x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വി. കുര്‍ബ്ബാനയിലെ സത്താഭേദം

Authored by : Mar Joseph Pamplany On 04-Sep-2020

 വി.കുര്‍ബ്ബാനയില്‍ സമര്‍പ്പിക്കപ്പെടുന്ന ഗോതമ്പ് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത യഥാക്രമം ഈശോയുടെ തിരുരക്തത്തിന്‍റെയും തിരുശരീരത്തിന്‍റെയും സത്തയായി പൂര്‍ണ്ണമായും മാറുന്ന ദൈവികകര്‍മ്മത്തെയാണ് വി.കുര്‍ബ്ബാനയിലെ വസ്തുഭേദം എന്ന വിശ്വാസസത്യം വഴി അര്‍ത്ഥമാക്കുന്നത്. ത്രെന്തോസ് സൂനഹദോസ് വസ്തുഭേദത്തെക്കുറിച്ചു നല്‍കുന്ന വിശ്വാസപ്രഖ്യാപനം ഇപ്രകാരമാണ്:

1. "വി.കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും കൂദാശചെയ്യപ്പെടുമ്പോള്‍ അപ്പത്തിന്‍റെ മുഴുവന്‍ സത്തയും വീഞ്ഞിന്‍റെ മുഴുവന്‍ സത്തയും ദിവ്യരക്ഷകനായ ഈശോയുടെ തിരുശരീരരക്തങ്ങളുടെ സത്തയായി സത്യമായും പൂര്‍ണ്ണമായും സത്താപരമായും (rere, rediter et substantialiter corpus et sanguinem) മാറുന്നു. ഇപ്രകാരം വസ്തുഭേദം സംഭവിച്ച തിരുശരീരരക്തങ്ങളില്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ആത്മാവും ദൈവത്വവും സന്നിഹിതമായിരിക്കുന്നതിനാല്‍ ഈശോമിശിഹാ പൂര്‍ണ്ണമായും വിശുദ്ധകുര്‍ബ്ബാനയില്‍ സന്നിഹിതനാണ്" (D 88).

ഈശോ സത്യമായും സത്താപരമായും പൂര്‍ണ്ണമായും വി.കുര്‍ബ്ബാനയില്‍ സന്നിഹിതമാണെന്ന സത്യമാണ് സൂനഹദോസ് പ്രഖ്യാപിക്കുന്നത്. ഈ വിശ്വാസസത്യം വി.ഗ്രന്ഥത്തില്‍നിന്നും രൂപപ്പെടുത്തിയതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. യോഹ 6:22-71 ലെ വിവരണവും സ്ഥാപനവാക്യങ്ങളുടെ വിവരണവും (മത്താ 26:26-28; ലൂക്കാ 22:15-20; മര്‍ക്കോ 14:22-34; 1 കോറി 11:23-25) വസ്തുഭേദം എന്ന ദിവ്യാത്ഭുതത്തിനുള്ള വി.ഗ്രന്ഥസാക്ഷ്യങ്ങളാണ്.

2. യോഹ 6:22-71ല്‍ വി.കുര്‍ബ്ബാന തന്‍റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്. ഈ പ്രഭാഷണത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്.

(a) സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പത്തെക്കുറിച്ച് ഈശോ പൊതുവായി പഠിപ്പിക്കുകയും ലോകത്തിനു ലഭിക്കാനിരിക്കുന്ന നിത്യജീവനെക്കുറിച്ച് സൂചന നല്‍കുകയും ചെയ്യുന്നു (6:29-34).

(b) തന്നെത്തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമായി പ്രഖ്യാപിക്കുകയും അതു സ്വീകരിക്കാന്‍ വിശ്വസിക്കേണ്ടതിന്‍റെ അനിവാര്യത വ്യക്തമാക്കുകയും ചെയ്യുന്നു (6:35-51a).

