We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Aug-2020
കൂദാശ എന്ന സുറിയാനി പദം "ഖാദാഷ്" (= പരിശുദ്ധം) എന്ന ഹീബ്രുപദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. കൂദാശകളെ സൂചിപ്പിക്കുന്ന Sacraments എന്ന പദം Sacramentum എന്ന ലത്തീന്‍ പദത്തില്‍നിന്ന് ഉദ്ഭവിച്ചതാണ്. ഈ പദത്തിന് "വിശുദ്ധമായവ"എന്ന അര്‍ത്ഥമാണുള്ളത്.
റോമന്‍ പാരമ്പര്യത്തില്‍ ഈ പദത്തിന് രണ്ട് അര്‍ത്ഥങ്ങളാണുണ്ടായിരുന്നത്.
(1) രാജ്യത്തിനുവേണ്ടി ജീവന്‍ കൊടുത്തും വിശ്വസ്തതയോടെ പൊരുതാനുള്ള ദൃഢനിശ്ചയം പടയാളികള്‍ പ്രകടമാക്കുന്ന പ്രതിജ്ഞ ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്.
(2) തര്‍ക്കവിഷയങ്ങളില്‍ ദേവാലയത്തിന്‍റെ വിശുദ്ധസ്ഥലത്ത് കക്ഷികള്‍ എഴുതി സമര്‍പ്പിക്കുന്ന വിശുദ്ധ സത്യവാങ്മൂലം എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിച്ചിരുന്നു.
ലത്തീന്‍ ബൈബിള്‍ (വുള്‍ഗാത്ത) "മിസ്തേരിയോന്‍" എന്ന ഗ്രീക്കുപദത്തെ വിവര്‍ത്തനം ചെയ്യാനാണ് "സാക്രമെന്തും" എന്ന പദം ഉപയോഗിച്ചത്. മിസ്തേരിയോണ്‍ എന്ന പദത്തിന് രഹസ്യമായിട്ടുള്ളത്, മറഞ്ഞിരിക്കുന്നത് എന്നീ അര്‍ത്ഥങ്ങളാണുള്ളത്. മനുഷ്യരക്ഷയ്ക്കുവേണ്ടി ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെടുന്ന ദൈവത്തിന്‍റെ നിഗൂഢപദ്ധതികളെ സൂചിപ്പിക്കാന്‍ ഈ പദം കാലക്രമത്തില്‍ ഉപയോഗിച്ചുപോന്നു.
കൂദാശ എന്ന പദത്തിന് കൃത്യമായ നിര്‍വ്വചനം നല്‍കുന്നത് വി. ആഗസ്തീനോസാണ്; "അദൃശ്യമായ ദൈവീക വരപ്രസാദത്തെ ദൃശ്യമാക്കുന്ന രക്ഷയുടെ ദൃശ്യമായ അടയാളമാണ് കൂദാശ" (signum ad res divinas pertinens; invisibilis gratiae visibilis forma - cf. Ep. 105.3.12). കൂദാശകളെക്കുറിച്ചുള്ള ത്രെന്തോസ് കൗണ്‍സിലിന്‍റെ നിര്‍വ്വചനം (symbolum reisacracet invisibilis gratiae forma visibilis) വി. ആഗസ്തീനോസിന്‍റെ നിര്‍വ്വചനത്തിന്‍റെ ആവര്‍ത്തനമാണ്. സൂനഹദോസിന്‍റെ പ്രബോധനത്തില്‍ കൂദാശകളുടെ പ്രത്യേകതകള്‍ താഴെപ്പറയുന്നവയാണ്.
(a) കൂദാശകള്‍ ദിവ്യരക്ഷകനായ ക്രിസ്തുവില്‍ സ്ഥാപിതമാണ്.
(b) ഈശോയുടെ കുരിശിലെ ബലിയുടെ വരപ്രസാദം ലഭ്യമാക്കുന്ന അടയാളങ്ങളാണ്.
(c) ഈ അടയാളങ്ങള്‍ ദൃശ്യമായവയാണ്.
(d) എല്ലാ കൂദാശകളിലും ഒരു പദാര്‍ത്ഥവും (res) ഒരു പ്രാര്‍ത്ഥനയും (verbum) അടങ്ങിയിട്ടുണ്ട്. ഉദാഹരണമായി വി. കുര്‍ബ്ബാനയുടെ പദാര്‍ത്ഥം അപ്പവും വീഞ്ഞുമാണ്. അതിന്‍റെ പ്രാര്‍ത്ഥനയാകട്ടെ കൂദാശാവചനങ്ങളും.
