂർത്തിയാക്കുന്ന പുതിയ മോശയാണ്. ഇദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഈശോയുടെ ശിഷ്യൻ അവിടുത്തെ പ്രബോധനങ്ങൾക്കനുസരിച്ച് ജീവിക്കുന്നവനാണ്. വി.യോഹന്നാനാകട്ടെ ഈശോയെ സ്വർഗ്ഗീയപിതാവിനെ വെളിപ്പെടുത്തുന്ന, മാംസം ധരിച്ച വചനമായി ചിത്രീകരിക്കുന്നു. വിശ്വാസത്തിൽ ഈ ദൈവികവെളിപാടിനോടു പ്രതികരിക്കുന്നവനും, ജീവജലം പാനം ചെയ്തു‌ം ജീവന്റെ അപ്പം ഭക്ഷിച്ചും ദൈവമക്കൾക്കു യോജിച്ച ജീവിതം നയിക്കുന്നവനുമാണ് യഥാർത്ഥത്തിൽ മിശിഹായുടെ ശിഷ്യൻ. വി. ലൂക്കായാകട്ടെ ഈശോയെ കരുണാസമ്പന്നനും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെ സ്നേഹിതനുമായി അവതരിപ്പിക്കുന്നു. പഴയനിയമത്തിന്റെ തുടർച്ചയും പൂർത്തീകരണവും ദൈവിക രക്ഷാകരപദ്ധതിയുടെ പൂർണ്ണിമയുമാണവിടുന്ന്. നഷ്‌ടപ്പെട്ടതിനെ അന്വേഷിച്ചു കണ്ടെത്തുവാനായി പിതാവായ ദൈവമയച്ച രക്ഷകനാണ് ഈശോമിശിഹാ. 

3 ആരാണ് വി. ലൂക്കാ? 

മറ്റു സുവിശേഷങ്ങളുടെ കാര്യത്തിലെന്നതുപോലെ മൂന്നാം സുവിശേഷത്തിൻ്റെയും കർത്താവാരെന്ന് ഗ്രന്ഥത്തിൽ നിന്നും വ്യക്തമല്ല. ഈ ഗ്രന്ഥകാരനെക്കുറിച്ചു മനസ്സിലാക്കാൻ സുവിശേഷത്തിനു പുറമെയുള്ള മറ്റു രേഖകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. A.D. 175-225 കാലഘട്ടത്തിൽനിന്നു ലഭിച്ചിട്ടുള്ള സുവിശേഷത്തിന്റെ കയ്യെഴുത്തു പ്രതിയിൽ "വി.ലൂക്കാ അറിയിച്ച സുവിശേഷം" എന്ന തലക്കെട്ടുണ്ട്. ലൂക്കാ എന്ന വ്യക്തിയെക്കുറിച്ചു വളരെ പരിമിതമായ അറിവേ നമുക്കു പുതിയനിയമത്തിൽനിന്നു ലഭിക്കുന്നുള്ളു. തന്റെ പ്രേഷിതയാത്രകളിൽ സഹചാരിയായ ഒരു ലൂക്കായെക്കുറിച്ചു വി.പൗലോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫിലമോനെഴുതിയ ലേഖനത്തിൽ, നമ്മൾ ഇങ്ങനെ വായിക്കുന്നു: “ഈശോ മിശിഹായിൽ എൻ്റെ കൂട്ടുതടവുകാരൻ എപ്പപ്രാസും എന്റെ സഹപ്രവർത്തകരായ മർക്കോസും അരിസ്റ്റാർക്കോസും ദേമാസും ലൂക്കായും നിനക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു" (ഫില 1, 23-24). കാളോസായിലെ സഭയ്‌ക്കെഴുതുമ്പോഴും വി.പൗലോസ് ലൂക്കായെക്കുറിച്ചു പരാമർശിക്കുന്നുണ്ട്: "ഞങ്ങളുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കായും ദേമാസും നിങ്ങൾക്കു വന്ദനം പറയുന്നു" (കൊളോ 4,14). റോമിലെ കാരാഗൃഹത്തിൽനിന്ന് തിമോത്തിയോസിനെഴുതുന്ന രണ്ടാം ലേഖനത്തിൽ, തന്നോടൊപ്പം ലൂക്കാ മാത്രമേയുള്ളുവെന്ന് പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നുണ്ട് (2 തിമോ 4,11). ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളിൽ വി.പൗലോസിൻ്റെ പ്രേഷിത യാത്ര വിവരിക്കുമ്പോൾ ഗ്രന്ഥകാരനായ വി. ലൂക്കാ വിവരിക്കുന്ന സംഭവങ്ങൾക്കു താൻകൂടി ദൃക്‌സാക്ഷിയാണ് എന്നു ധ്വനിപ്പിക്കുമാറുള്ള "ഞങ്ങൾ" എന്ന പ്രയോഗം ഇരുവരും തമ്മിലുള്ള ബന്ധത്തിനു മതിയായ തെളിവാണ് (ശ്ലീഹ 16,10-17; 20,5-15; 21,1-18; 27,1-28,16). 

വി. പൗലോസിൻ്റെ സഹപ്രവർത്തകനായിരുന്ന വി.ലൂക്കായാണ് മൂന്നാമത്തെ സുവിശേഷത്തിൻ്റെ കർത്താവെന്ന് ആദിമ സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, ലിയോണിലെ മെത്രാനായിരുന്ന വി. ഇരണേവൂസ് (A.D. 130-200) “പാഷണ്‌ഡതകൾക്കെതിരെ" (3,1.1) എന്ന ഗ്രന്ഥത്തിൽ പൗലോസിന്റെ സ്നേഹിതനായ ലൂക്കാ പൗലോസ് പ്രഘോഷിച്ച സുവിശേഷം ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി എന്നു പറയുന്നു. തെർത്തുല്യനും (A.D. 150-225) “മാർസിയനെതിരെ" എന്ന ഗ്രന്ഥത്തിൽ (4.2) ലൂക്കായാണു മൂന്നാം സുവിശേഷത്തിൻ്റെ കർത്താവെന്നു തറപ്പിച്ചു പറയുന്നുണ്ട്. ഒരിജനും, ജെറോമും എവുസേബിയൂസുമൊക്കെ ഇതേ അഭിപ്രായക്കാരാണ്. 

രണ്ടാം നൂറ്റാണ്ടിൽത്തന്നെ റോമിൽ വിരചിതമായ “മുറത്തോറിയൻ രേഖാശകലത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: "... ലൂക്കാ അറിയിച്ച മൂന്നാംസുവിശേഷം. മിശിഹായുടെ സ്വർഗാരോഹണാനന്തരം പൗലോസിൻ്റെ പ്രേഷിതയാത്രയിൽ സഹകാരിയായിരുന്ന ലൂക്കാ, തന്റെ വീക്ഷണമനുസരിച്ച്, തന്റെ തന്നെ പേരിൽ ഈ സുവിശേഷമെഴുതി". മൂന്നാംനൂറ്റാണ്ടിലെ ഒരു പഴയ "സുവിശേഷാമുഖം", ലൂക്കാ അന്ത്യോക്യായിലെ സിറിയായിൽ നിന്നുള്ള ഒരു വൈദ്യനും, ശ്ലീഹന്മാരുടെ ശിഷ്യനും പൗലോസിന്റെ സന്തത സഹചാരിയും ആയിരുന്നു എന്നു രേഖപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ ആദിമസഭാപാരമ്പര്യമനുസരിച്ചു പൗലോസിൻ്റെ സഹപ്രവർത്തകനായിരുന്ന ലൂക്കായാണ് മൂന്നാംസുവിശേഷത്തിന്റെ കർത്താവ്. 

4 എന്ന്, എവിടെവച്ചാണു ഗ്രന്ഥരചന? 

A.D. 65 നോടുകൂടി എഴുതപ്പെട്ട വി. മർക്കോസിന്റെ സുവിശേഷം ലൂക്കാ ഉപയോഗിച്ചു എന്നത് ഇന്നു പൊതുവേ വിശുദ്ധ ഗ്രന്ഥപഠിതാക്കൾ അംഗീകരിക്കുന്ന വസ്‌തുതയാണ്. അതുകൊണ്ട് ഗ്രന്ഥരചന A.D. 65 നു ശേഷമായിരുന്നിരിക്കണം. ഈ അനുമാനത്തിനു ബലമേകുന്നതാണ് 21,5-38-ൽ ലൂക്കാ നല്‌കുന്ന, ജറൂസലേമിന്റെ നാശത്തെക്കുറിച്ചുള്ള ഈശോയുടെ പ്രവചനവിവരണം. ഈ വിവരണത്തിലെ വിശദാംശങ്ങളിൽനിന്നും ജറുസലേമിന്റെ നാശത്തിനു ശേഷമാണിതെഴുതിയതെന്നു വ്യക്തം. A.D. 70 -ൽ ആയിരുന്നല്ലൊ ജറൂസലേം നശിപ്പിക്കപ്പെട്ടത്. വി.യോഹന്നാന്റെ സുവിശേഷത്തിൽ പ്രതിഫലിക്കുന്ന, ക്രൈസ്തവരും യഹൂദരും തമ്മിലുള്ള, സഭയും സിനഗോഗും തമ്മിലുള്ള, സംഘർഷം വി. ലൂക്കായിലില്ല. ഈ സംഘർഷം ശക്തമായത് A.D. 85-90 കാലഘട്ടത്തിലെ യഹൂദമത പുനരുദ്ധാരണത്തോടുകൂടിയാണ്. ഈ സംഘർഷകാലഘട്ടത്തിനുമുമ്പാണു ലൂക്കാ സുവിശേഷരചന നടത്തിയതെന്ന് ഇതിൽനിന്നും അനുമാനിക്കാം. 

എവിടെവച്ചാണ് ലൂക്കാ സുവിശേഷം എഴുതിയതെന്നതിനു വ്യക്തമായ തെളിവുകളില്ല. പലസ്‌തീനിയൻ ഭൂമിശാസ്ത്രത്തെക്കുറിച്ചു സുവിശേഷത്തിൽ പ്രതിഫലിക്കുന്ന അവ്യക്തത ഈ സുവിശേഷം പലസ്തീനായിലല്ല എഴുതപ്പെട്ടതെന്നതിനു തെളിവാണ്. വ്യത്യസ്ത സഭാപാരമ്പര്യങ്ങൾ അക്കായിയാ, ബോയേഷ്യാ, റോമാ, അന്ത്യോക്യാ, ഈജിപ്‌ത്‌ തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് ലൂക്കായുടെ സുവിശേഷത്തിൻ്റെ രൂപീകരണത്തെ മനസ്സിലാക്കുന്നത്. എവിടെവച്ചായാലും വിജാതീയ ക്രൈസ്തവരെ മുമ്പിൽ കണ്ടുകൊണ്ടാണ് വി. ലൂക്കാ എഴുതുന്നത് എന്നു വ്യക്തം. 

5 സുവിശേഷത്തിൻ്റെ പൊതുഘടന 

ഈശോമിശിഹായുടെ ജീവചരിത്രമെന്ന നിലയിൽ പുരാതന ജീവചരിത്രങ്ങളുടെ രൂപഭാവങ്ങൾ വി. ലൂക്കായുടെ സുവിശേഷത്തിനുണ്ട്. മറ്റു ജീവചരിത്രങ്ങളിലെന്നപോലെ ഗ്രന്ഥകാരന്റെ യോഗ്യതകളും ഗ്രന്ഥത്തിന്റെ വിശ്വസനീയതയും പ്രകടമാക്കുന്നതാണ് ഇതിന്റെ ആമുഖം. പ്രധാന കഥാപാത്രത്തിൻ്റെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ ഭാവിമഹത്വത്തിൻ്റെ സൂചന നല്കുന്നു. ബാലനായ ഈശോയുടെ ദൈവാലയത്തിലെ പെരുമാറ്റം ഭാവി പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നതാണ്. വിവരണത്തിന്റെ ഹൃദയഭാഗത്ത് ഈശോയുടെ ആധികാരികമായ പ്രവർത്തനങ്ങളും പ്രബോധനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. അന്ത്യപ്രഭാഷണം, മരണം, ഉത്ഥാനാന്തര പ്രത്യക്ഷീകരണങ്ങൾ തുടങ്ങിയവയുടെ വിവരണങ്ങളോടെ സുവിശേഷമവസാനിക്കുന്നു. ചുരുക്കത്തിൽ നസ്രത്തിൽ ജനിച്ചു വളർന്ന, ഗലീലിയായിലും ജറൂസലേമിലുമായി ജീവിച്ചു പ്രവർത്തിച്ച ഈശോയുടെ ജീവചരിത്രമാണ് ഈ സുവിശേഷം. സുഗമവും കാര്യക്ഷമവുമായ ഗ്രഹണത്തിനായി സുവിശേഷത്തെ ഏഴു ഭാഗങ്ങളായി തിരിക്കാം. 

1.  1-4 ആമുഖം

2.  1,5-2,52 ദൈവികവാഗ്ദാനങ്ങളുടെ പൂർത്തീകരണാരംഭം

3.  3,1-4,13 ഈശോയുടെ പരസ്യജീവിതത്തിനുള്ള ഒരുക്കം

4.  4,14-9,50 ഗലീലിയൻ പ്രവർത്തനങ്ങൾ

5.  9,51-19,27 ജറൂസലേമിലേയ്ക്കുള്ള യാത്ര

6.  19,28-21,38 ജറുസലേമിലെ പ്രവർത്തനങ്ങൾ

7.  22,1-24,53 സഹനമരണോത്ഥാനങ്ങൾ

സുവിശേഷാമുഖം ഭാഷയിലും ശൈലിയിലും ചരിത്രഗ്രന്ഥങ്ങളുടെ ആമുഖങ്ങളോടു കിടപിടിക്കാൻ പോരുന്നതാണ്. ദൈവിക വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെടുവാൻ ആരംഭിക്കുന്നതു വിവരിക്കുമ്പോൾ സ്‌നാപകയോഹന്നാനെയും ഈശോയെയും സമാന്തരമായി അവതരിപ്പിച്ച് ഈശോയുടെ ശ്രേഷ്‌ഠതയും മഹത്വവും ലൂക്കാ വെളിവാക്കുന്നു. പരസ്യജീവിതത്തിനുള്ള ഒരുക്കത്തിൽ മിശിഹാക്കുവഴിയൊരുക്കുവാൻ വന്ന യോഹന്നാന്റെ പ്രവർത്തനങ്ങളും പ്രബോധനങ്ങളും രേഖപ്പെടുത്തിയശേഷം ഈശോയുടെ മാമോദീസാ, വംശാവലി, പ്രലോഭനങ്ങൾ എന്നിവ വിശദീകരിക്കുന്നു. തൻ്റെ വാക്കുകളിലും പ്രവൃത്തികളിലും കൂടി ഈശോ ദൈവരാജ്യത്തിൻ്റെ സുവിശേഷം ഗലീലിയിൽ പ്രഘോഷിച്ചതാണ് നാലാം ഭാഗത്തു വിവരിക്കുന്നത്. ജറൂസലേമിലേക്കുള്ള യാത്ര യഹൂദജനതയുടെ കേന്ദ്രസ്ഥാനത്ത് നിറവേറാനിരിക്കുന്ന മിശിഹായുടെ “കടന്നുപോകൽ" അഥവാ "സ്വർഗ്ഗാരോഹണം" ലക്ഷ്യം വച്ചുള്ളതാണ്. ജറുസലേമിലെ പ്രവർത്തനങ്ങൾ ദൈവാലയത്തിലും ദൈവാലയത്തെ ചുറ്റിപ്പറ്റിയുമാണ്. അവസാനഭാഗത്ത് അന്ത്യഅത്താഴവും അന്ത്യപ്രഭാഷണവും വിചാരണകളും കുരിശു മരണവും ഉത്ഥാനാനന്തരസംഭവങ്ങളും - സ്വർഗ്ഗാരോഹണം വരെ-വിവരിക്കുന്നു. ഈശോമിശിഹായുടെ ജീവിതത്തെക്കുറിച്ച് ഇത്ര സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു സുവിശേഷവുമില്ല.



ലൂക്കായും രക്ഷാകരചരിത്രവും 

നസ്രായനായ ഈശോയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചരിത്രഗ്രന്ഥമാണ് വി. ലൂക്കാ എഴുതുന്നതെന്നു നമ്മൾ കണ്ടു. ഈ ചരിത്രത്തിന്റെ സ്വഭാവമെന്ത്? ചരിത്രകാരനെന്നതിലുപരി ലൂക്കാ മറ്റെന്തെങ്കിലും കൂടിയാണോ? എന്നൊക്കെ പരിശോധിക്കുകയാണ് നമ്മൾ ഈ അദ്ധ്യായത്തിൽ. 

1 ചരിത്രകാരനായ ലൂക്കാ 

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനവും പ്രഭവസ്ഥാനവുമായ നസ്രത്തിലെ ഈശോയെന്ന ചരിത്രപുരുഷനെക്കുറിച്ച് മറ്റൊരിടത്തും ലഭ്യമല്ലാത്ത അറിവ് വി. ലൂക്കാ നമുക്കു പ്രദാനം ചെയ്യുന്നുണ്ട്. പരിശുദ്ധ കന്യകാമറിയത്തിനു ലഭിച്ച മംഗളവാർത്തയുടെ വിവരണമില്ലായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിനാൽ കന്യകയിൽ നിന്നുള്ള മിശിഹായുടെ ജനനത്തെക്കുറിച്ച് ഇത്ര വിശദമായി നമുക്കറിയുവാൻ സാധിക്കുമായിരുന്നോ? പുൽക്കൂട്ടിലെ ഉണ്ണിയും ഇടയന്മാരുമില്ലാത്ത ഒരു ക്രിസ്‌തുമസിനെക്കുറിച്ചു നമുക്കിന്നു ചിന്തിക്കാനാവുമോ? ഈശോയുടെ സ്വർഗ്ഗാരോഹണത്തെയും പന്തക്കുസ്തായെയുംകുറിച്ച് അറിവില്ലാത്ത ക്രൈസ്‌തവജീവിതം ശുഷ്കമാവില്ലേ? നല്ല സമറിയാക്കാരൻ്റെയും ധൂർത്തപുത്രന്റെയും സക്കേവൂസിന്റെയുമൊക്കെ ഉപമകൾ നമുക്കു ലഭ്യമല്ലായിരുന്നെങ്കിൽ അതു വലിയ നഷ്‌ടമാകുമായിരുന്നില്ലേ? ഇതെക്കുറിച്ചൊക്കെ നമുക്ക് അറിവു നല്‌കുന്നതു വി. ലൂക്കാ മാത്രമാണ്.

വിശ്വാസമെന്നത് ചരിത്രവസ്‌തുതകളുടെ സ്വീകരിക്കൽ എന്നതിലുപരിയാണെന്നു ലൂക്കായ്ക്കറിയാമായിരുന്നെങ്കിലും സാധിക്കുന്നിടത്തോളം അതു ചരിത്രത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതു കൊണ്ടുതന്നെ തനിക്കു ലഭ്യമായിരുന്ന ഉറവിടങ്ങളിൽനിന്നു ലഭിച്ച എല്ലാക്കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്‌മമായി പരിശോധിച്ചതിനുശേഷമാണ് ലൂക്കാ എഴുതുവാൻ ആരംഭിക്കുന്നത് (ലൂക്കാ 1,1-4). ഈ ഉറവിടങ്ങൾ തന്നെയും വചനമായ ഈശോമിശിഹായുടെ ദൃക്സാക്ഷികളും ശുശ്രൂഷകരും ആയിരുന്നവർ കൈമാറി തന്നിട്ടുള്ളത് അനുസരിച്ചാണ് എന്ന് ഊന്നിപ്പറയുമ്പോഴും അവയുടെ ആധികാരികതയും ചരിത്രപരതയുമാണ് ലൂക്കാ വ്യക്തമാക്കുവാൻ ഉദ്ദേശിക്കുന്നത്. തെയോഫിലോസിന് എഴുതുന്നതിന്റെ ലക്ഷ്യത്തിൽ അന്തർലീനമായിരിക്കുന്ന വസ്‌തുതയും ഇതുതന്നെ. അദ്ദേഹത്തോട് പ്രഘോഷിക്കപ്പെട്ട വചനങ്ങളുടെ വിശ്വസനീയതയെയും ആധികാരികതയെയുംകുറിച്ച് അദ്ദേഹത്തെ കൂടുതൽ ബോധ്യപ്പെടുത്തുവാനാണല്ലൊ ലൂക്കാ എഴുതുന്നത്. ലൂക്കാ ഇതു സാധിക്കുന്നതു ചരിത്രവസ്‌തുതകൾ നിരത്തിക്കൊണ്ടാണ്. 

ഈശോയുടെ ജീവിതത്തിലെ താൻ വിവരിക്കുന്ന സംഭവങ്ങൾ ലോകചരിത്രത്തിലെ മറ്റു സംഭവങ്ങളുമായി ബന്ധിപ്പിച്ചാണു ലൂക്കാ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് സഖറിയായ്ക്കുണ്ടാകുന്ന ദർശനം ഹേറോദേസ് യൂദയാ രാജാവായിരിക്കുന്ന കാലത്താണ് (ലൂക്കാ 1,5). ഈശോയുടെ ജനനം റോമാസാമ്രാജ്യത്തിൽ അഗസ്റ്റസ് സീസർ ചക്രവർത്തിയും സിറിയായിൽ ക്വിരിനോസ് ദേശാധിപതിയും ആയിരിക്കുമ്പോഴാണ് (ലൂക്കാ 2,1-2). സ്നാപകയോഹന്നാൻ അനുതാപത്തിൻ്റെ ജ്ഞാനസ്‌നാനം പ്രഘോഷിച്ചു കൊണ്ടു മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് റോമൻ ചക്രവർത്തിയായ തിബേരിയൂസ് സീസറിൻ്റെ ഭരണത്തിൻ്റെ പതിനഞ്ചാം വർഷമാണ്. പൊന്തിയൂസ് പീലാത്തോസ് യൂദയായിൽ ദേശാധിപതിയും ഹേറോദ് അന്തിപ്പാസ് ഗലീലിയുടെയും അവന്റെ സഹോദരൻ പീലിപ്പോസ് ഇത്തൂറിയ, താക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനയുടെയും ഭരണാധിപന്മാരും ആയിരുന്നത് ഇക്കാലത്താണ് (ലൂക്കാ 3,1-2). രാഷ്ട്രീയ ഭരണാധിപന്മാരെക്കുറിച്ചു മാത്രമല്ല, മതനേതാക്കന്മാരെപ്പറ്റിയും ലൂക്കാ പ്രതിപാദിക്കുന്നുണ്ട്; യോഹന്നാൻ്റെ പരസ്യപ്രത്യക്ഷപ്പെടൽ സമയത്ത് അന്നാസും കയ്യാപ്പാസുമായിരുന്നു പ്രധാന പുരോഹിതന്മാർ.

2 ദൈവശാസ്ത്രജ്‌ഞനായ വി. ലൂക്കാ 

സുവിശേഷകനായ വി. ലൂക്കാ ഒരു ചരിത്രകാരനാണെങ്കിലും ചരിത്രത്തെക്കുറിച്ചുള്ള ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു ചരിത്രകാരനല്ല അദ്ദേഹം എന്നത് തർക്കമറ്റ സംഗതിയാണ്. ആധുനിക രീതിയിലുള്ള ഒരു ചരിത്രമെഴുതുക ലൂക്കായുടെ ലക്ഷ്യമായിരുന്നില്ല എന്നതുതന്നെ ഇതിനു കാരണം. ഒരു ചരിത്രകാരനെന്നതിലുപരി ലൂക്കാ ഒരു ദൈവശാസ്ത്രജ്ഞനാണ്. നസ്രായനായ ഈശോയെയും അവിടുത്തെ സന്ദേശത്തെയുംകുറിച്ചു പ്രഘോഷിക്കുകയും അതുവഴി ശ്രോതാക്കളെ പ്രചോദിപ്പിക്കുകയും സുവിശേഷത്തിൽ വിശ്വസിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലൂക്കായുടെ ലക്ഷ്യം. ഈ ലക്ഷ്യ പ്രാപ്തിയ്ക്കായി ചരിത്രസംഭവങ്ങളെ വ്യാഖ്യാനിച്ചാണ് ലൂക്കാ അവതരിപ്പിക്കുന്നത്. ഈശോയുടെ ജീവിതത്തിലെ ചരിത്രസംഭവങ്ങൾക്കു മനുഷ്യരക്ഷയെ സംബന്ധിച്ചുള്ള പ്രസക്തിയും പ്രാധാന്യവും സ്വാധീനവും വ്യക്തമാക്കുകയാണു ലൂക്കാ ചെയ്യുന്നത്. ഈ ദൈവശാസ്ത്ര ലക്ഷ്യസാധ്യത്തിനായി അദ്ദേഹം ചരിത്രത്തെ വളച്ചൊടിക്കുകയോ ഭാവനാസൃഷ്ടികൾ അവയോടു കൂട്ടിചേർക്കുകയോ ചെയ്തിട്ടില്ല. ചരിത്രരചനയിൽ ദൈവശാസ്ത്രവീക്ഷണത്താൽ അദ്ദേഹം നയിക്കപ്പെട്ടിരുന്നു എന്നുമാത്രം സാരം. 

മനുഷ്യനെ സംബന്ധിച്ചുള്ള ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയാണ് ലൂക്കായുടെ ദൈവശാസ്ത്രദർശനത്തിൻ്റെ മുഖ്യഘടകം. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ വി.ഗ്രന്ഥം മുഴുവൻ നിറഞ്ഞു നില്ക്കുന്നത് ഈ ഒരേയൊരു ദൈവികപദ്ധതിയാണ്. പ്രപഞ്ച സൃഷ്ട‌ി മുതൽ മിശിഹായുടെ രണ്ടാമത്തെ ആഗമനം വരെയുള്ള സംഭവങ്ങളാണ് രക്ഷാകരചരിത്രത്തിൻ്റെ വിഷയം. ഈ രക്ഷാകര പദ്ധതിയുടെ ആദ്യഭാഗമായ വാഗ്‌ദാനവും പ്രതീക്ഷയുമാണു പഴയ നിയമം വിവരിക്കുന്നതെങ്കിൽ, മിശിഹായിൽ പൂർത്തിയായ ഈ വാഗ്ദാനത്തിൻ്റെ വിവരണമാണു പുതിയനിയമം. 

പൂർത്തീകരണത്തിൻ്റെ കാലഘട്ടത്തിൽത്തന്നെ, പരസ്പര ബന്ധിതങ്ങളെങ്കിലും വ്യത്യസ്‌തങ്ങളായ രണ്ടു ഭാഗങ്ങളുണ്ട്. ഈശോമിശിഹായുടെ ഈലോകജീവിത കാലഘട്ടവും പരിശുദ്ധാത്മാവിലൂടെ സഭയിൽ അവിടുന്നു തുടർന്നുകൊണ്ടിരിക്കുന്ന അവിടുത്തെ ഉത്ഥാനാനന്തര ജീവിതകാലഘട്ടവും. ഈ രണ്ടു ഘട്ടങ്ങൾക്ക് സമാന്തരമെന്നോണമാണ് വി. ലൂക്കാ തൻ്റെ കൃതി രണ്ടു വാല്യങ്ങളായി തിരിച്ചിരിക്കുന്നത്. ആദ്യവാല്യമായ സുവിശേഷത്തിൽ ഈശോയുടെ ജനനം, ജീവിതം, പ്രവർത്തനങ്ങൾ, പ്രബോധനങ്ങൾ, മരണം, ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവ വിവരിക്കുന്നു. രണ്ടാമത്തെ വാല്യമായ "ശ്ലീഹന്മാരുടെ (അപ്പസ്തോല) പ്രവർത്തനങ്ങളിൽ ഈശോയിൽ സംലഭ്യമായ രക്ഷ സകല ജനപദങ്ങളിലേക്കും ശ്ലീഹന്മാരിലൂടെ വ്യാപിക്കുന്നതു വർണ്ണിക്കുന്നു. സഭയുടെ ചരിത്രം മിശിഹായുടെതന്നെ ജീവിതത്തിന്റെ തുടർച്ചയാണെന്നും, ഭൗതിക ശരീരത്തോടുകൂടിയല്ലെങ്കിലും യഥാർത്ഥത്തിൽ അവിടുന്നു തൻ്റെ പരിശുദ്ധാത്മാവിൽ സഭയിൽ എന്നും ജീവിക്കുന്നുവെന്നും ലൂക്കാ വ്യക്തമാക്കുന്നു. 

പഴയനിയമകാലത്ത് ഇസ്രായേൽ ജനത്തിനു രക്ഷകനായി വർത്തിച്ച ദൈവം പുതിയനിയമത്തിൽ, തൻ്റെ പ്രിയപുത്രനിലൂടെ തന്റെ രക്ഷണീയകർമ്മം അതിൻ്റെ പൂർണ്ണതയിലെത്തിക്കുന്നു. ദൈവികഇടപെടൽകൊണ്ട് മനുഷ്യലോകചരിത്രം രക്ഷാകരചരിത്രമായിഭവിക്കുന്നു. ചരിത്രത്തിൻ്റെ മദ്ധ്യഭാഗത്തു മിശിഹാ നിന്നു. ഈ വീക്ഷണത്തിൻ്റെ തന്നെ വെളിച്ചത്തിലാണു ചരിത്രത്തെ മിശിഹായ്ക്കു മുമ്പും (B.C. Before Christ) മിശിഹായ്ക്കു പിമ്പും (A.D. Anno Domini - Year of the Lord) എന്നു രണ്ടായി തിരിക്കുന്നതും. ലൂക്കായുടെ വീക്ഷണത്തിൽ മിശിഹായുടെ മനുഷ്യാവതാരം ലോകചരിത്രത്തെ രക്ഷാകരചരിത്രമാക്കുന്നു. 

3 സ്വതന്ത്ര എഴുത്തുകാരനായ വി. ലൂക്കാ 

ഉറവിടങ്ങളെ എഡിറ്റു ചെയ്‌തുപയോഗിക്കുന്ന ഒരു വ്യക്തി എന്നതിലുപരി സ്വന്തമായ ദർശനമുള്ള ഒരു സ്വതന്ത്രഎഴുത്തുകാരൻ കൂടിയാണ് വി.ലൂക്കാ. ഈശോയെക്കുറിച്ചും ഈ ഭൂമിയിൽ അവിടുന്നാരംഭിച്ച ദൈവിക ഭരണത്തെക്കുറിച്ചുമുള്ള സദ്‌വാർത്ത പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്രമായി ഒരു രചന നടത്തുകയാണ് ലൂക്കാ. ചരിത്രവസ്‌തുതകൾ പ്രത്യേക ദൈവശാസ്ത്ര വീക്ഷണങ്ങളോടെ അവതരിപ്പിക്കുന്നതിലൂടെ ആദ്യന്തം വികസിപ്പിച്ചെടുക്കുന്ന ചില പ്രമേയങ്ങളുണ്ട് വി. ലൂക്കായുടെ സുവിശേഷത്തിൽ. ഗ്രന്ഥത്തിലുടനീളം വളർന്നുവരുന്ന ഒരേയൊരു മുഖ്യകഥാതന്തു, ഇതിനോടു ചേർന്നു നില്ക്കുന്ന കഥാപാത്രങ്ങൾ തുടങ്ങിയവ ഈ സ്വതന്ത്രരചനയുടെ സവിശേഷതകളാണ്. സുവിശേഷത്തിന്റെ സമഗ്രതയിലേ പ്രധാന കഥാതന്തുവും പ്രമേയവും വ്യക്തമാകൂ. വിവരണത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യത്യസ്ത കഥാപാത്രങ്ങളും രംഗങ്ങളും പ്രധാന പ്രമേയത്തിൻ്റെ വികസനത്തിനു സഹായകമാകുന്നു. 

ലൂക്കായുടെ വിവരണത്തിലെ മാനുഷിക കഥാപാത്രങ്ങളായ ഈശോയും (അവിടുന്നു ദൈവംകൂടിയാണെന്നു വിശ്വാസിക്കറിയാം) സ്നാപകയോഹന്നാനും ശ്ലീഹന്മാരുമൊക്കെ ദൈവത്തിന്റെ രക്ഷാകരപദ്ധതി എന്ന ഏക ലക്ഷ്യസാധ്യത്തിനായി പ്രവർത്തിക്കുന്നു. ഈ ദൈവികപദ്ധതിയോടു ബന്ധപ്പെട്ടു മാത്രമേ ചെറിയ ഭാഗങ്ങൾക്കു പ്രാധാന്യമുള്ളൂ. വിവരണത്തിന്റെ പ്രധാന ഭാഗങ്ങളിൽ ദൈവികപദ്ധതിയുടെ സ്വഭാവം വെളിവാക്കപ്പെടുന്നുണ്ട്. ആദ്യ അധ്യായങ്ങളിൽതന്നെ ദൈവദൂതനും ദൈവാത്മാവു നിറഞ്ഞ മനുഷ്യരും പിതാവായ ദൈവം തന്നെയും ഇതു വെളിപ്പെടുത്തുന്നുമുണ്ട്. വിവരണം മുമ്പോട്ടു പോകുന്തോറും ഈ പദ്ധതിയുടെ പൂർത്തീകരണത്തിനു തടസ്സങ്ങൾ നേരിടുന്നു; ദൈവഹിതം തിരസ്ക‌രിക്കപ്പെടുന്നു. സംഘർഷപൂർണ്ണമാണ് ഈ വിവരണം. അവസാന അധ്യായങ്ങളിലാണ് ഇതേറ്റവും പ്രകടമാകുന്നത്. ജറൂസലേമിൽ അരങ്ങേറിയ സമ്പൂർണ്ണ തിരസ്കരണവും, മനുഷ്യപ്രതീക്ഷയ്ക്കപ്പുറമുള്ള ദൈവത്തിൻ്റെ വിജയവും, ദൈവിക പദ്ധതി എപ്രകാരം മനുഷ്യൻ്റെ തിരസ്‌കരണത്തെ നേരിടുന്നു എന്നു കാണിക്കുന്നു. ചുരുക്കത്തിൽ വി. ലൂക്കാ ഈശോയെ സംബന്ധിച്ച തന്റെ ദൈവശാസ്ത്രദർശനം പരസ്‌പരബന്ധമുള്ള ഭാഗങ്ങൾ ചേർന്ന ഒരു സമ്പൂർണ്ണ ജീവചരിത്രത്തിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്നു. 



വചനശുശ്രൂഷകനായ ലൂക്കാ 

സാർത്ഥക ശബ്ദമാണ് വാക്ക് അഥവാ വചനം. സംസാരിക്കുന്ന വ്യക്തിയുടെ അന്തർഗതം വാക്കിലൂടെ വെളിവാക്കപ്പെടുന്നു. ദൈവത്തിന്റെ മനോഗതം വ്യക്തമാക്കുന്നതാണു ദൈവവചനം. മനുഷ്യനെക്കുറിച്ചുള്ള രക്ഷാകരമായ ദൈവികപദ്ധതിയുടെ ആവിഷ്കാരമാണിത്. മനുഷ്യരോടു സംവേദിക്കുന്നതിൽ ദൈവത്തിനു വലിയ താൽപര്യമുണ്ട്. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ചുള്ള തന്റെ ഹിതമെന്തെന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ സൃഷ്‌ടിയുടെ ആരംഭംമുതലേ ദൈവം ശ്രദ്ധാലുവായിരുന്നു. പഴയനിയമകാലത്ത് തൻ്റെ വക്താക്കളായ പ്രവാചകരിലൂടെയാണ് ഈ സംവേദനം അവിടുന്നു നിർവഹിച്ചത്. ദൈവപുത്രനായ നസ്രായൻ ഈശോയുടെ വരവോടുകൂടി മനുഷ്യർക്കു ദൈവഹിതമറിയാനുള്ള വഴി ഈശോയും അവിടുത്തെ പ്രബോധനങ്ങളുമായി. "പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർവഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാനനാളുകളിൽ തൻ്റെ പുത്രൻവഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു" (ഹെബ്രാ 1,1-2). പുതിയനിയമ കാലഘട്ടമായ ഇന്ന് ദൈവത്തിന്റെ വചനം നമുക്കു ലഭിക്കുന്നത് മനുഷ്യനായവതരിച്ച ദൈവപുത്രനിലൂടെയാണ്. 

വി. ലൂക്കാ സുവിശേഷകൻ ഈശോയെ അവതരിപ്പിക്കുന്നത് പിതാവായ ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയുടെ മനുഷ്യരൂപമായാണ്. ഈശോയെന്ന വ്യക്തിയിലൂടെ അവിടുത്തെ ഹിതമാണ് ലോകത്തിനു വെളിവാക്കപ്പെട്ടത്. ഈശോ തൻ്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പിതാവിൻ്റെ രക്ഷാദായകമായ ഹിതം ലോകത്തെ അറിയിച്ചു.

ലൂക്കാ അറിയിച്ച സുവിശേഷവും ശ്ലീഹന്മാരുടെ നടപടിയും ഒരേ ഗ്രന്ഥകാരനിൽനിന്നാണ് എന്നത് ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യമാണ്. ഇവ ഒരു ഗ്രന്ഥത്തിന്റെ തന്നെ രണ്ടു വാല്യങ്ങളാണ്. രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിലെ രണ്ടു ഘട്ടങ്ങൾക്കു സമാന്തരമായാണ് ഈ വിഭജനം. ആദ്യവാല്യത്തിൽ ഈ പദ്ധതി ഈശോയിൽ പൂർത്തിയായതായി വിവരിക്കുമ്പോൾ രണ്ടാമത്തേതിൽ, അവിടുത്തെതന്നെ തുടർച്ചയായ തിരുസ്സഭയിലൂടെ, പൂർത്തീകരിക്കപ്പെട്ട രക്ഷയുടെ ഫലങ്ങൾ ലോകാതിർത്തികൾവരെ എത്തുന്നതായി വർണ്ണിക്കുന്നു. ആദ്യ ഗ്രന്ഥത്തിലെ പ്രബോധകൻ രണ്ടാമത്തേതിൽ പ്രബോധനവിഷയമാകുന്നു. തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും താതഹിതമറിയിക്കുകയും സഹനമരണോത്ഥാനങ്ങളിലൂടെ മനുഷ്യരക്ഷ സാധിക്കുകയും ചെയ്‌ത ഈശായെ സംബന്ധിച്ച കാര്യങ്ങൾ ആദ്യ ഭാഗത്തിന്റെ വിഷയമാണെങ്കിൽ, ഈ രക്ഷയുടെ ഫലങ്ങൾ സകല ജനതകളിലേയ്ക്കും ശ്ലീഹന്മാരിലൂടെ എത്തുന്നതാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. ചുരുക്കത്തിൽ ഇവ രണ്ടിന്റെയും പ്രമേയം "ദൈവവചനം" തന്നെ. മറ്റു സുവിശേഷങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയാണ് വി.ലൂക്കായുടെ സുവിശേഷത്തിനുള്ള ആമുഖം (ലൂക്കാ 1,1-4). സുവിശേഷത്തിൻ്റെ മാത്രമല്ല, ലൂക്കായുടെ ഗ്രന്ഥത്തിന്റെ രണ്ടാം വാല്യമായ ശ്ലീഹന്മാരുടെ നടപടിയുടെയും കൂടി ആമുഖമാണിത്. ഗ്രന്ഥത്തിൻ്റെ ഈ ആദ്യവാചകങ്ങളിൽ തന്നെ “വചന”വുമായുള്ള ഇതിനുള്ള ബന്ധം ലൂക്കാ അവതരിപ്പിക്കുന്നുണ്ട്. 

1 ശ്രേഷ്ഠനായ തെയോഫിലോസിന് 

ആമുഖത്തിൽ കാണുന്ന "അല്ലയോ, ശ്രേഷ്‌ഠനായ തെയോ ഫിലോസ്" (ലൂക്കാ 1,3) എന്ന അഭിസംബോധന, ആർക്കാണു ലൂക്കാ എഴുതുന്നതെന്നു വ്യക്തമാക്കുന്നു. "ശ്രേഷ്ഠൻ” എന്ന വിശേഷണം ഒരു വ്യക്തിക്കു സമൂഹത്തിലുള്ള സ്ഥാനമഹിമ വെളിവാക്കുന്നതാണ്. സമൂഹത്തിൽ ഉന്നതസ്ഥാനീയനായ ഒരു വ്യക്തിക്കാണു ലൂക്കാ എഴുതുന്നതെന്നു വ്യക്തം.

"തെയോഫിലോസ്" ഒരു ഗ്രീക്കു നാമമാണ്. ഗ്രീക്കുകാർക്കാണ് ലൂക്കാ എഴുതുന്നതെന്ന് ഇതിൽനിന്നു മനസിലാക്കാം. ഈ പേരിനർത്ഥം "ദൈവത്തിൻ്റെ സ്നേഹിതൻ" എന്നാണ്. ഒരു വ്യക്തിയുടെ പേരിലാണു ലൂക്കാ സുവിശേഷമെഴുതുന്നതെങ്കിലും, അദ്ദേഹത്തെ മാത്രമല്ല, മറിച്ച്, അദ്ദഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസികളുടെ സമൂഹത്തെ (ദൈവത്തിൻ്റെ സ്നേഹിതരെ) മുഴുവനുമാണു ലക്ഷ്യം വയ്ക്കുന്നത്. 

2 വചനത്തിൻ്റെ ദൃക്‌സാക്ഷികൾ 

താൻ ഗ്രന്ഥരചന ആരംഭിക്കുന്ന സമയത്തു സഭാസമൂഹത്തിൽ നിലവിലുണ്ടായിരുന്ന ഈശോയുടെ ജീവചരിത്രങ്ങളെക്കുറിച്ചു വി. ലൂക്കാ പരാമർശിക്കുന്നുണ്ട്. “നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതുവാൻ അനേകംപേർ പരിശ്രമിച്ചിട്ടുണ്ടല്ലോ" (ലൂക്കാ 1,1). എഴുത്തുകാരനും വായനക്കാർക്കും സുപരിചിതമായ കാര്യങ്ങളാണ് ഈ വിവരണങ്ങളുടെ വിഷയമെന്ന് "നമ്മുടെ ഇടയിൽ നിറവേറിയ" എന്ന പ്രയോഗത്തിൽനിന്നു വ്യക്തം. ലൂക്കാ എഴുതിത്തുടങ്ങുമ്പോൾ മിശിഹാസംഭവം പൂർത്തിയായിട്ട് ഏകദേശം നാല്‌പതുവർഷങ്ങളേ ആയിട്ടുള്ളു. ആ സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ചവരിൽ പലരും അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണു ലൂക്കാ ഇപ്രകാരം ആരംഭിക്കുന്നത്. “നിറവേറിയ" കാര്യങ്ങളുടെ വിവരണമാണു പലരും എഴുതിയത്. വാഗ്ദ‌ാനങ്ങളും പ്രതീക്ഷകളുമാണു നിറവേറുന്നത്. മിശിഹാസംഭവം പഴയനിയമ വാഗ്‌ദാനങ്ങളുടെയും പ്രതീക്ഷകളുടെയും നിറവേറലായിരുന്നു. മനുഷ്യരക്ഷയെക്കുറിച്ചു ദൈവം മോശയിലൂടെയും പ്രവാചകരിലൂടെയും നൽകിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണല്ലൊ ഈശോമിശിഹായിൽ സംഭവിച്ചത്. ഈ വാഗ്ദാനങ്ങളായിരുന്നു പഴയനിയമത്തിലെ "ദൈവവചനം" എന്നത് ഇവിടെ പ്രത്യേകം സ്‌മരണീയമാണ്. ഗ്രീക്കു മൂലത്തിൽ “നിറവേറ്റപ്പെട്ട” എന്ന കർമ്മണി പ്രയോഗമാണു ലൂക്കാ ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദൈവം നേരിട്ട് തന്റെ വാഗ്ദാനങ്ങൾ ഈശോയിലൂടെ നിറവേറ്റുകയായിരുന്നു എന്നു സൂചിതം. ഈ പൂർത്തീകരണ പ്രക്രിയയുടെ വിവരണമെഴുതുവാനാണ് പലരും ശ്രമിച്ചിട്ടുള്ളത്. ലൂക്കായ്ക്കുമുമ്പേ എഴുതപ്പെട്ട മർക്കോസിന്റെ സുവിശേഷത്തെയും ലൂക്കാ ആശ്രയിച്ചിരിക്കാൻ ഇടയുള്ളതും നമുക്കു ലഭിച്ചിട്ടില്ലാത്തതുമായ മറ്റു ചില രേഖകളെയുമാണ് ലൂക്കാ വിവക്ഷിക്കുന്നത്. ഉദാഹരണത്തിന് വി. മത്തായിയ്ക്കും ലൂക്കായ്ക്കും രചനയിൽ സഹായമായിരുന്ന "Q" ("ഉറവിടം' എന്നർത്ഥമുള്ള ജർമ്മൻ പദമായ Quelle യുടെ ആദ്യക്ഷരം) എന്നു വി. ഗ്രന്ഥപഠിതാക്കൾ പേരു നൽകിയിരിക്കുന്ന രേഖയും ലൂക്കായ്ക്കു മാത്രം ലഭ്യമായിരുന്ന "L" എന്നു പണ്ഡിതന്മാർ പേരു നൽകിയിട്ടുള്ള മറ്റുചില സമാഹാരങ്ങളും ലൂക്കാ വിവക്ഷിക്കുന്ന രേഖകളിൽപ്പെടും. 

തുടർന്ന് ഈ വിവരണങ്ങളുടെ ആധികാരികതയെക്കുറിച്ചാണു വി. ലൂക്കാ വിവരിക്കുന്നത്: "അതാകട്ടെ ആദിമുതൽ തന്നെ വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരും ആയിരുന്നവർ നമുക്ക് ഏല്പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്" (ലൂക്കാ 1,2). താൻ ആശയിക്കുന്ന വിവരണങ്ങളുടെ പ്രാമാണികത തെളിയിക്കാൻ ലൂക്കാ അവയുടെ അടിസ്ഥാനങ്ങളിലേക്കു പോകുന്നു. “വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരു"മായവരിലാണ് ഇവയുടെ അടിസ്ഥാനം. "ദൃക്” എന്ന ക്രിയാധാതുവിനർത്ഥം "നോക്കുക, കാണുക" എന്നൊക്കെയാണ്. നേരിൽ കണ്ടു സാക്ഷ്യം നല്‌കുന്നവനാണു ദൃക്സാക്ഷി. “വചനത്തിൻ്റെ ദൃക്സാക്ഷി" എന്നു പറയുമ്പോൾ വിവക്ഷിക്കപ്പെടുന്ന “വചനം" വ്യക്തിയാകാനേ സാധ്യതയുള്ളൂ; ശബ്ദം/വാക്ക് ആകാൻ തരമില്ല; കാരണം, ശബ്ദം കേൾക്കാനല്ലേ പറ്റൂ, കാണാൻ സാധിക്കില്ലല്ലൊ. ലൂക്കാ ഉദ്ദേശിക്കുന്ന വ്യക്തി നസ്രായനായ ഈശോമിശിഹാ തന്നെ. മനുഷ്യനായവതരിച്ച ഈശോയെ ദൈവത്തിൻ്റെ വചനമായി ചിത്രീകരിക്കുന്നതു വി. യോഹന്നാന്റെ മാത്രം പ്രത്യേകതയായിട്ടാണു പൊതുവേ കരുതുന്നത് (യോഹ 1,1-2.14). ആദിമുതൽക്കേ ദൈവത്തോടു കൂടിയായിരിക്കുന്ന വചനം മാംസം ധരിച്ചതാണ് നസ്രായൻ എന്നാണല്ലൊ യോഹന്നാൻ സമർത്ഥിക്കുന്നത്. എന്നാൽ വി. ലൂക്കായുടെ വീക്ഷണവും ഇതിനോടു സദൃശമാണെന്ന് മുകളിൽ കണ്ട വിശകലനം വ്യക്തമാക്കുന്നു. "വചനത്തിൻ്റെ ദൃക്‌സാക്ഷികൾ" എന്ന പ്രയോഗത്തിലൂടെ ഈശോയെ ദൈവത്തിൻ്റെ വചനമായി ലൂക്കായും അവതരിപ്പിക്കുന്നു. 

3 വചനത്തിൻ്റെ ശുശ്രൂഷകർ 

വി. ലൂക്കാ ആശ്രയിക്കുന്ന വിവരണങ്ങളുടെ പിൻബലം വചനമായ ഈശോയുടെ ദൃക്‌സാക്ഷികളാണെന്നു കണ്ടുവല്ലൊ. ഈ ദൃക്സാക്ഷികൾ ഈശോയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം നല്‌കുന്നതിനു കാരണമായത് അവർ ഈ വചനത്തിന്റെ “ശുശ്രൂഷകർ” കൂടി ആയിരുന്നതുകൊണ്ടാണ്. വചനമായ മിശിഹായുടെ ശുശ്രൂഷകർ അവിടുത്തെക്കുറിച്ചു വിവരണമെഴുതു മുതിർന്നതു അവിടുത്തെ സാക്ഷികൾ എന്ന നിലയിലാണ്. വിവരണമെഴുതുന്നതിനുമുമ്പു വാമൊഴിയായിട്ടാണു മിശിഹാനുഭവം അവർ കൈമാറിയത്. 

തന്റെ സഹനമരണോത്ഥാനങ്ങൾക്കു ശേഷം ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെട്ട നമ്മുടെ കർത്താവ് അവരോട് അരുളിച്ചെയ്തു: “പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറൂസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (ശ്ലീഹ 1, 8). വചനമായ തന്റെതന്നെ ശുശ്രൂഷകരായി, സാക്ഷികളായി അവിടുന്നവരെ നിയമിച്ചയയ്ക്കുകയാണിവിടെ. ഈ ശുശ്രൂഷ/സാക്ഷ്യം അവർ നിർവഹിച്ചതിന്റെ ചരിത്രമാണ് നമ്മൾ ശ്ലീഹന്മാരുടെ നടപടിയിൽ കാണുന്നത്. ശ്ലീഹന്മാരുടെ സാക്ഷ്യം ഈശോമിശിഹാ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു. ഉദാഹരണത്തിന് പന്തക്കുസ്‌താദിനത്തിലെ വി. പത്രോസിന്റെ പ്രസംഗം: "ദൈവത്തിൽനിന്നുള്ള മനുഷ്യനും നസ്രായനുമായ ഈശോ, അവനിലൂടെ ദൈവം പ്രവർത്തിച്ച ധീരകൃത്യങ്ങളോടും അത്ഭുതങ്ങളോടും അടയാളങ്ങളോടുംകൂടെ നിങ്ങളുടെ അടുക്കൽ പ്രത്യക്ഷനായി. അതു നിങ്ങൾക്കറിയാമല്ലൊ. ദൈവത്തിൻ്റെ മുന്നറിവും തിരുവിഷ്‌ടവുമനുസരിച്ച് ഇതിനായി നിയുക്തനായിരുന്നവനെ, നിങ്ങൾ ദുഷ്‌ടന്മാർക്കു കയ്യാളിച്ചു കുരിശിൽ തറച്ചുകൊന്നു. അവൻ പാതാളത്തിൻ്റെ പിടിയിൽ അമരുക അസാധ്യമായിരുന്നതിനാൽ, ദൈവം അവനെ ഉയിർപ്പിച്ചു പാതാളത്തിന്റെ യാതനകളിൽനിന്നു മോചിപ്പിച്ചു... ഈ ഈശോയെ ദൈവം ഉയിർപ്പിച്ചു എന്നതിനു ഞങ്ങൾ സാക്ഷികളാണ്" (ശ്ലീഹ 2,22-32). ദൈവാലയവാതില്ക്കൽ മുടന്തനെ സുഖപ്പെടുത്തിയശേഷം ചെയ്ത പ്രസംഗത്തിലും (ശ്ലീഹ 3,13-15), കേസറിയായിലെ കൊർണേലിയൂസിൻ്റെ ഭവനത്തിലെ പ്രഘോഷണത്തിലും (ശ്ലീഹ 10,34-43) പത്രോസിനു സാക്ഷ്യപ്പെടുത്താനുണ്ടായിരുന്നത് ഈശോ മിശിഹായെക്കുറിച്ചു മാത്രമായിരുന്നു. ഇതായിരുന്നു വചനത്തിന് അദ്ദേഹം ചെയ്‌ത ശുശ്രൂഷ.

വി. പൗലോസ് ശ്ലീഹായുടെ പ്രേഷിതപ്രസംഗങ്ങളുടെ വിഷയവും മറ്റൊന്നുമായിരുന്നില്ല. പിസീദിയായിലെ അന്ത്യോക്യായിൽ നടത്തിയ പ്രഭാഷണത്തിലും (ശ്ലീഹ 13,26-41), അഗ്രിപ്പാ രാജാവിന്റെ മുമ്പിൽ ചെയ്ത പ്രസംഗത്തിലും (ശ്ലീഹ 26,2-23) ഉത്ഥിതനായ മിശിഹായെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. മറ്റു ശ്ലീഹന്മാരുടെയും "വചനശുശ്രൂഷ" ഈശോമിശിഹായെന്ന വ്യക്തിക്കു നൽകിയ സാക്ഷ്യം തന്നെയായിരുന്നു ശ്ലീഹ 6,2-4). 

4 വചനശുശ്രൂഷ കൈമാറ്റത്തിലൂടെ 

മിശിഹായെക്കുറിച്ചുള്ള "പാരമ്പര്യ"ത്തെപ്പറ്റി ആദ്യമായി പരാമർശിക്കുന്ന പുതിയനിയമ ഗ്രന്ഥകാരൻ ലൂക്കായാണ്. വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരുമായിരുന്ന ശ്ലീഹന്മാർ ഈശോമിശിഹായെക്കുറിച്ച് അവർക്കുണ്ടായ അനുഭവം ശ്രവിക്കാൻ സന്നദ്ധതയുണ്ടായിരുന്നവർക്കു കൈമാറിക്കൊടുത്ത പ്രക്രിയയെ സൂചിപ്പിക്കാൻ ലൂക്കാ ഉപയോഗിക്കുന്ന "പാരാഡിദോമി” (paradidomi) എന്ന ക്രിയയിൽ നിന്നാണ് പാരമ്പര്യം എന്നർത്ഥമുള്ള “പാരാദോസിസിൻ്റെ (paradosis) ഉല്‌പത്തി. ഈ ഗ്രീക്കു പദത്തിനു “കൈമാറൽ, ഏല്‌പിച്ചു കൊടുക്കൽ" എന്നൊക്കെയർത്ഥം. വചനമായ മിശിഹായെക്കുറിച്ചു ശ്ലീഹന്മാർക്കുണ്ടായ അനുഭവമാണല്ലൊ അവരുടെ ശുശ്രൂഷയിലൂടെ അവർ കൈമാറിയത്. ലൂക്കായ്ക്കു തന്റെ ഗ്രന്ഥരചനയിൽ സഹായകമായ വിവരണങ്ങൾ “ആദിമുതൽതന്നെ വചനത്തിൻ്റെ ദൃക്‌സാക്ഷികളും ശുശ്രൂഷകരുമായിരുന്നവർ ഏല്പിച്ചു തന്നിട്ടുള്ളതനുസരിച്ചു രൂപംകൊണ്ടവയാണ്” (ലൂക്കാ 1,2). ശ്ലീഹന്മാർ ഇപ്രകാരം കൈമാറിയതാണു യഥാർത്ഥത്തിൽ സഭാപാരമ്പര്യം. ഈ പാരമ്പര്യത്തെ ആസ്‌പദമാക്കിയാണ് സുവിശേഷ വിവരണങ്ങൾ ഉണ്ടായതെന്നാണു ലൂക്കാ സ്ഥാപിക്കുന്നത്. സുവിശേഷങ്ങൾ - വി. ഗ്രന്ഥം മുഴുവൻ - സഭാപാരമ്പര്യത്തിന്റെ ഭാഗമാണെന്നു വരുന്നു. ഈ പാരമ്പര്യത്തിൽ നിന്നു വേർപെടുത്തി വി. ഗ്രന്ഥത്തെ മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ സാധിക്കില്ല. ശ്ലീഹന്മാരുടെ സഭയിലാണ് വി. ഗ്രന്ഥങ്ങൾ രൂപം കൊണ്ടത്; സഭയാണ് ഇത് വാമൊഴിയായും വരമൊഴിയായും നൂറ്റാണ്ടുകളായി അഭംഗുരം കൈമാറിക്കൊണ്ടുവരുന്നതും. ആധികാരികമായി വി. ഗ്രന്ഥത്തെ വ്യാഖ്യാനിക്കുവാൻ അധികാരമുള്ളതും സഭയ്ക്കു തന്നെ.

പൗലോസ്ശ്ലീഹാ താനറിയിച്ച സുവിശേഷത്തെക്കുറിച്ചു കോറിന്തോസിലെ സഭയ്ക്കെഴുതുന്നതിങ്ങനെയാണ്: “ഞാൻ സ്വീകരിച്ചതുതന്നെ മുമ്പു നിങ്ങൾക്ക് 'ഏല്‌പിച്ചു തന്നിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങളിൽ പറയുന്നതുപോലെ, മിശിഹാ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. വിശുദ്ധ ലിഖിതങ്ങളിൽ പറയുന്നതുപോലെ അവൻ സംസ്കരിക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തു" (1 കോറി 15,3-4). കൊറിന്തോസുകാരെ താൻ ഏല്‌പിച്ചുകൊടുത്തത് എവിടെ നിന്നാണ് തനിക്കു ലഭിച്ചതെന്നും വി. പൗലോസ് വ്യക്തമാക്കുന്നുണ്ട്: “ഞാൻ നിങ്ങൾക്കു ഭരമേല്പിച്ചു തന്നത്, നമ്മുടെ കർത്താവിൽനിന്ന് എനിക്കു ലഭിച്ചതാണ്" (1 കോറി 11,23). ശ്ലീഹന്മാരെല്ലാവരും സഭാസമൂഹങ്ങൾക്കു കൈമാറിയിരുന്നത് ഈശോമിശിഹായിൽ നിറവേറിയ രക്ഷാകര സംഭവത്തെക്കുറിച്ചുള്ള അനുഭവങ്ങൾ മാത്രമായിരുന്നു. 

5 വചനശുശ്രൂഷ വരമൊഴിയിലൂടെ 

മിശിഹാസംഭവത്തിനു സാക്ഷികളായ ശ്ലീഹന്മാർ അവരുടെ മിശിഹാനുഭവം കൈമാറിയതും വി.മർക്കോസിനെപ്പോലുള്ള പലരും ആ സംഭവത്തിന്റെ വിവരണമെഴുതിയതും വചനമായ മിശിഹായ്ക്ക് അവർ ചെയ്‌ത ശുശ്രൂഷയുടെ ഭാഗമായി കാണുന്ന വി.ലൂക്കാ തന്റെ സ്നേഹിതനായ തെയോഫിലോസ് പ്രതിനിധാനം ചെയ്യുന്ന സഭാസമൂഹത്തിനായി ക്രമമായ ഒരു വിവരണ മെഴുതുന്നു (ലൂക്കാ 1,3). തനിക്കു ലഭ്യമായ വിവരണങ്ങളിലുള്ള എല്ലാക്കാര്യങ്ങളും സൂക്ഷ്‌മമായി പഠിച്ചതിനുശേഷമാണ് ഈ സംരംഭത്തിനദ്ദേഹം തുനിയുന്നത്. മുൻവിവരണങ്ങൾ ഏതെങ്കിലും തരത്തിൽ കുറവുള്ളവയെന്നു സ്ഥാപിക്കാനോ അവയോടു മത്സരിക്കാനോ ഒന്നുമല്ല ലൂക്കാ ലക്ഷ്യം വയ്ക്കുന്നത്. കാരണം, ലൂക്കായുടെ വിവരണത്തിൻ്റെ ആധികാരികതതന്നെ അവയെ ആശ്രയിച്ചാണല്ലൊ നിലകൊള്ളുന്നത്. “എഴുതുന്നത് ഉചിതമെന്ന് എനിക്കും തോന്നി” എന്നു പറയുമ്പോൾ മുൻഗാമികളോടുള്ള ഐക്യദാർഢ്യമാണ് ഒരുതരത്തിൽ ലൂക്കാ പ്രകടിപ്പിക്കുന്നത്. അങ്ങനെ വാമൊഴിയോടൊപ്പം വരമൊഴികൂടി രൂപം കൊള്ളുന്നു. 

ശ്ലീഹന്മാരുടെ നടപടിയുടെ ആരംഭത്തിൽ ആദ്യവാല്യത്തെക്കുറിച്ചു പ്രതിപാദിക്കുവാനുപയോഗിക്കുന്ന പദം 'വചന'ത്തെ സൂചിപ്പിക്കുന്നതുതന്നെയാണ് എന്നതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. 'ഗ്രന്ഥം' എന്നാണ് മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്കിലും ഗ്രീക്കുമൂലത്തിൽ വചനമെന്നർത്ഥമുള്ള “ലോഗോസ്” എന്ന പദമാണ് ലൂക്കാ ഉപയോഗിച്ചിരിക്കുന്നത് (ശ്ലീഹ 1,2). “അല്ലയോ തെയോഫിലോസ്, ഈശോ താൻ തിരഞ്ഞെടുത്ത അപ്പസ്തോലന്മാർക്ക്, പരിശുദ്ധാത്മാവുവഴി കല്‌പന നൽകിയതിനുശേഷം സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത എല്ലാക്കാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്ഥത്തിൽ (ലോഗോസിൽ) ഞാൻ എഴുതിയിട്ടുണ്ടല്ലോ". ഈശോയുടെ ജീവചരിത്രം തന്നെയായ സുവിശേഷഗ്രന്ഥത്തെയാണ് ലൂക്കാ “ലോഗോസ്" വചനം എന്നു വിളിക്കുന്നത്. സുവിശേഷരചനയിലൂടെ “വചനശുശ്രൂഷ" ചെയ്യുന്ന ശിഷ്യനെയാണു നമ്മൾ ഇവിടെ ദർശിക്കുന്നത്. 

6 വചനങ്ങളുടെ വിശ്വസ്‌തതയെക്കുറിച്ച് 

തന്റെ രചനാലക്ഷ്യം ഗ്രന്ഥാരംഭത്തിൽതന്നെ അവതരിപ്പിക്കുമ്പോൾ “വചനം" എന്ന പദം വീണ്ടും വി. ലൂക്കാ ഉപയോഗിക്കുന്നുണ്ട്. “അത് എല്ലാം ക്രമമായി എഴുതുന്നത് നിന്നെ പഠിപ്പിച്ചിട്ടുള്ള 'വചനങ്ങളുടെ' വിശ്വസ്‌തതയെക്കുറിച്ചു നിനക്കു ബോധ്യം വരാനാണ്” (ലൂക്കാ 1,4). വാമൊഴിയായി ശ്ലീഹന്മാർ മിശിഹായ്ക്കു നൽകിയ സാക്ഷ്യം സ്വീകരിച്ച് വിശ്വാസത്തിലേക്കു വന്ന് മാമോദീസാ സ്വീകരിച്ച ഒരു സമൂഹത്തിനാണു വി. ലൂക്കാ എഴുതുന്നതെന്നു വ്യക്തം. തെയോഫിലോസും സമൂഹവും പൗലോസ്ശ്ലീഹായിൽ നിന്നാകാം സുവിശേഷവചനം ആദ്യമായി സ്വീകരിച്ചത്. ജ്ഞാനസ്നാനത്തോടനുബന്ധിച്ചു മിശിഹായെക്കുറിച്ചു ശ്രവിച്ചതും പഠിച്ചതുമായ കാര്യങ്ങളുടെ വിശ്വസനീയതയെക്കുറിച്ചു സഭാംഗങ്ങൾക്ക് ഉറപ്പു നൽകാനാണു ലൂക്കാ പുതിയ വിവരണമെഴുതുന്നത്. ഈ പുതിയ സഭാസമൂഹത്തിൻ്റെ വിജാതീയ പശ്ചാത്തലം കണക്കിലെടുത്തും തന്റെതന്നെ ദൈവശാസ്ത്രവീക്ഷണങ്ങൾക്കനുസരിച്ചും പരിശുദ്ധാത്മനിവേശത്താൽ വി.ലൂക്കാ എഴുതുന്നു. തങ്ങൾ സ്വീകരിച്ചിരിക്കുന്ന വിശ്വാസം അനാദിമുതലേയുള്ള ദൈവികപദ്ധതിക്കനുസരിച്ചു തൻ്റെ പുത്രനിലൂടെ അവിടുന്നു നിറവേറ്റിയ രക്ഷയുടെ ഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ഗ്രന്ഥ കർത്താവിന്റെ ലക്ഷ്യം. ഈശോയിൽ നിറവേറിയ രക്ഷാകരപദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങളെ സൂചിപ്പിക്കാൻ ലൂക്കാ “വചനങ്ങൾ” എന്ന പദം ഉപയോഗിക്കുന്നു. ശ്ലീഹന്മാരുടെ പ്രഘോഷണവിഷയമായ സുവിശേഷസന്ദേശമാണ് ഇവിടെ വിവക്ഷിതം. 

പത്രോസ്ശ്ലീഹാ തൻ്റെ ആദ്യപ്രസംഗം ആരംഭിക്കുന്നതു തന്നെ “എന്റെ വാക്കുകൾ കേൾക്കുവിൻ" എന്ന ആഹ്വാനത്തോടെയാണ് (ശ്ലീഹ 2,22). ഈ പ്രസംഗത്തെക്കുറിച്ചുള്ള വിവരണം ലൂക്കാ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: "അവൻ മറ്റു പല 'വചനങ്ങളാലും' അവർക്കു സാക്ഷ്യം നൽകുകയും ഈ ദുഷിച്ച തല മുറയിൽനിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയും ചെയ്തു. അവൻ്റെ 'വചനം' ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു" (ശ്ലീഹ 2,40-41). വചനം കേട്ടവർ മിശിഹായിൽ വിശ്വസിക്കുകയും ശ്ലീഹന്മാരുടെ സമൂഹത്തോടു ചേരുകയും ചെയ്തു (ശ്ലീഹ 2,42.44). ഇപ്രകാരം സ്വീകരിച്ച വചനങ്ങളുടെ വിശ്വസനീയതയെക്കുറിച്ച്/സത്യാവസ്ഥയെക്കുറിച്ച് ഉറപ്പു നൽകാനാണ് ലൂക്കാ എഴുതുന്നത്. വചനശുശ്രൂഷ തന്നെയാണ് ലൂക്കായുടേയും ലക്ഷ്യം. 

ശ്ലീഹന്മാർ പ്രഘോഷിച്ച വചനത്തിൻ്റെ ആധികാരികതയെയും സത്യാവസ്ഥയെയുംകുറിച്ചു തെയോഫിലോസിനെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ എഴുതുന്ന വി. ലൂക്കാ, എപ്രകാരമാണ് ഈശോ പഴയനിയമ വചനത്തിന്റെ പൂർത്തീകരണമായിരിക്കുന്നതെന്നും അവിടുത്തെ വചനങ്ങൾ എത്രമാത്രം അധികാരത്തോടുകൂടിയതായിരുന്നെന്നും അവിടുത്തെക്കുറിച്ചുള്ളതും അവിടുത്തേതുമായ വചനം പ്രഘോഷിക്കുവാൻ തൻ്റെ ശ്ലീഹന്മാരെ അവിടുന്ന് എപ്രകാരം നിയമിച്ചാക്കിയെന്നും ആദ്യ വാല്യത്തിൽ വിവരിക്കുന്നു. രണ്ടാമത്തേതിൽ, മിശിഹാ നിർദ്ദേശിച്ചവിധം ശ്ലീഹന്മാർ എപ്രകാരം വചനം പ്രഘോഷിച്ചുവെന്നും ഈ വചനം എങ്ങനെ പ്രചരിക്കുകയും വളരുകയും ചെയ്തുവെന്നും ചിത്രീകരിക്കുന്നു. പത്രോസ് ശ്ലീഹായും പൗലോസ്ശ്ലീഹായുമൊക്കെ വാമൊഴിയിലൂടെ ചെയ്‌ത വചനശുശ്രൂഷ ലൂക്കാ വരമൊഴിയിലൂടെ നിർവ്വഹിക്കുന്നു.

ലൂക്കായുടെ മിശിഹാദർശനം 

രക്ഷാകര ചരിത്രത്തിലെ പ്രധാന വ്യക്തി മനുഷ്യനായവതരിച്ച മിശിഹായാണ്. അവിടുന്നിലൂടെയാണു മനുഷ്യചരിത്രത്തിൽ ദൈവം പ്രവർത്തിക്കുന്നത്. മിശിഹാ രക്ഷ പ്രഘോഷിച്ചവൻ മാത്രമല്ല, പ്രഘോഷണ വിഷയം കൂടിയാണ്. അവിടുന്നു മനുഷ്യ ചരിത്രത്തിലെ ദൈവികപ്രവർത്തനത്തിൻ്റെ പരമകാഷ്ഠയും കേന്ദ്ര ബിന്ദുവുമാണ്. ഇതുകൊണ്ടുതന്നെ ഈശോയെക്കുറിച്ചു വി. ലൂക്കാ പഠിപ്പിക്കുന്ന കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. 

ബേത്ലഹെമിൽ ജനിച്ച് (ലൂക്കാ 2,6-7) നസ്രത്തിൽ വളർന്ന (ലൂക്കാ 4,16) ദാവീദു വംശജനായ (ലൂക്കാ 1, 27) ഒരു പലസ്തീനിയൻ യഹൂദനായാണു ഈശോയെ ലൂക്കാ അവതരിപ്പിക്കുന്നത്. പിതൃഹിതത്തോടുള്ള സമ്പൂർണ വിധേയത്വം (ലൂക്കാ 22,42; 23,46) അവിടുത്തെ മനുഷ്യാസ്‌തിത്വത്തിൻ്റെ മുഖമുദ്രയായിരുന്നു. 

ഒരു സാധാരണ യൂദനിൽനിന്നു നസ്രായനായ ഈശോയെ വേർതിരിച്ചിരുന്ന ഘടകങ്ങൾ പലതുണ്ട്. ഉദാഹരണത്തിന് അവിടുത്തെ കന്യാത്വജനനം (ലൂക്കാ 1,27), പരിശുദ്ധാത്മ നിയന്ത്രിത ജീവിതവും പ്രവർത്തനങ്ങളും (ലൂക്കാ 3,22; 4,18), പിതാവായ ദൈവത്തോടുള്ള പ്രത്യേകബന്ധം (ലൂക്കാ 2, 49; 3,22; 9,35; 10,21-22; 23,46) മരിച്ചവരിൽ നിന്നുള്ള ഉത്ഥാനം (ലൂക്കാ 24, 62; 2, 24-32; 3,15; 4,10; 5,30; 10,40; 13,30.33.37; 26,23) സ്വർഗ്ഗാരോഹണം(24,51; ശ്ലീഹ 1,9) തുടങ്ങിയവ. സ്വർഗ്ഗാരോഹിതനായ മിശിഹാ സ്വർഗ്ഗീയപിതാവിന്റെ വലത്തുഭാഗത്തുനിന്നുകൊണ്ട് (ശ്ലീഹ 7,55-56), ശിഷ്യരുടെമേൽ ആത്മാവിനെ വർഷിക്കുന്നു (ശ്ലീഹ 2,33). സ്വർഗ്ഗത്തിലേയ്ക്ക് “പോയതുപോലെ തന്നെ" അവൻ തിരിച്ചുവരും (ശ്ലീഹ 1, 11; 3,20-21). ഈശോയുടെ അസ്‌തിത്വത്തിന്റെ മാനുഷികവും ദൈവികവുമായ ഈ വശങ്ങളുടെ സമഞ്ജസ സമ്മേളനമാണ് “മിശിഹാ സംഭവം" (Christ-event). 

ഈശോയുടെ വ്യക്തിത്വത്തെ വിവരിക്കാൻ ലൂക്കാ വിവിധങ്ങളായ സംജ്ഞകൾ ഉപയോഗിക്കുന്നുണ്ട്. 

1 മിശിഹാ 

“മിശിഹാ/ക്രിസ്തു" ഈശോയെ സംബന്ധിച്ച് അതിപ്രധാനമായ ഒരു സംജ്ഞയാണ്. എമ്മാവൂസിലേയ്ക്കുപോയ ശിഷ്യരോടുള്ള ഉത്ഥിതനായ കർത്താവിൻ്റെ ചോദ്യത്തിൽനിന്നും അവിടുന്നു തന്നെ സ്വയം "മിശിഹാ"യായി അംഗീകരിക്കുന്നതു കാണാം: “മിശിഹാ ഇതെല്ലാം സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിക്കേണ്ടിയിരുന്നില്ലെ?" (ലൂക്കാ 24,26) "മിശിഹാ" എന്നത് ഈശോയുടെ രണ്ടാം പേരായി (“ഈശോമിശിഹാ") പുതിയനിയമത്തിൽ തന്നെ ഉപയോഗിക്കുന്നുണ്ട് (ശ്ലീഹ 2,38; 3,6; 4,10; 8,12; 9,34; 10,36-48; 11,17; 15,26; 16,18). 

“മിശിഹാ" എന്ന പദത്തിൻ്റെ അർത്ഥം "അഭിഷിക്തൻ" എന്നാണ്. ജനത്തിൻ്റെ സംരക്ഷണത്തിനും ശുശ്രൂഷയ്ക്കുമായി അഭിഷിക്തരായിരുന്ന ദൈവികമനുഷ്യരെ പഴയനിയമത്തിൽ “മിശിഹാ" എന്നു വിളിച്ചിരുന്നു. അങ്ങനെ രാജാക്കന്മാരായ സാവൂളും ദാവീദും പ്രധാന പുരോഹിതന്മാരുമൊക്കെ ഈ പേരിൽ അറിയപ്പെട്ടിരുന്നു. 

മിശിഹായെക്കുറിച്ചുള്ള പഴയനിയമ പ്രതീക്ഷയുടെ വ്യക്തമായ തുടക്കം നാഥാൻ പ്രവാചകനിലൂടെ ദാവീദു രാജാവിനു ദൈവം നല്‌കിയ വാഗ്‌ദാനത്തിലാണ്. അവിടുന്നരുളിച്ചെയ്തു‌: “ദിനങ്ങൾതികഞ്ഞ് നീ പൂർവ്വികരോടു ചേരുമ്പോൾ നിന്റെ ഔരസ പുത്രനെ ഞാൻ ഉയർത്തി അവൻ്റെ രാജ്യം സുസ്ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും; അവൻ്റെ രാജസിംഹാസനം ഞാൻ എന്നേയ്ക്കും സ്ഥിരപ്പെടുത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും" (2 സാമു 7,12-14). ദാവീദു രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ തന്നെ പുത്രനെ ദൈവം ഉയർത്തുമെന്നും അവൻ്റെ രാജ്യം നിത്യകാലത്തേക്കു സ്ഥിരമാക്കുമെന്നുമായിരുന്നല്ലൊ വാഗ്ദ‌ാനത്തിൻ്റെ ഉള്ളടക്കം. “വരുവാനിരിക്കുന്നവനെ'ക്കുറിച്ചുള്ള പ്രതീക്ഷ ഇവിടെ ഉടലെടുത്തു. അവനെക്കുറിച്ചറിയാമായിരുന്ന പ്രധാന സംഗതി, അവൻ നിത്യ രാജാവായിരിക്കും എന്നതായിരുന്നു; ഒപ്പം അവൻ ദൈവത്തിന്റെ പുത്രനായിരിക്കും എന്ന സൂചനയും ഈ വാഗ്ദ‌ാനത്തിൽ ഉണ്ടായിരുന്നു. രാജാവാണെങ്കിൽ, അഭിഷേകം ചെയ്യപ്പെടുന്നവൻ ആയിരിക്കും; കാരണം, രാജാക്കന്മാരെ അഭിഷേചിച്ചാണ് അധികാരമേല്പിച്ചിരുന്നത്. അതുകൊണ്ടാണ് വരുവാനിരിക്കുന്നവൻ “അഭിഷിക്തൻ” എന്നർത്ഥമുള്ള "മിശിഹാ" (ക്രിസ്‌തു) ആയിരിക്കുമെന്ന് ഇസ്രായേൽ ജനം പ്രതീക്ഷിച്ചിരുന്നത്. 

ഈശോയുടെ ജനനത്തിനു മുമ്പുള്ള നൂറ്റാണ്ടുകളിൽ പലസ്തീനിയൻ യഹൂദർക്കിടയിൽ ഒരു ഭാവി "അഭിഷിക്ത”നെക്കുറിച്ചുള്ള പ്രതീക്ഷ ശക്തമായിരുന്നു. ബാഹ്യശക്തികളുടെ അടിമത്തത്തിൽ നിന്നു തങ്ങളെ രക്ഷിക്കുന്ന ഒരു രാഷ്ട്രീയ മിശിഹായെക്കുറിച്ചുള്ളതായിരുന്നു പ്രധാനമായും ഈ പ്രതീക്ഷ. 

“മിശിഹാ" എന്ന പദത്തിനുണ്ടായിരുന്ന ഈ രാഷ്ട്രീയ ധ്വനി നിമിത്തമാണു “നീ ദൈവത്തിൻ്റെ മിശിഹായാണ്" (ലൂക്കാ 9,20) എന്ന പത്രോസിൻ്റെ പ്രഖ്യാപനത്തെ ഈശോ തിരുത്തുന്നത്. ഇക്കാര്യം ആരോടും പറയരുതെന്നു കർശനമായി നിരോധിച്ച ശേഷം താൻ ഏല്ക്കാനിരിക്കുന്ന സഹന, തിരസ്‌കരണ, മരണങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ട്, താൻ ഏതു തരത്തിലുള്ള മിശിഹായാണെന്ന് ഈശോ വ്യക്തമാക്കി (ലൂക്കാ 9,21-22). സഹന മരണോത്ഥാനങ്ങളിലൂടെയാണ് അവിടുന്ന് കർത്താവും മിശിഹായും ആയി ഭവിച്ചതെന്നു ലൂക്കാ തൻ്റെ രണ്ടാം വാല്യത്തിലും വ്യക്തമാക്കുന്നുണ്ട്: “നിങ്ങൾ കുരിശിൽ തറച്ച ഈശോയെ ദൈവം കർത്താവും മിശിഹായുമാക്കി ഉയർത്തി എന്ന് ഇസ്രായേൽ ജനം മുഴുവൻ അറിയട്ടെ" (ശ്ലീഹ 2,36).  

ചുരുക്കത്തിൽ മനുഷ്യകുലത്തിനായുള്ള ദൈവിക രക്ഷയുടെ സംവാഹകനായ ദൈവത്തിൻ്റെ അഭിഷിക്തനാണു മിശിഹാ. ഈശോയുടെ ജനനത്തിൽത്തന്നെ ഈ സത്യം പ്രഖ്യാപിക്കപ്പെട്ടു: "ദാവീദിൻ്റെ പട്ടണത്തിൽ, നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ മിശിഹാ, ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2,11). പരസ്യജീവിതാരംഭത്തിൽ, ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട്,താൻ ആത്മാവിനാൽ അഭിഷിക്തനാണെന്ന് ഈശോ വ്യക്തമാക്കി (ലൂക്കാ 4,18). സഹനമരണോത്ഥാനങ്ങളിലൂടെയാണു താൻ മിശിഹായായത് എന്ന് ഉത്ഥാനശേഷം ഈശോ ശിഷ്യരെ അനുസ്മരിപ്പിച്ചു (ലൂക്കാ 24,46). മഹത്വപൂർണ്ണനായി വീണ്ടും പ്രത്യക്ഷപ്പെടാനുള്ള മിശിഹായായി സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിൽ അവിടുന്ന് ഇന്നും ജീവിക്കുന്നു (ശ്ലീഹ 3,19-21). 

2 കർത്താവ് 

പഴയനിയമത്തിൽ ദൈവത്തിനുള്ള പ്രധാന പേര് “യാഹ്‌വെ” എന്നാണ്. “കർത്താവ്" (Lord) ഇതിന്റെ തർജമയാണ്. “ഹായാ" (haya) എന്ന ഹീബ്രു ക്രിയയിൽനിന്നാണ് ഇതിന്റെ ഉത്ഭവം; അർത്ഥം “ആയിരിക്കുക" (to be) എന്നും. "ആയിരിക്കുന്നവൻ, നിലനില്ക്കുന്നവൻ, സ്വയാസ്‌തിത്വമുള്ളവൻ, അസ്‌തിത്വത്തിനാധാരം" എന്നൊക്കെ “യാഹ്‌വെ”യ്ക്കർത്ഥം പറയാം (പുറ 3,14). 

ഇസ്രായേൽ ജനത്തോടു ബന്ധപ്പെടുത്തിയാണു പഴയനിയമം "യാഹ്‌വെ" എന്ന നാമം ഉപയോഗിക്കുന്നത്. "ഇസ്രായേലിന്റെ ദൈവമായ കർത്താവ്" എന്നതാണു പ്രയോഗം തന്നെ (ന്യായാ 5,4-5). ഇസ്രായേൽ ദൈവമായ കർത്താവിന് ഒരു വിശുദ്ധ ജനമായിരുന്നു (നിയമാ 26, 16-19). ഇസ്രായേൽ ജനത്തിന്റെ അസ്തിത്വത്തിന്നാധാരം ദൈവമായ കർത്താവാണ് എന്നൊരു സൂചനകൂടി ഇവിടെയുണ്ട്. 

