We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 26-Jan-2021
ആധുനികലോകത്തെ ഏറ്റവും വലിയ "സഭാസംഭവം" ആയിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് (1962-65).
സര്‍ഗ്ഗാത്മക വശങ്ങള്‍
i.രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് പ്രധാനമായും നാല് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.
ii. ഈ കൗണ്‍സില്‍ 'സഭയുടെ' കൗണ്‍സിലായിരുന്നു. (A Council of the VChurch and by the Church). സഭയുടെ ആന്തരിക ഘടന മനസ്സിലാക്കുകയായിരുന്നു സര്‍വ്വപ്രധാനമായ ലക്ഷ്യം. 'സഭ' എന്നാല്‍ എന്തെന്ന് മനസ്സിലാക്കുക എന്നതായിരുന്നു ഇതിന്‍റെ ഏകലക്ഷ്യമെന്ന് പൗലോസ് മാര്‍പ്പാപ്പതന്നെ പ്രഖ്യാപിക്കുകയുണ്ടായി. സഭയ്ക്കു സ്വതവേ സാധ്യമാകേണ്ട 'സ്വയാവബോധം' ഉത്ഭൂതമാക്കാന്‍വേണ്ടിക്കൂടിയായിരുന്നു ഇത്.
iii. യൂറോപ്പിനും, അമേരിക്കയ്ക്കും ദൈവശാസ്ത്രത്തില്‍ ഉണ്ടായിരുന്ന സര്‍വ്വാധീശത്വം ഒരു പരിധിവരെ കുറച്ച് ദൈവശാസ്ത്രത്തിന്‍റെ കുത്തകാവകാശം ഇവരില്‍നിന്ന് മാറ്റിയെടുക്കുവാന്‍ ഇത് കുറയൊക്കെ സഹായിക്കുകയും ചെയ്തു. അപ്രകാരം ഏകവ്യക്തി, അഥവാ ഏക-ദേശ കേന്ദ്രിത (Monocentrism) സ്വഭാവത്തില്‍നിന്ന് ബഹുവ്യക്തി അഥവാ ബഹുദേശകേന്ദ്രിത (Polycentrism) മനോഭാവത്തിലേയ്ക്കു മാറി.
iv. പാശ്ചാത്യ ദൈവശാസ്ത്രത്തിന്‍റെ അസ്ഥിവാരമായിരുന്ന സ്കൊളാസ്റ്റിക് ചിന്താഗതിയേക്കുറിച്ച് വത്തിക്കാന്‍ സൂനഹദോസ് ഒരു പുനര്‍വിചിന്തനംതന്നെ നടത്തുകയുണ്ടായി. ദൈവശാസ്ത്രത്തില്‍ പല ചിന്താരീതികളും, ശൈലികളും, മനോഭാവങ്ങളും ഉണ്ട് എന്ന് വെളിവാക്കി. ഒരു ദൈവശാസ്ത്രം മാത്രമല്ലെന്നും, പല ദൈവശാസ്ത്രങ്ങളുണ്ടെന്നും ബോധ്യമായി. സ്കൊളാസ്റ്റിസത്തിന്‍റെ പരിധികള്‍ക്കപ്പുറം നാനാവിധമായ ചിന്താരീതികളും നമുക്കനിവാര്യമാണെന്നും കൗണ്‍സില്‍ പഠിപ്പിക്കുകയുണ്ടായി.
v. സഭ സഭകളുടെ കൂട്ടായ്മയാണെന്ന നിര്‍ണ്ണായക നിഗമനത്തിലെത്തി. അങ്ങനെയെങ്കില്‍ സഭാശാസ്ത്രത്തിനും, ദൈവശാസ്ത്രത്തിനും പൊതുവില്‍ ഒരു എക്യുമെനിക്കല്‍ മനോഭാവം അവശ്യാവശ്യമാണെന്ന തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടു. വിഭജിതമായ സഭയുടെ പശ്ചാത്തലത്തില്‍നിന്ന് ചിന്തിക്കുമ്പോള്‍ ദൈവശാസ്ത്രം എക്യുമെനിക്കലാകേണ്ടത് അനിവാര്യംതന്നെ. കത്തോലിക്കാസഭതന്നെയും വളരെ കര്‍ക്കശ്യഭാവമുള്ളതും സങ്കുചിതവുമായ പല മേഖലകളില്‍നിന്നും പുറത്തുവരാന്‍ കിണഞ്ഞുപരിശ്രമിക്കുകയുമായിരുന്നു.
vi. മുന്‍കാല കൗണ്‍സിലുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയില്‍ ഒരു പുതിയ പിളര്‍പ്പ് സൃഷ്ടിക്കുകയോ, ഏതെങ്കിലും പുതിയ ഒരു ശീശ്മാവിഭാഗത്തിനിടയുണ്ടാക്കുകയോ ചെയ്തില്ല. മാത്രമല്ല, ദൈവശാസ്ത്രത്തിന്‍റെ സാധിത മേഖലകളിലെല്ലാം ഒരു പൊതുധാരണ നേടുവാന്‍ എപ്പോഴും തീവ്രമായി പരിശ്രമിച്ചിരുന്നതും കാണാം. നിഗമനങ്ങളിലെത്താന്‍ വിഷമം നേരിട്ട വേളകളിലൊക്കെയും അക്കാര്യം തുറന്നു സമ്മതിക്കുകയും തീരുമാനമെടുക്കാതെ പിരിയുകയും ചെയ്ത ചില അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
vii. ചരിത്രവും സഭാശാസ്ത്രവും തമ്മില്‍ ആഴമായ ബന്ധമുണ്ടെന്നും, ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ വേണം സഭാശാസ്ത്രം രചയിതമാകാനും, പഠിപ്പിക്കുവാനുമെന്നുള്ള ആഴമായ കാഴ്ചപ്പാട് കൗണ്‍സിലിന് സ്വന്തമാണ്. പ്രത്യേകിച്ച് എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയിലും, മറ്റു പല മേഖലകളിലും ഈ ചരിത്രാവബോധം ദര്‍ശിക്കുവാന്‍ നമുക്കു കഴിയും. ചരിത്രം വെളിവാക്കുന്ന സത്യം ഉള്‍ക്കൊള്ളുവാനും, ചരിത്രത്തില്‍ വന്നുപോയ പാളിച്ചകള്‍ അംഗീകരിക്കുവാനും, ഈ സൂനഹദോസിനു കഴിഞ്ഞു. അജ്ഞതയില്‍ നിന്നും, തെറ്റില്‍ നിന്നും, മഠയത്തരങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ചരിത്രത്തിനു കഴിയും... ഒപ്പം സങ്കുചിത ചിന്താഗതിയില്‍ നിന്നും കൂടുതല്‍ മനുഷ്യകേന്ദ്രിതവും, മനുഷ്യത്വകേന്ദ്രിതവുമായ ദൈവശാസ്ത്ര സമീപനങ്ങളിലേയ്ക്കു ചരിത്രം നമ്മെ നയിക്കും.
viii. കൗണ്‍സിലിന്‍റെ ദൈവശാസ്ത്രത്തിലുടനീളം നീതിയ്ക്കും, സമാധാനത്തിനും വേണ്ടിയുള്ള മുറവിളികള്‍ കേള്‍ക്കാം. സഭയുടെ നിരന്തരമായ ലക്ഷ്യങ്ങളൊക്കെയും വീണ്ടും ഇവിടെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്.
ix. സൂനഹദോസില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് രൂപീകരിച്ച ഒരു ആപ്തവാക്യമാണ്, സുവിശേഷവത്ക്കരണവും-സാംസ്ക്കാരികാനുരൂപണവും (Evangelixation-Inculturation).
x. സഭയുടെ പ്രേഷിതസ്വഭാവത്തിന്‍റെ ദൈവശാസ്ത്രമാനങ്ങളും, ആവശ്യകതയും വീണ്ടും ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടു. സഭ സ്വഭാവത്താല്‍ത്തന്നെ പ്രേഷിതയാണ്. അപ്രകാരമായിരിക്കുവാന്‍ മാത്രമേ സഭയ്ക്കു കഴിയൂ. പ്രേഷിതസ്വഭാവത്തില്‍നിന്നു വ്യതിചലിക്കുന്ന സഭ ആ പേരിനുപോലും അര്‍ഹയല്ല.
xi. വി. ഗ്രന്ഥത്തിലും ആരാധനക്രമങ്ങളുടെ ഉറവിടങ്ങളിലും അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രവും, ആദ്ധ്യാത്മികതയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മറ്റൊരു മഹത്തായ സംഭാവനയായിരുന്നു. കൂടുതല്‍ ഗവേഷണ സ്വഭാവമുള്ള ദൈവശാസ്ത്രം എപ്രകാരമുള്ളതായിരിക്കണം എന്നു കൗണ്‍സില്‍ വ്യക്തമാക്കി. ഉറവിടങ്ങളില്‍ അധിഷ്ഠിതമല്ലാത്ത മദ്ധ്യകാല ദൈവശാസ്ത്രത്തിന്‍റെ പാപ്പരത്വം തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.
xii. ഉറവിടങ്ങളില്‍ പദമൂന്നിനിന്നു കൊണ്ടും, ഇന്നത്തെ സാഹചര്യം കണക്കിലെടുത്തുകൊണ്ടും, ഭാവിയെ ലക്ഷ്യംവച്ചും, ഭാവിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ദൈവശാസ്ത്രം വിഭാവനം ചെയ്യുന്നതിലും കൗണ്‍സില്‍ നേട്ടം കൈവരിക്കുകയുണ്ടായി.
xiii. കത്തോലിക്കരുടെ പരിമിതിക്കുള്ളില്‍മാത്രം നില്‍ക്കുന്ന ഒരു ദൈവശാസ്ത്രസ്പന്ദനമല്ല നാമിവിടെ ശ്രവിക്കുന്നത്. അതിന്‍റെ വ്യാപ്തി സംഘടിത പരിമിതിക്കപ്പുറം എത്തുന്നുണ്ട്.
