x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

ഗാർഹികസഭയുടെ മാതൃക- പ്രിസില്ലാ

Authored by : Dr. Michael Karimattam On 30-Nov-2022

ഗാർഹികസഭയുടെ മാതൃക - പ്രിസ്കാ - പ്രിസില്ലാ

ആദിമസഭയിൽ, പ്രത്യേകിച്ചും സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ, സുപ്രധാനമായ പങ്കുവഹിച്ച ഒരു പ്രേഷിതയാണ് പൗലോസിന്റെ മൂന്നു ലേഖനങ്ങളിൽ (റോമാ 16,3; 1 കോറി 16,19; 2 തിമോ 4,19) പ്രിസ്കാ എന്ന പേരിലും അപ്പസ്തോലപ്രവർത്തനങ്ങളിൽ (18,2 - 18.26) പ്രിസില്ലാ എന്ന പേരിലും അറിയപ്പെടുന്ന വ്യക്തി. ഇതൊരു ലത്തീൻ പേരാണ്. പ്രിസ്കാ എന്ന പേരിനോട് കുട്ടി- കുഞ്ഞ് - കൊച്ച് എന്നൊക്കെ അർത്ഥമുള്ള ഒരു പ്രത്യയം ചേർത്താണ് പ്രിസില്ലാ. പ്രിസ്കാ കുഞ്ഞ് എന്നർത്ഥം. ഭർത്താവായ അക്വിലായുടെ പേരിനോടൊപ്പമാണ് അവളുടെ പേരും പ്രത്യക്ഷപ്പെടുന്നത്. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് സുവിശേഷവേലയിൽ ഏർപ്പെടുകയും തങ്ങളുടെ ഭവനത്തെ സഭാകൂട്ടായ്മയുടെ ഒരു കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നതിന്റെ മാതൃകയാണവർ.

തെസലോണിക്കായിൽ നിന്നു പുറത്താക്കപ്പെടുകയും ആഥൻസിലെ അരെയോപ്പാഗസിൽവച്ച് അവഹേളിതനാവുകയും ചെയ്ത പൗലോസ് കോറിന്തോസിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വഭവനത്തിൽ സ്വീകരിച്ചവരാണ് പ്രിസില്ലായും അക്വിലായും (അപ്പ 18,1-2). കരിങ്കടലിനു തെക്ക്, ഏഷ്യാമൈനറിന്റെ വടക്കുഭാഗത്തെ ഒരു റോമൻ പ്രവിശ്യയായ പോന്തുസിൽ നിന്നു വന്നവരാണവർ. കൂടാര നിർമ്മാണമായിരുന്നു അക്വിലായുടെ തൊഴിൽ. "കൂടാരപ്പണി' എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന തൊഴിൽ കൂടാരത്തിന് ആവശ്യമായ തിരശ്ശീലകൾ നിർമ്മിക്കുന്നതാകാം. തുകലും കമ്പിളിയും ഒക്കെ കൂടാരവിരികൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. ഈ തൊഴിൽ പൗലോസിനും വശമായിരുന്നു. കോറിന്തോസിൽ അക്വിലാ ഒരു പണിശാല സ്ഥാപിച്ചുവെന്നും പൗലോസ് ആ പണിശാലയിൽ ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തിക്കൊണ്ടാണ് സുവിശേഷവേല നടത്തിയിരുന്നതെന്നും അനുമാനിക്കാം.

അക്വിലാ യഹൂദനായിരുന്നു. എന്നാൽ പ്രിസില്ലാ യഹൂദമതം സ്വീകരിച്ച ഒരു വിജാതി ആയിരുന്നു എന്നാണ് പേരിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാതാക്കൾ കരുതുന്നത്. തന്നെയുമല്ല, അവൾ സ്വതന്ത്രയും ഒരു സമ്പന്ന കുടുംബാംഗവും ആയിരുന്നുവെന്നും അനുമാനിക്കാൻ ന്യായമുണ്ട്. അവർ എന്നാണ് യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചത് എന്നു വ്യക്തമല്ല. എന്നാൽ തീക്ഷ്ണമതികളും വിശ്വാസത്തിൽ ആഴപ്പെട്ടവരുമായ ക്രിസ്ത്യാനികളായിരുന്നു അവർ എന്നതിൽ സംശയമില്ല.