പിതാവായ ദൈവത്തെയും പുത്രനായ മിശിഹായെയും സൂചിപ്പിക്കാൻ "കർത്താവ്" എന്ന സംജ്ഞ മാറിമാറി ഉപയോഗിക്കുന്നതു വഴി പിതാവിനോടു പുത്രനുള്ള തുല്യത വി.ലൂക്കാ വ്യക്തമാക്കുന്നു. "മിശിഹാ"യോടു ചേർത്ത് “കർത്താവും" ലൂക്കാ ഉപയോഗിക്കുന്നുണ്ട് (ലൂക്കാ 2,11; ശ്ലീഹ 2, 36). മനുഷ്യവംശത്തിന്മേൽ പിതാവിനും പുത്രനുമുള്ള അധീശത്വം തെളിയിക്കുന്നതാണ് ഈ പ്രയോഗം. 

3 രക്ഷകൻ 

ഇസ്രായേൽജനതയുടെ ചരിത്രത്തിൽ രക്ഷകൻ കർത്താവായ ദൈവം തന്നെയാണ്; അവിടുന്നു രക്ഷിക്കുന്നതു മാനുഷിക വ്യക്തികളിലൂടെ ആണെങ്കിലും. ഉദാഹരണത്തിനു മോശയല്ല, കർത്താവാണ് അവരെ ചെങ്കടൽ കടക്കുവാൻ സഹായിച്ചത് (പുറ 15,1-21). ന്യായാധിപന്മാരെയും രാജാക്കന്മാരെയും രക്ഷകരായി ജനത്തിനു നല്കിയതും കർത്താവുതന്നെ (ന്യായാ 2,16-18; 3,9-15). ദൈവം നല്‌കുന്ന രക്ഷ ഭൗതികതലത്തിൽമാത്രം ഒതുങ്ങി നില്ക്കുന്നതായിരുന്നില്ല; ആത്മീയതലത്തെയും ബാധിക്കുന്നതായിരുന്നു. 

ഭാവിയിലും ചരിത്രത്തിൽ ദൈവത്തിൻ്റെ രക്ഷാകരമായ ഇടപെടലുകൾ ഉണ്ടാകുമെന്നു പ്രവാചകർ മുൻകൂട്ടി അറിയിച്ചിരുന്നു (ആമോസ് 7,1-9; 8,1-2; ഹോസയാ 2,6-7.14-15; 3,4-5). ഏശയ്യായും രക്ഷകനായി വരുന്ന ദാവീദു വംശജനായ രാജാവിനെക്കുറിച്ചറിയിച്ചിട്ടുണ്ട് (ഏശ 9,2-7; 11,1-10). 

പുതിയ നിയമത്തിൽ "രക്ഷകൻ" എന്ന പേര് ദൈവത്തോടും ഈശോയോടും ചേർത്തു മാത്രമാണുപയോഗിക്കുന്നത്. മത്തായി സുവിശേഷകൻ നല്‌കുന്നതുപോലെ "ഈശോ" എന്ന പേരിന്റെ അർത്ഥം (മത്താ 1,21: "ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നവൻ") ലൂക്കാ നല്‌കുന്നില്ലെങ്കിലും, ഈ നാമത്തിൽ മാത്രമാണു രക്ഷയെന്നു ലൂക്കാ എടുത്തു പറയുന്നുണ്ട് (ശ്ലീഹ 2,38; 4,12; 5,31). 

ഈശോയുടെ ജനനാവസരത്തിൽ മാലാഖ ബേത്ലഹെമിലെ ഇടയന്മാർക്ക് അവിടുത്തെ പരിചയപ്പെടുത്തുന്നത് രക്ഷകനും മിശിഹായും കർത്താവുമെന്നാണ് (ലൂക്കാ 2,11). സഖറിയാ പുരോഹിതൻ മനുഷ്യാവതാരത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു കൊണ്ട് ദൈവത്തെ സ്‌തുതിക്കുന്നു: "അവിടുന്നു തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചു; തൻ്റെ ദാസനായ ദാവീദിൻ്റെ ഭവനത്തിൽ നമുക്കു ശക്തനായ ഒരു രക്ഷകനെ ഉയർത്തി" (ലൂക്കാ 1, 68-69). തന്റെ രക്ഷാകരദൗത്യത്തെക്കുറിച്ച് ഈശോയ്ക്കുതന്നെയുണ്ടായിരുന്ന ബോദ്ധ്യമാണു സക്കേവൂസിൻ്റെ ഭവനത്തിൽവച്ച് അവിടുന്നരുളിച്ചെയ്ത വാക്കുകളിൽ പ്രതിഫലിക്കുന്നത്: “നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്" (ലൂക്കാ 19,10). വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഈശോ പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ കാതലും രക്ഷയായിരുന്നു. അവിടുന്നു പ്രദാനം ചെയ്‌ത സുഖപ്പെടുത്തലുകൾ ശാരീരിക സൗഖ്യത്തെക്കാളുപരി, വ്യക്തിക്കു ലഭിച്ച സമ്പൂർണ്ണരക്ഷയുടെ പ്രതീകങ്ങളായിരുന്നു. "നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു;സമാധാനത്തോടെ പോവുക" (ലൂക്കാ 7,50; 8,48) എന്നു പാപിനിയോടും രക്തസ്രാവക്കാരി സ്ത്രീയോടും അവിടുന്നു പറയുന്ന വാക്കുകളും ഈ വസ്‌തുതയെയാണ് തെളിയിക്കുന്നത്. ഈശോയുടെ നാമത്തിൽ ശ്ലീഹന്മാർ നല്കുന്ന രോഗശാന്തികളും രക്ഷയെന്ന യാഥാർത്ഥ്യമാണ് വെളിവാക്കുന്നത് (ശ്ലീഹ 3,6; 4, 9-10). 

ഈശോ തന്റെ സഹനമരണോത്ഥാനങ്ങളിലൂടെ മനുഷ്യകുലത്തിന്റെ “രക്ഷകനായി" (ശ്ലീഹ 5,31; 13,23). വി.പത്രോസ് ശ്ലീഹാ പറയുന്നു: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന ഈശോയെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‌കാൻ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയർത്തി" (ശ്ലീഹ 5,30-31). 

മിശിഹാ സാധിച്ച സമഗ്രമായ മനുഷ്യവിമോചനമാണ് “രക്ഷ” എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. രക്ഷകൻ എന്ന നിലയിൽ പാപത്തിന്റെയും തിന്മയുടെയും ശക്തികളിൽനിന്നും മനുഷ്യരെ വിമോചിപ്പിച്ചു ദൈവവുമായുള്ള ബന്ധത്തിൻ്റെ സമഗ്രതയിലേക്ക് അവിടുന്നു അവരെ നയിച്ചു. 

4 ദൈവപുത്രൻ 

പഴയനിയമത്തിൽ ഇസ്രായേൽ ജനതയെ "ദൈവമക്കൾ" എന്നു വിശേഷിപ്പിച്ചിരിക്കുന്നതു കാണാം (പുറ 4, 22; നിയ 14,1; ഏശ 1,2; 43,6). ദൈവ-മനുഷ്യ ഉടമ്പടിബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം. സീനായ് ഉടമ്പടിയിലൂടെ ദൈവം ഇസ്രായേൽ ജനത്തെ ദത്തുപുത്രരായി സ്വീകരിക്കുകയായിരുന്നല്ലൊ. നാഥാൻ പ്രവാചകനിലൂടെ ദൈവം ദാവീദിനു നല്‌കിയ വാഗ്ദാനത്തിൽ, വരുവാനിരിക്കുന്ന ദാവീദിൻ്റെ പുത്രൻ, ദൈവത്തിന്റെ പുത്രൻകൂടി ആയിരിക്കുമെന്ന സൂചനയുണ്ടായിരുന്നു (2 സാമു 7,14). ഈ വാഗ്ദ‌ാനമാണ് ഈശോയിൽ നിറവേറിയത്. അവിടുന്ന് ഒരേസമയം ദൈവത്തിൻ്റെ പുത്രനും ദാവീദിൻ്റെ പുത്രനും ആയിരുന്നല്ലൊ. 

ലൂക്കായുടെ സുവിശേഷത്തിൽ ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യകാമറിയത്തെ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള മംഗലവാർത്ത അറിയിക്കുന്ന സന്ദർഭത്തിൽ, ജനിക്കാൻ പോകുന്നവൻ “അത്യുന്നതന്റെ പുത്രൻ, ദൈവത്തിൻ്റെ പുത്രൻ" എന്നു വിളിക്കപ്പെടും എന്നറിയിക്കുന്നുണ്ട് (ലൂക്കാ 1, 32-35). അശുദ്ധാത്മാക്കൾ പോലും ഈശോയുടെ ദൈവപുത്രസ്ഥാനം ഏറ്റുപറയുന്നതു കാണാം (ലൂക്കാ 4,41; 8,28). മരുഭൂമിയിലെ പരീക്ഷകൾ യഥാർത്ഥത്തിൽ അവിടുത്തെ ദൈവപുത്രത്വത്തിനെതിരെയുള്ള വെല്ലുവിളികളായിരുന്നു (ലൂക്കാ 4,1-13). 

മാമോദീസായുടെയും രൂപാന്തരീകരണത്തിൻ്റെയും സന്ദർഭങ്ങളിൽ പിതാവായ ദൈവംതന്നെ ഈശോയുടെ ദൈവപുത്രസ്ഥാനം ആധികാരികമായി പ്രഖ്യാപിക്കുന്നുണ്ടല്ലൊ (ലൂക്കാ 3,22; 9,35). ഈശോ താൻ ദൈവപുത്രനാണെന്ന് ന്യായാധിപസംഘത്തിന്റെ മുമ്പാകെയുള്ള വിചാരണാവേളയിൽ പരസ്യമായി ഏറ്റുപറയുന്നുമുണ്ട് (ലൂക്കാ 22,70). 

പുത്രൻ എന്ന നിലയിൽ ഈശോയ്ക്കു പിതാവിനെക്കുറിച്ചുള്ള അറിവും അവിടുത്തെ വെളിപ്പെടുത്തുവാനുള്ള കഴിവും ഈശോ തന്നെ വ്യക്തമാക്കുന്നുമുണ്ട്: “എല്ലാക്കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്നു പുത്രനും, പുത്രൻ ആർക്കു വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10,22). പുത്രസ്ഥാനത്തിന്റെ അനന്യതയാണ് ഇവിടെ വെളിവാകുന്നത്. 

5 മനുഷ്യപുത്രൻ 

ഈശോ തന്നെക്കുറിച്ചുതന്നെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന സംജ്ഞയാണ് "മനുഷ്യപുത്രൻ" എന്നത്. ഈശോയുടെ പരസ്യജീവിതത്തെയും പീഡാസഹനത്തെയുംകുറിച്ചു പരാമർശിക്കുന്നിടങ്ങളിലാണ് ഇതു കൂടുതലും പ്രത്യക്ഷപ്പെടുന്നത് (ലൂക്കാ 5, 24; 6,5; 11,30; 12,10; 19,10; 22,48; 9,22-44; 18,31; 22,22; 24,7). 

പഴയനിയമത്തിലെ ദാനിയേലിൻ്റെ പുസ്‌തകം ഏഴാം അധ്യായത്തിൽ വാനമേഘങ്ങളോടൊപ്പം പുരാതനനായവന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന "മനുഷ്യപുത്രനെപ്പോലുള്ള ഒരുവനി"ൽ നിന്നാണ് ഈ സംജ്ഞയുടെ ഉത്ഭവം (ദാനി 7,13). അവിടെ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന നീതിമാനായ ഇവൻ ഇസ്രായേലിൻ്റെ പ്രതീകവുമാണ്. അപ്പോക്രിഫൽ ഗ്രന്ഥമായ, ഏനോക്കിൻ്റെ പുസ്‌തകത്തിൽനിന്നു മനസിലാകുന്നതുപോലെ, ഇവൻ ശക്തരായ രാജാക്കന്മാരെയും പാപികളെയും കീഴ്പ്പെടുത്തുന്ന ന്യായാധിപനാണ് (ഏനോക്ക് 46-69). 

പുതിയനിയമത്തിൽ സുവിശേഷങ്ങളിൽ മാത്രം, അതും ഈശോയുടെ അധരങ്ങളിൽ മാത്രം, കാണപ്പെടുന്ന പ്രയോഗമാണിത്. പുതിയ ഇസ്രായേൽ ഈശോ ആണെന്ന സൂചന ഇതിലുണ്ട്. യുഗാന്ത്യത്തിൽ ദൈവപുത്രനായ അവിടുന്ന് ന്യായാധിപനായി വരുന്നത് ദാനിയേലിൻ്റെ പുസ്‌തകത്തിലെ “മനുഷ്യ പുത്രന്റെ" രൂപത്തിലായിരിക്കും എന്ന് ഈശോതന്നെ സൂചിപ്പിച്ചിട്ടുണ്ട് (ലൂക്കാ 9,26; 17,24-26; 21,27; 22,69). 

എന്നാൽ "മനുഷ്യപുത്രൻ" എന്ന പ്രയോഗം കൂടുതലും നമ്മൾ കേൾക്കുന്നത് മിശിഹായുടെ സഹനത്തെയും മരണത്തെയും കുറിച്ചുള്ള പ്രസ്‌താവനകളിലാണ് (ലൂക്കാ 9,22.44.58;11,30; 18,31; 22,22.48; 24,6). മനുഷ്യപുത്രൻ എന്ന നിലയിലാണ് ഈശോ സഹിക്കുന്നതും മരിക്കുന്നതും. എന്നു പറഞ്ഞാൽ, അവിടുത്തെ മനുഷ്യത്വമാണു സഹിക്കാൻ അവിടുത്തെ പ്രാപ്തനാക്കുന്നത്. ഇവിടെ ദാനിയേലിൻ്റെ പുസ്‌തകത്തിലെ “മനുഷ്യപുത്രൻ” എന്ന ആശയത്തോട് ഏശയ്യായുടെ ഗ്രന്ഥത്തിലെ "സഹനദാസൻ” എന്ന ആശയം കൂടി സംയോജിപ്പിച്ചിരിക്കുന്നതു കാണാം. ദാവീദിന്റെ പുത്രനായ രാജകീയ മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയിലെ രാഷ്ട്രീയച്ചുവ ഇതിലില്ല എന്നുള്ളതാണ് ഈ പ്രയോഗത്തെ കൂടുതൽ പ്രസക്തമാക്കുന്നത്. യുഗാന്ത്യത്തിൽ പ്രത്യക്ഷപ്പെടാനിരിക്കുന്ന വിധികർത്താവ് സഹിച്ചു മരിച്ചുയിർത്ത മനുഷ്യപുത്രനാണ്. 

മനുഷ്യനായവതരിച്ച ദൈവപുത്രനാണ് പാപം മോചിക്കുവാനും (ലൂക്കാ 5,24) സാബത്തു നിയമം നവീനമായി വ്യാഖ്യാനിക്കുവാനും (ലൂക്കാ 6,5) അധികാരമുള്ളത് എന്ന് ഈശോ പഠിപ്പിക്കുന്നത് "മനുഷ്യപുത്രൻ്റെ ഭാഷ ഉപയോഗിച്ചാണ്. തന്റെ രക്ഷണീയ ദൗത്യത്തെ അവിടുന്നു സൂചിപ്പിക്കുന്നതും ഇതേ ഭാഷയിലാണ് (ലൂക്കാ 19,10). 

6 പ്രവാചകൻ 

ദൈവികമനുഷ്യനാണ് പ്രവാചകൻ (1 സാമു 2,27, 9,6-10; 1 രാജാ 12,22; 13,1; 17,18.24; 20,28; 2000 1,9-13; 7,19-20). മനുഷ്യർക്കു വെളിപ്പെടുത്തികൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം, മോശ ഇസ്രായേൽ ചരിത്രത്തിലെ സുപ്രധാനനായ പ്രവാചകനാണ്. അദ്ദേഹത്തെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഉണ്ടായിട്ടില്ല എന്നതാണ് യഹൂദപാരമ്പര്യം (നിയ 34,10). ഈ “മോശയെപ്പോലൊരു" പ്രവാചകനെ അയക്കുമെന്നതും ദൈവത്തിന്റെ വാഗ്ദാനമായിരുന്നു (നിയ 18,15.18). ഈ വാഗ്ദാന പ്രകാരം വന്ന പ്രവാചകനാണ് നസ്രായനായ ഈശോ എന്ന് വി.പത്രോസ് ശ്ലീഹായും സാക്ഷിക്കുന്നുണ്ട് (ശ്ലീഹ 3,22). 

അടിമത്തത്തിലായിരുന്ന ഇസ്രായേൽജനതയെ “സന്ദർശിച്ചു രക്ഷിക്കാൻ" ദൈവത്താൽ അയക്കപ്പെട്ടവനാണ് മോശ (ശ്ലീഹ 7, 3-35). അത്ഭുതങ്ങളും അടയാളങ്ങളും വഴിയാണ് മോശ ജനത്തെ വിമോചിപ്പിച്ചത്. എങ്കിലും ജനം മോശയെ തിരസ്‌കരിക്കുകയാണുണ്ടായത് (ശ്ലീഹ 7, 39-43). ലൂക്കായുടെ വീക്ഷണത്തിൽ ഈശോ മോശയെപ്പോലുള്ള പുതിയനിയമ പ്രവാചകനാണ്; ദൈവത്താൽ പ്രത്യേകവിധം തിരഞ്ഞെടുക്കപ്പെടുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്ത പ്രവാചകൻ (ശ്ലീഹ 2, 34-36). തന്റെ ജനത്തെ “സന്ദർശിച്ചു രക്ഷിക്കാനായി" ദൈവം ഈശോയെയാണ് അയച്ചത് (ലൂക്കാ 1,68; 7,16; 19,44). നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ച സന്ദർഭത്തിൽ ജനക്കൂട്ടം ദൈവത്തെ സ്‌തുതിച്ചുകൊണ്ടു പറഞ്ഞു: "ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു" (ലൂക്കാ 7,16). എമ്മാവൂസിലേക്കു പോകുന്ന ശിഷ്യന്മാരുടെ പ്രസ്‌താവനയിൽ പ്രതിഫലിക്കുന്നതും ജനത്തിന്റെ ഈ വിശ്വാസം തന്നെയായിരുന്നു. അവർ പറഞ്ഞു: "അവൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു" (ലൂക്കാ 24,19). 

ഈശോ പ്രവാചകനായ മിശിഹായാണെന്ന കാര്യം നസ്രത്തു സിനഗോഗിലെ തിരസ്‌കരണം വ്യക്തമാക്കുന്നുണ്ട് (ലൂക്കാ 4, 16-30). ഏശയ്യാ പ്രവാചകനിൽനിന്നു വായിച്ചുകൊണ്ടാണ് ഈശോ ആരംഭിക്കുന്നതുതന്നെ: ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ പ്രവർത്തനശൈലിയോടാണു തൻ്റെ ദൗത്യനിർവഹണത്ത ഈശോ ഉപമിക്കുന്നത് (ലൂക്കാ 4, 16-30). "ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല" (ലൂക്കാ 4,24) എന്ന അവിടുത്തെ പ്രതികരണം തനിക്കുണ്ടായ തിരസ്കരണത്തെ ദ്യോതിപ്പിക്കുന്നതോടൊപ്പം താനൊരു പ്രവാചകൻ ആണെന്ന യാഥാർത്ഥ്യം ഊന്നിപ്പറയുന്നതു കൂടിയാണ്. ജറൂസലേമിൽ തനിക്കുണ്ടാകാനിരുന്ന ആത്യന്തിക തിരസ്‌കരണം പഴയനിയമ പ്രവാചകർക്കുണ്ടായതിന്റെ തുടർച്ചയായാണ് ഈശോ മനസ്സിലാക്കിയത് (ലൂക്കാ 13,33). പഴയനിയമ പ്രവാചകരെപ്പോലെ ഈശോയും ദൈവത്തിൻ്റെ വക്താവായി, പ്രതിനിധിയായി ദൈവവചനം അഥവാ ദൈവേഷ്‌ടം ജനത്തെ അറിയിക്കുന്നു.

വി. ലൂക്കായും പരി.കന്യകാമറിയവും 

വി. ലൂക്കാ സുവിശേഷകൻ പരി. കന്യകാമറിയത്തിന്റെ ഒരു ചിത്രം വരച്ചിട്ടുണ്ട് എന്ന പാരമ്പര്യം പാശ്ചാത്യ-പൗരസ്ത്യ സഭകളിൽ ശക്തമാണ്. പരി. കന്യകാമറിയത്തിൻ്റെ നാമത്തിലുള്ള റോമിലെ ബസിലിക്കായുടെ (Maria Maggiore) വലതുവശത്ത് അൾത്താരയ്ക്കു മുകളിലായുള്ള പരി. കന്യകാമറിയത്തിൻ്റെ മനോഹര ചിത്രം വി. ലൂക്കാ വരച്ചതാണ് എന്ന് ഇന്നും വിശ്വസിച്ചു പോരുന്നു. മൈലാപ്പൂരിലുള്ള മാർതോമ്മാശ്ലീഹായുടെ കബറിടത്തിങ്കൽ നിന്നു കണ്ടെടുത്തതും തോമ്മാശ്ലീഹാ കൊണ്ടുവന്നതെന്നു വിശ്വസിക്കപ്പെടുന്നതുമായ മാതാവിൻ്റെ ചിത്രവും വി.ലൂക്കാ വരച്ചതാണ് എന്നതാണ് മാർത്തോമ്മാക്രിസ്‌ത്യാനികളുടെ വിശ്വാസം. നിറക്കൂട്ടുപയോഗിച്ചു ക്യാൻവാസിൽ വി. ലൂക്കാ മറിയത്തിൻ്റെ ചിത്രം വരച്ചോ എന്നു കൃത്യമായി അറിയുവാൻ നമുക്കു മാർഗ്ഗമില്ല. എന്നാൽ, വി. ലൂക്കാ മറിയത്തിൻ്റെ ഒരു വാഗ്മയചിത്രം വരച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യത്തിന് നമുക്കു തെളിവുണ്ട്. വി. ലൂക്കായുടെ ഇരു ഗ്രന്ഥങ്ങളുമാണ് ഈ തെളിവ്. വി. ലൂക്കാ വരച്ച ഈ ചിത്രം അടുത്തു കാണുവാനുള്ള ശ്രമമാണിവിടെ. സുവിശേഷത്തിലെ ആദ്യരണ്ടധ്യായങ്ങളിലാണ് വി. ലൂക്കാ മറിയത്തെക്കുറിച്ചു കൂടുതലായി പ്രതിപാദിക്കുന്നത്. രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് ഗബ്രിയേൽ ദൈവദൂതൻ വെളിപ്പെടുത്തുന്ന രംഗത്തു തെളിഞ്ഞുനില്ക്കുന്ന രൂപം മറിയത്തിന്റേതാണ്. ആദ്യത്തെ രണ്ടധ്യായങ്ങളിലെ തുടർന്നുള്ള രംഗങ്ങളിൽ മാനുഷിക കഥാപാത്രങ്ങളിൽ മുഖ്യമായതു മറിയം തന്നെ. ഈശോയുടെ പരസ്യജീവിതകാലത്തും മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. നമ്മുടെ കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷം പ്രാർത്ഥനയിൽ ഒന്നിച്ചിരിക്കുന്ന ശിഷ്യസമൂഹത്തിലും മറിയത്തെ കാണാം. 

1 കന്യകയായ സീയോൻപുത്രി 

പഴയനിയമ ദൈവജനമായ ഇസ്രായേൽ കന്യകയായാണ് പരിഗണിക്കപ്പെട്ടിരുന്നത് (ജറെ 31,4.20; ആമോസ് 5,1-6). കന്യകയായ ഈ ഇസ്രായേലുമായാണു ദൈവം ഉടമ്പടി ബന്ധത്തിലേർപ്പെട്ടത്. ഈ ഉടമ്പടിബന്ധത്തെ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തോട് ഉപമിക്കുന്നതും പഴയനിയമത്തിൻ്റെ ശൈലിയാണ്: ദൈവമായ കർത്താവ് ഭർത്താവും സീയോൻപുത്രിയായ ഇസ്രായേൽ കന്യകയായ ഭാര്യയും (ഹോസിയ 1-3; ഏശ 62,4-5; ജറെ 2,2). പുതിയനിയമത്തിൽ കന്യകയായ സഭ മിശിഹായുടെ മണവാട്ടി ആയിരിക്കുന്നതുപോലെ കന്യകയായ ഇസ്രായേൽ ദൈവത്തിന്റെ ഭാര്യയായിരുന്നു (2 കൊറി 11,2; എഫേ 5,32). ഈ വിശ്വാസ പശ്ചാത്തലത്തിലാണ് മറിയത്തിൻ്റെ കന്യാത്വം പ്രസക്തമാകുന്നത്. ദൈവവുമായി വിവാഹബന്ധത്തിലേർപ്പെടുവാൻ മറിയത്തെ പ്രാപ്തയാക്കിയത് അവളുടെ കന്യാത്വമാണ്. ഈ ബന്ധത്തിൽ മറിയം ദൈവജനത്തിൻ്റെ പ്രതിനിധിയായി വർത്തിക്കുന്നു. 

നസ്രത്തിലെ കന്യകയായ മറിയത്തിൻ്റെ പക്കലേക്കാണു ദൈവം തന്റെ ദൂതനെ അയയ്ക്കുന്നത് എന്നു വി. ലൂക്കാ വ്യക്തമാക്കുന്നുണ്ട് (ലൂക്കാ 1, 27). രക്ഷണീയ പദ്ധതിയിൽ ദൈവത്തോടു സഹകരിച്ചു മിശിഹായുടെ അമ്മയാകാനുള്ള വിളിയുമായാണു ദൂതൻ വന്നത്. ഇതുവഴി രക്ഷാകരചരിത്രത്തിലും ഉടമ്പടിയിലും ദൈവം മറിയത്തെ ഉൾച്ചേർക്കുകയായിരുന്നു. അപ്രകാരം ദൈവികപദ്ധതിയുടെ പൂർത്തീകരണത്തിൽ മറിയത്തിനു സുപ്രധാനസ്ഥാനം കൈവന്നു. മറിയം മനുഷ്യവംശത്തിന്റെ അഭിമാനമായി; മിശിഹായുടെ മണവാട്ടിയായ തിരുസഭയുടെ പ്രതീകവുമായി. 

കന്യകയായി തുടർന്നുകൊണ്ടാണു മറിയം ദൈവപുത്രനെ ഗർഭം ധരിക്കുന്നതും അവനു ജന്മം നല്‌കുന്നതും. മറിയം നിത്യകന്യകയാണ്.

ആഹ്ലാദിക്കുവാനുള്ള ആഹ്വാനവുമായാണല്ലൊ ദൂതൻ മറിയത്തെ സമീപിക്കുന്നത് (ലൂക്കാ 1,28: Rejoice, O favoured one). പഴയ നിയമത്തിൽ ആഹ്ലാദിക്കുവാനുള്ള സമാനമായ ക്ഷണം സീയോൻ പുത്രിയ്ക്കാണു ലഭിക്കുന്നത്. ഉദാഹരണത്തിന്, സഖറിയാ പ്രവാചകനിൽ നമ്മൾ ഇപ്രകാരം കാണുന്നു: “സീയോൻ പുത്രീ, അതിയായി സന്തോഷിക്കുക, ജറൂസലേം പുത്രീ, ആർപ്പു വിളിക്കുക. ഇതാ നിൻ്റെ രാജാവ് നിൻ്റെ അടുക്കലേക്കു വരുന്നു" (സഖ 9,9), സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന മെസയാനിക രക്ഷയെപ്രതി സന്തോഷിക്കുവാനാണു സീയോനു ക്ഷണം. സെഫാനിയായിലും ഇതുതന്നെ നമ്മൾ വായിക്കുന്നു: “സീയോൻ പുത്രീ, ആനന്ദഗാനമാലപിക്കുക; ഇസ്രായേലേ, ആർപ്പു വിളിക്കുക. ജറൂസലേംപുത്രീ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക... ഇസ്രായേലിന്റെ രാജാവായ കർത്താവു നിങ്ങളുടെ മധ്യേയുണ്ട്" (സെഫാ 3,14). ഗബ്രിയേൽദൂതൻ മറിയത്തെ അഭിവാദനം ചെയ്യുന്നതും ഇതേ ശൈലിയിൽ ഇതേ ഫോർമുല ഉപയോഗിച്ചാണ്. ഇസ്രായേൽ ജനത്തിൻ്റെ ആശകളും പ്രതീക്ഷകളും ഏറ്റുവാങ്ങിയിരുന്ന പുതിയ സീയോൻപുത്രിയാണു മറിയം എന്നു വ്യഗ്യം ഇസ്രായേലിന്റെ പ്രതിനിധി, ഒപ്പം സഭയുടെയും. ഇപ്രകാരം സഭമറിയത്തിൽ ജന്മമെടുക്കുകയായിരുന്നു.

2 ദൈവകൃപ നിറഞ്ഞവൾ

പഴയനിയമത്തിൽ ദൈവത്തിൻ്റെ പ്രത്യേകമായ ഇടപെടൽ വഴി പ്രായം കവിഞ്ഞ, വന്ധ്യകളായ സ്‌തീകൾ ഗർഭം ധരിക്കുന്ന സംഭവങ്ങൾ പലതുണ്ട്. ഈ ഗർഭധാരണങ്ങൾ അത്ഭുതകരമെങ്കിലും ഭാര്യാഭർതൃസംയോഗത്തിലൂടെയാണ് സംഭവിച്ചത്. ഉദാഹരണത്തിന് അബ്രാഹത്തിൻ്റെ ഭാര്യയായ സാറാ ഇസഹാക്കിനെയും (ഉല്പ 17-18) എൽക്കാനയുടെ ഭാര്യയായ ഹന്നാ സാമുവേലിനെയും ഗർഭം ധരിക്കുന്ന രംഗങ്ങൾ (ന്യായാ 13). അത്ഭുതകരമായ ഈ ഗർഭധാരണങ്ങളെക്കുറിച്ചുള്ള ദൈവികദൂതൻ്റെ അറിയിപ്പിനോട് ഏറെ സാമ്യമുണ്ട് കന്യകാമറിയത്തിനു ലഭിക്കുന്ന അറിയിപ്പിന്. എന്നാൽ ചരിത്രത്തിലിതുവരെ ഒരു കന്യകയും കന്യകയായിത്തന്നെ തുടർന്നുകൊണ്ടു ഗർഭം ധരിച്ചിട്ടില്ലാത്തതിനാൽ മറിയത്തിനു ലഭിക്കുന്ന അറിയിപ്പിന് അസാധാരണത്വമുണ്ട്. ഇസ്രായേലിലെ ഒരു വിനീത കന്യകയ്ക്ക്, സെഹിയോൻ പുത്രിയ്ക്ക്, കന്യകയായി ഗർഭം ധരിച്ച്, കന്യകയായിത്തന്നെ പ്രസവിക്കുവാനും ദൈവത്തിന്റെയും ദാവീദിന്റെയും പുത്രനായ മിശിഹായുടെ അമ്മയാകുവാനുമുള്ള വിളി ലഭിക്കുന്നു. ദൈവ പുത്രന്റെ മനുഷ്യാവതാരത്തിൽ സവിശേഷമാംവിധം സഹകരിക്കുവാനുള്ള വിളിയായിരുന്നു മറിയത്തിനു ലഭിച്ചത്.

"ദൈവകൃപ നിറഞ്ഞവളേ” എന്ന അഭിവാദനവുമായാണു ദൂതൻ മറിയത്തെ സമീപിക്കുന്നത്. അസ്തിത്വാരംഭം മുതൽക്കേ ദൈവമാതൃത്വത്തിനായി ദൈവകൃപയാൽ ഒരുക്കപ്പെട്ടവളാണു മറിയം എന്നാണ് ഈ അഭിവാദനത്തിന്റെ അർത്ഥം. ദൈവകൃപ മറിയത്തെ വിശുദ്ധീകരിച്ചു ദൈവപുത്രനു മാതാവാകുവാനായി ഒരുക്കി. രക്ഷാകരപദ്ധതിയിൽ ഉന്നതത്തിൽനിന്നുള്ള ശക്തിയാൽ മിശിഹായുടെ മാതാവാകുവാൻ മറിയത്തെ തൻ്റെ കൃപ നിറച്ചു ദൈവം തയ്യാറാക്കിയതിനെയാണു ദൂതൻ ദ്യോതിപ്പിക്കുന്നത്. “നന്മ നിറഞ്ഞ മറിയമേ" എന്നാരംഭിക്കുന്ന പ്രാർത്ഥനയിൽ നമ്മൾ ഏറ്റുപറയുന്നതും ഇതേ യാഥാർത്ഥ്യത്തെതന്നെയാണ്. 

1854-ൽ ഒമ്പതാം പീയൂസ് മാർപാപ്പാ Ineffabilis Deus എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചപ്പോൾ അതിൻ്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനമായി ചൂണ്ടിക്കാണിച്ചത് വി. ലൂക്കായുടെ സുവിശേഷത്തിൽ കാണുന്ന ദൂതൻ്റെ ഈ അഭിവാദനത്തെയായിരുന്നു (ലൂക്കാ 1,28). ദൈവം മറിയത്തെ പാപത്തിലും പാപഫലങ്ങളിലുംനിന്നു കാത്തു സംരക്ഷിച്ചു എന്നു സൂചിതം. ദൈവമാതൃത്വം ലക്ഷ്യം വച്ചായിരുന്നു ഈ പ്രത്യേക പരിഗണന.

3 കർത്താവു കൂടെയുള്ളവൾ

ദൈവികപദ്ധതിയോടു സഹകരിച്ചു പ്രവർത്തിക്കുവാനായി ദൈവം ഒരു വ്യക്തിയെ വിളിക്കുമ്പോൾ ദൗത്യനിർവ്വഹണത്തിൽ ശക്തിപ്പെടുത്തി സഹായിക്കുവാനായി അവിടുന്ന് ആ വ്യക്തിയുടെ കൂടെ ഉണ്ടായിരിക്കുമെന്ന വാഗ്ദ‌ാനം പഴയനിയമത്തിൽ കാണാം. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനതയെ മോചിപ്പിക്കുവാനായി മോശയെ വിളിച്ചപ്പോൾ കർത്താവ് അരുളിച്ചെയ്തു: "ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണ് നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തിൽ നിന്നു പുറത്തു കൊണ്ടുവന്നുകഴിയുമ്പോൾ ഈ മലയിൽ നിങ്ങൾ ദൈവത്തെ ആരാധിക്കും" (പുറ 3,12). മോശ സ്വന്തശക്തിയാലല്ല ജനത്തെ വിമോചിപ്പിച്ചത്; കൂടെയുണ്ടായിരുന്ന കർത്താവിന്റെ ശക്തിയാലാണ്. അതുപോലെതന്നെ, ജോർദ്ദാൻ നദി കടത്തി ഇസ്രായേൽജനത്തെ വാഗ്‌ദത്ത ഭൂമിയായ കാനാൻ ദേശത്തേക്ക് കൊണ്ടുപോകാനുള്ള വിളി ലഭിച്ച ജോഷ്വായോടു ദൈവം അരുളിച്ചെയ്‌തു: "നിൻ്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും" (ജോഷ്വാ 1,9). വീണ്ടും, മിദിയാൻകാരുടെ കരങ്ങളിൽനിന്നും ദൈവജനത്തെ വിമോചിപ്പിക്കുവാനായി കർത്താവു ഗിദയോനെ വിളിക്കുമ്പോൾ ഇപ്രകാരം പറഞ്ഞുകൊണ്ടാണു ദൂതൻ ആരംഭിക്കുന്നത്: "ധീരനും ശക്തനുമായ മനുഷ്യാ, കർത്താവു നിന്നോടുകൂടെ" (ന്യായാ 6,12). 

ദൈവപുത്രന്റെ അമ്മയാകാനുള്ള വിളിയാണു മറിയത്തിനു ലഭിച്ചത്. ഈ വലിയ ദൗത്യനിർവ്വഹണത്തിനു ദൈവത്തിന്റെ ക്രിയാത്മകസഹായവും സഹകരണവും ഉണ്ടാകും എന്നതിന്റെ ഉറപ്പാണ് “കർത്താവ് നിന്നോടുകൂടെ" എന്ന ദൂതൻ്റെ വാക്കുകളിൽ നിഴലിക്കുന്നത്. പരി. ആത്മാവിൻ്റെ ആവാസത്താലാണല്ലൊ അവൾ കന്യകയായിത്തുടർന്നുകൊണ്ടുതന്നെ ഗർഭിണിയാകുന്നതും ജന്മം നല്കുന്നതും. 

പഴയനിയമ നേതാക്കന്മാരോടും പരി. കന്യകാമറിയത്തോടും എന്നതുപോലെ ഇന്നും ദൈവികപദ്ധതിയോടു സഹകരിച്ചു പ്രവർത്തിക്കുവാൻ വിളിക്കപ്പെടുന്നവരോടുകൂടെ ആയിരുന്നു കൊണ്ടു കർത്താവ് അവരെ ശക്തിപ്പെടുത്തും. 

4 പുരുഷനെ അറിയാത്ത 'അമ്മ' 

ഗബ്രിയേൽദൂതൻ്റെ അഭിവാദനം കേട്ട് അസ്വസ്ഥയായ മറിയത്തോട് ദൂതൻ തുടർന്നു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. ഇതാ, നീ ഉടൻതന്നെ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും;അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവൻ്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിൻ്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല” (ലൂക്കാ 1,30-33). മറിയം ഉടൻതന്നെ ഗർഭം ധരിക്കാൻ പോകുന്നു എന്നായിരുന്നു ദൂതന്റെ സന്ദേശത്തിന്റെ സാരം. യൗസേപ്പുമായി മറിയം വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും

ഭർത്താവുമൊത്തു ജീവിക്കുവാൻ അവൾ ആരംഭിച്ചിരുന്നില്ല. യഹൂദാചാരമനുസരിച്ചു വിവാഹനിശ്ചയത്തിന് ഏതാനും മാസങ്ങൾക്കുശേഷം മാത്രമേ യഥാർത്ഥ വിവാഹഘോഷം നടത്തിയിരുന്നുള്ളൂ. വരൻ ആഘോഷമായി വധുവിൻ്റെ ഭവനത്തിലെത്തി ഭാര്യയെ കൂട്ടി സ്വന്തഭവനത്തിലേക്കു കൊണ്ടുപോകുന്നതോടെയാണവർ ഒന്നിച്ചു ജീവിക്കുവാനാരംഭിച്ചിരുന്നത്. യൗസേപ്പിനെയും മറിയത്തെയും സംബന്ധിച്ച് ആ മുഹൂർത്തമെത്തുന്നതിനു മാസങ്ങൾ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണു മറിയം ദൂതനോട്, താൻ പുരുഷനെ അറിയായ്‌കയാൽ ഇതെങ്ങനെ സംഭവിക്കും, എന്നു ചോദിക്കുന്നത് (ലൂക്കാ 1,34). ഇപ്പോൾ, അഥവാ ഉടനെതന്നെ പുരുഷബന്ധത്തിനു സാധ്യതയില്ലാതിരിക്കെ താൻ എങ്ങനെ ഗർഭിണിയാകും എന്നതാണ് മറിയത്തിന്റെ സംശയത്തിനർത്ഥം. മറിയത്തിന്റെ ചോദ്യം ന്യായവും യുക്തവുമാണെന്നു സാഹചര്യത്തിൽനിന്നും വ്യക്തമാകുന്നുണ്ട്. 

മറിയത്തിൻ്റേതിനു സമാനമെന്നു തോന്നിയേക്കാവുന്ന ഒരു ചോദ്യം സഖറിയാ ഉന്നയിച്ചപ്പോൾ അദ്ദേഹത്തിനു ശിക്ഷ ലഭിക്കുന്നതു ലൂക്കാ നേരത്തെ വിവരിച്ചിട്ടുണ്ട് (ലൂക്കാ 1,18-20). എന്തു കൊണ്ടാണു മറിയത്തിൻ്റെ സംശയത്തിനു സമാനമായ ശിക്ഷ ലഭിക്കാതെ പോയതെന്നു ചോദിക്കുന്നവരുണ്ട്. ഉത്തരം വളരെ ലളിതമാണ്. സഖറിയായും മറിയവും തമ്മിൽ ജീവിതാവസ്ഥകളിൽ വലിയ അന്തരമുണ്ടായിരുന്നു. സഖറിയാ ഭാര്യാഭർതൃബന്ധത്തിൽ ജീവിച്ചിരുന്നവനാണ്. ഇരുവരും പ്രായം കവിഞ്ഞവരും എലിസബത്തു വന്ധ്യയും ആയിരുന്നെങ്കിലും അവർക്കു കുഞ്ഞുങ്ങൾ ജനിക്കാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ലായിരുന്നു. കാരണം, ഇസ്രായേൽ ചരിത്രത്തിൽ ഇവരുടെതന്നെ അവസ്ഥയിൽ ആയിരുന്ന പലർക്കും ദൈവിക ഇടപെടൽമൂലം അത്ഭുതകരമായി കുഞ്ഞുങ്ങളെ ലഭിച്ച സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് അബ്രാഹം സാറാ ദമ്പതിമാരും, എൽക്കാനാ-ഹന്നാ ദമ്പതിമാരും. ഒരു പുരോഹിതൻ എന്ന നിലയിൽ സഖറിയാ ഇക്കാര്യങ്ങൾ അറിയേണ്ടിയിരുന്നവനും, തന്റെ ജീവിതത്തിലും അങ്ങനെ സംഭവിക്കാമെന്നു വിശ്വസിക്കാൻ കടപ്പെട്ടവനുമായിരുന്നു. ഈ വിശ്വാസക്കുറവിനുള്ള ശിക്ഷയായാണ് അദ്ദേഹത്തിന്റെ സംസാരശക്തി നഷ്ട‌പ്പെട്ടത്. എന്നാൽ ആരെങ്കിലും കന്യകയായി തുടർന്നു കൊണ്ടു ഗർഭം ധരിച്ചതായി ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലല്ലൊ. അതുകൊണ്ടു മറിയത്തിൻ്റെ സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു; ശിക്ഷാർഹവുമല്ലായിരുന്നു.

അടുത്തപഗ്രഥിക്കുമ്പോൾ സഖറിയായ്ക്കു ലഭിച്ചത് ഒരു ശിക്ഷയേ ആയിരുന്നില്ല എന്നു മനസിലാകും. ദൂതനറിയിച്ച കാര്യം നിറവേറുന്നതുവരെ അദ്ദേഹം സംസാരശക്തി നഷ്‌ടപ്പെട്ടവനായിരിക്കും എന്നാണു ഗബ്രിയേൽ ദൂതൻ അറിയിച്ചത്. കുഞ്ഞു ജനിക്കുന്നതുവരെ മൂകനായിരിക്കണം എന്നർത്ഥം. കുഞ്ഞു ജനിക്കുമെന്നതിന്റെ അച്ചാരമല്ലാതെ മറ്റെന്താണിത്? പുത്രൻ ജനിക്കാൻ പോകുന്നല്ലൊ എന്ന സന്തോഷം സംസാരിക്കാൻ സാധിക്കാത്തതിലുള്ള സഖറിയായുടെ ദുഃഖത്തെ അപ്രസക്തമാക്കിയിരുന്നിരിക്കണം.

5 പുതിയനിയമ വാഗ്ദാനപേടകം

മാലാഖാ അറിയിച്ചതിൻപ്രകാരം ഉടനെ ഗർഭിണിയാകുവാൻ മാനുഷികമായി സാധ്യതയില്ലല്ലൊ എന്നു മറിയം അറിയിക്കുമ്പോൾ, ദൂതൻ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു; "പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതൻ്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും" (ലൂക്കാ 1,35). ദൂതന്റെ ഈ വിശദീകരണത്തിൻ്റെ അർത്ഥം ഇതാണ്: മറിയം കന്യകയായി തുടർന്നുകൊണ്ടുതന്നെ ദൈവപുത്രനെ ഗർഭം ധരിക്കും. സാധാരണ മനുഷ്യരുടെ കാര്യത്തിൽ സംഭവിക്കുന്നതുപോലെ പുരുഷ സംയോഗത്താലല്ല, മറിച്ച് പരി. ആത്മാവിൻ്റെ ആവാസത്താലാണു കന്യകാമറിയം ഗർഭിണിയാകുന്നത് എന്നു സാരം.

കന്യകാമറിയത്തിന്മേലുള്ള പരി. ആത്മാവിൻ്റെ പ്രവർത്തനം വർണ്ണിക്കാൻ ലൂക്കാ ഉപയോഗിക്കുന്ന ക്രിയാപദം (episkiazo) പഴയനിയമത്തിൽ ഉടമ്പടി പേടകത്തെ മേഘം ആവരണം ചെയ്തിരുന്നതിനെ സൂചിപ്പിക്കുവാനുപയോഗിക്കുന്നതാണ് (പുറ 40, 35; സംഖ്യ 9,18-22; 10,34-36). ദൈവികസാന്നിധ്യത്തിന്റെ അടയാളമായിരുന്നല്ലൊ മേഘം. കന്യകാമറിയത്തിൻ്റെമേൽ എഴുന്നള്ളിവന്ന് അവളിൽ ആവസിച്ച പരി.ആത്മാവ് അവളുടെ ഉദരത്തിൽ തിരുകുമാരൻ ഉരുവാകുന്നതിനു കാരണമായി. ഈ ഗർഭധാരണത്തിൽ ഒരു പുരുഷനും പങ്കില്ല. മറിയം കന്യകയായിത്തന്നെ ഗർഭം ധരിക്കുന്നു. ദൈവത്തിന്റെ മേഘം ആവസിച്ചിരുന്ന വാഗ്ദാന പേടകം ദൈവികസാന്നിധ്യത്തിൻ്റെ സ്ഥലമായി ഭവിച്ചതുപോലെ, പരി. ആത്മാവിൻ്റെ ആവാസത്താൽ പരി. കന്യകാമറിയവും ദൈവിക (ദൈവപുത്രൻ്റെ) സാന്നിധ്യത്തിൻ്റെ സ്ഥലമായി മാറുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മറിയം പുതിയനിയമ വാഗ്ദാന പേടകമായി ഭവിക്കുന്നു. 

പൗരസ്ത്യസഭാപിതാവായ മാർ അപ്രേം പരി. കന്യകാമറിയത്തിൽ സംഭവിച്ച പരി. ആത്മാവിൻ്റെ പ്രവർത്തനത്തെയും പരി. കുർബാനയിലെ റൂഹാക്ഷണപ്രാർത്ഥനയിൽ നടക്കുന്ന പരി. റൂഹായുടെ പ്രവർത്തനത്തെയും തമ്മിൽ താരതമ്യപ്പെടുത്തി വ്യാഖ്യാനിക്കുന്നുണ്ട്. രണ്ടിടത്തും പരി. ആത്മാവിൻ്റെ പ്രവർത്തനത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ക്രിയാപദങ്ങൾ ഒന്നുതന്നെയാണ്: “വരിക, ആവസിക്കുക". "പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതൻ്റെ ശക്തി നിൻ്റെമേൽ ആവസിക്കും” (ലൂക്കാ 1,35) എന്നാണല്ലൊ ദൂതൻ അറിയിച്ചത്. റൂഹാക്ഷണപ്രാർത്ഥനയുടെ സമയത്തു കാർമ്മികൻ പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്: “കർത്താവേ, നിൻ്റെ പരി. ആത്മാവ് എഴുന്നള്ളിവരട്ടെ. നിന്റെ ദാസരുടെ ഈ കുർബാനയിൽ ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ". മനുഷ്യാവതാരത്തിൽ കന്യകയുടെ ഉദരത്തിലാണു പരി. ആത്മാവ് വന്ന് ആവസിച്ചതെങ്കിൽ പരി.കുർബാനയിൽ ബലിപീഠത്തിന്മേലുള്ള തിരുവസ്തുക്കളിന്മേലാണ് ആത്മാവ് വന്നു വസിക്കാൻ പ്രാർത്ഥിക്കുന്നത്. ഇരു സന്ദർഭങ്ങളിലും ഫലം ഒന്നുതന്നെ: മിശിഹായുടെ ശരീരം രൂപീകൃതമാകുന്നു; മനുഷ്യാവതാരത്തിൽ കന്യകയുടെ ഉദരത്തിലും പരി. കുർബാനയിൽ ബലിപീഠത്തിന്മേലും. ഈ ശരീരമെടുക്കലിന്റെ ലക്ഷ്യവും രണ്ടിടത്തും ഒന്നുതന്നെ കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും. ഇതേ ലക്ഷ്യത്തോടെ ആയിരുന്നല്ലൊ ദൈവപുത്രൻ മനുഷ്യനായത്; ഇതേലക്ഷ്യം തന്നെയാണ് പരി. കുർബാനയ്ക്കുള്ളതും. 

6 ഇതാ, കർത്താവിന്റെ ദാസി 

ദൈവിക പദ്ധതിയോടു സന്തോഷത്തോടെ സഹകരിക്കുന്ന മറിയത്തെയാണു മംഗളവാർത്താരംഗത്തിൻ്റെ അവസാനം നമ്മൾ കാണുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലാത്തതിനാൽ, ആത്മാവിന്റെ പ്രവർത്തനത്താൽ തനിക്കു കന്യകയായി തുടർന്നു കൊണ്ടുതന്നെ ഗർഭവതിയാകാൻ സാധിക്കുമെന്നു ദൂതൻ വ്യക്തമാക്കിയപ്പോൾ മറിയം വിനയാന്വിതയായി അറിയിച്ചു: “ഇതാ, കർത്താവിന്റെ ദാസി; നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ” (ലൂക്കാ 1, 38). ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയോട്, ഈ പദ്ധതിയിൽ തനിക്കായി നിശ്ചയിച്ചിരിക്കുന്ന പങ്കിനോട്, പൂർണ്ണമായി സഹകരിക്കാൻ തനിക്കുള്ള സമ്മതമാണു മറിയം ഇവിടെ വ്യക്തമാക്കുന്നത്. ഈ വലിയ ഭാഗ്യലബ്‌ധിയിലുള്ള ആഹ്ല‌ാദവും ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. 

ഗബ്രിയേൽ ദൂതനിലൂടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ ഹിതത്തിൻ്റെ പ്രകാശനമായ വചനം സ്വീകരിക്കുവാനും അതനുസരിച്ചു ജീവിക്കുവാനുമുള്ള സന്നദ്ധതയാണു മറിയം ഇവിടെ പ്രകടിപ്പിക്കുന്നത്. ഇതുതന്നെയാണവളെ ദൈവമാതൃത്വത്തിന് അർഹയാക്കിയതും. കർത്താവ് അരുളിച്ചെയ്‌ത കാര്യങ്ങൾ (വചനങ്ങൾ) നിറവേറുമെന്നു വിശ്വസിച്ചതിലാണു മറിയത്തിന്റെ ഭാഗ്യം അടങ്ങിയിരിക്കുന്നത് എന്ന് എലിസബത്തും ഏറ്റുപറയുന്നുണ്ട് (ലൂക്കാ 1,45). 

ഈശോയുടെ പരസ്യജീവിതത്തിൻ്റെ ആദ്യഘട്ടമായ ഗലീലിയൻ പ്രവർത്തനങ്ങൾക്കിടയിൽ അവിടുത്തെ അമ്മയും സഹോദരരും (ബന്ധുക്കൾ) അവിടുത്തെ കാണുവാൻ വന്നപ്പോൾ, ഈശോ അരുളിച്ചെയ്ത വാക്കുകളിലും മറിയത്തിനു ദൈവമാതാവാകുവാനുള്ള യോഗ്യത സൂചിപ്പിക്കപ്പെടുന്നുണ്ട്. ഈശോ അരുളിച്ചെയ്തു: "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എൻ്റെ അമ്മയും സഹോദരരും" (ലൂക്കാ 8,21). ദൈവവചനം ശ്രവിക്കുകയും അതു ഹൃദയത്തിൽ മാത്രമല്ല, ഉദരത്തിലും ഏറ്റുവാങ്ങുകയും, ഈ വചനം ആവശ്യപ്പെടുന്ന രീതിയിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും തയ്യാറാകുകയും ചെയ്ത വ്യക്തി മറിയമാണ്. ഈയർത്ഥത്തിൽ ദൈവമാതാവാകാൻ ഏറ്റവും യോഗ്യ മറിയംതന്നെ. 

ജറൂസലേമിലേക്കുള്ള യാത്രാമധ്യേയും ഇതേ യാഥാർത്ഥ്യം ഈശോ വ്യക്തമാക്കുന്നുണ്ട്. അവിടുന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവിടുത്തോടു പറഞ്ഞു: “നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ." ഈശോയുടെ പ്രതികരണം ഏറെ ശ്രദ്ധേയമാണ്: "ദൈവവചനംകേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ” (ലൂക്കാ 11,27-28). ജനക്കൂട്ടത്തിലെ സ്ത്രീ ഈശോയുടെ അമ്മയുടെ ഭാഗ്യത്തെ പുകഴ്ത്തുകയായിരുന്നു. ഈശോ ദൈവമാതാവിൻ്റെ മാഹാത്മ്യം ഇകഴ്ത്തിക്കാണിക്കുകയല്ല; മറിച്ച്, ഈ മാതൃമഹിമയ്ക്കടിസ്ഥാനം മറിയം ദൈവവചനത്തോടു സ്വീകരിച്ച മനോഭാവമാണെന്നു വ്യക്തമാക്കുകയാണ്. മറിയത്തെപ്പോലെ ദൈവഹിതത്തിനു വിധേയരായി ജീവിച്ചാൽ അവളെപ്പോലെ നമ്മളും അനുഗൃഹീതരായിത്തീരും എന്നാണവിടുന്നു പഠിപ്പിക്കുവാനുദ്ദേശിക്കുന്നത്. 

സ്വർഗ്ഗീയപിതാവിനെ പൂർണ്ണാർത്ഥത്തിൽ “ആബാ" എന്നു വിളിക്കുവാൻ ഈശോയ്ക്കു സാധിക്കണമെങ്കിൽ അവിടുത്തേയ്ക്കു മാനുഷിക പിതാവുണ്ടാകുവാൻ പാടില്ല. അതു കൊണ്ടാണു മറിയത്തിൻ്റെ ഗർഭധാരണത്തിലും ജന്മം നല്കലിലും ദൈവം പ്രത്യേകവിധം ഇടപെട്ടതും അവളെ കന്യകയായി കാത്തു സംരക്ഷിച്ചതും. 

സഭാപിതാവായ തെർത്തുല്യൻ എഴുതുന്നു: "മിശിഹാ മനുഷ്യവ്യക്തിയിൽ നിന്നു ജനിച്ചെങ്കിൽ, അതു കന്യകയിൽനിന്നാണ്. ഈ അമ്മ കന്യകയായി തുടർന്നില്ലെങ്കിൽ, മിശിഹായ്ക്കു രണ്ടു പിതാക്കന്മാർ ഉണ്ടാകുമായിരുന്നു: ദൈവവും മനുഷ്യനും" (Adversus Marcionem, IV, 10, 6-7).

7 ഉദരഫലത്താൽ അനുഗൃഹീതയായ അമ്മ 

പരി.കന്യകാമറിയം തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുന്ന അവസരത്തിൽ എലിസബത്ത് മറിയത്തിൻ്റെ മഹത്ത്വം പ്രഘോഷിക്കുന്നുണ്ട്: "നീ സ്ത്രീകളിൽ അനുഗൃഹീതയാണ്; നിൻ്റെ ഉദരഫലവും അനുഗൃഹീതം” (ലൂക്കാ 1,42). കന്യകയും അമ്മയുമായ മറിയത്തിൻ്റെ സ്ഥാനം മനുഷ്യനായവതരിച്ച ദൈവപുത്രനുമായി ബന്ധപ്പെടുത്തി മാത്രമേ മനസിലാക്കാനാവൂ എന്നാണ് എലിസബത്തിൻ്റെ പ്രഘോഷണത്തിന്റെ ധ്വനി. സ്ത്രീവർഗ്ഗത്തിൻ്റെ മഹത്ത്വമായി മറിയത്തെ പ്രകീർത്തിക്കുന്ന എലിസബത്ത്, ഈ മഹത്ത്വത്തിനു നിദാനം മറിയം തന്റെ ഉദരത്തിൽ വഹിച്ച ദൈവപുത്രനാണ് എന്നു പ്രഖ്യാപിക്കുന്നു. യഥാർത്ഥത്തിൽ "അനുഗൃഹീതൻ" ഒരുവൻ മാത്രം; അതു ദൈവമാണ്. അനുഗൃഹീതനായ ദൈവത്തെ ഉദരത്തിൽ സംവഹിക്കുകവഴി മറിയവും അനുഗൃഹീതയായി ഭവിച്ചു. 

തിരുസഭയിൽ ആരംഭകാലംമുതൽ പരി. കന്യകാമറിയത്തെ ചിത്രീകരിക്കുമ്പോഴെല്ലാം ദിവ്യഉണ്ണിയെയും ചേർത്ത് അവതരിപ്പിക്കുന്നതിനു പിന്നിലെ ദൈവശാസ്ത്രചിന്ത ഇതാണ്. കർത്താവിന്റെ അമ്മ ദൈവമാതാവ് - എന്ന നിലയിലാണു മറിയത്തിന് രക്ഷാകരപദ്ധതിയിൽ സ്ഥാനം. മിശിഹായോടു കൂടിയല്ലാതെ രക്ഷാകരചരിത്രത്തിൽ മറിയത്തിനു പ്രസക്തിയില്ല. 

8 കേട്ടറിഞ്ഞു സഹായിക്കുന്ന മറിയം 

കാനായിലെ കല്യാണവിരുന്നിൻ്റെ അവസരത്തിൽ അതിഥികൾക്കു വിളമ്പുവാൻ വീഞ്ഞു തികയാതെ വന്ന മണവാളൻ്റെയും കുടുംബത്തിൻ്റെയും അപമാനദുഃഖം കണ്ടറിഞ്ഞു സഹായിക്കുന്ന മറിയത്തെ വി. യോഹന്നാൻ ചിത്രീകരിക്കുമ്പോൾ, ഗബ്രിയേൽ ദൂതനിൽനിന്ന് എലിസബത്തിൻ്റെ ഗർഭധാരണത്തെക്കുറിച്ചു കേട്ടറിഞ്ഞ്, അവളെ സഹായിക്കുവാനായി തിടുക്കത്തിൽ സഖറിയായുടെ ഭവനത്തിലേക്കു ഓടുന്ന മറിയത്തെയാണ് വി. ലൂക്കാ വരച്ചുകാണിക്കുന്നത് (ലൂക്കാ 1,39-56). മറിയം “തിടുക്കത്തിൽ യാത്രപുറപ്പെട്ടു" എന്ന ലൂക്കായുടെ പ്രസ്താവന മറിയത്തിന്റെ ആന്തരിക മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മറിയം കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹായിക്കുന്നവളാണ്. മൂന്നു മാസത്തോളം തൻ്റെ ചാർച്ചക്കാരിയോടൊത്തു വസിച്ച് ആവശ്യമായ സഹായം ചെയ്‌തുകൊടുക്കുന്ന മറിയത്തെയാണു നമ്മൾ ഇവിടെ കണ്ടുമുട്ടുന്നത്. വചനം ശ്രവിച്ച് അതനുസരിച്ചു ജീവിതം ക്രമീകരിക്കുന്നവർ നിശ്ചയമായും സഹോദരരുടെ ആവശ്യങ്ങളും കണ്ടറിഞ്ഞു സഹായിക്കും എന്നു സൂചന. ഇവിടെയും മറിയം വിശ്വാസികളുടെ സമൂഹത്തിനു മാതൃകയാണ്. 

9 ദൈവകാരുണ്യം പ്രകീർത്തിക്കുന്ന മറിയം 

കർത്താവു ചെയ്യുന്ന നന്മകളെ പ്രകീർത്തിച്ചുകൊണ്ടുള്ള കീർത്തനങ്ങൾ പഴയനിമയത്തിൽ സുലഭമാണ്. യാഹ്‌വെയുടെ പ്രത്യേക പരിപാലനയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേൽക്കാരും കർത്താവിനെ സ്‌തുതിച്ചുകൊണ്ടാലപിക്കുന്ന ഗാനം പുറപ്പാട് 15-ൽ ഉണ്ട്. കാനാൻ രാജാവായ യാബീനെ ദൈവം ഇസ്രായേൽ ജനതയ്ക്കു കീഴ്പ്‌പെടുത്തിയതിനുള്ള നന്ദിപ്രകാശനമാണ് ദബോറായുടെ കീർത്തനം (ന്യായാ 5). യൂദിത്തിലൂടെ അസ്സീറിയാക്കാരുടെമേൽ വിജയംവരിച്ച ദൈവജനത്തിന്റെ കൃതജ്‌ഞതാഗീതം യൂദിത്ത് 16-ൽ ഉണ്ട്. ശത്രുകരങ്ങളിൽനിന്നു തന്നെ രക്ഷിച്ച കർത്താവിനു ദാവീദു കീർത്തനമാലപിക്കുന്നതും വി. ഗ്രന്ഥത്തിലുണ്ട് (2 സാമു 22). 

"മാഗ്നിഫിക്കാത്ത്" (Magnificat) എന്നറിയപ്പെടുന്ന മറിയത്തിന്റെ കീർത്തനത്തിനു ഹന്നായുടെ കീർത്തനത്തോടാണു കൂടുതൽ സാമ്യം (1 സാമു 2,1-10). ഹന്നായുടെ പ്രാർത്ഥന ശ്രവിച്ചു വാർധ്യക്യത്തിൽ അവൾക്കൊരു ശിശുവിനെ നല്കിയതിനാൽ കർത്താവിനെ അവൾ സ്‌തുതിക്കുന്ന കീർത്തനത്തിന്റെ ശൈലി തന്നെയാണ് മറിയത്തിന്റേതിലും നമ്മൾ കാണുന്നത്. 

ദൈവത്തിനെല്ലാം സാധ്യമാണെന്നു വിശ്വസിച്ച മറിയം ശക്തനായവൻ അവളിൽ പ്രവർത്തിക്കുവാൻ ആരംഭിച്ചിരിക്കുന്ന വൻകാര്യങ്ങളോർത്തു കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. വിനീത ദാസിയായ തന്റെ താഴ്‌മയെ ദൈവം കടാക്ഷിച്ചതു കൊണ്ടാണു തനിക്ക് ഈ ഭാഗ്യം കൈവന്നതെന്നു മറിയം ഏറ്റു പറയുന്നു (ലൂക്കാ1,46-53). ഭക്തരുടെമേൽ തലമുറതോറും കരുണ വർഷിക്കുന്ന ദൈവം അബ്രാഹത്തോടും അദ്ദേഹത്തിന്റെ സന്തതികളോടും ചെയ്‌ത വാഗ്‌ദാനമനുസരിച്ച് ഇസ്രായേലിനെ സഹായിക്കുന്നതിന്റെ ഭാഗമായാണു, ദൈവം തന്നിൽ ആരംഭിച്ചിരിക്കുന്ന രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തെ മറിയം ദർശിക്കുന്നത്. ഈ രക്ഷകന്റെ ആഗമനത്തോടെ സംഭവിക്കാനിരിക്കുന്ന വലിയ വിമോചനത്തിന്റെ ഗീതമാണ് മറിയം ആലപിക്കുന്നത്. അഹങ്കാരികളെ ചിതറിക്കുകയും ശക്തരെ സിംഹാസനങ്ങളിൽ നിന്നു താഴെ യിറക്കുകയും സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞുവിടുകയും ചെയ്യുന്ന രക്ഷകനായ ദൈവം എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ സംതൃപ്‌തരാക്കുകയും ചെയ്യും. ഇവിടെയാണു ദൈവത്തിൻ മഹാകാരുണ്യം പ്രകടമാകുവാൻ പോകുന്നത്. 

വിമോചനദൈവശാസ്ത്രക്കാർ തങ്ങളുടെ വാദഗതികളെ സാധൂകരിക്കാനായി മറിയത്തിൻ്റെ ഈ കീർത്തനത്തെ ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. സന്ദർഭത്തിൽനിന്നടർത്തിമാറ്റി, മിശിഹാസംഭവുമായി യാതൊരു ബന്ധവുമില്ലാതെ മറിയത്തിൻ്റെ വാക്കുകളെ ഉപയോഗിക്കുന്നതു തെറ്റായ പ്രവണതയാണ്. 

10 ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ച മറിയം 

വി. ലൂക്കായുടെ സുവിശേഷത്തിലെ രണ്ടാമദ്ധ്യായത്തിലെ തിരുപ്പിറനവിയുടെ വിവരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡിസംബർ മാസത്തിൽ ക്രിസ്‌തുമസിനോടനുബന്ധിച്ചു നമ്മൾ പുൽക്കൂടു നിർമ്മിക്കുന്നത്. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ദിവ്യശിശുവിനു സമീപം യൗസേപ്പ് പിതാവിൻ്റെ സമീപം ധ്യാനനിർലീനയായി നില്ക്കുന്ന മറിയത്തിന്റെ ചിത്രം ലൂക്കാ വരച്ചു തന്നിട്ടുള്ളതാണ്. രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത ദൈവദൂതനിൽനിന്നു ഗ്രഹിച്ച ആട്ടിടയന്മാർ ബേത്ലഹെമിലെത്തി ദിവ്യഉണ്ണിയെ മാതാപിതാക്കന്മാരോടൊപ്പം കണ്ടു. ശിശുവിനെക്കുറിച്ചു ദൂതൻ അറിയിച്ച കാര്യങ്ങൾ അവർ എല്ലാവരെയും അറിയിച്ചു. കേട്ടവരെല്ലാം അത്ഭുതപ്പെട്ടു. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു" (ലൂക്കാ 2,19). മംഗളവാർത്ത അറിയിച്ച ദൂതൻ ജനിക്കാൻ പോകുന്നവൻ്റെ ദൈവത്വത്തെക്കുറിച്ചും മിശിഹാത്വത്തെക്കുറിച്ചും മറിയത്തോടു വെളിപ്പെടുത്തിയിരുന്നെങ്കിലും ഒരു മനുഷ്യവ്യക്തിയെന്ന നിലയിൽ ഇതിന്റെയെല്ലാം പൂർണ്ണ അർത്ഥം അവൾക്കു മനസിലായിരുന്നില്ല. ഇടയന്മാർ വിവരിച്ച സന്ദേശത്തിന്റെറെ അർത്ഥവും മറിയത്തിനു മനസിലായിരുന്നില്ല. തന്റെ ബുദ്ധിക്കതീതമായ ജീവിതാനുഭവങ്ങളിൽ ദൈവഹിതത്തിനു സമർപ്പിച്ച് എല്ലാറ്റിനെയുംകുറിച്ചു ഹൃദയത്തിൽ ധ്യാനിക്കുന്ന പരി. അമ്മയെയാണു നമ്മൾ ഇവിടെ ദർശിക്കുന്നത്. 

വീണ്ടും, പന്ത്രണ്ടാം വയസിൽ പെസഹാതിരുനാളിന്റെ അവസരത്തിൽ ഈശോയെ കാണാതായശേഷം ജറുസലേം ദൈവാലയത്തിൽവച്ചു കണ്ടുമുട്ടിയപ്പോൾ മറിയം മകനോടു ചോദിച്ചു: “മകനെ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്‌തത് എന്തു കൊണ്ട്? നിന്റെ പിതാവും ഞാനും ഉത്ക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു" ഈശോയുടെ ഉത്തരം ഒരു മറുചോദ്യത്തിൻ്റെ രൂപത്തിലായിരുന്നു: “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻ്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലെ?" (ലൂക്കാ 2,48-51). ഈശോയ്ക്കു മാനുഷിക മാതാപിതാക്കന്മാരോടെന്നതിനെക്കാൾ പിതാവായ ദൈവത്തോടായിരുന്നു കൂടുതൽ ബന്ധമെന്നും ദൈവഹിതപ്രകാരം ദൈവികകാര്യങ്ങളിൽ ശ്രദ്ധിച്ചു ജീവിക്കേണ്ടവനാണെന്നും ഈശോ വ്യക്തമാക്കുകയായിരുന്നു. ഇവിടെ ഇതിൻ്റെയും അർത്ഥം പൂർണമായി മനസിലാകാത്ത മറിയം അതും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചു. നമ്മുടെ ഗ്രഹണശക്തിയ്ക്കതീതമായ ജീവിതാനുഭവങ്ങളിൽ മറിയത്തിന്റെ ശൈലിതന്നെ നമുക്കും മാതൃക. 

11 മറിയത്തിൻ്റെ മടിയിൽ വളരുന്ന സഭ

വി. ലൂക്കായുടെ ഗ്രന്ഥത്തിൻ്റെ രണ്ടാം വാല്യമായ ശ്ലീഹന്മാരുടെ നടപടിയുടെ ആരംഭത്തിലും മറിയത്തിന്റെ ഒരു ചിത്രം ഗ്രന്ഥകാരൻ നല്‌കുന്നുണ്ട് (ശ്ലീഹ 1,14). ഈശോയുടെ സ്വർഗ്ഗാരോഹണശേഷം, അവിടുത്തെ കല്‌പനപ്രകാരം പിതാവിന്റെ വാഗ്ദാനമായ പരി. ആത്മാവിനെ പ്രതീക്ഷിച്ച് ഒന്നിച്ചുകൂടിയിരിക്കുന്ന ശ്ലീഹന്മാരുടെ മധ്യേയാണ് അവിടെ നമ്മൾ മറിയത്തെ കാണുന്നത്. ലൂക്കാ എഴുതുന്നു: "അവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു". തിരുസഭയുടെ ഏറ്റവും പുരാതനമായ ചിത്രമാണിത്. ഈശോയിൽ വിശ്വസിക്കുന്നവരുടെ ആദ്യസമൂഹം ശ്ലീഹന്മാരുടേതായിരുന്നല്ലൊ. ശിഷ്യന്മാരുടെ നാഥനും രക്ഷകനും വഴികാട്ടിയും സംരക്ഷകനുമൊക്കെ ആയിരുന്ന കർത്താവിൻ്റെ ശാരീരിക അസാന്നിധ്യത്തിൽ അവർക്കു ധൈര്യം പകർന്നുനല്‌കി, അവിടത്തേക്കു സാക്ഷ്യം വഹിക്കാനുള്ള ദൗത്യത്തിനൊരുക്കുന്ന അമ്മയെയാണിവിടെ ലൂക്കാ അവതരിപ്പിക്കുന്നത്. ഒരു “പിടക്കോഴി സ്വന്തം കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ" സംരക്ഷിക്കുന്നതുപോലെയാണു പരി. കന്യകാമറിയം ശിഷ്യസമൂഹത്തെ പരിപാലിക്കുന്നത്. 

അവർ ഏകമനസ്സോടെ പ്രാർത്ഥനയിൽ മുഴുകിയിരുന്നു എന്നാണ് ലൂക്കാ പറയുന്നത്. ആദിമക്രൈസ്‌തവസമൂഹം പ്രാർത്ഥനയിൽ ഒന്നിച്ചിരുന്ന സമൂഹമായിരുന്നു. ഈ പ്രാർത്ഥനയിൽ അവർക്കു മാതൃകയും മാർഗ്ഗദർശിയും പരി. അമ്മയായിരുന്നു. ഈ സമൂഹം അല്പംകൂടി വളർന്നു വലുതായപ്പോഴും ഈ ശൈലിക്കു മാറ്റം വന്നില്ല. “അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താല്പര്യപൂർവ്വം പങ്കുചേർന്നു... അവർ ഏകമനസ്സോടെ താല്പ‌ര്യപൂർവ്വം അനുദിനം ദൈവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്‌തിരുന്നു. അവർ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു" (ശ്ലീഹ 2,42-47). ഈ സന്ദർഭങ്ങളിലെല്ലാം മറിയം അവരോടൊപ്പമുണ്ടായിരുന്നിരിക്കണം. 

ദൈവമാതാവാണെങ്കിലും മറിയം വിശ്വാസിനിയും സഭാംഗവുമാണ്. മറിയത്തെകൂടാതെ സഭാസമൂഹത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. കാരണം, അവളാണു വിശ്വാസിക്കു മാതൃക; അവളാണു തിരുസഭയുടെ മാതാവ്. മറിയം പഴയനിയമ ദൈവജനമായ ഇസ്രായേലിന്റെ പ്രതിനിധിയായ സീയോൻപുത്രി ആയിരുന്നതുപോലെ, പുതിയനിയമ ദൈവജനമായ സഭയുടെ പ്രതീകം കൂടിയാണ്.

സാമൂഹ്യപരിഷ്കർത്താവായ സ്‌നാപകയോഹന്നാൻ 

ചരിത്രത്തിൽ ഈശോയുടെ സ്ഥാനം സ്‌നാപകയോഹന്നാന്റേതിനോട് ചേർന്നാണ്. അവിടുത്തെ പരസ്യജീവിതത്തിന്റെ ആരംഭമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറ് “യോഹന്നാന്റെ സ്നാന”മാണ് (ശ്ലീഹ 1,22;10,37). ഈശോയുടെ ജീവിതവും ദൗത്യവും സ്നാപകയോഹന്നാനോട് അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. യോഹന്നാനിൽനിന്ന് ഈശോ സ്വീകരിച്ച സ്നാനത്തെക്കുറിച്ചു നാലു സുവിശേഷകന്മാരും വിവരിക്കുന്നുണ്ട്. എന്നാൽ യോഹന്നാൻ സ്‌നാനം പ്രസംഗിച്ചുകൊണ്ടു മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള കാര്യങ്ങൾ വിവരിക്കുന്ന ഏക സുവിശേഷകൻ ലൂക്കായാണ്. 

വാഗ്ദാനത്തിന്റെയും പ്രതീക്ഷയുടെയും ഒരുക്കത്തിന്റെയും കാലഘട്ടമായ പഴയനിയമത്തിനും പൂർത്തീകരണ കാലഘട്ടമായ പുതിയനിയമത്തിനും ഇടയിലുള്ള കണ്ണിയായാണ് സ്നാപക യോഹന്നാനെ ഈശോ കാണുന്നത്: "നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു" (ലൂക്കാ 16,16). അവസാന പ്രവാചകനായ യോഹന്നാൻ പുതിയനിയമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പഴയനിയമം മുഴുവൻ രക്ഷകനായ മിശിഹായ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നെങ്കിൽ യോഹന്നാനാണു മിശിഹായുടെ വരവിനുള്ള ഏറ്റവും അടുത്ത ഒരുക്കം നടത്തിയത്. 

1 ചരിത്ര പശ്ചാത്തലം 

അവസാന പ്രവാചകരിൽ ഒരുവനായ മലാക്കി രക്ഷയുടെ ദിനത്തെയും രക്ഷകൻ്റെ ആഗമനത്തെയുംകുറിച്ചു മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള കർത്താവിൻ്റെ വചനങ്ങൾ രേഖപ്പെടുത്തുന്നു: "ഇതാ, എനിക്കു മുമ്പേ വഴിയൊരുക്കാൻ ഞാൻ എന്റെ ദൂതനെ അയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻതന്നെ തന്റെ ആലയത്തിലേയ്ക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു" (മലാ 3,1). "കർത്താവിൻ്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുമ്പു പ്രവാചകനായ ഏലിയായെ ഞാൻ നിങ്ങളുടെ അടുത്തേയ്ക്ക് അയക്കും. ഞാൻ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവൻ പിതാക്കന്മാരുടെ ഹൃദയം മക്കളിലേയ്ക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേയ്ക്കും തിരിക്കും" (മലാ 4,5-6). കർത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മിശിഹായടുടെ മനുഷ്യാവതാരത്തെയാണ്. മനുഷ്യനായ ദൈവപുത്രനു വഴിയൊരുക്കുവാനായി ദൈവം അയയ്ക്കുന്ന അവിടുത്തെ ദൂതനാണ് യോഹന്നാൻമാംദാന. ഏലിയാപ്രവാചകന്റെ ചൈതന്യത്തോടെ വരുവാനിരിക്കുന്ന ഈ ദൂതൻ എപ്രകാരമാണു മിശിഹായ്ക്കു വഴിഒരുക്കുന്നതെന്നും പ്രവാചകൻ സൂചിപ്പിക്കുന്നുണ്ട്: പിതാക്കന്മാരെയും മക്കളെയും തമ്മിൽ അനുരഞ്ജിപ്പിച്ചു കൊണ്ടായിരിക്കും അത്. 

2 ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് 

ഈശോയെയും സ്‌നാപകയോഹന്നാനെയും സമാന്തരമായി അവതരിപ്പിക്കുന്ന ലൂക്കാ ഇരുവരുടെയും ജനനത്തെക്കുറിച്ചുള്ള ഗബ്രിയേൽ ദൂതൻ്റെ അറിയിപ്പ് വിവരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: ആദ്യരംഗത്തിൽ സ്‌നാപകയോഹന്നാൻ്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പും (ലൂക്കാ 1,5-25) രണ്ടാമത്തേതിൽ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള വാർത്തയും (ലൂക്കാ 1,26-38). മക്കളില്ലാതിരുന്ന സഖറിയായുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായാണു യോഹന്നാനെ ദൈവം നല്‌കുന്നത് (ലൂക്കാ 1,13-15). ജനിക്കാൻ പോകുന്ന ശിശുവിന്റെ ദൗത്യത്തെക്കുറിച്ച് കർത്താവു ദൂതനിലൂടെ വ്യക്തമായി അറിയിക്കുന്നുണ്ട്: “ഇസ്രായേൽ മക്കളിൽ വളരെപ്പേരെ അവരുടെ ദൈവമായ കർത്താവിലേയ്ക്ക് അവൻ തിരികെ കൊണ്ടുവരും. പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേയ്ക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേയ്ക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാനും ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടി അവൻ കർത്താവിൻ്റെ മുമ്പേ പോകും" (ലൂക്കാ 1,16-17). യോഹന്നാൻ മിശിഹായ്ക്കുവേണ്ടി ജനത്തെ സജജീകരിക്കുന്നത് അവരെ ദൈവവുമായും തമ്മിൽ തമ്മിലും അനുരഞ്ജിപ്പിച്ചു കൊണ്ടാണ്. ദൈവത്തിൽനിന്നകന്നു കഴിഞ്ഞിരുന്ന ജനത്തെ അവിടുന്നിലേക്കു തിരികെ കൊണ്ടുവരുന്നതാണല്ലൊ അനുരഞ്ജനത്തിന്റെ ആരംഭം. അതു പൂർണ്ണമാകുന്നതു മനുഷ്യർ പരസ്‌പരം സ്നേഹത്തിൽ സഹകരിച്ചു വർത്തിക്കുമ്പോഴാണ്. ഇതിനുള്ള സാഹചര്യമൊരുക്കുക എന്നതായിരുന്നു യോഹന്നാന്റെ ദൗത്യം. 

3 സ്നാപകയോഹന്നാന്റെ ജനനം 

സമയമായപ്പോൾ സഖറിയായുടെ ഭാര്യ എലിസബത്ത് കുഞ്ഞിനു ജന്മം നല്‌കി. ശിശുവിൻ്റെ പരിഛേദനവേളയിൽ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് കുഞ്ഞിന്റെ ഭാവിയെക്കുറിച്ചു പ്രവചിക്കുന്നുണ്ട്: "നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കാൻ അവിടുത്തെ മുമ്പേ നീ പോകും. അത് അവിടുത്തെ ജനത്തിനു പാപമോചനംവഴിയുള്ള രക്ഷയെക്കുറിച്ച് അറിവു കൊടുക്കാനാണ്” (ലൂക്കാ 1, 76-77). ഉയരത്തിൽനിന്നുള്ള ഉദയരശ്‌മിയായ മിശിഹായിലൂടെ സംലഭ്യമാകാൻ പോകുന്ന പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ചു ജനത്തെ ബോധവാന്മാരാക്കികൊണ്ടാണ് യോഹന്നാൻ അവിടുത്തേയ്ക്കു വഴി ഒരുക്കുന്നത്. 

4 ഈശോ യോഹന്നാനെക്കാൾ ശ്രേഷ്ഠൻ 

ഈശോയുടെയും യോഹന്നാൻ്റെയും ജനനത്തെക്കുറിച്ചുള്ള ദൈവിക അറിയിപ്പ് (ലൂക്കാ 1,5-25. 26-38), ഈ ദൈവിക ഇടപെടലുകളെ പ്രതിയുള്ള ദൈവസ്‌തുതി (ലൂക്കാ 1,46-55; 67-79), ജനന-പരിച്ഛേദന - പേരുനല്‌കൽ വിവരണങ്ങൾ (1,57-66; 2,1-21) എന്നിവയെ സമാന്തരമായാണ് ലൂക്കാ അവതരിപ്പിക്കുന്നത്. യോഹന്നാനെക്കാൾ ഈശോയ്ക്കുള്ള ശ്രേഷ്‌ഠത വ്യക്തമാകുംവിധമാണ് ഈ വിവരണങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നത് (Step parallelism). 