xiv. പ്രമുഖ ദൈവശാസ്ത്രജ്ഞരുടെയൊക്കെയും വീക്ഷണത്തില്‍ സഹസ്രാബ്ദങ്ങള്‍ നീളുന്ന സഭാചരിത്രത്തിലെ ഏറ്റം വലിയ സഭാസംഭവംതന്നെയാണിത്. സഭാജീവിതത്തിലെ വിവിധ വശങ്ങളെക്കുറിച്ചെല്ലാം അതിന് നൂതനമായ കാഴ്ചപ്പാടുകള്‍ പ്രദാനം ചെയ്യുന്നുണ്ടായിരുന്നു.
xv. സൈദ്ധാന്തിക ദൈവശാസ്ത്രവും, അജപാലനദൈവശാസ്ത്രവും തമ്മിലുള്ള ആഴമേറിയ ബന്ധം ഒരു പരിധിവരെ ഈ കൗണ്‍സില്‍ നമ്മുടെ ദൃഷ്ടിപഥത്തിലെത്തിക്കുന്നുണ്ട്. ഇപ്രകാരം വളരെ ശക്തവും, ഈടുറ്റതും, ഗൗരവാവഹവുമായ സമീപനങ്ങള്‍ പുലര്‍ത്തുവാന്‍ കൗണ്‍സിലിനു സാധിച്ചു.
xvi. ആത്മവിമര്‍ശനത്തിന്‍റെയും, സ്വയം തിരുത്തലുകളുടേയും കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. സഭയുടെ അധികാരഘടനയോട് ഖണ്ഡിതമനോഭാവം പുലര്‍ത്താതെ ഈ തിരുത്തലും, വിമര്‍ശനവും സാധ്യമാക്കിയെന്നത് വലിയ നേട്ടംതന്നെയായിരുന്നു. വിമര്‍ശനത്തിലൂടെ പുറത്തായ ശൈലി കൗണ്‍സിലിന് എന്നും അന്യവുമായിരുന്നു.
xvii. ഈ കൗണ്‍സില്‍ തികഞ്ഞ ലക്ഷ്യബോധമുള്ള ഒരു പദ്ധതിയായിരുന്നു. ഒരു നൈമിഷിക സ്ഫോടനംപോലെയായിരുന്നില്ല ഇതിന്‍റെ ഉത്ഭവവും, സമാപനവും.
xviii. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വീക്ഷണത്തില്‍ കേന്ദ്രീകരണ, വികേന്ദ്രീകരണ (Centripetal and Centrifugal) ശക്തികള്‍ തമ്മില്‍ ക്രമീകൃതമായ യോജിപ്പ് പലപ്പോഴും ഉണ്ടായിരുന്നു. ഇത്തരം തികച്ചും ഏകപക്ഷീയമായ സമീപനങ്ങള്‍ മണ്‍മറഞ്ഞു തുടങ്ങി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു പുഷ്പത്തിന്‍റെ ഇതളുകള്‍ ഓരോന്നും മൊട്ടിനോടു ചേര്‍ന്നിരിക്കുന്നതുപോലെയും. അതേസമയം മൊട്ടില്‍നിന്നു പുറത്തേയ്ക്കു വിടര്‍ന്നിരിക്കുന്നതുപോലെയും ഈ കൗണ്‍സിലിലെ വിവിധ ദൈവശാസ്ത്രവിഷയങ്ങളും സമീപനങ്ങളും തമ്മില്‍ ഒരു ഐക്യഭാവം ഉണ്ടായിരുന്നു.
xix. സഭകളുടെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങുവാനും ഒപ്പം പുറംലോകത്തെ കണ്‍തുറന്നു ദര്‍ശിക്കുവാനും കൗണ്‍സിലിനു കഴിഞ്ഞു. സഭയും ആധുനികലോകവും തമ്മിലും, സഭയും മറ്റു മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും മറ്റും ഇതേ രീതിയില്‍ അംഗീകരിക്കുവാനോ, വിശകലനം ചെയ്ത് പഠനവിഷയമാക്കുവാനോ മറ്റെങ്ങും സാധിച്ചിട്ടില്ല.
xx. സഭാപിതാക്കന്മാരുടെ വീക്ഷണങ്ങള്‍ക്കൊക്കെയും, ഏറെ പ്രാധാന്യം നല്കുവാന്‍ കൗണ്‍സിലിനായി. "ഉറവിടങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്കില്‍" കൗണ്‍സില്‍ ഏറെ ശ്രദ്ധ പതിപ്പിച്ച ഒരു കാര്യമിതായിരുന്നു. അതിന്‍റെ ഫലമായി പൗരസ്ത്യ ദൈവശാസ്ത്ര ഉറവിടങ്ങളെക്കുറിച്ചും, വിഷയങ്ങളെക്കുറിച്ചും, ലിറ്റര്‍ജിയില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രത്തെക്കുറിച്ചും ഒരു പരിധിവരെയെങ്കിലും അവബോധം സാധ്യവുമായി.
xxi. വിവിധ ദൈവശാസ്ത്രശാഖകളും, വിഷയങ്ങളും തമ്മില്‍ ഗാഢമായ ബന്ധമുണ്ടെന്നും, ദൈവശാസ്ത്രവിഷയങ്ങളെല്ലാം പലസ്പര ബന്ധിതമാണെന്നും കൗണ്‍സില്‍ വെളിച്ചത്തുകൊണ്ടുവന്നു. വി. ഗ്രന്ഥമില്ലാതെ പാരമ്പര്യമോ, പാരമ്പര്യമില്ലാതെ റൂഹാവിജ്ഞാനീയമോ, റൂഹാവിജ്ഞാനീയമില്ലാതെ മിശിഹാവിജ്ഞാനീയമോ ഇല്ല. ജനങ്ങളില്ലാതെ അധികാരഘടനയോ, അധികാരഘടന കൂടാതെ ജനങ്ങളോ ഇല്ല; മെത്രാനോട് ബന്ധമില്ലാത്ത മാര്‍പ്പാപ്പയോ, മാര്‍പ്പാപ്പയോട് ബന്ധമില്ലാത്ത മെത്രാനോ ഇല്ല; പ്രേഷിതയല്ലാത്ത പ്രാദേശികസഭയോ, സഭാത്മകമല്ലാത്ത പ്രേഷിതപ്രവര്‍ത്തനമോ ഇല്ല.
xxii. രക്ഷാകരചരിത്രത്തിനും, യുഗാന്ത്യോന്മുഖതയ്ക്കും വത്തിക്കാന്‍ സൂനഹദോസിന്‍റെ ദൈവശാസ്ത്രത്തില്‍ ഏറെ പങ്കുണ്ട്. ദൈവശാസ്ത്രത്തിന്‍റെ ശരിയായ തുടക്കവും അന്ത്യവും ഇതു വ്യക്തമാക്കുന്നു.
xxiii. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ 4 കോണ്‍സ്റ്റിറ്റ്യൂഷനുകളും, 9 ഡിക്രികളും 3 പ്രഖ്യാപനങ്ങളും ഉള്ളതില്‍ ഏറ്റം പ്രാധാന്യമേറിയത് സഭയെപ്പറ്റിയുള്ള (LG) കോണ്‍സ്റ്റിറ്റ്യൂഷനാണ്. അതിന്‍റെ ഉള്ളടക്കംകൊണ്ടും, സര്‍വ്വോപരി സഭയ്ക്ക് ഈ കൗണ്‍സിലിലുള്ള കേന്ദ്രസ്ഥാനംകൊണ്ടും ഏറ്റം മഹത്തരമായ സംഭാവന ഇതുതന്നെയാണ്.
xxiv. ആധുനിക ലോകത്തിനുള്ള ഏറ്റം വലിയ അടയാളമാണ് ഈ കൗണ്‍സില്‍. ഈ അടയാളങ്ങള്‍ കാണുകയും, വായിക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുമാണ്. ഇവയുടെ കറതീര്‍ന്ന വ്യാഖ്യാനം പുതുജീവന്‍റെ തുടിപ്പുകള്‍ നമുക്കു ദര്‍ശനയോഗ്യമാക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്.
xxv. ദൈവശാസ്ത്രതലത്തില്‍ ഒരു മൂന്നാം വത്തിക്കാന്‍ കൗണ്‍ സിലിലേയ്ക്കോ, രണ്ടാം ജറുസലേം കൗണ്‍സിലിലേയ്ക്കോ, മൂന്നാം സഹസ്രാബ്ദത്തിലേയ്ക്കോ, വാഗ്ദാനദേശത്തേയ്ക്കോ ഒക്കെയുള്ള യഥാര്‍ത്ഥ പാത ഈ കൗണ്‍സിലായിരിക്കണം.
പ്രധാനമായും രണ്ടു സഭാവിജ്ഞാനീയങ്ങളാണ് ഇതുള്‍ക്കൊണ്ടിരുന്നത്. ഇതിലൊന്ന്, പാശ്ചാത്യവും, നൈയാമികവും, മാര്‍പ്പാപ്പയുടെയും, സാര്‍വ്വത്രികവുമായ സഭാവിജ്ഞാനീയമാണ്. ഇതാകട്ടെ അവരോഹണക്രമത്തിലുത്ഭൂതവുമാണ്... സാര്‍വ്വത്രിക സഭയിലാരംഭിച്ച് വിവിധ ഭാഗങ്ങളായി കാണുന്നു. ഇനി മറ്റൊരു സഭാവിജ്ഞാനീയം സഭ-സഭകളുടെ കൂട്ടായ്മ എന്ന ചിന്താധാരയാണ്. എന്നാല്‍ പൂര്‍ണ്ണമായ ഒരു അഭിപ്രായസമന്വയത്തിലെത്താന്‍ ഇവയ്ക്കു രണ്ടും ആയില്ല. ത്രിത്വത്തേയും പരിശുദ്ധ റൂഹായുടെ പങ്കിനെയും പറ്റിയുള്ള വ്യത്യസ്തമായ സമീപനങ്ങളാണ് മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ക്ക് ദൈവശാസ്ത്രപരമായ കാരണങ്ങളായി ഭവിച്ചത്. ഈ വൈവിധ്യം നിറഞ്ഞ സഭാവിജ്ഞാനീയ സമീപനങ്ങള്‍ കൗണ്‍സിലിന്‍റെ ഒരു ആഭ്യന്തരപ്രശ്നംതന്നെയാണ്. കൗണ്‍സില്‍ പിതാക്കന്മാരില്‍ ബഹുഭൂരിപക്ഷം വരുന്ന ലത്തീന്‍ പിതാക്കന്മാര്‍ക്ക് പൗരസ്ത്യസഭാവിജ്ഞാനീയത്തിന്‍റെ ആഴവും, പരപ്പും, പൊരുളും, കണ്ടുപിടിക്കാന്‍ സാധ്യമാകുമായിരുന്നില്ല. ഇതിലുപരി "എക്യുമെനിസത്തെ"ക്കുറിച്ചുള്ള പ്രമാണരേഖയിലും (14-18 സഹോദരീസഭകളും), "പൗരസ്ത്യസഭകളെ"ക്കുറിച്ചുള്ള പ്രമാണരേഖയിലും (22-26 ഐക്യസഭകള്‍) നിലനിന്ന വിവിധ സഭാവിജ്ഞാനീയമനോഭാവം അടിസ്ഥാനപരമായ ആശയ വടംവലിക്കു കാരണമായി. പാശ്ചാത്യരുടെ ആത്മരക്ഷാപരവും, സ്വയംപര്യാപ്തത നിറഞ്ഞതുമായ സമീപനം പ്രമാണരേഖയിലുടനീളം ദര്‍ശിക്കാവുന്നതാണ്. കൗണ്‍സില്‍ പ്രമാണരേഖയില്‍ നവോത്ഥാനവക്താക്കളുടേതും, യാഥാസ്ഥിതികരുടേതും, സ്വതന്ത്രവാദികളുടേതുമായ വീക്ഷണ വൈവിധ്യം പല രംഗത്തും നാം ദര്‍ശിക്കുന്നുണ്ട്.
