x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

അപ്പസ്തോലന്മാരെ സുവിശേഷം അറിയിച്ച പ്രേഷിത- മറിയം മഗ്ദലേന

Authored by : Dr. Michael Karimattam On 28-Nov-2022

അപ്പസ്തോലന്മാരെ സുവിശേഷം അറിയിച്ച പ്രേഷിത- മറിയം മഗ്ദലേന

മഗ്ദലേനാ എന്ന പേരു കേൾക്കുമ്പോൾ മാനസാന്തരപ്പെട്ട പരസ്യ പാപിനിയുടെ ചിത്രമാണ് മനസിൽ തെളിയുക. ബൈബളിൽ മതിയായ അടിസ്ഥാനമില്ലെങ്കിലും നൂറ്റാണ്ടുകളിലൂടെ സഭാപാരമ്പര്യങ്ങളിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ച ഈ ചിത്രം കലാകാരന്മാരുടെയും കവികളുടെയും പരിധികളില്ലാത്ത ഭാവനയ്ക്ക് ഇന്ധനം പകർന്നിട്ടുണ്ട്.

എത്രവലിയ പാപിക്കും മാനസാന്തരത്തിലൂടെ രക്ഷപ്രാപിക്കാൻ കഴിയുമെന്നും പാപികളെ തേടിവന്ന യേശു ആരെയും ഉപേക്ഷിക്കുകയില്ല എന്നും പഠിപ്പിക്കാൻ ഈ ചിത്രം സഹായിക്കുമെന്നതിൽ സംശയമില്ല. എന്നാൽ ബൈബിൾ വരച്ചുകാട്ടുന്ന മഗ്ദലേനായുടെ ചിത്രം ഇതല്ല. അതിനാൽ സുവിശേഷങ്ങൾ അവതരിപ്പിക്കുന്ന മറിയം മഗ്ദലേനായുടെ വ്യക്തിത്വവും അതിലൂടെ ലഭിക്കുന്ന രക്ഷാകര സന്ദേശവും ഗ്രഹിക്കാൻ മുൻവിധികൾ കൂടാതെയുള്ള വിശദവും സൂക്ഷ്മവുമായ പഠനം ആവശ്യമാണ്.

ഗലീലി തടാകത്തിന്റെ തെക്കുപടിഞ്ഞാറെ തീരത്തുണ്ടായിരുന്ന ഒരു സുപ്രധാന നഗരമായിരുന്നു മഗ്ദല. മത്സ്യബന്ധനം, സംസ്കരണം, കയറ്റുമതി, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ സുപ്രസിദ്ധമായിരുന്ന ഈ പട്ടണത്തിൽ മുഖ്യമായും വിജാതീയരാണ് വസിച്ചിരുന്നത്. ഇവിടെനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ തെക്ക്, A.D. 20 ൽ ഹേറോദേസ് അന്തിപ്പാസ് ടിബേരിയാസ് നഗരം നിർമ്മിച്ച് ഗലീലിയുടെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു. എന്നാലും യേശുവിന്റെ പരസ്യ ജീവിതകാലത്ത് ഗലീലിയിലെ ഏറ്റം പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്നു മഗ്ദല.

അധാർമ്മികതയ്ക്കു പേരുകേട്ട ഒരു പട്ടണമായിരുന്നതിനാൽ യഹൂദർക്ക് ഈ നഗരത്തോടും നഗരവാസികളോടും പൊതുവേ പുഛമായിരുന്നു. ഈ നഗരത്തിൽ നിന്നാണ് പഠനവിഷയമായ 'മഗ്ദലേനാ എന്ന പേരിന്റെ ഉത്ഭവം. നഗരത്തിന്റെ പൊതുവായ സ്വഭാവം അവളിൽ ആരോപിച്ചതിന്റെ ഫലമായി അവൾ ഒരു വേശ്യയായി പരിഗണിക്കപ്പെട്ടു.

