We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 28-Nov-2022
യൂറോപ്പിലെ ആദ്യ ക്രിസ്ത്യാനി - ലീദിയാ
പല കാരണങ്ങളാലും സവിശേഷ ശ്രദ്ധയർഹിക്കുന്ന ഒരു കഥാപാത്രമാണ് ലീദിയാ. അവൾക്കു സ്വന്തമായി ഒരു പേരുണ്ട്. മാന്യമായ ഒരു തൊഴിലുണ്ട്; സമൂഹത്തിൽ ഉന്നതമായ സ്ഥാനവുമുണ്ട്. രണ്ടുതവണ മാത്രമേ അവളുടെ പേര് ബൈബിളിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും അവളുടെ വ്യക്തിത്വത്തിലേക്ക് സുപ്രധാനമായ ചില ഉൾക്കാഴ്ചകൾ അപ്പസ്തോലപ്രവർത്തനങ്ങളുടെ കർത്താവായ ലൂക്കാ നല്കുന്നുണ്ട് (അപ്പ 16,11-15. 35-40).
“തിയത്തീറാ പട്ടണത്തിൽനിന്നു വന്ന പട്ടു വില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ" (അപ്പ 16,14) എന്ന അവതരണം തന്നെ ഏറെ ശ്രദ്ധേയമാണ്. രണ്ടാം പ്രേഷിതയാത്രയിൽ പല സ്ഥലത്തും സുവിശേഷം പ്രസംഗിക്കുന്നതിൽ നിന്നു പരിശുദ്ധാത്മാവു വിലക്കി; അവസാനം ത്രോവാസിൽവച്ച് ദർശനത്തിലൂടെ ലഭിച്ച ആത്മാവിന്റെ അരുളപ്പാടനുസരിച്ചാണ് പൗലോസ് ഫിലിപ്പിയിൽ എത്തിയത്. യൂറോപ്പിൽ പൗലോസ് ആദ്യമായി സുവിശേഷം പ്രസംഗിച്ച പട്ടണമാണ് ഫിലിപ്പി.
മഹാനായ അലക്സാണ്ടറിന്റെ പിതാവ് ഫിലിപ്പ് രണ്ടാമൻ ബി. സി. 356 ൽ പുതുക്കിപ്പണിത് തന്റെതന്നെ പേരുനല്കിയ ഫിലിപ്പിപട്ടണം പുതിയ നിയമകാലത്ത് റോമാക്കാരുടെ ഒരു സൈനികനഗരമായിരുന്നു. അവിടെവച്ചാണ് ബി.സി. 42-ൽ ജൂലിയസ് സീസറിന്റെ ഘാതകനായ ബ്രൂട്ടസിന്റെയും കാഷ്യസിന്റെയും സൈന്യത്തെ മാർക്ക് ആന്റണിയുടെയും ഒക്ടേവിയന്റെയും സൈന്യം തോല്പിച്ച് റോമാ സാമ്രാജ്യത്തിൽ സമാധാനം പുനഃസ്ഥാപിച്ചത്. സമ്പന്നമായ ഒരു നഗരമായിരുന്നു ഫിലിപ്പി. ആ പട്ടണത്തിലേക്കാണ് പരിശുദ്ധാത്മാവ് സുവിശേഷ പ്രഘോഷണത്തിനായി പൗലോസിനെയും സഹചാരികളെയും നയിച്ചത്. ഏതെങ്കിലും ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ള യഹൂദരുടെ സിനഗോഗിലാണ് പൗലോസ് ആദ്യം പ്രസംഗിക്കുക. എന്നാൽ ഫിലിപ്പിയിൽ ഒരു സിനഗോഗുണ്ടായിരുന്നില്ല. പകരം പട്ടണത്തിനടുത്തുകൂടി ഒഴുകുന്ന ഗംഗാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുഴയുടെ തീരത്താണ് യഹൂദർ പ്രാർത്ഥനയ്ക്കായി സമ്മേളിച്ചിരുന്നത്.
