We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Andrews Mekkattukunnel On 21-Mar-2026
സീനായ് മലയിൽ വച്ച് മോശവഴി നല്കപ്പെട്ട പത്തു കല്പനകളായിരുന്നു പഴയനിയമത്തിൽ ദൈവഹിതത്തിന്റെ പ്രകാശനം. ഈശോമിശിഹായിൽ നിറവേറാനിരുന്നവയുടെ മുന്നോടിയായിരുന്നല്ലോ പഴയനിയമ സംഭവങ്ങൾ. മോശയുടെ നിയമത്തിന് പ്രത്യേകിച്ച് പത്തുപ്രമാണങ്ങൾക്ക് ഈശോ നല്കുന്ന വ്യാഖ്യാനങ്ങളാണ് മലയിലെ പ്രസംഗത്തിന്റെ ഉള്ളടക്കം (മത്താ 5-7). നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാക്കാൻ വന്ന പുതിയനിയമ മോശയായ അവിടുന്ന് (മത്താ 5,17-18) ഗിരിപ്രഭാഷണത്തിൽ പഴയനിയമ കല്പനകളുടെ ആന്തരാർത്ഥം വ്യക്തമാക്കുന്നു. മലയിലെ പ്രസംഗത്തിനു സമുചിതമായ ഒരാമുഖമാണ് സുവിശേഷ ഭാഗ്യങ്ങൾ.
സുവിശേഷ ഭാഗ്യങ്ങൾക്കു മാതൃക പഴയനിയമത്തിൽ ധാരാളമായുണ്ട്. ജറെമിയാ നിവ്യായുടെ പുസ്‌തകത്തിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു (ജറെ 17,7-8):
കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗൃഹീതൻ,
അവന്റെ പ്രത്യാശ അവിടുന്നു തന്നെ.
അത് ആറ്റുതീരത്തു നട്ട മരം പോലെയാണ്.
അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു.
അതു വേനല്ക്കാലത്തെ ഭയപ്പെടുന്നില്ല.
അതിന്റെ ഇലകൾ എന്നും പച്ചയാണ്.
വരൾച്ചയുടെ കാലത്തും അതിന് ഉത്ക്കണ്ഠയില്ല.
അതു ഫലം നല്‌കിക്കൊണ്ടിരിക്കും.
ദൈവമായ കർത്താവിൽ ആശ്രയിക്കുന്നവനെ ആറ്റു തീരത്തു നില്ക്കുന്ന വൃക്ഷത്തോടാണ് ഉപമിച്ചിരിക്കുന്നത്. വെള്ളത്തിൽ വേരൂന്നിനില്ക്കുന്ന മരത്തിൽ എന്നും നിറയെ ഇലകളും കായ്കളുമുണ്ടാകും. അതുപോലെ ദൈവത്തിൽ പ്രത്യാശയർപ്പിക്കുന്നവനും ജീവിതത്തിൽ എന്നും ഫലം ചൂടിനില്ക്കും നന്മയുടെയും സ്നേഹത്തിൻ്റെയും ഫലങ്ങൾ; സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ഫലങ്ങൾ.
ജീവിതയാത്രയിൽ ദൈവവിശ്വാസി ചരിക്കേണ്ട ദിശയും സ്വീകരിക്കേണ്ട മാർഗ്ഗവും ഇവിടെ നിർദ്ദേശിക്കപ്പെടുന്നുണ്ട്. ജീവിതം സൗഭാഗ്യപൂർണ്ണമാക്കിത്തീർക്കാൻ ഒരു മാർഗ്ഗമേയുള്ളു - ദൈവത്തിൽ ആശ്രയിക്കുക; അവിടുന്നിൽ പ്രത്യാശ വയ്ക്കുക.
ദാവീദ് തന്റെ സങ്കീർത്തനങ്ങൾ ആരംഭിക്കുന്നതും ഇതിനു സമാനമായ പ്രസ്‌താവനയോടെയാണ് (സങ്കീ 1,1-4).
ദുഷ്‌ടന്റെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കുകയോ ചെയ്യാ
ത്തവൻ ഭാഗ്യവാൻ.
അവന്റെ ആനന്ദം കർത്താവിൻ്റെ നിയമത്തിലാണ്.
രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്ന
തുമായ വൃക്ഷം പോലെയാണ് അവൻ.
അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവിന്റെ നിയമമാണ് സർവ്വ അനുഗ്രഹങ്ങൾക്കും നിദാനം. ദൈവപ്രമാണങ്ങളുടെ പാതയാണ് മനുഷ്യനു രക്ഷയിലേക്കുള്ള വഴി. കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ (സങ്കീ 2,12). ദൈവം വെളിപ്പെടുത്തുന്നതെന്തു തോറായുടെ- ദൈവവചനത്തിന്റെ- ഭാഗമാണ്. നിയമ അഥവാ തോറാ ദൈവത്തിൻ്റെ സകല പ്രവൃത്തികളുടെയും ആകെ തുകയാണ്. ദൈവവചനത്തിലൂടെ പ്രകാശിതമാകുന്ന അവിടുത്തെ രക്ഷാകരപ്രവൃത്തികൾ ധ്യാനവിഷയമാക്കുന്നവർ ജീവിതത്തിൽ സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിക്കും.
മോശ വഴി നിയമം-തോറാ നല്‌കപ്പെട്ടെങ്കിൽ, ഈശോ മിശിഹാ വഴി കൃപയും സത്യവും നല്‌കപ്പെട്ടിരിക്കുന്നു എന്നാണല്ലോ വി. യോഹന്നാൻ ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നത് (യോഹ 1,18). ദൈവത്തിൻ്റെ ഏകജാതനായ അവിടുന്ന് നല്കുന്ന കൃപയും സത്യവുമാണ് ഗിരിപ്രഭാഷണത്തിൽ നിഴലിക്കുന്നത്. ഈ കൃപയുടെയും സത്യത്തിന്റെയും സാരസംഗ്രഹമാണ് സുവിശേഷഭാഗ്യങ്ങൾ. സ്വർഗ്ഗം ലക്ഷ്യമാക്കി ഈ ഭൂമിയിൽ തീർത്ഥാടനം നടത്തുന്ന ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ശരിയായ ദിശ കാണിച്ചു തരുന്ന ചൂണ്ടുപലകകളാണവ.
സുവിശേഷഭാഗ്യങ്ങൾക്ക് ഒരു ക്രിസ്തോന്മുഖമാനം കൂടിയുണ്ട്. ഒരർത്ഥത്തിൽ ഈശോയുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് സുവിശേഷഭാഗ്യങ്ങളിൽ നിഴലിക്കുന്നത്. മിശിഹാരഹസ്യത്തിൻ്റെ വിവിധ മാനങ്ങളാണ് സുവിശേഷ ഭാഗ്യങ്ങൾ വെളിവാക്കുന്നത്.
തല ചായ്ക്കാൻ പോലും ഈ ഭൂമിയിൽ ഇടമില്ലാത്ത അവിടുന്നല്ലാതെ ആരാണ് യഥാർത്ഥ ദരിദ്രൻ (മത്താ 8,20).
'ഞാൻ വിനീത ഹൃദയനും ശാന്തശീലനുമാകയാൽ എന്നിൽ നിന്നു പഠിക്കുവിൻ' എന്നരുളിച്ചെയ്‌ത അവിടുന്നല്ലേ വാസ്തവത്തിൽ ഹൃദയശാന്തതയ്ക്കു മാതൃക (മത്താ 11,28-29).
ഇടതടവില്ലാതെ പിതാവിനെ ദർശിച്ചുകൊണ്ടിരിക്കുന്ന അവിടുന്നു തന്നെ സത്യത്തിൽ ഹൃദയശുദ്ധിയുള്ളവൻ.
യഥാർത്ഥ സമാധാനസ്ഥാപകനും നീതിക്കുവേണ്ടി സഹിക്കുന്നവനും അവിടുന്നു തന്നെ.
മലമുകളിൽ ഇരുന്നുകൊണ്ട് തൻ്റെ അടുക്കലേക്കു വന്ന ശിഷ്യന്മാരെ ഈശോ പഠിപ്പിക്കുന്നു (മത്താ 5,1). ജനക്കൂട്ടത്തെ കണ്ടപ്പോൾ മലമുകളിലേക്കു കയറിപ്പോകുന്ന ഈശോ സീനായ് മലമുകളിലേക്കു പോയ മോശയെയാണ് അനുസ്മരിപ്പിക്കുന്നത്. ജനത്തിൻ്റെ പ്രതിനിധിയായി ദൈവത്തോടു സംസാരിക്കാനും അവിടുന്ന് അരുളിച്ചെയ്യുന്നവ ജനത്തിന് കൈമാറാനുമാണല്ലോ മോശ സീനായ് കയറിയത്. പഴയനിയമത്തിൽ ദൈവ കല്‌പനകൾ മോശവഴി നല്‌കപ്പെട്ടു. പുതിയനിയമ മോശയായ ഈശോ ഒരു പുതിയ മലമുകളിൽനിന്ന് ആ ദൈവകല്‌പനകൾക്കു പുതിയ വ്യാഖ്യാനം നല്കുന്നു. മലമുകളിലേക്ക് ഈശോ പോയിരുന്നത് പിതാവുമായുള്ള സമ്പർക്കത്തിനായിരുന്നു. പിതാവിനോടുള്ള ഈ ബന്ധത്തിൽനിന്നാണ് അവിടുത്തെ പ്രബോധനം ഉടലെടുക്കുന്നത്.
ഈശോ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിൻ്റെ ഭാഗമാണ് മലയിലെ പ്രസംഗം. തൻ്റെ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തിയാണ് അവിടുന്നു സുവിശേഷഭാഗ്യങ്ങൾ അരുളിച്ചെയ്യുന്നത് എന്ന് വി. ലൂക്കായും രേഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 6,20). യഥാർത്ഥത്തിൽ അവിടുത്തെ അനുഗമിക്കുന്നവരുടെ ജീവിതാവസ്ഥയുടെ വിവരണമാണു സുവിശേഷഭാഗ്യങ്ങൾ. കാരണം, ഈശോയെ അനുഗമിച്ചിരുന്നവർ ദരിദ്രരും വിശക്കുന്നവരും വിലപിക്കുന്നവരും അധിക്ഷേപിക്കപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും ആയിരുന്നു.
ഈശോയെ അനുഗമിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന, അവിടുത്തെ കുടുംബത്തിലെ പുതിയ അംഗങ്ങളായിത്തീർന്നിരിക്കുന്ന അവിടുത്തെ ശിഷ്യരുടെ വിശേഷണങ്ങളാണ് സുവിശേഷഭാഗ്യങ്ങൾ.
ക്രിസ്തുശിഷ്യത്വത്തിൻ്റെ അർത്ഥമാണ് സുവിശേഷഭാഗ്യങ്ങൾ വ്യക്തമാക്കുന്നത്. ശിഷ്യനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അവയിലുള്ളത്.
ക്രിസ്തുശിഷ്യത്വം മിശിഹായെ അനുഗമിക്കലാണല്ലോ. അവിടുന്നു മുമ്പേ നടന്നു കാണിച്ച വഴി സഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിൻ്റെയുമാണ്. അവിടുത്തെ അനുഗമിക്കുന്നവൻ്റെ വഴിയും മറ്റൊന്നാകാൻ സാധ്യമല്ല. ഗുരു തെളിച്ച പാതയിൽ ശിഷ്യൻ ചരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥാവിശേഷമാണ് സുവിശേഷഭാഗ്യങ്ങൾ വരച്ചുകാണിക്കുന്നത്. അതുകൊണ്ട് സുവിശേഷഭാഗ്യങ്ങൾ തിരുസഭയെ സംബന്ധിച്ച് റോഡ് മാപ്പാണ്.
ഭാഗ്യാന്വേഷിയാണ് മനുഷ്യൻ. ജീവിതം സൗഭാഗ്യ പൂർണ്ണമാക്കാനുള്ള നിരന്തര പരിശ്രമം അവൻ്റെ മുഖമുദ്രയാണ്. ഇതിനെക്കുറിച്ച് സഭാപിതാവായ വി. ആഗസ്തീനോസ് ഒരിക്കൽ ഇപ്രകാരം എഴുതി: "ആത്യന്തികമായി മനുഷ്യന്റെ ആഗ്രഹം ഒന്നു മാത്രമാണ്. സന്തോഷപ്രദവും ഭാഗ്യ പൂർണ്ണവുമായ ജീവിതം. പ്രാർത്ഥനയിൽ നമുക്കു യാചിക്കാൻ മറ്റൊന്നുമില്ല. നമ്മുടെ യാത്രയ്ക്കു മറ്റൊരു ലക്ഷ്യവുമില്ല. പക്ഷേ, എന്താണു യഥാർത്ഥ സൗഭാഗ്യമെന്നു ചോദിച്ചാൽ നമുക്കു വ്യക്തമായ ഉത്തരമില്ല". കർത്താവ് ദൈവമായുള്ള ജനത ഭാഗ്യമുള്ളത് (സങ്കീ 144,15) എന്നു സങ്കീർത്തകൻ പറയുന്നു. മനുഷ്യനെ സംബന്ധിച്ച് യഥാർത്ഥ ഭാഗ്യം എന്താണെന്നു വ്യക്തമാക്കിത്തരുന്നത് മനുഷ്യനായവതരിച്ച ഈശോമിശിഹായാണ്. ദൈവതിരുമുമ്പിൽ ഭാഗ്യവാന്മാരായുള്ളവരെ അവിടുന്ന് എട്ടു ഗണങ്ങളായി തിരിക്കുന്നു. അവർക്കു ലഭിക്കുന്ന ഭാഗ്യമെന്താണെന്നും അവിടുന്നു വ്യക്തമാക്കുന്നുണ്ട്. ക്രിസ്‌തീയപ്രത്യാശയാണ് ഈ ഭാഗ്യത്തിനടിസ്ഥാനം.
ഹെബ്രായലേഖകൻ വിശ്വാസത്തെ നിർവ്വചിക്കുന്നതു തന്നെയും പ്രത്യാശയുമായി ബന്ധപ്പെടുത്തിയാണ് (ഹെബ്രാ 11,1): “പ്രത്യാശിക്കുന്നവയെക്കുറിച്ച്, അവ പ്രവൃത്തിയിൽ യാഥാർത്ഥ്യമായാൽ എന്നതുപോലുള്ള ഉറപ്പും കാണാത്തവയെക്കുറിച്ചുള്ള ബോദ്ധ്യവുമാണ് വിശ്വാസം”. ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് സഭാപിതാവായ നീസായിലെ വി. ഗ്രിഗറി ഇപ്രകാരം എഴുതുന്നു: "പ്രതീക്ഷിക്കുന്നവ പ്രാപിക്കുന്നതുവരെ മാത്രമേ പ്രത്യാശയ്ക്കിടമുള്ളു. വിശ്വാസമാകട്ടെ, പ്രത്യാശിക്കുന്നവയെക്കുറിച്ചുള്ള ശക്തമായ ഉറപ്പാണ്"(Dialogue on the Soul and Resurrection, PG, 46,96). ലഭിക്കാനിരിക്കുന്നതിൻ്റെ മുന്നാസ്വാദനം ഇപ്പോൾ തന്നെ വിശ്വാസിക്കുണ്ട് എന്നതാണ് ക്രൈസ്‌തവവിശ്വാസത്തിന്റെ പ്രത്യേകത.