ജനനത്തെക്കുറിച്ചുള്ള അറിയിപ്പിൽതന്നെ ഈ വ്യത്യാസം ദൃശ്യമാണ്: ഇരുവരുടെയും ജനനം അത്ഭുതകരമാണെങ്കിലും ഗർഭം ധരിക്കുന്ന രീതിയിൽ അന്തരമുണ്ട്. സഖറിയാ - എലിസബത്തു ദമ്പതിമാരുടെ സാധാരണ ഭാര്യാഭർതൃബന്ധത്തിലൂടെയാണു യോഹന്നാൻ ജന്മമെടുക്കുന്നതെങ്കിൽ (ലൂക്കാ 1,23-24) ഈശോ കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ ഉരുവാക്കപ്പെടുന്നതു പരിശുദ്ധാത്മാവിൻ്റെ ആവാസത്താലാണ് (ലൂക്കാ 1,34-35). അമ്മയുടെ ഉദരത്തിൽ വച്ചുപോലും ഈശോയുടെ സാന്നിധ്യത്തിൽ കുതിച്ചുചാടുന്ന യോഹന്നാൻ ഈശോയുടെ ശ്രേഷ്‌ഠതയെയാണ് ഏറ്റു പറയുന്നത് (ലൂക്കാ 1, 41-44). കർത്താവിനു മുമ്പേ പോകുന്ന അവിടുത്തെ പ്രവാചകൻ മാത്രമാണു യോഹന്നാൻ (ലൂക്കാ 1,17.76); ഈശോയാകട്ടെ, പരിശുദ്ധനും ദൈവപുത്രനുമായ മിശിഹായും (ലൂക്കാ 1,32-35). ഇപ്രകാരം, പല കാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും ഈശോയുടെ ശ്രേഷ്‌ഠത (superiority) വ്യക്തമാകുംവിധമാണ് ലൂക്കാ അവതരിപ്പിക്കുന്നത്. 

5 മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന യോഹന്നാൻ 

താൻ വിവരിക്കുന്ന കാര്യങ്ങളുടെ ചരിത്രപരത കൂടി വ്യക്തമാക്കുവാൻ ലൂക്കാ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് (ലൂക്കാ 2,1-7). അതു കൊണ്ടാണു നാപകയോഹന്നാൻ്റെ പരസ്യമായ പ്രത്യക്ഷപ്പെടലിനെ അന്നത്തെ രാഷ്ട്രീയ ഭരണാധിപന്മാരുടെയും മതനേതാക്കന്മാരുടെയും പരാമർശത്തോടുകൂടെ വിവരിക്കുന്നത് (ലൂക്കാ 3,1-6). യോഹന്നാനു “മരുഭൂമിയിൽവച്ച് ദൈവത്തിൻ്റെ അരുളപ്പാടുണ്ടായി” എന്ന പ്രസ്താവം അദ്ദേഹത്തിന്റെ പ്രവാചകവിളിയെ ധ്വനിപ്പിക്കുന്നതാണ്. ഏലിയായെ പ്രവാചകനായി ദൈവം വിളിച്ചതും തന്റെ വചനം അയച്ചുകൊണ്ടായിരുന്നല്ലൊ (1 രാജാ 19,1-18). 

കർത്താവിന്റെ മഹത്ത്വം പ്രത്യക്ഷപ്പെടുന്ന രക്ഷയുടെ ദിനത്തെപ്പറ്റി പ്രവചിച്ച ഏശയ്യാപ്രവാചകൻ, അതിനു മുന്നോടിയായി മരുഭൂമിയിൽ വഴിയൊരുക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു (ഏശ 40,3-5). മിശിഹായ്ക്കു വഴിയൊരുക്കുവാനായി പ്രത്യക്ഷപ്പെട്ട യോഹന്നാനെ ലൂക്കാ ചിത്രീകരിക്കുന്നത് ഏശയ്യാ പ്രവാചകന്റെ ഈ ശൈലി ഉപയോഗിച്ചാണ് (ലൂക്കാ 3,4-6). യോഹന്നാൻ പ്രസംഗിച്ചിരുന്ന പാപമോചനത്തിനായുള്ള മാനസാന്തരത്തിൻ്റെ ജ്ഞാനസ്‌നാനത്തെയാണു പ്രതീകാത്മകമായ രീതിയിൽ "വഴി ഒരുക്കലായി" അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ വക്രവഴികൾ നേരെയാക്കിയും അഹങ്കാരത്തിന്റെ കുന്നും മലകളും നിരത്തിയും പാപബോധത്തിൻ്റെയും അപകർഷ ചിന്തയുടെയും താഴ്വരകൾ നികത്തിയും വേണമായിരുന്നു മിശിഹായ്ക്കു വഴിഒരുക്കുവാൻ. യോഹന്നാൻ വഴിഒരുക്കിയതു മനുഷ്യ ഹൃദയങ്ങളിലാണ്. മനുഷ്യരെ മാനസാന്തരത്തിലേയ്ക്കു ക്ഷണിച്ചു പാപമോചനം പ്രാപിക്കാൻ യോഗ്യരാക്കുകയായിരുന്നു യോഹന്നാന്റെ ദൗത്യം. ഈ ജീവിതനവീകരണത്തിൻ്റെ ബാഹ്യമായ അടയാളമെന്നോണമാണ് യോഹന്നാൻ സ്‌നാനം പരികർമ്മം ചെയ്തിരുന്നത്. ഇതെക്കുറിച്ചാണ് പൗലോസ്‌ശ്ലീഹാ പിസീദിയായിലെ അന്ത്യോക്യായിൽ വച്ച് ഇപ്രകാരം പറഞ്ഞത്: “അവന്റെ (രക്ഷകനായ ഈശോയുടെ) ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതകളോടും അനുതാപത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചു" (ശ്ലീഹ 13,24). 

6 മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ 

തന്നെ ശ്രവിക്കാനെത്തിയ ജനക്കൂട്ടത്തോടു യോഹന്നാൻ ശക്തമായ ഭാഷയിൽ പറഞ്ഞു: “മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ" (ലൂക്കാ 3,8). കാരണം, നല്ല ഫലങ്ങൾ നല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും (ലൂക്കാ 3,10). അനുതാപവും മാനസാന്തരവും വ്യക്തിയുടെ പൂർണ്ണമായ തിരിച്ചുവരവ് അർത്ഥമാക്കുന്നുണ്ട്; അനീതി, ചൂഷണം, അവിശ്വസ്തത, മറ്റുള്ളവരെക്കുറിച്ചു പരിഗണന ഇല്ലായ്‌മ തുടങ്ങിയ തിന്മകളിൽനിന്നുള്ള തിരിച്ചുവരവ്. ഒപ്പം വിശ്വാസത്തിലൂടെയും അനുസരണത്തിലൂടെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവും. ഇതാണ് മാനസാന്തരത്തിൻ്റെ കാതൽ. 

മാനസാന്തരം യഥാർത്ഥമാണെങ്കിൽ അതു ബാഹ്യമായ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. മൂന്നു തരത്തിലുള്ള ഫലങ്ങളെക്കുറിച്ചു യോഹന്നാൻ പഠിപ്പിക്കുന്നുണ്ട്. 

മൂന്നു ഗണത്തിൽപ്പെട്ട ആൾക്കാർക്കു നല്‌കുന്ന ഉപദേശ രൂപേണയാണ് ലൂക്കാ അവയെ അവതരിപ്പിക്കുന്നത്. യോഹന്നാന്റെ പ്രസംഗത്തോടു ക്രിയാത്മകമായി പ്രതികരിച്ചവരാണ് ഈ മൂന്നു ഗണത്തിൽപ്പെട്ടവരും. പശ്ചാത്തപിച്ച്, തിന്മയുടെ പാതയിൽനിന്നു പിന്തിരിഞ്ഞ്, ജീവിതനവീകരണം വരുത്തുവാൻ ആഗ്രഹിച്ചവരാണ് ഇവർ. 

ആദ്യഗണത്തിൽ പ്രത്യക്ഷപ്പെടുന്നതു ജനക്കൂട്ടമാണ്. അവർ ചോദിച്ചു: "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" (ലൂക്കാ 3,10). യോഹന്നാൻ പറഞ്ഞു: "രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ" (ലൂക്കാ 3,11). ആവശ്യത്തിലധികം വസ്ത്രങ്ങളും ഭക്ഷണവും ഉള്ളവരാണ് ഇക്കൂട്ടർ എന്നു യോഹന്നാൻ്റെ വാക്കുകളിൽനിന്ന് അനുമാനിക്കാം. ചുറ്റുമുള്ള ദരിദ്രരായ സഹോദരങ്ങളിലേക്കു തിരിയുവാനാണ് ആഹ്വാനം. സഹോദരപരിഗണനയും സാമൂഹ്യനീതിയും ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങൾക്കു വകയില്ലാത്തവരെക്കുറിച്ചു പരിഗണന ഉണ്ടായാൽ മാത്രമേ, മാനസാന്തരം പൂർണ്ണമാകൂ എന്നർത്ഥം. 

രണ്ടാമത്തെ ഗണത്തിൽപ്പെട്ടവർ ചുങ്കക്കാരാണ്. ധനികരായ ചൂഷക വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു ഇവരും. വലിയ ഒരു വിരുന്നു നടത്തുവാൻ തക്കവിധം ലേവി എന്ന ചുങ്കക്കാരനും (ലൂക്കാ 5, 27-32) സക്കേവൂസും (ലൂക്കാ 19,1-10) ധനികരായിരുന്നു. തങ്ങൾ എന്തു ചെയ്യണമെന്നതായിരുന്നു യോഹന്നാനോടുള്ള അവരുടെയും ചോദ്യം. “നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്" (ലൂക്കാ 3,13) എന്നതായിരുന്നു യോഹന്നാന്റെ മറുപടി. റോമാക്കാർക്കുവേണ്ടി യഹൂദരിൽനിന്നു കരം പിരിച്ചിരുന്ന വരായിരുന്നു ചുങ്കക്കാർ. നിയമാനുസൃതമുള്ളതിൽ കൂടുതൽ ഇക്കൂട്ടർ ഈടാക്കിയിരുന്നു എന്നതിൻ്റെ സൂചന സക്കേവൂസിന്റെ വാക്കുകളിലുണ്ട്. അവൻ പറഞ്ഞു: "ആരുടെയെങ്കിലും വക ഞാൻ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു" (ലൂക്കാ 19,8). നീതിരഹിതമായി പ്രവർത്തിക്കരുത് എന്നാണ് യോഹന്നാൻ ചുങ്കക്കാർക്കു നല്‌കിയ നിർദ്ദേശം.

പടയാളികളാണു യോഹന്നാനെ സമീപിക്കുന്ന മൂന്നാമത്തെ കൂട്ടർ. അവരുടെ ചോദ്യത്തിനു മറുപടിയായി യോഹന്നാൻ പറഞ്ഞു: “നിങ്ങൾ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനം കൊണ്ടു തൃപ്‌തിപ്പെടണം” (ലൂക്കാ 3,14). പോലീസും പട്ടാളവുമൊക്കെ സാധാരണ ജനത്തെ ഭീഷണി പ്പെടുത്തുന്നതു നമുക്കു പരിചിതമാണല്ലൊ. അതു പാടില്ലാ എന്നാണു യോഹന്നാൻ ഉപദേശിക്കുന്നത്. വ്യാജമായി ആരുടെമേലും കുറ്റം ആരോപിക്കയുമരുത്. ശമ്പളവർദ്ധനവിനുവേണ്ടി മുറവിളി കൂട്ടരുതെന്നും യോഹന്നാൻ അവരെ പഠിപ്പിച്ചു. അതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന സാമൂഹ്യവ്യവസ്ഥിതിയെ തകിടം മറിക്കുവാനും പുതിയ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുവാനുമുള്ളതായിരുന്നു യോഹന്നാൻ്റെ ആഹ്വാനം. പഴയനിയമ പ്രവാചകരെപ്പോലെ, പാവപ്പെട്ടവരുടെയും ചൂഷണവിധേയരായവരുടെയും പക്ഷം ചേരുന്ന ദൈവികമനുഷ്യനെയാണു നമ്മൾ യോഹന്നാനിൽ കണ്ടു മുട്ടുന്നത്. ശക്തനായ ഒരു സാമൂഹ്യ പരിഷ്‌കാരത്തിന്റെ പ്രവാചകൻ എന്ന നിലയിലാണ് യോഹന്നാൻ മിശിഹായ്ക്കു വഴി ഒരുക്കിയത്. ഈശോ പ്രഘോഷിച്ച സുവിശേഷവും മുഖ്യമായും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെയും ദരിദ്രരെയും ചൂഷണ വിധേയരായവരെയും ലക്ഷ്യം വച്ചുള്ളതാണല്ലൊ. 

7 യോഹന്നാനെക്കാൾ ശക്തനായവൻ വരുന്നു 

തന്റെ സ്ഥാനത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും തികഞ്ഞ ബോധ്യമുള്ള വ്യക്തിയായിരുന്നു സ്‌നാപകയോഹന്നാൻ. അതു കൊണ്ടാണു തന്നെ മിശിഹായായി തെറ്റിദ്ധരിച്ചവരോട്, “ഞാൻ ജലംകൊണ്ടു സ്‌നാനം നല്‌കുന്നു. എന്നാൽ എന്നെക്കാൾ ശക്തനായ ഒരുവൻ വരുന്നു. അവൻ്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങൾക്കു സ്‌നാനം നല്‌കും" (ലൂക്കാ 3,16) എന്നു പറയുവാൻ അദ്ദേഹത്തിനു സാധിച്ചത്. ഈശോ നല്‌കുന്ന സ്നാനത്തെ യോഹന്നാന്റേതിൽനിന്നു വ്യതിരിക്തമാക്കുന്നത് അവിടുന്നു നല്കുന്ന പരിശുദ്ധാത്മാവാണ്. യോഹന്നാൻ ഈ പ്രവചനം പന്തക്കുസ്ത‌ാദിനത്തിൽ നിറവേറി. അഗ്നിജ്വാലകൾ പോലുള്ള നാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് ശ്ലീഹന്മാരുടെയും പരി. കന്യകാമറിയത്തിൻ്റെയുംമേൽ വന്നുവസിച്ചത് അന്നായിരുന്നു ( 2,1-4). 

യോഹന്നാൻ നല്കിയിരുന്ന സ്നാനം പിന്നാലെ വരാനിരുന്ന ശക്തനായവനെ സ്വീകരിക്കുവാനുള്ള ഒരുക്കമായിരുന്നു എന്നു വ്യക്തമാക്കുന്ന ഒരു രംഗവും ശ്ലീഹന്മാരുടെ നടപടിപുസ്‌തകത്തിലുണ്ട്. തന്റെ പ്രേഷിതയാത്രകൾക്കിടയിൽ എഫേസോസിലെത്തിയ പൗലോസ്ശ്ലീഹാ അവിടെ കണ്ട ശിഷ്യരോടു ചോദിച്ചു: "നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ?" അവർ പറഞ്ഞു: "ഇല്ല, പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുപോലുമില്ല". അവൻ ചോദിച്ചു: “എങ്കിൽ പിന്നെ നിങ്ങൾ ഏതു സ്‌നാനമാണു സ്വീകരിച്ചത്?" അവർ പറഞ്ഞു: “യോഹന്നാൻ്റെ സ്‌നാനം". അപ്പോൾ പൗലോസ് പറഞ്ഞു: 'യോഹന്നാൻ തനിക്കു പിന്നാലെ വരുന്നവനിൽ, അതായത് യേശുവിൻ വിശ്വസിക്കണമെന്നു ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിൻ്റെ സ്‌നാനമാണു നല്‌കിയത്" (ശ്ലീഹ 19,1-10). ജീവിതനവീകരണത്തിൽ എത്തിനിന്ന അനുതാപത്തിന്റെ ബാഹ്യ പ്രകടനമായി യോഹന്നാൻ നല്‌കിയിരുന്ന സ്‌നാനം ഈശോ മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്കും അവിടുത്തെ നാമത്തിലുള്ള ജ്ഞാനസ്നാനത്തിലേയ്ക്കും അതുവഴി ലഭിക്കുന്ന രക്ഷാകരമായ പാപമോചനത്തിലേയ്ക്കും നയിക്കുവാനുള്ളതായിരുന്നു ( 1,76-77; 3,3; 0 8,14-17; 10,36-43; 13,23-39; 19,4-6; 22,16). തന്റെ പിന്നാലെ വരുന്ന ശക്തനായവനെ സ്വീകരിക്കാൻ ജനത്തെ ഒരുക്കുകയായിരുന്നു യോഹന്നാന്റെ ദൗത്യം. 

8 ഈശോയെ മനസിലാക്കുവാൻ യോഹന്നാനെ മനസിലാക്കണം 

യോഹന്നാന്റെ ദൗത്യവും അധികാരവും മനസിലാക്കിയാൽ മാത്രമേ ഈശോയുടെ ദൗത്യവും അധികാരവും ശരിക്കു ഗ്രഹിക്കാനാവൂ എന്നു വ്യക്തമാക്കുന്ന ഒരു രംഗം ജറൂസലേം ദൈവാലയത്തിൽ ഉണ്ടായതായി ലൂക്കാ വിവരിക്കുന്നുണ്ട്. എന്തധികാരത്താലാണ് ഈശോ പ്രവർത്തിച്ചിരുന്നത് എന്നു ചോദിച്ച പുരോഹിത പ്രമുഖരോടും നിമയമജ്‌ഞരോടും ജനപ്രമാണികളോടുമായി ഈശോ ഒരു മറുചോദ്യം ഉന്നയിച്ചു: "യോഹന്നാന്റെ ജ്ഞാനസ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?" സ്വർഗ്ഗത്തിൽ/ദൈവത്തിൽനിന്നാണ് എന്നവർ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണവർ അതു സ്വീകരിക്കാതിരുന്നതും. ജനക്കൂട്ടം യോഹന്നാനെ ഒരു പ്രവാചകനായും ദൈവത്തിൽ നിന്നുള്ളവനായും കണ്ടിരുന്നതിനാൽ മനുഷ്യരിൽനിന്ന് എന്നു പറയുവാനും അവർക്കു ഭയമായിരുന്നു. അതുകൊണ്ടു തന്ത്രപൂർവം അവർ മറുപടി നല്‌കി: "എവിടെനിന്ന് എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ”. അപ്പോൾ ഈശോ പറഞ്ഞു: “എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല" (ലൂക്കാ 20,1-8). യോഹന്നാനെ ദൈവത്തിൽനിന്നുള്ളവനായി സ്വീകരിക്കുന്നവർ ഈശോയെക്കുറിച്ച് അദ്ദേഹം നല്കിയ സാക്ഷ്യവും സ്വീകരിക്കും. യോഹന്നാനെ അംഗീകരിക്കാത്തവർക്ക് ഈശോയുടെ ദൈവികാധികാരത്തിൽ വിശ്വസിക്കാനും വിഷമമാണ് എന്നതാണ് ഈ രംഗത്തിന്റെ സാരാംശം. 

രക്ഷകനായ മിശിഹായ്ക്കു വഴിയൊരുക്കുവാൻ ദൈവത്താൽ അയയ്ക്കപ്പെട്ട യോഹന്നാൻ, അനുതാപത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും ജനങ്ങളെ ക്ഷണിച്ചുകൊണ്ടും, അനുതാപത്തിന്റെ ബാഹ്യപ്രകടനവും വരുവാനിരുന്ന പരിശുദ്ധാത്മസ്നാനത്തിന്റെ മുന്നോടിയുമായ സ്‌നാനം നല്കിയും കർത്താവിനു മുമ്പേ പോയി അവിടുത്തേക്കു വഴിയൊരുക്കി. തിന്മയുടെ പാതയിൽ നിന്നകന്നു ദൈവത്തിലേക്കു തിരിയുന്നവർ നിശ്ചയമായും വേദനിക്കുന്ന സഹോദരരിലേയ്ക്കും തിരിയണം എന്നതായിരുന്നു യോഹന്നാന്റെ സന്ദേശത്തിന്റെ സാരാംശം.

കാരുണ്യത്തിന്റെ സുവിശേഷം 

പല വികാരങ്ങളുടെ സങ്കലിതമാണ് കാരുണ്യം. ഇതിൽ സ്നേഹമുണ്ട്, അലിവുണ്ട്, സഹാനുഭൂതിയുണ്ട്, ക്ഷമയുണ്ട്. വി. ലൂക്കായുടെ സുവിശേഷത്തെ “കാരുണ്യത്തിൻ്റെസുവിശേഷ”മെന്നു വിശേഷിപ്പിക്കുമ്പോൾ ഈശോയിൽ പ്രകാശിതമായ ദൈവിക കാരുണ്യത്തിനു സവിശേഷമായ പ്രാധാന്യം നല്കി ലൂക്കാ അവതരിപ്പിക്കുന്നു എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. നസ്രായനായ ഈശോയിൽ ദൈവത്തിൻ്റെ കരുണ അതിൻ്റെ എല്ലാ മാനങ്ങളിലും പ്രകടവും അനുഭവവേദ്യവുമായെന്നു സാരം. ഈ ചിത്രം അടുത്തു കാണുവാനുള്ള ശ്രമമാണ് ഈ അധ്യായത്തിൽ. 

1 കാരുണ്യം പഴയനിയമത്തിൽ 

കരുണയെ സൂചിപ്പിക്കുവാൻ പഴയനിയമത്തിൽ പ്രധാനമായും രണ്ടുപദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. "റഹമിം" (rahamim), “ഹെസദ്" (hesed). ഇതിൽ ആദ്യപദം അമ്മയുടെ ഉദരം (bowels, bosom) എന്നർത്ഥമുള്ള "റെഹെം" (rehem) എന്ന നാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതാവിൻ്റെയോ സഹോദരന്റെയോ ഹൃദയത്തെ സൂചിപ്പിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട് (ഉല്പ 43,30). തീവ്രവികാരങ്ങൾ മനുഷ്യൻ്റെ അന്തരിന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന സെമിറ്റിക് ചിന്തയുടെ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം. തീവ്രവികാരങ്ങൾ - അതു സന്തോഷത്തിന്റെയോ ദുഃഖത്തിന്റെയോ സ്നേഹത്തിന്റെയോ ഭയത്തിന്റെയോ എന്തുതന്നെയായാലും - മനുഷ്യൻ്റെ ഉള്ളിന്റെ ഉള്ളിലാണല്ലൊ അനുഭവപ്പെടുന്നത്. ഹൃദയത്തിലനുഭവപ്പെടുന്ന വികാരം ഉടനടി പ്രവൃത്തിപഥത്തിലെത്തുകയും ചെയ്യും. "റഹമിം” എന്ന ഹീബ്രുപദത്തിനു ഗ്രീക്കുഭാഷയിൽ "സ്‌പ്ലാൻഖ്‌ന" (Splanchna), “എലെയോസ്" (eleos), “ഓയിക്റ്റിർമോസ്" (oiktirmos) എന്നൊക്കെയാണു പരിഭാഷ. മലയാളത്തിൽ കാരുണ്യം, ദയ, അനുകമ്പ, സഹാനുഭൂതി എന്നെല്ലാം അർത്ഥം. മുഖ്യമായും പിതാവായ ദൈവത്തിനും അവിടുത്തെ പുത്രനായ ഈശോയ്ക്കും മനുഷ്യകുലത്തോടുള്ള ബന്ധത്തെ വർണ്ണിക്കാനാണ് വി.ലൂക്കാ ഈ പദങ്ങൾ ഉപയോഗിക്കുന്നത് (ലൂക്കാ 1,78; 7,13; 10,33; 15,20). 

രണ്ടാമത്തെ ഹീബ്രുപദമായ "ഹെസെദി"നും പുതിയനിയമത്തിൽ “എലെയോസ്" (eleos) തന്നെയാണ് ഉപയോഗിക്കുന്നത്. ഇരു ഭാഷകളിലും ദൈവത്തിനു മനുഷ്യനോടുള്ള അചഞ്ചലവും നിസ്തന്ദ്രവും വിശ്വസ്ത‌തവുമായ സ്നേഹമാണു സൂചിതം (Steadfast love). സ്വതന്ത്രമനസ്സാൽ ഇസ്രായേൽ ജനവുമായി സ്നേഹഉടമ്പടിയിൽ ഏർപ്പെടുകയും ജനം അവിശ്വസ്‌തരായി വർത്തിച്ചപ്പോൾപ്പോലും അവരോടു വിശ്വസ്‌തത പ്രകടിപ്പിക്കുകയും, അവരുടെ അവിശ്വസ്തത കണക്കിലെടുക്കാതെ, അവരോടു നിരന്തരം ക്ഷമിക്കുകയും ചെയ്ത യാഹ്‌വെയുടെ ഹൃദയവികാരത്തെ ഈ പദം വ്യക്തമാക്കുന്നു. ഇസ്രായേൽജനത്തോടു ദൈവത്തിനുള്ള ബന്ധത്തെ സംക്ഷിപ്ത‌മായി “ഹെസെദ്" എന്ന പദത്തിൽ സംഗ്രഹിക്കാം. രക്ഷാകരചരിത്രത്തിലെ അവിടുത്തെ ഇടപെടലുകളെല്ലാം ഈ വികാരത്താൽ പ്രചോദിതമാണ്. മനുഷ്യനെ രക്ഷിക്കുക - വിമോചിപ്പിക്കുക - എന്ന ലക്ഷ്യമാണല്ലൊ അവിടുത്തെ പ്രവർത്തനങ്ങളുടെയെല്ലാം പിന്നിൽ. അബ്രാഹത്തിനു നല്‌കിയ വാഗ്ദാനവും അദ്ദേഹവുമായി ചെയ്‌ത ഉടമ്പടിയുമാണ് ഇസ്രായേൽ ജനത്തിന്റെ അസ്തിത്വത്തിനുതന്നെ നിദാനം (ഉല്‌പ 12,1-3; 22,18). ഈ ഉടമ്പടിയുടെ തുടർച്ചയാണ് സീനായ് ഉടമ്പടിയിലും (പുറ 19-24) ദാവീദിനു നല്കിയ വാഗ്‌ദാനത്തിലുമെല്ലാം (2 സാമു 7) നമ്മൾ കാണുന്നത്. അബ്രാഹവും മോശയും ദാവീദുമൊക്കെ ഇസ്രായേൽ ജനത്തിന്റെ പിതാക്കന്മാരും പ്രതിനിധികളുമാണല്ലൊ. അവരുമായി ദൈവമേർപ്പെട്ട ഉടമ്പടിസ്നേഹം അവിടുന്നൊരിക്കലും പിൻവലിച്ചില്ല (സങ്കീ 89). ദൈവത്തിൻ്റെ ഈ ഉടമ്പടിബന്ധത്തെയും വിശ്വസ്തതയെയുംകുറിച്ചു പ്രതിപാദിക്കുമ്പോൾ പഴയനിയമഗ്രന്ഥങ്ങൾ "ഹെസെദി”ന്റെ ഭാഷ ഉപയോഗിക്കുന്നു. ഇതിൻ്റെ ഗ്രീക്കുപദമായ “എലെയോസ്" ലൂക്കായും പ്രയോജനപ്പെടുത്തുന്നു (ലൂക്കാ 1,50. 54-55.69; 6,36; 17,13; 18,13.38-39). 

2 കരുണയും പാപമോചനവും 

ഉടമ്പടിവ്യവസ്ഥകൾ ലംഘിച്ച ഇസ്രായേൽജനം ദൈവവുമായുള്ള ബന്ധത്തിൽ നിന്നകന്നുപോയി. എങ്കിലും ദൈവത്തിന്റെ സ്നേഹം (ഹെസൈദ്) പിൻവലിക്കാനാവാത്തതായതുകൊണ്ടു ജനത്തിന്റെ അവിശ്വസ്‌തത ക്ഷമിക്കുവാൻ അവിടുന്നു സദാ സന്നദ്ധനായിരുന്നു. ദൈവവുമായുള്ള ബന്ധത്തിൽ തുടരുന്നതിനു മനുഷ്യന് ഏറ്റവും ആവശ്യകമായിരുന്നതും പാപമോചനമായിരുന്നു. അപ്രകാരം ജനത്തിനു ദൈവത്തിൻ്റെ കാരുണ്യം അനുഭവവേദ്യമായ അവസരം പാപമോചനത്തിൻ്റേതായിരുന്നു. ദൈവം കാരുണ്യവാനും കൃപാനിധിയുമാണ് എന്ന് ഏറ്റുപറയുമ്പോൾ ജനം പ്രഘോഷിക്കുന്നതും ഈ ദൈവികക്ഷമയും അതിൽനിന്നുവരുന്ന പാപമോചനാനുഭവവുമാണ് (സങ്കീ 86,15; 103,8). 

ഈ പഴയനിയമപശ്ചാത്തലത്തിലേ വി. ലൂക്കായുടെ സുവിശേഷത്തിലെ കാരുണ്യത്തിന്റെ രംഗങ്ങൾ ശരിക്കു മനസ്സിലാക്കാനാവൂ. ലൂക്കായുടെ സുവിശേഷത്തിലെ ഈ രംഗങ്ങളിൽ നിഴലിക്കുന്ന ആശയം പഴയനിയമത്തിലേതിൻ്റെ തുടർച്ചയും പൂർത്തീകരണവുമാണ്. പുരാതനകാലങ്ങളിൽ പലവിധത്തിലും പലരിലൂടെയും ദൈവം പ്രകടമാക്കിയ കാരുണ്യവും കൃപയും ക്ഷമയും സ്നേഹവും വിശ്വസ്‌തതയുമെല്ലാം അതിൻ്റെ പൂർണ്ണതയിൽ തന്റെ പുത്രനിലൂടെ അവിടുന്നു നമുക്ക് പ്രദാനം ചെയ്യുന്ന മഹാസംഭവങ്ങളാണു വി.ലൂക്കാ തൻ്റെ സുവിശേഷത്തിൽ വിവരിക്കുന്നത്. 

3 തലമുറതോറും കരുണ കാണിക്കുന്ന ദൈവം 

പരിശുദ്ധകന്യകാമറിയം തൻ്റെ സ്തോത്രഗീതത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള കാരണങ്ങളിൽ ഒന്നായി അവതരിപ്പിക്കുന്നത് ദൈവികകാരുണ്യമാണ്. "അവൻ്റെ കാരുണ്യം അവനെ ഭയപ്പെടുന്നവരുടെമേൽ നൂറ്റാണ്ടുകളും തലമുറകളുംവരെ ഉണ്ടായിരിക്കും” (ലൂക്കാ 1,50). ദൈവത്തെ സ്നേഹിക്കുകയും അവിടുത്ത കല്പനകൾ പാലിച്ച് അവിടുത്തെ ഭയപ്പെടുകയും ചെയ്തിരുന്ന അബ്രാഹത്തിൻ്റെ സന്തതിപരമ്പരയോടു ദൈവം കാണിക്കുന്ന കാരുണ്യമായാണു തന്നിൽ അവിടുന്നാരംഭിച്ചിരിക്കുന്ന രക്ഷാകര ഇടപെടലിനെ മറിയം കാണുന്നത്. പരിശുദ്ധാത്മശക്തിയാൽ തന്റെ ഉദരത്തിൽ രൂപംകൊണ്ടിരിക്കുന്ന ദിവ്യശിശുവിനെ ഈ കാരുണ്യത്തിൻ്റെ നിദർശനമായി അവൾ പുകഴ്ത്തുന്നു. സങ്കീർത്തകന്റെ വചനങ്ങൾ മറിയത്തിന്റെ ചിന്തയെ സ്വാധീനിച്ചിരിക്കാം. “ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം. കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മിൽ നിന്നകറ്റി നിർത്തി. പിതാവ് മക്കളോടെന്നപോലെ കർത്താവിനു തൻ്റെ ഭക്തരോട് അലിവു തോന്നുന്നു... എന്നാൽ കർത്താവിൻ്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും" (സങ്കീ 103,11-17) തുടങ്ങിയ സങ്കീർത്തനഭാഗങ്ങൾ മറിയത്തിനു മനഃപാഠമായിരുന്നിരിക്കണം. 

4 കാരുണ്യം അനുസ്‌മരിക്കുന്ന ദൈവം 

മറിയം തന്റെ കീർത്തനത്തിന്റെ അവസാനഭാഗത്ത്, തന്നിൽ ജന്മമെടുത്തിരിക്കുന്ന ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെ, ദൈവം അബ്രാഹവുമായി ചെയ്‌ത ഉടമ്പടിയുമായി ബന്ധിപ്പിക്കുന്നു. “നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും സന്തതികളോടും എന്നേക്കുമായി അരുളിച്ചെയ്‌തതുപോലെ തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവൻ തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു" (ലൂക്കാ 1,54-55). ഇസ്രായേൽജനം കർത്താവിന്റെ ദാസരാണ്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു: "എൻ്റെ ദാസനായ ഇസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹത്തിൻ്റെ സന്തതീ, നീ എൻ്റെ ദാസനാണ്. ഞാൻ നിന്നെ തിരഞ്ഞെടുത്തു" (ഏശ 41,8-9). തന്റെ ദാസനായ ഇസ്രായേലിനെ സഹായിക്കാനാണു ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയയ്ക്കുന്നത്. ദൈവപുത്രൻ്റെ ഈ മനുഷ്യാവതാരം ദൈവം അവിടുത്തെ പഴയഉടമ്പടി അനുസ്‌മരിച്ചതിന്റെ ഫലമാണ്. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും സന്തതികളോടും ദൈവം ചെയ്തത ഉടമ്പടിയെ കാരുണ്യം എന്നാണ് മറിയവും ലൂക്കായും വിശേഷിപ്പിക്കുന്നത്. അബ്രാഹത്തോടു ദൈവം ചെയ്ത ഉടമ്പടി ഉല്പത്തി പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നുണ്ട്. അബ്രാഹത്തെ വിളിക്കുന്ന അവസരത്തിൽ കർത്താവരുളിച്ചെയ്തു: “നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” (ഉല്പ‌ 12,3). വീണ്ടും, തൻ്റെ ഏകപുത്രനെപ്പോലും ബലിയർപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച അബ്രാഹത്തിൻ്റെ അനുസരണത്തിൽ സന്തുഷ്ടനായ ദൈവം അരുളിച്ചെയ്‌തു: "നീ എൻ്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിൻ്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്‌പ 22, 18). അബ്രാഹത്തിലൂടെയായാലും സന്തതിയിലൂടെയായാലും ഫലം ലോകത്തിലെ ജനതകൾക്കെല്ലാമുള്ള അനുഗ്രഹമാണ്. 

പിന്നീടു സീനായ് മലയിൽവച്ചു ദൈവം ഇസ്രായേൽ ജനവുമായി ഉടമ്പടി ബന്ധത്തിലേർപ്പെടുമ്പോൾ അബ്രാഹത്തിനു നൽകിയിരുന്ന വാഗ്ദാനംതന്നെ പുനഃസ്ഥാപിക്കുകയായിരുന്നു. ജനത്തിന്റെ പ്രതിനിധിയായ മോശയുടെ മുമ്പിൽ മേഘത്തിൽ ഇറങ്ങി വന്ന കർത്താവ് അരുളിച്ചെയ്‌തു: "കർത്താവ്, കാരുണ്യവാനും കൃപാ നിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ; തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ചു കൊണ്ട് ആയിരങ്ങളോടു കരുണ കാണിക്കുന്നവൻ" (പുറ 34,6-7). ഇസ്രായേലിനെ സ്വന്തജനമായി സ്വീകരിച്ച് എന്നും അവരുടെ ദൈവമായി വർത്തിക്കാനുള്ള അവിടുത്തെ തീരുമാനത്തിൽ അബ്രാഹത്തിനു നൽകിയ വാഗ്ദാനം ഭാഗികമായി നിറവേറുകയായിരുന്നു. 

ഈ വാഗ്ദാനത്തിൻ്റെ തന്നെ വളർച്ചയാണ് ദാവീദിനോടുള്ള കർത്താവിന്റെ ഉടമ്പടിയിലും കാണുന്നത്. അവിടുന്നരുളിച്ചെയ്തു: “ദിനങ്ങൾ തികഞ്ഞു നീ പൂർവ്വികരോടു ചേരുമ്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവൻ്റെ രാജ്യം സുസ്ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും; അവൻ്റെ രാജസിംഹാസനം ഞാൻ എന്നേയ്ക്കും സ്ഥിരപ്പെടുത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും..." (2 സാമു 7,12-14). നിത്യം ഭരണം നടത്തുന്ന ഒരുവൻ ദാവീദിൻ്റെ വംശത്തിൽനിന്നു വരും എന്ന വിശ്വാസം നാഥാൻ പ്രവാചകൻവഴി ദൈവം അറിയിച്ച ഈ വാഗ്ദാനത്തിലധിഷ്‌ഠിതമാണ്. വരുവാനിരിക്കുന്ന രക്ഷകൻ അഭിഷിക്തൻ - മിശിഹാ - ദാവീദിൻ്റെ പുത്രനായിരിക്കും എന്നു ചുരുക്കം. 

നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും സന്തതികളോടും എന്നേക്കുമായി അരുളിച്ചെയ്‌തതുപോലെ, തന്റെ കാരുണ്യം അനുസ്മ‌രിച്ചുകൊണ്ടു ദൈവം തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു എന്നു മറിയം ഉദ്ഘോഷിക്കുമ്പോൾ, തന്റെ പഴയ വാഗ്ദാനങ്ങൾ നിർണ്ണായകമായി പൂർത്തിയാക്കാൻ ദൈവം ആരംഭിച്ചിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. അബ്രാഹത്തിനു നല്കിയ അനുഗ്രഹവാഗ്ദാനവും ദാവീദിനു നല്‌കിയ രാജകീയ രക്ഷാവാഗ് ദാനവും പൂർണ്ണതയിൽ നിറവേറിയത് ഈശോയെന്ന വ്യക്തിയിലാണല്ലൊ. പൂർത്തീകരണത്തിൻ്റെ ഈ തുടക്കത്തിൽ ദൈവത്തോടൊത്തു സഹകരിക്കാൻ വിളിലഭിച്ച മറിയം, തന്നിൽ ഉരുവാക്കപ്പെട്ടിരിക്കുന്ന ദൈവപുത്രനെ ദൈവികകാരുണ്യത്തിന്റെ മനുഷ്യാവതാരമായി മനസ്സിലാക്കി ദൈവത്തെ സ്‌തുതിക്കുന്നു. 

5 കാരുണ്യത്താൽ രക്ഷയുടെ കൊമ്പുയർത്തുന്ന ദൈവം 

മിശിഹായ്ക്കു വഴിയൊരുക്കുവാൻ വന്ന സ്‌നാപകയോഹന്നാന്റെ ജനനാവസരത്തിൽ അവൻ്റെ പിതാവായ സഖറിയാ ദൈവത്തെ സ്തുതിക്കുന്ന രംഗം ശ്രദ്ധേയമാണ്. ദൈവം തന്റെ പുത്രനിലൂടെ ഇസ്രായേൽ ജനത്തെ സന്ദർശിച്ചു വീണ്ടെടുക്കുന്ന തിന്റെ മുന്നോടിയായാണു യോഹന്നാന്റെ ജനനത്തെ സഖറിയാ ദർശിക്കുന്നത് (ലൂക്കാ 1,68). സഖറിയാ തുടരുന്നു: “തന്റെ ദാസനായ ദാവീദിൻ്റെ ഭവനത്തിൽ അവൻ നമുക്കായി രക്ഷയുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു" (ലൂക്കാ 1,69). മൃഗങ്ങളുടെ കൊമ്പ് അവയുടെ ശക്തിയുടെ അടയാളമാണ് (നിയ 33,17). രക്ഷയുടെ കൊമ്പ് ശക്തനായ ദൈവത്തിൽനിന്നുള്ള രക്ഷയെ സൂചിപ്പിക്കുന്നു (ലൂക്കാ 1,49). ദൈവത്തിൻ്റെ ഈ രക്ഷ ജനത്തിന് അനുഭവവേദ്യമായത് തങ്ങളെ സന്ദർശിച്ചു രക്ഷിക്കാനെത്തിയ ഈശോയിലായിരുന്നല്ലൊ. തൻ്റെ ദാസനായ ദാവീദിൻ്റെ ഭവനത്തിലാണു രക്ഷയുടെ ഈ കൊമ്പ് ഉയർത്തിയിരിക്കുന്നത് എന്ന യാഥാർത്ഥ്യം ദാവീദിനു കൊടുത്ത വാഗ്ദ‌ാനത്തിൻ്റെ പൂർത്തീകരണത്തിന്റെ ഭാഗമാണിത് എന്നുകൂടി സൂചിപ്പിക്കുന്നു. ഇസ്രായേലിനെ 'ദാസൻ' എന്നു വിളിക്കുന്നത് നമ്മൾ 1,55-ൽ കണ്ടു. ഇവിടെ ദാവീദിനെ 'ദാസൻ' എന്നു വിശേഷിപ്പിക്കുന്നു. 

ദൈവം ദാവീദിൻ്റെ ഭവനത്തിൽ രക്ഷയുടെ കൊമ്പുയർത്തുന്നതു നമ്മുടെ പിതാക്കന്മാരോടു ചെയ്ത‌ കാരുണ്യവാഗ്ദാനവും വിശുദ്ധഉടമ്പടിയും അബ്രാഹത്തോടു ചെയ്ത ശപഥവും അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് (ലൂക്കാ 1,72-73). ഇവിടെ സഖറിയായും രക്ഷകനായ മിശിഹായുടെ ആഗമനത്തെ ദൈവികകാരുണ്യത്തിന്റെ നിദർശനമായാണു കാണുന്നത്. ഈ കാരുണ്യമാകട്ടെ പിതാക്കന്മാരോടു ചെയ്‌ത വാഗ്‌ദാനങ്ങളിലധിഷ്‌ഠിതവും. 

6 ദൈവിക കാരുണ്യത്തിൻ്റെ ഉദയരശ്‌മി 

സഖറിയായുടെ കീർത്തനത്തിൻ്റെ അവസാനഭാഗത്തു മനുഷ്യാവതാരവും അതിൻ്റെ ഫലങ്ങളും മനോഹരമായ ഭാഷയിൽ വർണ്ണിക്കപ്പെടുന്നുണ്ട്. "ദൈവത്തിൻ്റെ കാരുണ്യത്താൽ ഉന്നതത്തിൽനിന്നുള്ള ഉദയം നമ്മെ സന്ദർശിക്കുമ്പോൾ അന്ധകാരത്തിലും മരണത്തിൻ്റെ നിഴലിലും കഴിയുന്നവർക്കു പ്രകാശം ലഭിക്കും; സമാധാനത്തിൻ്റെ മാർഗ്ഗത്തിലേയ്ക്കു നമ്മുടെ പാദങ്ങൾ നയിക്കപ്പെടും" (ലൂക്കാ 1,78-79). ഉന്നതത്തിൽനിന്നുള്ള ഉദയം ദൈവത്തിൽനിന്നുള്ള പ്രകാശമായ മിശിഹായാണ്. സഖറിയായുടെ ഗീതത്തിന്റെ ആദ്യഭാഗത്തു സൂചിപ്പിച്ചതുപോലെ ദൈവം സന്ദർശിക്കുന്നതു രക്ഷിക്കാനാണ് (ലൂക്കാ 1,68). ദൈവത്തിൽനിന്നുള്ള പ്രകാശം നമ്മെ സന്ദർശിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല. അന്ധകാരത്തിലും മരണത്തിൻ്റെ നിഴലിലും കഴിയുന്നവർ തിന്മയുടെ ശക്തിക്കടിപ്പെട്ടു പാപത്തിൽ ജീവിക്കുന്നവരാണ്. ഇക്കൂട്ടർക്കാണു പ്രകാശം ലഭിക്കുന്നത്. ഇവർ തിന്മയുടെയും പാപത്തിന്റെയും ബന്ധനത്തിൽനിന്നു വിമോചിതരാകും എന്നു ചുരുക്കം. തത്ഫലമായി നമ്മുടെ പാദങ്ങൾ സമാധാനത്തിൻ്റെ മാർഗ്ഗങ്ങളിലേക്കു നയിക്കപ്പെടുകയും ചെയ്യും. പാപമോചനത്തിന്റെയും രക്ഷയുടെയും ആത്യന്തികഫലം സമാധാനമാണല്ലൊ. 

ഉന്നതത്തിൽനിന്നുള്ള ഉദയം നമ്മെ സന്ദർശിക്കുന്നതു നമ്മുടെ "ദൈവത്തിന്റെ കാരുണ്യാതിരേക”ത്താലാണ് എന്നാണ് സഖറിയാ വ്യാഖ്യാനിക്കുന്നത്. ദൈവത്തിൻ്റെ കാരുണ്യാതിരേകത്തെ സൂചിപ്പിക്കുവാൻ ലൂക്കാ ഉപയോഗിക്കുന്നത് "സ്‌പ്ലാൻഖ്‌ന” എന്ന പദം ആണ്. പിതാവായ ദൈവത്തിൻ്റെ ഹൃദയം (സ്നേഹം) മനുഷ്യ രൂപം പ്രാപിച്ചതാണ് ഈശോയുടെ മനുഷ്യാവതാരം എന്നുസാരം. മനുഷ്യകുലത്തോടുള്ള തൻ്റെ ബന്ധത്തിൻ്റെ ആകെത്തുകയായ പാപമോചകമായ, ക്ഷമാപൂർണ്ണമായ, കാരുണ്യം മനുഷ്യനായതാണു നസ്രത്തിലെ ഈശോയെന്ന വ്യക്തി. ഈശോയുടെ സമകാലികർ അവിടുന്നിൽ ദർശിച്ചതും അനുഭവിച്ചറിഞ്ഞതും പിതാവായ ദൈവത്തിൻ്റെ ഹൃദയവലിപ്പമാണ്; അവിടുത്തെ ആർദ്രഹൃദയത്തിൻ്റെ സ്നേഹപ്രകടനങ്ങളാണ്; ഈശോയുടെ ജീവിതത്തിൽ ആവിഷ്കൃതമായ ദൈവത്തിൻ്റെ മഹാകാരുണ്യമാണ്. 

7 കാരുണ്യം ധൂർത്തടിക്കുന്ന പിതാവ് 

പതിനഞ്ചാമധ്യായത്തിലെ മൂന്നാമത്തെ ഉപമയിലൂടെ ലൂക്കാ പ്രധാനമായും ചിത്രീകരിക്കുന്നതു സ്വർഗ്ഗീയപിതാവിന്റെ രൂപമാണ്. വചനം കേൾക്കാൻ ഈശോയുടെ അടുക്കലെത്തിയ ചുങ്കക്കാരെയും പാപികളെയും അവിടുന്നു സ്വീകരിച്ചതിൽ നിയമജ്ഞരും പ്രീശരും നീരസപ്പെട്ടപ്പോൾ, തൻ്റെ മനോഭാവത്തെയും പ്രവർത്ത നരീതിയെയും ന്യായീകരിക്കാനാണ് ഈശോ ഈ ഉപമ അരുളിച്ചെയ്യുന്നത്. പാപികളോടും ചുങ്കക്കാരോടും താൻ കാണിക്കുന്ന അനുകമ്പയും സ്നേഹവുമെല്ലാം പിതാവായ ദൈവത്തിന് അവരോടുള്ള കാരുണ്യത്തിൻ്റെ പ്രതിഫലനമാണെന്നു വ്യക്തമാക്കുകയാണ് ഈശോയുടെ ലക്ഷ്യം. 

നഷ്ടപ്പെട്ട പുത്രൻ്റെ ഉപമയിലെ രണ്ടാമത്തെ മകൻ പിതാവിന്റെ സ്നേഹസഹവാസത്തിൽനിന്നു ഓടിയകന്നവനാണ്. പിതാവിന്റെ സാന്നിധ്യം തന്റെ സ്വതന്ത്രമായ ജീവിതത്തിനു വിഘ്നമാണെന്നു ചിന്തിച്ച ഇളയപുത്രൻ തനിക്കവകാശപ്പെട്ടതു കണക്കുപറഞ്ഞു കൈക്കലാക്കി ദൂരദേശത്തുപോയി ധൂർത്തടിച്ചു ജീവിച്ചു. സമ്പത്തും സ്നേഹിതരുമെല്ലാം തന്നെ ഉപേക്ഷിച്ചപ്പോൾ, വിശപ്പടക്കാൻപോലും വഴികാണാതെ വിഷമിച്ചപ്പോഴാണു പിതാവിന്റെ ഭവനത്തിലെ സമൃദ്ധിയെക്കുറിച്ചവൻ ഓർമ്മിച്ചത്. തെറ്റ് ഏറ്റുപറയാൻ തീരുമാനിച്ചുറച്ചു പിതൃഭവനത്തിലേക്കു തിരിച്ചുനടന്നു തുടങ്ങിയ പുത്രനെ അങ്ങകലെ വച്ചുതന്നെ പിതാവു തിരിച്ചറിയുന്നു. ഈ തിരിച്ചറിവിൻ്റെയും തുടർന്നുള്ള സ്നേഹപ്രകടനങ്ങളുടെയുമെല്ലാം അടിസ്ഥാനമായി ഈശോ ചൂണ്ടിക്കാണിക്കുന്ന വികാരം ആ പിതാവിൻ്റെ ഹൃദയാർദ്രതയാണ്. "അകലെ വച്ചുതന്നെ പിതാവ് അവനെക്കണ്ട് “മനസ്സലിഞ്ഞ്' ഓടിച്ചെന്ന് ആശ്ലേഷിച്ചു” (ലൂക്കാ 15,20). ഈ മനസ്സലിവിനെ സൂചിപ്പിക്കാൻ ലൂക്കാ ഉപയോഗിക്കുന്ന പദം “സ്‌പ്ലാൻഖ്ന" യുമായി ബന്ധപ്പെട്ട ക്രിയാരൂപമാണ്. പുറത്തേയ്ക്കിറങ്ങിച്ചെന്ന്, തിരിച്ചുവന്നപുത്രനെ കെട്ടിപ്പിടിച്ചുമ്മവച്ചു സ്നേഹം വാരിക്കോരിച്ചൊരിയുന്ന പിതാവിൻ്റെ ചിത്രത്തിലൂടെ ഈശോ വരച്ചുകാണിക്കാനാഗ്രഹിക്കുന്നത്, അനുതപിച്ചു തിരിച്ചുവരുന്ന പാപിയുടെമേൽ തൻ്റെ കാരുണ്യം അളവില്ലാതെ, നിർല്ലോഭം വർഷിക്കുന്ന സ്വർഗ്ഗീയപിതാവിൻ്റെ രൂപം തന്നെയാണ്. അവിടുത്തെ “കാരുണ്യഹൃദയത്തിൻ്റെ മനുഷ്യാവിഷ്കാരമാണ് ഈശോയെന്നു മുകളിൽ കണ്ടുവല്ലൊ. ചുരുക്കത്തിൽ, ഈശോയിലൂടെ, അവിടുത്തെ പ്രവർത്തനങ്ങളിലൂടെ വെളിവാക്കപ്പെട്ടതു മനുഷ്യരോടുള്ള ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹമാണ്. അതുകൊണ്ടാണു തന്റെ പക്കലേക്കു തിരിച്ചുവന്ന ചുങ്കക്കാരെയും പാപികളെയും അന്ന് ഈശോ സ്വീകരിച്ചത്; ഇന്നും അനുരഞ്ജനകൂദാശയിൽ സ്വീകരിക്കുന്നതും.  

8 കരുണയാൽ അലിയുന്ന പുത്രഹൃദയം 

ദൈവികകാരുണ്യം മനുഷ്യരൂപം പൂണ്ടതാണ് ഈശോയെന്നു നാം കണ്ടുവല്ലൊ. അതുകൊണ്ടുതന്നെ ഈശോയുടെ ഓരോ പ്രവൃത്തിയിലും നിഴലിച്ചത് ഈ കാരുണ്യം തന്നെയായിരുന്നു. സുവിശേഷത്തിലെ ഏഴാമധ്യായത്തിൽ ലൂക്കാ ഇതിന് ഒരുത്തമോദാഹരണം നല്കുന്നുണ്ട്. സന്ദർഭം നായിൻ പട്ടണത്തിലെ ഒരു ദരിദ്ര വിധവയുടെ ഏകമകൻ്റെ മരണാവസരമാണ്. തൻ്റെ ഏക ആശ്രയമായിരുന്ന പുത്രൻ, നഷ്‌ടമായതിൻ്റെ വേദനയും പേറി, അവന്റെ ശരീരം സംസ്കരിക്കുന്നതിനായി പട്ടണവാസികളുടെ വലിയൊരു സമൂഹത്തോടൊപ്പം നടന്നുനീങ്ങിയ വിധവയെ കണ്ടപ്പോൾ ഈശോയുടെ മനസ്സലിഞ്ഞുപോയി എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തുന്നത് (ലൂക്കാ 7,13). ഈ ഹൃദയാലിവ് വൈകാരിക തലത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നായിരുന്നില്ല; തത്ക്ഷണം അതു പ്രവൃത്തിപഥത്തിലെത്തി. 'കരയേണ്ട,' എന്നവളോടു പറഞ്ഞ്, ശവമഞ്ചത്തിൽ തൊട്ടു മരിച്ചവനെ ഉയിർപ്പിച്ച് ആ മാതാവിനു തിരിച്ചുനല്കിയപ്പോൾ മാത്രമേ ഈശോ സ്വസ്ഥനായുള്ളൂ. 15,20-ൽ പിതാവിന്റെ വികാരം വർണ്ണിക്കാനുപയോഗിച്ച ക്രിയാരൂപം തന്നെയാണ് ഇവിടെ ഈശോയുടെ അനുകമ്പയെ സൂചിപ്പിക്കാനും ലൂക്കാ ഉപയോഗിക്കുന്നത്. പിതാവിൻ്റെയും പുത്രന്റെയും ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ഇവിടെ പ്രകടമാണ്. ഈ ഐക്യത്തിന്റെ അന്തഃസത്ത കരുണാർദ്രസ്നേഹത്തിലധിഷ്‌ഠിതമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

 9 കരുണ കാണിച്ച സമരിയാക്കാരൻ 

സഹോദരസ്നേഹത്തിൻ്റെ മാതൃകയായി ഈശോ എടുത്തു കാണിച്ച നല്ല സമരിയാക്കാരൻ ഈശോയുടെ തന്നെ പ്രതീകമാണ്. കള്ളന്മാരുടെ കൈകളിലകപ്പെട്ടു, കൊള്ളയടിക്കപ്പെട്ട് അർദ്ധപ്രാണനായിതീർന്ന യഹൂദന് അവന്റെ തന്നെ വംശത്തിൽപ്പെട്ട പുരോഹിതനിൽനിന്നോ, ലേവായനിൽനിന്നോ സഹായമൊന്നും ലഭിച്ചില്ല. സഹായഹസ്‌തവുമായെത്തിയതാകട്ടെ വിജാതീയനായി കരുതപ്പെടുകയും പുച്ഛിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പാവം സമരിയാക്കാരൻ. മൃതപ്രായനായ യഹൂദനെ കണ്ടപ്പോൾ ഈ സമരിയാക്കാരനുണ്ടായ മനസ്സലിവിനെ സൂചിപ്പിക്കുവാൻ ഈശോ ഉപയോഗിക്കുന്ന പദവും “സ്‌പ്ലാൻഖ്നാ"യുമായി ബന്ധപ്പെട്ടതാണ് (ലൂക്കാ 10,33). ഉന്നതത്തിൽനിന്നു സ്വപുത്രനെ ഭൂമിയിലേയ്ക്കയക്കുന്നതിനു സ്വർഗ്ഗീയപിതാവിനെ പ്രേരിപ്പിച്ച മനസ്സലിവ് - അനുതപിച്ചു തിരിച്ചുവന്ന ധൂർത്തനായ പുത്രനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നതിനു പിതാവിനെ നിർബന്ധിച്ച മനസ്സലിവ് - നായിനിലെ വിധവയുടെ നേർക്ക് ഈശോയ്ക്കുണ്ടായ മനസ്സലിവ് ഇതേ മനസ്സലിവു തന്നെയാണു നിസ്സഹായനായി മരണത്തെമാത്രം മുന്നിൽകണ്ടു കിടന്നിരുന്ന യഹൂദനോടു സമരിയാക്കാരനു തോന്നിയതും (ലൂക്കാ 10,37). ഈ നല്ല സമരിയാക്കാരനിലൂടെ ഈശോ അവതരിപ്പിക്കുന്നതു സ്വന്തചിത്രമാണെന്നതിനു സംശയമെന്തിരിക്കുന്നു? തിന്മയുടെയും പാപത്തിൻ്റെയും ആക്രമണത്താൽ അർദ്ധപ്രാണരായിരുന്ന മനുഷ്യരോടു മനസ്സലിവു തോന്നിയാണല്ലൊ ഈശോ മനുഷ്യനായതു തന്നെ. 

10 “ദൈവമേ, പാപിയായ എന്നിൽ കനിയണമേ" 

അനുതപിച്ചു തിരിച്ചുവരുന്ന പാപിയെ പ്രതീക്ഷിച്ചു കരുണാർദ്രഹൃദയവുമായി കാത്തിരിക്കുന്ന സ്വർഗ്ഗീയപിതാവാണു നമുക്കുള്ളതെന്നു നമ്മൾ കണ്ടു. തൻ്റെ ദുർഭഗാവസ്ഥ ഗ്രഹിച്ച്, പിതാവിന്റെ പക്കലെത്തി തെറ്റ് ഏറ്റുപറയുവാൻ സന്നദ്ധത കാണിക്കുന്നവർക്കേ ഈ പിതാവിൻ്റെ കരുണ അനുഭവവേദ്യമാകൂ. ഏതുസമയത്തു തിരിച്ചുചെന്നാലും സ്വീകരിക്കാൻ സന്നദ്ധനായി സദാ കാത്തിരിക്കുന്നവനാണു ദൈവം. ധൂർത്തപുത്രനെപ്പോലെ തിന്മയുടെ പാതയുപേക്ഷിച്ചു മാനസാന്തരത്തോടെ ഒരു പുതിയ ജീവിതം നയിക്കാനുള്ള ഉറച്ച തീരുമാനവുമായി നമ്മൾ തിരിച്ചു ചെല്ലണം. അപ്പോൾ ഇരുകരങ്ങളും നീട്ടി അവിടുന്നു നമ്മെ ആശ്ലേഷിച്ചു സ്വഭവനത്തിലേക്കു സ്വീകരിക്കും. 

ധൂർത്തപുത്രന്റെ പുതിയ മനോഭാവം പ്രകടമാക്കുന്ന നിരവധി വ്യക്തികൾ ലൂക്കായുടെ സുവിശേഷത്തിലുണ്ട്. ഉദാഹരണത്തിനു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന ചുങ്കക്കാരൻ. ലൂക്കാ അദ്ദേഹത്തെ വർണ്ണിക്കുന്നതിപ്രകാരമാണ്: “എന്നാൽ ദൂരെനിന്ന്, സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകളുയർത്താൻപോലും തുനിയാതെ മാറത്തടിച്ച് ഇങ്ങനെ പ്രാർത്ഥിച്ചു: "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" (ലൂക്കാ 18,3). വിനീതമായ ഈ പ്രാർത്ഥന അവനു നീതിക്കായി പരിഗണിക്കപ്പെട്ടു എന്ന് ഈശോ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നമ്മിൽനിന്നു ദൈവം പ്രതീക്ഷിക്കുന്നതും ഈ ചുങ്കക്കാരൻ്റെ മനോഭാവം തന്നെയാണ്. 

ഈശോയിൽ സംലഭ്യമായ ദൈവികകാരുണ്യം - അനുഗ്രഹം, അതിന്റെ വിവിധ മാനങ്ങളിൽ പാപമോചനമായും രോഗശാന്തിയായും സമാധാനമായുമെല്ലാം - നമുക്കു ലഭിക്കണമെങ്കിൽ ജറീക്കോയിലെ അന്ധനെയും (ലൂക്കാ 18,38-39), സമരിയായിലെ കുഷ്ഠരോഗികളെയുംപോലെ (ലൂക്കാ 17,13), "ഗുരുവായ ഈശോയേ, ദാവീദിൻ്റെ പുത്രാ, ഞങ്ങളിൽ കനിയണമേ" എന്നുച്ചത്തിൽ നിലവിളിക്കുവാൻ നാം തയ്യാറാകണം. കാറോസൂസാ പ്രാർത്ഥനകളിൽ മറുപടിയായി നമ്മൾ ചൊല്ലുന്ന, “കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ" എന്ന പ്രാർത്ഥന ഈ ചൈതന്യത്തിലടിയുറച്ചതാണ്. 

11 സ്വർഗ്ഗീയപിതാവിനെപ്പോലെ കരുണയുള്ളവർ 

ദൈവത്തിനു മനുഷ്യനോടുള്ള ബന്ധത്തിൻ്റെ കാതൽ കാരുണ്യത്തിലടങ്ങിയിരിക്കുന്നുവെന്നു നമ്മൾ മനസ്സിലാക്കി. മനുഷ്യനായവതരിച്ച ഈശോയിലൂടെ നമുക്കത് അനുഭവവേദ്യമാകുകയും ചെയ്യുന്നു. ഓരോ തവണയും അനുതപിച്ച് അവിടുത്തെ പക്കലേക്ക് നമ്മൾ തിരിച്ചുചെല്ലുമ്പോൾ സ്വീകരിക്കുന്ന ദൈവം വ്യവസ്ഥയില്ലാത്ത ഈ കാരുണ്യത്തിന് ഒരു "വ്യവസ്ഥ" വച്ചിട്ടുണ്ട്. അവിടുത്തെ കരുണയ്ക്ക് നമ്മൾ പാത്രീഭൂതരാകണമെങ്കിൽ, നമ്മളും നമ്മുടെ സഹോദരങ്ങളോടു കരുണ കാണിക്കണമെന്ന വ്യവസ്ഥ. അതു കൊണ്ടാണ് അവിടുന്നിങ്ങനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്: "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ" (ലൂക്കാ 11,4). നമുക്കെതിരെ തെറ്റു ചെയ്യുന്നവരോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാൻ നാം തയ്യാറാണെങ്കിൽ മാത്രമേ ദൈവികകാരുണ്യം യാചിക്കാൻ നമുക്കർഹതയുണ്ടാവൂ. 

ഉടമ്പടിവ്യവസ്ഥകൾ പാലിക്കാതെ പഴയനിയമ ഇസ്രായേൽ അവിശ്വസ്തരായി അന്യദേവന്മാരുടെ പിന്നാലെ പോയപ്പോഴും, പുതിയനിയമത്തിൽ മനുഷ്യരൂപംപൂണ്ട ദൈവികകാരുണ്യമായ ഈശോയെ ജനം തിരസ്‌കരിച്ചപ്പോഴും ക്ഷമിച്ച സ്വർഗ്ഗീയപിതാവു തന്നെയാണ് ഇന്നും ഓരോ തവണയും അവിടുത്തേയ്ക്കെതിരെ നാം തെറ്റുചെയ്യുമ്പോൾ നമ്മോടും ക്ഷമിക്കുന്നത്. ഈ പിതാവു തന്നെയാണ് മറ്റുള്ളവരോടു ക്ഷമിക്കുന്നതിൽ നമുക്കു മാതൃക ആകേണ്ടത്. ശത്രുക്കളെ സ്നേഹിക്കുകയും നമ്മെ വെറുക്കുന്നവർക്കു നന്മ ചെയ്യുകയും ശപിക്കുന്നവരെ അനുഗ്രഹിക്കുകയും പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ (ലൂക്കാ 6,27-28), ദുഷ്‌ടരോടും നന്ദിഹീനരോടും കരുണകാണിക്കുന്ന അത്യുന്നതന്റെ പുത്രരായി നമ്മൾ ഭവിക്കും (ലൂക്കാ 6,35). ഈശോ അരുളിച്ചെയ്യുന്നു: "നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6,36). ലൂക്കായെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗീയപിതാവിൻ്റെ പരിശുദ്ധിയും (ലേവ്യ 19,2; നിയമ 18,13) പരിപൂർണ്ണതയും (മത്താ 5,48) അവിടുത്തെ കാരുണ്യത്തിലാണ് അടങ്ങിയിരിക്കുന്നത്. അനുദിനജീവിതത്തിൽ സഹോദരരോടു കരുണ കാണിച്ചുകൊണ്ടു സ്വർഗ്ഗീയപിതാവിൻ്റെ മക്കളാണെന്നു നമുക്കു തെളിയിക്കാം.

സമഗ്രവിമോചനത്തിന്റെ സുവിശേഷം 

ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ശക്തനായ വിമോചകൻ നസ്രായനായ ഈശോയാണ്. ദൈവപുത്രൻ എന്ന നിലയിൽ ദൈവികമായ അധികാരമുണ്ടായിരുന്നതിനാൽ അവിടുത്തേക്കു മനുഷ്യനെ അവൻ്റെ സർവ്വവിധ ബന്ധനങ്ങളിൽനിന്നും വിമോചിപ്പിക്കുവാൻ സാധിക്കുമായിരുന്നു. അവിടുത്തെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യംതന്നെ മനുഷ്യവർഗ്ഗത്തിൻ്റെ സമഗ്രവിമോചനമായിരുന്നു. വി. ലൂക്കാ തൻ്റെ സുവിശേഷ വിവരണത്തിലുടനീളം ഈശോയുടെ ഈ വിമോചനദൗത്യത്തിന് പ്രാധാന്യം നല്‌കി അവതരിപ്പിക്കുന്നുണ്ട്. 

സുവിശേഷവിവരണമനുസരിച്ച് ഈശോയുടെ പരസ്യ ജീവിതമാരംഭിക്കുന്നത് നസ്രത്തുസിനഗോഗിലെ അവിടുത്തെ ദൗത്യപ്രഘോഷണത്തോടു കൂടിയാണല്ലൊ (ലൂക്കാ 4,16-30). ഒരു സാബത്തുദിവസം സ്വന്തംപട്ടണമായ നസ്രത്തിലെ സിനഗോഗു ശുശ്രൂഷയ്ക്കിടയിൽ പഴയനിയമ വായനയുടെ സമയത്ത് ഏശയ്യാ പ്രവാചകനിൽനിന്നു വായിച്ചുകൊണ്ടു തൻ്റെ ദൗത്യം അവിടുന്നു ഘോഷിച്ചു. “കർത്താവിൻ്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4,18-19). ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകം 61,1-2 ആണ് ഈശോ വായിച്ചത്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സപ്തതി (LXX) യിൽ നിന്നാണിത്; കാരണം, ഹീബ്രുമൂലത്തിലില്ലാത്തതും സപ്‌തതിയിൽ മാത്രമുള്ളതുമായ ഒരു ഭാഗം (“അന്ധർക്കു കാഴ്ച്‌ച") കൂടി ഈ ഉദ്ധരണിയിൽ ഉണ്ട്. കൂടാതെ, ശരിയായ ഉപവാസത്തെക്കുറിച്ചു പ്രവാചകൻ പ്രതിപാദിക്കുന്ന 58-ാം അധ്യായത്തിൽനിന്നും ഒരുഭാഗംകൂടി ഈശോ കൂട്ടി വായിക്കുന്നുണ്ട്: (“അടിച്ചമർത്തപ്പെട്ടവർക്കു/ മർദ്ദിതർക്കു സ്വാതന്ത്ര്യം": 58,6). ഈ രണ്ടു പാഠഭാഗങ്ങളും കൂട്ടിവായിക്കുന്നതിന് ഈശോയെ പ്രേരിപ്പിച്ച സംഗതി, രണ്ടിടത്തുമുള്ള മോചനത്തിൻ്റെ, സ്വാതന്ത്യ്രത്തിന്റെ ആശയമായിരുന്നിരിക്കണം. 

വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഈശോ പ്രഘോഷിച്ച സുവിശേഷത്തിൻ്റെ സാരസംഗ്രഹം ഈ വാക്യങ്ങളിലുണ്ട്. അതു കൊണ്ട് അവിടുത്തേയ്ക്കു പറയുവാൻ സാധിക്കുമായിരുന്നു "നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" എന്ന് (ലൂക്കാ 4,21). പരി. ആത്മാവിനാൽ ജന്മമെടുത്ത (ലൂക്കാ 1,35), അതേ ആത്മാവിനാൽതന്നെ സാക്ഷ്യപ്പെടുത്തപ്പെട്ട (ലൂക്കാ 3,22) ഈശോ ഇതു തൻ്റെ അഭിഷേകമായി കാണുന്നു. ഇപ്രകാരം താൻ അഭിഷിക്തനായി അയക്കപ്പെട്ടിരിക്കുന്നതു ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കുവാനാണ് എന്ന് അവിടുന്നു പ്രഖ്യാപിക്കുന്നു. ഈ സുവിശേഷത്തിൻ്റെ വിവിധ മാനങ്ങളാണു വിമോചനത്തിൻ്റെ ഭാഷയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ബന്ധിതർക്കു മോചനം, അന്ധർക്കു കാഴ്‌ച, അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യം, കർത്താവിൻ്റെ സ്വീകാര്യമായ വത്സരം എന്നിവയാണ് അവ. 

1 ബന്ധിതർക്കു മോചനം 

പിശാച്, രോഗം, പാപം, മരണം എന്നീ നാലു തരം ബന്ധനങ്ങളിൽ നിന്നാണ് ഈശോ മുഖ്യമായും മനുഷ്യരെ വിമോചിപ്പിച്ചത്.

i.പിശാചുബാധയുടെ ബന്ധനത്തിൽനിന്ന് 

ഈശോയുടെ പരസ്യജീവിതത്തിലെ ആദ്യത്തെ പ്രവൃത്തി ഒരു പിശാചുബാധിതനെ സുഖപ്പെടുത്തലായിരുന്നു (ലൂക്കാ4,31-37). കഫർണാമിലെ സിനഗോഗിൽവച്ചു സാബത്തുദിവസം അശുദ്ധാത്മാവു ബാധിച്ചവനിൽനിന്നു പിശാചിനെ പുറത്താക്കിക്കൊണ്ട് അവനെ ബന്ധനത്തിൽനിന്നു രക്ഷിച്ചു. താൻ സമാരംഭിക്കുന്ന ദൈവരാജ്യം സാത്താനും അവന്റെ രാജ്യത്തിനുമെതിരാണ് എന്ന് വ്യക്തമാക്കുകയും ചെയ്തു‌. അശുദ്ധാത്മാക്കൾപോലും ഈശോയുടെ ദൈവപുത്രത്വം ഏറ്റുപറയുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ് (ലൂക്കാ 4,34). 

സാത്താന്റെമേൽ ഈശോ വരിക്കുന്ന വിജയമാണ് ഗരസേനരുടെ നാട്ടിലെ ലെഗിയോൻ ബാധിച്ചിരുന്നവനെയും (ലൂക്കാ 8,26-39) പിശാചു ബാധിച്ച ബാലനെയും (9,37-43) സുഖപ്പെടുത്തുന്നതിലൂടെ അവിടുന്നു പ്രകടമാക്കിയത്. കൂനിയായ സ്ത്രീക്കു പന്ത്രണ്ടു വർഷമായി നിവർന്നു നില്ക്കാൻ സാധിക്കാതിരുന്നത് അശുദ്ധാത്മാവു ബാധിച്ചിരുന്നതുകൊണ്ടാണ് എന്നു ലൂക്കാ എടുത്തു പറയുന്നുണ്ട് (ലൂക്കാ 13,11). ഈ സ്ത്രീയെ സുഖപ്പെടുത്തുമ്പോഴും സാത്താന്റെമേൽ ഈശോ വിജയംനേടുകയായിരുന്നു. ഇതു കൂടാതെ മറ്റനേകംപേരിൽനിന്നും അവിടുന്ന് അശുദ്ധാത്മാക്കളെ പുറത്താക്കിയിരുന്നു എന്നും ലൂക്കാ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ലൂക്കാ 4,31; 6,18). ഇവിടെയെല്ലാം ഈശോ തൻ്റെ വിമോചനദൗത്യം നിറവേറ്റുകയായിരുന്നു.

ii. രോഗത്തിൻറെ ബന്ധനത്തിൽനിന്ന് 

മനുഷ്യനെ അടിമപ്പെടുത്തുന്ന മറ്റൊരു ഘടകം രോഗമാണ്. സമഗ്രവിമോചകനായ ഈശോ താൻ കണ്ടുമുട്ടിയ രോഗികളെയെല്ലാം സുഖപ്പെടുത്തി. ആദ്യം വിളിക്കപ്പെട്ടവനും ശിഷ്യപ്രമുഖനുമായ പത്രോസിന്റെ അമ്മായിയമ്മയ്ക്കാണ് ഈ ഭാഗ്യം ആദ്യം സിദ്ധിക്കുന്നത്. പനി ബാധിച്ചു കിടപ്പിലായിരുന്ന അവളെ അവിടുന്നു സുഖപ്പെടുത്തി (ലൂക്കാ 4,38-41). 

കുഷ്ഠരോഗികൾ സമൂഹത്തിൽനിന്നു ഭ്രഷ്‌ടു കല്‌പിക്കപ്പെട്ട വരായിരുന്നു. ഈശോ ഒരു കുഷ്‌ഠരോഗിയെ ശുദ്ധനാക്കിയതിലൂടെ അവനു ശാരീരിക വിമോചനം മാത്രമല്ല നല്‌കിയത്, സാമൂഹികവിമോചനംകൂടി നല്‌കി. ശുദ്ധനാക്കപ്പെട്ടതോടെ സമൂഹത്തിൻ സാധാരണ ജീവിതപ്രവർത്തനങ്ങളിൽ പങ്കുചേരുവാനും അവനു സാധിച്ചു (ലൂക്കാ 5, 12-16). തളർവാതരോഗിയെ സുഖപ്പെടുത്തിയപ്പോൾ (ലൂക്കാ 5,17-19) അവൻ്റെ പാപങ്ങൾകൂടി മോചിച്ചു കൊണ്ട്, ശാരീരിക സൗഖ്യത്തിലുപരി ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നവനാണു താനെന്ന് ഈശോ വെളിപ്പെടുത്തി. 

വിജാതീയനായ ശതാധിപൻ്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിലൂടെ (ലൂക്കാ 7,1-10) താൻ യഹൂദ-വിജാതീയ വ്യത്യാസ മില്ലാതെ എല്ലാ മനുഷ്യരുടെയും വിമോചകനാണ് എന്നു വ്യക്തമാക്കി. ശതാധിപൻ്റെ വിശ്വാസത്തെ വാനോളം പുകഴ്ത്തിയ ഈശോ (ലൂക്കാ 7,9) വിമോചനം പ്രാപിക്കുവാൻ വിശ്വാസം എത്ര മാത്രം ആവശ്യകമാണെന്ന് എടുത്തുകാണിക്കുകയായിരുന്നു. വിശ്വാസത്തിൻ്റെ ഈ ശക്തിതന്നെയാണ് രക്തസ്രാവക്കാരി സ്ത്രീയും തെളിയിച്ചത് (ലൂക്കാ 8,43-48). മിശിഹാ നല്‌കുന്ന വിമോചനത്തിൽനിന്നു സ്ത്രീകൾ ഒഴിവാക്കപ്പെട്ടിരുന്നില്ല എന്നു വ്യക്തമാക്കുന്നതിനാണു പതിനെട്ടു വർഷമായി നിവർന്നു നില്ക്കാൻ സാധിക്കാതിരുന്ന കൂനുള്ള സ്ത്രീക്ക് അവിടുന്നു സൗഖ്യം നല്കിയത് (ലൂക്കാ 13,10-17). ഫരിസേയ പ്രമാണിയുടെ വീട്ടിൽ വച്ചു മഹോദരരോഗിക്കു സൗഖ്യം നല്‌കിയപ്പോഴും (ലൂക്കാ 14,1-6) പത്തു കുഷ്ഠരോഗികളെ സുഖമാക്കിയപ്പോഴും (ലൂക്കാ 17,11-19) രോഗത്തിന്റെ ബന്ധനത്തിൽ കഴിഞ്ഞിരുന്നവരെ ഈശോ വിമോചിപ്പിക്കുകയായിരുന്നു. രോഗശാന്തിനല്‌കൽ അവിടുത്തെ സുവിശേഷ പ്രഘോഷണത്തിൻ്റെ പ്രധാന ഘടകമായിരുന്നു (ലൂക്കാ 4,40; 6,17). 

iii. പാപത്തിന്റെ ബന്ധനത്തിൽനിന്ന് 

ഈശോയുടെ പീഡാസഹനത്തിനു തൊട്ടുമുമ്പു ബഥാനിയായിൽവച്ച് ഒരു സ്ത്രീ സുഗന്ധതൈലംകൊണ്ട് അവിടുത്തെ അഭിഷേകം ചെയ്യുന്നതു മർക്കോസ് സുവിശേഷകൻ വർണ്ണിക്കുന്നുണ്ട് (മർക്കോ 14,3-9). വി. മത്തായിയും ഇതേ സംഭവം പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിൽ തന്നെയാണു വിവരിക്കുന്നത് (മത്താ 26,6-13). സംസ്ക്കാരശുശ്രൂഷയുടെ ഭാഗമായി സാധാരണ നടത്താമുള്ള തൈലാഭിഷേകം തനിക്കായി ഈ സ്ത്രീ നേരത്തെ നിർവ്വഹിച്ചതാണ് ഈ സംഭവമെന്ന് ഈശോ വിശദീകരിക്കുകയും ചെയ്തു (മർക്കോ 14,8). ലൂക്കാ ഇങ്ങനെയൊരു സംഭവം ഈ സന്ദർഭത്തിൽ വിവരിക്കുന്നില്ല. എന്നാൽ ഈശോയുടെ പരസ്യ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഗലീലിയായിൽ വച്ചു പാപിനിയായ ഒരു സ്ത്രീ ഒരു ഫരിസേയൻ്റെ ഭവനത്തിൽ അതിഥി ആയിരുന്ന ഈശോയുടെ പാദങ്ങൾ സുഗന്ധതൈലത്താൽ അഭിഷേചിക്കുന്നതു ലൂക്കാ ചിത്രീകരിക്കുന്നുണ്ട് (ലൂക്കാ 7,36-50). അവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടതിലുള്ള പ്രതിനന്ദിയായാണ് ഈ തൈലാഭിഷേകത്തെ ഈശോ വ്യാഖ്യാനിച്ചത് (ലൂക്കാ 7,47). നേരത്തെതന്നെ ഈശോ അവളുടെ പാപങ്ങൾ ക്ഷമിച്ചിരുന്നു എന്നു സൂചിതം. അവിടുന്നറിയിച്ച സുവിശേഷത്തിന്റെ മുഖ്യഘടകം പാപത്തിന്റെ ബന്ധനത്തിൽനിന്നുള്ള മോചനമായിരുന്നല്ലൊ.

കുരിശിൽകിടന്നുകൊണ്ടു നല്ല കള്ളനോട് “നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23,43) എന്നു പറയുമ്പോഴും തിന്മയുടെ ബന്ധനത്തിൽനിന്നും കർത്താവ് അവനെ വിമോചിപ്പിക്കുകയായിരുന്നു. ആദിമനുഷ്യൻ്റെ പാപംനിമിത്തം അടയ്ക്കപ്പെട്ട പറുദീസാ രണ്ടാം ആദമായ മിശിഹായുടെ, ദൈവഹിതത്തിനു വിധേയപ്പെട്ട, മരണംവഴി തുറക്കപ്പെടുന്നു. മിശിഹാ രണ്ടാം ആദമാണ് എന്ന സത്യവും പരോക്ഷമായി ലൂക്കാ ഇവിടെ സ്ഥാപിക്കുന്നുണ്ട്. “നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു" (ലൂക്കാ 23,41) എന്നുള്ള കുറ്റം ഏറ്റുപറച്ചിൽവഴി, അനുതാപം പ്രകടിപ്പിച്ച കള്ളന് പാപമോചനം നല്കുന്നതിൻ്റെ ഭാഗമാണ് ഈശോയുടെ പറുദീസാ വാഗ്ദാനം.

iv. മരണത്തിൻ്റെ ബന്ധനത്തിൽനിന്ന് 

സമഗ്രവിമോചകനായ മിശിഹാ മരണത്തിൻ്റെ ബന്ധനത്തിൽ നിന്നുകൂടി മനുഷ്യവർഗത്തെ വിമോചിപ്പിക്കുന്നുണ്ട്. അവിടുന്നു തന്റെ ഉത്ഥാനംവഴി മരണത്തിന്മേലുള്ള വിജയം പ്രഖ്യാപിക്കുകയായിരുന്നല്ലൊ. തന്നിൽ വിശ്വസിക്കുന്നവരും ഇതുപോലെ മരണത്തെ കീഴടക്കും എന്നു പ്രതീകാത്മകമായി അവതരിപ്പിക്കുവാൻ വേണ്ടിയായിരുന്നു അവിടുന്നു മരിച്ചവരെ ഉയിർപ്പിച്ചത്. 