പ്രാർത്ഥനാ സമ്മേളനത്തിനുവന്ന സ്ത്രീകളുടെ കൂടെ ലിദിയായും ഉണ്ടായിരുന്നു. മൂന്നു വിശേഷണങ്ങളാണ് ലീദിയായ്ക്കു നല്കിയിരിക്കുന്നത്. 1. തിയത്തിറായിൽ നിന്നു വന്നവൾ. റോമാക്കാർ ആസിയാ എന്നു വിളിച്ചിരുന്ന (ഇന്ന് ഏഷ്യ മൈനർ എന്നറിയപ്പെടുന്ന) പ്രവിശ്യയിലെ ഒരു സുപ്രധാന നഗരമായിരുന്നു തിയത്തീറാ. വിലകൂടിയ പട്ടും കമ്പിളിയും പലതരം ചായങ്ങൾ മുക്കി വിപണനം ചെയ്തിരുന്ന വലിയൊരു വ്യവസായകേന്ദ്രമായിരുന്നു തിയത്തീറാ. ലീദിയായുടെ ജന്മസ്ഥലം ആ നഗരമാണെന്ന പ്രതീതിയാണ് ലൂക്കാ നല്കുന്നത്. അവൾ വിവാഹിതയോ, വിധവയോ, അവിവാഹിതയോ എന്നു പറയുന്നില്ല. ഭർത്താവിന്റെ പേരു പറയാതിരിക്കുകയും കുടുംബത്തെക്കുറിച്ചു പറയാതിരിക്കുകയും ചെയ്യുന്നതിനാൽ അവൾ ഒരു വിധവയായിരുന്നു എന്ന് അനുമാനിക്കാം.
2. പട്ടുവില്പനക്കാരി എന്ന വിശേഷണം അവളുടെ തൊഴിലിനെ സൂചിപ്പിക്കുന്നു. അസിയായിലെ തിയത്തീറായിൽനിന്ന് ഏകദേശം 300 കിലോമീറ്റർ പടിഞ്ഞാറ് മക്കെദോനിയിലെ ഫിലിപ്പിയിൽ വന്നു വ്യാപാരം നടത്തുന്ന ലീദിയാ യഥാർത്ഥത്തിൽ ഒരു വർത്തക പ്രമാണിയാണ്. അവൾ കച്ചവടം ചെയ്തിരുന്നത് സാധാരണക്കാർ ഉപയോഗിക്കുന്ന വില കുറഞ്ഞവസ്ത്രമല്ല. "പട്ട്" എന്നു വിവർത്തനം ചെയ്യുന്ന “പ്രൊഫുലോപോളിസ്" എന്ന ഗ്രീക്കുവാക്കിന് "ധൂമ്രവസ്ത്രവില്പനക്കാരി" എന്നാണർത്ഥം. രാജകീയ നിറമാണ് ധൂമ്രം. രാജാക്കന്മാരും പ്രഭുക്കന്മാരും വലിയ സമ്പന്നരും മാത്രം ഉപയോഗിച്ചിരുന്ന വില കൂടിയ വസ്ത്രമാണ് വിവക്ഷ. അത് പട്ടോ കമ്പിളിയോ ആകാം. ഇപ്രകാരം ഒരു വാണിജ്യം നടത്താൻ വലിയ മൂലധനം ആവശ്യമായിരുന്നു. അതിനാൽ വലിയൊരു വാണിജ്യശൃംഖല നേരിട്ട് നയിക്കുന്ന സമ്പന്നയും ധീരയുമായ ഒരു വനിതയാണ് ലീദിയാ.
3. "ദൈവഭക്ത" എന്ന വിശേഷണം മതപരമായ അവളുടെ കാഴ്ചപാടു മാത്രമല്ല, അവസ്ഥയും വ്യക്തമാക്കുന്നു. യഹൂദരുടെ പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുക്കുന്ന അവൾ യഹൂദയല്ല; യഹൂദമതം സ്വീകരിക്കാൻ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞ (prosolyte) വളുമല്ല. മറിച്ച് യഹൂദമതത്തോടു താല്പര്യമുള്ള ഒരു വിജാതിയാണ്. യഹൂദരുടെ വിശ്വാസവും അനുഷ്ഠാനങ്ങളും അടുത്തറിയാൻ താൽപര്യപൂർവ്വം വന്നിരുന്ന, സത്യത്തോടു തുറവിയുള്ള ഒരു ദൈവഭക്ത.