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ജോൺ ക്രിസോസ്തോം ക്രൈസ്‌തവപ്രത്യാശയെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “എന്താണ് നമ്മെ രക്ഷിച്ചത്? ദൈവത്തിലുള്ള പ്രത്യാശ ഒന്നുമാത്രം. അവിടുന്നു വാഗ്ദാനം ചെയ്യുകയും നല്‌കുകയും ചെയ്‌തവയെക്കുറിച്ചുള്ള വിശ്വാസവും... ഈ പ്രത്യാശയും വിശ്വാസവുമാണ് നിന്നെ രക്ഷിച്ചതെങ്കിൽ ഇപ്പോൾതന്നെ അതിനെ മുറുകെപ്പിടിക്കുക. ഇത്രയേറെ അനുഗ്രഹങ്ങൾ നിനക്കു നല്‌കിയവൻ വരാനിരിക്കുന്നവയെക്കുറിച്ചു നിന്നെ വഞ്ചിക്കുകയില്ല. അപ്പോൾ എന്താണു പ്രത്യാശ? വരാനിരിക്കുന്നവയെക്കുറിച്ചുള്ള ഉറപ്പാണത്" (Homilies on the Epistle to the Romans, 14,6). സുവിശേഷ ഭാഗ്യങ്ങൾക്കടിസ്ഥാനം ഈ ക്രൈസ്‌തവപ്രത്യാശയാണ്.
ക്രിസ്തീയ പ്രത്യാശ ഈശോമിശിഹാ എന്ന ചരിത്ര വ്യക്തിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യാശിക്കുക എന്നാൽ മിശിഹായെ കാംക്ഷിക്കുക എന്നുതന്നെ അർത്ഥം. പതിനാറാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന മഹാ വിശുദ്ധനായ ഫിലിപ്പ് നേരി ഇപ്രകാരം പറയുമായിരുന്നു: “മിശിഹായെ അല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നവൻ താൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് അറിയുന്നില്ല. അവിടുത്തെയ്ക്കുവേണ്ടിയല്ലാതെ അദ്ധ്വാനിക്കുന്നവൻ താൻ എന്തിനുവേണ്ടി അദ്ധ്വാനിക്കുന്നു എന്നും അറിയുന്നില്ല”.
ദാരിദ്ര്യത്തെ ഭാഗ്യമായി പ്രകീർത്തച്ചുകൊണ്ടാണ് ഈശോ തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. ദരിദ്രരെ സുവിശേഷമറിയിക്കാൻ താൻ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു എന്നു നസ്രത്തു സിനഗോഗിൽവച്ച് പരസ്യജീവിതാരംഭത്തിൽ ഈശോ പ്രസ്‌താവിച്ചതായി വി. ലൂക്കാ രേഖപ്പെടുത്തുന്നതിനു സമാന്തരമായി ഇതിനെ കണക്കാക്കാം (ലൂക്കാ 4,18). ഏശയ്യാ നിവ്യാ നൂറ്റാണ്ടുകൾക്കുമുമ്പേ ഇതു മുൻകൂട്ടി അറിയിച്ചിരുന്നതാണ് (ഏശ 61,1-2). ദൈവത്തിൻ്റെ അഭിഷിക്തൻ തന്റെ ഈ ദൗത്യം എപ്രകാരം നിറവേറ്റുന്നു എന്നാണ് വി. മത്തായി വിവരിക്കുന്നത്.
അവിടുന്ന് അരുളിച്ചെയ്‌തു: "ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ. സ്വർഗ്ഗരാജ്യം അവരുടേതാണ്". ദരിദ്രൻ ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ദാരിദ്ര്യാവസ്ഥ ദൗർഭാഗ്യമല്ലേ? മനുഷ്യൻ്റെ സാധാരണ ചിന്ത അതാണ്. പഴയ കാലത്ത് ഐശ്വര്യവും സമൃദ്ധിയും ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളായും ദാരിദ്ര്യവും കഷ്‌ടപ്പാടുകളും ദൈവികശിക്ഷയുടെ ഭാഗമായും കരുതപ്പെട്ടിരുന്നു. എന്നാൽ ഈശോയുടെ കാലമായപ്പോഴേയ്ക്കും ദാരിദ്ര്യത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു.
ബി. സി. രണ്ടാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും മദ്ധ്യേ യൂദയൻ മരുഭൂമിയിൽ ചാവുകടലിനരികെ ഖുമ്റാൻ എന്ന സ്ഥലത്തു തോറാ പഠനവും താപസജീവിതവുമായി കഴിഞ്ഞിരുന്ന ഭക്തരായ യഹൂദർ സ്വയം വിശേഷിപ്പിച്ചിരുന്നത് 'ആത്മാവിൽ ദരിദ്രർ' എന്നാണ്. ഭൗതിക വസ്തുക്കളും ലൗകികബന്ധങ്ങളും ഉപേക്ഷിച്ച് ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഇവർ 'കൃപയുടെ/രക്ഷയുടെ പാവങ്ങൾ' എന്നു സ്വയം അഭിസംബോധന ചെയ്യുകവഴി തങ്ങളാണ് യഥാർത്ഥ ഇസ്രായേൽ എന്നു പ്രഖ്യാപിച്ചു. ദാരിദ്ര്യം തങ്ങളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്നത് എക്കാലത്തും ഇസ്രായേലിന്റെ അനുഭവമായിരുന്നു.
ധനികർ പലപ്പോഴും, 'എനിക്ക് അനേക സംവത്സരങ്ങളിലേക്കു വേണ്ടത്ര വിഭവങ്ങൾ ശേഖരിച്ചിരിക്കുന്നു. ഞാൻ വിശ്രമിച്ച്, തിന്നുകുടിച്ച്, ആനന്ദിക്കും' എന്നു പറഞ്ഞ ഉപമയിലെ മനുഷ്യനെപ്പോലെ, ധാർഷ്‌ട്യത്തോടെ പ്രവർത്തിക്കുകയും തന്നിൽത്തന്നെ ആശ്രയിക്കുകയും ചെയ്യുന്നവരാണ്. ദരിദ്രരാകട്ടെ, തൻ്റെ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച വിധവയെപ്പോലെ, അവരുടെ വിനീത മനോഭാവത്തിൽ ദൈവത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു ജീവിക്കുന്നു.
ഇക്കൂട്ടർക്കു ദൈവത്തിൻ്റെ സ്നേഹത്തിലും നന്മയിലുമുള്ള വിശ്വാസം അവിടുത്തെ രക്ഷാകരമായ ഇടപെടൽ പ്രതീക്ഷയോടെ കാത്തിരിക്കാൻ ശക്തി നല്‌കുന്നു. മിശിഹായ്ക്കു ഹൃദയവാതിൽ തുറന്നു നല്‌കാൻ അവരെ പ്രാപ്തരാക്കുന്നതും ഈ മനോഭാവമാണ്.
ഈ ഗണത്തിൽപ്പെട്ടവരായിരുന്നു പരിശുദ്ധ കന്യകാമറിയവും യൗസേപ്പുപിതാവും ശിമയോനും ഹന്നായും സഖറിയായും ഏലീശ്വായും ഇടയന്മാരും ശ്ലീഹന്മാരുമെല്ലാം. ഇവരെക്കൊണ്ടാണ് പുതിയനിയമ ചരിത്രം ആരംഭിക്കുന്നത്.
തങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ദൈവതിരുമുമ്പിൽ വലിയ വീമ്പിളക്കാത്തവരാണവർ.
തങ്ങൾ ചെയ്യുന്ന നിസ്സാര ഭക്തകൃത്യങ്ങൾക്കു പ്രതിഫലമായി നീതീകരണം ആവശ്യപ്പെടുന്നവരല്ല അവർ.
അവർ ദാരിദ്ര്യത്തിൻ്റെ ആത്മീയവശം കണ്ടെത്തിയവരാണ്. ദൈവികദാനങ്ങൾ തങ്ങളുടെമേൽ വർഷിക്കപ്പെടാനും അതുവഴി ദൈവവുമായി ഐക്യത്തിൽ കഴിയാനും ആഗ്രഹിക്കുന്നവരാണവർ. തങ്ങൾക്കുള്ളവ ദൈവത്തിന്റെ ദാനമാണെന്നും അവ ആവശ്യത്തിലിരിക്കുന്ന സഹോദരർക്കുവേണ്ടിക്കൂടി ഉള്ളതാണെന്നും മനസ്സിലാക്കി ദൈവികദാനങ്ങൾ വിനിയോഗിക്കുന്നതിലാണ് യഥാർത്ഥ ക്രിസ്തീയത അടങ്ങിയിരിക്കുന്നത്. സമ്പത്തിൻ്റെയും മറ്റ് വസ്തുവകകളുടെയും കാര്യസ്ഥത മാത്രമേ തങ്ങൾക്കുള്ളു എന്നും അവയുടെ കണക്ക് ദൈവതിരുമുമ്പിൽ സമർപ്പിക്കേണ്ടിവരുമെന്നുമുള്ള ബോദ്ധ്യമാണ് ആത്മാവിൽ ദരിദ്രരെ നയിക്കുന്നത്.
ശൂന്യമായ കരങ്ങൾ തുറന്നു പിടിച്ചുകൊണ്ടാണ് അവർ ദൈവതിരുമുമ്പിൽ അണയുന്നത്. കൈകൾ തുറന്നു പിടിക്കുന്നത് ഉള്ളതെല്ലാം ദൈവത്തിനു സമർപ്പിക്കുന്നതിന്റെയും അവിടുന്നു നല്‌കുന്നവ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നതിന്റെയും പ്രതീകമായാണ്.
ഭൗതികദാരിദ്ര്യം മാത്രമല്ല ഇവിടെ വിവക്ഷിതം. ഈ ലോകത്തിലെ ദരിദ്രൻ ദൈവിക കാരുണ്യത്തിലും നന്മയിലും കൂടുതൽ ആശ്രയിക്കാനിടയുണ്ടെങ്കിലും ദാരിദ്ര്യാവസ്ഥ എപ്പോഴും രക്ഷാകരമാകണമെന്നില്ല.
ഒന്നുമില്ലാത്തവൻ്റെ ഉള്ള് കഠിനവും വിഷലിപ്തവും ആകാനുള്ള സാധ്യത കൂടുതലാണ്.
ഭൗതിക വസ്തുക്കൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലിൽ അവൻ ദൈവത്തെ വിസ്‌മരിക്കാൻ പോലും സാധ്യതയുണ്ട്.
ആത്മീയ ദാരിദ്ര്യ മനോഭാവം മാത്രവുമല്ല ഈശോ ഉദ്ദേശിച്ചത്. സന്യാസത്തിന്റെ പിതാവായ വി. അന്തോനീസും ഫ്രാൻസിസ് അസ്സീസിയും ജീവിച്ചതുപോലെ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ ജീവിക്കാൻ വിളിക്കപ്പെടുന്നവർ അധികമുണ്ടാവില്ല.
എങ്കിലും അവരെപ്പോലുള്ളവരുടെ സാന്നിധ്യം സുവിശേഷ ഭാഗ്യത്തിൻ്റെ വാസ്‌തവികത വ്യക്തമാക്കാൻ അനിവാര്യമാണ്.
ആത്മാവിൽ ദരിദ്രർക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് സ്വർഗ്ഗരാജ്യമാണ്. ഈശോയുടെ പ്രബോധനത്തിന്റെ പ്രധാന പ്രമേയം ദൈവരാജ്യമായിരുന്നു. 'സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ പശ്ചാത്തപിക്കുവിൻ' എന്നതായിരുന്നു അവിടുത്തെ ആദ്യപരസ്യപ്രഘോഷണം (മത്താ 4,17). സ്വർഗ്ഗരാജ്യവും ദൈവരാജ്യവും ഒരേ യാഥാർത്ഥ്യത്തെയാണു സൂചിപ്പിക്കുന്നത്. ദൈവരാജ്യസന്ദേശത്തെ നസ്രായനായ ഈശോമിശിഹാ എന്ന വ്യക്തിയിൽനിന്നു വേർതിരിച്ചു മനസ്സിലാക്കാനാവില്ല. ദൈവരാജ്യം അഥവാ സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഈശോ പ്രഘോഷിച്ചപ്പോൾ, പിതാവായ ദൈവം തന്നിൽ സന്നിഹിതനാണ്, താൻ അവിടുത്തെ സാന്നിദ്ധ്യമാണ് എന്ന് അവിടുന്നു വെളിവാക്കുകയായിരുന്നു. പിതാവായ ദൈവം മനുഷ്യനായവതരിച്ച ഈശോയിൽ സവിശേഷമാംവിധം ഭരണം നടത്താൻ ആരംഭിച്ചു. ഈശോ വെളിപ്പെടുത്തിയ ദൈവഹിതത്തിനു പൂർണ്ണമായി സമർപ്പിക്കുന്നവരാണ് അവിടുത്തെ രാജ്യത്തിലെ അംഗങ്ങൾ. നമ്മെ സംബന്ധിച്ചുള്ള ദൈവഹിതം വെളിപ്പെടുത്തുകയായിരുന്നു അവിടുത്തെ മനുഷ്യാവതാരലക്ഷ്യംതന്നെ. ചരിത്രത്തിൽ ഇന്നു മിശിഹായുടെ സാന്നിദ്ധ്യം തുടരുന്നതു തിരുസ്സഭയിലായതുകൊണ്ട് ദൈവരാജ്യം അവിടെ കണ്ടെത്താനാകും.
ദൈവരാജ്യത്തെക്കുറിച്ചുള്ള തികച്ചും വികലമായ ഒരു ധാരണയ്ക്കെതിരെ മാർപാപ്പ നമുക്കു മുറിയിപ്പു നല്‌കുന്നുണ്ട്. നീതിയും സമാധാനവും പുലരുന്ന സമത്വസുന്ദരമായ ഒരു ലോകത്തിൻ്റെ നിർമ്മിതിയ്ക്കായി മനുഷ്യൻ്റെ സർഗ്ഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ വിനിയോഗിക്കുന്നിടത്താണ് ദൈവരാജ്യം എന്നു വാദിക്കുന്ന ഒരു കൂട്ടരുണ്ട്. ഇപ്രകാരമുള്ള ഒരു ദൈവരാജ്യസ്ഥാപനത്തിനു സഹായിക്കുന്നിടത്തോളം മാത്രമേ മതങ്ങൾക്കു പ്രസക്തിയുള്ളു എന്നുവരെ ഇക്കൂട്ടർ ചിന്തിക്കുന്നു. ഫ്രഡ്‌റിക് നീറ്റ്‌ഷേ ഈ തത്ത്വശാസ്ത്രത്തിന്റെ വക്താവാണ്. അദ്ദേഹം പറഞ്ഞു: "ഞങ്ങൾ പ്രായപൂർത്തിയായവരാണ്. ഞങ്ങൾക്കാവശ്യം ഈ ഭൂമിയിലെ രാജ്യമാണ്". ദൃഷ്‌ടി ഈ ലോകത്തിൽ ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ് ഇപ്രകാരം ചിന്തിക്കുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ച് നിത്യതയും സ്വർഗ്ഗവുമൊക്കെ ഈ ഭൂമിയിൽ തന്നെയാണ്.