ഈശോ പുനർജീവിപ്പിച്ചവരിൽ ഒരു മകനും ഒരു മകളും ഉണ്ട്. സ്ത്രീക്കും പുരുഷനും ഈശോ നല്കിയ സമത്വം ഇവിടെ ദൃശ്യമാണ്. നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചു മാതാവിനു തിരികെ നല്കിയത് ആ സ്ത്രീയോടു തോന്നിയ മനസലിവിന്റെ ഭാഗമായായിരുന്നു (ലൂക്കാ 7,11-17). സമൂഹത്തിൽ പൊതുവേ അവഗണിക്കപ്പെട്ടിരുന്നവരാണല്ലൊ വിധവകളും അനാഥരും. ഇക്കൂട്ടരോടായിരുന്നു ഈശോയുടെ പ്രത്യേക പരിഗണന. 

സിനഗോഗധികാരിയായ ജായ്‌റോസിൻ്റെ മകളെ ഉയിർപ്പിക്കുന്ന സംഭവം എട്ടാമധ്യായത്തിൽ ലൂക്കാ വിവരിക്കുന്നു. മകൾ മരിച്ച വാർത്ത അറിഞ്ഞശേഷവും, “ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക; അവൾ സുഖം പ്രാപിക്കും" (ലൂക്കാ 8,50) എന്ന ഈശോയുടെ പ്രസ്‌താവന വിശ്വാസത്തിൻ്റെ ശക്തി ദ്യോതിപ്പിക്കുന്നതാണ്. “വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്” (യോഹ 6,47) എന്ന് അവിടുന്നു പരോക്ഷമായി പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ. 

വിമോചനം സമഗ്രമാകണമെങ്കിൽ മനുഷ്യനെ അടിമപ്പെടുത്തുന്ന എല്ലാറ്റിലുംനിന്നു മുക്തി ലഭിക്കണം. പിശാചുബാധ, രോഗം, പാപം, മരണം എന്നിവയാണല്ലൊ മനുഷ്യനെ അടിമപ്പെടുത്തുന്ന പ്രധാന കാര്യങ്ങൾ. ഇവയിൽനിന്നെല്ലാം ഈശോ മനുഷ്യരെ വിമോചിപ്പിക്കുന്നു, ഇന്നും. 

2 അന്ധർക്കു കാഴ്‌ച 

അന്ധത ഒരു പ്രതീകമാണ്; അജ്ഞതയുടെ പ്രതീകം. അജ്ഞാനാന്ധകാരം എന്നു നമ്മൾ പറയാറുണ്ടല്ലൊ. അന്ധതയിൽ നിന്ന് ഈശോ ഒരുവനെ വിമോചിപ്പിക്കുമ്പോൾ യഥാർത്ഥ ജ്ഞാനത്തിലേയ്ക്കു കൊണ്ടുവരികയാണു ചെയ്യുന്നത്. ജറീക്കോയിൽ വച്ച് ഒരു അന്ധനു കാഴ്‌ച നല്‌കുന്ന കാര്യം മാത്രമേ ലൂക്കാ വിശദമായി വിവരിക്കുന്നുള്ളുവെങ്കിലും (ലൂക്കാ 18,35-42) ഇത് ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല എന്നതിനു സൂചനകൾ സുവിശേഷത്തിലുണ്ട് (ലൂക്കാ 7,21-23). 

ജറീക്കോയ്ക്കുസമീപം വഴിയരികിൽ ഭിക്ഷ യാചിച്ചിരുന്ന അന്ധൻ മിശിഹായിൽ വലിയ വിശ്വാസമുള്ളവനായിരുന്നു. അതുകൊണ്ടാണ് ഈശോ കടന്നുപോകുന്നു എന്നറിഞ്ഞപ്പോൾ "ദാവീദിൻ്റെ പുത്രനായ ഈശോയേ, എന്നിൽ കനിയണമേ” (ലൂക്കാ 18,38) എന്നു വിളിച്ചുപറയുവാൻ അവനു സാധിച്ചത്. നസ്രായനായ ഈശോയിൽ ദാവീദിൻ്റെ പുത്രനെ - അഭിഷിക്തനായ മിശിഹായെ - കണ്ടെത്തുവാൻ അന്ധനായിരുന്നെങ്കിലും ആ കുരുടനു കഴിഞ്ഞു. ശാരീരിക കാഴ്ചയില്ലായിരുന്നുവെങ്കിലും ഉൾക്കാഴ്ചയുള്ളവനായിരുന്നു അവനെന്നു ചുരുക്കം. മിശിഹായെക്കുറിച്ചുള്ള ഈ ഉൾക്കാഴ്ച്‌ചയാണ് - വിശ്വാസമാണ് അവനു വിമോചന കാരണമായത്; കാഴ്‌ച വീണ്ടുകിട്ടുവാൻ ഇടയാക്കിയത്. നസ്രായനിൽ മിശിഹായെ ദർശിക്കുവാൻ സാധിക്കുന്നവർക്ക്, അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് ഉൾക്കാഴ്‌ചയും ജ്ഞാനവും ലഭിക്കും.

മിശിഹാ ആരാണ് എന്നുള്ള യഥാർത്ഥ ജ്ഞാനത്തിലേക്ക് ഈശോ പല വ്യക്തികളെയും ആനയിക്കുന്ന സംഭവങ്ങൾ ലൂക്കാ വിവരിക്കുന്നുണ്ട്. ഗനേസറത്തു തടാകക്കരയിൽവച്ച് അത്ഭുതകരമായ മീൻപിടുത്തത്തിലൂടെ പത്രോസ്, സെബദീപുത്രന്മാരായ യാക്കോബ്, യോഹന്നാൻ, കൂടെയുണ്ടായിരുന്ന മറ്റുള്ളവർ എന്നിവരുടെയെല്ലാം അന്ധത നീക്കി യഥാർത്ഥ ജ്ഞാനത്തിലേയ്ക്ക് ക്രിസ്തുശിഷ്യത്വത്തിലേയ്ക്ക് ഈശോ നയിക്കുകയായിരുന്നു (ലൂക്കാ 5, 1-11). ചുങ്കസ്ഥലത്തുനിന്നു ലേവിയെ തന്നെ അനുഗമിക്കാൻ വിളിക്കുമ്പോഴും (ലൂക്കാ 5,27-32) ഈ സത്യംതന്നെയാണ് ഈശോ വ്യക്തമാക്കുന്നത്. ജറീക്കോയിലെ ധനികനായിരുന്ന സക്കേവൂസിനെ ബാധിച്ചിരുന്ന അന്ധത ധനാസക്തിയുടെയോ അധികാരഭ്രമത്തത്തിൻ്റെയോ ആയിരുന്നിരിക്കാം (ലൂക്കാ 19,1-10). ഇതിൽനിന്നും കർത്താവ് അവനെയും വിമോചിപ്പിച്ച് അവനും അവന്റെ കുടുംബത്തിനും രക്ഷനല്കി. ഈശോയെ അനുഗമിച്ചിരുന്ന ഗലീലിയൻ സ്ത്രീകളും ഈ യഥാർത്ഥകാഴ്‌ചയും വെളിച്ചവും സിദ്ധിച്ചവരാണ് (ലൂക്കാ 8,1-3). നമുക്കും പ്രാർത്ഥിക്കാം: തമസോമാ ജ്യോതിർഗമയാ. 

3 അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യം 

രക്ഷകനായ ഈശോമിശിഹാ നല്‌കുന്ന വിമോചനത്തിൻ്റെ മറ്റൊരു അവശ്യഘടകം സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിച്ചമർത്തൽ അനുഭവിക്കുന്നവർക്ക് അവിടുന്നു നല്‌കുന്ന സ്വാതന്ത്ര്യമാണ്. ഏതൊരു സമൂഹത്തിലും ഏറ്റവും കൂടുതൽ ചൂഷണത്തിനും അടിമത്തത്തിനും വിധേയരാകുന്നവർ ദരിദ്രരാണ്. ദരിദ്രരിൽ ദരിദ്രനായി ജനിക്കുകവഴിതന്നെ അവിടുത്തേക്ക് പാവപ്പെട്ടവരോടുള്ള താദാത്മ്യം ഈശോ പ്രകടിപ്പിക്കുകയായിരുന്നു (ലൂക്കാ 2,1-7). ദരിദ്രരായ ഇടയന്മാർക്കാണല്ലൊ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള സദ്‌വാർത്ത ആദ്യം ലഭിക്കുന്നത് (ലൂക്കാ 2,8-20). ഈശോയുടെ ശിഷ്യസമൂഹത്തിലേക്കു മുഖ്യമായും പ്രവേശനം ലഭിച്ചതും പാവപ്പെട്ടവരായ മുക്കുവർക്കായിരുന്നു (ലൂക്കാ 5,1-11). ഈ ശിഷ്യരെ നോക്കിയാണ് അവിടുന്ന് അരുളിച്ചെയ്ത്: “ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്" (ലൂക്കാ 6,20). ദരിദ്രയായ വിധവയുടെ കാണിക്ക പ്രധാനപ്പെട്ടതായി എടുത്തുകാണിച്ചപ്പോഴും (ലൂക്കാ 21,1-4) അവിടുന്നു ദരിദ്രരോടു പക്ഷം ചേരുകയായിരുന്നു. യഥാർത്ഥ ക്രിസ്‌തുശിഷ്യനും ഈ മനോഭാവം ഉണ്ടാകേണ്ടതാണ്. 

സമൂഹത്തിൽ അടിമത്തം അനുഭവിക്കുന്ന മറ്റൊരു വിഭാഗം സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഈശോ ഇക്കൂട്ടരോടു പ്രത്യേക പരിഗണന കാണിക്കുകയും വിമോചനത്തിന്റെ ഫലങ്ങൾ പുരുഷന്മാർക്കെന്നതുപോലെതന്നെ ഇവർക്കും നല്‌കുകയും ചെയ്തു. രോഗശാന്തി ലഭിച്ചവരിലും (ലൂക്കാ 4,38-39; 7,43-48; 13,10-17) ഉയിർപ്പിക്കപ്പെട്ടവരിലും (ലൂക്കാ 8, 40-56) സ്ത്രീകളുണ്ടായിരുന്നു. തന്നെ അനുഗമിച്ചിരുന്ന ശിഷ്യഗണത്തിൽ സ്ത്രീകളെയും ഈശോ ഉൾപ്പെടുത്തിയിരുന്നു (ലൂക്കാ 8,1-3) എന്നതും വിപ്ലവാത്മകമായ വിമോചനത്തിന്റെ ഭാഗമായിരുന്നു. 

ചിലപ്പോഴൊക്കെ നിയമാനുഷ്‌ഠാനവും അടിമത്തമാകാം. യഹൂദരുടെ പ്രത്യേകിച്ചു ഫരിസേയരുടെയും നിയമജ്ഞരുടെയും നിയമവ്യാഖ്യാനങ്ങൾ സാധാരണ ജനങ്ങളെ വലയ്ക്കുന്ന തരത്തിലുള്ളവയായിരുന്നു. ഉദാഹരണത്തിനു സാബത്തിനെ സംബന്ധിച്ച നിയമംതന്നെ. എന്ത് ഉദ്ദേശ്യത്തോടുകൂടിയാണ് ദൈവം സാബത്തു നിയമം നല്കിയതെന്ന കാര്യം വിസ്‌മരിച്ചു ബാഹ്യമായ അനുഷ്ഠാനത്തിൽമാത്രം ശ്രദ്ധിച്ചിരുന്നവരെ, നിയമത്തിനുള്ള ഈ അടിമത്തത്തിൽനിന്നും ഈശോ വിമോചിപ്പിക്കുന്ന സംഭവങ്ങൾ സുവിശേഷത്തിൽ ധാരാളമുണ്ട് (ലൂക്കാ 6,1-11; 13,10-17; 14,1-6). സാബത്തു മനുഷ്യനുവേണ്ടിയാണെന്നും അല്ലാതെ മനുഷ്യൻ സാബത്തിനു വേണ്ടിയല്ലെന്നും, സാബത്തിൽ നന്മചെയ്യുന്നത് അനുവദനീയമാണെന്നും വ്യക്തമായ ഭാഷയിൽ ഈശോ പഠിപ്പിച്ചു. 

4 കർത്താവിനു സ്വീകാര്യമായ വത്സരം 

ഈശോ പ്രഘോഷിച്ച വിമോചനത്തിൻ്റെ ഭാഗമായിരുന്നു കർത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക എന്നത്. പഴയനിയമത്തിൽ ജൂബിലിവർഷത്തെയാണ് കർത്താവിനു സ്വീകാര്യമായ വത്സരം എന്നു വിശേഷിപ്പിച്ചിരുന്നത് (ലേവ്യ 25). ജൂബിലിവർഷത്തിന്റെ അന്തഃസത്ത വിമോചനമാണ്. കർത്താവ് അരുളിച്ചെയ്തു; "അമ്പതാം വർഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാസികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം” (ലേവ്യ 25,10). അടിമകളെ സ്വഭവനങ്ങളിലേക്കു തിരികെ പോകാനനുവദിക്കുകയും കടക്കാരുടെ കടങ്ങൾ ഇളവുചെയ്‌തു കൊടുക്കുകയും ചെയ്യുന്നതു ജൂബിലിയുടെ പ്രധാന ഘടകങ്ങളായിരുന്നു. ആദിയിൽ ദൈവം സൃഷ്‌ടിച്ചപ്പോൾ ഉണ്ടായിരുന്ന സമത്വവും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുവാനുള്ള മാർഗ്ഗമായാണ് അവിടുന്നു ജൂബിലി വർഷം ആചരിക്കണമെന്നു നിഷ്കർഷിച്ചിരുന്നത്. ഇതിനു സമാനമായ ഒരു സാഹചര്യം സൃഷ്‌ടിക്കുകയായിരുന്നു ഈശോയുടെ സുവിശേഷപ്രഘോഷണ ലക്ഷ്യവും. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്‌ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും ലഭിക്കുമ്പോൾ സംജാതമാകുന്ന അവസ്ഥ ഈ ജൂബിലിവർഷത്തിൻ്റേതിനു സമാനമായിരിക്കും. 

രക്ഷകൻ രക്ഷിക്കുന്നവനാണ്; വിമോചിപ്പിക്കുന്നവനാണ്. രക്ഷകനായ ഈശോമിശിഹാ മനുഷ്യരുടെ യഥാർത്ഥ വിമോചകനാണ്. നമ്മുടെ സമഗ്രവിമോചനത്തിനായി ജീവിക്കുകയും പ്രവർത്തിക്കുകയും മരിച്ചുയിർക്കുകയുംചെയ്ത അവിടുത്തെ വിമോചന ചരിത്രമാണു ലൂക്കാ വിവരിക്കുന്നത്.

രക്ഷ പാപമോചനത്തിലൂടെ 

രക്ഷകനായ ഈശോമിശിഹായുടെ ജീവിതത്തിന്റേയും രക്ഷാകരപ്രവർത്തനങ്ങളുടെയും വിവരണമാണല്ലൊ വി. ലൂക്കാ രണ്ടു വാല്യങ്ങളുള്ള തൻ്റെ ഗ്രന്ഥത്തിലൂടെ നല്‌കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ മിശിഹാ പ്രദാനം ചെയ്യുന്ന വിമോചനം അഥവാ രക്ഷ ആത്യന്തികമായി പാപമോചനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാരണം, മനുഷ്യനെ അടിമപ്പെടുത്തുന്ന അടിസ്ഥാനപരമായ ബന്ധനം പാപത്തിൻ്റേതാണ്. ഈ അടിമത്തത്തിൽനിന്നു വേണം മനുഷ്യവർഗ്ഗം രക്ഷിക്കപ്പെടുവാൻ. അതുകൊണ്ടാണു മിശിഹാസംഭവത്തിൻ്റെ സുപ്രധാന ഫലമായി വി.ലൂക്കാ പാപമോചനത്തെ അവതരിപ്പിക്കുന്നത്. 

1 സ്നാപകയോഹന്നാനും പാപമോചനവും 

തന്റെ പുത്രന്റെ ജീവിതദൗത്യത്തെക്കുറിച്ചു ദേവാലയത്തിൽ വച്ചു ഗബ്രിയേൽ ദൂതൻ അറിയിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ (ലൂക്കാ 1,13-17) സഖറിയ, യോഹന്നാനെ അത്യുന്നതൻ്റെ പ്രവാചകനായും, കർത്താവിനു മുമ്പേ പോയി അവിടുത്തയ്ക്കു വഴി ഒരുക്കുന്നവനായും അവതരിപ്പിക്കുന്നു (ലൂക്കാ 1,76-79). യോഹന്നാൻ മിശിഹായ്ക്കു വഴിയൊരുക്കുന്നതു പാപമോചനം മൂലമുള്ള രക്ഷയെക്കുറിച്ച് അവിടുത്തെ ജനത്തിന് അറിവു പകർന്നു നല്കിക്കൊണ്ടാണ് (ലൂക്കാ 1,77). ദൈവത്തിൻ്റെ അനന്തമായ കാരുണ്യാതിരേകത്താൽ ഉന്നതത്തിൽനിന്നുള്ള ഉദയം നമ്മെ സന്ദർശിക്കുന്നതുവഴിയാണ് ഈ പാപമോചനം സാധ്യമാകുന്നത്. ഈ സന്ദർശനം കൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഈശോയുടെ മനുഷ്യാവതാരം തന്നെയാണ്. അവിടുന്നു മനുഷ്യനായതിൻ്റെ ലക്ഷ്യം മനുഷ്യവർഗ്ഗത്തിനു പാപമോചനം നല്‌കാനാണെന്നു സാരം. ഈശോ മിശിഹായിലൂടെ ലഭിക്കുന്ന രക്ഷാകരമായ പാപമോചനത്തെക്കുറിച്ചുള്ള അറിവു ജനത്തിനു പകർന്നുനല്‌കിക്കൊണ്ടാണു സ്‌നാപകയോഹന്നാൻ അവിടുത്തേക്കു വഴിയൊരുക്കിയത്. 

2 തിരുലിഖിതങ്ങളുടെ പൂർത്തീകരണം 

പരസ്യജീവിതത്തിനു തുടക്കം കുറിച്ചുകൊണ്ടു നസ്രത്തു സിനഗോഗിൽ സാബത്തുദിവസം ഈശോ വായിച്ചു വ്യാഖ്യാനിച്ച ഏശയ്യായുടെ പ്രവചനം (ഏശ 61,1-2; 58,6) അവിടുത്തെ രക്ഷാദായകമായ ജീവിതം മുഴുവന്റെയും മാർഗ്ഗരേഖയാണ് (ലൂക്കാ 4,18-21). ദരിദ്രർക്കു രക്ഷയുടെ സുവിശേഷം അറിയിക്കുവാനായി അഭിഷേചിക്കപ്പെട്ട പ്രവാചകനാണല്ലൊ അവിടുന്ന്. 

ലൂക്കാ 4,18-19-ൽ ഏശയ്യാ പ്രവാചകനിൽനിന്നുള്ള രണ്ടു ഭാഗങ്ങൾ യോജിപ്പിച്ചിരിക്കുകയാണ്: 61,1-2; 58,6. ഈ രണ്ടു ഭാഗങ്ങളിലുമുള്ള aphesis എന്ന ഗ്രീക്കു പദമായിരിക്കണം ഈ യോജിപ്പിക്കലിനു നിദാനം. Aphesis ൻ്റെ അർത്ഥം 'വിടുതൽ', 'മോചനം' എന്നൊക്കെയാണ്. ലൂക്കാ 1,77-ൽ പാപമോചനത്തെ സൂചിപ്പിക്കാൻ വി. ലൂക്കാ ഉപയോഗിക്കുന്ന പദവും ഇതുതന്നെയാണ്. തന്റെ ഗ്രന്ഥത്തിൽ മറ്റെവിടെയെല്ലാം ഈ പദം വി. ലൂക്കാ ഉപയോഗിക്കുന്നുണ്ടോ, അവിടെയെല്ലാം പാപമോചനവുമായി ബന്ധിപ്പിച്ചാണതു ചെയ്യുന്നത്. ഉദാഹരണത്തിന് ലൂക്കാ 5,20-24; 24,47; ശ്ലീഹ 2,38; 5,31; 10,43; 13,38; 26:18. ഈ പശ്ചാത്തലത്തിൽ 4,18ലും aphesis ന് 'പാപമോചനം' എന്ന അർത്ഥം നല്‌കാം. “ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും" എന്നാണു മലയാളത്തിൽ ഇതു ഭാഷാന്തരം ചെയ്‌തിരിക്കുന്നത്. ഈശോ മോചിപ്പിച്ചതു പാപത്തിന്റെ ബന്ധനത്തിൽ കഴിഞ്ഞിരുന്നവരെയാണ്; സ്വാതന്ത്ര്യം നല്കിയതു പിശാചിനാൽ അടിച്ചമർത്തപ്പെട്ടിരുന്നവർക്കും. ഈശോമിശിഹാ അറിയിച്ച സുവിശേഷം പാപമോചനവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അവിടുന്നു പ്രഘോഷിച്ച ഈ പാപവിമോചനം അനുതപിക്കാനുള്ള ആഹ്വാനംകൂടി ഉൾക്കൊള്ളുന്നതാണ്.

3 തളർവാതരോഗിക്കു പാപമോചനം 

പ്രഭാഷണങ്ങളിലൂടെ മാത്രമായിരുന്നില്ല ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷമറിയിച്ചത്. പ്രവൃത്തികളിലൂടെയുമായിരുന്നു. ഈ പ്രവൃത്തികൾ മുഖ്യമായും രോഗശാന്തിയുമായി ബന്ധപ്പെട്ടവയുമായിരുന്നു. വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെ ജനങ്ങൾ അവിടുത്തെ പക്കൽ കൊണ്ടുവരികയും ഓരോരുത്തരുടെയുംമേൽ കൈകൾവച്ച് അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു (ലൂക്കാ 4,40-41). ഒരിക്കൽ ഒരു തളർവാതരോഗിയെ ഈശോയുടെ മുമ്പിലെത്തിക്കുവാനായി അവൻ്റെ സുഹൃത്തുക്കൾ അവനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു. ആൾക്കൂട്ടംമൂലം ഈശോയുടെ അടുത്തെങ്ങുമെത്തുവാൻ അവർക്കു സാധിച്ചില്ല. തന്മൂലം, പുരമുകളിൽ കയറി മേച്ചിൽപൊളിച്ച് അവർ രോഗിയെ ഈശോയുടെ മുന്നിലിറക്കി. അവരുടെ വിശ്വാസം കണ്ടപ്പോൾ ഈശോ തളർവാതരോഗിയോട് അരുളിച്ചെയ്‌തു: "മനുഷ്യാ, നിന്റെ പാപങ്ങൾ നിന്നോടു ക്ഷമിക്കപ്പെട്ടിരിക്കുന്നു" (ലൂക്കാ 5,20). ദൈവത്തിനു മാത്രമേ പാപം മോചിക്കുവാൻ അധികാരമുള്ളു എന്നറിയാമായിരുന്ന നിയമജ്ഞരും പ്രീശരും ഈശോ ദൈവദൂഷണം പറയുന്നു എന്നു ചിന്തിച്ചുതുടങ്ങി. അവരുടെ വിചാരങ്ങൾ മനസിലാക്കിയ ഈശോ അവരോടു ചോദിക്കുകയാണ്: “നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ട്? 'നിൻ്റെ പാപങ്ങൾ നിന്നോടു ക്ഷമിച്ചിരിക്കുന്നു' എന്നു പറയുന്നതോ, 'എഴുന്നേറ്റു നടക്കുക' എന്നു പറയുന്നതോ ഏതാണ് എളുപ്പം? മനുഷ്യപുത്രനു ഭൂമിയിൽ പാപമോചനാധികാരം ഉണ്ടെന്നു നിങ്ങൾ മനസിലാക്കണം". അനന്തരം അവിടുന്ന് തളർവാതരോഗിയോട് അരുളിച്ചെയ്തു: “ഞാൻ നിന്നോടു പറയുന്നു, നീ എഴുന്നേറ്റ് നിൻ്റെ കിടക്കയുമെടുത്തു വീട്ടിലേയ്ക്കു പോകുക" തൽക്ഷണം അവൻ സുഖം പ്രാപിച്ചു ( 5,22-26). 

പാപം മോചിക്കുവാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. ഈ ദൈവികാധികാരത്തിൽ പങ്കുള്ളവനാണു ദൈവപുത്രനായ മിശിഹാ. അതുകൊണ്ടാണവിടുന്നു തളർവാത രോഗിക്കു പാപമോചനം നല്കിക്കൊണ്ട് അവനെ സുഖപ്പെടുത്തിയത്. പാപം മോചിക്കപ്പെടുമ്പോൾ പല അസുഖങ്ങളും മാറുകയും ചെയ്യും.

4 ലേവിയുടെ ഭവനത്തിൽ 

പാപികളുടെ ഗണത്തിൽ എണ്ണപ്പെട്ടിരുന്നവരാണു ചുങ്കക്കാർ. 'ചുങ്കക്കാരും പാപികളും' എന്നതായിരുന്നു പ്രയോഗംതന്നെ. അതുകൊണ്ടാണു പാപികളെ വിളിക്കുവാനും പാപമോചനം നല്കുവാനുമായിവന്ന ഈശോ തന്നെ അനുഗമിക്കാൻ ചുങ്കക്കാരെ ക്ഷണിച്ചതും അവരോടൊത്തു സൗഹൃദവും ഭക്ഷണവും പങ്കിട്ടതും (ലൂക്കാ 15,1-2), ചുങ്കക്കാരനായ ലേവിയെ വിളിക്കുന്നതും അവന്റെ ഭവനത്തിൽ മറ്റു നിരവധി ചുങ്കക്കാരോടൊപ്പം ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇതിൻ്റെ ഭാഗമായായിരുന്നു. ചുങ്കക്കാരോടുള്ള ഈശോയുടെ ഈ മനോഭാവത്തിൽ നീരസംപൂണ്ട നിയമജ്ഞരോടും പ്രീശരോടും ഈശോ അരുളിച്ചെയ്‌തു: "രോഗികൾക്കാണ് ആരോഗ്യമുള്ളവർക്കല്ല, വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ വന്നിരിക്കുന്നതു നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു വിളിക്കാനാണ്" (ലൂക്കാ 5,31-32). ഈശോയുടെ മനുഷ്യാവതാരലക്ഷ്യം എന്തായിരുന്നുവെന്ന് ഇവിടെ വ്യക്തമാണ്.

5. മോചനം ലഭിച്ച പാപിനി 

ഒരിക്കൽ ഒരു പ്രീശൻ്റെ ഭവനത്തിൽ ഈശോ ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ ഒരു പാപിനിയായ സ്ത്രീ വെൺകൽ ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെയെത്തി. കർത്താവിന്റെ പാദാന്തികത്തിൽ ഇരുന്നു കരയുകയും ആ കണ്ണുനീർകൊണ്ട് അവിടുത്തെ പാദങ്ങൾ നനയ്ക്കുകയും ചുംബിക്കുകയും സുഗന്ധ തൈലംകൊണ്ടു പൂശുകയും ചെയ്തു‌ (ലൂക്കാ 7, 36-38). ഈ പ്രവൃത്തിചെയ്യുവാൻ പരസ്യപാപിനിയായിരുന്ന അവളെ അനുവദിച്ച ഈശോയുടെ മനോഭാവത്തിൽ പ്രീശൻ അതൃപ്‌തനായി. തന്റെ മനോഭാവം ന്യായീകരിക്കുവാനും അവളുടെ പ്രവൃത്തിയുടെ അർത്ഥം മനസ്സിലാക്കിക്കൊടുക്കുവാനുമായി ഈശോ ഒരുപമ അരുളിച്ചെയ്തു‌: "പണം വായ്‌പ കൊടുക്കുന്ന ഒരുവനു രണ്ടു കടക്കാർ ഉണ്ടായിരുന്നു. അവരിലൊരാൾ 5,000 രൂപയും മറ്റേയാൾ 50,000 രൂപയും കടപ്പെട്ടിരുന്നു. വായ്‌പ തിരികെ അടയ്ക്കാൻ അവർക്കു കഴിവില്ലാതിരുന്നതിനാൽ അയാൾ രണ്ടുപേർക്കും കടം ഇളച്ചു കൊടുത്തു. അവരിലാരാണ് അയാളെ കൂടുതൽ സ്നേഹിക്കുക?” “ആർക്കു കൂടുതൽ ഇളവു ലഭിച്ചോ അയാൾ" എന്നായിരുന്നു പ്രീശന്റെ മറുപടി. ഉത്തരം ശരിവച്ച ഈശോ പാപിനിയുമായി ബന്ധപ്പെടുത്തി ഉപമയുടെ സാംഗത്യം വ്യക്തമാക്കി (ലൂക്കാ 7,39-50). വലിയ തുക ഇളവുചെയ്‌തു ലഭിച്ച കടക്കാരന്റെ സ്ഥാനത്താണ് പാപിനിയായ സ്ത്രീ എന്നവിടുന്നു സ്ഥാപിച്ചു.

കൂടുതൽ കടം ഇളവുചെയ്‌തു ലഭിച്ച “കടക്കാരിക്ക്” യജമാനനോടുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും പ്രകടനമായി പാപിനിയായ സ്ത്രീയുടെ പ്രവൃത്തികളെ ഈശോ വ്യാഖ്യാനിച്ചു. മറ്റുള്ളവർ എന്തു വിചാരിക്കുമെന്നു തെല്ലും ചിന്തിക്കാതെ, പാപമോചനം ലഭിച്ചതിലുള്ള സന്തോഷാതിരേകത്താൽ കർത്താവിന്റെ പാദാന്തികത്തിലിരുന്നു കരയുകയും കണ്ണീരുകൊണ്ടു അവിടുത്തെ പാദങ്ങൾ കഴുകുകയും സ്വന്തം തലമുടികൊണ്ട് തുടയ്ക്കുകയും വിലയേറിയ സുഗന്ധതൈലം പൂശുകയുംചെയ്‌തത് അവൾക്കു നേരത്തെതന്നെ ലഭിച്ച വലിയ പാപമോചനത്തിനുള്ള നന്ദിപ്രകാശനമായായിരുന്നു. ഈശോ നല്‌കുന്ന പാപമോചനം തനിക്കാവശ്യമില്ലെന്നു സ്വയം നീതീകരിച്ചിരുന്ന പ്രീശൻ ചിന്തിച്ചതു കൊണ്ടാണ് ഈശോയോട് ആതിഥേയമര്യാദപോലും അദ്ദേഹം കാണിക്കാതിരുന്നത്. 

ഈ ഉപമയുടെ പശ്ചാത്തലത്തിൽവേണം ലൂക്കാ 7,47 മനസിലാക്കുവാൻ. “അതിനാൽ ഞാൻ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ഇവൾ അധികം സ്നേഹിച്ചു. ആരോട് അല്‌പം ക്ഷമിക്കപ്പെടുന്നുവോ, അവൻ അല്‌പം സ്നേഹിക്കുന്നു" അധികമായി സ്നേഹിച്ചതാണു കൂടുതൽ ക്ഷമിക്കപ്പെടുന്നതിനു കാരണമാക്കിയതെന്ന് ഈ തർജ്ജമ വായിക്കുമ്പോൾ തോന്നാം. ഇതിനു കാരണം, ഗ്രീക്കിലെ 'ഹോത്തി' എന്ന സംയോജകാവ്യയത്തെ “എന്തെന്നാൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതാണ്. ഭാഷാ ശാസ്ത്രപ്രകാരം ഇതു ശരിയാണെങ്കിലും മറ്റൊരു സാധ്യത തള്ളിക്കളയാനാവില്ല. പാപമോചനത്തെ സൂചിപ്പിക്കുന്ന ക്രിയാരൂപമാണ് ഇവിടെ നമുക്കു മാർഗ്ഗദർശി. ഭൂതകാലത്തിൽ നടന്ന (വർത്തമാന കാലത്തും അതിന്റെ ഫലം നിലനില്ക്കുന്ന) പാപമോചനത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് “ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്നു പ്രയോഗിച്ചിരിക്കുന്നത് (Perfect tense). പ്രീശൻ്റെ വീട്ടിൽ വച്ചു സ്ത്രീ പ്രകടിപ്പിച്ച സ്നേഹപ്രവൃത്തികളുടെ ഫലമായല്ല, മറിച്ച്, അവിടെ വരുന്നതിനു മുമ്പുതന്നെ അവളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരുന്നു എന്നു വ്യക്തം. നേരത്തെ ലഭിച്ച പാപമോചനത്തിനുള്ള നന്ദിപ്രകാശനമാണ് സ്ത്രീയുടെ ഈ പ്രവൃത്തികളിൽ നിഴലിക്കുന്നത്. അതുകൊണ്ട് “ഇവൾ ഇപ്പോൾ അധികമായി സ്നേഹിക്കുന്നു എന്നതിൽനിന്ന് ഇവളുടെ നിരവധിയായ പാപങ്ങൾ (നേരത്തെതന്നെ) ക്ഷമിക്കപ്പെട്ടിരുന്നു" എന്നു തർജ്ജമ ചെയ്യുന്നതായിരിക്കും മൂലത്തോടു കൂടുതൽ വിശ്വസ്‌തത പുലർത്തുന്നതിനുള്ള വഴി. 

ഈശോയെ കണ്ടുമുട്ടുകയും അവിടുന്നിൽനിന്നു പാപമോചനം പ്രാപിക്കുകയും ചെയ്‌ത സ്ത്രീയാണിപ്പോൾ പ്രതിനന്ദിയെന്നോണം അവിടുത്തേയ്ക്കു ശുശ്രൂഷ ചെയ്യുന്നത്. “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക" (ലൂക്കാ 7,50) എന്ന അവിടുത്തെ വാക്കുകളും പാപം മോചിക്കപ്പെട്ടതിലൂടെ അവൾ രക്ഷിക്കപ്പെട്ടു എന്ന സത്യം വ്യക്തമാക്കുന്നുണ്ട്. പാപമോചനവും രക്ഷയും എപ്പോഴും ഒന്നിച്ചുപോകുന്നു. 

6. പാപമോചനം കർത്തൃപ്രാർത്ഥനയിൽ 

ഈശോ പഠിപ്പിച്ച പ്രാർത്ഥനയുടെ രണ്ടാം പകുതിയിലെ പ്രധാന ആശയം പാപമോചനത്തെ സംബന്ധിച്ചുള്ളതാണ്. "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ" (ലൂക്കാ 11,4). ഓരോ ദിവസവും മനുഷ്യന് ആവശ്യമുള്ള ആഹാരം ഈ പാപമോചനം തന്നെയാണ്. “ഞങ്ങൾ ക്ഷമിച്ചതുപോലെ" എന്നു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതുവഴി ദൈവികകാരുണ്യം പ്രാപിക്കുന്നതിന് നമ്മെക്കൊണ്ടുതന്നെ ഈശോ ഒരു വ്യവസ്ഥ വയ്‌പിക്കുകയാണ് സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിച്ചശേഷം മാത്രമേ ദൈവത്തിൽനിന്നു ക്ഷമയും പാപമോചനവും യാചിക്കാൻ നമുക്ക് അവകാശമുള്ളു. 

7. ചുങ്കക്കാരന്റെ പ്രാർത്ഥന 

ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുകയും സകലത്തിന്റേയും ദശാംശം കൊടുക്കുകയും ചെയ്‌തു സ്വയം നീതിമാനെന്നു വിചാരിച്ചിരുന്ന പ്രീശനല്ല, മറിച്ച്, എളിമയോടെ, സ്വന്തം പാപാവസ്ഥയെക്കുറിച്ചുള്ള പൂർണ്ണാവബോധത്തോടെ, ദൈവസന്നിധിയിൽനിന്ന ചുങ്കക്കാരനാണു നീതീകരിക്കപ്പെട്ടത്. അവന്റെ പ്രാർത്ഥന പാപമോചനത്തിനു വേണ്ടിയുള്ളതായിരുന്നു: "ദൈവമേ,പാപിയായ എന്നിൽ കനിയണമേ" (ലൂക്കാ 18,14). തെറ്റുകൾ ദൈവ തിരുമുമ്പിൽ ഏറ്റുപറയുന്നവർക്കാണു പാപമോചനം ലഭിക്കുന്നത്. ഇന്നും അവിടുത്തോടുതന്നെ കുറ്റങ്ങൾ ഏറ്റുപറഞ്ഞു പാപമോചനം നേടുന്നതിനുള്ള സംവിധാനമാണല്ലൊ തിരസ്സഭയിലെ അനുരഞ്ജനകൂദാശയിൽ അവിടുന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. 

8. സക്കേവൂസിൻ്റെ ഭവനത്തിനു രക്ഷ 

ഈശോയുടെ പ്രത്യേക പരിഗണനയ്ക്കു പാത്രീഭൂതനായ അവസാന ചുങ്കക്കാരൻ ജറീക്കോയിലെ സക്കേവൂസാണ് (ലൂക്കാ 19,1-10). ഈശോയെ കാണാൻ ആഗ്രഹിച്ച സക്കേവൂസിനെ ഈശോ കാണുന്നു; അവൻ്റെ ഭവനത്തിൽ അതിഥിയായി എത്തുന്നു. ഈ സാന്നിധ്യം സക്കേവൂസിൽ മാനസാന്തരമുളവാക്കുന്നു. സ്വത്തിന്റെ പകുതി ദരിദ്രർക്കു കൊടുക്കുവാനും ആരുടെയെങ്കിലും എന്തെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരികെ നല്‌കുവാനും അയാൾ തീരുമാനിക്കുന്നു. ഫലമോ? “ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു" എന്ന ഈശോയുടെ പ്രഖ്യാപനം. സക്കേവൂസിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടപ്പോൾ അവനും കുടുംബത്തിനും രക്ഷ കൈവന്നു. 

9. പാപപരിഹാരബലി 

ജനത്തിന്റെ തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കപ്പെടുന്നതിനു വേണ്ടി കാളക്കുട്ടിയെയോ ആട്ടിൻകുട്ടിയെയോ ബലിയായി ദൈവത്തിനു സമർപ്പിക്കണമെന്നു മോശ നിശ്ചയിച്ചിരുന്നു (ലേവ്യർ 4). പാപപരിഹാരബലി എന്നാണിത് അറിയപ്പെട്ടിരുന്നത്. യഹൂദ കലണ്ടറിലെ ഏഴാം മാസം പത്താംദിവസം പാപപരിഹാരദിനമായും ആചരിച്ചിരുന്നു (ലേവ്യർ 16,23; സംഖ്യ 29). കാളക്കുട്ടിയെയും കോലാടിനെയും ബലിയർപ്പിക്കുന്നതായിരുന്നു ഈ ദിനത്തിന്റെയും പ്രത്യേകത. “രക്തം ചിന്തലില്ലാതെ പാപമോചനമില്ല” (ഹെബ്രാ 9,22) എന്ന പ്രസ്‌താവന ഈ പശ്ചാത്തലത്തിലാണ്. പഴയനിയമ പാപപരിഹാരബലികളുടെ അപൂർണ്ണതയെയും, അപര്യാപ്തതയെയും കുറിച്ചു ഹെബ്രായ ലേഖകൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (ഹെബ്രാ 10). 

അന്ത്യത്താഴവേളയിൽ അപ്പമെടുത്തു കൃതജ്ഞതാസ്തോത്രം ചെയ്ത‌ത്‌, മുറിച്ച്, ശിഷ്യന്മാർക്ക് നല്‌കികൊണ്ട് “ഇതു നിങ്ങൾക്കായി നല്‌കപ്പെടുന്ന എൻ്റെ ശരീരമാകുന്നു"എന്ന് ഈശോ അരുളിച്ചെയ്‌തപ്പോൾ, ജനത്തിൻ്റെ പാപത്തിനുവേണ്ടി അർപ്പിക്കപ്പെടുന്ന കുഞ്ഞാടാണു താനെന്ന് അവിടുന്നു വ്യക്തമാക്കുകയായിരുന്നു (ലൂക്കാ 22,19). പാനപാത്രമെടുത്തും അവിടുന്നരുളിച്ചെയ്തു: "ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തംകൊണ്ടുള്ള പുതിയ ഉടമ്പടി ആകുന്നു" (ലൂക്കാ 22,21). രക്തം ശരീരത്തിൽനിന്നു വേർപെടുന്നതുതന്നെ മരണത്തെയാണല്ലൊ സൂചിപ്പിക്കുന്നത്. 

അവസാന പെസഹാനേരത്തു പ്രതീകാത്മകമായി ഈശോ പ്രഖ്യാപിച്ച യാഥാർത്ഥ്യം കാൽവരിയിലെ കുരിശിൽ പൂർത്തിയായപ്പോൾ, അവിടുത്തെ ക്രൂശിച്ചവർക്കുപോലും പാപമോചനം ലഭിച്ചു. ഈശോയുടെ പ്രാർത്ഥനയിൽനിന്ന് അതു വ്യക്തമാണ്: “പിതാവേ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയായ്‌കയാൽ, ഇവരോടു ക്ഷമിക്കണമേ" (ലൂക്കാ 23,34). ഈശോയുടെ നിഷ്‌കളങ്കത ഏറ്റു പറഞ്ഞ നല്ല കള്ളനു പാപമോചനവും പറുദീസായും ലഭിച്ചു. (ലൂക്കാ 23,39-43). അനേകർക്കു പാപമോചനം നല്‌കാൻ വേണ്ടിയായിരുന്നു താൻ മരിക്കുന്നതെന്ന് ഇപ്രകാരം ഈശോ സ്പഷ്ടമാക്കി. 

10. ഉത്ഥിതൻ മിശിഹാസംഭവത്തെക്കുറിച്ച് 

ഉയിർത്തെണീറ്റ കർത്താവ് തൻ്റെ സഹനമരണോത്ഥാനങ്ങളുടെ അർത്ഥം ശ്ലീഹന്മാർക്കുപറഞ്ഞുകൊടുക്കുമ്പോഴും പാപമോചനത്തെപ്പറ്റി പ്രസ്‌താവിക്കുന്നുണ്ട്: "മിശിഹാ പീഡസഹിക്കുകയും മരണശേഷം മൂന്നാം ദിവസം ഉയിർക്കുകയും ചെയ്യും. ജറൂസലേംമുതൽ സർവ്വജനതകളോടും അവന്റെ നാമത്തിൽ പാപമോചനത്തിനായുള്ള അനുതാപം പ്രസംഗിക്കപ്പെടും” (ലൂക്കാ 24,46-47). അവിടുന്നു സഹിച്ചു മരിച്ചുയിർത്തതു സകല ജനതകൾക്കും അവന്റെ നാമത്തിൽ പാപമോചനം ലഭ്യമാക്കാൻ വേണ്ടിയായിരുന്നു. 

ചുരുക്കത്തിൽ ഈശോയുടെ മനുഷ്യാവതാരവും ഈ ലോക ജീവിതവും സഹനവും മരണവും ഉത്ഥാനവുമെല്ലാം മനുഷ്യകുലത്തിന്റെ പാപമോചനാർത്ഥമായിരുന്നു; പാപമോചനം വഴിയുള്ള രക്ഷയ്ക്കായിരുന്നു.

വി. ലൂക്കായുടെ ഗ്രന്ഥത്തിൻ്റെ രണ്ടാം വാല്യത്തിലും ഇതേ ആശയം തന്നെ ആവർത്തിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിനു പന്തക്കുസ്താദിനത്തിലെ പ്രസംഗമദ്ധ്യേ വി.പത്രോസ് ഇപ്രകാരം പറഞ്ഞു: “പരിശുദ്ധാത്മാവാകുന്ന ദാനം ലഭിക്കേണ്ടതിനായി പശ്ചാത്തപിക്കുകയും പാപമോചനത്തിനായി ഓരോരുത്തരും കർത്താവായ ഈശോയുടെ നാമത്തിൽ മാമോദീസാ സ്വീകരിക്കുകയും ചെയ്യുവിൻ" (ശ്ലീഹ 2,38). പഴയ ജീവിതത്തിൽനിന്നു പിന്മാറി ഈശോയിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്നതു പാപമോചനവും പരിശുദ്ധാത്മാവുമാണെന്നു ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. ദൈവാലയത്തിലെ സുന്ദരകവാടത്തിനടുത്തുവച്ചും പത്രോസ്ശ്ലീഹായ്ക്ക് പറയാനുള്ളത് ഇതുതന്നെയാണ്. "നിങ്ങളുടെ പാപങ്ങൾ മായ്ക്കപ്പെടാൻ വേണ്ടി അനുതപിച്ചു പിന്തിരിയുവിൻ" (ശ്ലീഹ 3,19). മിശിഹായെ നായകനും ജീവദാതാവുമായി ദൈവം ഉയർത്തിയിരിക്കുന്നതു ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നല്കാൻ വേണ്ടിയാണ് (ശ്ലീഹ 5,31). അവൻ്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം പാപമോചനം ലഭിക്കും (ശ്ലീഹ 10,43); കാരണം അവനിലൂടെയാണു പാപമോചനം പ്രഖ്യാപിതമായിരിക്കുന്നത് (ശ്ലീഹ 13,38). ഇസ്രായേൽ മക്കൾക്കു മാത്രമല്ല വിജാതീയർക്കും അവകാശപ്പെട്ടതാണ് ഈ പാപമോചനം (ശ്ലീഹ 26,18). നമ്മുടെ കർത്താവീശോമിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ നാമത്തിൽ ലഭ്യമായിരിക്കുന്ന പാപമോചനം നമുക്കും പ്രാപിക്കാം.

10 

സന്തോഷത്തിന്റെ സുവിശേഷം 

മനുഷ്യർ പൊതുവേ സന്തോഷം ഇഷ്ട്‌ടപ്പെടുന്നവരാണ്. സന്തോഷകരമായ വാർത്തകളും സന്ദർഭങ്ങളും മനുഷ്യമനസിനു കുളിർമ നല്‌കുന്നു. പ്രസന്നവദനരെ കാണുന്നതുതന്നെ സന്തോഷകരമാണല്ലൊ. ഈലോകജീവിതത്തിൻ്റെ പ്രാരാബ്‌ധങ്ങളൊക്കെ മറന്ന് അല്പനേരത്തേയ്ക്കെങ്കിലും ആഹ്ലാദിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും കാണില്ല. മനുഷ്യനു യഥാർത്ഥമായ സന്തോഷം നല്കാൻ സാധിക്കുന്നതു ദൈവത്തിനു മാത്രമാണ്. ഇതിനുവേണ്ടി തന്നെയാണു ദൈവം തൻ്റെ പുത്രനെ നമ്മുടെ ഇടയിലേക്കയച്ചത്. ഈശോയുടെ ജനനവാർത്തതന്നെ വലിയ സന്തോഷത്തിന്റെ വിഷയമായിരുന്നു. മിശിഹായുടെ ജീവിതത്തിലുടനീളം അവിടുന്നുമായി ബന്ധപ്പെട്ടവർക്കെല്ലാം ആനന്ദത്തിൻ്റെ അനുഭവമുണ്ടായി. അവിടുത്തെ വാക്കുകളും പ്രവൃത്തികളുമെല്ലാം സന്തോഷദായകങ്ങളായിരുന്നു. ചുരുക്കത്തിൽ, ഈശോയുടെ സുവിശേഷം സന്തോഷത്തിൻ്റെ സുവിശേഷമാണ്. സദ്‌വാർത്തയുടെ ഈ മാനത്തിനു കൂടുതൽ പ്രാധാന്യം നല്‌കി അവതരിപ്പിക്കുന്നതു ലൂക്കാ സുവിശേഷകൻ മാത്രമാണ്. സുവിശേഷത്തിലുടനീളം സന്തോഷം അലതല്ലുന്നുവെങ്കിലും ചില രംഗങ്ങൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. 

1 സന്തോഷവാർത്ത അറിയിക്കുന്ന ഗബ്രിയേൽ ദൂതൻ 

ജറൂസലേം ദൈവാലയത്തിൽ വച്ചു സഖറിയാ പുരോഹിതനുണ്ടായ ദർശനത്തിൽ കർത്താവിൻ്റെ ദൂതനായ ഗബ്രിയേൽ ഇപ്രകാരം പറഞ്ഞു: "സഖറിയാ, നീ ഭയപ്പെടേണ്ട. നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിൻ്റെ ഭാര്യ ഏലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം. നിനക്ക് ആനന്ദവും ആഹ്‌ളാദവും ഉണ്ടാകും. അവൻ്റെ ജനനത്തിൽ അനേകർ സന്തോഷിക്കും" (ലൂക്കാ 1,13-14). നമ്മുടെ കർത്താവിനു വഴിയൊരുക്കാനിരുന്ന യോഹന്നാൻ്റെ ജനനം വൃദ്ധനും പ്രായം കവിഞ്ഞവനുമായിരുന്ന സഖറിയായ്ക്ക് ആനന്ദത്തിനും ആഹ്ലാദത്തിനും നിദാനമാണ്. കാരണം, മക്കളില്ലായ്‌മ വലിയ ദൈവശിക്ഷയായി കരുതിയിരുന്ന ഒരു സമൂഹത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. എലിസബത്തിൻ്റെ വാക്കുകളിൽനിന്നുതന്നെയിതു വ്യക്തമാണല്ലൊ “ജനങ്ങളുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കാൻ എന്നെ കടാക്ഷിച്ച കർത്താവ് ഈ നാളുകളിൽ ഇതു ചെയ്തിരിക്കുന്നു" (ലൂക്കാ 1,25). ദീർഘകാലമായി പ്രാർത്ഥിച്ചിരുന്ന ഇക്കാര്യം സാധിച്ചുകിട്ടിയപ്പോൾ സഖറിയായുടെയും എലിസബത്തിന്റെയും സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. 

യോഹന്നാന്റെ ജനനം അവൻ്റെ മാതാപിതാക്കന്മാർക്കു മാത്രമല്ല, മറ്റനേകർക്കും സന്തോഷകാരണമാണെന്നു ഗ്രബ്രിയേൽ ദൂതൻ കൂട്ടിച്ചേർത്തു. ഈ വാഗ്‌ദാനം യോഹന്നാൻ്റെ ജനനാവസരത്തിൽ അക്ഷരഃശ്ശ നിറവേറുന്നതു നമ്മൾ കാണുന്നുണ്ട്. “പ്രസവസമയമായപ്പോൾ എലിസബത്ത് ഒരു പുത്രനെ പ്രസവിച്ചു. ദൈവം തന്റെ കാരുണ്യം അവളിൽ വർധിപ്പിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കിയ അയൽവാസികളും ചാർച്ചക്കാരും അവളോടൊപ്പം സന്തോഷിച്ചു" (ലൂക്കാ 1,57-58). ഈയവസരത്തിൽ സഖറിയ ആനന്ദം പ്രകടമാക്കിയതു തന്റെ ദൈവസ്‌തുതിയിലൂടെയായിരുന്നു (ലൂക്കാ 1,64-79). മിശിഹായ്ക്കു മുന്നോടിയായി വന്നവൻ്റെ ജനനംപോലും ഇത്ര മാത്രം സന്തോഷകാരണമാകുന്നെങ്കിൽ "വരാനിരിക്കുന്നവൻ" എത്ര തന്നെ സന്തോഷം നൽകുകയില്ല എന്നു വായനക്കാരനെ ചിന്തിപ്പിക്കുന്നതാണു ലൂക്കായുടെ ഈ വിവരണം. 

2 സന്തോഷിക്കാൻ മറിയത്തിനാഹ്വാനം 

ദൈവപുത്രനും മിശിഹായുമായ ഈശോയുടെ മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധകന്യകാമറിയത്തെ ദൈവദൂതൻ അഭിസംബോധന ചെയ്യുന്നതു ശ്രദ്ധേയമാണ്: "ദൈവകൃപ നിറഞ്ഞവളേ, ആനന്ദിച്ചാലും, കർത്താവു നിന്നോടുകൂടെ” (ലൂക്കാ 1,28). ചില പരിഭാഷകളിൽ "ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി" എന്നാണു കാണുന്നത്. ഗ്രീക്കുമൂലം ഈ രണ്ടർത്ഥത്തിലും മനസ്സിലാക്കാം. എന്നാൽ, കൂടുതൽ അഭികാമ്യം ആനന്ദിക്കുവാനുള്ള ആഹ്വാനമായി മനസ്സിലാക്കുന്നതാണ്. കാരണം, പഴയനിയമത്തിൽ രക്ഷകനെക്കുറിച്ചുള്ള വാഗ്ദാനം ജറൂസലേമിനു ലഭിക്കുന്നത് ആഹ്ലാദിക്കാനുള്ള ആഹ്വാനത്തോടെയാണ്. ഉദാ: “ദേശമേ, ഭയപ്പെടേണ്ട, ആഹ്ലാദിച്ചാനന്ദിക്കുക. കർത്താവ് വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു... സീയോൻ മക്കളേ, ആനന്ദിക്കുവിൻ; നിങ്ങളുടെ ദൈവമായ കർത്താവിൽ സന്തോഷിക്കുവിൻ" (ജോയേൽ 2,21-23). “സീയോൻ പുത്രീ, ആനന്ദഗാനമാലപിക്കുക. ഇസ്രായേലേ, ആർപ്പു വിളിക്കുക. ജറുസലേം പുത്രീ, പൂർണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. നിനക്കെതിരെയുള്ള വിധി കർത്താവു പിൻവലിച്ചിരിക്കുന്നു" (സെഫാ 3,14). "സീയോൻപുത്രീ, അതിയായി ആനന്ദിക്കുക. ജറൂസലേം പുത്രീ ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവു നിൻ്റെ അടുക്കലേക്കു വരുന്നു" (സഖ 9,9). ഈ പ്രവചനങ്ങളുടെ പൂർത്തീകരണവേളയിലാണ് പുതിയനിയമ സീയോൻ പുത്രിയായ മറിയത്തിന് ആനന്ദിക്കുവാനുള്ള ആഹ്വാനം ലഭിക്കുന്നത്. 

3 സന്തോഷത്താൽ കുതിച്ചുചാടുന്ന യോഹന്നാൻ 

തന്റെ ചാർച്ചക്കാരിയായ എലിസബത്ത് ഗർഭം ധരിച്ചിരിക്കുന്നു എന്ന വാർത്ത ദൂതനിൽനിന്നറിയുന്ന പരിശുദ്ധ കന്യകാമറിയം അവളെ സന്ദർശിക്കുവാനായി വലിയ തിടുക്കത്തിൽ സഖറിയായുടെ വീട്ടിലേയ്ക്ക് ഓടി (ലൂക്കാ 1,39). ഭവനത്തിൽ പ്രവേശിച്ച മറിയത്തിന്റെ അഭിവാദനം ശ്രവിച്ച എലിസബത്തിന്റെ ഉദരത്തിലെ ശിശു തുള്ളിച്ചാടി. ഇതേക്കുറിച്ചു എലിസബത്തുതന്നെ പറയുന്നു: “ഇതാ, നിന്റെ അഭിവാദനത്തിൻ്റെ സ്വരം എൻ്റെ കാതുകളിൽ എത്തിയപ്പോൾ എന്റെ ഗർഭസ്ഥശിശു സന്തോഷംകൊണ്ടു തുള്ളിച്ചാടി" (ലൂക്കാ 1,44). പരിശുദ്ധ മറിയം സംവഹിച്ചിരുന്ന ദൈവപുത്രൻ സാന്നിധ്യമാണ് അമ്മയുടെ ഉദരത്തിലായിരുന്ന യോഹന്നാനെ സന്തോഷിക്കുവാൻ പ്രേരിപ്പിച്ചത്. ജനിക്കുന്നതിനുമുമ്പേ പരസ്പരം ബന്ധപ്പെടുന്ന രണ്ടു ദിവ്യപൈതങ്ങൾ! മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ ആരംഭഘട്ടത്തിൽ വ്യക്തിത്വം രൂപം കൊള്ളുന്നില്ലായെന്നും, അതുകൊണ്ട്, അതു നശിപ്പിക്കുന്നതു തെറ്റല്ലെന്നും ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടി ഈ രംഗത്തുണ്ട്. ഇവിടെ എലിസബത്തിന്റെ ഉദരത്തിലെ ശിശുവിനു പ്രായം ആറുമാസം. മറിയത്തിന്റെ ഉദരഫലത്തിനാകട്ടെ ഏതാനും ദിവസങ്ങൾ മാത്രവും. ഇവരാണു പരസ്‌പരം മനസിലാക്കുന്നതും സന്തോഷം കൈമാറുന്നതും. ഗർഭധാരണത്തിൻ്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവൻ വിലപ്പെട്ടതുതന്നെ.

4 മറിയത്തിൻ്റെ ആനന്ദകീർത്തനം 

പിതാക്കന്മാരോടു ചെയ്‌ത വാഗ്‌ദാനപ്രകാരം തന്റെ ജനത്തെ രക്ഷിക്കാൻ ആരംഭിച്ചിരിക്കുന്ന ദൈവത്തെ സ്‌തുതിക്കുന്ന പരി. മറിയം സന്തോഷപൂരിതയാണ്. ഈ രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിൽ തന്നെകൂടി ഉൾച്ചേർത്തതിലുള്ള സന്തോഷമാണ് മറിയത്തിന്റെ സ്തോത്രഗീതത്തിൽ പ്രതിഫലിക്കുന്നത്. മിശിഹായുടെ അമ്മയാകാൻ ഭാഗ്യം ലഭിച്ചതിൽ ആനന്ദിച്ചു മറിയം ഉദ്ഘോഷിക്കുന്നു: “ഞാൻ കർത്താവിനെ മഹത്വപ്പെടുത്തുന്നു. ഞാൻ എന്റെ രക്ഷകനായ ദൈവത്തിൽ ആഹ്ലാദിക്കുന്നു. കാരണം, തന്റെ ദാസിയുടെ താഴ്മ‌യെ അവൻ കടാക്ഷിച്ചു... ശക്തനായവൻ എന്റെയടുക്കൽ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു" (ലൂക്കാ 1,46-49). “മാഗ്നിഫിക്കാത്ത്" എന്നറിയപ്പെടുന്ന ഈ കീർത്തനം മുഴുവൻ മറിയത്തിന്റെ ആഹ്ലാദപ്രകടനമാണ്. 

5 മഹാസന്തോഷത്തിൻ്റെ സദ്‌വാർത്ത 

ബേത്ലഹെമിൽ ദിവ്യശിശു ജാതനായ വാർത്ത ആട്ടിൻപ്പറ്റത്തിനു കാവൽ നിന്നിരുന്ന ഇടയന്മാർക്കു നൽകിയ ദൂതൻ അരുളിച്ചെയ്തു.“നിങ്ങൾ ഭയപ്പെടേണ്ട. ഇതാ, സർവ്വലോകത്തിനും വേണ്ടിയുള്ള ഒരു മഹാസന്തോഷത്തിൻ്റെ സന്ദേശം നിങ്ങളെ ഞാൻ അറിയിക്കുന്നു. ദാവീദിൻ്റെ നഗരത്തിൽ ഇന്നു നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ മിശിഹാ പിറന്നിരിക്കുന്നു" (ലൂക്കാ 2,10-11). നൂറ്റാണ്ടുകളായി ദൈവജനം പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷകനാണ് ഇവിടെ ജനിച്ചിരിക്കുന്നത്. ദാവീദിൻ്റെ പുത്രനായി അവൻ വരുമെന്നായിരുന്നല്ലൊ പ്രവചനം (2 സാമു 7). അതുകൊണ്ടാണ് ദാവീദിൻ്റെ പട്ടണമായ ബേത്ലഹെമിൽ അവിടുന്നു വന്നു പിറക്കുന്നത്. മനുഷ്യനായി അവതരിച്ചിരിക്കുന്നവൻ രക്ഷകനും കർത്താവും മിശിഹായുമാണ്. അവിടുന്നു പ്രദാനം ചെയ്യുന്ന രക്ഷ സർവ്വ ലോകത്തിനും വേണ്ടിയുള്ളതാണ്. ഇതു സകലർക്കും വലിയ സന്തോഷം നല്‌കുന്ന വാർത്തയാണ്. ദൈവം തന്നെ മനുഷ്യരക്ഷകനായി, വിമോചകനായി പിറന്നിരിക്കുന്നു എന്നതിലും വലിയ സന്തോഷവാർത്തയെന്തിരിക്കുന്നു? 

6 സുവിശേഷഭാഗ്യങ്ങൾ 

വലിയ സന്തോഷത്തിൻ്റെ സുവിശേഷമായി അവതരിച്ച മിശിഹാ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ജനത്തിനു സന്തോഷവും ആനന്ദവും പകർന്നു നല്‌കി. അവിടുത്തെ പ്രബോധനങ്ങളുടെ രത്നച്ചുരുക്കമാണ് സുവിശേഷഭാഗ്യങ്ങളിൽ മുഴങ്ങുന്നത്: “ദരിദ്രരേ നിങ്ങൾ അനുഗൃഹീതർ; ദൈവരാജ്യം നിങ്ങളുടേതാണ്: ഇപ്പോൾ വിശക്കുന്ന നിങ്ങൾ അനുഗ്രഹീതർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്ന നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ വെറുക്കുകയും പുറന്തള്ളുകയും നിന്ദിക്കുകയും ദുഷ്ട‌ർ എന്ന ചീത്തപ്പേരു നിങ്ങൾക്കു നല്‌കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്യഹീതർ; അപ്പോൾ നിങ്ങൾ ആനന്ദിച്ച് ആഹ്ലാദിക്കുവിൻ. കാരണം, സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (ലൂക്കാ 6,20-23). ഇതു ശരിയായി മനസ്സിലാക്കിയ ശ്ലീഹന്മാർ മിശിഹായെപ്രതി സഹിക്കാൻ സാധിച്ചതിൽ ആഹ്ലാദിക്കുന്ന രംഗങ്ങൾ ആദിമസഭയുടെ ചരിത്രത്തിൽ ധാരാളമായി നമ്മൾ കാണുന്നുണ്ട് ( 5,30-41). 

7 അനുതപിക്കുന്ന പാപിയെക്കുറിച്ചു സന്തോഷിക്കുന്ന ദൈവം 

വി. ലൂക്കായുടെ സുവിശേഷത്തിലെ പതിനഞ്ചാം അധ്യായം വിശ്വസാഹിത്യത്തിൽതന്നെ ശ്രദ്ധേയസ്ഥാനം നേടിയിട്ടുള്ളതാണല്ലൊ. ഇവിടെ വിവരിക്കപ്പെടുന്ന കരുണയുടെ ഉപമകൾ പിതാവായ ദൈവത്തിന്റെതന്നെ ഹൃദയവലുപ്പമാണു കാണിക്കുന്നത്. ചുങ്കക്കാരെയും പാപികളെയും സ്വീകരിക്കുകയും അവരോടൊത്തു ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്‌ത തന്റെ ജീവിതരീതിയെ നിയമജ്ഞരുടെയും പ്രീശരുടെയും മുമ്പിൽ നീതീകരിക്കാൻ വേണ്ടി കൂടിയായിരുന്നല്ലൊ ഈശോ ഈ ഉപമകൾ അരുളിച്ചെയ്‌ത് (ലൂക്കാ 15,1-2). 

നൂറാടുകളിൽ ഒന്നിനെ നഷ്ടപ്പെട്ട ഇടയൻ, തൊണ്ണൂറ്റി ഒമ്പതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്‌ടപ്പെട്ടതിനെ തേടിയിറങ്ങി, കണ്ടെത്തുമ്പോഴുണ്ടാകുന്ന സന്തോഷം വർണ്ണനാതീതം തന്നെ. കണ്ടുകിട്ടുമ്പോൾ അയാൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിലെത്തി, സ്നേഹിതരെയും അയല്ക്കാരെയും വിളിച്ചുകൂട്ടി അയാൾ പറയും: എന്നോടുകൂടെ ആഹ്ലാദിക്കുവിൻ. നഷ്ടമായ ആടിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു (ലൂക്കാ 15,5-6). പത്തു നാണയത്തുട്ടുകളിൽ ഒന്നു നഷ്ടമാകുന്ന സ്ത്രീക്കു നഷ്ടപ്പെടുന്നതു തിരികെ ലഭിക്കുമ്പോഴുണ്ടാകുന്ന ആനന്ദവും ഇതിനു സമാനമാണ് (ലൂക്കാ 15,9). തന്നിൽ നിന്നകന്നുപോയ തന്റെ പുത്രൻ മാനസാന്തരപ്പെട്ടു തിരിച്ചെത്തുമ്പോൾ പിതാവിനുണ്ടാകുന്ന സന്തോഷം അദ്ദേഹം പ്രകടമാക്കുന്നതിങ്ങനെയാണ്: “നിങ്ങൾ നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവൻ്റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ധരിപ്പിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടു വന്നു കൊല്ലുവിൻ. നമുക്കു ഭക്ഷിച്ച് ആഹ്ലാദിക്കാം. കാരണം, എന്റെ മകൻ മരിച്ചവനായിരുന്നു; അവൻ വീണ്ടും ജീവിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവനായിരുന്നു; എന്നാൽ തിരിച്ചുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി" (ലൂക്കാ 15,22-24). ഈ മൂന്ന് ഉപമകളും ഈശോ അരുളിച്ചെയ്ത‌ത് അനുതപിച്ചു ദൈവത്തിലേക്കു തിരിച്ചുവരുന്ന പാപിയെക്കുറിച്ചു ദൈവസന്നിധിയിലുണ്ടാകുന്ന സന്തോഷം വ്യക്തമാക്കാനാണ് (ലൂക്കാ 15,7-10). 

8 സന്തോഷത്തോടെ ഈശോയെ സ്വീകരിക്കുന്ന സക്കേവൂസ് 

തൻ്റെ സഹനമരണോത്ഥാനങ്ങൾ ലക്ഷ്യമാക്കി ജറൂസലേമിലേക്കു യാത്രചെയ്‌ത ഈശോ ജറീക്കോ പട്ടണത്തിലെത്തിയപ്പോൾ ശ്രദ്ധേയമായ ഒരു കണ്ടുമുട്ടൽ നടന്നു. ധനികനും ചുങ്കക്കാരിൽ പ്രധാനിയുമായിരുന്ന സക്കേവൂസ് ഈശോയെ ഒരുനോക്കു കാണുവാനായി, ഈശോയ്ക്കു മുമ്പേയോടി, വഴിയരികിലുള്ള ഒരു മരത്തിൽ കയറിയിരുന്നു; ആ സ്ഥലത്തെത്തിയപ്പോൾ, “വേഗം ഇറങ്ങി വരൂ, ഇന്നെനിക്കു നിൻ്റെ വീട്ടിൽ താമസിക്കണം" എന്ന് ഈശോ പറഞ്ഞു. അപ്പോൾ "അയാൾ വേഗം ഇറങ്ങിവന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു" (ലൂക്കാ 19,6). ആനന്ദത്തോടെ ഈശോയെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോൾ അവിടെ മാറ്റങ്ങൾ സംഭവിക്കും. അതാണു സക്കേവൂസിൻ്റെ മനോഭാവത്തിൽ നമ്മൾ കാണുന്നത്. സമ്പത്തിൽ പകുതി ദരിദ്രർക്കു കൊടുക്കുവാനും വഞ്ചിച്ചെടുത്തവ നാലിരട്ടിയായി തിരികെ നല്കുവാനും തീരുമാനിച്ചുറയ്ക്കുന്ന സക്കേവൂസ് നമുക്കൊക്കെ മാതൃകയാകേണ്ടതാണ്. 

9 സന്തോഷത്താൽ വിശ്വസിക്കാൻ മടിക്കുന്ന ശിഷ്യർ 

മരിച്ചവരിൽനിന്നും മിശിഹാ ഉയിർത്തു എന്ന സത്യം വിശ്വസിക്കുവാൻ ശിഷ്യന്മാർക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ഉത്ഥാനവാർത്തയുമായെത്തിയ സ്ത്രീകളെ ശ്ലീഹന്മാർ വിശ്വസിക്കാതിരുന്നത് (ലൂക്കാ 24,11). ഉത്ഥിതൻ ജറൂസലേമിൽ ശിഷ്യന്മാർ എല്ലാവരുടെയും മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും ഇതേ പ്രതികരണം ആവർത്തിക്കുന്നതു കാണാം. തൻ്റെ കൈകളും കാലുകളും കാണിച്ച് ഇതു താൻ തന്നെയാണെണു ശിഷ്യരെ ബോധ്യപ്പെടുത്തുവാൻ ഉയിർത്തെണീറ്റ കർത്താവ് കിണഞ്ഞു പരിശ്രമിക്കുമ്പോഴും ശിഷ്യർ പൂർണ്ണമായി വിജയിക്കുന്നില്ല. സുവിശേഷകനായ ലൂക്കാ എഴുതുന്നു: "എന്നിട്ടും സന്തോഷാധിക്യത്താൽ അവർ വിശ്വസിക്കാതിരിക്കയും ആശ്ചര്യപ്പെടുകയുമാണുണ്ടായത്" (ലൂക്കാ 24,41). തീവ്രമായ അനുഭവങ്ങൾ അതു സന്തോഷത്തിന്റെതായാലും ദുഃഖത്തിന്റെതായാലും പെട്ടെന്നു സ്വീകരിക്കാൻ സാധാരണ ഗതിയിൽ ആർക്കും എളുപ്പമല്ല. ശിഷ്യർക്കു വിശ്വസിക്കാവുന്നതിലും വലിയ യാഥാർത്ഥ്യമായിരുന്നു ഉത്ഥിതനായ കർത്താവിനെ അവർക്കു നേരിട്ടു കാണാനായി എന്നത്. 

10 വലിയ സന്തോഷത്തിൽ കഴിയുന്ന ആദിമസഭ

“വലിയ സന്തോഷം" എന്ന പ്രയോഗം ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ മുമ്പു കണ്ടത് ഈശോയുടെ ജനനവാർത്തയുമായി ബന്ധപ്പെട്ടായിരുന്നു (ലൂക്കാ 2,10-11). സുവിശേഷത്തിന്റെ അവസാനഭാഗത്തും ഈ പ്രയോഗം വീണ്ടും കാണാം. ഇവിടെ ആദിമസഭയുടെ അടിസ്ഥാനമനോഭാവം വ്യക്തമാക്കാനാണ് ഇതു പയോഗിച്ചിരിക്കുന്നത്. ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു സാക്ഷ്യംവഹിച്ചശേഷം അവിടുത്തെ പൗരോഹിത്യാശീർവ്വാദം സ്വീകരിച്ച ശിഷ്യന്മാർ കർത്താവിനെ ആരാധിച്ചശേഷം വലിയ സന്തോഷത്തോടെ ജറൂസലേമിലേക്കു മടങ്ങി എന്നാണ് വി. ലൂക്കാ രേഖപ്പെടുത്തുന്നത് (ലൂക്കാ 24,52). സദാസമയവും ദൈവത്തെ സ്തു‌തിച്ചുകൊണ്ടു ദൈവാലയത്തിൽതന്നെ കഴിയുന്ന ശ്ലീഹന്മാർ ഈ വലിയ സന്തോഷം പ്രകടമാക്കുകയാണ്. ദൈവത്തെ ആരാധിക്കുന്നതിലും സ്‌തുതിക്കുന്നതിലും മഹാസന്തോഷം കണ്ടെത്തിയവരാണ് ആദിമക്രൈസ്തവവിശ്വാസികൾ. അവരോടൊപ്പം നമുക്കും പ്രാർത്ഥിക്കാം. "കർത്താവായ ദൈവമേ, ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്‌മയാവഹവുമായ ഈ രക്ഷാപദ്ധതിയെക്കുറിച്ചു ഞങ്ങൾ അങ്ങയെ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തൻ്റെ അമൂല്യരക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടുംകൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു" (സീറോ മലബാർ കുർബാനക്രമം, റൂഹാക്ഷണത്തിനുശേഷമുള്ള പ്രാർത്ഥന).

11 

പ്രാർത്ഥനയുടെ സുവിശേഷം 

പുതിയനിയമ സമാഹാരത്തിലെ മൂന്നാം സുവിശേഷത്തെ “പ്രാർത്ഥനയുടെ സുവിശേഷ"മെന്നാണു പൊതുവേ വിശേഷിപ്പിക്കാറ്. ഇതിന്റെ വാസ്‌തവികത സുവിശേഷ വെളിച്ചത്തിൽ നമുക്കു പരിശോധിക്കാം. 

1 ആദ്യാവസാനരംഗങ്ങൾ 

വി.ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും ആരാധനയുടെയും പ്രാർത്ഥനയുടെയും പശ്ചാത്തലത്തിലാണ്; രണ്ടും ജറൂസലേം ദേവാലയത്തിലും. ആദ്യരംഗത്ത് പുരോഹിതനായ സഖറിയ, കർത്താവിൻ്റെ ഭവനത്തിൽ ധൂപാർപ്പണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ജനം മുഴുവൻ വെളിയിൽ നിന്നു പ്രാർത്ഥിക്കുകയായിരുന്നു (ലൂക്കാ 1,10). ഓരോ പ്രഭാതത്തിലും സായാഹ്നത്തിലും ധൂപാർപ്പണ ബലിപീഠത്തിന്മേൽ പരിമള സസ്യങ്ങൾ പുകയ്ക്കണമെന്നതു ദൈവികകല്‌പനയാണല്ലൊ (ലേവ്യർ 30,1-10). പുരോഹിതൻ കർത്താവിൻ്റെ സന്നിധിയിൽ ശുശ്രൂഷ ചെയ്യുമ്പോൾ ജനം ദേവാലയത്തിനു വെളിയിൽ നിന്നു പ്രാർത്ഥിക്കുക പതിവായിരുന്നു. ഈ പ്രാർത്ഥനാവസരത്തിലാണ് ഗബ്രിയേൽദൂതൻ സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള മംഗളവാർത്ത സഖറിയായെ അറിയിക്കുന്നത്. മിശിഹായുടെ ജീവിതത്തെക്കുറിച്ചുള്ള വിവരണം യഹൂദജനതയുടെ ഏക ദേവാലയത്തിൽ പ്രാർത്ഥനാമദ്ധ്യേ ആരംഭിക്കുകവഴി ഈ വിവരണത്തിൽ പ്രാർത്ഥനയ്ക്കു ലൂക്കാ നല്‌കുന്ന പ്രാധാന്യം ആദ്യമേതന്നെ സൂചിപ്പിക്കപ്പെടുന്നു. മിശിഹായ്ക്കു വഴിയൊരുക്കുവാനുള്ളവൻ പുരോഹിതവംശത്തിൽപ്പെട്ടവനാണെന്ന വസ്‌തുതയും പ്രാധാന്യമർഹിക്കുന്നു. 

സുവിശേഷവിവരണം ആരംഭിക്കുന്നിടത്തുതന്നെ ലൂക്കാ അവസാനിപ്പിക്കുകയും ചെയ്യുന്നു. അവസാനവാക്യങ്ങളിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: "അവർ അവനെ ആരാധിച്ചശേഷം, വലിയ സന്തോഷത്തോടെ ജറൂസലേമിലേക്കു മടങ്ങിപ്പോയി. അതിനുശേഷം, ദൈവത്തെ പുകഴ്ത്തുകയും സ്തു‌തിക്കുകയും ചെയ്തുകൊണ്ട് അവർ എപ്പോഴും ദേവാലയത്തിൽ ആയിരുന്നു" (ലൂക്കാ 24,52-53). മിശിഹായുടെ സ്വർഗ്ഗാരോഹണത്തിനു സാക്ഷ്യം വഹിച്ചശേഷം അത്യന്തം സന്തോഷത്തോടെ അവിടുത്തെ ആരാധിച്ചുകൊണ്ടു മടങ്ങിയെത്തുന്ന ശിഷ്യന്മാരാണു ജറുസലേം ദേവാലയത്തിൽ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു കഴിയുന്നത്. പ്രാർത്ഥനാ പശ്ചാത്തലത്തിൽ ആരംഭിച്ച വിവരണം അതേ പശ്ചാത്തലത്തിൽ തന്നെ അവസാനിക്കുന്നു. സുവിശേഷവിവരണത്തിനുള്ളിൽ പ്രാർത്ഥനയ്ക്കു നല്‌കുന്ന പ്രാധാന്യം ദ്യോതിപ്പിക്കുന്നതാണ് ഈ സാഹിത്യശൈലി (inclusion). 

2 ഈശോയും ജറൂസലേം ദേവാലയവും 

പരസ്യജീവിതാരംഭത്തിനുമുൻപുതന്നെ ഈശോ രണ്ടുപ്രാവശ്യം ജറൂസലേം ദേവാലയത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. “ആദ്യ ജാതരെല്ലാവരും കർത്താവിൻ്റെ പരിശുദ്ധൻ എന്നു വിളിക്കപ്പെടണം” എന്ന കല്പ്‌പനയനുസരിച്ചു കർത്താവിനു സമർപ്പിക്കാനായി ശിശുവായ ഈശോയെ അവൻ്റെ മാതാപിതാക്കന്മാർ കൊണ്ടുവരുന്നതാണ് ആദ്യരംഗം (ലൂക്കാ 2,22-24). അവിടുത്തെ സ്വയം സമർപ്പണത്തിന്റെ, സമ്പൂർണ്ണസമർപ്പണത്തിൻ്റെ മുന്നോടിയായിരുന്നു ഇത്. ദേവാലയവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ ഈശോയുടെ മാതാപിതാക്കന്മാർക്കുണ്ടായിരുന്ന അതീവ ശ്രദ്ധയും ഇവിടെ വ്യക്തമാകുന്നുണ്ട്. പന്ത്രണ്ടു വയസ്സുള്ളപ്പോൾ പെസഹാത്തിരുന്നാളിൽ സംബന്ധിക്കാനായി ഈശോ ജറുസലേമിൽ എത്തുന്നതാണു രണ്ടാമത്തെ രംഗം (ലൂക്കാ 2,41-50). ഉപദേഷ്ടാക്കളുടെ ഇടയിലിരുന്ന് അവരെ ശ്രവിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകവഴി, താൻ എന്നും പിതാവിന്റെ ഭവനത്തിൽ അവിടുത്തെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടവനാണെന്ന് ഈശോ വ്യക്തമാക്കി.

പരസ്യജീവിതാവസാനത്തിൽ ജറൂസലേമിലെത്തിയ ഈശോയുടെ പഠിപ്പിക്കലിൻ്റെ ഏറിയ പങ്കും ദേവാലയത്തെ കേന്ദ്രീകരിച്ചായിരുന്നു (ലൂക്കാ 19,47-20,1). പഴയനിയമത്തിൽ ദേവാലയത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകത്തിലൂടെ മോശവഴി ദൈവം സംസാരിച്ചിരുന്നെങ്കിൽ, പുതിയനിയമകാലത്ത് ദേവാലയത്തിൽനിന്നു മനുഷ്യനായ തൻ്റെ പുത്രനിലൂടെ അവിടുന്നു സംസാരിക്കുന്നു. ദേവാലയത്തിലും ദേവാലയത്തോടനുബന്ധിച്ചും നടക്കുന്ന കാര്യങ്ങൾക്കു പ്രാർത്ഥനയുടെ മാനമുണ്ടല്ലൊ. 

3 ഈശോയുടെ മാമ്മോദീസാ 

വി. മത്തായിയുടെ മാമ്മോദീസാവിവരണം (മത്താ 3,13-17) വി. ലൂക്കായുടേതിനേക്കാൾ വിപുലമെങ്കിലും, വി.ലൂക്കാ ഊന്നിപ്പറയുന്ന ഒരു കാര്യം വി.മത്തായിയുടെ വിവരണത്തിലില്ല (3,21-22). ഈശോയുടെ മാമ്മോദീസാവേളയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവൻ പ്രാർത്ഥനയുടെ പശ്ചാത്തലത്തിലാണ് വി. ലൂക്കാ അവതരിപ്പിക്കുന്നത്. “ജനങ്ങൾ മാമ്മോദീസാ സ്വീകരിച്ചപ്പോൾ ഈശോയും മാമ്മോദീസാ സ്വീകരിച്ചു. അവൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ, സ്വർഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെമേൽ ഇറങ്ങി. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന് ഒരു സ്വരം ഉണ്ടായി: “നീ എൻ്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (ലൂക്കാ 3,21-22). ചരിത്രത്തിലാദ്യമായുള്ള പരിശുദ്ധ ത്രിത്വത്തിൻ്റെ ഈ സ്വയം വെളിപ്പെടുത്തൽ ഈശോ പ്രാർത്ഥിക്കുന്ന അവസരത്തിലാണ് സംഭവിക്കുന്നത്. 