കൗണ്‍സില്‍ പല രംഗങ്ങളിലും പകുതി വഴിയില്‍നിന്നു പോയി... (Stopped half way). കാരണം... ഗൗരവമേറിയ പല രംഗങ്ങളിലും നേടിയെടുത്ത ഒത്തുതീര്‍പ്പുകളും മറ്റും വെറും നൈയാമിക തീര്‍പ്പുകള്‍ മാത്രമായിരുന്നു. ശരിയായ സമന്വയകരണത്തിന്‍റെ അഭാവംമൂലമുള്ള പ്രത്യാഘാതങ്ങള്‍ കൗണ്‍സില്‍ പ്രമാണരേഖകളുടെ വ്യാഖ്യാനങ്ങളില്‍പോലും പ്രകടമായിരുന്നു. ഇതാകട്ടെ കൗണ്‍സിലിനുശേഷമുള്ള കാലയളവുകളില്‍ വൈവിധ്യവും, വൈരുദ്ധ്യവും നിറഞ്ഞ നിരവധി വ്യാഖ്യാനങ്ങള്‍ക്കു കാരണമായി.
മറ്റൊരു പ്രധാന പ്രശ്നം ദൈവശാസ്ത്രഭാഷയും സഭയുടെ ഔദ്യോഗിക കാനോനിക ഭാഷയും തമ്മിലുള്ള യോജിപ്പിന്‍റെ പ്രകടമായ അഭാവമായിരുന്നു. അവയാകട്ടെ പദങ്ങളുടെ വിവിധങ്ങളായ പ്രയോഗത്തിലുള്ള പ്രശ്നവുമാണ്. ഈ രംഗത്തൊക്കെയും ബൈബിള്‍ പണ്ഡിതന്മാരുടെയും, ദൈവശാസ്ത്രജ്ഞന്മാരുടെയും, സഭാനിയമ പണ്ഡിതരുടെയും ക്രിയാത്മകവും മഹത്ത്വപൂര്‍ണ്ണവുമായ സഹകരണം അനിവാര്യമായിരിക്കുന്നു.
യഥാര്‍ത്ഥമായ രീതിയില്‍ സാധാരണ വിശ്വാസികളെ സംബന്ധിക്കുന്ന ആഴമാര്‍ന്ന ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തിയെടുക്കുന്നതില്‍ കൗണ്‍സില്‍ പരാജയപ്പെട്ടു. മഹത്തരവും അതിഗഹനവുമായ കാര്യങ്ങളില്‍നിന്നും ദൈവശാസ്ത്രചിന്തകള്‍ ആരംഭിക്കുന്ന രീതി സാധാരണക്കാരെ ഉദ്ദേശിച്ചേ ആയിരുന്നില്ല എന്നു വേണം പറയാന്‍. മൂന്നാം ലോകങ്ങളിലെ സഭകളൊക്കെയും, വികസിതരാജ്യങ്ങളിലെ സാമൂഹ്യവും, സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ സാഹചര്യങ്ങളെ അപഗ്രഥിച്ചാശ്രയിച്ചു നിലകൊള്ളുന്നു എന്ന കൗണ്‍സിലിന്‍റെ നിലപാടിനെ മേല്പറഞ്ഞ സഭകളൊക്കെയും ശക്തിയുക്തം എതിര്‍ത്തു. ലോകവുമായി സംഭാഷണത്തിലാണെപ്പോഴും എന്നാശ്വസിക്കുകയും, വീമ്പടിക്കുകയും, ചെയ്യുന്ന സഭ പലപ്പോഴും ഇതു സാധ്യമാക്കുക ശാസ്ത്രീയവും, സാങ്കേതികവുമായി ഏറ്റവും മുന്തിയ ലോകവുമായുള്ള സംഭാഷണത്തില്‍കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കൗണ്‍സിലിലെ സുപ്രധാന ദൈവശാസ്ത്രമേഖലകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ എല്ലാവരുംതന്നെ മുന്തിയ രാജ്യങ്ങളിലെ മെത്രാന്മാരും ദൈവശാസ്ത്രജ്ഞന്മാരുമായിരുന്നു.
കൗണ്‍സിലിനെ ശരിയാംവിധം വ്യാഖ്യാനിക്കുക എന്ന സങ്കീര്‍ണ്ണപ്രശ്നത്തിന്‍റെ അന്തരീക്ഷത്തിലാണ് നാമിപ്പോള്‍ ജീവിക്കുക. കൗണ്‍സിലിനുശേഷം രണ്ടുതരത്തിലുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ ഉയര്‍ന്നുവന്നു.
പുരോഗമനക്കാരുടെ വാദഗതി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ത്രെന്തോസ് സൂനഹദോസിനുശേഷമുള്ള സഭാവിജ്ഞാനീയ ചിന്താഗതികള്‍ക്ക് സമാപനം കുറിച്ചു. കൂടാതെ അധികാരപ്രമത്തതക്കും, കേന്ദ്രീകൃതചിന്താഗതിക്കും, പുരോഹിതകേന്ദ്രിതവാദത്തിനും, മോണോലിഥിസത്തിനും, അള്‍ട്രാമൊണ്ടേനിസത്തിനും യൂണിവേഴ്സലിസത്തിനും, പേപ്പലിസത്തിനും, ഹയരാര്‍ക്കോളജിക്കും ഒപ്പം വ്യക്തിപരവും, പങ്കുകൊള്ളുന്നതും, സാമൂഹ്യപരവും, സജീവവും, തുറവിയുള്ളതും, സംഭാഷണപരവും, ബഹുത്വഗുണമുള്ളതും, മിശിഹാ-റൂഹാ കേന്ദ്രിതവുമായ ഒരു സഭാവിജ്ഞാനീയത്തിനും കൗണ്‍സില്‍ തുടക്കം കുറിച്ചു. പാരമ്പര്യവാദികളായ ദൈവശാസ്ത്രജ്ഞന്മാരുടെ ഭാഷ്യത്തില്‍, പുരോഗമനചിന്താഗതിക്കാര്‍ താഴെപ്പറയുന്ന ആശയങ്ങളില്‍ -തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വിമോചനവാദം, ലൗകികവാദം, അത്മായവാദം ആധുനികതാവാദം, ഉപരി സ്വീകാര്യമല്ലാത്ത ബഹുത്വചിന്താഗതി ആദിയായവയുടെ കാര്യങ്ങളില്‍ പ്രത്യേകിച്ച്.
പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്മാരായ ഡള്ളസ്, ഡബ്ള്യൂ കാസ്പര്‍, ഹാന്‍സ് ക്യൂങ്, പോട്ട് മേയര്‍, എന്നിവരുടെ അഭിപ്രായത്തില്‍ വത്തിക്കാന്‍ കൗണ്‍സിലിനെ ഭാഗികമായിട്ടല്ല, സമഗ്രമായിട്ടുതന്നെ വേണം വ്യാഖ്യാനിക്കുവാന്‍.
കൗണ്‍സിലിനെ യഥാവിധി വ്യാഖ്യാനവിധേയമാക്കി വിലയിരുത്തുവാന്‍ ഒരു പ്രത്യേക കോണ്‍ഫറന്‍സ് 1980-ല്‍ ബൊളോഞ്ഞോയില്‍ വിളിച്ചുകൂട്ടപ്പെട്ടു. ഏകദേശം നാല്‍പതോളം സഭാപണ്ഡിതര്‍ അതില്‍ പങ്കുകൊള്ളുകയുണ്ടായി. അവരുടെ നിഗമനത്തില്‍ കൗണ്‍സിലിനുശേഷം സഭാവിജ്ഞാനീയം കൂടുതല്‍ നിശ്ചലമാവുകയും, വിമര്‍ശനാത്മകമല്ലാത്ത വിധത്തില്‍ പുരോഗമനം ആയിത്തീരുകയും ചെയ്തു. ആകയാല്‍ 1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മെത്രാന്മാരുടെ ഒരു സിനഡ് വിളിച്ചുകൂട്ടുകയുണ്ടായി. കൗണ്‍സിലിന്‍റെ പഠനങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ വേണ്ടിയായിരുന്നു അത്. (നമ്മുടെ മെത്രാപ്പോലീത്താമാരായ മാര്‍ ആന്‍റണി പടിയറയും മാര്‍ ജോസഫ് പവ്വത്തിലും ഇതില്‍ പങ്കുകൊള്ളുകയുണ്ടായി).
സിനഡിന്‍റെ കാഴ്ചപ്പാടില്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ നാം പ്രത്യേകം ശ്രദ്ധ പതിക്കേണ്ടിയിരിക്കുന്നു.