(c) സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം തന്‍റെ ശരീരവും രക്തവുമാണെന്ന് ഈശോ കൂടുതല്‍ ആഴത്തില്‍ വ്യക്തമാക്കുകയും തന്‍റെ ശരീരരക്തങ്ങള്‍ സ്വീകരിക്കാത്തവര്‍ക്ക് നിത്യജീവന്‍ ലഭിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു (6:51b- 58).

ഈ വചനഭാഗത്തെ പ്രതീകാത്മക വ്യാഖ്യാനമായും ഉപമയായും ചിത്രീകരിക്കാനാണ് പല വിഘടിത വിഭാഗങ്ങളും ശ്രമിക്കുന്നത്. എന്നാല്‍ ഇത് പ്രതീതാത്മകവിവരണമല്ലെന്ന് ഇതിന്‍റെ ആഖ്യാനത്തില്‍ നിന്നുതന്നെ വ്യക്തമാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ (യഥാര്‍ത്ഥ ഭക്ഷണം, യഥാര്‍ത്ഥ പാനീയം, ഭക്ഷിക്കുക, കുടിക്കുക) ഈ വിവരണം പ്രതീകാത്മകമല്ല എന്നു വ്യക്തമാക്കുന്നുണ്ട്. പ്രതീകാത്മകമായി വ്യാഖ്യാനിച്ചാലും ഈ വചനഭാഗം അര്‍ത്ഥശങ്കയുളവാക്കും എന്നതു ശ്രദ്ധേയമാണ്. ഒരുവന്‍റെ മാംസം ഭക്ഷിച്ച് രക്തം കുടിക്കുക എന്നത് പ്രസ്തുത വ്യക്തിയെ മൃഗീയമായി കൊല്ലുന്നതിന്‍റെയും ഭക്ഷിക്കുന്നതിന്‍റെയും സൂചനയാണ് (സങ്കീ 26:2; ഏശ 49:26; മിക്കാ 3:3).

ഈ അര്‍ത്ഥത്തിലും യോഹ 6:22-71 വ്യാഖ്യാനിക്കാനാകില്ലല്ലോ. ഈ വിവരണം പ്രതീകാത്മകമല്ല എന്നതിന്‍റെ ഏറ്റവും വലിയതെളിവ് 6:61-65 ലെ ശ്രോതാക്കളുടെ പ്രതികരണമാണ്. യേശുവിന്‍റെ ശരീരം ഭക്ഷിക്കാനും രക്തം കുടിക്കാനും സാധിക്കില്ല എന്നു പ്രഖ്യാപിച്ച് പലരും യേശുവിനെ വിട്ടുപോയി. ശ്രോതാക്കളുടെ ഈ പ്രതികരണം കണ്ടിട്ടും യേശു തന്‍റെ പ്രബോധനം അസന്ദിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണുണ്ടായത്. ഈ പ്രബോധനം പ്രതീകാത്മകമാണെന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ അനുയായികള്‍ ക്രിസ്തുവിനെ വിട്ടുപോകുമായിരുന്നില്ല. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശിഷ്യരെ തിരിച്ചറിയാനുള്ള മാനദണ്ഡമായിട്ടാണ് വി.കുര്‍ബ്ബാനയിലുള്ള വിശ്വാസത്തെ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.

3. സ്ഥാപനവാക്യങ്ങളുടെ വിവരണവും ശ്രദ്ധേയമാണ്. മത്തായിയും മര്‍ക്കോസും "ഇത് എന്‍റെ ശരീരമാണ്", "ഇത് നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന രക്തമാകുന്നു" എന്നീ പ്രഖ്യാപനങ്ങളിലൂടെയാണ് സ്ഥാപനവിവരണം നടത്തുന്നത്. പൗലോസും ശിഷ്യനായ ലൂക്കായും "ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ ശരീരമാകുന്നു", "ഇത് നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയിലെ എന്‍റെ രക്തമാകുന്നു" എന്ന പ്രഖ്യാപനങ്ങളിലൂടെയാണ് സ്ഥാപനവിവരണം നടത്തുന്നത്. നാലു വിവരണങ്ങളും ഒരേ സത്യം തന്നെയാണ് പ്രഖ്യാപിക്കുന്നത്. അപ്പം = "ഇത് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ അര്‍പ്പിക്കുന്ന എന്‍റെ ശരീരമാകുന്നു". വീഞ്ഞ് = "ഈ കാസാ (വീഞ്ഞ്) പുതിയ ഉടമ്പടി മുദ്രവയ്ക്കാനുള്ള എന്‍റെ രക്തമാണ്. ഇതു നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടാനുള്ളതാണ്‌".