4 പ്രാർത്ഥനാവേളയിലെ രൂപാന്തരീകരണം 

പല തരത്തിലും മാമ്മോദീസായുടേതിനു സമാനമായ ഒരു രംഗമാണു രൂപാന്തരീകരണത്തിന്റേത് (ലൂക്കാ 9,28-36). ഈശോ പിതാവായ ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് എന്നു സ്വർഗ്ഗീയപിതാവുതന്നെ വെളിപ്പെടുത്തുന്ന രംഗം സുവിശേഷത്തിൽ വേറെയില്ല. മോശയും ഏലിയായും പ്രത്യക്ഷപ്പെടുകയും അടുത്തുതന്നെ ജറുസലേമിൽ പൂർത്തിയാകേണ്ട ഈശോയുടെ കടന്നുപോകലിനെക്കുറിച്ച് (exodus) സംസാരിക്കുകയും ചെയ്തതു പ്രാർത്ഥനയുടെ അവസരത്തിലായിരുന്നു. ഇത് ലൂക്കാ വർണ്ണിക്കുന്നത് ഇപ്രകാരമാണ്: "അവൻ ഇതു പറഞ്ഞിട്ട് (പീഡാനുഭവത്തെപ്പറ്റിയുള്ള ആദ്യ പ്രവചനം) ഏകദേശം എട്ടു ദിവസങ്ങൾ കഴിഞ്ഞു പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാർത്ഥിക്കാൻ മലയിലേക്കു കയറിപ്പോയി. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ്റെ മുഖഭാവം മാറി; വസ്ത്രം വെൺമയോടെ ശോഭിച്ചു" (ലൂക്കാ 9,28-29). ജറൂസലേമിൽ വച്ചു പൂർത്തിയാകാനിരുന്ന അവിടുത്തെ സഹനമരണോത്ഥാനങ്ങളെക്കുറിച്ചു വ്യക്തമായ ആശയം ശിഷ്യന്മാർക്ക് - ഇന്ന് നമുക്ക്-നല്കുന്നതിനു വേണ്ടിയായിരുന്നു ഈ രൂപാന്തരീകരണം. “ഇവൻ എന്റെ പ്രിയ പുത്രൻ, എൻ്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; അവന്റെ വാക്കു ശ്രവിക്കുവിൻ" (ലൂക്കാ 9,36) എന്ന ദൈവികവെളിപാടും ഈ അവസരത്തിൽ നമുക്കു ലഭിക്കുന്നുണ്ട്. ശിഷ്യർ ശ്രവിക്കേണ്ടിയിരുന്ന ഈശോയുടെ വാക്ക് പീഡാസഹനങ്ങളെക്കുറിച്ചുള്ളതായിരുന്നു. ഇതെല്ലാം പ്രാർത്ഥനയുടെ പശ്ചാത്തലത്തിലാണു സംഭവിച്ചത് എന്നതു പ്രാർത്ഥനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. നമ്മെ സംബന്ധിച്ചുള്ള ദൈവഹിതവും പ്രാർത്ഥനയുടെ ഏകാന്ത നിമിഷങ്ങളിൽ മാത്രമേ ശ്രവിക്കാനാവൂ. 

5 രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന ഈശോ 

ഈശോയുടെ പരസ്യജീവിതകാലത്തിലെ രണ്ടാം ദിവസത്തെക്കുറിച്ചുള്ള വിവരണം വി. ലൂക്കാ ആരംഭിക്കുന്നത് ഇങ്ങനെയാണ്. “പിറ്റേന്നു രാവിലെ ഈശോ ഒരു വിജനസ്ഥലത്തേക്കു പോയി" (ലൂക്കാ 4,42). ഈശോയെ സംബന്ധിച്ചു വിജനസ്ഥലം പിതാവുമായുള്ള സ്നേഹസംഭാഷണത്തിൻ്റെ വേദിയായിരുന്നു. അതു കൊണ്ടാണ് അവിടുന്നു കൂടെക്കൂടെ വിജനപ്രദേശങ്ങളിലേക്കു പിൻവാങ്ങിയിരുന്നത്. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ അവസാനത്തെക്കുറിച്ചു ലൂക്കാ വിവരിക്കുന്നതു ശ്രദ്ധേയമാണ്: “അവന്റെ കീർത്തി കൂടുതൽ വ്യാപിച്ചതിനാൽ, അവനെ ശ്രവിക്കാനും രോഗശാന്തി നേടാനുമായി വളരെ ജനങ്ങൾ പിന്നെയും വന്നു കൊണ്ടിരുന്നു. എന്നാൽ, അവൻ വിജനപ്രദേശത്തേക്കു പിൻവാങ്ങി, പ്രാർത്ഥനയിൽ മുഴുകിയിരുന്നു" (ലൂക്കാ 5,15-16). ഈശോ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതും അവസാനിപ്പിച്ചിരുന്നതും പ്രാർത്ഥനയോടെയാണെന്നു വിവരിക്കുക വഴി, ദിവസം മുഴുവൻ, പ്രവർത്തനങ്ങളും പ്രഘോഷണവുമെല്ലാം, ദൈവവുമായുള്ള ബന്ധത്തിലാണ് ഈശോ നിർവഹിച്ചിരുന്നതെന്നു ലൂക്കാ സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസികളായ നമുക്കും അനുകരണീയമായ മാതൃകയാണിത്. പ്രാർത്ഥനയിൽ പിതാവായ ദൈവവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകും. രാവിലെയും വൈകുന്നേരവുമുള്ള കുടുംബപ്രാർത്ഥനയും ഈശോ കാണിച്ചുതന്ന വഴിയേ ചരിക്കുന്നതിന്റെ ഭാഗമാണ്. 

6 ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പ് 

തന്റെ വിമോചനദൗത്യത്തിൽ പ്രത്യേകവിധം പങ്കുചേരാനുള്ള ശ്ലീഹന്മാരെ ഈശോ തിരഞ്ഞെടുക്കുന്നത് ഒരു രാത്രി മുഴുവൻ പ്രാർത്ഥിച്ചശേഷമാണ്. "ആ ദിവസങ്ങളിൽ പ്രാർത്ഥിക്കുവാനായി ഈശോ, ഒരു മലയിലേക്കു പോയി. ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ടു രാത്രി മുഴുവൻ അവൻ അവിടെ ചെലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യന്മാരെ വിളിച്ച് അവരിൽനിന്നും പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് 'ശ്ലീഹന്മാർ' എന്നു പേർ വിളിച്ചു" (ലൂക്കാ 6,12-13). വിജനപ്രദേശംപോലെതന്നെ ദൈവത്തെ കണ്ടു മുട്ടുന്നതിനുള്ള വേദിയായിരുന്നു ഈശോയ്ക്ക് മലമുകളും. ഏകാന്തതയിൽ പിതൃഹിതം ആരായുന്ന, താതഹിതത്തിനു സ്വയം സമർപ്പിക്കുന്ന ഈശോയെയാണു നമ്മൾ അവിടെ കാണുന്നത്. ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പു വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമാകയാൽ രാത്രി മുഴുവൻ അവിടുന്നു പ്രാർത്ഥിച്ചു. നമ്മുടെ ജീവിതത്തിലും പ്രധാനകാര്യങ്ങൾ ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുംമുമ്പു പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത ഈശോ ചൂണ്ടിക്കാണിക്കുകയാണിവിടെ. 

7 ദൈവസ്വരം ശ്രവിക്കാൻ 

ഈശോയുടെ ഗലീലിയൻ പ്രവർത്തനങ്ങൾ അവസാനിക്കാറായപ്പോൾ, അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്റെ ശിഷ്യന്മാർ തന്നെക്കുറിച്ച് എന്തു മനസ്സിലാക്കി എന്നറിയുവാൻ അവിടുന്ന് അവരെ പരീക്ഷിക്കുന്നതു സുവിശേഷത്തിൽ നമ്മൾ വായിക്കുന്നുണ്ട് (ലൂക്കാ 9,18-20). അതിൻ്റെ സന്ദർഭം ലൂക്കാ വിവരിക്കുന്നത് ഇങ്ങനെയാണ്: "ഒരിക്കൽ അവൻ തനിയെ പ്രാർത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു ജനങ്ങൾ പറയുന്നത്?” (ലൂക്കാ 9,18). സ്‌നാപകയോഹന്നാനെന്നും ഏലിയായെന്നും പൂർവ്വപ്രവാചകരിൽ ഒരുവൻ എന്നുമൊക്കെ അവർ പറഞ്ഞതുകൊണ്ടു തൃപ്തനാകാതെ ഈശോ വളരെ വ്യക്തിപരമായ ഒരു ചോദ്യം ചോദിച്ചു: “ഞാൻ ആരെന്നാണു നിങ്ങൾ പറയുന്നത്?" (ലുക്കാ 9, 20). പത്രോസാണ് ഉത്തരം നല്‌കിയത്: “നീ ദൈവത്തിന്റെ മിശിഹായാണ്.” ഇതു വലിയ ഒരു വിശ്വാസപ്രഖ്യാപനമായിരുന്നു. പ്രാർത്ഥനയുടെ അവസരത്തിലാണ് ഈശോയുടെ ചോദ്യവും പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും എന്നതു വളരെ ശ്രദ്ധേയമായ കാര്യമാണ്. പ്രാർത്ഥനയുടെ നിമിഷങ്ങളിൽ കർത്താവിനു നമ്മോടു സംസാരിക്കുവാൻ എളുപ്പമാണ്. നമുക്ക് ഈശോ ആരാണ് എന്ന വ്യക്തിപരമായ ചോദ്യം ശ്രവിക്കുവാനും ഉത്തരം നല്‌കുവാനും പ്രാർത്ഥനാന്തരീക്ഷം വേണം. 

8 പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ 

പ്രാർത്ഥനയിൽ ഈശോ ശക്തിസംഭരിച്ചിരുന്നു എന്നു മനസ്സിലാക്കിയ ശിഷ്യന്മാർ തങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് ഈശോയോട് അഭ്യർത്ഥിച്ചു. "ഈശോ ഒരിടത്തു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ, ശിഷ്യന്മാരിലൊരാൾ അവനോടു പറഞ്ഞു: കർത്താവേ, യോഹന്നാൻ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ, നീ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ” (ലൂക്കാ 11,1-2). അവിടുന്നു പഠിപ്പിച്ച പ്രാർത്ഥനയിൽ ദൈവതിരുമനസ്സിനുള്ള വിധേയത്വമാണു മുന്നിട്ടുനിൽക്കുന്നത് (ലൂക്കാ 11,2-7). ദൈവത്തെ “പിതാവേ" എന്നു വിളിച്ചു പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം അവിടുന്നു നമുക്കു നല്കി. പിതാവിന്റെ ഹിതം സ്വർഗ്ഗത്തിലെന്നതുപോലെ ഭൂമിയിലും, നമ്മുടെ ജീവിതങ്ങളിലും നിറവേറണം. അങ്ങനെ, അവിടുത്തെ നാമത്തിനു മഹത്വമുണ്ടാകുകയും അവിടുത്തെ രാജ്യം വരികയും ചെയ്യണം. 

നമ്മുടെ ദൈനംദിനാവശ്യങ്ങളും ദൈവസന്നിധിയിലർപ്പിക്കാൻ ഈശോ പഠിപ്പിച്ചു: "ഞങ്ങൾക്ക് ആവശ്യകമായ ആഹാരം എന്നും ഞങ്ങൾക്കു തരണമേ". പാപമോചനമാണല്ലൊ എന്നും നമുക്കേറ്റവും ആവശ്യമായിരിക്കുന്നത്. പ്രലോഭകനിലും പ്രലോഭനങ്ങളിലുംനിന്നു രക്ഷപ്പെടുവാൻവേണ്ടി പ്രാർത്ഥിക്കാനും അവിടുന്നു പഠിപ്പിച്ചിട്ടുണ്ട്. യഥാർത്ഥ പ്രാർത്ഥനയുടെ സ്വഭാവമെന്തായിരിക്കണമെന്നു 'കർതൃപ്രാർത്ഥന"യിൽനിന്നു വ്യക്തമാണ്.

പ്രാർത്ഥനയുടെ ശക്തി വെളിവാക്കാൻ അവിടുന്നു പല ഉപമകളും അരുളിച്ചെയ്‌തു. സ്നേഹിതൻ്റെ നിർബന്ധത്തിനു വഴങ്ങി രാത്രിയിൽ ഉണർന്നു സഹായിക്കുന്നവൻ്റെ ഉപമയും (ലൂക്കാ 11, 5-8), ദരിദ്രവിധവയുടെ നിരന്തരശല്യംമൂലം നീതിനടത്തിക്കൊടുക്കുന്ന ദുഷ്ട‌ന്യായാധിപൻ്റെ ഉപമയും (ലൂക്കാ 18,1-8) മടുപ്പു തോന്നാതെ സദാ പ്രാർത്ഥിക്കണമെന്നുദ്ബോധിപ്പിക്കുവാൻ വേണ്ടിയാണവിടുന്നു പറഞ്ഞത്. അവിടുത്തെ വചനങ്ങൾ വിശ്വാസ യോഗ്യങ്ങളാണ്: “ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ, നിങ്ങൾക്കു തുറന്നു കിട്ടും” (ലൂക്കാ 11,9-13). സ്വയം നീതീകരിക്കുവാൻ ആഗ്രഹിച്ച പ്രീശന്റെയല്ല, മറിച്ച്, "ദൈവമേ, പാപിയായ എന്നിൽ കനിയണമേ" എന്നു പ്രാർത്ഥിച്ച വിനീതനായ ചുങ്കക്കാരൻ്റെ മനോഭാവം നമുക്കുണ്ടാകണമെന്നു മാത്രം (ലൂക്കാ 18,13-14). 

9 പ്രാർത്ഥിച്ചു പത്രോസിനെ ശക്തിപ്പെടുത്തുന്ന ഈശോ 

അന്ത്യത്താഴവേളയിൽ തൻ്റെ സഹനമരണോത്ഥാനങ്ങളുടെ സ്‌മാരകമായി പരി.കുർബാന സ്ഥാപിച്ചശേഷം ഈശോ ഒരു വിടവാങ്ങൽ പ്രസംഗം നടത്തുന്നുണ്ട് (ലൂക്കാ 22,24-38), ഈ പ്രസംഗത്തിന്റെ ഒരു മുഖ്യആശയം, ഈശോയുടെ പീഡാസഹനത്തോടനു ബന്ധിച്ചു ശിഷ്യർ നേരിടാനിരിക്കുന്ന കഠിന പരീക്ഷകളാണ് (ലൂക്കാ 22,35-38). ഇതിനുമുമ്പു ശിഷ്യന്മാരെ അയച്ചപ്പോൾ ഒന്നും കരുതരുതെന്നു നിഷ്കർഷിച്ച അവിടുന്ന് (ലൂക്കാ 9, 1-6; 10,1-12) ഈ പ്രത്യേക അവസരത്തിൽ ഭാണ്‌ഡവും പണവും വാളുമൊക്കെ കരുതുവാൻ ആവശ്യപ്പെടുന്നുണ്ട്. പരീക്ഷകളുടെ തീവ്രത മനസിലാക്കി നന്നായി ഒരുങ്ങിയിരിക്കണം എന്നു മാത്രമേ ഇതിനർത്ഥമുള്ളൂ. ഭാണ്ഡവും പണവും വാളുമൊന്നും അക്ഷരാർത്ഥത്തിൽ മനസിലാക്കാനുള്ളതല്ല. പക്ഷേ, ശിഷ്യന്മാർ ഈശോ ഉദ്ദേശിച്ച അർത്ഥം ഗ്രഹിച്ചില്ല. അതുകൊണ്ടാണവർ പറഞ്ഞത്: ഇവിടെ രണ്ടു വാൾ ഉണ്ട് എന്ന്. 'അതുമതി' എന്ന് ഈശോ പറയുന്നതു മനസ്സു മടുത്തിട്ടാണ്; ഇത്രയും പറഞ്ഞിട്ടും അവർ മനസിലാക്കുന്നില്ലല്ലൊ എന്ന വിഷമത്താൽ. പ്രതിരോധത്തിനായി വാളെടുക്കുവാനാണ് ഈശോ ഉദ്ദേശിച്ചതെങ്കിൽ തന്നെ ബന്ധിക്കാനെത്തിയവൻ്റെ ചെവി ശിഷ്യരിലൊരുവൻ ഛേദിച്ചപ്പോൾ അവനെ അവിടുന്നു തടയുമായിരുന്നില്ല (ലൂക്കാ 22,49-51).

ഈ പശ്ചാത്തലത്തിൽവേണം, തൊട്ടുമുമ്പുള്ള വാചകങ്ങളിൽ ഈശോ പത്രോസിനോടു പറയുന്ന കാര്യം മനസിലാക്കാൻ. “ശിമയോൻ, ശിമയോൻ ഇതാ, സാത്താൻ നിങ്ങളെ ഗോതമ്പു പോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാൽ നിൻ്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു. നീ തിരിച്ചുവന്നു നിന്റെ സഹോദരന്മാരെ ശക്തിപ്പെടുത്തണം"(ലൂക്കാ 22,31-32). കർത്താവിനോടൊപ്പം കാരാഗൃഹത്തിൽ പോകാനും മരിക്കാൻ തന്നെയും താൻ സന്നദ്ധനാണെന്നു പത്രോസ് വീമ്പടിക്കുന്നുണ്ടെങ്കിലും, അവൻ തന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയുമെന്ന് ഈശോ മുൻകൂട്ടി അറിയിച്ചു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു (ലൂക്കാ 22,54-62). പരീക്ഷയിൽ പത്രോസ് പരാജയപ്പെട്ടു. എങ്കിലും അവന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഈശോ പ്രാർത്ഥിച്ചിരുന്നതുകൊണ്ട്, ഗുരുവിനെ തള്ളിപ്പറഞ്ഞെങ്കിലും, കർത്താവ് തിരിഞ്ഞുനോക്കിയപ്പോൾ പത്രോസ് തൻ്റെ തെറ്റിനെക്കുറിച്ചു മനസ‌്തപിക്കുകയും പുറത്തുപോയി മനംനൊന്തു കരയുകയുംചെയ്തു‌. തുടർന്നുള്ള തന്റെ ജീവിതത്തിൽ പത്രോസ് തന്റെ സഹോദരരെ വിശ്വാസത്തിൽ ശക്തിപ്പെടുത്തുന്നതു ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ നമ്മൾ കാണുന്നുണ്ട്. 

10 ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ 

ഈശോയുടെ പീഡാസഹനത്തോടനുബന്ധിച്ചുണ്ടാകാനിരിക്കുന്ന തീവ്രമായ പരീക്ഷകളെ നേരിടാൻ നന്നായി ഒരുങ്ങിയിരിക്കാൻ ആഹ്വാനം ചെയ്‌ത ഈശോ (ലൂക്കാ 22,35-38) എപ്രകാരമാണ് ഒരുങ്ങേണ്ടത് എന്നും പഠിപ്പിക്കുന്നുണ്ട് (ലൂക്കാ 22,39-46). ഗത്സെമിനിയിൽ അവിടുന്നു പ്രാർത്ഥിക്കുന്ന സന്ദർഭത്തിലാണ് ഈ ഉപദേശം. കുരിശിൽ നിന്ന് ഓടി അകലാനുള്ള പ്രലോഭനം അവിടുത്തേക്കും ഉണ്ടായെങ്കിലും, പിതാവിന്റെ ഹിതത്തിനു പൂർണ്ണമായുള്ള സമർപ്പണമായിരുന്നല്ലൊ അവിടുത്തെ പ്രാർത്ഥന. ഈശോ തന്റെ ഈ പ്രാർത്ഥനയ്ക്കു മുമ്പും പിമ്പും ശിഷ്യന്മാർക്കു നല്കുന്ന ഒരു ഉപദേശമുണ്ട്: നിങ്ങൾ പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ (ലൂക്കാ 22, 40.46). ആദ്യം ഉപദേശം (ലൂക്കാ 22,40); തുടർന്ന് ഈശോയുടെ മാതൃക (ലൂക്കാ 22,41-44); വീണ്ടും ഉപദേശം (ലൂക്കാ 22,46). ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ഉപദേശിച്ച ഈശോ സ്വന്തമാതൃകയിലൂടെ ശിഷ്യന്മാരെ ഇന്ന് നമ്മെ പഠിപ്പിക്കുന്നു. വിശ്വാസജീവിത പരീക്ഷകളിൽ കാലിടറാതിരിക്കണമെങ്കിൽ ദൈവവുമായുള്ള സമ്പർക്കത്തിലൂടെ ശക്തിയും ഊർജ്ജവും സംഭരിക്കണമെന്നു സാരം. 

11 മാതൃകാ പ്രാർത്ഥന 

പലപ്പോഴും ഈശോ പ്രാർത്ഥിച്ചിരുന്നതായി വി.ലൂക്കാ രേഖപ്പെടുത്തുന്നുണ്ടെങ്കിലും എന്തു പറഞ്ഞാണവിടുന്നു പ്രാർത്ഥിച്ചിരുന്നതെന്നു രണ്ടവസരങ്ങളിൽ മാത്രമേ വർണ്ണിക്കുന്നുള്ളൂ: ഒലിവുമലയിലും കുരിശിലും. താൻ ബന്ധിതനാകുന്നതിനുമുമ്പ് ഈശോ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചു സുവിശേഷകൻ ഇങ്ങനെ എഴുതുന്നു: "അനന്തരം, ഈശോ പതിവുപോലെ ഒലിവുമലയിലേയ്ക്കു പോയി" (ലൂക്കാ 22,39). "പതിവുപോലെ" എന്ന പ്രയോഗം ദിവസവും അവിടുന്നു ഈമലയിൽ പിതാവിന്റെ സന്നിധിയിൽ ആയിരിക്കാനായി പോയിരുന്നു എന്നു സൂചിപ്പിക്കുന്നു. ശിഷ്യരിൽ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടുകുത്തി അവിടുന്നിങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, നിനക്ക് ഇഷ്ട‌മാണെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്‌ടം നിറവേറട്ടെ" (ലൂക്കാ 22,42). വേദനയുടെ ആധിക്യംനിമിത്തം വിയർപ്പ് രക്തതുള്ളികൾപോലെ നിലത്തു പതിച്ചപ്പോഴും താതഹിതത്തിൽനിന്ന് അണുവിട വ്യതിചലിക്കാത്ത കർത്താവ്, വേദനകളിലും സഹനങ്ങളിലും നമുക്കു മാതൃകയാണ്. ഈശോയെ അനുകരിച്ചു ദൈവഹിതമെങ്കിൽ സഹനത്തിന്റെ പാനപാത്രവും കുടിക്കുവാൻ നമുക്കു കഴിയണം. 

രണ്ടാമത്തെ രംഗം ഈശോയുടെ കുരിശുമരണത്തിന്റേതാണ്. ദുഷ്‌കർമ്മികൾക്കിടയിൽ നിർദ്ദയമായി തന്നെ ക്രൂശിച്ചവർക്കു വേണ്ടി ഈശോ ഇങ്ങനെ പറഞ്ഞു പ്രാർത്ഥിച്ചു: "പിതാവേ, തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയായ്‌കയാൽ ഇവരോടു ക്ഷമിക്കണമേ" (ലൂക്കാ 23,34). ക്ഷമിക്കാൻ പഠിപ്പിച്ച അവിടുന്നു തന്നെ കുരിശിലേറ്റിയവരോടു ക്ഷമിക്കുക മാത്രമല്ല, അവർക്കുവേണ്ടി പ്രാർത്ഥിക്കുകകൂടി ചെയ്യുന്നു. അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും അവിടുന്നു ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ടല്ലൊ (ലൂക്കാ 6,28). കുരിശിലെ ഈശോയുടെ അന്ത്യവാക്കുകൾ പിതൃഹിതത്തോടുള്ള അവിടുത്തെ വിധേയത്വത്തിന്റേയും, സമ്പൂർണ്ണ സമർപ്പണത്തിൻ്റെയും പ്രകടനമാണ്: "പിതാവേ, നിന്റെ കൈകളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്കാ 23,46). ബാല്യം മുതലേ പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരുന്ന ഈശോയുടെ ജീവിതം മുഴുവൻ പിതൃകരങ്ങളിൽ സമർപ്പിക്കപ്പെട്ട ഒന്നായിരുന്നു. ഈ സമർപ്പണം അതിൻ്റെ പൂർണ്ണതയിലെത്തിയത് കുരിശിലും. ജീവിതത്തിലേതുനിമിഷവും, 'പിതാവേ, നിൻ്റെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു' എന്നു പറഞ്ഞുകൊണ്ടു ജീവൻ വെടിയുവാൻ സാധിക്കുംവിധം ദൈവഹിതത്തിനു വിധേയരായി ജീവിക്കാനുള്ള ആഹ്വാനമാണവിടുന്നു നമുക്കു നല്കുന്നത്.

12 

സ്തുതിപ്പിന്റെ സുവിശേഷം 

പ്രാർത്ഥനയുടെ ഒരു മുഖ്യരൂപം സ്‌തുതിപ്പാണല്ലൊ. തങ്ങളെ തിരഞ്ഞെടുത്തു സംരക്ഷിക്കുകയും തങ്ങൾക്കു വിജയംനല്കുകയും ചെയ്യുന്ന ദൈവത്തെ ഇസ്രായേൽജനം സ്തു‌തിക്കുന്ന ധാരാളം രംഗങ്ങൾ പഴയ നിയമത്തിൽ കാണാം. ഉദാഹരണത്തിന്, അബ്രാഹത്തിനു വിജയം നല്‌കിയ ദൈവത്തെ സ്‌തുതിക്കുന്ന മെൽക്കിസെദേക്കിനെയും (ഉല്‌പ 14,19) അബ്രാഹത്തിൻ്റെ സേവകനെയും (ഉല്പ 24,27) വി.ഗ്രന്ഥത്തിൻ്റെ ആദ്യഭാഗത്തു നമ്മൾ കാണുന്നുണ്ട്. ജറൂസലേം ദൈവാലയസമർപ്പണത്തോടനുബന്ധിച്ചു സോളമൻ ദൈവത്തെ സ്തു‌തിക്കുന്ന രംഗം രാജാക്കന്മാരുടെ പുസ്‌കത്തിലുണ്ട് (1 രാജാ 8,15-58). സങ്കീർത്തനപുസ്‌തകം മുഴുവൻ ഇത്തരത്തിലുള്ള സ്തുതിപ്പുകളാണല്ലൊ. 

ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവികകാരുണ്യത്തെപ്രതി മനുഷ്യർ ദൈവത്തെ സ്‌തുതിക്കുന്ന നിരവധി രംഗങ്ങൾ വർണ്ണിക്കുന്നത് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൻ്റെ മാത്രം സവിശേഷതയാണ്. സുവിശേഷത്തിലെ ആദ്യ അദ്ധ്യായങ്ങളിലാണ് ഈ രംഗങ്ങൾ ഏറ്റവും കൂടുതൽ. ദൈവം, തൻ്റെ വാഗ്‌ദാനപ്രകാരം രക്ഷകനായ മിശിഹായെ ഈ ലോകത്തിലേ‌ക്കയച്ചതിലുള്ള മാനുഷിക പ്രതികരണമാണ് ഈ സ്‌തുതിപ്പിലൂടെ പ്രകടിപ്പിക്കപ്പെടുന്നത്. 

I സ്തുതിപ്പ് ബാല്യകാല സുവിശേഷത്തിൽ 

സുവിശേഷത്തിലെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളിലാണ് ഏറ്റവും കൂടുതൽ സ്‌തുതിപ്പിന്റെ രംഗങ്ങൾ കാണുന്നത്. മനുഷ്യാവതാരത്തിലൂടെ പ്രകടമായ ദൈവിക വിശ്വസ്‌തതയെ ദൈവിക മനുഷ്യർ പുകഴ്ത്തുന്ന രംഗങ്ങളാണ് ഇവയെല്ലാം. 

1 എലിസബത്ത് ദൈവത്തെ വാഴ്ത്തുന്നു 

സ്നാപകയോഹന്നാൻ്റെയും ഈശോയുടെയും ജനനങ്ങളെക്കുറിച്ചുള്ള മംഗളവാർത്ത വിവരിച്ചശേഷം (ലൂക്കാ 1,5-38) വിശുദ്ധ ലൂക്കാ ഈ രണ്ടു ശിശുക്കളുടെയും അമ്മമാരുടെ സംഗമം വർണിക്കുന്നു (ലൂക്കാ 1,39-45). ദൈവിക ഇടപെടലിലൂടെ ഉത്ഭവിച്ചിരിക്കുന്ന ഉദരഫലങ്ങളാണ് ഇവിടുത്തെ ശ്രദ്ധാകേന്ദ്രം. മറിയത്തിൻ്റെ അഭിവാദനം ശ്രവിക്കുന്ന മാത്രയിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശുവാണ് സന്തോഷാധിക്യത്താൽ തുള്ളിച്ചാടുന്നത് (ലൂക്കാ 1,41 -44). പരിശുദ്ധാത്മാവിനാൽ നിറയുന്ന എലിസബത്ത് മറിയത്തിന്റെ ഉദരഫലമായ ഈശോയെയും ഈ ഉദരഫലംവഴി അനുഗ്രഹിക്കപ്പെട്ട മറിയത്തെയും വാഴ്ത്തിക്കൊണ്ട് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: “നീ സ്ത്രീകളിൽ അനുഗൃഹീതയാകുന്നു; നിൻ്റെ ഉദരഫലവും അനുഗൃഹീതമാകുന്നു" (ലൂക്കാ 1,42). ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയതുകൊണ്ടു ദൈവമാതാവാകുവാനുള്ള ഭാഗ്യം ലഭിച്ച മറിയം അനുഗ്രഹിക്കപ്പെട്ടവൾതന്നെ. യഥാർത്ഥത്തിൽ വാഴ്ത്തപ്പെട്ടവൻ ദൈവം മാത്രം. മറിയത്തിൻ്റെ ഉദരഫലമായ ഈശോയെ സ്തുതിക്കുമ്പോൾ രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിന്റെ നിർണായകഘട്ടത്തിനു തുടക്കംകുറിച്ചിരിക്കുന്ന ദൈവത്തെതന്നെയാണ് എലിസബത്ത് പരോക്ഷമായി സ്തുതിക്കുന്നത്. 

2 മറിയത്തിൻ്റെ സ്തോത്രഗീതം 

രക്ഷാകരപദ്ധതിയുടെ പൂർത്തീകരണമായ മനുഷ്യാവതാരത്തിൽ ദൈവത്തോടു സഹകരിക്കുവാനായി വിളിക്കപ്പെട്ട മറിയത്തിന്റെ ആഹ്ലാദപ്രകടനമാണവളുടെ സ്തോത്രഗീതത്തിൽ നിഴലിക്കുന്നത്. പിതാക്കന്മാരായ അബ്രാഹത്തോടും അദ്ദേഹത്തിന്റെ സന്തതികളോടും ചെയ്തിരിക്കുന്ന വാഗ്‌ദാനപ്രകാരം ഇസ്രായേലിനെ സഹായിക്കുന്ന ദൈവത്തെ മറിയം സ്‌തുതിക്കുന്നു (ലൂക്കാ 1,46-55). തനിക്കു വ്യക്തിപരമായും ഇസ്രായേലിനു പൊതുവായും ദൈവം ചെയ്ത കാരുണ്യത്തെപ്രതിയാണ് ഈ സ്‌തുതിപ്പ്. മനുഷ്യ രക്ഷയ്ക്കായി ദൈവം മനുഷ്യ ചരിത്രത്തിൽ ഇടപെടുന്നതാണു സ്തുതിപ്പിനു നിദാനം.

3 സഖറിയായുടെ കീർത്തനം 

ദേവാലയത്തിൽവച്ചു ദർശനമുണ്ടായ ദിവസംമുതൽ സംസാരിക്കാൻ കഴിവില്ലാതിരുന്ന സഖറിയായ്ക്കു യോഹന്നാന്റെ ജനനത്തോടെ സംസാരശക്തി തിരിച്ചുകിട്ടി (ലൂക്കാ 1,64). ഒമ്പതുമാസക്കാലത്തെ നിശബ്ദതയ്ക്കുശേഷം സംസാരിക്കാറായപ്പോൾ, സഖറിയാ ആദ്യമുരുവിട്ടതു ദൈവസ്‌തുതിയായിരുന്നു. യോഹന്നാന്റെ അത്ഭുതകരമായ ജനനത്തിൻ്റെ പിന്നിലെ ദൈവികപദ്ധതി ദർശിച്ചുകൊണ്ടാണ് ഈ സ്‌തുതിപ്പ്. യോഹന്നാൻ കർത്താവിനു മുമ്പേ പോകുവാനുള്ളവൻ മാത്രമാണെന്നു മനസ്സിലാക്കിയ സഖറിയാ, രക്ഷകനായ മിശിഹായിൽ ദൈവം അനാവരണം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്ന രക്ഷാകരപദ്ധതിയെപ്രതി ദൈവത്തെ സ്തുതിക്കുന്നു (ലൂക്കാ 1,68-79). "ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു, അവൻ തന്റെ ജനത്തെ സന്ദർശിച്ചു വീണ്ടെടുത്തിരിക്കുന്നു. തൻ്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ അവൻ നമുക്കായി രക്ഷയുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു". ദൈവിക സന്ദർശനംവഴി മനുഷ്യവർഗ്ഗത്തിനു ലഭ്യമായ പാപമോചനം മൂലമുള്ള രക്ഷയെയും വിമോചനത്തെയും പ്രതിയാണിവിടെ ദൈവം സ്തുതിക്കപ്പെടുന്നത്. 

4 മാലാഖമാർ ദൈവത്തെ സ്‌തുതിക്കുന്നു 

ഈശോയുടെ ജനനത്തെക്കുറിച്ചുള്ള വിവരണം ദൈവസ്തുതികൊണ്ടു നിറഞ്ഞിരിക്കുന്നു. മനുഷ്യനായവതരിച്ച ദൈവപുത്രനെ കേന്ദ്രീകരിച്ചാണ് ഇവിടെ സ്‌തുതിയുയരുന്നത്. ദിവ്യരക്ഷകന്റെ ജനനവാർത്ത ആട്ടിടയന്മാരെ ദൈവദൂതൻ അറിയിക്കുമ്പോൾ സ്വർഗ്ഗീയ സൈന്യവ്യൂഹം പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്‌തുതിച്ചു: “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്‌തുതി; ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും" (ലൂക്കാ 2,13-14). ഈശോയുടെ മനുഷ്യാവതാരത്തിന്റെ അനന്തരഫലമാണ് ഈ ദൈവമഹത്ത്വവും മനുഷ്യ സമാധാനവും പ്രത്യാശയും. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് മനുഷ്യാവതാരത്തിൻ്റെ മഹനീയഫലം, ശിഥിലമായിരുന്ന ദൈവമനുഷ്യബന്ധം പുനഃസ്ഥാപിതമായി എന്നതാണല്ലൊ. ഈ രക്ഷാകര ദാനത്തെക്കുറിച്ചാണു മാലാഖമാർ ദൈവത്തെ സ്‌തുതിക്കുന്നത്.

5 ആട്ടിടയന്മാർ ദൈവത്തെ മഹത്വപ്പെടുത്തുന്നു 

ബേത്ലഹെമിലെത്തി ദിവ്യശിശുവിനെ കണ്ട ആട്ടിടയന്മാർ തങ്ങളോട് അറിയിക്കപ്പെട്ടതുപോലെ എല്ലാം കാണുകയും കേൾക്കുകയും ചെയ്തതിനാൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടാണു മടങ്ങിപ്പോയത് (ലൂക്കാ 2,20). ഉണ്ണിമിശിഹായുടെ സന്നിധിയിൽ നിൽക്കുമ്പോൾ പാവപ്പെട്ടവരായ ഇടയന്മാരുടെയും ചിന്ത ദൈവത്തിങ്കലേയ്ക്കാണുയരുന്നത്. ദിവ്യശിശുവിൽ ദൈവികകാരുണ്യം ദർശിക്കുന്ന അവർ ഈ മഹാദാനത്തെപ്രതി ദൈവത്തെ മഹത്വപ്പെടുത്തുന്നു. 

6 ശിമയോന്റെയും ഹന്നായുടെയും സ്‌തുതിപ്പ് 

കർത്താവിനു സമർപ്പിക്കാനായി ശിശുവായ ഈശോയെ അവിടുത്തെ മാതാപിതാക്കന്മാർ ജറൂസലേം ദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ, ഇസ്രായേലിൻ്റെ ആശ്വാസം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ശിമയോൻ ദീർഘദർശി, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി ദേവാലയത്തിലെത്തുകയും ദിവ്യശിശുവിനെ തന്റെ കരങ്ങളിലെടുത്ത് ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു (ലൂക്കാ 2,28-32). മനുഷ്യനായവതരിച്ച മിശിഹായിൽ, വിജാതീയർക്കു വെളിപ്പെടാനുള്ള പ്രകാശമായും ഇസ്രായേലിൻ്റെ മഹത്വമായും, ജനതകൾക്കു മുമ്പിൽ ദൈവം ഒരുക്കിയിരിക്കുന്ന കാരുണ്യമാണു ശിമയോൻ ദർശിക്കുന്നത്. രക്ഷാകരമായ ഈ കാരുണ്യത്തെ പ്രകീർത്തിച്ചു കൊണ്ടു ശിമയോൻ ദൈവത്തെ വാഴ്ത്തുന്നു. ദേവാലയം വിട്ടു പോകാതെ ഉപവാസത്തിലും പ്രാർത്ഥനയിലും രാപകൽ ദൈവത്തെ ശുശ്രൂഷിച്ചു കഴിഞ്ഞിരുന്ന ഹന്നാപ്രവാചികയും ദൈവസ്‌തുതിപ്പിൽ ശിമയോനോടു ചേർന്നു (ലൂക്കാ 2,37-38).

II. സ്തുതിപ്പ് ഈശോയുടെ പരസ്യജീവിതകാലത്ത് 

ഈശോയുടെ പരസ്യജീവിതകാലത്ത് ദൈവികകാരുണ്യം നിറഞ്ഞുനിന്ന അവിടുത്തെ പ്രവർത്തനങ്ങളുടെ ഫലം അനുഭവിക്കാനിടയായവരെല്ലാം ഇവയുടെ ഉറവിടമായ ദൈവത്തെ സ്തു‌തിക്കുന്നത് നമുക്കു കാണാം. ഈശോയുടെ ഗലീലിയൻ പ്രവർത്തനങ്ങൾക്കു വി. ലൂക്കാ നൽകുന്ന ആമുഖംതന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അവൻ അവരുടെ സംഘങ്ങളിൽ പഠിപ്പിച്ചു. ജനമെല്ലാം അവനെ പ്രകീർത്തിച്ചു (ലൂക്കാ 4,15). പരസ്യജീവിതകാലത്തെ സ്തു‌തിപ്പിന്റെ ചില രംഗങ്ങളാണ് ഇനി നമ്മൾ കാണുന്നത്.

 1. സൗഖ്യം പ്രാപിച്ച തളർവാതരോഗി 

ഈശോയും ശിഷ്യന്മാരും ജനക്കൂട്ടവും സമ്മേളിച്ചിരുന്ന വീടിന്റെ മേച്ചിൽ പൊളിച്ച് അവിടുത്തെ മുമ്പിലെത്തിച്ച തളർവാതരോഗിക്കു പാപമോചനം നൽകി അവിടുന്ന് അവനെ സുഖപ്പെടുത്തി (ലൂക്കാ 5,17-26). മനുഷ്യവ്യക്തിയുടെ സമഗ്രവിമോചനം ലക്ഷ്യം വയ്ക്കുന്ന ഈശോ തളർവാതരോഗിക്കു ശാരീരികസൗഖ്യം മാത്രമല്ല, ആന്തരികസൗഖ്യംകൂടി പ്രദാനം ചെയ്‌തു; ആന്തരികസൗഖ്യത്തിന്റെ മുഖ്യഘടകം പാപമോചനമാണല്ലൊ. സമ്പൂർണസൗഖ്യം സിദ്ധിച്ച മനുഷ്യൻ ദൈവത്തെ സ്‌തുതിച്ചുകൊണ്ടാണു വീട്ടിലേക്കു മടങ്ങിപോയത് (ലൂക്കാ 5,25). 

2 നായിനിലെ ജനക്കൂട്ടം 

ഈശോ നായീനിലെ വിധവയുടെ ഏകമകനെ ഉയിർപ്പിക്കുന്ന സംഭവം വി. ലൂക്കാ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. വിധവയുടെ മേൽ അലിവുതോന്നിയ അവിടുന്ന് “കരയേണ്ട" എന്നവളോട് അരുളിച്ചെയ്തുകൊണ്ടാണു പുത്രനെ അവൾക്കു തിരിച്ചു നൽകിയത് (ലൂക്കാ 7,13-17). ശവസംസ്ക്കാരശുശ്രൂഷയിൽ സംബന്ധിക്കാനായി വിധവയോടൊപ്പം ഉണ്ടായിരുന്ന പട്ടണവാസികൾ, മരിച്ചവൻ പുനർജീവിച്ചതു കണ്ടപ്പോൾ, ഭയപ്പെട്ട് ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു: “ഒരു മഹാപ്രവാചകൻ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കുന്നു; ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു" (ലൂക്കാ 7,16). മരണത്തിൻ്റെ മേൽപോലും പുത്രന് അധികാരം നൽകിയിരിക്കുന്ന ദൈവത്തെയാണു ജനം ഇവിടെ സ്‌തുതിക്കുന്നത്. 

3 സൗഖ്യം ലഭിച്ച കൂനിയായ സ്ത്രീ 

പതിനെട്ടുവർഷമായി രോഗാത്മാവു ബാധിച്ചു നിവർന്നു നിൽക്കാൻ കഴിവില്ലാതിരുന്ന കൂനിയായ സ്ത്രീയെ സാബത്തു ദിവസം യഹൂദന്മാരുടെ സംഘത്തിൽ വച്ച് ഈശോ സുഖപ്പെടുത്തി. കൂനുനിവർന്നയുടനെ അവൾ ദൈവത്തെ സ്‌തുതിക്കുകയാണു ചെയ്തത് (ലൂക്കാ 13,10-13). സാത്താൻ്റെ ബന്ധനത്തിൽ കഴിഞ്ഞിരുന്നവരെ ഈശോയിലൂടെ പിതാവായ ദൈവം വിമോചിപ്പിക്കുന്നതിൻ്റെ ഉദാഹരണമായിരുന്നു ഈ രോഗശാന്തി. ഈ അനുഗ്രഹം ദൈവത്തിൽ നിന്നാണ് എന്ന് തൻ്റെ സ്‌തുതിപ്പിലൂടെ ഈ സ്ത്രീ ഏറ്റുപറയുകയാണ്.

4 സമറിയാക്കാരൻ കുഷ്‌ഠരോഗി 

ജറുസലേമിലേക്കുള്ള യാത്രാമധ്യേ, "ഗുരുവായ ഈശോയേ, ഞങ്ങളിൽ കനിയണമേ" എന്നു വിളിച്ചപേക്ഷിച്ച പത്തു കുഷ്ഠ രോഗികൾക്കും ഈശോ സൗഖ്യമേകി (ലൂക്കാ 17,11-19). എന്നാൽ ഇവരിൽ ഒരുവൻ മാത്രമാണ്, അതും ഒരു സമറിയാക്കാരൻ മാത്രമാണ്, ദൈവത്തെ സ്‌തുതിച്ചുകൊണ്ട് ഈശോയോടു നന്ദി പറയാനായി തിരിച്ചെത്തുന്നത്. അവിടുത്തെ കാൽക്കൽ കമിഴ്ന്നു വീണ് അവിടുത്തോടു കൃതജ്ഞത പ്രദർശിപ്പിച്ച സമറിയാക്കാരൻ, ഇതിലൂടെ തൻ്റെ വിശ്വാസം പ്രകടമാക്കുകയായിരുന്നു. ഈ വിശ്വാസം അവനു രക്ഷയ്ക്കു കാരണമാവുകയും ചെയ്തു. 

5 ജറീക്കോയിലെ അന്ധൻ 

"ദാവീദിൻ്റെ പുത്രനായ ഈശോയേ, എന്നിൽ കനിയണമേ" എന്നു നിലവിളിച്ച അന്ധന് ഈശോ കാഴ്‌ച നൽകി. കാഴ്ച ലഭിച്ച ജറീക്കോക്കാരൻ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു ജറുസലേമിലേയ്ക്കുള്ള യാത്രയിൽ ഈശോയെ അനുഗമിച്ചു (ലൂക്കാ 18,35-43), അവിടുത്തെ ശിഷ്യനായി. ഇതു കണ്ട ജനമെല്ലാം ദൈവത്തെ പുകഴ്ത്തുകയും ചെയ്തു. 

6 ജറൂസലം പ്രവേശനവേളയിൽ 

ഈശോ കഴുതക്കുട്ടിയുടെ പുറത്ത് രാജകീയമായി ജറൂസലേമിലേക്കു പ്രവേശിച്ചപ്പോൾ ശിഷ്യഗണം തങ്ങൾ കണ്ട അത്ഭുതപ്ര വൃത്തികളെക്കുറിച്ചു സന്തോഷിച്ച്, ദൈവത്തെ സ്തുതിക്കുവാൻ തുടങ്ങി (ലൂക്കാ 19,28-40): "കർത്താവിൻ്റെ നാമത്തിൽ വരുന്ന രാജാവ് അനുഗൃഹീതൻ! സ്വർഗ്ഗത്തിൽ സമാധാനം! അത്യുന്നതങ്ങളിൽ മഹത്ത്വം!" (ലൂക്കാ 19,38). അവിടുത്തെ ജനനത്തിൽ മാലാഖമാർ ദൈവത്തെ സ്‌തുതിച്ചതിൻ്റെ തന്നെ മറ്റൊരു രൂപമാണു നാമിവിടെ ശ്രവിക്കുന്നത്. 

7 കുരിശിൻചുവട്ടിലെ ശതാധിപൻ 

ഈശോയുടെ കുരിശുമരണത്തിനു ദൃക്‌സാക്ഷിയായ റോമൻ ശതാധിപൻ, ദൈവികപദ്ധതിയിൽ ഈശോയുടെ നിഷ്ക്കളങ്ക മരണത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ദൈവത്തെ സ്തുതിച്ചു (ലൂക്കാ 23,47): “തീർച്ചയായും ഈ മനുഷ്യൻ നീതിമാനായിരുന്നു”. “എന്റെ പിതാവേ, നിൻ്റെ കൈകളിൽ എന്നെ ഞാൻ ഏല്പിക്കുന്നു” (ലൂക്കാ 23,46) എന്നു പറഞ്ഞുകൊണ്ട് മരണനേരത്ത് ഈശോ പ്രദർശിപ്പിച്ച സമചിത്തതയും ദൈവാശ്രയത്വവും കണ്ടുകൊണ്ടാണു ശതാധിപൻ ഇങ്ങനെ വിളിച്ചുപറയുന്നത്. 

8 ദൈവത്തെ സ്തുതിക്കുന്ന ശ്ലീഹന്മാർ 

സുവിശേഷത്തിലുടനീളം വി. ലൂക്കാ ചിത്രീകരിച്ച സ്തുതിപ്പിന്റെ രംഗങ്ങൾക്കു മകുടം ചാർത്തുന്നതാണ് അവസാനരംഗം. ഉത്ഥിതനായ കർത്താവിൻ്റെ സ്വർഗ്ഗാരോഹണത്തിനു സാക്ഷ്യം വഹിച്ച ശ്ലീഹന്മാർ അവിടുത്തെ ആരാധിച്ചിട്ടു വലിയ സന്തോഷത്തോടെ ജറുസലേമിലേക്കു മടങ്ങി. ഉത്ഥിതനിൽനിന്ന് “അനുഗ്രഹം" പ്രാപിച്ച ശേഷമാണവർ മടങ്ങുന്നത്. ദേവാലയത്തിലെത്തിയ അവർ എപ്പോഴും ദൈവത്തെ സ്‌തുതിക്കുകയും പുകഴ്ത്തുകയും ചെയ്തു‌കൊണ്ടിരുന്നു (ലൂക്കാ 24,52-53). തങ്ങൾ സാക്ഷ്യം വഹിച്ച മിശിഹാസംഭവത്തിനു മുഴുവൻ വേണ്ടിയാണവർ ദൈവത്തെ സ്‌തുതിക്കുന്നത്. 

സുവിശേഷം വായിക്കുന്ന വിശ്വാസിയിൽനിന്ന് ഉണ്ടാകേണ്ടതും സ്തു‌തിപ്പിൻ്റെയും ആരാധനയുടെയും കൃതജ്ഞതയുടെയും പുകഴ്ചയുടേതുമായ പ്രതികരണമാണ്. നമ്മുടെ രക്ഷയ്ക്കു വേണ്ടി മനുഷ്യനായവതരിക്കുകയും സ്നേഹനിധിയായ സ്വർഗ്ഗീയ പിതാവിന്റെ മുഖം തൻ്റെ വചനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വെളിപ്പെടുത്തിതരികയും പീഡാസഹനമരണോത്ഥാനങ്ങളിലൂടെ രക്ഷണീയകർമ്മം പൂർത്തീകരിക്കുകയും ചെയ്ത മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിൽ സ്‌തുതിക്കാൻ വിളിക്കപ്പെട്ടവരാണു നമ്മൾ. ആദിമക്രൈസ്തവർ നമുക്കു നൽകുന്ന മാതൃകയും ഇതാണ് (ശ്ലീഹ 2,42-47; 3,2-8; 10,46; 13,1-52; 19,13-17; 21,17-20). പരിശുദ്ധ കുർബാനയിൽ നിറഞ്ഞു നിൽക്കുന്ന മനോഭാവവും മിശിഹായിൽ നിറവേറിയ രക്ഷണീയകൃത്യത്തെപ്രതി പിതാവായ ദൈവത്തിനുള്ള സ്‌തുതിയും പുകഴ്‌ചയുമാണല്ലൊ.

13 

സാർവത്രിക രക്ഷയുടെ സുവിശേഷം 

മിശിഹായായ ഈശോ നല്‌കുന്ന രക്ഷ സ്ഥലകാല, ദരിദ്ര ധനിക, വലുപ്പചെറുപ്പ, സ്ത്രീപരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. രക്ഷയുടെ ഈ സാർവ്വത്രിക മാനത്തിനു വലിയ പ്രാധാന്യം നല്‌കിയാണ് ലൂക്കാ അവതരിപ്പിക്കുന്നത്. 

1 സുവിശേഷാമുഖം 

ഗ്രന്ഥത്തിന്റെ ആമുഖത്തിൽതന്നെ വി. ലൂക്കാ തന്റെ വിവരണത്തിന്റെ സാർവത്രികതയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്: “അല്ലയോ ശ്രേഷ്‌ഠനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കു തോന്നി" (ലൂക്കാ 1,3). നസ്രായനായ ഈശോയിൽ നിറവേറിയ എല്ലാക്കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണു വി. ലൂക്കാ തൻ്റെ വിവരണമെഴുതുന്നത്. തെയോഫിലോസിൻ്റെ, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ക്രൈസ്‌തവസമൂഹത്തിൻ്റെ, ഇന്നത്തെ വായനക്കാരായ നമ്മുടെ, വിശ്വാസജീവിതത്തിനാവശ്യമായ എല്ലാക്കാര്യങ്ങളും ക്രമമായി ലൂക്കാ എഴുതുന്നു. മറ്റു സുവിശേഷകരിൽനിന്നു വ്യത്യസ്തനായി ഈശോയുടെ ജനനത്തെക്കുറിച്ചു (അവിടുത്തേക്കു വഴിയൊരുക്കുവാൻ വന്ന സ്‌നാപകയോഹന്നാൻ്റെ ജനനത്തെക്കുറിച്ചു പോലും) വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന സുവിശേഷം അവിടുത്തെ സ്വർഗ്ഗാരോഹണ വിവരണത്തോടെയാണ് അവസാനിക്കുന്നത്. ഇത്ര സമ്പൂർണ്ണമായ വിവരണം മറ്റൊരു സുവിശേഷത്തിലുമില്ല.

2 ധൂപാർപ്പണസമയത്തു പ്രാർത്ഥിക്കുന്ന ജനം 

സുവിശേഷത്തിലെ ആദ്യരംഗത്തു പുരോഹിതനായ സഖറിയാ ജറൂസലേം ദേവാലയത്തിൽ, ദൈവസന്നിധിയിൽ, ധൂപാർപ്പണം നടത്തുന്നതാണു നമ്മൾ കാണുന്നത്. ധൂപത്തോടൊപ്പം സഖറിയാ, തന്റെ അനപത്യതാദുഃഖവും പ്രാർത്ഥനയായി ദൈവസന്നിധിയിലേക്കുയർത്തി. അതുകൊണ്ടാണല്ലൊ ദൂതൻ പറയുന്നത്: “സഖറിയാ ഭയപ്പെടേണ്ട, നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്കൊരു പുത്രൻ ജനിക്കും" (ലൂക്കാ 1,13). ഒരു ശിശുവിനുവേണ്ടി സഖറിയാ പ്രാർത്ഥിച്ചപ്പോൾ അദ്ദേഹമറിയാതെതന്നെ രക്ഷകനു വഴിയൊരുക്കുവാനുള്ളവനു വേണ്ടികൂടിയായിരുന്നു അപേക്ഷിച്ചത്. രക്ഷകനും അവനു വഴിയൊരുക്കാനുള്ളവനും വേണ്ടിയുള്ള പ്രാർത്ഥന ഇസ്രായേൽ ജനം മുഴുവൻ്റേതുമായിരുന്നു (മലാ 3,1; 4,5). ഈ യാഥാർത്ഥ്യമാണു ധൂപാർപ്പണസമയത്തു ദൈവാലയത്തിനു വെളിയിൽനിന്നു പ്രാർത്ഥിക്കുന്ന സമൂഹം പ്രകടമാക്കുന്നത്. ലൂക്കാ എഴുതുന്നു: "ധൂപാർപ്പണസമയത്തു സമൂഹം മുഴുവൻ വെളിയിൽനിന്നു പ്രാർത്ഥിക്കുകയായിരുന്നു" (ലൂക്കാ 1,10). ഇസ്രായേൽ ജനം മുഴുവൻ്റേയും സാന്നിധ്യം ജറൂസലേം ദൈവാലയപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതുവഴി സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സാർവത്രികപ്രസക്തി വ്യക്തമാക്കുകയാണു ഗ്രന്ഥകർത്താവ്. 

3 ദൈവപുത്രൻ - നിത്യനായ രാജാവ് 

പരിശുദ്ധകന്യകാമറിയത്തെ മംഗളവാർത്ത അറിയിക്കുന്ന ഗബ്രിയേൽ മാലാഖ ജനിക്കാനിരിക്കുന്ന ശിശുവിന്റെ പ്രത്യേകതകളും ഭാവി പ്രവർത്തനങ്ങളും വെളിപ്പെടുത്തുന്നുണ്ട്: “അവൻ വലിയവനായിരിക്കും, അത്യുന്നതൻ്റെ പുത്രനെന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിൻ്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും. അവൻ്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല" (ലൂക്കാ 1,32-33). പരിശുദ്ധാത്മ പ്രവർത്തനത്താൽ ജന്മമെടുക്കുന്ന ദൈവപുത്രനായ ഈശോ, ദാവീദിന്റെ സിംഹാസനത്തിലിരുന്നു യാക്കോബിൻ്റെ പന്ത്രണ്ടു ഗോത്രങ്ങളുടെമേൽ ഭരണം നടത്തുവാനുള്ളവനാണ്. ദൈവരാജ്യപ്രഘോഷണത്തിലൂടെ ഈശോ വ്യക്തമാക്കിയതും നിത്യം നിലനില്ക്കുന്ന, സാർവത്രികമായ രാജ്യത്തിൻ്റെ സ്വഭാവമായിരുന്നു.

4 മറിയത്തിൻ്റെ സ്തോത്രഗീതം 

കർത്താവിന്റെ ദാസിയായ മറിയത്തിന്റെ താഴ്‌മയെ കടാക്ഷിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്ന മറിയത്തിൻ്റെ സ്തോത്രഗീതവും അവളിൽ ഉടലെടുത്തിരിക്കുന്ന രക്ഷാപദ്ധതിയുടെ സാർവത്രികത വ്യക്തമാക്കുന്നതാണ്. "ഇപ്പോൾ മുതൽ എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും"(ലൂക്കാ 1,48) എന്ന പ്രവചനം ദൈവപുത്രന്റെ അമ്മ എന്ന നിലയിൽ ലഭിക്കാനിരിക്കുന്ന സാർവ്വത്രിക ബഹുമതിയെ സൂചിപ്പിക്കുന്നതാണ്. മറിയത്തിന്റെ ഭാഗ്യം അവശ്യാവശ്യം ഈശോയുടെ മഹത്വവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈശോയെ രക്ഷകനായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലുള്ള സകല തലമുറയും മറിയത്തെ ഭാഗ്യവതി എന്നു പ്രകീർത്തിക്കുന്നത്. വിശ്വാസികളായ നമ്മൾ അനുദിനം പലപ്രാവശ്യം “നന്മനിറഞ്ഞ മറിയമേ" എന്നാരംഭിക്കുന്ന പ്രാർത്ഥന ഉരുവിടുമ്പോൾ മറിയത്തിൻ്റെ പ്രവചനം പൂർത്തിയാക്കുകയണല്ലൊ. 

5 സീസറിന്റെ കനേഷുമാരിയും ഈശോയുടെ ജനനവും 

ഈശോ ജനിക്കുന്നത് അഗസ്റ്റസ് സീസറിൻ്റെ ആഗോള ജനസംഖ്യാ കണക്കെടുപ്പിൻ്റെ പശ്ചാത്തലത്തിലാണ്. സീസറിന്റെ കല്പനപ്രകാരം പേരെഴുതിക്കാനായി ഗർഭിണിയായ മറിയത്തെയുംകുട്ടി യൗസേപ്പ് ബേത്ലഹെമിലെത്തുമ്പോഴാണല്ലൊ ഈശോ ജനിക്കുന്നത് (ലൂക്കാ 2,1-7). ആഗോള ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെടുത്തി ഈശോയുടെ ജനനം അവതരിപ്പിക്കുകവഴി ഈ ജനനത്തിനുള്ള ആഗോളപ്രസക്തി ലൂക്കാ വ്യക്തമാക്കുന്നു. ഈ ജനനത്തിലൂടെ സമാരംഭിക്കുന്ന രക്ഷ ലോകമെമ്പാടുമുള്ളവർക്കുള്ളതാണ്. 

6 സകല ജനത്തിനും വേണ്ടിയുള്ള സദ്‌വാർത്ത 

ഈശോയുടെ ജനനാവസരത്തിൽ ആട്ടിടയന്മാർക്കു പ്രത്യക്ഷപ്പെട്ട ദൈവദൂതൻ്റെ വാക്കുകളിലും ഈ ജനനത്തിന്റെ സാർവത്രികത വളരെ പ്രകടമാണ്. ദൂതൻ പറഞ്ഞു: “ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ മിശിഹാ ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2,10-11). ദൂതൻ അറിയിക്കുന്ന സുവിശേഷം സകലജനത്തിനും വേണ്ടിയുള്ളതാണ്. ജനം മുഴുവൻ പ്രതീക്ഷയോടെ പ്രാർത്ഥിച്ചു കാത്തിരുന്ന രക്ഷകനായ മിശിഹാ ഇതാ വന്നു പിറന്നിരിക്കുന്നു. ഇതു വലിയ സന്തോഷത്തിന്റെ സുവിശേഷമാണ്. ദീർഘനാളത്തെ പ്രതീക്ഷ പൂവണിയുന്നതുകൊണ്ടാണ് ഇതു വലിയ സന്തോഷത്തിൻ്റെ വാർത്തയായിരിക്കുന്നത്. ദാവീദിന്റെ സിംഹാസനത്തിൽ നിത്യം വാഴേണ്ടവനായതുകൊണ്ട് ദാവീദിന്റെ പട്ടണത്തിൽ അവിടുന്നു പിറക്കുന്നു. എല്ലാവരുടെയും രക്ഷകനായാണ് ഈശോ ജനിച്ചിരിക്കുന്നത്. ഇതാണ് സുവിശേഷം. മിശിഹാനുയായികളായ നമ്മൾ ഈ സന്തോഷവും ആഹ്‌ളാദവും അനുദിനജീവിത പ്രവർത്തനങ്ങളിലൂടെ പ്രസരിപ്പിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. 

7 സകല ജനതകൾക്കുംവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന രക്ഷ 

കടിഞ്ഞൂൽ പുത്രനായ ഈശോയെ കർത്താവിനു സമർപ്പിക്കാനായി അവൻ്റെ മാതാപിതാക്കൾ ദൈവാലയത്തിൽ കൊണ്ടു ചെന്നപ്പോൾ അവരെ സ്വീകരിച്ചതു പ്രവാചകനായ ശിമയോനാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ജീവിതം നയിച്ചിരുന്ന, ആത്മാവിനാൽമാത്രം നയിക്കപ്പെട്ടിരുന്ന, ശിമയോന്റെ വാക്കുകൾ ഈശോയുടെ മനുഷ്യാവതാരത്തിൻ്റെ അർത്ഥവും പ്രസക്തിയും വ്യക്തമാക്കുന്നുണ്ട്. ശിമയോൻ ശിശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: "എൻ്റെ കർത്താവേ, നിന്റെ വാക്കനുസരിച്ച് നിന്റെ ദാസനെ ഇപ്പോൾ സമാധാനത്തിൽ വിട്ടയച്ചാലും. എന്തുകൊണ്ടെന്നാൽ, സകല ജനങ്ങളുടെയും മുമ്പിൽ നീ ഒരുക്കിയിരിക്കുന്ന രക്ഷ എൻ്റെ കണ്ണുകൾ കണ്ടിരിക്കുന്നു. അതു വിജാതീയർക്കു വെളിപാടിൻ്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹത്വവുമാണ്” (ലൂക്കാ 2,28-32). ദൈവം പണ്ടേ ചെയ്ത വാഗ്ദാനമനുസരിച്ച്, സമയത്തിൻ്റെ പൂർത്തിയിൽ ഒരുക്കിയിരിക്കുന്ന രക്ഷ തന്റെ കൈയിലിരിക്കുന്ന ശിശുവിൽ ശിമയോൻ ദർശിക്കുന്നു. ദൈവികരക്ഷയുടെ സമാരംഭം കണ്ടുകഴിഞ്ഞതിനാൽ തനിക്കു ജീവിതസാഫല്യമായി എന്നദ്ദേഹം കരുതുന്നു. സകലജനതകൾക്കും വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയായാണു ശിമയോൻ ഈശോയെ കാണുന്നത്. ആരൊക്കെയാണ് ഈ ജനതകളിൽപ്പെടുന്നതെന്ന് തുടർന്നുവരുന്ന വാക്യത്തിൽ (ലൂക്കാ 2,32) അദ്ദേഹം വ്യക്തമാക്കുന്നു: ദൈവത്തിൻ്റെ സ്വന്തജനമായ ഇസ്രായേലും വിജാതീയരുമാണവർ. ഈശോയിൽ സംലഭ്യമായിരിക്കുന്ന രക്ഷ സജാതീയ, വിജാതീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ്. 

8 സകല മനുഷ്യർക്കും രക്ഷയിലേക്കു ക്ഷണം 

ജോർദ്ദാന്റെ സമീപപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ചു പാപമോചനത്തിനുള്ള മാമ്മോദീസായെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടു മിശിഹായ്ക്കു വഴിയൊരുക്കിയ സ്‌നാപകയോഹന്നാനെ സമവീക്ഷണ സുവിശേഷകന്മാർ അവതരിപ്പിക്കുന്നത് ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ്. വി. ലൂക്കാ മാത്രമാണു പ്രവചനത്തിന്റെ അവസാനഭാഗംവരെ ഉദ്ധരിക്കുന്നത്: "സകല മനുഷ്യരും ദൈവത്തിന്റെ രക്ഷകാണട്ടെ" (ഏശ 40,5; ലൂക്കാ 3,6). ലൂക്കായുടെ വീക്ഷണമനുസരിച്ചു യോഹന്നാൻ്റെ പ്രഘോഷണത്തിൻ്റെ മുഖ്യലക്ഷ്യം എല്ലാ മനുഷ്യർക്കും മെസയാനികരക്ഷ വെളിപ്പെടുത്തുക എന്നതാണ്. മാനസാന്തരത്തിലൂടെ ഈ രക്ഷ പ്രാപിക്കുവാൻ സകലരെയും ക്ഷണിക്കുകയെന്നതായിരുന്നു യോഹന്നാൻ്റെ ദൗത്യം. 

9 ഈശോയുടെ വംശാവലി 

ഇസ്രായേൽ ജനതയുടെ ചരിത്രത്തിൽ ഈശോയുടെ സ്ഥാനം വ്യക്തമാക്കാനായി വംശാവലി നൽകുന്നതു വി.മത്തായിയും വി. ലൂക്കായും മാത്രമാണ്. മത്തായിയുടെ സുവിശേഷത്തിലെ വിവരണത്തിൽനിന്നും ലൂക്കായ്ക്കുള്ള ഒരു പ്രധാന വ്യത്യാസം ഈശോയുടെ സാർവത്രിക പ്രസക്തിയുമായി ബന്ധപ്പെട്ടതാണ്. വി. മത്തായിയുടെ വംശാവലിയിലെ ആദ്യകണ്ണി അബ്രാഹമാണ്; വി. ലൂക്കായുടെ വിവരണമാകട്ടെ ആദംവരെ എത്തിനിൽക്കുന്നു (ലൂക്കാ 3,38). മനുഷ്യവർഗ്ഗത്തിൻ്റെ ആദ്യാംഗമായ ആദവുമായി ഈശോയ്ക്കുള്ള ബന്ധം വ്യക്തമാക്കുന്നതുവഴി, ദൈവികഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന, ആദത്തിൻ്റെ മക്കളായ എല്ലാവർക്കും അവിടുത്തെ രക്ഷയ്ക്ക് ഒരുപോലെ അർഹതയും അവകാശവുമുണ്ടെന്നു വി. ലൂക്കാ സ്ഥാപിക്കുന്നു. 

10 ഈശോയുടെ നയപ്രഖ്യാപനവും പരസ്യജീവിതവും 

ഏശയ്യാ പ്രവാചകൻ മിശിഹായെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിരുന്ന കാര്യങ്ങൾ തന്നിൽ പൂർത്തിയായെന്നു പ്രഖ്യാപിച്ചു കൊണ്ടു നസ്രത്തിലെ സിനഗോഗിൽ ഈശോ നടത്തിയ പ്രഭാഷണത്തിലും അവിടുത്തെ രക്ഷാകരദൗത്യത്തിൻ്റെ സാർവത്രികമാനം വ്യക്തമാണ്. അവിടുന്നരുളിച്ചെയ്‌തു: "കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷമറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ച്‌ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4,18-19). സമഗ്രവിമോചകനായ ഈശോയുടെ രക്ഷാവലയത്തിൽപ്പെടാത്തവരായി ആരുമില്ല. മനുഷ്യനെ അടിമപ്പെടുത്തുന്ന സകലവിധ ബന്ധനങ്ങളിൽനിന്നും രക്ഷിക്കുന്നവനാണ് അവിടുന്ന്. ഹൃദയത്തകർച്ചയിൽ സൗഖ്യമായി, തിന്മയുടെ അടിമത്തത്തിൽ കഴിയുന്നവർക്കു വിമോചനമായി, ആത്മീയാന്ധതയിൽ തപ്പിത്തടയുന്നവർക്കു പ്രകാശമായി അവിടുത്തെ രക്ഷ കനിഞ്ഞിറങ്ങുന്നു. ഈ സമഗ്രവിമോചനദൗത്യത്തിൽ പഴയനിയമ പ്രവാചകരായ ഏലിയായും ഏലീഷായുമാണ് ഈശോയുടെ മാതൃകകൾ (ലൂക്കാ 4,24-27). ഇവർ യഹൂദപ്രവാചകരായിരുന്നെങ്കിലും ഇവരുടെ രക്ഷാപ്രവർത്തനങ്ങൾ വിജാതീയരായ സറെപ്‌തായിലെ വിധവയ്ക്കും അറമായനായ നാമാനുംകൂടി വേണ്ടിയുള്ളതായിരുന്നു. ഇതുപോലെതന്നെ ഈശോ നൽകുന്ന രക്ഷയും യഹൂദ, വിജാതീയ വ്യത്യാസമില്ലാതെ എല്ലാവരെയും ലക്ഷ്യം വച്ചുള്ളതാണ്. ഈശോയുടെ പരസ്യജീവിതകാലത്ത് തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവിടുന്ന് ഇതു വ്യക്തമാക്കു കയും ചെയ്തു‌. 

11 ഈശോ ശിഷ്യരെ അയയ്ക്കുന്നു 

പന്ത്രണ്ടു ശ്ലീഹന്മാർക്കു പുറമെ മറ്റു വലിയൊരു ശിഷ്യസമൂഹത്തെക്കൂടി ഈശോയുടെ പരസ്യജീവിതകാലത്തുതന്നെ സുവിശേഷപ്രഘോഷണദൗത്യവുമായി അവിടുന്നയക്കുന്നതായി വിവരിച്ചിരിക്കുന്നത് വി. ലൂക്കാ മാത്രമാണ് (10,1-12). ആദ്യം അയക്കപ്പെട്ട പന്ത്രണ്ടുപേർ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്തും പിന്നീട് അയക്കപ്പെട്ടവർ വിജാതീയരെ ഉദ്ദേശിച്ചുമായിരുന്നു. എത്ര പേരെയാണ് ഈശോ അയച്ചത് എന്നതിനെക്കുറിച്ചു കയ്യെഴുത്തുപ്രതികൾ തമ്മിൽ വ്യത്യാസമുണ്ട്. എഴുപതു പേരെയെന്നു ചില രേഖകൾ സാക്ഷ്യപ്പെടുത്തുമ്പോൾ എഴുപത്തി രണ്ടുപേരെയെന്നു മറ്റുള്ളവയിൽ കാണുന്നു. ഈ വ്യത്യാസത്തിന്റെ കാരണം മനസ്സിലാകണമെങ്കിൽ ഈ സംഖ്യയ്ക്കു പിന്നിലെ ദൈവശാസ്ത്രചിന്ത ഗ്രഹിക്കണം. ഉല്‌പത്തി പുസ്‌തകം പത്താം അദ്ധ്യായമാണ് ഇതിനു വഴികാട്ടി. ഈ അദ്ധ്യായത്തിലാണു ജലപ്രളയത്തിനുശേഷം ഭൂമുഖത്തു വ്യാപിച്ച നോഹിൻ്റെ സന്തതിപരമ്പരകളുടെ എണ്ണം കാണുന്നത്. പഴയനിയമത്തിൻ്റെ ഹീബ്രു കയ്യെഴുത്തുപ്രതിപ്രകാരം ഈ കുടുംബങ്ങളുടെ എണ്ണം എഴുപതാണ്. എന്നാൽ ഗ്രീക്കു പരിഭാഷയായ സപ്‌തതിയിൽ ഇത് എഴുപത്തിരണ്ടാണ്. നോഹയുടെ സന്തതിപരമ്പരയിൽ നിന്നാണല്ലൊ ഭൂമുഖത്തെ സകല ജനതകളും ഉടലെടുത്തത്. ഈ ജനതയ്ക്കോരോന്നിനും ഓരോരുത്തരെവീതം എന്നതുപോലെ ശിഷ്യന്മാരെ അയയ്ക്കുന്നതു രേഖപ്പെടുത്തുകവഴി സുവിശേഷസന്ദേശം സകല ജനതകൾക്കുമുള്ളതാണെന്ന് ലൂക്കാ സൂചിപ്പിക്കുന്നു. 

12 നല്ല സമരിയാക്കാർ 

യഹൂദജനത വിജാതീയരായി പരിഗണിച്ചിരുന്ന സമരിയാക്കാരെ, സഹോദര സ്നേഹത്തിൻ്റെയും (ലൂക്കാ 10,25-37), ദൈവ സ്നേഹത്തിന്റെയും (ലൂക്കാ 17,11-19) അനുകരണീയ മാതൃകകളായി അവതരിപ്പിക്കുന്നതിലൂടെയും രക്ഷയുടെ സാർവത്രികമാനമാണ് ഈശോ വ്യക്തമാക്കുന്നത്. സൗഖ്യം പ്രാപിച്ച കുഷ്ഠരോഗികളിൽ ഒരു സമരിയാക്കാരനും ഉണ്ടായിരുന്നു എന്ന വസ്‌തുത, ഈശോ നല്‌കുന്ന രക്ഷ യഹൂദരെ മാത്രമല്ല, സമരിയാക്കാരെയും വിജാതീയരെയുംകൂടി ഉദ്ദേശിച്ചുള്ളതാണ് എന്നു തെളിയിക്കുന്നു. 

13 ഉത്ഥിതന്റെ സാക്ഷികൾ 

ഉത്ഥാനം ചെയ്ത കർത്താവ് സ്വർഗ്ഗാരോഹണത്തിനുമുമ്പ് തന്റെ ശിഷ്യന്മാരെ ഏല്പ്പിക്കുന്ന ദൗത്യത്തിലും രക്ഷയുടെ സാർവത്രികത മുന്തിനിൽക്കുന്നു: "പാപമോചനത്തിനുള്ള അനുതാപം അവന്റെ (മിശിഹായുടെ) നാമത്തിൽ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങൾ ഇതിനു സാക്ഷികളാണ്” (ലൂക്കാ 24,47-48). മിശിഹായുടെ രക്ഷാകരമായ സഹനമരണോ ത്ഥാനങ്ങളുടെ ഫലം പാപമോചനത്തിലൂടെയാണു മനുഷ്യവർഗ്ഗത്തിനു ലഭിക്കുന്നത്. ഇതു സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ഈ ദൗത്യം സ്വീകരിച്ച തോമാശ്ലീഹാ, യഹൂദരല്ലാതിരുന്ന -വിജാതീയരായിരുന്ന - നമുക്കും രക്ഷയുടെ സുവിശേഷമെത്തിച്ചു തന്നു. സകലവിധ ബന്ധനങ്ങളിൽനിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവപുത്രനായ രക്ഷകനാണ് ഈശോയെന്ന വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത നമുക്കും എല്ലാവരോടും പ്രഘോഷിക്കാം.

14 

സ്ത്രീകളുടെ സുവിശേഷം 

ഈശോ അറിയിച്ച രക്ഷാകരസുവിശേഷത്തിൻ്റെ സാർവത്രികമാനം പരിശോധിക്കുകയായിരുന്നല്ലൊ നമ്മൾ കഴിഞ്ഞ അധ്യായത്തിൽ. ഈ രക്ഷയുടെ സദ്‌വാർത്ത എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണ് - സ്ത്രീപുരുഷ ഭേദമെന്യേ എല്ലാവരെയും. ഈശോയിൽ നിറവേറിയ രക്ഷണീയ പദ്ധതിയിൽ ദൈവത്തോടു സഹകരിച്ചവരും ഈശോയുടെ പ്രത്യേക സ്നേഹത്തിനും പരിഗണനയ്ക്കും പാത്രീഭൂതരായവരുമായ സ്ത്രീകളെ സവിശേഷമാംവിധം ചിത്രീകരിക്കുന്നതിൽ വി. ലൂക്കാ അതീവ ശ്രദ്ധാലുവാണ്. ഈ ചിത്രങ്ങളാണ് ഈ അദ്ധ്യായത്തിൽ നമ്മുടെ ധ്യാനവിഷയം. 

രക്ഷാകരപദ്ധതിയുടെ പൂർത്തീകരണവും സ്ത്രീകളും 

വി. ലൂക്കാ തന്റെഗ്രന്ഥത്തിൽ സ്ത്രീകൾക്കു നൽകുന്ന പ്രാധാന്യം മനസ്സിലാക്കുവാൻ പുതിയനിയമകാലഘട്ടത്തിലെ അവരുടെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലം ഗ്രഹിക്കേണ്ടതുണ്ട്. ഈശോയ്ക്കു സ്ത്രീകളോടുണ്ടായിരുന്ന പ്രത്യേക പരിഗണനയുടെ മാഹാത്മ്യം ഇസ്രായേൽ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തമാകും.

I. സാമൂഹിക-ചരിത്രപശ്ചാത്തലം 

ഏതാനും ദശകങ്ങൾക്കു മുമ്പുവരെ നമ്മുടെ സമൂഹത്തിൽ നിലവിലിരുന്ന സംവിധാനങ്ങളിലും വ്യവസ്ഥിതികളിലുംനിന്നു വ്യത്യസ്തമായിരുന്നില്ല പലസ്‌തീനിയൻ സമൂഹത്തിലേതും. പുരുഷ മേധാവിത്വം യഹൂദസംസ്‌കാരത്തിൻ്റെ മുഖമുദ്രയായിരുന്നു. വീട്ടിലും കുടുംബത്തിലും മാത്രമായി ഒതുങ്ങികൂടുവാൻ വിധിക്കപ്പെട്ടവരായിരുന്നു സ്ത്രീകൾ. ഭാര്യയുടെയും പെൺമക്കളുടെയും ഭാഗധേയം നിർണ്ണയിച്ചിരുന്നതു പുരുഷന്മാരായിരുന്നു. ഒരു പരിധിവരെ യഹൂദനിയമങ്ങളും ആചാരങ്ങളും ഈ സംവിധാനത്തിനു വളംവയ്ക്കുകയുംചെയ്‌തു. ഋതുകാലത്തോടും പ്രസവത്തോടുമനുബന്ധിച്ചു സ്ത്രീയെ അശുദ്ധയായി പ്രഖ്യാപിച്ചിരുന്നതും (ലേവ്യർ 12,1) അതിനാൽതന്നെ അവരെ സിനഗോഗുശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കിയിരുന്നതുമൊക്കെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. 

ഏതെങ്കിലും ഗുരുക്കന്മാരുടെപക്കൽ ശിഷ്യപ്പെടുന്നതിനു യഹൂദ സ്ത്രീകൾക്ക് അവകാശമില്ലായിരുന്നു. കുടുംബത്തിൽ ലഭിക്കുന്ന അടിസ്ഥാന മതബോധനംകൊണ്ടവർ തൃപ്‌തിപ്പെടേണ്ടിയിരുന്നു. വിവാഹം ആലോചിച്ചിരുന്നതും നടത്തിയിരുന്നതും സ്ത്രീകളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരുന്നില്ല. പിതൃസ്വത്തിന്മേൽ അവർക്കു പിന്തുടർച്ചാവകാശവും ഇല്ലായിരുന്നു. വിവാഹമോചന സാധ്യതയും പുരുഷന്മാർക്കു മാത്രമായിരുന്നു. എന്തിനേറെ, സ്വതന്ത്രമായി സമൂഹത്തിൽ ചരിക്കുന്നതിനുപോലും അവർക്ക് എളുപ്പമായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണു പുരുഷമേധാവിത്വസമൂഹത്തിൻ്റെ പരിഷ്‌കരണത്തിന് ഈശോ മുതിർന്നത്.

II. ഈശോയും സ്ത്രീകളും 

സുവിശേഷങ്ങൾ ഉപരിപ്ലവമായി വായിക്കുന്നവർക്ക് ഈശോയും പുരുഷമേധാവിത്വത്തിൻ്റെ വക്താവായിരുന്നു എന്നു തോന്നിയേക്കാം. കാരണം, തന്നോടു കൂടെയായിരിക്കുവാനും തൻ്റെ ദൗത്യ മേല്പിക്കുവാനുമായി അവിടുന്നു തിരഞ്ഞെടുത്ത പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരു സ്ത്രീപോലും ഉണ്ടായിരുന്നില്ലല്ലൊ. പക്ഷേ, ഇതൊരു വശം മാത്രം. യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു വശത്തേയ്ക്കുകൂടി സുവിശേഷങ്ങൾ വെളിച്ചം വീശുന്നുണ്ട്. തൻ്റെ ശിഷ്യസമൂഹത്തിൽ സ്ത്രീകളെ സ്വീകരിക്കുകയും കൊണ്ടുനടക്കുകയും രക്ഷാകരസംഭവങ്ങളിൽ, പ്രത്യേകിച്ച് ഉത്ഥാനാനുഭവത്തിൽ പങ്കുചേർക്കുകയും ചെയ്തതിലൂടെ അവരുടെ മഹത്വം ഈശോ ഉയർത്തി കാണിക്കുകയായിരുന്നു (ലൂക്കാ 8,1-3; 23,49-24,10). ലൂക്കായുടെ വിവരണത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ നമുക്കൊന്നു പരിചയപ്പെടാം.

 1 എലിസബത്ത് 

സുവിശേഷാരംഭത്തിൽ മിശിഹായ്ക്കു വഴിയൊരുക്കുവാനുള്ള സ്നാപകയോഹന്നാൻ്റെ മാതാപിതാക്കളെ വി.ലൂക്കാ അവതരിപ്പിക്കുന്നതു ശ്രദ്ധേയമാണ്. അബിയായുടെ ഗണത്തിൽപ്പെട്ട സഖറിയായും അഹറോൻ്റെ പുത്രിമാരിൽപ്പെട്ട എലിസബത്തും ദൈവത്തിൻ്റെ മുമ്പിൽ നീതിനിഷ്‌ഠരും കർത്താവിൻ്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു (ലൂക്കാ 1,6). അവർ ദൈവകല്‌പനകളും പ്രമാണങ്ങളും വീഴ്‌ച വരുത്താതെ പാലിച്ചതുവഴിയാണ് നീതിമാന്മാരായത് എന്നും ലൂക്കാ വിവരിക്കുന്നുണ്ട്: വായനക്കാർക്കൊരു മാതൃകയായി കൂടിയാണ് ലൂക്കാ ഇതു വർണ്ണിക്കുന്നത്. 

