We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 28-Nov-2022
ഉത്ഥിതന്റെ സാക്ഷി - മറ്റേ മറിയം
മത്തായി എഴുതിയ സുവിശേഷത്തിൽ രണ്ടുതവണ പരാമർശ വിഷയമാകുന്ന ഒരു സ്ത്രീയാണ് “മറ്റേമറിയം.” ആരാണിവൾ? പുതിയ നിയമത്തിൽ മറിയം എന്ന പേരിൽ ഏഴു വ്യത്യസ്ത വ്യക്തികൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 1. യേശുവിന്റെ അമ്മയായ മറിയം 2 മഗ്ദലേനാമറിയം 3 ബെഥാനിയായിലെ ലാസറിന്റെയും മാർത്തായുടെയും സഹോദരി മറിയം. 4. ക്ലോപ്പാസിന്റെ ഭാര്യ മറിയം. 5. യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മ മറിയം 6. അപ്പസ്തോലപ്രവർത്തനങ്ങളിൽ കാണുന്ന യോഹാൻ മർക്കോസിന്റെ അമ്മ മറിയം (അപ്പ 12,12). 7. റോമായിലെ സഭയിൽ കഠിനാധ്വാനം ചെയ്തു എന്ന് പൗലോസ് എടുത്തുപറഞ്ഞ് അഭിവാദനം അർപ്പിക്കുന്ന മറിയം (റോമാ 16.6). ഇതിൽ ഏതാണ് മത്തായി സൂചിപ്പിക്കു മറ്റേമറിയം?
യേശുവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ടാണ് മത്തായി മറ്റേമറിയത്തെ ആദ്യമായി അവതരിപ്പിക്കുന്നത് (27,61). തുടർന്ന് ശവകുടീരം സന്ദർശിക്കാൻ പോയ മഗ്ദലേനാമറിയത്തിന്റെകൂടെ മറ്റേ മറിയം വീണ്ടും പ്രത്യക്ഷപ്പെടുന്നു (28,1). മർക്കോസിന്റെ സുവിശേഷവുമായി താരതമ്യം ചെയ്താൽ ഈ ആളിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും. മറ്റേ മറിയം എന്നു മത്തായി വിശേഷിപ്പിക്കുന്ന വ്യക്തിയുടെ സ്ഥാനത്ത് സമാന്തരമായ മർക്കോസിന്റെ സുവിശേഷത്തിൽ ഒരിടത്ത് (15,47) യോസേയുടെ അമ്മയായ മറിയം എന്നും മറ്റൊരിടത്ത് (16,1) യാക്കോബിന്റെ അമ്മയായ മറിയം എന്നും കാണുന്നു. ഇതു രണ്ടും ഒരാൾ തന്നെയാണെന്ന് മറ്റു പരാമർശങ്ങളിൽ നിന്ന് അനുമാനിക്കാം.
കുരിശിൻചുവട്ടിൽ നിന്ന സ്ത്രീകളെക്കുറിച്ച് നാലു സുവിശേഷകന്മാരും പ്രതിപാദിക്കുണ്ട്. മത്തായിയും മർക്കോസും ഏതാണ്ട് ഒരേവിധത്തിലാണ് ഈ സ്ത്രീകളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. “മഗ്ദലേനാമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദിപുത്രന്മാരുടെ അമ്മയും" (മത്താ 27, 56); "മഗ്ദലേനാമറിയവും യോസയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും” (മർക്കോ 15,4). ഇതിൽ രണ്ടാമത്തെ ആൾ ഇരുസുവിശേഷങ്ങളിലും ഒന്നുതന്നെയാണെന്നതിൽ സംശയമില്ല. യാക്കോബ് എന്നു മത്തായി വിളിക്കുന്ന ആളെയാണ് ചെറിയ യാക്കോബ് എന്നു മർക്കോസ് പരിചയപ്പെടുത്തുന്നത്. സെബദിപുത്രനായ യാക്കോബിൽ നിന്നു വേർതിരിച്ചു കാണിക്കാൻ വേണ്ടിയാണ് ഈ വിശേഷണം. ജോസഫ് എന്നു മത്തായിയും യോസേ എന്നു മർക്കോസും വിശേഷിപ്പിക്കുന്നത് ഒരാൾ തന്നെ. സെബദിപുത്രന്മാരുടെ അമ്മയെന്ന് മത്തായി വിശേഷിപ്പിക്കുന്ന ആളിന്റെ പേര് സലോമി എന്നു മർക്കോസ് എടുത്തു പറയുന്നു.