ഈ രണ്ടു പ്രഖ്യാപനങ്ങളും പ്രതീകാത്മകമല്ല എന്ന് പ്രസ്തുത വിവരണങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. 1 കോറി 11:27 ല്‍ അയോഗ്യതയോടെ ഈ അപ്പം ഭക്ഷിക്കുന്നവരും കാസാ പാനം ചെയ്യുന്നവരും കര്‍ത്താവിന്‍റെ തിരുശരീരത്തിനും രക്തത്തിനും എതിരായിട്ടാണ് പാപം ചെയ്യുന്നത് എന്ന് പൗലോസ് പ്രഖ്യാപിക്കുന്നുണ്ട്. അപ്പവും വീഞ്ഞും പ്രതീകാത്മകങ്ങളല്ല സത്യമായും ഈശോയുടെ ശരീരരക്തങ്ങള്‍ തന്നെയാണ് എന്നാണ് പൗലോസ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

സഭാ പാരമ്പര്യത്തില്‍

4. വി.കുര്‍ബ്ബാനയിലുള്ള വിശ്വാസം ആരംഭം മുതലേ നിലവിലുള്ളതാണ് എന്നതിന് അപ്പസ്തോലിക പിതാക്കന്മാരുടെ കാലം മുതല്‍ സാക്ഷ്യങ്ങളുണ്ട്:

(a) അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് (+ 107) ഡൊസേറ്റിസ്റ്റ് പാഷണ്ഡികളെക്കുറിച്ച് ഇപ്രകാരം എഴുതുന്നുണ്ട്. അവര്‍ വി.കുര്‍ബ്ബാനയില്‍നിന്ന് അകന്നു നില്‍ക്കുന്നു. എന്തെന്നാല്‍ വി.കുര്‍ബ്ബാന നമ്മുടെ കര്‍ത്താവിന്‍റെ ശരീരമാണെന്ന ബോധ്യം അവര്‍ക്കില്ല (smyr 7.1). വി. കുര്‍ബ്ബാനയാണ് സഭയെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് എന്നും അദ്ദേഹം പഠിപ്പിച്ചു (philad. 4).

(b) രക്തസാക്ഷിയായ വി.ജസ്റ്റിന്‍റെ (+ 165) രചനകളിലാണ് ഞായറാഴ്ച കുര്‍ബ്ബാനയാചരണക്രമത്തിന്‍റെ വിവരണമുള്ളത്. വചനശുശ്രൂഷ, മധ്യസ്ഥപ്രാര്‍ത്ഥന, സമാധാനാശംസ, അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും കാഴ്ചസമര്‍പ്പണം, പുരോഹിതന്‍റെ സ്തോത്രയാഗപ്രാര്‍ത്ഥന, വി.കുര്‍ബ്ബാന സ്വീകരണം എന്നീ ക്രമങ്ങള്‍ വി.ജസ്റ്റിന്‍ കുര്‍ബ്ബാനയര്‍പ്പണത്തിന്‍റെ ഭാഗമായി വ്യക്തമായി വിവരിക്കുന്നുണ്ട് (Apol. 1.65-67= PG 6.428-429).

(c) വി.ഇരനേവൂസ് (+ 202) പറയുന്നതും ശ്രദ്ധേയമാണ്: "നാം കൃതജ്ഞതാ സ്തോത്രം ചെയ്യുന്ന അപ്പം നമ്മുടെ കര്‍ത്താവിന്‍റെ തിരുശ്ശരീരവും കാസ അവിടുത്തെ തിരുരക്തവുമാണ്". (Adv. Haev. IV.18.4).