കൂദാശകളെല്ലാം ദൈവികവരപ്രസാദത്തിന്‍റെ നീര്‍ച്ചാലുകളാണ്. ഈ വരപ്രസാദ സ്വീകരണത്തെക്കുറിച്ച് ത്രെന്തോസ് സൂനഹദോസ് നടത്തുന്ന രണ്ടു നിരീക്ഷണങ്ങള്‍ കത്തോലിക്കാ കൗദാശിക ദൈവശാസ്ത്രത്തില്‍ ഏറെ ശ്രദ്ധേയമാണ്.
(a) കൂദാശകള്‍ യോഗ്യതയോടെ സ്വീകരിക്കുന്നവര്‍ക്ക് പാപം മൂലം തടസ്സം സൃഷ്ടിക്കാത്തിടത്തോളം അവയുടെ വരപ്രസാദം അനുസ്യൂതമായി ലഭിക്കുന്നു. സ്വീകര്‍ത്താവിന്‍റെ മനോഭാവങ്ങള്‍ക്കനുസരിച്ച് വരപ്രസാദം മാറുന്നില്ല. ലൂഥറിന്‍റെ വാദങ്ങളെ ഖണ്ഡിക്കാനാണ് കൗണ്‍സില്‍ ഈ നിലപാട് സ്വീകരിച്ചത്. കൂദാശകള്‍ക്ക് അവയില്‍ത്തന്നെ ഫലസിദ്ധിയില്ലെന്നും സ്വീകര്‍ത്താക്കളുടെ ഭക്തിയും മനോഭാവവുമാണ് കൂദാശകളുടെ ഫലസിദ്ധിയ്ക്കും വരപ്രസാദത്തിനും ആധാരമെന്നും ലൂഥര്‍ വാദിച്ചിരുന്നു. ഇതിനെതിരായി, കൂദാശകള്‍ അവയില്‍ത്തന്നെ രക്ഷാദായക വരപ്രസാദം നല്‍കാന്‍ കഴിവുള്ളവയാണെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു.
(b) കൂദാശകള്‍ അവയുടെ കൗദാശികക്രമത്തില്‍തന്നെ ഫലദായകമായി പ്രവര്‍ത്തിക്കുന്നവയാണ് (Ex opere Operato). അതായത് കൂദാശപരികര്‍മ്മം ചെയ്യുന്ന കാര്‍മ്മികന്‍റെ ധാര്‍മ്മികതയോ പങ്കാളികളുടെ പുണ്യമോ അനുസരിച്ച് കൂദാശയുടെ സ്വഭാവം മാറുന്നില്ല. വി.കുര്‍ബ്ബാനയര്‍പ്പിക്കുന്ന പുരോഹിതനോ പങ്കെടുക്കുന്ന വിശ്വാസികളോ മാരകപാപാവസ്ഥയിലാണെങ്കിലും വസ്തുഭേദം എന്ന കൗദാശികാത്ഭുതം പ്രസ്തുത ബലിയില്‍ സംഭവിക്കും എന്നാണ് ഈ വാദത്തിന്‍റെ അര്‍ത്ഥം. കൂദാശകള്‍ കേവലം യാന്ത്രികമായി സംഭവിക്കുന്നവയാണ് എന്ന അര്‍ത്ഥത്തിലല്ല ഈ പ്രസ്താവന (Ex opere Operato) മനസ്സിലാക്കേണ്ടത്. മറിച്ച്, കൂദാശകളുടെ വരപ്രസാദത്തിനാധാരം കാര്‍മ്മികരുടേയോ സ്വീകര്‍ത്താക്കളുടെയോ യോഗ്യതയല്ല, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ യോഗ്യതയാണ് എന്ന അര്‍ത്ഥത്തിലാണ് കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിച്ചത്. കാര്‍മ്മികരുടെയും സ്വീകര്‍ത്താക്കളുടെയും വ്യക്തിപരമായ വിശുദ്ധി കൂദാശകള്‍ക്കുള്ള അനിവാര്യമായ വ്യവസ്ഥയാണ്(inevitable Pre- condition). എന്നാല്‍ കൂദാശയുടെ പ്രവര്‍ത്തനം ഈ വ്യക്തിപരമായ വിശുദ്ധിയെ ആധാരമാക്കിയല്ല എന്ന നിലപാട് തികച്ചും ന്യായവും യുക്തവുമാണല്ലോ.കൂദാശകളുടെ ഫലങ്ങള്‍ കൂദാശകളുടെ ഫലങ്ങളെക്കുറിച്ചുള്ള സഭാപ്രബോധനങ്ങള്‍ സംക്ഷിപ്തമായി ചുവടെ വിവരിക്കുന്നു. ഈ പ്രബോധനങ്ങളില്‍ സിംഹഭാഗവും ത്രെന്തോസ് സൂനഹദോസിന്‍റെ (1546) പഠനങ്ങളാകയാല്‍ പ്രൊട്ടസ്റ്റന്‍റ് വാദഗതികള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് അവ നല്‍കപ്പെടുന്നത്.