ഈ കൗണ്‍സില്‍ സഭയെക്കുറിച്ചു ആഴത്തില്‍ ഒരു ദൈവശാസ്ത്രം മെനയുന്നുണ്ട്. "തിരുസ്സഭ" "എക്യുമെനിസം", "പൗരസ്ത്യസഭകള്‍," "സഭ ആധുനികലോകത്തില്" ആദിയായ പ്രമാണരേഖകളിലൊക്കെയും ഇതിന്‍റെ വിവിധ ദര്‍ശനങ്ങള്‍ നമുക്കു കാണുവാനാകും. സുപ്രധാന ആശയം എപ്പോഴും സഭതന്നെയായിരുന്നു. മറ്റു പ്രധാന രേഖകളുടെയിടയിലും "തിരുസ്സഭ" എന്ന പ്രമാണരേഖയ്ക്കുണ്ടായിരുന്ന പ്രഥമസ്ഥാനംകൊണ്ടും, അവയിലെ മഹനീയ ആശയങ്ങള്‍കൊണ്ടും ഈ പ്രമാണരേഖ കൗണ്‍സിലിന്‍റെ ഏറ്റം സ്തുത്യര്‍ഹമായ നേട്ടങ്ങളിലൊന്നായി കാണുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കൗണ്‍സില്‍തന്നെ, സഭയെന്ന മഹനീയ യാഥാര്‍ത്ഥ്യത്തെ കേന്ദ്രീകരിച്ചാണ് നിലകൊണ്ടിരുന്നതുതന്നെ. ഇവയില്‍ത്തന്നെ "തിരുസ്സഭ"യെക്കുറിച്ചുള്ള പ്രമാണരേഖ കൗണ്‍സിലിന്‍റെ പ്രധാന നേട്ടമായി കാണുന്നു. കേവലം രാഷ്ട്രീയപ്രധാനമായ വിശകലനത്തെക്കാളുപരി വ്യക്തമായ ദൈവശാസ്ത്രദര്‍ശനം സഭയെക്കുറിച്ച് നമുക്ക് ഈ പഠനങ്ങളില്‍ കാണുവാന്‍ കഴിയും. സഭാവിജ്ഞാനീയം എന്നത് സഭയെക്കുറിച്ചുള്ള ചില പ്രഖ്യാപനങ്ങളുടെയോ, ചില വസ്തുതകളുടെയോ പഠനം മാത്രമല്ല... പ്രത്യുത സഭയെത്തന്നെ വെളിപ്പെടുത്തുന്നതാണെന്ന വസ്തുത കൗണ്‍സില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റം ആദ്യമായി കൗണ്‍സില്‍ സഭയുടെ മൗലിക ഉറവിടങ്ങളൊക്കെയും തേടിപ്പിടിക്കുകയും അത് പില്‍ക്കാല സഭാശാസ്ത്രത്തിനു മുതല്‍ക്കൂട്ടാകുകയും ചെയ്തു. "തിരുസ്സഭ"യെക്കുറിച്ചുള്ള പ്രമാണരേഖയിലെ ആദ്യ അദ്ധ്യായത്തില്‍തന്നെ ഇതു വ്യക്തമായി കാണുവാന്‍ നമുക്കു കഴിയും. തിരുസ്സഭയെക്കുറിച്ചുള്ള ഡിക്രി ധാരാളം ബൈബിള്‍ സാദൃശ്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. "സഭ അജഗേഹമാണ്" (യോഹ 10:1-10) "കൃഷിഭൂമിയാണ്," "ദൈവത്തിന്‍റെ വയലാണ്" (1 കോറി 3:9), "ദൈവത്തിന്‍റെ മന്ദിരമാണ്" (1 കോറി 3:9), മനുഷ്യരുടെയിടയിലെ "ദൈവത്തിന്‍റെ വാസസ്ഥലമാണ്" (എഫേ 2:19-22) "ദൈവത്തിന്‍റെ ഭവനം" (1 തിമോ 3:15) "ദൈവത്തിന്‍റെ ആലയം" "വിശുദ്ധ നഗരം" "പുതിയ ജറുസലേം," "സ്വര്‍ഗ്ഗീയ ഓര്‍ശ്ലേം," "നമ്മുടെ അമ്മ" എന്നുമൊക്കെ സഭ പലപ്പോഴും വിളിക്കപ്പെട്ടിട്ടുണ്ട് (ഗലാ 4:26). കളങ്കമില്ലാത്ത ചെമ്മരിയാട്ടിന്‍കുട്ടിയുടെ നിര്‍മ്മലമണവാട്ടിയായും സഭയെ പരാമര്‍ശിക്കുന്നുണ്ട് (വെളി 19:7; 21:2). അങ്ങനെ സഭയെക്കുറിച്ച് സമഗ്രമായ ഒരു ദര്‍ശനമുണ്ടാകുവാന്‍ ബൈബിളില്‍നിന്നു പ്രസ്തുത പഠനം, നാം ആരംഭിക്കേണ്ടിയിരിക്കുന്നു. ദൈവജനം, പരിശുദ്ധ റൂഹായുടെ ആലയം, മിശിഹായുടെ മൗതികശരീരം ആദിയായ ബൈബിള്‍ സാദൃശ്യങ്ങളും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധം കൗണ്‍സില്‍ എടുത്തുകാട്ടുന്നുണ്ട്.
ബൈബിളിനെ ആധാരമാക്കി സഭയുടെ ദൈവശാസ്ത്രപരമായ അടിസ്ഥാനം വെളിപ്പെടുത്താന്‍ കൗണ്‍സില്‍ പ്രസക്തമായ ഒരു പരിശ്രമം തന്നെ നടത്തുകയുണ്ടായി. സഭയെ ഒരു "രഹസ്യമായും" തികഞ്ഞ ഒരു കൂട്ടായ്മയായും, കൗണ്‍സില്‍ കാണുന്നു. ദൈവം ഒരു രഹസ്യമാകയാലും, സഭ ദൈവത്തിന്‍റേതാകയാലും സഭയ്ക്ക് രഹസ്യാത്മക സ്വഭാവമാണുള്ളത്. അത്തരത്തില്‍ ഒരു ത്രിത്വൈകാടിസ്ഥാനം സഭയ്ക്കു നല്‍കുവാന്‍ കഴിഞ്ഞുവെന്നതുതന്നെ കൗണ്‍സിലിന്‍റെ മഹനീയ നേട്ടങ്ങളിലൊന്നാണ്. അങ്ങനെ പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധ റൂഹായുടെയും ഐക്യത്തില്‍ ഒന്നാകപ്പെട്ട ഒരു ജനമായി സാര്‍വ്വത്രികസഭ വിളങ്ങി പ്രകാശിക്കുന്നു (തിരുസ്സഭ 4; cfr. also 28,51; ദൈവാവിഷ്ക്കരണം 2, ആരാധനക്രമം 6; വൈദികര്‍ 6; പൗരസ്ത്യസഭകള്‍ 8; തിരുസ്സഭ 7, എക്യുമെനിസം 2). സഭയുടെ മിശിഹാകേന്ദ്രിത സ്വഭാവവും കൗണ്‍സിലില്‍ ഉടനീളം വ്യക്തമാകുന്നുണ്ട്. ഈ സഭ മിശിഹായുടെ സഭയാണ്. പരിശുദ്ധ റൂഹായുടെ സവിശേഷമായ പ്രവര്‍ത്തനവും, അടിസ്ഥാനവും പ്രസ്പഷ്ടമാക്കാനുള്ള കൗണ്‍സിലിന്‍റെ പരിശ്രമവും ശ്ലാഘനീയംതന്നെ. കൗണ്‍സില്‍ പ്രമാണരേഖയിലുടനീളം ഏകദേശം 258 സൂചനകള്‍ പരിശുദ്ധ റൂഹായെ സംബന്ധിച്ചു നാം കാണുന്നുണ്ട്. സഭാവിജ്ഞാനീയത്തിന്‍റെ ദൈവശാസ്ത്രാ ധിഷ്ഠാനം തേടിപ്പിടിക്കുന്ന പരിശ്രമത്തില്‍ സഭയുടെ വി. കുര്‍ബാന കേന്ദ്രിതത്വവും (എക്യുമെനിസം 15) കൗദാശിക സ്വഭാവവും (തിരുസ്സഭ 7, 18) വ്യക്തമാക്കുന്നുണ്ട്. സഭാവിജ്ഞാനീയമേഖലതന്നെ വി. ഗ്രന്ഥത്തിലെ ആത്മീയതത്ത്വസംഹിതകളുടെയും, മുന്‍കൗണ്‍സിലുകളുടെ ദൈവശാസ്ത്രനിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള പരിശ്രമങ്ങളുടെ ഫലം... സഭ ഒരു കൂട്ടായ്മ എന്ന വലിയ സഭാസത്യത്തിലേക്കുള്ള നടന്നടുക്കലാണ്. സാര്‍വ്വത്രിക സഭതന്നെ വിവിധ സഭാസമൂഹങ്ങളുടെ സജീവ കൂട്ടായ്മയാണ്. സഭാപരമായ ഇത്തരം വ്യതിരിക്തത വ്യക്തമാക്കാന്‍ കൗണ്‍സില്‍തന്നെ ചില സഭാത്മകമായ ഭാഷാപ്രയോഗങ്ങള്‍ക്കും തുനിഞ്ഞു കാണുന്നു. ഗാര്‍ഹിക സഭ... പ്രത്യേക സഭ... പ്രാദേശികസഭ... സഹോദരീസഭ... വ്യക്തിസഭ... ആദിയായവ അവയില്‍ ചിലതാണ്. പരി. റൂഹായില്‍ സജീവമായി ഏകീഭവിച്ച സമൂഹമെന്ന വ്യാപകാര്‍ത്ഥത്തിലാണ് സഭ ഒരു കൂട്ടായ്മയാകുന്നത്. സഭാവിജ്ഞാനീയമെന്നത് യഥാര്‍ത്ഥ മനുഷ്യശാസ്ത്രത്തിന്‍റെയും റൂഹായെപ്പറ്റിയുള്ള പഠനങ്ങളുടെ സമന്വയിക്കപ്പെട്ട ഒരു ഭാവമാണ് കിഴക്കന്‍ ദൈവശാസ്ത്രസത്തയെ കൗണ്‍സില്‍ ഉള്‍ക്കൊള്ളുവാന്‍ കാരണമായി. ഇവയ്ക്ക് വിശ്വാസമൊന്ന്, കൂദാശകളൊന്ന്, ഭരണരീതിയുമൊന്ന് (പൗരസ്ത്യസഭകള്‍, 2). എങ്കിലും ഈ കൂട്ടായ്മ പ്രസ്പഷ്ടമാക്കപ്പെടുന്നതുമാകട്ടെ അവരുടെ വൈവിധ്യങ്ങളിലും: അതായത്, ശ്ലൈഹിക പൈതൃകം, ആരാധനാക്രമം, ആധ്യാത്മികത, ദൈവശാസ്ത്രം, സഭാശിക്ഷണം ആദിയായവയിലൂടെ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ പ്രതിപാദിച്ചു കാണുന്ന 'സഭ' എന്ന യാഥാര്‍ത്ഥ്യം യഥാര്‍ത്ഥത്തില്‍ സഭകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പ്രാദേശികസഭകളില്‍ നിന്നാണ് സാര്‍വ്വത്രികസഭ ജന്മമെടുക്കുന്നത്. അങ്ങനെ സഭ ഒരു കൂട്ടായ്മ എന്ന വലിയ സത്യത്തിനു മുമ്പില്‍ ത്രെന്തോസ് സൂനഹദോസിലും അതിനുശേഷവും തെളിഞ്ഞുനിന്നിരുന്ന - അമിത പ്രാധാന്യം കൊടുത്തു ചിത്രീകരിക്കപ്പെട്ട വ്യവസ്ഥാപിത സഭയുടെ മുഖവും സാവധാനം മാഞ്ഞുപോയിത്തുടങ്ങിയിരിക്കുന്നു. വിവിധ സഭകള്‍ തമ്മിലുള്ള അടിസ്ഥാനപരമായ സമത്വവും റീത്തുകളില്‍നിന്നും സഭാത്മകമാനങ്ങളിലേക്കുള്ള പ്രയാണവും പ്രത്യേകം പരിഗണനാര്‍ഹമാണ് (പൗരസ്ത്യസഭകള്‍ 3). സഭ ഒരു കൂട്ടായ്മ എന്ന നമ്മുടെ അവബോധം നേടിയെടുക്കുന്നതില്‍ കൗണ്‍സില്‍ വിജയിക്കുകതന്നെ ചെയ്തു.