പേരുകളുടെ ഈ മൂന്നു പട്ടികകൾ (മത്താ 27,56. 61; 28,1= മർക്കോ, 15,40.47; 16,1) താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന ഉത്തരമിതാണ്. മറ്റേ മറിയം എന്നു മത്തായി വിശേഷിപ്പിക്കുന്നത് ചെറിയ യാക്കോബിന്റെയും ജോസഫ്-യോസേ- യുടെയും അമ്മയായ മറിയം തന്നെ. ഇനി യോഹന്നാന്റെ സുവിശേഷവുമായി താരതമ്യം ചെയ്യുമ്പോൾ മറ്റു ചില വിവരങ്ങൾ കൂടി നമുക്കു ലഭിക്കും.
കുരിശിൻ ചുവട്ടിൽ നിന്ന ആ നാലു സ്ത്രീകളെക്കുറിച്ച് യോഹന്നാൻ പ്രതിപാദിക്കുന്നുണ്ട്. "യേശുവിന്റെ കുരിശിനരികിൽ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യയായ മറിയവും മഗ്ദലേനാമറിയവും നില്ക്കുന്നുണ്ടായിരുന്നു" (യോഹ 19, 25). ഇതിൽ യേശുവിന്റെ അമ്മയുടെ സഹോദരി സെബിദി പുത്രൻമാരായ യാക്കോബിന്റെയും യോഹാന്റെയും അമ്മ സലോമിയാണെന്ന നിഗമനം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ അമ്മയും മഗ്ദലേനാമറിയവും ആരെന്ന കാര്യത്തിൽ സംശയമില്ല. അവശേഷിക്കുന്നത് ക്ലോപ്പാസിന്റെ ഭാര്യ മറിയമാണ്. ഇതുതന്നെയല്ലേ മത്തായിയുടെ സുവിശേഷത്തിലെ മറ്റേ മറിയം? അപ്പോൾ യോസേ, യാക്കോബ് എന്നിവർ ക്ലോപ്പാസിന്റെയും മറിയത്തിന്റെയും മക്കളാണെന്നു വരുന്നു.
ഇനി ആരാണ് ഈ ക്ലോപ്പാസ്? പന്ത്രണ്ടപ്പസ്തോലന്മാരുടെ പട്ടിക അവതരിപ്പിക്കുമ്പോൾ സമാന്തര സുവിശേഷകർ മൂവരും എടുത്തു പറയുന്ന ഒരു പേരാണ് ഹൽപൈയുടെ പുത്രനായ യാക്കോബ്.. സെബദിപുത്രനായ യാക്കോബിൽ നിന്നു വ്യത്യസ്തനാണിയാൾ. ചെറിയ യാക്കോബ് എന്നു മർക്കോ 15,40 ൽ വിശേഷിപ്പിച്ച ആൾ തന്നെയാണിത് എന്നതിൽ സംശയത്തിനു പഴുതില്ല. അതിനാൽ ക്ലോപ്പാസ് എന്നു ഗ്രീക്കിലും ഹൽപൈ എന്നു അരമായയിലും അൽഫേവൂസ് എന്നു ലത്തീനിലും അറിയപ്പെടുന്നത് ഒരാൾ തന്നെ എന്ന നിഗമനത്തിൽ എത്താനാവും. മർക്കോ 2,14 ൽ കാണുന്ന ലേവിയുടെ പിതാവായ ഹൽപൈ ഇയാൾ തന്നെ എന്ന അനുമാനത്തെ അധികമാരും അംഗീകരിക്കുന്നില്ല. ഒരേ പേരുള്ള രണ്ടാളുകൾ ആയിരിക്കാനാണ് കൂടുതൽ സാധ്യത, അല്ലെങ്കിൽ ചുങ്കക്കാരൻ മത്തായിയും ചെറിയ യാക്കോബും സഹോദരങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. എന്നാൽ അപ്പസ്തോലന്മാരുടെ പട്ടിക അവതരിപ്പിക്കുന്നിടത്ത് ഇങ്ങനെ ഒരു സാധ്യതയില്ല. മത്തായിയെ പേരെടുത്തു പറഞ്ഞതിനുശേഷമാണ് ഹൽപൈയുടെ പുത്രൻ യാക്കോബ് എന്നു പറയുന്നത്. (മർക്കോ 3,18).
