x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

യാക്കോബ് 4:1-10, ലോകമൈത്രി-ദൈവത്തോടുള്ള ശത്രുത

Authored by : Dr. Andrews Mekattukunnel On 02-Feb-2021

യാക്കോബ് 4:1-10, ലോകമൈത്രി-ദൈവത്തോടുള്ള ശത്രുത

ദുര്‍മോഹത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ആദ്യ അദ്ധ്യായത്തില്‍ പ്രതിപാദിച്ചതിന്‍റെ തുടര്‍ച്ചയും വിശദീകരണവുമാണ് നാലാമദ്ധ്യായം. സമൂഹത്തില്‍ നിലനില്ക്കുന്ന തര്‍ക്കങ്ങളിലേക്കും ഏറ്റു മുട്ടലുകളിലേക്കും വിരല്‍ ചൂണ്ടുന്ന ശ്ലീഹാ അവയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത് സമൂഹാംഗങ്ങളുടെതന്നെ അവയവങ്ങളില്‍ തന്നെ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളെയാണ് (യാക്കോ 4:1). കാരണം, ദുരാഗ്രഹം പാപത്തിലേക്കും മരണത്തിലേക്കും നയിക്കും (യാക്കോ 1:14-15). ദുരാശകളാണ് മൂത്ത് അസൂയയിലും വഴക്കിലും യുദ്ധത്തിലും കൊലപാതകത്തിലും കലാശിക്കുന്നത്. ഇക്കൂട്ടര്‍ ദൈവികജ്ഞാനത്തിനായി ആഗ്രഹിക്കാതെ, സ്വന്തം ദുരാശകളെ തൃപ്തിപ്പെടുത്താന്‍ തിന്മയായിട്ടുള്ളവ മാത്രം ദൈവത്തോടു ചോദിക്കുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത് (യാക്കോ 4:2-3). പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നതു ശരിതന്നെ. പക്ഷേ, സ്വാര്‍ത്ഥമോഹത്തിലും തിന്മയിലും തുടരുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ അവിടുന്നു ചെവിക്കൊള്ളില്ല. ദൈവത്തോടു വിശ്വസ്തത പുലര്‍ത്താത്തവരാണ് ഇക്കൂട്ടര്‍ എന്നും ശ്ലീഹാ സൂചിപ്പിക്കുന്നുണ്ട്.

ഈ ലോകത്തിന്‍റെ സ്വാഭാവിക പ്രവണതയനുസരിച്ചുമാത്രം ജീവിക്കുന്നത് ദൈവത്തോടുള്ള ശത്രുതയാണ്. കാരണം, ദൈവത്തിന്‍റെ മാര്‍ഗവും ലോകത്തിന്‍റെ മാര്‍ഗവും രണ്ടു ധ്രുവങ്ങളിലാണ്; പരസ്പര വിരുദ്ധങ്ങളുമാണ്. ഈ ലോകത്തിന്‍റെ സ്നേഹിതന്‍ -  ലൗകായതികന്‍ - ദൈവത്തിന്‍റെ ശത്രുവാണ്. ദൈവവും ലോകവും തമ്മിലുള്ള ശത്രുത യോഹന്നാന്‍റെ സുവിശേഷത്തില്‍ വളരെ വ്യക്തമാണ്. മാംസം ധരിച്ച വചനമായ ഈശോയോടും അവിടുത്തെ പ്രബോധനങ്ങളോടും ശത്രുതാമനോഭാവം പുലര്‍ത്തുന്ന യാഥാര്‍ത്ഥ്യമായാണ് ലോകത്തെ സുവിശേഷാരംഭം മുതല്‍ നമ്മള്‍ കണ്ടുമുട്ടുന്നത്. ഈ ലോകത്തിന്‍റെ പ്രവണതകള്‍ക്കും മൂല്യങ്ങള്‍ക്കനുമനുസരിച്ചു പ്രവര്‍ത്തിക്കാനോ ജീവിക്കാനോ അവിടുന്നു തയ്യാറല്ലാതിരുന്നതുമൂലം ലോകം അവിടുത്തെ ദ്വേഷിച്ചു. ലോകത്തിന്‍റെയും അതിന്‍റെ മാര്‍ഗങ്ങളുടെയുംമേല്‍ ഈശോ മിശിഹാ വരിച്ച വിജയം അവിടുത്തെ ശിഷ്യര്‍ക്കു ധൈര്യം പകരുന്നു (യോഹ 16:33). അവിടുന്നു ലോകത്തിന്‍റേതല്ലാത്തതുപോലെ, അവിടുന്നു തിരഞ്ഞെടുത്ത അവിടുത്തെ ശിഷ്യരും ലോകത്തിന്‍റേതാകരുത് എന്നവിടുത്തേക്കു നിര്‍ബന്ധമുണ്ട് (യോഹ 15:18-19; 17:14). ലോകം അവിടുത്തെ ദ്വേഷിച്ചതു പോലെതന്നെ ശിഷ്യരെയും ദ്വേഷിക്കും എന്നവിടുന്നു മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.  അവിടുത്തെ കാര്യത്തിലെന്നപോലെ, ലോകത്തിന്‍റെ പ്രവണതകളോട് എതിര്‍ത്തുനിന്നാല്‍ ആത്യന്തിക വിജയം നമുക്കായിരിക്കും.