ലൂക്കായുടെ സുവിശേഷത്തിലെ അവതരണരീതി ഇപ്രകാരമൊരു വ്യാഖ്യാനത്തിനു കാരണമായിട്ടുണ്ടാവാം. ലൂക്കാ 7, 36-50 ൽ, വിരുന്നിനിരിക്കുന്ന യേശുവിന്റെ പാദങ്ങളിൽ കരഞ്ഞ് തലമുടികൊണ്ട് തുടയ്ക്കുകയും തൈലം പൂശുകയും ചെയ്ത ഒരു പരസ്യപാപിനിയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. തൊട്ടു പിന്നാലെ 8,1-3 ൽ യേശുവിനെ അനുഗമിച്ച സ്ത്രീകളുടെ പട്ടികയിൽ മറിയം മഗ്ദലേനായെ പേരെടുത്തു പറയുന്നു. അവളിൽ നിന്നു ഏഴു ദുഷ്ടാരൂപികൾ വിട്ടുപോയി എന്നു ലൂക്കാ പറയുന്നുണ്ട്. ഇവിടെനിന്നാണ് മാനസാന്തരപ്പെട്ട പാപിനി മഗ്ദലേനാ ആയിരുന്നു എന്ന നിഗമനത്തിലേക്ക് ചില വ്യാഖ്യാതാക്കൾ ചെന്നെത്തിയത്.

ബഥാനിയായിൽ വച്ച്, മാർത്തായുടെ സഹോദരി മറിയം യേശുവിന്റെ പാദങ്ങളിൽ തൈലം പൂശിയ സംഭവം ഇതിനോടു ചേർത്തു വായിച്ചവർ മഗ്ദലേനായും മാർത്തായുടെ സഹോദരി മറിയവും ഒരാൾതന്നെയെന്ന നിഗമനത്തിലെത്തി. അങ്ങനെ സുവിശേഷങ്ങൾ മൂന്നായി അവതരിപ്പിച്ച വ്യക്തികൾ കാലക്രമത്തിൽ ഒന്നായി പരിഗണിക്കപ്പെടാൻ തുടങ്ങി. ലത്തീൻ സഭയിലാണ് ഈ ചിന്താഗതി ഉടലെടുത്തതും വികസിച്ചതും. മഹാനായ ഗ്രഗറി മാർപ്പാപ്പ 591 ൽ നടത്തിയ ഒരു പ്രസംഗമാണ് ഈ വ്യാഖ്യാനത്തിനു പിൻബലം നല്കിയതെന്നു കരുതപ്പെടുന്നു. എന്നാൽ പൗരസ്ത്യസഭയിൽ മൂന്നും മൂന്നു വ്യത്യസ്ത വ്യക്തികളായിത്തന്നെ പരിഗണിക്കപ്പെടുന്നു. ലത്തീൻ സഭയും ഇന്ന് ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സുവിശേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം അതാണുതാനും.

വ്യഭിചാരത്തെ പിശാചുബാധയായി ബൈബിൾ അവതരിപ്പിക്കുന്നില്ല. രോഗവും പിശാചുബാധയും പലപ്പോഴും വേർതിരിച്ചു കാണാറില്ലെങ്കിലും ഒരിക്കൽപോലും സുവിശേഷങ്ങളിൽ പിശാചിനെ ഒഴിപ്പിക്കുന്നത് മാനസാന്തരമായോ വ്യഭിചാരത്തിൽ നിന്ന് വിടുതലായോ അവതരിപ്പിച്ചിട്ടില്ല. തന്നെയുമല്ല, ലൂക്കാ മഗ്ദലേനായെ അവതരിപ്പിക്കുന്നത് തികച്ചും പുതിയ ഒരു വ്യക്തിയായിട്ടാണ്. 7,36-50 ൽ പ്രതിപാദിച്ച പാപിനി ആരാണെന്നു പേരു വെളിപ്പെടുത്താൻ സുവിശേഷകൻ ആഗ്രഹിക്കുന്നില്ല. പിന്നീടു പേരെടുത്തു പറയുന്ന സ്ത്രീകളെ ഈ പാപിനിയുമായി ഒന്നായി കാണാൻ യാതൊരു പഴുതും നല്കുന്നതുമില്ല.

മഗ്ദലയും ബഥാനിയായും തമ്മിൽ നൂറ്റമ്പതോളം കിലോമീറ്റർ അകലമുണ്ട്. അതിനാൽ ആ രണ്ടു പട്ടണങ്ങളുടെ പേരിൽ അറിയപ്പെടുന്ന രണ്ടു വ്യക്തികളെ ഒന്നായി കാണുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇതുകൊണ്ടൊക്കെയാവണം മഗ്ദലേനായെ പാപിനിയായിക്കാണുന്ന പാരമ്പര്യം സഭ ഉപേക്ഷിച്ചത്. മറിയം മഗ്ദലേനായുടെ തിരുനാൾ കുർബ്ബാനയ്ക്ക് പാപിനി തൈലം പൂശിയ സുവിശേഷഭാഗം വായിക്കുന്ന പതിവ് ഉപേക്ഷിച്ച് വേറെ സുവിശേഷ ഭാഗം തിരഞ്ഞെടുത്തതും ഈ തിരിച്ചറിവിന്റെ തെളിവാണ്.