ഇവിടെ പറയുന്ന ക്ലോപ്പാസും എമ്മാവൂസിലേക്കു പോയവരിൽ ഒരാളായ ക്ലെയോഫാസും (ലൂക്കാ 24,18) ഒരാൾ തന്നെയോ എന്ന കാര്യത്തിൽ തർക്കമുണ്ട്. അല്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാൽ ക്ലോപ്പാസിനെക്കുറിച്ച് എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹെഗേസിപ്പൂസ് എന്ന സഭാചരിത്രകാരൻ ശ്രദ്ധേയമായൊരു അറിവു പകരുന്നുണ്ട്. യേശുവിന്റെ വളർത്തുപിതാവായ ജോസഫിന്റെ സഹോദരനായിരുന്നു ക്ലോപ്പാസ് എന്നും ഹൽപൈ എന്നും അറിയപ്പെട്ടിരുന്നത്. ഇയാളുടെ ഭാര്യയാണ് മത്തായി മറ്റേ മറിയം എന്ന പേരിൽ അവതരിപ്പിക്കുന്നത്.
ഇതിൽനിന്ന് സുപ്രധാനമായ രണ്ടു കാര്യങ്ങൾ വ്യക്തമാകുന്നു. 1. യേശുവിനെ അനുഗമിച്ചവരുടെ മുൻപന്തിയിൽ അവന്റെ കുടുംബാംഗങ്ങളുണ്ടായിരുന്നു. യേശുവിന്റെ അമ്മ മറിയം; അമ്മയുടെ സഹോദരി സലോമിയും അവളുടെ പുത്രന്മാർ യാക്കോബും യോഹന്നാനും, ജോസഫിന്റെ സഹോദരഭാര്യ മറിയവും അവളുടെ മകൻ യാക്കോബും ... കുരിശിൻ ചുവട്ടിൽ നിന്നവരിൽ പേരെടുത്തു പറയുന്ന നാലു സ്ത്രീകളിൽ മൂന്നുപേരും യേശുവിന്റെ ഉറ്റ ബന്ധുക്കളായിരുന്നു. 2. യേശുവിന്റെ സഹോദരന്മാർ എന്നു മർക്കോ 6,3 ൽ പേരെടുത്തു പറയുന്ന യാക്കോബ്, യോസേ എന്നിവർ യേശുവിന്റെ അമ്മയായ മറിയത്തിന്റെ മക്കളല്ല, അവന്റെ പിതൃസഹോദരന്റെ പുത്രന്മാരായിരുന്നു. മറിയത്തിന് യേശുവിനു പുറമേ വേറെ മക്കളുണ്ടായിരുന്നു എന്ന വാദത്തിന് ഈ കണ്ടെത്തൽ വിരാമമിടുന്നു.
യേശു പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ സുവിശേഷത്താൽ ആകർഷിക്കപ്പെട്ട ഉറ്റബന്ധു, പിതൃസഹോദരഭാര്യയാണ് മത്തായിയുടെ സുവിശേഷത്തിലെ മറ്റേ മറിയം. യേശുവിന്റെ അമ്മയിൽ നിന്നും മഗ്ദലേനാമറിയത്തിൽ നിന്നും വേർതിരിച്ചു കാണിക്കാൻവേണ്ടിയാണ് ഈ വിശേഷണം നല്കിയിരിക്കുന്നത്. ഗലീലിയിൽനിന്നു ജറുസലെംവരെ യേശുവിനെ അനുഗമിക്കുകയും കുരിശിൻ ചുവട്ടിൽ നില്ക്കുകയും മൃതസംസ്ക്കാരത്തിൽ പങ്കെടുക്കുകയും ശൂന്യമായ കല്ലറ കാണുകയും ചെയ്ത ചുരുക്കം വ്യക്തികളിൽ ഒരാളാണ് ഈ മറിയം.
യേശു ഉത്ഥാനം ചെയ്തു എന്ന സന്ദേശം ദൈവദൂതനിൽനിന്നു നേരിട്ടു കേൾക്കാൻ മാത്രമല്ല, ഉത്ഥിതനായ യേശുവിനെ നേരിൽ കാണാനും ഭാഗ്യം ലഭിച്ച ആദ്യത്തെ രണ്ടു വ്യക്തികളിൽ ഒരാളാണ് അവൾ (മത്താ 28,1-10). ഉത്ഥാനത്തിന്റെ സുവിശേഷം അപ്പ്സ്തോലന്മാരെ അറിയിക്കാൻ ഉത്ഥിതനായ നാഥൻ ചുമതലപ്പെടുത്തിയത് ഈ മറിയത്തെയും മഗ്ദലേനാമറിയത്തെയുമാണ്. അങ്ങനെ എല്ലാ തരത്തിലും ശിഷ്യത്വത്തിന്റെ മാതൃകയാണ് ക്ലോപ്പാസിന്റെ ഭാര്യയും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയുമായ മറ്റേ മറിയം.
ഉത്ഥിതന്റെ സാക്ഷി - മറ്റേ മറിയം Dr. Michael Karimattam ക്ലോപ്പാസിന്റെ ഭാര്യയും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയുമായ മറ്റേ മറിയം. Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206