(d) അലക്സാണ്ട്രിയന്‍ പിതാക്കന്മാരായ വി.ക്ലെമെന്‍റും ഒരിജനും വി.കുര്‍ബ്ബാനയിലുള്ള ആഴമേറിയ വിശ്വാസം ഏറ്റുപറയുന്നുണ്ട് (Contr. Cel.8.33).

(e) തെര്‍ത്തുല്യന്‍ (+220) വി.കുര്‍ബ്ബാനയെ ആത്മാവിന്‍റെ പോഷണമായാണ് കാണുന്നത്. യഹൂദര്‍ ക്രിസ്തുവിന്‍റെ ശരീരത്തെ ഒരു ദിവസം മാത്രമേ പീഡിപ്പിച്ചുള്ളൂ. എന്നാല്‍ വി.കുര്‍ബ്ബാന സ്വീകരിച്ച ശേഷം പാപം ചെയ്യുന്ന ക്രൈസ്തവര്‍ അവിടുത്തെ തിരുശ്ശരീരത്തെ എല്ലാ ദിവസവും പീഡിപ്പിക്കുന്നു എന്ന തെര്‍ത്തുല്യന്‍റെ പ്രസ്താവന ഏറെ പ്രസിദ്ധമാണ് (De Carnis Res. 8).

(f) വി. സിപ്രിയാന്‍റെ (+ 258) അഭിപ്രായത്തില്‍ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഒന്നാമത്തെ ഉത്തരം ഈശോയുടെ ശരീരമാകുന്ന വി.കുര്‍ബ്ബാനയെന്ന അപ്പമാണ്. അനുതപിക്കാതെയും അനുരഞ്ജനപ്പെടാതെയും പാപാവസ്ഥയില്‍ വി.കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ തങ്ങള്‍ ചെയ്ത പാപങ്ങളേക്കാള്‍ ഗുരുതരമായ പാപമാണ് ചെയ്യുന്നതെന്ന് വി.സിപ്രിയാന്‍ അനുസ്മരിപ്പിക്കുന്നുണ്ട് (De.Domini.Ora. 18)

(g) വി. അഗസ്റ്റിന്‍റെ വി.കുര്‍ബ്ബാനയെ സംബന്ധിച്ച പഠനങ്ങളെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ പ്രൊട്ടസ്റ്റന്‍റുകാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വി.കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യത്തെ വി. അഗസ്റ്റിന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. (Sermo 227). കുരിശില്‍ പിടയുമ്പോള്‍ തന്നെത്തന്നെ ബലിവസ്തുവായി കരങ്ങളിലെടുത്ത് ഈശോ "ഇത് എന്‍റെ ശരീരമാകുന്നു" എന്നു പറഞ്ഞു ബലിയര്‍പ്പിച്ചതായി അഗസ്റ്റിന്‍ വ്യാഖ്യാനിക്കുന്നുണ്ട് (Sermo 1.10).

വി.കുര്‍ബ്ബാനയിലെ ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് സഭാപിതാക്കന്മാര്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ടെന്ന് ഈ പഠനങ്ങളില്‍ നിന്നു വ്യക്തമാണല്ലോ.