അമ്മയുടെ ഉദരത്തിൽവച്ചുതന്നെ ശിശു പരിശുദ്ധാത്മാവിനാൽ നിറയും (ലൂക്കാ 1,15) എന്ന ദൈവികവാഗ്‌ദാനം എലിസബത്തിനുണ്ടാകാനിരുന്ന ഭാഗ്യമാണു സൂചിപ്പിക്കുന്നത്. കന്യകാമറിയത്തിന്റെ സന്ദർശനവേളയിൽ അവളുടെ അഭിവാദനം ശ്രവിക്കുമ്പോൾ ഈ വാഗ്ദാനം പൂർത്തിയാകുന്നുമുണ്ട് (ലൂക്കാ 1,41): “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി". ഇവിടെ ശിശു മാത്രമല്ല, മാതാവും പരിശുദ്ധാത്മാവിനാൽ നിറയുകയാണ്. വന്ധ്യയെന്നു കരുതപ്പെട്ടിരുന്ന അവളുടെ അപമാനം വാർധക്യത്തിലാണെങ്കിലും നീക്കിക്കളയുവാൻ ദൈവം തിരുമനസ്സായത് വലിയ സന്തോഷത്തോടുകൂടിയാണ് എലിസബത്ത് കണ്ടത് (ലൂക്കാ 1,25). നവജാതശിശുവിനു ആദ്യം പേരു നിർദ്ദേശിക്കുന്നതും അവൾ തന്നെയാണ് (ലൂക്കാ 1,60). 

2 പരിശുദ്ധ കന്യകാമറിയം 

വി.മത്തായിയുടെ വിവരണമനുസരിച്ച് ഈശോയുടെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള മംഗലവാർത്ത ലഭിക്കുന്നതു വി. യൗസേപ്പിനാണെങ്കിൽ വി. ലൂക്കായുടെ വിവരണത്തിലത് പരിശുദ്ധ കന്യകാമറിയത്തിനാണ്. 

ഗബ്രിയേൽ ദൂതൻ്റെ വാക്കുകളിൽനിന്നു വെളിവാകുന്നതു പോലെ അവൾ ദൈവകൃപ നിറഞ്ഞവളായിരുന്നു (ലൂക്കാ 1,28). ദൈവകൃപ നിറയാനുള്ള കാരണം ദൈവത്തിൻ്റെ പ്രത്യേക പരിപാലനയായിരുന്നു. കർത്താവ് അവളോടുകൂടെയായിരുന്നു. ദൈവസന്നിധിയിൽ ഇപ്രകാരം കൃപ കണ്ടെത്തിയതുകൊണ്ടാണു പരിശുദ്ധാത്മാവിന്റെ ആവാസത്താൽ ദൈവപുത്രനെ ഗർഭം ധരിക്കുന്നതിനുള്ള ഭാഗ്യം മറിയത്തിനു ലഭിച്ചത് (ലൂക്കാ 1,30-35). ദൈവപ്രമാണങ്ങൾ പാലിച്ചിരുന്ന ജീവിതശൈലി ഉണ്ടായിരുന്നതുകൊണ്ടു ദൈവഹിതം ദൂതൻ വെളിപ്പെടുത്തിയപ്പോൾ "ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്നു പറയുവാൻ അവൾക്കു സാധിച്ചു (ലൂക്കാ 1,38). യഥാർത്ഥ വിശ്വാസത്തിന്റെ മാതൃകയായി വി.ലൂക്കാ മറിയത്തെ അവതരിപ്പിക്കുന്നു. ദൈവഹിതത്തിനു വ്യവസ്ഥയില്ലാതെ സമ്മതം മൂളാൻ സാധിക്കുന്നതാണല്ലൊ വിശ്വാസത്തിന്റെ കാതൽ. 

തന്റെ ചാർച്ചക്കാരി എലിസബത്തിനു തൻ്റെ സഹായം ആവശ്യമായേക്കാമെന്നു കണ്ടറിഞ്ഞു തിടുക്കത്തിൽ അവളുടെ പക്കലെത്തി മാസങ്ങളോളം അവൾക്കു ശുശ്രൂഷ ചെയ്യുന്ന മറിയം (ലൂക്കാ 1,39-56) പരസ്നേഹത്തിൻ്റെ ഉത്തമ മാതൃകതന്നെ. ഇന്നും ആവശ്യത്തിലിരിക്കുന്നവരെ ഓടിയെത്തി സഹായിക്കാൻ പരി. അമ്മയ്ക്കുള്ള ശ്രദ്ധയും താല്‌പര്യവും വിശ്വാസമുള്ളവർക്കനുഭവവേദ്യമാണ്. പരി. മറിയത്തിൻ്റെ ഈ മനോഭാവം മുഴുവൻ വ്യക്തമാക്കുന്നതാണ് അവളുടെ സ്തോത്രഗീതം (ലൂക്കാ 1,46-55). തന്റെ നിസ്സാരത ഏറ്റുപറഞ്ഞ് ശക്തനായവൻ്റെ മഹത്വം പ്രഘോഷിക്കുകയാണിവിടെ മറിയം. 

ഈശോയുടെ ജനനവേളയിലും (ലൂക്കാ 2,1-20) പരിച്ഛേദനാവസരത്തിലും (ലൂക്കാ 2,21-35) ദിവ്യശിശുവിൻ്റെ അമ്മയായ മറിയത്തിന്റെ സ്ഥാനം അദ്വതീയംതന്നെ. എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചു അത്ഭുതപ്പെട്ടിരുന്ന മറിയം, തനിക്കു പൂർണ്ണമായി മനസ്സിലാകാതിരുന്ന അനുഭവങ്ങൾക്ക് - ദൈവഹിതത്തിനെന്നോണം- സമ്മതമരുളുകയായിരുന്നു. പന്ത്രണ്ടാം വയസ്സിൽ ബാലനായ ഈശോയെ കാണാതാകുന്ന സന്ദർഭത്തിലും മറിയത്തിന്റെ വേദനയാണു മുന്നിട്ടു നിൽക്കുന്നത് (ലൂക്കാ 2,41-52). ഇവിടെയും സുവിശേഷകന് ഒന്നേ പറയാനുള്ളൂ: “അവൻ്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു" (ലൂക്കാ 2,51). സഭയിലെ ആദ്യ മിസ്റ്റിക് പരി. കന്യകാമറിയമാണ്. 

3 പ്രവാചികയായ ഹന്നാ 

കടിഞ്ഞൂൽ പുത്രനായ ഈശോയെ ദൈവത്തിനു സമർപ്പിക്കുവാൻ അവൻ്റെ മാതാപിതാക്കൾ ജറൂസലേം ദൈവാലയത്തിൽ കൊണ്ടുവരുമ്പോൾ ശിമയോനോടൊപ്പം പ്രവാചികയായ ഹന്നായും പ്രത്യക്ഷപ്പെടുന്നുണ്ട് (ലൂക്കാ 2,36-38). എഴുപതു വർഷക്കാലം വിധവയായിരുന്ന അവളുടെ ജീവിതചര്യ വിശ്വാസജീവിതത്തിൽ നമുക്കു പ്രചോദനമേകേണ്ടതാണ്. ദൈവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്ന ഹന്നായെ അതേപടി അനുകരിക്കുവാൻ എളുപ്പമല്ലായെങ്കിലും ആ ഉപവാസപ്രാർത്ഥനാ ചൈതന്യം പുലർത്തുവാനും ദൈവം നൽകുന്ന നന്മകളെപ്രതി അവിടുത്തെ സ്തുതിച്ചുകൊണ്ടു ജീവിക്കാനും നമുക്കു കഴിയും. അപ്രകാരം ജീവിച്ചാൽ ഹന്നായെപ്പോലെ ദിവ്യരക്ഷകനെ ദർശിക്കാനും അനുഭവിക്കാനുമുള്ള ഭാഗ്യം നമുക്കുമുണ്ടാകും. അനുഭവിച്ചറിയുന്ന രക്ഷകനെക്കുറിച്ചു രക്ഷ പ്രതീക്ഷിച്ചിരിക്കുന്ന എല്ലാവരോടും സംസാരിക്കുവാൻ ഈ പ്രവാചികയെപ്പോലെ നമുക്കും സന്മനസ്സും സന്നദ്ധതയും ഉണ്ടാകണമെന്നു മാത്രം. 

4 പത്രോസിൻ്റെ അമ്മായിയമ്മ 

ഈശോയുടെ പരസ്യജീവിതത്തിലെ ആദ്യദിവസംതന്നെ അവിടുത്തെ അനുഗ്രഹത്തിനു പാത്രീഭൂതരാകുന്നവരിൽ ഒരു സ്ത്രീയുമുണ്ട്: കഫർണാമിലെ പത്രോസിൻ്റെ അമ്മായിയമ്മ (ലൂക്കാ 4,38 -39). ആത്മാവിൽ നിറഞ്ഞു ദരിദ്രരെ സുവിശേഷമറിയിക്കാനായി ആരംഭിക്കുന്ന ഈശോ ബന്ധിതർക്കു മോചനം നൽകുന്നതിന്റെ ഭാഗമായി, കലശലായ പനിയുടെ ബന്ധനത്തിലായിരുന്ന ഈ സ്ത്രീയ്ക്ക് സൗഖ്യം നൽകി മോചിപ്പിക്കുകയാണ്. സൗഖ്യം പ്രാപിക്കുന്ന ഈ സ്ത്രീയുടെ പ്രതികരണവും നമുക്കു മാതൃകയാകേണ്ടതാണ്: “ഉടനെ അവൾ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു" (ലൂക്കാ 4,39). അർഹതയില്ലാതെ നമ്മൾ സ്വീകരിക്കുന്ന രക്ഷാകരമായ ദൈവികദാനങ്ങൾക്കു പ്രതിനന്ദി പ്രകടിപ്പിക്കേണ്ടതു സമൂഹത്തിലെ മറ്റംഗങ്ങൾക്കു ശുശ്രൂഷ ചെയ്‌തു ശിഷ്ട‌ജീവിതം നയിക്കുന്നതിലൂടെയാണ്. 

5 നായിനിലെ വിധവ 

കഫർണാമിൽനിന്നുപുറപ്പെട്ട് ഈശോ നായിൻ എന്ന പട്ടണത്തിലെത്തുമ്പോൾ അവിടുത്തെ ശ്രദ്ധ ദുഃഖമനുഭവിക്കുന്ന വിധവയിലാണ് (ലൂക്കാ 7,11-17). ഭർത്താവു നഷ്ട‌പ്പെട്ടിരുന്ന അവളുടെ ഏക ആശ്രയമായിരുന്ന ഏകപുത്രനും മരിച്ചു. പുത്രനെ സംസ്കരിക്കാനായി നടന്നുനീങ്ങുന്ന ജനക്കൂട്ടത്തിനിടയിലും ഈശോ വേദനിക്കുന്ന ആ വിധവയെ കാണുന്നു എന്നതു പ്രത്യേകം ശ്രദ്ധേയമാണ്. അവളെക്കണ്ടു മനസ്സലിഞ്ഞ കർത്താവ് അവളോടു പറയുകയാണ്: “കരയേണ്ട" (ലൂക്കാ 7,13). അവിടുത്തെ മനസ്സലിഞ്ഞു എന്നാണ് വി.ലൂക്കാ രേഖപ്പെടുത്തുന്നത്. ഈ മനസ്സലിവിന്റെ ബാഹ്യപ്രകടനമായിരുന്നു 'കരയേണ്ട' എന്ന വാക്കും തുടർന്നുള്ള പുനർജീവിപ്പിക്കലും. 

ഈശോയുടെ സഹതാപപ്രകടനം വികാരതലത്തിൽ മാത്രം ഒതുങ്ങിനിന്നില്ല. മുമ്പോട്ടുവന്നു ശവമഞ്ചത്തിൽതൊട്ടു മരിച്ചവനെ ഉയിർപ്പിച്ച് ആ അമ്മയ്ക്കു ഏല്‌പിച്ചുകൊടുത്തശേഷമേ അവിടുത്തേയ്ക്കു സ്വസ്ഥതയുണ്ടായുള്ളൂ. നമ്മുടെ സഹതാപപ്രകടനങ്ങൾ പലപ്പോഴും പ്രവൃത്തിപഥത്തിലെത്താറില്ല. ശവമഞ്ചത്തിൽ തൊട്ടാൽ അശുദ്ധരാകാൻ സാധ്യതയുള്ളതുകൊണ്ടു നിവൃത്തിയില്ലായെന്നു പറഞ്ഞു നമ്മൾ ഒഴികഴിവു കണ്ടെത്തും. ചിലപ്പോൾ മറിച്ചും സംഭവിക്കാം; വല്ലവർക്കും വല്ല സഹായവും ചെയ്താൽ തന്നെയും അതിൻ്റെ പിന്നിൽ കരുണാർദ്രമായ സഹതപിക്കുന്ന ഒരു ഹൃദയം ഇല്ലാതെ പോയേക്കാം. ചുറ്റുമുള്ള വേദനിക്കുന്നവരോടു ക്രിസ്തുശിഷ്യർക്കുണ്ടാകേണ്ട മനോഭാവം ഈശോയുടേതു തന്നെയാണ്. 

6 പാപമോചനം ലഭിക്കുന്ന സ്ത്രീ 

മനുഷ്യന്റെ സമഗ്രവിമോചനമായിരുന്നല്ലൊ ഈശോയുടെ ആഗമനോദ്ദേശ്യം. മനുഷ്യൻ്റെ ആത്യന്തികമായ ബന്ധനം പാപത്തിന്റേതാണ്. ഈ ബന്ധനത്തിൽനിന്നു വിടുതൽ നൽകുകയായിരുന്നു ഈശോയുടെ രക്ഷാകരദൗത്യത്തിൻ്റെ കാതലും. തളർ വാതരോഗിയെ ഈശോ സുഖപ്പെടുത്തിയത് അവന്റെ പാപങ്ങൾ മോചിച്ചുകൊണ്ടായിരുന്നല്ലൊ (ലൂക്കാ 5,17-26). പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതനായി വന്ന അവിടുന്ന് (ലൂക്കാ 15,1-2) സ്ത്രീകൾക്കും പാപമോചനത്തിൻ്റെ രക്ഷാകരാനുഭവം നൽകി. അതിനുദാഹരണമാണ് ലൂക്കാ 7,36-50 -ൽ കാണുന്നത്. 

ഫരിസേയനായ ശിമയോൻ്റെ ഭവനത്തിൽ ക്ഷണിക്കപ്പെട്ട ഈശോ ഭക്ഷണത്തിനിരിക്കുമ്പോഴാണ് പരസ്യപാപിനിയായ ഒരു സ്ത്രീ അനുഗ്രഹം തേടിയെത്തുന്നത്. തൻ്റെ മനസ്‌താപവും സ്നേഹവുമെല്ലാം കർത്താവിൻ്റെ പാദങ്ങൾ സ്വന്തം കണ്ണീരുകൊണ്ട് കഴുകി ചുംബിച്ചു സുഗന്ധതൈലം പൂശിയതിലൂടെ അവൾ വ്യക്തമാക്കി. ഇപ്രകാരം ഇവൾ അധികം സ്നേഹിച്ചത് ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടതുകൊണ്ടാണ് എന്ന് ഈശോ വ്യക്തമാക്കി (ലൂക്കാ 7,47). യഥാർത്ഥ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും മാതൃകയാണ് ഈ സ്ത്രീ. നമ്മുടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള തെറ്റുകളെക്കുറിച്ചു മനസ്തപിക്കുവാനും ലഭിച്ച പാപമോചനത്തിനു പ്രതിനന്ദിയായി കർത്താവിനെ കൂടുതൽ സ്നേഹിക്കുവാനും ഈ സ്നേഹം അവിടുത്തെ ശുശ്രൂഷിച്ചുകൊണ്ടു പ്രകടമാക്കുവാനുമുള്ള ആഹ്വാനമാണ് ഈ സ്ത്രീ നമുക്കു നൽകുന്നത്.

7 ജായ്റോസിൻ്റെ മകൾ

സകലവിധ ബന്ധനങ്ങളിലുംനിന്നു മനുഷ്യരെ വിമോചിപ്പിക്കാനെത്തിയ ഈശോ മൃത്യുപാശത്തിൽനിന്നവരെ രക്ഷിച്ചുകൊണ്ടാണു വിമോചനം പൂർത്തിയാക്കിയത്. ഈ രക്ഷാനുഭവത്തിൽ സ്ത്രീകൾക്കും പങ്കുണ്ടായിരുന്നു (ലൂക്കാ 8,40-42,49-56). സിനഗോഗ് അധികാരിയായ ജായ്‌റോസിൻ്റെ പന്ത്രണ്ടു വയസുണ്ടായിരുന്ന ഏകപുത്രി മരിച്ചുപോയി. ഇവിടെയും ഈശോയുടെ വാക്കുകൾ ശ്രദ്ധേയമാണ്. “ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക, അവൾ സുഖം പ്രാപിക്കും" (ലൂക്കാ 8,50). മരിച്ചവളുടെ കൈക്കു പിടിച്ചു ജീവൻ നൽകി അവിടുന്ന് എഴുന്നേല്‌പിച്ചു. ശവശരീരത്തിൽ സ‌ർശിച്ചാൽ അശുദ്ധനാകുമോ എന്ന ഭയം അവിടുത്തേയ്ക്കില്ലായിരുന്നു. ധനികദരിദ്രവിവേചനം കാണിക്കാതെ പരമദരിദ്രയായ നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ച ഈശോ ധനികനായ സിനഗോഗ് അധികാരിയുടെ മകളെയും ഉയിർപ്പിക്കുന്നു. മനുഷ്യാവതാരത്തിലൂടെ സംലഭ്യമായ രക്ഷയുടെ സാർവത്രികമാനവും ഇവിടെ തെളിയുന്നുണ്ട്.

8 രക്തസ്രാവക്കാരി സ്ത്രീ

ഈശോ നൽകിയ രക്ഷയുടെ ഒരു പ്രധാന ഘടകമായിരുന്നു രോഗികളെ സുഖപ്പെടുത്തൽ. ഇവിടെയും സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടില്ല. പന്ത്രണ്ടുവർഷമായി പല വൈദ്യന്മാരും പരിശ്രമിച്ചിട്ടും ഭേദമാക്കാൻ സാധിക്കാതിരുന്ന രക്തസ്രാവമാണു വിശ്വാസത്തോടെയുള്ള ഒരു സ്‌പർശനം മാത്രംവഴി സുഖമായത് (ലൂക്കാ 8,43-48). തന്നെ സുഖപ്പെടുത്തുവാൻ ഈശോയ്ക്കു സാധിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതുകൊണ്ടാണ് തിക്കിലും തിരക്കിലുമിടയിലും പിന്നിലൂടെ വന്ന് അവിടുത്തെ വസ്ത്രത്തിൽ സ്‌പർശിക്കുവാൻ അവൾ ഒരുങ്ങിയത്. അതുകൊണ്ടാണ് ഈശോ അരുളിച്ചെയ്‌തത്: “മകളേ, നിൻ്റെ വിശ്വാസം, നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക" (ലൂക്കാ 8,48). നമ്മുടെ വിശ്വാസം എത്രമാത്രം ആഴമുള്ളതായിരിക്കണം എന്ന് ഈ സ്ത്രീ നമ്മെ പഠിപ്പിക്കുന്നു. 

9 മർത്തായും മറിയവും 

ഈശോയുടെ കാലത്തെ സ്ത്രീകളുടെ പ്രതിനിധിയായി മർത്തായെ കാണാം (ലൂക്കാ 10,38-42). വീട്ടിനുള്ളിലെ കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ചു തൃപ്‌തിയടയുന്നവളാണ് മർത്താ. എന്നാൽ ഈശോ കൂടുതൽ ഇഷ്ട‌പ്പെടുന്നതു തന്റെ പാദാന്തികത്തിലിരുന്നു അവിടുത്തെ അധരങ്ങളിൽനിന്നു പൊഴിയുന്ന ദൈവവചനം ശ്രവിക്കുന്ന സഹോദരിയായ മറിയത്തെയാണ്: "ഒന്നു മാത്രമെ ആവശ്യമായുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു" (ലൂക്കാ 10,42). തോറ/ നിയമം വായിക്കുന്നതിനോ പഠിക്കുന്നതിനോ ഗുരുക്കന്മാർക്കു ശിഷ്യപ്പെടുന്നതിനോ സ്ത്രീകൾക്കു സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു പശ്ചാത്തലത്തിലാണ് ഈശോ ഇതു പറയുന്നത് എന്നത് ഇതിൻ്റെ പ്രസക്തി പ്രസ്‌പഷ്ടമാക്കുന്നു. പരമ്പരാഗതമായി സ്ത്രീക്കു കുടുംബത്തിലുള്ള സ്ഥാനം നഷ്‌ടപ്പെടുത്താതെ ഈശോയുടെ വചനം ശ്രവിച്ച് അവിടുത്തെ ശിഷ്യയാകാനുള്ള ക്ഷണമാണവിടുന്നു നൽകുന്നത്. 

10 ആൾക്കൂട്ടത്തിലെ സ്ത്രീ 

ഈശോ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ" (ലൂക്കാ 11,27). പൊതുസ്ഥലത്തു പ്രത്യക്ഷപ്പെടുന്നതിനുപോലും സ്ത്രീക്ക് അനുമതിയില്ലാതിരുന്നകാലത്ത് തന്നെ ശ്രവിക്കുവാനും അനുഗമിക്കുവാനും ഈശോ സ്ത്രീകളെ അനുവദിച്ചിരുന്നതും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുവാൻ സ്വാതന്ത്ര്യം നൽകിയിരുന്നതു മൊക്കെ വലിയ വിപ്ലവം തന്നെയായിരുന്നു. 

11 കൂനുണ്ടായിരുന്ന സ്ത്രീ 

പതിനെട്ടുവർഷമായി അശുദ്ധാത്മാവുബാധിച്ചു രോഗിണിയായി നിവർന്നുനിൽക്കുവാൻപോലും സാധിക്കാത്തവിധം കൂനിയായിരുന്ന സ്ത്രീക്കും ഈശോയുടെ കൃപാകടാക്ഷമുണ്ടായി (ലൂക്കാ 13,10-17). ഈ ഭൂമിയിൽ അവിടുന്നു സ്ഥാപിച്ച ദൈവരാജ്യം സാത്താന്റെ ശക്തികളുടെമേലുള്ള വിജയം കൂടിയായിരുന്നല്ലൊ. അതുകൊണ്ടുതന്നെ അശുദ്ധാത്മാക്കളുടെമേൽ അവിടുത്തെ ശക്തി വളരെ പ്രകടമായിരുന്നു. ഈ സ്ത്രീയുടെ അസുഖം അശുദ്ധാത്മാവിന്റെ സ്വാധീന ഫലമാണെന്നു ലൂക്കാതന്നെ വ്യക്തമാക്കുന്നുണ്ട്. ഈ രോഗശാന്തി ഒരു ബാധയൊഴിപ്പിക്കൽ കൂടിയായിരുന്നു. അനുഗ്രഹത്തിനു പാത്രമായത് ഒരു സ്ത്രീയും. 

12 വലിയ കാഴ്‌ചയർപ്പിക്കുന്ന ദരിദ്രയായ വിധവ 

സമൂഹത്തിൽ അവഗണിക്കപ്പെട്ടിരുന്നവരും ചൂഷണവിധേയരായിരുന്നവരുമാണ് വിധവകൾ (ഏശ 1, 17; 58,6-7; സഖ 7,10; ലൂക്കാ 20,47). ഇവരെ ചൂഷണം ചെയ്ത‌ിരുന്ന നിയമജ്ഞരുൾപ്പെടുന്ന (ലൂക്കാ 20,47) ധനികർ ദൈവാലയഭണ്ഡാരത്തിൽ വലിയ തുക നിക്ഷേപിച്ചിരുന്നു. യാതൊരുവിധ ആകർഷണീയതയുമില്ലാതിരുന്ന ഒരു ദരിദ്രവിധവ വളരെ നിസ്സാരമായ രണ്ടു ചെമ്പുതുട്ടുകൾ ഭണ്ഡാരത്തിലിടുന്നത് ഈശോയുടെ ദൃഷ്‌ടിയിൽപ്പെട്ടു എന്നതുതന്നെ അവിടുത്തേക്കു ഈ വിഭാഗത്തോടുണ്ടായിരുന്ന സവിശേഷ താൽപര്യം എടുത്തുകാണിക്കുന്നു. അവിടുന്നിതു ശ്രദ്ധിക്കുക മാത്രമല്ല, ജനമധ്യത്തിൽവച്ച് അവളെ പ്രശംസിക്കുകയും ചെയ്യുന്നു. അവിടുന്നു പറഞ്ഞു: "ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു" (ലൂക്കാ 21,3-4). ബാഹ്യമായതു മാത്രം ശ്രദ്ധിക്കാതെ ഉള്ളു കണ്ടു വിധിക്കുന്ന ദൈവത്തെയാണു നാമിവിടെ ദർശിക്കുന്നത്. ഹൃദയം കാണുന്ന അവിടുന്ന് നമ്മുടെ ത്യാഗങ്ങൾ എത്ര നിസ്സാരമായാലും അവയ്ക്കു പ്രതിഫലം നൽകും എന്ന സൂചനയും ഇവിടെയുണ്ട്. 

13 ഉപമകളിലെ സ്ത്രീകൾ 

ദൈവരാജ്യത്തിന്റെയും അതുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെയും ആന്തരാർത്ഥം സാധാരണക്കാർക്കു മനസ്സിലാക്കി കൊടുക്കാനായിരുന്നല്ലൊ ഈശോ അവരുടെതന്നെ ജീവിതാനുഭവങ്ങൾ ഉപമ രൂപേണ അരുളിച്ചെയ്‌തിരുന്നത്. ഈ രഹസ്യങ്ങൾ സ്ത്രീകളെയും ഉദ്ദേശിച്ചുള്ളവയായിരുന്നതിനാൽ അവരുടെ അനുദിന ജീവിതാനുഭവങ്ങൾ കൂടി ഉപമകളിലുൾപ്പെടുത്തുവാൻ ഈശോ ശ്രമിച്ചു.

i. ഉദാഹരണത്തിന് ദൈവരാജ്യത്തെ, ഒരു സ്ത്രീ മൂന്നളവു മാവിൽ അതു മുഴുവൻ പുളിക്കുവോളം ചേർത്തുവച്ച പുളിപ്പിനോടാണ് അവിടുന്നുപമിക്കുന്നത് (ലൂക്കാ 13,20-21). അല്പ‌ം പുളിപ്പു മാവിന്റെ പിണ്ഡം മുഴുവനെയും പുളിപ്പിക്കുന്നതു ദിവസവും അനുഭവിച്ചിരുന്ന കുടുംബിനികൾക്ക്, ഈശോയുടെ ദൈവരാജ്യസന്ദേശത്തിന് എളിയ തുടക്കം മാത്രമാണുണ്ടായിരുന്നതെങ്കിലും, ലോകം മുഴുവനെയും ദൈവരാജ്യ ചൈതന്യത്താൽ നിറയ്ക്കുവാൻ ശേഷിയുണ്ട് എന്നു മനസ്സിലാക്കുവാൻ എളുപ്പമായിരുന്നു.

ii.അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകുന്ന സന്തോഷം വ്യക്തമാക്കുവാൻ ഈശോ അരുളിച്ചെയ്ത‌ മൂന്ന് ഉപമകളിലൊന്നിലെ കഥാപാത്രം സ്ത്രീയാണ് (ലൂക്കാ 15,8-10). ഒമ്പതുനാണയം കൈവശമുണ്ടായിരുന്നിട്ടും നഷ്‌ടപ്പെട്ട ഒന്നു കണ്ടു കിട്ടുവാൻ വിളക്കു കൊളുത്തി വീട് അടിച്ചുവാരുകയും കണ്ടെത്തുമ്പോൾ കൂട്ടുകാരെയും അയൽക്കാരെയുമൊക്കെ വിളിച്ചുകൂട്ടി ആഹ്ലാദിക്കുകയും ചെയ്യുന്ന സ്ത്രീ സ്വർഗ്ഗീയപിതാവിന്റെ മനോഭാവമാണ് വെളിവാക്കുന്നത്. 

iii. ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണമെന്നു ശിഷ്യന്മാരെ പഠിപ്പിക്കാനായി ഈശോ അരുളിച്ചെയ്‌ത ഉപമയിലെ മാതൃകാ കഥാപാത്രവും സ്ത്രീതന്നെ (ലൂക്കാ 18,1-8). തൻ്റെ ന്യായാധിപൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്തവനാണ് എന്നറിയാമായിരുന്നിട്ടും, എതിരാളിക്കെതിരെ തനിക്കു നീതി നടത്തിത്തരണമെന്ന് നിരന്തരമായി അപേക്ഷിക്കുവാൻ ആ സ്ത്രീക്കു മടിയില്ലായിരുന്നു. തിരസ്‌കരണവും അവഗണനയുമൊന്നും അവളെ തൻ്റെ ശ്രമത്തിൽനിന്നു പിന്തിരിപ്പിച്ചില്ല. ശല്യം സഹിക്കവയ്യാതെ നീതിരഹിതരായ മനുഷ്യർപോലും ഇങ്ങനെ പ്രവർത്തിക്കുമെങ്കിൽ നീതിതന്നെയായ ദൈവം എത്രയോ വേഗത്തിൽ രാപകൽ തന്നോടപേക്ഷിക്കുന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുകയില്ല! നമ്മിൽനിന്ന് ഈശോ ആഗ്രഹിക്കുന്നത് പ്രാർത്ഥനയിലുള്ള ഈ സ്ഥിരതയും അവിടുന്ന് ഉത്തരമരുളുമെന്ന ഉറച്ച വിശ്വാസവുമാണ്.

14 വിശ്വസ്തരായ ശിഷ്യകൾ 

വി. ലൂക്കായുടെ വിവരണമനുസരിച്ച് ഈശോ പ്രത്യേകവിധം തിരഞ്ഞെടുത്തു പരിശീലിപ്പിച്ച ശ്ലീഹന്മാരെക്കാളും മറ്റു ശിഷ്യന്മാരെക്കാളും അവസാനംവരെ വിശ്വസ്‌തരായി അവിടുത്തെ അനുഗമിച്ചതു സ്ത്രീശിഷ്യസമൂഹമായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ഈശോ ദൈവരാജ്യം പ്രസംഗിച്ചിരുന്നപ്പോൾ പന്ത്രണ്ടുപേരോടുമൊപ്പം അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു (ലൂക്കാ 8,1-3). അശുദ്ധാത്മബാധയിൽനിന്നു കൂനിയായ സ്ത്രീയെ സുഖപ്പെടുത്തുന്നതു നമ്മൾ മുകളിൽ കണ്ടല്ലൊ (പേജ് 86 കാണുക). ഏഴാമധ്യായത്തിൽ ലൂക്കാ വിവരിക്കുന്ന പാപമോചനം ലഭിക്കുന്ന സ്ത്രീയെ ആയിരിക്കണം മഗ്ദ‌ലേനയെന്ന് ഇവിടെ പേരു നൽകി വിളിക്കുന്നത് (പേജുകൾ 96-98). സൗഖ്യം പ്രാപിച്ച രക്തസ്രാവക്കാരിയെപ്പോലുള്ളവരെയാണു മറ്റു വ്യാധികളിൽനിന്നു വിമുക്തരാക്കപ്പെട്ടവർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സമൂഹത്തിൽ ഉന്നതസ്ഥാനീയരായിരുന്ന മറ്റു പല സ്ത്രീകളും ഇവരോടൊപ്പം ഈശോയെ അനുഗമിച്ചിരുന്നു- അതും സ്ത്രീക്കു ശിഷ്യത്വം നിഷിദ്ധമായിരുന്ന ഒരു സമൂഹത്തിൽ ഈശോയുടെയും ശിഷ്യരുടെയും ദൈനംദിന ജീവിതത്തിനാവശ്യമായവ സംഘടിപ്പിച്ചിരുന്നതും അവരായിരുന്നു എന്നതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. 

ശ്ലീഹന്മാരിൽ പ്രമുഖനായ പത്രോസ് ഗുരുവിനെ തള്ളിപ്പറയുകയും യൂദാസ് ഒറ്റിക്കൊടുക്കുകയും മറ്റുള്ളവർ ഉപേക്ഷിച്ചോടിപ്പോവുകയും ചെയ്‌ത പീഡാനുഭവത്തിൻ്റെ നിമിഷങ്ങളിൽ വിശ്വസ്തതയോടെ ഈശോയെ പിന്തുടർന്നവർ ഈ സ്ത്രീകൾ മാത്രമായിരുന്നു. വി. ലൂക്കാ ഇതു പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. ക്രൂശിക്കാനായി ഈശോയെ കൊണ്ടുപോകുമ്പോൾ അവിടുത്തെക്കുറിച്ചു കരയുകയും മുറവിളികൂട്ടുകയും ചെയ്‌തിരുന്ന സ്ത്രീകളുടെ സമൂഹവും അവിടുത്തെ പിന്നാലെ പോയിരുന്നു (ലൂക്കാ 23,27). ഈശോ അവരെയാശ്വസിപ്പിക്കുന്നുമുണ്ട്. തുടർന്നും ഇവർ അവിടുത്തോടൊപ്പമുണ്ടായിരുന്നു, അവസാനനിമിഷംവരെ. അവർ ഈശോയെ സംസ്‌കരിച്ച കല്ലറ കാണുകയും തിരിച്ചുചെന്നു സുഗന്ധദ്രവ്യങ്ങളും ലേപനവസ്‌തുക്കളും ഒരുക്കുകയും ചെയ്‌തു (ലൂക്കാ 23,55-56). പിറ്റേദിവസം സാബത്തായിരുന്നതുകൊണ്ട് അവർക്കു കല്ലറയിങ്കലേയ്ക്കു പോകാനായില്ല. 

ആഴ്ചയുടെ ആദ്യദിവസം, നേരം വെളുക്കുന്നതിനുമുമ്പേ, തയ്യാറാക്കി വച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമായി കല്ലറയുടെ അടുത്തേക്ക് ഓടുന്ന സ്ത്രീകളെയാണ് നമ്മൾ കാണുന്നത് (ലൂക്കാ 24,1). ഉത്ഥാനത്തിന്റെ ആദ്യസാക്ഷികളാകാനുള്ള ഭാഗ്യം അവർക്കായിരുന്നു. കല്ലറ ശൂന്യമാണെന്നു കണ്ട് അമ്പരന്നു നിന്നിരുന്ന അവരോട് ദൂതന്മാർ അറിയിച്ചു: ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല; ഉയിർപ്പിക്കപ്പെട്ടു (ലൂക്കാ 24,5). ഈ ശിഷ്യകളുടെ വീഴ്ചവരാത്ത വിശ്വസ്തതയാണ് ഈ മഹാഭാഗ്യത്തിനവരെ അർഹരാക്കിയത്. ശ്ലീഹന്മാരെ ഉത്ഥാനവാർത്തയറിയിക്കുന്നതും ഇവർതന്നെ (ലൂക്കാ 24,9-10). അങ്ങനെ അവർ ഉത്ഥാന സുവിശേഷത്തിന്റെ ആദ്യപ്രഘോഷകരുമായി. 

ശ്ലീഹന്മാരുടെ നടപടിയിൽ ലൂക്കാ ചിത്രീകരിക്കുന്ന ആദിമ സഭയിലും ഈ സ്ത്രീകൾ മുഖ്യസ്ഥാനത്തു തന്നെയുണ്ട്. ശ്ലീഹന്മാരോടും പരി. കന്യകാമറിയത്തോടും മറ്റു സഹോദരരോടുമൊപ്പം പ്രാർത്ഥിക്കാൻ ഈ ശിഷ്യകളുമുണ്ടായിരുന്നു (ശ്ലീഹ 1,14). സഭവളരുന്തോറും ശിഷ്യകളുടെ ഈ നിരയും വളർന്നുകൊണ്ടേയിരുന്നു. യോപ്പായിലെ തബീത്തായും (ശ്ലീഹ 9,36-43) യോഹന്നാൻ മർക്കോസിന്റെ അമ്മയായ മറിയവും (ശ്ലീഹ 12,12) അരയോപ്പാഗ. സുകാരിയായ ദമാറിസും (ശ്ലീഹ 17,34) അക്വിലായുടെ ഭാര്യയായ പ്രഷില്ലയും (ശ്ലീഹ 18,26) ഇവരിൽ ചിലർ മാത്രം. ഇവരുടെ പാത പിന്തുടർന്ന് മിശിഹായുടെ സഭയിൽ വിശ്വാസജീവിതത്തിന്റെ ഉത്തമമാതൃകകളായി പ്രശോഭിക്കുന്ന എത്രയോ വിശുദ്ധരായ സ്ത്രീകൾ ഇന്നോളം ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്. ഈശോ നൽകിയിരുന്ന സ്വാതന്ത്ര്യവും അംഗീകാരവും സഭയിൽ അവർക്കു മുണ്ടാകുമ്പോൾ രക്ഷയുടെ സാർവ്വത്രികമാനം പൂർത്തിയാകും ഭൂമിയിൽ ദൈവരാജ്യം സംജാതമാവുകയും ചെയ്യും. സഭയിലും സമൂഹത്തിലുമുള്ള സ്ത്രീ-പുരുഷ പങ്കാളിത്തത്തെക്കുറിച്ചു കത്തോലിക്കാസഭയുടെ വിശ്വാസതിരുസംഘം 2004 ജൂലൈ 31-നു പുറപ്പെടുവിച്ച ഔദ്യോഗിക പ്രബോധനം ഈ യാഥാർത്ഥ്യം വെളിച്ചത്തു കൊണ്ടുവരുന്നതാണ്.

15 

പരിശുദ്ധാത്മാവിൻ്റെ സുവിശേഷം 

പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്, മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ പൂർത്തീകരണത്തിൽ സുപ്രധാന സ്ഥാനമുണ്ട്. ഈ യാഥാർത്ഥ്യം വേണ്ട തരത്തിൽ മനസ്സിലാക്കിയ സുവിശേഷകനാണു വി.ലൂക്കാ. തന്റെ സുവിശേഷവിവരണത്തിൽ പരിശുദ്ധാത്മാവിനു ലൂക്കാ നല്കുന്ന പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സുവിശേഷത്തെ “പരിശുദ്ധാത്മാവിൻ്റെ സുവിശേഷം" എന്നു വിശേഷിപ്പിക്കാറുണ്ട്. തന്റെ ഗ്രന്ഥത്തിൻ്റെ തന്നെ രണ്ടാം ഭാഗമായ ശ്ലീഹന്മാരുടെ നടപടികൂടി കണക്കിലെടുക്കുമ്പോൾ ഈ വിശേഷണം തികച്ചും അർത്ഥവത്താണെന്നു മനസ്സിലാകും. 

I പഴയനിയമ പശ്ചാത്തലം 

രക്ഷാകരപദ്ധതിയുടെ ആദ്യഘട്ടമായ പഴയനിയമകാലത്തും ദൈവത്തിന്റെ അരൂപി പ്രവർത്തനനിരതനായിരുന്നു. ഇതിന്റെ തുടർച്ചയും പൂർത്തീകരണവുമാണു പുതിയ നിയമത്തിൽ നമ്മൾ കാണുന്നത്. അതുകൊണ്ടു സുവിശേഷത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ഗ്രഹിക്കുവാൻ, പഴയനിയമ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതുണ്ട്. 

ദൈവത്തിന്റെ ഇടപെടലുകളിലെല്ലാം ആത്മാവിൻ്റെ കരങ്ങൾ ദർശിക്കാമെങ്കിലും, പഴയനിയമചരിത്രത്തിൽ പ്രധാനമായും മൂന്നു തലങ്ങളിലാണു പരിശുദ്ധാത്മപ്രവർത്തനം കൂടുതൽ പ്രകടമാകുന്നത്.

 

  1. സൃഷ്ടിയിൽ: ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുമ്പോൾ വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്ന ദൈവികചൈതന്യം പരിശുദ്ധാത്മാവാണ് (ഉല്പ 1,2). ഈ ആത്മാവിൻ സാന്നിധ്യത്തിലും സഹായത്തിലുമാണു പിതാവായ ദൈവം ആദ്യസൃഷ്ട‌ി കർമ്മം നിർവഹിക്കുന്നത്. ഭൂമിയിലെ പുഴികൊണ്ടു രൂപപ്പെടുത്തിയ മനുഷ്യൻ്റെ നാസാരന്ധ്രങ്ങളിലേക്ക് ദൈവം നിശ്വസിച്ച ജീവന്റെ ശ്വാസം പരിശുദ്ധാത്മാവാണ് (ഉല്‌പ 2,7). ഇതിനെക്കുറിച്ചാണു സങ്കീർത്തകൻ പറഞ്ഞിരിക്കുന്നത്: “അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ട‌ിക്കപ്പെടുന്നു" എന്ന് (സങ്കീ 104,30). ജോബ് പ്രഘോഷിക്കുന്നു: "ദൈവചൈതന്യം എന്നെ സൃഷ്ടിച്ചു: സർവ്വശക്തൻ്റെ ശ്വാസം എനിക്കു ജീവൻ തന്നു" (ജോബ്33,4).
  2. നേതാക്കന്മാരിൽ: ഇസ്രായേൽ ചരിത്രത്തിലെ പ്രമുഖ നേതാക്കളെ ദൈവം തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്നുണ്ട്. ന്യായാധിപനായ ഗിദയോനിലും (ന്യായാ 6,34) പ്രവാചകനായ സാമുവേലിലും (1സാമു 10,6) രാജാക്കന്മാരായ സാവൂളിലും (1 സാമു 11:6) ദാവീദിലും (1 സാമു 16:13) ശക്തമായി ആവസിച്ചിരുന്നത് കർത്താവിൻ്റെ അരൂപിയാണ്. 
  1. മിശിഹായിൽ: വരുവാനിരിക്കുന്ന അഭിഷിക്തനു ദൈവം തന്റെ ആത്മാവിനെ നല്കുമെന്ന വാഗ്ദാനം ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഉദാഹരണത്തിന്, ഏശ 42,1; 61,1. മെസയാനിക യുഗത്തിൽ മിശിഹായുടെമേൽ മാത്രമല്ല, സകലരുടെയുംമേൽ കർത്താവിന്റെ ആത്മാവു വർഷിക്കപ്പെടും എന്ന് പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ചിരുന്നു (ഏശ 44:3; എസ 36,26-27; 37,14 ജോയേൽ 2,28).  

II പുതിയ നിയമവും പരിശുദ്ധാന്മാവും

രക്ഷാകരപദ്ധതിയുടെ പൂർത്തീകരണചരിത്രമായ പുതിയ നിയമത്തിലും ആദ്യന്തം ദൈവാത്മാവിൻ്റെ പ്രവർത്തനങ്ങൾ ദർശിക്കാനാവും. പഴയനിയമത്തിലേതിനു സമാന്തരമായി ഇവിടെയും പ്രധാനമായും മൂന്നു തലങ്ങളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവർത്തനവുമുണ്ട്. വി.ലൂക്കാ ഈ സാന്നിധ്യത്തിനു കൂടുതൽ ഊന്നൽ നല്‌കി അവതരിപ്പിക്കുന്നുണ്ട്.  

1 പുതിയ സൃഷ്‌ടിയിൽ 

മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ ആരംഭം ഒരു സൃഷ്‌ടികർമ്മത്തോടെ ആയിരുന്നതുപോലെ, അതിന്റെ പൂർത്തീകരണഘട്ടത്തിൻ്റെ ആരംഭത്തിലും ഒരു പുതിയ സൃഷ്ടി നടക്കുന്നുണ്ട്. ആദ്യസൃഷ്‌ടിയിലെന്നതുപോലെ ഇവിടെയും പരിശുദ്ധാത്മാവു പ്രവർത്തനനിരതനാണ്. പുതിയ സൃഷ്ടിയുടെ വേദി നസ്രത്തിലെ കന്യകയായ മറിയത്തിന്റെ ഉദരമാണ്. ഇതേക്കുറിച്ചു ദൈവത്തിൻ്റെ ദൂതനായ ഗബ്രിയേൽ ഇപ്രകാരം മറിയത്തോട് അരുളിച്ചെയ്യുന്നു: “മറിയമേ, നീ ഭയപ്പെടേണ്ട; ദൈവ സന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈശോ എന്നു പേരിടണം... പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും" (ലൂക്കാ 1,30-35). സാധാരണ മാനുഷികരീതിയിലല്ല കന്യകാമറിയം ഗർഭവതിയാകുന്നത്. ഇവിടെ സ്ത്രീപുരുഷസംയോഗമില്ല. ആദ്യസൃഷ്ടിയിൽ ജലോപരിതലത്തിൽ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവ് കന്യകയുടെമേൽ വന്നാവസിച്ചപ്പോൾ അവളുടെ ഉദരത്തിൽ ഈശോമിശിഹാ ജന്മമെടുത്തു; പുതിയ സൃഷ്ട‌ി നടന്നു. 

2 പുതിയനിയമ നേതാക്കന്മാരിൽ 

പഴയനിയമ നേതാക്കന്മാരെപ്പോലെ പുതിയനിയമ നേതാക്കന്മാരും ദൈവരൂപി നിറഞ്ഞവരായാണ് തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നത്. സുവിശേഷവിവരണത്തിലെ യഥാർത്ഥ നേതാവ് ഈശോയാണ്. അവിടുത്തെ ജനനംതന്നെ പരിശുദ്ധാരൂപിയാലാണെന്നു നമ്മൾ കണ്ടു. ഈശോ ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം പരിശുദ്ധ റൂഹായിൽ നിറഞ്ഞവനായാണ്. ഈശോയുടെ പരസ്യജീവിതരംഗങ്ങൾ പരിശോധിക്കുന്നതിനുമുമ്പ്, അവിടുത്തെ ലോകത്തിനു പരിചയപ്പെടുത്തുവാൻ ദൈവം നിയോഗിച്ച വ്യക്തികളിൽ പരിശുദ്ധാത്മാവ് എപ്രകാരം പ്രവർത്തിച്ചു എന്നു നോക്കാം.

i. സ്നാപകയോഹന്നാനിൽ 

മിശിഹായ്ക്കു വഴിയൊരുക്കുവാൻ വന്ന സ്‌നാപകയോഹന്നാന്റെ ജനനത്തെ സംബന്ധിച്ച സദ്‌വാർത്ത സഖറിയായെ അറിയിച്ച ദൈവികദൂതൻ ഇപ്രകാരം അവനോടു മുൻകൂട്ടി പറഞ്ഞു; “അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും” (ലൂക്കാ 1,15). ഈ ആത്മാവിൻ്റെ ശക്തിയാലാണ് അവൻ ഇസ്രായേൽ മക്കളെ ദൈവമായ കർത്താവിങ്കലേക്ക് തിരികെ കൊണ്ടുവരുന്നത്. 

ദൂതന്റെ ഈ വാക്കുകൾ അക്ഷരശ്ശഃ നിറവേറി. പരിശുദ്ധാത്മാവിനാൽ ഉരുവാക്കപ്പെട്ട ദിവ്യശിശുവിനെ ഉദരത്തിൽ വഹിച്ചിരുന്ന കന്യകാമറിയം അവളുടെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കാനെത്തുന്ന വേളയിലാണ് അതു പൂർത്തിയായത്. “മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി"(ലൂക്കാ 1,41). എലിസബത്തിന്റെ ഉദരത്തിലായിരുന്ന ശിശു സന്തോഷത്താൽ കുതിച്ചു ചാടിയതു (ലൂക്കാ 1,44) പരിശുദ്ധാത്മാവിനാൽ നിറഞ്ഞതുകൊണ്ടായിരുന്നു. കുഞ്ഞു മാത്രമല്ല, അമ്മയും ദൈവാത്മാവിനാൽ നിറയുന്ന അത്ഭുതരംഗത്തിനാണു നമ്മൾ ഇവിടെ സാക്ഷ്യം വഹിക്കുന്നത്. ജനിക്കുന്നതിനു മുമ്പേ ആത്മാവിനെ നല്‌കുന്ന മിശിഹായെ ഇവിടെ കാണാം. ഗർഭസ്ഥശിശുക്കളുടെ വ്യക്തിത്വവും മഹാത്മ്യവും ഈ രംഗം വ്യക്തമാക്കുന്നുണ്ട്. മറിയത്തിൻ്റെ ഉദരത്തിലെ ശിശുവിന് ഏതാനും ദിവസത്തെ പ്രായമേ ഉള്ളല്ലൊ.

ii. സഖറിയായിൽ 

പഴയനിയമ പ്രവാചകരിൽ പ്രവർത്തിച്ചിരുന്ന പരിശുദ്ധാത്മാവ് പുതിയനിയമത്തിലും പ്രവചനങ്ങൾക്കു പ്രേരകശക്തിയാണ്. ഉദാഹരണത്തിന് സ്‌നാപകയോഹന്നാൻ്റെ പിതാവായ സഖറിയാ, തന്റെ പുത്രന്റെ ജനനവേളയിൽ പ്രവചിക്കുന്നതു പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായാണ് (ലൂക്കാ 1,67). തന്റെ ജനത്തെ സന്ദർശിക്കാനായി ദാവീദിൻ്റെ ഭവനത്തിൽ ദൈവം ഉയർത്തിയിരിക്കുന്ന രക്ഷകനായ ഈശോയെയും അവിടുത്തേയ്ക്കു വഴിയൊരുക്കുവാൻ വന്ന യോഹന്നാനെയുംകുറിച്ചാണു സഖറിയാ പ്രവചിച്ചത് (ലൂക്കാ 1,68-79). 

iii. ശിമയോനിൽ 

ശിശുവായ ഈശോയെ ദൈവാലയത്തിൽ സമർപ്പിക്കുന്നതിനായി കൊണ്ടുവരുമ്പോൾ അവരെ സ്വീകരിക്കുന്നതു നീതിമാനും ദൈവഭക്തനും ഇസ്രായേലിൻ്റെ ആശ്വാസം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്നവനുമായ ശിമയോൻ ദീർഘദർശിയായിരുന്നു. വി.ലൂക്കാ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിപ്രകാരമാണ്: “പരിശുദ്ധാത്മാവ് അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിൻ്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ലായെന്നു പരിശുദ്ധാത്മാവ് അവനു വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിൻ്റെ പ്രേരണയാൽ അവൻ ദേവാലയത്തിലേയ്ക്കു വന്നു" (ലൂക്കാ 2,25-27). ശിശുവിനെ കരങ്ങളിലെടുത്തുകൊണ്ട്, വിജാതീയർക്കുള്ള വെളിപാടിന്റെ പ്രകാശവും ഇസ്രായേൽജനത്തിൻ്റെ മഹിമയുമായി അവനെ പരിചയപ്പെടുത്തുന്നത് ഈ ശിമയോനാണ്. ശിശുവിൻ്റെ ഭാവിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് അമ്മയായ മറിയത്തിനുണ്ടാകാനിരിക്കുന്ന വേദനയെക്കുറിച്ചും ശിമയോൻ മുൻകൂട്ടി അറിയിക്കുന്നതും പരിശുദ്ധാത്മാവിനാൽ പ്രേരിതനായാണ്. 

3 പരിശുദ്ധാത്മാവും മിശിഹായും 

ജനം പ്രതീക്ഷയോടെ കാത്തിരുന്ന അഭിഷിക്തൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായിരിക്കുമെന്ന പഴയനിയമ പ്രവചനങ്ങൾ പൂർത്തീകരിക്കുവാൻ, രക്ഷകനായി അവതരിച്ച മിശിഹാ ജന്മമെടുക്കുന്നതുതന്നെ പരിശുദ്ധാത്മാവിനാലാണ്. അവിടുത്തെ പരസ്യ ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പരാമർശം കാണാം.

i. മാമ്മോദീസാവേളയിൽ 

സ്നാപകയോഹന്നാനിൽനിന്നും യോർദ്ദാൻ നദിയിൽ വച്ചു സ്നാനമേറ്റശേഷം പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഈശോയുടെമേൽ പരിശുദ്ധാത്മാവു പ്രാവിൻ്റെ രൂപത്തിൽ സ്വർഗ്ഗം തുറന്ന് ഇറങ്ങി വന്നു (ലൂക്കാ 3,22). "നീ എൻ്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന സ്വർഗ്ഗീയപിതാവിൻ്റെ വെളിപ്പെടുത്തലും ഈ സന്ദർഭത്തിലായിരുന്നു. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാളുകൾ, പിതാവും പരിശുദ്ധാത്മാവും, മനുഷ്യനായ പുത്രനെ നമുക്കു പരിചയപ്പെടുത്തി തരികയാണിവിടെ.

ii. മരുഭൂമി പരീക്ഷയിൽ 

ഈശോയ്ക്കു നേരിട്ട പരീക്ഷണങ്ങളെ വി.ലൂക്കാ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. "ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി" (ലൂക്കാ 4,1-2). ദൈവാത്മാവു നിറഞ്ഞവനായിരുന്നതുകൊണ്ടും ആത്മാവിനാൽ നയിക്കപ്പെട്ടിരുന്നതുകൊണ്ടുമാണു സാത്താൻ്റെ പ്രലോഭനങ്ങളെ വിജയപൂർവ്വം തരണം ചെയ്യുന്നതിന് ഈശോയ്ക്കു സാധിച്ചത്. അനുദിന ജീവിതത്തിലെ പരീക്ഷകളിൽ വിജയം വരിക്കണമെങ്കിൽ നമ്മളും മാമ്മോദീസായിലൂടെയും മറ്റു കൂദാശകളിലൂടെയും നമ്മിൽ വർഷിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണം. 

iii. ദൗത്യാരംഭത്തിൽ 

ഗലീലിയായിലെ തന്റെ ദൈവരാജ്യപ്രഘോഷണദൗത്യം ഈശോ ആരംഭിക്കുന്നത് ആത്മാവിൻ്റെ ശക്തിയോടെയാണ് (ലൂക്കാ 4,14). ദൈവാത്മാവിന്റെ ശക്തിയിൽ ആരംഭിച്ചതുകൊണ്ട് അവിടുത്തെ ദൗത്യം വിജയമണിഞ്ഞു. ഓരോ ദിവസത്തെയും ജീവിതകടമകൾ പരിശുദ്ധാത്മാവിൻ്റെ ശക്തിയിൽ ആശ്രയിച്ചു കൊണ്ടാരംഭിക്കുമ്പോൾ നമുക്കും വിജയം സുനിശ്ചിതം.

iv. നസ്രത്തു സിനഗോഗിൽ 

സ്വന്ത സ്ഥലമായ നസ്രത്തിലെ സിനഗോഗിൽ ഒരു സാബത്തു ദിവസം, ഏശയ്യാപ്രവാചകൻ തന്നെക്കുറിച്ചെഴുതിയിരുന്ന ഭാഗം പരസ്യമായി വായിച്ചുകൊണ്ടാണ് ഈശോ തൻ്റെ ദൗത്യത്തിനു തുടക്കം കുറിച്ചത്. പ്രവാചകനിൽനിന്നുള്ള ഭാഗം ഇതായിരുന്നു: “കർത്താവിന്റെ ആത്മാവ് എൻ്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷ മറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” (ഏശ. 61,1; ലൂക്കാ 4,18). സിനഗോഗിലുണ്ടായിരുന്നവർ കേട്ടിരിക്കെത്തന്നെ “ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" എന്ന അവിടുത്തെ പ്രഖ്യാപനത്തിലൂടെ താനാണു ദൈവത്തിന്റെ അഭിഷിക്തൻ മിശിഹാ - എന്നവിടുന്നു വെളിപ്പെടുത്തുകയായിരുന്നു. സർവ്വവിധ സഹനങ്ങളിലും കഴിഞ്ഞിരുന്നവർക്കു മോചനവും അജ്ഞതയുടെയും പാപത്തിന്റെയും അന്ധകാരത്തിൽ ജീവിച്ചിരുന്നവർക്കു കാഴ്ചയും നല്കിക്കൊണ്ടാണ് അവിടുന്നു ദരിദ്രരെ സുവിശേഷമറിയിച്ചത്.

v. ആത്മാവിൽ ആനന്ദിക്കുന്ന ഈശോ 

പന്ത്രണ്ടു ശ്ലീഹന്മാർക്കു പുറമെ എഴുപത്തിരണ്ടുപേരെകൂടി, ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി ഈശോ വിവിധ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും അയയ്ക്കുന്നതു വി.ലൂക്കാ മാത്രമേ വിവരിക്കുന്നുള്ളൂ (ലൂക്കാ 10,1-11). ഈശോയുടെ നാമത്തിൽ പിശാചുക്കൾപോലും കീഴടങ്ങുന്നു എന്ന വാർത്തയുമായി വലിയ സന്തോഷത്തോടെ അവർ മടങ്ങിയെത്തിയപ്പോൾ അവിടുന്നു ദൈവത്തെ സ്തുതിക്കുന്ന രംഗവും വി.ലൂക്കാ രേഖപ്പെടുത്തുന്നുണ്ട്: “ആ സമയംതന്നെ പരിശുദ്ധാത്മാവാൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്‌തുതിക്കുന്നു" (ലൂക്കാ 10,21). താൻ നിർവ്വഹിച്ചുകൊണ്ടിരുന്ന സുവിശേഷദൗത്യവും അതിൻ്റെതന്നെ ഭാഗവും തുടർച്ചയുമായ ശിഷ്യന്മാരുടെ ദൗത്യവും പിതാവായ ദൈവത്തിന്റെ ഏകരക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രാർത്ഥന. തൻ്റെ ശിഷ്യരുടെ ദൗത്യവിജയത്തിൽ തനിക്കുള്ള ആനന്ദം അവിടുന്നു പ്രകടിപ്പിക്കുന്നതും പരിശുദ്ധാത്മാവിലാണ്. ആത്മാവിലുള്ള സന്തോഷത്തോടെ പ്രാർത്ഥിക്കുവാൻ സാധിക്കുമ്പോഴാണു നമ്മൾ യഥാർത്ഥത്തിൽ അവിടുത്തെ ശിഷ്യരാകുന്നത്.

4. ആത്മാവിനെ സംബന്ധിച്ച ഈശോയുടെ പ്രബോധനങ്ങൾ 

i. പരിശുദ്ധാത്മാവെന്ന ദാനം 

അപേക്ഷിക്കുന്നവരെ ദൈവം ഉപേക്ഷിക്കുകയില്ല എന്നു വ്യക്തമാക്കുവാനായി ഈശോ അരുളിച്ചെയ്‌ത വചനങ്ങൾ സുവിശേഷകരായ വി. മത്തായിയും വി. ലൂക്കായും രേഖപ്പെടുത്തുന്നുണ്ട് (മത്താ 7,7-11; ലൂക്കാ 11,9-13). ഈ അഞ്ചു വാചകങ്ങളിൽ ആദ്യത്തെ നാലു വാചകങ്ങളും രണ്ടു സുവിശേഷങ്ങളിലും ഒരു പോലെയാണ്: “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? ഇവിടെ മത്താ 7,9-ൽ “മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ?" എന്നൊരു ചെറിയ വ്യത്യാസം കാണാം. 

എന്നാൽ അവസാനവാചകത്തിൽ ഇരുവരും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. മത്താ 7,11-ൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: “മക്കൾക്കു നല്ല വസ്‌തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നല്കും”. ഈ വാചകത്തിൻ്റെ സ്ഥാനത്തു വി. ലൂക്കായിൽ നമ്മൾ കാണുന്നതിപ്രകാരമാണ്: "മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‌കുകയില്ല!" (ലൂക്കാ 11, 13). നമുക്കാവശ്യമായ “നന്മകൾ" സ്വർഗ്ഗസ്ഥനായ പിതാവ് പ്രാർത്ഥനയ്ക്കുത്തരമായി നമുക്കു നല്കുമെന്നു. വി. മത്തായി പറയുമ്പോൾ, ആ നന്മകൾക്കെല്ലാം പകരമായി, അഥവാ ഏറ്റവും ആവശ്യമുള്ള നന്മയായി, വി. ലൂക്കാ കാണുന്നത് പരിശുദ്ധാത്മാവെന്ന ദാനമാണ്. ദൈവത്തിൻ്റെ ആത്മാവിനെ ലഭിച്ചുകഴിയുമ്പോൾ എല്ലാം തികയും. ഒന്നിലും നമുക്കു കുറവുണ്ടാവുകയില്ല.

ii. പരിശുദ്ധാത്മാവിനെതിരായ ദൂഷണം 

ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട്, ഭയം കൂടാതെ മിശിഹായ്ക്കു സാക്ഷ്യം നല്‌കുന്നവർക്കു ദൈവതിരുമുമ്പിലുള്ള പ്രതിഫലത്തെക്കുറിച്ചു വിശദമായി ഈശോ സംസാരിക്കുന്നുണ്ട് (ലൂക്കാ 12,1-10). മനുഷ്യരുടെ മുമ്പിൽ അവിടുത്തെ ഏറ്റുപറയുന്നവരെ അവിടുന്നു പിതാവിൻ്റെ മുമ്പിലും ഏറ്റുപറയും; തള്ളിപ്പറയുന്നവർ തള്ളിപ്പറയപ്പെടുകയും ചെയ്യും. ഇനിയുള്ള വാചകം (ലൂക്കാ 12,10) മനസിലാക്കുവാൻ എളുപ്പമല്ല. "മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ പരിശുദ്ധാത്മാവിനെതിരായി സംസാരിക്കുന്നവരോടു ക്ഷമിക്കപ്പെടുകയില്ല". ഇവിടെ “മനുഷ്യപുത്രൻ" എന്നതുകൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഐഹികജീവിതകാലത്തെ ഈശോയെ ആയിരിക്കണം. അവിടുന്നു ജീവിച്ചിരുന്നപ്പോൾ അവിടുത്തേയ്‌ക്കെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തവരോടു ക്ഷമിക്കപ്പെട്ടു; കാരണം, ഈശോ ആരെന്ന് അവർ ശരിക്കറിഞ്ഞിരിക്കില്ല. എന്നാൽ “പരിശുദ്ധാത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല" എന്നുപറയുമ്പോൾ ഉദ്ദേശിക്കുന്നത്, അവിടുത്തെ ഉത്ഥാനത്തിനു ശേഷവും ഈശോയിൽ വിശ്വസിക്കാതിരിക്കുന്നവർക്കു മോചനമില്ല എന്നാണ്. ഈശോയുടെ ഉത്ഥാനം പരി. ആത്മാവിന്റെ പ്രവർത്തനഫലമായിരുന്നല്ലൊ. ഉത്ഥിതൻതന്നെയാണു തന്റെ ആത്മാവിലൂടെ സഭയിൽ സന്നിഹിതനാകുന്നതും. പരി. ത്രിത്വത്തിലെ മൂന്നാളുകൾ തമ്മിൽ അഭേദ്യമായ ബന്ധമാണല്ലൊ ഉള്ളത്. 

iii. സാക്ഷ്യം നല്കാൻ ശക്തിപ്പെടുത്തുന്ന ആത്മാവ് 

തന്നെ അനുഗമിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവർ ഈ ലോകത്തിലെ അധികാരികൾക്കു മുമ്പിൽവച്ചു വിചാരണ ചെയ്യപ്പെടുമെന്നും പീഡിപ്പിക്കപ്പെടുമെന്നും ഈശോ മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (ലൂക്കാ 12,11-12). ക്രിസ്‌തുശിഷ്യർ ഇപ്രകാരം വിചാരണയ്ക്കായി ഹാജരാക്കപ്പെടുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നോർത്ത് ഉത്കണ്ഠ‌ാകുലരാകേണ്ട; കാരണം, എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവ് അവരെ പഠിപ്പിക്കും എന്നുകൂടി അവിടുന്ന് ഉറപ്പുതന്നിട്ടുണ്ട്. ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണം ശ്ലീഹന്മാരുടെ നടപടിയിൽ നമ്മൾ കാണുന്നുമുണ്ട് (ശ്ലീഹ 4,1-22; 5,21-32; 7,54-60). നമ്മളും ആത്മാവിനാൽ നയിക്കപ്പെടുന്നവരാണെങ്കിൽ അനുദിനജീവിതവെല്ലുവിളികളെ നമുക്കും ധൈര്യപൂർവ്വം നേരിടാനാകും.

iv. പിതാവിന്റെ വാഗ്‌ദാനമായ പരിശുദ്ധാത്മാവ് 

ഉത്ഥിതനായ ഈശോ തൻ്റെ സാക്ഷികളായി ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ ഈ ദൗത്യനിർവ്വഹണത്തിനവരെ ശക്തിപ്പെടുത്തുവാനായി പിതാവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അവർക്കു നല്‌കുന്നുണ്ട് (ലൂക്കാ 24,49)."ഉന്നതത്തിൽ നിന്നുള്ള ഈ ശക്തി" ധരിച്ചതിനുശേഷം മാത്രമേ ദൗത്യമാരംഭിക്കാൻ അവർക്കനുവാദമുണ്ടായിരുന്നുള്ളൂ. ജോയേൽ പ്രവാചകനിലൂടെയാണ് ദൈവം ആത്മാവിനെ വാഗ്ദ‌ാനം ചെയ്ത‌ിരുന്നത് (ജോയേൽ 2,28-32). പന്തക്കുസ്ത‌ാദിനത്തിൽ ഈ വാഗ്ദാനം അവിടുന്നു നിറവേറ്റുകയും ചെയ്‌തു (ശ്ലീഹ 2,1-47). തൻ്റെ പിന്നാലെ വരുന്ന,തന്നെക്കാൾ ശക്തനായ മിശിഹാ പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്‌നാനംനല്‌കുമെന്ന സ്‌നാപകയോഹന്നാന്റെ പ്രവചനവും പന്തക്കുസ്‌താതിരുനാളിൽ ജറൂസലേമിൽ നിറവേറുവാൻ ആരംഭിച്ചു (ലൂക്കാ 3,16). ഈശോയുടെ ജനനം ദൈവാത്മാവിനാൽ ആയിരുന്നതുപോലെ സഭയുടെ ജനനവും പരിശുദ്ധാത്മാവിന്റെ ആഗമനത്തോടും പ്രവർത്തനത്തോടും കൂടിയായിരുന്നു. 

ഈശോമിശിഹായുടെ മനുഷ്യാവതാരത്തോടുകൂടി ചരിത്രത്തിൽ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം പഴയനിയമകാലത്തേതിലുപരിയായി അനുഭവവേദ്യമായിത്തുടങ്ങി. പരിശുദ്ധാത്മാവിൽ ജനിച്ച ഈശോ ഈ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു, നയിക്കപ്പെട്ടു; ആത്മാവിൽ പൂരിതമായതായിരുന്നു അവിടുത്തെ ജീവിതവും പ്രവർത്തനങ്ങളുമെല്ലാം. ഉത്ഥാനശേഷം ഈ ആത്മാവിനെ അവിടുന്നു തൻ്റെ ശിഷ്യന്മാർക്കു നല്‌കി. ഇന്നും മാമോദീസായിലൂടെ അവിടുന്നതു തുടർന്നുകൊണ്ടിരിക്കുന്നു. ഈശോയെപ്പോലെ അവിടുത്തെ ശ്ലീഹന്മാരെപ്പോലെ, നമുക്കും ആത്മാവിൽ നിറഞ്ഞവരായി, ആത്മാവിൻ്റെ പ്രേരണയനുസരിച്ചു ജീവിക്കുന്ന വരാകാം.

 

16 

മിശിഹായോടൊത്ത് ജറൂസലേമിലേക്ക് 

ജറൂസലേം ലക്ഷ്യമാക്കിയുള്ള ഈശോയുടെ യാത്രയാണ് സുവിശേഷത്തിൻ്റെ ഹൃദയഭാഗത്തു ലൂക്കാ വിവരിക്കുന്നത്. ഏകദേശം പത്തോളം അധ്യായങ്ങൾ (ലൂക്കാ 9,51-19,27) ഈ യാത്രാവിവരണത്തിനായി ലൂക്കാ നീക്കിവച്ചിരിക്കുന്നു. അദ്ദേഹത്തിന് അവലംബമായ മർക്കോസിൻ്റെ സുവിശേഷത്തിൽ ഈ വിവരണത്തിനു മൂന്നധ്യായങ്ങൾ തികച്ചില്ല എന്ന യാഥാർത്ഥ്യവും (മർക്കോ 8,26-10,52) ഈ യാത്രയ്ക്കു ലൂക്കാ കല്പ്പിച്ചു നല്‌കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. മർക്കോസിൻ്റെ സുവിശേഷത്തിൽ നിന്നു സ്വീകരിച്ച വിവരണങ്ങളോടു മത്തായിയുമായി പങ്കുവച്ച ഉറവിട(Q)ത്തിൽ നിന്നു ലഭിച്ച പല കാര്യങ്ങളും അദ്ദേഹത്തിനു മാത്രം ലഭ്യമായിരുന്ന പാരമ്പര്യങ്ങളും ചേർത്താണു ലൂക്കാ ഈ ഭാഗം വിപുലീകരിക്കുന്നത്. ഇതിനു പിന്നിൽ വലിയ ഒരു ദൈവ ശാസ്ത്രദർശനമുണ്ട്. 

ജറൂസലേമിലേക്കുള്ള യാത്ര ഈശോയുടെ സഹനമരണോത്ഥാനങ്ങൾ ലക്ഷ്യം വച്ചുള്ളതാണ് (ലൂക്കാ 9,21-22.44-45; 18,31-34). രൂപാന്തരീകരണവേളയിൽ മോശയും ഏലിയായും ഈശോയോടു സംസാരിച്ചത് അടുത്തുതന്നെ ജറൂസലേമിൽ പൂർത്തിയാകാനിരുന്ന അവിടുത്തെ “കടന്നുപോകലി"നെക്കുറിച്ച് (exodus) ആയിരുന്നു (ലൂക്കാ 9,31). ഈ ലോകത്തിൽനിന്നു പിതാവിന്റെ പക്കലേക്കുള്ള കടന്നുപോകലായിരുന്നു അത്. അതു പൂർത്തിയായതു ജറൂസലേമിൽ സംഭവിച്ച അവിടുത്തെ സഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ആയിരുന്നല്ലൊ. യാത്ര ആരംഭിക്കുന്നതിനെക്കുറിച്ചു ലൂക്കാ ഇപ്രകാരം എഴുതുന്നു: "തന്റെ ആരോഹണത്തിൻ്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറൂസലേമിലേയ്ക്കു പോകാൻ ഉറച്ചു" (ലൂക്കാ 9,51). ആരോഹണം സ്വർഗ്ഗത്തിലേക്കുള്ള ആരോഹണം തന്നെയാണ് (ലൂക്കാ 24,50-51). ഈ സ്വർഗ്ഗാരോഹണം സഹനമരണോത്ഥാനങ്ങളുടെ പരിസമാപ്‌തി ആയിരുന്നല്ലൊ. എന്തു ലക്ഷ്യത്തോടെയാണ് ഈശോ ജറൂസലേമിലേക്കു യാത്രയായത് എന്ന് ഇതിൽ നിന്നു വ്യക്തമാണ്. 

ക്രിസ്തുശിഷ്യത്വം ഈശോയെ അനുഗമിക്കലാണ്. ഈശോ ശിഷ്യരെ വിളിക്കുന്നതുതന്നെ “എന്നെ അനുഗമിക്കുക" എന്ന ആഹ്വാനത്തോടെയാണ്. ആദ്യശിഷ്യന്മാരെക്കുറിച്ചു ലൂക്കാ വിവരിക്കുന്നത് ഇപ്രകാരമാണ്: “വള്ളങ്ങൾ കരയ്ക്കടുപ്പിച്ചശേഷം, എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു" (ലൂക്കാ 5,11). ക്രിസ്തു ശിഷ്യർ മിശിഹായെ അനുഗമിക്കുന്നവരാണ് (ലൂക്കാ 9,57-62). 

അനുഗമിക്കുവാൻ സാധിക്കുന്നതു മുമ്പേ പോകുന്ന വ്യക്തിയെ മാത്രമാണ്. ഈശോ മുമ്പേ പോകുന്നവനാണ്; അവിടുന്നു പോകുന്നതു ജറൂസലേമിലേക്കാണ്. ലക്ഷ്യം സ്വർഗ്ഗാരോഹണവും. ഈ ലോകത്തിൽനിന്നുള്ള അവിടുത്തെ കടന്നുപോകലുമാണത്. ഈ യാത്രയിലാണു ക്രിസ്‌തുശിഷ്യർ അവിടുത്തെ അനുഗമിക്കേണ്ടത്. അതുകൊണ്ടുതന്നെ, ജറുസലേമിലേക്കുള്ള യാത്രയിൽ ഈശോ ശിഷ്യരെയും കൂട്ടി യാത്ര ചെയ്യുന്നതായാണു ലൂക്കാ വിവരിക്കുന്നത്. ഈ യാത്രാവേള ശിഷ്യരെ സംബന്ധിച്ച് ഒരു പരിശീലനകളരിയാണ്. നേതാവും കർത്താവുമായ ഗുരു എപ്രകാരമാണു ലക്ഷ്യത്തിലേക്കു നടന്നടുത്തത്, മാർഗ്ഗമധ്യേ അവിടുത്തെ മനോഭാവങ്ങളും പ്രതികരണങ്ങളും എന്തെല്ലാമായിരുന്നു, എന്നതൊക്കെ ക്രിസ്‌തുശിഷ്യരാകാൻ ആഗ്രഹിക്കുന്ന ആർക്കും പാഠമാകേണ്ടതാണ്. അതുകൊണ്ടുതന്നെയാകണം, മത്തായി ഗിരിപ്രഭാഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈശോയുടെ പല പ്രബോധനങ്ങളും ലൂക്കാ സുവിശേഷത്തിൻ്റെ ഈ കേന്ദ്രഭാഗത്തേക്കു മാറ്റുന്നത്.

ഈശോ ജറൂസലേം ലക്ഷ്യം വച്ചാണു യാത്ര ചെയ്‌തതെങ്കിൽ ക്രിസ്തുശിഷ്യർക്കു സ്വർഗ്ഗീയ ജറൂസലേമാണു ലക്ഷ്യസ്ഥാനം. ഈ ലോകത്തിൽനിന്നുള്ള കടന്നുപോകലോടെയാണു നമ്മൾ അവിടെയെത്തുക. ഈ ലക്ഷ്യത്തിലെത്തണമെങ്കിൽ മിശിഹാ നടന്ന വഴിയേ, അവിടുന്നു നടന്നതുപോലെ നടക്കണം. ഈ മാർഗ്ഗമധ്യേ അവിടുന്നു പുലർത്തിയ മനോഭാവങ്ങൾ നമുക്കുമുണ്ടാകണം. ഇവ അടുത്ത് അറിയുവാനുള്ള ശ്രമമാണ് ഈ അദ്ധ്യായത്തിൽ. 

1 സ്വീകരിക്കാത്തവരെ സ്വീകരിക്കാൻ 

ഗലീലിയായിൽനിന്നു ജറൂസലേമിലേക്കുള്ള വഴി സമരിയായിൽ കൂടിയാണ്. അതുകൊണ്ടാണു വഴി ഒരുക്കുവാനായി ഈശോ അയച്ച ശിഷ്യന്മാർ സമരിയാക്കാരുടെ ഗ്രാമത്തിൽ പ്രവേശിച്ചത് (ലൂക്കാ 9,52-56). പക്ഷെ, അവരുടെ ആദ്യാനുഭവം തിരസ്ക്കരണത്തിന്റേതായിരുന്നു. യാത്രയുടെ അന്ത്യത്തിൽ ഈശോ നേരിടാനിരുന്ന തിരസ്ക്കരണത്തിൻ്റെ മുന്നോടിയായിരുന്നു ഇത്. അവിടുത്തെ അനുഗമിക്കുന്നവർക്കുണ്ടാകാനിരിക്കുന്ന അനുഭവവും വ്യത്യസ്ത‌മായിരിക്കില്ല എന്ന മുന്നറിയിപ്പും ഇവിടെയുണ്ട്. 

സമരിയാക്കാർ ക്രിസ്‌തുശിഷ്യരെ സ്വീകരിക്കാതിരുന്നപ്പോൾ ഉടൻ അവരെ നശിപ്പിച്ചുകളയാം എന്ന ചിന്തയായിരുന്നു ശിഷ്യർക്ക്. ഈശോ അവരുടെ മനോഭാവം തിരുത്തുന്നു. അതിന്റെ ഭാഗമായി ശിഷ്യരെ ശാസിക്കുന്നു. തിരസ്‌കരണമുണ്ടായാലും ശിക്ഷിക്കാനുള്ള അധികാരം ക്രിസ്‌തുശിഷ്യനില്ല എന്നു പഠിപ്പിക്കുകയായിരുന്നു അവിടുന്ന്. മുമ്പു പഠിപ്പിച്ചവ പ്രാവർത്തികമാക്കാൻ പരിശീലിപ്പിക്കുകയായിരുന്നു ഇതിലൂടെ. അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലൊ: “ശത്രുക്കളെ സ്നേഹിക്കുവിൻ. നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ. ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ" എന്ന് (ലൂക്കാ 6,27-28). ക്രിസ്തുശിഷ്യത്വത്തിൽ വിദ്വേഷത്തിനോ പകപോക്കലിനോ പകരംവീട്ടലിനോ സ്ഥാനമില്ല. ക്ഷമിക്കാനും പൊറുക്കാനുമാണു ക്രിസ്തുശിഷ്യർ പരിശീലിക്കേണ്ടത്. 

2 ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ 

ഈശോയെ അനുഗമിക്കുവാൻ ആരംഭിക്കുന്നതിനുമുമ്പേ ഈ ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങളെക്കുറിച്ച് ഓരോരുത്തരും ബോധ്യമുള്ളവരായിരിക്കണം എന്നു വ്യക്തമാക്കുന്ന മൂന്നു ചെറിയ രംഗങ്ങൾ ലൂക്കാ വിവരിക്കുന്നുണ്ട്. ആദ്യരംഗത്ത് അവിടുത്തെ അനുഗമിക്കാൻ സ്വയം സന്നദ്ധനായവനോട് ഈശോ പറഞ്ഞു: "കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തല ചായ്ക്കാൻ ഇടമില്ല" (ലൂക്കാ 9,58). ഗുരുവിനുണ്ടായ അതേ സുരക്ഷിതത്വമില്ലായ്തന്നെ ശിഷ്യർക്കുമുണ്ടാകും എന്നാണവിടുന്നു മുന്നറിയിപ്പുനല്‌കുന്നത്. മനുഷ്യ പുത്രനായ അവിടുത്തേക്കു ജീവിതാവസാനത്തിൽ ഈ ഭൂമിയിൽ തല ചായ്ക്കുവാൻ സ്ഥലം ലഭിച്ചില്ലല്ലൊ. ആകാശത്തിനും ഭൂമിയ്ക്കും മധ്യേ കുരിശിലായിരുന്നല്ലൊ അവിടുത്തെ അന്ത്യം. ഇതു പോലെതന്നെ ശിഷ്യൻ്റെ ജീവിതത്തിലും സംഭവിക്കും. 

തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യമായി മുൻകൂട്ടി അറിയിച്ച സന്ദർഭത്തിൽ ഈ വഴിയിൽ തന്നെ അനുഗമിക്കുന്നവർക്കുണ്ടാകേണ്ട സവിശേഷതകളും അവിടുന്നു വ്യക്തമാക്കിയിട്ടുള്ളതാണല്ലൊ. "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തൻ്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്‌ടപ്പെടുത്തും. എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും" (ലൂക്കാ 9,23-24). സ്വയം നിഗ്രഹത്തിൻ്റെയും കുരിശുവഹിക്കലിന്റെയും പാതയിലൂടെ മാത്രമേ ഒരുവനു യഥാർത്ഥ ക്രിസ്‌തുശിഷ്യനാകാനാവൂ. മറ്റൊരവസരത്തിൽ അവിടുന്നു പറയുന്നു: "സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല" (ലൂക്കാ 14,27). കുരിശിൻ്റെ വഴിയേ പോയവനെ അനുഗമിക്കാൻ കുരിശിൻ്റെ വഴിയേതന്നെ പോകണം. 