ഈ ലോകത്തിന്‍റെ പ്രവണതകളെ "താഴെ നിന്നുള്ളവ" എന്നാണു വി. യോഹന്നാനും (8:23) വി. യാക്കോബും (യാക്കോ 3:13-18) വിശേഷി പ്പിക്കുന്നത്. പിതാവിന്‍റെ വചനമായ ഈശോ മുകളില്‍നിന്നുള്ള വനാകയാല്‍, ഈ ലോകത്തോട് അനുരൂപപ്പെടുവാന്‍ അവിടുത്തേക്കാവില്ല (യോഹ 3:31). ക്രൈസ്തവരായ നമ്മുടെ ജനനവും ഉന്നതത്തില്‍നിന്നുള്ളവന്‍റെ ഹിതപ്രകാരമാണ് എന്നു യാക്കോബ് ശ്ലീഹാ നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ (യാക്കോ 1:17-18). ഈ ലോകത്തിന്‍റെ രീതികളില്‍നിന്നു തികച്ചും വിഭിന്നമായ, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനത്തിന്‍റെ പ്രത്യേകതയും ശ്ലീഹാ വര്‍ണിച്ചതാണ് (യാക്കോ 3:17).

മനുഷ്യന്‍റെ ദുരാശകളും ലോകത്തിന്‍റെ പ്രവണതകളും ശക്ത മാണെങ്കിലും ദൈവം അവയെക്കാള്‍ കൂടുതല്‍ ശക്തനാകയാല്‍ അവിടുത്തോടു ചേര്‍ന്നുനിന്നാല്‍ അവയെയെല്ലാം വിജയകരമായി അതിജീവിക്കുന്നതിനു സാധിക്കും. ദൈവത്തിനു വിധേയരായിരിക്കുക എന്നതു മാത്രമാണ് വ്യവസ്ഥ. ദൈവത്തോടു ചേര്‍ന്നുനില്ക്കുന്നവരില്‍ നിന്നു പിശാച് ഓടിയകന്നുകൊള്ളും. 

"സന്ദിഗ്ദധമനസ്ക്കരേ" എന്നു യാക്കോ ബ്ശ്ലീഹാ അഭിസംബോധന ചെയ്യുന്നതു ദുരാശകള്‍ക്കു വശംവദരായി ലോകത്തോടു മൈത്രിയില്‍ കഴിയുന്നവരെയാണ്. ഇവരോടാണ് കരങ്ങളും ഹൃദയവും ശുചിയാക്കുവാന്‍ ശ്ലീഹാ ആഹ്വാനം ചെയ്യുന്നത്. ആന്തരിക മനോഭാവത്തിനു മാറ്റം വരുത്തണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ലോകമൈത്രിയില്‍നിന്നും ദുരാശാപൂരണത്തില്‍നിന്നും ലഭിക്കുന്ന സന്തോഷവും ചിരിയുമൊക്കെ കരച്ചിലും വിഷാദവുമായി മാറട്ടെ എന്നാണു വി. യാക്കോബ് വിവക്ഷിക്കുന്നത്. ഇപ്രകാരം ദൈവസന്നിധിയില്‍ സ്വയം താഴ്ത്തുന്നവരെ അവിടുന്ന് ഉയര്‍ത്തുകതന്നെ ചെയ്യും. "ധനവാന്‍ താഴ്ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ" (യാക്കോ 1:10) എന്നു ലേഖനാരംഭത്തില്‍ നല്കുന്ന ഉപദേശവും ഇതോടു ചേര്‍ത്തു മനസ്സിലാക്കേണ്ടതാണ്. 

jacob-4-1-10-worldly-friendship---enmity-with-god catholic malayalam Dr. Andrews Mekattukunne Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message