സത്താ മാറ്റം - ദൈവശാസ്ത്രവിശകലനം

5. എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും അടിസ്ഥാനപരമായ ഒരു സത്തയും (substance) ബാഹ്യമാനവും (accidents) ഉണ്ട് എന്ന അരിസ്റ്റോട്ടിലിന്‍റെ ചിന്താധാരയെ ആധാരമാക്കിയാണ് വസ്തുഭേദത്തെ താത്വികമായി വിശദീകരിക്കുന്നത്. പദാര്‍ത്ഥത്തിന്‍റെ നിറം, മണം, രുചി, തുടങ്ങിയവയൊക്കെ ബാഹ്യമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ പദാര്‍ത്ഥത്തിന്‍റെ സ്വഭാവവും പ്രകൃതിയും (nature) സത്തയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. വി.കുര്‍ബ്ബാനയുടെ കൂദാശവേളയില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത പൂര്‍ണ്ണമായും മാറി ഈശോയുടെ തിരുശ്ശരീരരക്തങ്ങളുടെ സത്തയാകുന്നു. എന്നാല്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ബാഹ്യമാനം (accidents) മാറാത്തതിനാല്‍ അവയുടെ നിറത്തിനോ മണത്തിനോ രുചിക്കോ ഭേദം സംഭവിക്കുന്നില്ല എന്ന് മധ്യകാലദൈവശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും പിന്നീട് അലക്സാണ്ടര്‍ മൂന്നാമന്‍ എന്ന പേരില്‍ മാര്‍പാപ്പായുമായ മാജിസ്റ്റര്‍ റോളാണ്ട് (+ 1150), സ്റ്റീഫന്‍ ടൂര്‍ണായി (+ 1160) എന്നിവരുടെ രചനകളിലാണ് "സത്താമാറ്റം" (transubstantiation) എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പായും നാലാം ലാറ്ററന്‍ സൂനഹദോസും (+ 1215) "സത്താമാറ്റം" എന്ന പദം സഭയുടെ ഔദ്യോഗിക പ്രബോധനരേഖകളില്‍ ഉപയോഗിക്കുന്നുണ്ട്. ഗ്രീക്കുസഭ ഈ വാക്കിനെ "മെത്തൂസിയോസിസ്" (= മറ്റൊന്നായി മാറല്‍) എന്നാണ് വിവര്‍ത്തനം ചെയ്തിരുന്നത്.

6. സത്താമാറ്റത്തെ സംബന്ധിക്കുന്ന സഭാപ്രബോധനങ്ങള്‍ സംക്ഷിപ്തമായി ചുവടെ ചേര്‍ക്കുന്നു.

(i) വിശുദ്ധ കുര്‍ബ്ബാനയിലെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ബാഹ്യമാനം സത്താഭേദത്തിനുശേഷവും മാറ്റമില്ലാതെ തുടരുന്നു. തന്മൂലം അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ബാഹ്യഗുണങ്ങള്‍ മാറുന്നില്ല.

(ii) അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തമാറി ഈശോയുടെ തിരുശരീരരക്തങ്ങളുടെ സത്ത ആയിത്തീര്‍ന്നതിനാല്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ബാഹ്യഗുണങ്ങള്‍ക്ക് ഇതുവരെ ആധാരമായിരുന്ന സത്ത വസ്തുഭേദത്തിനുശേഷം വി.കുര്‍ബ്ബാനയില്‍ ഇല്ല (ഉ 582). തന്മൂലം അപ്പവും വീഞ്ഞും ഈശോയുടെ ശരീരരക്തങ്ങളായി എന്നു പറയുന്നതുപോലെ "ഈശോ അപ്പവും വീഞ്ഞുമായി മാറി" എന്നു പറയാനാകില്ല. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തയില്ലാതെ അവയുടെ ബാഹ്യഗുണങ്ങള്‍ നിലനില്‍ക്കുന്നത് ദൈവികമായ അത്ഭുതമാണ് (ST.III. 77.1: Omnipotence of God as Cansa prima takes the place of the missing cansa secunda)

(iii) കൂദാശ ചെയ്യപ്പെട്ട അപ്പത്തിലും വീഞ്ഞിലും ഈശോയുടെ ശരീരരക്തങ്ങള്‍ മാത്രമല്ല ഈശോയുടെ ആത്മാവും ദൈവത്വവും മുഴുവനായും സന്നിഹിതമായിരിക്കുന്നതിനാല്‍ ഈശോ മുഴുവനായും വി.കുര്‍ബ്ബാനയില്‍ സന്നിഹിതനാണ് (D 883).