കോറിന്തോസിലാണ് അവർ ബൈബിളിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതെങ്കിലും അതിനുമുമ്പേ അവർ റോമിലായിരുവെന്ന് ലൂക്കാ എടുത്തു പറയുന്നുണ്ട്. എ.ഡി. 49 ൽ ക്ലാവുദിയൂസ് ചക്രവർത്തി അവരെ റോമിൽനിന്നു നാടുകടത്തിയതിനാലാണ് കോറിന്തോസിൽ വന്നെത്തിയത്. യഹൂദരും ക്രിസ്ത്യാനികളും തമ്മിലുണ്ടായ തർക്കം സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കിയതാണ് ഈ നാടുകടത്തലിനു കാരണം. അതിനാൽ പ്രിസില്ലായും ഭർത്താവും റോമിലെ ഒരു യഹൂദസിനഗോഗിലെ അംഗങ്ങളായിരുന്നുവെന്നും സിനഗോഗിൽ വച്ച് യേശുവിനെ പ്രഘോഷിച്ചതാണ് തർക്കത്തിനു കാരണമായതെന്നും ഭൂരിഭാഗം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അവരെക്കുറിച്ച് ബൈബിളിൽ കാണുന്ന പരാമർശങ്ങൾ എല്ലാം തന്നെ ഈ നിഗമനത്തെ പിന്താതാങ്ങുന്നുണ്ട്.

കോറിന്തോസിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഒന്നര വർഷം താമസിച്ച പൗലോസിന് ആതിഥ്യം ഒരുക്കുകയും തങ്ങളുടെ ഭവനത്തെ ഒരു പ്രേഷിത തലസ്ഥാനം (mission headquarters) ആക്കുകയും ചെയ്ത പ്രിസില്ലായും അക്വിലായും ലീദിയായെപ്പോലെ തന്നെ സഭാസമൂഹത്തിൽ ഉന്നതസ്ഥാനം നേടിയിരുന്നു. കോറിന്തോസിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പൗലോസ് എഫേസൂസിലേക്കു പോയപ്പോൾ അവരും അപ്പസ്തോലനെ അനുഗമിച്ചു (അപ്പ 18, 18). തുടർന്ന് കുറെക്കാലം അവർ ഏഷ്യാമൈനറിന്റെ തലസ്ഥാനമായ ഏഫേസൂസിൽവസിച്ച് സുവിശേഷ പ്രഘോഷണം തുടർന്നു. പ്രഗത്ഭ വാഗ്മിയും തീക്ഷ്ണമതിയായ സുവിശേഷപ്രഘോഷകനുമായ അലക്സാണ്ടറിയാക്കാരൻ അപ്പോളോസിനെ ക്രിസ്തു മാർഗ്ഗത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകി വിശ്വാസത്തിൽ വളർത്തിയത് പ്രിസില്ലായാണ് (അപ്പ 18,26). എഫേസൂസിലും അവരുടെ ഭവനം സുവിശേഷപ്രഘോഷണകേന്ദ്രവും പ്രേഷിതരുടെ അഭയസ്ഥാനവുമായിരുന്നു.