കൗദാശിക വരപ്രസാദത്തെക്കുറിച്ചാണ് കൗണ്‍സില്‍ പ്രാഥമികമായി പഠിപ്പിച്ചത്. കൂദാശകള്‍ക്ക് ശുദ്ധീകരണവരപ്രസാദവും കൗദാശികവരപ്രസാദവുമുണ്ട്. പുതിയ ഉടമ്പടിയിലെ കൂദാശകളെല്ലാം യോഗ്യതയോടെ സ്വീകരിക്കുന്നവര്‍ക്ക് വിശുദ്ധീകരണത്തിനുള്ള വരപ്രസാദം ((gratia sanctificans) ലഭ്യമാക്കുന്നു എന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. കൂദാശകളിലൂടെ ശുദ്ധീകരണ വരപ്രസാദം ലഭിക്കുകയോ നിലവിലുള്ള വരപ്രസാദം വര്‍ദ്ധിക്കുകയോ പാപം മൂലം നഷ്ടപ്പെട്ട വരപ്രസാദം തിരികെ ലഭിക്കുകയോ ചെയ്യുന്നു. ഈ വരപ്രസാദം വഴി ദൈവത്തിന്‍റെ കൃപയും (2 തിമോ 1:6), പുതിയ ജനനവും (യോഹ 3:5) ശുദ്ധീകരണവും (എഫേ 5:26) പാപമോചനവും (യോഹ 20:23) പരിശുദ്ധാത്മാവിന്‍റെ സഹവാസവും (അപ്പ 8:17) നിത്യജീവനുള്ള അവകാശവും (യോഹ 6:55) ലഭിക്കുന്നു. ശുദ്ധീകരണ വരപ്രസാദത്തിന്‍റെ അടിസ്ഥാനത്തില്‍ കൂദാശകളെ തരം തിരിച്ചിരിക്കുന്നു.
(a) മരിച്ചവരുടെ കൂദാശ - വരപ്രസാദം ഇല്ലാത്ത അവസ്ഥയില്‍ (ആത്മാവില്‍ മരിച്ച അവസ്ഥയില്‍) സ്വീകരിക്കുന്ന കൂദാശകളായ മാമ്മോദീസാ, സ്ഥൈര്യലേപനം എന്നിവയെ മരിച്ചവരുടെ കൂദാശ എന്നു വിളിക്കുന്നു.
(b) ജീവിക്കുന്നവരുടെ കൂദാശകള്‍ - വരപ്രസാദാവസ്ഥയില്‍ സ്വീകരിക്കുന്നതും വരപ്രസാദം വര്‍ദ്ധിപ്പിക്കുന്നതുമായ കൂദാശകളായ സ്ഥൈര്യലേപനം, വി. കുര്‍ബ്ബാന, രോഗീലേപനം, തിരുപ്പട്ടം, വിവാഹം എന്നിവയാണ് ജീവിക്കുന്നവരുടെ കൂദാശകള്‍.
ഓരോ കൂദാശയ്ക്കും അതിന്‍റെ ലക്ഷ്യത്തിനനുസരിച്ചുള്ള പ്രത്യേകമായ ഒരു വരപ്രസാദമുണ്ട്, (gratia sacramentalis) ഉദാഹരണമായി, വിവാഹം എന്ന കൂദാശ സ്വീകരിക്കുന്ന ദമ്പതികള്‍ക്ക് വിവാഹജീവിതത്തിന്‍റെ കടമകളും ലക്ഷ്യങ്ങളും നിറവേറ്റാനുള്ള വരപ്രസാദം ലഭിക്കുന്നു. ഈ കൗദാശിക വരപ്രസാദം യോഗ്യതയോടെ കൂദാശകള്‍ സ്വീകരിക്കുന്നവര്‍ക്കെല്ലാം ലഭ്യമാണ്. എന്നാല്‍ കൂടുതല്‍ ഒരുക്കത്തോടും വിശ്വാസത്തോടും കൂടി കൂദാശകള്‍ സ്വീകരിക്കുമ്പോള്‍ ഈ വരപ്രസാദം കൂടുതല്‍ ആഴത്തില്‍ അനുഭവവേദ്യമാകുന്നു. അതിനാലാണ് കൂദാശകളുടെ സ്വീകര്‍ത്താക്കള്‍ വേണ്ടത്ര ഒരുക്കം ആത്മീയമായി നടത്തണമെന്ന് സഭാമാതാവ് നിര്‍ദ്ദേശിക്കുന്നത്.