(iv) അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ഓരോ സാദൃശ്യത്തിലും ഈശോ മുഴുവനായും സന്നിഹിതനാണ്. തന്മൂലം വി.കുര്‍ബ്ബാന അപ്പത്തിന്‍റെ സാദൃശ്യത്തിലോ വീഞ്ഞിന്‍റെ സാദൃശ്യത്തിലോ രണ്ടിന്‍റെയും സാദൃശ്യത്തിലോ സ്വീകരിക്കുമ്പോഴും ഈശോയെ മുഴുവനായുമാണ് സ്വീകരിക്കുന്നത്. (D 698, 876). ഒരു സാദൃശ്യത്തില്‍ വി.കുര്‍ബ്ബാന സ്വീകരിക്കുന്നത് അവാസ്തവമാണെന്നു വാദിച്ച ഹുസ്സൈറ്റ് (ഉത്രാക്വിറ്റ്സ്) പാഷണ്ഡതയ്ക്കെതിരേ കോണ്‍ സ്റ്റാന്‍സ് കൗണ്‍സില്‍ ഓരോ സാദൃശ്യത്തിലും വി.കുര്‍ബ്ബാന പൂര്‍ണ്ണമാണെന്ന സത്യത്തെ വിശ്വാസ സത്യമായി പ്രഖ്യാപിച്ചിട്ടുണ്ട് (D 626).

(v) വി.കുര്‍ബ്ബാനയുടെ വിഭജിക്കപ്പെട്ട ഏറ്റവും ചെറിയ കണികയില്‍ പോലും ഈശോ പൂര്‍ണ്ണമായും സന്നിഹിതനാണ് (D 885). ആത്മാവു ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നതുപോലെ അപ്പവും വീഞ്ഞും മുഴുവനായും ക്രിസ്തുവിന്‍റെ സാന്നിധ്യമുണ്ട്. കൂദാശ ചെയ്യപ്പെടുന്ന അവസരത്തിലെ രൂപത്തിനു മാറ്റം വരുത്താതെ വി. കുര്‍ബ്ബാന സ്വീകരിക്കണം എന്നു വാദിച്ചവര്‍ക്കെതിരേയാണ് ഈ പ്രബോധനം നല്‍കപ്പെട്ടത്.

7. സത്താഭേദം സംഭവിച്ച അപ്പത്തിലും വീഞ്ഞിലുമുള്ള യേശുവിന്‍റെ യഥാര്‍ത്ഥസാന്നിധ്യം സ്ഥിരമാണ്. ബലിയര്‍പ്പണവേളയില്‍ മാത്രമേ വി.കുര്‍ബ്ബാനയില്‍ ഈശോയുടെ സാന്നിധ്യമുള്ളൂ എന്നു വാദിച്ച ലൂഥറിന്‍റെ പ്രബോധനത്തിനെതിരേയാണ് സഭ ഈ വിശ്വാസസത്യം പഠിപ്പിക്കുന്നത് (D 886). എന്നാല്‍ ഈശോയുടെ ശരീരരക്തങ്ങളായി മാറിയ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ബാഹ്യമാനം (accidents) കേടാവുകയോ ഭക്ഷ്യയോഗ്യമല്ലാതാകുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവയിലെ ഈശോയുടെ യഥാര്‍ത്ഥസാന്നിധ്യം ഇല്ലാതാകുന്നതായി കത്തോലിക്കാ ദൈവശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യന് ഭക്ഷിക്കാനായാണ് ഈശോ വിശുദ്ധകുര്‍ബ്ബാനയായത്. തന്മൂലം ഭക്ഷ്യമല്ലാത്ത അവസ്ഥയിലുള്ള അപ്പത്തിലും വീഞ്ഞിലും ഈശോയുടെ തിരുസാന്നിധ്യം പ്രതീക്ഷിക്കാനാവില്ല. കൂദാശ ചെയ്ത അപ്പവും വീഞ്ഞും കാലപ്പഴക്കത്തില്‍ കേടാകാതെ മുന്‍കരുതലെടുക്കാന്‍ വി.കുര്‍ബ്ബാനയുടെ ശുശ്രൂഷകരായ വൈദികര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