ദൈവത്തെക്കുറിച്ചു യാതൊരു പരാമർശവും ഈ ചിന്തയിലില്ല എന്നതാണ് ഇതിൻ്റെ അടിസ്ഥാന പ്രശ്‌നം. ഈശോ പ്രഘോഷിച്ചതു ദൈവത്തിൻ്റെ രാജ്യമാണ്, ഏതെങ്കിലും രാജ്യമല്ല. ഇന്നും ജീവിക്കുകയും മനുഷ്യചരിത്രത്തിലിടപെട്ടു നയിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചപ്പോൾ ഈശോ വെളിപ്പെടുത്തിയത്. ലോകത്തിന്റെ നാഥനായി ദൈവത്തെ അംഗീകരിക്കുന്നതാണ് ദൈവരാജ്യത്തിലാകാനുള്ള വഴി.
ഈ ലോകത്തിൽ മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥിതി രൂപപ്പെടുത്തുകയല്ല ഈശോയുടെ പ്രഘോഷണത്തിന്റെ പ്രഥമ ലക്ഷ്യം. മറിച്ച്, ദൈവത്തിൻ്റെ കർതൃത്വം അംഗീകരിക്കുവാൻ ജനത്തെ ഒരുക്കി പരിശീലിപ്പിക്കുക എന്നതായിരുന്നു അവിടുത്തെ പ്രഘോഷണ ലക്ഷ്യം. ദൈവത്തിന്റെ കർതൃത്വം ഏറ്റുപറയുന്നത് ജീവിത പരിവർത്തനത്തിലേക്കു നയിക്കും. ഈ പുതിയ വിശ്വാസരീതി അനുദിന ജീവിതപ്രവർത്തനങ്ങളെ സ്വാധീനിക്കും. വിശ്വാസത്തിൽ നിന്നുരുത്തിരിയുന്ന പരിത്യാഗത്തിന്റെയും അയൽക്കാരനു നന്മ ചെയ്യാനുള്ള അഭിവാഞ്ചയുടെയും ഫലമായി സ്വാഭാവികമായി നീതി പൂർവ്വകമായ ഒരു സമൂഹം രൂപം കൊള്ളുകയും ചെയ്യും. ഇത് ദൈവരാജ്യത്തിൻ്റെ സവിശേഷതയാണ്.
അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം ഈ സുവിശേഷഭാഗ്യത്തിന്റെ യാഥാർത്ഥ്യവത്ക്കരണമായിരുന്നു.
ദൈവത്തെ 'പിതാവേ' എന്നു വിളിക്കാനായി തന്റെ ഉടുതുണിപോലും അപ്പനു തിരിച്ചു നല്കിയ ഫ്രാൻസിസ് ദാരിദ്ര്യത്തെ ആത്മാർത്ഥമായി വരിച്ച വ്യക്തിയാണ്.
മഹാനായ രാജാവായിരുന്ന സോളമൻ്റേതിനെക്കാളും മനോഹരമായ വസ്ത്രങ്ങളാൽ വയലിലെ ചെടികളെ അലങ്കരിക്കുന്ന സ്വർഗ്ഗീയ പിതാവായ ദൈവം (മത്താ 6,28-29) അവിടുത്തെ പുത്രനായ തന്നോട് അതിലും വലുതായ താൽപര്യം കാണിക്കും എന്നദ്ദേഹത്തിന് ഉറപ്പായിരുന്നു.
ഫ്രാൻസിസിന്റെ ഈ അതീവ വിനയം ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കുന്നതിന് അദ്ദേഹത്തെ സ്വതന്ത്രനാക്കി.
ഈ സ്വാതന്ത്ര്യം ശുശ്രൂഷയ്ക്കും പ്രേഷിതപ്രവർത്തനത്തിനും അദ്ദേഹത്തെ പ്രാപ്‌തനാക്കുകയും ചെയ്തു. ദൈവവചനത്തിൽ പ്രതിധ്വനിക്കുന്ന ദൈവികസ്വരം ശ്രവിക്കാൻ തനിക്കു ചുറ്റുമുള്ളവരെ സഹായിക്കുകയായിരുന്നു ഫ്രാൻസിസിന്റെ ജീവിതലക്ഷ്യം.
തിരുസഭയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് വി. ഫ്രാൻസിസ് ദൈവരാജ്യത്തിൻ്റെ പുതിയമാനം സ്വജീവിതത്തിൽ പ്രാവർത്തികമാക്കിയത്.
ആത്മീയദാരിദ്ര്യ മനോഭാവത്തോടെ എല്ലാം ദൈവത്തിൽനിന്നു സ്വീകരിക്കുന്ന വ്യക്തി ദൈവികദാനങ്ങൾക്കു ദൈവത്തോടു നന്ദിയുള്ളവനായിരിക്കും.
ഈ ആദ്യ സുവിശേഷഭാഗ്യം ജീവിക്കുന്ന ഏതൊരു വ്യക്തിയും ദൈവരാജ്യത്തിൻ്റെ ജീവിക്കുന്ന അടയാളമായി പരിണമിക്കും. പ്രത്യാശയും സന്തോഷവും പ്രസരിപ്പിക്കുന്ന നക്ഷത്രമായി രൂപാന്തരപ്പെടുകയും ചെയ്യും.
വേദനയും സഹനവും അവയിൽ നിന്നുളവാകുന്ന ദുഃഖവും മനുഷ്യാസ്‌തിത്വത്തിൻ്റെ ഭാഗമാണ്. അവ കുറയ്ക്കുന്നതിനു കഴിയുന്നതൊക്കെ ചെയ്യാൻ നമുക്കു സ്നേഹത്തിലും നീതിയിലും കടമയുണ്ട്. എന്നാൽ അവയെ ജീവിതത്തിൽനിന്നു പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യാൻ നമുക്കാവില്ല. അതു മനുഷ്യപരിധിയിൽപ്പെടുന്ന കാര്യവുമല്ല. ദൈവത്തിനു മാത്രമേ അതു സാധിക്കുകയുള്ളു. വ്യക്തിപരമായി ചരിത്രത്തിൽ പ്രവേശിക്കുകയും മനുഷ്യനായിത്തീർന്നു ജീവിതത്തിൽ സഹിക്കുകയും ചെയ്യുന്ന ദൈവത്തിനു മാത്രമേ അതിനു കഴിയൂ. പുത്രൻ തമ്പുരാൻ മനുഷ്യനായവതരിച്ചത് അതിനുവേണ്ടിയാണ്. നമുക്കുവേണ്ടി സഹിച്ച മിശിഹായിലുള്ള വിശ്വാസമാണ് അനുദിനജീവതത്തിലെ ദുഃഖങ്ങൾ ഭാഗ്യമായി കരുതുവാൻ ഒരുവനെ പ്രാപ്തനാക്കുന്നത്. ഈശോ അരുളിച്ചെയ്‌തു: "ദുഃഖിതർ ഭാഗ്യവാന്മാർ അവർ ആശ്വാസം പ്രാപിക്കും" (മത്താ 5,4).
വേദനയിലും ദുഃഖത്തിലുംനിന്ന് ഓടിയകന്നു കൊണ്ടല്ല, മറിച്ച് അനന്തമായ സ്നേഹത്തോടെ സഹിച്ച ഈശോയുമായുള്ള ഐക്യത്തിലൂടെ അവയെ സ്വീകരിക്കാനും അർത്ഥം കണ്ടെത്താനും ശ്രമിക്കുന്നതിലുടെയാണ് ക്രിസ്ത്യാനി പക്വത പ്രാപിക്കുന്നത്. സഹനങ്ങളിൽ താൻ തനിച്ചല്ല, സഹനമറിയാവുന്ന മിശിഹാകുടെയുണ്ട് എന്ന ബോദ്ധ്യമാണ് ദുഃഖത്തെ സന്തോഷമായി പകർത്താൻ അവനെ സഹായിക്കുന്നത്. പദാർത്ഥനിയമത്തിൻ്റെയോ ആകസ്മികതയുടെയോ ഉല്‌പന്നമല്ല മനുഷ്യൻ എന്നും എല്ലാറ്റിന്റെയും ഉള്ളിൽ, എന്നാൽ എല്ലാറ്റിനും ഉപരിയായി വർത്തിക്കുന്ന ഒരു വ്യക്തിയുടെ ഇച്ഛാശക്തിയാണ് അവനെ നിയന്ത്രിക്കുന്നതെന്നും അവൻ വിശ്വസിക്കുന്നു (നസ്രായനായ ഈശോ, 5).
മനുഷ്യൻ്റെ വ്യക്തിജീവിതത്തിൽ ദുഃഖം അഥവാ വിലാപം രണ്ടു കാരണങ്ങളാൽ ഉണ്ടാകാം.
ആദ്യത്തേത്, പ്രത്യാശ നഷ്‌ടപ്പെടുന്നതുകൊണ്ടും സ്നേഹത്തിലും സത്യത്തിലും വിശ്വാസമില്ലാതെ വരുന്നതു കൊണ്ടും ഉണ്ടാകുന്നതാണ്. യൂദാസിനു സംഭവിച്ചത് അതാണ്. തന്റെ പതനത്തിൻ്റെ ഗൗരവം കണ്ടു ഭയന്ന യൂദാസ് പ്രതീക്ഷ നഷ്‌ടപ്പെട്ടവനായി സ്വയം ജീവിതം അവസാനിപ്പിക്കുന്നു.
രണ്ടാമത്തെ തരത്തിലുള്ള ദുഃഖം-വിലാപം സത്യത്തെ അഭിമുഖീകരിക്കുന്നതു വഴിയുണ്ടാകുന്നതാണ്. അതു മനുഷ്യനെ മാനസാന്തരത്തിലേക്കും പുതുജീവിതത്തിലേക്കും നയിക്കും. പത്രോസ് ശ്ലീഹായുടെ ജീവിതത്തിൽ നമ്മൾ കാണുന്നതിതാണ്. കർത്താവിൻ്റെ കടാക്ഷമുണ്ടായപ്പോൾ പത്രോസ് പുറത്തുപോയി കരഞ്ഞു. ഈ വിലാപം അദ്ദേഹത്തിന്റെ ആത്മാവിനെ സുഖപ്പെടുത്താൻ കഴിവുള്ളതായിരുന്നു. പിന്നീടുള്ള ജീവിതകാലം മുഴുവനും പുലർകാലത്തു കോഴികൂവുന്നതു കേൾക്കുമ്പോൾ പത്രോസ് ഈ കരച്ചിൽ തുടർന്നു എന്നാണു പാരമ്പര്യം.
രണ്ടാമത്തെ രീതിയിലുള്ള വിലാപം എപ്രകാരം രക്ഷയിലേക്കു നയിക്കും എന്നതിനുള്ള ഉദാഹരണം എസക്കിയേലിന്റെ പുസ്‌തകം ഒമ്പതാം അദ്ധ്യായത്തിലുണ്ട്.
ജറുസലേമിനെ ശിക്ഷിക്കാനൊരുങ്ങിയ ദൈവം, ആ നഗരത്തിൽ നടമാടിയിരുന്ന മ്ളേശ്‌ഛതകളെയോർത്ത് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരെ അടയാളപ്പെടുത്തി ശിക്ഷയിൽ നിന്നൊഴിവാക്കാൻ കല്‌പിച്ചു (എസ 9,4).
ദുഷ്ടന്റെ അനീതിയും അക്രമവും നിശബ്ദരായി സഹിക്കേണ്ടിവരുന്ന നീതിമാന്മാർക്കാണ് ഇപ്രകാരം വിലപിക്കേണ്ടിവന്നത്. പക്ഷേ, അവരുടെ വിലാപം നിഷ്ഫലമായിപ്പോയില്ല. അവർക്കതു രക്ഷാകരമായി ഭവിച്ചു.
ഈശോയുടെ കുരിശിൻ ചുവട്ടിൽ നില്ക്കുന്ന പരിശുദ്ധ കന്യകാമറിയവും മറ്റു ഭക്തസ്ത്രീകളും (യോഹ 19,23-27) വിലാപം അനുഗ്രഹമായി മാറ്റിയവരാണ്.
തിന്മയോടുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗമായി പലപ്പോഴും നീതിമാനു വിലപിക്കേണ്ടി വരും. നീതിക്കു വേണ്ടിയുള്ള സഹനമാണത്.
സഹിക്കുന്നവൻ്റെ കൂടെ സഹിക്കുന്നതിലാണ് (cum passio: com - passion) യഥാർത്ഥ സ്നേഹം അടങ്ങിയിരിക്കുന്നത്.
മറ്റുള്ളവരുടെ വേദനകൾക്കും സഹനത്തിനും പുറം തിരിഞ്ഞു നില്ക്കാത്ത ഇവർക്ക് വലിയ സമാശ്വാസമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.
ഈ ലോകത്തിൽ വിലപിക്കുന്നവർക്ക് ദൈവികമായ സമാശ്വാസം അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. സമാശ്വാസത്തെ സൂചിപ്പിക്കുവാൻ ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന പദം (consolation) ലത്തീൻ ഭാഷയിലെ Consolatio യിൽനിന്നു വരുന്നതാണ്. ഒരുവൻ്റെ ഏകാന്തതയിൽ അവനോടുകൂടെ ആയിരിക്കുക എന്ന അർത്ഥമാണതിനുള്ളത്. തദ്ഫലമായി ഏകാന്തത ഇല്ലാതാകുന്നു (പ്രത്യാശയിൽ രക്ഷ, 38). മാർപാപ്പാ തുടർന്ന് എഴുതുന്നു: "എല്ലാ മാനുഷിക സഹനത്തിലും, ആ സഹനം നമ്മോടൊത്ത് അനുഭവിക്കുകയും വഹിക്കുകയും ചെയ്യുന്ന ഒരാൾ നമ്മോടൊപ്പമുണ്ട്. അതിനാൽ എല്ലാ സഹനത്തിലും സാന്ത്വനം ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിൻ്റെ സാന്ത്വനം, സന്നിഹിതമാണ്. അതുകൊണ്ട് പ്രത്യാശയുടെ നക്ഷത്രമുദിക്കുന്നു. സത്യത്തിനുവേണ്ടി സഹിക്കാനുള്ള കഴിവ് മനുഷ്യത്വത്തിന്റെ അളവാണ്. എന്നാൽ സഹിക്കാനുള്ള ഈ കഴിവ് നമ്മുടെയുള്ളിൽ നാം സംവഹിക്കുകയും പടുത്തുയർത്തുകയും ചെയ്യുന്ന പ്രത്യാശയുടെ ആഴത്തെയും വ്യാപ്‌തിയെയും ആശ്രയിച്ചാണിരിക്കുന്നത്" (പ്രത്യാശയിൽ രക്ഷ, 39).