“എന്നെ അനുഗമിക്കുക" എന്ന ആഹ്വാനത്തോടെ ഈശോ ക്ഷണിച്ച ഒരുവൻ, മരിച്ച അവൻ്റെ പിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അവിടുന്നരുളിച്ചെയ്‌തു: “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക" (ലൂക്കാ 9,60). ബാലനായിരിക്കെ കാണാതായപ്പോൾ തന്നെ അന്വേഷിച്ച മാതാപിതാക്കന്മാരോട് അവിടുന്നു പറഞ്ഞതിന്റെ തന്നെ ആശയമാണ് ഇവിടെയും പ്രതിഫലിക്കുന്നത്. അന്ന് അവിടുന്നു ചോദിച്ചു: "ഞാൻ എൻ്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങൾ അറിയുന്നില്ലേ?" (ലൂക്കാ 2, 49). താതഹിതം നിറവേറ്റുക എന്നതു മാത്രം അവിടുത്തെ ഏക ശ്രദ്ധ ആയിരുന്നതുപോലെ, ശിഷ്യരെ സംബന്ധിച്ചും ദൈവഹിതത്തിൻ്റെ പ്രകാശനമായ ദൈവരാജ്യം പ്രഘോഷിക്കുന്നതായിരിക്കണം മറ്റു മാനുഷിക പരിഗണനകളെക്കാൾ പ്രധാനപ്പെട്ടത് എന്നവിടുന്നു പഠിപ്പിക്കുകയായിരുന്നു. 

നീണ്ട യാത്രാമധ്യേ ഇതെക്കുറിച്ചു വീണ്ടും ഈശോ സംസാരിക്കുന്നുണ്ട്: "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എൻ്റെ അടുത്തു വരുന്ന ആർക്കും എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല" (ലൂക്കാ 14,26). ക്രിസ്‌തുശിഷ്യർ മിശിഹായെ അനുഗമിക്കുന്നതിൽ ഒന്നും തടസ്സമായി ഭവിക്കാൻ പാടില്ല; അതെത്ര പ്രിയപ്പെട്ടവ ആയിരുന്നാലും. ഈ പശ്ചാത്തലത്തിൽ മാത്രമേ മറ്റൊരവസരത്തിൽ ഈശോ അരുളിച്ചെയ്‌ത വചനങ്ങളുടെ പൊരുൾ വ്യക്തമാവൂ. “ഭൂമിയിൽ സമാധാനം നല്‌കാനാണു ഞാൻ വന്നിരിക്കുന്ന തെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടു പേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകൾക്കും മരുമകൾ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും" (ലൂക്കാ 12,51-53). മാനുഷിക ബന്ധങ്ങളോടെന്നതിനേക്കാൾ ഈശോയോടുള്ള ബന്ധത്തിനു പ്രാധാന്യം നല്‌കുമ്പോൾ ഭിന്നതകൾ ഉണ്ടാവുക സ്വാഭാവികം. 

തന്നെ അനുഗമിക്കാൻ സന്നദ്ധനായ മറ്റൊരുവനോട് അവൻ വീട്ടുകാരോടു യാത്രപറയുവാൻ അനുവാദം ചോദിച്ചപ്പോൾ ഈശോ അരുളിച്ചെയ്‌തു: “കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിനു യോഗ്യനല്ല" (ലൂക്കാ 9,62). അനുഗമിക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ പിന്നെ പിന്തിരിഞ്ഞു നോട്ടത്തിന് അവസരമില്ലെന്നർത്ഥം. യാത്രാമധ്യേ വീണ്ടും അവിടുന്ന് ഉദ്ബോധിപ്പിക്കുന്നു: "ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേതന്നെ കണക്കുകൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അടിത്തറ കെട്ടിക്കഴിഞ്ഞു പണി മുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരെ വരുന്നവനെ പതിനായിരംകൊണ്ടു നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുമ്പോൾ തന്നെ, ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എൻ്റെ ശിഷ്യനാവുക സാധ്യമല്ല" (ലൂക്കാ 14,28-33). ക്രിസ്തുശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗത്തിനു തയ്യാറുള്ളവർ മാത്രമേ അവിടുത്തെ അനുഗമിക്കാൻ തീരുമാനമെടുക്കാവൂ എന്നു സാരം. 

3 ക്രിസ്തു‌ശിഷ്യർ - അയക്കപ്പെടുന്നവർ 

യാത്രയുടെ ആരംഭത്തിൽ സമരിയാക്കാരുടെ ഗ്രാമങ്ങളിലേക്ക് ഈശോ ദൂതന്മാരെ അയച്ചു വഴിയൊരുക്കിയതുപോലെ, അടുത്ത ഘട്ടത്തിൽ എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേയ്ക്കും നാട്ടിൻപുറങ്ങളിലേയ്ക്കും ഈരണ്ടുപേരായി അവിടുത്തേയ്ക്കു മുമ്പേ അയച്ചു (ലൂക്കാ 10,1). ഗലീലിയിൽവച്ച് ഈശോ പന്ത്രണ്ടു ശ്ലീഹന്മാരെ ആദ്യം അയച്ചത് ഇസ്രായേൽ മക്കളുടെ ഇടയിലുള്ള പ്രേഷിതപ്രവർത്തനത്തെ ഉദ്ദേശിച്ചായിരുന്നെങ്കിൽ ഇപ്പോൾ എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നത് വിജാതിയരെ ലക്ഷ്യംവച്ചാണ്. രണ്ടുപേരെവീതം അയയ്ക്കുന്നത്, ഒരു വസ്‌തുത സ്ഥിരീകരിക്കുവാൻ രണ്ടുപേരുടെയെങ്കിലും സാക്ഷ്യം ആവശ്യമാണ് എന്ന പൊതുധാരണയുടെ വെളിച്ചത്തിലാണ് (നിയമ 19, 15; മത്താ 18,16). കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്‌ത്തിൻ്റെ നാഥനോടു പ്രാർത്ഥിക്കണമെന്ന് ഉപദേശിക്കുക വഴി (ലൂക്കാ 10,2) സുവിശേഷപ്രഘോഷണം പിതാവായ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു കാണിക്കുന്നു. 

അയക്കപ്പെടുന്നവർ പ്രഘോഷിക്കേണ്ടതു ദൈവരാജ്യമാണ് (ലൂക്കാ 10,10). ഈശോ അറിയിച്ചതും ദൈവരാജ്യത്തിന്റെ സുവിശേഷമായിരുന്നല്ലൊ. ദൈവരാജ്യം പ്രവൃത്തിപഥത്തിലെത്തിക്കുന്ന തിന്റെ ഭാഗമായാണു രോഗികളെ സുഖപ്പെടുത്തുന്നത് (ലൂക്കാ 10,9). ഈശോയുടെ പ്രവർത്തനത്തിൻ്റെ ഏറിയപങ്കും രോഗശാന്തികൾ ആയിരുന്നു (ലൂക്കാ 11,14; 13, 10-17; 14,1-6; 17, 11-19; 18,35-43) ചുരുക്കത്തിൽ ഈശോയ്ക്കുണ്ടായിരുന്ന അതേ ദൗത്യം തന്നെയാണ് അയക്കപ്പെടുന്നവർക്കും ഉള്ളത്. ഇതുതന്നെയാണു ജറൂസലേമിലേക്കുള്ള യാത്രയിൽ അവിടുത്തെ അനുഗമിക്കുന്നവർക്കുള്ളതും. 

ചെന്നായ്ക്കളുടെ ഇടയിലേയ്ക്കു കുഞ്ഞാടുകളെ എന്ന പോലെയാണ് അവിടുന്നു ശിഷ്യരെ അയയ്ക്കുന്നത് (ലൂക്കാ 10,3). ചെന്നായ്ക്കളുടെ ഇടയിൽപ്പെടുന്ന കുഞ്ഞാടിൻ്റെ നിസ്സഹായത ഊഹിക്കാവുന്നതേയുള്ളൂ. ഈ നിസ്സഹായത ദൈവത്തിൽ മാത്രം ആശ്രയിക്കാൻ ക്രിസ്‌തുശിഷ്യനെ പ്രാപ്‌തനാക്കും. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ കൊണ്ടുപോകുവാൻ ശിഷ്യനവകാശമില്ല (ലൂക്കാ 9,3; 10,4). അവന് ആവശ്യമായത് അതാതുസ്ഥലങ്ങളിൽ നിന്നു ലഭിക്കും (ലൂക്കാ 10,7). കാരണം, വേലക്കാരൻ കൂലിക്ക് അർഹനാണ്. പ്രീശരും നിയമജ്ഞരുമൊക്കെ ഈശോയോടു പ്രതികരിച്ചതുപോലെ മാത്രമേ അവരും അവരുടെ പിൻഗാമികളും ശിഷ്യരോടും പ്രതികരിക്കൂ. ശിഷ്യൻ ഗുരുവിനു സമനല്ലല്ലൊ. 

ആരെങ്കിലും ശിഷ്യരറിയിക്കുന്ന സമാധാന സുവിശേഷത്തിന്റെ സന്ദേശം സ്വീകരിക്കാതിരുന്നാൽ കാലിലെ പൊടികൂടി തട്ടിക്കളഞ്ഞിട്ടു യാത്ര തുടരാൻ ആവശ്യപ്പെടുമ്പോൾ (ലൂക്കാ 10,11) യാത്രാരംഭത്തിൽ സമരിയാക്കാരോടു കാണിക്കാൻ ഈശോ പഠിപ്പിച്ച മനോഭാവംതന്നെ ശിഷ്യർ തുടരണമെന്ന് അവിടുന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു. ശിഷ്യർ അറിയിക്കുന്ന സുവിശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവർ ശിഷ്യരെ അയയ്ക്കുന്ന ഈശേയെയും അവിടുത്തെ അയച്ച പിതാവിനെയുമാണു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് (ലൂക്കാ 10,16). അതുകൊണ്ടുതന്നെ പ്രേഷിതപ്രവർത്തനത്തിലെ വിജയപരാജയങ്ങളെക്കുറിച്ച് അതിരുകടന്നു പര്യാകുലരാകുകയോ അമിതമായി ആഹ്ലാദിക്കുകയോ ചെയ്യേണ്ട കാര്യമില്ല. അയയ്ക്കപ്പെടുവാൻ യോഗ്യരായി പരിഗണിക്കപ്പെടുകവഴി സ്വർഗ്ഗത്തിൽ പേര് എഴുതപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ശിഷ്യർക്ക് സന്തോഷ കാരണമാകേണ്ടത് (ലൂക്കാ 10,20).

പിതാവിനാൽ അയക്കപ്പെട്ട പുത്രൻ പിതാവിനെ ലോകത്തിനു വെളിപ്പെടുത്തിയതുപോലെ, പുത്രനാൽ അയക്കപ്പെടുന്ന ശിഷ്യർ പുത്രനെയും പുത്രൻ വെളിപ്പെടുത്തിയ പിതാവിനെയും ലോകത്തിനു വെളിപ്പെടുത്തുവാൻ കടപ്പെട്ടവരാണ് (ലൂക്കാ 10, 22-24). ഈ പിതൃപുത്രബന്ധമാണു ക്രൈസ്‌തവപ്രേഷിതത്വത്തിനും ജീവിതത്തിനും അടിസ്ഥാനം.

4 അനുതാപത്തിൻ്റെ ആവശ്യകത

ക്രിസ്തു‌ശിഷ്യൻ ദൈവവചനത്തോടു ക്രിയാത്മകമായി പ്രതികരിക്കേണ്ടവനാണ്. അനുതാപവും മനസുതിരിയലുമൊക്കെ ഈ പ്രതികരണത്തിൻ്റെ ഭാഗമാണ് (ലൂക്കാ 10,13-15). യോനാ പ്രവാചകന്റെ പ്രസംഗം ശ്രവിച്ച നിനിവേക്കാർ പശ്ചാത്തപിച്ചു ജീവിതം നവീകരിച്ചു. ഈശോ യോനായെക്കാൾ വലിയവനാണല്ലൊ. അതുകൊണ്ട് അവിടുത്തെ ശ്രവിക്കുവാനും മാനസാന്തരപ്പെടുവാനുമുള്ള ഉത്തരവാദിത്വം എത്രയോ വലുതാണ് (ലൂക്കാ 11,32). അനുതപിക്കുന്നില്ലെങ്കിൽ നാശമായിരിക്കും ഫലം എന്നും അവിടുന്നു മുൻകൂട്ടി അറിയിച്ചിട്ടുണ്ട് (ലൂക്കാ 13,1-5). ലഭ്യമായിരിക്കുന്ന സമയവും സാഹചര്യവും നന്നായി വിനിയോഗിച്ച് അനുതാപത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുക എന്നതാണു ക്രിസ്തു ശിഷ്യനെ സംബന്ധിച്ചു കരണീയമായ സംഗതി (ലൂക്കാ 13,6-9). പതിനഞ്ചാം അദ്ധ്യായത്തിൽ ലൂക്കാ വിവരിക്കുന്ന നഷ്ടപ്പെട്ട ആടിന്റെയും നാണയത്തിന്റെയും പുത്രൻ്റെയും ഉപമകളും അനുതാപത്തിന്റെ ആവശ്യകതയിലേക്കാണല്ലൊ വിരൽചൂണ്ടുന്നത്.

5 ജീവനിലേയ്ക്കുള്ള വഴി ഇടുങ്ങിയത്

സ്വർഗ്ഗീയ ജറൂസലേമിലേക്കുള്ള വാതിൽ ഇടുങ്ങിയതാണ്. വിസ്തൃതവും, വിശാലവുമായ വാതിൽ വിനാശത്തിലേയ്ക്കു നയിക്കുന്നതാണല്ലൊ (മത്താ 7,13). “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ" (ലൂക്കാ 13,24) എന്ന് ഈശോ ആഹ്വാനം ചെയ്യുമ്പോൾ ഈ ലോകത്തിൻ്റെ വഴിയേ പോകാതെ അവിടുന്നു കാണിച്ചുതന്ന, ജീവനിലേയ്ക്കു നയിക്കുന്ന വഴിയേ ചരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഈ ലോകത്തിന്റെ മാർഗ്ഗം പലപ്പോഴും അധർമ്മവും അനീതിയും നിറഞ്ഞതാണല്ലൊ (ലൂക്കാ 13,27). അതു ക്രിസ്തുശിഷ്യനു ചേർന്നതല്ല.

6 സഹോദരശുശ്രൂഷയിലൂടെ നിത്യജീവനിലേയ്ക്ക് 

സ്വർഗ്ഗരാജ്യപ്രവേശനത്തിന് അത്യാവശ്യമായ കാര്യം ദൈവത്തെയും സഹോദരനെയും സ്നേഹിക്കുക എന്നതാണ് (ലൂക്കാ 10,27-28). കാണപ്പെടുന്ന സഹോദരനെയും അയല്ക്കാരനെയും സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാവില്ല എന്നു പഠിപ്പിക്കാനാണ് ഈശോ നല്ല സമരിയാക്കാരന്റെ ഉപമ അരുളിച്ചെയ്‌തത്‌ (ലൂക്കാ 10,30-37). കവർച്ചക്കാരുടെ കയ്യിൽപ്പെട്ട് പ്രഹരമേറ്റ് അർദ്ധപ്രാണനാക്കപ്പെട്ട യഹൂദൻ്റെമേൽ സമരിയാക്കാരനു തോന്നിയ മനസലിവാണ് (ലൂക്കാ 10,33), ക്രിസ‌്തു ശിഷ്യനു മാതൃകയായി അവനെ ചൂണ്ടിക്കാണിക്കുവാൻ ഈശോയെ പ്രേരിപ്പിച്ച സംഗതി (ലൂക്കാ 10,37). അയല്ക്കാരൻ്റെ ഗണത്തിൽ പ്പെടാത്തവൻ ആരുമില്ലെന്നും, ആവശ്യത്തിലിരിക്കുന്ന ഏതൊരുവനും പ്രത്യേകമാംവിധം ക്രിസ്‌തുശിഷ്യൻ്റെ കാരുണ്യത്തിന് അർഹനാണെന്നും ഈശോ പഠിപ്പിക്കുന്നു. 

7 ക്രിസ്തുശിഷ്യൻ പ്രാർത്ഥനയുടെ മനുഷ്യൻ 

ഗിരിപ്രഭാഷണത്തിനു സമാന്തരമായ സമതലപ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത് “ഈശോ പഠിപ്പിച്ച പ്രാർത്ഥന” ജറൂസലേം യാത്രാവിവരണത്തിനിടയിൽ ലൂക്കാ അവതരിപ്പിക്കുന്നത് (ലൂക്കാ 11,1-4) ക്രിസ്‌തുശിഷ്യൻ്റെ അനുഗമനത്തിൽ ഈ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യം വ്യക്തമാക്കുവാൻവേണ്ടി ആയിരിക്കണം. പ്രാർത്ഥന എന്നതുതന്നെ മറിയത്തെപ്പോലെ കർത്താവിന്റെ പാദാന്തികത്തിലിരുന്ന് അവിടുത്തെ തിരുഹിതം മനസിലാക്കുന്നതാണല്ലൊ (ലൂക്കാ 10,39). ഈശോയോടുചേർന്നു നില്ക്കലാണു ക്രിസ്തുശിഷ്യത്വത്തിൻ്റെ കാതൽ. പ്രാർത്ഥനയിൽ അവിടുത്തെ വചനം ശ്രവിക്കുകയും തദനുസാരം ജീവിക്കുകയും ചെയ്യുന്നവർ അവിടുത്തെ മാതാവിനു തുല്യരാകും; അവിടുത്തെ കുടുംബാംഗങ്ങൾ ആയി ഭവിക്കുകയും ചെയ്യും (ലൂക്കാ 11,27-28). പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് അവിടുന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്: “ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു” (ലൂക്കാ 11,9-10). മാനുഷിക മാതാപിതാക്കന്മാരെക്കാൾ മക്കളുടെ കാര്യത്തിൽ പരിഗണനയുള്ളവനാണു സ്വർഗ്ഗീയപിതാവ്. ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നു പഠിപ്പിക്കാൻ അവിടുന്നു പല ഉപമകൾ അരുളിച്ചെയ്‌തിട്ടുണ്ട്: അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്നുണർന്നു സഹായിക്കുന്ന സ്നേഹിതൻ്റെയും (ലൂക്കാ 11,5-8) നീതിരഹിതനായ ന്യായാധിപൻ്റെയും നീതിനിഷേധിക്കപ്പെട്ട വിധവയുടെയും (ലൂക്കാ 18,1-8) ഉപമകൾ. ദൈവാലയത്തിൽ പ്രാർത്ഥിക്കുന്ന ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും മാതൃകകൾ (ലൂക്കാ 18,9-14) എപ്രകാരമാണു ദൈവസന്നിധിയിൽ പ്രാർത്ഥിക്കേണ്ടതെന്നും എപ്രകാരം പ്രാർത്ഥിക്കരുത് എന്നും തൻ്റെ ശിഷ്യരെ പഠിപ്പിക്കുവാനായിരുന്നു. 

8 വെളിച്ചവും ഉപ്പുമാകേണ്ടവർ 

കത്തിച്ച വിളക്കിനു സദൃശ്യനാണു ക്രിസ്‌തുശിഷ്യൻ. “വിളക്കു കൊളുത്തി ആരും നിലവറയിലോ പറയുടെകീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവർക്കു വെളിച്ചം കാണാൻ പീഠത്തിന്മേലാണു വയ്ക്കുന്നത്" (ലൂക്കാ 11,33). കത്തിജ്വലിച്ച് ചുറ്റുമുള്ളവർക്കു ചൂടും വെളിച്ചവും പകരേണ്ട അസ്‌തിത്വമാണു ക്രിസ്തു ശിഷ്യരുടേത്. സത്പ്രവൃത്തികളിലൂടെ സ്നേഹം പ്രസരിപ്പിക്കുവാൻ അവർക്കു സാധിക്കണം. 

ഭൂമിയുടെ ഉപ്പായിത്തീരേണ്ടവരുമാണു ക്രിസ്ത്യാനികൾ. ഉപ്പ് രുചി പകരുന്നതും വളമായിത്തീരുന്നതുമൊക്കെ സ്വയംഇല്ലാതായി കൊണ്ടാണല്ലൊ. അതുപോലെതന്നെ സ്വയം ശൂന്യവൽക്കരിച്ചു കൊണ്ടു താനംഗമായിരിക്കുന്ന സമൂഹത്തിനു സ്നേഹത്തിന്റെ രുചി പകരുവാനും മറ്റുള്ളവരുടെ വളർച്ചയ്ക്കു കാരണമായി ഭവിക്കുവാനും ക്രൈസ്തവനു സാധിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ കേടു കൂടാതെ സൂക്ഷിക്കുവാനും മുറിവ് ഉണക്കുവാനും ഉപ്പിനുള്ള കഴിവ് ഏവർക്കും അറിയാവുന്നതാണ്. സമൂഹത്തെ തിന്മയുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുവാനും വേദനിക്കുന്നവരുടെ മുറിവുണക്കുവാനും തന്നെ അനുഗമിക്കുന്നവർക്കു സാധിക്കണമന്ന് അവിടുന്ന് ഓർമ്മിപ്പിക്കുന്നു. 

9 ഫരിസേയരിലും നിയമജ്ഞരിൽനിന്നും വ്യത്യസ്തരായി 

ദൈവത്തിന്റെ നീതിയും സ്നേഹവും കരുണയും അവഗണിച്ചുകൊണ്ടുള്ള ഒരു നിയമാനുഷ്‌ഠാനമായിരുന്നു നിയമജ്ഞരുടേതും ഫരിസേയരുടേതും. തൻ്റെ മാർഗ്ഗത്തിൽ ചരിക്കുന്നവർ അവരെപ്പോലെയാകരുത് എന്ന് ഈശോ നിഷ്‌കർഷിക്കുന്നു (ലൂക്കാ 11,37-54). അന്തഃസത്ത അന്യമായ ഒരു ബാഹ്യാനുഷ്ഠാനം മാത്രമായിരുന്നു യഹൂദപ്രമാണിമാരുടേത്. കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്ന ഇക്കൂട്ടരുടെ അകം കവർച്ചയും ദുഷ്ടതയും നിറഞ്ഞതാണ്. വളരെ നിസ്സാരങ്ങളായ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്ന ഇവർ ദൈവത്തിന്റെ സത്യവും നീതിയും കാറ്റിൽ പറത്തുന്നു. താങ്ങാനാവാത്ത ചുമടുകൾ പാവപ്പെട്ടവൻ്റെ മേൽ കെട്ടിയേല്പിക്കുന്ന ഇവർ അവരെ സഹായിക്കാൻ ചെറുവിരൽപോലും അനക്കുന്നില്ല. ദൈവത്തിൻ്റെ പ്രവാചകരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നവരാണിവർ. വിജ്ഞാനത്തിന്റെ താക്കോൽ കൈവശപ്പെടുത്തിയിരിക്കുന്ന ഇവർ സ്വയം അകത്തു പ്രവേശിക്കുകയോ മറ്റുള്ളവരെ പ്രവേശിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. ക്രിസ്തു‌ശിഷ്യർ ഈവക അപകടങ്ങളിൽനിന്നും ഓടി അകലണമെന്നാണ് ഈശോ ഉപദേശിക്കുന്നത്. 

10 ക്രിസ്തുശിഷ്യരും സമ്പത്തും 

സമ്പത്തു ദൈവദാനമാണെന്നും ദാനമായി ലഭിച്ചത് ആവശ്യത്തിലിരിക്കുന്ന സഹോദരനുവേണ്ടികൂടി ഉപയോഗിക്കാനുള്ളതാണെന്നുമുള്ള ബോധ്യമാണല്ലൊ സമ്പത്തിനോടുള്ള ക്രൈസ്തവ മനോഭാവത്തിൻ്റെ അന്തഃസത്ത. ബാഹ്യമായ ശുദ്ധിവരുത്തലിലൂടെയല്ല, മറിച്ചു തനിക്കുള്ളവ ദാനം ചെയ്യുന്നതിലൂടെയാണു യഥാർത്ഥ ശുദ്ധി ഉണ്ടാകുന്നത് എന്ന് അവിടുന്നു പഠിപ്പിച്ചു (ലൂക്കാ 11,41). മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്; സമ്പത്തിന്റെ കെണിയായ അത്യാഗ്രഹത്തിൽനിന്ന് അകന്നു ജീവിക്കുകയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാനുള്ള മാർഗ്ഗം എന്നു ശിഷ്യരെ ബോധ്യപ്പെടുത്തുവാനാണ് ഈശോ ഭോഷനായ ധനികന്റെ ഉപമ അരുളിച്ചെയ്‌തത് (ലൂക്കാ 12,13-21). തനിക്കു ലഭിച്ച സമൃദ്ധമായ വിളവു തനിക്കുവേണ്ടി തന്നെ സൂക്ഷിച്ചുവയ്ക്കാതെ ദൈവത്തിന്റെ ദാനമാണെന്നു ഗ്രഹിച്ച് ആവശ്യത്തിലിരുന്ന അയല്ക്കാരനുവേണ്ടികൂടി പങ്കുവച്ചിരുന്നെങ്കിൽ ഭോഷനാകാതെ, ദൈവസന്നിധിയിൽ അവൻ സമ്പന്നനാകുമായിരുന്നു.

ധനത്തോട് ഈ ക്രിസ്‌തീയ മനോഭാവം ഉണ്ടാകണമെങ്കിൽ ദൈവപരിപാലനയിൽ ആശ്രയം വേണം. നാളെ എന്തു ഭക്ഷിക്കും എന്തു ധരിക്കും എന്നു ചിന്തിച്ചു പര്യാകുലരാകുന്നത് ഈ ലോകത്തിന്റെ ജനതകളാണ്. ആകാശത്തിലെ പക്ഷികളെയും വയലിലെ ചെടികളെയും സംരക്ഷിച്ചു പരിപാലിക്കുന്ന ദൈവം തന്റെതന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ട്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ എത്രയോ അധികമായി സംരക്ഷിക്കും (ലൂക്കാ 12,22-31). നമുക്കു ചിതമായിട്ടുള്ളത് ഒന്നേയുള്ളു: ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുക എന്നതുമാത്രം. നമ്മൾ ചോദിക്കുംമുമ്പേ നമ്മുടെ ആവശ്യങ്ങളറിയുന്ന സ്വർഗ്ഗീയപിതാവ് നമുക്കുണ്ട് എന്ന ബോധ്യമുണ്ടെങ്കിൽ സമ്പത്തു ദാനം ചെയ്തു സ്വർഗ്ഗത്തിൽ നിക്ഷേപം സംഭരിച്ചു വയ്ക്കാൻ നമുക്കു മടിയുണ്ടാവില്ല (ലൂക്കാ 12,32-34; 18,22). “അധാർമ്മിക സമ്പത്തുകൊണ്ടു നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിൻ. അതു നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും" (ലൂക്കാ 16,9) എന്ന് അവിടുന്നു പറയുമ്പോഴും ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്. ദൈവം ഭരമേല്പിക്കുന്ന സമ്പത്തിൻ്റെ കാര്യസ്ഥന്മാർ മാത്രമാണു നമ്മൾ. ഈ കാര്യസ്ഥതയുടെ കണക്ക് എപ്പോൾ വേണമെങ്കിലും അവിടുത്തേക്കു ചോദിക്കാം. സദാ ജാഗരൂകരായ ഭൃത്യന്മാരെപ്പോലെ ആയിരിക്കുക എന്നതുമാത്രമേ കരണീയമായുള്ളൂ (ലൂക്കാ 12,35-48; 17,20-37). 

ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ സാധിക്കുകയില്ല; അതിനാലാണു സമ്പത്തു ദാനം ചെയ്യേണ്ടിവരുന്നത് (ലൂക്കാ 16,13). തൻ്റെ പടിവാതില്ക്കൽ കിടന്നിരുന്ന ദരിദ്രനായ ലാസറിന്റെ വേദന കാണാനോ അതു ലഘൂകരിക്കാനോ ശ്രമിച്ചില്ല എന്നതായിരുന്നല്ലൊ ധനവാൻ ചെയ്‌ത തെറ്റ് (ലൂക്കാ 16,19-31). വിരുന്നു നടത്തുമ്പോൾ തിരിച്ചു വിളിക്കാൻ കഴിവില്ലാത്ത ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കാൻ ഈശോ ആവശ്യപ്പെടുമ്പോഴും (ലൂക്കാ 14,13-14) ധനികനു സംഭവിച്ച അപകടം വരാതിരിക്കുവാനുള്ള മുന്നറിയിപ്പു നല്‌കുകയാണ് ചെയ്യുന്നത്.

11.ദുഷ്പ്രേരണ നല്‌കാത്ത സമൂഹം 

സമൂഹത്തിൽ ഏറ്റവും ചെറിയവനുപോലും ഉതപ്പിനു കാരണമാകാതിരിക്കാൻ ഓരോ അംഗവും ശ്രദ്ധിക്കേണ്ടതുണ്ട് എന്നും ഈശോ ഉപദേശിച്ചു (ലൂക്കാ 17,1-2). ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നല്‌കുന്നതിൽ ഭേദം കഴുത്തിൽ കഴുതയുടെ തിരികല്ലു കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. ഒലിവും മുന്തിരിയുമൊക്കെ ആട്ടാൻ ഉപയോഗിച്ചിരുന്ന ചക്കിലെ തിരികല്ലാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. മനുഷ്യർക്കു ചലിപ്പിക്കുവാൻ സാധിക്കുന്നതിലും കൂടുതൽ ഭാരം ഇവയ്ക്കുണ്ടായിരുന്നതിനാൽ, സാധാരണയായി കഴുതയെക്കൊണ്ടാണ് ഇതു ചലിപ്പിച്ചിരുന്നത്. അതു കൊണ്ടാണിതിനു കഴുതയുടെ തിരികല്ല് എന്നു പേരുവന്നതും. ഒരു കാലത്തും കടലിൽനിന്നും കയറിപ്പോരുവാൻ സാധിക്കാത്ത തരത്തിൽ ഉതപ്പു നല്‌കുന്നവനെ സമൂഹത്തിൽനിന്നും നീക്കികളയണം എന്നു സൂചന. 

12 പരിധിയില്ലാത്ത ക്ഷമ 

ഒരേ ലക്ഷ്യത്തിലേയ്ക്കു യാത്ര ചെയ്യുന്നവർക്കിടയിൽ പരസ്പരമുണ്ടാകേണ്ട ബന്ധത്തെക്കുറിച്ചും ഈശോ പരാമർശിക്കുന്നുണ്ട്. സഹോദരിൽ ആരെങ്കിലും തെറ്റു ചെയ്‌താൽ അതിരുകളില്ലാതെ ക്ഷമിക്കണമെന്ന് അവിടുന്നു പഠിപ്പിക്കുന്നു (ലൂക്കാ 17,3-4): “ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താൽ നീ അവനോടു ക്ഷമിക്കണം”. ക്ഷമിക്കുന്നതിനു പരിധി ഉണ്ടാകരുത് എന്നു സാരം. 

ചുരുക്കത്തിൽ ജറൂസലേമിലേയ്ക്കുള്ള വഴിയിൽ ഈശോയെ അനുഗമിക്കുന്നതിൻ്റെ ഭാഗമായി ക്രിസ്‌തുശിഷ്യൻ സ്വീകരിക്കേണ്ട മനോഭാവങ്ങളും ജീവിതശൈലിയുമാണ് സുവിശേഷത്തിന്റെ കേന്ദ്രഭാഗത്തു ലൂക്കാ വിവരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ്, ക്രിസ്തുമതത്തെ അദ്ദേഹം “മാർഗ്ഗം” എന്നു വിശേഷിപ്പിക്കുന്നതും മനസിലാക്കേണ്ടത് (ശ്ലീഹ 9,2; 18,24-26; 19,9.23; 24,22). കേരള ക്രൈസ്ത‌വർക്കിടയിൽ സഭയുടെ ആരംഭകാലം മുതലേ ലൂക്കായിൽ കാണുന്ന ഈ ചിന്ത രൂഢമൂലമായിരുന്നു. അതുകൊണ്ടാണു സുവിശേഷപ്രഘോഷണത്തെ “മാർഗ്ഗമറിയിക്കൽ" ആയും വിശ്വാസം സ്വീകരിക്കലിനെ "മാർഗ്ഗമെടുക്കൽ" അഥവാ “മാർഗ്ഗം കൂടൽ" ആയും വിശ്വാസികളെ “മാർഗ്ഗവാസികൾ" ആയും പണ്ടു മുതല്ക്കേ വിശേഷിപ്പിച്ചുപോരുന്നത്. 

 

17 

പരി. കുർബാനയും വി. ലൂക്കായും 

തെയോഫിലോസിനോടു പ്രഘോഷിക്കപ്പെട്ട വചനങ്ങളുടെ ആധികാരികതയെക്കുറിച്ച് അദ്ദേഹത്തെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിശ്വാസിസമൂഹത്തെയും ബോധ്യപ്പെടുത്തുവാൻ വേണ്ടി ഗ്രന്ഥരചന നടത്തുന്ന വി. ലൂക്കാ, പ്രഘോഷിക്കപ്പെട്ട വചനങ്ങളുടെയും അനുദിന ക്രൈസ്‌തവജീവിതത്തിന്റെയും ഭാഗമായ പരി. കുർബാനയെക്കുറിച്ചും വ്യക്തമായി വിവരിക്കുന്നുണ്ട്. തങ്ങൾ സ്വീകരിച്ച വിശ്വാസം ക്രൈസ്‌തവർ പരസ്യമായി ആഘോഷിച്ചിരുന്നത് “അപ്പംമുറിക്കൽ ശുശ്രൂഷ'യുടെ അവസരങ്ങളിൽ ആയിരുന്നല്ലൊ. പരി. കുർബാനയുടെ ചരിത്രപരമായ അടിസ്ഥാനം എന്ത്? ഈശോയുടെ ജീവിതവുമായി അത് എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു?, എവിടെ വച്ചാണ് ഇതു സ്ഥാപിക്കപ്പെട്ടത്? ആദിമസഭാംഗങ്ങൾ എപ്രകാരം പരി. കുർബാന അനുഭവിച്ചു? ഓരോ കുർബാനയർപ്പണത്തിലും എന്താണു സംഭവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കു ലൂക്കാ തൻ്റെ ഗ്രന്ഥത്തിൽ ഉത്തരം നല്‌കുന്നുണ്ട്. 

പരസ്യജീവിതകാലത്ത് ഈശോ അപ്പം വർദ്ധിപ്പിച്ച സംഭവത്തെ പരി. കുർബാനയ്ക്കുള്ള അകന്ന ഒരുക്കമായി കാണാം. അന്ത്യ അത്താഴവേളയിൽ തൻ്റെ സഹനമരണോത്ഥാനങ്ങളുടെ ശാശ്വതീകരണം എന്നോണം അവിടുന്നു പരി. കുർബാന സ്ഥാപിച്ചു. ഉത്ഥാനാനന്തരം തന്റെ ശിഷ്യരുമൊത്ത് എമ്മാവൂസിൽ വച്ച് ആദ്യ കുർബാന അർപ്പിച്ചു. ഇതിൻ്റെ തുടർച്ചയായാണ് ആദിമസഭ അപ്പം മുറിക്കൽ ശുശ്രൂഷ ആരംഭിച്ചത്. ഇതാണ് പിന്നീട് ഇന്നു നമ്മൾ ആഘോഷിക്കുംവിധമുള്ള കുർബാനക്രമങ്ങളായി വളർന്നത്. ഇതെല്ലാം ഈശോ പരസ്യജീവിതകാലത്തു ചുങ്കക്കാരോടും പാപികളോടും ദരിദ്രരോടും മുക്കുവരോടും പ്രീശരോടും നിയമജ്ഞരോടുമൊക്കെ ഒപ്പം പങ്കിട്ട വിരുന്നുകളുടെ പശ്ചാത്തലത്തിലേ പൂർണ്ണമായി മനസിലാക്കാനാവൂ. 

1 ഈശോ വിരുന്നുമേശയിൽ 

ചുങ്കസ്ഥലത്തുനിന്നു ലേവിയെ വിളിച്ചു തന്റെ ശിഷ്യഗണത്തിൽ ചേർത്തശേഷം ഈ സന്തോഷം ആഘോഷിക്കുവാനായി ഈശോ അവൻ്റെ ഭവനത്തിലെ വിരുന്നിൽ പങ്കുചേർന്നു (ലൂക്കാ 5,27-32). ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം എന്നറിഞ്ഞിരുന്ന അവിടുന്ന് ചുങ്കക്കാരെയും പാപികളെയും തന്റെകൂടെ മേശയ്ക്കരികിലിരുത്തി. നശിച്ചുപോയവരെ അന്വേഷിച്ചു രക്ഷിക്കാനാണു താൻ അയക്കപ്പെട്ടിരിക്കുന്നത് എന്ന ബോധ്യം (ലൂക്കാ 19,10) ചുങ്കക്കാരനായ സക്കേവൂസിനെ വിളിക്കുവാനും അവന്റെറെ ഭവനത്തിലെ വിരുന്നിൽ പങ്കുചേരുവാനും ഈശോയെ പ്രേരിപ്പിച്ചു (ലൂക്കാ 19,1-10). തൻ്റെ ഭക്ഷണമേശാസൗഹൃദത്തിൽനിന്ന് സമൂഹത്തിലെ ഒരു വിഭാഗത്തെയും ഈശോ മാറ്റി നിർത്തിയില്ല. ചുങ്കക്കാരുടെയും പാപികളുടെയും വീടുകളിൽ മാത്രമല്ല ധനികരായ പ്രീശരുടെയും വിരുന്നുകളിൽ ഈശോ പങ്കെടുത്തിരുന്നു. 

അതിന് ഉദാഹരണമാണ് ഏഴാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നത് (ലൂക്കാ 7,36-50). ഇവിടെ ശെമയോൻ എന്നു പേരുള്ള പ്രീശന്റെ വീട്ടിലാണ് ഈശോയെ വിരുന്നുമേശയ്ക്കരികിൽ നമ്മൾ കാണുന്നത്. ഈ സന്ദർഭത്തെ പാപിനിയെ സ്വീകരിക്കുവാനും അവൾക്കു ലഭിച്ച പാപമോചനം പ്രസിദ്ധപ്പെടുത്തുവാനും ഈശോ വിനിയോഗിക്കുന്നു. പ്രീശരുടെ ക്ഷണം സ്വീകരിച്ചു വിരുന്നിൽ പങ്കെടുത്തുവെങ്കിലും അവരുടെ കള്ളത്തരങ്ങൾക്ക് ഈശോ കൂട്ടുനിന്നില്ല. മറിച്ച്, അവരുടെ കാപട്യം തുറന്നു കാണിക്കുവാനും അവരുടെ മാനസാന്തരം ലക്ഷ്യംവച്ചു ക്രിയാത്മകമായി അവരെ വിമർശിക്കുവാനും അവിടുന്നു മടിച്ചില്ല (ലൂക്കാ 11,37-54; 14,1-24). മർത്തായുടെയും മറിയത്തിന്റെയും ഭവനത്തിൽ വച്ചും ഈശോ ഭക്ഷണത്തിൽ പങ്കുചേർന്നിട്ടുണ്ടാവണം (ലൂക്കാ 10,38-42). ഉത്ഥാനശേഷം ശിഷ്യന്മാർ എല്ലാവർക്കുമായി പ്രത്യക്ഷപ്പെട്ടപ്പോഴും ഈശോ അവരോടൊത്തു ഭക്ഷണം കഴിച്ചു (ലൂക്കാ 24,41-43). പിതാവായ ദൈവത്തിന്റെ കരുണ പ്രഘോഷിച്ച ഈശോ തൻ്റെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇതു പ്രകടമാക്കുകയും ചെയ്തു. ഇതിനു പറ്റിയ വേദിയായി അവിടുന്നു തിരഞ്ഞെടുത്തതു ഭക്ഷണമേശയായിരുന്നു.' ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതു സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രകടനമാണല്ലൊ. 

2 അപ്പം നല്‌കി തൃപ്‌തനാക്കുന്ന ഈശോ 

ദൈവരാജ്യത്തിൻ്റെ സുവിശേഷം ശ്രവിക്കുവാനും രോഗങ്ങളിൽനിന്നു സൗഖ്യം നേടാനുമായി വന്നെത്തിയ ജനക്കൂട്ടത്തിന്മേൽ അലിവുതോന്നിയ ഈശോ അവർക്കാവശ്യമായ ശാരീരിക ഭക്ഷണംകൂടി നല്‌കുന്നുണ്ട് (ലൂക്കാ 9,10-17). ഈ സംഭവത്തെ ലൂക്കാ വിവരിക്കുന്നത് ഇപ്രകാരമാണ്: "അനന്തരം, ഈശോ ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത് സ്വർഗ്ഗത്തിലേയ്ക്കു നോക്കി, സ്തോത്രം പറഞ്ഞ്, മുറിച്ച്, ജനക്കൂട്ടത്തിനു വിളമ്പാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്‌തരായി. ശേഷിച്ച കഷണങ്ങൾ പന്ത്രണ്ടു കുട്ടനിറയെ അവർ ശേഖരിച്ചു" (ലൂക്കാ 9,16-17). അന്ത്യത്താഴവേളയിൽ ഈശോ ചെയ്യുന്നതും ഇതേ കാര്യങ്ങൾ തന്നെയാണ് (അപ്പം എടുക്കുന്നു, കൃതജ്ഞതാസ്തോത്രം ചെയ്യുന്നു, മുറിക്കുന്നു, കൊടുക്കുന്നു: ലൂക്കാ 22,19) എന്ന യാഥാർത്ഥ്യം ഈ അത്ഭുതകരമായ അപ്പം വർദ്ധിപ്പിക്കലിനുള്ള പരി. കുർബാനയുടെ മാനവും പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്. ഇതു മനസിലാക്കുവാൻ അന്ത്യഅത്താഴത്തിൽ ഈശോ ചെയ്‌തതെന്താണെന്നുകൂടി നമ്മൾ കാണേണ്ടതുണ്ട്. 

3 അവസാന പെസഹാഭക്ഷണം 

പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ എന്നറിയപ്പെട്ടിരുന്ന പെസഹായുടെ ദിവസമാണ് ഈശോ ശിഷ്യരുമൊത്ത് അന്ത്യത്താഴം പങ്കിട്ടത് (ലൂക്കാ 22,7-23). അവിടുത്തെ നിർദ്ദേശപ്രകാരം ശിഷ്യന്മാരായ കേപ്പായും യോഹന്നാനും പെസഹാ ഒരുക്കികഴിഞ്ഞപ്പോൾ അവിടുന്നു തൻ്റെ പന്ത്രണ്ടു ശ്ലീഹന്മാരുമൊത്തു ഭക്ഷണത്തിനിരുന്നു. ഈ പെസഹാഭക്ഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് അവിടുന്ന് അപ്പവും കാസയും വാഴ്ത്തി ശിഷ്യന്മാർക്കു നൽകിയത്. യഹൂദപെസഹായുടെ ഘടന അറിഞ്ഞാലേ അന്ത്യ അത്താഴവേളയിലെ ഈശോയുടെ പ്രവർത്തനങ്ങളുടെ അർത്ഥം മനസ്സിലാവുകയുള്ളൂ. പലസ്തീനായിലെ പെസഹാഭക്ഷണത്തിന് പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.

1. ദിവസം വിശുദ്ധീകരിക്കുന്നതിനുള്ള ആശീർവാദപ്രാർത്ഥനയും ആദ്യപാനപാത്രത്തിൻ്റെ പാനം ചെയ്യലും. ലൂക്കാ 22,17-ൽ വിവരിക്കപ്പെടുന്ന പാനപാത്രം ഇതാണ്. ഈ സമയത്തു സസ്യ ഭക്ഷണം വിളമ്പുന്നെങ്കിലും ഭക്ഷിക്കാൻ ആരംഭിക്കുന്നില്ല.

2. പെസഹാലിറ്റർജി: കുടുംബത്തലവൻ ഇളയകുട്ടിയുടെ ചോദ്യത്തിനു മറുപടിയായി ആ രാത്രി മറ്റു രാത്രികളിൽനിന്ന് എന്തു കൊണ്ട് വ്യത്യസ്‌തമായിരിക്കുന്നുവെന്നു വ്യക്തമാക്കുന്നു. തുടർന്ന് 113-ാം സങ്കീർത്തനം ആലപിക്കുന്നു. അതിനുശേഷം രണ്ടാം പാനപാത്രം കുടിക്കുന്നു.

3. യഥാർത്ഥവിരുന്ന്: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ മേലുള്ള ആശീർവാദം. "ഞങ്ങളുടെ ദൈവമായ കർത്താവേ, ഭൂലോക രാജാവേ, ഭൂമിയിൽനിന്ന് അന്നം പുറപ്പെടുവിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ട വനാകട്ടെ" എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അപ്പത്തിനുവേണ്ടി കൃതജ്ഞത അർപ്പിച്ചിരുന്നത്: കൂടെ ഭക്ഷിച്ചിരുന്നവർ “ആമ്മേൻ” പറഞ്ഞ് ഈ പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു. ഈശോ അപ്പമെടുത്തു കൃതജ്ഞതാസ്തോത്രം ചെയ്‌തു എന്നു പറയുമ്പോൾ ലൂക്കാ വിവക്ഷിക്കുന്നത് വിരുന്നിനു മുമ്പുള്ള ഈ പ്രാർത്ഥന അവിടുന്നു ചൊല്ലി എന്നാണ്. അനന്തരം കുടുംബനാഥൻ അപ്പം മുറിച്ച് എല്ലാവർക്കുമായി വിതരണം ചെയ്തിരുന്നു. ഈ വിതരണവേളയിലാണ് ഈശോ "ഇതു നിങ്ങൾക്കായി നൽകപ്പെടുന്ന എൻ്റെ ശരീരമാകുന്നു" എന്ന് അരുളിച്ചെയ്‌തത്‌ (ലൂക്കാ 22,19). അപ്പത്തോടൊപ്പം പെസഹാകുഞ്ഞാടിനെയും ഭക്ഷിച്ചിരുന്നു. ഭക്ഷണശേഷമുള്ള മൂന്നാമത്തെ പാനപാത്രം കുടിച്ചിരുന്നത് ഈ സമയത്താണ്. ഇതിനെക്കുറിച്ചാണ് അത്താഴത്തിനുശേഷമുള്ള പാനപാത്രം എന്ന് വി. ലൂക്കാ 22,20 ൽ വിശേഷിപ്പിക്കുന്നത്.

4. ഉപസംഹാരം: 114 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങൾ ആലപിക്കുന്നു. ഈജിപ്തിൽനിന്ന് ഇസ്രായേലിനെ രക്ഷിച്ച (114), ദൈവജനത്തിൻ്റെ വിശ്വാസ ഉറവിടവും തന്നെ ഭയപ്പെടുന്നവരെ അനുഗ്രഹിക്കുന്നവനുമായ (115), ദൈവത്തെ സ്തു‌തിച്ചതിനുശേഷം മരണത്തിൽനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തിനു കൃതജ്ഞതാബലികൾ വാഗ്‌ദാനം ചെയ്യുകയും (116), തങ്ങളുടെ സ്തുതിപ്പിൽ പങ്കുചേരാൻ വിജാതീയരെയും ക്ഷണിക്കുകയും (117), നന്ദിയും ആഹ്ലാദവും പ്രകടിപ്പിക്കുകയും ചെയ്‌കൊണ്ടു 118) പെസഹാ ആഘോഷം അവസാനിപ്പിക്കുന്നു. 

118-ാം സങ്കീർത്തനത്തിന് ഈശോയുടെ കാലത്തെ യഹൂദർ നൽകിയിരുന്ന യുഗാന്ത്യോന്മുഖവ്യാഖ്യാനം പ്രധാനപ്പെട്ടതാണ്. “കർത്താവൊരുക്കിയ ദിവസമാണിന്ന്" എന്ന 24-ാം വാക്യത്തിൽ മെസയാനികരക്ഷയുടെ സൂചനയുടെ അടിസ്ഥാനത്തിലാണു തുടർന്നുള്ള വാക്യങ്ങൾ വ്യാഖ്യാനിക്കുന്നത്. മിശിഹായുടെ ആഗമനത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളുടെ വിവരണമായാണ് ഈ വാക്യങ്ങളെ കാണുന്നത്. യുഗാന്ത്യത്തിൽ ജറൂസലേമിലേയ്ക്ക് വരുന്ന മിശിഹായെയും അനുചരന്മാരെയും പട്ടണനിവാസികൾ എതിരേൽക്കുമ്പോൾ ഇരുകൂട്ടരും മാറിമാറി ആലപിച്ചിരുന്ന ഈരടികളാണ് 25-29 വാക്യങ്ങളിൽ. രാജകീയമായി ഈശോ ജറുസലേമിൽ പ്രവേശിക്കുമ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചിരുന്നത് ഈ സങ്കീർത്തനം ആലപിച്ചുകൊണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. മിശിഹായുടെ വരവിൽ ഉപയോഗിക്കായി കരുതിവച്ചിരുന്ന ഈ ഗീതം ആലപിച്ചുകൊണ്ടാണ് ഈശോയും ശിഷ്യരും ഊട്ടുശാലയിൽനിന്നു ഗസെമനിയിലേക്കു പോയത്. അന്ത്യത്താഴത്തിന്റെ യുഗാന്ത്യോൻമുഖമാനത്തിലേയ്ക്കാണ് ഇത് വെളിച്ചം വീശുന്നത്. 

വർഷം തോറും നടത്തിയിരുന്ന ഈ പെസഹാ ഭക്ഷണം ഈജിപ്തിൽനിന്നുള്ള വിമോചനത്തിൻ്റെ പുനരവതരണമായിരുന്നു. പുളിപ്പില്ലാത്ത അപ്പമാകട്ടെ ഈജിപ്‌തിൽ അവർ അനുഭവിച്ച ദുരിതങ്ങളുടെയും അവിടെനിന്നുള്ള വിമോചനത്തിന്റെയും പ്രതീകവും. ഈ അപ്പമാണു തൻ്റെ ശരീരമായി ഈശോ ശിഷ്യർക്ക് നൽകിയത്. അതു പൂർത്തിയായതു കാൽവരിയിലെ കുരിശിലും. കാരണം, “നിങ്ങൾക്കായി നൽകപ്പെടുന്ന ശരീരം" എന്ന ഈശോയുടെ വാഗ്ദാനം പൂർത്തിയായത് അവിടുത്തെ കുരിശുമരണത്തിലാണല്ലൊ. മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷയ്ക്കുവേണ്ടി ഈശോ സ്വയം സമർപ്പിച്ചതിന്റെ പ്രതീകാത്മകമായ അവതരണമായിരുന്നു ഇത്. ഈ പുളിപ്പില്ലാത്ത അപ്പത്തിൻ്റെ കൂടെ പെസഹാ കുഞ്ഞാടിന്റെ മാംസം കൂടി ഭക്ഷിച്ചിരുന്നുവെന്നതു ശ്രദ്ധേയമാണ്. ഈശോയാണല്ലൊ മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷ സാധിച്ച യഥാർത്ഥ പെസഹാ കുഞ്ഞാട്.

വരുവാനിരിക്കുന്ന ശാശ്വതമായ സമഗ്രവിമോചനത്തിന്റെ മുന്നോടിയായിട്ടാണ് ഈജിപ്‌തിൽനിന്നുള്ള വിമോചനത്തെ ഇസ്രായേൽക്കാർ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ പെസഹാവിരുന്ന് മെസയാനിക വിരുന്നിൻ്റെ മുന്നാസ്വാദനമായും അവർ പരിഗണിച്ചിരുന്നു. മിശിഹാ പെസഹാരാത്രിയിൽ വരുമെന്നത് ഇസ്രായേൽ ജനത്തിന്റെ പ്രതീക്ഷയുമായിരുന്നു. ഈ പാശ്ചാത്തലത്തിലാണ് ഈശോയുടെ വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തിയേറുന്നത്. വർഷംതോറുമുള്ള പെസഹാ അവസാനിക്കാൻ പോകുന്നു. തൽസ്ഥാനത്തു ദൈവം പൂർത്തീകരണത്തിൻ്റെ നിത്യപെസഹാ ആരംഭിക്കുന്നു എന്നതാണ് ഈശോ സൂചിപ്പിക്കുന്നത്. “ഞാൻ പീഡസഹിക്കും മുമ്പ് ഈ പെസഹാ നിങ്ങളോടൊപ്പം ഭക്ഷിക്കാൻ അതിയായി ആഗ്രഹിച്ചു. ദൈവരാജ്യത്തിൽ ഇതു പൂർത്തിയാകും വരെ ഇനി ഞാൻ ഇതു ഭക്ഷിക്കുകയില്ല. ദൈവരാജ്യം സമാഗതമാകുന്നതുവരെ മുന്തിരിച്ചാറിൽനിന്നു കുടിക്കുകയില്ല" (ലൂക്കാ 22,15 -16) തുടങ്ങിയ അവിടുത്തെ വാക്കുകൾ ഈ സത്യമാണു വ്യക്തമാക്കുന്നത്. 

4 എന്റെ ഓർമ്മയ്ക്കായി 

“ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" (ലൂക്കാ 22,19) എന്ന ഈശോയുടെ കല്‌പനയനുസരിച്ചാണു തിരുസഭ അപ്പംമുറിക്കൽ ശുശ്രൂഷ ആരംഭിച്ചത്. സുവിശേഷകൻമാരിൽ വി. ലൂക്കാ മാത്രമാണ് ഈ കല്‌പന പകർത്തികൈമാറുന്നത്. ഇസ്രായേൽജനം പെസഹാവേളയിൽ ചെയ്‌തിരുന്നതു കൂടെക്കൂടെ ആവർത്തിക്കാനുള്ള ആഹ്വാനമായിരുന്നു ഇത്. വി. പൗലോസിന്റെ വിവരണത്തിൽ അപ്പത്തോടും കാസയോടുംചേർത്ത് ഈ കല്‌പന കാണുന്നുണ്ടെങ്കിലും(1 കൊറി 11,24-25) വി. ലൂക്കായിൽ ഇത് അപ്പത്തോടു ചേർത്തു മാത്രമേയുള്ളൂ. വി. ലൂക്കാ അന്ത്യത്താഴ അനുസ്‌മരണത്തെ “അപ്പം മുറിക്കൽ" എന്നു വിശേഷിപ്പിക്കാൻ കാരണവുമിതാകാം. അന്ത്യത്താഴവേളയിലെ സംഭവങ്ങളും കാൽവരിയിലെ അവയുടെ പൂർത്തീകരണവുമായിരുന്നു അപ്പം മുറിക്കലിലൂടെ വിശ്വാസികൾ അനുസ്‌മരിച്ചിരുന്നത്. ചുരുക്കത്തിൽ മിശിഹാ രഹസ്യത്തിന്റെ മുഴുവൻ അനുസ്‌മരണവും ആഘോഷവുമായിരുന്നു അപ്പംമുറിക്കൽ ശുശ്രൂഷകൾ. അതിൻ്റെ വികസിത രൂപമാണ് ഇന്നത്തെ നമ്മുടെ പരിശുദ്ധ കുർബാന.

അപ്പം മുറിക്കലും കാസ പാനം ചെയ്യലും ഒന്നിച്ചു പോകുന്ന കാര്യങ്ങളാണ്; കാരണം, ജീവനുള്ള വ്യക്തിയിൽ ശരീരവും രക്തവും വേറിട്ടല്ലല്ലൊ നില്ക്കുന്നത്. അത്താഴശേഷം പങ്കുവച്ച പാനപാത്രത്തെക്കുറിച്ച് ഈശോ ഇപ്രകാരം അരുളിച്ചെയ്തു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എൻ്റെ രക്തം കൊണ്ടുള്ള /രക്തത്തിലുള്ള പുതിയഉടമ്പടി ആകുന്നു” (ലൂക്കാ 22,21). പഴയനിയമജനത്തിനു ജന്മംനൽകിയ സീനായ് ഉടമ്പടി രക്തത്താലാണല്ലൊ മുദ്രവയ്ക്കപ്പെട്ടത് (പുറ 24,4-8). പുതിയനിയമ ജനത്തിനു രൂപം നൽകിയ ഉടമ്പടിയും രക്തത്താലാണ് ഉറപ്പിക്കപ്പെട്ടത്; ദൈവപുത്രനായ ഈശോയുടെ രക്തത്താൽ. ഈ രക്തം ചിന്തപ്പെട്ടതു കാൽവരിക്കുരിശിലായിരുന്നു. അങ്ങനെ ഈശോയുടെ സഹനമരണോത്ഥാനങ്ങളിലൂടെ ജറെമിയാ പ്രവചിച്ചിരുന്ന പുതിയ ഉടമ്പടി (ജറെ 31,31-34) നിലവിൽവന്നു. 

“നിങ്ങൾ എൻ്റെ ഓർമ്മക്കായി / സ്‌മരണക്കായി ഇതു ചെയ്യുവിൻ” എന്ന് ഈശോ ആവശ്യപ്പെടുമ്പോൾ നമ്മൾ അവിടുത്തെ അനുസ്മരിക്കാനായി ഇത് ചെയ്യണമെന്നല്ല, പ്രത്യുത പിതാവായ ദൈവം മിശിഹായെ ഓർമ്മിക്കാനായി ഇതാവർത്തിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. പ്രാർത്ഥനയും ധർമ്മദാനവുമൊക്കെ ദൈവതിരുമുമ്പിൽ സ്മ‌രണയായി എത്തുന്നതുപോലെ (ശ്ലീഹ 10,2-4.31) കർത്താവിന്റെ ബലി നാം ആവർത്തിക്കുമ്പോൾ അവിടുത്തെ സ്മരണ പിതാവിൻ്റെ പക്കലേക്ക് ഉയരുകയാണ്. തന്റെ ഉടമ്പടിയും മിശിഹായെക്കുറിച്ചുള്ള വാഗ്ദാനവും അനുസ്‌മരിച്ച ദൈവം പുത്രനെ ലോകത്തിലേക്ക് അയച്ചതുപോലെ (ലൂക്കാ 1,72-74) പുത്രന്റെ രക്ഷാകരബലിയെകുറിച്ച് ഓർമ്മിക്കുന്ന അവിടുന്നു ബലിയിലൂടെ സമാരംഭിച്ച ദൈവരാജ്യം എത്രയുംവേഗം പൂർത്തിയാക്കും. കർത്താവിൻ്റെ മഹത്ത്വപൂർണ്ണമായ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്ന ഈ യുഗാന്ത്യോന്മുഖത ആദിമസഭയിലെ അന്ത്യത്താഴാനുസ്‌മരണത്തിൻ്റെ മുഖമുദ്രയായിരുന്നു. 1 കൊറി 11,26 ൽ പൗലോസ് ശ്ലീഹാ കർത്താവിൻ്റെ മരണത്തെ അവിടുത്തെ രണ്ടാമത്തെ ആഗമനവുമായി ബന്ധപ്പെടുത്തിയാണ് വിവരിക്കുന്നത്. മരണം അനുസ്മരിച്ചിരുന്നത് ഒരു ഭൂതകാല സംഭവം എന്ന നിലയിൽ മാത്രമായിരുന്നില്ല. യുഗാന്തോന്മുഖ യാഥാർത്ഥ്യമായിക്കൂടിയായിരുന്നു. അവിടുത്തെ മരണം രക്ഷാകരയുഗത്തിന്റെ ആരംഭം കുറിച്ചു. ഇതിൻ്റെ യുഗാന്ത്യോന്മുഖ പൂർത്തീകരണത്തിനായി സഭ കാത്തിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. യുഗാന്ത്യവിരുന്നിന്റെ മുന്നാസ്വാദനവുമായിട്ടാണ് ആദിമസഭ അന്ത്യഅത്താഴാനു സ്മരണത്തെ കണ്ടിരുന്നത്. 

5 എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാർ 

വിശുദ്ധലൂക്കാ അറിയിച്ച സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം ഉത്ഥിതനായ മിശിഹായുടെ ചരിത്രമാണ്. ആദ്യവാക്യങ്ങളിൽ സുഗന്ധദ്രവ്യങ്ങളുമായി കല്ലറയിങ്കലെത്തുന്ന ഭക്തസ്ത്രീകൾക്ക് “അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന സദ്‌വാർത്ത ലഭിക്കുന്നതാണു നമ്മൾ വായിക്കുന്നത് (ലൂക്കാ 24,1-11). പന്ത്രണ്ടാം വാക്യത്തിൽ ശിമയോൻ പത്രോസ് ശൂന്യമായ കല്ലറ കണ്ടുസാക്ഷ്യപ്പെടുത്തുന്നു. പതിമൂന്നുമുതൽ മുപ്പത്തിയഞ്ചുവരെ വാക്യങ്ങളിലാണ് എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരുടെ അനുഭവം വിവരിക്കുന്നത്. അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് ഉത്ഥാനം ചെയ്ത കർത്താവ് ശിഷ്യന്മാർ പതിനൊന്നുപേർക്കും അവരോടൊപ്പമുണ്ടായിരുന്നവർക്കുമായി പ്രത്യക്ഷപ്പെടുന്നതും താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്ന സത്യം അവരെ ബോധ്യപ്പെടുത്തുന്നതും ഈ മിശിഹാസംഭവത്തിൻ്റെ സാക്ഷികളായി അവരെ നിയോഗിച്ചയയ്ക്കുന്നതുമാണ് വർണ്ണിക്കപ്പെടുന്നത് (ലൂക്കാ 24,36-49). ശിഷ്യന്മാരെ അനുഗ്രഹിച്ചശേഷം പിതാവിന്റെ പക്കലേക്ക് ആരോഹിതനാകുന്ന കർത്താവിനെയും സദാസമയവും ദൈവത്തെ സ്‌തുതിച്ചുകൊണ്ടു ദൈവാലയത്തിൽ കഴിയുന്ന ശിഷ്യസമൂഹത്തെയും ചിത്രീകരിച്ചുകൊണ്ടു വിശുദ്ധലൂക്കാ തന്റെ ഗ്രന്ഥത്തിന്റെ ആദ്യഭാഗം അവസാനിപ്പിക്കുന്നു. നമ്മൾ കണ്ടതുപോലെ ഉത്ഥാന അദ്ധ്യായത്തിൻ്റെ മദ്ധ്യഭാഗത്താണ് എമ്മാവൂസ് സംഭവം വിവരിക്കപ്പെടുന്നത്. 

ജറൂസലേമിൽനിന്ന് പതിനൊന്നു കിലോമീറ്റർ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു യാത്രചെയ്യുന്ന രണ്ടു ശിഷ്യന്മാരെയാണ് ആദ്യവാക്യങ്ങളിൽ നമ്മൾ കാണുന്നത് (ലൂക്കാ 24,13-14). ജറുസലേമിൽനിന്നു പുറത്തേയ്ക്കു പോകുന്നതു ലൂക്കായെ സംബന്ധിച്ചു പ്രതീകാത്മകമാണ്. ജറുസലേമിൽ പൂർത്തിയാകാനിരുന്ന മിശിഹായുടെ സഹനമരണോത്ഥാനങ്ങളാകുന്ന രക്ഷാകര രഹസ്യങ്ങൾക്കുള്ള ഒരുക്കമായി ഈശോയും ശിഷ്യന്മാരും ചെയ്ത‌ത ദീർഘിച്ച യാത്രയായാണ് സുവിശേഷത്തിൻ്റെ സിംഹഭാഗവും ലൂക്കാ അവതരിപ്പിച്ചത് (ലൂക്കാ 9,51-19,27). ജറുസലേമാണ് രക്ഷയുടെ പ്രഭവസ്ഥാനം. ഈ രക്ഷാകേന്ദ്രത്തിൽ നിന്നാണു രണ്ടു ശിഷ്യന്മാർ അകന്നു പോകുന്നത്. ശ്ലീഹന്മാരുടെ കൂട്ടായ്മയിൽ നിന്നും ഇവർ അകലുകയാണ്. ക്ലയോപാസ് എന്നൊരു ശിഷ്യന്റെ പേരുമാത്രം നല്കുന്നതും ലക്ഷ്യമില്ലാതെയല്ല; പേരു നല്കാത്ത ശിഷ്യൻ ഏതൊരു വിശ്വാസിയുമാകാം. "രക്ഷയുടെ സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടി നില്ക്കുന്ന സഭ"യുടെ മാഹാത്മ്യം മനസിലാക്കാതെ ഈ രക്ഷാകേന്ദ്രത്തിൽനിന്നും അകന്നുപോകുന്ന ഏതൊരു വിശ്വാസിയുമാകാം പേരില്ലാത്ത ഈ ശിഷ്യൻ. 

മാർഗ്ഗമധ്യേയാണ് ഉത്ഥിതൻ അവരെ കണ്ടുമുട്ടുന്നത് എന്നതും പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. ക്രിസ്‌തുശിഷ്യത്വത്തെ അവശ്യാവശ്യം മിശിഹായെ അനുഗമിക്കലായി അവതരിപ്പിക്കുന്ന ലൂക്കാ മിശിഹാനുയായികളെ "മാർഗ്ഗവാസികൾ" എന്നാണു വിശേഷിപ്പിക്കുന്നത് (ശ്ലീഹ 9,2; 18,25-26; 19,9.23; 22,4-8; 24,14-22). മിശിഹായാകുന്ന മാർഗ്ഗത്തിൽ (യോഹ 14,6) ചരിക്കുന്നവരോടൊപ്പം അവിടുന്നുമുണ്ടാകും, വിശ്വാസികൾ അവിടുത്തെ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. ഉത്ഥിതൻ്റെ സാന്നിധ്യം തിരിച്ചറിയാതിരുന്നാൽ ദുഃഖിച്ചു മ്ലാനവദനരായേ ജീവിക്കാനൊക്കു (ലൂക്കാ 24,16-17). തിരിച്ചറിഞ്ഞാലോ? ഹൃദയം ജ്വലിക്കും, കണ്ണുകൾ തുറക്കപ്പെടും. ഇതു സംഭവിക്കുന്നത് അപ്പം മുറിക്കലിൻ്റെ അവസരത്തിലാണ് (ലൂക്കാ 24,30-35). 

നസ്രായനായ ഈശോയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാന്നുമല്ല അവർ ദുഃഖിതരായി, നിരാശരായി ജറൂസലേം വിടുന്നത്. ഈശോ ദൈവത്തിന്റെയും സകല ജനങ്ങളുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു എന്നവർക്കു നന്നായി അറിയാമായിരുന്നു (ലൂക്കാ 24,19). പക്ഷേ, ആ അറിവ് ബുദ്ധിയുടെ തലത്തിൽ മാത്രമായി ഒതുങ്ങി; ഹൃദയതലത്തിലേക്കിറങ്ങിയില്ല. ഈശോയെ പ്രവാചകനെന്നതിലുപരി ദൈവപുത്രനായും വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായായും മനസ്സിലാക്കാനോ സ്വീകരിക്കാനോ അവർക്കു സാധിച്ചില്ല. സാധിച്ചിരുന്നെങ്കിൽ ജറൂസലേമിൽ നിന്നവർ ഓടിപ്പോകുമായിരുന്നില്ല. ഇസ്രായേലിനെ രക്ഷിക്കുവാനുള്ള മിശിഹാ അവിടുന്നായിരിക്കുമെന്ന പ്രതീക്ഷപോലും അവർക്കുണ്ടായിരുന്നതാണ് (ലൂക്കാ 24,21). പക്ഷെ സഹനമരണോത്ഥാനങ്ങളിലൂടെയാണുതാൻ ഈ വിമോചനം സാധിക്കാനിരിക്കുന്നത് എന്ന് അവിടുന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചതു ഗ്രഹിക്കാനവർക്കു കഴിഞ്ഞില്ല (ലൂക്കാ 9,22-27; 9,44-45; 18,31-34). ഉത്ഥാനവാർത്ത അറിയിച്ചവരെ വിശ്വസിക്കാൻ പോലും അവർക്കു സാധിച്ചില്ല (ലൂക്കാ 24,22-24). ഇതിന് ബൗദ്ധികമായ അറിവല്ല, ഹൃദയത്തിൽ നിന്നുയരുന്ന വിശ്വാസമാണ് ആവശ്യം. ഈ വിശ്വാസം ഉയിർത്തെഴുന്നേറ്റ കർത്താവിൻ്റെ ദാനമാണുതാനും. വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിലൂടെയും അപ്പം മുറിക്കലിലൂടെയുമാണ് അവിടുന്ന് ഈ ദാനം പ്രദാനം ചെയ്യുന്നത്. 

6 വചനം വ്യാഖ്യാനിക്കുന്ന ഉത്ഥിതൻ 

പഴയനിയത്തിൽ മിശിഹായെക്കുറിച്ച് എഴുതപ്പെട്ടിരുന്നവയും ഈശോതന്നെ അരുളിച്ചെയ്‌ത വചനങ്ങളും മനസിലാക്കാതിരുന്ന ശിഷ്യന്മാരോട് ഈശോ ചോദിച്ചു: "ഭോഷരേ, പ്രവാചകർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാൻ മടിക്കുന്നവരേ, മിശിഹാ ഇതെല്ലാം സഹിച്ചു തന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുക ആവശ്യകമായിരുന്നില്ലെ?" (ലൂക്കാ 24,25-26). തുടർന്നു മോശ മുതൽ എല്ലാ പ്രവാചകന്മാരും തന്നെപ്പറ്റി വിശുദ്ധഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നവ അവൻ അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു എന്നാണു ലൂക്കാ സാക്ഷ്യപ്പെടുത്തുന്നത് (ലൂക്കാ 24,27). പഴയനിയമത്തെ സൂചിപ്പിക്കാൻ “മോശയും പ്രവാചകന്മാരും" എന്നുള്ള പ്രയോഗം യഹൂദർക്കിടയിൽ സാധാരണമായിരുന്നു (മത്താ 5,17, ലൂക്കാ 16,31). പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളുടെ കർത്താവ് മോശയാണ് എന്നതാണല്ലൊ വിശ്വാസം. ബാക്കി പുസ്‌തകങ്ങളെ പൊതുവിൽ പ്രവാചകഗണത്തിൽപ്പെടുത്തുന്നു (ലൂക്കാ 24,44). പഴയനിയമം മുഴുവനിലും മിശിഹായെക്കുറിച്ചെഴുതപ്പെട്ടിരുന്നവ അവിടുന്ന് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു. ഈശോ തന്റെ പരസ്യജീവിതമാരംഭിച്ചതുതന്നെ ഏശയ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നവ തന്നിൽ പൂർത്തിയായിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെ ആയിരുന്നല്ലൊ (ലൂക്കാ 4,16-22). പതിനൊന്നു ശ്ലീഹന്മാർക്കും കൂടെയുണ്ടായിരുന്നവർക്കുമായി ഈശോ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിച്ചു നൽകുന്നതും നമ്മൾ കാണുന്നുണ്ട് (ലൂക്കാ 24,44-46). വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കുവാൻ തക്കവിധം അവരുടെ ഹൃദയം തുറക്കുകയും മനസ്സിനെ കഴിവുറ്റതാക്കുകയും ചെയ്‌തുകൊണ്ടാണ് അവിടുന്ന് ഈ വ്യാഖ്യാനം നിർവഹിച്ചത് (ലൂക്കാ 24,45). എമ്മാവൂസ് ശിഷ്യന്മാർ പിന്നീട് തങ്ങൾക്കു വഴിയിൽ വച്ചുണ്ടായ അനുഭവത്തെക്കുറിച്ച് അനുസ്മ‌രിക്കുന്നതും ശ്രദ്ധേയമാണ്: "അവൻ വഴിയിൽവച്ചു നമ്മോടു സംസാരിക്കുകയും വിശുദ്ധ ലിഖിതങ്ങൾ നമുക്കു വ്യാഖ്യാനിച്ചു തരികയും ചെയ്‌തപ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിച്ചു കൊണ്ടിരുന്നില്ലെ?" (ലൂക്കാ 24,32). കർത്താവ് വചനം വ്യാഖ്യാനിക്കുമ്പോൾ ഹൃദയം ജ്വലിക്കും. മനസ് തുറക്കും, ഉൾക്കാഴ്ച ലഭിക്കും. 

7 അപ്പം മുറിക്കുന്ന ഉത്ഥിതൻ 

തിരുലിഖിതം വ്യാഖ്യാനിച്ചുകൊടുത്തശേഷം ദൂരേക്കു പോകുന്നതായി ഭാവിച്ച കർത്താവിനെ ശിഷ്യന്മാർ ക്ഷണിച്ചപ്പോൾ അവിടുന്ന് അവരോടൊപ്പം താമസിക്കാൻ കയറി (ലൂക്കാ 24,28-29). ഉത്ഥിതനെ നമ്മൾ ക്ഷണിച്ചാൽ മാത്രമേ, നമ്മുടെ ജീവിതത്തിലേയ്ക്കു പ്രവേശിക്കാൻ അനുവദിച്ചാൽ മാത്രമേ, അവിടുത്തേയ്ക്കു കടന്നു വരാനാകൂ. വെളിപാടുപുസ്‌തകത്തിൽ നമ്മൾ വായിക്കുന്നു: “ഇതാ, ഞാൻ വാതില്ക്കൽനിന്നു മുട്ടുന്നു. എൻ്റെ സ്വരംകേട്ടു വാതിൽ തുറക്കുന്നവന്റെയടുക്കൽ ഞാൻ പ്രവേശിക്കുകയും അവനോടോപ്പം ഭക്ഷിക്കുകയും ചെയ്യും. അവനും എന്നോടൊപ്പം ഭക്ഷിക്കും” (വെളി 3,20). 

ഈശോ എമ്മാവൂസ് ശിഷ്യന്മാരോടൊപ്പം "ഭക്ഷണത്തിനിരിക്കെ, അപ്പം എടുത്ത്, ആശീർവ്വദിച്ച്, മുറിച്ച് അവർക്കു കൊടുത്തു. അവനെ തിരിച്ചറിയാൻ കഴിയത്തക്കവിധം ഉടനെ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു. അവൻ അവരിൽനിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു" (ലൂക്കാ 24,30-31). ഭക്ഷണമേശയിൽ ഈശോ ചെയ്ത കർമ്മങ്ങൾ അതേ ക്രമത്തിൽത്തന്നെ അവിടുന്ന് അപ്പം വർദ്ധിപ്പിക്കൽ വേളയിലും (ലൂക്കാ 9,16) അന്ത്യത്താഴവേളയിലും (ലൂക്കാ 22,19) ചെയ്‌തവയായിരുന്നു. ആതിഥേയൻ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് അതിഥിയായ കർത്താവ് ചെയ്യുന്നത് എന്നതും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. അപ്പവുമായി ബന്ധപ്പെട്ട കർമ്മങ്ങൾ അവസാനപെസഹാ ഭക്ഷണത്തെ സവിശേഷമാംവിധം അനുസ്മരിപ്പിക്കുന്നതായിരുന്നു.

ഇതിനുമുമ്പുള്ള രണ്ടവസരങ്ങളിലും ഈശോ അപ്പമെടുത്ത്, ആശീർവ്വദിച്ചു, മുറിച്ചുകൊടുത്തപ്പോൾ അത്ഭുതങ്ങൾ സംഭവിച്ചതുപോലെ (ആദ്യരംഗത്ത് അപ്പം വർദ്ധിച്ചു; രണ്ടാമത്തേതിൽ അപ്പം ഈശോയുടെ ശരീരമായി മാറി) ഇപ്പോഴും അത്ഭുതം സംഭവിക്കുന്നു. ഇതുവരെ മറയ്ക്കപ്പെട്ടിരുന്ന അവരുടെ കണ്ണുകൾ (ലൂക്കാ 24,16) ഉടനെ തുറക്കപ്പെട്ടു (ലൂക്കാ 24,31). അവർ ഉത്ഥിതനെ തിരിച്ചറിഞ്ഞു. ആദിമസഭ ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞിരുന്നത് ഇത്തരത്തിലുള്ള അപ്പം മുറിക്കൽ വേളകളിലായിരുന്നു. മുറിക്കപ്പെടുന്ന അപ്പത്തിൽ മിശിഹായെ ശിഷ്യന്മാർ തിരിച്ചറിഞ്ഞയുടെനെ അവിടുന്ന് അവരുടെയിടയിൽനിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു‌തു. ഒരേസമയം രണ്ടു സാന്നിധ്യത്തിന്റെ ആവശ്യമില്ലല്ലൊ. 

അപ്പംമുറിക്കലിൽ ഉത്ഥിതനായ കർത്താവിനെ തിരിച്ചറിയുന്ന ശിഷ്യന്മാരുടെ പ്രതികരണമാണ് ഏറെ ശ്രദ്ധേയം. ഉടനെതന്നെ, അവർ എഴുന്നേറ്റ്, രാത്രിയിൽത്തന്നെ, ജറൂസലേമിലേക്കു മടങ്ങി (ലൂക്കാ 24,33). രക്ഷാകേന്ദ്രത്തിൽ നിന്നും പ്രത്യാശ നശിച്ചവരായി അകന്നുപോയ ശിഷ്യന്മാർ അപ്പം മുറിക്കലിലൂടെ മിശിഹായെ തിരിച്ചറിയുന്നതോടെ ജറൂസലേമിലേക്കും സഭാകൂട്ടായ്‌മയിലേക്കും തിരിച്ചുവരുന്നു. തങ്ങൾക്കുണ്ടായ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു (ലൂക്കാ 24,35). ഇപ്രകാരം അപ്പം മുറിക്കലുമായി - പരിശുദ്ധ കുർബാനയുമായി സഭാകൂട്ടായ്‌മ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 

8 എമ്മാവൂസ് അനുഭവവും പരിശുദ്ധകുർബാനയും 

നമ്മുടെ പരിശുദ്ധകുർബാന ആഘോഷത്തിൻ്റെ ആദ്യരൂപം എമ്മാവൂസ് അനുഭവത്തിൽ ദർശിക്കാനാവും. ആ രണ്ടു ശിഷ്യന്മാരെപ്പോലെ വിശ്വാസപരീക്ഷകളിൽ, ജീവിതാനുഭവങ്ങളുടെ അർത്ഥം ഗ്രഹിക്കാനാവാതെ മ്ലാനവദനരായി ചരിക്കുമ്പോൾ നമുക്കു വചനം വ്യാഖ്യാനിച്ചുനല്കാൻ, അപ്പംമുറിക്കലിലൂടെ തന്റെ സജീവ സാന്നിധ്യം നമുക്കു അനുഭവവേദ്യമാക്കിത്തരാൻ ഉത്ഥിതൻ നമ്മോടൊപ്പമുണ്ട്. അപരിചിതവേഷത്തിൽ കൂടെനടക്കുന്ന അവിടുത്തെ ശ്രവിക്കാനും ഒന്നിച്ചു ഭക്ഷിക്കാനായി നമ്മുടെ ജീവിതങ്ങളിലേക്ക് അവിടുത്തെ ക്ഷണിക്കാനും നമ്മൾ തയ്യാറാകുമ്പോൾ ആ ശിഷ്യന്മാർക്കുണ്ടായ അതേ അനുഭവം നമുക്കുമുണ്ടാകും.

പരിശുദ്ധ കുർബാനയുടെ രണ്ടു പ്രധാന ഭാഗങ്ങളാണല്ലോ വചന ശുശ്രൂഷയും കൂദാശശുശ്രൂഷയും (Breaking of the Word and the Breaking of Bread: Liturgy of the Word and Liturgy of the Bread). ഇതിന്റെ ആദ്യരൂപവും എമ്മാവൂസ് സംഭവത്തിൽ കാണാം: 24,25-27 വചനശുശ്രൂഷയും 24,28-31 കൂദാശാഭാഗവും. സുവിശേഷത്തിലെന്നതുപോലെ പരിശുദ്ധ കുർബാനയിലും യഥാർത്ഥ കാർമ്മികൻ ഉത്ഥിതനായ കർത്താവുതന്നെയാണ്. അവിടുന്നാണ് പുരോഹിതനിലൂടെ തിരുലിഖിതം വ്യാഖ്യാനിച്ചു തരുന്നതും അപ്പംമുറിക്കുന്നതും. മോശയും പ്രവാചകന്മാരും മുതലാണു വ്യാഖ്യാനമാരംഭിക്കുsന്നത്. നമ്മുടെ ആഘോഷമായ കുർബാനയർപ്പണത്തിൽ മോശയിൽനിന്നും പ്രവാചകരിൽനിന്നുമാണല്ലൊ ആദ്യത്തെ രണ്ടു വായനകൾ. പഴയനിയഗ്രന്ഥങ്ങളിൽ മിശിഹായെപ്പറ്റി എഴുതപ്പെട്ടിരുന്നവ എപ്രകാരം ഈശോയിൽ നിറവേറി എന്നാണവിടുന്നു വ്യാഖ്യാനിച്ചു നല്‌കിയത്. പുതിയനിയമവായനകളും ഇതുതന്നെയാണു ചെയ്യുന്നത്. വചനത്തിൻ്റെയും അതിന്റെ വ്യാഖ്യാനത്തിന്റെയും ശ്രവണത്തിൽ നമ്മുടെയും ഹൃദയങ്ങൾ ജ്വലിക്കണം; അതിനുവേണ്ടി തുറക്കപ്പെടാനായി നമ്മുടെ മനസ്സുകൾ അവിടുത്തേയ്ക്കു സമർപ്പിക്കണം. എങ്കിൽ മാത്രമേ, വചനശുശ്രൂഷയിൽ മിശിഹായെ അനുഭവിച്ചറിയുവാൻ നമുക്കു സാധിക്കൂ. 