"പൗലോസ് പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു" (അപ്പ 16,14). യേശുക്രിസ്തുവിനെക്കുറിച്ചാണ് പൗലോസ് പ്രസംഗിച്ചത്. യേശുവിനെ തന്റെ നാഥനായി സ്വീകരിക്കാൻ കഴിഞ്ഞ യൂറോപ്പിലെ ആദ്യവ്യക്തിയാണ് ലീദിയാ. പരിശുദ്ധാന്മാവ് അവളുടെ ഹൃദയം തുറന്നു. ആത്മാവിന്റെ പ്രവർത്തനങ്ങൾക്കു സ്വയം വിട്ടുകൊടുക്കാൻ തയ്യാറായ അവൾ ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിയുടെ മാതൃകയാണ്. സത്യമെന്നു ബോധ്യപ്പെടുന്ന കാര്യം മുഴുഹൃദയത്തോടെ സ്വീകരിക്കാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനും അവൾ തയ്യാറായി.
അവൾ കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ചു. "കുടുംബം" എന്ന പദത്തിന് വ്യാപകമായ അർത്ഥമുണ്ട്. മാതാപിതാക്കളും മക്കളും ആശ്രിതരും ദാസീദാസന്മാരും എല്ലാം ഉൾക്കൊള്ളുന്ന ഒരു സമൂഹമാണ് "കുടുംബം" എന്ന പേരിൽ വിവക്ഷിക്കപ്പെടുന്നത്. കുടുംബനാഥനെക്കുറിച്ച് ഇവിടെ പറയുന്നില്ല. വലിയൊരു സമ്പന്നകുടുംബത്തിന്റെ അധിപ (matriarch) ആണവൾ. ജീവിതത്തെ സമൂലം മാറ്റിമറിക്കുന്ന മതപരിവർത്തനത്തിന് അവൾ തയ്യാറായി; തന്റെ മുഴുവൻ കുടുംബത്തേയും ക്രിസ്തുവിന്റെ അനുയായികളാക്കി. ലീദിയായുടെ ധീരമായ ഈ തീരുമാനമാണ് ഫിലിപ്പിയിലെ സഭയുടെ സ്ഥാപനമുഹൂർത്തം. യൂറോപ്പിലെ തന്നെ സഭയുടെ തുടക്കം ഇവിടെ കാണാം.
സ്നാനം സ്വീകരിച്ച് ക്രിസ്ത്യാനിയായ ലീദിയാ വീണ്ടും മുൻകൈ എടുക്കുന്നു. "കർത്താവിൽ വിശ്വസിക്കുന്നവളായി എന്നെ നിങ്ങൾ പരിഗണിക്കുന്നുവെങ്കിൽ ഇന്ന് എന്റെ ഭവനത്തിൽ വന്നു താമസിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു" (അപ്പ 16, 15). പൗലോസും സംഘവും അവളുടെ ക്ഷണം സ്വീകരിച്ചു. അതോടെ ലീദിയായുടെ ഭവനം ഒരു ഗാർഹികസഭയായി, ഫിലിപ്പിയുടെ സുവിശേഷക്കരണത്തിനുള്ള താവളവും. സുവിശേഷകർക്കായി തന്റെ വീട് തുറന്നു കൊടുക്കുന്നതിലൂടെ ലീദിയ സുവിശേഷപ്രഘോഷണത്തിന്റെ ഒരു മുന്നണിപ്പോരാളിയാവുകയായിരുന്നു.
താൻ സ്ഥാപിച്ച അനേകം പ്രാദേശിക സഭകളിൽ പൗലോസ് ഏറ്റം കൂടുതൽ സ്നേഹിച്ച സഭ ഫിലിപ്പിയിലേതായിരുന്നു. പൗലോസിന്റെ എല്ലാ ഉദ്യമങ്ങളിലും പൂർണ്ണ പിന്തുണ നല്കുകയും തടവിലായിരിക്കുമ്പോൾ പോലും ഉദാരമായ സഹായങ്ങളോടെ അപ്പസ്തോലനെ തുണയ്ക്കുകയും ചെയ്തത് ഫിലിപ്പിയിലെ സഭയാണ്. ഇക്കാര്യം പൗലോസ് തന്നെ ഹൃദയം തുറന്ന് എഴുതുന്നുമുണ്ട് (ഫിലി 4,15-20). സുവിശേഷപ്രഘോഷണത്തിലുള്ള ഈ ഔത്സുക്യത്തിന്റെയും ഔദാര്യത്തിന്റെയും എല്ലാം പിന്നിൽ നില്ക്കുന്നത് ലീദിയാ ആണെന്നു നിസംശയം പറയാം. ലീദിയാ തുടങ്ങിവച്ച അടിത്തറയിലാണു ഫിലിപ്പിയിലെ സഭ പണിയപ്പെട്ടത്.