സുവിശേഷങ്ങൾ നിഷ്പക്ഷമായും വിശദമായും പരിശോധിക്കുമ്പോൾ തെളിഞ്ഞു വരുന്നത് മറിയം മഗ്ദലേനായുടെ ഏറെ മിഴിവുറ്റ ഒരു ചിത്രമാണ്. അവളെ ബാധിച്ചിരുന്ന ഏഴു ദുഷ്ടാരൂപികൾ എന്താണെന്ന് സുവിശേഷകൻ പറയുന്നില്ല. ഏതോ ഗൗരവതരമായ രോഗമോ പിശാചുബാധയോ ആയിരുന്നു എന്നു കരുതാൻ മതിയായ ന്യായമുണ്ട്. യേശുവിൽനിന്ന് അത്ഭുതകരമായ സൗഖ്യം ലഭിച്ച അവൾ ഗുരുവിനെ അനുഗമിച്ചു. ഗുരുവിന്റെ സുവിശേഷ പ്രഘോഷണയാത്രകളിൽ പങ്കെടുത്തു. “തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്നു" (ലൂക്കാ 8,3). സ്ത്രീകളുടെ മുൻപന്തിയിലായിരുന്നു മറിയം മഗ്ദലേനായുടെ സ്ഥാനം.

ഗുരുവിനെ വിടാതെ പിന്തുടർന്ന ഒരു ശിഷ്യയാണവൾ. ഗുരുവിനും അവന്റെ ദൗത്യത്തിനുമായി പൂർണ്ണമായി മാറ്റിവച്ച ഒരു ജീവിതമായിരുന്നു മറിയം മഗ്ദലേനായുടേത്. ത്യാഗങ്ങൾക്ക് അവൾ കണക്കു വച്ചില്ല; അപകടങ്ങളെ ഭയന്നു പിൻമാറിയില്ല. മറ്റെല്ലാവരും വിട്ടുപോയപ്പോഴും അവൾ പിടിച്ചുനിന്നു, മരണത്തിനപ്പുറത്തേക്കും നീളുന്ന, മരണത്തേക്കാൾ ശക്തമായ സ്നേഹമാണ് മറിയം മഗ്ദലേനയെ യേശുവിനോടു ബന്ധിപ്പിച്ചത്. ആ സ്നേഹബന്ധമാണ് അവളുടെ മഹത്വത്തിനു നിദാനം. അതംഗീകരിച്ചുകൊണ്ടാണ് യേശു അവളെ പ്രേഷിതയാക്കിയത്.

മഗ്ദലേനാ എന്ന പേര് സുവിശേഷങ്ങളിൽ ആകെ 12 തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ നിയമത്തിൽ ഇത്രയധികം തവണ പരമർശിക്കപ്പെടുന്ന മറ്റൊരു സ്ത്രീയില്ല. നാലു സുവിശേഷങ്ങളും അവളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നാലിലും യേശുവിന്റെ മരണം, സംസ്കാരം, ഉത്ഥാനം എന്നിവയ്ക്കു സാക്ഷിയാണവൾ. ഗലീലി മുതൽ യേശുവിനെ അനുഗമിക്കുകയും കുരിശിൻ ചുവട്ടിൽ നില്ക്കുകയും ചെയ്ത സ്ത്രീകളുടെ പട്ടിക സമാന്തര സുവിശേഷങ്ങൾ മൊത്തം 7 തവണ അവതരിപ്പിക്കുന്നുണ്ട്. അവയിലെല്ലാം പട്ടികയിൽ ആദ്യത്തെ പേര് മഗ്ദലേനായുടേതാണ്, അപ്പസ്തോലന്മാരുടെ പട്ടികയിൽ പത്രോസിന്റെ പേരുപോലെ. യോഹന്നാന്റെ സുവിശേഷത്തിൽ 18 വാക്യങ്ങൾ (യോഹ 20,1-18) മഗ്ദലേനായുടെ ക്രിസ്തുസാക്ഷ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ഇതിനും പുറമേ, കുരിശിൻ ചുവട്ടിൽ നില്ക്കുന്ന യേശുവിന്റെ അമ്മയുടെയും ശിഷ്യന്റെയും മറ്റു രണ്ടു സ്ത്രീകളുടെയും കൂടെ മഗ്ദലേനായുണ്ട്. അങ്ങനെ യേശുവിനെ അവസാനംവരെ അനുഗമിച്ച ശിഷ്യകളിൽ ഏറ്റം പ്രധാനപ്പെട്ട വ്യക്തിയാണ് മറിയം മഗ്ദലേനാ.