നമ്മുടെ കൂടെയുള്ള ഉത്ഥിതനായ മിശിഹായെ തിരിച്ചറിയാനുള്ള അവസരം പരിശുദ്ധ കുർബാനയർപ്പണമാണെന്നു മനസിലാക്കി ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിൽ പൂർണ്ണഹൃദയത്തോടെ സജീവമായി പങ്കെടുത്താൽ നമ്മുടെയും ഹൃദയക്കണ്ണുകൾ തുറക്കപ്പെടും; നാമും അവിടുത്തെ തിരിച്ചറിയും. സഭാസമൂഹത്തോടു നമ്മൾ ചേർന്നുനില്ക്കും. നിരാശയെ അതിജീവിക്കുകയും ജീവിതപ്രശ്‌നങ്ങളെ സധൈര്യം വിശ്വാസബലത്താൽ നേരിടുകയും ചെയ്യും. ഓരോ പ്രാവശ്യം പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു കഴിയുമ്പോഴും നമുക്ക് എമ്മാവൂസ് ശിഷ്യന്മാരെപ്പോലെ പറയാനാകും: അവൻ വഴിയിൽവച്ചു നമ്മോടു സംസാരിക്കുകയും വിശുദ്ധലിഖിതങ്ങൾ വ്യാഖ്യാനിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയങ്ങൾ ജ്വലിച്ചുകൊണ്ടിരുന്നില്ലെ? അവൻ അപ്പംമുറിച്ചപ്പോൾ നമ്മുടെ ഹൃദയങ്ങൾ തുറക്കപ്പെടുകയും നമ്മൾ അവിടുത്തെ തിരിച്ചറിയുകയും ചെയ്‌തില്ലെ?

9 അപ്പം മുറിക്കലിൽനിന്ന് കൃതജ്ഞതാപ്രകാശനത്തിലേയ്ക്ക് 

ഈശോയുടെ സഹനമരണോത്ഥനങ്ങളുടെ അനുസ്മ‌രണത്തെ ആദ്യമൊക്കെ “അപ്പംമുറിക്കൽ" എന്നു വിശേഷിപ്പിച്ചിരുന്നെങ്കിലും ക്രമേണ “യൂക്കരിസ്റ്റിയ" (eucharistia) എന്ന പദം പ്രചാരത്തിലായി. ഗ്രീക്കുഭാഷയിൽ ഈ പദത്തിനർത്ഥം "കൃതജ്ഞതാപ്രകാശനം” എന്നാണ് (ശ്ലീഹ 24,3; ഫിലി 4,6;1 തെസ 3,9). പദപ്രയോഗത്തിലുള്ള ഈ പരിണാമം മിശിഹാരഹസ്യങ്ങളുടെ പരികർമ്മത്തിൽ ഉണ്ടായ മാറ്റത്തെയാണു സൂചിപ്പിക്കുന്നത്. ഇതു മനസിലാക്കാൻ പരിശുദ്ധ കുർബാനയെ സംബന്ധിച്ചുള്ള ഏറ്റവും പുരാതന രേഖയായ ഡിഡാക്കെ നമ്മെ സഹായിക്കും. ഡിഡാക്കെയിലെ വിവരണമനുസരിച്ച് ആദിമസഭയിലെ പാനപാത്രത്തെപ്രതിയുള്ള കൃതജ്ഞത ഇപ്രകാരമായിരുന്നു: "ഞങ്ങളുടെ പിതാവേ, അങ്ങയുടെ പുത്രനായ ഈശോവഴി അങ്ങു വെളിപ്പെടുത്തിയ അങ്ങയുടെ ദാസനായ ദാവീദിൻ്റെ പരിശുദ്ധ മുന്തിരിയെക്കുറിച്ചു ഞങ്ങൾ അങ്ങേക്കു നന്ദിപറയുന്നു. അങ്ങേക്കെന്നും മഹത്ത്വമുണ്ടായിരിക്കട്ടെ”. മുറിക്കപ്പെട്ട അപ്പത്തെ പ്രതിയുള്ള കൃതജ്ഞത ഇപ്രകാരമാണ്: “ഞങ്ങളുടെ പിതാവേ, അങ്ങയുടെ പുത്രനായ ഈശോവഴി അങ്ങു ഞങ്ങൾക്കു വെളിപ്പെടുത്തിയ ജീവനെയും ജ്ഞാനത്തെയുംകുറിച്ചു ഞങ്ങൾ അങ്ങേക്കു നന്ദിപറയുന്നു. അങ്ങേക്കെന്നും മഹത്ത്വമുണ്ടായിരിക്കട്ടെ" (ഡിഡാക്കെ 9,2-3). 

യഹൂദവിരുന്നിൻ്റെ സ്വാധീനമാണു നാമിവിടെ കാണുന്നത്. വിശ്വാസിയായ യഹൂദനെ സംബന്ധിച്ച് ഓരോ ഭക്ഷണവേളയും ദൈവത്തെ സ്തുതിക്കുവാനുള്ളതാണ്. കാരണം, കർത്താവുതന്നെ അരുളിച്ചെയ്തിരിക്കുന്നു: “നിങ്ങൾ ഭക്ഷിച്ചു തൃപ്‌തരാകുമ്പോൾ നിങ്ങൾക്കു നല്‌കിയിരിക്കുന്ന നല്ല ദേശത്തെപ്രതി ദൈവമായ കർത്താവിനെ സ്‌തുതിക്കണം" (നിയ 8,10). ദൈവികദാനം അംഗീകരിച്ച് അവിടുത്തേയ്ക്കു നന്ദിപറയാനുള്ള ഈ കടമയെക്കുറിച്ചുള്ള ബോധ്യത്തിലാണു യഹൂദർ ഭക്ഷണം ആസ്വദിച്ചിരുന്നത്. ഭക്ഷണ വേളയിലെ കൃതജ്ഞതാ പ്രകാശനത്തിന് ഒരു പ്രത്യേക പ്രാർത്ഥന തന്നെയുണ്ട് (Birkat ha-Mazon). ആദിമസഭയിലെ അപ്പം മുറിക്കൽ ശുശ്രൂഷ സ്നേഹവിരുന്നിനോടൊപ്പമായിരുന്നു. ക്രമേണ വിരുന്നില്ലാതെ അപ്പം മുറിക്കൽ നടത്തിത്തുടങ്ങിയപ്പോൾ വിരുന്നുവേളയിലെ കൃതജ്ഞതാപ്രാർത്ഥനകൾ രക്ഷാകരരഹസ്യങ്ങളുമായി ബന്ധിപ്പിച്ച് അനുരൂപപ്പെടുത്തി ഉപയോഗിക്കാനാരംഭിച്ചതാണ് ഡിഡാക്കെയിൽ നമ്മൾ കാണുന്നത്. ഇതിൻ്റെതന്നെ വികസിത രൂപമാണ് അനാഫൊറാകളിലൂടെ നമുക്കിന്നു കൈമാറിലഭിച്ചിരിക്കുന്നതും. ഇന്ന് മിശിഹായുടെ ശരീരരക്തങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുതന്നെയാണ് വിരുന്ന്. 

“യൂക്കരിസ്റ്റിയ” കൃതജ്ഞതാ പ്രകാശനമാണെങ്കിൽ വി. ലൂക്കായുടെ സുവിശേഷം മുഴുവൻ ഒരു "യൂക്കരിസ്റ്റിയ" ആണ്. കാരണം, ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവികകാരുണ്യത്തെപ്പറ്റി മനുഷ്യരിൽനിന്നും ദൈവത്തിൻ്റെ പക്കലേക്കുയരുന്ന സ്തുതിപ്പിന്റെയും കൃതജ്ഞതയുടെയും നന്ദിയുടെയും രംഗങ്ങളാണു സുവിശേഷത്തിൽ ആദ്യന്തം കാണുക. രക്ഷണീയകൃത്യത്തെപ്പറ്റി ത്രിദ്വൈക ദൈവത്തിനു കൃതജ്ഞതയർപ്പിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയാണു സുവിശേഷകൻ്റെ ലക്ഷ്യവും.

 

18 

ഈശോയുടെ സഹന മരണോത്ഥാനങ്ങൾ 

പരസ്യജീവിതത്തിൻ്റെ ആദ്യഘട്ടം അവസാനിക്കുന്നതോടെ, ജറൂസലേമിൽ നിറവേറാനിരുന്ന തൻ്റെ പീഡാസഹനവും മരണവും ഉത്ഥാനവും ലക്ഷ്യംവച്ചു ഗലീലിയിൽനിന്നും ഈശോ ഒരു നീണ്ട യാത്ര ചെയ്യുന്നതായി ലൂക്കാ വിവിരിക്കുന്നതു നമ്മൾ കണ്ടു കഴിഞ്ഞു. ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞപ്പോൾ എന്താണു സംഭവിച്ചത് എന്നാണു നമ്മൾ ഈ അധ്യായത്തിൽ പരിശോധിക്കുന്നത്. ഈ ലോകത്തിൽനിന്നുള്ള അവിടുത്തെ കടന്നുപോകലും വേർപാടുമാണു ജറൂസലേമിൽ സംഭവിക്കാനിരിക്കുന്നത് എന്നു രൂപാന്തരീകരണമലയിൽ വ്യക്തമാക്കപ്പെട്ടതാണ് (ലൂക്കാ 9,31). ജറൂസലേമിലേക്കുള്ള യാത്രാരംഭത്തിൽ “ആരോഹണത്തെക്കുറിച്ചു പരാമർശിക്കുമ്പോഴും (ലൂക്കാ 9,51) വിവക്ഷിക്കപ്പെടുന്നത് ഇതേ യാഥാർത്ഥ്യം തന്നെയാണ്. തൻ്റെ സഹനമരണോത്ഥാനങ്ങളിലൂടെ ഈശോ പിതാവിൻ്റെ പക്കലേക്കു കടന്നുപോയതാണ് - സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്‌തതാണ് - സുവിശേഷത്തിലെ അവസാന അദ്ധ്യായങ്ങളുടെ വിഷയം (ലൂക്കാ 22-24). 

1 സഹനത്തിനുള്ള അകന്ന ഒരുക്കം 

അവസാന അധ്യായങ്ങളിലാണ് ഈശോയുടെ സഹനമരണോത്ഥാനങ്ങൾ ലൂക്കാ വിവിരിക്കുന്നതെങ്കിലും സുവിശേഷ വിവരണത്തിന്റെ ആരംഭം മുത‌ല്ക്കേ ഇതിനെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹം നല്കുന്നുണ്ട്. ഉദാഹരണത്തിന് ഉണ്ണീശോയെ മാതാപിതാക്കൾ ദൈവാലയത്തിൽ സമർപ്പിക്കുന്ന അവസരത്തിൽ ശിമയോൻ പ്രവാചകൻ പറയുന്ന കാര്യങ്ങളിൽ ഈശോയുടെ അന്ത്യ ദിനങ്ങളെക്കുറിച്ചുള്ള സൂചനയുണ്ട്. "ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്‌ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും" (ലൂക്കാ 2,34-35). മറിയത്തിൻ്റെ ഹൃദയം തുളച്ചുകയറുന്ന വാൾ സ്വപുത്രൻ്റെ പീഡാസഹനമാണ്. 

മരുഭൂമിയിലെ പരീക്ഷകളിൽ ദൈവപുത്രനായ ഈശോയെ പരാജയപ്പെടുത്തുവാൻ സാധിക്കാതെപോയ സാത്താൻ, കൂടുതൽ അനുയോജ്യമായ മറ്റൊരവസരം ലക്ഷ്യംവച്ചു തല്ക്കാലത്തേക്ക് അവിടുത്തെ വിട്ടുപോയി (ലൂക്കാ 4,13) എന്നു ലൂക്കാ രേഖപ്പെടുത്തുമ്പോഴും അവസാന അദ്ധ്യായങ്ങളിൽ വിവരിക്കാൻ പോകുന്ന സംഭവങ്ങളിലേക്കാണു വിരൽചൂണ്ടുന്നത്. യൂദാസിൽ സാത്താൻ പ്രവേശിക്കുന്നതോടെയാണല്ലൊ (ലൂക്കാ 22,3) ഈശോയുടെ പീഡാസഹനത്തിൻ്റെ രംഗമൊരുങ്ങുന്നത്. 

നസ്രത്തിലെ സിനഗോഗിൽ വച്ചു തൻ്റെ ആദ്യ പരസ്യപ്രഘോഷണം ഈശോ നടത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്നവരുടെ പ്രതികരണം ഈ ലോകജീവിതത്തിന്റെ അവസാനനാളുകളിൽ അവിടുത്തേക്കു സംഭവിക്കാനിരുന്ന അനുഭവങ്ങളുടെ മുന്നോടിയായിരുന്നു (ലൂക്കാ 4,16-30). "ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിനു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതി ചെയ്തിരുന്ന മലയുടെ ശൃംഗത്തിൽനിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി" (ലൂക്കാ 4,29-30). ഏലിയാ ഏലീഷാ പ്രവാചകന്മാരുടെ ജീവിതത്തിലെ സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്, താനറിയിക്കുന്ന വിമോചനത്തിൻ്റെ സുവിശേഷം വിജാതീയരെക്കൂടി ഉദ്ദേശിച്ചുള്ളതാണെന്ന് അവിടുന്നു വ്യക്തമാക്കിയതാണ് അവരുടെ കോപത്തിനു കാരണമായത്. ലോകം മുഴുവനും വേണ്ടിയുള്ള രക്ഷയുടെ സന്ദേശം തെറ്റിദ്ധരിക്കപ്പെടുമെന്നും തിരസ്കരിക്കപ്പെടുമെന്നും പരസ്യജീവിതാരംഭത്തിൽത്തന്നെ ഈശോ സൂചിപ്പിക്കുകയായിരുന്നു. ഈ തിരസ്‌കരണം പൂർത്തിയായത് അവിടുത്തെ കുരിശുമരണത്തിലാണല്ലൊ. ദൈവം നല്‌കുന്ന രക്ഷയ്ക്കു തന്നെയാണ് ആത്യന്തികവിജയം എന്ന സൂചന "അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി" എന്ന പ്രസ്താവനയിലുണ്ട്. സഹനമരണങ്ങൾക്കുശേഷം അവിടുന്ന് ഉയിർത്തതിനെയാണ് ലൂക്കാ ഇവിടെ വിവക്ഷിക്കുന്നത്. 

വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ഈശോ പ്രഘോഷിച്ച വിമോചനത്തിൻ്റെ സുവിശേഷം എന്നും തെറ്റിദ്ധരിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയുമാണുണ്ടായത്. പാപങ്ങൾ പൊറുത്ത് ചുങ്കക്കാരെയും പാപികളെയും ഈശോ തൻ്റെ സൗഹൃദ വലയത്തിലേക്ക് പ്രവേശിപ്പിച്ചത് സ്വയം നീതീകരിച്ചിരുന്നവരും കപടനാട്യക്കാരുമായ പ്രീശർക്കും നിയമജ്ഞർക്കും ദഹിക്കുമായിരുന്നില്ല (ലൂക്കാ 5,17-32; 19,7). ഈശോ മനുഷ്യോപകാരപ്രദമായ രീതിയിൽ നിയമങ്ങളെ അവയുടെ ഭാരം ലഘൂകരിച്ച് വ്യാഖ്യാനിച്ചപ്പോൾ, നിയമത്തിൻ്റെ ബാഹ്യാനുഷ്‌ഠാനത്തിൽ മാത്രം അനാവശ്യ ശ്രദ്ധ കാണിച്ചിരുന്ന നിയമജ്ഞരും ഫരിസേയരും അവിടുത്തെ വകവരുത്തുവാനുള്ള ശ്രമങ്ങൾ ആലോചിച്ചു തുടങ്ങി (ലൂക്കാ 6,11). 

തിന്മയുടെ ശക്തികളോടുള്ള സന്ധിയില്ലാസമരമായിരുന്നല്ലൊ ഈശോയുടെ ജീവിതം മുഴുവൻ. ഇതിൻ്റെ ഭാഗമായിവേണം അവിടുന്നു പിശാചുബാധിതരെ സുഖപ്പെടുത്തുന്നതു മനസിലാക്കാൻ (ലൂക്കാ 4,31-37; 8,26-39; 9,37-43; 13,10-17). സാത്താന്റെ ശക്തികളോടുള്ള ഈ പോരാട്ടത്തിൻ്റെയും മൂർദ്ധന്യം സഹനമരണോത്ഥാനങ്ങളിൽ ആയിരുന്നു. 

പരസ്യജീവിതകാലത്തുതന്നെ തൻ്റെ അന്ത്യദിനങ്ങളെക്കുറിച്ച് ഈശോ വളരെ വ്യക്തമായി സംസാരിച്ചിരുന്നു. മൂന്നുതവണ ഇതു മുൻകൂട്ടി അറിയിക്കുന്നതു സുവിശേഷകന്മാർ രേഖപ്പെടുത്തുന്നുണ്ട്. “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പുരോഹിതപ്രമുഖന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു" (ലൂക്കാ 9,22; 9,44-45; 18,31-34).

ചുരുക്കത്തിൽ, അവസാന അദ്ധ്യായങ്ങളിൽ വിവരിക്കപ്പെടുന്ന ഈശോയുടെ സഹനമരണോത്ഥാനങ്ങൾക്കുള്ള ഒരുക്കം എന്ന നിലയിലാണ് ലൂക്കാ സുവിശേഷവിവരണം ആരംഭംമുതൽ ക്രമീകരിച്ചിരിക്കുന്നത്. 

2 പെസഹായും ഈശോയുടെ പീഡാനുഭവവും 

യഹൂദരുടെ പെസഹാത്തിരുനാളിൻ്റെ പശ്ചാത്തലത്തിലാണ് ഈശോയുടെ സഹനമരണോത്ഥാനങ്ങൾ അരങ്ങേറുന്നത്. ഇസ്രായേൽക്കാരെ സംബന്ധിച്ചു വലിയ രക്ഷയുടെയും വിമോചനത്തിന്റെയും ഓർമ്മയായിരുന്നു പെസഹാത്തിരുനാൾ. തന്റെ ശിഷ്യരോടൊത്തു പങ്കിടുന്ന പെസഹാവിരുന്നിൻ്റെ അവസരത്തിലാണ് തന്റെ മരണത്തിൻ്റെ അർത്ഥം ഈശോ വ്യാഖ്യാനിക്കുന്നത്. ഈശോയുടെ പീഡാസഹനം പുതിയ പെസഹായാണ്; അവിടുത്തെ മരണം പുതിയ പുറപ്പാടനുഭവവുമാണ്. 

പീഡാനുഭവവിവരണം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “പെസഹാ എന്നു വിളിക്കപ്പെടുന്ന പുളിപ്പില്ലാത്തഅപ്പത്തിന്റെ തിരുനാൾ അടുത്തു. പുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു" (ലൂക്കാ 22,1-2). യഹൂദപ്രമാണികൾ ഈശോയ്‌ക്കെതിരെ ഗൂഢാലോചന നടത്തുമ്പോഴാണു യൂദാസ് സഹായം വാഗ്ദ‌ാനംചെയ്യുന്നത്. പെസഹാദിനത്തിൽ താൻ തന്നെ മുൻകൈയെടുത്ത് ശിഷ്യരെക്കൊണ്ടു തയ്യാറാക്കിച്ച പെസഹാവിരുന്നിൻ്റെ സമയമായപ്പോൾ (ലൂക്കാ 22, 7-13) അവിടുന്ന് ശിഷ്യരോട് അരുളിച്ചെയ്‌തു: "ദൈവരാജ്യത്തിൽ ഇതു പൂർത്തിയാകുന്നതുവരെ ഞാൻ ഇനി ഇതു ഭക്ഷിക്കുകയില്ല" (ലൂക്കാ 22,15-16). പീഡാനുഭവത്തിനു പെസഹായുമായി അഭേദ്യബന്ധമുണ്ടെന്ന് ഈശോയുടെ ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഈജിപ്‌തിലെ അടിമത്തത്തിൽനിന്നുള്ള വിമോചനത്തെക്കുറിച്ചുള്ള ഓർമ്മയാണല്ലൊ ശിഷ്യരുമൊത്ത് ഈശോ ആഘോഷിച്ചത്. തിന്മയുടെ ശക്തിയുടെമേലും മരണത്തിന്മേലുമുള്ള ഈ വിജയം ഏതൊരു വിമോചനത്തിന്റെയും മാതൃകയായിത്തീർന്നു. ഇസ്രായേൽക്കാർ പെസഹായുടെ വേളയിൽ ഈ പഴയ വിമോചനത്തിനു നന്ദി പറയുന്നതോടൊപ്പം ഭാവിയിൽ ദൈവം പൂർത്തിയാക്കാനിരുന്ന അന്തിമ വിമോചനത്തെ പ്രതീക്ഷയോടെ നോക്കിപ്പാർക്കുകയും ചെയ്‌തിരുന്നു. ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾക്ക് അവർ കാത്തിരുന്ന ഈ വിമോചനവുമായി ബന്ധമുണ്ട് എന്നു സൂചന. 

3 അന്ത്യഅത്താഴവിരുന്നിൽ 

അപ്പവും പാനപാത്രവുമായി ബന്ധപ്പെടുത്തി ഈശോ അരുളിച്ചെയ്യുന്ന വചനങ്ങളും അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന മരണത്തെ മുൻകൂട്ടി അറിയിക്കുന്നതാണ്. മാത്രമല്ല, മരണത്തിൻ്റെ അർത്ഥം വ്യക്തമാക്കുന്നതുമാണ്. അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്‌ത്, മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് അവിടുന്ന് അരുളിച്ചെയ്‌തു: "ഇതു നിങ്ങൾക്കുവേണ്ടി നല്‌കപ്പെടുന്ന എൻ്റെ ശരീരമാണ്" (ലൂക്കാ 22, 19). താൻ സ്നേഹിക്കുന്ന ശിഷ്യർക്കുവേണ്ടി, അവിടുന്നു സ്വയം നല്‌കികൊണ്ടാണു ഭക്ഷണമായി ഭവിക്കുന്നത്. ഈ സ്വയംദാനം യാഥാർത്ഥ്യമാകുന്നതു കുരിശുമരണത്തിലുമാണ്. അവിടുന്ന് അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്‌തു: "ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എൻ്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്" (ലൂക്കാ 22,20). ഇവിടെയും "നിങ്ങൾക്കുവേണ്ടി" എന്ന വിശേഷണത്തിലൂടെ തനിക്കു പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള അവിടുത്തെ മരണത്തെ സൂചിപ്പിക്കുന്നു. 

കർത്താവിന്റെ "രക്തത്തിലുള്ള പുതിയ ഉടമ്പടി" കൂടിയാണിത്. ബലിയർപ്പിച്ച കാളയുടെ രക്തം ബലിപീഠത്തിന്മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടാണ് മോശ സീനായ്ഉടമ്പടി മുദ്ര ചെയ്തത് (പുറ 24,8). ദൈവം ഇസ്രായേൽജനവുമായി സ്ഥാപിക്കാൻ പോകുന്ന പുതിയ ഉടമ്പടിയെക്കുറിച്ചു ജറെമിയാ പ്രവാചകൻ മുൻകൂട്ടി അറിയിച്ചിരുന്നു (ജറെ 31,31-34). ഈ ഉടമ്പടിയുടെ കാതൽ അനുതാപവും പാപമോചനവുമായിരുന്നു. ദൈവം തന്റെ ഉടമ്പടി അനുസ്‌മരിച്ചതിൻ്റെ ഫലമായിട്ടാണ് സ്വപുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് (ലൂക്കാ 1,72-75; ശ്ലീഹ 3,25-26). ഈശോയുടെ സുവിശേഷസന്ദേശത്തിൻ്റെ മുഖ്യആശയവും, അനുതാപവും പാപമോചനവും ആയിരുന്നല്ലൊ. അവിടുത്തെ മരണത്തോടുകൂടിയാണ് ഈ രക്ഷാകരദൗത്യം പൂർത്തിയായത് പാപമോചനം എല്ലാവർക്കും ലഭ്യമായത് - എന്നു വ്യക്തമാക്കുന്നതാണ് പാനപാത്രത്തോട് അനുബന്ധിച്ച് ഈശോ അരുളിച്ചെയ്‌ത വചനങ്ങൾ. 

“എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ” (ലൂക്കാ 22,21) എന്ന് ഈശോ ശിഷ്യരോട് ആവശ്യപ്പെടുമ്പോൾ, തന്റെ ഈ പ്രവൃത്തി ശിഷ്യസമൂഹത്തിനൊരു മാതൃകയാകണമെന്ന് ഉപദേശിക്കുകയായിരുന്നു. മറ്റുള്ളവർക്കായി സ്വന്തശരീരം വിഭജിച്ചു നല്‌കുകയും സ്വന്തരക്തം ചിന്തുകയും ചെയ്‌ത ഗുരുവിനെ അനുകരിച്ചു മറ്റുള്ളവർക്കുവേണ്ടി സ്വയം സമർപ്പിക്കുവാൻ ക്രിസ്‌തുശിഷ്യൻ തയ്യാറാകണം എന്നു വിവക്ഷ. 

4 ഈശോയുടെ കൂടെചിന്തിക്കാത്ത ശിഷ്യന്മാർ 

തന്റെ ശിഷ്യർക്കു മാതൃകയായി കുരിശിലെ ആത്മസമർപ്പണത്തെ ഈശോ ചൂണ്ടിക്കാണിക്കുമ്പോഴും അവരുടെ ചിന്ത തങ്ങളിൽ വലിയവൻ ആരാണ് എന്നുള്ളതായിരുന്നു (ലൂക്കാ 22,24-30). ഈശോ അവരോടു പറഞ്ഞു: "നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം"(ലൂക്കാ 22,27). ഈ ലോകം അധികാരത്തെ കണക്കാക്കുന്നത് ഇപ്രകാരമല്ല. പരസ്യജീവിതകാലത്ത് ഈശോ പ്രദർശിപ്പിച്ചിരുന്ന അതേ മനോഭാവം തന്നെയായിരിക്കണം ശിഷ്യസമൂഹത്തിലുമുണ്ടാകേണ്ടത് എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. 

5 പിതാവിൽ ആശ്രയിക്കുന്ന ദൈവപുത്രൻ 

ബാല്യംമുതല്ക്കേ "പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കാൻ” താല്‌പര്യം പ്രദർശിപ്പിച്ച ഈശോ (ലൂക്കാ 2,49) മരണത്തെ മുഖത്തോടുമുഖം കാണുമ്പോഴും ഈ അടിസ്ഥാന മനോഭാവത്തിൽനിന്നു വ്യതിചലിക്കുന്നില്ല. ഗതസെമനിയിലെ അവിടുത്തെ പ്രാർത്ഥന ഇതു തെളിയിക്കുന്നുണ്ട്: “പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെഹിതം നിറവേറട്ടെ” (ലൂക്കാ 22,24). പിതാവായ ദൈവത്തിൻ്റെ ഹിതത്തിനു സ്വയം വിധേയനാക്കിക്കൊണ്ടാണ് താൻ യഥാർത്ഥ ദൈവപുത്രനാണ് എന്ന് അവിടുന്നു മരുഭൂമി പരീക്ഷണവേളയിൽ തെളിയിച്ചത് (ലൂക്കാ4,1-13). ഇവിടെ അന്ത്യനിമിഷങ്ങളിലും അതു വീണ്ടും വ്യക്തമാക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പിൽ വച്ച് അവിടുന്നു വിചാരണ ചെയ്യപ്പെട്ടത് ദൈവപുത്രനാണോ എന്നതിനെച്ചൊല്ലി ആയിരുന്നല്ലൊ (ലൂക്കാ 22,70). 

പീഡാനുഭവസമയത്ത് ഈശോ മൂന്നുപ്രാവശ്യം പ്രാർത്ഥിക്കുന്നതു കാണാം (ലൂക്കാ 22,39-46; 23,34; 23,46). ഈ മൂന്ന് അവസരങ്ങളിലും പ്രാർത്ഥന ആരംഭിക്കുന്നത് "പിതാവേ" എന്ന അഭിസംബോധനയോടുകൂടിയാണ്. പുത്രസഹജമായ വിശ്വാസം ദ്യോതിപ്പിക്കുന്നതാണ് ഈ പ്രയോഗം. ഗമനിയിൽ പിതാവിന്റെ ഹിതം പൂർത്തിയാകുന്നതിനായാണ് ഈശോ പ്രാർത്ഥിച്ചതെങ്കിൽ, കുരിശിൽ കിടന്നുകൊണ്ട് തന്നെ ക്രൂശിച്ചവരോടു “ക്ഷമിക്കണമേ” എന്നതായിരുന്നു അവിടുത്തെ പ്രാർത്ഥന (ലൂക്കാ 23,24). ലൂക്കായുടെ വിവരണമനുസരിച്ച് കുരിശിൽ കിടന്നുകൊണ്ടുള്ള ഈശോയുടെ അവസാനവാക്കുകൾ പ്രാർത്ഥനയുടേതായിരുന്നു: "പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23,46). ഇത് തന്റെ അസ്‌തിത്വം മുഴുവനായും പിതൃ കരങ്ങളിൽ സമർപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നു. പിതാവിലർപ്പിച്ച ഈ വിശ്വാസം അസ്ഥാനത്തായിരുന്നില്ല. അവിടുത്തെ പ്രാർത്ഥന ദൈവം ശ്രവിച്ചു; ഉത്തരമരുളി. സഹനത്തിന്റെയും മരണത്തിന്റെയും ബന്ധനത്തിൽനിന്നു പ്രിയപുത്രനെ പിതാവ് ഉയിർപ്പിച്ചു. പിതാവായ ദൈവത്തിൻ്റെ ഈ വിശ്വസ്‌തത തന്നെയാണ് നമ്മുടെ രക്ഷയ്ക്കടിസ്ഥാനം. 

വേദന, രോഗം, സഹനം, പീഡനം, മരണം എന്നിവയുടെ മുമ്പിൽ ക്രിസ്തുശിഷ്യർ അനുകരിക്കേണ്ട മാതൃകയാണ് തന്റെ പീഡാനുഭവത്തിലൂടെ ഈശോ കാണിച്ചുതരുന്നത്. പൗലോസ് ശ്ലീഹായെപ്പോലെ പറയുവാൻ നമുക്കും സാധിക്കണം: “ക്രിസ്തുവിന്റെ (ദൈവത്തിൻ്റെ) സ്നേഹത്തിൽനിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ വാളോ?" (റോമാ 8,35).

6. മിശിഹാ - പുതിയ ആദം 

ആദിപിതാവായ ആദവും മിശിഹായും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പൗലോസ്ശ്ലീഹാ സവിസ്‌തരം പ്രസ്ത‌ാവിക്കുന്നുണ്ട്. ഉദാഹരണത്തിനു റോമാക്കാർക്കുള്ള ലേഖനത്തിൽ നമ്മൾ വായിക്കുന്നു: “ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു... എന്നാൽ പാപം പോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ ഒരു മനുഷ്യന്റെ കൃപാദാനം അനേകർക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു!" (റോമാ 5,12-21). കോറിന്തോസിലെ സഭാംഗങ്ങൾക്കു വി. പൗലോസ് ഇപ്രകാരം എഴുതുന്നു: "ഒരു മനുഷ്യൻവഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യൻവഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജ്ജീവിക്കും" (1 കോറി 15,21-22). പൗലോസിന്റെ വീക്ഷണത്തിൽ, ഈശോയ്ക്കു പിതാവിലുണ്ടായിരുന്ന വിശ്വാസവും അവിടുത്തെ ഹിതത്തോടുള്ള വിധേയത്വവും അനുസരണവുമാണ് ആദത്തിൻ്റെ വിശ്വാസമില്ലായ്‌മയ്ക്കും അനുസരണക്കേടിനും പരിഹാരമായിഭവിച്ചത്. ഇതേആശയം തന്നെയാണു ലൂക്കാ ഈശോയുടെ പീഡാനുഭവ വിവരണത്തിലൂടെ സ്ഥാപിക്കുന്നതും. 

ആദം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവ് ആയിരിക്കുന്നതുപോലെ മിശിഹാ പുതിയസൃഷ്‌ടിയുടെ അടിസ്ഥാനമാണ്. വംശാവലിയിൽ ആദത്തെയും ഈശോയെയും ലൂക്കാ ഒരുപോലെ ദൈവത്തിന്റെ പുത്രരായാണല്ലൊ അവതരിപ്പിക്കുന്നത് (ലൂക്കാ 3,23-38). താൻ ആദത്തെപ്പോലെയല്ല, മറിച്ച് അനുസരണയുള്ളവനും പിതാവിന്റെ പദ്ധതിയോടു വിശ്വസ്‌തനുമാണെന്ന് ഈശോ തെളിയിച്ചു (ലൂക്കാ 4,1-13; 23,32-46). ജീവിതകാലം മുഴുവൻ പ്രദർശിപ്പിച്ച ദൈവഹിതത്തോടുള്ള വിധേയത്വവും അനുസരണവും കുരിശുമരണവേളയിലും ഈശോ പ്രകടമാക്കി. ഇതുവഴി, ആദത്തിൻ്റെ പാപമൂലം അടയ്ക്കപ്പെട്ടിരുന്ന പറുദീസ മനുഷ്യർക്കായി അവിടുന്നു തുറന്നുനല്‌കിക്കൊണ്ട് (ലൂക്കാ 23,43) ജീവൻ്റെയും വിശുദ്ധിയുടെയും രക്ഷയുടെയും ഉറവിടമായി ഭവിക്കുകയും ചെയ്‌തു (ശ്ലീഹാ 3,15; 4,12; 5,31).

7. ഈശോയുടെ പുനരുത്ഥാനം 

ഗലീലിയിൽനിന്ന് ഈശോയെ അനുഗമിച്ചിരുന്ന സ്ത്രീകൾ (ലൂക്കാ 8,1-3) അവിടുത്തെ മരണത്തിനും (ലൂക്കാ 23,49) സംസ്കാരത്തിനും (ലൂക്കാ 23,55-56) സാക്ഷികളാണ്. ആഴ്‌ചയുടെ ആദ്യദിവസം സുഗന്ധദ്രവ്യങ്ങളുമായി ഗുരുവിൻ്റെ കല്ലറപൂശാനെത്തിയ അവർ ശൂന്യമായ കല്ലറയാണു കണ്ടത് (ലൂക്കാ 24,1-9). "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്?” (ലൂക്കാ 24,5) എന്ന ദൈവദൂതന്മാരുടെ ചോദ്യം അവരെ ചിന്തിപ്പിച്ചു. പീഡാസഹനത്തിനും മരണത്തിനുംശേഷം മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് ഈശോ പ്രവചിച്ചിരുന്ന കാര്യം ദൂതർ സ്ത്രീകളെ അനുസ്‌മരിപ്പിച്ചു. അവർ ഈ വിവരം ശിഷ്യന്മാരെ അറിയിച്ചുവെങ്കിലും വിശ്വസിക്കുവാൻ അവർ വിസ്സമ്മതിച്ചു. 

രക്ഷാകേന്ദ്രമായ ജറൂസലേമിൽനിന്നും പുറത്തേക്ക് നിരാശരായി യാത്രതിരിച്ച രണ്ടു ശിഷ്യന്മാർക്ക് ഉത്ഥാനം ചെയ്ത കർത്താവു പ്രത്യക്ഷപ്പെട്ടു താൻ സഹിച്ചുമരിച്ച് ഉയിർക്കേണ്ടിയിരുന്നതിന്റെ ആവശ്യകത വ്യക്തമാക്കികൊടുത്തു (ലൂക്കാ 24,13-35). വീണ്ടും ജറുസലേമിൽ ഒന്നിച്ചിരുന്ന ശിഷ്യന്മാരുടെമധ്യേയും പ്രത്യക്ഷപ്പെട്ടു താൻ ജീവിച്ചിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തി (ലൂക്കാ 24,36-53). സഹനമരണോത്ഥാനങ്ങളുടെ ആവശ്യകതയെക്കുറിച്ചു പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നവയും താൻതന്നെ മുൻകൂട്ടി അറിയിച്ചിരുന്നവയുമായ കാര്യങ്ങൾ വിശദീകരിച്ചാണ് ഉത്ഥിതൻ തന്റെ ഉത്ഥാനത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയത്. 

ഈ രംഗങ്ങളിലൂടെ മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രക്ഷാകരമായ മൂല്യം ശിഷ്യർക്കു വ്യക്തമാക്കി കൊടുക്കുകയായിരുന്നു ലൂക്കായുടെ ലക്ഷ്യം. പീഡകൾ സഹിച്ചു മരിച്ചുയിർത്ത മിശിഹായുടെ നാമത്തിൽ പാപമോചനത്തിനുള്ള അനുതാപം ഏവർക്കും ലഭ്യമാണ് എന്നതാണ് അവിടുത്തെ പീഡാസഹനത്തിൻ്റെ ഫലം (ലൂക്കാ 24,47). അനുതപിച്ചു മിശിഹായുടെ നാമത്തിൽ വിശ്വസിക്കുന്ന ആർക്കും, അവിടുത്തെ മരണത്തിനു കാരണക്കാരായവർക്കും കൂട്ടുനിന്നവർക്കും പോലും, ഈ പാപമോചനം സഭയിലൂടെ എന്നും ലഭ്യമാണ്. 

 

19 

അനുഗ്രഹിക്കുന്ന പുരോഹിതനായ ഈശോ 

1 സുവിശേഷത്തിലെ ആദ്യരംഗം 

വി. ലൂക്കാ തൻ്റെ സുവിശേഷവിവരണം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും സമാനരംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ്. തിരശ്ശീല ഉയരുമ്പോൾ നമ്മൾ ജറൂസലേം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തിനു വെളിയിലാണ്. നിശബ്‌ദരായി മനസ്സുരുകി പ്രാർത്ഥിക്കുന്ന വലിയ ഒരു ജനസമൂഹം നമുക്കുചുറ്റുമുണ്ട്. പൂർവ്വികരോടു വാഗ്ദാനം ചെയ്യപ്പെട്ട, തങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രക്ഷകനായ മിശിഹായെ എത്രയുംവേഗം അയച്ച് തങ്ങളെ സകലവിധ അടിമത്തങ്ങളിൽനിന്നും വിമോചിപ്പിക്കണമേ എന്നതായിരുന്നു ഈ സമൂഹത്തിൻ്റെ പ്രാർത്ഥന. 

അല്പംകൂടി ഉള്ളിലായി പരിശുദ്ധ സ്ഥലത്ത് ധൂപപീഠത്തിനു മുമ്പിൽ ഒരു യഹൂദപുരോഹിതൻ ധൂപമർപ്പിച്ചു പ്രാർത്ഥിക്കുന്നുണ്ട്. ജനത്തിൻ്റെ പ്രാർത്ഥന പുരോഹിതൻ്റെ പ്രാർത്ഥനകൂടി ആയിരുന്നെങ്കിലും അദ്ദേഹത്തിനു വ്യക്തിപരമായ ഒരു യാചനകൂടി ദൈവസന്നിധിയിൽ അർപ്പിക്കാനുണ്ടായിരുന്നു. അപമാനഭാരത്താൽ പുറത്തിറങ്ങാൻപോലും മടിച്ചു വീട്ടിലിരിക്കുന്ന തൻ്റെ ഭാര്യയായ എലിസബത്തിന്റെയും തന്റെയും പൊതുവായ ദുഃഖം: ഒരു കുഞ്ഞില്ലാത്തതിൻ്റെ വേദന. കർത്താവിൻ്റെ പ്രമാണങ്ങളും കല്‌പനകളും അന്യൂനം പാലിച്ചിരുന്നെങ്കിലും എന്തുകൊണ്ടു ദൈവം തങ്ങൾക്കു മക്കളെ നല്കിയില്ല എന്ന ചോദ്യം അവർ ഇരുവരെയും വല്ലാതെ അലട്ടിയിരുന്നു. ഒരു കുഞ്ഞിനെ നല്‌കണേ എന്ന് സഖറിയാ പുരോഹിതനും തീക്ഷ്‌ണമായി പ്രാർത്ഥിച്ചു. 

ഭക്തന്റെ പ്രാർത്ഥനയ്ക്ക് എന്നും ഉത്തരമരുളുന്ന ദൈവം പുരോഹിതന്റെയും ജനത്തിൻ്റെയും പ്രാർത്ഥനകൾക്ക് ചെവി കൊടുത്തു. ഒരു ഉത്തരംനല്‌കി ഇരുകൂട്ടരെയും തൃപ്തരാക്കി. കർത്താവ് തൻ്റെ മുഖ്യദൂതനായ ഗബ്രിയേലിനെ അയച്ച് സഖറിയായോടു പറഞ്ഞു: "നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം" (ലൂക്കാ 1,13). സഖറിയാ - എലിസബത്തു ദമ്പതിമാരുടെ ദുഃഖം ഇതാ നീങ്ങാൻ പോകുന്നു. 

യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള ഈ ദൈവികദൂത് ജനത്തിന്റെ പ്രാർത്ഥനയ്ക്കുള്ള പരോക്ഷമായ ഉത്തരംകൂടി ആയിരുന്നു. ജനം ഏതു രക്ഷകനുവേണ്ടി പ്രാർത്ഥിച്ചോ, ആ മിശിഹായ്ക്കു വഴിഒരുക്കുവാനാണ് ദൈവം യോഹന്നാനെ അയയ്ക്കുന്നത് എന്നു ഗബ്രിയേൽതന്നെ വ്യക്തമാക്കി (ലൂക്കാ 1,15-17). 

സന്തോഷാധിക്യത്താൽ ആയിരിക്കണം, സഖറിയായ്ക്ക് ഇതു വിശ്വസിക്കുവാൻ വിഷമമായിരുന്നു. അദ്ദേഹം ചോദിച്ചു: “ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്" (ലൂക്കാ 1,18). പുരോഹിതനെന്ന നിലയിൽ പഴയനിയമചരിത്രം നന്നായി അറിയാമായിരുന്ന സഖറിയാ അബ്രാഹം - സാറാ ദമ്പതിമാരുടെയും, എൽക്കാന - ഹന്നാ ദമ്പതിമാരുടെയും അനുഭവം അനുസ്‌മരിക്കേണ്ടവനായിരുന്നു. അത് ഓർമ്മിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് സംശയിക്കാനിടവരില്ലായിരുന്നു. കാരണം, വാർദ്ധക്യത്തിലാണല്ലൊ ഈ ഇരുദമ്പതിമാർക്കും കുഞ്ഞുങ്ങളെ ലഭിച്ചത്. സഖറിയായുടെ ചോദ്യത്തിൽ പ്രതിഫലിച്ച വിശ്വാസക്കുറവുനിമിത്തം അദ്ദേഹത്തിനു സംസാര ശക്തി നഷ്ട‌മായി. ഇതൊരു ശിക്ഷയെന്നു തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അങ്ങനെ ആയിരുന്നില്ല; കാരണം, ദൂതൻ അറിയിച്ച കാര്യങ്ങൾ നിറവേറുന്നതുവരെ സഖറിയാ മൂകനായിരിക്കും എന്നതായിരുന്നു ദൂതവചനം. അറിയിച്ച കാര്യം നിറവേറു മെന്നതിന് ഇതിലും വലിയ ഉറപ്പെന്തുണ്ട്? സംസാരശക്തി നഷ്ടമായതു സഖറിയായെ സംബന്ധിച്ച് തനിക്കൊരു കുഞ്ഞ് ജനിക്കുവാൻ പോകുന്നു എന്നതിൻ്റെ ഉറപ്പു മാത്രമായിരുന്നു.

ദൈവാലയശുശ്രൂഷയുടെ അവസാനമുള്ള ആശീർവ്വാദം ലഭിക്കുവാനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നജനം പുരോഹിതനെ കാത്തു നില്‌പുണ്ടായിരുന്നു, പുരോഹിതൻ എപ്രകാരമാണു ജനത്തെ ആശീർവ്വദിക്കേണ്ടത് എന്ന് യാഹ്‌വെതന്നെ നിർദ്ദേശിച്ചിട്ടുണ്ട്. കർത്താവ് മോശയോട് അരുളിച്ചെയ്‌തു: "അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങൾ ഇങ്ങനെ പറഞ്ഞ് ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കണം: കർത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നിൽ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കർത്താവ് കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം തരട്ടെ" (സംഖ്യ 6,22-26). ദൈവാലയത്തിനു വെളിയിൽവന്ന സഖറിയായ്ക്ക് സംസാരശക്തി നഷ്ട‌പ്പെട്ടിരുന്നതുകൊണ്ട് ഈ അനുഗ്രഹവചസ്സുകൾ ഉരുവിടുവാൻ സാധിച്ചില്ല (ലൂക്കാ 1,21-22). 

ഈ രംഗം പ്രതീകാത്മകമാണ്. പഴയനിയമപൗരോഹിത്യം സഖറിയായിൽ തടഞ്ഞുനില്ക്കുന്നതിൻ്റെ പ്രതീകം. ഈ സംവിധാനത്തിന് സാരമായ മാറ്റം വരാൻപോകുന്നു എന്നു സൂചിപ്പിക്കുവാൻ ഉതകുന്നതാണ് ഈ അവതരണം. ദൈവാലയത്തിനും ദൈവശുശ്രൂഷയ്ക്കും പൗരോഹിത്യത്തിനുമൊക്കെ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു എന്നു ചുരുക്കം. ഈ മാറ്റത്തിനു കാരണഭൂതനായവന്റെ ജനനത്തെക്കുറിച്ചാണു തുടർന്നു വരുന്ന വാചകങ്ങളിൽ ലൂക്കാ വിവരിക്കുന്നത് (ലൂക്കാ 1,26-38). യഥാർത്ഥ പുരോഹിതനായ ദൈവപുത്രന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണല്ലൊ ഈ ഭാഗത്തെ പ്രമേയം. തുടർന്നുള്ള ഇരുപത്തി മൂന്ന് അദ്ധ്യായങ്ങളിലൂടെ ഈ പുരോഹിതൻ തൻ്റെ പൗരോഹിത്യം എപ്രകാരം ജീവിച്ചു എന്നാണു ലൂക്കാ വിവരിക്കുന്നത്. 

2 അവസാനരംഗം 

സുവിശേഷത്തിൻ്റെ ആദ്യരംഗത്ത് പൗരോഹിത്യധർമ്മം നിർവ്വഹിക്കുവാൻ സാധിക്കാതെ നിസ്സഹായനായി നില്ക്കുന്ന സഖറിയായെയാണു നമ്മൾ കാണുന്നതെങ്കിൽ, അവസാനരംഗത്ത് ഈ ധർമ്മം നിർവ്വഹിക്കുന്ന പുരോഹിതനെയാണ് ലൂക്കാ അവതരിപ്പിക്കുന്നത്. ജനത്തെ അനുഗ്രഹിക്കുവാൻ കഴിയാതെ പോയതുകൊണ്ടാണല്ലൊ സഖറിയായ്ക്കു തൻ്റെ ദൗത്യം നിർവ്വഹിക്കുവാനാകാഞ്ഞത്. അവസാന രംഗത്തിൻ്റെ തിരശ്ശീല വീഴുമ്പോൾ പഴയനിയമ പുരോഹിതർ ചെയ്‌തിരുന്ന രീതിയിൽ "കരങ്ങൾ ഉയർത്തി" തന്റെ ജനത്തെ അനുഗ്രഹിക്കുന്ന ഉത്ഥിതനായ ഈശോയെയാണ് വേദിയിൽ നമ്മൾ കാണുന്നത്. 

പഴയനിയമത്തിൽ പുരോഹിതർ ദൈവജനത്തെ ആശീർവ്വദിച്ചിരുന്നത് എപ്രകാരമെന്ന് ലേവ്യരുടെ പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നുണ്ട്: "അതിനുശേഷം (ബലിയർപ്പണത്തിനുശേഷം) അഹറോൻ ജനത്തിൻ്റെനേരെ കരങ്ങളുയർത്തി അവരെ അനുഗ്രഹിച്ചു” (ലേവ്യർ 9,22). പുരോഹിതർ എന്തു പറഞ്ഞുകൊണ്ടാണ് അനുഗ്രഹിക്കേണ്ടിയിരുന്നത് എന്ന് സംഖ്യയുടെ പുസ്തകത്തിൽ നിന്നും നമ്മൾ മനസിലാക്കിയല്ലൊ. പ്രധാന പുരോഹിതനായിരുന്ന ശിമയോൻ ജനത്തെ ആശീർവദിക്കുന്ന ചിത്രം പ്രഭാഷകന്റെ പുസ്തകത്തിലുണ്ട്: “കർത്താവിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തുന്നതിനും, അവിടുത്തെ അനുഗ്രഹം പ്രഖ്യാപിക്കുന്നതിനുംവേണ്ടി ശിമയോൻ ഇറങ്ങിവന്ന്, ഇസ്രായേൽ മക്കളുടെ മുമ്പാകെ കൈകൾ ഉയർത്തി. അത്യുന്നതന്റെ ആശീർവ്വാദം സ്വീകരിക്കുവാൻ ജനം വീണ്ടും കുമ്പിട്ടു" (പ്രഭാ 50,20-21). ആരാധനയ്ക്കും ബലിയർപ്പണത്തിനുംശേഷം പുരോഹിതൻ ജനത്തെ ആശീർവ്വദിക്കുന്നതാണു രണ്ടിടത്തെയും സന്ദർഭം. പുരോഹിതരുടെ പ്രവർത്തനരീതിയിൽ ഒരു സാമ്യം നമ്മൾ ദർശിക്കുന്നുണ്ട്: ഇരുവരും “കരങ്ങൾ ഉയർത്തി" ആണ് ജനത്തെ അനുഗ്രഹിക്കുന്നത്. ഇപ്രകാരം കരങ്ങൾ ഉയർത്തി പുരോഹിതർ മാത്രമേ പഴയനിയമത്തിൽ ജനത്തെ അനുഗ്രഹിക്കുന്നുള്ളൂ. “കരങ്ങൾ ഉയർത്തി അനുഗ്രഹിക്കുക” എന്നു പറഞ്ഞാൽ ഉദ്ദേശിക്കുന്നതു പുരോഹിതാശീർവാദമാണെന്ന് പഴയനിയമം പരിചിതമായിരുന്ന ഏതൊരു വ്യക്തിയ്ക്കും അറിയാമായിരുന്നു. 

ഈ പശ്ചാത്തലത്തിൽവേണം സുവിശേഷാവസാനത്തിൽ ലൂക്കാ വരയ്ക്കുന്ന ഈശോയുടെ ചിത്രം മനസിലാക്കുവാൻ. "അവൻ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കരങ്ങൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവൻ അവരിൽനിന്നു മറയുകയും സ്വർഗ്ഗത്തിലേയ്ക്കു സംവഹിക്കപ്പെടുകയും ചെയ്‌തു" (ലൂക്കാ 24, 50-51). ആരംഭത്തിൽ സഖറിയായ്ക്കു സാധിക്കാതെപോയ കാര്യമാണ് ഇവിടെ ഉത്ഥിതനായ കർത്താവ് ചെയ്യുന്നത്. പുരോഹിതശൈലിയിലാണ് ലൂക്കാ ഉത്ഥാനം ചെയ്ത‌ത ഈശോയെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ അർത്ഥം പൂർണമായി മനസിലാക്കണമെങ്കിൽ ആരാണു പുരോഹിതൻ, എന്താണവന്റെ ദൗത്യങ്ങൾ, ഈയർത്ഥത്തിൽ ഈശോ പുരോഹിതനായിരുന്നോ എന്നൊക്കെ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

3 ആരാണു പുരോഹിതൻ? 

മാനുഷികമേഖലയെ ദൈവികമേഖലയുമായി ബന്ധിപ്പിക്കുന്നതിലാണ് പഴയനിയമ പൗരോഹിത്യത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നത്. ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള ബന്ധം എളുപ്പമാക്കിത്തീർക്കുന്ന വ്യക്തിയാണു പുരോഹിതൻ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനാണവൻ. ദൈവത്തിന്റെ മുമ്പിൽ മനുഷ്യനെയും മനുഷ്യർക്കു മുമ്പിൽ ദൈവത്തെയും പ്രതിനിധീകരിക്കുന്നവനാണു പുരോഹിതൻ. 

പഴയനിയമത്തിൽ പൗരോഹിത്യദൗത്യങ്ങൾ പ്രധാനമായും നാലാണ്. വിശുദ്ധസ്ഥലം കാത്തുസൂക്ഷിക്കുക, ദൈവഹിതം ജനത്തെ അറിയിക്കുക, ജനത്തിൻ്റെ പ്രാർത്ഥനകളും ആരാധനയും ദൈവതിരുമുമ്പിൽ അർപ്പിക്കുക, ദൈവത്തിൻ്റെ അനുഗ്രഹം ജനത്തിനു നല്‌കുക. ദേവാലയസംരക്ഷകർ പുരോഹിതരായിരുന്നു. ദേവാലയത്തിൻ്റെ വിശുദ്ധിക്കും ലക്ഷ്യത്തിനും കോട്ടം വരുന്നില്ല എന്നുറപ്പു വരുത്തേണ്ടിയിരുന്നത് പുരോഹിതന്മാരുടെ കടമയായിരുന്നു. ദൈവഹിതം അടങ്ങുന്ന നിയമഗ്രന്ഥം ജനത്തിനു വായിച്ചു വ്യാഖ്യാനിച്ചു നല്‌കിയിരുന്നതും പുരോഹിതന്മാരായിരുന്നു. ജീവിതത്തിലെ വിഷമസന്ധികളിൽ വിശ്വാസികൾ പുരോഹിതരെ സമീപിച്ചിരുന്നപ്പോൾ ദൈവഹിതം ആരാഞ്ഞ് അറിയിച്ചിരുന്നതും അവരാണ് (സംഖ്യ 27,21; ന്യായാ 18,5-6). ജനത്തിന്റെ ആവശ്യങ്ങളെ ആരാധന, സ്‌തുതി, ബലി, പ്രാർത്ഥന, യാചന തുടങ്ങിയ രൂപങ്ങളിൽ ദൈവസന്നിധിയിൽ എത്തിച്ചിരുന്നത് പുരോഹിതന്മാരാണ്. ദൈവം നല്‌കുന്ന പ്രാർത്ഥനയ്ക്കുള്ള ഉത്തരം അനുഗ്രഹരൂപത്തിൽ ജനത്തിന് എത്തിച്ചു നല്കുന്നതും പുരോഹിതർതന്നെ (നിയമാ 21,5; 1 ദിന 23,13). ചുരുക്കത്തിൽ, ദൈവികസാന്നിധ്യം മനുഷ്യർക്കിടയിൽ അനുഭവവേദ്യമാക്കിയിരുന്നത് പുരോഹിതന്മാരാണ്. 

പുരോഹിതർക്കിടയിൽ പ്രധാന പുരോഹിതനു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇസ്രായേൽ ജനം മുഴുവനെയും ദൈവ സന്നിധിയിൽ പ്രതിനിധാനം ചെയ്‌തിരുന്നവനാണ് അദ്ദേഹം (പുറ 28,29-30). വർഷത്തിലൊരിക്കൽ പാപപരിഹാരദിനം ദേവാലയത്തിലെ അതിവിശുദ്ധ സ്‌ഥലത്തു പ്രവേശിച്ച് രക്തബലിയർപ്പിച്ചു ജനത്തിൻ്റെ പാപങ്ങൾക്കു പരിഹാരം അനുഷ്‌ഠിച്ചിരുന്നത് പ്രധാന പുരോഹിതനായിരുന്നു (ലേവ്യ 16). 

4 ഈശോ പുരോഹിതനോ? 

സുവിശേഷം സസൂക്ഷ്‌മം വായിക്കുന്നവർക്കു മനസിലാകുന്ന ഒരു യാഥാർത്ഥ്യമുണ്ട്: മുകളിൽകണ്ട പൗരോഹിത്യദൗത്യങ്ങളെല്ലാം ഈശോ നിറവേറ്റുന്നുണ്ട്. അതുകൊണ്ട് ഈശോ പുരോഹിതനാണെന്ന് സംശയലേശമെന്യേ നമുക്കു പറയാൻ സാധിക്കും. പഴയനിയമ പൗരോഹിത്യത്തെ പൂർത്തിയാക്കുകയും അതിശയിക്കുകയും ചെയ്യുന്ന പുരോഹിതൻ. 

ബാലനായിരിക്കെതന്നെ ഈശോയ്ക്ക് ദേവാലയത്തോടുണ്ടായിരുന്ന ബന്ധം, “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?" (ലൂക്കാ 2,49) എന്ന ചോദ്യത്തിൽനിന്നു വ്യക്തമാണ്. പരസ്യജീവിതാവസാനം ജറൂസലേമിൽ പ്രവേശിച്ചപ്പോൾ ദേവാലയം ശുദ്ധീകരിക്കുന്ന രംഗം, ദേവാലയത്തിന്റെ പരിശുദ്ധിയും ലക്ഷ്യവും അഭംഗുരം കാത്തു സൂക്ഷിക്കുന്നതിൽ ഈശോയ്ക്കുണ്ടായിരുന്ന അതീവശ്രദ്ധ വ്യക്തമാക്കുന്നതാണ്. അവിടുന്നു പറഞ്ഞു: "എൻ്റെ ആലയം പ്രാർത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു" (ലൂക്കാ 19,46). 

ഒരർത്ഥത്തിൽ ഈശോ തന്നെയായിരുന്നു യഥാർത്ഥ ദേവാലയം. ദൈവം വസിക്കുന്ന ഇടമാണല്ലൊ ദേവാലയം. ദൈവപുത്രനായ ഈശോയിൽ ഉണ്ടായിരുന്നതിൽ കൂടുതലായി ദൈവം എന്നെങ്കിലും എവിടെയെങ്കിലും സന്നിഹിതനായിരുന്നോ? ഇല്ല. ദൈവമനുഷ്യസമാഗമത്തിൻ്റെ വേദികൂടിയാണല്ലൊ ദേവാലയം. ഈയർത്ഥത്തിലും ഈശോതന്നെയാണു യഥാർത്ഥ ദേവാലയം; കാരണം, ഈശോയെന്ന വ്യകതിയിലും വ്യക്തിയിലൂടെയുമാണ് ഏറ്റവും ശ്രേഷ്‌ഠമായ രീതിയിൽ മനുഷ്യൻ ദൈവത്തെ കണ്ടുമുട്ടിയതും അനുഭവിച്ചതും. ദൈവം ആയിരിക്കുന്ന രീതിയിൽ നമുക്കു വെളിപ്പെടുത്തിത്തന്നതും അവിടുന്നായിരുന്നല്ലൊ. ഈ രീതിയിലെല്ലാം അവിടുന്നു ദേവാലയമായി പരിണമിച്ചപ്പോൾ, നാഥാൻ പ്രവാചകനിലൂടെ വരുവാനിരുന്ന രാജാവായ മിശിഹായെക്കറിച്ചു ദാവീദു രാജാവിനോട് യാഹ്‌വെ അരുളിച്ചെയ്‌തിരുന്ന വാഗ്ദാനം നിറവേറ്റപ്പെടുകയായിരുന്നു. ദൈവത്തിനായി ഒരാലയം പണിയുവാൻ ആഗ്രഹിച്ച ദാവീദിനോട് അന്നു ദൈവം അരുളിച്ചെയ്തു‌: “ദിനങ്ങൾ തികഞ്ഞ് നീ പൂർവ്വികരോടു ചേരുമ്പോൾ നിന്റെ ഔരസ പുത്രനെ ഞാൻ ഉയർത്തി അവൻ്റെ രാജ്യം സുസ്ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും" (2 സാമു 7,12). ഈശോ സ്വന്തശരീരത്തിലായിരുന്നു ഈ ദേവാലയം നിർമ്മിച്ചത്. ദേവാലയം ശുദ്ധീകരിച്ചശേഷം അവിടെവച്ചു പഠിപ്പിച്ചതിലൂടെ (ലൂക്കാ 19,47) ദേവാലയത്തിന്റെ സ്ഥാനത്ത് അവിടുന്നു സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു.

ദൈവഹിതം ജനത്തെ അറിയിക്കുക എന്നതായിരുന്നല്ലൊ പുരോഹിതന്റെ മറ്റൊരു പ്രധാനധർമ്മം. ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതി പൂർണ്ണമായി തൻ്റെ വചനങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും ഈശോ വെളിപ്പെടുത്തിത്തന്നു. ദൈവ രാജ്യമായിരുന്നല്ലൊ അവിടുത്തെ പ്രബോധനത്തിൻ്റെ മുഖ്യ വിഷയം. ഈ ദൈവരാജ്യവും ദൈവഹിതവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവത്തിൻ്റെ ഹിതം പൂർണ്ണമായി നടപ്പാകുന്ന സ്ഥലം, വ്യക്തി, സംവിധാനം ഇതൊക്കെയാണു ദൈവരാജ്യത്തിന്റെ ഭാഗങ്ങൾ. തിന്മയെ നന്മകൊണ്ടു ജയിക്കുവാനും (ലൂക്കാ 6,27-36) ശത്രുക്കളെ സ്നേഹിക്കുവാനും അന്യരെ വിധിക്കാതിരിക്കുവാനും (ലൂക്കാ 6, 37-42) ദൈവപരിപാലനയിൽ ആശ്രയിക്കുവാനും (ലൂക്കാ 12,22-34) സ്വർഗ്ഗീയ പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനും പഠിപ്പിച്ചപ്പോൾ നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം തന്നെയാണ് ഈശോ അറിയിച്ചത്. ദൈവവചനത്തിൽ അടിസ്ഥാനമിട്ടു വിശ്വാസജീവിതം പടുത്തുയർത്തുവാൻ ആഹ്വാനം ചെയ്യുമ്പോഴും ദൈവഹിതം അനുസരിച്ചു ജീവിക്കുവാൻ ഈശോ നമ്മെ പഠിപ്പിക്കുകയായിരുന്നു. 

ദൈവജനത്തിൻ്റെ ആവശ്യങ്ങൾ, പ്രാർത്ഥന, ആരാധന, സ്തുതി, യാചന തുടങ്ങിയവയെല്ലാം ദൈവസന്നിധിയിൽ എത്തിക്കുക എന്നതും പുരോഹിതദൗത്യമാണല്ലൊ. ഈ ദൗത്യവും ഈശോ നിറവേറ്റിയതായി സുവിശേഷത്തിൽ നമ്മൾ വായിക്കുന്നുണ്ട്. ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് രാത്രി മുഴുവൻ പ്രാർത്ഥിച്ചപ്പോഴും (ലൂക്കാ 6,12-16), ശിഷ്യന്മാർ വിജയശ്രീലാളിതരായി സുവിശേഷപ്രഘോഷണത്തിനുശേഷം തിരിച്ചുവന്നപ്പോൾ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പിതാവിനെ സ്തു‌തിക്കുമ്പോഴും (ലൂക്കാ 10,21-24) പത്രോസിൻ്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോഴുമെല്ലാം (ലൂക്കാ 22,31-32) ഈ പൗരോഹിത്യധർമ്മം തന്നെയാണ് ഈശോ പൂർത്തിയാക്കിയത്. 

പിതാവിനർപ്പിച്ച ഏറ്റവും ശ്രേഷ്‌ഠമായ ബലിയും പ്രാർത്ഥനയും അവിടുത്തെ സഹനവും മരണവുമായിരുന്നു. കുരിശിലെ മരണത്തിലൂടെയാണ് അവിടുന്നു നിത്യനായ പ്രധാന പുരോഹിതനായി ഭവിച്ചത്. അന്ത്യഅത്താഴവേളയിൽ മുറിക്കപ്പെട്ട അപ്പത്തിന്മേലും കലർത്തപ്പെട്ട കാസയിന്മേലും അവിടുന്നുച്ചരിച്ച വാചകങ്ങൾതന്നെ അവിടുത്തെ മരണത്തിൻ്റെ ബലിയുടെ മാനം വ്യക്തമാക്കുന്നുണ്ട് (ലൂക്കാ 22,19-20). "നമുക്കുവേണ്ടി" മുറിക്കപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവും പാപമോചകമായ, രക്ഷാദായകമായ മരണത്തെയാണു സൂചിപ്പിക്കുന്നത്. ഈശോയുടെ മരണമായിരുന്നു അവിടുത്തെ പരമമായ ബലി. ഈ ബലി അർപ്പണത്തിലൂടെ അവിടുന്നു നിത്യപുരോഹിതനായി. 

ജനത്തിന്റെ പാപപരിഹാരാർത്ഥമായിരുന്നല്ലൊ ആണ്ടു തോറും പ്രാധാനപുരോഹിതൻ രക്തബലി അർപ്പിച്ചിരുന്നത്. എന്നാൽ എന്നന്നേക്കുമായി, ഈശോ ഒരിക്കൽ മാത്രം, സ്വന്ത രക്തംചിന്തി അർപ്പിച്ചബലി ദൈവജനം മുഴുവന്റെയും പാപം പരിഹരിക്കുന്നതിനു ശക്തിയുള്ളതായിരുന്നു. ഉത്ഥാനം ചെയ്ത കർത്താവുതന്നെ തന്റെ സഹനമരണോത്ഥാനങ്ങളുടെ ഫലമായി എടുത്തു കാണിക്കുന്നതും അവിടുത്തെ നാമത്തിൽ ലഭ്യമായിരിക്കുന്ന പാപമോചനമാണല്ലൊ (ലൂക്കാ 24,46-47). ഈ ബലിയർപ്പണത്തിനു ശേഷം പ്രത്യക്ഷപ്പെടുന്ന ഈശോയെയാണ് പ്രധാനപുരോഹിതൻ്റെ വേഷത്തിൽ ലൂക്കാ അവതരിപ്പിക്കുന്നത്. ബലിയർപ്പണ ശേഷം പുറത്തുവന്ന് പുരോഹിതൻ ജനത്തെ ആശീർവദിച്ചിരുന്നതുപോലെ, കുരിശിലെ ബലിക്കുശേഷം, കല്ലറയിൽ നിന്നു പുറത്തുവന്ന ഈശോ ജനത്തെ ആശീർവദിക്കുന്നു. 

ദൈവത്തിന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിക്കുന്നതുവഴി പുരോഹിതൻ ഉന്നതത്തിൽനിന്നുള്ള ദൈവികദാനങ്ങൾ ദൈവത്തിന്റെ സംരക്ഷണയും പരിപാലനയും, കരുണയും സ്നേഹവും, മുഖപ്രസാദവും സമാധാനവും മനുഷ്യർക്കു നല്‌കുകയായിരുന്നു. ഈശോ തന്റെ ജീവിതകാലം മുഴുവൻ ചെയ്തതും മറ്റൊന്നുമായിരുന്നില്ല. അവിടുത്തെ വാക്കുകളും പ്രവൃത്തികളുംവഴി നിരവധിയായ ദൈവാനുഗ്രഹങ്ങൾ അവിടുത്തോടു ബന്ധപ്പെട്ടവർക്കെല്ലാം ഈശോ നല്‌കി. മനുഷ്യനായി ജന്മമെടുത്ത നിമിഷംമുതൽ ഈ അനുഗ്രഹം അവിടുന്ന് ചൊരിഞ്ഞു തുടങ്ങി. കന്യകാമറിയത്തെ ദൈവകൃപനിറഞ്ഞവളും പരി. ആത്മാവിന്റെ ആവാസകേന്ദ്രവുമാക്കി. അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ യോഹന്നാനെയും അവന്റെ അമ്മയായ എലിസബത്തിനെയും ആത്മാവിനാൽ നിറച്ചു. സഖറിയായ്ക്കും ഹന്നായ്ക്കും വിനീതരായ ആട്ടിടയന്മാർക്കും ഈശോയുടെ ജനനംതന്നെ വലിയ അനുഗ്രഹമായിരുന്നു. പരസ്യജീവിതകാലത്തു വിവിധ രോഗങ്ങളാൽ വലഞ്ഞിരുന്നവർക്കും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടിരുന്നവർക്കും സൗഖ്യവും അനുഗ്രഹവുമായി. മരിച്ചവർക്കു പുതുജീവനായും പാപികൾക്കു പാപമോചനമായും വിശക്കുന്നവർക്ക് അപ്പമായും അവിടുത്തെ അനുഗ്രഹം ലഭിച്ചു. സമൂഹത്തിൽ അവഗണിക്കപ്പെട്ടിരുന്ന സ്ത്രീകൾക്കും ദരിദ്രർക്കും സമരിയാക്കാർക്കുമെല്ലാം സ്വാതന്ത്ര്യമായും വിമോചനമായും ഈശോയുടെ അനുഗ്രഹമെത്തി. 

ചരുക്കത്തിൽ ജനനംമുതൽ മരണംവരെ എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ടാണ് ഈശോ ജീവിച്ചത്. ഏറ്റവും വലിയ അനുഗ്രഹം അവിടുത്തെ സഹനമരണോത്ഥാനങ്ങളായിരുന്നു. ജീവിതകാലം മുഴുവൻ അനുഷ്‌ഠിച്ച ജീവിതശൈലിയുടെ പ്രതീകാത്മകമായ സംഗ്രഹം എന്നോണമാണ് ഉത്ഥിതനായ ഈശോ ശിഷ്യരെ അനുഗ്രഹിച്ചുകൊണ്ട് ഈ ലോകത്തിൽനിന്നു പിതാവിന്റെ പക്കലേക്കു ആരോഹണം ചെയ്തത്. 

ഈശോയുടെ ജീവിതം മുഴുവൻ അനുഗ്രഹത്തിന്റേതായിരുന്നെങ്കിൽ അത് വെറുമൊരു യാദൃശ്ചിക സംഭവമായിരുന്നില്ല. മിശിഹായെ സംബന്ധിച്ചവാഗ്ദാനം അനുഗ്രഹവുമായി ബന്ധപ്പെട്ടതായിരുന്നു. അബ്രാഹത്തെ വിളിച്ചപ്പോൾ ദൈവം അരുളിച്ചെയ്തു: “നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്പ‌ 12,3). പിന്നീട് തൻ്റെ കല്‌പനയനുസരിച്ച് ഏക പുത്രനെപ്പോലും ബലികഴിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച അബ്രാഹത്തോട് അവിടുന്നരുളിച്ചയ്‌തു: “നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിൻ്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്പ‌ 22,18). വാഗ്ദാനം ചെയ്യപ്പെട്ട അബ്രാഹത്തിൻ്റെ പുത്രൻ ഈശോ ആയിരുന്നുവെന്നു ശിഷ്യ പ്രമുഖനായ പത്രോസ് ശ്ലീഹാ വ്യക്തമാക്കിത്തരുന്നുണ്ട്: “... അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്‌തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിൻ്റെ സന്തതി വഴി അനുഗൃഹീതമാകും. ദൈവം തന്റെ ദാസനെ ഉയിർപ്പിച്ച് ആദ്യം നിങ്ങളുടെ അടുക്കലേയ്ക്കാണു നിയോഗിച്ചയച്ചത്. നിങ്ങൾ ഓരോരുത്തരെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻ വേണ്ടിയാണ് അത്” (ശ്ലീഹ 3,25-26). അബ്രാഹത്തോടുചെയ്‌ത വാഗ്‌ദാനം നിറവേറ്റാൻ വേണ്ടിയാണ് പിതാവായ ദൈവം തൻ്റെ പുത്രനെ അയച്ചതെന്നു സാരം. ലോകത്തിലെ എല്ലാജനതക്കുമുള്ള അനുഗ്രഹമായിരുന്നു വാഗ്ദാനത്തിന്റെ ഉള്ളടക്കം; അതിൻ്റെ പൂർത്തീകരണമെന്ന നിലയിൽ പുത്രനെ അയച്ചതും എല്ലാവരെയും അനുഗ്രഹിക്കാൻ വേണ്ടിയായിരുന്നു. അനുഗ്രഹിച്ചതാകട്ടെ, മനുഷ്യരെ അവരുടെ ദുഷ്ട‌തയിൽ നിന്നു പിന്തിരിപ്പിച്ചുകൊണ്ടും. 

അബ്രാഹത്തോടും പൂർവ്വപിതാക്കന്മാരോടും ദൈവം ചെയ്ത വാഗ്ദാനം പൂർത്തിയാക്കാനാണ് ഈശോയെ അയച്ചത് എന്ന് പരി.കന്യകാമറിയവും ഏറ്റുപറയുന്നുണ്ട്: “തന്റെ കാരുണ്യം അനുസ്മ‌രിച്ചുകൊണ്ട് അവിടുന്നു തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്ദാനം അനുസരിച്ചു തന്നെ" (ലൂക്കാ 1,54-55). അബ്രാഹത്തിനു നല്കിയിരുന്ന വാഗ്ദാനം അനുഗ്രഹിക്കുന്ന പുത്രനെക്കുറിച്ചായിരുന്നല്ലൊ. സഖറിയായും ഇതേ രീതിയിൽ തന്നെയാണ് ഈശോയുടെ മനുഷ്യാവതാരത്തെ ദർശിച്ചത് (ലൂക്കാ 1,70-75).

അനുഗ്രഹിക്കുക എന്ന ദൗത്യവുമായി പിതാവയച്ച പുത്രൻ തന്റെ ജീവിതത്തിലുടനീളം കണ്ടുമുട്ടിയവരെയെല്ലാം അനുഗ്രഹിച്ചുകൊണ്ടു കടന്നുപോയി. അവസാനം ശിഷ്യരെ വേർപിരിഞ്ഞ് സ്വർഗ്ഗത്തിലേയ്ക്കു പോകുന്നതും അനുഗ്രഹിക്കാനായി ഉയർത്തിയ കരങ്ങളോടെയാണ്. 

5 ഇന്നും അനുഗ്രഹിക്കുന്ന മിശിഹാ 

ഇരുപത്തിനാല് അദ്ധ്യായങ്ങളിലൂടെ ഈശോയുടെ വിവിധ ചിത്രങ്ങൾ വായനക്കാരുടെ മനസിൽ പതിപ്പിച്ച ലൂക്കാ, ഏറ്റവും ഒടുവിൽ നല്കുന്ന ചിത്രം കരങ്ങളുയർത്തി അനുഗ്രഹിക്കുന്ന ഉത്ഥിതനായ മിശിഹായുടേതാണ്. ലൂക്കായുടെ വിവരണമനുസരിച്ച് ശിഷ്യന്മാരെ അനുഗ്രഹിക്കുവാനായി ഉയർത്തിയ കരങ്ങൾ ഇതുവരെ അവിടുന്നു താഴ്ത്തിയിട്ടില്ല. സ്വർഗ്ഗത്തിലേക്ക് അവിടുന്ന് ആരോഹണം ചെയ്ത‌തും ഇന്നും പിതാവിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും അനുഗ്രഹിക്കാനായി ഉയർത്തിയ കരങ്ങളുമായാണ്. ശിഷ്യസമൂഹത്തോട്, സഭാംഗങ്ങളോട് ഉത്ഥിതനായ കർത്താവിനുള്ള ബന്ധവും മനോഭാവവും വ്യക്തമാക്കുന്നതാണ് ഈ ചിത്രം (പുറംചട്ട കാണുക). 

പൗരസ്ത്യസുറിയാനി സഭാപിതാക്കന്മാരായ മാർ അപ്രേമും അഫ്രഹാത്തുമൊക്കെ ഉത്ഥിതനായ കർത്താവിൻ്റെ ഈ അനുഗ്രഹത്തെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തിയാണു വ്യാഖ്യാനിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ ഉത്ഥിതൻ ശ്ലീഹന്മാരുടെമേൽ കരങ്ങൾ ഉയർത്തിയത് അവരെ തൻ്റെ പൗരോഹിത്യത്തിൽ പങ്കു ചേർക്കാനായി അവരുടെമേൽ കൈകൾ വയ്ക്കാൻ വേണ്ടിയായിരുന്നു.' ഈ കൈവയ്‌പോടുകൂടി അവിടുന്ന് അവർക്ക് പരിശുദ്ധാത്മാവിനെയും നല്കി എന്നാണ് അവരുടെ വ്യാഖ്യാനം. ലൂക്കായുടെ സുവിശേഷത്തിൽ ഉത്ഥിതനായ കർത്താവ് ശ്ലീഹന്മാർക്കു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്ത‌ശേഷമാണല്ലൊ അവരെ അനുഗ്രഹിക്കുന്നത്. നിത്യപുരോഹിതനായ ഈശോയാണല്ലൊ അവരെ അനുഗ്രഹിച്ചു തൻ്റെ പൗരോഹിത്യത്തിൽ പങ്കുചേർക്കുന്നത്. അവിടുന്ന് ആരംഭിച്ച 'അനുഗ്രഹശൈലി' തുടർന്നു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും ഇതുവഴി പുതിയനിയമ പുരോഹിതരായ ശ്ലീഹന്മാർക്കു ലഭിച്ചു. അവരാകട്ടെ, കൈവവഴി തിരുസഭയിൽ കർത്താവിൻ്റെ ഈ പൗരോഹിത്യം അഭംഗുരം കൈമാറി കാത്തുസൂക്ഷിച്ചുപോരുന്നു. ശ്ലീഹന്മാരും അവരുടെ പിൻഗാമികളും അവിടുത്തെ പൗരോഹിത്യത്തിൽ പങ്കു പറ്റുന്ന മറ്റെല്ലാ പുരോഹിതരും ഈശോ ആരംഭിച്ച അനുഗ്രഹം തുടർന്നുകൊണ്ടു പോകുവാൻ വിളിക്കപ്പെട്ടവരാണ്. തൻ്റെ പുരോഹിതരിലൂടെ ഇന്നും തന്റെ ജനത്തെ അനുഗ്രഹിക്കുന്നത് ഉത്ഥിതനായ കർത്താവുതന്നെയാണ്. തിരുസഭയിലെ വിവിധ കൂദാശകളിലൂടെ മിശിഹാ നല്‌കുന്ന രക്ഷയുടെ ഫലങ്ങൾ അനുഗ്രഹരൂപത്തിൽ നമുക്കും ലഭിക്കുന്നു. 

സുവിശേഷവിവരണത്തിൻ്റെ അവസാനഭാഗത്തു നമ്മൾ കാണുന്ന അനുഗ്രഹിക്കുന്ന ഉത്ഥിതനായ ഈശോയുടെ ചിത്രം രക്ഷാകരപദ്ധതിയുടെ പൂർത്തീകരണത്തിൽ അവിടുന്നു നിർവ്വഹിച്ച്, നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന, രക്ഷണീയവിമോചന പ്രവർത്തനങ്ങൾ മുഴുവൻ്റെയും പ്രതീകമാണ്. പൂർത്തീകരണഘട്ടത്തിന്റെ ആദ്യഭാഗത്ത് തൻ്റെ ഈലോകജീവിതകാലത്ത് നന്മമാത്രം ചെയതുകൊണ്ട് (ശ്ലീഹ 10,38) എല്ലാവരെയും അനുഗ്രഹിച്ചതിന്റെ പ്രതീകം. വിമോചനത്തിൻ്റെ സദ്‌വാർത്ത പ്രഘോഷിക്കുകയും പിശാചുക്കളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്ത തന്റെ ഈ രക്ഷണീയ പ്രവർത്തനത്തെ പിടക്കോഴി സ്വന്തം കുഞ്ഞുങ്ങളെ തൻ്റെ ചിറകിൻകീഴിൽ ചേർത്തു നിർത്തുന്നതിനോടാണ് അവിടുന്ന് ഉപമിച്ചത് (ലൂക്കാ 13,34). ഉത്ഥാനാനന്തരവും തന്നിൽ വിശ്വസിക്കുകയും തന്നെ അനുഗമിക്കുകയും ചെയ്യുന്നവരെ തന്റെ “ചിറകിൻ കീഴിൽ" ഒന്നിച്ചു ചേർത്തു നിർത്തുന്നതിന്റെ പ്രതീകം കൂടിയാണ് അനുഗ്രഹിക്കാനായി ഉയർത്തപ്പെട്ട അവിടുത്തെ തൃക്കരങ്ങൾ. സ്വർഗ്ഗാരോഹണവേളയിൽ ഉയർത്തപ്പെട്ട അവിടുത്തെ തിരുക്കരങ്ങൾക്കു കീഴെ നിന്ന ശിഷ്യസമൂഹം എന്നും ഉണ്ടാകാനിരുന്ന വിശ്വാസികളുടെ സമൂഹത്തെയാണു പ്രതിനിധാനം ചെയ്തത്. ഉയർത്തപ്പെട്ട അവിടുത്തെ തൃക്കരങ്ങളാൽ അവിടുന്ന് ഇന്നും നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

 

വി.ലൂക്കായുടെ സുവിശേഷത്തെ വ്യാഖ്യാനിച്ചു 2004 ൽ പ്രസിദ്ധീകരിച്ച “എൻ്റെ ചിറകിൻകീഴിൽ” എന്ന പുസ്തകം വളരെവേഗം വിറ്റഴിഞ്ഞു എന്താണ് സുവിശേഷം? സുവിശേഷമറിയിക്കുക എന്തിനു സുവിശേഷങ്ങൾ എഴുതപ്പെട്ടു Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message