എഫേസൂസിൽവച്ച് കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ പൗലോസ് ഇവരെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. “അക്വീലായും പ്രിസ്കായും അവരുടെ വീട്ടിലുള്ള സഭയും നിങ്ങളെ ഹൃദയപൂർവ്വം അഭിവാദനം ചെയ്യുന്നു" (1 കോറി 16,19). തന്റെ മൂന്നാം പ്രേഷിതയാത്രയുടെ അവസാനം (എ.ഡി 57/58) കോറിന്തോസിൽവച്ച് റോമായിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ആശംസകളുടെ തുടക്കത്തിൽത്തന്നെ (റോമാ 16,3-5) പൗലോസ് ഇരുവരുടെയും പേരെടുത്തു പറഞ്ഞ് അഭിവാദനം അർപ്പിക്കുന്നുണ്ട്. അതിനാൽ അവർ വീണ്ടും റോമിൽ തിരിച്ചെത്തി എന്നതിൽ സംശയമില്ല. എ.ഡി. 54 ൽ ക്ലാവുദിയൂസ് ചക്രവർത്തി മരിച്ചപ്പോൾ യഹൂദർക്കുണ്ടായിരുന്ന വിലക്ക് തീരുകയും റോമിലേക്കു തിരിച്ചുവരാൻ സാഹചര്യം ഒരുങ്ങുകയും ചെയ്തു. ഒരുപക്ഷേ തന്റെ റോമാസന്ദർശനത്തിനു വഴിയൊരുക്കാനായി പൗലോസ് തന്നെ അവരെ റോമിലേക്കു പോകാൻ പ്രേരിപ്പിച്ചതുമാകാം.

മതപീഡനങ്ങളും മുടക്കുകളും നാടുകടത്തലും ഒന്നും പ്രിസില്ലായുടെ വിശ്വാസത്തിനോ സുവിശേഷപ്രഘോഷണത്തിനോ പ്രതിബന്ധമായില്ല. നേരേമറിച്ച്, ഇവയൊക്കെ പുതിയ സ്ഥലങ്ങളിൽ യേശുവിനെ പ്രഘോഷിക്കാൻ സാഹചര്യം ഒരുക്കുകയാണ് ചെയ്തത്. സുവിശേഷം പ്രസംഗിക്കുന്നതിനോടൊപ്പം ഉപജീവനത്തിനായി സ്വന്തം കൈകൊണ്ട് അധ്വാനിച്ച പ്രിസില്ലായും അക്വിലായും സുവിശേഷപ്രഘോഷകർ എന്നും അനുകരിക്കേണ്ട ഒരു മാതൃകയായി നിലകൊള്ളുന്നു, പൗലോസിനെപ്പോലെ (1 കോറി 9, 3-18; 4,12). തങ്ങൾക്കു വേണ്ടി മാത്രമല്ല മറ്റു പ്രേഷിതർക്കും ആവശ്യമായത് ഉദാരമായി നല്കാൻ വേണ്ടിയും അവർ അധ്വാനിച്ചു. തങ്ങളുടെ വീട് സഭാസമ്മേളനങ്ങൾക്കും പ്രേഷിതർക്കുമായി തുറന്നിടാൻ അവർ തയ്യാറായി.

“യേശുക്രിസ്തുവിൽ എന്റെ സഹപ്രവർത്തകർ" (റോമാ 16,3) എന്നാണ് അപ്പസ്തോലൻ അവരെ വിശേഷിപ്പിക്കുന്നത്. “സുനേർഗോസ്" എന്ന ഗ്രീക്കുപദമാണ് ഇവിടെ സഹപ്രവർത്തകർ എന്നു വിവർത്തനം ചെയ്യുന്നത്. തന്നോടൊപ്പം സുവിശേഷവേലയിൽ പങ്കുചേർന്നവർ എന്നതിനു പുറമേ, ഇത് സഭാശുശ്രൂഷയിലെ ഒരു സാങ്കേതികപദം പോലെ ഉപയോഗിക്കാറുണ്ട്. “ദിയാക്കൊണോസ്" എന്ന പദത്തിനു തുല്യമായൊരർത്ഥം ഇതിനുമുണ്ട്. പ്രിസില്ലായും അക്വിലായും ചുരുങ്ങിയപക്ഷം സഭയിൽ ഡീക്കൻസ്ഥാനം അലങ്കരിച്ചിരുന്നു എന്ന് ഇതിൽനിന്നനുമാനിക്കാം; ഒരുപക്ഷേ അതിലും ഉയർന്ന ഒരു സ്ഥാനവും അവർക്ക് അപ്പസ്തോലൻ നല്കിയിരിക്കാം.

സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും യേശുവിൽ വിശ്വസിക്കുന്ന സഹോദരനെ സംരക്ഷിക്കാനും വേണ്ടി ജീവൻ പോലും അപകടപ്പെടുത്താൻ അവർ തയ്യാറായെന്ന് പൗലോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു: “അവർ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്തിയവരാണ്. ഞാൻ മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവർക്കു നന്ദിപറയുന്നു. അവരുടെ ഭവനത്തിൽ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിൻ" (റോമാ 16,4-5). ഇവിടെ പരാമർശിക്കുന്ന സംഭവം എവിടെവച്ചാണുണ്ടായതെന്നു വ്യക്തമല്ല. കോറിന്തോസിൽ പൗലോസിനെതിരേ ആക്രമണമുണ്ടായപ്പോൾ (അപ്പ 18, 12 -17) ആകാം. അല്ലെങ്കിൽ എഫേസൂസിൽ വച്ചാകാം (അപ്പ 19,23-40; 1 കോറി 15, 32). ഫിലിപ്പിയിൽ ലീദിയാ എന്നതുപോലെ കോറിന്തോസിലും എഫേസൂസിലും റോമിലും സഭയുടെ ഏറ്റം അടുത്ത ശുശ്രൂഷകരും പ്രചാരകരുമായിരുന്നു പ്രസില്ലായും ഭർത്താവ് അക്വിലായും. മാന്യമായ തൊഴിൽ ചെയ്ത് ഉപജീവനം നടത്തുകയും അതേ സമയം സുവിശേഷവേലയ്ക്കു സമയം കണ്ടെത്തുകയും ക്രിസ്തുവിനും അവിടുത്തെ സഭക്കും വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത ഒരു പ്രേഷിതയാണ് പ്രിസില്ലാ. സുവിശേഷപ്രഘോഷണത്തെ ഉപജീവന മാർഗ്ഗമോ സ്വത്തു ശേഖരിക്കാനുള്ള കുറുക്കുവഴിയോ ആയി കാണുന്നവർക്കുമുമ്പിൽ പ്രിസില്ലായും അക്വിലായും വലിയൊരു വഴികാട്ടിയും അതേസമയം ആത്മവിമർശനത്തിനു പ്രേരിപ്പിക്കുന്ന ഒരു ചോദ്യചിഹ്നവുമായി നിലകൊള്ളുന്നു.

പില്ക്കാലത്ത് സഭയിൽ പ്രിസില്ലായ്ക്ക് ആദരണീയമായ വലിയസ്ഥാനം നല്കപ്പെട്ടു. ഹെബ്രായർക്കുള്ള ലേഖനം പ്രിസില്ലായാണ് രചിച്ചതെന്ന് കരുതുന്ന ചില സഭാപാരമ്പര്യങ്ങളുണ്ട്, അവയുടെ ആധികാരികത വിവാദ വിഷയമാണെങ്കിലും. റോമിൽ പ്രിസില്ലായുടെ പേരിൽ ഒരു ദേവാലയവും ഭൂഗർഭാലയവും (catacomb) ഉണ്ട്. പ്രിസില്ലാ വസിച്ചിരുന്ന ഭവനത്തിന്റെ സ്ഥാനത്താണ് ഇന്ന് ദേവാലയം നില്ക്കുന്നതെന്നും പ്രിസില്ലായെയും ഭർത്താവിനെയും സംസ്ക്കരിച്ച ഭൂഗർഭ ശവക്കല്ലറയാണ് ഇന്ന് ആ പേരിൽത്തന്നെ അറിയപ്പെടുന്നത് എന്നും കരുതപ്പെടുന്നു.

ഗാർഹികസഭയുടെ മാതൃക- പ്രിസില്ലാ Dr. Michael Karimattam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message