യേശുവിന്റെ കുരിശിൻ ചുവട്ടിൽ നിന്നു എന്നതാണ് മഗ്ദലേനായെ സംബന്ധിച്ച് ഏറ്റം ശ്രദ്ധേയമായ ഒരു പ്രവൃത്തി. “ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേനാ മറിയവും.....ആ കൂട്ടത്തിൽ ഉണ്ടായിരുന്നു." (മർക്കോ 15,40, മത്താ 27,55). യേശുവിനെ കുരിശിൽ തറയ്ക്കുകയും പരിഹസിക്കുകയും ചെയ്ത ശത്രുക്കളെപ്പോലെയോ, വെറുതെ കാഴ്ചകാണാൻ വന്ന വഴിപോക്കരെപ്പോലെയോ അല്ല, ക്രൂശിതന്റെ അനുയായികളെപ്പോലെയാണ് അവൾ നിന്നത്. “കണ്ടുകൊണ്ടു നിന്നു" എന്നു മർക്കോസും "നോക്കിക്കൊണ്ടു നിന്നു” എന്നു മത്തായിയും രേഖപ്പെടുത്തിയിരിക്കുന്നതായി പി.ഒ.സി. ബൈബിളിൽ നിന്നു തോന്നും. എന്നാൽ രണ്ടിലും “സൂക്ഷിച്ചു നോക്കുക” എന്നർത്ഥമുള്ള “തെയൊറെയോ" എന്ന ഒരേ ഗ്രീക്കു പദമാണ് മൂലത്തിൽ. ഇതു വെറും കാഴ്ച കാണലല്ല, സശ്രദ്ധം നോക്കലാണ്, താല്പര്യപൂർവ്വം വീക്ഷിക്കലാണ്. തങ്ങളുടെ പ്രിയഗുരുവിനോട് മനുഷ്യൻ ചെയ്യുന്ന ക്രൂരത കണ്ടു നടുങ്ങി ഹൃദയം തകർന്നവരാണവർ. “അകലെ നിന്നു" എന്നതും ശ്രദ്ധേയമത്രെ.

യഹൂദരുടെ രാജാവാണെന്നവകാശപ്പെട്ടു എന്നതിന്റെ പേരിലാണ് റോമൻ കോടതി യേശുവിനു വധശിക്ഷ വിധിച്ചത്. കുരിശിൽ തറച്ചു കൊല്ലപ്പെട്ട കലാപകാരിയുടെ ബന്ധുക്കളോ, അനുയായികളോ, അനുഭാവികളോ ആയി അറിയപ്പെടുന്നത് അപകടകരമായിരുന്നു. അവരെയും കുറ്റക്കാരായി പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്നു. ക്രൂശിതനോട് അനുഭാവം പ്രകടിപ്പിക്കുകയോ അവന്റെ മരണത്തിൽ കരയുകയോ ചെയ്യുന്നവരെപ്പോലും അതിന്റെ പേരിൽത്തന്നെ കുരിശിൽ തറച്ച സംഭവങ്ങളുണ്ട്. ഈ പശ്ചാത്തലത്തിൽ ശിഷ്യന്മാർ ഒളിവിൽ പോയതു മനസിലാക്കാൻ വിഷമമില്ല. തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ പത്രോസ് തള്ളിപ്പറഞ്ഞതും മനസിലാക്കാൻ കഴിയും. ഇവിടെയാണ് സ്ത്രീകളുടെ നിലപാടിന്റെ സവിശേഷത.