സഹനവും പീഡനവും എന്നും ഭയാനകവും അസഹനീയവുമാണ്. “എന്നാൽ നമുക്കു പ്രത്യാശയുടെ നക്ഷത്രം ഉദിച്ചിട്ടുണ്ട്. ഹൃദയത്തിൻ്റെ നങ്കൂരം ദൈവത്തിൻ്റെ സിംഹാസനത്തിൽതന്നെ എത്തുന്നു. മനുഷ്യൻ്റെയുള്ളിൽ തിന്മയെ കെട്ടഴിച്ചു വിടുന്നതിനുപകരം പ്രകാശം വിജയശ്രീലാളിതമായി ശോഭിക്കുന്നു. സഹനം അതിനു മാറ്റമില്ലാത്തപ്പോഴും എന്തെല്ലാം സംഭവിച്ചാലും ഒരു സ്‌തുതിഗീതമായിത്തീരുന്നു" (പ്രത്യാശയിൽ രക്ഷ, 37).
ഇപ്രകാരം ദുഃഖത്തിന്റെയും സഹനത്തിൻ്റെയും അർത്ഥം മനസ്സിലാക്കുകയും അതിനെ ശുദ്ധീകരണത്തിനും പക്വതയിലുള്ള വളർച്ചയ്ക്കുള്ള മാർഗ്ഗമായി സ്വീകരിക്കുകയും ചെയ്യുന്നവർക്കേ മറ്റു വ്യക്തികളുടെ സഹനത്തിൽ പങ്കുചേരാനാവു. സഹനത്തോടും സഹിക്കുന്നവരോടുമുള്ള ബന്ധത്തിൽനിന്നാണ് മനുഷ്യത്വത്തിൻ്റെ യഥാർത്ഥമാനം നിർണ്ണയിക്കപ്പെടുന്നത്. അവിടെ സ്വന്തസുഖത്തിനും ഭൗതിക സുസ്ഥിതിക്കുമുപരിയായി സത്യവും നീതിയും പ്രതിഷ്ഠിക്കാൻ മനുഷ്യൻ തയ്യാറാകും. സമൂഹത്തിലെ ദുർബ്ബല വിഭാഗം പീഡനത്തിനും അതിക്രമങ്ങൾക്കും വിധേയരാകുന്നിടത്തോളംകാലം ആശ്വാസത്തിൻ്റെ കാലം നമുക്കിടയിൽ എത്തിയെന്നു പറയാനാവില്ല.
അവസാന ശത്രുവായ മരണവും കീഴടക്കപ്പെടുന്ന തോടു കൂടി മാത്രമേ (1 കോറി 15,26) യഥാർത്ഥ സമാശ്വാസം സംജാതമാവുകയുള്ളു. മരണമാണല്ലോ ദുഃഖത്തിന്റെ ഒരു പ്രധാന അവസരം. മരണദുഃഖത്തിലാഴുമ്പോഴും നമുക്കാശ്വാസം നല്കുന്നത്, മരണത്തിൻ്റെ താഴ്‌വരയിലൂടെ കടന്നു പോയ, ശരിയായ വഴി അറിയാവുന്ന യഥാർത്ഥ ഇടയൻ നമ്മോടൊപ്പമുണ്ട് എന്ന ബോദ്ധ്യമാണ് (സങ്കീ 23,1-4). “ആർക്കും എന്നോടുകൂടി വരാനാവാത്ത അവസാനത്തെ ഏകാന്തതയുടെ പാതയിൽപ്പോലും എന്നെ നയിച്ചുകൊണ്ട് എന്നോടൊപ്പം നടക്കുന്നവനാണ് അവിടുന്ന്... മരണത്തിൽപോലും എന്നെ അനുയാത്ര ചെയ്യുന്ന ഒരാളുണ്ടെന്നും, ഒരാപത്തിനെയും ഭയപ്പെടാനില്ലാത്തവിധം തൻ്റെ ഊന്നു വടിയും ദണ്ഡുംകൊണ്ട് അവിടുന്ന് എന്നെ ആശ്വസിപ്പിക്കുമെന്നുമുള്ള ബോദ്ധ്യമാണ് വിശ്വാസികളുടെ മീതെ ഉദിച്ചുയരുന്ന പുതിയ പ്രത്യാശ" (പ്രത്യാശയിൽ രക്ഷ, 6).
ആദ്യകാല സഭാപിതാക്കന്മാരിൽ ഒരുവനായ തെർത്തുല്യൻ ഇപ്രകാരം എഴുതുന്നു: "മിശിഹായുടെ ഉത്ഥാനത്തിൽ വിശ്വസിക്കുന്ന നമ്മൾ നമ്മുടെതന്നെ ഉയിർപ്പിലാണ് വിശ്വസിക്കുന്നത്. കാരണം, നമുക്കുവേണ്ടിയാണ് അവിടുന്നു മരിക്കുകയും ഉയിർക്കുകയും ചെയ്‌തത്. മരിച്ചവരുടെ ഉയിർപ്പിനെക്കുറിച്ചു നമുക്ക് ഉറപ്പുള്ളതുകൊണ്ട് മരിച്ചവരെക്കുറിച്ചു വിലപിക്കുന്നതു വ്യർത്ഥമാണ്" (Patience, 9,2).
ആശ്വാസത്തെക്കുറിച്ചുള്ള ഈശോയുടെ വചനങ്ങൾ ദൈവരാജ്യമെന്തെന്നു ഗ്രഹിക്കാൻ നമ്മെ സഹായിക്കും.
അതുപോലെതന്നെ, ദൈവരാജ്യമെന്ന ആശയം ഈ ലോകത്തു പീഡകൾ സഹിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന സൗഭാഗ്യമെന്തെന്നും വ്യക്തമാക്കും.
അഷ്ടഭാഗ്യങ്ങളിൽ മൂന്നാമത്തേത് ശാന്തശീലരെക്കുറിച്ചാണ്. “ശാന്തശീലർ ഭാഗ്യവാന്മാർ. അവർ ഭൂമി കൈവശമാക്കും" (മത്താ 5,5). സങ്കീർത്തനം 37,11 ൻ്റെ ആവർത്തനമാണ് ഈ സുവിശേഷഭാഗ്യം.
ഹീബ്രു ഭാഷയിൽ ദൈവത്തിൻ്റെ ദരിദ്രരെ സൂചിപ്പിക്കാനുപയോഗിക്കുന്ന 'അനവിം' എന്ന പദം പരിഭാഷപ്പെടുത്താനുപയോഗിക്കുന്ന ഗ്രീക്കുവാക്കു തന്നെയാണ് ശാന്ത ശീലരെക്കുറിച്ചു പരാമർശിക്കുമ്പോഴും ഉപയോഗിക്കുന്നത്. ആത്മാവിലുള്ള ദാരിദ്ര്യത്തെ പ്രകീർത്തിക്കുന്ന ആദ്യ സുവിശേഷഭാഗ്യത്തോടു ചേർന്നു പോകുന്നതാണ് മൂന്നാമത്തേത്. ദൈവത്തോടു ബന്ധപ്പെടുത്തി ദാരിദ്ര്യം ജീവിക്കുന്നതിന്റെ അനന്തരഫലമാണ് ശാന്തശീലത്വം.
മോശയെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “ഭൂമുഖത്തുണ്ടായിട്ടുള്ള സകല മനുഷ്യരെയുംകാൾ മോശ ശാന്തശീലനായിരുന്നു" (സംഖ്യ 12,3). ശാന്തതയുടെ കാര്യത്തിലും മോശ ഈശോയുടെ മുന്നോടി മാത്രമായിരുന്നു.
മിശിഹായെക്കുറിച്ച് സഖറിയാ നിവ്യാ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “നിൻ്റെ രാജാവ് വിനീതനായി ഒരു കഴുതപ്പുറത്ത് നിൻ്റെ അടുത്തേക്കു വരുന്നു" (സഖ 9,9-11). രാഷ്ട്രീയ-പട്ടാള അധികാരത്തിൽ ആശ്രയിക്കാത്ത ഒരു രാജാവിന്റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. ദരിദ്രരുടെ വാഹനമായ കഴുതപ്പുറത്താണ് അവൻ സവാരി ചെയ്യുന്നത് എന്ന വസ്തുത കുതിരകളിൽ ആശ്രയിക്കുന്ന ഈ ലോക രാജാക്കളിൽ നിന്ന് ഈശോയെ വ്യതിരക്തനാക്കുന്നു. കഴുതപ്പുറത്തുള്ള ജറുസലേം പ്രവേശം ഈശോയുടെ രാജത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്.
“ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എൻ്റെ നുകം വഹിച്ചുകൊണ്ട് നിങ്ങൾ എന്നിൽനിന്നു പഠിക്കുവിൻ. അപ്പോൾ നിങ്ങൾ ആശ്വാസം പ്രാപിക്കും" (മത്താ 11,29) എന്നവിടുത്തേക്കു മാത്രമേ പറയാനാവൂ. ശാന്തനും വിനീതഹൃദയനുമായ ദൈവപുത്രൻ എന്ന നിലയിൽ സ്വർഗ്ഗീയ പിതാവിനെ വെളിപ്പെടുത്തുന്ന വചനമായ ഈശോ പഴയനിയമത്തിലെ തോറായുടെയും വിജ്ഞാനത്തിന്റെയും സ്ഥാനത്താണ് (മത്താ 11,25-27). എത്രമാത്രം ശാന്തമനോ ഭാവത്തോടെയാണ് അവിടുന്നു വ്യക്തികളോടും സംഭവങ്ങളോടും പ്രതികരിച്ചത് എന്നതിനു മതിയായ തെളിവുകൾ സുവിശേഷത്തിലുണ്ടല്ലോ. മിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം അവിടുത്തെ അനുയായികൾക്കുമുണ്ടാകണമെന്ന് അവിടുന്ന് അഭിലഷിക്കുന്നു.
ശാന്തശീലർക്കു കർത്താവ് ഭൂമി വാഗ്ദാനം ചെയ്തിരിക്കുന്നു (മത്താ 5,5).
ഒരു ഭൂമിയെക്കുറിച്ചുള്ള പ്രതീക്ഷ ദൈവം അബ്രാഹത്തിനു നല്കിയ വാഗ്ദ്‌ധാനത്തിൻ്റെ പ്രധാന ഘടകമായിരുന്നു (ഉല്പ 12,1-3). “നിൻ്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക" എന്നാണല്ലോ അബ്രാഹത്തോടു ദൈവം പറഞ്ഞത്.
ഇസ്രായേൽജനം മരുഭൂമിയിലൂടെ നീണ്ട വർഷങ്ങൾ യാത്ര ചെയ്തതും വാഗ്‌ദത്തഭൂമി ലക്ഷ്യം വച്ചായിരുന്നു. വിപ്രവാസകാലത്ത് സ്വന്തം നാട്ടിൽ തിരിച്ചെത്താനുള്ള പ്രതീക്ഷയായിരുന്നു അവരെ നയിച്ചിരുന്നത്. ഭൂമിയെക്കുറിച്ചുള്ള ഈ വാഗ്ദാനങ്ങളിലും പ്രതീക്ഷകളിലുമെല്ലാം ഒരു ഭൂപ്രദേശം എന്നതിനെക്കാൾ ഉപരിയായ ഒരാശയമുണ്ട്.
ഇസ്രായേലിനു ഭൂമി നല്‌കപ്പെട്ടത് അനുസരണത്തിനുളള ഒരു സ്ഥലം അഥവാ ദൈവത്തിലേക്കു തുറവുള്ളവരായിരിക്കുന്നതിനുള്ള വേദി എന്ന നിലയിലാണ്. മറ്റു ജനതകളുമായുള്ള ബന്ധത്തിൽ നിന്നുണ്ടായേക്കാവുന്ന വിഗ്രഹാരാധനയിലേക്കുള്ള ആകർഷണം ഒഴിവാക്കി സ്വതന്ത്രരായി ജീവിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഏക സത്യദൈവത്തോടുള്ള അനുസരണവും അതിനനുസരിച്ച് ഭൂമിയെ ക്രമീകരിക്കലും സ്വാതന്ത്ര്യത്തെയും ഭൂമിയെയും സംബന്ധിച്ചുള്ള ആശയത്തിന്റെ മുഖ്യഘടകങ്ങളാണ്. ദൈവം നല്കിയ ഭൂമി അനുസരണക്കേടിന്റെയും വിഗ്രഹാരാധനയുടെയും വേദിയായി മാറിയപ്പോഴാണ് ഇസ്രായേലിന് അതു നഷ്ടമായതും വിപ്രവാസത്തിൽ കഴിയേണ്ടിവന്നതും.
ഭൂമി കൈവശമാക്കുന്നതിനെ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന വിശ്രമത്തിലേക്കു പ്രവേശിക്കുന്നതിനോടു താരതമ്യപ്പെടുത്തിയാണ് ഹെബ്രായ ലേഖകൻ അവതരിപ്പിക്കുന്നത് (ഹെബ്രാ 3,18-4,13). അബ്രാഹത്തിനു നല്‌കപ്പെട്ട വാഗ്ദാനമാണ് ഇതിനടിസ്ഥാനം (ഹെബ്രാ 11,9-10). വാഗ്ദാനം ചെയ്യപ്പെട്ട പ്രദേശത്തു ജീവിക്കുമ്പോഴും ദൈവംതന്നെ ശില്‌പിയും നിർമ്മാതാവും അടിസ്ഥാനവുമായിരിക്കുന്ന ഒരു പട്ടണത്തെയാണ് അബ്രാഹം പ്രതീക്ഷിച്ചിരുന്നത്. വിശ്രമത്തിൽ പ്രവേശിക്കുമെന്ന വാഗ്ദാനം അദ്ദേഹത്തിനു നല്‌കിയ ദൈവിക ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ഈശോമിശിഹായാണ് ക്രൈസ്‌തവരായ നമുക്കു വിശ്രമത്തെക്കുറിച്ചുള്ള വാഗ്ദാനത്തിൻ്റെ സുവിശേഷം നല്കിയിരിക്കുന്നത്. ദൈവത്തിൻ്റെ പുത്രനിൽ വിശ്വസിക്കുന്നവരായ നമ്മൾ ആ വിശ്രമത്തിൽ നിശ്ചയമായും പ്രവേശിക്കും (ഹെബ്രാ 4,3).
ക്രൈസ്തവർക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് ഭൗമികവിശ്രമമല്ല, മറിച്ച്, ദൈവത്തിൻ്റെ സാബത്തുവിശ്രമമാണ്. പഴയനിയമ ജനതയ്ക്കു പ്രാപ്യമായിരുന്നില്ല ഈ ദൈവികവിശ്രമം (ഹെബ്രാ 4,8-11). ദൈവികഭവനത്തിന്റെ അധിപനായ മിശിഹായിൽ വിശ്വസിക്കുന്നവർ ദൈവിക ഭവനത്തിലെ അംഗങ്ങളായിത്തീരുന്നു (ഹെബ്രാ 3,6). മാമോദീസായിൽ ലഭിച്ച ഹൃദയനൈർമ്മല്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ട് ഉടമ്പടിയിൽ ഉറച്ചുനില്ക്കുന്നവർ, മിശിഹാ പ്രവേശിച്ചിരിക്കുന്ന ആ ദൈവികവിശ്രമത്തിലേക്കു പ്രവേശിക്കും (ഹെബ്രാ 2,10; 3,14; 10,22). കാരണം, നമ്മൾ മിശിഹായിൽ പങ്കുകാരാണ്. അവിടുന്ന് വാഗ്‌ദത്തഭൂമിയായ സ്വർഗ്ഗത്തിൽ പിതാവിൻ്റെ വിശ്രമത്തിൽ പങ്കുചേർന്ന് നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിനാൽ അവിടുന്നിൽ വിശ്വസിക്കുന്നവർക്കും ആ ഭൂമിയും വിശ്രമവും ഉറപ്പാണ്.