8. വി. കുര്‍ബ്ബാനയെന്ന മഹാത്ഭുതത്തെ ഏറ്റവും ആദരവോടും ആരാധനയോടും കൂടിയാണ് കൈകാര്യം ചെയ്യേണ്ടത്. വിശുദ്ധകുര്‍ബ്ബാന ഒരു വസ്തുവല്ല വ്യക്തിയാണ് എന്ന തിരിച്ചറിവ് വിശുദ്ധകുര്‍ബ്ബാനയെ സംബന്ധിച്ച് അനിവാര്യമായും ആവശ്യമുള്ളതാണ്. വി.കുര്‍ബ്ബാന സ്വീകരണത്തിലൂടെ സ്വീകര്‍ത്താക്കള്‍ക്കു ലഭിക്കുന്ന ഫലങ്ങള്‍ സഭാപ്രബോധനങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

(i). വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക് യേശുവുമായി ആന്തരികമായി ഐക്യപ്പെടാനുള്ള കൃപ ലഭിക്കുന്നു (D 698). ശിരസ്സായ ക്രിസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്ന സഭാഗാത്രത്തിലെ അംഗങ്ങള്‍ എന്ന നിലയിലാണ് ഈ ഐക്യം അനുഭവിക്കുന്നത്.

(ii). ആത്മാവിന്‍റെ ഭക്ഷണം എന്ന നിലയില്‍ വിശുദ്ധകുര്‍ബ്ബാന നമ്മെ നിത്യജീവിതത്തിന് ഒരുക്കുന്നു (D 698). വിശുദ്ധ അക്വീനാസിന്‍റെ അഭിപ്രായത്തില്‍ ഭൗതികഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ വി.കുര്‍ബ്ബാന ആത്മാവിനെ നിത്യജീവിതത്തിനായി പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു (ST.III.79.1). വിശുദ്ധകുര്‍ബ്ബാന ലഘുപാപങ്ങളെ മോചിച്ച് ആത്മാവിനെ കളങ്കരഹിതമാക്കി സൂക്ഷിക്കുകയും (D 875) പാപദുരാശകളെ നിര്‍വീര്യമാക്കുകയും (D 875) ചെയ്യുന്നു.

(iii) നമ്മുടെ ശരീരങ്ങളുടെ ഉയിര്‍പ്പും നിത്യാനന്ദവും സാധ്യമാക്കുന്നത് ദിവ്യകാരുണ്യമാണ് (യോഹ 6:55). വി. ഇരനേവൂസ് പഠിപ്പിക്കുന്നതു പോലെ "വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്ന നമ്മുടെ ശരീരങ്ങള്‍ക്ക് അക്ഷയത്വവും അനശ്വരതയും ലഭിക്കുന്നു. ഉയിര്‍പ്പിലുള്ള പ്രത്യാശയില്‍ നമ്മെ നിലനിര്‍ത്തുന്നതും വിശുദ്ധകുര്‍ബ്ബാനയാണ്" (Adv.Haer. 18.5).

(iv). തിരിച്ചറിവിന്‍റെ പ്രായമെത്തിയ വിശ്വസികളുടെ രക്ഷയ്ക്ക് വി.കുര്‍ബ്ബാനസ്വീകരണം അനിവാര്യമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. ഏഴുവയസ്സാണ് തിരിച്ചറിവിന്‍റെ പ്രായമായി സാമാന്യഗതിയില്‍ നിര്‍ണ്ണയിച്ചിരിക്കുന്നത് (D 2137). മന:പൂര്‍വ്വം വി.കുര്‍ബ്ബാനസ്വീകരണം ഒഴിവാക്കുന്നത് നിത്യരക്ഷയ്ക്ക് തടസ്സമാണ്. അതിനാലാണ് വര്‍ഷത്തിലൊരിക്കലെങ്കിലുമുള്ള കുര്‍ബ്ബാന സ്വീകരണം ലാറ്ററന്‍ കൗണ്‍സില്‍ (1215) നിയമമായി പ്രഖ്യാപിച്ചത് (D 437). എല്ലാദിനവും യോഗ്യതയോടെ വി.കുര്‍ബ്ബാന സ്വീകരിക്കുന്നത് നിത്യരക്ഷക്ക് ഏറ്റവും സഹായകമാണ് (യോഹ 6:53).