ചില കൂദാശകള്‍ മനുഷ്യാത്മാവില്‍ മായാത്ത മുദ്ര പതിക്കുന്നതിനാല്‍ അവ ആവര്‍ത്തിച്ചു സ്വീകരിക്കാനാവില്ല. മാമ്മോദീസാ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകള്‍ ഈ ഗണത്തില്‍പെടുന്നു. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ പതിക്കുന്ന ആത്മാവിന്‍റെ മുദ്രയെക്കുറിച്ചും (എഫേ 1:13) രക്ഷയുടെ ദിനത്തിനായുള്ള മുദ്രയെക്കുറിച്ചും (എഫേ 4:30) പൗലോസ് ശ്ലീഹാ പ്രതിപാദിക്കുന്നുണ്ട്. മായാത്തമുദ്രകളുള്ള കൂദാശയുടെ ഫലങ്ങള്‍ മാരകപാപത്തിലൂടെപോലും പൂര്‍ണ്ണമായും നഷ്ടപ്പെടുന്നില്ല. അതിനാല്‍ മാമ്മോദീസാ സ്വീകരിച്ച വിശ്വാസിക്കോ തിരുപ്പട്ടം സ്വീകരിച്ച പുരോഹിതനോ മാരകപാപം വഴി തങ്ങളുടെ കൗദാശികത നഷ്ടമാകുന്നില്ല. ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ "മായാത്ത മുദ്ര" എന്ന വിശേഷണത്തിന്‍റെ അര്‍ത്ഥലങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
(a) മായാത്ത മുദ്ര എന്നത് ദൈവം ആത്മാവിനാല്‍ പതിക്കുന്ന പരിശുദ്ധാത്മ അടയാളമാണ്.
(b) മായാത്ത മുദ്രയുള്ള കൂദാശകള്‍ സ്വീകരിക്കുന്നതിലൂടെ ക്രൈസ്തവാരാധാന സമൂഹത്തില്‍ പൂര്‍ണ്ണ പങ്കാളിത്തവും ആരാധനാകര്‍മ്മങ്ങള്‍ക്കുള്ള അവകാശവും ലഭിക്കുന്നു.
(c) മായാത്തമുദ്രയുള്ള കൂദാശകള്‍ സ്വീകരിച്ച വ്യക്തികളുടെ മരണംവരെയെങ്കിലും പ്രസ്തുത കൂദാശയുടെ കൃപാവരം പ്രകടമാണ്.
ഏഴുകൂദാശകളും ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ടവയാണ്. ക്രിസ്തു കൂദാശകള്‍ സ്ഥാപിച്ചു എന്നതിലൂടെ ത്രെന്തോസ് സൂനഹദോസ് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഒന്നാമതായി, കൂദാശകളെ ക്രിസ്തു വ്യക്തിപരമായി നേരിട്ടു സ്ഥാപിച്ചവയാണ്. കൂദാശകളെ സംബന്ധിക്കുന്ന ആശയം മാത്രമല്ല ഓരോ കൂദാശയുടെയും അടയാളങ്ങളും അവയിലൂടെ സംജാതമാകുന്ന വരപ്രസാദവും അവിടുന്ന് നേരിട്ട് നിശ്ചയിച്ചതാണ്. രണ്ടാമതായി, ഓരോ കൂദാശയുടെയും പദാര്‍ത്ഥം (res = Matter) ക്രിസ്തു നേരിട്ടു സ്ഥാപിച്ചതാകയാല്‍ അവയെ മാറ്റാന്‍ തിരുസ്സഭയ്ക്ക് അധികാരമില്ല. ഉദാഹരണമായി, അപ്പത്തിനും വീഞ്ഞിനും പകരം മറ്റൊരു പദാര്‍ത്ഥം വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കാന്‍ സഭയ്ക്ക് അധികാരമില്ല. മൂന്നാമതായി, ക്രിസ്തുവിനാല്‍ സ്ഥാപിതമായ അടിസ്ഥാനപരമായ കൂദാശകര്‍മ്മക്രമത്തില്‍ (form) മാറ്റംവരുത്താന്‍ സഭയ്ക്കു സാധിക്കില്ല. എന്നാല്‍, അടിസ്ഥാന പ്രാര്‍ത്ഥനകള്‍ക്കൊപ്പം കാലക്രമത്തില്‍ രൂപംകൊണ്ട പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും തിരുസ്സഭയ്ക്ക് മാറ്റം വരുത്താം.