ഫിലിപ്പിയിലെ പ്രവർത്തനകാലം മുഴുവൻ പൗലോസും സംഘവും ലീദിയായുടെ വീട്ടിലാണ് വസിച്ചിരുന്നത്. അകാരണമായി മർദ്ദനമേല്ക്കുകയും തടവറയിൽ അടയ്ക്കപ്പെടുകയും ചെയ്തതിനു ശേഷം അത്ഭുതകരമായി മോചിപ്പിക്കപ്പെട്ട പൗലോസും സീലാസും ലീദിയായുടെ വീട്ടിൽ വന്നു വിശ്രമിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തതിനുശേഷമാണ് പ്രേഷിതയാത്ര തുടർന്നത് (അപ്പ 16,40).
പൗലോസ് അപ്പസ്തോലന്റെ ഫിലിപ്പിയിലെ പ്രേഷിതപ്രവർത്തനങ്ങളുമായി ഇത്രമാത്രം അടുത്തു ബന്ധപ്പെട്ടിരുന്നെങ്കിലും ഫിലിപ്പിയിലെ സഭയ്ഴുതിയ ലേഖനത്തിൽ ലീദിയായുടെ പേരില്ല എന്നത് ശ്രദ്ധയർഹിക്കുന്നു. ഇതിനു പല വിശദീകരണങ്ങൾ നല്കപ്പെടാറുണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട് ഫിലിപ്പിയിൽ നിന്നു തീയത്തീറായിലേക്കോ മറ്റേതെങ്കിലും നഗരത്തിലേക്കോ അവൾ താമസം മാറ്റിയിരിക്കാം. അല്ലെങ്കിൽ പൗലോസ് ലേഖനമെഴുതുന്ന കാലത്ത് അവൾ മരിച്ചുകഴിഞ്ഞിരിക്കാം. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു വ്യഖ്യാനസാധ്യത ചിലർ എടുത്തു കാട്ടാറുണ്ട്.
ലീദിയാ എന്നത് വ്യക്തിഗതമായ പേരല്ല, ഒരു പ്രദേശത്തെ സൂചിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആസിയാ എന്ന റോമൻ പ്രവിശ്യയുടെ ഭാഗമായിരുന്നു ലീദിയാ തീയത്തീറായിൽ നിന്നു വന്ന പട്ടു വില്പനക്കാരിയായ ലീദിയാക്കാരി എന്നുവേണമെങ്കിൽ പറയാം. അപ്പോൾ ലീദിയായുടെ യഥാർത്ഥ പേര് വേറൊന്നായിരിക്കും. ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ, ഉപദേശങ്ങൾ നല്കുമ്പോൾ തുടക്കത്തിൽത്തന്നെ രണ്ടു സ്ത്രീകളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. “കർത്താവിൽ ഏകമനസ്സായിരിക്കാൻ എവോദിയായോടും സിന്തിക്കെയോടും അഭ്യർത്ഥിക്കുന്നു.... സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പം പ്രയത്നിച്ച ആ സ്ത്രീകളെ സഹായിക്കണമെന്ന് ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു" (ഫിലി 4,2-3). ഇതിൽ ആദ്യമേ പേരെടുത്തു പറയുന്ന എവോദിയാ തന്നെയാണ് ലീദിയാ എന്നു കരുതുന്നവരുണ്ട്. ഫിലിപ്പിയിലെ സഭയിൽ വളരെ പ്രാധാന്യമുള്ള രണ്ടു സ്ത്രീകൾ - എവോദിയായും സിന്തിക്കെയും തമ്മിൽ ഏതോ വിഷയത്തിൽ തർക്കമുണ്ടായെന്നും അതു പരിഹരിക്കാൻ അപ്പസ്തോലൻ ഉപദേശിക്കുന്നു എന്നും വ്യക്തം. എന്താണ് തർക്കകാരണമെന്ന് വ്യക്തമല്ല - പ്രമുഖ സ്ഥാനത്തെച്ചൊല്ലിയാവാൻ സാധ്യതയുണ്ട്. എവോദിയാ എന്ന ലീദിയായുടെ പ്രമുഖ സ്ഥാനം അംഗീകരിക്കാൻ സിന്തിക്കെ കൂട്ടാക്കാത്തതാവാം തർക്കത്തിനു കാരണം എന്നു കരുതുന്നവരുണ്ട്.