സഭകളുടെ കൂട്ടായ്മ എന്ന കാഴ്ചപ്പാടോടുകൂടി സഭയിലെ ശുശ്രൂഷയുടെ സാമൂഹികസ്വഭാവം പുനഃരവതരിപ്പിക്കുകയായിരുന്നു. മാര്‍പ്പാപ്പായുടെ പരമാധികാരവും മെത്രാന്മാരുടെ സംഘാതാത്മകതയും തമ്മിലുള്ള ബന്ധവും വളരെയധികം ഇക്കാലയളവില്‍ മെച്ചപ്പെടുകയുണ്ടായി.
"നാനാത്വത്തിലെ ഏകത്വം" എന്ന അടിസ്ഥാന പ്രമാണം കൗണ്‍സിലിന്‍റെ സഭാവിജ്ഞാനീയത്തിന്‍റെ തന്നെ അളവുകോലായി. സഭകളുടെ കൂട്ടായ്മ എന്ന സംജ്ഞ, നാനാത്വത്തിലെ ഏകത്വത്തെ - സഭാ സംബന്ധിയായ ദൈവശാസ്ത്രരൂപീകരണത്തിന്‍റെ കേന്ദ്രബിന്ദുവായും സുപ്രധാനമായ ഒരു തത്ത്വവുമായും മാറ്റി. വ്യക്തിസഭ, സാര്‍വ്വത്രികസഭ, ഗാര്‍ഹികസഭ, പേട്രിയാര്‍ക്കല്‍സഭ, അപ്പസ്തോലിക്ക്സഭ, ഐക്യസഭകള്‍ എന്നിവയൊക്കെയാണ് അവ. എന്നാല്‍ ഈ പദപ്രയോഗങ്ങള്‍ കൗണ്‍സില്‍ പലപ്പോഴും സ്ഥിരമായി ഉപയോഗിച്ചു കാണുന്നില്ല; പ്രത്യേകിച്ച്: പ്രാദേശിക സഭകള്‍, പ്രത്യേകസഭകള്‍ എന്നീ സംജ്ഞകള്‍. പ്രത്യേകസഭകള്‍ പലപ്പോഴും പ്രത്യക്ഷമാകുന്നുണ്ടെങ്കിലും അതു ധ്വനിപ്പിച്ചിരുന്നത് വാച്യാര്‍ത്ഥത്തില്‍ രൂപത എന്നാണ്. ഒരു പ്രത്യേക ദേശത്തെയോ, സംസ്കാരത്തിലെ സഭകളെയോ, (പ്രേഷിതപ്രവര്‍ത്തനം 22) വിവിധ റീത്തുകളെയോ വ്യക്തിസഭകളെയോ ദ്യോതിപ്പിക്കാനും (പൗരസ്ത്യസഭകള്‍ 2:4; 10,16,19) ഈ പദം ഉപയോഗിച്ചിരിക്കുന്നു. 'എക്യുമെനിസ'ത്തെക്കുറിച്ചുള്ള പ്രമാണരേഖയില്‍ (എക്യുമെനിസം 14) മറ്റൊരു പദപ്രയോഗം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. അനവധി പ്രാദേശിക സഭകള്‍ അടങ്ങിയതാണ് കിഴക്കന്‍സഭ. ഇവയില്‍ പേട്രിയാര്‍ക്കല്‍ സഭകള്‍ പ്രധാന സ്ഥാനമര്‍ഹിക്കുന്നു. പ്രത്യേകിച്ച് സൂചനകള്‍ ലഭ്യമാകാത്തിടത്തോളം ഈ സംജ്ഞകള്‍ പ്രാദേശികസഭകളെതന്നെ വിവക്ഷിച്ചിരുന്നു എന്നുവേണം പറയുവാന്‍... പ്രത്യേക സഭകള്‍ (ലിറ്റര്‍ജി 11:13; തിരുസ്സഭ 13:23). 23 -ലെ പ്രാദേശികസഭകള്‍ പേട്രിയാര്‍ക്കല്‍ സഭകളിലേക്കുതന്നെ വിരല്‍ ചൂണ്ടുന്നു. പ്രാദേശിക സഭകള്‍ രൂപതകളെ വിവക്ഷിച്ചും പ്രയോഗിച്ചു കാണുന്നുണ്ട് (പ്രേക്ഷിതപ്രവര്‍ത്തനം 19,27). വി. കുര്‍ബാനക്കു ഒരുമിച്ചു കൂടുന്ന പ്രാദേശികസമൂഹങ്ങളെയും സഭ എന്ന വിശാലാര്‍ത്ഥത്തില്‍ പ്രയോഗിച്ചു കാണുന്നുണ്ട്. തിരുസ്സഭ 26,28; മെത്രാന്മാര്‍ 11,23,28,36 ആദിയായവയിലൊക്കെയും പ്രത്യേകസഭകളെന്നത് രൂപതകളെയാണ് വിവക്ഷിക്കുന്നത്. എന്നാല്‍ സഹോദരീസഭകളുടെ ദൈവശാസ്ത്രത്തെപ്പറ്റി 'എക്യുമെനിസം' 14-18 ഖണ്ഡികകളില്‍ പ്രത്യേകമായ ചില പ്രതിപാദനങ്ങള്‍ പ്രത്യക്ഷമാകുന്നുണ്ട്.
ഒരു പ്രത്യേകസംജ്ഞ ഉപയോഗിക്കുന്നതില്‍ കൗണ്‍സില്‍ കാട്ടിയ സ്ഥിരതയില്ലായ്മ ശരിയായ പദപ്രയോഗത്തിന് തടസ്സമായി നിലകൊള്ളുന്നു. ഇപ്പോഴും ദൈവശാസ്ത്രജ്ഞന്മാരുടെയിടയില്‍ പൊതുവായി ഉപയോഗിക്കേണ്ട സംജ്ഞകളെ ചൊല്ലി വിവാദവും തര്‍ക്കങ്ങളും അവശേഷിക്കുന്നു. എങ്കിലും പ്രാദേശിക സഭയെന്ന സംജ്ഞ വിശാലാര്‍ത്ഥത്തില്‍ രൂപതയേയോ, ദേശീയസഭയേയോ, റീത്തിനേയോപോലും സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. ആകയാല്‍ പ്രത്യേക സഭ എന്ന പദപ്രയോഗം 'രൂപത'യെ വിവക്ഷിക്കാനായി ഇനിയുള്ള ചര്‍ച്ചകളില്‍ നമുക്കു മാറ്റിവയ്ക്കാം. പൗരസ്ത്യസഭയ്ക്കുള്ള പുതിയ കാനന്‍നിയമത്തിലും ഇതാണ് കാണുക. എല്ലാ അര്‍ത്ഥത്തിലും സമഗ്രവളര്‍ച്ച പ്രാപിച്ചു പക്വതയിലെത്തിയ റീത്തിനെ സഹോദരീസഭ, പേട്രിയാര്‍ക്കല്‍ സഭ (വ്യക്തിസഭ) എന്ന പ്രയോഗത്തിലൂടെ സ്പഷ്ടമാക്കാനും നമുക്കു ശ്രമിക്കാം. ഇത്തരം സഭാത്മകസംജ്ഞകളും, അവ ദ്യോതിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുപ്രധാനമായ നേട്ടംതന്നെയാണ്. സഭാശാസ്ത്രത്തിലെ കോപ്പര്‍നിക്കന്‍ വിപ്ലവം എന്നുപോലും ഇത് വിശേഷിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. സഭാഡിക്രികളില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ വാക്കിന്‍റെയും, സാഹചര്യത്തിന്‍റെയും, പശ്ചാത്തലത്തിന്‍റെയും പ്രകാശത്തില്‍ മാത്രമേ ഏത് അര്‍ത്ഥമാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത് എന്നു നമുക്കു മനസ്സിലാവുകയുള്ളൂ.