സ്ത്രീകളായതുകൊണ്ട് ഭയപ്പെടാനില്ല, പടയാളികൾ ഉപദ്രവിക്കുകയില്ല എന്ന നിഗമനം ശരിയല്ല. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കുരിശിൽ തറച്ച സംഭവങ്ങൾ വിരളമായിരുന്നില്ല. അതിനാലാവാം സ്ത്രീകൾ അകലെ മാറിനിന്നത്. നിനക്കുവേണ്ടി തടവിലേക്കും കുരിശിലേക്കും പോകാൻ തയ്യാറാണെന്നു പറഞ്ഞ ശിഷ്യസത്തമൻ ഓടിയൊളിച്ചപ്പോൾ കൂടെ നിന്നവരാണ് സ്ത്രീകൾ, അവർക്കും അപകടസാധ്യതയുണ്ടായിരുന്നു. പക്ഷേ അവർ ഒളിച്ചോടിയില്ല. പടയാളികളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ അല്പം അകലെയാണെങ്കിലും അവർ നിന്നു. ശിഷ്യത്വത്തിന്റെ ഉത്തമമാതൃകകളായി. ക്രൂശിതന് അഭിമുഖമായിനിക്കുകയും യേശുവിന്റെ മരണം കാണുകയും ചെയ്ത ശതാധിപനാണ് യേശു സത്യമായും ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞത് (മർക്കോ 15,39). അതുപോലെ യേശുവിന്റെ മരണത്തിനു സാക്ഷികളായ ശിഷ്യകളുടെ മുൻപന്തിയിലാണ് മറിയം മഗ്ദലേനാ നില്ക്കുന്നത്, വിട്ടകലാത്ത സ്നേഹത്തിന്റെയും വിശ്വാസത്തിൽ നിന്നു വരുന്ന ധീരതയുടെയും മാതൃകയായി.

യേശുവിനെ തിടുക്കത്തിൽ സംസ്കരിച്ചതിനുശേഷം ശിഷ്യരെല്ലാം പോയപ്പോഴും മഗ്ദലേനാ പോകാതെനിന്നു. “കല്ലറയുടെ വാതിൽ ഒരു വലിയ കല്ലുരുട്ടിവെച്ചിട്ട് അവൻ പോയി. മഗ്ദലേനാ മറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നു" (മത്താ 27,61). ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത ഒരു പ്രവൃത്തിയാണിത്. മരിച്ചവനെ സംസ്ക്കരിച്ചു. ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. തന്നെയുമല്ല, അവിടെ തങ്ങുന്നത് സംശയത്തിനു കാരണവും അതിനാൽത്തന്നെ അപകടകരവുമാകാം. ഇതൊന്നും അവൾ പരിഗണിച്ചില്ല. താൻ സ്നേഹിച്ചനുഗമിച്ച് ഗുരുവിനെ കല്ലറയിൽ ഉപേക്ഷിക്കാൻ അവൾ തയ്യാറല്ല.

സാബത്തു കഴിഞ്ഞ് നേരം വെളുക്കുന്നതിനുമുമ്പേ ശവകുടീരത്തിലേക്കു വരുന്നവരുടെ മുൻപിൽ മഗ്ദലേനായുണ്ട്. അവൾക്കു ഭയമില്ല - തങ്ങൾക്ക് എന്തു സംഭവിക്കും എന്ന് അവരാരും കരുതിയതുമില്ല. ഭാരിച്ച കല്ല് എങ്ങനെ ഉരുട്ടിമാറ്റാം എന്നു മാത്രമേ അവർക്ക് ചിന്തയുള്ളൂ, ഗുരുസാന്നിധ്യത്തിലേക്കു വരുന്നതിനു വിലങ്ങുതടിയായിനില്ക്കുന്ന കല്ല്. ഇവിടെയും തോൽവി സമ്മതിക്കാത്ത സ്നേഹം യുക്തിയെ മറികടന്നു പ്രകടമാകുന്നു.

ഈ വിശ്വാസവും സ്നേഹവും വ്യർത്ഥമായില്ല. തുറന്നു കിടക്കുന്ന കല്ലറയ്ക്കു മുന്നിൽ അത്ഭുതസ്തബ്ധമായി നിന്ന അവർക്ക് ആദ്യം ദൈവദൂതദർശനമുണ്ടായി; ഉത്ഥാനത്തിന്റെ സദ്വാർത്തയും ലഭിച്ചു. തുടർന്ന് യേശു തന്നെ പ്രത്യക്ഷപ്പെട്ടു. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു, എന്ന അറിയിപ്പിനു തെളിവായി. മാത്രമല്ല, ഈ സദ്വാർത്ത അപ്പസ്തോലന്മാരെ അറിയിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു (മത്താ 28,1-10; മർക്കോ 16,1-9).

യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ മഗ്ദലേനായുടെ ചിത്രം കൂടുതൽ മിഴിവുറ്റതാകുന്നു. യേശുവിന്റെ അമ്മയോടുചേർന്ന് കുരിശിൻ ചുവട്ടിൽ നില്ക്കുന്ന ശിഷ്യയാണവൾ (യോഹ 19,25). സാബത്തിനുശേഷം കല്ലറയിലേക്കു വന്ന ഏകവ്യക്തി മഗ്ദലേനായാണ്. മറ്റാരെക്കുറിച്ചും യോഹന്നാൻ പറയുന്നില്ല. “ആഴ്ചയുടെ ഒന്നാം ദിവസം, അതിരാവിലെ, ഇരുട്ടായിരിക്കുമ്പോൾത്തന്നെ, മഗ്ദലേനാമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു” (യോഹ 20,1). പടയാളികൾ കാവൽ നില്ക്കുന്ന, കുറ്റവാളിയുടെ കബറിടത്തിലേക്ക് രാത്രിയിൽ ഒറ്റയ്ക്കു വരുന്ന സ്ത്രീ, അവളുടെ ധൈര്യവും അതിനു പ്രേരകമായി നില്ക്കുന്ന സ്നേഹവും മഗ്ദലേനായെ ശിഷ്യത്വത്തിന്റെ ഉത്തമമാതൃകയായി അവതരിപ്പിക്കുന്നു. മറ്റെല്ലാ ശിഷ്യരെക്കാളും ഏറെ മുൻപന്തിയിലാണവൾ, ഗുരുവിനോട് ഏറ്റം അടുത്ത്.

തുറന്നു കിടക്കുന്ന കല്ലറ കണ്ടവൾ ശിഷ്യരുടെ അടുത്തേക്ക് ഓടി, കർത്താവിനെ എടുത്തു മാറ്റിയിരിക്കുന്നു എന്ന വാർത്തയുമായി. വിവരം അറിഞ്ഞ രണ്ടു ശിഷ്യർ ഓടി കല്ലറയിലെത്തി എല്ലാം കണ്ടതിനുശേഷം നിസംഗരായി തങ്ങളുടെ ഒളിത്താവളത്തിലേക്കു മടങ്ങി. എന്നാൽ മഗ്ദലനായ്ക്കു പോകാനാവില്ല. അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു.

സ്ത്രീയേ നീ എന്തിനാണ് കരയുന്നതെന്ന് ആദ്യം ദൂതനും  പിന്നീട് യേശു തന്നെയും ചോദിക്കുമ്പോൾ അവൾക്ക് ഉത്തരം ഒന്നേയുള്ളൂ. “എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ടുപോയി". ആദ്യമേ പിടിച്ചുകൊണ്ടുപോയി കുരിശിൽ തറച്ചു; ഇപ്പോൾ ശരീരവും എടുത്തുമാറ്റി. തന്റെ കർത്താവിനെ നഷ്ടപ്പെട്ടു എന്നു ഹൃദയം തകർന്നു വിലപിക്കുന്ന ശിഷ്യ. അവളുടെ കണ്ണുനീരിന്റെ കാരണം കർത്താവ് തന്നിൽ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു, തനിക്ക് അവനെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന അവബോധമാണ്. ഈ കണ്ണീരിനും വിലാപത്തിനും പിന്നിൽ നില്ക്കുന്നതും ഒരേ ഒരു വികാരം: സ്നേഹം.

മരണത്തെ മറികടക്കുന്ന ഈ സ്നേഹമാണ് വെളിപാടിനു വഴിയൊരുക്കിയത് തന്റെ മുമ്പിൽ നില്ക്കുന്നത് താൻ നഷ്ടപ്പെട്ടു എന്നു കരുതിയ കർത്താവാണെന്ന് ഗുരുശബ്ദം കേട്ടപ്പോൾ അവൾ തിരിച്ചറിഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല, ഏതു വിധേനയും ഗുരു ഇനിയും അകന്നു പോകാതെ ഗുരുസന്നിധിയിൽ എന്നും കഴിയണം.... "റബ്ബോനീ" എന്നത് അപ്രതീക്ഷിതമായി ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞ സന്തോഷത്തിന്റെയും അവാച്യമായ നിർവൃതിയുടെയും ചിറപൊട്ടിയൊഴുകലായിരുന്നു.