പ്രത്യാശയിൽ അധിഷ്ഠിതമായ ഭൂമിയെക്കുറിച്ചുള്ള ഈ സാർവ്വത്രിക കാഴ്‌ചപ്പാട് സഖറിയാ പ്രവാചകൻ മുൻകൂട്ടി നല്കിയിരുന്നതാണ് (സഖ 9,10):
സമാധാന രാജാവിന്റെ ഭൂമി
കടൽ മുതൽ കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ്
ദൈവത്തിന്റെ ഭരണത്തിൻകീഴിൽ നിന്നു കൊണ്ട് അതിർവരമ്പുകളെ അതിജീവിക്കുന്നതിലാണ് യഥാർത്ഥ സമാധാനം അടങ്ങിയിരിക്കുന്നത്.
സമാധാന രാജാവിൻ്റെ അധീനതയിൽ വരുമ്പോഴാണ് ഭൂമി അതിന്റെ യഥാർത്ഥ ലക്ഷ്യം പ്രാപിക്കുന്നതും.
ശാന്തശീലനും സമാധാന രാജാവുമായ ഈശോയിൽ വിശ്വസിക്കുകയും അവിടുത്തെ ദൈവമായി അംഗീകരിക്കുകയും ചെയ്യുന്നവർ അവിടുത്തെ രാജ്യത്തിലാണ് അംഗങ്ങളാകുന്നത്. അവിടുത്തെ ശാന്തതയിലാണ് പങ്കുചേരുന്നത്.
ആയിരിക്കുന്നിടത്തെല്ലാം സമാധാനത്തിന്റെ വക്താക്കളായി വർത്തിച്ചുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ ഭൂമിയെ രൂപാന്തരപ്പെടുത്തുവാനുള്ള ക്ഷണമാണ് ഈ സുവിശേഷഭാഗ്യത്തിലൂടെ ഈശോ നമുക്കു നല്കുന്നത്.
യഥാർത്ഥ നീതിയും നന്മയും കാംക്ഷിക്കുന്ന ധാരാളമാളുകൾ ഏതു സമൂഹത്തിലുമുണ്ടാകും. അതിഭൗമികമായ ഒന്നിനുവേണ്ടിയുള്ള മനുഷ്യൻ്റെ ഉള്ളിൻ്റെ ഉള്ളിലെ അദമ്യമായ തൃഷ്ണയെ ശരിയായ രീതിയിൽ ശമിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ.
പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിമിശിഹായെ കാണാനെത്തിയ ജ്ഞാനികളെപ്പോലെയാണവർ.
സത്യത്തിലേക്കും സ്നേഹത്തിലേക്കും ദൈവത്തിലേക്കും വഴി കാണിക്കുന്ന നക്ഷത്രത്തെ പിൻചെല്ലുവാൻ അവർ തയ്യാറാകുന്നു.
ഭൗതികതയുടെ സ്വാധീനത്തിൽ നിന്നുയർന്ന് പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങൾക്കനുസരിച്ച് ദൈവം അയയ്ക്കുന്ന അടയാളങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നവരാണവർ.
ഇസ്രായേലിന്റെ രക്ഷ കാത്തിരുന്ന സഖറിയായും ഏലീശ്വായും മറിയവും യൗസേപ്പും ശിമയോനും ഹന്നായുമൊക്കെ ഈ ഗണത്തിൽപ്പെടും.
വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ ജീവിതം നയിച്ചിരുന്ന പന്ത്രണ്ടു ശ്ലീഹന്മാർ അനുദിന ജീവിതവ്യഗ്രതകൾക്കിടയിലും തങ്ങളുടെ ഹൃദയവും മനസ്സും മിശിഹായ്ക്കായി തുറന്നു കാത്തിരുന്നവരാണ്.
പൗലോസായി രൂപാന്തരപ്പെട്ട സാവൂളും ഇതുപോലെ പുതിയൊരു ദർശനത്തിനായി പ്രതീക്ഷയോടെ കാത്തു കഴിഞ്ഞവനാണ്.
“ആത്മാർത്ഥതയോടെയും തീക്ഷ്‌ണമായും സത്യമനേഷിക്കുന്ന ഏതൊരു വ്യക്തിയും മിശിഹായിലേക്കു നയിക്കുന്ന പാതയിലാണ്" എന്ന ഈഡിത് സ്റ്റൈന്റെ വാക്കുകൾ ഇത്തരുണത്തിൽ സ്‌മർത്തവ്യമാണ്.
ഇക്കൂട്ടരാണ് നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ. ഇവർ അനുഗൃഹീതരാണ്, കാരണം ഈ മനോഭാവം അവരെ മിശിഹായിലേക്കും അതുവഴി പിതാവായ ദൈവത്തിലേക്കും നയിക്കുന്നു.
ആത്യന്തികമായി ഇത് ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യും.
ഓരോരുത്തരുടെയും ഉള്ളിൻ്റെയുള്ളിൽ ശാന്തമായും നിശബ്ദമായും സംസാരിക്കുന്ന സത്യത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുവാൻ ഓരോരുത്തർക്കും കടമയുണ്ട്.
നീതി എന്നു നമ്മൾ പരിഭാഷപ്പെടുത്തുന്ന പദത്തിന് ഗിരിപ്രഭാഷണത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുവാക്ക് "ഡിക്കായ്ഓസ്യൂനേ' (dikaiosyne) ആണ്. നീതി എന്നതിലും വ്യാപകമായ അർത്ഥം അതിനുണ്ട്. മത്തായി 5,20-ൽ നിന്നു മനസ്സിലാകുന്നതുപോലെ, അത് നീതനിഷ്ഠ, ധർമ്മനിഷ്ഠ, വിശ്വാസ ജീവിതശൈലി തുടങ്ങിയ ആശയങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ്. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ പ്രീശരുടെയും നിയമജ്ഞരുടെയും 'ഡിക്കായ്ഓക്യുനേ'യെ അതിശയിക്കുന്ന 'ഡിക്കായ് ഓസ്യൂനേ' ഉണ്ടാകണമെന്നാണല്ലോ ഈശോ ആവശ്യപ്പെടുന്നത്. മറ്റുള്ളവർ കാണാനും പ്രശംസിക്കാനും വേണ്ടിയാണ് പ്രീശരും നിയമജ്ഞരും "ഡിക്കായ് ഓസ്യൂനേ' നിർവ്വഹിച്ചിരുന്നത് (മത്താ 6,1). ദൈവത്തിന്റെ രാജ്യവും അവിടുത്തെ 'ഡിക്കായ് ഓസ്യൂനേ'യും അന്വേഷിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ (മത്താ 6,31) ക്രൈസ്തവജീവിതശൈലി അവിടുന്നു നിർവ്വചിക്കുകയായിരുന്നു. ഈശോ വെളിപ്പെടുത്തിയ ദൈവഹിതമനുസരിച്ചുള്ള ജീവിതമാണ് 'ഡിക്കായ്‌ഓസ്യുനേ' കൊണ്ടുദ്ദേശിക്കുന്നത്. നീതി അതിൻ്റെ പരിണിതഫലവും.
പിതാവായ ദൈവത്തിൻ്റെ നീതി രക്ഷാകരമാണ്. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്‌ടിക്കപ്പെട്ട മനുഷ്യനെ പരിത്യക്താവസ്ഥയിൽ ഉപേക്ഷിക്കുവാൻ അവിടുത്തേക്കാവില്ല. തന്നോടുതന്നെയുള്ള നീതിയുടെ ഭാഗമായി അവിടുന്നു മനുഷ്യരക്ഷാർത്ഥം തൻ്റെ പുത്രനെ ലോകത്തി ലേക്കയച്ചു. പിതാവായ ദൈവത്തിൻ്റെ നീതിയുടെ മൂർത്തരൂപമാണ് മനുഷ്യനായി അവതരിച്ച ഈശോമിശിഹാ. അതു കൊണ്ടാണ് മാമോദീസാ സ്വീകരിക്കുന്നതിൽ നിന്നു തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച സ്‌നാപക യോഹന്നാനോട് അവിടുന്നു പറഞ്ഞത്: "ഇപ്പോൾ ഇതു സമ്മതിക്കുക. അങ്ങനെ സർവ്വ നീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്" (മത്താ 3,15). ഈശോ മനുഷ്യകുലത്തോടു പൂർണ്ണമായി താദാത്മ്യപ്പെട്ട് അവരിൽ ഒരുവനായി ഭവിക്കണമെന്നതു ദൈവഹിതമായിരുന്നു. പാപമില്ലാത്തവൻ പാപിയെപ്പോലെ കാണപ്പെട്ടു. പാപികളായ നമ്മെ രക്ഷിക്കാനുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമായിരുന്നത്. അതു പൂർത്തിയായത് കാൽവരിമലയിലെ രക്തത്താലുള്ള മാമോദീസായിലും. അതുകൊണ്ടാണ് കുരിശിൽ കിടന്നുകൊണ്ട് അവിടുന്നു വിളിച്ചുപറഞ്ഞത്: "എനിക്കു ദാഹിക്കുന്നു" (യോഹ 19,28) എന്ന്. ദൈവികനീതി അഥവാ ദൈവഹിതം നടപ്പാക്കാൻവേണ്ടിയുള്ള ദാഹമായിരുന്നത്. ഈ ദാഹത്തിൽ പങ്കുചേരാനുള്ള ആഹ്വാനമാണ് ഗിരിപ്രഭാഷണത്തിൽ അവിടുന്നു നമുക്കു നല്കുന്നത് (Bernard Haering, The Beatitudes, Slough, 1976,40-41).
മാമോദീസാ മുങ്ങിയപ്പോൾ ദൈവികകൃപയാൽ നീതീകരിക്കപ്പെട്ടവരാണ് നമ്മൾ. അപ്രകാരം നമ്മൾ ദൈവിക കുടുംബത്തിലെ അംഗങ്ങളായി. ദൈവമക്കൾ എന്ന നിലയിൽ ഈ ലോകത്തിൽ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുവാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണു നമ്മൾ. ദൈവഹിതമനുസരിച്ചു ജീവിതം ക്രമീകരിക്കുന്നതിലാണ് ഇതടങ്ങിയിരിക്കുന്നത്. ആവശ്യത്തിലിരിക്കുന്ന സഹോദരരോട് അനുകമ്പയോടെ വർത്തിക്കുന്നതും അവരെ സഹായിക്കുന്നതും നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ്.
നീതിക്കുവേണ്ടിയുള്ള ഓരോ ചെറിയ പ്രവൃത്തിക്കും പ്രതിഫലം ലഭിക്കും. സമൂഹത്തിൽ അവഗണിക്കപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്നവർക്കു വേണ്ടി ശബ്ദമുയർത്തുമ്പോൾ നമ്മൾ നീതിക്കുവേണ്ടി തന്നെയാണ് ദാഹിക്കുന്നത്. അമ്മമാരുടെ ഉദരത്തിൽ കഴിയുന്ന നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടിയും രോഗവും പ്രായവും നിമിത്തം സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുവർക്കുവേണ്ടിയും എന്തെങ്കിലും ചെയ്യാൻ നമ്മൾ തയ്യാറാകുമ്പോൾ ദൈവ സന്നിധിയിൽ നമുക്കു സംതൃപ്തി ഉറപ്പാണ്.
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ ജറുസലേമിലെ വി. സിറിൾ ഇപ്രകാരം എഴുതുന്നു: "ഏതൊരു നന്മ പ്രവൃത്തിയുടെയും അടിസ്ഥാനം ഉത്ഥാനത്തിലുള്ള പ്രത്യാശയാണ്. കാരണം, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ നന്മചെയ്യാൻ ഒരുവനെ പ്രേരിപ്പിക്കുന്നു. ജോലിയുടെ ക്ലേശങ്ങൾ സഹിക്കാൻ ജോലിക്കാരനെ പ്രാപ്തനാക്കുന്നത് പ്രതിഫലത്തെക്കുറിച്ചുള്ള ഈ പ്രതീക്ഷയാണ്" (Catechetical Lectures, 18,1). സ്വർഗ്ഗരാജ്യത്തിൽ നമുക്കായി ചെയ്യപ്പെട്ടിരിക്കുന്ന സംതൃപ്തിയാണ് മിശിഹായ്ക്കുവേണ്ടി ജീവിക്കുവാനും അവിടുത്തെപ്രതി ക്ലേശങ്ങൾ സഹിക്കുവാനും ക്രിസ്‌തുശിഷ്യന് ശക്തി നൽകുന്നത്.
ദൈവികസ്വഭാവത്തിൻ്റെ സവിശേഷതയാണ് കരുണ. തന്നെ സ്നേഹിക്കുന്നവരുടെമേൽ നൂറ്റാണ്ടുകളും തലമുറകളുംവരെ കാരുണ്യം കാണിക്കുന്നവനാണ് ദൈവം (ലൂക്കാ 1,50).
പൂർവ്വ പിതാക്കന്മാരോട് അവിടുന്നു ചെയ്‌ത വാഗ്ദാനം അഥവാ കാരുണ്യം അനുസ്‌മരിച്ചതിൻ്റെ ഫലമായാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേയ്ക്കയച്ചത് (ലൂക്കാ 1,55). മനുഷ്യാവതാരത്തെ ദൈവിക കാരുണ്യത്തിന്റെ പ്രകാശനമായാണ് വി. ലൂക്കാ അവതരിപ്പിക്കുന്നത് (ലൂക്കാ 1,78). പിതാവായ ദൈവത്തിൻ്റെ അനന്ത കാരുണ്യത്തിന്റെ കൂദാശയാണവിടുന്ന്. അവിടുത്തെ ജീവിതവും പ്രവർത്തനങ്ങളും പ്രത്യേകിച്ചു സഹനമരണോത്ഥാനങ്ങൾ ഈ കാരുണ്യത്തിൻ്റെ ശ്രേഷ്ഠമായ പ്രകടനമായിരുന്നു. പാപത്തിൽ പിടിക്കപ്പെട്ടവളോടു ക്ഷമിക്കുമ്പോഴും തന്നെ ഒറ്റിക്കൊടുക്കാൻവന്ന യൂദാസിനെ 'സ്നേഹിതാ' എന്നു കാരുണ്യപൂർവ്വം വിളിച്ചു പിന്തിരിയാൻ ക്ഷണിച്ചപ്പോഴും, തന്നെ ക്രൂശിച്ച വർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോഴും അവിടുന്നു പ്രകാശിപ്പിച്ചത് ഈ കരുണ തന്നെയായിരുന്നു.
ഹീബ്രുഭാഷയിൽ 'ഹെസെദ്' (hesed) എന്ന പദമാണ് കരുണയെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്.
അമ്മയുടെ ഉദരത്തെ സൂചിപ്പിക്കുന്ന 'റെഹെം' (rehem) എന്ന പദവുമായി ബന്ധമുള്ള 'റഹമിം' (rahamim) 'ഹെസെദി'നോട് ചേർത്തുപയോഗിക്കാറുണ്ട്. മാതൃവാത്സല്യത്തിന്റെ തരളിത വികാരങ്ങൾ ഈ പദം പ്രതിധ്വനിപ്പിക്കുന്നു.