കൗണ്‍സിലിന്‍റെ ഇത്തരം പദപ്രയോഗങ്ങളെക്കാളുപരിയായി കൗണ്‍സില്‍ പ്രകാശിതമാക്കിയ സജീവതാല്പര്യങ്ങളാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഒന്നാമതായി സഭയുടെതന്നെ അസ്തിത്വത്തിന് നിദാനമായ അടിസ്ഥാനപരവും വ്യത്യസ്തവുമായ വിവിധ സത്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത് ഈ സഭകളിലാണ്. വിശ്വാസം, ശരണം, ഉപവി എന്നീ ദൈവികപുണ്യങ്ങളുടെ പശ്ചാത്തലത്തില്‍ വെറുതെ ജന്മംകൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമല്ല സാര്‍വ്വത്രികസഭയെന്നത്. ഇത് ശരിയായ ഒരു സംയോജനത്തിന്‍റെ, സംസര്‍ഗ്ഗത്തിന്‍റെ പരിണതഫലമാണ്. വിശ്വാസത്തിന്‍റെ ശരിയായ പ്രഘോഷണവും അതിന് മനുഷ്യന്‍ നല്കുന്ന പ്രത്യുത്തരവും ഇതിനു നിദാനമായിരിക്കുന്നു. ഈ മൗലിക സ്വഭാവമുള്ള എല്ലാ സമൂഹങ്ങള്‍ക്കും ഒരു ശ്ലൈഹിക സ്വഭാവം അടിസ്ഥാനപരമാണ്. മിശിഹായും സഭാപിതാവായ പ്രസ്തുത ശ്ലീഹായും തമ്മിലുള്ള ദൃഢവും, നേരിട്ടുള്ളതുമായ സജീവബന്ധമാണ് ഇതിന്‍റെ സുപ്രധാനഘടകം. ശ്ലൈഹികപൈതൃകത്തോട് സഭയ്ക്കുള്ള ഈ ചരിത്രപരവും ദൈവശാസ്ത്രപരവുമായ ഐക്യമാണ് സഭയുടെ വ്യക്തിത്വത്തിനു നിദാനം. ഈ ശ്ലൈഹിക തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഓരോ പ്രാദേശിക സമൂഹവും കൃതജ്ഞതാസ്തോത്ര പ്രകടനത്തിന് പരിശുദ്ധ റൂഹായാല്‍ പ്രത്യേകം ഒരുമിച്ചുചേര്‍ക്കപ്പെട്ടു. ഇത്തരം സഭാസമൂഹങ്ങളിലാണ് യഥാര്‍ത്ഥമായ സഭയുടെ സാര്‍വ്വത്രികമാനം സുവ്യക്തമായി വെളിപ്പെടുത്തപ്പെടുന്നത്. "പ്രാദേശികസഭകളിലും, പ്രാദേശിക സഭകളില്‍നിന്നുമാണ് ഏകവും ഏകീയവുമായ കത്തോലിക്കാ തിരുസ്സഭ രൂപം പ്രാപിക്കുന്നത്" (തിരുസ്സഭ 23). "വൈവിധ്യത്തിലെ ഏകത്വ"ത്തെ വിവരിച്ചുകൊണ്ടു മാത്രമേ കൂട്ടായ്മയുടെ സഭാശാസ്ത്രത്തെപ്പറ്റി നമുക്കു ചിന്തിക്കാനാവൂ. ദൈവപരിപാലനയുടെ രൂപീകരണംവഴി ശ്ലീഹന്മാരും, അനന്തരഗാമികളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവിധ സഭകള്‍ കാലക്രമത്തില്‍ സജീവമായ ഐക്യത്തില്‍ വര്‍ത്തിക്കാന്‍ തുടങ്ങി. പിന്നീടും പല പല സമൂഹങ്ങളുമായി അവ യോജിച്ചു. വിശ്വാസൈക്യവും, സാര്‍വ്വത്രികസഭയുടെ ദൈവികമായ ഘടനാവിശേഷവും നിലനിര്‍ത്തിക്കൊണ്ടുപോകുന്ന പ്രസ്തുത സഭാസമൂഹങ്ങള്‍ സ്വന്തമായ ശിക്ഷണക്രമത്താലും, ആരാധനാശൈലിയാലും ദൈവശാസ്ത്രപരവും, ആദ്ധ്യാത്മികവുമായ പിതൃധനത്താലും അലംകൃതങ്ങളത്രെ. കൗദാശികജീവിതം, ഇരുകൂട്ടരുടെയും അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും സംബന്ധിച്ച പരസ്പരബഹുമാനം എന്നിവയില്‍ ഉപവിയിലുള്ള ദൃഢബന്ധത്തിലൂടെ ഈ പ്രാദേശികസഭകളില്‍ നിലനില്ക്കുന്ന ഏകോന്മുഖമായ വൈവിധ്യം അവിഭക്തയായ തിരുസ്സഭയുടെ കാതോലിക സ്വഭാവത്തിനു പ്രകടമായ തെളിവാണ് (തിരുസ്സഭ 23). "കിഴക്കും പടിഞ്ഞാറുമുള്ള പ്രാദേശികസഭകള്‍ തമ്മില്‍ റീത്തിന്‍റെ കാര്യത്തില്‍ - ആരാധനക്രമം, സഭാശിക്ഷണം ആദ്ധ്യാത്മിക പിതൃസമ്പത്ത് എന്നിവയില്‍ - കുറെയെല്ലാം വ്യത്യസ്തമെങ്കിലും മാര്‍പ്പാപ്പായുടെ അജപാലനത്തിന് ഇവ തുല്യരീതിയില്‍ ഏല്പിക്കപ്പെട്ടവയാണ്... എല്ലാ സഭകള്‍ക്കും തുല്യ പദവിയാണുള്ളത്. റീത്തിന്‍റെ ന്യായത്താല്‍ ഒന്നു മറ്റൊന്നിന്‍റെ മുമ്പിലല്ല" (പൗരസ്ത്യസഭകള്‍ 3).
സഭാകൂട്ടായ്മയുടെ സുപ്രധാന ഘടകങ്ങള്‍ കൗണ്‍സില്‍ വീണ്ടും എടുത്തുപറയുന്നു: പരിശുദ്ധകത്തോലിക്കാ സഭ മിശിഹായുടെ മൗതിക ശരീരമാണ്. ഇതില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വിശ്വാസം ഒന്ന്, കൂദാശകള്‍ ഒന്ന്, ഭരണരീതിയും ഒന്ന്. ഇവവഴി വിശ്വാസികള്‍ പരി. റൂഹായില്‍ സജീവമായി സംയോജിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികള്‍ വിവിധ സമൂഹങ്ങളായി, ഹയരാര്‍ക്കിയുടെ കീഴില്‍ പ്രാദേശികസഭകള്‍ അല്ലെങ്കില്‍ റീത്തുകളായി സമ്മേളിച്ചിരിക്കുന്നു; ഈ സഭകള്‍ തമ്മില്‍ പ്രശംസനീയമായ ബന്ധം പുലര്‍ത്തുന്നുണ്ട്. അതിനാല്‍ വിവിധത്വം സഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ സ്ഥലകാലമാര്‍ഗ്ഗങ്ങള്‍ക്കനുസൃതമായി ജീവിതത്തെ ക്രമവല്‍ക്കരിച്ചുകൊണ്ട് ഓരോ പ്രാദേശികസഭയുടേയും പാരമ്പര്യങ്ങളെ അഭംഗമായും, പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസ്സഭയുടെ ലക്ഷ്യം" (പൗരസ്ത്യസഭകള്‍ 2). ഈ പ്രത്യേകതകളാണ് സഭയെ സാര്‍വ്വത്രികമാക്കുന്നതും. അനവധി പ്രാദേശികസഭകള്‍ അടങ്ങിയതാണ് കിഴക്കന്‍ സഭ. ഇവയില്‍ പേട്രിയാര്‍ക്കല്‍ സഭകള്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നു. ശ്ലീഹന്മാരില്‍നിന്നുതന്ന അസ്തിത്വം സ്വീകരിച്ചെന്ന് അഭിമാനം കൊള്ളുന്ന സഭകള്‍ ഇവയില്‍ വിരളമാണ്. സഹോദരികളെന്ന നിലയ്ക്ക് പ്രാദേശിക സഭകളില്‍ നിലവിലിരിക്കുന്ന പൊതുവായ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ബന്ധം സംരക്ഷിച്ചുകൊണ്ടുപോകണമെന്നുള്ളതിലായിരുന്നു കിഴക്കന്‍ സഭകളുടെ പ്രധാന ശ്രദ്ധയും താല്പര്യവും. ഇപ്പോഴും ഈ സ്ഥിതിക്ക് മാറ്റമില്ല (എക്യുമെനിസം, 14).
നാനാത്വത്തിലെ ഏകത്വത്തിന്‍റെ വെളിച്ചത്തില്‍ കൗണ്‍സില്‍ വിഭാവനം ചെയ്യുന്ന സഭൈക്യവും, കൂട്ടായ്മയും പ്രധാനമായി ഇത്തരം ശ്ലൈഹികസഭകളുടെ, വ്യക്തിസഭകളുടെ, സഹോദരി സഭകളുടെ കൂട്ടായ്മയാണ്. കൗണ്‍സില്‍ വിവക്ഷിക്കുന്ന കൂട്ടായ്മയുടെ ആന്തരികാര്‍ത്ഥവും ഇതുതന്നെ. സഭയുടെ സാര്‍വ്വത്രികതപോലും പ്രസ്പഷ്ടമാകുന്നതിനും ഇത്തരം സഭകളിലൂടെ മാത്രമത്രേ. ഇത്രം ശ്ലൈഹികസഭകളുടെ യഥാവിധിയുള്ള ഐക്യം വഴിയായി ത്രിത്വൈക ഐക്യവും നാനാത്വവുമാണ് പ്രകടമാവുക. ഈ പശ്ചാത്തലത്തിലാണ് വിവിധ റീത്തുകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ സമാനഭാവത്തെക്കുറിച്ചും, ആരാധനാക്രമത്തെയും, അച്ചടക്കത്തെയും പറ്റിയുള്ള കൗണ്‍സിലിന്‍റെ ധീരമായ പ്രസ്താവനകള്‍ നാം മനസ്സിലാക്കേണ്ടത്. അങ്ങനെ കൗണ്‍സിലിന്‍റെ ദൈവശാസ്ത്രപരമായ കേന്ദ്രബിന്ദുവായ തിരുസ്സഭ ഇത്തരം വിവിധ ശ്ലൈഹികസഭകളുടെ കൂട്ടായ്മയാണെന്ന ബോധ്യത്തിലേക്കു നാം വന്നെത്തുന്നു.