ഉദാഹരണമായി, "പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ മാമ്മോദീസ മുക്കുന്നു" എന്ന അടിസ്ഥാന പ്രാര്‍ത്ഥനയില്‍ സഭയ്ക്കു മാറ്റം വരുത്താനാവില്ല. എന്നാല്‍ മാമ്മോദീസാ കര്‍മ്മക്രമത്തിലെ ഇതരപ്രാര്‍ത്ഥനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും (Accidental rites) മാറ്റം വരുത്താന്‍ തിരുസ്സഭയ്ക്കു സാധിക്കും.
മാമ്മോദീസായെയും അപ്പം മുറിക്കല്‍ ശുശ്രൂഷയെയും മാത്രമേ കൂദാശകളായി അംഗീകരിക്കാനാവൂ എന്ന ലൂഥറിന്‍റെ നിലപാടിനെ ഖണ്ഡിച്ചുകൊണ്ട് തിരുസ്സഭയില്‍ ഏഴുകൂദാശകളില്‍ കുറവോ കൂടുതലോ ഉണ്ട് എന്നു പഠിപ്പിക്കുന്നതിനെ സൂനഹദോസ് കര്‍ക്കശമായി വിലക്കി (D 844). മാമ്മോദീസ, സ്ഥൈര്യലേപനം (തൈലാഭിഷേകം), വി. കുര്‍ബ്ബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം എന്നിവയാണ് തിരുസ്സഭയിലെ ഏഴുകൂദാശകള്‍.
സഭയുടെ ആരംഭം മുതലേ ഏഴുകൂദാശകള്‍ നിലനിന്നിരുന്നതായി മനസ്സിലാക്കാം. ലിയോണ്‍സ്, ഫ്ലോറന്‍സ് സൂനഹദോസുകള്‍ സഭയില്‍ ഏഴു കൂദാശകളുള്ളതായി പ്രഖ്യാപിച്ചിരുന്നു (D 465,695). പൗരസ്ത്യസഭകളും ഗ്രീക്കുസഭയും റോമന്‍സഭയും ഏഴുകൂദാശകള്‍ എന്ന കാര്യത്തില്‍ ആദ്യം നൂറ്റാണ്ടുമുകള്‍ മുതല്‍ അഭിപ്രായാന്തരങ്ങളുണ്ടായിരുന്നില്ല എന്നതു ശ്രദ്ധേയമാണ്.
അഞ്ചാം നൂറ്റാണ്ടില്‍ സഭയില്‍നിന്നു വേര്‍പിരിഞ്ഞുപോയ നെസ്തോറിയന്‍, പാഷണ്ഡികളും ഏകസ്വഭാവ വാദികളും (Monophysites) ഏഴുകൂദാശകളെ അംഗീകരിച്ച് അനുഷ്ഠിക്കുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ ഏഴു കൂദാശകളും സഭയില്‍ സാര്‍വ്വത്രിക അംഗീകാരം നേടിയിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. വി.അക്വീനാസ് ഏഴുകൂദാശകളുടെ അനിവാര്യതയെ വ്യക്തമാക്കിക്കൊണ്ടു നല്‍കുന്ന പഠനം ശ്രദ്ധേയമാണ് (ST.III. 65.1): അതിസ്വാഭാവിക ജീവിതത്തിന് ആത്മാവിനെ ഒരുക്കാന്‍ ഏഴുകൂദാശകള്‍ ആവശ്യമാണെന്ന് അക്വീനാസ് വാദിക്കുന്നു.