മാതാപിതാക്കൾക്കു മക്കളോടുള്ള ഈ വികാരത്തോടാണ് ദൈവത്തിൻ്റെ മനോഭാവത്തെ സങ്കീർത്തകൻ താരതമ്യം ചെയ്യുന്നത് (സങ്കീ 103,13). ദൈവത്തിൻ്റെ രക്ഷാകര പ്രവൃത്തികൾ അവിടുത്തെ 'ഹെസൈദും' 'റഹമി'മും ആണ് പ്രകാശിപ്പിക്കുന്നത് (ഏശ 63,7).
ചെയ്യാൻ കടമയില്ലാത്ത ഒരുകാര്യം ചെയ്യുന്നതിലാണ് പലപ്പോഴും 'ഹെസെദ്' പ്രത്യക്ഷപ്പെടുന്നത്. ഹൃദയവിശാലതയാണ് ഇതിനു പിന്നിൽ. ക്ലേശിതരോടും നിരാലംബരോടും നല്ല മനുഷ്യർക്കുണ്ടാകുന്ന വികാരമാണിത്.
പുതിയനിയമത്തിൽ 'എലെഓസ്' (eleos) എന്ന ഗ്രീക്കു പദമാണ് കരുണയെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. ഈശോയ്ക്കു ചുങ്കക്കാരോടും പാപികളോടുമുണ്ടായിരുന്ന മനോഭാവത്തെ പ്രകടമാക്കാൻ ഇതുപയോഗിക്കുന്നുണ്ട് (മത്താ 9,13).
എങ്കിലും വി. ലൂക്കായ്ക്കു പ്രിയംകരമായ പദം 'സ്പ്ളാൻഖ്ന' (Splanchna) ആണ്. മുകളിൽ പരാമർശിച്ച 'റഹമിമി'ന് തത്തുല്യമായ ഗ്രീക്കു പദമാണിത്. മാതൃഹൃദയത്തിന്റെ വികാരഭാവങ്ങൾ മുഴുവൻ സൂചിപ്പിക്കുവാൻ ഈ പദത്തിനു കഴിയും. പുത്രൻ തമ്പുരാൻ്റെ മനുഷ്യാവതാരം തന്നെയും പിതാവായ ദൈവത്തിൻ്റെ 'സ്‌പ്ളാൻഖ്ന'യുടെ പ്രകാശനമായാണ് വി. ലൂക്കാ അവതിരിപ്പിക്കുന്നത് (ലൂക്കാ 1,78). ഏക പുത്രനെ നഷ്ടപ്പെട്ട നായിമിലെ വിധവയോട് ഈശോയ്ക്കുണ്ടായ മനസ്സലിവും (ലൂക്കാ 7,13) നല്ല സമരിയാക്കാരന് കള്ളന്മാരുടെ കൈയിലകപ്പെട്ട യഹൂദനോടു തോന്നിയ അനുകമ്പയും (ലൂക്കാ 10,33) തിരിച്ചു വന്ന ധൂർത്തപുത്രനോടു പിതാവിനുണ്ടായ കനിവും (ലൂക്കാ 15,20) വിവരിക്കുവാൻ വി. ലൂക്കാ ഉപയോഗിക്കുന്നത് 'സ്‌പ്ളാൻഖന'യുടെ ക്രിയാരൂപമാണ്. കരുണയുടെ അർത്ഥ വ്യാപ്തി കൂടുതൽ വ്യക്തമാക്കുന്നതാണ് 'സ്‌പ്ളാൻഖന'.
തോറായിലെ മുഖ്യഘടകമായി അവിടുന്നു ചൂണ്ടിക്കാണിക്കുന്നതും കരുണ തന്നെയാണ് (മത്താ 23,23).
സ്വർഗ്ഗീയ പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനാണ് അവിടുന്നു നമ്മെ ആഹ്വാനം ചെയ്യുന്നത് (ലൂക്കാ 6,36).
സഹോദരരോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നതിലാണ് കരുണ അടങ്ങിയിരിക്കുന്നത് (മത്താ 18,35).
ദൈവത്തിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്ന കരുണ മറ്റുള്ളവരോടു കാണിക്കാൻ നമുക്കും കടപ്പാടുണ്ട് എന്നവിടുന്നു പഠിപ്പിക്കുന്നു. "അന്യരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും. അന്യരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല" (മത്താ 6,14-15).
അയൽക്കാരനോടുള്ള സ്നേഹത്തിൻ്റെ ഉരകല്ല് കരുണയാണ് എന്നും നല്ല സമരിയാക്കാരൻ്റെ ഉപമയിലൂടെ അവിടുന്നു വ്യക്തമാക്കി (ലൂക്കാ 10,37). അപകടത്തിൽ പെട്ടിരുന്നവന് അയാൾ എല്ലാം മറന്ന് സ്വയം അയൽക്കാരനാവുകയായിരുന്നു. ആവശ്യത്തിലിരിക്കുന്നവനു ഞാൻ അയൽക്കാരനായി ഭവിക്കുമ്പോൾ അവനെയും എന്നെപ്പോലെ തന്നെ പരിഗണിക്കാൻ ഞാൻ പഠിക്കുകയാണ്.
ഇപ്രകാരം സഹോദരരോടു കരുണ കാണിക്കുന്നവരോട് അന്ത്യവിധിനാളിൽ ദൈവവും കരുണ കാണിക്കും മത്താ 25,31-45). വിശക്കുന്നവന് ആഹാരം നല്കുന്നതും ദാഹിക്കുന്നവനു കുടിക്കാൻ കൊടുക്കുന്നതും പരദേശിയെ സ്വീകരിക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതും രോഗിയെയും തടവുകാരനെയും സന്ദർശിക്കുന്നതും കരുണയുടെ പ്രകാശനമാണ്. ഇപ്രകാരം പ്രവർത്തിക്കുന്നവരാണ് യഥാർത്ഥത്തിൽ അനുഗൃഹീതർ. അവർക്കുള്ളതാണ് സ്വർഗ്ഗരാജ്യം. മഹത്ത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിൽ കർത്താവ് ഇക്കൂട്ടരോട് പറയും: "എൻ്റെ പിതാവിനാൽ അനുഗൃഹീതരേ, വരുവിൻ. ലോകാരംഭം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ" (മത്താ 25,34).
മദർ തെരേസ ഒരിക്കൽ പറയുകയുണ്ടായി: “നിങ്ങൾ ഒരു വ്യക്തിയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ, ആ സ്നേഹവും കാരുണ്യവും അയാളെ അംഗീകരിക്കാൻ നിങ്ങളെ സഹായിക്കും. ദൈവത്തോടു നിങ്ങൾക്കുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അപൂർവ്വമായ അവസരമാണത്” (നവീൻ ചൗള, മദർ തെരേസ, കോട്ടയം 1997, 223).
ദൈവത്തെ കാണുന്നതിനുള്ള അകക്കണ്ണ് ഹൃദയമാണ്.
പ്രഗൽഭ ദൈവശാസ്ത്രജ്ഞനും സഭാപിതാവുമായ വി. ആഗസ്തീനോസ് എഴുതുന്നു: “ഹൃദയം നിർമ്മലമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. യാതൊരു പ്രതിഫലേച്ഛയും കൂടാതെ അതു ദൈവത്തെ സ്നേഹിക്കുന്നു. ദൈവത്തെ യല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടാണ് അവിടുത്തെ സ്നേഹിക്കുന്നതെങ്കിൽ മൂല്യശ്രേണിയിൽ ദൈവത്തിന്റെ സ്ഥാനം താഴ്ത്തുകയാവും ചെയ്യുക. ദൈവത്തിൽ നിന്നുള്ള പ്രതിഫലം അവിടുന്നു തന്നെയാണ്. ഹൃദയം ദൈവത്തെ സ്നേഹിക്കുന്നു, അവിടുത്തെ മറ്റെല്ലാറ്റിനെയുംകാൾ വിലമതിക്കുന്നു... ഇപ്പോൾ അവിടുന്നു പഞ്ചേന്ദ്രീയങ്ങൾക്കു ഗോചരനല്ലാത്തതുകൊണ്ട് പ്രത്യാശയിൽ നീ അവിടുത്തോട് ഒട്ടിച്ചേർന്നിരിക്കുക" (Explanations of the Psalms, 77,32).
ബുദ്ധിമാത്രംകൊണ്ടു ദൈവത്തെ കാണാനാവില്ല. ദൈവത്തെ കാണാൻ സാധിക്കണമെങ്കിൽ മനുഷ്യന്റെ കഴിവുകളെല്ലാം ഏകീകൃതമായി വിനിയോഗിക്കപ്പെടണം.
മനസ്സു ശുദ്ധമായിരിക്കണം, ബൂദ്ധിയെയും മനസ്സിനെയും നിയന്ത്രിക്കുന്ന ആത്മാവ് നിർമ്മലമായിരിക്കണം. ശരീരത്തെ ആത്മാവിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ സാധിക്കണം. സത്യത്തിലേക്കു തുറവുണ്ടാകണം. അപ്പോൾ ദൈവത്തെ കാണാൻ എളുപ്പമാകും.
ദൈവത്തിന്റെ സൃഷ്‌ടിയായ തൻ്റെ മനുഷ്യാസ്‌തിത്വത്തിന്റെ ശാരീരകത ആത്മീയതയുടെ പോഷണമായി അംഗീകരിക്കാൻ സാധിക്കണം.
രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന സഭാപിതാവായ അന്ത്യോക്യായിലെ തെയോഫിലോസ് എതിരാളികളോടുള്ള സംവാദത്തിൽ ഇപ്രകാരം പറയുമായിരുന്നു: “നിൻ്റെ ദൈവത്തെ കാണിച്ചുതരിക" എന്ന് നീ എന്നോടു പറഞ്ഞാൽ ഞാൻ പ്രത്യുത്തരിക്കുന്നത്, 'നിന്നിലുള്ള മനുഷ്യനെ കാണിച്ചുതരിക' എന്നു പറഞ്ഞുകൊണ്ടായിരിക്കും. കാരണം, ആത്മാവിൻ്റെ നയനങ്ങൾ തുറന്നിരിക്കുന്നവർക്കാണ് ദൈവത്തെ കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ ആത്മാവ് ഒരു നിർമ്മലദർപ്പണത്തിനു തുല്യമായിരിക്കണം. (Ad Autolycum, I, 2, 7).
എപ്രകാരമാണ് മനുഷ്യൻ്റെ ആന്തരിക നേത്രങ്ങൾ ശുദ്ധീകരിക്കാൻ സാധിക്കുക?
കാഴ്ചയെ വികലമാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന തിമിരം എപ്രകാരം നീക്കം ചെയ്യാൻ സാധിക്കും?
24-ാം സങ്കീർത്തനം നമുക്കു മാർഗ്ഗനിർദ്ദേശം നല്കുന്നുണ്ട്:
കർത്താവിന്റെ മലയിൽ ആരു കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്ക്കും?
കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും ഉള്ളവൻ മിഥ്യയുടെമേൽ മനസ്സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ (സങ്കീ 24,1-4).
ശുദ്ധമായ കരങ്ങളും നിർമ്മലഹൃദയവുമാണ് ദൈവ സന്നിധിയിൽ നില്ക്കുന്നതിനുള്ള വ്യവസ്ഥകൾ (സങ്കീ 15)
ദൈവത്തെ തേടുകയും അവിടുത്തെ തിരുമുഖം അന്വേഷിക്കുകയും ചെയ്യുന്നവർക്കാണ് അവിടുത്തെ കണ്ടുമുട്ടാനാകുന്നത്.
സഹോദരനോടും സമൂഹത്തോടും നീതിയും സത്യസന്ധതയും വിശ്വസ്‌തതയും പ്രദർശിപ്പിക്കുക എന്നതും ദൈവാനുഭവത്തിനാവശ്യമാണ്.
സാമൂഹ്യോല്ക്കർഷം എന്നു നമുക്കിതിനെ വിളിക്കാം. ചുരുക്കത്തിൽ പത്തു പ്രമാണങ്ങൾ തന്നെയാണ് ദൈവ സന്നിധിയിൽ പ്രവേശിക്കുന്നതിനുള്ള മാനദണ്‌ഡങ്ങൾ.
ഈ സുവിശേഷഭാഗ്യത്തിനും ക്രിസ്തോന്മുഖമായ ഒരു മാനമുണ്ട്. പുത്രൻ എന്ന നിലയിൽ സദാനേരവും പിതാവിനെ മുഖാമുഖം ദർശിച്ചുകൊണ്ടിരിക്കുന്നത് ഈശോയാണ്.
അവിടുത്തെ അനുഗമിക്കുന്നവർ, അവിടുത്തോട് ഒന്നായിത്തീരുന്നവർ ഹൃദയനൈർമ്മല്യം പ്രാപിക്കും.
ഈശോമിശിഹായുടെ മനോഭാവം നമുക്കുണ്ടാകുമ്പോൾ നമ്മളും ദൈവത്തെ ദർശിക്കും (ഫിലി 2,5). “ഇനി മേൽ ഞാനല്ല, മിശിഹാ എന്നിൽ ജീവിക്കുന്നു" എന്നു വി. പൗലോസ് ശ്ലീഹായോടൊപ്പം പറയാൻ നമുക്കും സാധിക്കും (ഗലാ 2,20).
സ്നേഹപൂർവ്വമായ വിനീതശുശ്രൂഷയിലുടെയാണ് ദൈവസന്നിധിയിലേക്ക് നമുക്ക് ആരോഹണം ചെയ്യാനാവുക. കാരണം, ദൈവം സ്നേഹമാണ്.
മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുകയും ദൈവത്ത കാണാൻ യോഗ്യമാക്കുകയും ചെയ്യുന്ന ശക്തിയും ഈ സ്നേഹമാണ്.
ശൂന്യവത്ക്കരണത്തിലാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. "ദൈവത്തിൻ്റെ സാദൃശ്യത്തിലായിരുന്നിട്ടും തനിക്കു ദൈവത്തോടുള്ള സമാനത മാറ്റിവയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമായി അവിടുന്നു പരിഗണിച്ചില്ല. അവിടുന്നു തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ മനുഷ്യരുടെ സാദൃശ്യത്തിലാവുകയും ചെയ്തു. അവിടുന്നു മനുഷ്യരൂപത്തിലായിരിക്കെ തന്നെത്തന്നെ താഴ്ത്തി, മരണത്തോളം അതേ, കുരിശുമരണത്തോളം അനുസരണമുള്ളവനായി. അതിനാൽ ദൈവം അവിടുത്തെ അത്യധികം ഉയർത്തി, മറ്റേതൊരു നാമത്തെയുംകാൾ ശ്രേഷ്‌ഠമായ നാമം നല്‌കുകയും ചെയ്‌തു” (ഫിലി 2,6-9).
കുരിശുമരണത്തോളം താഴ്ത്തിക്കൊണ്ടാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്.
ഹൃദയം നിർമ്മലമാവുക എന്നാൽ ഈശോയോടൊപ്പം അനുസരണത്തിലും ശുശ്രൂഷയിലും പങ്കുചേരുക എന്നർത്ഥം.