പാദത്തിൽ പ്രണമിച്ച മഗ്ദലേനായ്ക്ക് ഇനിയും ബഹുദൂരം യാത്രചെയ്യാനുണ്ട്, ഗുരുവിനെ അറിയുന്നതിൽ, ആ അറിവ് പങ്കുവയ്ക്കുന്നതിൽ എന്നെ തടഞ്ഞുനിർത്തരുത്, എന്റെ സഹോദരന്മാരോടു ചെന്നു പറയുക എന്ന ഗുരുവചനത്തിൽ ഈ രണ്ടു കാര്യങ്ങളും വ്യക്തമാകുന്നു. ഗുരുഭക്തി ശാരീരിക സാന്നിധ്യത്തിനുപരി ഉയരണം. ഉത്ഥിതനായ നാഥൻ ഇനി ശാരീരികമായിട്ടല്ല കൂടെ വസിക്കുന്നത്. ആത്മീയമായിട്ടാണ്. സ്വർഗ്ഗാരോഹണത്തിന്റെ അർത്ഥം അതാണല്ലോ? പിതാവിന്റെ മഹത്വത്തിൽ പ്രവേശിച്ചവൻ ഇനി ആത്മാവായി, അദൃശ്യനായി, എന്നേക്കും നമ്മോടുകൂടെ ഉണ്ടായിരിക്കും.

ഉത്ഥാനത്തിന്റെ ഈ അർത്ഥം പഠിപ്പിച്ചതിനുശേഷം മഗ്ദലേനായെ യേശു തന്റെ ആദ്യ പ്രേഷിതയായി നിയോഗിക്കുന്നു- അപ്പസ്തോലന്മാരെ സുവിശേഷം അറിയിക്കാൻ: “നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും, എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയണം” (യോഹ 20,17). ഇതാണ് ശിഷ്യന്റെ ദൗത്യം. യേശുവിലൂടെ ലഭ്യമായ രക്ഷയുടെ, ദൈവവുമായുള്ള ഐക്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുക. അവൾ ദൗത്യം നിർവ്വഹിച്ചു. “ഞാൻ കർത്താവിനെ കണ്ടു എന്ന് അവൾ അറിയിച്ചു.

ഇതാണ് മറിയം മഗ്ദലേനാ; ശിഷ്യത്വത്തിന്റെ ഉദാത്ത മാതൃക. പടിപടിയായിട്ടാണ് അവൾ വിശ്വാസത്തിൽ വളർന്നത്. യേശുവിനെ അനുഗമിച്ചു. തന്റെ ജീവനും സമ്പത്തും, സർവ്വസ്വവും ഗുരുവിനും ദൗത്യത്തിനുമായി സമർപ്പിച്ചു. കുരിശിൻ ചുവട്ടിൽ പതറാതെ നിന്നു. യേശുവിന്റെ മരണത്തിനും സംസ്ക്കാരത്തിനും ഉത്ഥാനത്തിനും അവൾ സാക്ഷിയായി. അപ്പസ്തോലന്മാർ പോലും പേടിച്ചോടുകയും ഒളിച്ചിരിക്കുകയും, കണ്ടിട്ടും സംശയിക്കുകയും ചെയ്തപ്പോൾ അവൾ കുരിശിൻ ചുവട്ടിൽ നിന്നു; കല്ലറയിങ്കൽ ഇരുന്നു. ഉത്ഥിതന്റെ പാദത്തിൽ പ്രണമിച്ചു; അപ്പസ്തോലന്മാരെയും ഉത്ഥാനത്തിന്റെ സദ്വാർത്ത അറിയിക്കാൻ ഓടി. ഈ വിശ്വസ്തതയും സ്നേഹവും വിശ്വാസവും ധീരതയുമാണ് മറിയം മഗ്ദലേനാ പ്രതിനിധാനം ചെയ്യുന്നത്. അപ്പസ്തോലന്മാർക്കും ഉപരി നില്ക്കുന്ന ഈ ശിഷ്യസത്തമയെ അനുതപിച്ച വേശ്യയായി ചിത്രീകരിക്കുന്ന പാരമ്പര്യം തിരുത്തിയത് ഉചിതമായി.

അപ്പസ്തോലന്മാരെ സുവിശേഷം അറിയിച്ച പ്രേഷിത- മറിയം മഗ്ദലേന Dr. Michael Karimattam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message