മനുഷ്യരക്ഷയ്ക്കുവേണ്ടി ക്രിസ്തു സ്ഥാപിച്ചവയാകയാല്‍ കൂദാശകള്‍ രക്ഷയ്ക്ക് അനിവാര്യമാണെന്ന് ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നുണ്ട്. കൂദാശ യഥാര്‍ത്ഥത്തില്‍ സ്വീകരിക്കാനാവാത്ത സാഹചര്യത്തില്‍ അതിനുള്ള ആഗ്രഹമെങ്കിലും (votum Sacramenti) ഉണ്ടായാല്‍ രക്ഷ പ്രാപിക്കാനാവുമെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. ഉദാഹരണം, മരണനേരത്ത് രോഗീലേപനം സ്വീകരിക്കാന്‍ അവസരം കിട്ടാത്ത സന്ദര്‍ഭങ്ങളില്‍ അതിനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ അതു രക്ഷാകരമാകുമെന്ന് സൂനഹദോസ് പഠിപ്പിച്ചു. കൂദാശകള്‍ ആവശ്യമില്ല, വിശ്വാസം മാത്രം മതി (sola fides)) എന്ന ലൂഥറിന്‍റെ ആശയത്തെ ഖണ്ഡിച്ചുകൊണ്ടാണ് രക്ഷയ്ക്ക് കൂദാശകള്‍ അനിവാര്യമാണെന്ന് സഭ പഠിപ്പിച്ചത്.എന്നാല്‍ കൂദാശകള്‍ക്കു വെളിയിലും വരപ്രസാദം ലഭ്യമാക്കാന്‍ സര്‍വ്വശക്തനായ ദൈവത്തിനു കഴിയും എന്ന് വി. അക്വീനാസ് ചൂണ്ടിക്കാട്ടുന്നുണ്ട് (ST.III.72.6). എന്നാല്‍ കൂദാശകള്‍ വേണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ മനുഷ്യന് അവകാശമില്ല. കാരണം മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവം ഒരുക്കിയ സ്വാഭാവിക മാര്‍ഗ്ഗം കൂദാശകളുടേതാണ്. അതിനാല്‍ കൗദാശികമാര്‍ഗ്ഗം അനിവാര്യമായും മനുഷ്യന്‍ തിരഞ്ഞെടുക്കണം. എന്നാല്‍ ദൈവത്തിന് തന്‍റെ സര്‍വ്വശക്തിയിലും കരുണയിലും കൂദാശകള്‍ക്കു വെളിയിലും വരപ്രസാദം ലഭ്യമാക്കാം.
കുരിശുമരണത്തിന്‍റെ വരപ്രസാദത്തില്‍ കൗദാശികമായി പങ്കുചേരാനുള്ള വിളി ലഭിച്ചവരാണ് സഭയിലെ അംഗങ്ങള്‍. സഭയില്‍ അംഗങ്ങളല്ലാത്തവരേയും രക്ഷിക്കാന്‍ ദൈവത്തിനു കഴിയും, കാരണം അവിടുത്തേക്ക് യാതൊന്നും അസാധ്യമല്ല. അക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ രക്ഷയും ഈശോയുടെ കുരിശുമരണത്തിന്‍റെ യോഗ്യതയാലാണ് ലഭിക്കുന്നത്. കുരിശിലെ ബലിയുടെ വരപ്രസാദം കൂദാശകളിലൂടെ സൗജന്യദാനമായി നമുക്ക് നല്‍കുന്ന ദൈവത്തിന്, തനിക്കുമാത്രം അറിയാവുന്ന വഴികളിലൂടെ മറ്റു മനുഷ്യര്‍ക്കും വരപ്രസാദത്തെ സംലഭ്യമാക്കുവാന്‍ കഴിയും. ഇത് പൂര്‍ണ്ണമായും ദൈവത്തിന്‍റെ തീരുമാനവും ദൈവീകനടപടിയുടെ ഭാഗവുമാണ്. തന്മൂലം മാമ്മോദീസാ സ്വീകരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ പ്രസ്തുത ആത്മാക്കളെല്ലാം നരകത്തിലെത്തി എന്നു വാദിക്കുന്നത് സഭാ പഠനങ്ങള്‍ക്കു വിരുദ്ധമാണ്. വിശദാംശങ്ങള്‍ക്ക് ഈ ഗ്രന്ഥത്തിലെ ഇതരമത ആധ്യാത്മികത എന്ന പഠനം കാണുക.
sacraments fruits of sacraments Mar Joseph Pamplany ഖാദാഷ് കൂദാശകളുടെ പ്രത്യേകതകള്‍ Ex opere Operato വരപ്രസാദം importance of sacraments Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