ബുദ്ധിയെയും മനസ്സിനെയും വികാരങ്ങളെയും ശുദ്ധീകരിക്കുന്നതും ദൈവോന്മുഖരാക്കുന്നതും സ്നേഹമാണ്.
ഇതു തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ സൗഭാഗ്യവും.
പരിശുദ്ധ കന്യകാമറിയമാണ് ഹൃദയശുദ്ധിയുടെ ഉത്തമ മാതൃക. ഹൃദയം നിർമ്മലമായി സൂക്ഷിക്കുന്നതിനുള്ള കുറുക്കുവഴിയും പരിശുദ്ധ അമ്മ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഈശോമിശിഹായുടെ ജീവിതത്തിലെ സംഭവങ്ങളും അവിടുത്തെ വചനങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിക്കുക എന്നതാണ് ആ മാർഗ്ഗം (ലൂക്കാ 2,19.51).
റോമാ സാമ്രാജ്യത്തിൽ അഗസ്റ്റസ് സീസർ അറിയപ്പെട്ടിരുന്നത് സമാധാനസ്ഥാപകൻ എന്ന പേരിലാണ്.
എന്നാൽ ഈ അഗസ്റ്റസല്ല, ലോകരാജാവായ ഈശോയാണ് യഥാർത്ഥ സമാധാനസ്ഥാപകൻ എന്നു തെളിയിക്കുവാൻ വേണ്ടിയാണ് വി. ലൂക്കാ അവിടുത്തെ ജനനം അഗസ്റ്റസ് സീസറിന്റെ കല്‌പനയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് (ലൂക്കാ 2,1-20).
ഈശോയുടെ ജനനവേളയിൽ മാലാഖമാർ ആലപിച്ച, “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്‌തുതി. ഭൂമിയിൽ സന്മനസ്സുള്ള മനുഷ്യർക്കു സമാധാനം" (ലൂക്കാ 2,11) എന്ന കീർത്തനവും ഈ സത്യം തന്നെയാണ് വിളിച്ചോതുന്നത്.
പ്രവാചകനായ ഏശയ്യാ ഇതെക്കുറിച്ചു മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു... സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിൻ്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവൻ്റെ ആധിപത്യം നിസ്സീമമാണ്. അവന്റെ സമാധാനം അനന്തവും" (ഏശ 9,6-7).
ദാവിദു രാജാവിനു ദൈവം നല്‌കിയ പുത്രനെക്കുറിച്ചുള്ള വാഗ്ദാനത്തിലാണ് മിശിഹായെക്കുറിച്ചുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനം (2 സാമു 7,12-17; 1 ദിന 22,8-10).
പുത്രനെക്കുറിച്ചു ദാവീദിനു നല്‌കിയ വാഗ്ദാനം ഭാഗികമായി മാത്രമേ സോളമനിൽ നിറവേറിയുള്ളു. അതു പൂർണ്ണമായി നിറവേറിയത് ഈശോയിലാണ്.
വാഗ്ദാനം ചെയ്യപ്പെട്ട പുത്രനെക്കുറിച്ചു നാം ഇപ്രകാരം വായിക്കുന്നു: "അവൻ്റെ ഭരണം സമാധാന പൂർണ്ണമായിരിക്കും. അവൻ്റെ കാലത്തു ശാന്തിയും സമാധാനവും ഞാൻ ഇസ്രായേലിനു നല്‌കും... അവൻ എനിക്കു പുത്രനും ഞാൻ അവനു പിതാവുമായിരിക്കും" (1 ദിന 22,9).
ദൈവപുത്രത്വവും സമാധാന രാജത്വവും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്.
ഈശോയാണ് സത്യദൈവപുത്രൻ. അതിനാൽ അവിടുന്നാണ് യഥാർത്ഥ സമാധാനരാജാവും.
സമാധാനം സ്ഥാപിക്കൽ ദൈവപുത്രത്വത്തിൻ്റെ സത്തയുടെ ഭാഗമാണ്. മനുഷ്യവർഗ്ഗത്തെ ദൈവവുമായി രഞ്ജിപ്പിച്ചുകൊണ്ട് അവിടുന്നു ശാശ്വതമായ സമാധാനം സ്ഥാപിച്ചു. അപ്രകാരം അവിടുന്നു നമ്മുടെ സമാധാനമായി തീർന്നു (എഫേ 2,14)
തന്റെ പരസ്യജീവിതകാലത്ത് കണ്ടുമുട്ടിയവർക്കെല്ലാം സമാധാനം പ്രദാനം ചെയ്‌തുകൊണ്ടാണ് അവിടുന്ന് കടന്നുപോയത് “എൻ്റെ മകളേ നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോകുക; നിന്റെ രോഗത്തിൽ നിന്നു സുഖം പ്രാപിക്കുക" (മർക്കോസ് 5,34) എന്ന് രക്തസ്രാവക്കാരി സ്ത്രീയോടും, "നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോകുക” (ലൂക്കാ 7,50) എന്ന് പാപിനിയോടും അവിടുന്ന് അരുളിച്ചെയ്‌തപ്പോൾ സമാധാനത്തിന് വിശ്വാസവുമായുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു.
ശിഷ്യന്മാരെ സുവിശേഷ പ്രഘോഷണത്തിന് അയയ്ക്കുമ്പോൾ, അവർ ഏത് വീട്ടിൽ പ്രവേശിച്ചാലും അവിടെ ഉള്ളവർക്ക് ആദ്യം സമാധാനം ആശംസിക്കണം എന്ന് അവിടുന്ന് നിഷ്കർഷിച്ചു. അവിടുന്ന് കൂട്ടിച്ചേർത്തു; "സമാധാനത്തിന്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും" (ലൂക്കാ 10,6). സമാധാനം കാംക്ഷിക്കുന്നവരെ 'സമാധാനപുത്രർ' എന്നാണ് അവിടുന്ന് വിശേഷിപ്പിക്കുന്നത്. സമാധാനസ്ഥാപകൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നവിടുന്നു ഗിരിപ്രഭാഷണത്തിൽ പ്രസ്താവിക്കുമ്പോഴും അർത്ഥമാക്കുന്നത് ഇതുതന്നെയാണ്.
തന്റെ അന്ത്യപ്രഭാഷണത്തിൽ അവിടുന്ന് ശിഷ്യന്മാരോട് അരുളിച്ചെയ്‌തു: "ഞാൻ നിങ്ങൾക്ക് സമാധാനം തരുന്നു ഞാൻ നിങ്ങൾക്ക് എൻ്റെ സമാധാനം തരുന്നു. ലോകം തരുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക് അതു തരുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങൾ ഭയപ്പെടുകയും വേണ്ട" (യോഹ14,27).
ഉത്ഥിതനായ മിശിഹാ തൻ്റെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുമ്പോൾ അവർക്കു സമാധാനം ആശംസിക്കുന്നതു കാണാം (യോഹ 20,19-29). നമ്മുടെ പരിശുദ്ധ കുർബാനയിൽ കർത്താവിൻ്റെ സ്ഥാനത്തു നിൽക്കുന്ന കാർമ്മികൻ മൂന്നു തവണ സമൂഹത്തിനു സമാധാനം ആശംസിക്കുന്നുണ്ട്. 'നമുക്കു പ്രാർത്ഥിക്കാം. സമാധാനം നമ്മോടുകൂടെ' എന്ന് ആഹ്വാനം ചെയ്യുന്ന ശുശ്രൂഷി ഉത്ഥിതന്റെ ഈ ദാനത്തെക്കുറിച്ചുതന്നെയാണ് നമ്മെ അനുസ്‌മരിപ്പിക്കുന്നത്.
ദൈവപുത്രൻ ചെയ്യുന്നതു ചെയ്യുവാനും അങ്ങനെ ദൈവപുത്രരായി തീരുവാനുമുള്ള ക്ഷണമാണ് ഈ സുവിശേഷഭാഗ്യത്തിലുള്ളത്.
സമാധാനത്തെ സൂചിപ്പിക്കുവാൻ ഹീബ്രു ഭാഷയിൽ ഉപയോഗിക്കുന്ന ശാലോം (Šalom), സുറിയാനിയിലെ ശ്ലാമ്മാ എന്നീ പദങ്ങൾക്ക് പൂർണ്ണത, ക്ഷേമം എന്നൊക്കെയാണ് അർത്ഥം. യുദ്ധമില്ലാത്ത ഒരവസ്ഥ മാത്രമല്ല സമാധാനം കൊണ്ട് ഉദ്ദേശിക്കുന്നത്; മറിച്ച് വ്യക്തികൾക്കിടയിലുള്ള ഹൃദയബന്ധത്തിൽ നിന്ന് ഉളവാകുന്ന അവസ്ഥാ വിശേഷമാണ്.
സമാധാനം നീതിയോട് ചേർന്ന് പോകുന്ന യാഥാർത്ഥ്യമാണ്. “നീതിയും സമാധാനവും പരസ്പരം ആശ്ലേഷിക്കും” (സങ്കീ 85,10) എന്നാണ് സങ്കീർത്തകൻ ഉദ്ഘോഷിക്കുന്നത്. നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണിതഫലം പ്രശാന്തതയും എന്നന്നേയ്ക്കും ഉള്ള പ്രത്യാശയും ആയിരിക്കും എന്ന് ഏശയ്യാ നിവ്യായും സാക്ഷ്യപ്പെടുത്തുന്നു (ഏശ 32,17).
സമാധാനസ്ഥാപകർ സമാധാനത്തിൽ വിതച്ച് നീതിയുടെ ഫലങ്ങൾ കൊയ്യുന്നു (യാക്കോ 3,18) എന്ന് യാക്കോബ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവനെ സ്നേഹിക്കുകയും നല്ല ദിനങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ തിന്മയിൽനിന്ന് അകന്ന് നന്മ ചെയ്യട്ടെ എന്നും സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരട്ടെ എന്നു പത്രോസ് ശ്ലീഹായും നമ്മെ ഉദ്ബോധിപ്പിക്കുന്നു (1 പത്രോ 3,11).
സമാധാനം ആദ്യമുണ്ടാകേണ്ടത് ഓരോ വ്യക്തിയുടെയും ജീവിതത്തിലാണ്.
വി. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു: “ഞങ്ങൾ മിശിഹായ്ക്കുവേണ്ടി നിങ്ങളോട് അഭ്യർത്ഥിക്കുന്നു: ദൈവവുമായി അനുരഞ്ജനപ്പെടുവിൻ" (2 കോറി 5,20).
ദൈവവുമായുള്ള ശത്രുത അവസാനിപ്പിക്കുക എന്നതാണ് ലോകത്തിൽ സമാധാനമുണ്ടാക്കുന്നതിനുള്ള ആദ്യ വ്യവസ്ഥ. ദൈവത്തോടു രമ്യതയിൽ ആയിരിക്കുന്നവനു മാത്രമേ തന്നോടുതന്നെയും മറ്റുള്ളവരോടും സമാധാനത്തിൽ കഴിയാനാവൂ.
ഭൂമിയിൽ സമാധാനം ഉണ്ടാകണമെന്നതു ദൈവത്തിന്റെ ഹിതമാണ് (ലൂക്കാ 2,14).
ദൈവത്തിന്റെ സംപ്രീതിയിൽ നിലനിൽക്കുന്നവർക്കാണ് ദൈവിക സമാധാനത്തിനർഹത.
മനുഷ്യൻ ദൈവത്തെ മറക്കുമ്പോൾ സമാധാനം ശിഥിലമാകും, അക്രമം അചിന്തനീയമാംവിധം വർദ്ധിക്കുകയും ചെയ്യും.
പഴയനിയമഭാഷയിൽ നീതി തോറായോട് അഥവാ ദൈവത്തിന്റെ വചനത്തോട് ജനത്തിനുണ്ടാകേണ്ടിയിരുന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
കല്പനകളിലൂടെ ദൈവം കാണിച്ചുതരുന്ന ശരിയായ പാത പിന്തുടരുന്നതാണ് നീതി.
വിശ്വസിക്കുന്നവനാണ് ദൈവത്തിന്റെ വഴിയിൽ ചരിക്കുന്ന നീതിമാൻ (സങ്കീ 1; ജറെ 17,5-8).
പുതിയനിയമത്തിൽ നിയമത്തിൻ്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണമായ മിശിഹായോടുകൂടെ സഞ്ചരിക്കുന്നതാണ് വിശ്വാസജീവിതം.
പഴയനിയമ പ്രവാചകരെല്ലാം നീതിക്കുവേണ്ടി ശബ്ദിച്ചവരാണ്. അക്കാരണത്താൽ പീഡയനുഭവിക്കേണ്ടി വന്നവരുമാണ്. ഈശോമിശിഹായാണ് യഥാർത്ഥ പുതിയനിയമ പ്രവാചകൻ. അതുകൊണ്ടുതന്നെ പ്രവാചകരുടെ ഗതി അവിടുത്തേക്കുമുണ്ടായി. കുരിശിലായിരുന്നു അവിടുത്തെ അന്ത്യം. തന്റെ പ്രവാചകദൗത്യത്തിൽ പങ്കുചേരാനാഗ്രഹിക്കുന്നവർക്കും ഇതേ അനുഭവംതന്നെ ഉണ്ടാകും എന്നവിടുന്നു മുന്നറിയിപ്പു നല്കുന്നു.
പിതാവിന്റെ നീതി - ഹിതം നടപ്പാകാൻവേണ്ടി ഏറെ വിശക്കുകയും ദാഹിക്കുകയും ചെയ്‌തവൻ ഈശോ തന്നെയാണ്. ഭൂമിയിൽ നീതി പുലരാൻ വേണ്ടി സമ്പൂർണ്ണമായി പിതാവിന്റെ ഹിതത്തിനു സ്വയം സമർപ്പിച്ചവനാണ് അവിടുന്ന്. കർത്താവിൻ്റെ ദാസനായ മിശിഹായെക്കുറിച്ച് പ്രവാചകൻ ഇപ്രകാരം മുൻകൂട്ടി അറിയിച്ചിരുന്നു (ഏശ 42,3-4).
അവൻ വിശ്വസ്തതയോടെ നീതി പുലർത്തും.
ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ
അവൻ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല.
പഴയനിയമത്തിൽ മുൻകൂട്ടി അറിയിക്കപ്പെട്ടതിൻ പ്രകാരം കുരിശിൽ തൂക്കപ്പെട്ട ഈശോമിശിഹായാണ് യഥാർത്ഥത്തിൽ നീതിക്കുവേണ്ടി സഹിച്ചവൻ - കർത്താവിന്റെ സഹനദാസൻ. യാതൊരു കുറ്റവുമില്ലാത്ത നീതിമാനാണ് അവിടുന്ന് എന്ന് വിചാരണവേളയിൽ പീലാത്തോസും ഹേറോദേസും (ലൂക്കാ 23,4.14.22) ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്. അവിടുത്തെ മരണത്തിന് സാക്ഷിയായ ശാതാധിപൻ വിളിച്ചുപറഞ്ഞതും ഈ സത്യം തന്നെയായിരുന്നു: “തീർച്ചയായും ഈ മനുഷ്യൻ നീതിമാനായിരുന്നു” (ലൂക്കാ 23,47). ദൈവരാജ്യം മിശിഹായിൽ സംജാതമായി എന്ന് ഇപ്രകാരം വെളിവാക്കപ്പെട്ടു.