(v) വിശുദ്ധകുര്‍ബ്ബാനയുടെ യഥാര്‍ത്ഥ കാര്‍മ്മികനായി സഭ നിശ്ചയിച്ചിരിക്കുന്നത് മെത്രാന്മാരെയാണ്. മെത്രാന്‍ നിയോഗിക്കുന്ന വൈദികര്‍ മെത്രാന്‍റെ പ്രതിനിധികളായി (Vicar) വി.കുര്‍ബ്ബാനയര്‍പ്പിക്കുന്നു. എന്നാല്‍ മെത്രാന്‍ വിലക്കിയ വൈദികര്‍ വി. കുര്‍ബ്ബാനയര്‍പ്പിക്കുന്നതും വിശ്വാസികള്‍ അതില്‍ പങ്കുചേരുന്നതും സഭാനിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്.

(vi) മാമ്മോദീസാ സ്വീകരിച്ചിട്ടുള്ളവരും പ്രസാദവരാവസ്ഥയിലുള്ളവരുമായ വിശ്വാസികള്‍ക്ക് ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ അവകാശമുണ്ട് എന്നാണ് സഭാപ്രബോധനം (D 933). മരണം നടന്നു കഴിഞ്ഞു എന്ന് ഉറപ്പിച്ച ഒരു വ്യക്തിക്ക് വി.കുര്‍ബ്ബാന നല്‍കുവാന്‍ പാടില്ല.

- മാരകപാപവസ്ഥയിലുള്ളവര്‍ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിലെത്താതെ വി.കുര്‍ബ്ബാന സ്വീകരിക്കരുത് (1 കോറി 11:28). എന്നാല്‍ വി.കുര്‍ബ്ബാന സ്വീകരണത്തിന് കഠിനവ്യവസ്ഥകള്‍ നിഷ്കര്‍ഷിച്ച ജാന്‍സിയനിസം എന്ന പാഷണ്ഡതയെ സഭ തള്ളിക്കളഞ്ഞിരുന്നു.

- അയോഗ്യതയോടെയുള്ള വിശുദ്ധ കുര്‍ബ്ബാനസ്വീകരണം ചാവുദോഷമാണ് (ST.III.80.5).

- വി.കുര്‍ബ്ബാന സ്വീകരണത്തിന് തലേന്ന് അര്‍ദ്ധരാത്രി മുതല്‍ ഉപവസിക്കണമെന്ന് പുരാതനകാലം മുതല്‍ നിബന്ധന നിലനിന്നിരുന്നു (D 626). എന്നാല്‍ ഈ ഉപവാസത്തെ ഒരു മണിക്കൂറായി ഇപ്പോള്‍ ലഘൂകരിച്ചിട്ടുണ്ട്. ജലപാനം ഉപവാസ ലംഘനമല്ല.

- വി. കുര്‍ബ്ബാനയെ മുന്‍കൂട്ടി ആരാധിക്കാതെ ആര്‍ക്കും അതു ഭക്ഷിക്കാനാവില്ല എന്ന വി. ആഗസ്തീനോസിന്‍റെ പ്രസ്താവന (Enarr.Ps 98.5) വി. കുര്‍ബ്ബാന സ്വീകര്‍ത്താവിനുണ്ടായിരിക്കേണ്ട ആരാധനാമനോഭാവം വ്യക്തമാക്കുന്നുണ്ട്.

doctrine of transubstantiation presence of Jesus in the Eucharist consecration prayers Mar Joseph Pamplany Eucharist Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message