കൂട്ടായ്മ എന്ന വാക്ക് 'Communio' എന്ന ലത്തീന്‍ വാക്കിന്‍റെ വിവര്‍ത്തനമാണ്, ഇതാകട്ടെ 'Com-munis' എന്ന വാക്കില്‍നിന്ന് നിഷ്പന്നവുമാണ്. ഇത് ഒന്നുകില്‍ പ്രതിരോധിക്കുക എന്നര്‍ത്ഥമുള്ള 'Cum Moenus' ല്‍ നിന്നോ പൊതു ഉത്തരവാദിത്വം എന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്ന 'Cum Munis' ല്‍നിന്നോ ആവാം. മറ്റൊരു സാധ്യത കൂടിയുണ്ട്; മാധ്യമം എന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്ന 'Communicatio' അഥവാ 'Cum Unio' "പൊതുവായ പങ്കുവയ്ക്കല്" എന്നര്‍ത്ഥമാക്കുന്ന വാക്കില്‍ നിന്നോ ആകാം. ഗ്രീക്കില്‍ ഇതിനു സമാനമായ 'Koninonia' പദം എന്നതാകുന്നു. ഇതുത്ഭവിക്കുന്നതാകട്ടെ പൊതുവായത് എന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്ന 'Koinos' ല്‍ നിന്നാണ്. ഇത്, 'പ്രത്യേക,' 'പ്രസ്തുത' എന്നര്‍ത്ഥമുള്ള idios" എന്നതിന്‍റെ വിപരീതമായ പ്രയോഗമാണ്. ഇതിന്‍റെ ക്രിയാവിശേഷം 'ഒരുമിച്ചു ചേര്‍ത്തു വയ്ക്കുക' എന്നര്‍ത്ഥം വരുന്ന "Koinoo" വാണ്. ഇതിന്‍റെ നാമരൂപം പൊതുഉത്തരവാദിത്വം, പങ്കുവെയ്ക്കല്‍ എന്നൊക്കെയാണ്. സെമിറ്റിക് പശ്ചാത്തലത്തില്‍ ഇത്, ഒന്നായിരിക്കുന്ന അവസ്ഥ, സമൂഹം എന്നൊക്കെ അര്‍ത്ഥം ധ്വനിപ്പിക്കുന്ന "Yahad" എന്ന പദമാണ്...33 തത്തുല്യമായ സുറിയാനി-ശവ്ത്താപ്പുസ- എന്ന പദവും.
കൂട്ടായ്മ എന്ന ആശയം എന്തുകൊണ്ട്?
XV. നൈയാമികവും അവ്യക്തവുമായ ഒരു രീതിയിലെന്നതിലുപരി അസ്തിത്വപരവും, സത്താപരവുമായ ഒരു വീക്ഷണത്തിലാണ് കൂട്ടായ്മയുടെ സഭാവിജ്ഞാനീയം ദര്‍ശിതമാകുക. കൂട്ടായ്മ ദൈവികവും, മാനുഷികവും, അനശ്വരവും, താത്ക്കാലികവും, കൗദാശികവും, ദൃശ്യവും, സത്താപരവും, ഘടനാപരവും, ചരിത്രപരവും, യുഗാന്ത്യോന്മുഖവും, ലംബമാനവും, സാമൂഹ്യമാനവും, സംഭവ്യമായതും സംഭവിക്കാനിരിക്കുന്നതുമൊക്കെയാണ്.
കൂട്ടായ്മ പ്രധാനമായും രണ്ട് മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു:
പ്രാഥമികം: പ്രാഥമികാര്‍ത്ഥത്തില്‍ കൂട്ടായ്മയെന്നാല്‍ റൂഹായില്‍ മിശിഹാ നേടിത്തന്ന രക്ഷയിലുള്ള പങ്കുകൊള്ളല്‍ എന്നര്‍ത്ഥം. സഭയെന്നാല്‍ത്തന്നെ രക്ഷയുടെ സമൂഹം, "രക്ഷയുടെ കൂദാശ," എന്നാണ്. ദൈവത്തിന്‍റെ കൂദാശയായിട്ടാണ് ഈശോ അറിയപ്പെടുന്നത്. അവനിലാണ് ദൈവസ്വഭാവം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അങ്ങനെ സഭ ഈശോയുടെ കൗദാശികത്വത്തിന്‍റെ കൂദാശയായി ഭവിക്കുന്നു. മിശിഹായുടെ കൗദാശികത്വത്തിന് പകരം നില്‍ക്കുകയല്ല സഭ; ഉപരി അവള്‍തന്നെ ഒരു കൂദാശയായി നിലകൊള്ളുകയാണ്. (അദൃശ്യമായ കൃപയെ ദ്യോതിപ്പിക്കുന്ന ദൃശ്യമായ ഒരടയാളം). ഇതിന്‍റെ അര്‍ത്ഥം സഭയുടെ കൗദാശികത്വത്തിനു മുമ്പുതന്നെ മിശിഹായുടെ കൗദാശികത്വം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് മിശിഹായെ ഉറവിടം എന്നു വിളിക്കുന്നത്. സഭ അറിയപ്പെടുന്നത് പൊതുകൂദാശയെന്നുമാണ്. സഭയുടെ കൗദാശികഭാവം കൂടുതലായി നിഴലിച്ചു കാണുക, "ജനതകളുടെ പ്രകാശം" 1.9,47, നമ്പറുകളിലും സഭ ആധുനിക ലോകത്തില്‍ എന്ന പ്രമാണ രേഖയിലുമാണ്. സഭയ്ക്ക് ഈ കൗദാശികത്വം ഉള്ളതുകൊണ്ട്, സഭയുടെ വിശ്വാസത്തിന്‍റെ ഭണ്ഡാഗാരം അവള്‍ രക്ഷയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. അങ്ങനെ കൂട്ടായ്മ അതിന്‍റെ പ്രാഥമികാര്‍ത്ഥത്തില്‍ മിശിഹായോടൊത്തുള്ള വിശ്വാസികളുടെ സമൂഹമെന്നും, ദൈവിക കാര്യങ്ങളുടെ കൂട്ടായ്മയെന്നുമാണ് മനസ്സിലാക്കുക. 1 കോറി 10:16 ല്‍ പ്രതിപാദിച്ചു കാണുന്ന പാനപാത്രവും, നാം മുറിക്കുന്ന അപ്പവും, മിശിഹായുടെ ശരീരത്തിലും, രക്തത്തിലും പങ്കുചേരാനുള്ള രണ്ടു വഴികളാണ്. ബൈബിളിലുടനീളം ഈ കൂട്ടായ്മയെന്നത് പിതാവിനോടും, പുത്രനോടും, റൂഹായോടും, തദ്വാര വി. കുര്‍ബാനയോടുമുള്ള കൂട്ടായ്മതന്നെയാണ്. 1 യോഹ 1:3 ഞങ്ങളുടെ കൂട്ടായ്മയാകട്ടെ പിതാവിനോടും അവിടുത്തെ പുത്രനായ മിശിഹായോടുമാണ്. മിശിഹായിലാണ് റൂഹായോടുള്ള നമ്മുടെ കൂട്ടായ്മ നാം പങ്കുവയ്ക്കുന്നത്. 2 കോറി 13:14; കൂട്ടായ്മയെന്നത് സമൂഹത്തിലെ ഇതരാംഗങ്ങളായി രക്ഷാകരരഹസ്യങ്ങളുടെ പങ്കുവയ്ക്കലാണ്. മറ്റുള്ളവരുമായി തനിക്കുള്ള ഒരു യാഥാര്‍ ത്ഥ്യത്തിന്‍റെ പങ്കുവയ്ക്കല്‍-അതായത് ഒരു ശരീരം, ഒരു വിശ്വാസം, ഒരു മാമ്മോദീസാ, ഒരു വി. കുര്‍ബാന ഏകപ്രതീക്ഷ-പൗലോസിന്‍റെ ഒരു പ്രത്യേക ശൈലിയാണിത്. സഭയെ കൂട്ടായ്മയെന്നു നാം വിളിക്കുമ്പോള്‍, കൂട്ടായ്മയുടെ വസ്തുനിഷ്ഠമായ ഇത്തരം ഘടകങ്ങളിലേക്കു കൂടിയാണ് നാം പ്രവേശിക്കുക.
വി. കുര്‍ബാന: കര്‍ത്താവിന്‍റെ ശരീരവുമായുള്ള കൂട്ടായ്മ എന്നു പറഞ്ഞാല്‍ ഉത്ഥിതനായ കര്‍ത്താവിന്‍റെ ശരീരവുമായുള്ള ഐക്യം എന്നര്‍ത്ഥം. ഇവിടെയാണ്, മഹത്ത്വീകരണത്തിന്‍റെയും, മനുഷ്യാവതാരത്തിന്‍റെയും, കൂട്ടായ്മ നാം ദര്‍ശിക്കുക. ദൈവശാസ്ത്രജ്ഞന്മാര്‍ ഇതിനെ ഉടമ്പടിയുടെ ശരീരം എന്നു പറയുന്നു. സഭാത്മക അസ്തിത്വത്തിലേക്കു പ്രവേശിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിന്‍റെ മിശിഹായുമായുള്ള കൂട്ടായ്മയുടെ രഹസ്യത്തിലേക്കു പ്രവേശിക്കുക എന്നാണര്‍ത്ഥം. ആകയാല്‍ ദൈവത്തിന്‍റെ സഭയെന്നത് ദൈവത്തിലും ദൈവത്തോടുകൂടിയുള്ള ഒരു തികഞ്ഞ കൂട്ടായ്മയാണ്. ദൈവജനം ഈ ഐക്യത്തിലേക്കു പ്രവേശിക്കുന്നത് കൂട്ടായ്മയുടെ 'ഉറവിടങ്ങള്' തന്നെയായ കൂദാശകളിലൂടെയത്രേ. "പൗരസ്ത്യസഭകളെ"ക്കുറിച്ചുള്ള പ്രമാണരേഖ അധിഷ്ഠിതമാക്കുന്ന 2-ാമത്തെ കാര്യമിതാണ്. വി. കുര്‍ബാന എല്ലാ രക്ഷാകരരഹസ്യത്തെയും പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.