ക്രൂശിതനായ മിശിഹായെ അനുഗമിക്കാനുള്ള ആഹ്വാനമാണ് ഈ സുവിശേഷഭാഗ്യം ഓരോ വിശ്വാസിക്കും നല്കുന്നത്.
നീതിക്കുവേണ്ടി പീഡ സഹിക്കുന്നവരെക്കുറിച്ചുള്ള ഈശോയുടെ വാക്കുകൾ ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതത്തിൽ തികച്ചും അന്വർത്ഥമായി.
ഈശോയിലുള്ള വിശ്വാസത്തെപ്രതി പലവിധ പീഡനങ്ങൾക്കു വിധേയരായിരുന്ന അവർക്ക് ഈശോയുടെ ഈ വാക്കുകളിൽ അവരുടെ ജീവിതത്തെക്കുറിച്ചുള്ള പ്രവചനം ദർശിക്കാൻ കഴിഞ്ഞു.
നീതിമാനായ മിശിഹായെപ്രതി പീഡ സഹിക്കുന്നവരാണ് തിരുസ്സഭയിൽ എല്ലാ കാലങ്ങളിലുമുള്ള രക്തസാക്ഷികൾ. യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനും സ്മിർണായിലെ മെത്രാനുമായിരുന്ന പോളിക്കാർപ്പ് മിശിഹായെ തള്ളിപ്പറയുവാൻ നിർബന്ധിക്കപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: “എൺപത്തിയാറുവർഷം ഞാൻ അവനെ സേവിച്ചു. അവൻ എനിക്ക് ഒരുപദ്രവവും ചെയ്‌തിട്ടില്ല. എന്നെ രക്ഷിച്ച എന്റെ രാജാവിനെ ഞാൻ എങ്ങനെ ശപിക്കും" (പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വം, 9, 3). അദ്ദേഹത്തെ ദഹിപ്പിക്കാനായി ഒരുക്കിയിരുന്ന ചിതയിൽ അദ്ദേഹത്തിൻ്റെ ശരീരം ആണികളാൽ ബന്ധിക്കാൻ തുടങ്ങിയപ്പോൾ, “എന്നെ വിടുവിൻ; കാരണം, അഗ്നി സഹിക്കാൻ എനിക്ക് ശക്തി നല്‌കുന്നവൻ ആണികളിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന മുൻകരുതൽ കൂടാതെ തന്നെ നിശ്ചലമായി ചിതയിൽ നില്ക്കാൻ എനിക്കു കഴിവു നൽകും” (പോളിക്കാർപ്പിൻ്റെ രക്തസാക്ഷിത്വം 13,3).
വിശ്വാസജീവിതം നയിക്കാനാഗ്രഹിക്കുന്നവർ പീഡിപ്പിക്കപ്പെടുകതന്നെ ചെയ്യും. കാരണം, ദൈവത്തിൽ വിശ്വസിക്കുക എന്നതു ലോകത്തിന് അംഗീകരിക്കാനാവില്ല.
ഏതു കാലത്തും ഏതു സംസ്ക്കാരത്തിലും അധികാരം കയ്യാളുന്നവർ ദൈവവിശ്വാസത്തിന് എതിരു നില്ക്കുന്നതു കാണാനാവും.
അത് ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. നീതിയുടെ പേരിലുള്ള പീഡനവും സഹനവും ലോകാവസാനം വരെ ഉണ്ടാകും.
ഇപ്രകാരം പീഡിപ്പിക്കപ്പെടുന്ന സഭയോടാണ് ആശ്വാസത്തിന്റെ വചനങ്ങൾ ഈശോ അരുളിച്ചെയ്യുന്നത്.
നീതിക്കുവേണ്ടി സഹിക്കേണ്ടിവരുമ്പോൾ തങ്ങൾ ദൈവരാജ്യത്തിലെ അംഗങ്ങളാണ് എന്ന ബോദ്ധ്യം സന്തോഷപൂർവ്വം അതു സ്വീകരിക്കാൻ വിശ്വാസിക്കു ശക്തി നല്കുന്നു.
നീതിക്കുവേണ്ടി പീഡ സഹിച്ച വിശുദ്ധരുടെ ഒരു നീണ്ട നിരതന്നെ സഭയുടെ ചരിത്രത്തിലുണ്ട്. ഇന്നു നമ്മുടെ സമൂഹത്തിൽ അവരുടെ പിൻഗാമികളെ കാണാൻ വിഷമമില്ല.
ഭൂമിയിലെ മനുഷ്യജീവിതം വേദനകളും സഹനങ്ങളും നിറഞ്ഞതാണ്. മിശിഹായോടുള്ള സ്നേഹത്തെപ്രതി ഈ സഹനങ്ങളെ സ്വീകരിക്കുന്ന വിശ്വാസി അവയെ രക്ഷാകരമാക്കുന്നു. ദാരിദ്ര്യവും ദുഃഖവും നീതിക്കുവേണ്ടിയുള്ള സഹനങ്ങളും പീഡകളുമെല്ലാം ഭാവിജീവിതത്തിലുള്ള പ്രത്യാശയിൽ സ്വീകരിക്കാൻ സാധിക്കും. ഇപ്രകാരം ജീവിക്കുന്നവർക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് സ്വർഗ്ഗരാജ്യമാണ് അഥവാ സ്വർഗ്ഗീയ സൗഭാഗ്യമാണ്. രക്ഷയുടെ അർത്ഥവും ഇതുതന്നെയാണ്.
ഉത്ഥിതനായ മിശിഹാ നല്‌കിയ പരിശുദ്ധ റൂഹായുടെ ശക്തിയിൽ നിറഞ്ഞ പത്രോസ്ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ അപ്രതീക്ഷിതമായ എന്തോ സംഭവിച്ചാൽ എന്നതു പോലെ പരിഭ്രാന്തരാകരുത്.
കാരണം, നിങ്ങളുടെ പരിശോധനയ്ക്കുവേണ്ടിയാണ് അവയുണ്ടാകുന്നത്.
മറിച്ച്, മിശിഹായുടെ സഹനത്തിൽ പങ്കുചേരാൻ ഇടയാകുന്നതിൽ സന്തോഷിക്കുവിൻ. കാരണം, അവൻ മഹത്ത്വത്തോടെ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്ക് ആഹ്ലാദിച്ച് ആനന്ദിക്കാൻ കഴിയും. മിശിഹായുടെ നാമത്തെപ്രതി നിന്ദിക്കപ്പെടുന്നെങ്കിൽ
നിങ്ങൾ അനുഗൃഹീതർ (1 പത്രോ 4,12-14
ക്രിസ്തുശിഷ്യനാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ. കാരണം, അവൻ്റെ ജീവിതകേന്ദ്രം ഈശോമിശിഹാ വെളിപ്പെടുത്തിയ പിതാവായ ദൈവമാണ്. ഭാവിജീവിതത്തിലുള്ള പ്രത്യാശയാണ് ക്രിസ്ത്യാനിയെ തിരിച്ചറിയുന്നതിനുള്ള അടയാളം. ഈ ജീവിതം ശൂന്യതയിൽ അവസാനിക്കുന്നില്ല എന്നവനറിയാം. പ്രതീക്ഷിക്കുന്ന ഭാവിയുടെ വിശദാംശങ്ങൾ അറിയില്ലെങ്കിലും അതുണ്ട് എന്നതുറപ്പാണ്. വർത്തമാനകാലത്തു പ്രത്യാശയോടെ ജീവിക്കാൻ അവനു ശക്തി നല്കുന്നത് ഈ ഉറപ്പാണ്. ഈ ലോകത്തിൽ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനായി ജീവിക്കാൻ അവനു സാധിക്കുന്നത് ഈ പ്രത്യാശയുള്ളതുകൊണ്ടാണ്.
ഒരുവൻ ക്രൈസ്‌തവൻ ആയിക്കഴിഞ്ഞാൽ അവനിൽ ജീവിക്കുന്നത് മിശിഹായാണ് (ഗലാ 2,20). മിശിഹായുടെ ജീവിതമാണ് അവനിൽ നിഴലിക്കുന്നത്. നസ്രായനായ ഈശോ എന്ന വ്യക്തിയോടുള്ള വിശ്വസ്‌തതയാണ് നീതിയുടെയും രക്ഷയുടെയും മാനദണ്ഡം.
അവിടുത്തെ സഹനവും മരണവും ഉത്ഥാനവും ശിഷ്യന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നതാണ് സുവിശേഷ ഭാഗ്യങ്ങൾ വിശദീകരിക്കുന്നത്.
ആധുനിക മനുഷ്യനു പ്രത്യാശ നഷ്ടപ്പെടുന്നെങ്കിൽ അതിനു കാരണം, ജീവിതത്തിൽ പ്രഥമസ്ഥാനത്ത് ദൈവത്തിനു പകരം സ്വാർത്ഥതാൽപര്യങ്ങളും ലൗകികനേട്ടങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നതാണ്. ദൈവത്തെ അപ്രധാനമോ അധികപറ്റോ ആയിക്കണ്ട് ജീവിതത്തിൽനിന്നു മാറ്റിനിർത്താനുള്ള പ്രലോഭനമാണ് ഇന്നത്തെ മനുഷ്യൻ നേരിടുന്നത്. ദൈവത്തെയും ദൈവികമൂല്യങ്ങളെയും ഒഴിവാക്കി തികച്ചും ഭൗതികവും രാഷ്ട്രീയവുമായ ഒരു ക്ഷേമരാഷ്ട്രം പടുത്തുയർത്താമെന്ന വ്യാമോഹമാണ് ആധുനിക മനുഷ്യൻ്റെ അധഃപതനത്തിനു കാരണം. മാർക്‌സിയൻ പ്രത്യയശാസ്ത്രത്തിലെ അപകടവും ഇതുതന്നെയാണ്. ദൈവനിഷേധം മുഖമുദ്രയാക്കിയിരിക്കുന്ന മാർക്സിസ്റ്റുകാർക്ക് ഭൗതികവും രാഷ്ട്രീയവുമായ പുരോഗതിയിൽ മാത്രമേ ശ്രദ്ധിക്കാൻ സാധിക്കൂ. ദൈവത്തിലും ദൈവികമൂല്യങ്ങളിലുമുള്ള വിശ്വാസം തങ്ങളുടെ പ്രവർത്തനങ്ങൾക്കു തടസ്സം നിൽക്കുന്നു എന്ന കാരണത്താൽ അതു നശിപ്പിക്കുന്നതിനു വേണ്ടതൊക്കെ ഒളിഞ്ഞും മറഞ്ഞും ഇക്കൂട്ടർ ചെയ്‌തുകൊണ്ടിരിക്കും.
മനുഷ്യൻ ജീവിക്കുന്നത് അപ്പംകൊണ്ടുമാത്രല്ല, ദൈവഹിതത്തിന്റെ പ്രകാശനമായ ദൈവവചനത്തോടുള്ള അനുസരണം കൊണ്ടുകൂടിയാണ് എന്നു മരുഭൂമി പരീക്ഷണ വേളയിൽ ഈശോ വ്യക്തമാക്കിയതാണ്. ഈ അനുസരണം എല്ലാവരും പ്രാവർത്തികമാക്കുമ്പോൾ എല്ലാവർക്കും അപ്പം ലഭിക്കുന്ന സാഹചര്യം തനിയേ സംജാതമാകും (നസ്രായ നായ ഈശോ, 34).
സുവിശേഷഭാഗ്യങ്ങൾ മനുഷ്യൻ്റെ സ്വാഭാവിക സ്വാർത്ഥ ചിന്താരീതികളെ അതിജീവിക്കാനുള്ള വെല്ലുവിളിയാണ് ഉയർത്തുന്നത്. അനുതാപവും മാനസാന്തരവുമൊക്കെ ആവശ്യപ്പെടുന്നത് സ്വാർത്ഥതയിൽ നിന്നുള്ള പൂർണ്ണമായ തിരിയലാണ്.
ജീവിതയാഥാർത്ഥ്യങ്ങളെ ശരിയായ രീതിയിൽ വീക്ഷിക്കുമ്പോൾ, അതായത് ഈ ലോകത്തിൻ്റേതിൽ നിന്നു വ്യത്യസ്തമായ ദൈവികമൂല്യങ്ങളുടെ വെളിച്ചത്തിൽ കാണുമ്പോൾ, ഈ ലോകത്തിൻ്റെ മാനദണ്ഡങ്ങൾ തലകീഴായി മറിയുന്നതു കാണാം.
ഒരുവൻ ദൈവത്തിൻ്റെ കണ്ണുകളിലൂടെ ജീവിത യാഥാർത്ഥ്യങ്ങളെ നോക്കി കാണുവാൻ ആരംഭിക്കുമ്പോൾ, ഈശോയുടെ കൂടെ യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ ഈ ലോകത്തിൽ വച്ചുതന്നെ വരാനിരിക്കുന്ന ലോകത്തിന്റെ (eschaton) മുന്നാസ്വാദനം ആരംഭിക്കും. സഹനങ്ങളിലും കഷ്‌ടപ്പാടുകളിലും ദൈവികമായ ആശ്വാസം അവൻ അനുഭവിക്കും.
പൗലോസ് ശ്ലീഹായുടെ ജീവിതം തന്നെ ഉത്തമോദാഹരണം. സുവിശേഷഭാഗ്യങ്ങളായി ഈശോ അവതരിപ്പിച്ച കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതാനുഭവമായി.
ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു. എങ്കിലും തകർക്കപ്പെടുന്നില്ല.
വിഷമിപ്പിക്കപ്പെടുന്നു എങ്കിലും ഭഗ്നാശരാകുന്നില്ല.
പീഡിപ്പിക്കപ്പെടുന്നു എങ്കിലും പരിത്യക്തരാകുന്നില്ല.
അടിച്ചുവീഴ്ത്തപ്പെടുന്നു എങ്കിലും നശിപ്പിക്കപ്പെടുന്നില്ല (2 കോറി 4,8-9).
ഭോഷന്മാരും ബലഹീനരും അവമാനിതരും ആയി പരിഗണിക്കപ്പെടുമ്പോഴും പ്രഹരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും അടിപതറാതെ നില്ക്കാനും സന്തോഷിക്കാനും വി.പൗലോസിനു സാധിച്ചത് ഈശോയിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ് (1 കോറി 4,9-13).
പൗലോസ് ശ്ലീഹായെപ്പോലെ സമ്പൂർണ്ണമായി ദൈവ ശുശ്രൂഷയ്ക്കായി സമർപ്പിച്ചുകഴിയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലെപ്പോലെ ദൈവിക സൗഭാഗ്യം നമുക്കും അനുഭവിക്കാനാവും.
ഈശോമിശിഹായിൽ നിറവേറാനിരുന്നവയുടെ മുന്നോടിയായിരുന്നല്ലോ പഴയനിയമ സംഭവങ്ങൾ മലയിലെ പ്രസംഗത്തിനു സമുചിതമായ ഒരാമുഖമാണ് സുവിശേഷ ഭാഗ്യങ്ങൾ അവിടുത്തെ ശിഷ്യരുടെ വിശേഷണങ്ങളാണ് സുവിശേഷഭാഗ്യങ്ങൾ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