ഈ നിഗമനം ശരിയോ തെറ്റോ ആവട്ടെ, ആദിമക്രൈസ്തവ സഭയിലെ തിളങ്ങുന്ന ഒരു വ്യക്തിത്വമാണ് ലീദിയാ. സഭയിലും സമൂഹത്തിലും സ്ത്രീകൾക്കുണ്ടായിരുന്നതും ഇനിയും വീണ്ടെടുക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുമായ സ്ഥാനത്തിന്റെ ഉദാഹരണമാണവൾ. സ്ത്രീകൾക്കു സമൂഹത്തിൽ ലഭിക്കേണ്ട തുല്യതയെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ചുള്ള ചിന്തകളിൽ ലീദിയായുടെ വ്യക്തിത്വം വെളിച്ചം പകരും. ഒരു വ്യാപാരശൃംഖലയുടെ അധിപയെന്ന നിലയിൽ പുരുഷന്മാരോടു തുല്യമായ ഉത്തരവാദിത്വങ്ങളും അവസരങ്ങളും അവകാശങ്ങളും അവൾക്കുണ്ടായിരുന്നു. തനിച്ചു നില്ക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനും അവൾക്കു മടിയില്ല.
യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിച്ച് അവളും കുടുംബവും രക്ഷപ്രാപിച്ചു. സ്വന്തം ഭവനത്തെ സുവിശേഷ പ്രഘോഷണത്തിനുള്ള കേന്ദ്രമാക്കി; ആളും അർത്ഥവും കൊണ്ട് സുവിശേഷവേലകളെ സഹായിച്ചു. മാത്രമല്ല, ഒരു സഭാസമൂഹത്തിന്റെ തന്നെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തു. ഇപ്രകാരം സഭാ നേതൃത്വത്തിലേക്കുവന്നവരാണ് കാലക്രമത്തിൽ “മേൽനോട്ടക്കാരൻ" എന്ന അർത്ഥത്തിൽ എപ്പിസ്കോപ്പാസ് (episcopos) എന്നു വിളിക്കപ്പെട്ടത്. ആ പദത്തിന്റെ വിവർത്തനമാണല്ലോ “മെത്രാൻ." ഫിലിപ്പിയിലെ സഭയിൽ ലീദിയായ്ക്ക് മെത്രാൻ സ്ഥാനം ഉണ്ടായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. അതിനു തക്കതായ തെളിവുകളില്ലെങ്കിലും സമുന്നതമായ ഒരു സ്ഥാനം അവൾക്കുണ്ടായിരുന്നു എന്നതിൽ സംശയമില്ല.
സഭയിലും സമൂഹത്തിലും ഉള്ള സ്ഥാനത്തേക്കാൾ ഉപരി ക്രിസ്തുശിഷ്യർക്ക് അവശ്യം ഉണ്ടായിരിക്കേണ്ട വിശ്വാസം, ത്യാഗസന്നദ്ധത, സുവിശേഷപ്രഘോഷണത്തിനുള്ള താൽപര്യം, ആതിഥ്യ മര്യാദ, ഔദാര്യം എന്നിങ്ങനെ നിരവധി ഗുണങ്ങളുടെ വിളിനിലമായ ലീദിയാ വലിയൊരു പ്രകാശഗോപുരമായി നിലകൊള്ളുന്നു.
യൂറോപ്പിലെ ആദ്യ ക്രിസ്ത്യാനി - ലീദിയാ Dr. Michael Karimattam ഫിലിപ്പിയിലെ സഭ തിയത്തിറായിൽ നിന്നു വന്നവൾ പട്ടുവില്പനക്കാരി Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206