കൂട്ടായ്മയുടെ ഹയരാര്‍ക്കിക്കല്‍ ഘടകം എപ്പോഴും ശ്ലൈഹികസ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. "ഓരോ സഭയ്ക്കും അതിന്‍റേതായ ശ്ലൈഹിക സ്വഭാവവും, സത്തയും സ്വന്തമായിട്ടുണ്ടെന്ന്" പൗരസ്ത്യസഭകളെ സംബന്ധിച്ച ഡിക്രിയില്‍ പ്രതിപാദിച്ചു കാണുന്നു.
ആപേക്ഷികാര്‍ത്ഥത്തില്‍ കൂട്ടായ്മ എന്നു പറഞ്ഞാല്‍ സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയുടെ തീവ്രതയെയാണ് സൂചിതമാക്കുക. ലംബമാനമുള്ള കൂട്ടായ്മ നമ്മെ ആപേക്ഷിക മനോഭാവത്തിലേക്കു നയിക്കും. ഇത് കൂട്ടായ്മയുടെ ദൃശ്യമായ ഒരു അടയാളവുമാണ്. കൂട്ടായ്മയുടെ പ്രാഥമിക ഘടകത്തിന്‍റെ ഫലമാണ് ആപേക്ഷികമായ കൂട്ടായ്മയെക്കുറിച്ചുള്ള മനോഭാവം. ലംബമാനത്തിലുള്ള കൂട്ടായ്മ സാമൂഹ്യമാനമുള്ള കൂട്ടായ്മയുടെ ആദ്യപടിയാണ്. വി. ഗ്രന്ഥത്തില്‍ ഈ ആപേക്ഷിക കൂട്ടായ്മയെ പരസ്പര ഐക്യമെന്ന്; അതായത്, പരസ്പരം ക്ഷമിക്കല്‍, അനുരഞ്ജനം, പ്രാര്‍ത്ഥന, ശുശ്രൂഷ, സ്നേഹം, ഉപവിപ്രവൃത്തികള്‍ എന്നൊക്കെയും വിളിക്കുന്നു. കൗണ്‍സില്‍ പ്രമാണരേഖകളിലൊക്കെയും ഇത്തരം വസ്തുനിഷ്ഠമായ ഘടകങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തുകാണുന്നത്.
ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ സാര്‍വ്വത്രികസഭയെന്നത് സ്വഭാവത്താല്‍ സ്വതന്ത്രമായിരിക്കുന്ന സഹോദരീസഭകളുടെ കൂട്ടായ്മയാണെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സഭകളുടെയിടയിലെ കൂട്ടായ്മ സംരക്ഷിക്കപ്പെട്ടുപോന്നതാവട്ടെ വി. കുര്‍ബാനയുടെ ആഘോഷത്തിലും, സൂനഹദോസുകള്‍ വിളിച്ചുകൂട്ടുന്നതിലൂടെയും, മെത്രാഭിഷേകചടങ്ങില്‍ ഒന്നില്‍ കൂടുതല്‍ മെത്രാന്മാര്‍ സന്നിഹിതരാകുക വഴിയും, മെത്രാന്മാരുടെ സന്ദര്‍ശനങ്ങളിലൂടെയും, ഇടയലേഖനങ്ങളിലൂടെയും, മാര്‍പ്പാപ്പായുടേയും, ചക്രവര്‍ത്തിയുടേയും ഇടപെടലുകളിലൂടെയുമാണ്. ഇതാകട്ടെ സഭകള്‍ തമ്മിലുള്ള ശരിയായ ബന്ധമേ ആകുന്നുള്ളൂ; ഇന്നും നമ്മള്‍ പറയുന്ന തരത്തിലുള്ള കൂട്ടായ്മയാകണമെന്നില്ല. ഈ രംഗത്ത് ആഴത്തില്‍ പഠനം നടത്തിയ രണ്ടു ദൈവശാസ്ത്രജ്ഞന്മാര്‍ ജെ. പ്ലംബസ്-ഉം, കെ ഡെല്‍ഹായുമാണ്.
സഭകള്‍ തമ്മിലുള്ള കൂട്ടായ്മയുടെ രണ്ടാമത്തെ പടിയായി കൂട്ടായ്മയെ റോമന്‍, അലക്സാണ്ഡ്രിയന്‍, അന്തിയോക്യന്‍, കാല്‍ഡിയന്‍ തുടങ്ങിയ സഭാകുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയായി അവതരിക്കപ്പെട്ടു. ഈ കൂട്ടായ്മയുടെ പ്രകടനമാകട്ടെ, വി.കുര്‍ബാനയിലും, സൂനഹദോസുകളിലും, മെത്രാന്മാരുടെ സ്ഥാനാരോഹണങ്ങളിലുമായിരുന്നു. പ്രസക്തമായ രണ്ട് ഉദ്ധരണികള്‍ ആഴത്തില്‍ ഇവയെ മനസ്സിലാക്കുവാന്‍ ഉപകരിക്കും.
"ഓരോ പ്രാദേശികസഭയിലും ദൈവികസ്നേഹരഹസ്യം പ്രവൃത്തിയിലുണ്ട് (വി. കുര്‍ബാന). ഇതല്ലേ യഥാര്‍ത്ഥത്തില്‍ ഓരോ പ്രാദേശിക സഭയും പരസ്പരം അഭിസംബോധന ചെയ്യുവാനാഗ്രഹിക്കുന്ന സഹോദരീസഭകള്‍ എന്ന മഹനീയ പാരമ്പര്യത്തിന് നിദാനമായി നില്‍ക്കുന്നത്? സഹോദരീസഭകളുടെ ജീവിതമാണ് എക്യുമെനിക്കല്‍ കൗണ്‍സിലുകളിലും ഏതു വ്യത്യസ്തവാദമുഖങ്ങള്‍ക്കെതിരെയും, വിശ്വാസഭണ്ഡാഗാരം സംരക്ഷിക്കുന്നതില്‍ നാം ജീവിച്ചു കാട്ടിയത്."
"സംഘാതാത്മക സ്വഭാവവും മെത്രാന്‍ പട്ടത്തിന്‍റെ അര്‍ത്ഥവും ആരംഭംമുതലേ പ്രകടമാക്കപ്പെട്ടിരുന്നു. ഇതിലൂടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും നിയമിച്ചാക്കപ്പെട്ട മെത്രാന്മാര്‍, പരസ്പരവും, റോമിലെ മാര്‍പ്പാപ്പായോടും ഐക്യത്തിലും സ്നേഹത്തിലും, സമാധാനത്തിലും, ഏകോപിക്കപ്പെട്ടിരിക്കുന്ന കൗണ്‍സില്‍ സമ്മേളനങ്ങളിലൂടെയുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇത്തരം സമ്മേളനങ്ങളാണ് ഗഹനമായ കാര്യങ്ങളില്‍ തീര്‍പ്പുകല്പിച്ചിരുന്നത്. സഭായോഗങ്ങളും ഇതു പ്രകടമാക്കിയിരുന്നു. വിവിധ നൂറ്റാണ്ടുകളില്‍ സമ്മേളിച്ച സാര്‍വ്വത്രികസൂനഹദോസുകളും ഈ സംഘാതാത്മക പ്രകൃതിക്ക് വ്യക്തമായ സാക്ഷ്യം നല്‍കിയിട്ടുണ്ട്. പുരാതനകാലത്ത് പുതിയ മെത്രാനെ അഭിഷേകം ചെയ്യുന്നതില്‍ പങ്കെടുക്കാനായി അനവധി മെത്രാന്മാരെ ക്ഷണിച്ചിരുന്ന പതിവ് ഈ സംഗതിയെതന്നെ സൂചിപ്പിക്കുന്നു" (തിരുസ്സഭ 22).
സഭാകൂട്ടായ്മയുടെ മൂന്നാമത്തെ പടിയാകട്ടെ പെന്‍റാര്‍ക്കിയുടെ സാന്നിധ്യമായിരുന്നു. ഇവിടെ ഒരു പ്രത്യേക തരത്തിലുള്ള നൈയാമികമായ വികസനം നാം ദര്‍ശിക്കുന്നുണ്ട്. അഞ്ചു പാത്രിയാര്‍ക്കീസുമാരുടെ നേതൃത്വത്തിലുള്ള ഭരണം-റോമ, അലക്സാണ്ഡ്രിയ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ജറുസലേം, അന്തിയോക്യാ, ഈ പെന്‍റാര്‍ക്കിക്കല്‍ ഘടനയാണിതിനു കൈവന്നിരിക്കുന്നത്. ഈ തലവന്മാര്‍ തമ്മിലുള്ള കൂട്ടായ്മയെ സഭയുടെ കൂട്ടായ്മയായി കണ്ടിരുന്നു. ഒപ്പം മേജര്‍ ആര്‍ച്ചുബിഷപ്പിനെ സംബന്ധിച്ച ചോദ്യങ്ങളും. പുതിയ സഭാനിയമസംഹിതയില്‍ സഭ ഈ പ്രശ്നം പരിഹരിക്കുന്നത് പാത്രിയാര്‍ക്കീസിന്‍റെ എല്ലാ അധികാരപരിധികളും, സവിശേഷതകളും മേജര്‍ ആര്‍ച്ച് ബിഷപ്പിനു നല്‍കുകവഴിയാണ്.
ഇന്നത്തെ കത്തോലിക്കാകൂട്ടായ്മയില്‍ നാലു തരത്തിലുള്ള സഭകളുണ്ട്. ഈ തിരിവുതന്നെയും പ്രധാനമായും സഭയുടെ നൈയാമിക ഘടനയെ ആശ്രയിച്ചുള്ളതാണ്.
പേട്രിയാര്‍ക്കല്‍സഭകളുടെ സ്വയംഭരണാവകാശവും മറ്റും ഇതര സഭകളുടേതിനേക്കാള്‍ കൂടുതല്‍ ആധികാരികമാണ്. ഇന്നത്തെ കത്തോലിക്കാ കൂട്ടായ്മയെക്കുറിച്ചുള്ള പരിചിന്തനം തന്നെ ഇതില്‍ ദൃശ്യമാവുന്ന ത്രിവിധ തലങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കും.
Second Vatican Synod and Congregation Mar Joseph Pamplany church theology catholic malayalam catholic apologetics The second Vatican council and the Church Second Vatican Council Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



